വിവാഹാലോചന
(ഒരു റഷ്യന്‍ ഏകാങ്കനാടകം)
മൂലഗ്രന്ഥകാരന്‍
ആന്റണ്‍ ചെഹോവ്
പരിഭാഷകൻ
ചങ്ങമ്പുഴ കൃഷ്ണപിള്ള
ഇടപ്പള്ളി
ഈ പരിഭാഷ 1115 മേടം 2 ന്റെ
മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ്.
നാടകത്തിലെ പാത്രങ്ങള്‍
- സ്റ്റീപ്പന് സ്റ്റെപ്പാനോവിറ്റ്ച് ചുബുക്കോവ്. (ഒരു ഭൂസ്വത്തുടമസ്ഥന്)
- നടേല്യ സ്റ്റെപ്പാനോവ്നാ. (വുബുക്കോവിന്റെ മകള്‍ 25 വയസ്സു പ്രായം)
- ഐവാന്‍ വാസ്സില്യെവിറ്റ്ച് ലോമോവ്. (ചുബുക്കോവിന്റെ അയല്‍വാസിയും, ആരോഗ്യവാനും, നല്ല ശരീരപുഷ്ടിയുള്ളവനും, പക്ഷേ `ഹൈലോ കോണ്ഡ്റിയാ' എന്ന ഞരമ്പുരോഗത്തിന്റെ ഉപദ്രവമുള്ളവനുമായ ഒരു വസ്തുവുടമസ്ഥന്‍.
സംഭവം നടക്കുന്ന സ്ഥലം:
ചുബുക്കോവിന്റെ ഭവനത്തില്‍ ഒരു വിശ്രമമുറി.
വിവാഹാലോചന
(ചുബുക്കോവിന്റെ ഭവനത്തിലെ ഒരു വിശ്രമമുറി; ചുബുക്കോവും ലോമോവും; രണ്ടാമതു പറഞ്ഞ ആള് സായാഹ്നവസ്ത്രങ്ങളും കൈയുറയും ധരിച്ചു പ്രവേശിക്കുന്നു)
ചുബുക്കോവ്:(എതിരേല്ക്കുവാന് ചെന്നുകൊണ്ട്) എന്റെ ഓമനേ, ആരെയാണ് ഞാനീ കാണുന്നത്? ഐവാന്വാസ്സില്യെവിറ്റ്ച്! സന്തോഷം! (കൈ പിടിച്ചു കുലുക്കുന്നു) കൊള്ളാം, ഇതൊരത്ഭുതമാണ്, തങ്കക്കുടം... പിന്നെ, എന്തെല്ലാമാണ് വിശേഷങ്ങള്‍, സുഖം തന്നെയോ?ലോമോവ്:
ഞാന്‍ നിങ്ങള്‍ക്കു നന്ദിപറയുന്നു. ആട്ടെ, നിങ്ങള്‍ക്കു സുഖം തന്നെയല്ലേ? അതു പറയൂ!ചുബുക്കോവ്:
നിങ്ങളുടെ പ്രാര്‍ത്ഥനകൊണ്ടു ഞങ്ങളെല്ലാം ഒരുവിധം സുഖമായിത്തന്നെ കഴിഞ്ഞുകൂടുന്നു, എന്റെ കരളേ! ദയവുചെയ്ത് ഇരുന്നാട്ടെ!... നിങ്ങളുടെ അയല്‍വീട്ടുകാരെ പാടേയങ്ങിനെ മറന്നുകളയുന്നത് ഒട്ടും നന്നല്ല, കേട്ടോ കുട്ടാ. പക്ഷേ, ഇതെന്താണ് തങ്കക്കുടം, എന്തിനാണീ ആചാരവേഷമെല്ലാം? ഒരു നീണ്ട ആചാരവസ്ത്രം, കൈയുറകള്‍, അങ്ങനെ പലതും. സന്ദര്‍ശനത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണോ എന്റെ പൊന്നുങ്കുടം?ലോമോവ്:
അല്ല, ഞാന്‍ നിങ്ങളെക്കാണുവാന്മാത്രം വന്നതാണ്, ബഹുമാനപ്പെട്ട സ്റ്റീപ്പന് സ്റ്റെപ്പാനോ വിറ്റ്ചേ!ചുബുക്കോവ്:
പിന്നെ എന്തിനാണീ ആചാരവേഷങ്ങള് എന്റെ കരളേ? ഒരു പുതുവത്സരദിനത്തില്‍ വിരുന്നിനുപോകുംപോലെ!ലോമോവ്:
ഇതാ ഇങ്ങു നോക്കൂ, കാര്യം ഇങ്ങിനെയാണ് (കൈ എടുക്കുന്നു) ഞാന്‍ വന്നത് ഒരപേക്ഷകൊണ്ട് നിങ്ങളെ ഉപദ്രവിയ്ക്കാനാണ്, ബഹുമാനപ്പെട്ട സ്റ്റീപന്‍ സ്റ്റെപ്പാനോ വിറ്റ്ചേ! എനിയ്ക്ക് ഒന്നിലധികം പ്രാവശ്യം നിങ്ങളുടെ സഹായം ആവശ്യപ്പെടേണ്ടിവന്നിട്ടുണ്ട്; അപ്പോഴെല്ലാംതന്നെ, പറയുകയാണെങ്കില്‍, പക്ഷേ, ക്ഷമിക്കണേ, ഞാന്‍ ക്ഷോഭിച്ചിരിക്കുന്നു. എനിയ്ക്കു കുറച്ചു വെള്ളംകുടിയ്ക്കണം, ബഹുമാനപ്പെട്ട സ്റ്റീപന്‍ സ്റ്റെപ്പാനോ വിറ്റ്ചേ! (വെള്ളം കുടിയ്ക്കുന്നു.)
ചുബുക്കോവ്:
(സ്വഗതം) പണം ചോദിയ്ക്കാനാ എഴുന്നെള്ളിയിരിക്കുന്നെ! ഊംംംം, ഇപ്പക്കൊടുക്കും ഞാന്‍ (പ്രകാശം) എന്താണ് കാര്യം. എന്റെ സുന്ദരക്കുട്ടപ്പാ?ലോമോവ്:
കേട്ടോ, ബഹുമാനപ്പെട്ട സ്റ്റെപ്പാനോ വിറ്റ്ചേ ഞാന്‍ നിങ്ങളോടു മാപ്പു ചോദിക്കുന്നു, സ്റ്റീപ്പന്, ബഹുമാനപ്പെട്ട... ഹോ, ഞാന്‍ ഭയങ്കരമായി ക്ഷോഭിച്ചിരിക്കുന്നു; ഇതാ ഇങ്ങു നോക്കൂ! ചുരുക്കത്തില്‍, നിങ്ങള്ക്കൊരാള്ക്കല്ലാതെ ആര്‍ക്കും സാധിയ്ക്കില്ല എന്നെ സഹായിക്കാന്‍; അതേ, തീര്‍ച്ചയായും, അതിനര്ഹതയുണ്ടാകത്തക്കവിധത്തില് ഞാനൊന്നും പ്രവര്‍ത്തിച്ചിട്ടില്ല, എങ്കിലും... അതുമല്ല നിങ്ങളുടെ സഹായം പ്രതീക്ഷിക്കാന്‍ എനിക്ക് ഒരവകാശവുമില്ലതാനും...ചുബുക്കോവ്:
ഓ, അതിട്ടിങ്ങനെ കുഴച്ചുമറിയ്ക്കാതേ, തങ്കക്കുടം... കാര്യത്തിലേയ്ക്കു കടന്നാട്ടെ... ഉം, പിന്നെ?ലോമോവ്:
ഇതാ ഈ നിമിഷത്തില്‍ ഒരു ഞൊടിയ്ക്കകത്ത്. പരമാര്‍ത്ഥം ഇതാണ്, നിങ്ങളുടെ മകള്‍ നടേല്യ സ്റ്റെപ്പാനോവ്നയെ വിവാഹം കഴിച്ചാല്ക്കൊള്ളാമെന്ന ഉദ്ദേശത്തോടുകൂടിയാണ് ഞാന്‍ വന്നത്.ചുബുക്കോവ്:
(സന്തോഷപൂര്‍വ്വം) എന്റെ പൊന്നുംകുടത്തോമനേ! എനിക്കു സന്തോഷമായി, സന്തോഷം! അതേ തീര്‍ച്ചയായും, അത്തരം കാര്യങ്ങളെല്ലാം... (അയാളെ ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്യുന്നു) ജന്മജന്മാന്തരങ്ങളായി ഞാന്‍ ഇതുതന്നെ ആശിച്ചുകൊണ്ടിരിക്കയാണ്... ഇതുതന്നെയായിരുന്നു എപ്പോഴും എന്റെ ആഗ്രഹം. (ഒരു കണ്ണുനീര്‍ത്തുള്ളി ഇറ്റുവീഴുന്നു) ഞാന്‍ എപ്പോഴും നിങ്ങളെ സ്നേഹിക്കുകയും ചെയ്തിരുന്നു, എന്റെ കരളേ, നിങ്ങള്‍ എന്റെ സ്വന്തം മകനായിരുന്നെങ്കിലെങ്ങനെയോ അതുപോലെ. ഈശ്വരന് നിങ്ങള്‍ക്കു പ്രേമവും സദുപദേശവും ശേഷമുള്ളതു സമസ്തവും പ്രദാനംചെയ്യട്ടെ! ഞാന്‍ എല്ലായ്പോഴും ആശിച്ചുകൊണ്ടിരുന്നതാണിത്... എന്തിനാണ് ഞാനിവിടെ ഒരു തൂണുപോലങ്ങനെ നില്‍ക്കുന്നത്? ഞാന്‍ സന്തോഷംകൊണ്ടു സ്തംഭിച്ചുപോയി! ഓ, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന്... ഞാന്‍ പോയി ഏതായാലും നടേല്യയെ വിളിക്കാം...ലോമോവ്:
(വികാരാര്‍ദ്രനായി) ബഹുമാനപ്പെട്ട സ്റ്റീപ്പന് സ്റ്റെപ്പാനോ വിറ്റ്ചേ, നിങ്ങള്‍ എന്തു വിചാരിയ്ക്കുന്നു? എനിയ്ക്കാശിയ്ക്കാമോ അവള് എന്നെ സ്വീകരിക്കുമെന്ന്?ചുബുക്കോവ്:
നിങ്ങളെപ്പോലെയൊരു സുന്ദരന്‍; അവളെന്നിട്ടു നിങ്ങളെ സ്വീകരിക്കാതിരിയ്ക്കുക! ഞാന്‍ തീര്‍ത്തു പറയാം, അവള് ഒരു കുറിഞ്ഞിപ്പൂച്ചയെപ്പോലെ പ്രേമപരവശയായിരിക്കുകയാണ്... ഇതാ ഒരു മിനിട്ടിനുള്ളില്‍ (പുറത്തേയ്ക്കു പോകുന്നു)
ലോമോവ്:
ഞാന്‍ തണുത്തുപോയി ഒരു പരീക്ഷയ്ക്ക് ഇരിക്കുന്നതുപോലെ ഞാനിതാ അടിമുടി വിറയ്ക്കുകയാണ്. മനസ്സുറപ്പിച്ചുനിര്ത്തുകയെന്നുള്ളതാണ് പ്രധാന കാര്യം... ഒരുത്തന് അതിനേക്കുറിച്ച് അധികനേരം ആലോചിക്കുകയാണെങ്കില്‍, പരിഭ്രമിക്കുന്നു, ചര്‍ച്ച ചെയ്യുന്നു, ഒരുവന്റെ ആദര്‍ശത്തേയോ അല്ലെങ്കില്‍ യഥാര്ത്ഥപ്രേമത്തേയോ കാത്തിരിക്കുന്നു... ഒരിക്കലും അവന് വിവാഹിതനാകുന്നില്ല... ബര്‍ര്‍ര്‍... ഞാന്‍ തണുത്തുപോയി... നടേല്യ സ്റ്റെപ്പനോവ്ന നല്ല കാര്യപ്രാപ്തിയുള്ളവളാണ്. കാണാന്‍ മോശമല്ല; വിദ്യാഭ്യാസവുമുണ്ട് ഇതിലധികം എന്താണെനിക്കു വേണ്ടത്? എന്റെ തലയ്ക്കുള്ളില്‍ ഇരമ്പമുണ്ടാക്കുവാനുള്ള ഭാവമാണെന്നു തോന്നുന്നല്ലോ! ഞാന്‍ വല്ലാതെ തകിടം മറിഞ്ഞിരിക്കുകയാണ്. (വെള്ളമെടുത്തു മോന്തുന്നു) എനിയ്ക്കു വിവാഹം കഴിയ്ക്കുകതന്നെ വേണം. ഒന്നാമത്, വയസ്സെനിക്കു മുപ്പത്തഞ്ചായി ആശങ്കാജനകമായ ഒരു കാലഘട്ടം എന്നുതന്നെ പറയണം... രണ്ടാമത്, കൃത്യനിഷ്ഠയോടുകൂടിയ സകല കാര്യത്തിനും, നല്ല അടുക്കുള്ള ഒരു ജീവിതം വേണ്ടിയിരിക്കുന്നു... എനിയ്ക്കു ഹൃദയസ്തംഭനരോഗമുണ്ട്; തുടര്‍ച്ചയായുള്ള വിറ. ഞാന്‍ ധൃതഗതിക്കാരനാണ്; ഞാന്‍ വേഗത്തില്‍ തകിടം മറിയുന്നു... ഉദാഹരണമായി ഇതാ ഇപ്പോള്‍ എന്റെ ചുണ്ടു വിറയ്ക്കുന്നുണ്ട്; എന്റെ വലതുകണ്പോള ചുരുളുകയും ചെയ്യുന്നു... എന്നാല്‍ ഏറ്റവും വലിയ ഉപദ്രവം ഉറക്കംകൊണ്ടുള്ളതാണ്. കിടക്കയില്‍ ചെന്നു കിടന്ന് ഉറക്കം തുടങ്ങുമ്പോഴേയ്ക്കും എന്റെ ഇടത്തേപ്പള്ളയ്ക്ക് ഭയങ്കരമായ വേദന; തോളിലും തലയിലും പേനാക്കത്തിക്കൊണ്ടു കുത്തിയാലെന്നപോലെ വല്ലാത്ത ഒരു നോവ്... ഞാന്‍ ഭ്രാന്തനെപ്പോലെ ചാടിയെഴുന്നേല്ക്കും. ഞാന്‍ കുറച്ചു നടന്നുപോവുകയും വീണ്ടും കിടക്കുകയും ചെയ്യും... ഇതേ മട്ടില്‍ത്തന്നെ പിന്നേയും ഒരിരുപതുപ്രാവശ്യം!...നടേല്യ:(നടേല്യ സ്റ്റെപ്പാനോവ്ന പ്രവേശിക്കുന്നു.)
കൊള്ളാം, അപ്പോള്‍ ഇതു നിങ്ങളാണോ? എന്നിട്ടു പപ്പാ പറഞ്ഞു, സാമാനമെന്തോ വാങ്ങാന്‍ കച്ചവടക്കാരാരോ വന്നിരിക്കുകയാണെന്ന്! എന്തെല്ലാമാണ് പിന്നെ, ഐവാന്വാസ്സില് യെവിറ്റ്ചേ? നിങ്ങള്‍ക്കു സുഖം തന്നെയോ?ലോമോവ്:
നിങ്ങള്‍ക്കു സുഖംതന്നെയോ, നടേല്യ സ്റ്റെപ്പാനോവ്നേ?നടേല്യ:
എന്റെ ഈ മുഷിഞ്ഞ വേഷം കണ്ട് ഒന്നും തോന്നരുത്. ഉണക്കുവാനായി ഞങ്ങള്‍ പയറിന്റെ തോടുപൊട്ടിക്കുകയായിരുന്നു. എന്തേ നിങ്ങള്‍ ഏറെനാളായി ഞങ്ങളെയൊന്നു കാണാന്‍ ഇങ്ങോട്ടു കയറാതിരുന്നത്? ഇരിക്കൂ! (അയാള്‍ ഇരിക്കുന്നു) നിങ്ങള്‍ പ്രാതല്‍ കഴിക്കുന്നോ?ലോമോവ്:
ഇല്ല, നിങ്ങള്‍ക്കു വന്ദനം; എന്റെ പ്രാതല്‍ കഴിഞ്ഞു.
നടേല്യ:
നിങ്ങള്‍ക്കു പുക വലിയ്ക്കരുതോ? ഇതാ തീപ്പെട്ടി... ഇന്നൊരു നല്ല ദിവസമാണ്, പക്ഷേ ഇന്നലെ കലശലായി മഴപെയ്തതിനാല്‍ വേലക്കാര്‍ക്ക് വെലയെടുക്കാന് കഴിഞ്ഞില്ല. നിങ്ങള്‍ എത്ര വൈക്കോല്ക്കുണ്ടകള് പുറത്തെടുത്തു? ഒന്നാലോചിച്ചുനോക്കൂ, എനിയ്ക്കു വലിയ ഉല്‍ക്കണ്ഠയായിരുന്നു; മേച്ചില്‍സ്ഥലം മുഴുവന്‍ ഞാന്‍ പുല്ലുചെത്തിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ദുഃഖിക്കുന്നു വൈക്കോല്‍ മുഴുവന്‍ ദ്രവിച്ചു നാശമായിപ്പോകുമെന്നാണെനിക്കു ഭയം ! കുറച്ചു കാക്കുകയായിരുന്നു ഭേദം. പക്ഷേ, എന്താണിത്! നിങ്ങള്‍ നിങ്ങളുടെ ഡ്രെസ്സ് കോട്ടാണിട്ടിരിക്കുന്നതെന്നു തോന്നുന്നല്ലോ. അതൊരു പുതുമതന്നെ. നിങ്ങള്‍ നൃത്തത്തിനു പോവുകയാണോ? അതോ,.... എന്താ? പിന്നെ, നിങ്ങള്‍ ബഹുസുമുഖനായിരിക്കുന്നു... എന്താണിന്നു നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇത്ര പ്രസരിപ്പോടുകൂടിയിരിക്കുന്നത്?ലോമോവ്:
(ക്ഷോഭത്തോടുകൂടി) നോക്കൂ, നടേല്യ സ്റ്റെപ്പാനോവ്നേ!... ഞാന്‍ പറയുന്നതു ശ്രദ്ധിച്ചു കേള്‍ക്കണമെന്നു നിങ്ങളോടു പറയുവാന്‍ ഞാന്‍ മനസ്സിലുറച്ചു കഴിഞ്ഞു എന്നതാണ് സംഗതി... തീര്‍ച്ചയായും നിങ്ങള്‍ക്ക് അത്ഭുതം തോന്നും; കോപംപോലും ചിലപ്പോള്‍ തോന്നിയേക്കും; പക്ഷേ ഞാന്‍... ഹോ, ഭയങ്കരമായ തണുപ്പ്!നടേല്യ:
എന്താണിത്? (ഒരു മൗനം) ഉം, പിന്നെ?ലോമോവ്:
ചുരുക്കിപ്പറയാന്‍ നോക്കാം. നിങ്ങള്‍ക്ക് അറിയാമല്ലോ, നടേല്യാ സ്റ്റെപ്പാനോവ്നേ, നന്നെകുട്ടിക്കാലം മുതല്ക്കുതന്നെ എനിയ്ക്കു നിങ്ങളുടെ കുടുംബവുമായി പരിചയപ്പെടുവാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. എന്റെ മരിച്ചുപോയ അമ്മായിയും അവരുടെ ഭര്‍ത്താവും ഉണ്ടല്ലോ, അവരില്‍നിന്ന്, നിങ്ങള്‍ക്കറിവുള്ളതാണ് എനിയ്ക്കുള്ള ഭൂസ്വത്തെല്ലാം അവകാശവഴിയ്ക്കു കിട്ടി. നിങ്ങളുടെ അച്ഛനോടും, മരിച്ചുപോയ അമ്മയോടും പാവനമായ ഒരു ഭക്തി എല്ലായ്പോഴും ഞാന്‍ പുലര്‍ത്തിപ്പോന്നു. ലോമോവുകുടുംബക്കാരും ചുംബുക്കോവുക്കുടുംബക്കാരും എപ്പോഴും വലിയ ലോഹ്യത്തിലാണ് കഴിഞ്ഞുകൂടിയിരുന്നത്; എന്നല്ല എത്രയും ഹൃദയപൂര്വ്വമായിട്ടാണെന്നുതുന്നെ ഒരാള്‍ പറഞ്ഞേയ്ക്കാം. അതിനുപുറമേ, നിങ്ങള്‍ക്കറിയാമല്ലോ, എന്റെ വസ്തുക്കള്‍ മുഴുവന്‍ നിങ്ങളുടേതിനോടു തൊട്ടടുത്താണ് കിടക്കുന്നതെന്ന്. നിങ്ങള്ക്കോര്മ്മയുണ്ടെങ്കില്, എന്റെ വോളോവ്യിമേച്ചില്സ്ഥലങ്ങള്ക്ക് ചുറ്റുമാണ് നിങ്ങളുടെ ബര്ച്ചുമരത്തോപ്പുകള് കിടക്കുന്നതെന്നറിയാം.നടേല്യ:
ഞാന്‍ ഇടയ്ക്കുകയറി നിങ്ങളെ തടസ്സപ്പെടുത്തുന്നതു ക്ഷമിയ്ക്കണം. നിങ്ങള്‍ പറയുന്നു `എന്റെ വോളോവ്യി മേച്ചില്‍ സ്ഥലങ്ങളെന്ന്. പക്ഷേ അവ നിങ്ങളുടേതാണോ?ലോമോവ്:
അതേ, എന്റേതാണ്നടേല്യ:
കൊള്ളാം, ഇനി അടുത്തതെന്താ! വോളോവ്യി മേച്ചില്‍ സ്ഥലങ്ങള്‍ ഞങ്ങളുടേതാണ്, നിങ്ങളുടേതല്ല!ലോമോവ്:
അല്ല, അവ എന്റേതാണ്, ബഹുമാനപ്പെട്ട നടേല്യ സ്റ്റെപ്പാനോവ്നെ.നടേല്യ:
ഇതെനിയ്ക്കൊരു വിചിത്രമായ കഥതന്നെ. അത് എങ്ങിനെയാണ് നിങ്ങളുടേതായി വരുന്നത്?
ലോമോവ്:
അവ എങ്ങിനെയാണ് എന്റേതായി വരുന്നതെന്നോ? ഞാന്‍ സംസാരിയ്ക്കുന്നത് നിങ്ങളുടെ ആ ബര്ച്ചമരത്തോപ്പില്ലേ, അതിന്റേയും ആ ചതുപ്പുനിലത്തിന്റേയും നടുവിലൂടെ പോകുന്ന ആ വോളോവ്യി മേച്ചില്‍ സ്ഥലങ്ങളെക്കുറിച്ചാണ്.നടേല്യ:
അതേ, അതുതന്നെ, അവ ഞങ്ങളുടേതാണ്.ലോമോവ്:
അല്ല, നിങ്ങള്‍ക്കു തെറ്റിപ്പോയി, ബഹുമാനപ്പെട്ട നടേല്യ സ്റ്റെപ്പാനോവ്നേ, എന്റേതാണവനടേല്യ:
നിങ്ങള്‍ പറയുന്നതെന്താണെന്ന് നിങ്ങള്‍തന്നെ ഒന്നാലോചിച്ചു നോക്കണം, ഐവാന്‍ വാസ്സില്യെവിറ്റ്ച്ചേ! ഏറെ നാളായോ അവ നിങ്ങളുടേതായിട്ട്?ലോമോവ്:
`ഏറെ നാള്' എന്നതുകൊണ്ട് നിങ്ങള്‍ എന്താണര്‍ത്ഥമാക്കുന്നത്? എനിയ്ക്കോര്മ്മവെച്ച കാലം മുതല്ക്കേ അവ എന്നും ഞങ്ങളുടെ കൈവശംതന്നെയാണ്.നടേല്യ:
കൊള്ളാം, അവിടെ നിങ്ങള്‍ എനിയ്ക്ക് മാപ്പുതരണം.ലോമോവ്:
അതിനു പട്ടയം ആധാരം തുടങ്ങിയ തെളിവുണ്ട്, ബഹുമാനപ്പെട്ട നടേല്യ സ്റ്റെപ്പാനോവ്നേ! വോളോവ്യി മേച്ചില്‍സ്ഥലങ്ങള്‍ ഒരിയ്ക്കല്‍ തര്ക്കത്തില്ക്കിടന്ന ഒരു വസ്തുവായിരുന്നു, പരമാര്‍ത്ഥംതന്നെ; പക്ഷേ ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം അതെന്റെ വകയാണെന്ന്. അതേ സംബന്ധിച്ച് ഒരു തര്‍ക്കവും ഉണ്ടാകാന്‍ വഴിയില്ല: ദയവുചെയ്ത് ഒന്നാലോചിച്ചുനോക്കൂ... എന്റെ അമ്മയുടെ മുത്തശ്ശി നിങ്ങളുടെ അച്ഛന്റെ മുത്തച്ഛന്റെ കൃഷിക്കാര്‍ക്ക്, അവരുടെ ഇഷ്ടിക ചുട്ടുകൊടുക്കുന്നതിനു പ്രതിഫലമായി, ഒരനിശ്ചിതകാലത്തേയ്ക്ക് അവ കരമൊഴിവായി വിട്ടുകൊടുത്തിരുന്നു. നിങ്ങളുടെ അച്ഛന്റെ മുത്തച്ഛന്റെ കൃഷിക്കാര്‍ കരമൊഴിവായിക്കിട്ടിയ ആ മേച്ചില്‍ സ്ഥലങ്ങളെ ഏതാണ്ടൊരു നാല്പതുകൊല്ലത്തോളം അങ്ങിനെ ഉപയോഗിച്ചുവരികയും, ക്രമേണ സ്വന്തമെന്ന നിലയില്‍ കണക്കാക്കിത്തുടങ്ങുകയും ചെയ്തു; പൊളിച്ചെഴുത്തിനുശേഷം, സെറ്റില്‍മെന്റു വന്നപ്പോള്‍...നടേല്യ:
ഇതു നിങ്ങള്‍ പറയുന്ന തരത്തിലൊന്നുമല്ല! എന്റെ മുത്തച്ഛനും മുതുമുത്തച്ഛനും, രണ്ടുപേരും, ചതുപ്പുകണ്ടംവരെ അവരുടെ ഭൂമി നീണ്ടുകിടക്കുന്നതായിത്തന്നെ കരുതിയിരുന്നു. അതുകൊണ്ടു വോളോവ്യി മേച്ചില്‍സ്ഥലങ്ങള്‍ ഞങ്ങളുടേതാണ്. ഇതില്‍ ഇത്രയൊക്കെത്തര്ക്കിക്കാനെന്താണുള്ളതെന്ന് എനിയ്ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഇതു പരമാര്‍ത്ഥത്തില്‍ വലിയ ശല്യമായിരിയ്ക്കുന്നു.ലോമോവ്:
ഞാന്‍ ആധാരങ്ങള്‍ കാണിച്ചുതരാം, നടേല്യ സ്റ്റെപ്പാനോവ്നേ!നടേല്യ:
ഇല്ല, നിങ്ങള്‍ വെറുതേ നേരമ്പോക്ക് പറയുകയാണ്; അല്ലെങ്കില്‍ എന്നെ `വെകിളി' പിടിപ്പിയ്ക്കാനുള്ള ശ്രമമാണ്... ഒരു വിചിത്രരീതിയിലുള്ള ആശ്ചര്യം! ഞങ്ങള്‍ ഏതാണ്ടു മുന്നൂറുകൊല്ലമായി, ആ ഭൂമി കൈവശം വെച്ചുകൊണ്ടിരിയ്ക്കുന്നു; എന്നിട്ട് ഇതാ പെട്ടെന്ന് ഒരാള്‍ പറയുകയാണ്, ഭൂമി ഞങ്ങളുടേതല്ലെന്ന്! എനിയ്ക്ക് മാപ്പുതരൂ, ഐവാന്‍ വാസ്സില്യേവിച്ച്; പക്ഷേ എനിയ്ക്കു തീര്‍ച്ചയായും എന്റെ ചെവികളെ വിശ്വസിപ്പാന്‍ സാധിയ്ക്കുന്നില്ല... മേച്ചില്‍ സ്ഥളങ്ങളെക്കുറിച്ച് ഞാനത്ര കാര്യമാക്കുന്നില്ല. അവ പതിനഞ്ചേക്കറിലധികമൊട്ടില്ലതാനും; ഏതാണ്ടൊരു മുന്നൂറ് റൂബിളേ വിലവരികയുമുള്ളു; പക്ഷേ അനീതിയിലാണ് എനിയ്ക്കു ക്ഷോഭം വരുന്നത്. നിങ്ങളിഷ്ടംപോലെ എന്തും പറഞ്ഞുകൊള്ളൂ; പക്ഷേ അനീതി, അതുമാത്രം എനിയ്ക്കു സഹിയ്ക്കവയ്യ!
ലോമോവ്:
ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കൂ, ഞാന്‍ നിങ്ങളോട് കാലുപിടിച്ചു പറയുന്നു, നിങ്ങളുടെ അച്ഛന്റെ മുത്തച്ഛന്റെ കൃഷിക്കാര്‍, ഞാന്‍ മുമ്പു ധരിപ്പിച്ചതുപോലെ, എന്റെ അമ്മായിയുടെ മുത്തശ്ശിയ്ക്ക് ഇഷ്ടികയുണ്ടാക്കിക്കൊടുത്തിരുന്നു. എന്റെ അമ്മായിടുടെ മുത്തശ്ശി അവര്‍ക്കുവേണ്ടി എന്തെങ്കിലുമൊന്നു ചെയ്തുകൊടുക്കണമെന്നുവെച്ച് -നടേല്യ:
മുത്തച്ഛന്, മുത്തിയമ്മ, അമ്മായി... എനിയ്ക്കിതില്‍ ഒരക്ഷരം മനസ്സിലാകുന്നില്ല. മേച്ചില്‍സ്ഥലങ്ങള്‍ ഞങ്ങളുടെ വകയാണ്; അതു സംബന്ധിച്ച് അത്രയേയുള്ളുതാനും.ലോമോവ്:
അവ എന്റെ വകയാണ്.നടേല്യ:
അവ ഞങ്ങളുടെ വകയാണ്. നിങ്ങള്‍ രണ്ടുദിവസത്തേയ്ക്കിങ്ങിനെ തര്‍ക്കിച്ചു നിന്നാലും, നിങ്ങള്‍ ഇതുപോലെ പതിനഞ്ചു ഡ്റെസ്സ്കോട്ടിട്ടാലും ശരി, അവ ഞങ്ങളുടെ, ഞങ്ങളുടെ, ഞങ്ങളുടെ വകതന്നെയാണ്... നിങ്ങളുടെ വകയൊന്നും ഞാനാവശ്യപ്പെടുന്നില്ല; പക്ഷേ എന്റെ വക കളയാന്‍ ഞാന്‍ ഭാവവുമില്ല! അതു നിങ്ങള്‍ക്കു നിങ്ങളുടെ ഇഷ്ടംപോലെ കണക്കാക്കാം!ലോമോവ്:
ഞാന്‍ മേച്ചില്‍ സ്ഥലങ്ങളെ അത്ര കാര്യമാക്കുന്നില്ല, നടേല്യസ്റ്റെപ്പാനോവ്നെ; പക്ഷേ ഇതു തത്വത്തെ സംബന്ധിയ്ക്കുന്ന ഒരു കാര്യമാണ്. വേണമെങ്കില്‍ ഞാന്‍ അവ നിങ്ങള്‍ക്ക് ഒരു സമ്മാനമായിത്തന്നേയ്ക്കാം.നടേല്യ:
നിങ്ങള്‍ക്കു വേണെങ്കില്‍ ഞാന്‍ അവ സമ്മാനം തരാം; അവ എന്റേതാണ്. ഇതെല്ലാം ബഹുവിചിത്രമായിരിയ്ക്കുന്നു എന്നേ ഇതിനെക്കുറിച്ച് ചുരുക്കിപ്പറയാനുള്ളു, ഐവാന്‍ വാസ്സില്യെവിറ്റ്ച്ചേ! ഇതാ ഇതുവരെ നിങ്ങളെ ഒരു നല്ല അയല്വീട്ടുകാരനായിട്ടാണ് ഒരു സ്നേഹിതനായിട്ടാണ് ഞങ്ങള്‍ കണക്കാക്കിയിരുന്നത്. കഴിഞ്ഞകൊല്ലം ഞങ്ങള്‍ നിങ്ങള്‍ക്കു ഞങ്ങളുടെ മെതിപ്പുയന്ത്രം വായ്പതന്നു; അതുകാരണം ഞങ്ങളുടെ മെതി നവംബര്‍വരെ മുഴുവനാക്കാന്‍ സാധിച്ചില്ല; എന്നിട്ട് നിങ്ങള്‍ ഞങ്ങളോട്, ഞങ്ങള്‍ ഊരുതെണ്ടി നടക്കുന്ന പിച്ചക്കാരായിരുന്നാലത്തെപ്പോലെ, പെരുമാറുന്നു. എന്റെ സ്വന്തം ഭൂമി എനിയ്ക്കു സമ്മാനം തരാമത്രേ! ക്ഷമിയ്ക്കണം, പക്ഷേ ഇതൊരയല്വീട്ടുകാരനു യോജിച്ചതല്ല. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇതു തീര്‍ച്ചയായും വെറും കൊള്ളരുതായ്മയാണെന്ന് നിങ്ങള്‍ ധരിച്ചാല്‍ കൊള്ളാം...ലോമോവ്:
അപ്പോള്‍, നിങ്ങള്‍ പറയുന്നതനുസരിച്ച്, ഞാന്‍ ഒരു പിടിച്ചുപറിക്കാരനാണല്ലേ? ഞാന്‍ ഒരിയ്ക്കലും അന്യന്മാരുടെ ഭൂമി പിടിച്ചുപറിച്ചെടുത്തിട്ടില്ല, മാഡം! അതുകൊണ്ട് അങ്ങിനെയൊരു സംഗതിയ്ക്ക് എന്നെക്കുറ്റപ്പെടുത്താന് ഞാനൊട്ടനുവദിയ്ക്കുയുമില്ല... (വെള്ളംവെച്ച കൂജയ്ക്കടുത്ത് വേഗത്തില്‍ ചെന്നു വെള്ളം കുടിയ്ക്കുന്നു.)
നടേല്യ:
അതു നേരല്ല; അവ ഞങ്ങളുടേതാണ്!ലോമോവ്:
അവ എന്റേതാണ്!നടേല്യ:
അതു നേരല്ല. ഞാന്‍ തെളിയിച്ചുതരാം. ഞങ്ങളുടെ പുല്ലുചെത്തുകാരെ ഞാന്‍ അവിടെ നില്ക്കുന്ന പുല്ലുമുഴുവന്‍ ചെത്തുവാന്‍ ഇന്നു പറഞ്ഞയയ്ക്കും!ലോമോവ്:
എന്ത്?നടേല്യ:
എന്റെ വേലക്കാര്‍ ഇന്നവിടെ വരും.ലോമോവ്:
ഞാന്‍ അവരെ പിടലിയ്ക്കു പിടിച്ചു തള്ളി വെളിയിലാക്കും.നടേല്യ:
ഉവ്വോ? നിങ്ങള്‍ക്കതിനു ധൈര്യമുണ്ടോ? അതില്ല!ലോമോവ്:
(തന്റെ ചങ്കിനു നേരേ മുഷ്ടിചുരുട്ടിപ്പിടിച്ചുകൊണ്ട്) വോളോവ്യി മേച്ചില്‍സ്ഥലങ്ങള്‍ എന്റേതാണ്! നിങ്ങള്‍ക്കു മനസ്സിലാകുന്നുണ്ടോ? എന്റേത്!നടേല്യ:
ദയവുചെയ്തു കിടന്നിങ്ങനെ വിളിയ്ക്കാതിരിയ്ക്കണം. നിങ്ങള്‍ക്കുവേണമെങ്കില്‍ വീട്ടില്ചെന്നിങ്ങനെ കിടന്നുകൂകിവിളിയ്ക്കുകയോ അരിശംകൊണ്ടു വെറളിപിടിയ്ക്കുകയോ ചെയ്യാം; ഇവിടെ നിങ്ങള്‍ അതിരുവിട്ടുപോകാതെ സൂക്ഷിയ്ക്കണമെന്നു ഞാന്‍ അപേക്ഷിക്കുന്നു.ലോമോവ്:
ഈ ഭയങ്കരമായ, വേദനയോടുകൂടിയ, വിറ ഇല്ലായിരുന്നുവെങ്കില്‍ എന്റെ കവിള്‍ത്തടങ്ങളിലെ ഈ തരുതരുപ്പില്ലായിരുന്നുവെങ്കില്, ഞാന്‍ നിങ്ങളോടു വളരെ വ്യത്യസ്തമായ രീതിയില്‍ സംസാരിക്കുമായിരുന്നു. (കിടന്നു വിളിക്കുന്നു) വോളോവ്യി മേച്ചില്‍ സ്ഥലങ്ങള്‍ എന്റേതാണ്.നടേല്യ:
ഞങ്ങളുടേത്?ലോമോവ്:
എന്റേത്!നടേല്യ:
ഞങ്ങളുടേത്!ലോമോവ്:
എന്റേത്!ചുബുക്കോവ്:(ചുബുക്കോവ് പ്രവേശിയ്ക്കുന്നു)
എന്താണിത്? എന്തിനെക്കുറിച്ചാണ് നിങ്ങളിക്കിടന്നു ബഹളം കൂട്ടുന്നത്?നടേല്യ:
പപ്പാ, ഈ മാന്യന്നു ദയവുചെയ്ത് ഒന്നു വിസ്തരിച്ചു പറഞ്ഞുകൊടുക്കൂ: ആരുടെ വകയാണ് വോളോവ്യി മേച്ചില്‍സ്ഥലങ്ങള്‍ - ആ മനുഷ്യന്റെ വകയോ നമ്മുടെ വകയോ - എന്ന്.ചുബുക്കോവ്:
(ലോമോവിനോട്) എന്റെ കോഴിക്കുഞ്ഞേ, മേച്ചില്‍ സ്ഥലങ്ങള്‍ ഞങ്ങളുടേതാണ്.ലോമോവ്:
പക്ഷേ ഞാന്‍ ചോദിയ്ക്കുന്നു, സ്റ്റീപ്പന്സ്റ്റെപ്പാനോവിറ്റ്ച്ചേ, ഒന്നു പറഞ്ഞോട്ടേ, എങ്ങിനെയാണതു നിങ്ങളുടെ വകയായ്ത്തീര്ന്നത്. ഒന്നുമില്ലെങ്കിലും നിങ്ങള്‍ ന്യായത്തിനു വഴങ്ങിക്കൊടുക്കണം. എന്റെ അമ്മായിയുടെ മുത്തശ്ശി തല്ക്കാലത്തെ ഉപയോഗത്തിനായി ആ മേച്ചില്‍സ്ഥലങ്ങള്‍ നിങ്ങളുടെ മുത്തച്ഛന്റെ കൃഷിക്കാര്‍ക്ക് പാട്ടത്തിനുകൊടുത്തു. കൃഷിക്കാരല്ലേ, നാല്പതുകൊല്ലത്തോളം ഭൂമി ഉപയോഗിക്കുകയും, ക്രമേണ സ്വന്തമെന്ന നിലയില്‍ കണക്കാക്കുവാന്‍ തുടങ്ങുകയും ചെയ്തു. പക്ഷേ സെറ്റില്‍മെന്റു വന്നകാലത്ത്...ചുബുക്കോവ്:
എന്നെ പറയാന്‍ അനുവദിയ്ക്കൂ, എന്റെ പൊന്നാങ്കട്ടേ... കൃഷിക്കാര്‍ നിങ്ങളുടെ മുത്തശ്ശിക്കു പാട്ടവും, മറ്റനുഭവങ്ങളും കൊടുത്തു വന്നില്ല; കാരണം, ഭൂമിയുടെ ഉടമസ്ഥാവകാശം അന്നു തര്ക്കത്തില്ക്കിടക്കുകയായിരുന്നു; അങ്ങിനെയാണത്. അക്കാര്യം നിങ്ങള്‍ മറന്നുപോകുന്നു... എന്നാല്‍ ഇപ്പോള്‍ ഈ നാട്ടിലുള്ള ഏതു കൊടിച്ചിപ്പട്ടിക്കും അറിയാം, അവ ഞങ്ങളുടേതാണെന്ന്. നിങ്ങള്‍ക്കു ഭൂപടം കാണാന്‍ കഴിഞ്ഞിട്ടില്ലായിരിയ്ക്കും.
ലോമോവ്:
അവ എന്റേതാണെന്നു ഞാന്‍ നിങ്ങള്‍ക്കു തെളിയിച്ചുകാണിയ്ക്കാം.ചുബുക്കോവ്:
ഒരു കാലത്തും നിങ്ങള്‍ക്കതു സാദ്ധ്യമല്ല, എന്റെ തങ്കക്കുടം!ലോമോവ്:
ഉവ്വ്, ഞാന്‍ തെളിയിക്കും.ചുബുക്കോവ്:
എന്തിനാണ് നിങ്ങളീക്കിടന്നു വിളിയ്ക്കുന്നത്, എന്റെ ഓമനേ? ഇങ്ങിനെ കിടന്നു ലഹളകൂട്ടിയതുകൊണ്ട് ഒന്നും തെളിയ്ക്കാന് സാധിയ്ക്കുകയില്ല. നിങ്ങളുടെ വക യാതൊന്നും എനിയ്ക്കു വേണമെന്ന് ആശയില്ല. അതുപോലെതന്നെ എന്റെ വക മറ്റൊരാള്‍ക്കു വിട്ടുകൊടുക്കുവാനും ഞാന്‍ ഒരുക്കമില്ല. ഞാന്‍ എന്തിനങ്ങിനെ ചെയ്യുന്നു? അങ്ങിനെ ഒരു ഘട്ടംവന്നാല്‍, നിങ്ങള്‍ എന്റെ മേച്ചില്‍സ്ഥലങ്ങള്‍ കയ്യേറുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ഞാന്‍ അതു നിങ്ങള്‍ക്കല്ല, കൃഷിക്കാര്‍ക്കായിരിക്കും വിട്ടുകൊടുക്കുക. അതു ഞാന്‍ ചെയ്യും.ലോമോവ്:
എനിയ്ക്കിതു മനസ്സിലാകുന്നില്ല. മറ്റൊരാളുടെ ഭൂസ്വത്ത് ഇഷ്ടംപോലെടുത്ത് ആര്‍ക്കെങ്കിലും കൊടുക്കാന്‍ എന്തധികാരമാണ് നിങ്ങള്‍ക്കുള്ളത്?ചുബുക്കോവ്:
എനിയ്ക്കതിന് അധികാരമുണ്ടോ ഇല്ലയോ എന്നു തീരുമാനിച്ചുകൊള്ളുവാന്‍ എന്നെത്തന്നെ അനുവദിയ്ക്കുക. ഹേ, ചെറുപ്പക്കാരന്, നിങ്ങളുടെ ഈ സ്വരത്തില്‍ ആരും ഇതുവരെ എന്നോടു സംസാരിച്ചിട്ടില്ല. എനിയ്ക്കിതൊന്നും പരിചയവുമില്ല. നിങ്ങള്‍ക്കു ചെറുപ്പം, ഞാന്‍ നിങ്ങളേക്കാള്‍ രണ്ടിരട്ടി പ്രായമുള്ളവനാണ്. എന്നോടു സംസാരിയ്ക്കുന്നത് അല്പം ഒരു വകതിരിവോടുകൂടിയും, ക്ഷോഭം കൂടാതെയും വേണമെന്നു ഞാന്‍ നിങ്ങളോടപേക്ഷിയ്ക്കുന്നു.ലോമോവ്:
എന്ത്? നിങ്ങളെന്നെ വെറും ഒരു വിഡ്ഢിയായിഗ്ഗണിച്ച് എന്നെയിട്ടു കുരുങ്ങുകളിപ്പിയ്ക്കുന്നോ! അതു വരട്ടെ! എന്റെ ഭൂമി നിങ്ങളുടേതാണെന്നു നിങ്ങള്‍ പറയുന്നു. എന്നിട്ട് ഞാനക്കാര്യത്തില്‍ ശാന്തനായിരിയ്ക്കുകയും, വകതിരിവായി സംസാരിയ്ക്കുകയും ചെയ്യണമെന്നു പ്രതീക്ഷിയ്ക്കുന്നു! നല്ലവരായ അയല്‍വീട്ടുകാര്‍ പെരുമാറുന്ന ഒരു രീതിയല്ല ഇത്, സ്റ്റീപ്പന്സ്റ്റെപ്പാനോവിറ്റ്ച്ചേ! നിങ്ങള്‍ ഒരയല്വീട്ടുകാരനല്ല, ഒരു തട്ടിപ്പറിക്കാരനാണ്.ചുബുക്കോവ്:
എന്ത്? താന്‍ എന്താണിപ്പറഞ്ഞത്?നടേല്യ:
പപ്പാ, മേച്ചില്സ്ഥലങ്ങളില് പുല്ലറുക്കുവാന് ഉടന്‍തന്നെ ആളെപ്പറഞ്ഞയയ്ക്കൂ.ചുബുക്കോവ്:
(ലോമോവിനോട്) എന്താണ് താന്‍ പറഞ്ഞത് സാറേ?നടേല്യ:
വോളേവ്യി മേച്ചില്‍ സ്ഥലങ്ങള്‍ ഞങ്ങളുടേതാണ്. ഞാനതാര്‍ക്കും വിട്ടുകൊടുക്കില്ല. ഇല്ല, ഞാന്‍ കൊടുക്കില്ല! കൊടുക്കില്ല!
ലോമോവ്:
ആട്ടെ നമുക്കു കാണാമത്. ഞാന്‍ കോടതിയില്‍ തെളിയിച്ചുകൊള്ളാം, അവ എന്റെ വകയാണെന്ന്.ചുബുക്കോവ്:
കോടതിയില്‍? ഓഹോ, താനതു കോടതിയിലോ, എവിടെയെങ്കിലുമോ കൊണ്ടുപോയ്ക്കൊള്ളണം സാര്‍. ആരു വേണ്ടെന്നു പറഞ്ഞു, കൊണ്ടുപോയ്ക്കൊള്ളണം. അല്ലെങ്കില്‍ എനിയ്ക്കുതന്നെ അറിയാം. താനെന്തെങ്കിലും ഒരു കാരണമുണ്ടാക്കി കോടതി കേറാന്‍ കാത്തു കെട്ടിയിരിയ്ക്കുകയാണ്... വിടുവായന് കോമാളി! തന്റെ കുടുംബത്തിലുള്ളവരെല്ലാം കോടതികയറാന്‍ താല്പര്യക്കാരാണ് - എല്ലാവരും!ലോമോവ്:
ഞാന്‍ നിങ്ങളോടിരക്കുന്നു. ദയവുചെയ്ത് എന്റെ കുടുബത്തെ ആക്ഷേപിയ്ക്കാതിരിയ്ക്കണം. ലോമോവുകാരെല്ലാം സത്യസന്ധരമായ ആളുകളാണ്; അവരിലാരും നിങ്ങളുടെ അമ്മാമനെപ്പോലെ, മറ്റൊരാള്‍ വിശ്വസിച്ചേല്പിച്ച പണം തട്ടിയെടുത്തു പ്രതിയായിക്കോടതി കയറിയിട്ടില്ല!ചുബുക്കോവ്:
നന്ന്! നിങ്ങള്‍, ലോമോവുകുടുംബക്കക്കാരെല്ലാവരും, കിറുക്കന്മാരാണ്!നടേല്യ:
എല്ലാവരും - എല്ലാവരും!ചുബുക്കോവ്:
തന്റെ മുത്തച്ഛന് ഒരു മുഴുഭ്രാന്തനായിരുന്നു. തന്റെ ഇളയ അമ്മായി ഒരു കൊത്തുപണിക്കാരന്റെ കൂടെ ഓടിപ്പോയി. അങ്ങിനെ പലതുമുണ്ട് കഥ.ലോമോവ്:
തന്റെ അമ്മ ഒരു കൂനിയായിരുന്നു. (മാറത്തു കൈവെച്ചുകൊണ്ട്) ഹാവൂ, ഈ പള്ളയ്ക്ക് ഭയങ്കരമായ നോവ്!... രക്തം എന്റെ ശിരസ്സിലലച്ചിട്ടുണ്ട്... വിശുദ്ധസന്ന്യാസികളേ!... വെള്ളം!ചുബുക്കോവ്:
തന്റെ തന്ത ഒരു പാശികളിക്കാരനും തീറ്റിപ്പണ്ടവുമായിരുന്നു.നടേല്യ:
തന്റെ അമ്മായിയേപ്പോലെ വിടുവാക്കുപറഞ്ഞു നടക്കുവാന്‍ സമര്‍ത്ഥയായി മറ്റൊരാളും ഉണ്ടായിട്ടില്ല.ലോമോവ്:
എന്റെ ഇടതുകാല് മുഴുവന്‍ മരവിച്ചുപോയി! ഓ, എന്റെ ചങ്ക്! രഹസ്യമൊന്നുമില്ല, തിരഞ്ഞെടുപ്പുകാലത്തിനു മുമ്പു താന്‍... എന്റെ കണ്ണിനുമുമ്പില് മിന്നലുണ്ട്! എന്റെ തൊപ്പിയെവിടെ?നടേല്യ:
ഇതു നീചമാണ്! ഇതു സത്യമില്ലായ്മയാണ്! ഇതു മുഷിപ്പനാണ്!ചുബുക്കോവ്:
താന്‍ ഒരു മൂര്‍ഖനും, ദുര്‍മ്മുഖനും, കു,സൃതിക്കാരനുമായ മനുഷ്യനാണ്.ലോമോവ്:
ഇതാ എന്റെ തൊപ്പി... എന്റെ ചങ്ക്!... ഏതാ എനിയ്ക്കു പോകേണ്ട വഴി? വാതിലെവിടെയാ? ഓ! ഞാന്‍ മരിയ്ക്കുകയാണെന്നു തോന്നുന്നു. എന്റെ കാല് സ്വാധീനമല്ലാതായിരിയ്ക്കുന്നു. (വാതുക്കലേയ്ക്കു പോകുന്നു.)ചുബുക്കോവ്:
(പുറകേ വിളിച്ചുകൊണ്ട്) താന്‍ ഇനിയൊരിയ്ക്കലും ഈ വീട്ടില്‍ കാല്കുത്തരുത്!നടേല്യ:
കോടതിയില്‍ച്ചെന്ന് അന്യായം കൊടുക്കുക. നമുക്കു കാണാം! (ലോമോവ് വേച്ചുവേച്ച് വെളിയില്‍ ഇറങ്ങിപ്പോകുന്നു)ചുബുക്കോവ്:
അയാള്‍ നശിച്ചുപോട്ടെ! (ക്ഷോഭത്തോടുകൂടി അങ്ങോട്ടുമിങ്ങോട്ടും ലാത്തുന്നു.നടേല്യ:
എന്തൊരു ദ്രോഹി! ഇത്തരത്തിലുള്ള അയല്പക്കക്കാര് നല്ല കൂട്ടുകാരാണെന്നു കരുതി എങ്ങിനെ വിശ്വസിയ്ക്കും?ചുബുക്കോവ്:
പോക്കിരി! ആഭാസന്!നടേല്യ:
തരവഴി കണ്ടില്ലേ? മറ്റുള്ളവരുടെ ഭൂമി തട്ടിയെടുക്കുവാന്‍ നോക്കുക. എന്നിട്ട് അവരെ ചീത്തപറയുക.
ചുബുക്കോവ്:
അതൊക്കെപ്പോട്ടെ. എന്നിട്ടാ തെണ്ടി, ആ ശുക്രക്കണ്ണന്‍, എന്റെ അടുത്ത് ഒരു വിവാഹാലോചനയും കൊണ്ടുവന്നിരിക്കുന്നെന്നേയ്! അതാണത്ഭുതം! അല്ലാ, ഒന്നാലോചിച്ചു നോക്കൂ, ഒരു വിവാഹാലോചനേയ്!നടേല്യ:
എന്തു വിവാഹാലോചനാ?ചുബുക്കോവ്:
എന്തിന്, അവന് കരുതിക്കൂട്ടിയാണ് ഇവിടെ വന്നത് - നിന്നെ ഞാന്‍ അവനു വിവാഹം കഴിച്ചുകൊടുക്കണമെന്നേയ്!നടേല്യ:
എന്നെ വിവാഹം കഴിച്ചു കൊടുക്കാനോ? എന്നേയോ? എന്തുകൊണ്ടാ എന്നോടതു മുന്കൂട്ടിപ്പറയാഞ്ഞെ?ചുബുക്കോവ്:
അതു കരുതിയാണ് അവന് നല്ല കോട്ടും മറ്റും ഇട്ടുവന്നത്! വിഡ്ഢി! മരത്തലയന്!നടേല്യ:
എന്ന്യോ? ഒരു വിവാഹാലോചന്യോ! ഹാ! (കയ്യുള്ളകസേരയിലേയ്ക്കു വീണു കരയുന്നു) അദ്ദേഹത്തെ തിരിച്ചുവിളിച്ചുകൊണ്ടു വരൂ! ഓ, അദ്ദേഹത്തെത്തിരിച്ചു വിളിച്ചുകൊണ്ടുവരൂ.ചുബുക്കോവ്:
ആരെ തിരിച്ചു വിളിച്ചുകൊണ്ടുവരാനാ?നടേല്യ:
അയ്യോ, വേഗമാകട്ടെ, വേഗമാകട്ടെ! എനിയ്ക്കു മോഹാലസ്യം വരുന്നു. അദ്ദേഹത്തെ തിരിച്ചു വിളിച്ചു കൊണ്ടുവരൂ. (സിരാസംബ്ധിയായ മോഹവൈവശ്യം.)ചുബുക്കോവ്:
എന്താണിത്? എന്താണ് സംഗതി? (തലയ്ക്കു കൈവെച്ചു കൊണ്ട്) ഓ ഞാന്‍ കുഴങ്ങി! ഞാന്തന്നെത്താന് വെടിവെച്ചു മരിയ്ക്കും! ഞാന്‍ ചെന്നു കെട്ടിഞാന്നു ചാകും! അങ്ങിനെയായിരിക്കും എന്റെ മരണം.നടേല്യ:
ഞാന്‍ മരിയ്ക്കുകയാ! അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരൂ.ചുബുക്കോവ്:
ഫൂ! ഇതാ ഇപ്പോള്‍ത്തന്നെ. കിടന്നു വിളിയ്ക്കാതെ! (ഓടിപ്പോകുന്നു)നടേല്യ:
(തനിയെ കരയുന്നു) എന്താ ഞങ്ങള്‍ ചെയ്തെ? അയ്യോ, അദ്ദേഹത്തെ തിരിച്ചു വിളിച്ചുകൊണ്ടുവരൂ! അദ്ദേഹത്തെ തിരിച്ചു വിളിച്ചുകൊണ്ടുവരൂ!ചുബുക്കോവ്:
(അകത്തേയ്ക്കോടിവരുന്നു) ഇതാ അയാള്‍ വന്നു, സമാധാനമായല്ലോ. അയാള്‍ നശിച്ചുപോട്ടെ! ഔഫ്! നീതന്നെ അയാളോടു സംസാരിച്ചുകൊള്ളൂ. എന്നൊക്കൊണ്ടാവില്ല....നടേല്യ:
(കരയുന്നു) അദ്ദേഹത്തെ തിരിച്ചുവിളിച്ചുകൊണ്ടു വരൂ!ചുബുക്കോവ്:
(ഉച്ചത്തില്ക്കിടന്നു വിളിയ്ക്കുന്നു) അയാള്‍ വരുന്നുണ്ടെന്നു പറഞ്ഞില്ലേ! ഇതെന്തൊരുപദ്രവമാണപ്പാ, എന്റെ ഭഗവാനേ, ഒരു പ്രായം ചെന്ന മകളുടെ അച്ഛനായിരിയ്ക്കുക, അയ്യോ, വിഷമം, വിഷമം!!! ഞാനെന്റെ കഴുത്തു കണ്ടിയ്ക്കും! ഞാന്‍ തീര്‍ച്ചയായും എന്റെ കഴുത്തു കണ്ടിച്ചുകളയും! നാം ആ മനുഷ്യനെ ചീത്തപറഞ്ഞു. അയാള്‍ക്കു പോക്കണക്കേടുണ്ടാക്കി, ആയാളെ കഴുത്തില്‍പ്പിടിച്ചു തള്ളി വെളിയിലാക്കി - ഇതെല്ലാം നിന്റെ വേലയാണ് - നിന്റെ വേല!നടേല്യ:
അല്ല, അച്ഛന്റെ വേലയാണ്.ചുബുക്കോവ്:
ഓ, അതെന്റെ തെറ്റാണ്. അതേ. അങ്ങിനെ തന്നെ. (ലോമോവ് വാതില്ക്കല് പ്രത്യക്ഷപ്പെടുന്നു) കൊള്ളാം നീ തന്നെ അദ്ദേഹത്തിന്റെ അടുക്കല്‍ സംസാരിച്ചുകൊള്ളുക. (വെളിയിലേയ്ക്കു പോകുന്നു)(ലോമോവ് ഒരമിളിപറ്റിയ സ്ഥിതിയില്‍ പ്രവേശിയ്ക്കുന്നു)
ലോമോവ്:
ഭയങ്കരമായ വിറ! എന്റെ കാല് മരവിച്ചുപോയി... എന്റെ പള്ളയ്ക്കൊരു കിരുകിരുപ്പ്...നടേല്യ:
ഞങ്ങള്‍ക്കു മാപ്പുതരൂ; ഞങ്ങള്‍ക്കു കുറച്ചു വേവലാതി കൂടിപ്പോയി, ഐവാന്‍ വാസ്സില്യെവിറ്റ്ച്ചേ! ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു; വോളോവ്യി മേച്ചില്‍സ്ഥലങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളുടേതുതന്നെയാണ്.ലോമോവ്:
എന്റെ ചങ്കു ഭയങ്കരമായി മിടിയ്ക്കുന്നു... മേച്ചില്‍ സ്ഥലങ്ങളെന്റേതാണ്. എന്റെ രണ്ടു കണ്ണിനും ഒരു കലിപ്പുണ്ട്.നടേല്യ:
അതേ, അവ നിങ്ങളുടേതാണ്. നിങ്ങളുടേതുതന്നെയാണ്. ഇരിയ്ക്കൂ! (അവര്‍ ഇരിയ്ക്കുന്നു) ഞങ്ങള്‍ക്കു തെറ്റു പറ്റി.ലോമോവ്:
ഞാന്‍ ധര്മ്മബോധംകൊണ്ടു പ്രവര്‍ത്തിച്ചതാ....ഭൂമി ഞാനത്ര വിലവയ്ക്കുന്നില്ല; പക്ഷേ ധര്‍മ്മബോധം! അതെനിക്കു വിലപ്പെട്ടതാ!നടേല്യ:
അതേ, അങ്ങിനെതന്നെ, ധര്‍മ്മബോധം... നമുക്കു മറ്റെന്തിനെയെങ്കിലും കുറിച്ചു സംസാരിയ്ക്കാം.ലോമോവ്:
പ്രത്യേകിച്ചും, എനിയ്ക്ക് തെളിവുകളുണ്ട്. എന്റെ അമ്മായിയുടെ മുത്തശ്ശി നിന്റെ അച്ഛന്റെ മുത്തച്ഛന്റെ കൃഷിക്കാര്‍ക്കു കൊടുത്ത -നടേല്യ:
മതി, അതു സംബന്ധിച്ചു മതി... (സ്വഗതം) എനിയ്ക്കറിഞ്ഞുകൂടാ, എങ്ങിനെ ആരംഭിയ്ക്കണമെന്ന്. (പ്രകാശം) നിങ്ങള്‍ താമസിയാതെ വേട്ടയ്ക്കുപോകാന് ഭാവമുണ്ടോ?ലോമോവ്:
വിളവെടുപ്പുകാലം കഴിഞ്ഞ് ഞാന്‍ നായാട്ടിനു പോകണമെന്നു വിചാരിയ്ക്കുന്നു, ബഹുമാനപ്പെട്ട നടേല്യ സ്റ്റെപ്പാനോവ്നേ! ഓ! നിങ്ങള്‍ കേള്‍ക്കുകയുണ്ടായോ? ഒന്നാലോചിച്ചു നോക്കൂ, എന്തൊരു കഷ്ടകാലമാണെനിയ്ക്കു വന്നുകൂടിയത്! എന്റെ `ട്രാക്കര്‍'- അവനെ നിങ്ങള്‍ക്കറിയാമെന്നു ഞാന്‍ വിചാരിയ്ക്കുന്നു - മുടന്തനായിപ്പോയി.നടേല്യ:
എന്തൊരു കഷ്ടം! അതെങ്ങിനെ പറ്റി?ലോമോവ്:
എനിയ്ക്കറിഞ്ഞുകൂടാ... ഒന്നുകില്‍ കാല് എങ്ങിനേയോ ഉളുക്കിയതായിരിയ്ക്കണം; അല്ലെങ്കില്‍ മറ്റുവല്ല നായയും കടിച്ചിരിയ്ക്കും... (നെടുവീര്‍പ്പിടുന്നു) എന്റെ ഏറ്റവും നല്ല നായ് - എത്ര പണമാണ് ഞാനവനു വേണ്ടിച്ചിലവാക്കിയതെന്ന് പറയേണ്ട! - കേട്ടോ, നടേല്യേ, അവനുവേണ്ടി ഞാന്‍ മിറ്റോനോവിന് ഇരുപത്തഞ്ചു റൂബിളാ കൊടുത്തെ.നടേല്യ:
അതു കുറച്ചുകൂടുതലായിപ്പോയി, ഐവാന്വാസ്സില്യേവിറ്റ്ച്ചേ! നിങ്ങള്‍ കൊടുത്തത്!-ലോമോവ്:
കൊള്ളാം; എനിയ്ക്ക് തോന്നുന്നത് ആ ഇടവാട് വലിയ ലാഭമായിപ്പോയെന്നാണ്. അവന് ഒരു രസികന്‍ നായാ!
നടേല്യ:
അച്ഛന് അദ്ദേഹത്തിന്റെ `ബാക്കറി'ന് എഴുപത്തഞ്ചു റൂബിള്‍ കൊടുത്തു. നിങ്ങളുടെ `ട്രാക്കറി'നേക്കാള്‍ വളരെ വളരെ നല്ല ഒരു നായാണ് `ബാക്കര്‍.'ലോമോവ്:
`ട്രാക്കറി'നേക്കാള്‍ നല്ല നായാണെന്നോ ബാക്കര്‍? എന്തു വിഡ്ഢിത്തം? (പൊട്ടിച്ചിരിയ്ക്കുന്നു) ബാക്കര്‍, ട്രാക്കറിനേക്കാള് നല്ല നായാണെന്നേയ്!നടേല്യ:
അതേ, തീര്‍ച്ചയായും അവന് കൂടുതല്‍ നല്ല ഒരു നായാണ്; ബാക്കറിന് ഇപ്പോഴും ചെറുപ്പമാണെന്നുള്ളതു പരമാര്‍ത്ഥം തന്നെ - അവന്നു വളര്‍ച്ച മുഴുവനായിട്ടില്ല - പക്ഷേ സാമര്‍ത്ഥ്യത്തില്‍ അവനെ തോല്പിയ്ക്കാന് വോള്ച്ചാനെറ്റ്സ്കിയുടെ കൈവശംപോലും ഒരൊറ്റ നായില്ല.ലോമോവ്:
ക്ഷമിക്കണേ, നടേല്യ സ്റ്റെപ്പാനോവ്നേ: പക്ഷേ നിങ്ങളുടെ ബാക്കറിന് അണത്തട്ടുകള് ഒപ്പമല്ലാത്ത ഒരുമാതിരി കുടുസ്സന്‍ കടവായാണുള്ളതെന്ന കാര്യം മറന്നു കളയുന്നു. അങ്ങിനെ കുടുസ്സന്കടവായോടുകൂടിയ നായ ഉന്നംവെച്ചെന്തെങ്കിലുമൊന്നു കടിച്ചുപിടിയ്ക്കാന് ഒരിയ്ക്കലും കൊള്ളില്ല!നടേല്യ:
അണകള്‍ ഒപ്പമല്ലാത്ത കുടുസ്സന്‍ കടവായോ! ഇതിപ്പോള്‍ ആദ്യമായിട്ടാ ഞാന്‍ പറഞ്ഞുകേള്ക്കുന്നെ.ലോമോവ്:
ഞാന്‍ നിങ്ങളോടുറപ്പുപറയുന്നു, താഴത്തെ അണത്തട്ടുമുകളിലത്തേതിനേക്കാള് ചെറുതാ.നടേല്യ:
എങ്ങിനെ, നിങ്ങള്‍ അളന്നു നോക്കിയിട്ടുണ്ടോ?ലോമോവ്:
ഉണ്ട്. എന്തിനേയെങ്കിലും തിരഞ്ഞു പിടിയ്ക്കുന്ന കാര്യത്തില്‍ അവന് നന്നുതന്നെ. സംശയമില്ല. പക്ഷേ, ഉറപ്പിച്ച് എന്തെങ്കിലുമൊന്നു കടിച്ചുപിടിച്ചെടുക്കുന്ന കാര്യത്തില്‍ അവനത്ര പോരാ.നടേല്യ:
ഒന്നാമത്, ഞങ്ങളുടെ ബാക്കര്‍ നല്ല തറവാടിത്തമുള്ള ഒരു നായാ; `ഹാര്ണസ്സി'ന്റേയും `ചിസെലി'ന്റേയും മകന്. പക്ഷേ ഉടലൊക്കെ പുള്ളിക്കുത്തുപിടിച്ച നിങ്ങളുടെ ആ വെള്ളക്കറുമ്പന് ചൊക്ലി ഏതു വര്ഗ്ഗത്തില്പ്പെട്ടതാണെന്നുപോലും പറയുക നിങ്ങള്‍ക്കു സാദ്ധ്യമല്ല... പിന്നെ, ഒരൊടികാലന് കിഴട്ടുകുതിരയെപ്പോലെ ഒരു വല്ലാത്ത വൃത്തികെട്ട ചാവാലികൂടിയാണത്.ലോമോവ്:
അവനു കുറച്ചു പ്രായക്കൂടുതലുണ്ട്. ശരിതന്നെ. പക്ഷേ നിങ്ങളുടെ കൈയിലുള്ള മാതിരി അരഡസണ്‍ ബാക്കറിനുപോലും പകരമായി ഞാനവനെ കൈമാറ്റം ചെയ്യുകയില്ല... അതെങ്ങനെ ചെയ്യുമെന്നേ? ട്രാക്കര്‍ ഒരുനായാണ്; പക്ഷേ ബാക്കര്‍ അതിനെക്കുറിച്ച് ഒന്നും ചോദിയ്ക്കാനില്ല. എല്ലാ നായാട്ടുകാരുടേയും കൈയില്‍ നിങ്ങളുടെ ബാക്കറിനെപ്പോലെയുള്ള നായ്ക്കള്‍ അങ്ങിനെ ഡസണ്കണക്കിനുണ്ട്. ഇരുപത്തിയഞ്ച് റൂബിള്തന്നെ അവന് ഒരൊന്നാംതരം വിലയായി.നടേല്യ:
ഇന്നു നിങ്ങളുടെ ഉള്ളില്‍ എവിടെനിന്നോ ഒരു തറുതലപ്പിശാചു കടന്നുകൂടിയിട്ടുണ്ട്; ഐവാന്വാസ്സില്യെവിറ്റ്ചേ! ആദ്യം നിങ്ങള്‍ മേച്ചില്‍സ്ഥലങ്ങള്‍ നിങ്ങളുടെ വകയാണെന്നു വാദിക്കാന്‍ തുടങ്ങി. പിന്നെ നിങ്ങളുടെ ട്രാക്കര്‍, ബാക്കറിനേക്കാള് നല്ല നായാണെന്ന്. ഞാന്‍ വാചാരിക്കുന്നതിനു വിരുദ്ധമായിട്ടൊരാള് സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. നിങ്ങള്‍ക്കു തികച്ചും ബോധമുള്ള ഒരു സംഗതിയാണ്, നിങ്ങളുടെ ആ... ആ വൃത്തികെട്ട ചാവാലി ട്രാക്കറിനെപ്പോലെ നൂറു ട്രാക്കറിനു വിലപിടിക്കും ബാക്കറെന്നത്. എന്നിട്ടു പിന്നെ, എന്തിനാ നേരേ വിപരീതമായി ഇങ്ങിനെ സംസാരിക്കുന്നെ?
ലോമോവ്:
എനിയ്ക്കു മനസ്സിലായി, നടേല്യ സ്റ്റെപ്പാനോവ്നേ; ഞാന്‍ കണ്ണുപൊട്ടനോ, മരത്തലയനോ ആണെന്നാനിങ്ങളുടെ വിചാരം; ഇനിയെങ്കിലും ഒന്നു മനസ്സിലാക്കിയാല്‍ കൊള്ളാം; നിങ്ങളുടെ ബാക്കറിന് അണത്തട്ടുകള് ഒപ്പമല്ലാത്ത ഒരു കുടുസ്സന്‍ കടവായാണുള്ളെ.നടേല്യ:
അതു നേരല്ല!ലോമോവ്:
ആണ്!നടേല്യ:
(ഉച്ചത്തില്‍) അതു നേരല്ല.ലോമോവ്:
എന്തിനാ നിങ്ങളീ കിടന്നു വിളിക്കുന്നെ, മാഡം?നടേല്യ:
നിങ്ങള്‍ എന്തിനാ പിന്നിങ്ങനെ അസംബന്ധം പറയണെ? എങ്ങനെ കലിവരാതിരിക്ക്യാനാ! നിങ്ങളുടെ ട്രാക്കറെ വെടിവെച്ചുകൊല്ലേണ്ട ഘട്ടമായി എന്നിട്ടു നിങ്ങള്‍ അവനെ ബാക്കറുമായി താരതമ്യപ്പെടുത്തുന്നു!ലോമോവ്:
എനിയ്ക്കു മാപ്പുതരണം. എനിയ്ക്കീ വാദം തുടരാനരുത്... എനിയ്ക്ക് വിറയലുണ്ട്.നടേല്യ:
ഞാനിതു പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ള കാര്യമാ; നായാട്ടിനെക്കുറിച്ച് ഒരു ചുക്കും അറിഞ്ഞുകൂടാത്ത മനുഷ്യരാ അതിനെക്കുറിച്ച് ഏറ്റവുമധികം തര്ക്കിക്കാനൊരുമ്പെടുന്നെ.ലോമോവ്:
മാഡം, ഞാന്‍ നിങ്ങളോട് ഒന്നു മിണ്ടാതിരുന്നാല്‍ കൊള്ളാമെന്നു യാചിയ്ക്കുന്നു. എന്റെ ചങ്കുപൊട്ടുകയാ. (കിടന്നു വിളിക്കുന്നു) ഒന്നു മിണ്ടാതിരിയ്ക്കാനേയ്!നടേല്യ:
നിങ്ങളുടെ ട്രാക്കറിനേക്കാള് നൂറിരട്ടി നല്ലതാ ബാക്കറെന്നു നിങ്ങള്‍ സമ്മതിയ്ക്കുന്നതുവരെ ഞാന്‍ മിണ്ടാതിരിയ്ക്കില്ല.ലോമോവ്:
നൂറിരട്ടി വഷള്! നിങ്ങളുടെ ബാക്കര്‍ തുലഞ്ഞുപോട്ടേ! എന്റെ കവിള്... എന്റെ കണ്ണ്... എന്റെ ചുമല്...നടേല്യ:
നിങ്ങളുടെ ആ ചാവാലി ട്രാക്കര്‍ തുലഞ്ഞുപോട്ടെ എന്നൊന്നും ഇനി പറയേണ്ടതില്ല. ചത്തതിലും കഷ്ടമാ അവന്...ലോമോവ്:
(കരഞ്ഞുകൊണ്ട്) ഒന്നു മിണ്ടാതിരിയ്ക്കൂന്നേയ്! എന്റെ ചങ്കു പൊട്ടുകയാ!നടേല്യ:
ഞാന്‍ മിണ്ടാതിരിയ്ക്കില്ല.ചുബുക്കോവ്:(ചുബുക്കോവ് പ്രവേശിക്കുന്നു)
(അകത്തുവന്നിട്ട്) എന്താണിപ്പോള്‍?നടേല്യ:
പപ്പാ, എന്നോടു നേരു പറയൂ, ആട്ടെ, ഏതു നായാ കൂടുതല്‍ നല്ലതെന്നാ അച്ഛന്റെ മനസ്സില്തോന്നുന്നെ? - നമ്മുടെ ബാക്കറോ, ഇങ്ങോരുടെ ട്രാക്കറോ?ലോമോവ്:
സ്റ്റീപ്പന് സ്റ്റെപ്പാനോ വിറ്റ്ച്ചേ, ഞാന്‍ നിങ്ങളോടു കേണപേക്ഷിയ്ക്കുന്നു; ഒരു കാര്യം മാത്രം എന്നോടൊന്നു പറയൂ; നിങ്ങളുടെ ബാക്കറിന് അണത്തട്ടുകള് ഒപ്പമല്ലാത്ത ഒരു കുടുസ്സന്വായ ഉണ്ടോ, ഇല്ലേ? ഉണ്ടോ, ഇല്ലേ?ചുബുക്കോവ്:
ഉണ്ടെങ്കില്ത്തന്നെന്ത്? അതൊന്നും അത്ര സാരമുള്ള സംഗതിയല്ല. എങ്ങിനെയായാലും ശരി, ഈ നാട്ടില്‍ അവനേക്കാള്‍ നല്ല ഒരു നായ വേറെയില്ല. പിന്നെന്തുവേണങ്കിലായിക്കോളൂ!
ലോമോവ്:
പക്ഷേ, എന്റെ ട്രാക്കറാണ് കൂടുതല്‍ നല്ലത്! എന്താ, അല്ലെ? സത്യം പറഞ്ഞാല്‍, അങ്ങിനെയല്ലേ?ചുബുക്കോവ്:
നിങ്ങള്‍ സ്വയം ക്ഷോഭത്തിനിടകൊടുക്കാതിരിയ്ക്കണം, എന്റെ തങ്കക്കുടം... അവന് ഒരു നല്ല വര്‍ഗ്ഗത്തില്‍പ്പെട്ട നായാണ്; നല്ല കാലുകള്‍; ആകപ്പാടെ വേണ്ടില്ല; പിന്നുള്ളതെല്ലാം എന്തെങ്കിലുമാകട്ടെ! പക്ഷേ, ആ നായുണ്ടല്ലോ, എന്റെ പൊന്നാരംകട്ടേ, നിങ്ങള്‍ അല്പമൊന്നു സൂക്ഷിച്ചാല്‍ കാണാം, അതിന് ഒന്നുരണ്ടു സാരമായ ദോഷങ്ങളുണ്ട്. അവന് പ്രായക്കൂടുതലുള്ളവനും കുറുമൂക്കനുമാ.ലോമോവ്:
ക്ഷമിയ്ക്കണേ, എനിയ്ക്ക് വിറയലുണ്ട്... നമുക്ക് വാസ്തവസ്ഥിതികള്‍ എടുക്കുക... നിങ്ങള്‍ ദയവുചെയ്ത് ഒന്നോര്‍ത്തുനോക്കൂ! `മാറുസ്കി'ന്റെ വീട്ടില്‍വെച്ച് എന്റെ ട്രാക്കര്‍ കൗണ്ടിന്റെ `സ്വിന്ഗറി'നോടു തോളോടുതോള്‍ ചേര്‍ന്നുനിന്നു; പക്ഷേ നിങ്ങളുടെ ബാക്കര്‍ പിടിച്ചത് ഒരരനാഴിക പുറകിലായിരുന്നു.ചുബുക്കോവ്:
അതേ, അവന് അങ്ങനെത്തന്നെയായിരുന്നു. എന്തുകൊണ്ടെന്നാല്‍, കൗണ്ടിന്റെ വേട്ടക്കാരന് അവന്നു ചമ്മട്ടിവെച്ച് ഒരസ്സല് പെട കൊടുത്തു.ലോമോവ്:
അവനതു കിട്ടണം. മറ്റെല്ലാ നായ്ക്കളും കുറുക്കന്റെ പിറകെ പരക്കംപാഞ്ഞു; പക്ഷേ ബാക്കാറാകട്ടെ ഒരാടിനെ കടന്നു പിടികൂടി.ചുബുക്കോവ്:
അതു നേരല്ല!... തങ്കക്കുടമേ, എന്റെ മട്ടു മാറിത്തുടങ്ങുന്നു. ഞാന്‍ നിങ്ങളോടിരക്കുന്നു. ഈ സംഭാഷണം നിങ്ങളൊന്നവസാനിപ്പിച്ചാല് കൊള്ളാം. അയാള്‍ അവനെ അടിച്ചതെന്തുകൊണ്ടാണെന്നോ? എല്ലാര്ക്കും മറ്റൊരാളുടെ നായിനോട് അസൂയയാ... അതേ, അവരെല്ലാം അസൂയാലുക്കളാ. നിങ്ങളും ആ ഇനത്തില്‍ കുറ്റമില്ലാത്തവനൊന്നുമല്ല കേട്ടോ, സാറേ! ഉദാഹരണമായി, മറ്റാരുടേയെങ്കിലും നായ നിങ്ങളുടെ ട്രാക്കറിനേക്കാള് നല്ലതാണെന്നു കാണുമ്പോള്‍, നിങ്ങള്‍ അതുമിതും മറ്റായിരം ചപ്പുചവറും പുലമ്പിക്കൊണ്ടുവരുന്നു. ഞാനതെല്ലാം ഓര്‍ക്കുന്നുണ്ട്!ലോമോവ്:
ഞാനും ഓര്‍ക്കുന്നുണ്ട്.ചുബുക്കോവ്:
(ലോമോവിന്റെ സ്വരത്തെത്തന്നെ പരിഹസിച്ചനുകരിക്കുന്നു) ``ഞാനും ഓര്‍ക്കുന്നുണ്ട്.'' എന്താ താന്‍ ഓര്‍ക്കുന്നെ?ലോമോവ്:
വിറയല്‍!... എന്റെ കാല് മരവിച്ചുപോയി... എനിക്കു വയ്യ...നടേല്യ:
(അയാളുടെ സ്വരത്തെത്തന്നെ പരിഹസിച്ചനുകരിക്കുന്നു) ``വിറയല്‍!'' ഒന്നാംതരം കായികാഭ്യാസി! നിങ്ങള്‍ കുറുക്കന്മാരെ വേട്ടയാടുന്നതിനേക്കാള്‍ അടുക്കളയുടെ വല്ല മൂലേലും ചെന്നിരുന്നു വല്ല ഉള്ളിയുടേയോ മറ്റോ തോലു കളയുകയാ ഭേദം. വിറയല്‍പോലും! വിറയല്‍!!
ചുബുക്കോവ്:
അതേ, വാസ്തവം, താന്‍ ഒരൊന്നാംതരം കായികാഭ്യാസിതന്നെ! കുതിരപ്പുറത്തു ചടപടാ സഞ്ചരിക്കുന്നതിനുപകരം താന്‍ ഈ വിറയലോടുകൂടി വീട്ടിനകത്തെങ്ങാനും കുത്തിയിരിക്കുന്നതാ ഭേദം. താന്‍ വേട്ടയ്ക്കു പോകുന്നതുകൊണ്ടു വലിയ തരക്കേടൊന്നുമില്ല. പക്ഷേ, കുതിരപ്പുറത്തു കയറിയുള്ള തന്റെ സര്‍ക്കീട്ട് വെറുതേ പൊല്ലാപ്പുകളുണ്ടാക്കാനും മറ്റുള്ളവരുടെ നായ്ക്കളുമായി കാര്യമില്ലാതെ ഇടപെടാനും മാത്രമാണ്. എനിക്കു ദ്വേഷ്യം വരുന്നുണ്ട്. നമുക്കീ വിഷയം വിട്ടുകളയുക. താന്‍ ഒരു കായികാഭ്യാസിയേ അല്ല.ലോമോവ്:
ആട്ടെ, ഈ പറയുന്ന നിങ്ങളോ? - നിങ്ങള്‍ ഒരു കായികാഭ്യാസിയാണോ? നിങ്ങള്‍ വേട്ടയ്ക്കു പുറപ്പെടുന്നതു കൗണ്ടിന്റെകൂടെ അന്തസ്സിനു വലിഞ്ഞുകൂടി വെറുതേ കശപിശ കൂട്ടാനാ... എന്റെ നെഞ്ഞ്!... നിങ്ങള്‍ ഒരു ഗൂഢാലോചനക്കാരനാ. കരടകനാ!ചുബുക്കോവ്:
എന്ത്? ഞാന്‍ കരടകനോ? (ഉച്ചത്തില്‍ കിടന്നു വിളിക്കുന്നു) തന്റെ വായൊന്നടച്ചാട്ടെ!ലോമോവ്:
കരടകന്‍!ചുബുക്കോവ്:
പുളുന്താന്! മണ്ണുണ്ണാമന്! പട്ടിക്കുട്ടി!ലോമോവ്:
കെഴട്ടുപെരിച്ചാഴി! കഴുതമാടന്!ചുബുക്കോവ്:
വായടയ്ക്കെടാ, അല്ലെങ്കില്‍ ഒരു നിറത്തോക്കുകൊണ്ട് ഒരു കരിയിലാംപീച്ചിയെപ്പോലെ നിന്നെ ഞാന്‍ വെടിവെച്ചു താഴത്തിട്ടുകളയും; മരത്തലയന്, കൊജ്ഞാറാണന്!ലോമോവ്:
എല്ലാവര്‍ക്കുമറിയാം - ഓ, എന്റെ നെഞ്ച്! - തന്റെ പെമ്പ്രന്നോത്തി തന്നെ പ്രഹരിക്കാറുള്ളത്... എന്റെ കാല്... എന്റെ നെറ്റി... എന്റെ കണ്ണ്! - ഞാന്‍ മറിഞ്ഞുവീഴും: അയ്യോ, ഞാന്‍ നിലംപതിക്കും.ചുബുക്കോവ്:
നീ നടക്കുന്നതു നിന്റെ വീട്ടുസൂക്ഷിപ്പുകാരിയെ പേടിച്ചു കിടുകിടാ വിറച്ചുകൊണ്ടാണ്.ലോമോവ്:
ഓ - ഓ - ഓ! എന്റെ ചങ്കു പൊട്ടിത്തകര്‍ന്നിരിക്കുന്നു! എന്റെ ചുമല് തപ്പിനോക്കിയിട്ടു കാണുന്നില്ല - എന്തു പറ്റി എന്റെ ചുമലിന്? ഞാന്‍ മരിക്കുകയാ! (ഒരു കൈയുള്ള കസേരയിലേയ്ക്കു വീഴുന്നു.) ഒരു ഡോക്ടര്‍! (മോഹാലസ്യപ്പെടുന്നു.)ചുബുക്കോവ്:
പട്ടിക്കുഞ്ഞ്! പുളുന്താന്! മരത്തലയന്! മണ്ണുണ്ണാമന്! എനിയ്ക്കു വയ്യേ! (വെള്ളം കുടിക്കുന്നു) വയ്യേ!നടേല്യ:
താന്‍ ഒരു നല്ല കായികാഭ്യാസിതന്നെ! കുതിരപ്പുറത്ത് എങ്ങിനെയാണിരിക്കുന്നതെന്നുപോലും തനിക്ക് അറിഞ്ഞുകൂടാ (അച്ഛനോട്) പപ്പാ, എന്താണയാള്‍ക്ക്? പപ്പാ! നോക്കൂ, പപ്പാ! (നിലവിളിക്കുന്നു) ഐവാന്‍ വാസ്സില്യെവിറ്റ് ചേ! അദ്ദേഹം മരിച്ചുപോയി.ചുബുക്കോവ്:
എനിക്കു ബോധക്ഷയം തോന്നുന്നു! എനിക്കു ശ്വാസംവിടാന്‍ വയ്യ! എനിയ്ക്കല്പം കാറ്റു തന്നാട്ടെ!നടേല്യ:
അദ്ദേഹം മരിച്ചുപോയി! (ലോമോവിനെ, കൈയുറമേല്പിടിച്ചു കുലുക്കി വിളിക്കുന്നു) ഐവാന്‍ വാസ്സില്യെവിറ്റ്ചേ! ഐവാന്‍ വാസ്സില്യെവിറ്റ്ചേ! എന്താണ് നാം ചെയ്തത്? അദ്ദേഹം മരിച്ചുപോയി! (കൈയുള്ള ഒരു കസേരയിലേയ്ക്കു വീഴുന്നു) ഒരു ഡോക്ടര്‍! ഒരു ഡോക്ടര്‍! (അപസ്മാരചേഷ്ടകള്‍.)ചുബുക്കോവ്:
ഓഛ്! എന്താണിത്? എന്താ നിനക്കു വേണ്ടേ?നടേല്യ:
(വിലപിക്കുന്നു) അദ്ദേഹം മരിച്ചുപോയി! അദ്ദേഹം മരിച്ചുപോയി!ചുബുക്കോവ്:
ആരു മരിച്ചുപോയി? (ലോമോവിന്റെ നേരെ നോക്കിക്കൊണ്ട്) ഇയാള്‍ വാസ്തവത്തില്‍ മരിച്ചുപോയി! വിശുദ്ധസന്ന്യാസികളേ! വെള്ളം! ഒരു ഡോക്ടര്‍! (ഒരു ഗ്ലാസുവെള്ളം ലോമോവിന്റെ ചുണ്ടോടുടുപ്പിച്ചുപിടിക്കുന്നു) കുടിച്ചാട്ടെ!... ഇല്ല, ഇയാള്‍ കുടിയ്ക്കില്ല. അതുകൊണ്ട്, അതേ ഇയാള്‍ ചത്തുപോയി! ഗ്രഹപ്പിഴ! അയ്യോ, ഞാനിനി എന്തിനു ജീവിച്ചിരിക്കുന്നു? എന്തുകൊണ്ടു ഞാനെന്റെ തലയോട്ടിനുള്ളിലൂടെ ഒരു വെടിയുണ്ട പറപ്പിക്കുന്നില്ല? എന്താണ് ഞാനെന്റെ കഴുത്തിനു കത്തിവെയ്ക്കാത്തത്? ഞാനെന്തിനിങ്ങിനെ മിഴിച്ചുനോക്കിനില്ക്കുന്നു? എനിയ്ക്കൊരു പേനാക്കത്തി തന്നാട്ടെ! എനിയ്ക്കൊരു കൈത്തോക്കു തന്നാട്ടെ! (ലോമോവ് പതുക്കെ ഒന്നു ചലിയ്ക്കുന്നു) ഇയാള്‍ വീണ്ടും ജീവന് വെയ്ക്കുകയാണെന്നു തോന്നുന്നല്ലോ. ആട്ടെ, അല്പം വെള്ളം കുടിച്ചാട്ടെ! അങ്ങിനെ; അതു കൊള്ളാം.
ലോമോവ്:
മിന്നല്‍ - മൂടല്‍ - ഞാന്‍ എവിടെയാ?ചുബുക്കോവ്:
നിങ്ങള്‍ കഴിയുന്നതും വേഗത്തില്‍ വിവാഹം കഴിക്കുന്നതാ നല്ലത്. പിന്നെ നിങ്ങള്‍ ഏതു ചെയ്ത്താന്റടുക്കച്ചെന്നു തുലഞ്ഞുപോയാലും വേണ്ടില്ല! അവള്‍ക്കു സമ്മതമാ! (ലോമോവിന്റേയും മകളുടേയും കൈകള്‍ പിടിച്ചു കൂട്ടിച്ചേര്‍ക്കുന്നു.) അവള് നിങ്ങളെ സ്വീകരിക്കുന്നു. പിന്നെല്ലാം പിന്നെ. ഞാന്‍ നിങ്ങള്‍ക്ക് എന്റെ അനുഗ്രഹം തരുന്നു; പിന്നങ്ങനെ പലതും. എന്നെ സൈ്വരമായി ഒന്നു വിട്ടേച്ചാല്മാത്രം മതി.ലോമോവ്:
ങ് ഏ? എന്ത്? (എഴുനേല്ക്കുന്നു) ആര്?ചുബുക്കോവ്:
അവള് നിങ്ങളെ സ്വീകരിക്കുന്നു. പിന്നേ? പരസ്പരം ചുംബിച്ചാട്ടെ! - പിന്നെങ്ങനെ വേണമെങ്കിലും തുലഞ്ഞോളു!നടേല്യ:
(കരയുന്നു) അദ്ദേഹം ജീവിച്ചിരിക്കുന്നു! അതെ, അതേ, ഞാന്‍ സ്വീകരിക്കുന്നു.ചുബുക്കോവ്:
ചുംബിച്ചാട്ടെ!ലോമോവ്:
ങ് ഏ? ആരെ? ( നടേല്യ സ്റ്റെപ്പാനോവ്നയെ ചുംബിക്കുന്നു.) സന്തോഷമായോ? എനിക്കു മാപ്പുതരണേ, എന്താണപ്പോള്‍ നിങ്ങള്‍ പറഞ്ഞുകൊണ്ടുവന്ന സംഗതി? ഓ, അതേ, എനിക്കു മനസ്സിലായി! വിറയല്‍... തലക്കറക്കം... ഞാന്‍ ഭാഗ്യവാനാ നടേല്യ സ്റ്റെപ്പാനോവ് നേ! (അവളുടെ കൈ ചുംബിക്കുന്നു) എന്റെ കാല് മരവിച്ചിരിക്കുകയാ!നടേല്യ:
ഞാന്‍.... ഞാനും ഭാഗ്യവതിയാ!ചുബുക്കോവ്:
എന്റെ ഹൃദയത്തില്‍നിന്നൊരു മഹാഭാരം ഏതായാലും ഒഴിവായി! ഔഫ്!നടേല്യ:
പക്ഷേ... എന്നാലും നിങ്ങള്‍ ഇപ്പോള്‍ സമ്മതിക്കണം, ബാക്കറിനേപ്പൊലെ നല്ല ഒരു നായല്ല ട്രാക്കറെന്ന്.ലോമോവ്:
അവന് കൂടുതല്‍ നല്ലവനാ!നടേല്യ:
അവന് കൂടുതല്‍ വഷളനാ!ചുബുക്കോവ്:
കൊള്ളാം, ഇതാ ദാമ്പത്യഭാഗ്യത്തിന്റെ അരങ്ങേറ്റം!... ഷാംപെയ്ന്‍!ലോമോവ്:
അവന് കൂടുതല്‍ നല്ലവനാണ്.നടേല്യ:
ഒരിക്കലുമല്ല! അവന് നല്ലവനല്ല! അവന് നല്ലവനല്ല!ചുബുക്കോവ്:
(അവരുടെ ശബ്ദത്തെ അടിച്ചുതാഴ്ത്തുവാന് ഉദ്യമിച്ചുകൊണ്ടുച്ചത്തില്) ഷാംപെയന്‍! ഷാംപെയന്‍!
-- യവനിക --