ആകാശഗംഗ

(എ. ഡി. എട്ടാം ശതകത്തിൽ ജപ്പാനിൽ പ്രസിദ്ധീകൃതമായ 'മന്യോഷു' എന്ന കാവ്യസമാഹാരഗ്രന്ഥത്തിലെ അജ്ഞാതനാമാവായ ഒരു മഹാകവിയുടെ ഒരു മനോഹരകാവ്യത്തിന്റെ സ്വതന്ത്രപരിഭാഷ - ലാഫ്കാഡിയോ ഹേണിന്റെ ഇഗ്ളീഷ് വിവർത്തനത്തിൽ നിന്ന് )

1
വരികയാ,ണീ വാനവവാഹിനീതീരത്തിൽ
വരികയാണിന്നു മജ്ജീവനാഥൻ.
ചിരകാലമായി ഞാൻ കൊതിയാർന്നു കാക്കുന്ന-
തൊരുദിനമെൻ പ്രിയതമനെക്കണ്ടുമുട്ടാൻ.
മമ മഞ്ജുളമണിമേഖല മതിമോദമൊടൂരേണ്ടും
മധുരമുഹൂർത്തമടുത്തുപോയി !
2
പരിപാവനമാമിസ്സനാതനസ്വർഗത്തിൽ-
പ്പരിലസിച്ചീടുമിത്തടിനിതന്നിൽ;
അലയുമലമാലകളിലുലയും തൻ തോണിയി-
ലലഘുകൌതൂഹലഭരിതനായി,
വരുമിന്നീ രാത്രിയി,ലൊരു സംശയമില്ല മേ;
വരുമിന്നെന്നരികിലെൻ ഹൃദയനാഥൻ !
3
അണയുന്നു, പോകുന്നു, കുളിർകാറ്റുകൾ മുകിൽമാലക-
ളണുപോലും തടവിയലാതിരുകരയിൽ.
ശരി,യെന്നാ,ലകലത്തിലവശനായമരു,മെൻ-
വരനും, വിരഹാകുലയാമെനിക്കും,
തരമാവുകില്ലല്ലോ കൈമാറാനന്യോന്യ-
മൊരുമട്ടിലുമാത്മസന്ദേശമൊന്നും !
4
മറുകരയിലേക്കൊരാൾക്കൊരു കൊച്ചു കല്ലെടു-
ത്തെറിയുവാൻ സാധിക്കും നിഷ്പ്രയാസം.
എന്നാലു,മിലപൊഴിയും കാലത്തിലല്ലാതൊ-
ന്നന്യോന്യദർശനമാഗഹിക്കാൻ,
തരമില്ല, മോഹിച്ചാൽ ഫലമില്ല, കഷ്ട,മി-
സ്സുരവാഹിനി ഞങ്ങളെ വേർപെടുത്തി,
അത്തലിന്നക്കരെയുമിക്കരെയും നിന്നെന്നു-
മശ്രു പൊഴിക്കേണം, ഹാ, നിഹതർ ഞങ്ങൾ !