ഒരു ആത്മസുഹൃത്തിന്റെ അനുസ്മരണം
ജി. പി. ശങ്കരമംഗലം
ആമുഖം
ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് തമിഴ്, തെലുങ്ക്, മലയാളം കന്നഡ എന്നീ ഭാഷകളില്‍ ഉത്തമഗ്രന്ഥങ്ങളുടെ വിവര്‍ത്തനം, പ്രകാശനം എന്നീ മണ്ഡലങ്ങളില്‍ സ്തുത്യര്‍ഹമായ സാഹിതീ സേവനം നടത്തിപ്പോരുന്നുവെന്നു കാണുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
ഭാഷാ സംസ്ഥാനങ്ങളുടെ ആവിര്‍ഭാവം വിഘടനവാസനകളെ ഉത്തേജിപ്പിക്കുന്നു. എന്ന സന്ദേഹത്തിന് ചില കേന്ദ്ര ങ്ങളിലെങ്കിലും പ്രാബല്ല്യം സിദ്ധിച്ചുവരുന്ന ഈ ഘട്ടത്തില്‍ പ്രസ്തുത ബുക്ക് ട്രസ്റ്റിന്റെയും അതുപോലുള്ള മറ്റു സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ സാംസ്കാരിക മണ്ഡലത്തിലുളവാക്കുന്ന വൈകാരികമായ ഏകമതീഭാവം വേണം ഇന്ത്യയുടെ സമഗ്രമായ ഐക്യത്തിനുതകുന്ന സഹായം നല്കുവാന്. മൂലദ്രാവിഡഭാഷയുടെ സന്താനങ്ങളെന്ന നിലിയല്‍ സഹോദരീഭാവമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകള്‍ തമ്മില്‍ ഉണ്ടാകുന്ന ഐക്യം, ഭാരതത്തിലെ ഇതരഭാഷകളുമായി അവയ്ക്കു സാമീപ്യവും സമ്പര്‍ക്കവും വര്‍ധിപ്പിക്കുന്നതിനുതകുന്ന ഒരു പ്രധാനോപാധിയായിത്തീരുമെന്നുള്ളത് നിസ്തര്‍ക്കമാണ്.
ചുരുക്കിപ്പറഞ്ഞാല്‍ ദേശാഭിമാനിയായ ഏതു ഭാരതീയനും പ്രിയംകരമായിരിക്കേണ്ട ഇന്ത്യയുടെ ഐക്യത്തിന്, ദക്ഷിണഭാരതീയരുടെ പ്രഥമസംഭാവനയാണ് ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റിന്റേതുപോലുള്ള സാഹിതീസപര്യ. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ദക്ഷിണേന്ത്യന്‍ ഭാഷകളെ സമഞ്ജസമായി ഇണക്കിച്ചേര്‍ത്ത് പരോക്ഷമായെങ്കിലും ദേശീയചിത്തവൃത്തി നാട്ടാരില്‍ രൂഢമൂലമാക്കാന്‍ പ്രയോജകീഭവിക്കട്ടെ.
ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റിന്റെ പ്രവര്‍ത്തനപരിധി കൂടുതല്‍ വ്യാപകവും പ്രകാശമാനവും പ്രയോജനപ്രദവുമാകട്ടെ എന്നാണ് എന്റെ ആത്മാര്‍ത്ഥമായ ആശംസ.
വിഷയവിവരം:
മുഖവുരഇടപ്പള്ളി: ചങ്ങമ്പുഴയുടെ ജന്മദേശം
കണ്ടുമുട്ടി
സഹപാഠികള്‍
കളിത്തോഴര്‍
മാവിന്‍ചുവട്ടില്‍
സമസ്തകേരള സാഹിത്യപരിഷത്ത്
ആദ്യകാലസാഹിതീസപര്യകള്
ഈ.വി. കൃഷ്ണപിള്ളയും ചങ്ങമ്പുഴ കൃഷ്ണപിള്ളയും
രാഘവന്‍പിള്ളയും, രമണനും, ചങ്ങമ്പുഴയും ആദ്യത്തെ മദിരാശി സന്ദര്‍ശനവും പതിമൂന്നാം പരിഷല്സമ്മേളനവും
വിവാഹവും വിദ്യാഭ്യാസസമാപ്തിയും
ഉദ്യോഗജീവിതം
നിയമപഠനത്തിന്നു മദിരാശിയില്‍
മദിരാശിയിലെ ജീവിതം
അപ്രതീക്ഷിതമായ തിരിച്ചുപോക്ക്
വിമര്കരും, വിമര്‍ശനവും, ചങ്ങമ്പുഴയും
ചങ്ങമ്പുഴയും ഇതര സാഹിത്യകാരന്മാരും
ചങ്ങമ്പുഴ: ഒരു തികഞ്ഞ മനുഷ്യന്
ചങ്ങമ്പുഴ: ഒരു മാതൃകാസുഹൃത്ത്
ചങ്ങമ്പുഴ: കേരളീയരുടെ ജനകീയമഹാകവി
അന്ത്യദിവസങ്ങള്‍
ആ ദീപം പൊലിഞ്ഞു
ജീവചരിത്രസംക്ഷേപം
മുഖവുര
സമവയസ്കന്, സഹപാഠി, അടുത്തബന്ധു, സര്‍വ്വോപരി പ്രാണസുഹൃത്ത് എന്നിങ്ങനെ വിവിധനിലകളില്‍ എനിക്കു സമാരാധ്യനായിരുന്നു ചങ്ങമ്പുഴ. എനിക്കു സന്തോഷമുണ്ട്. സംതൃപ്തിയുണ്ട്. എന്റെ ``സ്നാനശ്വസനസ്വപ്നകേളീവയസ്യനെ'' പരാമര്‍ശിക്കുന്ന ഗ്രന്ഥമാണല്ലോ ഞാന്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നതെന്നോര്ക്കുമ്പോള് ആ മാതൃകാസൗഹൃദത്തില് ഞാന്‍ സന്തുഷ്ടനും അഭിമാനപൂരിതനുമാണ്. ഇതൊരു ജീവചരിത്രമല്ലായിരിക്കാം. എന്നാല്‍, സമഗ്രമായ രു ജീവചരിത്രം വാര്‍ത്തെടുക്കുവാന്‍ ഉതകുന്ന കുറേയെറെക്കരുക്കള് ഇതില്‍ അടങ്ങിയിട്ടുണ്ട്. എന്റെ മാനസസമുദ്രത്തില് ആ സുഹൃത്തിനെപ്പറ്റി പൊന്തിവന്ന സ്മരണകളുടെ തരംഗപരമ്പരകളില് പാറിക്കളിച്ച ചില ചിത്രങ്ങളെ ഇവിടെ കോര്‍ത്തിണക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഒട്ടൊക്കെ ബന്ധശൈഥില്ല്യം ഇതില്‍ കണ്ടേക്കാം. പ്രസ്താവനകളില്‍ അങ്ങേയറ്റത്തെ സത്യസ്നധത പാലിക്കുവാന്‍ ഞാന്‍ കഴിവതും പരിശ്രമിച്ചിട്ടുണ്ട്. അക്കാരണത്താല്‍ തന്നെ പ്രാധാന്യമുറ്റ പല രംഗങ്ങളും മനഃപൂര്‍വ്വം മറയ്ക്കേണ്ടതായി വന്നുകൂടി. വല്ലവര്‍ക്കും അരോചകമായ വല്ല വര്‍ണ്ണനകളും ഇതില്ക്കടന്നുകൂടിയിട്ടുണ്ടെങ്കില് അതിന്നു മാപ്പുചോദിച്ചുകൊള്ളട്ടെ. ആരുടേയും മാന്യതയില്‍ ചളിവാരിയെറിയുവാന് ഇവിടെ ഉദ്ദേശിച്ചിട്ടില്ല.
സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്താല്‍ ഭാരതീയ സാംസ്കാരികാന്തരീക്ഷത്തില്‍ ഒരു നവ്യചൈതന്യം ഉളവാക്കിയ ``ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ്കാരോട് എനിക്കുള്ളഴിഞ്ഞ കൃതജ്ഞതയുണ്ട്. അവരുടെ പ്രചോദനവും സഹായസഹകരണങ്ങളോടും കൂടിയാണ് ഈ കൃതി ഇപ്പോള്‍ വെളിച്ചംകാണുന്നത്.
ഇതില്‍ കുറ്റംകുറവുകള് പലതുമുണ്ടാകാം. എന്നാല്‍ ആത്മാര്‍ത്ഥതയുടെ അഭാവം ഒരു വാചകത്തെപ്പോലും അലങ്കോലപ്പെടുത്തിയിട്ടില്ലെന്നു സധൈര്യം പറയാം. അതൊരു നേട്ടമായി ഞാന്‍ കരുതുന്നു. അങ്ങനെ സഹൃദയരില്‍ ഏതാനും പേര്‍ക്കെങ്കിലും തോന്നിയാല്‍ ഞാന്‍ ചാരിതാര്‍ത്ഥനായി.
അധ്യായം ഒന്ന്
ഇടപ്പള്ളി: ചങ്ങമ്പുഴയുടെ ജന്മദേശം
സമസ്തകേരള സാഹിത്യപരിഷത്തിന്റേയും ചങ്ങമ്പുഴ കൃഷ്ണപിള്ള, ഇടപ്പള്ളി രാഘവന് പിള്ള എന്നീ പ്രശസ്ത കവികളുടേയും ജന്മദേശം എന്ന നിലയിലാണ് ഇടപ്പള്ളി ഇന്നു കേരളത്തില്‍ പരക്കെ അറിയപ്പെടുന്നത്. എന്നാല്‍ കേരള ചരിത്രത്തിന്റെ ആരംഭകാലംമുതല്‍ക്കുതന്നെ പേരും പെരുമയും ആര്‍ജ്ജിച്ച ഒരു ദേശമത്രേ ഇടപ്പള്ളി. പരശുരാമന് കാശിയിലെ പരിപാവനമായ വിശ്വനാഥക്ഷേത്ര പരിസരങ്ങളില്‍വെച്ച് വേദവേദാന്ത പാരംഗതനായ ഒരുത്തമ ബ്രാഹ്മണനെക്കണ്ടുവെന്നും അദ്ദേഹത്തിന്റെ മാഹാത്മ്യത്താല്‍ ആകൃഷ്ടനായി കേരളത്തില്‍ കൂട്ടിക്കൊണ്ടുവന്ന് ഇടപ്പള്ളി ദേശത്തുതാമസിപ്പിച്ച് ദേശാധികാരവും മറ്റും കൊടുത്തുവെന്നുമാണ് ഐതിഹ്യം. ആ ബ്രാഹ്മണന്റെ അസാമാന്യ പാണ്ഡിത്യത്തെ പരിഗണിച്ച് തളിയാതിരികളും പെരുമാക്കന്മാരും അദ്ദേഹത്തെ അവരുടെ `തേവാരി' യായി സ്വീകരിച്ചുവത്രെ. കൊല്ലവര്‍ഷത്തിന്റെ ആരംഭകാലത്ത് ``തൃക്കാല്‍ക്കര'' തലസ്ഥാനമാക്കി നാടുവാണിരുന്ന കാല്ക്കരവംശത്തിന്റെ അധഃപതനത്തോടുകൂടി ഇടപ്പള്ളി ദേശവാഴിയായ തേവാരി പ്രബലനായ ഒരുരാജാവായിത്തീര്ന്നു. അക്കാലത്ത് ഇന്നത്തെ കൊച്ചിപ്പട്ടണം ഇടപ്പള്ളിയുടെ ഒരു ഭാഗമായിരുന്നു. മന്ത്രിതന്ത്രാദികളെപ്പോലെതന്നെ ആയോധനകലയിലും പ്രസ്തുത രാജാക്കന്മാര് ചതുരത നേടി. ഇങ്ങനെ ബ്രാഹ്മണ്യവും ക്ഷാത്രവീര്യവും ഒരുപോലെ കതിരിട്ടുനിന്ന അക്കാലങ്ങള്‍ ഇടപ്പള്ളിക്കു നമ്മുടെ സാഹിത്യത്തില്‍ സമുന്നതമായ ഒരു സ്ഥാനം നേടിക്കൊടുത്തിട്ടുണ്ട്.
എളങ്ങള്ളൂര്‍ നമ്പ്യാതിരി, ഇടപ്പള്ളിത്തമ്പുരാന്, ദന്തളീശന്‍, പഞ്ചരംഗനാഥന് എന്നിങ്ങനെ പലേ ബിരുദനാമങ്ങളിലും ഇടപ്പള്ളി രാജാക്കന്മാര് അറിയപ്പെട്ടുതുടങ്ങി. തളിയാതിരിമാരുടെ ഭരണകാലത്തുതന്നെ കൊടും-കലൂര്‍ തളി സ്ഥാപിക്കപ്പെട്ടപ്പോള്‍, ഇളം-കലൂര്‍ തളിയും സ്ഥാപിതമായി. സൈന്യാധിപത്യം ഇടപ്പള്ളി രാജാക്കന്മാര്ക്കു നല്കപ്പെട്ടു. ഇളം-കലൂരാണ് കാലാന്തരത്തില്‍ ഇളങ്ങള്ളൂരായി മാറിയത്. മുപ്പത്താറായിരം ബ്രാഹ്മണരുടെ അധിനിവേശത്തോടെ നമ്പ്യാതിരിപ്പട്ടം ഇടപ്പള്ളിരാജാക്കന്മാര്ക്ക് പരശുരാമനാല്‍ നല്പ്പെട്ടതാണെന്ന് പറയപ്പെടുന്നു. ഏതായാലും ഇടപ്പള്ളിക്കു പുരാതനകേരളത്തിന്റെ പൊന്നേടുകളില് മഹനീയമായ ഒരു സ്ഥാനമുണ്ടായിരുന്നുവെന്നത് നിര്വ്വിവാദമത്രെ. ഭാഷാകോകിലസന്ദേശത്തില്:-
``കാണിന്റാ, നീ മഹീതമലനാടിന്മണപ്പൂണ്വിലമ്പും-
പൂണാരം, വാര്വനിതരുവരിവണ്ടിണ്ടഫുല്ലാരവിന്ദം,
ക്ഷോണീപാലാവലി തിറയീടും, ദന്തളിത്തമ്പുരാന്താന്-
നീണാള്വാഴും പൂരവര, മിടപ്പള്ളി, മുല്പാടുപിന്നെ.''
എന്നാണ് ഇടപ്പള്ളിയെ വര്‍ണിച്ചിരിക്കുന്നത്.
`സര്വ്വാന്ലോകാനഹഹ, വിശദീക്കര്മ്മതാ ദുര്വ്വിനീതാ-
കീര്ത്തീസ്സേയം നോവര, ഭവതാശിക്ഷണീയാമുഹൂര്ത്തം,
മാ, മാ, ശ്വേതീ ഭവതു ഭുവനേഹന്തമല്ലേക്ഷണനാം
ചില്ലീവല്ലീയനയനയുഗളീ കുന്തളീ ദന്തളീശ''
എന്നൊരു രാജപ്രശംസാ പദ്യവും കേട്ടിട്ടുണ്ട്. ``അന്തണര്‍ക്കു തണലേകും ദന്തളിര്നായകന്'' എന്നു തുള്ളല്‍ക്കഥകളിലും വര്‍ണ്ണിതമായിരിക്കുന്നു.
കൊല്ലവര്‍ഷം 324 ലാണ് കൊച്ചിപ്പട്ടണം ഇടപ്പള്ളിക്ക് നഷ്ടപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് കൊച്ചിരാജാക്കന്മാരും ഇടപ്പള്ളി രാജാക്കന്മാരുമായി തീരാപ്പകയും ഇടക്കിടെ സമരങ്ങളുമുണ്ടായി. സമീപസ്ഥരായ സാമന്തന്മാര് പലരും ഈ യുദ്ധങ്ങളില്‍ ചേരിപിടിച്ചുനിന്നു. കോഴിക്കോട്ടു സാമൂതിരി എപ്പോഴുംഇടപ്പള്ളിയുടെ സഹായിയായിരുന്നു. പില്ക്കാലത്തു സുപ്രസിദ്ധ കപ്പിത്താനായീത്തീര്ന്ന കുഞ്ഞാലിമരക്കാരുടെ നേതൃത്വത്തില്‍ ഒരു മാപ്പിളസൈന്യത്തെ ഇടപ്പള്ളിയുടെ സഹായാര്‍ത്ഥം സാമൂതിരി അയച്ചുകൊടുക്കുകയുണ്ടായി. അക്കാലത്ത് ഇടപ്പള്ളിയില്‍ കുടികയറിയ മാപ്പിളമാരുടെ സന്തതിപരമ്പരകള്‍ ഇപ്പോഴും അവിടെധാരാളമുണ്ട്്. വിശേഷദിവസങ്ങളില്‍ രാജകുടുംബത്തില്‍നിന്നും ചില പ്രത്യേകാവകാശങ്ങള്‍ അവര്‍ക്കിപ്പോഴും ലഭിച്ചുവരുന്നു. കൊച്ചിരാജാവിനോടും അവരുടെ സഹായികളായിരുന്ന പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍ എന്നിവരോടും കൂടെക്കൂടെ യുദ്ധംചെയ്ത് കാലക്രമേണ ഇടപ്പള്ളിയുടെ ശക്തി ക്ഷയിച്ചു. എങ്കിലും കൊല്ലവര്‍ഷം ആയിരമാണ്ടുവരെ അത് ഒരു സ്വതന്ത്രരാജ്യമായി നിലനിന്നു. തിരുവിതാംകൂറിലെ ഉഗ്രപ്രതാപവാനായ മാര്ത്താണ്ഡവര്മ്മക്കോ, അദ്ദേഹത്തിന്റെ കര്‍മ്മകുശലനായ മന്ത്രി രാമയ്യനോ ഇടപ്പള്ളിയുടെ ആഢ്യത്വത്തില്‍ കൈകടത്തുവാന് ധൈര്യം വന്നില്ല. കൊല്ലവര്‍ഷം 1000ല്‍ സേതു പാര്‍വതീഭായി തിരുവിതാംകൂര്‍ ഭരിക്കുന്ന കാലത്താണ് ചില നിബന്ധനകളോടെ ഇടപ്പള്ളി ആ രാജ്യത്തില്‍ ലയിച്ചത്. അധികാരത്തില്‍ പറയത്തക്ക കോട്ടമൊന്നും അപ്പോഴും സംഭവിച്ചില്ല; ബ്രാഹ്മണ്യംകൊണ്ടും, പാണ്ഡിത്യംകൊണ്ടും ധന്യരായിരുന്ന ഇടപ്പള്ളി രാജാക്കന്മാരെ അറിഞ്ഞാദരിക്കുന്നതില് തിരുവിതാംകൂര്‍ രാജാക്കന്മാര് ഒരു ലോഭവും കാണിച്ചില്ല. കിളിമാനൂര്‍, വഞ്ഞിപ്പുഴ, പൂഞ്ഞാര്‍, ഇടപ്പള്ളി എന്നീ നാലിടവകകളില് എല്ലാം കൊണ്ടും പ്രഥമസ്ഥാനം ഇടപ്പള്ളിക്കുതന്നെയായിരുന്നു. ഐക്യകേരളസ്ഥാപനത്തിനു ശേഷം ഇടവകകള്‍ നിറുത്തലാക്കപ്പെട്ടപ്പോള് ഇടപ്പള്ളിയും അതില്‍ ലയിക്കുകയാണുണ്ടായത്. രാജ്യാധികാരം പൊയ്പ്പോയിയെന്നല്ലാതെ ഇന്നും ആ രാജകുടുംബത്തിനു പറയത്തക്ക കോട്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.
പണ്ഡിതന്മാരെ അറിഞ്ഞാദരിക്കുന്നതില് കൃതഹസ്തരായിരുന്നു ഇടപ്പള്ളിരാജാക്കന്മാരില് പലരും. ഗീതാഗോവിന്ദത്തെ പശ്ചാത്തലമാക്കി ``അഷ്ടപദിയാട്ടം'' നടപ്പാക്കിയത് ഒരു ഇടപ്പള്ളി രാജാവാണെന്നു പറയപ്പെടുന്നു. ഈ അടുത്തകാലത്തുപോലും കവികള്‍ ഇടപ്പള്ളി രാജാക്കന്മാരെ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്.
``നക്തം ദിവം നിയമ വന്തപ ചിത്തവൃത്ത്യാ-
വക്തവ്യര് ദന്തളിര് മഹീശ്വരഭൂസുരാഢ്യര്.''
എന്നും മറ്റുമുള്ള പ്രയോഗങ്ങള്‍ ഇതിന്നുദാഹരണങ്ങളാണ്. കൊട്ടാരത്തില്‍ ഏതാനും കൊല്ലം മുന്‍പുവരെ സ്ഥിരമായ ഒരു കഥകളി സംഘമുണ്ടായിരുന്നു. പ്രശസ്തരായ പലകഥകളിനടന്മാരും ആ രംഗത്തില്‍ പയറ്റിത്തെളിഞ്ഞവരാണ്. സമസ്തകേരള സാഹിത്യപരിഷത്തിന്റെ ജനയിതാവ് ഇടപ്പള്ളി കൃഷ്ണരാജാവാണല്ലോ -അദ്ദേഹത്തിന്റെ സീമന്തപുത്രനാണ് സുപ്രസിദ്ധ സാഹിത്യകാരനായ ഇടപ്പള്ളി കരുണാകരമേനോന്‍ - ആഢ്യബ്രാഹ്മണരെങ്കിലും കാലഗതി അറിഞ്ഞുനടക്കുവാന് സദാ സന്നദ്ധരായിരുന്നു ഇടപ്പള്ളി രാജാക്കന്മാര്. തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശനം അനുവദിച്ച ഉടന്‍ തന്റെ വകയായ തൊണ്ണൂറ്റി ഒന്‍പതു ക്ഷേത്രങ്ങള്‍ ഹരിജനങ്ങള്‍ക്ക് തുറന്നുകൊടുക്കുവാന്‍ ഇടപ്പള്ളി രാജാവു മടിച്ചില്ല. പുറമേ നിന്നും യാതൊരു പ്രേരണയും സമ്മര്‍ദ്ദവും കൂടാതെയാണ് അദ്ദേഹം അപ്രകാരം ചെയ്തത്. പി.കെ. ഗോവിന്ദപ്പിള്ളി, കെ.എന്‍. നാരായണപ്പിള്ള, നാകപ്പാടി കൃഷ്ണപ്പിള്ള, താനത്തു കൃഷ്ണപ്പിള്ള, ശ്രാമ്പിക്കല്‍ പത്മനാഭമേനവന്‍, തട്ടായത്തു പരമേശ്വരപ്പണിക്കര്‍, സി.ആര്. കേരളവര്‍മ്മ (വിക്രമന്), രവിവര്‍മ്മ മുതലായി പ്രശസ്തരും പ്രഗത്ഭരുമായ പലേ സാഹിത്യകാരന്മാര് ഈ അടുത്തകാലത്തും ഇടപ്പള്ളിയെ അനുഗ്രഹിച്ചിട്ടുണ്ട്. അവരില്‍ പലരും ഇന്നും പ്രശസ്തരായി ജീവിതം നയിച്ചു വരുന്നു .
ഇന്നത്തെ എറണാകുളം ജില്ലയില്‍പെട്ട കണയന്നൂര്‍ താലൂക്കിലാണ് ഇടപ്പള്ളി സ്ഥിതി ചെയ്യുന്നത്. ആലുവയുടേയും എറണാകുളത്തിന്റെയും ഇടയ്ക്കു കിടക്കുന്ന ഒരു ഗ്രാമം. ഹൈസ്കൂള്‍, പോസ്റ്റോഫീസ്, പോലീസ് സ്റ്റേഷന്, റെയില്വേസ്റ്റേഷന്, ആശുപത്രി ചന്തകള്‍ ഇങ്ങനെ ഒരു ചെറുനഗരത്തിനു വേണ്ട എല്ലാവിധ സഥാപനങ്ങളും അവിടെയുണ്ട്. ഭരണപരമായി തിരുവിതാംകൂറിന്റെ ഒരുഭാഗമായിരുന്നുവെങ്കിലും സാംസ്കാരികമായും സാമ്പത്തികമായും തൊട്ടടുത്തുകിടക്കുന്ന കൊച്ചി രാജ്യത്തോടാണ് ഇടപ്പള്ളി കൂടുതല്‍ ബന്ധം പുലര്‍ത്തിവന്നത്. കിഴക്കുവശത്തു പൊങ്ങിപ്പരന്നുകിടക്കുന്ന തൃക്കാല്‍ക്കര കുന്നുകള്‍-സുപ്രസിദ്ധമായ തൃക്കാക്കര ക്ഷേത്രം ഇവിടെയാണു സ്ഥിതിചെയ്യുന്നത് - പടിഞ്ഞാറുഭാഗം പൊട്ടിച്ചിരിച്ചുകിടക്കുന്ന പഞ്ചസാരമണല്‍, തെക്കും വടക്കും ഭാഗങ്ങള്‍ പെരിയാറിനോടു ബന്ധപ്പെട്ടുപോകുന്ന ജലവിതാനങ്ങള്‍, ഇങ്ങനെ പ്രകൃതീദേവിയാല് സുതരാം അനുഗ്രഹീതരായ ഒരു ഗ്രാമമത്രേ ഇടപ്പള്ളി. വേണമെങ്കില്‍ ഇതിനെ വിശാലകേരളത്തിന്റെ ഒരു കൊച്ചു പ്രതീകമായി കണക്കാക്കാം. ആ അനുപമ മനോഹാരിത മുഴവന്‍ അവിടെ സംഗ്രഹിക്കപ്പെട്ടിട്ടുണ്ടെന്നു സാരം. ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുക്കളത്രെ. ക്രിസ്ത്യാനികളും മുഹമ്മദീയരും കുറവല്ലതാനും. ഹിന്ദുക്കള്‍ക്ക്, സുപ്രസിദ്ധമായ ഇടപ്പള്ളി ഗണപതിക്ഷേത്രമെന്നപോലെ ക്രിസ്ത്യാനികള്‍ക്ക് അവിടത്തെ പള്ളിയും മികച്ച ആരാധനാകേന്ദ്ര മാണ്. ഏലൂര്‍, ആലുവാ, കളമശ്ശേരി, തൃപ്പൂണിത്തുറ, എറണാകുളം മുതലായ വ്യാവസായിക കേന്ദ്ര ങ്ങളാല്‍ വലയിതമായ ഇടപ്പള്ളിക്ക് കേരളത്തിന്റെ സാമ്പത്തികപടത്തില് ഒരു പ്രമുഖസ്ഥാനം നേടാന്‍ ധാരാളം സാദ്ധ്യതകളുണ്ട്.
ഇടപ്പള്ളിയില്‍ അതിപുരാതനമായ ഒരു നായര്തറവാടത്രേ ചങ്ങമ്പുഴ, പരമ്പരയായിത്തന്നെ ഇടപ്പള്ളിത്തമ്പുരാക്കന്മാരുടെ പടനായകന്മാരായിരുന്നൂ ചങ്ങമ്പുഴക്കുടുംബക്കാര്. അവര്‍ക്കു ``പണിക്കര്‍'' സ്ഥാനവും നല്കപ്പെട്ടിട്ടുണ്ട്. കൊല്ലവര്‍ഷം 650-മാണ്ടിടയ്ക്ക്, ഒരുകുടുംബത്തിലെ ഒരംഗവും അത്ഭുതപരാക്രമിയും ഉഗ്രമന്ത്രവാദിയുമായിരുന്ന ഒരാള്‍ അസൂയാലുക്കളുടെ ഏഷണിയാല്‍ രാജകോപത്തിനു പാത്രമാവുകയും അപമാനഭാരം താങ്ങാനാകാതെ ഗണപതിക്ഷേത്രത്തിനുമുന്പില് ആത്മഹത്യ ചെയ്യുകയും ചെയ്തു. ഈ സംഭവത്തെ പശ്ചാത്തലമാക്കി ഇടപ്പള്ളിക്കരുണാകര മേനവന് ``ചങ്ങമ്പുഴ വീരമാര്ത്താണ്ഡന്'' എന്ന പേരില്‍ ഒരു നാടകം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാര്ത്ഥാണ്ഡന്റെ ആത്മാവിനെ ആവാഹിച്ച് അടുത്തുള്ള ഭഗവതിക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. അവിടെ ഇന്നും ജനങ്ങള്‍ ആരാധന നടത്തിവരുന്നുണ്ട്. ചങ്ങമ്പുഴ ഭവനത്തിനു കിഴക്കും പടിഞ്ഞാറും പെരുവഴികളാണ്. തെക്കുഭാഗത്ത് തേവന്കുളങ്ങര ക്ഷേത്രവും ഗവര്‍മേണ്ട് സ്കൂളും സ്ഥിതിചെയ്യുന്നു. വടക്കുവശത്ത് പരദേശബ്രാഹ്മണരുടെ സമൂഹമഠമാണ്. ഈ അതിരുകള്‍ക്കുള്ളില്‍ ഉദ്ദേശം ഒന്നര ഏക്കര്‍ സ്ഥലത്ത് വിസ്താരം വരുന്ന പുരയിടത്തിനു നടുക്ക് ചങ്ങമ്പുഴ ഭവനം സ്ഥിതിചെയ്യുന്നു. പുരയിടം മുഴുവന്‍ തന്നെ ഫലവൃക്ഷ നിബിഢമത്രേ. പുരാതനഭവനത്തിന് കൃഷ്ണപിള്ള തന്റെ അന്ത്യഘട്ടത്തില്‍ ചില പുറംമോടികളെല്ലാം വരുത്തിയെങ്കിലും അത് ഒരു പഴയ നായര്‍തറവാടിന്റെ പ്രത്യേക വടിവില്‍ ഇന്നും നിലനില്ക്കുന്നു. കുടുംബ ഐശ്വര്യത്തിന്റെ സുവര്ണ്ണശൃംഗത്തില് നിന്നും ദാരിദ്ര്യത്തിന്റെ അഗാധതരത്തിലേക്കും അടിതെറ്റിവീണ അവസരത്തിലാണ് നമ്മുടെ കഥാനായകന്റെ ജനനം. മാതാപിതാക്കളുടേയും കാരണവന്മാരുടേയും പരിലാളനം ആ കുമാരനു സമൃദ്ധമായി ലഭിച്ചു. സൗകുമാര്യവും, സല്‍സ്വഭാവവും ആ ബാലനെ സുതരാം അനുഗ്രഹിച്ചിരുന്നു. എന്നാല്‍ ദേഹബലം അത്രമാത്രം അഭികാമ്യമായിരുന്നില്ല.
അധ്യായം രണ്ട്
കണ്ടുമുട്ടി
കുംഭമാസത്തില്‍ ഭരണി. ഇടപ്പള്ളിയിലെ സുപ്രസിദ്ധ ഭഗവതീക്ഷേത്രമായ ദേവന്‍കുളങ്ങര പരിസരത്തില്‍ ജനങ്ങള്‍ തിങ്ങിക്കൂടിയിരിക്കുന്നു. ചൂടിന്റെ ശക്തി കുറഞ്ഞുതുടങ്ങുന്നതേയുള്ളൂ. എങ്കിലും കൊച്ചിക്കായലില്നിന്നും വരുന്ന കുളിര്‍കാറ്റ് ഒട്ടൊരു സമാശ്വാസം നല്‍കുന്നുണ്ട്. അമ്പലവളപ്പ് ഒരു ചന്തയായി മാറിയിരിക്കുകയാണ്. അവിടെ തൂക്കം നടക്കുവാന്‍ പോകുന്നു. പണ്ടൊക്കെ ഭഗവതീക്ഷേത്രങ്ങളില്‍ നരബലി കൊടുക്കുക പതിവായിരുന്നുവത്രേ. അതിന്രെ സ്മാരകമായിട്ടാണ് ഇന്ന് തൂക്കം നടത്തിവരുന്നത്. മരത്തിനാല്‍ നിര്‍മിക്കപ്പെട്ട ഒരു ചാടില്‍ ഒരാളെ ഇരുമ്പുകൊളുത്തില്‍ തൂക്കിയിട്ട് അമ്പലത്തിന്നു പ്രദക്ഷിണം വെക്കുന്ന ഏര്പ്പാടിന്നാണ് തൂക്കം എന്നു പറയുന്നത്. മധ്യകേരളത്തില്‍ പലേ പ്രസിദ്ധക്ഷേത്രങ്ങളിലും ഈ ഏര്‍പ്പാട് ഇന്നും നടന്നുവരുന്നു. താഴെ ഒരാള്‍ നിന്ന് ചില പയറ്റുമുറകള്‍ കാണിക്കും. അതിന്നനുയോജ്യമായ താളമേളങ്ങളുമുണ്ടായിരിക്കും. കൊളുത്തില്‍ തൂങ്ങുന്നയാള്‍ താഴത്തെപ്പയറ്റ് അനുകരിക്കുവാന്‍ നിര്‍ബ്ബന്ധിതനാണ്. അയാളുടെ പ്രാണവേദനയെ വിഗണിച്ചും ചിരിക്കേണ്ടിയിരിക്കുന്നു. ഇതില്‍നിന്നാണ് ``തൂക്കക്കാരന്റെ ചിരി'' എന്ന സുവിശേഷശൈലി നമ്മുടെ ഭാഷയില്‍ ഉണ്ടായത്.
അമ്മ എന്നേയും എന്റെ സഹോദരിയേയും കൈയ്ക്കുപിടിച്ചുകൊണ്ട് ക്ഷേത്രസന്നിധിയില്‍ എത്തി. അവിടെ അപ്പോള്‍ പടയണിയുടെ ബഹളമായിരുന്നു. ``തപ്പ്'' എന്ന ഭയങ്കരവാദ്യത്തിന്റെ മേളത്തിനൊത്ത് ലഹരിമത്തരായ ചിലര്‍ മരക്കൊമ്പുകളും മറ്റും വഹിച്ചു തള്ളിക്കുതിച്ചുപോകുന്ന ഏര്‍പ്പാടിനാണ് പടയണിയെന്നു പറയുന്നത്. പണ്ടത്തെപടപ്പുറപ്പാടുകളുടെ ഒരു അനുകരണമായിരിക്കണം പടയണി. തൂക്കത്തോടനുബന്ധിച്ചു പടയണിയും നടത്തുക പതിവാണ്. പലപ്പോഴും പരസ്പരവിരോധം തീര്‍ക്കുവാനുള്ള ഒരു ഉപാധിയായും പടയണി പരിണമിക്കാറുണ്ട്. തൂക്കം അമ്പലനടയ്ക്കല്‍ എത്തി. അമ്മ ചൂണ്ടിക്കാണിച്ചുപറഞ്ഞു: ``നോക്കു മോനേ, ദേ, അതാണു തൂക്കം ഇക്കൊല്ലം നമ്മുടെ വവ്വാലു രാമന്നായരാ തൂങ്ങണെ.'' ഞാന്‍ മുകളിലേക്കു നോക്കി. വവ്വാലു രാമന്നായര് ചാട്ടിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്നു. തലയില്‍ ചുവപ്പുവസ്ത്രത്താല് ഒരു കെട്ട്, നെറ്റിയില്‍ കുങ്കുമച്ചാര്‍ത്ത്, കഴുത്തില്‍ നീളമേറിയ ചെത്തിപ്പൂമാല, കൈകളില്‍ വാളും പരിചയും. മാരകമായ ഒരുപുഞ്ചിരി ഇടയ്ക്കിടെ ആ മുഖത്തു പൊങ്ങിമറയുന്നു. അങ്ങനെയൊന്നു തൂങ്ങുവാന്‍ എനിക്കും ആശതോന്നി.രാമന്നായരെ എനിക്കു പണ്ടേ തന്നെപരിചയമാണ്. അയാള്‍ അമ്മാവന്മാരെ കാണാന്‍ പലപ്പോഴും വീട്ടില്‍ വരുന്നതും, ചക്കപ്പുഴുക്കും കഞ്ഞിയുമെല്ലാം മൂക്കറ്റം ചെലുത്തി തിരിച്ചുപോകുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അമ്മയെ പ്രീണിപ്പിക്കുവാന്വേണ്ടി ചിലപ്പോഴൊക്കെ എന്നെയെടുത്തു താലോലിക്കുന്നതായി അഭിനയിക്കാറുമുണ്ട് അടുക്കള ഭരണം അമ്മയുടെ അവകാശമായിരുന്നല്ലോ . അച്ഛന് വീട്ടിലുള്ള അവസരമാണെങ്കില്‍ ``എന്റെ കുട്ടനെ ഉപദ്രവിക്കല്ലേടോ.'' എന്നു വിലക്കുകയും ചെയ്തിരുന്നു. തൂക്കക്കാരന് ഏതാനും ദിവസത്തെ ആഹാരവും കുറച്ചു പണവും ക്ഷേത്രത്തില്‍നിന്നും കിട്ടും. അതിനാല്‍ അതിന്നും ആവശ്യക്കാര്‍ ധാരളമുണ്ടായിരുന്നു. എങ്കിലും പ്രധാനകുടുംബങ്ങളുടെ പിന്തുണയുണ്ടായിരുന്നതിനാല് പ്രായേണവവ്വാലു രാമന് നായര്ക്കുതന്നെയാണ് അക്കാലങ്ങളില്‍ ഈ ``മഹാഭാഗ്യം'' ലഭിച്ചുവന്നത്. അയാള്‍ക്ക് ഉദരപൂരണത്തിനുള്ള ബഹുകൃതവേഷങ്ങളില്‍ ഒന്നായിരുന്നു അത്.
ഞങ്ങള്‍ ക്ഷേത്രനടയില്‍ കുറച്ചുകൂടെ അടുത്തുനിന്നു. ആശാന് ചില പയറ്റുമുറകളെല്ലാം താഴെനിന്നു കാണിക്കുകയാണ്. തൂക്കക്കാരന് അത് അനുകരിക്കുന്നു. വാദ്യങ്ങള്‍ ഉച്ചസ്ഥായിയില്‍ മുഴങ്ങുന്നു. എനിക്ക് വളരെ രസം തോന്നി. മുന്പില്നിന്ന ഒരു കുട്ടിയെടു മുതുകില്‍ ഞാനും ഒന്നു ചെണ്ടകൊട്ടിനോക്കി. കുറച്ചുനേരത്തേക്ക് ആ കുട്ടി അറിഞ്ഞതേയില്ല. പിന്നെ പെട്ടെന്നാണു തിരിഞ്ഞുനോക്കിയത്. ഉടനെ അടുത്തുനിന്നിരുന്ന മധ്യവയസ്കയായ ഒരു സ്ത്രീയുടെ ഉടുപുടവയില്‍ പിടിച്ചു കൊണ്ടു പറഞ്ഞു: ``അമ്മേ, ഇതു നോക്കൂ ഈ കുട്ടി,'' അതിനു മുന്‍പുതന്നെ ``അരുതുമോനെ'' എന്നു പറഞ്ഞു എന്റെ അമ്മ എന്നെ വിലക്കിയിരുന്നു. മറ്റേ സ്ത്രീ തിരിഞ്ഞുനോക്കിയതും എന്റെ അമ്മയെയാണു കണ്ടത് ``അല്ലാ, ഇതാരാ അമ്മാളുച്ചേച്ച്യോ? ഞാന്‍ കണ്ടില്ലാട്ടോ'' അവര്‍ സാകൂതം പറഞ്ഞു. ``മോനേ, ഇതു നിന്റെ ചേട്ടനാണ്. ഉപത്രവിക്കൂല്ല.'' അവര്‍ മകനേയും സമാധിപ്പിച്ചു. ഞങ്ങള്‍ പരസ്പരം നോക്കി. ബാലസഹജമായ കൗതുകത്തോടെ ഒന്നു ചിരിച്ചു. സ്വര്ണ്ണക്കമ്പിപോലെ മെലിഞ്ഞ ശരീരം, കാതില്‍ കല്ലുവെച്ച കടുക്കന്‍, സ്വര്‍ണ്ണ അരഞ്ഞാണവും പട്ടുകൗപീനവും വെളിയില്‍ കാണത്തക്കവണ്ണമുള്ള പുളിയിലക്കരയന്‍ പാവുമുണ്ട്. ഒറ്റനോട്ടത്തില്‍ തന്നെ ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ടു. എനിക്കാകുട്ടിയെ വളരെ പിടിച്ചു. ജീവിതകാലമത്രയും നീണ്ടുനില്‍ക്കുന്ന ഒരു മാതൃകാസൗഹൃദത്തിന്റെ വിത്താണ് ഞങ്ങളവിടെ പാകിയതെന്ന് അന്നശേഷം അറിഞ്ഞില്ല. ആ കുട്ടിയുടെ അമ്മാവന് ഗോവിന്ദപ്പണിക്കരായിരുന്നു. തറയില്‍നിന്ന് പയറ്റിയിരുന്ന ആശാന്. അവര്‍ കരയില്‍ ആശാന്മാരായിരുന്നതിനാല് ആ അവകാശം അവര്‍ക്കായിരുന്നു. ``പാര്ക്കുട്ടി എന്നാ വന്നത്? കണ്ടിട്ടിശ്ശി നാളായല്ലോ . '' എന്റെ അമ്മ മറ്റെ സ്ത്രീയോടു ചോദിച്ചു. ``ഞാന്‍ വന്ന് രണ്ടുമൂന്നു ദിവസമായി. കൊച്ചൂട്ടന്റച്ഛന് വന്നിട്ടില്ല. രണ്ടുമൂന്നുദിവസത്തിനകം കൊച്ചിക്കുതന്നെ തിരിച്ചുപോകും. '' അക്കാലങ്ങളില്‍ കൊച്ചുകുട്ടന്റെ അമ്മ ഭര്‍തൃഗൃഹത്തില്‍ കൊച്ചിയിലാണ് അധികവും താമസിച്ചിരുന്നത്. അവരുടെ സംഭാഷണം നാട്ടുകാര്യങ്ങളിലും വീട്ടുകാര്യങ്ങളിലും വ്യാപരിച്ചു. ഞങ്ങള്‍ തൂക്കക്കാരന്റെ ``പയറ്റിലും പരാക്രമ''ത്തിലും ബദ്ധശ്രദ്ധരായി.
സന്ധ്യയോടടുത്തപ്പോള്‍ തൂക്കത്തിന്റെ ബഹളങ്ങളെല്ലാം ഒരുവിധം അവസാനിച്ചു. ഞങ്ങള്‍ കൃഷ്ണന്‍കുട്ടിയുടെ അമ്മയുടെ ക്ഷണനപ്രകാരം ചങ്ങമ്പുഴ ഭവനത്തിലേക്കു പോയി. ക്ഷേത്രത്തിനു വളരെ അടുത്താണ് ആ ഭവനം. മുന്‍വശത്ത് സന്ധ്യാദീപം കൊളുത്തിയിരുന്നു. ഞങ്ങള്‍ അവിടെയിരുന്നു ഭക്തിപാരവശ്യത്തോടെ സന്ധ്യാകീര്‍ത്തനം ചൊല്ലി. ഞാനും സഹോദരിയും ചേര്‍ന്ന് ``കല്ലിന്മേലും മലമേലും മുള്ളിലും തല്ലിയന്തകനെന്നെയിഴയ്ക്കുമ്പോള്, അല്ലല്പോക്കുവാനായിട്ടു കാണേണം തൃപ്പൂണിത്തുറ മേവും നാരായണാ.'' എന്നു നീട്ടിച്ചൊല്ലിയത് അവര്‍ക്കേവര്‍ക്കും വളരെപ്പിടിച്ചു. ആ ``നാരായണാ'' വിളി അങ്ങ് ആറുമൈലകലെ തൃപ്പൂണിത്തുറക്ഷേത്രത്തില്‍ പ്രതിഷ്ഠിതനായ ഭഗവാനെക്കൂടി ഉണര്‍ത്തിക്കൊണ്ടുവരാന്‍ പര്യാപ്തമാകുമാറ് അത്രമാത്രം ഭക്തിപ്രാചൂര്യമുറ്റതായിരുന്നു. കൃഷ്ണന്‍കുട്ടി അതേറ്റുപാടി. കൊച്ചിയില്‍നിന്നും കൊണ്ടുവന്ന കുറേയേറെ കളിപ്പാട്ടങ്ങള്‍ കൃഷ്യണന്കുട്ടി ഞങ്ങളെ കാണിച്ചു. വളരെ കൗതുകകരങ്ങളായിരുന്നു അവയെല്ലാംതന്നെ നല്ല കടുംചായയും, സ്വാദുറ്റ ഒന്നുരണ്ടു ബിസ്കറ്റുകളും, ഞങ്ങള്‍ക്കുകിട്ടി. എന്റെ വീട്ടില്‍ അക്കാലത്തെല്ലാം പൊടിയരിക്കഞ്ഞിയുടെ തേര്വാഴ്ചയായിരുന്നതിനാല് ഗ്ലാസില്കിട്ടിയ ആ ``ചുവന്നവെള്ളം'' എനിക്ക് വളരെയേറെ ഹൃദ്യമായിത്തോന്നി. അതിനായി ഏതാനും ദിവസം വീട്ടില്‍ ശാഠ്യം പിടിക്കുകയും ചെയ്തു. നിരാഹാരവ്രതവും അനുഷ്ഠിച്ചുനോക്കി. പക്ഷേ, അമ്മാവന്റെഒന്നുരണ്ട് ഈര്‍ക്കില്‍ പ്രയോഗത്തോടെ അതവസാനിപ്പിക്കേണ്ടതായിട്ടാണ് വന്നുചേര്‍ന്നത്. ഞങ്ങള്‍ യാത്രപറഞ്ഞു. പിരിഞ്ഞു.
പിറ്റേദിവസം കൃഷ്ണന്‍കുട്ടിയും അമ്മയും എന്റെ വീട്ടില്‍വന്നു. ഞാനും കൃഷ്്ണന്കുട്ടിയും ഇതിനകം തന്നെ ചങ്ങാതികളായിക്കഴിഞ്ഞിരുന്നു. ഇടപ്പള്ളിത്തമ്പുരാന്റെ ആറുവീട്ടുകാരില്പെട്ട ഒന്നാണ് എന്റെ കുടുംബം. പരമ്പരയായിത്തന്നെ ഈ രണ്ടുകുടുംബങ്ങളും ബന്ധുത്വം പുലര്‍ത്തിവന്നു. ധനഃസ്ഥിതിയിലും മറ്റും അക്കാലത്ത് രണ്ടു കുടുംബങ്ങളും സമാനസ്ഥിതിയിലുമായിരുന്നു. കേവലം രണ്ടു ഫര്ലാങ്ങുമാത്രമാണീ രണ്ടു ഗൃഹങ്ങള്‍ക്കും ഇടയിലുള്ള ദൂരം. കുടുംബാംഗങ്ങള്‍ കൂടെക്കൂടെ പരസ്പരം സന്ദര്‍ശിക്കുക സാധാരണമായിരുന്നു. ഇടപ്പള്ളിക്കൊട്ടാരത്തിലെ സേവനമായിരുന്നു രണ്ടുകുടുംബങ്ങളുടേയും ജീവിതമാര്‍ഗ്ഗം. കൃഷ്ണന്‍കുട്ടിയെ മറ്റു പല അവസരങ്ങളിലും ഇതിനുമുന്‍പുതന്നെ ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന ആദ്യ സന്ദര്‍ശനം ഇതാണ്.
കൊല്ലവര്‍ഷം 1087 കന്നിമാസം 24-ാം തീയതി ചൊവ്വാഴ്ച ഭരണിനക്ഷത്രത്തിലാണ് കൃഷ്ണന്‍കുട്ടി ഭൂജാതനായത്. കൊച്ചി മട്ടാഞ്ചേരി തെക്കേടത്തു നാരായണമേനവന്റേയും ചങ്ങമ്പുഴ പാറുക്കുട്ടിഅമ്മയുടേയും ആദ്യസന്താനമായിരുന്നു കൃഷ്ണന്‍കുട്ടി. കൃഷ്ണന്‍കുട്ടിയുടെ ജനനകാലത്ത്, അമ്മ, അമ്മയുടെ അമ്മ, അമ്മയുടെ അനുജത്തി, രണ്ടമ്മാവന്മാര് -രാമപ്പണിക്കരും, ഗോവിന്ദപ്പണിക്കരും -ഇത്രയും പേരായിരുന്നു
ആകുടുംബത്തിലെ ഇതരഅംഗങ്ങള്. അമ്മാവന്മാരും ഇടപ്പള്ളിക്കൊട്ടാരത്തിലെ സേവകന്മാരായിരുന്നു. പിതാവായ നാരായണമേനവന് ഒരു വക്കീല്‍ ഗുമസ്തനായിരുന്നു. കൊച്ചിയില്‍ ചില സേട്ടുമാരുടെ കടയില്‍ കണക്കെഴുത്തും അദ്ദേഹത്തിനുണ്ടായിരുന്നു. കുടുംബത്തിലെ ദാരിദ്ര്യം ബാലനായ കൃഷ്ണന്‍കുട്ടിയെ അശേഷം അലട്ടിയില്ല. പുത്രവത്സലനായ പിതാവ് ഓമനമകനെ കഴിവില്‍ കവിഞ്ഞ സുഖത്തിലാണ് വളര്‍ത്തിയത്. ആലശീലകളൊന്നും തന്നെ അക്കാലത്ത് ആ ബാലന് അശ്ശേഷം അറിഞ്ഞില്ല. കുടുംബത്തിലെ ഏക സന്താനമെന്ന നിലയില്‍ എല്ലാവരുടേയും പരിലാളനങ്ങള്‍ക്ക് ആ ബാലന് പാത്രമായിരുന്നു. ധാരാളം ഭാര്യമാരുണ്ടായിട്ടും പുത്രിമാരില്ലാതിരുന്നതിനാല് വലിയമ്മാവനും ഗോവിന്ദപ്പണിക്കരും, ധാരാളം പെണ്‍കുട്ടികളുടെ പിതാവാകയാല്‍ അവരുടെ ഭാവിയില്‍ കണ്ണുവെച്ചുകൊണ്ടുതന്നെ ചെറിയമ്മാവന് രാമപ്പണിക്കരും കൃഷ്ണന്‍കുട്ടിയെ നന്നെ ലാളിച്ചു. കൊച്ചിയിലും ഇടപ്പള്ളിയിലും മാറിമാറി താമസിച്ചിരുന്നതിനാല്‍ പ്രകൃതിസൗന്ദര്യം തികച്ചും ആസ്വദിക്കുവാനുള്ള ഭാഗ്യം കൃഷ്ണന്‍കുട്ടിയ്ക്ക് ബാല്യത്തില്‍തന്നെ സിദ്ധിച്ചു. പിതാവ് സംസ്കൃതത്തില്‍ നല്ല പാണ്ഡിത്യമുള്ള ആളായിരുന്നതിനാല്‍ ആ അത്ഭുതകരമായ കവിതാവാസനയുടെ ഉറവിടം അതായിരിക്കേണമെന്ന് അഭ്യൂഹിക്കുന്നതില്‍ തെറ്റില്ല. കൃഷ്ണന്കുട്ടിക്കുമുന്പ് ആ കുടുംബത്തില്‍ സാഹിത്യ `ഭ്രാന്തന്മാര്' ഉണ്ടായിരുന്നതായി അറിവില്ല.
ധനപരമായ സമ്പാദ്യമൊന്നും പിതാവില്‍നിന്നു ചങ്ങമ്പുഴക്കുലഭിച്ചിട്ടില്ല. എങ്കിലും തന്റെ പുത്രനെ ഒരു സമുന്നത സ്ഥാനത്തെത്തിക്കണമെന്ന് പുത്രവത്സലനായ പിതാവിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. തന്റെ ഉഗ്രശാസനയില്‍ പുത്രനെ ഒതുക്കിനിര്‍ത്തുവാന്‍ പിതാവ് കിണഞ്ഞു പരിശ്രമിച്ചു. എന്നാല്‍ അതില്‍നിന്നും സാമര്‍ത്ഥ്യപൂര്‍വ്വം വഴുതിപ്പോരുവാന് ആ ബാലനു കഴിഞ്ഞിരുന്നു. മാതൃസന്നിധിയില്‍ ഒരു സ്വച്ഛന്ദവിഹാരിയായിരുന്നു നമ്മുടെ ബാലന്. കൃഷ്ണന്‍കുട്ടിയുടെ പത്താമതു വയസ്സിലാണ് അച്ഛന് മരിച്ചുപോയത്. ആ മരണം ഒരനുഗ്രഹമായിട്ടത്രേ സ്വാതന്ത്രേ്യച്ഛുവായ പുത്രന് കണക്കാക്കിയത്. അഥവാ, അതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിക്കുവാന്‍ കഴിവുറ്റ പ്രായമല്ലായിരുന്നല്ലോ അത്. ആ കടുത്ത ആഘാതത്തില്‍ ആ കുടുംബജീവിതം അമ്പെ നിലതെറ്റി. അതിന്റെ വിദൂരഫലങ്ങള്‍ ആ സാധുബാലന്‍ ജീവിതകാലം മുഴുവന്‍ തന്നെ അനുഭവിക്കേണ്ടിവന്നു. അങ്ങനെ ഇടപ്പള്ളിക്കൊട്ടാരത്തില് നിന്നും ലഭിക്കുന്ന തുച്ഛമായ ആദായത്താല്മാത്രം പുലരുവാന്‍ ആ കുടുംബം നിര്‍ബന്ധിതമായി. ആ ബാലജീവിതം അന്ധകാരത്തിന്റെ അടിത്തട്ടിലേക്ക് അനുദിനം ആണ്ടിറങ്ങി. അങ്ങനെ വിഷാദാത്മകതയുടെ ആദ്യാങ്കുരങ്ങള്‍ അക്കാലത്തുതന്നെ ആ കുരുന്നു ഹൃദയത്തില്‍ നാമ്പെടുക്കുവാന്‍ ഇടയായി. ആശ നിരാശയ്ക്കു വഴിമാറിക്കൊടുത്തു.
അധ്യായം മൂന്ന്
സഹപാഠികള്‍
ഏതാണ്ട് ഒരേ കാലത്താണ് ഞങ്ങള്‍ സ്കൂളില്‍ ചേര്‍ന്നത്. അക്കാലത്ത് ഇടപ്പള്ളിയില്‍ ഏഴുക്ലാസുവരെയുള്ള മലയാളം ബോയ്സ് ഹൈസ്കൂളും, ഗേള്‍സ് സ്കൂളും, തേഡ് ഫോം വരെയുള്ള ഇംഗ്ലീഷ് സ്കൂളുമാണുണ്ടായിരുന്നത്. ഇതു മൂന്നും ഗവണ്മെന്റു സ്ഥാപനങ്ങളായിരുന്നുതാനും. ഇവ കൂടാതെ പരിസരങ്ങളില്‍ ഏതാനും പള്ളിസ്കൂളുകളും ഉണ്ടായിരുന്നു. സാധാരണക്കാര്‍ നാലു ക്ലാസു വരെയും, അടുത്ത പടിക്കാര് ഏഴുവരേയും പഠിക്കും. തുടര്‍ന്ന് മലയാളത്തില്‍ ഉപരിപഠനത്തിന് മാര്‍ഗ്ഗവും ഉണ്ടായിരുന്നു. അല്പം ചില ഭാഗ്യവാന്മാര് നാലാം ക്ലാസുപാസായാല് ഇംഗ്ലീഷ് സ്കൂളില്‍ പ്രിപ്പാട്ടറി വകയില്‍ പോയി ചേര്‍ന്നിരുന്നു. അവര്‍ തേഡ് ഫോറം വരെയോ അഥവാ സ്കൂള്‍ ഫൈനല്‍ വരെയോ പഠിച്ച് സാമാന്യ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരുന്നു. കോളേജില്‍ ചേരുന്നവരുടെ സംഖ്യ വളരെ കുറവായിരുന്നു. മലയാളത്തില്‍ ഏഴാം ക്ലാസോ, ഇംഗ്ലീഷില്‍ സ്കൂള്‍ ഫൈനലോ ജയിച്ചാല്‍ ഒരു ഗവണ്മെന്റുദ്യോഗം കിട്ടുവാന്‍ അശേഷം വിഷമമുണ്ടായിരുന്നില്ല. അഭ്യസ്തവിദ്യരുടെ ഇടയില്‍ തൊഴിലില്ലായ്മ അക്കാലത്തു തീരെ ഇല്ലായിരുന്നു എന്നു പറയാം. മലയാളം ബോയ്സ് സ്കൂളിലാണ് ഞങ്ങള്‍ വിദ്യാഭ്യാസം ആരംഭിച്ചത്. കേവലം അഞ്ചുവയസ്സുമാത്രം പ്രായമായ ഞങ്ങള്‍ സി. കൃഷ്ണപിള്ളയും, ജി. പരമേശ്വരന് പിള്ളയുമായി മാറി. പറയത്തക്ക സംഭവവികാസങ്ങളൊന്നും അക്കാലത്തുണ്ടായിരുന്നതായി ഓര്‍ക്കുന്നില്ല. ഞങ്ങളുടെ സൗഹാര്‍ദ്ദം ദൈനംദിനം വളര്‍ന്നുവന്നു. ദിവസവും പള്ളിക്കൂടത്തില്‍ പോകുവാന്‍ കൃഷ്ണന്‍കുട്ടി എന്നെക്കാത്തുനില്ക്കുമായിരുന്നു. ആ വഴിക്കായിരുന്നു എന്റെ സ്കൂള്‍യാത്ര. പ്രിയപുത്രന് എന്റെകൂടെ വരുന്നതില്‍ കൃഷ്ണന്‍കുട്ടിയുടെ മാതാപിതാക്കന്മാര്ക്ക് തികഞ്ഞ തൃപ്തിയുണ്ടായിരുന്നു. `അവനൊരു നല്ല പയ്യനാ''ണെന്നായിരുന്നു അവരുടെ അഭിപ്രായം. ഞാനും കൃഷ്ണന്‍കുട്ടിയും ആത്മമിത്രങ്ങളായി.
ഞങ്ങള്‍ നാലാംക്ലാസ്സില്‍ പഠിക്കുന്നകാലം. അതിസമര്‍ത്ഥനായ അധ്യാപകന് - ചേരിയില്‍ ഗോപാലപിള്ളസ്സാര്‍ - തിരുവിതാംകൂര്‍ ചരിത്രത്തിലെ ആ നിത്യാശോകരംഗം - കളിപ്പാന്‍കുളം സംഭവം - പഠിപ്പിക്കുകാണ്. ഉമയമ്മറാണിയുടെ അഞ്ചിളം പൈതങ്ങളെ ഉഗ്രപ്രതാപനായ രാമനാമഠത്തില്‍പിള്ള ചന്ദ്ര ികാചര്ച്ചിതമായ ഒരു വാസന്തരാത്രിയില്‍ കബളിപ്പിച്ചു കൂട്ടിക്കൊണ്ടുപോയി കളിപ്പാന്‍കുളത്തില്‍ നിര്‍ദ്ദയം മുക്കിക്കൊല്ലുന്നു. കുട്ടികള്‍ക്ക് രാത്രി ആഹാരത്തിനു പാല്ക്കഞ്ഞിയുംവെച്ചു കാത്തിരിക്കുന്ന മാതാവ് ഈ ദാരുണസംഭവം അറിഞ്ഞ് വാവിട്ടുകേഴുന്നു. റാണിയുടെ ദയനീയവിലാപം, നാട്ടുകാരുടെ അനുശോചനം, നാടിന്റെ അനാഥാവസ്ഥ, ഇവയെല്ലാം സരസനും സമര്‍ത്ഥനും ആയ അധ്യാപകന് സ്വതസിദ്ധമായ പാടവത്തോടെ കുട്ടികള്‍ക്കു വിവരിച്ചുകൊടുക്കുകയാണ്. വിദ്യാര്‍ഥികള്‍ ശോകമൂകരായി, നിര്ന്നിമേഷാക്ഷികളായി അദ്ധ്യാപകനെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നു.
ആ സമയത്ത് ക്ലാസ്സിന്റെ ഇരുഭാഗത്തുനിന്നും ഉല്‍ക്കടമായ പൊട്ടിക്കരച്ചിലിന്റെ ശബ്ദങ്ങള്‍ ഉയര്‍ന്നു. സംഭ്രാന്തരായ കുട്ടികള്‍ നാലുപാടും നോക്കി: ``സാര്‍ സാര്‍, സി. കൃഷ്ണപിള്ളയും, ജി. പരമേശ്വരന്‍പിള്ളയും കരയുന്നൂ സാര്‍.'' അവര്‍ ഏകസ്വരത്തില്‍ വിളിച്ചുപറഞ്ഞു: പരിഭ്രാന്തരായ അധ്യാപകന് പ്രസംഗം നിറുത്തി ഞങ്ങളുടെ അടുക്കലേക്ക് ഓടിവന്നു. ആ ഗുരുനാഥന് കരുണാപുരസസരം അന്വേഷിച്ചു: ``എന്റെ കുട്ടികളെ, എന്തിനാ കരയണേ?'' ആ കളിപ്പാന്‍ കുള സംഭവമാണ് ഞങ്ങളുടെ വിലാപകാരണമെന്നറിഞ്ഞ അദ്ധ്യാപകന് ചിരിക്കുകയാണ് ചെയ്തത്. ``ഛെ, ഛെ, ഇതിനെല്ലാം കരയാനുണ്ടോ? ഇരു ചരിത്രമല്ലേ? ആണ്പിള്ളേര് ഇങ്ങനെ കരയാനുണ്ടോ? അദ്ധ്യാപകന് ചോദിച്ചു. വാത്സല്യപൂര്‍വ്വം അദ്ദേഹം ഞങ്ങളുടെ കണ്ണുകള്‍ തുടച്ചു. ഞങ്ങളെ സാകൂതം തലോടി. പക്ഷെ ഞങ്ങളുടെ കരച്ചില് വര്‍ദ്ധിക്കുകയാണ് ചെയ്തത്. മറ്റു കുട്ടികളില്‍ പലരും ഞങ്ങളെ അവഹേളിച്ചു പൊട്ടിച്ചിരിച്ചു. എങ്കിലും പാഠം തുടരുവാന്‍ അദ്ധ്യാപകന് ശക്തനായില്ല. ഉച്ചഭക്ഷണത്തിനു സ്കൂള്‍ വിട്ടപ്പോഴും ഞങ്ങളുടെ കരച്ചില് ശമിച്ചിരുന്നില്ല. ഞങ്ങള്‍ ഊണുകഴിക്കുവാന്‍ വീട്ടിലേക്കു പോയില്ല. അടുത്ത കൊങ്ങിണി ഹോട്ടലില്‍നിന്നും അദ്ധ്യാപകന്റെ ചെലവില്‍ വരുത്തിയ പൂട്ടും പുഴുങ്ങിയ നേന്ത്രപ്പഴും ഞങ്ങളുടെ വിശപ്പു ശമിപ്പിച്ചു. കൃഷ്ണന്‍കുട്ടിയുടെ അമ്മ സ്കൂളിലേക്കോടിവന്നു. ഈ കഥകേട്ട് അവര്‍ തിരിച്ചുപോയി. പില്ക്കാലങ്ങളില് മഹാകവി ഉള്ളൂരിന്റെ `ഉമാകേരള' ത്തിലെ ആ വിലാപഭാഗങ്ങള് വായിക്കുമ്പോള്‍ ഈ സംഭവം എടുത്തുപറഞ്ഞ് ഞങ്ങള്‍ ചിരിക്കാറുണ്ടായിരുന്നു.
ഞങ്ങളുടെ സഹപാഠികളില്‍ ബഹുഭൂരിഭാഗവും നായന്മാരായിരുന്നു. ഒന്നുരണ്ടു നമ്പൂതിരിമാരും തിരുമുല്പാടന്മാരുമുണ്ടായിരുന്നു. സഹോദരന്മാരായ രണ്ടു തമിള്‍ ബ്രാഹ്മണക്കുട്ടികള്‍, ഒരു ചെട്ടി, ഒരു പുലയന് ഇവരായിരുന്നു ഇതര ജാതിക്കാര്‍. ക്രിസ്ത്യാനികള്‍ തങ്ങളുടെ പള്ളിവക സ്കൂളിലാണ് അധികവും പഠിച്ചിരുന്നത്. മ ുസ്ലീങ്ങള് പ്രായേണ വിദ്യാഭ്യാസവിമുഖന്മാരായിരുന്നതിനാല് ഞങ്ങളുടെ ക്ലാസില്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. ജാതിപരമായ ഏറ്റക്കുറവുകള്‍ വിദ്യാലയങ്ങളിലും പ്രകടമായിരുന്നു. സംഖ്യാബലം കൂടുതലുണ്ടായിരുന്ന നായര്കുട്ടികള് പ്രാമാണ്യത്വം നടിച്ചുവന്നു. നമ്പൂരിമാരും, ക്ഷത്രിയരുമെല്ലാം കൂടുതല്‍ ആഭിജാത്യം നടിച്ചിരുന്നുവെങ്കിലും നായരുടെ ചേരില്തന്നെ നിന്നു. ഞങ്ങളുടെ പുലയ സഹപാഠിയോടും ചെട്ടിയോടും മറ്റും ഞങ്ങള്‍ അഹങ്കാരമായും അന്യായമായുമാണ് പെരുമാറിയിരുന്നത്. അധ്യാപകരില്‍ ഏറിയകൂറും ഉന്നത വംശീയരായിരുന്നതിനാല് ഞങ്ങളുടെ ചെയ്തികളൊന്നും ചോദ്യംചെയ്യപ്പെട്ടിരുന്നില്ല.
ഉണ്ടവേലു, രാജന്തിരുമുല്പാട്, കാഞ്ഞിലി ദാമോദരന്‍ മുതലായ ശക്തിമാന്മാരായ സഹചരന്മാര് ഞങ്ങളുടെ നേതൃത്വം സ്വയം ഏറ്റെടുത്തു. കാഞ്ഞിലി ദാമോദരന്റെ അച്ഛന് ``പത്മനാഭന്റെ പത്തുചക്രം'' വാങ്ങുന്ന പോലീസുകാരനായിരുന്നതിനാല് ഞങ്ങളുടെ നേതൃത്വം സ്വയമേവ അയാളില്‍ ചെന്നുപറ്റി. ഉണ്ടവേലു ഏതു സാഹസത്തിനും സന്നദ്ധനായ ഒരു കൊച്ചു `കിങ് കോങ്' തന്നെയായിരുന്നു ആഭിജാത്യം, ധനസ്ഥിതി, ബുദ്ധിശക്തി, സൗഹാര്‍ദ്ദം എന്നിങ്ങനെ പലതുകൊണ്ടും സമനുഗൃഹീതനായിരുന്നു രാജന് തിരുമുല്‍പ്പാട്. അദ്ധ്യാപകന്മാരില്‍ പി.എം. അച്ചുതവാരിയര്‍, താനത്തുകൃഷ്ണപിള്ള, നാകപ്പാടി കൃഷ്ണപിള്ള, കൃഷ്ണന് ഇളയത് ഇവരുടെ എല്ലാം പേരുകള്‍ എടുത്തുപറയേണ്ടതുണ്ട്. ഇവര്‍ ഏവരും ഒന്നാംതരം സഹൃദയന്മാരും അദ്ധ്യാപനകലയില് അതീവ സമര്‍ത്ഥരുമായിരുന്നു. ഇന്നും ജീവിച്ചിരിക്കുന്ന അവരെപ്പറ്റി അധികം എഴുതുന്നതു ഭൂഷണമായിരിക്കയില്ല. ചങ്ങമ്പുഴയുടെ ജീവിതത്തിലും സാഹിതീസപര്യയിലും വളരെയേറെ സ്വാധീനം ചെലുത്തിയ ഒരു മാന്യനാണ് ശ്രീ. അച്ചുതവാരിയര്‍. ആ കവി സാര്‍വ്വഭൗമന്റെ ആദ്യകാല സാഹിതീസപര്യകള്ക്ക് പണ്ഡിതമണ്ഡിതനായ ആ ഗുരുവരന്റെ അനുഗ്രഹങ്ങളോടു വളരെക്കടപ്പാടുണ്ട്. ഉഗ്രപ്രതാപിയായ പൂവ്വന്പിള്ളിപരമേശ്വരന് പിള്ളയായിരുന്നു അന്നത്തെ ഹെഡ്മാസ്റ്റര്. തിരുവിതാംകൂര്‍ രാജ്യത്തില്‍തന്നെ ഇടപ്പള്ളി സ്കൂളിന് മാതൃകാപരവും സമുന്നതവുമായ ഒരുസ്ഥാനം നേടിക്കൊടുത്ത ആ അദ്ധ്യാപകവരേണ്യന് ഇടപ്പള്ളിയില്‍ സാഹിത്യപരമായ ഉണര്വ്വുണ്ടാക്കിയവരില് സര്‍വ്വഥാ പ്രാതഃസ്മരണീയനത്രേ. ഇടപ്പള്ളിയിലെ ഒരു പ്രമുഖ നായര്‍തറവാട്ടിലെ അംഗമായ ഇദ്ദേഹം പ്രൊഫസര്‍ ഏ. ഗോപാലമേനവന്റെ മാതൃസഹോദരനാണ്. നാടെങ്ങും സാഹിത്യപരമായ ഒരു നവചൈതന്യം ഉള്‍ക്കൊള്ളുന്ന ഘട്ടത്തിലാണ് അതിന്റെ മുഖ്യ കേന്ദ്ര ത്തില്‍ വിദ്യാഭ്യാസം തുടരുവാന്‍ ചങ്ങമ്പുഴയ്ക്കു ഭാഗ്യം സിദ്ധിച്ചത്. അങ്ങനെ വളമുള്ള മണ്ണില്‍ ആ കല്പവൃക്ഷം നടപ്പെട്ടു.
മഹാകവി ഉള്ളൂര്‍, സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള, പ്രൊഫസര്‍ എ. ഗോപാലമേനവന്‍ മുതലായി സാഹിതീക്ഷേത്രത്തിലെ പ്രമുഖരായ മഹാരഥന്മാരുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവയായിരുന്നു അക്കാലത്തെ പാഠപുസ്തകങ്ങള്‍ . അവ മിക്കതും സാഹിത്യപ്രധാനങ്ങളായിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ . അക്ബര്‍, ധര്‍മ്മരാജ മുതലായ ആഖ്യായികകളാണ് ഒരു ഏഴാം ക്ലാസ് വിദ്യാര്‍ഥി പഠിക്കേണ്ടിയിരുന്നതെന്നു പറഞ്ഞാല്‍ അന്നത്തെ ഭാഷാവിദ്യാഭ്യാസത്തിന്റെ നിലവാരം ഏതാണ്ട് ഊഹവ്യമാണ്. സാഹിത്യസാഹ്യം, ഭാഷാ ഭൂഷണം, മദ്ധ്യമവ്യാകരണം, ശബ്ദശോധിനി ഇങ്ങനെ ഒട്ടേറെ സാഹിത്യശാസ്ത്രഗ്രന്ഥങ്ങളും ബാലവിദ്യാര്ഥികള് പഠിക്കേണ്ടിയിരുന്നു. അത്തരമുള്ള വിദ്യാഭ്യാസരീതിക്ക് എന്തുതന്നെ കുറ്റം കുറവുകള്‍ ഉണ്ടായിരുന്നാലും, വിദ്യാര്‍ഥികളെ സാഹിത്യപരമായി കുറെ ഏറെ വളര്‍ത്തുവാനും അവരുടെ ഭാഷാജ്ഞാനം രൂഢമൂലമാക്കുന്നതിനും അതു സഹായിച്ചിരുന്നു എന്നതു സമ്മതിച്ചേ തീരൂ. പദ്യരചനാപരിശ്രമങ്ങള് ഞങ്ങള്‍ അക്കാലത്തുതന്നെ ആരംഭിച്ചു എന്നുപറഞ്ഞാല്‍ തെറ്റില്ല. മഹാകവി കുമാരനാശാന്റെ ബാലരാമായണഭാഗങ്ങള് ഞങ്ങള്‍ക്കു പഠിക്കുവാനുണ്ടായിരുന്നു. സാഹിതീരസം മുറ്റിനില്ക്കുന്ന ആ കൊച്ചുപദ്യങ്ങള് ഞങ്ങളെ വളരെയേറെ ആകര്‍ഷിച്ചു. അവ ആവതും നീട്ടിച്ചൊല്ലി ഞങ്ങള്‍ ആത്മനിര്വൃതിയാര്ന്നു. അതിനെ അനുകരിച്ച് ചില `നാല്ക്കാലികള്'' രചിക്കാനും ഞങ്ങള്‍ മടിച്ചില്ല.
ഇക്കാലത്ത് കൃഷ്ണപിള്ളയും ഞാനും തനിത്തനിയായും കൂട്ടുചേര്‍ന്നും ഒട്ടേറെ പദ്യങ്ങള്‍ എഴുതിയിട്ടുണ്ട് - അവ അങ്ങനെ വിളിക്കാമോ എന്നു സംശയമാണ് -സ്കൂളിലെ അദ്ധ്യാപകന്മാര്, അടുത്ത പെണ്‍പള്ളിക്കൂടത്തിലെ സുന്ദരികളും സമപ്രായക്കാരുമായ പെണ്‍കുട്ടികള്‍, ചില നാട്ടുപ്രമാണികള്‍, ഞങ്ങളുടെ സഹപാഠികള്‍, ഇടപ്പള്ളിത്തമ്പുരാന്റെ ആന ഇങ്ങനെ വിവിധ വിഷയങ്ങള്‍ ആ ബാലതൂലികയില്കൂടെ കാവ്യരൂപം പൂണ്ടു. വെളുവെളുത്ത അമ്പലച്ചുവരിലും സ്കൂള്ച്ചുവരിലും മാന്യന്മാരെപ്പറ്റി ധാരാളം തെറിശ്ലോകങ്ങളെഴുതിവെക്കുകയായിരുന്നു ഞങ്ങളുടെ പ്രധാന വിനോദം. ശക്തിമാന്മാരും പ്രഗത്ഭരുമായ മറ്റു കുട്ടികള്‍ ദേഹവ്യായാമത്തില് വ്യാപരിക്കുന്ന സന്ദര്‍ഭങ്ങളില്‍, ഞങ്ങള്‍ ഇത്തരം കുസൃതിത്തം നിറഞ്ഞ മനോവ്യായാമത്തിലാണ് വ്യാപൃതരായത്. കൂട്ടുകാരില്‍നിന്നും ``ബലേഭേഷ്'' പ്രോത്സാഹനങ്ങളും നിര്‍ലോഭം ലഭിച്ചു. അസൂയാലുക്കളായ ചിലര്‍ ഞങ്ങളുടെ ``മഹാകവിത്വ'' ത്തെ അദ്ധ്യാപകരുടെ ചെവിയിലെത്തിക്കുകയും തല്‍ഫലമായി പലപ്പോഴും ``അടികഷായം'' കുടിക്കേണ്ടിവരികുയം ഉണ്ടായിട്ടുണ്ട്. പാഠപുസ്തകങ്ങളിലെ പദ്യങ്ങള്‍ക്ക് ഇണങ്ങുന്ന `പാരഡികള്‍' പലതും ഞങ്ങള്‍ സൃഷ്ടിച്ചു. അവ പലതും അസഭ്യങ്ങളായിരുന്നു.
അമ്പലച്ചുവരുകളില്‍ }ഞങ്ങള്‍ എഴുതിവെച്ച കവിതകളില്‍ പലതും മദിരാശി സെന്‍ട്രല്‍ സ്റ്റേഷനിലെ പരസ്യംപോലെ കാണികളുടെ സവിശേഷശ്രദ്ധയെ ആകര്‍ഷിച്ചു. അതേറ്റുപാടുവാന്‍ കുറേയാളുകള്‍ സന്നദ്ധരാകുകയും ചെയ്തു. ഒരുതരം മൂരിശൃംഗാരവും കുറെയേറെ അധിക്ഷേപവുമായിരുന്നു അവയുടെ സ്ഥായിയായ രസം. അതിനാലായിരിക്കണം അത്രയേറെ ആരാധകരെ ഞങ്ങള്‍ക്കു സൃഷ്ടിക്കാന്‍ കഴിഞ്ഞത്. ഭാരതീയ സ്വാതന്ത്ര്യസമരത്തിന്റെയും മഹാത്മാ ഗാന്ധിയുടേയും വീരചരിതങ്ങള്‍ ഞങ്ങളുടെ പിഞ്ചു ഹൃദയങ്ങളേയും ഇളക്കാതിരുന്നില്ല. കേരളത്തില്‍ തന്നെ വൈക്കം സത്യാഗ്രഹവും ക്ഷേത്ര പ്രവേസനപ്രക്ഷോഭവും മറ്റും നടക്കുന്ന കാലമായിരുന്നു അത്. അവയെല്ലാം ഒരുതരം ``കൊള്ളരുതായ്മ'' കളാണെന്നായിരുന്നു കൃഷ്ണന്‍കുട്ടിയുടെ അഭിപ്രായം എന്റേതു നേരെ മറിച്ചും. ``ജയിക്കണം ഗാന്ധിമഹാനുഭാവന്, ജയിക്കണം നമ്മുടെ രാജ്യമെല്ലാം.'' എന്നു ഞാന്‍ ഉറക്കെ പാടുമ്പോള്‍ ``മരിക്കണം ഗാന്ധി മഹാകഠോരന്, ഈര്ക്കിലിന്റഡ്യക്കും സ്വരാജ്യമില്ല'' എന്നായിരുന്നു കൂട്ടുകാരന്റെ ചുട്ട മറുപടി. പില്ക്കാലത്തും ഈ നിലപാടില്‍ വലിയ ഭേദം വന്നില്ല.
അധ്യായം 4
കളിത്തോഴര്‍
ബോയ്സ് സ്കൂളില്‍ നാലു ക്ലാസ്സുവരെ പഠിച്ചുപാസ്സായ ഉടന്‍ കൃഷ്ണപിള്ള ഇംഗ്ലീഷ് സ്കൂളില്‍ പ്രിപ്പാരട്ടറി ക്ലാസ്സില്‍ ചേര്‍ന്നു. ആ മഹാഭാഗ്യം എനിക്കു സിദ്ധിച്ചില്ല. വീട്ടിലെ കടുത്ത ദാരിദ്ര്യം കാരണം മലയാളം സ്കൂളില്‍തന്നെ തുടര്‍ന്നു പഠിക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ഞങ്ങളുടെ സഹപാഠിത്വം അതോടെ അവസാനിക്കുകയും ചെയ്തു. ഇംഗ്ലീഷ് സ്കൂള്‍ വിദ്യാഭ്യാസം മലയാളം സ്കൂള്‍ വിദ്യാര്‍ത്ഥികളെ കുറെ ഏറെ അവജ്ഞയോടെയാണ് വീക്ഷിച്ചുവന്നത്. പ്രായേണ, മലയാളം പഠിക്കുന്നവരേക്കാള്‍ ധനഃസ്ഥിതി കൂടുതലുള്ളവരാണ് ഇംഗ്ലീഷ് പഠിച്ചിരുന്നത് എന്നതായിരിക്കണം ഇതിന്റെ മൂലകാരണം. രണ്ടു സ്കൂളുകളും തൊട്ടടുത്തു സ്ഥിതിചെയ്തിരുന്നതിനാല്‍ ഞങ്ങള്‍ക്ക് പരസ്പരം കാണുവാനോ സംസാരിക്കുവാനോ അശേഷം അസൗകര്യമുണ്ടായിരുന്നില്ല. ഞങ്ങളുടെ സൗഹാര്‍ദ്ദത്തിന് അണുവോളവും കോട്ടം സംഭവിച്ചതുമില്ല. അത്രമാത്രം അതിന്നകം ഞങ്ങള്‍ ഇണങ്ങിച്ചേര്‍ന്നു കഴിഞ്ഞിരുന്നു. സാഹിത്യവാസന ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചു. വിദ്യാഭ്യാസത്തില്‍ പറയത്തക്ക പാടവമൊന്നും കൃഷ്ണപിള്ള കാണിച്ചിരുന്നില്ല. എന്നാലും ബുദ്ധിമാനായ ഒരു വിദ്യാര്‍ത്ഥിയാണെന്ന് അദ്ധ്യാപകര്‍ പരക്കെ സമ്മതിച്ചു. ഈ കാലഘട്ടത്തിലാണ് കൃഷ്ണന്‍കുട്ടിയുടെ പിതാവ് പരലോക പ്രാപ്തനായത്.
ചങ്ങമ്പുഴ, ഇംഗ്ലീഷ് സ്കൂളില്‍ ചേര്‍ന്നകാലത്ത് അവിടെ പില്ക്കാലങ്ങളില് പ്രശസ്തരായ പലരും പഠിച്ചിരുന്നു. കോണ്ഗ്രസ്സു സെക്രട്ടറിയായിരുന്ന കെ.പി. മാധവന്‍നായര്‍, അദ്ദേഹത്തിന്റെ സഹോദരന് കെ.പി. ഗോപാലമേനോന്‍, സി.ആര്. കേരളവര്‍മ്മ, (വിക്രമന്), ഐ.ഏ. എഫില്‍ ഒരുയര്‍ന്ന ഉദ്യോഗസ്ഥനായ രവിവര്‍മ്മ, ഇടപ്പള്ളി രാഘവന്‍പിള്ള ഇങ്ങനെ പലരും. ഇംഗ്ലീഷ് സ്കൂളില്‍ ചേര്‍ന്നുവെങ്കിലും മലയാളത്തേയോ മലയാളം സ്കൂളിനെ പഴയ സുഹൃത്തുക്കളേയോ ആ സരളാശയന് അശേഷം മറന്നില്ല. ഞങ്ങളുടെ സുഹൃല്സമ്മേളനങ്ങളും വാദപ്രതിവാദങ്ങളും കവിതാരചനയുമെല്ലാം പൂര്‍വ്വാധികം ഊര്‍ജ്ജസ്വലതയോടെ നടന്നുവന്നു. അയല്പക്കങ്ങളിലെ സമപ്രായക്കാരായ പെണ്കിടാങ്ങളുമായി ഇക്കാലത്തുതന്നെ കൃഷ്ണപിള്ള അടുത്തു പെരുമാറുവാന്‍ തുടങ്ങി. അതിന്നനുകൂലമായ കുറെയൊക്കെ ഹാവഭാവങ്ങളും എന്റെ സുഹൃത്ത് അഭിനയിച്ചു വന്നു. പരിസരക്ഷേത്രങ്ങളില് ദീപാരാധനതൊഴല്, പ്രദോഷം തൊഴല്‍, തിങ്കളാഴ്ച തൊഴല്‍ ഇങ്ങെ പുതിയ പരിപാടിയില്‍ പലതും ഉള്‍പ്പെട്ടു. മകന്റെ ``ഈശ്വരഭക്തി വളര്‍ത്തുന്നതില്‍ പുത്രവത്സലയും ശാലിനിയുമായ ആ മാതാവും ശ്രദ്ധിച്ചു. ആ ഭക്തിയുടെ ആന്തരാര്‍ത്ഥം ആ ശുദ്ധമനസ്ഥിതി ഏതും അറിഞ്ഞതുമില്ല. അഥവാ, കൗമാരത്തിലേക്കു കാലൂന്നുന്ന ആ പ്രായത്തില്‍ അത്തരം ഒരു ശങ്കയ്ക്ക് അവകാശവുമില്ലല്ലോ .
സരസനും സൗമ്യനുംസുന്ദരനുമായ ആ കൊച്ചുകളിത്തോഴന്റെ സഹവാസം അഭിമാനകരമായിട്ടാണ് പെണ്കിടാങ്ങള് കരുതിയത്. അവര്‍ ആ ``മമതാബന്ധം'' ആവതും വളരുവാന്‍ അഭിലഷിച്ചു. അമ്പലത്തില്‍ ദീപാരാധനതൊഴുത് പൂവും പ്രസാദവും, പൂവലാംഗികളുമായി, ഇരുളടഞ്ഞ ഇടുങ്ങിയ ഇടവഴികളില്‍ക്കൂടി, രാസക്രീഡാ തനയനായ ശ്രീകൃഷ്ണനെപ്പോലെ ലീലാലോലനായി ആടിയാടിവരുന്ന ആ പ്രാണസുഹൃത്തിന്റെ രൂപം എന്റെ മനോമുകുരത്തില്‍ ഇപ്പോഴും നിഴലിക്കുകയാണ്. ഈ ഭക്തിപാരവശ്യം പലപ്പോഴും സാലോക്യം, സാമീപ്യ, സാരൂപ്യ, പദവികളെക്കടന്ന് സംയൂജ്യത്തിന്റെ പരിധിവരെ എത്തിപ്പോകാറുണ്ട്. പക്ഷേ, അതെല്ലാം കൗമാരത്തിന്റെ ``പൂവ്വുപോലുള്ളൊരോമനക്കൗതുക''ങ്ങളായി നാം കരുതിയാല്‍ മതിയാകും. അതില്‍ സംബന്ധപ്പെട്ടവരും അന്നിലയില്മാത്രമേ അതിനെ പരിഗണിച്ചിട്ടുള്ളൂ. അവരില്‍ പലരും ഇന്നും സൗഭാഗ്യസമൃദ്ധിയില് ജീവിക്കുന്നവരാണ്. ഈ രാസക്രീഡയ്ക്ക് ``ഗോപസ്ത്രീകളാ'' യിരുന്നു കൂടുതല്‍ ഉത്തരവാദികള്‍ എന്നതും മറക്കാവതല്ല. ഉഗ്രപ്രതാപനായ ഒരു മാതുലന്റെ ചെങ്കോലിന് കീഴില്‍ വളര്‍ന്നിരുന്ന എനിക്ക് ഈ സ്വര്ഗ്ഗീയയാത്രകളില് വളരെ വിരളമായി മാത്രമേ പങ്കെടുക്കുവാന്‍ ഭാഗ്യം സിദ്ധിച്ചിരുന്നുള്ളൂ. എന്നാല്‍ അതിന്റെ വര്‍ണ്ണശബളമായ ``റിപ്പോര്‍ട്ടുകള്‍'' അപ്പോഴപ്പോള്‍ കൂട്ടുകാരില്‍നിന്നും കിട്ടിക്കൊണ്ടിരുന്നു. വളരെവേഗം വികാരങ്ങള്‍ക്ക് - അതും മൃദുലവികാരങ്ങള്‍ക്ക്- വശഗതനാകുന്ന സ്വഭാവക്കാരനായിരുന്നു ചങ്ങമ്പുഴ. താന്‍ ചെയ്യുന്നതെന്തും -അതു ശരിയായാലും തെറ്റായാലും - അടുത്ത സുഹൃത്തുക്കളോട് എടുത്തുപറഞ്ഞേ അദ്ദേഹം സംതൃപ്തനായിരുന്നുള്ളൂ. മരണപര്യന്തം ഇതിന്ന് അശേഷം മാറ്റം വന്നില്ല. ഓരോ ദിവസത്തേയും അനുഭവങ്ങളെ തികഞ്ഞ തന്മയത്വത്തോടെ അടുത്ത പ്രഭാതത്തില്‍ ആ സുഹൃത്ത് എന്നെ വര്ണ്ണിച്ചുകേള്പ്പിച്ചിരുന്നു. അവ പലതും സ്വാപദാനങ്ങളെ ചരിത്രമായിരുന്നുതാനും. ``കളിത്തോഴി'' യെന്ന ആഖ്യായികയിലെ ഉജ്ജ്വലരംഗങ്ങള് പലതും അക്കാലത്തെ അനുഭവങ്ങളാണ്. പില്ക്കാലത്തെ കുത്തഴിഞ്ഞ ജീവിതത്തിന്റെ പ്രാരംഭാധ്യായങ്ങളും ഇക്കാലത്തുതന്നെ കുറിക്കപ്പെട്ടു.
ആയിടെ ഉണ്ടായ അതിരസകരമായ ഒരു സംഭവം ഇവിടെ രേഖപ്പെടുത്തുന്നത് സമുചിതമായിരിക്കും. ഒരു ദിവസം ഞാന്‍ അങ്ങാടിയില്‍ നിന്നും വരുമ്പോള്‍ ഞങ്ങളുടെ അഞ്ചല്‍ശിപായി മേനവന് എന്റെ കയ്യില്‍ ഒരു കത്തു തന്നു. ``കുട്ടാ, ഇതൊന്നു അടുത്തവീട്ടില്‍ കൊടുത്തേക്കൂ.'' എന്ന നിര്‍ദ്ദേശത്തോടെ. ഞാന്‍ മേല്‍വിലാസം നോക്കി. എന്റെ ആരാധനാപാത്രമായ ഒരു പെണ്കുട്ടിക്കുള്ളതായിരുന്നു ആ കത്ത്. ആ കളിത്തോഴിക്ക് ഒരു കത്തു കൊണ്ടുപോയിക്കൊടുക്കുന്നത് തികച്ചും അഭിമാനകാമ്യവുമായി എനിക്കു തോന്നി. അതു കൊടുക്കുവാനുള്ള വെമ്പലോടെ ഞാന്‍ വേഗത്തില്‍ നടന്നു. അപ്പോഴാണ് കൃഷ്ണന്‍കുട്ടിയുടെ വരവ്. ആ വിരുതന് ഒരു സായാഹ്നസവാരിക്ക് ഇറങ്ങിയിരിക്കുകയാണ്. ``എന്താ ഇഷ്ടാ കയ്യില്‍, ആര്‍ക്കാ എഴുത്ത്.'' ആ സുഹൃത്ത് സാകൂതം തിരക്കി. ഞാന്‍ സാഭിമാനം മേല്‍വിലാസം കാണിച്ചുകൊടുത്തു. എന്റെ അധീനതയിലും ചില `പെണ്‍കുട്ടികളു' ണ്ടെന്ന് കൂട്ടുകാരന് അറിഞ്ഞുകൊള്ളട്ടെ ``അല്ലാ ഇവള്ക്കിപ്പോഴെ വന്നു തൊടങ്ങ്യോ എഴുത്ത്. പെണ്ണ് വിളഞ്ഞ വിത്താണല്ലോ .'' കൂട്ടുകാരന് അഭിപ്രായം പാസ്സാക്കി. ``ആട്ടെ, നമുക്കിതൊന്നു പൊട്ടിച്ചുനോക്കണം.' ' ആ വിരുതന്മാര് തുടര്‍ന്നഭിപ്രായപ്പെട്ടു. എനിക്കത്ര സമ്മതമല്ലായിരുന്നു. ഞാന്‍ വിലക്കിനോക്കി. ``പരമേശ്വരന് ഒന്നു മിണ്ടാതിരിക്കൂ.'' കൃഷ്ണന്‍കുട്ടി ശാഠ്യം പിടിച്ചു. ഞങ്ങള്‍ അടുത്തുണ്ടായിരുന്ന പ്രവര്ത്തിക്കച്ചേരിയിലേക്കു കയറി. അവിടെ ഞങ്ങളുടെ ഒരു സ്നേഹിതന് ഉണ്ടായിരുന്നു. ഈ മാന്യനാണ് പില്ക്കാലത്ത് ആ പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. ഞങ്ങള്‍ മൂന്നുപേരും ചേര്‍ന്ന് ആ കത്തു പൊട്ടിച്ചു. അതു പറവൂര്‍ക്കാരനായ ഒരു കാമുകന്റെ പ്രേമലേഖനമായിരുന്നു. ഞങ്ങള്ക്കറിയാമായിരുന്ന മധുരമധുരങ്ങളായ പ്രേമപദങ്ങളും ഏതാനും പദ്യശകലങ്ങളും കൂട്ടിച്ചേര്‍ത്ത് സമുചിതമായ ഏതാനും പദ്യശകലങ്ങളും കൂട്ടിച്ചേര്‍ത്ത് സമുചിതമായ ഒരു മറുപടി തയ്യാറാക്കി ഉടന്‍തന്നെ അയച്ചു. ഇന്ന ദിവസം ഇത്രമണിക്ക് ഇന്ന സ്ഥലത്തെത്തണമെന്നും, കാണുവാന്‍ അതിയായ ആഗ്രഹമുണ്ടെന്നും അതില്‍ പ്രത്യേകം എഴുതി. ആ പ്രേമഭിക്ഷുവിന് `അകം നിറഞ്ഞ ആയിരം ചുംബനങ്ങളും' ഞങ്ങള്‍ അതില്‍ അടക്കം ചെയ്തു.
നിര്‍ദ്ദിഷ്ട സമയത്ത് ആയുധധാരികളായ ഞങ്ങള്‍ ആ അഭിനവകീചകന്റെ ആഗമനം അക്ഷമനായി കാത്തിരുന്നു. ഒരുസുന്ദരവിഡ്ഢി സാവധാനം ആ വീടിന്റെ പടിക്കല്‍ വന്ന് ഒന്നു രണ്ടു ചൂളമടിച്ചു. നല്ല ശക്തമാനായ ഒരു കരിമുണ്ടന്‍, റിസ്റ്റ് വാച്ച്, മോതിരം, കസവുമുണ്ട്, പൊടിമീശ എല്ലാമുണ്ട് ``ആരെടാ അത്, പെണ്‍കുട്ടികളുള്ള വീട്ടിന്റെ പടിക്കല്‍ നിന്നു ചൂളമടിക്കുന്ന ആ യോഗ്യന്‍?'' ഞങ്ങള്‍ ഏകസ്വരത്തില്‍ ചോദിച്ചു. ആ സാധു സംഭ്രാന്തനായിരിത്തിരിഞ്ഞുനോക്കി. ഉത്തരക്ഷണത്തില്‍ ഞങ്ങളുടെ പക്കലുണ്ടായിരുന്ന കനത്ത കടലാവണക്കിന് പത്തലുകള്‍ ആ യുവകാമുകനെ നാലഞ്ചുപ്രാവശ്യം ബലമായി ചുംബിച്ചു. അപ്രതീക്ഷിതമായ ഈ പ്രേമസിദ്ധിയില് പരിഭ്രാന്തനായ കാമുകമാന്യന് ``എന്നെക്കൊല്ലരുതേ ചേട്ടന്മാരേ, അന്യനാട്ടുകാരനാണേ.'' എന്ന ദീനപ്രബലത്തോടെ ഓട്ടം തുടങ്ങി. ``പ്രേമമെടാ പ്രേമം. ഇടപ്പള്ളിക്കാരുടെ പ്രേമം ഇങ്ങനെയാണ്.'' എന്നു വിളിച്ചുപറഞ്ഞുകൊണ്ടു ഞങ്ങളും പിന്നാലെ ഓടി. അയാള്‍ മെയിന്‍ റോഡില്‍ എത്തിയതും ഞങ്ങള്‍ പിന്മാറി. ആ പ്രേമനാടകം അതോടെ അവസാനിച്ചില്ല. അഥവാ പ്രേമത്തിന്നവസാനമില്ലല്ലോ.
അയാള്‍ വീണ്ടും തന്റെ പ്രേമഭാജനത്തിന്നു കത്തെഴുതി. നിര്ദ്ദിഷ്ടസമയത്തു താന്‍ ഇടപ്പള്ളിയില്‍ എത്തിയെന്നും, എന്നാല്‍ ചില ദ്രോഹികള്‍ ചേര്‍ന്നു തന്നെ അടിച്ചോടിച്ചുവെന്നും, ഒരിക്കല്‍കൂടെ വന്നുകാണുവാന്‍ അനുവദിക്കണമെന്നും ആ പ്രേമദാസന് വീണ്ടും എഴുതി. അച്ഛനമ്മമാരില്ലാത്ത ആ പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താവും അഭിമാനിയുമായ അമ്മാമന്റെ കയ്യിലാണ് ഈ പ്രാവശ്യം നമ്മുടെ ``അഞ്ചല്‍ മേനോന്' കത്തുകൊടുത്തത്. തറവാട്ടഭിമാനത്തിന്റെ നാരായവേരില്‍ത്തന്നെ മരുമകള്‍ കത്തിവെച്ചുവെന്നു
തെറ്റിദ്ധരിച്ച മാനവനായ ആ മാതുലന് മുറ്റത്തുനിന്ന ഒരു പുളിയുടെ കൊമ്പൊടിച്ച് മരുമകളുടെ `പ്രേമദാഹം' ശമിപ്പിച്ചു. ``ഞാനൊന്നുമറിഞ്ഞില്ലേ എന്റെ മാമാ, എന്നെക്കൊല്ലരുതേ.' ' എന്നു യാചിച്ചു കൊണ്ടു ദീനദീനം വിലപിക്കുന്ന ആ കളിത്തോഴിയുടെ ആര്‍ത്തസ്വരം സമീപസ്ഥമായ എന്റെ ഭവനത്തിലെ വരാന്തയില്‍ ചാരുകസേരയില്‍ ചാരിക്കിടന്നുകൊണ്ട് പുസ്തകപാരായണവ്യാജം നടിച്ചിരുന്ന എന്നെ എരിപൊരികൊള്ളിച്ചു. അത്രമാത്രം ഹൃദയസമ്മര്‍ദ്ദം അനുഭവിച്ച രംഗങ്ങള്‍ എന്റെ ജീവിതത്തില്‍ വിരളമായിട്ടേ ഉണ്ടായിട്ടുള്ളൂ. ഓടിച്ചെന്ന് സത്യാവസ്ഥ ഗ്രഹിപ്പിക്കുവാന്‍ ഞാന്‍ ആശിച്ചു. എന്നാല്‍ അത്രമാത്രം ആര്ജവബുദ്ധി അന്നു കൈവന്നിരുന്നില്ല. ഈ സംഭവത്തിന്റെ സകലഭാരവും എന്നിലും കൃഷ്ണപിള്ളയിലും ചുമത്തി സമര്‍ത്ഥനായ ഞങ്ങളുടെ മറ്റേ കൂട്ടുകാരന് അവിടെ തന്റെ സ്ഥാനം ഉറപ്പിക്കുകയും യഥാകാലം ആ ശാലീനയായ ആ ഞങ്ങളുടെ കളിത്തോഴിയെ വിവാഹം കഴിക്കുകയും ചെയ്തു. സമ്പത്തും സന്തതികളും ഇണങ്ങി ആ കുടുംബം സൗഭാഗ്യത്തിന്റെ കൊടുമുടിയില്‍ ഇന്നു വര്‍ത്തിക്കുന്നു. പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഈ സംഭവത്തെ ഞങ്ങള്‍ ഇപ്പോഴും അനുസ്മരിപ്പിക്കാറുണ്ട്.
ഇടപ്പള്ളിക്കൊട്ടാരത്തിന്റെ പടിഞ്ഞാറുവശത്ത് അതിജീവിശാലമായ ഒരു കുളമുണ്ട്. മാരന്‍കുളം - ഇന്നത് മാറന്‍ കുളമായി മാറിയിരിക്കയാണ് -തമ്പുരാക്കന്മാരുടേയും മേല്‍ജാതിക്കാരുടെയും സ്നാനഘട്ടം ഈ കുളമാണ്. ചുറ്റും ധാരാളം കുളിപ്പുരകളും സ്ഫടികജലവും നിറഞ്ഞ ഈ കുളം കളിക്കും കുളിക്കും ഒരുപോലെ ഉപകരിച്ചിരുന്നു. മാരന്കുളത്തിന്റെ പടിഞ്ഞാറെക്കരയിലെ പഞ്ചസാരമണല്ത്തിട്ടാണ് ഇടപ്പള്ളിക്കാരുടെ ``മറീനബീച്ച്.' ' അതായിരുന്നു ഞങ്ങളുടേയും കളിത്തോഴരുടേയും സാധാരണ സായാഹ്നവിഹാരരംഗം. വിസ്തൃതമായ ആ സരസ്സില്‍ അസ്തമനസൂര്യന്റെ ചെങ്കതിരുകള്‍ പ്രതിഫലിച്ചുണ്ടാകുന്ന വര്‍ണ്ണശബളിമയും, മന്ദമാരുതമായിതങ്ങളായ ചിറ്റോളപരമ്പരകളും, അതില്‍ തത്തിക്കളിക്കുന്ന മകരമത്സ്യങ്ങളും, അവാച്യമായ ആനന്ദാനുഭൂതി ആരിലും ഉളവാക്കിയിരുന്നു. അതീവസുന്ദരികളും, അര്ദ്ധനഗ്നകളുമായ ആഢ്യകുലാംഗനകളുടെ സ്വച്ഛന്ദകേളികളാല് ഉള്പ്പുളകമണിയുന്ന ആ സരസ്സ് സൗന്ദര്യാരാധാകനായ ഏതൊരു ഭാവനാസമ്പന്നനേയും കോരിത്തരിപ്പിക്കുവാന്‍ പര്യാപ്തമായിരുന്നു. പരിസരങ്ങളില്‍ പന്തലിച്ചുകിടക്കുന്ന ലതാനികുഞ്ചങ്ങളുടെ ഹരിതാഭയും, മണലിന്റെ വെണ്മയും, ജലപ്പരപ്പിലെ നീലിമയും, ലലനാമണികളുടെ ഒത്തുചേര്‍ന്ന ആ രംഗം മാരിവില്ലിനെ വെല്ലുന്ന മനോഹാരിത നേടിയിരുന്നു. ഈ മാദകദൃശ്യങ്ങള് ഒട്ടൊന്നുമല്ലാ ചങ്ങമ്പുഴക്കവിതകളില്‍ സ്വാധീനം ചെലുത്തിയിട്ടുള്ളത്. വാസനാസമ്പന്നയായ ആ പ്രേമഗായകന്‍ തന്മയപൂര്ണ്ണതയോടെ ചിത്രം പല കവിതകളിലും പകര്‍ത്തിയിട്ടുണ്ട്. ആ മനോഹരദൃശ്യം ഇന്നും അവിടെ സുലഭമാണ്. പക്ഷേ അതറിഞ്ഞാസ്വദിക്കേണ്ട സരളഹൃദയനായ കവി അതിന്റെ അരികില്‍ത്തന്നെ അന്ത്യവിശ്രമം കൊള്ളുന്നു. അഹോ, വിധിവൈപരീത്യം!!
അധ്യായം 5
മാവിന് ചുവട്ടില്‍
ഇതേ ശീര്‍ഷകത്തില്‍ അതിമനോഹരമായ ഒരു കവിത എന്റെ സുഹൃത്തെഴുതിയിട്ടുണ്ട്. തന്റെ ബാല്യകാലസുഹൃത്തിക്കളെപ്പലരേയും അനുസ്മരിക്കുന്ന പ്രസ്തുത കവിത തികച്ചും ആത്മപ്രകാശനപരമാണ്. ആലശീലകളേതും അറിയാതെ ആനന്ദസാഗരത്തില്‍ ആറാടിക്കഴിയുന്ന ബാല്യകാലം ആര്‍ക്കും ആരാധനീയവും എന്നെന്നും അനുസ്മരണീയവുമാണല്ലോ . ശാലീനസുന്ദരവും സൗഹാര്‍ദ്ദ സന്തുഷ്ടവും സൗമ്യതാനിര്ഭരവുമായിരുന്ന ഇടപ്പള്ളിക്കൊട്ടാരപ്പരിസരങ്ങളില് മനസ്സിനിണങ്ങിയ തോഴരുമൊത്ത്, അല്ലലറിയാതെ സര്‍വ്വതന്ത്രസ്വതന്ത്രനായി ആടിയോടിക്കളിച്ചിരുന്ന അക്കാലങ്ങള്‍ ചങ്ങമ്പുഴയുടെ ജീവിതഗ്രന്ഥത്തിലെ സുവര്ണ്ണാധ്യായങ്ങളത്രെ. അത്തരം ഘട്ടങ്ങള്‍ ആ ജീവിതത്തില്‍ വളരെ വിരളമായിരുന്നു എന്നുമാത്രം. ഉണ്ടവേലു, പാത്താച്ചിരാമന്‍, രാജന് തിരുമുല്പ്പാട്്, കുഞ്ഞിക്കുട്ടന്‍, ഗോദവര്‍മ്മന്‍, ഒന്നുരണ്ടു നമ്പൂരി ബാലന്മാര്, ചില കൊച്ചുതമ്പുരാക്കന്മാര്‍, പെണ്‍കുട്ടികള്‍ ഇങ്ങനെ പലരും ആ സുഹൃല്സംഘത്തിലെ പ്രമുഖാംഗങ്ങളായിരുന്നു. വാസ്തവം പറഞ്ഞാല്‍ കൊട്ടാരവളപ്പില്‍ വളര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന ഊക്കന്‍ മാവുകളില്‍ നിന്നും ഉതിരുന്ന മധുരമാമ്പഴം പെറുക്കിത്തിന്ന് ഉദരപൂരണം നടത്തുകയായിരുന്നു ഞങ്ങളുടെ പ്രധാന ഉന്നം. മദ്ധ്യവേനല്‍ ഒഴിവിന്നു സ്കൂള്‍ പൂട്ടുന്ന അവസരമാണ് ഞങ്ങളുടെ ഉത്സവകാലം. മാവിന് ചുവട്ടില്‍ ഒരു താല്കാലിക ക്ഷേത്രം തുടര്‍ന്നുവരുന്നു.പ്രകൃതിഷ്ഠാ കൊടിയേറ്റ്, ഉത്സവം, ആറാട്ട് എല്ലാം മുറയ്ക്കു നടക്കും. ഉത്സവത്തിന് കുറത്തിയാട്ടം, ഓട്ടന്തുള്ളല്, കഥകളി മുതലായ കലാപരിപാടികളും ഉണ്ടായിരിക്കും. അവിടത്തെ ശാന്തിക്കാരും വഴിപാടുകാരും ഭക്തരും തുള്ളല്‍ക്കാരും പലപ്പോഴും കൊള്ളക്കാരും -എല്ലാം ഞങ്ങള്‍ തന്നെയായിരുന്നു. മുതിര്‍ന്ന തമ്പുരാക്കന്മാര് തങ്ങളുടെ ഉയര്‍ന്ന മാളികകളിലിരുന്ന് പലപ്പോഴും ഞങ്ങളുടെ ``ഗോഷ്ടി'' കളെ കൗതുകപൂര്‍വ്വം വീക്ഷിച്ചുവന്നു. ആശീര്‍വ്വാദങ്ങളും പ്രോത്സാഹനങ്ങളും അവരില്‍നിന്ന് ഞങ്ങള്‍ക്ക് നിര്ല്ലോ ഭം ലഭിച്ചുവന്നു. ഞങ്ങളുടെ കലാപ്രകടനങ്ങളും കലഹപ്രകടനങ്ങളും അവരെ ഒരുപോലെ രസിപ്പിച്ചുവന്നു.
തുള്ളല്‍, കുറത്തിയാട്ടം മുതലായവ ``ക്ഷേത്ര'' ത്തിന്റെ കിഴക്കേ നടയിലും, കഥകളി കൊട്ടാരത്തിലെ വടക്കുവശത്തുള്ള വിശാലമായ തളത്തിലുമാണ് നടന്നുവന്നത്. വടക്കുവശം തമ്പുരാട്ടിമാരുടെ സങ്കേതമാണ്. പ്രായപൂര്‍ത്തിവന്ന പുരുഷന്മാര്ക്ക് അവിടെ പ്രവേശനമില്ല. നമ്പൂരിസ്ത്രീകള് ഘോഷാസമ്പ്രദായം അനുഷ്ഠിക്കുന്നവരാണല്ലോ , കഥകളി പ്രേക്ഷകര്‍ തമ്പുരാട്ടിമാരും ഞങ്ങളുടെ അമ്മമാരും കൊട്ടാരവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഏതാനും പ്രഭുകുലാംഗനകളും മാത്രമായിരിക്കും. ഇടപ്പള്ളിയില്‍ തന്നെ സ്വന്തമായ ഒരു കളിയോഗമുണ്ടായിരുന്നതിനാല് അവിടെ തമ്പുരാട്ടിമാര്‍ പ്രായേണ ആ കലയില്‍ വിദഗ്ധകളായിരുന്നു. തിരശ്ശീല, നിലവിളക്ക്, മദ്ദളം, ചെണ്ട ചേങ്ങല ഇങ്ങനെ എല്ലാ ഉപകരണങ്ങളും ചിട്ടതെറ്റാതെ ഞങ്ങള്‍ സംഭരിച്ചിരുന്നു. അവയെ ശരിയായി ഒരുക്കുന്നതിലും കുറ്റം കുറവുകള്‍ പരിഹരിക്കുന്നതിലും ആ തമ്പുരാട്ടിമാര്‍ സര്‍വ്വഥാ ഞങ്ങളെ സഹായിച്ചുവന്നു.
അന്നു ഞങ്ങളുടെ ക്ഷേത്രത്തില്‍ വലിയ വിളക്കായിരുന്നു, നൈപായസം, അട, സദ്യ എല്ലാമുണ്ടായിരുന്നു. അതെല്ലാം തമ്പുരാട്ടിമാരുടെ വഴിപാടായിരുന്നുതാനും. ശുദ്ധാത്മാക്കളായ അവര്‍ക്ക് തങ്ങളില്‍ പലരുടേയും ഭക്തിപാരമ്യതയുടെ ആന്തരാര്‍ഥം അജ്ഞാതമായിരുന്നു. മൂന്നുമണിക്ക് ഓട്ടന്തുള്ളല് ബാലവിജയം കഥ ഞാനാണു തുള്ളിയത്. ആറുമണിക്ക് കുറത്തിയാട്ടം. ഒരു കുറത്തി കൃഷ്ണ്കുട്ടിയായിരുന്നു. രാത്രി സുഖമായ ഭക്ഷണത്തിനുശേഷം 9 മണിക്ക് കഥകളിയാരംഭിച്ചു. ബാലിവിജയമായിരുന്നു കഥ. പാത്താച്ചിരാമനും ഉണ്ടവേലുവും തിരശ്ശീല പിടിച്ചു. രാജന്റെ ചെണ്ട, അനിയന്റെ മദ്ദളം, ഗോദവര്‍മ്മന്റെ പാട്ട് - ഇദ്ദേഹം ഇപ്പോഴത്തെ വലിയ രാജാവിന്റെ പുത്രനാണ് -അങ്ങനെ തികഞ്ഞ ഒരു മേള സെറ്റ്. കണ്ടായത്തു ശങ്കരപ്പിള്ള രാവണന്, ചങ്ങമ്പഴ കൃഷ്ണ പിള്ള ബാലി, ശങ്കരമംഗലത്തു പരമേശ്വരന്‍പിള്ള നാരദന്, ചേലക്കുളത്തു നമ്പൂതിരി സ്ത്രീപാര്‍ട്ട് ഇങ്ങനെ മികച്ച കുറെ ``നടന്മാ''രും. അക്കാലത്തെ സുപ്രസിദ്ധ നടന്മാരായിരുന്ന മാത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കര്‍, കാവുങ്ങല്‍ ശങ്കരപ്പണിക്കര്‍, തോട്ടം പോറ്റി, കോട്ടുവള്ളി ശങ്കരപ്പിള്ള മുതലായവരേക്കാള് തലയെടുപ്പോടും അഭിമാനബോധത്തോടും ഞങ്ങള്‍ എമ്പാടും നടന്നു. കളി ഒരുവിധം നന്നായി വലിയ തമ്പുരാട്ടി ഞങ്ങളില്‍ പലര്‍ക്കും ഓണപ്പുടവ തന്നു. കൊട്ടാരത്തില്‍വെച്ച് സുപ്രസിദ്ധ നടന്മാരുടെ പലപ്പോഴും കാണുവാന്‍ ഭാഗ്യം സിദ്ധിച്ചിരുന്നതുകൊണ്ട് ഞങ്ങള്‍ ആ കലയെപ്പറ്റി സാമാന്യജ്ഞാനം സിദ്ധിച്ചിരുന്നു. മഹാകവി വള്ളത്തോളിന്റെ ഗണപതിയെ അനുകരിച്ച് കവിമണി കുട്ടപ്പന്മ്പൂതിരി ഉണ്ടാക്കിയ ``വിഘ്നരാജോത്ഭവം'' കഥ അരങ്ങേറിയതും ആയിടെ ഇടപ്പള്ളിയില്വെച്ചായിരുന്നു. ഞങ്ങളുടെ കഥകളിക്കുശേഷം കുറെ നാളത്തേക്കു ചങ്ങമ്പുഴ കൃഷ്ണന്‍കുട്ടി കൂട്ടുകാരുടെ ഇടയില്‍ `ബാലി കൃഷ്ണപിള്ള'' യായി മാറി. അടുത്തൊരുദിവസത്തെ കളിയില്‍ നരകാസുരവേഷം കെട്ടിയ ഈയുള്ളവന് ``നരകാസുരന് പരമേശ്വരന്‍പിള്ള'' യായും മാറുകയുണ്ടായി. നരകാസുരപദത്തിന്റെ അര്‍ത്ഥവ്യാപ്തി മനസ്സിലാക്കാതിരുന്ന അക്കാലത്ത് ആ പേര് അഭികാമ്യമായിട്ടാണ് ഞാന്‍ കരുതിവന്നത്.
വര്ഷാഗമത്തോടെ മാവിലെ മാമ്പഴവും ഞങ്ങളുടെ കലാപരിപാടികളും അവസാനിക്കും. ക്ഷേത്രം അപ്രത്യക്ഷമാകും. അതു കെട്ടുവാന്‍ ഉപയോഗിച്ചിരുന്ന മുളയും ഓലയുമെല്ലാം തമ്പുരാന്റെ സ്വത്താണെങ്കിലും പൊളിക്കുമ്പോള്‍ അതിന്റെ അവകാശികള്‍ ഞങ്ങളായിരുന്നു. മറ്റുള്ള കായികവിനോദങ്ങള്‍ തുടങ്ങുകയായി. പന്തുകളി, മാസുകളി, ഗോലികളി. പന്തുകളിയില്‍ ഉണ്ടവേലുവും മാസില്‍ കൃഷ്ണന്‍കുട്ടിയും ഞാനുമാണ് പ്രായേണ ജയിച്ചുവന്നത്. തോല്‍വി എപ്പോഴും ശുദ്ധഗതിക്കാരായ ആ കൊച്ചുതമ്പുരാക്കന്മാര്ക്കുതന്നെയായിരുന്നു. ഗോലിയില് തോറ്റാല്‍ ഒരു അടിക്ക് ഒരപ്പം കണക്കില്‍ ഞങ്ങള്‍ പ്രതിഫലം ഈടാക്കിവന്നു. ഞങ്ങളുടെ വിശപ്പിന്റെ വിളിക്ക് അനുസരിച്ച് ഈ ``റേഷ്യോ'' വും പലപ്പോഴും മാറിയിരുന്നു. മാനസീകകാര്യങ്ങളില് പ്രഗത്ഭരായിരുന്നുവെങ്കിലും ശാരീരികവിനോദങ്ങളില് ഉന്നതസ്ഥാനം നേടുവാന്‍ എനിക്കും കൃഷ്ണന്‍കുട്ടിക്കും കഴിഞ്ഞിരുന്നില്ല.
കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ഇടപ്പള്ളി കരുണാകരമേനവന്റെ സാരഥ്യത്തില്‍ സാഹിതീപരമായി ഇടപ്പള്ളി ഒരു നവ്യചൈതന്യം ഉള്‍ക്കൊള്ളുന്ന കാലമായിരുന്നു അത്. അന്ന് ഇളയരാജാവായിരുന്ന സുപ്രസിദ്ധനായ കൃഷ്ണരാജാവിന്റെ സീമന്തപുത്രനാണ് ശ്രീ. കരുണാകരമേനവന്‍. അന്തസ്സും ആഭിജാത്യവും സഹൃദയത്വവും തുളുമ്പിനിന്ന ആ യുവാവിന്റെ നേതൃത്വത്തില്‍ കൊട്ടാരത്തില്‍ പലപ്പോഴും സാഹിതീസദസ്സുകളില് കൂടുക പതിവായിരുന്നു. വിദ്വാന്മാരായ തമ്പുരാക്കന്മാരും, സന്ദര്ശകരായപണ്ഡിത്മാരും മറ്റും അതില്‍ പങ്കെടുക്കുക പതിവായിരുന്നു. സമസ്യാപൂരണം, ഭാഷാന്തരീകരണം, ദ്രുതകവനം, അക്ഷരശ്ലോകം ഇങ്ങനെ ബുദ്ധിക്ക് ആയാസവും വികാസവും നല്കുവാന് പര്യാപ്തങ്ങളായ പലേ പരിപാടികളും അവിടെ നടന്നുവന്നു. നായര്ക്കുട്ടികള്ക്ക് സാധാരണനിലയില്‍ ആ സദസ്സുകളില്‍ പ്രവേശനം ലഭിച്ചിരുന്നില്ലെങ്കിലും സഹൃദയനായ കരുണാകരമേനവന്റെ പ്രത്യേകവാത്സല്യത്തിനു പാത്രീവഭവിച്ച സാഹിതീവാസനയുള്ള ഞങ്ങളെപ്പോലുള്ള ചിലര്‍ക്ക് അതിന്റെ കവാടം തുറക്കപ്പെട്ടിരുന്നു. വള്ളത്തോളിന്റെയും ഉള്ളൂരിന്റേയും കവിതകള്‍ അവിടെ ചര്‍ച്ചാവിഷയമാകാറുണ്ട്. സംസ്കൃതകവനങ്ങളും അതിന്റെ വ്യാഖ്യാനവും പ്രാധാന്യമേറിയ ഒരു പരിപാടിയായിരുന്നു. നല്ല സംസ്കതവ്യുല്പത്തിയുള്ള ഒരാളാണ് കരുണാകരമേനവന്‍. തട്ടായത്തു പരമേശ്വരപ്പണിക്കര്‍, ശ്രാമ്പിക്കല്‍ പത്മനാഭമേനവന്‍ മുതലായ തലമുതിര്ന്നവരെക്കൂടാതെ, രാഘവന്‍പിള്ള, കൃഷ്ണപ്പിള്ള, വിക്രമന്, രവിവര്‍മ്മ, ഒന്നുരണ്ടു നമ്പൂതിരിക്കുട്ടികള്‍, കരുണാകരമേനവന്റെ അനുജന് കുഞ്ഞുകുട്ടന് (കൃഷ്ണന്‍കുട്ടിമേനോന്‍) ഇങ്ങനെ പലരുമായിരുന്നു അതില്‍ അംഗങ്ങള്‍. ചങ്ങമ്പുഴയുടെ ആദ്യകാലകവിതകള്‍ പലതിന്റേയും അരങ്ങേറ്റം നടന്നത് ഇവിടെവെച്ചാണ്. അന്നു തിരുവനന്തപുരത്തു വിദ്യാര്‍ഥിയായിരുന്ന സി. നാരായണപ്പിള്ള നാട്ടില്‍ വരുന്ന അവസരങ്ങളില്‍ ഈ യോഗത്തില്‍ സംബന്ധിച്ചുവന്നു. അദ്ദേഹത്തിന്റെ അനുജന് കൃഷ്ണപ്പിള്ള (മരിച്ചുപോയി) ഞങ്ങളുടെ എല്ലാം സഹപാഠിയും ഈ സദത്തിലെ പ്രഗത്ഭനായ ഒരംഗവുമായിരുന്നു. പദ്യങ്ങള്‍ എഴുതുന്നതിലും, എഴുതിക്കുന്നതിലും അതിലെ കുറ്റം കുറവുകള്‍ തിരുത്തുന്തനിലും സഭാ ജാഗരൂകനായിരുന്നു കരുണാകരമേനവന്‍. ആവശ്യക്കാര്‍ക്കുവേണ്ട ധനസഹായവും ആഹാരാദികളും നല്കുന്നതില് മേനവനും അദ്ദേഹത്തിന്റെ അഭിവന്ദ്യ മാതാവും അതീവ തല്പരരായിരുന്നു. പദ്യരചനയിലും മറ്റും ജയിക്കുന്നവര്‍ക്ക് പ്രോത്സാഹനജനകങ്ങളായ നല്ല പാരിതോഷികങ്ങളും മേനവനില്നിന്നും ലഭിച്ചുവന്നു. ആകപ്പാടെ ഇടപ്പള്ളി കൃഷ്ണരാജാവിന്റെ ``കേസരിപ്പാലസ്'' അന്നൊരു വിക്രമാദിത്യ സദസ്സായിരുന്നു എന്നു പറഞ്ഞാല്‍ തെറ്റില്ല. അങ്ങനെ കരുണാകരമേനവനായ കല്പശാഖിയുടെ നിഴലില്‍ ഒട്ടേറെ സാഹിതീലതകള് അവിടെ കിളുര്‍ത്ത് വളര്‍ന്നു പന്തലിച്ചു താരും തളിരും ഫലവുമണിഞ്ഞു. അതിലെ മധുരമധുരങ്ങളായ രണ്ടു ഫലപ്രകാണ്ഡങ്ങളാണ് രാഘവന്‍പിള്ളയും കൃഷ്ണപ്പിള്ളയും.
ചങ്ങമ്പുഴക്കവിതകളില്‍ പലതിലും പ്രഭുത്വത്തേയും ആഢ്യത്വത്തേയും ആലപിച്ചിട്ടുണ്ടാകും. ആര്‍ഷസംസ്കാരത്തെ ചുട്ടെരിക്കുവാന്‍ ആവേശപൂര്‍വ്വം ആഹ്വാനം ചെയ്തിട്ടുണ്ടാകാം. എങ്കിലും ആദ്യകാലത്തു തനിക്കു ലഭിച്ച പ്രോത്സാഹനങ്ങളുടെ പ്രതികരണങ്ങള്‍ അന്ത്യനിമിഷം വരെ ആ കവിയുടെ ഹൃദയവേദിയില്‍ തങ്ങിനിന്നുവന്നത് വാസ്തവം മാത്രമാണ്. അതുപലപ്പോഴും ബഹിര്പ്രകാശവിമുഖമായിരുന്നു എന്നു മാത്രം.
മലയാളം സ്കൂളിലെ സാഹിതീസികരായ ചില അദ്ധ്യാപകന്മാരും കരുണാകരമേനവനും ചേര്‍ന്ന് ആയിടെ അവിടെ ഒരു സാഹിത്യസമാജം സമാരംഭിച്ചു. അന്ന് എറണാകുളം കോളേജില്‍ മലയാള അദ്ധ്യാപകനായിരുന്ന ശ്രീ മേലങ്ങത്ത് അച്ചുതമേനവനായിരുന്നു ഈ സമാജത്തിന്റെ അദ്ധ്യക്ഷന്‍. കരുണാകരമേനവന്‍ കാര്യദര്‍ശിയും. നാളിലെ സാഹിത്യാഭിരുചിയുളള പലരും ഇതിലെ അംഗങ്ങളായി. അന്ന് 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ഞാനും ഏതാനും സുഹൃത്തുക്കളോടൊപ്പം അതില്‍ ചേര്‍ന്നു. ഇംഗ്ലീഷുസ്കൂളില് നിന്നും ആരും ഉണ്ടായിരുന്നില്ലെന്നാണ് എന്റെ ഓര്‍മ്മ. കൃഷ്ണപ്പിള്ള ഈ സമാജത്തില്‍ ചേരുകയുണ്ടായില്ല. പദ്യരചന, പ്രബന്ധവായന, പരിഭാഷ, സമസ്യാപൂരണം, അക്ഷരശ്ലോകമത്സരം, പ്രസംഗമത്സരം ഇങ്ങനെ പലതും അവിടെ നടന്നുവന്നു. ഞാന്‍ എല്ലാത്തിലും സോത്സാഹം പങ്കുകൊണ്ടു. മഹാകവി വള്ളത്തോള്‍ പലേ സന്ദര്‍ഭങ്ങളിലും ഈ യോഗത്തില്‍ അധ്യക്ഷം വഹിച്ചിട്ടുണ്ട്. കരുണാകരമേനവന്‍ വള്ളത്തോളിന്റെ തികഞ്ഞ ഒരു ആരാധകനായിരുന്നു. പില്ക്കാലത്ത് തന്റെ ഭാഗിനേയിയെ വള്ളത്തോളിന്റെ പുത്രനു വിവാഹം കഴിച്ചുകൊടുത്ത് ഈ ഭക്തിയെ അദ്ദേഹം ഉറപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ സാഹിത്യസമാജത്തിന്റെ വാര്ഷികസമ്മേളമാണ് ആദ്യത്തെ ``സമസ്തകേരള സാഹിത്യപരിഷത്താ''യിത്തീര്‍ന്നത്.
ചങ്ങമ്പുഴയുടെ കവിതാഭ്രമം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. ചില്ലറക്കാര്യങ്ങളെ വിട്ട് ഗൗരവതരങ്ങളായ വിഷയങ്ങളെ പുരസ്കരിച്ച് നീണ്ട കവിതകള്‍ എഴുതുവാന്‍ ആ വാസനാ സമ്പന്നന് കിണഞ്ഞു പരിശ്രമിച്ചു. അതിന്നു ചില നല്ല ഫലങ്ങളും കണ്ടുവന്നു. എങ്കിലും ഇംഗ്ലീഷ് സ്കൂളില്‍ കവിയായി അറിയപ്പെട്ടതു രാഘവന്‍പിള്ളയാണ്. രണ്ടുപേര്‍ക്കും അല്പം അസൂയയും ഉളവായി. എന്റെ വിഹാരരംഗം മലയാളം സ്കൂള്‍ ആയിരുന്നതിനാല്‍ ഞാന്‍ പ്രായേണ അഗണ്യനായിരുന്നു. അപ്പഴപ്പോള്‍ എഴുതുന്ന കവിതകള്‍ ഞങ്ങള്‍ പരസ്പരം കാണിച്ചുവന്നു. ആദ്യം ഞങ്ങള്‍തന്നെ തിരുത്തും. പിന്നെ കരുണാകരമേനവന്റെ കരവിരുതിനായി സമര്‍പ്പിക്കും. അക്കാലത്ത് ചങ്ങമ്പുഴ ധാരാളം എഴുതിയിരുന്നു. എന്നാല്‍ അവയില്‍ സിംഹഭാഗവും വെളിച്ചം കാണാതെ പോവുകയാണുണ്ടായത്. അപൂര്‍വ്വം ചിലത് പില്ക്കാലത്ത് കൃതിസമാഹാരങ്ങളില് സ്ഥാനം നേടിയിട്ടുണ്ട്. അങ്ങനെ സാഹിതീരസസമൃദ്ധമായ ആ ചുറ്റുപാടില്‍ അത്യുത്സാഹിയായ ആ കവിബാലന് ദൈനംദിനം വളര്‍ന്നുവന്നു. വെളുത്തപക്ഷത്തിലെ അമ്പിളിയെപ്പോലെ.
അധ്യായം ആറ്
സമസ്ത കേരള സാഹിത്യ പരിഷത്ത്
ഭാഷാ സാഹിത്യചരിത്രത്തില്‍ തങ്കരേഖാങ്കിതമാകേണ്ട ഒരദ്ധ്യായമത്രേ പരിഷത് സമ്മേളനം. ഹൃദയംഗമമായ സഹകരണത്തിന്റെയും ആത്മാര്‍ത്ഥമായ ഉത്സാഹത്തിന്റേയും, സമ്മേളനത്താല്‍ വിജയപ്രദമായ സാഹിത്യപരിഷത്തിനേക്കാള് മഹത്തരമായ മറ്റൊരു സംഭവം ഇടപ്പള്ളിയില്‍ നടന്നതായി ഓര്‍ക്കുന്നില്ല. ചങ്ങമ്പുഴസാഹിത്യത്തിന് കളമൊരുക്കിയ സംഭവങ്ങളില്‍ പ്രധാനമായ ഒന്ന് പരിഷത് സമ്മേളനങ്ങളാണ്. അതിന്റെ സകലഭാരവും വഹിച്ചത് ഉത്സാഹശീലനും കര്‍മ്മകുശലനും ഭാഷാ സേവനൈകനിരതനുമായ കരുണാകരമേനവന്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ്-ഇടപ്പള്ളി കൃഷ്ണരാജ - അണിയറയില്‍ ഇരുന്നുകൊണ്ട് അതിന്റെ സൂത്രധാരത്വം വഹിക്കുകയും മകന് പ്രോത്സാഹനം നല്‍കുകയും ചെയ്തു. അക്കാലങ്ങളില്‍ പരിഷത്തുപോലുള്ള മഹാസമ്മേളനങ്ങള്‍ നടത്തുന്നത് ഒരുവിധത്തിലും ഇന്നത്തെപ്പോലെ ഒരു ധനസമ്പാദനമാര്ഗ്ഗമായിരുന്നില്ല. പ്രത്യുത, അമിതമായ ധന-പരിശ്രമവ്യയമാര്ഗ്ഗമായിരുന്നതാനും. ഇടപ്പള്ളിയിലെ സഹൃദയന്മാര് ഏവരും ഏകാഭിപ്രായത്തോടെ അതില്പങ്കുകൊണ്ടു. ആയിരത്തി ഒരുനൂറ്റിരണ്ട് മേടത്തിലാണു സമ്മേളനം നടന്നത്. ആയിരത്തി ഒരുനൂറ്റിരണ്ട് മേടത്തിലാണു സമ്മേളനം നടന്നത്. നാലഞ്ചുദിവസത്തേക്കു നീണ്ടുനിന്ന ഒരു മഹാമഹം തന്നയായിരുന്നു അത്. കേരളത്തിലെ മികച്ച സാഹിത്യകാരന്മാരില് ബഹുഭൂരിഭാഗവും അവിടെ സന്നിഹിതരായിരുന്നു. ഞാനും കൃഷ്ണപിള്ളയും ഉള്‍പ്പെടെ ധാരാളം വിദ്യാര്‍ത്ഥികള്‍ സന്നദ്ധഭടന്മാരായി അതില്‍ ചേര്‍ന്നിരുന്നു. മഹാകവി വള്ളത്തോള്‍, ഉള്ളൂര്‍, പുന്നശ്ശേരി നമ്പി, നീലകണ്ഠശര്‍മ്മ, രാമവര്‍മ്മ അപ്പന്തമ്പുരാന്, സാഹിത്യപഞ്ചാനന്‍ പി.കെ. നാരായണപിള്ള, സി.എസ്സ്. നായര്‍, പുത്തേഴത്തു രാമമേനോന്, ആലത്തൂര്‍ അനുജന് നമ്പൂതിരിപ്പാട്, എം. രാമവര്‍മ്മതമ്പാന്‍, ഏ.ഡി. ഹരിശര്‍മ്മ, വടക്കുംകൂര്‍ രാജരാജവര്‍മ്മ, ഇങ്ങനെ പലരുടേയും പേരുകള്‍ ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്നുണ്ട്. സാഹിത്യത്തില്‍ ചേരിതിരിവുകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് സാഹിത്യപരമായ എന്തിനും ഏതു സഹൃദയനും ചെന്നെത്തുക സാധാരണമായിരുന്നു. ആ പുണ്യക്ഷേത്രത്തില്‍ പ്രാദേശികമനോഭാവവും കക്ഷിരാഷ്ട്രീയവും, വര്ഗ്ഗവിദ്വേഷങ്ങളുമൊന്നും ഇന്നത്തെപ്പോലെ കൊടിയുയര്ത്തിയിരുന്നില്ല. സുവര്‍ണ്ണകാലം.
സമ്മേളനപ്പന്തലിലെങ്ങുും ഒരു ചിത്രശലഭത്തിന്റെ ഉത്സാഹത്തള്ളിച്ചയോടെ ഓടിനടന്നിരുന്ന കൃഷ്ണപിള്ള അന്നൂഹിച്ചിരിക്കുകയില്ല. ഭാവിയില്‍ അതേ സ്ഥലത്തുവെച്ചുതന്നെ അത്തരം ഒരു സമ്മേളനത്തിന്റെ സാരഥ്യം താന്‍ വഹിക്കേണ്ടിവരുമെന്ന്. അവിടെക്കൂടിയിരുന്ന സാഹിതീനായകന്മാരില്നിന്നു തങ്ങള്ക്കഭിമതരും അനുകരണീയരുമായവരെ തിരഞ്ഞുപിടിക്കുന്നതിലാണ് ഞങ്ങളുടെ ബാലഭാവന വ്യാപൃതമായിരുന്നത്. കൃഷ്ണപിള്ളക്കു വള്ളത്തോളായിരുന്നു ഏറ്റവും അഭിമതന്‍. ഞാനാകട്ടെ ഉള്ളൂരിനെയാണ് മനസാ ആരാധിച്ചത്. സമുജ്വലമായ ആ വാക്സുധാപ്രവാഹം ഇന്നും കാതുകളില്‍ അലയടിക്കുകയാണ്. കൃശഗാത്രനായ കുട്ടികൃഷ്ണമാരാരെ മുന്പില് ഇരുത്തി രാജസ്വഭാവത്തോടെ മാന്യസ്ഥാനത്തിരുന്ന ``മേദൂരദീര്ഘകായ''നായ വള്ളത്തോള്‍ ആരുടേയും ബഹുമാനത്തെ സമാര്‍ജ്ജിച്ചിരുന്നു. ആ ``ചിത്രയോഗം'' തികച്ചും ആകര്ഷണീയമായിരുന്നുവെങ്കിലും , ഉദ്യോഗപ്രൗഢിയാലും ബ്രാഹ്മണ്യത്താലും സമനുഗ്രഹീതനായിരുന്ന ``ഉള്ളൂര്സാമി'' കൂടുതല്‍ ആളുകളെ വശീകരിച്ചതായിതോന്നി. പൊന്നരിഞ്ഞാണിന്റെയും അതില്‍ തൊടുത്തിരുന്ന സുവര്‍ണ്ണ ഏലസ്സുകളുടേയും പ്രഭാപ്രസരം പുറത്തൊഴുകുമാറ് നേരിയ കസവുവസ്ത്രത്താല് ആഛാദീതനായി, ഭസ്മചന്ദന കുങ്കുമാങ്കിതനായി, കാച്ചിയ കാഞ്ചനശലാകപോലെ പരിശോഭിച്ച പുന്നശ്ശേരി നമ്പി മൂര്‍ത്തിമത്തായ സനാതനധര്‍മ്മത്തിന്റെ പ്രതീതി കാണികളില്‍ ഉളവാക്കി. ``കുലമഹിമ കുരുത്തക്കേടിനായിട്ടുമാത്രം.' ' എന്ന മുഖവുരയോടെ പ്രസംഗിച്ച അപ്പന്‍തമ്പുരാനും, അപാരപാണ്ഡിത്യത്താല് പ്രചോദിതമായ അതിപ്രൗഢവാഗ്ധോരണിയില് സമ്മേളനവേദിയെങ്ങും മുഖരിതമാക്കിയ സാഹിത്യപഞ്ചാനനനും സദസ്യരുടെ മനോവേദിയില്‍ മായാമുദ്ര പതിപ്പിച്ചു. ``പുത്തേഴന്റെ പത്താഴത്തില്‍ നെല്ലില്ലെ''ന്ന പ്രസ്താവന ശരിയല്ലെന്നു രാമന്‍മേനവന്‍ തന്റെ സന്ദര്‍ഭോചിതമായ സരസപ്രസംഗത്താല് തെളിയിച്ചു. ധാരാളം കവിതാപാരയണങ്ങളും, പ്രസംഗങ്ങളും, പ്രമേയങ്ങളും, ഉപന്യാസങ്ങളും മറ്റുമായി ആ സമ്മേളനം ഭംഗിയായി കഴിഞ്ഞുകൂടി. സാഹിതീ ക്ഷേത്രത്തില്‍ മഹത്തായ ഒരു സംഘടന ഉടലെടുക്കുകയും ചെയ്തു. ഏതെങ്കിലും ഒരു പ്രശസ്ത സാഹിത്യകാരന് എന്തെങ്കിലും എളിയ സേവനം ചെയ്യുന്നത് മഹാഭാഗ്യമായി ഞങ്ങള്‍ ഓരോരുത്തരും കരുതി. ഉള്ളൂരിനെ തൊട്ടുരുമ്മിയതും, വള്ളത്തോളിന്റെ അടുത്തുനിന്നതും, പി.കെ. യോടു സംസാരിച്ചതുമെല്ലാം ഞങ്ങളുടെ അപദാനങ്ങളായി. സാഹിത്യത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും അവിടെ പ്രാതിനിധ്യം ഉണ്ടായിരുന്നുവെങ്കിലും കവിതയ്ക്കായിരുന്നു പ്രഭുത്വം. അതു നമ്മുടെ സാഹിത്യത്തില്‍ കവിതയുടെ യുഗം തന്നെയായിരുന്നു.
പരിഷല്‍ സമ്മേളനത്തിന്റെ പര്യവസാനത്തോടുകൂടെ അവിടെ സന്നിഹിതരായിരുന്ന കവികളേയും അവരുടെ കവിതകളേയും അനുകരിക്കുവാന്‍ കൗമാര സഹജമായ ഒരു വാസന ഞങ്ങളില്‍ കടന്നുകൂടി . അങ്ങനെ പല പദ്യങ്ങളും എഴുതുകയും ചെയ്തു. പരിഷത്തിനെപ്പറ്റിത്തന്നെ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഏതാനും ശ്ലോകങ്ങള്‍ എഴുതുകയുണ്ടായി. അതില്‍ ഓര്‍മ്മയുള്ള ഒന്ന് ഇവിടെ കുറിക്കാം.
പള്ളിക്കെട്ടഥ കൈരളിക്കു മഹാമയിഘോഷിക്കുവാന് രമ്യമായ്
പള്ളിക്കൂടമതില് പെരുത്തുവലുതായ് തീര്ത്തുള്ളരംഗസ്ഥലം
പുള്ളിപ്പേടമൃഗാക്ഷിയാള്ക്കു വരനായ് ശോഭിക്കുവാന്‍ യോഗ്യനായ്-
തള്ളിപ്പേതുമറിഞ്ഞിടാത്തൊരുമഹാ വിദ്വാന്റെ ഹൃത്തട്ടുതാന്.''
ഇതില്കുറിക്കുന്ന മഹാവിദ്വാന്‍ കരുണാകരമേനവന്തന്നെയാണ്. കൃഷ്ണപിള്ളയെ ചങ്ങമ്പുഴയാക്കി വാര്‍ത്തെടുത്തത് ആ സാഹിതീമര്മ്മജ്ഞന്റെ വിദഗ്ധകരങ്ങളാണെന്നു സമ്മതിച്ചേ തീരൂ. പക്ഷേ, തന്റെ ജീവിതകാലത്ത് ആ മാന്യനോടുള്ള കടപ്പാടുകള്‍ ചങ്ങമ്പുഴ അറിഞ്ഞാദരിച്ചു എന്നു പറയാവതല്ല. അത്തരമുള്ള കുറവുകള്‍ ആ ജീവിതത്തില്‍ സഹജമായിരുന്നു. അഥവാ ``കുറ്റപ്പെടുത്താനുമായിടാ നാമൊക്കെയെത്രയായാലും മനുഷ്യരല്ലേ.'' എന്നാണല്ലോ അദ്ദേഹത്തിന്റെ സമാധാനം. ഏതായാലും ചങ്ങമ്പുഴയുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ കരുണാകരമേനവനെക്കുറിച്ചുള്ള കൃതജ്ഞതാഭാരം തങ്ങിനിന്നിരുന്നു എന്ന് അസ്മാദൃശന്മാരായ അടുത്ത സുഹൃത്തുക്കള്‍ക്ക് പരക്കെ അറിയാവുന്നതാണ്. പരിഷല്‍ സമ്മേളനത്തില്‍ നിന്നും ലഭിച്ച പ്രചോദനം കൃഷ്ണപ്പിള്ളയുടെ സാഹിത്യജീവിതത്തിന് അടിത്തറപാകിയെന്നു പറയാം. ആ പരിചയസമ്പത്ത് നാള്‍ക്കുനാള്‍ വളര്‍ത്തിക്കൊണ്ടുവരുവാനും അതില്‍നിന്നും സുന്ദരതരമായ ഒരുഭാവി നെയ്തെടുക്കുവാനും എന്റെ സുഹൃത്ത് കിണഞ്ഞു ശ്രമിച്ചു. അടുത്ത കൊല്ലത്തിലാണ് (1103) അദ്ദേഹത്തിന്റെ ആദ്യ കവിത പ്രസിദ്ധീകരിച്ചത്.
ധാരാളം വായിക്കുക, കുറേയൊക്കെ എഴുതുക, ഇതായിരുന്നു കൃഷ്ണപ്പിള്ളയുടെ അക്കാലത്തെ ദിനചര്യ. ചുറ്റുപാടുകളില്‍നിന്നും പ്രചോദനവും പ്രോത്സാഹനവും നിര്ല്ലോ ഭം ലഭിച്ചുവന്നു. രാമായണം, ഭാരതം, ഗാഥ, തുള്ളല്‍ക്കഥകള്‍ ഇവയെല്ലാം തന്നെ ആ ജ്ഞാനഭിക്ഷു പലവുരു വായിച്ചുപഠിച്ചു. കരുണാകരമേനവന്റെ സമൃദ്ധമായ ഗ്രന്ഥശേഖരത്തിലെ പര്യഗ്രന്ഥങ്ങളെല്ലാം തന്നെ സോത്സാഹം അദ്ദേഹം ഹൃദിസ്ഥമാക്കി. സായാഹ്ന ....ങ്ങളും ഈശ്വരഭജനങ്ങളും രാസക്രീഡകളുമെല്ലാം നിര്ബ്ബന്ധമായിത്തീര്ന്നു. സുഹൃല്സംഘത്തില് പെണ്‍കുട്ടികളുടെ എണ്ണം .... വര്‍ദ്ധിക്കുകയും ചെയ്തു. അത്തരം കേളീരംഗങ്ങളാണ് അ..... മിക്കകവിതകള്ക്കും വിഷയദാനം ചെയ്തുവന്നത്. തികഞ്ഞ വികാരവിജൃംഭണതയോടെ അനുഭവങ്ങളെ എഴുതി ഫലിപ്പിക്കുവാന്‍ അന്യാദൃശമായ ഒരു കഴിവ് അന്നേ കൃഷ്ണപിള്ളയ്ക്കുണ്ടായിരുന്നു. തുള്ളല്‍ക്കഥകളും മറ്റുമായി നേടിയ അതിപരിചയം ആ കവിതകള്‍ക്ക് അതിയായ ലാളിത്യം നേടിക്കൊടുത്തു. എങ്ങനെയെങ്കിലും ഒത്തൊരുമകവിയായിത്തീരണമെന്ന ആശ വാസനാ സമ്പന്നില്‍ വേരുറച്ചു. എന്നാല്‍ വിദ്യാഭ്യാസകാര്യങ്ങളില്‍ ഏതും വിമുഖനായതുമില്ല.
ചങ്ങമ്പുഴക്കുടുംബം ദാരിദ്ര്യത്തില്‍പെട്ട് നട്ടംതിരിയുന്ന ഒരു കാലഘട്ടമായിരുന്നു അത്. കൃഷ്ണപ്പിള്ളയുടെ വിദ്യാഭ്യാസം തന്നെ രണ്ടുമൂന്നു പ്രാവശ്യം തടയപ്പെടുകയുണ്ടായി. തന്റെ ആശയും ആവേശവും കുടുംബത്തിന്റെ നിസ്സഹായ സ്ഥിതി, സ്നേഹബന്ധങ്ങള്‍, ആശകള്‍ സഫലീകൃതമാകുന്നതിനുള്ള വിഷമതകള്‍, ഉല്‍കര്‍ഷേച്ഛ ഇങ്ങനെ വിഭിന്നങ്ങളായ പലേ വികാരങ്ങളുടേയും സങ്കേതമായിരുന്നു അന്ന് ആ അനാഗതശ്മശ്രുവിന്റെ മനസ്സ്. അവയുടെ സമ്മര്‍ദ്ദങ്ങളില്‍ ചില നവ്യവികാരവീചികള് സംജാതമായി. അവ ആത്മപ്രകാശനപരങ്ങളായ ഭാവഗാനങ്ങളായി പുറത്തേക്കൊഴുകി. ആ ഗാനങ്ങള്ക്കെല്ലാംതന്നെ അനുഭവത്തിന്റെ ചൂടുംവെളിച്ചവും ഉണ്ടായിരുന്നു. ആത്മവഞ്ചന എന്തെന്നറിയാത്ത ആ ശുദ്ധഹൃദയത്തില്‍നിന്നും പുറത്തുവന്നതെല്ലാം തന്നെ ആത്മാര്‍ത്ഥത തുളുമ്പുന്ന സത്യപ്രസ്താവനകളായിരുന്നു. ആരുടേയും ഇഷ്ടാനിഷ്ടങ്ങള്‍ അവിടെ പരിഗണിക്കപ്പെട്ടില്ല. തനിക്കു തോന്നിയതു തോന്നുന്നതുപോലെ അദ്ദേഹം എഴുതിവന്നു. അങ്ങനെ ഉത്തമമായ ഒരു കാവ്യനിര്മ്മാണപദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു. സംഭവഗതികളുടെ യഥാതഥമായ ചിത്രീകരണങ്ങള്‍ ആരംഭത്തില്‍തന്നെ കുറേയേറെ മിത്രങ്ങളേയും അതിലേറെ ശത്രുക്കളേയും അദ്ദേഹത്തിനു നേടിക്കൊടുത്തു. ചങ്ങമ്പുഴ കൃഷ്ണപിള്ളയെ മഹാകവി ചങ്ങമ്പുഴയായിക്കാണുവാന് ആഗ്രഹിക്കുന്നവര്‍ ഈവക പശ്ചാത്തലങ്ങളെല്ലാം മനസ്സില്‍ ഉറപ്പിക്കേണ്ടതുണ്ട്. നമ്മുടെ സാഹിത്യത്തില്‍ കാലത്തിന്റേയും ചുറ്റുപാടുകളുടേയും ചൂടും വെളിച്ചവും ഉള്‍ക്കൊണ്ട കവികളില്‍ പ്രഥമഗണനീയനായിരുന്നല്ലോ ചങ്ങമ്പുഴ.
അദ്ധ്യായം ഏഴ്
ആദ്യകാല സാഹിതീ സപര്യകള്‍
ഭാഷാ സാഹിത്യം അമാനുഷ പ്രഭാവന്മാരായിരുന്ന മൂന്നു മഹാരഥന്മാരുടെ നിരന്തരസേവനത്താല് ധന്യമായിരുന്ന കാലം. ആ പ്രഭാപ്രസരത്തില്‍ മറ്റെല്ലാംതന്നെ നിഷ്പ്രഭങ്ങളായിരുന്നു. ആശാന്, ഉള്ളൂര്‍, വള്ളത്തോള്‍, ഈ മൂര്ത്തിത്രയങ്ങളുടെമഹനീയ സംഭാവനകളാല്‍ കൈരളീദേവി തികച്ചും സമ്പന്നയും അഭിമാനവതിയുമായിരുന്നു. ആശാന് ആയിടയ്ക്കു മണ്മറഞ്ഞുപോയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കവിതകള്‍ ഉയര്‍ത്തിയ നവ്യചൈതന്യം സാഹിതീക്ഷേത്രത്തില് വെന്നിക്കൊടിയുയര്ത്തിയിരുന്നു. ശങ്കരക്കുറുപ്പ്, കുറ്റിപ്പുറം, വെണ്ണിക്കുളം, ശങ്കരന്‍നമ്പ്യാര്‍, ശങ്കുണ്ണി മുതലായി വാസനാസമ്പന്നരായ ഒട്ടേറെ യുവകവികള്‍ ഉണ്ടായിരുന്നുവെങ്കിലും സൂര്യപ്രഭയുടെ മറവില്പെട്ട ചന്ദ്ര ബിംബംപോലെ അസ്ത്രപ്രഭരായിരുന്നു അവര്‍ മിക്കപേരും. അത്തരമുള്ള ഒരു സാഹിതീവേദിയിലേക്കാണ് കൗമാരം പിന്നിട്ടിട്ടില്ലാത്ത നമ്മുടെ കവികിശോരന് തന്റെ കാവ്യമുരളിയുമായിക്കടന്നുവന്നത്. കൈകാലുകള്‍ അല്പം വിറച്ചുവെങ്കിലും കണ്ഠം ഒട്ടുംതന്നെ പതറിയില്ല. മലയാളസാഹിത്യത്തിലെ പുതുമയേറിയ ഒരു ചരിത്രസംഭവമായിരുന്നു അത്. ``അമ്പെപ്പകച്ചും, മിഴിച്ചുനില്പായ്, യശഃകൊമ്പത്തിരുന്നു ചിലച്ചതാം കാക്കകള്‍'' എന്നു പറയുന്നതില്‍ അസാംസഗത്യമൊന്നുമില്ല. അത്രമാത്രം ആവശേകരമായിരുന്നു ആ നവ്യാഗമനം. കടുകടുത്ത സംസ്കൃതപദങ്ങളെക്കൊണ്ടു പാണ്ഡിത്യക്കസര്ത്ത് നടത്തിയിരുന്ന കവി യശഃപ്രാപ്തികളുടെ ശ്ലോകവ്യാപാരങ്ങളാല് അരോചകചിത്തരായിരുന്ന സഹൃദയര്‍, ഈണമേറിയ ദ്രാവിഡശീലുകളില്‍ ഇണക്കിക്കൊടുത്ത ആ മധുരകോമളകാന്തപദാവലികളുടെ പീയൂഷധാരയില്‍ ആനന്ദപുളകിതരായതില് അത്ഭുതമില്ല. അവര്‍ അതിനെ ആവേശത്തോടെ വാരിക്കോരിക്കുടിച്ചുനിര്വൃതികൊണ്ടു. കൈരളീദേവി കനകച്ചിലങ്കകളുടെ കിലുക്കത്തോടും കാഞ്ചനകാഞ്ചിയുടെ കുലുക്കത്തോടും ആനന്ദതാണ്ഡവമാടുന്നത് അവര്‍ ആദ്യമായിക്കണ്ടു. മലയാളപദങ്ങളുടെ ശാലീനമാധുര്യം അവര്‍ പരക്കെ ആസ്വദിച്ചു. സംഗീതവും സാഹിത്യവും ഒരുപോലെ കതിരിട്ടുനില്‍ക്കുന്ന ആ കവിതയുടെ ആസ്വാദനത്താല്‍ അവര്‍ ഉള്‍പ്പുളകം പൂണ്ടു. വന്‍പന്റെ പിന്പേപോകുന്നവര് അനുഭവിക്കേണ്ടിവരുന്ന പരിശ്രമാധിക്യം ആ കവിയെ ഒട്ടൊന്നു തളര്ത്തിയിട്ടുണ്ടാകണം. എങ്കിലും ആ അടിവെയ്പ്പുകള്‍ നാള്‍ക്കുനാള്‍ സുശക്തങ്ങളായി. ആ ദൃഢവ്രതത്തിന്റെ -പരിശ്രമശീലത്തിന്റെ -മനഃസ്ഥൈര്യത്തിന്റെ മുന്പില് ആരും ആദരാഞ്ജലികള്‍ അര്‍പ്പിക്കേണ്ടിയിരിക്കുന്നു. അത്രമാത്രം മഹത്തരമായിരുന്നു അവയോരോന്നും. ദൃക്സാക്ഷികള്‍ ഇന്നും അത്ഭുതാധീനരത്രെ.
അക്കാലത്ത് എഴുതപ്പെട്ട കവിതകളില്‍ സിംഹഭാഗവും വെളിച്ചംകാണാതെ അന്ധകാരത്തില്‍ ആണ്ടുപോവുകയാണുണ്ടായത്. അടുത്ത സുഹൃത്തുക്കള്‍ക്കുമാത്രമേ അതാസ്വദിക്കുവാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ളൂ. അപൂര്‍വ്വം ചിലതെല്ലാം തുടച്ചുമിനുക്കി പില്ക്കാലങ്ങളില് പ്രസിദ്ധം ചെയ്തിട്ടുണ്ട്. തന്റെ പേര് പത്രത്തില്‍ ഒന്നടിച്ചുകാണുവാന് ആ ഉല്പതിഷ്ണു വളരെ ആശിച്ചു. മാസികകള്‍ക്കും വാരികകള്‍ക്കും അയച്ചതില്‍ ബഹുഭൂരിഭാഗവും പത്രാധിപന്മാരുടെ ചവറ്റുകുട്ടയില്‍ അടിയുകയാണുണ്ടായത്. 1103 ല്‍ ``പൗരസ്ത്യദീപം'' എന്ന മാസികയില്‍ പ്രസിദ്ധീകൃതമായ ``മംഗളം'' എന്ന കവിതയാണ് ചങ്ങമ്പുഴയുടെ ആദ്യമായി അച്ചടിക്കപ്പെട്ട പദ്യമെന്നാണ് എന്റെ ഓര്‍മ്മ. അതിലെ ചില വരികള്‍ ഇവിടെ ഉദ്ധരിക്കാം.
``ബാലാനിലന് ജയകാഹളഘോഷങ്ങള്
നാലുഭാഗത്തും പരത്തിയാലും,
വൃക്ഷാഗ്രഭാഗത്തില് പക്ഷം വിരിച്ചെന്റെ -
പക്ഷിവൃന്ദങ്ങളെ പാടിയാലും
മല്ലികാമാകന്ദമഞ്ജുളമന്ദാര-
മുല്ലകള്‍ തന്റെ കുസുമങ്ങളെ,
നിങ്ങള്തന് സൗരഭ്യമൊന്നിജ്ജഗത്തിങ്ക-
ലെങ്കിലും പരത്തി പ്രകാശിച്ചാലും
താവകവാര്ത്തയെ വാഴ്ത്തുവാനല്ലയോ
പൗരസ്യദൂതന് ഭൂജാതനായി.''
``പ്രതിദിന''ത്തിലും മറ്റും ഒന്നു രണ്ടു കവിതകള്‍ ആയിടെ പ്രസിദ്ധം ചെയ്തതായും ഓര്‍ക്കുന്നുണ്ട്. എന്നാല്‍ അവയൊന്നുംതന്നെ സാഹിത്യദൃഷ്ട്യാ മെച്ചപ്പെട്ടവയായിരുന്നില്ല. എങ്കിലും ഭാവിയില്‍ സമുന്നതസ്ഥാനത്തെത്തുവാന് അര്‍ഹനായ ഒര കവിയുടെ രംഗപ്രവേശം കുറിക്കുവാന്‍ അവ പര്യാപ്തങ്ങളായിരുന്നു. വിദഗ്ധ ദൃഷ്ടികള്‍ അതിന്റെ വിലയെ മനസ്സിലാക്കുകയും ചെയ്തു. സുപ്രസിദ്ധ വാഗ്മിയും സരസസാഹിത്യകാരനുമായ ശ്രീ. സി. നാരായണപ്പിള്ളയുടെ വിവാഹാവസരത്തില്‍ ഒരു മംഗളപത്രം വായിച്ചു കൊടുത്തതോടെയാണ് ചങ്ങമ്പുഴയെ കവിയായി നാട്ടുകാര്‍ പരസ്യമായി അംഗീകരിച്ചത്. അന്ന് ഇടപ്പള്ളിസ്വരൂപം മാനേജരായിരുന്ന ശ്രീ. ശങ്കരനാരായണപ്പിള്ളയുടെ മകള്‍ സരസ്വതി അമ്മയായിരുന്നു വധു. ശങ്കരനാരായണപ്പിള്ളയുടെ ഉദ്യോഗപ്രൗഢിയില് ആകൃഷ്ടരായ പലരും ആ അവസരത്തില്‍ മംഗളപത്രം വായിക്കുകയുണ്ടായി. വരന്റെ സുഹൃത്തെന്ന നിലയിലായിരുന്നു ചങ്ങമ്പുഴയുടെ മംഗളാശംസ. വിദ്വാന്മാരും പണ്ഡിതന്മാരും മാന്യന്മാരും നിറഞ്ഞ ആ സദസ്സില്‍ നീണ്ടുനിവര്‍ന്നു നിന്നു സങ്കോചലേശമന്യേ ഈണത്തില്‍ മംഗളപത്രം വായിച്ച ആ അനാഗത ശ്മശ്രുവിനെ ഏവരും മുക്തകണ്ഠം പുകഴ്ത്തി. എന്നെപ്പോലുള്ള അടുത്ത സുഹൃത്തുക്കള്‍ പുളകം പൂണ്ടു. നമ്മുടെ യുവകവി അഭിമാനപൂരിതനാവുകയും ചെയ്തു. ആയിരത്തി ഒരുന്നൂറ്റിഅഞ്ചിലാണ് ഇതുണ്ടായത്.
ആദ്യത്തെ കവിതാസമാഹാരമായ ``ബാഷ്പാഞ്ജലി'' യില്‍ ചേര്‍ത്തിരിക്കുന്ന കവിതകള്‍ ഒട്ടുമിക്കതും ഈ കാലത്തിന്റെ സൃഷ്ടികളാണ്. മാനവഹൃദയത്തിലെ മൃദുലതന്ത്രികളുടെ അനുരണനം ഇതില്‍ കേള്‍ക്കാം. ഉല്‍ക്കര്‍ഷേച്ഛുവായ ഒരു ദരിദ്രബാലന്റെ ഹൃദയരോദനം അവയെ ഭാവോന്മീലതങ്ങളാക്കിയിരുന്നു. കരുണമായിരുന്നു ആ കവികളുടെ സ്ഥായീഭാവം. അധഃകൃതരും അധഃസ്ഥിതരുമായ ബഹുസഹസ്രം ജനതയുടെ ശബ്ദം കൃഷ്ണപിള്ളയുടെ കവിതകളിലൂടെ മാറ്റൊലിക്കൊണ്ടു. ആ സരളഹൃദയത്തിലെ മനുഷ്യത്വത്തിന്റെ പ്രതിഫലനമായിരുന്നു അത്. താഴ്ന്നവരെ ഉയര്‍ത്തുവാനാണ് അദ്ദേഹം ഉന്നിയത്. ഉയര്ന്നവരെ താഴ്ത്തുവാനല്ല. ഉന്നമനമാര്ഗ്ഗത്തില് വിലങ്ങടിച്ചുകിടക്കുന്ന പരശ്ശരും പ്രതിബന്ധങ്ങളെക്കണ്ടുണ്ടായ ധാര്‍മ്മികരോഷവും പ്രകൃതിയുടെ സ്വര്ഗ്ഗീയരമ്യതയില് ആകൃഷ്ടനായ ഒരു ഭാവനാസമ്പന്നന്റെ നിത്യനൂതനങ്ങളായ സങ്കല്പങ്ങളും ആ കാവ്യതരംഗിണിയില് അലയടിച്ചു. പരസ്പരവിരുദ്ധങ്ങളായ രണ്ടു ശക്തിധാരകള്‍ ആ കവിതയിലും ജീവിതത്തിലും ഉടനീളം വ്യാപരിച്ചിട്ടുണ്ട്. ഈ ദൈ്വതഭാവം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെപ്പോലും അന്ധാളിപ്പിക്കുമാറ് അത്രമാത്രം പ്രകടമായിരുന്നു പലപ്പോഴും. ശാലീനമായദൈവീകപ്രേമത്തെ പാടിപ്പുകഴ്ത്തുകയും താന്‍ അതിന്നു കടകവിരുദ്ധമായി നടക്കുകയും ചെയ്യും. ജടയുടെ സംസ്കാരപ്പനയോലച്ചുരുളെല്ലാം ചുട്ടെരിക്കേണമെന്നു വീറോടെ വാദിക്കുകയും അതേസമയംതന്നെ ആര്‍ഷ സംസ്കാരത്തിന്റെ മഹിമാതിരേകത്തെ വാനോളം പുകഴ്ത്തുകയും ചെയ്യും. ദാരിദ്ര്യത്തില്‍ പരിതപിച്ചുകൊണ്ടുതന്നെ കുബേരനെക്കാള്‍ കൂടുതല്‍ ചെലവഴിക്കും. അമൃതിനെ വാഴ്ത്തിക്കൊണ്ടുതന്നെ മദിരയെപ്പഴിക്കും. ഇങ്ങനെ ഇങ്ങനെ ആ ജീവിതത്തില്‍ പലതും പലതും കാണാം വൈരുദ്ധ്യങ്ങള്‍.
മറ്റുപലേ കവികള്‍ക്കും പലകാലത്തെപ്പയറ്റിന്നുശേഷം മാത്രമേ സാഹിതീരംഗത്ത് അംഗീകരണം ലഭിച്ചുള്ളൂ. എന്നാല്‍ കൃഷ്ണപ്പിള്ളയ്ക്ക് ആരംഭകാലത്തുതന്നെ പേരും പെരുമയും കരസ്ഥമായി. ആദ്യസമാഹാരമായ `ബാഷ്പാഞ്ജലി'യിലെ കവിതകളില്‍ പോലും ഒരു വിദഗ്ധഹസ്തത്തിന്റെ മുദ്രകള്‍ നമുക്കു കാണുവാന്‍ സാധിക്കും. ആ `ആരാമത്തിന്റെ രോമാഞ്ച'ത്തില്‍ കവിതയുടെ കനകപരാഗം സമൃദ്ധമാണ്. ഏതാണ്ട് പത്തു സംവത്സരക്കാലം അണിയലെല്ലാം കഴിഞ്ഞ് അണിയറയില്‍ ഇരുന്നശേഷമാണ് കൃഷ്ണപിള്ള ചങ്ങമ്പുഴയായി മാറിയത്. അല്ലാതെ ചിലര്‍ വിചാരിക്കുംപോലെ ഒരു സുപ്രഭാതത്തില്‍ മാനത്തുനിന്നും പൊട്ടിവീണ കവിയല്ലായിരുന്നു ചങ്ങമ്പുഴ. നിസ്ത്രന്ദ്ര വും നിരന്തരവുമായ ആ തപസ്യ ആ കവിതകള്‍ക്ക് അസുലഭസൗകുമാര്യം കൈവരുത്തി. താദൃശമായ അവിശ്രമപരിശ്രമത്തിന്റേയും അനുഭവങ്ങളുടേയും അഭാവമാണ് ചങ്ങമ്പുഴയെ അനുകരിക്കുവാന്‍ വെമ്പിപ്പുറപ്പെട്ട കവിയശഃപ്രാര്ത്ഥികളില് പലരേയും അമ്പേ പരാജയപ്പെടുത്തിയതും.
അതിബാല്യത്തിലേതന്നെ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ കൊടുംകാട്ടിലേക്ക് അദ്ദേഹം എറിയപ്പെട്ടു. പൊള്ളുന്ന മണലാരണ്യങ്ങളില്‍ ആ ജീവിതം എരിപൊരിക്കൊണ്ടു. എങ്കിലും ജനിച്ച നാടിന്റെ കമനീയത, അതറിഞ്ഞാസ്വദിക്കുവാനുള്ള ജന്മവാസന, അതിവേഗം വികാരവിജൃംഭിതമാകുന്ന മൃദുലഹൃദയം, മോഹനവസ്തുക്കളോടുള്ള അത്യാകാംക്ഷ ഇവയെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ അവിടെ ഒരു മഹാകവി ഉദയംകൊണ്ടു. കൃഷ്ണപ്പിള്ളയെകവിയായ ചങ്ങമ്പുഴയാക്കി മാറ്റിയ സാഹചര്യങ്ങള്‍ ഇവയെല്ലാമാണ്. ഇവയ്ക്കെല്ലാം മകുടം ചാര്‍ത്തുമാറ് സഹൃദയനും പണ്ഡിതനും സൗഹൃദോദാരനുമായ കരുണാകരമേനവനോടുള്ള സഹവാസവും, ആ വാസനാവൈഭവത്തെ അതിന്റെ അതിവ്യാപകരൂപത്തില് കണ്ടറിഞ്ഞതും കൊണ്ടാടിയതും കരുണാകരമേനവനാണ്. അങ്ങനെ ഒരു സമസ്തകരളസാഹിത്യപരിഷത്തു മാത്രമല്ലാ, പരിഷത്തിനേക്കാള്‍ വലുതായ ഒരു മഹാകവിയുടേയും ഉദയത്തിനു കരുണാകരമേനവന്‍ കാരണഭൂതനായി.
ഇടപ്പള്ളിയില്‍നിന്നും ആലുവായ്ക്കും, അവിടെനിന്നും എറണാകുളത്തേക്കുമായി മാറിമാറി കൃഷ്ണപിള്ളയുടെ വിദ്യാഭ്യാസം തുടങ്ങിയും മുടങ്ങിയും അങ്ങനെ നടന്നു. സാമ്പത്തികവിഷമങ്ങളെ അവിശ്രമപരിശ്രമങ്ങളാലും സ്ഥിരോത്സാഹത്താലും ഒരു വിധം തരണംചെയ്തുകൊണ്ട് ആത്മവിശ്വാസത്തോടെ ആ വാസനാസമ്പന്നന് നാള്‍ക്കുനാള്‍ മുന്നേറി.
അദ്ധ്യായം എട്ട്
ഇ.വി. കൃഷ്ണപിള്ളയും ചങ്ങമ്പുഴ കൃഷ്ണപിള്ളയും
കൈരളീക്ഷേത്രത്തില് ചങ്ങമ്പുഴയെ അവതരിപ്പിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചത് സുപ്രസിദ്ധ സാഹിത്യകാരനായ ഇ.വി. കൃഷ്ണപിള്ളയ്ക്കാണ്. സാഹിത്യകാരന്, വാഗ്മി, അഭിഭാഷകന്, പൊതുപ്രവര്ത്തകന് ഇങ്ങനെ വിവിധനിലകളില്‍ കേരളത്തില്‍ പരക്കെ സമാരാദ്ധ്യനായ ഒരു മാന്യനായിരുന്നു ഈ.വി. കൃഷ്ണപിള്ള. തിരുവിതാംകൂറില്‍ ഈ.വി.ക്ക് സമുന്നതമായ ഒരു സ്ഥാനമാണുണ്ടായത്. രാജകൊട്ടാരത്തില്‍പോലും അദ്ദേഹത്തിന്ന് അപാരമായ സ്വാധീനശക്തിയുണ്ടായിരുന്നു. വിശ്വവിശ്രുതനായ സി.വി. രാമന്‍പിള്ളയുടെ ജാമാതാവെന്ന നിലയില്‍ അദ്ദേഹം ആര്‍ക്കും ബഹുമാന്യനായിരുന്നു. അത്തരം കരുത്തുറ്റ കരാവലംബം ചങ്ങമ്പുഴയുടെ കാവ്യജീവിതത്തിന് താങ്ങും തണലും നല്കുവാന് ഉണ്ടായത് ഒരു നല്ല ശകുനമായി ഏവരും കണക്കാക്കി. ``ബാഷ്പാഞ്ജലി'' ക്ക് ഒരു നല്ല അവതാരിക എഴുതിക്കൊടുത്ത് അതു പ്രസിദ്ധീകരിക്കുകമാത്രമല്ലാ ഈ ഇ.വി. ചെയ്തത്. നിര്‍ദ്ധനനും വാസനാസമ്പന്നനുമായ തല്‍ക്കര്‍ത്താവിനെ പല പ്രമുഖവ്യക്തികളുമായി പരിചയപ്പെടുത്തുകയും, അങ്ങനെ സുശോഭനമായ ഒരു ഭാവിക്ക് വഴിതെളിയിക്കുകയും ചെയ്തു. ഇ.വി.യുടെ പ്രേരണമൂലം ഉയര്‍ന്ന പലേ സ്ഥാനങ്ങളില്‍ നിന്നും ഗണ്യമായ സഹായസഹകരണങ്ങള്‍ നേടുവാന്‍ ചങ്ങമ്പുഴയ്ക്കു സാധിച്ചു. തന്റെ വിദ്യാഭ്യാസം തുടരുവാന്‍ ആയുവാവിന് അത്തരം സഹായങ്ങള്‍ അത്യന്താപേക്ഷിതവുമായിരുന്നു. ``ആരുവാങ്ങുമിന്നാരുവാങ്ങുമീയാരാമത്തിന്റെ രോമാഞ്ചം എന്ന ചോദ്യത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ധരിക്കുവാനും, അതേറ്റുവാങ്ങുവാനും കേരളക്കരയില്‍ ആളുകള്‍ ധാരാളമുണ്ടായി. മലയാളപദ്യസാഹിത്യം ഒരു നവ്യപന്ഥാവില് പാദമൂന്നി. ഈ.വി.യുടേയും സുഹൃത്തുക്കളുടേയും പിന്‍ബലത്തില്‍ നമ്മുടെ കവിയെ കൂടുതല്‍ പരിശ്രമശീലനുമാക്കി. ``ഹേമന്തചന്ദ്ര ിക'' യെപ്പോലെ ഉത്തമങ്ങളായ ചില കവിതാസമാഹാരങ്ങള്‍ താമസംവിനാ പുറത്തുവന്നു.
ഈ.വി.യും സഞ്ജയനും നമ്മുടെ ഹാസ സാഹിത്യകാനഭോമണ്ഡലത്തിലെ രണ്ടുജ്ജ്വലതാരങ്ങളായിരുന്നു. ഒരേസമയത്തു തന്നെ മൂന്നു മഹാകവികളുടെ പരിചരണം ലഭിക്കുവാന്‍ ഭാഗ്യം സിദ്ധിച്ച മലയാളഭാഷ ഈ നേട്ടത്താല്‍ പൂര്‍വ്വാധികം ധന്യമായി പ്രത്യക്ഷവിരുദ്ധമായ രണ്ടുമാര്ഗ്ഗങ്ങളിലൂടെ ഈ രണ്ടു മഹാസാഹിത്യകാരന്മാരും ചങ്ങമ്പുഴക്കവിതയില്‍ പ്രേരണചെലുത്തിയിട്ടുണ്ട്. ചങ്ങമ്പുഴയെ സംബന്ധിച്ചിടത്തോളം ഈ.വി. സൃഷ്ടിയുടേയും സഞ്ജയന് സംഹാരത്തിന്റേയും പ്രതീകങ്ങളായിരുന്നു. സാഹിതീക്ഷേത്രത്തില് തന്റെ പുരസ്കര്‍ത്താവ് എന്ന നിലയില്‍ മാത്രമല്ലാ ജീവിതത്തില്‍ തന്റെ മാതൃകാനേതാവായും ചങ്ങമ്പുഴ ഈ.വി.യെക്കരുതിവന്നു. സ്വയം ചിരിക്കലും മറ്റുള്ളവരെ ചിരിപ്പിക്കലും മാത്രമായിരുന്നല്ലോ ഈ.വി.യുടെ ജീവിതലക്ഷ്യം.
മനുഷ്യജീവിതം വെറും ഒരു വിനോദമായിട്ടുമാത്രമാണ് അദ്ദേഹം കരുതിവന്നത്. അഭിപ്രായസ്ഥിരതയില്ലായ്മ, ലക്ഷ്യമാറ്റങ്ങള്, ലോകത്തോടു പുച്ഛമനോഭാവം, ഭാവിയെപ്പറ്റി ചിന്തയില്ലായ്മ ഇങ്ങനെ പലതുകൊണ്ടും തുലോം കുത്തഴിഞ്ഞ ഒരു ജീവിതമാണ് ഇ.വി. നയിച്ചുവന്നത്. അവയെല്ലാം ഒട്ടൊക്കെ തന്റെ ജീവിതത്തിലും ചങ്ങമ്പുഴ പകര്‍ത്തിക്കാട്ടി. രണ്ടുപേരും തങ്ങളുടെ മാര്‍ഗ്ഗത്തില്‍ അങ്ങേയറ്റം ഉയര്‍ന്നു. ഇരുവരും ഒരുപോലെ അല്പായുസ്സുകളുമായിരുന്നു. ആരംഭത്തില്‍തന്നെ ചങ്ങമ്പുഴക്കവിതകള്‍ക്ക് കുറെയേറെ വിമര്‍ശനങ്ങളുണ്ടായി. അവ മിക്കതും വിദ്വേഷത്തിന്റേയും അസൂയയുടേയും ബഹിര്‍ഗമനങ്ങള്‍ മാത്രമായിരുന്നു. എല്ലാ പ്രതിബന്ധങ്ങളേയും തരണംചെയ്തുകൊണ്ട് ചങ്ങമ്പുഴ അസൂയാവഹമാമ്മാറു നാള്‍ക്കുനാള്‍ മുന്നേറി. ``ഞാന്‍ ഈയിടെയായി സണ്ലൈറ്റുസോപ്പിന്റെ പരസ്യങ്ങള്‍ മാതിരി ധാരാളം കവിതകള്‍ എഴുതിക്കൂട്ടുന്നുണ്ട്.'' എന്നാണ് ആ സുഹൃത്ത് അന്നൊരിക്കല്‍ എനിക്കെഴുതിയത്. `എന്റെ കവിതകളില്ലാത്ത പ്രസിദ്ധീകരണങ്ങള്‍ ചുരുക്കമാണ്. നമുക്കു ഓളത്തിനനുസരിച്ചു നീന്താം. എന്താ അങ്ങനെയല്ലേ ഇഷ്ടാ?'' ആ കത്തില്‍തന്നെ തുടരുകയാണ്. തന്റെ തൂലികയെമാത്രം ആശ്രയിച്ച ജീവസന്ധാരണം ചെയ്യുവാന്‍ നിര്ബ്ബന്ധിതനായിത്തീര്ന്ന ആ യുവാവിന് അത് അങ്ങേയറ്റം ഉപയോഗിക്കേണ്ട ആവശ്യകതയുണ്ടായിരുന്നു. പുരോഗമനമാര്ഗ്ഗത്തില് വിലങ്ങടിച്ചുകിടന്ന ഏതിനേയും നിഷ്കരുണം ചവിട്ടിമാറ്റി മുന്നേറുവാന്‍ ആ ഉല്‍ക്കര്‍ഷേച്ഛു കിണഞ്ഞു പരിശ്രമിച്ചു. ആ പരിശ്രമങ്ങളെപ്രോത്സാഹിപ്പിക്കുവാന് നല്ല ഒരു സുഹൃല്സംഘവും അരികിലുണ്ടായിരുന്നു. ചൂടുറ്റ അനുഭവങ്ങളെ അങ്ങിനെതന്നെ ഉടനുടന്‍ പകര്ത്തിക്കാണിക്കുകയത്രേ നമ്മുടെ യുവകവി ചെയ്തത്. മാതൃഭൂമി, മലയാളരാജ്യം, മുതലായ വാരികകള്‍ അക്കാലങ്ങളില്‍ ചങ്ങമ്പുഴയ്ക്കു ഗണ്യമായ ധനസഹായം ചെയ്തിട്ടുണ്ട്. അന്നത്തെ നിലയ്ക്ക് അത്തരം സഹായങ്ങള്‍ അനിവാര്യങ്ങളായിരുന്നു. അധികകാലം വേണ്ടിവന്നില്ല ചങ്ങമ്പുഴയുടെ ഖ്യാതി കേരളത്തില്‍ അങ്ങുന്നിങ്ങോളം പരക്കുവാന്‍.
കരുണരസം കരകവിയുന്ന വിഷയങ്ങളാണ് ചങ്ങമ്പുഴ, കവിതയ്ക്കു തിരഞ്ഞെടുത്തത്. അവയെല്ലാം ആത്മപ്രകാശനപരങ്ങളായിരുന്നുതാനും. പ്രേമത്തിന്റെ വികാസപരിണാമങ്ങള്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വശ്യവചസ്സും വാസനാസമ്പന്നുമായ ആ യുവകവി വരച്ചുകാട്ടി. സരളതയുടേയും സരസതയുടേയും പരിവേഷങ്ങള്‍ ആ കവിതകളെ പാമരന്മാര്‍ക്കും അഭിഗമ്യങ്ങളാക്കി. ചങ്ങമ്പുഴക്കവിതകള്‍ കുടിലുമുതല്‍ കൊട്ടാരം വരെ ജൈത്രയാത്ര നടത്തി. ഒന്നുരണ്ടു പ്രാവശ്യമല്ല പലവട്ടവും. എന്തുകിട്ടിയാലും സശ്രദ്ധം വായിക്കുക എന്നത് ആ ജ്ഞാനഭിക്ഷുവിന്റെ ദൃഢവ്രതമായിരുന്നു. അങ്ങനെ വളരെയേറെ ഗ്രന്ഥങ്ങള്‍ ചെറുപ്പത്തിലേതന്നെ വായിക്കുവാന്‍ സാധിച്ചതിനാല്‍ പാശ്ചാത്യവും പൗരസ്ത്യവുമായ ചിന്താഗതികളെ വഴിപോലെ ഗ്രഹിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. യുവത്വം കതിരിട്ടതോടെ നമ്മുടെ കവിയില്‍ ഒരു നവ്യചൈതന്യം ഉദയംകൊണ്ടു. പ്രായത്തിനൊത്ത വികാരവിചാരങ്ങള്‍ അദ്ദേഹത്തെ ഉല്ബുദ്ധനാക്കി. അതിന്റെ ബഹിര്‍സ്ഫുരണം ആ യുവാവിനെ ഒരു പ്രേമ - അഥവാ കാമ - ഭ്രാന്തനാക്കിയെന്നു പറഞ്ഞാല്‍ തെറ്റില്ല. കവിതയെഴുത്തിലെന്നപോലെ ഇക്കാര്യത്തിലും അനുയോജ്യമായ ചില പുതിയ സുഹൃത്തുക്കളെ അദ്ദേഹം കണ്ടെത്തി. രണ്ടുമൂന്നു പെണ്മണികള്. ആ ഹൃദയത്തില്‍ സ്ഥലം പിടിച്ചു. ആ ഉന്മത്തഭൃംഗം പ്രഭാതപ്രസൂനങ്ങളെ മാറിമാറി അനുഭവിച്ചുകൊണ്ട് ഇച്ഛാനുസാരം പറന്നുകളിച്ചു.
കൈരളീ സാഹിത്യവേദിയില്‍ ചങ്ങമ്പുഴക്കവിതകളെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ അങ്ങുന്നിങ്ങോളം മുഴങ്ങി. സാധകബാധകയുക്തികളാല് സഹൃദയര്‍ അതിനെ ശബ്ദായമാനമാക്കി. അനിയന്ത്രിതമായ ആ കാവ്യപ്രവാഹത്തില്‍ പണ്ഡിതലോകം അമ്പരന്നുനിന്നു. അസൂയാലുക്കള്‍ അതില്‍ ചിറകെട്ടുവാന്‍ ചില വൃഥാപരിശ്രമങ്ങളും നടത്തിനോക്കി. ബഹുജനങ്ങളുടെ വികാരവിചാരപരമ്പരകള്ക്ക് നിത്യനൂതന രൂപംകൊടുത്ത് രചിക്കപ്പെട്ട ആ സാഹിതീമദിരയുടെ പഠനാധിക്യത്താല് പലരും മതിമറന്നാടി. ചങ്ങമ്പുഴയെ വാനോളം വാഴ്ത്തുവാനും പാതാളത്തോളം താഴ്ത്തുവാനും ആളുകളുണ്ടായി. ഇരുകൂട്ടരുടേയും അളവുകോല്‍ കവിതതന്നെയായിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ വിഭിന്ന നിഗമനങ്ങളുടെ ആന്തരാര്‍ത്ഥം ഋജുബുദ്ധികള്ക്ക് ഇന്നും അജ്ഞാതമത്രേ. കാലം ചങ്ങമ്പുഴയെയാണ് അധികം താലോലിച്ചത്. അദ്ദേഹത്തിന്റെ പക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ അണിനിരന്നു. പൊതുവേ വിദ്യാഭ്യാസനിലവാരത്തില്വന്ന ശോചനീയത വ്യംഗ്യ പ്രധാനങ്ങളായ ഉത്തമകവിതകളെ അറിഞ്ഞാസ്വദിക്കാനുള്ള കഴിവ് സാധാരണക്കാര്‍ക്കു നഷ്ടമാക്കിത്തീര്‍ത്ത ഒരു കാലഘട്ടമായിരുന്നു അത്. അപ്പോള്‍ അതിനുപകരം സരളപദപരിലാളിതങ്ങളും അര്ത്ഥഗ്രഹണസുകരങ്ങളും സംഗീതപ്രധാനങ്ങളുമായ പദ്യങ്ങള്‍ ജനങ്ങള്‍ ആവേശപൂര്‍വ്വം ആരാഞ്ഞുതുടങ്ങി. ഇവയെല്ലാം ഒത്തുചേര്‍ന്ന ചങ്ങമ്പുഴക്കവിതകളില്‍ അവര്‍ സ്വര്‍ഗ്ഗീയ നിര്‍വൃതി കണ്ടെത്തി. ആവിഷ്കരണഭംഗി മുറ്റിനില്ക്കുന്ന ആ ഭാവഗാനങ്ങള്‍ അവരുടെ ആശയേയും ആവേശത്തേയും പുളകംകൊള്ളിച്ചു. അവര്‍ അതിനെ അഹമഹമികയാ മുന്നോട്ടുവന്നു വാരിക്കോരിക്കുടിച്ചു. ഹൃദയതലത്തിലെ മൃദുലവികാരങ്ങളുടെ താല്‍ക്കാലിക വിജൃംഭണം കവിതാസ്വാദനത്തിന്റെ പരമപ്രയോജനമായി അവര്‍ വ്യാഖ്യാനിച്ചും വിശ്വസിച്ചു. അതിന്റെ ലബ്ധിയില്‍ സംതൃപ്തമായി.
അദ്ധ്യായം ഒന്‍പത്
രാഘവന്‍പിള്ളയും രമണനും ചങ്ങമ്പുഴയും
രാഘവന്‍പിള്ളയും ചങ്ങമ്പുഴയും തമ്മിലുണ്ടായിരുന്ന ബന്ധത്തെപ്പറ്റി തെറ്റായ പലേ ധാരണകളും പരന്നിട്ടുണ്ട്. അവര്‍ രണ്ടുപേരും ഏകോദരസോദരരായിരുന്നു എന്നു വിശ്വസിച്ചിരുന്നവരുടെ സംഖ്യയും വിരളമല്ല. രമണനിലെ പ്രതിപാദ്യം ഒരു യഥാര്‍ത്ഥസംഭവത്തിന്റെ യഥാതഥാവിവരണമാണെന്ന തെറ്റായ ബോധമത്രേ ഈ അബദ്ധാഭിപ്രായത്തിന്റെ ഉറവിടം. വാസ്തുവാംശങ്ങള് പലതും അങ്ങിങ്ങായി ഇടകലര്‍ന്നിട്ടുണ്ടെങ്കിലും രമണന് ഭാവനാസമ്പന്നനായ ഒരു കവിയുടെ സ്വകപോലകല്പിതമായ കഥയാണ്. അതാണ് സത്യസന്ധവും സമീചീനവുമായ നിഗമനം. കൃഷ്ണപിള്ള ഇടപ്പള്ളി ഇംഗ്ലീഷ് സ്കൂളില്‍ പ്രീപ്പാരട്ടറി ക്ലാസില്‍ ചേര്‍ന്നതിനുശേഷമാണ് രാഘവന് പിള്ളയെ ആദ്യമായി കാണുന്നതുതന്നെ. അവിടെ രണ്ടാംഫോറത്തില്‍ പഠിക്കുകയായിരുന്നു രാഘവന് പിള്ള. ആദ്യകാലങ്ങളില്‍ അവര്‍ തമ്മില്‍ യാതൊരു ബന്ധങ്ങളും പുലര്‍ത്തിയിരുന്നില്ല. കരുണാകരന്റെ മേനവന്റെ സാഹതീസദസ്സുകളാണ് അവരെ അടുപ്പിച്ചത്. രാഘവന്‍പിള്ള ഉദാരഹൃദയനായ ആ സാഹിതീ മര്‍മ്മജ്ഞന്റെ പരിലാളനയില്‍ വളരുന്ന കാലമായിരുന്നു അത്. മര്‍മ്മജ്ഞന്റെ പരിലാളനയില്‍ വളരുന്ന കാലമായിരുന്നു അത്. വിദ്യാഭ്യാസകാര്യങ്ങള്‍ക്കും മറ്റും മേനവന്റെ ഉദാരമായ ധനസഹായങ്ങള്‍ ധാരാളം നേടിയിട്ടുള്ള ഒരു വ്യക്തിയാണ് രാഘവന്‍പിള്ള കൃഷ്ണന്‍കുട്ടിയോട് ഒരു ചെറുബാലനോടെന്നപോലെയാണ് രാഘവന്‍പിള്ള അക്കാലങ്ങളില്‍ പെരുമാറിവന്നത്. ഉയര്‍ന്ന സെറ്റുകളില്‍ വിഹരിക്കുവാനായിരുന്നു ആ ഉല്ക്കര്ഷേച്ഛുവിന് കൂടുതല്‍ താല്പര്യം. അതു സ്വാഭാവികവുമായിരുന്നു. രാഘവന്‍പിള്ള രണ്ടുകൊല്ലവും തോറ്റ് രണ്ടാംക്ലാസിലെ ഒരു ``സ്ഥിരം നല്ല കുട്ടി'' യായി കഴിഞ്ഞുകൂടുമ്പോള്‍ കൃഷ്ണപിള്ള താഴത്തെ രണ്ടുപടികളും കടന്നുചെന്ന് ആ ``ബുദ്ധിമാനെ'' എത്തിപ്പിടിക്കുകയാണുണ്ടായത്. അങ്ങനെ അവര്‍ സതീര്‍ത്ഥ്യരായി. എങ്കിലും വലിയ സൗഹാര്ദ്ദമൊന്നും അവര്‍ പുലര്‍ത്തിയിരുന്നില്ല. തന്നെപ്പോലെ നവാഗതനും ഒരു ``കവിതാക്കമ്പക്കാരനാ'' ണെന്നത് രാഘവന്‍പിള്ളയ്ക്ക് വളരെയേറെ അസഹ്യമായിരുന്നു. അതുവരെ ക്ലാസ്സില്‍ മലയാളത്തിന്റെ സാര്‍വ്വഭൗമനായി കഴിഞ്ഞുകൂടിയ ആ വിദ്യാര്‍ത്ഥിക്ക് ആദ്യമായി ഒരു സമശീര്ഷനുമായി എതിരിടേണ്ടിവന്നു. ആ പൊരുതലില്‍ രാഘവന് പിള്ള തോറ്റുപോവുകയും ചെയ്തു. ക്ലാസുപരീക്ഷയ്ക്ക് പ്രായേണ കൃഷ്ണപിള്ളയാണ് കൂടുതല്‍ മാര്‍ക്കുകള്‍ വാങ്ങിവന്നത്. കൃഷ്ണപിള്ളയുടെ സാഹിത്യപരിശ്രമങ്ങളെ തികഞ്ഞ അവജ്ഞയോടെയാണ് രാഘവന്‍പിള്ള വീക്ഷിച്ചുവന്നത്. അതുമാത്രമല്ലാ മൃദുലഹൃദയനായ ആ ദരിദ്രബാലനെ ആവുംവിധത്തിലെല്ലാം വേദനപ്പെടുത്തുവാന്‍ സദാ ജാഗരൂകനുമായിരുന്നു ആ ``കൂട്ടുകാരന്.'' കരുണാകരമേനവനെപ്പോലുള്ള വിശാലഹൃദയന്മാരുടെ ഉദാരതയിലാണ് വളര്ന്നിരുന്നതെങ്കിലും കൃഷ്ണപിള്ളയുടെ ദാരിദ്ര്യത്തെ രാഘവന്‍പിള്ള എന്നും പുച്ഛിച്ചുവന്നു എന്നതാണ് സത്യം.
സാഹിതീവേദിയില് ഇരുവരും ഒരുപോലെ അറിയപ്പെട്ടതിനുശേഷം മാത്രമാണ് അവര്‍ തമ്മില്‍ യഥാര്‍ത്ഥസൗഹൃദം ഉദയമായത്. തുല്യപ്രതിഭാശാലികളും സമാനനിലയിലുള്ളവരുമാകയാല് തുല്യപ്രതിഭാശാലികളും സമാനനിലയിലുള്ളവരുമാകയാല് ആ സൗഹാര്‍ദ്ദം അചിരേണ ഉത്തരോത്തരം അഭിവൃദ്ധിപ്പെട്ടുവന്നു. കരുണാകരമേനവന്റെ ശിഷ്യത്വവും അവരെ കൂടുതല്‍ അടുപ്പിക്കുവാന്‍ സഹായകമായി. എങ്കിലും ആ സൗഹാര്‍ദ്ദബന്ധം സമനിലക്കാരായ രണ്ടു വ്യാപാരികളുടെ കൂട്ടുകെട്ടുമാത്രമായിരുന്നു ആരംഭത്തിലും അവസാനത്തിലും പരസ്പരഹൃദയത്തില് വേരൂന്നിയ ഉത്തമസൗഹൃദമായിരുന്നു അതന്നു കരുതുവാന്‍ അടുത്തുപരിചയിച്ചവര്ക്കു സാധ്യമല്ലാ. ജീവിതപ്പോരില്‍ നേരിട്ടുവന്ന ജയാപജയങ്ങളെ സമാനചിത്തത്തോടെ ഇരുവരും വീക്ഷിച്ചുവന്നു എന്നതു സമ്മതിക്കണം. സമുന്നതസ്ഥാനത്തെത്തേണമെന്ന ആഗ്രഹം ഇരുവര്‍ക്കും ഒരുപോലെയുണ്ടായിരുന്നൂതാനും.
ഇരുവരുടേയും സ്വഭാവത്തില്‍ പ്രകടങ്ങളായ വ്യത്യാസങ്ങള്‍ പലതുമുണ്ടായിരുന്നു. അവ കേവലം ഉപരിതലസ്പര്ശികള് മാത്രമായിരുന്നില്ല. രാഘവന്‍പിള്ള ഏകാകിത്വത്തെ കാംക്ഷിച്ചപ്പോള് ചങ്ങമ്പുഴാമൂഹ്യജീവിതത്തെയാണു കൂടുതല്‍ ഇഷ്ടപ്പെട്ടത്. രാഘവന്‍പിള്ള ഒരു മാതൃകാജീവിതം നയിക്കുവാന്‍ വെമ്പല്കൊണ്ടപ്പോള് കൃഷ്ണപ്പിള്ള ഒരു അനിയന്ത്രിതജീവിതമത്രേ നയിച്ചത്. കൃഷ്ണപ്പിള്ള ഒരു പ്രേമത്തെ ``പൂവുപോലുള്ളോരോമനക്കൗതുക'' മാക്കി മാത്രം കണക്കാക്കിയപ്പോള്‍ രാഘവന്‍പിള്ള ജീവിതത്തിലെ ഏറ്റവും ഉല്‍കൃഷ്ടമായ സിദ്ധിയും ലക്ഷ്യവുമായിക്കരുതി ആരാധിച്ചു. ഇത്തരമുള്ള ആദര്ശവിഭിന്നതകള് രണ്ടുപേരേയും രണ്ടു വ്യത്യസ്ത മാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുവാന്‍ പ്രേരിപ്പിച്ചു. എതിരാളിയില്‍നിന്നും വരുന്ന നേരിയ ആഘാതങ്ങളെപ്പോലും സഹിക്കുവാന്‍ രാഘവന്‍പിള്ള അശക്തനായിരുന്നു. കൃഷ്ണപിള്ളയാകട്ടെ എന്തുഹിമാലയന് എതിര്‍പ്പിനേയും അങ്ങേയറ്റം വരെ ചെറുത്തുനില്ക്കുവാന് ശക്തനായിരുന്നു. സുരഭിലപുഷ്പങ്ങളുടെ മാദകസൗന്ദര്യത്തെ ദൂരെനിന്ന് നുകരുവാനാണ് രാഘവന്‍പിള്ള ശ്രമിച്ചതെങ്കില്‍ കൃഷ്ണപിള്ള ഓടിയടുത്തു പറിച്ചെടുത്ത് അവയെ കശക്കിപ്പിഴിയുവാനാണ് വെമ്പല്‍കൊണ്ടത്. ഒരു ഉന്മത്തഭൃംഗത്തെപ്പോലെ. ചുരുക്കിപ്പറഞ്ഞാല്‍, ലോകസ്വഭാവം അശേഷം മനസ്സിലാക്കാന്‍ കഴിയാത്ത ഒരു പരമസാധുവായിരുന്നു രാഘവന്‍പിള്ള. ചങ്ങമ്പുഴ അതു തികച്ചും ഗ്രഹിച്ച് ``കാലത്തിന്നൊത്ത കോലം'' കെട്ടിത്തെളിഞ്ഞ ഒരു പ്രായോഗികബുദ്ധിയും. ആ ദാരുണമായ അവസാനങ്ങളുടെ അടിസ്ഥാനകാരണം നമുക്കീ നിഗമനത്തില്‍ കണ്ടെത്താം.
കവിതാപരമായി രാഘവന്‍പിള്ളയ്ക്കു കൂടുതല്‍ കഴിവുകളുണ്ടായിരുന്നു എന്നു സമ്മതിച്ചേ തീരൂ. ആ ഭാവന കുറേക്കൂടെ ആഴവും പരപ്പും ഉള്ളതായിരുന്നു. എന്നാല്‍, കഴിവുകള്‍ക്കൊപ്പം വികസിക്കുവാനുള്ള സമയമോ സന്ദര്‍ഭമോ ആ നിര്ഭാഗ്യവാനു ലഭിച്ചില്ല. അതിന്നകം തന്നെ ആ പുഷ്പം മണ്ണടിഞ്ഞുപോയി. ആ ജീവിതം ഉപസംഹരിക്കപ്പെട്ടു. 111 മിഥുനമാസം 21-ന് ``കരയുവാനായിപ്പിറന്ന കാമുകന്' മരണത്തിന്റെ മണിനാദത്തില്വിലയം പ്രാപിച്ചു. കുടില്‍ കൊട്ടാരമാകുവാന്‍ ഉയര്‍ന്നതിന്റേയും, കടല്‍ കൈത്തോട്ടിലെത്തുവാന്‍ ശ്രമിച്ചതിന്റേയും അലകടലിന്റെ ആഴമളക്കുവാന്‍ അവിവേകിയായിത്തുനിഞ്ഞതിന്റേയും സ്വാഭാവികമായ പരിണതഫലം ആ സരളഹൃദയന് അനുഭവിച്ചു. സ്വജനവേഷം ചമഞ്ഞവരുടെ സുമമനോഹരമന്ദഹാസങ്ങളാല് ആ ആദര്‍ശജീവിതം തികച്ചും വഞ്ചിക്കപ്പെട്ടു. കൈരളി കണ്ണുനീരില്‍ ആറാടി.
രാഘവന്‍പിള്ളയുടെ അപ്രതീക്ഷിതമായ അകാലമരണം, അതിന്റെ ദാരുണത്വം, ചങ്ങമ്പുഴയുടെ ഹൃദയം അത്യധികം വിഷാദകലുഷിതമാക്കി. ആ വിചാരവീചി പരമ്പരകളുടെ ക്രോഡീകരണം ഒരുത്തമകവിതയുടെ ഉറവിടമായിത്തീര്‍ന്നു. ``തകര്‍ന്ന മുരളി.'' നീറുന്ന ഹൃദയവുമായി മറഞ്ഞ ആ നീലക്കുയിലിനെച്ചൊല്ലി ആ ആത്മസുഹൃത്ത് അകം നൊന്തു പൊട്ടിക്കരഞ്ഞു. അടിമുടി അത്മാര്‍ത്ഥത അലയടിക്കുന്ന ആ കവിത ആരുടേയും കരളലിയിക്കും, ആരേയും കരയിക്കും. അത്ര ഹൃദയസ്പര്‍ശിയായ ഒരു വിലാപകവിത നമ്മുടെ ഭാഷയില്‍ വേറെ ഇല്ലതന്നെ.
വികാരങ്ങളുടെ ആവേഗത്തിനും അവയുടെ ബഹിര്പ്രകാശനത്തിനും ശേഷം വിചാരപരമ്പരകള് ആ സരളഹൃദയത്തെ ഉന്മഥിച്ചുവന്നു. രാഘവന്‍പിള്ളയുടെ മരണത്തേക്കാള്‍ അതിന്നിടയാക്കിയ ശപ്തമായ ചുറ്റുപാടുകളാണ് ആ മനുഷ്യസ്നേഹിയെ കൂടുതല്‍ വ്യാകുലപ്പെടുത്തിയത്. ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഇടയില്‍ ഉളവാകുന്ന ഉത്തപ്രേമം പോലും, ധനത്തിന്റേയും പ്രതാപത്തിന്റേയും പേരില്‍ അമ്പെത്തകര്ന്ന് ജീവിതത്തെ ശിഥിലമാക്കുന്ന ആ ദയനീയ ചിത്രം സരള ഹൃദയനായ ചങ്ങമ്പുഴയെ തരളിതനാക്കുകയും അതേ സമയം തന്നെ ഉത്തേജിപ്പിക്കുകയും ചെയ്തു. അങ്ങനെ തന്മയത്വമേറിയ ഒരു കവിതയ്ക്കു അതുറവിടമായിത്തീര്ന്നു. ചിന്താതരംഗങ്ങള്‍ കവിയുടെ മനോമൂശയിലെ രാസപ്രയോഗങ്ങളാല് കൂടുതല്‍ ഉന്മിഷത്തുകളായി. അവ അത്യന്തം ഹൃദയദ്രവീകരണപദങ്ങളായി. രാഘവന്‍പിള്ളയുടെ മരണം ``രമണ'' ന്റെ ഉത്ഭവത്തിനു പശ്ചാത്തലമൊരുക്കിയെന്നല്ലാതെ, അഥൊരു യഥാതഥാവര്ണ്ണനയല്ലെന്നു പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. അപ്പോഴേ അതിന്റെ മൂല്ല്യം ശരിക്കും നിര്‍ണ്ണയിക്കാന്‍ സാധ്യമാകൂ. തന്റെ സ്നേഹിതനോടുള്ള കൂറുകൊണ്ടുമാത്രം പ്രചോദിതനായി എഴുതിപ്പോയതല്ലാ ആ കവിത. മാനുഷീകമൂല്യങ്ങളെ അങ്ങേയറ്റം ആരാധിച്ച് ഇന്നത്തെ സാമൂഹ്യരീതിയില് കാണുന്ന വൈകല്യങ്ങളെ അതിന്റെ നഗ്നതയില്‍ വരച്ചുകാണിച്ച് പരിഹാരം നേടുകയായിരുന്നു ചങ്ങമ്പുഴയുടെ ഉന്നം. അന്നിലയിലാണ് നാം ``രമണ'' നെ സമീപിക്കേണ്ടത്. എങ്കില്‍മാത്രമേ നാം കവിയോടു നീതി കാണിച്ചവരാകയുള്ളൂ. കവി ഹൃദയം തികച്ചും അറിഞ്ഞ ഒരു വ്യക്തിയെന്ന നിലയില്‍ ഇക്കാര്യം ഊന്നിപ്പറയേണ്ടതുണ്ട്. ഒരു സത്യവാദിയുടെ കര്‍ത്തവ്യമത്രെ.
1112 ലാണ് `രമണന്' പ്രസിദ്ധീകൃതമായത്. ഭാഷാ സാഹിത്യത്തില്‍ അന്നോളം അറിയപ്പെടാതിരുന്ന ഒരു സാങ്കേതിക രീതിയാണ് അതിന്റെ നിര്‍മാണത്തില്‍ കവി സ്വീകരിച്ചത്. ചങ്ങമ്പുഴകൃതികളില് ചരിത്രം സൃഷ്ടിച്ച ഒന്നത്രേ `രമണന്'. വില്പനയുടെ കാര്യത്തില്‍ അതു നമ്മുടെ സാഹിത്യത്തില്‍ ഒരു നവ്യാദ്ധ്യായം തുറന്നു. സഹൃദയഹൃദയാവര്ജ്ജകങ്ങളായ വര്‍ണ്ണനകള്‍, സാരള്യമുറ്റ പ്രതിപാദനരീതി, മനോഹാരികളായ പദചിത്രങ്ങള്‍, മധുരമധുരമായ സംഗീതാത്മകത, ഇങ്ങനെ പലേ ഗുണങ്ങളുടേയും സമ്മേളനത്താല്‍ നമ്മുടെ പദ്യസാഹിത്യത്തിന് ഈടുറ്റ ഒരു സംഭാവനയായ് തീര്ന്നിട്ടുണ്ട `രമണന്' എന്നു നിസ്സംശയം പറയാം. എന്നാല്‍ ചങ്ങമ്പുഴയുടെ മികച്ച കൃതി `രമണ' നാണെന്നു പറഞ്ഞാല്‍ അതിനെ അഭിജ്ഞര്‍ സമ്മതിക്കുന്നില്ല. വില്ക്കപ്പെട്ട കൃതികളുടെ എണ്ണം കണക്കാക്കി ഗ്രന്ഥത്തിന്റെ മേന്മ നിര്‍ണ്ണയിക്കുന്നത് ബാലിശമാണ്. സങ്കല്പകാന്തി, രക്തപുഷ്പങ്ങള്‍, സ്വരരാഗസുധ മുതലായ സമാഹാരങ്ങളില്‍ രമണനേക്കാള് മികച്ച കവിതകള്‍ പലതുമുണ്ടെന്നു ഞാന്‍ കരുതുന്നു. ബാഷ്പാഞ്ജലിയും, ഹേമന്തചന്ദ്ര ികയും മറ്റും ഒട്ടും പിന്നിലല്ലാതാനും. `രമണ' നെപ്പോലെ വികാരവിജൃംഭണ ചണങ്ങളല്ലായിരിക്കാം അവ. ഉത്തമകവിതയുടെ അളവുകോല്‍ വേറെ പലതുമാണല്ലോ .
അചുംബിതങ്ങളായ ആശയചിത്രങ്ങള്, അനുഭവപൂര്ണ്ണങ്ങളായ വര്‍ണ്ണനകള്‍, ആത്മാര്‍ത്ഥത ഓളം തല്ലുന്ന സംഭാഷണങ്ങള്‍, അമൃതനിഷ്യന്ദിയായ ഭാഷ, അതീവനൂതനമായ പ്രതിപാദനരീതി, ഇവയുടേതെല്ലാം സമ്മേളനം `രമണ' നെ ഉത്തമകാവ്യങ്ങലോടു വളരെയേറെ അടുപ്പിക്കുന്നുണ്ട്. എന്നാല്‍ അനുവാചകന്റെ വിചാരശീലത്തെ - വികാരത്തെയല്ലാ - ഉണര്‍ത്തുവാന്‍ അതു സമര്ത്ഥമാകുന്നില്ല. കാവ്യദൃഷ്ട്യാ നോക്കുമ്പോള്‍ ഇതൊരു വലിയ കുറവുതന്നെയാണ്. അത്രമാത്രമല്ലാ അതിന്റെ അന്ത്യഭാഗം കുറെയേറെ വിദ്വേഷകലുഷമാവുകയും ചെയ്തു. 1944 ല്‍ മദിരാശിയില്‍വെച്ച് അതിന്ന് ഒരു പരിഷ്കരിച്ച പതിപ്പു തയ്യാറുചെയ്തുകൊണ്ടിരുന്ന അവസരത്തില്‍, ഈയുള്ളവന്റെ പലേ അഭിപ്രായങ്ങലും സസ്നേഹം സ്വീകരിച്ച ആ സ്നേഹിതന് അന്ത്യഭാഗങ്ങള്‍ മാറ്റേണമെന്ന അഭിപ്രായത്തില്മാത്രം വിമുഖത പ്രദര്‍ശിപ്പിക്കയാണു ചെയ്തത്. നമ്മുടെ കവി ആവശത്തോടെ പറഞ്ഞു: ``അതില്ലെങ്കില്‍ എന്തിനാ ഇഷ്ടാ ആ പുസ്തകം?'' അപ്പോള്‍ തനിക്കു പിടിക്കാത്ത ചിലരോടു പരോക്ഷമായ ഒരു പകപോക്കല്‍ പോലും അവിടെ ഉദ്ദേശിക്കപ്പെട്ടിട്ടില്ലേയെന്നു ന്യായമായി ശങ്കിക്കേണ്ടിയിരിക്കുന്നു.
യുദ്ധവും കാലവും തജ്ജന്യമായി നാട്ടില്‍ ഉണ്ടായ പണപ്പെരുപ്പവും `രമണ' ന്റെ വില്പനയില് വളരെയേറെ സഹായകമായിരുന്നു. നാടും വീടും വെടിഞ്ഞ് അന്യരാജ്യങ്ങളില്‍ അടരാടുവാന്‍ നിര്‍ബന്ധിതരായ കേരളീയ യുവാക്കള്‍ക്കു മിക്കവാറും തങ്ങളുടേതെന്നുപോലും അവകാശപ്പെടാവുന്ന `രമണ' നിലെ അനുഭവചിത്രങ്ങള്‍, ഗാനാത്മകതയോടെ പാരായണം ചെയ്യുന്നത് നിര്വൃതിദായകമായിരുന്നിരിക്കണം. പ്രേമസംബന്ധിയായ അതിലെ പ്രതിപാദ്യം സമാശ്വാസപ്രദമായിരുന്നിരിക്കണം. അതാണ് അതിന്റെ പ്രചുരപ്രചാരത്തിന്നു പ്രഥമവും പ്രധാനവുമായ കാരണം. രമണന്റെ പ്രചരണാധിക്യത്തോടെ അതിന്റെ നിര്‍മാതാവ് മലയാളികള്ച്ചെന്ന സ്ഥലങ്ങളിലെല്ലാം പരക്കെ അറിയപ്പെട്ടു. അതിവിപുലമായ ആരാധകസംഘം വളര്‍ന്നുവന്നു. ആ കവിയെ ഒന്നുകാണുവാന്‍, അദ്ദേഹവുമായി ഒന്നു സംസാരിക്കുവാന്‍, പരിചയപ്പെടുവാന്‍ അത്യാകാംക്ഷയോടെ അനവധി ആളുകള്‍ ചങ്ങമ്പുഴ ഭവനത്തിലേക്കു തീര്‍ത്ഥാടനം നടത്തി. ദരിദ്രനായിരുന്ന കൃഷ്ണപ്പിള്ള ധനവാനായ മഹാകവി ചങ്ങമ്പുഴയായി വളര്‍ന്നു.
രമണന്റെ നിര്‍മ്മാണ രഹസ്യം ഇതാണ്. ചങ്ങമ്പുഴയുടെ കത്തില്‍നിന്നുതന്നെ ഉദ്ധരിക്കട്ടെ. ``ഞാന്‍ ആയിടെ വായിച്ച ഒരു ഇംഗ്ലീഷു കൃതിയെ അനുകരിച്ച് മലയാളത്തില്‍ ഒന്നെഴുതണമെന്ന് ആശിച്ചിരിക്കയായിരുന്നു. അപ്പോഴേക്കും നമ്മുടെ രാഘവന്പിള്ളയങ്ങു തൂങ്ങിച്ചാവുകയും ചെയ്തു. അങ്ങനെയെല്ലാം കൂടെ ചേര്‍ത്ത് അതിവേഗത്തില്‍ ഒന്നെഴുതിയുണ്ടാക്കി. അത്രമാത്രം.
അദ്ധ്യായം പത്ത്
ആദ്യത്തെ മദിരാശി സന്ദര്‍ശനവും പതിമൂന്നാം പരിഷത് സമ്മേളനവും
1910 ലാണെന്നാണ് എന്റെ ഓര്‍മ്മ. യാതൊരു മുന്നറിയിപ്പും കൂടാതെ എന്റെ സുഹൃത്ത് ഒരു സുപ്രഭാതത്തില്‍ മദിരാശിയില്‍ എത്തി. അദ്ദേഹത്തിന്റെ സാരഥ്യത്തില്‍ ഇടപ്പള്ളിയില്വെച്ചു നടക്കുന്ന പതിമൂന്നാം പരിഷല്‍ സമ്മേളനത്തിനു സംഭാവനകള്‍ പിരിക്കുക, അദ്ധ്യക്ഷനായി ചേലനാട്ട് അച്യുതമേനവനെ നേരില്‍ ക്ഷണിക്കുക ഇതെല്ലാമായിരുന്നു യാത്രോദ്ദേശ്യം. വളരെക്കാലങ്ങള്‍ക്കുശേഷം ആ ``സ്നാനാശനസ്വപ്ന കേളീവയസ്യനു'' മൊരുമിച്ച് ഏതാനും നാള് കഴിച്ചുകൂട്ടുവാന്‍ സാധിക്കുന്നത് മഹാഭാഗ്യമായി ഞാന്‍ കരുതി. ധനാഢ്യരും പ്രാമാണീകരുമായ മലയാളികള്‍ അധിവസിക്കുന്ന മദിരാശിയില്‍നിന്നും പരിഷല്‍ സമ്മേളനത്തെപ്പോലുള്ള ഒരു മഹല്സംരംഭത്തിനു ഗണ്യമായ ഒരു തുക പിരിച്ചെടുക്കുവാന്‍ സാധിക്കുമെന്നായിരുന്നു ചങ്ങമ്പുഴയുടെ പ്രത്യാശ. എന്നാല്‍ അതിനകം തന്നെ ഒന്നുരണ്ടു കേരളീയസംഘടനകളിലെ ചുമതലപ്പെട്ട ഒരു പ്രവര്ത്തകന് എന്ന നിലയില്‍ മദിരാശി മലയാളികലെ കുറെയൊക്കെ പഠിക്കുവാന്‍ കഴിഞ്ഞിരുന്ന ഞാന്‍ അത്രയൊന്നും ആശാനിര്ഭരനായില്ല. എങ്കിലും ഒരുനല്ല കാര്യത്തിന് ശുഭാപ്തിവിശ്വാസത്തോടെ ഇറങ്ങിപ്പുറപ്പെട്ട നമ്മുടെകവിയെ നിരാശപ്പെടുത്തുവാന്‍ ഞാന്‍ സന്നദ്ധനല്ലായിരുന്നു. കഴിയുന്നതും കൂടുതല്‍ ദിവസങ്ങള്‍ ആ സുഹൃത്തിനു കൂടെ താമസിപ്പിക്കേണമെന്ന ആഗ്രഹവും എനിക്കുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹത്തെ ഒരു വിധത്തിലും നിരുത്സാഹപ്പെടുത്താതിരിക്കാന്‍ ഞാന്‍പ്രത്യേകം ശ്രദ്ധിച്ചു.
അന്നു വൈകുന്നേരം ഞങ്ങള്‍ പണപ്പിരിവിനിറങ്ങി കേരളത്തില്‍ ``രാജത്വ'' മുള്ള ഒരു പ്രഭുകുടുംബത്തിലെ അംഗവും, ഒരു പ്രമുഖ ഉദ്യോഗസ്ഥനുമായ ഒരു മാന്യനെയാണ് ഞങ്ങള്‍ ആദ്യം സമീപിച്ചത്. എനിക്കു നേരില്‍ പരിചയമുള്ള ആളാകയാല്‍ കൈനോട്ടം മോശമാകില്ലെന്നുള്ള ഉറച്ചവിശ്വാസത്തിലാണ് കൂട്ടുകാരനെ ആദ്യം അവിടെ കൂട്ടിക്കൊണ്ടുപോയത്. ഞാന്‍ പരിചയപ്പെടുത്തി. ``അറിയില്ലേ, ചങ്ങമ്പുഴ,'' ഇതിനകം തന്നെ ചങ്ങമ്പുഴ ഭക്തിപാരവശ്യാഭിനയത്തോടെ നീട്ടിപ്പിടിച്ചൊന്നു തൊഴുതു കഴിഞ്ഞിരുന്നു. ``ങ്ങഹാ, ധാരളം കേട്ടിട്ടുണ്ട് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നുമാത്രം. ആള് ഇത്ര ചെറുപ്പാണെന്നു നീരിച്ചിരുന്നില്ലാട്ടൊ. ആ കവിത കണ്ടാല്‍ അങ്ങനെ തോന്നൂല്ല്യാനും. ആട്ടേ കണ്ടതു വളരെ സന്തോഷായി. ഇരിക്കൂ. ഇരിക്കൂ.'' രാജാവ് കരുണാതിരേകത്തോടെ അരുളിച്ചെയ്തു. ചങ്ങമ്പുഴയുടെ ഉള്ളം ആകെ തണുത്തു. തുടര്‍ന്ന് ഹ്രസ്വമല്ലാത്ത ഒരു സംഭാഷണം നടന്നു. സാഹിത്യത്തിന്റെ ഗതിവിഗതികളും, പരിഷത്തിന്റെ സാമ്പത്തികഭദ്രതയും, ചങ്ങമ്പുഴയുടെ വിദ്യാഭ്യാസകാര്യവും - അക്കാലത്തു ചങ്ങമ്പുഴ തിരുവനന്തപുരത്ത് ഓണേഴ്സിന് പഠിക്കുകയായിരുന്നു -എല്ലാമായിരുന്നു സംഭാഷണ വിഷയം. ഇടപ്പള്ളിക്കൊട്ടാരത്തില് പരിചയപ്പെട്ടിട്ടുള്ള ഉപചാരവാക്കുകള്‍ -അടിയന്, തിരുമേനി, കല്പന ഏറാന്‍ മുതലായവ - എന്റെ സുഹൃത്ത് സംഭാഷണമദ്ധ്യേ നിര്ല്ലോ ഭം എടുത്തു പെരുമാറി. എത്രമാത്രം ഉപചാരഭാവം അഭിനയിക്കുന്നുവോ അത്രമാത്രം സംഭാവനയുടെ സംഖ്യ ഉയരുമെന്നാണ് ആ സാധു വിചാരിച്ചുപോയത്. സംഭാഷണവിഷയം സംഭാവനയിലേക്കു സംക്രമിച്ചപ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു: ``എന്റെ രാജസ്ഥാനമെല്ലാം നാട്ടിലാണ് ഇവിടെ അങ്ങനെ മാനമായി കാലകംഴിക്കുന്നു എന്നുമാത്രം. നിങ്ങളോട് തുറന്നുപറയുവാന്‍ വൈമനസ്യമുണ്ട്. സ്നേഹിതന് (എന്നെ ഉദ്ദേശിച്ച്) അതറിയാമായിരിക്കണം. അതാണിവിടത്തെ അവസ്ഥ. തല്ക്കാലം എന്നെ ഒന്നിനും നിര്‍ബന്ധിക്കരുത്. '' നമ്മുടെ കവിയുടെ മുഖം തുലോം മ്ലാനമായി. അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ``ഞാന്‍ ചിലരുടെ മേല്‍വിലാസം തരാം. അവരെയെല്ലാം തീര്ച്ചയായുംകാണണം. വേണ്ടതു ചെയ്യാതിരിക്കുകയില്ല.'' ആ പേരുകള്‍ കുറിച്ചെടുത്തുകൊണ്ട് അദ്ദേഹത്തിനു നന്ദി പറഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി. ``എങ്കിലും ഒരഞ്ചുരൂപയുടെ കാശ് അയാള്‍ തന്നില്ലല്ലോ . ശകുനം അത്ര സുഖമല്ലാ ഇഷ്ടാ.'' ചങ്ങമ്പുഴ അഭിപ്രായപ്പെട്ടു.
ധാരാളം ധനവും പേരും പെരുമയും സമാര്‍ജിച്ച ഒരു അഭിഭാഷകനെയാണ് അടുത്തതായി ഞങ്ങള്‍ സന്ദര്‍ശിച്ചത്. ``എന്താ ഒരു ഇരുപത്തഞ്ചെങ്കിലും ഒക്കുമോ.'' എന്റെ സുഹൃത്ത് അക്ഷമനായി എന്നോടു തിരക്കി. ``അതിനുമേലും പ്രതീക്ഷിക്കാം.'' ഞാന്‍ തട്ടിവിട്ടു. ``പുത്തിരിയില്ത്തന്നെ കല്ലുകടിച്ചല്ലോ ഇഷ്ടാ, ആകപ്പാടെ എനിക്കു പേടിയാകുന്നു. '' ചങ്ങമ്പുഴ തുറന്നു പറഞ്ഞു. ``കര്‍മ്മണ്യേവാധികാരസ്ഥേ എന്നല്ലേ പ്രമാണം.'' ഞാന്‍ വേദാന്തമോതി. രാജസമായ ആ ഭവനത്തിന്റെ ബാഹ്യമോടി ചങ്ങമ്പുഴയെ അത്ഭുതപ്പെടുത്തി ഞങ്ങള്‍ പൂമുഖത്തിട്ടിരുന്ന കസാലകളില്‍ ഉപവിഷ്ടരായി. അതിനകം ഒരു ഗുമസ്തന് വന്ന് ഞങ്ങളുടെ ആഗമോദ്ദേശം ആരാഞ്ഞു. ``വക്കീലങ്ങുന്നിനെ ഒന്നു കാണണം.'' എന്നു പറഞ്ഞ് ചങ്ങമ്പുഴ തന്റെ വിസിറ്റിംഗ് കാര്‍ഡു കൊടുത്തു ഏറെത്താമസിയാതെ ഞങ്ങള്‍ സ്വീകരണമുറിയില്‍ ആനയിക്കപ്പെട്ടു. ഞങ്ങള്‍ അഭിവാദ്യം ചെയ്തു. ഇരിക്കുവാന് നിര്‍ദ്ദേശമുണ്ടായി. ഞങ്ങള്‍ അനുസരിച്ചു. ``അപ്പോള്‍ വന്ന കാര്യം.'' വക്കീല്‍ തിരക്കി. കാര്യങ്ങളെല്ലാം വിശദമായി ചങ്ങമ്പുഴ ധരിപ്പിച്ചു. ചങ്ങമ്പുഴയെയോ അദ്ദേഹത്തിന്റെ കൃതികളെയോ പറ്റി ആ അഭിനവകുബേരന്‍ യാതൊന്നുംതന്നെ കേട്ടിട്ടില്ല. ഇംഗ്ലീഷില്‍ ഒന്നാംതരം സാഹിത്യമുള്ളപ്പോള് മലയാളത്തില്‍ മറ്റൊന്നുവേണോ? വേണ്ടവര്‍ ഇംഗ്ലീഷുപഠിച്ച് അതാസ്വദിച്ചുകൊള്ളട്ടെ. അതിഭയങ്കരമായ ഒരു ആഗോളയുദ്ധം നടക്കുമ്പോള്‍ പരിഷത്തിനെപ്പോലെയുള്ള സമ്മേളനങ്ങള്‍ നടത്തുന്നത് ബുദ്ധിശൂന്യമല്ലേ? ഞങ്ങളെപ്പോലുള്ള യുവാക്കള്‍ യുദ്ധത്തില്‍ ചേരുകയാണ് ഇന്നത്തെ ആവശ്യം. ഇംഗ്ലീഷുകാരന് ജയിച്ചാല്‍ നാടു നന്നാവും. അതോടെ കലകളും സാഹിത്യവുമെല്ലാം നന്നാവും. അതിനാല്‍ അതിന്നു ശ്രമിക്കൂ. അദ്ദേഹം ഒന്നാംതരം ഒരു `ഗിരിപ്രഭാഷണം' തന്നെ നടത്തി. തന്റെ പ്രസംഗത്തില്‍ ഒരൊറ്റ മലയാളപദംപോലും വന്നുപോകാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം മനസ്സിരുത്തി. ഈ വാദം എന്റെ പ്രതീക്ഷക്കു വിപരീതമായി നമ്മുടെ കവിയെ ഒട്ടൊന്നുല്ബുദ്ധനാക്കുക തന്നെ ചെയ്തു. അതിനെല്ലാം പച്ച മലയാളത്തില്‍ നമ്മുടെ കവി വിശദമായി മറുപടി പറഞ്ഞു. മാത്രമല്ലാ, ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവര്‍ മാതൃഭാഷയോടു കാണിക്കുന്ന അനാദരവിനെ ശക്തിയായി വിമര്‍ശിക്കുകയും ചെയ്തു.
അങ്ങിനെ ഹൈക്കോടതിയിലെ വാദവേദിയിലെന്നോണം ആ വാദകോലാഹലം കുറെനേരത്തേക്കു തുടര്‍ന്നു നടന്നു. പണം കിട്ടിയില്ലെങ്കിലും അയാളുടെ ഡംഭം ഒട്ടൊന്നു കുറയ്ക്കുവാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. ഇതിനകം ഒന്നുരണ്ടു പെണ്മക്കളാല് പരിസേവ്യയായി ഗൃഹനായിക രംഗപ്രവേശം ചെയ്തു. ആഗതന് ചങ്ങമ്പുഴയാണെന്നറിഞ്ഞപ്പോള് എന്തെങ്കിലും കൊടുക്കുവാന്‍ പുത്രിമാര്‍ അമ്മയെ നിര്‍ബന്ധിച്ചു. ആ കോളേജുകുമാരികള്ക്ക് `രമണ' നും ചങ്ങമ്പുഴക്കവിതകളും സുപരിചിതങ്ങളാണ്. അവര്‍ അച്ഛനേയും നിര്‍ബന്ധിച്ചു. ``എന്തെങ്കിലും കൊടുത്തയയ്ക്കു അച്ഛാ.'' നമ്മുടെ യുവകവിയെ അവര്‍ സാകൂതം വീക്ഷിച്ചു. പുത്രിമാരുടെ അഭിപ്രായത്തെ അമ്മയും പിന്താങ്ങി: ``നല്ല കാര്യത്തിനിറങ്ങി പുറപ്പെട്ടിരിക്കുകയല്ലേ ആ പയ്യന്മാര്ക്കു എന്തെങ്കിലും സഹായിക്കൂ.'' അവര്‍ ഭര്‍ത്താവിനെ ഉപദേശിച്ചു. ``അപ്പോള്‍ ഇവരെല്ലാം നിങ്ങളുടെ ഭാഗത്താണ്. എന്നാല്‍ ഇതിരിക്കട്ടെ. നമ്മുടെ അഭിഭാഷകമാന്യന് ഒരഞ്ചുരൂപയുടെ നോട്ടെടുത്ത് ചങ്ങമ്പുഴയുടെ കയ്യില്‍ കൊടുത്തു പണത്തിനു രസീതുകൊടുത്ത് അവര്‍ക്കേവര്‍ക്കും വന്ദനം പറഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി. ``ഈ കണ്ഠക്ഷോഭത്തിന് ഒരഞ്ഞൂറുരൂപ കിട്ടേണ്ടതായിരുന്നു.'' ചങ്ങമ്പുഴ അഭിപ്രായപ്പെട്ടു. ``ഒന്നുമില്ലാത്തതില്‍ ഭേദം.'' ഞാന്‍ മറുപടി പറഞ്ഞു. ``അത് പെണ്പിള്ളേരുടെ അനുഗ്രഹമാണ്. ചരക്കുകള്‍ തരക്കേടില്ലാ അല്ലേ?'' സുഹൃത്തുപുഞ്ചിരിയോടെ സാകൂതം എന്നെ നോക്കി. പിന്നീടു പലപ്പോഴും പലസ്ഥലങ്ങളിലും വച്ച് ആ ``തരക്കേടില്ലാത്ത ചരക്കു'' കളെ ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം `ചങ്ങമ്പുഴയുടെ കൂട്ടുകാരന്. '' എന്നനിലയില്‍ ഒരുപുഞ്ചിരിക്കും ഞാന്‍ അര്‍ഹനായിട്ടുണ്ട്. ചങ്ങമ്പുഴ മിലിട്ടറി ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ ഇതില്‍ ഒരു പെണ്‍കുട്ടിയുടെ കൃപാകടാക്ഷത്താല്‍ ചില ആനുകൂല്യങ്ങള്‍ നേടുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു എന്നതും പ്രസ്താവ്യമാണ്.
പ്രശസ്തനായ ഒരു വിദ്യാവിചക്ഷണനെയാണ് ഞങ്ങല്‍ അടുത്തതായി കണ്ടത്. അദ്ദേഹത്തിന് സാഹിത്യമൊന്നുമില്ല. ശ്രീമതിക്കു ആ സുഖക്കേട് അല്പമുണ്ട്. അദ്ദേഹം മിസിസ്സിനെ വിളിച്ചു. ഞങ്ങളെ പരിചയപ്പെടുത്തി, ആഗമോദ്ദേശവും അറിയിച്ചു. ``രമണന്റെ രചയിതാവ്'' മിസ്റ്റര്‍ ചങ്ങമ്പുഴ കൃഷ്ണപിള്ള.'' ഞാന്‍ ആ മഹതിയോടു പറഞ്ഞു. ``ഓ! ധാരാളം കേടിട്ടുണ്ട്. രമണന് പലവട്ടവും വായിച്ചിട്ടുണ്ട്. കവിത അസ്സലായിട്ടുണ്ട് ട്ടോ. പാടാന്‍ നല്ല രസമുണ്ട്. പാവം, നിങ്ങളെ ചേട്ടന് അങ്ങിനെ മരിച്ചുപോയി അല്ലേ? കഷ്ടമായിപ്പോയി. ഇത്ര ചെറുപ്പത്തിലേ.'' അവരുടെ സഹൃദയത്വവും സഹതാപവുമെല്ലാം അവിടെ അങ്ങനെ മുഴങ്ങി.
``രാഘവന് പിള്ള ചങ്ങമ്പുഴയുടെ കൂട്ടുകാരനായിരുന്നു, ചേട്ടനല്ലാ.'' ഞാന്‍ തിരുത്തിക്കൊടുത്തു. ചങ്ങമ്പുഴയുടെ മുഖത്ത് ആശാദ്യോതകമായ ഒരു മന്ദഹാസം വിരിഞ്ഞു. തന്റെ ഭാര്യയ്ക്കു സാഹിത്യമുണ്ടെന്ന ഗൃഹനാഥന്റെ അഭിപ്രായം തികച്ചും ശരിയാണെന്ന് ആ ശുദ്ധഹൃദയന് വിശ്വസിച്ചു. അവര്‍ക്കുമുണ്ടൊരു സംശയം. നല്ല സാഹിത്യം തീരെ ഇല്ലാത്ത മലയാളത്തില്‍ അതിന്നായി ഒരു പരിഷത്ത് നടത്തേണ്ടതുണ്ടോ? ഞങ്ങളെപ്പോലെയുള്ള യുവാക്കന്മാര് ഈ യുദ്ധകാലത്ത് വല്ല നല്ല ഉദ്യോഗത്തിനു ശ്രമിക്കാതെ ഇതിന്നായി ഇറങ്ങിനടക്കുന്നതു ബുദ്ധിശാലിത്തരമാണോ? ചോദ്യങ്ങള്‍ക്ക് അനുയോജ്യമായ മറുപടി പറഞ്ഞ് ഞങ്ങള്‍ അവരെ സംതൃപ്തയാക്കി. ``ഏതായാലും ഞാന്‍ നിങ്ങളെ വെറുംകൈയോടെ അയയ്ക്കുന്നില്ല. '' ആ മഹതി ധൃതഗതിയില്‍ അകത്തക്കുപോയി. ചങ്ങമ്പുഴ ആശാനിര്ഭരനായി. ``ഇഷ്ടാ, അന്‍പതില്‍ കുറയില്ല.'' ഇതിനെടത്തന്നെ ഒരു ചെക്കുമായി നമ്മുടെ `സഹൃദയ' തിരിച്ചെത്തി. ``ഇതാ ഇതു വെച്ചോളൂ. രസീതുപിന്നെ അയച്ചാല്‍ മതി.'' ചങ്ങമ്പുഴ ആദരഭാവത്തോടെ ഇരുകരങ്ങളും നീട്ടി സസന്തോഷം അതു വാങ്ങി. ആകാംക്ഷാപൂര്‍വ്വം അതിലേക്കു നോക്കി. പരിഷല്ഭാരവാഹിയുടെ പേര്‍ക്ക് മൂന്നു രൂപക്കുള്ള `ക്രോസ്'ചെയ്ത ഒരുചെക്കായിരുന്നു അത്. നമ്മുടെ കവിയുടെ മുഖം നിരാശയില്‍ കരിവാളിച്ചു. ഇതങ്ങു തിരിച്ചുകൊടുത്താലോ എന്ന അര്‍ത്ഥത്തില്‍ ആ ശുദ്ധഹൃദയന് എന്നെ നോക്കി. തുടര്‍ന്നു മദിരാശിയില്‍ത്തന്നെ ജീവിതം നയിക്കുവാന്‍ നിര്ബ്ബന്ധിതനായ ഞാന്‍ അതിന്നനുവദിച്ചില്. ``ചെക്കുമാറിയതും രസീതു അയച്ചേക്കണം, അദ്ദേഹത്തിന് കണക്കുപറയുവാനുള്ളതാണ്. ആ മഹതി വീണ്ടും ഞങ്ങളെ ഓര്‍മിപ്പിച്ചു അങ്ങനെതന്നെയെന്നു പറഞ്ഞുകൊണ്ട് ഞങ്ങള്‍ പടിയിറങ്ങി. ഭാഷയോടുള്ള അവജ്ഞ ചങ്ങമ്പുഴയെ വല്ലാതെ വേദനിപ്പിച്ചു. അതിനകം തന്നെ അദ്ദേഹം നിരാശാഭരിതനായിക്കഴിഞ്ഞിരുന്നു. ഇതെല്ലാം സര്വ്വസാധാരണമാണെന്നായിരുന്നു എന്റെ സമാധാനം. ``ഏതായാലും സംഭാവന കൊണ്ടു മടിശ്ശീല നിറഞ്ഞില്ലേ? ഇനി ഇന്നത്തെപ്പിരിവു നില്ത്താം.'' എന്റെ സുഹൃത്ത് അര്‍ത്ഥഗര്‍ഭമായി അഭിപ്രായപ്പെട്ടു. ഞാനും അതിനോടു യോജിച്ചു. മറ്റൊരുപരിപാടിയില് ഞങ്ങള്‍ക്കു സംബന്ധിക്കേണ്ടതുണ്ടായിരുന്നു.
സന്ധ്യയോടുകൂടി ഞങ്ങള്‍ മ്യൂസിയം തീയേറ്ററില്‍ എത്തി. അവിടെ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ അന്നൊരു നാടകം അഭിനയിക്കുന്നുണ്ടായിരുന്നു. ഒരു മണിക്കൂര്‍ സമയമേ ഞങ്ങള്‍ അവിടെ കഴിച്ചുകൂട്ടിയുള്ളൂ. അതിനകം തന്നെ നമ്മുടെ കവിക്ക് നാടകം വെറുത്തുകഴിഞ്ഞിരുന്നു. മദിരാശിയില്‍ കേരള സമാജം നടത്തിയ ആദ്യത്തെ നാടകമായിരുന്നു അത്. എന്റെ അടുത്ത സുഹൃത്തുക്കള്‍ പരും അതില്‍ അഭിനയിക്കുന്നുണ്ടായിരുന്നതിനാല് അവസാനം വരെ അതു കാണുവാന്‍ ഞാന്‍ നന്നെ ആഗ്രഹിച്ചു. എന്നാല്‍ സുഹൃത്ത് അതിന് സമ്മതിച്ചില്ല. പിറ്റേദിവസവും ഞങ്ങള്‍ പണപ്പിരിവിനിറങ്ങി. വൈചിത്രമുറ്റ പലേ അനുഭവങ്ങളും അന്നുമുണ്ടായി. എങ്കിലും ആ പരിശ്രമം ഒരു പരാജയപര്യവസായിയായിരുന്നു എന്നു പറയാവതല്ല. ഡോക്ടര്‍ ചേലനാട്ട് അച്യുതമേനവനുമൊരുമിച്ച് സമുന്നതതലങ്ങളിലുള്ള പലേ മാന്യന്മാരെയും ചങ്ങമ്പുഴ സന്ദര്‍ശിക്കുകയുണ്ടായി. ചങ്ങമ്പുഴയുടെ സാമര്‍ത്ഥ്യത്തേയും സാഹിത്യത്തോടുള്ള ഭക്തിയേയുംകാള് ചേലനാടന്റെ സ്ഥാനവലിപ്പം പലരുടേയും മടിശ്ശീലക്കെട്ടിക്കുവാന് പ്രേരകമായി. അങ്ങനെ ഗണ്യമായ ഒരു തുക ഏതാനും ദിവസംകൊണ്ടു മദിരാശിയില്‍നിന്നും പിരിച്ചെടുത്തു. പലേ മാന്യന്മാരുമായി പരിചയം നേടാന്‍ കഴിഞ്ഞു എന്നത് വളര്‍ന്നുവരുന്ന ഒരു കവിയെന്ന നിലയില്‍ ചങ്ങമ്പുഴയ്ക്ക് ഗണ്യമായ ഒരു നേട്ടമായിരുന്നു. അന്നു മദിരാശിയില്‍ ഉണ്ടായിരുന്ന സാഹിത്യകാരന്മാര് ഒട്ടുമിക്കപേരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായി. ഏതാണ്ടു പത്തുദിവസം നീണ്ടുനിന്ന മദിരാശിവാസത്തിനുശേഷം ചങ്ങമ്പുഴ മധുരവഴി നാട്ടിലേക്കു തിരിച്ചുപോയി.
ചങ്ങമ്പുഴയുടെ സാരഥ്യത്തില്‍ ഇടപ്പള്ളിയില്‍ വെച്ചു നടന്ന പതിമൂന്നാം സാഹിത്യപരിഷത്ത് ഒരുവിധത്തിലും വിജയപ്രദമായിരുന്നില്ല. നാട്ടില്‍തന്നെ ഭൂരിഭാഗം സാഹിത്യകാരന്മാരും സഹൃദയരും അതിനോടു നിസ്സഹകരിക്കുകയാണുണ്ടായത്. ഒന്നാംകിടക്കാരായ സാഹിത്യകാരന്മാര് ഒട്ടുമിക്കപേരും പ്രസ്തുത സമ്മേളനത്തില്‍ സന്നിഹിതരായിരുന്നില്ല. അവരില്‍ പലരേയും ചങ്ങമ്പുഴ വേണ്ടിടത്തോളം ബഹുമാനിച്ചുവന്നില്ല എന്നതായിരുന്നു ഈ നിസ്സഹകരണത്തിന്റെ പ്രധാന ഹേതു. ന മ്മുടെ കവിയുടെ ചില രാഷ്ട്രീയാഭിനിവേശങ്ങളും പലര്‍ക്കും അരോചകമായിരുന്നു. ആകപ്പാടെ ഉത്സാഹശീലരായ ഏതാനും യുവാക്കന്മാരുടെ ഒത്തുചേരല്‍ മാത്രമായിരുന്നു പ്രസ്തുത സമ്മേളനം. സാഹിതീരംഗത്ത് ഒരു ചേരിതിരിവിന്റെ സര്‍വ്വലക്ഷണങ്ങളും അവിടെ തെളിഞ്ഞുകണ്ടു. എങ്കിലും പറയത്തക്കപിന്തുണയൊന്നുമില്ലാതെ അത്തരം മഹത്തായ ഒരു സംരംഭത്തില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ആ ഭാഷാ സേവനൈകനിരതന് നമ്മുടെ ഉള്ളഴിഞ്ഞ കൃതജ്ഞതയ്ക്കു സമര്ഹനാണ്. നിസ്വാര്‍ത്ഥസേവനം എവിടേയും ആദരണീയമാണല്ലോ . ആദ്യത്തെ പരിഷത്തില്‍ ഒരു വാളണ്ടിയറായി സേവനമനുഷ്ഠിച്ച ആ ഭാഷാഭക്തന് പതിമൂന്നു സാരഥിയായി. നാട്ടുകാര്‍ തന്നോടുകാണിച്ച കൂറില്ലായ്മയില് ആ മൃദുലഹൃദയം മരണപര്യന്തം വേദന അനുഭവിക്കുകയും ചെയ്തു. നാട്ടുകാര്‍ക്ക് അതൊരുവിധത്തിലും നേട്ടമല്ലാ; പ്രത്യുത അവിസ്മരണീയമായ ഒരു കോട്ടമാണുതാനും.
അദ്ധ്യായം പതിനൊന്ന്
വിവാഹവം വിദ്യാഭ്യാസ സമാപ്തിയും
ചങ്ങമ്പുഴയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച സ്വജനങ്ങളില് തന്നെ അദ്ദേഹത്തിന് അനേകം അസൂയാലുക്കളെ ഉളവാക്കി. നാട്ടുകാരില്‍ പലരും ശത്രുക്കളായി. തങ്ങളുടെ ഇടയില്‍ നിന്നും ഒരുത്തന് നന്നായിപ്പോകുന്നത് അവര്‍ എങ്ങിനെ സഹിക്കും. അവരുടെ ഹ്രസ്വഹൃദയത്തിന് അതസഹ്യമായിരുന്നു. പണത്തിലും, പ്രതാപത്തിലും, പഠിപ്പിലും, സമുന്നതരായ വേറെ പലരും ഉള്ളപ്പോള്‍ കേവലം നിര്‍ദ്ധനനായ ഒരു യുവാവ് അന്നുവരെ ആരേയും വകവെയ്ക്കാതെ സ്വാശ്രയശീലത്താല്മാത്രം മുന്നേറിപ്പോകുന്നത് വലര്‍ക്കും പൊറുക്കുവാന്‍ കഴിഞ്ഞില്ല. അതിന്റെ പരിണതഫലമായിരുന്നു കഴിഞ്ഞ അദ്ധ്യായത്തില്‍ പ്രസ്താവിച്ച പരിഷല്‍ പരാജയം. രാജസപ്രൗഢിയോടെ ആദ്യപരിഷത്തു നടന്ന അതേ സ്ഥലത്തുവെച്ച് കേവലം ഒന്നിനും പോരാത്ത കുറെ ചെറുപ്പക്കാര്‍ അത്തരമൊരു സമ്മേളനം നടത്തുവാന്‍ തുനിഞ്ഞതുതന്നെ ധാര്‍ഷ്ട്യത്തിന്റെ ലക്ഷണമായി പലരും വ്യാഖ്യാനിച്ചു. അവര്‍ നിശ്ശേഷം നിസ്സഹകരിച്ചു. അതു നടക്കുകയില്ലെന്നു വീരവാദം ചെയ്തു. പക്ഷെ പരിഷത്തു നടക്കുകയും, അതു പരാജയമായിരുന്നുവെങ്കിലും അവരുടെ പ്രതീക്ഷകളെക്കവിഞ്ഞു വിജയംവരിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ നിന്നും തന്നെ ചങ്ങമ്പുഴ എണ്ണപ്പെടേണ്ട ഒരു വ്യക്തിയാണെന്നു പലരും മനസ്സിലാക്കി. എന്നാല്‍ നാട്ടുകാരുടെ ``തനിനിറം'' നമ്മുടെ കവിയെ വ്യാകുലപ്പെടുത്തി. ആ നിലപാട് ദുസ്സഹമായിരുന്നുവെങ്കിലും അതിന്നനുയോജ്യമായ നിലയില്‍തന്നെ, തളരാതെ ജീവിക്കുവാന്‍ ആ മാനധനന് തീരുമാനിച്ചു.
ഇക്കാലത്താണു ചങ്ങമ്പുഴയ്ക്കു വിവാഹാലോചനകള്‍ നടന്നത്. മറ്റു പലതിലുമെന്നപോലെ ഇക്കാര്യത്തിലും അടുത്ത സുഹൃത്തുക്കളെപ്പോലും അന്ധാളിപ്പിക്കുന്ന ഒരു തീരുമാനമാണ് അദ്ദേഹം എടുത്തത്. തിരുവനന്തപുരത്തുനിന്നും ഏതാനും മാസങ്ങള്‍ക്കു മുന്‍പുതന്നെ അദ്ദേഹം എനിക്കെഴുതി: ``ഞാന്‍ താമസിയാതെ വിവാഹിതനാകുന്നു. വധു നമ്മുടെ ഡ്രായിംഗ് മാസ്റ്ററുടെ മകള്‍ ശ്രീദേവിയാണ്. എന്റെ തിരഞ്ഞെടുപ്പിനെപ്പറ്റി എന്തു പറയും? '' ആ തിരഞ്ഞെടുപ്പില്‍ എനിക്കു ഒരെതിരഭിപ്രായം പറയുവാനില്ലായിരുന്നു. എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം ചങ്ങമ്പുഴയുടെ തിരഞ്ഞെടുപ്പ് തികച്ചും അപ്രതീക്ഷിതമായിരുന്നു എന്നു സമ്മതിക്കണം. നാട്ടില്‍നിന്നും, ആയിടെ കിട്ടിയ ചില വിവരങ്ങളും എന്റെ അറിവും ആധാരമാക്കി ചങ്ങമ്പുഴയുടെ ഭാര്യാപദത്തിന് വേറെ ഒന്നു രണ്ടു പെണ്‍കുട്ടികളെയാണ് ഞാന്‍ ഊഹിച്ചുവെച്ചിരുന്നത്. അതെല്ലാം വിട്ട് ഞങ്ങളുടെ അദ്ധ്യാപകന്മാരില്‍ ഞങ്ങള്‍ അങ്ങേയറ്റം വെറുക്കുകയും ഭയപ്പെടുകയും ചെയ്തിരുന്ന ഡ്രായിംഗ് മാസ്റ്ററുടെ - ഞങ്ങള്‍ രണ്ടുപേരും ഡ്രായിംഗില്‍ മോശക്കാരായിരുന്നു - മകളെ എന്റെ കൂട്ടുകാരന് വിവാഹം ചെയ്യുമെന്നത് എനിക്കൂഹ്യമല്ലായിരുന്നു. വിവാഹത്തിന് ഏറെനാള്‍ മുന്‍പുതന്നെ കൃഷ്ണപിള്ള ശ്രീദേവിയുടെ ട്യൂഷന്മാസ്റ്റരായിരുന്നു. അങ്ങനെയാണ് അവര്‍ തമ്മില്‍ അടുത്തു പരിചയപ്പെടുവാന്‍ ഇടയായത്. ആ പരിചയം സ്നേഹമായും പ്രേമമായും മാറ്റി കാലാന്തരത്തില്‍ വിവാഹത്തില്‍ പര്യവസാനിച്ചു. എല്ലാംകൊണ്ടും ശ്രീദേവി കൃഷ്ണപിള്ളയ്ക്ക് അനുയോജ്യമായ വധുതന്നെയായിരുന്നു. 1115 മേടമാസത്തില്‍ ആ വിവാഹം നടന്നു.
അടുത്തകൊല്ലം ബി.എ (ഓണേഴ്സ്) പാസ്സായതോടെ വിദ്യാഭ്യാസം ചങ്ങമ്പുഴ താല്‍ക്കാലികമായി അവസാനിപ്പിച്ചു. സുപ്രസിദ്ധപണ്ഡിതനായിരുന്ന ഡോക്ടര്‍ ഗോദവര്മ്മയായിരുന്നു അക്കാലത്തെ മലയാളവകുപ്പിന്റെ അദ്ധ്യക്ഷന്‍. ഒരു ഗവേഷണവിദ്യാര്‍ത്ഥിയായി പഠിത്തം തുടരേണമെന്നു ചങ്ങമ്പുഴക്കാഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പരീക്ഷയില്‍ പ്രശസ്ത വിജയം വരിക്കുവാന്‍ സാദ്ധ്യമാകാത്തതിനാല്‍ ആ ആഗ്രഹം നിറവേറിയില്ല. തന്റെ ഗുരുനാഥന് തന്നെ മനഃപൂര്‍വം തരംതാഴ്ത്തിയെന്ന് ചങ്ങമ്പുഴയ്ക്കു പരാതിയുണ്ടായിരുന്നു. എന്നാല്‍ കവിതാ രചനയിലും പാഠപുസ്തകങ്ങളൊഴികെ മറ്റു ഗ്രന്ഥങ്ങളിലും, ജീവസന്ധാരണ പ്രശ്നങ്ങളിലും വ്യാപൃതനായിരുന്നതിനാല്‍ കോളേജു ക്ലാസുകളില്‍ ശരിക്കു ഹാജരാകുന്നതിനുപോലും നമ്മുടെ കവിക്കു കഴിഞ്ഞിരുന്നില്ല. താന്‍ എങ്ങനെയെങ്കിലും ഉന്നതവിജയം കരസ്ഥമാക്കുമെന്ന അതിവിശ്വാസം അദ്ദേഹത്തെ വഴിതെറ്റിച്ചു. ഡോക്ടര്‍ കെ.എം. ജോര്‍ജ്, എസ്. ഗുപ്തന്നായര്, മുതലായ പ്രശസ്ത സാഹിത്യകാരന്മാര് തിരുവനന്തപുരത്തു ചങ്ങമ്പുഴയുടെ സതീര്‍ത്ഥ്യരായിരുന്നു. തിരുവനന്തപുരം പൊതുഗ്രന്ഥാലയത്തിലെ ഒട്ടുമിക്ക ഗ്രന്ഥങ്ങളും ഇക്കാലഘട്ടത്തില്‍ ചങ്ങമ്പുഴ വായിച്ചു തീര്‍ത്തു. അങ്ങനെ പാശ്ചാത്യസാഹിത്യത്തില്‍ നേടിയ അതിപരിചയം പില്ക്കാലത്ത് പലേ ഉത്തമകവിതകളുടേയും ഉറവിടമായിട്ടുണ്ട്. തിരുവനന്തപുരം വാസക്കാലത്ത് ചങ്ങമ്പുഴയുടെ ഏറ്റവും അടുത്ത സുഹൃത്ത് ശ്രീ ടി.എന്‍. ഗോപീനാഥന്നായരായിരുന്നു. ഗോപീനാഥന്നായരുടെ ഒരു സ്യാലന്‍ ഇടപ്പള്ളിയില്‍ ഡോക്ടറായി പ്രാക്ടീസു നടത്തിവന്ന കാലമായിരുന്നത്. അങ്ങനെ നാട്ടില്‍വെച്ചുതന്നെ അവര്‍ പരിചിതരായിരുന്നു. തിരുവനന്തപുരത്തെ വാസം ആ സൗഹാര്ദ്ദബന്ധത്തെ ഒന്നുകൂടി ഉറപ്പിച്ചു. സ്വന്തം ജ്യേഷ്ഠസഹോദരനായിട്ടാണ് ചങ്ങമ്പുഴയെ ഗോപീനാഥന്നായര് കരുതിവന്നത്. സാഹിത്യക്ഷേത്രത്തില്‍ കവിയെന്ന നിലയിലാണല്ലോ ഗോപീനാഥന്നായര് രംഗപ്രവേശം ചെയ്തത്. പിന്നീടാണ് കാറ്റിന്റെ ഗതി മനസ്സിലാക്കി അദ്ദേഹം നാടക കര്‍ത്താവായി മാറിയത്. ഓണേഴ്സിനു തനി മൂന്നാംക്ലാസ്സുകാരനായിപ്പോയതില് ചങ്ങമ്പുഴ വളരെ ഖേദിച്ചു.
115-121 കാലങ്ങളില്‍ ചങ്ങമ്പുഴ വളരെയേറെ എഴുതുകയുണ്ടായി. ഉത്തമഗ്രന്ഥങ്ങളില്‍ പലതും ഇക്കാലത്താണു പ്രസിദ്ധീകൃതങ്ങളായത്. രക്തപുഷ്പങ്ങള്‍, സങ്കല്പകാന്തി, അപരാധികള്‍, സ്പന്ദിക്കുന്ന അസ്ഥിമാടം ഇങ്ങനെ പലതും ഈ കാലഘട്ടത്തിന്റെ സംഭാവനകളത്രെ. വിവാഹം, പരീക്ഷാവിജയം, ഗ്രന്ഥങ്ങളുടെ അതിപ്രചാരം, ദാരിദ്ര്യവിമുക്തി ഇങ്ങനെ ആ ജീവിതത്തില്‍ ഒട്ടൊരു വെളിച്ചം വീശിയകാലം അതായിരുന്നു. മാനസീകാശ്വാസത്തില്നിന്നും ലഭിച്ച ഉദ്വേഗത വാസനാശാലിയായ ആ യുവാവിനെ കൂടുതല്‍ കര്‍മ്മനിരതനാക്കി. സാഹിതീപരിശ്രമങ്ങള്ക്കു നല്ല പ്രതിഫലവും അതില്‍ക്കവിഞ്ഞ പ്രോത്സാഹനവും ലഭിച്ചു. തന്റെ തൂലികയെമാത്രം വിശ്വസിച്ചുതന്നെ ജീവസന്ധാരണം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹത്തിനു ബോദ്ധ്യമായി. ഇക്കാലത്ത് അദ്ദേഹം `ബാങ്ക് ബാലന്‍സ്' ഉള്ള മാന്യനായിത്തീര്ന്നു.
ഔദ്ധത്യം ചങ്ങമ്പുഴയെ അശേഷം ബാധിച്ചിരുന്നില്ലെങ്കിലും ഉദ്ധതന്മാരുടെ മുമ്പില്‍ അദ്ദേഹം തികച്ചും ഉദ്ധതനായിരുന്നു. ആരുടേയും ഡംഭിലും പ്രതാപത്തിലും അദ്ദേഹം മയങ്ങിയില്ല. കേരളത്തിലെ മറ്റേതു മഹാകവിയോടും കിടപിടിക്കത്തക്ക കവിത്വം തനിക്കുണ്ടെന്നു ചങ്ങമ്പുഴ ദൃഢമായി വിശ്വസിച്ചു. താന്‍ പലതുകൊണ്ടും അവരേക്കാള്‍ കവിഞ്ഞവനാണെന്ന് അദ്ദേഹം കരുതി. പ്രതിയോഗികളെ സ്വന്തം കൂടാരത്തില്‍ കടന്നാക്രമിച്ച് അസ്തവീര്യരാക്കുവാന് ചങ്ങമ്പുഴയ്ക്കു കരുത്തുണ്ടായിരുന്നു. ഏറ്റുമുട്ടിയവര്‍ ഏവരും അതിന്റെ ``സ്വാദ്'' നല്ലപോലെ അറിയുകയും ചെയ്തു. ആത്മാര്‍ത്ഥ സൗഹൃദത്തിന്റെ മുന്പില് മാത്രമേ ആ ആദര്ശസമ്പന്നന് തലതാഴ്ത്തിയുള്ളൂ. തന്റെ സഹായം ആവശ്യപ്പെട്ട പലരേയും ഇക്കാലത്ത് ഗണ്യമായി സഹായിച്ചിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും ദരിദ്രരായ സാഹിത്യകാരന്മാരായിരുന്നു.
ചങ്ങമ്പുഴക്കവിതകള്‍ക്ക് രൂക്ഷരൂക്ഷങ്ങളായ പലേ വിമര്‍ശനങ്ങളും ഉണ്ടായത് ഇക്കാലത്താണ്. ഗ്രന്ഥത്തേക്കാള്‍ ഗ്രന്ഥകാരനെ വിമര്ശിക്കുവാനാണ് പലരും വെമ്പല്‍കൊണ്ടത്. ആ കവികോകിലത്തിന്റെ അസാമാന്യ വളര്‍ച്ച പലരേയും അമ്പരപ്പിച്ചു. അസൂയാലുക്കളാക്കി. വിമര്‍ശനങ്ങളില്‍ ഏറിയകൂറും ഈ മനോഭാവത്തിന്റെ പ്രത്യക്ഷലക്ഷ്യങ്ങളായിരുന്നു. ഇവയെല്ലാം നേരിയ ഒരു പുഞ്ചിരിയോടെ, അലക്ഷ്യഭാവത്തോടെ, നോക്കിക്കാണുകമാത്രമാണ് നമ്മുടെ കവി ചെയ്തത്. മിത്രഭാവത്തില്‍ നില്ക്കുന്ന ശത്രുക്കളേയും ശത്രുഭാവത്തില്‍ നില്ക്കുന്ന മിത്രങ്ങളേയും അദ്ദേഹം മനോദൃഷ്ടിയില്‍ വ്യക്തമായി കണ്ടു. സാഹിത്യത്തിലെ ചേരിക്കാര്‍ ഓരോരുത്തരും ചങ്ങമ്പുഴയെ തങ്ങളുടെ ചേരിയുടെ പ്രവാചകനായി കണക്കാക്കി. അതിന്നുപോല്‍ബലകമായി ആ കവിതാസമുച്ചയത്തില് നിന്നും അവര്‍ ഇച്ഛാനുസാരം പലതും എടുത്തുനിരത്തി. വാസ്തവത്തില്‍ ഒരു ചേരിയില്‍ നില്‍ക്കാനും അദ്ദേഹം സന്നദ്ധനല്ലായിരുന്നു. അദ്ദേഹത്തിന്റെ ഒരേ ഒരു ചേരി മനുഷ്യരുടെ ചേരി മാത്രമായിരുന്നു. എങ്കിലും അദ്ദേഹം ഈ അവകാശികളെ ആരേയും മുഷിപ്പിച്ചില്ല. അവരുടെ അജ്ഞതയില്‍ ഒന്നു മന്ദഹസിക്കുകമാത്രം ചെയ്തു. കാലങ്ങള്‍ ഏറെ വേണ്ടിവന്നിട്ടുണ്ട് ഓരോ കൂട്ടര്‍ക്കും തങ്ങള്‍ക്കുപറ്റിയ അബദ്ധം മനസ്സിലാക്കാന്‍. അവര്‍ കവിയെ വൃഥാ പഴിച്ചു തുടങ്ങി. അപ്പോഴും അദ്ദേഹം ചിരിച്ചതേയുള്ളൂ. `അയ്യോ കുരങ്ങന്മാരെന്തറിഞ്ഞു വിഭോ ' എന്ന അര്‍ത്ഥത്തില്‍.
ചിലര്‍ ചങ്ങമ്പുഴക്കവിതകളില്‍ അശ്ലീലം കണ്ടെത്തി. ചിലര്‍ വിപ്ലവവും. മറ്റു ചിലര്‍ അതില്‍ വിഷാദാത്മകതയാണു കണ്ടത്. ചിലര്‍ അതില്‍ നാസ്തികവാദം കണ്ടു. ആസ്തികത്വം കാണുവാനും ചിലരുണ്ടായിരുന്നു. ഇങ്ങനെ ഓരോരുത്തരും തങ്ങളുടെ ഇച്ഛാനുസാരം ആ കവിതകളെ വ്യാഖ്യാനിച്ചുവന്നു. കുരുടന്മാര് ആനയെക്കണ്ടതുപോലെ ഭാഗികമായിമാത്രം മനുഷ്യകഥാനുഗായികളായ ആ കവനതല്ലജങ്ങളുടെ ഉള്‍പ്പൊരുള്‍ ശരിക്കും മനസ്സിലാക്കുവാന്‍ വളരെ ചുരുക്കംപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അദ്ധ്യായം പന്ത്രണ്ട്
ഉദ്യോഗജീവിതം
വിദ്യാഭ്യാസം നിര്‍ബ്ബാധം തുടരുവാനും ജീവസന്ധാരണത്തിനുംവേണ്ടി ചില ചില്ലറ ഉദ്യോഗങ്ങള്‍ ചങ്ങമ്പുഴ ചെറുപ്പത്തിലേതന്നെ സ്വീകരിച്ചു. നാട്ടില്‍ ഒരു ട്രങ്കുപെട്ടി ഫാക്ടറിയില്‍ ഗുമസ്തനായി കുറേ നാള് ജോലിചെയ്തു. തുടര്‍ന്നു ചില ട്യൂഷന് ക്ലാസുകള്‍ നടത്തി. ഇതെല്ലാം തന്നെ കേവലം പാര്‍ട്ട് ടൈം ജോലികളായിരുന്നു. വരുമാനം വളരെ തുച്ഛമായിരുന്നുതാനും. ഒന്നുമില്ലാത്തകാലത്ത് അത്രയെങ്കിലും കിട്ടുന്നതു വളരെ സഹായകരമായിരുന്നു. ഏതാനും നാള് ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ അദ്ധ്യാപനവും നടത്തി സുഹൃത്തുക്കള്‍ക്കുവേണ്ടി ചെയ്ത ഉപകാരം മാത്രമായിരുന്നു അത്. വിവാഹത്തിനുശേഷം കുടുംബഭാരം വളരെയേറെ വര്‍ദ്ധിച്ചതിനാല്‍ ഒരു നല്ല ഉദ്യോഗം സമ്പാദിക്കേണ്ടത് അത്യാവശ്യമായിത്തീര്‍ന്നു. എന്നാല്‍, ഉദ്യോഗകവാടങ്ങള് ശുദ്ധഹൃദയനായ ആ കവിക്ക് സുഗമങ്ങളല്ലായിരുന്നു. ഫലശൂന്യങ്ങളായ പലേ പരിശ്രമങ്ങളിലും വ്യാപൃതനായി കാലങ്ങള്‍ അങ്ങിനെ നീക്കിവന്നു.
രണ്ടാംലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടു നടന്നുവന്ന കാലമായിരുന്നു അത്. യുദ്ധസംബന്ധിയായ ഒട്ടേറെ ഉദ്യോഗങ്ങള്‍ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കു നിര്ല്ലോ ഭം ലഭിച്ചുവന്നിരുന്നുതാനും. സൗമ്യശീലനായ നമ്മുടെ കവിക്ക് ആദികാലങ്ങളില്‍ അവയൊന്നുംതന്നെ അഭികാമ്യമായിത്തോന്നിയില്ല. ആയിടെ ``ഹിന്ദു'' പത്രത്തില്‍ കണ്ട ഒരു പരസ്യം എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചു. അഖിലേന്ത്യാ റേഡിയോ ഡല്‍ഹി കേന്ദ്ര ത്തില്‍ മലയാള വിഭാഗത്തിന്റെ ചുമതല വഹിക്കുവാന്‍ അപേക്ഷകള്‍ ക്ഷണിക്കുന്ന ഒരു പരസ്യമായിരുന്നു അത്. എല്ലാം കൊണ്ടും എന്റെ സുഹൃത്തിന് അനുയോജ്യമായ ഒരുദ്യോഗമായിത്തോന്നിയതിനാല് ഉടന്‍തന്നെ അപേക്ഷിക്കണമെന്ന നിര്ദ്ദേശത്തോട ആ പരസ്യഭാഗം വെട്ടിയെടുത്ത് ഞാന്‍ അദ്ദേഹത്തിനയച്ചുകൊടുത്തു. ആശാബദ്ധനായ കവി ഉടന്‍ തന്നെ അതിനപേക്ഷിക്കുകയുംചെയ്തു. തന്റെ ചില ഗ്രന്ഥങ്ങളുടെ ലൈബ്രറിപ്പതിപ്പുകളും യോഗ്യതയെ സമര്‍ത്ഥിക്കുവാന്‍ അയച്ചുകൊടുത്തു. പക്ഷെ ആ പ്രയത്നം ഫലിച്ചില്ല. പുസ്തകനഷ്ടം മാത്രമായി അതിന്റെ പ്രതിഫലം. ``തങ്ങള്ക്കുവേണ്ടപ്പെട്ടവരെ നിയമിച്ചതിനുശേഷമാണ് ഇവന്മാര് പത്രത്തില്‍ പരസ്യംചെയ്യുന്നതിഷ്ടാ'' എന്നാണ് നിരാശാബദ്ധനായ ആ കവി അതിനെ സൂചിപ്പിച്ച് എനിക്കെഴുതിയത്. ഞാനും വല്ലാതെ കുണ്ഠിതപ്പെട്ടു. അഖിലേന്ത്യാ റേഡിയോ മലയാളം വിഭാഗത്തിന് സര്‍വ്വഥാ സമര്‍ത്ഥനായ ആ മഹാകവിയുടെ പരിലാളനമേല്ക്കുവാന് ഭാഗ്യമുണ്ടായില്ല. വാസ്തവത്തില്‍ ഇക്കാര്യത്തില്‍ ചങ്ങമ്പുഴയേക്കാള്‍ നിര്‍ഭാഗ്യം ആ സ്ഥാപനത്തിനുതന്നെയാണ്.
1941 ല്‍ ചങ്ങമ്പുഴ മിലിട്ടറി അക്കൗണ്ടുവിഭാഗത്തില് ഒരു ചെറിയ ഉദ്യോഗസ്ഥനായിച്ചേര്ന്നു. പൂനയായിരുന്നു ആ ഉദ്യോഗസ്ഥലം. തന്റെ ആകൃതിക്കോ, പ്രകൃതിക്കോ, ആദര്‍ശങ്ങള്‍ക്കോ അനുയോജ്യമല്ലായിരുന്നുവെങ്കിലും ജീവസന്ധാരണമാര്ഗ്ഗമായി അതു സ്വീകരിക്കുവാന്‍ നമ്മുടെ കവി നിര്‍ബ്ബന്ധിതനായി. ഉദ്ദേശം ഒരു വര്‍ഷക്കാലമേ പൂനയില്‍ അദ്ദേഹം താമസിച്ചുള്ളൂ. അതിനുശേഷം കൊച്ചിക്ക് ഒരു സ്ഥലംമാറ്റം നേടി അവിടെ ജോലി ചെയ്തു. പൂനവാസം അദ്ദേഹത്തെ ഒരു വിധത്തിലും സംതൃപ്തനാക്കിയില്ല. തികച്ചും നൂതനമായ കാലദേശാവസ്ഥയില് മാനസികഘടനയ്ക്കു പ്രത്യക്ഷവിരുദ്ധമായ ചുറ്റുപാടില്‍, ആ വാസം ദീര്ഘിപ്പിക്കുവാന് ചങ്ങമ്പുഴ ഇഷ്ടപ്പെട്ടില്ല. വല്ലവിധത്തിലും കേരളത്തില്‍ എത്തേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിന്നായി കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. അങ്ങനെയാണ് കൊച്ചിക്കു മാറ്റം നേടിയെടുത്തത്.
`ക്വിറ്റ് ഇന്ത്യ' പ്രസ്ഥാനത്താല്‍ ഭാരതമെങ്ങും പ്രക്ഷുബ്ധമായിരുന്ന കാലമായിരുന്നു അത്. മഹാത്മാഗാന്ധിയടക്കം ദേശത്തിലെ പ്രമുഖ നേതാക്കന്മാര് ഏവരും കാരാകാരത്തില് ബന്ധിതരായി. അടിമച്ചങ്ങലയെ ഏതുവിധേനയും അറുത്തെറിയുവാന്‍ ജനങ്ങള്‍ ത്യാഗസന്നദ്ധരായി കുതിച്ചുകയറി. അരാജകത്വത്തിന്റെ തേര്‍വാഴ്ച നാടെങ്ങും നടമാടി. മനുഷ്യസ്നേഹികളായ ബുദ്ധിജീവികളുടെ ഹൃദയതലത്തെ ഈ സംഭവവികാസങ്ങള്‍ വികാരതരളിതമാക്കി. കോണ്‍ഗ്രസിലെ മുന്നണിനേതാക്കന്മാര് പൂനയില്‍ ആഗഘാന് കൊട്ടാരത്തിലാണ് അടയ്ക്കപ്പെട്ടിരുന്നത്. താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയോടും പ്രത്യേകമമത പുലര്‍ത്തിയിരുന്നില്ലെങ്കിലും ആസേതുഹിമാചലം ഉണ്ടായ ആ ഉണര്‍വ്വ് നമ്മുടെ കവിയേയും ചിന്താഗ്രസ്തനാക്കി. പരദേശശക്തികള് കയ്യാണ്ടുവന്ന കൈരാതത്വത്തെ അദ്ദേഹം അന്തരാ അങ്ങേയറ്റം വെറുത്തു. എന്നാല്‍ അതു പ്രകടമാക്കുവാന്‍ നിര്‍വ്വാഹവുമില്ലായിരുന്നു. സ്വജനങ്ങളെപ്പിരിഞ്ഞ് ആദ്യത്തെ വിദേശവാസമാകയാലും പൂനവാസം അദ്ദേഹം വെറുത്തു. അങ്ങനെ മാനസികമായും ശാരീരികമായും വളരെയേറെ ക്ഷീണിതനായിട്ടാണ് ചങ്ങമ്പുഴ പൂനയില്‍ നാളുകള്‍ കഴിച്ചുകൂട്ടിയത്. തന്റെ ദുസ്സഹാവസ്ഥ ഉദാരഹൃദയരായ മേലധികാരികളെ അറിയിക്കുകയും അവരുടെ സഹായത്താല്‍ കൊച്ചി ക്ക് മാറ്റം വാങ്ങുകയുമാണുണ്ടായത്. അങ്ങനെ ആശയോടും ആവേശത്തോടും അദ്ദേഹം കൊച്ചിയിലെത്തി. എന്നാല്‍ ആ ധന്യജീവിതത്തെ അമ്പേത്തകര്ത്ത ഒരാഘാതത്തിനുള്ള - ദുസ്സഹമായ ഒരു ഹൃദയത്തകര്ച്ചയ്ക്കുള്ള - നാന്ദിയായിരുന്നു കൊച്ചിയിലേക്കുള്ള ആ മാറ്റമെന്ന് അനാരും അറിഞ്ഞില്ല. അഥവാ ``അന്യഥാ ചിന്തിതം കാര്യം, ദൈവമന്യത്ര ചിന്തയേത്!''
പൂനയില്‍ നിന്നും മദിരാശി വഴിക്കാണ് ചങ്ങമ്പുഴ നാട്ടിലേക്കു മടങ്ങിയത്. ആര്‍ക്കോണം വഴി നാട്ടില്‍ പോകുകയായിരുന്നു എളുപ്പം. എങ്കിലും എനിക്കൊരു സന്ദര്ശനസന്ദര്ഭം തരുവാന്‍ എന്റെ സുഹൃത്തു സന്നദ്ധനായി. രണ്ടുദിവസം മദിരാശിയില്‍ എന്റെ കൂടെ താമസിച്ചു. തന്റെ ആഗമ വിവരം ആരേയും അറിയിക്കരുതെന്ന് അദ്ദേഹം കാലേതന്നെ എനിക്കെഴുതി. താന്‍ ഒരു മിലിട്ടറി ഉദ്യോഗസ്ഥനായി കഴിയുന്ന കഥ-അതിനകം തന്നെ പ്രസിദ്ധമായിക്കഴിഞ്ഞിരുന്നുവെങ്കിലും - ആവതും ഗോപ്യമായി വെക്കുവാന്‍ അദേഹം ആഗ്രഹിച്ചു. മദിരാശിയില്‍നിന്നും ചില ഗ്രന്ഥങ്ങള്‍ വാങ്ങിക്കൊടുക്കുവാന്‍ അദ്ദേഹം നേരത്തെ എഴുതിയിരുന്നെങ്കിലും ആ യുദ്ധകാലത്ത് അത് തേടിപ്പിടിച്ചുകൊടുക്കുവാന് എനിക്ക് കഴിഞ്ഞില്ല. ഞാന്‍ അന്വേഷിക്കായ്കയല്ല. അവ വളരെ പ്രധാനപ്പെട്ടവയാകയാല് കിട്ടാഞ്ഞതുകൊണ്ടു മാത്രമാണ് അങ്ങനെ ഇച്ഛാഭംഗപ്പെടേണ്ടിവന്നത്. എനിക്ക് അതിയായ കുണ്ഠിതമുണ്ടായി. നിര്‍ദ്ദിഷ്ട ദിവസം ആ പ്രാണസുഹൃത്തിനെ പ്രതീക്ഷിച്ചുകൊണ്ടു ഞാന്‍ മദിരാശി സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരത്തെ എത്തി. അതിബാല്ല്യംമുതല് ഞങ്ങള്‍ ഒരുമിച്ചുനയിച്ച കാലങ്ങളുടെ മായാത്ത ചിത്രങ്ങള്‍ എന്റെ മനോമുകുരത്തില്ക്കൂടെ ഒന്നിനുപിറകെ ഒന്നായിക്കടന്നുപോയി. കേരളത്തിന്റെ ഏറ്റവും മഹനീയമായ ജനകീയ കവി മദിരാശിയില്‍ എത്തുമ്പോള്‍ സമുചിതമായ ഒരു സ്വീകരണം സജ്ജമാക്കുവാന്‍ കഴിയാതിരുന്ന ആ ഗതികേടിനെ ഞാന്‍ മനസാ ശപിച്ചു. എന്റെ വിചാരവീചികള്ക്കു കടിഞ്ഞാണിട്ടുകൊണ്ട് കൃത്യസമയത്തുതന്നെ ബോംബെ എക്സ്പ്രസ് ഓടിക്കിതച്ച് പ്ലാറ്റുഫോമില്‍ വന്നുനിന്നു. പട്ടാളക്കാര്‍ക്കായി ഒരുക്കിയിട്ടിരുന്ന ഒരു കമ്പാര്‍ട്ടുമെന്റില്‍ നിന്ന് ഉത്തരേന്ത്യന്‍ രീതിയില്‍ വസ്ത്രധാരണം ചെയ്ത ഒരു യുവസുമുഖന് ഇറങ്ങിവന്നു. എന്റെ ചങ്ങമ്പുഴ. ഞങ്ങള്‍ പരസ്പരം ആലിംഗനം ചെയ്തു. ``ഇഷ്ടാ, അറിയുമോ?'' ആ പുഞ്ചിരി അവിടെ പൂത്തു. ആള്വളരെ ക്ഷീണിച്ചിരുന്നുവെങ്കിലും, വശ്യമായ ഒരു പുഞ്ചിരിയും, കണ്ണുകളുടെ ദീപ്തിയും, ഇഷ്ടാ എന്ന ആ സംബോധനയുടെ മധുരിമയും, ഹൃദയഹാരിയായ ആ ഭാവഹാവാദികളും അശേഷം കുറഞ്ഞിരുന്നില്ല! ``സേട്ട് ജീക്കു സുഖം തന്നെയല്ലേ. '' ഞാന്‍ ചോദിച്ചു. ``എന്നെ എത്ര വേണമെങ്കിലും കളിയാക്കിക്കൊള്ളൂ. അതിന്നു പണ്ടേ തന്നെ അവകാശമുണ്ടല്ലോ . '' എന്നു പറഞ്ഞുകൊണ്ട് കയ്യില്‍ ഇരുന്ന സാമാന്യം വലിയ ഒരു പൊതി സുഹൃത്ത് എന്റെ നേരെ നീട്ടി. ``ഇത് എന്റിഷ്ടനുള്ളതാണ്.'' ചങ്ങമ്പുഴ തുടര്‍ന്നു പറഞ്ഞു. ഞാന്‍ ആകാംക്ഷയോടെ അതു കയ്യില്‍ വാങ്ങി കടലാസ്സുപൊളിച്ചുനോക്കി, താനും ഖദര്വസ്ത്രങ്ങള്, മദിരാശിയില്‍ ഖദര്വസത്രങ്ങള് കിട്ടാതെ -അക്കാലത്തു നൂല്കൊടുക്കുന്നവര്ക്കുമാത്രമേ ഖദര്‍വസ്ത്രം വാങ്ങാന്‍ സാധിച്ചിരുന്നുള്ളൂ എനിക്കതു നൂല്‍ക്കുവാന്‍ സമയവും സൗകര്യവും കുറവായിരുന്നു-ഞാന്‍ വിഷമിക്കുന്നതായി എന്റെ സുഹൃത്തിന്നെഴുതിയിരുന്നു. അതിനെ ഓര്മവച്ച് തന്റെ ഉദ്യോഗജീവിതത്തിനു പ്രത്യക്ഷ വിരുദ്ധമായിട്ടും ഈ എളിയ സുഹൃത്തിനുവേണ്ടി അതു തേടിക്കൊണ്ടുവന്ന ആ സൗഹാര്ദ്ദപാരമ്യതയ്ക്ക് ഞാന്‍ മനസാ പ്രണാമം ചെയ്തു.
അടുത്ത ദിവസംതന്നെ ഞങ്ങള്‍ ഒരുമിച്ച് വീണ്ടും പുസ്തകാന്വേഷണം നടത്തി. പക്ഷേ ഫലമുണ്ടായില്ല. ഒടുവില്‍ മൂര്‍ മാര്‍ക്കറ്റിലെത്തി. ലോകപ്രശസ്തമായ പലേ സാഹിത്യകാരന്മാരുടേയും കൃതികള്‍ അവിടെ അലക്ഷ്യമായി വെച്ചിരിക്കുന്നതു കണ്ടപ്പോള്‍ ``ഇഷ്ടാ, കുറെനാള്‍ കഴിഞ്ഞാല്‍ നമ്മുടെയും ഗതിയിതൊക്കെത്തന്നെ''യെന്നു അകംനൊന്തു പറഞ്ഞു. അവിടെനിന്നും ഏതാനും നല്ല കൃതികള്‍ വളരെ കുറഞ്ഞ വിലയ്ക്ക് ഞങ്ങള്‍ വാങ്ങി. ഞങ്ങളുടെ രണ്ടുപേരുടെയും അടുത്ത ബന്ധത്തില്‍പ്പെട്ട ഒരു കുടുംബത്തിന്റെ ശാഖ മദിരാശിയില്‍ താമസമുണ്ടായിരുന്നു. ഇന്നുമുണ്ട്. ഞാന്‍ അതുവരെ അവിടെ പോയിട്ടില്ലെന്നറിഞ്ഞപ്പോള്‍ അദ്ദേഹം എന്ന കുറ്റപ്പെടുത്തുകയും അപ്പോള്‍തന്നെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. സ്വജ്ജനങ്ങളോട് അദ്ദേഹത്തിന്നു അത്രമാത്രം മമതയുണ്ടായിരുന്നു. തനിക്കു വേണ്ടപ്പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതില്‍ വിരോധമുണ്ടോ എന്ന് ആ സുഹൃത്ത് എന്നോടു ചോദിച്ചു; അതിനകംതന്നെ മറ്റൊരു പ്രേമബന്ധത്തില്‍ ഞാന്‍ കുടുങ്ങിയിരിക്കുകയാണെന്നറിഞ്ഞപ്പോള് ``എന്നാല്‍ അതുതന്നെ നടത്തണം എന്നു നിര്‍ബന്ധിക്കുകയാണുണ്ടായത്.. ``ഇഷ്ടാ, വിശ്വസിച്ച പെണ്‍കുട്ടിയെ ചതിക്കരുത്'' അദ്ദേഹം എന്നെ ഉപദേശിച്ചു. പക്ഷെ ഈ ഉപദേശം അതിന്റെ കര്‍ത്താവുതന്നെ പലപ്പോഴും ലംഘിച്ചു എന്നതു പരമാര്‍ത്ഥം മാത്രമാണ്.
കൊച്ചിയില്‍പോയി ഉദ്യോഗത്തില്‍ പ്രവേശിക്കേണ്ടിയിരുന്നതിനാല് രണ്ടുദിവസം മാത്രമേ ചങ്ങമ്പുഴ മദിരാശിയില്‍ താമസിച്ചുള്ളൂ. അവിടത്തെ ഉദ്യോഗം വളരെനാള്‍ തുടരുവാന്‍ ആ നിര്ഭാഗ്യവാനു കഴിഞ്ഞില്ല. അനിയന്ത്രിതമായ ജീവിതത്തില്സ്വയം വരുത്തിവെച്ച വിനകള്‍ അദ്ദേഹത്തില്‍ ഏല്പിച്ച ആഘാതം ആ ജീവിതത്തെ അമ്പെത്തകര്ത്തു. ആ സ്ഥാനത്തു മറ്റൊരാളാണെങ്കില്‍ ആത്മഹത്യയ്ക്കുപോലും ഇടായകത്തക്കവിധം അത്ര കടുത്തതായിരുന്നു ആ ആഘാതം. ഗത്യന്തരമില്ലാതെ ആ മൃദുലഹൃദയന്‍ ഉദ്യോഗം രാജിവെച്ച് കൊച്ചിയില്‍നിന്നും പോരുകയാണുണ്ടായത്. ആ സംഭവവികാസങ്ങള്‍ ഇവിടെ വിവരിക്കുക സാദ്ധ്യമല്ല.
1120-ല്‍ മംഗളോദയം മാസികയുടെ പത്രാധിപസമിതിയില്‍ ഒരംഗമായി ചങ്ങമ്പുഴ ചേര്‍ന്നു. മഹാകവി ജി. ശങ്കരക്കുറുപ്പ്, പ്രൊ: മുണ്ടശ്ശേരി മുതലായി ചങ്ങമ്പുഴയുടെ അഭ്യുദയകാംക്ഷികളായ ചില സുഹൃത്തുക്കളാണ് അന്യഥാസമാധാനശൂന്യനായിക്കഴിഞ്ഞ ആ കവിയെ അങ്ങനെപിരിച്ചുവിട്ടത്. തന്റെ ഗ്രന്ഥങ്ങളില്‍ ഭൂരിഭാഗത്തിന്റെയും പ്രസാധകന്മാര് എന്ന നിലയില്‍ ചങ്ങമ്പുഴയ്ക്കു മംഗളോദയവുമായി പണ്ടേ തന്നെ വേഴ്ചയുണ്ടായിരുന്നു. അങ്ങനെ ഇടപ്പള്ളിയില്‍നിന്നും സകുടുംബം തൃശൂരില്വന്നു താമസിച്ച് മരണപര്യന്തം ആ ഉദ്യോഗം ചങ്ങമ്പുഴ തുടര്‍ന്നു. കുടുംബത്തെ സ്ഥിരമായി തൃശൂരില്‍ താമസിപ്പിക്കുവാന്‍ ചങ്ങമ്പുഴ ആഗ്രഹിച്ചു. അതിന്നായി ഒരു പുരയിടവും വീടും വാങ്ങിക്കുകയുണ്ടായി. എന്നാല്‍ അന്ത്യഘട്ടത്തോടടുത്ത് അവയെല്ലാം വിറ്റു നാട്ടിലേയ്ക്കുമടങ്ങുകയാണുണ്ടായത്.
ഇങ്ങനെ നാലഞ്ചുവത്സരക്കാലം പലേ ഉദ്യോഗങ്ങളിലുമായി കഴിച്ചുകൂട്ടിയെങ്കിലും, തന്റെ തൂലികയെമാത്രം ആശ്രയിച്ചു ജീവസന്ധാരണംചെയ്ത ഒരു വ്യക്തിയായിട്ടുമാത്രമേ ചങ്ങമ്പുഴയെ നമുക്കു കണക്കാക്കുവാന്‍ നിവൃത്തിയുള്ളൂ. ഉല്‍ക്കടമായ ദാരിദ്ര്യത്തില്‍നിന്നും തുടങ്ങിയ ആ ജീവിതം നിരന്തരവും നിസ്തന്ദ്ര വുമായ സാഹിതീയസപര്യയാല് ഒട്ടൊക്കെ ധന്യവും സമ്പന്നവുമാക്കാന്‍ ആ പരിശ്രമധനന്നു കഴിഞ്ഞു. ആ നിലയില്‍ അദ്ദേഹം പിന്‍ഗാമികള്‍ക്കു മാര്‍ഗ്ഗദര്‍ശകനായി. അവരില്‍ ആശയും ആവേശവും പകര്‍ന്നു. എന്നാല്‍ അതങ്ങനെ തുടരുവാന്‍ ദൈവം അനുവദിച്ചില്ല. ഹതവിധി അപ്പോഴേയ്ക്കും ആ അമൂല്യരത്നത്തെ അപഹരിച്ചുകളഞ്ഞു.
അദ്ധ്യായം പതിമൂന്ന്
നിയമപഠനത്തിന് മദിരാശിയില്‍
1944 ജൂലായ് മാസത്തിലാണ്. മദിരാശിയില്‍ അംജിക്കരയ്ക്കു സമീപം അരുമ്പാക്കം എന്ന സ്ഥലത്തു സകുടുംബം താമസിക്കുകയായിരുന്നു ഞാന്‍. ഗര്‍ഭിണിയായ ഭാര്യയെയും കൂട്ടി ഹോസ്പിറ്റലില്‍ പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോള്‍ അകത്തെത്തളത്തിലുള്ള ചാരുകസാലയില്‍, എന്റെ പദ്യക്കുറിപ്പുകള് അടങ്ങിയ നോട്ടുബുക്ക് സശ്രദ്ധം വായിച്ചുകൊണ്ട് ഒരാള്‍ മലര്‍ന്നുകിടക്കുന്നു. വീട്ടില്‍ വേലക്കാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ അന്ധാളിച്ചുപോയി. എന്റെ അസാന്നിദ്ധ്യത്തിലും അവിടെ അത്രമാത്രം അധികാരം ഏറ്റെടുത്ത വ്യക്തി ആരായിരിക്കും? കാല്പെരുമാറ്റം കേട്ടതും ആ വ്യക്തി ഒന്നു ചെരിഞ്ഞുനോക്കി. അതോടെ ആ മായാത്ത പുഞ്ചിരിയും. ``എന്താ, അറിയില്ലായിരിക്കാം. ചങ്ങമ്പുഴ കൃഷ്ണന്‍കുട്ടിയാണ്'' സുപരിചിതമായ ആ മധുരസ്വരം ``ഇഷ്ടാ'' എന്ന് അറിയാതെ പുറപ്പെട്ടുപോയ സംബോധനയോടെ ഞാന്‍ ഓടിച്ചെന്ന് എന്റെ സുഹൃത്തിന്റെ ഇരുകരങ്ങളും ചേര്‍ത്തുപിടിച്ചു. അത്രമാത്രം അപ്രതീക്ഷിതവും ആനന്ദസന്ദായകവുമായിരുന്നു ആ സന്ദര്‍ശനം. ഞാന്‍ എന്റെ സുഹൃത്തിനെ ഒന്നു കാണുവാന്‍ വളരെ ആശിച്ചിരുന്ന കാലമായിരുന്നു അത്. നാട്ടില്‍നിന്നും സംഭ്രമജനകങ്ങളായ പലേ വിവരങ്ങളും ലഭിച്ചുകൊണ്ടിരുന്നു. അവയില്‍ പലതും അസൂയാലുക്കളുടെ അതിശയോക്തിപരങ്ങളായ ദുഷ്യാരോപണങ്ങളാണെന്നും ബോധമുണ്ടായിരുന്നുവെങ്കിലും, ലോലഹൃദയനായ എന്റെ പ്രാണസുഹൃത്തില് അവ ഉളവാക്കിയേക്കാവുന്ന പ്രതികരണങ്ങള്‍ എന്തെല്ലാം അനിഷ്ടസംഭവങ്ങളിലാണ് കലാശിക്കുകയെന്ന് ഞാന്‍ വളരെ ഭയപ്പെട്ടു. ഉല്‍ക്കടമായ ദാരിദ്ര്യത്തില്‍നിന്ന് ഒരുവിധം വിമുക്തനായി അഭികാമ്യമായ ഒരു സ്ഥാനം നേടിയിട്ടും മാനസീകക്ലേശങ്ങള് ആ ലോലഹൃദയത്തെ സദാ അലട്ടിക്കൊണ്ടിരുന്നുവെന്നോര്ത്തപ്പോള് എന്റെ ഹൃദയം പിടഞ്ഞു. അത്യന്തം ശപ്തമായ ഒരവസ്ഥാവിശേഷമായിരുന്നു അത്. അടുത്തുണ്ടായിരുന്നാല്‍ സാന്ത്വവാക്കുകളാല്, സദുപദേശങ്ങളാല് തെല്ലൊന്നു സമാധാനിപ്പിക്കുവാന്‍ കഴിയുമല്ലോ യെന്നു ഞാന്‍ പ്രത്യാശിച്ചു. എന്റെ സുഹൃത്തിന്റെയും ഭാഷയുടെയും ഉന്നമനത്തിന് അതൊരാവശ്യമായി എനിക്കു തോന്നി. അങ്ങിനെ അവസരോചിതമായ ആ ആഗമനം എന്നെ അതീവ സന്തുഷ്ടനാക്കി. ഞങ്ങളുടെ ഹൃദയം തണുത്തു.
ഔപചാരികമായ കുശലപ്രശ്നങ്ങള്‍ക്കുശേഷം ഞാന്‍ സുഹൃത്തിന്റെ ആഗമോദ്ദേശ്യം ആരാഞ്ഞു. ` `ഞാന്‍ മദിരാശിയില്‍ എത്തിയിട്ടു രണ്ടുദിവസമായി. ഒഴിവുദിവസം ഇങ്ങോട്ടു വരാമെന്നു കരുതിയാണ് ഇതുവരെ താമസിച്ചത്. എഗ്മൂറില്‍ രണ്ടു മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ കൂടെയാണ് താമസം ഇവിടെ ലാക്കോളേജില്‍ ചേര്‍ന്നു പഠിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. '' ആ വാക്കുകള്‍ ഓരോന്നും എന്നെ അത്യധികം അമ്പരപ്പിച്ചു. മദിരാശിയില്‍ എത്തി രണ്ടുദിവസത്തിനുശേഷം മാത്രം ആത്മസുഹൃത്തിനെ കാണുക, കൈരളിയുടെ കണ്ണിലുണ്ണിയായ കവി മദിരാശിയില്‍ വക്കീല്പരീക്ഷയ്ക്കു പഠിക്കുക, സ്വന്തം ബന്ധുക്കളെ വിട്ട് അന്യരുടെകൂടെ താമസിക്കുക, ഇവയെല്ലാം പുതുമയേറിയതും അത്ഭുതകരങ്ങളുമായ വാര്‍ത്തകളായിരുന്നു. ഞാന്‍ അല്പം പരിഭവസ്വരത്തില്‍ പറഞ്ഞു. ``അപ്പോള്‍ മലയാളത്തിന്റെ മഹാകവിക്ക് മദിരാശിയിലും ധാരാളം ബന്ധുക്കളുണ്ട്. രണ്ടുദിവസം കഴിഞ്ഞെങ്കിലും ഒന്നു കണ്ടുകളയാമെന്നു തോന്നിയല്ലോ . ഞങ്ങളുടെയെല്ലാം ഭാഗ്യം.'' സുഹൃത്ത് ഇടയക്കുകയറിപ്പറഞ്ഞു. ``നിങ്ങളെല്ലാം പരിഭവപ്പെടുമെന്ന് എനിക്കറിയാം. ഇഷ്ടാ ഒന്നോര്‍ത്തുനോക്കൂ എന്നെ ഈയിടെയായി നാട്ടില്‍ ഒരു നല്ല കുടുംബത്തിലും കേറ്റാറില്ല. അവര്‍ക്കെല്ലാം ഞാന്‍ ചതുര്‍ത്ഥിയാണ്. പെറ്റമ്മയ്ക്കുപോലും വേണ്ടാത്ത മഹാപാപി. പിന്നെ നിങ്ങളെപ്പോലെ മാനമായി ജീവിക്കുന്നവര്ക്കെന്തിനു ദുഷ്പേരുണ്ടാക്കണം.'' ആ തൊണ്ടയിടറി. കണ്ണുകളില്‍ നിന്നു ജലം ധാരധാരയായി ഒഴുകി. ഞാന്‍ ആകെ പരവശനായി. ``ഇഷ്ടാ'' എന്ന് ഒന്ന് നീട്ടിവിളിക്കുവാനല്ലാതെ കുറെ നേരത്തേയ്ക്ക് ഒരക്ഷരം പോലും ഉരിയാടുവാന്‍ ഞാന്‍ ശക്തനായില്ല.
ഹൃദയം കവിഞ്ഞുവഴിഞ്ഞു നില്ക്കുന്ന ആ കദനഭാരത്തിന്റെ ആഴവും പരപ്പും എനിക്ക് ഊഹവ്യവുമായിരുന്നു. അത് അത്യന്തം ദുസ്സഹമായി എനിക്കുതോന്നി. നീയതിയുടെ നിര്ദ്ദാക്ഷിണ്യപ്രകൃതിയോര്ത്ത് ഞാന്‍ വളരെ ഖേദിച്ചു. സംഭാഷണവിഷയം മാറ്റേണ്ടതിന്റെ അത്യാവശ്യകത എനിക്കു ബോദ്ധ്യമായി. ഭാഷാസാഹിത്യത്തില്‍ ലബ്ധപ്രതിഷ്ഠനായിത്തീരുന്ന ഈ അവസരത്തില്‍ നിയമപഠനത്തിന്നു തുനിയുന്നതിന്റെ ബുദ്ധിശൂന്യതയും, അഭിഭാഷകവൃത്തിയില്‍ എന്റെ സുഹൃത്തിനെപ്പോലുള്ള ഒരു ഋജുഹൃദയന് നേരിടാവുന്ന അപചയവും ഞാന്‍ കാര്യകാരണസഹിതം പറഞ്ഞുകേള്‍പ്പിച്ചു. ``ഇഷ്ടാ, ഇതെല്ലാം ഞാന്‍ അറിയായ്കയല്ലാ, ആലോചിക്കായ്കയല്ലാ, ആ നശിച്ചനാട്ടില്നിന്നും കുറെനാളെങ്കിലും ഒന്നൊഴിഞ്ഞുനില്ക്കാമല്ലോ യെന്നുകരുതി മാത്രമാണ് ലാക്കോളേജില്‍ ചേരുന്നത്.' ' സുഹൃത്ത് അഭിപ്രായം തുറന്നുപറഞ്ഞു. എന്റെ വാചാലത അവിടെ നിലച്ചു. അതിന്നു സമാധാനം പറയുവാന്‍ ഞാന്‍ അശക്തനായി. തന്റെ കയ്യില്‍ മരുന്നുകുപ്പികണ്ടാല് അത് കള്ളുകുപ്പിയാണെന്നു പറഞ്ഞുപരത്തുകയും തന്റെ വാസസ്ഥലം അന്വേഷിച്ചുവരുന്നവര്‍ക്ക് കള്ളുഷാപ്പ് കാണിച്ചുകൊടുക്കുകയും ചെയ്യുന്ന ദോഷൈകദൃക്കുകളാല് വലയിതമായ സ്വന്തം നാടിനെപ്പറ്റി അദ്ദേഹം പുലര്‍ത്തിപ്പോന്ന അഭിപ്രായത്തില്‍ ഞാന്‍ അശേഷം അത്ഭുതപ്പെട്ടില്ല. ആ മണ്ണില്‍തന്നെ പിറക്കേണ്ടിവന്നല്ലോ യെന്ന പശ്ചാത്താപം മാത്രമേ എനിക്കുണ്ടായുള്ളൂ. കുടുംബസമേതം താമസിക്കുന്ന എന്റെ സൈ്വര്യത ഭഞ്ജിക്കരുത് എന്ന ഏകവിചാരമാണ് എന്റെ സുഹൃത്തിനെ വേറെ താമസിക്കുവാന്‍ പ്രേരിപ്പിച്ചത്. വൈകുന്നേരംവരെ നാട്ടുകാര്യങ്ങള്‍ പറഞ്ഞ് ഞങ്ങള്‍ കഴിച്ചുകൂട്ടി. പിറ്റെദിവസം തന്റെ വാസസ്ഥലത്തു വന്നുകാണുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം സ്ഥലംവിട്ടു. എന്റെ ഭാര്യ അടുത്തുള്ളപ്പോള്‍ പലതും തുറന്നുപറയുവാന്‍ അദ്ദേഹം മടിക്കുന്നതായി എനിക്കുതോന്നി-ചങ്ങമ്പുഴയുടെ ഭാര്യ ശ്രീദേവിയുടെ അമ്മാവന്റെ മകളാണ് എന്റെ ഭാര്യ-പ്രിയ സുഹൃത്തുമായി വീണ്ടും ദീര്ഘകാലസഹവാസത്തിന്നു സന്ദര്‍ഭം ലഭിക്കുന്നു എന്നത് എനിക്കതീതസന്തോഷപ്രദമായിരുന്നു. അതിനകം കടുത്ത നൈരാശ്യത്തില്‍നിന്നും സുഹൃത്തിനെ സമുദ്ധരിക്കാമെന്നു ഞാന്‍ പ്രത്യാശിച്ചു.
മുന്‍ സൂചിപ്പിച്ചപോലെ ചങ്ങമ്പുഴയുടെ ജീവിതത്തില്‍ അത്യന്തം ശപ്തമായ ഒരു കാലഘട്ടമായിരുന്നു അത്. വീട്ടുകാരും നാട്ടുകാരും, കൂട്ടുകാരും, ഏവരും അദ്ദേഹത്തെ വെറുത്തു. ആ നിര്ഭാഗ്യവാനു എവിടേയും ഒരാശ്രയമില്ലാതായി. അങ്ങനെ ഹൃദയഭേദകമായ ഒരു ചുറ്റുപാടിലാണ് മദിരാശിയില്‍ താമസിച്ച് നിയമം പഠിക്കുവാന്‍ നമ്മുടെ കവി തീരുമാനിച്ചത്. നിയമബിരുദം നേടുകയെന്നതേക്കാള് മനഃസമാധാനം വീണ്ടെടുക്കുക എന്നതായിരുന്നു ആ തീരുമാനത്തിന്റെ അന്തരംഗരഹസ്യം. ധനസ്ഥിതിമാത്രം അദ്ദേഹത്തിന്നനുകൂലമായിരുന്നു. എന്നാല്‍ മനഃസമാധാനത്തിന്റെ അഭാവത്തില്‍ അതു പ്രയോജനരഹിതമായിരുന്നു. അക്കാലത്തെ അദ്ദേഹത്തിന്റെ മനോവിചാരങ്ങളെ എടുത്തുകാട്ടുന്ന കൃതിയാണ് ``പാടുന്ന പിശാച്. '' അതു മദിരാശിയില്‍വെച്ചാണ് എഴുതിയതും. ഏതാനും മാസങ്ങള്‍ മാത്രം നീണ്ടുനിന്ന മദിരാശിവാസം കുറെക്കൂടെ ദുര്‍ഘടവും ഹൃദയഭേദകവുമായ ഒരു വിഷമസന്ധിയിലേക്കാണ് നമ്മുടെ കവിയെ ആനയിച്ചത്. അക്കാര്യം യഥാസന്ദര്‍ഭം വിവരിക്കുന്നതാണ്.
ഒരു ഭഗീരഥപ്രയത്നത്തിന്നുശേഷമാണ് ചങ്ങമ്പുഴയ്ക്കു ലാക്കോളേജില്‍ പ്രവേശനം ലഭിച്ചത്. എന്നിട്ടും പ്രയാസപ്പെട്ടു സമ്പാദിച്ച ആ പഠനസൗകര്യം ഉപയോഗപ്പെടുത്തുന്നതില്‍ ചങ്ങമ്പുഴ തികച്ചും പരാജിതനായിയെന്നത് ശോചനീയമായ ഒരു പരമാര്‍ത്ഥം മാത്രമാണ്. നിയമവിദ്യാഭ്യാസത്തില്‍ യാതൊരഭിനിവേശവുമില്ലാതിരുന്ന നമ്മുടെ കവി വളരെ വിരളമായി മാത്രമേ കോളേജുക്ലാസ്സുകളില്‍ പോയിരുന്നുള്ളൂ. അഥവാ സ്വജനങ്ങളേയും ``ആ നശിച്ച നാടി''നേയും വെടിഞ്ഞ് കുറെനാള്‍ കഴിച്ചുകൂട്ടണമെന്നുമാത്രമായിരുന്നല്ലോ അദ്ദേഹത്തിന്റെ ആഗ്രഹം. മിക്ക സായാഹ്നങ്ങളിലും ഒഴിവുദിവസങ്ങളിലും ആ സ്നേഹസമ്പന്നന് എന്നെ വന്നുകാണുക പതിവായിരുന്നു. കോളേജില്‍ പോയിരുന്നില്ലെങ്കിലും ആ വിവരം അദ്ദേഹം എന്നില്‍നിന്നും മനഃപൂര്‍വ്വം മറച്ചുവെച്ചിരുന്നു. കഴിഞ്ഞുപോയ തന്റെ ജീവിതകാലത്തെപ്പറ്റിയ തുറന്ന ചര്‍ച്ചകള്‍ക്കാണ് ഈ സായാഹ്നസന്ദര്ശനവേളകള് പ്രായേണ ഉപയോഗിച്ചുവന്നത്. സ്വയം കൃതാനര്ത്ഥങ്ങളെക്കുറിച്ചുള്ള പശ്ചാത്താപം, അദ്ദേഹത്തെ മാനസീകമായും ശാരീരികമായും വല്ലാതെ തളര്‍ത്തിയിരുന്നു. ഉള്ളില്‍ത്തട്ടുന്ന സൗഹാര്സമ്പൂര്ണ്ണങ്ങളായ സാന്ത്വനങ്ങളില്‍, സദുപദേശങ്ങളാല്, ന്യായവാദങ്ങളാല്‍ ആ പ്രാണസുഹൃത്തിനെ നിരാശാഗര്ത്തത്തില്നിന്നും സമുദ്ധരിക്കുവാന്‍ ആവതും ഞാന്‍ പരിശ്രമിച്ചു.
അതില്‍ ഒട്ടൊക്കെ വിജയംനേടുകയും ചെയ്തു. ആശയുടെ അങ്കുരങ്ങള്‍ ആ ജീവിതവാടിയില്‍ വീണ്ടും തളിരിടുന്നതായിത്തോന്നി. സ്നേഹപൂര്‍ണ്ണവും ഹൃദയംഗമവുമായ പരിചരണം ഏതു നിരാശാബാധിതനേയും ഒട്ടൊക്കെ ആശാഭരിതനാക്കാന് കഴിയുമെന്നു ഞാന്‍ അന്നു മനസ്സിലാക്കി. അത് ആശ്വാസപ്രദമായിരുന്നു. എന്നാല്‍ ഉഗ്രതരമായ ഒരു മാനസീകാഘാതത്തിന്നു നിയതി വീണ്ടും അണിയറയില്‍ കളമൊരുക്കുന്നുണ്ടെന്ന് അന്നാരും അറിഞ്ഞിരുന്നില്ല. കാലവീപര്യന്തം എന്നല്ലാതെ എന്തു പറയട്ടെ!!
അദ്ധ്യായം പതിനാല്
മദിരാശിയിലെ ജീവിതം
ഏതാനും നാള് എഗ്മൂറില്‍ ഗാംഗുറെഡ്ഢി തെരുവിലാണ് ചങ്ങമ്പുഴ താമസിച്ചത്. സഹോദരന്മാരായ രണ്ടു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സഹവാസികളായിരുന്നു. ഏറെത്താമസിയാതെ പരശുവാക്കത്തു ബാറണ്ബിറോഡിലെ ഒരു വീട്ടിലേയ്ക്ക് കൂട്ടുകാരുമൊത്ത് അദ്ദേഹം മാറിത്താമസിച്ചു. തന്റെ കവിതാപരിശ്രമങ്ങള്ക്കും സൈ്വരജീവിതത്തിന്നും കൂടുതല്‍ അനുയോജ്യമായതാണ് പുതിയ വാസസ്ഥലമെന്നു ചങ്ങമ്പുഴ കരുതി. ഇക്കാലത്ത് അദ്ദേഹത്തിന്റെ സ്വഭാവവൈചിത്ര്യത്തെ ഉദാഹരിക്കുന്ന പലേ സംഭവങ്ങളും നടന്നിട്ടുണ്ട് അവയില്‍ ഒന്നുരണ്ടണ്ണം ഇവിടെ കുറിക്കുന്നതു അസംഗതമാകയില്ല. എത്രയും വേഗത്തില്‍ വികാരവശഗനകുന്ന ആളായിരുന്നു ചങ്ങമ്പുഴയെന്നു മുന്‍പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ . കരുണരസത്തിന്റെ മൂര്ത്തിമല്ഭാവമായിരുന്നു ആ രൂപംതന്നെ. ആ ജീവിതം ഒരു നിത്യശോകചരിതമായിരുന്നസ്ഥിതിക്ക് അതില്‍ അത്ഭുതപ്പെടാനില്ല. ഏതൊരു ഹൃദയത്തിലെയും മൃദുലതന്ത്രികളെ ചലിപ്പിക്കുവാന്‍ പര്യാപ്തമാകുമാറ് തന്മയീഭാവമുറ്റ കവിതകളുടെ ഉറവിടവും ആ ജീവിതം തന്നെയായിരുന്നു. ഹൃദയത്തിന്റെ മാര്ദ്ദവാധിക്യത്താല് അന്യര്‍ക്കു പ്രത്യക്ഷവിരുദ്ധമെന്നു തോന്നുന്ന ചര്‍ച്ചയില്‍പോലും നമ്മുടെ കവി ഇടപെടുന്ന സന്ദര്‍ഭങ്ങള്‍ വിരളങ്ങളായിരുന്നില്ല.
ഒരു ഞായറാഴ്ച വൈകുന്നേരം എന്റെ വസതിയില്‍ ആഗതനായ സുഹൃത്ത് പറഞ്ഞു: ``ഇഷ്ടാ, നമുക്കിന്ന് ഹൈക്കോര്‍ട്ട് ബീച്ചുവരെ പോകാം. അവിടെ അമേരിക്കന്‍ കപ്പലില്‍ നിന്നും കുറെ നീഗ്രോ ഭടന്മാര് കരക്കിറങ്ങുന്നുണ്ട്. അവര്‍ ഭയങ്കരന്മാരാണ്. കാണാന്‍ നല്ല ചന്തമുണ്ടാകും. '' നീഗ്രോക്കളെക്കാണുന്നതില് അത്രവലിയ അഭിരുചിയൊന്നും എനിക്കുണ്ടായിരുന്നില്ലെങ്കിലും സുഹൃത്തിന്റെ ഇംഗിത്തിനു വഴങ്ങി ഞാന്‍ ഉടന്‍ പുറപ്പെട്ടു. അംജിക്കര ബസ്സ്റ്റാന്റില്‍നിന്നും പാരീസ് കോര്ണറിലേയ്ക്കു ടിക്കറ്റ് വാങ്ങി ഞങ്ങള്‍ പുറപ്പെട്ടു. വഴിമധ്യേ ഒരു സ്റ്റോപ്പില്‍വെച്ചു സുഹൃത്തു പറഞ്ഞു. ``നമുക്കിവിടെ ഇറങ്ങി ടിപ്ലിക്കെയിന് ബീച്ചിലേയ്ക്കു പോകാം. തിരിച്ചുവരുന്നവഴി നമ്മുടെ-നെ ഒന്നു കാണുകയും ചെയ്യാം കണ്ടിട്ടു കുറെ നാളായല്ലോ .' ``അപ്പോള്‍ നീഗ്രോകളുടെ കാര്യമോ?'' ഞാന്‍ തിരക്കി, ``ഹെ അവരെ എന്തു കാണാനാണ് വൃത്തികെട്ട വേഷങ്ങള്‍, കണ്ടാല്‍ ഏഴുകുളത്തില്‍ കുളിയ്ക്കണം.'' ``അതു ശരിയാണ്'' ഞാനും സമ്മതിച്ചു. ഞങ്ങള്‍ ടിപ്ലിക്കെയിനിലേയ്ക്കു ബസ്സുകയറി. മൗണ്ട് റോഡു സ്റ്റോപ്പില്‍ ബസ്സുനിന്നപ്പോള് ചങ്ങമ്പുഴ പറഞ്ഞു: ``നമുക്കിവിടെ ഇറങ്ങാം. ഇവിടെ അടുത്തല്ലേ -ന്റെ താമസം. ബീച്ചിലേയ്ക്കു നമുക്കു കൂട്ടിക്കൊണ്ടുപോകാം. ഇന്നൊരു സാഹിത്യക്കച്ചേരി ആയിക്കളയാം.'' സുഹൃത്തിന്റെ ആന്തരോദ്ദേശ്യം ശരിക്കും മനസ്സിലാകാഞ്ഞതിനാല്‍ ആ നിര്‍ദ്ദേശം ഞാന്‍ സസന്തോഷം സ്വീകരിച്ചു.
ഞങ്ങള്‍ അവിടെ ഇറങ്ങി. അക്കാലത്ത് മൗണ്ടുറോഡില് റൗണ്ടു-ാനയ്ക്കു സമീപം ഒരു ശീമമദ്യക്കടയുണ്ടായിരുന്നു. നമ്മുടെ വിയുടെ ദീപ്തദൃഷ്ടികള് വര്‍ണ്ണശബളമായ അതിന്റെ പരസ്യപ്പലകയിലാണ് ആദ്യം പതിഞ്ഞത്. ``ഇഷ്ടാ, എനിക്കതിന്നകത്ത് ഒന്നുകയറണമല്ലോ . ഇഷ്ടനും വരണം. നമുക്കു വല്ല എളിയ ജാതി ബിയറോ വല്ലതും കുറച്ചടിക്കാം. വളരെക്കാലമായി മദിരാശിയില്‍ വന്നിട്ട്. ഇതുവരെ തരപ്പെട്ടിട്ടില്ല''. സ്നേഹിതന് കാര്യം തുറന്നുപറഞ്ഞു. ബീഡിസിഗരറ്റടക്കം ലോകത്തിലുള്ള എല്ലാ ലഹരിപദാര്ത്ഥങ്ങളേയും അങ്ങേയറ്റം വെറുത്തിരുന്ന ഞാന്‍ മദ്യക്കടയില്ക്കയറി കുടിയ്ക്കണമെന്നാണ് കൂട്ടുകാരന് പറയുന്നത്. താന്‍ മദ്യംകഴിക്കുന്ന വസ്തുതപോലും ഇതഃപര്യന്തം എന്നില്‍നിന്നു മറച്ചുവെച്ചിരുന്ന ആള്-ഞാന്‍ അതറിഞ്ഞിരുന്നുവെങ്കിലും ഒരു പൊതുനിരത്തില്‍വെച്ച് എന്നോടതു തുറന്നുപറയുവാന്‍ ധൈര്യപ്പെട്ടതെങ്ങനെയെന്നു ഞാന്‍ അന്ധാളിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ചിരകാലാഗ്രഹനിര്വ്വഹണത്തില് പ്രതിബന്ധമായി നില്ക്കുവാന് ഞാന്‍ സന്നദ്ധനായില്ല. ഞാന്‍ പറഞ്ഞു: ``ഇഷ്ടാ, നിര്‍ബന്ധമാണെങ്കില്‍ കയറിക്കൊള്ളൂ. ഞാന്‍ വരില്ല. അടുത്ത കടയില്‍ ചായകുടിച്ചുകൊള്ളാം.' ' ``അകത്തുവന്നു വല്ല സോഡയോ ബിസ്ക്കറ്റോ മറ്റോ കഴിച്ചാല്‍ മതി'' എന്നായി കൂട്ടുകാരന്. അതിന്നും ഞാന്‍ വഴങ്ങിയില്ല. അങ്ങനെ രണ്ടുപേരും രണ്ടുകടയില് കയറി. ഞാന്‍ ചായകുടി കഴിഞ്ഞു പുറത്തുവന്നു സ്വല്പനേരത്തിനകം കൂട്ടുകാരനും എത്തി. ആ മുഖം മ്ലാനമായിരുന്നു. ഏതോ ഒരു അദൃശ്യശക്തി ഞങ്ങളെ പരസ്പരം അകറ്റുന്നതായി തോന്നി. സംസാരിക്കുവാന്‍ രണ്ടുപേരും ഇഷ്ടപ്പെട്ടില്ല. ഞങ്ങള്‍ പരസ്പരം ഒന്നു നോക്കി. അതുവരെക്കഴിഞ്ഞുപോയ ജീവിതസംഭവങ്ങളുടെ ഒരു സമഗ്രാവലോകനംപോലയായിയരുന്നു ആ നോട്ടം. ഒരപരാധബോധം സുഹൃത്തിന്റെ മുഖത്ത് നിഴലിക്കുന്നതു ഞാന്‍ കണ്ടു. സാവധാനം ഞാന്‍തന്നെ മൗനം ഭഞ്ജിച്ചു. ``മൗണ്ടുറോഡിലെ ആവശ്യം കഴിഞ്ഞല്ലോ . ഇനി നമുക്ക-നെ കാണാന്‍ പോകരുതോ?'' കുറച്ചുനേരത്തേയ്ക്ക് മറുപടിയൊന്നും കിട്ടിയില്ല. ഞാന്‍ സാത്ഭുതം ആ മുഖത്തേയ്ക്കു നോക്കി. ആ മുഖം അത്യന്തം വിവര്‍ണ്ണമായിരുന്നു. കണ്ണുകള്‍ അശ്രുകലുഷിതങ്ങളും. ഗല്ഗദസ്വരത്തില് അദ്ദേഹം പറഞ്ഞു. ``ഇല്ല, ഞാനിന്ന് എവിടെയും വരുന്നില്ല. മാന്യന്മാരുടെ മുന്പില് തലകാട്ടാന്‍ കൊള്ളാത്തവനാണു ഞാന്‍. അധഃപതിച്ച മഹാപാപി. നിങ്ങളെല്ലാം ഭാഗ്യവാന്മാര്. ഈ കുടിയനേയും കൂടി യോഗ്യന്മാരുടെ മുന്പില് ചെല്ലുന്നതു മാന്യതയല്ല. ഇല്ലാ ഞാനിന്നെവിടേയും വരുന്നില്ല.'' ദൃഢസ്വരത്തിലാണ് അദ്ദേഹം പറഞ്ഞുനിറുത്തിയത്. പലേ സാന്ത്വനങ്ങളാലും കൂട്ടുകാരനെ സമാശ്വസിപ്പിക്കുവാന്‍ ഞാന്‍ വൃഥാ പരിശ്രമിച്ചു. പക്ഷെ ആ മുഖം അശ്രുപക്ഷാളിതമാക്കുന്നതിന്നുമാത്രമേ എന്റെ വാക്കുകള്‍ക്കു ശക്തിയുണ്ടായുള്ളൂ. ഞങ്ങള്‍ നേരെ വാസസ്ഥലത്തേയ്ക്കു പോയി.
സാധാരണയായി സായാഹ്നവേളകളില്‍ എന്നെ സന്ദര്‍ശിച്ചിരുന്ന ചങ്ങമ്പുഴ ഒരുദിവസം പ്രഭാതത്തില്‍ എന്റെ വസതിയില്‍ എത്തി. വന്നപാടേ അദ്ദേഹം പറഞ്ഞു. ``താംബരം ക്രിസ്റ്റ്യന്‍ കോളേജില്‍ ഞാനൊരു പ്രസംഗം ചെയ്യുവാന്‍ പോകുന്നു ഇന്ന്; ഇഷ്ടനും വരണം. അതു പറയാനാണ് ഞാന്‍ വന്നത്.'' പ്രസംഗവിഷയം എന്തായിരിക്കുമെന്ന് ഞാന്‍ ആകാംക്ഷയോടെ അന്വേഷിച്ചു. ``ഞാന്‍ നിങ്ങടെ സ്വാമിയെ ഒന്നു പൊക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പാവം സ്വാമി സപ്പോര്‍ട്ടില്ലാതെ വിഷമിക്കുന്നു.'' എന്നായിരുന്നു സുഹൃത്തിന്റെ മറുപടി. ഉള്ളൂരിനെ ഉദ്ദേശിച്ചാണ് ``നിങ്ങളുടെ സ്വാമി''യെന്നു ചങ്ങമ്പുഴ പറഞ്ഞത്. ഞാന്‍ ഒരു ഉള്ളൂര്‍ പക്ഷപാതിയാണെന്നാണ് കൂട്ടുകാര്‍ പറയുന്നത്. അതിനാല്‍ ഉള്ളൂരിനെപ്പറ്റി പറയുമ്പോഴെല്ലാം സാധാരണയായി ``നിങ്ങളുടെ സ്വാമി''യെന്നാണു പറഞ്ഞുവന്നിരുന്നത്. അന്നത്തെ യോഗത്തിനു ഞാനും കൂടെ ചെല്ലാമെന്നും നേരത്തെ അദ്ദേഹത്തിന്റെ വസതിയില്‍ എത്താമെന്നും സമ്മതിച്ചു സുഹൃത്തിനെ യാത്രയാക്കി. അക്കാലത്ത് ക്രിസ്ത്യന്‍ കോളേജില്‍ മലയാളംവകുപ്പിന്റെ അദ്ധ്യക്ഷനായിരുന്നു ഡോ. കെ.എം. ജോര്‍ജ് ചങ്ങമ്പുഴയുടെ ഒരു സുഹൃത്തും തിരുവനന്തപുരത്ത് സഹപാഠിയായിരുന്നു. ആ സ്നേഹബന്ധത്താലാണ് മദിരാശിയില്‍ അന്യഥാ ഒതുങ്ങിക്കഴിഞ്ഞുകൂടിയിരുന്ന നമ്മുടെ കവി ഒരു പ്രാസംഗികനാകാന്‍ സമ്മതിച്ചത്. സംഗതിവശാല്‍ അന്നത്തെ യോഗത്തില്‍ സംബന്ധിക്കുവാന്‍ എനിക്കു കഴിഞ്ഞില്ല. പിറ്റെ ദിവസം സുഹൃത്തിനോടു യോഗദിവസം അന്വേഷിച്ചപ്പോള്‍ ``ഞാന്‍ പട്ടരെ കുറെ ചീത്തപറഞ്ഞു.'' എന്നായിരുന്നു പെട്ടെന്നുള്ള സമാധാനം. അന്ധാളിച്ചുപോയ ഞാന്‍ അതിന്റെ കാരണമന്വേഷിച്ചു. ``വിശേഷിച്ചൊന്നുമുണ്ടായിട്ടല്ലാ, അവിട ചെന്നപ്പോള്‍ എല്ലാം തിരുവിതാംകൂറുപിള്ളേരാണ്. അവരെ ഒന്നു ശുണ്ഠിപിടിപ്പിക്കാമെന്നുവെച്ചുമാത്രം. '' ആരാധ്യനായിരുന്ന ഒരു മഹാകവിയുടെമേല് ചളിവാരിയെറിയുന്ന ആ രസികത്തത്തെ അനുമോദിക്കുവാന്‍ എന്നാല്ക്കഴിഞ്ഞില്ല. എങ്കിലും സുഹൃത്തിന്റെ നിരപരാധിത്വത്തെ ഞാന്‍ മനസ്സാ അഭിനന്ദിച്ചു.
മദിരാശിക്കേരളസമാജം സാഹിത്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമാജം ഹാളില്‍വച്ച് ആയിടെ ഞാനൊരു പ്രസംഗം ചെയ്തു. വളരെ അടുത്താണു ചങ്ങമ്പുഴ താമസിച്ചിരുന്നത്. യോഗസ്ഥലം വരെ സുഹൃത്ത് എന്നെ അനുഗമിച്ചു. എന്നാല്‍ ഞാന്‍ എത്ര തന്നെ നിര്‍ബന്ധിച്ചിട്ടും അകത്തേയ്ക്കുപ്രവേശിച്ചില്ല. ഏതാനും സംവത്സരങ്ങള്‍ക്കുമുന്‍പ് കേരളസമാജവുമായി ഒരു ചെറിയ തകരാറുണ്ടായിരുന്നതിനാലാണ് ചങ്ങമ്പുഴ സമാജത്തില്‍ വരുവാന്‍ വിസമ്മതിച്ചത്. ആദ്യത്തെ `കേരളോപഹാര'ത്തിന്റെ പ്രസിദ്ധീകരണാവസരത്തില് അതില്‍ ചേര്‍ക്കുവാന്‍ ചങ്ങമ്പുഴയുടെ ഒരു പദ്യം വേണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ട പ്രതിഫലം മുന്കൂറയച്ചാല് പദ്യം എഴുതിഅയയ്ക്കാമെന്നു നമ്മുടെ കവി മറുപടി എഴുതി. സമാജപ്രവര്ത്തകരെ ഈ മറുപടി ഒട്ടൊന്നു ക്ഷോഭിപ്പിച്ചു. ഇതിനെത്തുടര്‍ന്നു നീരസപ്രസാദമായ ചില കത്തിടപാടുകള്‍ നടന്നു. അന്നുമുതല്‍ കേരളസമാജത്തോടു ഒരു `പന്തിയില്ലായ്മ' ചങ്ങമ്പുഴ പാലിച്ചുവന്നു. ഞാന്‍ മിക്കവാറും മറന്നുകഴിഞ്ഞിരിക്കുന്ന പ്രസ്തുതസംഭവം സുഹൃത്ത് എന്നെ ഓര്‍മ്മിപ്പിച്ചു. ഞാന്‍ പിന്നെ നിര്‍ബന്ധിച്ചതുമില്ല.
ഞാനും സുഹൃത്തുമായി ഒരു സായാഹ്ന സവാരിക്കിറങ്ങിയിരിക്കയായിരുന്നു. വഴിമദ്ധ്യേ ഒരു ഗൃഹത്തിന്റെ മുന്പില് കൂട്ടുകാരന് നിന്നു. മുകളിലെ നിലയിലേയ്ക്കു ചൂണ്ടിക്കൊണ്ട് പറഞ്ഞു: ``ഇഷ്ടാ ഇവിടെ ഒരു ഒന്നാംതരം ചരക്കു താമസിക്കുന്നുണ്ട്. അവളെന്നെ എപ്പോഴും കണ്ണുവെയ്ക്കുന്നു. താഴെ വേറെ ഒരു കൂട്ടരാണ് താമസം. പോരെങ്കില്‍ കണ്ടവരെക്കടിക്കുന്ന ഒരു പട്ടിയും. ഒന്നു കേറിപ്പറ്റാന്‍ ഒരു വഴിയും കാണുന്നില്ല. ഞാന്‍ വലഞ്ഞു. എന്താ ചെയ്യുക!'' സുഹൃത്ത് ഒരു ചോദ്യചിഹ്നം പോലെ എന്റെ മുന്പില് നിന്നു. എനിക്കറിയാം അവിടെ ഒരു മധുരപ്പതിനേഴുകാരി താമസമുണ്ടെന്ന്. രൂപവതിയും അത്രപോലെ ശീലവതിയുമായ ഒരു മാതൃകാകുടുംബിനി. ആള് എനിക്കു സുപരിചിതയാണ്. അവരുടെ ഭര്‍ത്താവ് എന്റെ കൂട്ടുകാരനും. ഞാനും ആ വിവാഹാവസരത്തില്‍ പങ്കുകൊണ്ടിരുന്നു. അതുകഴിഞ്ഞിട്ട് നാലോ അഞ്ചോ മാസമേ ആയിട്ടുള്ളൂ. മട്ടുപ്പാവില്‍ ആ സ്ത്രീയുടെ രൂപം പ്രത്യക്ഷപ്പെട്ടു. അവര്‍ എന്നെക്കണ്ടു; ഒന്നു പുഞ്ചിരിച്ചു. തികച്ചും നിര്‍ദ്ദോഷമായ ആ കുലീനചിരി. ഞാന്‍ സുഹൃത്തിനെയും കൂട്ടിക്കൊണ്ട് അതിവേഗം സ്ഥലംവിട്ടു. വഴിക്കുവെച്ച് അവരുടെ ചരിത്രം പറഞ്ഞുകേള്‍പ്പിക്കുകയും ചെയ്തു. അതില്‍പ്പിന്നെ അനുസരണശീലനായ എന്റെ സുഹൃത്ത് സായാഹ്നസവാരികളാല് ആ മാര്‍ഗ്ഗം പരിപൂതമാക്കിയിട്ടില്ല. ഏറെനാള്‍ കഴിഞ്ഞ് ആ സുശീല തന്റെ ഭര്‍ത്താവിന്റെ മുന്‍പില്‍വെച്ച് അന്നു കൂടെക്കണ്ട ആളിനെപ്പറ്റി എന്നോടന്വേഷിക്കുകയുണ്ടായി. ``രാപ്പകല്‍ അയാള്‍ ഈ പടിക്കല്‍ പാടുകിടക്കുകയായിരുന്നു.' ' എന്നാണ് അഭ്യസ്തവിദ്യയായ ആ യുവതി ആവലാതിപ്പെട്ടത്. എനിക്കോര്മ്മയില്ലെന്നും പറഞ്ഞ് ഞാന്‍ ഒഴികയാണുണ്ടായത്. അപ്പോള്‍, അവള് തന്നെ ``കണ്ണുവെയ്ക്കുന്നു'' എന്നെന്നെ ധരിപ്പിച്ച ആ സുഹൃത്ത് എത്രത്തോളം സത്യവാനായിരുന്നു.
എന്റെ സീമന്ത്രപുത്രിക്ക് ചങ്ങമ്പുഴയാണ് നാമകരണം ചെയ്തത്. ആയിടെ താന്‍ പ്രസിദ്ധീകരിച്ച കൃതിയുടെ പേരായിരുന്നു അത്: ``വത്സല.'' താന്‍ ജ്യോതിര്‍ശാസ്ത്രത്തില്‍ പറയത്തക്ക പ്രാവീണ്യം നേടിയിട്ടുണ്ടെന്നും കുട്ടിയുടെ ജാതകം താന്‍ തന്നെ എഴുതിത്തരാമെന്നും സുഹൃത്തു പറഞ്ഞു. അദ്ദേഹത്തിന്റെ ജ്യോതിഷപരിജ്ഞാനത്തില് അശേഷം മതിപ്പില്ലായിരുന്ന ഞാന്‍ അതിന്നു വിസമ്മതിക്കുകയാണു ചെയ്തത്. എനിക്കീ ശാസ്ത്രങ്ങളിലും സൂത്രങ്ങളിലുമൊന്നും അശേഷം വിശ്വാസമില്ലെന്നു ഞാന്‍ പറഞ്ഞു. അതു തെറ്റായ അഭിപ്രായമാണെന്നും മംഗലം ചക്രപാണിയെപ്പോലുള്ള ശാസ്ത്രജ്ഞന്മാര് പറയുന്നതെന്തും ശരിയാണെന്നും തനിക്കനുഭവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ ജാതകസംബന്ധമായ ചില കുറിപ്പുകള്‍ എന്നെ കാണിക്കുകയും ചെയ്തു. എന്നാല്‍ മദിരാശിയില്‍ നിന്നും ഉണ്ടായ അവിചാരിതമായ ആ നിഷ്ക്രമണം കാരണം അതു മുഴുമിപ്പിക്കാന്‍ എന്റെ സുഹൃത്തിനു കഴിഞ്ഞില്ല. അല്പം ചില കണക്കുകൂട്ടലുകളുടെ സഹായത്താല്‍ അദ്ദേഹം പ്രവചിച്ച പലേ കാര്യങ്ങളും ഭാവിജീവിതത്തില്‍ എനിക്കനുഭവമായിത്തീര്ന്നിട്ടുണ്ട്. ആ കവി ജ്യോതിര്ശാസ്ത്രവിചക്ഷണന്കൂടിയായിരുന്നു എന്നതു പലരും അറിഞ്ഞിരിക്കുകയില്ല. അഥവാ ആ ഉത്തുംഗകവിത്വത്തില് അദ്ദേഹത്തിലുള്ള മറ്റുപലതും കാണുവാന്‍ കഴിഞ്ഞില്ല എന്നതാണു വാസ്തവം. ചങ്ങമ്പുഴ കവിയെന്നതുപോലെ മറ്റുപലതുമായിരുന്നു. പലേ വ്യക്തങ്ങളുടെയും ഒരു സമാഹാരമായിരുന്നു.
അദ്ധ്യായം പതിനഞ്ച്
അപ്രതീക്ഷിതമായ തിരിച്ചുപോക്ക്
നിയമപഠനാര്ത്ഥം മദിരാശിയിലേയ്ക്കുള്ള ആഗമനം എത്രമാത്രം അപ്രതീക്ഷിതമായിരുന്നോ, അതിലേറെ അപ്രതീക്ഷിതമായിരുന്നു മദിരാശിയില്നിന്നുമുള്ള തിരിച്ചുപോക്ക്. മനസ്സമാധാനത്തിന്നായി മദിരാശിയെ അഭയംപ്രാപിച്ച ആ ലോലഹൃദയന്‍ ഇവിടത്തെ വാസം കൂടുതല്‍ മര്മ്മഭേദകമായിട്ടാണു പരിണമിച്ചത്. തികച്ചും സ്വയംകൃതങ്ങളായിരുന്നു അതിന്നിടയാക്കിയ സംഭവവികാസങ്ങള്‍. കൊച്ചിയിലെ തന്റെ ഉദ്യോഗകാലത്തു പരിമിതമായ ഒരു മാന്യകുടുംബത്തിലെ അംഗങ്ങളായ രണ്ടു സഹോദരന്മാരുമൊരുമിച്ചാണ് ചങ്ങമ്പുഴ മദിരാശിയില്‍ താമസിച്ചുവന്നത്. അവര്‍ രണ്ടുപേരും മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു. തങ്ങളുടെ മാതാപിതാക്കളുടെ നിര്‍ദ്ദേശാനുസരണം അവര്‍ ചങ്ങമ്പുഴയെ സ്വന്തം ജ്യേഷ്ഠസഹോദരനെപ്പോലെയാണു കരുതിവന്നത്. ആ കവിശ്രേഷ്ഠനുമൊത്തുള്ള താമസം അഭിമാനകരമായി അവര്‍ കരുതി. വിശ്വസ്തസുഹൃത്തായ ചങ്ങമ്പുഴ അടുത്തുള്ളപ്പോള്‍ വിദൂരസ്ഥരും യുവാക്കളുമായ തങ്ങളുടെ പുത്രരില്‍ ഒരു നേരിയ നിയന്ത്രണം നടത്തുവാന്‍ കഴിയുമെന്ന് മാതാപിതാക്കള്‍ സമാശ്വസിച്ചു. താരതമ്യേന പ്രശാന്തവും വിപുലവുമായ പുതിയ വസതിയില്‍ നമ്മുടെ കവി തന്റെ കവനസംരംഭം നിര്‍ബാധം തുടര്‍ന്നുവന്നു. രമണന് ഒരു പരിഷ്കരിച്ച പതിപ്പ്, പാടുന്ന പിശാച് മുതലായവ ഇക്കാലത്തിന്റെ സൃഷ്ടിയാണ്. പ്രശാന്തതയും പ്രസന്നതയും ആ മുഖത്തു കളിയാടി. അധികം ദൂരത്തല്ലാതെ ചങ്ങമ്പുഴയുടെ ഒരു മാതുലപുത്രി താമസിക്കുന്നുണ്ടായിരുന്നു. ആ ഭവനത്തിലും എന്റെ വസതിയിലുമായി നമ്മുടെ കവി തന്റെ വിശ്രമവേളകള്‍ ചെലവഴിച്ചു. നാട്ടുകാരും ചിരപരിചിതരും, ആരാധകന്മാരും മറ്റുമായി ഒട്ടുവളരെപ്പേര്‍ മദിരാശിയില്‍ താമസമുണ്ടായിരുന്നുവെങ്കിലും അവരോടാരോടും സമ്പര്‍ക്കം പുലര്‍ത്താതെ മിക്കവാറും ഏകാന്തതയില്‍ വര്‍ത്തിക്കാനാണ് അദ്ദേഹം ആശിച്ചത്.
നിത്യാവശ്യങ്ങള്‍ നിറവേറ്റാനുള്ള ബാങ്കുബാലന്സുണ്ടായാല് തന്റെ ജീവിതം ധന്യമാകുമെന്നു താന്‍ ഒരുകാലത്തു കരുതിയിരുന്നതായും അതു ലഭ്യമായിരിക്കുന്ന ഇത്തരുണത്തില്‍ അല്പം മനസ്സമാധാനത്തിന്നുവേണ്ടി താന്‍ ദാഹിച്ചുഴലുകയാണെന്നും ആ മൃദുലഹൃദയന്‍ പലവുരു ഈയുള്ളവനോടു പറഞ്ഞു വിമ്മിവിമ്മിക്കരഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തില്‍ കഴിഞ്ഞുപോയ ഇരുളടഞ്ഞ അദ്ധ്യായങ്ങളുടെ ശോചനീയത്വം വര്‍ണ്ണിക്കുമ്പോള്‍ ആ തൊണ്ട ഇടറുമായിരുന്നു. സ്വജനങ്ങളോടു താന്‍ ചെയ്തുപോയ അക്രമങ്ങളുടെ നീണ്ടപട്ടിക എടുത്തുനിരത്തി. ആ സാധുകണ്ണുനീര്വാര്ത്തു. അതിന്നു പ്രായശ്ചിത്തനിര്വ്വഹണത്തിന് എന്റെ ഉപദേശം ആരാഞ്ഞു. ആ മൃദുലഹൃദയത്തിന്റെ അടിത്തടം കണ്ടറിഞ്ഞിട്ടുള്ള എനിക്ക് അവയെല്ലാം എത്രമാത്രം ഹൃദയഭേദകമായിരുന്നു എന്ന് എഴുതി അറിയിക്കാവതല്ല. ഗുണദോഷപേദശങ്ങള്, ശാസനകള്‍, അഭ്യര്‍ത്ഥനകള്‍ ഇങ്ങനെ അഭ്യുദയകാംക്ഷിയായ ഒരുത്തമസുഹൃത്തിന്റെ ആവനാഴിയിലുള്ള എല്ലാ ആയുധങ്ങളും സന്ദര്‍ഭാനുസാരം ഞാന്‍ മാറിമാറി പ്രയോഗിച്ചു. തനിക്കുവേണ്ടപ്പെട്ടവര് തന്നെ യഥാര്‍ത്ഥരൂപത്തില്‍ മനസ്സിലാക്കുന്നില്ലെന്നതായിരുന്നു ചങ്ങമ്പുഴയുടെ പരാതി. അതിനുള്ള കാരണങ്ങള്‍ എന്തുതന്നെയായിരുന്നാലും, ആ നിലപാട് അദ്ദേഹത്തിന്നു ദുസ്സഹമായിരുന്നു. താന്‍തന്നെ ഉറക്കെപ്പാടിയതുപോലെ ``കപടലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാ''ണ് തന്റ പരാജയങ്ങളുടെ പ്രധാന കാരണമെന്ന് ആ നിഷ്കളങ്കഹൃദയന് എടുത്തെടുത്തു പറഞ്ഞു. ഉദാഹരണങ്ങള്‍ പലതും ചൂണ്ടിക്കാട്ടി. വാനോളം വളര്‍ന്ന പ്രതിബന്ധങ്ങളോട് നിരന്തരസമരം ചെയ്ത് ജീവിതം ഒരു വിധം ധന്യവും മാന്യവുമാക്കിത്തീര്ക്കുന്ന അവസരത്തില്‍ അതമ്പെത്തകര്ന്നുപോവുകയെന്നത് എത്രമാത്രം ഹൃദയഭേദകമായിരിക്കുമെന്ന് നമുക്ക് ഒട്ടൊക്കെ ഊഹിക്കാം. നിര്‍ഭാഗ്യവാനായ ചങ്ങമ്പുഴയുടെ കാര്യത്തില്‍ അതാണ് സംഭവിച്ചത്.
അടുത്ത സുഹൃത്തുക്കളുടെ സദുപദേശങ്ങളുടെ വെളിച്ചത്തില്‍, താന്‍ പിന്നോട്ടുപോന്ന ജീവിതത്തെ സമഗ്രമായി പ്രത്യാവലോകനം ചെയ്യുന്നതിനും, അതിലെ കുന്നുംകുഴികളും കാടുംമേടും എല്ലാം കണ്ടറിഞ്ഞ്, ഭാവി ഭാസുരമാക്കുന്നതിനുള്ള രൂപരേഖകള്‍ വിഭാവം ചെയ്യുന്നതിനും സാധിച്ചു എന്നത് ഈ കാലഘട്ടത്തില്‍ ചങ്ങമ്പുഴയ്ക്കുണ്ടായ നേട്ടമാണ്. പക്ഷേ അവ പ്രവൃത്തിരൂപത്തില്‍ വരുത്തുന്നതിനുള്ള അവസരം ലഭ്യമായില്ല. അതിനകംതന്നെ ആ ജീവിതനാടകത്തിന്റെ അവസാനരംഗങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
വളരെ അപൂര്‍വ്വമായി മാതമ്രേ കോളേജുക്ലാസ്സുകളില്‍ ചങ്ങമ്പുഴ പോയിരുന്നുള്ളൂ എന്ന് മുന്‍പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ . അതിനാല്‍ വിശ്രമത്തിന്നും, പാരായണത്തിന്നും, കവിതാരചനയക്കും മറ്റും ധാരാളം സമയമുണ്ടായിരുന്നു. മറ്റു ജോലികള്‍ അധികം ഇല്ലായിരുന്ന ഇക്കാലത്ത് തന്നെ കുറെനാളായി ഉപദ്രവിച്ചുവന്ന ഒരു രോഗത്തിന് ചികിത്സനേടുവാന് ചങ്ങമ്പുഴ ആഗ്രഹിച്ചു. അങ്ങനെ ``ഹൈഡ്രോസെല്‍'' ഓപ്പറേഷനുവേണ്ടി, മദിരാശിയില്‍ സുപ്രസിദ്ധ ശസ്ത്രക്രിയാവിദഗ്ധനായ ഡോക്ടര്‍ സുന്ദരവനത്തിന്റെ നഴ്സിംഗ്ഹോമില്‍ ചങ്ങമ്പുഴ പ്രവേശിച്ചു. ഏതാണ്ടു പത്തുദിവസത്തോളം മാത്രമേ അവിടെ കിടക്കേണ്ടിവന്നുള്ളൂ. അതിനകം ശസ്ത്രിക്രിയയും തുടര്‍ന്ന് രോഗശമനവുമുണ്ടായി. ദിവസവും വളരെ താല്പര്യത്തോടെ അദ്ദേഹത്തെ വന്നുകണ്ടുകൊണ്ടിരുന്ന കൂട്ടുതാമസക്കാര് പെട്ടെന്നുവരാതായി. കാരണം അറിയാതെ ചങ്ങമ്പുഴ വിഷമിച്ചു. എന്തെങ്കിലും തക്കതായ അസൗകര്യംകൊണ്ടായിരിക്കാം വരാത്തതെന്നും ഞാന്‍ പരിഭ്രാന്തനായ കവിയെ സമാശ്വസിപ്പിച്ചു. അങ്ങനെയായിരുന്നു എന്റെ ഊഹവും. എന്നാല്‍ നഴ്സിംഗ് ഹോമില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഗതിയുടെ ഗൗരവം തികച്ചും മനസ്സിലാക്കിയത്. അവിടെ ചങ്ങമ്പുഴയ്ക്ക് തീരെ അപ്രതീക്ഷിതവും ഭയങ്കരവുമായ ഒരു സ്വീകരണമാണ് നേരിടേണ്ടിവന്നത്. ചങ്ങമ്പുഴയുടെ പെട്ടികള്‍ കുത്തിത്തുറക്കപ്പെട്ടിരിക്കുന്നു. അതിലുണ്ടായിരുന്ന വിലയേറിയ സമ്മാനങ്ങള്‍ പുസ്തകങ്ങളും കത്തുമുള്‍പ്പെടെ വീടെങ്ങും വീശിയെറിയപ്പെട്ടിരിക്കുന്നു. സഹവാസികള്‍ അങ്ങേയറ്റത്തെ അസഭ്യവചനങ്ങളാല് ആ ഭാഗ്യഹീനനെ സ്വാഗതം ചെയ്തു. അമ്പപ്പകച്ചുപോയ നമ്മുടെ കവിക്ക് ക്രമേണ ബീഭത്സങ്ങളുടെ ചില യാഥാര്‍ത്ഥ്യങ്ങളുടെ നേരിയ രൂപം ഗ്രഹിക്കുവാന്‍ കഴിഞ്ഞു. അദ്ദേഹം നടുങ്ങി. മാന്യതയുടെ ഉത്തുംശൃംഗത്തില്നിന്നും നീചത്വത്തിന്റെ അഗാധതലത്തില്‍ താന്‍ നിപതിച്ചിരിക്കുന്നതായി അദ്ദേഹം കണ്ടു. നിന്ദ്യനിന്ദ്യമായ ഒരു പ്രണയനാടകത്തിന്റെ സ്വഭാവിക പരിണാമവിശേഷമായിരുന്നു അത്. കഥാനായകന് അവിടെ ക്രൂശിക്കപ്പെട്ടു. അത്യുഗ്രമായ പ്രതിസന്ധിഘട്ടത്തെ നേരിടുവാന്‍ ചങ്ങമ്പുഴ ഒരുവിധത്തിലും ശക്തനായില്ല. അപരാധബോധത്തിന്റെ കനത്ത പര്‍വ്വതം ആ തല കുനിപ്പിച്ചു. രംഗത്തില്‍ നിന്നും പെട്ടെന്നുള്ള നിഷ്ക്രമണം മാത്രമായിരുന്നു ഒരേ ഒരു രക്ഷാമാര്‍ഗ്ഗം. ഇക്കാര്യം ഇവിടെ കൂടുതല്‍ വിശദീകരിക്കുവാന്‍ ഞാന്‍ തുനിയുന്നില്ല. ഇന്നു ജീവിക്കുന്ന പലരേയും അതുബാധിക്കും. അവരുടെ മാന്യതയില്‍ പങ്കിലംകലരും. ലോലഹൃദയനായ എന്റെ സുഹൃത്തിന്റെ ജീവിതത്തെ അമ്പെത്തകര്ത്ത ഒരു അനിഷ്ടസംഭവമായിരുന്നു അത്. ഈ അതിദാരുണനാടകത്തിലെ പ്രധാന കുറ്റവാളി നായകനായ ചങ്ങമ്പുഴ തന്നെ ആയിരുന്നുവെങ്കിലും അതിലെ നായകിയും തുല്യാവകാശിനിയാണെന്ന വസ്തുത മറക്കാവതല്ല. പണവും പ്രതാപവും അവിടേയും ജയക്കൊടിനാട്ടി.
അടുത്ത വണ്ടിക്കുതന്നെ ചങ്ങമ്പുഴ നാട്ടിലേയ്ക്കു പുറപ്പെട്ടു. തല്‍സമയം ഞാന്‍ സമീപത്തല്ലായിരുന്നു. എന്നെക്കണ്ടു വിവരങ്ങള്‍ പറയുവാനുള്ള ധൈര്യമോ, സാവകാശമോ അദ്ദേഹത്തിന്നുണ്ടായിരുന്നില്ല. സമീപത്തു താമസിച്ചിരുന്ന മാതുലപുത്രിയുടെ ഭര്‍ത്താവിനെക്കണ്ട് തന്റെ സാമാനങ്ങള്‍ അവിടെ എടുത്തുവെയ്ക്കുവാന്‍ ഏര്‍പ്പാടുചെയ്തശേഷം അദ്ദേഹം ആരേയും അറിയിക്കാതെ സ്ഥലം വിടുകയാണുണ്ടായത്. പിറ്റെദിവസം രാവിലെ ഞാന്‍ വിവരമറിഞ്ഞു. എനിക്കുണ്ടായ കുണ്ഠിതം ഊഹവുമാണല്ലോ . ഈ സംഭവത്തില്നന്നും ഉളവാകുന്ന ആഘാതങ്ങളെ ചിന്തിച്ച് ഞാന്‍ അത്യന്തം വിഷണ്ണനായി. എന്റെ ഭയം അസ്ഥാനത്തല്ലായിരുന്നുതാനും. നാട്ടില്‍ എത്തി ഏതാനുംകാലം ഒരു നിത്യവിരക്തനായ സന്യാസിയുടെ മട്ടിലാണ് ചങ്ങമ്പുഴ ജീവിതം നയിച്ചത്.
അങ്ങനെ മദിരാശിയിലെ നിയമപഠനം ചങ്ങമ്പുഴയ്ക്കു തീരാത്ത വ്യഥയ്ക്കും തോരാത്ത കണ്ണുനീരിനും, മായാത്ത കളങ്കത്തിനും ഇടയായി. ചങ്ങമ്പുഴയുടെ അന്ത്യം ആസന്നമാക്കുന്നതിന്നു പ്രധാനകാരണം ഈ സംഭവവികാസമാണ്. ആ ജീവിതം ഏതാണ്ട് രണ്ടു സംവത്സരക്കാലം കൂടെ നീണ്ടു എന്നത് പരാമര്ത്ഥമത്രേ. പക്ഷേ അക്കാലങ്ങളില്‍ അദ്ദേഹം അനുഭവിച്ച മനോവ്യഥയുടെ ആഴം അളക്കാവതല്ല. മരിച്ചതിന്നു തുല്യമായ ഒരു ജീവിതമായിരുന്നു അത്. കാലം അതിന്റെ കലാവിരുതുകള്‍ കാണിച്ചുകൊണ്ടു മുന്നേറി. കവിയും അതിന്റെ കാലടിപ്പാടുകളില്‍ വണങ്ങേണ്ടിവന്നു.
അദ്ധ്യായം പതിനാറ്
വിമര്‍ശകരും, വിമര്‍ശനവും, ചങ്ങമ്പുഴയും
കേരള ഭാഷാസാഹിത്യത്തില്‍ ചങ്ങമ്പുഴയെപ്പോലെ അത്രയേറെ വിമര്‍ശനവിധേയനായ ഒരു കവി ഈ അടുത്തകാലത്തു വേറെയുണ്ടായിട്ടില്ല. ഖണ്ഡനവും മണ്ഡനവും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഞാനിവിടെ വിമര്‍ശനം എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. ഉത്തമസാഹിത്യത്തിന്റെ വളര്‍ച്ചക്ക് സൃഷ്ടിപരവും വസ്തുനിഷ്ഠവുമായ വിര്‍ശനം അത്യാവശ്യമാണെന്ന് ആരും സമ്മതിക്കും. എന്നാല്‍, നമ്മുടെ ഭാഷയില്‍ അതിപ്രധാനമായ ഈ ശാഖ-ഒരുപക്ഷേ അതിന്നുള്ള ഉപാധികള്‍ ശാസ്ത്രീയമായി ആവിഷ്കരിച്ചിട്ടില്ലാത്തതുകൊണ്ടായിരിക്കാം-ഇന്നും ശൈശവാവസ്ഥയില്‍ നിലകൊള്ളുന്നതേയുള്ളൂ. ഒന്നുകില്‍ ഗ്രന്ഥകാരനെ സ്തുതിച്ചു വാനോളം ഉയര്‍ത്തുക, അല്ലാത്തപക്ഷം ആവതും ദുഷിച്ചു പാതാളാന്തം താഴ്ത്തുക, എന്നതാണ് മിക്ക വിമര്‍ശനങ്ങളുടെയും ഇന്നത്തെ സ്ഥിതി. ഇതിനെ വിമര്ശനമെന്നല്ലാ, വിമര്ശനാഭാസമെന്നത്രേ വിളിക്കേണ്ടത്. മിക്കപ്പോഴും ഗ്രന്ഥത്തിനു പകരം അതിന്റെ കര്ത്താക്കന്മാരായിരിക്കും വിമര്‍ശനത്തിന് വിധേയരാവുക. അതും ജാതി, മതം, പ്രായം, ധനസ്ഥിതി, രാഷ്ട്രീയാഭിപ്രായം മുതലായവയുടെ വെളിച്ചത്തില്‍. അങ്ങനെ അന്ധനെ അന്ധര്നയിക്കുന്ന ഒരു ഗതിവിപര്യമായിട്ടാണ് നമ്മുടെ ഒട്ടുമിക്ക വിമര്‍ശനങ്ങളും പര്യവസാനിച്ചിട്ടുള്ളത്. നല്ല വ്യതിയാനങ്ങള്‍ ചിലതുണ്ടെങ്കിലും.
ചങ്ങമ്പുഴയ്ക്ക് ആദ്യം എതിര്‍പ്പ് നേരിടേണ്ടിവന്നത് തന്റെ സമീപവര്‍ത്തികളായ സാഹിത്യകാരന്മാരില്നിന്നുതന്നെയായിരുന്നു. ആരെയും അമ്പരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ദൈനംദിനവളര്ച്ചയില് അസൂയാലുക്കളായ അക്കൂട്ടര്‍ ചങ്ങമ്പുഴയെ സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിച്ചുതുടങ്ങി. അതുവരെ അംഗീകരിച്ചുവന്ന കവിസങ്കേതങ്ങളേയും വിശ്വാസപ്രമാണങ്ങളേയും, അതിലംഘിച്ചുകൊണ്ടുള്ള ആ പുറപ്പാട് അക്കൂട്ടര്‍ക്കു അസഹ്യമായിരുന്നു. നിത്യജീവിതത്തില്‍ തനിക്കനുഭവപ്പെട്ട വിഷയങ്ങളെ മനോമൂശയിലെ സമ്യക്കായ രാസപ്രയോഗത്തിനുശേഷം മനോഹരമായി ആവിഷ്കരിക്കുവാന്‍ ആ കവിക്കുണ്ടായിരുന്ന അസാമാന്യ പാടവത്തില്‍ പലരും അത്ഭുതസ്തിമിതരായി. അസൂയാലുക്കളായി. കവിയുടെ ഓരോ ഈരടിക്കും മലയാള മണ്ണിന്റെ മണവും ആ ഭാഷയുടെ തേന്മധുരിമയും ഉണ്ടായിരുന്നു. അങ്ങനെ ആ കവിതാതരംഗിണി അതീവനൂതനമായ ഒരു പന്ഥാവില്ക്കൂടെയാണ് പ്രയാണം ചെയ്തത്. ആര്‍ഷസംസ്കാരത്തിന്റെ മഹനീയതയും, മാതൃസേവയുടെ ആവശ്യകതയും, രാജകിരീടങ്ങളുടെ പ്രതാപവും വര്ണ്ണിച്ചുവര്ണ്ണിച്ച് അതുമാത്രമേ കവിതാവിഷയങ്ങളാകാവൂ എന്നു കരുതിവന്ന നമ്മുടെ സാഹിത്യമീമാംസകാരന്മാര്ക്ക് ചങ്ങമ്പുഴയുടെ ജനകീയ കവിതകളുമായി അത്രവേഗം ഇണങ്ങിച്ചേരുവാന്‍ സാദ്ധ്യമായില്ലാ എന്നതില്‍ അത്ഭുതത്തിന്നവകാശമില്ല. അഥവാ അവരാരുംതന്നെ അത്രത്തോളം വളര്‍ന്നിരുന്നില്ല. പഴയ സങ്കേതങ്ങളെ മുറുകെത്താലോലിക്കുന്ന ഒരു സഹൃദയസംഘം അന്ന് ഇടപ്പള്ളിയില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ``ചങ്ങമ്പുഴയിലെ ചെറുക്കന്റെ തോന്ന്യാസങ്ങള്'' തികച്ചും അരോചകങ്ങളായിരുന്നു. നിന്ദ്യമായ വിമര്‍ശനത്തിന് അവര്‍തന്നെ മുന്‍കയ്യെടുത്തു. അതിനിടയില്‍ത്തന്നെ ആ കവിതകളെ വാനോളം വാഴ്ത്തുവാനും ആളുകളുണ്ടായി. അവരില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ വിദൂര ആരാധകന്മായിരുന്നു. ആരംഭത്തില്‍ത്തന്നെ ഭീമമായ എതിര്‍പ്പുകള്‍ക്കിടയിലും ഒരു ആരാധകമണ്ഡലം സമ്പാദിക്കുവാന്‍ കഴിഞ്ഞു എന്നതു ചങ്ങമ്പുഴയുടെ നേട്ടമാണ്. അസാധാരണവും അത്ഭുതാവഹവുമായ ആ രംഗപ്രവേശം അവഗണിക്കുവാന്‍ ആരും ശക്തരായില്ല.
സ്വന്തം നാടായ ഇടപ്പള്ളിയില്‍ നിന്നും കേവലം ആറുമൈല്‍ മാത്രം ദൂരമുള്ള തൃപ്പൂണിത്തുറയില്‍ സാഹിത്യകാരന്മാരുടെ ഒരു യോഗം കൂടി ``ചങ്ങമ്പുഴക്കവിതകള്‍ ഭാഷാസാഹിത്യത്തിന്നു ഹാനികരമാകയാല്‍ അദ്ദേഹം കവിതയെഴുത്തില്നിന്നും വിരമിക്കേണ്ടതാണെ''ന്ന ഒരു പ്രമേയം പാസ്സാക്കുകയുണ്ടായി. മലയാളത്തിന്റെയോ ഇതരഭാഷകളുടെയോ സാഹിത്യചരിത്രത്തില്‍ അതിന് മുമ്പും പിമ്പും ഇത്തരമൊരു സംഭവം നടന്നതായി അറിയുന്നില്ല അനുഗ്രഹീതനായ ഒരു കവി തന്റെ ഭാവനാനുസരണം നിര്‍മ്മിക്കുന്ന കവിതകള്‍ തള്ളാനും കൊള്ളാനുമുള്ള അവകാശം അനുവാചകന്നുണ്ടെന്നിരിക്കെ, ഇത്തരം ഒരു പ്രമേയസ്വീകരണം അനാവശ്യമാണല്ലോ . അതില്‍ അന്തര്‍ലീനമായിരിക്കുന്ന ബാലിശത്വം എത്രമാത്രം ജുഗുപ്സാവഹമല്ല? ആ പ്രമേയം എഴുതിയ മഷി ഉണങ്ങുന്നതിന് മുമ്പുതന്നെ ചങ്ങമ്പുഴയെ അങ്ങേയറ്റം അനുകരിച്ചു കവിതകള്‍ രചിച്ചു മഹാകവിപ്പട്ടം നേടുവാനും പില്ക്കാലത്ത് അദ്ദേഹത്തിന്റെ ആരാധകപ്രധാനരായി വിലസിനടക്കാനും മടിക്കാത്ത ചില ബൃഹസ്പതികളായിരുന്നു ഈ പരിപാടിക്കു നേതൃത്വം നല്‍കിയത്. ഈ പരമാര്‍ത്ഥം ആര്ജ്ജവഹൃദയന്മാരെ ഇന്നും ഞെട്ടിപ്പിക്കുന്നുണ്ട്. അപ്പോള്‍ സാഹിത്യത്തോടുള്ള കൂറല്ലാ ചങ്ങമ്പുഴയോടുള്ള വ്യക്തിവിദ്വേഷമാണ് ഈ ഹീനകര്മ്മത്തിന് അവരെ പ്രേരിപ്പിച്ചതെന്നു സ്പഷ്ടം. അസൂയാലുക്കളുടെ കുത്സിതനയങ്ങള്‍ നമ്മുടെ കവിയെ അശേഷം പരിഭ്രാന്തനോ പരിശ്രമവിമുഖനോ ആക്കിയില്ല. അദ്ദേഹം പൂര്‍വ്വാധികം ഉദ്വേഗത്തോടെ വീണ്ടും വീണ്ടും ഉറക്കെപ്പാടി. ആ സ്വരരാഗസുധ വാരിക്കോരിക്കുടിക്കുവാന് ലക്ഷക്കണക്കില് ജനങ്ങള്‍ അഹമഹമികയാ മുന്പോട്ടുവന്നു. വിമര്ശകരെത്തന്നെ അമ്പരിപ്പിക്കും വണ്ണം.
ഉള്ളൂരിനെയും കെ.സി കേശവപിള്ളയെയും മുന്‍നിറുത്തി പണ്ട് കേരളവര്‍മ്മയും, രാജരാജവര്‍മ്മയും നടത്തിയ പ്രാസവാദം പോലെ ചങ്ങമ്പുഴയുടെ പ്രത്യക്ഷവിമര്ശകരുടെ പിന്നില്‍ കേരളത്തിലെ എണ്ണപ്പെട്ട സാഹിത്യകാരന്മാര് പലരും അണിനിരന്നു. അങ്ങനെ വാദപ്രതിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടു. ``ഹരി'' എന്നംഗീകൃത നാമത്തില്‍ ചങ്ങമ്പുഴയുടെ ``സുധാംഗദ'' യെ ഊന്നി ഒരജ്ഞാതനാമാവ് എഴുതിയ വിമര്‍ശനമാണ് അക്കാലത്ത് വന്നതില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. അതിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന വ്യക്തി ആരുതന്നെയായാലും അത് കുറെയേറെ വിദ്വേഷകലുഷിതമായിരുന്നു എന്ന് പറയാതെ തരമില്ല. വിമര്‍ശനത്തെ ചങ്ങമ്പുഴ അശേഷം ഭയന്നില്ല. എന്നാല്‍ ``സ്വജനവേഷം'' ചമയുന്ന ചിലരുടെ ഈ ഒളിച്ചുകളി ആ സരളഹൃദയനെ വേദനിപ്പിച്ചു. ഏതായാലും വിമര്‍ശനങ്ങള്‍ ചങ്ങമ്പുഴയെ തളര്‍ത്തുകയല്ല, വളര്‍ത്തുകയാണ് ചെയ്തത്.
സഞ്ജയനായിരുന്നു ചങ്ങമ്പുഴയുടെ വിമര്‍ശകരില്‍ അഗ്രഗണ്യന്‍. ജീവിതകാലം മുഴുവന്‍ നീണ്ടുനിന്ന ഒരുഗ്രസമരത്തിന്റെ ചരിത്രമായിരുന്നു അത്. കഴിവും കരുത്തുമുറ്റ സാഹിതീമര്മ്മജ്ഞനായിരുന്നു സഞ്ജയനെന്ന് ആരും സമ്മതിക്കും. നമ്മുടെ സാഹിത്യത്തില്‍ ആ പണ്ഡിതന് മഹത്തായ ഒരു സ്ഥാനമാണുള്ളത്. എന്നാല്‍ ചങ്ങമ്പുഴയോട് അദ്ദേഹം അനുവര്‍ത്തിച്ച നയം നിഷ്പക്ഷമെന്നോ ശാലീനമെന്നോ പറയാവതല്ല. സാഹിത്യത്തില്‍ വിഷാദാത്മകതയുടെ വളര്‍ച്ചയെയാണു സഞ്ജയന് എതിര്‍ത്തതെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍ നിശിതനിശിതങ്ങളും ഏകപക്ഷീയവുമായ ആ വിമര്‍ശനശരങ്ങള്‍ മുഴുവന്‍ താങ്ങേണ്ടിവന്നത് ചങ്ങമ്പുഴ ഒരാള്‍ മാത്രമാണ്. എങ്ങനെയെങ്കിലും വളര്‍ന്നുവരുന്ന ആ കവിയെക്കൊണ്ടു തൂലിക വെയ്പിക്കേണമെന്ന ഒരു വൈരാഗ്യചിന്ത സഞ്ജയനുണ്ടായിരുന്നു എന്നു കരുതക്കവണ്ണം അത്രമാത്രം രൂക്ഷരൂക്ഷമായിരുന്നു ആ വിമര്‍ശനങ്ങള്‍ ഓരോന്നും. തീക്ഷ്ണങ്ങളും വിഷലിപ്തങ്ങളുമായ ആ കൂരമ്പുകളുടെ നിരന്തരാഘാതം നമ്മുടെ കവിയെ ഭസ്മീകൃതമാക്കുമെന്നു പലരും ഭയപ്പെട്ടു. പാണ്ഡിത്യവും പരിചയവും സിദ്ധിച്ച സഞ്ജയനെപ്പോലുള്ള സാഹിത്യ മര്‍മ്മജ്ഞന്മാര്‍ വഴിപിഴച്ചുപോകുന്നതില്‍ പലരും കുണ്ഠിതപ്പെട്ടു. ഒരുത്തമ വിമര്ശകന് അവശ്യം വേണ്ട നിഷ്പക്ഷബുദ്ധിയുടെ അഭാവമായിരുന്നു സഞ്ജയനെ വഴിതെറ്റിച്ചത്. ആദ്യം ഒട്ടൊന്നമ്പരന്നുപോയെങ്കിലും സഞ്ജയന്റെ വിമര്‍ശനങ്ങള്‍ സാഹിതീമര്യാദയെ അതിലംഘിക്കുന്നു എന്നു ബോധ്യമായപ്പോള്‍ ആ എതിര്‍പ്പുകളെ നിര്‍ദ്ദാക്ഷിണ്യം ചെറുക്കുവാന്‍ അരയും തലയും മുറുക്കി ചങ്ങമ്പുഴ മുമ്പോട്ടുവന്നു. ആ സമരം മരണപര്യന്തരം തുടരുകയും ചെയ്തു. സാഹിതീക്ഷേത്രത്തില് തന്റെ പുരസ്കര്‍ത്താവായ ഈവിയോട് സഞ്ജയനുള്ള വിരോധമാണ് തന്നോടുള്ള ഈ മത്സരത്തിന്റെ നിദാനമെന്നു പോലും സാധുചിത്തനായ ചങ്ങമ്പുഴ വിശ്വസിച്ചു. അതു തികച്ചും വ്യക്തിപരമാണെന്നും അദ്ദേഹം കരുതി. ഇ.വിയോട് താരതമ്യപ്പെടുത്തുമ്പോള്‍ ഒരു സാഹിത്യകാരന് എന്ന നിലയില്‍ സഞ്ജയന് വെറും നിഷ്പ്രഭനാണെന്നായിരുന്നു ചങ്ങമ്പുഴയുടെ ഉറച്ച വിശ്വാസം. അതദ്ദേഹം ഉറക്കെ വിളിച്ചുപറയുകയും ചെയ്തു. ``സങ്കല്പകാന്തി,'' ``രക്തപുഷ്പങ്ങള്‍'' മുതലായ കൃതി സമാഹാരങ്ങളുടെ മുഖവുര ഇതിന്നു പ്രത്യക്ഷ ലക്ഷ്യമാണ്.
ഉത്തമ വിമര്‍ശനങ്ങളെ ചങ്ങമ്പുഴ വളരേയേറെ മാനിച്ചിരുന്നു. സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് അത് ഒരവശ്യാവശ്യമായി അദ്ദേഹം കരുതി. എന്നാല്‍ വിമര്‍ശനം എന്ന പേരില്‍ ഗ്രന്ഥത്തേക്കാള്‍ ഗ്രന്ഥകാരനെ ദുഷിക്കുന്ന സമ്പ്രദായ വിഷയത്തെ അദ്ദേഹം അടിമുടി എതിര്‍ത്തു. അക്കൂട്ടര്‍ സാഹിതീവൃക്ഷത്തെ പാടേ നശിപ്പിക്കുന്ന ``ഇത്തിക്കണ്ണി''കളാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. അക്കൂട്ടരുടെ വാദമുഖങ്ങളെ എല്ലാ വിധത്തിലും ഖണ്ഡിക്കുന്നതിനുള്ള നിശിതശാസ്ത്രങ്ങള് ചങ്ങമ്പുഴയുടെ ആവനാഴിയില്‍ സുലഭവുമായിരുന്നു. തന്റെ പ്രശസ്ത കൃതിയായ രമണന്റെ വളരെയേറെ പ്രതികള്‍ വിറ്റഴിഞ്ഞതിനുശേഷവും അത് നിഷ്പക്ഷവും വിമര്‍ശനപരവുമായ ഒരവതാരിക എഴുതിക്കിട്ടുവാന്‍ അദ്ദേഹം അക്കാലത്തെ പ്രമുഖ വിമര്ശകന്മാരില് പലരേയും സമീപിച്ചിട്ടുണ്ട്. അങ്ങനെയാണ് പ്രൊ.മുണ്ടശ്ശേരിയുടെ അവതാരിക അതില്‍ സ്ഥലം പിടിച്ചത്. തന്റെ കൃതികളെല്ലാം തന്നെ നിഷ്കൃഷ്ടമായി വിലയിരുത്തിക്കാണുവാന് അദ്ദേഹത്തിന്നാഗ്രഹമുണ്ടായിരുന്നു. താന്‍ എഴുതിയതെല്ലാം ഉത്തമകോടിയില്പ്പെട്ടതാണെന്നു ചങ്ങമ്പുഴ ഒരിക്കലും അവകാശപ്പെട്ടിരുന്നില്ല.
ഉഗ്രമായ ഒരു ശസ്ത്രക്രിയക്ക് ശേഷം നഴ്സിംഗ്ഹോമില്‍ അവശനായി കിടക്കുമ്പോഴാണ് മണ്ണുത്തി പ്രഭാകരന്റെ ചങ്ങമ്പുഴക്കവിതകളെപ്പറ്റിയ സുപ്രസിദ്ധ വിമര്‍ശനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകൃതമായത്. അത് ആദ്യന്തം ആകാംക്ഷാപൂര്‍വ്വം വായിച്ചുകേട്ട ശേഷം അദ്ദേഹം പറഞ്ഞു: ``ഇഷ്ടാ ഇതാണ് ഒന്നാംതരം വിമര്‍ശനത്തിന്റെ മാതൃക. വിമര്‍ശിച്ചാല്‍ ഇങ്ങനെ വിമര്‍ശിക്കണം. നമ്മുടെ വിമര്ശകന്മാര്, മാരാരെയും പ്രഭാകരനെയും മറ്റും കണ്ടു വളരെയേറെ പഠിക്കേണ്ടതുണ്ട്.'' ഏതാനും നാള്കഴിഞ്ഞു പ്രഭാകരനെ നേരില്‍ കണ്ടപ്പോള്‍ പ്രസ്തുത വിമര്‍ശനത്തെ പരാമര്‍ശിച്ച് നമ്മുടെ കവി അദ്ദേഹത്തെ വളരെയേറെ പ്രശംസിക്കുകയുണ്ടായി. നമ്മുടെ സാഹിത്യകാരന്മാരില് എത്ര പേര്ക്കുണ്ടാകും ഈ സമചിത്തതയും ശാലീന മനോഭാവവും.
അദ്ധ്യായം പതിനേഴ്
ചങ്ങമ്പുഴയും ഇതര സാഹിത്യകാരന്മാരും
തുലോം ഹ്രസ്വമായ ഒരു കാലയളവില്‍തന്നെ സമകാലിക സാഹിത്യകാരന്മാരുടെ ഇടയില്‍ അസൂയാവഹമായ ഒരു സ്ഥാനം നേടുവാന്‍ ചങ്ങമ്പുഴയ്ക്ക് കഴിഞ്ഞു. നിത്യനൂതനങ്ങളും അചുംബിതങ്ങളുമായ ആ ഭാവനാവിലാസങ്ങള്‍ ആരെയും നിര്വൃതികൊള്ളിക്കാന് പര്യാപ്തങ്ങളായിരുന്നു. അയത്നലളിതങ്ങളായ മലയാളപദങ്ങളുടെ കഴിവും മിഴിവും അത്ര പ്രകടമായി ആരും അതിന്നു മുമ്പു കണ്ടിരുന്നില്ല. സാധാരണജനങ്ങളുടെ ഹൃദയതലങ്ങളെ അള്ളിപ്പിടിച്ചു പ്രവൃത്ത്യോന്മുഖമാക്കാന് പര്യാപ്തമായ ഒരു ശക്തിധാര ആ കവിതകളില്‍ ഉടനീളം അലയടിച്ചിരുന്നു. ഈ ഉയര്‍ച്ച ഒരുവിധത്തിലും അദ്ദേഹത്തെ അലസനോ അഹംഭാവിയോ ആക്കിയില്ല. ബഹുജനപ്രോത്സാഹനത്തിന്റെ അനുയോജ്യമായ ചുറ്റുപാടില്‍ നമ്മുടെ കവി കൈ മെയ് മറന്നു വീണ്ടും വീണ്ടും പാടി. സാധാരണ ജനങ്ങളുടെ ആശകള്‍ക്കും ആവേശങ്ങള്‍ക്കും രൂപംകൊടുക്കുന്നവയായിരുന്നു ആ ഗാനതരംഗങ്ങള്‍ ഓരോന്നും. അങ്ങനെ സാധാരണ ജനങ്ങളുമായി. അവരുടെ ഹൃദയതലങ്ങളുമായി-ഒരു അഭേദ്യബന്ധം പുലര്‍ത്തുവാന്‍ അദ്ദേഹത്തിന്നു കഴിഞ്ഞു.
നമ്മുടെ കവിത്രയത്തില്‍ ചങ്ങമ്പുഴയ്ക്ക് കൂടുതല്‍ അടുപ്പം വള്ളത്തോളിനോടായിരുന്നു. എങ്കിലും അധികം ബഹുമാനിച്ചത് ആശാനെയാണ്. ആശാന്റെ ആത്മനിഷ്ഠങ്ങളായ ഭാവഗീതങ്ങള്‍ അത്യുത്തമങ്ങളായ കലാസൃഷ്ടികളാണെന്ന് അദ്ദേഹം കൂടെക്കൂടെ പറയുമായിരുന്നു. അവയുടെ അവതരണരീതിയും ചങ്ങമ്പുഴയ്ക്കു നന്നേ പിടിച്ചു. അന്യഭാഷകളിലേയ്ക്കു പകര്‍ത്തിയാല്‍ വായിക്കാന്‍ കൊള്ളാവുന്ന പലതും നമ്മുടെ ഭാഷയിലുണ്ടെങ്കില്‍ അത് ആശാന്റെ കൃതികള്‍ മാത്രമാണെന്ന് ചങ്ങമ്പുഴ പലപ്പോഴും എന്നോടു പറഞ്ഞിട്ടുണ്ട്. അത് സംയുക്തികം തെളിയിക്കുന്നതിനും അദ്ദേഹം സന്നദ്ധനായിരുന്നു. വള്ളത്തോളിന്റെ രചനാസൗഷ്ഠവത്തെ വളരെ മാനിച്ചിരുന്നുവെങ്കിലും അവയില്‍ ആത്മാര്‍ത്ഥത തൊട്ടുതെറിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. പക്ഷെ, മറ്റു രണ്ടുപേരെയും അപേക്ഷിച്ചു. വാസനാസമ്പന്നന് വള്ളത്തോളാണെന്ന് അദ്ദേഹം സമ്മതിച്ചു. ഉള്ളൂരിന്റെ അസാമാന്യപാണ്ഡിത്യവും അതില്‍ക്കവിഞ്ഞ പരിശ്രമശീലവും ചങ്ങമ്പുഴ മാനിച്ചിരുന്നു. എന്നാല്‍ ഉള്ളൂര്‍ക്കവിതകള്‍ ഒരുതരം പാണ്ഡിത്യക്കസര്ത്തുവിദ്യകളായി അദ്ദേഹം കരുതി. ഉള്ളൂര്‍ തന്റെ ചുറ്റും ഒരു സ്തുതിപാഠകവലയം സൃഷ്ടിക്കുവാന്‍ വെമ്പുന്നതായി ചങ്ങമ്പുഴ പരാതിപ്പെട്ടു. ``നിങ്ങളുടെ സ്വാമി സ്വന്തം ജീവചരിത്രം പറഞ്ഞതുപോലെ എഴുതിക്കിട്ടുവാന്‍ എത്ര പണം ചെലവാക്കിയെന്ന് ഇഷ്ടനറിയാമോ? എന്ന് എന്റെ സുഹൃത്ത് എന്നോട് ഒരിക്കല്‍ ചോദിക്കുകയുണ്ടായി. ``ആകപ്പാടെ പട്ടരൊരു പൊങ്ങച്ചനാണ്'' എന്നാണ് തുടര്‍ന്നുണ്ടായ വിധി. ഒരിക്കല്‍ ഞാന്‍ ``പിംഗള''യെ വളരെ ശ്ലാഘിച്ചുപറഞ്ഞപ്പോള് ``അതേ, തേവിടിശ്ശികള്‍ ആളുകളെ ആകര്‍ഷിക്കുവാന്‍ ഏഴാംനിലമാളികകളുടെ മുകളില്ക്കേറിയിരിക്കുന്നതു എവിടെപ്പതിവാണിഷ്ടാ'' എന്ന് ആവേശപൂര്‍വ്വം സുഹൃത്ത് ചോദിച്ചു. ഉമാകേരളത്തിലെ പല ശ്ലോകങ്ങളെപ്പറ്റിയും ചങ്ങമ്പുഴയ്ക്ക് കുറവുകള്‍ പറയാനുണ്ടായിരുന്നു. ``എങ്കിലും ഈ ഉദ്യോഗത്തിരക്കിന്നിടയില് നമ്മുടെ ഭാഷയ്ക്കുവേണ്ടി ഇത്രയേറെ എഴുതിക്കൂട്ടിയ പട്ടരെ സമ്മതിക്കുക തന്നെ വേണം'' എന്ന് ഭാഷാസേവകന് തുടര്ന്നുപറയാറുണ്ടായിരുന്നു. ``അതും ഈ നന്ദിയില്ലാത്ത ജനങ്ങള്‍ക്കുവേണ്ടി'' എന്നത് കുറെ ആശ്ചര്യജനകമായിരുന്നു.
ശങ്കരക്കുറുപ്പിനെ സ്വന്തം ഗുരുനാഥനെപ്പോലെയാണ് കൃഷ്ണപിള്ള കരുതി ആരാധിച്ചുവന്നത്. വിഷമഘട്ടങ്ങളില്‍ ``കുറുപ്പുസാറി''ന്റെ ഉപദേശങ്ങളും സഹായസഹകരണങ്ങളും ചങ്ങമ്പുഴയ്ക്ക് പലപ്പോഴും ആശ്വാസപ്രദമായിരുന്നു. ``ജി''യുടെ കവിത്വത്തേക്കാള് അദ്ദേഹത്തിന്റെ പരിശ്രമശീലത്തെയാണ് ചങ്ങമ്പുഴ കൂടുതല്‍ മാനിച്ചത്. ആ ജ്ഞാനസമ്പാദനതൃഷ്ണ അദ്ദേഹത്തെ വളരെ ആകര്‍ഷിച്ചിരുന്നു. ഒരിക്കല്‍ ജിയുടെ വസതിയില്‍പോയി വന്നശേഷം അദ്ദേഹം എന്നോടു പറഞ്ഞു. ``കുറുപ്പുസാര്‍ വായിച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍ നിന്നും എടുത്തിട്ടുള്ള കുറിപ്പുകള്‍ തന്നെ ഒരൊന്നാന്തരം ലൈബ്രറിയാണ്. '' ചങ്ങമ്പുഴയുടെ ജീവിതത്തില്‍ കുറച്ചൊക്കെ സ്വാധീനം ചെലുത്താന്‍ ശ്രീ. ശങ്കരക്കുറുപ്പിന് കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും സദുപദേശങ്ങളാലും ശാസനകളാലും ചങ്ങമ്പുഴയെ നേര്‍വഴിക്കു നയിക്കുവാന്‍ അദ്ദേഹത്തിന്നു കഴിഞ്ഞിരുന്നു. അന്ത്യകാലത്ത് നിത്യസന്ദര്‍ശകരില്‍ ഒരാളും ഉറ്റസഹായിയുമായിരുന്നു ജി. മറ്റുള്ളവരുടെ ദൃഷ്ടിയില് അത്ര പ്രകടമല്ലായിരുന്നുവെങ്കിലും മാനസികമായി മാതൃകാപരമായ ഒരു സൗഹാര്‍ദ്ദബന്ധം അവര്‍ പുലര്‍ത്തിപ്പോന്നു. വെണ്ണിക്കുളത്തിന്റെ കവനരീതി ചങ്ങമ്പുഴയ്ക്കു വളരെ പഥ്യമായിരുന്നു. ``ഭാഗ്യമില്ലാത്ത മനുഷ്യന്'' എന്ന് വെണ്ണിക്കുളത്തെ ഉദ്ദേശിച്ച് അദ്ദേഹം പറയുക സാധാരണമായിരുന്നു.
കവിത്വത്തില്‍ സമകാലീനകവികളില്‍ ആരുടെയും പിറകിലല്ലെന്ന ഉറച്ചവിശ്വാസം ചങ്ങമ്പുഴയ്ക്കുണ്ടായിരുന്നു. മാത്രമല്ലാ, താന്‍ അവരില്‍ പലരേയും കവച്ചുനില്ക്കുന്നു എന്നും അദ്ദേഹം വിശ്വസിച്ചു. ഏത് സാഹിത്യകാരനും ഭാഷാ പോഷണാര്‍ത്ഥം ചെയ്യുന്ന ഏതു സേവനവും സ്വാഗതാര്‍ഹമായി കരുതി. ഏതെളിയവന്റെ കഴിവും വഴിയാംവണ്ണം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നു അദ്ദേഹം വാദിച്ചു. കഴിവിനേക്കാള്‍ ആത്മാര്‍ത്ഥമായ പ്രവര്ത്തനോത്സുക്യത്തെയാണ് അദ്ദേഹം കാര്യമായി കരുതിയത്. ആ നിലയില്‍ അത് ബഹുജനങ്ങളാല്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം വാദിച്ചു. വിശാലമായ തന്റെ തണലില്‍ യുവകവികളുടെ ഒരു നല്ല തലമുറ വളര്‍ന്നുവരുന്നതു മനസ്സിലാക്കി അവര്‍ക്ക് ഉത്തേജനവും ഉപദേശവും നല്കി നന്നാക്കിയെടുക്കുവാന്‍ അദ്ദേഹം സന്നദ്ധനായി. ഭൂതകാലത്തിന്റെ മഹനീയ ചിത്രങ്ങളെ മാത്രം അയവിറക്കി കാലം പോക്കാതെ, ഭാസുരമായ ഭാവിക്കുവേണ്ടി വര്‍ത്തമാനകാലത്തെ വിശകലനം ചെയ്തു സാഹിതീസേവനം ചെയ്യുവാന്‍ അദ്ദേഹം തന്റെ അനുയായികളെ പ്രേരിപ്പിച്ചുവന്നു. എന്നാല്‍ ആ ആഹ്വാനത്തിന്റെയും പ്രചോദനത്തിന്റെയും പരിണതഫലങ്ങള്‍ നമുക്ക് ഇനിയും കൈവരേണ്ടതായിട്ടാണിരിക്കുന്നത്. കാലം ഇപ്പോഴും അതിക്രമിച്ചിട്ടില്ലെന്ന് നമുക്കു സമാശ്വസിക്കാം. പി. ഭാസ്കരന്, ഒ.എന്‍.വി കുറുപ്പ്, വയലാര്‍ രാമവര്‍മ്മ മുതലായ വര് ഇന്നത്തെ യുവകവികള്‍ക്ക് ചങ്ങമ്പുഴക്കവിതകളോടു വളരെയേറ കടപ്പാടുണ്ട്. ആ തണലിലാണ് അവരില്‍ പലരും വളര്‍ന്നത്.
ഇ.വി, കേസരി (ബാലകൃഷ്ണപിള്ള), മുണ്ടശ്ശേരി, കുറ്റിപ്പുഴ, എം.പി പോള്‍ മുതലായി പ്രശസ്തരായ പലേ സാഹിത്യകാരന്മാരും ചങ്ങമ്പുഴയില്‍ കുറെയേറെ സ്വാധീനത ചെലുത്തിയവരാണ്. അവരോടെ ല്ലാം അങ്ങേയറ്റത്തെ ആദരവും കൃതജ്ഞതയും അദ്ദേഹം പുലര്‍ത്തിപ്പോന്നിരുന്നു താനും. അവര്‍ തനിക്ക് നല്‍കിയിട്ടുള്ള സഹായസഹകരണങ്ങള്‍ ഏതവസരത്തിലും ആരോടും ഉറക്കെ വിളിച്ചുപറയുവാന്‍ ആ കൃതജ്ഞഹൃദയന് സദാ സന്നദ്ധനായിരുന്നു. തനിക്കൊരു നിലപാടു കൈവന്നാല്‍ അതിന്നു കാരണക്കാരായവരെ പാടേ മറക്കുന്നവുരുടെ കൂട്ടത്തില്‍ ചങ്ങമ്പുഴയ്ക്കു സ്ഥാനമില്ലായിരുന്നു. കേരളത്തിലെ അക്കാലത്തെ യുവസാഹിത്യകാരന്മാരില് പലരോടും ചങ്ങമ്പുഴ അടുത്തബന്ധം പുലര്‍ത്തിപ്പോന്നു. അവരുടെ ആവശ്യങ്ങളെ അറിഞ്ഞു സഹായിക്കുവാന്‍ അദ്ദേഹം സദാ ജാഗരൂകനായിരുന്നു. അദ്ദേഹത്തിന്റെ സഹായത്താല്‍മാത്രം ഉയര്‍ന്ന ചില സാഹിത്യകാരന്മാര് ഇന്ന് നമ്മുടെ ഇടയിലുണ്ട്. പേരും പെരുമയും ആര്‍ജ്ജിച്ചുകഴിഞ്ഞ അവരില്‍ പലരും ഇന്നു ചങ്ങമ്പുഴയെ സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിക്കുന്നതില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കുവഹിച്ചുവരുന്നു എന്നതും ഒരു വാസ്തവം മാത്രമാണ്.
ദാരിദ്ര്യപീഡയാല്‍ ഗതിമുട്ടിയിരുന്ന സാഹിത്യകാരന്മാരോട് ചങ്ങമ്പുഴയ്ക്കു പ്രത്യേക മമതയുണ്ടായിരുന്നു. താന്‍ അതിന്റെ തിക്തഫലം കുറെയേറെ അനുഭവിച്ച ആളാണല്ലോ. അവരുടെ പ്രശ്നങ്ങള്‍ക്കു നിവാരണം കാണുന്നതില്‍ ആ മനുഷ്യസ്നേഹി സദാ ബദ്ധശ്രദ്ധനായിരുന്നു. എന്നാല്‍ അത്തരം സഹായങ്ങള്‍ക്കു പ്രസിദ്ധീകരണമോ പ്രചരണമോ ചങ്ങമ്പുഴ അശേഷം ആശിച്ചില്ല. താന്‍ മറ്റുള്ളവരുടെ തണലില്‍ വളര്‍ന്നതുപോലെ തന്നെ, തന്റെ തണലില്‍ വളരാന്‍ അവര്‍ക്കും അവകാശമുണ്ടെന്ന് ഉറച്ചുവിശ്വസിച്ചു. അങ്ങനെ ആ ഔദാര്യത്തിന്റെ ആഴവും മാധുര്യവും അനുഭവിച്ചവര്‍ പലരുണ്ട്. മറ്റുള്ളവര്‍, എന്തുചെയ്യാം എന്ന് ആലോചന തുടങ്ങുന്നതിന് മുന്‍പുതന്നെ ചങ്ങമ്പുഴ ചെയ്യേണ്ടതു ചെയ്തുകഴിഞ്ഞിരിക്കും. ആ ദാരിദ്ര്യപീഡിതന്റെ തിക്താനുഭവങ്ങള്‍ പില്ക്കാലത്ത് പലര്‍ക്കും ഉപകാരപ്രദങ്ങളായി.
വിമര്‍ശകരില്‍ മുണ്ടശ്ശേരി, കേസരി, മാരാര്‍, മഹാകവികളില്‍ കുമാരനാശാന്, ഹാസ്യസാഹിത്യകാരന്മാരില്‍ ഇ.വി, ആഖ്യായികാകര്ത്താക്കളില് സി.വി, ചെറുകഥാകൃത്തുക്കളില്‍ പി.സി. കുട്ടിക്കൃഷ്ണന് ഇവരെല്ലാം ചങ്ങമ്പുഴയുടെ പ്രത്യേക പരിഗണയര്ഹിച്ചിരുന്നു. മനുഷ്യഹൃദയത്തിന്റെ ഉള്ളറിഞ്ഞ് കഥകളെഴുതുവാന്‍ ഉറൂബിനുള്ള സാമര്‍ത്ഥ്യം അദ്ദേഹം വളരെ ശ്ലാഘിച്ചിരുന്നു. ശ്രീ. എം. ഗോവിന്ദന് ചങ്ങമ്പുഴയുടെ ആരാധനയാര്ജ്ജിച്ച സുഹൃത്തായിരുന്നു. ``ഇഷ്ടന്റെ കുട്ടൂകാരനില്നിന്നും ഭാഷയ്ക്കു വളരെ പ്രതീക്ഷിക്കാനുണ്ട്' എന്ന് ഗോവിന്ദനെ ഉദ്ദേശിച്ച് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു.
തുള്ളല്ക്കഥകളിലുണ്ടായിരുന്ന അത്ര പരിചയമാണ് ചങ്ങമ്പുഴക്കവിതകളുടെ ഗാനാത്മകതയ്ക്കും, പദസൗകുമാര്യത്തിന്നും പ്രധാന നിദാനം. കുഞ്ചന്റെ ആ പഞ്ചാരപ്പാല്പ്പായസത്തില് നമ്മുടെ കവി തികച്ചും മുഴുകിപ്പോയിരുന്നു. ഒന്നു രണ്ടു പ്രാവശ്യമല്ലാ പല വട്ടവും. ആട്ടക്കഥകളും അദ്ദേഹത്തിന്നു സുപരിചിതങ്ങളായിരുന്നു. ചമ്പുക്കള്‍ മിക്കതും അദ്ദേഹം വായിച്ചിട്ടുണ്ട്.
പ്രസാധകന്മാര് പലപ്പോഴും സാഹിത്യകാരന്മാരെ വല്ലാതെ ചൂഷണം ചെയ്യുന്നു എന്ന അഭിപ്രായക്കാരനായിരുന്നു ചങ്ങമ്പുഴ. അദ്ദേഹത്തിന് അസഹ്യമായിരുന്നുതാനും. ഏതൊരു സാഹിത്യകാരനും അവന്റെ പ്രയത്നത്തിന്നു തക്ക പ്രതിഫലം കിട്ടണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. തന്റെ സാഹിത്യസൃഷ്ടികള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ അദ്ദേഹം ഒരിക്കലും തുനിഞ്ഞില്ല. ഈ നില പലേ അടുത്ത സുഹൃത്തുക്കളെപ്പോലും വിഷമിപ്പിച്ചിട്ടുണ്ട്. ചങ്ങമ്പുഴയെപ്പോലെ ലബ്ധപ്രതിഷ്ഠമായ സാഹിത്യകാരന്മാരുടെ ഈ ``ദുശ്ശാഠ്യം'' ഇന്ന് എളിയ സാഹിത്യകാരന്മാര്ക്ക് ഒരു നേട്ടമായിത്തീര്‍ന്നിട്ടുണ്ട്. സാഹിത്യകാരന് ഒരു കക്ഷിയുടെ ചട്ടുകമായിത്തീരുന്നതില് ചങ്ങമ്പുഴ ബദ്ധവിരോധിയായിരുന്നു. ലോകക്ഷേമാര്‍ത്ഥം തങ്ങളുടെ സുചിന്തിതങ്ങളായ അഭിപ്രായങ്ങള്‍ യാതൊരു ഭയാശങ്കകളും കൂടാതെ എവിടെയും തുറന്നുപറയാനുള്ള അവകാശം ഏത് സാഹിത്യകാരന്മാര്ക്കും എപ്പോഴും ഉണ്ടായിരിക്കേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ബലമായ അഭിപ്രായം. അതിനെ ചോദ്യംചെയ്യാനുള്ള പ്രവണത, അതേതു ഉന്നതസ്ഥാനത്തുനിന്നും പുറപ്പെട്ടതായാലുംശരി സര്‍വ്വശക്തികളും ഉപയോഗിച്ചു ചെറുക്കേണ്ട കടമ ഓരോ സാഹിത്യകാരനുമുണ്ടെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചു. അങ്ങനെ നടന്നു കാണിക്കുകയും ചെയ്തു. ഇവയെല്ലാം സൗകര്യപൂര്‍വ്വം മറന്ന്-അഥവാ മറച്ച്- ആ മനുഷ്യ കഥാനുഗായിയായ കവിയെ തങ്ങളുടെ മാത്രം പ്രവാചകനായി കണക്കാക്കുവാന്തല്പരകക്ഷിക്കാര് കാണിക്കുന്ന ചില വെമ്പല്‍ കണക്കാക്കുവാന്‍ ദയനീയമല്ലെന്ന് എന്തുപറയട്ടെ. എന്നാല്‍ അവരുടെ ഈ ``അന്ധഹസ്തിന്യായ''ത്താല്‍ ആരുംതന്നെ വഞ്ചിതരാകാന്‍ പോകുന്നില്ല.
മംഗോളോദയം, മാതൃഭൂമി, മലയാളരാജ്യം, മനോരമ മുതലായ പ്രസിദ്ധീകരണാലയങ്ങളും, മാമ്മന്‍മാപ്പിള ഈ.വി, എം.പി പോള്‍, മുണ്ടശ്ശേരി മുതലായ സാഹിത്യകാരന്മാരും ചങ്ങമ്പുഴയ്ക്കു ഗണ്യമായ പലേ സഹായങ്ങളും ചെയ്തിട്ടുണ്ട്. അന്ത്യകാലത്ത് മഹാകവി ജിയുടെ സാന്നിദ്ധ്യവും സഹായസഹകരണങ്ങളും നിര്ല്ലോ ഭം ലഭിച്ചു. തനിക്കുവേണ്ടിയ സഹായം ഇതര സാഹിത്യകാരന്മാരില് നിന്നും നേടിയും തന്നാല്‍ ആവത് അന്യര്‍ക്ക് ചെയ്തും, യഥാവഹം ഏവരേയും സ്നേഹിച്ചും ആദരിച്ചും ചങ്ങമ്പുഴ തന്റെ കാലം നയിച്ചു.
അദ്ധ്യായം പതിനെട്ട്
ചങ്ങമ്പുഴ ഒരു തികഞ്ഞ മനുഷ്യന്
ചങ്ങമ്പുഴ സകല സല്‍ഗുണസമ്പൂര്‍ണ്ണനായ ഒരു മാതൃകാമനുഷ്യനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അന്ധ ആരാധകന്മാര് പോലും അവകാശപ്പെടുമെന്ന് തോന്നുന്നില്ല. അദ്ദേഹം ഒരു ആദര്ശനിഷ്ഠനോ, അഭിപ്രായധീരനോ, ആയിരുന്നുവെന്നും ആരും അഭിമാനിക്കുകയില്ല. മനുഷ്യസഹജങ്ങളായ എല്ലാ കുറ്റം കുറവുകളും ആ ജീവിതത്തെ ആമൂലാഗ്രം വലയം ചെയ്തിരുന്നു. ദേവത്വത്തേക്കാള് മനുഷ്യത്വത്തെയത്രേ നമ്മുടെ കവി അഭികാമ്യമായി കരുതിയത്. അകത്തു കത്തിയും പുറത്തു ഭക്തിയുമായി മറ്റുള്ളവരുടെ മുന്പില് ``നല്ലപിള്ള'' ചമഞ്ഞുനടക്കുന്ന അവസരസേവകരുടെ ഇടയില്‍ ചങ്ങമ്പുഴയെ ഒരിക്കലും കാണുകയില്ല. ആ അഭിനയവിശേഷം അദ്ദേഹത്തിന് അശേഷം വശമില്ലായിരുന്നു. ദേവഗീത പാടുമ്പോഴും പിശാചിന്റെ പാട്ടുപാടുമ്പോഴും ചങ്ങമ്പുഴ തികഞ്ഞ മനുഷ്യന്തന്നെയായിരുന്നു. തന്റെ കുറവുകള്‍ ഉച്ചൈസ്തരം വിളിച്ചുപറയുവാനും, അതില്‍നിന്നും ഉളവാകുന്ന ആഘാതപ്രത്യാഘതങ്ങള് അവധാനപൂര്‍വ്വം നേരിടുവാനും അദ്ദേഹം സദാ സന്നദ്ധനായിരുന്നു. തന്റെ കഴിവുകേടും നല്ലതും പൊല്ലാത്തതുമെല്ലാം ആ തുറന്ന പുസ്കതത്തില്നിന്നും ആര്‍ക്കും എപ്പോഴും വായിക്കാം. ആ ഹൃദയത്തിന്നു നേരിയ ഒരു ആവരണം പോലും ഇല്ലായിരുന്നു. ഈ സ്വഭാവത്തിനാല്‍ അനിഷ്ടഫലങ്ങള്‍ പലതും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. എങ്കിലും മരണപര്യന്തം അതിന്നു യാതൊരു മാറ്റവും വന്നിരുന്നില്ല. നമ്മെപ്പോലുള്ളവര്‍ വളരെ അടുത്തുള്ളവരോടുപോലും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ യാതൊരു സങ്കോചവുമില്ലാതെ വെട്ടിത്തുറന്നുപറയുന്നതു കേള്‍ക്കുമ്പോള്‍ ആ നിഷ്കളഹൃദയത്തിന്റെ പരപ്പ് നമ്മെ അത്ഭുതാധീനരാക്കും. ഏതു ജുഗുപ്സാവഹമായ കാര്യവും തന്റെ ഉത്തമ സുഹൃത്തുക്കളോട് പറഞ്ഞേ അടങ്ങൂ എന്ന ഒരു വാശിതന്നെ അദ്ദേഹത്തിന്നുണ്ടായിരുന്നു. ``മനസ്സിലായോ ഇഷ്ടാ'' എന്ന ചോദ്യത്തോടും തക്കതായ അംഗചനലങ്ങളോടും അദ്ദേഹം വര്‍ണ്ണിച്ചിട്ടുള്ള അനവധി സംഭവങ്ങളുടെ മധുരസ്മരണകള് ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ചുകിടക്കുകയാണ്.
എന്റെ സുഹൃത്തു പറയുകയാണ്. ``ഇഷ്ടാ, അവളെന്നോടു പറയുകയാണ്. നാളെ കല്യാണമാണ്. അതുകഴിഞ്ഞതും നാടുവിട്ടുപോകും. എന്തുപറയാനാണ്! ഞാന്‍ പിടിച്ചു എന്തൊക്കേയോ ചെയ്തു. എത്രയായാലും നമ്മള് വളര്ത്തെടുത്ത ചരക്കല്ലേ? അതിനെ അങ്ങനെ വല്ലവര്‍ക്കും വിട്ടുകളഞ്ഞാലോ'' മറ്റൊരിക്കല്‍ ഒരു വൈഭവമുറ്റ മധുരപ്പതിനേഴുകാരിയോട് അവള് അതുപോലെ മറ്റാരെയെങ്കിലും സ്നേഹിക്കുന്നുണ്ടോയെന്ന് എടുത്തുചോദിച്ചപ്പോള്‍ നിങ്ങളുടെ സഹോദരി അങ്ങനെ പലരേയും സ്നേഹിക്കുന്ന കൂട്ടത്തിലാണെങ്കില്‍ ഞാനും അങ്ങനെത്തന്നെഎന്നു അവള് ചൂടോടെ തിരിച്ചടിച്ചുപോലും. ``എന്തൊരു തികഞ്ഞ പെണ്ണ്'' ചങ്ങമ്പുഴ പറയുകയാണ്. ഈ വക കാര്യങ്ങള്‍ ആരോടെങ്കിലും പറയുവാന്‍-അവര്‍ എത്രതന്നെ അടുത്തവരാണെങ്കിലും-നമ്മില്‍ എത്രപേര്‍ ധൈര്യപ്പെടും! പുലരിയില്‍ പൂ പറിച്ചുകൊണ്ടു നിന്നിരുന്ന കാളിദാസന്റെ ശകുന്തളപോലുള്ളവരുടെ വിരലുകളില്പ്പെട്ടെന്നു മുട്ടിയ കഥയും ആ മനസ്ഥിതിയും മറ്റും ഒന്നാംതരം അനുഭവചിത്രങ്ങളത്രേ. തികഞ്ഞ കാവ്യമധുരിമയോടെ ലോകത്തില്‍ നിരത്തിയ ഒന്നാംതരം ചിത്രങ്ങള്‍. തന്റെയും കുടുംബാംഗങ്ങളുടെയും പരമരഹസ്യങ്ങള്‍പോലും തുറന്നുപറയാന്‍ അദ്ദേഹത്തിന് ഒരു പ്രത്യേക വാസനതന്നെ ഉണ്ടായിരുന്നു. അതില്‍നിന്നും വിരുദ്ധഫലങ്ങള്‍ പലതും അനുഭവിക്കേണ്ടിവന്നു. ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന മനുഷ്യനിലെ ഒരുത്തമഘടകം ഈ തുറന്ന ഹൃദയമായിരുന്നു അസാധാരണഘടകം.
``എന്തുവന്നാലും എനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരീജ്ജീവിതം'' എന്ന തത്വസംഹിത സ്വീകരിച്ചതോടെ ``നമ്മള്‍കാണും സങ്കല്പ മല്ലീയുലകം' ' എന്ന വാസ്തവം അദ്ദേഹത്തിന്നു നിതരാം ബോദ്ധ്യമായി. അപ്പോള്‍ പുരോഗതിക്കുള്ള വഴിത്താരകള്‍ എത്രതന്നെ കണ്ടകാകീര്ണ്ണിങ്ങളും നിമ്നോന്നതങ്ങളുമായാലും അവയെ തരണംചെയ്യേണ്ടത് അനിവാര്യമായ ഒരു അവശ്യാവശ്യമായിത്തീര്ന്നു. മാര്‍ഗ്ഗമദ്ധ്യേ വഴിത്താരകള്‍ മാറ്റേണ്ടതായും വന്നുകൂടി. ആ ഇരട്ടവ്യക്തിത്വത്തിന്റെയും, അഭിപ്രായസ്ഥിരതയില്ലായ്മയുടെയും മൂലകാരണങ്ങള്‍ നമുക്കിവിടെ കണ്ടുപിടിക്കാം. കുചേലത്തത്തിന്റെ അപാരഗര്ത്തത്തില്നിന്നും കുബേരതയുടെ കൊടുമുടിയിലേക്ക് ഒറ്റ കുതിക്കെത്തുവാന് അദ്ദേഹം ഇച്ഛിച്ചില്ല. പടിപ്പടിയായി ഉയര്‍ന്ന് ഏതുവിധത്തിലും സമതലത്തില്‍ എത്തേണമെന്നതും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ പരാശ്രയം കൂടാതെ നിറവേറ്റുവാന്‍ സാദ്ധ്യമാകണമെന്ന് അദ്ദേഹം ആശിച്ചു. ഉള്ളവനും ഇല്ലാത്തവനുംതമ്മില് ഇന്നു കാണുന്ന സമുദ്രവിശാലമായ അന്തരം അദ്ദേഹത്തെ പീഡിപ്പിച്ചു. നിരന്തരപരിശ്രമത്താല് തടസ്സങ്ങളെ തട്ടിനീക്കി ഒട്ടൊന്നു മുന്നോട്ടുവരുവാന്‍ അദ്ദേഹത്തിന്നുകഴിഞ്ഞു.
ഉപകാരസ്മരണ ചങ്ങമ്പുഴയുടെ ഒരു സ്വഭാവവിശേഷമായിരുന്നു. ഏതെങ്കിലും വിധത്തില്‍ തനിക്ക് എന്തെങ്കിലും ഉപകാരം ചെയ്ത ഓരോ വ്യക്തിയോടും അദ്ദേഹത്തിന് അതിരറ്റ കൃതജ്ഞയുണ്ടായിരുന്നു. അത് അങ്ങേ അറ്റംവരെ നിലനില്ക്കുകയും ചെയ്തു. പോലീസിന്സ്പെകടര് മുതല്‍ മന്ത്രിവരെ നീണ്ടുനില്‍ക്കുന്ന ആ ഗ്രന്ഥസമര്പ്പണങ്ങളുടെ വൈവിധ്യംതന്നെ ഈ നിഗമനത്തിന്നു മകുടോദാഹരണമാണ്. തനിക്കാവശ്യമുള്ളത് വേണ്ടപ്പെട്ടവരോടും അധികാരപൂര്‍വ്വം ചോദിച്ചുമേടിക്കാന് അദ്ദേഹം അശേഷം മടിച്ചില്ല. തിരുവനന്തപുരത്തു നാലണയ്ക്കു ലഭിക്കാവുന്ന ഒരു തമിള്‍ ബാലപാഠത്തിന്നുവേണ്ടി മദിരാശിയില്‍ വസിക്കുന്ന എനിക്കെഴുതുവാന്‍ ആ സുഹൃത്ത് അശേഷം മടിച്ചില്ല. അതിന്റെ വിലയില്‍ കൂടുതല്‍ തപാല്‍ചിലവു വഹിക്കേണ്ടിവരുമെന്ന കാര്യം അദ്ദേഹം വിസ്മരിച്ചു. തന്റെ ആവശ്യം അറിഞ്ഞുചെയ്തുകൊടുക്കുവാന് തന്റെ കൂട്ടുകാര്‍ കടപ്പെട്ടവരാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ചവിശ്വാസം. അതുപോലെ സുഹൃത്തുക്കളുടെ ആവശ്യങ്ങളും അറിഞ്ഞുചെയ്യുവാന് അദ്ദേഹം സന്നദ്ധനായിരുന്നു.
ഏതാനും തലമുറകള്‍ക്കുശേഷം ശ്രീ: എ. ബാലകൃഷ്ണപിള്ളയെപ്പോലെ അതിബുദ്ധിമാന്മാരായ നിരൂപകന്മാര് കേരളത്തില്‍ ഉണ്ടാവുകയാണെങ്കില്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളമാര്‍ രണ്ടുണ്ടായിരുന്നു എന്നു വാദിക്കത്തക്കവിധം അത്രമാത്രം വിഭിന്നസ്വഭാവങ്ങളുടെ ഒരു ആകത്തുകയായിരുന്നു ചങ്ങമ്പുഴ. ആ കവിതകളില്‍നിന്നുതന്നെ അതിന്നുപോല്‍ബലകമായി എത്ര ഉദാഹരണം വേണമെങ്കിലും എടുത്തുകാണിക്കുവാന്‍ സാധിക്കും. ജീവിതത്തിലും അതു പ്രകടമായിരുന്നു. ആര്‍ഷസംസ്കാരത്തെ അങ്ങേയറ്റം വാഴ്ത്തിക്കൊണ്ട് ഒരു കവിതയെഴുതും. അടുത്തനിമിഷത്തില്തന്നെ അതിനെ പാടെ ചുട്ടെരിക്കേണമെന്നു വീറോടെ വാദിക്കും. ആദര്ശപ്രേമത്തെപ്പറ്റി വാനോളം പുകഴ്ത്തി ഉറക്കെപ്പാടും. താന്‍ അതിന്നു കടകവിരുദ്ധമായി നടന്നുകാണിക്കും. നവദമ്പതികള്‍ക്കു മംഗളാശംസ വായിച്ചുസമര്പ്പിച്ച ഉടന്‍തന്നെ ആ ദാമ്പത്യബന്ധത്തെ അവഹേളിച്ചുകൊണ്ട് ഒരു കഥയെഴുതും. ഇങ്ങനെ കടകവിരുദ്ധമായിരുന്ന ഒരു ഇരട്ടവ്യക്തിത്വം ചങ്ങമ്പുഴയില്‍ സര്‍വ്വദാ കുടികൊണ്ടിരുന്നു. ഇക്കാരണത്താല്‍തന്നെ അദ്ദേഹത്തെപ്പററി പ്രാമാണീകമായ ഒരഭിപ്രായം പറയുവാന്‍ അടുത്ത സുഹൃത്തുക്കള്‍ക്കുപോലും കഴിഞ്ഞിരുന്നില്ല. നിസ്സാരകാരണങ്ങള്‍ക്കുപോലും ആത്മഹത്യചെയ്യാന്‍ തുനിഞ്ഞ ആള് അതിതീവ്രമായ പരീക്ഷണഘട്ടങ്ങളില്‍ മലപോലെ ഉറച്ചുനിന്നതിന് ഞാന്‍ അനുഭവസാക്ഷിയാണ്. ഒരിക്കലല്ലാ പലപ്പോഴും. മരണത്തെ മാടിവിളിച്ചിരുന്ന ആള് അതാസന്നമാണെന്നറിഞ്ഞപ്പോള് അതില്‍നിന്നും എങ്ങനെയെങ്കിലും വിമുക്തനാകുവാന്‍ എത്രമാത്രം ഉല്ക്കണ്ഠിതനായിരുന്നു എന്നത് നമുക്കേവര്‍ക്കും അറിവുള്ളതാണല്ലോ . ഇങ്ങനെ പലതുമുണ്ട് ആ ഇരട്ടവ്യക്തിത്വത്തിന്നു തെളിവുകള്‍.
അത്യധികം ഉദ്ധതനായ ഒരു വ്യക്തിയായിട്ടാണ് ചങ്ങമ്പുഴയെ പലരും കണക്കാക്കിയിട്ടുള്ളത്. ഇതു തികച്ചും തെറ്റായ ഒരു ധാരണാവിശേഷമത്രെ. ആ കവി തീരെ ഉദ്ധതനായിരുന്നില്ല എന്നുമാത്രമല്ലാ അത്യധികം വിനയസമ്പന്നനായിരുന്നു. എന്നാലും എവിടേയും ആരുടെ മുന്‍പിലും സ്വാഭിമാനം കൈവിടാന്‍ ചങ്ങമ്പുഴ തയ്യാറല്ലായിരുന്നു. കത്തിടപാടുകളിലും മറ്റും അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്ന വിനയാതിരേകം പലരേയും അത്ഭുതാധീനരാക്കിയിട്ടുണ്ട്. തങ്ങള്‍ക്കില്ലാത്ത മഹിമാതിരേകം ഉണ്ടെന്നു തെളിഞ്ഞുനടക്കുന്ന ജളന്മാരെ നല്ലപാഠം പഠിപ്പിക്കുന്നതില്‍ വിരുതനായിരുന്നു ചങ്ങമ്പുഴ. രാജത്വത്തിന്റെയും പ്രഭുത്വത്തിന്റെയും തജ്ജന്യമായ ഔദ്ധത്യത്തിന്റെയും മുമ്പില്‍ അദ്ദേഹം ഒരിക്കലും തലകുനിച്ചില്ല. മനുഷ്യര്‍ എന്ന നിലയില്‍ ഏവരും സമന്മാരെന്നാണ് ചങ്ങമ്പുഴ വിശ്വസിച്ചത്.
കോട്ടയം പുരോഗമന സാഹിത്യസമ്മേളനത്തിലെ അദ്ധ്യക്ഷപ്രസംഗവും അക്കാലഘട്ടത്തില്‍ എഴുതിയ ചില കവിതകളും -രക്തപുഷ്പങ്ങളിലും മറ്റും സമാഹരിച്ചവ-കണ്ട് ചങ്ങമ്പുഴ തങ്ങളുടെ കക്ഷിയില്‍പ്പെട്ട ഒരാളാണെന്ന് ഒരുകൂട്ടര്‍ അനുമാനിക്കുകയുണ്ടായി. എന്നാല്‍ ഏറെത്താമസിയാതെ പ്രസിദ്ധീകൃതങ്ങളായ മറ്റു ചില കവിതകള്‍- പാടുന്ന പിശാച് പ്രധാനം - വായിച്ചപ്പോഴാണ് അക്കൂട്ടര്‍ക്കു തങ്ങള്‍ക്കുപറ്റിയ അബദ്ധത്തിന്റെ ഹിമാലയത്വം ശരിക്കു മനസ്സിലായത്. മനുഷ്യപുരോഗതിക്ക് പറ്റിയതെന്ന് തനിക്കു തോന്നിയ ഏതു കാര്യത്തെപ്പറ്റിയും ആ ഉദാരഹൃദയന് ഉറച്ചുറച്ചുപാടി. വീണ്ടും വീണ്ടും പാടി. അവിടെ രു കക്ഷിയും, വര്‍ഗ്ഗവും, തത്വസംഹിതയും ഒന്നുംതന്നെ പ്രമാണമായില്ല. മനുഷ്യന്‍മാത്രം അതെ, മാനവസമുദായത്തിന്റെ ഉന്നമനം. അതൊന്നുമാത്രമായിരുന്നു ചങ്ങമ്പുഴക്കവിതകളുടെ ജീവന്. അഥവാ, അത്യുന്നതലക്ഷം. ചങ്ങമ്പുഴ തികഞ്ഞ ഒരു മനുഷ്യനായിരുന്നു.
അഭിപ്രായത്തില്‍ മാത്രമല്ലാ ആകാരത്തിലും വൈരുദ്ധ്യം പാലിച്ചിരുന്ന ഒരു വ്യക്തിയാണ് ചങ്ങമ്പുഴ. ഒരിക്കല്‍ നിത്യാമുഖാക്ഷരവും പൗഡറും സ്നോയും വാസനാദ്രവ്യങ്ങളും കങ്കണങ്ങളും, മടങ്ങാത്ത കോളറുള്ള ഷര്‍ട്ടും എല്ലാമായി, മദിരയും മദിരാക്ഷിയുമൊത്തെ കാണുന്ന ആളിനെ അടുത്ത നിമിഷത്തില്‍ സര്‍വ്വസംഗപരിത്യാഗിയായ ഒരു സന്യാസിയുടെ മട്ടില്‍ താടിയും ജടയും വളര്‍ത്തി, ചിന്താമഗ്നയായി, മൂകനായി, അലക്ഷ്യവസ്ത്രധാരിയായി നടക്കുന്നതുകണ്ടാല്‍ നിങ്ങള്‍ അമ്പരന്നുപോകും. കഴിയുന്നത്ര സുഭഗനായി കോളേജുക്ലാസില് വരുന്ന ആള് തുലോം മുഷിഞ്ഞ വേഷത്തില്‍ പ്രസംഗപീഠങ്ങളില്‍ പ്രത്യക്ഷപ്പെടും. സ്വജനങ്ങളെ പ്രാണാധികം സ്നേഹിക്കുന്ന ആള് ചില അവസരങ്ങളില്‍ അവരെ പുലഭ്യംപറഞ്ഞുകൊണ്ട് നാടുനീളെ നടക്കുന്നതുകാണാം. ഇത്തരമുളള പലേവിഷയങ്ങളിലും ഈ.വി. കൃഷ്ണപിള്ളയോട് വളരെ അടുത്ത സാമ്യം നമ്മുടെ കൃഷ്ണപിള്ള വഹിച്ചിരുന്നു. തന്റെ തെറ്റുകളാല്‍ വന്നുചേരുന്ന അനിഷ്ടഫലങ്ങള്‍ക്ക് ചങ്ങമ്പുഴ മറ്റാരേയും ഒരിക്കലും കുറ്റപ്പെടുത്തിയിരുന്നില്ല. എല്ലാത്തിനും പശ്ചാത്താപം പ്രായശ്ചിത്തമാക്കി അദ്ദേഹം കരുതി. അനുഷ്ഠിച്ചു. ഭൂതഭാവികളെ അശേഷം മാനിക്കാതെ വര്ത്തമാനകാലത്തെമാത്രം കണക്കിലെടുത്താണു ചങ്ങമ്പുഴ ജീവിതം നയിച്ചത്.
ചങ്ങമ്പുഴയുടെ ഹൃദയനൈര്മ്മല്ല്യം വെളിപ്പെടുത്തുന്ന ഹൃദയസ്പൃക്കായ ഒരു സംഭവം ഇവിടെ രേഖപ്പെടുത്തുന്നു. 1943 സെപ്തംബര്‍ മാസത്തിലാണ്. ഞാന്‍ വിവാഹിതനായി നാട്ടില്‍ പോയിരിക്കുകയായിരുന്നു. കൊച്ചിയില്‍ ഉദ്യോഗത്തില്‍ ഇരുന്ന ചങ്ങമ്പുഴ സകുടുംബം അവിടെയാണു താമസിച്ചിരുന്നത്. സംഗതിവശാല്‍ എന്റെ വിവാഹത്തിന്നു സന്നിഹിതനാകാന്‍ കൂട്ടുകാരനു കഴിഞ്ഞില്ല. എനിക്കൊരു കത്തെഴുതി. താന്‍ പിറ്റെദിവസം ഇടപ്പള്ളിക്കു വരുന്നുണ്ടെന്നും തന്നെ കണ്ടതിനുശേഷമേ മദിരാശിക്കു പുറപ്പെടാവൂ എന്നുമായിരുന്നു ആ കത്തിന്റെസാരം.
നിര്‍ദ്ദിഷ്ടസമയത്ത് എന്റെ സുഹൃത്തെത്തി. ഞങ്ങള്‍ പലേ വിഷയങ്ങളെപ്പറ്റിയും കാര്യമായി സംഭാഷണം തുടര്‍ന്നു. സംഭാഷണമധ്യേ അദ്ദേഹം കൂടെക്കൂടെ ചിന്താഗ്രസ്തനാകുന്നതും, ഒരു കടലാസില്‍ എന്തോ കുത്തിക്കുറിക്കുന്നതും ഞാന്‍ കണ്ടു. എനിക്കതു സഹിക്കുവാന്‍ കഴിഞ്ഞില്ല. ഏതാനും മണിക്കൂര്‍മാത്രം ലഭിക്കുന്ന ആ സൗഹൃദസമ്മേളനം ഒരു മിനിട്ടുപോലും നഷ്ടപ്പെടുന്നതില്‍ എന്റെ ഹൃദയം വേദനിച്ചു. അല്പം പരിഭവസ്വരത്തില്‍ ഞാന്‍ പറഞ്ഞു. ``ഇഷ്ടാ ഞാന്‍ നാളെത്തന്നെ പൊയ്ക്കൊള്ളാം. എന്നിട്ടുപോരെ ഈ കവിതയെഴുത്ത്.'' അദ്ദേഹം സങ്കടം പറഞ്ഞു. ``നമ്മുടെ സഞ്ജയന് മരിച്ചുപോയി.'' ഇന്നലെ; ഞാന്‍ ഒരു അനുശോചനകാവ്യം എഴുതുകയാണ്. ഇന്നു മാതൃഭൂമിക്കയക്കണം. എന്നാലേ അടുത്തലക്കത്തില്‍ വരികയുള്ളൂ. കല്യാണംകഴിഞ്ഞു കണ്ടഉടന്‍ ഈ അശുഭവാര്‍ത്ത അറിയിക്കേണ്ടെന്നു കരുതിയാണ് ഞാന്‍ ആദ്യമേ ഒന്നും മിണ്ടാഞ്ഞത്.'' ആ സ്വരം ഇടറി; കണ്ണുകള്‍ നിറഞ്ഞു. അങ്ങനെ'' അനുമോദനം പരം വ്യര്‍ത്ഥം, പിന്നെ അനുശോചനത്തിന്നെന്തര്ത്ഥം'' എന്നു ആ കരളലിയിക്കുന്ന ശോകഗാനം അവിടെവെച്ചുതന്നെ മുഴുമിച്ചു. ജീവിതകാലമത്രയും തന്നെ നിര്‍ദ്ദാക്ഷിണ്യം സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിച്ച ഒരാളുടെ മരണം ചങ്ങമ്പുഴയുടെ ഹൃദയത്തില്‍ ഉളവാക്കിയ പ്രതികരണം ഇതാണെങ്കില്‍ ആ ഹൃദയത്തിന്റെ കുസുമമൃദുലതയ്ക്ക് വേറെ ഉദാഹരണം ആവശ്യമില്ലല്ലോ . മാനുഷീകമൂല്യങ്ങള്‍ മുറ്റിനിന്ന ഒരു നല്ല തികഞ്ഞ മനുഷ്യനായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള.
അദ്ധ്യായം പത്തൊന്‍പത്
ചങ്ങമ്പുഴ ഒരു മാതൃകാസുഹൃത്ത്
മാതൃകാസുഹൃത്തെന്ന നിലയില്‍ ചങ്ങമ്പുഴയെ കവച്ചുവെക്കുന്ന ഒരു വ്യക്തിയെ കാണുക വളരെ വിഷമമാണ്. എന്റെ ജീവിതദശയില്‍ അത്തരം ഒരാളെ വേറെ കണ്ടുകിട്ടിയിട്ടില്ലെന്നത് പരമാര്‍ത്ഥം മാത്രമാണ്. തന്റെ ഹൃദയം ഏതവസരത്തിലും തുറന്നുകാട്ടുവാന്‍ സന്നദ്ധനായ ഒരു വ്യക്തിയായിരുന്നു ചങ്ങമ്പുഴ. അവിടെ നേരിയ ഒരാവണം പോലും ഉണ്ടായിരിക്കയില്ല. മറക്കേണ്ട ഭാഗങ്ങള്‍ പലതുണ്ടെങ്കിലും പരിശുദ്ധവും മൃദുലമൃദുലവുമായ ഒരു ശിശുഹൃദയത്തിന്റെ ഉടമസ്ഥനായിരുന്നു നമ്മുടെ കവി. ആ ജീവിതം തന്നെ ഒരു സ്നേഹാന്വേഷണമായിരുന്നു എന്നുപറഞ്ഞാല്‍ തെറ്റില്ല. തന്റെ ഹൃദയത്താല്‍ മറ്റുള്ളവരുടെ ഹൃദയശുദ്ധിയെ അളക്കേണ്ടിവന്നത് ചങ്ങമ്പുഴയ്ക്കു നേരിടേണ്ടിവന്ന പരാജയങ്ങളുടെ മൂലകാരണമാണ്. ``തമ്മിലറിയാതില്ലിത്രനാളും നമ്മിലൊരൊറ്റ രഹസ്യം പോലും' എന്നു രാഘവന്‍പിള്ളയെ ഉദ്ദേശിച്ച് ആ കവി പാടിയത് തന്റ സ്നേഹിതന്മാരുടെ കാര്യത്തില്‍ അദ്ദേഹവും പാലിച്ചുവന്നു. നമുക്കദ്ദേഹത്തെ ശാസിക്കാം, ഉപദേശിക്കാം നിയന്ത്രിക്കാം, അധിക്ഷേപിക്കാം; അതൊരു സൗഹൃദഹൃദയത്തില് നിന്നാണെങ്കില്‍ അദ്ദേഹം സന്തോഷപൂര്‍വ്വം പൊറുക്കും. കുടുംബാംഗങ്ങളെക്കാള്‍ കൂട്ടുകാരെ വിശ്വസിക്കുകയും സ്നേഹിക്കുകയും സഹായിക്കുകയും ആശ്രയിക്കുകയും ചെയ്ത ഒരാളാണു ചങ്ങമ്പുഴ. യാതൊരു പരീക്ഷണങ്ങളും കൂടാതെ ആരെയും അദ്ദേഹം സ്നേഹിച്ചു. ഒരിക്കല്‍ അടുത്താല്‍ മതി പിന്നെ അകലുക വിരളമാണ്. അഥവാ അകന്നാല്‍ തന്നെ ആ സൗഹൃദത്തിന്റെ മധുരസ്മരണ നമ്മില്‍ മായുകില്ല; മറയുകില്ല. സുഹൃത്തുക്കളുടെ ഉപദേശങ്ങള്‍ കേള്‍ക്കുവാന്‍ അദ്ദേഹം ഉത്സുകനായിരുന്നു. ജീവിതകാലമത്രയും നീണ്ടുനിന്ന ഞങ്ങളുടെ സ്നേഹബന്ധത്തില്‍ നിന്നും പല അനുഭവങ്ങളും ഇവിടെ അണിനിരത്തുവാന്‍ കഴിയും. അവയുടെ അനുസ്മരണം പോലും ഇന്നും മനസ്സിനെ കോരിത്തരിപ്പിക്കുന്നു.
അതിവിപുലമായ ഒരു സുഹൃദ്മണ്ഡലത്തിന്റെ അവകാശിയായിരുന്നു ചങ്ങമ്പുഴ. അവിടെ കുബേരകുചേലഭേദമോ, സ്ത്രീപുരുഷഭേദമോ, പണ്ഡിതപാമരഭേദമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ഹൃദയബന്ധം. അതുമാത്രമായിരുന്നു ചങ്ങമ്പുഴയുടെ സൗഹൃദത്തിന്റെ ജീവതന്തു. കള്ളുഷാപ്പില്‍ പാത്രം കഴുകുന്ന പിള്ളേര് മുതല്‍ തമ്പുരാക്കന്മാര് വരെ നീണ്ടുപോകുന്നു അദ്ദേഹത്തിന്റെ കൂട്ടുകാരുടെ പട്ടിക. ആരെയും ആദരിക്കുക, സ്നേഹിക്കുക എന്നാല്‍ തന്റെ ആത്മാഭിമാനം വിടാതെ കാക്കുക, ഇതായിരുന്നു ചങ്ങമ്പുഴയുടെ സ്വഭാവം. തനിക്കാവശ്യമുള്ളതു മറ്റുള്ളവരോട് ചോദിക്കുക, അവര്‍ക്കുവേണ്ടതു കൊടുക്കുക, ഇതു രണ്ടിനും ചങ്ങമ്പുഴ അശേഷം സങ്കോചപ്പെട്ടിരുന്നില്ല. കേരളീയരെ ആകമാനം തന്റെ സുഹൃത്തുക്കളായി കാണാനുള്ള വിശാലഹൃദയം അദ്ദേഹത്തിനുണ്ടായിരുന്നു. ആ വിശാലവീക്ഷണം കൊണ്ടാണല്ലോ അന്ത്യകാലത്തു തന്റെ ആവശ്യങ്ങള്‍ അവരോടു തുറന്നുപറഞ്ഞ്, അവരുടെ മുന്പില് കൈ മലര്ത്തിനില്ക്കുവാന് ആ സ്നേഹസമ്പന്നന് സന്നദ്ധനായത്. ദുരഭിമാനം അദ്ദേഹത്തെ തീണ്ടിയിട്ടില്ല. സാധാരണക്കാരുടെ വളരെ അടുത്ത ബന്ധുവും സുഹൃത്തുമായിരുന്നു ചങ്ങമ്പുഴ.
ഒരിക്കല്‍ എന്റെ സുഹൃത്തു മദിരാശിയില്‍ നിന്നും ഇടപ്പള്ളിയിലേക്കു പോവുകയായിരുന്നു. വണ്ടി പുറപ്പെടുമ്പോള്‍ അമ്മയോട്(എന്റെ) വല്ലതും പറയാനുണ്ടോ എന്ന് അദ്ദേഹം തിരക്കി. എനിക്കു സുഖമാണെന്നു പറയൂ എന്നു ഞാന്‍ മറുപടിപറഞ്ഞു. അദ്ദേഹം നാട്ടില്‍ എത്തിയതും അമ്മയെക്കണ്ട് മദിരാശി വിശേഷങ്ങളെല്ലാം പറഞ്ഞ ശേഷം ``മകന് തന്നതാണ്'' എന്നുപറഞ്ഞ് ഒരു ചെറിയ തുകയും കയ്യില്‍ വെച്ചുകൊടുത്തു. ``അതു നന്നായി. ശിവരാത്രിച്ചെലവിന് അവന് തന്നയച്ചതായിരിക്കും. അവന് എന്നെ മറക്കാറില്ല'' എന്നു വാത്സല്യനിര്ഭരയായ ആ മാതാവ് പുത്രനെ സ്തുതിച്ചു. ``ചങ്ങമ്പുഴ കൃഷ്ണന്‍കുട്ടിയുടെ കയ്യില്‍ കൊടുത്തയച്ച പണം കിട്ടി.'' എന്ന് അമ്മയുടെ എഴുത്തുവന്നപ്പോഴാണ് ഞാന്‍ വിവരം അറിയുന്നത്. മകന് ഒന്നും കൊടുത്തയച്ചില്ലല്ലോ എന്നുപറഞ്ഞ് ആ മാതാവ് പരിഭവപ്പെട്ടെങ്കിലോയെന്ന് അദ്ദേഹം സംശയിച്ചിരിക്കണം. എന്തൊരു ഉചിതജ്ഞത.
പാരമ്പര്യമായിത്തന്നെ അടുത്ത ബന്ധം പുലര്‍ത്തിപ്പോന്ന തുല്യനിലയിലുള്ള രണ്ടു കുടുംബങ്ങളിലെ അംഗങ്ങള്‍ എന്ന നിലയില്‍ ശൈശവത്തിലേ ആരംഭിച്ചു പൂത്തുവിരിഞ്ഞ ഒരു മാതൃകാ സൗഹൃദമായിരുന്നു ഞങ്ങളുടേത്. അതിന്ന് ഈടും ഉറപ്പും വളരെയേറെയുണ്ടായിരുന്നുതാനും. തമ്മില്‍ പിണങ്ങേണ്ട ഒരവസരവും ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഭാര്യാകുടുംബങ്ങള് തമ്മിലുള്ള ചില വസ്തുതര്‍ക്കങ്ങളും മറ്റും ഇന്നും നടന്നുവരുന്നുണ്ടെങ്കിലും അക്കാര്യത്തെപ്പറ്റി ഞങ്ങള്‍ ഒരിക്കല്‍പോലും സംസാരിച്ചിട്ടില്ലെന്നതു പരമാര്‍ത്ഥം മാത്രമാണ്. സാഹിത്യപരമായി പലേ ചര്‍ച്ചകളും ഒട്ടൊക്കെ വിരുദ്ധാഭിപ്രായങ്ങളും ഞങ്ങള്‍ പുലര്‍ത്തിപ്പോന്നു എന്നതു സത്യമാണ്. ചങ്ങമ്പുഴയുടെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ കാവ്യസരണിയെ ഞാന്‍ വളരെയൊന്നും മാനിച്ചിരുന്നില്ല. അതു പല സന്ദര്‍ഭങ്ങളിലുമായി ആ സുഹൃത്തിനോടുതന്നെ തുറന്നു പറഞ്ഞിട്ടുണ്ടുതാനും. അതിന്നുള്ള അധികാരവും അവകാശവും എനിക്കുണ്ടെന്നു ഞാന്‍ ദൃഢമായി വിശ്വസിച്ചു. ഇന്നും വിശ്വസിക്കുന്നു. എതിരഭിപ്രായങ്ങള്‍ ഞങ്ങളുടെ സൗഹൃദബന്ധത്തിന് ഒരിക്കലും ഒരുവിധത്തിലും തടസ്സമായിരുന്നില്ല. ആ സാഹിതീസപര്യയില്‍ സ്വാധീനത ചെലുത്തുവാന്‍, വളരെ ചെറുപ്പത്തിലേതന്നെ ``പരദേശി''യായിത്തീര്‍ന്ന എനിക്കു കഴിഞ്ഞില്ലെങ്കിലും ചില നിര്‍ണായകഘട്ടങ്ങളില്‍ അവയെ ഒട്ടൊന്നു തിരിച്ചുവിടാന്‍ സാധിച്ചു എന്ന് ഞാന്‍ അഭിമാനിക്കുന്നു.
പലപ്പോഴും ആ സുഹൃത്തിനെ ശാസിക്കാനും, കുറ്റപ്പെടുത്തുവാനും അദ്ദേഹത്തോടു പരിഭവപ്പെടുവാനുമുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയെല്ലാംതന്നെ തന്റെ അഭ്യുന്നതിയെ മാത്രം ലക്ഷ്യമാക്കിയ ഒരാത്മസുഹൃത്തിന്റെ സൗഹൃദവചനങ്ങളായി മാത്രമേ ആ സുഹൃത്ത് പരിഗണിച്ചുള്ളൂ. ആദ്യകാലത്ത് ``ശര്ക്കരക്കുഴമ്പിലും കൈപ്പുതാന് ദര്‍ശിക്കുന്നു'' എന്നു കുറ്റപ്പെടുത്തിക്കൊണ്ട് ഞാന്‍ എഴുതിയ ഒരു കത്താണ് ``കൊടുങ്കാറ്റുപോലുള്ള ചില കവിതകളുടെ നിര്‍മ്മാണത്തിനു തന്നെ പ്രേരിപ്പിച്ചതെന്നു ചങ്ങമ്പുഴ പലരോടും പറഞ്ഞതായി എനിക്കറിയാം.
``രമണനെ ലഭിക്കുവതിന്നു ഞാന്‍
അമരണം മരണം വരെയെന്നതോ''?
ഇത്യാദി പരിഭവങ്ങളും,
``പണ്ടേ സാഹിതിയാളെവേട്ടു, പുനരീ യുദ്യോഗമാം വേശ്യയെ-
ക്കണ്ടേറെക്കൊതിപൂണ്ടടുത്തവളെയും പാണിഗ്രഹണം ചെയ്യവേ,
രണ്ടാമത്തവളോടെഴും മമതയാല്‍ സദ്വൃത്തയാം സാഹിതി-
ക്കുണ്ടാകുന്നുവികല്പ, മായതുസഖേ കൊണ്ടാടുകില്ലാരുമേ;
എന്നിങ്ങനെയുള്ള ഉപദേശങ്ങളും
രണ്ടാമതും പ്രിയതമയ്ക്കൊരു പുത്രലാഭ-
മുണ്ടാകുവാന്‍ സമയമാണിദമന്നുരച്ചു
ഉണ്ടായിതോ ഫലമതിന്നുസഖേ; മനസ്സീ-
ലുണ്ടായതിന്നറിയുവാന് വലുതായമോഹം''
മുതലായ കുശലാന്വേഷണങ്ങളും
എന്നാകിലും ചിലതു സൗഹൃദധര്മ്മമോര്ത്തി-
ട്ടെന്നാ,കിലും കവിമണേ, പറയാതിരുന്നാല്‍
നന്നാവുകില്ലിതുവിധം മനതാരിലോര്ത്തു-
വന്നാകിലേ സഫലമീ നരജന്മലാഭം.''
എന്നിങ്ങനെയുള്ള തത്വബോധനങ്ങളും മറ്റും അടങ്ങിയ കത്തുകള്‍ ഞാന്‍ ആ സുഹൃത്തിനു ധാരാളം എഴുതിയിട്ടുണ്ട്. ഇവയ്ക്കെല്ലാം സമുചിതവും സ്നേഹമസൃണവുമായ മറുപടികള്‍ എന്റെ സുഹൃത്ത് അപ്പോഴപ്പോള്‍ എഴുതിവന്നു. ഇവിടെയൊരു കാര്യം എടുത്തുപറയേണ്ടതുണ്ട്. ഞാന്‍ എന്റെ കഷ്ടിപിഷ്ടി കവിത്തരംവച്ച് കഴിയുന്നതും പദ്യത്തില്‍ എഴുതുവാന്‍ വെമ്പല്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ആ വശ്യവചസ്സായ കവി ഒരു കത്തുപോലും എനിക്കു പദ്യത്തില്‍ എഴുതുകയുണ്ടായില്ല എന്നതാണ് അത്. ``പ്രത്യുത്തരം പദ്യമായ് കണ്ടീടാന്‍ കൊതിയുണ്ടെനിക്കു സുമതേ സാധിക്കുമോകാമിതം. ' എന്ന് ഞാന്‍ ഹൃദയംതുറന്നഭ്യര്ത്ഥിച്ച അവസരത്തില്‍പോലും ``അങ്ങുള്ളിലേതും പ്രസാദ'മുണ്ടായില്ല എന്നത് ഇന്നും ഒരത്ഭുതമായി എനിക്കു തോന്നുന്നു. ഒരുപക്ഷേ തന്റെ ആത്മമിത്രത്തിനുള്ള കത്തുകള്‍ ``ശ്ലോകത്തില്‍ കഴിക്കു''വാന്‍ ആ ആത്മമിത്രം ഇഷ്ടപ്പെട്ടില്ലായിരിക്കാം. ആ ഗദ്യങ്ങള്തന്നെ ഒന്നാംതരം കവിതകളായിരുന്നു. കൊച്ചുകൊച്ചുവാചകങ്ങളില് ഹൃദയം തുറന്നുകാട്ടുന്ന ആ ഓരോ പദങ്ങളും വിലപ്പെട്ടതായിരുന്നു.
പാലക്കാട്ടുവെച്ചുനടന്ന സാഹിത്യപരിഷത്തില്‍ എന്റെ സുഹൃത്ത് ``കൊടുങ്കാറ്റ്'' എന്ന പ്രസിദ്ധ കവിത വായിച്ചതിനെ തുടര്‍ന്ന് ഞാന്‍ എഴുതി: ``ഭാരതമാതാവിന്റെ കാല്ച്ചങ്ങലയെക്കണ്ടു വേദനപ്പെടുന്ന കവി അതറുത്തെറിയുവാന് ജനങ്ങളെ പ്രേരിപ്പിക്കത്തക്കവിധം എന്തുചെയ്തു എന്നും വെറും പ്രേമകവിതകളും വിഷാദാത്മകതയും പാടിക്കേള്‍പ്പിച്ച് ജനങ്ങളെ നിര്വ്വീര്യരാക്കുന്നതു ശരിയല്ലെ''ന്നും ഞാന്‍ ആ കത്തില്‍ ഊന്നിപ്പറഞ്ഞിരുന്നു. ``നമ്മുടെ വള്ളത്തോളും മറ്റും അക്കാര്യത്തില്‍ അസൂയാവഹമായ പരിശ്രമം ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍'' താന്‍ അക്കാര്യത്തില്‍ മനസ്സുവെച്ചില്ലെന്നായിരുന്നു സുഹൃത്തിന്റെ സമാധാനം. എങ്കിലും പരിശ്രമിക്കാം എന്ന് എന്നെ സാന്ത്വനപ്പെടുത്തുകയും ചെയ്തു. കാര്യമായി ഒന്നും ചെയ്തതുമില്ല. ഒരുപക്ഷേ കൂറെക്കൂടെ വിശാലമായ മണ്ഡലത്തിലാണ് അദ്ദേഹത്തിന്റെ മാനസഹംസം വിഹരിച്ചിരുന്നത്.
അന്ത്യനിമിഷം വരെ ആ സുഹൃത്തിന്റെ ഹൃദയത്തില്‍ ഈ കളിത്തോഴന്‍ ഒരു സ്ഥാനമുണ്ടായിരുന്നു. അസൂയാവഹമായ സ്ഥാനം. എന്റെ എഴുത്തും കമ്പിയുമാണ് അദ്ദേഹം അവസാനമായി വായിച്ചതെന്നു ഞാന്‍ പിന്നീടറിഞ്ഞു. എനിക്കെപ്പോഴും തോന്നിയിട്ടുണ്ട് ആദ്യമായി ഒരുത്തമസുഹൃത്തായിട്ടാണ് ചങ്ങമ്പുഴയെ കണക്കാക്കേണ്ടതെന്ന്. ആ ഉല്കൃഷ്ടകവിത്വത്തിന് അതിന്നടുത്ത സ്ഥാനമേയുള്ളൂ. സൗഹൃദരായ കേരളീയര്‍ അവരുടെ മഹാകവിയായ ചങ്ങമ്പുഴയെ വാഴ്ത്തുമ്പോള്‍ ഞാന്‍ എന്റെ പ്രാണസുഹൃത്തിനെ-ചങ്ങമ്പുഴ കൃഷ്ണന്‍കുട്ടിയെ- ഓര്‍ത്താണ് കേഴുന്നത്.
``മറ്റുള്ള കൂട്ടുകാരെത്ര നിന്നെ-
കുറ്റംപറകിലുമിന്നുമെന്നും
മാനവരത്നമെ, നിന്റെ മുന്പില്
ഞാനൊരാരാധകനായിരിക്കും!!''
അദ്ധ്യായം ഇരുപത്
ചങ്ങമ്പുഴ: കേരളീയരുടെ ജനകീയമഹാകവി
ചങ്ങമ്പുഴയെപ്പോലുള്ള അനുഗൃഹീത സാഹിത്യകാരന്മാരുടെ സാഹിത്യപരിശ്രമങ്ങളെ സമര്‍ത്ഥമായും സമഗ്രമായും വിലയിരുത്തുന്നത് ഏതുഭാഷയ്ക്കും ഭൂഷണമായിരിക്കും. നമ്മുടെ ഭാഷയില്‍ അത്തരമൊരു പ്രസ്ഥാനം ഇനിയും വളരേണ്ടതായിട്ടാണിരിക്കുന്നത്. അത്തരമൊരു വിലയിരുത്തലിന്നല്ലാ ഇവിടെ മുതിരുന്നതെന്ന് ആദ്യമായി പറഞ്ഞുവച്ചുകൊള്ളട്ടെ. അത് ഈ ഗ്രന്ഥത്തിന്റെ പരിധിയില്പ്പെടുന്നതുമില്ല. ലബ്ധപ്രതിഷ്ഠനായ ഒരു കവിയുടെ ജീവചരിത്രസ്പര്ശിയായ ഒരു ഗ്രന്ഥത്തില്‍ അദ്ദേഹത്തിന്റെ കവനകുശലതയെ തൊട്ടുരുമ്മി പോകേണ്ടതുണ്ട്. അതിവിപുലമായ ആ സാഹിത്യപരിശ്രമങ്ങളുടെ ഒരു വിഹഗവീക്ഷണം മാത്രമേ ഇവിടെ കരണീയമായിട്ടുള്ളൂ.
ആരാമത്തിന്റെ രോമാഞ്ചം ആരുവാങ്ങുമെന്ന അന്വേഷണത്തോടെ അനാഗതശ്മശ്രുവായ ഒരു ബാലന് കൈരളീക്ഷേത്രത്തിലേക്കു കടന്നുവരുന്നു. തികച്ചും അഭിനവവും അഭിരാമവുമായിരുന്നു അദ്ദേഹത്തിന്റെ ശില്പവൈചിത്ര്യം. അതിനെ ആകാംക്ഷാപൂര്‍വ്വം ഏറ്റുവാങ്ങാന്‍ ആളുകള്‍ ധാരാളമുണ്ടായി. സമുന്നതരായ മൂന്നു മഹാകവികളുടെ കൈമെയ് പരിലാളനത്താല്‍ ഏതാണ്ടു സമൃദ്ധിയില്‍ പദമൂന്നിയ കൈരളിയുടെ കവിതാമണ്ഡലത്തിലാണ് ചങ്ങമ്പുഴ ഉദയംകൊള്ളുന്നത്. എങ്കിലും കാലുകള്‍ പതറാതെ കണ്ഠം ഇടറാതെ ആ ഗാനഗന്ധര്വ്വന് പാടിപ്പാടി ഉയര്‍ന്നു. അങ്ങനെ തുടര്‍ന്ന് ഒരു പതിനഞ്ചു സംവത്സരക്കാലം നിരന്തരം നിസ്തന്ദ്ര ം സഹൃദയഹൃദയങ്ങളെ കോരിത്തരിപ്പിക്കുന്ന ആ ദൈവീകഗാനധാര കേരളക്ഷേത്രമെങ്ങും അലയടിച്ചു.
വൈവിദ്ധ്യവും വൈരുദ്ധ്യവും വൈചിത്ര്യവും നിറഞ്ഞ ഒരു കവിതാപ്രവാഹമായിരുന്നു അത്. പ്രത്യക്ഷവിരുദ്ധങ്ങളായ രണ്ടടിയൊഴുക്കുകള് അതില്‍ ഉടനീളം വ്യാപരിച്ചിരുന്നു. മാനവകഥാനുഗായകനായ ഒരു സരളഹൃദയന് ഒരുപക്ഷെ ഒരു സുസ്ഥിരസ്ഥാനത്തു നില്ക്കുവാന് സാദ്ധ്യമായില്ലെന്നുവന്നേക്കാം. ജീവിതത്തിലെ അനുഭവജന്യങ്ങളായ വൈരുദ്ധ്യങ്ങള്‍ സത്യനിഷ്ഠയോടെ ആവിഷ്ക്കരിക്കുവാന്‍ കവി വെമ്പല്കൊണ്ടുവെന്ന് നമുക്ക് വേണമെങ്കില്‍ സമാധാനിക്കാം. ഏതാണ്ടു മൂന്നു പഞ്ചവത്സരഘട്ടങ്ങളായി ചങ്ങമ്പുഴക്കവിതകളെ കണക്കാക്കാമെന്നുതോന്നുന്നു. പ്രേമത്തേയും നൈരാശ്യത്തേയും ഊന്നി എഴുതപ്പെട്ട ആദ്യകാലകവിതകള്‍, ദരിദ്രജനബന്ധു എന്ന നിലയില്‍ വിപ്ലവാത്മകതയോടെ എഴുതിയ അടുത്തഘട്ടകവിതകള്, പാകതവന്നശേഷം തന്റെ കുറ്റംകുറവുകളെക്കണ്ടറിഞ്ഞ് ക്ഷമാപണപരമായും, പശ്ചാത്താപപരമായും എഴുതപ്പെട്ട അന്ത്യകാലകവിതകള്-ഇങ്ങനെ. മുപ്പത്തിയാറാമത്തെ വയസ്സില്‍ മരണംപ്രാപിച്ച ആ വശ്യവചസ്സായ കവി അതിനകം തന്നെ അമ്പതില്പരം ഗ്രന്ഥങ്ങളുടെ കര്‍ത്താവായിരുന്നു എന്നോര്‍ക്കുമ്പോള്‍ ആ കവിതാപ്രവാഹത്തിന്റെ ഗതിവേഗതയും അനസ്യൂതതയും ഏതാണ്ടൂഹവ്യമാണല്ലോ .
ചങ്ങമ്പുഴയ്ക്ക് ഏറ്റവും കൂടുതല്‍ കവിതാപ്രചോദനം ലഭിച്ചത് ജന്മദേശമായ ഇടപ്പള്ളിയുടെ പ്രകൃതിരമണീയകതയില് നിന്നുതന്നെയാണ്. ഒരുവശം പുഞ്ചിരിക്കൊള്കുന്ന വെണ്മണല്പ്പരപ്പ്, മറുവശം കുറ്റിക്കാടുകള്‍ ഇടതൂര്ന്നുനില്ക്കുന്ന കുന്നിന്‍പുറങ്ങള്‍, പുഴ, കുളം, തോട്, പാടം ഇവയുടെ സമൃദ്ധി. ക്ഷേത്രങ്ങള്‍, പള്ളികള്‍, മുസ്ലീംപള്ളി ഇവയുടെ തൊട്ടുരുമ്മിയുള്ള കിടപ്പ്, ഇടപ്പള്ളി കൊട്ടാരം, മാരന്‍കുളം, അവിടെ ജലകേളിയില്‍ ആനന്ദതുന്ദിലരായിക്കഴിയുന്ന മധുരപ്പതിനേഴുകാരായ മദാലസകള്, അറബിക്കടലിന്റെ അനുസ്യൂതമായ ഗംഭീരാരവം, അതിഥികളെ കൈകാട്ടിവിളിച്ചുകൊണ്ട് അമൃതകുംഭങ്ങളും പേറിനില്ക്കുന്ന കല്പസാലങ്ങള്, ഇങ്ങനെ പലതും പലതും ഭാവനാസമ്പന്നനായ ഒരു യുവാവിന്റെ ഹൃദയതലത്തെ തട്ടിയുരുമ്മി വികാരതരളിതമാക്കുന്നതിന് പര്യാപ്തങ്ങളായിരുന്നു. ആ വികാരത്തിന്റെ ഉച്ചകോടിയില്‍ അവിടെ ഉത്തമകവിതകള്‍ ഉറവെടുത്തു. സരളവും മധുരവുമായ ഒരു പ്രതിപാദനരീതി ചങ്ങമ്പുഴയ്ക്കു സ്വായത്തമായിരുന്നു. പദനിരകള്‍ ആ വാചാലനായ കവിയുടെ വരുതിക്ക് കാത്തുനിന്നു. ഏതൊരാശയവും -അതെത്രതന്നെ കഠിനമായിരുന്നാലും ശരി- ആ മനോമൂശയിലെ രാസപ്രയോഗത്തിനുശേഷം മധുരമധുരമായ ദ്രാക്ഷാപാകമായിട്ടത്രേ പുറത്തുവന്നത്. ആ കവിതകളുടെ വ്യക്തിമുദ്രയും അതുതന്നെയാണ്. മലയാളഭാഷയുടെ സൗകുമാര്യത്തികവ് കവിതകളില്‍ ഇത്രമാത്രം അഭിവ്യഞ്ജിപ്പിച്ച മറ്റൊരു കവി കേരളത്തില്‍ വേറെ ഉണ്ടായിട്ടില്ല. വികാരപ്രധാനമായിരുന്നു ആ കവികള്‍, വിചാരാംശം അവയില്‍ വളരെ വിരളമായിരുന്നു. ഇതൊരു ഭൂഷണമല്ലാ. ദൂഷ്യം തന്നെയാണ്. തന്റെ ഹൃദയതലത്തെ അത്രമാത്രം ഉന്മഥിച്ച വിഷയങ്ങളെയാണ് ചങ്ങമ്പുഴ കവിതയില്‍ ആവിഷ്കരിച്ചതെന്നതില് പക്ഷാന്തരമില്ല. അതിന്റേതായ ചൂടും തന്മയത്വവും അവയ്ക്കുണ്ടുതാനും. മിക്ക കവിതകളുടെയും പിന്നില്‍ ഒരു ചരിത്രമുണ്ട്. ഹൃദയഹാരിയായ ഒരു ചരിത്രം. അതിനെ ശാലീനസുന്ദരമായി, സഹൃദയഹൃദയാകര്ഷകചണമായി, വികാരവിജൃംഭിതമായി, എടുത്തുപറയാന്‍ ചങ്ങമ്പുഴയ്ക്ക് അനാദൃശ്യമായ സാമര്‍ത്ഥ്യമുണ്ടായിരുന്നു. മനുഷ്യന് ദേവനായി ഉയരുന്നതും പിശാചായി താഴുന്നതും ചങ്ങമ്പുഴ അഭിലഷിച്ചില്ല. മനുഷ്യത്വത്തിന്റെ സകല കുറ്റംകുറവുകളോടുംകൂടിത്തന്നെ മനുഷ്യര്‍ക്കുവേണ്ടി അവന് വാഴേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതിന്നായിരുന്നു ആ നിരന്തരപരിശ്രമം. പലേ കവിതകളിലും താന്‍ ബലിയാടായിത്തീര്ന്നിട്ടുണ്ടെങ്കില് അതിന്റെ പരമരഹസ്യം ഇതാണ്.
ചങ്ങമ്പുഴ ഒരു വിഷാദാത്മകനായിരുന്നു എന്നു പഴിക്കപ്പെട്ടിട്ടുണ്ട്. അത് ശരിയാണുതാനും. എന്നാല്‍ എത്രത്തോളം വിഷാദാത്മകനായിരുന്നോ അത്രത്തോളം തന്നെ അദ്ദേഹം പ്രസാദാത്മകനായിരുന്നു എന്നതത്രേ വാസ്തവം. ചങ്ങമ്പുഴക്കവിതകളില്‍ ഇവയില്‍ ഒന്നുമാത്രം കാണുന്നവന് ആ കവിയെ സമഗ്രമായി പഠിച്ചിട്ടില്ലതന്നെ. ഭാഗികമായ പഠനങ്ങളില്‍നിന്നും ഉടലെടുക്കുന്ന അബദ്ധജടിലങ്ങളായ അഭിപ്രായങ്ങള്‍ ആളുകളെ വഴിതെറ്റിക്കാനേ ഉപകരിക്കുകയുള്ളൂ. ആ ജീവിതം തന്നെ നമുക്കൊന്നു നോക്കാം. അതീവദരിദ്രമായ ഒരു കുടുംബത്തില്‍ ജനിച്ച ഉല്‍ക്കര്‍ഷേച്ഛുവായ ഒരു ബാലന്, അവശനും ആര്‍ത്തനും ആലംബശൂന്യനുമാണ്. പുരോഗമനമാര്ഗ്ഗങ്ങള് മുറ്റിലും കണ്ടകാകീര്ണ്ണങ്ങളും. മനുഷ്യന് മനുഷ്യനെ കശക്കിപ്പിഴിയുന്ന ചുറ്റുപാടിലാണ് അവന്റെ ആവാസം. ഒരു വശത്തു ഐശ്വര്യത്തിന്റെ ഉത്തുംഗശൃംഗങ്ങള്. മറുവശത്തു ദാരിദ്ര്യത്തിന്റെ അത്യഗാധഗര്ത്തം. ഹൃദയമില്ലാത്ത നാട്ടുകാരും കൂട്ടുകാരും മനുഷ്യസഹജമായ സ്നേഹം പ്രേമം സുഖവാസേച്ഛ ഇവയുടെയെല്ലാം സമ്മര്‍ദ്ദം. ഹൃദയാലുവായ ആ നല്ല മനുഷ്യന് വിഷാദകലുഷിതനായി അമ്പരന്നുനിന്നുപോയി. ആ സരളഹൃദയത്തില് കരുണയുടെ കിരണങ്ങള്‍ ഉദയംകൊണ്ടു. അങ്ങനെ ഹൃദയമഥനചണമായി കരുണരസം കരകവിയുന്ന കവിതകള്‍ പിറക്കുകയായി. അതിന്റെ അനുരണനങ്ങള്‍ അനുവാചകഹൃദയത്തെ അള്ളിപ്പിടിച്ചു. ചങ്ങമ്പുഴ കൈരളിയുടെ കണ്ണിലുണ്ണിയായി ഉയര്‍ന്നു. ആ കവിതകളുടെ അന്തഃസത്തയെ വിഷാദാത്മകതയെന്നോ മനുഷ്യസ്നേഹമെന്നോ എന്താണു വിളിക്കേണ്ടതെന്ന് സഹൃദയലോകം തീരുമാനിക്കട്ടെ. ഞാന്‍ പറയും അതു മനുഷ്യസ്നേഹമാണെന്ന്. ചങ്ങമ്പുഴയെ വളരെ അടുത്തറിഞ്ഞ ഒരു വ്യക്തിയെന്ന നിലയില്‍ത്തന്നെ. തന്റെ ജീവിതത്തെ ഇപ്രകാരം വള്ളിപുള്ളിവിസര്ഗ്ഗംവിടാതെ കവിതയില്‍ പകര്‍ത്തിക്കാട്ടിയ ഒരു കവി ഇന്നുവരെ കേരളത്തില്‍ ജനിച്ചിട്ടില്ല. അതുതന്നെയാണ് ആ കവിതകളുടെ മെച്ചവും. ``കപടലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായത്'' തന്റെ പരാജയമായിപ്പോയെന്ന് വാവിട്ടുകരഞ്ഞ കവി തന്നെ ``എന്തുവന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറുപോലുള്ളൊരിജ്ജീവിതം'' എന്നാണ് അടുത്ത നിമിഷത്തില്‍ ഉറക്കെ വിളിച്ചുപറയുന്നത്. അന്ത്യഘട്ടങ്ങളിലാകട്ടെ എല്ലാം വിധിയില്‍ അര്‍പ്പിക്കുന്നു. മുന്‍സൂചിപ്പിച്ച മൂന്നുഘട്ടങ്ങളുടെ നല്ല മാതൃകകള്‍ നമുക്കീക്കവിതകളില് കാണാം.
കവിത എന്തായിരിക്കണം, എങ്ങനെയായിരിക്കണം, ഏതു തത്വത്തെ പ്രതിപാദിക്കണം, ഏതെല്ലാം സാങ്കേതികവശങ്ങള്‍ ഉള്‍ക്കൊള്ളണം, എന്നെല്ലാം അളന്നുമുറിച്ചു തിട്ടപ്പെടുത്താവുന്നതാണോ. അല്ലെന്നാണ് എനിക്കുതോന്നുന്നത്. ഒരു വ്യക്തിക്കോ, കക്ഷിക്കോ, സ്ഥാപനത്തിനോ, തത്വസംഹിതയ്ക്കോ വേണ്ടിയല്ലാ ഉത്തമ കവിതകള്‍ വിരചിതമാകുന്നത്. മാനവസമുദായത്തിന്റെ സമഗ്രമായ ഉന്നമനമാണ് അതിന്റെ ഉന്നം. അനുവാചകഹൃദയങ്ങളില്‍ അനുരണനം ചെയ്ത് അവിടെ അന്തര്‍ലീനമായിക്കിടക്കുന്ന ഉത്തമശക്തികളെ ഉണര്‍ത്തി ലോകോപകാരാര്‍ത്ഥം പ്രവര്‍ത്തനക്ഷമമാക്കുന്ന കവിതയെ ഉത്തമകോടിയില്പ്പെടുത്താം. ആനന്ദസന്ദായകതയാണ് കവിതയുടെ ലക്ഷ്യം. സമ്മതിച്ചു. പക്ഷേ തുലോംസ്വാര്ത്ഥരഹിതമായ ഒരു ദിവ്യാനന്ദമാണിത്. അനുഭവങ്ങള്‍ ആത്മതലത്തിന്റെ മൃദുലതന്ത്രികളില്‍ ആത്മസംവാദം നടത്തുമ്പോള്‍ അവിടെ ഉത്തമകവിതകള്‍ സംജാതമാകുന്നു. അവ അനുവാചകരെ വിചാരശീലരും കര്ത്തവ്യനിരതരുമാക്കുന്നു. എന്നാല്‍ അതിന്നായി കവി ഒരിക്കലും തന്റെ ആത്മസത്തയെ ബലികഴിക്കാറില്ല. അവന് ഏതിലും അങ്ങേയറ്റത്തെ ആത്മാര്‍ത്ഥത പാലിക്കുന്നു. സ്വാനുഭവജന്യങ്ങളായ വസ്തുതകളെ കൈകാര്യം ചെയ്യുന്നതിനാല്‍ ചങ്ങമ്പുഴക്കവിതകള്‍ മിക്കതും ചതുരശ്രശോഭികളായിട്ടുണ്ട്. അവയില്‍ ആത്മാര്‍ത്ഥത ഓളംതല്ലുന്നു. പ്രസാദമേറിയ ശയ്യ, ഗാനാത്മകത, സമുചിതപദപ്രയോഗം, ഇങ്ങനെ പലതും ശര്‍ക്കരപ്പന്തലില്‍ തേന്മാരിപോലെ അവയെ മധുരമധുരമാക്കുന്നു. അനുവാചകനില്‍ ഉള്‍പ്പുളകം ഉളവാക്കുന്നു. ആ ആനന്ദാനുഭൂതി അവനെ ഒരു മോഹനദിവ്യമണ്ഡലത്തിലേക്കുയര്ത്തുന്നു.
ആ വര്‍ണ്ണനാപാടവം ഒന്നുനോക്കൂ.
``മുറ്റും കുളിര്‍ക്കെ,ക്കുറുമൊഴിമുല്ലകള്
മുറ്റി, മൊട്ടിട്ടൊരാ, ശ്യാമളാകാനനം,
കോകിലാലാപത്തിലാകമാനം സഖീ
കോരിത്തരിക്കിലും കേവലം നിര്‍ജ്ജനം;
കാലമോ, കാമുകര്ക്കേറ്റം പ്രിയപ്പെട്ട-
കാമദ, ഹേമന്ത, കാന്തസായന്തനം;
തൈമണിത്തെന്നലില്, സൗരഭ്യസാന്ദ്ര മാം-
കൈ, മൈ, മറന്നുള്ള, മംഗളാലിംഗനം;
എന്തിന,ല്ലെങ്കിലീ, കാടും മലയുമ-
ല്ലെന്തും നവീനം, പരം മനോമോഹനം''
ആ ലളിതകോമളകാന്തപദാവലികളുടെ ഹൃദയാവര്‍ജ്ജകമായ സുഷമാപാരമ്യം ആരെയാണ് പുളകം കൊള്ളിക്കാത്തത്. പാരായണമാത്രത്തില്ത്തന്നെ ആ കവിത്വത്തിന് ഞാനും നിങ്ങളും നമോവാകം പറഞ്ഞുപോകുന്നതില്‍ എന്തുണ്ടത്ഭുതം.
``ഹാ മനോമോഹന,മാപാദചൂഡമീ,
ശ്യാമള കാനനരംഗം
...........................
ഈ വേണുഗോപാല പാദമുദ്രാങ്കിത-
ശ്രീവായ്ക്കുമീ വനരംഗം''
തന്റെ മഹത്തായ ജീവിതലക്ഷ്യത്തെപ്പറ്റി കവി ഉറക്കെപ്പറയുകയാണ്:
``ക്ഷണികപ്രശംസ തന് രത്നകോടീരക-
മണിയേണ്ടെനിക്കൊരുനാളും
അപഗതാര്ത്ഥോദ്ധതജല്പകനേക-
നെന്നപഹസിച്ചോട്ടെന്നെ ലോകം.
കവനസ്വരൂപിണീ; സംതൃപ്തനാണുനിന്-
കമിതാവായ് നില്ക്കില് ഞാനെന്നും
നോക്കൂ, എത്ര നിസ്വാര്ത്ഥസുന്ദരമാണ് ആ ലക്ഷ്യം.
ചങ്ങമ്പുഴ ഏതോ ഒരു രാഷ്ട്രീയകക്ഷിയോട് കുറെ ഏറെ അടുപ്പം കാണിച്ചിരുന്നതായി ചില തല്പരകക്ഷികള് കൊട്ടിഘോഷിച്ചുനടന്നിട്ടുണ്ട്. അതുമാത്രമല്ല അവരുടെ തത്വസംഹിതകളെ അദ്ദേഹം സമാദരിച്ചിരുന്നതായും അവര്‍ അവകാശപ്പെടുന്നു. ഭാരതീയസംസ്കാരത്തോട് ആ കവിക്ക് അതിരുകവിഞ്ഞ അവജ്ഞയുണ്ടായിരുന്നു എന്ന് അവരുടെ പ്രചാരകര്‍ ഇന്നും പറഞ്ഞുപരത്തുന്നുണ്ട്. എന്നാല്‍ ഭാരതീയസംസ്കാരങ്ങളെ വെല്ലുവിളിക്കുവാന്‍ എത്രമാത്രം ആവേശം കാണിച്ചിരുന്നുവോ അതില്‍ക്കവിഞ്ഞ ആശയോടും ആവേശത്തോടും കൂടി പുരാതനഭാരതത്തിന്റെ മഹാമതിരേകം വാഴ്ത്തുവാന്‍ ആ മാതൃഭക്തന് വെമ്പല്‍കൊണ്ടിരുന്നു എന്നതു പരമാര്‍ത്ഥം മാത്രമാണ്.
നോക്കുക:
``ഗീത ലയിച്ചൊരീമണ്ണില്മുളയ്ക്കുന്ന-
തേതും പവിത്രഫലാഢ്യമാണെന്നുമേ,
വൃന്ദാവനംവാച്ചൊരിമ്മഹിമതന് മനഃ
സ്പന്ദനംപോലും കലാചോദനപ്രദം,
സീതയെപ്പെറ്റൊരീനാടേതുശുദ്ധിതന്-
സീമയും വന്നുനമിക്കും തപോവനം''
``മതത്തിന് പേരും പറഞ്ഞയ്യയ്യോ, പടിഞ്ഞാറു-
മനുഷ്യന് മനുഷ്യനെ കൊന്നൊടുക്കുമ്പോള്‍
ഭാരതത്തിലെ നീണ്ടതാടിക്കാര്, കാട്ടാളന്മാര്,
പോരെങ്കില്‍ പരിഷ്ക്കാരശൂന്യന്മാര്, കുറുമ്പന്മാര്,
നേരിന്റെ നാടുംതേടി, സ്നേഹത്തിന് പാട്ടുംപാടി,
ചാരുവാമൈക്യത്തിന്റെപ്പൂന്തോപ്പിലൂഞ്ഞാലാടി.
വരട്ടെ ബോള്‍ഷെവിസം, വരട്ടെ സോഷ്യലിസം,
വരട്ടെ വരുമെങ്കിലിസങ്ങളമ്മട്ടേറെ,
ഒന്നെന്നാല്‍; ഇവയ്ക്കെല്ലാമത്യതീതമായ് മന്നില്‍-
എന്നെന്നും നിലനില്ക്കും, പാവനം വൃന്ദാവനം!!
ആയതിന് പുതുമയ്ക്കില്ലല്പവും വാട്ടം മന്നില്‍,
ആയതില്‍ സുഷ്മയ്ക്കില്ലൊരു കാലവും കോട്ടം.
``ജടയുടെ സംസ്കാരപ്പനയോലച്ചുരുളെല്ലാം ചുട്ടെരിക്കുവാന്‍ നമ്മെ വീറോടെ ആഹ്വാനംചെയ്ത വിപ്ലവകവിയില് നിന്നാണ് മേല്‍ ഉദ്ധരിച്ച വരികള്‍ പുറപ്പെട്ടതെന്ന വസ്തുത നാം ഒരിക്കലും മറക്കാതിരിക്കുക. അവിടെ നമുക്ക് ചങ്ങമ്പുഴയുടെ ``തനിനിറം'' കാണാം. ഭാരതത്തിന്റെ പാരതന്ത്ര്യത്തില്‍ ഒരു വക നിസ്സംഗത്വമാണ് ചങ്ങമ്പുഴ പാലിച്ചുവന്നത് എന്നു പറയുന്നത് ശരിയായിരിക്കയില്ല. എന്നാല്‍ ആയുഷ്ക്കാലമത്രയും അതുതന്നെ പാടിനടക്കുവാന്‍ അദ്ദേഹം സന്നദ്ധനായില്ലെന്നതു പരമാര്‍ത്ഥമത്രേ!
``മുത്തണിപ്പൊന്മാലകള് മീതേവീണുലഞ്ഞുല-
ഞ്ഞുത്തുംഗംവക്ഷോജങ്ങളിളകിത്തുടങ്ങുമ്പോള്,
അറിയാതതു കണ്ടിട്ടെന്‍ മിഴികളില്‍ പേര്‍ത്തും-
നിറയുന്നു ഹാ ചുടുകണ്ണീര്ക്കണികകള്
അമൃതംതുളുമ്പുമീപ്പോര്മുലക്കുടം നിങ്ങള്‍
ക്കടിമപ്പുഴുക്കളെപ്പാലൂട്ടിപ്പോറ്റാനല്ലേ?
താമരത്താരൊത്തൊരീക്കയ്യുകള് ദാസന്മാരെ-
താരാട്ടു പാടിപ്പാടിത്തൊട്ടിലാട്ടുവാനല്ലേ?
കര്‍മ്മധീരരാമേറെ മക്കളെ പ്രസവിച്ച
കര്മ്മഭൂവേ, നീ നിരധാരയാണെന്നോ വന്നൂ? ''
തന്റെ ജീവിതത്തിന്നിടയാക്കിയ മുഖ്യകാരണങ്ങളെ എന്റെ കൂട്ടുകാരന് ഇങ്ങനെയാണ് വിവരിക്കുന്നത്:
``സത്യവും ധര്‍മ്മവും ത്യാഗവം രാഗവും
അര്ത്ഥശൂന്യങ്ങളാമക്ഷരക്കെട്ടുകള്,
നിസ്വാര്ത്ഥതയോ, സ്വയംകൃതാനര്ത്ഥമാ
ണാസ്മാതികത്വം വിവരമില്ലായ്മയും
ഞാനവയെന്നില്പ്പുലര്ത്തുവാന് നോക്കിയ-
താണെനിക്കിന്നീ വിപത്തിന്നു കാരണം.
.............................
സ്നേഹത്തിന്നര്‍ത്ഥം വ്യസനമെന്നാണെന്നു-
സ്നേഹിച്ചു, ലോകത്തില്‍നിന്നും പഠിച്ചുഞാന്‍.''
ഹൃദയതലത്തിലെ ഏതു ഭാവവികാസത്തെയും ഭാസുരമായി പകര്ത്തിക്കാണിക്കുവാന് ചങ്ങമ്പുഴയ്ക്ക് അപാരമായ കഴിവുണ്ടായിരുന്നു. കരുണരസം കരകവിഞ്ഞൊഴുകുന്ന ആ വരികള്‍ അനുവാചകഹൃദയങ്ങളെ അള്ളിപ്പിടിച്ച് അതില്‍ തന്മയീഭാവം ഉളവാക്കിയിരുന്നു.
``ഒക്കെയും തീര്‍ന്നു നീയസ്തമിച്ചു
ദിക്കുകളെല്ലാമിരുണ്ടുകെട്ടു,
സര്വ്വാനുഭൂതിയുമൊന്നുപോലീ-
ദുര്വ്വിധിത്തല്ലില് വിറങ്ങലിച്ചു
മുന്നില്ക്കടുത്തൊരീമൂടല്മഞ്ഞും
കണ്ണീരും മാത്രമേ ബാക്കിയുള്ളൂ.
പൊട്ടിക്കരഞ്ഞുകൊണ്ടിത്തെരുവില്
ഒറ്റക്കിതാ ഞാനിരുട്ടില്നില്പൂ.
അയ്യയ്യോ മൂര്ച്ഛിച്ചുവീണുപോം ഞാന്‍-
വയ്യ, വയ്യെ,ങ്ങു നീ സൗഹൃദമേ.
പ്രാണസുഹൃത്തായിരുന്ന രാഘവന്‍പിള്ളയുടെ അപ്രതീക്ഷിതമായ ആത്മഹത്യയില്‍ വിലപിച്ചുകൊണ്ട് ചങ്ങമ്പുഴയെഴുതിയ കവിതയിലെ ചില വരികളാണ് മേലെ ചേര്‍ത്തത്. ഇത്രമാത്രം ശോകരസം മുറ്റിനില്ക്കുന്ന ഒരു വിലാപകവിത മലയാളത്തില്‍ വേറെയില്ലന്നതു നിസ്തര്‍ക്കമാണ്; പല മഹാകവികളും എഴുതിയിട്ടുണ്ടെങ്കിലും തന്റെ കുറ്റംകുറവുകളെ എങ്ങും ഒരിക്കലും മറച്ചുവെയ്ക്കാന്‍ ചങ്ങമ്പുഴ മറന്നിട്ടില്ല. അതുകൊണ്ട് പലേ സന്ദര്‍ഭങ്ങളില്‍ ആ മനുഷ്യസ്നേഹി സ്വയം ബലിയാടായിത്തീര്ന്നിട്ടുമുണ്ട്.
``ഹാ, മന്മനസ്സില്‍ തടുത്താല്‍ നിലയ്ക്കാത്ത-
കാമവികാരത്തിരത്തല്ലല് കാരണം
മത്സഖേ, വേശ്യാലയങ്ങളില്പോക്കി ഞാന്‍
ഉത്സവദായകമായൊരെന് യൗവ്വനം,
നെഞ്ഞിടിപ്പോടേകനായ് മരംകോച്ചുന്ന-
മഞ്ഞത്തി,രുട്ടത്തു, മാന്മഥഭ്രാന്തിയാല്,
പോവും, വിലയ്ക്കുകൊടുക്കപ്പെടും ചില-
പൂവലംഗാശ്ലേഷസൗഖ്യത്തിനായി ഞാന്‍;''
ഇങ്ങനെ വ്യത്യസ്തങ്ങളായ പലേ മാതൃകകളിലുമായി ഉദ്ധാരണാര്ഹങ്ങളായ പരഃസഹസ്രം വരികള്‍ ആ കവിതാസമുദ്രത്തില് ഉടനീളം കാണാം. വിസ്തരഭയത്താല്‍ ഇവിടെ അവ ഉദ്ധരിക്കുന്നില്ല.
ചങ്ങമ്പുഴയുടെ നര്‍മ്മബോധം സമര്ഹമാംവിധം അംഗീകരിക്കപ്പെട്ടിട്ടില്ല. മര്മ്മഭേദകമായവിധം ഹാസ്യം പ്രയോഗിക്കുവാന്‍ ആ ചതുരചിത്തന് അസാമാന്യമായ കഴിവുണ്ടായിരുന്നു. ഒന്നു രണ്ടുദാഹരണങ്ങള്‍ ഇവിടെ കാണിക്കാം.
``ഏതിസക്കാരനാകണമെന്നുള്ളതു-
ഭൂതോദയംകൊണ്ടു തോന്നിക്കൊള്ളും
കമ്മ്യൂണിസത്തിനാണിപ്പോള് വിലക്കേറ്റം-
ചുമ്മാപറഞ്ഞു നടന്നാല്‍മതി.
നാലഞ്ചുവാക്കുകള്‍ കാണുന്നവരോടൊക്കെ-
നാലുദിവസം പറയാമെങ്കില്‍
അല്‍ഭുതം; അഞ്ചാംദിവസം പുലര്‍ച്ചയ്ക്കു-
നിദ്രവിട്ടേറ്റാല്‍ ``സഖാവു'' തന്നെ.
റഷ്യ, ബൂര്‍ഷ്വാ, രക്തസേന, തൊഴിലാളി,
കര്ഷകന്, ചൂഷണം, ജീവരക്തം,
ദേശാഭിമാനി, പിപ്പീള്സേജു, ലനിന്‍, സ്റ്റാലിന്,
ഈശബ്ദവേരുകളാകമാനം
നാരും, മൊരിയും കളയാതെടുത്തോരു-
നാഴി, യാവേശത്തിലിട്ടിളക്കി,
ശുണ്ഠിയില്‍ നന്നായ് തിളപ്പിച്ചെടുത്തിട്ടു
ചുണ്ടുവിറയിലരിച്ചശേഷം,
കാറല്‍മാര്‍ക്സ് മേന്പൊടി ചേര്‍ത്തങ്ങരത്തുടം
കാലത്തും വൈകീട്ടും നാലുനേരം,
കൃത്യമായ് സേവിച്ചാല്‍ പിന്തിരിപ്പന്‍ചൊറി-
സത്യമാണയ്യോ, പറപറക്കും,
മുന്തിരിപ്പന് തൊലിവന്നുചേരും, വേണ്ട-
ശങ്ക, പരീക്ഷിച്ചറിഞ്ഞുകൊള്ളൂ.''
കമ്മ്യൂണിസ്റ്റ് കാരനാകുവാനുള്ള സുഗമമാര്‍ഗ്ഗം ഇതാണെങ്കില്‍ പുരോഗമനസാഹിത്യകാരനാകാനുള്ള കുറുക്കുവഴി താഴെ കാണിക്കുന്നു:
അന്നമ്മതന്‍ കണ്ണുപൊട്ടിക്കല്, മിന്നുല-
ഹന്നാന്റിരുട്ടിലെ വേലിചാട്ടം,
കാമുകസമ്പന്നയായ് വാണൊടുവിലാ-
ക്കോമാളിപ്പെണ്ണിന്റെ രക്തസ്രാവം,
മറ്റുമീമട്ടില്‍ യഥാതഥരീതിയില്‍-
തട്ടിമൂളിക്കാം പുരോഗമനം.''
പ്രണയബോംബു മുതലായ പലേ കവിതകളിലും ഇതിലും ശക്തിയേറിയ ഹാസ്യരസഗുണ്ടുകള് സുലഭങ്ങളാണ്.
പദസമ്പന്നവും, ഭാവനാഭാസുരവും, വികാരോദ്ദീപകവും ആയ ഗാനാത്മകകവിതകള് വായിച്ചു രസിക്കേണമെന്നാഗ്രഹിക്കുന്നവര്ക്ക് നിസ്സങ്കോചം സമീപിക്കാം. അവര്‍ ഒരിക്കലും നിരാശരാകേണ്ടിവരികയില്ല. ആത്മാര്‍ത്ഥത വഴിഞ്ഞൊഴുകുന്ന ആ തേനൊലിപ്പദനിരകള് അനുവാചകഹൃദയങ്ങളില്‍ ആത്മസംവാദം നടത്തുവാന്‍ തികച്ചും പര്യാപ്തങ്ങളാണ്. മാനവജീവിതത്തെ അവ പല കോണുകളിലുംനിന്ന് നോക്കിക്കാണുന്നു. നന്മയും തിന്മയും ഒരുപോലെ കണ്ടറിഞ്ഞ് സങ്കോചലേശമെന്യേ എടുത്തുനിരത്തുന്ന ആ പദചിത്രങ്ങളുടെ ശാലീനത ഒന്നു വേറെത്തന്നെയാണ്. ആ സ്വരരാഗസുധ ആര്‍ക്കും നിര്വൃതിദായകമത്രേ. അതിന്റെ നിത്യാമാദകത്വത്തെ ആസ്വദിച്ചുകൊണ്ടുതന്നെ നിങ്ങള്‍ക്കു സ്വയം ഒന്നു തിരിഞ്ഞുനോക്കാനും കുറ്റംകുറവുകള് മനസ്സിലാക്കി സ്വയം ഭാവിയെ നിയന്ത്രിക്കാനും കഴിഞ്ഞേക്കും. എന്നാല്‍ ഒരു തത്വസംഹിതയുടെ ആവിഷ്ക്കരണത്തിന്നായി, ഒരു മാര്‍ഗ്ഗദര്‍ശനത്തിന്നായി, ചങ്ങമ്പുഴക്കവിതകളെ ആശ്രയിക്കുന്നവര്‍ ഒട്ടൊന്നു നിരാശപ്പെടുമെന്നു പറയാതെ തരമില്ല. അവിടെ നമ്മുടെ കവിയോടൊപ്പം ഞാനും നിങ്ങളും ``അഭിരാമയാണവളെങ്കിലും കഷ്ട,മൊരഭിസാരികയായിരുന്നൂ'' എന്ന് ഉറക്കെപ്പാടിപ്പോകും! ഇതൊരു മികച്ച കുറവാണെങ്കില്‍ വിവാദമില്ല. കനകച്ചിലങ്കകളുടെ കിലുക്കവും, കാഞ്ചനകാഞ്ചിയുടെ കുലുക്കവും ബാഹ്യസൗന്ദര്യത്തിന്റെ മാദകത്വവും മാത്രംകൊണ്ട് ഒരു കന്യകയും കുലീനയാകുന്നില്ല. അവിടെ അവളുടെ അന്തഃസത്തയെ-ശാലീനതയെ-ആണു കണക്കിലെടുക്കേണ്ടത്. അതാണ് ദിവ്യത്വത്തിന്റെ മാനദണ്ഡം. കവിതയുടെയും കഥ മറിച്ചല്ല. എങ്കിലും മലയാളത്തിലെ മികച്ച മനുഷ്യകഥാനുഗായികളുടെ പന്തിയില്‍ സര്‍വ്വഥാ, പ്രാതഃസ്മരണീയന്‍ ചങ്ങമ്പുഴയാണെന്നു നിസ്സംശയം പറയാം. മനുഷ്യസഹജമായ എല്ലാ കുറ്റംകുറവുകളും അതില്‍ പ്രത്യക്ഷരം പ്രതിപാദം അലയടിക്കുന്നുണ്ടെങ്കിലും.
അദ്ധ്യായം ഇരുപത്തൊന്ന്
അന്ത്യദിവസങ്ങള്‍
1946-ആരംഭത്തില്‍ അപ്രതീക്ഷിതമായി ഞാന്‍ തൃശ്ശൂര്‍ സന്ദര്‍ശിക്കുവാന്‍ ഇടയായി. മംഗളോദയം മാസികയിലെ പത്രാധിപസമിതിയിലെ ഒരംഗമായിരുന്ന ചങ്ങമ്പുഴ കനാട്ടുകരെ സ്വന്തമായി ഒരു സ്ഥലംവാങ്ങി സകുടുംബം അവിടെത്താമസിക്കുകയാണ്. അമ്മ, അനുജന്, ഭാര്യ, കുട്ടികള്‍ ഏവരും അവിടെത്തന്നെയുണ്ടായിരുന്നു. സുഹൃത്തിനെ കാണാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷിച്ചു. 1944 അവസാനം അദ്ദേഹം മദിരാശി വിട്ടതിനുശേഷം അന്നാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടുന്നത്. സുഹൃത്ത് സകുടുംബം അവിടെത്താമസമാക്കിയതില് ഞാന്‍ അത്യന്തം സംതൃപ്തനായി. അത്തരമൊരു സംഘടനയ്ക്കു മനഃപൂര്‍വ്വം യത്നിച്ചവരില്‍ ഒരാളായിരുന്നു ഞാന്‍. മദിരാശിയില്‍വെച്ചു സദുപദേശങ്ങളാലും അവിടംവിട്ടതിനു ശേഷം നിശിതനിശിതങ്ങളായ കത്തുകളാലും സ്വജനങ്ങളുമായി കൂടിക്കഴിയേണ്ട ആവശ്യകതയെ ഞാന്‍ സുഹൃത്തിനെ കൂടെക്കൂടെ ഓര്‍മ്മിപ്പിച്ചിരുന്നു. ഞാന്‍ ചങ്ങമ്പുഴയുടെ വസതിയില്‍ എത്തിയപ്പോള്‍ അദ്ദേഹം എവിടെയോ പോയിരിക്കുകയായിരുന്നു. പുത്രവത്സലയായ മാതാവ് സകല വിവരങ്ങളും കണ്ണീരോടെ എന്നെപ്പറഞ്ഞുകേള്പ്പിച്ചു. തന്റെ ``കൊച്ചുകുട്ടന്'' എന്തു തന്നെ കുറ്റങ്ങള്‍ ചെയ്തുപോയിട്ടുണ്ടെങ്കിലും എന്നും തന്റേതുതന്നെ ആയിരിക്കുമെന്നും, ഒരുവിധത്തിലും താന്‍ മകനെ കുറ്റപ്പെടുത്തുന്നില്ലെന്നും ആ മാതാവ് ബാഷ്പവര്ഷത്തിന്നിടയില് പറഞ്ഞുതീര്‍ത്തു. എന്റെ മാതാവിന്റെ സുഖാന്വേഷണത്തില് ഞാന്‍ കുറേക്കൂടെ ശ്രദ്ധിക്കണമെന്ന് എന്നെ ഉപദേശിക്കുകയും ചെയ്തു. സംതൃപ്തിയും സന്തുഷ്ടിയും നിറഞ്ഞ ഒരു മാതൃകാകുടുംബത്തിന്റെ സുമുഖാന്തരീക്ഷം എനിക്കവിടെ കാണുവാന്‍ സാധിച്ചു. തികച്ചും ചാരിതാര്‍ത്ഥ്യജനകമായിരുന്നു ആ കാഴ്ച.
താമസിയാതെ എന്റെ സുഹൃത്തു തിരിച്ചെത്തി. ``എന്താ ഇഷ്ടാ, എല്ലാം സന്തോഷമായില്ലേ'' അതായിരുന്നു ആദ്യത്തെ ചോദ്യം. ഞാന്‍ ഉത്തരം പറഞ്ഞു. ``ഇപ്പോള്‍ ഞാന്‍ ജയിച്ചു.'' സുഹൃത്തു പുഞ്ചിരി തൂകി. സാധാരണയായി ആ മുഖത്തു കളിയാടിക്കാണാറുള്ള സന്തോഷഭാവം അവിടെ ഉണ്ടായിരുന്നു എന്നു ഞാന്‍ പറയുന്നില്ല. എന്നാല്‍, ആ മുഖം മ്ലാനമായിരുന്നില്ലെന്നും നിസ്സംശയം പറയാം. അന്നു തന്നെ കോയമ്പത്തൂര്‍ക്കു പോകേണ്ടിയിരുന്നതിനാല്‍ അധികനേരം സുഹൃത്തുമായി കഴിച്ചുകൂട്ടാന്‍ എനിക്കു സാധിച്ചില്ല. എങ്കിലും മദിരാശി വിട്ടതിനുശേഷമുണ്ടായ വിവരങ്ങള്‍ അദ്ദേഹം എന്നെ പറഞ്ഞുകേള്‍പ്പിച്ചു. വീണ്ടും തന്റെ ജീവിതം പച്ചപിടിക്കുവാനുള്ള ചുറ്റുപാടുകള്‍ സംജാതമായിട്ടുണ്ടെന്നും, തൃശൂരില്‍ തന്റെ അഭ്യുദയകാംക്ഷികളായ ഒരു നല്ല സുഹൃദ്സംഘം താന്‍ സമ്പാദിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇതിനകം തന്നെ വിഭവസമൃദ്ധമായ ഒരു ചായസല്‍ക്കാരം ചങ്ങമ്പുഴയുടെ ഭാര്യ- ശ്രീദേവി ഒരുക്കി. ഞാന്‍ യാത്ര പറഞ്ഞുപിരിയുമ്പോള് ``ഇനിയെന്നു കാണും'' എന്നു സുഹൃത്തെടുത്തു ചോദിച്ചു. ``ഇങ്ങനെ വല്ലപ്പോഴും'' എന്നായിരുന്നു എന്റെ മറുപടി. എന്തോ ഒരു ഹൃദയഭാരം അപ്പോഴും അദ്ദേഹത്തെ അലട്ടുന്നതായി എനിക്കുതോന്നി. ഏറെനാള്ക്കകം തന്നെ ആ ജീവിതത്തെ പാടേ കബളീകരിച്ച രോഗത്തിന്റെ ബാഹ്യലക്ഷണങ്ങളായിരുന്നു ഇതെന്ന് അന്നു ഞാന്‍ അറിഞ്ഞില്ല. കുറേദൂരം ആ ഹൃദയസമ്പന്നന് എന്നെ അനുഗമിച്ചു. തൃശൂര്‍ നഗരം എനിക്കു സുപചരിചിതമല്ലായിരുന്നതിനാല്, നിര്‍ദ്ദിഷ്ടസ്ഥലത്ത് എന്നെക്കൊണ്ടുപോയി വിടാന്‍ സ്വസഹോദരന്‍ ശ്രീ. പ്രഭാകരനെ നിയോഗിച്ചശേഷം സുഹൃത്ത് വിടവാങ്ങി. ഞാന്‍ പിന്തിരിഞ്ഞുനോക്കിയപ്പോള് എന്റെ പ്രാണമിത്രം ചിന്താമഗ്നനായി അവിടെത്തന്നെ നില്‍ക്കുന്നതാണ് കണ്ടത്. ഒരുപക്ഷെ ഭൂതഭാവികാലങ്ങളുടെ സങ്കരചിത്രങ്ങള് ആ മനോവേദിയില്‍ പൊങ്ങിമറഞ്ഞതാവാം.
ഉല്‍ക്കടമായ മനോഭാരത്തോടെ മദിരാശിയില്‍നിന്നും തിരിച്ചുപോയ ചങ്ങമ്പുഴ കുറെക്കാലം നാട്ടില്‍ ഒരു സന്യാസിയുടെ ജീവിതമാണു നയിച്ചത്. അതിന്നുശേഷം ശ്രീ: ജി. ശങ്കരക്കുറുപ്പ്, ജോസഫ് മുണ്ടശ്ശേരി മുതലായ അഭ്യുദയകാംക്ഷികളുടെ പരിശ്രമഫലമായി ``മംഗളോദയം'' പത്രാധിപസമിതിയില്‍ ഒരംഗമായിത്തീര്‍ന്നു. അചിരേണ ഒരു വീടും പുരയിടവും വിലയ്ക്കുവാങ്ങി ഇടപ്പള്ളിയില്‍നിന്നും തൃശൂര്വന്നു താമസമാക്കി. അനന്തരകാലങ്ങള് തൃശൂരില്‍തന്നെ നയിക്കേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. നാട്ടിലെവാസം അദ്ദേഹം അത്രമാത്രം വെറുത്തിരുന്നു. തൃശൂര്‍ താമസം അദ്ദേഹത്തെ ഒട്ടൊക്കെ ഉന്മേഷവാനാക്കിത്തീര്ത്തു. തന്റെ ഗ്രന്ഥങ്ങളുടെ പ്രസാധകന്മാര് എന്നനിലയില്‍ മംഗോളദയവുമായുണ്ടായിരുന്ന മുന്പരിയവും അവിടത്തെ സഹൃദയസദസ്സും ഒരു നല്ല പരിസരം സൃഷ്ടിക്കുവാന്‍ പര്യാപ്തമായിരുന്നു. ധനപരമായ വിഷമതകളൊന്നുംതന്നെ ഇക്കാലത്തു ചങ്ങമ്പുഴയെ അലട്ടിയിരുന്നില്ല. ആ ജീവിതം വീണ്ടും പച്ചപിടിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ അവിടെ തെളിഞ്ഞുകണ്ടു. തുലോം ശപ്തമായ ആ പ്രതിസന്ധിഘട്ടത്തില്നിന്നും എന്റെ സുഹൃത്തു തികച്ചും വിമുക്തനായിയെന്നു ഞാന്‍ സമാധാനിച്ചു. കനപ്പെട്ട കവിതകള്‍ പലതും ആസന്നഭാവിയില്‍ത്തന്നെ കൈരളിക്കു കൈവരുമെന്നു ഞാന്‍ സ്വാഭാവീകമായി പ്രത്യാശിച്ചു. ആ പ്രതീക്ഷ അസ്ഥാനത്തിലായില്ലതാനും. ``സ്വരരാഗസുധ''യില്‍ ചേര്‍ത്തിട്ടുള്ള ചില ഉത്തമകവിതകള്‍ ഇക്കാലഘട്ടത്തിലെ സൃഷ്ടികളാണ്.
പ്രതീക്ഷകളപ്പാടെ ശിഥിലമാക്കുമാറാണ് സംഭവഗതികള്‍ വികസിച്ചുവന്നത്. 1947 ആരംഭത്തില്‍ ഞാന്‍ വീട്ടില്‍ പോയിരുന്നപ്പോള്‍, ചങ്ങമ്പുഴ സകുടുംബം ഇടപ്പള്ളിയില്‍ തിരിച്ചെത്തിയതായിട്ടാണു കണ്ടത്. ആ തിരിച്ചുവരവില്‍ അത്ഭുതാധീനനായ ഞാന്‍ കാരണം അന്വേഷിച്ചപ്പോള്‍ ``ഇപ്പോഴത്തെ (മൂന്നാമത്തെ) കുട്ടിയുടെ ജാതപ്രകാരം തനിക്കിനി അധികകാലം ആയുസ്സില്ലാത്തതിനാല് കുടുംബത്തെ അന്യനാട്ടിലിട്ട് കഷ്ടപ്പെടുത്തേണ്ടെന്നുകരുതി തിരിച്ചുകൊണ്ടുപോന്നതാണ്'' എന്ന് എന്റെ സുഹൃത്ത് സമാധാനം പറഞ്ഞു. ഇതു പറയുമ്പോള്‍ ആ മുഖത്ത് ഒരു ഭാവപ്പകര്‍ച്ചയും കണ്ടില്ല. എങ്കിലും ഞാന്‍ വല്ലാതെ ഒന്നുനടുങ്ങി. ആ ജ്യോതിഷം ഫലിക്കുമെന്ന വിശ്വാസം കൊണ്ടല്ല, ഒരുപക്ഷേ ഫലിച്ചാലോ എന്ന ഭയംകൊണ്ട് വ്യസനഭാവം ആവതുംമറച്ചു ഞാന്‍ പറഞ്ഞു. ``കവിതയല്ലോ ഇഷ്ടാ ജ്യോതിഷം'' സുഹൃത്തൊന്നു ചിരിച്ചതേയുള്ളൂ. മറുപടിയൊന്നും പറഞ്ഞില്ല. ആ വാക്കുകള്‍ നിശ്ചിതകാലയളവില്ത്തന്നെ ഫലിക്കുകയാണുണ്ടായത്.
ആയിടെ ഏതാനും ദിവസത്തേയ്ക്ക് അദ്ദേഹത്തെ തുടരെത്തുടരെക്കാണുവാന് എനിക്ക് ഭാഗ്യംസിദ്ധിച്ചു. എന്നാല്‍, അതു ഞങ്ങളുടെ അവസാനസന്ദര്ശനമായിത്തീരുമെന്ന് ഞാന്‍ അശേഷം ഊഹിച്ചില്ല. ആ ജീവിതത്തിന്റെ നാരായവേരറുക്കുവാനുള്ള മാരകായുധം കാലം തന്റെ അണിയറയ്ക്കുള്ളില്‍ അതിനകം തന്നെ സജ്ജീകരിച്ചുകഴിഞ്ഞിരുന്നു. അകാലവാര്‍ധക്യത്തിന്റെ കൃത്രിമരേഖകള്‍ ആ മോഹനകളേബരത്തില് അവിടെവിടെത്തെളിഞ്ഞുകാണുമായിരുന്നു. സുഹൃത്തുക്കളുമായുള്ള സല്ലാപവേളകളില്‍ സദാ വാചാലനായിരുന്ന ആ സ്നേഹസമ്പന്നന്, കൂടുതല്‍ ഏകാന്തത ആശിക്കുന്നതായിത്തോന്നി. ആരേയും വശീകരിക്കുന്ന ആ പുഞ്ചിരിയും, തീഷ്ണതീഷ്ണങ്ങളായ പ്രത്യക്ഷലക്ഷ്യങ്ങള്‍ ആ ദേഹത്തില്‍ കുടികൊണ്ടിരുന്നു എന്നു മനസ്സിലാക്കുവാനുള്ള പ്രാഗത്ഭ്യം എനിക്കില്ലാതെപോയി. സ്വജനങ്ങളില് എന്തെന്നില്ലാത്ത ഒരു മമതാഭാരം ഇക്കാലത്തു ചങ്ങമ്പുഴയെ ബാധിച്ചിരുന്നു. ഒരുപക്ഷേ, ജ്യോതിശാസ്ത്രവിശാരദത്വത്തിലുള്ള അസാമാന്യ വിശ്വാസത്താല്‍ തന്റെ അന്ത്യം ആസന്നമാണെന്ന് അദ്ദേഹം ധരിച്ചിരുന്നിരിക്കാം. അങ്ങനെ അവശതയില്‍ വഴുതിവീണുകൊണ്ടിരിക്കുന്ന ആത്മസുഹൃത്തിനെ അവസാനമായി കണ്ട് ഞാന്‍ നാടുവിട്ടു.
മാസങ്ങള്‍ പിന്നെയും കഴിഞ്ഞു. ചങ്ങമ്പുഴയുടെ കത്തുകള്‍ വളരെ അപൂര്‍വ്വമായതിനാല്‍ കൂടെക്കൂടെ വിവരങ്ങള്‍ അന്വേഷിച്ചറിയാന്‍ ഞാന്‍ എന്റെ പ്രിയ സഹോദരനെ ഭാരമേല്‍പ്പിച്ചു. തൃശൂരില്‍ നിന്നും വന്ന ഭാര്യഗൃഹത്തില്‍ താമസിച്ചിരുന്ന ചങ്ങമ്പുഴ താമസിയാതെ തന്നെ സ്വകുടുംബത്തിലേക്ക് മാറിത്താമസിച്ചു. അവിടെ അമ്മ, അമ്മയുടെ സഹോദരി, അവരുടെ മക്കള്‍, അനുജന് ഏവരുമുണ്ടായിരുന്നു. വാതസംബന്ധമായ സുഖക്കേടുകളുടെ ലക്ഷണമാണ് ആദ്യമാദ്യം കണ്ടത്. സ്വജനങ്ങളുടെ സ്നേഹമസൃണവും ശ്രദ്ധാപൂര്ണ്ണവുമായ ശുശ്രൂഷ ചങ്ങമ്പുഴയ്ക്ക് നിര്ല്ലോ ഭം ലഭിച്ചു. ദിനചര്യകള്‍ യഥാകാലം നിര്‍വ്വഹിക്കുവാന്‍ വിഷമം തോന്നിയിരുന്നെങ്കിലും മാനസികവ്യാപാരങ്ങള്‍ക്ക് ഏതും കുറവുവന്നില്ല. അങ്ങനെയിരിക്കെ ഉത്തമസൃഹുത്തുക്കളില് ചിലരുടെ ഉപദേശാനുസരണം സമഗ്രമായ ഒരു വൈദ്യപരിശോധനയ്ക്കായി കോയമ്പത്തൂര്‍ക്ക് പോയി. അക്കാലത്ത് അവിടെ പ്രാക്ടീസ് ചെയ്തിരുന്ന പ്രസിദ്ധ ഭിഷഗ്വരന് ഡോക്ടര്മാരാരുടെ പരിശോധനയില്‍ ക്ഷയരോഗലക്ഷണങ്ങള്‍ നമ്മുടെ കവിയെ ബാധിച്ചതായി തെളിഞ്ഞു. രോഗത്തിന്റെ ഭീകരസ്വരൂപം അപ്പോള്‍ മാത്രമാണ് ആ സാധു തികച്ചും മനസ്സിലാക്കിയത്. നാട്ടില്‍ തിരിച്ചെത്തിയതും ഡോക്ടര്‍മാരുടെ വിധി പ്രകാരം ചികിത്സകള്‍ നിര്‍വിഘ്നം തുടങ്ങി. യുദ്ധക്കാലക്കെടുതികളാല് നല്ല മരുന്നുകള്‍ കിട്ടുക വളരെ വിഷമമായിരുന്നു. കിട്ടുന്നതിന് അന്യായമായ വിലയും കൊടുക്കണം. എങ്കിലും തന്റെ കഴിവുകളുടെ പരമാവധി ഉപയോഗിച്ച് എല്ലാ മരുന്നും സമ്പാദിച്ച് ചികിത്സകള്‍ നടത്തി. ഏറെ താമസിയാതെ തന്റെ പ്രിയമാതാവടക്കം ഏവരെയും വിട്ട് എന്നെന്നേക്കുമായി പിരിയേണ്ടി വന്നേക്കുമോ എന്ന ഭയം ആ ഹൃദയത്തെ അത്യധികം പീഡിപ്പിച്ചു. എങ്ങനെയെങ്കിലും ജീവിതം നീട്ടിക്കൊണ്ടുപോകണമെന്ന ആശ വളരുകയും ചെയ്തു. രോഗത്തിന് പറയത്തക്ക ഭേദമൊന്നും കാണാതെ ദിനരാത്രങ്ങള്‍ കഴിഞ്ഞുപോയി. ഒന്നുരണ്ടല്ലാ പലതും. ദിവസം തോറും ധാരാളം പണം ചെലവിടേണ്ടി വന്നു. ആ മടിശ്ശീലയുടെ അടിത്തട്ടുകാണുവാനും തുടങ്ങി.
കൈരളിയുടെ കണ്ണിലുണ്ണിയായ കവി രോഗബാധിതനായി തീരെ അവശനായികിടപ്പാണെന്ന വാര്‍ത്ത കാട്ടുതീ പോലെ നാടെങ്ങും പരന്നു. മലയാളികള്ചെന്നെത്തിയിട്ടുള്ള, ലോകത്തിന്റെ കോണുകളിലെല്ലാം ആ വാര്‍ത്ത അലയടിച്ചു. സുഹൃത്തുക്കളും, ആരാധകരും, ആസ്വാദകരും അടങ്ങിയ ഒരു ജനപ്രവാഹം , ഇടപ്പള്ളിയില്‍ സ്വന്തം ഗൃഹവളപ്പില് വെച്ചുകെട്ടിയ ഒരു ചെറ്റമാടത്തില്‍ ശരശയനം ചെയ്യുന്ന ആ കവിയെ ഒന്നു കാണുവാന്‍, അദ്ദേഹത്തിന്റെ ഒരു വാക്കു കേള്‍ക്കാന്‍, വന്നെത്തിക്കൊണ്ടിരുന്നു. വര്‍ദ്ധിതമായ ചെലവുകള്‍ താങ്ങാന്‍ ശുഷ്കമായ ആ മടിശ്ശീല അശ്കതമെന്നറിഞ്ഞപ്പോള് അവര്‍ തങ്ങളുടെ കവിക്കുവേണ്ടി ആവുന്നത്ര ധനസഹായം ചെയ്യുവാന്‍ മുന്നോട്ടുവന്നു. സരസസാഹിത്യകാരനും ചങ്ങമ്പുഴയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളുമായ ശ്രീ. ഇ.എം കോവൂരിന്റെ പത്രപ്രസ്താവനയില്നിന്നും സംഗതിയുടെ ഗൗരവം കേരളത്തിലെ സാഹിത്യകാരന്മാര് തികച്ചും മനസ്സിലാക്കി. ആ കവിതാകുബേരന്റെ ധനകുചേലത്വം അറിഞ്ഞ മറുനാടന്‍ മലയാളിസംഘടനകള്‍ മുക്തഹസ്തം സഹായങ്ങള്‍ എത്തിച്ചുവന്നു. അങ്ങനെ ചങ്ങമ്പുഴഭവനത്തിലേക്ക് ഭാരതത്തിന്റെ നാനാഭാഗത്തുനിന്നും സഹായഹസ്തങ്ങള്‍ നീങ്ങി. പണവും കത്തുകളും കൊണ്ട്. ഇടപ്പള്ളി പോസ്റ്റോഫീസു നിറഞ്ഞു. ശത്രുക്കളും മിത്രങ്ങളും അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ വെമ്പല്‍കൊണ്ടു. മഹാകവി ശങ്കരക്കുറുപ്പ് അടക്കം ഇടപ്പള്ളിപരിസരങ്ങളിലെ സാഹിത്യകാരന്മാരെല്ലാം ചങ്ങമ്പുഴ ഗൃഹത്തിലെ നിത്യസന്ദര്‍ശകരായി. സുഹൃത്തുക്കളോട് ഹൃദയം തുറന്ന് സംസാരിച്ചും, തന്റെ തെറ്റുകളെ ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ചും ചങ്ങമ്പുഴ പണിപ്പെട്ട് ദിവസങ്ങള്‍ നയിച്ചുവന്നു. സ്വജനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും, നാട്ടുകാര്‍ക്കുമെല്ലാം ഒരേ ഒരാഗ്രഹമാണുണ്ടായിരുന്നത്; എങ്ങനെയെങ്കിലും അദ്ദേഹത്തിന്റെ ജീവന് നിലനിറുത്തണം, അതൊന്നുമാത്രം. അതിനായി എന്തുത്യാഗവും ചെയ്യുവാന്‍ അവര്‍ സന്നദ്ധരായിരുന്നു. ശാലിനിയായ പ്രിയതമയുടെയും, പുത്രവത്സലനായ മാതാവിന്റെയും മഹത്വം ചങ്ങമ്പുഴ മനസ്സിലാക്കിയത് ആയിടയ്ക്കാണ്. മറ്റുപല സന്ദര്‍ഭങ്ങളിലും ഒട്ടൊക്കെ ശിഥിലമായിപ്പോയ തന്റെ പത്നീപ്രേമത്തില് ആ ഹൃദയസമ്പന്നന് മനസ്സാ പശ്ചാത്തപിച്ചു. പ്രിയതമയെ ദേവിയെപ്പോലെ ആരാധിച്ചുതുടങ്ങി. അന്ത്യകാലത്തില്‍ എഴുതിയ അത്യുത്തമകവിതകളില് ഒന്നായ ``മനസ്വിനി''യുടെ ഉറവിടം നമുക്കിവിടെ കാണാം. ``ജാതകദോഷം കൊണ്ടൈന്തിന്നൈന് ജായാപദവി വരിച്ചു നീ'' എന്നും മറ്റുമുള്ള അതിലെ ഹൃദയംമുറ്റിയ ചോദ്യങ്ങള്‍ എത്രമാത്രം അര്ത്ഥപുഷ്കലങ്ങളാണെന്ന് അടുത്തറിഞ്ഞവര്‍ക്കേ തികച്ചും മനസ്സിലാകയൂള്ളൂ. പകര്ച്ചവ്യാധീബാധിതനായ തന്റെ സമീപത്തില്‍ അധികമാരും വരുന്നതു ചങ്ങമ്പുഴയ്ക്കിഷ്ടമായിരുന്നില്ല. ഈ തീരാരോഗം അവരെയും ബാധിച്ചെങ്കിലോ എന്ന ഭയമായിരുന്നു ആ ഹൃദയസമ്പന്നന്. എങ്കിലും പന്തിയുടെ സ്നേഹധാരയുടെ പാവനതയില്‍ അതദ്ദേഹം അനുവദിക്കുകയാണുണ്ടായത്.
കേരളം എണ്ണപ്പെട്ട പല സാഹിത്യകാരന്മാരുടെയും അന്ത്യത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ ചങ്ങമ്പുഴയ്ക്ക് ലഭിച്ചതുപോലെ അത്രമാത്രം ബഹുജനസ്പര്ശിയും, സമാരാദ്ധ്യവുമായ ഒരന്ത്യഘട്ടം മറ്റാര്‍ക്കും ലഭ്യമായില്ലെന്നതു പരമാര്‍ത്ഥം മാത്രമാണ്. പ്രാണസുഹൃത്തിന്റെ രോഗവിവരങ്ങള്‍ അപ്പോഴപ്പോള്‍ തന്നെ സൂക്ഷ്മമായി അറിഞ്ഞിരുന്നെങ്കിലും, അതത്രവേഗം അപകടമേഖലയിലേയ്ക്കു സംക്രമിക്കുമെന്ന് താന്‍ അശേഷം കരുതിയില്ല. ക്ഷയരോഗമാണെങ്കിലും മുപ്പത്തിരണ്ടുവയസ്സിനുമേല് പിടിപെടുന്നത് ജീവാപായകരമാകില്ലെന്ന് എന്നെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ആ മൂഢവിശ്വാസത്തെ ഞാന്‍ മുറുകെപ്പിടിച്ചു. ചങ്ങമ്പുഴ ആ പ്രായം പിന്നിട്ടുകഴിഞ്ഞിരുന്നല്ലോ . ഉല്കണ്ഠാജനകങ്ങളായിരുന്നു നാട്ടില്‍ നിന്നും കിട്ടിയ വിവരങ്ങള്‍. ആസന്നഭാവി ഭയങ്കരമായേക്കുമോ എന്ന ആശങ്ക എന്നെ അലട്ടാതിരുന്നില്ല. ഏതെങ്കിലും അത്യാവശ്യമരുന്നുകള്‍ നാട്ടില്‍ കിട്ടാന്‍ വിഷമമായാല്‍ എന്നെ അറിയിക്കണമെന്ന് ഞാന്‍ സുഹൃത്തിനു പ്രത്യേകം എഴുതി. വിവരങ്ങള്‍ അപ്പോഴപ്പോള്‍ അറിയിക്കുവാന്‍ അനുജനു വീണ്ടും നിര്‍ദ്ദേശംകൊടുത്തു. അടുത്തുതന്നെ സുഹൃത്തിനെപ്പോയിക്കാണുവാന് ഞാന്‍ തീരുമാനിച്ചു. പക്ഷേ വിധിമതം.................... അതു മറിച്ചായിരുന്നു.
അധ്യായം 22
ആ ദീപം പൊലിഞ്ഞു
``സുഖക്കേട് അല്പം കൂടുതലായതിനാല്‍ ചങ്ങമ്പുഴയെ തൃശൂര്‍ക്കു കൊണ്ടുപോയിരിക്കുന്നു. അവിടെ മംഗളോദയം നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.'' അനുജന്റെ കത്ത് എന്നെ വല്ലാതെ ഭയപ്പെടുത്തി. ഏതോ അവാച്യമായ ഒരപകടഭീതി എന്നെ വലയം ചെയ്തു. ദുഃഖപര്യവസായിയാകാന്പോകുന്ന ഒരു നാടകത്തിന്റെ നാന്ദിയാണ് ആ കത്തെന്നെനിക്കു തോന്നി. യെപ്പോഴും ശുഭാപ്തിവിശ്വാസക്കാരനായ എന്റെ ദേഹം ആപച്ഛങ്കയാല് അടിമുടി വിയര്‍ത്തു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ``എന്റെ മഹാഗണപതീ!'' ഞാന്‍ അറിയാതെ പ്രാര്‍ത്ഥിച്ചുപോയി. ``ചങ്ങമ്പുഴ'' -ആ ചതുരക്ഷരീമന്ത്രം ഞാന്‍ അറിയാതെ ഉരുവിട്ടു. അത്യാവശ്യമായി നാട്ടില്‍ പോകേണ്ടതുള്ളതിനാല്‍ പത്തുദിവസത്തെ അവധിവേണമെന്ന് ഞാന്‍ കമ്പനി ഓഫീസിലേയ്ക്കെഴുതി.
അക്കാലത്ത് ജോലാര്‍പേട്ട-ബാംഗ്ലൂര്‍ ലൈനിലുള്ള `കുപ്പം' എന്ന സ്ഥലത്ത് ഒരു ആസിഡ് ഫാക്ടറിയുടെ മാനേജരായി ഞാന്‍ ജോലിനോക്കുകയായിരുന്നു. കമ്പനി ഓഫീസ് മദിരാശി ആകയാല്‍ എനിക്കവധി അവിടെനിന്നും അനുവദിച്ചുവരേണ്ടിയിരുന്നു. കുടുംബസഹിതമാണ് ഞാന്‍ കുപ്പത്തു താമസിച്ചിരുന്നത്. അവധി അനുവദിച്ചുവന്ന ഉടന്‍ തൃശൂര്‍ക്കു പുറപ്പെടുവാനായിരുന്നു എന്റെ ഉദ്ദേശം. 1948 ജൂണ്‍ 15-ാം തീയതി എനിക്കൊരു കമ്പി കിട്ടി. അതു സസംഭ്രമം പൊളിച്ചുവായിച്ചു. ചങ്ങമ്പുഴയുടെ കമ്പിയായിരുന്നു അത്. തൃശൂരിലെ കാലാവസ്ഥ തനിക്കനുയോജ്യമല്ലായ്കയാല് താനും അമ്മയും അനുജനുമൊന്നിച്ച് കുപ്പത്തേക്ക് വരുന്നുവെന്നും താമസത്തിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണമെന്നുമായിരുന്നു കമ്പിയിലെ സാരം. എനിക്കു വളരെയേറ സമാധാനവും അതില്‍ക്കവിഞ്ഞ സന്തോഷവുമുണ്ടായി. വിധിനിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍ എന്റെ സുഹൃത്ത് എന്നെ ഓര്‍മ്മിച്ചുവെന്നും അടുത്തിരുന്നു ശുശ്രൂഷിക്കുവാന്‍ എനിക്കും ഭാഗ്യംസിദ്ധിക്കുന്നു എന്നും ഓര്‍ത്തപ്പോള്‍ ഞാന്‍ അത്യന്തം ചരിതാര്‍ത്ഥനായി. ആ അസുലഭഭാഗ്യത്തെ ആവതും ഹൃദ്യമാക്കിത്തീര്ക്കേണമെന്ന് ഞാന്‍ മനസാ ആശിച്ചു. എല്ലാംകൊണ്ടും എന്നേക്കാള്‍ കഴിവും, സ്വാധീനതയുമുള്ള ബന്ധുക്കളും ആരാധകന്മാരും ധാരാളമുള്ള സുഹൃത്ത് ഇത്തരുണത്തില്‍ എന്നെ അനുസ്മരിച്ചല്ലോ എന്നോര്‍ത്ത് ഞാന്‍ അഭിമാനപൂരിതനായി. ഉടന്‍ തന്നെ പുറപ്പെട്ടുവരുവാന് മറുപടികമ്പിയും കൊടുത്തു.
കുപ്പത്ത് ഒരു ഹിന്ദി പണ്ഡിറ്റും ഒരു റെയില്‍വെ സ്റ്റേഷന്മാസ്റ്ററുമാണ് അക്കാലത്ത് എന്നെക്കൂടാതെ ഉണ്ടായിരുന്ന മലയാളികള്‍. അവര്‍ക്ക് ചങ്ങമ്പുഴക്കവിതകളോട് അസാമാന്യ ഭക്തിയുണ്ടായിരുന്നതിനാല്‍ ആ കവിയെ നേരില്‍ പരിചയപ്പെടുവാന്‍ ഔല്‍സുക്യമുണ്ടായിരുന്നു. എന്റെ അയല്‍വാസിയും സഹഉദ്യോഗസ്ഥനുമായ ഒരു മിസ്റ്റര്‍ നായഡുവുമുണ്ടായിരുന്നു. അദ്ദേഹത്തിനു മലയാളത്തിന്റെ മഹാകവിയെ കാണുവാന്‍ വെമ്പലുണ്ടായിരുന്നു. കുപ്പത്തു ചങ്ങമ്പുഴയ്ക്കു വേണ്ട സൗകര്യം ചെയ്തുകൊടുക്കുന്നതില്‍ ഇവര്‍ക്കേവര്‍ക്കും അസാമാന്യ ഉത്സാഹമുണ്ടായിരുന്നതിനാല് എന്റേ ഏതിംഗിതവും സാധിക്കുന്നില്‍ അവര്‍ തല്പരരായിരുന്നു. പരിചിതനായ ഒരു ഡോക്ടര്‍ റാവുവിനോടും ഞാന്‍ പറഞ്ഞുവെച്ചു. ചങ്ങമ്പുഴയുടെ അവിടത്തെ താമസം എല്ലാംകൊണ്ടും സുഖപ്രദമാക്കേണമെന്ന് ഞങ്ങള്‍ ഏവരും മനസാ ഉറച്ചു. എന്നെ പുത്രതുല്ല്യം സ്നേഹിക്കുന്ന ചങ്ങമ്പുഴയുടെ പ്രിയമാതാവ് കൂടെവരുന്നതിനാല് വല്ല കുറ്റവും കുറവുകളും വന്നാല്‍ സ്നേഹപൂര്‍വ്വം ക്ഷമിക്കപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും എന്റെ ഗൃഹഭരണസാമര്ത്ഥ്യം സ്വജനങ്ങളെ കാണിക്കുവാനുള്ള ഒരു സുവര്‍ണ്ണാവസരമായി എന്റെ പ്രിയതമ കരുതി. അങ്ങനെ പ്രതീക്ഷാനിര്‍ഭരമായി രണ്ടുദിവസം കഴിഞ്ഞു. ജൂണ്‍ പതിനാറും പതിനേഴും തീയതികള്‍.
എന്തെല്ലാമോ ഭയങ്കര സ്വപ്നങ്ങളാല് സുഖനിദ്ര ലഭിക്കാതെ അത്യന്തം പരവശനായിട്ടാണ് അടുത്ത പ്രഭാതത്തില്‍ ഞാന്‍ എഴുന്നേറ്റത്. അന്നു തീര്‍ച്ചയായും സുഹൃത്തെത്തുമെന്നായിരുന്നു പ്രതീക്ഷ. രാവിലെ ഒമ്പത് മണിക്കാണ് കുപ്പം സ്റ്റേഷനില്‍ വണ്ടിയെത്തുക. അതിനാല്‍ ഞാന്‍ കൂട്ടുകാരുമായിട്ടു ബദ്ധപ്പെട്ടു സ്റ്റേഷനിലേക്കു പോയി. പക്ഷേ അദ്ദേഹമോ കൂട്ടരോ അതിന്നകത്തുണ്ടായിരുന്നില്ല. ഞങ്ങള്‍ക്കുണ്ടായ നിരാശയ്ക്കതിരില്ല. എന്തുകൊണ്ടാണ് അദ്ദേഹം വരാതിരിക്കുന്നത്? എന്റെ കമ്പി കിട്ടിയില്ലായിരിക്കുമോ? ചിന്തകള്‍ എന്നെ അലട്ടി. വീട്ടിലെത്തിയപ്പോള്‍ ``എന്താ, ആളു വന്നില്ലേ, എന്തു പറ്റീ?''എന്ന് പ്രിയതമ ഉദ്യേഗതയോടെ തിരക്കി. എന്തുപറ്റീ എന്ന ആ നീണ്ട ചോദ്യം വളരെ അര്ത്ഥവ്യാപ്തിയുള്ളതാണെന്ന് എനിക്കു തോന്നി. എന്തോ പറ്റിയതിന്റെ സൂചനയല്ലേ അത്? ഞാന്‍ അവശനായി ചാരുകസാലയില്‍ വീണു. ഏതായാലും തൃശൂര്‍ക്ക് ഒരു കമ്പിയടിച്ച് വിവരം അറിയാമെന്നു ഞങ്ങള്‍ തീരുമാനിച്ചു.
തലേദിവസത്തെ ഉറക്കക്കുറവും ചിന്താഭാരവും താങ്ങാനാകാതെ ഞാന്‍ ഒന്നു മയങ്ങിയിരിക്കണം. അതിനകം മിസ്റ്റര്‍ നായിഡു ഓടിവന്നെന്നെ വിളിച്ചു. ``ഇന്നത്തെ ഹിന്ദുപത്രം കണ്ടുവോ?'' അദ്ദേഹം ഉദ്വേഗത്തോടെ ഇംഗ്ലീഷില്‍ ചോദിച്ചു. ആ ശബ്ദം ഇടറിയിരുന്നു. പേപ്പര്‍ എന്റെ നേരെ നീട്ടി. ചുവപ്പുപെന്സില് അടയാളംവെച്ച ഭാഗം ഞാന്‍ ഉത്കണ്ഠയോടെ വായിച്ചു: ``കേരളത്തിലെ സുപ്രസിദ്ധ കവിയായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള തൃശൂരിലെ മംഗളം നഴ്സിംഗ് ഹോമില്‍വച്ച് ഇന്നു വൈകുന്നേരം മൃതിയടഞ്ഞു. മുപ്പത്താറില്പരം കൃതികളുടെ കര്‍ത്താവായ അദ്ദേഹത്തിന് മരിക്കുമ്പോള്‍ 36 വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. '' പി.ടി.ഐ. എറണാകുളത്തുനിന്നും കൊടുത്തിട്ടുള്ള ഒരു വാര്‍ത്തായിയിരുന്നു അത്. ``ഹെന്റെ ഇഷ്ടാ'' ഞാന്‍ അറിയാതെ നിലവിളിച്ചുപോയി. കുറെനേരത്തേയ്ക്ക് എന്തുണ്ടായെന്ന് എനിക്ക് നിശ്ചയമില്ല. കണ്ണുതുറന്നപ്പോള്‍ എതിരിലെ ചുമരില്‍ രാജസപ്രൗഢിയോടെ പുഞ്ചിരി തൂകിക്കൊണ്ട് അപ്പോഴും ആ ഫോട്ടോ തൂങ്ങുന്നതാണ് കണ്ടത്. ``ഇഷ്ടാ, എന്റെ ജോത്സ്യം ഫലിച്ചോ?'' അതവജ്ഞാപൂര്വ്വം എന്നോട് ചോദിക്കുന്നതായി തോന്നി.
അല്പനേരത്തിനകം സ്റ്റേഷന്‍മാസ്റ്ററും ഹിന്ദി പണ്ഡിറ്റും ഒരുമിച്ചെത്തി. ``ചതിച്ചല്ലോ , ജി.പീ.'' അവര്‍ സങ്കടത്തോടെ പറഞ്ഞു, എല്ലാം അനുഭവിക്കുകയല്ലാതെ എന്താ ചെയ്യുക. അവര്‍ക്ക് സമാധാനത്തിന് വകയുണ്ടായിരുന്നു. ആ സാന്ത്വനം എന്റെ സങ്കടത്തെ വര്‍ദ്ധിപ്പിച്ചതേയുള്ളൂ.
അങ്ങനെ 1948 ജൂണ്‍മാസം വൈകുന്നേരം മൂന്നുമണിക്ക് കേരളീയരെ ആകമാനം ദുഃഖസാഗരത്തില്‍ ആഴ്ത്തിക്കൊണ്ട് ആ കൈരളീരമണന് ദിവംഗതനായി. സാഹിതീക്ഷേത്രത്തിലെ ആ ഉജ്ജ്വലദീപം എന്നെന്നേയ്ക്കുമായി പൊലിഞ്ഞു.
പിറ്റേദിവസം ചങ്ങമ്പുഴയുടെ അനുജന് ശ്രീ. പ്രഭാകരന്റെ കത്തുവന്നു. അന്ത്യഘട്ടത്തെ ഒട്ടൊന്നു വിവരിച്ച ശേഷം ``ചേട്ടന് നമ്മെയെല്ലാം വിട്ടുപിരിഞ്ഞുപോയി. നമുക്കിനിയാരുണ്ടൊരാശ്രയം?'' എന്നാണ് ആ സഹോദരന് കത്തുപസംഹരിച്ചിരുന്നത്. ``അതേ പ്രഭാകരാ, നമുക്കിനി ആരാണാരൊശ്രയം?'' കത്തുവായിച്ചു ഞാനും അറിയാതെ പറഞ്ഞുപോയി. എന്റെ കത്തും കമ്പിയും അവിടെ കിട്ടിയ വിവരവും അതു തന്റെ സഹോദരനില്‍ ഉളവാക്കിയ പ്രതികരണവും പ്രഭാകരന് പ്രത്യേകം എഴുതിയിരുന്നു. ``കോയമ്പത്തൂര്‍ക്കു യാത്രയ്ക്ക് തയ്യാറാക്കിനിറുത്തിയിരുന്ന കാറിലാണ് മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയത്.'' എന്ന ഭാഗം വായിച്ചപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. അടുത്ത തപാലില്‍ എന്റെ അനുജന്റെ കത്തുകിട്ടി. ``ദുഃഖാവേശത്താല് നേരത്തെ എഴുതാന്‍ സാധിക്കാതെപോയതിന്റെ ക്ഷമാപണ ''വുമായാണ് ആ കത്താരംഭിച്ചിരുന്നത്. ചങ്ങമ്പുഴയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് എന്റെ സഹോദരന് പത്മകുമാര്‍ ഇടപ്പള്ളി-മാവിന്‍ചുവട്ടില്‍ എന്ന കവിതയില്‍ പപ്പുണ്ണി പത്മദേവാലയം ഹിന്ദി തന് പഠിപ്പിനാല് പട്ടിണി നീക്കിക്കൊണ്ട് ഗ്രാമോദ്ധാരണം ചെയ്വൂ'' എന്ന് ചങ്ങമ്പുഴ വര്‍ണ്ണിച്ചിട്ടുള്ളത് ഈ സുഹൃത്തിനെപ്പറ്റിയാണ്- മൃതദേഹം ചങ്ങമ്പുഴഭവനത്തില് കൊണ്ടുവന്നതും അവിടത്തെ ശവദാഹാദി വിവരങ്ങളും നാട്ടുകാര്‍ അതില്‍ വഹിച്ച പങ്കും തുടര്‍ന്ന് മഹാകവി ജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന അനുശോചനയോഗവും താന്‍ ഒരു അനുശോചനപദ്യം എഴുതി വായിച്ചതും മറ്റുമായിരുന്നു പത്മകുമാറിന്റെ കത്തിലെ വിവരങ്ങള്‍. ആ അന്ത്യഘട്ടത്തിലും പ്രാമാണികന്മാരായ ചില നാട്ടുകാരുടെ പ്രവര്‍ത്തനത്തില്‍ അയാള്‍ക്ക് പരാതിയുണ്ടായിരുന്നു.
മരണസമയത്ത് അനുജന് പ്രഭാകരന് മാത്രമാണ് അടുത്തുണ്ടായിരുന്നത്. മറ്റു കുടുംബാംഗങ്ങള്‍ ഇടപ്പള്ളിയിലായിരുന്നു. അത്രവേഗം അതു സംഭവിക്കുമെന്ന് അവരാരും പ്രതീക്ഷിച്ചില്ല. മരണദിവസം രാവിലെ മകന് ശ്രീകുമാരനെയും കൂട്ടിക്കൊണ്ട് ചങ്ങമ്പുഴയുടെ അഭിവന്ദ്യമാതാവ് തൃശൂരില്‍ എത്തിയിരുന്നു. എങ്കിലും ``കൊച്ചുകുട്ടനെക്കിടത്തിയിരുന്ന ആസ്പത്രി'' കണ്ടുപിടിച്ചുകഴിഞ്ഞപ്പോഴേയ്ക്കും അത്യാഹിതം സംഭവിച്ചുകഴിഞ്ഞിരുന്നു. ചങ്ങമ്പുഴ കൃഷ്ണപിള്ളയെ ഏവരും അറിയുമായിരുന്നു; റിക്ഷാക്കാരുള്പ്പെടെ. പക്ഷേ ആ അമ്മയുടെ കൊച്ചുകുട്ടനെ ആരും അറിഞ്ഞിരുന്നില്ല. അതാണ് സ്ഥലം കണ്ടുപിടിക്കാന്‍ ഇത്ര താമസം നേരിട്ടത്. തൃശ്ശൂരില്ത്തന്നെയുണ്ടായിരുന്ന സുഹൃത്തുക്കള്‍പോലും ആ മരണം അത്ര ആസന്നമാണെന്നറിയായ്കയാല് അന്ത്യസമയത്ത് അടുത്തെത്തുകയുണ്ടായില്ല അഥവാ കാറില്‍കയറി അന്യനാട്ടിലേയ്ക്കു പുറപ്പെടാന്‍ സന്നദ്ധനായിരുന്ന ആള് അതിവേഗം മരണഗര്‍ത്തത്തില്‍ ആപതിക്കുമെന്ന് എങ്ങനെ ഊഹിക്കാം. ഇടപ്പള്ളിയില്‍ ജനിച്ചെങ്കിലും അവിടെവെച്ചു മരിക്കുവാന്‍ ഇടവരരുതെന്ന് എന്റെ സുഹൃത്ത് ഒരവസരത്തില്‍ പറഞ്ഞത് ഞാന്‍ ഓര്‍മ്മിച്ചു. ആ ആഗ്രഹം നിറവേറുകയും ചെയ്തു.
അദ്ധ്യായം ഇരുപത്തിമൂന്ന്
ജീവചരിത്രസംക്ഷേപം
ഇന്നത്തെ എറണാകുളം ഡിസ്ട്രിക്റ്റില്പെട്ട ഇടപ്പള്ളിയില്‍ ദരിദ്രമെങ്കിലും പ്രശസ്തമായ ചങ്ങമ്പുഴക്കുടുംബത്തില് 1087 കന്നിമാസം 24-ാംനു ഭരണിനക്ഷത്രത്തില്‍ കൃഷ്ണന്‍കുട്ടി ജനിച്ചു. കൊച്ചിമട്ടാഞ്ചേരി തെക്കേടത്തു നാരായണമേനവനായിരുന്നു അച്ഛന്. അമ്മ ചങ്ങമ്പുഴ പാറുക്കുട്ടിഅമ്മയും. ബാല്യത്തിലേതന്നെ അച്ഛന് മരിച്ചുപോയി. അമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്നു. വീട്ടിലെ ദാരിദ്ര്യം കാരണം വളരെ കഷ്ടപ്പെട്ടാണ് ചങ്ങമ്പുഴ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇടപ്പള്ളി, ആലുവ, എറണാകുളം, തിരുവനന്തപുരം മുതലായ സ്ഥലങ്ങളില്‍ അദ്ദേഹം പഠിച്ചിട്ടുണ്ട്. മദിരാശി ലോക്കോളേജിലും ഏതാനും മാസം പഠിക്കുകയുണ്ടായി. പഠിത്തകാലത്തില് അസാമാന്യബുദ്ധിസാമര്ത്ഥ്യമൊന്നും കൃഷ്ണപിള്ള പ്രദര്‍ശിപ്പിക്കുകയുണ്ടായില്ല. ഏതാണ്ടു 15-ാമതു വയസ്സുമുതല്‍ കൃഷ്ണപിള്ള കവിതയെഴുതിവന്നു. ആദ്യകൃതി `ബാഷ്പാഞ്ജലി'' 1110-ലാണ് പ്രസിദ്ധംചെയ്തത്. സുപ്രസിദ്ധ ഫലിതസാഹിത്യകാരനും പ്രമുഖ പൊതുക്കാര്യ്യപ്രവര്ത്തകനുമായിരുന്ന പരേതനായ ഇ.വി. കൃഷ്ണപിള്ളയായിരുന്നു സാഹിത്യക്ഷേത്രത്തത്തില് ചങ്ങമ്പുഴയുടെ അവതാരകന്. തന്റെ ഗുരുനാഥന്മാരില് ഒരാളായിരുന്ന ശ്രീ രാമന്മേനവന്റെ മകള്‍ ശ്രീദേവിയെ 1115-ല്‍ വിവാഹം ചെയ്തു. മിലിട്ടറി അക്കൗണ്ട് സര്‍വ്വീസിലും മംഗളോദയം മാസികയിലും അദ്ദേഹം കുറച്ചുകാലം ജോലിനോക്കിയിട്ടുണ്ടെങ്കിലും പ്രഥമവും പ്രധാനവുമായി തന്റെ തൂലികതന്നെയാണ് തന്റെ ജീവിതമാര്‍ഗ്ഗമായി അംഗീകരിച്ചത്.
ഏതാണ്ട് 60-ഓളം കൃതികള്‍ ചങ്ങമ്പുഴ കൈരളിക്ക് സമ്മാനിച്ചിട്ടുണ്ട്. 1112-ല്‍ തന്റെ സുഹൃത്തും കവിയുമായിരുന്ന രാഘവന്‍പിള്ളയുടെ ആത്മഹത്യയെ പശ്ചാത്തലമാക്കി രചിച്ച ``രമണന്'' ചങ്ങമ്പുഴയെ ധനവാനാക്കിത്തീര്ത്തു. ഗ്രന്ഥവില്പനയില് മലയാളത്തില്‍ ചരിത്രം സൃഷ്ടിച്ച ഒരു കൃതിയത്രെ രമണന്. സങ്കല്പകാന്തി, രക്തപുഷ്പങ്ങള്‍, സ്വരരാഗസുധ മുതലായ കൃതിസമാഹാരങ്ങളില് അത്യുത്തമങ്ങളായ കവിതകള്‍ പലതും അടങ്ങിയിട്ടുണ്ട്.
ചങ്ങമ്പുഴയ്ക്കു രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമായി ആകെ നാല് സന്താനങ്ങളുണ്ടായി. അവരില്‍ ഒരാണ്‍കുട്ടി മരിച്ചുപോയി. മറ്റു മൂന്നുപേര്‍ സുഖമായി വളര്‍ന്നുവരുന്നു. മകന് ശ്രീകുമാറിന് കുറച്ചൊക്കെ സാഹിത്യപരമായ കഴിവുകളുണ്ട്. പെണ്മക്കള് അജിതകുമാരിയും ലളിതയും അമ്മയോടൊപ്പം ഇടപ്പള്ളിയില്തന്നെ താമസിച്ചു പഠിച്ചുവരുന്നു.
ചങ്ങമ്പുഴയ്ക്കു കൂടപ്പിറപ്പായി ഒരു സഹോദരന് മാത്രമാണുള്ളത്. മിസ്റ്റര്‍ പ്രഭാകരന്. പ്രഭാകരനും അമ്മയും ഇപ്പോ കുറെ അരിഷ്ടിപ്പിലാണ് കഴിഞ്ഞുകൂടുന്നത്. ചങ്ങമ്പുഴകൃതികളില്നിന്നും കിട്ടുന്ന ആദായത്താല് ഭാര്യാപുത്രാദികള്‍ സുഖമായി കാലയാപനം ചെയ്തുവരുന്നു. ലക്ഷ്മണന് ശ്രീരാമനെ എന്നപോലെ തന്റെ സഹോദരനുവേണ്ടി ജീവിച്ച ഒരു മാതൃകാസഹോദരന്-ഇടപ്പള്ളി പഞ്ചായത്താപ്പീസിലെ ഒരു ഗുമസ്തനായ ഈ പ്രയത്നശീലനാണ് ചങ്ങമ്പുഴയുടെ മാതാവിന് ഇന്ന് ഏകാവലംബം. 1948 ജൂണ്‍ 17 (1123 മിഥുനം 4)ന് ചങ്ങമ്പുഴ ഇഹലോകവാസം വെടിഞ്ഞു. സ്വഗൃഹവളപ്പിലെ തെക്കുഭാഗത്താണ് മൃതദേഹം സംസ്കരിച്ചത്. അവിടെ ഒരു ചെറിയ കുഴിമാടവും കെട്ടിയിട്ടുണ്ട്.
കേരളീയ സ്ഥാപനങ്ങളില്‍ പലതും, ജനങ്ങളും, സാഹിത്യകാരന്മാരും, പ്രസാധകന്മാരും പത്രമുടമകളുമെല്ലാം ആ വശ്യവചസ്സായ ഗാനഗന്ധര്‍വ്വനെ ഗണ്യമാംവണ്ണം സഹായിച്ചിട്ടുണ്ട്. അതുപോലെതന്നെ ചങ്ങമ്പുഴയും പലരേയും സഹായിച്ചു. ഇന്നത്തെ യുവകവികള്‍ക്ക് പ്രചോദനവും പ്രോത്സാഹനവും നല്കുന്നതു ചങ്ങമ്പുഴക്കൃതികളാണ്. ആ ജീവിതം ദരിദ്രസാഹിത്യകാരന്മാര്ക്കു ആശാകേന്ദ്ര വുമത്രെ. ``ജീവിതം നല്കാന് മടിക്കുന്നതത്രയും ജീവിച്ചു ജീവിതത്തോടെ ഞാന്‍ വാങ്ങിടും'' എന്ന ദൃഢനിശ്ചയം ചങ്ങമ്പുഴയ്ക്കുണ്ടായിരുന്നു. ആ ഹൃദയം ഒട്ടൊക്കെ വിഷാദകലുഷിതമായിരുന്നുവെങ്കിലും സ്ഥിരപ്രജ്ഞനും പ്രവര്ത്തനോന്മുഖനുമായ ഒരു ബുദ്ധിജീവിക്ക് ഏതു സമുന്നതസ്ഥാനവും അപ്രാപ്യമല്ലെന്ന പരമാര്‍ത്ഥം ചങ്ങമ്പുഴയുടെ ജീവിതം നമുക്ക് കാണിച്ചുതരുന്നു. മധുരമധുരമുറ്റ ആ കവിതാസ്രോതസ്സിന്റെ പിന്നില്‍ വര്‍ഷങ്ങളോളം നീണ്ടുനിന്ന ഒരു പരിശ്രമചരിത്രവും സാധകപ്രവണതയും ഉണ്ടെന്ന പരമാര്‍ത്ഥം മറക്കാവതല്ല. അതൊരുഗ്രതപസ്യയുടെ അവശ്യഫലമത്രെ. എത്ര ധന്യമായ ജീവിതത്തേയും താറുമാറാക്കി ദുരന്തമാക്കിമാറ്റുവാന് കുത്തഴിഞ്ഞ ജീവിതചര്യകള്‍ക്കു സാദ്ധ്യമാണെന്ന് ആ ജീവചരിത്രം നമുക്ക് കാണിച്ചുതരുന്നു. മദിരയും മദിരാക്ഷിയും മറ്റും വരുത്തിക്കൂട്ടുന്ന ഭയങ്കരവിനയുടെ ചരിത്രമായിരുന്നു ആ ദുരന്തം.
ചങ്ങമ്പുഴ: തങ്കവര്ണ്ണത്തിലുള്ള ഉയര്‍ന്ന മെല്ലിച്ച ശരീരം. വെട്ടിത്തിളങ്ങുന്ന കണ്ണുകള്‍. തങ്കഫ്രയിമുള്ള കണ്ണട, പൊടിമീശ, സദാപുഞ്ചിരിച്ച മുഖം, കൈവീശിക്കൊണ്ടുള്ള നടപ്പ്, വാചാലമായ സംഭാഷണം, സന്ദര്ഭാനുസാരിയായ അംഗചലനങ്ങള്‍, മനസ്സിലായോ, മനസ്സിലായോ എന്ന ആവര്‍ത്തിച്ച ചോദ്യങ്ങള്‍, ഒറ്റനോട്ടത്തില്‍ത്തന്നെ ആരെയും വശീകരിക്കുന്ന ഓമനത്വം- എന്റെ ആത്മസുഹൃത്ത്, കേരളത്തിന്റെ കണ്ണിലുണ്ണിയായ ജനകീയ കവി ഇതാ നമ്മുടെ മുന്നില്‍ നില്ക്കുന്നു. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നെ ഒരിക്കലും നിങ്ങള്‍ക്കദ്ദേഹത്തെ മറക്കുക സാദ്ധ്യമല്ല. അദ്ദേഹം മറക്കുകയുമില്ല. അത്ര ഹൃദയഹാരിയും പരിശുദ്ധവുമായിരിക്കും ആ പെരുമാറ്റങ്ങള്‍.
കാരുണ്യം, വിനയം, സ്നേഹം ഇവയെല്ലാം ആ ഹൃദയത്തിന്റെ അവിഭാജ്യഘടകങ്ങളായിരുന്നു. വക്രബുദ്ധി അദ്ദേഹത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. അഹംഭാവത്തിന് അതു വഴങ്ങിയില്ല. അന്യരുടെ അഹങ്കാരത്തെ അശേഷം ഗണ്യമാക്കിയതുമില്ല. അധികാരത്തിന്റെ മുമ്പില്‍ തലകുനിച്ചില്ല. അങ്ങനെ മാനവസമുദായസേവയെ മാത്രം ലാക്കാക്കി ഹൃദയംതുറന്നു പാടിപ്പാടി ആ ഗാനകോകിലം ആകാശത്തോളം ഉയര്‍ന്നു. എന്നാല്‍ മധ്യേമാര്‍ഗ്ഗം ദുര്‍വിധി അതിന്റെ ചിറകുകള് അരിഞ്ഞു. ആ ചുവടുകളെ പിന്തുടരാന്, ആ പാട്ടുകളെ ഏറ്റുപാടാന്‍, അതിനെ യഥാവല്‍ പരിരക്ഷിക്കുവാന്‍ കൈരളിക്ക് ഇനിയും ഒരാള്‍ കൈവരേണ്ടതായിട്ടാണിരിക്കുന്നത്. ചങ്ങമ്പുഴയെ അനുകരിച്ചവര്‍ക്ക് ആ കവിതകളുടെ വിദൂരദര്‍ശനം മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. അതവര് മഹാനേട്ടങ്ങളായിക്കരുതി സംതൃപ്തി പൂണ്ടിരിക്കുകയാണ്.
ചങ്ങമ്പുഴയെപ്പോലെ ഒരു ഗാനഗന്ധര്‍വ്വനെ പെറ്റെടുത്ത കൈരളിയുടെ വിശുദ്ധഗര്ഭത്തില് ഇനിയും പല അത്ഭുതസിദ്ധികള്‍ കുടികൊള്ളുന്നുണ്ടെന്ന് നമുക്ക് സമാധാനിക്കാം.