കളിത്തോഴി

നോവൽആമുഖം

ഈ കൃതിയെ ഒരു നോവല്‍ എന്നു വിളിക്കാമോ എന്നെനിക്കറിഞ്ഞുകൂടാ. എട്ടു കൊല്ലങ്ങള്‍ക്കു മുന്‍പു രണ്ടാഴ്‌ചയ്‌ക്കിടയില്‍ ഞാന്‍ എഴുതിത്തീര്‍ത്ത ഒരു നീണ്ട കഥാപുസ്‌തകമാണിത്‌. രമണനെപ്പോലെതന്നെ ഈ കൃതിയോടും എനിക്കു പ്രത്യേകമൊരു മമതയുണ്ട്‌. എന്തുകൊണ്ടെന്നാല്‍, രമണനുശേഷം ഞാന്‍ എഴുതിയ ഏറ്റവും ദൈര്‍ഘ്യമുള്ള കൃതി ഇതാണ്‌ - എന്റെ ആദ്യത്തെ കഥാപുസ്‌തകം. ഏതായാലും ഒന്നെനിക്കുറപ്പു പറയാന്‍ കഴിയും: ഇതൊരു വിവര്‍ത്തനമോ അനുകരണമോ അല്ല! അന്നത്തെ എന്റെ എളിയ കഴിവുകളുടെ നിയന്ത്രണത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഒരു സ്വതന്ത്രകലാസൃഷ്‌ടിയാണ്‌.

ഞാന്‍ തികച്ചും ഒരു കവിയല്ലെന്നു തീര്‍ത്തുപറയാന്‍ എന്റെ അകന്ന ശത്രുക്കള്‍പോലും മടിക്കാറുണ്ട്‌. പക്ഷേ, നാമമാത്രമായെങ്കിലും ഒരു കാഥികനാണെന്നു സമ്മതിക്കാന്‍ അടുത്ത ബന്ധുക്കള്‍പോലും ഇഷ്‌ടപ്പെടാറില്ല. ഈ നിലയില്‍, എന്റെ ഈ നൂതനസംരംഭത്തിനു മുന്‍പില്‍ വന്‍പിച്ച പ്രതീക്ഷകളൊന്നും അണിനിരന്നിട്ടില്ലെന്നു ഞാന്‍ തുറന്നു സമ്മതിക്കുന്നു......

കളിത്തോഴി പരസ്യം ചെയ്‌തിട്ടു നാലഞ്ചു കൊല്ലമായി. ഇതിനിടയില്‍ അസംഖ്യം സഹൃദയന്മാര്‍ ഈ കൃതി ആവശ്യപ്പെട്ടിട്ടുണ്ട്‌. പല അസൗകര്യങ്ങളാലും ഇപ്പോള്‍മാത്രമേ ഇതിന്റെ അച്ചടി പൂര്‍ത്തിയാക്കുവാന്‍ തരപ്പെട്ടുള്ളു.

അവിചാരിതമായി നേരിട്ട കാലവിളംബത്തിനു മാപ്പുചോദിച്ചുകൊണ്ടാണ്‌ ഇന്നിപ്പോള്‍ എന്റെ കളിത്തോഴി സഹൃദയരെ സമീപിക്കുന്നത്‌. അവളുടെ കുറ്റവും കുറവും നിങ്ങള്‍ക്കു തുറന്നുപറയാം.... അവളതില്‍ പരിഭവിക്കുകയില്ല.....തൃശ്ശിവപേരൂര്‍,
09-02-1121
ചങ്ങമ്പുഴ കൃഷ്‌ണപിള്ള