സങ്കല്പകാന്തി - മുഖവുര

പ്രായോഗികജീവിതത്തിന്റെ പരുപരുത്ത വശങ്ങളുമായി കൂട്ടിമുട്ടി പലപ്പോഴും പരിക്കുപറ്റിയിട്ടുള്ള എന്റെ ഹൃദയം വിശ്രമത്തിന്റെ തണലിലിരുന്നു ചിലപ്പോഴെല്ലാം വീണ വായിക്കാറുണ്ട്. ആ അനുഗൃഹീത നിമിഷങ്ങൾ സദയം സംഭാവന ചെയ്ത ഏതാനും പൊൻകിനാവുകളെ അതേപടി പ്രതിഫലിപ്പിക്കുവാനുള്ള എന്റെ പ്രയത്നമാണ്, പ്രിയ വായനക്കാരേ നിങ്ങൾ ഈ ഗ്രന്ഥത്തിൽ ആദ്യന്തം കണ്ടെത്തുക. എന്റെ ശ്രമം വിജയലക്ഷ്മിയുടെ ആശ്ലേഷത്തിൽ പുളകമണിയുന്നുണ്ടെന്ന് എനിക്ക് അഭിമാനമില്ല. എങ്കിലും ഒന്നെനിക്കുറപ്പുണ്ട് - ആത്മാർത്ഥതയുടെ അഭാവം അതിനെ അത്ര അധികമൊന്നും അലങ്കോലപ്പെടുത്തിയിരിക്കയില്ല.

ആധുനികസാഹിത്യലോകത്തിൽ എന്റെ കവിതയുടെ കരുത്തു കുറഞ്ഞ കാൽവെയ്പ്പുകൾ ചുരുങ്ങിയ ഈ കാലഘട്ടത്തിനുള്ളിൽ പല നിരൂപകകേസരികളുടെ പ്രചണ്ഡഗർജ്ജനങ്ങൾക്കിടയാക്കിയിട്ടുണ്ടെന്നുള്ള പരമാർത്ഥത്തെ ഞാൻ സന്തോഷപൂർവ്വം സ്മരിക്കുന്നു. മന്ദാക്ഷമധുരമായ ഒരു നേരിയ മന്ദഹാസത്തോടുകൂടി , ആനതാനനയായി കരമുകുളങ്ങൾ അർപ്പിച്ചുകൊണ്ട്, സാഹിത്യക്ഷേത്രത്തിന്റെ ഒരു കോണിൽ ഒതുങ്ങിനിൽക്കുന്ന ആ മുഗ്ദ്ധയെ ഭയപ്പെടുത്തി പലായനം ചെയ്യിക്കുവാനാണ് തങ്ങളുടെ അട്ടഹാസങ്ങൾ വിനിയോഗിച്ചിട്ടുള്ളതെങ്കിൽ ആ വിമർശകപഞ്ചാസ്യന്മാർക്കു വലിയ അമളിയാണ് പറ്റിപ്പോയതെന്നു പറയാതെ നിവൃത്തിയില്ല. അബലയെങ്കിലും അൽപം പോലും അധീരയല്ല, എന്റെ കവിതയെന്നു ഞാൻ തികച്ചും അഭിമാനിക്കുന്നു. ഓരോ ഗർജ്ജനം കേൾക്കുമ്പോഴും കാൽ അധികമധികം ഊന്നിച്ചവിട്ടി മുന്നോട്ടു പോകുകയേ അവൾ ചെയ്തിട്ടുള്ളു; ഇനി ചെയ്യുകയുമുള്ളു. പാറപ്പുറത്തു കയറിനിന്ന് വികൃതമായ വിശ്വരൂപം കാണിച്ചുകൊണ്ട് ചില പേക്കോലങ്ങൾ അവളുടെ നേർക്ക് പലപ്പോഴും പല്ലിളിച്ചുകാട്ടാറുണ്ട്. ആ വക പേക്കൂത്തുകൾ കാണുമ്പോൾ അവളുടെ ഹൃദയത്തിൽ ഒരു പുഞ്ചിരിയേ പൊടിയാറുള്ളു. ഏതായാലും, ഇവരുടെ ഉദ്ദേശ്യം എന്തുതന്നെ ആയിരുന്നാലും, അതിൽനിന്നെല്ലാം എന്നെ സംബന്ധിച്ചിടത്തോളം ഉണ്ടായിട്ടുള്ള അനുഭവം മേൽക്കുമേൽ ഗുണകരമായി പരിണമിക്കുവാനാണിട നൽകിയിട്ടുള്ളത്. കാവ്യ നിർമ്മാണവിഷയത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുവാനും അധികമധികം ഉത്സാഹിക്കുവാനും അതെനിക്കു പ്രേരകമായി ഭവിക്കുന്നു. അതിനാൽ, ഞാൻ എന്റെ നിരൂപകന്മാരോട് ആജീവനാന്തം കൃതഞ്ജനാണെന്ന് ഈ സന്ദർഭത്തിൽ തുറന്നു പറഞ്ഞുകൊള്ളട്ടെ.

സമുദായത്തിന്റെ പുരോഗതിക്കു സഹായമായ രീതിയിൽ സാഹിത്യവ്യാപാരം നിർവ്വഹിക്കുന്നില്ലെന്നുള്ള അപരാധം എന്നിൽ ആരോപിച്ച്, സാഹിത്യസംരംഭങ്ങളിൽനിന്നും ഞാനിനി വിരമിക്കേണ്ടതാണെന്നുപോലും, അടുത്തകാലത്ത്, ഏതോ ഒരു സമാജക്കാർ ഒരു പ്രമേയം പാസ്സാക്കിയിട്ടുള്ളതായി വൃത്താന്തപത്രങ്ങളിൽ കാണുകയുണ്ടായി. സാഹിത്യലോകത്തിൽ നടാടെയായിക്കേൾക്കുന്ന ഒരു രസംപിടിച്ച പുതുമയാണിത്. തൊഴിലില്ലാത്തവർക്ക് തൊഴിലുണ്ടാക്കിക്കൊടുക്കുന്ന സാത്താനോട് നമുക്ക് നന്ദി പറയുക. അടുത്തകാലംവരെ, സാഹിത്യപരമായ എന്റെ ചപലകേളികൾ ഇത്ര വമ്പിച്ച കൊടുങ്കാറ്റുകളെ ഇളക്കിവിടുമെന്ന് ഞാൻ ശങ്കിച്ചിരുന്നില്ല. ഏതായാലും ഈ വക കോലാഹലങ്ങൾ ശ്രദ്ധേയമായ എന്തോ ചിലത് ആ വക ചപലകേളികളിൽ അന്തർഭവിച്ചിട്ടുണ്ടെന്ന അനുമാനത്തിലേക്ക് എന്നെ ആനയിക്കുന്നുവെങ്കിൽ, അതിൽ അത്ഭുതപ്പെടാനില്ലല്ലോ. അതിനാൽ സ്വാഭാവികമായി എനിക്കു സിദ്ധമായിട്ടുള്ളതെന്നു ഞാൻ അഭിമാനിക്കുന്ന ആ കൂസലില്ലായ്മയോടുകൂടിത്തന്നെ സാഹിത്യക്ഷേത്രത്തിൽ എന്റെ നൂതന സമാഹാരവും ഇതാ, സസന്തോഷം സമർപ്പിച്ചുകൊള്ളുന്നു.