തളിത്തൊത്തുകൾ
തളിത്തൊത്തുകൾ
ചങ്ങമ്പുഴ
കാത്തിരിപ്പൂ ഞാൻ
നീവരുംവഴി പൂവിരിക്കുമെൻ
ജീവിതത്തിൻ വിശുദ്ധികൾ
രാഗലോലഞാൻ നേടിയ ദിവ്യ-
ഭാഗധേയമരീചികൾ.
സ്വർണ്ണചാമരം വീശിയാദരാൽ
വന്നെതിരേൽക്കുമങ്ങയെ.
വായ്ക്കുമുൽക്കണ്ഠയാൽപ്പെരുമ്പറ-
യാർക്കുമെൻ നെഞ്ഞിടിപ്പുകൾ.
പ്രേമപൂർവം കഴുകുമശ്രുവാ-
ലാ മലർച്ചേവടികൾ ഞാൻ!
രാജനന്ദന നിൻ സമാഗമ-
പൂജകൾക്കുള്ളതൊക്കെയും,
സജ്ജമാക്കിക്കഴിഞ്ഞു-തേരുരു-
ളൊച്ചയും കാത്തിരിപ്പു ഞാൻ!
23-5-1936
തളിത്തൊത്തുകൾ
ചങ്ങമ്പുഴ
നീ മൗനം ഭജിച്ചാലോ
വിസ്തൃതം കാലത്തിന്റെ ഹൃദയം, കവേ, തെല്ലും
വിഹ്വാനാകായ്ക നീയിന്നത്തെക്കൊടുങ്കാറ്റിൽ.
നിൻ നാമം ലോകാഹ്ലാദത്തൈമുല്ലത്തലപ്പിന്മേൽ
നിന്നുകൊള്ളട്ടെ മുഗ്ദ്ധകോരകമായിത്തന്നെ.
അറിയേണ്ടതിൽത്തിങ്ങും സൌരഭത്തിനെപ്പറ്റി-
ക്കരിതേക്കുവാൻ മാത്രം കഴിയും നിശീഥങ്ങൾ
നിൻ നിഴൽച്ചിലന്തിനൂൽക്കെട്ടു നീങ്ങിയാലാദ്യം
നിർമ്മലനീഹാരാഭമഴവിൽപ്പൊടി വീശി,
ഇതളോരോന്നായ് മെല്ലെ വിടർത്തും-മൃദുമന്ദ-
സ്മിതധാരയിലതുപൊതിയും പ്രപഞ്ചത്തെ.
അന്നതിൻ സൌരഭ്യത്തിലലിയും നവലോക-
സ്പന്ദനം-ശതാബ്ദങ്ങൾ മുരളും ചുറ്റും ചുറ്റി.
ആ വാടാമലർ ചൂണ്ടിക്കാണിച്ചു ചൊല്ലും കാലം;
"ആവസിച്ചു നീയെന്നിലജ്ഞാതാനായി
ഇന്നു നിൻ മൂടുപടം നീക്കി ഞാ, നിനി നിന്റെ
മന്ദഹാസത്തിൻ നേർക്കു കൂപ്പുകൈയുയർന്നോളും...."
മീട്ടുക കവേ, വീണ്ടും നിൻ മണിവീണക്കമ്പി
മീട്ടുക, നൈരാശ്യത്തിൽ നീ മൌനം ഭജിച്ചാലോ!....
-22-8-1936
തളിത്തൊത്തുകൾ
ചങ്ങമ്പുഴ
വ്യഥ
മധുതരാലാപമുഖരിതോജ്ജ്വല-
മധുമാസം മന്ദമണകയായ്;
കനകനീരദനിബിഡിത നീല-
ഗഗനമണ്ഡലം തെളികയായ്;
മൃദുലമാലേയപവനനിൽ മഞ്ജു-
മലരണി മണംവഴികയായ്;
കിളികളോരോരോ കളിവനികളിൽ
കളകളംകോരിച്ചൊരികയായ്.
അനഘമാമൊരു നവസുഷമയി-
ലവനിയൽപാൽപമലികയായ്;-
എവിടെയും കാണ്മൂ മഹിതമാമൊരു
പരമാനന്ദത്തിൻ നിഴലാട്ടം!
ഹതഹൃദയമേ, സതതം നീമാത്രം
കദനഗർത്തത്തിലടിയുന്നോ? ...
19-12-1932
തളിത്തൊത്തുകൾ
ചങ്ങമ്പുഴ
ആശീർവാദം
വെണ്ണിലാവു വന്നുമ്മവയ്ക്കുമ്പോൾ
കണ്ണുചിമ്മുന്ന പൂവുപോൽ
അപ്രതിമോന്മദാർദ്രമാകു, മൊ-
രപ്സരസ്സിന്റെ പാട്ടുപോൽ
ആകർഷിക്കുന്നു ഞങ്ങളെപ്പേർത്തും
ഹാ, ഗുരോ, ഭവജ്ജീവിതം
മോഹനാദർശവീണയിലതിൻ
സ്നേഹഗാനം തുളുമ്പവേ,
നിത്യവുമതിൽ മുങ്ങിയില്ലെത്ര
ഭക്തശിഷ്യശിരസ്സുകൾ!
ശാന്തമാം ഭവൽസ്വാന്തദീപ്തിതൻ
കാന്തമാന്ത്രികശക്തിയാൽ
ഇന്നലെക്കണ്ട കക്കകൾപോലു-
മിന്നു മാണിക്യക്കല്ലുകൾ!-
നാളത്തെ നാടിൻ നന്മയ്ക്കു താങ്ങാം
നായകനെടുന്തൂണുകൾ!
താവകോൽക്കൃഷ്ട ശിക്ഷണത്തിന്റെ
ഭാവനാതീതപാടവം,
ആനയിച്ചിട്ടുണ്ടഭ്യുദയത്തി-
ലായിരം പിഞ്ചുജീവിതം.
ഇല്ലതൊന്നും മറക്കുവാനാവു-
കില്ല ഞങ്ങൾക്കൊരിക്കലും!
ജീവശാന്തത പൂവണിയിച്ച
താവകോത്തമസിദ്ധികൾ,
മിന്നിമിന്നിത്തെളിഞ്ഞിടും മേന്മേ-
ലെന്നും ഞങ്ങൾതന്നോർമ്മയിൽ.
കൃത്യബാദ്ധ്യതവിട്ടു, വിശ്രമ-
പുഷ്പശീതളച്ഛായയിൽ
മേലിലങ്ങയെത്താലോലിക്കാവൂ
മേദുരഭാഗ്യവീചികൾ.
ശാന്തിതന്നോമൽത്തങ്കത്താലങ്ങ-
ളേന്തിയേന്തി വന്നങ്ങനെ
മംഗളങ്ങളണിനിരന്നിട-
ട്ടങ്ങുതൻ നടപ്പാതയിൽ.
നിത്യമങ്ങയെസ്സൽക്കരിക്കട്ടെ
നിസ്തുലാത്മാനുഭൂതികൾ.
1-3-1937
തളിത്തൊത്തുകൾ
ചങ്ങമ്പുഴ
മോചനം
എവിടെ, ദിവ്യോന്മാദമെവിടെ, ചിദാനന്ദ-
മെവിടെ, സത്യസ്മേരമെവിടെ?-കാണട്ടെ ഞാൻ!
ഇരുളാ, ണിരുളാണു നാലുഭാഗത്തും, കാണാ-
നരുതാതാകുന്നല്ലോ കഷ്ടമപ്രേമാകാരം!
ഹൃദയം തുടിക്കുന്നൂ കൂരിരുട്ടായിപ്പോയി-
ച്ചുദയം ചെയ്യുന്നല്ലോ ശാന്തിദം തേജോബീജം!
കാൽകൾ മേ വിറകൊൾവൂ കണ്ടിട്ടില്ലിന്നോളം ഞാൻ
കാലദേശാതീതമാമീദൃശപ്രഭാപൂരം
ഇത്രനാൾ വ്യാമോഹമേ, സത്യമാണെന്നോതി നീ
നിസ്ത്രപം കാട്ടിത്തന്നതെ, ന്തതിൻ നിഴലല്ലേ?
ഈ മഹജ്ജീവന്മുക്തി തിരുത്തിത്തന്നില്ലെങ്കിൽ
പ്രേമമേ, നീയും വെറും മിത്ഥ്യയെന്നോർത്തേനേ ഞാൻ! ...
3-10-1934
തളിത്തൊത്തുകൾ
ചങ്ങമ്പുഴ
കാത്തിരുന്നിട്ട്
കാനനച്ഛായയിൽ നിന്നെയും കാ, ത്തെന്റെ
വേണുവുമായ് ഞാനിരുന്നിരുന്നു.
മാധുര്യസാരമേ, മാമകഹൃത്തിൽ നീ
രാധയായ് നിർവൃതി പെയ്തിരുന്നു.
സുന്ദരസങ്കൽപകാന്തിയിലാ വനം
വൃന്ദാവനം തന്നെയായിരുന്നു.
ഹാ, നീ നുകരുവാനൊന്നല്ലൊരായിരം
ഗാനമെന്നാത്മാവിലൂറിനിന്നു.
ചുംബനധാരകളോരോനിമിഷമെൻ
ചുണ്ടിൽ തുളുമ്പിത്തരിച്ചിരുന്നു.
ദന്തസമ്മർദ്ദത്താൽഞാനവയെ സ്വയം
നൊന്തിടുവോളം ഞെരിച്ചിരുന്നു.
അല്ലണിവേണിയിൽ ചൂടാൻ നിനക്കൊരു
മുല്ലപ്പൂമാല ഞാൻ തീർത്തിരുന്നു.
മുല്ലത്തണലിൽ നിനക്കു ഞാൻ നല്ലൊരു
പല്ലവതൽപം വിരിച്ചിരുന്നു.
നിൻ മംഗളോമൽപ്രതീക്ഷയി-
ലെന്മനം കോരിത്തരിച്ചിരുന്നു.
എന്നരികത്തു നീയെത്തുമെന്നോർത്തു ഞാ-
നെന്നെയുംകൂടി മറന്നിരുന്നു.-
ഏവ, മൊരോമൽപ്രതീക്ഷതൻ സ്വപ്നങ്ങൾ
താവി, മദ്ധ്യാഹ്നം ദിനാന്തമായി
മായികേ, നീ വന്നണയുകില്ലിന്നിനി
മാമകാത്മാവിന്നു പാട്ടുപാടാൻ
മുറ്റുമിരുളിലിപ്പാതയിലൂടിദ-
മൊറ്റയ്ക്കിനി ഞാൻ മടങ്ങിടട്ടേ
ഏകാന്തമീവനം ചെല്ലക്കിടാങ്ങളേ,
പോകുവിൻ വേഗമെന്നാടുകളേ! ...
--12-1932
തളിത്തൊത്തുകൾ
ചങ്ങമ്പുഴ
പടിവാതിൽക്കൽ
മങ്ങിമറഞ്ഞു വിഷാദമുൾച്ചേർന്നതാ
മഞ്ജുപ്രകാശസ്മിതാർദ്രമാം വാസരം
മാനസത്തിങ്കൽ നിരാശപോൽ, ഭൂമിയിൽ
വീണുകഴിഞ്ഞു തമസ്സിൻ യവനിക
ശോകശൈത്യത്താലസുഖദമെങ്കിലും
ഏകാന്തശാന്തമായ് നിൽപിതെൻ മൺകുടിൽ.
ഞാനെത്രനേരമായ് കാത്തിരിക്കുന്നിതെൻ
പ്രാണസർവ്വസ്വമേ, നിന്നാഗമത്തിനായ്!
അന്തികേ വന്നു നീയുജ്ജ്വലിപ്പിക്കുകൊ-
ന്നന്തിത്തിരിപോൽപ്പിടയുമെൻ പ്രാണനെ.
4-10-1934
തളിത്തൊത്തുകൾ
ചങ്ങമ്പുഴ
സാന്ത്വനമൂർത്തി
വിവിധസന്തപ്തസ്മരണകളാലെൻ
ഹൃദയം നൊന്തു ഞാൻ കരയുമ്പോൾ
അരികിൽ, സാന്ത്വനമരുളുവാൻ ഞാനൊ-
രലിവിനെക്കാണാതുഴറുമ്പോൾ;
കൊടുനിരാശതൻ ചുടുചിതയിലെൻ
വ്രണിതമാം ജീവനെരിയുമ്പോൾ;
അമരചൈതന്യം വിതറി, യെന്നടു-
ത്തണവതാരു നീയമലാംഗീ?
അമൃതവാഹിനീ പുളകദായിനീ,
അറികയില്ല ഞാൻ ഭവതിയെ.
സ്മരണയിൽപ്പോലും നിഴലിപ്പീല നിൻ
മുഖപരിചയം ശകലവും.
മനുജസങ്കൽപപരിധിക്കുമേറെ-
യകലെയുള്ളേതോ വനികയിൽ
അരിയകൽപകലതകളെപ്പുൽകി-
പ്പുളകമേകി നീയമരുമ്പോൾ,
കനകതാരകാലിപികളിൽ ദിവ്യ-
കവനങ്ങൾ വാരി വിതറുന്നു.
കുതുകപൂർവകം ഭവതിയെക്കാണും
സുദിനം കാത്തുകാത്തവനിയിൽ,
പലനാൾ പോക്കിനേൻ പ്രഥമദർശന-
കുശലചിന്തയിൽ മുഴുകി ഞാൻ.
ഭരിതമൌനമെൻ വിഫലനൈരാശ്യ-
മെരിപൊരിക്കൊണ്ടു കഴിയവേ;
ഇരുളിലേക്കു ഞാൻ വഴുതിവീണെന്റെ
ഭുവനഭാഗ്യങ്ങൾ മറയവേ;
ഭവതിയെക്കാണാനിനിയൊരിക്കലും
കഴികയില്ലെന്നു കരുതി ഞാൻ.
പ്രകടനാതീത, സുഭഗമാകുമെൻ
പ്രണയദീപത്തിൻ കിരണങ്ങൾ
തവ മുഖത്തൊരു മൃദുലരോമാഞ്ച-
മണിയിച്ചീടിൽ ഞാൻ ചരിതാർത്ഥൻ.
അതിഥിസൽക്കാരകുതുകി ഞാനൊരു
വിഭവവും കാണാതുഴലുന്നു
തളിത്തൊത്തുകൾ / സാന്ത്വനമൂർത്തി
ചങ്ങമ്പുഴ
ശിഥിലമായൊ, രെൻ ഹൃദയവേണുവി-
നരുതു ഗാനങ്ങൾ ചൊരിയുവാൻ
കപടലോകത്തിൻ നടുവിൽനിന്നിനി
യെവിടെയോടേണ്ടു നിഹതൻ ഞാൻ? ...
പരമാർത്ഥസ്നേഹം ഭുവനത്തിലൊരു
കണികയെങ്കിലും ലഭിയാതെ,
വരളുമിജ്ജീവനിനിയുമെത്രനാ-
ളിതുവിധം തേങ്ങിപ്പിടയണം?
ഇവിടെയൊക്കെയുമിരുളുമാത്രമാ
ണമലകാന്തി പിന്നെവിടെയോ
മനുജസഞ്ചയപദതലാങ്കിത-
മലിനമീ മണ്ണിലിതുവിധം
ഒരുപൊടിപോലുമിനിയമരുവാ-
നരുതരുതെനിക്കവശൻ ഞാൻ.
കവനമോഹിനി, ഹതനിവനെ നീ
കലിതകൌതുകം തഴുകുന്നോ
ഒഴിയുകില്ലിനിയൊരുനാളും, നീയെൻ
കരളിനേകുമിപ്പുളകങ്ങൾ.
മുകരുകെന്നെ നീ, മുകരു, കെന്നഴ-
ലഖിലവും പറന്നകലട്ടേ!
18-4-1934
തളിത്തൊത്തുകൾ
ചങ്ങമ്പുഴ
മാഞ്ഞ മഴവില്ല്
നീറുന്നിതെന്മന, മയേ്യാ, നീ മായുന്നോ
നീലവാനിൻ കുളിർപ്പൊൻകിനാവേ?
തെല്ലിടകൂടിയെൻ മുന്നിലേവം ചിരി-
ച്ചുല്ലസിച്ചാൽനിനക്കെന്തു ചേതം?
കോൾമയിർക്കൊള്ളിച്ചുകൊണ്ടാത്തകൌതുകം
വാർമഴവില്ലേ, നീ വാനിലെത്തി.
ശങ്കിച്ചീലൽപവുമപ്പൊഴുതേവം നീ
സങ്കടം പിന്നെക്കൊളുത്തുമെന്നായ്!
നിന്നിൽനിന്നൂറി വഴിയുമാ നിസ്തുല-
നിർമ്മലമഞ്ജിമയിങ്കൽ മുങ്ങാൻ
താനേ വിടർന്നിതെൻ കണ്ണ, പ്പൊഴേക്കുമെ-
ന്താനന്ദമേ, നീ പറന്നൊളിച്ചോ?
അൽപനിമിഷങ്ങൾ നീയെന്റെ മുന്നിൽനി-
ന്നപ്സരസ്സെന്നപോൽനൃത്തമാടി,
കോടക്കാർമൂടിയവാനിങ്കൽ നീയൊരു
കോമളസ്വപ്നമായുല്ലസിക്കെ,
ഉദ്രസം വീർപ്പിട്ടു കല്ലോലമാലകൾ
നൃത്തമാരംഭിച്ചു വല്ലരികൾ
ഉൾക്കാമ്പിലുല്ലാസമൂറിയൂറിക്കൊച്ചു
പുൽക്കൊടിപോലും ശിരസ്സുപൊക്കി!
ഞാനും വെറുമൊരു പുൽക്കൊടി-ഹാ, നിന്നെ-
ക്കാണുവാൻ ഞാനും ശിരസ്സുയർത്തി.
മന്മാനസത്തിലമൃതം പകർന്നു നീ
മന്ദിതപ്രജ്ഞയെത്തൊട്ടുണർത്തി.
എന്തുഞാനേകാനുപഹാരമായ് നിന-
ക്കെൻതപ്തബാഷ്പകണങ്ങളെന്യേ?
പോയി നീ മായയായ് മാഞ്ഞുമാ, ഞ്ഞെങ്കിലും
മായില്ലൊരിക്കലുമെന്മനസ്സിൽ! ...
23-8-1933
തളിത്തൊത്തുകൾ
ചങ്ങമ്പുഴ
എന്തോ
ക്ഷണികമീലോകം കപട, മിങ്ങെങ്ങും
കണികാണാനില്ല പരമാർത്ഥം.
ഇവിടെയെന്തിനാണമലസന്ധ്യക-
ളിവിടെയെന്തിനിപ്പുലരികൾ
മറിമായം തിങ്ങിനിറയുമീ മന്നിൽ
വെറുമിരുൾമാത്രം മതിയല്ലോ!
അളികൾ മൂളുന്നു, കിളികൾ പാടുന്നു,
ലതികകളാടിത്തളരുന്നു
കുളിരണിത്തെന്നലിളകവേ, നവ-
കുസുമസൌരഭം വഴിയുന്നു.
ഇവയൊന്നും കാണാൻ മിഴിയില്ലിങ്ങാർക്കു-
മിവയൊന്നും കേൾക്കാൻ ചെവിയില്ല.
കനകനാണ്യങ്ങൾ, കനകനാണ്യങ്ങൾ
കഴിവു ലോകമിബ്ഭജനത്തിൽ
ഇനിയെന്നുകഷ്ട, മിവിടെനിന്നുമീ
മരുമരീചികമറയുന്നോ!-
പരമപാവനപ്രണയത്തിൻ ദിവ്യ-
കിരണമെന്നിനി പുലരുന്നോ!
സമരഭൂരിതം നവമേകലോക-
സഹജത്വമെന്നു വിടരുന്നോ! ...
24-9-1932
തളിത്തൊത്തുകൾ
ചങ്ങമ്പുഴ
കുടുംബിനി
ചിത്തസങ്കൽപങ്ങൾ വിഭ്രമിപ്പിച്ചുകൊ-
ണ്ടിത്രയും കാലം നീയെങ്ങിരുന്നു?
ധ്യാനനിരതനായേകാന്തതയുടെ
മാണിക്യമഞ്ചത്തിൽ വിശ്രമിക്കേ,
കുന്നിൻ പുറങ്ങളിൽ ദൂരത്തണിയിട്ടു-
നിന്നു കുണുങ്ങുമത്തൈമരങ്ങൾ,
ഉമ്മവച്ചുമ്മവച്ചുല്ലസിപ്പിച്ചൊര-
ച്ചെമ്മുകിൽച്ചാർത്തിനടിയിലായി,
തൂമുല്ലമൊട്ടുപോൽ മിന്നിവിടർന്നത-
ന്നോമനേ, നീതന്നെയായിരുന്നോ?
ജ്ഞാനാഭിമാനം നടിപ്പവനാകിലും
ഞാനറിഞ്ഞീലതന്നപ്സരസ്സേ!
അൻപിലന്നെൻ പേർ വിളിച്ചുകൊണ്ടോടിയെ-
ന്നന്തികത്തെന്തു നീ വന്നിടാഞ്ഞൂ?
സ്വപ്നശതങ്ങൾ നിറംപിടിപ്പിച്ചുകൊ-
ണ്ടിത്രനാൾ നീയെങ്ങൊളിച്ചിരുന്നു?
മഞ്ഞിലലിഞ്ഞല ചിന്നിയുലാവിയ
മഞ്ജുളഹേമന്തചന്ദ്രികയിൽ,
നിന്നെയും ധ്യാനിച്ചെൻ മന്ദിരവാടിയിൽ
നിർന്നിമേഷാക്ഷനായ് ഞാനിരിക്കെ,
മുന്നിലാ വല്ലികൾ നൽത്തളിർവല്ലികൾ
പിന്നോട്ടുതള്ളി വിലക്കിയിട്ടും,
ആടിക്കുഴഞ്ഞണഞ്ഞാലിംഗനങ്ങളിൽ
മൂടിയതെന്നെ നീയായിരുന്നോ?
ശങ്കിച്ചുപോലുമില്ലിന്നോളം ഞാന, തെൻ
സങ്കൽപവല്ലിതൻ ചൈത്രഭാസ്സേ
അന്നെന്തുകൊണ്ടു നിൻ മൂടുപടം മാറ്റി-
വന്നില്ല നീയടുത്തോമലാളേ?
ഏറെനാളേറെനാളെന്നെത്തനിച്ചു വി-
ട്ടാരാൽ സ്വയം നീയൊളിച്ചുനിന്നു.
ഇന്നെൻ കരവലയങ്ങൾക്കകത്തു നീ
വന്നുചേർന്നപ്പൊഴേ, ക്കെന്തു ചെയ്യാം!
നിർവ്വിശങ്കം, ഹാ, വിദൂരത്തിലേക്കെന്നെ
ദുർവിധി വാരിയെടുത്തെറിഞ്ഞു.
ഇല്ലടുത്തില്ലടുത്തിങ്ങെനിക്കാരുമെ-
തളിത്തൊത്തുകൾ / കുടുംബിനി
ചങ്ങമ്പുഴ
ന്നല്ലലിലൽപവും പങ്കുകൊള്ളാൻ.
അത്തലാലിങ്ങിരുന്നേകാന്തതയിൽ നിൻ
ചിത്രം വരയ്ക്കുകയാണെന്റെ ചിത്തം!
ഓരോരോ ചിന്തയും ചാലിച്ച ചായങ്ങ-
ളാരോ നിറപ്പകിട്ടേകിയേകി,
അപ്രതിമോജ്ജ്വലതേജസ്സിലാറാടി
നിൽപു നിന്മുന്നിൽ വന്നാത്മനാഥേ!
ആലോലബാഷ്പം പൊടിഞ്ഞോരെൻ കാൺകളാ-
ലാലിംഗനംചെയ്വൂ നിന്നെ ഞാനും!
ആമുഗ്ദ്ധദിവ്യരാഗാമൃതധാരയി-
ലാറാടിനിൽപതെന്നാത്മഹർഷം!
നിൻമുഖത്തല്ലലിൻ പാഴ്നിഴൽ വീശാതെ
നിന്മനസ്സൽപവും നൊന്തിടാതെ
എന്നുമിമ്മട്ടിൽ നീയുല്ലസിച്ചീടട്ടെ
മന്നിൽ മറ്റില്ലെനിക്കാശയൊന്നും.
മാമകജീവിതശ്രീയായ് നിന്നീവിധ-
മീ മന്നിൽ ദേവി, നീ വെൽക നീണാൾ,
എത്രയ്ക്കധമനാണെങ്കിലും നിന്നോടെൻ
ചിത്തം പ്രണയാർദ്രമായിരിക്കും.
നിർവ്വിഘ്നം നിന്നിൽ നിരന്തരം ചേരാവൂ
സർവ്വസൌഭാഗ്യവും സൌമ്യശീലേ! ...
11-7-1940
തളിത്തൊത്തുകൾ
ചങ്ങമ്പുഴ
വിശ്വസംസ്കാരം
പരിവർത്തനങ്ങൾക്കുമപ്പുറത്തായ്
പരിലസിച്ചീടും പ്രകാശകേന്ദ്രം
അറിവിന്റെ ദാഹത്തിനെന്നുമെന്നു-
മമൃതം ചൊരിഞ്ഞു തെളിഞ്ഞു നിൽപൂ!
നിജനിത്യസമ്പത്തിൻ നിസ്തുലമാം
രജതരമണീയ രശ്മിപൂരം,
മറവിക്കും മായ്ക്കാൻ കഴിഞ്ഞിടാതെ
മഹിമകൊള്ളുന്നു മർത്ത്യഹൃത്തിൽ.
എരിയുന്ന ജീവിതം വാടിവീഴാ-
നൊരു നവസാന്ത്വനച്ഛായയിങ്കൽ
സദയം കിടത്തിയുറക്കുകയാ-
ണതുനിത്യം ഭാവനപ്പൂവിരിപ്പിൽ.
വളരാൻ തുടങ്ങുന്ന മാനസങ്ങൾ
വഴിയുമാദർശത്തിൽ മുക്കിമുക്കി,
മഹിയിലെന്നെന്നും ജയിക്ക മേന്മേൽ
മഹനീയവിശ്വസംസ്കാരമേ, നീ!
4-12-1936
തളിത്തൊത്തുകൾ
ചങ്ങമ്പുഴ
ആനന്ദം
ആനന്ദ, മാനന്ദം-ഞാനുമതും തമ്മിൽ-
ക്കാണിയും ക്ഷോണിയിലില്ല ബന്ധം.
അഞ്ചാറു മൺകട്ടകൂട്ടിക്കുഴച്ചെന്നെ
യൻപിൽ നിർമ്മിച്ചൊരജ്ഞാതശിൽപി,
താരകങ്ങൾക്കു കൊടുത്ത വെളിച്ചമോ
താരുകൾക്കേകിയ സൌരഭമോ,
വാനിന്റെ മാറിലെ വാർമഴവില്ലിന്റെ
വാരുറ്റവർണ്ണവിലാസവായ്പോ,
മിന്നൽക്കൊടികൾതൻ സന്നസൌന്ദര്യമോ
മഞ്ഞുനീർത്തുള്ളിതൻ മഞ്ജിമയോ,
എന്തുകൊണ്ടെന്തുകൊണ്ടേകിയി?-ല്ലെങ്കിലി-
ന്നെന്തിലും മീതേ ഞാൻ മിന്നിയേനേ! ...
ആനന്ദ, മാനന്ദം!-വിണ്മലർക്കാവിലെ-
സ്സൂനങ്ങളേന്തിടും തൂമരന്ദം!
ആയതിൽനിന്നൊരു കൊച്ചുകണികയീ
മായാന്ധമർത്ത്യന്റെ മാനസത്തിൽ,
വീണപ്പൊഴേക്കും, ഹാ, മൺമുന്നിലൊക്കെയും
കാണുന്നതുജ്ജ്വലം കാഞ്ചനാഭം.
എന്നിട്ടുമായതിൻ കാന്തിപ്പകിട്ടൽപം
പൊന്നൊളിപൂശിയില്ലെന്നിൽമാത്രം
അർക്കോദയം മുതൽക്കന്തിയാവോളവും
മൽക്കരൾ വായുവിൽകോട്ടകെട്ടി
നെഞ്ചിലെച്ചെഞ്ചുടുചോരയാൽ ഞാനതി-
വഞ്ചിതചിത്രങ്ങളാരചിച്ചേൻ,
എന്നിട്ടുമല്ലിലെനിക്കു ലഭിച്ചതീ-
ക്കണ്ണീർക്കണങ്ങളും വീർപ്പുകളും!
ആനന്ദ, മാനന്ദം-മൂന്നക്ഷരമതെൻ
മാനസഗന്ഥത്തിൽ മാഞ്ഞുപോയി.
ഇത്രനാളദ്ധ്യായമോരോന്നതിൽ പഠി-
ച്ചെത്രവേഗത്തിൽ ഞാനാളുമാറി!
കാണ്മതില്ലിന്നുമാക്കമ്രപദം മാത്രം
കാലച്ചിതൽ തിന്നതായിരിക്കാം!
കാരിരുമ്പല്ലെൻ കരൾക്കാമ്പു, പിന്നതീ-
ക്കാളുന്ന ചെന്തീയിൽ നീറിയാലോ! ...
തളിത്തൊത്തുകൾ / ആനന്ദം
ചങ്ങമ്പുഴ
ആനന്ദ, മാനന്ദം!-അല്ലെങ്കി, ലാരിന്ന-
ഗ്ഗാനസുധാമൃതമാസ്വദിപ്പൂ?
പൂങ്കാവനക്കുയിൽ നിത്യം പുലരിയിൽ
തേങ്കുളിർക്കാകളി ചെയ്തിടുമ്പോൾ,
ചെന്തളിർത്തേങ്കുടിച്ചത്യന്തമത്തരായ്
വണ്ടിണനീളെ മുരണ്ടിടുമ്പോൾ,
മുറ്റത്തെമുല്ലകൾ മൊട്ടിട്ടുചുറ്റിലും
മുറ്റും സുഗന്ധം തളിച്ചിടുമ്പോൾ,
നാണത്തിൻ മൂടുപടമണിഞ്ഞെത്തിത്തൻ-
നായിക പുഞ്ചിരി തൂകിടുമ്പോൾ,
മുന്തിരിച്ചാർത്തിൻ ലഹരിയിൽ മേളിച്ചു
ചിന്തകൾ മത്തടിച്ചാർത്തിടുമ്പോൾ,
ആനന്ദ, മാനന്ദം!-മാനവമാനസം
വാനോളം വാഴ്ത്തുന്നു വീതബോധം.
എങ്കിലും വേഗം മടുത്തുപോം സർവ്വവും
സങ്കടം മാത്രമേ തങ്ങിനിൽക്കൂ.
സങ്കൽപം മാത്രമാണാനന്ദം!-ചിത്തത്തിൽ
തങ്കുവതയ്യോ വിഷാദം മാത്രം! ...
29-9-1932.
തളിത്തൊത്തുകൾ
ചങ്ങമ്പുഴ
ഓമലിനോട്
അന്യൂനരാഗത്താൽ
മൊന്നിച്ചുചേർന്നിരുന്നില്ലയെങ്കിൽ,
ജീവസർവ്വസ്വമേ, നിന്റെ മുൻപിൽ
കേവലം ഞാനുമൊരന്യനല്ലേ?
എന്നാലിന്നേവം നിൻ കൺമുനയാ-
ലെന്നെത്തഴുകീടുമായിരുന്നോ?
മന്ദസ്മിതങ്ങളാലെന്മനസ്സിൽ
മിന്നലിളക്കീടുമായിരുന്നോ?
കഷ്ടമീ മംഗളരംഗമെങ്കി-
ലെത്ര വിരസമായ് മാറിയേനേ!
കണ്ടുമുട്ടീടും നാം വല്ലനാളും
മിണ്ടാതെതമ്മിൽ പിരിഞ്ഞകലും.
നമ്മുടെയാത്മരഹസ്യമെല്ലാം
നമ്മളിൽത്തന്നെ ലയിച്ചടിയും
അങ്ങനെ നമ്മുടെ ജീവിതങ്ങ-
ളങ്ങിങ്ങിരുന്നു ചിതൽ പിടിക്കും.
അന്യോന്യസ്നേഹത്താൽ നമ്മളേവ-
മൊന്നായിച്ചേർന്നതുകൊണ്ടു, നോക്കൂ,
ഇന്നവ പൊന്നൊളിവാരിവീശി
മിന്നിമിന്നിത്തെളിഞ്ഞുല്ലസിപ്പൂ!
മങ്ങാതെ നിത്യമസ്സുപ്രകാശം
പൊങ്ങിപ്പരക്കട്ടെ വാനിലോളം! ...
25-05-1932.