ചങ്ങമ്പുഴ കൃഷ്ണപിള്ള
1911 ഒക്ടോബർ 11, 1948 ജൂൺ 17
1911 ഒക്ടോബർ 11-ന് ജനിച്ചു. ജന്മദേശം എറണാകുളം ജില്ലയിൽ ഇടപ്പള്ളി. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി
പാറുക്കുട്ടിയമ്മയാണ് മാതാവ്.
പിതാവ് തെക്കേടത്തു വീട്ടിൽ നാരായണമേനോനും.
ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ, ആലുവ സെന്റ് മേരീസ് സ്കൂൾ,
എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ് ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യയനം നടത്തി അദ്ദേഹം
ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്നു എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരം
ആർട്ട്സ് കോളേജിലും പഠിച്ച് ഓണേഴ്സ് ബിരുദം നേടി. മഹാരാജാസ് കോളേജിൽ പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ പ്രശസ്തനായ കവിയായിത്തീർന്നിരുന്നു.
പല പ്രസിദ്ധകൃതികളും അന്നു പുറത്തുവന്നിരുന്നു.
വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവിഅമ്മയെ വിവാഹം ചെയ്‌തു.
പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ
അവിടെ തുടർന്നില്ല. രണ്ടുവർഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലോ കോളേജിൽ ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ
തന്നെ നാട്ടിലേക്കുമടങ്ങി. പിൽക്കാലത്ത് ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ്
രചിക്കപ്പെട്ടത്. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും ജോലി ചെയ്തു.
അനന്തരം അദ്ദേഹം എഴുത്തിൽ മുഴുകി ഇടപ്പള്ളിയിൽ സകുടുംബം താമസിച്ചു.
ഉൽക്കണ്ഠാകുലമായ പല പരിവർത്തനങ്ങൾക്കും വിധേയമാവുകയായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം.
ആദ്യം വാതരോഗവും തുടർന്നു ക്ഷയരോഗവും പിടിപെട്ടു.
എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാൻ അതീവതാൽപര്യം കാണിച്ച ആ മഹാകവി മരണവുമായി
അനുക്ഷണം അടുക്കുകയായിരുന്നു അപ്പോൾ.
നാളുകൾ അധികം നീങ്ങിയില്ല. കേരളത്തിലെ സഹൃദയലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്,
1948 ജൂൺ 17-ആം തീയതി ഉച്ചതിരിഞ്ഞ് തൃശ്ശിവപേരൂർ മംഗളോദയം നഴ്സിങ്ങ് ഹോമിൽവച്ച്, ഈ ലോകത്തോട്
അദ്ദേഹം യാത്രപറഞ്ഞു.
സ്വന്തം നാടായ ഇടപ്പള്ളിയിൽ അദ്ദേഹത്തെ സംസ്കരിച്ചു ( 'ചങ്ങമ്പുഴ സമാധി'യിൽ ഇന്നും നിരവധി ആരാധകർ
സന്ദർശിക്കുന്നു ).
അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി,
കലാവേദി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു.
കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ
കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്. അതിമനോഹരങ്ങളായ കാവ്യങ്ങൾ കൊണ്ടുതന്നെയാവാം ജോസഫ് മുണ്ടശ്ശേരി അദ്ദേഹത്തെ 'നക്ഷത്രങ്ങളുടെ പ്രേമഭാജനം' എന്നു വിശേഷിപ്പിച്ചത്.
Mahatma Gandhi University
School of Letters
UGC Major Research Project
By
Dr. HARIKUMAR S
Copyright © 2013 - . All Rights Reserved - www.Changampuzha.com
Designed by - Thankappan Muvcattupuzha