കത്തുകൾ
മരിക്കുന്നതിന് ഏതാനുംമാസം മുമ്പ് ചങ്ങമ്പുഴ ശ്രീ. പി.കെ.ബാലകൃഷ്‌ണനയച്ച കത്ത്.
ഇടപ്പള്ളി
26-04-1122
ശീമന്‍, അയച്ച കത്തുകിട്ടി. പരിചയപ്പെട്ടതില്‍ സന്തോഷമുണ്ട്; പക്ഷേ അതേസമയം തന്നെ ഈ കത്ത് അകാലത്ത് എന്റെ കൈവശം എത്തിച്ചേര്‍ന്നതില്‍ ഞാന്‍ കുണ്‌ഠിതപ്പെടുകയും ചെയ്യുന്നു. ഞാന്‍ മംഗളോദയത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാലത്ത് നിങ്ങളുടെ കൃതി എന്റെ കൈവശം വന്നുചേര്‍ന്നിരുന്നുവെങ്കില്‍ നിഷ്‌പ്രയാസം എനിക്കതച്ചടിക്കുവാന്‍ സാധിക്കുമായിരുന്നു. പക്ഷേ ഇന്നത്തെ എന്റെനില അന്നത്തേതില്‍നിന്നു പാടേ വ്യത്യസ്‌തമാണ്. അവിടെ എനിക്കിന്നു യാതൊരു സ്വാധീനശക്തിയുമില്ല. രംഗവും നടന്മാരും മാറിയിരിക്കുന്നു. സ്വാര്‍ത്ഥത്തെ മുന്‍നിറുത്തി പെരുമാറാന്‍ പഠിച്ചിട്ടില്ലാത്തതിനാല്‍ അവിടെയും എനിക്ക് പരാജയം നേരിട്ടു. മംഗളോദയത്തിന്റെ മാനേജിംഗ് ഡയറക്‌ടര്‍ തിരുമേനി ഏറ്റവും നല്ല മനുഷ്യനാണ്. അദ്ദേഹത്തിലിന്നും എന്നോട് അവിശ്വാസമില്ല. പക്ഷേ ചുറ്റും പറ്റിക്കൂടുന്ന സ്വാര്‍ത്ഥലോലുപരായ സേവകന്മാരും, ആ സ്ഥാപനത്തിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്മാരും തീരെ ഭിന്നപ്രകൃതികളാണെന്ന് വ്യസനപൂര്‍വ്വം നിങ്ങളെ അറിയിക്കേണ്ടിയിരിക്കുന്നു. ഞാന്‍ മംഗളോദയത്തില്‍ പോയിട്ട് നാലുമാസം കഴിഞ്ഞു. ധനസംബന്ധമായ കാര്യത്തില്‍ അവിടത്തെ മാനേജര്‍ എന്നെ ഞാന്‍ ഒരിക്കലും അര്‍ഹിക്കാത്തവിധം കുരങ്ങുകളിപ്പിക്കുകയുണ്ടായി. ഞാന്‍ ഇന്നവര്‍ക്ക് 8000 രൂപ കൊടുത്തുതീര്‍ക്കുവാനുള്ള ശപിക്കപ്പെട്ട ഒരു കടക്കാരനാണ് എന്നു പറയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേയ്‌ക്കും. എന്നാല്‍ ഒരു പരമാര്‍ത്ഥം മാത്രമാണിത്.
എളിയതെങ്കിലും എനിക്കവിടെ ഉണ്ടായിരുന്ന സ്വാധീനശക്തി ചൂടാറാതെ വര്‍ത്തിച്ചിരുന്ന കാലത്ത് ഇന്നിപ്പോള്‍ കേരളത്തിലുള്ള പല സാഹിത്യകാരന്മാരുടെയും കൃതികള്‍ ഞാന്‍ തിരുമേനിയെകൊണ്ട് എടുപ്പിക്കുകയുണ്ടായി. ഞാന്‍ മേനി പറയുന്നതല്ല. വാസ്‌തവം തുറന്നു പറയുന്നു എന്നുമാത്രം. അങ്ങനെയുള്ള സാഹിത്യകാരന്മാര്‍പോലും ഇന്നതു സമ്മതിക്കുകയില്ല, സമ്മതിക്കണമെന്നു എനിക്കൊട്ടാശയുമില്ല. ചെയ്യാവുന്നതു ചെയ്‌തു എന്ന കൃതാര്‍ത്ഥത എനിക്കുണ്ടെന്നുമാത്രം. അങ്ങനെ വന്നുവന്നു അവസാനം ഒരു മാന്യന്റെ കൃതിക്കുവേണ്ടി മനഃസാക്ഷിയെ വഞ്ചിച്ചു തന്നെ ശുപാര്‍ശ ചെയ്യേണ്ട നിര്‍ഭാഗ്യം എനിക്കുവന്നുകൂടി. അടുത്തവരെന്നും അന്ധമായി വിശ്വസിച്ചുപോയ ചില സുഹൃത്തുക്കളുടെ അനിരോദ്ധ്യമായ പ്രേരണയ്‌ക്ക് വഴങ്ങിക്കൊടുക്കുവാനുള്ള `ദൗര്‍ബല്യം' ഒരുനിമിഷം എന്നെ അടിപ്പെടുത്തിയതിന്റെ ഫലമായിരുന്നു അത്. അങ്ങനെ ആ കൃതി -- മലയാളഭാഷയുമായി യാതൊരു ബന്ധവുമില്ലാത്ത ആ കൃതി -- അംഗീകരിക്കപ്പെടുകയും അതിന്റെ കര്‍ത്താവിന്ന് അഞ്ഞൂറുരൂപ പ്രതിഫലം ലഭിക്കുകയും ചെയ്‌തു. എന്നാല്‍ എന്റെ സ്വയമേവ ദുഷിക്കപ്പെട്ട നാമധേയം അന്നുമുതല്‍ ചീഞ്ഞുനാറുകതന്നെ ചെയ്‌തു എന്നു പറയാം. എനിക്കിന്നും അതില്‍ കുണ്‌ഠിതമില്ല. ഇങ്ങനെ എന്തെല്ലാം എന്നെ കാണിച്ചുതന്ന ഒരു ലോകമാണിത്!.........
എന്റെ കൃതികള്‍ ഏതാണ്ട് മുഴുവന്‍തന്നെ എന്നുപറയാം, മംഗളോദയത്തില്‍ മാത്രം കൊടുക്കുന്നതുകൊണ്ട് മറ്റു പ്രസിദ്ധീകരണക്കാരുമായി എനിക്ക് പരിചയമോ അടുപ്പമോ തീരെ ഇല്ലാത്ത ദുര്‍ഘടാവസ്ഥയും എനിക്കു നേരിട്ടിരിക്കുന്നു. ഒരു കൊല്ലത്തിനു മുമ്പ് പ്രോത്സാഹനാര്‍ഹനായ ഒരു യുവകവിയുടെ ഒന്നാംതരം കവിതകളുടെ ഒരു സമാഹാരം ഞാന്‍ മംഗളോദയത്തിനയയ്‌ക്കുകയുണ്ടായി. എന്നാല്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍, പ്രസിദ്ധീകരിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ മടക്കി അയയ്‌ക്കുന്നു -- എന്ന മാനേജരുടെ ഒരു കുറിപ്പോടുകൂടി അതെനിക്കു മടക്കിക്കിട്ടുകയാണുണ്ടായത്! മാനേജിംഗ് ഡയറക്‌ടര്‍ അത് കണ്ടിട്ടുണ്ടോയെന്നുപോലും എനിക്കു നിശ്ചയമില്ല. അന്നുകൊണ്ട ആ ഇരുട്ടടി തികഞ്ഞ ക്ഷമയോടുകൂടിത്തന്നെ സഹിച്ചു ഞാന്‍ ഒഴിഞ്ഞുമാറിയിരിക്കുകയാണ്. ഇവിടെ വന്നാല്‍ ആ മാനുസ്‌ക്രിപ്‌റ്റ് അതേപടിതന്നെ ഞാന്‍ കാണിച്ചുതരാം. അതിന്റെ ചരടോ, സ്റ്റാമ്പോ, പുറത്തുപൊതിഞ്ഞിട്ടുള്ള കടലാസോ ഞാന്‍ അഴിച്ചിട്ടില്ല. ഞാന്‍ ഈ `പടാകൃതി' എഴുന്നള്ളിച്ചത് എന്റെ ഇന്നത്തെ സ്ഥിതി അതിന്റെ നഗ്നമായ രൂപത്തില്‍ അറിയിക്കുവാനാണ്.
താങ്കള്‍ രചിച്ച നാലഞ്ച് തൂലികാചിത്രങ്ങളുമായി ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. അവയെല്ലാം ഒന്നുപോലെ നന്നായിട്ടുണ്ടെന്നു പറയുവാന്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ വായിച്ചിട്ടുള്ള ഈ അഞ്ചുചിത്രങ്ങളില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് എന്റെതന്നെ ചിത്രമാണെന്നു പറഞ്ഞുകൊള്ളട്ടെ. മുഖസ്‌തുതി എനിക്കു വശമില്ല. അക്കാരണത്താല്‍ ഞാനൊരു പൊതുശത്രുവാണ്. ശത്രുസമ്പന്നനായിരിക്കുന്നതില്‍ അതിരറ്റുത്സാഹിക്കുന്നവനാണ് ഞാന്‍. ഇന്നല്ല നന്നേ കുട്ടിക്കാലം മുതല്‍ക്കുതന്നെ. അതുകൊണ്ട് താങ്കളുടെ തൂലികാചിത്രങ്ങളെക്കുറിച്ചുള്ള എന്റെ അഭിനന്ദനം ഒരിക്കലും ഒരു പ്രശംസയല്ല. ഞാന്‍ താങ്കളെ കണ്ടിട്ടുള്ളതായി ഓര്‍ക്കുന്നില്ല. ഖാദിസ്റ്റോറില്‍വെച്ചുള്ള ഒരു സംഭവത്തെക്കുറിച്ച് താങ്കള്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അത് വായിച്ചശേഷം ഞാന്‍ വളരെ തലകാഞ്ഞ് ആലോചിക്കുകയുണ്ടായി. പക്ഷേ താങ്കളുടെ ഛായയുടെ ഒരു നേരിയ രേഖപോലും എന്റെ സ്‌മൃതിപഥത്തില്‍ നിഴലിക്കുന്നില്ല. എന്നല്ല അക്കാലത്തും അതിനുശേഷവും, ഇന്നിതുവരെയും എന്റെ മസ്‌തിഷ്‌കമണ്ഡലം ഓരോ ദിവസവും മേല്‍ക്കുമേല്‍ പ്രക്ഷുബ്‌ധമാണ്. ഓര്‍മ്മശക്തി എന്നെ ഒട്ടുമുക്കാലും ഉപേക്ഷിച്ചിരിക്കുന്നു എന്നുതന്നെ പറയാം. എന്റെ സിരാചക്രം തികച്ചും പരിക്ലാന്തമാണ്. കുടല്‍, നെഞ്ച്, കരള്‍, ശ്വാസകോശങ്ങള്‍ ഇവയെല്ലാം വേരില്‍ ചിതല്‍പിടിച്ച ഒരു ശുഷ്‌കവൃക്ഷത്തെപ്പോലെ അജ്ഞാതമായ ഏതോ ഒരു ലഘുവാതത്തിന്റെ ആഘാതത്തില്‍ തകര്‍ന്നു തരിപ്പണമാകുവാന്‍ കാത്തുനില്‍ക്കുന്നു. ഞാന്‍ ഇതെല്ലാം തുറന്നുപറയുന്നത് എന്തുകൊണ്ടാണെന്ന് താങ്കളെ ഞാന്‍ മനസ്സിലാക്കിക്കാം.
താങ്കളുടെ തൂലികാചിത്രത്തില്‍ എന്റെ മാനസികവശത്തിന് വളരെ പ്രാധാന്യം കൊടുത്തിട്ടുണ്ട്. അതിന്റെ രണ്ട് വശങ്ങളും തികച്ചും സമര്‍ത്ഥമായ രീതിയില്‍ പരിപൂര്‍ണ്ണമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞുകൂടാ. എന്നാലും താങ്കള്‍ അവയെ സമീപിച്ചിട്ടുണ്ട്. വിശേഷിച്ചും എന്റെ സ്വഭാവത്തില്‍ പ്രകടമാകുന്ന വൈരുദ്ധ്യത്തിലേയ്‌ക്ക് താങ്കളുടെ ദൃഷ്ടികള്‍ മാത്രമേ ചുഴഞ്ഞിറങ്ങിയിട്ടുള്ളുവെന്നും പ്രസ്‌താവിക്കേണ്ടിയിരിക്കുന്നു. അന്ന് താങ്കള്‍ എന്നെ കണ്ടപ്പോള്‍ ഉണ്ടായിരുന്ന ഞാനും ഇന്നത്തെ ഞാനും തമ്മില്‍ അജഗജാന്തരമുണ്ട്. മാനസികമായ ഉത്‌കര്‍ഷത്തിലേക്കല്ല അധഃപതനത്തിലേയ്‌ക്കായിരുന്നു മദാന്ധമായ എന്റെ വേറൊരു യാത്ര. ഞാന്‍ ഇന്നു നൂറുശതമാനവും അധഃപതിച്ച ഒരു തികഞ്ഞ ഡീജനറേറ്റ് ആണ്. ഇരുപത്തിരണ്ട് വയസ്സുവരെ വിവേകാനന്ദന്‍, അലിംഗസ്വാമി എന്നെല്ലാം കൂട്ടുകാരാല്‍ പരിഹസിക്കപ്പെട്ടിരുന്ന ആദര്‍ശമൂര്‍ത്തിയായിരുന്ന എനിക്ക് ഇങ്ങനെ ഭയങ്കരവും ദയനീയവുമായ ഒരു പരിണാമം എങ്ങനെ വന്നുകൂടിയെന്നോര്‍ക്കുമ്പോള്‍ എനിക്കുതന്നെ ഒരു പിടിയും കിട്ടുന്നില്ല. കൂട്ടുകാരുടെ പേരില്‍ പഴി ആരോപിക്കുന്നത് അസംബന്ധവും വിവേകരഹിതവുമാണ്. ഞാന്‍ ഏറെ ആലോചിച്ചിട്ട് എത്തപ്പെട്ട കാരണങ്ങള്‍ ഇവയാണ്: ശാലീനതയും സൗന്ദര്യവും സഹനശക്തിയും മാത്രം കടഞ്ഞെടുത്തിട്ടുള്ള ഒരു പത്‌നി. ഞാന്‍ കൊട്ടുന്ന താളത്തിന് ചെറുപ്പംമുതല്‍ തുള്ളിക്കൊണ്ടുവന്ന എന്റെ മാതാവും മറ്റു വീട്ടുകാരും, അവിചാരിതമായി വന്നുകയറിയ വമ്പിച്ച ധനം. വികാരോല്‍ക്കടത, ഒന്നിനും വഴങ്ങാത്ത അന്ധമായ മര്‍ക്കടമുഷ്ടി, എനിക്കുവേണ്ടി എന്തുചെയ്യാനും ഇറങ്ങിപുറപ്പെട്ട കുറേ സ്‌ത്രീകള്‍. ഇവയെല്ലാമാണ് എന്നെ അധഃപതിപ്പിച്ചതെന്ന് എനിക്ക് തോന്നിപ്പോകുന്നു. എനിക്കിതുവരെ കിട്ടിയ ധനത്തില്‍ എന്റെ ഭാര്യയുടെ പേരില്‍ ഒരു വസ്‌തുവിന് മേല്‍ ഇട്ടിട്ടുള്ള 4000/- രൂപ ഒഴികെ എനിക്കിന്നൊരു ധനവുമില്ല. മാത്രമല്ല ഞാന്‍ ഇന്നൊരു കടക്കാരനാണ്. അധികമധികം കടക്കാരനാകുന്തോറും ഞാന്‍ അധികമധികം കുടിയനായിത്തീരുന്നു. വാതത്തിന്റെ ഉപദ്രവം മൂലം പുറത്തേയ്‌ക്കിറങ്ങാന്‍ വിഷമമുള്ളതുകൊണ്ട് ഞാന്‍ വീട്ടിലിരുന്നു കുടിയ്‌ക്കുന്നു എന്നുമാത്രം. പക്ഷേ അത് സംഗതി കൂടുതല്‍ വഷളാകുകയാണ്. രാവിലെ 10 മുതല്‍ രാത്രി 12 വരെ ഞാന്‍ മദ്യത്തിനടിമയാണ്. ഒരു പ്രവൃത്തിയും ചെയ്യാന്‍ എനിക്കു സാധിക്കുന്നില്ല. ഇന്നു ഞാന്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒന്നുപോലെ വഷളനാണ്. നാട്ടുകാര്‍പോയി തുലയട്ടെ. വീട്ടുകാരുടെ കാര്യം -- ഞാന്‍ അവരെ ദണ്ഡിപ്പിക്കുന്നതിനു കണക്കില്ല. എങ്ങനെ? വെറും വാക്കുകള്‍ കൊണ്ട്: ഒന്നും മനസ്സില്‍ തട്ടിയല്ല, പറഞ്ഞുപോകുന്നത്. നിയന്ത്രിക്കാന്‍ സാധിക്കാതെ വെറുതേ അങ്ങനെ പറഞ്ഞുപോകുന്നു. നൂറുജന്മം തപസ്സുചെയ്‌താലും എനിക്കു ലഭിക്കുവാനര്‍ഹതയില്ലാത്ത ഒരു സാധു യുവതിയാണെന്റെ സഹധര്‍മ്മിണി. എനിക്കവളോട് നൂറുശതമാനവും സ്‌നേഹമുണ്ട്; പക്ഷേ ഞാന്‍ ഈ ലോകത്തില്‍ ഒരു വേതാളവും ചെയ്യാത്ത രീതിയില്‍ അത്ര പൈശാചികമായിട്ടാണവളോട് പെരുമാറുന്നത്. പെറ്റ അമ്മയോടും സ്വജനങ്ങളോടും ഇങ്ങനെതന്നെ: ഒരു തികഞ്ഞ `സാഡിസ്റ്റും ഹ്യൂമനിസ്റ്റും' എന്നില്‍ അടങ്ങിയിട്ടുണ്ട്. അവയില്‍ ഒന്നിനൊന്നകറ്റി നിറുത്താന്‍ എനിക്ക് കഴിയുന്നില്ല. ഒരു ചിത്രശലഭം ചിറകുകൊഴിഞ്ഞു പിടക്കുന്നതുകാണുമ്പോള്‍ കണ്ണുനീര്‍ വരുന്ന എനിക്കുതന്നെയാണ് സ്വകാന്തയുടെ ഹൃദയരക്തം കുടിക്കുന്നതില്‍ മദാന്ധമായ പൊട്ടിച്ചിരി പുറപ്പെടുന്നത് എന്നോര്‍ക്കുമ്പോള്‍ എനിക്കുതന്നെ വിശ്വസിക്കാന്‍ സാധിക്കുന്നില്ല. പക്ഷേ ഇതെല്ലാം പരമാര്‍ത്ഥമാണെന്നുമാത്രം.
ഇന്നൊരു ദിവസം താങ്കളുടെ കത്തു കിട്ടിയത് നന്നായി. കാരണം ഞാന്‍ ഇത്രയും വലിയ കത്തെഴുതിയിട്ടില്ല. എന്നല്ല മറുപടിയായി ഒരു വരിപോലും കുത്തിക്കുറിക്കാനൊട്ടു മിക്കപ്പോഴും മിനക്കെടാത്ത ഒരു മര്യാദകെട്ടവനുമാണ് ഞാന്‍. അങ്ങനെയിരിക്കെ ഞാന്‍ ഇതെങ്ങനെയെഴുതി? പറയാം. ഇന്നലെ രാത്രി ഊണുകഴിക്കാതെ എന്നെ കാത്തു പട്ടിണിയിരിക്കുന്ന അമ്മ, ചിറ്റമ്മ, ഭാര്യ ഇവരെ ഒടുവില്‍ 11 മണിയോടുകൂടി ഉണ്ണാനിരുന്നപ്പോള്‍ (ഊണല്ല രാത്രി എനിക്കു കഞ്ഞിയാണ്) ഒരു കൂട്ടാന് അല്‌പം ഉപ്പ് കൂടിയെന്ന നിസ്സാരകാരണത്തില്‍ ഒട്ടേറെ ഞാന്‍ ഭര്‍സിക്കുകയുണ്ടായി. ഇടയ്‌ക്ക് അമ്മ എന്തോ ഒന്ന് പതിവില്ലാതെ സമാധാനം പറഞ്ഞു. അതിനെത്തുടര്‍ന്ന് വഴക്ക് മുറുകി. വെളിവുകെട്ട ഞാന്‍ എന്റെ വായില്‍ തോന്നിയ സകലഹീനപദങ്ങളും അവിടെ വിളമ്പി, എന്തിനേറെ? എല്ലാവരും തേങ്ങിക്കരയുവാന്‍ തുടങ്ങി. ഒടുവില്‍ ഏതാണ്ട് രണ്ടു മണിക്കൂറിനുശേഷം മത്തല്‌പം ഇറങ്ങിയപ്പോള്‍, ഞാന്‍ അടങ്ങി. ഇന്നലെ ആരും ആഹാരം കഴിച്ചിട്ടില്ല. ബാക്കി വന്ന ആഹാരത്തില്‍ അല്‌പം കൊടുത്ത് ജീവിതത്തില്‍ ആദ്യമായി എന്റെ പത്‌നി ഇന്നു രാവിലെ എന്റെ മൂത്തമകനെ പള്ളിക്കൂടത്തിലേയ്‌ക്കയച്ചു. ചായ തിളപ്പിച്ചിട്ടില്ല. ഞാന്‍ കുലുങ്ങാതെ വെളിയിലേയ്‌ക്കിറങ്ങി ഒരു കപ്പ് ചായ കുടിച്ചു മടങ്ങിവരുമ്പോളാണ് 3 കത്തുകളും രണ്ട് പദ്യങ്ങളും കിട്ടിയത്. ഉച്ചയ്‌ക്ക് ആഹാരം പാകപ്പെടുത്തി കുട്ടി എന്നെ വന്നു വിളിച്ചു. ഞാന്‍ പോയില്ല. ഇനിയും ആരും ഭക്ഷണം കഴിച്ചിട്ടില്ല. മണി മൂന്നുകഴിഞ്ഞു. രാത്രി ഞാന്‍ ഭക്ഷണം കഴിക്കും. മുക്കാല്‍കുപ്പി ഒന്നാംതരം കള്ളും അതോടൊപ്പം ഒന്നരഡ്രാം ചാരായവും ഒരു കഞ്ചാവ് ബിഡിയും ഞാന്‍ ഉപയോഗിച്ചു കഴിഞ്ഞു. ഇന്ന് രാത്രിയാവുമ്പോഴേയ്‌ക്കും ഇവയുടെ കണക്ക് എത്ര പെരുകുമെന്നു എനിക്കു നിശ്ചയമില്ല. പക്ഷേ, ഒന്നു തീര്‍ച്ച; ഇനി ഒരു മൂന്നു ദിവസത്തേയ്‌ക്കു ഞാന്‍ ശബ്‌ദിക്കില്ല. സാധുക്കള്‍ എന്നെ പ്രാണനേക്കാള്‍ സ്‌നേഹിക്കുന്ന എന്റെ ബന്ധുക്കളുടെ ഹൃദയം ഞാന്‍ എത്രമാത്രം വ്രണപ്പെടുത്തി. പണവും പ്രതാപവും പേരും പെരുമയും മറ്റുമുള്ള ഒരു കവിയെന്നു മറ്റുള്ളവര്‍ പറയുകയും സ്വയം അഭിമാനിക്കുകയും ചെയ്യുന്ന എന്നെക്കാള്‍ എത്ര ഭേദമാണ് പുഴുത്തരിച്ച ഒരു കൊടിച്ചിപ്പട്ടി? ഈച്ചയാര്‍ത്തുമുറ്റിയിരിക്കുന്ന ആത്മാവോടുകൂടിയ എന്റെ ഈ നശിച്ച ജീവിതം വേഗത്തില്‍ ഒടുങ്ങിയിരുന്നെങ്കില്‍!
ഈ ലോകത്തില്‍ ഒരു സുഹൃത്തിനേയും വിശ്വസിച്ചുകൂടെന്നു അനുഭവം എന്നെ പണ്ടേയ്‌ക്കു പണ്ടേ പഠിപ്പിച്ചുകഴിഞ്ഞു. താങ്കളെ വിശ്വസിച്ചോ താങ്കളെ ഒരാത്മസുഹൃത്തായി പരിഗണിച്ചോ ആണ് ഞാനീ കത്തെഴുതുന്നതെന്ന് തെറ്റിദ്ധരിക്കരുത്. അസ്വസ്ഥമായ എന്റെ ഹൃദയം ഇന്നുപെട്ടെന്നിതിന്നാണ് എന്നെ പ്രേരിപ്പിച്ചത്. ഞാന്‍ അതു ചെയ്‌തു. ഉത്തരധ്രുവം മുതല്‍ ദക്ഷിണധ്രുവം വരെ അപഹാസ്യങ്ങളും ഹീനങ്ങളുമായ ഈ പരമാര്‍ത്ഥങ്ങള്‍ കാഹളിതങ്ങളായിത്തീരുന്നെങ്കില്‍ എനിക്കത്ഭുതമോ ജാള്യതയോ നിരാശയോ ഒന്നുംതന്നെ ഉണ്ടാകുന്നതുമല്ല.
ഇനി ഞാന്‍ നിറുത്തട്ടെ. താങ്കള്‍ക്കു സമ്മതമുള്ളപക്ഷം അരുണോദയം ബുക്ക് സ്റ്റാള്‍ (വടക്കാഞ്ചേരി), പി.കെ ബ്രദേഴ്‌സ് (കാലിക്കട്ട്) ഇവര്‍ക്കു ഞാന്‍ കത്തെഴുതാം. താങ്കളുടെ പുസ്‌തകങ്ങളെക്കുറിച്ച് മുണ്ടശ്ശേരി വിചാരിച്ചാല്‍ മംഗളോദയത്തിലും എസ്.കെ പൊറ്റക്കാട്ട് വിചാരിച്ചാല്‍ പി.കെ ബ്രദേഴ്‌സിലും ഇക്കാര്യത്തില്‍ ഒരു തൂവല്‍ കൊഴിഞ്ഞുവീഴുന്നത്ര നിഷ്‌പ്രയാസതയോടെ നിര്‍വഹിക്കപ്പെടാം. സാദ്ധ്യമെങ്കില്‍ അവരെ സമീപിക്കൂ.
ഇടപ്പള്ളി26-04-1122
ചങ്ങമ്പുഴ
ശ്രീ ചങ്ങമ്പുഴ അദ്ദേഹത്തിന്റെ ഗുരുനാഥനായ ഡാക്‌ടര്‍ ഗോദവര്‍മ്മയ്‌ക്കയച്ച സുദീര്‍ഘമായ ഒരു കത്ത് അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു ഘട്ടത്തിലെ ചിന്താഗതികളെ വ്യക്തമാക്കുന്നു.
TravancoreEdappally
411,17 Thursday. 630 p.m
ശ്രീ,
പ്രിയ ഗുരോ,
കോളേജിലെ മേല്‍വിലാസത്തില്‍ ഞാന്‍ തിരുമേനിക്ക് ഒരു കത്തയച്ചിട്ടുണ്ട്. അതു തിങ്കളാഴ്‌ചയേ തിരുമേനിയുടെ കൈവശം കിട്ടുകയുള്ളൂ എന്നു പിന്നീടാണു ഓര്‍മ്മവന്നത്. അതുകൊണ്ട് വീണ്ടും എഴുതുന്നു.
`മലയാളത്തിലെ ഭാവാത്മക കാവ്യങ്ങള്‍' (Lyric Poetry in Mal: Literature) എന്ന വിഷയത്തെ ആധാരമാക്കി അവിടത്തെ കീഴില്‍ ഗവേഷണം നടത്തുവാന്‍ ഞാന്‍ ആശിക്കുന്നു. ഈ വിഷയം പോരാ എന്നു തോന്നുന്നപക്ഷം തിരുമേനി നിര്‍ദ്ദേശിക്കുന്ന ഏതുവിഷയവും സന്തോഷപൂര്‍വ്വം സ്വീകരിക്കാന്‍ ഞാന്‍ സന്നദ്ധനാണ്. തിരുമേനിയുടെ ഉപദേശങ്ങളും ഹൃദയപൂര്‍വ്വമുള്ള സഹായവും ലഭിച്ചാല്‍ വിഷയത്തെക്കുറിച്ച് എനിക്കു ഭയപ്പെടേണ്ടതായിട്ടില്ലല്ലോ.
പ്രിയപ്പെട്ട തിരുമേനീ, ഞാന്‍ ഒരു പാവമാണ്, പട്ടിണിക്കാരനാണ്, ഒരു കുടുംബത്തിന്റെ ഭാരം കരുത്തറ്റ ചുമലുകളില്‍ താങ്ങിക്കൊണ്ട് ജീവിതവുമായി മല്ലടിക്കുന്ന ഒരു ഹതഭാഗ്യനാണ്. ശ്രമിച്ചാല്‍ എനിക്കിവിടെ, ആലുവായില്‍, അലൂമിനിയം ഫാക്ടറിയിലോ മറ്റോ പത്തു മുപ്പതുരൂപാ ശമ്പളത്തില്‍ ഒരു ഗുമസ്ഥന്റെ പണി കരസ്ഥമാക്കാന്‍ സാധിക്കും. പക്ഷെ, തിരുമേനി തന്നെ ദയവുചെയ്‌ത് ഒന്നാലോചിച്ചുനോക്കൂ! എനിക്കെന്തു മേല്‍ഗതിയാണ് അതില്‍ നിന്നും ഉണ്ടാവുക? നിത്യദാരിദ്ര്യത്തില്‍ നീറിനീറി ജീവിതം നശിപ്പിക്കയല്ലാതെ എനിക്കെന്തു പോംവഴിയാണുണ്ടാവുക? ഈ ചിന്തയാണ്, ഗവേഷണവിദ്യാര്‍ത്ഥിയാകുവാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.
പ്രിയപ്പെട്ട തിരുമേനീ, തിരുമേനിക്കുതന്നെ എന്റെ സ്ഥിതിഗതികള്‍ അറിയാമല്ലോ. മഹാമതികളും ഉദാരമനസ്‌കരുമായ പലരുടേയും സഹായസഹകരണങ്ങള്‍കൊണ്ടു മാത്രമാണ് എനിക്ക് എന്റെ കലാശാലാവിദ്യാഭ്യാസം ഈ നിലയിലെങ്കിലും പരിപൂര്‍ണ്ണമാക്കാന്‍ സാധിച്ചത്. ക്ലാസ്സുകിട്ടാഞ്ഞതില്‍ എനിക്കു ലേശംപോലും കുണ്‌ഠിതമില്ല. കാരണം കലാശാലാവിദ്യാഭ്യാസം പോലും ഞാന്‍ സ്വപ്‌നം കണ്ടിരുന്ന ഒന്നല്ല എന്നതാണ്. ഈശ്വരന്റെ അനുഗ്രഹവും, ഭവാദൃശന്മാരായ ഗുരുജനങ്ങളില്‍ നിന്നും സിദ്ധിച്ചിട്ടുള്ള ആ `ഗുരുത്വ'വുമാണ് എനിക്ക് താങ്ങും തണലുമായിത്തീര്‍ന്നിട്ടുള്ളത്. കിട്ടുന്നതുകൊണ്ട് സന്തോഷിക്കുക, കിട്ടാത്തതിനെക്കുറിച്ച് കുണ്‌ഠിതപ്പെടാതിരിക്കുക' ഈ മുദ്രാവാക്യത്തോടുകൂടിയാണ് ഞാന്‍ എന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. എത്ര കനത്ത വിഷാദാത്മകത്വവും എന്നെ അടിപ്പെടുത്തുകയില്ല; എത്ര കറുത്തിരുണ്ട കാര്‍മേഘത്തിലും ഒരു നേരിയ രജതരേഖയെങ്കിലും കണ്ടേയ്‌ക്കാമെന്ന വിശ്വാസം എനിക്കുണ്ട്. അതില്ലായിരുന്നെങ്കില്‍ മി. രാഘവന്‍പിള്ളയ്‌ക്കു മുന്‍പുതന്നെ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു.
ഈ ചുരുങ്ങിയ ജീവിതകാലത്തിനുള്ളില്‍ ഞാന്‍ അനുഭവിക്കാത്ത സങ്കടമില്ല. ഞാന്‍ ഏകാന്തമായി കൂരിരുട്ടത്തിരുന്ന് എത്രയെത്ര രാത്രികളില്‍ ഉള്ളുപൊട്ടിക്കരഞ്ഞിട്ടുണ്ടെന്നു തിരുമേനിക്കറിയാമോ? സര്‍വ്വേശ്വരന്റെ പാദങ്ങളില്‍ സമര്‍പ്പിക്കട്ടെ ആ ബാഷ്‌പബിന്ദുക്കള്‍ ഒന്നുംതന്നെ വിഫലമായിട്ടില്ല. മനുഷ്യനെ എനിക്കു ഭയമില്ല; പക്ഷെ ഈശ്വരനെ ഞാന്‍ ഭയപ്പെടുന്നു. ആ മഹാപരീക്ഷകന്റെ മുമ്പില്‍ ഈ ലോകത്തിലുള്ള സകലരും ഒന്നുപോലെ പരീക്ഷ്യന്മാര്‍ മാത്രമായിരിക്കുമെന്നും എനിക്കറിയാം, അവിടെ എനിക്കു തലകുനിക്കേണ്ടി വരികയില്ല.
പ്രിയപ്പെട്ട തിരുമേനീ, നാം എല്ലാവരും വെറും പുഴുക്കള്‍ മാത്രമാണ്! കാലത്തിന്റെ നേര്‍ത്ത ഊത്തുമതി. ബലിഷ്‌ഠരെന്നഹങ്കരിച്ചു തലപൊക്കിനില്‍ക്കുന്ന നമ്മെ ദയനീയമാംവിധം നിലംപതിപ്പിക്കാന്‍! വ്യക്തികളുടെ കഥയെടുക്കുന്നതെന്തിന്? മഹാസാമ്രാജ്യങ്ങളെത്തന്നെ നോക്കൂ! ചരിത്രാദ്ധ്യായങ്ങളില്‍ക്കൂടി കണ്ണോടിക്കുമ്പോള്‍ ലോകൈകവീരന്മാരെന്നഭിമാനിച്ചഹങ്കരിച്ചിരുന്ന മഹാരഥന്മാരായ എത്രയെത്ര ഏകച്ഛത്രാധിപതികളുടെ തലയോടുകളാണ് `വിധി' കാല്‍കൊണ്ടു തട്ടി കന്ദുകക്രീഡ നടത്തുന്നതായി നാം കാണുന്നത്! അവര്‍ ജീവിച്ചിരുന്ന കാലത്ത്, അവരുടെ സൗഭാഗ്യം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയകാലത്ത്, അവരുടെ പരിസരം കിടുകിടുത്തിരിക്കാം. എന്നാല്‍ ഇന്നോ?
പ്രിയപ്പെട്ട തിരുമേനീ, ഒന്നാലോചിച്ചുനോക്കൂ! നാം എല്ലാവരും ഒന്നുപോലെ വെറും മിഥ്യാഭിമാനത്തിനധീനരായി ജീവിക്കുന്നവരല്ലേ? നാം വലിയ പണ്ഡിതന്മാരെന്നു, സമര്‍ത്ഥന്മാരെന്നു, അഭിമാനിക്കുന്നു! എന്നാല്‍ നമ്മുടെ പാണ്ഡിത്യത്തെ, നമ്മുടെ സാമര്‍ത്ഥ്യത്തെ യഥാര്‍ത്ഥമായി നാംതന്നെ ഒന്നളന്നുനോക്കുവാന്‍ തുനിഞ്ഞാല്‍, മനസ്സാക്ഷിയുടെ കഴുത്ത് ഞെക്കുവാന്‍ നമ്മുടെ കൈ വിറയ്‌ക്കാതിരിക്കുകയാണെങ്കില്‍, നമിക്കു വല്ല അഭിമാനത്തിനും വഴിയുണ്ടോ? ഇല്ല. ഒരിക്കലുമില്ല. എല്ലാം തികഞ്ഞവരായി ലോകത്തില്‍ ആരുമില്ല. എന്നെക്കാള്‍ പഠിപ്പുകുറഞ്ഞ ഒരുവന്റെ മുമ്പില്‍ ഞാന്‍ പണ്ഡിതനാണ്. എന്നെക്കാള്‍ പണ്ഡിതനായ ഒരുവനെ സമീപിക്കുമ്പോള്‍ എനിക്കു തലകുനിക്കേണ്ടി വരുന്നു. അതേ പണ്ഡിതന്‍തന്നെ അതിനേക്കാള്‍ വലിയ ഒരു പണ്ഡിതന്റെ മുമ്പില്‍ ബദ്ധാഞ്‌ജലിയായി നിലകൊള്ളുന്നു. എനിക്കൊരു പ്രത്യേകമണ്ഡലത്തില്‍ വിജയപതാക പാറിക്കാന്‍ സാധിച്ചേക്കാം: മറ്റൊരാള്‍ക്കു മറ്റൊരു മണ്ഡലത്തിലായിരിക്കാം. ഞാന്‍ അതിവിദഗ്‌ദ്ധനെന്നു പ്രശംസയ്‌ക്കു പാത്രീഭൂതനായിച്ചമയുന്ന ഒരു മേഖലയില്‍, മറ്റൊരാള്‍ മങ്ങിപ്പോകുന്നു; അയാളുടെ പ്രവര്‍ത്തനമേഖലയെ സമീപിക്കുമ്പോള്‍ ഞാന്‍ മങ്ങിപ്പോകുന്നു. അത്രമാത്രം.
മലയാളം ഓണേഴ്‌സിനു ക്ലാസ്സ് കിട്ടിയില്ല എന്നുള്ളതു പോകട്ടെ; ഞാന്‍ അതില്‍ തോറ്റുപോയി എന്നുതന്നെ വിചാരിക്കുക.
ഒരുപക്ഷെ എനിക്കു ചിരട്ടയെടുത്ത് പിച്ചതെണ്ടുവാനായിരിക്കും ഈശ്വരന്‍ വിധിച്ചിട്ടുള്ളത്. അങ്ങിനെവന്നാലും ഞാന്‍ ഈശ്വരനെ നിന്ദിക്കയില്ല. പക്ഷെ മനുഷ്യന്റെ അഹങ്കാരത്തിനു മുമ്പില്‍ ഞാന്‍ അന്നും വഴങ്ങിക്കൊടുക്കുകയില്ല കഷ്ടം! മനുഷ്യന്‍! മൂക്കൊന്നുവിയര്‍ത്താല്‍ മലര്‍ന്നടിയുന്ന മനുഷ്യന്‍! അവന്റെ സൗഭാഗ്യസോപാനം എത്രകാലത്തേയ്‌ക്ക്! അവന്റെ അധികാരഗര്‍വ്വം എത്ര കാലത്തേയ്‌ക്ക്!
പ്രിയപ്പെട്ട തിരുമേനീ, അങ്ങ് ഉദാരമതിയും മഹാമനസ്‌കനുമാണെന്ന് എനിക്കു നിശ്ചയമുണ്ട്. അതുകൊണ്ടാണ് ഞാന്‍ അങ്ങേയ്‌ക്കിങ്ങനെ തുറന്ന കത്തെഴുതുന്നത്. അങ്ങ് ഈ കത്ത് നശിപ്പിക്കരുത്. ഈ കത്തിന്റെ ഒരുപ്രതി ഞാനും സൂക്ഷിക്കുന്നുണ്ട്. അങ്ങയുടെ ഔദാര്യസാഗരത്തില്‍ നിന്നും ഒരു ചെറുബിന്ദുവിനു വേണ്ടിയുള്ള വിനീതമായ ഒരഭ്യര്‍ത്ഥനയാണീ കത്ത് എന്ന് അവിടുന്നറിഞ്ഞാല്‍ക്കൊള്ളാം. അങ്ങ് ഒരു സാഹിത്യകാരനാണ്. എന്റെ എളിയ നിലയില്‍ ഞാനും ആ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരാള്‍തന്നെ. ഈ ബന്ധത്തിനുപുറമേ പരമപാവനമായ ഗുരുശിഷ്യബന്ധവും നാം തമ്മിലുണ്ട്. ആ പവിത്രവും സുദൃഢവുമായ ബന്ധത്തെ ആധാരമാക്കിയാണ് ഞാന്‍ ഈ അഭ്യര്‍ത്ഥനയുമായി അങ്ങയെ സമീപിക്കുന്നത്. അങ്ങ് എന്നെ സഹായിക്കണം. സര്‍വ്വപ്രകാരത്തിലും സാധുവായ എന്നെ അങ്ങ് സഹായിക്കണം!
എന്റെപേരില്‍ തിരുമേനിക്ക് അല്‌പം ഒരസുഖമുണ്ടെന്ന് എനിക്കറിയാം. എന്നോട് ചിലര്‍ അത് പറഞ്ഞിട്ടുണ്ട്. എന്നാല്‍ തിരുമേനിക്കങ്ങിനെ തോന്നാന്‍ വഴിയില്ലെന്നായിരുന്നു എന്റെ വിശ്വാസം; ഞാന്‍ അവരോടെല്ലാം പറഞ്ഞിട്ടുള്ളതും അതുതന്നെയാണ്. `വാസവദത്ത'യെന്ന അങ്ങയുടെ നാടകത്തിലെ `ഉപഗുപ്‌ത'ന്റെ ഭാഗം ഞാന്‍ അഭിനയിക്കണമെന്ന് തിരുമേനി എന്നോടാവശ്യപ്പെടുകയുണ്ടായി. ഞാന്‍ അങ്ങിനെ സമ്മതിക്കുകയും ചെയ്‌തു. എന്നാല്‍ എനിക്ക് ഉടന്‍ തന്നെ ഇടപ്പള്ളിയിലേയ്‌ക്ക് പോരേണ്ടി വന്നു. അക്കാര്യം ഓര്‍ക്കാതെയാണ് ഞാന്‍ അന്ന് എടുത്തുകൊള്ളാമെന്നേറ്റത്. എന്റെ അമ്മൂമ്മ മരിച്ചിട്ട് ആദ്യം വരുന്ന ശ്രാദ്ധമായിരുന്നു. ആ കര്‍മ്മനിര്‍വഹണത്തിന് ഞാനില്ലാതെ തരമില്ല. ആ പ്രിയപ്പെട്ട മഹാമതി ഇല്ലായിരുന്നു എങ്കില്‍ ചങ്ങമ്പുഴ കൃഷ്‌ണപിള്ള എന്ന പേര്‍ ഇന്നു ലോകം അറികയില്ലായിരുന്നു. അവരുടെ സാമര്‍ത്ഥ്യവും പ്രയത്‌നവും മാത്രമാണ് മൂന്നുപ്രാവശ്യം ലേലത്തിനിട്ട `ചങ്ങമ്പുഴ'ത്തറവാടിനെ വീണ്ടെടുത്തത്.
`ചങ്ങമ്പുഴത്തറവാട് ഒരു പ്രഭുകുടുംബമായിരുന്നു. ഏതാണ്ടിരുപത് കൊല്ലത്തിനു മുമ്പുവരെ വമ്പിച്ച സമ്പത്തു ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ പിടിപ്പില്ലാത്ത കാരണവന്മാര്‍, കാമഭ്രാന്തുമൂലം അവരുടെ പ്രഗത്ഭകളായ അവരുടെ താല്‍ക്കാലിക പ്രണയിനിമാരുടെ മുമ്പില്‍ കാണിക്കയര്‍പ്പിച്ച് സര്‍വ്വവും നശിപ്പിക്കയാണുണ്ടായത്. കൊച്ചിയും കോഴിക്കോടും തമ്മില്‍ തുടര്‍ച്ചയായി ഏറെക്കാലം നീണ്ടുനിന്ന യുദ്ധത്തില്‍ `ഇടപ്പള്ളി' രാജാവ് സാമൂതിരിയുടെ സഹായിയായിരുന്നു എന്നു തിരുമേനിക്കറിയാമല്ലോ. എന്റെ പൂര്‍വ്വികരായ മാതുലന്മാരില്‍ ഒരാളായ `മാര്‍ത്താണ്ഡപ്പണിക്കരായിയിരുന്നു ഇടപ്പള്ളി രാജാവിന്റെ പടനായകന്‍, പോര്‍ട്ടഗീസുകാരും, ഡച്ചുകാരും മറ്റുമായി നേരിടേണ്ടിവന്ന യുദ്ധങ്ങളില്‍ അദ്ദേഹം സധീരം പോരാടി വിജയം നേടിയിട്ടുണ്ട്. സംപ്രീതനായ തമ്പുരാന്‍ അദ്ദേഹത്തിന്റെ യുദ്ധവൈദഗ്‌ദ്ധ്യത്തിനു സമ്മാനമായി അനേകം പുരയിടങ്ങളും നിലങ്ങളും കരം ഒഴിവായി അദ്ദേഹത്തിനു വിട്ടുകൊടുത്തു.
ഞാനും മരിക്കും, തിരുമേനിയും മരിക്കും, നാം ആരും ചിരഞ്‌ജീവികളല്ല എന്നും അവിടന്നു കലാശാലാ പ്രഫസറും ഞാന്‍ ഗവേഷണാനുവാദാഭ്യര്‍ത്ഥിയുമായി നിലനില്‍ക്കുന്നതുമല്ലോ. ഈ സ്ഥിതിയെല്ലാം മാറിപ്പോകും. ഈ ചുരുങ്ങിയ ജീവിതകാലം നാം എന്തിനു തെറ്റിദ്ധാരണകളെക്കൊണ്ടും പരിഭവങ്ങളെക്കൊണ്ടും കരിപിടിപ്പിക്കുന്നു? തിരുമേനിയെ ആരാധിക്കുന്ന ഒരുവനാണു ഞാന്‍. തിരുമേനിയും ഉള്ളൂരും തമ്മില്‍ `മലയാളരാജ്യ'ത്തില്‍ നടന്ന വാദപ്രതിവാദകോലാഹലങ്ങളാണ് ആദ്യമായി എന്നെ തിരുമേനിയുടെ ആരാധകനാക്കിയത്. അന്നു ഞാനൊരു കലാശാലാ വിദ്യാര്‍ത്ഥിയായിരുന്നില്ല. ഇവിടെ വായനശാലയില്‍ ഞാന്‍ തിരുമേനിയുടെ ഭാഗംപിടിച്ച് എത്ര പടവെട്ടിയിട്ടുണ്ടെന്നു തിരുമേനിക്കറിയാമോ? ആ ആരാധന മാത്രമാണ് 1110 കന്നിമാസം 24ാം നു ആര്‍ട്ട്‌സ് കോളേജില്‍ വന്നു എന്റെ ആദ്യത്തെ കൃതിയായ ബാഷ്‌പാഞ്‌ജലി അവിടേയയ്‌ക്കു സംഭാവന തരുവാന്‍ എന്നെ പ്രേരിപ്പിച്ചത്. തിരുമേനി ഒന്ന് തിരക്കിനോക്കൂ. എന്റെ കൃതികള്‍ പാരിതോഷികമായി എത്രപേര്‍ക്ക് കൊടുത്തിട്ടുണ്ടെന്ന്! ഉള്ളൂര്‍, വള്ളത്തോള്‍ തുടങ്ങിയ മഹാകവികള്‍ക്കുപോലും `ചങ്ങമ്പുഴ' പാരിതോഷികം കൊടുക്കാറില്ല. എന്റെ `സങ്കല്‌പകാന്തി'ക്ക് ഉള്ളൂരിനെക്കൊണ്ട് അവതാരിക എഴുതിച്ചതുതന്നെ മറ്റുചില സുഹൃത്തുക്കളുടെ നിര്‍ബന്ധംകൊണ്ടു മാത്രമാണ്.
വളരെക്കൊല്ലങ്ങള്‍ക്കു മുമ്പുതന്നെ ഞാന്‍ അങ്ങയെ സ്‌നേഹിച്ചുതുടങ്ങി. ആരാധിച്ചുതുടങ്ങി.
സാമാന്യത്തിലധികം ദീര്‍ഘിച്ചുപോയ ഈ കത്ത് ഇനിയെങ്കിലും അവസാനിപ്പിക്കട്ടെ. അങ്ങയ്‌ക്കു എന്റെ പേരില്‍ കനിവുള്ളപക്ഷം എനിക്ക് കഴിവുള്ള സഹായങ്ങള്‍ ചെയ്‌തുതന്നാല്‍ കൊള്ളാം. മറുപടി ഏതായാലും അയച്ചുതരണമെന്നപേക്ഷ.
തിരുമേനിക്കു സമര്‍പ്പിച്ചിട്ടുള്ള പുസ്‌തകം `മംഗളോദയ'ക്കാര്‍ അച്ചടിച്ചു തുടങ്ങി. കടലാസിന്റെ വിലയും കിട്ടാനുള്ള വിഷമവുംകൊണ്ട് കാലതാമസം നേരിടുന്നു. ഈയിടെ പ്രസിദ്ധീകരിച്ച മറ്റൊരു പുസ്‌തകം `പാരിതോഷിക'മായി അയയ്‌ക്കുന്നു.
സദയം സ്വീകരിക്കണേ! അറിവില്ലായ്‌മയാല്‍ എന്തെങ്കിലും ഞാന്‍ പരുഷമായി പറഞ്ഞുപോയിട്ടുണ്ടെങ്കില്‍ മാപ്പുതരണേ! ഞാന്‍ തിരുമേനിയുടെ ശിഷ്യനല്ലേ? ഗുരുദേവനോട്, അതും രാജവംശത്തില്‍പ്പെട്ട സംസ്‌കാരസമ്പന്നനായ വിശാലഹൃദയനോട്, രാജഭക്തനായ ഒരു വിനീതശിഷ്യന് എന്തും തുറന്നുപറയാമെന്ന വിശ്വാസത്തോടെയാണിതെഴുതുന്നത്. ഈ കത്ത് നശിപ്പിക്കരുതെന്ന് ഒരിക്കല്‍ക്കൂടി അപേക്ഷിച്ചുകൊണ്ട്,
ഭക്തിസ്‌നേഹബഹുമാനപൂര്‍വ്വം,
വിനീതശിഷ്യന്‍,
ചങ്ങമ്പുഴ (ഒപ്പ്)
A Malayalam Monthly
Devoted To Art, Literature and Science
Ref. No Trichur, 09-09-1120
My Dear Guptan,
കത്തുകിട്ടി. വളരെ സന്തോഷിക്കുന്നു. മദ്ധ്യാഹ്നസമയത്തു കണ്ട ആ അത്ഭുതസ്വപ്‌നം എനിക്കു നന്നെ പിടിച്ചു. ഒന്നാംതരം ഒരു Symbol ആണത്. ഒരു നല്ല കവിത എഴുതുവാനുള്ള theme ആണത്.
താങ്കളുടെ കത്ത് കിട്ടുന്നതിന് മുമ്പ് തന്നെ ഞാന്‍ നിശ്ചയിച്ചിരുന്നതാണ് `പുസ്‌തകനിരൂപണ'ത്തെ സംബന്ധിച്ച സംഗതി. മാസികയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ചടുത്തോളം എനിക്കാണ് കൂടുതല്‍ ചുമതലയുള്ളത്. താങ്കളെ ഞാന്‍ കാലേ തന്നെ ഉദ്ദേശിച്ചിരുന്നു. എന്റെ അഭിപ്രായം ഞാന്‍ മാസിക ഉടമസ്ഥനെ (A.K.T.K.M. Vasudevan Nambuthiripad) അറിയിക്കുകയും അദ്ദേഹം അതിനെ സസന്തോഷം സ്വാഗതം ചെയ്യുകയും ചെയ്‌തു. താങ്കളെ കൂടാതെ മി. ഏ ബാലകൃഷ്‌ണപിള്ള എം.പി.പാള്‍, കുറ്റിപ്പുഴ, ഇടപ്പള്ളി സി. നാരായണപിള്ള, പാറാ; ഉറു; തരകന്‍; എം. എസ്. ദേവദാസ്; കുട്ടിക്കൂഷ്‌ണമാരാര്‍ എന്നിവരെക്കൂടി പുസ്‌തകനിരൂപണത്തിലേയ്‌ക്കായി ക്ഷണിച്ചിട്ടുണ്ട്. ഔദ്യോഗികമായി അയച്ചിരുന്ന കത്തു കിട്ടിയിരിക്കുമല്ലോ.
ഒരു നല്ല നോവല്‍ തര്‍ജ്ജമ ചെയ്‌താല്‍ കൊള്ളാം. International Literatureല്‍പ്പെട്ട ഏറ്റവും നല്ല പുസ്‌തകങ്ങള്‍ തര്‍ജ്ജമ ചെയ്യിപ്പിച്ചു പ്രസിദ്ധപ്പെടുത്തുവാന്‍ ഞങ്ങള്‍ (മംഗളോദയം പ്രസ്സ്) ഉദ്ദേശിക്കുന്നു. ഞാനും മി. മുണ്ടശ്ശേരിയും മാത്രമാണ് അതിന്റെ ചുമതലക്കാര്‍. പുസ്‌തകം തര്‍ജ്ജമ ചെയ്യുന്നപക്ഷം entire copy right പ്രസ്സിനു കൊടുക്കേണ്ടി വരും. ഓരോ സാഹിത്യത്തെക്കുറിച്ചും ഞാനും മി. മുണ്ടശ്ശേരിയും ഓരോ നിരൂപണഗ്രന്ഥങ്ങള്‍ പുറത്തുകൊണ്ടുവരുന്നതാണ്. ഈ ശാഖയില്‍ ആദ്യമായി പുറത്തുവരുന്ന പുസ്‌തകങ്ങള്‍ മി. ഏ. ബാലകൃഷ്‌ണപിള്ളയുടെ `റഷ്യന്‍ ചെറുകഥകള്‍' എന്ന പുസ്‌തകവും എന്റെ `റഷ്യന്‍ സാഹിത്യം' എന്ന പുസ്‌തകവുമാണ്.
താങ്കള്‍ ഇതുവരെ എഴുതിയിട്ടുള്ള ലേഖനങ്ങള്‍ എല്ലാം ചേര്‍ത്തു പുസ്‌തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തരുതോ? ഇവിടെ അതു ശരിപ്പെടുത്താം.
താങ്കള്‍ ഇവിടെ വന്ന അവസരത്തില്‍ കാണാന്‍ സാധിക്കാത്തതില്‍ കുണ്‌ഠിതപ്പെടുന്നു. ഒരുദിവസം പോറ്റിയെകണ്ടു. പുളിമാനയുടെ കത്തുകള്‍ വരാറുണ്ട്.
`മദിരോത്സവം' അച്ചടിതുടങ്ങി. അവതാരികയ്‌ക്കു അമാന്തം നേരിടുന്നതുകൊണ്ട് പ്രസിദ്ധീകരണവും അമാന്തിക്കുമെന്നേയുള്ളൂ.
`മംഗളോദയത്തിന്റെ ആവശ്യമുള്ള ലക്കങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഏര്‍പ്പാടു ചെയ്‌തിട്ടുണ്ട്. ഇവിടെ കിട്ടാവുന്ന ലക്കങ്ങളെല്ലാം അയച്ചുതരാം. വിമര്‍ശനവിഷയത്തില്‍ താങ്കള്‍ കൂടുതല്‍ മനസ്സിരുത്തണമെന്നും കൂടുതല്‍ വായിക്കണമെന്നും എനിക്കപേക്ഷയുണ്ട്. കാരണം, താങ്കളില്‍ ഒരു സാങ്‌ബോവിനേയും വാള്‍ട്ടര്‍പേറ്ററിനെയും ഒരുമിച്ചു ഞാന്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നുണ്ട്. നല്ല നല്ല സാഹിത്യനിരൂപണങ്ങള്‍ നമുക്ക് ധാരാളം ഉണ്ടാകേണ്ടിയിരിക്കുന്നു. മി. മുണ്ടശ്ശേരിക്കു എന്തെല്ലാം ദോഷമിരുന്നാലും നിരൂപണത്തെ ഒരു കലയാക്കി മാറ്റുവാന്‍ ആദ്യമായി മലയാളത്തില്‍ ശ്രമിച്ച ആള്‍ അദ്ദേഹമാണെന്നുള്ളതില്‍ സംശയമില്ല. ആ പദ്ധതിയെ കൂടുതല്‍ ആകര്‍ഷകവും വിശാലവും, സ്വതന്ത്രവും, ദോഷരഹിതവുമാക്കിത്തീര്‍ക്കുവാന്‍ താങ്കള്‍ക്ക് കഴിവുണ്ട്. ഒരു നിമിഷംപോലും പാഴാക്കാതെ പരിശ്രമിച്ചുകൊണ്ടേയിരിക്കണം. ശേഷം അടുത്തതില്‍.
എന്നു സ്‌നേഹപൂര്‍വ്വം,
സ്വ. ചങ്ങമ്പുഴ (ഒപ്പ്)
ചങ്ങമ്പുഴ തന്റെ ബാല്യകാല സഖിയായ കൊച്ചമ്മുവിന്, വയലറ്റു മഷികൊണ്ട് കുനുകുനുന്നനെയുള്ള ചെറിയ അക്ഷരത്തില്‍ എഴുതിയ കത്ത്.
ആത്മകഥയായ തുടിക്കുന്ന താളിലും, ബാഷ്‌പാഞ്‌ജലിയിലെ `പ്രതിജ്ഞ' എന്ന കവിതയിലും ചങ്ങമ്പുഴയുടെ ഏകനോവലായ കളിത്തോഴിയിലെ നായികാസങ്കല്‍പ്പത്തിലും കൊച്ചമ്മുവിന്റെ സാന്നിദ്ധ്യം ഉണ്ട്.
സാധാരണബുക്കിന്റെ രണ്ടു കടലാസ്സില്‍ നാലുപുറങ്ങളിലുള്ള കത്തില്‍, ഓരോ വശത്തെയും മാര്‍ജ്ജിനില്‍ ഒപ്പിട്ടിട്ടുണ്ട്. കത്തിനടിയില്‍ ഒന്നുംതന്നെ രേഖപ്പെടുത്തിയിട്ടില്ല.
സമ്പാദകന്‍ - പി.ഐ.ഇഗ്നേഷ്യസ്.
30-03-1114
Thuresday
പ്രിയപ്പെട്ട കൊച്ചമ്മു,
ഇന്നലെ രാത്രി രഹസ്യമായി ഞാന്‍ നിന്റെ ഭവനത്തില്‍ വന്നു. ജനല്‍ പഴുതിലൂടെ അകത്തു കടന്നു. നാലുമണിക്കൂറിലധികം നീയുമായി വിവിധ നര്‍മ്മസല്ലാപങ്ങളില്‍ മുഴുകി കഴിച്ചുകൂട്ടി. നിന്റെ ഓരോ വാക്കും മാധുര്യം വിതുമ്പി തുളുമ്പുന്നവയായിരുന്നു. എന്റെ ഹൃദയത്തെ സംഗീതത്തില്‍ പൊതിയുന്ന ഏതോ ഒരത്ഭുതശക്തി നിന്റെ കൈവശമുണ്ടെന്നാണ് എന്റെ ദൃഢമായ വിശ്വാസം. നീയുമായിട്ടുള്ള സാഹചര്യം ക്ലേശഭൂയിഷ്‌ഠമായ എന്റെ ജീവിതത്തെ ഇടവിടാതിങ്ങനെ തളിര്‍ ചൂടിക്കാറുണ്ട്. നാം ഇങ്ങനെ അടുത്തുപെരുമാറിത്തുടങ്ങിയിട്ടിപ്പോള്‍ ആറു സംവത്സരത്തിലധികമായി. ഇതിനിടയില്‍ പലേ പരിവര്‍ത്തനങ്ങളും എന്റെ ജീവിതഗതിക്കുണ്ടായിട്ടുണ്ടെങ്കിലും നിന്നെ നിശ്ശേഷം വിസ്‌മരിക്കുവാന്‍ മാത്രം എനിക്കു കഴിഞ്ഞിട്ടില്ല. ഞാന്‍ അതിന് മനപൂര്‍വ്വം പരിശ്രമിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം മുരടിച്ച പരാജയം മാത്രമാണെനിക്കനുഭവം. നിന്റെ ഭാവിജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കത്യന്തം പരിതാപമുണ്ട്. ഞാന്‍ അധികനാള്‍ താമസിയാതെ ഒരു വിവാഹിതനായിത്തീരും. ആ വസ്‌തുത പലപ്പോഴും ഞാന്‍ നിന്നെ ധരിപ്പിക്കുകയുണ്ടായി. അപ്പോഴെല്ലാം നീയതിന് ഹൃദയപൂര്‍വ്വകം സമ്മതംമൂളുകയാണ് ചെയ്‌തിട്ടുള്ളതെങ്കിലും നീ ആ അവസരങ്ങളില്‍ പ്രകടിപ്പിക്കുന്ന പുഞ്ചിരികളുടെ പിന്നില്‍ ലോകത്തെ നടുങ്ങിപ്പിക്കുന്ന ഓരോ നെടുവീര്‍പ്പുകള്‍ എന്റെ ദൃഷ്ടികളില്‍പെടാതിരുന്നിട്ടില്ല. ഞാന്‍ നിന്നെ വേര്‍പിരിഞ്ഞുപോകുമെന്ന ചിന്ത നിന്റെ ആത്മാവിനെ വല്ലാതെ വേദനിപ്പിക്കും എന്നെനിക്കറിയാം. പക്ഷെ എന്തുചെയ്യട്ടെ. നിന്നെ കൈക്കൊള്ളുന്നതില്‍ ഇന്നും എനിക്കു പൂര്‍ണ്ണസമ്മതം തന്നെയാണ്. പക്ഷെ എന്റെ പ്രിയപ്പെട്ട മാതാവിനോടുള്ള ശപഥം എനിക്കു പാലിക്കാതെ നിവൃത്തിയില്ല. നിന്നെ ഞാന്‍ എന്റെ ജീവനേക്കാള്‍ സ്‌നേഹിക്കുന്നു. പക്ഷേ ആ സാധുമാതാവിനെ ഞാന്‍ ആരാധിക്കുന്നു.
നിന്റെ ഭവനത്തില്‍ നിന്നു മടങ്ങിയെത്തി ഏതാണ്ട് രണ്ടുമണിക്കൂറോളം ഉറങ്ങുകയുണ്ടായി. അതിനുശേഷം ശ്രീദേവിമന്ദിരത്തില്‍ പോയി അപ്പുക്കുട്ടനെ പഠിപ്പിച്ചു. 9 മണിക്കു ട്യൂട്ടോറിയല്‍ കോളേജില്‍ വന്നു. ഇംഗ്ലീഷും ചരിത്രവും പഠിപ്പിച്ചു. അനന്തരം വീട്ടിലേയ്‌ക്കു പോന്നു. വഴിക്കുവെച്ചു നിന്നെ കണ്ടു. നീ പൂമുഖത്തു മന്ദഹാസംതൂകിക്കൊണ്ടു നില്‌ക്കുകയായിരുന്നു. ഞാന്‍ നിനക്കൊരു ചുംബനം വലിച്ചെറിഞ്ഞുതന്നു. കുണുങ്ങിക്കുണുങ്ങി അകത്തേയ്‌ക്കോടിപ്പോയി.
കുളികഴിഞ്ഞ് ചേലക്കുളത്ത് മനയ്‌ക്കല്‍ വന്നു. നമ്പ്യാര്‍സാറും ഒരുമിച്ച് സദ്യ ഉണ്ടു. അതിനുശേഷം കിടന്നുറങ്ങി. മൂന്നുമണിക്കു നമ്പ്യാര്‍ വന്നുവിളിച്ചു. ഞങ്ങള്‍ ഒരുമിച്ചു എറണാകുളത്തേയ്‌ക്കു നടന്നുപോയി. പലേ വിഷയങ്ങളെപ്പറ്റിയും ഞങ്ങള്‍ സംസാരിച്ചു. ടാറ്റാക്കമ്പനിയുടെ മുമ്പില്‍വെച്ചു സി. ചന്ദ്രശേഖരമേനോന്‍ ബി.എസ് സിയെ കണ്ടുമുട്ടി. തന്നെ അവിടെ നിയമിച്ചിരിക്കുന്ന വിവരം ആ സുഹൃത്തു ഞങ്ങളെ ധരിപ്പിച്ചു. റെയില്‍വേസ്റ്റേഷനില്‍ വന്നു ഞങ്ങള്‍ രണ്ടുവഴിയായി പിരിഞ്ഞു. ഞങ്ങള്‍ Beach Road ല്‍ കൂടിയാണു പോയത്. വടക്കേപ്പാട്ടു മാധവന്‍നമ്പ്യാരെ കാണേണ്ടതായിരുന്നു ഉദ്ദേശം. മലബാര്‍ സെന്‍ട്രല്‍ ബാങ്കില്‍ ചെന്നന്വേഷിച്ചതില്‍ വടക്കോട്ടുപോയിട്ട് തിരിച്ചെത്തിയിട്ടില്ലെന്നറിഞ്ഞു. വാസുദേവന്‍ നമ്പൂതിരിയുടെ വൈദ്യശാലയില്‍ ഒരുമണിക്കൂറോളം കഴിച്ചുകൂട്ടി. അവിടെ ഇരിക്കുമ്പോള്‍ വടക്കേകോശേരിലെ രവിവര്‍മ്മന്‍ വന്നുകൂടി. തൃപ്പൂണിത്തുറ ഉത്സവത്തിന് വരേണമെന്നദ്ദേഹം ക്ഷണിച്ചു. ഏഴര മണിക്ക് എറണാകുളത്തുനിന്നു മടങ്ങി. ഇടപ്പള്ളിയില്‍വന്നു രാമകൃഷ്‌ണന്റെ പീടികയില്‍ കയറി കാപ്പികുടിച്ചു. നമ്പിയാര്‍സാര്‍ കോശേരിയിലേക്കു പോയി. ഞാന്‍ കുളിയും ഊണും കഴിഞ്ഞപ്പോള്‍ അദ്ദേഹം മടങ്ങിവന്നു. മാധവന്‍നമ്പ്യാര്‍ വന്നിട്ടുണ്ടെന്നും, വെളുപ്പിനുള്ള വണ്ടിക്കു കാസര്‍കോട്ടയ്‌ക്കു പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൃഷ്‌ണന്‍കുട്ടിമേനോന്‍ എഫ്. എല്‍ പരീക്ഷയ്‌ക്കു വിജയം നേടിയ സന്തോഷവാര്‍ത്തയും സാര്‍ എന്നെ ധരിപ്പിച്ചു. ഞങ്ങള്‍ താന്നിപ്പറമ്പിലേയ്‌ക്കു പോന്നു. അവിടെ വന്നപ്പോള്‍ ശങ്കരനാരായണനും ദാമോദരനും `കോമളവല്ലി' എന്ന നോവല്‍ വായിച്ചുകൊണ്ടിരിക്കയായിരുന്നു. മൂന്നുദിവസത്തിനു മുമ്പ് അവര്‍ സിനിമ കാണുവാന്‍ പോയതും എന്നിട്ട് തൃപ്പൂണിത്തുറയ്‌ക്ക് ഉദ്യോഗം അന്വേഷിച്ചു പോയതാണെന്ന കളവ് പറഞ്ഞതും മറ്റും സൂചിപ്പിച്ചു മൂന്നു മണിക്കൂറിലധികം ശങ്കരനാരായണനെ ഗുണദോഷിച്ചു. ഞങ്ങളുടെ പ്രസംഗം ശങ്കരനാരായണന്റെ ഹൃദയത്തില്‍ തട്ടി. അദ്ദേഹം പശ്ചാത്തപിക്കുന്നുണ്ടെന്നു എനിക്കു മനസ്സിലായി. 6-ാം തീയതി തിങ്കളാഴ്‌ച Commercial Institute ല്‍ ചേരണമെന്നും അതിനു വേണ്ട പണം ഞാന്‍ തന്നുകൊള്ളാമെന്നും പറഞ്ഞു. അദ്ദേഹം അതു സമ്മതിച്ചു. ഞാന്‍ അനന്തരം ഒരു മണിക്കൂര്‍ നേരം വായിച്ചു. പിന്നീടു ഡയറി എഴുതി. മൂന്നുമണിക്ക് ഉറങ്ങാന്‍ കിടന്നു.
Edappally
Date 18-08-17
സ്‌നേഹസാന്ദ്രമായ കത്തും ഹൃദയമാധുരിയാല്‍ അനുപദം ആസ്വാദ്യമായ കവിതയും കിട്ടി. ആ ലഘുപദ്യം എന്റെ ഹൃദയത്തില്‍ ഇറക്കിവിടുന്ന വികാരവീചികളെ അതേപടി പകര്‍ത്തുവാന്‍ എന്റെ തൂലികയ്‌ക്കു കെല്‌പില്ല. ഞാന്‍ അതിനുദ്യമിക്കുന്നില്ല. പകല്‍ മുഴുവന്‍ എരിഞ്ഞാളുന്ന കൊടുംവെയിലില്‍ വിയര്‍ത്തൊലിച്ചു വീര്‍പ്പുമുട്ടി മണിക്കൂറുകളെ യുഗസദൃശം തള്ളിനീക്കിക്കൊണ്ട് ബ്രഹ്മാണ്ഡഭാണ്ഡം ഒരു തപ്‌തായഃ പിണ്ഡമായപോലെ ചമഞ്ഞുനില്‍ക്കുന്ന ഈ ഇടപ്പള്ളിയിലെ മണല്‍പ്പരപ്പില്‍ കഴിഞ്ഞുകൂടുന്ന എനിക്ക് ആകര്‍ഷകമായ ഈ സായന്തനം ശാന്തിയും അനിര്‍വചനീയമായ സന്തുഷ്ടിയും അനുഗ്രഹിച്ചരുളുന്നു. മധുരമായ കൊച്ചിന്റെ കവിത ആനന്ദാശ്രുക്കളോടെ ഞാന്‍ പേര്‍ത്തും പേര്‍ത്തും വായിച്ചു. കഴിഞ്ഞുപോയ കാലങ്ങളുടെ കനകപ്രഭ കളിയാടുന്ന ആ നിര്‍വാണമേഖലയിലേയ്‌ക്കു കണ്ണോടിക്കുമ്പോള്‍ ഞാന്‍ കാണുന്നത് അണിനിരന്നു നില്‍ക്കുന്ന ആയിരമായിരം ആനന്ദ സ്വപ്‌നങ്ങളാണ്. ജലരേഖകളെപ്പോലെ ത്രസിച്ചുമറഞ്ഞ, സാന്ധ്യരാഗംപോലെ അലിഞ്ഞുമാഞ്ഞ, ഹിമകണികളെപ്പോലെ മിന്നിപ്പൊലിഞ്ഞ അവയെ അത്യാകാംക്ഷയോടെ ഉറ്റുനോക്കുമ്പോള്‍ ഈ ഏകാന്തതയില്‍ എന്റെ കണ്‍പീലികള്‍ നനഞ്ഞുപോകുന്നു. ആനന്ദപരിപൂതങ്ങളായ ആ സുവര്‍ണ്ണവേളകള്‍ ഇങ്ങിനിവരാത്തവണ്ണം പൊലിഞ്ഞുപോയി. അവ ഇനി ഒരിക്കലും ആവര്‍ത്തിക്കപ്പെടുകയില്ല. പരുപരുത്ത ജീവിതത്തിന്റെ ശൂന്യമായ പാറപ്പുറത്തു കുഴഞ്ഞുതളരുവാന്‍ നമ്മെ വലിച്ചുകൊണ്ടുപോകുന്ന ആയസമുഷ്ടികളോടുകൂടിയ ബീഭത്സാവസരങ്ങളും, ഭയങ്കരപിശാചുക്കള്‍ ആര്‍ത്തുകൂടുന്ന ദുസ്വപ്‌നങ്ങളെ ഒരുക്കിവിടുന്ന പാതിരാകളുമാണ് ഇനി നമ്മുടെ അതിഥികള്‍! ഞാന്‍ എപ്പോഴും ഓര്‍ക്കാറുണ്ട് ആ കഴിഞ്ഞ കാലങ്ങളെ അവയെ ഓര്‍ക്കാതിരിക്കാനോ മറക്കാനോ എനിക്കു സാധ്യമല്ല. മാച്ചാലും മാച്ചാലും മാഞ്ഞുപോകാത്ത മാദകചിത്രങ്ങള്‍ നമ്മുടെ ഒന്നിച്ചുള്ള സഹവാസത്താല്‍ സാന്ദ്രമായിത്തീര്‍ന്ന ആ ചുരുങ്ങിയ കാലഘട്ടം എത്രയെത്രയാണ് ശേഖരിച്ചതെന്നോ? അവ മരവിച്ച ഭൂതത്തിന്റെ നോക്കെത്താത്ത വിശാലതയില്‍ വിലീനങ്ങളായിക്കഴിഞ്ഞെങ്കിലും നമ്മുടെ സ്‌മൃതി സിദ്ധിയുടെ ഒരു നേര്‍ത്ത ചലനം മതി അവയെ വീണ്ടും നമ്മുടെ മനോദൃഷ്ടികള്‍ക്കു മുമ്പില്‍ ആവിര്‍ഭവിപ്പിക്കാന്‍.
എനിക്കു സ്‌നേഹിതന്മാര്‍ ഈ ലോകത്തില്‍ എത്രയുണ്ടെന്നു കണക്കാക്കാന്‍ നോക്കിയാല്‍ അതിനന്തമില്ല; എനിക്ക് `സ്‌നേഹിതന്മാര്‍' ഈ ലോകത്തില്‍ എത്രയുണ്ടെന്നു കണക്കാക്കാന്‍ നോക്കിയാല്‍ അത് ആരംഭത്തില്‍നിന്നും അത്രയധികം മുന്നോട്ടുപോവുകയില്ല. എന്റെ സ്‌നേഹിതന്മാരില്‍ ഉള്‍പ്പെടുന്ന ഒരു സ്‌നേഹിതന്‍ എന്റെ കൊച്ച്. എന്റെ കൊച്ച് എന്റെ സ്‌നേഹിതനല്ല; സോദരനാണ്. വാത്സല്യമുള്ള കൊച്ചനുജനാണ്. ഒരു സ്‌നേഹിതനും എന്റെ സ്വപ്‌നങ്ങളെ ഇങ്ങനെ വര്‍ണ്ണം പിടിപ്പിക്കാറില്ല. ഒരു സ്‌നേഹിതന്റെ വിരഹത്തിലും എന്റെ ഹൃദയം ത്രസിച്ചിട്ടില്ല; കണ്‍പീലികള്‍ ജലാര്‍ദ്രങ്ങളായിച്ചമഞ്ഞിട്ടില്ല. എന്നാല്‍ എന്റെ `കൊച്ചി' നോടുള്ള വേര്‍പാട് എന്നെ അത്യന്തം വേദനിപ്പിക്കുന്നു. നാം ഒന്നിച്ച് വസിക്കുമ്പോള്‍ത്തന്നെ ഇതിനെക്കുറിച്ച് ഞാന്‍ ഊഹിച്ചിരുന്നു. എന്നല്‍ എന്റെ ഊഹത്തിനും അതീതമായ ഉല്‍ക്കടത്വമാണ് ഈ അനുഭവത്തിനുള്ളത്. ഈ ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ ഇങ്ങനെ ഒരു ശക്തിവിശേഷം നാംതമ്മില്‍ ഉണ്ടായിത്തീര്‍ന്നത് മുജ്ജന്മ ബന്ധത്താലെന്നേ ഞാന്‍ കരുതുന്നുള്ളൂ. അല്ലെങ്കില്‍ എത്ര സ്‌നേഹിതന്മാര്‍ ഉണ്ടായി എവിടെയെല്ലാം പഠിച്ചു. ആരെല്ലാമൊന്നിച്ച് എന്തെല്ലാം പ്രവര്‍ത്തിച്ചു. ആരോടെല്ലാം ഒത്തു ഒരുമിച്ചാവസിച്ചു? എന്നാല്‍ അവരില്‍ ഭൂരിഭാഗത്തിലധികംപേരെയും എന്റെ ചേതന ഓര്‍ക്കുന്നേ ഇല്ല. എന്റെ കൊച്ചിന്റെ കാപ്പിപ്പാത്രത്തില്‍ ഇതാ ഈ സമയത്തും ചായ ഇരിപ്പുണ്ട്. ഇതാ ഞാന്‍ അതു പകര്‍ന്നു കുടിക്കുകയാണ്. ചായക്കു മാധുര്യം ദ്വിഗുണീഭവിക്കുന്നു. എന്തൊ ഒരു ശക്തിവിശേഷം ആ പാത്രത്തിന് `ഇപ്പോള്‍' ഉണ്ട്. അതു ഞാന്‍ ഉടയാതെ പൊന്നുപോലെ സൂക്ഷിക്കും. അതില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കേണമെന്നു അമ്മിണിയെ ഞാന്‍ ശട്ടം കെട്ടിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് എന്റെ ഒരു സ്‌നേഹിതന്റെ കത്തു വന്നിരുന്നു. അതില്‍ പറഞ്ഞിട്ടുള്ള ഏതാനും വരികള്‍ ഇവിടെ പകര്‍ത്തുന്നു: ഞാന്‍ ഇന്നലെ Dr. Godavarma (ഡാ.ഗോദവര്‍മ്മ) യുടെ ഭവനത്തില്‍ ഒരു കാര്യത്തിനായി പോവുകയുണ്ടായി. നിങ്ങളുടെ നാലു Papers അദ്ദേഹത്തിനുണ്ട്. First Valuation ആണ്. എല്ലാം നോക്കി അയച്ചുകഴിഞ്ഞു. നിങ്ങളെക്കുറിച്ച് ഞാന്‍ ചോദിച്ചു. കവിതയിലും പ്രസംഗത്തിലും ചങ്ങമ്പുഴ കാണിക്കുന്ന അത്ഭുതാവഹവും അസൂയാകരവുമായ പാടവത്തിന്റെ സഹസ്രാംശംപോലും ഉത്തരക്കടലാസില്‍ കാണുന്നില്ല. ചിലതില്‍ minimum പോലും കിട്ടിയില്ല' എന്ന്. എന്നെ അമ്പരപ്പിക്കുന്ന പ്രസ്‌താവം. ഇത്രമാത്രം പരീക്ഷയെ സംബന്ധിച്ച് പിന്നീട് അറിവുണ്ട്.
പ്രഭാകരന്‍ ഇവിടെ എത്തി. അവിടെ നിന്നുകൊടുത്തയച്ച അതിമധുരമായ കൈതച്ചക്ക വയറുനിറയെ തിന്നു. എനിക്കു കൊടുത്തയച്ചതല്ലേ? അവകാശവാദം പറഞ്ഞ് ഞാന്‍ കൂടുതല്‍ ചെലുത്തി. അമ്മിണിയുടെ പക്കല്‍ നിന്നും കുറച്ച് മോഷ്ടിച്ചും, കുറച്ച് ബലാല്‍ക്കാരമായെടുത്തും കുറച്ച് ഇരന്നുവാങ്ങിച്ചും അങ്ങിനെ ഏറെത്തിന്നു. അതിമധുരമായ അതിന്റെ സ്വാദു മറക്കില്ല. എന്റെ കൊതി വര്‍ദ്ധിപ്പിച്ചു. ഞാന്‍ അവിടെ വരുമ്പോള്‍ `ഇലകള്‍' കൂടി പറിച്ചുതിന്നാതെ സൂക്ഷിച്ചുകൊള്ളണം, പറഞ്ഞേക്കാം.
ഇവിടെ വേറെ വിശേഷമൊന്നുമില്ല. അമ്മിണിക്കും `ശ്രീ'ക്കും സുഖംതന്നെ. അവിടേയും എല്ലാവര്‍ക്കും ക്ഷേമമെന്നു കരുതുന്നു. ശേഷം അടുത്തതില്‍. മറുപടി ഉടന്‍ അയക്കണം.
ശുഭാശംസയോടെ
സ്‌നേഹപൂര്‍വ്വം
സ്വന്തം ചങ്ങമ്പുഴ (ഒപ്പ്)
കൊച്ചേ എന്നു സംബോധന ചെയ്‌തിരിക്കുന്നത് തന്റെ സതീര്‍ത്ഥ്യനായ പി.ഐ.ഇഗ്നേഷ്യസിനെയാണ്. വീട്ടുകാര്‍ അദ്ദേഹത്തെ `കൊച്ച്' എന്നാണു വിളിക്കാറ്. ചങ്ങമ്പുഴയും അങ്ങിനെ സംബോധന ചെയ്‌തിരിക്കുന്നു.
സമ്പാദകന്‍ പി.ഐ. ഇഗ്നേഷ്യസ്
Changampuzha Krishna Pillai B.A (Hons,
EDAPPALLY (N. TRAVANCORE)
29th August '42
To hand your kind and sincere letter. Thanks. I appreciate the sentiments expressed in your note and I am grateful to you for the same. I am but a humble devotee of Muse and my literary enterprises, I know, may not escape critical attacks. But you must believe me when I say that I am not in the least offended by my critics; nor do I bear any grudge against them. Every artistic production, in case it deserves to be called by that name, is subject to open criticism and I wonder why one should be displeased with it. I am proud to say that I belong to an entirely different school and what I welcome most is but criticisms. If any literary production have any real worth in them, Iam fully confident at heart, that they will outline the blasts of critical remarks. If not, let them fade and finish as fleetingly and as inconsistently as they have bloomed forth. I know myself that they do not deserve universal or external applause.
In my opinion Mr. Kuttikrishna Marar is a good scholar and Mr. Sanjayan is a genius. Though I am not intimately attached to them I am an admirer of their original views and witty writings.
Dear Mr. Namboothiri, I am really indebted to you for your pure affection towards me and I take this Opportunity to express my feelings of gratitude and love towards you.
I wish you all happiness and a bright future.
I remain,
Changampuzha
സാഹിതീസദനം
25-08-1110
അവിടെനിന്നും അയച്ച മൂന്നുകത്തുകളും കിട്ടി. കുറച്ചുനാള്‍ ഞാന്‍ കൊച്ചമ്മയുടെ അടുത്തു ആലുവായില്‍ താമസിക്കുകയായിരുന്നു. ഇവിടെ മടങ്ങിയെത്തിയിട്ട് രണ്ടാഴ്‌ചയായി. എന്നിട്ടിതുവരെ ഒരു കത്തയക്കാഞ്ഞതെന്തെന്ന് സഹോദരന്‍ ചോദിക്കുമായിരിക്കും. പക്ഷേ, അതിന്റെ സമാധാനം എനിക്കും അറിഞ്ഞുകൂടാ ഞാന്‍ എന്തുചെയ്യട്ടെ? സഹോദരന്റെ അത്യന്തം ദയനീയമായ ആ രണ്ടാമത്തെ കത്ത് എന്റെ ഹൃദയം ധൂളീകരിച്ചുകളഞ്ഞു. അതിനൊരുമറുപടിയെഴുതുവാന്‍ - സഹോദരനെ ഒന്നു സമാധാനിപ്പിക്കുവാന്‍ - ഒരുവഴിയും കാണാതെ എന്റെ ഹൃദയം ഇത്രനാളും പ്രാണവേദനയോടെ മൗനത്തിന്റെ വിസ്‌തൃത സാമ്രജ്യത്തിലെങ്ങും ചുറ്റിപ്പറക്കുകയായിരുന്നു. എന്നിട്ടും ഇതുവരെ അതിനൊരു സമാധാനവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ ഇപ്പോഴും ഈ കത്തെഴുതുകയില്ലായിരുന്നു. പക്ഷേ, രാഘവന്‍പിള്ളയ്‌ക്കയച്ച കാര്‍ഡ് ആകസ്‌മികമായി അതിനു പ്രേരകമായിത്തീരുകയാണുചെയ്‌തത്. സഹോദരന്റെ ഹൃദയത്തില്‍ കത്തിക്കാളുന്ന ആ നിശ്ശബ്‌ദസങ്കടം സ്വയം ഒന്നു ശമിച്ചിട്ടുമാത്രമേ ഞാന്‍ എഴുത്തയയ്‌ക്കയുള്ളുവെന്നു വിചാരിച്ചിരുന്നു. പക്ഷെ, എന്റെ വികാരങ്ങള്‍ ഇപ്പോള്‍ അതിനനുവദിക്കുന്നില്ല.
സഹോദര! താങ്കളുടേയും ഉദയത്തിന്റേയും സൗഹൃദം ആദര്‍ശപരമായ ഒന്നായിട്ടാണ് ഞാന്‍ സങ്കല്‌പിച്ചിരുന്നത്. ആ നിരവദ്യസൗഹൃദത്തിന്റെ പരിമളത്തിനുചുറ്റും എന്റെ പ്രാണന്‍ അതിന്റെ പൂഞ്ചിറകുകള്‍ വിരിച്ച് സദാ ചുറ്റി പറന്നുകൊണ്ടിരുന്നു. ഒരു നിശ്ശബ്‌ദഗല്‍ഗദത്തില്‍ അതിന്റെ ആരാധനാ മന്ത്രങ്ങള്‍ കോരിച്ചൊരിഞ്ഞു. പക്ഷേ, ആകസ്‌മികമായി അതിനു നേരിട്ടുപോയവാട്ടം! - അയ്യോ! എനിക്കതോര്‍ക്കുവാന്‍ കൂടിവയ്യാ? കഷ്‌ടം! നമ്മുടെ ഉദയത്തിന്റെ മനസ്സിനെന്തുസംഭവിച്ചു? സഹോദരാ, ഇതുവാസ്‌തവമാണോ? നിങ്ങള്‍ തമ്മില്‍ എന്നെന്നേയ്‌ക്കുമായി വിട്ടുപിരിഞ്ഞുവെന്നോ? അയ്യോ! അതു സംഭവിക്കാവുന്നതാണോ? എന്റെ ചേതന മഞ്ഞുകട്ടയാക്കിത്തീര്‍ക്കുന്ന ഒരു സംഭവമാണിത്. ഞാനിതില്‍ മൗനം ഭജിക്കയല്ലാതെന്തുചെയ്യുവാനാണ്? എന്റെ ഹൃദയത്തില്‍ ഞാന്‍, താങ്കളോടുള്ള അഭേദ്യബന്ധംമൂലം ഉദയത്തിനും ഒരു സ്ഥാനം നല്‍കിയിട്ടുണ്ട്. അതിന്റെ ഉത്തരവാദിത്വം മുഴുവന്‍ താങ്കളില്‍മാത്രം സ്ഥിതി ചെയ്യുന്നതിനാല്‍ ഞാന്‍ അതില്‍ കുറ്റക്കാരനല്ലതന്നെ. ഏതായാലും ഞാന്‍ ഉദയത്തിന് ഒരു കത്തയച്ചുനോക്കട്ടെ. ദയവുചെയ്‌തു അയാളുടെ മേല്‍വിലാസം എന്നെ അറിയിക്കുക.
അയാള്‍ ഒരു ബാലികയില്‍ ഇങ്ങനെ അനുരക്തനായിത്തീര്‍ന്നിട്ടുണ്ടെന്നു സഹോദരന്‍ പറയുന്നു. എന്നുവെച്ച് അയാള്‍ താങ്കളോടുള്ള ആ പവിത്രമായ സൗഹൃദത്തെ പാടെ ബഹിഷ്‌ക്കരിക്കണമെന്നുണ്ടോ? അനുരക്തിയെക്കാള്‍ ഞാന്‍ വിലമതിക്കുന്നതും പൂജിക്കുന്നതും സൗഹൃദത്തേയാണ്. നിസ്വാര്‍ത്ഥമായ അനുരാഗം ഈ ലോകത്തില്‍ ഇന്നു കാണുന്നുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഇന്നനുഭവപ്പെടുന്ന ഏതനുരാഗത്തിന്റേയും അടിയൊഴുക്കില്‍ സ്വാര്‍ത്ഥപരവും മൃഗീയവും എത്രയും വിലക്ഷണവുമായ ഒരു വികാരം കലര്‍ന്നിരിക്കും. എന്നാല്‍ സൗഹൃദം അങ്ങിനെയല്ല. അതു നിസ്വാര്‍ത്ഥവും നിരര്‍ഘവുമാണ്. അതിന്നും ഈ ലോകത്തില്‍ അവശേഷിച്ചിട്ടുണ്ട്; സഹോദരന്‍ സമാധാനത്തോടുകൂടിയിരിക്കു! ഉദയത്തെ സഹോദരന്‍ സ്‌നേഹിക്കാന്‍ തുടങ്ങിയതും സ്‌നേഹിച്ചതും സ്‌നേഹ ത്തിനുവേണ്ടിമാത്രമാണല്ലോ. അതിനുപകരം കിട്ടിയില്ലെങ്കില്‍ നിരാശപ്പെടുവാനില്ല. അതു ലോകരീതിയാണ്. സഹോദരന്‍ സഹോദരന്റെ കടമചെയ്‌തു ഇനി ചെയ്യുകയും വേണം. അയാള്‍ ദ്വേഷഭാവം കാണിച്ചാല്‍ കാണിക്കട്ടെ. സഹോദരന്‍ ഇനിയും അയാളെ ഹൃദയം തുറന്നു സ്‌നേഹിക്കണം. അയാളില്‍ യാതൊരു `പകയും' പുലര്‍ത്തിക്കൊണ്ടുവരരുത്. സ്‌നേഹത്തിനുമാത്രമേ സാധിക്കയുള്ളു ദ്വേഷത്തെ കീഴടക്കുവാന്‍. ഈ ലോകം മുഴുവന്‍ എന്റെ സഹോദരന്റെ നേരെ പ്രതികൂലമനോഭാവം പ്രദര്‍ശിപ്പിച്ചാലും ഈ ഒരു കാര്യം എന്റെ സഹോദരന്‍ ദൃഢമായി വിശ്വസിച്ചുകൊള്ളു. സഹോദരന്റെ ഏതു സങ്കടത്തിലും ഈ ലോകത്തിലുള്ള എല്ലാവരേയുംക്കാള്‍ കൂടുതലായ ആത്മാര്‍ത്ഥതയോടെ സങ്കടപ്പെടുവാനും, സഹോദരന്റെ ഏതുസന്തോഷത്തിലും ഈ ലോകത്തിലുള്ള എല്ലാവരേയുംക്കാള്‍ കൂടുതലായ ആത്മാര്‍ത്ഥതയോടെ ആനന്ദിക്കുവാനും, സഹോദരനുവേണ്ടി എന്തും സഹിക്കാനും സന്നദ്ധമായ ഒരു ഹൃദയമുണ്ട്! അത് അര്‍ദ്ധപട്ടിണിക്കാരനായ ചങ്ങമ്പുഴയുടേതായിരിക്കും സമാധാനിക്കു! സഹോദരനുവേണ്ടി ജീവന്‍ പോലും ബലികഴിക്കാന്‍ ഒരുവനുണ്ടെന്നുള്ള ധൈര്യത്തോടെ സമാധാനപ്പെട്ടിരിക്കു! സഹോദരന്‍ കരയാതിരിക്കു! ഞാന്‍ ആ കണ്ണുനീര്‍ കാണുന്നുണ്ട്. എന്റെ ഹൃദയം പിളര്‍ന്നു പോകുന്നു. എന്റെ പൊന്നുസഹോദരാ! കരയല്ലേ! കരയല്ലേ!
നമ്മുടെ കര്‍ത്താവിന്റെ കഥകള്‍ എല്ലാം ചേര്‍ത്ത് ഞാന്‍ പുസ്‌തകരൂപത്തില്‍ അച്ചടിപ്പിക്കുവാന്‍ പോകുന്നു. അതിനു ദീര്‍ഘമായ ഒരവതാരിക - ചെറുകഥാപ്രസ്ഥാനത്തേക്കുറിച്ചുള്ള ഒരു സവിസ്‌തരവിവരണം സഹോദരനെക്കൊണ്ടെഴുതിക്കണമെന്നെനിക്കുനിര്‍ബന്ധമാണ്. അച്ചടിച്ചാല്‍ ചുരുങ്ങിയത് 24 പേജുവേണം. Public Library യില്‍ ഏതാനും പുസ്‌തകങ്ങള്‍ reffer ചെയ്‌തു ഒരു നല്ല നിരൂപണം എഴുതണമെന്നാണന്റെ അപേക്ഷ. അതിനായി കഥകള്‍ ഉടന്‍ അയയ്‌ക്കുന്നതാണ്. ഒരു മാസത്തിനുള്ളില്‍ കിട്ടിയാല്‍ മതിയാകും.
എനിക്കു സുഖം തന്നെ. സുഖക്കേടുഭേദമായെന്നു വിശ്വസിക്കുന്നു. എല്ലാവിവരങ്ങള്‍ക്കും വിസ്‌തരിച്ചുള്ള മറുപടി ഉടന്‍ തന്നെ അയയ്‌ക്കണം ഒട്ടും അമാന്തിക്കരുത്.
സ്‌നേഹപൂര്‍വം,
സഹോദരന്‍ ചങ്ങമ്പുഴ (ഒപ്പ്)
(സമ്പാദകന്‍: പി.ജി.എസ്.നായര്‍, ഇടയാറന്മുള)