ബാഷ്പാഞ്ജലി
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
അവതാരിക
ഈ. വി. കൃഷ്ണപിള്ള
ഒരു പക്ഷേ, ഇതിനകം ശ്രീമാന്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിതയെക്കുറിച്ച് എനിക്കുള്ള മതിപ്പിനെപ്പറ്റി സാഹിത്യാഭിമാനികളായ പലരും അറിഞ്ഞിരിക്കാം. അതുകൊണ്ട് ഈ, മുഖവുരയില്‍ ഇതിനകത്തടങ്ങിയിരിക്കുന്ന കാവ്യഖണ്ഡങ്ങളുടെ മാഹാത്മ്യത്തെപ്പറ്റി യാതൊന്നും പറയേണ്ടതായ ആവശ്യമില്ലല്ലോ.
മലയാളത്തിലെ പല ഉത്കൃഷ്ടപത്രഗ്രന്ഥങ്ങളിലും നിരന്തരമായി കാണപ്പെട്ടു വന്ന ഇദ്ദേഹത്തിന്റെ കവിതകള്‍, കുറേ കഴിഞ്ഞപ്പോള്‍, പല സാഹിത്യഭക്തന്മാരും എന്നപോലെ ഞാനും കൂടുതല്‍ ശ്രദ്ധയോടെ വായിച്ചുതുടങ്ങി. അതിന്റെ ഫലമായി മലയാളസാഹിത്യത്തിന് ഒരു മഹാസമ്പല്‍ക്കാരകന്‍ ആകുവാന്‍ പോകുന്നതോ, ആയിത്തീര്‍ന്നിരിക്കുന്നതോ ആയ ആളാണ് ഈ പുതിയ പേരുകാരന്‍ എന്നുള്ള ബോധം പലര്‍ക്കും എന്നപോലെ എനിക്കും ഉണ്ടായി. ആള്‍ ആരെന്നും സ്ഥിതികള്‍ എന്തെന്നു അറിയാനുള്ള ഉത്ക്കണ്ഠയും വര്‍ദ്ധിച്ചു.
ഇപ്രകാരം ഒരു ജിജ്ഞാസ ഉദിക്കുന്നതിന് വിശേഷിച്ചൊരു കാരണവുമുണ്ടായിരുന്നു. അര്‍ഹിക്കാത്ത നിരാശയിലും ജീവിതക്ലേശങ്ങളിലും അമര്‍ന്ന് അതിദയനീയമായി വിലപിക്കുന്ന ഒരു പരമാര്‍ത്ഥഹൃദയത്തിന്റെ നിഷ്‌കളങ്കധ്വനികളാണ് ഈ കവിതകളില്‍ മുഴങ്ങുന്നതെന്ന് ആര്‍ക്കും കാണാവുന്നതാണ്. കപടതകള്‍ നിറഞ്ഞ ലോകം, ദുഷ്ടന്മാരെ വിട്ടുമാറാത്ത ജീവിതവിജയം, സമസൃഷ്ടികളുടെ ദാരുണവ്യവസ്ഥയില്‍ ഒരുതുള്ളി കണ്ണുനീര്‍ പൊഴിക്കാത്ത മനുഷ്യസമുദായം, സാധുക്കളുടെ ജീവരക്തം പാനംചെയ്തു സംപുഷ്ടമാകുന്ന ധനപ്രമത്തത, പ്രതികൂലശക്തികളുടെ ഉഗ്രതാണ്ഡവം കണ്ട് ചകിതയായി നില്ക്കുന്ന നീതി എന്നിങ്ങനെയുള്ള വൈഷമ്യങ്ങളെപ്പറ്റി മാത്രമായിരുന്നു ഈ കവി എഴുതിയിരുന്നതെങ്കില്‍, നിസര്‍ഗ്ഗസുന്ദരങ്ങളായ ബാഹ്യരൂപങ്ങള്‍ കൊണ്ട് ഈമാതിരി ആശയങ്ങള്‍ക്കു പരമാകര്‍ഷകത്വം നല്കുന്ന അദ്ദേഹത്തിന്റെ കവിതകള്‍ ഇന്നത്തെ കേളീയകാവ്യകാരന്മാരുടെ പംക്തിയില്‍ അദ്ദേഹത്തെ അദ്വിതീയമായ ഒരു സ്ഥാനത്തു പ്രവേശിപ്പിച്ചിരിക്കുന്നു എന്നു കണ്ട്, പല ജോലിക്കാരനായ ഞാന്‍ മൗനം ഭജിക്കുമായിരുന്നു.
എന്നാല്‍ ശ്രീമാന്‍ ചങ്ങമ്പുഴയുടെ കവിതകളില്‍ ഇത്രമാത്രമല്ല കാണുവാനുള്ളത്. നാം എല്ലാവരും ഏറ്റവും കൂടുതലായി പേടിക്കുകയും വെറുക്കുകയും ചെയ്യുന്ന മരണത്തെ അദ്ദേഹം അതികോമളനായി, ആര്‍ദ്രമനസ്‌കനായി പ്രത്യക്ഷപ്പെടുത്തുന്നു.
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
കവിയുടെ ഭാവനയെ ഇപ്രകാരം ഇതിലടങ്ങിയിരിക്കുന്ന കവിതകളില്‍ നിന്നു നമുക്കു വ്യാഖ്യാനിക്കാം:
മനുഷ്യന്റെ ജീവിതചൈതന്യം ലോലഹൃദയനായ ഒരു ബാലികയാണ്. അവള്‍ പ്രായപൂര്‍ത്തിയുടെ പ്രാരംഭത്തില്‍ പ്രണയശീതളമായ ഒരാലംബകേന്ദ്രം തേടുന്നു. അന്തസ്സാരവിഹീനനും സുഖലോലുപനുമായ ജീവിതം അവളുടെ ഹൃദയം അപഹരിക്കുന്നു. അവളില്‍ നിസ്തുലാനുരാഗം വര്‍ഷിച്ച് അവളുടെ ശാശ്വതവിശ്രമത്തിനായി അങ്കതലം ഒരുക്കി അവളെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന മരണം എന്ന മഹാനുഭാവനെപ്പറ്റി ഒരുനിമിഷനേരം ശ്രദ്ധിക്കുവാന്‍പോലും ഈ ചപലകാമുകന്‍ അനുവദിക്കുന്നില്ല. ദിനാന്തത്തിന്റെ പ്രശാന്തതയില്‍ ചിലപ്പോള്‍ വിജനതയിലുള്ള ധ്യാനത്തില്‍ ഇവള്‍ യഥാര്‍ത്ഥകാമുകന്റെ സുകുമാരരൂപം നേരിയ മേഘങ്ങളോടിടു ചേര്‍ന്ന് അവ്യക്തമായി അതിദൂരത്തില്‍ കണ്ടെന്നുവരാം. അവളുടെ ഹൃദയം പെട്ടെന്നു വികസിച്ചു മുന്നോട്ടാഞ്ഞെന്നുവരാം. പക്ഷേ, വിഹാരപടുവായ സഹചാരി അവളുടെ മുഖം പിടിച്ചു തിരിച്ചിട്ട്, 'അങ്ങോട്ടു നോക്കരുത്; അവന്‍ ഭയങ്കരനാണ്; അതിക്രൂരനാണ്; അത്യന്തം വിലക്ഷണനുമാണ്. വരൂ; എഴുന്നേല്ക്കൂ; നമുക്കു കൂടുതല്‍ സുഖാനുഭവങ്ങളിലേക്കിറങ്ങാം' എന്നു പറയുന്നു. അവിവേകിയായ പെണ്‍കട്ടി അതനുസരിക്കുന്നു. പക്ഷേ, ഇവന്റെ വലയില്‍ ഇവള്‍ ദീര്‍ഘകാലം ബദ്ധയാകുന്നില്ല, അഥവാ അവന്‍ ഈ വേഴ്ച്ച അനേകകാലം തുടരണമെന്നു മോഹിക്കുന്നില്ല. അവളുടെ ആകാരചേതോഹാരിത നശിച്ച് അവള്‍ നിസ്‌തേജയാകുമ്പോള്‍ അവന്‍ ദൂരെ വെടിഞ്ഞിട്ട് കടന്നുകളയുന്നു. നിരാലംബയായ വനിത നിരാശാഭാരത്തോടെ അന്തര്‍ന്നേത്രങ്ങള്‍ തുറന്നു നോക്കുമ്പോള്‍ കാണുന്നത്, നമ്മുടെ കവിയുടെ ഭാഷയില്‍,
'..........................................................................
മദിരോത്സവം നിനക്കോമലേ, മതിയായോ?
മതിയെങ്കിലൊന്നു തല ചായ്ക്കണ്ടേ- പനീര്‍-
മലര്‍ ചിന്നിയൊരെന്റെ മാര്‍ത്തടം പോരേ?- പോരൂ;
അവശേ, നീയിന്നെന്തിനിത്രമേല്‍ പരുങ്ങുന്ന-
തവിടെക്കിടന്നോട്ടെ, ശൂന്യമത്തങ്കക്കിണ്ണം.
മേദുരാമോദം നിന്നെ, നിശബ്ദമോരോ പാട്ടു
സാദരം പാടിപ്പാടിയുമ്മ വെച്ചുറക്കാം, ഞാന്‍
പരിചോടെന്നും നിനക്കത്യനര്‍ഘമാമോരോ
പരമാനന്ദസ്വപ്നം കണ്ടുകണ്ടുറങ്ങിടാം.
കാലത്തിന്‍ ചിറകടിയൊച്ച കേട്ടുണരാതെ
ലോല നീയെന്മാറത്തു പൂവുപോല്‍ കിടക്കുമ്പോള്‍
പുളകോദ്ഗമകാരിയായ നിന്നംഗസ്പര്‍ശം
മിളിതോത്സവം ഞാനുമാസ്വദിച്ചാനന്ദിക്കാം.
അങ്ങനെയന്യോന്യസംസിക്തമാമനുരാഗ-
മംഗളമലര്‍വല്ലി പുഷ്പിച്ചു ലസിക്കട്ടെ.
......................................................................
പോരികെന്‍ മാറത്തേ,യ്‌ക്കെന്നോമനയല്ലേ? ബാഷ്പ-
ധാര ഞാന്‍ തുടച്ചോളാം, നാണമെന്തയ്യോ! പോരൂ!'
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
എന്നുള്ള നിരര്‍ഗ്ഘപ്രണയസല്ലാപഗീതങ്ങളോടെ മുന്‍പില്‍ നില്‍ക്കുന്ന അതികമനീയമായാംഗനായ മരണത്തെയാണ്.
ഈ വ്യാഖ്യാനത്തിനു നിദാനമായി ഈ ഗ്രന്ഥത്തില്‍ കാണുന്ന കവിതകളാണ് ശ്രീമാന്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയെപ്പറ്റി കൂലങ്കഷമായി അന്വേഷിക്കുന്നതിന് എന്നെ പ്രേരിപ്പിച്ചത്. നേരിട്ടുള്ള കത്തിടപാടുകള്‍ മാര്‍ഗ്ഗമായും, മറ്റു പരിചയക്കാര്‍ മുഖാന്തിരവും കവിയെക്കുറിച്ച് എനിക്കു പല കാര്യങ്ങളും അറിയുവാനിടയായി. അനാഗതശ്മശ്രുവായ ഈ യുവാവ് മാതൃഭാഷാഭിമാനികളോ സമസൃഷ്ടിസ്‌നേഹികളോ ആയ ആരുടേയും വാത്സല്യപൂര്‍വ്വമായ പരിചരണത്തേ അര്‍ഹിച്ചും ആശിച്ചും ജീവിതവൈഷമ്യങ്ങളില്‍ വലയുന്ന ഒരാളാണെന്നു ഞാന്‍ അറിഞ്ഞു.
മലയാളസാഹിത്യത്തിന്റെ അഭിനവപരിവര്‍ത്തനത്തെക്കുറിച്ച് എനിക്കുള്ള സുദൃഢാഭിപ്രായങ്ങള്‍ പുരസ്‌കരിച്ച് ഉണ്ടാക്കിയിട്ടുള്ള സാഹചര്യങ്ങള്‍ നിമിത്തം മിക്കപ്പോഴും നടക്കുന്ന സുഹൃല്‍സംഭാഷണങ്ങളിലെല്ലാം ശ്രീമാന്‍ കൃഷ്ണപിള്ളയുടെ അനന്യസാധാരണമായ കാവ്യരചനാസൗകുമാര്യത്തെപ്പറ്റി പലരില്‍ നിന്നും നിക്ഷ്പക്ഷങ്ങളായ അഭിപ്രായങ്ങള്‍ കേട്ടുതുടങ്ങി. വിലക്ഷണങ്ങളായ ശാരീരികബന്ധങ്ങളിലേക്കു ഒരിക്കലും താഴാതെ പ്രൗഢമധുരമായി നില്ക്കുന്ന പ്രണയപ്രതിപാദനങ്ങള്‍, യാതൊരു ഹൃദയത്തിനും നോവുതട്ടാതെ ആരെയും ആകര്‍ഷിക്കുമാറുള്ള ലോകചര്യനിരൂപണങ്ങള്‍, പതിതമെങ്കിലും നൈസ്സര്‍ഗ്ഗികബന്ധംകൊണ്ടും ദൈവികത്വത്തോടു സംഘടിതമായ മനുഷ്യത്വത്തിന്റെ അന്തര്‍ല്ലീനമാഹാത്മ്യത്തെക്കുറിച്ചുള്ള പരിദേവനങ്ങള്‍, സകല കഷ്ടതകള്‍ക്കും പരമപരിഹാരം നല്കുന്ന സാക്ഷാല്‍ കാവ്യസ്വരൂപിണിയോടുള്ള ദയനീയാര്‍ത്ഥനകള്‍, അപ്രമേയവും എന്നാല്‍ അതിമോഹനവും ആയ ചില്‍പ്രകാശത്തിന്റെ പരിപൂര്‍ണ്ണാനുഗ്രഹത്തിനു വേണ്ടിയുള്ള ആക്രന്ദനങ്ങള്‍ ഇവയെല്ലാം രമണീയതരമാക്കുന്ന കോമളപദാവലികള്‍- ഇതാണ് ഇതുവരെ വെളിയില്‍ വന്നിട്ടുള്ള ചങ്ങമ്പുഴക്കൃതികളുടെ പ്രധാനസ്വഭാവങ്ങളെന്നു കാവ്യനിര്‍മ്മാണത്തില്‍ എന്നെപ്പോലെ വിദൂരരല്ലാത്ത പല സാഹിത്യപ്രണയികളും നിരന്തരം പറഞ്ഞുവന്നു. ഈ കാവ്യഖണ്ഡങ്ങള്‍ അങ്ങിങ്ങായിച്ചിതറി, കാലാന്തരത്തില്‍ നഷ്ടപ്പെട്ടുപോകാതെ, ഗ്രന്ഥരൂപത്തില്‍ പരിരക്ഷിക്കേണ്ടത്, ഭാഷാസാഹിത്യത്തോടു തെല്ലെങ്കിലും ഭക്തിയുള്ള ആരുടേയും കടമയാണെന്നും അപ്രകാരം ചെയ്യുന്നതിനു നിവൃത്തിയില്ലാത്ത കവിക്ക് ഈ പ്രസിദ്ധീകരണത്തില്‍ നിന്നും ഉണ്ടാകുന്ന സകല ആദായങ്ങളും നല്‌കേണ്ടതാണെന്നും ആയിരുന്നു പ്രസ്തുത മിത്രങ്ങളുടെ നിര്‍ദ്ദേശം.
വിവരം ഞാന്‍ കവിയെ അറിയിക്കുകയും അദ്ദേഹം ചാരിതാര്‍ത്ഥ്യവായ്പയോടും ആശാപ്രകര്‍ഷത്തോടുംകൂടി ഈ അഭിപ്രായം ആദരിക്കുകയുംചെയ്തു. ഇതിന്റെ ഫലമാണ് 'ബാഷ്പാഞ്ജലി' എന്ന ഈ പ്രസിദ്ധീകരണം.
'ഞെരിയുമൊരാത്മാവില്‍ ദീനനാദം
സുരപഥത്തോളം ചെന്നെത്തിയാലും,
ബധിരമീ ലോകം.....................................'
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
എന്നു വിലപിച്ച്,
'വിജയലക്ഷ്മി വന്നെന്നെത്തലോടുവാന്‍
ഭജനലോലനായെത്രനാള്‍ കാത്തു ഞാന്‍
അവളനുകൂലയല്ലെനി,ക്കാകയാ-
ലവനതാനസ്യമായ് പിന്മടങ്ങട്ടെ, ഞാന്‍'
'ഒരു മരതകപ്പച്ചിലക്കാട്ടിലെന്‍-
മരണശയ്യ വിരിക്കൂ സഖാക്കളേ!
വസുധയോടൊരുവാക്കു ചൊന്നി,ട്ടിതാ
വരികയായി ഞാന്‍!- അല്പം ക്ഷമിക്കണേ!...'
എന്നു തന്റെ സന്തപ്തജീവിതം അവസാനിപ്പിക്കുവാന്‍ മുതിര്‍ന്ന്
'ഓമനേ, മടിക്കേണ്ട പോരികെന്നെന്നെ സ്വയം പ്രേമസല്ലാപത്തിനായ് ക്ഷണിക്കും മരണത്തെ, ഞാനനാദരിച്ചാലോ?- പാടില്ല, വേഗം ചെന്നെന്‍ പാനഭോജനം കൈയില്‍ കൊടുപ്പതത്രേ കാമ്യം!'
എന്നു തീര്‍ച്ച ചെയ്തിരിക്കുന്ന ഈ യുവാവിനോടു നമുക്കുള്ള കടമയെ അനുസ്മരിപ്പിച്ചുകൊണ്ട്,
ഈ. വി. കൃഷ്ണപിള്ള ബി. എ. ബി. എല്‍
18-10-1934
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
ആ പൂമാല
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം? . . . . '
അപ്രമേയ വിലാസലോലയാം
സുപ്രഭാതത്തിൻ സുസ്മിതം
പൂർവ്വദിംഗ്മുഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോൾ,
നിദ്രയെന്നോടു യാത്രയുംചൊല്ലി
നിർദ്ദയം വിട്ടുപോകയാൽ
മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാൻ
മന്ദിരാങ്കണവീഥിയിൽ.
എത്തിയെങ്കാതി,ലപ്പൊഴു,തൊരു
മുഗ്ദ്ധസംഗീതകന്ദളം....
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം? . . . . '
പച്ചപ്പുൽക്കൊടിത്തുഞ്ചിൽത്തഞ്ചുന്ന
കൊച്ചുമാണിക്യക്കല്ലുകൾ
ഞാനറിഞ്ഞതില്ലെന്തുകൊണ്ടെ,ന്നെൻ-
മാനസം കവർന്നീലൊട്ടും.
അല്ലെങ്കിൽ ചിത്തമെ,ങ്ങതാ ഗാന-
കല്ലോലത്തിലലിഞ്ഞല്ലോ!
ഗാനമാലികേ, വെൽക, വെൽക, നീ
മാനസോല്ലാസദായികേ!
ഇത്രനാളും നുകർന്നതില്ല ഞാ-
നിത്തരമൊരു പീയൂഷം. പിന്നെയു,മതാ, തെന്നലിലൂടെ
വന്നിടുന്നുണ്ടെന്നാനന്ദം......
ബാഷ്പാഞ്ജലി / ആ പൂമാല
ചങ്ങമ്പുഴ
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം? . . . . '
നന്മലരായ് വിരിഞ്ഞിട്ടില്ലാത്ത
പൊന്മുകുളമേ, ധന്യ നീ!
തിന്മതൻ നിഴൽ തീണ്ടിടാതുള്ള
നിർമ്മലത്വമേ, ധന്യ നീ!
പുഞ്ചിരിക്കൊള്ളും വാസന്തശ്രീ നെൻ-
പിഞ്ചുകൈയിലൊതുങ്ങിയോ?
മാനവന്മാർ നിൻ ചുറ്റുമായുടൻ
മാലികയ്ക്കായ് വന്നെത്തിടാം.
ഉത്തമേ, നിൻ മുഖത്തു നോക്കുമ്പോ-
ളെത്രചിത്തം തുടിച്ചിടാ!
ഹാ, മലീമസമാനസർപോലു-
മോമനേ, നിന്നെക്കാണുമ്പോൾ
പൂതചിത്തരായ്ത്തീരുമാറുള്ളോ-
രേതുശക്തി നീ, നിർമ്മലേ?
നിൽക്ക, നിൽക്കൂ, ഞാൻ കാണട്ടേ നിന്നെ,
നിഷ്കളങ്കസൗന്ദര്യമേ!
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം? . . . . '
രാജപാതയിൽ, പൊന്നുഷസ്സുപോൽ,
രാജിച്ചീടിനാൾ ബാലിക.
സംഖ്യയില്ലാതെ കൂടിനാർ ചുറ്റും
ബാഷ്പാഞ്ജലി / ആ പൂമാല
ചങ്ങമ്പുഴ
തങ്കനാണയം തങ്കുവോർ.
ആശയുൾത്താരിലേവനുമുണ്ടാ-
പ്പേശലമാല്യം വാങ്ങുവാൻ.
എന്തതിൻ വിലയാകട്ടെ, വാങ്ങാൻ
സന്തോഷം ചെറ്റല്ലേവനും!
സുന്ദരാധരപല്ലവങ്ങളിൽ
മന്ദഹാസം വിരിയവേ;
നീലലോലാളകങ്ങൾ നന്മൃദു-
ഫാലകത്തിലിളകവേ;
മന്ദവായുവിലംശുകാഞ്ചലം
മന്ദമന്ദമിളകവേ;
വിണ്ണിനുള്ള വിശുദ്ധകാന്തിയാ-
ക്കണ്ണിണയിൽ വഴിയവേ;
മാലികയുമായ് മംഗലാംഗിയാൾ
ലാലസിച്ചിതാപ്പാതയിൽ!
താരുണ്യ,മൽപനാളിനുള്ളിലാ-
ത്താരെതിരുടൽ പുൽകിടാം.
ഇന്നൊരാനന്ദസാരമാമിളം-
കുന്ദകോരകംതാനവൾ!
രാജപാതയില്ത്തിങ്ങിക്കൂടിയോ-
രാ ജനാവലിയൊന്നുപോൽ,
ആനന്ദസ്തബ്ധമായി, സുന്ദര-
ഗാനമീവിധം കേൾക്കവേ.....
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം? . . . . '
ബാഷ്പാഞ്ജലി / ആ പൂമാല
ചങ്ങമ്പുഴ
ചേലെഴുന്നൊരത്തൂമലര്മാല്യ-
മാളില്ലേ, വാങ്ങാനാരുമേ?
തങ്കനാണ്യങ്ങളായതിന്നവർ
ശങ്കിയാതെത്ര നൽകീല!
പൊന്നുനൽകുന്നു പൂവിനായിക്കൊ-
ണ്ടെന്നാലും മതിവന്നീലേ?
ഓമലേ, നിൻ ധനാഭിലാഷത്തിൻ-
സീമ നീപോലും കാണ്മീലേ?
അന്തരീക്ഷാന്തരം പിളർന്നുനീ,
ഹന്ത, പായുന്നൂമോഹമേ!.
'ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം? . . . . '
പൊൻപുലരിയെത്തെല്ലിടമുൻപു
ചുമ്പനം ചെയ്ത ഭാനുമാൻ,
നീലവാനിൻ നടുവിൽനി,ന്നതാ
തീയെതിർവെയില്തൂകുന്നൂ.
പച്ചിലച്ചാർത്തിനുൾലിലായോരോ
പക്ഷികൾ കൊൾവൂ വിശ്രമം.
ചൂടുകൊണ്ടു വരണ്ട വായുവി-
ലാടിടുന്നു ലതാളികൾ
- ആരും വാങ്ങിയിട്ടില്ലെന്നോ, ഹാ, നി-
ന്നാരാമശ്രീതൻസൗഭാഗ്യം?....."
ബാഷ്പാഞ്ജലി / ആ പൂമാല
ചങ്ങമ്പുഴ
II
കാട്ടിലാ മരച്ചോട്ടിലാ,യുണ്ടൊ-
രാട്ടിടയകുമാരകൻ,
ഉച്ചവെയിലേൽക്കാതുല്ലസിക്കുന്നു പച്ചപ്പുൽത്തട്ടിലേകനായ്!
മുൻപിലായിതാ, മോഹനാംഗിയാം
വെമ്പലാർന്നൊരു ബാലിക!
ഇപ്പൊഴുമുണ്ടപ്പിഞ്ചുകൈയി,ല-
പ്പൊൽപ്പുതുമലര്മാലിക!
ആനതാനനയായി നിന്നവ-
ളാദരാൽ, മന്ദമോതിനാൾ:
ബാല,മത്തുച്ഛസമ്മാനമാകും
മാല- നീയിതു വാങ്ങുമോ?"
വിസ്മയസ്തബ്ധനായതില്ലവൻ
വിസ്തരിച്ചതില്ലൊന്നുമേ
സ്വീയമാം ശാന്തഭാവത്തിൽ,സ്മിത-
പീയൂഷം തൂകിയോതിനാൻ:-
'ഇല്ലല്ലോനിനകേകുവാനൊരു
ചില്ലിക്കാശുമെൻകൈവശം!...'
അസ്സുമാംഗിതനക്ഷികളി,ലി-
തശ്രുബിന്ദുക്കൾ ചേർത്തുപോയ്!
അഗ്ഗളനാളത്തിങ്കൽ നിന്നിദം
നിർഗ്ഗളിച്ചു സഗദ്ഗദം:
'ഒന്നുരണ്ടല്ല തങ്കനാണയം
മുന്നിൽ വെച്ചതാ മാനുഷർ;
ആയവർക്കാർക്കും വിറ്റീല, ഞാനീ-
യാരാമത്തിന്റെ രോമാഞ്ചം!-'
'ഓമനേ, മാപ്പിരന്നിടുന്നു ഞാ-
നാ മലര്മാല്യം വാങ്ങിയാൽ
ബാഷ്പാഞ്ജലി / ആ പൂമാല
ചങ്ങമ്പുഴ
എന്തു നൽകേണ്ടു പിന്നെ ഞാ,നെന്റെ
സന്തോഷത്തിന്റെ മുദ്രയായ്?... '
പുഞ്ചിരിയിൽക്കുളിർത്ത, നൽക്കിളി-
ക്കൊഞ്ചൽ തൂകിനാൾ കണ്മണിഃ-
'ആ മുരളിയിൽനിന്നൊരു വെറും
കോമളഗാനം പോരുമേ!....'
പൂവിനെ നോക്കിച്ചിരിക്കും ചിലപ്പോൾ ഞാൻ
ദ്യോവിനെ നോക്കി ഞാൻ വിസ്മയിക്കും;
ആശിക്കും ചന്ദ്രനെ മാറോടു ചേർക്കുവാ-
നാമ്പൽപ്പൂവൊന്നിനാല്ത്തൃപ്തി നേടും!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
നിരാശ
ശാരദാംബരം ചാരുചന്ദ്രികാ-
ധാരയിൽ മുഴുകിടവേ,
പ്രാണനായക, താവകാഗമ-
പ്രാർത്ഥിനിയായിരിപ്പൂ ഞാൻ!
എൻമണിയറയ്ക്കുള്ളിലുള്ളൊരീ
നിർമ്മലരാഗസൗരഭം,
ഇങ്ങുനിന്നുപോം മന്ദവായുവു-
മങ്ങു വന്നരുളീലെന്നോ!
കഷ്ടമെന്തിനുപിന്നെ,യീവിധം
വ്യർത്ഥസന്ദേശമേകി ഞാൻ?
ഇന്നു രാത്രിയിലെങ്കിലും ഭവാൻ
വന്നിടുമെന്നൊരാശയാൽ,
ഉൾപ്പുളകമാർന്നത്യുദാരമി-
പ്പുഷ്പതൽപമൊരുക്കി ഞാൻ!
മഞ്ജുതാംബൂലതാലവുമേന്തി
മന്മഥോപമ, ഞാനിദം,
ത്വത്പദന്യാസദത്തകർണ്ണയാ-
യെത്ര കാക്കണമിന്നിയും?...
. . . . . . . . . . . . . . .
പ്രാണനാഥ, ഞാൻ പോകട്ടേയിനി-
പ്പാതിരാപ്പൂ വിരികയായ്!.....
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
ആവലാതി
സുരഭില:-ശ്യാമളേ, സഖി, ഞാനൊരു വെറും
കാനനത്തിലെപ്പൂവല്ലേ?
മാനമാളുന്ന സോമനുണ്ടാമോ
കാണുവാനതിൽകൗതുകം?
ചേലിയലും കുമുദയോടൊത്തു
ലാലസിക്കട്ടേ ഭാഗ്യവാൻ!
എൻ നെടുവീർപ്പുകൊണ്ടിനിക്കഷ്ട-
മെന്തു കാര്യമീലോകത്തിൽ?
കണ്ണുനീർകൊണ്ടു തീർത്തുകൊള്ളാം ഞാ-
നെണ്ണിയെണ്ണിയെൻ നാളുകൾ!
'ഓമനേ! 'യെന്ന പൂക്കളാൽത്തീത്തർ
പ്രേമലേഖനമാലകൾ,
ഒന്നുരണ്ടല്ല സമ്മാനിച്ചതാ
വന്ദനീയനെനിക്കന്നാൾ.
ഒന്നുമേ വാടാതായവയെല്ലാ-
മിന്നുമുണ്ടെന്റെ കൈവശം.
ഞാനവനോക്കി ശ്യാമളാ, വീണ്ടു-
മാനന്ദാശ്രുക്കൾ തൂകട്ടേ!
പുഞ്ചിരിതൂകിപ്പൊന്നുഷസ്സില-
പ്പിഞ്ചുമേഘങ്ങളെത്തുമ്പോൾ,
ആരു ശങ്കിക്കുമായവയ്ക്കുള്ളിൽ-
ക്കൂരിരുൾപ്പടപ്പുർണ്ടെന്നായ്?
ബാഷ്പാഞ്ജലി / ആവലാതി
ചങ്ങമ്പുഴ
ഞാനശരണ, പൂജിച്ചേൻ മന-
സ്സൂനങ്ങളാലെൻ ദേവനെ;
ലോകമെന്തെന്നറിഞ്ഞിട്ടില്ലാത്ത
ചാതകിയായ ഞാനേവം
ചെയ്തുപോയതെൻസാഹസമായി-
ച്ചൊല്ലുകയാണിന്നേവരും.
ഹന്ത്, സന്തപ്തചിത്ത ഞാൻ,കഷ്ട-
മെന്തതിനോതുമുത്തരം?
സ്നേഹമെന്നതീ ലോകത്തിലൊരു
സാഹസത്തിന്റെ നാമമായ്,
നിർണ്ണയമെന്മനസ്സിലിന്നോള-
മെണ്ണിയില്ല ഞാൻ,സോദരി!
പ്രേമനൈരാശ്യമാർന്നിടുമൊരു
കാമിനിയുടെ ജീവിതം,
ആഴിയാൽ പരിത്യക്തയായൊരു
ചോലയെക്കാളും ദാരുണം!
ആരെനിക്കുണ്ടെന്നന്തരംഗത്തി-
ലാളും തീയൽപമാറ്റുവാൻ?
ഓമനേ, നിന്നോടല്ലാതാരോടെൻ
ഭീമതാപം ഞാനോതേണ്ടു?
തമ്മിൽ നമ്മൾ മറച്ചുവെച്ചിട്ടി-
ല്ലിന്നോളമേതുമ്മൊന്നുമേ!....
ചമ്പകഗന്ധമെത്തിടുമ്പോൾ, ഞാൻ
കമ്പിതാംഗിയായ് ത്തീരുന്നു.
പൂനിലാവു പൊഴിയുമ്പോ,ളയേ്യാ,
മാനസം ദ്രവിക്കുന്നു മേ!
ബാഷ്പാഞ്ജലി / ആവലാതി
ചങ്ങമ്പുഴ
വന്നിടുന്നുണ്ടു വാസന്തരാത്രി-
യെന്നെത്തേങ്ങിക്കരയിക്കാൻ!
എങ്ങുപോയി, ഹാ,കഷ്ട,മെന്നെ വി-
ട്ടെന്മനോരഥനായകൻ?
അൽപകാലമെൻ കൺകുളുർപ്പിച്ച
സ്വപ്നവുമെന്റെതല്ലാതായ്!
ശ്യാമളേ,സഖി, ഞാനൊരുവെറും
കാനനത്തിലെപ്പൂവല്ലേ.....
അവനെച്ചവിട്ടി നീ താഴ്ത്തിടൊല്ലേ!
അവനും നിൻസോദരനേകനല്ലേ?
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
അടുത്ത പ്രഭാതം
കാണുന്നതെന്താണെൻ ചുറ്റുമയേ്യാ
പ്രേമനിശ്ശൂന്യമാമന്തരീക്ഷം!
ഈ വിഷവായുവേറ്റെത്രനേരം
ജീവചൈതന്യമേ, നീയിരിക്കും?
പുഞ്ചിരികൊണ്ടു പൊതിഞ്ഞ വക്ത്രം
വഞ്ചനകൊണ്ടു നിറഞ്ഞചിത്തം!
ഭിന്ന'വർണ്ണ'ങ്ങളിലിപ്രകാര-
മൊന്നിനും കൊള്ളാത്ത മർത്ത്യചിത്രം
എണ്ണമില്ലാതെന്നുമേറ്റുവാങ്ങാ-
നെന്തു സന്നദ്ധമീ വിശ്വഹസ്തം!
കഷ്ടം, പുരോഗതിയെന്നിതിനെ
മിത്ഥ്യാഭിമാനമേ, നീവിളിപ്പൂ!
എത്ര വിദൂരസ്ഥമാണു പാർത്താൽ
സത്യം!- ഇന്നയേ്യാ, നീയെന്തറിഞ്ഞു?
മണ്ണിലും വിണ്ണിൻ വിശുദ്ധിചേർക്കും
കണ്ണീരൊഴുകും കവിൾത്തടങ്ങൾ-
പട്ടുരുമാലുകളൊന്നുപോലും
തൊട്ടുനോക്കാത്ത കവിൾത്തടങ്ങൾ-
പാടത്തെച്ചൂടിൽ വിയർത്തൊലിച്ചു
വാടിത്തളർന്ന കവിൾത്തടങ്ങൾ-
വാരിവിതറുമവയിലെന്നും
ഞാനെന്റെ സങ്കൽപ ചുംബനങ്ങൾ!
ഹാ,വിത്തവല്ലരി വേരുറയ്ക്കാൻ
പാവങ്ങൾതൂകുമക്കണ്ണുനീരിൽ,
ഞാനെന്റെ ശോകവിവർണ്ണമാകും
ബാഷ്പാഞ്ജലി / അടുത്ത പ്രഭാതം
ചങ്ങമ്പുഴ
മാനസസൂനം തെളിഞ്ഞു കാണ്മൂ.
ലോകസിംഹാസനമൊത്തു താങ്ങും
സാധുഗളങ്ങൾതൻഗദ്ഗദത്തിൽ
ഞാനിത്രനാളും തിരഞ്ഞിരുന്ന
ഗാനശകലം തെളിഞ്ഞു കേൾപ്പൂ.
ആയതിനോടൊത്തു പാടാനാണെ-
ന്നന്തരാത്മാവിനുള്ളഭ്യസനം!
ക്ഷുത്തിൻ ദയനീയദീനനാദം
വിത്തത്തിnഘോരമാമട്ടഹാസം,
ഈ രണ്ടും നീങ്ങിയിട്ടാർദ്രമാകും
ചാരുസംഗീതമുയരുമെങ്കിൽ-
അന്നതുകേൾക്കുവാനീവിധംഞാൻ
മന്നിൽ മരിക്കാതിരിക്കുമെങ്കിൽ-
അന്നു, ഞാൻ,ലോകമേ,നിന്നെനോക്കി
"വന്ദ്യ നീ!"യെന്നു നമിച്ചു വാഴ്ത്താം.
സുന്ദരമാ രംഗമാത്തഹർഷം
മന്ദസ്മിതം ചെയ്തണഞ്ഞിതെങ്കിൽ!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
വിരഹി
കാർമുകിൽ മാലയാലംബരാന്തം
കാളായവർണ്ണമായ് മാറിടുമ്പോൾ,
എന്തിനാണാവോ വിഫലമായെൻ-
ചിന്താശലഭം ചിറകടിപ്പൂ!
ദൂരത്താക്കുന്നിന്റെ പിന്നിൽനിന്നു-
മോരോ മേഘങ്ങളുയരുമ്പോഴും
സുന്ദരരാഗാർദ്രമാകുമേതോ
സന്ദേശലബ്ധിക്കായ് ഞാൻ കൊതിപ്പൂ
അക്ഷയകാവ്യമാണായ,തെന്നാൽ
അക്ഷമനാമെനിക്കജ്ഞമല്ലോ!
ഏതൊ ലോകത്തിൽവെച്ചെപ്പോഴോ ഞാ-
നാരെയോവിട്ടുപിരിഞ്ഞിരുന്നു.
മാമക ജീവൻ തിരഞ്ഞുഴലു-
മാ മനോമോഹിനിയെങ്ങിരിപ്പൂ?
ആരാണെന്നാരോമലാരറിഞ്ഞു
ഞാനെന്നാലിന്നും വിരഹിതന്നെ!
എത്ര സങ്കേതത്തിലാത്തരാഗ-
മുത്തമേ, നിന്നെത്തിരഞ്ഞുപോയ്, ഞാൻ?
രാവിലേ തൊട്ടു ഞാനന്തിയോളം
പൂവനംതോറുമലഞ്ഞുപോയി.
ദ്യോവിൽ നിങ്കാലടിപ്പാടു നോക്കി-
രാവിൽ ഞാൻ പിന്നെയും സഞ്ചരിച്ചു.
"കണ്ടില്ല, കണ്ടില്ലെ",ന്നെന്നൊടോരോ
ചെണ്ടും ചിരിച്ചു തല കുലുക്കി.
അക്ഷമനായൊരെൻ ചോദ്യം കേട്ടാ
നക്ഷത്രമൊക്കെയും കണ്ണുചിമ്മി.
"കഷ്ട !" മെന്നെന്നെപ്പരിഹസിച്ചു
പക്ഷികളെല്ലാം പറന്നുപോയി.
"കാണില്ല, കാണില്ലെ",ന്നോതിയോതി-
ക്കാനനച്ചോല കുണുങ്ങിയോടി.
ആരോമലേ,ഹാ നീയെങ്ങുപോയെൻ-
തീരാവിരഹമിതെന്നുതീരും?
നീയെന്നിൽത്തന്നെ ലയിച്ചിരിക്കേ
ഞാനെന്തേ നിന്നെത്തിരഞ്ഞുപോവാൻ?
എന്നെ ഞാനാദ്യം മറന്നുവെങ്കിൽ
നിന്നടുത്തെന്നേ ഞാനെത്തിയേനേ!
എന്നിലെ ഞാനില്ലാതാവതെന്നാ-
ണന്നു, നിൻ ചുംബനമേൽപ്പവൻ ഞാൻ!
മായികേ, മാമകതപ്തചിത്ത-
നായികേ, നിന്നെ ഞാനെന്നു കാണും?
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
ദിവ്യാനുഭൂതി
എങ്ങുനി,ന്നെങ്ങുനി,ന്നെങ്ങുനിന്നീ
മഞ്ജീരശിഞ്ജിതമുദ്ഭവിപ്പൂ?
മംഗളമാധുരി വാർന്നിടുമീ,
സ്സംഗീതസങ്കേതമേതുരംഗം?
കാലത്തിൻകൈവിരൽ സ്പർശമേൽക്കാ-
തീ നർമ്മസല്ലാപമിത്രനാളും
ഓമനിച്ചേവമൊളിച്ചുവെച്ച-
തേതു വൃന്ദാവനമായിരുന്നു?
ഞാനെന്നെത്തന്നെ മറന്നേപോയി,
ഞാനെന്നിൽത്തന്നെ ലയിച്ചുപോയി.
ഞാനൊരു സംഗീതനാളമായി
വാനോളം പെട്ടെന്നുയർന്നുപോയി.
പുൽക്കൊടിതൊട്ടു വിയത്തിൽമിന്നും
നക്ഷത്രംപോലുമിന്നെന്റെതായി.
കർമ്മങ്ങൾ കന്ദുക ക്രീഡയാടും
ബ്രഹ്മാണ്ഡംപോലുമെൻ സ്വന്തമായി
ഭാവനാമോഹന ചുംബനംപോൽ
ജീവനു പേർത്തും പുളകമേകി;
എങ്ങുനി,ന്നെങ്ങുനി,ന്നെങ്ങുനിന്നീ
മഞ്ജീരശിഞ്ജിതമുദ്ഭവിപ്പൂ?
എത്ര ശാകുന്തളത്തിങ്കലൂടെൻ-
സ്വപ്നസരിത്തു തളർന്നൊഴുകി!
എത്രയോ രാധകളെന്നിലോരോ
നൃത്തം നടത്തിപ്പിരിഞ്ഞുപോയി!
പ്രേമം തുളുമ്പിത്തുളുമ്പി വീഴും
ബാഷ്പാഞ്ജലി / ദിവ്യാനുഭൂതി
ചങ്ങമ്പുഴ
മാമകസങ്കൽപ വേണുഗാനം,
കാനനപ്പച്ചപുതച്ചോരെത്ര
കാളിന്ദീതീരം കടന്നുപോയി!
ഓരോ നിമിഷമെൻ പ്രാണനെത്ര
രാസലീലയ്ക്കു വിധേയമായി!
മത്സഖിമാരെനിക്കേകിടുന്നോ-
രുത്സവങ്ങൾക്കെല്ലാം സാക്ഷിനിൽക്കാൻ
എത്തിയില്ലെന്നടുത്തെത്രയെത്ര
നിസ്തുല ഹേമന്തയാമിനികൾ!
എന്നാലുമായവയൊക്കെയെന്നെ-
ക്കണ്ണീരിൽ മുക്കുകയായിരുന്നു.
ആ മന്ദഹാസങ്ങളൊക്കെയേതോ
ധൂമികകൊണ്ടു പൊതിഞ്ഞിരുന്നു.
അന്നവയിങ്കൽനിന്നാകമാന-
മെന്നെ ഞാൻ വേറിട്ടു കണ്ടിരുന്നു.
ഇന്നെനിക്കെന്നെ മറക്കുവാനായ്,
എന്നിലേയ്ക്കെന്തും ലയിക്കുവാനായ്,
ഈ ദിവ്യസംഗീത,മീവെളിച്ചം
ഏതുലോകത്തുനിന്നാഗമിപ്പൂ?
അത്യന്ത ശൂന്യതയിങ്കലേതോ
സത്യം കറങ്ങുന്ന സൗരയൂഥം,
കർമ്മപ്രവാഹത്തിലാകമാനം
ബിംബിച്ചു കാണുന്നതുറ്റുനോക്കി,
ഒന്നുമറിഞ്ഞിടാതമ്പരപ്പിൽ
ഖിന്നനായ്ത്തേങ്ങിക്കരയുമെന്നെ,
ബാഷ്പാഞ്ജലി /ദിവ്യാനുഭൂതി
ചങ്ങമ്പുഴ
അദ്ഭുതമാന്ത്രികസ്പർശനത്താൽ
തട്ടിയുണർത്തുവാനെന്നപോലെ,
എങ്ങുനി,ന്നെങ്ങുനി,ന്നെങ്ങുനിന്നീ
മഞ്ജീരശിഞ്ജിതമുദ്ഭവിപ്പൂ?
ആനന്ദംകൊണ്ടു തളർന്നല്ലോ ഞാൻ!
ആരു നീ,യാരു നീ, യോമലാളെ?....
ശോകമേ, ഹാ, തകർന്ന ഹൃദയത്തെ
ലോകതത്വം പഠിപ്പിപ്പൂ നീ സ്വയം!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
അതിഥി
ആരാണിച്ചുംബനനിർവൃതിയിൽ
ഞാനറിയാതെന്നെ മുക്കിടുവോൻ?
ആരമ്യസുസ്മിതം തൂകിയെത്തു-
മാതിഥേ, നീയെന്മരണമല്ലേ?
കൂരിരുളിങ്കലിരുന്നു നിന്നെ
ഞാനിത്രനാളും ഭജിച്ചിരുന്നു.
തീരാനിരാശയിൽക്കൂടി നിന്റെ
വേണുസംഗീതംഞാൻ കേട്ടിരുന്നു.
ഊഷ്മാവുയർന്നു പരന്നു തിങ്ങും
ഗ്രീഷ്മകാലാന്ത നിശീഥിനികൾ,
ഏകാന്തതകളോടൊത്തുചേർന്നെൻ-
ശോകാർദ്രശയ്യയിലെത്തിടുമ്പോൾ,
മന്മലർത്തോപ്പിൽനിന്നാഗമിക്കും
മർമ്മരാരാവത്തിലാകമാനം
ഭാവനാപൂർണ്ണസുരമ്യമാം നി-
ന്നേതോ രഹസ്യം നിറഞ്ഞിരുന്നു.
ഹേമന്തം വന്നു ജഗത്തിലെല്ലാം
നീഹാരപൂരം പൊഴിഞ്ഞിടുമ്പോൾ;
ഞാനെൻ സുഷുപ്തിയെനിക്കു തന്നോ-
രാനന്ദസ്വപ്നത്തിൽ മുങ്ങിമുങ്ങി
മൂടിപ്പുതച്ചുകിടന്നു, കല്യ-
സൂര്യപ്രഭയേറ്റുണർന്നിടുമ്പോൾ;
ജാലകമാർഗ്ഗമായുള്ളിലെത്തു-
മാലോലശീതളമന്ദാനിലനിൽ,
ബാഷ്പാഞ്ജലി / അതിഥി
ചങ്ങമ്പുഴ
ദൂരെനിന്നവ്യക്തം നീ പൊഴിക്കു-
മോരോസന്ദേശം വഴിഞ്ഞിരുന്നു.
അന്നെല്ലാമാസന്നഭാവിയിൽ നീ
വന്നെത്തുമെന്നു ഞാനോർത്തിരുന്നു!
ഹാ, ദിവ്യസാന്ത്വനമോതിയെത്തു-
മാതിഥേ, നീയെൻ മരണമല്ലേ?
ക്ഷണികമീലോകം കപട, മിങ്ങെങ്ങും
കണികാനാനില്ല പരമാർത്ഥം.
ഇവിടെയെന്തിനാണമലസന്ധ്യകൾ?
ഇവിടെയെന്തിനിപ്പുലരികൾ?
മറിമായം തിങ്ങിനിറയുമീ മന്നിൽ
മതിയല്ലോ വെറുമിതള്മാത്രം!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
നഷ്ടഭാഗ്യസ്മൃതി
മഞ്ജുകരങ്ങളാൽ മന്നിലെങ്ങും
പൊന്നലുക്കിട്ടിടും സുപ്രഭാതം
ആനന്ദനിദ്രയിൽനിന്നു മന്ദ-
മാലിങ്ങനം ചെയ്തുണർത്തിയെന്നെ!
ചന്ദനത്തോപ്പിലെപ്പൂങ്കുയിലിൻ-
സംഗീതധാരയിൽ മുങ്ങിമുങ്ങി,
മന്മനോഭൃംഗം ക്ഷണത്തിലേതോ
വിണ്മലർ തേടിപ്പറന്നുപോയി!
മഞ്ജരീപുഞ്ജങ്ങളുമ്മവെച്ചും
മമ്മർരഗാനരസം പൊഴിച്ചും
മന്ദസമീരൻ മദാലസനായ്
മന്ദിരവാടിയിൽ സഞ്ചരിച്ചു.
കണ്ണീക്കർണങ്ങൾ തുളുമ്പി വീഴും
കണ്ണിണ പിന്നെയുമൊപ്പിയൊപ്പി,
ആരബ്ധഖേദനായ് നിൽക്കുമെന്നെ-
യോരോ കുസുമവുമുറ്റു നോക്കി!
ജീവിതഭാരം ശിരസ്സിലേന്തി-
ക്കേവലം ചിന്താപരവശനായ്,
ഹാ, മമ സങ്കേതരംഗമെത്താൻ
ഞാനിനിപ്പോകണമെത്ര ദൂരം?
രാവും പകലുമിടകലർത്തി
ലോകം രചിക്കും ചലനചിത്രം,
മന്ദസ്മിതം തൂകി മന്ദമന്ദ-
മെന്നെൻമിഴികളിൽനിന്നകലും?
ബാഷ്പാഞ്ജലി / നഷ്ടഭാഗ്യസ്മൃതി
ചങ്ങമ്പുഴ
എന്മനം നീറുനു, സന്തതം ഞാ-
നെന്തിനെന്നില്ലാതെ കേണിടുന്നു.
കാലമേ, നിന്റെ യവനികയാൽ
ചേലിലൊന്നെന്നെയും മൂടുമോനീ?
എത്ര പുലരികളിപ്രകാര-
മുദ്രസം വന്നെന്നെത്തൊട്ടുണർത്തി?
എന്നിട്ടുമെന്തായി?-നിഷ്ഫലം ഞാ-
നിന്നുമിരുളിലിരിക്കയല്ലേ?
മാമക മാനസം ദീനദീനം
ധപ്രമത്തെപ്പേർത്തും തിരഞ്ഞു കേണാൽ-
അന്ധകാരത്തിൽ ഞാനാഞ്ഞടിഞ്ഞാൽ-
എന്താണോചേതം ജഗത്തിനാവോ!
ആയിരം രാഗാദ്രർമാനസങ്ങ-
ളാഴക്കു ചാമ്പലായ് മാറിയാലും
ആദിത്യൻ നാളെയും വന്നുദിക്കും;
ആനന്ദം വീണ്ടും തിരയടിക്കും!
ഇന്നോളമെത്രയോ പിഞ്ചുപൂക്കൽ
മണ്ണായിമണ്ണിലടിഞ്ഞുപോയി?
ഇന്നോളമെത്ര വസന്ത മാസം
കണ്ണീരിൽ മുങ്ങി മറഞ്ഞു പോയി?
കോകിലമെന്നിട്ടും പാടുന്നില്ലേ?
കോരകം, വീണ്ടും, വിരിയുന്നില്ലേ?
വിസ്മൃതി, വിസ്മൃതി!-സർവ്വവു, മാ
നിശ്ശൂന്യഗത്തർത്തിൽത്താണുപോണം
ദീനഹൃദയനായ് ച്ചെന്നൊരുനാൾ
ഞാനതിൽ ത്താഴുമ്പോളാരുകേഴും?
ബാഷ്പാഞ്ജലി / നഷ്ടഭാഗ്യസ്മൃതി
ചങ്ങമ്പുഴ
സാന്ത്വന ശീതളച്ഛായയി,ലെൻ-
താന്തഹൃദയം പോയ് വിശ്രമിക്കേ,
മാമകാത്മാവിന്റെ മൗനഗാന-
മോമനേ, നിന്നെയുണർത്തിയില്ലേ?
അന്നെന്റെ ചുംബനം നിന്നെയാരാ-
ലംബരത്തോളമുയർത്തിയില്ലേ?
ആനന്ദതുന്ദിലനായി ഞാന-
ന്നാകാശപ്പൂക്കളാൽ മാലകോക്കെർ;
നീയൊരു മോഹനസ്വപ്നമായെൻ-
ഭാവനയിങ്കൽത്തെളിഞ്ഞിരുന്നു.
നീയെന്റെ നിമ്മർലമാനസ്സത്തിൽ
നീലനിലാവായലിഞ്ഞിരുന്നു.
ഇന്നേവം തേങ്ങിക്കരഞ്ഞിടും ഞാ-
നന്നൊരു സംഗീതമായിരുന്നു!
ഹാ, മരണത്തിൻ തണുത്തഹസ്തം
മാമകസുസ്മിതം മായ്ക്കുവോളം,
ധന്യേ, നിനക്കുള്ള ചുംബനങ്ങ-
ളെന്നധരത്തില്ത്തുളുമ്പിനിൽക്കും.
നിസ്സാരജീവി ഞാനിപ്രകാരം
ദുസ്സഹവേദനം ദീനദീനം,
എത്രനാൾ കണ്ണീർ പൊഴിച്ചിടേണം,
നിസ്തുലേ, നിന്നടുത്തെത്തുവാനായ്?....
എന്മനം നീറുന്നു, സന്തതം ഞാ-
നെന്തിനെന്നില്ലാതെ കേണിടുന്നു.
കാലമേ, നിന്റെ യവനികയാൽ
ചേലിലൊന്നെന്നെയും മൂടുമോനീ?.....
വാടുന്ന പുഞ്ചിരിപ്പൂവൊന്നുമെന്മുഖ-
വാടിയിൽ വന്നു വിടരേണ്ടൊരിക്കലും
ചാരിതാർത്ഥ്യത്തെപ്പുലർത്താൻ, മിഴിയിണ
തോരാതിരുന്നാൽ മതി, മരിപ്പോളവും!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
സങ്കേതം
അല്ലെങ്കിൽ വേണ്ട;-ഞാനെന്നുമെന്നു-
മല്ലലിൽത്തന്നെ കഴിച്ചുകൊള്ളാം.
ലോകവും ഞാനുമായുള്ള ബന്ധ-
മാസന്നഭാവിയിൽ നഷ്ടമായാൽ,
ആലംബമില്ലാത്തൊരെന്നെയോർത്ത-
ന്നാരുമൊരാളും കരഞ്ഞിടേണ്ട!
എന്നന്ത്യവിശ്രമരംഗമാരും
പൊന്നലർകൊണ്ടു പൊതിഞ്ഞിടേണ്ട!
മാനവപാദസമ്പർക്കമറ്റ
കാനനാന്തത്തിങ്കൽ വല്ലിടത്തും,
തിങ്ങിടും പച്ചപ്പടർപ്പിനുള്ളിൽ
നിങ്ങളെൻകല്ലറ തീർക്കുമെങ്കിൽ,
പോരും!-മലിനമാമീയുലകിൽ,
ചാരിതാർത്ഥ്യമിനിക്കില്ല വേറെ!
ഞാനുമെൻ മൂകപ്രണയവുമൊ-
ത്താ വനാന്തത്തിലടിഞ്ഞുകൊള്ളാം!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
നിർവൃതി
തിങ്ങിനിറയുന്ന കൂരിരുളിൽ
നിന്നുഞാൻ തേങ്ങിക്കരഞ്ഞിരുന്നു.
ആനന്ദച്ഛായയിലുല്ലസിക്കും
മാമകസങ്കേതമെത്തുവാനായ്,
ആരുമില്ലെന്നെനയിച്ചുകൊൾവാ-
നാതങ്കഭീരു ഞാനെന്തു ചെയ്യും?
താന്തനായ് നിൽക്കുമൊരെന്നെനോക്കി-
ത്താരാകുമാരികൾ കണ്ണുചിമ്മി,
ഞാനുമൊരിക്കലാ മാനനീയ-
സ്ഥാനത്തിരുന്നവനായിരുന്നു.
കണ്ണുനീരെന്തെന്നറിയുവാനായ്
വിണ്ണിൽനിന്നും ഞാനിറങ്ങിപ്പോന്നു.
താഴെവന്നെത്തിയോരെന്നെ, മോദാൽ
സ്വാഗതംചെയ്തു നിരാശവേഗം.
പിന്നെയും, കഷ്ട;മവിടെയൊന്നു
ചെന്നുചേർന്നീടുവാൻ ഞാൻ കൊതിപ്പൂ!
ആശയാം നൂലിൽപ്പിടിച്ചുതൂങ്ങി-
യാകാശത്തോളമിഴഞ്ഞു കേറി.
എന്നാൽ ഞാനങ്ങെങ്ങുമെത്തിയി,ല്ലെൻ-
കണ്ണുനീരൽപവും വറ്റിയില്ല.
വാനിലേയ്ക്കെന്നെ വലിച്ചുയത്തർു-
മാനൂലിടയ്ക്കു മുറിഞ്ഞുപോയി.
മുന്നേപ്പോൽത്താഴത്തെക്കൂരിരുളിൽ
പിന്നെയും ഞാനതാ വന്നടിഞ്ഞു.
ബാഷ്പാഞ്ജലി / നിർവൃതി
ചങ്ങമ്പുഴ
കല്ലിന്മേലൊന്നിലലച്ചുവീണെ-
ന്നെല്ലുകളൊക്കെത്തകന്നർിരുന്നു.
മാമകാത്മാവിൻ മുറിവിലെല്ലാം
ജീവരക്തം വാർന്നൊലിച്ചിരുന്നു.
ആവിധം ഘോരവിജനതയിൽ
ബോധരഹിതനായ് ഞാൻ കിടന്നു
അന്നിമേഷത്തിലുമശ്രുപോലും
കണ്മുന നിന്നോടിടഞ്ഞിരുന്നു.
സത്യപ്രകാശമേ, നിന്നെയോത്തെർൻ-
ചിത്തമപ്പോഴും മടിച്ചിരുന്നു.
സ്വർണ്ണസിംഹാസനം വിട്ടുവേഗ-
മെന്നരികത്തു നീ വന്നണഞ്ഞു;
ആനന്ദദായിനിയായിടും നിൻ-
വേണുഗാനം കേട്ടു ഞാനുണർന്നു.
എന്തൊരുവിസ്മയം!- ചുറ്റുമാന്നേർാ-
രന്ധതാമിസ്രമതെങ്ങു പോയി?
ഇത്രയും വേഗത്തിലെങ്ങുനിന്നി-
ങ്ങെത്തി, യിദ്ദിവ്യമാം വിൺവെളിച്ചം?
മാമകമേനിയിലാകമാനം
രോമഞ്ചപൂരമിതാരു ചാർത്തി?
ആനിമിഷംവരെ, മന്നിലയേ്യാ
ഞാനൊരു പാഴ്നിഴലായിരുന്നു;
ഏതോകരാംഗുലിസ്പർശനത്തിൻ-
മായയാൽ ഞാനൊരു ദീപമായി!
തഞ്ചുമെൻകണ്ണീർക്കണങ്ങളെല്ലാം
പുഞ്ചിരിപ്പൂവുകളായി മാറി!
സുന്ദരമായിടുമാ വെളിച്ച-
മെന്നെയെടുത്തോരു ദേവനാക്കി.
മാനവദൃഷ്ടിക്കതീതമാകു-
മോമൽച്ചിറകു വിടത്തർിമന്ദം,
മന്നിൽനിന്നിഷ്ടം പോൽ വിണ്ണിലേയ്ക്കും
വിണ്ണിൽനിന്നിഷ്ടം പോൽ മന്നിലേയ്ക്കും
ആരുമൊരാളുമറിഞ്ഞിടാതെ
പാറിപ്പറന്നിന്നു ഞാൻ കളിപ്പൂ!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
കളിത്തോപ്പിൽ
കല :മണിവിളക്കിന്നലെക്കെടുത്തിയപ്പോൾകാന്തി :
മഴവില്ലാക്കവിളത്തു മിന്നിയില്ലേ?
മണിയറവാതിലടച്ചനേരംരാധ:
തരിവളയൽപംകിലുങ്ങിയില്ലേ?
പുലരിയിൽ പ്പൂങ്കോഴി കൂകിയപ്പോൾ
പരിഭവിച്ചേറെപ്പഴിച്ചതില്ലേ?-
.........................................ശോഭ:
പറഞ്ഞോളു സഖികളേ, വേണ്ടുവോളം;പരിമള :
പരമാർത്ഥമെനിക്കല്ലേയറിഞ്ഞുകൂടു?.....
ഇനിയു, മപ്പുസ്തകം പാതിപോലുംസുഷമ :
സുഷമേ, നീ വായിച്ചുകഴിഞ്ഞതില്ലേ?-
പ്രണയലിഖിതങ്ങളെഴുതിടേണ്ടേ?കുസുമ :
പരിമളേ, സമയം പിന്നെനിക്കെവിടെ?-
ഒരുമുല്ലമലര്മാല കൊരുത്തുവെയ്ക്കാൻസരള :
സരളേ; ഞാൻ തീരെ മറന്നുപോയി! -
കുസുമേ, നിനക്കേവം മറവിയൊന്നുംകുസുമ :
കണ്ടിട്ടില്ലല്ലോ ഞാനിതിനുമുൻപിൽ.
അതുകൊള്ളാം, സരളേ, ഞാൻ പണ്ടുകണ്ടസരള :
കുസുമയല്ലിപ്പോളെന്നറിഞ്ഞുകൂടേ?-
ഒരുചിത്രശലഭം നിന്നരികിലെത്തി
ശരി, ശരി, ഞാനതു മറന്നേ പോയി!-
.........................................
ബാഷ്പാഞ്ജലി / കളിത്തോപ്പിൽ
ചങ്ങമ്പുഴ
ശോഭ :
സഖികളേ, നേരമിന്നതിർകടന്നുകല:
സരസിജപ്പൊയ്കയിൽ വെയിലുവന്നു;-
സരളയ്ക്കും കുസുമയ്ക്കും കളിയാണെല്ലാം
സലിലകേളിക്കിനിസ്സമയമുണ്ടോ?
വരു, വരു,-വിലയുള്ളസമയമല്ലേ?സുധ :
വെറുതെ നാമതു തീർത്താൽ കഷ്ടമല്ലേ?-
പരിമളമിളിതമാം സ്വപ്നമോരോ-കുസുമ :
ന്നിളകീടും രോമാഞ്ചകാലമല്ലേ?-
മലർവല്ലിക്കുടിലിലെപ്പൂങ്കുയിലേ,ശോഭ :
മധുമാസം വന്നതറിഞ്ഞില്ലേ, നീ?
പറയാതിരുന്നാൽ പറയിപ്പിക്കും
പറഞ്ഞാലോ?- പിന്നെ,പ്പൊറുതിമുട്ടി!
ഒരുതരത്തിലും മേല കഴിഞ്ഞുകൂടാൻ;
വിഷമിച്ചു ഞാനിന്നെൻ തോഴിമാരേ!-
സഖികൾ എല്ലാവരും ഒന്നിച്ച് :
അല്ലല്ല, പിണങ്ങിയോ?-
നേരമ്പോക്കായിഞങ്ങൾ
ചൊല്ലിയതല്ലേ, വേണ്ട
പിണക്കം ശോഭേ!
അഞ്ചിതമിയൊരച്ചെമ്പനീർത്താരിനൊ-
രഞ്ചാറുനാൾകൂടിനിന്നുകൂടെ?
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
വാടാവിളക്ക്
കുസുമ:കനലൊളിയെഴുമൊരു കനകദീപം
കാണുന്നില്ലേ, നീയാപ്പച്ചക്കാട്ടിൽ?
അവിടെയാണവിടെയാണറികതോഴി
മാമകസ്വപ്നംകിടപ്പതിന്നും.
ഒരു കണ്ണീക്കർണംകൂടി തുടച്ചശേഷം
ഓതാമതിൻ കഥയൊക്കെയുംഞാൻ....
നിരവധി മൃതദിനയവനികകൾ
നീക്കി ഞാൻ പിന്നോട്ടു പോകുമെങ്കിൽ
മമ ബാല്യ മധുമയമലത്തെർാടിതൻ-
മാധവമാസം തെളിഞ്ഞുകാണാം.
കളരുചികിളന്നെർാരക്കഴിഞ്ഞ കാലം
കാമദകോമളമായിരുന്നു.
ഒരുമിച്ചെന്നോടു കളിച്ചിരിപ്പാനന്നാ-
ളോമനത്തോഴനന്നുല്ലസിച്ചു.
ഒരു വിനാഴിക നേരം പിരിഞ്ഞിടാത-
ന്നാനന്ദചിത്തരായ് വാണു ഞങ്ങൾ.
സ്മരണയിലനവധി മധുരചിത്രം
മാനസനേത്രങ്ങളിന്നും കാണ്മു.
മതിമോദമണയ്ക്കുമാറൊരിക്കലന്നാൾ
മാവുകൾ പൂത്തു മണം പരന്നു.
മധുകരകലഗീതമുഖരിതമായ്
മാമരത്തോപ്പുകളാകമാനം
പരഭൂതതതിയതികുതുകപൂവ്വർം
പാടിപ്പറക്കയായങ്ങുമിങ്ങും!
ബാഷ്പാഞ്ജലി / വാടാവിളക്ക്
ചങ്ങമ്പുഴ
ഒരുകുളിർ ബകുളത്തിൻ തണലിൽ ഞങ്ങൾ
ഓടക്കുഴലൂതിയുല്ലസിച്ചു.
പല ചിത്രശലഭങ്ങൾ പരിവേഷംപോൽ
പാറിക്കളിച്ചു തലയ്ക്കുചുറ്റും.
ദിനകരമൃദുകരഞെറിയുലയെ-
പ്പൂങ്കുല തെന്നലിലൂഞ്ഞാലാടി.
കുരവകതരുനിര തല കുലുക്കി-
ക്കൂകും കുരുവികൾക്കുള്ളുണർത്തി.
കുതുകദമിവ നോക്കിക്കരൾ കുളുർത്തെൻ-
കൂട്ടുകാരൻ തിരിഞ്ഞെന്നോടോതി:-
"കുസുമേ, നാമിതുവിധം മരിക്കുവോളം
കൂട്ടുകാരായിക്കഴിഞ്ഞുവെങ്കിൽ!"
പഴകിയ കടങ്കഥയിനിയുമീ ഞാൻ
പാരം ദീർഘിപ്പിച്ചിട്ടെന്തു കാര്യം?
ഇരു ചിറകുകളെഴും മദീയബാല്യം
വേഗത്തിലെങ്ങോ പറന്നുപോയി.
അയി, സഖി, യതുവിധം സുഖിച്ചോരെന്നെ-
ത്താരുണ്യലക്ഷ്മിയണച്ചുപുൽകി.
അതുവരെക്കഴിഞ്ഞുള്ള കഥകളെല്ലാം
നീരിൽ വരച്ച വരകളായി!
സരസ്സങ്ങളവയിലെസ്സുഖങ്ങളെല്ലാം
സായന്തനാംബരരാഗമായി!
കരിമുകിൽ കരളിലെ രജതരേഖ
കാണിച്ചിടാത്തതു കുറ്റമെങ്കിൽ,
ശരി, ശരി,യനുരാഗം മറച്ചമൂലം
ബാഷ്പാഞ്ജലി / വാടാവിളക്ക്
ചങ്ങമ്പുഴ
ഘോരാപരാധിനിതന്നെ ഞാനും!
മലർ പക്ഷേ വിനോദമായടുത്തുകൂടും
മാലേയമരുത്തിനെത്തട്ടിമാറ്റാം;
അതുമൂല,മനുകൂലയല്ലവളെ-
ന്നാശങ്കയേന്തുമെന്നാരറിയും?
മമ ചപലത കണ്ടു നിരാശനായി-
ട്ടോതാനരുതെനിക്കാത്മനാഥൻ....
..............................................
കനലൊളിയെഴുമൊരു കനകദീപം
കാണുന്നില്ലേ, നീയാപ്പച്ചക്കാട്ടിൽ
അവിടെയാ,ണവിടെയാണറിക തോഴി,
മാമക സ്വപ്നം കിടപ്പതിന്നും!
അനുരാഗപരവശഹൃദയമേകം
ആറടിമണ്ണിൽ ഞാൻ ശൂന്യമാക്കി.
പ്രണയവഞ്ചകിയായിട്ടിവളെയെണ്ണി
പ്രാണേശൻ...നിൽക്കുകെൻകണ്ണുനീരേ!
ഒരു വാടാവിളക്കുഞാനവിടെക്കത്തി-
ച്ചാദരാൽ വെച്ചു ഭജിപ്പൂ തോഴി!
അനുദിനം രജനിയിലതിനെ നോക്കി-
യാതങ്കസിസ്നുവിൽ മുങ്ങിമുങ്ങി,
അനുശയമയ ബാഷ്പകണങ്ങൾ തൂകി-
യായുരന്ത്യം നോക്കി വാഴ്വു ഞാനും!
നിയതിതൻ വീർപ്പിൽ വേഗമുലഞ്ഞുലഞ്ഞീ
നീർപ്പോളകൂടിത്തകർന്നിടാവൂ!....
അടുത്തടുത്തു ഞാനണഞ്ഞിടുംതോറു-
മകന്നകന്നേവമൊളിപ്പതെങ്ങുനീ?
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
വിയോഗിനി
മന്ദഹസിതാർദ്രമാം വിൺമുഖത്തിൽ
ചന്ദ്രകല മിന്നിത്തെളിഞ്ഞിരുന്നു.
തങ്കരുചി തങ്കിന താരകകൾ
പുഞ്ചിരിയിട്ടങ്ങിങ്ങു നിന്നിരുന്നു,
സഞ്ജനിതസൗരഭസാന്ദ്രമാകും
തെന്നലല തല്ലിത്തളർന്നിരുന്നു.
അമ്മധുരരംഗത്തിൽപ്പോലു,മന്നെൻ-
കൺമുനകൾ രണ്ടും നനഞ്ഞിരുന്നു!
അന്നുഭവാനേകിയ രാഗലേഖ-
മുൺമയിലെൻ മാറോടണച്ചു പുൽകി,
ഉൾപ്പുളകമാർന്നു ഞാനാ നിശയൊ-
രുത്സവമായ്ത്തന്നെ കഴിച്ചുകൂട്ടി.
സ്നേഹമയചിന്തതന്നിർവൃതി, വ-
ന്നോമനയെക്കണ്ണീരിൽ മുക്കി മന്ദം.
ഭൂവിതി,ലാവത്തർനകാമ്യമാകു
മീ മധുരശോകാദ്രർമായ ജന്മം,
ആമരണം മോദാലടുത്തണഞ്ഞൊ-
രാവരണം കൊണ്ടു പൊതിഞ്ഞിടുമ്പോൾ-
ശൂന്യതയില്ത്തൂവുമെൻ പ്രേമഗാനം
പൂർണ്ണതയിൽ മാറ്റൊലിക്കൊണ്ടിടുമ്പോൾ-
ആ നിമിഷമ്പോലും ഭവൽസ്വരൂപ-
ധ്യാനപരമാകിൽ കൃതാർത്ഥയായ് ഞാൻ.
സുന്ദരമീ രാഗാദയത്തിൽ,ഞാനി-
ന്നെന്തു നിരഘാനന്ദമാസ്വദിപ്പൂ!
എത്രയുഗം മുൻപേതന്നീവിധ,മെൻ-
ചിത്തമിതിനായിക്കൊതിച്ചിരുന്നു!
കൂരിരുളിൽ ഘോരവിജനതയിൽ
ജീവനുണർന്നെത്ര വാവിട്ടു കേണു!
മൽക്ഷണികസ്വപ്നങ്ങളൊക്കെയു,മീ-
യക്ഷയ നിർവ്വാണത്തെ ലക്ഷ്യമാക്കി,
ഭൂവിൽ ബഹുജനങ്ങൾ താണ്ടിവന്ന-
തീ വിരഹയാതനയ്ക്കായിരുന്നോ!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
ഉന്നതകൗതൂഹലമന്നൊരുനാ-
ളെന്നരികിലെത്തുമെന്നോർത്തു, കഷ്ടം,
ഇന്നുവരെയെത്ര നിശീഥിനികൾ
കണ്ണിണ കൂട്ടാതെ ഞാൻ കത്തിരുന്നു!
നിഷ്ഫലമായ് നിത്യവുമെന്തിനോ ഞാൻ
പുഷ്പസുഖതൽപങ്ങൾ സജ്ജമാക്കി.
ഹാ,നിമിഷംതോറും ഞാൻ മാറിമാറി
ക്കോമളമാം സാരിയെടുത്തു ചാർത്തി.
അല്ലെതിർവാർകൂന്തലഴിച്ചു കെട്ടി
മുല്ലമലർ മാല കൊരുത്തുചൂടി.
മഞ്ജൂതരസിന്ദൂരചിത്രകത്താ-
ലെന്മൃദലഫാലം സുരമ്യമാക്കി.
നൽകനകഭൂഷതൻകാന്തിയിങ്കൽ
മൽതനു ഞാൻ മുക്കിയൊരുങ്ങിനിൽപായ്
-ഹന്ത, ഭവദാഗമമില്ലയെങ്കി-
ലെന്തിനു ഞാനീവിധം പാടുപെട്ടു!
എങ്കിലു,മസ്സാന്നിധ്യശൂന്യതയു-
മെങ്കരളിനാശ്വാസമായിരുന്നു.
എന്നൊരു നാളെങ്കിലു;മെന്നരികിൽ
വന്നിടുകി,ലന്നെൻവസന്തമായി!
ആ മഹിതരംഗമണയുവോളം
ഞാനിനിയുമീവിധം കാത്തിരിക്കും.
അന്നുവരെക്കൊച്ചുകിടാവിളക്കൊ-
ന്നെന്റെ മുറിയിൽക്കൂട്ടിനു കാത്തിരിക്കും!
മമ ജീവമാധുരിക്കെന്നൊടൊട്ടും
പരിഭവം തോന്നുവാനില്ല മാർഗ്ഗം,
അനഘനിർവ്വാണദമാണെനിയി-
ന്നവളെക്കുറിച്ചുള്ള ചിന്തപോലും!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
പ്രതിജ്ഞ
പ്രണയലോലനാ,യമലേ നിന്നടു-
ത്തിരവിലിന്നു ഞാനെത്തും;
മണിയറവാതിലടച്ചിരുന്നാലു-
മകത്തുവന്നു ഞാൻ നിൽക്കും;
അധരമൽപവുമനങ്ങിടാതെ, ഞാൻ
വിളിച്ചുനിന്നെയുണർത്തും;
അതുലേ, നീപോലുമറിയാതെ നിന്നെ-
പ്പുണർന്നു ഞാനുടൻ പോരും!
സാനുമോദം, നിദ്രയിലീ- ലോകമാകമാനം
പൂനിലാവോടൊത്തുചേർന്നു- ലാലസിക്കും നേരം;
പാതിരാക്കുയിലുണർന്നു- പാടിയതിൻശേഷം
പാലപൂത്തു പരിമളം- താവിനിൽക്കും നേരം;
ശാരദശശാങ്ക ബിംബം- മാഞ്ഞുമാഞ്ഞൊടുവിൽ
താരകകൾപോലുമൊന്നു- കണ്ണടയ്ക്കും നേരം-
പ്രണയലോലനാ, യമലേ, നിന്നടു-
ത്തിരവിലിന്നു ഞാനെത്തും;
മണിയറവാതിലടച്ചിരുന്നാലു-
മകത്തുവന്നു ഞാൻ നിൽക്കും;
അധരമൽപവുമനങ്ങിടാതെ, ഞാൻ
വിളിച്ചുനിന്നെയുണർത്തും;
അതുലേ, നീപോലുമറിയാതെ നിന്നെ-
പ്പുണർന്നു ഞാനുടൻ പോരും!
പുഷ്പമയതൽപകത്തിൽ- പട്ടണിവിരിപ്പിൽ
നിഷ്ക്രമിതദീപികത- ന്നൽപരുചിയിങ്കൽ;
നീലമുകിൽച്ചുരുള്മുടി- ലോലമായഴിഞ്ഞും;
ജാലകത്തിലൂടകത്തു- ചേലിലലഞ്ഞെത്തും
ലോലവായുവേറ്റളക- രാജികളുലഞ്ഞും;
മാനസം കവർന്നെടുക്കും- മാതിരിയിലേവം
മാമകസൗഭാഗ്യമേ, നീ- നിദ്രചെയ്യുംനേരം-
ബാഷ്പാഞ്ജലി / പ്രതിജ്ഞ
ചങ്ങമ്പുഴ
പ്രണയലോലനാ, യമലേ, നിന്നടു-
ത്തിരവിലിന്നു ഞാനെത്തും;
മണിയറവാതിലടച്ചിരുന്നാലു-
മകത്തുവന്നു ഞാൻ നിൽക്കും;
അധരമൽപവുമനങ്ങിടാതെ, ഞാൻ
വിളിച്ചുനിന്നെയുണർത്തും;
അതുലേ, നീപോലുമറിയാതെ നിന്നെ-
പ്പുണർന്നു ഞാനുടൻ പോരും!
അത്യുദാരമിന്നൊരോമൽ- സ്വപ്നമായ് ഞാൻ മാറും
നർത്തനം ചെയ്തൊടുവിൽ നിൻ- മെത്തയിലണയും;
പ്രേമസുധയൂറിനിൽക്കും- മാമകാത്മസൂന-
മോമലേ, നിഞ്ചേവടിയിൽ- കാഴ്ചവെയ്ക്കുംനേരം
സ്വാഗതോക്തിമൂലമെന്നെ- സ്വീകരിക്കുവാനായ്
ഭാഗധേയവല്ലികേ,നിൻ- ഭാവനകൾ പോരും.
നാമിരുവരകലത്തിൽ- വാഴ്കയാണെന്നാലും
ഈവിരഹമോർത്തുനമ്മൾ- മാഴ്കയാണെന്നാലും-
പ്രണയലോലനാ, യമലേ, നിന്നടു-
ത്തിരവിലിന്നു ഞാനെത്തും;
മണിയറവാതിലടച്ചിരുന്നാലു-
മകത്തുവന്നു ഞാൻ നിൽക്കും;
അധരമൽപവുമനങ്ങിടാതെ, ഞാൻ
വിളിച്ചുനിന്നെയുണർത്തും;
അതുലേ, നീപോലുമറിയാതെ നിന്നെ-
പ്പുണർന്നു ഞാനുടൻ പോരും!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
മധുവിധു
കളകളകോകിലാലാപലോലം
കമനീയകാമദപുഷ്പകാലം;
മധുപാനമത്തമധുപഗീതം
മധുരസുരഭിയാം മന്ദവാതം;
മലർനിര മേളിച്ച മഞ്ജുവാടം
മരതകപ്പച്ചവിരിച്ച പാടം;
വിജനവിലാസലതാനികുഞ്ജം
ഭജനവിലോലയെൻ പുണ്യപുഞ്ജം
പരിമളകല്ലോലമൽപമൽപം
പരിചിലിളകിടും പുഷ്പതൽപം;
മിളിതനിർവ്വാണസുഖപ്രണയം
ലളിതവികാരമയഹൃദയം;
അരികി,ലാത്മാവിലമൃതസാരം
ചൊരിയുമെൻ നിസ്തുലഭാഗ്യതാരം;
ഒരുവാക്കിനോമനയ്ക്കെന്തുനാണം
ഇനി വേറൊരുത്സവമെന്തു വേണം?
ഇരുവരുമന്യോന്യ ചിന്തമൂലം
കരയലാൽത്തന്നെ കഴിച്ചു കാലം.
ശിഥിലാഭിലാഷങ്ങളാകമാനം
തിരതല്ലുമന്നത്തെയാത്മഗാനം,
ഒളിവിലന്യോന്യംപകർന്നുനൽകി
കലിതാനുമോദമണഞ്ഞു പുൽകി,
വിരഹ-കലഹ-സമാഗമങ്ങൾ
വിഫലസങ്കൽപ്പത്തിലാർന്നു ഞങ്ങൾ!
സദയമന്യോന്യമൊളിഞ്ഞുനോക്കി-
ബാഷ്പാഞ്ജലി / മധുവിധു
ചങ്ങമ്പുഴ
സ്സമയം സരസമായെത്ര പോക്കി!
പരഭൂതയുഗ്മളം പാട്ടുപാടി-
പ്പരിലസിച്ചീടും വനിക തേടി,
അഴലാർന്നനാരതം ഞങ്ങൾ പോയി
മിഴിനീരൊഴുക്കുവാന്മാത്രമായി!
അനഘവസന്തമണഞ്ഞതില്ല;
അനുരാഗപ്പൂവല്ലി പൂത്തുമില്ല.
അനുദിനം വായുവിൽക്കോട്ടകെട്ടി-
യനുതപിച്ചേവം കഴിച്ചുകൂട്ടി.
ചിരകാലപ്രാർത്ഥിതമീവസന്തം
തരളിതമാക്കുന്നിതെൻ ഹൃദന്തം!
മമ ജീവനയികയ്ക്കെന്നോടേവം
മതിയിൽ വളരുന്നു രാഗഭാവം!
മതിയതിൽ മാമകഭാവിയെന്നും
മഹിതാഭ താവിത്തെളിഞ്ഞുമിന്നും!
.......................................
വഴിയുമാ മന്ദാക്ഷമന്ദഹാസം,
വദനാരവിന്ദപ്രഭാവിലാസം-
ഇവരണ്ടും പോരു,മെൻജീവിതത്തിൽ
പരിതൃപ്തിയേകുവാനീ ജഗത്തിൽ!
മധുവിധുകാലമിതെത്ര രമ്യം!
മഹിയിലതൊന്നല്ലാതെന്തു കാമ്യം?
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
വയ്യ!
1
പല പല വല്ലികൾ പൂത്തു പൂത്തു
പരമളം തിങ്ങിയ പൂനിലാവിൽ
ഒരുകൊച്ചരുവിതൻ തീരഭൂവി-
ലൊരുനല്ല നീലശിലാതലത്തിൽ,
തിരകളിളക്കുന്നചിന്തകളാൽ
തരളിതചിത്തനായ് ഞാനിരിപ്പൂ!
2
സുഖദസുഷുപ്തി പകർന്നുനൽകും
സുരസുധാസ്വാദനലോലുപരായ്
മതിമറന്നാനന്ദതുന്ദിലരായ്
മരുവുന്നു മാലോകരാകമാനം.
പരിമിതമാമൊരു ശാന്തതയെൻ-
പരിസരമെല്ലാം നിറഞ്ഞുകാണ്മൂ!
3
ഇളകുമിലകൾക്കിടയിലൂടെ-
ത്തെളുതെളെച്ചോരുന്ന ചന്ദ്രികയാൽ,
നിഴലും വെളിച്ചവുമൊത്തു ചേർന്നു
നിറയുമീ രമ്യനിശീഥരംഗം
അലിയിക്കയാണെന്നെ മന്ദമന്ദ-
മനുപമാനന്ദസരസ്സിലൊന്നിൽ!
4
പരിചിലൊരേകാന്തസ്വപ്നംപോലീ-
യരുവിയെന്മുന്നിലൊലിച്ചിടുന്നു.
വളർവെള്ളിമേഘങ്ങളങ്ങുമിങ്ങു
മലയുന്ന നിമ്മർലനീലവാനിൽ,
വിലസുന്ന സുന്ദരതാരകളാ-
യനുരാഗചിന്തതന്നങ്കുരങ്ങൾ!
ബാഷ്പാഞ്ജലി / വയ്യ!
ചങ്ങമ്പുഴ
5
അകതാരിൽവന്നു തുളുമ്പുമേതോ
പരമാനന്ദത്തിലെപ്പാതിയോളം,
ഒരു നീണ്ട നേരിയ ഗാനമായി-
പ്പതറും സ്വരത്തിൽ പകന്നർശേഷം,
അകലെയപ്പാതിരാപ്പക്ഷിപോലും
ചിറകുമൊതുക്കിയുറക്കമായി!
6
അവിടെ,യക്ഷേത്രത്തിന്മുന്നിൽ,നിൽക്കു-
മരയാലിൻ കൊമ്പത്തുമാറിമാറി,
തുരുതുരെത്തൂങ്ങിപ്പിടഞ്ഞു കൂകി,-
ച്ചിറകടിച്ചാർത്തു പറന്നുപാറി,
സമയംകഴിപ്പൂ സരസമായി-
ട്ടമിതകൗതുഹലമാവലുകൾ
7
ഇവയോരോന്നായി ഞാൻ നോക്കിനോക്കി-
യവികലാനന്ദമനുഭവിപ്പൂ.
അരികി,ലെന്നാൽ,കഷ്ട,മാരുമില്ലെൻ-
ഹൃദയോത്സവത്തിനു സാക്ഷി നിൽക്കാൻ!
ഉലകിടമെല്ലാമുറക്കമായി
തരുനിരപോലുമനങ്ങാതായി!
8
ഇവിടെ, യീ ഞാൻ മാത്രമേകനായി-
ട്ടിതുവിധം നിർന്നിദ്രനായിരിപ്പൂ
സകലചരാചരമൊന്നുപോലി-
സ്സമുദിതശാന്തിയിൽ വിശ്രമിക്കേ,
നിഹതനാമെന്നെയതിങ്കൽനിന്നു-
മകലത്തു നിർത്തുന്ന ശക്തിയേതോ!!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
9
സഹതാപശൂന്യമീ മന്നിടത്തിൽ
സകലതുമിപ്പോളതീവശാന്തം;
ശരി,യെന്നാൽ,ത്തെലിടയ്ക്കുള്ളി,ലിന്നീ-
ശ്ശരദിന്ദു മാഞ്ഞുമറയുകില്ലേ?
ഉദയം, കിഴക്കു കരങ്ങൾ നീട്ടി
ക്ഷിതിയെക്കുലുക്കിയുണത്തർുകില്ലേ?
10
മനുജരെല്ലാരുമുണരുമല്ലോ!
മമ മനം വീണ്ടും തകരുമല്ലോ!
പരിഭവത്തിന്റെ ശരങ്ങൾ വീണ്ടും
തുരുതുരെയെന്നിൽത്തറയ്ക്കുമല്ലോ!
പരുഷമാം രാത്രിയാണെന്തുകൊണ്ടും
പകലിനെക്കാളെനിക്കേറെയിഷ്ടം !!
11
ഉദയമില്ലാത്തോരു നീണ്ട രാവു-
മുണരേണ്ടാത്തോരു സുഷുപ്തിയുമായ്,
ഒരുമനശ്ശല്യവും വന്നുചേരാ-
ത്തൊരുനിത്യവിശ്രമം ഞാൻ കൊതിപ്പൂ!
ധരയി,ലിജ്ജീവിതഭാരമൊട്ടു-
മരുതയേ്യാ, താങ്ങാനെനിക്കിനിയും.
പ്രണയസർവ്വമേ, പോരും പരിഭവം!
ഹൃദയഗദ്ഗതം കേൾക്കാത്തതെന്തുനീ?
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
മാപ്പ്
സഹതാപം-അല്ലെങ്കിൽവേണ്ട, ഞാനി-
ന്നറിയാതതൊന്നു പറഞ്ഞുപോയി.
അപരാധമാണ,തെനിക്കതിനാൽ
സദയം നീ ലോകമേ, മാപ്പുനൽകൂ!
കരുതിടാതാണതു ചൊന്നതു ഞാൻ,
പരിഭവമൽപവും തോന്നരുതേ!
ശിഥിലമായ്ത്തീരുമൊരാർദ്രചിത്തം
പലമട്ടു പിച്ചു പുലമ്പിയേയ്ക്കാം;
അവയിലെല്ലാറ്റിനുമിപ്രകാരം
ചെവികൊടുത്തീടൊല്ലേ, നിങ്ങളാരും!
ഞെരിയുമൊരാത്മാവിൻദീനനാദം
സുരപഥത്തോളം ചെന്നെത്തിയാലും,
ബധിരമീ ലോകം;- ഇതിനകത്തെൻ-
പ്രണയംകൊ,ണ്ടയേ്യാ,പിന്നെന്തുകാര്യം?
മിഴിനീരിൽമുങ്ങി നനഞ്ഞുതിരും
മൊഴികളിലോലുന്ന മാർദ്ദവവും;
കദനം നിറഞ്ഞു തുളുമ്പിനിൽക്കും
കരളിൻനിരഘ മധുരിമയും;
പറയാതറിയുകയില്ലയെങ്കിൽ
പറയാം;- എന്നാലുമിതെന്തു മൗനം?
മതിമതി- പണ്ടു, മെൻലോകമേ, നീ-
യിതുവിധം കർക്കശമായിരുന്നോ?
ദയനീയഗദ്ഗതം തിങ്ങിവിങ്ങും
ഗളനാളം ഞെക്കി ഞെരിക്കുവാനും
ഇടറാത്ത കൈകളിലുല്ലസിപ്പൂ
വിജയമേ, നിന്റെ വരണമാല്യം!
ബാഷ്പാഞ്ജലി / മാപ്പ്
ചങ്ങമ്പുഴ
കനകാംഗിയാകുമക്കാല്യലക്ഷ്മി
കലിതാനുരാഗം കരങ്ങൾ നീട്ടി,
തഴുകുവാൻ പോയാലും, സമ്മതിക്കാ-
തിരുളൊന്നിച്ചോടുന്നു താരകങ്ങൾ!
പരിപൂർണ്ണതയിങ്കലേയ്ക്കു നമ്മെ-
യൊരുദിവ്യശക്തിയെടുത്തുയർത്തും;
അനുസരിക്കാതെ കുടഞ്ഞുനോക്കു-
മതിലുമടിയിലേയ്ക്കാഞ്ഞടിയും
അറിയുന്നീലെന്നാലിതൊന്നു,മയേ്യാ,
മറിമായംതന്നെയീ മന്നിലെന്തും
ഭുവനമേ, മാനവദൃഷ്ടിയിങ്കൽ
വെറുതെയോ നീയൊരു മായയായി?
കളവേതു, സത്യമേ,താരു കണ്ടു?
ശിവനേ,യിതെല്ലാമെന്തിന്ദ്രജാലം!....
കഥയെമ്മട്ടായാലും, കണ്ടുനിന്നു
കരയുവാൻമാത്രമെനിക്കറിയാം.
ക്ഷണികസൗന്ദര്യങ്ങൾ നോക്കിനോക്കി-
ത്തകരുന്നു, ഹാ, മനം മാമകീനം.
ഒരുപുഷ്പം വാടിക്കൊഴിഞ്ഞിടുമ്പോ-
ളൊരു നെടുവീർപ്പെന്നിലങ്കുരിപ്പൂ!
.....................................................
.....................................................
ഇവയെല്ലാം മൂഢതയായിരിക്കാം;
സദയം നീ, ലോകമേ, മാപ്പുനൽകു!22-9-1109നിഴലും വെളിച്ചവും മാറി മാറി
നിഴലിക്കും ജീവിതദർപ്പണത്തിൽ,
ഒരുസത്യം മാത്രം നിലയ്ക്കുമെന്നും-
പരമാർത്ഥസ്നേഹത്തിൻ മന്ദഹാസം!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
ആത്മരഹസ്യം
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലെ, നീ!
താരകാകീർണ്ണമായ നീലാംബരത്തിലന്നു
ശാരദശശിലേഖ സമുല്ലസിക്കെ;
തുള്ളിയുലഞ്ഞുയർന്നു തള്ളിവരുന്ന മൃദു-
വെള്ളിവലാഹകകൾ നിരന്നുനിൽക്കെ;
നർത്തനിരതകൾ,പുഷ്പിതലതികകൾ
നൽത്തളിർകളാൽ നമ്മെത്തഴുകീടവെ;
ആലോലപരിമളധോരണിയിങ്കൽ മുങ്ങി
മാലേയാനിലൻ മന്ദമലഞ്ഞുപോകെ;
നാണിച്ചു നാണിച്ചെന്റെ മാറത്തു തല ചായ്ച്ചു
പ്രാണനായികേ, നീയെന്നരികിൽ നിൽക്കെ;
രോമാഞ്ചമിളകും നിൻഹേമാംഗകങ്ങൾതോറും
മാമകകരപുടം വിഹരിക്കവെ;
പുഞ്ചിരിപൊടിഞ്ഞ നിൻ ചെഞ്ചൊടിത്തളിരിലെൻ
ചുംബനമിടയ്ക്കിടയ്ക്കമർന്നീടവെ;
നാമിരുവരുമൊരു നീലശിലാതലത്തിൽ
നാകനിർവൃതി നേടിപ്പരിലസിക്കെ-
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലെ, നീ!
വേദന സഹിയാത്ത രോദനം തുളുമ്പീടും
മാമകഹൃദയത്തിൻ ക്ഷതങ്ങൾ തോറും,
ആദരസമന്വിതമാരുമറിയാതൊരു
ശീതളസുഖാസവം പുരട്ടിമന്ദം,
നീയെന്നെത്തഴുകവേ ഞാനൊരുഗാനമായി
നീലാംബരത്തോളമുയർന്നു പോയി!
ബാഷ്പാഞ്ജലി / ആത്മരഹസ്യം
ചങ്ങമ്പുഴ
സങ്കൽപസുഖത്തിനും മീതെയായ് മിന്നും ദിവ്യ-
മംഗളസ്വപ്നമേ, നിന്നരികിലെത്താൻ
യാതൊരുകഴിവുമില്ലാതെ, ഞാനെത്രകാല-
മാതുരഹൃദയനായുഴന്നിരുന്നു!
കൂരിരുൾനിറഞ്ഞൊരെൻജീവിതം പൊടുന്നനെ-
ത്താരകാവൃതമായിച്ചമഞ്ഞ നേരം,
ആ വെളിച്ചത്തിൽ നിന്നെക്കണ്ടുഞാൻ, ദിവ്യമമൊ-
രാനന്ദരശ്മിയായെന്നരികിൽത്തന്നെ!
മായാത്തകാന്തി വീശും മംഗളകിരണമേ,
നീയൊരു നിഴലാണെന്നാരു ചൊല്ലി?
അല്ലില്ല വെളിച്ചമേ, നിന്നെഞാനറിഞ്ഞതി-
ല്ലല്ലലിൽ മൂടിനിൽക്കുമാനന്ദമേ!
യാതൊന്നും മറയ്ക്കാതെ, നിന്നോടു സമസ്തവു-
മോതുവാൻ കൊതിച്ചു നിന്നരികിലെത്തി,
കണ്ണുനീർക്കണികകൾ വീണു നനഞ്ഞതാം നിൻ-
പൊന്നലർക്കവിൾക്കൂമ്പു തുടച്ചു,മന്ദം,
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലെ, നീ!
എന്നാത്മരഹസ്യങ്ങളെന്തും ഞാൻ നിന്നോടോതും;
മന്നിനായതു കേട്ടിട്ടെന്തു കാര്യം?
ഭൂലോകമൂഢരായി നമ്മെയിന്നപരന്മാർ
പൂരിതപരിഹാസം കരുതിയേയ്ക്കാം.
സാരമില്ലവയൊന്നും-സന്തതം, മമ ഭാഗ്യ-
സാരസർവ്വസ്വമേ, നീയുഴന്നിടേണ്ട!
മാമകഹൃദയത്തിൽ സ്പന്ദനം നിൽക്കുവോളം
പ്രേമവുമതിൽത്തിരയടിച്ചു കൊള്ളും!
ബാഷ്പാഞ്ജലി / ആത്മരഹസ്യം
ചങ്ങമ്പുഴ
കൽപാന്തകാലം വന്നൂ ഭൂലോകമാകെയോരു
കർക്കശസമുദ്രമായ് മാറിയാലും,
അന്നതിൻമീതെയലതല്ലിയിരച്ചുവന്നു.
പൊങ്ങിടുമോരോ കൊച്ചു കുമിളപോലും,
ഇന്നു മന്മാനസത്തിൽത്തുള്ളിത്തുളുമ്പിനിൽക്കും
നിന്നോടുള്ളനുരാഗമായിരിക്കും!
രണ്ടല്ല നീയും ഞാനു,മൊന്നായിക്കഴിഞ്ഞല്ലോ!....
വിണ്ടലം നമുക്കിനി വേറെ വേണോ?
ആരെല്ലാം ചോദിച്ചാലു, മാരെല്ലാം മുഷിഞ്ഞാലും,
മാരെല്ലാം പരിഭവം കരുതിയാലും,
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങ-
ളാരോടുമരുളരുതോമലെ, നീ!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
മുകരുക
പരിഭവസ്വരം മാത്രം നിറഞ്ഞൊരി-
പ്പരമശൂന്യമാം ലോകത്തിലൊക്കെയും,
വിഫലമോമലേ, നിന്നെത്തിരിഞ്ഞുകൊ-
ണ്ടിതുവരേയുംമലഞ്ഞുനടന്നു ഞാൻ.
ഒളിവിൽ, നാണിച്ചു നാണിച്ചനാരത-
മവനതാസ്യയായെങ്ങിരിക്കുന്നു നീ?
ഇരുളിലുമിത്ര ലജ്ജയോ?- മന്ദമാ
മുഖപടമൊന്നു മാറ്റു മനോരമേ!
ഗഗനസീമയ്ക്കുമപ്പുറമെപ്പൊഴും
ചിറകടിച്ചു പറക്കുമെൻ ചിന്തകൾ,
തവ സുശോഭനസങ്കേതരംഗമാ-
ണവിടെയെങ്ങും തിരഞ്ഞതിന്നോളവും!
മഹിതനിർവ്വാണദായിനിയായിടും
മധുരദർശനേ, നിന്നാഗമോത്സവം,
കലിതകൗതുകം ഘോഷിക്കുമെന്നു, മെൻ-
ഹൃദയരക്തം പുരണ്ട പതാകകൾ!
ഇരുളിൽ നിന്നു കരയുകയാണു ഞാൻ;
വരിക വേഗ,മെൻ ജീവിതാനന്ദമേ!
തകരുമീ ജീവനാശ്വസിക്കട്ടെ, നീ
മുകരുകെന്നെ, യെൻ ദിവ്യപ്രണയമേ!-
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
എനിക്കുവേണ്ടത്
മരതകാഭ വഴിഞ്ഞൊഴുകീടുമീ-
ത്തൃണസമാകുലമൈതാനഭൂമിയിൽ,
മലരണിവളർവല്ലികൾ ചൂഴുമീ
മലയജാമലശീതള ച്ഛായയിൽ,
കലിതകൗതുകമാടുമേച്ചീവിധം
കഴിയുവാനെന്നുഭാഗ്യംലഭിച്ചിടും?
വിജനതകൾക്കു ജീവൻ കൊടുക്കുമെൻ-
മുരളികാനന്ദഗാനലഹരിയിൽ,
മതിമറന്നെത്ര കാനനവല്ലികൾ
തലകുലുക്കി രസിക്കയില്ലെപ്പൊഴും!
ഉദയകൗതുകം കാണുവാനായ് സ്വയം
മിഴിതുറകും മുകുളമുഗ്ദ്ധാംഗിമാർ,
ഭരിതമോദമെന്മുന്നിലാത്താദരം
ചൊരിയുകയില്ലെത്ര രാഗപരിമളം!
മൃദുലമംഗള സംഗീതലോലയാ-
യൊഴുകിടുന്നൊരിക്കൊച്ചുപൂഞ്ചോലയിൽ,
സമയമെത്ര കഴിക്കില്ല നിത്യവും
സലിലകേളിയിൽ ഞാനും സഖാക്കളും!
അകലെ നീന്തിക്കളിച്ചിടും സുന്ദര-
വിഭവറാണിമാർ, കാനനദേവിമാർ
ഒളിവിൽ,ലെൻ നേർക്കെറിയും പലപ്പൊഴും
ലളിതലജ്ജപുരണ്ട കൺകോണുകൾ!
സുഖസുഷുപ്തിപുലരും സുശീതള-
സുമവിരാജിത സുന്ദര ശയ്യയിൽ
മധുരചിന്താലഹരിയിൽ മഗ്നനാ-
യമരുമാച്ചൂടുമദ്ധ്യാഹ്ന വേളയിൽ,
വയലിൽനിന്നും മടങ്ങുമൊരോമലാ-
ളണയുമെന്മുന്നിലാനതമൗലിയായ്!
ബാഷ്പാഞ്ജലി / മുകരുക
ചങ്ങമ്പുഴ
ചുരുൾമുടിക്കെട്ടഴിച്ചു വിതുർത്തുകൊ-
ണ്ടരികിൽ നിൽക്കുമവളോടു സസ്പൃഹം
ഹരിതദീപ്രമക്കാനനമണ്ഡല-
ചരിതമോരോന്നു ചോദിച്ചനാകുലം,
കരിപിടിക്കാത്ത കന്യാഹൃദന്തര-
കവനഭംഗി നുകർന്നു ഞാൻ വാണിടും!
കുളിരണിഞ്ഞ നിലാവിൽക്കുളിച്ചിടും
ലളിതമോഹനഹേമന്ത രാത്രിയിൽ,
പൊഴിയുമെൻ മൂളിപ്പാട്ടുകൾ കേട്ടു കേ-
ട്ടലിയുമോരോരോ വെൺമണൽത്തിട്ടുകൾ!
മലയമാരുതനേറ്റേറ്റു, കോകില-
മധുരപഞ്ചമം കേട്ടു കേട്ടങ്ങനെ,
മലരണിവളർവല്ലികൾ ചൂഴുമീ
മലയജാമലശീതളച്ഛായയിൽ,
കലിതകൗതുകമാടുമേച്ചീവിധം
കഴിയുവാനെനിക്കാകിൽ ഞാൻ ഭാഗ്യവാൻ!!
ബാഷ്പാഞ്ജലി / എനിക്ക് വേണ്ടത്
ചങ്ങമ്പുഴ
വയലിൽനിന്നും മടങ്ങുമൊരോമലാ-
ളണയുമെന്മുന്നിലാനതമൗലിയായ്!
ചുരുൾമുടിക്കെട്ടഴിച്ചു വിതുർത്തുകൊ-
ണ്ടരികിൽ നിൽക്കുമവളോടു സസ്പൃഹം
ഹരിതദീപ്രമക്കാനനമണ്ഡല-
ചരിതമോരോന്നു ചോദിച്ചനാകുലം,
കരിപിടിക്കാത്ത കന്യാഹൃദന്തര-
കവനഭംഗി നുകർന്നു ഞാൻ വാണിടും!
കുളിരണിഞ്ഞ നിലാവിൽക്കുളിച്ചിടും
ലളിതമോഹനഹേമന്ത രാത്രിയിൽ,
പൊഴിയുമെൻ മൂളിപ്പാട്ടുകൾ കേട്ടു കേ-
ട്ടലിയുമോരോരോ വെൺമണൽത്തിട്ടുകൾ!
മലയമാരുതനേറ്റേറ്റു, കോകില-
മധുരപഞ്ചമം കേട്ടു കേട്ടങ്ങനെ,
മലരണിവളർവല്ലികൾ ചൂഴുമീ
മലയജാമലശീതളച്ഛായയിൽ,
കലിതകൗതുകമാടുമേച്ചീവിധം
കഴിയുവാനെനിക്കാകിൽ ഞാൻ ഭാഗ്യവാൻ!!
4-2-1108
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
ഇരുളിൽ
ഇനിയൊരിക്കലും കിട്ടാത്ത മട്ടി,ലെൻ-
പിടിയിൽനിന്നും വഴുതിയ ഭാഗ്യമേ!-
വിവിധ ചിന്തയാൽ വാടിക്കരിഞ്ഞൊരെൻ-
വിമഥിതമായ മാനസവാടിയിൽ,
നവനവോന്മേഷദോക്തികളാ, ലിളം
തളിർ പൊടിപ്പിച്ച ദിവ്യസൗഹാർദ്ദമേ!-
എവിടെ , യെങ്ങുനീ?- നിന്നെയോത്തേർാത്തർിതാ
വിവശചിത്തനായ് നിന്നു കേഴുന്നു ഞാൻ!
കരളു നൊന്തുനൊന്തത്യന്തദൂനനായ്
കഴിയുമിക്കൊച്ചു നിസ്സാരജീവിയെ,
ഇവിടെ , യിക്കൊടുംകൂരിരുൾപ്പാതയി-
ലിതുവിധം വെടിഞ്ഞെങ്ങൊളിച്ചു നീ?
വിജനഭീരു ഞാനത്യുഗമാകുമീ
വിരഹ, മയേ്യാ, സഹിക്കുന്നതെങ്ങിനെ?
സിരകളെല്ലാം തളരുന്നു, ശൂന്യമാ-
മിരുളിലേയ്ക്കിതാ താഴുന്നു ഭൂതലം.
ഉഡുനിരകൾ നുറുങ്ങി വീഴുന്നു, ഹാ
തരിതരിയായ് ത്തെറിക്കുന്നു വിണ്ടലം!
ഇടിമുഴങ്ങിക്കൊടും കാറ്റടിച്ചടി-
ച്ചഖിലവും വീണടിയുന്നു മേൽക്കുമേൽ
കടലിരച്ചിരച്ചേറുന്നു, കൊള്ളിമീ-
നിടറിയോടുന്നു വാനിലെല്ലാടവും.
ഇതിനു സാക്ഷ്യംവഹിച്ചു നിൽക്കാനെനി-
ക്കരു, തിതെന്തൊരു വേതാളതാണ്ഡവം!
പരമഘോര, മിതുറ്റുനോക്കാനെനി-
ക്കരുതിതെന്തൊരു കൽപാന്തസംഭവം!
അടിയുറയ്ക്കുന്നതില്ല- ഞാൻ വേച്ചുവേ-
ച്ചുടനിവിടത്തിൽ മൂർച്ഛിച്ചു വീണുപോം!
എവിടെയയേ്യാ, വെളിച്ചം, വെളിച്ച, മി-
ത്തിമിരമെന്നെ വിഴുങ്ങുന്നു നിർദ്ദയം!
ബാഷ്പാഞ്ജലി / ഇരുളിൽ
ചങ്ങമ്പുഴ
ചതവുപറ്റിയ ജീവന്റെ ഗദ്ഗദ-
ശ്രുതിയിലും, ഹന്ത, താളം പിടിക്കലും,
മനമുരുകിയുതിർന്ന കണ്ണുനീർ-
ക്കണികകൾകൊണ്ടു ദാഹമടക്കലും
സ്ഥിതിയിതു തന്നെ പണ്ടു, മിപ്പൊഴു, മി-
ക്ഷിതിയിതുവിധം തന്നെയാം മേലിലും!
വിഫലമെന്തിനുപിന്നെ, ഞാനീവിധം
വികൃതഭാഷയിൽ തേങ്ങിക്കരയണം?
പ്രണയതുന്ദിലമാണെന്നിരിക്കിലും
മമ മൊഴികളിന്നാളില്ല കേൾക്കുവാൻ!
ഫലരഹിതമാം വാഗ്വാദഘോഷവും,
പരിഭവങ്ങളും, പാഴ്ക്കലഹങ്ങളും,
ചതിയു, മീർഷ്യയും, വൻപു, മസൂയയും,
ഹൃദയശൂന്യമാം പച്ചച്ചിരികളും,
പരിഹാസവാഞ്ഛയും, വൈരവും,
പരമനീചമായൊരഹങ്കാരവും,
- മതി, യിതല്ലല്ലി, സാഭിമാനം സദാ
മഹി പുകഴ്ത്തുന്ന മാനവ ജീവിതം?
അതു, മതു വെറും പാഴ്കിനാവാണതാ-
ണതിലുമേറ്റം ദയനീയമോർക്കുകിൽ!
ബാഷ്പാഞ്ജലി / ഇരുളിൽ
ചങ്ങമ്പുഴ
ക്ഷണികതയ്ക്കൊരു പര്യായമാം ഹിമ-
കണികമാത്രമാണീ ലോകജിഇവിതം.
അതിസുശക്തമാമായസഹസ്തവു-
മടിയുമന്ത്യത്തിലാഴക്കു ചാമ്പലായ്!
വെറുതെയെന്തിനു പിന്നെയീ വ്യർത്ഥമാം
പരിഭവവും, കലഹവും, കോപവും?
അരിയ സൗഹാർദ്ദകൽപകച്ഛായയി-
ലണയുകല്ലല്ലി, നമ്മൾക്കൊരുത്സവം?-
കലിത സൗഹൃദം, തങ്ങളിൽത്തങ്ങളിൽ-
ക്കരളു കൈമാറിയാശ്വസിച്ചങ്ങനെ,
സതതമൊന്നിച്ചു തോളോടുതോളുചേർ-
ന്നമരുകല്ലല്ലി, നമ്മൽക്കൊരുത്സവം?
മരണമെത്തി വിളിക്കുംവരേയ്ക്കു, നാം
മഹിയിലെന്തിനു വേറിട്ടു നിൽക്കണം?
വെറുതെ, മർത്ത്യ, മദിക്കുന്നതെന്തിനാ-
ണൊരുപിടി വെറും പാഴ്മണലല്ലി, നീ?
ഒരു ദിനം നിന്റെ കണ്ണൊന്നടയുകി-
ലതു മതി, ലോകം നിന്നെ മറക്കുവാൻ!
ഭുവനശാന്തി ഭജിക്ക നീ, സോദര-
ഹൃദയരക്തം കൊതിക്കാതിരിക്ക നീ!
നിഹത, നീയു,മീ ഞാനു, മവനു, മി-
ന്നൊരുപോ,ലാലംബശൂന്യരാം ജീവികൾ!-
വിധിവിഹിതപ്രവാഹത്തി, ലൊന്നുപോ-
ലൊഴുകിടും വെറുമോലത്തുരുമ്പുകൾ!-
കഴികയില്ല നമുക്കാക്കർുമായതി-
ന്നടിയൊഴുക്കിന്നെതിരിട്ടു നീന്തുവാൻ!
എവിടെയെങ്കിലുമെത്തട്ടെ, യാകയാ-
ലതിനൊരുപോൽ വിധേയരായ്ത്തീരുക!
പരമ നിർമ്മലസ്നേഹമേ, നിന്നുടെ
പരിധിയില്ലാത്ത നിർവ്വാണമണ്ഡലം
സുലളിതോജ്ജ്വലം, സുപ്രഭാസങ്കുലം,
സുഖദസുന്ദര ചിന്താസുരഭിലം!-
മഹിതമാകുമവിടമായീടണം
മഹിയിൽ നമ്മൾ തന്നാത്മലീലാങ്കണം!
ബാഷ്പാഞ്ജലി / ഇരുളിൽ
ചങ്ങമ്പുഴ
ഇതുവരെയും തല ചായ്ചുറങ്ങിയ
തണലിലെൻസുഖസ്വപ്നങ്ങളൊക്കയും,
ഉലകിൽ നാകം രചിച്ചു, പൊടുന്നനെ-
ച്ചിറകടിച്ചു പറന്നു മറഞ്ഞുപോയ്!
ചില വിശേഷനിമേഷത്തിലെങ്കിലും
പരമനഗ്നമായ്ക്കാണ്മൂ നാം മായയെ!
അവനിയിലില്ലറിയാനൊരാളു, മെ-
ന്നസഹനീയമാം നിശ്ശബ്ദസങ്കടം !
അമിതവാഞ്ച്ഛകളില്ലെനിക്കെങ്കിലു-
മശുഭഭാവിക്കടിമയായ്ത്തീർന്നു ഞാൻ!
കപടലോകത്തിലാത്മാർത്ഥമായൊരു
ഹൃദയമുണ്ടായതാണെൻ പരാജയം!
വിമലസൗഹാർദ്ദമാദ്യം ത്യജിക്കുകിൽ
വിജയലക്ഷ്മിതൻ കാമുകനായി ഞാൻ!
ഉദിതരോഷനിഷേധസ്വരങ്ങളിൽ
മുദിതമാനസരെത്ര പഴിക്കിലും,
നിരവധികനിരഘഗുണങ്ങളാൽ
നിരുപമം ഹാ, നിരാശതേ, നിൻ മുഖം!
മുകരുകെന്നെ നീ മേലിലുമീവിധം
വിഗതഗർവ്വനായുല്ലസിക്കട്ടെ ഞാൻ!
ഹൃദയഭാഷകൾ പോലും ഗഹിക്കുവാൻ
കഴിവെഴുന്നൊരെന്നോമൽ സഖാക്കളേ,
പറവതെന്തിനി പ്രത്യേക, മെന്നിലും
പരമഭിജ്ഞരാം, നിങ്ങളൊടൊക്കെ, ഞാൻ?
ഒരു യഥാർത്ഥ സുഹൃത്തിനേക്കാളും,മീ-
യുലകിലില്ലെനി ക്കൊന്നുമുപരിയായ്;
മടിയെഴാതവനായിസ്സകൗതുകം
വെടിയുവേനെന്റെ ജീവനും കൂടി ഞാൻ!
ചിറകെനിക്കില്ല! , ദേവനുമല്ല, ഞാ
നൊരുവെറും തുച്ഛമാനവകീടകം;
അറിവതുണ്ടു ഞാനെങ്കിലും സ്പഷ്ടമായ്
പരമനിർമ്മലസ്നേഹമഹിമയെ!
ബാഷ്പാഞ്ജലി / ഇരുളിൽ
ചങ്ങമ്പുഴ
മരണരംഗമായ് മാറിയ മജ്ജഢം
മറവുചെയ്യുന്ന കല്ലറയിങ്കലായ്,
നിഹതനെന്നെയോർത്തോമത്സഖാക്കളേ,
സദയമീവിധമാരചിക്കേണമേ:-
'ഇതിനകത്തു കിടക്കുന്നതു,ണ്ടൊരു
ശിഥിലരാഗസുരഭിലമാനസം;
അതുപലപ്പൊഴും മന്ത്രിച്ചു:- 'നിർമ്മല-
പ്രണയശൂന്യമീ ലോകം, തമോമയം!
ഇവിടെയില്ലാ വെളിച്ചം, മലിനമാ-
മിവിടെയില്ലാ സഹതാപമർമ്മരം!'
അതിനുവേണ്ടിക്കരഞ്ഞുകരഞ്ഞൊരു
കണികപോലും ലഭിച്ചിടാതാകുലം,
പരമഘോര നിരാശയിലെപ്പൊഴു-
മെരിപൊരിക്കൊണ്ടടിഞ്ഞതാണാ മനം!
പഥിക, നീയൊരു കണ്ണുനീർത്തുള്ളി,യീ
മഥിത ചിത്തത്തിനായുതിർക്കേണമേ!
അതു സമാശ്വസിക്കട്ടെ തെല്ലെങ്കിലും-
മിവിടെ വന്നൊന്നിരുന്നിട്ടു പോക നീ!! '
വരിക വീണ്ടു,മിച്ചന്ദനച്ഛായയിൽ
പരിചിൽ നമ്മൾക്കൊരുമിച്ചിരുന്നിടാം!
പരിഭവങ്ങളഖിലം മറന്നിടാം,
പലകഥകൾ പറഞ്ഞു രസിച്ചിടാം!
ഹൃദയബാഷ്പത്തിനുള്ളൊരനഘമാം
മധുരിമ നമുക്കൊന്നിച്ചശിച്ചിടാം!
ബാഷ്പാഞ്ജലി / ഇരുളിൽ
ചങ്ങമ്പുഴ
ഭുവനജീവിതവാഹിനിയെപ്പൊഴും
ദ്രുതഗതിയിൽക്കുതിക്കുകയല്ലയോ?
വരിക,യെന്തും ക്ഷണികമാ, ണൊക്കയും
മറിയു, മീ നമ്മളെല്ലാം പിരിഞ്ഞിടും!
അതിനുമുൻപു, പറയേണ്ടതൊക്കയു-
മതിമധുരം പറഞ്ഞുനാം തീർക്കുക!
മരണ,മയേ്യാ, മരണം!- വരു, നമു-
ക്കിനിയുമുണ്ടെത്ര കാര്യങ്ങളോതുവാൻ .....
17-1-1110അതിഘോരശൂന്യത വാപിളർത്തി-
ബ്ഭുവനം വിഴുങ്ങുവാൻ കാത്തിരിക്കെ;
അതിലൊരു മൺതരിക്കെത്രനേരം
പൊഴിയാൻ കഴിയും തന്മൗനഗീതം?
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
പ്രതീക്ഷ
കരിമുകിൽമാല മൂടിയ വാനി,ലെൻ-
കനകതാരയെക്കാത്തിരിക്കുന്നു ഞാൻ.
പ്രണയഗാനം മറന്ന മുരളി,യെൻ-
മടിയി,ലയേ്യാ,കിടക്കുന്നു മൂകമായ്!
ക്ഷണിക കാന്തി പൊഴിഞ്ഞു പൊലിഞ്ഞി,തെൻ-
മണിവിളക്കിലെ സ്വർണ്ണദീപാങ്കുരം!
കലിതഗദ്ഗതമാമൊരു ദാരുണ-
കദന സന്ദേശമേകിയേകി, സ്വയം
ഇരുളിലേകാന്ത ബാഷ്പാഭിഷിക്തമാം
നിമിഷങ്ങളെ യാത്രയാക്കുന്നു ഞാൻ!
വ്രണിതജീവൻ പിടഞ്ഞുണർന്നാരെയോ
വിജനഭീരുവായ്, ചോദിപ്പൂ, പിന്നെയും:-
'എവിടെ?-യെന്നെ, വിളിപ്പതാ,രെങ്ങു നീ?
വരിക നേരെ,യെൻജീവസർവ്വസ്വമേ!!
ബാഷ്പാഞ്ജലി / പ്രതീക്ഷ
ചങ്ങമ്പുഴ
ക്കമനിമാർ വീണ്ടും കൺകോണെറിഞ്ഞിടും,
വിരളസൗഭഗ ഞാൻ വിരമിക്കിലും
വിരസതയ്ക്കില്ല മാർഗ്ഗമൊരിക്കലും!
ഭരിതവേദനം, നിസ്സാരമാമൊരു
ചെറിയ നീർപ്പോള പൊട്ടിത്തകരുകിൽ,
നിയമിതോത്സുകം മുന്നോട്ടു പായുമീ
നിയതിനിംനഗയെന്തിനു നിൽക്കണം?
പരിഭവപ്പാഴ്പുകയാലൊരിക്കലും
കരിപിടിക്കുകില്ലെന്മനോദർപ്പണം.
അഴലടക്കുവാനാകാതെയോതുമെൻ-
മൊഴിയിതെല്ലാം ഭവാൻ പൊറുക്കേണമേ!
സരളമേഘകദംബപ്രചുംബിത-
തരളമാമൊരു വാര്മഴവില്ലിനെ,
അടവിയിൽപ്പൂത്ത നിർഗ്ഗന്ധപുഷ്പമൊ-
ന്നഭിലഷിച്ചുപോയ് മാറോടുചേർക്കുവാൻ!
സുരഭിലസ്വപ്നമോരോന്നു കണ്ടുക-
ണ്ടരനിമിഷം മയങ്ങിയ കാരണം,
നിരുപമാംഗ, നിരാശാഭരിതയായ്
നിരസിതയായ് മടങ്ങുമാറായി മേ!
പുതുമ പൂണുമെന്നാത്മവിപഞ്ചിയിൽ-
പ്പരിലസിച്ചോരദൃശ്യമാം തന്ത്രികൾ,
പ്രണയഗീതങ്ങൾ പിന്നെയും പിന്നെയും
പ്രണവനിർത്ധരിപോലെ വർഷിക്കവെ;
തവ ലിഖിതമെന്മാറോടു ചേർത്തുകൊ-
ണ്ടവനതാസ്യയായ് ഞാനിരുന്നീടവെ;
മധുരലോലവികാരവിജൃംഭിത-
ബാഷ്പാഞ്ജലി / പ്രതീക്ഷ
ചങ്ങമ്പുഴ
വിധുരമാമെൻഹൃദന്തത്തുടിപ്പുകൾ,
ചെവിയിലേറ്റേറ്റു വിസ്മയസ്തബ്ധരായ്
ദിവി തിളങ്ങുന്ന വാടാവിളക്കുകൾ!!-
അവരുമാത്രമാണെൻ ചിത്തമുഗ്ദ്ധത-
യ്ക്കവനിയിങ്കലെനിക്കുള്ള സാക്ഷികൾ!!
കരയുവാനിടയാകരുതെങ്കിലോ
വിരിയരുതൊരു പൂമൊട്ടു പുഷ്പമായ്;
വികൃതഭൃംഗകസ്പർശമേൽക്കാതതു
സുകൃതിയായ്ത്തന്നെ ഞെട്ടറ്റുവീഴണം!!
കരുണയിത്രമേൽ ദുർല്ലഭവസ്തുവായ്
കരുതിയില്ല ഞാനിന്നോളമേതുമേ.
കുരരിയെപ്പോൽക്കരഞ്ഞു കരഞ്ഞിനി-
ദ്ധരയിൽ വാഴുവാനാശിപ്പതില്ല ഞാൻ.
കൊടിയ വിസ്മൃതിയിങ്ക,ലെൻരാഗവും
ഝടിതി വീണടിഞ്ഞേയ്ക്കാം, മഹാമതേ!
മുകുളിതകരം യാത്രചോദിക്കുമീ-
സ്സുഷമയെത്തെല്ലനുഗഹിക്കേണമേ!
ഹൃദയനാഥ, മലീമസം മജ്ജഢം
ചിതയിൽവീണു ദഹിക്കുമ്പൊളെങ്കിലും,
കരുണയാർന്നു, നിങ്കണ്ണുനീർത്തുള്ളിയൊ-
ന്നുതിരുമങ്കിൽ, ചരിതാർത്ഥതന്നെ ഞാൻ!10-4-1108
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
ചരിതാർത്ഥതന്നെ ഞാൻ
സുഷമ:നിശിതമാകുമീ വജ്രായുധത്തിനാൽ
നിഹത ഞാൻ,വിഭോ, നാശമടയുകിൽ,
ഒരുനിഴൽകൂടി മാഞ്ഞുപോ,മല്ലാതെ
വരുവാനില്ലിപ്രപഞ്ചത്തിനൊന്നുമേ!
കതിർപൊഴിച്ചു പ്രഭാതപ്രഭാകരൻ
പതിവുപോൽക്കിഴക്കെത്തിടും പിന്നെയും;
അതുലഹേമന്തയാമിനി മുന്നെപ്പോൽ
പുതുനിലാവിൽ കളിച്ചുല്ലസിച്ചിടും;
കിളികൾ പാടിടും, വല്ലികളാടിടും,
കുളിരിളംതെന്നൽ പിന്നെയും വീശിടും;
കമനീയാകൃതേ, ഹാ, ഭവാനെക്കാൺകെ-
ക്കമനിമാർ വീണ്ടും കൺകോണെറിഞ്ഞിടും,
വിരളസൗഭഗ ഞാൻ വിരമിക്കിലും
വിരസതയ്ക്കില്ല മാർഗ്ഗമൊരിക്കലും!
ഭരിതവേദനം, നിസ്സാരമാമൊരു
ചെറിയ നീർപ്പോള പൊട്ടിത്തകരുകിൽ,
നിയമിതോത്സുകം മുന്നോട്ടു പായുമീ
നിയതിനിംനഗയെന്തിനു നിൽക്കണം?
പരിഭവപ്പാഴ്പുകയാലൊരിക്കലും
കരിപിടിക്കുകില്ലെന്മനോദർപ്പണം.
അഴലടക്കുവാനാകാതെയോതുമെൻ-
മൊഴിയിതെല്ലാം ഭവാൻ പൊറുക്കേണമേ!
സരളമേഘകദംബപ്രചുംബിത-
തരളമാമൊരു വാര്മഴവില്ലിനെ,
അടവിയിൽപ്പൂത്ത നിർഗ്ഗന്ധപുഷ്പമൊ-
ന്നഭിലഷിച്ചുപോയ് മാറോടുചേർക്കുവാൻ!
ബാഷ്പാഞ്ജലി / ചരിതാർത്ഥതന്നെ ഞാൻ
ചങ്ങമ്പുഴ
സുരഭിലസ്വപ്നമോരോന്നു കണ്ടുക-
ണ്ടരനിമിഷം മയങ്ങിയ കാരണം,
നിരുപമാംഗ, നിരാശാഭരിതയായ്
നിരസിതയായ് മടങ്ങുമാറായി മേ!
പുതുമ പൂണുമെന്നാത്മവിപഞ്ചിയിൽ-
പ്പരിലസിച്ചോരദൃശ്യമാം തന്ത്രികൾ,
പ്രണയഗീതങ്ങൾ പിന്നെയും പിന്നെയും
പ്രണവനിർത്ധരിപോലെ വർഷിക്കവെ;
തവ ലിഖിതമെന്മാറോടു ചേർത്തുകൊ-
ണ്ടവനതാസ്യയായ് ഞാനിരുന്നീടവെ;
മധുരലോലവികാരവിജൃംഭിത-
വിധുരമാമെൻഹൃദന്തത്തുടിപ്പുകൾ,
ചെവിയിലേറ്റേറ്റു വിസ്മയസ്തബ്ധരായ്
ദിവി തിളങ്ങുന്ന വാടാവിളക്കുകൾ!!-
അവരുമാത്രമാണെൻ ചിത്തമുഗ്ദ്ധത-
യ്ക്കവനിയിങ്കലെനിക്കുള്ള സാക്ഷികൾ!!
കരയുവാനിടയാകരുതെങ്കിലോ
വിരിയരുതൊരു പൂമൊട്ടു പുഷ്പമായ്;
വികൃതഭൃംഗകസ്പർശമേൽക്കാതതു
സുകൃതിയായ്ത്തന്നെ ഞെട്ടറ്റുവീഴണം!!
കരുണയിത്രമേൽ ദുർല്ലഭവസ്തുവായ്
കരുതിയില്ല ഞാനിന്നോളമേതുമേ.
കുരരിയെപ്പോൽക്കരഞ്ഞു കരഞ്ഞിനി-
ദ്ധരയിൽ വാഴുവാനാശിപ്പതില്ല ഞാൻ.
കൊടിയ വിസ്മൃതിയിങ്ക,ലെൻരാഗവും
ഝടിതി വീണടിഞ്ഞേയ്ക്കാം, മഹാമതേ!
മുകുളിതകരം യാത്രചോദിക്കുമീ-
സ്സുഷമയെത്തെല്ലനുഗഹിക്കേണമേ!
ഹൃദയനാഥ, മലീമസം മജ്ജഢം
ചിതയിൽവീണു ദഹിക്കുമ്പൊളെങ്കിലും,
കരുണയാർന്നു, നിങ്കണ്ണുനീർത്തുള്ളിയൊ-
ന്നുതിരുമങ്കിൽ, ചരിതാർത്ഥതന്നെ ഞാൻ!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
എന്റെ സഖി
ഇളമരുത്തേറ്റു കൊച്ചലച്ചാർത്തുക-
ളിളകിടുന്നൊരിത്താമരപ്പൊയ്കയിൽ,
സഖികളോടുചേർന്നാടിക്കുഴഞ്ഞവ-
ളണവതെന്നിനി കേളിനീരാട്ടിനായ്?
അവളെയിന്നൊന്നു കാണാൻ കൊതിക്കയാ-
ണിവിടെയുള്ളീ മണൽത്തരിപോലുമേ!
പരിണയം കഴിഞ്ഞന്നൊരു നാളവൾ
പിരിയുവാൻവന്നു യാത്രചൊല്ലീടവെ,
ഇവിടെ നിൽക്കുമിപ്പുൽക്കൊടികൂടിയും
വിവശിതയായതിന്നു മോർക്കുന്നു ഞാൻ!
പവിഴമല്ലിക പ്പൂവുതിർന്നെപ്പൊഴും
പരവതാനി വിരിച്ചൊരിപ്പുൽത്തടം ,
പരിണതോജ്ജ്വലമാണെന്നിരിക്കിലും
പരമശൂന്യമായല്ലി തോന്നുന്നുമേ!
ഇവിടെ നിൽക്കുമീ മാതളത്തയ്യിനി-
ന്നില പൊടിച്ചോരു നൂതനസംഭവം,
അറിയുവാനിടയാവുകി,ലെത്രയി-
ന്നടികയില്ലവളാനന്ദസിന്ധുവിൽ!
അവികലോത്സവമാത്മാധിനാഥനൊ-
ത്തകലെയാണവൾ വാഴുന്നതെങ്കിലും,
അലയുവതുണ്ടവളുടെ മാനസ-
മനുനിമേഷമീയാരാമ വീഥിയിൽ!
ഒരുവിധവും മറക്കാനരുതവൾ-
ക്കരുമയാകുമിപ്പുള്ളിമാൻ കുഞ്ഞിനെ!
ബാഷ്പാഞ്ജലി / എന്റെ സഖി
ചങ്ങമ്പുഴ
കിളികളോരോന്നുണർന്നു, ചിറകടി-
ച്ചുദയകാന്തിയിൽ പാറിപ്പറക്കവെ,
ശിശിരസുന്ദരലോലനീഹാരക
യവനിക മന്ദം നീങ്ങിത്തുടങ്ങവെ,
പകുതിയോളം വിടർന്ന പൂവിൻ നവ-
പരിമളമിളം കാറ്റിലിളകവെ,
കുസുമസൗരഭമോലുമാക്കാറെതിർ-
ക്കുടിലകുന്തളം കെട്ടഴിഞ്ഞങ്ങനെ;
ഇരുവശം നിന്ന ചെമ്പനീർപ്പൂക്കള-
ത്തുടുകവിളിൽ പ്രതിഫലിച്ചങ്ങനെ;
ഒരു മൃദുമന്ദഹാസമച്ചെഞ്ചൊടി-
ത്തളിരിലൽപംസ്ഫുരിക്കുമാറങ്ങനെ;
ജലഘടവുമായി മലർത്തോപ്പിലേ-
ക്കവൾവരും വരവിന്നുമോർക്കുന്നു ഞാൻ!
ചലനചിത്രങ്ങൾ കാണിക്കയാണിദം
ചപലസങ്കൽപമെന്നെപ്പലപ്പൊഴും!
സ്മരണയിങ്കല്ത്തെളിഞ്ഞു ഞാൻ കേൾപ്പിത-
ത്തരിവളകൾതൻ സംഗീതമർമ്മരം!!
പ്രകൃതിമാതെടുത്തോമനിച്ചോളവൾ;
പ്രകൃതിയായ് സദാ സല്ലപിച്ചോളവൾ!
അവളെയാശിച്ചിരുന്നവനല്ല ഞാ-
നവളിലൊട്ടനുരക്തനുമല്ല ഞാൻ.
വെറുതെ,യെന്നിട്ടുമെന്തിനോ, കഷ്ട;-മീ
വിരഹമോർത്തോർത്തു നീറുന്നിതെന്മനം!
അവളതിമാത്രമാർദ്രുയാ,ണായതാ-
ണഴലിനിന്നെനിക്കാദിമകാരണം!
ബാഷ്പാഞ്ജലി / എന്റെ സഖി
ചങ്ങമ്പുഴ
ദിവസവും ഞങ്ങൾ കാണും, പരസ്പര-
മകമഴിഞ്ഞൊന്നു പുഞ്ചിരിക്കൊണ്ടിടും; അമിതമോദമോടൊന്നുരണ്ടക്ഷര-
മരുളി, യാത്രപറഞ്ഞു പിരിഞ്ഞുപോം;
പരമനിർമ്മലസൗഹൃദമീവിധ-
മനുനിമേഷം വളർന്നു, ഹാ, ഞങ്ങളിൽ!
മധുരശൈശവബന്ധമതറ്റിടാൻ
മമ ജഢമിനി മണ്ണിലടിയണം
അതുമറക്കുവാനോർക്കിൽ മറക്കുമോ?
മതിയിൽനിന്നതു മായ്ക്കുകിൽ മായുമോ?
മിഴികളാലസ്സുരാംഗനാസൗഭഗം
കരളിനാലാപ്പരിശുദ്ധസൗഹൃദം-
ഇവയഥേച്ഛ,മൊരുപോൽ നുകരുവാ-
നിട ലഭിച്ചല്ലോ!-ഞാനെത്ര ഭാഗ്യവാൻ!!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
അന്നും ഇന്നും
അനഘമാകുമപ്പൂവനം കാണുവാ-
നിനിയുമെത്ര ഞാൻ പിന്നോട്ടു പോകണം!
പരമനിമ്മർലസ്നേഹസമന്വിത-
സരളലോല വികാരതരളിതം,
വിവിധചിത്രസമാകുലശ്രീമയ-
വിജനരംഗമാ മംഗള ശൈശവം.
നിഹിതനായൊരെൻജീവിതവാടിതൻ-
കുസുമകാലമേ, നീയിനിയെത്തുമോ?
തവമനോഹരമനുസ്മിതോജ്ജ്വല-
വദനദർശനം സാധ്യമല്ലെങ്കിലും-
സ്മരണയെന്നെത്തടുക്കുംവരേയ്ക്കു,നി-
ന്നരികിലെന്നും പറന്നെത്തുമെന്മനം!
നവസുഷമകൾ തിങ്ങിത്തുളുമ്പിയി-
ബ്ഭുവനമന്നെത്ര കാമ്യമായ്ത്തോന്നി മേ!
പരമശൂന്യമിതെന്നാ,ലിതിനിദ-
മിരുളുവന്നു നിറഞ്ഞതിന്നെങ്ങനെ?
സഖികളോടു ചേർന്നാടിയും പാടിയും
സമയമന്നു കഴിച്ചു ഞാൻ സസ്പൃഹം.
അപരചിന്തകളില്ലന്നു ഞങ്ങളി-
ലമലകേളികളാടുകയെന്നിയേ.
അമരസൗഖ്യങ്ങളാസ്വദിച്ചാസ്വദി-
ച്ചമിതസംതൃപ്തരായുല്ലസിക്കവെ,
ഭരിതവാത്സല്യമന്നാളിലേവനു-
മരുളി ഞങ്ങൾക്കനുഗഹാശംസകൾ!
ബാഷ്പാഞ്ജലി / അന്നും ഇന്നും
ചങ്ങമ്പുഴ
അപജയത്തിനടിത്തറകെട്ടുമി-
ച്ചപലയൗവനമാശിപ്പതില്ല ഞാൻ!
മധുരശൈശവം വീണ്ടും ലഭിക്കിലീ
മഹിയിലെന്തിലുമ്മീതെ ഞാൻ മിന്നുവൻ;
ഇടവിടാതിരുന്നെത്ര ഭജിക്കിലെ-
ന്തിനി വരികയില്ലാ വസന്തോത്സവം!
സതതമന്നൊരു കൊച്ചുപൂഞ്ചോലപോൽ
മൃദുലഹാസം പൊഴിച്ചു സുഖിച്ചു ഞാൻ.
ചിറകടിച്ചുചിലച്ചു ചരിച്ചിടും
കുരുവിപോലെ പറന്നു കളിച്ചുഞാൻ.
പരിചിതമല്ലെനിക്കൊരു താപവും,
പരവശനല്ല ഞാനൊരു നേരവും.
കപടമെന്തെന്നറിയാത്തകാരണം
കവിതയാണന്നു കാണുന്നതൊക്കയും!-
ഇനിയതോരോന്നുമോത്തേർാത്തർു തപ്തനായ്-
ക്കഴികയല്ലാതെയില്ലൊരു മാർഗ്ഗവും!
മഴമുകിലിൻ മണിമേട തീർക്കുവാൻ
മനമുഴറി മരുവുന്നതിൽപ്പരം,
ഒരു ചെറിയ പൂമ്പാറ്റതൻ പിന്നിലൂ-
ടനുഗമിക്കുന്നതാണെനിക്കുത്സവം!
ചെറുതരംഗച്ചുരുളുകൾ ചിന്നുമീ
ഹൃദയഹാരിയാം നൈതലാമ്പൽക്കുളം,
സദയമെന്നെ ക്ഷണിപ്പതുണ്ടിപ്പൊഴും
സലിലകേളിക്കു സാക്ഷ്യം വഹിക്കുവാൻ,
പുളകമേകിയില്ലെത്ര, യന്നൊക്കെ,യ-
പ്പുളിനഭൂവിനെൻ കാലടിപ്പാടുകൾ!
ബാഷ്പാഞ്ജലി / അന്നും ഇന്നും
ചങ്ങമ്പുഴ
അലരണിത്തോപ്പിലിന്നും ലസിപ്പതു-
ണ്ടരിയ ചന്ദനശീതളച്ഛായകൾ
എവിടെയിന്നു മറഞ്ഞുപോയ്, ക്കഷ്ട ,മ-
ന്നവിടെ വന്നെത്തുമെൻകൂട്ടുകാരികൾ?
മൃദുലമഞ്ജുളമഞ്ജീരശിഞ്ജിത-
മുഖരിതമാണവിടമന്നൊക്കയും.
തകരുകയാണു, വാടിക്കരിഞ്ഞൊരീ
ബകുളപുഷ്പങ്ങൾ കാണുമ്പോളെൻ മനം!
അവ പെറുക്കുവാനെന്തു കോലാഹല-
മവിടെ ഞങ്ങൾ നടത്തീല നിത്യവും!
സ്മരണയെത്തട്ടി വീണ്ടുമുണർത്തുമി-
ശ്ശിശിരവായുവിൻ ശീതളാലിംഗനം;
അശുഭഭാവിയെനിക്കണച്ചീടുമെ-
ന്നണുവുമന്നൊന്നുമോർത്തിരുന്നില്ല ഞാൻ.
ഇരുളിനുള്ള മുഖവുരമാത്രമാ-
ണുദയരശ്മിതൻ മന്ദസ്മിതാങ്കുരം!
അതുലമായൊരാ രംഗങ്ങളോർത്തിനി
മതി കരഞ്ഞതെൻ മന്ദഹൃദയമേ!
സുദിനമൊക്കെക്കഴിഞ്ഞു-ഹാ, ദുസ്സഹ-
കദനപൂർണ്ണമിനി മമ ജീവിതം.
ചിരസമാർജ്ജിതപുസ്തകജ്ഞാനമേ,
കരിയിലപോലെ ശുഷ്കമല്ലല്ലി നീ?
എരിയുമാത്മാവിനാശ്വാസമേകുവാ-
നുതകുമെന്നു ഭ്രമിച്ചുപോയ് നിന്നെ ഞാൻ!
ഉലകിനെത്ര രുചിക്കുമെൻ ജീവിത-
ചലനചിത്രം, കഠിനശോകാത്മകം?
മതി,-യിതെങ്ങാനുമീവിധം നീണ്ടുനീ- ണ്ടൊടുവി,ലത്യന്ത ശോകമായെങ്കിലോ!
ഇതിനു പൂർണ്ണവിരാമമിട്ടീടുവാ-
നിനി വിളംബമരുതരുതൽപവും!
ബാഷ്പാഞ്ജലി / അന്നും ഇന്നും
ചങ്ങമ്പുഴ
വിജയലക്ഷ്മി വന്നെന്നെത്തലോടുവാൻ
ഭജനലോലനായെത്ര നാൾ കാത്തു ഞാൻ!
അവളനുകൂലയല്ലെനി,ക്കാകയാ-
ലവനതാസ്യനായ് പിന്മടങ്ങട്ടെ ഞാൻ!
ഒരുമരതകപ്പച്ചിലക്കാട്ടിലെൻ-
മരണശയ്യ വിരിക്കൂ സഖാക്കളേ!
വസുധയോടൊരു വാക്കു ചൊന്നിട്ടിതാ
വരികയായി ഞാൻ-അൽപം ക്ഷമിക്കണേ!!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
അന്ത്യസമാധാനം
കാമുകൻ:പറയുകെല്ലാം; മടിക്കേണ്ട നീ, യതിൽപ്രണയിനി:
പരിഭവിക്കുവോനല്ല ഞാനോമലേ!
തവ ഹൃദയമൊളിവിൽ കവർന്നവ-
നുലകിലേവനാ, ണോതുകെന്നോടു നീ!
മമ മനോരഥദീപമേ, മാമക
ചപലതയ്ക്കു നീ മാപ്പു നൽകേണമേ!
അതികുമതിയാമേകനാലീവിധം
തരള ചിത്ത ഞാൻ വഞ്ചിതയായ്, വിഭോ!
വിവിധവർണ്ണങ്ങൾ വീശുന്നൊരന്തിതൻ-
യവനികയ്ക്കു പിൻപൊക്കെത്തമോമയം.
അബല ഞാനെന്തറിയുന്നു?-ലേശവു-
മറിവിയലാത്തൊരേഴയല്ലല്ലി ഞാൻ?
ഒരു മരീചികയാണവൻ, കശ്മലൻ
പുതുനിലാവിന്റെ രൂപമെടുത്തവൻ!
പ്രണയശീതളം, ഞാനതിരമ്യമാ-
മഭയകേന്ദ്രമൊന്നാരാഞ്ഞുപോകവേ;
'ഇവിടെയോമലേ, പോരിക, പോരികെ'-
ന്നൊരു മധുരക്ഷണം കേട്ടു പിന്നിലായ്.
തലതിരിച്ചു ഞാൻ-എന്തെന്തു വിസ്മയം!
തരുണനേകനാ,ണാകാരകോമളൻ!
മൃദുലമന്ദസ്മിതാശ്ലേഷിതാധരൻ
പ്രണയലോലകിരണോൽക്കരോജ്ജ്വലൻ!
മമ മിഴികളാ ദുർല്ലഭകാന്തിതൻ-
മധുര ചുംബനമേറ്റേറ്റു മങ്ങവെ,
പ്രകടമൂകമാം മാന്ത്രികശ്ക്തിയാൽ
സകലതും, ഹാ, മറന്നു വിശ്വത്തിൽ ഞാൻ!
സ്ഥിതിഗതികൾതൻ സൂഷ്മനിരീക്ഷണ-
കുതുകമെന്നിലുദിപ്പതിന്മുന്നിലായ്,
ഒരു നിമിഷത്തിനുള്ളിലപ്പാപിതൻ
കരവലയത്തിലായിക്കഴിഞ്ഞു ഞാൻ.
ബാഷ്പാഞ്ജലി / അന്ത്യസമാധാനം
ചങ്ങമ്പുഴ
നിമിഷങ്ങളാം കൊച്ചു നീർപ്പോളകൾ
യുഗസഹസ്രമഹാബ്ധികളാകവേ;
കരളുഞെട്ടിപ്പിടഞ്ഞൊന്നുണർന്നു ഞാൻ
കഥയിതെ,ന്തവൻ മുന്നിലൊണ്ടപ്പൊഴും!
എവിടെയാണെൻ വിമോചനം?-ഗൂഢമാ-
യെവിടെ നിൽപിതെന്നുദ്ധാരണോദ്യമം?
ഇതുവരെ ഞാൻ ശയിച്ചതു ചന്ദന-
ത്തണലില,ല്ലെരിവെയ്ലിലാണദ്ഭുതം!
ഉദയരശ്മിയ,ല്ലയേ്യാ,ചപലമാം
നിഴലിനെയാണു പുൽകിയതൊക്കെ ഞാൻ!
ഇതു വെറും സ്വപ്ന,മെന്നെച്ചതിച്ചു, ഞാൻ
തിരവതെങ്ങിനി നിന്നെ, യാഥാർത്ഥ്യമേ?
അമൃതകല്ലോലമെന്നോർത്തുപോയി ഞാ-
നതിഭയങ്കര പാഷാണദീപ്തിയെ!
അകലെ വാരുണദിക്കിലെല്ലാടവു-
മരുണിമ വീശുമന്തിമസന്ധ്യയിൽ
വിവിധചിന്താവിവശയായേകയായ്
വിജനവാടിയിൽ ഞാനിരുന്നീടവേ;
ചൊകചൊകയായ് വിദൂരത്തു ചിന്നിയ
മുകിൽനിരകൾക്കിടയിലൂടങ്ങനെ,
തെളിയുമാകാശനീലിമയ്ക്കുള്ളിലായ്-
ക്കിളരുമക്കൊച്ചുവെള്ളിനക്ഷത്രവും,
അകലെയന്തരീക്ഷത്തിലവ്യക്തമാ-
യിളകുമാവൽച്ചിറകടിയൊച്ചയും,
അരുളുമാറുണ്ടു നിശ്ശബ്ദമെന്നൊട-
ത്യനഘമായിടുമേതോ സമാഗമം.
പിടയുമാറുണ്ടു കെട്ടിപ്പിടിക്കുവാ-
നിടറിയോടുമൊരു വെളിച്ചത്തെ ഞാൻ!
ഝടിതികൈനീട്ടി മുന്നിലേയ്ക്കാഞ്ഞിടാ-
നുഴറിടാറുണ്ടറിയാതെതന്നെ ഞാൻ!
ബാഷ്പാഞ്ജലി / അന്ത്യസമാധാനം
ചങ്ങമ്പുഴ
കാമുകൻ:
പറയുകെല്ലാം, മടിക്കേണ്ട നീ, യതിൽപ്രണയിനി:
പരിഭവിക്കുവോനല്ല ഞാനോമലേ!
അവിടെ നിന്നെ പ്രതീക്ഷിച്ചുകൊണ്ടുഞാ-
നണകയാണെന്നറിഞ്ഞിരുന്നില്ലയോ?
അതു ശരിയായ് ഗഹിച്ചുഞാനെങ്കിലു-
മവിടെയപ്പൊഴും നിന്നിതക്കശ്മലൻ.
അവശചിത്തയായാവിലനേത്രയാ-
യവനതാസ്യയായ് നിൽക്കുമെന്നോടവൻ
അരുളിയാമന്ദമേവം:- "ആരോമലേ,
കിരണമല്ല,തൊരുവെറും പാഴ്നിഴൽ!
അഭയദായകമല്ല നിനക്കതു
പഴുതെയേവം ഭ്രമിക്കായ്ക, കണ്മണി!
അതിഭയങ്കരൻ, ധൂർത്തൻ, വിലക്ഷണ,-
നലിവെഴാത്തവ, നത്യന്തകശ്മലൻ-
അവനെയോർക്കരു,തങ്ങോട്ടു നോക്കരു,-
തമിതശല്യമരുളുവോനാണവൻ.
വരികെഴുന്നേൽക്ക,സ്വൈരമിക്കോമള-
വനികയിൽ നമുക്കൊന്നിച്ചലഞ്ഞിടാം!-
ഇതിലുപരിയായ് മേലിൽ നമുക്കിനി-
സ്സുഖവിഭവാനുഭൂതി നുകർന്നിടാം!-"
അനുപദമതും സമ്മതിച്ചക്ഷണ-
മവിടെനിന്നും പിടഞ്ഞെഴുന്നേറ്റു ഞാൻ.
ഒടുവിലെന്തി,നെൻ ബാഹ്യസൗന്ദര്യമ-
ക്കപടകാമുകനാസ്വാദനാങ്കമായ്.
അതുമുഴുവൻ ക്രമേണ മാഞ്ഞങ്ങനെ
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
പുതുമയില്ലാത്ത വസ്തുവായ്ത്തീർന്നു ഞാൻ.
ചപലനെന്നെ വെടിഞ്ഞുടൻ നിർദ്ദയ-
നെവിടെയോ ചെന്നൊളിച്ചു, ഹാ, ദുർന്നയൻ.
അവനിനിയും ലഭിക്കാതിരിക്കുമോ
ചതിയറിയാത്ത തൈപ്പെൺകൊടികളെ?
മധു നശിച്ച മലരിനെയെന്തിനായ്
മധുകരം പേർത്തും കെട്ടിപ്പുണരണം?
കാമുകൻ:അമലേ, നീയൊരു പാഴ്മലര,ല്ലവ-
നതുവിധം നിന്നെത്തെറ്റിദ്ധരിച്ചുപോയ്;
ക്ഷണികമായ നിൻ ബാഹ്യസൗന്ദര്യമേ
കരുതിയതുള്ളു, കഷ്ട ,മാ വഞ്ചകൻ!
കുസുമമല്ലെനി,ക്കായതിനുള്ളിലെ-
ക്കുളിർപരിമളം മാത്രമാകുന്നു നീ.
അതുനുകർന്നാൽ നശിക്കുന്നത,ല്ലതിൻ-
പുതുമ ലേശവും മായില്ലൊരിക്കലും!
ഇനി വിഷാദിച്ചിടേണ്ട നീ യോമനേ,
തവ യഥാർത്ഥ കമിതാവിതാ, വരൂ!!
അവൾ തല ചായ്ച്ചു;- സൗരയൂഥങ്ങളിൽ
വഴികയായൊരു സംഗീതസാന്ത്വനം;
ഇരുളകന്നുടൻ കാലദേശാദിയ-
റ്റൊരു വെളിച്ചം പരന്നു, മനോഹരം!!18-2-1110
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
ആവോ!
ഉദയസൂര്യനെ നോക്കി നോക്കി സ്വയം
ഹിമകണികകൾ മന്ദഹസിക്കവെ;
പ്രണയഗാനങ്ങൾ പാടിയൊഴുകുമീ-
ത്തടിനിതൻ തടത്തിങ്കൽ ഞാനേകനായ്,
ഒരു സുമംഗള വിഗഹദർശന-
കുതുകിയായിട്ടിരിക്ക,യാണെന്തിനോ!
തരിവളകൾതൻ സംഗീതധാരയിൽ
മമ ഹൃദയം മുഴുകുമാറങ്ങനെ,
ജലഘടവും നിറച്ചുകൊണ്ടീ വഴി-
യ്ക്കവൾ വരാത്തതിനെന്തിന്നുകാരണം?
മധുരനിദ്രയിലെന്നെ മയക്കുമാ
മൃദുലമഞ്ജീരശിഞ്ജിതമെങ്ങു പോയ്?
അമലനീലാംബരത്തിൽ പൊടുന്നനെ-
ക്കരിമുകിൽമാല മൂടിയതെങ്ങനെ?
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
എന്റെ ചോദ്യം
അനുനിമിഷമാത്മാവിലങ്കുരിക്കു-
മതിചപല നിശ്ശബ്ദരോദനങ്ങൾ,
പരവശയായോമലേ, നീയിരിക്കും
മണിയറയിലെങ്ങനെ വന്നു ചേരും?
സുമസുരഭിലാനിലൻ സഞ്ചരിക്കും
വനികകളിലേകാന്തം വാണിടുമ്പോൾ;
ചെറുകിളികൾ മാമരക്കൊമ്പുകളിൽ
മധുമധുരമെത്രമേൽ പാടിയാലും,
ഒരുവിധവും ചിത്തം കുളുത്തർിടാതി-
ന്നതിവിവശമെന്തോ തിരഞ്ഞിടുന്നു.
അകലെയൊരു മേടയി, ലാളിമാരൊ-
ത്തമിതരുചി വീശിയ പള്ളിമച്ചിൽ,
മൃദുകുസുമശയ്യയിലുല്ലസിക്കു-
മൊരു കനകവല്ലിയെത്തേടിത്തേടി,
മമ ഹൃദയരംഗം വികാരമൂകം
ചിറകുവിരിച്ചെത്തുന്നു വേഗവേഗം!
അയി മധുരഭാഷിണി, നിന്നെയോർത്തോർ-
ത്തനവരതം നീറുമെന്നാർദ്രചിത്തം,
തവ നികടവർത്തിയായ് നിൽക്കവേ, ഞാ-
നിവിടെയിരുന്നെമ്മട്ടൊന്നാശ്വസിക്കും?
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
നിഗൂഢദർശനം
ആകമ്രശീതളചന്ദ്രികാധാര,യ-
ന്നാകാശദേശം കവിഞ്ഞൊഴുകി,
ഉത്തമയാകുമൊരംഗനാരത്നത്തി-
ലുൾത്തങ്കം നിമ്മർലപ്രേമം പോലെ!
പിന്നെയും പിന്നെയും വിണ്ണിലെല്ലാടവും
മിന്നിത്തിളങ്ങി വെൺതാരകകൾ;
അനുരാഗവിവശരാം കിന്നര-
കന്യകമാർതൻകിനാക്കൾപോലെ!
സദ്രസമെൻ മലര്മെത്തപ്പുറത്തു ഞാൻ
നിദ്രയെക്കാത്തു കാത്താവസിക്കെ,
ജാലകദ്വാരത്തിലൂടെയിടക്കിടെ-
ബ്ബാലേന്ദുരശ്മികളെത്തിനോക്കി.
ആരാമലക്ഷ്മിതൻ നിശ്വാസസൗരഭ-
മാ രാവിലെന്മണിമച്ചിലെത്തി;
ആയിരം നിശ്ശബ്ദസന്ദേശമാലയൊ-
ത്താഗമിച്ചീടും പ്രതീക്ഷപോലെ!
പാതിരാപ്പക്ഷിയൊ,ന്നന്നേരം മുറ്റത്തെ
മാതളക്കൊമ്പിലുണർന്നു പാടി.
ഭാവം പകർന്നു നിരാശയാലക്ഷണം
നാവനക്കാതെ ഞാനോതിപ്പോയി:-
"നിത്യവും നിനക്കു വഴിപ്പെടുന്നില്ലേ, ഞാൻ
നിദ്രേ, നിനക്കെന്തീ നിർദ്ദയത്വം?"
ബാഷ്പാഞ്ജലി / നിഗൂഢദർശനം
ചങ്ങമ്പുഴ
മാണിക്യമഞ്ചത്തിൽ വീണുകിടക്കുമെൻ-
പ്രാണാങ്കുരത്തിന്റെ പൂങ്കവിളിൽ,
പേർത്തുമിരട്ടിച്ച ശോണമധുരിമ
പാർത്തു ഞാനാ മച്ചിനുള്ളിലെത്തി.
രാഗവിവശയായ് വാഴുമവളുടൻ
സ്വാഗതപ്പുഞ്ചിരി തൂകിത്തൂകി
മന്ദമെഴുന്നേൽക്കും നൂപുരാമന്ത്രണം
മന്മാനസത്തിൽ തുടിപ്പിയറ്റി.
മന്ദാക്ഷഭാരാവനമ്രമത്തൂമുഖം
ചന്ദ്രിക തട്ടിത്തിളങ്ങി മിന്നി.
മാന്തളിർച്ചെമ്പട്ടു സാരിയുലയവെ
കാന്താളകങ്ങളിടയ്ക്കിളകെ;
അല്ലണിക്കൂന്തലഴിഞ്ഞു,പുറത്തിളം-
മുല്ലമലരുകളൂർന്നുവീഴ്കെ;
ചിന്നിപ്പൊടിഞ്ഞ വിയർപ്പിനാൽ നെറ്റിയിൽ
സിന്ദൂരപ്പൊട്ടൽപം മാഞ്ഞുപോകെ;
എന്തോപരിഭവമോതുവാൻ വന്നത-
ച്ചെന്തളിർച്ചുണ്ടിൽ തകർന്നുകൊൾകെ;
മാമകസ്വപ്നമാ നിന്ന നിൽപെന്നുടെ
മാനസം മന്ദം കവർന്നു പാടേ !
സുന്ദരമായൊരച്ചിത്രം ക്ഷണത്തിലെൻ-
മന്ദസുഷുപ്തിയിൽ മഗ്നമായി,
...........................................
എന്നാലുമെന്നെന്നുമോമലിനായിക്കൊ-
ണ്ടെന്നാവിലിത്രയും ബാക്കിനിൽപൂ:-
"എന്റെ മുറിക്കുള്ളിൽ കിടന്നു ഞാൻ നിത്യവും
നിന്മണിപ്പൂമച്ചിലുല്ലസിക്കും.
കാലനക്കേണ്ട, കവാടം തുറക്കേണ്ട,
കാതരേ, നിന്മുന്നിലെത്തിടാൻ മേ...."
താഴുക, താഴുക, തങ്കക്കതിരവ!
പാഴിലീ ലോകം തലോടിടേണ്ട.
നിസ്വാർത്ഥസ്നേഹമില്ലിങ്ങൊരിടത്തുമേ
നിസ്തുലതേജസ്സേ, നിഷ്ക്രമിക്കൂ!
മർത്ത്യനെ മർത്ത്യൻ ചവിട്ടിയരയ്ക്കുന്നു
സത്യപ്രകാശമേ, കണ്ണടയ്ക്കൂ!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
സ്വപ്നം
എന്താണിജ്ജീവിതം?- അവ്യക്തമാമൊരു
സുന്ദരമായ വളക്കിലുക്കം.
സംഗീതതുന്ദിലം, നൈമിഷികോജ്ജ്വലം-
പിന്നെയോ?- ശൂന്യം! പരമശൂന്യം!!
എങ്കിലും മീതെയായ് മർത്ത്യ, നീ നിൽക്കുന്ന-
തെന്തിന്?- നീയെത്ര നിസ്സഹായൻ!
ജീവിതാധ്യായമൊരിത്തിരി മാറ്റുവാ-
നാവാത്ത നീയോ ഹാ, സാർവ്വഭൗമൻ!
എന്നെ, യിക്കാണും പ്രപഞ്ചത്തിലൊക്കെയു-
മെന്നിൽ പ്രപഞ്ചം മുഴുവനുമായ്,
ഒന്നിച്ചു കാണുന്ന ഞാനിനി വേണെങ്കി-
ലൊന്നും നശിക്കില്ലെന്നാശ്വസിക്കാം!
എന്നാലും- പൂങ്കുല വാടിക്കൊഴിയുമ്പോൾ,
മിന്നലെന്നേയ്ക്കും പൊലിഞ്ഞിടുമ്പോൾ;
മഞ്ഞുനീർത്തുള്ളികൾ മിന്നിമറയുമ്പോൾ
മഞ്ജുളമാരിവിൽ മാഞ്ഞിടുമ്പോൾ;
മന്ദഹസിതങ്ങൾ മുങ്ങുമ്പോൾ- എന്നാലു-
മെന്മനമൊന്നു തുടിച്ചുപോകും!-
കേവലം ഞാനറിഞ്ഞിടാതെതന്നെ,യെൻ-
ജീവനൊന്നയേ്യാ, കരഞ്ഞുപോകും!-
ഓമനസ്വപ്നങ്ങൾ! ഓമനസ്വപ്നങ്ങൾ
നാമറിഞ്ഞി,ല്ലവയെങ്ങു പോയി?-
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
വിഫലനൃത്തം
എന്നും ഞാനാരചിച്ചാനന്ദിച്ചീടുമെൻ-
സുന്ദരസങ്കൽപചിത്രമെല്ലാം,
എന്നിലുള്ളേതോ പരമരഹസ്യത്തിൻ-
ബിംബന കൈതവമായിരുന്നു.
ചക്രവാളാവധിക്കപ്പുറം ചെന്നുഞാ-
നെപ്പോഴുമെന്തോ തിരഞ്ഞിരുന്നു.
ആത്മസംഗീതംപോൽ നിത്യമായ്, സത്യമാ-
യാശപോലത്ര മധുരമായി.
കണ്ണുനീർത്തുള്ളിപോൽ കന്മഷശൂന്യമായ്,
നമ്മർസല്ലാപംപോൽ സുന്ദരമായ്,
ഏതോവിശിഷ്ടമാം നിർവൃതിയൊന്നിനെൻ-
കേവലജീവനുഴന്നിരുന്നു.
കൽപകവാടിയി,ലേകാന്തനക്ഷത്ര-
പുഷ്പശയ്യാതലം സജ്ജമാക്കി,
ചന്ദ്രികാധാരയിൽ, ചന്ദനച്ഛായയി-
ലെന്നും ഞാനാരെയോ കാത്തിരിക്കെ,
ഏതൊ വെളിച്ചം തലോടിത്തലോടി,യെൻ-
ചേതന കണ്ണു തുറന്നിരുന്നു.
ഈ ലോകമൊട്ടുക്കലിഞ്ഞലിഞ്ഞങ്ങനെ
യോജിച്ചു ചേർന്നു മധുരമായി,
ഏതോ വികാരതരംഗതരളിത-
നാകസംഗീതസരിൽപ്രവാഹം,
മാമകാത്മാവിനെച്ചുംബിച്ചു, ശീകര-
ധാരയിലാശ്ലേഷം ചെയ്തിരുന്നു!-
നിർമ്മലരാഗസുരഭിലമാമൊരു
മർമ്മരംകൊണ്ടു പൊതിഞ്ഞിരുന്നു.
ബാഷ്പാഞ്ജലി / വിഫലനൃത്തം
ചങ്ങമ്പുഴ
ഭാവനപ്പൂഞ്ചിറകേവം വരിച്ചു ഞാ,-
നേതെല്ലാം ലോകം കടന്നുപോയി!
കണ്ടാലും കണ്ടാലും കൗതുകം തീരാത്ത
വണ്ടണിച്ചെണ്ടുകൾ തിങ്ങിവിങ്ങി,
ലാലസിച്ചീടും പൂവാടികളെത്ര, യെ-
ന്നാലസ്യ നിദ്രയ്ക്കഭയമേകി!
എന്തെല്ലാം കണ്ടു ഞാ, നെന്തെല്ലാം കേട്ടു ഞാ-
നെതിനെല്ലാറ്റിനും സാക്ഷിനിന്നു!
എന്നാലു,മേറെ ഞാൻ കാണുവാനാശിച്ച-
തിന്നോളമെൻ കണ്ണിലെത്തിയില്ല!-
എന്നാലും,മേറെ ഞാൻ കേൾക്കുവാനാശിച്ച-
തിന്നോളമെൻ കാതിലെത്തിയില്ല!-
എന്നാത്മാവേതാണ്ടൊന്നിക്കിളിയാക്കിയി-
ട്ടെങ്ങോ മറഞ്ഞുപോമാ വെളിച്ചം,
ഏതുകാലത്തിനി, യേതു ലോകത്തുവെ-
ച്ചേതൊരു മട്ടിൽ, ഞാൻ കണ്ടുമുട്ടും?
എന്നാത്മതന്ത്രിയിടയ്ക്കൊന്നുണർത്തിക്കൊ-
ണ്ടെങ്ങോ ലയിക്കുമാ മൗനഗീതം,
ഏതുകാലത്തിനി, യേതു ലോകത്തുവെ-
ച്ചേതൊരു മട്ടിൽ ഞാനുറ്റുകേൾക്കും?
പ്രാണനുഴന്നു ഞെരങ്ങും ഞെരക്കത്തിൽ
ഞാനെന്നെത്തന്നെ വെടിഞ്ഞൊടുവിൽ,
നീയായിത്തീരുവാൻ നിന്നടുത്തെത്തുമ്പോൾ
നീയൊഴിഞ്ഞെമ്മട്ടൊളിച്ചിരിക്കും?
കേവലലീലയിലീവിധം നീയൊരു
ബാഷ്പാഞ്ജലി / വിഫലനൃത്തം
ചങ്ങമ്പുഴ
ജീവിതപ്പൂമ്പട്ടെനിക്കു നൽകി.
ഞാനതു ചാർത്തിയീ നാടകശാലയിൽ
നാനാതരത്തിൽ നടനമാടി.
പൊട്ടിച്ചിരിച്ചുഞാൻ, പൊട്ടിക്കരഞ്ഞു ഞാൻ
പെട്ടെന്നു പെട്ടെന്നു മാറി മാറി.
എന്നിരുകൈകളുംകൂപ്പിയിരുന്നു ഞാ-
നെന്നാലിക്കാണികളെന്തു കൂട്ടർ?
മറ്റൊന്നും യാചിച്ചതില്ലവരോടു ഞാ-
നിറ്റനുകമ്പയതൊന്നുമാത്രം.
എന്നാലത്തുച്ഛപ്രതിഫലമെങ്കിലും
തന്നീടാനിങ്ങില്ലൊരാളുപോലും!
എന്തിനിനിയുമീ നിഷ്ഫലനത്തർനം?
എന്തിനിനിയും മദീയഗാനം?
ഹാ, വെറുംകയേ്യാടെ ,തേങ്ങിക്കരഞ്ഞുകൊ-
ണ്ടാവതെന്തയേ്യാ- ഞാൻ പോരികയായ്!
ഇത്തരം കാണികളുള്ളിടത്തേയ്ക്കിനി
നൃത്തത്തിനെന്നെയയയ്ക്കരുതേ!!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
പരാജയം
സംസാരചക്രത്തിരിച്ചിലിൽ തേമാനം
സംഭവിച്ചീടാത്ത സൗരയൂഥം;
ചേതസ്സമാകർഷകങ്ങളായ് മിന്നിടും
ജ്യോതിമ്മർയങ്ങളാം ഗാളജാലം;
ആദിയുമന്തവുമില്ലാതപാരമാ-
യാവിർഭവിക്കുമൊരന്തരീക്ഷം;-
ഇത്രമേലത്ഭുതമൊന്നിക്കും ബ്രഹ്മാണ്ഡ-
മെത്ര സഹസ്രങ്ങളുണ്ടിനിയും!
കോടാനുകോടികളായവയേതൊരു
വാടാവിളക്കിൻസ്ഫുലിംഗകങ്ങൾ?
ഇന്നത്തെ ശ്ശാസ്ത്രത്തെപ്പോലും പൊടുന്നനെ-
സ്സംഭ്രമിപ്പിച്ചോരജ്ഞാതസത്യം-
എത്ര പരീക്ഷണപാടവംകൊണ്ടുമൊ-
രെത്തുംപിടിയും ലഭിച്ചിടാതെ,
മർത്ത്യനെപ്പേർത്തും ദയനീയസംശയ-
ഗസ്തനായ് മാറ്റും മഹാരഹസ്യം-
ഏത,തിൻ നിത്യപ്രകാശസരിത്തിലെൻ-
ചേതനേ, ചെന്നു ലയിക്കുകനീ!
ആയതിൻ സൗന്ദര്യബോധലഹരിയി-
ലാനന്ദഗാനമുതിർക്കുക നീ!
എന്തുപരാജയ,മെന്തു ദയനീയം!
ബന്ധിതമയേ്യാ, പുരോഗമനം!
"സംഭവ്യതതൻതിരകളിൽ" നിന്നൊട്ടും
മുൻപോട്ടു പോകാത്ത ശാസ്ത്രമേ, നീ,
വിശ്വം ജയിച്ചെന്നഭിമാനകാഹള-
ബാഷ്പാഞ്ജലി / പരാജയം
ചങ്ങമ്പുഴ
മിത്രയും കാലം മുഴക്കിയില്ലേ;
ഒന്നിനുമൊട്ടുംവഴങ്ങാതെ പാഞ്ഞതാം
നിന്നഹങ്കാരമിന്നെങ്ങു പോയി?
സാതപമിന്നു നീ തൂകുമിഗ്ഗത്ഗദം
ഭാരതം പണ്ടേ പൊഴിച്ചതല്ലേ?
അന്നതുകേട്ടിട്ടവഗണിച്ചെന്തിനോ
മുന്നോട്ടുനീ, ഹാ, കുതിച്ചു പാഞ്ഞു.
ഇന്നതുനന്നായറിഞ്ഞുകഴിഞ്ഞ നീ
നിന്നിതാ പിന്നെയും സംഭ്രമിപ്പൂ.
തത്ത്വചിന്താബ്ധിതൻ താഴത്തെത്തട്ടിൽനി-
ന്നുത്തമരത്നങ്ങൾ വാരി, വാരി,
അന്നാപ്പിതാമഹർ തന്നിരുന്നില്ലെങ്കി-
ലിന്നയേ്യാ, പട്ടിണിതന്നെ നമ്മൾ!
മാനസത്തിന്റെ വിശപ്പിനുമാത്രമാ
മാമുനിശ്രേഷ്ഠന്മാർ പിച്ചതെണ്ടി.
അന്നൊരു തത്തയുംകൂടിയൊരദ്ഭുത-
ബ്രാഹ്മാണ്ഡഗീതമെടുത്തു പാടി.
ആയതിൻ മാറ്റൊലിയല്ലല്ലീ നമ്മളിൽ
പായുന്നതോരോഞെരമ്പുതോറും?
എന്നിട്ടും, കഷ്ടം ,പരിഷ്കാരഭാവത്തിൽ
നിന്ദിക്കയാണതു നമ്മളിന്നും!!
കാലദേശാദിയറ്റുണ്ടെല്ലാറ്റിന്നു,മൊ-
രാലംബകേന്ദ്രമാം ശക്തിയേതോ!
സത്യമതല്ലെങ്കില്ലർക്കനൊരിക്കലൊ-
ന്നുത്തരദിക്കിലുദിച്ചുകൂടേ?
കാണാത്തതൊക്കെക്കളവല്ല, കണ്മുൻപിൽ
കാണുന്നതെല്ലാം ശരിയുമല്ല.
ബാഷ്പാഞ്ജലി / പരാജയം
ചങ്ങമ്പുഴ
കൽപാവതന്മുമ്പിൽ കൈകൂപ്പി നിൽക്കുവാ-
നുൽബോധിപ്പിക്കുവോനല്ലയീ ഞാൻ.
നിന്ദ്യ പുരോഹിതൻ നിർമ്മിക്കും ദൈവത്തെ
വന്ദിക്കാനല്ലെൻ നവോപദേശം.
ഏതൊ നിരഘനിയമപരിധിയി-
ലേകാന്തയാത്ര തുടരുവോർ നാം-
നശ്വരജീവികൾ നമ്മൾക്കതീതമായ്
വിശ്വത്തിലുണ്ടൊരു നിത്യസത്യം.
ആ നിരഘാത്മീയ ശക്തിതന്മുന്നിലി-
ന്നാനതമൗലികളാക നമ്മൾ!!
ഏതോവെളിച്ചത്തിലെന്തിനോവേണ്ടി വ
ന്നാവിർഭവിക്കും നിഴലുകൾ നാം-
നമ്മൾക്കെഴും മാംസദൃഷ്ടികൾക്കപ്പുറം
ചിന്മയജ്യോതിസ്സൊന്നുജ്വലിപ്പു.
ആ നിത്യസത്യത്തിൻ മുന്നിലാത്താദര-
മാനതമൗലികളാക നമ്മൾ!!
ആ നിർമ്മലാത്മീയജ്യോതിസ്സിന്മുന്നിലി-
ന്നഞ്ജലിബദ്ധന്മാരാക നമ്മൾ!!
എന്തിനണഞ്ഞു നാ,മെന്തിനു മാഞ്ഞു നാ,-
മെന്തിനീ ലോകത്തിലൊത്തുകൂടി?
എങ്ങുനിന്നീവിധമിങ്ങു വന്നെത്തിനാ-
മെങ്ങോട്ടു പോകയാണെങ്ങു ചെല്ലും?
അജ്ഞാതം! അജ്ഞാതം!- അയേ്യാ! ജഗത്തിതി-
നുത്തരമെന്നിനിച്ചൊല്ലുമാവോ!!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
ശിഥിലചിന്ത
ഒന്നുമില്ലായ്മയിൽനിന്നുമൊരിക്കലീ
ബ്രഹ്മാണ്ഡം പെട്ടെന്നുദിച്ചുയർന്നു
കമ്മർപ്രവാഹത്തിൻകല്ലോലമാലയി-
ലിമ്മട്ടു താലോലമാടിയാടി,
സുന്ദരമാകും പരിപൂർണ്ണതയിലി-
തെന്നൊരു നാളിനിച്ചെന്നുചേരും?
അത്ഭുതസ്വപ്നമണച്ചുകൊണ്ടിന്നോള-
മെത്ര സൗന്ദര്യങ്ങൾ മണ്ണടിഞ്ഞു!
നിസ്തുലനിർവൃതികൊണ്ടു നിറഞ്ഞതാ-
മെത്ര പുളകങ്ങൾ തേഞ്ഞുമാഞ്ഞു!
എന്നിട്ടും- അയ്യയേ്യാ! ലോകമേ, ഹാ, നിന-
ക്കെന്നിട്ടുമെന്തിത്തണുത്ത മൗനം?
മാറാത്ത കൂരിരുൾ!- എന്നാലതിലെല്ലാം
നേരിയ തങ്കത്തടില്ലതകൾ!
ഘോരമേഘാരവം! എന്നാലതിലൊരു
ചാരു സംഗീത രംഗപൂരം!
പാഴ്ക്കൊടുംകാറ്റടി!- എന്നാലതിലൊരു
പൂക്കുളിർവായുവിൻലോലനാളം!.....
ചിന്താശക്തിക്കുമൊരാകായ്കയാകുമി-
തെന്തുകപടമാ,ണാരറിഞ്ഞു?
ഈവിശ്വം നാനാതരത്തിൽ നിഴലിക്കും
ജീവിതദർപ്പണമുറ്റുനോക്കി,
മർത്ത്യ, നീ നിന്നിട്ടും, നിൻകണ്ണിലെത്താത്തോ-
രെത്ര രഹസ്യങ്ങളുണ്ടിനിയും!
സത്യത്തിനുള്ള വെളിച്ചത്തിലേയ്ക്കൊന്നെൻ-
നിത്യതേ, നീയൽപം നീങ്ങിനിൽക്കൂ!
കാണട്ടെനിന്നെയെൻ കണ്ണീരിലൂടെ , നിൻ-
ചേണെഴും രൂപം ഞാൻ നല്ലപോലെ.
കാണാൻ കഴിഞ്ഞീല പണ്ടൊന്നും,- കണ്ണഞ്ചി-
ച്ചാനന്ദമെന്നെയന്നന്ധനാക്കി!
ബാഷ്പാഞ്ജലി / ശിഥിലചിന്ത
ചങ്ങമ്പുഴ
പിന്നിട്ട മാർഗ്ഗങ്ങളൊക്കെ പ്രഭാമയം,
മുന്നിലെവിടെയുമന്ധകാരം,
വീതവിരാമമെൻയാനമൊടുവിലി-
തേതു പാതാളത്തിനുള്ളിലേയ്ക്കോ?
ഇത്രകുറച്ചേ ഞാൻ പോന്നതുള്ളെങ്കിലു-
മെത്ര കാൽവെയ്പു പിഴച്ചുപോയി!!
'അയേ്യാ, തിമിരം തിമിര!'- മെന്നോതിയെൻ-
കൈകാൽ തളർന്നു ഞാൻ വീണുപോയാൽ
ആവാതെ, ന്തെന്നെ വിഴുങ്ങുവാൻ ഗർത്തങ്ങൾ
വാ പിളർത്തിക്കൊണ്ടു നിൽക്കയല്ലേ?
മണ്ണടിയേണ്ടുമിപ്പുല്ലാങ്കുഴലിനെ-
ക്കണ്ണീരിൽ മുക്കിയിട്ടെന്തുവേണം?
നിൽക്കാതെ നീണ്ടുപോമെന്നാത്മരോദനം
ചക്രവാളത്തെയതിക്രമിച്ചും,
നിശ്ശൂന്യതയിൽ മറഞ്ഞുകഴിഞ്ഞാലീ
നിസ്സാരചിത്രം പിന്നോർപ്പതാരോ!
ഇന്നത്തെപ്പൂവിന്റെ നാളത്തെസ്സംഭവ-
മെന്നെന്നും വന്നു ചതിക്കുമല്ലോ!!
യമുനാതീരത്തെ പ്രണയസാരമെൻ-
ഹൃദയസൂനത്തിൽ നിറയവെ,
അമരസങ്കൽപ സഖികളെൻചുറ്റും
പുളകഭിക്ഷയ്ക്കായണയുന്നു.
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
നിർവ്വാണരംഗം
എന്നിലുള്ളേതോ വെളിച്ചത്തിലൂടെ ഞാൻ
പിന്നിട്ടുപോയി, ചലിക്കും ജഗത്തിനെ.
അന്ധകാരത്തിൻ മടിക്കുത്തിൽനിന്നൊരു
പൊൻതാരകപ്പൂ വഴിഞ്ഞുന്നർ മാതിരി,
ക്ഷിപ്രപ്രയാണകമാണെന്നിരിക്കിലും
മൽപ്രേമ സാമ്രാജ്യമെത്ര തേജോമയം!
അദ്ഭുതജ്യോതിസ്സുയർന്നു പരന്നലം
തൽപം വിരിക്കുമാ വൈകുണ്ഠമണ്ഡലം
കണ്ണീർ തളിച്ചു വിശുദ്ധീകരിച്ചൊര-
ക്കല്യാണകേന്ദ്രം, വസന്തോത്സവാകരം.
ആ മമ സങ്കേതമന്ദാരകുഞ്ജത്തി-
ലോമലാളെന്നെ പ്രതീക്ഷിച്ചിരിക്കയാം.
എത്ര സല്ലാപങ്ങ,ളെത്ര പുളകങ്ങ-
ളൊത്തുചേർന്നുള്ളതാണാ നൃത്തമണ്ഡപം!
അങ്ങോട്ടു പോരാനമാന്തിക്കയല്ല, ഞാ-
നെന്നെയൊന്നാദ്യം മറന്നോട്ടെ, യോമലേ!
കണ്മുമ്പിൽ വന്നിട്ടൊളിച്ചു കളിക്കുന്ന
വിണ്ണിൻവെളിച്ചത്തെ നോക്കി നോക്കി സ്വയം
അജ്ഞാതഗാനങ്ങളോരോന്നുരുവിട്ടു
മജ്ജീവനെന്തോ ഭജിക്കയാണെപ്പൊഴും!
സംസാരചക്രം കടന്നതിൻ ഗദ്ഗദം
സായൂജ്യസീമയ്ക്കുമപ്പുറമെത്തവെ,
അത്ഭുതമില്ലെനിക്കാരോമലേ, നിന്റെ
ചിത്തം തുടിക്കാതിരിക്കുന്നതെങ്ങനെ?
യത്നങ്ങൾകൊണ്ടുമഴിയാത്തൊരായിരം
ബാഷ്പാഞ്ജലി / നിർവ്വാണരംഗം
ചങ്ങമ്പുഴ
സ്വപ്നബന്ധത്തിൽ കുടുങ്ങിക്കഴിഞ്ഞ ഞാൻ,
സന്തതം ചിന്താശകലങ്ങളാലൊരു
സങ്കൽപ ചിത്രം രചിക്കയാണെന്തിനോ!
അക്ഷിക്കമൃതം പകർന്നുകൊടുക്കുന്ന
നക്ഷത്രരത്നം പതിച്ച നഭ:സ്ഥലം,
നാമിരുവർക്കും വിഹരിക്കുവാനുള്ള
കോമളോദ്യാനമായ് മാറുന്നതെങ്ങിനി?
എന്മനസ്പന്ദനമന്ധകാരത്തിലും
ദിവ്യസംഗീതമേ, നിന്നെത്തിരകയാം.
കർമ്മപ്രപഞ്ചം പകർന്നു സമ്മാനിച്ച
ചെമ്മുന്തിരിച്ചാറശിച്ചു മദിച്ച ഞാൻ
തെല്ലിട നിന്നെ മറന്നെങ്കിലെൻപിഴ-
യെല്ലാം പൊറുത്തു നീ മാപ്പു നൽകേണമേ!
ഇന്നിതാവീണ്ടുമനുശയാധീരനായ്
നിന്മുന്നിൽ നിൽപു ഞാൻ, പ്രേമസർവ്വസ്വമേ!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
രാഗിണി
അന്ധകാരത്തിന്റെ പിന്നിലൊളിച്ചുനി-
ന്നന്തരാത്മാവിനെപ്പുൽകും വെളിച്ചമേ!
എങ്ങു നീ യെങ്ങു നീ?- നിൻമൗനമംഗള-
സംഗീതമെപ്പൊഴും കേൾക്കുന്നതുണ്ടു ഞാൻ.
വാടുവാനുള്ളൊരിജ്ജീവിതപ്പൂവിലും
പാടലച്ഛായ നീ വീശുന്നതെന്തിനോ?
താവകാലിംഗനമേകുന്നു നിത്യമെൻ-
ജീവനാളത്തിനും രോമാഞ്ച കഞ്ചുകം.
അൽപപ്രഭയിൽനിന്നെന്നെ ക്ഷണത്തിലോ-
രത്ഭുതചൈതന്യമാക്കിച്ചമച്ചു നീ!
ഈ ലോകഗാളമിമ്മട്ടമ്മാനമാടുന്ന
കാലത്തിനോടിന്നസൂയാലുവല്ല ഞാൻ.
നിൻ മുഖദർശന ധ്യാനലഹരിയാൽ
നിർമ്മലരാഗപരവശയാകവെ;
മൽപ്രാണനായക, മാമകചിത്തത്തിൽ
മറ്റൊരുചിന്തയ്ക്കിടമില്ലൊരിക്കലും.
വിണ്ണിൻ വെളിച്ചമേ, വ്യർത്ഥമായുള്ളൊരി
കണ്ണുനീരിന്നു നീ മാപ്പു നൽകേണമേ!
ആരാലണഞ്ഞു നീ നിന്നിടും നേര, മൊ-
രാനന്ദമൂർച്ഛയിൽ ഞാനടിഞ്ഞെങ്കിലോ!
നിന്നെക്കുറിച്ചുള്ള ഗാനങ്ങളല്ലാതെ
മന്നിൽമറ്റൊന്നുമറിഞ്ഞുകൂടെങ്കിലും
ആരോമൽ നിന്മുഖം കാണുമ്പോളൊറ്റ വാ-
ക്കോതുവാൻപോലുമശക്തയാണിന്നിവൾ!
തഞ്ചും മധുരരസം വാർന്നവസാന, മി-
ത്തങ്കച്ചഷകം തകർന്നുപോമെങ്കിലും,
സത്യപ്രകാശമേ, നിന്മടിത്തട്ടിലെൻ-
നിത്യസുഷുപ്തി ലയിക്കാതിരിക്കുമോ?
ഓരോരോ സന്ദേശമേകുന്നതുണ്ടെനി-
ക്കോരോ ലതയിലെപ്പൂങ്കുലയും!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
മുഗ്ദ്ധരാഗം
മജ്ജീവനായക, കേളിയറയ്ക്കകം
ലജ്ജാവനമ്രമുഖിയായിരിക്കിലും,
താവകവിഗഹം മാത്രമാണെപ്പൊഴും
താവുന്ന ഭക്തിയാൽ ധ്യാനിപ്പതോമനേ!
കാലം കരാംഗുലി നീട്ടിപ്പതുക്കെ, യെൻ-
ലോലമുഖപടം നീക്കിയാൽ പിന്നെ ഞാൻ
മുഗ്ദ്ധയ,ല്ലക്ഷണം നിന്നടുത്തെത്തി നിൻ-
സ്നിഗ്ദ്ധാനനം ഞാൻ മുകർന്നുകൊള്ളാം സ്വയം.
ദേവ, നിൻചിത്രം വരച്ചും തുടച്ചു, മെൻ-
ജീവിതച്ചായം പകുതിയും തീർന്നുപോയ്;
എന്നാലിനിയുമായിട്ടില്ലെനി,ക്കതിൻ-
സൗന്ദര്യമെല്ലാം പ്രതിഫലിപ്പിക്കുവാൻ.
ആശങ്കയില്ലായ്കയി, ല്ലിതെങ്ങാനുമെ-
ന്നാശയിലൽപം പുകപിടിച്ചെങ്കിലോ!
അന്തരംഗത്തിലെനിക്കാളുമുൽക്കണ്ഠ-
യെന്തിനിനിയും വളർത്തുനു നീ, വിഭോ?
നാമിരുവർക്കുംനടുക്കൊരു നേരിയ
ധൂമിക നിൽക്കുന്നതുണ്ടതു നീങ്ങിയാൽ,
പിന്നെ നാമങ്ങിങ്ങു നിൽക്കില്ലൊരിക്കലും;
പിന്നെ നാമൊന്നിച്ചു തന്നെയാണെപ്പൊഴും!
മംഗളസ്വപ്നങ്ങൾ കണ്ടുകണ്ടെന്നെന്നു-
മങ്ങതന്മാറിൽ തലചായ്ച്ചുറങ്ങുവാൻ,
ആരാലിവളിതാ പോരികയായിനി-
ന്നാരോമൽ- നിത്യാനുരാഗം നുകരുവാൻ!
ആയിരമായിരം മുല്ലമൊട്ടാ-
ലാകാശപ്പന്തലലങ്കരിക്കാൻ
ആമന്ദമാദരാലാഗമിക്കും
ഹേമന്തയാമിനി നോക്കിനിൽക്കെ,
സ്വപ്നസങ്കേതം ഞാനെത്തിയിട്ടും
മൽപ്രിയനെന്തിത്ര താമസിപ്പൂ?
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
ശൂന്യതയിൽ
ഘോരഘോരനിരാശയിൽത്തന്നെയെൻ-
ജീവനാളം വരണ്ടു വരണ്ടു ഞാൻ
എത്രനാളിനിപ്പോകണമീവിധം
ചിൽപ്രകാശമേ, നിന്നടുത്തെത്തുവാൻ?
ഞാനൊരു ശിശു, നിന്നെയെങ്ങാനുമെൻ-
ചാപലത്താലനാദരിച്ചെങ്കിലോ!
അന്ധകാരമായ്;- എൻമുന്നിലൊക്കയു-
മന്തമറ്റ കൊടും മണൽക്കാടുകൾ.
കൈയിലില്ലൊരു മൺവിളക്കെങ്കിലും
വയ്യ വയെ്യനി, ക്കേകാന്തഭീരു ഞാൻ!
ആത്തവേദനം ഞാൻ, പൊഴിച്ചീടുമെ-
ന്നാത്മരോദനമാരുണ്ടു കേൾക്കുവാൻ?
നിന്ന നിൽപിലിതാ പതിക്കുന്നു ഞാ,-
നൊന്നു വന്നെന്നെത്താങ്ങൂ വെളിച്ചമേ!!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
പാരവശ്യം
മധുരചിന്തകളിളകും സങ്കൽപ-
മധുവിധുകാലരജനികൾ,
ഹൃദയനാളത്തെത്തഴുകി, മന്ദമെൻ-
വിജനശയ്യയിലണയവെ;
ഉദിതതാരകളിരുളിലെമ്പാടു-
മമൃതധോരണിചൊരിയവേ;
ഇനിയും പൂങ്കുയിൽ മുഴുവനാക്കാത്ത
പ്രണയഗാനത്തിൻശകലങ്ങൾ
പലതു, മയ്യയേ്യാ, ശിഥിലമായൊരീ
മുരളിയിൽവന്നു നിറയുന്നു.
ഫലമെന്തെന്നാലു,മൊരുരാഗം പോലും
പൊഴിയുവാനതിനരുതല്ലോ.
കഴിയണമോരോ ദിനവുമെണ്ണി ഞാ-
നിതുവിധം ഘോരകദനത്തിൽ!
പുലരിപ്പൊന്നിളവെയിലുലകിനെ-
പ്പുളകപ്പൂമ്പട്ടിൽ പൊതിയവെ;
സുഖദശീകരമിളിതശീതള-
സുരഭിലാനിലനിളകവെ;
മൃദുലനിദ്രതന്മടിയിൽനിന്നുമെൻ-
വ്രണിതമാം ജീവനുണരവെ;
അവളെ,കഷ്ട ,മെന്നരികിൽ കാണാതെൻ-
ഹൃദയം നൊന്തു ഞാൻ കരയുന്നു.
ഒരുകിനാവിലെ ക്ഷണികസല്ലാപ-
സ്മരണമാത്രമുണ്ടിനിയെന്നിൽ-
പരിധിയില്ലാത്ത പരമശൂന്യത-
യ്ക്കിടയിലുള്ളോരോ ചുഴികളിൽ,
ഇരുളും ഞാനുമായ് തഴുകിയന്യോന്യ-
മിനിയുമെത്ര നാൾ കഴിയണം?
ബാഷ്പാഞ്ജലി / പാരവശ്യം
ചങ്ങമ്പുഴ
ഹൃദയസങ്കൽപവിപുലസീമയ്ക്കു-
മകലെയുള്ളേതോ വനികയിൽ,
ഭജനലോലയായ് കഴികയാണവൾ
പ്രണയലേഖമൊന്നെഴുതുവാൻ.
വിരഹചിന്തയാൽ വിവശനായൊരെൻ-
വിവിധസന്തപ്തസ്മരണകൾ,
ചിറകടിച്ചടിച്ചമരസാമ്രാജ്യ-
പരിധിയും കടന്നുയരിലും,
അവളെന്നെധ്യാനിച്ചമരും ചന്ദന-
ത്തണലിലെന്നിനിയണയും ഞാൻ!
കനകനക്ഷത്രപ്പൊടിവിതറിയ
ഗഗനവീഥിയിൽമുഴുവനും,
ഒരു മനോഹരമണിമേഘത്തേരി-
ലവളെ നോക്കി ഞാൻ പലദിനം,
വഴിചോദിക്കുവാനൊരുവനില്ലാതാ
വിജനതയിലൊട്ടുഴറിനേൻ.
ഒരുകാലത്തിനിയവളോടിക്കഥ
പരിഭവമായിപ്പറയും ഞാൻ!
മൃദുലചുംബനസുലഭമായൊര-
ക്കുസുമശയ്യയിലൊരുനാളിൽ,
നറുനിലാവിങ്കലിരുവർ ഞങ്ങളൊ-
ത്തവികലാനന്ദഭരിതരായ്
അമിതരാഗാർദ്രസരസസല്ലാപ-
കുതുകികളായിമരുവുകിൽ,
ബാഷ്പാഞ്ജലി / പാരവശ്യം
ചങ്ങമ്പുഴ
വെറുമസൂയയാ,ലൊരു പക്ഷേ, ലോകം
പഴുതേചൊന്നേയ്ക്കാം പരിഭവ!
പ്രണയസുന്ദരകലഹകല്ലോല-
ച്ചുരുളിൽഞങ്ങളന്നുരുളുമ്പോൾ,
കൊതിയാകും മന്നിനൊരു കൊച്ചോമന-
മുരളിയായ്മേലിൽകഴിയുവാൻ.
കവനമോഹിനിയവളെന്നെയൊരു
പുളകമായ് മാറ്റും നിമിഷത്തിൽ,
അറിയും ഞാ, നോരോ കുയിലുമന്നോളം
ചൊരിയും ഗീതത്തിൻ പൊരുളുകൾ.
സതതമെൻ മനം തകരു, മാ രമ്യ-
സുദിനമെന്മുന്നിലണവോളം!!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
പരിതൃപ്തി
കനകകോമളതരളതാരകാ-
കലികകൾ വാനിൽവിരിയവെ,
വികലഭാഗ്യഞാൻ, ഹൃദയനാഥ, നിൻ-
പ്രണയമാശിച്ചുകരയുന്നു.
ഇനിയും മുന്നേപ്പോൽ കഴിയും ഹേമന്ത-
നിശകളോരോന്നും വിഫലമായ്.
മിഴിനീരാലൊന്നും വളരുമെന്നാശാ-
ലതികയ്ക്കില്ലൊരു മധുമാസം.
ശരി;-യെന്നാലും തെല്ലരുതല്ലോ, നാഥാ,
പിഴുതതു ദൂരെക്കളയാൻ മേ!
ശശിലേഖ മന്ദഹസിത ചന്ദ്രിക
വിതറി വിണ്ണിങ്കൽ വിലസുമ്പോൾ,
ഗളിതബാഷ്പത്തിൻ കണികകളാലി-
പ്രണയലേഖനം നനയുമ്പോൾ
നുകരുന്നുണ്ടു ഞാനകളങ്കാത്മാവി-
ലനുരാഗത്തിന്റെ മകരന്ദം!
ഇനിയും, ജീവേശാ, വരുവാനെന്തെനി-
ക്കിതിലും മീതെയായൊരുഭാഗ്യം?
പ്രണയശൂന്യമാം ഹസിതത്തേക്കാളും
മഹിതം രാഗത്തിൻ ചുടുബാഷ്പം!
അമരലോകത്തേയ്ക്കുയരുവാനെനി-
ക്കനഘമിക്കണ്ണീർ മതിയല്ലോ!
അഭിലഷിപ്പൂ ഞാനിതുമാത്രം:- നിത്യം
തകരാവു ചിത്തം പ്രപഞ്ചത്താൽ!!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
പ്രഭാതബാഷ്പം
ഉലകിനെച്ചുംബിച്ചുണർത്തും- വിണ്ണിൻ-
മഹനീയതേജോവിലാസം,
മമ നയനങ്ങളിൽ മന്ദം-
മഴവില്ലിൻ ചാറുതളിച്ചു.
സുഖദസുഷുപ്തിയിൽനിന്നെൻ- ജീവൻ
സുരപഥത്തോളമുയർന്നു.
ഉദയപ്രഭയിൽകുളിച്ചു-മന്നി-
ന്നുടലാകെക്കോരിത്തരിച്ചു.
പറവകൾപാടിപ്പറന്നു- പുഷ്പ-
പരിമളമെങ്ങും പരന്നു.
പുലർകാലപ്പൂന്തെന്നല്വീശി-പ്പിഞ്ചു-
മലരണിവല്ലികളാടി.
ഇളവെയിലേറ്റു സുഖിച്ചു-ചിത്ര-
ശലഭങ്ങൾ പാറിക്കളിച്ചു.
ഒളിചിന്നും പൂക്കളെപ്പുൽകി-പ്പുൽകി-
യളികുലമങ്ങിങ്ങിളകി.
അവികലാനന്ദതരംഗ-സംഗ-
മവനിയിലെങ്ങും ഞാൻ കാണ്മൂ.
ഹിമകണവൈഢൂര്യമാല്യം-പിഞ്ചു-
തൃണരാജിക്കേകുമിക്കാലം
അതിദിവ്യനവ്യചൈതന്യം-ഒന്നി-
ക്ഷിതിയിങ്കലെങ്ങും പൊഴിപ്പൂ.
എവിടെയുമാനന്ദനൃത്തം-മന്നി-
ലെതിനുമൊരുന്മേഷഭാവം.
ഹതനായി ഞാന്മാത്രമല്ലേ-എന്റെ-
ഹൃദയം തകരുകയല്ലേ?
മിഴിനീരിൽമുങ്ങി ഞാനെന്നും-ഏവം-
കഴിയണമെന്നാണോ യോഗം?
ഇനിയുമിതെത്രനാൾ താങ്ങും-തീരെ-
സ്സഹിയാനാകാത്തൊരിത്താപം?
സതതം സമാധാനമൂകം-അയേ്യാ!
സഹതാപശൂന്യമീലോകം!!
ബാഷ്പാഞ്ജലി / പ്രഭാതബാഷ്പം
ചങ്ങമ്പുഴ
കവനസ്വരൂപിണി, നീയും-കഷ്ടം !
നിഹതനാമെന്നെ മറന്നോ?
വെറുമൊരുചുംബനം മാത്രം-തന്നാ- ലമലേ, നിനക്കെന്തു ചേതം?
ഒരുപക്ഷേ, ഞാനതുമൂലം-ഒരു
പൊലിയാത്തതാരമായ് തീരാം.
മമ ജീവനാളം ക്ഷണത്തിൽ-ഒരു
മധുരസംഗീതമായ് മാറാം.
കമനീയസ്വപ്നമേ, ഞാനും-നിന്റെ
കമിതാക്കന്മാരിലൊന്നല്ലേ?
അനുനയലോലനാമെന്നിൽ-നിന-
ക്കനുകമ്പയില്ലാത്തതെന്തേ?
കപടതമാത്രം നിറഞ്ഞീ-ടുമീ-
ബ്ഭുവനമെനിക്കുമുഷിഞ്ഞു.
ഇവിടെനിന്നിക്ഷണമയേ്യാ!-ഞാനി-
ന്നെവിടെയൊന്നോടിയൊളിക്കും?
പലപല ചിന്തകളെന്നും-ഉള്ളിൽ
അലതല്ലിപ്പൊങ്ങുന്നനേരം,
തല ചായ്ക്കുവാനെൻതണലും-ദേവി
തവ മടിത്തട്ടായിരുന്നു!
അതുമിനിലഭ്യമല്ലെങ്കിൽ-പിന്നി
ക്ഷിതിയിലെനിക്കെന്തുഭാഗ്യം?
അതിശുഷ്കം ജീവിതപത്രം-എനി-
ക്കതുകൊണ്ടിനിയെന്തുകാര്യം?
പരമാർത്ഥസ്നേഹമിപ്പാരിൽ-ഇത്ര
വിരളമാണെന്നാരറിഞ്ഞു?
അതിലൊരുതുള്ളിക്കായെത്ര-കാലം
സതതമെന്നാത്മാവെരിഞ്ഞു!
ഒരുഫലമില്ലാതൊടുവിൽ-ഞാനി-
ക്കൊടിയനിരാശയിൽനിൽപൂ.
ഇവിടെയെല്ലാടമിരുട്ടാ-ണയേ്യാ!
എവിടെ ,യെവിടെ വെളിച്ചം?
ബാഷ്പാഞ്ജലി / പ്രഭാതബാഷ്പം
ചങ്ങമ്പുഴ
മയിലുകൾ ചാഞ്ചാടിയാടും-നീല
ക്കുയിലുകൾ പഞ്ചമം പാടും;
തരുനിര പൂത്തും തളിർത്തും-നിന്നു
സുരഭിലമർമ്മരം തൂകും;
ക്ഷിതിയിങ്കലെന്തിനും മോദ-പൂരം
മതിയിൽ നിറഞ്ഞു തുളുമ്പും;
ഇതുമട്ടാണെന്നാലുമെന്നും-ഒരു
ഹൃദയമിരുന്നുകരയും!!
ഇനിയും ഞാൻ കേവലമന്യനായി-
ക്കഴിയണമെന്നാൽക്കഴിഞ്ഞുകൊള്ളാം;
പലതും ചപലത ചൊല്ലുമെന്നിൽ-
പ്പരിഭവിക്കേണ്ട നീയോമലാളേ!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
കാമുകനെ കാത്ത്
ലോകജീവിതം!ഹാഹാ!ശോകപൂരിതം, വ്യർത്ഥ-
മാകുമൊരാശാബദ്ധമാന്ത്രിക മായാസ്വപ്നം!
ഞാനിതിലോരോ തന്ത്രിമീട്ടിനോക്കയാ,ണെന്നാൽ
ഗാനശൂന്യമീവീണ; വിഫലം മമ യത്നം!
ഭാവിതൻചുടുതീയിൽ പൂഞ്ചിറകയേ്യാ, കരി-
ഞ്ഞാവിലം പിടയ്ക്കേണ്ട പൂമ്പാറ്റയാണെൻ ചിത്തം!
"ഓമനേ, മടിക്കേണ്ട പോരികെ," ന്നെന്നെ സ്വയം
പ്രേമസല്ലാപത്തിനായ് ക്ഷണിക്കും മരണത്തെ,
ഞാനാദരിച്ചാലോ?-പാടില്ല; വേഗം ചെന്നെൻ-
പാനഭാജനം കൈയിൽ കൊടുപ്പതത്രേ കാമ്യം.
ഞങ്ങൾ തൻ പരസ്പരപ്രഥമാശ്ലേഷി!- ഞാനാ
മംഗളരംഗം വെറും മടിയാൽ വൈകിച്ചല്ലോ!
സംഗീതമയം, നിത്യശാന്തിദം, ഭവദീയ-
സംഗമമുഹൂർത്തം, ഞാൻ കാത്തുകാത്തിരിക്കട്ടെ!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
രാഗവ്യഥ
കരിവാർമുകിൽമാല മൂടവേ, കുറച്ചുഞാൻ
കരയാൻ നോക്കി, സഖീ;- കണ്ണുനീർ വരുന്നില്ല.
ഇപ്പരിതാപത്തിന്റെ ഘോരമാമെരിതീയി-
ലൽപാൽപമായ് നിശ്ശബ്ദം ദഹിച്ചീടണം ചിത്തം.
കണ്ണുനീർ വരുത്താത്ത കദനം, കദനത്തിൻ-
കണ്ണീരിനെക്കാളേറ്റം ഭേദിക്കും ഹൃദയത്തെ!
സതതംവിലപിക്കുമാഴിയെക്കാളും ദു:ഖം
ഹതമായ് കാട്ടിൽ പൂത്ത മൂകപുഷ്പത്തിൽ കാണും!
അനുരാഗത്തിന്മലര്മെത്തയിലുറങ്ങുമ്പോ-
ളനുവാസരം കാണും സ്വപ്നങ്ങൾ, സുഗന്ധികൾ,
അതിനുണ്ടൊരു മായാദർശിനി;-മനോനേത്ര-
മതിലേപായുംനേരം പ്രപഞ്ചം മണൽത്തരി!
ഞാനെത്ര ഹതഭാഗ്യയാകിലെ,ന്തിന്നെങ്കിലും
മാനസബാഷ്പത്തിന്റെ മാധുര്യമറിഞ്ഞല്ലോ!!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
ആശ
ഒരുവെൺമുകിൽ മാലയായിരുന്നെങ്കിൽ, ചെന്ന-
ച്ചെറുതാരയെ ഞാനിക്ഷണം ചുംബിച്ചേനെ.
കൊതിയുണ്ടെല്ലായ്പൊഴും ചിത്തത്തിനാകാശത്തിൻ
മതിലേഖയെ മന്ദം മാറിലേയ്ക്കണയ്ക്കുവാൻ!
വഴിയേവന്നെൻകാൽക്കൽ നിൽപവകൈവിട്ടു, ഞാൻ
വഴുതും വസ്തുക്കളിൽ കയറിപ്പിടിക്കുന്നു.
കാലത്തിൻ കണ്ണാടിയിലൂടെ ഞാൻ നോക്കീടുമ്പോൾ
കാണുന്നു നാനാവർണ്ണമയമായ് മജ്ജീവിതം.
ഹരിതപ്രഭം പോയതി,പ്പോഴുള്ളതു പീതം,
വരുവാനിരിക്കുന്നതൊക്കെയും തമോമയം!
നാളെ,യിന്നലെയെന്ന പേരെഴുമിരുവർതൻ-
തോളിൽ കൈപിടിച്ചെത്തുമിന്നേ, നീ ബലഹീന!
നിന്നെപ്പോൽ,നിശ്ശൂന്യതയ്ക്കുള്ളിലെത്രപേരിനി-
ച്ചെന്നെത്തിക്കഴിഞ്ഞാലെന്നാശയ്ക്കു വിരമിക്കാം?
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
തുഷാരഗീതി
സ്വാഗതം സവിതാവേ, നിർമ്മലാത്മാവേ, സ്വാമിൻ,
ഭാഗധേയത്താലെനിക്കങ്ങയെക്കാണാറായി!
ധന്യനാമവിടുത്തെക്കാരുണ്യാതിരേകത്താ-
ലെന്നാത്മാവൊരു കൊച്ചുതേജോമണ്ഡലമിപ്പോൾ,
ഞാനൊരുമഞ്ഞുതുള്ളി- തെറ്റിപ്പോയ് ക്ഷണികത
നാനാത്വങ്ങളിലൊരു നീർപ്പോളയെക്കാൾ തുച്ഛം.
ഭൂമിക്കും നാകത്തിനുമൊന്നുപോലൊരു രത്ന-
സീമയായ് നിലകൊള്ളും ചക്രവാളത്തെപ്പോലെ,
നിത്യമല്ലാത്തോരെന്നിലെന്തിനാണവിടുത്തെ
നിസ്തുലപ്രഭാപൂരം ചൊരിഞ്ഞു പാഴാക്കുന്നു?
ഇത്തേജോഭരം തെല്ലും താങ്ങുവാൻ കെൽപില്ലല്ലോ
സത്വരം, സ്വാമിൻ, രാഗമൂക ഞാൻ മൂർച്ഛിച്ചാലോ?
ഒരുകാലത്തും തല പൊക്കിടാത്തിപ്പുൽക്കൊടി-
ക്കൊരുഭാരവുംകൂടിയേറ്റിയെൻജനിയാൽ ഞാൻ!
കമ്മർസാക്ഷിയാം ഭവാനെന്നോടു നിശ്ശബ്ദമായ്
നർമ്മസല്ലാപം ചെയ്വതാരുമിന്നറിയേണ്ടാ,
ഈ നിഗൂഢമാം ദിവ്യപ്രേമമൊന്നല്ലി,തമോ-
ലീനമായൊരെൻജന്മം വെളിച്ചമാക്കിത്തീർത്തു?
അകളങ്കാത്മാവാകുമങ്ങയോടെനിക്കൊട്ടും
പ്രകടിപ്പിക്കാനില്ല ശക്തി, യെൻ കൃതഞ്ജത.
നിസ്തുലരാഗത്താലെൻ ഹൃദയം വികസിക്കെ
നിർജ്ജീവ വസ്തുക്കൾക്കും സൗന്ദര്യമായ് ഞാൻപോലും.
അവസാനിച്ചീടാത്ത പുളകാങ്കുരത്തിനാ-
ലവനീദേവി നിത്യമൂകയായ് നിലകൊൾകെ,
പരിപാവനയാമജ്ജനനി കാൺകെക്കാൺകെ-
പ്പരിപൂർണ്ണതയിങ്കൽ ചെന്നു ഞാൻ ലയിക്കാവൂ!
ബാഷ്പാഞ്ജലി / തുഷാരഗീതി
ചങ്ങമ്പുഴ
പക്ഷികൾ മനോജ്ഞമാം പഞ്ചമഗാനങ്ങളാൽ,
വൃക്ഷങ്ങൾ മധുരമാം മർമ്മരാരവത്തിനാൽ,
ലതകൾ നൃത്തത്തിനാൽ, പുഷ്പങ്ങൾ സുഗന്ധത്താൽ,
സതതം ചിത്തം തുടിച്ചെന്നെന്നുമാനന്ദിക്കും.
നിസ്സാരമാകും, ക്ഷണം മാഞ്ഞുപോമൊരു വെറും
നിശ്ശബ്ദ മന്ദസ്മിതം മാത്രമാണെന്നാനന്ദം.
ആയതിൻ പരിധിയാണെന്നുടെ പരിപൂർത്തി;
മായണമതിങ്കൽ ഞാനെത്തിയാലപ്പോൾത്തന്നെ!
അലഘുപ്രഭയോലുംതവ ദിവ്യാംശുവൊന്നി-
ലലിഞ്ഞുചേർന്നീടുവാൻ വെമ്പലായി മേ, ദേവ!
മായുന്നതെന്തിനായ് ഞാൻ?- തന്മൂലം ഭവദ്രശ്മി
മാമകാഭയാലൽപം മിന്നിക്കാനായാലായി!
രാഗചുംബിയാം തുച്ഛജീവിതം മദീയം ഹാ!
ത്യാഗത്തിലെത്തിപ്പൂ ഞാൻ!- വിരമിക്കട്ടെ, നാഥ!!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
ഹേമ
വനികാംഗനയാൾതൻ മന്ദഹാസാങ്കുരങ്ങൾ
തനിയേ കവർന്നവൾ കുമ്പിളിൽ നിറയ്ക്കുന്നു.
അയൽ വീട്ടിലെ സഖിയെത്തിടാൻ നേരം വൈകു-
ന്നതിലുണ്ടവൾക്കൽപം താപവുമുൽക്കണ്ഠയും.
കണ്ഠനാളത്തെത്തിരിച്ചവളെ പ്രതീക്ഷിച്ചു
കണ്മണി കൂടെക്കൂടെക്കണ്ണയയ്ക്കുന്നു; നോക്കൂ!
ആർത്തിയാർന്നാറ്റിലേയ്ക്കു പോകുവാനായ് തൻകൂട്ടു
കാത്തുനിന്നീടുമൊരു മാൻകിടാവിനെപ്പോലെ.
തഴുകീ തരുണാർക്കൻ തങ്കരശ്മിയാ,ലെന്നാൽ
മുഴുവൻ മാഞ്ഞിട്ടില്ല മൂടൽമഞ്ഞെല്ലാടവും.
തണലും വെയിലുമില്ലെങ്ങുമേ;- സുഖംതരും
തണവുള്ളൊരുകാറ്റു വീശുന്നുണ്ടിടയ്ക്കിടെ ,
ലജ്ജയിൽമടിച്ചാദ്യമായിത്തൻ നാഥൻ വാഴും
മച്ചിലേയ്ക്കൊരു മുഗ്ദ്ധപോയിടുന്നതുപോലെ.
തോളത്തുനിന്നപ്പപ്പോളിഴിയും നീരാളപ്പൂ-
ഞ്ചേലത്തുമ്പിളംകരവല്ലിയാലൊതുക്കിയും;
മഞ്ജുളമണിനൂപുരാരവം വീശുംപടി
കഞ്ജകോമളമായ കാലിണചലിപ്പിച്ചും;
സമ്പന്നവസന്തത്തിൻനൃത്തമണ്ഡപമായ
ചെമ്പനീരലർക്കാവിൽ വാഴുന്നു വിലാസിനി.
നീലക്കാറൊളിച്ചുരുളളകം മേലേ ചിന്നി
ലോലഫാലകംസ്വേദാങ്കുരത്താൽ പേർത്തും മിന്നി.
അവൾതൻ കരാംഗുലി സ്പർശനസൗഭാഗ്യത്താ-
ലതിധന്യരായ്ത്തീരും കുസുമങ്ങളെ നോക്കി;
മെത്തിടുമസൂയയാൽ യുവത്വം തുളുമ്പീടു-
മെത്രയോ ഹൃദയങ്ങൾ തുടിച്ചിട്ടുണ്ടാകില്ല!
ബാഷ്പാഞ്ജലി / ഹേമ
ചങ്ങമ്പുഴ
ഉഷസ്സും ലജ്ജിച്ചിട്ടു,ണ്ടോമലിൻ കണ്ണഞ്ചിക്കും
സുഷമാമുകുരത്തിൽ തന്മുഖം നിഴലിക്കെ!
മഞ്ഞുതുള്ളികളേറ്റു കുളുർത്തപനീർപ്പൂവിൻ
മഞ്ജിമ സവിശേഷമുടലാർന്നതുപോലെ;
രമ്യമാം മധുവിധുകാലത്തെ സ്വപ്നം പോലെ-
യമ്മലർത്തോപ്പിലിതാ ലാലസിക്കുന്നു ഹേമ!!
അരികത്തൊരു കൊച്ചുപൂഞ്ചോല പാടിപ്പാടി
നുരയാൽ ചിരിച്ചുകൊണ്ടൊഴുകിപ്പോയിടുന്നു;
സൽപ്രേമസമ്പന്നയാമൊരു പെൺകൊടിയുടെ
സുപ്രഭാമയമായ ജീവിതത്തിനെപ്പോലെ!
അതിന്റെ തടത്തിങ്കലേയ്ക്കതാ വന്നെത്തുന്നു
മതിമോഹനാകാരരാം രണ്ടു യുവാക്കന്മാർ.
ഒരുവനുടൻ നിത്യമുണ്ടായീടുമ്പോ,ലന്നു-
മൊരു തൂമിന്നൽപ്പിണർ പായുകയാ,യുൾത്താരിൽ!
ഹേമ പൂ പറിക്കുവാനെത്തിടും സമയമി-
താണെന്നു നന്നായവനറിയാം പണ്ടേതന്നെ.
അവളെ ഭൂവല്ലിയാൽ ചൂണ്ടിക്കാണിച്ചു മന്ദ-
മവനോതുന്നു, തന്റെ വിശ്വസ്തസുഹൃത്തോടായ്:-
"എന്നെന്നുമെനിക്കൊരു പുളകാങ്കുരം നൽകാ-
നെന്നാശാലതികതൻ വസന്തമതാ നിൽപൂ!!..."
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
സല്ലാപം
മധുരസ്വരത്തിലെൻ കാമുകൻ ചോദിക്കുന്നു:-
"മദിരോത്സവം നിനക്കോമലേ മതിയായോ?
മതിയായെങ്കിലൊന്നു തല ചായ്ക്കണ്ടേ?- പനീർ-
മലർ ചിന്നിയോരെന്റെ മാർത്തടംപോരേ? പോരൂ!
അവശേ, നീയിന്നെന്തിനിത്രമേൽ പരുങ്ങുന്നു,-
തവിടെക്കിടന്നോട്ടെ,ശൂന്യമത്തങ്കക്കിണ്ണം.
മേദുരാമോദം നിന്നെ നിശ്ശബ്ദമോരോ പാട്ടു
സദരംപാടിപ്പാടിയുമ്മവച്ചുറക്കാം ഞാൻ!
പരിചോടെന്നുംനിനക്കത്യനർഗ്ഘമാമോരോ
പരമാനന്ദസ്വപ്നം കണ്ടു കണ്ടുറങ്ങീടാം.
കാലത്തിൻ ചിറകടിയൊച്ചകേട്ടുണരാതെ
ലോലനീയെൻമാറത്തു പൂവുപോൽകിടക്കുമ്പോൾ,
പുളകോൽഗമകാരിയായ നിന്നംഗസ്പർശം
മിളിതോത്സവം ഞാനുമാസ്വദിച്ചാനന്ദിക്കാം.
അങ്ങനെയന്യോന്യസംസിക്തമാമനുരാഗ-
മഗളമലർവല്ലി പുഷ്പിച്ചുലസിക്കട്ടെ!
എന്തിനാണെന്നോ? ദിവ്യമാമതിൻസുഗന്ധമി-
ന്നെന്തിനെങ്കിലുമൊരു സാന്ത്വനമായാലായി.
ഇന്നു നീയുറങ്ങുന്നതൊക്കെയും മറക്കുവാൻ;
പിന്നെ നീയുണരുന്നതൊക്കെയും പുതുക്കുവാൻ-
ഈ വിധം മറവിയും പിന്നത്തെ സ്മരണയും
കേവലം നാം തമ്മിലുള്ളൊളിച്ചുകളിമാത്രം!
നിനക്കെന്തിനാണിനിശ്ശൂന്യമാം ചഷകം?-ആ
നിരഘാസവമെല്ലാമൂറ്റി നീ കുടിച്ചല്ലോ!
എറിയൂ വലിച്ചതു ദൂരെ;- നീയിനിയതു
വെറുതേ കണ്ണീരിലിട്ടെന്തിനു കഴുകുന്നു?-
പോരികെന്മാറത്തേ,യ്ക്കെന്നോമനയല്ലേ? ബാഷ്പ-
ധാര ഞാൻ ത്യ്ടച്ചോളാം, നാണമെ,ന്തയേ്യാ പോരൂ!...."
പ്രേമപൂർണ്ണമായൊരിസ്സല്ലാപം!- ഹാഹാ,നോക്കൂ,
രോമാഞ്ചത്താലെൻ തനുവല്ലരി തളിർത്തല്ലോ!
കാമുക, വരുന്നു ഞാ,നാ വിശാലമാം മാറിൽ
കാമദമായീടുമെൻ ചുംബനം വിതറുവാൻ!!
എവിടെയും കാണ്മൂ മഹിതമാമൊരു
പരമാനന്ദത്തിൻ നിഴലാട്ടം;
ഹതഹൃദയമേ, സതതം നീമാത്രം
കദനഗർത്തത്തിലടിയുന്നോ?
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
സൗന്ദര്യലഹരി
പച്ചിലച്ചാർത്തിൻ പഴുതിങ്കലൂടതാ കാൺമൂ
പശ്ചിമാംബരത്തിലെപ്പനിനീർപ്പൂന്തോട്ടങ്ങൾ.
ഇത്തരം സൗന്ദര്യം ഞാൻ നുകരാൻ തുടങ്ങിയി-
ട്ടെത്ര കാലമാ,യെന്നാലിനിയും തീർന്നില്ലല്ലോ!
ഓരോരോ ദിവസവുമത്യനർഗ്ഘമായീടും
ചാരുതയൊന്നീ ലോകഗാളത്തെപ്പുതുക്കുന്നു.
അല്ലെങ്കിൽ, പ്രാപഞ്ചികജീവിതത്തിനെ, നമ്മ-
ളെല്ലാരുമിതിൻമുൻപേ വെറുത്തുകഴിഞ്ഞേനെ!
പൂർവ്വദിങ്ങ്മുഖത്തിങ്കൽ സിന്ദൂരപൂരംപൂശി-
പ്പൂവിനെച്ചിരിപ്പിച്ചുവന്നെത്തും പുലരിയും;
മുല്ലമൊട്ടുകൾവാരി വാനിങ്കൽ വിതറിക്കൊ-
ണ്ടുല്ലാസഭരിതയായണയുംസന്ധ്യാ ശ്രീയും;
വാനിലുല്ലസിച്ചിടും വാര്മതിയൊഴുക്കുന്ന
പൂനിലാവിങ്കൽ കുളിച്ചെത്തിടും രജനിയും;-
എന്തിനിപ്രകൃതിയിൽ സൗന്ദര്യമയമായു-
ള്ളെന്തും,ഹാ ജീവിതത്തെ മധുരിപ്പിച്ചീടുന്നു!
കുളിർത്തമണിത്തെന്നൽ സൗരഭോന്മദം പൂണ്ടു
തളിർത്ത തരുക്കളെത്തഴുകിത്തളരവെ;
അന്തരംഗാന്തരത്തിലംബരാന്തത്തെയേന്തി-
ത്തന്തിരകളാൽ താളംപിടിച്ചു പാടിപ്പാടി
പാറക്കെട്ടുകൾതോറും പളുങ്കുമണി ചിന്നി-
യാരണ്യപ്പൂഞ്ചോലകളാമന്ദമൊഴുകവെ;
മരന്ദം തുളുമ്പുന്ന മലരിൽ ചുറ്റും കൂടി
ബാഷ്പാഞ്ജലി / സൗന്ദര്യലഹരി
ചങ്ങമ്പുഴ
മുരളും തേനീച്ചകൾ പറന്നു കളിക്കവെ;
വല്ലികാനടികൾ നൽപല്ലവാകുലമായ
ചില്ലകൈയുകളാട്ടി നർത്തനം ചെയ്തീടവെ;
അറിയാതവരോടുകൂടി നമ്മളു,മേതോ
പരമാനന്ദപ്രവാഹത്തിങ്കൽ മുഴുകുന്നു.
ഈ വിധം മനോഹരവസ്തുക്കളെല്ലാം നമ്മെ-
"ജ്ജീവിക്കു, ജീവിക്കു," കെന്നുൽബോധിപ്പിപ്പൂ നിത്യം.
"നുകരു,നുകരു,മത്സൗന്ദര്യം!"-നമ്മോടിളം-
മുകുളം വികസിച്ചു നെടുവീർപ്പിട്ടോതുന്നു.
"മുറുകെ മുകർന്നീടുകോമനേ, പിന്നെപ്പിന്നെ
മറവിക്കകത്തേയ്ക്കു വീണടിയേണ്ടൊരെന്നെ!"
പാടലദലാധരം പേർത്തുമുച്ചലിക്കെ,ച്ചെ-
റ്റാടലാർന്നളിയോടു പനിനീർപ്പൂവർത്ഥിപ്പൂ.
ജീവിതലഘുകാവ്യത്തിൻ പകർപ്പവകാശം
കേവലം മരണത്തിനുള്ളതാണെങ്കിലാട്ടെ;
നിത്യസുന്ദരമാകും, സ്നേഹഗീതിയാലതു
നിസ്തുലമാക്കിത്തീർക്കാനാവുകി, ലതേ കാമ്യം!
സായാഹ്നരാഗംപോലെ സർവ്വവും തേയാം, മായാം
പോയാലോ പോയി;-പിന്നെയൊന്നു, മില്ലെല്ലാം ശൂന്യം!
ഇന്നുനാമുള്ളോ,രില്ലാത്തവരായ്ത്തീർന്നിടേണം
പിന്നാലെവരുന്നോർക്കൊരന്ധാന്വേഷണത്തിനായ്.
ഇന്നലെ,ത്തേങ്ങിത്തേങ്ങിയെന്തിനോകരഞ്ഞു ഞാ-
നിന്നിനിച്ചിരിക്കട്ടെ;- നാളെഞാനൊഴിഞ്ഞേയ്ക്കാം!
പുതുമേ, വീണ്ടും വീണ്ടും പുൽകുക ലോകത്തെ നീ
'മതി!'- യെന്നവളെക്കൊണ്ടോതിക്കാതൊരിക്കലും!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
ആത്മക്ഷതം
കേവലമാശാമയസ്വപ്നമാത്രമാ, മെന്റെ
ഭാവനാസാമ്രാജ്യത്തിൽത്തന്നെ, ഞനിരുന്നോട്ടെ!-
തിമിരം ലേശം പോലും തീണ്ടാത്തൊ,രക്കൽഹാര-
കമനീയോദ്യാനത്തിൽത്തന്നെ, ഞാൻ കഴിഞ്ഞോട്ടെ!-
അവിടെ സ്വച്ഛന്ദമായൊന്നു ഞാൻവിഹരിച്ചാ-
ലതിനും കയർക്കുന്നതെന്തിനാണാവോ, ലോകം!
ഒന്നുമില്ലെനി,ക്കെന്നാലീ നിരാശയിൽപ്പോലും
മന്നിനെന്തസൂയ!- ഞാനിനിയെങ്ങോടിപ്പോകും?
പൊന്നിനാലുന്മാദം പൂണ്ടുലകം, പുരോഗതി-
ക്കെന്നു ചൊന്നനുമാത്രം മുന്നോട്ടുകുതിക്കുമ്പോൾ,
ശരിയാ,ണതേ; വാടിപ്പോയപൂവിനെ നോക്കി-
ക്കരയാനൊരുമ്പെടും ഞാനൊരു വെറും മൂഢൻ.
കാണുന്നതെല്ലാംതന്നെ നശ്വരമല്ലേ?- പിന്നെ
ഞാനതുനോക്കിത്തേങ്ങിക്കരഞ്ഞാ, ലതോ കുറ്റം?
മാനവൻ മഹാരഥൻ!- ഭേദമെന്തെന്നാൽ, കഷ്ടം !
ഞാനുമപ്പൂന്തോപ്പിലെപ്പനിനീർപ്പൂവും തമ്മിൽ?
നാളത്തെപ്പുലർകാലമായതിൻ ലാവണ്യത്തെ
നാമെല്ലാം കാൺകെത്തന്നെ, നിർദ്ദയം നശിപ്പിക്കും;
ഇന്നു നാമതു നോക്കിപ്പുഞ്ചിരിയിടുന്നെന്തി-
നിന്നത്തെ നമ്മളെപ്പോലും നാളെയാരോർക്കുന്നാവോ!
അത്യന്തം ദയനീയമാകു, മീ മറവിയോർ
ത്തെത്രയത്നിച്ചാലെന്തു വറ്റുമോ കണ്ണീരൽപം?
ജീവിതകാവ്യം തീർക്കുമക്കലാകാരൻതന്നെ
കേവലം ശോകാത്മകലോലനായിരിക്കണം.
ഇല്ലല്ലോ ലവലേശ,മായതിലാകെക്കൂടി
വല്ലഭാഗത്തെങ്ങാനൊരാനന്ദഗാനം പോലും.
നിസ്സഹായതയിങ്കൽ നമ്മളെപ്പിടിച്ചിട്ടു
"നിശ്ശ്ബ്ദ!"മെന്നൊതുവാൻ നിയതി തുനിഞ്ഞാലോ!
ഇനിയും കരഞ്ഞതു പോര നാം; മറ്റൊന്നിനും
തുനിയാന്നമുക്കില്ല തെല്ലുമിന്നവകാശം
ഏകാന്തം നിരാശതൻ കണ്ണാടിച്ചില്ലിൽക്കൂടി
ലോകത്തെ നോക്കിക്കാണും മനസ്സിൻ നയനങ്ങൾ
എത്രമേൽ ബാഷ്പാവിലമാകിലെന്തതിൽ പേർത്തും
സദ്രസം നിഴലിപ്പൂ സത്യത്തിൻ കിരണങ്ങൾ.
ഈ വിശ്വംതന്നെ, യേതോതീരാത്ത നിരാശതൻ
ഭാവമൂകമാം ബാഹ്യരൂപമല്ലെന്നാർ കണ്ടു?
ബാഷ്പാഞ്ജലി / ആത്മക്ഷതം
ചങ്ങമ്പുഴ
കോലാഹലത്തിൽ പൊതിഞ്ഞുള്ളൊരീ നിശ്ശബ്ദത-
യ്ക്കാലംബകേന്ദ്രംവെറും നൈരാശ്യ,മിച്ഛാഭംഗം.
എന്തിലുമപൂർണ്ണതയല്ലാതെ കാണ്മീലിങ്ങു
ചിന്തിക്കി,ലെല്ലാം തന്നെ നിർജ്ജീവം, വെറും ജഡം!
മന്ദഹാസവും കൂടി മാറാത്ത മാലിൻചിഹ്നം
മഞ്ജുസംഗീതം തപ്ത ചിന്തയാൽ തരംഗിതം.
നാനാപാന്ഥന്മാർക്കൽപം വിശ്രമിക്കുവാൻമാത്രം
സ്ഥാനമുള്ളോരീ ലോകം, ഹാ, വെറും വഴിസ്സത്രം!
നാമെല്ലാമൊരുപോലെ നിസ്സഹായന്മാർ, മർത്ത്യ-
നാമാക്കളാകും വെറും യന്ത്രങ്ങൾ, മൃത്പിണ്ഡങ്ങൾ!
അപ്രമേയാഭമാകും വൈദ്യുതപ്രവാഹമൊ-
ന്നത്ഭുതാവഹം നമ്മെയീവിധം ചലിപ്പിപ്പൂ.
ആയതിൻ സമാപ്തിയിൽ സർവ്വവും നിശ്ചഞ്ചലം!
ഹാ, മർത്ത്യ, നിൻഭൂതലം മായികച്ഛായാതലം!
ദയനീയമാമൊരു ഗദ്ഗദ, മവ്യക്തമാ-
മൊരു രോദന, മാണീജീവിതം നിരാലംബം!
ഫലശൂന്യമാമതു ചെന്നുചെന്നവസാനം
ഫലശൂന്യതയില്ത്താനല്ലല്ലീ വിലയിപ്പൂ!
എന്തൊരു ശോച്യാവസ്ഥ!- വിസ്മയമെന്തി,ന്നതു
ചിന്തിച്ചു ചിന്തിച്ചെന്റെ കണ്ണിണ നിറഞ്ഞെങ്കിൽ
സതതം ജോലിത്തിരക്കാർന്നൊരെൻ ജഗത്തേ, നീ,
കുതികൊള്ളുക മുന്നോട്ടെന്നെ നീ ഗൗനിക്കേണ്ട.
ഞാനൊരുവെറും ശോചനീയത, നിനക്കെന്റെ
ദീനരോദനം, പക്ഷേ, ദുസ്സഹമായിത്തോന്നാം!
അതു നീ പൊറുത്താലുമുള്ളലിഞ്ഞെ,നിക്കെന്റെ
ഹൃദയം നോവുന്നു, ഞാനിത്തിരി കരഞ്ഞോട്ടെ!
കേവലമാശാമയസ്വപ്നമാത്രമാ,മെന്റെ
ഭാവനാലോകത്തേയ്ക്കുതന്നെ, ഞാൻ പോയ്ക്കൊള്ളട്ടെ!
തിമിരം ലേശം പോലും തീണ്ടാത്തൊ,രക്കൽഹാര-
കമനീയോദ്യാനത്തിൽ നിന്നെന്നെ വിളിക്കൊല്ലേ!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
വനബാല
കാനനച്ഛായയിൽത്തന്നെ കഴിച്ചൂ
കാതരേ, നീ നിന്റെ ശൈശവകാലം;
പച്ചച്ചെടികളും പൂക്കളുമോരോ
കൊച്ചുകിളികളുമൊത്തു നീ വാണു;
ചന്ദനക്കാടിനു രോമാഞ്ചമേകും
മന്ദസമീരണൻ നിന്നെപ്പുണർന്നു.
അന്നവയ്ക്കുള്ളൊരകൃത്രിമമാകും
സൗന്ദര്യമൊക്കയും നിന്നിൽ പകർന്നു.
മിന്നുന്നതെന്തു നിൻപൊന്നിളംമെയ്യി-
ലിന്നാ നിരഘസുഷമയല്ലാതെ?
അന്നു പടിഞ്ഞാറു ചായുന്ന സൂര്യൻ
ചിന്നിച്ചിതറുന്ന പൊന്നിൻപൊടികൾ
നൽത്തളിച്ചാർത്തിൽ പൊഴിഞ്ഞതുതന്നെ-
യിത്തുടുപൂങ്കവിൾത്തട്ടിലും കാണ്മൂ;
കാന്താളകേ, നിന്നെ മന്ദം നടക്കാൻ
പൂന്തെന്നലാകാം പഠിപ്പിച്ചതാദ്യം;
കൊച്ചുപൂഞ്ചേലയെപ്പോൽ, നീ ചിരിക്കെ,
മച്ചിത്തമിന്നുംതുടിക്കുന്നു ബാലേ!
അന്നാവനത്തിന്റെ സൗന്ദര്യമെല്ലാ-
മിന്നും തെളിഞ്ഞു ഞാൻ കാണുന്നു നിന്നിൽ.
നീലാംബരത്തിൻപ്രതിബിംബമേന്തും
നീരണിത്താമരപ്പൂമ്പൊയ്കപോലെ,
അത്രതെളിഞ്ഞതാണാരോമലേ,നി-
ന്നുത്തമപ്രേമം തുളുമ്പും ഹൃദയം.
അൻപോടനുരാഗസൗരഭംവീശും
ചെമ്പനിനീരലർതന്നെ നീനൂനം.
വാനിന്വിശുദ്ധിയും ഭൂവിൻ ക്ഷമയും
കാനനപുഷ്പമേ, കാണ്മൂ ഞാൻ നിന്നിൽ!
ഹാ, 'വനബാല'യാം നീമാത്രമാണെൻ-
ജീവിതാനന്ദം;- ജയിച്ചു ഞാൻ ധന്യൻ!
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
വിശ്രാന്തി
ചൂടുവെയിലിതു മനുഷ്യഹൃത്തിലെ-
ക്കഠിനതയെക്കാളതീവ ശീതളം.
ഇവിടെ,യീ മരത്തണൽച്ചുവട്ടിലൊ-
ന്നിനിയൊരിത്തിരി തല ചായ്ക്കട്ടെ, ഞാൻ!
വിവശനായൊരെൻവിവിധചിന്തയീ
വിജനതയിൽ തെല്ലടങ്ങിയെങ്കിലോ!
കളകളസ്വരമുഖരകണ്ഠരായ്
വരികരികിലെൻകിളിക്കിടാങ്ങളേ!
അസഹ്യമല്ലെനി,ക്കണുവു,മിപ്പൊഴീ
വരണ്ടവായുവിൻ പരുത്തചുംബനം.
പരിസരമെല്ലാം പരുഷമാമോരോ
പരിഭവസ്വരം തിരയടിച്ചിടും,
ഹൃദയശൂന്യമാം മണിയറയിലെ-
സ്സുമശയനത്തിൽ കൊതിപ്പതില്ല, ഞാൻ!
തണലുകൾ തിങ്ങി നിറയുമീ വെറും
മണലിലീവിധം കിടന്നിടും നേരം,
ഒരു പദത്തിനും വഴങ്ങിടാത്തതാ-
മൊരു സമാധാനമനുഭവിപ്പു, ഞാൻ!
വെറുമസൂയയാൽ കരിപിടിച്ചതാ-
മൊരു മുഖവുമില്ലടുത്തൊരേടവും.
പരിഭവമില്ല, പരാതിയുമില്ല,
വിരസതയില്ല, വിലാപവുമില്ല;
ബാഷ്പാഞ്ജലി / വിശ്രാന്തി
ചങ്ങമ്പുഴ
വെറും പച്ചച്ചിരിപ്പടർപ്പുകളില്ല;
പരപരിഹാസലഹരികളില്ല;
കരാളശാസനാവചനങ്ങളില്ല;
കഠോരമാമോരോ കലഹങ്ങളില്ല;
നിശാന്തരീക്ഷംപോൽ പ്രശാന്തസുന്ദരം
നിഹതജീവി ഞാൻ കിടക്കുമിസ്ഥലം!!
പരമശാന്തി,യെന്നരികിലൂടെ ,യൊ-
രരുവിയായ് മന്ദമൊഴുകിടുന്നിതാ!
പരിചൊടായതിൽപരിസ്ഫുരിച്ചിടും
പരിമൃദുലമാം മധുരമർമ്മരം,
തെരുതെരെയെടുത്തെറികയാണൊരു
പുളകത്തിലേയ്ക്കെൻ വ്രണിതജീവനെ!
പടർന്നപാദപപടലിയിൽ, പാറി-
പ്പറന്നു പാടിടും പതംഗപാളികൾ,
മരിക്കുവോളവും മറക്കാനാകാത്ത
നിരഘതത്വങ്ങളെനിക്കു നൽകുന്നു!
ചലദലാകുലവിലാസിനികളാം
പല പല സുമസുരഭിലാംഗികൾ,
അമിതകൗതുക,മണിയണിയായി-
ന്നമലസുസ്മിതം പൊഴിച്ചിതാ, നിൽപൂ!
ഇനിയെന്തുവേണം, മമ മിഴിയിണ-
യ്ക്കിതിലുപരിയൊരനഘദർശനം!
അകലെക്കാണുമ, ച്ചെറുഗിരികൾതൻ
പുറകിൽനിന്നോരോ വിജനസ്വപ്നംപോൽ,
ലളിതനീലിമ പരന്നവാനിലേ-
യ്ക്കിഴഞ്ഞുകേറുമക്കരിമുകിലുകൾ,
അലസമായ് നോക്കിയിരിക്കയാണെനി-
ക്കവനിയി,ലെന്തു സുഖത്തിലും സുഖം!
അരചനായിടേ ,ണ്ടരമനയും വേ-
ണ്ടൊരു കിരീടവും തലയിൽ ചൂടേണ്ട!
മനോജ്ഞസംഗീതമസൃണ, മേകാന്ത-
മഹിതശാന്തിദം, മദീയസങ്കേതം!
മഹാമഹിമകളെഴുന്നോരീ വിശ്വ-
മഹാകാവ്യം, മുമ്പില്‍ നിവര്‍ത്തിവെച്ചിദം,
മനസ്സിലാകാത്ത പലതു,മോന്നിനി
മനസ്സിലാക്കുവാന്‍ മുതിര്‍ന്നിടട്ടെ, ഞാന്‍
ഹൃദയങ്ങള്‍ തമ്മില്‍ പുനര്‍ന്നിടുമ്പോ-
ളിളകുന്നൊരവ്യക്തമര്‍മ്മരമേ!
വിയദതിവിസ്തൃതശാന്തമായി
വിലസുമോരാനന്ദമല്ലയോ, നീ
ബാഷ്പാഞ്ജലി
ചങ്ങമ്പുഴ
വ്രണിതഹൃദയം
പരമധന്യയാമുലകിലെന്തിനെന്‍-
ഹൃദയബാഷ്പത്തില്‍ നനഞ്ഞ ചിന്തകള്‍?
കപടലോകത്തില്‍ നടുവിലീവിധം
കദനഭീരുവായ്ക്കഴിഞ്ഞിടുന്ന ഞാന്‍,
നിരര്‍ത്ഥജല്പ്പനം പോഴിപ്പതൊക്കെയു-
മസഹ്യ മായേക്കാം പലര്‍ക്കുമെപ്പോഴും,
"ക്ഷമിക്കു"കെന്നതിനുരച്ചുകൊണ്ടിതാ
നമിച്ചിടുന്നു ഞാനതിവിനീതയായ്!
വിവിധ ചിന്തയാല്‍ ഹൃദയവീണതന്‍
മൃദുലതന്ത്രികള്‍ ശിഥിലമാകയാല്‍,
നിരുപമാനന്ദമധുരിമയെഴു-
മൊരു ഗാനംപോലുമുദിപ്പതില്ലതില്‍!
മദീയമാനസം മഥിത,മീവിധം
വിഫലഗദ്ഗദം പൊഴിക്കാവൂമേലും