1945 - ല്‍ കോട്ടയത്ത്‌ നടന്ന 'അഖിലകേരള പുരോഗമന സാഹിത്യ സംഘടന'യുടെ രണ്ടാം വാര്‍ഷിക സമ്മേളനത്തിന് മുന്‍‌കൂര്‍ തയ്യാറാക്കി അച്ചടിച്ച് വിതരണം ചെയ്ത അദ്ധ്യക്ഷപ്രസംഗം


സാഹിത്യചിന്തകള്‍

മഹതികളേ, മഹാന്മാരേ, നിങ്ങളെ ഞാന്‍ വന്ദിക്കുന്നു!
ഒരു ജനതയുടെ സാംസ്‌കാരികമായ വികാസത്തിന്റെ വിജയവൈജയന്തിയാണ്‌ സാഹിത്യം. അതു തികച്ചും ആന്തരികമാണ്‌. ചരിത്രം രാഷ്‌ട്രത്തിന്റെ ബാഹ്യചലനങ്ങളെ മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളു. അതൊരിക്കലും തൊലിക്കപ്പുറം ചുഴിഞ്ഞിറങ്ങുന്നില്ല. മനുഷ്യരുടെ കായികമായ നേട്ടങ്ങളും നഷ്‌ടങ്ങളും, മസ്‌തിഷ്‌കിങ്ങളായ പ്രവര്‍ത്തനങ്ങളുടെ പ്രകടനഫലങ്ങളും കൊണ്ടു മാത്രം ചരിത്രം ത്യപ്‌തിപ്പെടുന്നു. ആത്മസത്തയുമായി അടുക്കുവാനുള്ള അഭിനിവേശം അതിന്‌ കുറവാണ്‌. സാഹിത്യമാകട്ടെ രാഷ്‌ട്രത്തിന്റെ ആത്മസത്തയുടെ അഭിരാമസന്താനമായി സമുല്ലസിക്കുന്നു.

വളരാത്ത ഒരു ജനതയ്‌ക്കു പരിപുഷ്‌ടമായ ഒരു സാഹിത്യസമ്പത്തുണ്ടാവുകയില്ല; സ്വതന്ത്രമല്ലാത്ത ഒരു രാഷ്‌ട്രം സ്വതന്ത്രമായ ഒരു സാഹിത്യത്തെ സൃഷ്‌ടിക്കയുമില്ല. ഈ തോതുവെച്ചു നോക്കുമ്പോള്‍ നമ്മുടെ സാഹിത്യത്തിന്റ കഥ അല്‌പം പരുങ്ങലിലാണെങ്കില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു? ഏറ്റവും പ്രാചീനമെന്നു കരുതപ്പെടുന്ന `രാമചരിതം' മുതല്‍ ആധുനിക കാലത്തെ കൃതികള്‍വരെ സാമാന്യമായിട്ടെങ്കിലും ഒന്നു കണ്ണോടിച്ചുനോക്കിയാല്‍, സാഹിത്യസംബന്ധമായ സകലസൗഭാഗ്യങ്ങളുടെയും ഇടയില്‍, ഒരു സംഗതി സ്‌പഷ്‌ടമായിക്കാണാന്‍ കഴിയും ഗ്രന്ഥകാരന്മാരുടെ അടിമമനോഭാവം. ഒരൊറ്റ നോട്ടത്തില്‍ അതിന്റെ നഗ്നമായ രൂപം പക്ഷേ നമ്മുടെ കണ്ണില്‍പെട്ടുവെന്നു വരികയില്ല. എന്തുകൊണ്ടെന്നാല്‍ അന്ധമായ ഭക്തിയുടെ ഒരു നനുനനുത്ത ഉടുപ്പണിഞ്ഞുകൊണ്ടാണ്‌ അതിന്റെ നില. ഒന്നുകില്‍ ഈശ്വരന്‍, അല്ലെങ്കില്‍ രാജാവ്‌, അതുമല്ലെങ്കില്‍ പൂര്‍വ്വസൂരികള്‍ ചിലപ്പോള്‍ ഇവരെല്ലാം തന്നെ ഒത്തുചേര്‍ന്നൊരു സംഘമായി സാഹിത്യകാരന്റെ മുന്‍പിലങ്ങനെ വിലങ്ങടിച്ചുനില്‌ക്കുന്നു! അവരെ കാണാത്ത ഭാവം നടിച്ചു കടന്നുപോകുവാനുള്ള കരള്‍ക്കരുത്തു സാഹിത്യകാരനുണ്ടാകുന്നില്ല. കാവടിപോലെ വളഞ്ഞു പോകുന്ന ആ നട്ടെല്ലു കാമ്യമായ വിനയത്തിന്റെ വിജയദണ്‌ഡമായി വാഴ്‌ത്തപ്പെടുകയും, ഗതാനുഗതികരായ ആരാധകന്മാരാല്‍ ആ മാമൂല്‍തന്നെ തുടര്‍ച്ചയായി ആവര്‍ത്തിപ്പെടുകയും ചെയ്യുന്നു. നിഷ്‌കൃഷ്‌ടനിയമങ്ങളുടേയും സങ്കീര്‍ണ്ണസങ്കേതങ്ങളുടെയും അസഹനീയമായ ആഘാതം അനുകമ്പാര്‍ഹമായ ഈ അടിമത്തത്തെ കണക്കിലധികം പീഡിപ്പിച്ചിട്ടുണ്ട്‌. അങ്ങനെ, കാലഗതിയില്‍ കൂനുപിടിച്ചുപോയ ഒരു സാഹിത്യസൈരന്ധ്‌റിയാണ്‌ സുരഭിലമായ രാഗാംഗലേപവുമായി പുരോഗമനത്തിന്റെ കരസ്‌പര്‍ശത്തെ കൊതിച്ചുകൊണ്ട്‌ ഉല്‍കണ്‌ഠാകുലയായി നിലക്കൊള്ളുന്നത്‌!