പ്രതികാരദുര്‍ഗ്ഗ
(ഒരു നോര്വീജിയന്നോവല്)
മൂലഗ്രന്ഥകര്ത്രി ,സിഗ്രിഡ് ഉണ്‍ഡ്സെറ്റ്
പരിഭാഷകന് ചങ്ങമ്പുഴ കൃഷ്ണപിള്ള.ഇടപ്പള്ളി .1123 തുലാം
ഒന്ന്
`വെറ്റര്‍ലൈഡ് ഗ്ലംസ്സണ്' എന്നത് ഐസ്ലാണ്ടിലെ പൂര്വ്വതീരപ്രദേശങ്ങളിലുള്ള ഒരാളുടെ പേരാണ്. ഗ്രീഷ്മകാലത്ത് അയാള്‍ കൂടെക്കൂടെ വ്യാപാരസംബന്ധമായ കടല്‍യാത്രകള്‍ ചെയ്യാറുണ്ടായിരുന്നു.
അയാളുടെ ഭാഗിനേയന്റെ പേര് യോട്ട് എന്നായിരുന്നു. സ്ക്കോമെഡാലിലെ ഗിസ്സര്‍ ഹൗക്സ്സണ്ന്റെ പുത്രനായിരുന്നു അയാള്‍; യോട്ട് കുഞ്ഞായിരുന്ന കാലത്തുതന്നെ ആ മനുഷ്യന് കൊല്ലപ്പെട്ടിരുന്നു. ഗിസ്സറിന്റെ വധത്തെസ്സംബന്ധിച്ചുള്ള നിയമപരമായ പരാതി വെറ്റര്‍ലൈഡ് ഏറ്റെടുക്കുകയും തല്‍സംബന്ധമായ നടപടികള്‍ സബഹുമാനം നിര്‍വ്വഹിക്കുകയുമുണ്ടായി. പക്ഷേ നമ്മുടെ കഥയ്ക്കതുമായി വലിയ ബന്ധമൊന്നുമില്ല. സ്റ്റീന്‍വര്‍ എന്നായിരുന്നു യോട്ടിന്റെ അമ്മയുടെ പേര്. അവള് ചെറുപ്പത്തില്‍ത്തന്നെ മരിച്ചുപോയി. ഐറേയിലെ ടോര്‍ബ്ജോണ്‍ ഹാലെഗ്ഗ് ആണ് യോട്ടിനെ വളര്‍ത്തിക്കൊണ്ടുവന്നത്. പിന്‍കാലങ്ങളില്‍ യോട്ട് വെറ്റര്‍ലൈഡിനോടൊന്നിച്ചു താമസിക്കുകയും അയാള്‍ അവനെ സ്വന്തം പുത്രനെപ്പോലെ സ്നേഹിക്കുകയും ചെയ്തു.
കാലേക്കൂട്ടിത്തന്നെ യോട്ടിന്നു പുരുഷപ്രാപ്തി കരഗതമായി. പതിനാറു വയസ്സുമുതല്‍ അയാള്‍ ടോര്‍ബ് ജോണിന്റെ പുത്രന്മാരൊന്നിച്ചു കൊള്ളപ്പണി തുടങ്ങി. അതിവേഗത്തില്‍ അയാള്‍ ധൈര്യത്തിലും ആയുധവൈദഗ്ദ്ധ്യത്തിലും അത്ഭുതാവഹമായ കീര്‍ത്തി സമ്പാദിച്ചു. ശോഭനമായ ഒരു ഭാവിയുള്ളവനും നേതാവായിത്തീരുവാനനുയോജ്യനുമായ ഒരു ബാലനായി ജനങ്ങള്‍ അയാളെ പരിഗണിച്ചുവന്നു. വിശ്വസ്തനും വിധേയനുമാണെങ്കിലും, മിതഭാഷണക്കാരനും സുഹൃത്തുക്കളെ സമാര്ജ്ജിക്കുന്നതില് സാവധാനിയുമായിരുന്നു അയാള്‍! മിക്കവാറും അയാള്‍ ഏകാന്തതയിലാണ് സമയം കഴിക്കുക പതിവ്. അയാളുടെ ഏതാനും ചില പ്രവൃത്തികള്‍മൂലം- അവയ്ക്കും നമ്മുടെ കഥയുമായി വലിയ ബന്ധമൊന്നുമില്ല- അയാളെ `വൈഗ-യോട്ട്'*എന്നാണ് ജനങ്ങള്‍ വിളിച്ചുപോന്നത്.
യോട്ടിന് ഇരുപതു വയസ്സു പ്രായമുള്ളപ്പോള്‍, ഒരു ഗ്രീഷ്മകാലത്ത്, അയാള്‍ വെറ്റര്ലൈഡുമൊന്നിച്ചു നോര്വേയിലേയ്ക്കു കപ്പലോടിച്ചു പോയി. അവര്ക്കിരുവര്ക്കുംകൂടി ഒരു കച്ചവടക്കപ്പലുണ്ടായിരുന്നു; പുറംകടലുകളില്‍ സുഖമായി സഞ്ചരിക്കാവുന്ന ഒരു രസികന്കപ്പല്. അയാള്‍ അതിന്റെ മന്നില്‍ ഒരു ഭാഗത്തിനവകാശിയായിരുന്നു.
രണ്ട്
റോമെറിക്ക വെറ്റര്ലൈഡിനു ബന്ധുക്കളുണ്ടായിരുന്നു. അവരെച്ചെന്നു സന്ദര്‍ശിക്കുവാന്‍ അയാള്‍ മനസ്സുകൊണ്ടുറച്ചു. പോരെങ്കില്‍ അയാള്‍ക്കു നോര്‍വേയില്‍നിന്നു പണിത്തരങ്ങള്ക്കു പറ്റിയ മരത്തടികളും വാങ്ങിക്കേണ്ടതായിട്ടുണ്ടായിരുന്നു. അവര്‍ ഫോള്ഡെനില്* കപ്പലോടിച്ചെത്തിയപ്പോഴേയ്ക്കും ഗ്രീഷ്മകാലം ഏതാണ്ടവസാനിക്കാറായിരുന്നു.
ഫ്രൈസ്ജാനദി കടലില്‍ച്ചെന്നു വീഴ്ന്ന ഭാഗത്ത്, ദ്വീപുകള്ക്കിടയില്ക്കൂടി അവര്‍ക്കു കപ്പല്‍ തുഴഞ്ഞു കൊണ്ടുപോകേണ്ടതായി വന്നുകൂടി. എന്തുകൊണ്ടെന്നാല്‍, കാറ്റു തീരെ ഉണ്ടായിരുന്നില്ല; പകല്‍ മുഴുവന്‍ മഴയുമായിരുന്നു. പക്ഷേ സായഹ്നത്തോടു സമീപിച്ചു മൂടല്‍മഞ്ഞ് ഒഴിഞ്ഞുമാറി കുന്നില്‍ പുറങ്ങളിലേയ്ക്കു നീങ്ങിത്തുടങ്ങി. കരയിലേയ്ക്കു കണ്ണോടിച്ചുകൊണ്ടു വെറ്റര്ലൈഡും യോട്ടും കപ്പലിന്റെ പുരോഭാഗത്തായിനിലകൊണ്ടു. കരയാകമാനം കാനനാച്ഛാദിതമായിരുന്നു. നദിയുടെ തീരപ്രദേശങ്ങളില്‍ കര്‍ഷകന്മാരുടെ വസതികള്‍ കാണാം. പക്ഷേ അവ അധികമില്ല; ഉള്ളവയില്‍ത്തന്നെ മിക്കതും തീരെ ചെറുതുമാണ്.
നദീമുഖത്ത് അവിടവിടെയായി മീന്‍പിടിക്കുന്ന ഏതാനും ചെറുവഞ്ചികള്‍ പൂട്ടിയിട്ടുള്ളതു കല്ലോലങ്ങളില്‍ കിടന്നു തത്തിക്കളിക്കുന്നു. ദ്വീപുകള്‍ക്കിടയില്‍ മൂടല്‍മഞ്ഞില്‍ക്കൂടി ഇഴഞ്ഞുവന്ന ആ വലിയ കപ്പലില്‍ ജനങ്ങളുടെ ദൃഷ്ടി പതിഞ്ഞിരുന്നു. വെറ്റര്‍ലൈഡ് അവരെ അഭിവാദ്യം ചെയ്തിട്ട് അവര്‍ എവിടെയുള്ളതാണെന്നു ചോദിച്ചു. അവര്‍ ശാന്തശീലരായ വ്യാപാരികളാണെന്നു കണ്ടു* നദിയുടെ തീരത്തുള്ള ആ പ്രദേശത്തിലെ ഒന്നാമത്തെ കര്‍ഷകകുടുംബമായ `വാഡിനി'ലെ `ഗുന്നാര്‍' എന്ന ഗൃഹാധിപന്റെ കുടിയാനവന്മാരാണ് തങ്ങളെന്ന് ആ മുക്കുവന്മാര് മറുപടി പറഞ്ഞു. അന്നു രാത്രി കഴിച്ചുകൂട്ടേണ്ടതിലേയ്ക്കായി തങ്ങളെ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോകാമോ എന്നു വെറ്റര്‍ലൈഡ് മുക്കുവന്മാരോടു ചോദിക്കുകയും അങ്ങനെ ചെയ്യാമെന്നവര്‍ സമ്മതിക്കുകയും ചെയ്തു. അനന്തരം ഐസ്ലാന്‍ഡുകാര്‍ അവരുടെ കപ്പല്‍ നദിയിലേയ്ക്കെത്രത്തോളം കൊണ്ടു പോകുവാനൊക്കുമോ, അത്രത്തോളം തുഴഞ്ഞുകൊണ്ടുപോയി. മുക്കുവന്മാരിലൊരാള് അവരോടൊന്നിച്ചു വാഡിനിലേയ്ക്കു പുറപ്പെട്ടു.
അവര്‍ അവിടെ എത്തിയപ്പോള്‍ നേരം നല്ലപോലെ ഇരുട്ടായിരുന്നു. ഗുന്നാര്‍ തന്റെ സ്വീകരണശാലയില് ഒരുയര്‍ന്ന പീഠത്തില്‍ ഇരിക്കുന്നതായിട്ടവര് കണ്ടു. നീളമുള്ള ചാരത്തലമുടിയോടും മാറിടമാകെ മറച്ചുകിടന്ന ശ്മശ്രൂക്കളോടും കൂടി സ്ഥൂലകായനും സുമുഖനുമായ ഒരു മനുഷ്യനായിരുന്നു ഗുന്നാര്‍. `എരിക്കിനി'ക്കരികിലായി (Hearth) രണ്ടു സ്ത്രീകള്‍ ഇരിപ്പുണ്ട്; അവരില്‍ ഒരുവള്‍ തീയിന്റ വെളിച്ചത്തില്‍ തുന്നിക്കൊണ്ടിരിക്കുകയാണ്. അവള്‍ക്കു തീരെ ചെറുപ്പമല്ല. മുഷിഞ്ഞ വസ്ത്രങ്ങളാണവള് ധരിച്ചിട്ടുള്ളത്. പക്ഷേ സുന്ദരവും സുപ്രസന്നവുമാണവളുടെ മുഖം. മറ്റവള് ഒരു കൊച്ചുപെണ്കിടാവാണ്. കൈ മടിയില്‍ വെച്ചുകൊണ്ട്, യാതൊന്നും ചെയ്യാതെ, ചുമ്മാതങ്ങനെയിരിക്കുകയാണവള്.
വെറ്റര്‍ലൈഡ് മുന്നോട്ടു ചെന്നു ഗൃഹനായകനെ അഭിവാദനം ചെയ്തു. അയാള്‍ അവിടെ വന്നിരിക്കുന്ന കാര്യം പകുതി പറഞ്ഞുതീരുന്നതിന്നുമുമ്പുതന്നെ, ഗുന്നാര്‍ എഴുന്നേറ്റ് അയാള്‍ക്കും കൂടെ വന്നിട്ടുള്ളവര്‍ക്കും സ്വാഗതമരുളിയശേഷം, തിന്നാനും കുടിക്കാനും കൊണ്ടുവരുവനായി സ്ത്രീകളോടാജ്ഞാപിച്ചു. അതു കേട്ടയുടന്‍തന്നെ സ്ത്രീകള്‍ എഴുന്നേറ്റു. പ്രായക്കൂടുതലുള്ളവള്ക്ക് എല്ലാം ഒരുക്കുന്നതിലേയ്ക്കുള്ള ബദ്ധപ്പാടായി. അവള് പരിചാരികയെ വിളിച്ചു, അങ്ങോട്ടു പാഞ്ഞു, ഇങ്ങോട്ടുപാഞ്ഞു- ബഹളം തന്നെ! പക്ഷേ പെണ്കിടാവനങ്ങിയില്ല. അപരിചിതന്മാരെ നോക്കിക്കൊണ്ട് അവള് തീയിനരികെ അങ്ങനെ നിന്നതേയുള്ളു.
അഗ്നിജ്വാലകളുടെ വെളിച്ചത്തില്‍ അവര്‍ക്കവളെ നല്ലപോലെ കാണാന്‍ കഴിഞ്ഞു. അവള് വളരെ സുന്ദരിയാണെന്നവര് കണ്ടു. നല്ല ഉയരവും അംഗങ്ങള്ക്കന്യോന്യം യോജിപ്പുമുണ്ട്. ഉദരം സമീപിക്കും തോറും ശരീരം തീരെ കൃശമായിച്ചമഞ്ഞു വക്ഷഃപ്രദേശം ഉയര്ന്നിണങ്ങിയ ഒരു കൊച്ചുവിലാസിനിയായിരുന്നു അവള്. ആയതങ്ങളും പാണ്ഡുരങ്ങളുമായ കൗതുകമുള്ള കണ്ണുകള്‍ അവള്‍ക്കുണ്ടായിരുന്നു. അവളുടെ തലമുടി കാല്‍മുട്ടുകളെ കവിഞ്ഞുകിടന്നിരുന്നു; അതു സ്വര്‍ണ്ണവര്‍ണ്ണത്തില്‍ ഇടതൂര്‍ന്നു വളര്‍ന്നു മൃദുവിയിട്ടുള്ളതായിരുന്നെങ്കിലും വളരെ തിളക്കമുള്ളതായിരുന്നില്ല. അവളുടെ കരതലങ്ങള്ക്കു നല്ല വിസ്താരമുണ്ട്; പക്ഷേ അവ വെളുത്തുകൊഴുത്തു മൃദുവായിട്ടുള്ളതാണ്. മങ്ങിയ ചുവപ്പുവര്ണ്ണത്തിലുള്ളതും പട്ടുനൂല്‍കൊണ്ടു വിചിത്രലതാവിതാനങ്ങള് തുന്നിച്ചേര്ത്തുമോടിപിടിപ്പിച്ചിട്ടുള്ളതുമായ രോമം കൊണ്ടുള്ള ഒരു വസ്ത്രമാണവള്‍ ധരിച്ചിരുന്നത്. അവളുടെ കേശഭാരം കനകനിര്‍മ്മിതമായ ഒരു `കേശബന്ധിനി'യാല്‍ ബന്ധിക്കപ്പെട്ടിരുന്നു. നിത്യജീവിതത്തില്‍ സാധാരണമായി സ്ത്രീജനങ്ങള്‍ ധരിക്കാറുള്ളതിലേറെ അംഗുലീയങ്ങളും ആഭരണങ്ങളും അവള് അണിഞ്ഞിട്ടുണ്ട്.
മറ്റേ സ്ത്രീ അപ്പോഴേക്കും കൈയില്‍ ഒരു വലിയ പാനപാത്രത്തോടുകൂടി അവിടെ പ്രത്യക്ഷയായി. അതു ചെറുപ്പക്കാരിയുടെ കൈയില്‍ കൊടുത്തിട്ടവള്‍ പറഞ്ഞു:
``വിഗ്ഡിസ്, നമ്മുടെ വീട്ടില്‍ അതിഥികള്‍ക്കു സ്വാഗതം പറയേണ്ടുന്ന ചുമതല നിന്റേതാണ്.''
വിഗ്ഡിസ് എന്നു വിളിക്കപ്പെട്ട പെണ്‍കൊടി പാത്രവുമായി മുന്നോട്ടു വന്നു. ബഞ്ചില്‍ ഇരിപ്പുറപ്പിച്ചിട്ടുള്ളവരില്, ആദ്യമായി വെറ്റര്ലൈഡിന്റെ കൈയില്‍ അവള് പാത്രം കൊടുത്തു; അതിന്നുശേഷം മറ്റെല്ലാവര്‍ക്കും. ഒടുവിലായി അവള് കണ്ടതു യോട്ടിനെയാണ്.
ആദ്യം, വാതിലിനേറ്റവുമടുത്തുള്ള ബഞ്ചിന്നറ്റത്താണ് യോട്ട് ഇരുന്നിരുന്നത്. പക്ഷേ പിന്നീട്, നനഞ്ഞിരുന്നതിനാല്‍ അയാള്‍ അഗ്നിക്കടുത്തേയ്ക്ക് എഴുന്നേറ്റു പോയി. ഒരു കൈകൊണ്ട് അയാള്‍ തന്റെ വസ്ത്രം ചേര്‍ത്തുപിടിച്ചു; പക്ഷേ പുരികക്കൊടികള്‍ക്കു മീതേക്കൂടി അയാളുടെ ഇരുണ്ട തലമുടി കീഴോട്ടുലഞ്ഞു വീണു; അതിനാല്‍ കണ്ണുകളൊഴികെ അവന്റെ മുഖത്തെ ബാക്കി ഭാഗം അത്ര നന്നായിട്ടവള്ക്കു കാണുവാനൊത്തില്ല- അഗാധതയില്‍ അധിഷ്ഠിതങ്ങളും തീക്ഷ്ണനീലങ്ങളുമായി അയാളുടെ കണ്ണുകള്‍.
ഗുന്നാര്‍ അവളെ, കോപത്തോടുകൂടിയല്ലെങ്കിലും, ശാസിച്ചു; അയാള്‍ പറഞ്ഞു:
``നമ്മുടെ വീട്ടിലുള്ള ആളുകളെ വെറുതേ ബുദ്ധിമുട്ടിക്കേണ്ടെന്നുള്ള സദ്ബുദ്ധികൊണ്ടാണ് ഐസ്ലാണ്ടുകാരന് അങ്ങനെ പറഞ്ഞത്; പക്ഷേ അവര്‍ക്കതു തീരെ ബുദ്ധിമുട്ടായിരിക്കയില്ല. ഈ ചീത്ത കാലാവസ്ഥയില്‍ പകല്‍ മുഴുവന്‍ ഇഴഞ്ഞു തുഴഞ്ഞു തളര്‍ന്നിട്ടുള്ള ആ മനുഷ്യര്‍ക്കു വിശ്രമവും ചൂടുള്ള ആഹാരവും തീര്‍ച്ചയായും ആവശ്യമാണ്. വീട്ടില്‍ വന്നിരിക്കുന്ന ഒരതിഥിയോടും, പക്ഷേ, അത്തരത്തില്‍ നീ സംസാരിക്കുന്നത് ഒട്ടും നന്നാണെന്നു തോന്നുന്നില്ല, മകളേ!''
യോട്ട് ചിരിച്ചുകൊണ്ടു പറഞ്ഞു:
``ആ പറഞ്ഞതില്‍ ഒരു ദുരുദ്ദേശവുമില്ല. ഞാന്‍ തീര്‍ത്തുപറയാം- പോരെങ്കില്‍ ഇത്ര ചെറുപ്പക്കാരിയായ ഒരു കൊച്ചു പെണ്‍കുട്ടിയുടെ വാക്കുകള്‍ അത്ര കണിശമായിത്തൂക്കിനോക്കുവാനും പാടില്ല.''
മറ്റേ സ്ത്രീയും വിഗ്ഡിസ്സിനോടു സംസാരിച്ചു- പക്ഷേ വളരെ ശാന്തമായിട്ടാണ്. വിഗ്ഡിസ്സാകട്ടെ, അവള് പറഞ്ഞതുകേട്ടതായേ ഭാവിച്ചില്ല. അവള് അവിടെത്തന്നെ ഇരിപ്പുറപ്പിച്ചു നേരിയ പുഞ്ചിരി തൂകിക്കൊണ്ടിരുന്നു. അനന്തരം ഗുന്നാര്‍ തന്റെ പരിചാരകന്മാരെ കടല്‍ക്കരയിലേക്കു പറഞ്ഞയച്ചു. മറ്റുള്ളവര്‍ കുടിയും തീറ്റയുമായിട്ടങ്ങനെ സോല്ലാസം കഴിച്ചുകൂട്ടി.
അടുത്ത ഏതാനും ദിവസമായി അവര്‍ അഭിമുഖീകരിച്ചിരിക്കുന്ന ആ കനത്ത പാണ്ഡുരമായ കാലാവസ്ഥയെക്കുറിച്ചായിരുന്നു സംസാരം. അതു കടലിലും കരയിലും ഒന്നുപോലെ മഹാ അനര്ത്ഥകാരിയായിപ്പരിണമിച്ചിരിക്കുന്നു; എന്തുകൊണ്ടെന്നാല്‍, ധാന്യം കൊയ്തെടുക്കാറായിക്കിടന്ന അവസരമാണത്.
ഗുന്നാര്‍ പറഞ്ഞു:- ``എന്റെ ചെറുപ്പക്കാലത്തു ഗ്രീഷ്മകാലത്തില്‍ ഞാനും ദൂരദേശങ്ങളില്‍ കടലില്‍ ചുറ്റിസ്സഞ്ചരിച്ചിട്ടുണ്ട്. എല്ലാ കാലങ്ങളിലും വെച്ചു ഞാന്‍ ഏറ്റവും കുറച്ചിഷ്ടപ്പെട്ടിരുന്നത് ഇതാണ്- മഴയും മൂടല്‍മഞ്ഞും ശാന്തതകളും ഒത്തൊരുമിച്ചിട്ടുള്ള ഈ കാലം.''
അനന്തരം മറുപടി പറഞ്ഞുകൊണ്ടു യോട്ട് ഇങ്ങനെ പാടി:-
(1)
അതിഥിപ്രിയനാം ഗുന്നാരേ, നീ-
യരുളിയതഖിലം പരമാര്‍ത്ഥം.
വാനം മുകളിലിരുണ്ടു കിടപ്പൂ
`റാനി'ന്പുത്രികള് നിദ്രയിലും.*
(2)
അണുപോലും രസമിയലുകയി-
ല്ലവരോടൊത്തിഹ മേളിക്കില്
അതിനെക്കാളെന്താഹ്ലാദപ്രദ-
മാത്മാര്ത്ഥതയെഴുമീ നിലയം!
(3)
മിന്നിയണിയായ്ക്കപ്പല്ത്തട്ടില്
സ്വര്ണ്ണമയാംഗികള് ദേവതകള്‍
ഇവനൊരുനാളും കണ്ടിട്ടി-
ല്ലവരെക്കാളഴകുള്ളവരെ.
(4)
ഇരവതില് വൈകിച്ചുറ്റിപ്പറ്റി-
പ്പുരുകുതുകത്തൊടു നില്പേന് ഞാന്‍
ആ നില്ക്കും കനകാംഗിയൊടെ-
ത്താനന്ദോക്തികള് പൊഴിവേന് ഞാന്‍!
ഒടുവിലത്തെ വരികള്‍ ഒരു താഴ്ന്നസ്വരത്തിലാണ് അയാള്‍ പാടിയത്. കുടി കുറച്ചു കടന്നുപോയിക്കഴിഞ്ഞിരുന്ന ഗുന്നാര്‍ അതിലൊന്നുമത്ര ശ്രദ്ധ പതിച്ചില്ല. പക്ഷേ വെറ്റര്‍ലൈഡ് അതു നല്ലപോലെ മനസ്സിലാക്കി, തന്റെ കടല്‍യാത്രയിലെ ഓരോ സംഭവങ്ങളെക്കുറിച്ചു പെട്ടന്നു ഗുന്നാറോടു സംസാരിക്കാന്‍ തുടങ്ങി. താമസിയാതെ വിഗ്ഡിസ്സും മറ്റേ സ്ത്രീയും അവളുടെ അറയിലേയ്ക്ക് എഴുന്നേറ്റുപോയി.
ഏറെ നേരത്തിന്നുശേഷം, ആളുകളെല്ലാം വിശ്രമിക്കുവാനായി പോയിക്കഴിഞ്ഞപ്പോള്‍ ഒരേ കിടയ്ക്കയില്‍ത്തന്നെ തന്നോടു തൊട്ടുകിടന്നിരുന്ന യോട്ടിനോടു വെറ്റര്‍ലൈഡ് പറഞ്ഞു: ``തന്റെ സ്വഭാവത്തില്‍ എനിക്കതിശയം തോന്നുന്നു, യോട്ട്; ഇതു നന്നല്ല. ഗുന്നാര്‍ നമ്മെ ഉപചാരപൂര്‍വ്വം സ്വീകരിച്ചു, അങ്ങനെയിരിക്കെ ആദ്യത്തെ രാത്രി തന്നെ ആ മനുഷ്യന്റെ മകളെപ്പറ്റി താനിങ്ങനെ കവിതകെട്ടിപ്പാടുന്നത് എന്തൊരു മര്യാദകേടാണ്!''
യോട്ട് ഒന്നും മറുപടി പറയാത്തതു കണ്ടു വെറ്റര്‍ലൈഡ് തുടര്‍ന്നു:
``മുന്‍പൊരിക്കലും ഞാന്‍ മനസ്സിലാക്കിയിരുന്നില്ല, താനൊരു മഹാപെണ്കൊതിയനാണെന്ന്. പക്ഷേ ഈ രാത്രി വിഗ്ഡിസ്സില് നിന്നു താന്‍ കണ്ണെടുത്തു കാണാനെനിക്കൊത്തിട്ടില്ല. ഒരു പെണ്ണിനെയെങ്ങാനൊന്നു കാണുമ്പോഴേയ്ക്കും ഇങ്ങനെ തലതിരിഞ്ഞുപോകാന് നാം അത്രനീണ്ട കാലമൊന്നും കടലില്‍ കഴിച്ചുകൂട്ടിയില്ലല്ലോ.''
എന്നിട്ടും യോട്ട് ഒന്നും ഉത്തരം പറഞ്ഞില്ല; പക്ഷേ അയാളുടെ നേര്‍ക്കു പുറംതിരിഞ്ഞ് ഉറക്കംനടിച്ചു കിടന്നു.
മൂന്ന്
പിറ്റേദിവസം `നൊയമ്പിറക്കിയ'ശേഷം ഗുന്നാറും വെറ്റര്ലൈഡും കുതിരപ്പുറത്തു കയറി കടല്‍ത്തീരത്തേയ്ക്കു പോയി; യോട്ടാകട്ടെ, ക്ഷീണമുണ്ടെന്നു പറഞ്ഞു ബഞ്ചിന്മേല്ത്തന്നെ കിടന്നതേയുള്ളൂ. അങ്ങനെയെല്ലാമാണെങ്കിലും, മറ്റുള്ളവര്‍ പോയി എന്നു കണ്ട ഉടന്‍തന്നെ അയാള്‍ എഴുന്നേറ്റു. വിഗ്ഡിസ്സിനെ അന്വേഷിച്ചുപിടിച്ച് അവളുമായി സംസാരിക്കണമെന്ന് അയാള്‍ മനസ്സിലുറച്ചിരുന്നു.
യാത്രയ്ക്കുപയോഗിക്കുന്ന വസ്ത്രങ്ങള്തന്നെയാണ് അപ്പോഴും യോട്ട് ധരിച്ചിരുന്നത്. അയാളുടെ വസ്ത്രങ്ങളെല്ലാം കപ്പലിലായിരുന്നു അയാള്‍ ധരിച്ചിരുന്നത് ഒരു നീളമുള്ള, ഇരുണ്ട സര്പ്പഫണാകൃതിയായ ഉടുപ്പാണ്. വിലപിടിച്ചതും നിറം കാച്ചിയതുമായ ഒരു ബന്ധസൂത്രം കൊണ്ടു മാറിടത്തിലായി അതു ബന്ധിക്കപ്പെട്ടിരുന്നു. ആ മേലുടുപ്പിനുകീഴില് പട്ടകളില്‍ വെള്ളിക്കിന്നരികളും നീലച്ചിത്രവേലകളും തുന്നിപ്പിടിപ്പിച്ച അസിതവര്‍ണ്ണത്തിലുള്ള പട്ടുകുപ്പായം അയാള്‍ ധരിച്ചിരുന്നു. എന്തുകൊണ്ടെന്നാല്‍, വേഷഭ്രമം കലശലായിട്ടുണ്ടായിരുന്ന ഒരാളായിരുന്നു യോട്ട്. ഇക്കാരണത്താല്‍ അയാള്‍ കൈകളിലും തോളുകളിലും വളകള്‍ ധരിച്ചിരുന്നു.
ആകപ്പാടെ കാണാന്‍ നല്ല ചന്തമുള്ള ഒരാള്‍; നല്ല ഉയരം, വിസ്താരമുള്ള മാറിടം, ഒരു സ്ത്രീയുടേതുപോലെ ഇടുങ്ങിയ പാര്ശ്വപ്രദേശം, കടഞ്ഞെടുത്തപോലെ ആകൃതിയൊത്ത കൈകാലുകള്‍! അയാളുടെ ശരീരം അഴകുള്ളതും മൃദുവുമായിരുന്നു. നിറംമാത്രം അല്പം ഇരുണ്ടതാണ്; തടിച്ചുവിളറിയ വലിയ ചുണ്ടുകളുമുണ്ട്. അയാള്‍ക്കു നീലച്ച കണ്ണുകളും, ഒരു പട്ടുനാടകൊണ്ടു കൂട്ടിക്കെട്ടിയതും ഇരുണ്ട തവിട്ടുവര്‍ണ്ണത്തിലുള്ളതുമായ നീണ്ട തലമുടിയുമുണ്ടായിരുന്നു.
സുന്ദരവും സൂര്യപ്രഭാപൂരിതവുമായ ഒരു ദിവസമായിരുന്നു അത്. ഭവനങ്ങളുടെ ഉത്തരഭാഗത്തുള്ള പുല്‍ത്തകിടിയില്‍ വിഗ്ഡിസ് നടക്കുന്നതായി, പുറത്തിറങ്ങി മുറ്റത്തു വന്നപ്പോള്‍, യോട്ടിന്റെ ദൃഷ്ടിയില്‍പ്പെട്ടു. അയാള്‍ വേഗത്തില്‍ അവളുടെ പുറകെ തിരിച്ചു. കാടിന്റെ വക്കില്‍വെച്ച് അയാള്‍ അവളുടെ സമീപം എത്തിച്ചേര്‍ന്നു. അവിടെവെച്ച് അയാള്‍ അവളെ അഭിവാദ്യം ചെയ്തുകൊണ്ട് അവള് എന്തെങ്കിലും കൃത്യനിര്‍വ്വഹണത്തിനായി ഇറങ്ങിത്തിരിച്ചിരിക്കയാണോ എന്നു ചോദിച്ചു കാടുകളില്‍ ചുറ്റിത്തിരിയുകയും പഴങ്ങള്‍ പറിച്ചുതിന്നുകയുമല്ലാതെ തനിക്കു വിശേഷിച്ചു യാതൊരു കൃത്യവും നിര്‍വ്വഹിക്കേണ്ടതായിട്ടില്ലെന്നു വിഗ്ഡിസ് മറുപടി പറഞ്ഞു.
``എന്നാല്‍ ഞാനും നിന്നോടൊന്നിച്ചു വരാം'' യോട്ട് പറഞ്ഞു: ``ഒറ്റയ്ക്കു നടക്കുന്നത് ആപത്താണ്. ഈ വനപ്പടര്പ്പുകളില് സാധാരണമായി കരടിയുടെ ശല്യമുണ്ടാകാറുണ്ടെന്നു ഞാന്‍ കേട്ടിട്ടുണ്ട്.''
``എനിക്കു ഭയമുണ്ടായിരുന്നെങ്കില്‍ ഞാനെന്റെ അംഗരക്ഷകനായ ഭൃത്യനെക്കൂടെ കൊണ്ടുപോന്നേനെ!'' വിഗ്ഡിസ് പ്രതിവചിച്ചു: ``ഏതു തരത്തിലായാലും ശരി, ആയുധമൊന്നുമെടുക്കാതല്ല ഞാന്‍ പോന്നിട്ടുള്ളത്.'' ഇങ്ങനെ പറഞ്ഞുകൊണ്ട് അവള് തന്റെ അരപ്പട്ടയില്‍ തിരുകിയിരുന്ന വലിയ കത്തിയെടുത്ത് അയാളെ കാണിച്ചു. നിറംകാച്ചിയ കമ്പിച്ചുരുകള്‍ ചുറ്റിക്കെട്ടിയിട്ടുള്ളതായിരുന്നു അതിന്റെ പിടി.
യോട്ട് അതു കൈയില്‍ വാങ്ങി സൂക്ഷിച്ചുനോക്കി. അയാള്‍ പറഞ്ഞു: ``ഇതൊരു വിചിത്രമായ കത്തിതന്നെ; സംശയമില്ല. ഇതു വളരെക്കാലത്തെ പഴക്കമുള്ളതുമാണ്. നിനക്കിതെവിടെനിന്നു കിട്ടി?''
``ഇതെപ്പോഴും എന്റെ കുടുംബത്തിലുണ്ടായിരുന്നു,'' വിഗ്ഡിസ് പറഞ്ഞു: ``ഇവിടെയുള്ള ബലിക്കാവില്‍ പുരോഹിതകളായിരുന്നു എന്റെ ചാര്ച്ചക്കാരികളെന്നു പറയപ്പെടുന്നു. വളരെവളരെക്കാലത്തിനു മുന്‍പാണത്. ആര്‍ക്കും അതിനെക്കുറിച്ച് അധികമൊന്നും അറിഞ്ഞുകൂടാ. ഞങ്ങളുടെ ദാസന്മാര് കോഴികളെയും ആടുകളെയും അവിടെ കൊണ്ടുപോയി ബലികഴിക്കാറുണ്ട്; പക്ഷേ എന്റെ അച്ഛന് അദ്ദേഹത്തിന്റെ സ്വന്തം ശക്തിയിലും മെയ്ക്കരുത്തിലുമല്ലാതെ മറ്റൊന്നിലും വിശ്വാസമില്ല; ഞാന്‍ കേട്ടിടത്തോളം എന്റെ മുത്തച്ഛനും അങ്ങനെതന്നെയായിരുന്നു.''
``അതുതന്നെയാണെന്റെയും കഥ,'' ചിരിച്ചുകൊണ്ടു യോട്ട് പറഞ്ഞു: ``പക്ഷേ അക്കാരണത്താല്‍ എന്നെ ഒരിക്കല്‍ ജ്ഞാനസ്നാനകര്‍മ്മം നിര്വ്വഹിപ്പിച്ച് ഒരു ക്രിസ്ത്യനാക്കിയിട്ടുണ്ട്.''
``അതൊരു വിചിത്രമായ മതമാണ്,'' വിഗ്ഡിസ് പ്രസ്താവിച്ചു: ``വെളുത്ത ക്രിസ്തുവിനെക്കൊണ്ടു വലിയ പ്രയോജനമൊന്നുമുണ്ടാകാന്‍ നിവൃത്തിയില്ല; എന്തുകൊണ്ടെന്നാല്‍, അദ്ദേഹത്തിനു സ്വയം മോചനം നേടാന്‍ സാധിച്ചില്ലെന്നും *ബ്ലാലാന്ഡില് തന്റെ ശത്രുക്കളാല്‍ അദ്ദേഹം വധിക്കപ്പെട്ടു എന്നും ഞാന്‍ പറഞ്ഞുകേട്ടിട്ടുണ്ട്.''
``ഈ ജ്ഞാനസ്നാനകര്മ്മംകൊണ്ട് എന്തു സാധിക്കാമെന്നെനിക്കറിഞ്ഞുകൂടാ,'' യോട്ട് പറഞ്ഞു: ``അതുപോലെതന്നെ അദ്ദേഹത്തിനധികംമൊന്നും ചെയ്യാന്‍ സാധിക്കുമെന്നും ഞാന്‍ വിചാരിക്കുന്നില്ല. പക്ഷേ കാര്യം സംഭവിച്ചതിങ്ങനെയാണ്.
ഡെന്മാര്ക്കിന്റെ തെക്കുഭാഗത്തായി പരിശുദ്ധമായ ജീവിതം നയിച്ചുവരുന്ന ഒരു മനുഷ്യനുണ്ടായിരുന്നു. എന്റെ കാലിന്മേലുണ്ടായിരുന്ന വൃത്തികെട്ടളിഞ്ഞഴുകിയ ഒരു വ്രണം ആ മനുഷ്യന് ചികിത്സിച്ച് ഉണക്കിസ്സുഖപ്പെടുത്തിത്തന്നു. അങ്ങനെ എനിക്കു വലിയ ഒരുപകാരം ചെയ്കയുണ്ടായി. അദ്ദേഹം മറ്റു യാതൊരു പ്രതിഫലനവും വാങ്ങുകയില്ല. അതിനാല്‍ അദ്ദേഹത്തെ മുഷിപ്പിക്കേണ്ടണ്ടന്നു കരുതി എന്നെ ജ്ഞാനസ്നാനം കഴിപ്പിക്കുവാന്‍ ഞാനദ്ദേഹത്തെ അനുവദിച്ചു.''
``ഹായ്- നിങ്ങളപ്പോള്‍ പല രാജ്യങ്ങളിലും ചുറ്റിസഞ്ചരിച്ചിരിക്കണമല്ലോ'' വിഗ്ഡിസ് പറഞ്ഞു: ``-പക്ഷേ നിങ്ങളുടെ സാമാനങ്ങള്‍ കപ്പലില്‍നിന്നു കരയ്ക്കിറക്കുന്നതു നോക്കുവാന്‍ നിങ്ങള്‍ എന്തുകൊണ്ടു നിങ്ങളുടെ ചാര്ച്ചക്കാരനുമൊന്നിച്ചു പോയില്ല? കപ്പലില്‍ നിങ്ങള്‍ നേടിയതെന്തെങ്കിലും കാണാതിരിക്കില്ല; അല്ലെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങളെ വൈഗ-യോട്ട് (കൊലയാളിയായ യോട്ട്) എന്നു വിളിക്കുന്നത്?''
``ഓ, അതേ, തീര്‍ച്ചയായും. ഞാന്‍ ഒരു സാധനം നേടിയിട്ടുണ്ട്. അതു തികച്ചും നല്ല ഒരു വസ്തുവുമാണ്.'' അയാള്‍ പറഞ്ഞു: ``പക്ഷേ ഞാന്‍ എപ്പോഴും വിചാരിച്ചിട്ടുണ്ട്, ഞാന്‍ നേടുവാനുദ്ദേശിച്ചത്
അതിനെക്കാള്‍ നന്മയുള്ളതാണെന്ന്. എനിക്കതു നല്ലപോലെ വിശ്വസിക്കാന്‍ കഴിയും.''
വിഗ്ഡിസ് മറുപടി പറഞ്ഞു.``ഐസ്ലാന്‍ഡുകാര്‍ ദുരാഗ്രഹികളും വായാടികളുമാണെന്ന് ആളുകള്‍ പറയാറുണ്ട്.''
യോട്ട് പറഞ്ഞു: ``തന്റെ സാധനങ്ങള്‍ സൂക്ഷിക്കാത്ത ഒരൊറ്റ മനുഷ്യനെക്കുറിച്ച് ഒരിക്കലും ഞാന്‍ കേട്ടിട്ടില്ല. പക്ഷേ ഞാന്‍ ഒരു പിശുക്കനാണെന്ന് ആദ്യമായി പറഞ്ഞതു നീയാണ്.''
ഇതു കേട്ടു വിഗ്ഡിസ് പൊട്ടിച്ചിരിച്ചു. അവള് പറഞ്ഞു
`ഇത്ര ചെറുപ്പക്കാരിയായ ഒരു പെണ്‍കുട്ടിയുടെ വാക്കുകള്‍ അത്ര കണിശമായി തൂക്കിനോക്കുവാന്‍ പാടില്ല.''
``എനിക്കു മിക്കവാറും തോന്നിപ്പോകുന്നു, എന്നോടു നീയെന്തോ പക കരുതിയിട്ടുണ്ടെന്ന്, വിഗ്ഡിസ്'' യോട്ട് പ്രതിവചിച്ചു: ``ഇപ്പോള്‍ നാം കണ്ടുമുട്ടിയ അവസരത്തില്‍ ദയാമയമായ ഒരു നോട്ടം നീയെനിക്കു തന്നില്ല.''
``ഈ ഭാഗങ്ങളില്‍ ഒരുടത്തും തന്നെ അങ്ങനെയൊരാചാരം ഞങ്ങളുടെ ഇടയിലില്ല'! അവള് മറുപടി പറഞ്ഞു;
``അപരിചിതന്മാരില് ഏറെനേരം താവളമടിക്കുവാന്‍ ഞങ്ങളുടെ കണ്ണുകളെ അനുവദിക്കുകയെന്നത്'!
യോട്ട് ചിരിച്ചുകൊണ്ടിങ്ങനെ പ്രസ്താവിച്ചു:
``നീ നിന്റെ തലമുടി സ്വര്‍ണ്ണം കൊണ്ടിങ്ങനെ ബന്ധിച്ചാല്‍, വിഗ്ഡിസ് ,നിനക്കു നിന്റെ ദാസികളുടെ പിന്നില്‍ അതൊളിപ്പിക്കാന്‍ സാധിക്കുമെന്ന് എനിക്കു വിചാരിക്കാന്‍ സാധ്യമല്ല.''
``എന്തുകൊണ്ടു ഞാന്‍ സ്വര്‍ണ്ണം ധരിച്ചുകൂടാ, എന്റെ അച്ഛന് എനിക്കതു തന്നാല്‍?'' വിഗ്ഡിസ് ചോദിച്ചു.
അപ്പോഴേയ്ക്കും അവര്‍ ബലിക്കാവിലെത്തിക്കഴിഞ്ഞിരുന്നു. ഒരു തുറസ്സായ ദിക്കിലാണത്. ചുറ്റും ഇടതൂര്‍ന്നു തഴച്ച കാടുകള്‍. പീഠത്തോടു സമീപിച്ചു വലയാകൃതിയില്‍ കല്ലുകള്‍ പടുത്തുകെട്ടിയിട്ടുണ്ട്. നടുവിലായിട്ടാണ് ബലിക്കല്ല്. പല കല്ലുകളും ഇടിഞ്ഞു വീണുപോയിട്ടുണ്ട്. ആ സ്ഥലത്താകമാനം ഓക്ക്, ബര്പു്, റോവന്‍ എന്നീ വൃക്ഷങ്ങളുടെ തയ്യുകള് തഴച്ചുവളര്‍ന്നിരുന്നു.
പാറകള്‍ക്കിടയില്‍ ചുവന്ന പുഷ്പങ്ങള്‍ നിറഞ്ഞ ഉയരമുള്ള പുല്പ്പൊന്തകള് അനവധിയുണ്ട്. അവയില്‍ ചിലതു
വിത്തിടാറായിക്കഴിഞ്ഞതിനാല് അവയുടെ വെളുത്ത പൂടകാറ്റിലങ്ങനെ തത്തിപ്പറന്നിരുന്നു. അതവരുടെ വസ്ത്രങ്ങളിലും മുടിയിലും വന്നു തങ്ങിനിന്നു. അവര്‍ നടന്നു പോയ്ക്കോണ്ടിരിക്കെ വിഗ്ഡിസ് അതു കുടഞ്ഞുകളഞ്ഞുകൊണ്ടിരുന്നു.
അവള് പഴങ്ങള്‍ പറിച്ചുതിന്നുകൊണ്ടിരിക്കുമ്പോള് യോട്ട് വിഗ്ഡിസ്സിനോടു പറഞ്ഞു:
``ഞങ്ങള്‍ക്ക് ഇവിടെ തടിയന്വേഷിച്ചു പലയിടങ്ങളിലും ചുറ്റിക്കറങ്ങേണ്ടതായിട്ടുണ്ട്. അതുകൊണ്ട് ഇവിടെത്തന്നെ താമസിക്കുവാനുള്ള അനുവാദം ഗുന്നാറോടു ചോദിക്കുവാനായി എന്റെ അമ്മാവന് വിചാരിക്കുന്നു. പക്ഷേ ഞങ്ങള്‍ വന്നപോലെതന്നെ പെട്ടെന്നങ്ങു പിരിഞ്ഞുപോകണമെന്നായിരിക്കാം നിന്റെ ആഗ്രഹം. എന്തുകൊണ്ടെന്നാല്‍, നീ ഞങ്ങളെ ഇഷ്ടപ്പെടുന്നില്ലെന്നു തോന്നുന്നു.''
``ഏതു തരക്കാരെയാണ് തന്റെ ഭവനത്തില്‍ സ്വീകരിക്കേണ്ടതെന്ന കാര്യം എന്റെ അച്ഛനു സ്വന്തമായിത്തന്നെ തീരുമാനിക്കാനുള്ളതാണ്.''
വിഗ്ഡിസ് മറുപടി പറഞ്ഞു: ``ഒരിക്കലും അദ്ദേഹം അതിനെക്കുറിച്ച് എന്നോടു ചോദിക്കുക പതിവില്ല. പക്ഷേ എന്റെ സ്വന്തം പ്രവൃത്തികള്‍ക്കു ഞാന്‍ തന്നെ അധിനായികയായിരിക്കുവാന് അദ്ദേഹം എന്നെ അനുവദിക്കുന്നു.''
``അങ്ങനെ ഞാന്‍ വിചാരിക്കുകയുണ്ടായി,'' ഒരു ചിരിയോടുകൂടി യോട്ട് പറഞ്ഞു: ``ദുര്വ്വാശിക്കാരിയും കുറമ്പുള്ളവളുമായ ഒരു പെണ്കിടാവായിട്ടാണ് ഞാന്‍ നിന്നെ പരിഗണിക്കുന്നത്.''
``എന്നു മറ്റുള്ളവര്‍ പറയുന്നു,'' അവള് പ്രതിവചിച്ചു: ``ധീരനും മുന്നിട്ടിറങ്ങുന്ന സ്വഭാവക്കാരനുമായ ഒരു യുവാവാണ് നിങ്ങളെന്ന് എനിക്കും തോന്നുന്നു.''
``അതേ, അത്തരത്തിലാണവന്റെ പ്രശസ്തി,'' യോട്ട് പറഞ്ഞു: ``പക്ഷേ നീയും ഞാനും ശത്രുക്കളല്ലെന്ന് ഇപ്പോള്‍ നമുക്കു പറയാമോ?''
``ശത്രുക്കളാണ് നാം എന്നു തോന്നുന്നില്ല,'' വിഗ്ഡിസ് മറുപടി പറഞ്ഞു. അനന്തരം ഒരു ശിലാതലത്തിലിരുന്നു കൊണ്ട്, വിഗ്ഡിസ് കുഴിച്ചെടുത്ത ചില കാട്ടുകിഴങ്ങുകള്‍ അവര്‍ ഭക്ഷിക്കാന്‍ തുടങ്ങി. പക്ഷേ അവിടെനിന്ന് അവര്‍ എഴുന്നേറ്റ അവസരത്തില്‍ വിഗ്ഡിസ് അവളുടെ ആ പുരോഹിതയുടെ കത്തി മറന്നുപോയി. അവള് കാണാതെ യോട്ട് അതു കൈയിലെടുത്ത് അയാളുടെ മാര്‍ത്തടത്തില്‍ ഒളിച്ചുവെച്ചു. അനന്തരം, നല്ല ചങ്ങാതികളായിത്തീര്ന്നിരുന്ന അവര്‍ ഒത്തുചേര്‍ന്ന് ഓരോ നേരമ്പോക്കുകള്‍ പറഞ്ഞുകൊണ്ടു ഭവനത്തിലേയ്ക്കു പോയി.
നാല്
വെറ്റര്‍ലൈഡ് ഗുന്നാറുടെ പക്കല്‍നിന്നു തടികള്‍ വിലയ്ക്കു വാങ്ങി. ഐസ്ലാണ്ടുകാരുടെ അവിടത്തെ താമസത്തിനുള്ള ചെലവു ഗുന്നാര്‍ സ്വീകരിച്ചില്ല. നേരെമറിച്ച് അവര്‍ക്കിഷ്ടമുള്ളിടത്തോളം കാലം അവിടെ താമസിച്ചുകൊള്ളുവാനായി ഹൃദയപൂര്‍വ്വം സമ്മതിച്ചു. വെറ്റര്‍ലൈഡ് പോകേണ്ട കാര്യം പറയുമ്പോഴെല്ലാം ധൃതികൂട്ടിയിട്ടു യാതൊരാവശ്യവുമില്ലെന്നു പ്രഖ്യാപിക്കുകയാണ് ഗുന്നാറുടെ പതിവ്. യോട്ട് അവന്റെ ഹൃദയത്തില്‍ ചിന്തിച്ചിരുന്നതും അതുതന്നെയാണ്. സൗകര്യം കിട്ടുമ്പോഴെല്ലാം അവളുമായി കണ്ടുമുട്ടി സംഭാഷണത്തിലേര്പ്പെടാനായിരുന്നു അവന്റെ ചിന്ത മുഴുവന്‍.
വെറ്റര്‍ലൈഡ് അയാളോടതിനെക്കുറിച്ച്, അവന് തനിച്ചിരിക്കുന്ന ഒരവസരത്തില്‍, സംസാരിച്ചു. അതു കഴിഞ്ഞു യോട്ട് തന്റെ ഹൃദയം ഈ വിധത്തില്‍ പ്രകടമാക്കി:
``വിഗ്ഡിസ്സിനെ എന്റെ പത്നിയാക്കുവാന് എനിക്ക് അതിയായ ആശയുണ്ട്. ഒന്നിച്ചു ജീവിക്കുവാന്‍ ഇതിലധികം എനിക്കിഷ്ടം തോന്നുന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ കണ്ടിട്ടുള്ള സ്ത്രീകളില്‍ മിക്കവരെക്കാളും സുന്ദരിയാണവള്‍. വിശാലമായ ഹൃദയം.
സംസാരമാണെങ്കില്‍ ഫലിതസമ്പൂര്ണ്ണം- ഗുന്നാറുകളുടെ ഏകപുത്രിയായതുകൊണ്ട് അവളെക്കാള്‍ ധനവതിയായ ഒരു വധുവിനെ ഞാന്‍ കണ്ടെത്തുന്ന കാര്യം കുറെ പരുങ്ങലിലാണ്. ഗുന്നാര്‍ എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു.''
``പക്ഷേ അവളെ വീട്ടില്‍നിന്ന് ഇത്രയകലെ കൊണ്ടുപോകുന്ന കാര്യത്തില്‍ ഗുന്നാറിനു സമ്മതമുണ്ടാകുമോ എന്നു സംശയിക്കേണ്ടിരിക്കുന്നു,'' വെറ്റര്‍ലൈഡ് പറഞ്ഞു: ``എന്നാല്‍ വിഗ്ഡിസ്സിന്റെ ഹൃദയം തന്നില്‍ അധിഷ്ഠിതമായിട്ടുണ്ടെങ്കില്, അതു കുറച്ചു ഘനം തുങ്ങുമെന്നെനിക്കു തോന്നുന്നുണ്ട്. എന്തുകൊണ്ടെന്നാല്‍, വിവാഹകാര്യത്തില്‍ തീര്‍ച്ചയായും ആ പെണ്കുട്ടിതന്നെയായിരിക്കും ഒരവസാനത്തീരുമാനം ഉണ്ടാക്കുക, സംശയമില്ല. അവള്‍ക്കു തന്നോടു പ്രത്യേകമൊരു പ്രതിപത്തി തോന്നിയിട്ടുണ്ട്. എപ്പോഴും താന്‍ അവളോടൊന്നിച്ചുതന്നെയാണല്ലോ.''
ഇതു കേട്ടു യോട്ട് ചിന്താമഗ്നനായിത്തീര്ന്നു; അല്പനേരം കഴിഞ്ഞ് അയാള്‍ പറഞ്ഞു:
``അത്ര നിഷ്പ്രയാസം ഇഴയഴിച്ചു വേര്‍തിരിച്ചെടുക്കാവുന്ന ഒന്നല്ല സ്ത്രീഹൃദയം. അവള് എന്നെ നന്നായിഷ്ടപ്പെടുന്നുണ്ടെന്നു പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്; പക്ഷേ പെട്ടെന്നു ശുണ്ഠിപിടിക്കുന്ന ഒരു പ്രകൃതമാണവളുടേത്- അതും പോരെങ്കില്‍, മധുരമായ സംസാരം കപടതയെ മൂടിയേയ്ക്കാവുന്നതുമാണ്.''
``വിഗ്ഡിസ്സില് അത്ര കപടതയുണ്ടെന്ന് എനിക്കു തോന്നുന്നില്ല.'' വെറ്റര്‍ലൈഡ് മറുപടി പറഞ്ഞു: ``പക്ഷേ ആ പെണ്‍കുട്ടിക്കു തീരെ ചെറുപ്പമാണ്. ഒരു ഭര്‍ത്താവിനു വിധേയയായിത്തീരേണ്ടുന്ന കാര്യത്തില്‍ ഒരു ,സമയം അവള്‍ക്കു വൈമനസ്യം തോന്നിയേയ്ക്കാനും മതി. എന്തുകൊണ്ടെന്നാല്‍, അവള് അല്പമൊരു തന്നിഷ്ടക്കാരിയാണെന്ന് എനിക്കു തോന്നുന്നുണ്ട്. എന്റെ ഉപദേശം, താന്‍ ഈ കാര്യത്തോടു വേവലാതി കൂടാതെ, വളരെ സാവധാനത്തിലങ്ങനെ പിന്തുടരുന്നതായിരിക്കും ഉത്തമമെന്നാണ്. നമുക്കിപ്പോള്‍ വടക്കന്ദിക്കുകളിലേയ്ക്കു യാത്ര തുടര്‍ന്നു നമ്മുടെ ചാര്‍ച്ചക്കാരെ ചെന്നു കാണാം. മടക്കത്തില്‍ നമുക്കിവിടെ കയറാം. അപ്പോള്‍ നമുക്കവളുടെ മനസ്സറിയാന്‍ സാധിക്കും. നിന്റെ ഭാവം അവളുടെ ഹൃദയത്തെ സ്പര്‍ശിച്ചിട്ടുണ്ടോ എന്നപ്പോള്‍ തനിക്കു മനസ്സിലാക്കാം.''
``ഞാന്‍ ഇവിടെനിന്നു പോവുകയില്ല,'' യോട്ട് പറഞ്ഞു: ``ഈ കാര്യത്തില്‍നിന്നു പൊട്ടിപ്പുറപ്പെടുന്ന വെടിയുണ്ട എന്താണെന്നറിയുന്നതുവരെ.''
അഞ്ച്
ആ സായാഹ്നത്തില്‍ത്തന്നെ, ബഞ്ചില്‍ തുന്നിക്കൊണ്ടിരിക്കുന്ന അവസരത്തില്‍, വിഗ്ഡിസ്സിനെ, അവളുടെ മുറിക്കുള്ളില്‍, യോട്ട് കണ്ടുപിടിച്ചു. പട്ടുനൂല്‍കൊണ്ടു ചിത്രവേലകള്‍ സമൃദ്ധമായി ചെയ്യപ്പെട്ടിട്ടുള്ള ഒരു നീലക്കുപ്പായമാണവള് ധരിച്ചിരുന്നത്.
അഗ്നികൂടത്തില് എരിഞ്ഞുകത്തിക്കൊണ്ടിരുന്ന തീയിന്റെ വെളിച്ചത്തില്‍ മഞ്ഞവര്‍ണ്ണത്തിലുള്ള അവളുടെ തലമുടി ഉജ്ജ്വലപ്രഭയോടെ അവളുടെ പുറത്തും തോളുകളിലുമായി
ഉയര്ന്നുലഞ്ഞു കിടന്നിരുന്നു. അയാളെ കണ്ട ഉടന്‍തന്നെ തുന്നല്‍പണി ഒരു വശത്തിട്ട് അയാളെ സ്വീകരിക്കുവനായി അവള് എഴുന്നേറ്റു; എന്നാല്‍ യോട്ടാകട്ടെ ധൃതഗതിയില്‍ മുന്നോട്ടു വന്നു മെത്തപ്പുറത്ത് അവളുടെ പാര്‍ശ്വത്തിലായി ഇരിപ്പുറപ്പിക്കയാണ് ചെയ്തത്. അനന്തരം വിഗ്ഡിസ് പറഞ്ഞു:
``എന്റെ അച്ഛന് വീട്ടിലില്ലാത്ത അവസരത്തില്‍, ഈ നേരംകെട്ട നേരത്തു നിങ്ങള്‍ ഇവിടെ വന്നെന്നെക്കാണാനോരുങ്ങിയതിന്റെ കാര്യമെന്താണ്?''
``കുറച്ചു ദിവസമായി നിന്നെയങ്ങനെ കാണാറില്ലല്ലോ.'' യോട്ട് മറുപടി പറഞ്ഞു: ``പല കാര്യങ്ങളെ ക്കുറിച്ചും നീയുമായി സംസാരിക്കുവാന്‍ ഞാനിഷ്ടപ്പെടുന്നു.''
``പക്ഷേ നിത്യവും നാം ഒന്നിച്ചു വര്‍ത്തമാനം പറയാറുണ്ടല്ലോ.'' വിഗ്ഡിസ് വീണ്ടും ഉത്തരം പറഞ്ഞു.
``ഞാന്‍ പറയാത്തതായി ഒട്ടധികം ഇനിയുമുണ്ട്, വിഗ്ഡിസ്. അതിനെക്കുറിച്ചു നീ തനിച്ചിരക്കുമ്പോഴേ എനിക്കു സംസാരിക്കുവന് സാധിക്കു. തീര്‍ച്ചയായും ഞാന്‍ നിന്റെ മനസ്സറിയണമെന്ന്- നീയെന്നെ ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ എന്നറിയണമെന്ന്- വെറ്റര്‍ലൈഡ് ഇന്നെന്നോടു പറകയുണ്ടായി. നിനക്കെന്നോടല്പം താത്പര്യമുണ്ടെന്നു പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്; എന്നാല്‍ മറ്റു ചില അവസരങ്ങളില്‍, നിന്റെ വാക്കുകള്‍ അത്രമാത്രം വിചിത്രമാകയാലും, നിന്റെ ദ്വേഷ്യം അത്ര പെട്ടെന്ന് ഉദ്ദീപ്തമാകുന്നതുകൊണ്ടും,
എനിക്കു തോന്നിട്ടുണ്ട്, നിഗൂഢമായ ഒരു പക നിനക്കെന്നോടുണ്ടെന്നും.''
``എന്താണ് ഞാന്‍ നിങ്ങളോടു പക കരുതുന്നത്?'' വിഗ്ഡിസ് ചോദിച്ചു. അവള് അല്പനേരം യോട്ടിന്റെ മുഖത്തു നോക്കാതെ മൗനമായിരുന്നു. അനന്തരം അവള് വീണ്ടും പറഞ്ഞു.
``വിചിത്രംതന്നെ-നിങ്ങളെന്നോടീപ്പറഞ്ഞത്. നാം ഒന്നിച്ചിരിക്കുമ്പോള്‍ പെട്ടെന്നു ശുണ്ഠിപിടിപ്പിക്കുന്ന പ്രകൃതക്കാരനാണ് നിങ്ങളെന്നു പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. അതുപോലെതന്നെ എന്തിനാണ് നാം കലഹിച്ചിട്ടുള്ളതെന്നോ നിങ്ങളെന്നെപ്പരിഹസിച്ചിട്ടുണ്ടോ എന്നോ എനിക്കു പറയാന്‍ കഴിഞ്ഞിരുന്നില്ല. ഇവിടെ, ഈ വനാന്തരത്തിലാണ് ഇത്രയും കാലം
ഞാന്‍ കഴിച്ചുകൂട്ടിയിട്ടുള്ളത്. ഈ വഴി വളരെച്ചുരുക്കമാളുകളേ വരാറുള്ളൂ; പക്ഷേ നിങ്ങളാകട്ടെ ദൂരദേശങ്ങളില്‍ പലയിടത്തും ചുറ്റിസഞ്ചരിച്ചിട്ടുണ്ട്; പലതും കണ്ടിട്ടുമുണ്ട്. ഞാന്‍ പലപ്പോഴും നിങ്ങളോടു ശുണ്ഠിപിടിച്ചിരുന്നുവെന്നത് അവാസ്തവമല്ല.''
``എനിക്കു സ്ത്രീകളുമായുള്ള സംസാരത്തില്‍ തീരെ സാമര്‍ത്ഥ്യമില്ല,'' യോട്ട് സാവധാനത്തില്‍ പറഞ്ഞു: ``പക്ഷേ നിന്റേതുപോലുള്ള സാഹചര്യം സ്വേച്ഛാനുസാരം എനിക്കു സ്വീകരിക്കുവാന്‍ സാധിച്ചിട്ടുള്ളതായിആരെയും ഞാന്‍ കണ്ടുമുട്ടീട്ടില്ല. അതുപോലെതന്നെ ഒന്നിച്ചു താമസിക്കണമെന്ന അഭിനിവേശവും എനിക്കു മറ്റാരോടും തോന്നിയിട്ടില്ല.''
വിഗ്ഡിസ് ഇതിനൊന്നും മറുപടി പറഞ്ഞില്ല. അയാള്‍ വേഗത്തില്‍ തുടര്‍ന്നു.
``നീ സമ്മതിക്കുന്നെങ്കില്‍, നിന്നെ എനിക്കു വിവാഹം കഴിച്ചു തരേണമെന്നു ഞാന്‍ ഗുന്നാറോടപേക്ഷിക്കാം; എന്റെ പത്നീയായി ഞാന്‍ നിന്നെ കൈക്കൊള്ളുകയും ചെയ്യാം.''
എന്നിട്ടും വിഗ്ഡിസ് ഒന്നും പറഞ്ഞില്ല; പക്ഷേ യോട്ട് അവളുടെ കഴുത്തില്‍ക്കൂടി കൈയിട്ട് അവളുടെ അധരങ്ങളില്‍ ചുംബിച്ചു. അവള് കുതറിമാറിയില്ലെന്നു കണ്ടപ്പോള്‍ അവളെ അരികിലേയ്ക്കു ചേര്‍ത്തുപിടിച്ച് അയാള്‍ മടിയിലെടുത്തിയിരുത്തി. അനന്തരം അവള് പെട്ടെന്നു പൊട്ടിക്കരഞ്ഞുകൊണ്ട്, ചാടിയെഴുന്നേറ്റ് അഗ്നികൂടത്തിനടുത്തേക്ക് പോയി. അവള് അവിടെച്ചെന്ന് ഒരു സ്റ്റൂളിന്റെ പുറത്തിരുന്നു. ഒരു മൂടുപടം പോലെ അവളുടെ കബരീഭാരമാകമാനം ഉലഞ്ഞുതിര്ന്ന് അവളുടെ ശരീരത്തെ ആവരണം ചെയ്തു.
അഗ്നിജ്വാലകളുടെ പ്രഭാപൂരത്തില്‍ അതു മിന്നിത്തിളങ്ങി. അതിനെക്കാള്‍ അഭിരാമമായ ഒരു കാഴ്ച മറ്റൊരു പുരുഷന്റെയും ദൃഷ്ടിയില് പെട്ടിരിക്കയില്ലെന്നു യോട്ടിന്നു തോന്നി. അയാള്‍ അവളെ പിന്തുടര്ന്നുചെന്ന്, ധൂമവാഹിനിയുടെ തണ്ടിന്മേല് കൈ വെച്ച്, അവളെ അങ്ങനെ നോക്കിക്കൊണ്ടു നില്പായി. അനന്തരം അയാള്‍ പറഞ്ഞു.
``സുന്ദരിയായ വിഗ്ഡിസ്, ഞാന്‍ നിന്നെക്കരയിക്കാനിടവരുത്തി. അതു നന്നായില്ല.....ആട്ടെ, ഇനിയെങ്കിലും എനിക്കൊരു മറുപടി തരൂ.''
``എനിക്കു കുറച്ചു സമയം തരൂ,'' വിഗ്ഡിസ് യാചിച്ചു; ``നിങ്ങള്‍ ആദ്യമേ ഉദ്ദേശിച്ചിരുന്നപോലെ, നിങ്ങളുടെ ചാര്ച്ചക്കരെ പോയി
കണ്ടിട്ടു വരു. ഇവിടെക്കിടക്കുന്ന കപ്പലില്‍ നിങ്ങള്‍ മടങ്ങിയെത്തുന്ന അവസരത്തില്‍ ഞാന്‍ നിങ്ങള്‍ക്കെന്റെ മറുപടി തരാം. നിങ്ങള്‍ ഇച്ഛിക്കുന്നപോലെ ത്തന്നെയായിരിക്കും മിക്കവാറും അതുണ്ടാകുന്നതെന്നു ഞാന്‍ കരുതുന്നു. പക്ഷേ എനിക്കന്റെ അച്ഛന്റെ സമീപത്തുനിന്ന് അത്രയേറേ ദൂരത്തു പോകേണ്ടതായും അദ്ദേഹത്തെ ഇവിടെ തനിച്ചു വിടേണ്ടതായും വന്നുകൂടും. എല്ലാറ്റിലുമുപരിയായി, ഈ സംഗതിപൊടുന്നനേയങ്ങെത്തിച്ചേര്ന്നതുമാണ്.''
``നീ കരുതുന്നതുപോലെ അത്ര പൊടുന്നനെയൊന്നുമല്ല.'' യോട്ട് പറഞ്ഞു. ``ഞാന്‍ ഇവിടെ വന്നിട്ടു മൂന്നാഴ്ച കഴിഞ്ഞിരിക്കുന്നു. മനുഷ്യരുടെ വിധിയെ ഭരിച്ചുകൊണ്ടിരിക്കുന്ന ശക്തികള്‍ എന്തെല്ലാമായിരിക്കാമെന്നു ഞാന്‍ അറിയുന്നില്ല; പക്ഷേ `നോണ്ഡ്'* നമ്മുടെ വിധികളെ അന്യോന്യം ദൃഢമായി കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു; നാം ഇരുവരുമൊന്നിച്ചു ബലിക്കാവിലിരുന്നു സംസാരിച്ച ദിവസംമുതല്‍ ഞാനതറിഞ്ഞിട്ടുണ്ട്.''
``ഇതാ നിങ്ങള്‍ക്കു ദ്വേഷ്യം വന്നുകഴിഞ്ഞുവെന്നു നിങ്ങളുടെ മുഖത്തുനിന്നു ഞാന്‍ മനസ്സിലാക്കുന്നു.'' വിഗ്ഡിസ് പറഞ്ഞു: ``എനിക്കു ചെറുപ്പമാണ്; വിവാഹത്തെക്കുറിച്ചു ചിന്തിക്കാന്‍ ഇനിയും എനിക്കു കാലമായിട്ടില്ല.''
ഇതുകേട്ടു യോട്ട് അവിടെനിന്നു പോകുവാനായി തിരിഞ്ഞു. ``ഞാന്‍ ഇതാ ഊന്നിപ്പറയുന്നു, നമുക്കതിനുള്ള പ്രായം തികച്ചുമായിട്ടുണ്ട്, പക്ഷേ നീ നിന്റെ സ്വന്തം ഹൃദയംതന്നെ അറിയുന്നില്ലെന്ന് എനിക്കു കാണാന്‍ കഴിയും.''
വിഗ്ഡിസ് എഴുന്നേറ്റ് അയാളുടെ പിന്നാലെ വന്നു ഇങ്ങനെ പറഞ്ഞു.
``അങ്ങനെയെല്ലാമാണെങ്കിലും, ഞാന്‍ പറയുന്നതുപോലെ കേള്‍ക്കൂ. കുറച്ചു കാലം മതിയല്ലോ; അതുവരെ ക്ഷമിച്ചിരിക്കൂ. നിങ്ങളുടെ വിവാഹാഭ്യര്‍ത്ഥന ഒരിക്കലും പാഴായിപ്പോവുകയില്ല. പക്ഷേ ഇനിയും എനിക്കു നിങ്ങളെപ്പറ്റി അല്പമേ അറിയാന്‍ സാധിച്ചിട്ടുള്ളൂ. അതുമല്ല, എന്റേതായി എനിക്കുള്ളതെല്ലാറ്റില്നിന്നും വളരെയകലെ നിങ്ങളെന്നെ കൊണ്ടു പോവുകയും ചെയ്യും.''
അവള് അയാളുടെ കണ്ഠത്തില് കൈകോര്‍ത്തിട്ട് അയാളെ ചുംബിച്ചു. പക്ഷേ അതു കഴിഞ്ഞ്, അവള് അയാളെ വാതില്ക്കല്നിന്നു പുറത്തേക്കു പിടിച്ചു തള്ളിയിട്ട്, പോകുവാനായി അയാളോടപേക്ഷിച്ചു.
ആറ്
ഇതു കഴിഞ്ഞു രണ്ടുദിവസം വിഗ്ഡിസ് അവളുടെ മുറിക്കുള്ളില്‍ ത്തന്നെ കഴിച്ചുകൂട്ടി. അപ്പോഴേക്കും ഭവനത്തില്‍ ഒരതിഥിയുടെ ആവിര്ഭാവത്തിനിടയായി- ഗ്രെഫ്സിനിലെ കാറെ ഈ കാറെ, ട്രോണ്ഡ്ഹേമില്നിന്ന് ആയിടയ്ക്കു സ്വഗൃഹത്തില്‍ എത്തിയതേയുള്ളു.
അടുത്തകാലത്തു തന്റെ കുടിയാനവനായ കാര്ക്കിനാല് നിഗ്രഹിക്കപ്പെട്ട ലേഡിലെ ഹാക്കണ്‍ പ്രഭുവിനെക്കുറിച്ചും ഒളാവുരാജാവിനെക്കുറിച്ചും പലേ വൃത്താന്തങ്ങളും അയാള്‍ക്കു പറയുവാനുണ്ടായിരുന്നു. സായാഹ്നത്തില്‍ വിഗ്ഡിസ് സല്ക്കാരശാലയിലെത്തി. കാറെയുടെ സമീപത്താണവള് ഇരിപ്പുറപ്പിച്ചത്. അവരിരുവരും സുഹൃത്തുക്കളെപ്പോലെ സംഭാഷണംചെയ്തു.
കാറെയ്ക്കു വളരെ ചെറുപ്പമാണ്. ഉയര്‍ന്ന നല്ല നിറപ്പകിട്ടുള്ള ശരീരം. ആള് ബഹുസുന്ദരന്. വിഗ്ഡിസ് അയാളുമൊന്നിച്ചിരുന്നു കുടിച്ചുകൊണ്ടിരുന്നതു യോട്ടിന്നു തീരെ രസിച്ചില്ല. അവളുടെ സമീപത്തെത്താന്‍ തരംകിട്ടിയ അവസരത്തില്‍ അയാളതു വിഗ്ഡിസ്സിനോടു പറഞ്ഞു.
``ഗ്രെഫ്സിനിലെ കാറെയോടു നിനക്കുളള മനോഭാവമെന്താണെന്നു നിനക്കുതന്നെ നല്ലപോലെ അറിയാവുന്നതാണല്ലോ.''
``അതൊരു പരമാര്‍ത്ഥമായ പറച്ചിലാണ്.'' വിഗ്ഡിസ് ഉത്തരം പറഞ്ഞു: ``കാറെയും ഞാനും ഒന്നിച്ചു കളിച്ചു വളര്‍ന്നവരാണ്. അയാളെ വീണ്ടും കാണുന്നത് എനിക്കളവറ്റ സന്തോഷം ഉണ്ടാക്കുന്നു.''
എന്നാല്‍ ഇതിനുശേഷം, കോപാകുലമായ കണ്ണോടുകൂടിയാണ് യോട്ട് കാറെയെ നോക്കിയിരുന്നത്. ആ സായാഹ്നത്തില്‍ കാറെ എന്തെങ്കിലുമൊരു സംഗതിയെപ്പറ്റി അല്പം നന്മയായി സംസാരിച്ചില്ല; ഉടന്‍ തന്നെ അതിനെക്കാള്‍ പ്രശംസാര്‍ഹമായ മറ്റെന്തെങ്കിലുമൊരു സംഗതിയെടുത്തിട്ട്, യോട്ട് അത് അടച്ചുമൂടിക്കളയും. ഒടുവില്‍ സംഭാഷണം അശ്വങ്ങളില്‍ എത്തിച്ചേര്‍ന്നു.സ്ലോന്ഗ്വെ എന്ന തന്റെ കുതിരയെക്കുറിച്ചു കാറെ പുകഴ്ത്തിപ്പറയുകയുണ്ടായി. അതിനെ പോറ്റിവളര്ത്തിക്കൊണ്ടുവന്നതു ഗുന്നാറാണ്. സൗഹാര്‍ദ്ദത്തിന്റെ ഒരു ചിഹ്നമായി അദ്ദേഹം അതു കാറെയ്ക്കു സമ്മാനിച്ചു.
വിളവെടുപ്പുജോലിക്കായി അടുത്ത ദിവസങ്ങളില്‍ കാട്ടില്‍നിന്ന് അവര്‍ കുതിരകളെ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. അതിനാല്‍ താന്‍ അവനെ കണ്ടിട്ടുണ്ടെന്നു യോട്ട് പ്രസ്താവിച്ചു. ഗ്രൈം ലുണ്ഡാറിലെ ആര്‍ണെയുടെ യോട്ട് പ്രസ്താവിച്ചു. ഗ്രൈം ലുണ്ഡാറിലെ ആര്‍ണെയുടെ പുത്രന്മാരോടു താന്‍ വിലയ്ക്കു വാങ്ങിയിട്ടുള്ള കുതിരയാണ് അവനെക്കാള്‍ നല്ലതെന്ന് അയാള്‍ വീരവാദം മുഴക്കി. ആര്വല് എന്നാണവന്റെ പേര്. യോട്ട് പറഞ്ഞു, അവനെക്കാള്‍ നല്ല ഒരു മൃഗത്തെ ആ ഭാഗങ്ങളിലെങ്ങും തന്നെ താന്‍ കണ്ടിട്ടുള്ളതായി വിശ്വസിക്കുന്നില്ലെന്ന്.
``കാണാന്‍ നല്ല ചന്തമുള്ളതാ,'' യോട്ടിനോടു തൊട്ടിരുന്നിരുന്ന ഒരു വൃദ്ധന് അഭിപ്രായപ്പെട്ടു: ``പക്ഷേ കാറെയുടെ കുതിര ഇക്കൊല്ലവും കഴിഞ്ഞ കൊല്ലവും ഒന്നുപോലെ അവനെ കളത്തില്‍ നിന്നു തുരത്തിപ്പായിച്ചുകളഞ്ഞു. പക്ഷേ നിങ്ങള്‍ക്കാരോ ദുരുപദേശം തന്നിരിക്കുന്നു,'' അയാള്‍ യോട്ടിനോടു പറഞ്ഞു:``ആര്‍ണെയുടെ പുത്രന്മാരില്നിന്നുള്ള എന്തിനെയെങ്കിലും കുറിച്ച് ഈ വീട്ടില്‍വെച്ചു നന്മയായിപ്പറയുവാന്, അല്ലെങ്കില്‍, നിങ്ങള്‍ ഒരുമ്പെടുമായിരുന്നില്ല.''
``എന്താണതങ്ങനെ? യോട്ട് വൃദ്ധനോടു ചോദിച്ചു.
``വിഗ്ഡിസ്സിനെ തനിക്കു വിവാഹം കഴിച്ചുകിട്ടിയാല്‍ ക്കൊള്ളാമെന്ന അഭ്യര്‍ത്ഥനയുമായി എയോള്‍വ് ആര്നെസണ് ഇവിടെ സമീപിക്കയുണ്ടായി. പക്ഷേ അതു സാധ്യമല്ലെന്നു പറഞ്ഞ് ഇവിടെ കൈയൊഴിഞ്ഞുകളഞ്ഞു. അതുമുതല്‍ വാഡിനും ഗ്രൈം ലൂണ്ഡാറും വലിയ ശത്രുതയിലാണ് കഴിഞ്ഞുകൂടുന്നത്ത്''-എന്നായിരുന്നു മറുപടി.
``ഓ, അക്കാര്യത്തെക്കുറിച്ച് ഒരു സൂചനപോലും ഞാന്‍ കേട്ടിട്ടില്ല'' യോട്ട് പറഞ്ഞു. വൃദ്ധന് സംസാരം തുടര്‍ന്നു:
``തന്റെ ജാമാതാവായി എയോള്‍വിനെ കിട്ടുന്നതില്‍ ഗുന്നാറനു തികച്ചും സമ്മതമുണ്ടാകുമായിരുന്നു; വിഗ്ഡിസ്സാണയാളെ നിരസിച്ചതെന്നാണ് ആളുകള്‍ പറയുന്നത്. ആര്‍ക്കും അക്കാര്യത്തില്‍ അത്ഭുതത്തിനവകാശമില്ല; എന്തുകൊണ്ടന്നാല്‍ വൃത്തികെട്ട പലേ പ്രവൃത്തികളുടെയും കര്‍ത്തൃത്വം ആര്‍ണെയുടെ മക്കളില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്; ജനങ്ങള്‍ അവരെക്കുറിച്ചുപലതും പറഞ്ഞുവരുന്നു; കുട്ടിക്കാലം മുതല്ക്കു തന്നെ അവളും കാറെയും വലിയ `ലോഹ്യ'ത്തിലാണെന്നും മറ്റും അവരും
പറഞ്ഞുപരത്തിയിട്ടുണ്ട്. ആര്‍ണെയുടെ മക്കള്‍ അതിന്നുശേഷം പലപ്പോഴും ഗുന്നാറെ ഭീഷണിപ്പെടുത്തിനോക്കി; പക്ഷേ അവരാണ് സൂക്ഷിച്ചിരിക്കേണ്ടതെന്നേയുള്ളൂ; ഗുന്നാറിനുപ്രായം ചെന്നിട്ടുണ്ടായിരിക്കാം. പക്ഷേ ഇനിയും പല്ലു പോയിക്കഴിഞ്ഞിട്ടില്ല.''
യോട്ട് പിന്നീടൊന്നും പറഞ്ഞില്ല. വിഗ്ഡിസ്സിന്റെയും കാറെയുടെയും നേര്‍ക്കു ശ്രദ്ധാപൂര്വ്വകമായി കണ്ണയച്ചുകൊണ്ടു അയാള്‍ ചിന്തയില്‍ മുഴുകി ഇരിപ്പായി. കുറച്ചുനേരം കഴിഞ്ഞ് അയാള്‍ എഴുന്നേറ്റു കാറെയുടെ അടുത്തു ചെന്നു പറഞ്ഞു.
``ഈ സായാഹ്നത്തില്‍ കുറെയേറെ സംസാരം നടന്നല്ലോ; ഏതായാലും നമുക്കൊന്നു പരീക്ഷിച്ചുകളയാം; അതൊരു നേരം പോക്കായിരിക്കും. നമ്മുടെ രണ്ടുപേരുടെയും കുതിരകളെ കൊണ്ടുവന്ന് ഒന്നു മത്സരിപ്പിച്ചുനോക്കാം; ഏതാണ് ജയിക്കുന്നതെന്ന് എല്ലാവര്ക്കുമപ്പോള് കണ്ടറിയാമല്ലോ. എന്താ, നിങ്ങള്‍ക്കെന്തു തോന്നുന്നു?''
``സന്തോഷത്തോടുകൂടി,'' കാറെ ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു: ``പക്ഷേ അതിന്റെ ആവശ്യം അത്രയ്ക്കുണ്ടെന്നു തോന്നുന്നില്ല. ഇവിടങ്ങളിലുള്ള എല്ലാവര്ക്കും ഏറെക്കുറെ അറിയാവുന്ന ഒരു കാര്യമാണത്.''
അനന്തരം വിഗ്ഡിസ് ഒരു വാക്കൊന്നു സംസാരിച്ചു.
``നിങ്ങള്‍ അത്രമാത്രം കാര്യമായി വിലകൊടുത്തു വാങ്ങിയ ആ കുതിരയെ നിങ്ങള്‍ കൊള്ളാതാക്കരുത്. അവന് തികച്ചും നല്ല ഒരു കുതിരയായിരിക്കാം; പക്ഷേ വേറൊന്നവനെക്കാള് നന്നായിട്ടുണ്ടായിക്കുടെന്നില്ലല്ലോ.''
ഇതിനു വല്ലാത്ത കോപത്തോടുകൂടിയാണ് യോട്ട് മറുപടി പറഞ്ഞത്.
``നീ വിചാരിക്കും പോലെ എന്റെ എന്തെങ്കിലുമൊരു മുതല്‍ തൊന്തരവാക്കുന്ന കാര്യത്തില്‍ അത്ര പേടിയൊന്നുമുള്ളവനല്ല ഞാന്‍- കാറെ നമുക്കു കാണിച്ചുതരട്ടെ, ഒരിടിപ്പോരില് അയാളുടെ കുതിരയ്ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന്. നമുക്കു നാളെ നമ്മുടെ കുതിരകളെ പിടിച്ചുകൊണ്ടുവരാം. ആര്വല് അല്ലാ വിജയിയെങ്കില്‍ ഞാനവനെ ഐസ്ലാന്‍ഡിലേയ്ക്കു കൊണ്ടുപോകുന്നതല്ല.''
``എയോള്‍വ് അവനെ തിരിച്ചെടുക്കുന്ന കാര്യം കുറച്ചു പരുങ്ങലിലാണ്,'' ചിരിച്ചുകൊണ്ടു വിഗ്ഡിസ് പറഞ്ഞു.
``ഞാനയാളോടാവശ്യപ്പെടുകയില്ല,'' യോട്ട് പ്രവചിച്ചു.``അവന് തോല്‍ക്കുന്നപക്ഷം ഞാനാ കുതിരയെ കൊന്നുകളയും.''
ഇങ്ങനെ പറഞ്ഞുകൊണ്ട് അയാള്‍ തന്റെ തോളില്‍ നിന്ന് ഒരു വള വലിച്ചൂരിയെടുത്ത്, തറയുടെ നടുവില്‍ എരിഞ്ഞു കത്തുന്ന തീയിലേയ്ക്ക് ഒരേറു കൊടുത്തിട്ട് ഉദ്ഘോഷിച്ചു.
``എന്റെ സാധനങ്ങള്‍ അത്ര വളരെ കാര്യമായി സൂക്ഷിക്കുന്നവനാണ് ഞാനെന്ന്, വിഗ്ഡിസ്, മുഖത്തടിച്ചപോലെ നീയങ്ങനെ പറയാന്‍ പാടില്ല.''
പക്ഷേ വിഗ്ഡിസ് മുന്നോട്ടു കുനിഞ്ഞു. തീയിനുള്ളില്‍ നിന്നു വള തോണ്ടിയെടുത്തു യോട്ടിന്റെ കൈയിലേയ്ക്കു കൊടുത്തു: അവള് പറഞ്ഞു.
``ബുദ്ധിയില്ലാത്ത വെറുമൊരു മരമണ്ടനെപ്പോലെ പെരുമാറുന്നതു മഹാചീത്തയാണ്.''
യോട്ടാകട്ടെ വളയെടുത്ത്, ആരു പിടിക്കുന്നുവോ അവനെടുക്കാമെന്നു പറഞ്ഞുകൊണ്ട്, വാതില്ക്കല് കൂടിനിന്നിരുന്ന പരിചാരകന്മാരുടെ മധ്യത്തിലേയ്ക്കു വലിച്ചെറിയുകയാണുണ്ടായത്.
ആ അടിമകളുടെയിടയില്‍ വലിയൊരു കോലാഹലമുണ്ടായി. വള ആദ്യമായെത്തിപ്പിടിച്ചവന് അടിച്ചുവീഴ്ത്തപ്പെട്ടു. വിരുന്നു വലിയ ഒരപവാദത്തില്‍ കലാശിച്ചേയ്ക്കുമെന്ന മട്ടായി. വെറ്റര്‍ലൈഡ് തന്റെ ചാര്‍ച്ചക്കാരന്റെ സമീപത്തേയ്ക്കിരച്ചുചെന്ന് അയാളെ തോളില്‍ പിടിച്ചു കൂട്ടിക്കൊണ്ടുപോയി കഠിനമായി ഭര്‍ത്സിച്ചു. പക്ഷേ യോട്ട് പൊട്ടിച്ചിരിച്ചതേയുള്ളൂ. പിന്നീടു നടന്ന വാദകോലാഹലങ്ങള്‍ക്കിടയില്‍ അവസാനമേതായാലും ഇങ്ങനെ തീരുമാനിക്കപ്പെട്ടു-കാറെയും യോട്ടും പിറ്റേദിവസം അവരുടെ കുതിരകളെ മത്സരിപ്പിക്കണമെന്ന്.
ഏഴ്
നാട്ടില്‍ ചുറ്റുപാടുമുള്ള സ്ഥലത്തുനിന്നെല്ലാം കുതിരപ്പോരു കാണുവാനായി ജനങ്ങള്‍ തിങ്ങിക്കൂടി; ഏതാനും ചില സ്ത്രീകളും സന്നിഹിതരായിരുന്നു. വാഡിനു സമീപത്തുള്ള ഒരു മൈതാനമായിരുന്നു കുതിരകള്‍ക്കു മത്സരിക്കുവാനുള്ള രംഗം.
കുതിരയെ നയിച്ചുകൊണ്ട് ഇടതുകൈയില്‍ ഒരു വടിയുമായി, ആദ്യംതന്നെ യോട്ട് അവിടെ എത്തിച്ചേര്‍ന്നു. ചെറിയവാളും ലോഹനിര്‍മ്മിതമായ ഒരു തടത്തൊപ്പിയും രക്ഷയ്ക്കായി അയാള്‍ ധരിച്ചിരുന്നു; തോളില്‍ സ്വര്‍ണ്ണം കൊണ്ടു ചിത്രവേലകള്‍ ചെയ്തിട്ടുള്ള തീക്ഷ്ണവര്ണ്ണമായ ഒന്നാന്തരം ഒരു കുപ്പായമാണ് അയാള്‍ അണിഞ്ഞിരുന്നത്. അയാള്‍ അത് ഊരിയെടുത്ത് ഒരു കല്ലിന്മേലിട്ടു. അതിനടിയില്‍ അയാള്‍ ചുവപ്പുനിറത്തിലുള്ള ഒരു കൊച്ചുള്ക്കുപ്പായം ധരിച്ചിരുന്നു. ആര്‍ണെയുടെ പുത്രന്മാര് അവിടെ എത്തിയിട്ടുണ്ട്. അവര്‍ യോട്ടിനെ അഭിവാദ്യം ചെയ്തുകൊണ്ട് അയാളുടെ കൈ പിടിച്ചു കുലുക്കി.
കാണാന്‍ കൗതുകമുള്ള ഒരു വലിയ മൃഗമായിരുന്നു ആ കുതിര; തെളിഞ്ഞുവരാനുള്ള ഒരു മൃഗം, ജനങ്ങള്‍ അവനെക്കുറിച്ചു വിചാരിച്ചു. കളത്തിനു ചുറ്റുമായി ബന്ധിച്ചു നിര്‍ത്തിയിരുന്ന കുതിരകളുടെ നേര്‍ക്ക് അവന് ഉച്ചത്തില്‍ ചിലച്ചു
കാാറെ വന്നുചേരുവാന്‍ അല്പം വൈകി. അതിനിടയില്‍ ആര്‍ണെയുടെ പുത്രന്മാര്, മത്സരിക്കാമെന്നു സമ്മതിച്ചതില്‍ കാാറെയ്ക്കിപ്പോള് വലിയ കുണ്ഠിതമുണ്ടായിരിക്കണമെന്നും മറ്റും പരിഹാസഗര്‍ഭമായി ഉദ്ഘോഷിച്ചു കൊണ്ട് `ഊശിയടിക്കാന്' തുടങ്ങി. യോട്ട് അവരുടെ ആഹ്ലാദകോലഹലത്തില് കൂടിച്ചേര്‍ന്നു.
അപ്പോഴേയ്ക്കും കാറെയുടെ ആവിര്‍ഭാവമായി; ഗുന്നാറും വിഗ്ഡിസ്സും അയാളോടൊന്നിച്ചു വന്നിരുന്നു. കാാറെ പരിപൂര്‍ണ്ണമായ രീതിയില്‍ പരിധൃതശസ്ത്രനായിത്തന്നെയാണ് വന്നിരുന്നത്; അയാള്‍ ഒന്നാംതരം ഒരു കവചം ധരിച്ചിട്ടുണ്ട്; അയാളുടെ സ്കന്ധങ്ങളില് ഒരു കരടിത്തോലും കൈയില്‍ വടിയോടൊപ്പം ഒരു കുന്തവും അയാള്‍ വഹിച്ചിരുന്നു. ആര്വല് മറ്റേ കുതിരയെക്കണ്ട മാത്രയില്‍, വനത്തില്‍വെച്ച് അവര്തമ്മിലുണ്ടായ ആ സംഘട്ടനസംരംഭം അനുസ്മരിച്ചിട്ടുണ്ടാകണം; എന്തുകൊണ്ടെന്നാല്‍, യോട്ടിന്റെ സമീപത്തുനിന്ന് അവന് തെറ്റിമാറുകയും വാല് തിരിച്ചുപിടിച്ചു
വലയത്തിനു വെളിയില്‍ച്ചാടി രക്ഷപ്പെടുവാന്‍ ഉദ്യമിക്കുകയും ചെയ്തു. ചുറ്റും നില്ക്കുന്ന ജനസമൂഹത്തിന്റെ ഇടയില്‍ അതൊരു ചിരിയിളക്കിവിട്ടു. പക്ഷേ യോട്ട് അതിവേഗത്തില്‍ തന്റെ അശ്വത്തെ പിന്തുടര്ന്ന്, ഇടതുകൈകൊണ്ട് അതിന്റെ കുഞ്ചിരോമത്തില്‍ കടന്നു പിടികൂടിയിട്ട്, വടികൊണ്ട് അവന്റെ തോളുകളിലും പള്ളകളിലും നല്ല കണക്കിനു നാലുകൊടുത്തു; അയാളുടെ മുഖം രക്തം പോലെ അരുണവര്ണ്ണമായിരുന്നു. അനന്തരം അയാള്‍ യാതൊരു കനിവും കൂടാതെ കുതിരയെ മുന്നോട്ടു വലിച്ചുകൊണ്ടു പോയി.
സ്ലോല്ഗ്വെ ഉടന്‍ തന്നെ മറ്റേ കുതിരയെ നിലം പതിപ്പിച്ചു. അവന് മുന്‍കാലുകള്‍ ഉയര്‍ത്തി കുളമ്പുകൊണ്ടു ചവിട്ടുവാനും കടിക്കുവാനും തുടങ്ങി. ആര്വല് ഉറക്കെക്കിടന്നു കരഞ്ഞു. വീണ്ടും അതു രക്ഷപ്പെടാന്‍ ശ്രമിച്ചുനോക്കി. അനന്തരം അരപ്പട്ടയില്‍ നിന്നു തന്റെ വാള് വലിച്ചുരിയെടുത്തു യോട്ട് ആര്വക്കിനെ ഒരു വെട്ടു വെട്ടി. പക്ഷേ പുല്പുറത്തു കാലല്പം വഴുതിപ്പോകയാല് അയാള്‍ നിലംപതിക്കുകയും അയാളുടെ വാളിന്റെ മുന സ്ലോന്ഗ്വെയുടെ പള്ളയ്ക്കു കൊണ്ട്, തൊലിയല്പം ചീന്തിപ്പോകുകയും ചെയ്തു. പക്ഷേ ഈ വീഴ്ച അയാളെ കുതിരകള്ക്കടിയിലാക്കി; ഒരു വൃത്തികെട്ട നിമിഷമായിരുന്നു അത്. കുതിരകളെ പിടിച്ചുമാറ്റുവാനായി വിഗ്ഡിസ് ഉച്ചത്തില്‍ കിടന്നു വിളിച്ചുകൂട്ടി. ഉടന്‍തന്നെ കാാറെ മുന്നോട്ടോടിച്ചെന്നു തന്റെ കുന്തത്തിന്റെ മൊട്ടുകൊണ്ടു സ്ലോന്ഗ്വെയ്ക്ക് ഒരടി കൊടുത്തു. ഒരു നിമിഷനേരം ആ ജന്തു ഒന്നു പമ്പരം കറങ്ങിയിട്ട് ആര്വക്കിന് മോചനം നല്കി. യോട്ടിന്റെ കുതിര അനന്തരം പിടിച്ചെഴുന്നേറ്റ്, രക്തമൊഴുക്കിക്കൊണ്ട്, നിശിതമായ വിധത്തില്‍ ശിക്ഷിക്കപ്പെട്ടവനായി കാട്ടിനുള്ളിലേയ്ക്കു കുതിച്ചു പാഞ്ഞു. എന്നാല്‍ അതേസമയം, സ്ലോന്ഗ്വെയുടെ പള്ളയ്ക്കു യോട്ടില്നിന്നു കിട്ടിയ മുറിവിലൂടെ അവനനുഭവിക്കുന്ന പ്രാണദണ്ഡം രക്തരൂപത്തിലങ്ങനെ ധാരധാരയായി ഒലിക്കുന്നണ്ടായിരുന്നു.
പിടിച്ചെഴുനേല്ക്കുവാനായി യോട്ടിന്റെ നേര്‍ക്കു കാാറെ തന്റെ കൈ നീട്ടിക്കാണിച്ചു-എന്തുകൊണ്ടെന്നാല്‍ യോട്ടിന്റെ തലയ്ക്കു കുളമ്പുകൊണ്ടു നല്ല ഒരു ചവിട്ടേറ്റിരുന്നു. അതില്‍ നിന്നു കടുംചോര അവന്റെ കണ്ണുകളിലേയ്ക്ക് ഇരച്ചൊഴുകുന്നുണ്ടായിരുന്നു. കാാറെ പറഞ്ഞു.
``ഒരു കുതിരപ്പോരില്‍, സ്വയം ഇത്തരത്തില്‍ ക്ലേശമനുഭവിക്കുന്ന ഒരു മനുഷ്യനെ ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. എന്റെ കുതിരയെ മുറിപ്പെടുത്തിയതു നിങ്ങള്‍ നേരെയാക്കിത്തരേണ്ടതായിട്ടുണ്ട്.''
``ഇതാ, നിങ്ങള്‍ക്കതിനുള്ള തുക,'' എന്നു പറഞ്ഞുകൊണ്ടു യോട്ട് ഒരു ചളിക്കട്ട അയാളുടെ മുന്‍പിലേയ്ക്കു കാലുകൊണ്ടു തട്ടിനീക്കിയിട്ടുകൊടുത്തു. ``നിങ്ങളിട്ടിരിക്കുന്ന ആ കരടിരോമം കൊണ്ട്, കാടുകളിലെ ഒരു കൂളിപ്പിശാചിനെപ്പോലെ, നിങ്ങള്‍ എന്റെ കുതിരയെ വിരട്ടിയോടിച്ചു.''
`നിങ്ങള്‍ ഞങ്ങളെ വിരട്ടിയോടിക്കുകയില്ല, വൈഗ-യോട്ടേ,'' കാാറെ പറഞ്ഞു. ``ഐസ്ലാന്ഡില് നിങ്ങളുടെ ആള്‍ക്കാരെ നിങ്ങള്‍ കൊന്നിട്ടുണ്ടായിരിക്കാമെങ്കിലും''-എന്നു പറഞ്ഞുകൊണ്ടു തന്റെ കൈയിലിരുന്ന കുന്തം അയാള്‍ തിരിച്ചുപിടിച്ചു; ഇപ്പോള്‍ അതിന്റെ കൂര്‍ത്ത മുന യോട്ടിന്റെ മാറിടത്തിന്നു നേര്‍ക്കായി.
യോട്ട് അപ്പോഴും തന്റെ വാള് കൈയില്‍ മുറുക്കിപ്പിടിച്ചിരുന്നു. അയാള്‍ ആ കുന്തത്തണ്ടിനിട്ട് ഒരു വെട്ടു കൊടുത്തു. അതു രണ്ടു തുണ്ടായി. വാള്‍മുന കാാറെയുടെ തോളില്‍ ഒരു മുറിവെല്പിച്ചു-പക്ഷേ അതത്ര സാരമില്ല. കാാറെ തന്റെ കൈയിലവശേഷിച്ച കുന്തത്തണ്ടിന്റെ തുണ്ടം ദൂരെ വലിച്ചെറിഞ്ഞിട്ട്, വാള് വലിച്ചൂരി യോട്ടിന്റെ നേര്‍ക്കു കുതിച്ചു ചാടി. പക്ഷേ, ആ നിമിഷത്തില്‍ത്തന്നെ. യോട്ട് ബോധംകെട്ടു പിന്നോട്ടു മലച്ചു വീണു. അയാളുടെ വായില്‍നിന്നു രക്തം പുറത്തേയ്ക്കു ചാടി. കുതിരകള്‍ അയാളെ വല്ലാതെ ചവിട്ടിയിരുന്നു.
വെറ്റര്‍ലൈഡ് അപ്പോള്‍ മുന്നോട്ടു വരികയും കാാറെയെ തോളത്തു പിടിച്ചു കൂട്ടിക്കൊണ്ടുപോയി സംസാരിക്കുകയും ചെയ്തു. കുതിരയക്കു പറ്റിയ കേടു താന്‍ തീര്‍ത്തുകൊടുക്കാമെന്നും അതിനു വേണ്ടിവരുന്ന തുക, കാാറെ നിശ്ചയിക്കുന്നത്, തന്നുകൊള്ളാമെന്നും അയാള്‍ പറഞ്ഞു.
``ഞാന്‍ നിങ്ങളില്‍നിന്ന് ഒരു നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല, ഐസ്ലാന്ഡുകാരാ,'' കാാറെ മറുപടി പറഞ്ഞു: ``ഞാന്‍ തികച്ചും മനസ്സിലാക്കുന്നുണ്ട്, നിങ്ങളുടെ ചാര്ച്ചക്കാരന് മനഃപൂര്‍വ്വം എന്നോടു ശണ്ഠയ്ക്കൊരുങ്ങിയിരിക്കായാണെന്ന്.''
``ഗുന്നാറിന്റെ സുഹൃത്തുകളുമായി ഒരു സംഘട്ടനത്തില്‍ പതിക്കുവാന്‍ ഞാനിഷ്ടപ്പെടുന്നില്ല,'' വെറ്റര്‍ലൈഡ് മറുപടി പറഞ്ഞു: ``അദ്ദേഹം നമ്മില്‍നിന്നു നന്മയാണര്ഹിക്കുന്നത്.'' അനന്തരം അയാള്‍ കാാറെയെ ഒഴിഞ്ഞ ഒരു ഭാഗത്തേയ്ക്കു കൂട്ടിക്കൊണ്ടുപോയി അയാളുമായി സംസാരിച്ചു.
പക്ഷേ ഗുന്നാര്‍ തന്റെ കുന്തമെടുത്തു സ്ലോന്ഗ്വെയുടെ പള്ളിയില്‍ കുത്തിയിറക്കിക്കഴിഞ്ഞിരുന്നു.
ആര്‍ണെയുടെ പുത്രന്മാരായ കോളും എയോള്‍വും കൂടി യോട്ടിനെ പിടിച്ചെഴുന്നേല്പിച്ചു. അല്പനേരം കഴിഞ്ഞപ്പോള്‍ അയാളുടെ ബോധക്ഷയമെല്ലാം നീങ്ങിപ്പോയി. അതിനുള്ളില്‍ കാാറെ വെറ്റര്‍ലൈഡിനോടൊന്നിച്ചു കളം വിട്ടുകഴിഞ്ഞിരുന്നു. യോട്ട് തന്റെ മുഖത്തുനിന്നു രക്തം വടിച്ചുകളഞ്ഞിട്ടു വിഗ്ഡിസ്സിനെക്കാണുവാനായി ചുറ്റുപാടുമൊന്നു കണ്ണോടിച്ചുനോക്കി. ചത്തുകിടന്ന കുതിരയുടെ മീതെ കമിഴ്ന്നടിച്ചുകിടന്ന് അതിനെ തലോടിക്കൊണ്ട് അവള് ഏങ്ങലടിച്ചു കരയുകയാണ്.
യോട്ട് അവളുടെ സമീപത്തേയ്ക്കു ചെന്നു ചിരിച്ചുകൊണ്ടു ചോദിച്ചു.
``ഇപ്പോള്‍ നീയിക്കുതിരപ്പോരിനെക്കുറിച്ചെന്തു പറയുന്നു, വിഗ്ഡിസ്?''
വിഗ്ഡിസ് കൂടുതല്‍ ശക്തിയായി തേങ്ങിക്കരഞ്ഞുകൊണ്ടു പറഞ്ഞു.
``ഞാന്‍ നിങ്ങളോടു സംസാരിക്കുകയില്ല.''
``ഗ്രെഫ്സിനിലെ കാാറെ, അയാളുടെ കുതിര പെരുമാറിയതുപോലെത്തന്നെ, പെരുമാറുമെന്നാണോ നിന്റെ ഭയം?'' യോട്ട് ചോദിച്ചു.
``ഗ്രെഫ്സിനിലെ കാാറെ അല്ല ഇന്നു തന്നില്‍ത്തന്നെ അപമാനം വരുത്തിക്കൂട്ടിയത്,'' വിഗ്ഡിസ് പറഞ്ഞു. അവള് കുതിരയുടെ ശിരസ്സില്‍ നിന്നു കുഞ്ചിരോമം പിന്നോട്ടു മാടിയിട്ട് അതിന്റെ വായ്പ്പൂട്ടില് മന്ദം മന്ദം തലോടി. ``പക്ഷേ എനിക്കിനിയൊന്നും തന്നെ നിങ്ങളോട് പറയാനില്ല.'' അവള് എഴുന്നേറ്റു കരഞ്ഞുകൊണ്ടുതന്നെ പിതാവിന്റെ സമീപത്തേയ്ക്കു പോവുകയും അദ്ദേഹത്തോടൊന്നിച്ചു കളം വിടുകയും ചെയ്തു.
ആര്‍ണെയുടെ പുത്രന്മാര് യോട്ടിന്റെ സമീപമെത്തി തങ്ങളോടൊന്നിച്ചു പോരുവാനായി അയാളെ ക്ഷണിച്ചു.
``അതെനിക്കു നിവൃത്തിയില്ല,'' യോട്ട് മറുപടി പറഞ്ഞു
``ഗുന്നാറുമായുള്ള സൗഹാര്‍ദ്ദ്രം അത്തരത്തില്‍ ഞാന്‍ ഭഞ്ജിക്കുന്നതു ഭംഗിയല്ല.''
``എനക്കാശ്ചര്യം തോന്നുന്നത്,'' എയോള്‍വ് പറഞ്ഞു
``ഗുന്നാര്‍, അയാളുടെ ജാമാതാവുമായുള്ള സൗഹാര്‍ദ്ദ്രം നഷ്ടപ്പെടുത്തുന്നതിലായിരിക്കും ഭയപ്പെടുന്നതെന്നുള്ളതിലാണ്.''
`നിങ്ങള്‍ പറഞ്ഞതാരെയാണ്?'' യോട്ട് ചോദിച്ചു ``സംശയമുണ്ടോ, കാാറെ.'' കോള്‍ കൂടിച്ചേര്‍ന്നു പറഞ്ഞു: ``പക്ഷേ അവള് അര്‍ഹിക്കുന്ന വില അയാള്‍ കൊടുക്കുമോ എന്ന കാര്യം അല്പം സംശയത്തിലാണ്- കാരണം, അയാളുടെ ഇച്ഛാനുസാരമുള്ള പ്രവൃത്തിക്ക് അവള് പണ്ടേതന്നെ വഴിപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
``അതൊരു പച്ചക്കള്ളമാണ്- തീര്‍ച്ചയായും,'' യോട്ട് പറഞ്ഞു. ``അങ്ങനെതന്നെ ഞാനും പറകയുണ്ടായി,'' എയോള്‍വ് പ്രസ്താവിച്ചു:``ഞങ്ങളുടെ കന്നുകാലികളെ മേയ്ക്കുന്ന വേലക്കാരന്, കഴിഞ്ഞ വസന്തകാലത്തു കാാറെ നദി കടന്നു കുതിരപ്പുറത്തു കയറിപ്പോയി ബലിക്കാവില്‍ വെച്ചു വിഗ്ഡിസ്സിനെ കണ്ടുമുട്ടിയിരുന്നു എന്നു ഞങ്ങളോടു വന്നു പറഞ്ഞപ്പോള്‍ അവന് പറകയുണ്ടായി, കാാറെ അവളോടൊന്നിച്ചു കിടക്കുന്നതു കണ്ടിട്ടുണ്ടെന്ന്.''
``അവന് തീര്‍ച്ചയായും കളവു പറഞ്ഞതാണ്, നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുന്നവന്‍,'' പോകുവാനായിത്തിരിഞ്ഞുകൊണ്ടു യോട്ട് വീണ്ടും മറുപടി പറഞ്ഞു. എന്നാല്‍ ഉടന്‍തന്നെ അല്പം ദൂരേ മാറിനിന്നിരുന്ന ചിലരോട് എയോള്‍വ് ഇങ്ങനെ ചോദിച്ചു: ``ഗ്രെഫ്സിനിലെ കാാറെ ഏതുവഴിക്കാണു പോയത്? വൈഗ-യോട്ടിന് അയാളുമായി സംസാരിക്കേണ്ടിയിരിക്കും.''
``ഓ, അയാള്‍ മറ്റേ ഐസ്ലാന്ഡ്കാരനുമൊന്നിച്ചു വാഡിനിലേക്കു പോയിക്കഴിഞ്ഞു'' എന്നായിരുന്നു മറുപടി.
ആ കര്ഷകാലയത്തിന്നു നേരെ കണ്ണോടിച്ചുകൊണ്ട് അല്പനേരം യോട്ട് നിശ്ചലനായി നിന്നു. ഒരു വൃത്തികെട്ട കാഴ്ചയായിരുന്നു. അയാള്‍ -ഒരു പ്രേതത്തെപ്പോലെ വിളറി രക്തത്തില്‍ കുതിര്‍ന്നങ്ങനെ ......അനന്തരം അയാള്‍ തിരിഞ്ഞു. അപ്പോള്‍ അയാള്‍ വേച്ചുവീഴാന്‍ പോയി. ആര്‍ണെയുടെ പുത്രന്മാര് അയാളെ തോളില്‍ താങ്ങിപ്പിടിച്ച് ഒരു കുതിരപ്പുറത്തു കയറ്റിയിരുത്തി- അയാളിപ്പോള്‍ അവരോടൊന്നിച്ചു കുതിരയാടിച്ചു പോവുകയാണ്..... ഗ്രൈംലുണ്ഡാറിലേക്ക്!
എട്ട്
യോട്ട് ഗ്രൈംലുണ്ഡാറില് താമസമാക്കിയതു വെറ്റര്‍ ലൈഡിന് അത്ര രസമായില്ല. ഏതാനും ദിവസം കഴിഞ്ഞ് അയാള്‍ ഒരു ദിവസം അവിടെ ചെന്നു. അയാളുടെ ചാര്ച്ചക്കാരന് മുകളിലത്തെ നിലയിലുള്ള ഒരു മുറിയില്‍ കിടക്കുന്നതായിക്കണ്ടു. ``ഞാന്‍ കാാറെയുമായി കാര്യമെല്ലാം പറഞ്ഞു പൊരുത്തപ്പെടുത്തിയിട്ടുണ്ട്. അയാളുമായി ഇനി വഴക്കൊന്നും കൂട്ടരുതെന്നു ഞാന്‍ തന്നോടു യാചിക്കുന്നു.''
യോട്ട് ഇതിനൊന്നും സമാധാനം പറഞ്ഞില്ല; പക്ഷേ അല്പനേരം കഴിഞ്ഞ് അയാള്‍ ഇങ്ങനെ ചോദിച്ചു:
``ഇക്കാര്യത്തെ സംബന്ധിച്ചു വാഡിനില്‍ അവര്‍ എന്തു പറയുന്നു?''
``ഓ, അത്രയധികമൊന്നുമില്ല,'' വെറ്റര്‍ലൈഡ് മറുപടി പറഞ്ഞു: ``ഗുന്നാറില്‍നിന്നതു പ്രതീക്ഷിച്ചിരുന്നതാണ്. അയാള്‍ ഉദാരമനസ്ക്കനായ ഒരു മനുഷ്യനാണ്. നിന്റെ പെരുമാറ്റത്തെക്കുറിച്ച് അയാള്‍ എന്താണ് വിചാരിക്കുന്നതെന്നു പറഞ്ഞു കേള്‍ക്കുവാന്‍ എനിക്കിഷ്ടം തോന്നുന്നില്ല.''
യോട്ട് അയാളുടെ പുതപ്പില്‍നിന്നു രോമങ്ങള്‍ പിഴുതെടുത്തുകൊണ്ട് ഏതാനും നിമിഷങ്ങള്‍ ഒന്നും മിണ്ടാതെ കിടന്നു. പിന്നീട്, തങ്ങളുടെ മേച്ചില്‍ക്കാരന്‍ കണ്ടതായി പ്രസ്താവിച്ച ആ കാര്യം ആര്‍ണെയുടെ പുത്രന്മാര് തന്നോടു പറഞ്ഞത്, അയാള്‍ വെറ്റര്‍ലൈഡിനോടു പറഞ്ഞു.
``ഓഹോ, വലിയ ഘനം തൂങ്ങുന്നതുതന്നെ എയോള്‍വിന്റെ ഇടയന്റെ വര്‍ത്തമാനം- അവന്റെ ആടുകളും അതുതന്നെയായിരിക്കും സംസാരം.'' പുച്ഛരസത്തില്‍ വെറ്റര്‍ലൈഡ് ഉപന്യസിച്ചു: ``അസൂയാലുക്കളായ പ്രായം ചെന്ന പെണ്ണുങ്ങളുടെ സമ്പ്രദായമാണിത്-ഇത്തരം കഥകള്‍ പറഞ്ഞു പരത്തുന്നത്; ഇത്തരത്തിലുള്ള ഏഭ്യരാശികളുമൊത്തു സഹവസിക്കുന്നതു തീര്‍ച്ചയായും തനിക്കു ചീത്തയാണ്, യോട്ട്.''
``നിങ്ങള്‍ക്കറിവുള്ള ആ സംഗതികളുണ്ടല്ലോ-അതില്‍ എങ്ങനെയാണ് ഗുന്നാറിന്റെ മനസ്സെന്നു നിങ്ങള്‍ എന്നെങ്കിലും ചോദിച്ചറിയുകയുണ്ടായോ?'' അല്പനേരം കഴിഞ്ഞു യോട്ട് ചോദിച്ചു. ``അത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുവാന്‍ പറ്റിയ ഒരവസരമല്ലിത്- താനിവിടെ കിടക്കുമ്പോള്‍'' വെറ്റര്‍ലൈഡ് മറുപടി പറഞ്ഞു: `` താനിപ്പോള്‍ എന്നോടൊന്നിച്ചു വാര്ഡിനിലേയ്ക്കു പോരിക. അതാണ് നല്ലത്.''
``എന്റെ നടുവിലൊരു വേദനയുണ്ട്,''യോട്ട് പറഞ്ഞു:
``എനിക്കു കുതിരപ്പുറത്തു കയറാന്‍ നിവൃത്തിയില്ല.''
``ഇങ്ങോട്ടു കുതിരപ്പുറത്തു തനിക്കു പോരാമെങ്കില്‍ തീര്‍ച്ചയായും മടങ്ങിപ്പോകുവാനും തനിക്കു സാധിക്കും,'' വെറ്റര്‍ലൈഡ് പറഞ്ഞു: ``അതേ, വാഡിനിലേയ്ക്കു തിരിച്ചുപോകാന്‍ തനിക്കിഷ്ടം തോന്നാത്തതിലത്ഭുതമില്ല. എന്തുകൊണ്ടെന്നാല്‍, ഇക്കാര്യത്തില്‍ താന്‍ വലിയ ബഹുമതിയൊന്നും നേടിയിട്ടില്ല. പക്ഷേ അതു കണക്കാക്കേണ്ടാ. താനങ്ങോട്ടുതന്നെ തിരിച്ചുപോകണം. അതാണെന്റെ ഉപദേശം. തനിക്കും ഗുന്നാറിനും തമ്മില്‍ ഒരു ശത്രുതയുണ്ടാക്കുവാന്‍ ആര്‍ണെയുടെ പുത്രന്മാര് ഉപായമാലോചിച്ചുകൊണ്ടിരിക്കുകയാണ്. അയാളോടു തനിച്ചെതിരുടുവാന് അവര്‍ക്കു ഭയമുണ്ട്. അവര്‍ തന്നെ അവരുടെ മുമ്പില്‍ പിടിച്ചിടും- പക്ഷേ അവര്‍ അവരുടെ സ്വന്തം അഗ്നികൂടത്തിനടുത്തിരുന്ന് അവരുടെ ചെമ്മരിയാടിന്റെ രോമം തുന്നിക്കൊള്ളട്ടെ. അവരുടെ ഉപായാലോചനകളെല്ലാം അവര്‍ക്കു തന്നെ താന്‍ വിട്ടുകൊടുത്തേയ്ക്കുക.....എണീക്ക, നമുക്കു പോകാം.''
പക്ഷേ കുതിരപ്പുറത്തു കയറാന്‍ തനിക്കു നിവൃത്തിയില്ലെന്നുതന്നെ യോട്ട് ശാഠ്യം പിടിച്ചു. ഭക്ഷണവും കുടിയും കഴിഞ്ഞു പോയാല്‍ മതിയെന്ന് ആര്‍ണെയുടെ പുത്രന്മാര് വെറ്റര്‍ലൈഡിനെ ക്ഷണിച്ചു. പക്ഷേ അയാള്‍ അതിനു നില്‍ക്കാതെ ഉടന്‍തന്നെ കുതിരപ്പുറത്തു കയറി വാഡിനിലേക്കു മടങ്ങിപ്പോയി.
വെറ്റര്‍ലൈഡ് പറഞ്ഞതുപോലെതന്നെ കാര്യം കലാശിച്ചു. യോട്ടിന്, അദ്ദേഹത്തിന്റെ മകളെ വിവാഹം കഴിച്ചുകിട്ടിയാല്‍ കൊള്ളാമെന്നാശയുണ്ടെന്നു വെറ്റര്‍ലൈഡ് ഗുന്നാറെ അറിയിച്ചു. അതു കേട്ടു ഗുന്നാര്‍ പറഞ്ഞു:
``ഹേ ഐസ്ലാന്‍ഡുകാരന്‍, നാം തമ്മില്‍ ഒരു സ്വരച്ചേര്ച്ചയില്ലാതായിത്തീരുന്ന കാര്യത്തില്‍ എനിക്കു വലിയ വൈമനസ്യമുണ്ട്. ഞാന്‍ നിങ്ങളെ അത്ര കാര്യമാക്കിക്കരുതുകയും ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷേ, യോട്ട് ഗിസ്സേഴ്സണ്ന്റെ ഇവിടത്തെ പെരുമാറ്റം കുറച്ചുകൂടി ഭേദപ്പെട്ട തരത്തിലാണ് വേണ്ടിയിരുന്നതെന്ന് എനിക്കു പറയാതെ നിവൃത്തിയില്ല. അതു പോകട്ടെ. ഏതായാലും അയാളോടൊന്നിച്ചു കടലിനപ്പുറത്ത് എന്റെ മകളെ അയയ്ക്കുവാന് ഞാനിഷ്ടപ്പെടുന്നില്ല. അതുപോലെതന്നെ ഗ്രൈംലൂണ്ഡാറില്നിന്ന് എന്റെ ജാമാതാവിനെ
തേടിപ്പിടിക്കുവാനും ഞാന്‍ ആശിക്കുന്നില്ല.''
``അതില്‍ ആര്‍ക്കും അത്ഭുതത്തിനവകാശമില്ല,'' വെറ്റര്‍ലൈഡ് മറുപടി പറഞ്ഞു. ആ സംഗതിയെപ്പറ്റി പിന്നീടൊന്നും തന്നെ സംസാരിക്കയുണ്ടായില്ല. അതുപോലെതന്നെ അവരുടെ സംസാരത്തില്‍ ഒരു വാക്കുപോലും വിഗ്ഡിസ്സിന്റെ ചെവിയില്‍ എത്തിയതുമില്ല.
ഒന്‍പത്
ഗ്രൈംലുണ്ഡാറില്നിന്നു യോട്ടിനെ തിരിച്ചുവിളിച്ചു കൊണ്ടുവരാന്‍ വെറ്റര്‍ലൈഡ് പലതും പരിശ്രമിച്ചുനോക്കി അനവധി പ്രാവശ്യം അയാള്‍ അതിനെക്കുറിച്ചു സംസാരിച്ചു പക്ഷേ, ഓരോ ഘട്ടത്തിലും തനിക്കു തീരെ സുഖമില്ലെന്നു പറഞ്ഞു യോട്ട് ഒഴിഞ്ഞുകളഞ്ഞതേയുള്ളൂ. അയാളുടെ തലയ്ക്കു വല്ലാത്തവേദനയുണ്ടായിരുന്നു; അയാള്‍ ചോര തുപ്പുകയും ചെയ്തിരുന്നു. വെറ്റര്‍ ലൈഡിന്റെ റോമെറിക്കിലേയ്ക്കുള്ള യാത്രയില്‍ തനിക്കയാളോടൊന്നിച്ചു പോരുവാന്‍ തരപ്പെടുകയില്ലെന്നു യോട്ട് പ്രസ്താവിച്ചു.
വെറ്റര്‍ലൈഡ് അവിടെ പോയി മടങ്ങിയെത്തി, തന്റെ കപ്പലില്‍, ഐസ്ലാന്‍ഡിലേക്കു തിരിച്ചുപോകുവാന്‍ തയ്യാറായപ്പോള്‍ താന്‍ നോര്വേയില്ത്തന്നെ തങ്ങിനില്ക്കുവാനാണാശിക്കുന്നതെന്നു യോട്ട് അയാളോടു പറഞ്ഞു. അതു-കേട്ടപ്പോള്‍ അയാള്‍ക്കും അവിടം വിടാന്‍ വൈമനസ്യം തോന്നി. ``എന്തുകൊണ്ടെന്നാല്‍,'' അയാള്‍ പറഞ്ഞു: ``താനിവിടെ ആര്‍ണെയുടെ പുത്രന്മാരുമൊന്നിച്ചു താമസിച്ചാല്‍, തനിക്കപമാനം വരുത്തിക്കൂട്ടുന്ന എന്തെങ്കിലും പ്രവൃത്തിയിലേയ്ക്കു തീര്‍ച്ചയായും അവര്‍ തന്നെ പ്രേരിപ്പിക്കും.''
``നിങ്ങളതൊന്നും ഭയപ്പെടേണ്ട. യതൊരു മനോവിചാരവും കൂടാതെ നിങ്ങള്‍ പൊയ്ക്കോളൂ. എന്റെ ശരീരക്ലേശമെല്ലാം മാറിയിരിക്കുന്നു. എനിക്കിനിവടക്കോട്ട്, റോമെറിക്കിലേയ്ക്ക്, യാത്രതിരിക്കാന്‍ ഒരു വിഷമവുമില്ല. അതുകഴിഞ്ഞ് `ഒളാവു' രാജാവിനെയും
അദ്ദേഹത്തിന്റെ കൊട്ടാരത്തിലുള്ള എന്റെ വീട്ടുകാരെയും ചെന്നു കാണണമെന്നു ഞാന്‍ ഉറച്ചിട്ടുണ്ട്. ആര്‍ണെയുടെ പുത്രന്മാര് എന്നില്‍നിന്ന് ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ല; എന്നോടു സ്നേഹം കാണിക്കുകമാത്രമേ ചെയ്തിട്ടുള്ളൂ.''
``വടക്കോട്ടു പോകാമെന്നു തനിക്കെന്നോടു വാക്കു പറയാമോ?'' വെറ്റര്‍ലൈഡ് ചോദിച്ചു. യോട്ട് അങ്ങനെ വാക്കുകൊടുത്തു. അയാള്‍ സമീപപ്രദേശങ്ങള്‍ വിട്ടുപോയതിനോടുകൂടി വെറ്റര്‍ലൈഡ് അയാളുടെ കപ്പലില്‍ ഐസ്ലാന്‍ഡിലേയ്ക്കു തിരിച്ചു. ഏറ്റവും സൗഹാര്‍ദ്ദത്തോടുകൂടിയാണ് അയാള്‍ ഗുന്നാറെ അടുത്തുനിന്നും വേര്‍പ്പെട്ടത്. അവര്‍ അന്യോന്യം വിലപിടിച്ച പല സമ്മാനങ്ങളും കൊടുക്കുകയുണ്ടായി. തെക്കന്‍ദിക്കുകളില്‍ പണിചെയ്യിച്ചെടുത്ത ഒരു കണ്ണാടിയും, സ്വര്‍ണ്ണം കൊണ്ടുള്ള ഒരു വസ്ത്രബന്ധിനിയും അയാള്‍ വിഗ്ഡിസ്സിനു സമ്മാനിച്ചു. യാത്രപറഞ്ഞു പിരിഞ്ഞ അവസരത്തില്‍ ചിത്രവേലകള്‍ തുന്നിപ്പിടിപ്പിച്ചിട്ടുള്ള ഒരു ചുവന്ന പട്ടുമേലങ്കി അവള് അയാള്‍ക്കും സംഭാവന ചെയ്തു.
പത്ത്
ഇല പൊഴിയുന്ന കാലം ഒട്ടതിക്രമിച്ചിരിക്കുന്നു. വൈഗ-യോട്ട് മടങ്ങിയെത്തിയതായി ഒരു പ്രസ്താവം ആയിടയ്ക്കു നാട്ടില്‍ പരന്നു. ഗ്രൈംലുണ്‍ഡാറിനും വാഡിനും മദ്ധ്യേയുള്ള കാട്ടില്‍, ഹെസ്റ്റ് ലോക്കെന്നില്, ടോര്ബ്ജോല് എന്ന പേരോടുകൂടിയ ഒരാളോടൊന്നിച്ചാണ് അയാള്‍ താമസിച്ചത്. പക്ഷേ, മിക്കപ്പോഴും അയാളെ കണ്ടിരുന്നത് ആര്‍ണെയുടെ പുത്രന്മാരൊന്നിച്ചാണ്.
ഒരു ദിവസം സായാഹ്നത്തില്‍ ഒരു ബാലന് വാഡിനിലെത്തി. തനിക്കു വിഗ്ഡിസ്സിനെ ഒന്നു കണ്ടാല്‍ കൊള്ളാമായിരുന്നുവെന്ന് അവന് അറിയിച്ചു. ഹെല്‍ജെ എന്നായിരുന്നു. അവന്റെ പേര്. ആ കര്‍ഷകഭവനത്തില്‍ നിന്ന് അധികം ദൂരത്തല്ലാത്ത കാട്ടില്‍ താമസിക്കുന്ന ഒരു സാധുസ്ത്രീയുടെ മകനാണവന്‍. അവന്റെ അമ്മ ദീനംപിടിച്ചു കിടപ്പാണ്. തന്നോടൊന്നിച്ചുവന്നു ദയവുചെയ്ത് അവള്ക്കെന്തിലും ഒരു സഹായം ചെയ്യാമോ എന്നവന് വിഗ്ഡിസ്സിനോട് ചോദിച്ചു. അക്കാര്യത്തിന് ഈശയാണ്-വാഡിനിലെ
ഗൃഹഭരണം കയ്യേറ്റിരുന്ന, അവളുടെ പോറ്റമ്മയുടെ പേര് അങ്ങനെയായിരുന്നു-കുറച്ചുകൂടിപ്പറ്റിയതെന്നും, അവള് അവനോടൊന്നിച്ചു പോകുന്നതാണ് കൂടുതല്‍ പ്രയോജനപ്രദമെന്നും വിഗ്ഡിസ് മറുപടി പറഞ്ഞു. പക്ഷേ തന്റെ മാതാവു വിഗ്ഡിസ്സിനെത്തന്നെ കാണുവാനാണാശിക്കുന്നതെന്നു പറഞ്ഞ് അവന് ശാഠ്യം പിടിച്ചു; അവള്‍ക്ക് അവളോട് എന്തോ ചിലതു പറയുവാനുണ്ടത്രേ. അനന്തരം വിഗ്ഡിസ് ഒരു മേലുടുപ്പും ധരിച്ചു ഹെല്‍ജേയോടൊന്നിച്ചു പുറപ്പെട്ടു.
അവര്‍ വെളിയിലെത്തിയപ്പോള്‍ ഇരുട്ടായിരുന്നു. ആദ്യം അവര്‍ റോഡിലൂടെ നടന്നുപോയി. പക്ഷേ പിന്നീട് ആ ബാലന് കാടുകളുടെ വക്കിലേയ്ക്കു തിരിഞ്ഞു. അവന് പറഞ്ഞു, അന്ന് ഒക്ടോബര്‍ അവസാനത്തെ ദിവസമായതിനാല്‍ വയലുകള്‍ ഈര്‍പ്പം പിടിച്ചു കിടക്കുകയാണെന്ന്; കടന്നുപോകാന്‍ വലിയ പ്രയാസമാണെന്ന്. കന്നുകാലികള്‍ നടന്നുപോകുന്ന ഒരു വഴിച്ചാലോടുകൂടിയ ആ വനത്തില്‍ അവര്‍ എത്തിയപ്പോഴേയ്ക്കും ഒരു മനുഷ്യന് അവരുടെ അടുത്തേയ്ക്കു നടന്നുവന്നു. അതാരാണെന്നു വിഗ്ഡിസ് ചോദിച്ചു.
``ഞാന്‍ തന്നെ,'' മനുഷ്യന് മറുപടി പറഞ്ഞു: ``യോട്ട്.''
അപ്പോള്‍ തന്റെ കൈ പിന്‍വലിച്ച് അവിടെനിന്നും ഓടിക്കളയുവാനായി ബാലന് ശ്രമിച്ചുനോക്കി; പക്ഷേ വിഗ്ഡിസ് അവനെ മുറുക്കിപ്പിടിച്ചുകൊണ്ടു ചോദിച്ചു:
``ഈ മനുഷ്യനാണോ എന്നെ വിളിച്ചുകൊണ്ടുവരുവാന്‍ നിന്നെ അയച്ചത്?''
ബാലന് ഒന്നും മറുപടി പറഞ്ഞില്ല; പക്ഷേ യോട്ട് പറഞ്ഞു:
``ഞാനങ്ങനെ ചെയ്തു; അവന് ഈശായ കൂട്ടിക്കൊണ്ടുവരാനാണ് അങ്ങോട്ടു പുറപ്പെട്ടത്; പക്ഷേ നീയുമായി അല്പം സംസാരിക്കാമല്ലോ എന്നു കരുതി ഞാനത് ഇത്തരത്തിലാക്കിത്തീര്ക്കാന് അവനെ നിര്‍ബന്ധിച്ചു. എന്തുകൊണ്ടെന്നാല്‍, തനിച്ചു നീയുമായി എന്തെങ്കിലും എനിക്കു സംസാരിക്കണമെങ്കില്‍ വാഡിനില്‍ നിന്നെ അന്വേഷിച്ചുവന്നിട്ടു വലിയ പ്രയോജനമൊന്നുമുണ്ടാവുകയില്ലെന്നു ഞാന്‍ ഊഹിച്ചു.''
``എന്നെ അന്വഷിച്ചുപിടിക്കുവാന് ബഹുവിചിത്രമായ ഒരു മാര്‍ഗ്ഗം തന്നെ നിങ്ങള്‍ തെരഞ്ഞെടുത്തത്.'' വിഗ്ഡിസ് പ്രതിഷേധം പ്രകടമാക്കി.
``അതേ,.....പക്ഷേ മറ്റൊരു പോംവഴിയും ഞാന്‍ കണ്ടില്ല.'' യോട്ട് പറഞ്ഞു: ``നിന്നെയൊന്നു കണ്ടുമുട്ടുവാനുള്ളതടക്കം നോക്കിക്കൊണ്ടു ഞാന്‍ നിന്റെ വീടിനു ചുറ്റും ഏറെച്ചുറ്റിക്കറങ്ങിയിട്ടുണ്ട്.''
ബാലന് വീണ്ടും അവരുടെ അടുത്തുനിന്നും ഓടിപ്പോകാന്‍ ശ്രമിച്ചു: പക്ഷേ വിഗ്ഡിസ് അവന്റെ കയ്യിലുള്ള പിടുത്തം ഒന്നുകൂടി മുറുക്കി; അനന്തരം യോട്ട് അവളോടു യാചിച്ചു.
``വിടൂ, പാവം പയ്യന്! അവന് പോകട്ടെ. ഇവിടെ എന്നോടൊന്നിച്ചു നില്ക്കുന്നതില് നിനക്കു ഭയമില്ലെന്നു ഞാന്‍ വിചാരിക്കുന്നു ഞാന്‍ നിന്നെ വീട്ടില്‍ കൊണ്ടുവന്നാക്കാം.''
``എന്നാല്‍ പോ,'' വിഗ്ഡിസ് ഹെല്ജേയോടു പറഞ്ഞിട്ടു യോട്ടിന്റെ നേര്‍ക്കു തിരിഞ്ഞ്, ``ഇപ്രകാരം സൂത്രപ്പണിയെടുത്തു നിങ്ങള്‍ക്കെന്നെ കാട്ടിനുള്ളില്‍ കൊണ്ടുവരേണ്ടതായി വന്നു. ആട്ടെ, എന്താണ് നിങ്ങള്‍ക്കെന്നോടു പറയുവാനുള്ളത്?''
``നിനക്കു നല്ലപോലറിയാമല്ലോ, എന്താണ് നിന്നോടെനിക്കു പറയാനുള്ളതെന്ന്ന്ന്-ഇതായിരുന്നു യോട്ടിന്റെ മറുപടി.
വിഗ്ഡിസ് ഒന്നും മറുപടിപറഞ്ഞില്ല; യോട്ട് തുടര്‍ന്നു:-``എനിക്കിതറിയാം, നിന്നില്‍നിന്ന് അധികമധികം അകന്നിരിക്കുംതോറും ഞാന്‍ അധികമധികം ത്വരയോടെ നിന്നെ കാണുവാനാശിക്കുന്നു. നീ എന്റെ ഹൃദയത്തില്‍നിന്നും വിട്ടുപോകുന്ന ദിവസം ഒരു കാലത്തും എത്തിച്ചേരുകയില്ല.''
മറുപടി പറഞ്ഞപ്പോള്‍ വിഗ്ഡിസ് കരയാന്‍ തുടങ്ങി. ``പിന്നെന്തിനാണ് നിങ്ങള്‍ എന്റെ അച്ഛനുമായി അകന്നുമാറിയത്?''
``വിധി അങ്ങനെ നിശ്ചയിച്ചു,'' യോട്ട് പറഞ്ഞു: ``ഗ്രെഫ്സിനിലെ കാാറെ നിന്നെ വിവാഹം കഴിക്കുവാന്‍ പോകുന്നുവെന്ന് ഇവിടങ്ങളില്‍ ഒരു കേള്‍വിയുണ്ടല്ലോ.''
``എന്നാല്‍ പിന്നെ, അന്നാ സായാഹ്നത്തില്‍ എന്റെ മുറിയില്‍വെച്ചു നിങ്ങളെന്നോടു സംസാരിച്ച അവസരത്തില്‍ അങ്ങനെ നിങ്ങളെ ഞാന്‍ സ്വീകരിക്കുമായിരുന്നു എന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?'' വിഗ്ഡിസ് പറഞ്ഞു: ``പക്ഷേ നിങ്ങള്‍ ആദ്യമായിച്ചെയ്ത പ്രവൃത്തി നമുക്കുണ്ടായിട്ടുള്ളതെല്ലാം നശിപ്പിച്ചുകളയുകയായിരുന്നു.''
``അതേ, അതു തീരെ നന്നായില്ല,'' യോട്ട് മറുപടി പറഞ്ഞു: ``പക്ഷേ, കാാറെയുടെ ഈ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കേണ്ടതു നിന്റെ പിതാവല്ലേ എന്നാണ് ഞാന്‍ ആലോചിക്കുന്നത്.
``ഞാന്‍ സ്വയം തിരഞ്ഞെടുക്കുന്ന ആളെയല്ലാതെ മറ്റാരെയും ഞാന്‍ വിവാഹം കഴിച്ചുകൊള്ളണമെന്നു ഗുന്നാര്‍ നിര്‍ബന്ധിക്കുകയില്ല.''-വിഗ്ഡിസ് പറഞ്ഞു.
``എന്നാല്‍ എന്നെ നീ സ്വീകരിക്കുമോ?'' യോട്ട് ചോദിച്ചു.
വിഗ്ഡിസ് മറുപടി പറഞ്ഞു: ``ഉവ്വ്, തീര്‍ച്ചയായും. അതു നടപ്പുള്ള കാര്യമാണെങ്കില്‍.''
``ഹാ, എന്നാല്‍ പിന്നെ അതു നടപ്പില്ലാത്ത കാര്യമായിത്തീരുന്നെങ്കില്, അതു ബഹുവിചിത്രംതന്നെയാണ്.'' അവളുടെ കൈ പിടിച്ചുയര്‍ത്തിക്കൊണ്ട് അത്യാഹ്ലാദത്തോടെ യോട്ട് പ്രസ്താവിച്ചു. അയാള്‍ ഒരു വൃക്ഷത്തിന്റെ വേരിന്മേല് ഇരുന്നിട്ട് അവളെ പിടിച്ചു മടിയിലിരുത്തി. അവള് അയാളുടെ കണ്ഠത്തില് കൈകോര്‍ത്ത് അയാളെ ചുംബിച്ചു. യോട്ട് അവളെ വിടുകയില്ല. അയാള്‍ അവളെ തുരുതുരെ ചുംബിക്കാന്‍ തുടങ്ങി. അയാളുടെ ചുംബനങ്ങള്‍ക്കു ചൂടു കൂടിക്കൂടിവന്നു. അവള്‍ക്കു ഭയം തോന്നി. തനിക്കു വീട്ടിലേയ്ക്കു പോകണമെന്നവള്‍ പറഞ്ഞു.
``ഞാന്‍ നിന്നോടൊന്നിച്ചു വരുന്നതായിരിക്കും അധികം നല്ലത്. എന്നാല്‍ ഈ സായാഹ്നത്തില്‍ത്തന്നെ എനിക്കു നിന്റെ പിതാവിനെക്കാണാന്‍ സാധിക്കും. കഴിയുന്നതും വേഗത്തില്‍ നല്ല മനുഷ്യനായ ഗുന്നാറുമായി ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കുവാന്‍ ഞാന്‍ ഉറച്ചിരിക്കുന്നു.''
``അങ്ങനെ ചെയ്യരുത്,'' വിഗ്ഡിസ് അയാളോടു യാചിച്ചു: ``നിങ്ങള്‍ തനിച്ചേ ഉള്ളൂ. ആ കുന്തമല്ലാതെ നിങ്ങളുടെ കയ്യില്‍ മറ്റൊരായുധവുമില്ല.''
യോട്ട് പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു: ``കൊള്ളാം, അതു പോരെന്നാണോ നിന്റെ വിചാരം? പക്ഷേ ഗുന്നാറും ഞാനും തമ്മില്‍ കൈവെയ്ക്കേണ്ടതായിട്ടാണ് വന്നുകൂടുന്നതെങ്കില്‍, അത് ആകപ്പാടെ അനര്‍ത്ഥത്തിലേ അവസാനിക്കൂ.''
വിഗ്ഡിസ് ഒരു നിമിഷനേരം ആലോചിച്ചിട്ടു പറഞ്ഞു:
``വടക്കന്‍പ്രദേശത്തു രാജാവിനോടൊന്നിച്ചു ധാരാളം ഐസ്‍ലാന്‍ഡുകാരുണ്ടെന്നു ഞാന്‍ പറഞ്ഞുകേട്ടിട്ടുണ്ട്; അവരില്‍ ആരെയെങ്കിലും നിങ്ങള്‍ക്കറിയാമോ?''
``തീര്‍ച്ചയായും-എനിക്കറിയാം,''യോട്ട് മറുപടി പറഞ്ഞു: ``ടോര്‍ളാവും ഗിസ്സര്‍ടോര്‍ബ് ജോണ്സ്സണുമുണ്ട്; അവര്‍ എന്റെ പോറ്റച്ഛന്റെ മക്കളാണ്.''
``നിങ്ങള്‍ക്കു പോയി അവരുമായിട്ടൊന്നു സംസാരിക്കരുതോ?'' വിഗ്ഡിസ് ചോദിച്ചു. ``നിങ്ങളുടെ കാര്യത്തില്‍ അവര്‍ മധ്യസ്ഥരായി വന്ന് അച്ഛനുമായി സംസാരിക്കുന്നപക്ഷം, സംഗതി വലിയ പ്രയാസം കൂടാതെ സാധിക്കും.''
``ഈ ഭാഗങ്ങളില്‍ നിന്നെന്നെ ഓടിക്കുവാന്‍ നിനക്കല്പം ധൃതിയുണ്ട്,''യോട്ട് പറഞ്ഞു. അയാള്‍ വീണ്ടും അവളെ പിടിച്ചു മടിയിലിരുത്തി. അവള് കരയാന്‍ തുടങ്ങി. വിഗ്ഡിസ് പറഞ്ഞു:
``ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു പ്രകൃതക്കാരനാണ് നിങ്ങള്‍. അങ്ങനെയുള്ള നിങ്ങള്‍ തനിയേ ഈ വിവാഹാലോചനയുമായി ചെന്നാല്‍ കാര്യമെല്ലാം കുഴപ്പമായേയ്ക്കുമെന്ന് എനിക്കു ഭയമുണ്ട്. ഗുന്നാറാണെങ്കില്‍ ഇപ്പോള്‍ നിങ്ങളോടു കോപിച്ചിരിക്കുകയുമാണ്. നിങ്ങള്‍ക്കു പിന്‍ബലവും ഉപദേശവും തരാന്‍ പ്രാപ്തിയുള്ള ആരെങ്കിലും ഒരാള്‍ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുന്നതു വളരെ നന്നായിരിക്കുമെന്ന് എനിക്കു തോന്നുന്നു.''
യോട്ട് അവളെ അങ്കതലത്തില്നിന്ന് ഉന്തിനീക്കി. അവള് കരഞ്ഞുകൊണ്ടു വീട്ടിലേയ്ക്കു പുറപ്പെട്ടു. യോട്ട് ഒരടി പിന്നിലായിട്ടവളെ അനുഗമിച്ചു. അല്പനേരം കഴിഞ്ഞ് അയാള്‍ പറഞ്ഞു:
``നിനക്കറിയാമല്ലോ, വലിയ ഒരു ദൂരയാത്രയാണ് ഇതില്‍ വേണ്ടിവരുന്നതെന്ന്. പോരെങ്കില്‍ ശീതകാലം വരാറുമായി; എങ്കിലും, വിഗ്ഡിസ്, നീ പറയുംപോലെ ഞാന്‍ ചെയ്യാം. പക്ഷേ ഈ തെക്കന്‍ദിക്കിലേയ്ക്കു ടോര്‍ബ് ജോണ്‍സ്സണും മറ്റും എന്നോടൊന്നിച്ചു പുറപ്പെടുന്ന കാര്യം ഉറപ്പു കരുതിക്കൂടാ. അങ്ങനെ വന്നാല്‍ പിന്നെ ഞാനെന്തു ചെയ്യും?''
`` ശരി, അപ്പോള്‍ നിങ്ങള്‍ തനിച്ചുതന്നെ പ്രവര്‍ത്തിക്കണം,''വിഗ്ഡിസ് പറഞ്ഞു. അവള് തിരിഞ്ഞ് അയാളുടെ കൈ കടന്നുപിടിച്ചു.
അവര്‍ വാഡിന്നഭിമുഖമായി നടന്നുപോയി. താന്‍ വടക്കന്‍ദിക്കിലേയ്ക്കു പോകാമൊന്നും പിറ്റേദിവസംതന്നെ പുറപ്പെടുന്നതാണെന്നും അവള്‍ക്കു വാക്കുകൊടുത്തു. പടിവാതില്‍ക്കല്‍വെച്ച് ഒരിക്കല്‍ക്കൂടി അവളെ കണ്ടാല്‍ കൊള്ളാമെന്നു യോട്ട് പറഞ്ഞു. അയാള്‍ അവളുടെ തലമുടിയാകമാനം രണ്ടു കൈകളിലും എടുത്തു തന്റെ കഴുത്തിനും കൈകള്‍ക്കും ചുറ്റുമായി ചുറ്റിപ്പിണച്ചിട്ടു.
``നാളെ നീ ബലിക്കാവില്‍ വരണം. എത്ര കാലമായി ഞാന്‍ നിന്നെ ഒരു നോക്കൊന്നു കണ്ടിട്ട്!ഇന്നാണെങ്കില്‍, നല്ല ഇരുട്ട്!-പക്ഷേ നാളെ ഞാനിവിടെ സൂര്യന് അസ്തമിക്കുന്നതിനു മുന്‍പു വരാം. കഴിഞ്ഞ പ്രാവശ്യം ആ സ്ഥലത്തുവെച്ചുണ്ടായ നമ്മുടെ സന്ദര്‍ശനാവസരത്തില്‍ നീ ഒരു സാധനം അവിടെ ഇട്ടിട്ടു പോയി. അതു ഞാന്‍ നിനക്കു മടക്കിത്തരാം. ഞാനതു ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. വേണ്ടിവന്നാല്‍, അതു മടക്കിത്തരുവാനാണെന്നെങ്കിലും പറഞ്ഞുകൊണ്ട്, നിന്നെ വന്നു കാണാമല്ലോ എന്നു ഞാന്‍ ഉദ്ദേശിച്ചു.''
``എന്തായിരിക്കുമത്? എനിക്കു മനസ്സിലാകുന്നല്ല.'' വിഗ്ഡിസ് പറഞ്ഞു. കാണുമ്പോള്‍ മനസ്സിലാകുമെന്നു യോട്ട് ചിരിച്ചുകൊണ്ടു പ്രസ്താവിച്ചു.
അങ്ങനെ പറഞ്ഞ് അവര്‍ അങ്ങിങ്ങു പിരിഞ്ഞു പോയി.
പതിനൊന്ന്
വിഗ്ഡിസ് ഭവനത്തില്‍ എത്തിയപ്പോള്‍ നേരംവളരെ വൈകിയിരുന്നതിനാല്‍ എല്ലാവരും കിടക്കാന്‍ പോയിക്കഴിഞ്ഞിരുന്നു. അവള് നേരെ അവളുടെ മുറിയിലേയ്ക്കു പോയി. ഈസാ അവള്‍ക്കു പാലും റൊട്ടിയും കൊണ്ടുവന്നു കൊടുത്തു. അവള് ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ ആസ്റ്റ്റിഡിന് എങ്ങനെയിരിക്കുന്നുവെന്ന് ഈസാ ചോദിച്ചു:
``നാളെ നിങ്ങള്‍ അവളെ പോയിക്കാണണം,''വിഗ്ഡിസ് പറഞ്ഞു. അല്പനേരം കഴിഞ്ഞവള്‍ തുടര്‍ന്നു: ``ഇന്നു വൈകുന്നേരം അതുവരെ ഞാന്‍ ചെന്നെത്തിയില്ല.''
``എങ്ങനെയാണ് നിനക്കു വഴി തെറ്റിപ്പോയത്?'' ഈസാ ചോദിച്ചു.
``അതൊന്നുമല്ല,'' വിഗ്ഡിസ് മറുപടി പറഞ്ഞു. ഏതാനും നിമിഷങ്ങള്‍ അവള് മൗനം ഭജിച്ചു; പക്ഷേ പിന്നീടവള്‍ പറഞ്ഞു: ``ഇവിടെയുള്ള ആ വയലുകളില്വെച്ചു ഞാന്‍ യോട്ടിനെ കണ്ടുമുട്ടി; വര്‍ത്തമാനം പറഞ്ഞുകൊണ്ടു നിന്നു.''
ഇതു കേട്ട് അവിടെ പാത്രങ്ങളും ചട്ടികളും കഴുകിക്കൊണ്ടു നിന്നിരുന്ന ഒരു സ്ത്രീ പറയാന്‍ തുടങ്ങി - അവളുടെ പേര് ടോര്ബ്ജോര്ഗ് എന്നായിരുന്നു; അവിടത്തെ പ്രധാന വേലക്കാരനാണ് അവളെ വിവാഹം കഴിച്ചിരുന്നത്.
``ഇങ്ങനെയൊന്നു ഞാന്‍ ഒരിക്കലും കേട്ടിട്ടില്ല; ആ യോട്ട് ഈ സ്ഥലത്തു തൂങ്ങിപ്പിടിച്ചുകൂടിയിട്ടുണ്ടോ? എന്നാല്‍ മുന്നറിയിപ്പു തരുന്നു,
അയാള്‍ എന്തോ കുസൃതി കരുതിയിട്ടുണ്ട്.''
``ഓ, അങ്ങനെ ചീത്തത്തം കരുതാനൊന്നുമില്ല, തീര്‍ച്ചയാണ്, എനക്കറിയാം,'' ഒരു ചിരിയോടുകൂടി വിഗ്ഡിസ് പറഞ്ഞു.
``അയാളെ സൂക്ഷിച്ചുകൊള്ളൂ, വിഗ്ഡിസ്,'' ആ സ്ത്രീ തുടര്‍ന്നു. അവള് പതുക്കെ ബെഞ്ചിനടുത്തേയ്ക്കു വന്നു. ``കുറച്ചു നാളു കഴിയട്ടെ, അയാള്‍- അയാളും പറയും അയാള്‍ നിന്നെ ഭോഗിച്ചിട്ടുണ്ടെന്ന്-''
ഈസാ അവളോടു മിണ്ടാതിരിക്കാന്‍ പറഞ്ഞു: ``വൈഗ-യോട്ടിനെക്കുറിച്ചുള്ള വര്‍ത്തമാനമൊന്നും ഇവിടെ കേള്‍ക്കണ്ടാ നമുക്കിവിടെ അയാളുമായിട്ട് ഇനി യാതൊരു കാര്യമില്ല. അങ്ങനെയുള്ള സംഗതികളില്‍നിന്ന് എന്തെല്ലാമാണുണ്ടാകുന്നതെന്ന് ആര്‍ക്കും പറയാന്‍ കഴിയുകയില്ല.''
``എന്തിന്, വിഗ്ഡിസ് ഇനിയൊരു കൊച്ചുകുഞ്ഞൊന്നുമല്ല, വയസ്സു പതിനെട്ടു കഴിഞ്ഞു,'' ടോര്‍ബ് ജോര്‍ഗ് പറഞ്ഞു: ``അവള് കേള്‍ക്കുന്നതാണ് നല്ലത്- എന്നാലവള്‍ക്കു കരുതിയിരിക്കാം. അതൊക്കെയങ്ങു വിശ്വസിക്കാന്‍ ആളുകളത്ര പൊങ്ങച്ചന്മാരാകുന്നതു മഹാകഷ്ടമാണ്-അയാള്‍ ഈ പ്രദേശങ്ങളില്‍ കിടന്നകാലത്തു കുറെ പാട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്; അവയെല്ലാം വിഗ്ഡിസ്സിനെക്കുറിച്ചാണ്-കാാറെ വിഗ്ഡിസ്സിനെ കൊളളചെയ്തിട്ടുണ്ടെന്ന കഥ പരത്തിയതും മറ്റാരുമല്ല, യോട്ടാണ്. പക്ഷേ തങ്ങളുടെ പിടിയില്‍നിന്നകന്നു നില്ക്കുന്ന വസ്തുക്കളെ കൊച്ചുകുഞ്ഞുങ്ങള്‍ കൊഞ്ഞനംകുത്തിപ്പരിഹസിക്കുന്നതുപോലെയാണ് അയാളുടെ പെരുമാറ്റമെന്നുള്ളത് എല്ലാവര്ക്കും നന്നായറിയാം.''
``യോട്ട് ഒരിക്കലും അതു പറഞ്ഞിട്ടില്ല,'' ഈസാ പറഞ്ഞു: ``ആര്‍ണെയുടെ മക്കളാണ് ആ കഥ കെട്ടിപ്പുറപ്പെടുവിച്ചത്; നാടൊട്ടുക്കു ദുഷ്പ്രവാദവും ചുമന്നുകൊണ്ടു നടക്കുന്നത് അവന്മാരാണ്.''
വിഗ്ഡിസ് ബെഞ്ചിന്റെ പുറത്ത് ഇരുന്നു. അവര്‍ സംസാരിക്കുമ്പോള്‍ അവളുടെ മുഖം മാറിമാറി ചുവക്കുകയും വെളുക്കുകയും ചെയ്തു. ``യോട്ട് എന്നെക്കുറിച്ച് ഒരൊറ്റ വാക്കു പറഞ്ഞിട്ടുണ്ടെന്നു ഞാന്‍ ഒരിക്കലും വിശ്വസിക്കുകയില്ല,'' അവള് പറഞ്ഞു.
അനന്തരം ടോര്ബ്ജോര്ഗ് പാടി:-
``കണ്മണിയവള് തന്പിതാവിന്റെ
കമ്രസല്‍ക്കാരശാലയില്‍,
ആ നതാംഗിതന്നന്തികത്തന്നു
ഞാനിരിക്കുന്ന വേളയില്‍,
മന്ദമന്ദം പുളകപൂര്‍വ്വകം
മന്ദഹാസസമന്വിതം,
മോടിവാച്ചൊരാ ച്ചൂര്ണ്ണകോശങ്ങള്
മാടിമാടിയൊതുക്കി ഞാന്‍!
നിശ്ചലം, നിദ്രാലോലുപം, ഗേഹം,
നിര്‍ജ്ജനം, നിശീഥാന്തരം-
ഞാനു,മെന്ചാരെ, പ്പുഞ്ചിരി പെയ്തെന്‍-
പ്രാണനായീടുമോമലും;
ആ നിശീഥാന്തരംഗകം, ഹാ ഹാ,
മാനസോത്സവദായകം!
തങ്ങിനില്ക്കുമാ രാത്രിയെന്‍മനോ-
രംഗവീഥിയിലെന്നുമേ!
പക്ഷേ ഞാനൊരിക്കലും കേട്ടിട്ടില്ല എയോള്‍വ് ആര്‍ണെസണ്‍ ഒരു പാട്ടെഴുത്തുകാരനാണ് എന്ന്.''
വിഗ്ഡിസ് ഒന്നും മറുപടി പറഞ്ഞില്ല്. ടോര്ബ്ജോര്ഗ് തുടര്‍ന്നു:-
``പ്രണയാര്‍ദ്രര്‍, മൗനമായവ-
രിരുന്നൂ-അവര്‍
വനവീഥിയില്‍ വാഴുമാ-
പ്പൈങ്കിളികള്‍!-
ദിവസങ്ങള്‍ വളരെ-
ക്കടന്നിരുന്നു
സവിലാസഗ്രീഷ്മം
പറന്നിരുന്നൂ.
അഴകിയന്നടവിയില് നില്ക്കു...
മത്തേനൊലി-
പ്പഴമേറെയെനിക്കോമല്
പറിച്ചുതന്നു.
അമൃതസമാനങ്ങള്‍ മധുരങ്ങ,-
ളവ ഞങ്ങ-
ളമിതകുതുകത്തോ-
ടെടുത്തു തിന്നു.
കിളിവേട്ടയിലിയലുന്നതിലധികം
രസകരമാണ-
ക്കളമൊഴിയുമൊന്നി-
ച്ചെഴും വിനോദം!''
``ഇന്നു സായാഹ്നത്തിലേയ്ക്കു വേണ്ടിടത്തോളം പാട്ടുകള്‍ ഇപ്പോള്‍ ഞാന്‍ കേട്ടുകഴുഞ്ഞു.'' വിഗ്ഡിസ് പ്രസ്താവിച്ചു. അവള് പോയിക്കിടയ്ക്കമേല് കിടപ്പായി. ഈസാ അവളോടൊന്നിച്ചു ചെന്നു കിടന്നു; അന്നു രാത്രി വിഗ്ഡിസ്സിന് അത്രയധികം ഉറക്കമൊന്നുമുണ്ടായില്ലെന്ന് അവള്‍ക്ക് നല്ലപോലെ മനസ്സിലായി; പക്ഷേ വിഗ്ഡിസ് അനങ്ങാതെ കിടന്നതേയുള്ളൂ; ഒന്നും മിണ്ടിയില്ല.
പിറ്റേദിവസം വിഗ്ഡിസ് ഗുന്നാറുടെ സമീപം ചെന്ന്, തൊട്ടടുത്തുള്ള ഒരിരിപ്പിടത്തില്‍ ആസനസ്ഥയായി. അവള് ചോദിച്ചു:
``വെറ്റര്ലൈഡിന്റെ ചാര്‍ച്ചക്കാരനായ യോട്ട് ഗിസ്സേഴ്സണ് ഇവിടെ വന്ന് അച്ഛന്റെ മകളെ വിവാഹം കഴിച്ചുതരേണമെന്നപേക്ഷിച്ചാല് അച്ഛന് എന്തു മറുപടി കൊടുക്കും?''
``അവന് ആദ്യം തന്നെ ഇവിടെ, എന്റെ വീട്ടില്‍, ഒന്നു വരട്ടെ.'' ഗുന്നാര്‍ മറുപടി പറഞ്ഞു: ``അപ്പോള്‍ അവന് എന്നും ഓര്‍ക്കുന്ന മട്ടിലൊരു മറുപടി ഞാന്‍ കൊടുക്കാം. പക്ഷേ ഇപ്പോള്‍ എന്റെ മുമ്പില്‍ അവന്റെ മുഞ്ഞി കാണിക്കാന്‍ അവനത്ര ധൈര്യം കാണുമെന്ന് എനിക്കു തോന്നുന്നില്ല.''
``പക്ഷേ, കാാറെയും യോട്ടും തമ്മിലുള്ള ആ കാര്യം അവര്‍ തമ്മില്‍ത്തന്നെ പറഞ്ഞൊതുക്കിക്കഴിഞ്ഞല്ലോ.''
``വെറ്റര്‍ലൈഡാണ് കാാറെയെപ്പറഞ്ഞു സമാധാനിപ്പിച്ച് ഒരുതരത്തില്‍ കാര്യം കലാശിപ്പിച്ചത്,'' ഗുന്നാര്‍ മറുപടി പറഞ്ഞു: ``അല്ലാതെ യോട്ടല്ല. എന്റെ സൗഹാര്‍ദ്ദത്തിന് ഇത്രയും നീചമായ വിധത്തില്‍ ഇതുവരെ മറ്റാരും പ്രതിഫലം തന്നിട്ടില്ല.''
``എയോള്‍വും നമ്മളും തമ്മില്‍ നടന്നിട്ടുള്ളതൊന്നും അയാള്‍ അറിഞ്ഞിരിക്കാന്‍ തരമില്ല,'' വിഗ്ഡിസ് പറഞ്ഞു
``ശരി, നടന്നിട്ടുള്ളതെന്തെല്ലാമാണെന്ന് ഇന്നിപ്പോള്‍ അവനു നല്ലപോലെയറിയാം,'' ഗുന്നാര്‍ പ്രതിവചിച്ചു: ``അതുപോലെതന്നെ നടക്കാത്തതും കുറെയേറെ. പക്ഷേ ഞങ്ങളിപ്പോള്‍-കാാറെയും ഞാനും- ആലോചിച്ചുറച്ചിട്ടുള്ളതു ഹെസ്റ്റ് ലോക്കെന്നില്ച്ചെന്ന് അവനെ അന്വേഷിച്ചു പിടിക്കുവാനാണ്. അവന്റെ വായിലുള്ള പല്ലു മുഴുവന്‍ ഞാന്‍ തുപ്പിക്കും; അപ്പോള്‍ നമുക്കു കാണാം എന്തു കവിതകളാണ് അവനിനി ഉണ്ടാക്കാന്‍ പോകുന്നതെന്ന്.''
``അതൊരിക്കലും പാടില്ല,'' വലിയ ഭയത്തോടുകൂടി വിഗ്ഡിസ് പറഞ്ഞു. പക്ഷേ ഗുന്നാര്‍ ആജ്ഞാപിച്ചു:
``ഇനിമേല്‍ നീ അവനുമായി മിണ്ടിക്കൂടാ; നിന്നില്‍നിന്ന് അവനെക്കുറിച്ച് ഒന്നുംതന്നെ ഞാനിനി കേള്‍ക്കുകയില്ല.''
വിഗ്ഡിസ് ഒന്നും മിണ്ടിയില്ല. അവള് ഇറങ്ങി വെളിയിലേയ്ക്കു പോയി.
പന്ത്രണ്ട്
പിറ്റേന്നു പകല്‍ മുഴുവനും അവള് ചിന്താമഗ്നയായി തന്റെ മുറിക്കുള്ളില്‍ത്തന്നെ കഴിച്ചുകൂട്ടി. അവള്‍ക്ക് എന്തെന്നില്ലാത്ത ഭയവും സംഭ്രമവും തോന്നി. യോട്ടിനെ ചെന്നു കാണണമോ വേണ്ടയോ എന്നവള്‍ അറിഞ്ഞില്ല. എന്നാല്‍ സൂര്യന് ഏതാണ്ടസ്തമനത്തോടടുത്തപ്പോള് ഒരു മേലുടുപ്പുമെടുത്തിട്ടു വെളിയില്‍ മുറ്റത്തേയ്ക്കിറങ്ങി.
തലേന്നാള്‍ രാത്രി അതികഠിനമായ ഹിമപാതമുണ്ടായിരുന്നതിനാല് കടല്‍ത്തീരത്തു ധവളവര്‍ണ്ണമായ മൂടല്‍മഞ്ഞു തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. കുന്നുകള്‍ക്കു മുകളില്‍ അല്പം തെക്കുഭാഗത്തേയ്ക്കു നീങ്ങി, സൂര്യന് അത്യൂജ്ജ്വലമായ പ്രഭാപൂരം വര്‍ഷിച്ചു കൊണ്ടു നിന്നിരുന്നു. മുറ്റത്താരും ഉണ്ടായിരുന്നില്ല. വിഗ്ഡിസ് ഒരു നിമിഷം എന്തു ചെയ്യേണമെന്നറിയാതെ അമ്പരന്നു നിന്നുപോയി; പക്ഷേ അനന്തരം അവള് ആ കര്‍ഷകഭവനം വിട്ടു ധൃതഗതിയില്‍ വടക്കുഭാഗത്തുള്ള വനമേഖലയിലേക്കു നടകൊണ്ടു.
അവള് പോകുന്നത് ആരും കണ്ടില്ല.
അവള് ബലിക്കാവിലെത്തിയപ്പോള് യോട്ട് അവിടെ വന്ന് അവളെ കാത്തു നില്ക്കുന്നുണ്ടായിരുന്നു. അയാള്‍ യാത്രയ്ക്കു യോജിച്ച രീതിയിലാണ് വസ്ത്രധാരണം ചെയ്തിരുന്നത്. പക്ഷേ അയാളുടെ മേലുടുപ്പും ആയുധങ്ങളുമെല്ലാം അഴിച്ചുമാറ്റി അയാള്‍ കുതിരയെ ഒരു മരത്തില്‍ ബന്ധിച്ചു നിര്‍ത്തിയിരുന്നു പോക്കുവെയില്‍ കണ്ണില്ത്തട്ടാതെ കൈയുര്ത്തിത്തടുത്തു പിടിച്ചുകൊണ്ടു വിഗ്ഡിസ്സിനെ സ്വീകരിക്കുവാനായി അയാള്‍ മുന്നോട്ടോടി. അയാള്‍ പറഞ്ഞു:
``നിന്റെ സൗന്ദര്യം കണ്ടു കണ്കുളിര്ക്കുന്നതില് സൂര്യന് എന്നോടു പകയുള്ളതുപോലെ തോന്നുന്നു. ഇങ്ങോട്ടു വരു വിഗ്ഡിസ്; സ്വാഗതം.''
അയാള്‍ കൈയുര്‍ത്തി അവളുടെ ചുണ്ടത്തു വെച്ചിട്ട് അവളെ വെളിച്ചത്തുനിന്നു നീക്കിനിര്‍ത്തി; പക്ഷേ അവള് കുതറിമാറിയിട്ട് അവളുടെ കൈ പുറകില്‍ കെട്ടിക്കൊണ്ടു പറഞ്ഞു. ``ഇവിടെ ഞാനിതാ വന്നിരിക്കുന്നു; പക്ഷേ എനിക്കു വിചിത്രമായ ചില ചോദ്യങ്ങള്‍ നിങ്ങളോടു ചോദിക്കുവാനുണ്ട്. എന്നോടു പറയൂ; കാാറെയും എന്നെയും സംബന്ധിച്ചു സമീപപ്രദേശങ്ങളില്‍ സംസാരമുണ്ടെന്നു കേള്‍ക്കുന്നു; അതു വാസ്തവമാണോ?''
യോട്ട് മറുപടി പറഞ്ഞു. അങ്ങനെ ചെയ്തപ്പോള്‍ അയാളുടെ മുഖം ചുവന്നുപോയി.
``അതാണ് ഞാന്‍ ഇന്നലെ നിന്നോടു ചോദിച്ചത്; അതു ശരിയാണെങ്കില്‍ അയാള്‍ നിന്നെ വിവാഹം കഴിക്കുമല്ലോ,''
``ഇപ്പോള്‍ എനിക്കു തോന്നുന്നു, ഇങ്ങോട്ടു വരേണ്ടിയിരുന്നില്ലെന്ന്,'' വിഗ്ഡിസ് പറഞ്ഞു: ``എന്തുകൊണ്ടെന്നാല്‍ അവരൊക്കെ പറഞ്ഞതു കളവാണെന്നാണ് ഞാന്‍ വിചാരിച്ചത്; ഇപ്പോള്‍ അതു സത്യമാണെന്നു ഞാന്‍ ഭയപ്പെടുന്നു.''
``എന്താണ് നീ അര്‍ത്ഥമാക്കുന്നതെന്നു ഞാന്‍ അറിയുന്നില്ല,'' യോട്ട് പറഞ്ഞു.
അനന്തരം വിഗ്ഡിസ് പ്രസ്താവിച്ചു:
``ഒന്നുകില്‍, നാം തമ്മില്‍ നടന്ന സംഗതികള്‍ പറഞ്ഞു നടന്നിട്ടുണ്ട്- അമ്മപെറ്റ ഒരുത്തനോട് അതിനെക്കുറിച്ച് ഒരു വാക്കു നിങ്ങള്‍ ശബ്ദിക്കുമെന്ന് ഒരിക്കലും ഞാന്‍ വിചാരിച്ചിട്ടില്ല- അല്ലാത്തപക്ഷം, നാടൊട്ടുക്കു പ്രചരിച്ചിട്ടുള്ള ആ ശൃംഗാരപ്പാട്ടുകളൊക്കെ എഴുതിക്കൂട്ടിയതു നിങ്ങളാണ്.''
യോട്ട് മൗനം ഭജിച്ചു. ഇതു കണ്ടു വിഗ്ഡിസ് തിരിഞ്ഞു നടന്നു കളഞ്ഞു. അയാള്‍ അവളെ പിന്തുടര്ന്നു.
``സത്യം പറയാമല്ലോ, വിഗ്ഡിസ്-ഇപ്പോള്‍ എനിക്കു തോന്നുന്നു, ആ പാട്ടുകളൊന്നും കുത്തിക്കുറിക്കേണ്ടിയിരുന്നില്ലെന്ന്. പക്ഷേ ഒന്നാലോചിച്ചുനോക്കു; നീ എനിക്കു നഷ്ടപ്പെട്ടു എന്ന ചിന്ത എന്നില്‍ കടന്നുകൂടി; അക്കാലത്തെല്ലാം ഞാന്‍ അനുഭവിച്ച ഹൃദയയാതന എത്ര കഠിനമായിരുന്നുവെന്നു നിനക്കറിയാമോ? അങ്ങനെയുള്ള അവസരങ്ങളില്‍ പലരും പിന്നീടു പശ്ചാത്താപിക്കാനിടയാക്കുന്ന പലതും പറഞ്ഞുപോയി എന്നുവരും.''
``ഹാ, നിങ്ങളോടു പറഞ്ഞിട്ടുള്ളതില്‍ മിക്കതിനെക്കുറിച്ചും ഞാനിപ്പോള്‍ പശ്ചാത്തപിക്കുന്നു,'' വിഗ്ഡിസ് മറുപടി പറഞ്ഞു.
``അങ്ങനെ പറയല്ലേ,'' യോട്ട് അഭ്യര്‍ത്ഥിച്ചു: ``ഇനിയെന്നെ കുറ്റപ്പെടുത്തുവാന്‍ നിനക്കൊരിക്കലും ഞാന്‍ കാരണമുണ്ടാക്കുകയില്ല.''
``അതെനിക്കറിയാം,''വിഗ്ഡിസ് പ്രതിവചിച്ചു.`` എന്തുകൊണ്ടെന്നാല്‍, ഞാനും നിങ്ങളും തമ്മില്‍ സംസാരിക്കുന്ന അവസാനത്തെ സന്ദര്‍ഭമാണിത്.''
യോട്ട് അവളുടെ ചുമലിലൂടെ കൈയിട്ടു; അവള് അയാളെ തള്ളിമാറ്റുവാന്‍ ശ്രമിച്ചു: എന്നാലപ്പോഴേയ്ക്കും അയാള്‍ അവളുടെ രണ്ടു കൈത്തണ്ടുകളിലും മുറുക്കെ പിടികൂടിക്കഴിഞ്ഞു അയാള്‍ പരാതിപ്പെട്ടു:
``ഓ, അക്കാര്യത്തില്‍ ഇത്ര വളരെ കുറച്ചിലൊന്നും വരാനില്ല-ഞാന്‍ നിന്നെക്കുറിച്ച് ഒന്നോ രണ്ടോ പാട്ടെഴുതി എന്ന കാരണത്തിന്മേല് നീയെന്നെ ഉപേക്ഷിക്കാനാണ് ഭാവമെങ്കില്‍ അതില്‍നിന്നു മനസ്സിലാക്കേണ്ടതു നിനക്കെന്നോടു ഗാഢമായ സ്നേഹമൊന്നും ഉണ്ടായിരുന്നില്ലെന്നാണ്.''
``നിങ്ങളും അങ്ങനെതന്നെയാണ്-ഗാഢമായി നിങ്ങളും എന്നെ സ്നേഹിച്ചിട്ടില്ല,'' രൂക്ഷമായ കോപത്തോടുകൂടി വിഗ്ഡിസ് എതിര്‍ത്തു:
``എന്നെക്കുറിച്ചെന്തോ ചീത്തയായിപ്പറഞ്ഞു കേട്ട ഉടന്‍ തന്നെ നിങ്ങളതങ്ങു കണ്ണുമടച്ചു വിശ്വാസിച്ചു; എന്നിട്ടതു നാടൊട്ടുക്കു പറഞ്ഞു പരത്തുകയും ചെയ്തു.''
``ഒരു കഥയും ഞാന്‍ പറഞ്ഞു പരത്തിയിട്ടില്ല,'' യോട്ട് മറുപടി പറഞ്ഞു: ``ഒരിക്കലും ഞാനതൊന്നും വിശ്വസിച്ചിട്ടുമില്ല.''
``എന്നാലിനിയങ്ങനെ ചെയ്യാന്‍, അതു പരമാര്ത്ഥമായിത്തന്നെ വന്നേയ്ക്കാം,'' അയാളുടെ ആശ്ലേഷത്തില്നിന്നു തട്ടിപ്പിടഞ്ഞൊഴിയുവാന് ഉദ്യമിച്ചുകൊണ്ട് അവള് പറഞ്ഞു.
``നീയങ്ങനെയുള്ള സംഗതികള്‍ സംസാരിക്കുന്നതു ഞാന്‍ കേള്‍ക്കുകയില്ല,'' യോട്ട് പ്രലപിച്ചു. അയാള്‍ അവളെ ചുംബനം ചെയ്തു. ``ഇന്നലെ എന്റെ മടിയിലിരിക്കുമ്പോള്‍ വാക്കുപറഞ്ഞതെല്ലാം നീ മറന്നുപോയിരിക്കും?''
അതു കേട്ട് അവള് അവന്റെ കഴുത്തില്‍ ഒരു കടി കടിച്ചു; അതിനാല്‍ ക്ഷണനേരത്തേയ്ക്ക് അവളുടെ മുഖം അവനില്‍ നിന്നു മറയ്ക്കപ്പെട്ടിരുന്നു.
``ഇപ്പോള്‍ എന്റെ മനസ്സു മാറിയിരിക്കുന്നു,'' അവള് പറഞ്ഞു.
``കാാറെ ഒരിക്കലും നിന്റെ മനസ്സുലച്ചുകൂടാ,'' യോട്ട് പല്ലുകടിച്ചുകൊണ്ടു പറഞ്ഞു: ``നീയെനിക്കു നഷ്ടപ്പെടുന്നെങ്കില്‍ ഞാന്‍ പിന്നെ ജീവിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല.''
അനന്തരം അയാള്‍, എത്ര കുതറിയിട്ടും, അവളെ ഇരുകൈകളിലുമായി വാരിക്കോരിയെടുത്തു. അയാള്‍ അവളെ ഒരു മരപ്പടര്പ്പിലേയ്ക്കു കൊണ്ടുപോയി. ഏറെ നേരം അവള് അയാളുടെ ആക്രമണത്തെ പ്രതിരോധിച്ചുനോക്കി. പക്ഷേ ഫലമുണ്ടായില്ല. അവിടെ ആ തരുപ്പടര്പ്പിനുള്ളില്വെച്ച്, അയാള്‍ അയാളുടെ കാര്യം നേടി. അവള് ഒന്നും മിണ്ടിയില്ല. അവള് കരഞ്ഞതുമില്ല. യോട്ട് അവളുടെ കയ്യും കവിളും തൊട്ടുനോക്കി അവള് വളരെ തണുത്തിരുന്നു.
യോട്ട് എഴുന്നേറ്റു തന്റെ മേലുടുപ്പെടുത്തു; അതുകൊണ്ടവളെ പുതപ്പിച്ചു; അയാള്‍ അവളെ ചുംബനംചെയ്തു. വല്ലാത്ത തണുപ്പുണ്ടായിരുന്നു. അയാളുടെ ശ്വാസം വെളുത്ത നീരാവിപോലെ വായുവിലങ്ങനെ തത്തിത്തൂങ്ങി നിന്നു; സൂര്യന് അസ്തമിച്ചു കഴിഞ്ഞിരുന്നു. പക്ഷേ തെക്കുഭാഗത്തു മരപ്പടര്പ്പുകള്ക്കു പിന്നില്‍ രക്തംപോലെ തുടുത്തു ചുവന്നിരുന്നു ആകാശം.
``ഇവിടെനിന്നു പോകാന്‍ സമയമായി,'' യോട്ട് പറഞ്ഞു. അയാള്‍ അവളെ പിടിച്ച് എഴുന്നേല്പിക്കാനൊരുങ്ങി. ``ഇന്നു രാത്രി `പെരിയ തടാക'ത്തിനപ്പുറം നമുക്കു ചെന്നെത്താന്‍ സാധിക്കുകയില്ല; അവിടെ നമുക്കേതെങ്കിലും സ്ഥലം കണ്ടുപിടിച്ചു രാത്രി കഴിച്ചുകൂട്ടാം.''
വിഗ്ഡിസ് അതുകേട്ട് ഇങ്ങനെ പറഞ്ഞു:
``എന്റെ അച്ഛന് തന്റെ പിന്നാലെ പാഞ്ഞെത്തി തന്നെ തുണ്ടംതുണ്ടമാക്കി വെട്ടിവീഴ്ത്തുന്നെങ്കില് തനിക്കതു താനര്ഹിക്കുന്നതിനെക്കാള് വളരെ കാമ്യമായ ഒരു മരണമായിത്തീരും; അത്ര പേടിത്തൊണ്ടനാണ് താന്‍-ഭീരു!''
അവള് എഴുന്നേറ്റു വീട്ടിലേയ്ക്കു തിരിച്ചു; യോട്ട് അവളുടെ പുറകേ കൂടി. അയാള്‍ പറഞ്ഞു: ``നീയെന്റെ കൂടെ പോരുന്നതാണ് നമുക്കിരുകൂട്ടര്‍ക്കും നല്ലത്. നിന്നെ ഞാന്‍ കഠിനമായി നീരസപ്പെടുത്തിയെന്ന് എനിക്കറിയാം. പക്ഷേ നമുക്കു വന്നുകൂടാവുന്ന ഏറ്റവും വലിയ നിര്‍ഭാഗ്യം നാം പരസ്പരം രക്ഷപ്പെടുകയെന്നുള്ളതാണ്.''
ഒരു പ്രാവശ്യമെങ്കിലും വിഗ്ഡിസ് തലയൊന്നു പിന്തിരിച്ചില്ല. അവള് സംസാരിക്കുകയോ കരയുകയോ ചെയ്യാതിരിക്കുന്നത് ഏറ്റവും ചീത്തയായ ഒരു ലക്ഷണമാണെന്നു യോട്ടിനു തോന്നി. വാഡിനിലേയ്ക്കുള്ള വഴി മുഴുവന്‍ അയാള്‍ അവളെ പിന്തുടര്ന്നു.
അവര്‍ വേലിക്കരികിലെത്തിയപ്പോള്‍ വിഗ്ഡിസ് കുനിഞ്ഞ് ഒരു കല്ലെടുത്തു യോട്ടിനെ ഒരേറു കൊടുത്തു.
``കടക്കെടാ, പട്ടീ,'' അവള് ഗര്‍ജ്ജിച്ചു.
യോട്ടിന്റെ ചുണ്ടത്താണ് ഏറു കൊണ്ടത്; വലിയ ഊക്കോടുകൂടിയൊന്നുമല്ല. പക്ഷേ രക്തം പൊടിക്കുവാന് തികച്ചും മതിയായിരുന്നു. അനന്തരം അയാള്‍ പറഞ്ഞു:-
``ഒരിക്കല്‍ക്കൂടി ഞാന്‍ വിവാഹാഭ്യര്‍ത്ഥനയുമായി എന്റെ കളിത്തോഴിയായ നിന്നെ സമീപിക്കും. പക്ഷേ ആദ്യമായി, നിനക്കു ചിന്തിക്കുവാനുള്ള സമയം വേണം ഗ്രീഷ്മകാലം വരുമ്പോള്‍ വീണ്ടും ഞാന്‍ നിന്നോടു ചോദിക്കും, നിനക്കെന്നെ സ്വീകരിക്കാമോ എന്ന്.''
``എന്റെ തന്നിഷ്ടം തന്റേതുപോലെത്തന്നെ കരുത്തുളളതാണെന്ന് അപ്പോള്‍ തനിക്കു കാണാം, വൈഗ-യോട്ട്.''
അതിനുശേഷം അവള് അകത്തേയ്ക്കു കയറിപ്പോയി. അവള് നേരെ തന്റെ മുറിയില്‍ച്ചെന്നു കിടയ്ക്കപ്പുറത്തു വീണു; അന്നു രാത്രി അവള്‍ക്കു വലിയ ഉറക്കമൊന്നുമുണ്ടായില്ലെന്നും ഉറക്കത്തില്‍ത്തന്നെ അവള് കരഞ്ഞിരുന്നുവെന്നും ഈസായ്ക്കു നല്ല നിശ്ചയമുണ്ടായിരുന്നു; പക്ഷേ അവള്‍ക്കു പറ്റിയ അമളിയെക്കുറിച്ച് ഒരക്ഷരമെങ്കിലും അവള് ശബ്ദിക്കുകയുണ്ടായില്ല.
യോട്ട് ബലിക്കാവിലേയ്ക്കു മടങ്ങിച്ചെന്ന്, കുതിരയെ അഴിച്ച് അതിന്റെ പുറത്തു കയറി ഓടിച്ചുപോയി. രാത്രി മുഴുവന്‍ യാത്രചെയ്തു പ്രഭാതത്തോടുകൂടി അയാള്‍ ഹാക്കെഡാലില് എത്തിച്ചേര്‍ന്നു; അവിടെനിന്നു റോമെറിക്കിലേയ്ക്കും പിന്നീടുനേരെ ട്രോണ്ഡ്ഹീമിലേയ്ക്കും; ആരംഭിച്ചിരുന്ന ചീത്തക്കാലാവസ്ഥയെ വകവെയ്ക്കാതെ, അയാള്‍ കുതിരയോടിച്ചുപോയി. പര്‍വ്വതങ്ങള്‍ കടക്കുന്നതില്‍ അയാള്‍ വലിയ ക്ലേശങ്ങള്‍ അനുഭവിക്കുകയുണ്ടായി. ടോര്ബ്ജോണിന്റെ പുത്രന്മാര്-അയാളുടെ പോറ്റച്ഛന്റെ പുത്രന്മാര്- അയാള്‍ ജീവനോടെ വന്നു ചേര്‍ന്നത് ഒരത്ഭുതസംഭവമായിക്കരുതി.
പതിമൂന്ന്
വിഗ്ഡിസ് വാഗ്ഡിനില്നിന്നു വെളിയിലിറങ്ങിയില്ല. അവള് വീട്ടിനുള്ളില്‍ത്തന്നെ കഴിച്ചുകൂട്ടി. അവളുടെ ഹൃദയം വിഷാദമഗ്നമായിരുന്നു. ഒന്നിനും അവളില്‍ ഉല്ലാസം കൊളുത്തുവാന്‍ സാധിച്ചില്ല. ഭക്ഷണം കഴിക്കുന്നതിനോ കുളിക്കുന്നതിനോ വസ്ത്രധാരണം ചെയ്യുന്നതിനോ മുടി ചീകുന്നതിനോ- ഒന്നിനും അവള് ഒരുങ്ങിയില്ല. വൈഗ-യോട്ട് അവളോടു ചെയ്ത തെറ്റിനെക്കുറിച്ചുമാത്രമായിരുന്നു സദാ അവളുടെ ചിന്ത. അതു സംബന്ധിച്ചുള്ള ചിന്തകളുമായി കിടക്കാന്‍ പോകുമ്പോള്‍ നിത്യവും രാത്രി അവള് കിടുകിടുത്തിരുന്നു. പക്ഷേ ജോലി ചെയ്തുകൊണ്ടും മറ്റുള്ളവരുമായി സംസാരിച്ചുകൊണ്ടും സമയം കഴിച്ചുകൂട്ടേണ്ട ആ നീണ്ട പകലിനെ അഭിമുഖീകരിക്കുന്നതിലേയ്ക്കുവേണ്ടി, കിടയ്ക്കപ്പുറത്തുനിന്നെഴുന്നേല്ക്കുവാന് പ്രഭാതത്തില്‍ അവള് ഭയപ്പെട്ടു.
അവള് തന്നെത്താന്‍ പറഞ്ഞു.
``ഒടിഞ്ഞ ചിറകുകള് അവശമായി നിലത്തടിച്ചു കിടന്നു പിടയ്ക്കുന്ന ഒരു പക്ഷിയെപ്പോലാണ് ഞാന്‍; താഴെപ്പതിച്ച ആ സ്ഥാനത്തുനിന്നു നീങ്ങുവാന്‍ അതിനു സാധ്യമല്ല; അതിന്റെ സ്വന്തം രക്തത്തിന്റെ ചോലയ്ക്കപ്പുറം കാണുവാനും അതിനുസാധ്യമല്ല. പണ്ടത്തെ എന്റെ നിലയെപ്പറ്റി ഞാന്‍ ചിന്തിക്കുവാനൊരുങ്ങുമ്പോള് ഇപ്പോഴത്തെ എന്റെ നിലമാത്രമേ എനിക്കോര്‍ക്കുവാന്‍ സാധിക്കുന്നുള്ളൂ. ചിന്താരഹിതയായി, സന്തുഷ്ടഹൃദയയായി ഞാനിവിടെക്കറിഞ്ഞുകൂടിയിരുന്ന ആ സുവര്‍ണ്ണകാലങ്ങളെ അനുസ്മരിക്കുമ്പോള്‍, ഇതെനിക്കു വന്നുകൂടുവാന്‍ മാത്രമായിരുന്നു മറ്റുള്ളതെല്ലാം എനിക്കുണ്ടായിരുന്നതെന്നു തോന്നിപ്പോകുന്നു.''
പലപ്പോഴും അവള്‍ക്കു തോന്നാറുണ്ട്, ചെന്നു നദിയില്‍ ചാടി മരിക്കുന്നതാണ് നല്ലതെന്ന്. ശീതകാലം അവസാനിക്കാറായി. അപ്പോള്‍ താന്‍ ഗര്‍ഭവതിയാണെന്ന് അവള് മനസ്സിലാക്കി.
ഒരു രാത്രിയില്‍, ഈസായും മറ്റു സ്ത്രീകളും ഉറങ്ങിക്കിടക്കുമ്പോള്‍, ഉണര്‍ന്നുകിടന്ന അവള് എഴുന്നേറ്റ് ഒരു മേലുടുപ്പും ധരിച്ചു മുറ്റത്തേയ്ക്കിറങ്ങി; അവിടെനിന്നു കീഴെ നദിയിലേയ്ക്കുള്ള വഴിയേ അവള് നടന്നുപോയി.
രാത്രിയില്‍ മുമ്പൊരിക്കലും അവള് തനിയെ വെളിയിലിറങ്ങിയിട്ടില്ല. അവള് വിചാരിച്ചിരുന്നതിലും തമോജടിലമായിരുന്നു ആ നിശാരംഗം. അതു വിഷുവത്ക്കാലമായിരുന്നു. ശക്തിയായ കാറ്റും മഴയുമുണ്ടായിരുന്നു. ഇരുട്ടിന്റെ കട്ടിമൂലം ആകാശവും ഭൂമിയും വേര്തിരിച്ചറിയുവാന്പോലും ഒത്തിരുന്നില്ല; പക്ഷേ ഇടയ്ക്കിടക്കു കാര്‍മേഘപടലങ്ങള്‍ക്കിടയില്‍ ചില വിടവുകളുണ്ടായിക്കൊണ്ടിരുന്നവയില്നിന്നു നക്ഷത്രങ്ങള്‍ വെളിക്കു വന്നു. അധികം ചെല്ലുന്നതിനുമുമ്പുതന്നെ, താന്‍ നേര്വഴിപിഴിച്ചു വയലുകളിലെത്തിയിരിക്കുന്നുവെന്ന് അവള്‍ക്കു മനസ്സിലായി. പക്ഷേ എവിടെയാണ് താന്‍ കാല്കുത്തുന്നതെന്നു കാണുവാന്‍ അവള്‍ക്കു കഴിഞ്ഞില്ല. ഇടയ്ക്കിടയ്ക്കു ഹിമപടലങ്ങള്‍ തട്ടിനീക്കിക്കൊണ്ട് അവള്‍ക്കു ഗതി തുടരേണ്ടിവന്നു. മറ്റു ചിലപ്പോള്‍ അവളുടെ ഒരു പാദം ചെറുകുണ്ടിലേയ്ക്കു വഴുതിപ്പോകും. മിക്കവാറും വഴുവഴുപ്പുള്ള ഒരു നനഞ്ഞ ഭൂവിഭാഗത്താണ് അവള് ചെന്നെത്തിയിരുന്നത്. കുറച്ചുകൂടി മുന്നോട്ടു ചെന്നപ്പോള്‍ അവള്‍ക്ക് ഒരെത്തും പിടിയും കിട്ടാതായി. അവള് എവിടെയെത്തി? നദിയെവിടെ? വീടെവിടെ? - ആവോ! നദിയോടുതൊട്ടടുത്തായിരുന്നു വാഡിന്. പക്ഷേ ഇരുട്ടില്‍ അവസാനിക്കാത്ത ഒരു യാത്രയാണതെന്നു തോന്നപ്പെട്ടു. ഒടുവില്‍ അവളുടെ കാല് വഴുതി ആ വഴുവഴുത്ത തറയില്‍ പതിച്ച്, അവള് കീഴോട്ടുകീഴോട്ടിഴുകിപ്പോയി. ഒടുവില്‍ എന്തിന്മേലോ അവള് കടന്നു പിടികൂടി. അതൊരു `ഫര്' മരമാണെന്ന് അവള് ഊഹിച്ചു. രണ്ടു കൈകൊണ്ടും അവളതിനെ മുറുകെക്കെട്ടിപ്പിടിച്ചു. അതിന്റെ ശിഖരങ്ങള്‍ അവളുടെ മുഖത്തു പോറലുകള്‍ ഉണ്ടാക്കി. കീഴോട്ടിഴകി വീണുകൊണ്ടിരുന്ന അവസരത്തില്‍, അവളുടെ ഉദരത്തില്‍ കുഞ്ഞു കിടന്നനങ്ങുന്നത് അവള്‍ക്ക് അനുഭവിച്ചറിയുവാന്‍ കഴിഞ്ഞിരുന്നു.
അവള് വൃക്ഷത്തിനടിയില്‍ നിരങ്ങിക്കൂടി. മഞ്ഞില്‍ ഏറെനേരമായിക്കിടന്നിരുന്നപോലെ അവള് നനഞ്ഞു മരവിച്ചിരുന്നു.
മഴയേല്ക്കാതിരിക്കുവാനായി അവള് വൃക്ഷമൂലത്തോട് അധികമധികം പറ്റിച്ചേര്‍ന്ന് ഇരിപ്പുറപ്പിച്ചു. അവളുടെ ചുറ്റും വൃക്ഷശിഖരങ്ങള്‍ പിടിച്ചുലച്ചു ഞെരിച്ചുകൊണ്ടു കാറ്റു കൂക്കിവിളിച്ചുകൊണ്ടിരുന്നു. വൃത്തികെട്ട പല ഒച്ചപ്പാടുകളും നിറഞ്ഞതായിരുന്നു അന്ധകാരം. തനിക്കു ചുറ്റും എന്തെല്ലാമാണ് പതുങ്ങിനടക്കുകയും കരയുകയും ചെയ്തുകൊണ്ടിരിക്കുന്നതെന്നവള്ക്കു മനസ്സിലായില്ല.
പ്രഭാതത്തിന്റെ പ്രഥമരശ്മികള് പതിയുന്നതുവരെ അവള് അവിടെ കിടന്നു. താന്‍ കിടന്നിരുന്നതിനടിയില് കീഴ്ക്കാംതൂക്കായ ഒരു നീര്ച്ചാട്ടം നദിയില്ച്ചെന്നു വീഴുന്നുണ്ടെന്നവള് കണ്ടു. ജലം ഇരുണ്ടു മഞ്ഞുകട്ടകള്‍ നിറഞ്ഞതായിരുന്നു. അവളുടെ ധൈര്യം മുഴുവന്‍ ക്ഷയിച്ചുപോയി. അവള് ഭവനത്തിലേയ്ക്കു തിരിച്ചുനടന്നു. നേരം പ്രകാശമായിത്തുടങ്ങിയിരുന്നതിനാല്, അത്ര ദൂരത്തായിരുന്നില്ല, അത്. അവള് വസ്ത്രമെല്ലാം അഴിച്ചു മാറ്റി കിടയ്ക്കയില്‍ കയറി കിടന്നു. അവളുടെ അപ്പോഴത്തെ അവസ്ഥ എത്രയും ദയനീയമായിരുന്നു. രാത്രിയിലത്തെ അലച്ചലില്നിന്നു സാരമായ എന്തെങ്കിലും രോഗം തനിക്കുണ്ടായേയ്ക്കമെന്നവള്ക്കു തോന്നി- എങ്കില്‍, ഏറ്റവും നന്നായിരിക്കും!
രാവിലെ ഈസാ ചോദിച്ചു:
``എങ്ങനെയാണ് നിന്റെ വസ്ത്രങ്ങളെല്ലാം ഇത്രമാത്രം നനഞ്ഞത്, പോറ്റുമകളേ?''
രാത്രി താന്‍ വെളിയില്‍ ഗോശാലവരെ പോയിരുന്നുവെന്നു വിഗ്ഡിസ് മറുപടി പറഞ്ഞു- അക്കൊല്ലം കാലികള്‍ക്കിടയില്‍ രോഗം ഉണ്ടായിരുന്നു. ``ഇരുട്ടിന്റെ കട്ടികൊണ്ടു തിരിച്ചു വീട്ടിലേയ്ക്കു വരുവാനുള്ള വഴി കണ്ടുപിടിക്കുക വലിയ വിഷമമായിരുന്നു.''
ഈസാ പിന്നൊന്നും ചോദിച്ചില്ല. വിഗ്ഡിസ് തന്നോടു പറയേണ്ടതായിരുന്നു എന്നുമാത്രം സൂചിപ്പിച്ചതേയുള്ളൂ.
അവളുടെ പ്രകൃതംതന്നെ ആകപ്പാടെ മാറിയിരിക്കുന്നുവെന്നും അവള് ബഞ്ചിന്മേലിരുന്ന് ഉറക്കംതൂങ്ങിപ്പോകുന്നുവെന്നും അവള്‍ക്ക് എന്തെങ്കിലും സുഖക്കേട് ഉണ്ടായിരിക്കണമെന്നും ഒരു ദിവസം ഈസാ വിഗ്ഡിസ്സിനോടപേക്ഷിച്ചു. പക്ഷേ അതുസംബന്ധിച്ച് അവള്
വിഷമിക്കേണ്ടതായിട്ടില്ലെന്നു മാത്രമേ വിഗ്ഡിസ് മറുപടി പറഞ്ഞുള്ളൂ.
ആ ശീതകാലത്തു ഗുന്നാര്‍ കിടപ്പായിരുന്നതിനാല്‍ അധികമായി ആളുകള്‍ വീട്ടില്‍ വന്നിരുന്നില്ല. ശീതകാലം ഏതാണ്ടു കഴിയാറായപ്പോള്‍ ഈസാ ഒരുപായം എടുത്തു. വേലക്കാരികളെയെല്ലാം പിരിച്ചുവിട്ടു. വാഡിനില്‍, വിഗ്ഡിസ്സും ഈസായുമൊഴികെ മറ്റൊരു സ്ത്രീയും ഇല്ലാതായി. വിഗ്ഡിസ് സ്വന്തമായി തൂവാലയുടെ രീതിയിലുള്ള ഒരു വസ്ത്രവിശേഷം തുന്നിയുണ്ടാക്കി അവളുടെ തുടുപ്പിനടിയില് ധരിച്ചുകൊണ്ടിരുന്നു. അവള് മിക്ക സമയവും മുറിക്കുള്ളില്‍ത്തന്നെ കഴിച്ചുകൂട്ടി; അങ്ങനെ ഈസാ ഒഴികെ അവളുടെ ഇപ്പോഴത്തെ സ്ഥിതി മറ്റാരുടെയും ദൃഷ്ടിയില് പെട്ടില്ല. പക്ഷേ അതിനെക്കുറിച്ച് ഒരക്ഷരം ശബ്ദിക്കാന്‍ വിഗ്ഡിസ് ധൈര്യപ്പെട്ടില്ല.
പതിന്നാല്
വസന്തകാലം സമാഗതമായപ്പോള്‍, ഈ വരുന്ന ഗ്രീഷ്മകാലം താന്‍ ഈസായുമൊന്നിച്ച് അവരുടെ വക മറ്റൊരു ഭവനത്തില്‍ താമസിക്കുവാനാണുദ്ദേശിക്കുന്നതെന്നു വിഗ്ഡിസ് പറഞ്ഞു. ഗുന്നാര്‍ അതിനു വിരോധിയായിരുന്നുവെങ്കിലും ഒടുവില്‍ അങ്ങനെതന്നെയാകട്ടെ എന്നു സമ്മതിക്കുകയുണ്ടായി. ഈസായാണ് ഗുന്നാറോടു പറഞ്ഞുപറഞ്ഞ് ഒരുവിധം സമ്മതം മൂളിപ്പിച്ചത്. സ്ക്കോഫ്ടേ എന്ന വേലക്കാരനുമൊന്നിച്ച് അവര്‍ വസന്തകാലാവസാനത്തില് അങ്ങോട്ടു മാറിത്താമസിച്ചു. അയാള്‍ ഈസായുടെ പുത്രനും ഗുന്നാറുടെ `സില്‍ബന്ധി' കളില്‍ ഒരുവനുമായിരുന്നു. കുതിരകളെപ്പോറ്റുകയും കന്നുകാലികളെ വന്യമൃഗങ്ങളുടെ ആക്രമണമേല്‍ക്കാതെ പരിപാലിക്കുകയുമായിരുന്നു അയാളുടെ ജോലി.
ഒരു ദിവസം സായാഹ്നത്തില്‍ ഈസാ കന്നുകാലികളെ ഗോശാലയ്ക്കകത്തേയ്ക്കു കയറ്റിവിട്ടുകൊണ്ടു പടിവാതില്ക്കല് നില്‍ക്കുകയായിരുന്നു. ആ അവസരത്തില്‍ വലിയ വിഷാദപാരവശ്യത്തോടെ വിഗ്ഡിസ് അവളെ സമീപിച്ച് ഇപ്രകാരം പറഞ്ഞു:-
``ഇതാ ഗുന്നാര്‍ വരുന്നുണ്ട്. കുന്നിന് ചെരുവില്‍ എത്തിക്കഴിഞ്ഞു. എന്തു സംഭവിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. ഞാന്‍ ഇപ്പോള്‍ ഏതു നിലയിലാണെന്നു കണ്ടുകഴിഞ്ഞാല്‍ അദ്ദേഹം എന്നെ കൊന്നുകളയും.''
``നീ കിടയ്ക്കയില്പ്പോയി കിടക്ക്,'' ഈസാ മറുപടി പറഞ്ഞു: ``നീ സുഖമില്ലാതെ കിടപ്പാണെന്നു ഞാന്‍ പറഞ്ഞു കൊള്ളാം. അദ്ദേഹം അധികനേരം ഇവിടെ തങ്ങിനില്ക്കുകയില്ല.''
വിഗ്ഡിസ് അപ്രകാരം ചെയ്തു. ഗുന്നാര്‍ രണ്ടു ദിവസം അവിടെ താമസിച്ചു. ആ ദിവസങ്ങളില്‍ അവള് മുറിവിട്ടുവെളിയില് ഇറങ്ങുയില്ല. അവര്‍ വളരെ കാലെക്കൂട്ടിയാണ് കുന്നിന്പുറങ്ങളിലേയ്ക്കു പോന്നിട്ടുള്ളതെന്നും അതിനാല്‍ വിഗ്ഡിസ് രോഗിണിയായിത്തീര്ന്നതിലോ അവര്‍ക്കു പാല് കിട്ടുവാന്‍ ഞെരുക്കമുണ്ടായതിലോ അത്ഭുതത്തിന്നവകാശമില്ലെന്നും ഗുന്നാര്‍ പ്രസ്താവിച്ചു- അപ്പോള്‍ രാത്രികാലങ്ങളില്‍ കഠിനമായ ഹിമപാതമുണ്ടായിരുന്നു. കാടുകളില്‍ കന്നുകാലികള്ക്കാവശ്യമുള്ള പുല്ലും സുലഭമായിട്ടുണ്ടായിരുന്നില്ല.
ഇതിനുശേഷം വിഗ്ഡിസ്സുമായി സംസാരിച്ച് അവള്‍ക്കു കുറച്ചുപദേശങ്ങള്‍ കൊടുക്കണമെന്ന് ഈസാ തീരുമാനിച്ചു. പാല്പാത്രം നിറച്ചുകൊണ്ട് ഒരു ദിവസം അവള് ബെഞ്ചിനരികെ നില്ക്കുമ്പോള് ഈസാ ഇങ്ങനെ പറഞ്ഞു: ``ഞാന്‍ അതു ചെയ്തുകൊള്ളാം; ഇപ്പോള്‍ നീയങ്ങനെ ക്ലേശിച്ചു പണിയെടുക്കാന്‍ പാടില്ല.''
വിഗ്ഡിസ് പാത്രം നിലത്തിട്ടു; അവളുടെ നേത്രങ്ങള്‍ ഭയചകിതങ്ങളായിരുന്നു. അവ അവളുടെ പോറ്റമ്മയെ കിടുകിടുപ്പിച്ചു. അവള് ഇങ്ങനെ അത്യൂച്ചത്തില്‍ ആക്രോശിക്കയുണ്ടായി:-
``അങ്ങനെ ഒരു വാക്കെന്നോടു പറയരുത്; അല്ലാത്തപക്ഷം ഞാന്‍ നിങ്ങളോട് എന്താണ് ചെയ്യുകയെന്ന് എനിക്കു തന്നെ നിശ്ചയമില്ല.'' അതിനുശേഷം അതിനെസ്സംബന്ധിച്ച് ഒരക്ഷരമെങ്കിലും വിഗ്ഡിസ്സിനോടു സംസാരിക്കാന്‍ ഈസാ ധൈര്യപ്പെട്ടില്ല. ഗ്രീഷ്മകാലം ഇപ്പോള്‍ ഏതാണ്ടവസാനിക്കാറായി.
ഒരു രാത്രി വിഗ്ഡിസ് എഴുന്നേറ്റ് വീടുവിട്ടു വെളിയിലേയ്ക്കിറങ്ങി. മധ്യവേനല്‍ക്കാലം കഴിഞ്ഞിരുന്നു. അന്തരീക്ഷം ശാന്തവും
മേഘാവൃതവുമായിരുന്നു. പുല്ലുപിടിച്ച വയലിലൂടെ കുറച്ചുദൂരം അവള് നടന്നുപോയി. വേലിക്കരികിലെത്തിയപ്പോള്‍ അവള്‍ക്ക് ഒരടിപോലും മുന്നോട്ടു നീങ്ങാന്‍ സാധിക്കാതായി. അവള്‍ക്കവിടെ കിടക്കേണ്ടതായി വന്നുകൂടി. കാടിന്റെ വക്കത്തു കപിശവര്ണ്ണമായ ഒരശ്വം നിന്നു പുല്ലുമേയുന്നുണ്ടായിരുന്നു. അവന് അവന്റെ കൂട്ടരോടു കൂടാതെ ഭവനങ്ങളുടെ പാര്ശ്വത്തില്ത്തന്നെ തങ്ങിനില്ക്കുകയായിരുന്നു ചെയ്തത്. വളരെ താലോലിക്കപ്പെട്ടിരുന്ന ഒരുവനാണവന്‍. അവനു വിഗ്ഡിസ്സിനെ വലിയ ഇഷ്ടമായിരുന്നു. അവന് അവളുടെ സമീപത്തു വന്ന് അവളുടെ നേര്‍ക്കു മൂക്കു കൂര്‍പ്പിച്ചു നിലവായി. അവള് അവിടെ കിടന്ന അവസരത്തില്‍ അവന് അവളുടെ സമീപംതന്നെ തങ്ങിനിന്നു. വേദന വരുമ്പോള്‍ ഓരോ പ്രാവശ്യവും അവള് അവന്റെ കഴുത്തിനു കെട്ടിപ്പിടിക്കുകയും അവന്റെ മേല്‍ ചാരുകയും ചെയ്തു. ആ അവസരങ്ങളിലെല്ലാം അവന് അവളുടെ തോളത്തും പുറത്തും ചുരുണ്ടുരുമീ അനങ്ങാതെ നിലകൊണ്ടു.
~ഒടുവില്‍ അവള് ഒരു വലിയ വെള്ളക്കെട്ടിന്റെ സമീപത്തെത്തിച്ചേര്‍ന്നു. മുകളില്‍ തിങ്ങിക്കൂടിയ മേഘമാലകള്ക്കിടയ്ക്കു ചില വിടവുകളുണ്ടായിരുന്നു. അവ ആ ജലപ്പരപ്പില്‍ പ്രതിഫലിച്ചു കാണപ്പെട്ടു. ബാക്കിയെല്ലാം ഇരുണ്ടു ശോകാത്മകമായിരുന്നു. ഒരിക്കല്‍ അവള് ഉച്ചത്തില്‍ വിലപിക്കുകയുണ്ടായി. എന്നാല്‍ മറുവശത്തെ പാറപ്പടര്പ്പില്നിന്നുമുള്ള അതിന്റെ മാറ്റൊലി അത്യന്തം ഭീകരമായിരുന്നു. അതിനാല്‍ അവള് തന്റെ വസ്ത്രത്തിന്റെ ഒരു മൂല ചുരുട്ടി. വായില്‍ കുത്തിത്തിരുകി. അവള് അതു തുണ്ടുതുണ്ടായി വലിച്ചുകീറി. അവള് രോമക്കെട്ടുകളുടെ ഖണ്ഡങ്ങള്‍ എടുത്ത് അവളുടെ വായില്‍ കുത്തിനിറച്ചു. അവ അവളെ ശ്വാസം മുട്ടിക്കുമെന്ന് അവള് കരുതി. അരികിലൂടെ ഒരു അരുവി പുളഞ്ഞൊഴുകുന്ന ശബ്ദം അവളുടെ കര്‍ണ്ണങ്ങളില്‍ പതിച്ചു. ഉടന്‍തന്നെ അവള് കണ്ണുതുറന്നു. നേരം പ്രഭാതമാകുന്നത് അവള് സൂക്ഷിച്ചു. ചെറിയ ഇരുണ്ട തിരത്തെല്ലുകള് ആ ജലവിഭാഗത്തെ സഞ്ചലിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ അവയ്ക്കുള്ളിലേയ്ക്കു നിരങ്ങിയിറങ്ങുവാന്‍ അവള്‍ക്കു സാധിച്ചില്ല. അസഹനീയമായ വേദന അവളെ അനുഭവിപ്പിച്ചുകൊണ്ടു സമയം കടന്നുപോയ്ക്കൊണ്ടിരുന്നു.
സൂര്യന് ഉദിച്ചുപൊന്തി അവളുടെ നേത്രങ്ങളെ പീഡിപ്പിച്ചു. അധികം താമസിയാതെ വിഗ്ഡിസ്സിന്റെ പ്രസവം നടന്നു. അവള് ഏറെ
നേരത്തേയ്ക്കു ബോധരഹിതയായിക്കിടന്നുപോയി. പക്ഷേ ഒടുവില്‍ സൂര്യരശ്മികള്‍ അവളുടെ പുറം ചൂടുപിടിപ്പിച്ചപ്പോള്‍ അവള് കണ്ണുതുറന്നു. കുഞ്ഞിന്റെ കരച്ചില് അവളുടെ കര്‍ണ്ണങ്ങളില്‍ വന്നു പതിച്ചു. അവള് അതിനെനോക്കി. അതൊരാണ്‍കുട്ടിയായിരുന്നു. അതിനെ അവള് തൊടാതെ പിന്നോട്ടു നടുങ്ങിവാങ്ങി. ശിരസ്സിലിട്ടിരുന്ന തൂവാല അവള് അഴിച്ചെടുത്തു. പച്ചപ്പുള്ളികളോടുകൂടിയ ഒരു വെള്ളത്തുണിയായിരുന്നു അത്. വിയര്‍പ്പ്, മഞ്ഞ്, രക്തം ഇവയാല്‍ അതു നിശ്ശേഷം കുതിര്‍ന്നിരുന്നു. അവള് കുഞ്ഞിനെ അതിനുള്ളില്‍ പൊതിഞ്ഞു. രണ്ടു പാറക്കല്ലുകള്‍ക്കിടയ്ക്ക് അവള് അതു നിക്ഷേപിച്ചു. അതിനു മീതെ അവള് പായലും വിറകുചുളളികളും എടുത്തു പാകിനിരത്തി. അനന്തരം അവള് അരുവിയിലേയ്ക്കു നടന്നുചെന്നു. അതിനുള്ളില്‍നിന്നു കുറെ വെള്ളം കോരിക്കുടിച്ചു.
ജലത്തിനു സമീപം ഒരു വലിയ മൊട്ടപ്പാറക്കല്ലുണ്ടായിരുന്നു. സൂര്യരശ്മി തട്ടി അതു വെള്ളം വറ്റിയുണങ്ങിയിരുന്നു. വിഗ്ഡിസ് അല്പനേരം അതിന്മേല് മെയ് ചാരി വിശ്രമിച്ചു. അനന്തരം അവള് എഴുന്നേറ്റ് ഒരു പ്രകാരത്തില്‍ ഭവനത്തിലേക്കു പയ്യെപ്പയ്യെ ഇഴഞ്ഞുപോയി.
അവിടെ ഈസാ വലിയ കുണ്ഠിതത്തില്‍ ആമഗ്നയായിരുക്കുന്നതവള് കണ്ടു. സ്ക്കോഫ്ടേ അവളെ അന്വേഷിക്കുവാനായി പുറത്തേയ്ക്കു പോയിട്ടുണ്ടായിരുന്നു. വിഗ്ഡിസ് നേരെ അകത്തു ചെന്ന് അവളുടെ കിടയ്ക്കയില്‍ കയറി കിടപ്പായി. കുറച്ചു ദിവസമായി അവള്‍ക്കു തീരെ സുഖമില്ലായിരുന്നു. ഇപ്പോഴാകട്ടെ നല്ല പനിയുമുണ്ട്. ഈസാ അവളെ ശുശ്രൂഷിച്ചു. ചൂടുള്ള വെണ്ണ പുരട്ടി അവള് അവളുടെ മുലത്തടങ്ങള്‍ നല്ലപോലെ തിരുമ്മിക്കൊടുത്തു.
പക്ഷേ എന്തു സംഭവിച്ചുവെന്ന് അവര്‍ ഇരുവരും മിണ്ടിയില്ല.
വിഗ്ഡിസ് പിന്നീടൊരിക്കലും കാട്ടില്‍ പോവുകയുണ്ടായില്ല: അവള് വീട്ടിനുള്ളില്‍ത്തന്നെ കഴിച്ചുകൂട്ടി. അവളുടെ കുണ്ഠിതത്തിനു പണ്ടത്തേക്കാള്‍ അണുമാത്രമെങ്കിലും കുറവുണ്ടായിട്ടുള്ളതായി ഈസായ്ക്കു കാണുവാന്‍ സാധിച്ചില്ല.
പതിനഞ്ച്
ഗ്രീഷ്മകാലം കുറെ ചെന്നപ്പോള്‍ കാലാവസ്ഥ വളരെ മന്ദോഷ്ണമായിത്തീര്ന്നു. പശുക്കള്‍ സായാഹ്നത്തില്‍ വീട്ടിലേയ്ക്കുപോന്നില്ല; അവ കാട്ടില്‍ത്തന്നെ കിടന്നു. അവയെ കണ്ടുപിടിച്ചു കൊണ്ടുവരുവാന്‍ കുന്നുകളിലും കച്ഛഭൂമികളിലും ഈസായ്ക്കും സ്ക്കോഫ്ടേയ്ക്കും ഏറെനേരം തിരിഞ്ഞുനടക്കേണ്ടതായിവന്നു. വിഗ്ഡിസ്സിനു വീട്ടില്‍ തനിച്ചിരിക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല; കാടിനെ അവള്‍ക്കു ഭയം തോന്നി. വീട്ടിലേയ്ക്കു പോകുവാന്‍ അവള് അക്ഷമയായി. പകല്‍ മിക്കവാറും അവള് വെളിയിലേയ്ക്കു നോക്കിക്കൊണ്ട് ഇറയത്തുനില്ക്കും. ആ വീടു വളരെ ഉയരത്തിലാണ് സ്ഥിതിചെയ്തിരുന്നത്. അതിനു ചുറ്റുപാടുമായി കുന്നുകളും കാടുകളും ഉണ്ടായിരുന്നു. പക്ഷേ അവയ്ക്കിടയിലൂടെ തെക്കുഭാഗത്തു കൃഷിസ്ഥലങ്ങളും സമുദ്രതീരവും അല്പാല്പമായി അവള്‍ക്കു കാണാമായിരുന്നു. ഒരു സായാഹ്നത്തില്‍ അവള് അവിടെയങ്ങനെ നിരുല്സുകയായിരിക്കുകയായിരുന്നു. അവളുടെ മടിയില്‍ മൂക്കുവെച്ചു കിടന്നിരുന്ന നായ അല്പമൊരു വേവലാതി കാണിക്കാന്‍ തുടങ്ങി; പെട്ടന്നവന് പിടിച്ചെഴുന്നേറ്റു കുരച്ചുകൊണ്ടു പുല്‍ത്തകിടിയിലൂടെ ഇരച്ചു പാഞ്ഞു. ഒരാള്‍ വന്നു കുതിരപ്പുറത്തുനിന്നിറങ്ങുന്നതും കുതിരയെ വേലിയിന്മേല്‍ കെട്ടുന്നതും വിഗ്ഡിസ്സിന്റെ ദൃഷ്ടിയില്‍പ്പെട്ടു; അവള് പരിഭ്രമത്തോടെ പിടിച്ചെഴുന്നേറ്റു. കാട്ടില്‍പ്പോയി ഒളിച്ചിരിക്കാമെന്നാണവളുദ്ദേശിച്ചത്; പക്ഷേ ആ നിമിഷംതന്നെ ആ മനുഷ്യന് തലതിരിച്ചു. വിഗ്ഡിസ് അയാളെ കണ്ടു. അവള്‍ക്ക് മനസ്സിലായി- യോട്ട്! ഭയപ്പെടേണ്ടെന്ന് അയാള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
വിഗ്ഡിസ് വാതില്ക്കല് നിശ്ചലയായി നിന്നുകൊണ്ടു മറുപടി പറഞ്ഞു:
``തന്നെ എനിക്കു ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് എനിക്ക് നല്ലപോലറിയാം.''
യോട്ട് പെട്ടെന്നു നിന്ന് ഒരു നിമിഷനേരം അവളുടെ മുഖത്തേയ്ക്കൊന്ന് നോക്കി; അനന്തരം അയാള്‍ സാവധാനത്തില്‍ ചോദിച്ചു:
``എന്താണ് നീ പറയുന്നതിന്റെ അര്‍ത്ഥം?''
അതു കേട്ടു വിഗ്ഡിസ് വിരൂപമായ ഒരു ചിരിചിരിച്ചതല്ലതെ ഒന്നും മറുപടി പറഞ്ഞില്ല.
വാതില്ക്കട്ടിലമേല് ചാരിക്കൊണ്ടു യോട്ട് നിന്നു. അയാള്‍ നിലത്തു നോക്കിക്കൊണ്ടും തന്റെ കുന്തത്തിന്റെ മുനയാല്‍ മണ്‍കട്ടകള്‍ മറിച്ചിട്ടുകൊണ്ടും അവളോടിങ്ങനെ പറഞ്ഞു:
``ഞാനിപ്പോള്‍ വീട്ടിലേയ്ക്കു തിരിച്ചിരിക്കയാണ്; എന്റെ ചാര്‍ച്ചക്കാരുടെ ഒരു കപ്പല്‍ ടേണ്സ്ബര്ഗില് കിടപ്പുണ്ട്. ഞാന്‍ ഒരു വലിയ അനുഗ്രഹമാണീ നിന്നോടു ചോദിക്കുന്നതെന്ന് എനിക്കറിയാം. പക്ഷേ ഞാന്‍ നിന്നോടു ചെയ്തിട്ടുള്ള സകലതെറ്റിനും നീയെനിക്കു മാപ്പു തരണം. സംഗതികള്‍ ഇങ്ങനെയെല്ലാമാണെങ്കിലും, ഇപ്പോള്‍ നീയെന്നോടൊന്നിച്ചു പോരുന്നപക്ഷം, മുന്‍പു മറ്റൊരു സ്ത്രീക്കും സിദ്ധിച്ചിട്ടില്ലാത്തവിധം അത്ര ബഹുമാനവും സ്നേഹവും നിനക്കു ലഭിക്കുന്നതാണ്.''വിഗ്ഡിസ് വീണ്ടും ചിരിച്ചു; അവള് മറുപടിപറഞ്ഞു: ``ഹോ യോട്ട്, തന്റെ വാഗ്ദാനങ്ങള്‍ക്കൊന്നും ഒരു വിലയുമില്ല; താനാദ്യമെല്ലാം ചില `പഞ്ചാരവാക്കുകള്‍' പറഞ്ഞ് എന്നെ മയക്കി; അതിനുശേഷം സഹിക്കാന്‍ സാധിക്കാത്ത കുറച്ചിലും ദുഃഖവും താനെനിക്കു വരുത്തിവെച്ചു- മറ്റൊരുസ്ത്രീയും ഇതിനെക്കാള്‍ കഷ്ടമായി ഒരു തരത്തില്‍ ദുരിതം അനുഭവിച്ചിരിക്കയില്ല. തന്റെ ഭാര്യയായിരിക്കുന്നവള്ക്കുണ്ടാകുന്ന ബഹുമതി വളരെ കെങ്കേമമായിരിക്കും- കലശല് കൂട്ടുക, മനുഷ്യരുടെ കുതിരകളെ കൊല്ലുക, പെണ്‍കിടാങ്ങളെ കാമാവേശംകൊണ്ടു കെടുത്തിക്കളയുക, കളവുകള്‍ പറഞ്ഞു പരത്തുക, പാട്ടുകളെഴുതിവിടുക- ഇവയെല്ലാം വളരെ ബഹുമതി നേടുന്ന പ്രവൃത്തികളാണ്. ഇതൊക്കെയാണ് തന്റെ ധീരപ്രവത്തി. മറ്റൊന്നിനും തന്നെക്കൊണ്ടു കൊള്ളുകയില്ല. പിശാചുതുല്യനായ ഭയങ്കരനാണ് താന്‍.''
യോട്ട് മറ്റൊരിടത്തേയ്ക്കു നോക്കിക്കൊണ്ടു പ്രതിവചിച്ചു:
``ഇതെന്നോടു പറയാന്‍ മതിയായ കാരണം നിനക്കുണ്ടെന്നെനിക്കറിയം. എന്നാല്‍ പണ്ടു നല്ലനല്ല കാര്യങ്ങള്‍ പലതും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്- അവയെക്കുറിച്ചു കേള്‍ക്കുവാന്‍ ഒരു കാലത്തു നീ സന്നദ്ധയുമായിരുന്നു. അന്നു ഞാന്‍ ഇതുപോലെ വിരൂപനായി നിനക്കു തോന്നിയില്ല. അതുകൊണ്ടന്നു നീയെന്നെ വീണ്ടും വീണ്ടും ചുംബിക്കാന്‍ മടികാണിച്ചുമില്ല. എന്നാല്‍ കഴിഞ്ഞ പ്രാവശ്യം നാം തമ്മില്‍ സംസാരിച്ച ശേഷം എനിക്ക് എന്റെ ഹൃദയത്തില്‍ തീരെ സന്തോഷമുണ്ടായിട്ടില്ല. നിന്നെ വീണ്ടും വന്നു കാണുവാനായി ഞാന്‍ കൊതിച്ചു കൊതിച്ചിരിക്കുകയായിരുന്നു.''
``ഞാന്‍ വീണ്ടും തന്നെ കാണാനായി ഇവിടെ കാത്തിരിക്കുകയാണെന്നു താന്‍ വിചാരിച്ചു, ഇല്ലേ?'' വിഗ്ഡിസ് ചോദിച്ചു.
അതുകേട്ട് യോട്ട് അവളുടെ മുഖത്തേയ്ക്കു നോക്കിക്കൊണ്ടു പറഞ്ഞു:
``അതേ.''
അല്പനേരത്തേയ്ക്കതിനുശേഷം അവരിരുവരും ഒന്നും മിണ്ടിയില്ല. അനന്തരം അയാള്‍ വീണ്ടും ചോദിച്ചു:
``എന്നോടു പറയൂ, വിഗ്ഡിസ്, ഈ ഭാഗങ്ങളില്‍ എനിക്കൊരു കുട്ടിയുണ്ടെന്നുള്ളതു സത്യമാണോ അല്ലയോ''
വിഗ്ഡിസ് വീണ്ടും ചിരിച്ചു; അവള് മറുപടി പറഞ്ഞു:
``ഉണ്ടായിരിക്കാം. പക്ഷേ എനിക്കതിനെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. തന്റെ ഇടപാടുകളെക്കുറിച്ച് ഞാന്‍ അന്വഷിച്ചിട്ടില്ല.''
യോട്ടിന്റെ മുഖം അഗ്നിപോലെ അരുണമായി. അയാള്‍ ക്ഷമയോടുകൂടിത്തന്നെ നിന്നു. വിഗ്ഡിസ് പറഞ്ഞു.
``ഉം, പോയ്ക്കൊള്ളു. പോയി തന്റെ ചെറുപ്പകാലത്തെക്കുറിച്ചു വര്‍ണ്ണിച്ചുകൊണ്ടുള്ള പാട്ടുകള്‍ എഴുതിവിടൂ; ഒരു സ്ത്രീയുമൊന്നിച്ചു തനിച്ചിരിക്കുമ്പോള്‍ താനെത്ര ധീരനായ ഒരു പരാക്രമിയാണെന്നു തന്നെത്താന്‍ പുകഴ്ത്തുകയും ചെയ്യു. എന്നാല്‍ ഇവിടങ്ങളിലുള്ളവര്‍ തന്നെ വിശ്വസിക്കുമെന്നു താന്‍ പ്രതീക്ഷിക്കേണ്ട; അസൂയാലുവായ ഒരു വിവാഹാര്ത്ഥിയുടെ വിടുവാക്കകളെ ഇവിടെയാരും അത്ര കാര്യമായി കണക്കാക്കാറില്ല.''
യോട്ട് നിശ്ചലനായി നിന്നുപോയി. ഇനി എന്താണ് പറയേണ്ടതെന്നായാള് അറിഞ്ഞില്ല. അവളെ ഉപേക്ഷിച്ചിട്ടുപോകുവാനും അയാള്‍ക്കു മനസ്സുവന്നില്ല. അവളുടെ മനസ്സുമാറുകയില്ലെന്ന് അയാള്‍ സ്പഷ്ടമായിക്കണ്ടു. വീണ്ടും എപ്പോഴെങ്കിലും അവളെ ഒന്നു കണ്ടുകിട്ടുന്ന കാര്യം വലിയ വിഷമമാണ്. അവള് നഷ്ടപ്പെടുന്ന കാര്യം അയാള്ക്കസഹ്യമായിത്തോന്നി. പെട്ടെന്നയാള്‍ക്ക് ആ പുരോഹിതയുടെ കത്തിയെക്കുറിച്ചോര്മ്മവന്നു. അയാതു തന്റെ മാറില്‍നിന്ന് അതെടുത്ത് അവള്‍ക്ക് കൊടുത്തുകൊണ്ടു പറഞ്ഞു:
``കഴിഞ്ഞ കൊല്ലം നാം ഒരുമിച്ച് ആദ്യമായി ബലിക്കാവില്‍ ചെന്ന ദിവസം, നീയിത് അവിടെ ഇട്ടിട്ടു പോന്നതോര്ക്കുന്നുവോ.''
വിഗ്ഡിസ് കത്തി കൈയില്‍ വാങ്ങി. പെട്ടന്നു മുന്നോട്ടു കുനിഞ്ഞിട്ട് അയാളുടെ കണ്ഠത്തെ ലക്ഷ്യമാക്കി അവള് ഒരു കുത്തുകൊടുത്തു. കത്തിയുടെ മുന അയാളുടെ വസ്ത്രങ്ങള്‍ കീറിപ്പിളര്‍ന്ന്, തൊലി മുറിച്ചു തോളെല്ലിന്മേല് ചെന്നു കൊണ്ടു. രക്തം പ്രവഹിക്കാന്‍ തുടങ്ങി. യോട്ട് അവളെ കടന്നുപിടിച്ച് ഒരു നിമിഷനേരം തന്നോടു ചേര്‍ത്തു നിര്‍ത്തി. അയാള്‍ പറഞ്ഞു:
``ഇപ്പോള്‍, വിഗ്ഡിസ്, എനിക്കു നിന്നെ എന്നോടൊന്നിച്ചു കൊണ്ടുപോകാന്‍ കഴിയും. പക്ഷേ നിന്റെ ഹിതത്തിനു വിരുദ്ധമായി ഞാന്‍ പ്രവര്‍ത്തിക്കുകയില്ല. പക്ഷേ നീയെന്നോടൊന്നിച്ചു പോരൂ. നീ എനിക്ക് എന്തെല്ലാം ദ്രോഹം ചെയ്താലും അതിനെല്ലാം ഞാന്‍ നിനക്കു നന്മ പകരമായിത്തരാം.''
അയാളുടെ കരവലയത്തില്‍ നിന്നുകൊണ്ടുതന്നെ വിഗ്ഡിസ് മറുപടി പറഞ്ഞു:
``എന്നെ ജീവനോടുകൂടി കടലിന്നപ്പുറം കൊണ്ടുപോകാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല.''
അയാള്‍ അവളെ ചുംബിച്ചുകൊണ്ടു പറഞ്ഞു: ``എങ്കില്‍ നീ സന്തോഷമായിട്ടിവിടെ താമസിച്ചുകൊള്ളൂ. പക്ഷേ എന്റെ ദുഃഖം ഒരു കാലത്തും ഞാന്‍ മറക്കുകയില്ല.''
വിഗ്ഡിസ് പറഞ്ഞു: ``താന്‍ നരകിച്ചു മരിക്കാനിടയാകട്ടെ- ഏറെക്കാലം താന്‍ ജീവിച്ചു ദുരിതമനുഭവിക്കട്ടെ- താനും തനിക്കു പ്രിയങ്കരമായിട്ടുള്ളതും മുഴുവനും! തന്റെ കുഞ്ഞുങ്ങള്‍ തന്റെ കണ്ണിനുമുമ്പില് ഏറ്റവും ദാരുണമായ രീതിയില്‍ മരിക്കുന്നതു കാണുവാനും തനിക്കു സംഗതിയാകട്ടെ!''
യോട്ട് അവളെ വിട്ടു. അനന്തരം അവള് പുല്ത്തകിടിക്കുന്നിലങ്ങനെ നടന്നുപോയി. അയാള്‍ കുതിരയെ അഴിച്ചുനീക്കിനിര്ത്തി. പക്ഷേ അനന്തരം അല്പനേരം അയാള്‍ ആ ഭവനത്തിലേക്ക് ഉറ്റുനോക്കി നിലകൊണ്ടു. അതു കഴിഞ്ഞ് അയാള്‍ കുതിരയെ കാട്ടിലേക്കു നടത്തിക്കൊണ്ടു പോവുകയും അവിടെനിന്നു പുറത്തു കയറി ഓടിച്ചുപോവുകയും ചെയ്തു. പിന്നീടയാള്‍ വിഗ്ഡിസ്സിനെ കണ്ടു മുട്ടിയതിനിടയില് സംവത്സങ്ങള്‍ അനേകം കടന്നുപോയി.
പതിനാറ്
ഇല പൊഴിയുന്ന കാലം ഏതാണ്ടവസാനിക്കാറായപ്പോഴാണ് അവര്‍ വാഡിനിലേയ്ക്കു മടങ്ങിപ്പോന്നത്. അക്കൊല്ലത്തെ ശീതകാലത്തും വിഗ്ഡിസ്സിന്ന് അത്ര വലിയ ദേഹസൗഖ്യമൊന്നും ഉണ്ടായിരുന്നില്ല. ഗ്രഫ്സിനിലെ കാാറെയും അയാളുടെ ബന്ധുക്കളും വിഗ്ഡിസ്സിനെ അയാളെക്കൊണ്ടു വിവാഹം കഴിപ്പിക്കേണ്ട കാര്യം ഗുന്നാറുമായി ആലോചന തുടങ്ങി. അതറിഞ്ഞപ്പോള്‍ അവള്‍ക്കു വല്ലാത്ത മനശ്ശല്യം തോന്നി. കുറച്ചുകാലം കഴിഞ്ഞിട്ട് അതാലോചിച്ചാല് മതിയെന്നും ഇത്ര ചെറുപ്പത്തില്‍ത്തന്നെ വിവാഹബന്ധത്തിലേര്‍പ്പെടുവാന്‍ തനിക്കിഷ്ടമല്ലെന്നും പറഞ്ഞ് അവള് കേണപേക്ഷിച്ചു. അടുത്ത ഇലപൊഴിയുംകാലത്തു താന്‍ നിശ്ചിതമായ മറുപടി തരുന്നതാണെന്നു ഗുന്നാര്‍ കാാറെയോടു വാക്കു പറഞ്ഞു. ഏതായാലും ഈ വിവാഹകാര്യം തന്റെ പിതാവു മനസ്സുകൊണ്ടു നിശ്ചയിച്ചുകഴിഞ്ഞുവെന്നു വിഗ്ഡിസ്സിന്നു മനസ്സിലായി.
അക്കൊല്ലം ഗ്രീഷ്മകാലത്തില്‍ താന്‍ കാട്ടിലുള്ള കെട്ടിടത്തില്‍പ്പോയി താമസിക്കുന്നില്ലെന്നു വിഗ്ഡിസ് പറഞ്ഞു. വസന്തകാലത്ത് ഒരു സായാഹ്നത്തില്‍ അവള് പുല്ത്തകിടികളിലേയ്ക്കു നടന്നു പോയി. നല്ല കാലാവസ്ഥയായിരുന്നു. സൂര്യന് ഏതാണ്ടസ്തമിക്കാറായി. ബര്ചുമരങ്ങള് തളിരിടാന്‍ തുടങ്ങുകയും പക്ഷികള്‍ പാട്ടുപാടുകയും ചെയ്തിരുന്ന കാലമായിരുന്നു അത്. ഇലകളുടെയും പുല്ലിന്റെയും ഉല്ലാസകരമായ ഒരു ഗന്ധം അന്തരീക്ഷത്തില്‍ തങ്ങിനിന്നിരുന്നു. കുറച്ചുനേരമങ്ങനെ ചുറ്റിനടന്നു തന്റെ മനോവൃഥയെല്ലാം മറന്നുകളയാമെന്നവള് കരുതി.
ഭവനത്തിന്റെ തെക്കുഭാഗത്തായി ഒരു ചെറിയ കുടിലില്‍ ഒരു സ്ത്രീ താമസിച്ചിരുന്നു. ഗുന്നാറുടെ വീട്ടുവേലക്കാരിലൊരുവനാണ് അവളെ വിവാഹം കഴിച്ചിരുന്നത്. വിഗ്ഡിസ് അതിലെ കടന്നുപോയ അവസരത്തില്‍ അവള് നൂല് നൂറ്റുകൊണ്ടു തിണ്ണയിലിരിക്കുയായിരുന്നു. അവള് അവിടെനിന്ന് അവളുമായി സംസാരിച്ചു. കുടിലിനുള്ളില്‍ ഒരു കുഞ്ഞു കിടന്നു കരയുന്നുണ്ടായിരുന്നു. വിഗ്ഡിസ് പറഞ്ഞു:
``വളരെ സങ്കടപ്പെട്ടാണാ കുഞ്ഞു കരയുന്നതെന്നു തോന്നുന്നു. തീരെ കൊച്ചുകുഞ്ഞായിരിക്കയില്ലാ അത്. എന്തുകൊണ്ടാന്നാല്, പെറ്റുവീണ കുഞ്ഞുങ്ങളാണെങ്കില്‍ അവരുടെ കരച്ചില് ഭയങ്കരമാണ്; ഞാനതു ശ്രദ്ധിച്ചിട്ടുണ്ട്- മനുഷ്യരുടേതിനേക്കാള്‍ ഒരു പൂച്ചയുടേയോ മൂങ്ങയുടേയോ പോലിരിക്കും ആ സ്വരം.''
സ്ത്രീ അകത്തു ചെന്നു കുഞ്ഞിനെ കയ്യിലെടുത്തു; ഏതാണ്ടു രണ്ടു വയസ്സു പ്രായമുള്ള ഒരു പെണ്‍കുഞ്ഞായിരുന്നു അത്. അമ്മ അവളെ കയ്യിലെടുത്ത ഉടന്‍ തന്നെ അവളുടെ കരച്ചിലെല്ലാം അവസാനിച്ചു. അല്പനേരം കഴിഞ്ഞ് അവള് ഒക്കത്തുനിന്ന് ഊര്‍ന്നിറങ്ങി പുഷ്പങ്ങള്‍ പറിച്ചെടുത്തുകൊണ്ട് അങ്ങുമിങ്ങും ഓട്ടം തുടങ്ങി. അവള് അപ്പോഴും തീരെ കുഞ്ഞായിരുന്നതിനാല്‍ കീഴോട്ടു കുനിഞ്ഞ അവസരത്തില്‍ ഫ്രോക്കിന്മേല് കാല്‍കുരുങ്ങി നിലത്തു വീണുപോയി. വിഗ്ഡിസ് അവളെ എടുക്കുകയും ഉടന്‍ കുഞ്ഞു തന്റെ കയ്യിലുണ്ടായിരുന്ന പുഷ്പങ്ങള്‍ അവള്‍ക്കു കൊടുക്കുകയും ചെയ്തു. പക്ഷേ ഞെട്ടിയോടുകൂടിയായിരുന്നില്ല അവള് അവ പറിച്ചെടുത്തത്. അതിനാല്‍ വിഗ്ഡിസ് ഉടന്‍തന്നെ അവ നിലത്തെറിഞ്ഞുകളഞ്ഞു. അനന്തരം അവളുടെ അമ്മ പറയാന്‍തുടങ്ങി:
``ഈ പുഷ്പങ്ങളുടെ പേര് `രാപ്പകല്പ്പൂക്കള്' എന്നാണ്; വിഗ്ഡിസ് അതില്‍ ഒരെണ്ണമിങ്ങെടുക്കൂ. എന്നാല്‍ ഞാന്‍ നിങ്ങളുടെ ഭാഗ്യം പറയാം.''
വിഗ്ഡിസ് അങ്ങനെ ചെയ്തു. മറ്റേ സ്ത്രീ സംസാരം തുടര്‍ന്നു:
``ഇതിന് ആദ്യം രണ്ട് ഇരുണ്ട ഇതളുകളുണ്ട്; പിന്നെ രണ്ടു തെളിച്ചമുള്ള ഇതളുകളും. പക്ഷേ ഇതാ നോക്കൂ,ഉള്ളതില്‍ ഏറ്റവും അടിയിലത്തെ ഇതള്‍ നടുഭാഗംകൊണ്ടു തെളിച്ചമുള്ളതും വക്ക് ഇരുണ്ടതുമാണ്. അതുകൊണ്ട് ആദ്യം നിങ്ങള്‍ക്കു വലിയ സങ്കടങ്ങളും പിന്നീട് ഒട്ടധികം സന്തോഷംവും ഉണ്ടാകുമെന്നാണ് അതിന്റെ അര്‍ത്ഥം. ഒടുവിലത്തെ ഇതളിന്റെ ആ വക്ക് ഇരുണ്ടിരിക്കുന്നത് ഒരു ദുര്ല്ലക്ഷണമാണ്. നിങ്ങളുടെ വാര്‍ദ്ധക്യ കാലത്തു നിങ്ങള്‍ക്കു യാതൊരുവിധനന്മയും ഉണ്ടാകുന്നതായി അതു സൂചിപ്പിക്കുന്നില്ല.''
വിഗ്ഡിസ് പ്രതിവചിച്ചു:
``അതൊരു ചീത്ത ദീര്‍ഘദര്‍ശനമാണ് എന്ന് എനിക്കു തോന്നുന്നു. ഞാനകട്ടെ, എന്റെ ഭാഗ്യം പറയാന്‍ നിന്നോടാവശ്യപ്പട്ടുമില്ല. എന്നിരുന്നാലും ഞാന്‍ നിനക്കു പ്രതിഫലം തരണം.'' ഇങ്ങനെ പറഞ്ഞുകൊണ്ട് അവള് മാറിടത്തില്‍ നിന്ന് ഒരു പൊന്‍ പൂശിയ ബ്രൂച്ചെടുത്ത് ആ സ്ത്രീക്കു കൊടുത്തു. അനന്തരം അവള് അവിടെനിന്നു പുറപ്പെട്ടു.
മൈതാനത്തില്‍ ഒരു പാറക്കെട്ടുണ്ടായിരുന്നു; അതിനു ചുറ്റും ചില ചെറുമരങ്ങളും മുള്‍ച്ചെടികളും വളര്‍ന്നു നിന്നിരുന്നു. ചുവട്ടിലുള്ള പുല്പരപ്പു മുഴുവന്‍ `രാപ്പകല്പ്പൂക്കളാല്' നിറയപ്പെട്ടിരുന്നു. അതിനു സമീപം എത്തിയപ്പോള്‍ വിഗ്ഡിസ് അവിടെ ഇരിപ്പുറപ്പിച്ചു. കാല്‍മുട്ടുകള്‍ കൈകൊണ്ടടുക്കിപ്പിടിച്ചു കൊണ്ടു തെക്കുഭാഗത്തു മനോഹരമായി മിന്നിത്തിളങ്ങുന്ന കടല്‍ക്കരയിലേയ്ക്ക് അവള് കണ്ണോടിച്ചു. അപ്പോഴാകാട്ടെ സൂര്യന് കുന്നുകള്‍ക്കു പിന്നില്‍ താണുകഴിഞ്ഞിരുന്നു. അങ്ങനെ ഏറെ നേരത്തേയ്ക്ക് അവളവിടെ ഇരുന്നുപോയി. അവളുടെ ചിന്തകളില്‍ ആനന്ദത്തിന്റെ സ്പര്‍ശംപോലും ഉണ്ടായിരുന്നില്ല. അവള് യോട്ടിനെ അനുസ്മരിക്കട്ടെ; കാട്ടിനുള്ളില്‍ ഒളിച്ചുവെച്ച ആ അതിനെക്കുറിച്ച് ഓര്‍ക്കട്ടെ-എന്തായാലും ശരി അവള് അസ്വസ്ഥയായി. അത് അവിടെത്തന്നെ കിടക്കുന്നുണ്ടായിരിക്കുമോ? അതോ വല്ല ജന്തുക്കളും അപ്പാടേയങ്ങു വിഴുങ്ങിക്കാണുമോ?-ഈ ചിന്ത എപ്പോഴും അവളെ അത്ഭുതപ്പെടുത്തി. അന്നു രാത്രി താനതു നിക്ഷേപിച്ച ആ സ്ഥലം മുഴുവന്‍ എറുമ്പുകളെക്കൊണ്ടും ക്ഷുദ്രങ്ങളായ മറ്റിഴജന്തുക്കളെ ക്കൊണ്ടും നിറയപ്പെട്ടിരുന്നുവെന്ന കഥ അവള് സ്പഷ്ടമായി ഓര്‍ത്തു; താന്‍ പ്രസവിച്ച കുഞ്ഞിന്റെ പേരില്‍ അവള്‍ക്ക് അത്ര വലിയ മമതയൊന്നും ഇല്ലായിരുന്നുവെങ്കിലും, അതു മരിക്കുന്നതിനുമുന്പ് അതിന്റെ മീതെ ഉറുമ്പുകള്‍ അങ്ങനെ അരിച്ചരിച്ചു കൂടുകയെന്നതു ഭയങ്കരവും അസഹ്യവുമായ ഒരു കാര്യമായിട്ടവള്ക്കു തോന്നി. ആ ചിന്തതന്നെ അവളെ കിടുകിടുപ്പിച്ചു.
ഇരുട്ടു വരാന്‍ തുടങ്ങിയതോടുകൂടി അവള് എഴുന്നേറ്റ് ഏതാണ്ട് ഓടിയെന്നു പറയത്തക്കവിധത്തില്‍ ധൃതഗതിയായി വീട്ടിലേയ്ക്കു നടന്നുപോയി. ഗൃഹം സമീപിച്ചപ്പോള്‍ അവള് ഈസായെ കണ്ടുമുട്ടി.
ഈസാ പറഞ്ഞു:
`എന്റെ മോളേ, നീയെന്നെ വല്ലാതെ പേടിപ്പിച്ചുകളഞ്ഞു, കേട്ടോ; ഇരുട്ടത്ത് അത്ര വലിയ പേടിയുള്ള നീ ഏറെ നേരം വെളിയിലങ്ങനെ തങ്ങിനിന്നപ്പോള്‍ എന്തു വിചാരിക്കണമെന്ന് എനിക്കറിഞ്ഞുകൂടാതായി.''
വിഗ്ഡിസ് പ്രതിവചിച്ചു:
`ഇരുട്ട്, ഈ കാടും, എന്നെ ഭയപ്പെടുത്തുന്നു; എന്തിന്, വീട്ടില്‍ എന്റെ സ്വന്തം മുറിപോലും എന്നെ കിടുകിടുപ്പിക്കുന്നു. എന്റെ ജീവിതം മഹാദുരിതമാണ്. ഇതങ്ങവസാനിപ്പിച്ചുകളയുന്നതാണ് ഉത്തമമെന്ന് എനിക്കു തോന്നിപ്പോകുന്നു.''
``അത്തരം ഭയങ്കരമായ കാര്യങ്ങളൊന്നും പറയാതിരിക്കൂ,'' ഈസാ പറഞ്ഞു: ``നിനക്കെല്ലാം ഇനിയും നന്മയായിത്തന്നെ വരും നിനക്കു ചെറുപ്പമാണ്. നീ ചെയ്ത തെറ്റുകള്‍ നിനക്കു മറക്കുവാന്‍ സാധിക്കും. നീ പരിശുദ്ധയായ ഒരു കന്യകയാണെന്ന് ആര്‍ക്കും അറിയാം.''
``അതാണ് ഏറ്റവും വഷളായ സംഗതി എന്നെനിക്കുതോന്നുന്നു.'' വിഗ്ഡിസ് മറുപടി പറഞ്ഞു: ``എന്റെ അച്ഛന് എന്നെ വീട്ടില്‍നിന്ന് ആട്ടിയോടിച്ചാലും വേണ്ടില്ല, എന്റെ ലജ്ജാകരമായ കാര്യം വെട്ടിത്തുറന്നങ്ങു പറയുകയായിരുന്നു ഭേദം. നേരംപോക്കു പറയുവാനും പുറമേ പണ്ടത്തെപ്പോലെ സന്തോഷഭാവം പ്രകടിപ്പിക്കുവാനും നിര്ബ്ബന്ധിതയായിത്തീരുക; എനിക്കാകട്ടെ, വന്നുകൂടിയ ദുരിതത്തെക്കുറിച്ചുള്ള ചിന്തയില്‍നിന്നു നിമിഷനേരത്തേയ്ക്കെങ്കിലും മനസ്സിനെ പിന്തിരിക്കാന് കഴിയാതെയുമിരിക്കുക- ഇതിനെക്കാള്‍ വിഷമകരമായിട്ടൊന്നുമില്ല. അങ്ങനെയല്ലെന്നുള്ളതു നമുക്കു മൂന്നുപേര്ക്കറിയാവുന്ന സ്ഥിതിക്ക്, ഇവിടത്തുകാര്‍ ഞാന്‍ നിര്‍മ്മലയായ ഒരു കന്യകയാണെന്നു വിശ്വസിക്കുന്നത് എനിക്കത്ര വലിയ സഹായമായി തോന്നുന്നില്ല. ഞാന്‍ അതിന്റെ ഗൂഢമായ മുദ്ര എന്റെ ശരീരത്തില്‍ വഹിക്കുന്നു. കാാറെ ഈയിടെ വിവാഹലോചന മുറുകിപ്പിടിച്ചിരിക്കുന്ന സ്ഥിതിക്ക് എങ്ങനെയാണ് സ്വയം രക്ഷനേടേണ്ടതെന്ന് എനിക്കു മനസ്സിലാകുന്നില്ല.''
അന്നു വൈകീട്ട്, അവര്‍ ഉറക്കറയില്‍ തനിച്ചായ അവസരത്തില്‍, വിഗ്ഡിസ് ഇക്കാര്യം വീണ്ടും എടുത്തിട്ടു. അവള് ഈസായോടു പറഞ്ഞു:
``തെക്കു സൗണ്ടുകാരുടെ ഇടയിലുള്ള നിങ്ങളുടെ ചാര്‍ച്ചക്കാരുടെ അടുത്തു നിങ്ങള്‍ക്കൊന്നു പോയാലെന്താ, അമ്മേ? അവര്‍ നമ്മുടെ ബന്ധുക്കളെക്കാള്‍ ഒട്ടും താഴ്ന്ന വംശക്കാരല്ലെന്നു നിങ്ങള്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.''
ഈസാ മറുപടി പറഞ്ഞു:
``എന്റെ ചാര്‍ച്ചക്കാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചുപോയിരിക്കുമോ എന്നൊന്നും എനിക്കറിഞ്ഞുകൂടാ. അവരെ അന്വഷിക്കുവാനോ എന്റെ നില മാറ്റുവാനോ എനിക്കിപ്പോള്‍ കാലം വളരെ അതിക്രമിച്ചിരിക്കുന്നു. പക്ഷേ എന്തിനാണ് നീയതാവശ്യപ്പെടുന്നത്?''
ഏറെനേരത്തേയ്ക്കു വിഗ്ഡിസ് മൗനം ദീക്ഷിച്ചു; പക്ഷേ ഒടുവില്‍ അവള് പറഞ്ഞു: ``പണ്ട് എനിക്കു മനസ്സിനു കുണ്ഠിതം തോന്നുന്ന അവസരങ്ങളിലെല്ലാം ഞാന്‍ നിങ്ങളുടെ അടുത്തു വന്നു നിങ്ങളുടെ മടിയില്‍ കയറി ഇരിക്കുകയായിരുന്നു പതിവ്. പക്ഷേ ഇപ്പോഴാകട്ടെ ഞാന്‍ നിങ്ങളുമായിട്ടാണ് മറ്റെല്ലാവരോടുമുള്ളതിനെക്കാള് ഗൂഢമായ ഒരു രീതിയില്‍ അനുവര്‍ത്തിക്കുന്നത്.''
ഈസാ ഒന്നും മറുപടി പറഞ്ഞില്ല. അവള് സംസാരം തുടര്‍ന്നു.
``കഷ്ടം! എനിക്കിപ്പോള്‍ വലിയ കുണ്ഠിതം തോന്നുന്നു-ഞാന്‍
ആ കുഞ്ഞിനെ ഉപേക്ഷിച്ചുകളഞ്ഞതില്. എന്നും രാത്രി അത് അതിന്റെ ഭയങ്കരമായ ആ കരച്ചില്‍കൊണ്ട് എന്നെ ഉറക്കത്തില്‍നിന്നു തട്ടിയുണര്‍ത്തുന്നു. പക്ഷേ ആ കുഞ്ഞ് എനിക്കുണ്ടായിരുന്നെങ്കില്‍ നിര്‍ഭാഗ്യം എന്റെ ഹൃദയത്തിന്നു കട്ടിവെപ്പിക്കുമായിരുന്നു.''
എന്താണ് നീയിപ്പറയുന്നതിന്റെ സാരം?'' ഈസാ ചോദിച്ചു.
``യോട്ടിന്റെ പുത്രന് യോട്ടിന്റെ കൊലയാളിയായിത്തീരുക-അതായിരുന്നേനെ എന്റെ ഏറ്റവും നല്ല പ്രതികാരം. വെറുപ്പോടുകൂടി ഞാന്‍ അടിച്ചു വളര്‍ത്തുന്ന ആ നായിന്റെ കൈയില്‍നിന്ന് അതിന്റെ പല്ലുകള്‍ കഴുത്തില്ത്താണിറങ്ങുന്നതുവരെ വൈഗ-യോട്ടിന് അത്ര എളുപ്പത്തിലൊന്നും രക്ഷപ്രാപിക്കാന്‍ തരപ്പെടുകയില്ലായിരുന്നു.''
ഈസാ വളരെ താണ സ്വരത്തില്‍ പറഞ്ഞു:
`നീയിപ്പറഞ്ഞതു കാര്യമായിട്ടാണോ എന്നറിയാന്‍ എനിക്ക് താത്പര്യമുണ്ട്.''
``അതേ, അങ്ങനെയൊരു പ്രതികാരം ആ മനഷ്യനോടു ചെയ്താല്‍
ക്കൊള്ളാമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്.''
``ശരി; എന്നാല്‍ നീ വിഷമിക്കേണ്ടാ. കഴിഞ്ഞ വേനല്ക്കാലത്തു നീ പ്രസവിച്ച ആ കുഞ്ഞ് എന്റെ മകന് സ്ക്കോഫ്ടേയോടുകൂടിയുണ്ട്.''
താന്‍ ഇരുന്നിരുന്ന ബെഞ്ചിന്റെ പുറത്തുനിന്നു വിഗ്ഡിസ് ചാടി എഴുന്നേറ്റു. ഒരു പ്രേതംപോലെ വിളറി ഒരക്ഷരമെങ്കിലും ഉച്ചരിക്കാന്‍ സാധിക്കാതെ അല്പനേരം അവളങ്ങനെ നിശ്ചലയായി നിന്നുപോയി. അനന്തരം അവള് മേശപ്പുറത്തേയ്ക്ക് ചാഞ്ഞ് അതിന്മേല് തല വെച്ചുകൊണ്ട് ഏങ്ങലടിച്ചു കരയാന്‍ തുടങ്ങി.
ഈസാ പറഞ്ഞു:
``ആരും ഈ സംഗതി അറിയേണ്ടതായിട്ടില്ല. മുന്‍പിലത്തെപ്പോലെ ത്തന്നെ ഇത് ഇനിയും രഹസ്യമായി വെച്ചുകൊണ്ടിരിക്കണമെന്നാണ് എന്റെ ഉപദേശം. നിന്റെ പുത്രനെ നിനക്കു കാണണമെന്നാശയുണ്ടെങ്കില് അങ്ങനെ ചെയ്യാമെന്നു കരുതിമാത്രമാണ് ഞാനിതിപ്പോള്‍ നിന്നോടു പറഞ്ഞത്.''
വിഗ്ഡിസ് തേങ്ങിത്തേങ്ങി കരഞ്ഞുകൊണ്ടു പറഞ്ഞു:
``ഇതിനെക്കാള്‍ ഇനി ചീത്തയാകാന്‍ സാധിക്കാത്തവിധം അത്ര ദുരിതംപിടിച്ച ഒന്നാണ് എന്റെ ജീവിതമെന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍- അതേ, എന്റെ കുട്ടി ഇവിടെയുണ്ടെന്ന് എനിക്കറിയാവുന്നതിനാലും എപ്പോഴെങ്കിലും അവന് എന്റെ കണ്ണില്‍ പെട്ടേയ്ക്കാമെന്നതിനാലും ഇനി എനിക്ക് ഈ നാട്ടില്‍ താമസിക്കുക സാധ്യമല്ല. കഷ്ടമായിപ്പോയി! എനിക്കവനെ എടുത്ത് ആ തടാകത്തിലേയ്ക്ക് എറിഞ്ഞുകളായാമായിരുന്നു. പക്ഷേ എന്തു ചെയ്യട്ടെ. എനിക്കപ്പോള്‍ ഒന്നും വയ്യാതായി. ഞാനത്രമേല്‍ തളര്‍ന്നിരുന്നു. എനിക്കു തോന്നുന്നില്ല, നിങ്ങള്‍ എന്നോടു പറഞ്ഞതു പരമാര്ത്ഥമാണെന്ന്.''
ഇതുകേട്ട് ഈസാ അവളുടെ അലമാര തുറന്ന് ഒരു വസ്ത്രമെടുത്തു കൊണ്ടുവന്നു വിഗ്ഡിസ്സിന്റെ കൈയില്‍ കൊടുത്തു. അവള് അതു പരിശോധിച്ചുനോക്കി. അന്നുരാത്രി അവളുടെ ശരീരത്തിലുണ്ടായിരുന്ന വസ്ത്രം തന്നെ ആയിരുന്നു അത്. രക്തത്തിന്റെ പാടുകളും പായലും ഉഴവുചാലുകളിലെ കളിമണ്ണും അതിന്മേല് അപ്പോഴും പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു. അതു നിലത്തു വലിച്ചെറിഞ്ഞിട്ട് അവള് കരഞ്ഞുകൊണ്ടു പറഞ്ഞു:
``അച്ഛന് ഇപ്പോള്‍ എല്ലാം അറിയും. എന്റെ രഹസ്യം പുറത്താകാതെ സൂക്ഷിക്കണമെന്നു സ്ക്കോഫ്ടേയോടൊ മറ്റാരോടെങ്കിലുമോ കിഴിഞ്ഞപേക്ഷിക്കേണ്ടിവരുന്നതില് ഭേദം എനിക്കു മരണമാണ്. ഇങ്ങനെ നിങ്ങളെന്നെ അടിമപ്പെടുത്തുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല.''
ഈസാ മറുപടി പറഞ്ഞു:
``അന്നു രാവിലെ ഞാന്‍ ഉണര്‍ന്നപ്പോള്‍ കിടയ്ക്കമേല്‍ നിന്നെക്കണ്ടില്ല. ഞാന്‍ ഭയപ്പെട്ടുപോയി. നിന്നെ അന്വേഷിക്കുവാനായി ഞാന്‍ സ്ക്കോഫ്ടേയെ പറഞ്ഞയച്ചു. അവന് കുഞ്ഞിനെ കണ്ടെത്തി കൈയിലെടുത്തു. അവന് അത്രമാത്രം അഴകുള്ള ഒരോമനക്കുഞ്ഞായിരുന്നതിനാല് അവനെ വളര്‍ത്തുവാന്‍ സ്ക്കോഫ്ടേയ്ക്ക ആശ തോന്നി. ഏറ്റവും സുന്ദരനായ നിന്റെ ഓമനക്കുഞ്ഞു ജീവനോടുകൂടിയിരിപ്പുണ്ടെന്നറിയുന്നതു നിനക്ക് ആശ്വാസകരമായിരിക്കുമെന്നു കരുതിമാത്രമാണ് ഞാനിതിപ്പോള്‍ നിന്നോടു പറഞ്ഞത്.''
``കൊള്ളാം. അതേ, വരുന്നതെല്ലാം വന്നുതന്നെ തീരണം.'' വിഗ്ഡിസ് പറഞ്ഞു: ``എനിക്ക് ഈ ജീവിതം മുഷിഞ്ഞു. അത് എങ്ങനെയെങ്കിലും തുലച്ചേ ഒക്കൂ.''
ഈസാ മറുപടി പറഞ്ഞു:
``നീയതു ചെയ്യരുത്. മാന്യമായ ജനനം അത്ര വലിയ ഒരു കാര്യമൊന്നുമല്ല. ഒരു പേരു കേടുവന്നുപോയ സ്ത്രീ, അവള് എത്ര ഉയര്‍ന്ന നിലയിലുള്ളവളായാലും ശരി, തരംതാഴ്ത്തപ്പെട്ടവളായിത്തീരുന്നു. എനിക്കു വന്നുചേര്‍ന്ന വിധിയും അതാണ്; ഇപ്പോള്‍ത്തന്നെ അതെല്ലാം ഞാന്‍ നിന്നോടു പറയാം. അതു കേട്ടിട്ട് നിനക്ക് എന്തു തോന്നുന്നുവോ അതുപോലെ പ്രവര്‍ത്തിച്ചുകൊള്ളൂ.''
പതിനേഴ്
അനന്തരം ഈസാ അവളുടെ കഥ പറയാന്‍ തുടങ്ങി:
``എന്റെ അച്ഛന്റെ പേര് ഹരാള്‍ഡ് ഗോള്‍ഡ് ബിയേര്‍ഡ് (സ്വര്ണ്ണശ്മശ്രു) എന്നായിരുന്നു; തെക്കു സീലാന്‍ഡിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഞങ്ങള്‍- ഞാനും എന്റെ സഹോദരികളും-എത്ര സുന്ദരവും സുഖപൂര്ണ്ണവുമായ ഒരു ജീവിതമാണ് നയിച്ചിരുന്നതെന്നോ! എന്റെ ശൈശവം എത്രമാത്രം
നയിച്ചിരുന്നതെന്നോ! എന്റെ ശൈശവം എത്രമാത്രം സൗഭാഗ്യപൂര്ണ്ണമായുരുന്നെന്നു നിന്നോടു ഞാന്‍ മുന്‍പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. അവര്‍- ഇന്ഗ്രീസും ആസ്ട്രിഡും-പൂര്ണ്ണവളര്ച്ചയെത്തിയവരായിരുന്നു. പക്ഷേ എനിക്കാകട്ടെ പതിമൂന്നു വയസ്സേ പ്രായമായിരുന്നുള്ളൂ. ഞങ്ങളുടെ വേലക്കാരി കളുമൊന്നിച്ച് ഒരു ദിവസം സായാഹ്നത്തില്‍ ഞങ്ങള്‍ കടലിടുക്കില്‍ കുളിക്കാന്‍ പോയി. ഏതാനും കപ്പലുകള്‍ ആ വഴി വരുന്നുണ്ടായിരരുന്നു. ഓലാന്ഡില്നിന്നുള്ള `വൈക്കിംഗ്' വര്‍ഗ്ഗക്കാരായിരുന്നു അവര്‍. കപ്പല്‍ നിര്‍ത്തി അവര്‍ ഞങ്ങളെ അതിനകത്തു പിടിച്ചിട്ടു. ഞങ്ങളില്‍ ഒരാള്‍ക്കെങ്കിലും രക്ഷപ്രാപിക്കാന്‍ കഴിഞ്ഞില്ല. മൂന്നു സഹോദരന്മാരായിരുന്നു ആ കപ്പലിനുടമസ്ഥര്; ഞങ്ങള്‍ മൂന്നു സഹോദരിമാര്‍, അവര്‍ അവര്‍ക്കായി ഞങ്ങളെ എടുത്തു. ജന്മനാ ശാന്തസ്വഭാവം ആര്‍ക്കാണെന്ന് ഉടന്‍ തന്നെ അവര്‍ക്കു കാണാന്‍ കഴിഞ്ഞു. അവരില്‍ മൂത്തയാളുടെ പേര് ആന്ഗ്രീം എന്നായിരുന്നു. ആദ്യത്തെ രാത്രി ഞാന്‍ ആ മനുഷ്യന്റെ കൂടെ കിടന്നു; അതിനുശേഷം രണ്ടുകൊല്ലം എന്നെ അയാള്‍ വെച്ചുകൊണ്ടിരുന്നു. ആ സഹോദരന്മാര് വേഗത്തില്‍ വേര്‍പെട്ടു പോയി; മറ്റുള്ളവര്‍ വീട്ടിലേയ്ക്കു തിരിച്ചു; പക്ഷേ ആന്ഗ്രീം ആകട്ടെ ശീതകാലത്തും ഉഷ്ണകാലത്തും ഒന്നുപോലെ കടലില്‍ അങ്ങിങ്ങു ചുറ്റിത്തിരിയുകയാണ് ചെയ്തത്. അയാള്‍ വളരെ ധീരനും ശക്തിമാനും ചന്തമുള്ളവനുമായിരുന്നു. എന്നാല്‍ ഞാന്‍ അയാളോടു സ്നേഹം പ്രകടിപ്പിക്കായ്കയാല് അയാള്‍ എന്നോട് എന്തെന്നില്ലാതെ പരുഷമായി പെരുമാറി. അതിനുശേഷം ഒരിക്കലും ഞാനെന്റെ സഹോദരിമാരെ കണ്ടിട്ടില്ല; അവര്‍ക്കെന്തു സംഭവിച്ചുവെന്നും എനിക്കു കേള്‍ക്കാന്‍ സാധിച്ചില്ല. അവരുടെ വര്‍ത്തമാനങ്ങള്‍ എന്തെങ്കിലും ചോദിച്ചാല്‍ ആന്ഗ്രീം മൗനം ദീക്ഷിക്കുയായിരുന്നു പതിവ്.
``അയാള്‍ വിദൂരസ്ഥലങ്ങളില്‍ അങ്ങുമിങ്ങും കപ്പലോടിച്ചുപോയി; അനേകം വിജയങ്ങള്‍ അയാള്‍ നേടുകയും ചെയ്തു. കപ്പലിന്റെ മുകള്‍ത്തട്ടിനു കീഴിലുള്ള ഒരു മുറിയില്‍ അയാള്‍ എന്നെ ഭദ്രമായി സൂക്ഷിച്ചു. ഞാന്‍ ഒളിച്ചോടിപ്പോയെങ്കിലോ എന്ന ഭയത്താല്‍ അയാള്‍ എന്റെ വസ്ത്രങ്ങളെല്ലാം എടുത്തുകൊണ്ടുപോയി. അതിനു പകരം വിലപിടിച്ച തോലുകളും പുതപ്പുകളും ആഭരണങ്ങളും എനിക്കു തന്നു. ആസ്ബ്ജോണ് എന്ന പേരോടുകൂടി ഒരു ഡെന്മാര്ക്കുകാരന് പയ്യന് കപ്പലിലുണ്ടായിരുന്നു; എല്ലാ സ്വര്‍ണ്ണാഭരണങ്ങളും എടുത്തുകൊണ്ട് എന്നോടൊന്നിച്ച് ഒളിച്ചുപോകുവാന് ഞാന്‍ അവനെ പ്രലോഭിപ്പിച്ചു. പക്ഷേ എങ്ങനെയോ എന്തോ ആന്ഗ്രിമിന് അതറിവു കിട്ടി; അയാള്‍ ആസ്ബ്ജോണിനെ വെട്ടികൊന്നു; അതിനുശേഷം അയാല്‍ എന്നോട് അധികം രൂക്ഷമായിപ്പെരുമാറി.
``ഒരിക്കല്‍ * ദക്ഷിണദ്വീപങ്ങള്ക്ക് സമീപം ഞങ്ങള്‍ നങ്കൂരമിട്ടു കിടക്കുമ്പോള്‍ നോര്‍വേയില്‍ നിന്ന് ഏതാനും പൈക്കിംഗ്കാര് അവരുടെ കപ്പല്‍ ഞങ്ങളുടെ സമീപത്തു കൊണ്ടുവന്നു. തുടര്‍ന്നുണ്ടായ പോരില്‍ ആന്ഗ്രീം പരാജിതനായി. നിന്റെ അച്ഛന് ഗുന്നാറായിരുന്നു അവരുടെ തലവന്‍. അദ്ദേഹം എന്നെ മുറിയില്‍നിന്നു വെളിയില്‍ കൊണ്ടുവന്നയുടന്‍ കപ്പലിന്റെ മുകള്‍ത്തട്ടില്‍
ആന്ഗ്രീം മരിച്ചുകിടക്കുന്നിടത്തേയ്ക്കു ഞാന്‍ ചെന്നു. രാത്രി എന്റെ തലമുടി ആന്ഗ്രീ അയാളുടെ കഴുത്തില്‍ കെട്ടിക്കൊണ്ടു കിടക്കാറുള്ള പതിവോര്ത്തു നിലത്തുമുട്ടുകുത്തിനിന്നുകൊണ്ട് അയാളുടെ ദേഹത്തില ലെ മുറിവുകളിലൂടെ ധാരധാരയായിത്തള്ളിപ്പുറപ്പെട്ട ചോരയില്‍ ഞാനെന്റെ തലമുടി അലമ്പി നനച്ചു. അതിനെക്കാള്‍ കൃതജ്ഞതാ പൂര്‍ണ്ണമായ ഒരു പ്രക്ഷാളനം ഒരിക്കലും എനിക്കുണ്ടായിട്ടില്ല.
`അനന്തരം ഗുന്നാര്‍ എന്റെ പേരെന്തെന്നും കുടുംബമേതെന്നും ചോദിച്ചു. ഞാന്‍ എത്രത്തോളം സുന്ദരിയാണോ, അത്രത്തോളം തന്നെ കുലീനയുമാണെന്നു തനിക്കു കാണാന്‍ കഴിയുമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. അതുകഴിഞ്ഞ് അന്നു പകലും അന്നു രാത്രിയും മുഴുവന്‍ ഞങ്ങള്‍ ഒന്നിച്ച് ഓരോന്നു സംസാരിച്ചുകൊണ്ടിരുന്നു. ഡെന്മാര്ക്കില് എന്റെ വീട്ടിലേക്ക് എന്നെ കൊണ്ടുപോകാമെന്ന് അദ്ദേഹം എന്നോടു വാഗ്ദാനം ചെയ്തു. എന്റെ സ്ഥിതിക്കനുയോജ്യമായ രീതിയില്‍ ഏറ്റവും മികച്ച വസ്ത്രങ്ങള്‍ അദ്ദേഹം എനിക്കു നല്കി. അദ്ദേഹം എന്നോടതിരറ്റ കാരുണ്യം കാണിച്ചതിനാല്‍, അദ്ദേഹത്തിനെന്റെ ഹൃദയം സ്വായത്തമാക്കാന്‍ സാധിച്ചു. തന്റെ പത്നിയുമായി വേര്‍പെട്ടിരുന്നെങ്കില്‍ എന്നു തനിക്കാശയുണ്ടെന്നും എങ്കില്‍ എന്റെ ബന്ധുക്കളുടെ അനുമതിയോടുകൂടി എന്നെ സ്വീകരിക്കാമായിരുന്നുവെന്നും അദ്ദേഹം എന്നോടു പറഞ്ഞു. പക്ഷേ വീട്ടിലേക്കു തിരിച്ചുപോകുന്നതിനെക്കാള് അദ്ദേഹത്തോടൊന്നിച്ചു താമസിക്കുന്നതായിരുന്നു എനിക്കിഷ്ടം. ഞാന്‍ ഗര്ഭിണിയായിത്തീരുന്നതുവരെ അദ്ദേഹത്തോടൊന്നിച്ചു കപ്പലില്‍ത്തന്നെ കഴിച്ചുകൂട്ടി. പിന്നീടദ്ദേഹം എന്നെപൂര്വ്വാധികം സ്നേഹിക്കാന്‍ തുടങ്ങി; എന്തുകൊണ്ടെന്നാല്‍, ആല്വ്സോളിനു കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നില്ല.
``അദ്ദേഹം എന്നെ ഇങ്ങോട്ട്-വാഡിനിലേയ്ക്കു- കൊണ്ടുപോന്നു; പക്ഷേ ആയിടയ്ക്കു തെയിന്കാര് സായുധരായി സമരസന്നദ്ധരാകുവാനുള്ള പ്രഭുവിന്റെ കല്പനനിമിത്തം ഗുന്നാറിന് എന്നെ വിട്ടുപിരിയേണ്ടതായി വന്നുകൂടി. തന്റെ സ്വന്തം കുഞ്ഞിനെയെന്നപോലെ എന്റെ കുഞ്ഞിനെയും എന്നെയും നല്ലപോലെ നോക്കിക്കൊള്ളണമെന്ന് അദ്ദേഹം ആല്വ്സോളിനെ ചട്ടംകെട്ടി. അനന്തരം ഞങ്ങള്‍ വേര്‍പെട്ടു. അവാച്യമായ ദുഃഖത്തോടും ആശയോടുംകൂടി ഞാനിവിടെ താമസിച്ചു. ഞാന്‍ ഒരു പുത്രനെ പ്രസവിച്ച അവസരത്തില്‍ ആല്വ്സോളും അവളുടെ പോറ്റമ്മയും എന്നോടൊന്നിച്ചുണ്ടായിരുന്നു.പ്രസവിച്ച നിമിഷം തന്നെ അവര്‍ കുഞ്ഞിനെ എന്നില്‍നിന്നു വാങ്ങുകയും അതിനെ കൊല്ലുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്തു. മരിച്ച കുഞ്ഞിനെയാണ് പ്രസവിച്ചതെന്നു ഗുന്നാറിനോടു പറയുവാന്‍ അവര്‍ വീട്ടിലുള്ള എല്ലാവരോടും നിര്‍ബന്ധിച്ചു. ഞാന്‍ എന്തെങ്കിലും പരാതിപ്പെട്ടാല്‍ ഏറ്റവും പൈശാചികമായ രീതിയില്‍ എന്റെ കഥ കഴിക്കുന്നതാണെന്ന് ആല്വ്സോള് എന്നെ ഭീഷണിപ്പെടുത്തി. അല്പനാള്ക്കുശേഷം ഗുന്നാര്ക്കു വല്ലാതെ പരുക്കേറ്റിരിക്കയാണെന്നും ഏറെക്കാലത്തേക്ക് അദ്ദേഹത്തിനു മടങ്ങിയെത്താന്‍ തരപ്പെടുകയില്ലെന്നുമുള്ള
വാര്‍ത്ത അറിയാറായി. അനന്തരം ആല്വ്സോള് അവളുടെ അടിമകള്‍ താമസിച്ചിരുന്ന ഗൃഹത്തിലേയ്ക്ക് എന്നെ പറഞ്ഞയച്ചു. അവരില്‍ ഒരാളുടെ പേര് സ്വാര്‍ട്ട് എന്നായിരുന്നു. മറ്റുള്ളവരുടെ ആക്രമണത്തില്‍നിന്ന് അയാള്‍ എന്നെ രക്ഷിച്ചു. മറ്റെല്ലാറ്റിലും അയാള്‍ എന്നോടു വളരെ നല്ലവനായിത്തന്നെ പെരുമാറി; പക്ഷേ അയാളെന്നെ ഭാര്യയാക്കിയെടുത്തു. ഇവിടെ കാട്ടിനുളളില്‍ ഒരു വീട് ആല്വ്സോള് അയാള്‍ക്കു കൊടുക്കുകയും ഞാനങ്ങനെ ഒരടിമയുടെ ഭാര്യയായിത്തീര്ന്നിരിക്കുയാണെന്ന് എല്ലാവരോടും വെളിപ്പെടുത്തുകയും ചെയ്തു. ആ വീട്ടിലാണ് ഇപ്പോള്‍ സ്ക്കോഫ്ടിന്റെ താമസം.
``ഗുന്നാര്‍ മടങ്ങിയെത്തി. ഞാന്‍ സ്വാര്‍ട്ടിന്റെ കൂടെപ്പോയി എന്ന് അവള് അദ്ദേഹത്തെ ധരിപ്പിച്ചു. അതുകേട്ട് അദ്ദേഹം കലികൊള്ളുകയും ഞങ്ങള്‍ രണ്ടുപേരെയും കൊല്ലാന്‍ നിശ്ചയിക്കുകയും ചെയ്തു. അദ്ദേഹത്തോട് എന്റെ പ്രസവത്തെയും ആ ആണ്‍കുഞ്ഞിന്റെ ദുരന്തത്തെയും മറ്റും പറ്റിയുള്ള എല്ലാ സംഗതികളും വിശദമായി തുറന്നുപറഞ്ഞു. അനന്തരം അദ്ദേഹം ആല്വ്സോളിനെ വീട്ടില്‍നിന്ന് ആട്ടിപ്പുറത്താക്കി. സ്വാര്‍ട്ടിനെ ഉപേക്ഷിച്ചു തന്റെ ഗൃഹത്തില്‍ വന്നു കുടുംബഭരണം കൈയേല്ക്കുവാന് അദ്ദേഹം എന്നെ നിര്‍ബന്ധിച്ചു. പക്ഷേ ഒരു പുതിയ ഭാര്യയെ സ്വീകരിക്കുന്നതാണുത്തമമെന്നു ഞാന്‍ അദ്ദേഹത്തോടുപദേശിച്ചതിനാല് അദ്ദേഹം നിന്റെ അമ്മയെ -ഹെര്ഡിസ്സിനെ-വിവാഹം കഴിച്ചു കൊണ്ടുവന്നു. അന്ന് എന്നെക്കാള്‍ ചെറുപ്പക്കാരിയും സുന്ദരിയുമായിരുന്നു. ആ സ്ത്രീ. നിനക്കറിയാമല്ലോ, നിന്നെ പ്രസവിച്ച ഉടന്‍ തന്നെ അവര്‍ മരിച്ചുപോയി. അനന്തരം നിന്നെ പോറ്റിവളര്ത്തുവാനുള്ളചുമതല എന്നെ ഏല്പിക്കേണമെന്നു ഞാന്‍ ഗുന്നാറിനോടപേക്ഷിച്ചു; അദ്ദേഹം അതിനു സമ്മതിക്കുകയും ചെയ്തു. അതു മുതല്‍ ഗൃഹഭരണം മുഴുവന്‍ എന്റെ ചുമതലയിലായി. നീ കാണുന്നുണ്ടല്ലോ; എന്റെ പുത്രന്മാരെ ഗുന്നാര്‍ വളരെ വാത്സല്യത്തോടുകൂടി വളര്‍ത്തിക്കൊണ്ടുവന്നു. സ്വതന്ത്രരായി ജീവിക്കുവാന്‍ അദ്ദേഹം അവര്‍ക്കനുമതി കൊടുത്തു- ഏറെ നാളായി ഞാന്‍ അദ്ദേഹത്തെ അറിഞ്ഞിടത്തോളം എന്റെ ഉപദേശമനുസരിച്ച് എല്ലാ കാര്യങ്ങളിലും ഏറ്റവുമധികം നന്മയ്ക്കുവേണ്ടിയാണ് അദ്ദേഹം പ്രവര്ത്തിച്ചുട്ടുള്ളത്.''
പതിനെട്ട്
വിഗ്ഡിസ് പറഞ്ഞു
``നിങ്ങള്‍ എന്നോടു പറഞ്ഞ കാര്യങ്ങളില്‍വെച്ച് എനിക്കേറ്റവും വിചിത്രമായിത്തോന്നുന്നതിതാണ്: നിങ്ങള്‍ ആ അടിമയൊന്നിച്ചു താമസിച്ചു. അവര്‍ നിങ്ങളെ അയാളുടെ അധീനത്തിലേയ്ക്ക് ഉന്തിത്തള്ളിവിട്ടു. ഞാനാണെങ്കില്‍ അയാളെ കാട്ടുകുതിരകളെ ക്കൊണ്ടു ചവിട്ടി മെതിച്ചു തുണ്ടം തുണ്ടമാക്കണമെന്നു ഗുന്നാറിനോടു യാചിക്കുമായിരുന്നു.''
ഈസാ പ്രതിവചിച്ചു:
``എന്നെ വീട്ടില്‍ താമസിപ്പിക്കുന്നതിനെക്കാള്, ഉന്നതകുലത്തില്‍ ജനിച്ചവളും ധനികയുമായ ഒരു പത്നിയെ സ്വീകരിക്കുന്നതുതന്നെയായിരുന്നു ഗുന്നാറിന്റെ യോഗ്യതയ്ക്ക് അധികം യോജിച്ചത്. എന്നാല്‍ എന്റെ മനസ്സിട്ട് ഏറ്റവും ആട്ടിക്കൊണ്ടിരുന്നത് ഈ ഒരു സംഗതിയാണ്. സ്വാര്ട്ടില്നിന്ന് എനിക്കൊരു കുട്ടിയുണ്ട്. എന്റെ പുത്രനെ രണ്ടാമതൊരിക്കല്‍ക്കൂടി അവര്‍ എന്നില്‍നിന്നു കവര്‍ന്നു കൊണ്ടുപോയാലോ; അതെനിക്കു സമ്മതമല്ല.''
``നിങ്ങളുടെ സ്വഭാവം എന്റേതുപോലല്ല, പോറ്റമ്മേ!'' വിഗ്ഡിസ് പറഞ്ഞു. ഒരു നിമിഷം കഴിഞ്ഞ് അവള് തുടര്‍ന്നു. ``എന്റെ അമ്മയില്നിന്നാണെങ്കില് അദ്ദേഹത്തിനു വലിയ ആനന്ദമൊന്നും കിട്ടാനിടയായിട്ടില്ല; എനിക്ക് ഇങ്ങനെയൊരു കുഞ്ഞുണ്ടെന്നു കേള്‍ക്കുമ്പോള്‍ എന്തായിരിക്കും അദ്ദേഹത്തിന്റെ മനസ്സിലെ ദുഃഖമെന്ന് ഒന്നാലോചിച്ചു നോക്കൂ.''
``ഗുന്നാര്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ആ കുട്ടി ഇപ്പോഴെവിടെയോ അവിടെത്തന്നെ കഴിഞ്ഞുകൂടട്ടെ,'' ഈസാ പറഞ്ഞു: ``
അതിനുശേഷം നിനക്കു നിന്നോടൊന്നിച്ച് അവനെ കൂട്ടിക്കൊണ്ടു പോകാം; അങ്ങനെ അവനില്‍ നിനക്ക് ആനന്ദം കണ്ടെത്തുകയും ചെയ്യാം. കാാറെയുമായിട്ടുള്ള കാര്യത്തില്‍ നമുക്ക് എന്തെങ്കിലു പോംവഴി കണ്ടുപിടിക്കാം.''
വിഗ്ഡിസ് അവളുടെ രണ്ടുകൈകളും മടക്കി മടിയില്‍ ചേര്‍ത്തുകൊണ്ട് അഗ്നികുണ്ഡത്തിലേയ്ക്കു കുനിഞ്ഞുനോക്കി. എന്തെങ്കിലും ഒരുപായം കണ്ടുപിടിക്കാന്‍ തല കാഞ്ഞുകൊണ്ടു ദുഃഖത്തിലും ഭയത്തിലും അങ്ങനെ കഴിഞ്ഞുകൂടുവാന്‍ എന്റെ മനസ്സനുവദിക്കുന്നില്ല,''
അവള് പറഞ്ഞു: ``അതിനേക്കാള്‍ ഭേദം വരുന്നതു വരട്ടെ എന്നു ധൈര്യപ്പെടുകയാണ്. ഏതായലും ഇപ്പോള്‍ ഞാനീ അനുഭവിക്കുന്നതിനെക്കാള് കഷ്ടമായിട്ടൊന്നും തന്നെ എനിക്കിനീ വരാനില്ല.''
അവള് പുതപ്പും കയ്യിലെടുത്തു വാതില്ക്കലേയ്ക്കു പോയി. മുറ്റത്തു വിറകു കീറിക്കൊണ്ടിരുന്ന ഒരു മനുഷ്യനെ അവള് അടുത്തേയ്ക്കു വിളിച്ചു.
``ഈ തുണി സ്ക്കോഫ്ടിന്റെ പക്കല്‍ കൊണ്ടുചെന്നുകൊടുക്ക്,'' അവള് കല്പിച്ചു: ``എന്നിട്ടവനോടു പറ, ഇന്നു രാത്രി ഇവിടെവന്ന്, അവന് തൂവാലയ്ക്കകത്തു കണ്ടെത്തിയ ആ സാധനം എനിക്കു മടക്കിത്തരണമെന്ന്.''
അനന്തരം അവള് തിരിച്ചുപോയി. അഗ്നികുണ്ഡത്തിനരികെ ഇരിപ്പുറപ്പിച്ചു. ഈസാ എതിരെ ഇരുന്നു. ഏറെനേരത്തേയ്ക്ക് അവരിരുവരും ഒന്നും തന്നെ ശബ്ദിച്ചില്ല; പിന്നിട് ഈസാ പറഞ്ഞു.
``സ്ക്കോഫ്ടെ ഇന്നിവിടെ എത്തുമ്പോഴെയ്ക്കു നേരം വളരെ അതിക്രമിക്കും. നാം പോയിക്കിടക്കുകയാണ് ഭേദം.''
`എന്നാള്‍ പോയി കിടന്നോളൂ,'' വിഗ്ഡിസ് പ്രതിവചിച്ചു.
ഈസാ എന്തെങ്കിലും പറയുകയാകട്ടെ ഇരുന്നിടത്തുനിന്ന് അനങ്ങുകായാകട്ടെ ചെയ്തില്ല. കുറച്ചു നേരം കഴിഞ്ഞു വിഗ്ഡിസ് വീണ്ടും പറഞ്ഞു:
``എന്നാലിനി പോയി കിടക്കൂ, ഈസേ.''
അവളുടെ സ്വരത്തില്നിന്ന് അവളെ ധിക്കരിക്കുന്നതു ബുദ്ധിയുക്തമല്ലെന്ന് അവളുടെ പോറ്റമ്മയ്ക്കു തോന്നി. അതിനാല്‍ അവള് എഴുന്നേറ്റു പോയി കിടന്നു; പക്ഷേ അവള് ഉറങ്ങിയില്ല. വിഗ്ഡിസ് കിടക്കാതെ കാത്തിരുന്നു. തീ കെടാറാകുമ്പോള്‍ അഗ്നികുണ്ഡത്തില്‍ വീണ്ടും വിറകു കൂട്ടുന്നതിനു മാത്രമല്ലാതെ അവള് ഇരുന്ന ഇരുപ്പില്‍നിന്ന് അനങ്ങിയില്ല. അങ്ങനെ ആ രാത്രി കടന്നുപോയി.
അങ്ങിങ്ങായി കോഴി കൂകിത്തുടങ്ങി.
കുറച്ചു നേരം കഴിഞ്ഞു വാതില്ക്കല് ഒരു മുട്ടു കേട്ടു.
``ഈസേ, ചെന്നു തുറക്കൂ.'' വിഗ്ഡിസ് ആജ്ഞാപിച്ചു.
ഈസാ അപ്രകാരം ചെയ്തു. സ്ക്കോഫ്ടെ അകത്തു കടന്നുവന്നു. ഒരു പുതപ്പിനുള്ളില്‍ പൊതിഞ്ഞ് അയാള്‍ കുഞ്ഞിനെ തോളത്തു
വഹിച്ചിരുന്നു. വിഗ്ഡിസ് എഴുന്നേറ്റു പയിന്മരത്തിന്റെ ഒരു പന്തമെടുത്തു കൊളുത്തി. സ്ക്കോഫ്ടെ കുഞ്ഞിന്റെ ശരീരത്തില്‍നിന്നു പുതപ്പു മാറ്റി അതിനെ വെളിച്ചത്തു കാണിച്ചു. ഉടന്‍തന്നെ അതുകരയാന് തുടങ്ങി. എന്തുകൊണ്ടെന്നാല്‍, അതു വളരെ സുഖമായി ഉറങ്ങുകയായിരുന്നു.
ഒരു നിമിഷനേരം വിഗ്ഡിസ് പുത്രന്റെ നേരെ കണ്ണയച്ചു. പക്ഷേ അവള് അവനെ തൊട്ടില്ല. അവന് മെലിഞ്ഞ ഒരു പീക്കിരിക്കുഞ്ഞായിരുന്നു. പ്രായത്തിനടുത്ത വളര്‍ച്ച അവനു വന്നിട്ടില്ല. അവനു നീളമുള്ള ഇരുണ്ട തലമുടിയും നേര്‍ത്ത നീലവര്ണ്ണത്തോടുകൂടിയ കണ്ണുകളും ഉണ്ട്. അവന് യോട്ടിന്റെ നേര്പ്പകര്പ്പുതന്നെ.
സ്ക്കോഫ്ടെ അവനെ താഴെ നിലത്തു കിടത്തി. ഒരുത്തന് അവനെ പിടിച്ചാല്‍ അവനു പിച്ചപ്പിച്ച നില്ക്കാന് കഴിയുമായിരുന്നുവെന്നു കാണിക്കുവാന്വേണ്ടിയാണ് അവനങ്ങനെ ചെയ്തത്-പക്ഷേ കുഞ്ഞിന്നു നടക്കാന്‍ കഴിയുമായിരുന്നില്ല. അവന് അവന്റെ പോറ്റച്ഛന്റെ വസ്ത്രങ്ങളില്‍ അള്ളിപ്പിടിച്ചുകൊണ്ടു ശ്വാസം വിടാതെ ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു.
വിഗ്ഡിസ് പന്തം അഗ്നികുണ്ഡത്തിലിട്ടു യഥാപൂര്‍വ്വം ഇരിപ്പായി. കുഞ്ഞു ശാന്തപ്പെടുന്നില്ലെന്നു കണ്ടു സ്ക്കോഫ്ടെ പറഞ്ഞു:
``ഉറക്കപ്പിച്ചുകൊണ്ടാണ് ഈ കരച്ചില്. ഇല്ലെങ്കില്‍ ഒരു വഴക്കുമില്ല. എപ്പോഴും കളിയും ചിരിയും ഉത്സാഹവും തന്നെയാ.''
``എന്നാലവനെ കിടത്തു,'' വിഗ്ഡിസ് പ്രതിവചിച്ചു.
``അല്ലെങ്കില്‍ അവന് ഈ വീടുമുഴുവന്‍ കുലുക്കിയുണര്ത്തും.''
ഈസാ അവനെ കയ്യിലെടുത്തു താലോലിച്ചാട്ടിക്കൊണ്ടു കിടയ്ക്കയില്‍ കിടത്തുവാനായി കൊണ്ടുപോയി. അപ്പോള്‍ വിഗ്ഡിസ് പറഞ്ഞു:
``അവിടെ വേണ്ടാ. അവനെ കിടത്താന്‍ മറ്റേതെങ്കിലും സ്ഥാനം നിങ്ങള്‍ കണ്ടുപിടിക്കണം. സ്ക്കോഫ്ടേ, താന്‍ ഹാളില്‍ പോയി കിടന്നുകൊള്ളൂ. ആ കുഞ്ഞ് അര്‍ഹിക്കുന്നതിനെക്കാള്‍ അധികമായി ഞാന്‍ തനിക്കു പ്രതിഫലം തന്നുകൊള്ളാം.''
ഈസാ അവനെ ബെഞ്ചിന്മേല് കിടത്തിയിട്ട് അവന്റെ സമീപം തന്നെ പറ്റിച്ചേര്‍ന്നു കിടന്നു. വിഗ്ഡിസ് രാത്രിമുഴുവന്‍ ആ ഇരിപ്പില്‍ത്തന്നെ ഇരുന്നു കഴിച്ചുകൂട്ടി.
പത്തൊന്‍പത്
രാവിലെ ഈസാ ഗുന്നാറിന്റെ അടുത്തു ചെന്നു. അദ്ദേഹം കിടയ്ക്കയില്നിന്നെഴുന്നേറ്റിരുന്നില്ല. വീട്ടിലുള്ള ആളുകളോടു വെളിയില്‍ പോകാന്‍ പറഞ്ഞിട്ട് അവള് അദ്ദേഹത്തിന്റെ കിടയ്ക്കപ്പുറത്തിരുന്നു. അവര്‍ രഹസ്യമായി ഏറെനേരം ഓരോന്നു സംസാരിച്ചു. അനന്തരം അദ്ദേഹം എഴുന്നേറ്റു വസ്ത്രധാരണം ചെയ്തശേഷം വിഗ്ഡിസ്സിന്റെ മുറിയിലേയ്ക്കു പോയി.
പിതാവ് അകത്തു കടന്നുവന്ന ഉടന്‍തന്നെ വല്ലാതെ വിളര്‍ത്തും പേടിച്ചരണ്ടും വിഗ്ഡിസ് എഴുന്നേറ്റുനിന്നു. പക്ഷേ ഗുന്നാര്‍ അധികമൊന്നും സംസാരിച്ചില്ല. ഈസാ അദ്ദേഹത്തിന്നടുത്തുതന്നെ നിലയുറപ്പിച്ചു. അദ്ദേഹം കുഞ്ഞിന്റെ അടുത്തു ചെന്നു സൂക്ഷിച്ചുനോക്കിയിട്ടു പറഞ്ഞു:
``അവന്റെ അച്ഛന് ആരാണെന്നു സ്പഷ്ടമായിക്കാണാം.''
വിഗ്ഡിസ് ഒന്നും മറുപടി പറഞ്ഞില്ല. ഗുന്നാര്‍ സംസാരിച്ചു:
``എനിക്കൊരൊറ്റ പെണ്കുഞ്ഞല്ലാതെ പുത്രന്മാര് ഒന്നും തന്നെയില്ലല്ലോ എന്ന ചിന്ത പലപ്പോഴും എനിക്കു ദുസ്സഹമായിത്തോന്നിയിട്ടുണ്ട്. എപ്പോഴും ഞാന്‍ നിന്നോട് അതിരറ്റ വാത്സല്യം കാണിച്ചിട്ടുണ്ടെന്നാണ്അ എന്റെ വിശ്വാസം. ഒരിക്കലും ഞാന്‍ നിന്നോടു പരുഷമായി പെരുമാറിയിട്ടില്ല. ഞാന്‍ മരിക്കുന്നതുവരെ നീ സുഖമായും മാനമായും ജീവിക്കണമെന്ന ഏകചിന്തയേ എനിക്കുണ്ടായിരുന്നുള്ളൂ. നീയൊരു കൊള്ളരുതാത്തവളാണെന്നുകേള്ക്കുക; എന്റെ വയസ്സുകാലത്തു നിന്റെ അനാഥശിശുക്കള്‍ ഈ വീട്ടില്‍ കിടന്നു വളരുന്നതു കാണുക- അതിനെക്കാള്‍ ഭേദം ഞാന്‍ സന്താനമില്ലാത്തവനാകുന്നതായിരുന്നു.''
വിഗ്ഡിസ് മറുപടി പറഞ്ഞു:
``അതേ, അച്ഛാ, അതു ശരിയാണ്. അങ്ങയ്ക്ക് ഒരു മകളില്ലാതിരിക്കുന്നതുതന്നെയായിരുന്നു ഭേദം.''
ഗുന്നാര്‍ പിന്നൊന്നും പറഞ്ഞില്ല. അദ്ദേഹം വെളിയിലേയ്ക്കിറങ്ങിപ്പോയി.
ഇരുപത്
കാലം അങ്ങനെ കടന്നുപോയി. വാഡിനില്‍ എല്ലാം പ്രശാന്തമായ ഒരു നിലയെ പ്രാപിച്ചു. കൃഷിസ്ഥലത്ത് അവര്‍ ചുരുക്കം ചില വേലക്കാരെമാത്രമേ താമസിപ്പിച്ചുള്ളൂ. ഗുന്നാറിന്റെയും അദ്ദേഹത്തിന്റെ വീട്ടുകാരുടെയും പരിചരണത്തിനും അധികമാരെയും അവിടെ നിര്‍ത്തിയില്ല. ഗുന്നാറിന് ഈ സംഗതി വല്ലാത്ത ഹൃദയവൃഥയ്ക്കു കാരണമാക്കി; അക്കാരണത്താല്‍ അദ്ദേഹത്തിന് അല്പകാലംകൊണ്ടു പ്രായാധിക്യം സംഭവിക്കുകയും അദ്ദേഹം കൂനിത്തളരുകയും ചെയ്തു.
ആ കുട്ടിയെ അവിടെത്തന്നെയാണ് താമസിപ്പിച്ചത്; അവന്റെ പരിചര്യകളെല്ലാം നിര്‍വ്വഹിച്ചത് ഈസാതന്നെയാണ്; അവള്‍ക്കവനെ വലിയ ഇഷ്ടമായിരുന്നു; പക്ഷേ വിഗ്ഡിസ് അവന്റെ നേര്‍ക്കു ലേശം പോലും താത്പര്യം പ്രകടിപ്പിച്ചില്ല; അവള് അവനു പേരുപോലും ഇട്ടിട്ടില്ല. അവള് സദാദുഃഖമഗ്നയായി കാണപ്പെട്ടു; വാഡിനിലെ മുറ്റം വിട്ട് അവള് പുറത്തിറങ്ങിയതേയില്ല.
ഒരു ദിവസം വിഗ്ഡിസ്സും ഈസായും അടുക്കളയില്‍ അപ്പം ചുടുകയായിരുന്നു; കുട്ടി അങ്ങിങ്ങായി ഓടി നടന്നു; അവനന്നു രണ്ടു വയസ്സു പ്രായമുണ്ട്. ഈസാ രണ്ടു ചെറിയ അപ്പമുണ്ടാക്കിയിട്ട് അവനുവേണ്ടി എങ്ങനെയാണതു ചുട്ടെടുക്കുന്നതെന്നു കാണിച്ചുകൊടുത്തു. അത് അവനെ സന്തോഷഭരിതനാക്കി. അവന് ഉള്ളിലുള്ള ആനന്ദം അടക്കാന്‍ സാധിക്കാതെ അവന് നൃത്തം ചെയ്തുകൊണ്ടു സ്ത്രീകളുടെ സമീപം വന്ന് അവന്റെ അപ്പം കൊടുക്കുവാനായി ആവശ്യപ്പെട്ടു. അങ്ങനെ വന്ന വഴിയെ മാവു കുഴച്ചുവെച്ചിരുന്ന പാത്രം അവന്റെ കാല്‍തട്ടി മറിഞ്ഞുപോയി. വിഗ്ഡിസ് അവനെ പിടിച്ചു കുലുക്കിക്കൊണ്ടു നല്ല പെട കൊടുത്തു.
`` നീ വികൃതിത്തരമല്ലാതൊന്നും കാട്ടുന്നില്ല.'' അവള് പറഞ്ഞു.
കുട്ടി വാവിട്ടു നിലവിളിച്ചു. വിഗ്ഡിസ് അവനെ ബെഞ്ചിലേയ്ക്കടുത്തുകൊണ്ടുപോയി.
``അവിടിരിക്ക്!'' അവള് പറഞ്ഞു: ``ശബ്ദം കേക്കരുത്! ഇനി ചുമ്മാതിങ്ങനെ കിടന്നു മോങ്ങിയാല്‍ നീ നോക്കിക്കോ!''
അവള് തിരിച്ചുചെന്നു വീണ്ടും അപ്പം ചുടുന്ന ജോലിയില്‍ വ്യാപൃതയായി. അനന്തരം അവള് ഈസായോടു പറഞ്ഞു:
``ഈ ചെക്കനെക്കൊണ്ട് എനിക്കു വലിയ ആനന്ദമൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല. ആര്‍ക്കും അവനൊരു നാശമായേ തീരു എന്നാ തോന്നുന്നേ. എന്റെപോലല്ല അവന്റെ പ്രകൃതം; അവനെ പ്രസവിച്ചപ്പോള്‍ ഞാന്‍ തീരെ കരഞ്ഞില്ല. പക്ഷേ അവന്റെ അച്ഛന്റെ പ്രകൃതം അതേപടി അവനിലങ്ങു പകര്‍ന്നിട്ടുണ്ടായിരിക്കാം.''
``നീ അങ്ങനെയൊന്നു പറയരുത്,''
ഈസാ മറുപടിയായി പ്രസ്താവിച്ചു.
വിഗ്ഡിസ് പിന്നൊന്നും ശബ്ദിച്ചില്ല. അവള് വീണ്ടും അവളുടെ ജോലിയിലേര്‍പ്പെട്ടു. കുഞ്ഞിന് അവന്റെ കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. അവന് ഇരുകൈകളും ഉയര്‍ത്തി മുഖം പൊത്തി. അവന്റെ അമ്മ അവന്റെ നേര്‍ക്കു നോക്കിയപ്പോള്‍ അവന് അവിടെ കിടക്കുകയും ആ ബെഞ്ചിന്റെ പുറത്തു വെച്ചിരുന്ന ഏതാനും ചാക്കുകള്‍ക്കിടയില്‍ അവന്റെ മുഖം പൂഴ്ത്തി മറയ്ക്കുകയും ചെയ്തു.
കുറച്ചുനേരം കഴിഞ്ഞ് ഈസാ പുറത്തേയ്ക്കിറങ്ങിപ്പോയി. വിഗ്ഡിസ് അനന്തരം കരണ്ടിയില്നിന്ന് അപ്പം വാങ്ങിയെടുത്ത് അവന്റെ സമീപം ചെന്ന് അവനു കൊടുത്തു.
``ഇനിയെങ്കിലും ഒന്നു മിണ്ടാതിരി. ഇന്നാ ഇതുതിന്നോ!'' എന്നു പറഞ്ഞുകൊണ്ട് അവള് അത് അവന്റെ മടിയില്‍ വെച്ചുകൊടുത്തു. കുട്ടി കരച്ചില് നിര്‍ത്തി അവന്റെ അമ്മയുടെ മുഖത്തേയ്ക്കു നോക്കി; അവന് അപ്പത്തിന്മല് വിരലോടിച്ചു; വല്ലാത്ത ചൂടുള്ളതായി അവനനുഭവപ്പെട്ടു; അവന് പേടിച്ചുപോയി. അതുകണ്ട് അവള് അവന്റെ തലമുടി രണ്ടുമൂന്നു പ്രാവശ്യം തെരുപ്പിടിച്ച് അവനെ മെല്ലെമെല്ലെത്തടവി. പക്ഷേ അതുകഴിഞ്ഞ് അവള് അവനോട് ഈസായുടെ അടുത്തേയ്ക്കു പോകാന്‍ പറഞ്ഞു.
ഇരുപത്തിയൊന്ന്
ആ ശീതകാലം അങ്ങനെ കഴിഞ്ഞുപോയി. പ്രസ്താവ്യമായ യാതൊന്നും തന്നെ സംഭവിച്ചില്ല.
സൂര്യന് വിഷുവത്ചക്രം കടന്നുകഴിഞ്ഞു. ക്രമേണശക്തി പ്രാപിച്ച രവികിരണങ്ങള്‍ മലഞ്ചെരുവുകളില്‍ പതിക്കുകയും മേല്പുരകളില് അടിഞ്ഞുകിടന്ന മഞ്ഞു പകല്‍സമയം അലിഞ്ഞുതുടങ്ങുകയും ചെയ്തു. ജനങ്ങള്‍ തങ്ങളുടെ വനങ്ങളില്‍ മരംവെട്ടാരംഭിച്ചു. കാട്ടില്‍ പടിഞ്ഞാറുഭാഗത്തായി വേലചെയ്തുകൊണ്ടിരുന്ന തന്റെ അടിമകളെ കാണുവാനായി ഒരു ദിവസം രാവിലെ ഗുന്നാര്‍ ഒരനുചരനോടൊന്നിച്ചു കുതിരപ്പുറത്തു യാത്ര തിരിച്ചു.
ഏതാണ്ടു മധ്യാഹ്നത്തോടുകൂടി ഈസായും വിഗ്ഡിസ്സും ഹാളില്‍ മേശപ്പുറത്തു ഭക്ഷണം ഒരുക്കിക്കൊണ്ടിരിക്കെ, ഈസാ വാതില്‍ക്കലൂടെ വെളിയിലേയ്ക്കൊന്നു കണ്ണോടിച്ചു.
``ഗുന്നാര്‍ ഇതാ തിരിച്ചു വന്നു കഴിഞ്ഞു.,''അവള് പ്രസ്താവിച്ചു.
പക്ഷേ ``ഗുന്നാര്‍ കുതിരപ്പുറത്തുള്ള അദ്ദേഹത്തിന്റെ ഇരിപ്പുവല്ലാത്ത ഒരു മട്ടിലാണ്. ഒന്നുകില്‍ അദ്ദേഹം മുഴുക്കെ കുടിച്ചിട്ടുണ്ട്; അല്ലെങ്കില്‍ അദ്ദേഹത്തിനു തീരെ സുഖമില്ല.''
ഇങ്ങനെ പറഞ്ഞിട്ട് അദ്ദേഹത്തെ സ്വീകരിക്കുവാന്‍ അവള് പുറത്തേയ്ക്കിറങ്ങിപ്പോയി. വിഗ്ഡിസ് ഇറച്ചിക്കുഴമ്പുപാത്രം അടുപ്പത്തുനിന്നു വാങ്ങി കരണ്ടികൊണ്ട് ഇളക്കുകയാണ്. പെട്ടന്ന് അവള് വെളിയില്‍ ഈസായുടെ ഉച്ചത്തിലുള്ള ഒരു നിലവിളി കേട്ടു. അടുത്ത മാത്രയില്‍ സ്ക്കോഫ്ടേയും മറ്റൊരു മനുഷ്യനും കൂടി അദ്ദേഹത്തെത്താങ്ങിപ്പിടിച്ച് അകത്തേയ്ക്കു കൊണ്ടുവന്നു. ഈസാ അവരുടെ പാര്‍ശ്വത്തിലായി കൈകള്‍ തിരുമ്മിക്കൊണ്ടു നടക്കുകയാണ്. തന്റെ പിതാവിന്റെ മുഖം വല്ലാതെ വിളറിയിരിക്കുന്നതും അദ്ദേഹത്തിന്റെ വെള്ളത്താടി ചോര പുരണ്ടു നെഞ്ചില്‍ കിടക്കുന്നതും വിഗ്ഡിസ്സിന്റെ ദൃഷ്ടിയില് പെട്ടു.
വിഗ്ഡിസ് കൈയിലുള്ളതെല്ലാം താഴ്ത്തിട്ടിട്ട് ഓടിച്ചെന്ന് എന്താണ് സംഭവിച്ചതെന്നു പിതാവിനോടു ചോദിച്ചു.
തന്നെ ബെഞ്ചിന്മേല് കിടത്തിയാല്‍ കൊള്ളാമെന്നു ഗുന്നാര്‍ ആംഗ്യം കാട്ടി. ഒരു നിമിഷംനേരം ചുമരില്‍ തല ചായ്ച്ചിരുന്നുകൊണ്ട് അദ്ദേഹം പറഞ്ഞു:
``സംഭവിച്ചതിതാണ്: ഗ്രൈംലുണ്‍ഡാറിലെ എയോള്വുമായി ഞാനിന്നു സംസാരിച്ചു. പറഞ്ഞുപറഞ്ഞു വല്ലാത്ത ഒരു പതനത്തിലെത്തി. ഏതായാലും ഇനി ഞങ്ങള്‍ തമ്മില്‍ ഒന്നും പറയേണ്ടിവരില്ല.''
വിഗ്ഡിസ് പെട്ടന്നു ചോദിച്ചു:
``എയോള്‍വിനെ കൊന്നോ?''
``ഇല്ല.'' ഗുന്നാര്‍ മറുപടി പറഞ്ഞു: ``പക്ഷേ എന്റവസാനം ഏതാണ്ടടുത്തുവെന്നു തോന്നുന്നു.''
ഈസായും വിഗ്ഡിസ്സുംകൂടി ഗുന്നാറിന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി മുറിവുകള്‍ പരിശോധിച്ചു. അദ്ദേഹം പറഞ്ഞതു പരമാര്ത്ഥമാണെന്ന് അപ്പോള്‍ അവര്‍ക്കു ബോധ്യപ്പെട്ടു.
വിഗ്ഡിസ് പറഞ്ഞു: ``അച്ഛാ, ഇങ്ങനെയൊക്കെ വന്നുചേര്‍ന്നത് എങ്ങനെയാണെന്ന് അച്ഛന് ഞങ്ങളോടു പറയണം.''
ഗുന്നാര്‍ മറുപടി കൊടുത്തു: ``ഞങ്ങള്‍ യാദൃച്ഛികമായി കാട്ടില്‍ വെച്ചു കണ്ടുമുട്ടി-ഞാനും എയോള്‍വും. അവന് നിന്നെക്കുറിച്ചു ചില കൊള്ളരുതായ്മകള്‍ എന്നോടു പറഞ്ഞു. വിഗ്ഡിസ്സേ, നിനക്കൂഹിക്കാമല്ലോ- എന്റെ മുഖത്തു നോക്കി എന്റെ മകളെക്കുറിച്ച് അപവാദം പുലമ്പുന്നതു കേട്ടുകൊണ്ടു ക്ഷമിച്ചു നില്ക്കാന് എനിക്കു കഴിഞ്ഞില്ല.''
വിഗ്ഡിസ് ഒന്നും സമാധാനം പറഞ്ഞില്ല. അവര്‍ ഗുന്നാറിനെ കിടയ്ക്കയില്‍ പിടിച്ചുകിടത്തി. ആര്‍ണേയുടെ പുത്രന്മാര് ഇനിയെന്തെല്ലാം പ്രവര്‍ത്തിക്കുമെന്ന് ഒരു നിശ്ചയവുമില്ല. അതിനാല്‍ ഉടന്‍തന്നെ വടക്കോട്ടു പോയി തന്റെ അടിമകളെ കൂട്ടിക്കൊണ്ടുവരാന്‍ അദ്ദേഹം സ്ക്കോഫ്ടേയെ ചട്ടംകെട്ടി. അദ്ദേഹം പറഞ്ഞു.
``വിഗ്ഡിസ്സിനെ അവന്റെ ദാസിയാക്കുമെന്ന് എയോള്‍വ് ശപഥം ചെയ്യുകയുണ്ടായി.''
ഈസാ ഗുന്നാറിന്റെ സമീപത്തുതന്നെ ഇരുന്നു. വിഗ്ഡിസ്സാകട്ടെ ഗുന്നാറിന്റെ അനുചരനായ ഓളാവിനെ ഒരു ഒഴിഞ്ഞ കോണിലേയ്ക്കു വിളിച്ചുകൊണ്ടുപോയി സൂക്ഷ്മയായി പലതും അയാളോടു ചോദിക്കാന്‍ തുടങ്ങി.
``നിന്റെ യജമാനനെ രക്ഷിക്കാന്‍ നീ എങ്ങനെയെല്ലാമാണ് പ്രവര്‍ത്തിച്ചത്, ഓളാവേ?''
``എന്നാല്‍ കഴിവുള്ളതുപോലെല്ലാം ഞാന്‍ പ്രവര്‍ത്തിച്ചു,''അയാള്‍ മറുപടി പറഞ്ഞു, ``ഗുന്നാറും അദ്ദേഹത്തിന്റെ ശക്തിക്കൊത്തവണ്ണം ആക്രമണം ചെറുത്തുനില്ക്കാന് ശ്രമിച്ചു. ഞങ്ങള്‍ ഇരുവരും ഓരോ ആളെ കൊന്നു. പക്ഷേ അവര്‍ ആറുപേരുണ്ടായിരുന്നു. മാരകമായ ഒരു പ്രഹരം ഗുന്നാറിന്നു കിട്ടിയതോടുകൂടി അദ്ദേഹം കുതിരപ്പുറത്തുനിന്നു വീഴാന്‍ പോയി; ആ നിമിഷം ഞാന്‍ ഓടിച്ചെന്നു നിലത്തു വീഴാതെ അദ്ദേഹത്തെ താങ്ങി; ബാക്കിയുള്ളവര്‍ ഉടന്‍തന്നെ അവിടെനിന്നു കുതിരപ്പുറത്തു കയറി പറപറക്കുകയും ചെയ്തു.''
``എങ്ങോട്ടാണവര്‍ പോയിട്ടുള്ളതെന്നു തനിക്കറിയാമോ?'' വിഗ്ഡിസ് വീണ്ടും ചോദിച്ചു.
``ഗാട്ടെസ്റ്റാഡ് കാടിന് ഏറ്റവും അടുത്തുള്ളതും അവര്‍ `ശിശുവിന്റെ പര്‍വ്വതതടാകം' എന്നു വിളിച്ചുവരുന്നതുമായ തടാകത്തിനടുത്താണ് ഗ്രൈംലൂണ്ഡിംഗുകാര് കിടക്കുന്നതെന്ന് എനിക്കറിയാം,'' അടിമ മറുപടു പറഞ്ഞു:
``അവിടെയുള്ള കുന്നുംപുറത്ത് അവര്‍ മരം വെട്ടിക്കുകയാണ്.''
ഒരു നിമിഷനേരത്തേയ്ക്കു വിഗ്ഡിസ് നിശ്ശബ്ദയായി നിലകൊണ്ടു. അനന്തരം അവള് പറഞ്ഞു:
``ഞാന്‍ തീര്‍ത്തുപറയാം, എയോള്‍വിന്റെ വിചാരം അവന്റെ മുത്താഴത്തിന്നു മുമ്പ് അവന് ഒരു നല്ല ജോലി ചെയ്തു എന്നാണ്. പള്ള വീര്‍പ്പിച്ചുകഴിഞ്ഞശേഷം ആ പന്നി മിക്കവാറും ഇപ്പോള്‍ കൂര്‍ക്കം വലിക്കുയായിരിക്കും.''
ഇത്രയും പറഞ്ഞിട്ട് അവള് വെളിയിലേയ്ക്കിറങ്ങി. നേരെ അവളുടെ മുറിയില്‍ കടന്നുചെന്നു. അവള് അവളുടെ പേടകം തുറന്നു പുരോഹിതയുടെ കത്തി പുറത്തെടുത്തു. പിന്നീടവള്‍ ഒരിരുണ്ട തൂവാല അവളുടെ തലയില്‍ ചുറ്റുകയും കറുത്ത ഒരു വസ്ത്രം ധരിക്കുകയും ചെയ്തു. മുറ്റത്തേയ്ക്കിറങ്ങിയപ്പോള്‍ തൊഴുത്തില്‍ ഇരിക്കുന്ന സ്ക്കിസ്സും ഊന്നുവടിയും അവളുടെ ദൃഷ്ടിയില്‍പ്പെട്ടു. അവള് വയലുകള്‍ കടന്നുകാടുവരെയും പിന്നീടു ഗാട്ടെസ്റ്റാഡിനെ ലക്ഷ്യമാക്കി കാട്ടിന്റെ അരികിലൂടെയും സ്ക്കിസ്സില് കയറി യാത്രതിരിച്ചു. വീടുകളുടെ വടക്കുഭാഗത്തു തിരിഞ്ഞു കൃഷിപ്പണിസ്ഥലത്തിന്നു പുറകിലുള്ള പൊക്കം കുറഞ്ഞ കുന്നിന്‍ചെരുവിലൂടെ മുന്നോട്ടു പോയി. മരങ്ങള്‍ക്കടിയില്‍ കടുപ്പമുള്ള ഹിമപടലം ഉണ്ടായിരുന്നതിനാല്‍ വളരെ എളുപ്പത്തില്‍ അവളുടെ `സ്ക്കിസ്സ്' ഓടിക്കൊണ്ടിരുന്നു. അതിനാല്‍ ഏറെനേരം കഴിയുന്നതിന്നു മുന്‍പുതന്നെ പര്‍വ്വതതടാകത്തിന്നു ചുറ്റുമുള്ള ധവളവര്‍ണ്ണമായ മൈതാനവും അവിടെ ഗ്രൈംലൂണ് ഡാറിലെ കൂട്ടര്‍ക്കുണ്ടായിരുന്ന പലകക്കുശിനിയും അവളുടെ ദൃഷ്ടിപഥത്തില്‍പ്പെട്ടു.
നിലത്തുകൂടി അനേകംപേര്‍ കടന്നുപോയതിന്റെയും മരം അങ്ങോട്ടു വലിച്ചുകൊണ്ടുപോയിട്ടുള്ളതിന്റെയും ലക്ഷണങ്ങള്‍ കാണാമായിരുന്നു. അവിടം മുഴുവന്‍ പൂളുകളും മരത്തൊലിയും വയ്ക്കോലും കൊണ്ടു നിറഞ്ഞിരുന്നു. പക്ഷേ ഒരുത്തനെയും അവിടെയെങ്ങും കണ്ടില്ല. വിഗ്ഡിസ് മരച്ചാര്ത്തിനിടയിലൂടെ പതുങ്ങിപ്പതുങ്ങി കുശിനിവരെ ചെന്നെത്തി.
`സ്ക്കിസ്' അവിടെയിട്ടിട്ട് അവള് അകത്തേയ്ക്ക് ഒളിഞ്ഞുനോക്കി.
ഒരു കോടാലിയും ഒരു പരിചയും വാതില്ക്കലായി കിടക്കുന്നുണ്ട്. അവ എയോള്വിന്റേതാണെന്നവള് മനസ്സിലാക്കി. മൂന്നു പലകയുടെ ഉയരമേ ആ കുശിനിക്കുണ്ടായിരുന്നുള്ളൂ; ഉള്‍ഭാഗം തീരെ കുടുസ്സായതുമായിരുന്നു. അവള് പയ്യെ അകത്തു കടന്നു. രണ്ടുപേര്‍ അവിടെ കിടന്നുറങ്ങുന്നുണ്ട്. അവരില്‍ ഒരാള്‍ എയോള്വാണ്.
വിഗ്ഡിസ് ആദ്യം തന്നെ മറ്റേയാള്‍ കിടന്ന ബെഞ്ചിനടുത്തേയ്ക്കു ചെന്നു. അയാള്‍ ഒരു വസ്ത്രം മീതെയിട്ടു പുതച്ചിട്ടുണ്ട്. അവള് അതെടുത്ത് അയാളുടെ തലയ്ക്കു ചുറ്റും പൊതിഞ്ഞു. മറ്റേക്കൈകൊണ്ടു കത്തി വലിച്ചെടുത്ത് അവള് അവന്റെ തൊണ്ടയ്ക്കകത്തേയ്ക്കു കുത്തിയിറക്കി. ആ മനുഷ്യന് ആ നിമിഷത്തില്‍ത്തന്നെ സിദ്ധികൂടി. അനന്തരം അവള് എയോള്‍വ് കിടന്നിരുന്നിടത്തേയ്ക്കു തിരിഞ്ഞു.
വിഗ്ഡിസ് അയാളുടെ മാറില്‍ കൈ തട്ടി അയാളെ ഉണര്‍ത്തി.
``ഉണരണം, എയോള്‍വേ. ഏറെ നാളായി താന്‍ അന്വഷിച്ചിരുന്നതു തനിക്കിപ്പോള്‍ കിട്ടാന്‍പോവുകയാണ്. താനുമായി ഒരു നേരംപോക്കിനു വാഡിനില്നിന്നു വിഗ്ഡിസ് ഇതാ വന്നിരിക്കുന്നു.''
എയോള്‍വ് ഉറക്കത്തില്‍നിന്നു ഞെട്ടിയുണര്‍ന്നു. കുശിനി ഇരുളടഞ്ഞിരുന്നതിനാല്‍ അയാള്‍ക്ക് അവളെ ശരിയായി കാണാന്‍ കഴിഞ്ഞില്ല. വിഗ്ഡിസ് വീണ്ടും പറഞ്ഞു:
``ഞാന്‍ തന്റെ സമീപം, തന്റെ കിടയ്ക്കയില്‍ വന്നതിനാല്‍, പരമാര്‍ത്ഥമാണ്, എന്റെ മാനമെല്ലാം പോയി.''
ഇങ്ങനെ പറഞ്ഞുകൊണ്ട് അവള് കത്തിയുര്ത്തി അയാളെ ഊക്കോടൊരു വെട്ടുവെട്ടി. ഇക്കുറി അവള്‍ക്കുന്നം പിഴച്ചില്ല. എയോള്‍വ് പുറകോട്ടു മലച്ചു. അയാളുടെ കഴുത്തില്‍ നിന്നു ചുടുചോര ചീറ്റിപ്പാഞ്ഞു. രണ്ടു പ്രാവശ്യംകൂടി അവള് കത്തി അയാളുടെ ശരീരത്തില്‍ പൂഴ്ത്തി. രണ്ടാമത്തെ പ്രാവശ്യം അവള് അതു വലിച്ചൂരിയില്ല. അത് അയാളുടെ ശരീരത്തില്‍ത്തന്നെ വിട്ടിട്ട് അയാള്‍ മരിക്കുന്നതു കാണാന്‍ മുന്നോട്ടു ചാഞ്ഞു. തള്ളിത്തള്ളിപ്പുറപ്പെട്ട ചെഞ്ചോരയില്‍ ഇരുകൈകളും മുക്കിയെടുത്ത് അവള് അയാളുടെ തലമുടിയില്‍ തേച്ചുണക്കി. എയോള്‍വിന്റെ അവസാനശ്വാസവും നിലച്ചപ്പോള്‍ വിഗ്ഡിസ് പുറത്തേയ്ക്കിറങ്ങി. `സ്ക്കിസ്സി'ല്‍ വീണ്ടും അവള് കാട്ടിലൂടെ യാത്ര തിരിച്ചു.
തണുപ്പു വര്‍ദ്ധിച്ചിരുന്നു. വഴിയില്‍ അധികഭാഗവും ഉറക്കമായിരുന്നതില് വിഗ്ഡിസ് അതിവേഗത്തില്‍ മുന്നോട്ടുപോയി. പക്ഷേ ഇടയ്ക്കിടെ അവള്‍ക്കു നില്‍ക്കേണ്ടതായി വന്നുകൂടി. എന്തുകൊണ്ടെന്നാല്‍, അവളുടെ കാലുകള്‍ വിറച്ചിരുന്നു; അവളുടെ കൈയ്ക്കുകീഴില്‍ എയോള്‍വ് കിടന്നു മരിക്കുന്നത് എപ്പോഴും അവള്‍ക്കു കാണാമായിരുന്നു. ഗുന്നാറിന്റെ മരണത്തിനെക്കാള്‍ ഭയങ്കരമായ പ്രതികാരം താന്‍ ചെയ്തതുപോലെ അവള്‍ക്കിപ്പോള്‍ തോന്നിത്തുടങ്ങി. താന്‍ ഒരു പുരുഷനെ ഇപ്പോള്‍ ബലം പ്രയോഗിച്ചാക്രമിച്ചു; തനിക്കു യോട്ടിനെ ചെറുത്തുനില്ക്കാന് എങ്ങനെ സാധിക്കാതിരുന്നോ അതുപോലെതന്നെ ഇയാള്‍ക്കും തന്നോടെതിരിടാന്‍ കഴിവില്ലാതെപോയി. ഈ ചിന്ത അവളുടെ ഹൃദയത്തെ വല്ലാതെ തട്ടിയിളക്കി; തന്മൂലം താന്‍ എത്രമാത്രം ദ്രൂതഗതിയിലാണ് പായുന്നതെന്നോ എങ്ങോട്ടാണ് താന്‍ പോകുന്നതെന്നോ അവള് ശരിക്കറിഞ്ഞില്ല.
കുന്നിന്റെ ഒരു ചെരിവു കയറുമ്പോള്‍ അവള് യാദൃച്ഛികമായി മരം വലിച്ചുകൊണ്ടു പോകുന്ന ഒരു ചാലില്‍ എത്തിച്ചേര്‍ന്നു. അവിടെ കോള്‍ ആര്ണേസണേയും അയാളുടെ ഏതാനും ആളുകളെയും അവള് കണ്ടുമുട്ടി; തടികയറ്റുന്ന ഒഴിഞ്ഞ `സ്ലെഡ്ജ്' വണ്ടികള്‍ ഓടിച്ചുപോവുകയായിരുന്നു അവര്‍. അവളെ കാണുകയാല്‍ അവര്‍ ഉറക്കെ അവളെ വിളിച്ചു. കോളും
വേറൊരാളും മഞ്ഞിലൂടെ അവള്‍ക്കു പിറകേ ഓടിപ്പോയി. പക്ഷേ മഞ്ഞിന് പാടയ്ക്കു വലിയ കട്ടിയില്ലാതിരുന്നതിനാല്‍ അതിന്നവരെ വഹിക്കാന്‍ സാധിച്ചില്ല; അവര്‍ക്കാകട്ടെ സ്ക്കിസ്സ് ഒട്ടുണ്ടായിരുന്നുമില്ല. വിഗ്ഡിസ് ചുള്ളിക്കാട്ടിലൂടെ ധൃതഗതിയില്‍ നടന്നു താഴെക്കൂടി ഒഴുകിക്കൊണ്ടിരുന്ന ഒരരുവിയിലേയ്ക്കിറങ്ങി മഞ്ഞുകട്ടയിലൂടെ യാത്ര തുടര്‍ന്നു. അതു മുഴുവന്‍ വെള്ളം നിറഞ്ഞും ചാരനിറത്തോടുകൂടിയും ഇരുന്നു-അതിനവളെ താങ്ങാന്‍ ഞെരുക്കമായിരുന്നു. അവളുടെ സ്ക്കിസ്സിനു പിന്നില്‍ അതു ഛിന്നഭിന്നമായിപ്പോയി. പക്ഷേ ഒരു പ്രകാരത്തില്‍ അവള് മറുകരയിലെത്തിക്കൂടി. അങ്ങനെ അവള് അവരുടെ പിടിയില്നിന്നൊഴിഞ്ഞുമാറി.
ഇതിനുശേഷം സ്വഗൃഹത്തില്‍ മുറ്റത്തു കടക്കുന്നതുവരെ അവള് ഒരിടത്തും നിന്നില്ല. അനന്തരം അവള് ഹാളിലേയ്ക്കു കടന്നു നേരെ ഗുന്നാറിന്റെ സമീപത്തേയ്ക്കു പോയി. അദ്ദേഹം ഉറക്കമാണ്. ഈസാ അരികെ ഇരിക്കുന്നുണ്ട്. വിഗ്ഡിസ് ഉറക്കെ വിളിച്ചു പറഞ്ഞു:
``അച്ഛാ, ഉണരൂ. ഞാന്‍ നല്ല വര്‍ത്തമാനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. നമ്മുടെ മാനക്കേടു നീക്കാന്‍ എന്നാല്‍ കഴിവുള്ളതു ഞാന്‍ ചെയ്തുകഴിഞ്ഞു. എയോള്‍വ് ആര്ണേസണെ ഞാന്‍ കൊന്നു.''
തന്നെ കിടയ്ക്കയില്‍ എഴുന്നേല്പിച്ചിരുത്തുവാന് ഗുന്നാര്‍ അവരോട് ആവശ്യപ്പെട്ടു. ആ അവസരത്തില്‍ വിഗ്ഡിസ് അവളുടെ പ്രവൃത്തികളെക്കുറിച്ചെല്ലാം വിശദമായി വിസ്തരിച്ചു. അനന്തരം തനിക്കൊന്നു ചുംബിക്കുവാനായി കുനിയുവാന്‍ അദ്ദേഹം അവളോടു പറഞ്ഞു. അദ്ദേഹം പ്രസ്താവിച്ചു:
``നീയിപ്പോള്‍ ധൈര്യവും പൗരുഷവുമുള്ള ഒരു സ്ത്രീയാണെന്നു വെളിപ്പെടുത്തി. നീയങ്ങനെ വെളിപ്പെടുത്തുമെന്ന് ഒരു കാലത്തു ഞാന്‍ ആശിച്ചിരുന്നു. ആ ഐസ്ലാഡുകാരന് നിന്നെ പിഴപ്പിക്കുവാന്‍ നീയിടകൊടുത്തതിലുള്ള കോപം ഇനിമേല്‍ ഞാന്‍ എന്റെ മനസ്സില്‍ വെച്ചുകൊണ്ടിരിക്കില്ല. എന്നാല്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ സര്‍വ്വനന്മകളും ആശിക്കുന്നു-നിനക്കും നിന്റെ കുഞ്ഞിനും.''
താന്‍ കോളിനെ കണ്ടുമുട്ടിയ കഥ വിഗ്ഡിസ് പ്രസ്താവിച്ചു. അയാള്‍ അവളെ തിരിച്ചറിഞ്ഞോ എന്നു ഗുന്നാര്‍ തിരക്കി.
``അതെനിക്കു പറയാന്‍ കഴിവില്ല'' വിഗ്ഡിസ് ഉത്തരം നല്കി: ``പക്ഷേ എയോള്‍വിന്റെ ദേഹത്തു ഞാന്‍ വിട്ടിട്ടുപോന്ന പുരോഹിതയുടെ കത്തി അയാള്‍ തിരിച്ചറിയും.''
ഇതു കേട്ടു ഗുന്നാര്‍ പറഞ്ഞു: ``നിന്നെ രക്ഷിക്കാന്‍ എനിക്കു കരുത്തില്ല. ആളുകളുമായി സ്ക്കൊഫ്ടെ തിരിച്ചെത്തുമ്പോഴേയ്ക്കും നാളുകള്‍ കുറെ പിടിക്കും. കുഞ്ഞിനെയുംകൊണ്ട് ഉടന്‍ തന്നെ നീ ഗ്രഫ്സിനിലേയ്ക്കു
പോകുന്നതാണുത്തമം. എനിക്കു കാാറെയെ തികച്ചും വിശ്വസിക്കാന്‍ കഴിയും; ഞാന്‍ അയാള്‍ക്കു ചെയ്തിട്ടുള്ള നന്മ ഒരിക്കലും അയാള്‍ മറക്കുകയില്ല. പക്ഷേ ഓളാവ് ഇവിടെയുള്ള എന്റെ സകല സാധനസാമഗ്രികളും എടുത്തുകൊണ്ടുപോയി. നമ്മുടെ ഏറ്റവും പുറത്തുള്ള ധാന്യപ്പുര നില്ക്കുന്ന കുന്നിന്റെ തെക്ക്, പുഴയിലെ ആ കയത്തിനുള്ളില്‍ ഒളിച്ചുവെയ്ക്കണം.''
``ഞാനിപ്പോള്‍ അച്ഛനെ വിട്ടു പോവില്ല, അച്ഛാ,'' വിഗ്ഡിസ് പറഞ്ഞു. പക്ഷേ ഗുന്നാര്‍ പ്രതിവദിച്ചു:
``നീയും നിന്റെ കുഞ്ഞും സുരക്ഷിതരായിരിക്കണമെന്നുള്ളത് എന്റെ ആശയാണ്. നമ്മുടെ വംശം നാമാവശേഷമാകുന്നതു ഞാന്‍ കാണുകയില്ല. എന്നില്‍ വലിയ കരുത്തൊന്നും ഇന്നിപ്പോള്‍ അവശേഷിച്ചിട്ടില്ല; ഏറെക്കാലമായി ഞാന്‍ ഇങ്ങനെ ജീവിക്കുന്നു. എനിക്കു മതിയായി. പക്ഷേ നിങ്ങള്‍- നീയം ഈസായും- ഉടന്‍തന്നെ ഗ്രെഫ്സിനിലേയ്ക്കു പോകണം.''
ഈസാ പറഞ്ഞു:
``എനിക്കു സ്ക്കിസ്സില് ഓടുവാന്‍ വലിയ വശമില്ല. ഞാന്‍ ഈ അവസരത്തില്‍ അങ്ങയെ വിട്ട് ഒരിടത്തും പോവുകയില്ല. എന്നോടും എന്റെ കുഞ്ഞിനോടും അങ്ങനെയായിരുന്നു അങ്ങയുടെ പെരുമാറ്റം. പോരെങ്കില്‍ കോള്‍ ഇന്നു രാത്രിതന്നെ നമ്മെത്തിരക്കി ഇവിടെ വരുമോ എന്ന കാര്യം സംശയമാണ് - പക്ഷേ വിഗ്ഡിസ് പോയേ കഴിയൂ. നമുക്കെല്ലാവര്‍ക്കും തന്നാല്‍ കഴിവുള്ള സര്‍വ്വസഹായവും കാാറെ തീര്‍ച്ചയായും ചെയ്തുതരും.''
അങ്ങനെ ഈസാ ഗുന്നാറോടൊന്നിച്ച് അവിടെ നില്ക്കണമെന്നുതന്നെ തീരുമാനിക്കപ്പെട്ടു. അവര്‍ക്കാര്‍ക്കും അവളെ അവളുടെ നിശ്ചയത്തില്‍നിന്നു പിന്തിരിക്കാന് സാധിച്ചില്ല. വിഗ്ഡിസ് തന്റെ മുറിയില്‍ച്ചെന്നു പുത്രനെ വിളിച്ചുണര്‍ത്തി അവനെ വസ്ത്രങ്ങള്‍ ധരിപ്പിച്ചു. പോകുന്നതിനു മുന്‍പ് അവന് ആഹാരം കൊടുക്കാന്‍ സൗകര്യമുണ്ടായിരുന്നില്ല. അതിനാല്‍ അപ്പവും ഉലര്‍ത്തിയ ഇറച്ചിയും അവള് പൊതിഞ്ഞെടുത്തു. അവളുടെ ഏറ്റവും വിലപിടിച്ച സമ്പാദ്യങ്ങള്‍, സ്വര്‍ണ്ണവും ആഭരണങ്ങളും അവള് ഒരു തോല്സഞ്ചിയില് ശേഖരിച്ചു. അനന്തരം കുഞ്ഞിനെ ഒക്കത്തെടുത്തുകൊണ്ട് അവള് പിതാവിന്റെ സമീപം തിരിച്ചുചെന്ന് അദ്ദേഹത്തോടു യാത്ര പറഞ്ഞു. ഗുന്നാര്‍ അവര്‍ രണ്ടുപേരെയും ചുംബിച്ചു. അതിനുശേഷം അവള് ഏറ്റവും വാത്സല്യത്തോടുകൂടി ഈസായോടു യാത്രാനുമതിവാങ്ങുകയും വീണ്ടും അവര്‍ തമ്മില്‍ ഒത്തുചേരാന്‍ ഇടവരട്ടേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഇരുപത്തിരണ്ട്
അനന്തരം അവള് വെളിയിലേയ്ക്കിറങ്ങിപ്പോയി. അവള് തന്റെ സ്ക്കിസ്സ് എടുത്തിടുകയും അവയെ അവളുടെ പാദങ്ങളോടു തോല്‍വാറുകൊണ്ടു മുറുക്കിക്കെട്ടുകയും ചെയ്തു.
ഇരിമ്പുകൊണ്ടുള്ള ഒരു നീണ്ട കുറ്റിയും വളയവുമുള്ള ഒരു വടിയാണ് അവള് തിരഞ്ഞെടുത്തത്. അവള് ഒരു തൂവാലകൊണ്ടു കുഞ്ഞിനെ അവളുടെ പുറത്തു ദൃഢമായി ബന്ധിച്ചു. അനന്തരം മുറ്റം വിട്ട് അവള് വടക്കോട്ട് അതിവേഗത്തില്‍ യാത്രയായി.
സൂര്യന് താണുതാണു വരികയാണ്. മഞ്ഞിന്റെ മുകള്ഭാഗം നല്ല കടുപ്പമുള്ളതായിരുന്നതിനാല് അവള് കുഞ്ഞിനെ പുറത്തു വഹിച്ചിരുന്നെങ്കിലും അവളുടെ സ്ക്കിസ്സ് യാതൊരു രേഖയും നിലത്തു പതിയാന്‍ ഇടയാക്കിയില്ല. അവള് നേരെ നദീതടത്തിലേയ്ക്കു പോയി. അവിടെനിന്ന് അതിന്റെ ഗതിയെ ലക്ഷ്യമാക്കിക്കൊണ്ടു നേരെ മുകളിലേയ്ക്കു കയറി. ഒടുവില്‍ അവള് മഞ്ഞുകട്ടയാല് ഉപദ്രവകരമല്ലാത്ത ഒരു സ്ഥാനം കണ്ടെത്തി. അനന്തരം അവള് കുന്നിന്ചെരുവുകളിലേയ്ക്കു കയറി. ആ ഗതി വളരെ ക്ലേശകരമായിരുന്നു. മുന്‍പു പകല്‍സമയം നടത്തിയ യാത്രകൊണ്ടുതന്നെ അവള് വല്ലാതെ ക്ഷീണിച്ചിരുന്നു.
മുകള്‍പ്പരപ്പില്‍ എത്തിയതോടുകൂടി അവള് അവിടെ നില്‍ക്കുകയും പുറകിലേയ്ക്കു തിരിഞ്ഞു നോക്കുകയും ചെയ്തു. ഉള്‍ക്കടലിനു മുകളില്‍ ആകാശം ഇപ്പോള്‍ രക്തവര്‍ണ്ണമായിരുന്നു. അവളുടെ കണ്ണെത്തുന്നിടത്തോളം ദൂരം ജീവന്റെ യാതൊരു ചിഹ്നവും ഉണ്ടായിരുന്നില്ല - പക്ഷേ ആ അവസരത്തില്‍ നാട്ടും പുറത്തു ധാരാളം കാടുകളും ചുള്ളികളും ഉണ്ടായിരുന്നു.
വിഗ്ഡിസ് ഗ്രെഫ്സിനെ ലക്ഷ്യമാക്കി മേലോട്ടു യാത്രതുടര്‍ന്നു. അവള് ദ്രൂതഗതിയില്‍ പോയില്ല. വീടുകള്‍ ഉള്ളപ്രദേശത്തു എത്തിച്ചേരുന്നതിനുമുമ്പുതന്നെ നക്ഷത്രങ്ങള്‍ വെളിയിലേയ്ക്കു വരാന്‍ തുടങ്ങി. മുറ്റത്തു പ്രവേശിച്ചപ്പോള്‍ അവള് വിളക്കൊന്നുംകാണുകയുണ്ടായില്ല. എല്ലാ വാതിലുകളും അടച്ചിരിക്കയാണ്. വിഗ്ഡിസ് കടന്നുചെന്ന് അവളുടെ സ്ക്കിസ്സിന്റെ വടികൊണ്ടു വാതില്ക്കല് മുട്ടി. പക്ഷേ ആരും തന്നെ പുറത്തേയ്ക്കു വന്നില്ല. തൊഴുത്തില്‍ പശുക്കള്‍ അനങ്ങുന്നതല്ലാതെ അവിടെയെങ്ങും യാതൊരൊച്ചയനക്കവും കേള്‍ക്കാനില്ല. വീട്ടില്‍ ആരും തന്നെ ഇല്ലെന്നവള്ക്കപ്പോള് മനസ്സിലായി.
എന്താണിനി ചെയ്യേണ്ടതെന്നാലോചിച്ചുകൊണ്ട് അവള് അവിടെ നിന്നു. ഒന്നു ശ്വാസം വിടാനായി അവള് കുഞ്ഞിനെ താഴെ കിടത്തി. അവള് അങ്ങനെ ചെയ്ത അവസരത്തില്‍ അവന് അവളുടെ വസ്ത്രത്തിന്മേല് കടന്നു പിടികൂടിയിട്ടു തെക്കോട്ടു ചൂണ്ടിക്കാണിച്ചു. വിഗ്ഡിസ് അങ്ങോട്ടു നോക്കി. വാഡിന് സ്ഥിതിചെയ്യേണ്ട ഭാഗത്ത് ആകാശത്തില്‍ ഒരു ചുവന്ന പ്രഭാപൂരം അപ്പോള്‍ അവളുടെ ദൃഷ്ടിയില്‍പ്പെട്ടു. ഓരോ നിമിഷം ചെല്ലുംതോറും ആ പ്രഭ വര്‍ദ്ധിച്ചു വര്‍ദ്ധിച്ചുവന്നു. അതിനോടൊപ്പം കരിംപുകയുടെ ഒരു മേഘപടലവും അവിടെ കാണാറായി. കുട്ടിക്ക് അതു കണ്ടു ഭയം തോന്നി; അവന് അവളുടെ മടിയില്‍ തല മറച്ചു കിടന്നു മുരങ്ങാന്‍ തുടങ്ങി. അനന്തരം അവള് അവനെ പിടിച്ചുയര്ത്തിക്കൊണ്ടിങ്ങനെ പറഞ്ഞു:
``അവരിപ്പോള്‍ നിന്റെ മുത്തച്ഛനേയും നിന്റെ പോറ്റമ്മയായ ഈസായേയും ചുട്ടെരിക്കയാണ്. നല്ലപോലെ നോക്കിക്കോ, മോനേ, നീയൊരു കാലത്തും ഇതു മറക്കാതിരിക്കട്ടെ, അതുകൊണ്ടു നോക്കിക്കോ, നല്ലപോലെ നോക്കിക്കോ!''
തീ ആളിപ്പടര്ന്നുപിടിക്കുന്നത് അവള്‍ക്കപ്പോള്‍ കാണാന്‍ കഴിഞ്ഞു. പുകപ്പടര്പ്പിന് ഒരരുണരേഖ കലര്‍ന്ന സ്വര്‍ണ്ണവര്‍ണ്ണം പിടിപ്പിച്ചുകൊണ്ട് അഗ്നിജ്വാലകള്‍ മേലോട്ടുമോലോട്ടുപാളിക്കയറി. ധാന്യപ്പുരയ്ക്കു തീപിടിച്ചു വയ്ക്കോലും നെല്ലും കത്തിക്കാളി തീപ്പൊരിപ്പടര്പ്പുകളായി ആകാശത്തേയ്ക്കു പറന്നു. വിഗ്ഡിസ് നിന്നിടത്തുപോലും പകലത്തെപ്പോലെവെളിച്ചം വ്യാപിച്ചു. പിന്നീട്, പലയാളുകളും വയലുകളിലൂടെ സ്ക്കീസ്സിന്മേല് നദീതടത്തിലേയ്ക്കു ധൃതഗതിയില്‍ പായുന്നത് അവളുടെ കണ്ണില്‍പ്പെട്ടു. അവിടെ ഇനി അധികനേരം നില്ക്കുന്നതു ബുദ്ധിഹീനതയാണെന്നവള്ക്കു തോന്നി. കാട്ടിനുള്ളിലേയ്ക്കു പോകുന്നകാണുത്തമമെന്നവള് നിശ്ചയിച്ചു. വിഗ്ഡിസ് കുഞ്ഞിനെ വീണ്ടും എടുത്തുകൊണ്ടു തന്റെ സ്ക്കിസ്സിനാകുന്നതിലേറെ വേഗത്തില്‍ അവിടെനിന്നു പുറപ്പെട്ടു. വീട്ടില്‍നിന്നു പുറത്തേയ്ക്കുള്ള നടവഴിത്താരകളിലൂടെ കുറെ ദൂരം പോകുന്നപക്ഷം ആരെങ്കിലും അവളുടെ പുറകേ വന്നാല്‍ത്തന്നെ അവള് പോയ രേഖ അത്ര പെട്ടന്നൊന്നും കണ്ടുപിടിക്കയില്ലെന്നും അതിനാല്‍ അതാണ് ഏറ്റവും നല്ല ഉപായമെന്നും അവളുറച്ചു. അവള് നേരെ വടക്കോട്ടാണ് തിരിച്ചത്. എന്തെന്നാല്‍, മലഞ്ചെരിവിനപ്പുറം വലിയ തടാകത്തിനു സമീപമായി ആള്ത്താമസമുണ്ടെന്നവള്ക്കറിയാമായിരുന്നു. അവര്‍ ഏതായാലും അത്രത്തോളം ദൂരേ തന്നെ തിരക്കിവരില്ലെന്ന് അവള്‍ക്കു തോന്നി. അവള് കാട്ടിലെത്തിയപ്പോള്‍ നല്ലപോലെ ഇരുട്ടടച്ചിരുന്നു. മരങ്ങള്‍ക്കിടയിലുള്ള മഞ്ഞിന്റെ വെളിച്ചത്തിലൂടെ അവള് മുന്നോട്ടുപോയി. വഴി കയറ്റമായിരുന്നു. പോകാന്‍ വലിയ വിഷമം. പലപ്രാവശ്യം അവള് മുന്നോട്ടാഞ്ഞു വീണു. അവളുടെ മുഖവും കൈകളും പൊട്ടി ചോരയൊഴുകി. രാത്രി വല്ലാത്ത തണുപ്പുള്ളതായിരുന്നു. പക്ഷേ അവള് അതൊന്നു അറിഞ്ഞതേയില്ല അവളുടെ ശരീരത്തില്‍നിന്നു വിയര്പ്പതുള്ളികള് കുടുകുടാ വീണുകൊണ്ടിരുന്നു. അവളുടെ ഹൃദയം ശക്തിയായി മിടിച്ചുകൊണ്ടിരുന്നു. അതു പൊട്ടിപ്പോയേയ്ക്കമോ എന്നുപോലും അവള്‍ക്കു തോന്നിപ്പോയി. എല്ലാറ്റിലും ഉപരിയായി, കുഞ്ഞ് അവളുടെ കഴുത്തില്‍ മുറുകെ ചുറ്റിപ്പിടിച്ചു; അവള് കുന്നിന് മുകളിലേയ്ക്കുള്ള കയറ്റം കയറുമ്പോള്‍ അവന് മിക്കവാറും അവളുടെ കഴുത്തു ഞെക്കി ശ്വാസം മുട്ടിക്കുകതന്നെ ചെയ്തു.
ഏറെനേരത്തിനുശേഷം ഒടുവില്‍ അവള് കുന്നിന്നിരകളുടെ മുകള്‍പ്പരപ്പില്‍ ഒരു വിധത്തിലെത്തിപ്പറ്റി. അവിടെനിന്നു പീന്നിടുള്ള യാത്ര കുറച്ചുകൂടി എളുപ്പമായിരുന്നു - പക്ഷേ ആ വഴിക്ക് ഇതിനുമുമ്പൊരാളും കടന്നുപോയിട്ടില്ലാത്തതുപോലെ കാണപ്പെട്ടു. അവള് ഒന്നു വട്ടംചുറ്റിയ അവസരത്തില്‍ മരച്ചില്ലകള്‍ക്കു മുകളില്‍ ആ പ്രഭ അപ്പോഴും അവള്‍ക്കു ദൃശ്യമായി. പക്ഷേ ഇപ്പോള്‍ അതു കൂടുതല്‍ വിളറിയിരുന്നു.
കുറച്ചുനേരം കഴിഞ്ഞു കുട്ടി വീണ്ടും മുരങ്ങാന്‍ തുടങ്ങി. അവനു വല്ലാത്ത വിശപ്പും തണുപ്പും തോന്നിയിരുന്നു.
``കരയാതിരിക്കൂ, കുട്ടാ'' അവന്റെ അമ്മ പറഞ്ഞു.``നാം വേഗം ഏതെങ്കിലും വീട്ടില്‍ എത്തിച്ചേരും; എന്നട്ടു നിനക്കുപായസവും തന്നു നിന്നെ കിടത്തിയുറക്കാം.''
``നമ്മള് വേഗം അവിടെ എത്തിച്ചേര്വോ? കുട്ടി തിരക്കി.
``ഉവ്വ്; ഇനി നാം വേഗം അങ്ങുചെല്ലും.'' വിഗ്ഡിസ് പറഞ്ഞു.
അവള് തന്റെ മേല്മുണ്ടഴിച്ചു കുഞ്ഞിന്റെ ദേഹത്തില്‍ ചുറ്റി. അങ്ങനെ അവന് ഒരു സഞ്ചിയിലെന്നപോലെ കിടക്കാനൊത്തു. അനന്തരം അവള് അവനെ അവളുടെ പുറത്തു മുറുക്കികെട്ടി. കുന്നിനു കീഴോട്ട് ഒരു നേരിയ ധവളപ്രഭ ഒഴുകിപ്പോകുന്നത് അവള്‍ക്കിപ്പോള്‍ കാണാറായി. തന്റെ കയ്യിലിരുവന്ന വടി ഗതിനിയന്ത്രണത്തിനുള്ള ഒരൂന്നാക്കിക്കൊണ്ട് അവള് കുന്നിന്ചെരുവിനടിയിലേയ്ക്കു തുടര്‍ച്ചയായി വക്രഗതിയില്‍ തെന്നിനീങ്ങി. പക്ഷേ നിലം വളരെ പരുപരുത്തതായിരുന്നതിനാല് ഒട്ടുമിക്കപ്പോഴും അവളുടെ സ്ക്കിസ്സ് ഓരോ ദിക്കില്‍ തടഞ്ഞു നിന്നു. തന്റെ കണങ്കാലുകള്‍ വിറയ്ക്കുന്നതായി അപ്പോഴെല്ലാം അവള്‍ക്കനുഭവപ്പെട്ടു. അവളുടെ ശരീരം കുടുകുടാ വിയര്‍ത്തൊലിച്ചു. ഇപ്പോഴാകട്ടെ, രാത്രി നക്ഷത്രനിബിഡമായിരുന്നു. പക്ഷേ കാട്ടിനുള്ളില്‍ ഭയങ്കരമായി ഇരുട്ടുമുറ്റി. ചന്ദ്രനാകട്ടെ, ഏതാണ്ടു പ്രഭാതത്തോടടുത്തല്ലാതൊട്ടുദിക്കയുമില്ല.
ഒടുവില്‍ അവള് തനിക്കു കീഴ്ഭാഗത്തായി ഒരു വെളുത്തമൈതാനം കണ്ടു; അതു തടാകമായിരിക്കണമെന്ന് അവള് ഊഹിച്ചു. കീഴോട്ട് ഒരു വഴിത്താര കാണുകയും അവള് നേരെ ആ വഴി യാത്രതിരിക്കുകയും ചെയ്തു. എന്നാല്‍ അവള് ഒരു മരത്തിന്മേല് ചെന്നലച്ചു താഴെ വീഴുകയാണുണ്ടായത്. അവളുടെ ഇടത്തെ `സ്ക്കി'യുടെ കെട്ടു പൊട്ടിപ്പോയി എന്നവള്‍ക്കു മനസ്സിലായി. അവളുടെ കൈവശം ഒരു കത്തിയുണ്ടായിരുന്നു. കുട്ടിയെ മഞ്ഞില്‍ കിടത്തിയശേഷം ഏതാനും കാട്ടുവള്ളികള്‍ മുറിച്ചെടുത്തു തന്നാലാവുന്നവിധം അവള് അതിന്റെ കേടുപാടുകള്‍ പോക്കി.
അവള്‍ക്കു വീണ്ടും യാത്ര തുടരാന്‍ സാധിക്കുന്നതിനു കുറച്ചുനേരം കഴിയേണ്ടിവന്നു. കുഞ്ഞിനെ തറയില്‍ നിന്നു പൊക്കിയെടുത്തു കൊണ്ട് അവള് ചോദിച്ചു:
``നിനക്കു തണുക്കുന്നുണ്ടോ,-മോനേ?''
``ഇല്ല,'' അവന് പറഞ്ഞു. അവള് അവന്റെ കൈരണ്ടും തൊട്ടുനോക്കി; അവ മഞ്ഞുകട്ടപോലിരുന്നു. അവള് അതിന്മേല് നുള്ളിയപ്പോള്‍ അവന് ഒന്നുംതന്നെതോന്നിയില്ല. അതിനാല്‍ അവന്റെ കൈകള്‍ മഞ്ഞേറ്റു മരവിച്ചിട്ടുണ്ടെന്ന് അവള് അഭ്യൂഹിച്ചു. അനന്തരം അവനെ അവള് മടിയിലിരുത്തി മഞ്ഞെടുത്തു നല്ലപോലെ തിരുമ്മാന്‍ തുടങ്ങി. കുറെ കഴിഞ്ഞപ്പോള്‍ അതവനെ വേദനിപ്പിക്കയും അവന് കരഞ്ഞുതുടങ്ങുകയും ചെയ്തു. അവള് അവനെ ഏറ്റവും ഭദ്രമായ രീതിയില്‍ പുതപ്പിച്ചു. അനന്തരം തടാകത്തിന്റെ ഒരു വശത്തുകൂടി അവള് നേരെ വടക്കുപടിഞ്ഞാറോട്ടു പുറപ്പെട്ടു. ആ ഭാഗത്താണ് വീടുകള്‍ സ്ഥിതിചെയ്യുന്നതെന്ന് അവള്‍ക്കറിയാമായിരുന്നു.
കുട്ടിയെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന അവസരത്തില്‍ മഞ്ഞുകൊണ്ടു തനിക്കു മരവിപ്പുപിടിച്ചുവെന്ന് ആ സമയത്ത് അവള്‍ക്കനുഭവപ്പെട്ടു. വടക്കുഭാഗത്തുനിന്നു തടാകത്തിന്റെ മീതെ സൂക്ഷ്മമായ ഒരു കാറ്റും വീശിക്കൊണ്ടിരുന്നു.
വിഗ്ഡിസ്സിനെതിരായിട്ടാണ് കാറ്റിന്റെ വരവ്. അവളെ മിക്കവാറും നഗ്നയാക്കിക്കൊണ്ട്, വിയര്‍ത്തുനനഞ്ഞ അവളുടെ വസ്ത്രങ്ങള്‍ക്കിടയിലൂടെ അതവളെ കടിച്ചുകാര്ന്നു. എവിടെയെങ്കിലും ഒരു വീടു കാണുന്നുണ്ടോ എന്നു പരീക്ഷിച്ചുകൊണ്ടു പടിഞ്ഞാറെ കരയില്‍ അവള് നിന്നു. പക്ഷേ ഒന്നുംതന്നെ കാണാനില്ല. ഒടുവില്‍ വെളുപ്പുനിറമുള്ള ഒരു കുന്നിന്ചെരുവില് ഏതാണ്ട് ഒരു വീടുപോലെന്തോ ഒന്ന് അവളുടെ കണ്ണില്‍പെട്ടു അവള് ഉടന്‍തന്നെ മേലോട്ടുകയറി. ഏതോ പുരയിടത്തിന്റെ ഇങ്ങേ അറ്റത്തുള്ള ഒരു ധാന്യപ്പുരയാണതെന്ന് അവള്‍ക്കു മനസ്സിലായി. മുന്നോട്ടൊരടിപോലും നീങ്ങാന്‍ നിവൃത്തിയില്ലാത്ത വിധം അവള് തളര്‍ന്നു പരവശയായിരുന്നു. അവള് വാതില്‍ കണ്ടുപിടിച്ചു. അതു തുറന്നുരകിടന്നിരുന്നു. അതുകൊണ്ട് അവള് തന്റെ സ്ക്കിസ്സ് ഊരി മാറ്റി അകത്തേയ്ക്കു കടന്നു. ആ ധാന്യപ്പുര മുഴുവന്‍ ഇരുളടഞ്ഞിരുന്നു. വെളിയിലേക്കാള് ഒട്ടും കുറഞ്ഞതായിരുന്നില്ല അതിനുള്ളിലെ തണുപ്പും. അവള് തപ്പിത്തപ്പി ഒരു മൂലയില്‍ കിടന്നിരുന്ന കുറച്ചു വയ്ക്കോല് കണ്ടുപിടിച്ചു. അവള് അതിനിടയില്‍ ശരീരം പൂഴ്ത്തി കിടപ്പായി. പക്ഷേ അതു മഞ്ഞുകട്ടപോലെ തണുത്തിരുന്നതിനാല്‍ അവള്‍ക്കു ലേശം പോലും ചൂടേകിയില്ല.
തങ്ങള്‍ അവിടെ ചെന്നെത്തിയോ എന്നും തനിക്കിപ്പോള്‍ പായസം കിട്ടുമോ എന്നും കുട്ടി അവളോടുതിരക്കി
``വീട്ടിലുള്ള ആളുകള്‍ ഇപ്പോള്‍ ഇവിടെയില്ല.'' വിഗ്ഡിസ് പറഞ്ഞു.``നീ തളര്‍ന്നിരിക്കയാണ്. എനിക്കറിയാം; പക്ഷേ നമുക്കു കുറച്ചുനേരം ഇവിടെ കിടന്നൊന്നുറങ്ങാം. അപ്പോഴേയ്ക്കും വീട്ടുകാര്‍ വന്നുചേരും.''
``എനിക്കു വല്ലാതെ വിശക്കുന്നു.'' ആ കൊച്ചുകുട്ടി പറഞ്ഞു. അനന്തരം സഞ്ചിയില്‍നിന്നു കുറച്ച് അപ്പവും മാംസവുമെടുത്തു നല്ലപോലെ ചവച്ചു പാകപ്പെടുത്തിയിട്ട് അവള്‍അത് അവന്റെ വായില്‍ വെച്ചുകൊടുത്തു. അതിനുശേഷം അവന് കൂടുതല്‍ ശാന്തനായി; പക്ഷേ അവന് തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു; അവളും അങ്ങനെതന്നെ, അനന്തരം മുന്‍വശത്തുള്ള തന്റെ വസ്ത്രങ്ങള്‍ അഴിച്ചു കുട്ടിയെ തന്റെ നഗ്നശരീരത്തോടടക്കിപ്പിടിച്ചിട്ടു രണ്ടുപേര്‍ക്കും തണുപ്പു ശക്തിയായിത്തട്ടാത്തവിധം അവ കൊണ്ടു ഭദ്രമായിപ്പൊതിഞ്ഞു വയ്ക്കോല് മുഴുവനും തൂത്തുകൂട്ടി അതിനുള്ളില്‍ പുതഞ്ഞങ്ങനെ ചുരുണ്ടുകൂടി അവള് അവിടെ കിടന്നു. കുട്ടി വേഗത്തില്‍ ഉറങ്ങിപ്പോയി. തന്റെ മാര്‍ത്തട്ടില്‍ തട്ടിയ അവന്റെ ശ്വാസോച്ഛ്വാസംമൂലം അവള്‍ക്കും അല്പമൊരു ചൂടുകിട്ടി. അല്പനേരം ഒന്നു കണ്ണടയ്ക്കുകയുണ്ടായി; പക്ഷേ താന്‍ ഇരുട്ടത്തു മഞ്ഞിലൂടെ അങ്ങനെ വിഷമിച്ചു മുന്നോട്ടു പോകയാണെന്ന വിചാരത്തില്‍ അവള് ഞെട്ടിയുണര്‍ന്നു. ഇതുകുട്ടിയെ
ഉണര്‍ത്തി. ഉടന്‍തന്നെ അവള് സ്ത്രീകള്‍ കുഞ്ഞുങ്ങളോടു പെരുമാറുന്ന വിധത്തില്‍, അവനെ `വാവോളിച്ചു.' അതുകഴിഞ്ഞ് ഏറെനേരം അവന് ആ നിലയില്‍ത്തന്നെ കിടന്നു. ശക്തിയായ ഹിമപാതത്തില്‍ ഭിത്തികള്‍ പിളരുന്നത് അവള് കേട്ടു. ചന്ദ്രന് മഞ്ഞില്‍ പ്രകാശിക്കുന്നതു ഭിത്തിയുടെ ഒരു വിടവിലൂടെ അവള് കണ്ടു. കുട്ടി വീണ്ടും ഉണര്‍ന്നു. അവനു ദാഹിക്കുന്നു. അവള്‍ക്കും വല്ലാത്ത ദാഹമുണ്ട്. വെളിയില്‍ പോയി കുറെ മഞ്ഞുകട്ടകള്‍ വാരിയെടുത്തുകൊണ്ടുവന്നു കശക്കിശരിയാക്കാം എന്നവള്‍ക്കു തോന്നി. പക്ഷേ കുട്ടി കരയാന്‍ തുടങ്ങി . അവന് അവളെ അടുത്തുനിന്നു പോകാന്‍ സമ്മതിക്കുകയില്ല. അവള് അവനേയും കൈത്തണ്ടില്‍ തൂക്കിക്കൊണ്ടു വാതില്ക്കലേക്കു പോയി.
``ഇപ്പോള്‍ ഇതാ അവര്‍ വരികയാണ്. ഈ വീട്ടില്‍ താമസിക്കുന്നവര്‍.'' കുട്ടി പറഞ്ഞു. തടാകത്തില്‍ തെക്കു മാറി ചില ആളുകള്‍ വിഗ്ഡിസ്സിന്റെ ദൃഷ്ടിയില്‍പ്പെട്ടു. അവര്‍ പന്തം കൊളുത്തിപ്പിടിച്ചിരുന്നു. അവള് വെളിയിലേയ്ക്കിറങ്ങി വീണ്ടും തന്റെ സ്ക്കിസ്സ് കാലിന്മേല് ബന്ധിച്ചു; കുറച്ചു വഴി പോയപ്പോള്‍ ആ ധാന്യപ്പുരയില്‍ കിടക്കുന്നതിനെക്കാള്‍ ഭേദമാണെന്ന് അവള്‍ക്കുതോന്നി. പക്ഷേ ഈ യാത്ര എങ്ങനെ പര്യവസാനിക്കുമെന്ന് അവള് അത്ഭുതപ്പെട്ടു. അവളിപ്പോള്‍ ഒരു നദിക്കരികെ എത്തി അതിന്റെ ഗതിയോടൊപ്പിച്ചു യാത്രചെയ്യുകയാണ്. ഹേക്ഡാലിന് നിന്ന് ഒരു നദി ആ തടാകത്തില്‍ വന്നു വീഴുന്നതായി അവള് കേട്ടിട്ടുണ്ട്. തനിക്കു കരുത്തുണ്ടെങ്കില്‍ അതിന്റെ ഗതിയെ പിന്തുടരണമെന്നും എങ്കിലേ ഏതെങ്കിലും കുടിപാര്‍പ്പുള്ള സ്ഥലത്ത് എത്തിച്ചേരാനൊക്കൂ എന്നും അവള് മനസ്സിലാക്കി. പക്ഷേ അങ്ങനെ ഒരിടത്ത് എത്തിപ്പറ്റാന്‍ ഇനിയും എത്ര നാഴിക സഞ്ചരിക്കേണമെന്ന് അവള്‍ക്കറിഞ്ഞുകൂടാ. മുന്നോട്ടുമുന്നോട്ടു പോകുന്തോറും അവള്‍ക്കു ക്ഷീണവും തളര്‍ച്ചയും കൂടികൂടിവന്നു. ഒടുവില്‍ ഒരു പയിന്‍ മരത്തിന്റെ ചുവട്ടില്‍ കുട്ടിയുമൊത്ത് അവള്‍ക്കൊന്നു തല ചായ്ക്കാതെ ഗത്യന്തരമില്ലെന്നായി. അവളുടെ കാലുകള്‍ മുന്നോട്ടു നീങ്ങാന്‍ മടിച്ചു. ആ സമയവ്യയം അവള്‍ക്കൊരു നഷ്ടമായിത്തോന്നിയില്ല. പക്ഷേ എന്നിട്ടും അവള് പണിപ്പെട്ടു മുന്നോട്ടുമുന്നോട്ടു നീങ്ങി. ഒരു വലിയ നീണ്ട തടാകം അവള് തരണംചെയ്തു. കാറ്റ് അവള്‍ക്കെതിരായി ശക്തിയില്‍ വീണ്ടും വീശിത്തുടങ്ങി. വിദൂരത്തില്‍ ചെന്നായ്ക്കള്‍ ഓരിയിടുന്നത് അവളുടെ ചെവിയിലെത്തി. അത്രമാത്രം തണുപ്പുള്ളതിനാല്‍ ഒരു പക്ഷേ ചെന്നായ്ക്കള്‍ക്കു തന്റെ മണംപിടിക്കാന്‍ സാധ്യമല്ലെന്നവള്ക്കു തോന്നി. അവള് ഗതിവേഗം ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു.
ഒടുവില്‍ ചെന്നായ്ക്കളുടെ ശബ്ദം ചെവിയില്‍ എത്താതായി. താന്‍ കയറിപ്പോകുന്ന കുന്നിന് പുറത്തിന്റെ ചുവട്ടിലൂടെ പുളഞ്ഞൊഴുക്കുന്ന നദിയുടെ ശബ്ദംമാത്രമേ ഇപ്പോള്‍ കേള്‍ക്കാനുള്ളൂ. ചന്ദ്രന് ശൈത്യത്തോടും ഉജ്ജ്വലതയോടും കൂടി മിന്നിത്തിളങ്ങി. നിഴലുകള്‍ നീണ്ടിരുണ്ടു മഞ്ഞിനുമീതെ കെട്ടുപിണഞ്ഞുകിടന്നു. മരങ്ങള്ക്കടിയിലായി ഒരു വലിയ ഇരുണ്ട സ്ഥലവിഭാഗം അവളുടെ കണ്ണില്‍പ്പെട്ടു.
അവളുടെ കെല്പു നിശ്ശേഷം അറ്റുപോയിരുന്നു. അവള് നിന്നിരുന്ന കുറ്റിച്ചെടികളുടെ ചില്ലകള്‍ കഴിയുന്നിടത്തോളം അവള് മുറിച്ചുകളഞ്ഞു. എന്നിട്ടുചമ്പ്രംപടിഞ്ഞു കുഞ്ഞിനെ മടിയില്‍ ഇരുത്തി അവളവിടെ ഇരിപ്പായി. തന്റെ വസ്ത്രം, കഴിയുന്നതും അവനെ ചൂടുപിടിപ്പിക്കുവാന്വേണ്ടി തന്റെയും അവന്റെയും ശരീരത്തില്‍ ചുറ്റിച്ചേര്ത്തു. പിന്നീടൊന്നും അവള് അറിഞ്ഞില്ല. അവനെയും ചേര്‍ത്തുപിടിച്ചുകൊണ്ട് അവള് അവിടെയിരുന്നങ്ങനെ മയങ്ങിയുറങ്ങിപ്പോയി.
ഇരുപത്തിമൂന്ന്
നേരം പ്രഭാതമായതോടുകൂടി താന്‍ പൊക്കമുള്ള ഒരു കുന്നിന്പുറത്താണിരിക്കുന്നതെന്നു വിഗ്ഡിസ് കണ്ടു. അവളുടെ ശിരസ്സിനു മുകളില്‍ പര്‍വ്വതം ആകാശം മുട്ടുന്ന വിധത്തില്‍ ഉയര്ന്നനിന്നു. കീഴെ ഒരിടുങ്ങിയ മലഞ്ചെരുവിലൂടെ ദ്രൂതഗതിയില്‍ ഒരു നദി ഒഴുകിക്കൊണ്ടിരുന്നു. കുട്ടി നല്ല ഉറക്കമാണ്. അവന് ഒരുപദ്രവും തട്ടിയിട്ടുള്ളതായി തോന്നിയില്ല. ഏതെങ്കിലും കുടിപ്പാര്പ്പുള്ളിടത്തു ചെന്നെത്താന്‍ ഒരു വഴി കണ്ടുപിടിക്കണമെന്നവള് മനസ്സിലുറച്ചു. പക്ഷേ താന്‍ എവിടെയാണെന്നവള്ക്കു മനസ്സിലായില്ല. തളര്‍ച്ചയാലും മാനസികഗ്ലാനിയാലും അവള് വീണ്ടും ആ ഇരുന്ന ഇരിപ്പില്‍ത്തന്നെ കഴിച്ചുകൂട്ടി.
കുറെ നേരം കഴിഞ്ഞു പതുക്കെ ഒന്നെഴുന്നേല്‍ക്കുവാന്‍ അവള് ഉദ്യമിച്ചു. എന്നാല്‍ അവള് പണിപ്പെട്ട്, ഒന്നിളകിയപ്പോഴേയ്ക്കും തൊട്ടടുത്ത് ഒരു ശബ്ദം കേട്ടു. ഉത്തരക്ഷണത്തില്‍ വൃക്ഷങ്ങള്‍ക്കിടയിലൂടെ ഒരസ്ത്രം പറന്നു വന്ന് അവള് ഇരുന്ന സ്ഥാനത്തു നിന്ന വൃക്ഷത്തിന്റെ തടിയില്‍ തറഞ്ഞു നിന്നു. ആ അസ്ത്രത്തിന്റെ വിറയല്‍ നില്ക്കുന്നതിനു മുന്‍പുതന്നെ അതു വന്ന സ്ഥാനത്തു നിന്ന് ഒരു മനുഷ്യന് സ്ക്കിസ്സിന്മേല് അവിടെ പ്രത്യക്ഷപ്പെട്ടു. അവളെ കണ്ട് അയാള്‍ പെട്ടെന്നു നിന്നു. അയാള്‍ക്ക് അത്ഭുതംമൂലം ക്ഷണനേരത്തേയ്ക്ക് ഒരക്ഷരം മിണ്ടാന്‍ സാധിച്ചില്ല. പിന്നീടയാള്‍ ചോദിച്ചു:
``ആരെങ്കിലുമുണ്ടോ ഇവിടെ?''
ഉത്തരം പറയുവാനുള്ള കെല്പു വിഗ്ഡിസ്സിനില്ലായിരുന്നു. അനന്തരം അയാള്‍ അവളുടെ സമീപത്തേയ്ക്കു വന്നു. അവളുടെ കൈയില്‍ കുഞ്ഞിനെ കണ്ടപ്പോള്‍ അയാള്‍ക്ക് അത്ഭുതം വര്‍ദ്ധിച്ചു. നീണ്ടുചുരുണ്ട അഴകുള്ള തലമുടി; മീശ; തോലുകൊണ്ടുള്ള ആവരണങ്ങള്‍; അരപ്പട്ടമേല് ഒരു കൈക്കോടാലി; തോളിനുമീതെ ഒരു വില്ല്; കൈയില്‍ ഒരു കുന്തം -ദീര്‍ഘകായനായ ഒരു മനുഷ്യനായിരുന്നു അയാള്‍.
അയാള്‍ അവളുമായി സംഭാഷണത്തിലേര്‍പ്പെട്ടു. അത്രത്തോളം അവള് എങ്ങനെ വന്നുചേര്‍ന്നുവെന്ന് അയാള്‍ അവളോടു ചോദിച്ചു. പക്ഷേ വിഗ്ഡിസ് അയാളുടെ മുഖത്ത് ഉറ്റുനോക്കിക്കൊണ്ടു മിണ്ടാതിരുന്നതേയുള്ളു. മറുപടി പറയുവാന്‍ അവള്‍ക്കു സാധിച്ചില്ല.
അനന്തരം കുട്ടി പറഞ്ഞു.
``അവര്‍ മുത്തച്ഛന്റെ വീടു ചുട്ടെരിച്ചുകളഞ്ഞു''
``എന്താണത്?'' ആ മനുഷ്യന് ചോദിച്ചു: ``എവിടെയായിരുന്നു ആ വീട്?''
``ഞാന്‍ വാഡിനില്നിന്നാണ്,'' വിഗ്ഡിസ് പറഞ്ഞു:
``ഇന്നലെ രാത്രിയായിരുന്നു ആ സംഭവം.''
``ഈ രാത്രി നിങ്ങള്‍ ഇത്രദൂരം വന്നോ?'' അയാള്‍ അത്ഭുതപ്പെട്ടു. ``കേട്ടിട്ടുള്ളതില്‍ ഏറ്റവും ചീത്ത ഒരു യാത്രയാണത്-ഒരു സ്ത്രീക്ക്!''
കുറച്ചു കഴിഞ്ഞ് അയാള്‍ വീണ്ടും പ്രസ്താവിച്ചു:
``നിങ്ങള്‍ ഒരു വീട്ടില്‍ എത്തിപ്പറ്റണം; എനിക്കുള്ളത് ഒരു പാവപ്പെട്ട വീടാണ്; പക്ഷേ ഇവിടെ ഇരിക്കുന്നതിനെക്കാള്‍ ഭേദമാണ് അങ്ങോട്ടു പോകുന്നത്.''
അയാള്‍ അവളെ പിടിച്ചെഴുന്നേല്പിച്ചു. ഒരു കൈ അവളുടെ പുറത്തുകൂടി ചുറ്റി അവളുടെ തോളില്‍ പിടിച്ചിട്ട് അയാള്‍ കുഞ്ഞിനെ എടുക്കാന്‍ ഭാവിച്ചു. പക്ഷേ കുട്ടി അവന്റെ അമ്മയുടെ ദേഹത്തു പറ്റിപ്പിടിക്കുകയും ഒരു അപരിചിതന്റെ അടുത്തു പോകാന്‍ വൈമുഖ്യം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അതിനാല്‍ താന്‍തന്നെ അവനെ എടുത്തുകൊള്ളാമെന്നു വിഗ്ഡിസ് പറഞ്ഞു. അനന്തരം അയാള്‍ അവളെത്താങ്ങിപ്പിടിച്ചു കീഴോട്ടു നദീതടത്തിലേയ്ക്കിറങ്ങി. അല്പദൂരം ചെന്നപ്പോള്‍ നേരെ നിവര്‍ന്നുനില്‍ക്കാന്‍പോലും സാധ്യമല്ലെന്ന് അയാള്‍ കണ്ടു. ഉടന്‍തന്നെ അയാള്‍ അവളുടെ സ്ക്കിസ്സ് അഴിച്ചുമാറ്റി, അവളെയും കുട്ടിയെയും ആ സ്ക്കിസ്സിനെയും ഏറെ ദൂരം ചുമന്നു കൊണ്ടുപോയി. അവള് ഒന്നുംതന്നെ അറിഞ്ഞില്ല. ഒടുവില്‍ അവര്‍ പര്‍വ്വതപ്രദേശത്ത് ഒരിടുങ്ങിയ വഴിച്ചാലിലെത്തി. അതിലൂടെ പോയി അവര്‍ ഒരു കൊച്ചുകുടിലില്‍ എത്തിച്ചേര്‍ന്നു. അവിടെ അയാള്‍ അവളെ ഇരുത്തി. അനന്തരം അയാള്‍ പറഞ്ഞു:
``നിങ്ങളുടെ ആ കൈ വല്ലാതെ നാശപ്പെട്ടിരിക്കുന്നു.''അയാള്‍ അവളുടെ ഇടതുകൈ മെല്ലെപ്പിടിച്ചുയര്ത്തി. അതു പച്ചനിറം കലര്‍ന്ന വെളുപ്പായും മഞ്ഞുകട്ടപോലെ മരവിച്ചിരിക്കുന്നതായും വിഗ്ഡിസ് കണ്ടു. അനന്തരം അയാള്‍ അവളുടെ കൈയുറകളും പാദരക്ഷകളും ഊരിയെടുത്തിട്ട് ഏറെനേരം മഞ്ഞുപുരട്ടിത്തിരുമ്മി. പക്ഷേ ആ ഇടതുകൈക്ക് എന്നിട്ടും ഒരു വൈരൂപ്യം ഉണ്ടായിരുന്നു. അങ്ങനെ തിരുമ്മിയതുകൊണ്ടുഫലമില്ലെന്ന് ഒടുവില്‍ അയാള്‍ക്കു ബോധ്യപ്പെട്ടു. അയാള്‍ ഉടന്‍തന്നെ അവളെ കുടിലിനുള്ളിലേയ്ക്കു താങ്ങിപ്പിടിച്ചുകൊണ്ടുപോയി ഒരു കിടയ്ക്കമേല്‍ കിടത്തി. ഒരു പാനപാത്രത്തില്‍നിന്നു കുറെ പാനീയം പകര്‍ന്നെടുത്ത് അയാള്‍ അവള്‍ക്കു കൊടുത്തു. അവള്‍ക്കു കൈയീനു വല്ലാത്ത വേദനയുണ്ടായിരുന്നു എങ്കിലും നിമിഷത്തിനുള്ളില്‍ അവള് ഉറങ്ങിപ്പോയി.
വൈകുന്നേരം വളരെ വൈകിയിട്ടേ അവള് ഉണര്‍ന്നുള്ളൂ. അഗ്നികുണ്ഡത്തില്‍ തീയങ്ങനെ എരിഞ്ഞു ജ്വലിക്കുന്നതവള് കണ്ടു. അതിനുചുറ്റും മൂന്നു പേര് ഇരിക്കുന്നുണ്ട്. ജീര്ണ്ണവസ്ത്രങ്ങളാണവര് ധരിച്ചിട്ടുള്ളത്; പക്ഷേ അവര്‍ നല്ലപോലെ ശസ്ത്രസജ്ജരാണ്. കാട്ടില്‍ അവള് കണ്ട മനുഷ്യനും വേറെ രണ്ടുപേരുമാണ് അവര്‍.
അവളുടെ കൈയില്‍ വേദന വര്‍ദ്ധിച്ചു. അവര്‍ കൊടുത്ത ആഹാരം പോലും എടുത്തുകഴിക്കാന്‍ അവള്‍ക്ക് അത്യധികം ക്ലേശിക്കേണ്ടിവന്നു. സമയം പോകുന്തോറും അവളുടെ വേദന അധികമധികമായി. അവളുടെ കൈ മുഴുവന്‍ വേദനയാണ്; പതുക്കെപ്പതുക്കെ അതു മാറിലേയ്ക്കു വ്യാപിച്ചുതുടങ്ങുകയും ചെയ്യുന്നു.
അവള് ആദ്യം കണ്ട മനുഷ്യന് - ഇല്ല്യൂജ് എന്നായിരുന്നു അയാളുടെ പേര് - പിറ്റേന്നു രാവിലെ അവളുടെ സമീപത്തുവന്നു കൈയിന്റെ വേദന എങ്ങനെയിരിക്കുന്നുവെന്നു ചോദിച്ചു. അങ്ങനെയുള്ള ഒരു വേദന താന്നാളിതുവരെ അറിഞ്ഞിട്ടില്ലെന്ന് അവള് മറുപടി പറഞ്ഞു. ആ കൈത്തണ്ടു നേരെയാകുമെന്നു വിചാരമുണ്ടോ എന്നവള്‍ അയാളോടു ചോദിച്ചു.
ആ മനുഷ്യന് അവളുടെ കൈത്തണ്ടു സൂക്ഷ്മമായി പരിശോധിച്ചു. അതിനൊരു വൈരൂപ്യം ബാധിച്ചിട്ടുണ്ടെന്ന് അയാള്‍ക്കു ബോധപ്പെട്ടു.
വിഗ്ഡിസ് പറഞ്ഞു: ``എന്നാല്‍ നിങ്ങള്‍ എന്നെ ഒന്നു സഹായിക്കണം. ഈ മൂന്നു വിരലുകളും മുറിച്ചുകളയണം.''
ഇല്ല്യൂജ് ഒരു നിമിഷനേരം അവളുടെ മുഖത്തേയ്ക്കു നോക്കി. ഒടുവില്‍ അവള് പറഞ്ഞതു ശരിയാണെന്ന് അയാള്‍ക്കു തോന്നി. അതു നിര്‍വ്വഹിക്കപ്പെട്ടു. അയാളുടെ കൂട്ടുകാരില്‍ ഒരാള്‍ അവളെ അനങ്ങാത്തമട്ടില് രണ്ടു കൈകൊണ്ടും ചുറ്റിപ്പിടിച്ചു. ഇല്ല്യൂജ് അവളുടെ വാമഹസ്തത്തിലെ നടുവിലുള്ള മൂന്നു വിരലുകള്‍ മുറിച്ചെടുത്തു. വിഗ്ഡിസ് നിലവിളിച്ചതേയില്ല. പക്ഷേ അതു മുറിച്ചുകഴിഞ്ഞപ്പോള്‍ ഇത്രമാത്രം പറഞ്ഞു:
``നിങ്ങള്‍ ഒരു കരുത്തുള്ള മനുഷ്യനും ഔചിത്യപൂര്‍വ്വം പ്രവര്ത്തിക്കുന്നവനുമാണെന്നു ഞാന്‍ കരുതുന്നു, ഇല്ല്യൂജ്.''
അനന്തരം ഇല്ല്യൂജ് മുറിവു നല്ലപോലെ ചുറ്റിക്കെട്ടി അവളെ കിടയ്ക്കയില്‍ കൊണ്ടുചെന്നു കിടത്തി. കുറച്ചു നേരത്തേയ്ക്ക് അവള്‍ക്കു അസ്വാസ്ഥ്യം തോന്നി; പക്ഷേ അതു കഴിഞ്ഞ് ആശ്വാസമുണ്ടാവുകയും അവരോടു തന്റെ യാത്രയെക്കുറിച്ചുള്ളതെല്ലാം വിസ്തരിക്കുവാന്‍ അവള്‍ക്കു സാധിക്കുകയും ചെയ്തു.
ഇരുപത്തിനാല്
കുടിലില്‍ താമസിച്ചിരുന്ന ഈ മൂന്നു മനുഷ്യര്‍ നിയമദൃഷ്ട്യാ കുറ്റവാളികളായിരുന്നു. അങ്ങനെ നാട്ടില്‍നിന്നൊളിച്ചോടി കാട്ടില്‍ അജ്ഞാതവാസം നടത്തുന്ന ഇക്കൂട്ടര്‍ ഈ കാടുകള്‍ യാത്രക്കാര്‍ക്കു സുരക്ഷിതമല്ലാതാക്കിത്തീര്ക്കുന്ന കഥകള്‍ പലതും താന്‍ കേട്ടിട്ടുള്ളതു വിഗ്ഡിസ് ഓര്‍ത്തു. അവരില്‍ രണ്ടുപേര്‍ സഹോദരങ്ങളായിരുന്നു. ഇല്ലെ ഹെര്‍മോഡ് എന്നും എയ്നാര്‍ ഹാഡലീന് ഡിംഗ് എന്നുമായിരുന്നു അവരുടെ പേര്. മൂന്നാമത്തെയാള്‍ ഇല്യൂജ് വടക്കന്‍ പ്രദേശത്തുനിന്നു വന്നിട്ടുള്ള ആളാണ്.
നല്ല ഉയരവും, ഉറച്ച ബലിഷ്ഠമായ ശരീരവും, ചെറിയ കൈത്തണ്ടുകളും, പാദങ്ങളും അഗ്രഭാഗം അല്പം വളഞ്ഞ നാസികയും, അന്യോന്യം യോജിപ്പുള്ള അംഗങ്ങളും, നീലക്കണ്ണുകളും, നീണ്ടു ചുരുള്ച്ചുരുളായിക്കിടക്കുന്ന അഴകുള്ള മുടിയും, മീശയും ഒത്തിണങ്ങി അതികോമളനായ ഒരു മനുഷ്യനായിരുന്നു ഇല്യൂജ്.
വിഗ്ഡിസ്സിന്റെ ശാരീരികാസ്വാസ്ഥ്യം വളരെ ഭേദപ്പെട്ടതിന്നുശേഷം ഒരു ദിവസം രാവിലെ അവള് കുട്ടിയുമൊന്നിച്ചിരുക്കുന്നിടത്തേയ്ക്കു കടന്നുവന്നു. കുറച്ചുനേരം അവര്‍ ഓരോന്നു സംസാരിച്ചു. അനന്തരം അയാള്‍ പറഞ്ഞു.
``ഞങ്ങള്‍ തമ്മില്‍ പറയുകയായിരുന്നു-എന്റെ കൂട്ടുകാരും ഞാനും -ഈ കാട്ടില്‍ ഇവിടെ ഞങ്ങള്‍ക്ക് ഒരു സ്ത്രീയെ കിട്ടുക അത്ര എളുപ്പമല്ല. നീയാണെങ്കില്‍ മനുഷ്യരുടെ അലട്ടുകളില്നിന്ന് അകലെ പായിക്കപ്പെട്ടവളാകയാല് നിന്റെ കഥയും ഞങ്ങളുടെതില്നിന്നും വളരെ മെച്ചപ്പെട്ടതാണെന്നു പറഞ്ഞുകൂടാ. ഇനിയിപ്പോള്‍ നാം ചെയ്യേണ്ടത് ഇതാണ്. ഞാനുംനീയും ദമ്പതികളായി ജീവിക്കുക; വസന്തകാലം വരുമ്പോള്‍ വടക്ക് അകലെ തടാകത്തില്‍ സമീപമായി ഞാന്‍ തന്നെ ഒരു വീട് പണികഴിക്കാം. ഹെര്‍മോണും എയ്നാറും അവര്‍ക്കോരോ ഭാര്യമാരെ എങ്ങനെയെങ്കിലും തേടിപ്പിടിച്ചുകൊള്ളും.''
കുട്ടിയെ മടിയിലിരുത്തിക്കൊണ്ടായിരുന്നു വിഗ്ഡിസ്സിന്റെ ഇരിപ്പ്. അവള് മറുപടി പറഞ്ഞു:
``എനിക്കു നിങ്ങളില്‍ അതിര്കവിഞ്ഞ വിശ്വാസമുണ്ട്, ഇല്യൂജ്. അതിനാല്‍ നിങ്ങളെന്നെ നിര്ബന്ധിക്കയില്ലെന്നു ഞാന്‍ കരുതുന്നു.''
ഒരു നിമിഷത്തെ മൗനത്തിനുശേശം ഇല്ല്യൂജ് പ്രതിവചിച്ചു: ``നിര്‍ബ്ബന്ധിക്കുക- അതു ഞാന്‍ ഒരിക്കലും ചെയ്യില്ല. പക്ഷേ നീ എന്തിനാണിനിയും ഇങ്ങനെ അമാന്തിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഏതായാലും ഒടുവില്‍ ഞങ്ങളില്‍ ഒരാളെ നിനക്കു സ്വീകരിക്കേണ്ടിവരും. ആ നിലയില്‍ നിന്നില്‍ ഏറ്റവുമധികം അവകാശം എനിക്കാണെന്നു ഞാന്‍ വിചാരിക്കുന്നു. ``കരിത്തടാകം'' എന്നു ഞങ്ങള്‍ വിളിച്ചുവരുന്ന ആ തടാകപ്രദേശത്തു മത്സ്യം പിടിക്കുവാനും നായാട്ടിനും ധാരാളം സൗകര്യമുണ്ട.് ഞാന്‍ നിന്നെ കണ്ടുമുട്ടിയ ആ അവസരത്തിലെ നിന്റെ അവസ്ഥയെക്കാള്‍ എത്രയോ നല്ല ഒരു നില നിനക്കും നിന്റെ കുഞ്ഞിനും ഉണ്ടാകുന്നതാണ്.''
വിഗ്ഡിസ് മറുപടി പറഞ്ഞു: ``ജനവാസമുള്ള സ്ഥലത്തുനിന്നു വളരെ വളരെ ദൂരത്തില്‍, കൊടുംകാട്ടില്‍, പാപുറപ്പിച്ചിരിക്കുന്ന നിങ്ങളെപ്പോലുള്ള ഒരാള്‍ക്ക് ഇതിനെക്കാള്‍ എത്രയോ തുച്ഛമായ ജീവിതസൗകര്യങ്ങല്കൊണ്ടുപോലും തൃപ്തിപ്പെടേണ്ടതായിട്ടുണ്ട്. നിങ്ങളും നിങ്ങളുടെ കൂട്ടുകാരും എന്തു കൊണ്ടാണ് നാട്ടില്‍ വന്നു മറ്റു മനുഷ്യരുമൊന്നിച്ചു കൂടിക്കഴിയാതിരിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. എന്റെ നാട്ടിലെ കഥയാണെങ്കില്‍, നിങ്ങള്‍ അവിടെ വന്നു താമസിക്കുന്നപക്ഷം ഒരൊറ്റ ആള്‍പോലും നിങ്ങളുടെ സമാധാനത്തെ ഭഞ്ജിക്കാന്‍ ധൈര്യപ്പെടുമെന്ന് എനിക്കു വിശ്വാസമില്ല; എന്തുകൊണ്ടെന്നാല്‍, നിങ്ങളിലാരെങ്കിലുമായി താരതമ്യപ്പെടുത്താവുന്ന ഒരൊറ്റ ആള്‍പോലും അവിടെയെങ്ങുമില്ല.''
അവള് വിചാരിക്കുംപോലെ ആ വനമണ്ഡലം വിട്ടുപോകുന്ന കാര്യം എത്ര എളുപ്പമല്ലെന്ന് ഇല്യൂജ് അവളോടു പറഞ്ഞു.
വിഗ്ഡിസ് പ്രസ്താലിച്ചു: ``കോള്‍ ആര്നേസണ് എന്റെ പിതാവിനെയും അദ്ദേഹത്തിന്റെ ഭവനത്തെയും ചുട്ടെരിച്ച്, ഏകാകിനിയും ചെറുപ്പക്കാരിയുമായ എന്നെയും എന്റെ കുഞ്ഞിനെയും വീട്ടില്നിന്നോടിക്കാന് ഇടയാക്കിയെങ്കിലും എന്റെ മനസ്സിന് അതുകൊണ്ടു ലേശമെങ്കിലും കുലുക്കമില്ല. എനിക്കു നല്ല നിശ്ചയമുണ്ട്, മരിക്കുന്നതിനു മുമ്പ് അച്ഛന് അച്ഛന്റെ സ്വര്‍ണ്ണം മുഴുവന്‍ എവിടെയാണ് ഒളിച്ചുവെച്ചിട്ടുള്ളതെന്ന്; നിങ്ങള്‍, നിങ്ങളും നിങ്ങളുടെ സ്നേഹിതന്മാരും, എന്നെ സഹായിക്കുന്നപക്ഷം കൂട്ടുകൂടി നടക്കുന്നവരുടെ ഇടയിലുള്ള സമ്പ്രദായമനുസരിച്ച്, ഉള്ള സ്വത്തുമുഴുവന്‍ നമുക്കു തമ്മില്‍ പങ്കിട്ടെടുക്കാം. നമ്മുടെ വിധി അങ്ങനെ ഏതാണ്ടു തുല്യനിലയിലായിത്തീരുകയും ചെയ്യും.''
``നീ ധൈര്യമുള്ള ഒരു സ്ത്രീതന്നെ.'' ഇല്ല്യൂജ് പറഞ്ഞു. ``പക്ഷേ ഓസ്ലോവിന്റെ കിടപ്പു നന്നെ അടുത്തായിപ്പോയി. ഞങ്ങളുടെ പ്രവൃത്തികളെല്ലാം അവിടെ പ്രസിദ്ധവുമാണ്. ഇക്കൊല്ലം ശീതകാലത്ത് ഒലാവുരാജാവു ഹെഡ്ലാന്ഡില് ഉണ്ടാകാതിരിക്കുന്നപക്ഷം നമുക്കു സംഗതി പറ്റിക്കാം.''
അനന്തരം വിഗ്ഡിസ് പറഞ്ഞു: ``ഉണ്ടാകുന്നതാണ് ഏറ്റവും നല്ലത്. എനിക്കു ശരിയായ കാരണമുണ്ട് അദ്ദേഹത്തിന്റെ കരുണയ്ക്കുവേണ്ടി അഭ്യര്‍ത്ഥിക്കാന്‍. പിന്നെ ഒരു സംഗതി ഞാന്‍ കേട്ടിട്ടുണ്ട്. പുതിയ മതം പ്രസംഗിക്കുന്ന ആളാണത്രേ, അദ്ദേഹം. ക്രിസ്തുമതം സ്വീകരിക്കുന്ന സകലരോടും അദ്ദേഹത്തിനു വലിയ ഇഷ്ടമാണെന്നു കേള്‍ക്കുന്നു. പക്ഷേ എന്റെ വീട്ടില്‍ `തോറി'ന്റെ ക്ഷേത്രത്തില്‍ ബലികഴിക്കുന്നതിലും ദേവന്മാരെ പൂജിക്കുന്നതിലും അടിയുറച്ചുനില്ക്കുന്ന പലരുമുണ്ട്. എന്റെ അഭിപ്രായമിതാണ്: ഞാന്‍ ഒലാവുരാജാവിന്റെ അടുത്തുപോകാം. നിങ്ങളിലാര്‍ക്കും എന്നോടൊന്നിച്ചു പോരാന്‍ ധൈര്യമില്ലെങ്കില്‍, ആരെങ്കിലുമൊരാള്‍ എനിക്കു കാട്ടിലൂടെ വഴികാണിച്ചുതന്നാല് ധാരാളം മതിയാകും. അങ്ങനെയായാല്‍ നമ്മുടെ നില വളരെ ഭേദപ്പെടുമെന്ന് എനിക്കു തോന്നുന്നു. എന്റെയും നിങ്ങളുടെയും സ്ഥിതി ഒരേ രീതിയിലായിരിക്കുമെന്നു ഞാന്‍ നിങ്ങള്‍ക്കു വാക്കു തരാം.''
തന്റെ ഉപായത്തെക്കുറിച്ച് ആ കൊള്ളക്കാരുമായി വിഗ്ഡിസ് ഏറെനേരം സംസാരിക്കുകയുണ്ടായി. അവരില്‍ ഏറ്റവും ഇളയ ആളായ ഏയ്നാര് ഹാഡ്ലീന് ഡിന്ഗിന് അയാളുടെ അച്ഛന്റെ വസ്തുവകകളെല്ലാം തിരിച്ചുകിട്ടണമെന്നമോഹം കലശലായുണ്ടായിരുന്നു. ഈ പരുപരുത്ത ജീവിതം ഏറെ നാളായി തനിക്കു മടുത്തിരിക്കയാണെന്നു ഹെര്‍മോഡ് പ്രസ്താവിച്ചു. ഒരു കപ്പല്‍ സമ്പാദിച്ച് നാടുവിടണമെന്നായിരുന്നു അയാള്‍ക്കാഗ്രഹം. കീഴടങ്ങുന്നതില്‍ ഏറ്റവും സന്നദ്ധതയില്ലായ്മ ഇല്ല്യൂജിനായിരുന്നു. അയാള്‍ വിഗ്ഡിസ്സുമായി തനിച്ചിരുന്നു സംസാരിക്കുമ്പോള്‍, അവള് തന്റെ ഭാര്യയായിരിക്കേണമെന്ന് അയാള്‍ കൂടെക്കൂടെ പറയാറുണ്ട്. വാഡിന്
തിരിച്ചുകിട്ടിയതിനുമേല് അതിനെക്കുറിച്ചു സംസാരിക്കാമെന്നായിരുന്നു എപ്പോഴുമുള്ള അവളുടെ മറുപടി. ഒടുവില്‍ ഹെഡ്ലാന്ഡില് രാജാവിന്റെ അടുത്തേയ്ക്ക് അവളുടെ കൂടെ പോരാമെന്ന് ഇല്ല്യൂജ് സമ്മതിച്ചു.
ഇരുപത്തയഞ്ച്
കുരുത്തോലപ്പെരുനാള്‍ ദിവസമാണ് വിഗ്ഡിസ്സും ഇല്ല്യൂജും രാജമന്ദിരത്തില്‍ ചെന്നുചേര്‍ന്നത്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ അംഗരക്ഷകനും അതുസംബന്ധിച്ചുള്ള നൊയമ്പായിരുന്നു. അടുത്തുള്ള ഒരു കെട്ടിടത്തില്‍ അവര്‍ക്കു താമസിക്കുവാന്‍ സൗകര്യം കിട്ടി.
വ്രതാനുഷ്ഠാനങ്ങളെല്ലാം കഴിഞ്ഞതിന്റെശേഷം അവര്‍ രാജാവിന്റെ വസതിലേയ്ക്കു പോയി. ഒലാവ് രാജാവ് വിഗ്ഡിസ്സിനെ തന്റെ മുമ്പില്‍ കൊണ്ടുവരുവാനായി കല്പന കൊടുത്തു. അവള് ശുചിയായി വസ്ത്രധാരണം ചെയ്തിരുന്നു. വിനയസമ്പൂര്ണ്ണവും ഹൃദയാകര്‍ഷകവുമായ രീതിയില്‍ അവള് തന്റെ സങ്കടം ബോധിപ്പിച്ചു: അവള് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവ് അവളുടെ മേല്‍ ദൃഷ്ടിപതിച്ചു. അവള് പറഞ്ഞുതീര്‍ന്നപ്പോള്‍ രാജാവ് അരുളിചെയ്തു:
``നീ വളരെ ക്ലേശങ്ങള്‍ അനുഭവിച്ചിരിക്കുന്നു, വിഗ്ഡിസ്-ഈ സംഗതികളെല്ലാം നീ പറയുന്നതുപോലെതന്നെയാണെങ്കില്! ഞാന്‍ ആര്‍നേയുടെ മക്കളെക്കുറിച്ച് അവര്‍ ഉപദ്രവികളാണെന്നു മുമ്പുതന്നെ കേട്ടിട്ടുണ്ട്. പക്ഷേ, ആരാണ് നിന്റെ കൂടെയുള്ള ആള്?''
ഇല്ല്യൂജ് മുന്നോട്ടു കയറിനിന്നു പറഞ്ഞു: ``നല്ലവനായ ഇല്യൂജ് എന്നാണ് എന്നെ വിളിക്കുന്നത്. തമ്പുരാനേ, കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി ഞാന്‍ ഇവിടെനിന്നു തെക്കുഭാഗത്തുള്ള കാട്ടിലാണ് താമസം.''
ഇതുകേട്ടു രാജാവു മുഖത്തൊരു നീരസത്തോടെ പ്രസ്താവിച്ചു: ``നിന്റെ പേരു ഞാന്‍ മുമ്പുതന്നെ കേട്ടിട്ടുണ്ട്; അങ്ങനെയല്ലാതിരിക്കുന്നതായിരുന്നു ഭേദം. നിന്റെ കാര്യത്തെക്കുറിച്ചാണെങ്കില്‍, വിഗ്ഡിസ്സേ, നിയമഭ്രഷ്ടരായ കൊള്ളക്കാരും കുത്തിക്കവര്ച്ചക്കാരുമല്ലാതെ മറ്റു വല്ലവരെയുമായിരുന്നു നിനക്കുവേണ്ടി സംസാരിക്കാന്‍ നീ കൊണ്ടുവരേണ്ടിയിരുന്നത്!''
``എന്റെ പൊന്നുതമ്പുരാനേ, സംഗതി ഇപ്രകാരമാണ്.'' വിഗ്ഡിസ് പറഞ്ഞു: ``ഒരു കൊടുച്ചിപ്പട്ടിയെപ്പോലെ വീട്ടില്‍നിന്ന് ഓടിക്കപ്പെട്ട ഞാന്‍ കാട്ടില്‍ അലഞ്ഞുതിരിയുന്ന അവസരത്തില്‍ എന്നെ സഹായിച്ചതും എന്റെയും എന്റെ കുഞ്ഞിന്റെയും ജീവനെ രക്ഷിച്ചതും ഈ മനുഷ്യനാണ്. നിയമഭ്രഷ്ടനാണെങ്കിലും, തനിക്കു ജീവാപായം തന്നെ നേരിട്ടേയ്ക്കാമെങ്കിലും എന്റെ അപേക്ഷയനുസരിച്ച് ഈ നില്ക്കുന്ന ഇല്യൂജാണ് എനിക്കു വഴി കാണിച്ചുതന്ന് എന്നെ അവിടുത്തെ തിരുമുമ്പില്‍ കൊണ്ടുവന്നാക്കിയത്. അതുകൊണ്ട് അവിടുത്തെ തിരുനാവില്‍നിന്ന് ഒരു വാഗ്ദാനം കിട്ടാതെ, ഞാന്‍ അവിടുത്തെ സഹായം സ്വീകരിക്കുന്നത് ഒരിക്കലും ഉചിതമല്ല. എന്റെ അപേക്ഷ ഇതാണ്: തിരുമനസ്സുമായി ഈ മനുഷ്യന് പൊരുത്തപ്പെടുന്ന കാര്യത്തില്‍ തിരുമേനിക്കു വിസമ്മതമാണെങ്കില്, അവിടുത്തെ ഒരു വാഗ്ദാനത്തിനു ശേഷമല്ലാതെ, എന്തെങ്കിലും സഹായം ഞാന്‍ തിരുമനസ്സില്‍നിന്നു സ്വീകരിക്കുന്നത് ഒരിക്കലും ഉചിതമായിരിക്കയില്ല. കാട്ടിലുള്ള തന്റെ വസതിയില്‍ യാതൊരുപദ്രവവും കൂടാതെ അദ്ദേഹത്തിന്നു ചെന്നെത്താന്‍ സാധിക്കുന്നവിധം തിരുമനസ്സുകൊണ്ട് അദ്ദേഹത്തിന്റെ രക്ഷാഭാരം കൈയേറ്റുകൊള്ളാമെന്നുള്ള അവിടുത്തെ വാഗ്ദാനമാണ് ഞാന്‍ തിരുമനസ്സിനോടു യാചിക്കുന്നത്.''
ഈസ്റ്റര്‍ ആഘോഷം കഴിയുന്നതുവരെ ഇല്ല്യൂജിനു സ്വാതന്ത്ര്യം കൊടുക്കാമെന്നും അതിനുശേഷം ഇക്കാര്യങ്ങളെക്കുറിച്ചു വീണ്ടും ആലോചന നടത്താമെന്നും രാജാവ് അരുളിചെയ്തു.
എല്ലാ കാര്യങ്ങളും ഒരു തീരുമാനത്തില്‍ എത്തിച്ചേരുന്നതുവരെ അവര്‍ തന്റെ അതിഥികളായിരിക്കുവാന്‍ അദ്ദേഹം പറഞ്ഞു. അതിനുശേഷം പല ദിവസങ്ങളിലും അദ്ദേഹം വിഗ്ഡിസ്സുമായി സംഭാഷണം നടത്തി. എയോള്‍വ് ആര്‍നേസണെ താന്‍ കൊന്നതും അവളുടെ മറ്റോരോ പ്രവൃത്തികളും -എല്ലാം, അവളുടെ കഥ മുഴുവനും- അവള്‍ക്കു രാജാവിനെ പറഞ്ഞു കേള്‍പ്പിക്കേണ്ടിവന്നു.
ഈസ്റ്ററിന്റെ തലേന്നാള്‍ വൈകുന്നേരം അദ്ദേഹം അവള്‍ക്കാളയച്ചു. ഹാളില്‍ അദ്ദേഹം തനിച്ചേ ഉണ്ടായിരുന്നുള്ളൂ. തന്റെ അടുത്തു കിടന്ന ബെഞ്ചില്‍ ഇരിക്കുവാനായി അദ്ദേഹം അവളോടു പറഞ്ഞു. സായാഹ്നം വളരെ അതിക്രമിച്ചിരുന്നു. അദ്ദേഹം ഇല്ല്യൂജിനെക്കുറിച്ച് ഓരോന്നവളോടു തിരക്കി. അവളുടെ കുട്ടിയുടെ പിതാവ് ഇല്യൂജ് ആണോ എന്നദ്ദേഹം അവളോടു ചോദിച്ചു. അല്ലെന്നും താനും ഇല്യൂജും തമ്മില്‍ ആ വഴിക്കു യാതൊരു ബന്ധവുമില്ലെന്നും അവള് സമാധാനം പറഞ്ഞു.
ഒലാവുരാജാവ് അനന്തരം ആ കുഞ്ഞ് ആരുടേതാണെന്നും അവന് എവിടെയാണെന്നും എന്തുകൊണ്ടാണവള്‍ വിവാഹംകഴിക്കാഞ്ഞതെന്നും അവളോടന്വേഷിച്ചു.
``ആ മനുഷ്യനെക്കുറിച്ച് ഒന്നും തന്നെ എനിക്കറിവില്ലാ തിരുമേനീ!'' വിഗ്ഡിസ് പറഞ്ഞു: ``ഈ രാജ്യത്തുകാരനായിരുന്നില്ല അയാള്‍. എനിക്കു ചെറുപ്പമായിരുന്നു. ഞാന്‍ മഠയത്തിയായിരുന്നു. അതുകൊണ്ട് എന്റെ ചാരിത്രനാശം വരുത്തുവാന്‍ ഞാന്‍ അയാള്ക്കിടക്കൊടുത്തു. പക്ഷേ ആ മനുഷ്യനെക്കുറിച്ചു സംസാരിക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടു ഞാന്‍ അങ്ങയുടെകാലു പിടിച്ചപേക്ഷിക്കുന്നു, ഇതിനെക്കുറിച്ച് ഒന്നും തന്നെ അവിടുന്നിനി എന്നോടു ചോദിക്കരുത്.''
രാജാവു തന്റെ കൈ അവളുടെ കഴുത്തില്‍ ചുറ്റിയിട്ടു പറഞ്ഞു:
``ഏറെനാള്‍ ഇനി നീ വിധവയായി ജീവിക്കുമെന്നു തോന്നുന്നില്ല, വിഗ്ഡിസ്. നീ അത്രമാത്രം സുന്ദരിയും ബുദ്ധിശാലിനിയുമാണ്.''
വിഗ്ഡിസ് എഴുന്നേല്ക്കാന് ഉദ്യമിച്ചു. പക്ഷേ ഒലാവ് രാജാവ് അവളെ പിടിച്ചു മടിയിലിരുത്തി. അപ്പോള്‍ അവള് പറഞ്ഞു:
``വീണ്ടും സ്നേഹിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കത്തക്ക നിലയിലുള്ള ഒന്നല്ല എന്റെ ജീവിതം. ഞാനിപ്പോള്‍ അങ്ങയോട് അപേക്ഷിക്കുന്നു, നേരം അതിക്രമിച്ചു, ഞാന്‍ പോട്ടെ!''
ഒലാവ് രാജാവു പൊട്ടിച്ചിരിച്ച് അവളെ ചുംബിച്ചുകൊണ്ടുപറഞ്ഞു:
``നീ എന്റെ കൂടെ ഇവിടെ നില്‍ക്കാനാണ് എനിക്കിഷ്ടം. നാം ഇരുവരും തമ്മില്‍ത്തമ്മില്‍ വളരെ യോജിച്ചവരാണെന്നു നിനക്കു തോന്നുന്നില്ലേ, വിഗ്ഡിസ്സേ?- നീയും ഞാനും? എന്റെ രഹസ്യക്കാരിയായിരിക്കുന്നതില് നിനക്ക് ഒരു നാണക്കേടും വരാനുമില്ല. നിന്റെ സ്നേഹത്തിനു ഞാന്‍ നിനക്കു നല്ല പ്രതിഫലം തരാം.''
``പൊന്നുതിരുമേനി, ഇതവിടത്തേയ്ക്കു ചേര്‍ന്നതല്ല.''വിഗ്ഡിസ് പ്രതിവചിച്ചു: ``അങ്ങയ്ക്കു വേണമെന്നു തോന്നുന്ന ഏതു യുവതിയെയും അങ്ങയ്ക്കു കിട്ടും. മറ്റൊരാള്‍ മുന്‍പു സ്വാദറിഞ്ഞ കോപ്പയില്‍നിന്നു പാനം ചെയ്യേണ്ട ആവശ്യം അങ്ങയ്ക്കില്ല.''
രാജാവു കൂടുതല്‍ ചിരിയോടുകൂടി വീണ്ടും അവളെ ചുംബിച്ചിട്ടു പറഞ്ഞു:
``നിന്റെ ചുണ്ടുകളുടെ മാധുര്യം മറ്റാര്‍ക്കും കിട്ടുകയില്ല, വിഗ്ഡിസ്.''
അദ്ദേഹം വീണ്ടും അവളെ പൊക്കിയെടുത്തു ബെഞ്ചിന്മേല് കിടത്തിയിട്ട് അവളുമായി ഓരോ ശൃംഗാരലീലയ്ക്ക് ഒരുമ്പെട്ടു.
വിഗ്ഡിസ് അവളുടെ കൈത്തലം അദ്ദേഹത്തിന്റെ മാറത്തമര്ത്തിപ്പിടിച്ചുകൊണ്ടു പറഞ്ഞു:
``ഞാന്‍ എന്റെ പാട്ടിനു പോകുവാന്‍ അങ്ങെന്നെ അനുവദിക്കുന്നപക്ഷം അങ്ങയ്ക്കുണ്ടാകാവുന്ന ക്ലേശത്തെക്കാള് എത്രയോ ഉല്‍ക്കടമായ ക്ലേശങ്ങള്‍ അങ്ങു വിശ്വസിക്കുന്ന ആ പുണ്യവാളന് അങ്ങയക്കുവേണ്ടി അനുഭവിച്ചിട്ടുണ്ടാകും.''
ഒലാവ് രാജാവ് അവളെ വിട്ടു. ഒരു നിമിഷം കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റ് അവള്‍ക്കു പോകണമെന്നുണ്ടെങ്കില്‍ പോകാമെന്ന് അരുളിച്ചെയ്തു. വിഗ്ഡിസ് അവളുടെ പാദങ്ങള്‍ തറയിലേയ്ക്കിട്ടു. ഒലാവിനോടൊന്നിച്ച് അവിടെ തങ്ങിനില്ക്കാന് മുമ്പിലത്തോളം അതൃപ്തി ഇപ്പോള്‍ അവള്‍ക്കുണ്ടായില്ല. പക്ഷേ രാജാവാകട്ടെ ആ ബെഞ്ചിന്റെ തലയ്ക്കല്‍ അവളോട് ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളൂ. അതുകൊണ്ടു കുറച്ചു കഴിഞ്ഞ് അവള് എഴുന്നേറ്റു ഹാള്‍വിട്ടു സ്ത്രീകള്‍ക്കായിട്ടുള്ള ഭവനത്തിലേയ്ക്കു പോയി.
പ്രധാനപ്പെട്ട ആ രണ്ടു പുണ്യദിനങ്ങള്‍ സമാഗതമായി. അന്നൊന്നും രാജാവു വിഗ്ഡിസ്സിനോടു സംസാരിച്ചില്ല. മൂന്നാം ദിവസം അദ്ദേഹം അവള്‍ക്കാളയച്ചു. അദ്ദേഹത്തിന്റെ അനേകം അനുയായികള്‍ ആ അവസരത്തില്‍ അദ്ദേഹത്തോടൊന്നിച്ചുണ്ടായിരുന്നു.
ഗ്രെഫ്സിനിലേയ്ക്ക് അവളോടൊന്നിച്ച് ആളുകളെ അയച്ചുതരാമെന്നും ഏതു തരത്തിലും അവളെ ന്യായീകരിക്കത്തക്ക രീതിയില്‍ അവള്‍ക്കു വേണ്ട സര്‍വ്വസഹായങ്ങളും ചെയ്തുതരാമെന്നും അദ്ദേഹം അവളോടുപറഞ്ഞു.
ഇല്ല്യൂജിനും അയാളുടെ അനുചരന്മാര്ക്കും സന്ധി ചെയ്തു സമാധാനത്തോടെ ജീവിക്കുവാന്‍ വേണ്ട സഹായങ്ങളും താന്‍ ചെയ്തുകൊള്ളാമെന്ന് അദ്ദേഹം പ്രസ്താവിച്ചു. പക്ഷേ അതിനുശേഷം വിഗ്ഡിസ്സിനെ കുറച്ചകലെ ഒരു വശത്തേയ്ക്കു വിളിച്ച്, അവളുടെ മുഖത്തു ദൃഷ്ടിയുറപ്പിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു:
``എന്നോടു സത്യം പറയണം, വിഗ്ഡിസ്സേ! നിനക്കു നിന്റെ വസ്തുവകകളെല്ലാം തിരിച്ചുകിട്ടുമ്പോള്‍ നീ ഇല്ല്യൂജിനെ വിവാഹം കഴിക്കുമോ?''
വിഗ്ഡിസ് തലയുര്‍ത്തി. അവള് പ്രതിവചിച്ചും: ``തിരുമേനി, വളരെവളരെ തരംതാഴ്ന്ന ഒരു നിലയിലാണ് അവിടുന്ന് എന്നെക്കുറിച്ചു വിചാരിക്കുന്നത്. എന്നെ അങ്ങുവിശ്വസിക്കുകയാണെങ്കില് ഒന്നു ഞാന്‍ പറയാം- സിംഹത്തെക്കാള്‍ ചെന്നായുമായി കളിക്കുവാനാണ് എനിക്കു താല്പര്യം. പക്ഷേ, ഇപ്പോള്‍, തിരുമേനിയെന്നോട് അത്രമാത്രം അലിവു കാണിക്കുകയും നാടുവാഴികളില്‍ അങ്ങയെപ്പോലെ ആരുംതന്നെ ഇല്ലെന്ന് എനിക്കു ബോധ്യപ്പെടുകയും ചെയ്തിരിക്കുന്ന സ്ഥിതിക്ക് എനിക്ക് അവിടുത്തോടു മറ്റൊരനുഗ്രഹം അര്ത്ഥിക്കുവാനുണ്ട്: ഒരു പുരോഹിതന് എന്നോടൊന്നിച്ചു വാഡിനിലേയ്ക്കു പോരുവാനും അങ്ങയുടെ മതവിധിയനുസരിച്ച് എനിക്കുവേണ്ട ഉപദേശങ്ങള്‍ തന്ന് എന്നെ `ജ്ഞാനസ്നാനം' ചെയ്യിക്കുവാനും അനുമതി നല്കാന് അവിടുത്തേയ്ക്കു ദയവുണ്ടാകണം. എന്തുകൊണ്ടെന്നാല്‍, ഒരു സംഗതി ദൃഢമായി എനിക്കു ബോധ്യപ്പെട്ടിരിക്കുന്നു: എന്റെ പിതാവിനു വിശ്വാസം മുഴുവന്‍ അദ്ദേഹത്തിന്റെ സ്വന്തം മെയ്ക്കരുത്തിലായിരുന്നു; ഒരു കാലത്ത് എനിക്കും അതേ വിശ്വാസം തന്നെയാണ് ഉണ്ടായിരുന്നത്. പക്ഷേ തിരുമേനിയുടെ വിശ്വാസമാണ് ഏറ്റവും ഉത്തമമെന്ന് എനിക്കിപ്പോള്‍ ബോധ്യമായി.''
ഒളാവ് രാജാവിന് ഇതുകേട്ടു വലിയ സന്തോഷം തോന്നി. അദ്ദേഹത്തിന്റെ ഹൃദയം കൃപാര്‍ദ്രമായി. ഇല്ല്യൂജ്, എയിനാര് ഹാഡലിന്ഡിംഗ് എന്നിവരും ജ്ഞാനസ്നാനകര്‍മ്മം അനുഷ്ഠിച്ച്, അവരുടെ കാര്യങ്ങളെല്ലാം തീരുമാനിക്കപ്പെട്ടതിന്റെശേഷം രാജാവിനോടൊന്നിച്ചുതന്നെ താമസമാക്കി. ഹെര്‍മോഡ് ഒരു കപ്പല്‍ വിലയ്ക്കു വാങ്ങി നാടുവിട്ടു.
രാജാവു തന്റെ ഏതാനും അനുയായികളെയും അവരോടൊപ്പം ഒരു പുരോഹിതനെയും വിഗ്ഡിസ്സിന്റെ കൂടെ തെക്കോട്ടു വിട്ടു. അവര്‍ ഗ്രഫ്സിനിലേയ്ക്കു പോയി. കാാറെ അവരെ യഥോചിതം സ്വീകരിച്ചു. വാഡിന് തീവെച്ചെരിക്കപ്പെട്ട രാത്രിയില്‍ അവരെല്ലാവരും-ഗ്രെഫ്സിനില് ഉള്ളവരെല്ലാവരും-ഒരു വിരുന്നിനു പോയിരിക്കയായിരുന്നു. എന്നും അവള്‍ക്കിപ്പോള്‍ കേള്‍ക്കാനിടയായി. തീ കണ്ട ഉടന്‍തന്നെ കാാറെ ആളുകളെ ശേഖരിച്ചു കോള്‍ ആര്‍നേസണെ അന്വേഷിച്ചു പുറപ്പെടുകയും, അവര്തമ്മില് കണ്ടുമുട്ടിയതോടെ കാാറെ കോളിന്റെ കഥ കഴിക്കുകയും ചെയ്തുവത്രേ. അതു കഴിഞ്ഞ് അവര്‍ അവിടെയെല്ലാം ഏറെനേരം വിഗ്ഡിസ്സിനെ തിരഞ്ഞുനടന്നു; പക്ഷേ അവര്‍ക്ക് ഒരു തുമ്പും കിട്ടിയില്ല. അനന്തരം, അവള് മരിച്ചുപോയി എന്നവര്‍ വിചാരിച്ചു.
അതു സംബന്ധിച്ചുള്ള വിചാരണ കോടതിയില്‍ നടക്കുകയുണ്ടായി. ആര്‍നേയുടെ പുത്രന്മാര്ക്ക് ഒരു `നഷ്ടപരിഹാര'വും ലഭിക്കുകയുണ്ടായില്ല. പക്ഷേ അവരെ പ്രതിനിധീകരിച്ചിരുന്നവര്ക്ക്, ഈസായെ കൊന്നതിനും വാഡിനിലുള്ള വീടുകള്‍, കന്നുകാലികള്‍ മുതലായവയെ നശിപ്പിച്ചുകളഞ്ഞതിനും പരിഹാരമായി വമ്പിച്ച ഒരു പിഴ ഒടുക്കേണ്ടതായി വന്നുകൂടി.
വേനല്‍ക്കാലത്ത് വിഗ്ഡിസ് വീടുകള്‍ രണ്ടാമതു പണികഴിപ്പിച്ചു. നാള്‍ക്കുനാള്‍ അവള്‍ക്കു വലിയ അഭിവൃദ്ധിയുണ്ടായി. അവളുടെ ധൈര്യം, ഗൃഹഭരണജ്ഞാനം എന്നിവയെക്കുറിച്ച് ഏവര്‍ക്കും വലിയ മതിപ്പായിരുന്നു. അവള് തന്റെ പുത്രനെ `ജ്ഞാനസ്നാനം' ചെയ്യിക്കുകയും അവന് `ഉള്‍വാര്‍'* എന്നു പേരിടുകയും ചെയ്തു; എന്തുകൊണ്ടെന്നാല്‍ `ചെന്നായക്കാട്ടിലൂടെയാണ് ആ രാത്രി അവള് അവനെ വഹിച്ചുകൊണ്ടു പോയത്. അതിനുശേഷം തെക്കുമാറി `ഫ്രൈസ്ജാ' നദിയുടെ തീരത്തുള്ള കുന്നില്‍ നല്ല മരംകൊണ്ട് ഒരു പള്ളി പണിയുവാനുള്ള ഏര്‍പ്പാടുകളെല്ലാം അവള് ചെയ്തു.
ഓസ്ലോ രാജ്യത്തിലുള്ള ആളുകള്‍ പുതിയ മതം സ്വീകരിച്ചു. തന്റെ വസ്തുവകകള്‍ നോക്കിയെടുക്കേണ്ട കാര്യത്തില്‍ വളരെയധികം വ്യാപൃതയാകേണ്ടിവന്നതിനാല് ആ മതത്തില്‍ വലിയ കൂറു കാണിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ജ്ഞാനസ്നാനകര്മ്മത്തില് വളരെ ദൃഢവ്രതമുള്ളവളായിരുന്നു വിഗ്ഡിസ്.
അനവധി വര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോവുകയും വാഡ്നില് എല്ലാം ശാന്തമാവുകയും ചെയ്തു.
പക്ഷേ ഇനിയിപ്പോള്‍ നമ്മുടെ കഥയ്ക്കു യോട്ടിന്റെ അടുത്തേയ്ക്കു മടങ്ങിപ്പോകേണ്ടിയിരിക്കുന്നു.
ഇരുപത്തിയാറ്
ഐറേയിലെ ടോര്‍ബ്ജോണ്‍ ഹാലെഗ്ഗിന്റെ പേര് മുന്‍പുതന്നെ പ്രസ്താവിച്ചിട്ടുണ്ട്. യോട്ട് ഗിസ്സേഴ്സണെ പോറ്റിവളര്‍ത്തിയത് അയാളാണ്. സല്‍പ്പേരു സമ്പാദിച്ച സമ്പന്നനായ ഒരു പ്രമാണിയായിരുന്നു അയാള്‍. ടോര്ബ്ജോണിനു തന്റെ ഭാര്യയില്‍ അനേകം പുത്രന്മാരുണ്ടായിരുന്നു; എന്നാല്‍ ഈ കഥയുമായി അവര്‍ക്കു ബന്ധമൊന്നുമില്ല. എല്ലാറ്റിലും മൂത്തആളുടെ പേര് ലൈട്ടിംഗ് എന്നായിരുന്നു; അയാള്‍ പരലോകപ്രാപ്തനായി. `ഗുഡ്റണ്‍' എന്നായിരുന്നു അയാളുടെ വിധവയുടെ പേര് കിഴക്കന്സമുദ്രതീരപ്രദേശങ്ങളിലെ സൂര്യന് എന്ന അഭിജ്ഞയാലാണ് അവള് അറിയപ്പെട്ടിരുന്നത്; എന്തുകൊണ്ടെന്നാല്‍, ഐസ്ലാന്‍ഡിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളില്‍ ഒരുവള്‍ എന്ന മതിപ്പിന് അവള് പാത്രമായി. വലിയ ധനപതിയും, ബുദ്ധിശാലിനിയും, കാര്യപ്രാപ്തിയുള്ളവളും, തന്റെ സുഹൃത്തുക്കളോട് സ്നേഹവും കൂറും ഉള്ളവളും, വീട്ടിലുള്ള വേലക്കാരോടു കനിവുള്ളവളും ആയിരുന്നു ആ സ്ത്രീ; പക്ഷേ, അവള് മുന്കോപമുള്ളവളും, തന്നിഷ്ടക്കാരിയും, സാമാന്യത്തിലധികം ഗര്വ്വിഷ്ഠയുമായിരുന്നു. ലൈട്ടിംഗിനും ഗുഡ്രണും ഒരൊറ്റ കുഞ്ഞേ ഉണ്ടായിരുന്നുള്ളൂ- ഒരു മകള്‍. ലീകനി എന്നായിരുന്നു അവളുടെ പേര്. മാതാവിന്റെ പ്രതിരൂപമായിരുന്നെങ്കിലും അവളുടെ സ്വഭാവത്തിലെ സത്തായ അംശങ്ങള്‍മാത്രം ഒത്തിണങ്ങിയിട്ടുള്ളവളാണ് ആ പെണ്കിടാവെന്നു ജനങ്ങള്‍ കീര്‍ത്തിച്ചിരുന്നു. അവളെ എല്ലാവരും ഇഷ്ടപ്പെട്ടു.
അവളുടെ പിതാവ് അവള്‍ക്കൊരു വാക്കു കൊടുത്തിട്ടുണ്ടായിരുന്നു-അവളുടെ സ്വന്തം മനസ്സോടുകൂടിയല്ലാതെ ആര്‍ക്കും തന്നെ അവളെ വിവാഹം കഴിച്ചുകൊടുക്കുകയില്ലെന്ന്. പലരും അവളുടെ ഭര്ത്തൃപദാര്ത്ഥികളായി വരികയുണ്ടായി; പക്ഷേ എല്ലാവരും നിരാശരായി മടങ്ങുകയാണുണ്ടായത്.
വിഗ്ഡിസ്സുമായി പറഞ്ഞു പിരഞ്ഞതിന്റെ ശേഷം അക്കൊല്ലം ഇല പൊഴിയുന്ന കാലത്തു യോട്ട് ഐസ്ലാന്ഡില് വന്നുചേര്‍ന്നു. വെറ്റര്‍ലൈഡ് ഗുഡ്രണെ വിവാഹം കഴിക്കാന്‍ ആലോചനയുണ്ടെന്നും മദ്ധ്യശീതകാലം കഴിഞ്ഞ് ആറുമാസത്തിനുശേഷം അവരുടെ വിവാഹം നടക്കാന്‍ പോകുന്നുവെന്നുമാണ് അയാള്‍ ആദ്യം കേട്ട നാട്ടുവാര്‍ത്ത. അയാള്‍ ആരെയും കാണാതെ നേരെ സ്ക്കോമെഡാലിലുള്ള അയാളുടെ വീട്ടിലേയ്ക്കു പോയി. തന്റെ ചാര്‍ച്ചക്കാരന്റെ വിവാഹത്തിന് അയാള്‍ വരികയുണ്ടായില്ല. അതില്‍ പലര്‍ക്കും അത്ഭുതം തോന്നി.
ഗ്രീഷ്മകാലത്ത് ആളുകളെല്ലാം ആല്ത്തിംഗിലേയ്ക്കു പോയിട്ടും അയാള്‍ വീട്ടില്‍ത്തന്നെ താമസിച്ചു. വെറ്റര്ലൈഡും ഗുഡ്രനും കച്ചേരിയില്‍ പോയിട്ടുണ്ടായിരുന്നു; മടക്കത്തില്‍ അവര്‍ സ്ക്കോമെഡാലിലൂടെയാണ് പോന്നത്. തങ്ങളുടെ വിവാഹത്തിനു വരാഞ്ഞതില്‍ അവര്‍ അയാളോടു ലേശംപോലും കോപം ഭാവിച്ചില്ല. തങ്ങളോടൊന്നിച്ചു ഹോള്‍ട്ടാറിലേയ്ക്കു പോരണമെന്ന് അയാളെ അവര്‍ വളരെയധികം നിര്‍ബ്ബന്ധിച്ചു. ഏറെനേരം അയാള്‍ ഒഴിഞ്ഞുമാറി നോക്കി. പക്ഷേ ഒടുവില്‍ അവരൊന്നിച്ചു പോകേണ്ടതായിത്തന്നെ വന്നുകൂടി.
വെറ്റര്‍ലൈഡ് കെങ്കേമമായ ഒരു സദ്യ നടത്തി. അനേകം ജനങ്ങള്‍ അതില്‍ പങ്കുകൊണ്ടു. രുചികരവും വിഭവസമൃദ്ധവുമായിരുന്നു സദ്യ. എല്ലാം ഭംഗിയായിക്കഴിഞ്ഞുകൂടി. പക്ഷേ യോട്ട് ദുഃഖിതനും പ്രസാദശൂന്യനുമായിത്തോന്നപ്പെട്ടുവെന്നും പലരും പറയുകയുണ്ടായി. കുറച്ചേ അയാള്‍ സംസാരിച്ചുള്ളൂ. വിനോദരംഗങ്ങളിലൊന്നും തന്നെ അയാള്‍ പങ്കുകൊണ്ടില്ല.
സദ്യനടന്നതിന്റെ ആദ്യത്തെ ദിവസം വിചിത്രരീതിയിലുള്ള തുന്നല്‍പ്പണികളോടുകൂടിയ അതിമനോഹരമായ ഒരു വസ്ത്രമാണ് വെറ്റര്‍ലൈഡ് ധരിച്ചിരുന്നത്; അതു വിഗ്ഡിസ് അയാള്‍ക്കു സമ്മാനം കൊടുത്ത ഒരു വസ്ത്രമായിരുന്നു. യോട്ട് ഏറെനേരം ആ വസ്ത്രത്തെത്തന്നെ നോക്കിക്കൊണ്ടിരുന്നു. പകല്‍ കുറച്ചു വൈകിയതിന്റെ ശേഷം വെറ്റര്‍ലൈഡ് അത് ഒരു ബഞ്ചിന്മേല് അഴിച്ചിട്ടു. യോട്ട് അതിനു സമീപം ചെന്ന് ഇരിപ്പുറപ്പിച്ചു. അയാള്‍ അതെടുത്തു തന്റെ കാല്‍മുട്ടുകള്‍ക്കു മീതെ നിവര്‍ത്തിയിട്ടു. വെറ്റര്‍ലൈഡ് തിരിച്ചുവന്നപ്പോള്‍ യോട്ട് പറഞ്ഞു.
``താനുമായി ഒരു കൈമാറ്റം നടത്തിയാല്‍ കൊള്ളാം, ബന്ധുക്കാരാ! ഈ വസ്ത്രം എനിക്കു തന്നേയ്ക്കു. അതിന് എന്തുകിട്ടണമെന്നു പറഞ്ഞാല്‍ മതി.''
``ഒരു പാരിതോഷികമെന്ന നിലയില്‍ എന്റെ കൈയില്‍ വന്ന ഒരു സാധനം ഞാന്‍ വില്‍ക്കില്ല.'' വെറ്റര്‍ലൈഡ് പ്രതിവചിച്ചു.
``എന്നാല്‍ എനിക്കതു വെറുതേ തരൂ.'' യോട്ട് പറഞ്ഞു: ``ഞാന്‍ ഇതിനു മുന്‍പൊരിക്കലും നിങ്ങളോട് ഒന്നുംതന്നെ ചോദിച്ചിട്ടില്ല.''
ആദ്യം വെറ്റര്‍ലൈഡ് ഒന്നും സമാധാനം പറഞ്ഞില്ല. അപ്പോഴേയ്ക്കും ഗുഡ്രണ്‍ അവിടെ വന്നെത്തി. അവരുടെ സംസാരം എന്തോ അല്പം അവള് കേട്ടിരുന്നു. അവള് പറഞ്ഞു:
``നിങ്ങളുടെ ബന്ധുക്കാരന്‍ ചോദിക്കുന്നതു കൊടുക്കാതിരിക്കുന്നതു പോരായ്മയാണ്. നാം നമ്മുടെ അതിഥികളെ ബഹുമാനിക്കണം. എത്രകാര്യമായിട്ടാണ്. ഞങ്ങള്‍ നിങ്ങളെ കണക്കാക്കിയിരിക്കുന്നതെന്നോ, യോട്ടെ! ഈ മ്ലാനഭാവമെല്ലാം ഒന്നുപേക്ഷിക്കൂ! പുറത്തു പോയി മറ്റു ചെറുപ്പക്കാരുമായി ഓരോ കായികവിനോദങ്ങളില്‍ പങ്കുകൊള്ളരുതോ? നിങ്ങളുടെ പൗരുഷത്തിന്റെ തെളിവ് അങ്ങനെ ഞങ്ങള്‍ക്കു ലഭിക്കട്ടെ!''
അവള് യോട്ടിനെ എഴുന്നേല്പിച്ചുനിര്‍ത്തി. എന്നിട്ട് ആ വസ്ത്രം അയാളുടെ ചുമലുകളില്‍ തൂക്കിയിട്ടു. അയാള്‍ക്കുവേണ്ടി ഉണ്ടാക്കിയതാണെന്നു തോന്നുംവിധം അയാള്‍ക്ക് അതത്ര ചേര്ച്ചയുള്ളതായിരുന്നുവെന്ന് അവള് പ്രസ്താവിച്ചു.
അതുകഴിഞ്ഞ് അവള് അവിടെനിന്നു പോയി. വസ്ത്രം സ്വശരീരത്തില്‍ത്തന്നെ ഇട്ടുകൊണ്ടു യോട്ട് അവിടെ നിലകൊണ്ടു. വെറ്റര്‍ലൈഡ് പറഞ്ഞു:
``ഗുഡ്രണ്‍ കയറിവന്ന് അതു പറഞ്ഞില്ലായിരുന്നെങ്കില്‍ ഒരിക്കലും തനിക്കതു കിട്ടുമായിരുന്നില്ല. അതില്ലാത്ത നിലയിലാണ് താന്‍ കൂടുതല്‍ പരിസേവ്യനായിത്തീരുക; തന്റെ ചിന്തകളില്‍നിന്ന് അതു നിര്‍മ്മിച്ച അവളെ താന്‍ കൈവെടിയുമെങ്കില്‍ അതിലും കൂടുതാലായും!''
യോട്ട് മറുപടി പറഞ്ഞു:
``ഞാന്‍ ആ പെണ്ണിനെ വളരെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ, ഈ പ്രാവശ്യം ഈ വസ്ത്രമാണ് എനിക്കിഷ്ടപ്പെട്ടത്- എന്തെന്നാല്‍ എനിക്കിതു ഭംഗിയായി യോജിച്ചിരിക്കുന്നു. അതുകൊണ്ടു മനസ്സില്ലാമനസ്സോടെയുള്ള ഈ സമ്മാനത്തിന്നു ഞാന്‍ നിങ്ങളോടു നന്ദി പറയട്ടെ!- എനിക്കു കിട്ടാന്‍ കഴിവുള്ളതു കരസ്ഥമാക്കുകയും ചെയ്യട്ടെ!''
അയാള്‍ ഇതു പറയുന്നതോടൊപ്പം അല്പമൊന്നു പുഞ്ചിരിയിടുകയും ചെയ്തു. അനന്തരം അയാള്‍ ആ വസത്രം കൊണ്ടുപോയി ഭദ്രമായി ഒളിച്ചുവെച്ചു. അയാള്‍ ഓരോ കായികവിനോദഹങ്ങളില് ആളുകള്‍ സമ്മേളിച്ചിരുന്ന മുറ്റത്തേയ്ക്കിറങ്ങി
ഒഡ്ഡ്ബീനെസണ് എന്നും സിഗേര്‍സ് ബീനെസണ് എന്നും പേരോടുകൂടി രണ്ടു സഹോദരന്മാര് ഉണ്ടായിരുന്നു. പുരുഷോചിതമായ കായികപരീശീലനങ്ങളില്
ഏറ്റവും മികച്ചവരായിരുന്നു അവര്‍. ദ്വീപിന്റെ ആ ഭാഗത്തുള്ളവരില്‍ ഏറ്റവുമധികം മെയ്ക്കരുത്തുള്ള ആള് ഒഡ്ഡാണ്. ആയുധവിദ്യയില്‍ നല്ല നൈപുണ്യമാര്‍ജ്ജിച്ചിരുന്ന ആളാണ് യോട്ട്; അയാള്‍ക്ക് തന്റെ സ്വന്തമായി ആയുധങ്ങളുമുണ്ട്; പക്ഷേ കുറച്ചു കാലമായി പ്രയോഗിക്കാത്തതിനാല്‍ അയാള്‍ക്കു കൈവഴക്കം അല്പം കമ്മിയാണെന്നേയുള്ളൂ. എന്നിരുന്നാലും അയാള്‍ വേഗത്തില്‍ പ്രകടനത്തിനു തികച്ചും പ്രാപ്തനായിത്തീര്‍ന്നു. ഒടുവില്‍ നോക്കിക്കൊണ്ടുനിന്നവര്‍ വേഗതയും ചുറുചുറുക്കും ആവശ്യമായ അത്തരം അഭ്യാസമുറകളില്‍ യോട്ടിന് ഏറ്റവുമധികം സാമര്‍ത്ഥ്യമുണ്ടെന്നും, പക്ഷേ, മെയ്ക്കരുത്ത് ആവശ്യമുള്ളിടത്ത് ഒഡ്ഡാണ് ഏറ്റവും പറ്റിയവനെന്നും പറയുകയുണ്ടായി.
``എന്നാലും എനിക്കൊന്നു കണ്ടാല്‍ക്കൊള്ളാം,'' യോട്ട് പറഞ്ഞു. ``എന്നെ അടിച്ചുമലര്‍ത്താന്‍ ഒഡ്ഡിനു സാധിക്കുമോ എന്ന്.''
രണ്ടുപേരും തമ്മില്‍ പിടി തുടങ്ങി. തന്റെ ദേഹബലം മറ്റുള്ളവരുടേതിനെക്കാള്‍ തുലോം കുറവാണെന്നു യോട്ടിന്നു തോന്നി. അതുകാരണം അയാള്‍ തനിക്കുള്ള കരുത്തു മുഴുവന്‍ അപ്പോള്‍ പ്രയോഗിക്കയുണ്ടായി. തന്റെ ശക്തിയില്‍ അമിതമായ വിശ്വാസമുണ്ടായിരുന്നതിനാല്‍ ഒഡ്ഡ് അശ്രദ്ധനായിട്ടാണ് നിന്നത്. ഏറെനേരം അന്യോന്യം ഗുസ്തിപിടിച്ചശേഷം ഒടുവില്‍ യോട്ട് തന്റെ പ്രതിയോഗിയെ നിലത്തു മലര്‍ത്തിയിട്ടു. അന്നത്തേയ്ക്കുള്ള വിനോദപ്രകടനങ്ങള്‍ അങ്ങനെ അവസാനിച്ചു.
രാത്രി വെളിക്കുള്ള ഒരു വീട്ടിലാണ് യോട്ട് ഉറങ്ങിയത്. അടുത്ത പ്രഭാതത്തില്‍ എഴുന്നേല്ക്കാന് കൂട്ടാക്കാതെ അയാള്‍ കിടയ്ക്കയില്‍ അങ്ങനെ കിടക്കുകയായിരുന്നു. അപ്പോള്‍ അടുത്ത മുറിയില്‍ ഏതാനും സ്ത്രീകള്‍ സംസാരിക്കുന്നത് അയാളുടെ ചെവിട്ടില് പതിഞ്ഞു. അവരില്‍ ഒരുവള്‍ പറയുകയാണ്.
``ഒഡ്ഡ്ബീനെസണ് ഇന്നലെ തോല്‍വി പറ്റിയതിനെക്കുറിച്ചു നീ എന്തുപറയുന്നു പാവം, മണ്ണില്‍ മലര്‍ന്നടിച്ചുവീണു. ആര്‍ക്കും തന്നെ അടിപ്പെടുത്താന്‍ സാധിക്കയില്ലെന്നുള്ള അയാളുടെ ആത്മപ്രശംസ ഏതായാലും ഇതോടുകൂടി അവസാനിച്ചു.''
വേറൊരുവള്‍ പൊട്ടിച്ചിരിച്ചുകൊണ്ടു പ്രതിവചിച്ചു: ``ഒഡ്ഡ് തോല്ക്കട്ടെ, ജയിക്കട്ടെ-ഞാനതൊന്നും അത്ര കാര്യമാക്കുന്നില്ല. പക്ഷേ ചന്തമുള്ള ആ ചെറുപ്പക്കാരന് ജയം നേടിയതില്‍ എനിക്കു സന്തോഷമുണ്ട്.''
``യോട്ടിനെയാണോ നീ ചന്തമുള്ള ചെറുപ്പക്കാരന് എന്നുപറയുന്നത്?'' ആദ്യത്തേവള്‍ ചോദിച്ചു: ``കൊള്ളാം-ഒരു വേതാളത്തിന്റെ മാതിരി തവിണ്ടു വിളറിയ മുഖമാണയാള്ക്കുള്ളത്.''
``അങ്ങനെയാണെങ്കിലും ഞാന്‍ ഉദ്ദേശിച്ചത് അയാളെത്തന്നെയാണ്. ഒഡ്ഡുമായി മല്ലുപിടിച്ചു ജയിച്ച മറ്റൊരാളെയും എനിക്കറിവില്ല.
യോട്ട് എഴുന്നേറ്റു വസ്ത്രധാരണം ചെയ്തതിന്റെ ശേഷം അടുത്ത മുറിയിലേയ്ക്കു പോയി. അവിടെ അനേകം സ്ത്രീകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതുവരെ താന്‍ കാണാതിരുന്ന ഒരുവളെ യോട്ട് പ്രത്യേകം സൂക്ഷിക്കയുണ്ടായി. ഇളംപച്ചനിറത്തില്‍ വക്കത്തു വിചിത്രരീതിയിലുള്ള തുന്നല്‍പ്പണികളോടുകൂടിയ ഒരു മേലങ്കി ധരിച്ചിരുന്ന അവള് അതിസുന്ദരിയായിരുന്നു; പൊക്കം അധികമില്ല. അവളുടെ അംഗങ്ങള്‍ വടിവൊത്തതും അന്യോന്യം ഇണക്കമുള്ളതുമായിരുന്നു; ചെറിയ കൈത്തലങ്ങളും പാദങ്ങളും, വെളുത്തുകൊഴുത്തു ചന്തംതുളുമ്പുന്ന ഒരോമനമുഖം, പ്രസാദസാന്ദ്രങ്ങളായ നീലനയനങ്ങള്‍- എല്ലാംകൊണ്ടും വിലാസവതിയായ സുന്ദരിയായിരുന്നു അവള്. എന്നാല്‍ അവളുടെ സൗന്ദര്യമഹിമയ്ക്ക് ഏറ്റവും മാറ്റുകൂട്ടിയിരുന്നത് അവളുടെ തലമുടിയാണ്. അവളുടെ ശരീരം മുഴുവന്‍ പൊതിഞ്ഞു മൂടത്തക്കവിധം അത്ര നീളമുള്ളതും ഇടതൂര്‍ന്നു വളര്‍ന്നതുമായിരുന്നു അത്. ചണത്തിന്റെ വര്ണ്ണവിലാസത്തോടുകൂടി അത് അങ്ങനെ മിന്നിക്കൊണ്ടിരുന്നു. അയാള്‍ അകത്തേയ്ക്കു കടന്നുവന്ന അവസരത്തില്‍ അവള് അതു ചീകിക്കൊണ്ടിരിക്കയായിരുന്നു.
യോട്ട് സ്ത്രീകളുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ ആ സമയമെല്ലാം അയാളുടെ കണ്ണുകള്‍ വിശ്രമിച്ചിരുന്നത്. ആ സുന്ദരിയുടെ മുഖത്താണ്. അവളുടെ ജോലി തീര്‍ന്നപ്പോള്‍ അയാള്‍ അടുത്തേയ്ക്കു ചെന്ന് ഒരു ചീപ്പു തരാമോ എന്നവളോടു ചോദിച്ചു. അവള് അതയാള്‍ക്കു കൊടുത്തു; അനന്തരം അയാള്‍ പറഞ്ഞു:
``എന്നെ ചന്തമുള്ള ചെറുപ്പക്കാരന് എന്നു പറഞ്ഞതു നീയാണോ?''
അവള് അല്പം ഒന്നു വിളറിയെങ്കിലും ചിരിച്ചുകൊണ്ടു പറഞ്ഞു:
``നിങ്ങള്‍ ചെവിയും വട്ടംപിടിച്ചുകൊണ്ടിരിക്കയാണെന്നു ഞാന്‍ എങ്ങനെ അറിയാനാണ്? പക്ഷേ ഒന്നു നിങ്ങള്‍ മനസ്സിലാക്കണം: കുട്ടിക്കാലംമുതലേ പരിചയമുള്ളവരെപ്പറ്റി ഒരാള്‍ക്കു നന്മ പ്രാര്‍ത്ഥിക്കുവാനും നന്മ പറയുവാനും മാത്രമേ ഒക്കൂ.''
യോട്ടിന് ഇതുകേട്ട് ആശ്ചര്യം തോന്നി. ഒരു നിമിഷം കഴിഞ്ഞ് അയാള്‍ ചോദിച്ചു:
``എന്താണ് നിന്റെ പേരെന്നു പറയൂ! നിന്നെ അറിയുമെന്നു പറയാന്‍ എനിക്കു കഴിയുന്നില്ല.''
`ഓ, അതു സാരമില്ല!'' അവള് പറഞ്ഞു. അവള്‍ക്കു പരിഭവം തോന്നിയെന്നു യോട്ടിനു മനസ്സിലായി. അനന്തരം അയാള്‍ പറഞ്ഞു.
``കഴിഞ്ഞ പ്രാവശ്യം നാം കണ്ട അവസരത്തില്‍ നീ ഇതില്‍ പകുതി സുന്ദരിയായിരുന്നില്ല-ഇപ്പോള്‍ എനിക്കൂഹിക്കാന്‍ കഴിയുന്നു; നീ ലീക്നി ലൈട്ടിംഗ്സ് ഡാറ്റരാണ്.
``നിങ്ങള്‍ക്കാര്‍ക്കും തന്നെ എന്നെ അന്നു കണ്ണില്‍ പിടിച്ചില്ല- നിങ്ങള്‍ക്കും മറ്റു ചെറുപ്പക്കാര്‍ക്കും. അന്ന്- ഐറേയില് മുത്തശ്ശന്റെ വീട്ടില്‍ നമ്മള് ഒരുമിച്ചു താമസിച്ചിരുന്ന കാലത്ത്!'' ലീക്നി മറുപടി കൊടുത്തു. ഇതു കേട്ടു മറ്റു സ്ത്രീകളെല്ലാം പൊട്ടിച്ചിരിച്ചു. പക്ഷേ അവര്‍ക്കു കാണാമായിരുന്നു, അയാളുടെ മറുപടിയില്‍ അവള് അത്യന്തസന്തുഷ്ടയായിരുന്നുവെന്ന്.
കുറച്ചുനാള്‍ താന്‍ ടോര്‍ബ് ജോണിന്റെ കൂടെ ആയിരുന്നുവെന്നും തലയ്ക്കുതലേദിവസമാണ് വീട്ടില്‍ വന്നതെന്നും അവള് അയാളോടു പറഞ്ഞു. ഐറേയിലെ വിശേഷങ്ങളെന്തെല്ലാമെന്ന്-യോട്ട് തിരക്കി. ഏറെനേരം അയാള്‍ ലീക്നിയുമായി ഒരോന്നു സംസാരിച്ചുകൊണ്ടിരുന്നു. അവള് വിവേകമുള്ള ഒരു സ്ത്രീയായിരുന്നതിനാല്‍ സരസവും ചാതുര്യമുള്ളതുമായിരുന്നു അവളുടെ സംസാരം. വൈകുന്നേരം അവളുടെ അടുത്തിരുന്ന് അയാള്‍ അവളോടൊന്നിച്ചു കുടിച്ചു. മറ്റു കാര്യങ്ങളുടെ കൂട്ടത്തില്‍ അയാള്‍ ഇടയ്ക്കിങ്ങനെ പ്രസ്താവിക്കയുണ്ടായി:
``ലീക്നി, നീ ഇപ്പോഴും അവിവാഹിതയായിത്തന്നെ ഇരിക്കുന്നതു ബഹുവിചിത്രമായിരിക്കുന്നു. എനിക്കു തോന്നുന്നത് ഒരു പുരുഷനെയും നിനക്കു യോജിച്ചതായി നീ കരുതുന്നില്ലെന്നാണ്.''
``അങ്ങനെയല്ല.'' അവള് മറുപടി പറഞ്ഞു: ``അത്തരത്തിലുള്ള ഒരാദയക്കച്ചവടത്തില് അല്പം കരുതലോടുകൂടിയിരിക്കാന് ആരുംതന്നെ അത്ര ബുദ്ധിമുട്ടാറില്ല; അത്രേയുള്ളൂ.''
യോട്ട് ചിരിച്ചുകൊണ്ടു പറഞ്ഞു: ``നീ അത്രഎളുപ്പത്തിലൊന്നും പ്രസാദിക്കുന്നവളല്ല. അതുകൊണ്ടു ഞാനായിരിക്കയില്ല മുന്നോട്ടുവരാന്‍ ഇവിടെ ഒരുമ്പെടുന്ന ആള്.''
ലീക്നി ഇതിനൊന്നും മറുപടി പറഞ്ഞില്ല. അവര്‍ മറ്റോരോ സംഗതികളെക്കുറിച്ചു സംസാരിച്ചു; പിറ്റേദിവസം യോട്ട് വീട്ടിലേയ്ക്കു മടങ്ങിപ്പോവുകയും ചെയ്തു.
ഇരുപത്തിയേഴ്
ഇലപൊഴിയുന്ന കാലം ഏതാണ്ടവസാനിക്കാറായതോടു കൂടി ഗുഡ്രണ്‍ ഒരു പുത്രനെ പ്രസവിച്ചു. വെറ്റര്‍ ലൈഡ് അവന്റെമേല്‍ വെള്ളം തളിച്ച് `ആറ്റ്ലെ' എന്നവനു പേരിട്ടു. ഒരു ദിവസം രാവിലെ ഗുഡ്രണും ലീക്നിയും മുറിയില്‍ തനിച്ചാക്കപ്പെട്ടു. ഗുഡ്രണ്‍ അപ്പോഴും കിടപ്പുതന്നെ ആയിരുന്നു. കുട്ടിയുടെ ശരീരത്തില്‍ ഒരു നീണ്ട പട്ടം ചുറ്റിക്കെട്ടിക്കൊണ്ട് അമ്മയുടെ സമീപം അതേ കട്ടിലില്‍ത്തന്നെ ഇരിക്കുകയാണ് ലീക്നി. ആ പണി തീര്ന്നതിനോടുകൂടി അവള് അവനെ ഇരുകൈകളിലും എടുത്തു ചുംബിക്കുവാനും ആശ്ലേഷിക്കുവാനും തുടങ്ങി. അവള് പറഞ്ഞു:
``വളരെ നല്ലതും അഴകുള്ളതുമാണ് ഈ കുഞ്ഞ്. ഇവന് അമ്മയുടേതല്ല എന്റെയായിരുന്നെങ്കില് എന്നുപോലും മിക്കവാറും എനിക്കു കൊതി തോന്നിപ്പോകുന്നു, അമ്മേ!''
കിടയ്ക്കയില്‍ കിടന്നുകൊണ്ടു ഗുഡ്രണ്‍ കോപത്തോടുകൂടി പറഞ്ഞു:
``അവനെ ഇങ്ങു കൊണ്ടുവരൂ. ഇങ്ങനെയുള്ള അസംബന്ധം ഇനി പറയരുത്! നിനക്കും അവനെപ്പോലൊരു കുഞ്ഞുണ്ടാകാന്‍ പ്രായമാകായ്കയൊന്നുമില്ലല്ലോ. നിനക്കിപ്പോള്‍ വയസ്സിരുപതായി. നീയിങ്ങനെ കാത്തുകൊണ്ടിരിക്കുന്നത് എന്തിനുവേണ്ടിയാണെന്നോ മറ്റാളുകളെപ്പോലെ കല്ല്യാണം കഴിച്ചു കഴിഞ്ഞുകൂടാന്‍ നിനക്കു മനസ്സില്ലാത്തത് എന്തുകൊണ്ടാണെന്നോ എനിക്കു മനസ്സിലാകുന്നില്ല. ഒഡ്ഡ്ബീനെസണെ നിനക്കു സ്വീകരിക്കാമായിരുന്നു; എങ്കില്‍ എന്തുകൊണ്ടു നോക്കിയാലും നിനക്കൊരു നല്ലനിലയില്‍ കഴിയാനൊത്തേനെ, എനിക്കു നിശ്ചയമുണ്ട.''
ലീക്നി മറുപടി പറഞ്ഞു:
``ഒരിക്കല്‍ ഞാന്‍ തീര്‍ത്തുപറഞ്ഞിട്ടുണ്ട്, ജനങ്ങള്‍ നല്ലവനെന്നു പറയുന്ന ഒരാളില്‍ അല്പമെങ്കിലും താണ ഒരു പുരുഷനെയും ഞാനെന്റെ ഭര്‍ത്താവായി സ്വീകരിക്കില്ലെന്ന്.''
``എങ്കില്‍ നിനക്കു റുണോള്വ്ഗോദിന്റെ* വിവാഹലോചനയ്ക്കു ചെവിക്കൊടുക്കാമായിരുന്നല്ലോ!''
അവളുടെ അമ്മ പറഞ്ഞു.
ലീക്നി ചിരിച്ചുകൊണ്ടു പ്രസ്താവിച്ചു:
``അമ്മേ, അമ്മ അതത്ര കാര്യമായി പറഞ്ഞതായിരിക്കയില്ല. ആ കിഴവനെ അയാളുടെ വീട്ടിലുള്ള വേലക്കാരാണ് കട്ടിലിലെടുത്തു കിടത്തുകയും മുറിയില്‍നിന്നു വെളിയിലേയ്ക്കെക്കടുത്തു കൊണ്ടുപോവുകയും ചെയ്യുന്നത് എന്ന് ആളുകള്‍ പറയുന്നു.''
``ഒരിക്കല്‍ നീയും കിഴവിയായിത്തീരും.'' ഗുഡ്രണ്‍ പറഞ്ഞു: ``വരുന്നവരെയൊക്കെ മണ്ടന്മാരാക്കി വെറുതേ പറഞ്ഞയച്ചാല്‍ വേഗത്തില്‍ അവര്‍ക്കു മുഷിഞ്ഞുതുടങ്ങും.''
``ഓ, ആട്ടെ! ഞാനൊടുവില്‍ ആരെയെങ്കിലും ഒരാളെ കണ്ടുപിടിച്ചുകൊള്ളാം.''ലീക്നി മറുമൊഴി നല്കി. ഒരു നിമിഷം കഴിഞ്ഞു വീണ്ടും അവള് പ്രസ്താവിച്ചു:
``സ്ക്കോമെഡലില് നിന്നു വൈഗ-യോട്ട് ഇവിടെ വന്ന് എന്നോടു വിവാഹാഭ്യര്‍ത്ഥന ചെയ്യുകയാണെങ്കില്‍, അദ്ദേഹത്തിനു ജനങ്ങളില്‍നിന്നു നല്ല പേരൊന്നും കിട്ടിയിട്ടില്ലെങ്കിലും ശരി, അമ്മയ്ക്കു തമാശ തോന്നുംവിധം ഞാന്‍ അദ്ദേഹത്തെ സ്വീകരിക്കും. പിന്നെ ഒരിക്കലും ഞാനിവിടെ താമസിക്കുന്നതില്‍ അമ്മയ്ക്കു ദ്വേഷ്യം തോന്നേണ്ടിവരില്ല.''
അവളുടെ മാതാവു പ്രതിവദിച്ചു:
``ലൈട്ടിംഗിനുണ്ടായിരുന്ന ആ തോന്ന്യവാസത്തരം നിനക്കും എളുപ്പത്തില്‍ കിട്ടും. ഞാനൊരു കന്യകയായിരുന്നെങ്കില്, എനിക്കു പോകേണ്ടി വന്ന സ്ഥലങ്ങളില്‍ ഒടുവിലത്തേതായി മാത്രമേ ഞാനതു കൈക്കൊള്ളൂ- മനുഷ്യന് കാലുകുത്താത്ത മൊരട്ടുകാട്ടും പുറം.''
``എന്നാലും അതൊരു നല്ല ഭൂവിഭാഗമാണെന്നു ഞാന്‍ കേട്ടിട്ടുണ്ട്.'' ലീക്നി മറുപടി പറഞ്ഞു.
``മുത്തച്ഛനും മറ്റുള്ള എന്റെ എല്ലാ ചാര്‍ച്ചക്കാര്‍ക്കും ബഹുസന്തോഷമായിരിക്കും. ഒരാളുടെ കുടുംബവുമായി നല്ല സ്വരച്ചേര്ച്ചയോടുകൂടിയിരിക്കുന്നത് ഏറ്റവും നല്ല ഒരു കാര്യമാണ്.''
``അതേ, വെറ്റര്ലൈഡിന് ഇതു വലിയ ഇഷ്ടമായിരിക്കും.'' അവളുടെ അമ്മ പറഞ്ഞു: ``തന്റെ മരുമകന് അത്ര നല്ല ഒരു വിവാഹം കഴിച്ചുകാണുന്നത് അദ്ദേഹത്തിനു വലിയ സന്തോഷമാകും! പക്ഷേ ഞാന്‍ വിചാരിച്ചിരുന്നതു കൂടുതല്‍ ധനവാനും കൂടുതല്‍ പ്രബലനുമായ ഒരാളെമാത്രമേ നീ സ്വീകരിക്കുള്ളൂ എന്നാണ്.''
``ഞങ്ങള്‍ ഇരുവരുടേയും സ്വത്ത് ഒന്നിച്ചു ചേര്‍ന്നാല്‍ അതത്ര നിസ്സാരമായിരിക്കില്ല.'' ലീക്നി പ്രതിവചിച്ചു: ``ഒരു നാട്ടുപ്രമാണിക്കു വേണ്ടതെല്ലാം യോട്ടിനുണ്ടെന്നും ഞാന്‍ സദാകേട്ടിട്ടുണ്ട്.'' കുറച്ചു നേരത്തേയ്ക്ക് അവള് മൗനം ദീക്ഷിച്ചു; അനന്തരം അവള് പറഞ്ഞു: ``ഈ കാര്യത്തെക്കുറിച്ചു വെറ്റര്‍ ലൈഡുമായി അമ്മയ്ക്കൊന്നു സംസാരിക്കാമായിരുന്നല്ലോ. പക്ഷേ ഞാന്‍ അങ്ങനെ ചെയ്യാന്‍ പറഞ്ഞിട്ടാണെന്നു മാത്രം അമ്മ അദ്ദേഹത്തോടു പറയരുത്!''
ഇരുപത്തിയെട്ട്
സ്ക്കോമെഡലിലുള്ള തന്റെ ഭവനത്തില്‍ത്തന്നെ യോട്ട് താമസിച്ചു. മധ്യശീതകാലത്തിനല്പം മുന്‍പു വെറ്റര്‍ലൈഡ് അയാളെ സന്ദര്‍ശിക്കുവാനായി അവിടെ വന്നു. യോട്ട് അദ്ദേഹത്തെ വേണ്ടവിധം സ്വീകരിച്ചു. രണ്ടു ചാര്‍ച്ചക്കാര്‍ക്കും ആ സമാഗമം അത്യന്തം ഉല്ലാസപ്രദമായിരുന്നു.
കളം, കളപ്പുര മുതലായതെല്ലാം ഒരു മലയുടെ ചെരുവിലാണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്. അതിനും സ്ക്കോമെഡല് എന്നുതന്നെയായിരുന്നു പേര്. ഇരുവശത്തും വളരെ പൊക്കമുള്ള പര്‍വ്വതങ്ങളുണ്ട്. മലഞ്ചെരുവിലൂടെ ഒരു നദി ഒഴുകിപ്പോകുന്നു. ആ കാലത്തു ദൂരെ മറുകരയിലുള്ള മലഞ്ചെരുവുകളില്‍ `ബര്‍ച' മരങ്ങള്‍ നിബിഡമായി വളര്‍ന്നുനിന്നിരുന്നു. മേച്ചില്സ്ഥലങ്ങളില് പുല്ലു സമൃദ്ധമായിട്ടുണ്ട്. മീന്പിടുത്തത്തിനാണെങ്കില് ബഹുസൗകര്യം. യോട്ട് അനവധി കന്നുകാലികളെ വളര്‍ത്തിയിരുന്നു. യോട്ട് തന്റെ കളത്തിലെ പണികള്‍ എങ്ങനെയെല്ലാമാണ് നടത്തിച്ചിരുന്നതെന്നു വെറ്റര്‍ലൈഡ് അടുത്തു പരിശോധിച്ചു; തന്റെ പ്രായത്തില്‍ കവിഞ്ഞ പ്രാപ്തിയോടുകൂടിയ ഒരു നല്ല കൃഷിക്കാരനാണ് യോട്ട് എന്ന് അയാള്‍ ക്കു ബോധ്യപ്പെട്ടു. അവര്‍ രണ്ടുപേരും ഒന്നിച്ചു വെളിയിലേയ്ക്കിറങ്ങിയ ഒരു ദിവസം അയാള്‍ ഇക്കാര്യം യോട്ടിനോടു തുറന്നു പറഞ്ഞു.
``എല്ലാം ഭംഗിയായിത്തന്നെ ഇവിടെ നടത്തിയിരിക്കുന്നു. തന്റെ കൃഷിസ്ഥലത്ത് ഒരൊറ്റ കുറവുമാത്രമേ ഞാന്‍ കാണുന്നുള്ളൂ: തന്റെ വീട്ടു കാര്യങ്ങളെല്ലാം ശരിക്കു നടത്തിക്കൊണ്ടുപോകാന്‍ തനിക്കൊരു ഭാര്യ- അതിനു തനിക്കു കാലവുമായി. ഒരു ഗൃഹനായികയുള്ളിടത്താണ് വീട്ടുകാര്യങ്ങളെല്ലാം ഭംഗിയായി നടക്കുക. തന്റെ വീട്ടുജോലിക്കാരി തികച്ചും നല്ലവളായിരിക്കാം. പക്ഷേ അവള്‍ക്കു പ്രായാധിക്യമായിത്തുടങ്ങി. ഒരു നല്ലപത്നിയെ തിരഞ്ഞെടുക്കുന്നപക്ഷം തന്റെ വസ്തുവകകള്‍ ഇതിനെക്കാള്‍ വളരെ അധികമാക്കുവാനും തനിക്കു സാധിക്കും.''
ആ വൃദ്ധസ്ത്രീ വീട്ടുകാര്യങ്ങള്‍ എത്രയും ഭംഗിയായി നിര്വ്വഹിച്ചിരുന്നുവെന്നു യോട്ടിനറിയാം. സ്റ്റീന്വറിന്റെ മരണത്തിനുശേഷം ഇതുവരെ അവള്‍തന്നെയാണ് എല്ലാം നടത്തിക്കൊണ്ടുപോന്നത്.
``ഇനിയും ധാരാളം സമയമുണ്ടല്ലോ എനിക്കു വിവാഹം കഴിക്കാന്‍.''
``ഇതാണോ താനിപ്പോള്‍ പറയുന്നത്?'' വെറ്റര്‍ലൈഡ് ചോദിച്ചു. യോട്ട് ഒന്നും മിണ്ടിയില്ല. അനന്തരം വെറ്റര്‍ലൈഡ് തുടര്‍ന്നു:
``വിഗ്ഡിസ് ഗുന്നാര്സ്ഡാറ്റര് ഇപ്പോഴും തന്റെ ചിന്തകളില്‍ തങ്ങിനില്ക്കുന്നുണ്ടെന്നു വിചാരിക്കാന്‍ എനിക്കു കഴിയുന്നില്ല.
യോട്ടിന്റെ മുഖം രക്തവര്‍ണ്ണമായി. അയാള്‍ പെട്ടന്നു പറഞ്ഞു.
``എനിക്കു വിവാഹം കഴിക്കാന്‍ പറ്റിയ ഒരു സ്ഥാനം എനിക്ക് അറിഞ്ഞുകൂടാ. സമ്മതമില്ല എന്ന മറുപടിയോടുകൂടി മടങ്ങിപ്പോരുക എന്റെ ഈ ജന്മത്തില് ഉണ്ടാവുകയില്ല.''
``കഴിഞ്ഞ വേനല്ക്കാലത്തു താന്‍ ലീക്നി ലൈട്ടിംഗ്സ് ഡാറ്റുമായി സംസാരിക്കയുണ്ടായി, ഇല്ലേ?'' വെറ്റര്‍ലൈഡ് ചോദിച്ചു: ``അവളെക്കുറിച്ച് എന്താ തന്റെ അഭിപ്രായം?''
``കൊള്ളാം,''യോട്ട് സാവധാനത്തില്‍ പറഞ്ഞു: ``അവള് സുന്ദരിയാണ്. തന്റേടത്തോടുകൂടിസംസാരിക്കും. പക്ഷേ അവള്‍ക്കുവേണ്ടി വിവാഹാര്‍ത്ഥന നടത്താന്‍ ഒരിക്കലും ഞാന്‍ വിചാരിച്ചിരുന്നില്ല.''
``അവള് സുന്ദരിയാണെന്നപോലെതന്നെ ബുദ്ധിശാലിനിയുമാണ്,'' വെറ്റര്‍ലൈഡ് പറഞ്ഞു: ``തന്റെ ആളുകളോട് അലിവുള്ളവളും നല്ല പഠിപ്പും പരിശ്രമശീലവും ഉള്ളവളുമായ ഒരു പെണ്ണാണവള്‍. ഞാന്‍ തന്നെക്കുറിച്ച് അവളോടു സംസാരിച്ചുകഴിഞ്ഞു. സമ്മതമില്ലെന്ന ഒരു വാക്കു തനിക്കവിടെനിന്നു കേള്‍ക്കേണ്ടിവരുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ടോര്‍ബ്ജോണ്‍ ഗുഡ്രണ്‍ ഇവരുടെ കൈയിലും അവളുടെ സ്വന്തം കൈയിലുമാണ് അവളുടെ വിവാഹം തന്നോടു സത്യം പറയാമല്ലോ, താനും അവളും തമ്മില്‍ ബഹു ചേര്‍ച്ചയാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഈ സംഗതി ശരിപ്പെടുകയാണെങ്കില് അനേകം പേര് അതില്‍ സന്തോഷിക്കാനുണ്ടാകും.''
``നിങ്ങളുടെ ഉപദേശം എന്റെ നന്മയെമാത്രമേ ലാക്കാക്കൂ എന്ന് എനിക്കറിയാം,'' യോട്ട് പറഞ്ഞു. ``ഈ നല്ല വിവാഹബന്ധത്തിന് എന്നെ പാത്രമാക്കുവാന്‍ സഹായിക്കുന്നതുതന്നെ നിങ്ങള്‍ക്ക് എന്നോടുള്ള സ്നേഹം വെളിപ്പെടുത്തുന്നു. പക്ഷേ ഇത്ര വേഗത്തില്‍ വിവാഹം കഴിക്കാന്‍ എനിക്കൊരാശയുമില്ല.''
വീണ്ടും അതിനെക്കുറിച്ച് ഒരാലോചന നടത്തുവാന്‍ വെറ്റര്‍ലൈഡ് അയാളോടപേക്ഷിച്ചു. പക്ഷേ പിന്നീടയാള്‍ അക്കാര്യം എടുത്തിടുകയുണ്ടായില്ല. അയാള്‍ യോട്ടിനെ പ്രത്യേകമായി സൂക്ഷിച്ചു. രാത്രി അയാള്‍ക്കു ശരിക്കുറക്കം കിട്ടാറില്ലെന്നും പലതരത്തിലും അയാള്‍ കനംതൂങ്ങുന്ന ചിന്തകളുടെ ഭാരത്താല്‍ പരവശനായിട്ടുണ്ടെന്നും വെറ്റര്‍ലൈഡ് മനസ്സിലാക്കി.
അവിടത്തെ താമസത്തിന്റെ അവസാനദിവസം ലീക്നിയുടെ കാര്യത്തെക്കുറിച്ചു വല്ലതും ആലോചിക്കയുണ്ടായോ എന്നു വെറ്റര്‍ലൈഡ് യോട്ടിനോടു ചോദിച്ചു. യോട്ട് അപ്പോള്‍ മറുപടി പറഞ്ഞു:
``നിങ്ങളുടെ ഔദാര്യത്തിനു ഞാന്‍ നിങ്ങളോടു വളരെ കടപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഇക്കാര്യത്തില്‍ എനിക്കു വേണ്ടതൊക്കെ ചെയ്തുതരണം. എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെ ഉപദേശം ഏറ്റവും നല്ലതിനു വേണ്ടിയാണെന്നു ഞാന്‍ സ്പഷ്ടമായി ഞാന്‍ കാണുന്നു.''
പിന്നിടു യോട്ട് വെറ്റര്ലൈഡുമൊന്നിച്ച് അയാളുടെ വീട്ടിലേയ്ക്കു പുറപ്പെട്ടു. വളരെ ഔദാര്യത്തോടുകൂടി ഗുഡ്രണും ലിക്നിയും അയാളെ സ്വീകരിച്ചു. വിവാഹത്തിന്നു വേണ്ട ഒരുക്കങ്ങളെല്ലാം കൂട്ടിത്തുടങ്ങി. വസന്തകാലത്താണ് വിവാഹം ആഘോഷിക്കപ്പെട്ടത്. വെറ്റര്‍ലൈഡ് അടിയന്തരം എല്ലാം കൊണ്ടും കെങ്കേമമാക്കി. യോട്ടും ലീക്നിയും സ്ക്കോമെഡലിലേയ്ക്കു പോന്നു. അവരുടെ വിവാഹജീവിതം തൃപിതികരമാംവിധം മുന്നോട്ടു പോയി.
ഇരുപത്തിയൊമ്പത്
വേനല്‍ക്കാലത്തിന്റെ അവസാനത്തില്‍ ഒരു ദിവസം മലഞ്ചെരുവിന് തനിക്കുള്ള പുല്ത്തകിടികളില് നിന്നു യോട്ട് പുല്ലുറുത്തുകൊണ്ടിരിരക്കയായിരുന്നു. ഏറ്റവും നല്ല ഒരു കാലാവസ്ഥയായിരുന്നു അപ്പോഴത്തേത്. നല്ല ചൂടുള്ള വെയില് പരത്തിക്കൊണ്ട് ആദിത്യന് പ്രശോഭിച്ചു. രണ്ടാളുകള്കൂടി യോട്ടിനോടൊന്നിച്ചുണ്ടായിരുന്നു. അവര്‍ നദിയുടെ ഒരു വശത്തു പുല്ലുറുത്തുകൊണ്ടിരിക്കുകയാണ്. യോട്ടകാട്ടെ മറുവശത്തു തന്റെ കുപ്പായവും കാലുറകളും ഊരിക്കളഞ്ഞിട്ടാണ് പണിയെടുത്തിരുന്നത്. അവര്‍ വീട്ടില്‍നിന്നു വളരെ അകലത്തായിരുന്നതിനാല് എല്ലാ ഭക്ഷണത്തിനും അവര്‍ക്കു വീട്ടില്‍പ്പോകാന്‍ തരപ്പെട്ടില്ല. അതുകൊണ്ടു നേരം ഏതാണ്ട് ഉച്ചതിരിഞ്ഞതിനോടുകൂടി, പുഴ കടന്നുചെന്നു തന്റെ ആള്‍ക്കാരുമായി വല്ലതുമല്പം ആഹാരം കഴിക്കാമെന്നു യോട്ട് കരുതി. അപ്പോള്‍ പുഴവക്കിലൂടെ ലീക്നി നടന്നുവരുന്നത് അയാളുടെ ദൃഷ്ടിയില്‍പ്പെട്ടു. ആഘോഷാവസരങ്ങളില്‍ ധരിക്കാറുണ്ടായിരുന്ന ആ ഇളം പച്ചനിറമുള്ള മേലങ്കിയാണ് അവള് ശ്രദ്ധാപുര്‍വ്വം അണിഞ്ഞിരുന്നത്. അവളുടെ കൈയില്‍ ഒരു വലിയ ഭാണ്ഡമുണ്ട്. പുല്ലുചെത്തുന്നവരോടു സംസാരിക്കാന്‍ അവള് അവിടെ നിന്നു. ഭാണ്ഡത്തില്‍നിന്നു കുറച്ചെന്തോ അവള് അവര്‍ക്കു കൊടുക്കുകയും ചെയ്തു. അനന്തരം നടക്കല്ലുകളിലൂടെ ചവിട്ടിച്ചവിട്ടി പുഴകടന്ന് അവള് യോട്ടിന്റെ അടുത്തേയ്ക്കു വന്നു.
``അമ്മ എനിക്കു കൊടുത്തയച്ച പാനകമാണിത്,'' അവള് പറഞ്ഞു: ``ഈ വെയിലത്തു നിന്നു പുല്ലുറുക്കുന്ന നിങ്ങള്‍ക്കൊക്കെ ഇതു നന്നായിരിക്കുമെന്നു ഞാന്‍ കരുതി.''
``നീ തന്നെ ഇങ്ങോട്ടിതു ചുമന്നുകൊണ്ടുവരാന്‍ ബുദ്ധിമുട്ടേണ്ടതില്ലായിരുന്നു'' അയാള്‍ എതിര്‍ത്തു.
``ഓ, അതു സാരമില്ല'' ലിക്നി പറഞ്ഞു ``കൂടെക്കൂടെ നമുക്കിത്ര നല്ല ഒരു കാലാവസ്ഥ ഉണ്ടാകാറില്ലല്ലോ. ഇവിടെ എന്തുജാതി വൈക്കോലാണ് നമുക്കു കിട്ടുന്നതെന്നു കാണാന്‍ എനിക്കാശ തോന്നി.''
മറുകരയിലുള്ള പുല്ലുചെത്തുകാരുടെ പക്കല്‍ ആഹാരം കാണുമെന്നും അതിനാല്‍ തങ്ങള്‍ക്കു പുഴ കടന്നു മറുകരയിലേയ്ക്കു പോകാമെന്നും പിന്നീടു യോട്ട് അഭിപ്രായപ്പെട്ടു; പക്ഷേ ലീക്നി ചിരിച്ചുകൊണ്ട് ആ ഭാണ്ഡം ചൂണ്ടിക്കാണിച്ച് ഇങ്ങനെ പറഞ്ഞു:
``ഒട്ടും സംശയിക്കേണ്ടാ. നിങ്ങളുടെ ഭാര്യ ഈ വഴി മുഴുവന്‍ നടന്ന് ഇവിടെ വരുന്നെങ്കില്‍ നിങ്ങള്‍ക്ക് ആഹാരം കൊണ്ടുവരാന്‍ മറവി പറ്റില്ല. മലയുടെ ഈ ചെരുവില്‍ കാറ്റു തണുപ്പുള്ളതും നേര്‍ത്തതുമാണ്; നമുക്ക് ഇവിടെ ഇരിക്കാം.''
ഇങ്ങനെ പറഞ്ഞിട്ട് ഇടയ്ക്കിടയ്ക്ക് ഒരു പിടി വൈക്കോല്‍ കയ്യിലെടുത്തു മണത്തുനോക്കിക്കൊണ്ട് അവള് നദീതടത്തിലൂടെ മേലോട്ടുകയറി. പുല്ത്തകിടിനു മുകളില്‍ ഒരു ബര്ച്ചുമരക്കാടാണ്. പുതിയ ഇലകളില്‍നിന്നു പുറപ്പെടുന്ന നവപരിമളം മൂക്കിലേയ്ക്കു വലിച്ചുകേറ്റിക്കൊണ്ടു ലിക്നി മേലോട്ടു പോയി. ഒടുവില്‍ പാറകള്‍ക്കിടയില്‍ അവളൊരു ചെറിയ ഗുഹ കണ്ടെത്തി. അതു തണലും പായലും പച്ചപ്പൊടിപ്പുകളും നിറഞ്ഞതിനാല്‍ കുളിര്‍മ നല്‍കുന്നതായിരുന്നു. അവര്‍ക്ക് രണ്ടുപേര്‍ക്കും അവിടെ കൂടുന്നതിന്നു തികച്ചും ഇടമുണ്ടായിരുന്നതിനാല്‍ ലീക്നി അയാളെ അങ്ങോട്ടു വിളിച്ചു.
``ആഹാരം കഴിഞ്ഞു നിങ്ങള്‍ക്കു വേണമെങ്കില്‍ ഇവിടെ കിടന്നുറങ്ങുകകൂടി ചെയ്യാം.''അവള് പറഞ്ഞു.
അവര്‍ തീറ്റയും കുടിയുമായി അവിടെ അങ്ങനെകൂടി ലീക്നി ആ സമയം മുഴുവന്‍ കളിതമാശകള്‍ പറഞ്ഞ് ഉല്ലാസഭരിതയായി വര്‍ത്തിച്ചു. ഭക്ഷണം കഴിഞ്ഞ്, വെയില് ഏല്ക്കാതെ തന്റെ കൈത്തണ്ടു നെറ്റിയില്‍ വെച്ചുകൊണ്ടു യോട്ട് പച്ചപ്പൊടിപ്പുകള്‍ക്കിടയില്‍ ഉറങ്ങാന്‍ കിടന്നു. അതു കണ്ടു ലീക്നി അവളുടെ തൂവാല അഴിച്ചെടുത്ത് അതുകൊണ്ട് അയാളുടെ കണ്ണുകള്‍ മൂടി. കുറച്ചുകഴിഞ്ഞ് അവള് ചോദിച്ചു: ``എന്റെ മടിയില്‍ തലവെച്ചു കിടക്കരുതോ നിങ്ങള്‍ക്ക്? എങ്കില്‍ കൂടുതല്‍ സ്ഥലം കിട്ടും.''
യോട്ട് അങ്ങനെ ചെയ്തു. തല മൂടാതെ ലീക്നി വെയിലിലങ്ങനെ ഇരിക്കുമ്പോള്‍ അയാള്‍ അവളുടെ മുഖത്തേയ്ക്കു നോക്കി. അയാള്‍ പറഞ്ഞു:
``നാം ഹോള്ട്ടാറില്വെച്ചു കണ്ടുമുട്ടിയപ്പോള്‍ എങ്ങനെയോ, അങ്ങനെയാണ് നിന്റെ ഇപ്പോഴത്തെ മട്ട്.''
ലീക്നി പുഞ്ചിരി തൂകിക്കൊണ്ടു പറഞ്ഞു: ``ആട്ടെ, യോട്ട്, എന്നോടു പറയൂ, അന്നു നാം കണ്ടത് ഒരു നല്ല കാര്യമായി എന്ന് അങ്ങു വിചാരിക്കുന്നുണ്ടോ? അല്ലെങ്കില്‍ എന്നെ ഇങ്ങോട്ടു കൊണ്ടുവന്നതില്‍ അങ്ങയക്കു സന്തോഷം തോന്നുന്നുണ്ടോ?''
``നിനക്കത് ഉറപ്പു കരുതാം,'' അയാള്‍ ഉത്തരം നല്കി.
ലീക്നി വീണ്ടും തുടര്‍ന്നു: ``എങ്ങനെയാ ഞാന്‍ ഉറപ്പു കരുതുക? എന്തോ ഒന്ന് അങ്ങയുടെ ഹൃദയത്തില്‍ ഭാരമേറ്റുന്നുണ്ടെന്നു ചിലപ്പോള്‍ എനിക്കു തോന്നിപ്പോകുന്നു. എന്തുകൊണ്ടെന്നാല്‍, അങ്ങയുടെ കുട്ടിക്കാലത്തെപ്പോലെയല്ല ഇപ്പോള്‍ അങ്ങയുടെ സമ്പ്രദായം. അന്നു കാടന്മട്ടില് കോലാഹലംകൂട്ടി ആര്ത്തുപുളച്ചു ചിരിക്കാനും തിമിര്‍ക്കാനും ഭ്രാന്തായിരുന്നു അങ്ങയ്ക്ക്. പക്ഷേ ഇന്ന് ഏറിയകൂറും അങ്ങൊരു മൗനിയായിത്തീര്ന്നിരിക്കുന്നു.''
``ഒരുവന് വളര്‍ന്നുവരും തോറും ആദ്യകാലത്തെ അവന്റെ കുട്ടിക്കളിയും ചപലതകളും കുറശ്ശേ വിട്ടുവിട്ടുവന്നില്ലെങ്കില് അതു ഭംഗിയായിരിക്കയില്ല,''യോട്ട് പറഞ്ഞു.
``അക്കാലത്ത് ആളുകള്‍ പറയാറുണ്ടായിരുന്നു,'' അവള് തുടര്‍ന്നു: ``പാട്ടു പാടുന്നതിന്നും ഗാനങ്ങള്‍ രചിക്കുന്നതിന്നും അങ്ങു മിടുക്കനായിരുന്നുവെന്ന്. അങ്ങുണ്ടാക്കിയിട്ടുള്ള ചില ഗാനങ്ങള്‍ അങ്ങയ്ക്ക് എന്നെ പാടിക്കേള്പ്പിച്ചുകൂടെ?''
``ഓ, അവര്‍ പറഞ്ഞതില്‍ ഒട്ടുമുക്കാലും വെറും നൂണയാണ്,''അയാള്‍ മറുപടി പറഞ്ഞു:``എന്റെ പദ്യങ്ങള്‍ ഒരിക്കലും അത്ര വിലപ്പെട്ടതൊന്നുമായിരുന്നില്ല.''
``അങ്ങ് അവ എന്നെ ചൊല്ലി കേള്‍പ്പിക്കണം.''അവള് അപേക്ഷിച്ചു.
``എനിക്കിപ്പോള്‍ ഒന്നുംതന്നെ ഓര്‍ക്കാന്‍ കഴിയുന്നില്ല,'' അയാള്‍ പറഞ്ഞു: ``പണ്ടുപണ്ടെങ്ങാണ്ടോ കഴിഞ്ഞ ഒരു കാര്യമല്ലേ അത്?''
ലീക്നി ഇരുകൈകൊണ്ടും അദ്ദേഹത്തിന്റെ മുഖം അടക്കിപ്പിടിച്ച് അവളുടെ കാല്‍മുട്ടുകള്‍ക്കു മധ്യേ അദ്ദേഹത്തിന്റെ തല അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ട് ഇങ്ങനെ ചൊല്ലാന്‍ തുടങ്ങി:-
എന്നോമല്ക്കന്യേ,നിന്നെ-
ദ്ധ്യാനിച്ചും മോഹിച്ചുമീ-
ന്നെന്നിദ്രയെത്രമാത്രം
കുറഞ്ഞുപോയി!
കണ്ണിണ പൂട്ടുവാനൊ-
ന്നൊക്കുന്നീലല്ലോ രാവില്‍
കണ്മണി, നീയിത്രമേല്‍
കഠിനയാണോ?
മന്ദോഷ്ണമസൃണമാം
നിന്മലര്മണിമച്ചില്
സുന്ദരീ, സുഷുപ്തിയില്‍
നീ ലയിയ്ക്കേ;
ചീര്ത്തെതിത്തിരുണ്ടിര-
ച്ചാര്ത്തീടും കൊടുംതിര-
ച്ചാര്ത്തിനു മീതേ ദൂരെ-
പ്പറ,ന്നൊടുവില്‍,
നിന്തല്പകത്തിലെത്തി-
ച്ചായുന്നു നിശയിലെന്‍-
ചിന്തകള്‍ തളര്‍ന്ന തല്‍-
ച്ചിറകൊതുക്കി.
അല്ലിന്റെ ചില്ലകളില്‍
പാറിപ്പോം പക്ഷികളെ-
ത്തെല്ലുമേ ഗൗനിക്കാത്തോ-
ളല്ലോ നീയും!
ശപ്തമീ ദുസ്ഥിതിയോ,
ദുസ്സഹം, പകലെന്റെ
ശക്തിയെശ്ശങ്ക കൈവി-
ട്ടപഹരിപ്പൂ!
അങ്ങാണ് ഈ ഗാനം രചിച്ചതെന്നു ഞാന്‍ കേട്ടിട്ടുണ്ട്.''
``ഏതാണ്ടതുപോലെയാണെന്നു തോന്നുന്നു,'' അയാള്‍ മറുപടി പറഞ്ഞു: ``എനിക്കിപ്പോള്‍ ഓര്‍മ്മിക്കാന്‍ സാധിക്കുന്നില്ല.''
``ആരാണ് ഈ കന്യക?'' ലീക്നി ചോദിച്ചു: ``അങ്ങയെ സ്വീകരിക്കാന്‍ മടിച്ച ഒരുവളാണോ അവള്?''
``ഓ ഇതൊക്കെ ഒരുവന്റെ കല്പനമാത്രമാണ്.''യോട്ട് പറഞ്ഞു: ``ഒരുവന് തീരെ ഏകാന്തവാസിയായിരിക്കുമ്പോള് അവന്റെ ഹൃദയത്തില്‍ ചിന്തകള്‍ അങ്ങനെ കുന്നുകൂടുന്നു. ആരുമാകാം ആ കന്യക.''
ഒരു നിമിഷനേരത്തേയ്ക്കു ലീക്നി എന്തോ ചിന്തിച്ചു; അനന്തരം അവള് തിരക്കി: ``എന്നെക്കാള്‍ അങ്ങു ഭാര്യയായി സ്വീകരിക്കുവാന്‍ ഇച്ഛിച്ചിരുന്ന മറ്റാരെങ്കിലും ഉണ്ടായിരുന്നോ?''
``ഇല്ല, ഉണ്ടായിരുന്നില്ല.'' അയാള്‍ മറുപടി പറഞ്ഞു.
അനന്തരം വീണ്ടും അവള് അയാളുടെ തല പിടിച്ചുയുര്‍ത്തി അയാളെ ചുംബിച്ചു. അയാള്‍ അവളുടെ കവിള്‍ത്തട്ടും കഴുത്തും മെല്ലെ തടവിക്കൊണ്ടിരുന്നു.
``ശരി, ഞാനും ഇനിയൊന്നു തല ചായ്ക്കാം'' എന്നു പറഞ്ഞുകൊണ്ടു ലീക്നി അവളുടെ മടിയില്‍നിന്ന് അയാളുടെ തല പിടിച്ചുമാറ്റി.
``അതേ, കിടന്നോളൂ'' എന്നു പറഞ്ഞു യോട്ട് ഒരു വശത്തേയ്ക്കു കുറച്ചുകൂടി നീങ്ങിമാറി അവള്‍ക്കു സ്ഥലം കൊടുത്തു. ``കിടക്കാന്‍ പറ്റിയ ഒരു സ്ഥലമാണിത്.'' അയാള്‍ അവളുടെ തൂവാല വീണ്ടും തന്റെ മുഖത്തു നിവര്‍ത്തിയിട്ടു. അയാളോടു തൊട്ടു പച്ചപ്പൊടിപ്പുകള്‍ക്കിടയില്‍ ലീക്നി കിടന്നു. എന്നാല്‍ അയാളുടെ മുഖത്തേയ്ക്കു നോക്കിക്കൊണ്ടു കൊടുംകൈ കുത്തിയാണവള്‍ കിടന്നിരുന്നത്.
``അങ്ങൊരുറക്കഭ്രാന്തനായിരിക്കുന്നതു വിചിത്രമായിരിക്കുന്നു.'' അവള് പറഞ്ഞു. കഴുത്തിന്റെ ഭാഗത്ത് അയാളുടെ കുപ്പായം തുറന്നു കിടന്നിരുന്നു. ബര്‍ച്ചുമരത്തിന്റെ ഒരു ചെറിയ ചില്ലക്കമ്പടുത്ത് അവള് അയാളുടെ മാറത്തും താടിക്കു കീഴെയും പയ്യെപ്പയ്യെ ഒന്നിക്കിളികൂട്ടി. യോട്ട് അവളുടെ കൈക്കു കടന്നുപിടിച്ച് ഒരു നിമിഷം അതിനെ തടവിത്താലോലിച്ചു. പക്ഷേ അയാള്‍ കണ്ണുതുറന്നില്ല.
``എന്താണ് അങ്ങയുടെ കഴുത്തില്‍ക്കാണുന്ന ആ പാട്?'' അവള് ചോദിച്ചു. അവള് തല കുനിച്ച് അതിന്മേല് ചുംബനം ചെയ്തു.
``നീയെന്നെ ഇക്കിളികൂട്ടുന്നു,'' യോട്ട് പറഞ്ഞു: ``ഞാന്‍ വല്ലാതെ വിയര്‍ക്കുകയാണ്.''
``അങ്ങയ്ക്കു കിടന്നിനി ഉറങ്ങരുതോ?''
``ആവാം, നീ അനങ്ങാതെ ഒന്നടങ്ങിയൊതുങ്ങിയിരുന്നാല്‍,'' യോട്ട് ചിരിച്ചുകൊണ്ടു പറഞ്ഞു: ``നീയും ഉറങ്ങാന്‍ പോവുകയാണെന്നു പറഞ്ഞുവെന്നാണ് ഞാന്‍ വിചാരിച്ചത്.''
``അങ്ങയ്ക്ക് അത്രമാത്രം ക്ഷീണം തോന്നുന്നുണ്ടോ?'' ലീക്നി ചോദിച്ചു.
``ഉവ്വ്, വാസ്തവത്തില്‍ എനിക്കു വല്ലാത്ത ക്ഷീണമുണ്ട്.'' അയാള്‍ മറുപടി പറഞ്ഞു.
അതിനുശേഷം അവര്‍ വീണ്ടും കിടപ്പായി. യോട്ട് ഉറക്കം തുടങ്ങി. പക്ഷേ ലീക്നി അയാളുടെ നേര്‍ക്കു നോക്കിക്കൊണ്ട് അവിടെ എഴുന്നേറ്റിരുന്നു.
മുപ്പത്
മലഞ്ചെരിവു ജനശൂന്യമാണെന്നാണ് പറയപ്പെട്ടിരുന്നത്. സ്ക്കോമെഡാലില് പണിയെടുത്തിരുന്ന ചില വേലക്കാരും സില്‍ബന്തികളും മാത്രം അവിടെ പാര്‍പ്പുറപ്പിച്ചിരുന്നു. അവിടെനിന്നു കുറെ അകലെ തെക്കുമാറി സ്വവര്ത്താബക്കേ എന്നു പേരായി മറ്റൊരു കൃഷിസ്ഥലം കൂടിയുണ്ട്. ആസ്ബ്രാന്‍ഡ് എന്ന ഒരാളുടെ വകയായിരുന്നു അത്. അയാള്‍ നിര്‍ദ്ധനനായിരുന്നതിനാല്‍ ഒരുപജീവനമാര്‍ഗ്ഗമുണ്ടാക്കുന്നതില്‍ വലിയ വിഷമതയുള്ളതായികണ്ടു. പത്തു കുട്ടികളുണ്ടായിരുന്നു അയാള്‍ക്ക്. എന്തെങ്കിലും സഹായത്തിനുതകത്തക്ക പ്രായം മൂത്തമകനേ ഉണ്ടായിരുന്നുള്ളൂ. അവന്റെ പേര് ഹാല്‍സ്റ്റീന്‍ എന്നാണ്. അയാള്‍ നല്ല തടിയനും കരുത്തുള്ളവനും നല്ല ഒരു പണിക്കാരനും തന്റെ പിതാവിനോടു വളരെ അലിവുള്ളവനുമായിരുന്നു; എന്നാല്‍ മറ്റൊരു വശത്തു വഴക്കാളിയും ശുണ്ഠിക്കാരനും ശങ്കാലുവുമായിരുന്നു അയാള്‍.
പലപ്പോഴും അയാള്‍ യോട്ടുമായി വഴക്കിട്ടിട്ടുണ്ട്: എന്തെന്നാല്‍, മറ്റൊരാള്‍ ഉല്‍ക്കര്‍ഷം പ്രാപിക്കുന്നത് അയാള്‍ക്കു സഹിക്കാന്‍ സാധിക്കില്ല-പക്ഷേ യോട്ടാകട്ടെ അയാളുമായി കഴിയുന്നതും അലോഹ്യമൊന്നും കൂടാതെ കഴിച്ചുകൂട്ടാന്‍ നോക്കി. ഒരു ചെക്കന് എന്നതില്‍ കവിഞ്ഞ ഒരു പരിഗണനയും അയാള്‍ ഹാല്സ്റ്റീനു കൊടുത്തിരുന്നില്ല. അതിനാല്‍ എന്തും അയാള്‍ അറിയാത്ത ഭാവം നടിച്ചുകളയും. ആസ്ബ്രാന്ഡിന്റെ നിര്‍ദ്ധനാവസ്ഥയും യോട്ടിന്റെ അനുകമ്പയെ സമാര്‍ജ്ജിച്ചിരുന്നു. അതിനാല്‍ വയ്ക്കോല് ശേഖരിക്കുന്നതിലോ മത്സ്യം പിടിക്കുന്നതിലോ പുഴവക്കില്‍ നിന്നു മറ്റു സാധനങ്ങള്‍ പെറുക്കിയെടുക്കുന്നതിലോ, അയാള്‍ക്കു ചെല്ലേണ്ട പങ്കിനെക്കാള്‍ കൂടുതല്‍ എടുത്താലും യോട്ട് അതിലെല്ലാം കണ്ണടയ്ക്കുകയാണ് പതിവ്.
സ്ക്കോമെഡാലിലൂടെ ഒഴുകിപ്പോകുന്ന നദിയുടെ പേര് `സ്വര്‍ത്താ' എന്നാണ്. അതിന്റെ കരയ്ക്കു തീരെ വീതിയില്ല; ഇടയ്ക്കിടെ പടുകുണ്ടുകളും നീര്‍ച്ചുഴികള്‍ നിറഞ്ഞ കയങ്ങളുമുണ്ട്. എന്നാല്‍ സ്ക്കൊമെഡാലിന്റെ തെക്കുഭാഗത്തു ചെല്ലുമ്പോള്‍ അതു വിസ്താരംവെച്ച് ഒരു ചെറിയ തടാകമായി കെട്ടിനില്ക്കുകയും അവിടെനിന്ന് ഒരു ചാല്‍വഴി ഒഴുകി ഒരു വെള്ളച്ചാട്ടമായിപ്പരിണമിക്കുകയും ചെയ്യുന്നു. ജലപാതത്തിനു തൊട്ടുള്ള തടങ്ങളിലാണ് യോട്ടിന്റെ ധാന്യങ്ങള്‍ വിളയുന്ന ഏറ്റവും നല്ല വയലുകള്‍. പര്‍വ്വത പംക്തികളാല്‍ അകറ്റിനിര്‍ത്തപ്പെട്ടിരുന്നതിനാല്‍ മലഞ്ചെരുവില്‍ വലിയ തോതിലുള്ള മഴയൊന്നും ഉണ്ടാകാറില്ല. അതുകൊണ്ട് അവിടെയുള്ള തന്റെ പുല്‍ത്തകിടുകളും നിലങ്ങളും നനയക്കുവാന് സാധിക്കത്തക്കവിധത്തില്‍ പുഴയില്‍ ഒരണകെട്ടണമെന്നു യോട്ടിന്റെ മനസ്സിലുണ്ടായിരുന്നു. വസന്തത്തിലെ വെള്ളപ്പൊക്കത്തിന് ഒരുകൊല്ലം മുന്‍പ് അയാള്‍ അതിന്റെ ജോലി ആരംഭിക്കുകയും ചെയ്തു. ഹാല്സ്റ്റീനു വലിയ കോപം വന്നു. സ്വര്‍ത്താബക്കേയില്‍ അതവര്‍ക്കു വലിയ നാശം ചെയ്യുമെന്ന് അയാള്‍ പറഞ്ഞു. യോട്ടില്‍നിന്നും തങ്ങള്‍ അനുഭവിക്കുന്ന ഉപദ്രവങ്ങളെക്കുറിച്ച് അയാള്‍ കണ്ണില്‍ കണ്ട ആളുകളോടെല്ലാം നാടുനീളെ പറഞ്ഞു നടന്നു. ഇതു യോട്ടിന്റെ ചെവിട്ടിലെത്തി. പക്ഷേ സരസ്വതീപ്രസാദംപോലെ അയാള്‍ ഇഷ്ടമുള്ളതൊക്കെപ്പറഞ്ഞുകൊള്ളട്ടെ എന്ന് അയാളതു കളിമട്ടില്‍ എടുക്കുകയെ ചെയ്തുള്ളു.
ഒരു ദിവസം അവര്‍ അണയില്‍ പണിയെടുത്തുകൊണ്ടിരിക്കുമ്പോള്‍ പണി നിര്‍ത്താന്‍ പറഞ്ഞുകൊണ്ടു ഹാല്‍സ്റ്റീന്‍ നേരെ യോട്ടിന്റെ അടുത്തേയ്ക്കു വന്നു; താന്‍ കച്ചേരിയില്‍ പരാതി കൊടുക്കാന്‍ പോവുകയാണെന്നും ദരിദ്രനായ ഒരു മനുഷ്യന്റെ കൃഷിസ്ഥലം നശിപ്പിക്കുവാന്‍വേണ്ടി ചെയ്യുന്ന ആ പ്രവൃത്തിക്കു യോട്ടിന് ഒരവകാശമില്ലെന്ന് അപ്പോള്‍ കാണാമെന്നും പറഞ്ഞ് അയാള്‍ വഴക്കു കൂടി.
``ഓഹോ, കോടതിയിലോ കച്ചേരിയിലോ എവിടെ വേണമെങ്കിലും പോയ്ക്കോളൂ. ഹാല്‍സ്റ്റീന്‍!'' ഒരു പൊട്ടിച്ചിരിയോടുകൂടി യോട്ട് പ്രസ്താവിച്ചു: ``ഈ ചെയ്യുന്ന പണികൊണ്ട് എനിക്കു കിട്ടുന്നിടത്തോളം ഗുണംതന്നെ തനിക്കും കിട്ടുമെന്നു തന്റെ അച്ഛനറിയാം. എന്തുകൊണ്ടെന്നാല്‍, എന്റെ അണയിലെ വെള്ളം അയാള്‍ക്ക് ആവശ്യമുള്ളിടത്തോളം ഉപയോഗിക്കാനൊക്കും. ഏതായാലും താനിപ്പോള്‍ തന്റെ പാടുനോക്കി പോകൂ. താനുമായി ഇവിടെ നിന്നു വര്‍ത്തമാനം പറയാന്‍ എനിക്കു സമയമില്ല.''
``ഓഹോ, നിങ്ങളിതൊരു മഹാകാര്യമായി കണക്കാക്കിയിരിക്കുകയാ'' ഹാന്സ്റ്റീന് തട്ടിവിട്ടു; ``പിന്നല്ലാതെവരുമോ, നിങ്ങളല്ലേ ഈ പ്രദേശങ്ങളിലെ ഏറ്റവും വല്യേ ആള്. പക്ഷേ വരട്ടെ, കാത്തിരുന്നോളൂ; നിങ്ങള്‍ക്കു കാണാം. ഞങ്ങള്‍ക്കുമുണ്ട് ചില ചാര്ച്ചക്കാരൊക്കെ; അവരതിനു വേണ്ട നടപടിയൊക്കെ നടത്തിക്കൊള്ളും. നിങ്ങളെപ്പോലെത്തന്നെയുള്ളവരാണവരും.''
``ഓഹോ, അങ്ങനെയോ?'' പൊട്ടിച്ചിരിച്ചുകൊണ്ടു യോട്ട് പറഞ്ഞു: ``എന്നാല്‍ എളുപ്പം ഒന്നു ചെന്നാട്ടെ ഹാല്‍സ്റ്റീന്‍. എന്നിട്ടു ഞാന്‍ പറഞ്ഞയച്ചു എന്നവരോടു പറഞ്ഞേയ്ക്കു അവരുമായി കണ്ടുമുട്ടാന്‍ എനിക്കു സന്താഷമാണെന്ന്.''
അപ്പോഴേയ്ക്കും ലീക്നിയും അവിടെ വന്നെത്തിയിരുന്നു. രോമം കൊണ്ടുളള ഒരു വസ്ത്രം നനയ്ക്കുവാനായി അവള് തടാകത്തില്‍ വന്നതാണ്. അവള് പറഞ്ഞു:
``കഴിഞ്ഞ ശീതകാലത്ത് അദ്ദേഹത്തിന്റെ ഒരു ചെമ്മരിയാടു കാണാതെ പോയപ്പോള്‍ നിങ്ങള്‍ എല്ലാവരും അന്വേഷിച്ചു നടക്കുകയും നിങ്ങള്‍ക്കാര്‍ക്കും കണ്ടെത്താന്‍ സാധിക്കാതെവരികയും ചെയ്തല്ലോ; എന്നിട്ട് അദ്ദേഹവും ഞങ്ങളും കൂടി പര്‍വ്വതത്തില്‍ പല ദിക്കിലും തിരക്കി അതിനെ പിടിച്ചുകൊണ്ടുവന്നു. അപ്പോഴും പിന്നിട് അനേകം പ്രാവശ്യവും യോട്ട് ഇക്കാണുന്നപോലൊക്കെത്തന്നെയാണെന്നും നിസ്സാരകാര്യങ്ങളില്‍ കണ്ണടച്ചുകളയുന്ന പ്രകൃതക്കാരനാണെന്നും മനസ്സിലാക്കി ആസ്ബ്രാന്ഡിനു തികച്ചും സന്തോഷിക്കുവാന്‍ സാധിച്ചിട്ടുണ്ട്.''
ഹാല്‍സ്റ്റീന്‍ അഗ്നിതുല്യം അരുണോജ്ജ്വലനായി രൂപാന്തരപ്പെട്ടു; അയാള്‍ ഉച്ചത്തില്‍ ഉദ്ഘോഷിച്ചു:
``നിങ്ങള്‍ മോഷണക്കുറ്റം ഞങ്ങളുടെ മേല്‍ ചുമത്തി ഞങ്ങളെ ശല്യപ്പെടുത്തുന്നോ, ലീക്നി?''
``ഛേയ്, അല്ല.''ലീക്ന പ്രതിവദിച്ചു: ``നിങ്ങള്‍ക്കു കണ്ടുപിടിക്കാന്‍ കഴിയാഞ്ഞ ചെമ്മരിയാടിനെ യോട്ട് പിടിച്ചുകൊണ്ടുവന്നു. എന്നിട്ട് ഒരു പ്രത്യേകരീതിയില്‍ അതിനെ നമുക്കു വെട്ടിപ്പങ്കിട്ടു തന്നല്ലോ. ആ പങ്കിടലില്‍, ആ സമയത്ത്, ഈ വല്യേ ആളുടെ പേരില്‍ നിങ്ങള്‍ക്കു വലിയ മതിപ്പും തൃപ്തിയും തോന്നി. അന്ന് അങ്ങനെ ചെയ്യേണ്ട കാര്യം നിങ്ങള്‍ക്കുണ്ടായിരുന്നു.''
``നിങ്ങളുടെ ഭര്‍ത്താവിനെ നിങ്ങള്‍ക്കിത്ര മതിപ്പുള്ളതേതായാലും നല്ലതുതന്നെ ലീക്നി. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ മറിച്ചുപറയാന്‍ നിവൃത്തിയില്ലാത്ത ഒരു പതനത്തിലായിപ്പോയല്ലോ?''
ലീക്നി അതിനു മറുപടി കൊടുക്കാന്‍ തുടങ്ങിയതാണ്; പക്ഷേ, യോട്ട് പറഞ്ഞു:
``ഈ ചെറുപ്പക്കാരി പറയുന്നതൊന്നും താനത്ര കണക്കാക്കരുത്. അയാളുമായി നിന്നു പേച്ചാന് നമുക്കൊട്ടു സമയവുമില്ല ലീക്നി. അതുകൊണ്ട് ഹാല്‍സ്റ്റീന്‍, താന്‍ തന്റെ വഴിക്കു പോവൂ!''
അനന്തരം ഹാല്‍സ്റ്റീന്‍ അവിടെനിന്നും പോയി. പക്ഷേ അധികദൂരം ചെല്ലുന്നതിനു മുന്‍പ് അയാള്‍ തിരിഞ്ഞുനിന്നുച്ചത്തില് വിളിച്ചുപറഞ്ഞു:
``നിങ്ങള്‍ കല്ല്യാണം കഴിച്ചിട്ടുള്ളത് ഏതായാലും നന്നായിട്ടാണ് യോട്ടെ! ഈ സ്ത്രീയെ നിങ്ങള്‍ക്കു കിട്ടിയതും ഒരു നല്ല കാര്യംതന്നെ!കാരണം നിങ്ങള്‍ നിഡറോസില്വെച്ച് ഒരു നോര്വീജിയന്പെണ്ണിന്റെ പുറകേ പാടിനടന്നിരുന്നു എന്നും, നിങ്ങളുടെ പൗരുഷവും വീരസ്യവുമൊക്കെ തൃണംപോലെ കരുതി നിങ്ങളുടെ കണ്വെട്ടത്തുവെച്ചതന്നെ അവള് മറ്റൊരുത്തന്റെ പുറകേ പോയി എന്നും ഞാന്‍ കേട്ടിട്ടുണ്ട്.''
അതു കേട്ടയുടന്‍ യോട്ട് ഒന്നട്ടഹസിച്ചു. നിലത്തു കിടന്നിരുന്ന ഒരു കുന്തം കൈയിലെടുത്തു ഹാല്സ്റ്റീനെ ലക്ഷ്യമാക്കി അയാള്‍ ഒരേറുകൊടുത്തു. അതു നേരെ ചെന്ന് അവന്റെ കണ്ണില്ത്തറയ്ക്കുകയും നിന്നിടത്തുതന്നെ അവന് മരിച്ചുവീഴുകയും ചെയ്തു. താന്‍ ചെയ്ത കൊലയെക്കുറിച്ച് അറിവുകൊടുക്കാന്‍ യോട്ട് സ്വര്ത്താബക്കേയിലേയ്ക്ക് ഒരാളെ അയച്ചു. അനന്തരം അയാള്‍ വീട്ടിലേയ്ക്കു പോയി. ലിക്നി അയാളെ അനുഗമിച്ചു. അന്നു പകല്‍ കുറെ വൈകിയിട്ട് അവള് ചോദിച്ചു:
``ആ ഹാല്‍സ്റ്റീന്‍ എന്താ പറഞ്ഞത്, നോര്‍വേയിലുള്ള ഒരു സ്ത്രീയെക്കുറിച്ച്?''
``ഓ, അതൊരു പഴയ കഥയാണ്. അതിനെക്കുറിച്ചു നിനക്കു തല പുണ്ണാക്കേണ്ട ഒരു കാര്യവുമില്ല.'' യോട്ട് പറഞ്ഞു: ``പിന്നെ അതിനെക്കുറിച്ച് എന്നോടൊന്നും സംസാരിക്കരുത്- എന്തുകൊണ്ടെന്നാല്‍, അതിനെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ഞാന്‍ ഭാവിച്ചിട്ടില്ല.''
മുപ്പത്തിയൊന്ന്
ഹാല്സ്റ്റീന്റെ മരണവാര്‍ത്ത കേട്ട് ആസ്ബ്രാന്ഡിനു സങ്കടം കൊണ്ടും മറ്റെന്തുകൊണ്ടും യോട്ട് തന്നെ മനഃപൂര്‍വ്വം ദ്രോഹിക്കാന്‍ ഒരുമ്പെട്ടിരിക്കയാണെന്ന് അയാള്‍ ദൃഢമായി വിശ്വസിച്ചു. അടുത്ത ദിവസം യോട്ട് സ്വര്‍ത്താബക്കേയില്‍ വന്നു; ആ അവസരത്തില്‍ ആസ്ബ്രാന്‍ഡ് സഹായമപേക്ഷിക്കാന് അയാളുടെ ചാര്‍ച്ചക്കാരുടെ അടുത്തേയ്ക്കു പോയിരിക്കുകയായിരുന്നു. അയാള്‍ തന്റെ ഭാര്യയുടെ അകന്ന ഒരു ചാര്ച്ചവഴിയിലുള്ള ബീനേയുടെ പുത്രന്മാരെ ചെന്നു കണ്ടു കേസു നടത്തണമെന്നപേക്ഷിച്ചു. കൊലപാതകം സംബന്ധിക്കുന്ന കാര്യത്തില്‍ നഷ്ടപരിഹാരമൊന്നും തന്നു രാജിയാകുന്ന പ്രകൃതക്കാരനല്ല യോട്ട് എന്നു തനിക്കു നല്ല നിശ്ചയമുള്ളതായി ഒഡ്ഡ് പ്രസ്താവിച്ചു; നേരെ മറിച്ചു വരുന്നതു വരട്ടെ എന്നു കരുതി അയാള്‍ ഇതിനേക്കാള്‍ ഭയങ്കരമായി പലതും ചെയ്യുവാനാണ് എളുപ്പമെന്ന് അയാള്‍ താക്കീതു കൊടുത്തു; ഏതായാലും തനിക്കു നിയമപരിജ്ഞാനമുള്ളതുകൊണ്ടും ഒട്ടധികം സ്നേഹിതന്മാരുള്ളതിനാലും യോട്ടിനെ ഒന്ന് മര്യാദ പഠിപ്പിക്കാന്‍ താനിഷ്ടപ്പെടുന്നുവെന്നും അതിനാല്‍ കേസുനടത്തുന്ന ഭാരം കയ്യേല്‍ക്കുവാന്‍ തനിക്കു സമ്മതമാണെന്നും ഒഡ്ഡ് പ്രസ്താവിച്ചു. കോടതിയില്‍ കേസു കൊടുക്കുവാനുള്ള ഘട്ടമാകുന്നതുവരെ ആസ്ബ്രാന്‍ഡ് ഒഡ്ഡിനോടൊന്നിച്ചാണ് താമസിച്ചത്.
കോടതിയില്‍ പോകണമെന്നു യോട്ടിനുമുണ്ടായിരുന്നു ഉദ്ദേശം. ലീക്നിക്ക് അയാളോടൊന്നിച്ചു പോകുവാന്‍ ആഗ്രഹമുണ്ടായി. അവള് ഗര്‍ഭിണിയായതിനാലും, യാത്ര ദീര്‍ഘവും ക്ലേശകരവുമായതുകൊണ്ടും വീട്ടില്‍ത്തന്നെ ഇരുന്നാല്‍ മതിയെന്നു യോട്ട് നിര്‍ബന്ധം പിടിച്ചു. പക്ഷേ, ഒഡ്ഡുമായിട്ടുള്ള ഈ ഉരസലിന്റെ അവസാനം എങ്ങനെയാണെന്നു കാണുന്നവരെവീട്ടില്ത്തനിക്ക് ഒരു സമാധാനവും ഉണ്ടാകുന്നതല്ലെന്ന് അവള് തേങ്ങിത്തേങ്ങിക്കരഞ്ഞുകൊണ്ട് അയാളോടു പറഞ്ഞു. ഒടുവില്‍ അവളും പോന്നുകൊള്ളട്ടെ എന്നു തീരുമാനിക്കപ്പെട്ടു. കൂടെ അവരുടെ മകനും ഉണ്ടായിരുന്നു. രണ്ടു വയസ്സു പ്രായമുള്ള അവന്റെ പേര് `ലൈട്ടിംഗ്' എന്നാണ്. ഇക്കാരണങ്ങളാല്‍ വളരെ സാവധാനത്തിലേ അവര്‍ യാത്ര ചെയ്തുള്ളൂ. കുറെ ദിവസം കഴിഞ്ഞാണ് അവര്‍ കോടതിയിലെത്തിയത്. അവര്‍ അവിടെ വെറ്റര്ലൈഡുമൊന്നിച്ചു താമസമാക്കി. അയാള്‍ക്കവിടെ ഒരു കൊച്ചുവീടുണ്ടായിരുന്നു ഗുഡ്രണോടൊന്നിച്ച് അയാള്‍ കോടതിയില്‍ വരികയുണ്ടായി.
യോട്ട് വന്നതിന്റെ പിറ്റെദിവസം രാവിലെ അവിടെയുള്ള കുടിലുകള്‍ക്കിടയിലൂടെ വൃദ്ധനായ ആസ്ബ്രാന്‍ഡ് അങ്ങനെ നടന്നുപോകുമ്പോള്‍ ജെസ്സ് ഒഡ്ഡ്ലീവ്സണ് എന്ന ഒരാളെ കണ്ടുമുട്ടുകയും അയാളുമായി സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്തു. താന്‍ ആരാണെന്നതിനെപ്പറ്റിയും യോട്ടുമായുള്ള തന്റെ കേസിനെക്കുറിച്ചും ആസ്ബ്രാന്‍ഡ് അയാളോടു പറഞ്ഞു. അനന്തരം ജെസ്സ് ഇങ്ങനെ പ്രസ്താവിച്ചു.
``ഹാല്സ്റ്റീനെ കൊന്ന കാര്യം സമരിയായിത്തീരുന്ന പക്ഷം വേണ്ട നഷ്ടപരിഹാരമൊക്കെച്ചെയ്യാമെന്നായിരുന്നു യോട്ടിന്റെ ആദ്യത്തെ ഉദ്ദേശമെന്നും, ഒഡ്ഡ് ഇതില്‍ ഇടപെട്ടതുകൊണ്ട് അയാളിപ്പോള്‍ `രണ്ടും കല്പിച്ചു' തന്നെ ഇറങ്ങി പുറപ്പെട്ടിരിക്കയാണെന്നും, ഇനി അയാള്‍ ഒരിക്കലും വിട്ടുകൊടുക്കില്ലെന്നും ഞാന്‍ കേട്ടിരിക്കുന്നു.''
അല്പംനേരം ഇതു സംബന്ധിച്ചവര്‍ തമ്മില്‍ സംസാരിച്ചു. അനന്തരം ജെസ്സ് അയാളെ വിട്ടു തന്റെ വഴിക്കു പോയി. കുറെനേരം ഇതിനെക്കുറിച്ചു ചിന്തിച്ചുകൊണ്ട് അയാള്‍ തനിയെ അങ്ങുമിങ്ങും ചുറ്റിത്തിരിഞ്ഞു. തന്റെ പരാതിക്കാര്യം `ഒഡ്ഡ്' തുമ്പില്ലാതെ കളഞ്ഞുകുളിച്ചേയ്ക്കുമെന്ന് ഇപ്പോള്‍ അയാള്‍ ഭയപ്പെട്ടു. ഉടന്‍തന്നെ അയാള്‍ക്കൊരു യുക്തിതോന്നി. വെറ്റര്ലൈഡിന്റെ ഭവനത്തില്‍ ചെന്നു യോട്ടിനെ തനിച്ചുകണ്ടു സംസാരിക്കുക!-അതാണ് നല്ലത്. അയാള്‍ അങ്ങനെതന്നെ പ്രവര്‍ത്തിക്കുകയും ചെയ്തു.
അവര്‍ അപ്പോള്‍ ഉണര്ന്നേറ്റതേ ഉള്ളൂ. വെറ്റര്ലൈഡും യോട്ടും അവരെ കാണുവാനായി വന്ന പരിചയക്കാരുമൊന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു. ലീക്നിയും ഗുഡ്രണും കൂടെയുണ്ട്. അവരെ കണ്ട ഉടന്‍ ആസ്ബ്രാന്‍ഡ് തന്റെ തീരുമാനം മാറ്റി വന്നവഴിയെ മടങ്ങിപ്പോകാന്‍ തുനിഞ്ഞു; പക്ഷേ യോട്ട് അയാളെ വിളിച്ച് ഇങ്ങനെ പ്രസ്താവിച്ചു:
``എന്താണെടോ, ആസ്ബ്രാന്‍ഡ്, തന്നെ താങ്ങാനുള്ളോരെ താനെന്തു ചെയ്തു? അതോ തന്റെ കേസില്‍ മുഷിവുതോന്നി ഒഡ്ഡ് അതുവലിച്ചു പള്ളയിലെറിഞ്ഞു എന്നുണ്ടോ?''
ആസ്ബ്രാന്‍ഡ് `മുഖംകൊണ്ടു മഞ്ഞരളച്ചു' കൊണ്ടും ഒരോന്നു മുറുമുറുത്തുകൊണ്ടും അവിടെ നിന്നു. ഒടുവില്‍ അയാള്‍ യോട്ടിനെ രഹസ്യമായി പുറത്തുവിളിച്ചു ഹാല്സ്റ്റീന്റെ മരണത്തിനു നഷ്ടപരിഹാരം കൊടുക്കുവാന്‍ അയാള്‍ സന്നദ്ധനാണോ എന്നു ചോദിക്കണമെന്നായിരുന്നു ആദ്യം തന്റെ ആശയെന്നും പിന്നീടാണ് കേസുകൊടുക്കാനൊരുമ്പെട്ടതെന്നും അറിയിച്ചു. അതു പറഞ്ഞുകൊണ്ട് അയാള്‍ പൊട്ടിക്കരയാന്‍ തുടങ്ങി.
പിന്നീട് യോട്ട് പറഞ്ഞു:
``നാം അയല്പക്കക്കാരാണ്; എന്നിട്ടും മരണംവരെ ഹാല്‍സ്റ്റീന്‍ എന്നെ ഓരോന്നു പറഞ്ഞു സൈ്വരം കെടുത്തുക പതിവായിരുന്നു. പക്ഷേ, ഞാന്‍ എല്ലാം ക്ഷമയോടെ സഹി
ച്ചു. ഒടുവില്‍ അടക്കാനാകാത്തവിധം അയാള്‍ എന്റെ കോപത്തെ മനഃപൂര്‍വ്വം ഊതിക്കത്തിക്കുകയാണ് ചെയ്തത്. അതില്‍ ആര്‍ക്കും അത്ഭുതത്തിനവകാശമില്ല ഇങ്ങനെയെല്ലാമാണെങ്കിലും അയാളെ കൊന്നതില്‍ എനിക്കു പശ്ചാത്താപമുണ്ട്; എന്തുകൊണ്ടെന്നാല്‍, തനിക്ക് ഏറ്റവും വലിയ സഹായമായിരുന്നു അയാള്‍ എന്ന് എനിക്ക് അറിയാം; താനാകട്ടെ വൃദ്ധനും ദരിദ്രനുമാണ്. അതുകൊണ്ടു കൊലപ്പിഴയായി നല്ല ഒരു തുക തനിക്കു തരണമെന്നായിരുന്നു എന്റെ വിചാരം. അതു ഞാനിപ്പോഴും ചെയ്യാം. ഈ നിമിഷത്തില്‍ത്തന്നെ താനതിന് അനുകൂലിക്കുന്ന പക്ഷം ഞാന്‍ വേണ്ടതുപോലൊക്കെ പ്രവര്‍ത്തിക്കാം. പക്ഷേ താന്‍ ഒഡ്ഡിന്റെ ഉപദേശം കേള്‍ക്കാനാണ് ഇനിയും ഭാവമെങ്കില്‍ തനിക്കു വലിയ മെച്ചമൊന്നമുണ്ടാവുമെന്നു തോന്നുന്നില്ല; എന്തുകൊണ്ടെന്നാല്‍, അയാള്‍ക്കു ഞാന്‍ ലേശമെങ്കിലും വഴങ്ങിക്കൊടുക്കുമെന്നും താന്‍ വിചാരിക്കേണ്ട. താന്‍ പൊരുത്തപ്പെടുന്നപക്ഷം ആളുകളെക്കൊണ്ടും മറ്റും തനിക്കുവീട്ടിലാവശ്യമുള്ള സാധനസാമഗ്രികളെക്കൊണ്ടും മറ്റും തനിക്ക് എന്തൊക്കെ സഹായം വേണമോ അതൊക്കെ ഞാന്‍ ചെയ്തുതരാം; തനിക്കോ തന്റെ കുട്ടികള്‍ക്കോ ഒരുപദ്രവും ഉണ്ടാവുകയുമില്ല. ഇനി തനിക്കു തന്റെ ഇഷ്ടംപോലെ ചെയ്യാം. പക്ഷേ ഒന്നു താന്‍ ഓര്‍ത്തോളൂ: താന്‍ ഒരൊറ്റ ആളുമായിട്ടുമാത്രമേ ഞാനിങ്ങനെ നഷ്ടപരിഹാരം തന്നു രാജിയാകാന്‍ ഈ ജീവിതത്തില്‍ ഒരുമ്പെട്ടിട്ടുള്ളൂ.''
ആസ്ബ്രാന്‍ഡ് ആ നിര്‍ദ്ദേശം അവിടെവെച്ചുതന്നെ സ്വീകരിച്ചു. വെറ്റര്‍ലൈഡ് യോട്ടിനുവേണ്ടി വെള്ളിയെടുത്തു തൂക്കിനോക്കി. പിരിയുന്ന അവസരത്തില്‍ വെറ്റര്‍ലൈഡ് വെള്ളികൊണ്ടുള്ള ഒരു അരപ്പട്ട ആസ്ബ്രാന്ഡിനു കൊടുത്തു. ആ വൃദ്ധന് സന്തുഷ്ടചിത്തനായി സ്വഗൃഹത്തിലേയ്ക്കു മടങ്ങി. എന്നാല്‍ ഇതുകേട്ട് ഒഡ്ഡ് കോപാക്രാന്തനായിത്തീര്ന്നു. അയാള്‍ ആസ്ബ്രാന്ഡിനെ ഒട്ടുവളരെ ഭര്‍ത്സിച്ചു പറഞ്ഞയച്ചു.
ഈ കേസിനെക്കുറിച്ചു നാടൊട്ടുക്കും വലിയ സംസാരമുണ്ടായി. കുറച്ചു നാളായി വൈഗ-യോട്ട് വളരെ ശാന്തനായിത്തീര്ന്നിട്ടുണ്ടെന്നും ജനങ്ങള്‍ക്കു തോന്നി. പക്ഷേ ലീക്നി താന്‍ പറയുന്നതില്‍ ചെവികൊടുക്കുന്നവരോടൊക്കെ യോട്ടിന്റെ ഉദാരാത്മതയെക്കുറിച്ചു പുകഴ്ത്തിപ്പറഞ്ഞു. അദ്ദേഹത്തോട് എതിര്‍ക്കാന്‍ ശക്തിയില്ലാത്ത വൃദ്ധനും ദിരദ്രനാമായ ഈ മനുഷ്യനോടല്ലാതെ അദ്ദേഹം ഇന്നോളം ഒരിക്കലും പൊരുത്തപ്പെടുകയുണ്ടായിട്ടില്ല. പക്ഷേ അവരെല്ലാം പൊട്ടിച്ചിരിച്ചുകൊണ്ട് ശരിയാകട്ടെ, തെറ്റാകട്ടെ യോട്ട് തനിക്കു തോന്നുമ്പോലെ ചെയ്യുമെന്നും, എന്നിരുന്നാലും അയാള്‍ ചെയ്തത് ഉത്തമമായി എന്ന് അയാളുടെ ഭാര്യ കരുതുമെന്നും അവളുടെ മുഖത്തു നോക്കി പരിഹസിച്ചു പറഞ്ഞു.
മുപ്പത്തിരണ്ട്
കോടതിക്കാര്യം അങ്ങനെ ശല്യം കൂടാതെ അവസാനിച്ചശേഷം യോട്ടും ലീക്നിയും ഹോള്‍ട്ടാറിലേയ്ക്കു തിരിച്ചു; കുറച്ചുനാള്‍ അവര്‍ അവിടെ താമസിക്കുകയും ചെയ്തു. വെറ്റര്‍ലൈഡ് ആ പ്രദേശത്ത് ഒരു ദിക്കില്‍ വളര്‍ത്തിയിരുന്ന ഒരു പന്തയക്കുതിരയെ പരിശോധിക്കുവാനായി യോട്ട് മൈതാനപ്പരപ്പിലൂടെ കുതിരപ്പുറത്തു പുറപ്പെട്ടു. വഴിക്കുവെച്ച് അയാള്‍ ഒഡ്ഡ് ബീനസണെ കാണാന്‍ ഇടയായി. അയാളുടെ കൂടെ ഒരു മനുഷ്യന് അകമ്പടിയായി പോയിരുന്നു.
ഒഡ്ഡ് അയാളെ അഭിവാദ്യം ചെയ്തുകൊണ്ടു പറഞ്ഞു.``നാമേതായാലും ഒരേവഴിക്കാണല്ലോ. അതുകൊണ്ടു നമുക്കു കുട്ടായിപ്പോകാം. നിങ്ങള്‍ ആസ്ബ്രാന്ഡുമായി കാര്യമെല്ലാം സമാധാനത്തില്‍ കലാശിപ്പിച്ചതിനാല് നമ്മുടെ സൗഹാര്‍ദ്ദത്തിന്ന് ഇനി യാതൊരു പ്രതിബന്ധവുമില്ല.''
ഒരുമിച്ചുള്ള യാത്ര ഒഡ്ഡിന് ഇഷ്ടപ്പെടുന്നതുകൊണ്ട് ഏതായാലും അങ്ങനെതന്നെയാകാം എന്നു മാത്രം അയാള്‍ മറുപടി പറഞ്ഞു: അനന്തരം ഹോള്ട്ടാറിലുള്ളവരുടെയും ലീക്നിയുടെയും വിശ്ശേഷം ഒഡ്ഡ് അയാളോടന്വേഷിച്ചു. അവര്‍ക്കെല്ലാം സുഖംതന്നെ എന്നു യോട്ട് മറുപടി നല്കി.
അവര്‍ കുതിരകളെ കാണുകയും നല്ലവണ്ണം അവയെ പരിശോധിക്കുകയും ചെയ്തു. അതു കഴിഞ്ഞ് അവന് മലഞ്ചെരുവിലേയ്ക്കു കുതിരപ്പുറത്തു മടങ്ങിപ്പോന്നു. ഒഡ്ഡിന് ഒട്ടധികം സംസാരിക്കാനുണ്ടായിരുന്നു; അയാള്‍ വലിയ സൗഹാര്‍ദ്രം പ്രദര്‍ശിപ്പിച്ചു. യോട്ട് എല്ലാറ്റിനും അയാള്‍ക്കു ചുരുങ്ങിയ മറുപടികൊടുത്തു. ഒടുവില്‍ അവര്‍ കുതിരപ്പുറത്തുനിന്നും ഇറങ്ങി അവരുടെ കൈവശമുള്ള ആഹാരം കഴിക്കുവാനായി അവിടെ ഒരിടത്തിരുന്നു. അവര്‍ അങ്ങനെ ഇരിക്കുമ്പോള്‍ ഒഡ്ഡ് പറഞ്ഞു:
``നിങ്ങള്‍ ഇത്ര ദയാലുവും ശാന്തനുമായ ഒരു മനുഷ്യനായിരുന്നിട്ടും നിങ്ങളും ഹാല്സ്റ്റീനും തമ്മില്‍ ഒരു ശണ്ഠയ്ക്കിടവന്നതെങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു പിടിയും കിട്ടുന്നില്ല, യോട്ട്! ആ പഴയ ഒരു വിവാഹകാര്യത്തെക്കുറിച്ചെന്തോ പറഞ്ഞതു നിങ്ങള്‍ക്കു സഹിക്കാന്‍ സാധിക്കാഞ്ഞതാണതിന്റെ കാരണമെന്നു ജനങ്ങള്‍ പറയുന്നതു ശരിയാണോ?''
``എന്റെ സൗഹാര്ദ്ദത്തിന്മേല് നിങ്ങള്‍ അത്രമാത്രം ഒട്ടിപ്പിടിക്കാന്‍ ഇഷ്ടപ്പെടുന്നപോലെ തോന്നുന്നതുകൊണ്ടു ഞാന്‍ ഒന്നു പറയാം'' യോട്ട് മറുപടിയേകി: ``നിങ്ങളും അക്കാര്യത്തില്‍ തലയിടാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍, ഈ സംസാരം ഇവിടെ ഐസ്ലാന്ഡു മുഴുവനും പ്രചരിപ്പിക്കുന്ന മനുഷ്യന് ഒരു പക്ഷേ, നിങ്ങള്‍തന്നെ ആയിരിക്കാം.''
``നിങ്ങള്‍ ഒരു പെണ്ണിനുവേണ്ടി പ്രാണന് കളഞ്ഞുകൊണ്ടു നിഡറോസില് ഉഴന്നിരുന്ന കാലത്തു നിങ്ങളെ അവിടെകണ്ടുമുട്ടിയ ജനങ്ങളില്‍നിന്നാണ് ഞാന്‍ ഈ സംസാരം കേട്ടത്!''
യോട്ട് ചാടിയെഴുന്നേറ്റ് അയാളുടെ കൈക്കോടാലി വലിച്ചെടുത്തു; ഒഡ്ഡും പെട്ടന്നുയര്‍ന്നു തന്റെ കുന്തമെടുത്ത് അയാളെ തടുത്തുകൊണ്ട് അയാളെ മുന്പില് പരിച തള്ളിപ്പിടിച്ചു.
``അയ്യോ, കഷ്ടം, നിങ്ങളുടെ ചാര്‍ച്ചക്കാര്‍ക്കു നിങ്ങളൊന്നും അവശേഷിച്ചിട്ടില്ലായിരുന്നു,'' എന്നു പറഞ്ഞുകൊണ്ടു യോട്ട് ഒഡ്ഡിന്റെ കുന്തത്തണ്ടു രണ്ടായി മുറിച്ചിട്ടു. ``പക്ഷേ, നിങ്ങള്‍ക്കു അതിനു വലിയ വിശപ്പുള്ളതുകൊണ്ട് അല്പം വല്ലതും നിങ്ങള്‍ക്കുവേണ്ടി എനിക്കു കണ്ടുപിടിക്കാന്‍ കഴിയും.'' ഇങ്ങനെ പറഞ്ഞ് അയാള്‍ ഒഡ്ഡിന്റെ പരിച വെട്ടിപ്പിളരുകയും അടുത്ത മാത്രയില്‍ കോടാലി ഒഡ്ഡിന്റെ തോളില്‍ തറച്ചുതാഴുകയും ചെയ്തു; അങ്ങനെ മാരകമായ ഒരു മുറിവേറ്റുകൊണ്ട് അയാള്‍ പിന്നോട്ടു മലച്ചു.
ഒഡ്ഡിന്റെ കൂടെ ഉണ്ടായിരുന്ന ഭൃത്യന് ചെറുപ്പക്കാരനും പേടിത്തൊണ്ടനുമായിരുന്നു. ഞൊടിക്കുള്ളില്‍ അയാള്‍ അവിടെ നിന്നും പറപറന്നു. യോട്ട് ഹോള്‍ട്ടാറിലേയ്ക്കു കുതിരപ്പുറത്തു മടങ്ങിപ്പോയി. അവിടെച്ചെന്ന് അയാള്‍ നടന്നതെല്ലാം വിവരിച്ചു. അയാള്‍ ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്നു വെറ്റര്‍ലൈഡ് ചോദ്യമിട്ടു. ഒന്നുമില്ല എന്നായിരുന്നു യോട്ടിന്റെ മറുപടി; പക്ഷേ, ഒഡ്ഡിന്റെ കേസു നടത്താന്‍ ഭാരമേല്ക്കുന്നവര്ക്കു വലിയ സന്തോഷമായിരിക്കുമെന്ന് അയാള്‍ കരുതിയില്ല.
കുറച്ചുനേരം കഴിഞ്ഞു വെറ്റര്‍ലൈഡ് ഹാള്‍ വിട്ടിറങ്ങിപ്പോയി. യോട്ട് ലീക്നിയോടൊന്നിച്ചു തനിച്ചാകപ്പെട്ടു; ആ രണ്ടാണ്കുട്ടികള്, ആറ്റ്ലേയും ലൈട്ടിംഗും മാത്രം, ബെഞ്ചിനരികെ ഇരുന്നു കളിക്കുന്നുണ്ട്. യോട്ട് ചെന്ന് അരുടെ കിടയ്ക്കപ്പുറത്തു കമിഴ്ന്നടിച്ചു വീണു; അവര്‍ ഹാളില്‍ ഇട്ടിരുന്ന ചപ്പുചവറുകളെല്ലാം എടുത്തു കളഞ്ഞു വൃത്തിയാക്കുകയായിരുന്നു ലീക്നി. അങ്ങനെ ചെയ്തുകൊണ്ടിരിക്കെ അവള് അയാളോടു കൊലയെക്കുറിച്ച് ഓരോ ചോദ്യം ചെയ്തു. പക്ഷേ, അയാള്‍ നല്കിയ ഉത്തരങ്ങള്‍ അതിഹ്രസ്വങ്ങളായിരുന്നു. അനന്തരം അവള് പറഞ്ഞു:
``ഇങ്ങനെ ഒരു സംഗതിയിലേയ്ക്ക് അങ്ങയെ ആനയിക്കുമാറു നിങ്ങള്‍ ഇരുവരും തമ്മില്‍ നടത്തിയ ആ വാക്ക്ത്തര്ക്കം എന്താണെന്ന് അങ്ങ് എന്നോടു പറയുമെന്നു ഞാന്‍ ഉറപ്പു കരുതുന്നു.''
``ഓ, അത്ര പറയത്തക്ക മഹാകാര്യമൊന്നുമല്ലത്,'' യോട്ട് പറഞ്ഞു: ``പരമാര്‍ത്ഥം അതാണ്. ഞാനും നീയും തമ്മില്‍ ഒത്തുചേര്ന്നതുമുതല് ഒഡ്ഡിന് എന്നോടു വലിയ പകയാണ്.''
``എനിക്കു നല്ല നിശ്ചയമുണ്ട് എന്നെക്കുറിച്ചായിരുന്നില്ല നിങ്ങളുടെ സംസാരമെന്ന്,'' ലീക്നി ചുരുക്കിപ്പറഞ്ഞു.
``ആയിരുന്നില്ല,'' അയാള്‍ സമ്മതിച്ചു: ``പക്ഷേ നീയായിരുന്നു അയാളുടെ മനസ്സില്‍.''
ലീക്നി അങ്ങോട്ടു വന്നു കിടയ്ക്കയുടെ അരികില്‍ ആസനസ്ഥയായി; അവള് യോട്ടിന്റെ മുഖത്തു ദൃഷ്ടിയുറപ്പിച്ചുകൊണ്ടുപറഞ്ഞു:
``അങ്ങു പറയുന്നതില്‍ എനിക്കു വിശ്വാസമില്ല യോട്ട്.''
യോട്ട് തെല്ലൊന്നു നടുങ്ങിപ്പോയി. അവളോട് അയാള്‍ സമാധാനം പറയാന്‍ ഒരുമ്പെട്ടതാണ്; പക്ഷേ, അവള് അയാളുടെ മാറില്‍ കൈവെച്ചുകൊണ്ടു തുടര്‍ന്നു:
``ഇത്രയും എനിക്കറിയാം; അങ്ങു നോര്‍വേയില്‍നിന്നു വന്നതുമുതല്‍ മൗനിയായും വിഷാദമഗ്നനായും കഴിഞ്ഞുകൂടിയത് എനിക്കുവേണ്ടിയല്ല; അങ്ങുരാവും പകലും വിചാരപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നെക്കുറിച്ചുമല്ല. പക്ഷേ അങ്ങയുടെ വിഷാദത്തിന്റെ കാരണം ലവലേശം എനിക്കറിഞ്ഞുകൂടാ. അതുപോലെതന്നെ അങ്ങയും ഒഡ്ഡും തമ്മിലോ, അങ്ങയും മറ്റാരെങ്കിലും തമ്മിലോ എന്താണുള്ളതെന്നും എനിക്ക് ഒരു വിവരവുമില്ല.''
അയാള്‍ മറുപടി പറഞ്ഞു:
``നിന്റെ വിവാഹത്തില്‍ നീ സംതൃപ്തയായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു, ലീക്നി. എന്റെ ആശയും നീ അങ്ങനെതന്നെ ആയിരിക്കണമെന്നാണ്. എന്നാല്‍ എല്ലാവരില്‍നിന്നും ഞാന്‍ ഒളിച്ചുപിടിക്കുന്ന ഒരു മനോവൃഥ എനിക്കുള്ള പക്ഷം, അതിന്റെ ദൂഷ്യം മുഴുവനും എനിക്കുമാത്രമാണെന്ന് ഓര്‍ക്കണം; അതുകൊണ്ടു യാതൊന്നും ഇനി ചോദിക്കാതെ നീയെന്നെ സൈ്വരമായി വിടൂ!''
മറുപടി പറയാന്‍ ആരംഭിച്ച അവസരത്തില്‍ വിഗ്ഡിസ് വെറ്റര്ലൈഡിനായി നിര്‍മ്മിച്ച മേലങ്കി അവളുടെ കണ്ണില്‍പ്പെട്ടു; കട്ടിലിന്റെ കാല്ക്കലായി അതു കിടന്നിരുന്നു. അവള് അതു വാരിയെടുത്തു നിലത്തു മറ്റേ അറ്റത്തേയ്ക്ക് ഒരേറു കൊടുത്തിട്ടു കണ്ണീരോടെ പ്രസ്താവിച്ചു:
``അങ്ങയെ സദാ സേവിച്ചും അങ്ങയുടെ നന്മയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചും കഴിഞ്ഞുകൂടുന്ന എന്നേക്കാള്‍ പത്തിരട്ടി അങ്ങയെ നിരസിച്ചുവെന്നു പറയപ്പെടുന്ന ആ നോര്വേക്കാരിപ്പെണ്ണിനെ അങ്ങു സ്നേഹിക്കുകയും അവളെക്കുറിച്ചു ചിന്തിക്കുകയും ചെയ്യുന്നുണ്ട്.''
യോട്ട് ചാടിയെഴുന്നേറ്റു മേലങ്കിയെടുക്കാന്‍ ഉദ്യമിച്ചു. പക്ഷേ, വേഗത അവള്‍ക്കായിരുന്നു. അവള് ഞൊടികൊണ്ടതു കരസ്ഥമാക്കി. അതു തീയിലിടുവാനായി അവള് അഗ്നികുണ്ഡത്തിനരികിലേയ്ക്ക് ഓടി; അയാള്‍ പിന്നാലേയും. അയാള്‍ അതു തട്ടിപ്പറിക്കാന്‍ വളരെ ശ്രമിച്ചു. പക്ഷേ, ഇരുകൈകൊണ്ടും അവളതു നല്ലപോലെ മുറുക്കിപ്പിടിച്ചിരുന്നു. അനന്തരം ഒരു കൈകൊണ്ട് അയാള്‍ അവളുടെ തോളിനു ചുറ്റിപ്പിടിച്ച് മറ്റേ കൈകൊണ്ട് അവളുടെ മണിബന്ധം രണ്ടും കൂട്ടിപ്പിടിച്ചു ഞെരിക്കാന്‍ തുടങ്ങി. അവള് കിടന്നു നിലവിളികൂട്ടി. പക്ഷേ, അയാള്‍ മുഷ്ടി ചുരുട്ടി അവളുടെ തോളത്തു നല്ല ഇടി കൊടുത്തതില്‍പ്പിന്നീടല്ലാതെ അയാള്‍ക്ക് അവളില്‍നിന്ന് ആ മേലങ്കി കരസ്ഥമാക്കാന്‍ സാധിച്ചില്ല. അവള് നിലത്തു കമിഴ്ന്നടിച്ചുവീണ് ഏങ്ങലടിച്ചു കരഞ്ഞു. പക്ഷേ യോട്ടാകട്ടെ മേലങ്കിയും കൊണ്ട് ഒന്നും മിണ്ടാതെ വെളിയിലേയ്ക്കിറങ്ങിപ്പോയി.
ലീക്നി വെളിയിലേയ്ക്ക് വന്ന് ഇറയത്തു ചെന്നിരുന്നു; അവള് ഇരുകൈകളിലും തന്റെ മുഖം താഴ്ത്തി മറച്ചു; അവളുടെ അമ്മ അടുത്തു നില്‍ക്കുന്നതുപോലും അവളുടെ ശ്രദ്ധയില്‍ പെട്ടില്ല. എന്താണവള്‍ക്കു കുണ്ഠിതമെന്നു ഗുഡ്രണ്‍ ചോദിച്ചു. ഒന്നുമില്ലെന്ന് അവള് മറുപടികൊടുത്തു; പക്ഷേ ആറ്റ്ലേ തിണ്ണയിലേയ്ക്കു പിടിച്ചുകയറിയിട്ട് ഇങ്ങനെ പറഞ്ഞു:
``ചേച്ചി നെലോളിക്കുകയാ, അമ്മേ! എന്താന്നോ ചേട്ടന് ചേച്ച്യേ തല്ലി. അടുപ്പിന്റെ അടുത്തുവെച്ചു ചേട്ടന് ചേച്ചിക്കു നല്ല രസികന്‍ പെട കൊടുത്തു.''
``അതു നേരല്ലാ'' ലീക്നി വേഗത്തില്‍ പറഞ്ഞു. പക്ഷേ ഗുഡ്രണ്‍ വീട്ടിനുള്ളിലേയ്ക്കു കടന്നുചെന്നപ്പോള്‍, അച്ഛന് അമ്മയോടു ക്രൂരമായി പെരുമാറിയതുകൊണ്ടു ലൈട്ടിംഗ് നിലത്തുകിടന്നു കരയുന്നതുകണ്ടു.
ഗുഡ്രണ്‍ കലിവന്നു. അവള് യോട്ടിനോടു സൗമ്യമായി കയര്‍ത്തു.
``എന്റെ മേല്‍ കൈവെയ്ക്കരുത് എന്നുള്ളതായിരുന്നു എന്റെ ആദ്യത്തെ ഭര്‍ത്താവിനു പഠിക്കേണ്ടിയിരുന്ന ഒരു സംഗതി,''അവള് ആരംഭിച്ചു: ``എന്തുകൊണ്ടെന്നാല്‍, അങ്ങനെ ചെയ്തപ്പോള്‍ ഞാന്‍ വീടുവിട്ടിറങ്ങിപ്പോയി. എന്റെ വസ്തുവകകള്‍ തിരിച്ചു തരാഞ്ഞതിനാല്‍ അയാള്‍ക്കു തന്റെ ജീവനും നഷ്ടപ്പെടേണ്ടിവന്നു. അങ്ങനെയുള്ള ഒരു നിന്ദ്യകര്‍മ്മം ചെയ്യാതിരിക്കത്തക്ക വിവേകം മറ്റുള്ളവര്‍ക്കുണ്ടായിരുന്നു;-ജിവിച്ചിരുന്ന കാലത്തു ലൈട്ടിംഗിനും പിന്നീടു വെറ്റര്ലൈഡിനും!''
ആ നിമിഷത്തില്‍ത്തന്നെ യോട്ട് പുറത്തേയ്ക്കു വന്നു. ഗുഡ്രണ്‍ പറഞ്ഞതെല്ലാം അയാള്‍ ശ്രദ്ധിച്ചില്ല. പക്ഷേ അയാള്‍ കുനിഞ്ഞുനിന്നു ലീക്നിയോടു പറഞ്ഞു.
``ഞാന്‍ വളരെ ഹീനമായ തരത്തില്‍ നിന്നോടു പെരുമാറി, എന്റെ ലീക്നി! നീ പറഞ്ഞതു ശരിയാണ്. സദാ നീ എന്നെ സേവിച്ചും എന്റെ നന്മയ്ക്കായി പ്രാര്‍ത്ഥിച്ചും കഴിഞ്ഞുകൂടിയവളായിരുന്നു.''
ലീക്നിക്കു വീണ്ടും കണ്ണുനീര് തള്ളിപ്പുറപ്പെട്ടു; അവള് തൂവാലയെടുത്തു മുഖത്തിട്ടു പിടച്ചെഴുന്നേറ്റു വീട്ടിനുള്ളിലേയ്ക്കു കടന്നുപോയി. യോട്ട് അവളെ അനുഗമിച്ചു. അധികനേരം കഴിയുന്നതിനുമുമ്പ് അവര്‍ വീണ്ടും വെളിയിലേയ്ക്കു വന്നു. പക്ഷേ അപ്പോള്‍ ലീക്നി ഒട്ടും കരഞ്ഞിരുന്നില്ല. അവള് യോട്ടിന്റെ തോളില്‍ ചാരിനില്ക്കുകയും പ്രസന്നയായി പ്രത്യക്ഷപ്പെടുകയും ചെയ്തു.
അടുത്ത ദിവസം അവര്‍ സ്വഗേഹത്തിലേക്കു മടങ്ങി. അവര്‍ കുറച്ചുനാള്‍കൂടി അവിടെത്താമസിക്കണമെന്നായിരുന്നു. അതുവരെയുള്ള തീരുമാനം. പ്രസവം കഴിയുന്നതുവരെ ഗ്രീഷ്മകാലം മുഴുവനും തന്റെ മകള്‍ അവിടെത്താമസിച്ചാല്‍ കൊള്ളാമെന്നു ഗുഡ്രണ്‍ ആശയുണ്ടായിരുന്നു. കുറച്ചു കാലത്തേയ്ക്കു യോട്ട് അയാളുടെ ഭാര്യയില്‍നിന്ന് അകന്നു താമസിക്കുന്നതു പല കാരണങ്ങളാലും ഉത്തമമായിരിക്കുമെന്നു ഗുഡ്രണു തോന്നി. പക്ഷേ ഇപ്പോള്‍ അവരുടെ മനസ്സ് ഒന്നായിക്കഴിഞ്ഞു; അവര്‍ ഉറപ്പിച്ചിരിക്കയാണ്, സ്ക്കോമെഡാലിലേയ്ക്കു പോകണമെന്ന്. ലൈട്ടിംഗിനെ, ഒരു വയസ്സിനല്പം പ്രായക്കൂടുതലുള്ള തങ്ങളുടെ മകന് ആറ്റ്ലേയോടൊന്നിച്ച്, വളര്‍ത്തിക്കൊള്ളാമെന്നു വെറ്റര്ലൈഡും ഗുഡ്രണും അവരെ അറിയിച്ചു. യോട്ടിനും ലീക്നിക്കും അതു സമ്മതമായി. അനന്തരം അവിടെനിന്ന് അവര്‍ യാത്ര തിരിച്ചു.
യാത്രാകാലത്ത് എല്ലാം ഭംഗിയായിത്തന്നെ കഴിഞ്ഞുകൂടി. ഒടുവില്‍ ആ അവസാനത്തെ ദിവസം സമാഗതമായി. കുന്നുകള്‍ക്കിടയിലുള്ള ഒരു തുരങ്കത്തിലൂടെ അവര്‍ കുതിരയോടിച്ചുപോവുകയാണ്. അവരുടെ ആള്ക്കാര് അവരുടെ മുമ്പില്‍ മുന്നോട്ടു നീങ്ങുന്നു. തുരങ്കത്തിലൂടെ തുരഗത്തെ നയിച്ചുകൊണ്ടു കാല്‍നടയായിട്ടാണ് യോട്ടിന്റെ യാത്ര. അയാളുടെ സ്വന്തം കുതിര പിന്നാലെ നടന്നുപോന്നു. ചാരനിറത്തിലുള്ള ഒരന്തരീക്ഷം; അസഹ്യമായ തണുപ്പും. അപ്പപ്പോള്‍ ഒരു മഞ്ഞിന്‍പാളി അവരുടെ മുഖത്തിനുനേര്‍ക്ക് അടര്‍ന്നുവന്നു. അവര്‍ ഈ രീതിയലിങ്ങനെ കീഴോട്ടിറങ്ങുമ്പോള് അവള് അയാളോടു പറഞ്ഞു:
``ഈ സമയം മുഴുവനും, അങ്ങു ഹോള്ട്ടറില്വെച്ചു പറഞ്ഞതെല്ലാറ്റിനെയുംപറ്റി ചിന്തിക്കുയായിരുന്നു ഞാന്‍. ആ കൂട്ടര് അങ്ങയെ ആട്ടിപ്പായിച്ചതിനെക്കുറിച്ചാണ് അങ്ങ് ഏറ്റവും കുണ്ഠിതപ്പെടുന്നതെന്നുവരികില്, ഞങ്ങള്‍ അങ്ങയുമായി നടത്തിയ ഈ ആദായക്കച്ചവടം തീര്‍ച്ചയായും അങ്ങയ്ക്ക് ആശ്വാസകാരണമാകേണ്ടതാണ്. അങ്ങു നടത്തിയ വിവാഹം അത്യൂത്തമമായിട്ടാണ് ജനങ്ങള്‍ കരുതിവന്നത്. മാത്രമല്ല, അങ്ങയ്ക്കു ലഭിച്ചത് അനേകം വിവാഹാര്ത്ഥികളുണ്ടായിരുന്ന ഒരുവളെക്കൂടിയാണ്.''
``ഞാന്‍ കുണ്ഠിതപ്പെടുന്നുവെന്നു പറയുന്നതു പരമാര്‍ത്ഥമല്ല.'' അയാള്‍ പ്രതിവചിച്ചു: ``പക്ഷേ ഒന്നു നിനക്കു മനസ്സിലാക്കാം: ബീനേയുടെ പുത്രന്മാരും അവരുടെ സ്നേഹിതന്മാരുമാണ് ഈ കഥ നാടുനീളെ പരത്തുന്നത്; അതോര്‍ക്കുമ്പോള്‍ എനിക്കു കലികൊള്ളുന്നു.''
``എനിക്കു മനസ്സിലാകുന്നില്ല.'' അല്പം കഴിഞ്ഞ് അവള് തുടര്‍ന്നു: ``അങ്ങയ്ക്ക് അവളെക്കുറിച്ചു വിചാരമില്ലെങ്കില്‍ അവള് ഉണ്ടാക്കിയ മേലങ്കി എന്താണിങ്ങനെ നിധിപോലെ സൂക്ഷിക്കുന്നത്?''
``ഓ, അതെനിക്കു നന്നായി യോജിക്കുന്നുണ്ട്; അതുകൊണ്ടുമാത്രം.''
അയാള്‍ മറുപടി പറഞ്ഞു.
മഞ്ഞ് അവരുടെ മുഖത്തു വല്ലാതെ അടിച്ചുവീണുകൊണ്ടിരുന്നു. അതുകൊണ്ടു കുറച്ചുനേരത്തേയ്ക്ക് അവരൊന്നും സംസാരിച്ചില്ല. അതിനല്പമൊരടക്കം കിട്ടിയതോടുകൂടി ലീക്നി വീണ്ടും ചോദിച്ചു:
``അവള് എന്നെക്കാള്‍ സുന്ദരിയാണോ, ആ നോര്വേക്കാരിപ്പെണ്ണ്?''
``അല്ല.'' മഞ്ഞിനു നേരെ തിരിഞ്ഞു നോക്കിക്കൊണ്ട് അയാള്‍ പ്രതിവദിച്ചു.
``പിന്നെ-ആട്ടെ അവള് എന്നെക്കാള്‍ പണക്കാരിയായിരുന്നോ?''
``ഓ, അതൊക്കെ ഏതാണ്ടൊരുപോലെയാണെന്നാണെനിക്കു തോന്നുന്നത്.'' യോട്ട് മുന്പിലത്തെപ്പോലെത്തന്നെ പ്രതിവദിച്ചു.
``ആവട്ടെ, എന്നാലും നിങ്ങള്‍ അവളെ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നു.'' വിഷാദപൂര്‍ണ്ണമായ ഒരു സ്വരത്തില്‍ ലീക്നി ഉച്ചരിച്ചു: ``ആട്ടെ, ഏതു നിലയിലാണ് അവള്‍ക്ക് എന്നെക്കാള്‍ മേന്മയുണ്ടായിരുന്നത്?''
``ഓ, എന്തെങ്കിലും അഥവാ ഉണ്ടായിരുന്നെങ്കില്‍ത്തന്നെ ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ അവള്‍ക്ക് ഇതിന്റെ ഒരംശമെങ്കിലും താല്പര്യമുണ്ടായിരുന്നില്ല എന്നുള്ളതിലാണ്.'' ഒരു ചെറിയ ചിരിയോടുകൂടി യോട്ട് പ്രസ്താവിച്ചു.
അയാളുടെ മുഖത്തേയ്ക്കു നോക്കുവാനായി ലീക്നി മുന്നോട്ടു ചാഞ്ഞു; ചുറ്റിലുമുള്ള പാറകളെപ്പോലെ ക്ഷാരവര്ണ്ണമായിരുന്നു അയാളുടെ മുഖം. ഏറെ നേരത്തേയ്ക്ക് അവരിവരും വീണ്ടും ഒന്നും മിണ്ടിയില്ല.
അവര്‍ തുരങ്കത്തിനു വെളിയില്‍ എത്തിയപ്പോഴേയ്ക്കും ഹിമപാതം നിലച്ചിരുന്നു. ഇപ്പോള്‍ തൃണകബളങ്ങളോടുകൂടിയ ഒരു നീണ്ടുപരന്ന മൈതാനമാണ് അവരുടെ മുമ്പില്‍! കടിഞ്ഞാണുകള്‍ ലീക്നിയുടെ കൈയിലേയ്ക്കു തിരിച്ചുകൊടുത്തിട്ട് അയാള്‍ കുതിരപ്പുറത്തു കയറാന്‍ ഭാവിച്ച അവസരത്തില്‍ താണ സ്വരത്തില്‍ അവള് ഇങ്ങനെ പറഞ്ഞു:
``നാം തമ്മില്‍ ഇനി ഇതിനെക്കുറിച്ചു ശബ്ദിക്കാന്‍ ഒരിക്കലും ഇടയാവുകയില്ല. ഞാനിതു നിങ്ങളോടു ശപഥം ചെയ്യുന്നു. പക്ഷേ അങ്ങയോട് ഒരപേക്ഷയുണ്ട്: അവളുടെ പേര് അങ്ങ് എന്നോടു പറഞ്ഞാല്‍ കൊള്ളാം.''
യോട്ട് കുതിരയുടെ പള്ളയ്ക്കു ചാരിക്കൊണ്ടു നിശ്ചലനായി നിലകൊണ്ടു. ഏറെ നേരത്തേയ്ക്ക് അയാള്‍ ഒന്നും പറഞ്ഞില്ല. തന്റെ പത്നിയുടെ മുഖത്ത്നിന്ന് അയാള്‍ തല തിരിച്ചുകളഞ്ഞു. ഒടുവില്‍ വളരെ താഴ്ന്ന സ്വരത്തില്‍ അവളുടെ പേര് അയാളുച്ചരിച്ചു: ``വിഗ്ഡിസ്!''
അതു കഴിഞ്ഞ് അയാള്‍ കുതിരപ്പുറത്തു കയറി. വളരെ ദൂരെ ഒന്നും മിണ്ടാതെ അവര്‍ തൊട്ടുതൊട്ടു കുതിരയോടിച്ചുപോയി. വീട്ടില്‍ വന്നതിനുശേഷവും ലീക്നി നിശ്ശബ്ദതയും ദുഃഖിതയുമായിരുന്നു. ഇല പൊഴിയും കാലത്തിന്റെ അവസാനത്തോടുകൂടി അവള് ഒരു മകനെ പ്രസവിക്കുന്നതുവരെ അവളുടെ ഈ സ്ഥിതി ഒട്ടും തന്നെ ഭേദപ്പെടുകയുണ്ടായില്ല. കുട്ടിയുടെ മേല്‍ ജലതര്‍പ്പണം കഴിച്ചിട്ട് യോട്ട് അവനു `ഗിസ്സാര്‍' എന്നു പേരിട്ടു. അതിനു ശേഷം ലീക്നിക്ക് അല്പംകൂടി പ്രസാദമുണ്ടായി.
മുപ്പത്തിമൂന്ന്
അടുത്ത കൊല്ലത്തിലെ ഇല പൊഴിയും കാലത്ത് അവര്‍ ചെമ്മരിയാടുകളെ വീട്ടിലേയ്ക്കു തെളിച്ചുകൊണ്ടു വരുംവഴി ഏതാനും കപ്പാസിട്ട മുട്ടനാടുകള്‍ കാണാതിരിക്കുന്നതായി അവരുടെ കണ്ണില്‍പ്പെട്ടു. വീട്ടുവേലക്കാരില്‍ ഒരാളെ കൂടെ വിളിച്ചുകൊണ്ടു യോട്ട് തനിയെ അവയെ അന്വേഷിക്കാനായി പുറപ്പെട്ടു.
ഇതു കഴിഞ്ഞ മൂന്നാമത്തെ ദിവസം ലീക്നി മുറ്റത്തു നില്ക്കുമ്പോള് വീട്ടുവേലക്കാരന് ചെമ്മരിയാടുകളെ തെളിച്ചുകൊണ്ടുവരുന്നതുകണ്ടു. യോട്ടിനെന്തു പറ്റിയെന്ന് അവള് അന്വേഷിച്ചു. കുടിലിന്റെ ഭിത്തുകള് കേടുപാടു പോക്കുന്നതിനായി അയാള്‍ കൃഷിസ്ഥലത്തു തങ്ങിയിരിക്കുകയാണെന്ന് അവന് മറുപടി പറഞ്ഞു.
ലീക്നി ഉടന്‍തന്നെ വെളിയിലേയ്ക്കിറങ്ങി മൈതാനത്തിലേയ്ക്കു കണ്ണോടിച്ചു. അന്തരീക്ഷം അച്ഛകോമളമായിരുന്നു. കുന്നിന്‍പുറങ്ങളെ ആവരണംചെയ്തിരുന്ന പുതുമഞ്ഞില്‍ ആദിത്യകാന്തി വര്‍ണ്ണശോഭ പരത്തി. കുറെക്കഴിഞ്ഞ് യോട്ട് കുടില്കേടുപാടു നീക്കുവാന്‍ ഒരുങ്ങിയിട്ടുള്ളതുകൊണ്ടു പല കാര്യവും പറഞ്ഞു ചെയ്യിക്കേണ്ടിതായി തനിക്കുണ്ടെന്നും അതിനാല്‍ താന്‍കൂടി കൃഷിസ്ഥലത്തേയ്ക്കു പോകുന്നതാണുത്തമെന്നു താന്‍ കരുതുന്നുവെന്നും അവള് വീട്ടിലുള്ള ആളുകളെ അറിയിച്ചു!
അവള് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കെ അവര്‍ തമ്മില്‍ത്തമ്മില്‍ നോക്കി അല്പം പുഞ്ചിരിയിട്ടു.
പക്ഷേ ലീക്നി തന്റെ സംസാരം തുടര്‍ന്നുകൊണ്ടേയിരുന്നു. അവസാനം താന്‍ പോകുന്നുവെന്നുതന്നെ അവള് ഉറപ്പിച്ചു. തന്നെ അനുഗമിക്കുവാനായി അവര്‍ ബുദ്ധിമുട്ടേണ്ടതില്ലെന്ന് അവള് അവരോടു പറഞ്ഞു . കുട്ടിക്കാലം മുതല്ക്കേ അവളൊന്നിച്ചുണ്ടായിരുന്നതും എവിടെയും എപ്പോഴും ഒരു നായിനെപ്പോലെ അവളെ അനുഗമിച്ചുകൊണ്ടിരുന്നതുമായ ഒരു കിഴവന് പരിചാരകന് അവള്‍ക്കുണ്ട്. അയാളെമാത്രം കൂട്ടിക്കൊണ്ട് അവള് യാത്ര തിരിച്ചു.
സൂര്യാസ്തമനത്തിനു മുന്‍പ് അവര്‍ കുടിലില്‍ എത്തിച്ചേര്‍ന്നു; പക്ഷേ യോട്ടിന്റെ പൊടിപോലും അവിടെ കണ്ടില്ല. എന്നിരുന്നാലും അന്ന് അയാള്‍ ചതുപ്പുനിലത്തുനിന്നു കളകള്‍ അറുത്തുകളഞ്ഞിട്ടുള്ളത് അവര്‍ക്കു കാണാന്‍ കഴിഞ്ഞു; അയാളുടെ തുമ്പയും കട്ടാമ്പാരയും കുടിലിന്റെ ചുമരില്‍ ചാരിവെച്ചിട്ടുമുണ്ട്. അവര്‍ ഉള്ളിലേയ്ക്കു കടന്നു. അഗ്നികുണ്ഡത്തില്‍ അപ്പോഴുമുണ്ട്. അവര്‍ ഉള്ളിലേയ്ക്കു കടന്നു. അഗ്നികുണ്ഡത്തില്‍ അപ്പോഴുമുണ്ട് കെടാത്ത തീക്കനലുകള്‍. കൃഷിപ്പുര ആ നാട്ടിലെ സമ്പ്രദായമനുസരിച്ചു കല്ലുകെട്ടി പുറമേ മണ്ണു പൂശിയതാണ്. ഉള്ളില്‍ ചുമരിനു ചുറ്റും അതുപോലെതന്നെ കല്ലുകെട്ടി മണ്ണുതേച്ച ഒരിരിപ്പുതിണ്ണയുണ്ട്. രണ്ടുപേര്‍ക്കു തൊട്ടുതൊട്ടു കിടക്കത്തക്കവിധം വിസ്താരമുള്ള ഒരു ബെഞ്ച്; അതിന്മേല് ഒരു കിടക്കവിരിച്ചു തയ്യാറാക്കിയിരിക്കുന്നു. വാതില്ക്കല്നിന്നുള്ള പുക, മഴച്ചീററല് ഇവയെ തടയുന്നതിനായി ബന്ധിച്ചിട്ടുള്ള ഒരു കനത്ത പലകയ്ക്കുമീതെ തോലുകളും കമ്പികളും തൂക്കിയിട്ടിരിക്കുന്നതുകാണാം.
ലീക്നി കുറച്ചുനേരം കാത്തുനിന്നു. പക്ഷേ യോട്ട് വന്നു ചേര്‍ന്നില്ല. അനന്തരം, പശുക്കള്‍ക്കുള്ള പുരയില്‍ ചെന്നു കിടന്നുകൊള്ളുവാനായി അവള് പരിചാരകനോടു പറഞ്ഞു. നല്ല തണുപ്പ്; വിറകാണെങ്കില്‍ പറയത്തക്കവിധമൊന്നുമില്ല; യോട്ട് മടങ്ങിയെത്തുന്നതുവരെ തീയെരിക്കാന് സാധിക്കാതെ വരും; അതിനാല്‍ അവള് തണുപ്പിനെ തടുത്തുനിര്‍ത്തുവാനായി കമ്പിളിത്തിരകള്‍ കെട്ടഴിച്ചിട്ടു കിടയ്ക്കപ്പുറത്തു കയറിക്കിടന്നു. നിമിഷത്തിനുള്ളില്‍ അവള് ഉറക്കമായി.
രാത്രിയില്‍ മുറിയിലുണ്ടായ ഒരു സ്വരധാരയാല്‍ അവള് ഉണര്‍ത്തപ്പെട്ടു. കമ്പിളികള്ക്കിടയിലൂടെ നോക്കിയപ്പോള്‍ അവള് അഗ്നികുണ്ഡത്തില്‍ തീയെരിയുന്നതായിക്കണ്ടു. നീളമുള്ള ഇരിപ്പുതിണ്ണയില് തന്നോടു വളരെ അടുത്തുതന്നെ യോട്ട് ഇരിക്കുന്നു; പക്ഷേ മുറിയില്‍ വേറൊരാള് കൂടിയുണ്ട്; ആ മനുഷ്യന്റെ സ്വരത്തില്നിന്ന് അയാള്‍ തന്റെ രണ്ടാമച്ഛനാണെന്നവള്ക്കു മനസ്സിലായി. എന്താണയാള് പറയുന്നതെന്ന് അവള് ചെവി വട്ടം പിടിച്ചു. ``സിഗേര്‍ഡ് ബീനെസണും അയാളുടെ ബന്ധുക്കളുമായിട്ടുള്ള തന്റെ വഴക്ക് ഇങ്ങനെ നിലവിലിരിക്കുമ്പോള്‍ താന്‍ ഈ വനഭൂമിയില്‍ തനിച്ചു താമസിക്കുന്നതു ബുദ്ധിപൂര്‍വ്വമുള്ള ഒരു പെരുമാറ്റമായിരിക്കുമെന്ന് എനിക്കു തോന്നുന്നില്ല. തന്നെ നഷ്ടപ്പെടേണ്ടിവന്നാല്‍ എന്തൊരു മഹാദുഃഖമായിരിക്കും ലീക്നിക്ക്! തന്റെ പുത്രന്മാരാണെങ്കില്‍ ഇപ്പോഴും തീരെ കുഞ്ഞുങ്ങളും!''.........
തല ചുമരില്‍ ചാരിക്കൊണ്ടാണ് യോട്ടിന്റെ ഇരിപ്പ്; അയാള്‍ മറുപടി പറഞ്ഞു:
``അവര്‍ക്കുവേണ്ടി അവരുടെ അടുത്തുനിന്നു വിട്ടുമാറാതങ്ങനെ കഴിച്ചുകൂട്ടിയേ തീരൂ എന്നു ഞാന്‍ കരുതുന്നില്ല. എനിക്കറിയാം, അവരില്നിന്നായിരിക്കില്ല എന്റെ മരണം. എനിക്ക് ഏറ്റവും ഹീനമായ ഒരു മൃത്യൂവിനായി അത്യധികം ആശിക്കുന്ന ഒരാളെ എനിക്കറിയാം . പക്ഷേ അതിനു മുന്‍പു നമുക്കു തമ്മില്‍ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു.''
``എന്തിനെക്കുറിച്ചാണ് താനീ സംസാരിക്കുന്നത്?'' വെറ്റര്‍ലൈഡ് ചോദിച്ചു. പക്ഷേ യോട്ട് ഒന്നും മറുപടി പറഞ്ഞില്ല. കുറച്ചു കഴിഞ്ഞ് അയാള്‍ വീണ്ടും സംസാരിച്ചു:
``ലീക്നി ഒരു വിധവയായിത്തീരുന്നപക്ഷം, അത് അവളുടെ ചെറുപ്പത്തില്‍ത്തന്നെ സംഭവിക്കുന്നതായിരിക്കും കൂടുതല്‍ നന്ന്; എങ്കില്‍ അവള്‍ക്കു സ്വയം സമാധാനപ്പെടാന്‍ മാര്ഗ്ഗമുണ്ടായേയ്ക്കും.''
``എന്നാല്‍ അവളുടെ മനസ്ഥിതിയെക്കുറിച്ചു തനിക്ക് ഒരു ചുക്കുമറിഞ്ഞുകൂടാ.'' വെറ്റര്‍ലൈഡ് പ്രതിവചിച്ചു: ``തന്റെ കാലം കഴിഞ്ഞ് അവളിനി മറ്റൊരാളെ ഭര്‍ത്താവായി സ്വീകരിക്കുമെന്ന് എനിക്കു വിശ്വാസമില്ല. അവള് സ്നേഹിക്കുന്ന ആളുകളെ അവള്‍ക്ക് അത്ര വലിയ ബഹുമാനമാണ്.''
യോട്ട് മുമ്പിലത്തെപ്പോലെ ഒന്നും മിണ്ടാതിരുന്നു. വെറ്റര്‍ലൈഡ് തുടര്‍ന്നുപറഞ്ഞു: `ഈ ലോകം മുഴുവന്‍ തിരിഞ്ഞുനടന്നാലും നിങ്ങള്‍ക്കു കിട്ടിയപോലൊരു ഭാര്യയെ ഒരിക്കലും നിങ്ങള്‍ക്കു കണ്ടെത്താന്‍ സാധ്യമല്ല; നിങ്ങള്‍ക്കുതന്നെ അതു നന്നായറിയാമല്ലോ!''
``പരമാര്ത്ഥമാണത്.''യോട്ട് പറഞ്ഞു: ``പക്ഷേ ലീക്നിയുടെ സര്വ്വസൗന്ദര്യത്തെക്കാളും ഞാന്‍ സ്നേഹിക്കുന്നതു മറ്റവളുടെ മുലകള്‍ക്കിടയിലുള്ള ആ കാക്കപ്പുള്ളിയെയാണ്. ലീക്നി അവളുടെ മൃദുലകരങ്ങള്‍ എന്റെ കഴുത്തില്‍ ചുറ്റുമ്പോള്‍ അവളെ സ്നേഹിക്കുന്നതിനെക്കാള്‍ പതിന്മടങ്ങായി മറ്റവള് എന്റെ കഴുത്തില്‍ അവളുടെ കത്തികൊണ്ടു വെട്ടിയപ്പോള്‍ ഞാന്‍ അവളെ സ്നേഹിച്ചുപോയി!
എന്നെ സ്വീകരിക്കുവാനായി ലീക്നി ഞങ്ങളുടെ വാതില്ക്കല് ദയാമയങ്ങളായ മൊഴികളോടുകൂടി കാത്തു നില്ക്കുന്നുണ്ടെന്ന ബോധത്തോടെ സ്ക്കോമെഡാലിലേക്കു ഞാന്‍ കുതിരയോടിച്ചുപോരുന്ന അവസരങ്ങളില്‍ എനിക്കുണ്ടാകുന്നതിനെക്കാള് എത്രയോ കുറവായ മനോദുഃഖമേ മറ്റവളുടെ ശാപോക്തികളെക്കുറിച്ചു ചിന്തിച്ചുകൊണ്ട് അന്നാ ശീതകാലത്തു `ദൊവ്രോ'യിലൂടെ കുതിരപ്പുറത്തുപോന്നപ്പോള് എനിക്കു തോന്നിയിരുന്നുള്ളൂ. ആ കാാറെ അവളെ അവന്റെ മാറോടുചേര്‍ത്ത് ആശ്ലേഷിക്കുന്നതായി സങ്കല്പിക്കുന്നതിനെക്കാള് വെള്ളക്കരടിയുടെ അള്ളിത്തറഞ്ഞ നഖങ്ങളോടു കൂടിയ മുഷ്ടിയില്ക്കിടന്നു ചോരയൊലിച്ചു പിടയ്ക്കുന്നതാണ് എനിക്കിഷ്ടം.''
ഇതു കേട്ടു വെറ്റര്‍ലൈഡ് വളരെ കോപത്തോടെ പ്രസ്താവിച്ചു:
``തന്റെ പ്രവൃത്തി ഒട്ടും തന്നെ നന്നായില്ല. തന്റെ വിവാഹകാര്യം ഉറപ്പിക്കുന്നതിനു മുന്‍പായി താനിതിനെക്കുറിച്ചു പറയാതിരുന്നതാണ് എല്ലാറ്റിലും വഷളായ കാര്യം.''
``അതേ,'' യോട്ട് പറഞ്ഞു: ``പക്ഷേ ഒരിക്കല്‍ വിവാഹം കഴിഞ്ഞാല്‍ അവളെ പാടേ വിസ്മരിക്കുവാന്‍ എനിക്കു സാധിക്കുമെന്നായിരുന്നു അന്നത്തെ എന്റെ വിചാരം. അന്നു ഞാന്‍ അവളോടു ഹീനമായിപെരുമാറി. അതിന്റെ ഫലം ഞാന്‍ അനുഭവിച്ചേ ഒക്കൂ എന്ന് ഇന്നെനിക്കു മനസ്സിലാകുന്നു. എന്തുകൊണ്ടെന്നാല്‍ അതിസുന്ദരിയായ ആ കന്യകയെ കൈയില്‍ കിട്ടിയിട്ടും അവള് എനിക്കു നഷ്ടപ്പെട്ടു എന്ന ചിന്ത എന്റെ ജീവാവസാനംവരെ എന്നെ വേദനിപ്പിച്ചുകൊണ്ടിരിക്കും.''
ഗുന്നാറുടെ ഉദാരമായ അതിഥിസല്‍ക്കാരത്തിനു പകരമായി താന്‍ കൊടുത്ത പ്രതിഫലം ഹീനമായിരുന്നുവെന്നു ഞാനിപ്പോള്‍ ഭയപ്പെടുന്നു.'' വെറ്റര്‍ലൈഡ് ശങ്കാപൂര്‍വ്വം പറഞ്ഞു.
``നിങ്ങള്‍ വിചാരിക്കുന്നതിനെക്കാള്‍ വളരെ വളറെ ഹീനമായിരുന്നു.'' യോട്ട് പറഞ്ഞു:
``വിഗ്ഡിസ്സും ഞാനും കൂടി കാട്ടുപഴങ്ങള്‍ പറിച്ചുതിന്നു കൊണ്ടിരുന്നതാണ്, അവിടത്തെ എന്റെ ജീവിതത്തിലെ ഏറ്റവും ശോഭനമായ മുഹൂര്‍ത്തം. എന്റെ പിതാവിനെ വധിച്ച ഹാക്കെട്ടിന്ഡിനെ എന്റെ കുട്ടിക്കാലത്തു ഞാന്‍ കുത്തിക്കൊന്നപ്പോള്‍ ഉണ്ടായതിനെക്കാള്‍ പതിന്മടങ്ങാനന്ദമാണ് അന്ന് അവളോടുചേര്‍ന്ന് ആ ബലിക്കാവിലെ പാറപ്പുറത്തിരിക്കുമ്പോള്‍ എനിക്ക് അനുഭവിക്കുവാന്‍ സാധിച്ചത്. പക്ഷേ അവിടെവെച്ചു ഞങ്ങളുടെ അവസാനത്തെ സന്ദര്ശനത്തിന്നുശേഷം അവള് വീട്ടിലേയ്ക്കു പോയതു സഹിക്കാന്‍ സാധിക്കാത്ത സങ്കടത്തോടുകൂടിയാണ്. എന്നാല്‍ അതിനെക്കാള്‍ ഉല്‍ക്കടമായ ഒരു ഹൃദയവൃഥയാണ് എനിക്കനുഭവിക്കാനുള്ളതെന്നു ഞാന്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.''
വൈറ്റര്ലൈഡ് സകോപം പ്രസ്താവിച്ചു: ``ഗുന്നാറുടെ മകളെ താന്‍ ബലം പ്രയോഗിച്ച് അവളുടെ ചാരിത്രം അപഹരിച്ചിരിക്കും, ഇല്ലേ? എങ്കില്‍ വെറുമൊരു ഭീരുവിന്റെ പ്രവൃത്തിയായിരുന്നു താനാ ചെയ്തത്. കഷ്ടം, താനിങ്ങനെ ചെയ്യുമെന്ന് ഒരിക്കലും ഞാന്‍ വിശ്വസിച്ചിരുന്നില്ല.''
ഒരു ചെറിയ ചിരിയോടെ യോട്ട് പ്രതിവചിച്ചു: ``ഞാനങ്ങനെ ചെയ്യുമെന്ന് എനിക്കുതന്നെ വിശ്വാസമില്ലായിരുന്നു.''
വെറ്റര്‍ലൈഡ് വീണ്ടും പറഞ്ഞു: ``അത് അറു വഷളായ ഒരു കാര്യമായിപ്പോയി, അനിയാ.''
യോട്ട് വീണ്ടും ചിരിച്ചുകൊണ്ടു പ്രസ്താവിച്ച: ``അതേ, അതു നന്നായില്ല.''
അതു കഴിഞ്ഞ് ഏറെനേരത്തേയ്ക്ക് അവര്‍ ഒന്നുംതന്നെ ശബ്ദിച്ചില്ല. ഒടുവില്‍ യോട്ട് എഴുന്നേറ്റ് ഉടുപ്പുകള്‍ ഊരിയിടാന്‍ ഒരുമ്പെട്ടു. വെറ്റര്ലൈഡിന് ഉറങ്ങാറായില്ലേ എന്ന് അയാള്‍ അന്വേഷണം നടത്തി. ലീക്നി ചുമരിനോടു ചേര്‍ന്നു പറ്റിപ്പിടിച്ചു കിടന്നു. കണ്ണിറുക്കിയടച്ചു നല്ല ഉറക്കമാണെന്ന നാട്യത്തില്‍ കിടക്കാന്‍ ശ്രമിച്ചു.
ഉടുപ്പുകളെല്ലാം ഊരിയിട്ടശേഷം തിര ഒരു വശത്തേയ്ക്കു നീക്കി കിടക്കാന്‍ ഭാവിച്ചപ്പോഴേയ്ക്കും അവള് അയാളുടെ കണ്ണില്‍പ്പെട്ടു. അഗ്നിജ്വാലപോലെ അരുണവര്ണ്ണനായിത്തീര്ന്ന അയാള്‍ കമ്പിളിത്തിര അതേപടിതന്നെ താഴോട്ടു വീഴ്ത്തി. അനന്തരം അയാള്‍ മുന്നോട്ടു ചാഞ്ഞു മൃദുലമായ സ്വരത്തില്‍ അവളെ വിളിച്ചു. ലീക്നി വിളികേട്ടില്ല. ഗാഢമായ നിദ്രയിലെന്നപോലെ അവള് ശക്തിയായി കൂര്‍ക്കംവലിക്കാന്‍ തുടങ്ങി യോട്ട് തിരിഞ്ഞുനിന്നു തന്റെ ബന്ധുക്കാരനോടു പറഞ്ഞു: ``ആ നീളമുള്ള ഇരിപ്പുതിണ്ണയില് നിങ്ങള്‍ക്കു കിടയ്ക്ക വിരിക്കേണ്ടിയിരിക്കുന്നു. ഇതാ, ലീക്നി ഇവിടെ എത്തിയിട്ടുണ്ട്.''
വെറ്റര്‍ലൈഡ് ആശ്ചര്യഗര്ഭമായ ഒരു ഉദ്ഘോഷം നടത്തി; പക്ഷേ യോട്ട് നിമിഷത്തിന്നുള്ളില്‍ അയാളുടെ വാ പൊത്തിക്കളഞ്ഞു. ``ഇന്നു വൈകുന്നേരം മുതല്‍ അവള് നല്ലപോലെ ഉറങ്ങുകയാണെന്നു തോന്നുന്നു.'' അയാള്‍ വെറ്റര്‍ ലൈഡിനു കിടപ്പിനുള്ള വട്ടമെല്ലാം തയ്യാറാക്കിക്കൊടുത്തു. ഒന്നുംതന്ന അയാള്‍ ശബ്ദിച്ചില്ല. അനന്തരം ലീക്നിയുടെ സമീപം കിടക്കാന്‍ ഭാവിച്ചപ്പോള്‍ അവള് ഉറങ്ങുകയായിരുന്നോ എന്നറിയുവാനായി അയാള്‍ അവളുടെ മാറില്‍ കൈവെച്ചുനോക്കി. വലയില്‍പ്പെട്ട ഒരു മത്സ്യത്തെപ്പോലെ അവളുടെ ഹൃദയം അത്രശക്തിയായി പിടയ്ക്കകയും പതറുകയും ചെയ്യുന്നുണ്ടെന്ന് അയാള്‍ക്കു ഗ്രഹിക്കാന്‍ സാധിച്ചു.
എന്താണവളോടു പറയേണ്ടതെന്ന് ഒരെത്തും പിടിയും കിട്ടാതെ അയാള്‍ അവിടെ മിഴിച്ചുകിടന്നു. അയാള്‍ ഒന്നും പറഞ്ഞില്ല. അന്നു രാത്രി അവര്‍ രണ്ടുപേരും ഉറങ്ങിയില്ല; ഉറക്കം നടിച്ചതേയുള്ളൂ. പക്ഷേ ഇരുകൂട്ടര്‍ക്കും നല്ല നിശ്ചയമുണ്ടായിരുന്നു, മറ്റേയാള്‍ ഉണര്‍ന്നു കിടക്കുകയാണെന്ന്.
പ്രഭാതമാകാറായതോടെ അല്പനേരത്തേയ്ക്ക് അയാള്‍ ഒന്നു കണ്ണടയ്ക്കുകയുണ്ടായി. അപ്പോഴേയ്ക്കും ലിക്നി നിശ്ശബ്ദമായി വിങ്ങിവിങ്ങിക്കരയാന്‍ തുടങ്ങി; അങ്ങനെ കരഞ്ഞുകരഞ്ഞു അവളും കിടന്നുറങ്ങിപ്പോയി. അവള് ഉണര്‍ന്നപ്പോഴേയ്ക്കും പുരുഷന്മാര് എഴുന്നേറ്റു പ്രാതല്‍ തയ്യാറാക്കുകയായിരുന്നു. അവള് വേഗത്തില്‍ വസ്ത്രധാരണം നിര്‍വ്വഹിച്ച് അവരെ അഭിവാദ്യം ചെയ്തു. എപ്പോഴാണവള്‍ വന്നതെന്നും രാത്രിയില്‍ അവരുടെ സംസാരം അവള് കേട്ടോ എന്നും വെറ്റര്‍ലൈഡ് അവളോടു ചോദിച്ചു. അതു കേട്ടയുടന്‍ തനിക്കു പോയി കുതിരകളുകാര്യം നോക്കേണ്ടതായിട്ടുണ്ടെന്നു പറഞ്ഞു യോട്ട് തിടുക്കത്തില്‍ പിടിച്ചെഴുന്നേറ്റു.
ഏതാണ്ടു അത്താഴം കഴിക്കാനുള്ള സമയത്താണ് അവിടെവന്നു ചേര്‍ന്നതെന്നും തന്റെ ഭര്‍ത്താവിനെ കാത്ത് ഏറെനേരം ഉറങ്ങാതെ കിടന്നുവെന്നും ഒടുവില്‍ താനേ അങ്ങുറങ്ങിപ്പോകയും ഇതുവരെ കിടന്നുറങ്ങുകയും ചെയ്തു എന്നും ലീക്നി മറുപടി പറഞ്ഞു.
``പക്ഷേ, നിങ്ങള്‍ ഇന്നലെ രാത്രി എവിടെയായിരുന്നു, യോട്ട്? എവിടെനിന്നാണ് വെറ്റര്‍ലൈഡ് ഇവിടെ വന്നു കൂടിയത്?''
താന്‍ വെച്ചിരുന്ന വലക്കൊറ്റാലികള് എങ്ങനെയിരിക്കുന്നുവെന്നു പരിശോധിക്കാന്‍ വെളിയിലേയ്ക്കു പോയതാണെന്നും കിഴക്കു `ഗഗ്ലെ' ചതുപ്പുനിലത്തിനടുത്തുവെച്ചു വെറ്റര്‍ലൈഡിനെ കണ്ടുമുട്ടിയെന്നും യോട്ട് പറഞ്ഞു. അദ്ദേഹം സ്ക്കോമെഡാലിലേയ്ക്കു വരികയായിരുന്നുവത്രേ! അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ മുമ്പേ കുതിരയോടിച്ചുപോയിട്ടുണ്ട്. യോട്ട് വാതില്ക്കല്നിന്ന് ഇണയായ ഒരു ജോടി കുളക്കോഴികളെ എടുത്ത് അവയെ തങ്ങളുടെ ഭക്ഷണത്തിന്നു പാകപ്പെടുത്തുവാന്‍ പറഞ്ഞു ലീക്നിയുടെ കൈയിലേയ്ക്കു കൊടുത്തു. അവള് അങ്ങനെ ചെയ്തു. താനെന്തിനാണ് വന്നിട്ടുള്ളതെന്ന് അവള് യോട്ടിനെ അറിയിച്ചു. അവള്‍ക്കാവശ്യമുള്ള വിധത്തില്‍ ചുമരലമാരകള്‍ ഘടിപ്പിക്കാമെന്നും കുടില്‍ സംബന്ധിച്ച് അവളുടെ ഉപദേശം സ്വീകരിക്കാമെന്നും അയാള്‍ വാഗ്ദാനംചെയ്തു. അതു കഴിഞ്ഞ് അവളും വെറ്റര്ലൈഡും കൂടി വന്നുചേര്‍ന്ന ആളുകളുടെ കൂടെ ചേരുവാനായി മലഞ്ചെരുവിലേയ്ക്കു പോയി.
വേകുന്നേരം വളരെ വൈകിയതിന്റെശേഷം യോട്ട് കുതിരയോടിച്ചു മുറ്റത്തു വന്നു നിന്നു. വാതില്ക്കല് നില്പായിരുന്നു ലീക്നി; പക്ഷേ അയാളെ കണ്ടതോടെ അവള് വേഗത്തില്‍ നെയ്ത്തുപുരയിലേയ്ക്കു പോയി. അയാള്‍ പുറകേ എത്തി തന്റെ നേരെ അവള് നോക്കത്തക്കവിധത്തില്‍ അയാളുടെ കൈ അവളുടെ തോളില്‍ വെച്ചു. കണ്ണീര്‍ക്കണങ്ങള്‍ അവളുടെ കണ്ണില്‍നിന്നു തള്ളിപ്പുറപ്പെട്ടു കവിളില്ക്കൂടി ധാരയായി ഒഴുകി ക്കൊണ്ടിരുന്നു. അനന്തരം അയാള്‍ അവളെ ചുംബിച്ചുകൊണ്ടു പറഞ്ഞു:
`നിനക്ക് എന്റെ പേരിലുള്ള സ്നേഹത്തില്‍ ആനന്ദിക്കുവാന്‍ എനിക്കു സാധിച്ചിരുന്നെങ്കില്‍ ഞാന്‍ എത്രമാത്രം ഭാഗ്യവാനാകുമായിരുന്നു എന്നു നന്നായറിയുന്നു. നിന്നെപ്പോലെ നല്ലവളായി ആരും തന്നെയില്ല.''
ലീക്നി മറുപടി പറഞ്ഞു: ``ഇന്നലെ രാത്രിയിലത്തെ നിങ്ങളുടെ സംസാരങ്ങള്‍ നിങ്ങള്‍ വിചാരിക്കും പോലൊന്നും എന്നെ വേദനിപ്പിച്ചിട്ടില്ല. ഇവിടെയുള്ള മൈതാനത്തില്‍വെച്ച് അന്നു നിങ്ങള്‍ അവളുടെ പേര് എന്നോടു പറഞ്ഞപ്പോള്‍ എനിക്കു കേള്‍ക്കാവുന്നതില്‍ ഏറ്റവും അസഹ്യമായതു ഞാന്‍ കേട്ടുകഴിഞ്ഞു.''
``ഇതിനുശേഷം എങ്ങനെയാണ് ഇനി നാം തമ്മിലുള്ള പെരുമാറ്റത്തിന്റെ നില?'' അയാള്‍ ചോദിച്ചു.
ലീക്നി മറുപടി പറഞ്ഞു: ``അതെല്ലാം നിങ്ങളുടെ ഇഷ്ടംപോലെ! ഇന്നിപ്പോള്‍ നിങ്ങള്‍ക്കുള്ളപോലെ ഉണര്‍വും ജീവനും എപ്പോഴും നിങ്ങള്‍ എന്നോടൊന്നിച്ചു കണ്ടെത്തും.''
യോട്ട് മുഖംതിരിച്ചുകൊണ്ട് ഒരു നിമിഷം അങ്ങനെ നിന്നു. അനന്തരം അയാള്‍ അവളെ വീണ്ടും ചുംബിച്ചിട്ടു വെളിയിലേയ്ക്കിറങ്ങിപ്പോയി.
മുപ്പത്തിനാല്
കാലം എത്ര കടുത്ത സങ്കടത്തെയും മാച്ചുകളയുന്നു; എവിടെയും ഇതിന്നു പറയത്തക്ക വ്യത്യാസമൊന്നുമില്ല; ഇവിടത്തെ കഥയും അങ്ങനെതന്നെ. കൊല്ലങ്ങള്‍ ഓരോന്നായി കടന്നുപോകുന്നതിനൊപ്പം ഇവര്‍ക്കും രണ്ടുപേര്‍ക്കും- യോട്ടിനും ലീക്നിക്കും-മനസ്സിരുത്തേണ്ട മറ്റു കാര്യങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ഒട്ടുവളരെ ഉണ്ടായിക്കൊണ്ടിരുന്നു. അങ്ങനെ ഈ മനോവൃഥപോലും ക്രമേണ ആറിയടങ്ങി. മറ്റു പ്രകാരത്തില്‍ അവര്‍ എപ്പോഴും നല്ല സുഹൃത്തുക്കളായിരുന്നു. ഏറിയ കൂറും സ്ക്കോമെഡാലിലെ ഗൃഹത്തില്‍നിന്നു വെളിയിലിറങ്ങാതെയാണ് അവര്‍ കഴിഞ്ഞിരുന്നത്; അതിനാല്‍ ജനങ്ങള്‍ക്കു തീരെ അപൂര്‍വ്വമായി മാത്രമേ അവരെ കാണാന്‍ ഒത്തുള്ളൂ.
യോട്ടിനും ലീക്നിക്കും മൂന്നു കുട്ടികളുണ്ട്. മൂത്തവനാണ് ലൈട്ടിംഗ്; ഹോള്ട്ടാറില് അവന്റെ അമ്മൂമ്മയാണ് അവനെ വളര്‍ത്തിക്കൊണ്ടുവന്നത്. കുട്ടിക്കാലത്തുതന്നെ അവന് അവിടെക്കിടന്നു മരിച്ചുപോയി. മറ്റുള്ളവരുടെ പേരുകള്‍ ഗിസ്സര്‍ എന്നും സ്റ്റീന്‍വര്‍ എന്നുമാണ്. തന്റെ കുഞ്ഞുങ്ങളില്‍ സ്റ്റീന്വറിനോടായിരുന്നു യോട്ടിന് ഏറ്റവുമധികം ഇഷ്ടം. ഇവര്‍ രണ്ടു പേരും ഒരപകടത്തില്‍പ്പെട്ടു മരിക്കാനിടയായി. അതു സംഭവിച്ചതിങ്ങനെയാണ്.
വസന്തകാലത്തെ ഒരു സായാഹ്നത്തില്‍ സ്ക്കോമെഡാലിലെ കുട്ടികള്‍ വെളിയില്‍ കളിക്കുകയായിരുന്നു. കൃഷിസ്ഥലത്തു പണിയെടുക്കുന്നവരുടെ ചില കുട്ടികള്‍കൂടി അവരോടൊന്നിച്ചുണ്ട്. ഗിസ്സര്‍ അവരുമൊന്നിച്ച് ഒരു അടയാളത്തെ ലക്ഷ്യമാക്കി വില്ലു വലിച്ച് എയ്യുകയാണ്. അവന് എഴുവയസ്സു പ്രായമുണ്ട്; സ്റ്റീന്വറിനു നാലും.
കൃഷിസ്ഥലത്തെ വേലിക്കരികില്ക്കൂടി കീഴോട്ടു സ്വര്ത്തായിലേയ്ക്കു പുളഞ്ഞൊഴുകിപ്പോകുന്ന അരുവിയുടെ വക്കില്‍ വറ്റിപ്പോകുന്നവിധം അത്ര ചെറുതായിരുന്നു ആ പുഴ. പക്ഷേ ഇപ്പോള്‍ വസന്തകാലമായതിനാല്‍ വെള്ളം കുറച്ചധികമുണ്ട്. നദിയില്‍ തങ്ങള്‍ കണ്ടിട്ടുള്ളപോലെ കുട്ടികള്‍ അതില്‍ അണകള്‍ കെട്ടിയിരുന്നു. അതിനാല്‍ ഏറ്റവും താഴ്ചയുള്ളിടത്തു പൊക്കംകുറഞ്ഞ ഒരാളിന്റെ കാല്മുട്ടോളം എത്തുന്ന വെള്ളം അതിലൊരടത്തു കുളംപോലെ കെട്ടിനിന്നു.
തന്നത്താന്‍ ഓരോന്നു പറഞ്ഞുകൊണ്ടു സ്റ്റീന്‍വര്‍ അവിടെയങ്ങനെ കളിച്ചുകൊണ്ടു നില്‍ക്കുകയാണ്. ആ അവസരത്തില്‍ പുഴയുടെ നഗ്നമായ മറുകരയില്‍ സന്ധ്യാസൂര്യന്‍ മിന്നിത്തിളങ്ങുന്നത് അവളുടെ കണ്ണില്‍പെട്ടു. വെനല്ക്കാലത്തെ സ്പഷ്ടമായി ഓര്‍മ്മിക്കാന്‍, തീരെ കൊച്ചുകുഞ്ഞായിരുന്നതിനാല്‍, അവള്‍ക്കു കഴിഞ്ഞിരുന്നില്ല; പക്ഷേ ആ കരയില്‍ പുഷ്പങ്ങളുണ്ടായിരിക്കണമെന്ന് അവള്‍ക്കു തോന്നി; അതിനാല്‍ നദിയുടെ മേല്ഭാഗത്തേയ്ക്കു കുറച്ചു ദൂരം അവള് വെള്ളത്തിലൂടെ തത്തിതത്തിപ്പോയി; ഏറ്റവും ആഴംകുറഞ്ഞ ഭാഗമായിരുന്നു അത്.
സൂര്യപ്രകാശത്താല്‍ നയനമോഹനമായ ആ അരുവിക്കരയില്‍ അവള്‍ക്ക് എന്തെന്നില്ലാത്ത ആഹ്ലാദം തോന്നി. കല്ലുകളും പായല്‍ച്ചെടികളും ശേഖരിച്ച് അനേകം ചെമ്മരിയാടുകളും പശുക്കളും കുതിരകളുമുള്ള ഒരു കൃഷിപ്പുര പണിയുവാന്‍ അവള് ഒരുക്കമായി.
കുറച്ചു കഴിഞ്ഞു മുതിര്‍ന്ന കുട്ടികളെല്ലാം അകത്തുപോയി. ഗിസ്സര്‍ ഒറ്റതിരിഞ്ഞു. അവന് സഹോദരിയെ തിരക്കിത്തുടങ്ങി. അവള് എന്തു പണിത്തിരക്കിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്നു കാണുവാനായി അവന് വെള്ളത്തിലൂടെ തത്തിപ്രാഞ്ചി മറുകരയിലേയ്ക്കു ചെന്നു.
``ഓ, ഈ കുതിരകളെ എനിക്കു വീട്ടിലേയ്ക്കു തെളിച്ചുകൊണ്ടുപോണം.'' ഒരുപരപ്പു മഞ്ഞക്കല്ലുകള്‍ അവനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അവള് പറഞ്ഞു: �``ഈ ഒരു കുതിരത്താനെ എന്തു ചെയ്തിട്ടും പറ്റണില്ല. അവന് മഹാകുസൃതിക്കാരനാ. അവനെ പിടിച്ചുകൊണ്ടുവരാന്‍ ചേട്ടനോടിവരാമോ? എനിക്കൊക്കിണില്ല'' എന്നു പറഞ്ഞുകൊണ്ട് അവയില്‍ ഏറ്റവും വലിയ കല്ലു ദൂരേയക്കു വലിച്ചെറിഞ്ഞിട്ട് അവള് അതിന്റെ പുറകേ ഓടി.
കളിയില്‍ പങ്കുകൊള്ളാന്‍ തയ്യാറായിരുന്നു ഗിസ്സര്‍. പക്ഷേ അവള് തന്നത്താന്‍ പണിതുണ്ടാക്കിയ ആ കൃഷിപ്പുര തീരെ മോശമാണെന്ന് അവനു തോന്നി.
``ഞാനിപ്പോള്‍ നോര്‍വേയ്ക്കു പോവും.'' അവന് പറഞ്ഞു: ``എന്നിട്ടു പെര പണിയാന്‍ ഒരു പാടു മരം വാങ്ങിക്കും.'' അവളുടെ ഒരു കുഴിയന്ചെരുപ്പ് അവിടെ കിടന്നിരുന്നത് അവന്റെ ദൃഷ്ടിയില് പെട്ടു. അതു നിറയെ ഉണങ്ങിയ പുഴക്കണ്ടല്ച്ചുള്ളികള് ഒടിച്ചിട്ടു കുളം പോലെവെള്ളം കെട്ടിനിന്നിരുന്നിടത്തേയ്ക്കൊഴുക്കി. അനന്തരം അവര്‍ ഒരസ്സല് കൃഷിപ്പുര പണിതുണ്ടാക്കി. പക്ഷേ എല്ലാം അവസാനിച്ചപ്പോഴേയ്ക്കും സൂര്യന് അസ്തമിച്ചിട്ട് ഏറെനേരം കഴിഞ്ഞിരുന്നു. കുട്ടികള്‍ വല്ലാതെ നനയുകയും അവര്‍ക്ക് അസഹ്യമായ തണുപ്പു തോന്നുകയും ചെയ്തു. അതിനാല്‍ വിട്ടിലേയ്ക്കു പോയി വല്ലതും വാങ്ങിക്കഴിക്കാമെന്ന് അവര്‍ തീരുമാനിച്ചു.
പക്ഷേ അപ്പോള്‍ സ്റ്റീന്വറിന്റ കുഴിയന്‍ ചെരിപ്പുനഷ്ടപ്പെട്ടിരിക്കുന്നു. തണുത്ത വെള്ളത്തിലൂടെ പോകാന്‍ വിഷമമാണെന്നു പറഞ്ഞ് അവള് കരയാന്‍തുടങ്ങി. ``ഞാന്‍ നിന്നെ അക്കരെ ചൊമന്നോണ്ട്വായി ആക്കാം, അനീത്തീ!'' അവന് പറഞ്ഞു. അവന് അവളെ ഒരു വിധത്തില്‍ വലിച്ചുവാരിയെടുത്തുകൊണ്ട് അരുവിയിലേയ്ക്കു പ്രാഞ്ചിപ്രാഞ്ചിയിറങ്ങി.
``നോക്ക്, അതാ അച്ഛന് വരണൊണ്ട്!'' സ്റ്റീന്‍വര്‍ ഉച്ചത്തില്‍ പറഞ്ഞു. അവര്‍ രണ്ടുപേരും അങ്ങോട്ടു നോക്കി. അയാളുടെ നേര്‍ക്കു കൈ വീശികാണിക്കാന് അവര്‍ തുനിഞ്ഞതാണ്. പക്ഷേ വെള്ളത്തിനടിയില്‍ കാല് വഴുതുന്ന മഞ്ഞുകട്ടയുണ്ടായിരുന്നു. ഗിസ്സറിന്റെ കാല് പെട്ടന്നു തെറ്റിപ്പോയി. അവളോടൊന്നിച്ച് അവന് വെള്ളത്തില്‍ വീണു.
നദിയുടെ മറുകരയില്‍ കന്നുകാലിവഴിയിലൂടെ യോട്ട് കുതിരപ്പുറത്തു വരുന്നുണ്ടായിരുന്നു. അയാള്‍ കുഞ്ഞുങ്ങളെ കാണുകയും അവരുടെ നേര്‍ക്കു കൈവീശി കാണിക്കുകയും ചെയ്തു. പിന്നീട് അവര്‍ വീഴുന്നതും വീണ്ടും എഴുന്നേല്‍ക്കാത്തതും അയാള്‍ കണ്ടു. കുതിരപ്പുറത്തുനിന്നു ചാടിയിറങ്ങി അയാള്‍ ഒരു കുറുക്കുവഴിയെ അങ്ങോട്ടു പാഞ്ഞുപോയി. സ്വര്‍ത്താ ഇറങ്ങിക്കടന്നപ്പോള് ഒഴുക്ക് അയാളെ മിക്കവാറും എടുത്തുകൊണ്ടു പോവുകതന്നെ ചെയ്തു; പക്ഷേ അയാള്‍ ഒരു വിധത്തില്‍ മറുകര പറ്റി. അവിടെനിന്നു വീണ്ടും അയാള്‍ അരുവിക്കരയിലെയ്ക്കു പറന്നു. കുട്ടികള്‍ വെള്ളം കെട്ടിനിന്ന സ്ഥലത്ത് അനക്കമില്ലാതെ കിടപ്പാണ്. അയാള്‍ അവരെ പൊക്കിയെടുത്തു. ഗിസ്സറിന്റെ നെറ്റി ഒരു പാറമേലടിക്കുകയും അവന് തന്റെ സഹോദരിയെ ഇരുകൈകളിലും അത്രമാത്രം മുറുകെപ്പിടിച്ചിരുന്നതിനാല് അവള് അവന്റെ കീഴെ ആയിപ്പോവുകയുമാണ്. ഉണ്ടായതെന്നും അവര്‍ രണ്ടുപേരും മുങ്ങിച്ചത്തുപോയി എന്നും അയാള്‍ കണ്ടു.
അവര്‍ രണ്ടുപേരും മരിച്ചു കഴിഞ്ഞു എന്നയാള്‍ക്കു മനസ്സിലായി;എന്നിരുന്നാലും അവരെ വാരിയെടുത്തുകൊണ്ട് അയാള്‍ മിന്നല്‍ വേഗത്തില്‍ വീട്ടിലേയ്ക്കോടി. ചൂടുള്ള തോലുകളും ചുടുചുടുന്നെനെയുള്ള പാലും കുറെ തരുവാനായി അയാള്‍ വിളിച്ചു പറഞ്ഞു.
കുഞ്ഞുങ്ങളെ കണ്ട നിമിഷത്തില്‍ ലീക്നി മരിച്ചപോലെ വിളര്‍ത്തു വെളുത്തുപോയി. പക്ഷേ അത്ര മോശമായ നിലയിലായിക്കാണില്ലെന്നും വേഗത്തില്‍ വീണ്ടും അവര്‍ക്കു ജീവന് വെയ്ക്കുമെന്നും അവള് പറഞ്ഞു. അവര്‍ `പഠിച്ച പണി പതിനെട്ടും' പയറ്റി നോക്കി. പക്ഷേ ആ അരുമക്കുഞ്ഞുങ്ങള്‍ മരിച്ചുതന്നെ കിടന്നു. ഒടുവില്‍ താടിക്കു കൈയുംകൊടുത്ത് അഗ്നികുണ്ഡത്തിനരികെ ചെന്നു യോട്ട് ഇരിപ്പായി. എന്നാല്‍ ലിക്നി വിടുന്ന ഭാവം കണ്ടില്ല. യാതൊരു പ്രയോജനവും ഇനിയുണ്ടാവുകയില്ലെന്നു മറ്റുള്ളവരെല്ലാം പറഞ്ഞുവെങ്കിലും അവള് അവരുടെ വായിലൂടെ പാല് ഇറക്കിവിടാനും, രോമത്തുണികള്കൊണ്ട് അവരെ മാറിമാറി തിരുമ്മിത്തിരുമ്മി ചൂടുപിടിപ്പിക്കുവാനും ശ്രമിച്ചു.
അനന്തരം, അവസാനം, ആ രണ്ടു മൃതശരീരങ്ങളും വാരിയെടുത്തു മാറോടടുക്കിപ്പിടിച്ചുകൊണ്ട് അവള് ഉച്ചത്തില്‍ മുറവിളികൂട്ടി.
``ഞാന്‍ അവര്‍ക്കു ജീവനുണ്ടാക്കും; അവര്‍ക്കു വീണ്ടും ജീവനുണ്ടാകുന്നതുവരെ ഞാന്‍ അവരുടെ മേല്‍ പതികിടക്കും.''
അവരെ കിടയ്ക്കപ്പുറത്തു കിടത്തി അവരുടെമേല്‍ കമിഴ്ന്നു കിടന്ന് അവരുടെ വായിനുള്ളിലേയ്ക്ക് അവള് മുറയ്ക്കു ശ്വാസംവിട്ടു.
യോട്ട് എഴുന്നേറ്റുചെന്ന് അവളുടെ തോളിലൂടെ കൈചുറ്റിക്കൊണ്ടു പറഞ്ഞു:
``അവരെ അങ്ങനെതന്നെ സ്വസ്ഥമായി വിട്ടേയ്ക്കു. ശവശരീരങ്ങളോടു നീ അങ്ങനെ പെരുമാറിക്കൂടാ!''
അവള് അയാളുടെ കരവലയത്തില്‍നിന്നും കുതറിമാറി, തടവില്ലാതെ കരഞ്ഞുകൊണ്ടിരുന്നു. തലയില്‍നിന്നും തൂവാല പിഴുതെടുത്തിട്ട് അവള് തലമുടി വലിച്ചുപറിച്ചു. അനന്തരം അവള് വാതില്ക്കലേയ്ക്കിരച്ചു പാഞ്ഞു നദിയില്‍ പോയി ചാടാന്‍ ഒരുമ്പെട്ടു. പക്ഷേ യോട്ട് ഓടിച്ചെന്ന് അവളെ വട്ടമെടുത്തുതാങ്ങിക്കൊണ്ടുവന്ന് അവരുടെ കിടയ്ക്കമേല്‍ കിടത്തി. വസ്ത്രങ്ങള്‍ മാറ്റുന്നതിനും, കിടത്തുന്നതിനും അയാള്‍ക്കു ബലം പ്രയോഗിക്കേണ്ടിവന്നു. അന്നുരാത്രി മുഴുവന്‍ അയാള്‍ അവളെ പിടിച്ചുകൊണ്ടിരുന്നുകഴിച്ചുകൂട്ടി; അവള്‍ക്കു സ്വബോധം നഷ്ടപ്പെടുമെന്നു തന്നെ മിക്കവാറും അയാള്‍ക്കു തോന്നിപ്പോയി.
പക്ഷേ നേരം പ്രഭാതമാകാറായതോടുകൂടി അവളുടെ പ്രകൃതം അല്പാല്പം ശാന്തമായിവന്നു. പകല്‍ ഉണര്‍ന്നെണീറ്റ അവസരത്തില്‍ അവള് വളരെ ശാന്തയായി കാണപ്പെട്ടു. അവള് പിന്നീടധികമൊന്നും കരഞ്ഞില്ല. എന്നാല്‍ അവളുടെ മുഖഭാവം മരണശയ്യയില്നിന്നെഴുന്നേറ്റുവന്ന ഒരാളുടെതായിരുന്നു.
മുപ്പത്തിയഞ്ച്
സന്താപഗര്ഭമായിട്ടാണ് സ്ക്കോമെഡാലില് ഇപ്പോള്‍ സമയം നീങ്ങിക്കൊണ്ടിരുന്നത്. കോടതിതുറപ്പുകാലം സമീപിച്ചു. യോട്ടിന് അവിടെ പോയിട്ടു കുറച്ച കാര്യമുണ്ടായിരുന്നു. ലീക്നിയെക്കൂടി തന്നോടൊന്നിച്ചു കൊണ്ടുപോയാല്‍ കൊള്ളാമെന്ന് അയാള്‍ ആശിച്ചു. പക്ഷേ, അവള്‍ക്കു പോകാന്‍ പറ്റിയ ഒരുസന്ദര്ഭമല്ല എന്ന് അവള് പറഞ്ഞു. അതിനാല്‍ അയാള്‍ക്കു തനിയെ യാത്രചെയ്യേണ്ടിവന്നു.
അയാള്‍ മടങ്ങിയെത്തിയപ്പോള്‍ കുറച്ചു രാത്രികളായി താന്‍ നെയ്ത്തുപുരയിലാണ് കിടപ്പെന്നും കുറച്ചു നാള്‍കൂടി അവിടെ തനിയെ കിടക്കുവാന് തന്നെ അനുവദിക്കണമെന്നും അവള് യോട്ടിനെ അറിയിച്ചു. അതിലവള്‍ക്ക് അത്രമേല്‍ ആശയുണ്ടെങ്കില് താനതു നിരസിക്കുന്നല്ലെന്ന് അയാള്‍ മറുപടി പറഞ്ഞു.
ഗ്രീഷ്മകാലം ഏതാണ്ടവസാനിച്ചു. അപ്പോഴും ലീക്നി രാപ്പകല്‍ നെയ്ത്തുപുരയില്ത്തന്നെ കഴിച്ചുകൂട്ടി. ഗൃഹഭരണകാര്യത്തില്‍ അവള്‍ക്ക് ഒരു തിരക്കം തിടുക്കവും ഇല്ലാതായി. യതൊന്നും ചെയ്യാതെ അതിനുള്ളില്‍ കയറി അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ട് അവള് കഴിച്ചുകൂട്ടി. എല്ലാ സായഹ്നത്തിലും അവള് വീടിരിക്കുന്ന പറമ്പിനു തൊട്ടുതന്നെ യോട്ട് പണികഴിപ്പിച്ചിരുന്ന പള്ളിയില്‍ പോവുകയും രാത്രി വളരെ വൈകുന്നതുവരെ അതിനുള്ളില്‍ മുട്ടുകുത്തിയിരുന്നു പ്രാര്‍ത്ഥിക്കയും ചെയ്തുപോന്നു.
പക്ഷേ ഒരു ദിവസം വൈകുന്നേരം അവള് വെളിയിലേയ്ക്കു പോകാന്‍ ഭാവിക്കുമ്പോള്‍ യോട്ട് നെയ്ത്തുപുരയിലേയ്ക്കുകടന്നുവന്നു. ഒരു നിമിഷം അവിടെ നില്‍ക്കേണമെന്ന് അയാള്‍ അവളോടു പറഞ്ഞു. ``എന്റെ അടുക്കലേയ്ക്ക് എന്നു തിരിച്ചുവരാമെന്നാണ്, ലീക്നി, നീ വിചാരിച്ചിരിക്കുന്നത്?''
ലീക്നി ഒന്നും ഉത്തരം പറഞ്ഞില്ല; അയാള്‍ തുടര്‍ന്നു: ``നാമിങ്ങനെ നമ്മുടെ സങ്കടവും വഹിച്ചുകൊണ്ട് അങ്ങിങ്ങു വേര്‍പ്പെട്ടു ജീവിക്കണമെന്നാണങ്കില് നമുക്കിരുകൂട്ടര്‍ക്കും അതു കൊണ്ടെന്തെങ്കിലും മെച്ചമുണ്ടാകുമെന്നു ഞാന്‍ വിചാരിക്കുന്നില്ല. എന്നല്ല നീ അകത്തു വന്നു ബാക്കിയുള്ള ഞങ്ങളോടുകൂടി ജീവിക്കുകയും നിന്റെ വീട്ടിലെ ഭരണകാര്യം ഏറ്റെടുക്കുകയുമാണ് വേണ്ടത്. ഒരുപക്ഷേ അതു നിന്റെ ദുഃഖശാന്തി കൂടുതല്‍ എളുപ്പമാക്കിത്തീര്ത്തേയ്ക്കാം.''
``ഗൃഹഭരണം കൈയേല്ക്കുവാനുള്ള കരുത്തില്ലെനിക്ക്.'' അവള് പറഞ്ഞു: ``എന്തോ ഒന്നു ഞാന്‍ മറന്നിട്ടുള്ളതുപോലെ എനിക്കു സദാ തോന്നുന്നു. എന്തായിരിക്കാം അതെന്ന് ആലോചിക്കുമ്പോള്‍, എന്റെ കുഞ്ഞുങ്ങളാണെതെന്നും അവര്‍ക്കു മേലില്‍ ഒരിക്കലും എന്നെ ആവശ്യമില്ലെന്നും ഉള്ള തോന്നല്‍ എന്നിലുണ്ടാകുന്നു.''
യോട്ട് പറഞ്ഞു:
``നിനക്കു വീട്ടില്‍പ്പോയി നിന്റെ അമ്മയെ സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍, ഞാന്‍ നിന്നെ അങ്ങോട്ടു കൊണ്ടുപോകാം.''
ലീക്നി ശാന്തമായി പറഞ്ഞു
``എല്ലാറ്റിലും ഉപരിയായി എനിക്ക് ഒരാഗ്രഹമുണ്ട്. അതങ്ങു സാധിച്ചുതരുമോ?''
``നീ എന്തുതന്നെ ചോദിച്ചാലും ഞാന്‍ നിരസിക്കയില്ല.''
അയാള്‍ പറഞ്ഞു:
``അതായത് മേലിലൊരിക്കലും അങ്ങയുടെ ഭാര്യയെന്ന നില എനിക്കുണ്ടാകരുത് എന്നുള്ളതാണ്.'' ലീക്നി പറഞ്ഞു: ``ഇവിടെനിന്നു പോകുവാനും, മറ്റു ക്രസ്തീയരാജ്യങ്ങളിലെ സ്ത്രീകള്‍ ചെയ്യുന്നതുപോലെ വ്രതാനുഷ്ഠാനങ്ങളോടുകൂടിയ ഒരു പരിശുദ്ധജീവിതം നയിക്കുവാനും എന്നെ അനുവദിക്കൂ!''
യോട്ട് മുഖം വീര്‍പ്പിച്ചുകൊണ്ടു പറഞ്ഞു:
``എന്നോടൊന്നിച്ചുള്ള നിന്റെ ഇവിടത്തെ ജീവിതം അത്രയേറെ ആനന്ദപ്രദമായിരുന്നില്ലെന്ന് എനിക്കറിയാം. ഇങ്ങനെയൊക്കെയാണ് സംഭവിക്കുകയെന്നറിഞ്ഞിരുന്നെങ്കില് ഒരിക്കലും ഞാന്‍ നിന്നെ സ്ക്കോമെഡാലിലേയ്ക്കു കൊണ്ടുവരില്ലായിരുന്നു. പക്ഷേ ഒരിക്കല്‍ ഞാന്‍ നിന്നോടു ചോദിക്കുയുണ്ടായി, നാം തമ്മിലുള്ള പെരുമാറ്റം എങ്ങനെയാണ് വേണ്ടതെന്ന്. അപ്പോള്‍ എന്നോടൊന്നിച്ചു താമസിക്കുവാനാണ് നീ ഇഷ്ടപ്പെട്ടത്. അതുമുതല്‍ നിന്നോട് എത്രയും നല്ല രീതിയില്‍ പെരുമാറണമെന്നു കരുതി ഞാന്‍ ഉറ്റു ശ്രമിച്ചിട്ടുണ്ട്. ആ ദിവസം മുതല്‍ ഇന്നോളം നാം തമ്മില്‍ കോപം കലര്‍ന്ന ഒരൊറ്റ വാക്കുപോലും ഉണ്ടായിട്ടില്ല. അന്നൊരു പ്രാവശ്യമല്ലാതെ പിന്നീടൊരിക്കലും ഞാന്‍ നിന്നെ കൈവച്ചിട്ടുമില്ല. ഇവിടെ സകലകാര്യങ്ങളിലും എനിക്കുള്ള അധികാരം തന്നെ നിനക്കും ഉണ്ടായിരുന്നു. നിന്റെ പ്രവൃത്തികളില്‍ ഒരിക്കലും ഞാന്‍ തലയിടാന്‍ വന്നിട്ടില്ല. മറ്റു സ്ത്രീകളുമായി ഞാന്‍ വിനോദിക്കയോ നിന്നിലല്ലാതെ മറ്റാരിലും എനിക്കു സന്താനങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ല.''
``എന്നിലും നിങ്ങള്‍ക്കു സന്താനങ്ങളില്ലല്ലോ.''ലീക്നി മറുപടി പറഞ്ഞു. അവള് തന്റെ കൈകളില്‍ മുഖംമറച്ചു വിങ്ങിവിങ്ങിക്കരയാന്‍ തുടങ്ങി.
``നിനക്കുള്ളതുപോലെതന്നെ എനിക്കും അതൊരു മഹാദുഃഖമാണ്.'' അയാള്‍ പ്രസ്താവിച്ചു: ``അതുകൊണ്ടു നമ്മുടെ യോജിച്ചുള്ള ജീവിതത്തെ നീ പിളര്‍ക്കാന്‍ ആശിക്കുന്നതില്‍ എനിക്ക് അത്ഭുതം തോന്നുന്നു.''
``നമ്മുടെ വിവാഹബന്ധം അവസാനിച്ചതായി അങ്ങുപ്രഖ്യാപിക്കുകതന്നെ വേണം. അങ്ങയുമൊന്നിച്ചു താമസിക്കുവാന്‍ എനിക്കു സമ്മതമില്ല എന്നുള്ളത് അതിനു മതിയായ അടിസ്ഥാനമായിരിക്കും. അങ്ങയ്ക്കു പിന്നീടു വേറൊരു ഭാര്യയെ വിവാഹം കഴിക്കയും ഈ വനപ്രദേശം കൈവടിയുകയും ചെയ്യാം. നാം ഒത്തൊരുമിച്ച് ഇവിടെ താമസിച്ചു ഈ അനവധി കൊല്ലങ്ങള്‍ക്കിടയില്‍ ഒരൊറ്റദിവസമെങ്കിലും ഞാന്‍ അങ്ങയെ സന്തുഷ്ടചിത്തനായി കണ്ടിട്ടില്ല.''
അനന്തരം ഒരു താഴ്ന്ന സ്വരത്തില്‍ യോട്ട് ചോദിച്ചു: ``എന്നോടു സത്യം പറയൂ, ലീക്നി! നീ ഏതായാലും ഈ സ്ഥലം വിട്ടുപോകാനാശിക്കുന്നു. അങ്ങനെയാണെങ്കില്‍ ഇനിയൊരിക്കലും നിന്റെ മെത്തയുടെ ഒരു പങ്കുപറ്റാന്‍ നീയെന്നെ അനുവദിക്കുകയില്ലേ?''
അയാള്‍ ഇങ്ങനെ പറഞ്ഞുകൊണ്ട് ഇരുകൈകളും നീട്ടി അവളെ തന്നോടടുക്കിപ്പിടിച്ചു. അവള് കിടുകിടാ വിറച്ചുകൊണ്ടിരുന്നതിനാല് അവള്‍ക്കൊന്നും സമാധാനം പറയാന്‍ സാധിച്ചില്ല. അയാള്‍ വീണ്ടും പറഞ്ഞു.
``എനിക്ക് ആവശ്യമുള്ള ഉണര്‍വും ജീവനും എപ്പോഴും നിന്നോടൊത്തു ഞാന്‍ കണ്ടെത്തുമെന്ന് ഒരിക്കല്‍ നീ പറയുകയുണ്ടായി!''
ലീക്നി കൈയുര്‍ത്തി മുഖം മറച്ചുകൊണ്ടു കണ്ണീരോടുകൂടി മറുപടി പറഞ്ഞു:
``എന്റെ അടുത്തുനിന്ന് അങ്ങു പോകാനാഗ്രഹിക്കുന്നതായി എനിക്കു തോന്നി''
``അതു വളരെക്കാലത്തിനുമുമ്പാണ്, ലീക്നി. പക്ഷേ നിന്നെക്കൂടാതെ എനിക്കു ജീവിക്കാന്‍ സാദ്ധ്യമല്ലെന്നു ഞാനറിഞ്ഞില്ല.''
അന്നു വൈകുന്നേരം ലീക്നി അയാളോടുകൂടി ഹാളിലേയ്ക്കു ചെല്ലുകയും പണ്ടത്തെപ്പോലെ അവളുടെ മേശയ്ക്കുമുമ്പില്‍ ഇരിക്കുകയും ചെയ്തു. ഒരു `കന്യാസ്ത്രീ' യാകുവാനുള്ള അവളുടെ ആശയെക്കുറിച്ചു പിന്നീടൊരിക്കലും സംസാരമുണ്ടായിട്ടില്ല; പക്ഷേ വലിയ സ്നേഹത്തോടും ഐക്യത്തോടുംകൂടി അവള് യോട്ടുമൊന്നിച്ചു താമസിക്കുകയാണ് ചെയ്തത്. എന്നിരുന്നാലും അവള് അപ്പോഴും തന്റെ കുഞ്ഞുങ്ങളെയോര്‍ത്തു സദാസന്തപിച്ചിരുന്നു. പക്ഷേ ആരോടും അവള് അതിനെക്കുറിച്ച് ഒന്നുംതന്നെ ശബ്ദിച്ചില്ല.
ഒരു ദിവസം അവരെല്ലാവരുംകൂടി സ്നാനാലയത്തിലേയ്ക്കു പോയി. ലീക്നി തന്റെ ഈറന്‍ തലമുടി ഉണങ്ങുവാനായി അഴിച്ചു നിവര്‍ത്തിയിട്ടിരുന്നു. യോട്ട് അതു തന്റെ ഇരുകൈകളിലും വാരിയെടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു:
``നിന്റെ തലമുടി പണ്ടത്തേക്കാള്‍ മനോഹരവും കൂടുതല്‍ മൃദുലവുമാണെന്നു ഞാന്‍ വിശ്വസിക്കുന്നു, ലീക്നി.''
അവള് അഗ്നിക്കുതുല്യം ശോണവര്‍ണ്ണമായി; പെട്ടെന്നവള്‍ തലതിരിച്ചുകളഞ്ഞു. പക്ഷേ മഞ്ഞനിറത്തിലുള്ള മുടിയോളം തന്നെ ചാരനിറത്തിലുള്ളതും അതിലുണ്ടെന്നും ചെന്നികള്ക്കുമേലെ അതു നിശ്ശേഷം വെളുത്തുപോയിരിക്കുന്നു എന്നും യോട്ട് സൂക്ഷിക്കയുണ്ടായി.
മുപ്പത്തിയാറ്
ഒരു കൊല്ലംകൂടി കഴിഞ്ഞു. ലീകിനി മിക്കവാറും രാത്രിയില്‍ ഉറങ്ങാതെ കിടന്നു വിങ്ങിക്കരയാറുള്ളതു യോട്ട് മനസ്സിലാക്കി. എന്താണവളെ പീഡിപ്പിക്കുന്നതെന്ന് അയാള്‍ കാരുണ്യപൂര്‍വ്വം അന്വേഷിച്ചു. പക്ഷേ അവള് ഒന്നും തന്നെ പറകയില്ല. ഒരിക്കല്‍ അയാള്‍ പറഞ്ഞു:
`ഇപ്പോള്‍ നീ ഉദരത്തില്‍ ധരിച്ചിരിക്കുന്ന കുഞ്ഞിനെ പ്രസവിക്കുന്നതുവരെ യഥാര്‍ത്ഥമായ മനസ്സന്തുഷ്ടി നിനക്കു ലഭിക്കുമെന്നു ഞാന്‍ വിചാരിക്കുന്നില്ല.'' പക്ഷേ അതുകേട്ട് അവള് പൊട്ടിക്കരഞ്ഞുപോയി.
ഒരു ദിവസം അയാള്‍ കലവറപ്പുരയില് കടന്നുവന്നു. ഒരു വലിയ പെട്ടിയിലുള്ള സാധനങ്ങള്‍ എല്ലാം വൃത്തിയായി അടുക്കിവെച്ചുകൊണ്ടു കാല്‍മുട്ടുകളില്‍ അവിടെ നില്‍ക്കുകയായിരുന്നു ലീക്നി. അതിന്റെ ആവശ്യം താന്‍ കാണുന്നില്ലെന്നു പറഞ്ഞ് അവള് അങ്ങനെ ആയാസപ്പെടാതിരിക്കുവാന് യോട്ട് അവളോടപേക്ഷിച്ചു.
``അതേ,'' അവള് മറുപടി പറഞ്ഞു: ``ഞാന്‍ എന്റെ വീടു നല്ല അടുക്കോടുക്കൂടിത്തന്നെ വിട്ടിട്ടു പോകും. എന്നെക്കൊണ്ടു കഴിവുള്ള അവസരത്തില്‍ എനിക്കതു ചെയ്തേ കഴിയൂ.''
``അങ്ങനെ പറയാതിരിക്കൂ,'' പണിപ്പെട്ടുവരുത്തിയ ഒരു ചിരിയോടുകൂടി യോട്ട് പറഞ്ഞു: ``നീ പക്ഷേ മരിക്കാന്‍ പോവുകയാണെന്നു നിനക്കു വിചാരമുണ്ടായിരിക്കാം, അല്ലേ?''
പെട്ടിപ്പുറത്ത് അയാള്‍ അവളെ തന്നോടടുപ്പിച്ചു പിടിച്ചിരുത്തി. അനന്തരം അവള് പ്രതിവദിച്ചു: ``നിത്യവും അവര്‍ ഈ തറയില്‍ അങ്ങുമിങ്ങും നടക്കുന്നു: ഗിസ്സറും സ്റ്റീന്വറും; എന്നിട്ട് അവര്‍ നമ്മുടെ കിടയ്ക്കപ്പുറത്തേയ്ക്കു പിടിച്ചുകയറാന്‍ ശ്രമിക്കുന്നു. അവരുടെ ശരീരത്തില്‍നിന്നു വെള്ളം ധാരധാരയായി നിലംപതിക്കുന്നു. ഞാന്‍ താഴെയിറങ്ങിച്ചെന്ന് അവരുടെ കൂടെ കിടക്കുകയും അവരെ എന്റെ കൈയിലെടുക്കുകയും ചെയ്യേണ്ടതാണ് അവരുടെ ആവശ്യം എന്റെവയറ്റിലുള്ള ഈ കുഞ്ഞുകാരണം എനിക്കതിനു നിവൃത്തിയില്ലെന്നു ഞാന്‍ അവരോടു പറയുന്നു. പക്ഷേ അവരുടെ എന്നോടുള്ള മറുപടി ഇതാണ്:
``ഈ ഞങ്ങളുടെ കൊച്ചനിയന് ജനിച്ചുകഴിഞ്ഞാല്‍ അമ്മ ഞങ്ങളുടെ അടുത്ത വന്നു ഞങ്ങളെ ചൂടുപിടിപ്പിക്കണം; കേട്ടോ, അമ്മേ!-എന്തുകൊണ്ടെന്നാല്‍ അങ്ങനെ ചെയ്യാമെന്ന് അമ്മ ഞങ്ങളോടു വാക്കു പറഞ്ഞിട്ടുണ്ട്...''
`നീയെന്തോ സ്വപ്നം കണ്ടതാണിത്,'' യോട്ട് പറഞ്ഞു: ``നമ്മുടെ കുഞ്ഞുങ്ങള്‍ ദൈവസന്നിധിയില്‍ എത്തിച്ചേര്‍ന്നുവെന്നു നിനക്കറിയാവുന്നതാണല്ലോ; വിഗ്രഹാരാധകന്മാരായ കാടന്മാര്മാത്രമേ അങ്ങനെ രാത്രി ഇറങ്ങി നടക്കൂ! അവരാകട്ടേ, മാമ്മോദീസ കഴിച്ചവരാണ്; ക്രൈസ്തവഭൂമിയിലാണ് അവര്‍ വിശ്രമിക്കുന്നതും, അതുകൊണ്ടു നീ ഇങ്ങനെ പറയരുത്; ഈ ഒരു ചിന്ത തന്നെ നിന്റെ മനസ്സില്‍നിന്ന് ഉപേക്ഷിക്കൂ!''വീണ്ടും അയാള്‍ അവളോടു യാചിച്ചു.
``അങ്ങയെ ഇപ്പോളിങ്ങനെ കാണുംപോലെതന്നെ അത്രസ്പഷ്ടമായിട്ടാണ് ഞാന്‍ അവരെ കാണുന്നത്,'' അവള് മറുപടി പറഞ്ഞു: ``അവര്‍ രണ്ടുപേരും നടന്നു വന്ന് എന്റെ ഓരോ കൈക്കും കടന്നുപിടിച്ചു. അവരുടെ ദേഹമാസകലം മഞ്ഞുകട്ടപോലെ തണുത്തിരുന്നു; എന്റെ അസ്ഥിക്കുള്ളിലെ മജ്ജപോലും മരവിച്ചുപോയി.''
``ഓ, അതു തണുത്ത കാറ്റാണ്,'' അവളെ ചേര്‍ത്തുപിടിച്ചുകൊണ്ടു യോട്ട് പറഞ്ഞു: ``കട്ടിലിനു പുറകിലുള്ള ചുമരിലെ വിടവു ഞാന്‍ അടുപ്പിച്ചു ശരിയാക്കാം. പക്ഷേ മരിക്കുന്നതിനെക്കുറിച്ചുമാത്രം നീയിപ്പോള്‍ സംസാരിക്കരുത്. കുട്ടികള്‍, അവര്‍ ചെന്ന സ്ഥാനത്തു സുഖമായിരിക്കുന്നുണ്ട്. അവരെക്കാള്‍ എനിക്കധികം ആവശ്യം നിന്നെക്കൊണ്ടാണ്.''
ഈ സംഭാഷണം കഴിഞ്ഞ് ഏറെനാള്‍ കഴിയുന്നതിനു മുന്‍പു ലീക്നി ഒരാണ്‍കുട്ടിയെ പ്രസവിച്ചു. എന്താണ് വിശേഷങ്ങളെന്നു യോട്ട് കൂടെക്കൂടെ സൂതികര്‍മ്മിണികളോടു തിരക്കിക്കൊണ്ടിരുന്നു. പ്രത്യേകിച്ചു പറയത്തക്ക വിശേഷമൊന്നുമില്ലെന്നും എല്ലാം അതിന്റെ മുറപോലെതന്നെ നടന്നുവരികയാണെന്നും അവര്‍ മറുപടി കൊടുത്തു.
പക്ഷേ പ്രസവം കഴിഞ്ഞ് അവര്‍ കുഞ്ഞിനെ അച്ഛന്റെ മുമ്പില്‍ കൊണ്ടുവന്നപ്പോള്‍, വല്ലാത്ത ക്ഷുദ്രമായ ഒരു ശിശുവായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. അയാള്‍ അതിനെ എവിടെയെങ്കിലും വെളിസ്ഥലത്തുകൊണ്ടുപോയി ഇട്ടിട്ടുപോരണം എന്ന് അവര്‍ യോട്ടിനെ അറിയിച്ചു. ``എന്തുകൊണ്ടെന്നാല്‍, ഒരു മനുഷ്യന്റെ മട്ടൊന്നും അവനുണ്ടാവുകയില്ല. ഒന്നിനും കഴിവില്ലാതെ, വെറും പുഴുവിനുതുല്യം ജീവിക്കേണ്ടിവരുന്ന ഒരു മുടന്തനായിരിക്കും അവന്. തന്റെ ജീവിതത്തില്‍ അവന് ആനന്ദമെന്താണെന്നറിയാന് സാധിക്കയില്ല. എന്നുതന്നെയല്ല ആ ശപ്തമായ ജീവിതം അവന് അസഹ്യമായ ഒരു ഭാരമായിത്തീരുകയും ചെയ്യും.''
``ക്രിസ്തുമതാവലംബിയായ ഒരു മനുഷ്യനാണ് ഞാന്‍; അതുകൊണ്ട് അങ്ങനെ ചെയ്യുന്നതു ഹീനമായ ഒരു കൃത്യമായിരിക്കും.''യോട്ട് പറഞ്ഞു: ``ഞാന്‍ ഒരിക്കലും അതു ചെയ്യില്ല. അവനെ ഈശ്വരന് സഹായിക്കും . അങ്ങനെ അവന്റെ കേടുപാടുകള്‍ മാറിക്കിട്ടും'' അയാള്‍ അവനെ `ജ്ഞാനസ്നാനം' ചെയ്യിച്ച് അവനു ടോര്‍ബ്ജോണ്‍ എന്നു പേരുകൊടുത്തു.
ഇതു കേട്ടപ്പോള്‍ ലീക്നി പൊട്ടിക്കരഞ്ഞു പോയി; കുട്ടിവളര്ന്നുവരാതിരിക്കുന്നതാണ് ഭേദമെന്ന് അവളും വിചാരിച്ചിരുന്നു. അവന് ഒരു മുയല്ച്ചുണ്ടുണ്ട്; വായിനാണെങ്കില് മേല്ത്തട്ടില്ല; അവന്റെ വലതുകൈ തീരെ ചെറുതും, കരുത്തില്ലാത്തതും, കാണാന്‍ ബഹുവിചിത്രവുമായിരുമായിരുന്നു. അവള് അങ്ങനെ പ്രസ്താവിച്ചു; പക്ഷേ യോട്ട് പൊട്ടിച്ചിരിച്ചിട്ട് ഇടതുകൈയും അത്ര വലിയതാണെന്നു തനിക്കു തോന്നുന്നില്ലെന്നു മറുപടി പറഞ്ഞു.
ലീക്നിക്കു പറയത്തക്ക വിശേഷമൊന്നും ഉണ്ടായില്ല. പത്താംദിവസം അവള് എഴുന്നേറ്റു. പക്ഷേ സായാഹ്നമായപ്പോഴേയ്ക്കും അവള്‍ക്കൊരു പനിക്കോളുണ്ടായി. വീണ്ടും അവള്‍ക്കങ്ങനെ ശയ്യയെ ശരണംപ്രാപിക്കേണ്ടിവന്നുകൂടി. അടുത്തദിവസം അവള്‍ക്കു തീരെ സുഖമുണ്ടായിരുന്നില്ല. അനന്തരം അവള് അയാളോടു പറഞ്ഞു.
``നാം തമ്മില്‍ ഇപ്പോള്‍ വേര്പെടരുതെന്നു ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കിലും, അതുകൊണ്ടൊന്നും യാതൊരു ഫലവുമില്ലെന്നും, എറെനാളായി ഞാന്‍ ഭയപ്പെട്ടിരുന്നതുപോലെ അതു സംഭവിക്കാന്‍ പോവുകയാണെന്നും എനിക്കു ഭയംതോന്നുന്നു. രണ്ടുകാര്യങ്ങളിലാണ് എനിക്കു കുണ്ഠിതം: ഒന്ന്, ഈ പാവംപിടിച്ച രോഗിയായ കുട്ടി അങ്ങേയ്ക്കണ്ടായത്; പിന്നൊന്ന്, എന്റെ മരണത്താല്‍ അങ്ങയ്ക്ക് അത്ര വലിയ കുണ്ഠിതമൊന്നും തോന്നാനിടയില്ലാതിരുന്ന കാലത്ത് ഇതു സംഭവിക്കാഞ്ഞത്.''
യോട്ട് അവളെ ചുംബിച്ചുകൊണ്ടു മറുപടി പറഞ്ഞു: ``ഞാന്‍ നിന്റെ സ്വപ്നങ്ങളിലും സാങ്കല്പികദര്ശനങ്ങളിലും ഒന്നും വിശ്വസിക്കുന്നില്ല. എന്തുതന്നെ സംഭവിക്കട്ടെ, ഒന്നു ഞാന്‍ തീര്‍ത്തുപറയാം: എനിക്കു സിദ്ധിച്ച ഏറ്റവും മഹത്തായ ആനന്ദം നാം ഒത്തൊരുമിച്ചു ജീവിച്ച നല്ല കാലത്താണ്.''
ലീക്നി കിടന്നുറങ്ങിപ്പോയി. രാത്രിമുഴുവനും അയാള്‍ അവളുടെ അടുത്തുതന്നെ കാത്തിരുന്നു. പ്രഭാതത്തോടടുപ്പിച്ചു പെട്ടന്നവള്‍ ഞെട്ടിപ്പിടച്ചു കിടയ്ക്കപ്പുറത്തെഴുന്നേറ്റിരുന്നിട്ടു രണ്ടുകൈകൊണ്ടും വാതില്ക്കലേയ്ക്കു ചൂണ്ടിക്കാണിച്ചു. അനന്തരം അവള് തന്റെ കൈകള്‍ അയാളുടെ കഴുത്തില്‍ ചുറ്റി അയാളെയും വലിച്ചുകൊണ്ടു പിന്നോട്ടു മലര്‍ന്നു. അടുത്ത നിമിഷം അവളുടെ കൈകള്‍ താനേ വിട്ടുപോയി. നീണ്ടുനിവര്‍ന്ന് അവള് കിടയ്ക്കമേല്‍ കിടന്നു. അവള് മരിച്ചുകഴിഞ്ഞു.
യോട്ടിനു പത്നിയുടെ ചരമം അസഹ്യമായിരുന്നു. പക്ഷേ പുരുഷോചിതമായ രീതിയില്‍ ഒട്ടും ആവലാതിപ്പെടാതെ ആ കടുത്ത ദുഃഖം അയാള്‍ സുധീരം സഹിച്ചുവെന്നു ജനങ്ങള്‍ക്കു തോന്നി. ആ കുഞ്ഞിനെ അയാള്‍ എന്തെന്നില്ലാത്ത സ്നേഹത്തോടെ വളര്‍ത്തിക്കൊണ്ടുവന്നു. അവന്റെ വൈകല്യങ്ങളും വൈരുപ്യങ്ങളുമെല്ലാം മാറി അവന് മിടുമിടുക്കാനായി വളര്‍ന്നുവരുമെന്നാണ് തന്റെ ദൃഢമായ വിശ്വാമെന്ന് അയാള്‍ സദാ പ്രസ്താവിച്ചു. പക്ഷേ മറ്റുള്ളവര്‍ വിചാരിച്ചതും തമ്മില്‍ത്തമ്മില്‍ അഭിപ്രായപ്പെട്ടുതും അവന് മരിക്കുന്നതായിരിക്കും നല്ലതെന്നാണ്. ടോര്‍ബ്ജോണ്‍ ശീതകാലം മുഴുവന്‍ കടന്നുപോയി. പക്ഷേ വസന്തം തീരുന്നതിനു മുന്‍പു ശ്വാസക്ഷോഭങ്ങള് അവനെ അപഹരിച്ചുകളഞ്ഞു.
തന്റെ വസ്തുവകകള്‍ എല്ലാം വില്ക്കാന് പോകുന്നതായി അയാള്‍ അക്കൊല്ലം ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. അയാള്‍ ഒരു കപ്പല്വിലയ്ക്കു വാങ്ങി ആ ദ്വീപപ്രദേശത്തോടു യാത്ര പറഞ്ഞു. നോര്മാന്ഡിയില്വെച്ച് അയാള്‍ തന്റെ കൂടെ വിട്ടില്‍നിന്നു പോന്നിട്ടുണ്ടായിരുന്ന ഐസ്ലാന്ഡുകാരെയും വീട്ടുപിരിഞ്ഞു യാത്ര തുടര്‍ന്നു. അതിനുശേഷം അയാളെക്കുറിച്ച് ഒന്നുംതന്നെ ഐസ്ലാന്ഡില് കേള്‍ക്കുകയുണ്ടായില്ല.
മുപ്പത്തിയേഴ്
ഒളാവ് ട്രിഗ്വെസ്സണ്രാജാവിന്റെ പതനത്തിനുശേഷം, നല്ലവനായ ഇല്ല്യൂജ് ഓസിലോവില് എത്തി. ഇവിടെ ഈ വടക്കന്‍ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന ആ മനുഷ്യരത്നമായ നാടുവാഴിക്കുശേഷം മറ്റൊരു നാടുവാഴിയെയും സേവിക്കാന്‍ അയാള്‍ക്കു മനസ്സുവന്നില്ല. ഇനി ജീവിതം ഒന്നുറപ്പിക്കുവാനും ഒരു പത്നിയെ സ്വീകരിക്കുവാനും ഇല്ല്യൂജ് മനസ്സാ നിശ്ചയിച്ചു. അയാളുടെ അഭിലാഷഗതി വീണ്ടും വിഗ്ഡിസ്സിനുനേര്ക്കു തിരിഞ്ഞു. വിഗ്ഡിസ് അയാളെ സഹര്‍ഷം സ്വാഗതംചെയ്തു. അയാളുടെ ബഹുമാനാര്‍ത്ഥം അവള് വമ്പിച്ച തോതില്‍ ഒരു സല്‍ക്കാരം നടത്തി. അതില്‍ പങ്കുകൊള്ളുവാനായി ഗ്രെഫ്സിനിലെ കാാറെയെക്കൂടി അവള് ക്ഷണിച്ചിരുന്നു. ഈ രണ്ടുപേരോടും അവള് ഏറ്റവുംഅധികം ബഹുമാനം പ്രദര്‍ശിപ്പിച്ചു.
ഒരു ദിവസം തന്നോടൊന്നിച്ച് അറപ്പുരയിലേയ്ക്കു വരുവാനായി അവള് അവര്‍ രണ്ടുപേരോടും ആവശ്യപ്പെട്ടു. അവരുമായി തനിച്ച് അവള്‍ക്കെന്തോ സംസാരിക്കാനുണ്ടത്രേ. അനന്തരം അവള് പറഞ്ഞു.
``നിങ്ങള്‍ രണ്ടുപേരും എന്നെവിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടവരാണ്; എനിക്കു പ്രതീക്ഷിക്കാവുന്നതിനെക്കാള്‍ എത്രയോ മഹത്തായ ഒരു ബഹുമതിയുമാണത്-ഇങ്ങനെയുള്ള യോഗ്യന്മാരായ രണ്ടുവീരപുരുഷന്മാര് എന്നെ ഭാര്യയാക്കാന്‍ ഉദ്ദേശിക്കുന്നു എന്നത്! പക്ഷേ ഞാന്‍ ഒരിക്കലും വിവാഹം കഴിക്കില്ല. എനിക്ക് ഒരൊറ്റ ആശമാത്രമേയുള്ളു: പിതാവിന്റെയും ബന്ധുക്കളുടെയും അഭാവം ഉത്കടമായ രീതിയില്‍ ഹൃദയത്തെ സ്പര്‍ശിക്കാത്തവിധത്തിലുള്ള ഒരു നിലയില്‍ അവനെ എത്തിക്കുക! അവനു ധാരാളം സമ്പത്തുണ്ടാവുക. എന്നില്‍ ശരിക്കുണ്ടായ കുഞ്ഞുങ്ങളുമായി എന്റെ വസ്തുവകകള്‍ പങ്കിടേണ്ടിവരുന്ന ഒരവസ്ഥ അവനുണ്ടാക്കതിരിക്കുക- ഇതാണെന്റെ ആശയും ശപഥവും! നിങ്ങള്‍ രണ്ടുപേരും ഒരുപോലെ എന്നോടുസ്നേഹപൂര്വ്വം പെരുമാറിയവരാണ്; അങ്ങനെയിരിക്കെ മുമ്പില്‍ മറ്റൊരാളെ സ്വീകരിക്കുക എനിക്കു സാധ്യമല്ല. അതുകൊണ്ട് ഇതാണെന്റെ ഉപദേശം: കേട്ടോ, കാാറെ, നിങ്ങളുടെ സഹോദരി ഹെല്‍ഗയെ നിങ്ങള്‍ ഇല്ല്യൂജിനു വിവാഹം കഴിച്ചുകൊടുക്കണം; കുന്നിന്നിരകള്ക്കപ്പുറമുള്ള `ബാഗ്സ്ലഡിര്' ഇല്ല്യൂജ് വിലയ്ക്കു വാങ്ങിക്കും; പക്ഷേ കാാറെ ഇന്നിവിടെ കണ്ട എന്റെ ചാര്‍ച്ചക്കാരിയായ റജ്നാ ഗ്രേ്യാട്ഗാര്ഡ്സ് ഡാറ്റരെയും വിവാഹം കഴിക്കേണ്ടതായിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഉള്ളവരില്‍ ഏറ്റവും സുന്ദരികളും ധനവതികളുമായ കന്യകകളാണിവര്; നിങ്ങള്‍ ഇരുവരും അങ്ങനെയൊരു ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അളിയന്മാരെന്ന നിലയില്‍ ഈ നാട്ടിന്‍പുറം മുഴുവനും നിങ്ങള്‍ക്ക് ഒത്തൊരുമിച്ച് അടക്കിഭരിക്കാനൊക്കും. എന്റെ ഈ ഉപദേശം സ്വീകരിക്കണമെന്നു ഞാന്‍ നിങ്ങളോടപേക്ഷിക്കുന്നു. ഇനി നിങ്ങള്‍ എന്തുവിചാരിക്കുന്നുവെന്ന് എന്നോടു പറയൂ!''
കാാറെയാണ് ആദ്യം സംസാരിച്ചത്:
``നിങ്ങള്‍ പറയുംപോലെ ഇല്ല്യൂജ് പ്രവര്‍ത്തിക്കുന്നപക്ഷം അദ്ദേഹത്തെ എന്റെ സഹോദരീഭര്‍ത്താവായി ഞാന്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നതാണ്; ഈ സംഗതി നാം ഉറപ്പിക്കുന്നപക്ഷം ഞങ്ങള്ക്കിരുകൂട്ടര്ക്കും അതു ഗുണകരമായിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. എന്റെ സഹോദരിയെ ഞാന്‍ വിവാഹം കഴിച്ചുകൊടുക്കുമ്പോള്‍ ഒരു പിശുക്കനാണ് ഞാനെന്നു വന്നുകൂടല്ലോ!''
ഇല്ല്യൂജ് മറുപടി പറഞ്ഞു:
``ഹെല്ഗയുമായുള്ള എന്റെ കല്ല്യാണനിശ്ചയദിവസംതന്നെ നിങ്ങള്‍ക്കു റെജ്നയുമായുള്ള വിവാഹവും നടത്താം.''
കാാറെ ഒന്നും മറുപടു പറഞ്ഞില്ല; പക്ഷേ വിഗ്ഡിസ് പറഞ്ഞു:
``എന്നെ വിശ്വസിക്കൂ; ഞാന്‍ ഒരിക്കലും വിവാഹം കഴിക്കുകയില്ല; നിങ്ങള്‍ ഇരുവരും തമ്മില്‍ ബന്ധം സ്ഥാപിച്ചു നിങ്ങളുടെ സമ്പത്തും പ്രതാപവും വര്‍ദ്ധിപ്പിക്കൂ! നിങ്ങളില്‍ ഒരാള്‍ ഒന്നുകൊണ്ടും മറ്റൊരാള്‍ക്കു മീതെയല്ല. അതുകൊണ്ട് ഒരാള്‍ക്കു മറ്റേയാളെ ഇടിച്ചു താഴ്ത്താനും സാധ്യമല്ല. പക്ഷേ ഒന്നുണ്ട്: നിങ്ങള്‍ കൈകോര്‍ത്തുനിന്നാല്‍ നിങ്ങള്‍ ഇരുവരുടെയും കരുത്തു നേരേ ഇരട്ടിയായിത്തീരും!''
കാാറെ അനന്തരം ഇല്ല്യൂജിനുനേര്ക്കു തന്റെ കൈനീട്ടി. അയാള്‍ അതു സസന്തോഷം സ്വീകരിച്ചു; പിന്നീട് അവര്‍ അക്കാര്യംസംബന്ധിച്ചു സകലതും തീരുമാനിച്ചുറയ്ക്കുകയും ചെയ്തു.
വിഗ്ഡിസ് ഒരു വശത്തേയ്ക്കു തിരിഞ്ഞ് ഒരു വലിയപെട്ടി തുറന്നു; വിലപിടച്ച ഒട്ടസംഖ്യം വസ്തുക്കള്‍ അതില്‍ ഉണ്ടായിരുന്നു. അവര്‍ക്കിഷ്ടമുള്ളിടത്തോളം അതില്‍നിന്ന് എടുത്തുകൊള്ളുവാന്‍ വിഗ്ഡിസ് അവരോടു പറഞ്ഞു.
``നിങ്ങള്‍ ഇരുവരുടെയും സ്നേഹത്തിനു പാത്രമായി ആനന്ദിക്കുവാന്മാത്രം എനിക്ക് അനുമതി തരൂ! മറ്റൊരനുഗ്രഹവുംകൂടി എനിക്കു നിങ്ങളോടു ചോദിക്കാനുണ്ട്. അതിതാണ്: ആയുധവിദ്യകളിലും പുരുഷോചിതമായ സ്വഭാവരൂപവത്കരണത്തിലും വേണ്ട പരിശീലനം നിങ്ങള്‍ ഉള്വാറിനു കൊടുക്കുകയും അങ്ങനെ നിങ്ങളെപ്പോലെ ഒരു വീരപുരുഷനായി വളര്‍ന്നുവരാന്‍ അവനെ സഹായിക്കുകയും ചെയ്യണം.''
അങ്ങനെ ചെയ്തുകൊള്ളാമെന്ന് അവര്‍ വാക്കുകൊടുക്കുകയും അവളുടെ വിലപിടിച്ച സമ്മാനങ്ങള്‍ക്കായി അവര്‍ അവളോടു നന്ദി പറയുകയും ചെയ്തു. ഈ സത്കാരത്തില്‍ പങ്കുകൊണ്ടവര്ക്കെല്ലാം പോകുന്ന സമയത്ത് അവള് വിലപിടിച്ച ഓരോ സമ്മാനങ്ങള്‍ കൊടുത്തു. അങ്ങനെ വലിയ ബഹുമതിയും ജനപ്രീതിയും സമ്പാദിക്കാന്‍ വിഗ്ഡിസ്സിനു സാധിച്ചു.
മുപ്പത്തിയെട്ട്
ആ നാട്ടില്‍ വിഗ്ഡിസ് പണികഴിച്ച പള്ളിയില്‍ `ഐയ്റിക്' എന്നു പേരായി ഒരു പുരോഹിതനുണ്ടായിരുന്നു. ഡെന്മാര്ക്കില് നിന്നു വന്ന ഒരാളായിരുന്നു അദ്ദേഹം. വിഗ്ഡിസ് അദ്ദേഹത്തെ വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹം കൂടെക്കൂടെ വാഡിനില്‍ വരിക പതിവാണ്.
അദ്ദേഹം അവിടെ ഉണ്ടായിരുന്ന ഒരു ദിവസം രാത്രി അത്താഴമെല്ലാം കഴിഞ്ഞ് അവര്‍ അഗ്നികുണ്ഡത്തിനു ചുററും കൂടി. അദ്ദേഹത്തിന് അനവധി കഥകള്‍ അറിയാമായിരുന്നു. അതിനാല്‍ അവരെ ഒരു കഥ പറഞ്ഞു കേള്‍പ്പിക്കണമെന്നു വിഗ്ഡിസ് പുരോഹിതനോടു പറഞ്ഞു.
അനന്തരം പുരോഹിതന് ആരംഭിച്ചു: ``~ഒരിക്കല്‍ `ഓഡിന്സോ'വില്‍ ഒരു സ്ത്രീയുണ്ടായിരുന്നു. അവളുടെ പേര് `തോറാ' എന്നായിരുന്നു; അത്യന്തസുന്ദരിയുമായിരുന്നു അവള്. ഒരു ദിവസം ബലംപ്രയോഗിച്ച് ഒരാള്‍ അവളുടെ ചാരിത്ര്യം കവര്‍ന്നെടുത്തു. തനിക്കു നേരിട്ട ദുരവസ്ഥ ഗോപാനം ചെയ്യാനായി അവള് തന്നിലുണ്ടായ കുഞ്ഞിനെ കടലിലെറിഞ്ഞു.
``അതു കഴിഞ്ഞ് അവള് നല്ലനിലയിലുള്ള ഒരു വിവാഹ ബന്ധത്തിലേര്‍പ്പെട്ടു. അവളെ എല്ലാവരും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തു. അവള്‍ക്ക് ഏറെ കുഞ്ഞുങ്ങളുണ്ടായി. അവരെല്ലാവരോടും അവള്‍ക്കു വളരെ വാത്സല്യമായിരുന്നു. അങ്ങനെയിരിക്കെ സങ്കടകരമായ ഒരു രോഗത്തിനവള് ഇരയായി. അവള് ബോധംകെട്ടു നിലംപതിച്ചു. ചത്ത ഒരാളെപ്പോലെയായിരുന്നു അവളുടെ കിടപ്പ്. അങ്ങനെ കിടക്കുമ്പോള്‍ താന്‍ മരിച്ചുപോയി എന്നവള്ക്കുതന്നെ തോന്നി. ആളുകള്‍ അവളെ വസ്ത്രങ്ങളും മറ്റും ധരിപ്പിച്ചും പലതും അണിഞ്ഞുമോടിപിടിച്ചും ശ്മശാനത്തില്‍ കൊണ്ടുപോയി കുഴിയില്‍ കിടത്തി; പക്ഷേ തന്റെ കുഞ്ഞുങ്ങള്‍ തനിക്കുവേണ്ടി വീട്ടില്‍ക്കിടന്നു നിലവിളിക്കുന്നത് അവള്‍ക്കു കേള്‍ക്കാമായിരുന്നു; വീട്ടില്‍പ്പോയി അവരെ സമാധാനിപ്പിക്കുവാന്‍ എന്തെങ്കിലും ഒരു നിവൃത്തിമാര്‍ഗ്ഗം കണ്ടെത്താന്‍ കഴിഞ്ഞെങ്കില്‍! എന്നവള്‍ തീക്ഷ്ണമായാശിച്ചു. പിന്നീടവള്‍ക്കു തോന്നി, ആരോ ഒരാള്‍ കുഴിക്കരികില്‍ വന്നു നില്‍ക്കുന്നുണ്ടെന്ന്. അയാള്‍ ആപാദചൂഡം ഒരസിതവസ്ത്രത്താല് ആച്ഛാദനം ചെയ്യപ്പെട്ടവനായിരുന്നു. അയാള്‍ അവളുടെ കൈയ്ക്കു കടന്നു പിടിച്ചുകൊണ്ടു പറഞ്ഞു: `ഉം, എഴുന്നേല്ക്ക, തോറേ! എഴുന്നേറ്റ് എന്റെ കൂടെ വരൂ!' ഇപ്പോള്‍ അവള്‍ക്കു നല്ലപോലെ ബോധപ്പെട്ടു, താന്‍ മരിച്ചിട്ടില്ലെന്ന്. തനിക്കുവേണ്ടി തന്റെ കുഞ്ഞുങ്ങള്‍ കിടന്നു മുറവിളി കൂട്ടുന്നതിനാല്‍ വീട്ടിലേയ്ക്കു തിരിച്ചുപോകാന്‍ തന്നെ അനുവദിക്കണമെന്ന് അവള് കനിഞ്ഞപേക്ഷിച്ചു: അസിതാംബരനായ ആ മനുഷ്യന് തല കുലിക്കിയിട്ട് അവളെ നയിച്ചു കൊണ്ടുപോയി. `പക്ഷേ, ഇതല്ലല്ലോ നമുക്കു പോകേണ്ട വഴി' തോറാ പറഞ്ഞു.
`അതേ, വഴി ഇതുതന്നെയാണ്!' ആ മനുഷ്യന് പ്രതിവചിച്ചു.
``ഏറേ ദൂരം അങ്ങനെ പോയപ്പോള്‍ അവര്‍ അഗാധവും അന്ധകാരാവൃതവുമായ ഒരു മലയിടുക്കിലെത്തി; മലഞ്ചെരുവിന്റെ അടിയിലൂടെ കറുത്തിരുണ്ട ഒരു നദി പുളച്ചൊഴുകിയിരുന്നു; ഒരു തടിച്ചുയര്‍ന്ന പാറക്കെട്ട് ഒരു വശത്തു വെള്ളത്തിലേയ്ക്കിറങ്ങിനിന്നിരുന്നു; മറുവശത്തുമുണ്ടായിരുന്നു അതേപടിതന്നെ തടിച്ചുയുര്ന്ന ഒരൂക്കന്‍ പാറക്കെട്ട്. പക്ഷേ പര്‍വ്വതത്തിന്റെ ശൃംഗത്തില്‍ തനിത്തങ്കംകൊണ്ടു നിര്‍മ്മിച്ച മനോഹരമായൊരു ഹര്‍മ്മ്യം സമുല്ലസിച്ചു. അത് ആദിത്യബിംബംപോലെ പ്രഭാപ്രസരത്തില്‍ മിന്നിത്തിളങ്ങി. അതിനു വെളിയിലായി കനകകവചിതാംഗരായ പ്രഭുക്കന്മാര് കാവല്‍ നില്ക്കുന്നു. ഉള്ളിലോ ഹൃദയസ്പര്‍ശകമായ ഗാനാലാപവും ലളിതമധുരമായ വീണാവാദനവും അനുയോജ്യമായ രീതിയില്‍ സമ്മേളിക്കുന്നു. അത്രയും ആകര്‍ഷകമായി ഒന്നുംതന്നെ ഈ ലോകത്തില്ലില്ലെന്ന് അപ്പോള്‍ അവള്‍ക്കു തോന്നിപ്പോയി. ആ കനകഹര്മ്മ്യത്തിന്റെ ഉടമസ്ഥന് ആരാണെന്നവള്‍ ചോദിച്ചു.
`ഞാനാണവിടത്തെ അധിനായകന്,' ആ മനുഷ്യന് മറുപടി പറഞ്ഞു: `എന്നോടൊന്നിച്ചു വന്ന് എന്റെ ഭവനം ഒന്നു കാണരുതോ,. തോറേ?'
``അങ്ങനെതന്നെ, സന്തോഷപൂര്‍വ്വം അവള് വരുന്നതാണ്; പക്ഷേ അതു കഴിഞ്ഞ് അവള് വീട്ടിലേയ്ക്ക് - അവളുടെ കുഞ്ഞുങ്ങളുടെ അടുക്കലേയ്ക്ക് -പോകും!
``അവര്‍ പര്വ്വതപ്രദേശത്തേയ്ക്കു പോകാന്‍ തുനിഞ്ഞു. അപ്പോള്‍ അവള്‍ക്കു തോന്നി, ആ മലഞ്ചെരുവു നിറയെ വെളുത്ത കൊച്ചാട്ടിന്കുട്ടികളാണെന്ന്. ഒരാലയിലെന്നപോലെ തമ്മില്‍ത്തമ്മില്‍ മുട്ടിമുട്ടിയാണ് അവയുടെ നില്പ്. മലയിടുക്കിന്റെ ഇരുവശങ്ങളിലും കയറ്റിപ്പറ്റുവാനായി അവ നിരങ്ങുകയും തത്തിപ്പിടിച്ചുകയറുകയും ചെയ്തുകൊണ്ടിരുന്നു. പക്ഷേ അടുത്തു വന്നപ്പോള്‍ അവയെല്ലാം കൊച്ചുകുഞ്ഞുങ്ങളാണെന്ന് അവള്‍ക്കു കണ്ടറിയാന്‍ കഴിഞ്ഞു. അനേകായിരം പേരുണ്ടവര്‍; എല്ലാവരും നഗ്നരാണ്; പിറന്നിട്ടധികമായില്ല; പക്ഷേ അവരുടെ മുഖം വാര്ദ്ധക്യപീഡിതമാണ്. ചിലരുടെ ദേഹം മുഴുവന്‍ രക്തം പുരണ്ടിരിക്കുന്നു; മറ്റു ചിലരുടെ ശരീരം ഭയങ്കരമായ രീതിയില്‍ മുറിപ്പെട്ടിട്ടുണ്ട്; വേറെ ചിലരുടെ ദേഹമാകട്ടെ, നനഞ്ഞു കുതിര്‍ന്നതാണ്. അവര്‍ മലഞ്ചെരുവില്‍ നിന്നു വെളിയിലേയ്ക്കു കയറിപ്പോകുവാന്‍ പണിപ്പെട്ടു; പക്ഷേ നിമിഷത്തിനുള്ളില്‍ ഉരുണ്ടുരുണ്ടു വീണ്ടും കീഴോട്ടു തന്നെ വീഴുകയാണുണ്ടായത്. അവര്‍ അത്രയ്ക്കു കുഞ്ഞുങ്ങളും അശക്തരുമായിരുന്നു. തോറായ്ക്കിത് അതിദയനീയവും അസഹീനയവുമായ ഒരു കാഴ്ചയായിത്തോന്നി. അവള് കരയാന്‍ തുടങ്ങി. അതെന്താണെന്നും പാവപ്പെട്ട ആ കൊച്ചുജീവികള്‍ എങ്ങനെയാണവിടെ വന്നുകൂടിയതെന്നും അവള് അസിതാംബരനോടു ചോദിച്ചു. `അവരുടെ അച്ഛനമ്മമാര്‍ അവരെ ഇവിടെ വിട്ടു,' അയാള്‍ പറഞ്ഞു: `അങ്ങനെ വേണമെന്നവര്‍ നിശ്ചയിച്ചു.'
`എനിക്ക് ഒരിക്കലും അതു വിശ്വസിക്കുക സാധ്യമല്ല,' തോറാ പറഞ്ഞു.
സംസാരിക്കാനുള്ള കഴിവ് ആ കുഞ്ഞുങ്ങള്‍ക്കുണ്ടായിരുന്നു, അവര്‍ പറഞ്ഞു: `കാര്യം പരമാര്‍ത്ഥമാണ്. ഞങ്ങള്‍ക്ക് ഇവിടെത്തന്നെ കിടക്കേണ്ടിയിരിക്കുന്നു. സന്തോഷപൂര്‍വ്വം മുകളിലേയ്ക്കു വന്നു ഞങ്ങള്‍ ലോകം കാണുമായിരുന്നു; അതുപോലെതന്നെ മലഞ്ചെരുവിനപ്പുറം അകലത്തുള്ള ആ ലോകവും ഞങ്ങള്‍ സസന്തോഷം വന്നു കാണുമായിരുന്നു; പക്ഷേ എന്തുചെയ്യാം? ഞങ്ങള്‍ തീരെ കൊച്ചുകുഞ്ഞുങ്ങളായിപ്പോയി. ഞങ്ങള്‍ ഇവിടെത്തന്നെ കഴിഞ്ഞുകൂടണം. എന്നാല്‍ ഇവിടെ വല്ലാത്ത വൃത്തികേടും നഗ്നതയുമാണ്. ഞങ്ങളാണെങ്കില് തണുത്തു മരവിക്കുകയും ചെയ്യുന്നു.'
``അതു കേട്ടു തോറാ അവളുടെ മേലങ്കി അഴിച്ചെടുത്തു പലതുണ്ടുകളാക്കിക്കീറി; തന്നോടേറ്റവും അടുത്തു സ്ഥിതിചെയ്യുന്ന കുഞ്ഞുങ്ങളെ അവള് അതില്‍ പൊതിഞ്ഞു. അപ്പോള്‍ അവരെല്ലാവരും അവളുടെ ചുറ്റും തിങ്ങിക്കൂടി. അതിനാല്‍ അവള് ഒരു വസ്ത്രം കൂടി അഴിച്ചെടുത്തു കുഞ്ഞുങ്ങള്‍ക്കായി പങ്കിട്ടുകൊടുത്തു. അങ്ങനെ അവളുടെ വസ്ത്രങ്ങള്‍ മുഴുവനും അവസാനിച്ചു. ഒടുവില്‍ അവള് അവരെപ്പോലെതന്നെ നഗ്നശരീരത്തോടുകൂടിയവളായി. എന്നാല്‍ വസ്ത്രശകലം കിട്ടാത്ത കുട്ടികള്‍ കിട്ടിയ വരെക്കാള്‍ പതിന്മടങ്ങായിരുന്നു. മലഞ്ചെരുവില്‍ ആയിരമായിരക്കണക്കിലായിരുന്നു ശിശുക്കള്‍. ഈ സമയമെല്ലാം അവര്‍ മുന്നോട്ടുമുന്നോട്ടു തിക്കിക്കയറിക്കൊണ്ടിരുന്നു. തങ്ങളെ എടുത്തു മുകളില്‍ കൊണ്ടുപോയി ലോകം എങ്ങനെയിരിക്കുന്നുവെന്നു കാണിച്ചുകൊടുക്കുവാന്‍ അപേക്ഷിച്ചുകൊണ്ട് അവര്‍ അവള്‍ക്കുചുറ്റും ഇരച്ചുകൂടി.
`ഓ, ഒരു രസവുമില്ല അതു കാണാന്‍,' അവള് പറഞ്ഞു.
`എന്നിരുന്നാലും ജീവിതം ഉപേക്ഷിക്കുന്ന കാര്യത്തില്‍ വല്ലാത്ത മടിയും വൈമനസ്യവും ഉള്ളവരാണല്ലോ ഇവിടെ വരുന്നകൂട്ടര്! അവര്‍ എല്ലാവരും ഒന്നുപോലെ തന്നെ നിങ്ങളും!'
`ഞാന്‍ എന്റെ വീട്ടില്‍ എന്റെ കുഞ്ഞുങ്ങളുടെ അടുത്തേയ്ക്കു പോകാന്‍ ആഗ്രഹിക്കുള്ളൂ' തോറാ പറഞ്ഞു.
``ആ മനുഷ്യനും തോറായും ഇപ്പോള്‍ ജലത്തിനരികെ എത്തി. അതു നിറച്ചും കൊച്ചുകുഞ്ഞുങ്ങളായിരുന്നു. ഒരു മീന്പറ്റംപോലെ അങ്ങനെ തടിച്ചുകൂടി അവര്‍ അവിടെ കഴുത്തുവരെ വെള്ളത്തില്‍നിന്നു തണുത്തുവിറച്ചുകൊണ്ടിരുന്നു. തോറാ അവരുടെ ദൃഷ്ടിയില് പെട്ടു. അവള്‍ക്ക് അവരുടെ പേരില്‍ വലിയ സങ്കടം തോന്നി. അവള് പൊട്ടിക്കരഞ്ഞുപോയി. എടുക്കാന്‍ കഴിയുന്നിടത്തോളം ശിശുക്കളെ അവള് ഇരുകൈകളിലും വാരിയെടുത്തു. ആ സ്വര്ണ്ണഹര്മ്മ്യത്തിലേയ്ക്കു തനിക്കവരെ കൂട്ടിക്കൊണ്ടുപോയിക്കൂടെ എന്നവള്‍ ആ മനുഷ്യനോടു ചോദിച്ചു. തീര്‍ച്ചയായും അവള്‍ക്കങ്ങനെ ചെയ്യാമെന്ന് അയാള്‍ മറുപടി പറഞ്ഞു. ഇനി അവള്‍ക്ക് ആരെയും എടുക്കാന്‍ നിവൃത്തിയില്ല. അതുകൊണ്ട് അവരെ പൊതിഞ്ഞുകെട്ടി എടുത്തുകൊണ്ടു പോകാന്‍ ഒരു വസ്ത്രം കൊടുത്താല്ക്കൊള്ളാമെന്ന് അവള് അയാളോടപേക്ഷിച്ചു.
അയാള്‍ തന്റെ മേല്‍വസ്ത്രം അഴിച്ചെടുത്തു. അതിനിടയില്‍, സ്വര്‍ണ്ണനിര്‍മ്മിതമായ ഒരു കവചം ദേഹത്തിലും രത്നഖചിതമായ ഒരു കുരിശു മാറിലും തേജോമയമായ ഒരു കീരിടം ശിരസ്സിലും അയാള്‍ ധരിച്ചിരുക്കുന്നതായി അവള് കണ്ടു. എന്നാല്‍ അവയെക്കാളെല്ലാം പ്രഭാപൂര്ണ്ണമായിരുന്നു അയാളുടെ മുഖം. ഒരു പുരുഷന് അത്രമാത്രം രാജതുല്യമായ അന്തസ്സും സൗന്ദര്യവും ഒത്തിണങ്ങിയവനാകാമെന്നു തോറാ ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ല.
``അനന്തരം അയാള്‍ പറഞ്ഞു: `കിഴുക്കാംതൂക്കായ ഒരു ചരിവാണിവിടത്തേത്. ഞാന്‍ നിന്നെ എടുത്തുകൊണ്ടു പോകാത്ത പക്ഷം നിനക്കു മുകളിലേയ്ക്കു വരാന്‍ സാധ്യമല്ല. ആദ്യം ഞാന്‍ ആരെയാണ് എടുത്തുകൊണ്ടുപോകേണ്ടത്-കുഞ്ഞുങ്ങളെയോ, നിന്നെയോ?'
ആദ്യം കുഞ്ഞുങ്ങളെ കൊണ്ടുപോകൂ,' അവള് പറഞ്ഞു: `അവരെ എല്ലാവരേയും ഒന്നിച്ചു കൊണ്ടുപോകാന്‍ സാധ്യമല്ലെങ്കില്‍, കുറശ്ശേ മതി. സകലരും അവിടെ എത്തുന്നതുവരെ ഞാനിവിടെ കാത്തിരുന്നുകൊള്ളാം.'
`അപ്പോള്‍ നേരം വളരെയെടുക്കും,'പ്രഭു പറഞ്ഞു:` നോക്കൂ, ഇവിടെത്തന്നെ എത്ര പേരുണ്ടെന്ന്- അതാ മുറയ്ക്കുമുറയ്ക്കങ്ങനെ വന്നുകൊണ്ടിമിരിക്കുന്നു. നീ എന്റെ സ്വര്ണ്ണഹര്മ്മ്യം കാണാന്‍ ആശിച്ചതല്ലേ? അതു കഴിഞ്ഞു നിനക്കു വീട്ടില്‍ നിന്റെ കുഞ്ഞുങ്ങളുടെ അടുത്തേയ്ക്കു പോവുകയും വേണ്ടേ? ഇവിടെ ഇരിക്കുന്ന പക്ഷം ലോകാവസാനം നിനക്കിവിടെ കാത്തിരിക്കേണ്ടിവരും. എങ്കില്‍ മാത്രമേ ഈ കുഞ്ഞുങ്ങളെയെല്ലാം എനിക്കെന്റെ വീട്ടില്‍ കൊണ്ടുപോയാക്കാന്‍ കഴിയൂ.'
`എങ്കില്‍, എത്രനേരമെങ്കിലുമാകട്ടെ, എനിക്കു കാത്തിരിക്കണം.' അവള് പറഞ്ഞു: `ഈ പാവപ്പെട്ട കുഞ്ഞുങ്ങളെ ഇവിടെയിട്ടിട്ടു പോകാന്‍ എന്റെ മനസ്സനുവദിക്കുന്നില്ല. എന്റെ കുഞ്ഞുങ്ങള്‍ വീട്ടില്‍ സുഖമായി കഴിഞ്ഞുകൂടുന്നുണ്ട്. നമ്മുടെ സഹായം കൂടുതല്‍ ആവശ്യം ഇവര്‍ക്കാണ്.'
``കനകകവചിതാംഗനായ മനുഷ്യന് പറഞ്ഞു: `നിന്റെ മാറോടു ചേര്‍ന്നുകിടക്കുന്ന കുഞ്ഞിന്റെ തൊട്ടടുത്തുള്ളതു നിന്റെ മൂത്ത മകനാണ്, തോറേ! ലോകത്തില്‍ ജീവിച്ച് എന്റെ ഭവനത്തിലേയ്ക്കുള്ള വഴിയേതെന്നു ഗ്രഹിക്കാന്‍ കഴിവുകിട്ടുന്നതിനു വളരെ മുമ്പുതന്നെ ജീവന് കവര്ന്നെടുക്കപ്പെട്ടവരാണ് ഈ കുഞ്ഞുങ്ങള്‍ മുഴുവനും.'
``തോറാ പേടിച്ചു കിടുകിടുത്തു കാല്‍മുട്ടുകളില്‍ നിന്നുകൊണ്ടു ചോദിച്ചു: `പ്രഭോ അങ്ങാരാണ്? എന്താണവിടത്തെ പേര്?'
``ക്രിസ്തു എന്നാണെന്റെ പേര്!'രാജാവ് അരുളിച്ചെയ്തു. അടുത്ത നിമിഷത്തില്‍ മലമുകളില്‍ സൂര്യന് ഉദിച്ചുയര്‍ന്ന പോലെ മനോഹരമായ ഒരു പ്രകാശപൂരം ആ കുഞ്ഞുങ്ങളെ ചൂടുപിടിപ്പിച്ചുകൊണ്ട് അദ്ദേഹത്തില്‍ നിന്നു വെളിയിലേയ്ക്കു പ്രസരിച്ചു. പക്ഷേ അതിന്റെ വിലാസതീഷ്ണതയില് തോറായ്ക്കും കണ്ണിറുക്കിയടയ്ക്കേണ്ടതായി വന്നുകൂടി. കുറച്ചു കഴിഞ്ഞു വീണ്ടും കണ്ണുതുറന്നുപ്പോള് വീട്ടില്‍ തന്റെ കിടയ്ക്കയില്‍ അവള് കിടക്കുകയാണ്.
``ഉടന്‍തന്നെ അവള് അവളുടെ ഭര്‍ത്താവിനും ബന്ധുജനങ്ങള്‍ക്കും ആളയച്ചു. തനിക്കൂണ്ടായ സ്വപ്നദര്ശനത്തെക്കൂറിച്ച് അവള് അവരോടു വിവരിച്ചു പറഞ്ഞു. തന്നില്‍ തങ്ങിനിന്നിരുന്ന അപമാനവസ്തുത അവള് പിന്നീടൊരിക്കലും മറച്ചുവെച്ചില്ല. താന്‍ ചെയ്ത ശിശുഹത്യയെക്കുറിച്ചും അവള് സുധീരം പ്രസ്താവിച്ചു. ഇതു കേട്ട് അവളുടെ ഭര്‍ത്താവിനു കലികയറി. സമയം അര്‍ദ്ധരാത്രിയായിരുന്നു; എങ്കിലും എഴുന്നേറ്റ് ആ നിമിഷം തന്നെ വീട്ടില്നിന്നിറങ്ങിപ്പോകുവാന് തുള്ളിവിറച്ചുകൊണ്ട് അയാള്‍ ആജ്ഞാപിച്ചു.
``അവള് നഗരത്തിലൂടെ പാഞ്ഞുപോയി. പട്ടികള്‍ അവളുടെ നേര്‍ക്കു നോക്കി കുര തുടങ്ങി. താന്‍ അത്യന്തദുര്ഭഗയും മഹാപാപിനിയുമാകയാല് ഈ ലോകത്തില്‍ ജീവിക്കാന്‍ അര്‍ഹയല്ലെന്ന് അവള്‍ക്കു തോന്നി. അതിനാല്‍ അവള് കടല്‍ക്കരയിലേയ്ക്കു പോയി. വലിയ രണ്ടു ഉരുളന്കല്ലുകള്ക്കിടയില് നിന്നു പുറപ്പെട്ട ഒരു തേങ്ങിക്കരച്ചില്‍ അപ്പോള്‍ അവളുടെ ചെവിയിലെത്തി. ശബ്ദം വന്ന സ്ഥലത്തെ ലക്ഷ്യമാക്കി അവള് നടന്നുപോയി. ഒടുവില്‍ കടല്ച്ചണ്ടികള്ക്കിടയില് പ്രസവിച്ച പടിയുള്ള ഒരു പുരഷപ്രജ കിടക്കുന്നത് അവളുടെ കണ്ണില്‍പ്പെട്ടു. അതിനപ്പോഴും ജീവനുണ്ടായിരുന്നു. തോറാ തന്റെ വസ്ത്രങ്ങളില്‍ അവനെ പൊതിഞ്ഞെടുത്തു മാറോടടുക്കിപ്പിടിച്ചു അവനു മുലകൊടുത്തു. ഈ കുഞ്ഞിനെ താനെടുത്തു വളര്‍ത്തുമെന്ന് അവള് നിശ്ചയിച്ചുറച്ചു. അവനെയുംകൊണ്ട് അവള് നാടുവിട്ടു വളരെവളരെ അകലെപ്പോയി. ഒടുവില്‍ തന്നെ ആരും അറിയാത്ത ഒരുവനമണ്ഡലത്തില് അവള് എത്തിച്ചേര്‍ന്നു. അവള് തന്നത്താന്‍ ഒരു കുടില്‍ വെച്ചുകെട്ടി ആ കുട്ടിയുമൊന്നിച്ച് അവിടെ താമസമാക്കി. അതിനുശേഷം അവളുടെ വകയായുണ്ടായിരുന്ന വെള്ളിയും സ്വര്‍ണ്ണവുമെല്ലാം അവള് ഭദ്രമായി സൂക്ഷിച്ചു വെയ്ക്കുകയും മാതാപിതാക്കള്‍ ഉപേക്ഷിക്കുന്ന സകലശിശുക്കളെയും താന്‍ പോറ്റിവളര്ത്തുന്നതാണെന്നു ശപഥം ചെയ്കയും ചെയ്തു. തന്റെ കൈവശമുണ്ടായിരുന്നതെല്ലാം വിറ്റ് അവള് ആ കുഞ്ഞുങ്ങള്‍ക്ക് ആഹാരം വാങ്ങി. എന്നാല്‍ അവളാകട്ടെ, ക്രിസ്തുവിനെ ധ്യാനിച്ചുകൊണ്ടു മണ്ണില്‍ കിളര്ത്തുനിന്ന പുല്ക്കൊടികള് മാത്രമേ ഭക്ഷിച്ചുള്ളൂ; അരുവികളിലെ ജലം മാത്രമാണ് അവള് പാനം ചെയ്തതും. പാതിരിമാര്‍ ആ പ്രദേശത്തുവന്നു മതപ്രസംഗം നടത്തിയ കാലത്ത് അവളെ കണ്ടുമുട്ടി. ദൈവത്തില്‍ വിശ്വസിക്കയും സ്വജീവിതം സര്‍വ്വശക്തന്റെ പേരില്‍ ത്യാഗസുന്ദരമാക്കി സമര്‍പ്പിക്കയും ചെയ്ത ആ മഹാമനസ്വനിയെക്കണ്ട് അവര്‍ ആശ്ചര്യഭരിതരായി. അനന്തരം അവര്‍ അവളേയും അവളുടെ എല്ല വളര്‍ത്തുമക്കളെയും `മാമൂദീസ' കഴിപ്പിച്ചു. അവളുടെ കാലശേഷം, ദിവ്യമായ അവളുടെ തപശ്ച്വര്യമൂലം അവള് ഒരു പുണ്യവാളത്തിയായി വാഴ്ത്തപ്പെട്ടു.''
ഈ കഥയ്ക്കുവേണ്ടി വിഗ്ഡിസ് പുരോഹിതനു നന്ദി പറഞ്ഞു. അതിനുശേഷം ഏറെനേരം അവള് ചിന്താമഗ്നയായി കാണപ്പെട്ടു. കിടക്കാന്‍ സമയമായി. അവളുടെ ആളുകള്‍ വെളിയിലേയ്ക്കിറങ്ങി. അവള് ഉള്‍വാറിനെ അടുത്തുവിളിച്ചു. അവനിപ്പോള്‍ ഒന്‍പതു വയസ്സുപ്രായമുണ്ട്. അമ്മയോടു വലിയ സ്നേഹമാണ്. അവന് അവളുടെ മടിയില്‍ ചെന്ന് ഇരുകൈകളും അവളുടെ കഴുത്തില്‍ ചുറ്റിപ്പിടിച്ചുകൊണ്ട് ഇരിപ്പുറപ്പിച്ചു.
``ആ മലഞ്ചെരുവില്‍ ലോകാവസാനംവരെ എനിക്കുവേണ്ടി അമ്മ കാത്തിരിക്കുമായിരുന്നോ, അമ്മേ?' അവന് ചോദിച്ചു: ``അമ്മ അങ്ങനെ ചെയ്യുമെന്നുതന്നെ മിക്കവാറും എനിക്കുതോന്നിപ്പോകുന്നു.''
വിഗ്ഡിസ് അവളുടെ കൈകള്‍ക്കുള്ളില്‍ അവനെ അമര്‍ത്തിപ്പിടിച്ചുകൊണ്ടു പറഞ്ഞു:
``തോറായെപ്പോലെ ഒരു രാത്രി ഞാനും അതു മനസ്സിലാക്കിയിട്ടുണ്ട്. നിനക്കു നിന്റെ മാതാവിന്റെ ആവശ്യം യഥാര്ത്ഥമായുണ്ടാകുമ്പോള് നിന്നെ രക്ഷിക്കുവാനായി ലോകത്തിന്റെ അവസാനംവരെ ഞാനും പോകും.''
കുട്ടി അവളെ ഉമ്മവെച്ചു തലോടിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞ് അവന് പറഞ്ഞു:
``ആരാണെന്റെ അച്ഛനെന്നുമാത്രം അമ്മ ഒരിക്കലും പറയുകയില്ലല്ലോ!''
``ഞാനിപ്പോള്‍ സന്തുഷ്ടയാണ്. നീ ആ ആളെക്കുറിച്ചുള്ള ഓര്‍മ്മ എന്നില്‍ ഉണര്ത്തികൂടാ!'' അവന്റെ അമ്മ പറഞ്ഞു: ``നീ ആ മനുഷ്യനെക്കുറച്ച് എന്നോടു യാതൊന്നും ചോദിക്കാന്‍ പാടില്ല!''
``ഞാന്‍ വളര്‍ന്നുവന്ന് എനിക്കു തക്ക പ്രായമായിക്കഴിഞ്ഞാല്‍ ഞാന്‍ അദ്ദേഹത്ത അന്വേഷിച്ചുപോയി, എവിടെനിന്നെങ്കിലും തിരക്കിപ്പിടിക്കും; അപ്പോള്‍ അമ്മയെ വിവാഹം കഴിക്കാന്‍ അദ്ദേഹം നിര്‍ബ്ബന്ധിതനായിത്തീരും. അങ്ങനെ ചെയ്യാത്തപക്ഷം അദ്ദേഹത്തിന് അതിനെക്കുറിച്ചു പശ്ചാത്തപിക്കാന്‍ ഇടയാകും.''
വിഗ്ഡിസ് ഒരു പുഞ്ചിരിയോടുകൂടി പറഞ്ഞു:
``നിനക്കു പോകാന്‍ തക്ക പ്രായമാകുന്നതിന് ഇനിയും എത്രയോ കൊല്ലങ്ങള്‍ കഴിയേണ്ടിയിരിക്കുന്നു, എന്റെ മോനേ! അതു കഴിഞ്ഞു ഞാന്‍ നിന്നെ പോകാന്‍ അനുവദിക്കുന്നതിനു പിന്നെയും എത്രയോ കാലം കഴിയേണ്ടതായിട്ടുണ്ട്! നമുക്ക് ആ ആളെക്കുറിച്ച് ഒരിക്കലും യാതൊന്നും സംസാരിക്കേണ്ടാ. ആ ആളിന്റെ ദൃഷ്ടികള്‍ നിന്നില്‍ പതിയുവാനും നിന്നെ ആ മനുഷ്യന് ഉപദ്രവിക്കുവാനും ഒരിക്കലും സംഗതിയാകാതിരിക്കട്ടെ! നിനക്കായി എനിക്കു നല്കുവാന് സാധിക്കുന്നതില്‍ ഏറ്റവും ഉത്തമമായിട്ടുള്ളതു നിനക്കു ലഭിക്കുന്നതാണ്. ഞാനാണെങ്കില്‍ - എനിക്ക് ഓര്‍മ്മിക്കുവാന്‍ സാധ്യമല്ലാത്തതെന്തോ അതു ഞാന്‍ മറക്കുകയും ചെയ്തുകൊള്ളാം.''
മുപ്പത്തിയൊന്പത്
ഉള്‍വാര്‍ മിടുക്കനായി വളര്‍ന്നുവന്നു. സുമുഖനും നല്ല പ്രസരിപ്പുള്ളവനുമായിരുന്നു അവന്. നല്ല ഉയരമുള്ള ശരീരമാണ് അവന്റേത്; പക്ഷേ അതിനു ഘനം പോരാ; കൈകാലുകളും ശോഷിച്ചതാണ്. ഇടുങ്ങിയ ഒരു മുഖവും ഇളം നീലക്കണ്ണുകളും അല്പം അരുണിമകലര്ന്ന ചെമ്പന്‍ തലമുടിയുമാണാണവനുള്ളത്.
വളരെ കാലേക്കൂട്ടിത്തന്നെ പൗരുഷദ്യോതകമായ ഒരു സ്വഭാവവിശേഷം അവന് സമാര്‍ജ്ജിച്ചിരുന്നു. അതിനാല്‍ കുട്ടിക്കാലം മുതല്ക്കേ കൃഷിപ്പണിസംബന്ധിച്ച കാര്യങ്ങളിലും മറ്റും അവന്റെ അമ്മ അവനുമായി ആലോചന നടത്തുകയും അവന്റെ ഉപദേശം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തികച്ചും മുതിര്‍ന്നു തനിക്കു താങ്ങായി നിലകൊള്ളുവാന്‍ തക്ക ജ്ഞാനം അവനു സിദ്ധിച്ചിട്ടുണ്ടെന്ന നിലയിലായിരുന്നുഅവനോടുള്ള അവളുടെ പെരുമാറ്റം. ഇതവനെ അല്പം ഗൗരവക്കാരനും മിതഭാഷിയുമാക്കി. എന്നാല്‍ കൃഷിസ്ഥലങ്ങളിലും മറ്റും അവന് അവന്റെ സ്വന്തം രീതിയില്‍ ശാന്തനും ഉദാരനുമായിരുന്നു. എല്ലാവരും അവനെ ഇഷ്ടപ്പെട്ടു. അവനും അവന്റെ അമ്മയും പരസ്പരം ഗാഢമായ സ്നേഹത്തോടുകൂടിയാണ് ജീവിച്ചുപോന്നത്.
എന്നാല്‍ തന്റെ അച്ഛനാരാണെന്നു പലപ്പോഴും അവന് ചോദിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അവള് അതിനു മറുപടി പറഞ്ഞിട്ടില്ല. ആ മനുഷ്യനെക്കുറിച്ചു നന്മയായിട്ടൊന്നും തന്നെ തനിക്കു പറയാനില്ലെന്നും അയാളുടെ പേര് ഇനിയൊരിക്കലും ഉച്ചരിച്ചുകേള്‍ക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അവള് അവനെ ധരിപ്പിച്ചു. അതിനുശേഷം അവള് ചിന്താഭാരത്തോടുകൂടിയവളായി കാണപ്പെട്ടു. അതിനാല്‍ കൂടുതല്‍ ഒന്നുംതന്നെ ചോദിക്കുവാന്‍ ഉള്‍വാര്‍ ധൈര്യപ്പെട്ടില്ല.
കാാറെയും ഇല്ല്യൂജും വിഗ്ഡിസ്സും ഉറ്റ ബന്ധുക്കളായി കഴിഞ്ഞുകൂടി. എല്ലാ കൊല്ലവും അവരില്‍ ഓരോ ആളും മറ്റുള്ളവര്‍ക്കു കെങ്കേമമായി ഒരു വിരുന്നു കൊടുത്തു. ഉള്‍വാറിന്റെ കാര്യത്തില്‍ അവര്‍ പ്രത്യേകം ശ്രദ്ധ പതിച്ചിരുന്നു. പുരുഷോചിതമായ സര്വ്വവിധകായികാഭ്യാസങ്ങളിലും കളികളിലും അവര്‍ അവനു സമര്‍ത്ഥമായ ശിക്ഷണം നല്കി. കൂടുതല്‍ അടുത്തായതുകൊണ്ട് അവന് ഒട്ടുമുക്കാലും ഗ്രെഫ്സിനില്ത്തന്നെ ആയിരുന്നു. എന്നാല്‍ ബാഗ്സ്ലഡീറിലേയ്ക്കു കുതിരയോടിച്ചുപോയി അവിടെയങ്ങനെ തങ്ങുന്നതിലായിരുന്നു അവന് അധികമിഷ്ടം. അതിനു പ്രത്യേകിച്ചു കാരണമുണ്ട് - ഇല്ല്യൂജ് ലോകം കണ്ടവനാണ്. അയാള്‍ക്ക് അന്തമറ്റവിധം അനുഭവങ്ങളുണ്ട്. അയാള്‍ പറയുന്ന വര്‍ത്തമാനങ്ങള്‍ ചെവിക്കൊള്ളുവാന്‍ ഉള്‍വാര്‍ അത്യധികം ഇഷ്ടപ്പെട്ടു.
ഒരു ദിവസം അവന് ബാഗ്സ്റ്റഡീറില് ഇരിക്കുമ്പോള്‍ പുരോഹിതനായ എയ്റിക് അവിടെ വന്നു. ചുമ്മാ നേരം പോകാന്‍ വല്ലതും പറയണമെന്ന് ഇല്ല്യൂജ് പുരോഹിതനോടാവശ്യപ്പെട്ടു.
അനന്തരം എയ്റിക് കാംപെഡസ്സില്വെച്ചു ചിറകുള്ള പെരുമ്പാമ്പിനെ കൊന്ന ഗ്രിഗോറിയസ് പുണ്യവാളന്റെ കഥ അവരെ പറഞ്ഞുകേള്‍പ്പിച്ചു.
ഇല്ല്യൂജ് പറഞ്ഞു.
``പിശാചിനെ കീഴടക്കിയ ക്രിസ്തുവിനുശേഷം, പൗരുഷാത്മകമായ കായികശക്തിപ്രകടനത്തിനു മകുടോദാഹരണമായി നില്ക്കുന്ന ഒരത്ഭുതകൃത്യം ഇതാണ്. ഇവയോടു താരതമ്യപ്പെടുത്താന്‍ രണ്ടേരണ്ടു സംഭവങ്ങളേ ഉള്ളൂ: സിഗേര്ഡ്സിഗ് മണ്ഡ്സണ്`ഫാഫിനി' എന്ന സര്‍പ്പത്തെ കൊന്നതു ഒളാവ്ട്രിഗ് വെസ്സണ്‍ `സ്പോള്ഡില്' വെച്ചു മൂന്നു ശത്രുസേനാസമൂഹങ്ങള് ഒന്നിച്ചു നേര്ത്തിട്ടും ഓടിപ്പോകാതിരുന്നതും.
ഐതിഹ്യങ്ങള്‍ ഘോഷിക്കുന്ന ആ വെള്ളത്തലമുടിക്കാരായ പിതാമഹന്മാരുടെ കാലംമുതല്‍ നോക്കിയാല്‍ അദ്ദേഹത്തെപ്പോലൊരാള്‍ ഉണ്ടായിട്ടില്ല; ഈ വടക്കന്‍ പ്രദേശങ്ങളില്‍ കടല്‍ത്തിരകള്‍ അലറിയടിക്കുന്നേടത്തോളം കാലം അങ്ങനെയൊരു പ്രഭു ഉണ്ടാവുകയുമില്ല.''
ലോകത്തിന്റെ ആ ഭാഗത്ത് ഏറ്റവും വലിയ ഇടപ്രഭു ഒളാവ് തന്നെയാണെന്നു പുരോഹിതന് സമ്മതിച്ചു. പക്ഷേ പരിശുദ്ധാത്മക്കളായ രക്തസാക്ഷികളുടേയും ദക്ഷിണദേശങ്ങളില്‍ അവര്‍ക്കു സ്വമതത്തിന്റെ പേരില്‍ അനുഭവിക്കേണ്ടിവന്ന അന്തമറ്റ ദുരിതങ്ങളെയും കുറിച്ചു പ്രസ്താവിക്കുവാനാണ് പുരോഹിതന് പിന്നീടിഷ്ടപ്പെട്ടത്. മതവിശ്വാസികളുടെ കൂറും ചുണയും അവരെ കാണിക്കുവാനായി അദ്ദേഹം ഒരു ചെറുപ്പക്കാരിയായ കന്യകയുടെ മനസൈഥര്യത്തെക്കുറിച്ചു വിവരിക്കുവാന്‍ തുടങ്ങി.
ഇല്ല്യൂജ് പറഞ്ഞു.
``അതിമഹത്തായ ഒരു ഹൃദയമുണ്ട്, ആ കന്യകയ്ക്ക്; ഒരു കാലത്തും അവളുടെ പ്രശസ്തി വിസ്മൃതമാകയുമില്ല; എന്നാല്‍ ഇനി ഞാന്‍ എനിക്കറിവുള്ള ഏറ്റവും പരാക്രമശാലിനിയായ സ്ത്രീയെക്കുറിച്ചു പറയാം. ഉള്‍വാര്‍, നീ ഈ കഥയുടെ ഏതാനും ചിലതു കേട്ടിരിക്കാം; പക്ഷേ മുഴുവന്‍ കേട്ടുകാണുകയില്ലെന്ന് എനിക്കു നിശ്ചയമുണ്ട്.''
വാഡിന് അഗ്നിക്കിരയായ ആ രാത്രി വനങ്ങലിലൂടെയുള്ള വിഗ്ഡിസ്സിന്റെ യാത്രയെക്കുറിച്ച് അയാള്‍ അനന്തരം അവരെ വിസ്തരിച്ചു പറഞ്ഞുകേള്‍പ്പിച്ചു. അയാള്‍ അവളുടെ പേരുമാത്രം പറഞ്ഞില്ല. എല്ലാം പറഞ്ഞുകഴിഞ്ഞതിന്റെശേഷം അയാള്‍ ആ കുട്ടിയോടു ചോദിച്ചു:
``ആരെക്കുറിച്ചാണ് ഞാനിപ്പറയുന്നതെന്നു നിനക്കറിയാമോ? അല്ലെങ്കില്‍ ഇടതുകൈയിലെ മൂന്നു വിരല്‍ മുറിഞ്ഞു പോയിട്ടുള്ള ഏതെങ്കിലും സ്ത്രീയെ നിനക്കു പരിചയമുണ്ടോ?''
ഉള്‍വാര്‍ തലകുലുക്കിക്കൊണ്ടു മറ്റേ ആളുടെ കൈക്കു പിടിച്ചു. ഇല്ല്യൂജ് പറഞ്ഞു:
``നിന്റെ അമ്മയെ പിന്തുടരുന്നതാണ് നിന്റെ പ്രകൃതമെങ്കില്‍ നിന്നെക്കുറിച്ചൊരു കാലത്തു വലിയ വലിയ കാര്യങ്ങള്‍ ഞങ്ങള്‍ക്കു കേള്‍ക്കാന്‍ കഴിയും.''
പിറ്റേദിവസം ഉള്‍വാര്‍ സ്വഗൃഹത്തിലേയ്ക്കു കുതിരയോടിച്ചു പോന്നു. മുറ്റത്തെത്തിയപ്പോള്‍ വിഗിഡിസ് അവിടെയിരുന്നു കുതിരക്കുട്ടികള്‍ക്ക് അപ്പം കൊടുത്തു തീറ്റുന്നത് അവന്‍കണ്ടു. കുതിരപ്പുറത്തുനിന്നു ചാടിയിറങ്ങി ഓടിച്ചെന്ന് അവന് അവളെ കെട്ടിപ്പിടിച്ചു. അവള് ചിരിച്ചുകൊണ്ട് എന്താണവനു പറ്റിയതെന്നു ചോദിച്ചു.
``ഒന്നുമില്ല,'' അവന് മറുപടി പറഞ്ഞു: ``എന്റെ അമ്മേ, അമ്മയ്ക്കു തുല്യമായി ആരുംതന്നെയില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു; അത്രയേ ഉള്ളൂ'' എന്നു പറഞ്ഞുകൊണ്ട് അവന് അവളുടെ ഇടതുകൈ പിടിച്ചുയര്‍ത്തി മുറിഞ്ഞുപോയ വിരലുകളുടെ അവശേഷിച്ച കുറ്റികളെ ഉമ്മവെച്ചു.
``ഇല്ല്യൂജ് എന്തൊക്കെയാണിപ്പോള്‍ നിന്നോടു പറഞ്ഞു കൊണ്ടിരുന്നത്?'' വീണ്ടും ചിരിച്ചുകൊണ്ട് അവന്റെ അമ്മ ചോദിച്ചു.
``അമ്മയ്ക്കറിയാമോ, എന്താണെന്റെ മനസ്സിലുള്ളതെന്ന്?''
ഉള്‍വാര്‍ തുടര്‍ന്നു: ``ഒളാവ് ട്രിഗവെസ്സനെ അമ്മ സ്വീകരിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നേനെ! നിങ്ങള്‍ രണ്ടുപേരും നല്ലപോലെ അന്യോന്യം യോജിപ്പുള്ളവരായിരുന്നു!''
വിഗ്ഡിസ്സിന്റെ മുഖം രക്തവര്‍ണ്ണമായി. അവള് ഒന്നും മിണ്ടിയില്ല. അവള് അവന്റെ കവിളില്‍ ഉമ്മവെച്ചിട്ട് അകത്തുപോയി ഭക്ഷണം കഴിക്കാന്‍ അവനോടാവശ്യപ്പെട്ടു.
നാല്പത്
ഒരു ദിവസം സായാഹ്നത്തില്‍ ഐസ്ലാന്ഡുകാരായ രണ്ടു വ്യാപാരികള്‍ ട്യൂണ്സ്ബെര്ഗിലേയ്ക്കു പോകും വഴി വാഡിനില്‍ വരികയും ഒരു രാത്രി അവിടെ കഴിച്ചുകൂട്ടാന്‍ അനുവദിച്ചാല്ക്കൊള്ളാമെന്ന് അപേക്ഷിക്കുകയും ചെയ്തു. വിഗ്ഡിസ് അവരെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്തു സമൃദ്ധമായ രീതിയില്‍ അവര്‍ക്കു വേണ്ട സല്‍ക്കാരം നടത്തി. കുലീനരും മാന്യന്മാരുമായിരുന്നു അവര്‍. രാത്രി വളരെ വൈകുന്നതുവരെ വിഗ്ഡിസ് അവരുമായി ഓരോന്നു സംസാരിച്ചുകൊണ്ടിരുന്നു.
ഒടുവില്‍ അവള് വൈഗ-യോട്ട് എന്നു പോരോടുകൂടിയ ഒരു മനുഷ്യനെപ്പറ്റി വല്ലതും അവര്ക്കറിയാമോ എന്നും ആ മനുഷ്യന് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നും അവരോടന്വേഷിച്ചു.
ഉവ്വ്, അവര്‍ മറുപടി പറഞ്ഞു. `റാഡസാന്ഡിലെ വൈഗ-യോട്ടി'നെക്കുറിച്ച് അവര്‍ കേട്ടിട്ടുണ്ട്; പക്ഷേ അവര്‍ക്കു പ്രായമാകുന്നതിനുമുന്പുതന്നെ അയാള്‍ കൊല്ലപ്പെട്ടിരുന്നു.
അത്രയേറെക്കാലമൊന്നും ആയിട്ടില്ലെന്നു വിഗ്ഡിസ് പ്രസ്താവിച്ചു: ``എന്തുകൊണ്ടെന്നാല്‍, ആ മനുഷ്യന് ഇവിടെ നോര്‍വേയില്‍ താമസിച്ചിരുന്നത് എനിക്കോര്‍മ്മയുണ്ട്.''അനന്തരം ആ ചങ്ങാതികളില്‍ ഒരാള്‍ മറ്റൊരാളോടു പറഞ്ഞു:
``തീരെ കുട്ടിപ്രായത്തില്‍, ഐറേ-ടോര്ബ്ജോണിന്റെ ചെമ്മരിയാടുകളെ മേച്ചുകൊണ്ടു നടന്ന കാലത്ത്, തന്റെ പിതാവിനെ വധിച്ച മനുഷ്യനെ വെട്ടിക്കൊന്ന സ്ക്കോമെഡാലിലെ യോട്ട് ഗിസ്സേര്സണെയും അക്കാലത്തെല്ലാം അങ്ങനെയാണ് ആളുകള്‍ വിളിച്ചിരുന്നത്.''
വിഗ്ഡിസ് പറഞ്ഞു:
``ഞാന്‍ പറയുന്ന ആളിന്റെ പേര് യോട്ട് ഗിസ്സേര്സണ് എന്നുതന്നെയാണ്. ആ മനുഷ്യന് ജീവിച്ചിരിപ്പുണ്ടോ എന്നു നിങ്ങള്‍ക്കറിയാമോ?''
ഉള്‍വാര്‍ ബെഞ്ചിന്മേല് ഇരിക്കുകയായിരുന്നു; അവന് മേശയ്ക്കുമീതെ കുനിഞ്ഞു കിടന്നുകൊണ്ട് അവരോടപേക്ഷിച്ചു:
``കുഞ്ഞായിരുന്ന കാലത്ത് ആടുമേച്ചുകൊണ്ടു നടക്കുമ്പോള്‍, തന്റെ പിതാവിനെ വധിച്ചയാളെ വെട്ടിക്കൊന്നതിനെക്കുറിച്ച്- ആ മനുഷ്യനെക്കുറിച്ച്-ഞങ്ങളോടു പറയൂ!''
വിഗ്ഡിസ് സ്വപുത്രന്റെ നേര്‍ക്കു കണ്ണയച്ചു. പക്ഷേ അവള് ഒന്നും പറഞ്ഞില്ല. അവരില്‍ ഒരാള്‍ പ്രസ്താവിച്ചു:
``കേട്ടോ, ഹെല്‍ജേ, ഗൃഹനായികയ്ക്ക് ആശയുള്ളപക്ഷം താനതു പറഞ്ഞുകേള്‍പ്പിക്കണം.''
``തീര്‍ച്ചയായും ഞങ്ങളതിഷ്ടപ്പെടുന്നു.'' കീഴോട്ടു നോക്കിക്കൊണ്ടു താണ സ്വരത്തില്‍ വിഗ്ഡിസ് പറഞ്ഞു: ``നിങ്ങള്‍ക്കു ക്ഷീണമില്ലെങ്കില്‍, ആ കഥ നിങ്ങള്‍ ഞങ്ങളോടു പറയണം.''
ഹെല്‍ജേ ആരംഭിച്ചു: ``ഗിസ്സറിന്റെ ഏകപുത്രനായിരുന്നു ഈ യോട്ട്. `ജീത്താബാക്കേ'യിലെ ധനാഢ്യനായ ഗുന്നാറും അയാളുടെ ചാര്‍ച്ചക്കാരും കൂടി ഗിസ്സറിനെ വധിച്ചു. ഗുന്നാറോടൊന്നിച്ച് ആറാളുകള് ഉണ്ടായിരുന്നു; ആര്‍നേ കോള്‍സണ്‍ ആയിരുന്നു അവരിലൊരാള്‍; മറ്റാരെയുംകാള്‍ അയാളായിരുന്നു ആ കൊലയ്ക്കുത്തുരവാദി. ഗിസ്സറിനുവേണ്ടി അയാളുടെ ആളുകള്‍ വേണ്ടവിധത്തില്‍ കേസു നടത്തി. ഗുന്നാര്‍ നഷ്ടപരിഹാരം നല്കി. ഗുന്നാറിന്റെയും അയാളുടെ ചാര്‍ച്ചക്കാരുടെയും നില നോക്കുമ്പോള്‍ അന്നു ഗിസ്സറും അയാളുടെ ആളുകളും നിസ്സാരന്മാരായിരുന്നു. ആര്‍നേയുടെ പേരില്‍ കേസ്സു നടത്താന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. അന്നു രണ്ടോ മൂന്നോ വയസ്സു പ്രായം കാണും യോട്ടിന്.
``ശീതകാലത്തിലെ ഒരു ദിവസം; യോട്ടിനന്നു പതിമൂന്നു വയസ്സു പ്രായം; ചില കുട്ടികളുമൊന്നിച്ച് അവന് പാറക്കെട്ടുകള്‍ക്കിടയില്‍ ആലയിലെത്താഞ്ഞ ഒരു ചെമ്മരിയാടിനെ അന്വേഷിക്കുകയാണ്. കുട്ടികള്‍ ഒരു പാറക്കെട്ടിനടിയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, ഓരോരുത്തനും തനിക്കു ചെയ്യാന്‍ കഴിവുള്ള വീരപരാക്രമങ്ങളെക്കുറിച്ചു വമ്പുപറയാന്‍ തുടങ്ങി. ഒരിക്കലും ലക്ഷ്യം പിഴയ്ക്കാതെ കുറുങ്കുന്തം പ്രയോഗിക്കാന്‍ തനിക്കു വലിയ സാമര്‍ത്ഥ്യമുണ്ടെന്നു യോട്ട് അവകാശപ്പെട്ടു. അപ്പോള്‍ കുട്ടികളില്‍ ഒരാള്‍ അകലേയ്ക്കു
ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു: `ഹാക്കെട്ടിന്ഡിനു കീഴെയുള്ള മലഞ്ചെരുവിന്റെ മുകളിലേയ്ക്കു കുതിരയോടിച്ചു പോകുന്ന ആ ജനസംഘത്തെ താന്‍ കാണുന്നോ? ആര്‍നേ കോള്‍സണും കൂട്ടരുമാണതെന്ന് എനിക്കു മനസ്സിലാക്കാം. അയാളെ ലക്ഷ്യമാക്കി താനൊരു ചാണ്ടുകൊടുത്താല്, കേട്ടോ, യോട്ടേ, തന്റെ അച്ഛന്റെ മരണത്തിനു ഗുന്നാറിന്റെ സ്വര്‍ണ്ണത്തെക്കാള്‍ ഭേദപ്പെട്ട ഒരു വിലയായിരിക്കും അത്.'
``കുട്ടികളുടെ കൈവശം മൂന്നു കുറുങ്കുന്തങ്ങള് ഉണ്ടായിരുന്നു. യോട്ട് അവ മൂന്നും കൈക്കലാക്കിക്കൊണ്ടു പായല്‍ നിറഞ്ഞ പാറപ്പരപ്പുകളിലൂടെ വടക്കോട്ടു പാഞ്ഞു. പര്‍വ്വതത്തിലെ നടപ്പാത മലഞ്ചെരുവിലെത്തുമ്പോള് ഒരിടുങ്ങിയ വഴിത്താരയായിത്തീരുന്നു; അതിന്റെ ഏറ്റവും ഇടുങ്ങിയ സ്ഥാനത്തു കുറെ നടപ്പടികളിലൂടെയാണ് അതിന്റെ ഗതി. ഒരുവശത്തു ചെങ്കുത്തായി കിടക്കുന്ന ഒരു പാറക്കെട്ടും. യോട്ട് അവിടെ ചെന്നു പറ്റി ഒരു വലിയ പാറക്കല്ലിനു പിറകില്‍ ഒളിച്ചിരുന്നു. ആര്‍നേ ഇപ്പോള്‍ നടപ്പടികളില്‍ എത്തിയിരിക്കുകയാണ്. അയാളോടുകൂടി നാലു പേര് കുതിരപ്പുറത്തുണ്ട്. വഴിത്താര കുന്നില്‍ മുകളിലേയ്ക്കു കുത്തനെ കയറിപ്പോകുന്നതാണ്. താന്‍ ഇരിക്കുന്നതിനു നേരെ കീഴിലായി ആളുകള്‍ എത്തിയപ്പോള്‍ യോട്ട് പാറപ്പുറത്തു ചാടിക്കയറി ആദ്യത്തെ കുന്തം ഒരെററുകൊടുത്തു. ആര്നേയോടു തൊട്ടടുത്തു കുതിരയോടിച്ചു പോയിരുന്ന ആളുടെ മേല്‍ അതു തറച്ചു. യോട്ട് വീണ്ടും ചാടിയിറങ്ങി പാറയ്ക്കുപിന്നില്‍ ഒളിച്ചിരിപ്പായി. ആരാണ് കുന്തം എറിഞ്ഞതെന്ന് അവര്‍ ആരും കണ്ടിരുന്നില്ല. അവര്‍ അവിടെ നിന്നിട്ടു ചുറ്റുപാടും നോക്കിത്തുടങ്ങി. യോട്ട് പിന്നെയും പാറപ്പുറത്തു ചാടിക്കയറി മറ്റു രണ്ടുകുന്തങ്ങളും പ്രയോഗിച്ചു; അവയില്‍ ഒന്നു ലക്ഷ്യം പിഴച്ചുപോയി; പക്ഷേ മറ്റേത് ആര്‍നേയുടെ മുമ്പില്‍ നിന്നിരുന്ന മനുഷ്യന്റെ തലയും കുത്തിയെടുത്തുകൊണ്ട് അല്പമകലെത്തെറിച്ചു വീണു.
``യോട്ട് ഇങ്ങനെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: എടോ ആര്‍നേ, എന്റെ അച്ഛനെക്കാള്‍ കുറച്ചുകൂടി ഭേദമായ നിലയാണ് എന്റേത്. എന്തെന്നാല്‍ അദ്ദേഹത്തിനോടെതിരിടാന് എട്ടുപേരായിരുന്നു നിങ്ങള്‍. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ മൂന്നു പേരേ എന്നോടെതിരിടാനുള്ളൂ. ചുണയുണ്ടെങ്കില്‍ വന്നേ,നോക്കാം.' ആര്‍നേ ആ പാറയ്ക്കരികിലേയ്ക്കു നിരങ്ങിനിരങ്ങിക്കയറിച്ചെന്നു. തന്റെ അരപ്പട്ടയില്‍ തൂങ്ങിക്കിടന്ന കൈക്കോടലിയെടുത്ത് അയാള്‍ മേലോട്ടു കയറിവരുമ്പോള്‍ മുകളില്‍ നിന്നുകൊണ്ടു ശരിക്കു നിറുകന്തലയ്ക്കുതന്നെ യോട്ട് ആഞ്ഞൊരുവെട്ടുകൊടുത്തു. അതിന്റെ വായ്ത്തല ഇറങ്ങിച്ചെന്ന് ആ മനുഷ്യന്റെ വായ്ക്കീഴില്ത്തറച്ചു. ഉടന്‍തന്നെ ഒരുവന് ഒരു വലിയ കുന്തമെടുത്ത് അവന്റെ നേര്‍ക്കു ചാണ്ടി. പക്ഷേ അവനത് ആകാശത്തുവെച്ചുതന്നെ കൈകൊണ്ടു പിടിച്ചുകളഞ്ഞു. അനന്തരം അവന് അവരുടെ കണ്ണില്‍പ്പെടാതെ പാറകളുടെ പിന്നിലൂടെ ശിലാപംക്തിയുടെ അങ്ങേ അറ്റത്തേയ്ക്കു പാഞ്ഞുകയറി. അറ്റത്തെത്തിയപ്പോള്‍ അവന് കുന്തം നിലത്തു തറച്ച് അതിന്മേല് പിടിച്ച് ഒരാട്ടം കൊടുത്തു. അങ്ങനെ അവിടെയുണ്ടായിരുന്ന പാറപ്പിളര്പ്പിനപ്പുറത്തെത്തി-അവിടെനിന്ന് അവന് കുന്നിന്നിരകളുടെ അരികിലൂടെ വേഗത്തില്‍ ഓടി തുരങ്കത്തിനു വെളിയിലെത്തി. അവിടെ യജമാനന്മാരില്ലാത്ത കുതിരകള്‍ വെറുതെ നില്ക്കുന്നതവന്റെ ദൃഷ്ടിയില്‍പ്പെട്ടു. ഒന്നിന്റെ കടിഞ്ഞാണിനു കടന്നുപിടിച്ച്, അതിന്റെ പുറത്തുചാടിക്കയറി, താനപ്പോള്‍ താമസിച്ചിരുന്ന `എയ്റേ' യിലേയ്ക്കു യോട്ട് അതിവേഗത്തില്‍ ഓടിച്ചുപോയി.
``ഒരു കുട്ടി നിര്വ്വഹിച്ചിട്ടുള്ളവയില്വെച്ച് ഏറ്റവും മഹത്തായ ഒരു വീര്യപ്രകടനമാണിതെന്നു ജനങ്ങളെല്ലാവരും കരുതി. അവന് ഒന്നാംതരം ഒരു പടയാളിയായിത്തീരുമെന്ന് അനേകംപേര്‍ ദീര്‍ഘദര്‍ശനം ചെയ്തു. അതിനാല്‍ അവര്‍ നേരം പോക്കായി അവനെ വൈഗ-യോട്ട് എന്നു വിളിച്ചു പോന്നു.''
കുറച്ചു കഴിഞ്ഞു വിഗ്ഡിസ് ചോദിച്ചു: ``അതിനുശേഷം ആ മനുഷ്യനെന്തു സംഭവിച്ചു എന്നു നിങ്ങള്‍ക്കറിയാമോ, ഹെല്‍ജേ?''
``ഓ!''ഹെല്‍ജേ പറഞ്ഞു: ``ഈ അടുത്ത കുറെ വര്‍ഷങ്ങളായി അയാളെക്കുറിച്ച് ഒന്നുംതന്നെ അങ്ങനെ കേള്‍ക്കാറില്ല. അയാളുടെ വിവാഹത്തിനുശേഷം അയാള്‍ വളരെ ശാന്തപ്രകൃതക്കാരനായിത്തീര്ന്നുവെന്നാണ് കേള്‍വി.''
``ആ മനുഷ്യനിപ്പോള്‍ വിവാഹിതനാണോ?'' ഒരു താഴ്ന്ന സ്വരത്തില്‍ വിഗ്ഡിസ് ചോദിച്ചു
`അതേ.'' ഹെല്‍ജേ മറുപടി പറഞ്ഞു.
``നിങ്ങള്‍ ആ മനുഷ്യന്റെ ഭാര്യയെ അറിയുമോ?''അവള് വീണ്ടും ചോദിച്ചു.
``ഞാന്‍ അവളെ കണ്ടിട്ടുണ്ട് - അതില്‍ക്കൂടുതല്‍ പരിചയമൊന്നുമില്ല.'' ഹെല്‍ജേ പറഞ്ഞു: ``ആ പ്രദേശങ്ങളിലെ ഏറ്റവും സുന്ദരിയും സമ്പന്നയും ദയാവതിയുമായ ഒരു സ്ത്രീയായിട്ടാണ് അവള് എണ്ണപ്പെട്ടിരുന്നത്. അതുകൊണ്ട് അവളെ ഭാര്യയായി കിട്ടിയശേഷം അയാള്‍ കൃഷിപ്പണികള്‍ നടത്തിച്ചുകൊണ്ടു വീട്ടില്‍ത്തന്നെ സുഖമായി ഇരിപ്പാണ്.''
കുറച്ചു നേരത്തേയ്ക്കു വിഗ്ഡിസ് മൗനമായിരുന്നു. ``ആ മനുഷ്യനു കുട്ടികള്‍ വല്ലതുമുണ്ടോ എന്നു നിങ്ങള്‍ക്കറിയാമോ?'' പിന്നീടവള്‍ ചോദിച്ചു.
``ഉവ്വ്, അവര്‍ക്കു മൂന്നോ നാലോ ഉണ്ടെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്.'' ഹെല്‍ജേ മറുപടി കൊടുത്തു.
വിഗ്ഡിസ് പിന്നെ ഒന്നുംതന്നെ പറഞ്ഞില്ല.
പക്ഷേ ഐസ്ലാന്‍ഡുകാര്‍ കിടക്കാന്‍ പോയതിനുശേഷം വിഗ്ഡിസ് അഗ്നികുണ്ഡത്തിനരികെ എരിയുന്ന കനലുകളെയും പറക്കുന്ന തീപ്പൊരികളെയും ശൂന്യമായ ഒരു ഭാവത്തില്‍ മിഴിച്ചുനോക്കിക്കൊണ്ട് അനങ്ങാതെ നിലകൊണ്ടു. ഉള്‍വാര്‍ ബെഞ്ചിന്മേല് ഇരിക്കുകയായിരുന്നു. അനന്തരം, അവന്റെ നേരെ നോക്കാതെ അവള് പറഞ്ഞു:
``ഈ മനുഷ്യര്‍ക്കു പറയാനുണ്ടായിരുന്നതു മുഴുവന്‍ നീ ശ്രദ്ധിച്ചോ? എങ്കില്‍ ഇപ്പോള്‍ നിന്റെ അച്ഛനെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ നീ കേട്ടുകഴിഞ്ഞിരിക്കുന്നു.''
ഉള്‍വാര്‍ ചാടിയെഴുന്നേറ്റു. അവന് ഉദ്ഘോഷിച്ചു: ``അദ്ദേഹമാണോ എന്റെ അച്ഛന്? ഇന്ന് എനിക്കുള്ളതിനെക്കാള്‍ കൂടുതല്‍ പ്രായമില്ലാതിരുന്ന കാലത്തു പര്വ്വതപ്പാതയില് വെച്ചു മൂന്നുപേരെ തനിച്ചു കൊന്നിട്ട ആ വീരന്?''
``അതേ, അതായിരുന്നു നിന്റെ അച്ഛന്- ഇന്നു സുന്ദരിയായ ഭാര്യയുള്ള ആ മനുഷ്യന്!'' വിഗ്ഡിസ് മറുപടി പറഞ്ഞു.
ഉള്‍വാര്‍ പ്രസ്താവിച്ചു: ``അദ്ദേഹം അമ്മയോട് എന്തൊക്കെച്ചെയ്തിരുന്നാലും, കേട്ടോ അമ്മേ, നല്ല പൗരുഷമുള്ള ഒരു മനുഷ്യനായിരിക്കണം അദ്ദേഹം. ഒരു ദിവസം അദ്ദേഹത്തെ ഒന്നു കാണാന്‍ സാധിച്ചാല്‍!-ഹാ, എനിക്കെന്താനന്ദമായിരിക്കും! അപ്പോള്‍ അദ്ദേഹത്തിനെപ്പോലെത്തന്നെ ഉള്ള ഒരു മകന് അദ്ദേഹത്തിന്നുണ്ടെന്നു മനസ്സിലാകും.''
വിഗ്ഡിസ് പറഞ്ഞു: ``നീ അദ്ദേഹത്തെപ്പോലെത്തന്നെ ഉള്ള ഒരു മകനാണെങ്കില്‍, നീയെന്റെ മകനാണെങ്കില്‍, ഞാന്‍ ഒന്നു നിന്നോടു പറയുന്നു: നിങ്ങള്‍ ഇരുവരുടെയും ആ സന്ദര്‍ശനത്തിന്റെ അവസാനഭാഗം ഇതായിരിക്കണം-നീ വൈഗ-യോട്ടിന്റെ തല വെട്ടിയെടുത്തു കൊണ്ടവന്ന് എന്റെ മടിയില്‍ വെയ്ക്കുക!''
ഉള്‍വാര്‍ വിളര്‍ത്തുപോയി. പിന്നീട് അവന് പറഞ്ഞു. ``ഒരു പുത്രന് ഒരു പിതാവിനെ കൊല്ലുക!-അങ്ങനെയൊരു കാര്യം ഇന്നുവരെ കേട്ടുകേള്‍വിപോലുമില്ല.''
വിഗ്ഡിസ് ഇരുകൈകളും പൊക്കി അവളുടെ മാറില്‍ ചേര്‍ത്തുപിടിച്ചു. അവള് പ്രതിവദിച്ചു: ``ഞാന്‍ എന്റെ അച്ഛനുവേണ്ടി പ്രതികാരംചെയ്തപോലെ നീ എനിക്കുവേണ്ടി പ്രതികാരംചെയ്യുകയില്ലേ? നീ നല്ലപോലെ മനസ്സിലാക്കിക്കോ!- ആ മനുഷ്യന് ഒരാള്‍ മൂലം അസഹ്യമായ അനേകദുരിതങ്ങള് എനിക്കനുഭവിക്കേണ്ടിവന്നു. ആ മനുഷ്യന് എന്നോടു പെരുമാറിയതിനെക്കുറിച്ചു ഞാനിന്നു നിന്നോടു പറഞ്ഞാല്‍, ആ മനുഷ്യന്റെ കഥ കഴിച്ചതിനുശേഷമല്ലാതെ നിനക്കു സമാധാനമുണ്ടാവുകയില്ല; അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അതിനര്‍ത്ഥം ഞാന്‍ വിചാരിച്ചതിലും വളരെ കുറവായേ നീ എന്നെ സ്നേഹിക്കുന്നുള്ളൂവെന്നാണ്. പക്ഷേ അരുത്, അതിനെക്കുറിച്ച് ഇനിയുമുള്ള സംസാരം എനിക്കു സഹിക്കാന്‍ സാധ്യമല്ല.''
ഉള്‍വാര്‍ മുന്നോട്ടു വന്ന് അമ്മയെ കെട്ടിപ്പിടിച്ചു. അവള് ബെഞ്ചിന്മേല് തല ചായ്ച്ചു വിങ്ങിവിങ്ങിക്കരഞ്ഞു. അവളുടെ ഇഷ്ടം എങ്ങനെയോ അങ്ങനെത്തന്നെ എപ്പോഴും താന്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് അവള്‍ക്കുറപ്പു കരുതാമെന്ന് ആ കുട്ടി അനന്തരം അവളോടു പറഞ്ഞു.
നാല്പത്തിയൊന്ന്
കാലം മുറയ്ക്കു പോയ്ക്കൊണ്ടിരുന്നു; ഉള്വാറിന്നു വയസ്സു പതിനേഴായി. വിദേശങ്ങളില്‍ ചുറ്റിസഞ്ചരിക്കുവാനും ലോകം കാണുവാനും തനിക്ക് അമിതമയ ആഗ്രഹമുണ്ടെന്ന് അവന് ഒരു ദിവസം തന്റെ മാതാവിനോടു പറഞ്ഞു.
അവന്റെ ആഗ്രഹം ന്യായമാണെന്നു വിഗ്ഡിസ്സിനു തോന്നി. അവന് അനുയോജ്യമായ രീതിയില്‍ ഒരു വലിയ കപ്പല്‍ ഉണ്ടാക്കിച്ചുകൊടുക്കാമെന്ന് അവള് അവനു വാക്കുകൊടുത്തു. പക്ഷേ കൂടുതല്‍ പ്രായവും ലോകപരിചയവുമുള്ള ആളുകളുടെ കൂടെ അവന് പോകുന്നതിലേ അവള്ക്കിഷ്ടമുണ്ടായിരുന്നുള്ളൂ.
ഇതുകേട്ടപ്പോള്‍ ഇല്ല്യൂജിനു വളരെ സന്തോഷം തോന്നി. തന്റെ പത്നി പരലോകം പ്രാപിച്ചതിനാലും അതിനെക്കുറിച്ച് ഒട്ടധികം സംസാരമുള്ളതിനാലും വീണ്ടും കടലില്‍ പ്പോകുന്നതിനു താന്‍ ഇഷ്ടപ്പെടുന്നതായി ഇല്യൂജ് പ്രസ്താവിച്ചു.
ശീതകാലാവസാനത്തോടുകൂടി ഒരു ദിവസം ഇല്യൂജ് വാഡിനലെത്തി. ഹാളില്‍ അവളും അയാളും തനിച്ച് ഏറെനേരം സംസാരിച്ചുകൊണ്ടിരുന്നു. ഇവരുടെ ഉപദേശങ്ങളും ആലോചനകളും എന്തെല്ലാമാണെന്ന് അവള് അയാളോടു തിരക്കി.
ഇല്ല്യൂജ് പറഞ്ഞു: ``നിനക്കറിയാമല്ലോ, ആദ്യമായി ഉള്‍വാര്‍ യാത്രതിരിക്കുന്നത്, എനിക്കു സംശയമില്ല, ഐസ്ലാന്ഡിലേക്കായിരിക്കാം.''
വിഗ്ഡിസ് ഒന്നും മറുപടി പറഞ്ഞില്ല. ഇല്ല്യൂജ് തുടര്‍ന്നു. ``ഞാന്‍ ധൈര്യമായിത്തന്നെ പറയട്ടേ, എന്താണവനെ ആ നാട്ടിലേയ്ക്കാകര്ഷിക്കുന്നതെന്നു നിനക്കുതന്നെ ഊഹിക്കാം. പക്ഷേ അവനോടൊന്നിച്ച് ഈ യാത്രയില്‍ പങ്കുകൊള്ളുവാന്‍ എനിക്കത്ര ഇഷ്ടമില്ലെന്നു ഞാന്‍ പറയുമ്പോള്‍ നിനക്ക് അത്ഭുതം തോന്നാന്‍ വഴിയില്ല.''
വിഗ്ഡിസ് അമര്‍ത്തിയ ഒരു സ്വരത്തില്‍ പറഞ്ഞു: ``ഉള്‍വാര്‍ അധികസമയവും നിങ്ങളൊന്നിച്ചായിരുന്നു; അവന് അനേകമനേകം കാര്യങ്ങള്‍ നിങ്ങളോടു പറഞ്ഞിട്ടുമുണ്ട്- അവന്റെ അച്ഛനെക്കുറിച്ച് എന്തെങ്കിലും അവന് നിങ്ങളോടു സംസാരിച്ചിട്ടുണ്ടോ?''
``പല പ്രാവശ്യവും.''ഇല്യൂജ് മറുപടി പറഞ്ഞു: ``അദ്ദേഹം ഏതു തരത്തിലുള്ള ഒരു മനുഷ്യനാണെന്നു കാണാന്‍ അദ്ദേഹത്തെ സന്ദര്ശിക്കണെമെന്നുള്ളതിലാണ് അവന്റെ മനസ്സുമുഴുവന്‍ ഉന്നിയിരിക്കുന്നതെന്നു തോന്നുന്നു. ആട്ടെ, നീ എന്തു വിചാരിക്കുന്നു, ഇതിനപ്പറ്റി? ഇതുസംബന്ധിച്ചു നീ എന്തെങ്കിലും അവനെ ഉപദേശിച്ചിട്ടുണ്ടോ?''
``ഇല്ല'' അവള് പറഞ്ഞു. ഒരു നിമിഷം കഴിഞ്ഞു വീണ്ടും അവള് സംസാരം തുടര്‍ന്നു: ``എനിക്കൊരു കുട്ടിയുണ്ടെന്നു യോട്ടിനറിഞ്ഞുകൂടാ. അവന് ഈ യാത്ര ഉപേക്ഷിച്ചെങ്കില്‍ എന്നു ഞാനാശിക്കുന്നു.''
ആ നിമിഷത്തില്‍ ഉള്‍വാര്‍ വാതില്‍ക്കലൂടെ കടന്നുപോവുകയായിരുന്നു. ഇല്ല്യൂജ് അവനെ കൈകാട്ടി വിളിച്ചു. അവന് അകത്തു വന്നപ്പോള്‍ അയാള്‍ പറഞ്ഞു:
``നിന്റെ ഐസ്ലാന്‍ഡ് യാത്രയെക്കുറിച്ചു ഞങ്ങള്‍ സംസാരിക്കുകയാണ്; നിന്റെ അമ്മയും ഞാനും.''
ഉള്‍വാറിന്റെ മുഖം രക്താഭമായി; അവന് തിടുക്കത്തില്‍ പറഞ്ഞു:
``അമ്മ ഒട്ടും തന്നെ അത്ഭുതപ്പെടേണ്ടതായിട്ടില്ല. എന്റെ ജന്മത്തിനു ഹേതുഭൂതനായ ആ ആളെ ചെന്നു കാണുവാന്‍ ഞാനാശിക്കുന്നു. എനിക്കറിയണം, എങ്ങനെയാണ് അദ്ദേഹം എന്നെ സ്വീകരിക്കുന്നതെന്ന്!''
``അദ്ദേഹം ഒരിക്കലും നമ്മുടെ വര്‍ത്തമാനങ്ങള്‍ അന്വേഷിച്ചിട്ടില്ല.'' അവള് കോപത്തോടുകൂടി പറഞ്ഞു: ``പോരെങ്കില്‍ സ്വന്തം നാട്ടില്‍ അദ്ദേഹത്തിന് ഒരു ഭാര്യയും കുട്ടികളുമുണ്ട്. അദ്ദേഹത്തെ നീ കണ്ടെത്തിയാല്‍ത്തന്നെ ദുര്‍മ്മുഖവും അധിക്ഷേപവും മാത്രമേ നിനക്കു പ്രതിഫലമായി ലഭിക്കൂ!''
``എങ്കില്‍ ഞാന്‍ അമ്മയുടെ മകനാകാന്‍ നിവൃത്തിയില്ല!'' ഉള്‍വാര്‍ രോഷത്തോടുകൂടി പ്രസ്താവിച്ചു: ``എന്റെ നേരെ ദുര്‍മ്മുഖം കാട്ടുവാനും എന്നെ അധിക്ഷേപിക്കുവാനും അനുവദിച്ചുകൊണ്ടു തടിപോലെ നില്ക്കുന്ന ഒരുത്തനാണ് ഞാനെങ്കില്‍! ഇതിനുമുമ്പ് അമ്മ എന്നില്‍നിന്നു പ്രതികാരം ആവശ്യപ്പെട്ടു; ഒരിക്കല്‍ സകലത്തിനും ഒരു പരിഹാരമുണ്ടാകുമെന്ന് അമ്മ പറയുകയുണ്ടായി- ഞാന്‍ വൈഗ-യോട്ടിന്റെ തലയറുത്തുകൊണ്ടുവന്ന് അമ്മയുടെ മടിയില്‍ കാഴ്ചവെച്ചാല്‍!''
ഇത്രയും പറഞ്ഞുകൊണ്ട് അവന് പുറത്തേയ്ക്കിറങ്ങിപ്പോയി. വിഗ്ഡിസ് ശുണ്ഠിപിടിച്ചു പറഞ്ഞു.
``ഛായ്! ആ മനുഷ്യന്റെ പേര് ഒരിക്കലും എനിക്കു കേള്‍ക്കാതിരിക്കാന്‍ കഴിഞ്ഞെങ്കില്‍!''
ഇല്യൂജ് അവളുടെ മുഖത്തേയ്ക്കു നോക്കി; അയാള്‍ പ്രതിവചിച്ചു:
``യോട്ടിനെ ഇന്നും നീ ഇത്ര ഭയങ്കരമായ രീതിയില്‍ വെറുക്കുന്നതുകൊണ്ട് അത്യഗാധമായിരുന്നിരിക്കണം നിനക്ക് അയാളോടുണ്ടായിരുന്ന സ്നേഹം. എനിക്കു മിക്കവാറും തോന്നിപ്പോകുന്നു. ഇപ്പോഴും നീ അയാളെ സ്നേഹിക്കുന്നുണ്ടെന്ന്.''
``വനത്തിലെ ചെന്നായ്ക്കളെ എങ്ങനെ ഞാന്‍ ഇഷ്ടപ്പെടുന്നോ അത്ര കാര്യമായി ആ മനുഷ്യനെയും ഞാന്‍ സ്നേഹിക്കുന്നു.'' വിഗ്ഡിസ് മറുപടി പറഞ്ഞു: ``ഞങ്ങള്‍ എന്നെങ്കിലും ഒരിക്കല്‍ ഇനി കണ്ടുമുട്ടാനിടയാകുന്നപക്ഷം, ഞങ്ങള്‍ രണ്ടുപേരില്‍ ഒരാളുടെ മരണമായിരിക്കും അന്ന്.''
ഇല്യൂജ് പ്രതിവചിച്ചു:
``ഓഹോ, അങ്ങനെയോ? യോട്ടിനോടു പ്രതികാരംചെയ്യുന്നതു നിനക്കു സന്തോഷമാണോ?''
അങ്ങനെതന്നെ!'' അവള് പറഞ്ഞു.
പിന്നീട് ഇല്ല്യൂജ് പ്രസ്താവിച്ചു:
``ഞാന്‍ ഐസ്വലാന്ഡിലേയ്ക്ക് ഉള്വാറിനോടൊന്നിച്ച് പോകാം. എന്റെ സ്വന്തം പുത്രനെപ്പോലെ അവനെ ഞാന്‍ നോക്കിക്കൊള്ളാം. പക്ഷേ ഞങ്ങള്‍ മടങ്ങിവന്നതിന്റെ ശേഷം എന്നെ നീ വിവാഹം കഴിക്കേണമെന്നു ഞാന്‍ നിന്നോടു വീണ്ടും അഭ്യര്‍ത്ഥിക്കും.''
വിഗ്ഡിസ് പെട്ടന്നു മറുപടി പറഞ്ഞില്ല. ഇല്യൂജ് തുടര്‍ന്നു:
``ഈ മനുഷ്യന്റെ വഞ്ചനയില്‍ മനം ദഹിച്ചുകൊണ്ട് ഏറെനാള്‍ നീയൊരു വിധവയായിക്കഴിച്ചുകൂട്ടുകയാണുണ്ടായതെന്നു നിനക്കു വിചാരമില്ലേ? നിനക്കിന്നും ചെറുപ്പമാണ്; നീ ഇന്നും സുന്ദരിയും! സൗഭാഗ്യസാന്ദ്രങ്ങളായ ദിവസങ്ങള്‍ ആയിരക്കണക്കിനു നിനക്കിനിയുമുണ്ടാകാം. ഞാന്‍ നിന്നോടു സ്നേഹത്തോടെ പെരുമാറുമെന്നും എന്റെ സര്‍വ്വശക്തികളും വിനിയോഗിച്ചു നിന്റെ പുത്രനെ സഹായിക്കുമെന്നും പ്രത്യേകിച്ചു പറയാതെതന്നെ നിനക്കറിവുള്ളതാണല്ലോ.''
വിഗ്ഡിസ് അനന്തരം അയാളുടെ നേര്‍ക്കു അവളുടെ കൈനീട്ടി. അയാള്‍ അവളെ ചുംബിച്ചു. അവരുടെ വിവാഹത്തിനു വേണ്ടതെല്ലാം തീരുമാനിച്ചുറപ്പിക്കപ്പെട്ടു. അവള് ഇതിനെക്കുറിച്ച് ഉള്വാറിനോടു പറഞ്ഞു. അമ്മയുടെ കാര്യം അമ്മതന്നെ തീരുമാനിക്കേണ്ടതാണെന്ന് അവന് പ്രസ്താവിച്ചു.
നാല്പത്തിരണ്ട്
ഉള്‍വാര്‍ ഐസ്ലാന്ഡില് എത്തിചേര്‍ന്നില്ല; അങ്ങനെയാണ് സംഭവിച്ചത്. വടക്കന്കടലില് കനത്ത മൂടല്‍മഞ്ഞിന്റെയും തലക്കാറ്റുകളുടെയും ശല്യം അവരെ വല്ലാതലട്ടി; അതു കഴിഞ്ഞ് അതിഭയങ്കരമായ ഒരു കൊടുങ്കാറ്റും! ജീവന് രക്ഷിക്കണമെന്നുണ്ടെങ്കില്‍ കപ്പലിനകത്തുള്ള അവരുടെ സാമാനങ്ങളില്‍ ഒട്ടുമുക്കാലും കടലിലെടുത്തെറിയണമെന്ന ഘട്ടത്തിലായി. ഒടുവില്‍ അവര്‍ അങ്ങനെ ചെയ്തു. കപ്പലിന്റെ ചുക്കാന്‍ ഒടിഞ്ഞു തകര്‍ന്നു. പ്രതികൂലമായ കാലാവസ്ഥമൂലം നിശ്ചിതമായ ഒരു പന്ഥാവിലൂടെ കപ്പല്‍ കൊണ്ടുപോകുവാന്‍ അവര്‍ക്കു സാധിക്കാതെ വന്നുകൂടി. അതിനാല്‍ കാറ്റിന്നനുകൂലമായ ദിക്കിലൂടെ പതുക്കെപ്പതുക്കെ മുന്നോട്ടുകൊണ്ടുപോയി ഒടുവില്‍ പാറപ്പടര്പ്പുകള് നിറഞ്ഞ ഒരു തീരത്തില്‍ കപ്പലടുപ്പിക്കുവാന്‍ അവര്‍ ഉറച്ചു. അതു സ്ക്കോട്ലാന്ഡായിരിക്കണമെന്ന് ഇല്ല്യൂജ് പറഞ്ഞു. അനന്തരം അവര്‍ ഏതാനും കാറ്റുപായകള്‍ നിവര്‍ത്തിക്കെട്ടി തണ്ടുവെച്ചു തുഴഞ്ഞുതുടങ്ങി. അങ്ങനെ അവിടുത്തെ ചെറിയ ചെറിയ ദ്വീപുകളുടെ ഇടയ്ക്ക് അവര്‍ നുഴഞ്ഞുകയറി. അവിടെ കാറ്റിന്റെയും തിരമാലകളുടേയും ഉപദ്രവം സാരമില്ലായിരുന്നു. സായാഹ്നത്തോടുകൂടി അവര്‍ ഒരുള്‍ക്കടലില്‍, മണല്ത്തിട്ടോടുകൂടിയ ഒരു നദീമുഖത്ത്, നങ്കൂരമിട്ടു. ചുറ്റും പൊക്കമുള്ള കുന്നുകളായിരുന്നു. ഒരൊറ്റ വീടുപോലും സമീപത്തെങ്ങും അവര്‍ക്കു കാണാന്‍ സാധിച്ചില്ല.
രാത്രി കാറ്റിന്റെ ശക്തി വര്‍ദ്ധിച്ചു; നങ്കൂരവും പറിച്ചെടുത്തുകൊണ്ടു കപ്പല്‍ മുന്നോട്ടുപാഞ്ഞു. കുഴമണലില് ചെന്നു തറഞ്ഞുപൂണ്ടു; പക്ഷേ കപ്പലിലുണ്ടായിരുന്നവര്‍ക്ക് ആപത്തൊന്നും കൂടാതെ കരയ്ക്കുകയറി രക്ഷപ്രാപിക്കാന്‍ പറ്റി. കടല്‍ത്തീരത്ത് അവകാശമുള്ള ആളുകള്‍ വന്നെത്തുന്നപക്ഷം തങ്ങളെ അവര്‍ കൊന്നുകളയുമെന്ന് ഇല്യൂജ് അഭിപ്രായപ്പെട്ടു. അതുകൊണ്ട് എങ്ങനെയെങ്കിലും കപ്പല്‍ കുഴമണലില്നിന്ന് ഇളക്കി ധാരാളം വെള്ളമുള്ളിടത്തേയ്ക്കു മാറ്റി കഴിയുന്നതും വേഗത്തില്‍ അവിടെനിന്നു പോകണമെന്നായിരുന്നു ഇല്യൂജിന്റെ ഉപദേശം.
പകല്‍ മുഴുവന്‍ അവര്‍ ഇതിലേയ്ക്കായി പാടുപെട്ടു പണിയെടുത്തു; വൈകുന്നേരത്തോടുകൂടി അവര്‍ക്കു കടലിലേയ്ക്കിറങ്ങാന് സാധ്യമായ ഒരു ഘട്ടത്തിലെത്തി. പക്ഷേ കപ്പലില്‍ അവര്‍ക്കു വളരെ കമ്മിയായേ ആഹാരസാധനങ്ങളുള്ളൂ. അതിനാല്‍ കരയ്ക്കിറങ്ങി ഉള്ളിലേയ്ക്കു പോയി ഒരു കവര്‍ച്ച ചെയ്യാമെന്നായിരുന്നു ഉള്‍വാറിന്റെ അഭിപ്രായം. ഉള്‍ക്കടലില്‍നിന്നു കുറെയകലെ ജനവാസമുള്ള ഒരു മലഞ്ചെരിവുണ്ട്. അവര്‍ അങ്ങോട്ടു തിരിച്ചു. ആദ്യം കണ്ണില്‍പ്പെട്ട വലിയ ഒരു കൃഷിസ്ഥലത്ത് അവര്‍ നിന്നു. അവിടെയുള്ളവരെയെല്ലാം ആട്ടി വെളിക്കോടിച്ചിട്ട് അവര്ക്കാവശ്യമുള്ളിടത്തോളം വസ്ത്രങ്ങളും ആഹാരപദാര്‍ത്ഥങ്ങളും അവര്‍ അവിടെനിന്നു കവര്‍ന്നെടുത്തു. അവരെ എതിര്‍ക്കാന്‍ ഒരൊറ്റ ആള്പോലുമുണ്ടായില്ല.
പക്ഷേ അവര്‍ കടല്ക്കരയില് തിരിച്ചുവന്നപ്പോള്‍ കപ്പലില്‍ മുഴുക്കെ ആളുകള്‍ നിറഞ്ഞിരിക്കുന്നതായിട്ടാണ് കണ്ടത്! അവര്‍ മറ്റേതോ കുറുക്കുവഴിക്ക് അവിടെ എത്തിച്ചേര്‍ന്ന സ്ക്കോട്ലാന്ഡുകാരാണെന്നും കപ്പല്‍ സൂക്ഷിക്കാന്‍ നിര്‍ത്തിയിരുന്ന ആളുകളെ അടിപ്പെടുത്തി അവര്‍ ഉള്ളില്‍ തള്ളിക്കയറിയതാണെന്നും ഇല്യൂജ് പ്രസ്താവിച്ചു. ആ നിമിഷം ഏതാനും അശ്വാരൂഢന്മാരുടെ ഒരു സംഘം, അവര്‍ ഇപ്പോള്‍ വന്ന മലഞ്ചെരുവിലെ വഴിയിലൂടെ അതിവേഗത്തില്‍ പാഞ്ഞുവരുന്നത് അവര്‍ക്കു കാണാറായി. ഇല്യൂജ് ചോദിച്ചു:
``ഈ സവാരി എങ്ങനെയിരിക്കുന്നു, ഉള്‍വാള്‍?''
``കടലില്‍ കിടന്നു കുതിര്‍ന്നു വിറയ്ക്കുന്നതിനെക്കാള് എത്രയോ രസകരമായ ഒരു വിനോദമാണിത്!'' ഒരു ചിരിയോടുകൂടി ഉള്‍വാര്‍ ഉത്തരം പറഞ്ഞു:``ഈ കൂടുന്ന കരുത്തന്മാരായ ആളുകളുടെ സംഘം നമ്മെ ആക്രമിക്കുന്നതിനുമുമ്പ് എങ്ങനെയെങ്കിലും നമുക്കു കപ്പലിനുള്ളില്‍ കടന്നുപറ്റി, അതിലുള്ളവരെ പിടിച്ചു വെള്ളത്തിലെറിയണം.''
ആദ്യം തന്നെ മലഞ്ചെരുവിലൂടെ വരുന്ന സ്ക്കോട്ടുകളെ തുരത്തുന്നതാണ് കപ്പലില്‍ കടന്നുകൂടുന്നതിനെക്കാള് എത്രയും എളുപ്പമെന്ന് ഇല്യൂജ് അഭിപ്രായപ്പെട്ടു.
``എന്തുകൊണ്ടെന്നാല്‍, നാം കപ്പലിലേയ്ക്കു പിടിച്ചു പിടിച്ചുകയറുവാന്‍ ഉത്സാഹിക്കുമ്പോള്‍ അവര്‍ നമ്മുടെ കൈകൊത്തിനുറുക്കിക്കളയും!- എന്നാല്‍ ഈ കുതിരപ്പുറത്തുള്ള മനുഷ്യര്‍ നമ്മെക്കാള്‍ എണ്ണത്തില്‍ വളരെ അധികമുണ്ടെങ്കിലും നാം അത്ര വിഷമിക്കണ്ടതായിട്ടില്ല.''
എനിക്കവരെ ഭയമൊന്നുമില്ല,''ഉള്‍വാര്‍ പറഞ്ഞു: ``പക്ഷേ അവര്‍ നമ്മുടെ കപ്പല്‍ ഓടിച്ചുകൊണ്ടു കടന്നുകളയുകയാണെങ്കില്‍ നാം ചുറ്റിപ്പോകും. കാര്യങ്ങള്‍ വല്ലാതെ വഷളായിത്തീരും. കുരുക്കില്‍പ്പെട്ട കുറുക്കന്റെ രീതിയില്‍ നാം ഇവിടെ അകപ്പെട്ട വലയും.''
അയാളും അയാളുടെ പരിവാരങ്ങളില്‍ ഭൂരിഭാഗവും വെള്ളത്തിലേയ്ക്കു കുതിച്ചുചാടി; കപ്പലില്‍നിന്നു വരുന്ന അസ്ത്രങ്ങള്‍ തടുക്കുവാനായി അവര്‍ തങ്ങളുടെ പരിചകള്‍ ഒരു കൈയില്‍ ഉയര്‍ത്തിപ്പിടിച്ചു. മറുകൈകൊണ്ടു തുഴഞ്ഞു തുഴഞ്ഞ് അവര്‍ കപ്പലിനടുത്തേയ്ക്കു നീന്തി നീങ്ങി. പക്ഷേ കപ്പലിനകത്തു പറ്റിക്കൂടുന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്ന് ഉള്വാറിന് ഉടന്‍തന്നെ ബോധപ്പെട്ടു- എന്തുകൊണ്ടെന്നാല്‍, സ്ക്കോട്ടുകള്ക്കു മുകളില്‍നിന്നു കൊണ്ട് അവരെ വാള് നീട്ടി വെട്ടുവാനും കുന്തംകൊണ്ടു കുത്തുവാനും വില്ലു കുലയ്ക്കുവാനും നീഷ്പ്രായസം സാധിച്ചിരുന്നു. നോര്‍സുകള്‍ സുധീരം മുന്നോട്ടുതന്നെ പോവുകയും അവരുടെ നേര്‍ക്ക് എറിയപ്പെട്ട കുന്തങ്ങള്‍ ചാടിപ്പിടിച്ചു നിമിഷത്തിനുള്ളില്‍ തിരിച്ചെറിയുകയും ചെയ്തുവെങ്കിലും അവര്‍ക്കു ശരിക്കു നിന്നു പൊരുതുവാന്‍ തീരെ ഇടമുണ്ടായിരുന്നില്ല. പോരെങ്കില്‍ അശ്വാരൂഢന്മാരായ സ്ക്കോട്ട്ലന്‍ഡുകാര്‍ നേരെ വെള്ളത്തിലേയ്ക്കു കുതിരയോടിച്ചു വരികയും ചെയ്തു. അങ്ങനെ ചുറ്റിലും അവര്‍ ശത്രുക്കളാല്‍ ആക്രമിക്കപ്പെട്ടു; മാറിനുമീതെ വെള്ളത്തിലാണ് അവരുടെ നിലയും!- വല്ലാത്ത ഒരു ദുര്ഘടസ്ഥ്തി!
ഉള്‍വാര്‍ ഇപ്പോള്‍ ഇല്ല്യൂജിനോടു പറഞ്ഞു: ``അങ്ങയുടെ ഉപദേശമായിരുന്നു ഉത്തമം, പോറ്റച്ഛാ!''
``നീ ഒരാള്‍ രണ്ടുപേരുടെ ഫലം ചെയ്യുന്നവനാണ്, ഉള്‍വാര്‍.'' ഇല്യൂജ് പറഞ്ഞു: ``അങ്ങനെയുള്ള ഒരു പുത്രന് വിഗ്ഡിസ്സിനു നഷ്ടമാകുന്നതു വലിയ കഷ്ടമാണ്.''
ഇങ്ങനെ പറഞ്ഞുകൊണ്ട് അയാള്‍ തക്കം നോക്കി കപ്പലിന്റെ ഒരു വശം ചേര്‍ന്നു പൊടുന്നനെ ഉള്ളിലേയ്ക്കിരച്ചുകയറി.
കപ്പലിന്റെ കൊത്തളത്തില്‍ ചുവന്ന തലമുടിയോടുകൂടിയ ഉയരമുള്ള ഒരു മനുഷ്യന് നില്പുണ്ട്; സ്ക്കോട്ടുകളുടെ നായകനാണയാള്‍. ഇല്ല്യൂജ് തന്റെ പരിച വലിച്ചു ദൂരത്തെറിഞ്ഞിട്ട് ഒരൊറ്റക്കുതിപ്പിനു നായകന്റെ സമീപത്തെത്തി; അയാളുടെ കാലിന്മേല് കടന്നു പിടികൂടി; പക്ഷേ അയാള്‍ അങ്ങനെ ചെയ്ത അവസരത്തില്‍ മറ്റേയാള്‍ സര്‍വ്വശക്തിയുമെടുത്ത് അയാളുടെ തലയ്ക്കൊരടി കൊടുത്തു. രണ്ടുപേരുംകൂടി വെള്ളത്തില്‍ വീണു. നിമിഷത്തിനുള്ളില്‍ ഉള്‍വാര്‍ ആ സ്ക്കോട്ടിനെ വെട്ടിക്കൊന്നു. അയാളുടെ അനുചരന്മാരില് ആദ്യം ഇതു കുറെ സംഭ്രാന്തിയുളവാക്കി. ചിലര്‍ കൊത്തളത്തില്‍ നിന്നൊഴിഞ്ഞുമാറി. പക്ഷേ മറ്റു ചിലര്‍ തങ്ങളുടെ നായകന്റെ സ്ഥാനത്തേയ്ക്കു ധൈര്യപൂര്‍വ്വം ചാടിക്കയറി. ഈ ബഹളത്തിനിടയില്‍ നോര്സുകാരില് അനേകംപേര്‍ക്കു കപ്പലില്‍ കടന്നുകൂടുവാന് തരപ്പെട്ടു.
എല്ലാറ്റിലും ഒടുവില്‍ കപ്പലില്‍ കയറിയത് ഉള്വാറാണ്. വെള്ളത്തില്‍നിന്നു കയറുവാന്‍ അയാള്‍ ഇല്യൂജിനെ സഹായിക്കാനൊരുമ്പെട്ടു. പക്ഷേ ഇല്ല്യൂജ് പറഞ്ഞു:
``ഇതുകൊണ്ടു പ്രയോജനമൊന്നുമില്ല. നീ ഏതായാലും സ്വയം രക്ഷ പ്രാപിക്കാന്‍ നോക്കിക്കോളൂ. എന്തുകൊണ്ടെന്നാല്‍, നീയൊരാശംസയുമായി നിന്റെ അമ്മയുടെ അടുത്തേയ്ക്കു പോകണമെന്നു ഞാനാശിക്കുന്നു; എന്റെ അന്ത്യഘട്ടത്തെ എങ്ങനെയാണ് ഞാന്‍ അഭിമുഖീകരിച്ചതെന്ന് അവള്‍ക്കങ്ങനെ അറിയാനും ഇടയാകുമല്ലോ!''
``അങ്ങില്ലാതെ }ഞാന്‍ തനിയെ വീട്ടില്‍ മടങ്ങിച്ചെന്നാല്‍ അമ്മയ്ക്കുയാതൊരു സന്തോഷവും ഉണ്ടാവുകയില്ല,''ഉള്‍വാര്‍ മറുപടി പറഞ്ഞു. അയാള്‍ കൊത്തളത്തിലേയ്ക്കു ചെന്നു. അവര്‍ക്കിപ്പോള്‍ ഇല്യൂജിനെ കപ്പലിനകത്തു വിലച്ചീടുവാന് സാധിച്ചു. പക്ഷേ അടുത്ത നിമിഷത്തില്‍ അയാള്‍ മുന്നോട്ടു ചാഞ്ഞു കപ്പല്‍ത്തട്ടില്‍ മരിച്ചുവീണു.
ഉള്‍വാര്‍ ഇപ്പോള്‍ തന്റെ കപ്പലിന്റെ മുകള്‍ത്തട്ടില്‍ നില്‍ക്കുകയാണ്. ഇപ്പോഴും അയാളുടെ അനുചരന്മാരില് പതിമൂന്നുപേരുണ്ട്. പക്ഷേ പരുക്കു പറ്റാത്ത ഒരൊറ്റ ആള്പോലുമില്ലായിരുന്നു. അന്പതിലധികമുണ്ടു സ്ക്കോട്ടുകള്; അവര്‍ കപ്പലില്‍ തിങ്ങിക്കൂടി. ചിലര്‍ കപ്പലിന്റെ പള്ളയ്ക്കു കോടാലികൊണ്ടു വെട്ടി അകത്തേയ്ക്കു വെള്ളം കയറ്റുകയും ആ അവസരത്തില്‍ അവരുടെ കൂട്ടുകാര്‍ അവരുടെ മീതെ പരിച പിടിക്കുകയും, നോര്സുകാരുടെ നേര്‍ക്ക് ഒന്നിനു പുറകെ മറ്റൊന്നായി തുരുതൂരെ അസ്ത്രമയയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.
അങ്ങനെയിരിക്കെ ദ്വീപുകള്ക്കുള്ളിലായി ഒരു വലിയ കപ്പല്‍ അവരുടെ നേര്‍ക്കു വരുന്നത് ഉള്‍വാറിന്റെ കണ്ണില്‍പ്പെട്ടു. ഉള്‍വാര്‍ അയാളുടെ ആളുകളോട് ഇങ്ങനെ വിളിച്ചു പറഞ്ഞു:
``നമ്മുടെ ഈ യാത്ര തീരെ ചെറുതായിരുന്നു; പക്ഷേ വൈകുന്നേരത്തെ നമ്മുടെ ജോലി നമുക്കു തികച്ചും സന്തോഷകരമായിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍, സ്ക്കോട്ടുകള്ക്കു ഭയങ്കരമായ നഷ്ടംനേരിട്ടു.''
അത്ഭുതകരമായ ആ കപ്പല്‍ ഈ അവസരത്തില്‍ നങ്കൂരമുറപ്പിക്കയുണ്ടായി. അതിലെ ആളുകള്‍ വെള്ളത്തിലേയ്ക്കു ചാടി ഉള്‍വാറിന്റെ അടുത്തേയ്ക്കു ഇരച്ചു നീന്തിവന്നു. അവരില്‍ ഏറ്റവും പ്രധാനി ഇരുണ്ട വര്‍ണ്ണമുള്ള ഉയരംകൂടിയ ഒരു മനുഷ്യനായിരുന്നു. അയാള്‍ നീളമുള്ള ഒരുടക്കുകമ്പി കപ്പലിന്റെ കൊത്തളത്തില്‍ അടിച്ചുതറച്ച് അതിന്മേല് തൂങ്ങിക്കിടന്നു മുകളില്‍ കപ്പലിലേയ്ക്ക് ഒരു കുട്ടിക്കരണം മറിഞ്ഞു. അയാള്‍ പാമരത്തിനടുത്തേയ്ക്ക് ഓടിച്ചെന്നു; ഉള്‍വാര്‍ നിന്നിരുന്നത് അവിടെയാണ്. അയാള്‍ നോര്സ്ഭാഷയില് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:
``ഹേ, തലവനായ ചെറുപ്പക്കാരാ, നിങ്ങള്‍ ഭംഗിയായി പോരടിച്ചു. ഇങ്ങനെയുള്ള ധീരന്മാരെ സഹായിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്.''
ഒരു നിമിഷത്തിനുള്ളില്‍ കപ്പല്‍ നിറയെ അയാളുടെ ആള്ക്കാര് വന്നു തിങ്ങിക്കൂടി. അങ്ങനെ യുദ്ധത്തിന്റെ ഗതി സ്ക്കോട്ടുകള്ക്കു പ്രതികൂലമായി മാറി. അവര്‍ തുരുതൂരെ കടലിലേയ്ക്കെടുത്തുചാടി ജീവനും കൊണ്ടു കരപറ്റാന്‍ ആവതും പണിപ്പെട്ടു പക്ഷേ അവരില്‍ അധികം പേരൊന്നും കരയ്ക്കെത്തുകയുണ്ടായില്ല.
യുദ്ധം അവസാനിച്ചു. മുറിവേറ്റു കപ്പലിനുള്ളില്‍ വീണ സ്ക്കോട്ടുകാരെ ആ അപരിചിതനെടുത്തു കടലിലെറിഞ്ഞു. അനന്തരം ഉള്‍വാറിന്റെ കപ്പല്‍ കഴുക്കോലിട്ടു കുത്തിനീക്കി അയാളുടെ കപ്പലിനോടു ചേര്‍ത്തുകെട്ടി. അതിനു വല്ലാതെ കേടു പറ്റിയിട്ടുണ്ടെന്നും അതില്‍ ഓടിച്ചുപോകാന്‍ തരപ്പെടുകയില്ലെന്നും അവര്‍ക്കു ബോധ്യപ്പെട്ടു. അതിനാല്‍ അയാളെയും അയാളുടെ അനുഗാമികളെയും ആ അപരിചിതന് തന്റെ കപ്പലിലേയ്ക്കു ക്ഷണിച്ചു. അതിന്റെ കാറ്റുപായകളെല്ലാം നിവര്‍ത്തി നിബന്ധിച്ചു കടലിലേയ്ക്കിറങ്ങുവാന് അവര്‍ തയ്യാറായി നിലകൊണ്ടു. അനുകൂലവും ശാന്തവുമായ ഒരു കാറ്റ് അവര്‍ക്കിപ്പോള്‍ ലഭിക്കയുണ്ടായി. കൊടുങ്കാറ്റെല്ലാം ശമിച്ചുകഴിഞ്ഞിരുന്നു. ഉള്വാറിന്റെയും കൂട്ടരുടേയും ശരീരത്തിലേറ്റ മുറിവുകളെല്ലാം അപരിചിതന് ശരിയായി വെച്ചുകെട്ടി. അനന്തരം അവരുടെ സമരകഥ മുഴുവന്‍ അയാള്‍ സന്തോഷപൂര്‍വ്വം കേട്ടു. `ഉസ്പാക്'* എന്നാണ് തന്റെ പേരെന്ന് അയാള്‍ അവരെ അറിയിച്ചു. തന്റെ നാട് ഐസ്ലാന്‍ഡ് ആണെന്നും പക്ഷേ നോര്‍ത്തു ബെര്ലാന്ഡിലാണ് താന്‍ താമസിച്ചിരുന്നതെന്നും ആ നാട്ടില്‍ നിന്നുമുള്ള നോര്സുകാരും ഡെയിന്കാരുമടങ്ങിയതാണ് തന്റെ നാവികസംഘമെന്നും അയാള്‍ പറഞ്ഞു.
അന്ധകാരമായതോടെ അവര്‍ ശാന്തമായ ഒരിടത്തു നങ്കൂരമുറപ്പിച്ച് വിശ്രമിക്കാന്‍ ഒരുമ്പെട്ടു. കപ്പലിന്റെ അടിത്തട്ടില്‍ ഒരേ കട്ടിലിലും കിടയ്ക്കയിലുമാണ് ഉസ്പാക്കും ഉള്‍വാറും പങ്കൂകൂടിയത്. ഉള്‍വാര്‍ ഉറങ്ങാതെ കിടന്നു; എന്തുകൊണ്ടെന്നാല്‍, അയാളുടെ മുറിവ് അയാളെ കുറെ വേദനിപ്പിച്ചു. അതിനാല്‍ ഉസ്പാക് അയാളോട് ഓരോന്നു സംസാരിക്കാന്‍ തുടങ്ങി.
അയാള്‍ പറഞ്ഞു: ``നിങ്ങള്‍ ഇന്നു വളര്‍ന്നു തന്റേടാമെത്തിയ ഒരു പുരുഷനെപ്പോലെ നിന്നു പോരാടി, ഉള്‍വാര്‍! നിശ്ചയമായും ഒരു നല്ല കുടുംബത്തിലെ അംഗമാണ് നിങ്ങള്‍; നോര്‍വേയില്‍ എവിടെയാണ് നിങ്ങളുടെ വീട്? നിങ്ങളുടെ അച്ഛനാരാണ്?''
ഉള്‍വാര്‍ ഉത്തരം നല്കി: ``വിന്ഗുല്മാര്ക്കിലാണ് എന്റെ വീട്; എന്റെ കുടുംബപ്പേര് ഫോള്ഡനിലെ `വാഡിന്' എന്നുമാണ്.''
ഉസ്പാക് പെട്ടെന്ന് അയാളുടെ നേര്‍ക്കു തിരിഞ്ഞു ചോദിച്ചു: ``നിങ്ങളുടെ അച്ഛനോ, ഉള്‍വാര്‍? എന്താണ് നിങ്ങളുടെ അച്ഛന്റെ പേര്?''
``ഹേ, തലവന്‍, ഞാനതേതായാലും നിങ്ങളില്‍നിന്നു മറച്ചുവെയ്ക്കുന്നില്ല. യഥാര്‍ത്ഥമായ വിവാഹത്തില്‍നിന്നും ജനിച്ചവനല്ല ഞാന്‍.'' ഉള്‍വാര്‍ പറഞ്ഞു:``അതുകൊണ്ട് എന്റെ അമ്മയുടെ താവഴിപ്രകാരം എന്നെ വിളിച്ചുവരുന്നത് ഉള്‍വാര്‍ വിഗ്ഡിസ്സണ്‍ എന്നാണ്.''
ഏറെ നേരത്തേയ്ക്ക് ഉസ്പാക് നിശ്ശബ്ദനായിപ്പോയി. ഒന്നില്‍ക്കൂടുതല്‍ തവണ അയാള്‍ എന്തോ പറയാന്‍ നാക്കെടുത്തതാണ്. പക്ഷേ അയാള്‍ക്കു വാക്കു കിട്ടുന്നില്ല. എന്നാല്‍ ഇത് ഉള്‍വാറിന്റെ ശ്രദ്ധയില്‍ പെട്ടില്ല. ഒടുവില്‍ മറ്റേയാള്‍ ചോദിച്ചു:
``നിങ്ങള്‍ക്കെന്തു പ്രായമുണ്ട്, ഉള്‍വാര്‍ വിഗ്ഡിസ്സണ്‍?''
``മദ്ധ്യവേനല്‍ കഴിഞ്ഞ് എനിക്കു പതിനെട്ടാകും.''അയാള്‍ മറുപടി പറഞ്ഞു. അപരിചിതന് വീണ്ടും കിടന്നു; ഏറെനേരത്തേയ്ക്ക് അയാള്‍ ഒന്നും തന്നെ ശബ്ദിച്ചില്ല. അനന്തരം അയാള്‍ വീണ്ടും സംസാരിച്ചു:
``നിങ്ങളുടെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? അതുപോലെ അവര്‍ ഇപ്പോഴും അവിവാഹിതയായിത്തന്നെ ജീവിക്കയാണോ-വാഡിനിലെ വിഗ്ഡിസ്?''
അങ്ങനെതന്നെയാണെന്ന് ഉള്‍വാര്‍ പ്രതിവചിച്ചു.
ഉസ്പാക് പറഞ്ഞു: ``നിങ്ങളുടെ അമ്മയെക്കുറിച്ചു കൂടുതല്‍ കേള്‍ക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്. പരസഹായം കൂടാതെ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്റെ നിലയിലെത്തിക്കുവാന്‍ പാടുപെട്ട്, അഭിനന്ദനാര്‍ഹമായ രീതിയില്‍ നിങ്ങളെ വളര്‍ത്തിക്കൊണ്ടുവന്ന അവര്‍ നിശ്ചയമായും പ്രഗത്ഭമതിയായ ഒരു സ്ത്രീരത്നം തന്നെ ആയിരിക്കണം. നിങ്ങളുടെ അമ്മയ്ക്കു നിങ്ങളെ ഇഷ്ടമാണോ?''
ഉള്‍വാര്‍ പറഞ്ഞു: ``എനിക്കു പതിനഞ്ചു വയസ്സായപ്പോള്‍ വാഡിനും അമ്മയുടെ മറ്റു സ്വത്തുക്കളില്‍ പകുതിയും എന്റെ സ്വന്തമായി വിട്ടുതന്നു. പിഴച്ചുണ്ടായവനാകയാല് എന്റെ മുഖത്തുനോക്കി മറ്റുള്ളവര്‍ക്ക് എന്റെ ദാരിദ്ര്യത്തെ അപഹസിക്കുവാന്‍ ഇടയാകരുതെന്നുള്ളതായിരുന്നു. അമ്മയുടെ മുഖ്യമായ ഉദ്ദേശം. അമ്മയുടെ ആവശ്യത്തിലേയ്ക്കായി കാട്ടില്‍ വടക്കുമാറി ഒരു കൃഷിസ്ഥലം അമ്മ വിലയ്ക്കുവാങ്ങി. ബെര്‍ഗ് എന്നണതിന്റെ പേര്; പക്ഷേ അമ്മയുടെ താമസം വാഡിനില്ത്തന്നെയാണ്. ശരിയണങ്ങു പറഞ്ഞത്; സ്ത്രീകളില്‍ ഏറ്റവും പ്രഗത്ഭമതിതന്നെയാണ് എന്റെ അമ്മ. അമ്മയ്ക്കതുല്യമായി മറ്റാരെങ്കിലും ഉണ്ടെന്നു ഞാന്‍ വിചാരിക്കുന്നില്ല. അതിനാല്‍ എന്റെ അച്ഛനെ അറിയാത്തതുകൊണ്ടു യാതൊന്നും എനിക്കു നഷ്ടപ്പെട്ടിട്ടില്ല എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു.''
അനന്തരം ഉള്‍വാര്‍ തന്റെ മാതാവിന്റ കഥ അയാളെ പറഞ്ഞു കേള്‍പ്പിച്ചു. അധികമധികം പറയുംതോറും അയാള്‍ കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ തുടങ്ങി; അങ്ങനെ ഗുന്നാറിന്റെ മരണം, വിഗ്ഡിസ്സിന്റെ പ്രതികാരം, അനന്തര സംഭവങ്ങള്‍ ഇവയെക്കുറിച്ചെല്ലാം അയാള്‍ കേട്ടു. രാത്രി ഒട്ടുമുക്കാലും ഈ വര്‍ത്തമാനത്തില്‍ത്തന്നെ കഴിച്ചുകൂട്ടി. ഉള്‍വാര്‍ പറഞ്ഞവസാനിച്ചശേഷം ഉസ്പാക് പ്രസ്താവിച്ചു:
``നിങ്ങളുടെ മാതാവിനോടു നിങ്ങള്‍ക്ക് അതിരറ്റ കടപ്പാടുണ്ട്. നിങ്ങളില്‍നിന്നും ഏറ്റവും മഹത്തായ സ്നേഹവും ബഹുമാനവും അര്‍ഹിക്കുന്നവരാണവര്‍. ധൈര്യത്തിനും ബുദ്ധിസാമര്‍ത്ഥ്യത്തിനും അവര്‍ക്കു കിടയായിട്ടാരുമില്ലെന്നു നിസ്തര്‍ക്കം പറയാം. ലോകത്തില്‍ ഒരു സ്ത്രീയും തന്റെ പുത്രനെ അവരേക്കാള്‍ സ്നേഹിച്ചുകാണുകയില്ല.''
``അതു പരമാര്‍ത്ഥമാണ്.'' ഉള്‍വാര്‍ പ്രതിവദിച്ചു. ``അമ്മയുടെ നന്മയ്ക്ക് എന്തെങ്കിലും പ്രതിഫലം എന്നെങ്കിലും എനിക്കു കൊടുക്കാന്‍ സാധിക്കുമെന്നാണ് എന്റെ ആഗ്രഹം.''
ഉസ്പാക് പറഞ്ഞു: ``നിങ്ങള്‍ക്കിപ്പോള്‍ നിങ്ങളുടെ കപ്പലും സാമാനങ്ങളും നഷ്ടമായി. പക്ഷേ ഈ വേനല്‍ക്കാലം നിങ്ങള്എന്നോടൊന്നിച്ചു കഴിച്ചുകൂട്ടിയാല്‍, ഇലപൊഴിയുന്ന കാലത്ത് ഒരു ദരിദ്രനായി നിങ്ങള്‍ക്കു നോര്‍വേയില്‍ മടങ്ങിച്ചെല്ലേണ്ടിവരില്ല. എന്നോടൊന്നിച്ച് ഈ കപ്പലിലെ നായകസ്ഥാനത്തില്‍ നിങ്ങള്‍ക്കു പങ്കുകൂടാം. നായകനുള്ള ആദായത്തില്‍ നേര്‍പകുതി നിങ്ങളുടെതായിരിക്കും.''
ഉള്‍വാര്‍ ഹൃദയപൂര്‍വ്വം അയാളോടു നന്ദിപറഞ്ഞു. കുറച്ചുകഴിഞ്ഞ് അയാള്‍ പ്രസ്താവിച്ചു, ആദ്യത്തെ തന്റെ നിശ്ചയം ഐസ്ലാന്‍ഡിലേയ്ക്കു പോകണമെന്നായിരുന്നു എന്ന്. അവിടെ അയാള്‍ക്ക് എന്തെങ്കിലും ഇടപാടുണ്ടോ എന്ന് ഉസ്പാക് ചോദിച്ചു.
ഉള്‍വാര്‍ പറഞ്ഞു: ``ഉസ്പാക്, നിങ്ങള്‍ ഐസ്ലാന്ഡില് നിന്നു വരുന്ന ആളാണല്ലോ; സ്ക്കോമെഡാലിലെ വൈഗയോട്ട് ഗിസ്സേഴ്സണ് എന്നു വിളിച്ചുവരുന്ന ഒരാളെ നിങ്ങള്‍ അറിയുമോ?''
``എന്താ, അയാളോടു നിങ്ങള്‍ക്കു വല്ലതും പറഞ്ഞയയ്ക്കാനുണ്ടോ? അല്പനേരത്തെ മൗനത്തിനു ശേഷം ഉസ്പാക് ചോദിച്ചു.
``ചിലപ്പോള്‍ ഉണ്ടായേയ്ക്കാം!''ഉള്‍വാര്‍ പറഞ്ഞു.
``ഒരുപക്ഷേ അയാള്‍ നിങ്ങളുടെ അമ്മയുടെ ഒരു സ്നേഹിതനായിരിക്കാം, അല്ലേ?'' പ്രായക്കൂടുതലുള്ള മനുഷ്യന് ചോദിച്ചു.
``ഒരു സ്നേഹിതന്- അതല്ല.'' ഉള്‍വാര്‍ മറുപടി പറഞ്ഞു: ``അദ്ദേഹത്തില്‍നിന്ന് ഒരു നന്മയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ ഏതു രീതിയിലുള്ള ഒരു സ്വീകരണമായിരിക്കും അദ്ദേഹം എനിക്കും നല്കുന്നതെന്നു കാണാന്‍ വലിയ ആശയുണ്ട് -എന്തുകൊണ്ടെന്നാല്‍, അദ്ദേഹമാണ് എന്റെ പിതാവെന്നത്രേ ഞാന്‍ പറഞ്ഞുകേട്ടിട്ടുള്ളത്.''
``അയാള്‍ വിചിത്രരീതിയിലുള്ള ഒരു മനുഷ്യനായിരിക്കണം.'' ഒരു ചെറിയ ചിരിയോടുകൂടി ഉസ്പാക് പറഞ്ഞു: ``നിങ്ങളെപ്പോലെ മിടുമിടുക്കനും പൗരുഷത്തിന്റെ മൂര്ത്തീകരണവുമായ ഒരു കൊച്ചുമകനെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍!-അതുപോലെ നിങ്ങളുടെ അമ്മയെപ്പോലുള്ള ഒരു സ്ത്രീയെ അയാള്‍ മറന്നിരിക്കാനും വഴിയില്ല.''
``ഞങ്ങളുടെ വിശേഷങ്ങള്‍പോലും ഒരിക്കലും അദ്ദേഹം അന്വേഷിച്ചിട്ടില്ല.'' ഉള്‍വാര്‍ മറുപടി പറഞ്ഞു. ``ഐസ്ലാന്ഡില് അദ്ദേഹത്തിനു ഭാര്യയും കുട്ടികളുമുണ്ടെന്ന് എനിക്കറിയാം.''
``പക്ഷേ, മൃഗീയമായ രീതിയില്‍ ബലം പ്രയോഗിച്ചു ചാരിത്രം കവര്‍ന്നെടുത്തശേഷം അമ്മയെ അന്ധകാരഗര്ത്തത്തിലേയ്ക്ക് അടിച്ചാഴ്ത്തിയ അദ്ദേഹത്തിനു അമ്മയുടെ ഒരു സന്ദേശം എനിക്കു കൊണ്ടുപോയി കൊടുക്കേണ്ടതായിട്ടുണ്ട്.''
തെല്ലുനേരത്തെ മൗനത്തിനുശേഷം ഉസ്പാക് പറഞ്ഞു. ``അയാള്‍ ഏറെക്കാലമായി ഐസ്ലാന്ഡില് ഇല്ല-യോട്ട്. അനവധി കൊല്ലങ്ങളായി അയാള്‍ ആ നാടു വിട്ടുപോയിട്ടെന്നാണ് കേള്‍വി; അയാളുടെ ഭാര്യയും കുട്ടികളും മരിച്ചുപോയി.''
``അദ്ദേഹം നിങ്ങളുടെ ഒരു സ്നേഹിതനായിരുന്നോ?'' ഉള്‍വാര്‍ ചോദിച്ചു.
``അല്ല.'' ഉസ്പാക് പറഞ്ഞു: ``ഒരു സ്നേഹിതന് എന്ന നില നിങ്ങളുടെ മാതാവിനോടുണ്ടായിരുന്നതിനെക്കാള് ഭേദപ്പെട്ട രീതിയില്‍ അയാള്‍ക്കു ഞാനുമായി ഉണ്ടായിരുന്നില്ല.''
ഉള്‍വാര്‍ അനന്തരം അനങ്ങാതെ കിടന്ന് ഉറങ്ങാന്‍ ശ്രമിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഇതരന് തന്നെ സ്പര്‍ശിച്ചു എന്നും അയാള്‍ കൈയുര്‍ത്തി തന്റെ മുഖത്തിനു മീതെക്കൂടി കൊണ്ടുപോയി എന്നും അയാള്‍ക്കു തോന്നി. ഉള്‍വാര്‍ കണ്ണു തുറന്നു. മറ്റേ ആള് അപ്പോഴേയ്ക്കും കപ്പലിലെ അരവാതിലിലൊന്നു തുറന്നിരുന്നു. അതിനാല്‍ പ്രഭാതകാന്തി അയാളുടെ മുഖത്തു പതിച്ചു. അയാളുടെ മീതെ കുനിഞ്ഞുകൊണ്ട് ഉസ്പാക് അവിടെ ഇരിക്കുകയാണ്.
``നിങ്ങള്‍ ഉറക്കത്തില്‍ കിടന്നു വിറച്ചു, ഉള്‍വാര്‍!'' അയാള്‍ പറഞ്ഞു: ``നിങ്ങളുടെ ദേഹത്തില്‍ ചൂടെങ്ങിനെയെന്നു നോക്കുകയായിരുന്നു ഞാന്‍; പക്ഷേ സാരമില്ല, കിടന്നുകൊള്ളൂ; കിടന്നു സുഖമായി ഉറങ്ങൂ.''
നാല്പത്തിമൂന്ന്
ഇല പൊഴിയുന്ന കാലത്തിന്റെ ഏതാണ്ടവസാനം വരെ ഉസ്പാക്കിനോടൊന്നിച്ചുതന്നെയായിരുന്നു ഉള്‍വാര്‍; ഡെന്മാര്ക്കുകാരായ വൈക്കിഗ് വര്ഗ്ഗക്കാരുമൊത്ത് ഇംഗ്ലണ്ട്, കിന്മേര്ലാന്ഡ്* ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ കടല്‍ത്തീരങ്ങളില്‍ അവര്‍ കൊള്ളനടത്തി ഒട്ടധികം സാധനസാമഗ്രികള്‍ സമാര്ജ്ജിക്കയുണ്ടായി. ഉള്‍വാര്‍ വിഗ്ഡിസ്സണ്‍ വലിയ ധൈര്യം പ്രകടിപ്പിക്കുകയും അങ്ങനെ ഖ്യാതി സമ്പാദിക്കുകയും ചെയ്തു.
ഇല പൊഴിയുന്ന കാലത്ത് ഉസ്പാക്കും ഉള്‍വാറും നോര്ത്തേം ബെര്ലാന്ഡിലെ സിഗ്വാര്‍ഡ് ഇടപ്രഭുവുമൊന്നിച്ചാണ് താമസിച്ചത്; അദ്ദേഹം ഉസ്പാക്കിന്റെ സ്നേഹിതനായിരുന്നു. അദ്ദേഹം ഉള്‍വാറിനെ ഹാര്‍ദ്ദമായി സ്വീകരിക്കുകയും അയാള്‍ക്കു വിലപിടിച്ച പല സമ്മാനങ്ങള്‍ കൊടുക്കുകയും ചെയ്തു.
ഒരു ദിവസം സായാഹ്നത്തില്‍ രണ്ടുപേരുകൂടി ഉസ്പാക്കിന്റെ വസതിയില്‍ കുടിച്ചുകൊണ്ടിരിക്കുകയാണ്.
അപ്പോള്‍ ഉസ്പാക് ചോദിച്ചു:
``ആട്ടെ, ഉള്‍വാര്‍! നിനക്കു നിന്റെ അച്ഛനെ കണ്ടെത്തുന്നതു സന്തോഷമാണോ?''
``ഞാന്‍ വീട്ടില്‍ താമസിച്ചിരുന്ന കാലത്തു,'' ഉള്‍വാര്‍ മറുപടി പറഞ്ഞു. ``എന്റെ ഏറ്റവും വലിയ ആശയായിരുന്നു അത്; ഞാന്‍ പിഴച്ചുണ്ടായ ഒരുവനാണെന്ന ചിന്ത സദാ എന്നെ പീഡിപ്പിച്ചുകൊണ്ടിരുന്നു; ഒരച്ഛന് തനിക്കുണ്ടെന്ന് അഭിമാനിക്കാന്‍ കഴിവുള്ള എല്ലാവരെക്കാളും എത്രയും വിലകുറഞ്ഞവനായിരിക്കണം ഞാനെന്ന് എനിക്കു തോന്നി. അദ്ദേഹത്തെ എങ്ങനെയെങ്കിലും കണ്ടുപിടിക്കുമെന്നും എന്റെ അമ്മയോടും എന്നോടും അദ്ദേഹം ചെയ്തിട്ടുള്ള അപരാധങ്ങള്‍ക്കും എന്റെ അമ്മയ്ക്കനുഭവിക്കേണ്ടിവന്ന സമസ്തദുരിതങ്ങള്ക്കും ആവശ്യമായ ഉപശാന്തി അദ്ദേഹത്തില്‍ നിന്നും സമാര്ജ്ജിക്കുമെന്നും സദാ ഞാന്‍ മനോരാജ്യം വിചാരിച്ചുകൊണ്ടിരുന്നു.''
``നിങ്ങള്‍ ആ മനുഷ്യനെ കണ്ടെത്തിയെന്നിരിക്കട്ടെ,''ഉസ്പാക് താണ ഒരു സ്വരത്തില്‍ പറഞ്ഞു: ``ഇങ്ങനെയൊരു പുത്രന് തനിക്കുണ്ടെന്ന ബോധത്താല്‍ ആഹ്ലാദഭരിതനായിത്തീര്ന്ന് അയാള്‍ നിങ്ങളെ അതിരറ്റ വാത്സല്യത്തോടുകൂടി സ്വീകരിക്കുന്നുവെന്നും വിചാരിക്കുക- അപ്പോള്‍ നിങ്ങളെന്തു ചെയ്യും?''
``തനിക്കൊരു വലിയ ബഹുമതിയായി അദ്ദേഹം അതു കണക്കാക്കുമെന്നു തോന്നുന്നില്ല.'' ഉള്‍വാര്‍ ഉത്തരം നല്കി. ``അതിനുവേണ്ടി നന്ദിപറയാന്‍ എനിക്കു സാദ്ധ്യമല്ല. എന്റെ ഈ നഗ്നജീവിത്തേക്കാളുപരയായി മറ്റൊന്നിലും എനിക്കദ്ദേഹത്തോട് ഒരു കടപ്പാടുമില്ല. ഇവിടെ ഈ വിദൂരവിദേശത്ത് അദ്ദേഹത്തിന്റെ സഹായമൊന്നുമില്ലാതെതന്നെ ഞാന്‍ സുഖമായിക്കഴിഞ്ഞുകൂടുന്നുണ്ട്. പ്രധാനമായി എനിക്കുള്ള കടപ്പാടു നിങ്ങളോടാണ്, ഉസ്പാക്!എന്റെ പിതാവിനെ എനിക്കാവശ്യമില്ല; അദ്ദേഹത്തിന്റെ സ്നേഹവും എനിക്കുവേണ്ട; അദ്ദേഹം ഒരു ഭീരുവോ മറ്റാരെങ്കിലുമോ ആയിക്കൊള്ളട്ടെ;അതൊന്നും എന്റെ മനസ്സിനെ ലേശമെങ്കിലും സ്പര്ശിക്കുന്നതുമില്ല.''
കൈയില്‍ ശിരസ്സു ചായ്ച്ചു ഉസ്പാക് എല്ലാം ശ്രദ്ധിച്ചുകേട്ടുകൊണ്ടിരിക്കുകയാണ്. കുറച്ചു കഴിഞ്ഞ് അയാള്‍ ചോദിച്ചു: ``നിങ്ങളുടെ മാതാവോ? അയാള്‍ നിങ്ങളെക്കുറിച്ചു കേട്ട് അങ്ങോട്ടു വന്നു വിഗ്ഡിസ്സിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ടാലോ?''
``സത്യം പറയുകയാണെങ്കില്‍,'' ഉള്‍വാര്‍ പ്രതിവചിച്ചു: ``ആ ഉപദ്രവങ്ങള്‍ക്കൊന്നും അദ്ദേഹം ഉദ്യമിക്കില്ലെന്നാണ് എന്റെ ഉത്തമവിശ്വാസം. എന്റെ അമ്മ ഒരിക്കല്‍ പറയുകയുണ്ടായിട്ടുണ്ട്, അവരുടെ മനോവൃഥയ്ക്കു വലിയ ശമനം കിട്ടും, ആ മനുഷ്യന്റെ രക്തം പുരണ്ട ശിരസ്സ് അവരുടെ കൈയിലെടുത്ത് അമ്മാനമാടാന്‍ സാധിച്ചാലെന്ന്! മിക്ക അവസരങ്ങളിലും അദ്ദേഹത്തെക്കുറിച്ചു ശബ്ദിക്കുന്നതുതന്നെ അമ്മയ്ക്കു വലിയ വെറുപ്പാണ്;
എന്തെങ്കിലും പറഞ്ഞാല്‍ ഏറെ നേരത്തേയ്ക്ക് അവര്‍ പിന്നെ ഉന്മേഷരഹിതയായി മാറിപ്പോകും-എപ്പോഴും ഇങ്ങനെയാണ് കണ്ടുവരുന്നത്. അദ്ദേഹത്തെ കണ്ടുപിടിക്കുവാനായി ഞാന്‍ ഐസ്ലാന്‍ഡിലേയ്ക്കു പുറപ്പെട്ടതുതന്നെ അവര്‍ക്ക് അല്പമെങ്കിലും ഇഷ്ടമായിട്ടല്ല.''
ഉസ്പാക് മുമ്പിലത്തെപ്പോലെ ഇരിപ്പായി. ഒടുവില്‍ അയാള്‍ പറഞ്ഞു:
``അതു കുറെ കടുത്ത മൊഴിയായിപ്പോയി, ഉള്‍വാര്‍!''
ഉള്‍വാര്‍ മറുപടി പറഞ്ഞു: ``അതു പോലെതന്നെ ഒരു കടുത്ത വിധിയാണ്, എന്റെ യുവതിയായ മാതാവിന് ആ മനുഷ്യന് കല്പിച്ചുകൂട്ടി വരുത്തിവെച്ചതും! നിഷ്കളങ്കയായ ഒരു കന്യകയെ ഗര്ഭിണിയായിത്തള്ളിയിട്ട് അദ്ദേഹം തന്റെ നാട്ടിലേയ്ക്കു കപ്പല്‍കയറി. അതിനുശേഷം, എന്നാല്‍, അവളെക്കുറിച്ച് എന്തെങ്കിലുമൊന്നന്വേഷിക്കുകയെങ്കിലും ചെയ്യുക-ഇല്ല, അതുപോലും അദ്ദേഹം ചെയ്തില്ല!''
``അതിനുശേഷം അയാള്‍ അവളെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നു നിങ്ങള്‍ക്കു നിശ്ചയമുണ്ടോ'' ഉസ്പാക് ചോദിച്ചു.
``അമ്മ എന്നോടു പലപ്പോഴും പറഞ്ഞിട്ടുണ്ട്,'' ഉള്‍വാര്‍ മറുപടി പറഞ്ഞു: ``മനുഷ്യരില്‍വെച്ച് ഏറ്റവും നികൃഷ്ടനും ഹൃദയശൂന്യനുമായ ഒരാളാണദ്ദേഹമെന്ന്!''
``ഒരു പുത്രനില്‍നിന്ന്, ഏറ്റവും പരുഷമായ വാക്കുകളാണിത്, ഉള്‍വാര്‍!'' ഒരു നെടുവീര്‍പ്പോടുകൂടി ഉസ്പാക് വീണ്ടും പ്രസ്താവിച്ചു.
``ഇതിനെക്കാള്‍ നല്ലതായിട്ടൊന്നും അദ്ദേഹം എന്നെ വന്നു പഠിപ്പിച്ചില്ല.''ഒരു ചിരിയോടുകൂടി ഉള്‍വാര്‍ ഉദ്ഘോഷിച്ചു: `എന്തു ചെയ്യട്ടെ, എനിക്കും അദ്ദേഹത്തിന്റെതന്നെ പ്രകൃതമല്ലേ കിട്ടുകയുള്ളൂ!''
ഉസ്പാക് അയാളുടെ മുഖത്തേയ്ക്കു നോക്കി; പക്ഷേ ഒന്നും അതിന്നു സമാധാനം പറഞ്ഞില്ല. ഇതിനെക്കുറിച്ചു പിന്നടൊന്നും തന്നെ അവര്‍ ശബ്ദിച്ചുമില്ല. അന്നു രാത്രി ഉസ്പാക് മൗനിയും ചിന്താമഗ്നനുമായി കാണപ്പെട്ടു.
അവര്‍ കിടക്കാന്‍ പോകുന്നതിന്നുമുന്‍പായി, സ്വര്ണ്ണക്കസവുകള്കൊണ്ടും പട്ടുനൂലുകള്കൊണ്ടും കമനീയമായ രീതിയില്‍ ചിത്രവേലകള്‍ ചെയ്തിരുന്ന ഒരു മേലങ്കി തന്റെ പെട്ടിയില്‍നിന്ന് പുറത്തെടുത്ത് അയാള്‍ ഉള്‍വാറിന്റെ കൈയില്‍ കൊടുത്തു. ഈ സമ്മാനം അയാള്‍ സ്വീകരിക്കേണമെന്ന് ഉസ്പാക് ആവശ്യപ്പെട്ടു. ഉള്‍വാര്‍ അയാളോടു നന്ദി പറഞ്ഞു.
ഇല പൊഴിയുന്ന കാലത്തു വീട്ടിലേയ്ക്കു മടങ്ങുവാന്‍ സന്നദ്ധനായപ്പോള്‍ നിറയെ സാധനസാമഗ്രികള്‍ സംഭരിച്ച ഒരു കപ്പല്‍ ഉസ്പാക് അയാള്‍ക്കു കൊടുത്തു; അതിന്നു പുറമേ വളരെ വിലപിടിച്ച പല സമ്മാനങ്ങളും!- ഉരുക്കുകൊണ്ടുള്ള ഒന്നാംതരമൊരു കവചം; സ്വര്‍ണ്ണനിര്‍മ്മിതമായ ഒരു ശിരസ്ത്രം; ഹിമധവളവര്ണ്ണത്തിലുള്ള രണ്ടു പ്രാപ്പിടിയന്മാര്; മൂന്നു പ്രാവശ്യം നിറം കാച്ചിയ ഒരരപ്പട്ട; ഒടുവില്‍ ഒരു സ്വര്ണ്ണക്കൊളുത്തോടുകൂടിയതും ഉള്ളില്‍ വിലപിടിച്ച കമ്പിളിവെച്ചു തയ്ച്ചിട്ടുള്ളതുമായ ഒരു പച്ചപ്പട്ടുമേലങ്കിയും! ഇവയില്‍ സൗഹൃദചിഹ്നമായി ആ അരപ്പട്ടമാത്രം അയാളുടെ മാതാവിനു കൊടുക്കണമെന്നു ഉസ്പാക് നിര്‍ദ്ദേശിച്ചു. പക്ഷേ അതിനുശേഷം അയാള്‍ ഉള്വാറിനോട് ആ ചുവന്ന മേലങ്കി തിരിച്ചയാള്ക്കു കൊടുക്കണമെന്നാവശ്യപ്പെട്ടു; അതു പുതിയതല്ലാത്തതിനാല്‍ ഒരു സമ്മാനത്തിനുചിതമായ വസ്തുവാണതെന്നു താന്‍ വിചാരിക്കുന്നില്ലെന്ന് അയാള്‍ പറഞ്ഞു.
തനിക്കു ചെയ്തുതന്നിട്ടുള്ള സകലസഹായങ്ങള്ക്കും തന്നോടു കാണിച്ച വാത്സല്യത്തിന്നും ഉള്‍വാര്‍ അയാളോടു നന്ദി പ്രകാശിപ്പിച്ചു. ഗ്രീഷ്മയാത്രയില് തനിക്കു ലഭിച്ച കൊള്ളയില്‍ നിന്ന് അയാള്‍ക്കിഷ്ടമുള്ളതെല്ലാം തിരഞ്ഞെടുത്തുകൊള്ളുവാന്‍ ഉള്‍വാര്‍ അയാളോടു പറഞ്ഞു:
``എനിക്കാവശ്യമുള്ളതില്‍ കൂടുതല്‍ സാധനങ്ങള്‍ എന്റെ പക്കലുണ്ട്,'' ഉസ്പാക് പ്രതിവദിച്ചു: ``എന്നാല്‍ നിങ്ങള്ക്കിഷ്ടമുള്ളപക്ഷം നിങ്ങളുടെ ഇടതുകൈയില്‍ കിടക്കുന്ന ആ മോതിരം നിങ്ങളുടെ ഒരോര്മ്മയക്കായി എനിക്കു തന്നാല്‍ വലിയ സന്തോഷമായിരിക്കും.''
ഉള്‍വാര്‍ മോതിരം ഊരിയെടുത്ത് ഉസ്പാക്കിനു കൊടുത്തിട്ടു പറഞ്ഞു:
``അതത്രയേറെ വിലപ്പെട്ടതൊന്നുമല്ല. ഇത് അമ്മയുടെ അമ്മ അമ്മയ്ക്കു കൊടുത്തതാണ്. അതെനിക്ക് എന്റമ്മ തന്നതുകൊണ്ടു ഞാനതു ധരിക്കുന്നു എന്നേയുള്ളൂ. തുച്ഛമായ ഒരു സമ്മാനമാണ് അത്; കുറച്ചുകൂടി ഭേദപ്പെട്ടതു വല്ലതും എന്നോടു ചോദിക്കൂ!''
``വേറൊന്നും തന്നെ എനിക്കു വേണ്ടാ,'' മറ്റേയാള്‍ അതു കൈയില്‍ തടവിക്കൊണ്ടു പറഞ്ഞു: ``എന്തുകൊണ്ടെന്നാല്‍, ഞാന്‍ ഇതിഷ്ടപ്പെടുന്നു. സ്ക്കോട്ടുകളുമായി കടലിടുക്കില്‍ കിടന്നു നിങ്ങള്‍ പോരാടിയതും അവരുടെ ആക്രമണത്തെ തടുത്തുനിര്‍ത്തിയതും ഇതു കൈയില്‍ ധരിച്ചുകൊണ്ടാണല്ലോ; അതിനാല്‍ എനിക്കിതു പ്രത്യേകിച്ചും പ്രിയപ്പെട്ടതാണ്.''
ഉള്‍വാര്‍ അനന്തരം പ്രസ്താവിച്ചു:
``വാഡിനില്‍ ഇവിടത്തെ ഇടപ്രഭുവിന്റേതുപോലുള്ള വീടൊന്നും ഞങ്ങള്‍ക്കില്ല. പക്ഷേ അങ്ങ് ഒരിക്കല്‍ എന്റെ അമ്മയുടെ വീട്ടില്‍ വന്ന് എന്നെ സന്ദര്‍ശിക്കുവാന്‍ കനിയുമെങ്കില്‍ അതു ഞങ്ങള്‍ക്ക് ഏറ്റവും സന്തോഷമായിരിക്കും.''
``തീര്‍ച്ചയായും ഞാനങ്ങനെ ചെയ്യാം.'' ഉസ്പാക് പറഞ്ഞു: ``അധികം താമസിയാതെതന്നെ നമുക്കു വീണ്ടും കാണാം. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ എന്നോടു പറഞ്ഞില്ലെങ്കില്‍ത്തന്നെ ഞാന്‍ അവിടെ വരുമായിരുന്നു.''
അയാള്‍ ഉള്‍വാറിനെ കെട്ടിപ്പിടിച്ച് അയാളുടെ ചുണ്ടിലും നെറ്റിയിലും തുരുതുരെ ചുംബിച്ചിട്ട് അയാളെ യാത്രയാക്കി. അനന്തരം ഉള്‍വാര്‍ നോര്വേയിലേയ്ക്കു കപ്പലോടിച്ചുപോയി. നാലാംദിവസം അയാള്‍ ഫോള്ഡെനില് അടുത്തു കരയ്ക്കിറങ്ങി.
നാല്പത്തിനാല്
അതിരറ്റ സന്തോഷത്തോടുകൂടി വിഗ്ഡിസ് അവളുടെ പുത്രനെ സ്വീകരിച്ചു. അയാളുടെ പ്രവൃത്തികളെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്നതില്‍ അവള്‍ക്ക് അശേഷം മുഷിവു തോന്നിയില്ല. മനുഷ്യരില്‍വെച്ച് ഏറ്റവും മഹാനും സ്നേഹിതന്മാരില്വെച്ച് ഏറ്റവും നല്ലവനുമെന്നു തനിക്കു തോന്നിയിരുന്ന ഉസ്പാക്കിനെക്കുറിച്ചാണ് എല്ലാറ്റിലും ഉപരിയായി ഉള്വാറിനു പറയാനുണ്ടായിരുന്നത്. തന്റെ പുത്രന്റെ ജീവനെ രക്ഷിക്കുകയും അവനോട് അതിരറ്റ കാരുണ്യം കാണിക്കുകയും ചെയ്ത ആ മഹാനുഭവനോടു പൂര്‍ണ്ണമായും കൃതജ്ഞത പ്രകാശിപ്പിക്കാന്‍ തനിക്കൊരിക്കലും സാധ്യമല്ലെങ്കിലും അദ്ദേഹത്തെ സ്വഗൃഹത്തില്‍ സ്വീകരിക്കുവാന്‍ സാധിക്കുമെങ്കില്‍ അതു തനിക്ക് അവാച്യമായ ആനന്ദമായിരിക്കുമെന്നു വിഗ്ഡിസ് പറഞ്ഞു.
ഇല്ല്യൂജിന്റെ മരണത്തില്‍ അവള്‍ക്ക് അസഹ്യമായ സങ്കടം തോന്നി; അയാളുടെ സ്മരണയ്ക്കായി അവള് ഒരു സദ്യ നടത്തി. അയാളുടെ കുഞ്ഞുങ്ങള്‍, ഒളാവിനെയും ഇന്ഗെബ് ജോര്ഗിനെയും സ്വന്തം കുട്ടികളെപോലെ താന്‍ വളര്‍ത്തിക്കൊള്ളാമെന്ന് അവള് ഭാരമേറ്റു. അതിനുശേഷം വാഡിനിലായിരുന്നു അവരുടെ താമസം.
കൊല്ലം അവസാനിക്കാറായി. `യൂള്‍' ആഘോഷകാലം അടുത്തുതുടങ്ങി. നമ്മുടെ കര്‍ത്താവു മനുഷ്യപുത്രനായി പിറവിയെടുക്കാന്‍ കനിഞ്ഞു പ്രസാദിച്ച ആ രാത്രിയില്‍ എല്ലാ നാട്ടില്‍നിന്നും ആളുകള്‍ പള്ളിയില്‍ വന്നു കുര്ബ്ബാനകൊള്ളുവാനായി തടിച്ചുകൂടി. വാഡിനില്നിന്ന് ഉള്‍വാറും വമ്പിച്ച ഒരനുചരസംഘത്തോടുകൂടി പുറപ്പെട്ടു. അക്കൊല്ലം `യൂള്‍'പ്പെരുനാളിനു മുന്‍പുതന്നെ വല്ലാത്ത ഹിമപാതമുണ്ടായി. പുണ്യദിനങ്ങള്‍ പൂര്ണ്ണചന്ദ്രനോടുകൂടിയതും തണുപ്പുള്ളതുമായിരുന്നു.
വിശുദ്ധവിഗ്രഹങ്ങളുടെ മുന്പില് മെഴുകുതിരികള്‍ വരിവരിയായി മിന്നിത്തിളങ്ങിയിരുന്നുവെങ്കിലും, തന്റെ പുത്രനോടുകൂടി ഇറയത്തേയക്കു കയറിയ അവസരത്തില്‍, ചന്ദ്രിക അത്രമാത്രം പ്രകാശപൂര്ണ്ണമായിരുന്നതിനാല്, പള്ളിക്കകത്ത് ഇരുട്ടടച്ചിരിക്കയാണെന്നു വിഗ്ഡിസ്സിനു തോന്നിപ്പോയി. ആരാധനാവേദികയുടെ മുന്നില്‍ നിന്നുകൊണ്ടു പുരോഹിതന് മധുരമായി ഗാനാലാപം ചെയ്തു. ഗായകസംഘത്തില്‍പ്പെട്ട കുട്ടികള്‍ പരിമളം പരത്തിക്കൊണ്ടു ധൂപതാലം വീശി. പള്ളിയില്‍ കടന്നവര്‍ കടന്നവര്‍ മുട്ടുകുത്തി പരിശുദ്ധതീര്ത്ഥംകൊണ്ടു ശരീരത്തില്‍ കുരിശു തളിച്ചു പ്രാര്‍ത്ഥന തുടുങ്ങി.
വിഗ്ഡിസ് മുഖമുയര്‍ത്തി. എഴുന്നേറ്റ അവസരത്തില്‍ തൊട്ടടുത്തുള്ള വാതില്ക്കല് ഒരാള്‍ നില്ക്കുന്നതായിക്കണ്ടു. താടിക്കു കീഴെവെച്ച് അരികുകള്‍ കൂട്ടിച്ചേര്‍ത്തു കുരുക്കിട്ട ഒരിരുണ്ട മേലങ്കിയാണയാള് ധരിച്ചിരുന്നത്.
അയാളുടെ ശിരസ്സു മുന്നോട്ട് അല്പമൊന്നു ചാഞ്ഞിരുന്നു; അതിനാല്‍ നെറ്റിന്മേല്‍ ഉതിര്‍ന്നു വീണ ഇരുണ്ട ചുരുള്മുടികള്ക്കിടയിലുള്ള കണ്ണുകളല്ലാതെ മുഖത്തുമറ്റൊന്നുംതന്നെ അവള്‍ക്കു കാണാന്‍ സാധിച്ചിരുന്നില്ല. എന്നാലും ആ നിമിഷത്തില്‍ത്തന്നെ അവള്‍ക്കു മനസ്സിലായി, അതു യോട്ടാണെന്ന്! അയാള്‍ അവളെ തുറിച്ചുനോക്കി. അവളുടെ കണ്ണുകളുമായി അയാളുടെ നോട്ടം ഇടഞ്ഞപ്പോള്‍ അയാളുടെ കൈകള്‍ വിറയ്ക്കാന്‍ തുടങ്ങിയതും അതിനാല്‍ അയാള്‍ അവ കീഴോട്ടു തൂക്കിയിട്ടതും അവള് കണ്ടു; പിന്നീടയാള്‍ മരിച്ചു ഒരു മനുഷ്യനെപ്പോലെ വിളറിപ്പോയി.
വിഗ്ഡിസ്സും വിറയ്ക്കുകയായിരുന്നു. അതിനാല്‍ അവള്‍ക്കു വാതില്ക്കട്ടിലമേല് ചാരേണ്ടതായി വന്നുകൂടി. തന്റെ കണ്മുമ്പില് തറ അങ്ങോട്ടുമിങ്ങോട്ടും ആടിക്കൊണ്ടിരിക്കായാണെന്നവള്ക്കു തോന്നി- അത് ആ നിമിഷംമുതല്‍ ഒരിക്കലും ഒരു തറയായിരുന്നില്ല; പുരുഷന്മാരുടെയും സ്ത്രീകളുടെയും ഇടയിലൂടെ പുളഞ്ഞൊഴുകിപ്പോകുന്ന ഒരു ചുവന്ന പുഴ; ആരാധാനാവേദിക്കു മുന്പില് കാണുന്നുതോ, ഒരു ചോരത്തടാകം! ആ അവസരത്തില്‍ ഉള്‍വര്‍ എഴുന്നേല്ക്കുകയും അപരിചിതനെ ശിരസ്സു നമിച്ചു വന്ദിക്കുകയും സന്തോഷത്താല്‍ പുഞ്ചിരിയിട്ടുകൊണ്ട് അയാളുടെ നേര്‍ക്കു തന്റെ കൈ നീട്ടുകയും ചെയ്തു. ഇപ്പോള്‍ ഉസ്പാക് എന്ന പേര് സ്വയം കൈക്കൊണ്ടിരുന്ന ആള് ആരാണെന്ന് അവള്‍ക്ക് ഊഹിക്കാന്‍ കഴിഞ്ഞു. അനന്തരം അവള് മുന്നോട്ടു പോകാന്‍ ശ്രമിച്ചു. പക്ഷേ നടപ്പാതവരെ നടന്നുചെല്ലാനുള്ള കെല്പ് അവള്‍ക്കുണ്ടായില്ല; അവള് നിരയോടൊട്ടിച്ചേര്ന്നു പലകകളിന്മേല് കൈയൂന്നി വീഴാതെ നോക്കിക്കൊണ്ടു മുന്നോട്ടു നീങ്ങി. അങ്ങനെ അവള് ഒരു മൂലയില്‍ വന്നെത്തി. അവിടെ അവള് മുട്ടുകുത്താന്‍ ഭാവിച്ചതാണ്; പക്ഷേ ആരാധനാവേദിക്കരികിലെത്തുവാന് സാധിക്കുമാറ് അവിടെ നിന്നിരുന്ന സ്ത്രീകള്‍ അവള്‍ക്കു വഴി മാറിക്കൊടുത്തു. അവള് ചുറ്റും ഒന്നും തല തിരിച്ചുനോക്കി. അവളില്‍ ദൃഷ്ടിയുറപ്പിച്ചുകൊണ്ടു യോട്ട് അവിടെ ആ വാതില്ക്കല്ത്തന്നെ, നില്പുണ്ട്. ആരാധനവേദിക്കതിരിട്ടിരുന്ന അഴിക്കമ്പികള്ക്കു സമീപംചെന്ന് അവള് മുട്ടുകുത്തി, അവള് മുഖം തന്റെ കൈകളില്‍ മറച്ചു.
അവള്‍ക്കു ചുറ്റും ഗാനാലാപത്തിന്റെ ആരോഹാവരോഹത്തിന്നനുസൃതമായി മഞ്ഞിന്റെയും തീയിന്റെയും തിരകള്‍ കൊണ്ടെന്നപോലെ അവള്‍ക്ക് ആപാദചൂഡം പുളകമുണ്ടായി. ഈ കൂടിക്കാഴ്ച്ചയില്‍ അവള് പേടിച്ചുവിറച്ചു. അവര്‍ ആദ്യമായിക്കണ്ടുമുട്ടിയതും അവര്‍ തമ്മില്‍ പിന്നീടു സംഭവിച്ചതു മുഴുവനും ഇന്നലെ കഴിഞ്ഞപോലെ അവള്‍ക്കു തോന്നി. ഒരു മലയിടിഞ്ഞു നിലംപതിക്കുമ്പോള്‍ അതു പാര്ശ്വപ്രദേശങ്ങളിലുള്ള വൃക്ഷങ്ങളെയും വനപ്പടര്പ്പുകളെയും എല്ലാം ഒന്നോടെ പിഴുതടിച്ചു വെറും മൊട്ടപ്പാറക്കെട്ടിനെമാത്രം അവശേഷിപ്പിക്കുന്നതുപോലെ, സംവത്സരങ്ങളോടൊപ്പം വളര്ന്നുവന്നതെല്ലാം അവളില്‍നിന്നു വഴുതിപ്പോയി; അവര്‍ തമ്മില്‍ അവസാനമായി ആടിത്തീരേണ്ട രംഗത്തിനുവേണ്ടിമാത്രമായിരുന്നു താന്‍ ഈ അനേകകൊല്ലങ്ങളായി കാത്തുകാത്തിരുന്നതെന്ന് അവള്‍ക്കുതോന്നി.
അധികമധികനേരം അവിടെ മുട്ടുകുത്തിയിരിക്കുംതോറും അധികമധികം പേടി തോന്നിത്തുടങ്ങി, അവള്‍ക്കു യോട്ടുമായി സംസാരിക്കാന്‍. അവള് മുട്ടുകുത്തിയിരിക്കുന്നിടത്തു ചുമരിന്റെ അടിഭാഗത്തായി, അവിടെയുണ്ടായിരുന്ന മരപ്പിരടയെടുത്തു മാറ്റിയിരുന്നതിനാല്‍, ഒരു വിടവുണ്ടായിരുന്നു. അതിലൂടെ വെളിയില്‍ ഹിമപടലം മിന്നിത്തിളങ്ങുന്നത് അവളുടെ ദൃഷ്ടിയില്‍പ്പെട്ടു. സമീപത്തുതന്നെ കുതിരകള്‍ ചിനയ്ക്കുന്നതും അവയുടെ കടിഞ്ഞാണുകളില്‍ കടിച്ചു കിലുകിലുക്കമുണ്ടാക്കുന്നതും അവള് കേട്ടു. അനന്തരം കുര്‍ബ്ബാനയുടെ പകുതിക്കുവെച്ചു പിടച്ചെഴുന്നേറ്റ് അവള് പള്ളിയില്‍നിന്നു പറപറന്നു.
വെളിയില്‍ ആകാശത്തിന്റെ മധ്യത്തിലായി പൂര്ണ്ണചന്ദ്രന് പ്രകാശിച്ചു. കുതിരകളെ തളച്ചിരുന്നിടത്തേയ്ക്കു മഞ്ഞിലൂടെ അവള് ഓടിച്ചെന്നു. അവള് തന്റെ കുതിരയെ അഴിച്ചുമാറ്റി പള്ളിവേലിക്കലേയ്ക്കു നടത്തിക്കൊണ്ടുപോയി. ആ അവസരത്തില്‍ രണ്ടുപേര്‍ തിടുക്കംനിമിത്തം പള്ളിവാതില്‍ തുറന്നപടി തന്നെ മലര്‍ത്തിയിട്ടിട്ട്, അവളുടെ പിന്നാലെ ധൃതഗതിയില്‍ നടന്നുവന്നു. അവര്‍ക്കു പുറകേ മെഴുകുതിരിവെളിച്ചവും ഗാനധാരയും അങ്ങോട്ടൊഴുകിയെത്തി. അവള് കുതിരയെ ഓടിക്കുവാന്‍ ഭാവിച്ചപ്പോഴേയ്ക്കും യോട്ട് അതിന്റെ കടിഞ്ഞാണില്‍ കടന്നു പിടിച്ചുകൊണ്ട് ഇങ്ങനെപറഞ്ഞു: ``നിന്നോടു സംസാരിക്കുവാനായി എനിക്കനുമതി തരൂ, വിഗ്ഡിസ്-''
അവള് അയാളുടെ മുഖത്തേയ്ക്ക് ഉറ്റുനോക്കിക്കൊണ്ടു പ്രതിവചിച്ചു:
``നിങ്ങളുടെ ശരിക്കുള്ള പേരുപോലും മറച്ചുവെയ്ക്കാതെ നിവൃത്തിയില്ലെന്നുള്ള പതനത്തില്‍ എത്തത്തക്കവിധം നിങ്ങളുടെ കുത്സിതപ്രവൃത്തികള്‍ അത്രയ്ക്കസംഖ്യമായിപ്പോയി, അല്ലേ, യോട്ട്?''
അയാള്‍ക്കു മറുപടി പറയാനിടകിട്ടുന്നതിനു മുമ്പുതന്നെ അവള് കുതിരയെ ഒന്നിളക്കിവിട്ടു; കടിഞ്ഞാണ്‍ അയാളുടെ കൈയില്‍നിന്നു തെറിച്ചുപോയി. കുതിരയ്ക്കു കുതിക്കുവാന്‍ സാധ്യമുള്ളിടത്തോളം വേഗത്തില്‍ അവള് വടക്കോട്ട് ഓടിച്ചുപോയി. വാഡിനില്‍ വന്നിട്ടും അവള് കുതിരയെ നിര്‍ത്തിയില്ല; പക്ഷേ അതിന്റെ ഗതി തിരിച്ചു നേരെ ബെര്ഗിലേയ്ക്കു പുറപ്പെട്ടു. ഏതാനും വേലക്കാരന്മാരും ഒരു സൂക്ഷിപ്പുകാരനും അയാളുടെ ഭാര്യയുമല്ലാതെ മറ്റാരും അവിടെ താമസിച്ചിരുന്നില്ല. വിഗ്ഡിസ് ഹാളിലേയക്കു കടന്നുചെന്നു; കെട്ടിടങ്ങളെല്ലാം വളരെ പുത്തനായിരുന്നതിനാല്, അവിടം മിക്കവാറും വിജനമായിരുന്നു. ചുമരിനുചുറ്റും വെറും ബെഞ്ചുകളും ഒരു മേശയുമല്ലാതൊന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല. അഗനികുണ്ഡത്തില് തീ കൂട്ടുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തശേഷം വാതിലടച്ചു കുറ്റിയിടുവാന് അവള് ആജ്ഞാപിച്ചു. അങ്ങനെ ആ `യൂള്‍' രാത്രിയില്‍ അവള് അവിടെ തനിച്ചിരുന്നു കഴിച്ചുകൂട്ടി.
നാല്പത്തിയഞ്ച്
വിഗ്ഡിസ് കുതിരയോടിച്ചുപോയശേഷം, അവളുടെ പിന്നാലെ കണ്ണയച്ചുകൊണ്ടു യോട്ടും ഉള്‍വാര്‍ അവിടെത്തന്നെനിലകൊണ്ടു. അനന്തരം ഉള്‍വാറിന്റെ കഴുത്തില്‍ കെട്ടിപ്പിടിച്ച് ഉമ്മവെച്ചുകൊണ്ട് യോട്ട് പറഞ്ഞു:
``ഈശ്വരന് നിന്നെ അനുഗ്രഹിക്കട്ടെ, എന്റെ പ്രിയപ്പെട്ട മകനേ, നാം തമ്മില്‍ ഇനി കണ്ടുമുട്ടുമോ എന്ന് എനിക്കിപ്പോളറിഞ്ഞുകൂടാ.''
ഉള്‍വാര്‍ അയാളുടെ കൈ പിടിച്ചുയര്‍ത്തി അതിന്മേല് ചുംബിച്ചുകൊണ്ടു പ്രസ്താവിച്ചു: ``അങ്ങ് എന്താണ് പറയുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല; പക്ഷേ അങ്ങാണ് എന്റെ പിതാവെന്ന കാര്യം സത്യമാണെങ്കില്‍ അങ്ങ് ഇപ്പോള്‍ ഞങ്ങളെ വിട്ടുപോവുകയില്ല, ഉവ്വോ?''
യോട്ട് മറുപടി നല്കി: ``നിന്റെ മാതാവുമായി സംസാരിക്കുവാന്‍ എനിക്കു സാധ്യമല്ല. നീ ഒരിക്കല്‍ നിന്റെ അച്ഛനെക്കുറിച്ചുച്ചരിച്ച വാക്കുകള്‍ അത്രയേറെ പരുഷമല്ലെന്ന് ഇപ്പോള്‍ ഞാന്‍ പറയുന്നു. അന്നു രാത്രി ഞാന്‍ നിന്നോടു പറയുമായിരുന്നു ഞാന്‍ ആരാണെന്ന്; പക്ഷേ നിന്നെ ഞാന്‍ എന്റെ മകന് എന്നു വിളിക്കുന്നതിന്നുമുമ്പ് ഒരിക്കല്‍ക്കൂടി വിഗ്ഡിസ്സുമായി സംസാരിക്കേണ്ടതാണെന്ന വിചാരം എന്റെ മനസ്സില്‍ കടന്നുകൂടി. ഒരു കാര്യം എനിക്കു നിന്നോടു പറയേണ്ടിയിരിക്കുന്നു: അവളെ നീ നിന്റെ അമ്മ എന്നു വിളിക്കുന്നതുവരെ ഞാന്‍ നിന്നെക്കുറിച്ചു യാതൊന്നും അറിഞ്ഞിരുന്നില്ല- ഇങ്ങനെ ഒരാള്‍ ഉണ്ടെന്നുപോലും! എനിക്കു നിന്നെ നഷ്ടപ്പെടേണ്ടിവന്നാല്‍ അവള്‍ക്കെന്നോടു ചെയ്യാവുന്ന ഏറ്റവും വലിയ പ്രതികാരമായിരിക്കും അതെന്നു വിഗ്ഡിസ്സിനെ അറിയച്ചേയ്ക്കൂ! അതുപോലെതന്നെ അവളും ഞാനും തമ്മില്‍ അവസാനമായി കണ്ടുപിരിഞ്ഞ ആ നിമിഷം മുതല്‍ മനസ്സന്തോഷം എന്താണെന്നു ഞാന്‍ അറിഞ്ഞിട്ടില്ലെന്നും അവളോടു പറഞ്ഞേയ്ക്കുക!''
അനന്തരം അയാളെ ആലിംഗനം ചെയ്തുകൊണ്ട്, അയാള്‍ വാഡിനിലേയ്ക്കു വരണമെന്ന് ഉള്‍വാര്‍ കിഴിഞ്ഞപേക്ഷിച്ചു. തന്റെ ജീവനെ രക്ഷിക്കുകയും മഹത്തായ പല സഹായങ്ങളും തനിക്കു ചെയ്തുതരികയും ചെയ്ത മനുഷ്യനെ വിഗ്ഡിസ് മറക്കുകയില്ല. ഒടുവില്‍ അയാള്‍ സമ്മതിച്ചു. ഇരുവരും വാഡിനിലേയ്ക്കു കുതിരയോടിച്ചുപോയി. പക്ഷേ വിഗ്ഡിസ് അവിടെയില്ല. യോട്ട് അപ്പോള്‍ കുതിരയുടെ കഴുത്തിലേയ്ക്കു ചാഞ്ഞുകൊണ്ടു പറഞ്ഞു:
``ഇതാ കണ്ടില്ലേ, ഉള്‍വാര്‍? ഒരു പ്രയോജനവും ഉണ്ടാവുകയില്ല. ഞാന്‍ `ഉസ്പാക്' ആയിരിക്കുന്നതുതന്നെയാണ് നല്ലത്; എന്തുകൊണ്ടെന്നാല്‍, ഇത്ര വിവേകമില്ലാത്ത ഒരു പ്രവൃത്തി ഞാന്‍ ഒരുത്തനല്ലാതെ മറ്റാരും തന്നെ ഒരിക്കലും ചെയ്തിട്ടുണ്ടാകില്ല.''
ഉള്‍വാര്‍ കുതിരപ്പുറത്തുനിന്നു ചാടിയിറങ്ങിയിട്ട് അയാളോടകത്തു വരുവാന്‍ അഭ്യര്‍ത്ഥിച്ചു.
``അമ്മ ബെര്ഗിലേയ്ക്കു പോയിട്ടുണ്ടാകും; പക്ഷേ അകത്തു കടന്നുവരൂ! എന്തെങ്കിലും ഭക്ഷണം കഴിച്ചു വിശ്രമിക്കൂ.''
യോട്ട് വല്ലാത്ത ഒരു വിഷമസ്ഥിതിയിലായി. ഉള്‍വാര്‍ അയാളുടെ കൈയ്ക്കുപിടിച്ചു വലിച്ച് അകത്തു കൊണ്ടുവന്ന് ഉന്നതമായ പീഠത്തില്ഇരുത്തി. യോട്ടാകട്ടേ ഒരക്ഷരം മിണ്ടാതെ, കൊണ്ടുവന്ന ഭക്ഷണം ഒന്നു തൊട്ടുനോക്കിയെന്നു വരുത്തി. പിറ്റേന്നാള്‍ പകല്‍ താന്‍ പോയി അമ്മയുമായി സംസാരിക്കാമെന്നു പറഞ്ഞു ഉള്‍വാര്‍ ബെര്‍ഗിലേക്ക് പുറപ്പെട്ടു. യോട്ട് വാഡിനില്ത്തന്നെ തങ്ങിനില്ക്കാനുറച്ചു.
പക്ഷേ യോട്ട് പെട്ടന്നെഴുന്നേറ്റ് ഇങ്ങനെ പറഞ്ഞു: ``ഇന്നേതായാലും ഇക്കാര്യം അവസാനിപ്പിക്കണം; വിധിപോലെ വരട്ടെ...രണ്ടിലൊന്ന് അറിഞ്ഞേ ഒക്കൂ. അതുകൊണ്ടു ഞാന്‍ തന്നെ അവളുമായി സംസാരിച്ചുകളയാം. ഈ പതിനേഴു കൊല്ലക്കാലമായി അതൊന്നുമാത്രമായിരുന്നു എന്റെ ആശ.''
അയാള്‍ പുറത്തേയ്ക്കിറങ്ങി അയാളുടെ കുതിരപ്പുറത്തു കയറി. അവര്‍ ഇരുവരുമൊന്നിച്ചു കഴിയുന്നതും വേഗത്തില്‍ ബെര്ഗിലേയ്ക്ക് ഓടിച്ചുപോയി.
അവിടെ വാതില്‍ അകത്തുനിന്നു കുറ്റിയിട്ടിരിക്കുന്നതവര് കണ്ടു. പക്ഷേ ഉള്‍വാര്‍ കയറിച്ചെന്നു. അതിന്മേല് തട്ടിക്കൊണ്ടു വിളിച്ചുപറഞ്ഞു: ``തുറക്കൂ, അമ്മേ, എനിക്കു ഗൗരവമുള്ള പലതും സംസാരിക്കാനുണ്ട്.''
``നീ തനിച്ചാണോ?'' ഒരു നിമിഷം കഴിഞ്ഞു വിഗ്ഡിസ് അകത്തു നിന്നു വിളിച്ചുചോദിച്ചു.
``എന്റെ അച്ഛനും കൂടിയുണ്ട്,. എന്റെ കൂടെ.'' ഉള്‍വാര്‍ മറുപടിയേകി.''
``ഞാന്‍ ആ മനുഷ്യനോടു മിണ്ടുകയില്ല.'' അയാളുടെ അമ്മ വീണ്ടും പറഞ്ഞു.
അനന്തരം ഉള്‍വാര്‍ ഉദ്ഘോഷണം ചെയ്തു:``അമ്മേ, അമ്മയോടും അദ്ദേഹത്തോടും എനിക്കു നേരിട്ടു ചോദിച്ചു മനസ്സിലാക്കേണ്ടിയിരിക്കുന്നു; എന്തുകൊണ്ടാണ് ഞാന്‍ അച്ഛനില്ലാത്തവനായതെന്ന്. അമ്മ വാതില്‍ തുറക്കുന്നതുവരെ ഞാനിവിടെനിന്നിളകുകയോ അദ്ദേഹം ഈ സ്ഥലം വിടുകയോ ചെയ്യുന്നതല്ല.''
വിഗ്ഡിസ് അനന്തരം വാതിലിന്റെ സാക്ഷ മാറ്റി അവര്‍ രണ്ടുപേരും അകത്തു കടന്നു. അവര്‍ രണ്ടുപേരുടെയും മുഖത്തേയ്ക്ക് ഉള്വാര്മാറിമാറി നോക്കി. അയാള്‍ പ്രസ്താവിച്ചു.
``എന്റെ അച്ഛന് ഇന്നിപ്പോള്‍ ഒരു വൃദ്ധനാണ്. അമ്മയ്ക്കും മുഖത്ത്-പ്രത്യേകിച്ചു കണ്ണിനുകീഴില്- പ്രായാധിക്യം തോന്നിക്കും. നിങ്ങള്‍ രണ്ടുപേരും അവസാനമായി കണ്ടുമുട്ടി പിരിഞ്ഞതിന്റെശേഷം എന്തെന്നില്ലാത്ത ഒരു മാറ്റം നിങ്ങള്‍ ഇരുവരെയും ഒന്നുപോലെ ബാധിച്ചിട്ടുണ്ട്; എന്തെങ്കിലു തെറ്റുചെയ്യപ്പെട്ടിട്ടുണ്ടെങ്കില് അതൊക്കെ പറഞ്ഞുതീര്‍ക്കേണ്ട ഒരു ഘട്ടമാണിത്; എനിക്കായിരിക്കും അതില്‍ ഏറ്റവും സന്തോഷം; എന്തുകൊണ്ടെന്നാല്‍, എനിക്കു നിങ്ങള്‍ രണ്ടുപേരോടും അതിരറ്റ സ്നേഹമുണ്ട്.''
വിഗ്ഡിസ് മുഖമുയര്‍ത്തി. അവള് പറഞ്ഞു: ``കരഞ്ഞുകരഞ്ഞാണ് എന്റെ കണ്ണുകള്‍ക്കു പ്രായാധിക്യം ബാധിച്ചത്; ഈ ലോകത്തില്‍ നിങ്ങള്‍ ഒരാളല്ലാതെ എന്നെ ഇത്രത്തോളം നരകയാതന അനുഭവിപ്പിച്ചിട്ടില്ല, യോട്ട്!''
അയാള്‍ മറുപടി പറഞ്ഞു: ``എങ്കിലും നിന്റെ നിലയായിരുന്നു വാസ്തവത്തില്‍ ഭേദം, വിഗ്ഡിസ്സേ! നീ നിന്റെ കൊച്ചുമകനുമൊന്നിച്ചാണ് ഇവിടെ ജീവിച്ചുപോന്നത്. നിന്നോടുള്ള എന്റെ പെരുമാറ്റം അത്ര ഹീനമായിരുന്നതിനാല് നിനക്കെന്നെ സ്നേഹിക്കാന്‍ സാധ്യമല്ലെന്നു ഞാന്‍ ഇന്നു മനസ്സിലാക്കുന്നു. പക്ഷേ എന്റെ അസാന്നിധ്യത്തില്‍ നിനക്കൊട്ടും കുണ്ഠിതമുണ്ടായിട്ടില്ല; നിന്റെ ഹൃദയത്തെ അതൊന്നു സ്പര്ശിക്കപോലും ചെയ്തിട്ടില്ല. എന്റെ അനുഭവമാകട്ടേ, മറിച്ചായിരുന്നു. എന്റെ ജീവിതഗതിയിലെ ഓരോ കാല്‍വെപ്പിലും അത് അധികമധികം എന്നെ നിന്റെ സമീപത്തേയ്ക്ക് അടുപ്പിക്കാതിരുന്നതിനാല്‍ എനിക്ക് അസഹ്യമായ മനോവേദനയുണ്ടായി.''
പരുഷമായ ഒരു ചിരി ചിരിച്ചുകൊണ്ടു വിഗ്ഡിസ് പറഞ്ഞു: ``നിങ്ങളുടെ ഭാര്യയോ? അവര്ക്കിതിഷ്ടമാണോ?-നിങ്ങളുടെ സ്ത്രീകളെ സന്ദര്ശിക്കുവാനായിട്ടുള്ള ഈ വിദേശയാത്ര?-''
``സദ്ഗുണസമ്പൂര്ണ്ണയായ ഒരു സ്ത്രീയായിരുന്നു അവള്. ഏറ്റവും മഹത്തായ സ്നേഹത്തിന് അവള് അര്‍ഹയായിരുന്നു.'' യോട്ട് പറഞ്ഞു: ``ഇന്നിപ്പോള്‍ അവള് മരിച്ചിരിക്കുന്നു.ഞങ്ങള്‍ ഒന്നിച്ചു ജീവിച്ചിരുന്ന കാലം അവള്‍ക്കൊട്ടും സന്തോഷപ്രദമായിരുന്നില്ല; സദാ എന്റെ ചിന്തകളില്‍ തത്തിനിന്നിരുന്നതു നീയാണ്. അവളോടു ഞാന്‍ സ്നേഹം കാണിച്ചിട്ടുണ്ടെന്നുപോലും പറഞ്ഞുകൂടാ. മറ്റെല്ലാറ്റിനെക്കാളും ഉപരിയായി അവള് എന്റെ മനസ്സില്‍ കനത്ത ഒരു ഭാരമായി തൂങ്ങിനില്ക്കുന്നു; എന്തുകൊണ്ടെന്നാല്‍, ഒരു തരത്തിലും ഒരപരാധവും ചെയ്യാത്ത ആ സാധുവിനു സന്തോഷമെന്താണെന്നുപോലും മരണംവരെ അറിയുവാന്‍ സാധിച്ചിട്ടില്ല. അതുപോട്ടെ; നിന്നോടു പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം പതിന്മടങ്ങായി എനിക്കു തിരിച്ചുകിട്ടി; നിനക്കതില്‍ തികച്ചും സന്തോഷിക്കാന്‍ വകയുണ്ട്. വെറും ഭാഗ്യദോഷംകൊണ്ടുമാത്രം എന്റെ ഓമനക്കുഞ്ഞുങ്ങള്‍ എന്റെ കണ്മുമ്പില്ക്കിടന്നു മരിക്കുന്ന ആ ദയനീയമായ കാഴ്ച എനിക്കു കാണേണ്ടിവന്നു. ഞാന്‍ ഇതൊക്കെ അനുഭവിക്കണമെന്നുള്ള നിന്റെ പ്രാര്‍ത്ഥനപോലെതന്നെ എല്ലാം വന്നുകൂടി. എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങള്‍ സകലരും-ഒന്നൊഴിയാതെ-എനിക്കു നഷ്ടപ്പെട്ടു!''
ഇതു കേട്ടു രണ്ടു കൈകൊണ്ടും വിഗ്ഡിസ് തന്റെ മേലുടുപ്പില്‍ ശക്തിയായി ഇറുക്കിപ്പിടിച്ചു. അതിനാല്‍ അവളുടെ മാറോടുചേര്ന്നുള്ള അതിന്റെ ബന്ധസൂത്രം തരിതരിപ്പണമായി നുറുങ്ങിപ്പോയി.
അവള് ആക്രോശിച്ചു:``നിങ്ങള്‍ എങ്ങനെയാണറിഞ്ഞത്, യോട്ടേ, എന്റെ കോപം എത്രമാത്രം കടുത്തതായിരുന്നെന്ന്? അല്ലെങ്കില്‍ നീ പറ!-എടാ, എന്റെ മോനേ, എത്ര ഹൃദയവേദനയോടുകൂടിയാണ് ഞാന്‍ പ്രതികാരത്തിനായികൊതിച്ചുകൊതിച്ചു കഴിഞ്ഞുകൂടിയതെന്നു നിനക്കറിയാമോ? ലോകത്തില്‍ ഇന്നുവരെ ഒരു സ്ത്രീയും ഒരു പുരുഷനെ ബലാത്കാരം ചെയ്തായി കേട്ടിട്ടില്ല. മെയ്ക്കരുത്തിന്റെ കുറവുകൊണ്ടുമാത്രം ഒരു പുരുഷന്റെ ആക്രമണത്തില്‍ എനിക്കു നിസ്സഹായയായിത്തീരേണ്ടിവരിക!- കാട്ടുകുതിരകള്‍ കാല്ക്കുളമ്പുകള്കൊണ്ട് അങ്ങനെ മെതിച്ച് മെതിച്ച് ആരുടെ ശരീരം ചിന്നിച്ചിതറുന്ന കാഴ്ചയാണോ കണ്‍കുളിര്‍ക്കെ കാണുവാന്‍ ഞാനാശിച്ചത്, ആ ഹീനമനുഷ്യന്റെ ബീജം ഉദരത്തില്‍ രൂപം കൈക്കൊണ്ടു വളര്ന്നവരുന്നു എന്ന ബോധം സദാ ഹൃദയത്തെ നീറ്റിക്കൊണ്ടിരിക്കക!-അയ്യോ, അതെത്ര ദുസ്സഹമാണെന്നു നിനക്കറിയാമോ, മോനേ? കുറ്റാക്കുറ്റിരുട്ടടഞ്ഞ ആ ശീതകാലരാത്രിയില്‍, അപമാനഭാരത്തില്‍ നിന്നും ആത്മാവിന്റെ നീറ്റലില്‍നിന്നും രക്ഷപ്പെടുവാന്‍ അതൊന്നല്ലാതെ മറ്റു യാതൊരു മാര്‍ഗ്ഗവും കാണാതെ അശരണയായി, ഏകാകിനിയായി ഞാന്‍ വേച്ചും വിറച്ചും നടന്നുപോയപ്പോള്‍, ഹേ, യോട്ട്, നിങ്ങളല്ലാ ആ നദി കണ്ടുപിടിക്കാന്‍ പാടുപെട്ടത്! മോനേ, ഈ മനുഷ്യനു നിന്നോടു വലിയ സ്നേഹമുണ്ടെന്നു നീ വിചാരിക്കുന്നുണ്ടോ?-ഹേയ്, യോട്ട്, പെരുങ്കാട്ടില്‍, പാതിരയ്ക്ക് ഒരു പാറപ്പരപ്പില്‍ ഞാന്‍ പെറ്റിട്ട കുട്ടിയാണ് ഈ കുട്ടി. ഞാന്‍ അസഹ്യമായ വേദനയെടുത്തു പുളഞ്ഞു ചൂളുമ്പോള്‍, എന്റെ വരണ്ടുവിള്ളുന്ന തൊണ്ടയില്‍ ഒരു തുള്ളി വെള്ളം തളിച്ചുതരാന് ഒരാളുണ്ടായിരുന്നില്ല. നിങ്ങള്‍ ചുക്കാന്‍ പിടിച്ചുകൊണ്ട് ആഹ്ലാദമത്തനായി കപ്പലോടിച്ചു പോയി; ഭേഷ്, അതു കഴിഞ്ഞു നിങ്ങള്‍ക്കു ദുഃഖം വന്നു; നിങ്ങള്‍ എനിക്കുവേണ്ടി ആശിച്ചു. എന്റെ പ്രിയപ്പെട്ട അച്ഛനെ-നിങ്ങളെ ഇവിടെ സ്നേഹപൂര്‍വ്വം സല്ക്കരിച്ചു താമസിപ്പിച്ച ഗുന്നാറിനെ -രക്തത്തില്‍ കുളിച്ച മട്ടില്‍ അവരിവിടെ എടുത്തുകൊണ്ടു വന്നപ്പോള്‍-തള്ളിത്തള്ളി ചോര വരുന്ന ആ മാരകമായ മുറിവു മാറിലും, എന്റെ മനോനിശ്ചയത്തിന്നു വിരുദ്ധമായ രീതിയില്‍ അദ്ദേഹത്തിന്റെ മുഖത്തെറിയപ്പെട്ട ആക്ഷേപവാക്കുകളില്‍ ക്ഷുഭിതനായിത്തീര്ന്ന ആ രൂക്ഷഭാവം ചുണ്ടിലും വഹിച്ചുകൊണ്ട് എന്റെ അച്ഛനിവിടെ ആസന്നമരണനായിക്കിടന്നപ്പോള് - നിങ്ങള്‍ എനിക്കുവേണ്ടി ആശിച്ചു! അതെനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു മഹാസഹായംതന്നെ ആയിരുന്നു! അതുപോലെതന്നെ അവര്‍-നിങ്ങള്‍ കൂട്ടുപിടിച്ച ആ രാക്ഷസന്മാര്-എന്റെ അച്ഛനെയും ഈ വാഡിനെയും ചുട്ടെരിക്കുകയും ഇവനെയും ചുമലില്‍ എടുത്തുകൊണ്ട് ഒരു സ്ക്കിസ്സില്ക്കയറി അന്തമറ്റ പെരുങ്കാട്ടിലൂടെ ഞാന്‍ പറപറക്കുകയും കൊള്ളക്കാരുടെ ഒരു ഗുഹയിലേയ്ക്കു ചെന്നായ്ക്കള്‍ ഞങ്ങളെ ഓടിച്ചുകയറ്റുകയും ചെയ്തപ്പോള്‍ നിങ്ങളുടെ പ്രേമം ഞങ്ങള്‍ക്കു വമ്പിച്ച സഹായം ചെയ്കയുണ്ടായി - നിങ്ങളുടെ കുട്ടിക്കും എനിക്കും.
``കുറെക്കാലം കഴിഞ്ഞു നിങ്ങള്‍ തിരിച്ചുവരികയും എന്നെ നിങ്ങളോടൊന്നിച്ച് ഐസ്ലാന്‍ഡിലേയ്ക്കു കൊണ്ടുപോകാമെന്ന് അതിരറ്റ കാരുണ്യും പ്രദര്‍ശിപ്പിച്ചുകൊണ്ടു പറയുകയും ചെയ്തപ്പോള്‍ നിങ്ങളുടെ അപരാധം പരിപൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടുവെന്ന്, പക്ഷേ, നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും! നന്ദി പറഞ്ഞുകൊണ്ടു ഞാന്‍ ആ അനുഗ്രഹം സ്വീകരിക്കാതിരുന്നപ്പോള്‍ നിങ്ങള്ക്കാവശ്യമുള്ളിടത്തോളം സുന്ദരിയും പണക്കാരിയുമായ മറ്റൊരു സ്ത്രീയെ നിങ്ങള്‍ വിവാഹംകഴിച്ചു. എന്നിട്ട് അവളെ അലട്ടിയലട്ടിക്കൊന്നു; ആ അവസരത്തില്‍ എന്റെ അച്ഛന്റെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങള്‍ക്കും തന്റെ അച്ഛനെപ്പറ്റിയുള്ള എന്റെ കുഞ്ഞിന്റെ അലട്ടിക്കൊണ്ടുള്ള അന്വേഷണങ്ങള്‍ക്കും സമാധാനം പറയാന്‍ സാധിക്കാതെ ഞാനിവിടെയിരുന്നു ദഹിക്കുകയായിരുന്നു. എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെ ആ മൃഗീയമായ പെരുമാറ്റത്തെക്കുറിച്ചു ശബ്ദിക്കാന്‍ പോലും ഞാന്‍ ധൈര്യപ്പെട്ടില്ല. നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങള്‍ ദ്രോഹിക്കുകയേ ചെയ്യു! അതുമല്ല, യോട്ടേ, യഥാര്‍ത്ഥത്തില്‍ നിങ്ങളെപ്പോലെ ഭോഷനും നീചനുമായ ഒരു മനുഷ്യന് ഈ ലോകത്തില്‍ ജീവിക്കുന്നില്ല.''
യോട്ടിന്റെ മുഖം തെന്നി നീങ്ങുന്ന ഹിമഫലകംപോലെ വിളര്‍ത്തുപോയി; അയാള്‍ മറുപടി പറഞ്ഞു:
``നാം അവസാനമായി ഒത്തുചേര്‍ന്നു സംസാരിച്ചുകൊണ്ടിരുന്ന ദിവസം എന്നെ കുത്തി മുറിപ്പെടുത്തിയ ആ കൊടുംകത്തിയെക്കാള് രൂക്ഷമായി മുറിപ്പെടുത്തുന്നതാണ് നിന്റെ നാക്ക്! നിന്നെ അത് ആശ്വസിപ്പിക്കുമെങ്കില് ഞാനിന്നു സന്തോഷപൂര്‍വ്വം എന്റെ ജീവനെ പരിത്യജിക്കാം. പക്ഷേ ഇപ്പോഴും ഞാന്‍ പറയുന്നു, വിഗ്ഡിസ്സേ, നിന്റെ ദുഃഖംപോലെ തന്നെ കനത്തതായിരുന്നു എന്റെ ദുഃഖവും; എന്തുകൊണ്ടെന്നാല്‍, തന്റെ പ്രിയതമയ്ക്കുവേണ്ടി ആശിച്ചാശിച്ചു കഴിഞ്ഞുകൂടുന്ന ഒരുവന്റെ ജീവിതം എത്ര നരകയാതന നിറഞ്ഞതാണന്നു നിനക്കറിഞ്ഞുകൂടാ.''
``അതു പരമാര്‍ത്ഥമാണ്.'' അവള് പറഞ്ഞു: ``അന്നു വൈകുന്നേരം നിങ്ങള്‍ ആ ബലിക്കാവില്വെച്ച് എന്നെ പഠിപ്പിച്ചതില്‍ കവിഞ്ഞു പ്രേമത്തെക്കുറിച്ച് ഒന്നും തന്നെ എനിക്കറിഞ്ഞുകൂടാ! അതിനുശേഷം എന്റെ വിവാഹാര്ത്ഥിയായി വന്ന ഓരോ മനുഷ്യനെയും എനിക്കു ഭയമായിരുന്നു.''
ഉള്‍വാര്‍ ഇപ്പോള്‍ ഒരു വാക്ക് അവതരിപ്പിച്ചു: ``കാലക്കേടാണ് നിങ്ങളെ തമ്മില്‍ കൂട്ടിമുട്ടിച്ചത്; പക്ഷേ അമ്മ ഒരു കാര്യം മനസ്സിലോര്‍ക്കണം അദ്ദേഹം എന്റെ ജീവനെ രക്ഷിച്ചു. അദ്ദേഹം എന്നോടു കാണിച്ചതിനെക്കാള്‍ മഹത്തായ ഒരു വാത്സല്യം ഒരു പിതാവും ഒരു പുത്രനോടു കാണിച്ചിരിക്കയില്ല.'' ഇങ്ങനെ പറഞ്ഞുകൊണ്ട് അവന് പെട്ടെന്നു പൊട്ടിക്കരഞ്ഞു.
വിഗ്ഡിസ് തന്റെ പുത്രന്റെ മുഖത്തുനോക്കിക്കൊണ്ടു ചോദിച്ചു: ``എനിക്കുവേണ്ടിയുള്ള പ്രതികാരം നീ തന്നെ നിര്‍വ്വഹിച്ചുകൊള്ളാമെന്ന് ഒരിക്കല്‍ എന്നോടു വാക്കു പറഞ്ഞതു നിനക്ക് ഓര്‍മ്മയുണ്ടോ?''
അനന്തരം യോട്ട് പറഞ്ഞു: ``ഉള്വാറിന്നുവേണ്ടി നാം തമ്മില്‍ പൊരുത്തപ്പെടുമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്; പക്ഷേ എന്നോടു ക്ഷമിക്കാന്‍ നിനക്കു സാധ്യമല്ലെന്നു ഞാന്‍ മനസ്സിലാക്കുന്നു. ക്ഷന്തവ്യമല്ലാത്ത രീതിയില്‍ ഞാന്‍ നിന്നോടപരാധം പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ഈ നിലയില്‍ എനിക്കൊന്നേ ചെയ്യാനുള്ളൂ; ഞാന്‍ വന്ന സ്ഥലത്തേയ്ക്കുതന്നെ തിരിച്ചു പോവുക!- പക്ഷേ എനിക്കുള്ളതെല്ലാം ഉള്വാറിനായിരിക്കും!''
വിഗ്ഡിസ് ആക്രോശിച്ചു:
``ഒരിക്കല്‍ നിങ്ങള്‍ എനിക്കുള്ളതെല്ലാം എന്നില്‍നിന്നു കവര്‍ന്നെടുത്തു; ഇതാ തിരിച്ചുവന്ന് ഇപ്പോള്‍ വീണ്ടും നിങ്ങള്‍ എന്നെ കൊള്ളചെയ്യുകയാണ്. ഉദരത്തില്‍ വഹിക്കുവാന്‍ എന്നെ നിങ്ങള്‍ നിര്‍ബ്ബന്ധിതയാക്കിയ ആ ശിശുവിനെ ചെന്നായ്ക്കള്‍ക്കും കഴുക്കള്ക്കും ആഹാരമാകുമാറു ഞാന്‍ പാറപ്പുറത്തു മലര്ത്തിയിട്ടിട്ടു പോയതാണ്. ഞങ്ങളുടെ വേലക്കാരന് അതിനെ കാണുകയും എടുത്തു വളര്‍ത്തുകയും ചെയ്തു. കുറെക്കാലം കഴിഞ്ഞപ്പോള്‍ എനിക്കവനില് അനുകമ്പ തോന്നിത്തുടങ്ങി. എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെ മുന്പില് ഞാന്‍ എത്രമാത്രം നിസ്സഹായയായിരുന്നോ അതുപോലെ തന്നെ നിസ്സഹായനായിരുന്നു ആ പാവം. ഞാന്‍ അവനെ രക്ഷിച്ചു. അതില്‍ എനിക്ക് അംഗഭംഗംപോലും നേരിട്ടു. ഇക്കഴിഞ്ഞ പതിനെട്ടു കൊല്ലങ്ങളായി ഞാന്‍ അവനെ എന്റെ പ്രാണനെപ്പോലെ സ്നേഹിച്ചു വളര്‍ത്തിക്കൊണ്ടുവരികയാണ്. ഇപ്പോള്‍ നിങ്ങള്‍ ഇവിടെ വന്ന് അവനെ എന്നില്‍നിന്നു കൊണ്ടുപോകുംപോലും!''
``നിന്റെ അടുത്തനിന്നു ഞാന്‍ അവനെ കൊണ്ടുപോവുകയില്ല.'' യോട്ട് പറഞ്ഞു: ``അവന് നിന്നെ അനുഗമിക്കുകയും അനുസരിക്കുകയും ചെയ്യും; എന്തുകൊണ്ടെന്നാല്‍, എനിക്കവന്റെ പേരില്‍ ഒരവകാശവുമില്ല. പക്ഷേ ഞാനുംകൂടി അവനെ സ്നേഹിക്കുന്നതില്‍, അല്ലെങ്കില്‍ എന്നാല്‍ കഴിവുള്ള എന്തെങ്കിലും നന്മ ഞാന്‍ അവനുവേണ്ടി ചെയ്യുന്നതില്‍, നിനക്കെന്നോടു തീര്‍ച്ചയായും പക തോന്നേണ്ടതില്ല-ഞാന്‍ ഇനി ഒരിക്കലും അവനെ കാണുകയില്ല.''
``ഞാന്‍ യാതൊന്നും നിങ്ങളുമായി പങ്കുപറ്റുകയില്ല.''അവള് വിരല്‍ മുറിഞ്ഞുപോയ തന്റെ കൈ ഉയര്‍ത്തിക്കൊണ്ടു പറഞ്ഞു: ``നിങ്ങളുടെ ഒരു കുഞ്ഞ് എനിക്കുണ്ടാവുകയില്ല. ഉള്‍വാര്‍, നീ ഞങ്ങളില്‍ ആരുടേതായിരിക്കുമെന്നു നീതന്നെ തീരുമാനിച്ചുകൊള്ളൂ!''
``എനിക്കു തീരുമാനിക്കാന്‍ സാധ്യമല്ല,'' ഉള്‍വാര്‍ കണ്ണീരോടുകൂടി പറഞ്ഞു.
``എങ്കില്‍ അതിന്റെ അര്‍ത്ഥം നീ യോട്ടിന്റെയാണെന്നാണ്.'' വാതില്ക്കലേയക്കു നടന്നുകൊണ്ട് അയാളുടെ അമ്മ പറഞ്ഞു. ഉള്‍വാര്‍ ഓടിച്ചെന്ന് അവളുടെ കഴുത്തില്‍ കെട്ടിപ്പിടിച്ചു.
``അമ്മ എവിടെപ്പോകുന്നു, അമ്മേ?''
അവള് മറുപടി പറഞ്ഞു: ``എനിക്കറിഞ്ഞുകൂടാ. സര്‍വ്വശക്തിയും ക്ഷയിച്ചു വാര്‍ദ്ധക്യം പ്രാപിച്ചു ഞാനിവിടെത്തനിച്ചു കഴിച്ചുകൂട്ടുക; നീ എന്നെ വിട്ടുപിരിഞ്ഞ് ഒരപരിചിതന്റെ കൂടെ ഇറങ്ങിപ്പോകുന്നതു കണ്ടുകൊണ്ടിരിക്കുക- ഇതിനെക്കാള്‍ എത്രയോ ഭേദമായിരുന്നു, അന്നു രാത്രി ആ കൊടുങ്കാട്ടില്‍ നമുക്കിരുവര്‍ക്കും നമ്മുടെ ജീവനെ രക്ഷിക്കാന്‍ സാധിക്കാതിരുന്നെങ്കില്! വാസ്തവത്തില്‍ നീ നിന്റെ അച്ഛന്റെ അതേ പ്രകൃതംതന്നെ കിട്ടിയിട്ടുള്ളവനാണ്; നീ ആ മനുഷ്യനോട് ഒട്ടിച്ചേരുന്നതില് ഒട്ടും അത്ഭുതമില്ല.''
`അമ്മേ,'' അവളുടെ മകന് ആരാഞ്ഞു: ``എന്നെക്കൊണ്ട് എന്തൊക്കെ വേണമെന്ന് എന്റെ അമ്മയ്ക്കാഗ്രഹമുണ്ടോ അതെല്ലാം ഞാന്‍ തീര്‍ച്ചയായും ചെയ്തുതരുമെന്ന് അമ്മയ്ക്കു നന്നായറിയാമല്ലോ. അദ്ദേഹത്തെ ഇനി ഒരിക്കലും ഞാന്‍ കാണുകയില്ല.''
``ഞാന്‍ നിന്റെ അമ്മയാണോയെന്ന് എനിക്കറിഞ്ഞുകൂടാ!'' അവള് പ്രതിവചിച്ചു: ``പകയോടും കോപത്തോടുകൂടി ഞാന്‍ എന്റെ ഉദരത്തില്‍ വഹിച്ചിരുന്ന കുട്ടി ഒരിക്കലും നിന്റെ പ്രകൃതം കാണിക്കുമായിരുന്നില്ല. നീ ഏറിയകൂറും ഈസായെയും അടിമവര്ഗ്ഗത്തെയും പോലെയുള്ള ഒരു മട്ടുകാരനാണ്; നിന്നെക്കാള്‍ കരുത്തുള്ള മുമ്പില്‍ നിമിഷത്തിനുള്ളില്‍ നീ വഴങ്ങിപ്പോകുന്നു.''
ആ അവസരത്തില്‍ യോട്ട് അവരുടെ സമീപത്തേയ്ക്കു വന്നു. ഇടറിയ സ്വരത്തില്‍ അയാള്‍ ഇങ്ങനെ പ്രസ്താവിച്ചു:
``ഇവന് എന്റെ മകനോ അതോ ഗ്രെഫ്സിനിലെ കാാറെയുടെ മകനോ എന്നെനിക്കറിഞ്ഞുകൂടാ; പക്ഷേ ഉള്‍വാര്‍, നീ നിന്റെ അമ്മയുടെ ആഗ്രഹംപോലെതന്നെ പ്രവര്‍ത്തിക്കൂ!''
വിഗ്ഡിസ് യോട്ടിന്റെ നേര്‍ക്കു തിരിഞ്ഞു. പക്ഷേ അയാള്‍ ഉള്‍വാറിന്റെ കൈയ്ക്കു കടന്നു പിടിച്ച് അവനെയും കൊണ്ടു തിടുക്കത്തില്‍ പുറത്തേയ്ക്കിറങ്ങിപ്പോയി.
നാല്പത്തിയാറ്
യോട്ടും ഉള്‍വാറും കൂടി കാട്ടിലൂടെ കുതിരയോടിച്ചു പോയി. അവര്‍ മുഖത്തോടുമുഖം നോക്കുകയോ എന്തെങ്കിലും ശബ്ദിക്കുകയോ ചെയ്തില്ല. ഒടുവില്‍ ഉള്‍വാര്‍ പറഞ്ഞു. ``എത്രയും ലജ്ജാവഹമായ രീതിയില്‍ ഒരിക്കല്‍ എന്റെ അമ്മയോടു പെരുമാറിയതിന്റെ ശേഷവും അങ്ങുവീണ്ടും എന്റെ അമ്മയെ ഹൃദയഭേദകമായ രീതിയില്‍ അപമാനിച്ചുകൊണ്ടു വേര്‍പെട്ടു പോരുമെന്ന് ഒരിക്കലും ഞാന്‍ വിചാരിച്ചിരുന്നീല്ല.''
``ഓ, അവളോടങ്ങനെതന്നെ വേണം; അവള് അര്ഹിക്കുന്നതാണത്,'' യോട്ട് മറുപടി പറഞ്ഞു: ``അവള് അവളുടെ തരവഴി കാണിച്ചതിന് അതു തികച്ചും ഉചിതമാണ്.''
ഇങ്ങനെ പറഞ്ഞുകൊണ്ട് അയാള്‍ ചാടിയിറങ്ങി കുതിരയെ ഒരു മരത്തിന്മേല് ബന്ധിച്ചു. അനന്തരം അയാള്‍ തന്റെ വാളും പരിചയും ഊരി കൈയിലെടുത്തു; ഉള്വാറിനോടും അപ്രകാരം ചെയ്യാന്‍ അയാള്‍ നിര്‍ദ്ദേശിച്ചു. `ബലിക്കാവ്' അവിടെയടുത്താണെന്നും അവിടെ ഒരുവിധത്തിലുള്ള ശല്യവും അവര്ക്കുണ്ടാവുകയില്ലെന്നും അതിനാല്‍ അങ്ങോട്ടു പോകാമെന്നും യോട്ട് അഭിപ്രായപ്പെട്ടു. ഉള്‍വാര്‍ ഒന്നും മറുപടി പറഞ്ഞില്ല; നിശ്ശബ്ദനായി അയാള്‍ തന്റെ പിതാവിന്റെ പുറകേ പോയി. മഞ്ഞിലൂടെ അവര്‍ കുറച്ചു ദൂരം നടന്നു.
അവര്‍ കുന്നിന്റെ മുകളിലുള്ള ആ ബലിക്കാവിലെത്തി യുദ്ധം ചെയ്യാന്‍ പറ്റിയ ഒരു സ്ഥലം തിരഞ്ഞുപിടിച്ചു. യോട്ട് ആദ്യം തന്നെ ഉള്‍വാറിനെ ആഞ്ഞൊരു വെട്ടു വെട്ടി. അത് അയാളുടെ പരിചമേല്‍ പതിച്ചു. അപ്പോള്‍ ഉള്‍വാര്‍ പറഞ്ഞു:
``അങ്ങ് അതിനെക്കാള്‍ എത്രയോ നന്നായി വെട്ടുന്നത് ഞാന്‍ കണ്ടിട്ടുള്ളതാണല്ലോ, അച്ഛാ!''
``എനിക്കു വല്ലാത്ത ക്ഷീണമുണ്ട്; പോരെങ്കില്‍ രണ്ടുമൂന്നു ദിവസമായി ശരിക്കാഹാരവും കഴിച്ചിട്ടില്ലല്ലോ,''അയാള്‍ മറുപടിപറഞ്ഞു. `` പക്ഷേ നിനക്കു തഴക്കവും സിദ്ധിച്ചിട്ടില്ല; അതിനാല്‍ സമശക്തിയോടുകൂടിയ ഒരു സമരമാണിതെന്നു പറയാം. നിന്റെ സര്‍വ്വശക്തിയും പ്രയോഗിച്ച് എന്നെ ആഞ്ഞുവെട്ടിക്കൊള്ളൂ; എന്തുകൊണ്ടെന്നാല്‍, ഞാന്‍ നിന്നെ വിട്ടയയ്ക്കാനോ എന്തെങ്കിലും ദാക്ഷിണ്യം നിന്നോടു കാണിക്കാനോ ഉദ്ദേശിച്ചിട്ടില്ല. വിഗ്ഡിസ് വരുത്തിക്കൂട്ടിയ ഈ യുദ്ധം അവളെ സന്തോഷിപ്പിക്കട്ടെ!''
അനന്തരം ഉള്‍വാര്‍ അയാളെ ഒരു വെട്ടു വെട്ടി. ആ നിമിഷത്തില്‍ യോട്ട് അയാളുടെ പരിച താഴത്തിടുകയും രണ്ടുകൈകൊണ്ടും അയാളുടെ വാളിന്മേല് മുറുക്കിപ്പിടിക്കുകയും ചെയ്തു; ഉള്‍വാറിന്റെ വെട്ടു ശരിക്ക് അയാളുടെ ഇടത്തെ തോളില്‍ പതിച്ചു; അയാളുടെ കൈ മുറിഞ്ഞൊരു വശത്തേയ്ക്കു തൂങ്ങി; അയാള്വേച്ചുവേച്ചു പുറകോട്ടു നീങ്ങി ഒരു മരത്തിന്മേല് തലചായ്ച്ചു കുഴഞ്ഞു നിന്നു. അയാള്‍ക്കു പറ്റിയ മുറിവില്‍ നിന്നും രക്തം ധാരധാരയായി കുതിച്ചു പാഞ്ഞു. ഉള്‍വാര്‍ വാളും പരിചയും നിലത്തിട്ടു. അയാളുടെ മുഖം നിശ്ശേഷം വിളറിപ്പോയി.
അയാള്‍ പറഞ്ഞു.
``അതു മതി. ഞാന്‍ അങ്ങുമായി ഇനി യുദ്ധം ചെയ്യില്ല.''
``ഓ, ഇതു മതിയായില്ല,'' കീഴോട്ടിഴുകി മുട്ടിന്മേല് നിന്നു കൊണ്ടു യോട്ട് പ്രതിവചിച്ചു. ഉള്‍വാര്‍ തിരിയുകയും സൂര്യപ്രഭ അയാളുടെ മുഖത്തു പതിക്കുകയും ചെയ്തതിനാല്‍ പിന്നീടെന്താണ് സംഭവിച്ചതെന്ന് അയാള്‍ക്കു ശരിക്കു കാണാന്‍ കഴിഞ്ഞില്ല. പക്ഷേ യോട്ട് അയാളുടെ വാള് കൈയിലെടുത്ത് അതിന്റെ പിടി ഒരു കല്ലിന്മേല് ഉറപ്പിച്ചു പിടിച്ചിട്ട് അലക് അയാളുടെ മാറിനെതിരെ നിവര്‍ത്തിനിര്‍ത്തി; അനന്തരം അയാള്‍ ഊക്കോടുകൂടി മുന്നോട്ടായുകയും മണ്ണില്‍ പള്ളയടച്ചു വീണുരുളുകയും ചെയ്തു.
ഉള്‍വാര്‍ മുന്നോട്ടു ചാടി; അയാള്‍ കുനിഞ്ഞുനിന്നു യോട്ടിനെ പിടിച്ചുയുര്‍ത്തി; അവശമായ രീതിയില്‍ അയാള്‍ ഒരു കല്ലന്മേല് ചാരിയിരുന്നു.
അനന്തരം ഉള്‍വാര്‍ പറഞ്ഞു:
``അങ്ങു ഗ്രെഫ്സിനിലെ കാാറെയെക്കുറിച്ച് അതു പറഞ്ഞില്ലായിരുന്നു എങ്കില്‍ ഒരിക്കലും ഞാന്‍ അങ്ങയുടെ നേരെ ആയുധമെടുക്കുകയില്ലായിരുന്നു.''
യോട്ട് മരണാങ്കിതമായ ഒരു പുഞ്ചിരിയോടുകൂടി പ്രതിവദിച്ചു:
``എനിക്കങ്ങനെ തോന്നി; അതുകൊണ്ടു ഞാനതു പറഞ്ഞു. പക്ഷേ ഇതോര്‍ത്തു നീ കുണ്ഠിതപ്പെടരുത്;�എന്തുകൊണ്ടെന്നാല്‍ ഇതെന്റെ സ്വന്തം പ്രവൃത്തിയാണ്; ഇങ്ങനെതന്നെ വേണം ഇതിന്റെ അവസാനം; ഈശ്വരന് നിന്നെ രക്ഷിക്കട്ടെ! ഇനിയിപ്പോള്‍ നീ നിന്റെ അമ്മയുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കൂ! ഏറെക്കാലമായി ഞാനാഗ്രഹിച്ചുകൊണ്ടരിക്കയാണ് എന്റെ ശിരസ്സ് അവളുടെ മടിയില്‍ സ്ഥിതിചെയ്യണമെന്ന്.''
അടുത്ത നിമിഷത്തില്‍ അയാളുടെ ശരീരം അപാദചൂഡം ഒന്നു ചൂളുകയും അയാള്‍ മൃതിയടയുകയും ചെയ്തു.
നാല്പത്തിയേഴ്
വിഗ്ഡിസ് ഹാളില്‍ അങ്ങോട്ടുമിങ്ങോട്ടും അസ്വസ്ഥചിത്തയായി ഉലാത്തിക്കൊണ്ടിരുന്നു. കടുത്ത തണുപ്പ്; മഞ്ഞുതുള്ളികള്‍ ചുമരുകളില്‍ മിന്നിത്തിളങ്ങുകയാണ്; അവള് മേലുടുപ്പെടുത്തു ധരിക്കുവാനൊരുമ്പെട്ടു; പക്ഷേ വീണ്ടും അതൊരേറു കൊടുത്തു. അനന്തരം അവള് അഗ്നികുണ്ഡത്തിനരികെ ചെന്നിരുന്നു; പക്ഷേ വീണ്ടും വീണ്ടും അവള് എഴുന്നേറ്റു വാതില്ക്കലേയ്ക്കു പോയി. ഒടുവില്‍ ഹിമപടലാച്ഛാദിതമായ അന്തരീക്ഷത്തില്‍ അസ്തമനസൂര്യന് രക്തകാന്തി കലര്‍ത്തി മെല്ലെമെല്ലെത്താണുകൊണ്ടിരിക്കെ, അവള് വെളിയിലേയ്ക്കു നോക്കിക്കൊണ്ടു വാതില്ക്കല് നിശ്ചലയായി നിലകൊണ്ടു.
കുറേനേരം കഴിഞ്ഞപ്പോള്‍ കാട്ടിലൂടെ ഒരാള്‍ കുതിരയോടിച്ചു വരുന്നത് അവളുടെ കണ്ണില്‍പ്പെട്ടു; അത് ഉള്വാറാണെന്ന് അവള്‍ക്കു മനസ്സിലായി. അയാള്‍ തനിച്ചേ ഉള്ളൂ; വളരെ സാവാധാനത്തിലാണ് വരവ്. അവളുടെ കാലുകള്‍ കിലുകിലാ വിറച്ചു. അവള് വീണ്ടും ചെന്ന് അഗ്നികുണ്ഡത്തിനരികേ ഇരുന്നു.
ഉള്‍വാര്‍ വാതില്‍ തള്ളിത്തുറന്നു. തല ഉയര്‍ത്തി നോക്കാന്‍ അവള്‍ക്കു ധൈര്യം വന്നില്ല. അയാളുടെ കൈയില്‍ ഒരു ഭാണ്ഡമുണ്ട്. അയാള്‍ നേരെ നടന്നുവന്ന് അതവളുടെ മടിയിലിട്ട്,അവളോടൊരക്ഷരം മിണ്ടാതെ നേരെ കിടപ്പറയിലേയ്ക്കു പോയി. ചുവന്ന ഒരു പട്ടുമേലുടുപ്പിലാണ് അതു പൊതിഞ്ഞിരുന്നത്; ഭാണ്ഡത്തിനു നല്ല ഘനമുണ്ട്, ആ മേലുടുപ്പ് ഏതാണെന്നു ക്ഷണത്തിലവള്ക്കു മനസ്സിലായി; അത് അനേകസംവത്സരങ്ങള്ക്കപ്പുറം താന്‍ തുന്നിയുണ്ടാക്കിയതും വെറ്റര്‍ ലൈഡ് ഗ്ലംസ്സന്നു സമ്മാനിച്ചതുമാണ്. മരവിച്ചു കട്ടപിടിച്ചമട്ടായിരുന്നു ആ ഭാണ്ഡം. അതഴിക്കുവാനായി അവള് വസ്ത്രത്തിന്റെ തുമ്പുകളില്‍ പിടിച്ചപ്പോള്‍ അതിനകത്ത് ഒരു `കടകട ശബ്ദമുണ്ടായി. അവള് അതഴിക്കാതെ മുന്‍പിലത്തെപ്പോലെ അനങ്ങാതിരുന്നു. പക്ഷേ അല്പനേരം കഴിഞ്ഞപ്പോള്‍ ഭാണ്ഡത്തില്‍നിന്നു രക്തവും വെള്ളവും പുറത്തേയ്ക്കൊലിച്ച് അവളുടെ മടിത്തടം നനഞ്ഞുതുടങ്ങി. വിഗ്ഡിസ് അതിവേഗത്തില്‍ ആ പൊതിഞ്ഞിരുന്ന വസ്ത്രം അഴിച്ചുമാറ്റി! യോട്ടിന്റെ ശിരസ്സ്!-അവള് കൈയില്‍ അതു വഹിച്ചിരിക്കുയാണ്!
ആദ്യം അവളുടെ ദൃഷ്ടിയില് പെട്ടതു കഴുത്തിലെ മുറിത്തഴമ്പാണ്. പിന്നീട് അവളതു മറിച്ചുപിടിച്ചു; ഇപ്പോള്‍ മുഖം മേലോട്ടായി. തലമുടി മുന്നോട്ടു വീണു തൊലിയോടൊട്ടിപ്പിടിച്ചിരിക്കുന്നു. അവള് അതു വേര്‍പെടുത്തി വകഞ്ഞുമാറ്റി. മേലുടുപ്പിന്റെ തുമ്പുകൊണ്ട് അവള് രക്തത്തിന്റെ പാടുകളെല്ലാം മുഖത്തുനിന്നു തുടച്ചുകളഞ്ഞു. ഒരു പ്രാവശ്യം അവള് ആ ചുണ്ടുകളില്‍ വിരലമര്‍ത്തി; ചാരനിറമായ മുഖത്ത് അവ വിളറിയും ചുക്കിക്കല്ലച്ചും നീലനിറം കലര്‍ന്നും വികൃതമായി പ്രതൃക്ഷപ്പെട്ടു. അവള് കണ്പോളകള് വിടര്‍ത്തി അയാളുടെ കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കി; അവ നിര്‍ജ്ജീവങ്ങളും ഭാവശൂന്യങ്ങളുമായിരുന്നു-അവയെ അവള് വീണ്ടു അടച്ചു.
എയോള്‍വ് ആര്നേസണ്ന്റെ മുമ്പില്‍ താന്‍ നിന്നിരുന്ന ആ ഘട്ടം അവളുടെ സ്മൃതിപഥത്തിലെത്തി. തന്റെ വേദനാമയമായ ഹൃദയത്തിന്ന് ആശ്വാസം നല്കുവാന് ശക്തിയുള്ള ആ മധുരമായ രക്തപാനം അന്നവള്‍ ആസ്വാദിക്കയുണ്ടായി. പക്ഷേ യോട്ടിന്റെ മുഖത്തേയ്ക്കു പിന്നെയും പിന്നെയും നോക്കുംതോറും അവളുടെ ഹൃദയത്തില്‍ അസഹ്യമായ ദുഖം ഉറഞ്ഞുറഞ്ഞു വരികയാണ്!- എന്തുകൊണ്ടെന്നാല്‍, വാര്ദ്ധക്യപീഢിതവും വേദനാദ്യേതകവുമായിരുന്നു ആ മുഖം! അതിദാരുണമായ ആ പാവപ്പെട്ട നരച്ച തല തന്റ ദുരിതങ്ങള്‍ക്ക് ഒരിക്കലും പ്രശമനോപകരണമല്ലെന്ന് അവള്‍ക്കു തോന്നി. തന്റെ പിതാവിന്റെ മരണത്തിനുശേഷമുള്ള നീണ്ട സംവത്സരങ്ങള്‍ മുഴുവനും ഈ മുഹൂര്‍ത്തത്തിന്റെ ഉദയത്തിനുവേണ്ടിയാണ് താന്‍ ഉദ്യമിക്കയും പാടുപെടുകയും ചെയ്തിട്ടുള്ളതെന്നു പറയുന്നതുപോലും യഥാര്‍ത്ഥത്തില്‍ നികൃഷ്ടമാണ്.
വിഗ്ഡിസ് വീണ്ടും ആ മുഖം മേലുടുപ്പുകൊണ്ടു മൂടി. അവളുടെ കാല്ക്കലായി നിലത്തുവെച്ചു. അവള് പിന്നീട് എഴുന്നേറ്റ് ഉള്‍വാറിന്റെ മുറിയുടെ വാതില്ക്കലേയ്ക്കു പോയി; അത് അകത്തുനിന്നു ബന്ധിച്ചിരുന്നു. അവള് ഉറക്കെ മുട്ടിവിളിച്ചു; ഒരു മറുപടിയുമില്ല. കുറച്ചുനേരം അവള് മിണ്ടാതെ കാത്തുനിന്നു; എന്നിട്ടു വീണ്ടും വിളിച്ചു: അതും നിഷ്പ്രയോജനമായി. അവള് മടങ്ങിപ്പോയി രക്തപങ്കിലമായ തന്റെ മടിയില്‍ കൈയും വെച്ചുകൊണ്ടു ചിന്തയിലാണ്ടിരുന്നു.
രാത്രിയുടെ വലിയ ഒരു ഭാഗം അങ്ങനെ കഴിഞ്ഞുപോയി. ഉള്‍വാര്‍ വാതില്‍ തുറന്നു ഹാളിലൂടെ നടന്നുവന്നു വെളിയിലേയ്ക്കിറങ്ങി. അഗ്നികുണ്ഡത്തില്‍ തീയൊട്ടുമുക്കാലും കെട്ടിരുന്നതിനാല്‍ അയാള്‍ക്കു തന്റെ മാതാവിനെ കാണാന്‍ കഴിഞ്ഞില്ല. ഒരു യാത്രയ്ക്കുള്ള വേഷമാണയാളുടേത്; അയാള്‍ മുറ്റത്തെത്തി. വിഗ്ഡിസ് എഴുന്നേറ്റ് അയാളെ അനുഗമിച്ചു. ഉള്‍വാര്‍ ലായത്തില്‍ ചെന്നു തന്റെ കുതിരയെ അഴിച്ചുനടത്തിക്കൊണ്ടുവന്നിട്ട് അതിനെ ജീനിബന്ധം ചെയ്തു. വിഗ്ഡിസ് മുന്നോട്ടു വന്നു.
ചന്ദ്രന് ഉജ്ജ്വലശോഭയോടെ പ്രകാശിച്ചു; അവനെ ഇപ്പോള്‍ കണ്ടപ്പോഴത്തെപ്പോലെ, വൈഗ-യോട്ടിന്റെ അത്രത്തോളം ഒത്ത പ്രതിച്ഛായയായി മുന്‍പൊരിക്കലും താനവനെ കണ്ടിട്ടില്ലെന്നു വിഗ്ഡിസ്സനു തോന്നി; അവന്റെ മൃതനായ പിതാവിന്റെ മുഖംപോലെ അത്ര വിളറിയതും ദയനീയവുമായിരുന്നു അവന്റെയും മുഖം. യുദ്ധത്തെക്കുറിച്ച് അവള് അവനോടു ചോദിക്കുമായിരുന്നു; പക്ഷേ അവള്‍ക്കതിനു ധൈര്യം വന്നില്ല.
``നീ കുതിരയോടിച്ചു പോവുകയാണോ?''
``അതേ; എനിക്കു പോണം,'' അവളുടെ പുത്രന് ഉത്തരം കൊടുത്തു.
``നീ വാഡിനിലേയ്ക്കാണോ പോകുന്നത്?'' അയാളുടെ മാതാവു ചോദിച്ചു.
``ഇന്നതേ; പക്ഷേ നാളെ രാവിലെ ഞാന്‍ അവിടംവിട്ടു വളരെ അകലെപ്പോകും. ഈ ഭാഗങ്ങളില്‍ താമസിക്കുവാന്‍ എനിക്കാശയില്ല,'' അയാള്‍ പറഞ്ഞു.
വിഗ്ഡിസ് അയാളുടെ മുഖത്തേയ്ക്കു നോക്കി. അവള് ഒരിക്കല്‍ക്കൂടി ചോദിച്ചു:
``നീ എന്നോടൊന്നിച്ച് ഇനിമേല്‍ താമസിക്കുകയില്ലെന്നാണോ അതിനര്‍ത്ഥം?''
``അമ്മേ, അമ്മ ഒരിക്കല്‍ എന്നോടു പറഞ്ഞിരുന്നതുപോലെതന്നെ അമ്മയ്ക്കെന്നോടുള്ള വാത്സല്യത്തിനു തികച്ചും സമുചിതമായ പ്രതിഫലം ഞാന്‍ ഇന്നമ്മയ്ക്കു നല്കിയിരിക്കുന്നു,'' ഉള്‍വാര്‍ പ്രതിവചിച്ചു: ``എന്നില്‍ നിന്ന് ഇനി എന്തൊരാനന്ദമാണ് അമ്മയ്ക്കുണ്ടാവുന്നതെന്ന് എനിക്കറിഞ്ഞുകൂടാ; അതു കൊണ്ട് അമ്മ എന്നെ ഇപ്പോള്‍ പോകാനനുവദിക്കൂ!''
``അങ്ങനെ പറയാതിരി, മോനേ,'' അയാളുടെ മാതാവ് അയാളോടു യാചിച്ചു. കുറച്ചു കഴിഞ്ഞ് അവള് വീണ്ടും പറഞ്ഞു: ``നിനക്കെന്നെ കാണുന്നതിഷ്ടമല്ലെങ്കില്, എത്രകാലം ഇവിടെ താമസിക്കണമോ, നിന്റെ ഇഷ്ടംപോലെ അത്രയും കാലം ഇവിടെ, ബെര്‍ഗില്‍, ഞാന്‍ താമസിച്ചുകൊള്ളാം. പക്ഷേ ഇപ്പോള്‍, ഈ ശീതകാലത്തിന്റെ ഒത്ത നടുവില്‍, നീ ഇവിടം വിട്ടു പോകരുത്!''
``എനിക്കിനി ഇവിടെയുള്ള താമസം സഹിക്കാന്‍ സാധ്യമല്ല.'' ഉള്‍വാര്‍ പറഞ്ഞു: ``ഈ പ്രദേശത്തിന്റെ സര്വ്വഭയങ്കരതകളിലും പൈശാചികത്വങ്ങളിലുമാണ് എന്റെ ഹൃദയമിപ്പോള്‍ പതിയിരിക്കുന്നത്; അതിനാല്‍ ഇനി ഒരിക്കലും എനിക്കിവിടെ സന്തോഷമോ സമാധാനമോ ഉണ്ടാവുകയില്ലെന്നുള്ളതു നിശ്ചയമാണ്.''
വിഗ്ഡിസ്സ് കുതിരയുടെ കഴുത്തില്‍ കൈ ചുറ്റിക്കൊണ്ട് അതിന്റെ മേല്‍ ചാരിനിന്നു. അവിടെ താമസിക്കണമെന്ന് ഉള്‍വാറിനെ നിര്ബ്ബന്ധിക്കുവാനുള്ള മനക്കരുത്ത് അവള്‍ക്കുണ്ടായില്ല. ഭാരമുള്ള ഒരു കല്ലുപോലെ അവളുടെ ഹൃദയം അവളില്‍ താണുകൊണ്ടേയിരുന്നു. അയാളുടെ ഈ നിശ്ചയത്തിനിന്ന് അയാളെ വ്യതിചലിപ്പിക്കുക സാധ്യമല്ലെന്ന് അവള്‍ക്കുറപ്പുണ്ട്. അവള് കുതിരയുടെ മേല്‍കൈ മുറുക്കെപ്പിടിച്ചു; താന്‍ തന്റെ കുഞ്ഞിനെ പ്രസവിച്ച ആ രാത്രിയും തനിക്കു ചാരാനുണ്ടായിരുന്ന ഏകജീവിയായ ആ കുതിരയും പെട്ടന്നവളുടെ ഓര്‍മ്മയിലെത്തി.
``നിനക്ക് ഇനിമേല്‍ എന്നോടിഷ്ടമില്ലേ, മോനേ?'' താഴ്ന്ന ഒരു സ്വരത്തില്‍ അവള് ചോദിച്ചു.
``തീര്‍ച്ചയായും ഞാന്‍ അമ്മയെ സ്നേഹിക്കുന്നു.'' ഉള്‍വാര്‍ മറുപടി നല്കി: ``പക്ഷേ അമ്മ ഇപ്പോള്‍ എന്നെ പോകാനനുവദിക്കണം.'' അല്പനേരത്തെ മൗനത്തിനുശേഷം അയാള്‍ പറഞ്ഞു: ``അമ്മ എനിക്കുവേണ്ടി യോട്ടിന്റെ മൃതശരീരം മാനമായ രീതിയില്‍ മറവു ചെയ്യേണമെന്നു ഞാന്‍ അമ്മയോടു യാചിക്കുന്നു.''
``ഞാന്‍ അങ്ങനെ ചെയ്യാം.'' വിഗ്ഡിസ് മറുപടി പറഞ്ഞു.
ഉള്‍വാര്‍ വീണ്ടും പ്രസ്താവിച്ചു: ``അദ്ദേഹത്തിന്റെ മരണത്തിനുവേണ്ടി അമ്മയ്ക്കെന്നോടു നന്ദി പറയേണ്ടതായിട്ടില്ല. അദ്ദേഹത്തെ കൊന്നത് അദ്ദേഹംതന്നെയാണ്.''
കുതിരയുടെ കടിബന്ധസൂത്രങ്ങളില് കടന്നു പിടിച്ചുകൊണ്ട് അയാള്‍ പൊടുന്നനെ ചോദിച്ചു:
``എന്റെ ചോദ്യത്തിന് അമ്മ സത്യമായ സമാധാനം പറയണം: അമ്മേ, അമ്മ എപ്പോഴെങ്കിലും വൈഗ-യോട്ടിനെ സ്നേഹിച്ചിരുന്നോ?''
അവള് പൊട്ടിക്കരഞ്ഞുകൊണ്ടു കുതിരയുടെ കഴുത്തില്‍ മുഖം മറച്ചുവെച്ച് ഇങ്ങനെ മറുപടി പറഞ്ഞു:
``എനിക്കുണ്ടായ ഏറ്റവും കടുത്ത നിര്‍ഭാഗ്യമാണല്ലോ അത്. അദ്ദേഹത്തെ ഞാന്‍ ഏറ്റവും ഗാഢമായി സ്നേഹിച്ചരുന്നു; അദ്ദേഹത്തോട് എനിക്ക് ഏറ്റവും കടുത്ത വെറുപ്പുണ്ടായതും അതുകൊണ്ടാണ്.''
ഉള്‍വാര്‍ കുതിരയുടെ ജീനിമേല്‍ കൂടുതല്‍ ചാഞ്ഞുകൊണ്ട്, അവളുടെ മുഖം പിടിച്ചുയര്‍ത്തി അവളുടെ ചുണ്ടുകളില്‍ ചുംബിച്ചു.
അപ്പോള്‍ അവന്റെ അമ്മ തിരക്കി: ``എന്നെങ്കിലും ഒരിക്കല്‍ നീ എന്റെ അടുത്തു തിരിച്ചുവരുമോ?''
``}ഞാന്‍ ജീവിച്ചിരിക്കുന്നെങ്കില്‍,'' ഉള്‍വാര്‍ മറുപടി പറഞ്ഞു. ``ഞാന്‍ തീര്‍ച്ചയായും എന്നെങ്കിലും ഒരിക്കല്‍ മടങ്ങിയെത്താം. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പോട്ടെ, അമ്മേ!''
വിഗ്ഡിസ് കുതിരയുടെ കഴുത്തില്‍നിന്നു കൈയെടുത്തു. ഉള്‍വാര്‍ അതിവേഗത്തില്‍ അവിടെനിന്നു കുതിരയോടിച്ചു പോയി.
നാല്പത്തിയെട്ട്
ഇതിനുശേഷം ബെര്ഗിലായിരുന്നു വിഗ്ഡിസ് ഗുന്നാഴ്സ്ഡാറ്ററിന്റെ താമസം. താന്‍ പണികഴിപ്പിച്ച പള്ളിക്കുവെളിയില്‍ അവള് യോട്ട് ഗിസ്സേഴ്സണെ സംസക്കരിപ്പിച്ചു. അവള് പത്തുകൊല്ലംകൂടി ജീവിച്ചിരുന്നു. അവള് ഏകാകിനിയായിട്ടാണ് കഴിഞ്ഞുകൂടിയത്; ആരെയും അവള് കാണാന്‍ ഇഷ്ടപ്പെട്ടില്ല, കണ്ടുമില്ല. ഒടുവിലത്തെ കൊല്ലത്തില്‍ അവള് ദീനം പിടിച്ചു കിടപ്പായപ്പോള്‍ ഇല്ല്യൂജ് ഇന്ഗെബ്ജോര്ഗ് ബെര്‍ഗില്‍ വന്നു താമസിക്കുകയും അവളുടെ മരണംവരെ അവളെ പരിചരിച്ചുകൊണ്ട് അവിടെ കഴിച്ചുകൂട്ടുകയും ചെയ്തു. അവളുടെ കാലശേഷം വാഡിന് ഒളാവിനും ഇന്ഗെബ്ജോര്ഗിനുമായിക്കിട്ടി; അവള് തന്റെ മരണപത്രത്തില്‍ അങ്ങനെയാണ് വ്യവസ്ഥ ചെയ്തിരുന്നത്; പക്ഷേ ഉള്‍വാര്‍ ഏതു കാലത്തെങ്കിലും തിരിച്ചു വരികയാണെങ്കില്‍ അയാള്‍ക്കോ അയാളുടെ നിയമാനുസൃതമുള്ള അവകാശികള്‍ക്കോ അതു തിരിച്ചുകൊടുക്കേണ്ടിയിരുന്നു.
എന്നാല്‍ ഓസ്ലോരാജ്യത്തില് ഉള്‍വാര്‍ യോട്ട്സണെ ക്കുറിച്ചു യാതൊരു വര്‍ത്തമാനവും ഒരിക്കലും എത്തിച്ചേരുകയുണ്ടായില്ല. തന്റെ മാതാവിനോടു വാക്കു പറഞ്ഞിരുന്നപോലെ അയാള്‍ മടങ്ങിവരികയോ, അയാള്‍ പോയതിന്റെശേഷം ആര്‍ക്കെങ്കിലും അയാളെക്കുറിച്ചു വല്ലതുമൊന്നറിയാന് ഇടയാവുകയൊ ചെയ്യാഞ്ഞതിനാല്‍ ഏതെങ്കിലും വിദേശത്ത്, ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത്, അയാള്‍ കിടന്നു മരിച്ചിരിക്കുമെന്ന് എല്ലാവരും വിശ്വസിച്ചു. അങ്ങനെ ഒളാവും ഇന്ഗെബ്ജോര്ഗും കൂടി വാഡിനില്‍ ഭരണം നടത്തി. മരംകൊണ്ടുള്ള കൊച്ചുപള്ളി കത്തിപ്പോയശേഷം ഫ്രൈസ്ജാനദിയുടെ തീരത്തില്‍ പണികഴിപ്പിച്ചിരുന്നതും `പെരുംതടാക'ത്തിന്റെ വടക്കുമാറി നിര്‍മ്മിച്ചിരുന്നതുമായ കല്ലുപള്ളികള്ക്ക് അവര്‍ ധാരാളം സ്വത്തു കൊടുത്തു. മാര്ഗ്രറ്റാപുണ്യവാളത്തിയുടെ പേരിലായിരുന്നു അതിന്റെ സമര്‍പ്പണം. അതിനാല്‍ അതുമുതല്‍ ഈ തടാകത്തിനടുത്തുള്ള മലഞ്ചെരുവിനു മാര്ഗ്രെറ്റാഡല് എന്ന പേര് കിട്ടി. ആ പള്ളിക്കരികെ വിഗ്ഡിസ് ഗുന്നാഴ്സ് ഡാറ്റര്‍ മണ്മറഞ്ഞു കിടക്കുന്നു!
പൂനിലാവില്‍
ഗ്രന്ഥകര്ത്താ,
ചങ്ങമ്പുഴ കൃഷ്ണപിള്ള
(ഇടപ്പള്ളി)
കഥകള്‍
1. മൈതാനപ്പരപ്പില്
2. വെളുത്ത അമ്മ
3. ഒരു അക്രമം
4. കോര്ണിവാസിലി
5. ഒരുകട്ട വെണ്ണ
6. സൈക്ക് (Psyche)
7. പൂനിലാവില്‍
8. രക്തരക്ഷസ്സ്
മൈതാനപ്പരപ്പില്
ഏറ്റവും കഷ്ടസ്ഥിതിയില്‍, ചെന്നായ്ക്കളെപ്പോലെ ക്ഷുധാപരവശരായും, ലോകത്തെയാകമാനം വെറുത്തുകൊണ്ടും, ഞങ്ങള്‍ `പെറിക്കോവ്' വിട്ടു പോന്നിരുന്നു. പന്ത്രണ്ട് മണിക്കൂറോളം, വല്ലതും മോഷ്ടിക്കുന്നതിന്നോ, സാമ്പാദിക്കുന്നതിന്നോ വേണ്ടിയായിരുന്ന ഞങ്ങളുടെ സകല ഉദ്യമങ്ങളും പാടവങ്ങളും വൃഥാ വിനിയുക്തമായി. ഒടുവില്‍ ഒന്ന്, അല്ലെങ്കില്‍ മറ്റൊന്നു സാധിതമാവുകയില്ലെന്നുതന്നെ ബോധ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ മുന്നോട്ട് തന്നെ പോകുവാന്‍ തീരുമാനിച്ചു. എവിടെ? അകലത്തേയ്ക്ക്.
തീരുമാനം, യാദൃശ്ചികമായിട്ടായിരുന്നു; ഒരാള്‍ അപരനോട് പറഞ്ഞു പറഞ്ഞ് അത് എല്ലാവരും അറിഞ്ഞു; എന്നാല്‍ ചിരകാലമായി അനുഗമിച്ച ആ ജീവിതപഥത്തില്ക്കൂടി ഇനിയും മുന്നോട്ട് യാത്ര തുടരുവാന്‍ എല്ലാംകൊണ്ടും സന്നദ്ധന്മാരായിരുന്നു, ഞങ്ങള്‍; ഈ തീരുമാനം ആഗതമായത് മൗനത്തിലാണ്. ഇത് ഞങ്ങളാരുംതന്നെ പ്രകടിപ്പിച്ചതല്ല; എന്നാല്‍, ഞങ്ങളുടെ ക്ഷുഭിതനേത്രങ്ങളുടെ കോപജ്വാലകളില് ഇതു തെളിഞ്ഞു പ്രതിഫലിച്ചു കാണാമായിരുന്നു.
മൂന്നുപേരുണ്ടായിരുന്നു ഞങ്ങള്‍. തമ്മില്‍ത്തമ്മില്‍ ഞങ്ങള്‍ പരിചയപ്പെട്ടിട്ടു കുറച്ചു നേരമേ ആയിട്ടുള്ളൂ; `നീപ്പറി'ന്റെ തീരത്തുള്ള `ഖേഴ്സണ്‍' പട്ടണത്തിലെ ഒരു പൊതുമന്ദിരത്തിനുള്ളില്വെച്ചു, കാല്‍തട്ടി ഓരോരുത്തരും മീതെയ്ക്കു മീതെ മറിഞ്ഞുവീണതത്രെ പരിചയപ്പെടുവാനുണ്ടായ കാരണം. ഞങ്ങളില്‍ ഒരാള്‍ `റെയില്‍വെ പട്ടാള'ത്തില്‍ ആദ്യം ഒരു പട്ടാളക്കാരനായും, പിന്നീടു `പോളന്ഡി'ല്‍ `വിസ്റ്റുള'യുടെ തീരത്തുള്ള തീവണ്ടിപ്പാതകളില്‍ ഒന്നിലെ ഒരു വേലക്കാരനായും ജോലി ചെയ്തിട്ടുള്ള ആളായിരുന്നു. ചുവന്ന തലമുടിയോടും, ഞരമ്പുകള്‍ പിണഞ്ഞ്, മാംസപേശികള്‍ തുടിച്ച്, തടിച്ച ശരീരത്തോടുകൂടിയ ഒരുവനായിരുന്നു ആ മനുഷ്യന്. അയാള്‍ക്കു ജര്‍മ്മന്‍ഭാഷ സംസാരിക്കാനറിയാമെന്നതുകൂടാതെ, കാരാഗൃഹജീവിതത്തെപ്പറ്റി ഒരു വിസ്തീര്ണ്ണവിജ്ഞാനവും കൂടി ഉണ്ടായിരുന്നു.
നമ്മുടെ തരത്തില്‍പ്പെട്ട ആളുകള്‍, സദാ ഏറെക്കുറെ അടിയുറച്ച കാരണങ്ങള്‍ ഉള്ളതുകൊണ്ടോ എന്തോ, അവരുടെ ഭൂതകാലത്തെക്കുറിച്ച് സംസാരിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല; അതുകൊണ്ട് അവരവരെ സംബന്ധിച്ചു ഞങ്ങള്‍ തമ്മില്‍ത്തമ്മില്‍ കാര്യമായി പറഞ്ഞത്, ഓരോരുത്തനും വിശ്വസിക്കുകതന്നെ ചെയ്തു. അതായത്, ഞങ്ങള്‍ ബാഹ്യമായി വിശ്വസിച്ചു; ആന്തരമായി ഓരോരുത്തനും ശുഷ്കമായ ഒരു വിശ്വാസം മാത്രമേ, അവനില്‍ ഉണ്ടായിരുന്നുള്ളൂ.
ഞങ്ങളുടെ കൂട്ടുകാരന് ഘനം കുറഞ്ഞു പതിഞ്ഞ ചുണ്ടുകളോടുകൂടിയ പൊക്കം കുറഞ്ഞ ഒരു പരുക്കന്‍ പുള്ളി, മോസ്കോ സര്‍വ്വകലാശാലയില്‍ ഒരു വിദ്യാര്‍ത്ഥിയായിരുന്നു ഒരു കാലത്തെന്നു ഞങ്ങളെ അറിയിക്കുകയും, ഞാനും പട്ടാളക്കാരനും അത് സമ്മതിച്ചുകൊടുക്കുകയും ചെയ്തു. അയാള്‍ ഒരു വിദ്യാര്‍ത്ഥിയോ ഒരു കള്ളനോ, അതോ ഒരു പോലീസ് ഒറ്റുകാരനോ എന്നുള്ള ശങ്കയായിരുന്നു, ഹൃദയത്തിന്റെ അഗാധതയില്‍ ഞങ്ങള്ക്കിരുപേര്ക്കും; പരിഗണനീയമായിരുന്ന ഏക സംഗതി, ഞങ്ങള്‍ അയാളെ കണ്ടുമുട്ടിയപ്പോള്‍ അയാള്‍ ക്ഷുധിതനും, പോലീസിന്റെ പ്രത്യേകശ്രദ്ധയാല് പരിലാളിതനും, ഗ്രാമങ്ങളിലുള്ള കര്‍ഷകന്മാരാല്‍ സംശയത്തോടുകൂടി സല്ക്കരിക്കപ്പെട്ടവനും, വേട്ടയാടപ്പെട്ട ഒരു വിശന്നു വലയുന്ന മൃഗത്തിന്റെ ബലഹീനമായ പകയോടുകൂടി സകലരേയും വെറുക്കുകയും, ഓരോരുത്തരോടും ഒരു ബ്രഹ്മാണ്ഡപ്രതികാരം ചെയ്യുവാന്‍ സ്വപ്നം കാണുകയും ചെയ്യുന്നവനും ആയിരുന്നുവെന്നുള്ളതില്, അയാള്‍ ഞങ്ങളോട് തുല്യനായിരുന്നുവെന്നതാണ്........... ഒരൊറ്റവാക്കില്‍, പ്രകൃതിയിലെ രാജാക്കന്മാരുടേയും, ജീവിതത്തിലെ പ്രഭുക്കന്മാരുടേയും ഇടയിലുള്ള അയാളുടെ നിലയും ഭാവവും, അയാളെ ഞങ്ങളുടെ തൂവലുകളുള്ള ഒരു പക്ഷിയാക്കിത്തീര്ത്തു!
നിര്‍ഭാഗ്യം, എന്നുള്ളതാണ് ഏറ്റവും വിരുദ്ധങ്ങളായ പ്രകൃതികളെ അന്യോന്യം ഇണക്കിച്ചേര്‍ക്കുവാന്‍ ഏറ്റവും നല്ല പശ; ഞങ്ങള്‍ എല്ലാവരും, ഞങ്ങള്‍ക്കു സ്വയം നിര്ഭാഗ്യവാന്മാരാണെന്നു കരുതുവാനുള്ള ഒരവകാശമുണ്ടെന്നു കരുതി.
ഞങ്ങളില്‍ മൂന്നാമന് ഈ ഞാന്‍ തന്നെയായിരുന്നു. എന്റെ ബാല്യകാലങ്ങളില്ത്തന്നെ ഞാന്‍ വെളിപ്പെടുത്തീട്ടുള്ള ജന്മസിദ്ധമായ ഒതുക്കത്താല് എന്റെ സല്‍ഗുണങ്ങളെപ്പറ്റി ഞാന്‍ ഒന്നുംതന്നെ പറയുന്നില്ല; കൊള്ളരുതാത്തവനായിത്തീരേണമെന്ന് എനിക്ക് ആശയില്ലാത്തതിനാല് അപ്രകാരംതന്നെ ഞാന്‍ എന്റെ ദുസ്വഭാവങ്ങളെക്കുറിച്ചും മൂകഭാവം കൈക്കൊണ്ടുകൊള്ളാം. എന്റെ സ്വഭാവത്തെ സംബന്ധിച്ച് അല്പം ഗ്രഹിക്കണമെന്നുണ്ടെങ്കില് ഞാന്‍ സദാ എന്നെ മറ്റുള്ളവരെക്കാള്‍ നന്നായി വിചാരിക്കയും, അപ്രകാരം ചെയ്യുകയെന്നുള്ളത് ഇന്നു തുടരുവാന്‍ ഒരുമ്പെടുകയും ചെയ്തു, എന്നു പറഞ്ഞാല്‍ ധാരാളമാണ്.
അപ്രകാരം `പെറിക്കോപ്പ്' വിട്ടിട്ടു ഞങ്ങള്‍ മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നു. ആ മൈതാനപ്പരപ്പില് ഏതെങ്കിലും ഒരാട്ടിടയനെ പിടികൂടുക എന്നുള്ളതായിരുന്നു ഞങ്ങളുടെ ലാക്ക്. ഒരാള്‍ക്ക് ഒരാട്ടിടയനില് നിന്നും ഒരപ്പക്കഷണം എല്ലാ കാലത്തും യാചിക്കാം. വഴിയാത്രക്കാര്‍ക്കു വല്ലതും കൊടുക്കുന്ന കാര്യത്തില്‍ ആട്ടിടയന്മാര് നന്നെ അപൂര്‍വ്വമായിട്ടേ ഉപേക്ഷ കാണിക്കാറുള്ളൂ.
ഞാന്‍ പട്ടാളക്കാരനോട് തൊട്ട് നടന്നുപോയി; `വിദ്യാര്‍ത്ഥി' പുറകിലും. ഒരു കാലത്ത് ഒരു ചട്ടയോട് സദൃശ്യമുണ്ടായിരുന്ന എന്തോ ഒരു സാധനം അയാളുടെ തോളില്‍ തൂങ്ങിക്കിടന്നിരുന്നു. അറ്റം കൂര്‍ത്തതും, കോണിച്ചതും മുടി പറ്റെ വെട്ടിച്ചിട്ടുള്ളതും ആയ അയാളുടെ തലയില്‍ വിശ്രമംകൊണ്ടിരുന്നു, വീതിയിലുള്ള വക്കുകളോടുകൂടിയ ഒരു തൊപ്പിയുടെ അവശേഷങ്ങള്‍; നാനാവര്‍ണ്ണത്തിലുള്ള തുണിത്തുണ്ടുകള്‍ കീറിപ്പൊളിഞ്ഞ സ്ഥലങ്ങളില്‍ തുന്നിപ്പിടിപ്പിച്ചിരുന്ന ചാരനിറത്തിലുള്ള ഉറകള്‍ അയാളുടെ നേരിയ കാലുകളെ പൊതിഞ്ഞു; തന്റെ ഉടുപ്പിന്റെ നൂലുകൊണ്ടുതന്നെ പിരിച്ചെടുത്ത ചരടുകള്‍കൊണ്ട്, വഴിയില്‍ നിന്നും പെറുക്കിയെടുത്ത ഏതാനും ചെരുപ്പിന്റെ മൂടികളെ പാദത്തോടു ചേര്‍ത്തു കെട്ടീട്ടുണ്ടായിരുന്നതിനെ അയാള്‍ `പാപ്പാസ്സ്' എന്നാണ് പറഞ്ഞിരുന്നത്. പൊടിപറപ്പിച്ചുകൊണ്ട് അയാള്‍ തന്റെ പച്ചക്കണ്ണുകള്‍ നല്ലപോലെ പ്രകാശിക്കുമാറു നടന്നുപോയി. പട്ടാളക്കാരന് ഒരു ചുവന്ന പരുക്കന്‍ കുപ്പായം ധരിച്ചിരുന്നു. അയാളുടെ സ്വന്തം ഭാഷയുപയോഗിക്കുകയാണെങ്കില്, `ഖേഴ്സണി'ല്‍വെച്ച് അയാള്‍ `തന്റെ സ്വന്തം കൈകൊണ്ട് ആര്ജ്ജിച്ചതാ'യിരുന്നു അത്. അയാള്‍ ഒരു മാറുടുപ്പ് ധരിച്ചിരുന്നു, കുപ്പായത്തിന്റെ മീതെ; ഒരു അനിശ്ചിതവര്ണ്ണത്തിലുള്ള ഒരു പട്ടാളത്തൊപ്പി, സൈന്യവകുപ്പിലെ നിര്‍ദ്ദേശാനുസരണം അയാള്‍ തന്റെ വലത്തെ പുരികക്കൊടിക്കു നേരെ മുകളിലായി അല്പം ചരിച്ച്, തലയില്‍ വെച്ചിട്ടുണ്ടായിരുന്നു; വീതിയിലുള്ള പരുത്ത കാലുറകള്‍ അയാളുടെ കാലുകളില്ക്കിടന്നു ചിറകടിച്ചു. നഗ്നമായിരുന്നു അയാളുടെ പാദങ്ങള്‍. നഗ്നപാദനായിരുന്നു ഞാനും.
ഞങ്ങള്‍ നടന്നുപോയി; മനോജ്ഞമായ ഒരു വികാരം വിദ്യോതിപ്പിച്ചുകൊണ്ട് ഞങ്ങളുടെ ചുറ്റുപാടും പരന്നുകിടന്നു ആ മൈതാനം; വേനല്ക്കാലത്തിലെ ഒരു മേഘനിരസ്തമായ ആകാശത്തിന്റെ അര്‍ദ്ധവൃത്താകൃതിയിലുള്ള ഒരു തപ്തനീലമുടിയാല് മേല്ക്കട്ടി ചാര്‍ത്തപ്പെട്ട അത് ഒരു പരന്ന പാടംപോലെ പരിലസിച്ചു. ചാരനിറത്തിലുള്ള ഒരു നിരത്ത് അതിനെ ഭേദിച്ചു വിസ്താരമുള്ള ഒരു നടവഴിയാക്കിയിരുന്നതു ഞങ്ങളുടെ പാദങ്ങളെ പൊള്ളിച്ചു. അവിടവിടെയായി മുറിച്ചെടുത്ത ധാന്യങ്ങളുടെ മൊട്ടക്കുറ്റികള് നിന്നിരുന്നത്, പട്ടാളക്കാരന്റെ വടിക്കപ്പെടാത്ത കവിള്ത്തടങ്ങളോട് ഒരു സവിശേഷ സാദൃശ്യം വഹിച്ചിരുന്നു.
ഒടുവില്‍പ്പറഞ്ഞ ആള്, അയാള്‍ നടക്കുന്ന വഴി, കര്‍ണ്ണാരുന്തുദമായ ഒരു പരുക്കന്‍ സ്വരത്തില്‍ പാടുകയായിരുന്നു.
``ദിവ്യമാം നിന്നുടെ `വിശ്രമാവസരം'
നിര്‍വ്യാജം വാഴ്ത്തുന്നേന്‍ ഞങ്ങളെല്ലാം!''
.......................................................... ഇങ്ങിനെ.
അയാള്‍ പട്ടാളത്തില്‍ ജോലി നോക്കിക്കൊണ്ടിരുന്ന കാലത്തു സൂക്തിഗായകന് എന്ന നിലയില്‍, സൈന്യങ്ങള്ക്കായിട്ടുള്ള പള്ളിയിലെ ഒരു ജോലിസ്ഥാനത്ത് ആളില്ലാതിരുന്ന അവസ്ഥയെ ദുരീകരിക്കാറുണ്ടായിരുന്നു; തല്‍ഫലമായി അയാള്‍ക്കു ദിവ്യസ്തോത്രങ്ങളെപ്പറ്റിയും, പള്ളിപ്പാട്ടുകളെക്കുറിച്ചും ഒരു വമ്പിച്ച അറിവു സിദ്ധിക്കുവാനിടയാവുകയും, ഞങ്ങളുടെ സംഭാഷണം നീണ്ടുപോകുന്ന അവസരങ്ങളില്‍ അയാള്‍ അതു തെറ്റിച്ചുപയോഗിക്കുകയും ചെയ്തു.
ചക്രവാളത്തിനെതിരെ ഞങ്ങളുടെ മുമ്പില്‍, ശാന്തമായ രേഖാരൂപങ്ങള്‍ കുന്നുകൂടുകയും അവയുടെ മൃദുലകാന്തി കടുംചുവപ്പില്‍നിന്നു വിളറിയ ഊതമായി മാറുകയും ചെയ്തു. `അവയായിരിക്കണം ക്രിമീന്‍ പര്‍വ്വതങ്ങള്‍' വിദ്യാര്‍ത്ഥി തട്ടിമൂളിച്ചു.
`പര്‍വ്വതങ്ങള്‍?' പട്ടാളക്കാരന് അത്ഭുതത്തോടുകൂടി ചോദിച്ചു:- `ഇത്ര വേഗത്തില്‍ അവയെ കണ്ടുതുടങ്ങുന്നോ, എന്റെ സ്നേഹിതാ! അത് ഒരു മേഘമാണ്... വെറും മേഘം! * കൂവ കുറുക്കിയതും പാലുംപോലെ.''
ഞാന്‍ അഭിപ്രായപ്പെട്ടു, ഞങ്ങളുടെ വിശപ്പിനെ, ഞങ്ങളുടെ ദിവസങ്ങളിലെ ശിക്ഷയെ, പെട്ടെന്നു വര്‍ദ്ധിച്ച ആ കുറുക്കുകൊണ്ടുതന്നെ യഥാര്‍ത്ഥത്തില്‍ ഉണ്ടാക്കീട്ടുള്ളതായിരുന്നു ആ മേഘമെങ്കില്‍ അതു നന്നായിരിക്കും എന്ന്.
`നരകം!' പട്ടാളക്കാരന് തുപ്പിക്കൊണ്ടു ശപിച്ചു. ``ജീവനോടുകൂടിയ ഒന്നിനെ കാണ്മാനില്ല.... ആരും.............. യാതൊന്നും ഇനി ചെയ്യാനില്ല, ശീതകാലത്തെ കരടികളുടെ മാതിരി നിങ്ങളുടെ കൈത്തലം വലിച്ചുകുടിക്കുകയല്ലാതെ.''
`ഞാന്‍ നിങ്ങളോട് പറഞ്ഞു, നമുക്ക് ജനവാസമുള്ള സ്ഥലങ്ങളിലേയ്ക്കു പോകേണ്ടിയിരുന്നു എന്ന്.'' സന്ദര്‍ഭത്തെ നന്നാക്കുന്ന ഒരാശയോടുകൂടി വിദ്യാര്‍ത്ഥി പറഞ്ഞു.
`നിങ്ങള്‍ പറഞ്ഞു ഞങ്ങളോട്'. പട്ടാളക്കാരന് അതിനോടൊത്തുചേര്ന്നു. `നിങ്ങള്‍ വിദ്യാഭ്യാസമുള്ള ആളാകകൊണ്ട്, നിങ്ങള്‍ ചുമതലക്കാരനാണ്, ഞങ്ങളോട് പറയുവാന്‍. എന്നാല്‍ എവിടെയാണ് മനുഷ്യവാസമുള്ള സ്ഥലങ്ങള്‍? ചെകുത്താനറിയുന്നു!'
വിദ്യാര്‍ത്ഥി ഒന്നുംതന്നെ പറഞ്ഞില്ല. എന്നാല്‍ അയാള്‍ അധരങ്ങള്‍ പല്ലുകൊണ്ടമര്ത്തി. ആദിത്യന് താഴുകയും അവര്‍ണ്ണനീയമായ വര്ണ്ണവിശേഷത്തോടുകൂടിയ അനേകമേഘശകലങ്ങള് ചക്രവാളത്തില്‍ നൃത്തം വെയ്ക്കുകയും ചെയ്തു. മണ്ണിന്റെയും ഉപ്പിന്റെയും ഒരു ഗന്ധമുണ്ടായിരുന്നു അവിടെ. ഈ രുചികരമായ പൊടിമണം ഞങ്ങളുടെ ആര്‍ത്തി ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു. അസ്വാസ്ഥ്യം ഞങ്ങളുടെ ഉദരത്തെ കരണ്ടു, -- ഒരു വിശേഷരീതിയിലുള്ള അസുഖവികാരം! ശരീരമാസകലമുള്ള മാംസപേശികളില്‍ നിന്നും വസ ചോര്‍ന്നുപോകുന്നതുപോലെ തോന്നി. അവ വരളുകയും അവയുടെ മാംസളത്വം വെടിയുകയും ചെയ്കയായിരുന്നു.
വരളിച്ചയാര്ന്ന ഒരു വലിവു വക്ത്രദ്വാരത്തിലും തൊണ്ടയിലും നിറയുകയും തലച്ചോറാകമാനം കലങ്ങിമറിയുകയും, ചെറിയ ഇരുണ്ട വസ്തുക്കള്‍ നയനങ്ങള്‍ക്കു മുമ്പില്‍ നൃത്തം വെയ്ക്കുകയും ചെയ്തു; ചിലപ്പോള്‍ ഇവ ആവിപറക്കുന്ന ഇറച്ചിക്കട്ടയുടേയോ, അല്ലെങ്കില്‍ കട്ടപിടിച്ച പാലപ്പത്തിന്റേയോ രൂപം കൈക്കൊണ്ടു. അനുസ്മൃതി `ഭൂതകാലത്തിന്റെ പൈശാചരൂപങ്ങളെ, മൂകങ്ങളായപൈശാചരൂപങ്ങളെ' ഞങ്ങള്‍ക്ക് കാട്ടിത്തന്നു. ആ സമയം അവ നൈസര്‍ഗ്ഗികമായ ഗുണം നിറഞ്ഞവയായിരുന്നു; എന്നാല്‍ അടുത്ത മാത്രയില്‍ ഒരു നിശിതകുഠാരം ഉതരാന്തരത്തിലേയ്ക്കു കുത്തിയിറക്കുന്നതുപോലെ ഞങ്ങള്‍ക്കു തോന്നി.
എന്നിട്ടും, ഞങ്ങളുടെ ഊഹങ്ങളെപ്പറ്റി അന്യോന്യം ആലോചിച്ചുകൊണ്ടും, വല്ല ആളുകളേയും കണ്ടെത്തുന്ന മട്ടുണ്ടോ എന്നറിവാനായി എല്ലാ വശങ്ങളിലും പരുഷമായി കണ്ണയച്ചുകൊണ്ടും അല്ലെങ്കില്‍ `ആര്‍മീനിയാ'യിലെ ചന്തയിലേയ്ക്കു പഴങ്ങള്‍ കയറ്റിക്കൊണ്ടുപോകുന്ന ഒരു ടാര്ട്ടാര് വണ്ടിയുടെ ഉച്ചത്തിലുള്ള `കറകറാരവം' കേള്ക്കന്നുണ്ടോ എന്നു ശ്രദ്ധിച്ചുകൊണ്ടും ഞങ്ങള്‍ നടന്നുപോയി.
എന്നാല്‍ വിജനവും മൂകവുമായിരുന്നു ആ മൈതാനപ്പരപ്പ്. മൂന്നുപേര്‍കൂടി നാലുറാത്തല് യവപ്പൊടിയപ്പവും അഞ്ചു കക്കരിക്കയും -- ചിലവിനു വരവുമായിട്ടു യാതൊരു പൊരുത്തവുമില്ല -- തിന്നിട്ട് ഏതാണ്ട് നാല്പതു `വെഴ്സെറ്റ്' ദൂരംനടക്കുകയും, അനന്തരം `പെറിക്കോ'വിലെ ചന്തസ്ഥലത്ത് കിടന്നുറങ്ങിയിട്ട് ഞങ്ങള്‍ വിശപ്പിനാല്‍ വിളിച്ചുണര്ത്തപ്പെടുകയും ആണുണ്ടായത്. വിദ്യാര്‍ത്ഥി ഞങ്ങളോട് `ഉറങ്ങേണ്ട, എന്നാല്‍ രാത്രി ജോലി ചെയ്യുവാനായി നന്നെ'ന്ന് ഉപദേശിക്കുകയുണ്ടായി.... സ്വകാര്യസ്വഭാവത്തിന്റെ ശക്തിമത്തായ ബഹിര്ഗ്ഗമനത്തെപ്പറ്റി, വിനയപൂര്‍ണ്ണമായ സഭാസമക്ഷം പറയുക പതിവില്ലാത്തതിനാല്‍, ഞാന്‍ ഇതില്‍ കൂടുതലായി അതിനെപ്പറ്റി യാതൊന്നുംതന്നെ പറയുകയില്ല. ന്യായവാദിയാവുക എന്നുള്ളതിലായിരുന്നു എനിക്കാഗ്രഹം. ദൂഷിതനാവുന്നത് എനിക്ക് വിപരീതവും നമ്മുടെ ഈ പരിഷ്കൃതകാലത്തിന്റെ മൂര്‍ദ്ധന്യദശയില്‍ മനുഷ്യര്‍ കൂടുതല്‍ മൃദുലഹൃദയന്മാരായിത്തീരുന്നതും, ഒരുവന് തന്റെ അയല്പക്കക്കാരനെ ഞെക്കിക്കൊല്ലുവാനുള്ള ഉദ്ദേശത്തോടുകൂടി കഴുത്തിന്നു പിടികൂടിയാല്‍ കഴിയുന്നത്ര കാരുണ്യാതിരേകത്തോടുകൂടിയും, സന്ദര്‍ഭാനുസൃതമായ ഏറ്റവും സുഗമമാര്ഗ്ഗത്തിലും ആണ് ആ കൃത്യം ചെയ്തുതീര്‍ക്കുന്നത് എന്നുള്ളതും എനിക്കു വളരെ നല്ലപോലെ അറിയാം. എന്റെ സ്വന്തം കഴുത്തിന്റെ പഴമപരിചയം തന്നെ ഈ സന്മാര്ഗ്ഗചാരിയായ അഭ്യുന്നതിയെ എത്രയും ജാഗ്രതയോടുകൂടി പരിശോധിച്ചു നോക്കുമാറാക്കീട്ടുള്ളതിനാല്, ആനന്ദമായ ഒരുത്തമ വിശ്വാസത്തോടുകൂടി ഈ ലോകത്തില്‍, എല്ലാംതന്നെ, നാള്‍ക്കുനാള്‍ വളരുകയും ഉല്ക്കര്ഷത്തെ പ്രാപിക്കുകയും ചെയ്യുകയാണെന്ന് സുദൃഢമായി സ്ഥാപിക്കുവാന്‍ എനിക്കു സാധിക്കും. കാരാഗൃഹങ്ങള്‍, പൊതുമന്ദിരങ്ങള്‍, ദുഷ്കീര്‍ത്തിയുടെ വിളനിലങ്ങളായ ഭവനങ്ങള്‍ ഇവയുടെ സംഖ്യയില്‍ വര്‍ഷംതോറുമുള്ള വലിയ വര്‍ദ്ധനകൊണ്ട് വിശേഷിച്ചും നമുക്കറിയാവുന്നതാണ് ആ `അഭ്യുദയം!'
അതിനാല്‍, ഞങ്ങളുടെ ക്ഷുധിതകണ്ഠാസവം വിഴുങ്ങിക്കൊണ്ടും, ഉദരാന്തരത്തിലുള്ള ഉരുക്കം തെല്ലൊന്ന് ശമിപ്പിക്കുവാനായി സസ്നേഹസംഭാഷണത്തില് ഏര്‍പ്പെട്ടുകൊണ്ടും ഞങ്ങള്‍, ജനരഹിതവും നിശ്ശബ്ദവുമായ ആ മൈതാനപ്പരപ്പിന്നു നെടുകെ അര്‍ത്ഥശൂന്യമായ ആശകളെക്കൊണ്ടു നിറഞ്ഞ ആദിത്യാസ്തമയത്തിന്റെ അരുണാഭയിലേയ്ക്ക് അടികള്‍ വെച്ചു. ഞങ്ങള്‍ക്കു മുന്നില്‍ തന്റെ കിരണതല്ലജങ്ങളാല് ചായം തേച്ചു മിനുക്കിയ മൃദുലജലദാവലിക്കുള്ളില് കനിവിന്നുറവായ കര്‍മ്മസാക്ഷി മന്ദംമന്ദം മറയുകയും, ഞങ്ങള്‍ക്കു പിന്നില്‍ ഇരുവശങ്ങളിലും, ആ നീലാന്ധകാരം ആ മൈതാനത്തില്‍നിന്നും ഉയര്‍ന്നുയര്‍ന്നു ഞങ്ങള്‍ക്കു ചുറ്റുമുള്ള സ്നേഹശൂന്യമായ ചക്രവാളത്തെ സങ്കുചിതമാക്കിത്തീര്ക്കുകയും ചെയ്കയായിരുന്നു.
`ഒരു തീയിനുള്ള വല്ല ചുള്ളികളും ശേഖരിക്കുക' ഒരു മരക്കഷണം പെറക്കിയെടുത്തുകൊണ്ട് പട്ടാളക്കാരന് പറഞ്ഞു. `നമുക്ക് രാത്രികഴിക്കേണ്ടതായിട്ടുണ്ട് ഈ മൈതാനത്തില്‍; അതിനു മഞ്ഞുണ്ടുതാനും. വല്ല ഉണക്കച്ചാണകപ്പാടുകളോ, ചുള്ളിലുകളോ -- എന്തായാലും വേണ്ടില്ല!'
ഞങ്ങള്‍ നിരത്തിന്റെ ഇരുവശങ്ങളിലേയ്ക്കുമായി വേര്‍പെടുകയും, ഉണക്കപ്പുല്ലോ കത്തുന്ന വല്ല വസ്തുക്കളോ ശേഖരിക്കുന്നതിന് ഒരുമ്പെടുകയും ചെയ്തു. എല്ലാ പ്രാവശ്യവും നിലത്തേയ്ക്കു കുനിയേണ്ട ആവശ്യമുണ്ടായിരുന്നു. അതിന്റെ മീതെ വീണു, കറുത്ത പോഷകാംശപരിപൂര്ണ്ണമായ ആ മണ്ണ്, ഒരുവന്ന് ഇനി ഒട്ടുംതന്നെ കഴിക്കുവാനാവുകയില്ലെന്നുള്ള നിലയിലെത്തുന്നതുവരെ, തിന്നുതിന്നു മതിയായിട്ടു പിന്നീട് കിടന്നുറങ്ങുവാനുള്ള ഒരാശകൊണ്ട് നിറഞ്ഞതായിരുന്നു ശരീരമാകമാനം. ഒരുവന്ന് ഭക്ഷിക്കുകയും, ആ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വക്ത്രത്തില്കൂടി മന്ദംമന്ദം കീഴോട്ടിറങ്ങി വരണ്ടിരിക്കുന്ന തൊണ്ടക്കുഴലില്കൂടി ചെന്നു, ദഹിപ്പിക്കുവാന്‍ വല്ലതും കിട്ടാനുള്ള ആശകൊണ്ട് തപ്തമായ, ക്ഷുധിതോദരാന്തത്തിലെത്തിച്ചേരുന്നത് അനുഭവപ്പെടുകയും, ചെയ്യുവാന്‍ സാധിക്കും എന്നു വരുകില്‍ അത് എന്നെന്നേയ്ക്കുമായി നീണ്ടുനില്‍ക്കുന്ന ഒരു നിദ്രയായാല്‍ എന്ത്?
`വെറും ഒരു കിഴങ്ങോ മറ്റോ കിട്ടുമായിരുന്നെങ്കില്‍, നമുക്ക്' പട്ടാളക്കാരന് ഒന്നു നിശ്വസിച്ചു. `നിങ്ങള്‍ക്ക് തിന്നാവുന്ന കിഴങ്ങുകള്‍ ഉണ്ട്...'
എന്നാല്‍ ഉഴുതിട്ടിരുന്ന ആ കറുത്ത നിലത്ത് ഒരു കിഴങ്ങും ഉണ്ടായിരുന്നില്ല. തെക്കന്രാത്രി വേഗത്തില്‍ ഇറങ്ങിയെത്തി; നീരന്ധ്രനീലാംബരത്തില് നക്ഷത്രരാജി മിന്നിത്തിളങ്ങവെ, ആദിത്യന്റെ അവസാനാംശുക്കളും ആകമാനം മാഞ്ഞു മറയുകയും, ഞങ്ങള്‍ക്കു ചുറ്റുമുള്ള നിഴലുകള്‍ മൈതാനത്തിലെ നടവഴിയുടെ ഇടുങ്ങിയ പരപ്പിനെ അടച്ചുകൊണ്ടു കൂടുതല്‍കൂടുതല്‍ അടുത്തടുത്തണഞ്ഞ് ഒടുവില്‍ ഒന്നിച്ചു കൂടുകയും ചെയ്തു. `സോദരാ!' വിദ്യാര്‍ത്ഥി മന്ത്രിച്ചു. `ഒരു മനുഷ്യന് കിടക്കുന്നുണ്ട് നമുക്കിടത്തുഭാഗത്ത്.'
`ഒരു മനുഷ്യന്?' പട്ടാളക്കാരന് സംശയത്തോടുകൂടി ചോദിച്ചു. `എന്തിനായിരിക്കാം അയാള്‍ കിടക്കുന്നതവിടെ?'
`പോയി ചോദിക്കുക അയാളുടെ കയ്യില്‍ കുറെ അപ്പം കണ്ടേയ്ക്കാം, അയാള്ക്കിങ്ങിനെ ഈ മൈതാനത്തില്‍ മലര്ന്നടിച്ചുകിടക്കാന് കഴിയുമെങ്കില്‍!' വിദ്യാര്‍ത്ഥി സമര്‍ത്ഥിച്ചു. ചൂണ്ടിക്കാണിക്കപ്പെട്ട വഴിയെ കണ്ണയച്ചുകൊണ്ടും, അകാരണമായി തുപ്പിക്കൊണ്ടും പട്ടാളക്കാരന് പറഞ്ഞു, `നമുക്ക് പോകാം അയാളുടെ അടുത്ത്.'
ഏതാണ്ട് അമ്പതു `സാജന്' അകലെ നിരത്തിന്നിടത്തുവശത്തു നിലത്തു കിടക്കുന്ന ഒരു മനുഷ്യനെ, കറുത്ത മണല്‍ക്കുന്നുകളുടെ ഇടയില്‍ക്കൂടി വിദ്യാര്‍ത്ഥിയുടെ കൂര്‍മ്മതയേറിയ പച്ചക്കണ്ണുകള്ക്കു മാത്രമേ കാണുവാന്‍ കഴിയുമായിരുന്നുള്ളൂ. അയാളുടെ പക്കല്‍ ഭക്ഷണം കണ്ടേയ്ക്കാമെന്നുള്ള ഞങ്ങളുടെ ഈ പുതിയ ആശ, ഞങ്ങളുടെ വിശപ്പിന്റെ എടുത്തുചാട്ടത്തെ കൂടുതല്‍ ദ്രുതപ്പെടുത്തുകയും, ഉഴുതിട്ടിരുന്ന മണ്‍കട്ടകളുടെ മീതെ വേഗം വേഗം ചവിട്ടിക്കൊണ്ടു ഞങ്ങള്‍ അയാളുടെ അടുത്തേയ്ക്ക് നടന്നു പോവുകയും ചെയ്തു. ഞങ്ങള്‍ അയാള്‍ക്കു നന്നെ അടുത്തെത്തി; എന്നാല്‍ മനുഷ്യന് ഇളകിയതേയില്ല.
`പക്ഷേ ഒരു മനുഷ്യനല്ല ഇത്', പട്ടാളക്കാരന് എല്ലാവരുടേയും ചിന്ത, മങ്ങിയ മട്ടില്‍ പ്രകടിപ്പിച്ചു.
എന്നാല്‍ ഞങ്ങളുടെ ശങ്ക ശിഥിലീകൃതമായി അതേ ആ നിമിഷത്തില്‍ത്തന്നെ. നിലത്തുണ്ടായിരുന്ന ആ കൂമ്പാരം പെട്ടെന്നു ഇളകി ഉയരുകയും, ജീവിക്കുന്ന ഒരു യഥാര്‍ത്ഥ മനുഷ്യനാണു അത് എന്നു ഞങ്ങള്‍ക്കു കാണാന്‍ കഴിയുകയും ചെയ്തു. അയാള്‍ കൈ ഞങ്ങളുടെ നേര്‍ക്കു നീട്ടിക്കൊണ്ടു, മുട്ടുകുത്തി അവിടെ ഇരിപ്പായി.
`നില്ക്കുക, അല്ലെങ്കില്‍ ഞാന്‍ വെടിവെയ്ക്കും!' അയാള്‍ ഭയങ്കരമായ ഒരു പരുഷസ്വരത്തില്‍ അട്ടഹസിച്ചു.
അതിരൂക്ഷമായ ഒരു വാക്ക്പാതം ശീതകളങ്കിതമായ വായുവിനെ തെല്ലൊന്നിളക്കി മറിച്ചു.
ഒരാജ്ഞാമൊഴിയ്ക്കെന്നപോലെ ഞങ്ങള്‍ വഴങ്ങി നില്‍ക്കുകയും, ആനന്ദകരമായ ആ സ്വാഗതത്തില്‍ മതിമറന്നു കുറച്ചു മാത്രകള്‍ ഞങ്ങള്‍ നിശ്ശബ്ദം നിലകൊള്ളുകയും ചെയ്തു.
`കൊള്ളാം. ഒരിക്കലും ഞാന്‍! തെമ്മാടി!' കേള്‍ക്കത്തക്കവിധം പട്ടാളക്കാരന് മന്ത്രിച്ചു.
`ഉം! ഒരു കൈത്തോക്കോടുകൂടി യാത്ര ചെയ്യുന്നു!' വിദ്യാര്‍ത്ഥി ആലോചനാപൂര്‍വ്വം പറഞ്ഞു. `നല്ലോണം ഉപ്പുപിടിച്ചിട്ടുള്ള ഒരു ഉണക്കപ്പരല്മീനായിരിക്കണം.'
`ഛീ!' പട്ടാളക്കാരന് ഗര്‍ജ്ജിച്ചു. പരമാര്‍ത്ഥത്തില്‍ അയാള്‍ ഏതോ ചില വഴി ഉറപ്പിച്ചിട്ടുണ്ടായിരുന്നു.
ആ മനുഷ്യന് അയാളുടെ നില ഭേദപ്പെടുത്തുകയോ, മിണ്ടുകയോ ഉണ്ടായില്ല.
`ഹേയ്, നിങ്ങള്‍! ഞങ്ങള്‍ ഉപദ്രവിക്കില്ല നിങ്ങളെ .... കുറെ അപ്പം ഞങ്ങള്‍ക്കു തരിക.... ഞങ്ങള്‍ പട്ടിണിയാണ്. അപ്പം തരിക ഞങ്ങള്‍ക്ക്, സോദരാ, കൃസ്തുവിനെ ഓര്‍ത്ത്, പുണ്യമുണ്ട് നിങ്ങള്‍ക്ക്.'
ഒടുവിലത്തെ വാക്കുകള്‍ ഉച്ചരിക്കപ്പെട്ടത് അയാളുടെ ശ്വാസത്തിന്നു കീഴിലായിരുന്നു.
ആ മനുഷ്യന് മൗനം പൂണ്ടു.
`കേട്ടുകൂടേ നിങ്ങള്‍ക്ക്?' കോപംകൊണ്ടും നിരാശകൊണ്ടും വിറച്ചുകൊണ്ട് പട്ടാളക്കാരന് ചോദിച്ചു. `ഞങ്ങള്‍ വരികയേ ഇല്ല നിങ്ങളുടെ അടുത്ത്? എറിയുക, ഇങ്ങോട്ടെറിയുക, ഞങ്ങളുടെ നേരെ.'
`കൊള്ളാം. ശരി' മനുഷ്യന് പെട്ടെന്നു പറഞ്ഞു.
അയാള്‍ പറഞ്ഞിരുന്നുവെന്നിരിക്കട്ടെ, `എന്റെ പൊന്നുസഹോദരങ്ങളേ' എന്ന്; ആ വാക്കുകള്‍ക്കുള്ളില്‍ ഏറ്റവും ദിവ്യവും പരിപാവനവും ആയ വികാരോദ്ദേശങ്ങള് സമര്‍പ്പണം ചെയ്തിരുന്നു എന്നും ഇരിക്കട്ടെ; അവ ഞങ്ങളെ കൂടുതല്‍ ഉണര്ത്തുകയോ ഞങ്ങളെ കൂടുതല്‍ മനുഷ്യത്വമുള്ളവരാക്കിത്തീര്ക്കുകയോ ചെയ്യുമായിരുന്നില്ല, ആ പരുഷസ്വരത്തില്‍ പറയപ്പെട്ടതും, വകതിരിവറ്റതും ആയ `കൊള്ളാം, ശരി'യേക്കാള്‍.
`ഞങ്ങളെപ്പറ്റി ഭയപ്പെടേണ്ട, ഹേ നല്ല മനുഷ്യാ', ഞങ്ങളില്‍ നിന്ന് അകലെ, കുറഞ്ഞത് ഒരിരുപത് കാല്ച്ചുവടെങ്കിലും അകലെ ആയിരുന്നതിനാല്‍ ആ മനുഷ്യന്നു കാണുവാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അധരങ്ങളില്‍ നന്ദിദ്യോദകമായ ഒരു ചെറുപുഞ്ചിരിയോടുകൂടി പട്ടാളക്കാരന് സദയം പറഞ്ഞു. `ഞങ്ങള്‍ ശാന്തന്മാരായ കൂട്ടരാണ്; ഞങ്ങള്‍ റഷ്യയില്‍ നിന്നും ക്യൂബാനിലേയ്ക്ക് പോകുന്നു; ഞങ്ങളുടെ പണമെല്ലാം നഷ്ടപ്പെട്ടു. ഉണ്ടായിരുന്നതൊക്കെ ഞങ്ങള്‍ തിന്നുകഴിഞ്ഞു. രണ്ടുദിവസമായിരുന്നു ഞങ്ങള്‍ക്ക് ഒരു നേരം ഭക്ഷണം ഉണ്ടായിട്ട്.'
`നില്ക്കുക!' വായുവില്‍ തന്റെ കൈ ഉയര്‍ത്തിക്കൊണ്ട് ആ മനുഷ്യന് പറഞ്ഞു. ഒരു കറുത്ത കട്ട പുറത്തേയ്ക്ക് പറന്നു പറന്നു ഞങ്ങളുടെ അടുത്ത് ഉഴുതിട്ട നിലത്തു വന്നുവീണു. വിദ്യാര്‍ത്ഥി അതിന്റെ മീതെ പതിച്ചു.
`നില്ക്കുക, ഇതാ ഇനിയും, ഇനിയും, .......... അത്രേയേ ഉള്ളൂ; എന്റെ കയ്യില്‍ ഇനി ഇല്ല.'
വിദ്യാര്‍ത്ഥി ഈ യഥാര്ത്ഥനിധികള് ശേഖരിച്ചുകൊണ്ട്ുവന്നപ്പോള് അത് ഉദ്ദേശം നാലുറാത്തല് വരുന്ന, പഴകിയതും മണ്ണുകൊണ്ടു പൊതിയപ്പെട്ടതും ആയ കറുത്ത അപ്പമാണെന്നു ഞങ്ങള്‍ക്കു കാണുവാന്‍ സാധിച്ചു. ഒടുവില്‍ പറഞ്ഞ, അപ്പത്തിന്റെ അവസ്ഥ ഞങ്ങളെ അണുമാത്രമെങ്കിലും അസഹ്യപ്പെടിത്തിയില്ല; ആദ്യത്തേതു ഞങ്ങളെ വളരെയധികം പ്രീതിപ്പെടുത്തി. എന്തുകൊണ്ടെന്നാല്‍, കുറഞ്ഞ തണുപ്പുള്ളതുകൊണ്ട് പഴകിയ അപ്പമായിരുന്നു പുതിയതിനേക്കാള്‍ തൃപ്തികരം.
`ദേയ്...........ദേയ്.........ദേയ്' പട്ടാളക്കാരന് ഞങ്ങളുടെ ഓരോരുത്തരുടെയും പങ്ക്, ഞങ്ങള്‍ക്കു തന്നു. `അവ ഒപ്പമല്ല. നിങ്ങളുടേതില്‍ നിന്ന് ഒരുനുള്ളുകൂടി എടുക്കേണം എനിക്ക്, ഹേ പണ്ഡിതന്, അല്ലെങ്കില്‍ വേണ്ടിടത്തോളം ഉണ്ടാവുകയില്ല ഇയാള്‍ക്ക്.'
വിദ്യാര്‍ത്ഥി ഒരൗണ്‍സ് അപ്പത്തില്‍ ഒരു കുറഞ്ഞ ഭാഗത്തിന്റെ നഷ്ടത്തിന് അനുസരണത്തോടുകൂടി വഴങ്ങി. ഞാന്‍ ആ തുണ്ടം എടുത്ത് വായില്‍ ഇടുകയും, അത് ചവയ്ക്കാനൊരുമ്പെടുകയും ചെയ്തു. കല്ലുപോലും ചവച്ചരയ്ക്കാന്‍ സന്നദ്ധമായിരുന്ന എന്റെ കടവായിന്റെ ശക്തിമത്തായ ക്ഷോഭം അല്പമൊന്നു നിയന്ത്രിക്കുവാന്‍ നന്നെ പണിപ്പെട്ടുകൊണ്ട് ഞാനതു വളരെ സാവധാനം ചവച്ചുതുടങ്ങി. എന്റെ അന്നവാഹിനിയിലുള്ള മാംസപേശികളുടെ ശക്തിമത്തായ തുടിപ്പ് അറിയുന്നതിനും, അവയെ അല്‍പ്പാല്‍പ്പമായി ശമിപ്പിക്കുന്നതിനും എനിക്ക് രസകരമായ ഒരു തോന്നല്‍ ഉണ്ടായി. അവര്‍ണ്ണനീയവും പ്രകടനാതീതവും ആയ മാധുര്യം നിറഞ്ഞ അപ്പം, വായ നിറയെ, വായ നിറയെ ആയി ഉദരഗ്വഹരത്തിലേയ്ക്കു തിക്കിത്തിരക്കിക്കയറുകയും, അതേനിമിഷം തന്നെ അതു രക്തവും തലച്ചോറുമായി രൂപാന്തരപ്പെടുകയും ചെയ്യുന്നതുപോലെ തോന്നി. ആനന്ദം, അത്ഭുതാവഹവും, ശാന്തികരവും, ഉന്മേഷപ്രദവും ആയ ഒരാനന്ദം, വയറു നിറഞ്ഞു നിറഞ്ഞുവരുന്ന അളവനുസരിച്ച് ഹൃദയത്തില്‍ മിന്നിത്തിളങ്ങി. ആകപ്പാടെ പൊതുവായിട്ടുള്ള നില ഒരുമാതിരി മന്ദതയായിരുന്നു. ഈ ശപിക്കപ്പെട്ട കുറേ ദിവസങ്ങളിലായി ഞാന്‍ അനുഭവിച്ച ഒടുങ്ങാത്ത വിശപ്പും, എന്റേതുപോലെതന്നെ ആനന്ദമായ വികാരങ്ങളില്‍ നിര്ല്ലീനരായിരുന്ന എന്റെ സഹഗാമികളേയും, ഞാന്‍ വിസ്മരിച്ചു. എന്നാല്‍ എന്റെ ഉള്ളംകയ്യിലെ അവസാനഅപ്പക്കഷണവും, വായിലേക്കെറിഞ്ഞുകഴിഞ്ഞപ്പോള് ഒരു നശിച്ച വിശപ്പ് എനിക്കു തോന്നിത്തുടങ്ങി.
`ആ ചെകുത്താന്റെ കയ്യില്‍ കുറെക്കൂടി കാണുമായിരിക്കും, അയാളുടെ കയ്യില്‍ കുറെ ഇറച്ചിയും കൂടി കാണുമെന്നു ഞാന്‍ തീര്‍ത്തുപറയാം' പട്ടാളക്കാരന് നിലത്തിരുന്നു അയാളുടെ വയറു തിരുമ്മിക്കൊണ്ട് മുറുമുറുത്തു.
`തീര്ച്ചയാണയാളുടെ പക്കല്‍ ഉണ്ടെന്നുള്ളത്; അപ്പത്തിന് ഇറച്ചിയുടെ മണമുണ്ടായിരുന്നു. ഇനിയും അയാളുടെ കയ്യില്‍ അപ്പമുണ്ടെന്ന് എനിക്കു നിശ്ചയമുണ്ട്.' വിദ്യാര്‍ത്ഥി ഒരു ദീര്‍ഘനിശ്വാസത്തോടുകൂടി പറഞ്ഞു.
`ആ കൈത്തോക്കില്ലായിരുന്നു എങ്കില്‍.............'
`ആരാണയാള്‍, ഏ?'
`നമ്മുടെ സോദരന് ഐസാക്ക്, വാസ്തവം.'
`പട്ടി!' പട്ടാളക്കാരന് അവസാനിപ്പിച്ചു.
ഞങ്ങള്‍ തൊട്ടുതൊട്ടിരിക്കയായിരുന്നു, കൈത്തോക്കോടുകൂടിയിരുന്ന ഞങ്ങളുടെ രക്ഷകന്റെ നേരെ സഹായം അഭ്യര്‍ത്ഥിക്കുന്ന വീക്ഷണത്തോടുകൂടി; നിര്‍ജ്ജീവമായ ഒരു മൂകത ആ മൈതാനപ്പരപ്പു ഭരിച്ചിരുന്നു; ഞങ്ങള്‍ക്കു കേള്‍ക്കാന്‍ കഴിയുമായിരുന്നു, ഞങ്ങളുടെ ഓരോരുത്തരുടെയും ശ്വാസോച്ഛ്വാസം. അപ്പപ്പോള്‍ ആയി ഒരു `ചെവിയ'ന്റെ ദീനരോദനം അവിടെ ആഗമിച്ചു. നക്ഷത്രങ്ങള്‍, സ്വര്‍ഗ്ഗത്തിന്റെ ജീവിയ്ക്കുന്ന പുഷ്പങ്ങള്‍, പ്രകാശിക്കുന്നുണ്ടായിരുന്നു ഞങ്ങള്‍ക്കു മുകളില്‍.
................................................ ഞങ്ങള്‍ക്കു വല്ലാതെ വിശക്കുന്നു.
ആ, ഏതാണ്ട് വിചിത്രമായ നിശീഥത്തില്‍, ഞാന്‍ അഭിമാനത്തോടുകൂടി പറയാം, എന്റെ തക്കത്തിനു കിട്ടിയ കൂട്ടുകാരേക്കാള്‍, കൂടുതല്‍ നല്ലതോ ചീത്തയോ ആയിരുന്നില്ല ഞാന്‍ എന്ന്. ആ മനുഷ്യന്റെ അടുത്തേയ്ക്ക് പോകാമെന്നു ഞാന്‍ അഭിപ്രായപ്പെട്ടു. നമുക്കയാളെ യാതൊരുപദ്രവവും ചെയ്യേണ്ട ആവശ്യമില്ല; പക്ഷേ അയാളുടെ ഭക്ഷണസാധനങ്ങള്‍ മുഴുവന്‍ നമുക്ക് തിന്നണം. അയാള്‍ വെടി വെയ്ക്കുകയാണെങ്കില്‍ ആവട്ടെ, നമ്മള് മൂന്നുപേരുള്ളതില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്കുമാത്രമേ വെടിയേല്ക്കുവാന് തരമാവുകയുള്ളൂ, അതു തന്നെ അത്ര എളുപ്പവുമല്ല, അഥവാ ഒരാള്‍ക്കു വെടിയേല്ക്കുകയാണെങ്കില്ത്തന്നെ വ്രണം അത്ര അപായകരമായിത്തീരാനും തരമില്ല.
`വരിക!' ചാടി എഴുന്നേറ്റുകൊണ്ട് പട്ടാളക്കാരന് പറഞ്ഞു.
വിദ്യാര്‍ത്ഥി ഉള്ളതില്‍ പുറകിലായി, ഞങ്ങള്‍ മിക്കവാറും ഒരോട്ടത്തില്‍ അങ്ങോട്ടു പായി. `കൂട്ടുകാരാ!' ശകാരസ്വരത്തില്‍ പട്ടാളക്കാരന് വിളിച്ചു പറഞ്ഞു.
പല്ലു ഞെരിച്ചല്കൊണ്ടു പതറിയ ഒരു പരുക്കന്‍ ഗര്‍ജ്ജനം, മണിയടിപോലുള്ള ഒരു നേരീയ ശബ്ദം, ഒരു മിന്നിച്ച അതോടൊന്നിച്ച് ഒരുണ്ടയും പുറത്തേയ്ക്കൊരു ചാട്ടം.
`തെറ്റിപ്പോയെടാ ലാക്ക്' ഒരൊറ്റക്കുതിയില് ആ മനുഷ്യന്റെ സമീപം പറ്റിക്കൊണ്ട് പട്ടാളക്കാരന് ഉല്ഘോഷിച്ചു. `ഇപ്പോള്‍, എടാ പിശാചേ, ഇനി നിനക്കു കിട്ടും ഇത്.'
വിദ്യാര്‍ത്ഥി സ്വയം ആ മനുഷ്യന്റെ `ചേളാപ്പി'ല്‍ പതിച്ചു. `പിശാച്ു നിലത്തുരുണ്ടുകൊണ്ടും കൈകളെക്കൊണ്ടു തടുത്തുകൊണ്ടും കിടന്നുറക്കെ നിലവിളിക്കാന്‍ തുടങ്ങി.
`എന്തൊരു പിശാചു്' അയാളുടെ അമ്പരപ്പില്‍ പട്ടാളക്കാരന് പ്രലപിച്ചു. അയാള്‍ ആ മനുഷ്യനെ ചവിട്ടുവാനായി കാല് ഉയര്‍ത്തിക്കഴിഞ്ഞിരുന്നു. `അയാള്‍ സ്വയം അയാളെത്തന്നെ വെടിവെച്ചിരിക്കണം. ഹേയ്! എടോ! താന്‍ തന്നെത്തന്നെ വെടിവെച്ചോ?'
`ഇതാ ഇറച്ചി, ഇതാ പഴങ്ങള്‍, അപ്പം ഇവ ധാരാളം, സോദരന്മാരേ!, വിദ്യാര്‍ത്ഥി അതിരറ്റതായ ആനന്ദത്തില്‍ വിളിച്ചുപറഞ്ഞു.
`ഓ, ചാവട്ടെ, തുലയട്ടെ....... വന്നു തിന്നുക, കൂട്ടുകാരേ!' പട്ടാളക്കാരന് പറഞ്ഞു.
ഞാന്‍ ആ മനുഷ്യന്റെ കയ്യില്‍ നിന്നും കൈത്തോക്കെടുത്തു. അയാള്‍ കരച്ചിലെല്ലാം നിറുത്തി നിശ്ചലമായി കിടക്കുകയായിരുന്നു. ഒരുണ്ടകൂടി അടങ്ങീട്ടുണ്ടായിരുന്നു ആ തോക്കിനുള്ളില്‍.
വീണ്ടും ഞങ്ങള്‍ തിന്നുകയായി, മൗനത്തിലുള്ള തീറ്റ. മനുഷ്യനും ഒരു കാലുപോലും അനക്കാതെ നിശ്ചലമായി കിടന്നു. ഞങ്ങള്‍ ശ്രദ്ധയുടെ ഏറ്റവും തുച്ഛമായ ഒരു കണിക പോലുമയച്ചില്ല അയാളുടെ നേരെ.
`നിങ്ങളിതെല്ലാം ചെയ്തത് പരമാര്‍ത്ഥത്തില്‍ അപ്പത്തിനു മാത്രം വേണ്ടിയാണോ, സഹോദരന്മാരേ?' വിറയലുള്ള ഒരു പരുക്കന്‍ സ്വരം പെട്ടെന്നു ചോദിച്ചു.
ഞങ്ങളെല്ലാം ഞെട്ടി. വിദ്യാര്‍ത്ഥി ശ്വാസം മൂടി, നിലത്തുകിടന്നു ചുമയ്ക്കുക കൂടിചെയ്തു.
ഒരു കവിള് ആഹാരം ചവച്ചുകൊണ്ട് പട്ടാളക്കാരന് ശപിച്ചു.
`എടാ നായിന്റെ ജന്മമേ, നീ പൊട്ടിത്തെറിക്കുമോ ജീര്‍ണ്ണിച്ച ഒരു മരക്കൊള്ളിപോലെ? നീ വിചാരിച്ചോ ഞങ്ങള്‍ക്കു നിന്റെ തൊലിയുരിക്കുവാന് ആവശ്യമുണ്ടായിരുന്നു എന്ന്? എന്തു ഗുണമാണ് നിന്റെ തൊലി കൊണ്ട് ഞങ്ങള്‍ക്ക്? എടാ നാശംപിടിച്ച കള്ളുംകുടമേ! സ്വയം ആയുധം ധരിച്ചു വെടിവെയ്ക്കുന്നു മനുഷ്യരെ, പിശാച്.'
ഈ സമയമെല്ലാം അയാള്‍ തിന്നുകൊണ്ടിരുന്നതിനാല് അയാള്‍ ഉപയോഗിച്ച ഭാഷയുടെ ശക്തിയാകമാനം അതു കവര്‍ന്നിരുന്നു.
`ക്ഷമിക്കു, ഞങ്ങളുതു തിന്നു കഴിയുന്നതുവരെ. പിന്നെ ഞങ്ങള്‍ തീരുമാനിക്കാം നിന്നോടുകൂടി' നടുങ്ങുന്ന രീതിയില്‍ വിദ്യാര്‍ത്ഥി പറഞ്ഞു.
ഞങ്ങളെ ഭയപ്പെടുത്തിയ, തേങ്ങിത്തേങ്ങിക്കരയുന്ന ഒരു ദീനാരാവത്താല് ശിഥിലമാക്കപ്പെട്ട നിരാശയുടെ നിശ്ചലത.
`സഹോദരന്മാരേ!....... എങ്ങിനെയാണ് ഞാന്‍ അറിയുക? ഞാന്‍ വെടിവെച്ചു, എന്തുകൊണ്ടെന്നാല്‍ ഞാന്‍ ഭയപ്പെട്ടുപോയി. ഞാന്‍ ന്യൂഏതന്സില് നിന്നും........ സ്മോലാന്സ്ക് സംസ്ഥാനത്തിലേക്കുള്ള പോക്കാണ്.... അയ്യോ ഈശ്വരാ, എനിക്കു പനി പിടിപെട്ടുപോയി..... സൂര്യന് മറഞ്ഞാല്‍ അതു വന്നുകൂടുന്നു. മഹാവല്ലാത്ത പാപിയാണ് ഞാന്‍!....... എനിക്കവിടെ തച്ചുപണിയായിരുന്നു..... തൊഴിലില്‍ ഒരു തച്ചനാണ് ഞാന്‍...... എനിക്ക് വീട്ടില്‍ ഒരു ഭാര്യയും, രണ്ട് കൊച്ചുപെണ്‍കുട്ടികളും ഉണ്ട്....... നാലുകൊല്ലമായി ഞാന്‍ അവരെ കണ്ടിട്ട്.......... സോദരന്മാരേ......... എല്ലാം തിന്നുക............'
`ഞങ്ങളതു ചെയ്തുകൊള്ളാം തന്റെ അനുവാദമില്ലാതെ തന്നെ.' വിദ്യാര്‍ത്ഥി പറഞ്ഞു.
`അയ്യോ ഈശ്വരാ, നിങ്ങള്‍ മൃദുലഹൃദയന്മാരും, ശാന്തന്മാരുമായ ആളുകളാണെന്നു മാത്രം ഞാനറിഞ്ഞിരുന്നുവെങ്കില്‍...... നിങ്ങള്‍ വിചാരിക്കുന്നോ ഞാന്‍ വെടിവെയ്ക്കുമായിരുന്നു എന്ന്? എന്നാല്‍ സഹോദരന്മാരെ, ഈ രാത്രി ഈ മൈതാനത്തില്‍ നിങ്ങള്‍ക്കെന്താണുള്ളത്?........... എന്നെയാണോ കുറ്റപ്പെടുത്തേണ്ടത് ഇതില്‍?'
അയാള്‍ പറയുമ്പോള്‍ കരയുകയായിരുന്നു; അല്ലെങ്കില്‍ കൂടുതല്‍ ശരിയായിട്ട്, ഒരു വിറപൂണ്ട ഭയാകുലമായ ദീനസ്വരം വമിക്കുകയായിരുന്നു.
`ഇതാ അയാള്‍ മോങ്ങിത്തുടങ്ങുന്നു' പട്ടാളക്കാരന് വെറുപ്പോടുകൂടിയ സ്വരത്തില്‍ പറഞ്ഞു.
`അയാളുടെ കൈവശം പക്ഷേ കുറേ പണമുണ്ടായിരിക്കാം.' വിദ്യാര്‍ത്ഥി അഭിപ്രായപ്പെട്ടു.
പട്ടാളക്കാരന് അയാളുടെ കണ്ണുകള്‍ പകുതി അടച്ച്, അയാളുടെ നേരെ നോക്കി, ചിരിച്ചു.
`നിങ്ങള്‍ ഒരു നല്ല ആളാണ് ഊഹിയ്ക്കുന്നതില്............. വരിക, നമുക്ക് ഒരു തീപുട്ടി കിടക്കാന്‍ പോകാം.'
`പിന്നെ അവന്റെ കാര്യമെന്താ?' വിദ്യാര്‍ത്ഥി തിരക്കി.
`അവനേതു പിശാചിന്റെ അടുത്തെങ്കിലും പോകട്ടെ. നിങ്ങള്‍ക്കവനെ വറുത്തുപൊരിക്കണമെന്നില്ലല്ലോ, ഏ?'
`അവന് അര്ഹിക്കുന്നുണ്ടത്.' വിദ്യാര്‍ത്ഥി അയാളുടെ കൂര്‍ത്തു മുനയോടുകൂടിയ തല കുലുക്കി.
തന്റെ ദീനരോദനത്താല്‍ തച്ചന് ഞങ്ങളെ തടഞ്ഞുനിര്‍ത്തിയപ്പോള്‍, കയ്യില്‍ നിന്നും വീണുപോയ, ഞങ്ങള്‍ ശേഖരിച്ചിരുന്ന, സാധനങ്ങള്‍ കണ്ടുപിടിക്കുവാന്‍ ഞങ്ങള്‍ പോയി. ഞങ്ങള്‍ അത് കൊണ്ടുവന്ന് ഒരഗ്നികുണ്ഡത്തിന്റെ മുമ്പില്‍ ഇരിക്കയായി. ഞങ്ങള്‍ ഇരുന്നിരുന്ന കുറച്ച് സ്ഥലം പ്രശോഭിപ്പിച്ചുകൊണ്ട് അതു മന്ദംമന്ദം ആ നിശ്ചലനിശീഥത്തില് കത്തിക്കാളി. വീണ്ടും അത്താഴം കഴിക്കുവാന്‍ കഴിഞ്ഞതുനിമിത്തം ഞങ്ങള്ക്കുറക്കം വന്നു.
`സഹോദരന്മാരേ,' തച്ചന് വിളിച്ചു. അയാള്‍ തങ്ങളില്‍ നിന്നും മൂന്നു കാല്ച്ചുവടകലത്തില് കിടക്കുകയായിരുന്നു; എനിക്കുതോന്നി അയാള്‍ മന്ത്രിക്കുന്നതെനിക്കു കേള്‍ക്കുവാന്‍ സാധിക്കുമായിരുന്നു, എന്ന്.
`ശരി; എന്താ?' പട്ടാളക്കാരന് ചോദിച്ചു.
`എനിക്കു വരാമോ നിങ്ങളുടെ അടുത്ത്.......... തീയിന്റെ അടുത്ത്? ഞാന്‍ മരിക്കുന്നു........... എന്റെ എല്ലുകളെല്ലാം വേദനിക്കുന്നു.......... അയ്യോ, ഈശ്വരാ, എനിക്കൊരിക്കലും വീടുപറ്റാനാവുകയില്ല......................'
`ഇങ്ങോട്ടിഴഞ്ഞു വരിക!' വിദ്യാര്‍ത്ഥി പറഞ്ഞു.
പതുക്കെ ഒരു കയ്യോ കാലോ പോകുന്നതിലുള്ള ഭയത്തോടുകൂടി, തച്ചന് നിലത്തുകൂടി തിയ്യിന്റെ അടുത്തേയ്ക്കു നിരങ്ങി. അയാള്‍ ചടച്ചു പൊക്കം കൂടിയ ഒരാളായിരുന്നു. അയാളുടെ വസ്ത്രങ്ങള്‍ ഭയങ്കരമാംവണ്ണം അഴിഞ്ഞുലഞ്ഞു ദേഹത്തില്‍ തൂങ്ങിക്കിടക്കുകയും, അയാളുടെ വിസ്താരമുള്ള വിഹ്വലനേത്രങ്ങളില് അയാള്‍ അനുഭവിച്ചിരുന്ന വേദന പ്രതിഫലിക്കയും ചെയ്തിരുന്നു. അയാളുടെ ചുക്കിച്ചുളുങ്ങിയ മുഖം വികൃതമായും, തീയിന്റെ വെളിച്ചത്താല്പോലും അതിന്റെ വര്‍ണ്ണം പീതവും തേജഃശൂന്യവും ആയും കാണപ്പെട്ടു; അയാളാകപ്പാടെ വിറയ്ക്കുകയായിരുന്നു; ഞങ്ങള്‍ക്കയാളുടെ പേരില്‍, അല്‍പ്പം കോപം കലര്ന്നതെങ്കിലും ഒരനുകമ്പ തോന്നി. തന്റെ നീണ്ടുശോഷിച്ച കാലുകള്‍ തീയിനടുത്തേയ്ക്ക് നെടുകെ നീര്ത്തിവെച്ചുകൊണ്ട് അയാള്‍ തന്റെ എല്ലന്‍ വിരലുകളെല്ലാം വലിച്ചും, ഞൊട്ടയടിച്ചും, മന്ദമായും, ബലഹീനമായും തടവാന്‍ തുടങ്ങി. എല്ലാ കാര്യങ്ങളും പറഞ്ഞുതീര്‍ന്നപ്പോള്‍, ഒന്നു നോക്കുന്നതിനുപോലും തൃപ്തിതോന്നാത്തവിധം അത്ര ദയനീയസ്ഥിതിയിലാണയാള് എന്നു തോന്നി.
`എന്തുകൊണ്ടാണ് നിങ്ങളീനിലയിലും കാല്‍നടയായും സഞ്ചരിക്കുന്നത്? നീചം. ഏ?, പട്ടാളക്കാരന് പതിഞ്ഞമട്ടില്‍ ചോദിച്ചു.
`അവന് എന്നോടുപദേശിച്ചുപോകരുത്........... വെള്ളംവഴി................ എന്നാല്‍ ക്രിമിയായില്കൂടി വരുന്നതിന്നു.......... വായുമൂലം............. അവര്‍ പറഞ്ഞു.......... എന്റെ സഹോദരന്മാരേ............... എനിക്കു തുടരുവാന്‍ സാധിക്കുന്നില്ല.......... ഞാന്‍ മരിക്കുന്നു......... ഞാന്‍ ഈ മൈതാനത്തില്‍ ഏകനായി മരിക്കാം......... പക്ഷികള്‍ എന്നെ കൊത്തിപ്പെറുക്കും, ആരും എന്നെ തിരിച്ചറിയുകയില്ല.......... എന്റെ ഭാര്യ.......... എന്റെ കൊച്ചുപെണ്കുഞ്ഞുങ്ങള്, കാത്തിരിക്കയാണ് എന്നെ....... ഞാന്‍ അവര്‍ക്കെഴുതി....... ഈ മൈതാനപ്പരപ്പിലെ മഴകൊണ്ടു കഴുകപ്പെടും എന്റെ അസ്ഥികള്‍............... ഈശ്വരാ, ഈശ്വരാ!'
അയാള്‍ ഒരു വ്രണിതവൃകത്തെപ്പോലെ വിലപിച്ചു.
`ഓ, നരകം!' പട്ടാളക്കാരന് കോപാവിഷ്ടനായി ചാടിയെഴുന്നേറ്റു ഗര്‍ജ്ജിച്ചു. `നിര്‍ത്തുക തന്റെ മോങ്ങല്. ഞങ്ങള്‍ക്കു സൈ്വരം തരിക! ചാവുന്നോ താന്‍? ശരി; എന്നാലങ്ങിനെയാകട്ടെ, ഞങ്ങളെ അതു സംബന്ധിച്ചു പിച്ചുപിടിപ്പിക്കാതിരിക്കൂ! തന്നെ ഞങ്ങള്‍ വെടിയുകയില്ല.'
`ഒരു കിഴുക്ക് കൊടുക്കൂ അയാളുടെ തലയ്ക്ക്.' വിദ്യാര്‍ത്ഥി അഭിപ്രായപ്പെട്ടു.
`നമുക്കുറങ്ങാന്‍ പോകാം.' ഞാന്‍ പറഞ്ഞു. `പിന്നെ നിങ്ങളെ സംബന്ധിച്ചേടത്തോളം നിങ്ങള്‍ക്കു തിയ്യിന്റെ അടുത്തിരിക്കണം എന്നുണ്ടെങ്കില്‍ കിടന്നു മോങ്ങാന്‍ പാടില്ല.'
`താന്‍ കേള്‍ക്കുന്നുണ്ടോ?' പട്ടാളക്കാരന് കോപത്തോടുകൂടി ചോദിച്ചു. `ആ ആളെന്തുപറയുന്നുവോ അങ്ങിനെ ചെയ്യുക. താന്‍ വിചാരിക്കുന്നോ ഞങ്ങള്‍ അനുശോചിച്ചു തന്നെ എടുത്തു ശുശ്രൂഷിക്കാന്‍ പോവുകയാണ്, താനൊരു കഷണം അപ്പം ഞങ്ങള്‍ക്കു വലിച്ചെറിഞ്ഞു തന്നിട്ടു ഞങ്ങളുടെ നേരെ വെടിവെച്ചതുകൊണ്ട്, എന്ന്? മറ്റുള്ളവര്‍.................ഫൂ.'
പട്ടാളക്കാരന് ഉപസംഹരിച്ചിട്ടു നിലത്തു മലര്‍ന്നു കിടന്നു; വിദ്യാര്‍ത്ഥി പണ്ടേതന്നെ കിടന്നുകഴിഞ്ഞിരുന്നു; ഞാനും കിടപ്പായി. ഭയപരവശനായ തച്ചന് ചുരുണ്ടുകൂടി തീയിനടുത്തേയ്ക്കു നീങ്ങി, മൗനമായി അതിനുള്ളില്‍ മിഴിച്ചുനോക്കിക്കൊണ്ടിരുന്നു. ഞാനയാള്ക്കുതൊട്ടു വലത്തുവശം കിടന്നിരുന്നതുകൊണ്ട് എനിക്ക് കേള്‍ക്കാമായിരുന്നു അയാളുടെ പല്ലുകള്‍ കൂട്ടിയടിക്കുന്ന `കിടുകിടാ'രവം. വിദ്യാര്‍ത്ഥി ഇടത്തുവശത്ത് വളഞ്ഞ് ചെരിഞ്ഞു മിക്കവാറും ഉറങ്ങിക്കിടക്കുകയായിരുന്നു. പട്ടാളക്കാരന് മുഖം മുകളിലേയ്ക്കാക്കി, തലയ്ക്കു താഴെ കയ്യം വെച്ചു, ആകാശത്തേയ്ക്കു നോക്കിക്കൊണ്ടു കിടന്നു.
`എന്തൊരു രാത്രി, തീര്‍ച്ചയായും! എത്ര വളരെ നക്ഷത്രങ്ങള്‍! ഉഷ്ണമുള്ളതുപോലെ തോന്നുന്നു!' കുറച്ചു നേരംകഴിഞ്ഞ് അയാള്‍ എന്റെ നേരെ തിരിഞ്ഞു. ഞാന്‍ തുടര്‍ന്നു: `എന്തൊരാകാശം! ഒരാകാശത്തേക്കാള്, ഒരു കമ്പിളിപ്പുതപ്പ് എന്നപോലെ തോന്നുന്നു. ഞാനിഷ്ടപ്പെടുന്നുണ്ട്, സ്നേഹിതാ, ഈ അലഞ്ഞു നടക്കുന്ന ജീവിതം....
ഇതു തണുത്തതും വിശപ്പിനാല്‍ നിറയപ്പെട്ടതും ആയ ഒരു ജീവിതമായിരിക്കാവൂ. എന്നാല്‍ ഇതു സ്വതന്ത്രമാണ്...... ആരുമില്ല നിങ്ങളില്‍ അധികാരം ചുമത്തുവാന്‍....... നിങ്ങളാണ് നിങ്ങളുടെ സ്വന്തം യജമാനന്........ നിങ്ങള്‍ക്കു നിങ്ങളുടെ തലതന്നെ കടിച്ചെടുകത്തുകളയേണമെങ്കില് ഒരുത്തനു പറയാന്‍ കഴികയില്ല അരുത് എന്ന്....... എത്ര നല്ലത്! ഈ ദിവസങ്ങളിലുള്ള വിശപ്പ് എന്നെ ദുര്വൃത്തനാക്കിത്തീര്ത്തു........ എന്നാല്‍ ഇതാ ഞാനിപ്പോള്‍ ഇവിടെ ആകാശത്തേയ്ക്ക് നോക്കിക്കിടക്കുന്നു. നക്ഷത്രങ്ങള്‍ എന്നെ കണ്ണുചിമ്മി നോക്കുകയാണ്. അവര്‍ പറയുന്നതുപോലെ തോന്നുന്നു, `സാരമില്ല, ലാക്ക്ടിന്, ഭൂമിയില്‍ ചുറ്റിത്തിരിയുക, പഠിക്കുക, എന്നാല്‍ ആര്‍ക്കുംതന്നെ വഴികൊടുക്കരുത്! എന്ന്....... ഹാ! എത്ര ഉന്മേഷപൂര്ണ്ണമായിട്ടുള്ള ഒരു വികാരം ഹൃദയത്തില്‍ തോന്നുന്നു! പിന്നെ നിങ്ങള്ക്കെങ്ങിനെയിരിക്കുന്നു, ഹേ തച്ചന്! നിങ്ങള്‍ കോപിച്ചിരിക്കയായിരിക്കാം എന്റെ നേരെ; ഒന്നിനേയും തന്നെ ഭയന്നിട്ടു യാതൊരാവശ്യവുമില്ല............ ഞങ്ങള്‍ നിങ്ങളുടെ അപ്പം എടുത്തു തിന്നു എങ്കില്‍, അതുകൊണ്ടെന്ത്? നിങ്ങള്ക്കപ്പം ഉണ്ടായിരുന്നു, ഞങ്ങള്‍ക്കുണ്ടായിരുന്നില്ല; അതുകൊണ്ട് ഞങ്ങള്‍ അത് എടുത്ത് തിന്നു......... പിന്നെ ഒരു കാട്ടുജാതിക്കാരനെപ്പോലെ, നിങ്ങള്‍ ഞങ്ങളുടെ നേരെ വെടിവെച്ചു. നിങ്ങള്‍ എന്നെ കോപിഷ്ഠനാക്കിത്തീര്ത്തു; നിങ്ങള്‍ വീണിട്ടില്ലായിരുന്നുവെങ്കില് നിങ്ങളുടെ മുഠാളത്തരത്തിനു ഞാന്‍ പകരം വീട്ടുമായിരുന്നു. അപ്പത്തെ സംബന്ധിച്ചടുത്തോളം, നിങ്ങള്‍ നാളെ `പെറിക്കോ'വിലെത്തും, നിങ്ങള്‍ക്കു കുറെ വാങ്ങിക്കാന്‍ കഴിയും. അവിടെനിന്ന്......... നിങ്ങളുടെ കയ്യില്‍ പണമുണ്ട്, എനിക്കറിയാം........ എത്രകാലമായി നിങ്ങള്‍ക്കു പനിപിടിപെട്ടിട്ട്?'
കുറച്ചധികനേരത്തേയ്ക്ക് എനിക്കു കേള്‍ക്കുവാന്‍ കഴിഞ്ഞിരുന്നു പട്ടാളക്കാരന്റെ ഉച്ചത്തിലുള്ള ശബ്ദത്തിന്റെ മാറ്റൊലികളും, തച്ചന്റെ വിറപൂണ്ട ദീനസ്വരവും. ഇരുണ്ട, മിക്കവാറും കറുത്ത, രാത്രി ഭൂമിയിലേയ്ക്ക് കൂടുതല്‍ കൂടുതല്‍ താഴോട്ടിറങ്ങി; മാര്ത്തടമാകമാനം സുരഭിയായ കുളിര്വായുവാല് പരിപൂര്‍ണ്ണമായിരുന്നു. തീക്കുണ്ഡം ഒരു നേരീയ വെളിച്ചവും, സുഖകരമായ ചൂടും വമിച്ചു. കണ്ണുകള്‍ അടയുകയും, മയക്കത്തില്ക്കൂടി സമാധാനകരമായ വിശുദ്ധീകരിക്കുന്ന, ഒരു ശക്തിവിശേഷം സമാഗതമാവുകയും ചെയ്തു.
* * * * * *
`എഴുന്നേല്ക്കുക! വേഗം! നമുക്ക് പോകാം!'
എന്റെ കാലുറയിന്മേല് പിടിച്ചു വലിച്ചെഴുന്നേല്പ്പിക്കുന്ന പട്ടാളക്കാരന്റെ സഹായത്തോടുകൂടി ഞാന്‍ ഒരു ഹൃദയസ്പൃക്കായ വികാരസമേതം ചാടി എഴുന്നേറ്റു.
`വരിക, വേഗം നടക്കുക!'
അയാളുടെ വദനം, ഗൗരവവും പരിഭ്രമവും ഉള്ളതായിരുന്നു; ഉദിക്കുന്ന സൂര്യന്റെ ശോണകിരണങ്ങള് ആ തച്ചന്റെ നിശ്ചലനീലിമയാര്ന്ന മുഖത്തു പതിച്ചു. അയാളുടെ വായ് തുറന്നുകിടന്നിരുന്നു. ഭയദ്യോതകമായ വിധത്തില്‍, പുറത്തേയ്ക്കുന്തി, തിളങ്ങുന്ന ഒരു പകപ്പോടുകൂടി തുറിച്ചുനോക്കിക്കൊണ്ടിരുന്നു അയാളുടെ കണ്ണുകള്‍; അയാളുടെ വസ്ത്രങ്ങള്‍ ശിഥിലവും, അയാളുടെ ഭാവം അപ്രകൃതവും അതിദാരുണവുമായിരുന്നു.
`കണ്ടതുപോരേ? വരിക, ഞാന്‍ പറയുന്നു.' പട്ടാളക്കാരന് എന്റെ കൈക്കുപിടിച്ചു വലിച്ചു.
`അയാള്‍ മരിച്ചുവോ?' പ്രഭാതവാതാലിംഗനത്താല് കമ്പിതനായി ഞാന്‍ ചോദിച്ചു.
`ഞാനങ്ങിനെ പറയാം. ഞാന്‍ നിങ്ങളെ ഞെക്കിക്കൊന്നിരുന്നു എങ്കില്‍ നിങ്ങളും മരിച്ചേനേ, ഇല്ലേ?' പട്ടാളക്കാരന് വിവരിച്ചു.
`ആ വിദ്യാര്‍ത്ഥി?' ഞാന്‍ ചോദിച്ചു.
`അല്ലാതാര്? നിങ്ങള്‍, ഒരുപക്ഷേ? അല്ലെങ്കില്‍ ഞാന്‍? നിങ്ങളും നിങ്ങളുടെ പണ്ഡിതനും; നല്ലപുള്ളി; അയാള്‍ അയാളുടെ കാര്യം നോക്കിയിട്ട്, നമ്മളെ വല്ലാത്ത ഒരു നട്ടംതിരിച്ചലില് ഇട്ടേച്ചു കടന്നു. ഞാനിത് ഇന്നലെയെങ്കിലും അറിഞ്ഞിരുന്നു എങ്കില്‍, ഞാന്‍ തന്നെ ആ `വിദ്യാര്‍ത്ഥി'യെ കൊന്നുകളയുമായിരുന്നു. ഞാനവനെ കാച്ചിയേനേ ഒരൊറ്റ അടിക്ക്. കരണത്തൊരു കീറ്, ലോകത്തില്‍ ഒരു കാലകിങ്കരന്‍ കുറവ്. നിങ്ങള്‍ക്കു മനസ്സിലാകുന്നോ അയാളെന്താ ചെയ്തതെന്ന്? ഈ മൈതാനപ്പരപ്പില് ഒരൊറ്റ മനുഷ്യദൃഷ്ടിയെങ്കിലും കാണരുത് നമ്മെ; നമുക്കിപ്പോള്‍ കടക്കണം, മനസ്സിലായോ? അവര്‍ ഇന്നു കണ്ടെത്തും കൊള്ളചെയ്തു കൊലപ്പെടുത്തിയിട്ടുള്ള ഈ തച്ചനെ. നമ്മെപ്പോലുള്ളവരുടെ പുറകെയായിരിക്കും അവരുടെ നോട്ടം. അവര്‍ ചോദിക്കും നമ്മള് എവിടെ നിന്നു വരുന്നു എന്ന്....... എവിടെ നമ്മള് ഉറങ്ങി എന്ന്; പിന്നെ അവര്‍ നമ്മെ പിടികൂടും.......... നമ്മുടെ കയ്യില്‍ യാതൊന്നും ഇല്ലെങ്കിലും.............. എന്നാല്‍ ഇതാ അയാളുടെ കൈത്തോക്കെന്റെ മാറില്‍...........'
`വലിച്ചെറിഞ്ഞു കളയുക അത്.' ഞാന്‍ അയാളെ തെര്യപ്പെടുത്തി.
`എന്തിന്?' അയാള്‍ ആലോചനാപൂര്‍വ്വം ചോദിച്ചു, `ഇത് വിലയുള്ള ഒരു വസ്തുവാണ്......... അവര്‍ നമ്മെ പിടിക്കരുത്, അത്രതന്നെ............. ഇല്ല, ഞാനിതു വലിച്ചെറിഞ്ഞു കളയുകയില്ല. മൂന്ന് `റൂബിള്‍' വില വരും ഇതിന്. പിന്നെ, ഇതിന് ഒരു ഉണ്ടകൂടി ഉള്ളില്‍ ഉണ്ട്. ഞാനത്ഭുതപ്പെടുന്നു, എത്രമാത്രം പണം അയാള്‍ ഇയാളെ കൊള്ളചെയ്തെടുത്തു എന്നു വര്‍ക്കത്തുകെട്ട പിശാച്!'
`ആ തച്ചന്റെ പെണ്മക്കളുടെ കാര്യത്തില്‍' ഞാന്‍ പറഞ്ഞു.
`പെണ്മക്കള്? എന്തു പെണ്മക്കള്? ഹോ അയാളുടെ....... കൊള്ളാം, അവര്‍ വളര്‍ന്നുവരും; പിന്നെ, അവര്‍ വിവാഹം ചെയ്യുവാന്‍ പോകുന്നതു നമ്മെ അല്ലാത്തതിനാല്‍ നാം അവരെപ്പറ്റി ക്ലേശിക്കേണ്ട......... വരിക, സഹോദരാ, വേഗം............ എവിടേയ്ക്കാണ് നാം പോവുക?'
`എനിക്കറിഞ്ഞുകൂടാ. എങ്ങോട്ടായാലും ഒരു വ്യത്യാസവുമില്ല.'
`എനിക്കുമറിഞ്ഞുകൂടാ, പിന്നെ എങ്ങോട്ടായാലും ഒരു വ്യത്യാസവും ഇല്ലെന്നുള്ളത് എനിക്കും അറിയാം. വലത്തോട്ടുപോകാം നമുക്ക്. സമുദ്രം അവിടെയായിരിക്കണം.'
ഞാന്‍ പിന്നിലേയ്ക്കു തിരിഞ്ഞു. ഞങ്ങളില്‍ നിന്നും ഒട്ടകലെ ആ മൈതാനത്തില്‍ ഒരു കറുത്ത കുന്നു പൊങ്ങിനിന്നിരുന്നു. അതിനു മുകളില്‍ സൂര്യന് മിന്നിത്തിളങ്ങി.
`അയാള്‍ക്കു ജീവനുണ്ടോ, എന്നറിയുവാന്‍ നോക്കുകയാണോ? നിങ്ങള്‍ ഭയപ്പെടേണ്ട; അവര്‍ നമ്മെ പിടിക്കുകയില്ല. നമ്മുടെ ആ പണ്ഡിതന് ഒരു സമര്‍ത്ഥനായ പയ്യന് തന്നെ. കാര്യം നല്ലപോലെ കണ്ടു........ നമ്മെ അസ്സലായിട്ടു കുന്തത്തിലും കേറ്റി. ഏയ്, സഹോദരാ, ആളുകള്‍ കൂടുതല്‍ കൂടുതല്‍ അറിവുള്ളവരായിത്തീരുകയാണ്. കൊല്ലങ്ങള്‍ ഓരോന്നു ചെല്ലുംതോറും അവര്‍ ഉപര്യുപരി വിജ്ഞന്മാരായിത്തീരുന്നു' പട്ടാളക്കാരന് വ്യസനപൂര്‍വ്വം പറഞ്ഞു!
വിജനവും, മൂകവും ആയിരുന്ന ആ മൈതാനപ്പരപ്പ്, പ്രഭാതസൂര്യാഭയില് നീരാടി, ചക്രവാളത്തെ ചുംബനം ചെയ്തുകൊണ്ട് ഞങ്ങളുടെ നേത്രങ്ങള്‍ക്കു മുമ്പില്‍ പരന്നുകിടന്നു. അതു പ്രശാന്തമായ ഒരു കാരുണ്യപ്രദീപത്താല് പ്രശോഭിതമായിരുന്നു; ആകാശമാകുന്ന നീല മേലാപ്പോടുകൂടിയ അപ്രതിബന്ധിതമായ ആ മൈതാനപ്പരപ്പില്, യാതൊരു നീതിരഹിതമായ ഇരുണ്ട കൃത്യങ്ങള്‍ക്കും സുസാദ്ധ്യമല്ലെന്നപോലെ തോന്നി.
`എനിക്കു വിശക്കുന്നു സഹോദരാ!' എന്റെ കൂട്ടുകാരന് ആദായമുള്ള പുകയിലകൊണ്ടു തെറുത്ത ഒരു സിഗററ്റ് വലിച്ചുകൊണ്ട് പറഞ്ഞു:
`നമ്മള്, എവിടെ, എന്താണ് തിന്നുക?'
`അത് ഉത്തരം കണ്ടുപിടിക്കേണ്ട ഒരു ചോദ്യക്കണക്കാണ്.'
* * * * * *
കഥപറയലുകാരന്, ഒരാസ്പത്രിയില്‍ എന്റേതിന്നടുത്തുള്ള ഒരു മെത്തയില്‍ കിടന്നിരുന്ന ഒരാള്‍, ഇതുംകൂടി പറഞ്ഞ് ഉപസംഹരിച്ചു. `അത്രതന്നെ. പട്ടാളക്കാരനും ഞാനും വലിയ സ്നേഹിതന്മാരായിത്തീര്ന്നു. ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ചു കാരാസംസ്ഥാനംവരെ നടന്നുപോയി. അയാള്‍ ദയവുള്ളവനും പഴമ പരിചയക്കാരനും, പറ്റിയ ഒരു കൂട്ടുകാരനും ആയിരുന്നു. എനിക്കു വലിയ ബഹുമാനമുണ്ടായിരുന്നു അയാളുടെ പേരില്‍. ഞങ്ങള്‍ ഏഷ്യാമൈനര്‍ വരെ ഒന്നിച്ച് പോവുകയും പിന്നീട് അന്യോന്യം അദൃഷ്ടരാകയും ചെയ്തു................'
`നിങ്ങളെപ്പോഴെങ്കിലും ഓര്‍ക്കുന്നുണ്ടോ, ആ തച്ചനെ?' ഞാന്‍ ചോദിച്ചു.
`നിങ്ങള്‍ കണ്ടിട്ടുള്ളപോലെ, അല്ലെങ്കില്‍ വേണ്ട, നിങ്ങള്‍ കേട്ടിട്ടുള്ളപോലെ'
`കൂടുതലായിട്ടില്ലേ?'
അയാള്‍ ചിരിച്ചു.
അയാളെപ്പറ്റി വിചാരിക്കുവാന്‍, എന്നില്‍ നിന്നും എന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? എനിക്ക് എന്തു സംഭവിച്ചോ അതിനു നിങ്ങളെയാണ് കുറ്റം പറയാനുള്ളത് എങ്കില്‍, അതിനേക്കാള്‍ ഒട്ടും കൂടുതലായിട്ടില്ല, അയാള്‍ക്കെന്തു സംഭവിച്ചോ, അതില്‍ എന്നെ കുറ്റപ്പെടുത്തുവാന്‍......... ഒന്നിനും ആരെയും കുറ്റപ്പെടുത്തുവാനില്ല; എന്തുകൊണ്ടെന്നാല്‍ നാം എല്ലാവരും ഒന്നുപോലെയാണ് -- മൃഗങ്ങള്‍!'
മാക്സിംഗോര്‍ക്കി.
വെളുത്ത അമ്മ
ഈസ്റ്റര്‍ അടുത്തുതുടങ്ങി. എസ്പര് കോണ്സ്റ്റാന്റിനോയിച്സക്സാലോ ആലസ്യാത്മകമായ ഒരു ദുര്ഘടസ്ഥിതിയിലായിത്തീര്ന്നു. `ഗോറൊഡിഷ്കി' തറവാട്ടില്‍വെച്ച് എവിടെയാണ് നിങ്ങള്‍ പെരുന്നാള്‍ കഴിച്ചുകൂട്ടുവാന്‍ പോകുന്നത്? എന്ന് ആരോ ചോദിച്ചതു മുതലായിരുന്നു മിക്കവാറും ഇതിന്റെ ആരംഭം.
ഏതോ ചില കാരണങ്ങളാല്‍ സക്സാലോ മറുപടി പറയുവാന്‍ അല്പം മടികാണിച്ചു. തടിച്ചു പൊക്കം കുറഞ്ഞ്, ധൃതഗതിക്കാരിയായ ഗൃഹനായിക പറഞ്ഞു, `ഞങ്ങളുടെ അടുത്തു വരിക.'
സക്സാലോ പീഡിതനായി; മാതാവിന്റെ വാക്കുകള്‍ കേട്ട് അയാളെ ക്ഷണത്തില്‍ കടാക്ഷിക്കുകയും, ആ സ്ത്രീ സംഭാഷണം തുടര്‍ന്നപ്പോള്‍, പെട്ടെന്നു തന്റെ വീക്ഷണം പിന്‍വലിക്കുകയും ചെയ്ത ആ ചെറുപ്പക്കാരി പെണ്കിടാവാണോ അതിനു കാരണം? എന്തോ!
പ്രായം ചെന്ന പെണ്കിടാങ്ങളുള്ള മാതാക്കളുടെ ദൃഷ്ടിയില്, സക്സാലോ സ്വീകാരയോഗ്യനായ ഒരു യുവാവായിരുന്നു. ഈ സംഗതി അയാളെ നീരസപ്പെടുത്തി. പ്രായംചെന്ന അവിവാഹിതനായിട്ടാണ് തന്നെ അയാള്‍ പരിഗണിച്ചിരുന്നത്. പക്ഷേ അയാള്‍ക്കു വയസ്സു മുപ്പത്തേഴേ ആയിരുന്നുള്ളൂ. അയാള്‍ ചുരുക്കിപ്പറഞ്ഞു-- `നിങ്ങള്‍ക്കു വന്ദനം. ഞാന്‍ എല്ലായ്പ്പോഴും ഈ രാത്രി വീട്ടില്‍ കഴിക്കുകയാണ് പതിവ്.'
ആ പെണ്‍കൊടി അയാളുടെ നേരെ ഒളികണ്ണിട്ടുനോക്കിക്കൊണ്ട്, പുഞ്ചിരിതൂകിപ്പറഞ്ഞു: `ആരുടെ കൂടേ?'
`തനിച്ച്.' തന്റെ സ്വരത്തില്‍ ഒരു നേരീയ ആശ്ചര്യത്തോടുകൂടി സക്സാലോ പ്രതിവചിച്ചു.
`എന്തൊരു മനുഷ്യവിദ്വേഷി!' മാഡംഗോറോഡിഷ്കി ഒരു പുളിച്ച പുഞ്ചിരിയോടുകൂടിപ്പറഞ്ഞു.
സക്സാലോ തന്റെ സ്വാതന്ത്ര്യം ഇഷ്ടപ്പെട്ടു. ഒരിക്കല്‍ താന്‍ വിവാഹം ചെയ്യാറാവുന്നതുവരെ എത്തിയത് എങ്ങിനെ എന്നോര്‍ത്ത് അയാള്‍ അത്ഭുതപ്പെടാറുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു. വൃത്തിയായി സൂക്ഷിക്കപ്പെട്ടിരുന്ന തന്റെ മാളികയുടെ മുകളില്‍, ഗൗരവക്കാരനായ ആ വൃദ്ധഭൃത്യന്, ഫെഡറ്റിനോടും, ആഹാരസാധനങ്ങള്‍ പാകം ചെയ്തുപോന്ന അയാളുടെ ഭാര്യ ക്രിസ്റ്റൈവിനോടും മാത്രമായിരുന്നു അയാള്‍ക്കു പരിചയം. അയാള്‍ക്കു പൂര്‍ണ്ണമായി ബോധ്യപ്പെട്ടു താന്‍, വിവാഹം ചെയ്യാത്തതു തന്റെ പ്രഥമരാഗിണിയോടു വിശ്വസ്തനായിരിപ്പാനാഗ്രഹിച്ചതുകൊണ്ടാണ്, എന്ന്. പരമാര്‍ത്ഥത്തില്‍ ഏകാന്തവും ഉദ്ദേശശൂന്യവുമായ ജീവിതത്തിന്റെ ഫലമായ മാറ്റത്താല്‍ അയാളുടെ ഹൃദയം മരവിച്ചുപോയിരുന്നു. അയാളുടെ അച്ഛനും അമ്മയും പരലോകം പ്രാപിച്ചിട്ട്, കാലം കുറെ അധികമായിരുന്നതിനാലും,
അടുത്ത ചാര്‍ച്ചക്കാരായി മറ്റാരുംതന്നെ ഇല്ലാതിരുന്നതുകൊണ്ടും, സ്വതന്ത്രമായി ജീവിക്കുവാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ അയാള്‍ക്കുണ്ടായിരുന്നു. അയാള്‍ നിര്ണ്ണീതവും, പ്രശാന്തവുമായ ഒരു ജീവിതം നയിക്കുകയും, ഏതോ വകുപ്പുകളിലൊന്നില്‍, ഒരു ജോലി നോക്കുകയും, ആത്മാര്‍ത്ഥമായി, സമകാലീനസാഹിത്യകലകളുമായി, പരിചയപ്പെടുകയും, അങ്ങിനെ ജീവിതത്തിന്റെ നല്ല സംഗതികളില്‍ ഒരു `എപ്പിക്യൂറിയന്' സന്തോഷം കൈക്കൊള്ളുകയും ചെയ്തുപോന്നു. എന്നാല്‍ അപ്പോള്‍ത്തന്നെ അയാള്‍ക്ക് ആ ജീവിതം വെറും പൊള്ളയും അര്‍ത്ഥശൂന്യവും ആയി തോന്നി. ഏകാന്തവും, പരിപൂതവും, പ്രഭാപൂര്ണ്ണവും ആയ സ്വപ്നം ചിലപ്പോഴെല്ലാം അയാള്‍ക്കു സിദ്ധിച്ചിരുന്നില്ലെങ്കില്, മറ്റ് മനുഷ്യരില്‍ അധികപേരേയുംപോലെ, അയാളും തണുത്ത് നിര്ജ്ജീവമായിപ്പോകുമായിരുന്നു.
II
വികസിക്കുന്നതിനു മുമ്പ് തന്നെ നശിച്ചുപോയ പ്രഥമവും ഏകവും, ആയ അയാളുടെ പ്രേമപാത്രം സായാഹ്നകാലങ്ങളില് ചിലപ്പോഴെല്ലാം അയാള്‍ക്കു ദുഃഖപരിപൂര്ണ്ണമായ മധുരസ്വപ്നങ്ങള്‍ നല്കിക്കൊണ്ടിരുന്നു. തന്നില്‍ ഇപ്രകാരമുള്ള, എന്നെന്നും നിലനില്‍ക്കുന്ന, ഒരു വികാരം ജനിപ്പിച്ച ആ സുന്ദരീരത്നത്തെ അയാള്‍ അഞ്ചുസംവത്സരങ്ങള്ക്കുമുമ്പ് കണ്ടെത്തുവാനിടയായി.
ഉന്നമ്രവക്ഷോജയായി, കൃശഗാത്രിയായി, ആലോലചൂര്ണ്ണകുന്തളങ്ങളോടും, ആനീലലോചനങ്ങളോടുംകൂടിയവളായി, പരിലസിച്ചിരുന്ന ആ മോഹനാംഗി ഒരു ദേവകന്യകയെപ്പോലെ അയാള്‍ക്കു തോന്നി. നേരീയ മൂടല്‍മഞ്ഞിന്റെയും, വിശുദ്ധമായ വായുവിന്റെയും സങ്കീര്ണ്ണഫലമായ ആ വിശിഷ്ടവിഗ്രഹത്തെ, നഗരകോലാഹലങ്ങള്ക്കിടയില് ഒരു മന്ദനിശ്ചലതയ്ക്കായി, വിധിയാല്‍ അര്‍പ്പിക്കപ്പെട്ട, ഒരു വികസിതകുസുമം പോലെ അയാള്‍ കരുതിപ്പോന്നു; മന്ദഗാമിനിയായിരുന്നു അവള്; ശിലാതലങ്ങളില്‍ മന്ദംമന്ദം മെയ്യുലച്ച് പുളഞ്ഞൊഴുകുന്ന ഒരു പൂഞ്ചോലയുടെ, മൃദുനിനദമെന്നപോലെ, അത്ര നേരിയതും മാധുര്യമേറിയതും, ആയിരുന്നു ആ അംഗനാരത്നത്തിന്റെ സ്വാഭാവികമായ സ്വരവിശേഷം!
സക്സാലോ,- അത് യാദൃശ്ചികമായിട്ടോ, കരുതി കൂട്ടിയോ? -- അവളെ സുന്ദരമായ ഒരു സിതാംബരമണിഞ്ഞുകൊണ്ടേ കണ്ടിട്ടുള്ളൂ. വെളുപ്പിനെപ്പറ്റിയുള്ള മതിപ്പ്, അവളെപ്പറ്റിയുള്ള ചിന്തയില്‍ നിന്നും വേര്പെടുത്താവതല്ലാത്ത ഒന്നായിത്തീര്‍ന്നു. അവളുടെ `ടമാറ' എന്ന പേരുപോലും, ഗിരിശിഖരങ്ങളിലെ ഹിമധാരയെന്നോണം സദാ സിതസുന്ദരമായി അയാള്‍ക്കു തോന്നി. അയാള്‍ ടമാറയുടെ മാതാപിതാക്കന്മാരെ സന്ദര്‍ശിക്കുവാന്‍ തുടങ്ങി. ഒരു മനുഷ്യജീവിയുടെ വിധിയെ മറ്റൊന്നിന്റേതിനോടുകൂടി ഇണച്ചുകെട്ടുന്ന ആ വാക്കുകള്‍, അവളോട് പറയുവാന്‍, അയാള്‍ ഒന്നിലധികം പ്രാവശ്യം ഉറച്ചിട്ടുണ്ട്. എന്നാല്‍ അവളാകട്ടെ, അയാളെ അതില്‍ നിന്നും മനഃപൂര്‍വ്വം അകറ്റി നിര്‍ത്തി. ഭീതിയും, ദുഃഖവും അവളുടെ മനോജ്ഞനേത്രങ്ങളില്, നിഴലിച്ചിരുന്നു.
എന്തിനെപ്പറ്റിയാണ് അവള് ഭയവിഹ്വലയായിരുന്നത്? സക്സാലോ അവളുടെ വദനത്തില്‍, അനുരാഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു; അയാളുടെ ആവിര്ഭാവത്തില് അവളുടെ നീളമേറിയ നീലനയനങ്ങള്‍ പ്രകാശിക്കുകയും, ലജ്ജയുടെ നേരിയ ഒരു ശോണിമ അവളുടെ കണ്ണാടിപോലുള്ള കപോലതലങ്ങളില് പ്രതിഫലിച്ചു പരക്കുകയും പതിവായിരുന്നു.
എന്നാല്‍, ഒരു കാലത്തും വിസ്മരണീയമല്ലാത്ത, ഒരു സായ്ഹനത്താല് അവള് അയാളില്‍ ശ്രദ്ധപതിപ്പിച്ചു. കാലം വസന്തത്തിന്റെ പ്രാരംഭഘട്ടമായിരുന്നു. തരംഗിണികള്‍ തടങ്ങളെ തല്ലിത്തകര്‍ക്കുകയും, തരുനിരകള് മരതകച്ഛവിപൂണ്ട, പരിമൃദുലങ്ങളായ ഹരിതനീരാളങ്ങളാല്, അലംകൃതങ്ങളാവുകയും ചെയ്തിട്ട് അധികമായിട്ടില്ല. നഗരത്തിലുള്ള ഒരു ഇരുനിലക്കെട്ടിടത്തിന്റെ മുകളിലത്തെ വരാന്തയില്‍, തുറന്നിട്ട ജാലകത്തിനു സമീപം, `നീവാ'യ്ക്കഭിമുഖമായി ടമാറയും, സ.................. ആസനസ്ഥരായി, എന്തുപറയേണ്ടു, എങ്ങി......................................... ണ്ടു എന്നതിനെ സംബന്ധിച്ച് ഒട്ടും ക്ലേശി..........................................ളെ ഭയകമ്പിതയാക്കുമാറ്, അയാള്‍ .................................................................................. രവചനങ്ങള് ഉച്ചരിച്ചു. അവള് വിവര്‍ണ്ണ.......................................... പ്പെട്ടുവരുത്തിയതും തല്‍ക്ഷണംതന്നെ .................................................മായ ഒരു മന്ദഹാസത്തോടുകൂടി അവള് .................................... എഴുന്നേറ്റു. വിചിത്രലതാവിതാനങ്ങ...........................രുന്ന കസാലയുടെ ചാരുപടിയെ ആലംബമാക്കിനിന്ന അവളുടെ ഇളംകരവല്ലികള് കിലുകിലാ വിറച്ചു.
(ഫോട്ടോകോപ്പി എടുക്കുമ്പോള്‍ ഒറിജിനല്‍ മടങ്ങിയിരുന്നതുകാരണം മുകളില്‍ വരയിട്ടിട്ടുള്ള ഭാഗം ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.)
`നാളെ' ടമാറ മൃദുസ്വരത്തില്‍ ഉച്ചരിച്ചിട്ടു പുറത്തേയ്ക്കിറങ്ങിപ്പോയി.
ടമാറയെ ഒളിച്ചുപിടിച്ച ആ കവാടത്തെ മിഴിച്ചുനോക്കിക്കൊണ്ട്, നിശ്ചിതമായ ഒരു പ്രതീക്ഷയോടെ ഏറെനേരം ഒരു മരപ്പാവയെപ്പോലെ സക്സാലോ അവിടെത്തന്നെ ഇരുന്നു. അയാളുടെ തല ഒരു വമ്പിച്ച ചുഴിക്കുള്ളിലായിരുന്നു. ഒരു വെളുത്ത `ലിലാക്ക്' പുഷ്പം അയാളുടെ ദൃഷ്ടിയില്‍പ്പെട്ടു. അയാള്‍ അതു കരസ്ഥമാക്കിയ ശേഷം ഗൃഹനായികയോട് യാത്രപോലും പറയാതെ അവിടെനിന്നും ഇറങ്ങിപ്പോയി.
രാത്രി അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ജനലിന്റെ സമീപം ചെന്നുനിന്ന് ആ വെള്ള `ലിലാക്ക്' പുഷ്പത്തെ കൈകൊണ്ട് കറക്കിയും, അതിനെ നോക്കിപ്പുഞ്ചിരിയിട്ടും, പ്രഭാതമാകുംതോറും കൂടുതല്‍കൂടുതല്‍ വെളുത്തുതുടങ്ങിയ ആ ഇരുളടഞ്ഞ തെരുവീഥിയെ പകച്ചുനോക്കിക്കൊണ്ടും അയാള്‍ സമയം കഴിച്ചുകൂട്ടി. വെളിച്ചമായപ്പോള്‍ മുറിയുടെ നിലം ആ വെളുത്ത `ലിലാക്ക്' പുഷ്പത്തിന്റെ ദലങ്ങളാല്‍ പരിശോഭിതമായിരിക്കുന്നത് അയാള്‍ കണ്ടു. അത് അയാളെ വികാരപരവശനാക്കി. അയാള്‍ ഉടന്‍തന്നെ പോയി സുഖമായി സ്നാനം ചെയ്തു. മിക്കവാറും തന്റെ ഹൃദയത്തിനു പണ്ടത്തെ നില തിരിച്ചു കിട്ടിപ്പോയി എന്ന് അപ്പോള്‍ അയാള്‍ക്കു തോന്നി. അനന്തരം അയാള്‍ `ടമാറ'യുടെ അടുത്തേയ്ക്കു പോയി.
അവള്‍ക്കു സുഖമില്ലെന്നും, പനിയായിക്കിടക്കുകയാണെന്നും, ആരോ അയാളോടു പറഞ്ഞു. പിന്നീടൊരിക്കലും സക്സാലോ അവളെ കണ്ടിട്ടില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ അവള് പരലോകം പ്രാപിച്ചു. അവളുടെ ശവസംസ്കാരത്തിന് അയാള്‍ പോയില്ല. അവളുടെ മരണം അയാളെ സ്തംഭിപ്പിച്ചുകളഞ്ഞു. പരമാര്‍ത്ഥത്തില്‍ താന്‍ അവളെ സ്നേഹിച്ചിരുന്നോ, തനിക്കവളിലുണ്ടായിരുന്ന അഭിനിവേശം വെറുമൊരു കൗതുകം മാത്രമായിരുന്നോ എന്നു ഖണ്ഡിതമായി നിര്‍ണ്ണയിക്കാന്‍ അയാള്‍ക്കു സാധിച്ചില്ല.
ചിലപ്പോള്‍, സായാഹ്നവേളകളില്‍ അയാള്‍ അവളെപ്പറ്റിയുള്ള ചിന്തകളില്‍ മുഴുകിപ്പോവുകയും അവളെ സ്വപ്നം കാണുകയും ചെയ്യും; അനന്തരം അവളുടെ രൂപം അല്പ്പാല്പ്പം മാഞ്ഞു തുടങ്ങും. സക്സാലോവിന്റെ കൈവശം അവളുടെ ഫോട്ടോ ഉണ്ടായിരുന്നില്ല. അനേകവര്‍ഷങ്ങള്‍ കഴിഞ്ഞതിനു ശേഷം, കഴിഞ്ഞ വസന്തകാലത്തു മാത്രമേ, `ടമാറ'യെപ്പറ്റിയുള്ള ചിന്ത അയാളില്‍ അങ്കുരിച്ചുള്ളൂ; ഒരു ശീതളപാനീയ ശാലയില്‍, വിലപിടിച്ച വിശിഷ്ടഭോജ്യങ്ങളുടെ ഇടയ്ക്ക് നിലയും, വിലയുമില്ലാതെ വാടിവിളര്ത്ത് കിടന്നിരുന്ന ഒരു `ലിലാക്ക്' പുഷ്പം യാദൃശ്ചികമായി അയാളുടെ ദൃഷ്ടിയില് പെട്ടതാണ് ശോകസങ്കലിതമായ ആ മധുരസ്മരണയ്ക്കു കാരണം. ആ ദിവസം മുതല്‍ സന്ധ്യാവേളകളില്‍ സുമുഖിയും സുശീലയുമായ ടമാറയെക്കുറിച്ചുള്ള ചിന്തയില്‍ നിമഗ്നനാകുവാന് അയാള്‍ ഇഷ്ടപ്പെട്ടു. ചിലപ്പോള്‍ തന്റെ മയക്കത്തില്‍, അവള് അടുത്തുവന്ന് തനിക്ക് അഭിമുഖമായി ഇരുന്നുകൊണ്ട് തന്റെ മുഖത്തു ദൃഷ്ടിയുറപ്പിച്ച്, എന്തോ ആവശ്യപ്പെടുന്നതുപോലെ അര്‍ത്ഥഗര്‍ഭമായ ഒരു പകച്ചുനോക്കലോടുകൂടി പരിലസിക്കുന്നതായി അയാള്‍ സ്വപ്നം കാണും. എന്തോ പ്രതീക്ഷിക്കുന്നതുപോലുള്ള ആ ആവിലവീക്ഷണം, അയാളുടെ ഹൃദയത്തെ ഭേദിച്ചു; ശിഥിലമാക്കി.
`ഗോറോഡിഷ്കി' തറവാട്ടില്‍ നിന്നും, പോകുമ്പോള്‍ അയാള്‍ അല്പം സംശയത്തോടുകൂടി വിചാരിച്ചു: ``അവള് എനിക്ക് `ഈസ്റ്ററി'ന്റെ അനുമോദനങ്ങള്‍ നല്കുവാനായി എത്തും.''
ഭയവും ഏകാന്തതയും അത്രമാത്രം ഹൃദയഭേദകമായിരുന്നതിനാല് അയാള്‍ വിചാരിച്ചു. ``എന്തുകൊണ്ട് എനിക്ക് വിവാഹം കഴിച്ചുകൂടാ? എന്നാല്‍ എനിക്കു പരിശുദ്ധമായ പുണ്യരാത്രികളില്‍ ഏകനായിരിക്കേണ്ടതില്ല.''
വലേറിയാ മിഖേയ്ലോന -- ഗോറോഡിഷ്കിത്തറവാട്ടിലെ പെണ്കിടാവ് -- അയാളുടെ ഹൃദയത്തില്‍ ആവിര്‍ഭവിച്ചു. അവള് സുന്ദരിയായിരുന്നില്ല. എന്നാല്‍ അവള് എല്ലായ്പ്പോഴും നല്ല നല്ല വസ്ത്രങ്ങളാല്‍ അലംകൃതയായിരുന്നു. അവള് തന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നും, താന്‍ നിശ്ചയിക്കുന്നപക്ഷം അവള് നിരസിക്കുകയില്ലെന്നും, സക്സാലോവിനു തോന്നി.
തെരുവിനുള്ളിലെ കോലാഹലവും, ജനക്കൂട്ടവും അയാളുടെ ശ്രദ്ധയെ ഭഞ്ജിച്ചു; ഗോറൊഡിഷ്കി പെണ്‍കുട്ടിയെപ്പറ്റി അയാള്ക്കുണ്ടായിരന്ന ചിന്തകള്‍, സാധാരണമായി ജീവിതത്തിലെ സുഖാനുഭോഗങ്ങളിലുള്ള അയാളുടെ വിരക്തിയാല്‍ വിവര്ണ്ണമാക്കപ്പെട്ടു. പോരെങ്കില്‍ ആര്‍ക്കെങ്കിലും വേണ്ടി ടമാറയെപ്പറ്റിയുള്ള സ്മരണകള്‍ വഞ്ചിക്കുവാന്‍ അയാള്‍ക്കു സാദ്ധ്യമാണോ? പ്രപഞ്ചമാകമാനം അത്രമാത്രം ചെറുതും സാധാരണവുമായിത്തോന്നുകയാല് ടമാറ--ടമാറമാത്രം--തനിക്കു `ഈസ്റ്ററി'ന്റെ ആ അനുമോദനങ്ങള്‍ നല്കുവാനായി എത്തുന്നതിന് അയാള്‍ ആഗ്രഹിച്ചു.
``എന്നാല്‍'' അയാള്‍ മനോരാജ്യം വിചാരിച്ചു. ``അവള് വീണ്ടും എന്നില്‍, ആ, എന്തോ പ്രതീക്ഷിക്കുന്നതുപോലെയുള്ള തുറിച്ചുനോട്ടം ഉറപ്പിക്കും; പരിശുദ്ധയും ശാന്തയും ആയ ടമാറ; എന്താണവള്ക്കാവശ്യം? അവളുടെ ആ മൃദുലശോണാധരങ്ങള് എന്റെ ചുണ്ടുകളെ ചുംബിക്കുമോ?''
III
ടമാറയെക്കുറിച്ചുള്ള കാടുപിടിച്ചുള്ള വിചാരപരമ്പരകളോടും വഴിയില്‍ക്കൂടി നടന്നുപോകുന്നവരുടെ മുഖത്തേയ്ക്കു കുനിഞ്ഞുനോക്കിക്കൊണ്ടും സക്സാലോ തെരുവുകളില്‍ അങ്ങുമിങ്ങുമലഞ്ഞു നടന്നു; പുരുഷന്മാരുടെയും സ്ത്രീകളുടെയും പരുഷവദനങ്ങള്, അയാളെ വെറുപ്പിച്ചു. ആനന്ദത്തോടുകൂടിയോ അനുരാഗത്തോടുകൂടിയോ `ഈസ്റ്റര്‍' അനുമോദനങ്ങള്‍ അന്യോന്യം കൈമാറ്റം ചെയ്യുന്നതിന്ന്, തനിക്ക് ആരുംതന്നെ ഇല്ലെന്ന് അയാണ് കുണ്ഠിതപ്പെട്ടു. ആദ്യത്തെ ദിവസം ചുംബനങ്ങള്‍, പരുഷമായ വചനങ്ങള്‍, കാടുപിടിച്ച് ചിടകെട്ടിയ താടികള്‍, വൈനിന്റെ ഒരു സുഗന്ധം, ഇവയെല്ലാം ധാരാളമായിട്ടുണ്ടാകും.................
ഒരുത്തന് ആരെയെങ്കിലും ചുംബിച്ചേ തീരൂ എന്നുണ്ടെങ്കില്‍ അത് ഒരു കൊച്ചുകുഞ്ഞായിരിക്കണം. കൊച്ചുകുഞ്ഞുങ്ങളുടെ മുഖം സക്സാലോവിനു പ്രീതിപ്രദമായി.
ഏറെനേരം അങ്ങുമിങ്ങും ചുറ്റി നടന്നു; ഒടുവില്‍ അയാള്‍ ക്ഷീണിച്ചു. ആരവാകലിതമായ തെരുവില്‍നിന്നും, അനതിദൂരമായ ഒരു പള്ളിമുറ്റത്തേയ്ക്ക് നീങ്ങി അല്പം വിശ്രമിക്കാമെന്നയാള് നിശ്ചയിച്ചു. ഒരിരുപ്പിടത്തില്‍ ഇരുന്നിരുന്ന വിവര്‍ണ്ണനായ ഒരു ബാലന് സംശയത്തോടുകൂടി സക്സാലോവിന്റെ നേരെ ഒളിഞ്ഞുനോക്കുന്നു; അനന്തരം നിശ്ചലനായി നേരെ മുമ്പിലേയ്ക്ക് പകച്ചുനോക്കിക്കൊണ്ടിരിക്കുന്നു. അവന്റെ നീലനയനങ്ങള്‍ ടമാറയുടേതുപോലെ ദുഃഖപരിപൂര്ണ്ണവും, ആശാദീപ്തവും ആയിരുന്നു. അവന് ഒരു കൊച്ചുകുഞ്ഞായിരുന്നതിനാല്‍, തൂക്കിയിട്ടാല്‍ നിലത്തു മുട്ടുവാന്‍ തക്ക നീളം അവന്റെ കാലുകള്ക്കുണ്ടായിരുന്നില്ല. അവ അവന്റെ ഇരിപ്പിടത്തിനു ചുവട്ടില്‍ നിലത്തിനു മീതെ പൊന്തിനിന്നു. സക്സാലോ അവന്റെ സമീപം ഇരിക്കുകയും, അനുകമ്പാകുലമായ ഉല്‍ക്കണ്ഠയോടുകൂടി അവനെ നോക്കുകയും ചെയ്തു. ഈ ഏകാകിയായ ബാലനില്‍ മധുരസ്മരണകള് തട്ടിയുണര്‍ത്തുന്ന എന്തോ ഒന്നുണ്ട്. നോക്കുമ്പോള്‍ അവന് ഏറ്റവും സാധാരണക്കാരനായ ഒരു കുട്ടി; കീറിപ്പറിഞ്ഞതും മുഷിഞ്ഞതുമായ വസ്ത്രങ്ങള്‍; അഴകുള്ള കുഞ്ഞിത്തലയില്‍ ഒരു വെളുത്ത രോമത്തൊപ്പി; കുരുന്നുകാലുകളില് കീറിയതും, പൊടിപുരണ്ടു വൃത്തികെട്ടതും ആയ പാപ്പാസുകള്‍ -- ഇത്രയുമായിരുന്നു അവന്റെ അലങ്കാരങ്ങള്‍.
കുറച്ചധികനേരം അവന് ആ ഇരിപ്പിടത്തില്‍ത്തന്നെ ഇരുന്നു; അനന്തരം എഴുന്നേറ്റ്, ദയനീയമാംവണ്ണം ഉറക്കെ കരയുവാന്‍ തുടങ്ങി. അവന് പടിവാതില്‍ കടന്നു തെരുവില്‍ക്കൂടി ഓടി; നിന്നു. എതിരെയുള്ള വഴിയെ വെച്ചടിച്ചു; വീണ്ടും നിന്നു. ഏതുവഴിയെ പോകണമെന്ന് അവന് അറിഞ്ഞിരുന്നില്ല എന്നുള്ളത് സ്പഷ്ടമാണ്. വലിയ കണ്ണുനീര്‍ത്തുള്ളികള്‍, കവിള്‍ത്തടങ്ങളില്‍ വീണൊഴുകുമാറ് അവന് പതുക്കെ വിതുമ്പിക്കരഞ്ഞു. ഒരാള്‍ക്കൂട്ടം കൂടി. ഒരു പോലീസുകാരന് എത്തി. അവിടെവിടെയാണ് അവന്റെ താമസമെന്നവര്‍ ചോദിച്ചു.
``ഗ്ലൂയിഖോ വീട്,'' നന്നെ കൊച്ചുകുട്ടിയെപ്പോലെ കൊഞ്ചിക്കൊണ്ട് അവന് ചുണ്ടു വിതുമ്പി ഉത്തരം പറഞ്ഞു.
``ഏത് തെരുവില്‍?'' പോലീസുകാരന് ചോദിച്ചു.
എന്നാല്‍, ഏതാണ് തെരുവെന്ന് ആ കുട്ടി അറിഞ്ഞിരുന്നില്ല. അവന് ഇത്രമാത്രം ആവര്‍ത്തിച്ചു. ``ഗ്ലൂയിഖോ വീട്.''
പോലീസുകാരന് നേരമ്പോക്കുകാരനായ ഒരു ചെറുപ്പക്കാരനായിരുന്നു; ഒരു നിമിഷനേരത്തേയ്ക്ക് അയാള്‍ ആലോചിക്കയും, അങ്ങിനെയൊരു വീട് തൊട്ടടുത്തെങ്ങും ഇല്ലെന്നു നിര്‍ണ്ണയിക്കുകയും ചെയ്തു.
``ആരോടുകൂടിത്താമസിക്കുന്നു, നീയ്?'' മുനിഞ്ഞ മുഖഭാവത്തോടുകൂടിയ ഒരു വേലക്കാരന് ചോദിച്ചു. ``നിനക്കച്ഛനുണ്ടോ?''
``ഇല്ല; എനിക്കച്ഛനില്ല.'' ബാഷ്പപൂര്‍ണ്ണമായ മിഴികളോടുകൂടി ആള്‍ക്കൂട്ടത്തെ നോക്കിക്കൊണ്ട് കുട്ടി മറുപടി പറഞ്ഞു.
``അച്ഛനില്ല! ശിവ ശിവ!'' തലകുലുക്കിക്കൊണ്ട്, വേലക്കാരന് പ്രശാന്തമായി ഉച്ചരിച്ചു. ``നിനക്കമ്മയുണ്ടോ?''
``ഉവ്വ്; എനിക്കമ്മയുണ്ട്'' കുട്ടി ഉത്തരം പറഞ്ഞു.
``എന്താണവളുടെ പേര്?''
``അമ്മ'' കുട്ടി പ്രതിവചിച്ചു; അനന്തരം ഒരു നിമിഷനേരമാലോചിച്ചിട്ട്, പറഞ്ഞു, ``കറമ്പിഅമ്മ.''
``കറമ്പി, അതാണോ അവളുടെ പേര്?'' മുനിഞ്ഞ വേലക്കാരന് ചോദിച്ചു.
``ആദ്യം എനിക്കൊരു വെളുത്ത അമ്മ ഉണ്ടായിരുന്നു; ഇപ്പോള്‍ എനിക്കൊരു കറമ്പി അമ്മയുണ്ട്.'' കുട്ടി വിസ്തരിച്ചു.
``കൊള്ളാം, എന്റെ കുഞ്ഞേ, ഞങ്ങള്‍ നിന്നെ ഒരിക്കലും പേടിപ്പിക്കുകയില്ല.'' പോലീസുകാരന് എന്തോ നിശ്ചയത്തോടുകൂടിപ്പറഞ്ഞു. ഞാന്‍ നിന്നെ പോലീസുസ്റ്റേഷനിലേയ്ക്കു കൊണ്ടുപോകുന്നതാണ് നന്ന്! അവര്‍ക്കു കഴിയും `ടെലിഫോണ്‍' മാര്‍ഗ്ഗമായി നീ താമസിക്കുന്നതെവിടെയാണെന്നു കണ്ടുപിടിക്കാന്‍.''
അയാള്‍ ഒരു പടിവാതില്ക്കല് ചെന്നു മണിയടിച്ചു. ആ നിമിഷത്തില്‍ മാര്ജ്ജനിയോടുകൂടിയ ഒരു കാവല്ക്കാരന്, ആ പോലീസുകാരനെക്കാണുകയാല്, പുറത്തേയ്ക്കിറങ്ങിവന്നു. പോലീസുകാരന് ആ കുട്ടിയെ സ്റ്റേഷനിലേയ്ക്കു കൊണ്ടുപോകുവാന്‍ പറഞ്ഞു. എന്നാല്‍ സ്വയം എന്തോ വിചാരിച്ച് ആ കുട്ടി കിടന്നു നിലവിളി കൂട്ടി; ``ഞാന്‍ പോകട്ടെ! ഞാന്‍ തന്നെത്താനെ കണ്ടുപിടിച്ചുകൊള്ളാം, വഴി!''
അവന് ഭയവിഹ്വലനായിത്തീര്ന്നത് ആ കാവല്‍ക്കാരന്റെ മാര്‍ജ്ജനി കണ്ടിട്ടോ, അതോ അവന് എന്തെങ്കിലും സ്മരിച്ചിട്ടോ എന്തോ? എങ്ങിനെയായിരുന്നാലും അവന് അത്രമാത്രം ദ്രുതഗതിയില്‍ പലായനം ചെയ്യുകയാല്‍, സക്സാലോവിന് അവനെ കണ്ടുകിട്ടുക ദുസ്സാദ്ധ്യമായി. ഉടന്‍തന്നെ, എന്തായാലും കുട്ടി അവന്റെ ഗതി അല്പമൊന്നു മന്ദമാക്കി. അവന് തെരുവില്‍ ഒരു ദിക്കില്‍ നിന്നു മറ്റൊരു ദിക്കിലേയ്ക്കു, താന്‍ താമസിച്ചിരുന്ന ഭവനം കണ്ടുപിടിക്കുവാന്‍ വിഫലമായി ഉദ്യമിച്ചുകൊണ്ട്, ഓടിപ്പോയി. സക്സാലോ ഒന്നുംമിണ്ടാതെ അവനെ അനുഗമിച്ചു. എങ്ങിനെയാണ് കൊച്ചുകുഞ്ഞുങ്ങളോട് സംസാരിക്കുകയെന്ന് അയാള്‍ക്കറിഞ്ഞുകൂടായിരുന്നു.
ഒടുവില്‍ ബാലന് ക്ഷീണിതനായിത്തീര്‍ന്നു. അവന് ഒരു വിളക്കുകാലിനു സമീപം അതിന്മേല് ചാരിക്കൊണ്ടു നിലയായി. അശ്രുബിന്ദുക്കള്‍ അവന്റെ പിഞ്ചുനേത്രങ്ങളില് മിന്നിത്തിളങ്ങി.
``കൊള്ളാം, എന്റെ കുഞ്ഞേ,'' സക്സാലോ ആരംഭിച്ചു. ``നിനക്ക് കണ്ടുപിടിക്കുവാന്‍ മേലേ നിന്റെ വീട്?''
ബാലന്, അവന്റെ ക്ലേശപൂരിതവും, ശാന്തസുന്ദരവും ആയ നേത്രങ്ങളോടുകൂടി, അയാളുടെ നേരെ തലയുയയര്‍ത്തി നോക്കി. പെട്ടെന്നു അത്രമാത്രം നിര്‍ബന്ധത്തോടുകൂടി, താന്‍ ആ ബാലനെ അനുഗമിക്കുവാന്‍, സംഗതിയായതെന്തുകൊണ്ടാണെന്ന്, സക്സാലോവിന് മനസ്സിലായി.
ആ കൊച്ചുചുറ്റിത്തിരിയലുകാരന്റെ പകച്ചുനോട്ടത്തിലും, ഭാവഹാവങ്ങളിലും, ടറാമയ്ക്കുള്ളതുപോലെതന്നെ ചിലതെല്ലാം ഉണ്ടായിരുന്നു. ``എന്താണ് നിന്റെ പേര്, എന്റെ പൊന്നാങ്കട്ടെ?'' സക്സാലോ ശാന്തമായി ചോദിച്ചു.
``ലേഷ'' ബാലന് മറുപടി പറഞ്ഞു.
``നീ താമസിക്കുന്നത് നിന്റെ അമ്മയോടുകൂടിയാണോ, ലേഷാ?''
``അതെ, അമ്മയോടുകൂടെത്തന്നെ. എന്നാല്‍ അത് കറമ്പി അമ്മയാണ്. മുമ്പ് എനിക്കൊരു വെളുത്ത അമ്മയുണ്ടായിരുന്നു.'' `കറമ്പി അമ്മ' എന്നു പറഞ്ഞതില്‍ നിന്ന് ഒരു കന്യാസ്ത്രീയായിരിക്കും അവന് ഉദ്ദേശിക്കുന്നതെന്നു സക്സാലോ വിചാരിച്ചു.
``നിനക്കെങ്ങിനെയാണ് വഴിതെറ്റിപ്പോയത്?''
``ഞാന്‍ അമ്മയോടുകൂടി നടന്നു; ഞങ്ങള്‍ അങ്ങിനെ നടന്നു, നടന്നു പൊയ്ക്കൊണ്ടിരുന്നു. അവള് എന്നോട് അവിടെ കാത്തിരിക്കാന്‍ പറഞ്ഞിട്ട് എങ്ങോട്ടോ പോയി. ഞാന്‍ വല്ലാതെ പേടിച്ചു.''
``ആരാണ് നിന്റെ അമ്മ?''
``എന്റെ അമ്മ? അവള് കറമ്പിയും ദേഷ്യമുള്ളവളുമാണ്.''
``എന്തുചെയ്യുന്നു അവള്?''
``കാപ്പി കുടിക്കുന്നു.'' അവന് പറഞ്ഞു.
``അവള് വേറെ എന്തു ചെയ്യുന്നു?''
``വാടകക്കാരോട് വഴക്കുപിടിക്കുന്നു.'' ഒരുനിമിഷനേരത്തെ ആലോചനയ്ക്കുശേഷം, ലേഷ മറുപടി പറഞ്ഞു.
``ആട്ടെ എവിടെയാണ് നിന്റെ വെളുത്ത അമ്മ?''
``ചുമന്നുകൊണ്ടുപോയി. അവളെ ഒരു ശവപ്പെട്ടിക്കുള്ളില്‍ അടച്ച്, തലയില്‍ ചുമന്നുകൊണ്ട് പോയി. അച്ഛനേയും അപ്രകാരംതന്നെ ചുമന്നുകൊണ്ട് പോയി.''
ബാലന് അകലത്തേയ്ക്കെങ്ങോ ചൂണ്ടിക്കാണിച്ചുകൊണ്ട്, പൊട്ടിക്കരഞ്ഞു.
``എന്താണ് എനിക്ക് ചെയ്യാനാവുക ഇവനെക്കൊണ്ട്?'' സക്സാലോ വിചാരിച്ചു.
ബാലന് പെട്ടെന്നു വീണ്ടും ഓടുവാന്‍ തുടങ്ങി. ഏതാനും ചില തെരുവുമൂലകള്ക്കു ചുറ്റും ഓടിയശേഷം അവന് തന്റെ ഗതി ഒന്നു മന്ദമാക്കി. സക്സാലോ രണ്ടാമത്തെ പ്രാവശ്യവും അവനെ പിടികൂടി. ബാലന്റെ മുഖം ഭയത്തിന്റെയും, സന്തോഷത്തിന്റെയും ഒരു വിചിത്രമായ സങ്കലനഭാവം പ്രദ്യോതിപ്പിച്ചു.
``ഇതാ ഗ്ലൂയിഖോ വീട്.'' അഞ്ചുനിലയുള്ള ഒരു വൃത്തികെട്ട കെട്ടിടത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അവന് പറഞ്ഞു.
ഈ നിമിഷത്തില്‍ ഗ്ലൂയിഖോ ഭവനത്തിന്റെ കവാടത്തിനു നേരെ, അസിതകുന്തളങ്ങളോടും കൃഷ്ണവര്‍ണ്ണമായ നേത്രങ്ങളോടും, ഇരുണ്ട വസ്ത്രങ്ങളോടും, തലയില്‍ വെള്ളപ്പുള്ളികള്‍ നിറഞ്ഞ ഒരു കറുത്ത തൂവാലയോടുംകൂടിയ ഒരു സ്ത്രീരൂപം ആവിര്‍ഭവിച്ചു. ബാലന് ഭയകമ്പിതനായി പിന്നോട്ട് വലിഞ്ഞു.
``അമ്മേ'' മൃദുസ്വരത്തില്‍ അവന് കരഞ്ഞു വിളിച്ചു.
അവന്റെ അമ്മ ആശ്ചര്യഭാവത്തില്‍ അവന്റെ നേരെ നോക്കി. ``എങ്ങിനെ നീയെത്തിച്ചേര്ന്നു ഇവിടെ, എടാ വര്‍ക്കത്തുകെട്ട ശവമേ!'' അവള് ഗര്‍ജ്ജിച്ചു. ``ഞാന്‍ പറഞ്ഞില്ലേ നിന്നോടവിടെ ഇരിക്കാന്‍?''
അവള് അവനെ അടിച്ചേനെ. എന്നാല്‍ അന്തസ്സുള്ള ഒരു മനുഷ്യന് ദൃഷ്ടിവെയ്ക്കുന്നുവെന്നുകണ്ട്, അവള് സ്വരമൊന്നു താഴ്ത്തി.
``അരമണിക്കൂര്‍ നേരം എങ്ങും ഓടിപ്പോകാതെ ഒരിടത്തു നിനക്കു കാത്തിരിപ്പാന് പാടില്ലേ? ഞാന്‍ നിന്നെ നോക്കി നടന്നു എത്ര വിഷമിച്ചു! നാശംപിടിച്ച ശനി!''
തന്റെ ഭീമഹസ്തത്താല് ആ പിഞ്ചുപൈതലിന്റെ ഇളംകയ്യില്‍ കടന്നുപിടിച്ച്, അവള് അവനെ വാതിലില്‍ക്കൂടി വലിച്ചിഴച്ചകത്തേയ്ക്കിട്ടു! സക്സാലോ തെരുവിന്നതാണെന്നു നോക്കി മനസ്സിലാക്കിക്കൊണ്ടു വീട്ടിലേയ്ക്കു പോയി.
IV
ഫെഡറ്റിന്റെ യുക്തിയുക്തമായ തീരുമാനങ്ങള്‍ കേള്‍ക്കുന്നതിനു സക്സാലോവിന്ന് ഇഷ്ടമായിരുന്നു. വീട്ടില്‍ ചെന്നുചേര്ന്നശേഷം അയാള്‍ ആ ഭൃത്യനോട് ബാലനായ ലേഷയെപ്പറ്റി പറഞ്ഞു.
``അവള് അവനെ ഉപേക്ഷിച്ചിട്ടുപോയതു കരുതിക്കൂട്ടിയാണ്.'' ഫെഡറ്റ് വിധിച്ചു. ``എന്തൊരു ദുഷ്ടയായ പെണ്ണാണവള്‍, ആ വീട്ടില്‍ നിന്നത്രവളരെ ദൂരെക്കൊണ്ടുപോകുവാന്!''
``അവളെ അതിലേയ്ക്കു പ്രേരിപ്പിച്ച സംഗതിയെന്ത്? സക്സാലോ ചോദിച്ചു.
``ഒരുത്തനു പറയാന്‍ കഴിയുകയില്ല. നിസ്സാരയായ സ്ത്രീ. ആരെങ്കിലും ഒരാള്‍, അല്ലെങ്കില്‍ മറ്റൊരാള്‍, അവനെ എടുത്തുകൊണ്ടുപോകുന്നതുവരെ, അവന് തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞോടി നടക്കുമെന്ന് അവള്‍ക്കറിയാമായിരുന്നു, സംശയമില്ല. എന്താണ് നിങ്ങള്‍ക്കു പ്രതീക്ഷിക്കാവുന്നത് ഒരു ചെറിയമ്മയില്‍ നിന്നും? ആ കുഞ്ഞിനെക്കൊണ്ടവള്ക്കെന്തു പ്രയോജനം?
``എന്നാല്‍ പോലീസുകാര്‍ അവളെ കണ്ടുപിടിക്കുമായിരിക്കും.'' വിശ്വസിക്കാത്തമട്ടില്‍ സക്സാലോ പറഞ്ഞു.
``പക്ഷേ, അപ്പോള്‍ അവള് ഈ പട്ടണംതന്നെ വിട്ടുപോകും; പിന്നെ അവളെ അവര്‍ക്ക് എങ്ങിനെ കണ്ടുപിടിക്കാന്‍ കഴിയും?''
സക്സാലോ മന്ദഹസിച്ചു; `യഥാര്‍ത്ഥത്തില്‍' അയാള്‍ വിചാരിച്ചു. `ഫെഡറ്റ് ഒരു പരിശോധനാമജിസ്രേട്ടായിരിക്കേണ്ടിയിരുന്നു.'
എങ്ങിനെയായാലും, ഒരു പുസ്തകത്തോടുകൂടി വിളക്കിന്നരികെ ഇരുന്ന് അയാള്‍ മയങ്ങിപ്പോയി. അയാളുടെ സ്വപ്നങ്ങളില്‍ അയാള്‍ ശാന്തയും, സിതസുന്ദരാംഗിയും ആയ ടറാമയെക്കണ്ടു. അവള് വന്ന് അയാളുടെ അടുത്തിരുന്നു. അവളുടെ വദനം ആശ്ചര്യകരമാംവിധം ലേഷായുടേതുപോലെ തന്നെയായിരുന്നു. എന്തോ പ്രതീക്ഷിക്കുന്നുവെന്നു തോന്നുമാറ് അവള് അയാളുടെ നേരെ തുടര്‍ച്ചയായും, കണ്ണിമയ്ക്കാതേയും പകച്ചുനോക്കി. എന്നാല്‍ അവള് ആവശ്യപ്പെടുന്നതെന്തോ, അതിന്നതാണെന്നറിയാന് സാധിക്കാതിരിക്കുന്നത്, അയാള്‍ക്കു മര്‍മ്മഭേദകമായിരുന്നു. അയാള്‍ ഉടന്‍തന്നെ എഴുന്നേറ്റ് ടമാറ വന്നിരിക്കുന്നുവെന്നപോലെ തോന്നപ്പെട്ട ആ കസാലയുടെ അടുത്തേയ്ക്കു നടന്നുപോയി. അവളുടെ മുമ്പില്‍ നിന്നുകൊണ്ട് അയാള്‍ ഉച്ചത്തില്‍ അഭ്യര്‍ത്ഥിച്ചു.
``എന്താണ് നിനക്കാവശ്യം എന്നോടു പറയൂ.''
പക്ഷേ അവള് അവിടെയുണ്ടായിരുന്നില്ല.
``ഇതു വെറും ഒരു സ്വപ്നമായിരുന്നു.'' സക്സാലോ വ്യസനപൂര്‍വ്വം വിചാരിച്ചു.
V
അടുത്ത ദിവസം `കലാപ്രദര്‍ശന'ത്തില്നിന്നുമെത്തിയ ഗോറോഡിഷ്കി പെണ്‍കിടാവിനെ അയാള്‍ കണ്ടു. സക്സാലോ ആ പെണ്‍കുട്ടിയോടു ലേഷയെപ്പറ്റി പറഞ്ഞു.
``സാധുകുട്ടി'' വലേറിയാമിഖേയ്ലോന മൃദുസ്വരത്തില്‍ പറഞ്ഞു: ``അവന്റെ ചെറിയമ്മയ്ക്കു വല്ലവിധത്തിലും അവന്റെ ഉപദ്രവമൊഴിഞ്ഞു കിട്ടണമെന്നേ ആവശ്യമുള്ളൂ.''
``അതൊരുതരത്തിലും നിശ്ചയമല്ല;'' ഫെഡറ്റും ആ യുവതിയും ഒരുപോലെ ആ നിസ്സാരസംഭവത്തെക്കുറിച്ച് അപ്രകാരമൊരു നിര്‍ദ്ദയവും, ദുരന്തവുമായ അഭിപ്രായം പുറപ്പെടുവിച്ചതില്‍ വെറുപ്പോടുകൂടി സക്സാലോ പറഞ്ഞു.
`അക്കാര്യം സ്പഷ്ടമാണ്. ആ കുഞ്ഞിന് അച്ഛനില്ല; അവന് അവന്റെ ഇളയമ്മയുടെ കൂടെ താമസിക്കുന്നു. അവള് അവനെ ഒരു ഒഴിയാബാധയായിട്ടാണ് കാണുന്നത്. വലിയ തകരാറുകളൊന്നുംകൂടാതെ അവള്‍ക്കവനെ അകറ്റുവാന്‍ സാധിച്ചില്ലെങ്കില്‍ അവള് എങ്ങിനെയെങ്കിലും, എന്തു കടുംകൈ പ്രവര്‍ത്തിച്ചെങ്കിലും ഒടുവില്‍ അതു സാധിക്കും!''
``നിങ്ങള്‍ വളരെ ചീത്തയായ ഒരു വഴിയാണ് കാണുന്നത്'' സക്സാലോ ഒരു പുഞ്ചിരിയോടുകൂടിപ്പറഞ്ഞു.
``എന്തുകൊണ്ട് നിങ്ങള്‍ക്കവനെ ദത്തെടുത്തുകൂടാ?'' വലേറിയാ മിഖേയ്ലോന അഭിപ്രായപ്പെട്ടു.
``ഞാന്‍?'' സക്സാലോ അത്ഭുതത്തോടുകൂടി ചോദിച്ചു.
``നിങ്ങള്‍ തനിച്ച് താമസിക്കുന്നു.'' അവള് ശഠിച്ചു. `ഈസ്റ്റര്‍' സുദിനത്തില്‍ നല്ല ഒരു കൃത്യം ചെയ്യുകതന്നെ. എങ്ങിനെയായാലും അനുമോദനങ്ങള്‍ അന്യോന്യം കൈമാറുന്നതിലേയ്ക്ക് ഒരാള്‍ നിങ്ങള്ക്കുണ്ടാകുമല്ലോ!''
``എന്നാല്‍ എന്താണ് എനിക്ക് ചെയ്യാന്‍ കഴിയുക? ഒരു കൊച്ചുകുഞ്ഞിനെക്കൊണ്ട്, വലേറിയാ മിഖേയ്ലോനേ?''
``ഒരു വളര്‍ത്തമ്മയെ സമ്പാദിക്കുക, അതിന് വിധി ഒരു കുഞ്ഞിനെ അയച്ചുതന്നതുപോലെ തോന്നുന്നു.''
സക്സാലോ, ആ തരുണിയുടെ ജീവചൈതന്യം നിഴലിക്കുന്ന ലജ്ജാസമ്മിളിതമായ വദനത്തില്‍, കരുതിക്കൂട്ടി വരുത്തിയതല്ലാത്ത, ഒരു ശാന്തഭാവത്തോടും അത്ഭുതത്തോടുംകൂടി നോക്കി.
ആ സായാഹ്നത്തില്‍ തന്റെ സ്വപ്നങ്ങളില്‍ ടറാമ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍, അവള് ആവശ്യപ്പെട്ടിരുന്നതെന്താണെന്നു സക്സാലോവിനു മനസ്സിലായി. തന്റെ മുറിക്കുള്ളിലെ പ്രശാന്തനിശബ്ദതയില്, ഈ വാക്കുകള്‍ മൃദുലമായി മാറ്റൊലികൊള്ളുന്നതുപോലെ അയാള്‍ക്കു തോന്നിത്തുടങ്ങി. ``അവള് നിങ്ങളോടു പറഞ്ഞതുപോലെ ചെയ്യുക!''
ആഹ്ലാദത്തോടുകൂടി സക്സാലോ എഴുന്നേറ്റു, നിദ്രാകലിതമായിരുന്ന നേത്രങ്ങള്‍ കൈകൊണ്ടു തുടച്ചു. മേശപ്പുറത്ത് കിടന്നിരുന്ന ഒരു വെളുത്ത `ലിലാക്ക്' പൂച്ചെണ്ട് അയാളുടെ ദൃഷ്ടിയില്പെട്ടു. എവിടെ നിന്നു ഇത് വന്നു? തന്റെ അഭീഷ്ടത്തിന്റെ അടയാളമെന്നോണം ടമാറ ഇട്ടിട്ടുപോയതാണോ, അത്?
ആ ഗൊറോഡിഷ്കി പെണ്‍കിടാവിനെ വിവാഹംകഴിച്ചു ലേഷായെ, ദത്തുമെടുക്കുകയാണെങ്കില് തനിക്കു ടമാറയുടെ ആഗ്രഹം നിറവേറ്റുവാനാകും എന്നൊരു ബോധം പെട്ടന്നയാള്ക്കുണ്ടായി. ആ പൂച്ചെണ്ട് അയാള്‍ സസ്നേഹം തന്റെ മാറോടണച്ച് ചുംബിച്ചു; ആ ലിലാക്കിന്റെ ഉത്തമസൗരഭ്യപൂരം അയാള്‍ അകംകുളുര്ക്കെ ആസ്വദിച്ചു.
അന്നേദിവസം താന്‍തന്നെ വിലകൊടുത്തു വാങ്ങിയതാണാപ്പൂച്ചെണ്ട്, എന്നു അയാള്‍ക്കു ഓര്‍മ്മവന്നു; എന്നാല്‍ പെട്ടെന്നു വിചാരിച്ചു: ``ഞാന്‍ ഇതു സ്വയം വിലകൊടുത്തു വാങ്ങി എന്നുള്ളതില്‍ യാതൊരു വ്യത്യാസവുമില്ല; ഒരു ശുഭസൂചകമായ ശകുനമുണ്ട് ഈ സംഗതിയില്‍ -- അതു വിലകൊടുത്തുവാങ്ങുവാന് എനിക്കാഗ്രഹം തോന്നുകയും, പിന്നീടു ഞാന്‍ അതു വാങ്ങിച്ച കാര്യം വിസ്മരിക്കുകയും ചെയ്തതില്‍.''
VI
രാവിലെ അയാള്‍ ലേഷയെക്കണ്ടുപിടിക്കുവാനായി പുറപ്പെട്ടു. ആ ബാലന് പടിവാതില്ക്കല് അയാളെ കണ്ടുമുട്ടുകയും, താനവിടെ താമസിക്കുന്നുവെന്നയാളെ കാണിച്ചുകൊടുക്കയും ചെയ്തു. ലേഷായുടെ അമ്മ കാപ്പികുടിക്കുകയും ചുവന്ന മൂക്കോടുകൂടിയ വേലക്കാരനോട് വഴക്കുപിടിക്കുകയും ചെയ്യുകയായിരുന്നു. ഇതു മാത്രമാണ് ലേഷായെസ്സംബന്ധിച്ചു സക്സാലോവിനു മനസ്സിലാക്കാന്‍ സാധിച്ചത്.
അവനു മൂന്നുവയസ്സുള്ള കാലത്തു അവന്റെ മാതാവു മരിച്ചുപോയി. അവന്റെ അച്ഛന് ഈ കറുത്ത സ്ത്രീയെ വിവാഹം കഴിക്കുകയും ഒരു കൊല്ലത്തിനുള്ളില്‍ അയാളും പരലോകപ്രാപ്തനാകുകയും ചെയ്തു. ഈ ഇരുണ്ട സ്ത്രീയായ `ഐറേന ഐവനോന' എന്നവള്‍ക്കും അവളുടെ സ്വന്തമായി ഒരു വയസ്സു പ്രായംചെന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവള് വീണ്ടും വിവാഹം കഴിക്കുവാന്‍ പോകയാണ്. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ വിവാഹം നടക്കുവാന്‍ പോകുന്നു; അതുകഴിഞ്ഞാല്‍ അവര്‍ ഉടന്‍തന്നെ ഉള്‍നാടുകളിലേയ്ക്ക് യാത്രയാണ്. അവള്‍ക്കും, അവളുടെ പെരുമാറ്റത്തിലും, ഒരു പരിചിതനായിരുന്നു ലേഷ.
`അവനെ എനിക്കു തരിക'' സക്സാലോ അഭിപ്രായപ്പെട്ടു.
``സന്തോഷത്തോടുകൂടി'' അവര്‍ണ്ണനീയമായ ആനന്ദത്തോടുകൂടി ഐറേന ഐവനോന പറഞ്ഞു. ഒരുനിമിഷം കഴിഞ്ഞു തുടര്‍ന്നു: ``നിങ്ങള്‍ അവന്റെ വസ്ത്രങ്ങള്‍ക്കുള്ള വില തരണമെന്നു മാത്രം!''
അപ്രകാരം ലേഷായെ, സക്സാലോ തന്റെ ഗൃഹത്തിലേയ്ക്കു കൊണ്ടുവന്നു. ഒരു ധാത്രിയെക്കണ്ടുപിടിക്കുന്നതിലും, ലേഷയുടെ ഗൃഹപ്രവേശം സംബന്ധിച്ച മറ്റോരോ കാര്യങ്ങളിലും, ആ ഗോറൊഡിഷ്കിപ്പെണ്കുട്ടി അയാളെ സഹായിച്ചു. ഈ കാര്യത്തിനായി അവള്‍ക്കു സക്സാലോവിന്റെ സദനം സന്ദര്‍ശിക്കേണ്ടിയിരുന്നു. അപ്രകാരമുള്ള സഹവാസത്താല്‍ അവള് ഒരു വ്യത്യസ്തസൃഷ്ടിയായി സക്സാലോവിനു തോന്നിത്തുടങ്ങി. അവളുടെ ഹൃദയകവാടം തനിക്കുവേണ്ടി തുറന്നിട്ടിരിക്കുന്നുവെന്നു സക്സാലോവിനു ബോധ്യപ്പെട്ടു. മൃദുലവും, കിരണങ്ങള്‍ സ്ഫുരിക്കുന്നതുമായ അവളുടെ നീണ്ട നയനങ്ങള്‍! ടമാറയില്‍ നിന്നും നിര്‍ഗ്ഗളിച്ച ആ മധുരമായ മുഗ്ദ്ധതതന്നെ അവളിലും സംജാതമായി.
VII
തന്റെ വെളുത്ത അമ്മയെക്കുറിച്ചുള്ള, ലേഷായുടെ കഥകള്‍ ഫെഡറ്റിനേയും അയാളുടെ ഭാര്യയേയും സ്പര്‍ശിച്ചു. ഈസ്റ്ററിന്റെ തലേന്നാള്‍ രാത്രി അവനെ കിടക്കയില്‍ കിടത്തിയപ്പോള്‍, അവന്റെ കട്ടിലിന്റെ അറ്റത്ത് പഞ്ചാരമുട്ട കെട്ടിത്തൂക്കി.
``ഇത് നിന്റെ വെളുത്ത അമ്മയുടെ അടുക്കല്‍ നിന്നാണ്.''ക്രിസ്റ്റെന് പറഞ്ഞു. ``എന്നാലെന്റെ പൊന്നാങ്കുടമേ, നീയതു തൊടരുത്; യേശു ഉണരുകയും മണികള്‍ കിലുങ്ങുകയും ചെയ്യുന്നതുവരെ.''
അനുസരണയോടെ ലേഷ കിടപ്പായി. അധികനേരം ആ കൗതുകകരമായ അണ്ഡത്തിനു നേരെ അവന് മിഴിച്ചുനോക്കി; പിന്നെ അവന് കിടന്നുറങ്ങി.
ആ സായാഹ്നത്തില്‍ സക്സാലോ വീട്ടില്‍ ഒറ്റയ്ക്കിരുന്നു. അര്‍ദ്ധരാത്രിയോടടുത്ത് അനിയന്ത്രിതമായ ഒരു നിദ്രാപാരവശ്യം അയാളുടെ നേത്രങ്ങളെ അടച്ചുകളഞ്ഞു. അയാള്‍ സന്തുഷ്ടനായി; എന്തുകൊണ്ടെന്നാല്‍, വേഗത്തില്‍ അയാള്‍ക്കു തന്റെ ടമാറയെ, കാണാറാകുമല്ലോ. സിതാംബരാലംകൃതയായി, മധുരമന്ദഹാസാഞ്ചിതയായി, സുപ്രഭാവതിയായി, പള്ളിമണികളുടെ ആനന്ദസാന്ദ്രമായ വിദൂരശിഞ്ജിതത്തെ ആനയിച്ചുകൊണ്ട് ആ അംഗനാരത്നം അതാ മന്ദംമന്ദം സമാഗതയാകുന്നു! ശാന്തസുന്ദരമായ ഒരു മന്ദസ്മിതത്തോടുകൂടി, അവള് അയാളുടെ മീതെ കുനിയുകയും, -- ഹാ! പ്രകടനാതീതമായ, പരമാനന്ദം! -- സ്കസാലോവിനു തന്റെ അധരപുടങ്ങളില്‍, അതിമൃദുലമായ ഒരു സ്പര്ശനസൗഭാഗ്യം ലഭിക്കുകയും ചെയ്തു! ഒരു നേരിയ സ്വരം മന്ദംമന്ദം ഉച്ചരിച്ചു. ``ക്രിസ്തു ഉണര്‍ന്നിരിക്കുന്നു!''
തന്റെ നയനങ്ങള്‍ തുറക്കാതെ സക്സാലോ, അയാളുടെ ഇരുകരങ്ങളും ഉയര്‍ത്തി, കൃശകോമളമായ ഒരു മൃദുലവിഗ്രഹം പരമസംതൃപ്തിയോടെ പരിരംഭണം ചെയ്തു. `ഈസ്റ്റര്‍' അനുമോദനങ്ങള്‍ നല്കുവാനായി, മുട്ടുകുത്തി അയാളുടെ ദേഹത്തില്‍ പിടിച്ചുകയറിയ ലേഷായായിരുന്നു അത്.
പള്ളികളിലെ ഘണ്ടികാസഞ്ചയങ്ങളുടെ നിനദകോലാഹലം അവനെ ഉണര്‍ത്തി. അവന് ആ വെള്ളപ്പഞ്ചാരമുട്ട കരസ്ഥമാക്കിക്കൊണ്ടു സക്സാലോവിന്റെ അടുത്തേയ്ക്ക് ഓടിപ്പോയിട്ടുണ്ടായിരുന്നു.
സക്സാലോ ഉണര്‍ന്നു. ലേഷ അത്യാഹ്ലാദത്തോടെ പൊട്ടിച്ചിരിച്ചുകൊണ്ട് ആ വെള്ളമുട്ട, അയാളുടെ നേരെ നീട്ടി.
``വെളുത്ത അമ്മ അയച്ചതാണിത്.'' അവന് കൊഞ്ചിപ്പറഞ്ഞു. ``ഞാനിതു നിങ്ങള്‍ക്കു തരും; നിങ്ങള്‍ ഇതു വലേറിയ അമ്മായിക്കു കൊടുക്കണം.''
``കൊള്ളാം, അങ്ങിനെതന്നെ. ഓമനേ, ഞാന്‍ നീ പറയുംപോലെ ചെയ്യാം.'' സക്സാലോ മറുപടി പറഞ്ഞു.
ലേഷയെക്കിടക്കയില്ക്കിടത്തിയിട്ട്, വെളുത്ത അമ്മയില്‍നിന്നുള്ള സംഭാവനയായ, ലേഷായുടെ ആ വെള്ളമുട്ടയുംകൊണ്ട് അയാള്‍ വലേറിയമിഖേയ്ലോനയുടെ അടുത്തേയ്ക്കു പോയി. എന്നാല്‍, ആ നിമിഷത്തില്‍, ടമാറയില്‍ നിന്നുള്ള ഒരു സമ്മാനം തന്നെയാണതെന്നു സക്സാലോവിനു തോന്നി.
തിയോഡോര്‍ സൊളോഗബ
ഒരു അക്രമം
ഒരു `കൊളീജിയേറ്റ് അസ്സെസ്സര്‍' ഉദ്യോഗമുള്ള മിഗേവ്, തന്റെ സായംകാല സവാരിക്കിടയില്‍ ഒരു തപാല്ക്കമ്പിക്കാലിനടുത്തുനിന്ന്, നീണ്ട നെടുവീര്‍പ്പിട്ടു. ഒരാഴ്ചയ്ക്കുമുമ്പ്, അയാള്‍ സായാഹ്നസവാരികഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങുമ്പോള്‍, അതേ സ്ഥലത്തുവെച്ചു തന്നെയാണ് തന്റെ പണ്ടത്തെ വീട്ടുവേലക്കാരിയായ ആഗ്നിയായെക്കണ്ടുമുട്ടിയത്. ആ സമയം കഠിനമായ വിദ്വേഷത്തോടുകൂടി അവള് അയാളോടിങ്ങിനെ പറഞ്ഞു:
``ഒരിത്തിരി നില്‍ക്കണം, സര്. സാധുക്കളായ പെണ്‍കിടാങ്ങളെ അവതാളത്തിലാക്കുന്ന നിങ്ങളുടെ സ്വഭാവത്തിന്, ഞാന്‍ നിങ്ങളെ ഒന്നു പഠിപ്പിക്കാന്‍ ഭാവിച്ചിട്ടുണ്ട്. കാണിച്ചുതരാം; നോക്കിക്കോളൂ. ആ കുഞ്ഞിനെ ഞാന്‍ നിങ്ങളുടെ വാതില്ക്കല് കൊണ്ടിട്ടേച്ചുപോകും; നിങ്ങളുടെ പേരില്‍ ഞാന്‍ കേസുകൊടുക്കും; ഞാന്‍ നിങ്ങളുടെ ഭാര്യയോടും, പരമാര്‍ത്ഥമെല്ലാം പറഞ്ഞുകേള്‍പ്പിക്കും.........''
അവളുടെ പേരില്‍ അയ്യായിരും `റൂബിള്‍' ബാങ്കില്‍ ഇടണമെന്ന് അവള് അയാളോടാവശ്യപ്പെട്ടിരുന്നു. മിഗേവിനതോര്മ്മവന്നു. അതാണയാള്‍ ഒരു ദീര്‍ഘശ്വാസം വിട്ടത്. തനിക്കിത്രമാത്രം മനശ്ചാഞ്ചല്യത്തിനും കഷ്ടതയ്ക്കും കാരണമാക്കിയ ആ ക്ഷണികമായ കാമവികാരത്തെപ്പറ്റി അത്യന്തം പശ്ചാത്തപിച്ചുകൊണ്ട്, അയാള്‍ തന്നെത്തന്നെ പഴിച്ചു.
തന്റെ ബംഗ്ലാവില്‍ ചെന്നുചേര്‍ന്ന ഉടനെ, വിശ്രമിക്കുവാനായി, അയാള്‍ അതിന്റെ പടിക്കല്‍ ഇരുന്നു. അപ്പോള്‍ മണി പത്തേ ആയിട്ടുള്ളൂ. മേഘങ്ങളുടെ പിന്നില്‍ നിന്നും ചന്ദ്രക്കല പുറത്തേയ്ക്കൊളിഞ്ഞുനോക്കിയിരുന്നു. തെരുവിലോ, ബംഗ്ലാവിനടുത്തോ ഒരു ജീവിപോലും ഉണ്ടായിരുന്നില്ല. പ്രായംചെന്ന ഗ്രീഷ്മകാലസന്ദര്ശകന്മാര് കിടക്കുവാനുള്ള ആരംഭമായി. ചെറുപ്പക്കാര്‍ സമീപമുള്ള വനത്തില്‍ ഉലാത്തിക്കൊണ്ടിരുന്നു. ഒരു സിഗററ്റ് കൊളുത്തുവാന്‍ വേണ്ടി മിഗേവു തന്റെ രണ്ടു കുപ്പായക്കീശകളിലും തീപ്പെട്ടി തപ്പിനോക്കി. അയാളുടെ കൈമുട്ടു പെട്ടെന്നു മൃദുവായ എന്തിന്മേലോ മുട്ടിയെന്നയാള്ക്കു തോന്നി. അലസമായി അയാള്‍ തലചരിച്ചു തന്റെ വലത്തെ കൈമുട്ടില്‍ നോക്കി. തന്റെ അടുത്തൊരു പാമ്പിനെക്കണ്ടാലെന്നപോലെ, അത്രമാത്രം ഭയത്തോടുകൂടി, അയാളുടെ മുഖഭാവം പെട്ടെന്നു വികൃതമായി മാറി. അതേ, വാതിലിന്റെ ചവിട്ടുപടിയില്‍ അതാ കിടക്കുന്നു ഒരു ഭാണ്ഡം. ആകൃതിയില്‍ ദീര്‍ഘചതുരമായ എന്തോ ഒന്ന്, മറ്റെന്തിലോ പൊതിഞ്ഞിട്ടിരിക്കുന്നു. സ്പര്ശനത്തില് അതൊരു കോസടിയാണെന്നയാള്ക്കു തോന്നി. ആ ഭാണ്ഡത്തിന്റെ ഒരുവശം അല്പം തുറന്നുകിടക്കുന്നുണ്ട്. `കൊളീജിയേറ്റ് അസ്സെസ്സര്‍' അതു കൈയിലെടുത്തപ്പോള്‍, ഈര്‍പ്പവും ചൂടുമുള്ള എന്തോ ഒന്നയാളെ സ്പര്‍ശിച്ചു. ഭയത്തോടെ അയാള്‍ ചാടിയെഴുന്നേറ്റു. ഒരു ജയില്‍പ്പുള്ളി തന്റെ `വാര്‍ഡര്‍'മാരില്‍ നിന്ന്, രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതുപോലെ അയാള്‍ ചുറ്റും നോക്കി.
``അവള് അതിനെ ഇട്ടേച്ചുപോയി.'' അയാള്‍ മുഷ്ടി ചുരുട്ടി പല്ലിറുമ്മിക്കൊണ്ട് കോപത്തോടെ മുറുമുറുത്തു. ഇതാ ഇവിടെക്കിടക്കുന്നു അത്....... ഇതാ കിടക്കുന്നു എന്റെ അക്രമത്തിന്റെ ഫലം! ഹാ! ദൈവമേ!''
ഭയം, കോപം, ലജ്ജ ഇവയാല്‍ അയാള്‍ സ്തബ്ധനായിപ്പോയി.
ഇനിയെന്താണവള് ചെയ്യുക? തന്റെ ഭാര്യ ഇതുകണ്ടുപിടിച്ചാല് അവള് എന്തുപറയും? തന്റെ സഹോദ്യോഗസ്ഥന്മാരെന്തു പറയും? തന്റെ മേലധികാരി ഇതറിയുമ്പോള്‍, തന്റെ പാര്‍ശ്വത്തില്‍ തട്ടി, പൊട്ടിച്ചിരിച്ചുകൊണ്ട് പറയും: ``ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു!--ഹി!--ഹി!--ഹി!--നിങ്ങളുടെ താടി നരച്ചിട്ടുണ്ടെങ്കിലും യൗവനം തുളുമ്പുന്നതാണ് നിങ്ങളുടെ ഹൃദയം. നിങ്ങള്‍ ഒരു സൂത്രക്കാരനാണ്, സെംയാണ് എറാസ്റ്റോവിച്ചേ!'' ഗ്രീഷ്മകാലസന്ദര്ശകരാകമാനം ഇപ്പോള്ത്തന്റെ രഹസ്യം മനസ്സിലാക്കും. അഭിവന്ദ്യകളായ കുടുംബിനികള്‍ തന്റെ നേരെ വാതില്‍ കൊട്ടി അടച്ചുകളയും. ഈ മാതിരി സംഭവങ്ങള്‍ എല്ലായ്പ്പോഴും പത്രങ്ങളിലും കടന്നുകൂടുന്നു. അങ്ങിനെ മിഗേവിന്റെ വിനീതനാമധേയം റഷ്യയാകമാനം പ്രസിദ്ധീകൃതമായിത്തീരും.
ബംഗ്ലാവിന്റെ നടുവിലത്തെ കിളിവാതില്‍ തുറന്നുകിടന്നിരുന്നു. തന്റെ ഭാര്യ, അന്ന ഫിലിപ്പോവ്, മേശപ്പുറത്ത് അത്താഴത്തിനൊരുക്കുന്ന ശബ്ദം അയാള്‍ക്കു വ്യക്തമായി കേള്‍ക്കാമായിരുന്നു. `ഗേറ്റി'നു സമീപമുള്ള മുറ്റത്തു `പോര്‍ട്ടര്‍' ഏര്മോളായ് ശോകമധുരമായ ഒരു സ്വരത്തില്‍ `ബലലയ്ക' വായിച്ചുകൊണ്ടിരുന്നു. കുട്ടി ഉണര്‍ന്നു കരയേണ്ട താമസം മാത്രമേയുള്ളൂ; ഉടനെ രഹസ്യം പുറത്തായിക്കഴിയും. ബദ്ധപ്പെട്ടു പ്രവര്‍ത്തിക്കേണ്ടതിന്റെ അത്യാവശ്യത്തെക്കുറിച്ച് മിഗേവിനു ബോധമുണ്ടായി. ``വേഗം, വേഗം,'' അയാള്‍ മുറുമുറുത്തു; ``ഈ നിമിഷംതന്നെ.............. വല്ലവരും കാണുന്നതിനുമുമ്പ് ഞാനിതിനെ എടുത്തുകൊണ്ടുപോയി, വല്ലവരുടെയും പടിവാതില്ക്കല് കിടത്തും.''
ഭാണ്ഡം കയ്യിലെടുത്തു സംശയമുണ്ടാക്കാതെ കഴിക്കുവാനായി, ഒരു മന്ദഗതിയില്‍, ശാന്തമായി, അയാള്‍ തെരുവിലേയ്ക്കിറങ്ങി.
``ഒരത്ഭുതകരമായ കുണ്ടാമണ്ടി'' എന്നിങ്ങനെ അയാള്‍ ചിന്തിപ്പാന്‍ തുടങ്ങി. ``ഒരു കൊളീജിയേറ്റ് അസ്സെസ്സര്‍' ഒരു കുട്ടിയേയും എടുത്തുകൊണ്ട് തെരുവില്‍ക്കൂടി നടക്കുന്നു! ശിവ, ശിവ! ആരെങ്കിലും എന്നെക്കണ്ടെത്തിക്കാര്യം മനസ്സിലാക്കുന്നു എങ്കില്‍, കഴിഞ്ഞു എന്റെ കഥ! ഈ പടിവാതില്ക്കല് ഇതിനെ ഇടുകയാണ് ഭേദം -- ഇല്ല, വരട്ടെ; ജനലുകളെല്ലാം തുറന്നുകിടക്കുന്നു. പക്ഷേ ആരെങ്കിലും നോക്കിക്കൊണ്ടിരിക്കുന്നുണ്ടാവും. എവിടെയാണ് പിന്നെ ഞാനിതിനെ ഇട്ടിട്ടു പോവുക? -- എനിക്കറിയാം! ഞാനിതിനെ കച്ചവടക്കാരന് മ്യെല്ക്കിന്റെ വീട്ടിലേയ്ക്കു കൊണ്ടുപോകും. കച്ചവടക്കാര്‍ പണക്കാരും മൃദുലഹൃദയന്മാരുമാണ്; `അതേ, നിങ്ങള്‍ക്കു വന്ദനം' എന്നു പറഞ്ഞ് അതിനെ സ്വീകരിപ്പാനാണ് എളുപ്പം.''
മ്യെല്ക്കിന്റെ `വില്ല' (ഭവനം) നദിയോട് തൊട്ട് ഏറ്റവും അകലത്തുള്ള തെരുവിലായിരുന്നെങ്കിലും കുട്ടിയെ ആ കച്ചവടക്കാരന്റെ അടുക്കലേയ്ക്കു കൊണ്ടുപോകുവാന്തന്നെ മിഗേവ് തീര്‍ച്ചപ്പെടുത്തി.
അതു കരയുവാന്‍ ആരംഭിക്കുകയോ, കിടന്നു പുളഞ്ഞു ഭാണ്ഡത്തില്‍നിന്നു വീഴാതിരിക്കുകയോ മാത്രം ചെയ്തിരുന്നെങ്കില്‍ മതിയായിരുന്നു; എന്നിങ്ങനെ കൊളീജിയേറ്റ് അസ്സെസ്സര്‍ വിചാരിച്ചു; ഇതു തീര്‍ച്ചയായും ഒരു രസമുള്ള വിശേഷസംഭവംതന്നെ. ഇതാ ഞാന്‍ ഒരു മനുഷ്യജീവിയെ അതൊരു ഓഫീസ് ഫയല്‍ ആയിരുന്നാലെന്നതുപോലെ കയ്യിലെടുത്തുകൊണ്ടുപോകുന്നു. ജീവനോടുകൂടിയതും, ആത്മാവുള്ളതും, മറ്റാരെയുംപോലെ വികാരങ്ങളോടുകൂടിയതുമായ ഒരു മനുഷ്യജീവി! ഭാഗ്യത്താല്‍, `മ്യെല്ക്കിന്കുടുംബക്കാര്' സ്വീകരിക്കുന്നുവെങ്കില്‍, ആരെങ്കിലുമായിത്തീര്ന്നേയ്ക്കാം. ഒരു പ്രൊഫസ്സറോ, ഒരു സൈന്യാധിപനോ, ഒരു ഗ്രന്ഥകാരനോ, ആകാന്‍ മതി. എന്തുവേണമെങ്കിലും സംഭവിക്കാം! ഇപ്പോള്‍ ഇതിനെ ഞാന്‍ ചവറ്റുസാമാനങ്ങളുടെ ഒരു ഭാണ്ഡക്കെട്ടുപോലെ എന്റെ കയ്യില്‍ ചുമന്നുകൊണ്ടുപോകുന്നു. പക്ഷേ, മുപ്പതോ നാല്‍പ്പതോ വര്‍ഷത്തിനകം, അവന്റെ മുമ്പില്‍ ഇരിക്കാന്‍ എനിക്കു ധൈര്യമുണ്ടായില്ലെന്നു വന്നേയ്ക്കാം!''
ജനശൂന്യമായ ഒരിടുങ്ങിയ മുടുക്കില്ക്കൂടി, നീണ്ടുനീണ്ടു കിടക്കുന്ന വേലിക്കെട്ടുകളുടെ അരികിലുള്ള നാരകവൃക്ഷങ്ങളുടെ കനത്തിരുണ്ട നിഴല്പ്പാടുകളില്ക്കൂടി നടന്നുപോകുമ്പോള്‍, വളരെ ക്രൂരവും കുറ്റകരവുമായ എന്തോ ആണ് താന്‍ ചെയ്യുന്നതെന്നു, പെട്ടെന്നു മിഗേവിനു തോന്നി.
``എത്ര നീചമാണ് വാസ്തവത്തില്‍'' അയാള്‍ വിചാരിച്ചു. ``ഇതിലും കൂടുതല്‍ നികൃഷ്ടമായി ഒന്ന്, ഒരുത്തന്നു വിചാരിക്കാന്‍പോലും കഴിയാത്തവിധം, അത്ര നികൃഷ്ടം, എന്തിനാണ്, ഈ കുഞ്ഞിനെ പടിവാതില്‍തോറും മാറിമാറിക്കൊണ്ടു നടക്കുന്നത്? അതു ജനിച്ചു എന്നുള്ളത് അതിന്റെ കുറ്റമല്ല. ഒരുത്തര്‍ക്കും അതൊരു ദോഷവും ചെയ്തിട്ടുമില്ല. നാം ശുദ്ധ `പോക്കിരി'കളാണ്, നാം സുഖമനുഭവിക്കുന്നു. നിരപരാധികളായ ഈ കുഞ്ഞുങ്ങളാണത്രേ അതിനു ശിക്ഷയനുഭവിക്കേണ്ടത്! ഈ നാശംപിടിച്ച കാര്യങ്ങളെക്കുറിച്ചൊന്നു ചിന്തിച്ചുനോക്കൂ! ഞാന്‍ തെറ്റുചെയ്തു; ഞാനിതാ ഈ കുഞ്ഞിന്റെ മുമ്പില്‍ കഠോരമായ ഒരു `വിധി'യായിരിക്കുന്നു. ഞാനിതിനെ മ്യെല്ക്കിന്റെ പടിവാതില്ക്കലിട്ടുംവെച്ചുപോയാല് അവര്‍ അതിനെ അനാഥശിശുമന്ദിരത്തിലേയ്ക്കയക്കും. അവിടെ അപരിചിതന്മാരുടെ ഇടയ്ക്ക്, ഒരു വിചിത്രമായ രീതിയില്‍, അതു വളരും. സ്നേഹമില്ല, ലാളനങ്ങളില്ല, താലോലിച്ചുള്ള പോറ്റലില്ല, ഒന്നുമില്ലവിടെ. പിന്നീട് ഒരു `ചെരുപ്പുകുത്തി'യുടെ കൂടെ, അവനെ തൊഴിലഭ്യസിപ്പിക്കുവാന് വിടും. അവന് കുടി തുടങ്ങും. അസഭ്യഭാഷ ഉപയോഗിക്കുവാന്‍ പഠിക്കും. പട്ടിണിക്കാരനായത്തീരും. ഒരു ചെരുപ്പുകുത്തി! എന്നാലവനോ? കുലീനകുലജാതനായ ഒരു കൊളീജിയേറ്റ് അസ്സെസ്സറുടെ മകന്! അവന് എന്റെ സ്വന്തം രക്തവും ജീവനുമാണ്.''
നാരകവൃക്ഷച്ഛായകളില് നിന്നും വിശാലമായ രാജവീഥിയിലെ പ്രകാശപൂര്‍ണ്ണമായ ചന്ദ്രികയില്‍ മിഗേവ് എത്തിച്ചേര്‍ന്നു. ഭാണ്ഡം തുറന്നു പതുക്കെ ആ ശിശുവിനെ അയാളൊന്നു നോക്കി.
അയാള്‍ മന്ത്രിച്ചു ``ഉറക്കം! എടാ, കൊച്ചുതേമേലി! എന്തിന്! നിന്റെ അച്ഛനുള്ളതുപോലെത്തന്നെ ഒരു തത്തച്ചുണ്ടന്‍ മൂക്ക് നിനക്കും ഉണ്ട്. --
അവന് ഉറങ്ങുന്നു. അവനെ നോക്കിക്കൊണ്ട് നില്‍ക്കുന്നത് അവന്റെ സ്വന്തം പിതാവാണെന്ന് അവന് അറിയുന്നതേയില്ല. ഇതൊരു നാടകമാണു കുഞ്ഞേ! കൊള്ളാം! കൊള്ളാം! നീ എനിക്കു മാപ്പുതരണം! എന്റെ ഓമനക്കുഞ്ഞേ, നീ എനിക്കു മാപ്പുതരൂ!...... ഇതു നിന്റെ വിധിതന്നെ!''
കോളീജിയേറ്റ് അസ്സെസ്സര്‍ കണ്ണടച്ചു: തന്റെ ഗണ്ഡസ്ഥലങ്ങള് വേദനിയ്ക്കുന്നതുപോലെ അയാള്‍ക്കുതോന്നി. അയാള്‍ കുഞ്ഞിനെ കൈയില്‍ പൊതിഞ്ഞെടുത്തുകൊണ്ട് വീണ്ടും നടന്നുപോയി. മ്യെല്ക്കിന്റെ `വില്ല'യിലേയ്ക്കുള്ള വഴി മുഴുവനും അയാളുടെ മസ്തിഷ്കത്തില്‍, സാമുദായികപ്രശ്നങ്ങള്‍ തിങ്ങിക്കൂടുകയായിരുന്നു. ഹൃദയത്തിലാകട്ടെ മനസ്സാക്ഷി അയാളെ കരളുന്നുണ്ടായിരുന്നു.
``മര്യാദക്കാരനും സത്യസന്ധനുമായ ഒരു മനുഷ്യനാണെങ്കില്‍'' അയാള്‍ വിചാരിച്ചു: ``ഞാന്‍ എല്ലാറ്റിനും സന്നദ്ധനായി, അന്ന ഫിലിപ്പോവ്നയുടെ അടുത്ത് ഈ കുട്ടിയെയും കൊണ്ട്ചെന്നു `എനിക്കു മാപ്പുതരൂ! ഞാന്‍ പാപം ചെയ്തുപോയി. എന്നെ എന്തുവേണമെങ്കിലും ചെയ്തുകൊള്ളൂ; പക്ഷേ നിരപരാധിയായ ഒരു കുഞ്ഞിനെ വഴിയാധാരമാക്കരുത്!' എന്നു പറയണം. അവള് നല്ല കൂട്ടത്തിലാണ്; അവള് സമ്മതിക്കും. എന്റെ കുഞ്ഞ് എന്നോടൊന്നിച്ചുണ്ടായിരിക്കയും ചെയ്യും. ഹാവൂ!''
അയാള്‍ മ്യെല്ക്കിന്റെ `വില്ല'യിലെത്തിയിട്ടും, സംശയിച്ചു നില്‍പ്പായി. താന്‍ വീട്ടില്‍ `ഇരിപ്പുമുറിയില്‍, പത്രം വായിച്ചുകൊണ്ടിരിക്കുന്നതും, തത്തച്ചുണ്ടന്മൂക്കോടുകൂടിയ ഒരു കൊച്ചാണ്കുട്ടി തന്റെ നീളമുള്ള പുറംകുപ്പായത്തിന്റെ അലുക്കുകള്‍ പിടിച്ചു കളിക്കുന്നതുമായ ചിത്രം, അയാളുടെ മനോദൃഷ്ടികള്ക്കു ലക്ഷീഭവിച്ചു. തത്സമയംതന്നെ തന്റെ കൂട്ടുദ്യോഗസ്ഥന്മാര് തന്നെനോക്കിപ്പരിഹസിക്കുന്നതും, മേലധികാരി, തന്റെ പള്ളയ്ക്കു തട്ടിക്കൊണ്ടു പൊട്ടിച്ചിരിക്കുന്നതും, ആയ ചിത്രങ്ങളും അയാളുടെ മസ്തിഷ്ക്കത്തില്കൂടി ആര്‍ത്തിരച്ചു കടന്നുപോയി. മനസ്സാക്ഷിയുടെ സൂചിപ്രയോഗംകൂടാതെ, ശാന്തവും, ശോകമയവും, ആര്‍ദ്രവും ആയ എന്തോ ഒന്ന് അയാളുടെ ഹൃദയത്തിലുണ്ടായിരുന്നു.
``എനിക്കു മാപ്പുതരൂ, എന്റെ കുഞ്ഞേ, ഞാനൊരു മഹാദുഷ്ടനാണ്.'' അയാള്‍ മുറുമുറുത്തു. ``എന്നെക്കുറിച്ച് ചീത്തയായിട്ടൊന്നും നീ ഓര്‍ക്കരുതേ.''
അയാള്‍ പിന്തിരിഞ്ഞു. പക്ഷേ ഉടന്‍തന്നെ അയാള്‍ ഒരു നിശ്ചിയസ്വരത്തില് തൊണ്ട ശരിയാക്കിക്കൊണ്ടു പറഞ്ഞു:
``ഓ, എന്തും വരട്ടെ! നശിച്ചുപോവാന്‍! നാശം! ഞാനിതിനെ എടുത്തുകൊണ്ടുപോകും. ആളുകള്‍ അവര്‍ക്കിഷ്ടമുള്ളതു പറഞ്ഞുകൊള്ളട്ടെ!''
കുട്ടിയെ എടുത്തുകൊണ്ട് മിഗേവ് വേഗത്തില്‍ തിരിഞ്ഞു നടന്നു.
``അവര്ക്കിഷ്ടമുള്ളതവര് പറഞ്ഞുകൊള്ളട്ടെ!'' അയാള്‍ വിചാരിച്ചു. ``ഞാനിപ്പോള്‍തന്നെ വീട്ടില്‍ ചെന്നു അവളുടെ മുമ്പില്‍ നമസ്കരിച്ചുകൊണ്ട് പറയും. അന്നഫിലിപ്പോവ്ന!..................'' അവള് നല്ല കൂട്ടത്തിലാണ്. അവള്‍ക്ക് കാര്യം മനസ്സിലാക്കുവാന്‍ കഴിയും. ഞങ്ങള്‍ ഇതിനെ വളര്‍ത്തിക്കൊണ്ടുവരും. (ഇതൊരാണ്കുഞ്ഞാണെങ്കില് ഞങ്ങള്‍ അവനെ `പ്ലഡിമര്' എന്നു വിളിക്കും; ഇതൊരു പെണ്കുഞ്ഞാണെങ്കില് അവളെ `അന്ന' എന്നും വിളിക്കും!) എങ്ങിനെയായാലും ഞങ്ങളുടെ വാര്‍ദ്ധക്യകാലത്തു ഇതൊരു തുണയായിത്തീരും.''
അയാള്‍ തീരുമാനിച്ചതുപോലെതന്നെ പ്രവര്‍ത്തിച്ചു.
കരഞ്ഞുകൊണ്ടും, ലജ്ജയാലും, ഭയത്താലും പരിപൂര്‍ണ്ണമായ ആശയാലും അനിശ്ചിതമായ ആനന്ദാതിരേകത്താലും ഉള്ള ക്ഷീണത്താല്‍ മിക്കവാറും മോഹാലസ്യപ്പെട്ടുകൊണ്ടും അയാള്‍ ബംഗ്ലാവില്ച്ചെന്നു ഭാര്യയുടെ അടുത്തുപോയി, അവളുടെ കാല്ക്കല് വീണു.
``അന്നഫിലിപ്പോവ്നേ, നീ ശിക്ഷിക്കുന്നതിനുമുമ്പായി ഞാന്‍ പറയുന്നത് കേള്‍ക്ക്! ഞാന്‍ പാപം ചെയ്തുപോയി. ഇതെന്റെ കുഞ്ഞാണ്. ആഗ്നിയായെ നീ ഓര്‍ക്കുന്നോ? അതെ, `ചെകുത്താ'നാണെന്നെ അതിനു പ്രേരിപ്പിച്ചത്!''
ലജ്ജയാലും ഭയത്താലും മിക്കവാറും ബോധരഹിതനായതുപോലെ ഒരു മറുപടിക്കു കാത്തുനില്‍ക്കാതെ, ചാടിയെഴുന്നേറ്റ് ഒരു പ്രഹരമേറ്റ മട്ടില്‍ അയാള്‍ വെളിയിലേയ്ക്കോടിപ്പോയി. ``അവള് എന്നെ വിളിക്കുന്നതുവരെ ഞാന്‍ ഇവിടെ പുറത്തു നില്ക്കും.'' എന്നു അയാള്‍ തന്നെത്താന്‍ പറഞ്ഞു: ``ആലോചിച്ച് ശാന്തതവരുവാന് വേണ്ടിടത്തോളം സമയം ഞാനവള്‍ക്കു കൊടുക്കും.''
പോര്ട്ടര്യെര്മോളായ് തന്റെ `ബലാലയ്ക'യുമായി അയാളുടെ അരികെ കടന്നുപോയി. അയാള്‍ മിഗേവിന്റെ നേരെ ഒന്നു കണ്ണോടിച്ചുകൊണ്ട് തന്റെ തോളുകള്‍ കുലുക്കി. ഒരു മിനിട്ടുകഴിഞ്ഞു വീണ്ടും അയാള്‍ മിഗേവിന്റെ അടുത്തുകൂടി കടന്നുപോവുകയും അയാള്‍ തലകുലുക്കുകയും ചെയ്തു. ``ഇതൊരു ഗ്രഹപ്പിഴ. നിങ്ങള്‍ എന്നെങ്കിലും ഇങ്ങിനെയൊന്നു കേട്ടിട്ടുണ്ടോ?'' യെര്മോളായ് ചിരിച്ചു ചെന്നിയിളക്കിക്കൊണ്ടു മുറുമുറുത്തു: അലക്കുകാരി ആഗ്നിയ അലപം മുമ്പ് ഇവിടെ വന്നിട്ടുണ്ടായിരുന്നു, സെംയാണ് എറാസ്റ്റോവിച്ചേ! ആ കഴുതപ്പെണ്പിറന്നോള് അവളുടെ കൊച്ചിനെ ഇവിടെ, ഈ പടിയിന്മേല്, കിടത്തിയിട്ടു എന്റെകൂടെ അകത്തേയ്ക്കു പോയി. ആ തരത്തിന്, ആരോ ആ കൊച്ചിനെ തട്ടിയെടുത്തുകൊണ്ടു കടന്നുകളഞ്ഞെന്നേ! ഇങ്ങിനെയൊന്നാരു വിചാരിച്ചിരുന്നു?''
``എന്ത്? നീ എന്താണ് പറയുന്നത്?'' മിഗേവ് അയാളുടെ ഏറ്റവും ഉച്ചസ്വരത്തില്‍ വിളിച്ചു ചോദിച്ചു.
തന്റെ യജമാനന്റെ കോപത്തിനു തന്റെ സ്വന്തമായതരത്തിലുള്ള ഒരു വ്യാഖ്യാനം കൊടുത്തുകൊണ്ട്, യെര്മോളായ് തലചൊറിഞ്ഞു ഒരു ദീര്‍ഘശ്വാസം വിട്ടു.
``ഞാന്‍ ദുഃഖിക്കുന്നു, സെംയാണ് എറാസ്റ്റോവിച്ചേ!'' അയാള്‍ പറഞ്ഞു. ``പക്ഷേ ഉഷ്ണക്കാലത്തെ ഒഴിവുദിവസങ്ങളാണിത്. ഒരുത്തന്, `ഒന്നിനെ' കൂടാതെ കഴിച്ചുകൂട്ടാന്‍ -- ഒരു പെണ്ണിനെകൂടാതെ കഴിച്ചുകൂട്ടാന്‍ എന്നാണ് ഞാന്‍ പറഞ്ഞത് -- സാദ്ധ്യമല്ല.''
കോപത്തോടും ആശ്ചര്യത്തോടും തന്നെ തുറിച്ചുനോക്കിക്കൊണ്ടു നിന്നിരുന്ന യജമാനന്റെ മിഴികളിലേയ്ക്കൊന്നു കണ്ണോടിച്ചുകൊണ്ട്, വെറുതെ ഒരു കള്ളച്ചുമ ചുമച്ചിട്ട് അയാള്‍ തുടര്‍ന്നു.
``ഇതൊരു പാപമാണ്, തീര്‍ച്ചയായും; പക്ഷേ അതില്‍......... എന്താണൊരാള് ചെയ്യുക? അന്യന്മാരെ വീട്ടിനുള്ളില്‍ കയറ്റുന്നതില്‍, അങ്ങുന്ന് ഞങ്ങളെ വിലക്കിയിട്ടുണ്ടെന്നെനിക്കറിയാം. പക്ഷേ ഞങ്ങള്‍ക്കു സ്വന്തമായി ഒരു പെണ്ണുങ്ങളും ഇല്ലല്ലോ! ആഗ്നിയ ഇവിടെ ഉണ്ടായിരുന്ന കാലത്തു മറ്റൊരു സ്ത്രീയും എന്നെക്കാണാനിവിടെ വന്നിരുന്നില്ല. എന്തെന്നാല്‍ ഇവിടെത്തന്നെയുണ്ടായിരുന്നു ഒരുത്തി. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ക്കു തന്നെ കാണാമല്ലോ, സാറെ! ഒരുത്തന് അന്യസ്ത്രീകളെ സ്വീകരിക്കാതെ യാതൊരു നിവൃത്തിയുമില്ല. ആഗ്നിയ ഇവിടെ താമസിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല; എന്തുകൊണ്ടെന്നാല്‍ --''
``എടാ, തെമ്മാടി! പോ മുമ്പീന്നു!'' കാല് നിലത്തു ശക്തിയായി ചവുട്ടിക്കൊണ്ട് അവന്റെ നേരെ മിഗേവ് ഗര്‍ജ്ജിച്ചു; അനന്തരം അയാള്‍ മുറിക്കകത്തേയ്ക്കു തിരിച്ചുപോയി.
കോപാകുലയായി, ആശ്ചര്യപരതന്ത്രയായി, അന്നാഫിലിപ്പോവ്ന മുന്പിരുന്നതുപോലെ തന്നെ ഇരിക്കുകയായിരുന്നു; ബാഷ്പാവിലങ്ങളായ അവളുടെ നയനങ്ങള്‍ ആ കുഞ്ഞിന്റെ മുഖത്ത് പതിഞ്ഞിരുന്നു. ``ദേ, നോക്കൂ, നോക്കൂ!'' വിവര്‍ണ്ണമായ മുഖത്തോടുകൂടി തന്റെ അധരങ്ങള്‍ ഒരു പുഞ്ചിരിയില്‍ ചുരുളിച്ചുകൊണ്ട്, മിഗേവ് മുറുമുറുത്തു: ``അതൊരു നേരംപോക്കായിരുന്നു. ഇതെന്റെ കുഞ്ഞല്ല. അലക്കുകാരിയുടേതാണിത്. ഞാന്‍--ഞാന്‍--ഞാന്‍--ചുമ്മാ ഒന്നു കളിപ്പിച്ചു നോക്കിയതായിരുന്നു. ഇതിനെ എടുത്തുകൊണ്ടുപോയി പോര്ട്ടരുടെ കൈയില്‍ കൊടുക്കൂ.
ആന്റണ്‍ ചെഹോവ
കോര്ണിവാസിലി
കോര്ണിവാസിലിക്ക് അവസാനമായി നാട്ടില്‍ കണ്ടിരുന്ന കാലത്ത് അന്‍പത്തിനാലു വയസ്സു പ്രായമുണ്ടായിരുന്നു. അയാളുടെ ചുരുണ്ടു നിബിഡമായ തലമുടിയില്‍ ഒരൊറ്റ വെളുത്ത നാരുപോലും കാണുമായിരുന്നില്ല; കവിളത്തുള്ള മീശയില്‍ മാത്രം അല്പം ഒരു വെളുപ്പിന്റെ ലാഞ്ചനം ഉണ്ടായിരുന്നതേയുള്ളൂ. അയാളുടെ മുഖം മൃദുലവും, രക്തപ്രസാദമുള്ളതും അയാളുടെ കണ്ഠപ്രദേശം വിസ്താരമുള്ളതും ബലമേറിയതും അയാളുടെ ശരീരമാകമാനം ആനന്ദസമ്പൂര്ണ്ണമായ നഗരജീവിതത്തിന്റെ കൊഴുപ്പിനാല്‍ നിറയപ്പെട്ടതുമായിരുന്നു.
ഇരുപത് കൊല്ലങ്ങള്‍ക്കുമുമ്പ് അയാള്‍ തന്റെ സൈനികസേവനം അവസാനിപ്പിച്ച്, വീട്ടില്‍ പണത്തോടുകൂടി മടങ്ങിയെത്തി. ആദ്യം അയാള്‍ ഒരു പീടിക തുറക്കുകയും, പിന്നീട് അതുപേക്ഷിച്ചിട്ടു കന്നുകാലി വ്യാപാരം കൈക്കൊള്ളുകയും ചെയ്തു. അയാള്‍ `ചെക്കാസി'ലേയ്ക്കു `സാമാനങ്ങള്‍' (കന്നുകാലികള്‍)ക്കായി പോവുകയും അവയെ മോസ്കോവിലേയ്ക്കു അടിച്ചുകൊണ്ടുവരികയും പതിവായിരുന്നു.
`ഗയി' എന്ന ഗ്രാമത്തില്‍, ഇരുമ്പുമേല്ക്കൂടിനാല് പൊതിയപ്പെട്ട തന്റെ കല്ലുകെട്ടിയ വീട്ടിലാണ് അയാളുടെ വൃദ്ധമാതാവും, അയാളുടെ ഭാര്യയും രണ്ടു കുട്ടികളും (ഒരാണും ഒരു പെണ്ണും) അതോടുകൂടിത്തന്നെ പതിനഞ്ചുവയസ്സു പ്രായം ചെന്ന അച്ഛനമ്മമാരില്ലാത്ത ഒരു ഭാഗിനേയനും, ഒരു വേലക്കാരനും താമസിച്ചിരുന്നത്.
കോര്‍ണി രണ്ടുപ്രാവശ്യം വിവാഹം കഴിച്ചിട്ടുണ്ടായിരുന്നു. അയാളുടെ ആദ്യത്തെ ഭാര്യ, അശക്തയും രോഗിണിയും ആയ ഒരു സ്ത്രീ കുട്ടികളെ ഒന്നിനേയും പ്രസവിക്കാതെ മരിച്ചുപോയി; വിഭാര്യനായ അയാള്‍ക്കു പ്രായം കൂടിക്കൂടിവരുന്നതുകണ്ട് അയാള്‍ രണ്ടാമത്തെ പ്രാവശ്യം അടുത്തുള്ള ഒരു ഗ്രാമത്തില്‍ നിന്നും ഒരു സാധുവിധവയുടെ പുത്രിയെ വിവാഹം കഴിച്ചു; അവള് സുബലയും സുമുഖിയുമായ പെണ്‍കുട്ടിയായിരുന്നു.
കോര്‍ണി തന്റെ കൈവശമുണ്ടായിരുന്ന ഒടുവിലത്തെ കാലിപ്പറ്റത്തെയും വിറ്റ് ഉദ്ദേശം മൂവ്വായിരം റൂബിളോളം കരസ്ഥമാക്കി; ഗ്രാമീണനായ ഒരാളില്‍ നിന്നും പാപ്പരായിപ്പോയ ഒരു ഭൂസ്വത്തുടമസ്ഥന് ഒരു കാട്ടിന്‍പുറം ആദായത്തിനു വില്ക്കുവാന് ഉദ്ദേശിച്ചിട്ടുണ്ടെന്നു കേള്‍ക്കുകയും, പട്ടാളത്തില്‍ ചേരുന്നതിനുമുന്പ് ഒരു തടിക്കച്ചവടക്കാരന്റെ കണക്കെഴുത്തുകാരനായി ജോലി നോക്കിയിട്ടുള്ളതുനിമിത്തം ആ വ്യാപാരം നല്ലപോലെ അറിയാമായിരുന്നതിനാല്‍ അയാള്‍ തടിക്കച്ചവടം ചെയ്യുവാന്‍ തീരുമാനിക്കുകയും ചെയ്തു.
തീവണ്ടിയാപ്പീസില്--തീവണ്ടിപ്പാത `ഗയി'യില്‍ക്കൂടി പോയിരുന്നില്ല--അയാള്‍ തന്റെ നാട്ടുകാരനായ ഒരു കൂട്ടുകാരനെ കണ്ടുമുട്ടി. പംഗുവായ കുസ്മയായിരുന്നു അത്. എല്ലാ വണ്ടിക്കും വല്ല ആളുകളേയും കിട്ടുമെന്നുള്ള ആശയോടുകൂടി തന്റെ വൃത്തികെട്ട രണ്ടു എല്ലന്കുതിരകളെ പൂട്ടിയിട്ടുള്ള `ജഡ്കാ'വണ്ടിയുമായി കുസ്മ നിത്യവും എത്തുക പതിവാണ്. കുസ്മ തീരെ ദരിദ്രനായിരുന്നു; തല്‍ഫലമായി ധനവാന്മാരായ ആളുകളെ അയാള്‍ വെറുത്തു; വിശേഷിച്ചും കോര്ണിയെ; അയാള്‍ കോര്ണിഷ്ക എന്നാണയാളെ വിളിച്ചിരുന്നത്.
``കോളൊന്നുമില്ലേ കുസ്മാമ്മാവാ?'' അയാള്‍ ചോദിച്ചു.
``നിങ്ങള്‍ക്കെന്നെ കൊണ്ടുപോകരുതോ, ഏ?''
``നിങ്ങള്‍ക്കിഷ്ടമുണ്ടെങ്കില്‍ -- ഒരു റൂബിളിന്.''
``എഴുപത് കോപെക് ധാരാളമാണ്, ഏ?''
``നിറഞ്ഞ വയറോടുകൂടിയ ഒരു മനുഷ്യന് ഒരു സാധുവിന്റെ മുപ്പത് കോപെക് കുറയ്ക്കുവാന്‍ തയ്യാര്‍.''
``ആട്ടെ, എന്നാല്‍ വരിക'' എന്നു പറഞ്ഞിട്ടു തന്റെ സഞ്ചിയും ഭാണ്ഡവും, മുകളിലെ പലകമേലിട്ടശേഷം അയാള്‍ പുറകിലത്തെ ഇരിപ്പിടത്തില്‍ ചാഞ്ഞിരുന്നു.
കുസ്മ പെട്ടിപ്പുറത്തും സ്ഥാനം പിടിച്ചു.
``ശരി, നിങ്ങള്‍ക്കിപ്പോള്‍ പുറപ്പെടാം.''
അവര്‍ ആപ്പീസിനടുത്തുള്ള കുന്നും കുണ്ടുമെല്ലാം വിട്ടു നിരപ്പായ നിരത്തില്‍ക്കൂടി ഓടിച്ചുപോയി.
``കൊള്ളാം, എങ്ങിനെയിരിക്കുന്നു അമ്മാവാ, എന്തെല്ലാമാണ് നാട്ടില്‍ -- ഞങ്ങളെസ്സംബന്ധിച്ചല്ല, എന്നാല്‍ നിങ്ങളെസ്സംബന്ധിച്ച് -- ഉള്ള വിശേഷങ്ങള്‍?'' കോര്‍ണി ചോദിച്ചു.
``വലിയ വിശേഷമൊന്നുമില്ല, തീര്‍ത്തും.''
``എങ്ങിനെയാണത്? എന്റെ ആ വൃദ്ധസ്ത്രീ ജീവിച്ചിരിപ്പുണ്ടോ?''
``ഓ!~ഉവ്വുവ്വ്! അവള് ജീവിച്ചിരിപ്പുണ്ട്; ഞാന്‍ കഴിഞ്ഞ ദിവസം അവരെ പള്ളിയില്‍ കണ്ടു. നിങ്ങളുടെ വൃദ്ധസ്ത്രീ ജീവിച്ചിരിപ്പുണ്ട്. അതുപോലെതന്നെ നിങ്ങളുടെ ചെറുപ്പക്കാരി ഭാര്യയും. അവള്‍ക്കൊന്നുമില്ല ക്ലേശിക്കുവാന്. അവള് ഒരു പുതിയ വേലക്കാരനെ എടുത്തിട്ടുണ്ട്.''
എന്നിട്ടു കുസ്മ പൊട്ടിച്ചിരിച്ചു; അതൊരു വിചിത്രമാര്ഗ്ഗത്തിലാണെന്നു കോര്ണിക്കു തോന്നി.
``ഒരു വേലക്കാരന്? പിന്നെ പീറ്ററിനെന്തുപറ്റി?''
``പീറ്റര്‍ കിടപ്പിലാണ്. അവള് `കാമങ്കാ'യില്‍ നിന്നും `എസ്റ്റിനിബെലി'യെ ആക്കിയിരിക്കുന്നു.'' കുസ്മ പറഞ്ഞു, ``അവളുടെ സ്വന്തഗ്രാമത്തില് നിന്നാണത്.''
``പരമാര്‍ത്ഥം!'' കോര്‍ണി പറഞ്ഞു.
കോര്‍ണി, മാര്ഫായുമായി ഇടപെട്ടകാലത്തു സ്ത്രീകളുടെ ഇടയില്‍ എസ്റ്റിനിയെസ്സംബന്ധിച്ചു ചില ശ്രുതികളെല്ലാമുണ്ടായിരുന്നു.
``അതെങ്ങിനെയാണ് കോര്ണിവാസ്ലിച്ചേ'' കുസ്മ പറഞ്ഞു, ``സ്ത്രീകള്‍ക്ക് കുറെ അധികം സ്വാതന്ത്ര്യമുണ്ട് ഇക്കാലങ്ങളില്‍.''
``എന്നവര്‍ പറയുന്നു'' കോര്‍ണി പറഞ്ഞു, ``നിങ്ങളുടെ തല നരച്ചുതുടങ്ങുന്നു'' വിഷയം മാറ്റുവാനുള്ള ഉല്‍ക്കണ്ഠയോടുകൂടി കോര്‍ണി തട്ടിമൂളി.
``ഞാന്‍ ചെറുപ്പക്കാരനൊന്നുമല്ല. കുതിര യജമാനനെപ്പോലെതന്നെയാണ്.'' ആ വൃത്തികെട്ട വളവന്കാലന്ജന്തുവിനെ ചാട്ടകൊണ്ട് ഒരടി അടിച്ചുകൊണ്ട് കോര്ണിയിടെ വാക്കുകള്‍ക്ക് കുസ്മ സമാധാനം പറഞ്ഞു.
ഏതാണ്ട് പകുതി വഴിവെച്ച് അവര്‍ ഒരു വിശ്രമത്താവളത്തില് എത്തി. കോര്‍ണി കുസ്മയോടു നിറുത്തുവാനാജ്ഞാപിച്ചു; അയാള്‍ ഉള്ളിലേയ്ക്കു പോയി. കുസ്മ ഒഴിഞ്ഞ തൊട്ടികളുടെ അടുത്തേയ്ക്കു കുതിരകളെ നയിക്കയും, കോര്‍ണി തിരിഞ്ഞുനോക്കുകപോലും ചെയ്തില്ലെങ്കിലും അയാള്‍ തന്നെ ഒരു കുടിക്കു ക്ഷണിക്കാതിരിക്കില്ല എന്ന് അനുമാനിച്ചുകൊണ്ട്, അവയുടെ കടിഞ്ഞാണുകള്‍ എല്ലാം മാറ്റിക്കെട്ടുകയും ചെയ്തു.
``അകത്തുവന്ന് ഒരു ഗ്ലാസാവരുതോ കുസ്മമ്മാവാ?'' പുറത്ത് നടപ്പടിയില്‍ വന്നുനിന്നുകൊണ്ട് കോര്‍ണി ചോദിച്ചു.
``നിങ്ങള്‍ക്കു വന്ദനം.'' യാതൊരു തിടുക്കവും ഇല്ലെന്നു നടിച്ചുകൊണ്ട് കുസ്മ മറുപടി പറഞ്ഞു.
കോര്‍ണി ഒരുകപ്പ് `വോഡ്ക' ചോദിക്കയും, അതു കുസ്മയ്ക്കു കൊടുക്കയും ചെയ്തു. രണ്ടാമതു പറഞ്ഞയാള്‍ കാലത്തതില് പിന്നെ യാതൊന്നുംതന്നെ കഴിച്ചിട്ടില്ലായിരുന്നതിനാല്‍ ആദ്യത്തെ ഗ്ലാസുകൊണ്ടുതന്നെ ലഹരിപിടിക്കുകയും കോര്‍ണിയുടെ അടുത്തേയ്ക്കു നീങ്ങി ഗ്രാമത്തില്‍ പറയപ്പെടുന്നതെന്താണെന്നു മന്ത്രിച്ചുതുടങ്ങുകയും ചെയ്തു. അയാളുടെ ഭാര്യ മാര്‍ഫ അവളുടെ പഴയ കാമുകനെ വേലക്കാരനാക്കി നിര്‍ത്തിയിട്ട് അവന്റെകൂടെ താമസിക്കയാണെന്നായിരുന്നു, കുസ്മയുടെ വര്‍ത്തമാനം.
``നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ദുഃഖിക്കുന്നു.'' ലക്കില്ലാത്ത കുസ്മ പറഞ്ഞു.``അതു നല്ലതല്ല; ജനങ്ങള്‍ നിങ്ങളെ പരിഹസിക്കുകയാണ്. `ക്ഷമിക്കുക' ഞാന്‍ അവരോട് പറയുന്നു. `ക്ഷമിക്കുക അയാള്‍ സ്വയം വീട്ടിലെത്തുന്നതുവരെ.' അങ്ങിനെയാണതു കോര്ണിവിസിലിച്ചേ''
``നിങ്ങളാവശ്യപ്പെടുന്നുവോ കുതിരകളെ നനയ്ക്കുവാന്?'' എന്നു മാത്രമേ അയാള്‍ കുപ്പിയൊഴിഞ്ഞപ്പോള് ചോദിച്ചുള്ളൂ. ``ഇല്ലെങ്കില്‍ പുറപ്പെടാം നമുക്ക്.''
അയാള്‍ വിശ്രമാലയം സൂക്ഷിപ്പുകാരന് പണം കൊടുത്തിട്ടു തെരുവിന്നുള്ളിലേയ്ക്കു പോയി.
അയാള്‍ രാത്രിയില്‍ വീട്ടിലെത്തിച്ചേര്‍ന്നു. വഴിമുഴുവനും തനിക്ക് ചിന്തിക്കാതിരിപ്പാന് സാധിക്കാത്ത `എസ്റ്റിനി'യാണ് അയാള്‍ ആദ്യം കണ്ടുമുട്ടിയ ആള്. കോര്‍ണി അഭിവാദ്യം ചെയ്തു. ഓടിയെത്തിയ എസ്റ്റിനിയുടെ ചുക്കിച്ചുളിഞ്ഞ മുഖവും വെളുത്ത പുരികക്കൊടികളും നോക്കിക്കൊണ്ട്, കോര്‍ണി അമ്പരപ്പില്‍ അയാളുടെ തലകുലുക്കി. ``ആ കിഴട്ടുപട്ടി നുണ പറഞ്ഞു.'' കുസ്മയുടെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് അയാള്‍ വിചാരിച്ചു. ``എന്നാലാരറിയുന്നു? എനിക്കു കണ്ടുപിടിക്കണം.''
എസ്റ്റിനി കുതിരകളുടെ അടുത്തു നിന്നപ്പോള്‍ കുസ്മ അയാളുടെ നേരെ കണ്ണടച്ചുകാട്ടി.
``അപ്പോള്‍, നിങ്ങള്‍ ഞങ്ങളോടൊത്തു താമസിക്കുന്നുവെന്നു തോന്നുന്നു?'' കോര്‍ണി ആരംഭിച്ചു.
``ഒരുത്തനു പണിയെടുക്കണം എവിടെയെങ്കിലും.'' എസ്റ്റിനി പ്രതിവചിച്ചു.
``അകം പുകച്ചിരിക്കയാണോ?''
``തന്നെ; തീര്‍ച്ചയായും. മാറ്റിയ അവിടെയുണ്ട്.'' എസ്റ്റിനി മറുപടി പറഞ്ഞു.
കോര്‍ണി നടപ്പടിയില്‍ കയറി. മാര്‍ഫ, അയാളുടെ ശബ്ദം കേട്ടു തളത്തിലേയ്ക്കു വരികയും, തന്റെ ഭര്‍ത്താവിനെക്കണ്ടു ലജ്ജാവിവര്ണ്ണയായി, സാധാരണമായുള്ള സ്നേഹത്തോടുകൂടി അയാളെ അഭിവാദ്യം ചെയ്യുവാന്‍ ഓടിച്ചെല്ലുകയും ചെയ്തു.
``അമ്മയും ഞാനും നിങ്ങളെ പ്രതീക്ഷിച്ചിരിക്കയായിരുന്നു.'' മുറിയ്ക്കുള്ളിലേയ്ക്കു കോര്ണിയെ അനുഗമിച്ചുകൊണ്ട് അവള് പറഞ്ഞു.
``കൊള്ളാം, എന്നെക്കൂടാതെ എങ്ങിനെയാണ് നീ കഴിഞ്ഞുകൂടിയിരുന്നത്?''
``ഞങ്ങള്‍ എങ്ങിനെയായിരുന്നുവോ പരിചയിച്ചുപോന്നിരുന്നത് അങ്ങിനെ ഞങ്ങള്‍ ജീവിക്കുന്നു'' എന്നു പറഞ്ഞു പാലിരന്നുംകൊണ്ടു പാവാടയില്‍ കടന്നു പിടികൂടുന്ന അവളുടെ രണ്ടുവയസ്സു പ്രായംചെന്ന പുത്രിയുടെ കൈയില്‍ കടന്നുപിടിച്ചുകൊണ്ട് ആയതങ്ങളും സുദൃഢങ്ങളും ആയ കാല്‍വെപ്പുകളോടുകൂടി അവള് പുറത്തു തളത്തിലേയ്ക്കിറങ്ങിപ്പോയി.
തന്നെപ്പോലെതന്നെ കറുത്ത കണ്ണുകളോടുകൂടിയ കോര്‍ണിയുടെ മാതാവ്, മൃദുലങ്ങളായ പാപ്പാസുകളില് മുറിക്കകത്തേയ്ക്കു വിറച്ചുവിറച്ചു വലിഞ്ഞികയറി.
``എന്നെ കാണുവാന്‍ വന്നതുകൊണ്ട് നിനക്ക് വന്ദനം'' വിറയ്ക്കുന്ന അവളുടെ തല കുണുക്കിക്കൊണ്ട് അവള് പറഞ്ഞു.
കോര്‍ണി തന്റെ മാതാവിനോട് താന്‍ എന്തു കാര്യം പ്രമാണിച്ചാണ് വന്നിട്ടുള്ളതെന്ന് പറയുകയും, കുസ്മയെ ഓര്‍ത്ത് അയാള്‍ അവനു കൂലി കൊടുക്കുന്നതിലേയ്ക്കായി പുറത്തിറങ്ങിപ്പോവുകയും ചെയ്തു. തളത്തിലേയ്ക്കുള്ള വാതില്‍ തുറന്ന ഉടനെ മുറ്റത്തേയ്ക്കുള്ള വാതിലിന്റെ അടുത്തു മാര്ഫയും എസ്റ്റിനിയും നില്ക്കുന്നതായി കണ്ടു. അവര്‍ അന്യോന്യം തൊട്ടുനിന്നു സംസാരിക്കയായിരുന്നു. കോര്ണിയെ കണ്ടയുടനെ എസ്റ്റിനി മുറ്റത്തേയ്ക്കിറങ്ങുകയും മാര്‍ഫ പാടുന്ന samovar ന്റെ മുകളില്‍ ചിമ്മിനി എടുത്തുവെയ്ക്കുവാനായി പോവുകയും ചെയ്തു.
കോര്‍ണി നിശ്ശബ്ദനായി അവളുടെ അടുത്തുകൂടി കടന്നുപോവുകയും, തന്റെ ഭാണ്ഡം എടുത്തുകൊണ്ട് വലിയ മുറിയിലേയ്ക്കു കുസ്മയെ ചായയ്ക്കായി ക്ഷണിക്കുകയും ചെയ്തു. ചായയ്ക്കു മുന്‍പു കോര്‍ണി തന്റെ വീട്ടുകാര്‍ക്കായി മോസ്കോവില്‍ നിന്നും വീട്ടില്‍ കൊണ്ടുവന്നിട്ടുള്ള സമ്മാനങ്ങളെല്ലാം വീതിച്ചുകൊടുത്തു -- ഒരു രോമക്കമ്പിളി അയാളുടെ അമ്മയ്ക്കും, ഒരു ചിത്രപ്പുസ്തകം ഫെസ്കയ്ക്കും, ഒരു മാറുടുപ്പ് അയാളുടെ മൂകനായ ഭാഗിനേയനും, ഒരു കുത്തു ചീട്ടി അയാളുടെ ഭാര്യയ്ക്കും.
ചായസമയത്തു കോര്‍ണി മുരങ്ങിക്കൊണ്ടും ഒന്നും മിണ്ടാതേയും ഇരുന്നു; മാറുടുപ്പിന്മേലുള്ള അവന്റെ സന്തോഷംകൊണ്ട് എല്ലാപേരേയും രസിപ്പിച്ചിരുന്ന അയാളുടെ മൂകനായ മരുമകന്റെ നേരെ നോക്കുമ്പോളെല്ലാം അയാള്‍ കരുതിക്കൂട്ടിയല്ലാതെ പുഞ്ചിരി തൂകുക മാത്രമേ ചെയ്തുള്ളൂ. അവന് അത് മടക്കുകയും, നിവര്‍ത്തുകയും ധരിക്കുകയും കോര്‍ണിയുടെ കൈ ചുംബിക്കുകയും അയാളുടെ നേരെ ചിരിക്കുന്ന കണ്ണുകളാല്‍ നോക്കുകയും ചെയ്തുകൊണ്ടേയിരുന്നു.
ചായയും അത്താഴവും കഴിഞ്ഞ്, മാര്ഫയോടും കൊച്ചുപെണ്കുഞ്ഞിനോടുംകൂടി താന്‍ ഉറങ്ങാറുള്ള മുറിക്കുള്ളിലേയ്ക്കു കോര്‍ണി പോയി. പാത്രങ്ങളെല്ലാം മാറ്റുന്നതിലേയ്ക്കായി മാര്‍ഫ വിശാലമായ മുറിയില്‍ നിന്നു. കൈമുട്ടുകള്‍ മേശപ്പുറത്ത് കുത്തിക്കൊണ്ട് കോര്‍ണി കാത്തിരുന്നു. അയാളുടെ ഭാര്യയുടെ നേര്‍ക്കുള്ള അയാളുടെ കോപം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു തുടങ്ങി. ഏതാനും ബില്ലുകള്‍ നിരയില്‍ നിന്നും വലിച്ചെടുത്തു, അയാളുടെ ചിന്തകള്‍ ശിഥിലീകരിക്കുന്നതിലേയ്ക്കായി, കൂടെക്കൂടെ വാതില്ക്കലേയ്ക്ക് ഒളിഞ്ഞുനോക്കിക്കൊണ്ടും, വലിയ മുറിയിലുള്ള സ്വരങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടും, കണക്കുകള്‍ കൂട്ടുവാന്‍ ആരംഭിച്ചു.
പലതവണ മുറിവാതില്‍ തുറക്കുന്നതും ആരോ തളത്തിലേയ്ക്കു വരുന്നതും അയാള്‍ കേട്ടു; എന്നാല്‍ അയാളുടെ ഭാര്യയായിരുന്നില്ല അത്. ഒടുവില്‍ അയാള്‍ അവളുടെ കാലടിശ്ശബ്ദം കേട്ടു; വാതിലിന്മേല് ഒരു തള്ളുണ്ടായി, അതു തുറന്നു; കൈകളില്‍ തന്റെ കൊച്ചുപെണ്കിടാവിനെ എടുത്തുകൊണ്ട്, ഒരു ചുവന്ന തൂവാലയോടുകൂടി പനിനീര്‍പ്പൂപോലെ സുന്ദരിയായ അവള് ഉള്ളില്‍ കടന്നുവന്നു, ``നിങ്ങള്‍ ക്ഷീണിച്ചിരിക്കണം വഴിയാത്രകൊണ്ട്'' അയാളുടെ മന്ദമായ ഭാവം കണ്ടിട്ടല്ല എങ്കിലും പുഞ്ചിരിയോടുകൂടി അവള് പറഞ്ഞു.
കോര്‍ണി അവളുടെ നേരെ നോക്കി; എന്നാല്‍ ഒന്നും ഉത്തരം പറയാതെ, വീണ്ടും കൂട്ടുവാനായിട്ടൊന്നുംതന്നെ ഉണ്ടായിരുന്നില്ലെങ്കിലും, അയാളുടെ കൂട്ടല്‍ തുടര്‍ന്നു. ``നേരം വൈകിത്തുടങ്ങുന്നു'' അവള് പറഞ്ഞു; പിന്നീട് കുട്ടിയെ താഴെ ഇരുത്തിയിട്ടു അവള് തിരസ്കരിണിക്കു പുറകിലേയ്ക്കു പോയി.
അവള് കിടക്ക വിരിക്കുന്നതും, കുട്ടിയെ കിടത്തിയുറക്കുന്നതും അയാള്‍ കേട്ടു.
``ജനങ്ങള്‍ പരിഹസിക്കുകയാണ്'' കുസ്മയുടെ വാക്കുകള്‍ അയാള്‍ അനുസ്മരിച്ചു.
``നീ ക്ഷമിക്ക്!'' പണിപ്പെട്ടു ശ്വാസംവിട്ടുകൊണ്ട് അയാള്‍ വിചാരിച്ചു. അയാള്‍ പതുക്കെ എഴുന്നേറ്റ് അയാളുടെ പെന്സില്ത്തുണ്ടു മാറുടുപ്പിന്റെ കീശയില്‍ ഇട്ടു ബില്ലുകള്‍ ഒരാണിയില്‍ തൂക്കിയിട്ടു തിരസ്കരിണിയുടെ വാതില്ക്കലേയ്ക്കു പോയി. അയാളുടെ ഭാര്യ ദൈവത്തിന്റെ പടത്തിനുനേരെ അഭിമുഖമായി പ്രാര്ത്ഥിച്ചുകൊണ്ടു നിന്നിരുന്നു. അയാള്‍ നിന്നു കാത്തു. കുറച്ചധികനേരം അവള് തലകുനിക്കുകയും, തൊഴുകയും, അവളുടെ പ്രാര്‍ത്ഥനകള്‍ മന്ത്രിയ്ക്കുകയും ചെയ്തു. അവയെല്ലാം അവള് അവസാനിപ്പിച്ചു തീര്ത്തിട്ടധികനേരമായി എന്നും അവ അവള് കരുതിക്കൂട്ടി വീണ്ടും ആവര്‍ത്തിക്കുകയാണ് എന്നും തോന്നപ്പെട്ടു. അനന്തരം അവള് നിലത്തുവീണു നമസ്കരിക്കുകയും, എഴുന്നേറ്റ് ഒരു പ്രാര്‍ത്ഥനയുടെ ഏതാനും കുറെ പദങ്ങള്‍ വേഗം മുറുമുറുത്തിട്ട് അയാളുടെ നേരെ തിരിയുകയും ചെയ്തു.
``അഗാഷ ഉറങ്ങുകയാണ്'' കൊച്ചുപെന്കിടാവിനെ ചൂണ്ടിക്കാണിച്ചുകൊണ്ടവള് പറഞ്ഞിട്ട്, ഒരു പുഞ്ചിരി കൂടാതെ, അവള് കരയുന്ന കട്ടിലിന്മേല് ഇരുന്നു.
``എസ്റ്റിനി ഇവിടെയായിട്ടു വളരെ നാളായോ?'' വാതിലില്‍കൂടി വന്നിട്ടു കോര്‍ണി ചോദിച്ചു. ഒരു ശാന്തമായ ചലനത്തോടുകൂടി അവള് തന്റെ ഘനമേറിയ വാര്മുടികളില് ഒന്നു തോളുകള്‍ക്കു നെടുകെ ഇടുകയും, ദ്രുതകരാംഗുലികളാല് അതിനെ അഴിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ചിരിക്കുന്ന കണ്ണുകളോടുകൂടി അവള് അയാളുടെ മുഖത്തിനു നേരെ നോക്കി.
``എസ്റ്റിനി? എനിക്കോര്‍മ്മയില്ല -- കഷ്ടിച്ചു രണ്ടോ അല്ലെങ്കില്‍ മൂന്നോ ആഴ്ചകള്‍, എനിക്കു തോന്നുന്നു.''
``നീ അവനോടുകൂടി താമസിക്കുന്നുവോ?'' കോര്‍ണി ചോദിച്ചു.
അവള് വാര്‍മുടി താഴെ ഇടുകയും, അനന്തരം അതു വീണ്ടും കുനിഞ്ഞെടുത്ത്, പരുത്തു നിബിഡമായ തലമുടി വാര്‍ന്നു കെട്ടുവാന്‍ ആരംഭിക്കുകയും ചെയ്തു.
``എസ്റ്റിനിയോടുകൂടി താമസിക്കുക! എന്തൊരുകൂത്ത്! ആഹാ!''
`എസ്റ്റിനി' എന്നുള്ള വാക്ക് ഒരു പ്രത്യേകമധുരമായ സ്വരത്തില്‍ ഉച്ചരിച്ചുകൊണ്ട് അവള് പറഞ്ഞു. ``എന്തൊരു കള്ളങ്ങള്‍ ആളുകള്‍ പറയുന്നു! ആരുപറഞ്ഞു അങ്ങിനെ?''
``ഞാന്‍ നിന്നോട് ചോദിക്കുന്നു, ഇതു പരമാര്‍ത്ഥമോ അല്ലയോ?'' അയാളുടെ ബലിഷ്ഠങ്ങളായ കൈകള്‍ ചുരുട്ടി കീശകളില്‍ തള്ളിക്കൊണ്ട് അയാള്‍ ചോദിച്ചു.
``പറയാതിരിക്കു അസംബന്ധം! ഞാന്‍ എടുക്കട്ടെയോ നിങ്ങളുടെ പാപ്പാസുകള്‍?''
``ഞാന്‍ നിന്നോട് ചോദിക്കുന്നു,'' കോര്‍ണി ആവര്‍ത്തിച്ചു. ``എന്തൊരനുമോദനം എസ്റ്റിനിക്ക്, തീര്‍ച്ചയായും!'' അവള് പറഞ്ഞു. ``ആരു പറഞ്ഞു നിങ്ങളോട് ഇങ്ങിനെ ഒരു നുണ?''
``എന്താണ് നീ പറഞ്ഞത് അവനോട് തളത്തില്‍ വെച്ച്?''
``എന്തു പറഞ്ഞു ഞാന്‍? ഞാന്‍ അവനോട് മരഭരണിക്ക് ഒരു പുതിയ അടപ്പിടണമെന്നു പറഞ്ഞു. എന്തിനു നിങ്ങള്‍ക്ക് എന്നെ വിഷമിപ്പിക്കണം?''
``സത്യം പറയുക എന്നോട്, അല്ലെങ്കില്‍ ഞാന്‍ കൊല്ലും നിന്നെ, വര്‍ക്കത്തുകെട്ട ചവറു പെണ്ണേ!''
അയാള്‍ അവളുടെ വാര്മുടിക്കു കടന്നുപിടിച്ചു. അവള് വേദനകൊണ്ട് വിവര്‍ണ്ണമായ മുഖത്തോടുകൂടി അതു അയാളില്‍ നിന്നും പിടിച്ചു വലിച്ചു.
``നിങ്ങള്‍ക്ക് ഒരു യുദ്ധം മാത്രമേ ആവശ്യമുള്ളൂ! എന്തു ദയവാണ് ഞാന്‍ അറിഞ്ഞിരിക്കുന്നത് നിങ്ങളില്‍ നിന്നും? എന്താണ് ഞാന്‍ ചെയ്യുക അങ്ങിനെ ഒരു ജീവിതംകൊണ്ട്?''
``എന്താണ് നീ ചെയ്യുക?'' അവളുടെ അടുത്തേയ്ക്കു നീങ്ങി കൈകൊണ്ട് അയാള്‍ ആവര്‍ത്തിച്ചു.
``എന്തിനാണ് നിങ്ങള്‍ എന്റെ തലമുടി പിടിച്ചുവലിക്കുന്നത്? എന്തിനു എന്നെ ചീത്ത പറയുന്നത് നിങ്ങള്‍? എന്തിനാണ് നിങ്ങള്‍ വിഷമിപ്പിക്കുന്നത് എന്നെ? പരമാര്‍ത്ഥമാണ്................''
അവള്‍ക്കു പൂര്‍ണ്ണമാക്കുവാന്‍ നേരമുണ്ടായില്ല. അയാള്‍ അവളുടെ കൈയ്ക്കു കടന്നുപിടിച്ചു, അവളെ കട്ടിലില്‍നിന്നും വലിച്ചിട്ടു, അവളുടെ തലയ്ക്കും, പള്ളയ്ക്കും, മാറത്തും പ്രഹരങ്ങള്‍ വര്ഷിക്കുവാന് തുടങ്ങി. അയാള്‍ കൂടുതല്‍കൂടുതല്‍ ശക്തിയായി മര്‍ദ്ദിക്കുന്തോറും അയാളുടെ കോപവും കൂടുതല്‍കൂടുതല്‍ ശക്തിയായി വര്‍ദ്ധിച്ചു. അവള് ഉറക്കെക്കരഞ്ഞു, സ്വയം തടുത്തു, അയാളില്‍ നിന്നും രക്ഷപ്പെട്ടുപോകുവാന് ഉദ്യമിച്ചു. എന്നാല്‍ അയാള്‍ അവളെ വിടുകയില്ല. ആ കൊച്ചുപെണ്‍കുട്ടി ഉണര്‍ന്നു അവളുടെ മാതാവിന്റെ അടുത്ത് പാഞ്ഞെത്തി.
``മംകാ!'' അവള് കരഞ്ഞു.
കോര്‍ണി കുഞ്ഞിന്റെ കയ്യില്‍ കടന്നുപിടിക്കുകയും, അമ്മയുടെ അടുത്തുനിന്നും പിടിച്ചുവലിച്ചു മാറ്റി ഒരു മൂലയിലേയ്ക്കു ഒരു പൂച്ചക്കുട്ടിയെപ്പോലെ എടുത്തെറിയുകയും ചെയ്തു.
``കൊലപാതകി! നീ കൊന്നുകഴിഞ്ഞു കുഞ്ഞിനെ!'' മാര്‍ഫ കരഞ്ഞു; അവള് എഴുന്നേറ്റു തന്റെ മകളുടെ അടുത്തേയ്ക്കു പോകുവാന്‍ ഉദ്യമിച്ചു; എന്നാല്‍ വീണ്ടും അയാള്‍ അവളെ പിടികൂടി അത്രമാത്രം ശക്തിയായ ഒരു അടി ചങ്കിനു കൊടുക്കനിമിത്തം അവള് പിന്നോട്ട് മലക്കുകയും, അവളുടേയും, കരച്ചില് അവസാനിപ്പിക്കുകയും ചെയ്തു.
കുട്ടി കരച്ചിലില്‍ നിന്നും വിരമിച്ച്, ശ്വാസം വിടുവാന്‍പോലും നിര്‍ത്താതെ തേങ്ങിത്തേങ്ങി മോങ്ങിക്കൊണ്ടിരുന്നു.
ആ വൃദ്ധസ്ത്രീ, ഒരു പുതപ്പുമില്ലാതെ, ചിക്കിപ്പരത്തിയ ചാരത്തലമുടിയോടും, വിറയ്ക്കുന്ന തലയോടുംകൂടി നടക്കുന്നവഴി വേച്ചുകൊണ്ട് കടന്നുവന്നു; കോര്ണിയേയോ മാര്ഫയേയോ തിരിഞ്ഞുനോക്കാതെ അവള് കവിള്ത്തടത്തില്ക്കൂടി ചുടുകണ്ണുനീരൊലിപ്പിച്ചുകൊണ്ടിരുന്ന, തന്റെ പൗത്രിയുടെ അടുത്തുചെന്നു അവളെ നിലത്തുനിന്നും പൊക്കിയെടുത്തു.
കോര്‍ണി, ഘനനിശ്വാസത്തോടുകൂടി, നിദ്രയില്‍ നിന്നും അപ്പോള്‍ ഉണര്‍ന്നതുപോലെ, താന്‍ എവിടെയാണെന്നോ, തനിക്കെന്തുസംഭവിച്ചുവെന്നോ അറിയാത്തമട്ട് ചുറ്റുംനോക്കിക്കൊണ്ടു നിന്നു.
മാര്‍ഫ കരഞ്ഞുകൊണ്ട് അവളുടെ തല ഉയര്‍ത്തുകയും അവളുടെ കയ്യുറ കൊണ്ട് മുഖത്തുനിന്നും രക്തം തുടച്ചുകളയുകയും ചെയ്തു.
``എടാ ഭയങ്കരരാക്ഷസാ!'' അവള് പറഞ്ഞു: ``ഞാന്‍ എസ്റ്റിനിയോടുകൂടിത്തന്നെ താമസിക്കുന്നു; അങ്ങിനെതന്നെ എല്ലായ്പ്പോഴും താമസിക്കയും ചെയ്തിരുന്നു! കൊന്നുകൊള്ളുക എന്നെ നിനക്കിഷ്ടമുണ്ടെങ്കില്‍! അഗാഷ്ക അയാളുടെ മകളാണ്, നിന്റേതല്ല'' വീണ്ടും ഉള്ള ഒരടിയില്‍ നിന്നും കാക്കുന്നതിനുവേണ്ടി തന്റെ കൈകൊണ്ടു മുഖംപൊത്തിപ്പിടിച്ചുകൊണ്ട് അവള് വേഗം ഉല്ഘോഷിച്ചു. എന്നാല്‍ കോര്‍ണിക്ക് യാതൊന്നും മനസ്സിലാകുന്നതുപോലെ തോന്നപ്പെട്ടില്ല; അയാള്‍ ശൂന്യമായി അയാള്‍ക്കു ചുറ്റും നോക്കി.
``നോക്ക്, നീയെന്താണ് ചെയ്തതു കുഞ്ഞിനെ എന്ന്! നീ അവളുടെ കൈ പൊട്ടിച്ചു!'' ഒരുവശത്തേയ്ക്ക് കുഴതെറ്റി തൂങ്ങിക്കിടന്നിരുന്ന കുഞ്ഞിന്റെ കൈ ചൂണ്ടിക്കാണിച്ചുകൊണ്ട് അവള് പറഞ്ഞു. കോര്‍ണി തിരിഞ്ഞ്, നിശ്ശബ്ദം തളത്തിലേയ്ക്കിറങ്ങി, വാതില്‍ കടന്നു പുറത്തേയ്ക്കു പോയി.
വെളിയില്‍ അപ്പോഴും, ഹിമപൂര്ണ്ണമായും, മേഘാവൃതമായും ഇരുന്നിരുന്നു. നീഹാരലേശങ്ങള് അയാളുടെ ചുട്ട കവിള്ത്തട്ടുകളിലും ലലാടത്തിലും പതിച്ചു. അയാള്‍ നടക്കല്ലില്‍ ഇരുന്നു വേലിക്കമ്പികളില് നിന്നും കൈനിറയെ മഞ്ഞെടുത്ത് തിന്നുവാന്‍ തുടങ്ങി. കവാടത്തിന്റെ മറുവശത്തുനിന്നും മാര്‍ഫയുടെ വിലാപവും, കുഞ്ഞിന്റെ ദയനീയരോദനവും ആവിര്‍ഭവിച്ചു. വാതില്‍ തുറക്കപ്പെടുകയും തന്റെ അമ്മ കൊച്ചുപെണ്കുഞ്ഞിനോടുകൂടി തളത്തില്ക്കൂടി നടന്നു വലിയ മുറിയിലേയ്ക്കു പോകുന്നത് അയാള്‍ കേള്‍ക്കുകയും ചെയ്തു. അയാള്‍ എഴുന്നേറ്റു മുറിയ്ക്കുള്ളില്‍ പോയി. ഒരു നേരീയ വെളിച്ചം മേശപ്പുറത്ത് പതിപ്പിച്ചുകൊണ്ട്, വിളക്ക് മറിഞ്ഞുവീഴ്ത്തപ്പെട്ടുകിടന്നിരുന്നു. അയാളുടെ പ്രവേശനം കേട്ടപ്പോള്‍ മാര്‍ഫയുടെ വിലാപം ഒന്നുകൂടി ഉച്ചത്തില്‍ വര്‍ദ്ധിച്ചു. അയാള്‍ നിശ്ശബ്ദമായി വസ്ത്രങ്ങള്‍ ധരിക്കയും, ബെഞ്ചിന്റെ ചുവട്ടില്‍ നിന്നും ഒരു സഞ്ചി വലിച്ചെടുത്ത് അതിനുള്ളില്‍ അയാള്‍ തന്റെ വസ്ത്രങ്ങളെല്ലാം അടുക്കുകയും അനന്തരം അത് ഒരു കഷണം ചരടുകൊണ്ടുകെട്ടുകയും ചെയ്തു.
``നിങ്ങള്‍ മിക്കവാറും കൊന്നു എന്നെ, എന്തുചെയ്തു ഞാന്‍ നിങ്ങളെ?'' ഒരു ദീനസ്വരത്തില്‍ മാര്‍ഫ പറഞ്ഞു.
മറുപടി ഒന്നും പറയാതെ കോര്‍ണി തന്റെ സഞ്ചിയെടുത്ത്, അതു വാതില്ക്കലേയ്ക്കു ചുമന്നുകൊണ്ടുപോയി.
``തടവുപുള്ളി! കൊലപാതകി! നീ നില്ക്ക്! നിയമങ്ങളുണ്ട് നിന്നെപ്പോലുള്ളവര്‍ക്ക്'' അവളുടെ സ്വരം വ്യത്യാസപ്പെടുത്തിക്കൊണ്ട് അവള് വെറുപ്പോടുകൂടി ഗര്‍ജ്ജിച്ചു.
കോര്‍ണി ഒരക്ഷരം മിണ്ടാതെ, കാലുകൊണ്ട് വാതില്‍ ചവുട്ടിത്തുറക്കുകയും, അനന്തരം അത് അത്രമാത്രം ശക്തിയോടുകൂടി അടയ്ക്കുകയാല് ചുവരുകള്‍ കുലുങ്ങുകയും ചെയ്തു.
വലിയ മുറിയില്‍ ചെന്നു, കോര്‍ണി ആ മൂകനായ ബാലനെ വിളിച്ചുണര്‍ത്തി, കുതിരയെ കൊണ്ടുവരുവാന്‍ ആജ്ഞാപിച്ചു. അര്ദ്ധപ്രജ്ഞന് മാത്രമായിരുന്ന ഒടുവില്‍ പറഞ്ഞ ആള് തന്റെ മാതുലന്റെ നേരെ ആശ്ചര്യത്തോടുകൂടി നോക്കുകയും ഇരുകൈകളെക്കൊണ്ടും അവന്റെ തല ചൊറിയുകയും ചെയ്തു. തന്നെക്കൊണ്ട് എന്താവശ്യപ്പെട്ടിരുന്നെന്ന് ഒടുവില്‍ മനസ്സിലാക്കിയിട്ട്, അവന് തന്റെ Felt പാപ്പാസുകളും, ആട്ടിന്തോല് കോട്ടും ധരിച്ച്, ഒരു വിളക്കും എടുത്ത് പുറത്തു മുറ്റത്തേയ്ക്കു പോയി.
ആ ചെറിയ സ്ലെഡ്ഡിനുള്ളില് പടികടന്നു കോര്‍ണിയും മൂകബാലനും എത്തിയപ്പോള്‍ നല്ല വെളിച്ചമുണ്ടായിരിക്കുകയും, കഴിഞ്ഞ പകല്‍ താന്‍ കുസ്മയോടുകൂടി പോന്ന റോഡില്‍ക്കൂടി ഓടിച്ചുപോവുകയും ചെയ്തു.
തീവണ്ടി പോകുന്നതിന് അഞ്ചു മിനിട്ടുമുന്പ് അയാള്‍ ആപ്പീസില് എത്തിച്ചേര്‍ന്നു. അയാള്‍ ഒരു ചീട്ടുവാങ്ങി, തന്റെ സഞ്ചിയോടുകൂടി വണ്ടിയില്‍ കയറുന്നതും, വണ്ടി ഉരുണ്ടുതുടങ്ങിയപ്പോള്‍ അവന്റെ നേരെ തല കുലുക്കുന്നതും മൂകനായ ആ ബാലന് കണ്ടു.
മുഖത്തിനു പറ്റിയ കേടുകള്‍ കൂടാതെ മാര്ഫയ്ക്കു രണ്ടു വാരിയെല്ലുകള്‍ നുറുങ്ങുകയും തലയില്‍ ഒരു മുറിവു പറ്റുകയും ചെയ്തു. എന്നാല്‍ ബലിഷ്ഠയായ ആ ചെറുപ്പക്കാരി എളുപ്പത്തില്‍ അതില്‍നിന്നും വിമോചിതയാവുകയും ഏതാണ്ട് ആറുമാസത്തിനുള്ളില്‍ അവളുടെ പരുക്കുകളുടെ പാടുപോലും അവശേഷിക്കാതിരിക്കുകയും ചെയ്തു. ആ കൊച്ചുപെണ്‍കുട്ടി എന്നെന്നേയ്ക്കുമായി പംഗുവായിത്തീരുകയാണ് ചെയ്തത്. അവളുടെ കയ്യിന്മേല് രണ്ട് അസ്ഥികള്‍ പൊട്ടിപ്പോവുകനിമിത്തം അവ ആജീവനാന്തം വളഞ്ഞിരുന്നു.
ആ ദിവസം മുതല്‍ കോര്ണിയെപ്പറ്റി യാതൊന്നും തന്നെ കേള്‍ക്കുകയോ, അയാള്‍ ജീവിച്ചിരിപ്പുണ്ടോ, അല്ല മരിച്ചുപോയിക്കഴിഞ്ഞുവോ എന്ന് ആരെങ്കിലും അറിയുകയോ ഉണ്ടായില്ല.
II
പതിനേഴ് സംവത്സരങ്ങള്‍ കഴിഞ്ഞു. `ആട്ടം' കാലത്തിന്റെ അന്ത്യഘട്ടമായിരുന്നു. സൂര്യന് ആകാശച്ചരുവില്‍ അസ്തംഗതനാവുകയും, നാലുമണിക്കുതന്നെ ദിക്കെങ്ങും ഇരുള് നിറയുകയും ചെയ്തിരുന്നു. ആന്‍ഡ്രീ ആട്ടിന്‍പറ്റം ഗ്രാമത്തിലേയ്ക്കു മടങ്ങുകയായിരുന്നു. ഒരാട്ടിടയന് അവന്റെ കൃത്യം നിര്‍വഹിച്ചശേഷം, ഉത്സവത്തിനുമുമ്പു വിട്ടുപോയിട്ടുണ്ടായിരിക്കയും, കന്നുകാലികള്‍ അവനു പകരം സ്ത്രീകളാലും കുട്ടികളാലും തെളിക്കപ്പെടുകയും ചെയ്തു. ആ കന്നുകാലിപ്പറ്റം ധാന്യങ്ങളുടെ മൊട്ടക്കുറ്റികള് നിറഞ്ഞിരുന്ന വയലില്‍ നിന്നും, വണ്ടിച്ചക്രങ്ങള്കൊണ്ടു കുഴിഞ്ഞു വൃത്തികെട്ടു കിടന്നിരുന്നതും, ചളിനിറഞ്ഞതും, കുളമ്പിന്പാടുകള് നിറഞ്ഞിരുന്നതുമായ ചരല് പാതയില്കൂടി ഇടവിടാതെ മുക്കുറയിട്ടുകൊണ്ട് ഗ്രാമത്തിലേയ്ക്കു നടന്നുപോയി. നിരത്തില്‍കൂടി തുന്നിക്കുത്തിയിരിക്കുന്നതും, കാറ്റുകൊണ്ടും കാലാവസ്ഥ കൊണ്ടും കറുത്തതും ആയ ഒരു വലിയ തൊപ്പിയും ധരിച്ചു, കുനിഞ്ഞുപോയ പുറത്ത് ഒരു തോല്സഞ്ചിയും പേറി, കാലിപ്പറ്റത്തിന്റെ മുമ്പില്‍ നരച്ച മീശയോടും നരച്ചു ചുരുണ്ട തലമുടിയോടുംകൂടിയ ഒരു മനുഷ്യന് നടന്നുപോയി; അയാളുടെ കാടുപിടിച്ച പുരികക്കൊടികള്‍ മാത്രമേ കറുത്തിരുന്നുള്ളൂ. കീറിപ്പൊളിഞ്ഞതും, നനഞ്ഞതും, ഘനമേറിയതുമായ പാപ്പാസുകളില് ചെളിയില്‍ക്കൂടി വളരെ ക്ലേശത്തോടുകൂടിയാണ് അയാള്‍ നടന്നിരുന്നത്;
അയാള്‍ ഓരോ കാല്വെയ്പ്പിലും അയാളുടെ മരവടിയിന്മേല് ചാരുകയും ചെയ്തിരുന്നു. കാലിപ്പറ്റം അയാളില്‍ നിന്നും പുറകിലായപ്പോള്‍ അയാള്‍ വടിയിന്മേല് ചാരി നില്‍പ്പായി. വൃത്തിയായി തുന്നിയ ഒരു ജാക്കറ്റും, തലയില്‍ ഒരു പരുക്കന്ഷാളും, കാലില്‍ ഒരു പുരുഷന്റെ പാദുകങ്ങളും ധരിച്ച്, നിരത്തിന്റെ ഒരു വശത്തുനിന്നും മറുവശത്തേയ്ക്ക് ക്ഷണം ക്ഷണം ഓടിയും, മടിപിടിച്ചു പിന്‍വലിഞ്ഞു നില്ക്കുന്ന ആടുകളേയും, പോര്ക്കുകളേയും നിര്‍ബന്ധത്തോടെ അടിച്ചുതെളിച്ചുകൊണ്ടും ഒരു ചെറുപ്പക്കാരി വന്നിരുന്നു. ആ വയസ്സന്റെ സമീപം വന്നപ്പോള്‍ അവള് അയാളെ മേല്പ്പോട്ടും കീഴ്പ്പോട്ടും നോക്കി നില്‍പ്പായി.
`നമസ്കാരം, മുത്തശ്ശാ.'' അവള് ഒരു മധുരസ്വരത്തില്‍ ശാന്തമായി പറഞ്ഞു.
``നമസ്കാരം, നല്ല കുഞ്ഞേ.'' വയസ്സന് പ്രതിവചിച്ചു.
``നിങ്ങള്‍ രാത്രിയിലത്തേയ്ക്കൊരു കിടക്ക ആവശ്യപ്പെടുന്നു, ഏ?''
``അങ്ങിനെ തോന്നുന്നു അത്. ഞാന്‍ വല്ലാതെ വലഞ്ഞുപോയി.'' കിഴവന് പരുക്കന്‍ രീതിയില്‍ മറുപടി പറഞ്ഞു.
Don't you go to mi elder's man, grand father,' Mi young women said kindly. ``നേരെ ഞങ്ങളുടെ സ്ഥലത്തേയ്ക്ക് പോവുക, അറ്റത്തുനിന്നും മൂന്നാമത്തെ കുടില്‍. എന്റെ ഭര്‍ത്താവിന്റെ അമ്മ സ്വീകരിക്കുന്നു നിങ്ങളെപ്പോലുള്ള അലച്ചിലുകാരെ.''
``മൂന്നാമത്തെ കുടില്‍? അതു `സിനോയീസ്' ആയിരിക്കണം'' അയാളുടെ കറുത്ത പുരികങ്ങള്‍ ചുളിപ്പിച്ചുകൊണ്ട് കിഴവന് പറഞ്ഞു.
``എങ്ങിനെ നിങ്ങള്‍ അറിയുന്നു?''
``ഞാന്‍ പോയിട്ടുണ്ടായിരുന്നു അവിടെ.''
``ഫെഡുഷ്കാ, നിങ്ങളിത്ര അശ്രദ്ധനായാലെങ്ങിന്യാ? മുടന്തനായ ഒരെണ്ണം പുറകില്‍ തള്ളപ്പെട്ടു.'' പറ്റത്തിന്റെ പുറകില്‍ ഞൊണ്ടിഞൊണ്ടി നടന്ന ഒരു കന്നികാലിയാടിനെ ചൂണ്ടിക്കാണിച്ച്�, അവളുടെ ഇടത്തുകയ്യിലുള്ള വടി ഒരു വിശേഷരീതിയില്‍ ചുഴറ്റിക്കൊണ്ട് ആ ചെറുപ്പക്കാരി പറയുകയും അവളുടെ വളഞ്ഞ വലംകൈകൊണ്ട് തൂവാല തല്‍സ്ഥാനത്തു വീണ്ടും ഒതുക്കി ആ ഞൊണ്ടിയാടിന്റെ അടുത്തേയ്ക്കു തിരികെ ഓടിപ്പോകയും ചെയ്തു.
ആ വൃദ്ധന് നമ്മുടെ കോര്‍ണിയും, ആ ചെറുപ്പക്കാരി, പതിനേഴു വര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ തള്ളിയിട്ടു കയ്യൊടിച്ച അയാളുടെ പുത്രി അഗാഷയും ആയിരുന്നു. ഗയിയില് നിന്നും നാല് വെര്സ്റ്റ് അകലത്തിലുള്ള `ആന്ഡ്രിയെവ്ക'യില്‍ ഒരു പണമുള്ള കുടുംബത്തിലായിരുന്നു അവളെ വിവാഹം ചെയ്തു കൊടുത്തിരുന്നത്.
സുശക്തനും, ധനാഢ്യനും, അഹങ്കാരിയുമായിരുന്ന കോര്‍ണി, ആ നിലയില്‍ നിന്നും ഇപ്പോള്‍ ഈ നിലയിലായിത്തീര്ന്നിരിക്കുന്നു -- ദേഹത്തില്‍ കീറിപ്പറിഞ്ഞ വസ്ത്രങ്ങളും, ഒരു പട്ടാളച്ചീട്ടും, ഭാണ്ഡത്തില്‍ രണ്ടു കുപ്പായങ്ങളും മാത്രം കൈവശമുണ്ടായിരുന്ന ഒരു പിച്ചക്കാരന്. ഈ വ്യതിയാനം അത്രമാത്രം അനുക്രമമായി ആഗതമായിരുന്നതിനാല് അതിന്റെ ആരംഭം എപ്പോഴായിരുന്നുവെന്നോ അതെങ്ങിനെ സംഭവിച്ചുവെന്നോ അയാള്‍ക്കു പറയുവാന്‍ കഴിയുമായിരുന്നില്ല.
അയാള്‍ അറിഞ്ഞിരുന്ന ഏകസംഗതി, അയാള്‍ക്കു നിശ്ചയമുണ്ടായിരുന്ന ഒരൊറ്റ സംഗതി, തനിക്ക് ഈ നിര്‍ഭാഗ്യമെല്ലാം വരുത്തിക്കൂട്ടിയതു തന്റെ ക്രൂരമായ പത്നി മൂലമാണത്രേ. മുമ്പ് തന്റെ നിലയെന്തായിരുന്നുവെന്നുള്ള സ്മരണപോലും അയാള്‍ക്ക് അത്ഭുതാവഹവും ദുസ്സഹവുമായിത്തോന്നി. അതിനെപ്പറ്റി എപ്പോഴെങ്കിലും അയാള്‍ വിചാരിച്ചാല്‍, കഴിഞ്ഞ പതിനേഴു കൊല്ലങ്ങളായി താനനുഭവിക്കുന്ന കഷ്ടതകള്‍ക്കെല്ലാം കാരണക്കാരനായ ആ മനുഷ്യനാണ് അയാളുടെ സ്മൃതിപഥത്തില്‍ ആദ്യം ആവിര്‍ഭവിക്കുക.
തന്റെ ഭാര്യയെ പ്രഹരവര്ഷം ചെയ്ത ആ രാത്രി, ഒരു കാട്ടിന്‍പുറം വില്ക്കുവാനുണ്ടായിരുന്ന ആ ഭൂസ്വത്തുടമസ്ഥന്റെ അടുത്ത് അയാള്‍ പോയി; എന്നാല്‍ അയാള്‍ അതു മുമ്പെതന്നെ വിറ്റുകഴിഞ്ഞിരുന്നതിനാല് അതു വാങ്ങിക്കുവാന്‍ സാധിച്ചില്ല. അതിനുശേഷം അയാള്‍ മോസ്കോവിലേയ്ക്കു തിരിച്ചുപോന്നു. അവിടെവച്ചു `കുടി' തുടങ്ങി. അയാള്‍ എപ്പോഴും ഏറെക്കുറെ കുടിക്കാറുണ്ടായിരുന്നു; എന്നാല്‍ ഇപ്പോള്‍ അയാള്‍ ഒരു രണ്ടാഴ്ചവട്ടത്തോളം ഇടവിടാതെ അന്തമറ്റ കുടി തുടങ്ങുകയും, ഒടുവില്‍ അയാള്ക്കേതാണ്ടൊരു സ്ഥിരബോധമുണ്ടായപ്പോള് അയാള്‍ കന്നുകാലികളെ വാങ്ങിക്കുവാന്‍ പോവുകയും ചെയ്തു. വ്യാപാരം ഭാഗ്യദോഷത്തെ തെളിയിക്കുകയും, അതിന്മേല് അയാള്‍ക്കു പണം നഷ്ടപ്പെടുകയും ചെയ്തു. വീണ്ടും അയാള്‍ കുറേക്കൂടി കന്നുകാലികളെ വാങ്ങി; എന്നാല്‍ അവിടേയും ഭാഗ്യദോഷം നേരിട്ടു; എന്തിന്, ഒരുകൊല്ലത്തിനുള്ളില്‍ മൂവ്വായിരം റൂബിളില്‍ നിന്ന് അയാള്‍ ഇരുപത്തിഅഞ്ചുമാത്രം ശേഷിപ്പുള്ളവനായിക്കലാശിക്കയും, ഒരിടത്ത് അടങ്ങിയൊതുങ്ങിയിരിക്കുവാന് പ്രേരിതനായിത്തീരുകയും ചെയ്തു. പിന്നീടയാള്‍ മുന്‍പിലത്തേതില്‍ കൂടുതലായി കുടിക്കുവാനാരംഭിച്ചു.
ആദ്യത്തെ കൊല്ലത്തേയ്ക്ക് അയാള്‍ ഒരു കന്നുകാലിക്കച്ചവടക്കാരന്റെ കണക്കപ്പിള്ളയായി ജോലി നോക്കി; എന്നാല്‍ ഒരിക്കല്‍ അയാള്‍ റോഡില്‍ക്കൂടി കുടിച്ചുമറിഞ്ഞുപോകുന്നതുകണ്ട് ആ മുതലാളി അയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. അനന്തരം, അയാള്‍ക്കു പരിചയമുള്ള ഒരാളുടെ സഹായത്താല്‍ ഒരു മദ്യക്കച്ചവടക്കാരന്റെ കടയില്‍ അയാള്‍ക്ക് ഒരു ജോലികിട്ടി. എന്നാല്‍ ഇവിടെയും അയാള്‍ അധികം നിന്നില്ല -- അയാള്‍ അയാളുടെ കണക്കുകളെല്ലാം കുഴപ്പത്തിലാക്കുകയും അവിടെ നിന്നു പറഞ്ഞയയ്ക്കപ്പെടുകയും ചെയ്തു. അയാള്‍ക്കു വല്ലാത്ത നാണവും, എന്തെന്നില്ലാത്ത കോപവുമായിരുന്നു വീട്ടിലേയ്ക്ക് മടങ്ങുന്നതിന്.
``അവര്‍ സുഖമായി ജീവിക്കുന്നു, എന്നെക്കൂടാതെ; ഒരുപക്ഷേ, ആ ആണ്‍കുട്ടികൂടി എന്റേതല്ലായിരിക്കാം.'' അയാള്‍ വിചാരിച്ചു.
കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ കുഴപ്പത്തിലായി. ഒരു കണക്കെഴുത്തു ജോലി അയാള്‍ക്കിനി ഒരിക്കലും കിട്ടുമായിരുന്നില്ല; തന്മൂലം കന്നുകാലികളെ ആട്ടുന്ന ഒരുവനായി അയാള്‍ക്കു പോകേണ്ടിവന്നു; എന്നാല്‍ കുറച്ചുകാലത്തിനുള്ളില്‍ അവര്‍ അയാളെ ആ ജോലിക്കുപോലും സ്വീകരിക്കാതെ തള്ളിക്കളഞ്ഞു.
അനുഭവങ്ങള്‍ കൂടുതല്‍ക്കൂടുതല്‍ ചീത്തയായിത്തീരുന്തോറും, അയാള്‍ അത്രയത്ര കൂടുതലായി തന്റെ ഭാര്യയെ പഴിക്കുകയും, അത്രയത്ര കൂടുതല്‍ ശക്തിയായി അയാളുടെ കോപം വര്‍ദ്ധിക്കുകയും ചെയ്തു.
അവസാനമായി, അപരിചിതനായ ഒരു വ്യാപാരിയുടെ അടുക്കല്കോര്ണിക്ക് ഒരു ജോലി കിട്ടി. കന്നുകാലികള്‍ ഏതോ സുഖക്കേടുകളാല് ആക്രമിക്കപ്പെട്ടു; അതു കോര്‍ണിയുടെ കുറ്റമായിരുന്നില്ല; എന്നാല്‍ ഉടമസ്ഥന് കുപിതനായിത്തീരുകയും അയാളേയും കണക്കപ്പിള്ളയേയും ഒരുമിച്ച് പിരിച്ചുവിടുകയും ചെയ്തു. വീണ്ടും ജോലിയൊന്നും കിട്ടുന്ന മട്ടുകാണാതഞ്ഞതിനാല് കോര്‍ണി ചുറ്റിത്തിരിയുവാന്‍ ഉറച്ചു. അയാള്‍ സ്വയം ഒരു ജോടി പാപ്പാസുകളും, ഒരു നല്ല സഞ്ചിയും നിര്‍മ്മിച്ചു, കുറെ പഞ്ചസാരയും തേയിലയും എടുത്തുംകൊണ്ട്, പണമായി എട്ടു റൂബിളും കീശയിലിട്ട്, `കീവി'ലേയ്ക്കുപുറപ്പെട്ടു. `കീവ്' അയാള്‍ക്കു പിടിച്ചില്ല; അതിനാല്‍ കാക്കസസ്സിലുള്ള `നോവി ആഫോണി'ലേയ്ക്ക് അയാള്‍ പോയി. വഴിക്കുവെച്ച് അയാള്‍ക്കു ഒരു പനി പിടിപെടുകയും പെട്ടെന്നു അയാള്‍ ക്ഷീണിച്ചുപോവുകയും ചെയ്തു. വെറും ഒരു റൂബിളും എഴുപത് കോപെക്കും മാത്രമായിരുന്നു അയാളുടെ കയ്യിലുണ്ടായിരുന്ന ധനം. ഒരിടത്തും ഒരു സ്നേഹിതരുമുണ്ടായിരുന്നില്ല അയാള്‍ക്ക്; അതുകൊണ്ട് അയാള്‍ വീട്ടിലേയ്ക്കു, തന്റെ പുത്രന്റെ അടുത്തേയ്ക്കു പോകുന്നതിന് നിശ്ചയിച്ചു. ``പക്ഷേ ആ ദുഷ്ടജന്തു ഇതിനിടെ ചത്തുപോയിരിക്കാം'' അയാള്‍ വിചാരിച്ചു, ``അല്ല അവള് ചത്തിട്ടില്ലെങ്കില്‍ ചാവുന്നതിന് മുമ്പ് അവളോട് പറയും ഞാന്‍, ശനി! എന്താണവള്‍ ചെയ്തതെന്നോട്'' ഈ വിചാരത്തോടുകൂടി അയാള്‍ വീട്ടിലേയ്ക്കു പുറപ്പെട്ടു.
രണ്ടുദിവസത്തേയ്ക്ക് അയാള്‍ക്ക് അസ്സല് പനിയുണ്ടായിരുന്നു. അയാള്‍ കൂടുതല്‍കൂടുതല്‍ ക്ഷീണിക്കുകയും ഒരു ദിവസം പത്തോ അല്ലെങ്കില്‍ പതിനഞ്ചോ വെര്സ്റ്റ് ദൂരത്തില്‍ കൂടുതലായി നടക്കുവാന്‍ കഴിയാതായിത്തീരുകയും ചെയ്തു. വീട്ടില്‍ നിന്നും ഇരുന്നൂറ് വെര്സ്റ്റ് അകലത്തുവെച്ചാണ് അയാളുടെ പണമെല്ലാം നഷ്ടപ്പെടുകയും, ക്രിസ്തുവിന്റെ പേരില്‍ ഭക്ഷണം യാചിക്കുവാനും, ഓരോ ഗ്രാമത്തിലേയും തലയാള്‍ എവിടെ സ്ഥലം തന്നുവോ അവിടെ കിടന്നുറങ്ങുവാനും അയാള്‍ പ്രേരിതനായിത്തീരുകയും ചെയ്യുവാന്‍ ഇടയായത്. ``സന്തോഷിക്ക്, നോക്ക് നീയെന്താണെനിക്ക് വരുത്തിക്കൂട്ടിയതെന്ന്!'' തന്റെ ഭാര്യയെക്കുറിച്ചുള്ള വിചാരത്തില്‍ അയാള്‍ പറയുകയും, പണ്ടത്തെ പതിവുപോലെ തന്റെ പ്രായം ചെന്നു ക്ഷീണിച്ചു വിറയ്ക്കുന്ന മുഷ്ടികള്‍ ചുരുട്ടുകയും ചെയ്തു; എന്നാല്‍ ഇടിക്കുന്നതിനായി അടുത്ത് ആരുംതന്നെ ഉണ്ടായിരുന്നില്ല; പോരെങ്കില്‍, ആ മുഷ്ടികളില്‍ നിന്നും പറന്നു കഴിഞ്ഞിരുന്നു മുമ്പിലത്തെപ്പോലെ ഇടിയ്ക്കുവാനുള്ള കരുത്ത്.
രണ്ടാഴ്ചയോളം വേണ്ടിവന്നു ആ ഇരുന്നൂറ് വെര്സ്റ്റ് ദൂരം നടക്കുന്നതിന് അയാള്‍ക്ക്; വേച്ചും വിറച്ചും ഒരുവിധം തപ്പിത്തടഞ്ഞ്, വീട്ടില്‍ നിന്നും നാലുമൈല്‍ അകലെ വന്നുചേര്‍ന്നപ്പോഴാണ് അയാള്‍ അഗാഷയെ കണ്ടുമുട്ടിയത്; അയാള്‍ അവളെ തിരിച്ചറിയുകയോ, അയാളെ അവള്‍ക്കു മനസ്സിലാവുകയോ ഉണ്ടായില്ല -- അഗാഷ്ക, തന്റെ മകളല്ല അവള് എന്ന് കോര്‍ണി കരുതിപ്പോന്നിരുന്നത്, പതിനേഴുകൊല്ലത്തിനു മുമ്പ് അയാള്‍ തള്ളിയിട്ടു കൈ ഒടിച്ച ആ അഗാഷ്കതന്നെയായിരുന്നു അത്.
III
അഗാഫിയ തന്നോട് പറഞ്ഞതുപോലെ അയാള്‍ ചെയ്തു. `സിനോയീസ്' തറവാട്ടിലെ മുറ്റത്തു ചെന്നു, തനിക്കിന്നു രാത്രിയിവിടെ താമസിക്കരുതേ, എന്നയാള്‍ ചോദിക്കയും, അവര്‍ അയാളെ സ്വീകരിക്കയും ചെയ്തു.
വീട്ടിനുള്ളില്‍ കടന്ന്, തളത്തില്‍ കയറി തന്റെ സാധാരണരീതിയില്‍ അയാള്‍ ഗൃഹാധിപന്മാരെ അഭിവാദ്യം ചെയ്തു.
``തണുത്തുമരവിച്ചുപോയോ, മുത്തശ്ശാ? ഇവിടെ, ഈ നെരിപ്പോടിനടുത്തു വരിക!'' നേരംപോക്കുകാരിയായ ആ നരച്ച് പ്രായംചന്നെ ഗൃഹനായിക മേശ വെടുപ്പാക്കിക്കൊണ്ടു പറഞ്ഞു.
അഗാഫിയയുടെ ഭര്‍ത്താവ്, ഒരു ചെറുപ്പക്കാരനായ കര്ഷകന്, വിളക്കും തുടച്ചുകൊണ്ടിരിക്കയായിരുന്നു ഒരു ബെഞ്ചിന്റെ പുറത്ത്.
``എത്ര തണുത്തുപോയി നിങ്ങള്‍'' അയാള്‍ പറഞ്ഞു ``കഷ്ടം, കഷ്ടം, വന്നു തീകായൂ നിങ്ങള്‍.''
കോര്‍ണി വസ്ത്രമെല്ലാം അഴിച്ചുമാറ്റി, തന്റെ പാപ്പാസുകളും, കാലുറകളും ഊരിയിട്ടിട്ട്, നെരിപ്പോടിനടുത്ത് പറ്റിക്കൂടി.
കയ്യിലൊരു പാത്രവും പിടിച്ചുകൊണ്ട് വീട്ടിനുള്ളിലേയ്ക്കു വന്നു അഗാഫിയ. അവള് കന്നുകാലികളെയെല്ലാം അടിച്ചാക്കിയിട്ട്, തൊഴുത്തുകളില്‍ നിന്നും മടങ്ങിയെത്തിയിട്ടുണ്ടായിരുന്നു.
``ഒരു പ്രായം ചെന്ന മനുഷ്യന് വന്നോ ഇവിടെ?'' അവള് ചോദിച്ചു. ``ഞാന്‍ പറഞ്ഞു അയാളോട് ഇങ്ങോട്ട് വരുവാന്‍.''
``അതാ ആ മനുഷ്യന്'' കോര്‍ണി തന്റെ പരുത്ത എല്ലുന്തിയ കൈകള്‍ തടവിത്തീകാഞ്ഞുകൊണ്ടിരിക്കുന്ന സ്ഥലത്തേയ്ക്ക് ചൂണ്ടിക്കാണിച്ചുകൊണ്ടു ഗൃഹനായകന് പറഞ്ഞു.
ചായ സമയത്ത്, വീട്ടുകാര്‍ അതില്‍ വന്നു പങ്കുകൊള്ളുവാനായി കോര്ണിയെ വിളിച്ചു. അയാള്‍ അവിടെ നിന്നും എഴുന്നേറ്റ്, ബെഞ്ചിന്റെ ഒരറ്റത്തുവന്നു സ്ഥലംപിടിച്ചു. ഒരുകപ്പ് ചായയും, ഒരു പഞ്ചസാരക്കട്ടയും അയാള്‍ക്കു നല്കപ്പെട്ടു.
മഴനിമിത്തം ഭൂസ്വത്തുടമസ്ഥന്മാരുടെ, ധാന്യം കൊയ്തെടുക്കുവാന്‍ തരപ്പെടാത്തതിനെപ്പറ്റിയും, കാലാവസ്ഥയെപ്പറ്റിയും, വിളവിനെക്കുറിച്ചും അവന് ഓരോന്നു സംസാരിച്ചുകൊണ്ടിരുന്നു; കൃഷിപ്പണിക്കാര്‍ അവരവരുടെ വകയായിട്ടുള്ളതെല്ലാം എടുത്തുകഴിഞ്ഞു; എന്നാല്‍ ജന്മികള്‍ക്കു ചെല്ലേണ്ടതായ വിളവുകളെല്ലാം, വയലുകളില്‍ കിടന്നു ചീഞ്ഞും എലികളുടെ ഉപദ്രവം കൊണ്ടു നാനാവിധം നഷ്ടപ്പെട്ടുപോയിരുന്നുപോലും!
വഴിക്കുവെച്ചു ഒരു വയലില്‍ കറ്റകൂട്ടിയിടപ്പെട്ടിരുന്നതു കാണുവാനിടയായിതിനെ സംബന്ധിച്ച് കോര്‍ണി പ്രസ്താവിച്ചു.
ആ ചെറുപ്പക്കാരി കടുപ്പം കുറഞ്ഞ അഞ്ചാമത്തെ ഒരു കപ്പു ചായയും അയാള്‍ക്കു നേരെ നീട്ടി.
``സാരമില്ല, മുത്തശ്ശാ! ആട്ടെ കുടിക്കൂ; ഇതു നല്ലതാണ് നിങ്ങള്‍ക്ക്'' അയാള്‍ അതു നിരസിച്ചപ്പോള്‍ അവള് പറഞ്ഞു.
``എന്താണ് തരക്കേട്, നിങ്ങളുടെ കയ്യിന്?'' അവളില്‍ നിന്നും ആ കപ്പ് വളരെ ശ്രദ്ധിച്ചു വാങ്ങിച്ചുകൊണ്ടും, തന്റെ പുരികക്കൊടികള്‍ വക്രിപ്പിച്ചും അയാള്‍ ചോദിച്ചു.
``അവള് നന്നെക്കുഞ്ഞായിരുന്നപ്പോള്തന്നെ അത് ഒടിഞ്ഞുപോയി; അവളുടെ അച്ഛനു കൊല്ലണമെന്നുണ്ടായിരുന്നു ഞങ്ങളുടെ അഗാഷ്കക്കുട്ടിയെ.'' വായിലനാക്കുകാരിയായ ആ വൃദ്ധമാതാവു പറഞ്ഞു.
``എന്നാല്‍ എന്തിനാണ്?'' കോര്‍ണി ചോദിച്ചു. ആ ചെറുപ്പക്കാരിയുടെ മുഖത്ത് അയാള്‍ നോക്കുകയും, പെട്ടെന്നു നീലക്കണ്ണുകളോടുകൂടിയ ആ എസ്റ്റിനിബെലിയെ അയാള്‍ക്കോര്‍മ്മ വരികയും, കപ്പുപിടിച്ചിരുന്ന ആ കൈ അത്രശക്തിയായി വിറയ്‍ക്കുകയാല്‍ അത് താഴെ മേശപ്പുറത്ത് വെയ്ക്കുന്നതിനുമുമ്പായി അയാളതില്‍ പകുതിയോളം ചായ നിലത്തു കളയുകയും ചെയ്തു.
``ഒരു മനുഷ്യനുണ്ടായിരുന്നു ഗയിയില്, അവളുടെ അച്ഛനായിരുന്നു അയാള്‍ -- കോര്ണിവാസിലിയെന്നാണ് അയാളെ വിളിച്ചിരുന്നത്. അയാളൊരു പണക്കാരനും തന്റെ ഭാര്യയെക്കുറിച്ച് വലിയ അഭിമാനിയും ആയിരുന്നു. അയാളൊരുദിവസം അവളെ തല്ലുകയും കുഞ്ഞിനെ തട്ടി താഴെയിടുകയും ചെയ്തു.'' തന്റെ വിറയ്ക്കുന്ന ചില്ലിക്കൊടികള്‍ ഉയര്‍ത്തി, വീട്ടിലുള്ളവരെയും അഗാഷയേയും മാറിമാറി നോക്കിക്കൊണ്ട് കോര്‍ണി ഒരക്ഷരംപോലും മിണ്ടാതെ ഇരിപ്പായി.
``എന്തുകൊണ്ടാണതയാള് ചെയ്തത്?'' ഒരു പഞ്ചാരക്കട്ടയെടുത്ത് കടിച്ചുകൊണ്ടയാള്‍ ചോദിച്ചു.
``ആരറിയുന്നു? എല്ലായ്പ്പോഴും ചില കേള്വികളെല്ലാമുണ്ട്. സ്ത്രീകളായ ഞങ്ങളെക്കുറിച്ച്.'' ആ വൃദ്ധയായ ഗൃഹനായിക പറഞ്ഞു. ``ഇതുണ്ടായതെന്തുകൊണ്ടെന്നാല് അവര്‍ക്കുണ്ടായിരുന്ന ഒരു വേലക്കാരന്മൂലമായിരുന്നു -- ഞങ്ങളുടെ ഗ്രാമത്തില്‍ നിന്നൊരുത്തന്‍. ആ ഗൃഹനായകന് ഉണ്ടായിരുന്ന കാലത്ത് ഒരു ഗ്രാമത്തിലൊന്നാമനായിരുന്നു അവര്‍.''
``അയാളും ചത്തുപോയോ, പിന്നെ?'' കോര്‍ണി ചോദിച്ചു.
``ഞങ്ങളങ്ങിനെ ഉദ്ദേശിക്കുന്നു. അയാള്‍ കാണാതായത് ഏതാണ്ട് പതിനഞ്ച് കൊല്ലം മുമ്പാണ്.''
``അതിനേക്കാള്‍ മുമ്പാണത് എന്നെ ധാത്രിയുടെ പക്കല്‍ നിന്നും കൊണ്ടുവന്നിട്ടധികമായിട്ടില്ലാത്തപ്പോഴാണ് എന്നു `മമ്മുഷ്ക' എന്നോട് പറഞ്ഞിട്ടുണ്ട്.''
``നിനക്ക് അയാളോട് ദേഷ്യമുണ്ടോ, നിന്റെ കയ്യൊടി..............'' കോര്‍ണി ആരംഭിച്ചു; എന്നാല്‍ അയാളുടെ ശബ്ദം ഇടറിപ്പോയി.
``അദ്ദേഹം ഒരപരിചിതനും മറ്റുമല്ല; എങ്ങിനെയായാലും എന്റെ അച്ഛനല്ലേ അദ്ദേഹം. കുറച്ചുകൂടി ഇരിക്കട്ടെ ചായ; ഇതു ചൂടുപിടിപ്പിക്കും നിങ്ങളെ. നിങ്ങള്‍ക്കു ഞാന്‍ കുറച്ചൊഴിച്ചു തരട്ടെ?''
കോര്‍ണി ഉത്തരം പറഞ്ഞില്ല; എന്നാല്‍ അയാള്‍ ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു.
``എന്താണ് സംഗതി?''
``ഒന്നുമില്ല; ക്രിസ്തു നമ്മെ രക്ഷിക്കട്ടെ!''
തന്റെ വിറയ്ക്കുന്ന കൈകളാല്‍ സ്വയം ചുവരിലും തൂണിലും താങ്ങിക്കൊണ്ട്, ശോഷിച്ച ആ കാലുകളെ പതുക്കെപ്പതുക്കെ നിരക്കി കോര്‍ണി തീച്ചട്ടിയുടെ അടുത്തെത്തി.
``അതാ അവിടെ'' ആ വൃദ്ധനുനേരെ കണ്ണുചിമ്മിക്കൊണ്ട് ആ വൃദ്ധസ്ത്രീ അവളുടെ പുത്രനോട് പറഞ്ഞു.
IV
പിറ്റേദിവസം കോര്‍ണി മറ്റുള്ളവരെക്കാള്‍ കാലേകൂട്ടി ഉണര്‍ന്നെഴുന്നേറ്റു. നെരിപ്പോടിനടുത്തുനിന്നും എഴുന്നേറ്റു, ഉണങ്ങി ചുക്കുച്ചുളിഞ്ഞ കാലുറകളുടെ ചുളികളെല്ലാം നേരെയാക്കി, ചൂടേറ്റു ചുളുങ്ങിയ പാപ്പാസുകളും കാലിലിട്ട് സഞ്ചിയും പുറത്തുതൂക്കി പുറപ്പെടുവാന്‍ ഒരുങ്ങി.
``എന്തുകൊണ്ട് താമസിച്ചുകൂടാ പ്രാതലിന്, മുത്തശ്ശാ?'' ആ വൃദ്ധസ്ത്രീ ചോദിച്ചു.
``ഈശ്വരന് രക്ഷിക്കട്ടെ നിങ്ങളെ; എനിക്കു പോകണം.''
``എന്നാല്‍ ഇന്നലത്തെ `ലെപെഷ്ക'യുംകൂടി കുറച്ചു കൈയ്യിലെടുത്തുകൊള്ളൂ. ഞാന്‍ കുറെ ഇട്ടുതരാം നിങ്ങളുടെ സഞ്ചിയില്‍.''
കോര്‍ണി അവള്‍ക്കു നന്ദിപറഞ്ഞിട്ടു, യാത്ര ചോദിച്ചു.
``നിങ്ങള്‍ തിരിച്ചുവരുന്നവഴി കയറുക; ഞങ്ങള്‍ അപ്പോഴും ജീവിച്ചിരിക്കുമെന്നു എനിക്കു തോന്നുന്നു.''
വെളിയില്‍, `ആട്ടം' കാലത്തിലെ ഘനമേറിയ മൂടല്‍മഞ്ഞ് സര്‍വ്വവസ്തുക്കളേയും പൊതിഞ്ഞിരുന്നു; എന്നാല്‍ നല്ലപോലെ അറിയാമായിരുന്നു കോര്ണിക്കു വഴി; ഓരോ ഇറക്കവും, ഓരോ കയറ്റവും, ഓരോ കുറ്റിക്കാടും, റോഡിന്റെ ഇടത്തും വലത്തുമുള്ള ഓരോ ചെടിയും, കഴിഞ്ഞ പതിനേഴ് സംവത്സരക്കാലത്തിന്നിടയില് ചിലതെല്ലാം മുറിക്കപ്പെടുകയും, പഴയവ നിന്നിരുന്ന സ്ഥാനത്ത് പുതിയ തൈമരങ്ങള്‍ വളരുകയും, തൈച്ചെടികള്‍ വന്മരങ്ങളായി മാറുകയും ചെയ്തിരുന്നുവെങ്കിലും, എത്രയും പരിചിതങ്ങളായിരുന്നു അയാള്‍ക്ക്.
ആ ഗയി എന്ന ഗ്രാമം അന്നും അതുതന്നെ ആയിരുന്നു; അപൂര്‍വ്വം ചില പുതിയ കെട്ടിടങ്ങള്‍ നിന്നിരുന്നു ആ മൈതാനവക്കില്; ഇഷ്ടികകൊണ്ടുള്ളതായിത്തീര്ന്നിരുന്നു അന്നത്തെ ചില പഴമരംകൊണ്ടു നിര്‍മ്മിക്കപ്പെട്ടിരുന്ന വീടുകള്‍. അയാളുടെ സ്വന്തം കല്പ്പുര അതുതന്നെ; കാലംകൊണ്ട് അല്പം പഴകിപ്പോന്നിരുന്നു എന്നുമാത്രം. അധികനാളായി മേല്പ്പുരയ്ക്ക് ചായമടിച്ചിരുന്നില്ല; മൂലകളില്‍ നിന്നും ഒന്നുരണ്ട് ഇഷ്ടികകള്‍ അടര്‍ന്നുപോയിരിക്കുന്നു; നടവാതിലിനുനേരെയുള്ള നടക്കല്ലുകള്‍ ചിലയിടത്ത് പൊളിഞ്ഞുപോയിട്ടുണ്ടായിരുന്നു.
അയാള്‍ തന്റെ, ഒരു കാലത്തെ വീട്ടിലേയ്ക്ക് കയറി ചെന്നപ്പോള്‍, പടിവാതിലുകള്‍ കരയുകയും, ഒരു വയസ്സായി മെലിഞ്ഞ പെണ്‍കുതിരയും, മൂന്നുവയസ്സു പ്രായംചെന്ന ഒരു കുട്ടിക്കുതിരയും പുറത്തേയ്ക്ക് വരികയും ചെയ്തു. തന്റെ തിരോധാനത്തിന് ഒരു വര്‍ഷം മുമ്പ് ചന്തയില്‍ നിന്നും വാങ്ങിച്ചുകൊണ്ടുവന്ന കുതിരയോടു സാമ്യമുണ്ടായിരുന്നു ആ കിഴവിപ്പെണ്കുതിരയ്ക്ക്.
``ആ കാലത്തു ഇവള്‍ക്കു വയറ്റിലുണ്ടായിരുന്ന കുഞ്ഞായിരിക്കണം ഇതു. ഇതിന്നു അതിന്റെ ആ കുഞ്ചിരോമവും, ആ കഴുത്തെടുപ്പും, ആ ശോഷിച്ച കാലുകളും തന്നെയാണുള്ളത്.''
പുതിയ മരത്തൊലിപ്പാപ്പാസുകള് ധരിച്ച ഒരു ഇരുണ്ട കണ്ണോടുകൂടിയ ബാലനാല്‍, നനയ്ക്കുന്നതിലേയ്ക്കായി അടിച്ചുകൊണ്ടു വരപ്പെട്ടതായിരുന്നു ആ കുതിരകള്‍. ``എന്റെ പൗത്രന്, സംശയമില്ല, ഫെഡ്കയുടെ കുട്ടി. അവനെപ്പോലെതന്നെ കറുത്ത കണ്ണുകളോടുകൂടിയവനാണിവനും'' കോര്‍ണി വിചാരിച്ചു.
ആ കുട്ടി അപരിചിതനായ വൃദ്ധന്റെ നേരെ നോക്കുകയും, അനന്തരം ചളിയില്‍ കിടന്നു തുള്ളുന്ന ഒരു തടിയന് കുട്ടിക്കുതിരയുടെ പിന്നാലെ ഓടിപ്പോവുകയും ചെയ്തു. കുട്ടിയെ അനുഗമിച്ചുകൊണ്ട് വെളിക്കു വന്നു, പണ്ടത്തെ `വോള്ച്ചോക്കി'നെപ്പോലെതന്നെ കറുത്ത ഒരു പട്ടി.
``വോള്ച്ചോക്കായായിരിക്കുമോ? ഇത്?'' കോര്‍ണി വിചാരിച്ചു; പീന്നീട് വോള്ച്ചോക്കിനപ്പോള് ഇരുപതുവയസ്സു പ്രായം കാണുമെന്നു ഓര്‍ത്തു.
ക്ലേശത്തോടുകൂടി അയാള്‍, അന്നു രാത്രി വേലിക്കമ്പികളില് നിന്നും മഞ്ഞുകട്ടകള്‍ പെറുക്കിത്തിന്നുംകൊണ്ടിരുന്ന ആ നടപ്പടികള് ഒരുവിധം ചവിട്ടികയറിച്ചെന്നു തളത്തിലേയ്ക്കുള്ള വാതില്‍ തുറന്നു.
``എന്താണ് താന്‍ ആരോടും ചോദിക്കാതെ മൂക്കും വിടര്‍ത്തിപ്പിടിച്ചുകൊണ്ട് ഉള്ളിലേയ്ക്ക് ഒളിഞ്ഞുനോക്കിക്കയറാന് പോകുന്നത്?'' വീട്ടിനുള്ളില്‍ നിന്നും ഒരു സ്ത്രീയുടെ സ്വരം അയാളോട് വിളിച്ചു ചോദിച്ചു. അതെ, അവള് തന്നെ -- നരച്ച്, മെലിഞ്ഞ്, തൊലിയെല്ലാം ചുക്കിച്ചുളിഞ്ഞ ഒരു വൃദ്ധസ്ത്രീ വരികയായിരുന്നു അങ്ങോട്ട് -- ആ വാതിലിനടുത്തേയ്ക്ക് -- താന്‍ വെറുത്തിരുന്നതും, പ്രതികാരം ചെയ്യുവാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നതും, തന്നോട് തെറ്റ് കാണിച്ചതും ആയ ആ ചെറുപ്പക്കാരിയും സുന്ദരിയുമായ മാര്ഫയെയാണ് കോര്‍ണി പ്രതീക്ഷിച്ചിരുന്നത്; എന്നാല്‍ അതിനുപകരം, ഇവിടെ ഇതാ ഏതോ വിചിത്രവും വിരൂപവും ആയ ഒരു വൃദ്ധസ്ത്രീരൂപം. ``താന്‍ ഭിക്ഷയാചിച്ചു വന്നതാണെങ്കില്‍, ജനല്വാതുക്കല്നിന്നു തിന്നാം തനിക്ക്.'' അവള് പരുഷമായ പരുക്കന്‍ സ്വരത്തില്‍ പറഞ്ഞു.
``ഭിക്ഷ ചോദിക്കുവാന്‍ വന്നതല്ല ഞാന്‍.'' കോര്‍ണി പറഞ്ഞു.
``എന്താണ് നിങ്ങള്‍ക്കാവശ്യം, പിന്നെ?''
അവള് പെട്ടെന്നു നിര്‍ത്തുകയും, അവളുടെ മുഖഭാവത്തില്‍ നിന്നും, അവള് തന്നെ തിരിച്ചറിഞ്ഞുപോയി എന്ന് അയാള്‍ക്കു അറിയാന്‍ കഴിയുകയും ചെയ്തു.
``ധാരാളമുണ്ട്, നിങ്ങളെപ്പോലെ വീട്ടിലലഞ്ഞുതിരിഞ്ഞു വന്നുകയറുന്ന വര്‍ഗ്ഗക്കാര്‍. പൊക്കോളൂ, ഉം, പൊക്കോളൂ ദൈവത്തെ ഓര്‍ത്ത്!''
കോര്‍ണി ചുമരിന്മേലേയ്ക്കു ചായുകയും, തന്റെ കയ്യിലുള്ള വടി നല്ലപോലെ ഉറപ്പിച്ചു നിലത്തൂന്നിക്കൊണ്ട് അതിന്മേല് താങ്ങിനിന്നു അവളെ ഉറ്റുനോക്കുകയും ചെയ്തു. അവളുടെ നേരെ താന്‍ ഇത്രവളരെ വര്‍ഷത്തോളം പുലര്‍ത്തിപ്പോന്ന കോപം ഇത്ര പെട്ടെന്നു പറന്നൊളിച്ചതില് അയാള്‍ക്കുതന്നെ എന്തെന്നില്ലാത്ത അത്ഭുതം തോന്നി. അയാളിലുണ്ടായ വികാരങ്ങളുടെ വ്യാമര്ദ്ദം അയാളെ ബോധരഹിതനാക്കി വീഴിച്ചേയ്ക്കുമെന്നു അയാള്‍ക്കു തോന്നിത്തുടങ്ങി.
``മാര്ഫേ, നാം വേഗത്തില്‍ മരിച്ചുപോകും.''
``പോവൂ, പോവൂ ദൈവത്തെ ഓര്‍ത്ത്.'' അവള് വേഗം വേഗം നിശ്വാസവിജൃംഭണത്തോടുകൂടി പറഞ്ഞു.
``കൂടുതലായിട്ടൊന്നും പറയാനില്ലേ നിനക്ക്?''
``ഒന്നും തന്നെയില്ല എനിക്കു പറയുവാന്‍.'' അവള് പറഞ്ഞു: ``പോവൂ ഈശ്വരനെ വിചാരിച്ചു, പോവൂ, പോവൂ! ഈ സ്ഥലത്തു ധാരാളം അലഞ്ഞുനടക്കുന്നുണ്ട് നിങ്ങളെപ്പോലുള്ള തെണ്ടിപ്പരിഷകള്.''
ക്ഷണം ക്ഷണം കാലടിവെച്ചു അവള് വീട്ടിനുള്ളില്‍ കടന്നു വാതില്‍ കൊട്ടിയടച്ചു തഴുതിട്ടു.
``എന്തിനാണ് നിങ്ങള്‍ ശല്യപ്പെടുത്തുന്നതയാളെ?'' ഒരു പുരുഷസ്വരം കേള്‍ക്കപ്പെടുകയും, ഒരിരുണ്ട കൃഷകന്‍, അയാളുടെ മാറത്തുള്ള തോല്‍പ്പട്ടയില്‍ ഒരു കൈക്കോടാലിയും തൂക്കിയിട്ടുകൊണ്ട് വാതില്ക്കല് ആവിര്‍ഭവിക്കുകയും ചെയ്തു. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് കോര്‍ണി ഏതുവിധത്തിലായിരുന്നുവോ അതേ മട്ടിലുള്ള ഒരാളായിരുന്നു അയാള്‍; അതിനേക്കാള്‍ കുറച്ചു പൊക്കം കുറഞ്ഞതും മെലിഞ്ഞതുമാണെന്നുമാത്രം; എന്നാല്‍ അയാള്‍ക്കു അതേ, ആ കറുത്ത പ്രകാശമേറിയ, കണ്ണുകള്‍ തന്നെ ഉണ്ടായിരുന്നു.
പതിനേഴ് സംവത്സരങ്ങള്‍ക്കു മുമ്പ് കോര്‍ണി ഒരു ചിത്രപുസ്തകം സമ്മാനിച്ച ആ ഫെഡ്കയല്ലാതെ മറ്റാരുമായിരുന്നില്ല അത്. തന്റെ മാതാവിന്റെ ആ ഭിക്ഷക്കാരനോടുള്ള നിര്ദ്ദയത്വത്തെക്കുറിച്ച് അപലപിച്ചുകൊണ്ട് തര്‍ക്കിക്കുകയായിരുന്നു അയാള്‍. അയാളെ അനുഗമിച്ചുകൊണ്ട്, തന്റെ മാറത്തുള്ള തോല്പ്പട്ടയിലും ഒരു കോടാലി തൂക്കിയിട്ടുകൊണ്ട് വന്നുചേര്‍ന്നു, ആ മൂകനായ ഭാഗിനേയന്. നേരീയ മീശയോടും നീണ്ട കഴുത്തോടും, സുദൃഢവും സുശക്തവുമായ അക്ഷിപാതത്തോടുംകൂടിയ ഒരു പ്രായപൂര്‍ത്തിവന്ന കൃഷിക്കാരനായിരിക്കുന്നു ഇപ്പോള്‍ അയാള്‍. ആ രണ്ട് കര്ഷകന്മാരും ഇപ്പോള്‍ പ്രാതല്‍ കഴിച്ചതേയുള്ളൂ; അവര്‍ കാട്ടിലേയ്ക്കു പോകയായിരുന്നു.
``ഒരു ഞൊടിക്കുള്ളില്‍, മുത്തശ്ശാ.'' ഫെഡോര്‍ പറഞ്ഞു; എന്നിട്ടു ആ വൃദ്ധനേയും, പിന്നീട് മുറിയിലേയ്ക്കും ചൂണ്ടിക്കാണിച്ചുകൊണ്ട്, അപ്പം മുറിയ്ക്കുവാനെന്നപോലെ അയാള്‍ ആ മൂകനായ മനുഷ്യന്റെനേരെ ഒരു ആംഗ്യം കാണിച്ചു.
ഫെഡോര്‍ പുറത്തിറങ്ങി തെരുവിലേയ്ക്കു നടന്നു; ആ ഊമയായ മരുമകന് വീണ്ടും വീട്ടിനുള്ളിലേയ്ക്കു കടന്നു. നമ്രശിരസ്കനായി വടിയില്‍ ഊന്നിക്കൊണ്ടു കോര്‍ണി നിരയുംചാരി നിലകൊണ്ടു. അയാളില്‍ ഒരു വമ്പിച്ച വൈവശ്യം ഉല്പാദിതമായി; അയാള്‍ വളരെ പണിപ്പെട്ടാണ് അതടക്കിയിരുന്നത്, അയാളുടെ കണ്ണില്ക്കൊള്ളാതെ പൊട്ടിപ്പുറപ്പെട്ട കരച്ചിലുകള്‍. ആ മൂകമനുഷ്യന് ഒരു വലിയ കട്ട, പുതിയ കറുത്ത അപ്പത്തോടുകൂടി കുടിലില്‍ നിന്നും പുറത്തുവന്നു അതു കോര്‍ണിയുടെ നേരെ നീട്ടി. കോര്‍ണി അപ്പം വാങ്ങി. ആ സമയം ആ മൂകന് വാതില്ക്കലേയ്ക്കു തിരിഞ്ഞുനിന്നു, അവന്റെ രണ്ടുകയ്യും മുഖത്തുവെച്ചുകൊണ്ട്, തുപ്പുന്നപോലെ ഒരു ഭാവം കാട്ടി; ഇപ്രകാരം അവന് പ്രകടിപ്പിച്ചു, അവന്റെ അമ്മായിയുടെ ആ അനുവര്ത്തനത്തെക്കുറിച്ച് അവനുള്ള ആക്ഷേപം. പെട്ടെന്നു, കോര്ണിയെ തിരിച്ചറിഞ്ഞതുപോലെ അവന് വായുംപൊളിച്ച് കണ്ണുംമിഴിച്ച് ഒരു തൂണുപോലെ പകച്ചുനിന്നുപോയി. കോര്‍ണിക്ക് ഇനിയും സാധിച്ചില്ല അയാളുടെ കണ്ണുനീരടക്കുവാന്; തന്റെ കോട്ടിന്റെ തുമ്പുകള്‍കൊണ്ട് അയാളുടെ കണ്ണുകളും, മൂക്കും, ചാരനിറത്തിലുള്ള താടിയും തുടച്ചുകൊണ്ട് അയാള്‍ ആ മൂകന്റെ അടുത്തുനിന്നും തിരിഞ്ഞു, നടപ്പടികള് ഇറങ്ങി നടന്നു. അയാള്‍ക്കനുഭവപ്പെട്ട വിചിത്രവും, ശാന്തവും, സുശക്തവും എന്നാല്‍ ക്ഷമായാചനാപരവുമായ ഒരു വികാരവിശേഷം -- മനുഷ്യവര്‍ഗ്ഗത്തിന്റെ, തന്റെ പ്രിയതമയുടെ എന്നല്ല ഏതൊരുത്തന്റെയും മുമ്പില്‍ അനുകമ്പാര്‍ഹമായ ഒരു മാപ്പുചോദിക്കല്‍! ആ വികാരം, വ്യസനമയമായ ഒരു മാധുര്യത്താല്‍ വിദലിതമാക്കി അയാളുടെ ഹൃദയം.
മാര്‍ഫ ജനാലയില്‍ക്കൂടി പുറത്തേയ്ക്കു പകച്ചുനോക്കി; ആ വൃദ്ധന് വീടിന്റെ മൂലതിരിഞ്ഞു മറഞ്ഞപ്പോള്‍ ഒരാശ്വാസനിശ്വാസം വിട്ടു. അവളുടെ ആ മനുഷ്യന് യഥാര്‍ത്ഥത്തില്‍ പോയിക്കഴിഞ്ഞുവെന്നു ബോദ്ധ്യപ്പെട്ടപ്പോള്‍ അവള് തറിയുടെ മുമ്പിലിരുന്നു നെയ്ത്തു തുടര്‍ന്നു.
പത്തുപ്രാവശ്യം അവള് പാവിട്ടു; എന്നാല്‍ അവളുടെ കൈകള്‍ ജോലി ചെയ്യുവാന്‍ മടിച്ചു. അവള് വേല നിറുത്തി, താന്‍ കണ്ടമട്ടില്‍ കോര്‍ണിയുടെ രൂപം ഒരിക്കല്‍ക്കൂടി ഓര്‍ക്കുവാന്‍ ശ്രമിച്ചു; അവള് അറിഞ്ഞു അതദ്ദേഹമാണെന്നു -- തന്നെ അതിരറ്റു സ്നേഹിക്കയും, തന്നെ പ്രഹരിക്കയും ചെയ്ത മനുഷ്യന്! അവള് ഭയാകമ്പിതയായി. ഇപ്പോള്‍ അവള് ചെയ്തതെന്തെന്ന് ഓര്‍ത്തു; തനിക്കൊരിക്കലും ചെയ്യുവാന്‍ പാടില്ലാത്തതെന്തോ അതാണവള് ചെയ്തത്. എന്നാല്‍ എങ്ങിനെയാണവള്‍ അനുവര്ത്തിക്കേണ്ടിയിരുന്നത് അയാളുടെ നേരെ? അയാള്‍ പറഞ്ഞില്ല ഞാന്‍ കോര്ണിയാണ്, വീണ്ടും വീട്ടില്‍ തിരിച്ചുവന്നിരിക്കയാണ് എന്ന്. പിന്നീടും അവള് തന്റെ ഓടമെടുക്കുകയും, വൈകുന്നേരമാകുന്നതുവരെ നെയ്തുകൊണ്ടിരിക്കയും ചെയ്തു.