വത്സല

അപ്പുഴവക്കിലെക്കായ്കനിത്തോപ്പിലൊ-
രപ്സരകന്യയെക്കാണാം,
പൊന്നുഷസ്സന്ധ്യയുമന്തിയും ചെങ്കതിർ
ചിന്നിച്ചിരിക്കുമ്പോഴെന്നും;
നിഷ്കളങ്കത്വമുടലെടുത്തങ്ങനെ
നിൽക്കുന്ന വിസ്മയം പോലെ!
സത്സ്വഭാവത്തിനന്നാ നാട്ടിലൊട്ടുക്കു
'വത്സല'യെന്നാണു നാമം!
അന്വഹാരാധനയ്ക്കങ്കമൊരുക്കുമ-
ക്കന്യകാജീവിതക്ഷേത്രം,
പാവനചിന്തതൻ തീർത്ഥാടനങ്ങൾക്കു
പാരിജാതത്തണലായി!
പ്രത്യഹശാന്തിയും, കാന്തിയും, കൈകോർത്തു
നൃത്തം നടത്തുമാ നാട്ടിൽ
ശാലീനതയ്ക്കൊരു മുദ്രപോ, ലാ മുഗ്ധ-
ബാലികയങ്ങനെ മിന്നി!....
ചാരത്തു, ചാരത്തു, കാണാതടിവെച്ചു-
താരുണ്യമാമന്ദമെത്തി,
പൊട്ടിച്ചിരിച്ചുകൊണ്ടപ്പൂവുടലൊന്നു
കെട്ടിപ്പിടിച്ചപ്പൊഴേയ്ക്കും,
ഞെട്ടി, ക്കുതറിയകന്നു, പരിഭവ-
പ്പെട്ടു, ലജ്ജിച്ചതുപോലെ,
ആ വനകോരകം പാതിവിടർന്നു നി-
ന്നാമോദധാമമായ് മിന്നി!
മാറത്തുതാമരമൊട്ടിട്ട യൗവന-
മായിമഹേന്ദ്രജാലം,
തൽക്കലാപൂർത്തിതൻ വൈജയന്തിക്കൊരു
പൊൽക്കസവിട്ടതുപോലെ,
ഉത്സാഹലോലയാ വത്സലബാലയൊ-
രുത്സവദായിനിയായി!