ഉള്ളടക്കം
- സ്വരരാഗസുധ, അവതാരിക - ഡോ: എസ് കെ നായര്‍
- രമണൻ, അവതാരിക ജോസഫ് മുണ്ടശ്ശേരി
- ചങ്ങമ്പുഴകൃതികൾ - അവതാരിക, ജി. കുമാരപിള്ള
- അമൃതഗാനം - ചൊരിഞ്ഞൊരാ നാവ് - അവതാരിക, പ്രൊഫ. എസ്. ഗുപ്തൻനായർ
- ലീലാങ്കണം അവതാരിക, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍
- തിലോത്തമ - അവതാരിക - ടി.എൻ. ഗോപിനാഥൻനായർ, ബി.എ.
- ആരാധകൻ, ആശംസ - ജി ശങ്കരക്കുറുപ്പ്
- സങ്കല്പ കാന്തി - അവതാരിക, ഉള്ളൂർ.എസ്.പരമേശ്വരയ്യർ
- ബാഷ്പാഞ്ജലി - അവതാരിക, - ഈ. വി. കൃഷ്ണപിള്ള
- കഥാരത്ന മാലിക - അവതാരിക - സി. എസ്. സുബ്രഹ്മണ്യൻ പോറ്റി എം. എ.
- യവനിക, അവതാരിക കെ.സി. സഖറിയ
- സ്പന്ദിക്കുന്ന അസ്ഥിമാടം - മുഖവുര - കേസരി ഏ. ബാലകൃഷ്ണപിള്ള
- സ്പന്ദിക്കുന്ന അസ്ഥിമാടം - അവതാരിക - പൊന്‍കുന്നം വര്‍ക്കി
- രക്തപുഷ്പങ്ങള്‍ - അവതാരിക - റവ. ഡോ. എബ്രഹാം വടക്കേല്‍
- നിഴലുകൾ, അവതാരിക പുളിമാന എസ്. പരമേശ്വരൻ പിള്ള
സ്വരരാഗസുധ
അവതാരിക, ഡോ: എസ് കെ നായര്‍
കർത്തവ്യം പലപ്പോഴും കണ്ണീരോടുകൂടി വേണമെന്നായിരിക്കുമോ വിധിമതം? കാലം ചെയ്യുന്ന മറ്റൊകു കടുംകൈയ്! അല്ലെങ്കിൽ ഈ സ്വരരാഗസുധ' ഇങ്ങനെ വേണമെന്നുണ്ടോ പകരാൻ? അതും ഈയുള്ളവൻറെ കൈകൊണ്ട്? ഈ അവസരത്തിൽ?... വേണ്ട; വേദനാജനകമായ അക്കഥയൊന്നും ആലോചിക്കപോലും അരുത്. കണ്ണീരേ, നീ തെല്ലടങ്ങൂ: ഞാൻ ആ സൗഹാർദ്ദത്തിൻറെ അന്ത്യാഭിലാഷം ആദേശിച്ച കർത്തവ്യം നിറവേറ്റട്ടെ.
മുഖം നോക്കാതെ വിമർശനരൂപത്തിൽ ഒരവതാരിക എഴുതണ'മെന്ന്! ആവൂ~ ഇനി ആരുടെ മുഖമാണ്, നാമെത്ര കൊതിച്ചാലും ഒന്നൂകൂടെ കാണുക? പക്ഷേ, നാമേവരും ആ മുഖം കാണുന്നുണ്ട് അൻപോലുന്ന ആ മുഖം; നീണ്ട കണ്ണുകളും നീണ്ടു വളഞ്ഞ പുരികങ്ങളും കൊണ്ടു കവിതാംഗനയുടെ താരെതിർമേനിക്ക് പുളകമരുറുന്ന ആ മുഖം. എന്നിട്ട്, ആ, മുഗ്ദ്ധതലയുടെ ഓരോ കഴൽവെയ്പിലും ഉതിർന്നുമുഴങ്ങുന്ന കളനൂപുരശിഞ്ജിതം ആസ്വദിച്ച് സ്വയം ആനന്ദത്തുടിപ്പിയലുന്ന ആ മുഖം!~ആ മുഖത്തേക്കാണ് കൈരളി നെടുവീരർപ്പോടെ എന്നുമെന്നും കരളെരിഞ്ഞു കൈകൾ കൂപ്പി നോക്കുന്നത്. ആ മുഖത്തു നോക്കിയോ നോക്കാതെയോ ആരെന്തു വിമർശിക്കാൻ ഒരുങ്ങും/ അതിൽനിന്നും പൊഴിഞ്ഞ സ്വരരാഗസുധയെ അവതരിപ്പിക്കുന്ന സഹായത്തിൻ ആരാണുള്ളത്? ഹേ, സാഹസികാ, മാറിനിൽക്കൂ!~സുമനസ്സുകൾ സ്വയം അതാസ്വദിക്കട്ടെ. അതവർ എന്നേ മുതൽ ആരുടെയും സഹായമില്ലാതെ ആസ്വദിച്ചുതുടങ്ങിയതാണ്! നീ വേണമെങ്കിൽ ആ സുധയിൽ മതിവരുപോളം മുഴുകിക്കൊള്ളൂ. മറ്റുള്ളവരോടൊപ്പം...
അതെ, ഈ സ്വരരാഗസുധ ഞാൻ ആകണ്ഠം ആസ്വദിക്കട്ടെ. അതിൻറെ മാദകമായ ലഹരിയിൽ ഞാൻ മുഴുകട്ടെ. എൻറെ ആനന്ദാനുഭൂതിയിൽ പങ്കുകൊള്ളാൻ മാത്രം ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. അതിനുള്ള അവകാശം, ആരെത്ര തടഞ്ഞാലും അനിഷേധ്യമായി എനിക്കുണ്ട്.
ഇരുപത്തിൽപ്പരം വർഷങ്ങളായി മലയാളസാഹിതിയുടെ മലർവാടിയിൽ ഒരു നൂതനവസന്തവിലാസം പുലർന്നിട്ട്. ഒരേ തായ്മരത്തിലെ രണ്ടു ചില്ലകളിലിരുന്നു രണ്ടു പൂങ്കുയിലുകൾ പാടി. അവരുടെ കണ്ഠം തെളിഞ്ഞതായിരുന്നു; പക്ഷേ, അന്നവർക്ക് ആ കണ്ഠം ആസ്വദിക്കാനുള്ള മാന്തളിരില്ലാതെപോയി. എങ്കിലും ആ കുയിലുകളുടെ തൊണ്ട വരണ്ടില്ല; അവരുടെ ആലാപം തളർന്നില്ല. വരാൻ മടിപൂണ്ടുനിന്ന ആ വസന്തവിലാസത്തെ അവർ കുഹൂ കുഹൂ' പാടി ക്ഷണിച്ചുവരുത്തി. വിധിവൈഭവമെന്നു പറയട്ടെ, മാന്തോപ്പുകൾ പൂക്കാനും തളിർക്കാനും തുടങ്ങിയതേയുള്ളൂ. വല്ലികൾ പുളകപ്പൂങ്കുലചൂടാറാകുന്നതേയുള്ളൂ; വണ്ടിണ്ട മുരണ്ടു മുരണ്ടു വന്നു തുടങ്ങിയതേയുള്ളൂ; അപ്പോഴേക്കും ഒരു നീലക്കുയിലിൻറെതൊണ്ട വരണ്ടു; ഗാനം നിലച്ചു; ചിറകുകൾ പൊഴിഞ്ഞു; ആരുമറിയാതെ അതു നിലംപതിച്ചു.
അങ്ങനെ കൂട്ടുകാരൻ പോയ്മറഞ്ഞു. മറ്റേ പൂങ്കുയിലിൻറെ ഗാനം വിഷാദസങ്കലിതമായി. എങ്കിലും അതിൻറെ കണ്ഠം തെളിഞ്ഞു. അതോടെ മലയാളസാഹിതിയുടെ മാങ്കനിത്തോപ്പും.
അതേ, ഇടപ്പള്ളി രാഘവൻപിള്ളയും ചങ്ങമ്പുഴ കൃഷ്ണപിള്ളയും മലയാളഖവിതയ്ക്ക് ഒരുജ്ജ്വലപരിവർത്തനം വരുത്തിവെച്ച രണ്ടു മഹാകവികൾതന്നെ. ഒരാൾ തുടങ്ങിവെച്ചു, മറ്റെയാൾ മുഴുമിപ്പിച്ചു; അനേകം പേർ പിന്നീടവരെ അനുകരിച്ചു. ആ പരിവർത്തനം ഒരു മഹാപ്രസ്ഥാനത്തിനു ജൻമം നൽകി. ഞാൻ അതിനെ ഇടപ്പള്ളി പ്രസ്ഥാന'മെന്നു വിളിക്കട്ടെ. അതോടൊപ്പം മലയാളസാഹിത്യത്തിലെ പ്രസ്ഥാനാന്തരങ്ങളോട് ക്ഷമായാചനം ചെയ്യട്ടെ.
എന്തു ധിക്കാരം? എന്തധികാരം? ആരോടും ചോദിക്കാതെ ആരാരും താങ്ങും തുണയുമില്ലാതെ രണ്ടു കുട്ടികൾ, മഹാരഥൻമാരർ പലരും പയറ്റിക്കഴിഞ്ഞ് വെറ്റയടഞ്ഞ വേദിയിലേക്ക് ബാലചാപല്യംം കാട്ടി വരികയോ? ഇന്നാൾവരെ ഇങ്ങനെയൊരു മനോഭാവമായിരുന്നു നമ്മുടെ സാഹിത്യാന്തരീക്ഷത്തിൽ ഈ രണ്ട് ഇടപ്പള്ളിക്കവികളെ സംബന്ധിച്ചു മുതിർന്നുയർന്നത്. അവർക്കു ശക്തിയില്ല; നിപുണതയില്ല; അഭ്യാസമില്ല. എന്നിട്ടും കവിതയെഴുതി. പക്ഷേ, അവരെഴുതുന്നതെല്ലാം ഏറ്റുപാടാനും ഉറ്റുനോക്കാനും പലരുമുണ്ടായി. ചിലർ മേലെയിരുന്ന് ശഹ്കാത്ഭുതങ്ങളോടെ; മറ്റുചിലർ ഒപ്പമിരുന്ന് അസൂയാത്ഭുതങ്ങളോടെ; വേറെ ചിലർ മാറിനിന്ന് ആനന്ദാത്ഭുതങ്ങഫോടെ, ഒടുവിലിതാ എല്ലാവരും ഒരേ നിലക്കാരായി; ഒടുവിലത്തെ കൂട്ടരോടൊപ്പം അവരെ ആനന്ദാത്ഭുതങ്ങളോടെ നോക്കിക്കാണുകയായി. ഇടപ്പള്ളിക്കവികളും അവരുടെ പ്രസ്ഥാനവും ഇങ്ങനെയാണ് ഇന്നു ജയപതാക ഉയർത്തിനാട്ടിയത്.
എന്താണീ വിജയത്തിനു ഹേതു? മറ്റൊന്നുമല്ല; ഇടപ്പള്ളിപ്രസ്ഥാനം കവിത' യെ അതിൻറെ ശുദ്ധമായ കലാഭംഗിയിൽ എടുത്തുകാട്ടി സാമാന്യജനതയുടെ ഹൃദയത്തിലേക്കു പകർന്നുകൊടുത്തു! മലയാളകവിത കലാതത്വത്തിൻറെ ഉള്ളറ തുറന്നുകണ്ടത് ഇടപ്പള്ളി പ്രസ്ഥാനം വഴിയാണെന്നു സാരം.
അപ്പോൾ, കലയുടെ ശുദ്ധരൂപം എന്തെന്നല്ലേ? വികാരത്തിൽ കിളർന്ന്, അതിൽത്തന്നെ വളർന്ന്, അതിനെത്തന്നെ വളർത്തുന്നതാണ് ശുദ്ധകല. വിചാരാംശം ചേർന്നുവെങ്കിൽ കല സങ്കരമായി, അങ്ങനെ നോക്കുമ്പോളൾ ഗീതികല മാത്രമാണു ശുദ്ധമായി നിൽക്കുന്നത്. വികാരാംശമല്ലാതെ മറ്റൊന്നും തന്നെ ഗീതികലയിലില്ല. സാഹിത്യത്തെ ഏറ്റവും കലർപ്പുള്ള കലയായി കണക്കാക്കണം. വിചാരത്തിൻറെ സങ്കീർണ്ണത അതിൻറെ പാരമ്യത്തിലും ആനന്ത്യത്തിലും പ്രകാശിപ്പികകാവുന്നതു സാഹിത്യത്തിലൂടെ മാത്രമാണ്. എന്നാൽ ഈ വികാരാംശത്തിൻറെ ചേരുവ സാഹിത്യത്തിലെ പല ശാഖകളിലും പല തരത്തിലാണ്. പൊതുവെ പറഞ്ഞാൽ ഗദ്യസാ വിചാരപ്രധാനമാകും. പദ്യശാഖ വികാരപരവും. ഉപാധിഭേദംകൊണ്ടാണിത്. ഗീതികലയുടെ അതിപ്രസരം പദ്യസാഹിത്യത്തെ സ്വാഭാവികമായും വികാരോഷ്മളമാക്കുന്നു. അതിലും വിശേഷിച്ച് ഗാനാത്മകവൃത്തങ്ങളിൽ എഴുതിയിട്ടുള്ള കാവ്യങ്ങളെ. ചുരുക്കത്തിൽ നമ്മുടെ ഭാഷാവൃത്തങ്ങളിൽ ആചരിക്കപ്പെടുന്ന കവിത വികാരാത്മകങ്ങളാകയാൽ അതു വെറും സ്വാഭാവികമെന്നേ പറയാവൂ. വൈകാരികാംശം മികച്ചുനിലൽക്കുന്ന കാവ്യങ്ങളെ മാത്രമേ ഉത്തമകോടിയിൽ പെടുത്താവൂ എന്നല്ലാ ശഠിക്കുന്നത്. അത്തരം കാവ്യങ്ങൾക്ക് നൈസർഗ്ഗിക' ത്വമെന്ന ധർമ്മം അവശ്യം ഉണ്ടായിരിക്കുമെന്നേ വിവക്ഷയുള്ളൂ. കവിത ജനകീയമാകാൻ ഈ നൈസർഗ്ഗികകർമ്മം അത്യന്താപേക്ഷിതമാണുതാനും.
അതുകൊണ്ടുതന്നെയാണല്ലോ ആധുനിക മഹാകവിത്രയങ്ങളിൽ ഉള്ളൂരിനേയും ആശാനേയും അപേക്ഷിച്ച് വള്ളത്തോൾ ബഹുജനാഭിനന്ദനത്തിൻ കൂടുതൽ അർഹനായത്. അദ്ദേഹത്തിൻറെ അനിരുദ്ധൻ, ഗണപതി തുടങ്ങിയ സംസ്കൃതവൃത്തനിബദ്ധങ്ങളായ ഖണ്ഡകാവ്യങ്ങൾക്കല്ലാ, അവയക്കു പല മെച്ചങ്ങളുണ്ടായിട്ടും, ബഹുജനസമ്മതി കൈവന്നത്. സാഹിത്യമഞ്ജരിയിലെ ഭാഷാവൃത്തവിരചിതങ്ങളായ ലഘുകവിതകളും മഗ്ദലനമിയവും മറ്റും സാമാന്യജനത കൂടുതൽ ബുഭുക്ഷയോടെ ആസ്വദിക്കുന്നുണ്ട്. ആശാൻറെ വീണപൂവും നളിനിയും ലീലയും പക്ഷേ, ജനാസമാന്യം മറന്നേക്കും; കരുണയും ചണ്ഡാലഭിക്ഷുകിയും അവർക്ക് ഓമനത്തമുള്ള കളിച്ചങ്ങാതികളായി തീർന്നുകഴിഞ്ഞു.
കേരളീയരുടെ കാവ്യാസ്വാദനത്തിൽ കണ്ടുവരുന്ന ഈയൊരു വിവിക്താഭിരുചിയുടെ ഊടറിഞ്ഞാണ് ഇടപ്പള്ളിക്കവികൾ അവരുടെ വീണയുടെ തന്ത്രികൾ മീട്ടിയത്. ആശാൻറേയും വള്ളത്തോളിൻറേയും കൈവിരൽത്തുമ്പുകൾക്ക് എത്തുംപിടിയും കിട്ടാത്ത ചില മോഹനതന്ത്രികളിലേക്ക് ഈ ഗന്ധർവ്വകുമാരൻമാരുടെ ലോലായതങ്ങളായ വിരലുകൽ തെരുപ്പിടിച്ചുചെന്നു. അതോടെ നമ്മുടെ മലയാണ്മ മറന്നുകിടന്ന വിചിത്രങ്ങളും വിശ്വവശ്യങ്ങളുമമായ അനേകമനേകം ഗാനങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നു. ഗാനലോലരും കാവ്യബുഭുക്ഷുക്കളുമായ മലയാളികളുടെ കർണ്ണപുടങ്ങൾക്ക് അത് അമൃതവർഷമായതിനാൽ എന്താണത്ഭുതം?
അത്രയുമല്ല; ഇടപ്പള്ളി പ്രസ്ഥാനത്തിൻറെ ജനസമ്മതിക്ക് മറ്റൊരു ഹേതുകൂടിയുണ്ട്. ആ കവിതകളിൽ തുളുമ്പിനിൽക്കുന്ന വികാരം' ഒരുതരം കാവ്യസങ്കേതമായിത്തീർന്ന ജടില വികാരങ്ങളുടെ ജാതിയിൽ പിറന്ന ഒന്നല്ല. നവരസങ്ങളിൽ ശൃംഗാരത്തിനും കരുണത്തിനും കോയ്മ വന്നിട്ടുണ്ട്; ശരിതന്നെ. പക്ഷേ, നമ്മുടെ കാവ്യങ്ങളിൽ കാണുന്ന ശൃംഗാരകരുണങ്ങൾ ഭൂരിപക്ഷവും സംസ്കൃതാലങ്കാരികൻമാർ പറഞ്ഞുവെച്ചിട്ടുള്ള ശാസ്ത്രീയനിയമങ്ങളുടെ സന്താനങ്ങളായി അധഃപതിച്ചുപോയിട്ടുണ്ട്. നിൽക്കണേ, ആലങ്കാരികപക്ഷപാതികൾ ശുണ്ഠിയെടുക്കല്ലേ, സംസ്കൃതകാവ്യങ്ങളെയോ ആ കാവ്യങ്ങൾ ആലംബമാക്കി ശാസ്ത്രജ്ഞൻമാർ നടത്തിയിട്ടുള്ള രസവിചാരത്തെയോ ധിക്കരിക്കാനല്ല ഭാവം. നമ്മുടെ ഇടക്കാലത്തെ മലയാളകവിളിൽ പലരും പല വിഷയങ്ങളെന്നപോലെ രസാവിഷ്കരണകാര്യത്തിലും സംസ്കൃതസാഹിത്യമാതൃകകൾക്ക് അടിമകളായിപ്പോയതിൻറെ അനാശാസ്യതമാത്രമാണിവിടെ ചൂണ്ടിക്കാണിക്കുന്നത്. ഇടപ്പള്ളിക്കവികളാകട്ടെ, പാണ്ഡിത്യക്കറ പറ്റാഞ്ഞിട്ടോ എന്തോ, എട്ടിൽ കണ്ട വികാരങ്ങളെയോ അവയുടെ ശാസ്ത്രീയത്വത്തെയോ സമാദരിച്ചില്ല. അവർക്കുമുണ്ടല്ലോ ഹൃദയം; വികാരകുഞ്ജം. അതിലുള്ളതെല്ലാം മാറ്റാതെ മറയ്ക്കാതെ കവിതയിൽ പകർത്തി. അവരുടെ അനുവാചകരാകട്ടെ, തൻമൂലം അവരവരുടെ ഹൃദയസ്പന്ദനത്തിൻറെ മാറ്റൊലിയാണ് ആ കവിതയിൽ ഉടനീളം കണ്ടത്. അത് അവരുടെയും സ്വന്തമായിത്തീർന്നു.
ശൃംഗാരകരുണങ്ങൽ തന്നെയാണ് ഇടപ്പള്ളിക്കവികളും സാമാന്യമായി അവരുടെ കവിതഖിൽ ആവിഷ്കരിച്ചത് അന്നത്തെ കേരളീയജനതയുടെ സാമുദായികമായും സാമ്പത്തികമായും നിലപാടു നോക്കിയാൽ അറിയാം. മറ്റു രസങ്ങളെ അപേക്ഷിച്ച് ഈ രണ്ടു രസങഅങളാണ് അവർക്കു കൂടുതൽ ഹൃദയാകർഷകങ്ങളായിട്ടുള്ളതെന്ന്. കേരളത്തിൻറെ പാരമ്പര്യദായക്രമമായ മരുമക്കത്തായം തകർന്നുകഴിഞ്ഞു. മക്കത്തായത്തിന്ന് പ്രായോഗികപ്രാമാണ്യം കൈവന്നുമില്ല. ഇല്ലത്തുമല്ലാ അമ്മാത്തുമല്ലാ മലയാളക്കരയിലെ സാമുദായികജീവിതമെന്ന നിലയായി! ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞു. അതിൻറെ ചില ഗുണങ്ങളും പല ദോഷങ്ങളും അങ്ങിങ്ങു പരന്നുകിടക്കുന്നു. യുവാക്കളെ സംബന്ധിച്ച ജീവൽപ്രശ്നങ്ങൾ പലതും അതോടെ ഉയർന്നുവന്നു. ദാമ്പത്യജീവിതം എല്ലാവർക്കും ലഭിക്കാവുന്ന ഒരനുഗ്രഹമല്ലാതായി. ജീവിതമാർഗ്ഗത്തിൻറെയും കഥയും തഥൈവ. ആകപ്പാടെ 925 മുതൽ 59 വരെയുള്ള കാലഘട്ടത്തിൽ കേരളീയ യുവലോകത്തിൻ ഒന്നാകെ പരസ്പരവിരുദ്ധങ്ങളായ രണ്ടുജാതി പ്രശ്നങ്ങളെ നേരിടേണ്ടിവരന്നു. ഒരിടത്ത് ജീവിതസുഖത്തിനുള്ള മതി; മറുവശത്ത് ജീവിതസന്ധാരണത്തിനുള്ള കൊതി. ഇങ്ങനെ മതിയും കൊതിയുമുള്ള അന്നത്തെ യുവാക്കളുടെ പ്രാതിനിധ്യം ഏറ്റെടുത്ത് അവരുടെ അന്യഥാ അലങ്കോലപ്പെടുമായിരുന്ന വൈകാരിക ജീവിതത്തിൻ കലാപരമായ സംതൃപ്തിയോ സംപോഷണമോ നൽകിയ രണ്ടു കവികളാണ് ഇടപ്പള്ളിയും ചങ്ങമ്പുഴയും. അവരുടെ ആദ്യകാലകവിതകൾ മിക്കതും പ്രണയഗാനങ്ങളും പരാജയഗീതങ്ങളും കൊണ്ടുനിറയാൻ കാരണവും മറ്റൊന്നുമല്ല. കവിതാവാസനയുള്ള * ചെറുപ്പക്കാർ മിക്കവരും അക്കാലത്ത് ഈ ഇടപ്പള്ളി പ്രസ്ഥാനത്തിൻറെ തണനിൽ തഴച്ചുവളർന്നു. അക്കാലത്തെ മലയാളവാരികകളും മാസികകലും നോക്കുക. എത്രയെത്ര ഓമനക്കുട്ടൻമാരും കല്യംാണീകളവാണികളുമാണ് അതിലെല്ലാം മധുരകോമളകാന്തപദാവലിളിൽ പ്രണയഗാനം പാടി ആനന്ദിക്കുകയും വിഷാദിക്കുകയും ചെയ്തിട്ടുള്ളത്.
ഇങ്ങനെ സാമാന്യജനതയുടെ ഹൃദയമറിഞ്ഞ് അതിൽ പൊന്തിനിന്ന രണ്ടു വികാരവിശേഷങ്ങളെ, ശുദ്ധമായ ഗീതികലയിലൂടെ, അതിൻ സമുചിതമായ മധുരപദങ്ങളിൽ പൊതിഞ്ഞ്, ആത്മനിഷ്ഠതമൂലമമായി ലേശംപോലും കൃത്രിമത്വം പ്രതിപാദനത്തിൽവരുത്താതെ ലളിതമായും പ്രസന്നമായും കാവ്യരചന സാധിച്ചതിലാണഅ ഇടപ്പള്ളി പ്രസ്ഥാനത്തിൻറെ സർവ്വതോമുഖമായ വിജയം.
സംസ്കാരസാമ്യം, സംസർഗ്ഗം സാമുദായികാവസ്ഥ എന്നിങ്ങനെ പലതുകൊണ്ടും ആത്മമിത്രങ്ങളായിത്തീർന്ന രാഘവൻപിള്ളയും ചങ്ങമ്പുഴയും ഇടപ്പള്ളി പ്രസ്ഥാനത്തിനൻറെ ഉപജ്ഞാതാക്കളെന്നനിലയിൽ തുല്യംസ്ഥാനമാണ് അലങ്കരിക്കുന്നത്. എങ്കിലും ഇരുവരും ഒന്നിചച്ചു പുലർന്ന കാലത്തുള്ള അവരുടെ കവിതകൾ പരിശോധിച്ചാൽ ചില സൂക്ഷ്മഭേദങ്ങൾ കാണാം. പ്രായംകൊണ്ടും പരിപാകംകൊണ്ടും രാഘവൻപിള്ള ജ്യേഷ്ഠസ്ഥാനീയനാണ്. ഹൃദ്യതയിൽ ചങ്ങമ്പുഴ വിശിഷ്ടസ്ഥാനീയനും. രചനയ്ക്കെന്നപോലെ ആദർശത്തിനും ആദ്യൻ ഒരു ദാർഢ്യം വന്നുകഴിഞ്ഞിട്ടുണ്ടായിരുന്നു. കനിഷ്ഠൻറേതാകട്ടെ രണ്ടും ശിഥിലമായിരുന്നു. ജീവിതാനുഭൂതിയിൽ ഇരുവർക്കുമുണ്ടായിരുന്ന വ്യത്യസ്തയായിരിക്കും ഇതിനു ഹേതു. രാഘവൻപിള്ള വളരെ മുമ്പേ തന്നെ ഒരു ഒരു വെള്ളിനക്ഷത്ര' ത്തിൻറെ ദീപ്തിയെ ആദർശമാക്കിക്കൊണ്ടാണഅ സ്വജീവിതത്തിൻറെ ചിറ്റോടം തുഴഞ്ഞുപോന്നത്. ആ വെള്ളിനക്ഷത്ര' ത്തിൻറെ പ്രകാശം പെട്ടെന്നു പൊലിഞ്ഞെന്നു കണ്ടപ്പോൾ സ്വയം തൻറെ കൊച്ചോടം നടുപ്പുഴയിൽ മുക്കിക്കളഞ്ഞു! ജീവിതയാതനകൾ മറ്റുള്ളതെല്ലാം വിസ്മരിച്ചാണ് ആർജ്ജവബുദ്ധിയായ ആ കലാകാരൻ അതുവരെ മുന്നോട്ടുപോന്നത്. നിഗൂഢമെങ്കിലും നിയമവും നിതാന്തസുന്ദരവുമായ ഒരു ലക്ഷ്യം അദ്ദേഹത്തിനുണ്ടായിരുന്നല്ലോ. ആ കവിതകളിലെല്ലാം ഒളിവിതറിക്കാണുന്നത് ആ ലക്ഷ്യത്തിൽനിന്നും അപ്പഴപ്പോൾ അദ്ദേഹത്തിനു ലഭിച്ചിരുന്ന പൊൻകിനാക്കളുടെ കാന്തിപ്പൊലിമതന്നെയാണ്. അങ്ങനെ രാഘവൻപിള്ളയുടെ കവിതകളിൽ ഒരാദർശദാർഢ്യവും ഏകതാനതയും അവശ്യധർമ്മങ്ങളായിത്തീർന്നു.
അക്കാലത്ത് അനാഗതശ്മശ്രുവായിരുന്ന കൃഷ്ണപിള്ളയ്ക്ക് സ്വജീവിതത്തെയാകട്ടെ, കവിതയെയാകട്ടെ ഒരു നിയതലക്ഷ്യത്തിലേക്കു നയിക്കാൻ മാത്രമുള്ള ആദർശസംഹിത സംഭരിക്കുന്നതിനു കഴിഞ്ഞിരുന്നില്ല. അനന്യസഹായനായ ഒരു കുമാരൻ; അയാൾക്കോ അലംഭാവമില്ലാത്ത ജ്ഞാനതൃഷ്ണയും. പരശ്ശതം അനിയതജീവിതസ്വപ്നങ്ങൾ പൂവിട്ടുനിൽക്കുന്ന കാഴ്ചമാത്രമേ ആ കണ്ണുകൾക്ക് അന്നു കാണാൻ കഴിഞ്ഞിരുന്നുള്ളൂ. കിട്ടിയതു കിട്ടിയത് എത്തിപ്പിടിച്ചു; കിട്ടാത്തതിലെല്ലാം ആ ഹൃദയം തപ്പിത്തടഞ്ഞു. എങ്കിലും കൂട്ടുകാരനെപ്പോലെ കൊടുംനിരാശയിൽപെട്ട് ആത്മഘാതിയായിത്തീരാൻ അദ്ദേഹം തുനിഞ്ഞില്ല. കാരണം, ആ ജീവിതത്തിൻ നിർണ്ണീതമായ ഒരേകാന്തലക്ഷ്യം ഒന്നുംതന്നെ ഇല്ലായിരുന്നുവെന്നതായിരിക്കണം. എന്തും സഹിച്ചും എങ്ങനെയും ജീവിതാസവം ആസ്വദിക്കണമെന്ന മനോഭാവം അക്കാലത്തെ ചങ്ങമ്പുഴയിൽ രൂഢമൂലമായിരുന്നു.
ചങ്ങമ്പുഴയുടെ ആദ്യകാലകവിതകൾ ഇതിനു സാക്ഷ്യംവഹിക്കുന്നുണ്ട്. എന്തിനെയും, മരണത്തെപ്പോലും മധുരീകരിച്ചുകൊണ്ടാണ് അദ്ദേഹം കാവ്യാലാപം നടത്തദിയത്. ആ കവിതകളിൽ നിഴലാടിക്കാണുന്നത് മരിക്കാനുള്ള കൊതിയാണെന്ന് ഉപരിപ്ലവബുദ്ധിയായ ഒരനുവാചകനു തോന്നാം. ചങ്ങമ്പുഴയുടെ ജീവിതത്തോട് അടുത്തുനിൽക്കുന്നവർക്ക് ഒരു പരമരഹസ്യം മനസ്സിലാകും. മരണത്തെ അദ്ദേഹം വളരെ ഭയപ്പെട്ടിരുന്നു. ജീവിതത്തോടുള്ള അതിരറ്റ കൂറാണ് ആ മരണഗീതങ്ങളിൽ ഒളിഞ്ഞുകിടക്കുന്നത്. മറിച്ചായിരുന്നെങ്കിൽ ചങ്ങമ്പുഴ രാഘവൻപിള്ളയെക്കൊണ്ട് രമണൻ' രചിപ്പിക്കുമായിരുന്നു.
കൊതിയുണ്ടെല്ലായ്പോഴും
ചിത്തത്തിനാകാശത്തിൻ
മതിലേഖയെ മന്ദം
മാറിലേയ്ക്കണക്കുവാൻ
വഴിയേ വന്നെൻ കാൽക്കൽ
നിൽപവ കൈവിട്ടു, ഞാൻ
വഴുതും വസ്തുക്കളിൽ
കയറിപ്പിടിക്കുന്നു
കാലത്തിൻ കണ്ണാടിയിൽ
ക്കൂടി ഞാൻ നോക്കീടുമ്പോൾ
കാണുന്നു നാനാവർണ്ണ
മയമായ് മജ്ജീവിതം''
ആശബാഷ്പാഞ്ജലി
ഈ വിധം മനോഹര
വസ്തുക്കളെലല്ലാം, നമ്മെ
ജ്ജീവിക്കു, ജ്ജീവിക്കു'കെ
ന്നുദ്ബോധിപ്പിപ്പൂ നിത്യം
നുകരൂ, നുകരൂ, മൽ
സൗന്ദര്യം!' നേമ്മോടിളം
മുകുളം വികസിച്ചു
നെടുവീർപ്പിട്ടോതുന്നു
ജീവിതലഘുകാവ്യ
ത്തിൻ പകർപ്പവകാശം
കേവലം മരണ' ത്തി
നുള്ളതാണെങ്കിലാട്ടെ;
നിത്യസുന്ദരമാകും
സ്നേഹഗീതിയാലതു
നിസ്തുലമാക്കിത്തീർക്കാ
നാവുകി,ലതേ കാമ്യം!'
ജീവിതത്തിൻറെ നാനാമുഖമമായ സൗന്ദര്യം നോക്കി അഭിലാഷപൂർവ്വം നെടുവീർപ്പിടുന്ന ഒരു യുവകവിയുടെ ഹൃൽസ്പന്ദനങ്ങളാണ് ഈ ഈരടികളൾ. ഇതോടൊപപ്പം കടുത്ത നിരാശകൊണ്ട്,
ഒരു മരതകപ്പച്ചിലക്കാട്ടി,ലെൻ
മരണശയ്യ വിരിക്കൂ, സഖാക്കളേ!~
വസുധയോടൊരു വാക്കു ചൊന്നിട്ട, താ
വരികയായി ഞാൻ.....................''
എന്നിങ്ങനെ അദ്ദേഹം സാഹസവാകക്കുകൾ ഉഴറിപ്പറയുന്നുമുണ്ട്. പക്ഷേ, വിജയലക്ഷ്മി അനുകൂലമല്ലെ'ന്ന് അറിയുമ്പോൾ മാരാണണ് ഇത്തരം ആവേശപൂർവ്വമമായ ജൽപനങ്ങൾ!
ബാഷ്പാഞ്ജലി'യുടെ പ്രസിദ്ധീകരണം; രാഘവൻപിള്ളയുടെ മരണം; രമണ'ൻറെ പ്രസിദ്ധീകരണം; വിദ്യാരർത്ഥിജീവിതത്തിൻറെ പുനരുദ്ധാരണം. മൂന്നാലു വർഷങ്ങൾകൊണ്ടുണ്ടായ ഈ സംഭവവികാസങ്ങൾ ചങ്ങമ്പുഴ' യ്ക്കു പല പരിവർത്തനങ്ങളും വരുത്തിവെച്ചു. കേരളീയസഹൃദയലോകം തൻറെ കവതകളിൽ കണ്ണും കരളുമുറപ്പിക്കുന്നുവെന്ന് അദ്ദേഹത്തിനു ബോദ്ധ്യംവന്നു. പണ്ഡിതരരായ ചില വിമർശകരും കവി മൂർദ്ധ്യൻമാരും മാത്രമേ അന്തർഗർവ്വംകൊണ്ടോ, അസൂയകൊണ്ടോ!~ തനിക്ക് കലാജീവിതവൈരികളായി ഉള്ളൂവെന്നും അറിയാവി. ചങ്ങമ്പുഴയുടെ ജീവിതത്തിനും കലാസേവനത്തിനും ഒരു തലയെടുപ്പുണ്ടായത് ഈ ഘട്ടത്തിലാണ്. അവശ്യം വേണ്ട പാണ്ഡിത്യവും ഇതിനകം അദ്ദേഹം സമാർജ്ജിച്ചു. പാണ്ഡിത്യ' മെന്നോ? അതെ, പാണ്ഡിത്യം തന്നെ. മാഘാദിമഹാകാവ്യങ്ങളും പ്രൗഢമനോരമയും മറ്റും സ്വാദ്ധ്യായം ചെയ്ത് ഉണ്ടാക്കിയ ഏകമുഖമായ പാണ്ഡിത്യമല്ലായിരുന്നു അത്. ഹിന്ദിയിലും ഇംഗ്ലീഷിലുംകൂടെ, വിശ്വവിഖ്യാതിപെറ്റ സാഹിതത്യകാരൻമാരെ സനിഷ്കർഷം അദ്ദേഹം വായിച്ചുപഠിച്ചു. മലയാളക്കരയിലുണ്ടായിട്ടുള്ള ഏതു മഹാകവിക്കും അസൂയ തോന്നുന്ന തരത്തിൽ ചങ്ങമ്പുഴ വിശ്വസാഹിത്യവുമായി ഇടപഴകിയിട്ടുണ്ട്. ഇതിനകം കഠിപ്രയത്നംകൊണ്ടുതന്നെ സ്വായത്തമാക്കിയ കാവ്യശൈലിയും, രചനാസൗഷ്ഠവവും, മുഖമിഹാനക്ഷരം സുന്ദരാംഗം' എന്നപോലെ ചങ്ങമ്പുഴക്കവിതകൾക്ക് നിത്യമായ ചിത്തശല്യംങ്ങളാകരുതല്ലോ; അതെ, അങ്ങനെ ഗ്രന്ഥപരിചയം നേടി!~ ചങ്ങമ്പുഴയുടെ ഇന്നത്തെ മഹാകവി ചങ്ങമ്പുഴയാക്കിയത് അദ്ദേഹത്തിൻറെ ഈ നിഷ്കൃഷ്ടമായ സാരസ്വതപര്യതന്നെയാണ് പഴംത്തൊലിയോ പായസച്ചോറോ അല്ല.
രാഘവൻപിള്ളയുടെ ആദർശപരത്വവും തജ്ജന്യമായി അദ്ദേഹത്തിൻറെ കവിതകളിൽ കാണുന്ന ഏകതാനതയും മാത്രംകൊണ്ട് ഇടപ്പള്ളി പ്രസ്ഥാനം ചാരിതാർത്ഥമാവില്ലായിരുന്നു. അതൊരു പ്രസ്ഥാനം തന്നെ ആകുമായിരുന്നോ ആവോ! ഇതാ ചങ്ങമ്പുഴയുടെ അന്തരകാവ്യജീവിതം ഇടപ്പള്ളി പ്രസ്ഥാനത്തെ ലബ്ദ്ധപ്രതിഷ്ഠമാക്കിത്തീർത്തിരിക്കുന്നു!~ ആട്ടക്കഥാപ്രസ്ഥാനതത്തിൻ കൊട്ടാരക്കര തമ്പുരാൻ ശിലാസ്ഥാനപം ചെയ്തു മാറി; കോട്ടയത്തുതമ്പുരാൻ അതിനുപരി ഒരു രമണീയസൗധം കെട്ടിപ്പടുത്തു. ഇതുതന്നെയാണ് ഇടപ്പള്ളിപ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം രാഘവൻപിള്ളയേയും ചങ്ങമ്പുഴയേയും പറ്റി പറയാവുന്നത്.
മനുഷ്യനെന്ന നിലയ്ക്കും കവിെയെന്ന നിലയ്ക്കും ചങ്ങമ്പുഴ മറ്റു മലയാളകവികളിൽനിന്നും പലതുകൊണ്ടും ഒറ്റപ്പെട്ടുനിൽക്കുന്നു. വാസ്തവത്തിൽ ചങ്ങമ്പുഴയെ കവിയായും മനുഷ്യനായും മാറ്റിനിർത്തി നോക്കാൻ സാദ്ധ്യമല്ല. അങ്ങനെ രണ്ടു ജീവിതം അദ്ദേഹത്തിനില്ലായിരുന്നു. ആ മനുഷ്യൻ തന്നെ കവി; ആ കവി തന്നെ മനുഷ്യനും. കവിതകൾ ഒന്നടങ്കം ഒന്നുനോക്കൂ. മിതതും കർത്തൃപ്രധാനമാണ്; ആത്മാവിഷ്കരണപരമാണ്. (subjective) വളര ദുർല്ലഭം കവിതകളേ വസ്ുപ്രധാനമായി കാണുന്നുള്ളൂ. അവയിൽത്തന്നെ അതിർവരമ്പു തിരിക്കാൻ പാടില്ലാത്തവിധത്തിൽ ആത്മാവിഷ്കരണത്തിൻറെ അനിഷേധ്യചിഹ്നങ്ങൾ തെളിഞ്ഞുകാണാം. അതുകൊണ്ട് ആ ജീവിതമാകട്ടെ, ആ കവിതകളാകട്ടെ ഏതു ചുഴിഞ്ഞുനോക്കീയാലും അദ്ദേഹത്തിനൻറെ വ്യക്തിത്വത്തെ സംബന്ധിച്ച സാമാനയമായ നിഗമനത്തിലേ നാം എത്തിച്ചേരൂ.
ചങ്ങമ്പുഴ ഒരു കവിയായി ജനിച്ചു; കവിയായി ജീവിച്ചു എന്നതാണ് ഇതിനു കാരണം. വളരെ കുട്ടിക്കാലത്തുതന്നെ അദ്ദേഹത്തിൽതാനൊരു കവിയാണെന്ന ബോധം കടന്നൂകൂടിയിരുന്നു. ഒരു കവി ആയിത്തീരണമെന്ന് അദ്ദേഹം ബോധപൂർവ്വം ഒരിക്കലും ചിന്തിച്ചുകാണുകയില്ല. അതുകൊണ്ട് കവികളുടെ ലോകത്തിലേക്ക് അഭ്ഭനെയൊന്ന് വ്യക്തിയുടെതിൽനിന്നു വേർതിരിഞ്ഞു പുലുരന്നുണ്ടെങ്കിൽ അദ്ദേഹത്തിൻറെ ഭാവനയെ കൃത്രിമമായി ഉയർത്തുകയോ, അവിടെയുള്ള കൽപനാവൈചിത്ര്യങ്ങളെ (തനിക്കു മുമ്പുള്ള കവികൾ ആ ലോകത്തിൽ ഒട്ടേറെ അത്തരം കൽപന'കളെ പടച്ചുവെച്ചിട്ടുണ്ട്) കൃത്രിമമായി സ്വായത്തമാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നതിൽ അദ്ദേഹം ഒരിക്കലും വെമ്പിയിട്ടില്ല. താനൊരു കവിയാണ്; തൻറെ ഹൃദയം കാവ്യാനുഭൂതികൊണ്ടു നിറഞ്ഞതാണ്; താൻ ജീവിക്കുന്നതുതന്നെ കവിതയുടെ ലോകത്തിലാണ്; അതുകൊണ്ട് താൻ മറ്റാരുടെയും അനുഭവങ്ങളോ വികാരങ്ങളോ പകർത്താതെ സ്വന്തമായുള്ളതുമാത്രം പ്രകാശിപ്പിച്ചാൽ മതി; അപ്പോളത് തൻറെ കവിതയായി; അപ്പോഴേ അതു തൻറെ കവിതയാകൂ ചങ്ങമ്പുഴക്കവിതകളുടെ ഹൃദയത്തിൽ കൈവച്ചു നോക്കിയാൽ ഈ ആത്മാർത്ഥതാപ്രകടനം മിടിക്കുന്നത് ഏതു ഭാവുകനും അനുഭവപ്പടും.
ജനിച്ചതിനോടുള്ള പകവീട്ടലാണു ജീവിതം. ഈ അഭിപ്രായം പലവുരു ചങ്ങമ്പുഴ പറയുന്നതു കേട്ടിട്ടുണ്ട്. ജീവിതത്തെപ്പറ്റിയുള്ള പരശ്ശതം നിർവചനങ്ങളിൽ അദ്ദേഹം അൽപമെങ്കിലും വിലമതിച്ചു കണ്ടിട്ടുള്ളത് ഇതിനെയാണ്. സ്വജീവിതംകൊണ്ട് അദ്ദേഹം അത് ഏറെക്കുറെ പ്രകടമാക്കുകയും ചെയ്തു. ഏതിലും കാണാം ഈ പകവീട്ടാനുള്ള വെമ്പൽ. സാധാരണജീവിതാനുഭവങ്ങളെക്കൊണ്ട് ആ കവിഹൃദയം തൃപ്തിയടയാതെ വരുമ്പോഴെല്ലാം അസാധാരണജീവിതാനുഭവങ്ങളിലേക്ക് അതു കണ്ണടച്ചു പറയും. അമ്പോ! നാമെല്ലാം കേട്ടാൽപ്പോലും സ്തംഭിച്ചുപോകുന്നതരത്തിലുള്ള അനുഭവശതങ്ങളെ ചങ്ങമ്പുഴ അറിഞ്ഞുകൊണ്ടു സമാശ്ലേഷിച്ചിട്ടുണ്ട്. അതെല്ലാം അപ്പഴപ്പോൾ കവിതകളിലേക്കു പകർത്തിയിട്ടുമുണ്ട്. ഇന്നത്തെ അനുഭവമല്ല നാളത്തേത്; അതുകൊണ്ടുതന്നെയാണ് ചങ്ങമ്പുഴയുടെ ഇന്നത്തെ കവിതയിൽനിന്നും നാളത്തേത് ആദർശ'വിഷയത്തിൽ കടകവിരുദ്ധമായി പലപ്പോഴും കാണപ്പെടുന്നത്. ആ ഭൗതികജീവിതത്തെ ഇത്ര പൊടുന്നനെ തകർത്തുകളഞ്ഞത് ഈ അനുഭവങ്ങൾക്കുവേണ്ടിയുള്ള പരക്കംപാച്ചിലാണ്. സമുദായവും അതിൻറെ നീതിയും തൻമൂലം ആ മനുഷ്യനെ കർഷനമായി ഭർത്സിച്ചിട്ടുണ്ട്; വെറുത്തിട്ടുണ്ട്; കൊഞ്ഞനം കാട്ടിട്ടൂണ്ട്. എന്നാലും അങ്ങുള്ളിലേതും കുലുക്കമില്ല!' ജീവിതംകൊണ്ട് ഇങ്ങനെ അഗ്നിപരീക്ഷണം നടത്തി. അദ്ദേഹം ചുട്ട കവിതകളെഴുതി സ്വയം കൃതാർത്ഥനായിവന്നു. അന്ത്യകാലത്ത് വാതരോഗംകൊണ്ടു ഞരമ്പുക് വലിയുകയും പിടയുകയും ചെയ്യുമ്പോൾ, രാജയക്ഷ#്മാവും അതിൻറെ ഉഗ്രഫണം വിടർത്തി ആ കരളുകളെ ആഞ്ഞാഞ്ഞു കൊത്തിക്കീറുമ്പോൾ, ആ അനുഗൃഹീതകവി പാടും:
വേദന വേദന ലഹരി പിടിക്കും
വേദന' ഞാനതിൽ മുഴുകട്ടെ,
മുഴുകട്ടേ മമ ജീവനിൽനിന്നൊരു
മുരളീമൃദുരവമൊഴുകട്ടെ...''
ഹേ, സാധാരണമനുഷ്യാ താനിത് കേട്ടിട്ട് എന്തു പറയുന്നു? താനൊരു സഹൃദയനാണല്ലോ ഇതൊന്ന് ഓർത്തുൂനോക്കൂ. ഞെട്ടാതെ കവിതാദേവതയുടെ ബലിപീഠത്തിൽ ഇങ്ങനെ ആത്മാഹുതി ചെയ്ത്, ആ ദേവതയുടെ പൂർണ്മാനുഗ്രഹം നേടിയ എത്ര കവീശ്വരൻമാർ മലയാളക്കരയിൽ ജനിച്ചുവളർന്നു മരിച്ചിട്ടുണ്ട്? ആ ജീവിതം പജായപ്പെട്ടെന്നു പറയാൻ നിങ്ങൾക്കു ധൈര്യമുണ്ടോ?
മതി; ഇത്രയും പറഞ്ഞാൽ മതി; ചങ്ങമ്പുഴക്കവിതകളിൽ കാണുന്ന ആദർശവൈരുദ്ധ്യം, ജ്വരജൽപനം, വികാരമൂർച്ഛ, വിപ്ലവമനോഭാവം... ഇങ്ങനെ എടുത്തെടുത്തു പറയാവുന്ന പല പല വ്യക്തിത്വങ്ങൾക്കും അവലംബമെന്തെന്നും നീതികരണമെങ്ങനെയെന്നും സംപുഷ്ടമാകും. കുട്ടികക്കാലത്ത് ഒരു തികഞ്ഞ ആത്മീയവാദി; നാണംകുണുങ്ങി; ഒതുങ്ങിയമട്ടുകാരൻ. യുവത്വത്തിലേക്കു കടന്നപപ്പോൾ ഒരു നാസ്തികനെപപ്പോലെ ശങ്കാവിഷ്ടൻ, ഭൗതികവാദി; വിപ്ലവകാരി; ഗർവ്വിഷ്ഠൻ. അന്ത്യകാലമടുക്കാറായപ്പോഴേക്കും എല്ലാംകൂടി ഒരു കൂട്ടിക്കുഴയൽ! കപടലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം'' എന്ന് ആദ്യകാലഘട്ടത്തിൽ ലോകത്തിൻറെ കാപട്യം കണ്ട് ആ കവികിശോരൻ ഹൃദയവ്യഥപൂണ്ടു; തത്ത്വചിന്തയിൽ, അതും ഭാരതീയതത്ത്വചിന്തയിൽ അദ്ദേഹം ആശ്വാസംകൊണ്ടു മാനസത്തിൻറെ വിശപ്പിന്നു മാത്രമാ മാമുനിശ്രേഷ്ഠൻമാർ പിച്ചതെണ്ടി,'' എന്നിങ്ങനെ ആർഷഭാരത്തെ അന്നു മനസ്സാ ആരാധിച്ചു. .അധികനാൾ കഴിഞ്ഞില്ല. അതേ കവി തന്നെ ജടതൻ ജ്വരജൽപനമയമായ മായ'' എന്നും മറ്റും ആ ആർഷ സംസ്കാരതത്തെത്തന്നെ; അന്തസ്സാരശൂന്യമയും അവഹേളനാർഹമായും കണ്ടു ചവിട്ടിത്തേചച്ചു. കാളിദാസൻറെ കവിതയേയും, വൃന്ദാവനസുഷമയേയും പറ്റി പാടിയ കവി അടുത്തടുത്ത് ഒരേ കവിതയിൽത്തന്നെ മിശിഹയുടെ തിരുഹൃദയത്തിൻറെ വിശദരുചിയേയും മുനികൾക്കു മുനിയായ' കാറൽ മാർക്സി#നറെ ധനതത്ത്വപ്രണവത്തേയും ഒന്നിച്ചു മാനിക്കുന്നുണ്ട്.
ഇളങ്കള്ളും മത്സ്യമാംസാദിയും ചിരികളഇതമാശയും ഉള്ള ഭുവനതലസ്വർഗ്ഗത്തിൽ ഉദ്ധതനായി നിന്നുകൊണ്ടു കവി വേദാന്തത്തെ ആട്ടിയോടിക്കാനും മുതിർന്നിട്ടുണ്ട്. അപ്പോൾത്തന്നെ, ചാരായക്കടയായ ഈ ലോകത്തിലേക്ക് എന്തിനാണു തന്നെ അയച്ചതെന്നു വിധിയോടു പരിഭവം കലർന്ന ഒരു ചോദ്യവും ചോദിക്കുന്നു! ആ പരിഭവത്തിൻറെ വിറകൊള്ളൽ നിശ്ശേഷം മാറിക്കഴിഞ്ഞിട്ടില്ലാത്ത ചുണ്ടുകൊണ്ടുതന്നെ, അരികിൽ വരികയേ ഹൃദ്യമേ, മദ്യമേ നീ' എന്ന് അതേ ചാരായത്തെ അഭിസംബോധന ചെയ്യുന്നു! എന്തിനധികം? സ്വജീവിതം കൊണ്ടു യഥേച്ഛം പന്തടിച്ചു കേളിയാടിയ ചങ്ങമ്പുഴയോട്, ഗൗരവത്തിൽ ആ കളിപ്പന്തിനെപ്പറ്റി ഒരുറച്ച അഭിപ്രായം ചോദിച്ചുപോകരുത്. ചോദിച്ചാൽ ചിലപ്പോൾ, കളിയിൽ കോപിച്ച്, അതെടുത്ത് നിങ്ങളുടെ മുഖത്തേക്ക് ഒരേറുതരും. അല്ലെങ്കിൽ അദ്ദേഹം നിങ്ങളെയും കളിക്കൂട്ടിനു വിളിക്കും. എന്നിട്ട് ആ ചോദ്യത്തിനുത്തരം നിങ്ങളെക്കൊണ്ടു പറയിക്കാൻ നോക്കും. നല്ല കഥയായി~ ലോകോൽപ്പത്തിമുതൽ ഇന്നോളം ഈ ചോദ്യം പലരും ചോദിച്ചതാണ്; പലരും ഇതിനു മറുപടിയായി പച്ചക്കള്ള'ങ്ങൾ പറഞ്ഞിട്ടുമുണ്ട്. പക്ഷേ, ചങ്ങമ്പുഴയോ അദ്ദേഹത്തിൻറെ കവിതയോ അങ്ങനെയൊരു നുണ' പറയാൻ ഭാവമില്ലെന്നേ ഇതിൽനിന്നും ഗ്രഹിക്കേണ്ടതുള്ളൂ.
ചിന്തിപ്പിക്കുന്നതിനേക്കാളേറെ എന്നെ ചിരിപ്പിക്കുകയും കരയിക്കുകും പുളകംകൊള്ളിക്കുകയും ചെയ്ത ചില നിമിഷങ്ങൾ സ്വർഗ്ഗത്തിൽനിന്നും പറന്നെത്തി അങ്ങോട്ടുതന്നെ പറന്നുപോയ ആ ചിത്രശലഭങ്ങൾക്കു പിമ്പേ വെമ്പിക്കുതിച്ച എൻറെ കലാകൗതുകത്തിൻറെ കൈവിരലുകളിൽ പറ്റിയ ചില വർണ്ണരേണുക്കളാണ് ഈ പുസ്തകത്തിലെ ഈരടികൾ'' സ്വരരാഗസുധയെപ്പറ്റി കവി സ്വയം ചെയ്ത ഈ പ്രസ്താവനയെ മാനിച്ച്, തെല്ലൊന്നു മാറിനിന്നു മനനം ചെയ്ക മാത്രമാണ് ഇനി എൻറെ കർത്തവ്യം. കവി തന്നെ ഏറ്റുപറയുന്നു അദ്ദേഹത്തിൻറെ ഈ കൃതിയും ചിന്താപരം എന്നതിനേക്കാൾ കൂടുതൽ വികാരപരം ആണെന്ന്. എന്നാൽ, ചങ്ങമ്പുഴയുടെ ഈ അന്ത്യകൃതിയിലെ ചില കവിതകളിൽ നിറഞ്ഞുവഴിയുന്ന വികാരത്തള്ളൽ അദ്ദേഹത്തിൻറെ ഇതരകൃതികളിൽ ഏതിനെ അപേക്ഷിച്ചും കൂടുതൽ നമ്മെ ചിന്താകുലരാക്കുന്നുവെന്നാണ് എനിക്കു തോന്നുന്നത്. ആ കൃതികളെ പ്രത്യേകമെടുത്ത് ഒന്നപഗ്രഥിക്കാം. ചങ്ങമ്പുഴക്കവിതയോടു ചെയ്യാവുന്ന ഒരപരാധമായി ഈ അപഗ്രഥനത്തെ ആരും വിവക്ഷിക്കാതിരുന്നാൽ ഞാൻ ധന്യനായി.
ചങ്ങമ്പുഴക്കവിതകളിൽ എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ളത് മനസ്വിനി'യാണ്. എൻറെ അറിവ് ശരിയാണെങ്കിൽ മനസ്വിനി'യെ അദ്ദേഹത്തിൻറെ അന്ത്യകൃതിയായി കണക്കാക്കാം. ഒന്നിനൊന്നു രോഗം വർധിച്ചുവരുന്ന ഘട്ടത്തിൽ ശയ്യാവലംബിയായി അദ്ദേഹം രചിച്ച കവിതയാണിത്. ജയകേരളം' വിശേഷപ്പതിപ്പിലേക്ക് ഒരു കവിതവേണമെന്ന് (തൽഭാരവാഹികളുടെ നിർദ്ദേശമനുസരിച്ച്) ആവശ്യപ്പെട്ടുകൊണ്ട് ഞാൻ ചങ്ങമ്പുഴയ്ക്ക് എഴുതി. ആയിടയ്ക്കൊന്നും കവിതയേ എഴുതാറില്ലെന്നും എന്നാൽ ഈ ആവശ്യം നിറവേറ്റാൻ വേണ്ടി ഒന്നെഴുതാൻ ശ്രമിക്കാമെന്നും, ഫലിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ അയച്ചുകൊള്ളാമെന്നും എനിക്കു മറുപടി കിട്ടി. പറഞ്ഞ അവധിക്കുമുമ്പുതന്നെ മനസ്വിനി'യുടെ കൈയെഴുത്തുപ്രതി എൻറെ കൈവശം വന്നുചേർന്നു. ഞാൻ അത് ഒരാവൃത്തിവായിച്ചു. രണ്ടാവൃത്തി മൂന്നാവൃത്തി! മതിവന്നില്ല. ഹൃദിസ്ഥമാകുന്നതുവരെ വായിച്ചു. അത്ഭുതപ്പെടുകയും ചെയ്തു. ചങ്ങമ്പുഴക്കവിത ഏതും അന്നോളം ഞാൻ അതിലെ ആസയ ചമൽകൃതി ആസ്വദിക്കാൻ പക്ഷേ, ഒന്നല്ലെങ്കിൽ രണ്ടുതവണ മാത്രമേ വായിക്ക പതിവുള്ളൂ. കണ്ഠമാധുരിയുള്ളവർ എത്ര തന്നെ പാടിയാലും കേൾക്കാൻ കൗതുകമുണ്ടായിരുന്നു. എന്നാൽ മനസ്വിനി' യാകട്ടെ എൻറെ ഹൃദയത്തിനു രോമാഞ്ചകഞ്ചുളിയുംബുദ്ധിക്ക് രോമന്ഥവിഷയവും തന്നരുളി! ആ കവിതയ്ക്ക് കവിയുടെ
ആത്മകഥാപരമായ ഒരു പശ്ചാത്തലമുണ്ടായിരിക്കുമെന്ന വിശ്വാസം എന്നിൽ പ്രബലമായി. ഞാൻ ഈ സംശയം എഴുതിച്ചോദിച്ചു. പരേതനായ ആ സുഹൃത്തിൻറെ ആത്മാവിനോട് ക്ഷണായാചനം ചെയ്തുകൊണ്ട്. മനസ്വിനി'യുടെ മഹാത്മ്യം സഹൃദയർ മനസ്സിലാക്കട്ടെ എന്നു മാത്രം കരുതി, എനിക്കു കിട്ടിയ മറുപടി ഇവിടെ ഉദ്ധരിക്കുന്നു.
ശ്രീശ്രീദേവി മന്ദിരം
ഇടപ്പള്ളി
29.11.1122
പ്രിയ സുഹൃത്തേ
അയച്ച കത്തുകിട്ടി, വളരെ സന്തോഷിക്കുന്നു
ഈ കവിതയ്ക്ക് വിശേഷിച്ച് ഒരു പശ്ചാത്തലവുമില്ല. സുശീലയായ എൻറെ ഭാര്യയുടെ അതിരറ്റ സ്നേഹവും സഹന ശക്തിയും എൻറെ മനോമണ്ഡലത്തിൻറോ ഓരോ കോണിനെപ്പോലും ഇളക്കിമറിച്ചിട്ടണ്ട്. ഇങ്ങനെ എഴുതാൻ തുടങ്ങിയാൽ പലതുമുണ്ട്, അത് ഇനി ഒരവസരത്തിലായിക്കൊള്ളാം. എൻറെ ദീനശയ്യയിൽ അവളുടെ പരിചരണം എൻറെ ഹൃദയത്തെ എന്തെന്നില്ലാതെ മഥിച്ചതിൻറെ ഫലമാണ് ആ കവിത.
എനിക്കു നാൾക്കുനാൾ സുഖക്കേടു വർധിച്ചുവരികയാണ്. ചികിത്സ മുറയ്ക്കു നടക്കുന്നുണ്ട്.
താങ്കൾക്കു ക്ഷേമം തന്നെ എന്നു വിശ്വസിക്കുന്നു.
എന്ന് സ്നേഹപൂർവ്വം
സ്വ. ചങ്ങമ്പുഴ(ഒപ്പ്)
ഈ കത്ത്് ഇങ്ങനെ ഇവിടെ പ്രസിദ്ധീകരിച്ചതിൻ എൻറെ ഉദ്ദേശ ശുദ്ധി കരുതി അനുവാചകരും, വിശഷ്യാ ശ്രീമതി ശ്രീദേവി ചങ്ങമ്പുഴയും എനിക്കു മാപ്പുതരുമെന്നു വിശ്വസിക്കട്ടെ. ഇനി ആ കവിത വായിക്കൂ.
ജാതകദോഷം! വന്നെന്തിന്നെൻ
ജായാപദവി വരിച്ചൂ നീ?
പലപലരമണികൾ വന്നൂ; വന്നവർ
പണമെന്നോതി നടുങ്ങീഞാൻ!
പലപല കമനികൾ വന്നൂ, വന്നവർ
പദവികൾ വാഴ്ത്തി നടുങ്ങീ ഞാൻ!
......
മനസ്വിനി'യിലെ പ്രദിപാദ്യത്തെപ്പറ്റി ഇതിൽക്കൂടുതൽ ഒന്നും പറയേണ്ടല്ലോ. ഇനി ആ പ്രതിപാദനരീതി ഒന്നു നോക്കൂ. വൃത്തം, വൃത്തി, രീതി, ശയ്യ, പാകം ഗുമം, അലങ്കാരം... എല്ലാറ്റിലുമുണ്ട് അന്യാദൃശമായ മനോഹാരിത. ഓരോന്നുമെടുത്തു പറഞ്ഞാൽ അഥുതന്നെ ഒരു മഹാപ്രബന്ധമാകും. അതാ രാമായണ ചമ്പുകാരനായ പുനം നമ്പൂതിരിയുടെ മുഖം അസൂയാകലുഷിതമാകുന്നു. എങ്കിലും അദ്ദേഹം നന്ദനോദ്യാനത്തിലെ മന്ദാരത്തോപ്പിലുള്ള നീലശിലാതളിമത്തിൽ ചങ്ങമ്പുഴയെ ഇരുത്തി തിലോത്തമയെക്കൊണ്ടും രംഭയെക്കൊണ്ടും ഈ വരികൾ വീണ്ടും ഉദ്ഗാദനം ചെയ്യിക്കുന്നു.
കതിരുതിരുകിലുമദൃശ്യശരീരികൾ
കാമദകാനനദേവതകൾ.
കലയുടെ കമ്പികൾ മീട്ടും മട്ടിൽ
കളകളമിളകീ കാടുകളിൽ!
മിത്ഥ്യാവലയിതസത്യോപമരുചി
തത്തിലസിച്ചു മമ മുന്നിൽ
സത്വഗുമശ്രീ ചെന്താമരമലർ
സസ്മിതമഴകിൽ വിടർതതിയപോൽ
ചടുലോൽപലദളയുഗളം ചൂടി
ചന്ദ്രിക പെയ്തൂ നിൻ വദനം!''
അവരോടൊപ്പം അസഹ്യമായ ആനന്ദഭാരത്തോടെ സുന്ദരപദസാർവഭൗമനായിരുന്ന പുനവും.
അദൈ്വതാമലാഭവസ്പന്ദിത
വിദ്യുൻമേഖല പൂകീ ഞാൻ!''...
എന്ന് ആർത്തുദ്ഘോഷിക്കുന്നു! ഈ സ്വരരാഗസുധാപാനംകൊണ്ട് ആ അമൃതാശികൾ അൻവർത്ഥനാമാക്കളാകട്ടെ!
ചിന്തോജ്ജ്വലമായ കവിതകളിൽ അടുത്തു മികച്ചുനിൽക്കുന്നത് രാക്കിളികളാണ്. വിപ്ലവമദം ഉണ്ടാക്കുന്ന പുതിയ മുന്തിരിച്ചാറ് കേരളത്തിൻറെ ഒരു പഴയ സമ്പ്രദായചഷകത്തിൽ പകർന്നതിൻറെ ഫലമാണ് ഈ കവിത. നമ്മുടെ നാടോടിപ്പാട്ടുകളിൽ പ്രമുഖമായ ഒന്നാണ് തുയിലുണർത്തുപാട്ട്.* രസകരമായ ഒരുൽപ്പത്തിക്കഥ അതിലുണ്ട്. ശ്രീപമരേശ്വരൻ ഒരു നീണ്ട തുയിൽകൊണ്ടു. പലരും അദ്ദേഹത്തെ ഉണർത്താൻ ശ്രമിച്ചു. പറ്റിയില്ല. ഒരു പറയിപെറ്റ പിന്തിരുമക്കളിൽ ഒരുവനായ(?)തിരുവരങ്കൻ എന്ന പാണനാർ പരമേശ്വരനെ ചൊല്ലിപ്പാടിയുണർത്തി. ശീവോതി' കനിഞ്ഞു തിരുവരങ്കനു പല വരങ്ങളും അരുളി. അതൊന്നും അയാൾക്കു ഗുണപ്പെട്ടില്ല. ഭഗവാൻ തന്നെ ഇങ്ങനെ അരുളിപോലും.
ഒരാണ്ടിൽ പന്ത്രണ്ടു തിങ്ങളുണ്ടല്ലോ. പന്ത്രണ്ടിലും പരമമായ കള്ളക്കർക്കടകമാസം കാലത്തിൽ കള്ളരോ ദുഷ്ടരോ മറ്റു പല ശത്രുക്കളോ എന്നറിയാതെ കണ്ടു നമ്മുടെ മാളോരുടെ പടിക്കൽചെന്ന് എന്നെക്കൊണ്ടും എൻറെ ശീവോതിയെക്കൊണ്ടും അനേകായിരം നാമമുണ്ടെടോ. അതിലൊരു നാമം ചൊല്ലിപ്പാടി സ്മൃതിച്ചു കൊണ്ടാൽ ജനാദികൾ കേട്ടിരിക്കും. മൂഢരുപോയി ഉറങ്ങിക്കളയും. രണ്ടു മുണ്ടുള്ളവർ ഒരു മുണ്ടു തരുമെടാ. ചേരമാൻ തിരുവങ്കാ! ഒരു വെറ്റില തിന്നുന്നോർ പകുതി വെറ്റിലയും തരുമെടാ.''
പഞ്ഞംപിടിച്ച കർക്കടത്തിൽ പാണർ തിരുനാമം പാടി മാളോരെ തുയിലുണർത്തുന്ന സമ്പ്രദായം ഇന്നും കേരളത്തിൽ നടപ്പുണ്ട്. ചങ്ങമ്പുഴയുടെ പുതിയ തുയിലുണർത്തു' പാട്ടിൻറെ ഔചിത്യം ഈ പഴയ ആചാരത്തിൻറെ വെളിച്ചത്തിൽ ആസ്വദിക്കാം.
അഴിമതിയും അവശതയും അറ്റുള്ള ഒരാനന്ദപ്പുലരിയിൽ നലോകം കണികാണാൻ കവിമാതിനെ രണ്ടു രാക്കിളികൾ ഒരു യുവാവും അയാളുടെ കണ്മണിയായ യുവതിയും തുയിലുണർത്തുന്നു. കരുണരസജലവിമലയും ധൃതകമലയും, ധ്വനിതരളയുമായ കവിമാതിൻ അവർ ജയം കൂറി, മാറി മാറി ഇങ്ങനെ ചൊല്ലിപ്പാടുകയാണ്.
കവിമാതേ, പുതിയ ലോകം
കണികാണാൻ തുയിലുണരൂ!
തുയിലുണരൂ പഴയ ലോകം
തുലഞ്ഞുകാണാൻ തുയിലുണരൂ.
കേരളത്തിൽ ഇന്നലെ വരെ ക്ലേശത്തിനായി മാത്രം ഇറങ്ങിപ്പുലർന്ന പന്ത്രണ്ടു തിങ്ങളും, ഈ പുതിയ ലോകത്തിൽ പദമൂന്നുന്നതെങ്ങനെയെന്നും ആ രാക്കിളകൾ വർണ്ണിക്കുന്നു. കർക്കിടകക്കരിമാസം, വിപ്ലവവെയ്ലേറ്റിളകി വിത്തമദം കർക്കുകയാണ്. ചിങ്ങമരച്ചില്ലകളിൽ തിരുവോണച്ചെല്ലമണിക്കുയിൽ കൂവി..' തൊഴിലുകളിൽ ഉണർവ്വരുളിയ മഹർഷിവരേണ്യനായ കാറൽ മാർക്സിനെ മാനിക്കാൻവേണ്ടി കവിമാത് തുയിലുണരട്ടെ എന്നിങ്ങനെ ആ നവലോകസംവിധാനം, ജനവിഭവതുലനഫലമധു നുകരാൻ' തക്കവണ്ണം ആയിരിക്കുന്നതെന്നും ശാസിക്കുന്നു. (മാർക്സിയൻ സിദ്ധാന്തത്തെ മാനിക്കുന്നതോടൊപ്പം അഹിംസയെ അംഗീകരിക്കുന്നു കവി എന്ന് ഇന്നത്തെ അട്ടിമറിപ്പൻ കമ്മ്യൂണിസത്തെ അനുസ്മരിപ്പിക്കട്ടെ.)
പാട്ട് എന്ന പദത്തിൻറെ ധാതു പണ്' എന്നാണ്. പാണൻ എന്ന വാക്കും ആ ധാതുവിൽ നിന്നും പിറന്നതാണ്. പാണരുടെ തുയിലുണർത്തൽ: അതവർ നടത്തുന്നതു പാതിരാപ്പുറമാണുതാനും. അവരെ രാക്കിളി'കളായി അധ്യവസായം ചെയ്ത്, കർക്കടകം തൊട്ടു മിഥുനം വരെയുള്ള പന്ത്രണ്ടു തിങ്ങളും നമ്മുടെ നാട്ടിൽ പുതുമോടിയിൽ പുലരുന്നതിനെ ഉത്ഭാവനം ചെയ്ത് പഴമയുടെ ജീർണ്ണിച്ച മണ്ണിൽ പുതിയ ലോകം ഉയിർത്തെഴുന്നേൽക്കാൻ തുണനിൽക്കുന്നതിനുവേണ്ടി കവിമാതിനെ തുയിലുണർത്തുന്ന ഈ നൂതനകവനസമ്പ്രദായം മലയാളകവിതകൾക്കും വിപ്ലവാത്മകമായ ഒരു ദശാസന്ധിയെ വാഗ്ദനം ചെയ്യുന്നുവെന്നേ പറയേണ്ടൂ.
ചങ്ങമ്പുഴക്കവിതയുടെ മറ്റു മാഹാത്മ്യങ്ങളേതും വിസ്മൃതമാകട്ടെ. ധിക്കൃതമാകട്ടെ. ഒടുവിൽ, നാദബ്രഹ്മമുള്ള നാളോളം അഭംഗമായി അവശേഷിക്കുന്നത് അതിൻറെ ശബ്ദമാധുരിയായിരിക്കും. ചെറുശ്ശേരി, പുനം, വള്ളത്തോൾ, വെണ്ണികക്കുളം, ചങ്ങമ്പുഴ, ഇവരഞ്ചുപേരാണ് മലയാളഭാഷയുടെ പഞ്ചമസ്വരാലാപമലോലമായ കവികോകിലങ്ങൾ. ചങ്ങമ്പുഴയെപ്പോലെ ശബ്ദമാധുരിയുടെ പൂർണ്ണാനുഗ്രഹം നേടാൻ കൊടുംതപസ്സ് മറ്റുള്ളവർ അനുഷ്ഠിച്ചിട്ടുണ്ടോ എന്നറിഞ്ഞുകൂടാ. ഒരുകാലത്ത് (19381939) Black, Which, Cloud എന്നീ ഇംഗ്ലീഷ് പദങ്ങളെ അങ്ങനെ തന്നെ ബലാകം, വിയതം, കലാദം എന്നിങ്ങനെ മലയാളീകരിചച്ചു കവിതയിൽ മധുരപദസുലഭത വരുത്തിയാലെന്തെന്നുപോലും ചങ്ങമ്പുഴ ആലോചിച്ചിരുന്നു! (അങ്ങനെ ചില കവിതകൾ താനൻ രചിക്കുമെന്നും നേരിട്ട് ഒരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്; ഉണ്ടോ എന്തോ? ) ഈ ബ്ദമാധുരീപ്രണയംകൊണ്ടു മതിമയങ്ങി, അതിനെത്തന്നെ നിദിധ്യാസം ചെയ്ത്, അർദ്ധസുപ്തിയിൽ ലയിച്ചപ്പോൾ അദ്ദേഹത്തനു പ്രത്യക്ഷരായ അഞ്ചു നാദസസുന്ദരികൾക്കു കവി, ദിവ്യത്വം ആദാനം ചെയ്തതിൻറെ ഫലമാണ് ഈ കവിത. ശബ്ദവീചികളിൽ മദാലസനൃത്തം ചെയ്തണയുന്ന ആ വിശ്വമോഹിനികൾ കവിയുടെ മുമ്പിൽ ഏതോ ആലോകവിലാസപ്രപഞ്ചം തുറന്നിട്ടു; പെട്ടെന്നവർ മറയുകയും ചെയ്തു. കവി അതോടെ ഒരു നശിച്ച ലോകത്തിലേക്കു താണുപോയി! അദ്ദേഹത്തിൻറെ കണ്ണിൽ പരുഷാക്ഷരങ്ങൾ അസ്ഥിമാല ധരിച്ച സ്വത്വ'ങ്ങളാണ്! വാതിൽ മറവിൽ നാണംകുണുങ്ങി നിൽക്കുന്ന ആ ങ', ചുംബനത്തിനു ചുണ്ടുവിടർത്തിനിൽക്കുന്ന ആ മ്ബ'... വേണ്ട, ഇങ്ങനെ എടുത്തെഴുതി ആ കലാജാലകന്യകളെ ഞാൻ നാണംകെടുത്തുന്നില്ല; നിങ്ങൾ സ്വയം ആസ്വദിക്കുന്നിൻ.
ചങ്ങമ്പുഴക്കവിതയുടെ അന്യാദൃശശബ്ദമാധുരിക്കുപിന്നിൽ മറ്റൊരു മഹാരഹസ്യംകൂടിയുള്ളതു മറച്ചുവെയ്ക്കുന്നില്ല. കവിക്കു പലപ്പോഴും അത്ഭുതാവഹമായ ഒരുതരം അനുഭവമുണ്ടായിട്ടുണ്ട്. അദ്ദേഹം മിക്ക നല്ല കവിതകളും രചിച്ചിട്ടുള്ളത്, ശാരീരികവും മാനസികുവമായ ഓജസ്സിനും തേജസ്സിനും കഴിയുന്നത്ര ദൗർബല്യംം വരുതത്തിക്കൊണ്ടാണണ്. അറിഞ്ഞുകൊണ്ടുതന്നെ, ആ സയമം അദ്ദേഹം ഗാനംതുളുമ്പുന്ന ഒരു വിലോലമുരളിയായി സ്വയം മാറുന്നു! അപ്പോഴുണ്ടാകുന്ന വിചാരത്തിനോ അവയെ പ്രകാശിപ്പിക്കാൻ സ്വയം വെമ്പിപ്പുറപ്പെടുന്ന പദാവലിക്കോ തെല്ലുപോലും പാരുഷ്യമുണ്ടാവില്ല. എല്ലാം പുല്ലാങ്കുഴൽപോലെ ലോലലോലം മുന്തിരിച്ചാറുപോലെ മധുരമധുരം.
ഈ അനുഭവം നമുക്കെല്ലാവർക്കും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ, കലാകാരൻമാരല്ലെങ്കിൽകൂടി, ഉണ്ടാകും. ശാരീരികമായ വൈലക്ഷണ്യവും വൈശസസ്യവും ആന്തരമായ ഊർജ്ജസ്വലതയ്ക്കും ആയതു കലാകാരൻമാർക്കാണെങ്കിൽ കലാപ്രചോദനത്തിനും കാരണമാണെന്ന് ഇന്നത്തെ മനഃശാസ്ത്രം സമ്മതിക്കുന്നുണ്ട്. മയക്കത്തിൽ' എന്ന കവിതയിൽസൂചിതമായ അർദ്ധസുപ്തി' എങ്ങനെ ഉണ്ടായതെന്ന് ഇത്രയും കൊണ്ടു സ്പഷ്ടമാണല്ലോ. ചങ്ങമ്പുഴക്കവിതയുചെ മാധുര്യം തികച്ചും ആസ്വദിക്കാൻ തനിക്കു കഴിയുന്നന്നത്, ആ കവിതയുടെ ഉൽപാദനവേളയിൽ കവി ഏതവസ്ഥാനന്തരത്തിനു വിധേയാകുന്നുവോ അതിൽത്തന്നെ താനും മുഴുകമ്പോളാണെന്ന് അദ്ദേഹത്തിൻറെ ഒരാത്മസുഹൃത്തും മലയാളത്തിലെ ഒരു നല്ല സാഹിത്യകാരനുമായ ശ്രീ................ ഒരവസരത്തിൽ പറയുകയുണ്ടായി.
പലരംഗത്തിൽ പല താളത്തിൽ, ദ്രുതമദ്ധ്യമവിളംബിതങ്ങളിൽ, കനകച്ചിലങ്ക കിലുങ്ങിയും, കാഞ്ചനകാഞ്ചി കുലുങ്ങിയും, നൃത്തം ചെയ്തുവരുന്ന കാവ്യനർത്തകി എന്നോടിപ്പോൾ പരിഭവം പൂണ്ട് ഈ പുസ്തകത്തിൻരെ ഒടുവിൽ ഒളിഞ്ഞിരിക്കുകയാണ്. നമുക്ക് ആ മതിമോഹനശുഭനർത്തനം ഒന്നു കാണാം.
മറ്റു കലകളെ അപേക്ഷിച്ച് നൃത്ത'ത്തിനു പല മെച്ചങ്ങളുണ്ടല്ലോ. ഒന്നാമതു കലാകാരനും അയാളുടെ ഉപാധിയും(ങലറശൗാ) മേളിച്ച് അദൈ്വതഭാവത്തിൽ വർത്തിക്കുന്ന നൃത്തകലയിൽ മാത്രമാണ്; നർത്തകൻറെ കരചരണാദ്യവയവങ്ങൾ തന്നെയാണല്ലോ അയാളുടെ പ്രകാശനോപാധികളും ഗാനകല കാല' മാത്രാവലംബിയാണ്; ചിത്രകല സ്ഥല' മാത്രാവലംബിയും. ഉഭയാവലംബമുള്ളത് നൃത്തകല മാത്രമാണ്; കാതിനും കണ്ണിനും സമകാലികനിർവൃതി നൽകുന്നതും നർത്തനകലയാണ്. ഇങ്ങനെ സാഹിത്യമൊഴികെയുള്ള ഇതരസുന്ദരകലകളിൽ പ്രാമുക്യം നൃത്തത്തിനുണ്ടെന്നു സ്പഷ്ടം. അപ്പോൾ ആ നർത്തനത്തെ കാവ്യകലയുടെ നർത്തനമായി വിഭാവനം ചെയ്ത്, അതിനു സമുചിതമായ വിചിത്രവൃത്തവും, വിഭിന്നവർണ്ണാങ്കിതപദങ്ങളും, ചലനാത്മകങ്ങളും, ചിന്താബന്ധുരങ്ങളുമായ ആശയങ്ങളും വിജയപൂർവം ആവിഷ്കരിക്കുക ദുഃസാധമാണ്. കേവലനർത്തനത്തിൻ അപ്രാപ്യമായ സുഘടിതാശയങ്ങളുടെ നൈരന്തര്യം (Continuity) നൃത്തകാവ്യങ്ങൾക്ക് ആവശ്യമായിക്കാണും. കാവ്യനർത്തകി' മലയാളത്തിൽ അസുലഭദൃശ്യമായ ഇത്തരമൊരു കവിതയാണ്. വെണ്ണിക്കുളത്തിൻറെ പുഞ്ചിരിക്കുശേഷം' എന്നൊരു നർത്തനകവിതയിൽ മാത്രമേ ഇങ്ങനെ ഉഭയകലകളുടെയും സവിശേഷതകൾ ഹൃദ്യമായി സമ്മേളിച്ചുകണ്ടിട്ടുള്ളൂ.
കനകച്ചിലങ്ക കിലുങ്ങിയും കാഞ്ചനകാഞ്ചി കുലുങ്ങിയുമുള്ള മലയാളക്കവിതയുടെ മതിമോഹനശുഭനർത്തനം' കവിഹൃദയത്തിൽ ചുടുനെടുവീർപ്പുകൾക്കിടയിലും കൂടി പുതുപുളകങ്ങൾ അങ്കുരിപ്പികക്കുന്നു. അവളുടെ സൗന്ദര്യമേളം കണ്ട് അദ്ദേഹത്തിൻറെ ജീവനാളം മുനിനാരും മുകരാത്ത സുഖചക്രവാള'ത്തെ ആശ്ലേഷിക്കുന്നന്നു. ഒരത്ഭുതമന്ത്രവാദമെന്നപോലെ ആ നർത്തനം അദ്ദേഹത്തെ നിർന്നിമേഷമോക്ഷനായി നിർത്തുന്നു. ആ വേളയിൽ കവിക്കുണ്ടായ അനുഭവങ്ങളാണ് കാവ്യനർത്തകിയിലെ അനന്തരപ്രതിപാദ്യം.
കണ്ടു നിൻകണ്ടകണുകളുലയവേ കരിവരി
വണ്ടലയും ചെണ്ടുലയും വനികകൾ ഞാൻ...
........................................................................................
........................................................................................
ഈ അനുഭൂതിയുടെ ലയവിമാനം' അദ്ദേഹത്തെ പല ദിക്കിലുമെത്തിച്ചു. കവി ഒരു പൊന്നാണപ്പുലരിയായി മാറി!~ആ നർത്തകിയുടെ കലകമലത്തിൻറെ മൃദുചലനങ്ങൾ സൂക്ഷ്മലോകാന്തരങ്ങളെ കാണിക്കാൻ പോരുന്നതാണ്. ആ ലോകങ്ങൾ കടന്നുപോയ കവി, ജൻമംകണ്ടു; അതിൽ നിർവൃതികൊണ്ടു; ജൻമാന്തരസുകൃതങ്ങൾ അനുഭവിച്ചു! ആയിരം സ്വർഗ്ഗങ്ങൾ സ്വപ്നവുമായെത്തിയ' ആ മായിക'യുടെ നടനം കണ്ട് ഉൻമത്തനായി പാടുന്നു:
പുഞ്ചിരി പെയ്തുപെയ്താടു നീ, ലളിതേ,
തുഞ്ചൻറെ തത്തയെക്കൊഞ്ചിച്ച കവിതേ,
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ,
കുഞ്ചൻറെ തുള്ളലിൽ മണികൊട്ടിയ കവിതേ!'
അനേകം ഭാഷകൾ പലമാതിരി പല ഭൂഷകൾ കെട്ടി' ആടിയും പാടിയും കവിയെ വിഭ്രമിപ്പിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിൻ മാതൃഭാഷയുടെ ദിവ്യസുഷമ വിസ്മരിക്കാതെവയ്യ. കവിയുടെ അന്ത്്യാപേക്ഷ ഇതുമാത്രമാണ്:
തവ തലമുടിയിൽനിന്നൊരുനാരുപോരും!
തരികെ,ന്നെത്തഴുകട്ടെ പെരുമയും പേരും!
പോവുന്നോ നിൻ നൃത്തം നിർത്തീ നീ ദേവീ! അയ്യോ
പോവല്ലേ, പോവല്ലേ, പോവല്ലേ, ദേവീ!...
വിശ്വവിഖ്യാതഭാഷകളിലെ വശ്യസാഹിത്യങ്ങൾ പലതും കണ്ടനുഭവിച്ച ചങ്ങമ്പുഴ മാതൃഭാഷയുടെ അനന്യദൃഷ്ടവും അനിതരലബ്ധവുമായ മനോഹാരിതയെ, മഹനീയതയെ വാഴ്ത്തിപ്പാടൂന്നത് വെറും വ്യാമോഹജന്യമായ സ്വഭാഷാഭിമാനം കൊണ്ടു മാത്രമാണെന്നുതോന്നുന്നില്ല; മലയാളഭാഷയ്ക്കും സാഹിത്യത്തിനും പല പോരായ്മകളുണ്ടെന്ന് അഭ്യസ്തവിദ്യരും, അൽപജ്ഞാനദുർവിദഗ്ദ്ധരും ആയ മലയാളികൾ (1) ഉച്ചൈസ്തരം ഇന്നും ഉദ്ഘോഷിച്ചു കേട്ടിട്ടുണ്ട്. ആദിമകാവ്യവും പഞ്ചമവേദവും നീതിപ്പൊരുളും ഉപനിഷത്തും പാടി സ്വകീയരെ കേൾപ്പിച്ച കൈരളി, പാടവഹീനയെന്നാർ പറയും?'' എന്നിങ്ങനെ മഹാകവി വള്ളത്തോൾ ആവേശപൂർവമെങ്കിലും യുക്തിയുക്തം ചോദിച്ചതിനെ, ഭംഗ്യന്തരേണ ചങ്ങമ്പുഴയും ഈ കവിതകൊണ്ട് ആവർത്തിക്കുന്നു
115, 113, 112 എന്നീ വർഷങ്ങളിൽ എഴുതിയ ഈ മൂന്നു കവിതകൾ സ്വരരാഗസുധ'യിൽ കവി ചേർത്തിരിക്കുന്നത്, പക്ഷേ, സ്വകവിതാപരിണാമത്തിൻറെ പഴയ പടവുകൾ കാണിക്കാനാണോ എന്നു ശങ്കിക്കുന്നു. ഭാവപ്രകാശനത്തിനും രചനാസമ്പ്രദായത്തിലും അത്രയേറെ വെടിപ്പും ഉറപ്പുമില്ലാതിരുന്ന ആദ്യകാലകവിതയുടെ വകുപ്പിലാണ് ഈ കവനത്രയം പെടുന്നത്. ഇവയിൽ മെച്ചപ്പെട്ടുനിൽക്കുന്നത് ആരാമത്തിലെ ചിന്ത'കളാണ്.
ആരാമത്തിൽ കണ്ട പൂവിൻറെ ക്ഷണികസൗന്ദര്യം കവിയുടെ ചിന്തയെ അന്തർമുഖമാക്കുന്നു. വസന്തം മഞ്ഞാൽ ആരും തിരിഞ്ഞുനോക്കാത്തവണ്ണം വാടിവീഴുന്ന പൂവ് ലോകത്തിൻറെ അപൂർണ്ണതയെ ശംസിക്കുകയാണ്. നാളേക്കു നാമ്പറ്റയടിയേണ്ട നാലഞ്ചു നെല്ലോല' മാത്രമാണ് മനുഷ്യൻ. വേദനാകരമായ ഈ വേദചിന്ത, കവിയുടെ മർദ്ദിതമായ വ്യക്തിപ്രഭാവത്താൽ ക്രോധത്തിൻറെയും പ്രതികാരത്തിൻറെയും കൊടുങ്കാറ്റുളവാക്കി. കവിയുടെ ചിന്താഗഗി, അതോടെ പാടേ മാറിവീണു. അപൂർണ്ണവും ശൂന്യവുമായിരിക്കാം ഈ ലോകം. എങ്കിലുമിതു മധുരമാണ്. അതാ, ആരാമം അതിൻറെ ഹൃദയത്തിൽ ഗൂഢമായി ലാളിച്ച മൂകാഭിലാഷങ്ങളായ പൂക്കളെക്കൊണ്ടു പുഞ്ചിരിക്കൊള്ളുന്നു. കവിചിത്തവും പുഷ്പിതമായി പുഷ്കലവ്യോമത്തോടൊപ്പം:
സുന്ദരം, സുന്ദരം, സ്വർഗ്ഗസമൃദ്ധിതൻ
മന്ദിരം തന്നെയീ ലോകം''
എന്ന് കവി ശുഭപ്രതീക്ഷകനായി മാറുന്നു. പലതരത്തിലും കവിയുടെ ആത്മാവിനെ ഈ ജഗത്ത് ചവിട്ടിമെതിച്ചിട്ടുണ്ട്, ആ ജഗത്തിനോട്, ശുഭപ്രതീക്ഷകനായ കവി ഒരുകൈ നോക്കാന്തന്നെസ തീരുമാനിച്ചു.
ജാതനായ്ത്തീർന്നതു ഞാനിരുൾമൂടിയ
പാതാളഗർത്തത്തിലാകാം
എങ്കിലും മേൽപ്പോട്ടുയർന്നു ഞാൻ താരക
പ്പൊൻകതിർപ്പൂക്കളെപ്പൂൽകും!
ഉഗ്രശപഥം! ജനിച്ചില്ലേ* എന്നാൽ ജീവിക്കാന്‍തന്നെ നോക്കും, തിരിഞ്ഞുനിന്ന്, തന്നെ നിർദ്ദയം മർദ്ദിച്ച ലോകത്തെ അനുകമ്പാപൂർവ്വം നോക്കി കവി പറയുന്നു:
ഓമൽസഖാക്കളേ, നിങ്ങളോടും കനി
ഞ്ഞോതാനെനിക്കുണ്ടൊരൽപം,
നിർദ്ദയം, കഷ്ടം വികൃതപ്പെടുത്തിയെൻ
നിസ്വാർത്ഥസേവനം നിങ്ങൾ
എങ്കിലും നിങ്ങൾക്കുമാവുകയില്ലായതിൻ
തങ്കപ്രകാശം മറയ്ക്കാൻ,
നാനാപവാദങ്ങൾ നിങ്ങൾ ചൊരിഞ്ഞവ
നാളത്തെ ലോകം മറക്കും.
..................................................
മാമകനാമത്തിൽ നിങ്ങൾ വീശീടുമീ
മാറാലയൊെക്കയും മാറും''
എത്ര ശരി! മന്ദാരമാല്യംമെൻ കണ്ഠത്തിൽ ചാർത്തുമ്പോൾ മന്ദഹസിക്കണേ നിങ്ങൾ'' എന്നായിരുന്നു അദ്ദേഹത്തിൻറെ അന്ത്യാപേക്ഷ. ഇന്നിതാ ജയലക്ഷ്മി ചാർത്തിയ മന്ദാരമാല്യംവുമണിഞ്ഞ് സകലകേരളീയരുടേയും ഹൃദയതളിമതത്തിൽ സു്രപതിഷ്ഠനായി ലസിച്ചിയങ്ങുന്ന ചങ്ങമ്പുഴയെ കണ്ടു നാം മന്ദഹസിക്കുകയാണോ? എന്നാൽ ആ മന്ദഹാസം പശ്ചാത്താപജന്യമായ നമ്മുടെ കണ്ണീരിൽ മഴവില്ലൊളി ചേർക്കുന്നുണ്ട്; നിശ്ചയം.
സങ്കൽപകാമുക'നിലും തപ്തപ്രതിജ്ഞ'യിലും ചങ്ങമ്പുഴക്കവിതയുടെ ആവർത്തനോത്സുകങ്ങളായ ആശയങ്ങളും രീതികളും മാത്രമേ കാണുന്നുള്ളൂ. കവിതേയേയും യശസ്സിനേയും മാറി മാറി പലപ്പോഴും ചങ്ങമ്പുഴ കാമുകിയാക്കി രചിച്ചിട്ടുണ്ട്. അവയിൽനിന്ന് ഏറെ ഭിന്നമോ രമ്യമമോ അല്ല സങ്കൽപകാമുകനിലെ ആശയഗതിയും ആവിഷ്കരണരീതിയും. തപ്തപ്രതിജ്ഞ' ചെയയ്യുന്ന നായികമാരെയും സുലഭമായി കവി ആദ്യകാലകവിതകളിൽ താലോലിച്ചുകാണുന്നുണ്ട്.
സുധാബിന്ദുക്കൾ
സ്വരരാഗസുധ'യിൽ സ്വീയവും പരകീയവുമായി കാണുന്ന മുക്തകങ്ങൽ സുധാബിന്ദുക്കൾ തന്നെയാണ്; ഓരോ ബിന്ദുവിലും കാണാം ഓരോ ചിന്താസാഗരതത്തിൻറെ അഗാധത ഒതുങ്ങിനിൽക്കുന്നതായി. പരസ്പരം അവയ്ക്കുള്ള വൈരുദ്ധ്യത്തിൻറെ ഹേതുവും നേരത്തെ വ്യക്തമാകക്കിയിട്ടുണ്ടല്ലോ.
ഞാനും വന്നു ജഗത്തിൽ.............. വിഭ്രാന്തിയോ' (രചനാകാലം 1341122); ചെന്നായിൻ ഹൃത്തിനും മിണ്ടാതെ ചാകൂ' (രചിച്ചകാലം 1341122); ചാരായക്കടയാണു... ഹാ നീ വിധേ? (രചിച്ച കാലം 2161121); ഇവയിലെല്ലാം കവിയുടെ വിഷാദപൂരിതയും നിരാശാജനകവും അന്ധകാരാവൃതവുമായ ചിന്താഗതിയാണു നിഴലിക്കുന്നത്. വെള്ളം ചേർക്കാതെടുത്തോരമൃതിൻ...' ഏഴാം സ്വർഗ്ഗം വിടർന്നൂ... വരികയേ ഹൃദ്യമേ മദ്യമേ' എന്നിയിൽ കാണുന്നതോ? തികഞ്ഞ ശുഭപരതീക്ഷയും. കവിയുടെ ജീവിതസായന്തനത്തിൽ നിറം മാറി മാറി വന്ന ചിന്താമേഘശകലങ്ങലായി ഈ മുക്തകങ്ങളെ വീക്ഷിക്കാം.
സുമനസ്സുകളുടെ മാനസപ്പൊയ്കയിൽ കലാകേളി ചെയ്തു ലാലസിക്കുന്ന ആ ഗാനഗന്ധർവനെ ഓർത്ത് നാമെന്തിൻ കണ്ണീർ തൂകണം? എങ്കിലും നമ്മുടെ ദൗർബ്ബല്യംം നമ്മെ പ്രാകൃതരാക്കുന്നു!..... ഞാനീ തിലോദകം അർപ്പിക്കട്ടെ. അഴലിൽനിന്നുതിർന്ന കണ്ണുനീർക്കണങ്ങൾകൊണ്ടു കിതിർത്തല്ലാ; ഈ സ്വരരാഗസുധ' സ്വാദംകൊണ്ട് ആനനന്ദപരവശനായി ചൊരിയുന്ന ബാഷ്പബിന്ദുക്കളിൽ കഴുകി...
ചിന്തിപ്പിക്കുന്നതിനേക്കാളേറെ എന്നെ ചിരിപ്പിക്കുകയും കരയിക്കുകയും പുളകം കൊള്ളിക്കുകയും ചെയ്ത ചില നിമിഷങ്ങൾ സ്വർഗ്ഗത്തിൽ നിന്നും പറന്നെത്തി അങ്ങോട്ടുതന്നെ പറന്നുപോയ ആ ചിത്രശലങ്ങൾക്കു പിമ്പേ വെമ്പിക്കുതിച്ച എൻറെ കലാകൗതുകത്തിൻറെറ കൈവിരലുകളിൽ പറ്റിയ ചില വർണ്ണരേണുക്കളാണ് ഈ പുസ്തകത്തിലെ ഈരടികൾ.
ചങ്ങമ്പുഴകൃതികൾ
അവതാരിക - ജി. കുമാരപിള്ള
ഏതോ പെരിയൊരു ശാപം പറ്റി
ച്ചേതോഹരനൊരു ഗന്ധർവൻ
പഞ്ചമരാഗം പാടിയ കിളിയെ
തുഞ്ചൻ കാട്ടിയ മലനാട്ടിൽ
നെഞ്ചലിയിക്കും കാവ്യവിപഞ്ചിക
കുഞ്ചൻ മീട്ടിയ മമ നാട്ടിൽ
മധുരമനോരമനാദമുതിർക്കും
മണിവേണുവുമായ് വന്നെത്തി
ചങ്ങമ്പുഴയുടെ ആവിർഭാവത്തെപ്പറ്റി ആശ്ചര്യപുളകിതനായ വെണ്ണിക്കുളം ഇങ്ങനെയാണ് അനുസ്മരിക്കുന്നത്. മലയാള കവിതയുടെ രംഗത്ത് ഒരസാമാന്യപ്രതിഭയുടെ ആവിർഭാവമായിരുന്നു അത്; ഗന്ധർവതുല്യംമായ സംഗീതമധുരിമയായിരുന്നു ആ പ്രതിഭയുടെ ഏറ്റവും അമൂല്യംമായ സിദ്ധി. ചങ്ങമ്പുഴയുടെ മരണാനന്തരം വെണ്ണിക്കുളം എഴുതിയ ഹൃദയസ്പൃക്കായ ലഘുവിലാപഗീതം ചങ്ങമ്പുഴക്കവിതയുടെ ചൈതന്യത്തെ ഇപ്രകാരം കാവ്യാത്മകമായി സ്ഫുരിപ്പിച്ചിരിക്കുന്നു. 1107 ആരംഭം മുതൽ 1123 അവസാനം വരെഅതായത് 1931 മുതൽ 1948 വരെഉള്ള ഏതാണ്ട് പതിനേഴ് വർഷക്കാലത്തെ ആ കാവ്യജീവിതം ആദ്യന്തം അസുലഭമായ ജനപ്രിയം നേടിയ ഒന്നായിരുന്നു. ഇന്നും ആ ജനപ്രിയം തുടരുന്നു; എന്നും തുടരുകയും ചെയ്യും. കാലാകാലങ്ങളിൽ ഉണ്ടാകുന്ന അഭിരുചിവ്യത്യാസങ്ങൾക്കനുസരിച്ച് ഏതു കവിയുടേയും സ്ഥാനമഹിമയ്ക്ക് ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുക സ്വാഭാവികമാണ്. ഈ ഗതിയിൽ നിന്ന് ചങ്ങമ്പുഴയും മുക്തനല്ല. പക്ഷേ ചങ്ങമ്പുഴയെപ്പോലെ അചുംബിതപ്രതിഭാവിലാസമുള്ള ഒരു യാഥാർത്ഥകവിക്ക് കിട്ടുന്ന അടിസ്ഥാനപരമായ അംഗീകാരത്തെ ഇത് ഒരിക്കലും ബാധിക്കുന്നില്ല. നമ്മുടെ കാവ്യപാരമ്പര്യത്തിലെ ഏറ്റവും പ്രകാശമാനമായ ഒരു കണ്ണിയാണ് ചങ്ങമ്പുഴക്കവിത.
മലയാളകാവ്യപാരമ്പര്യത്തിൽ തന്നെ പല ധാരണകളുണ്ടല്ലോ. ഇതിൽ ഒരു മുഖ്യധാരയായ ചെറുശ്ശേരിപ്രസ്ഥാനം അഥവാ സുന്ദരകവിതാപ്രസ്ഥാനം സാരസ്യത്തിൻ മുന്‍തൂക്കം നൽകുന്നു. ആത്മഗൗരവത്തിൻ പ്രാധാന്യം നൽകുന്ന എഴുത്തച്ഛൻറെ രീതിയിൽപ്പെട്ട തീവ്രകവിതാപ്രസ്ഥാനത്തിൽ നിന്ന് ഇത് വിഭിന്നമാണ്. ചെറുശ്ശേരിയും വടക്കൻപാട്ടുകളുടെ കർത്താക്കളും കുഞ്ചന്‍നമ്പ്യാരും രാമപുരത്തുവാര്യരും ഇരയിമ്മന്‍തമ്പിയും മറ്റും വളർത്തിയ സുന്ദരകവിതാപ്രസ്ഥാനം ആധുനികകാലത്ത് ഉയിർത്തെഴുന്നേറ്റത് വള്ളത്തോളിലൂടെയാണ്. പിന്നത്തെ തലമുറയിൽ വെണ്ണിക്കുളം പി. കുഞ്ഞിരാമന്‍നായർ, ബോധേശ്വരൻ തുടങ്ങിയവർ ഈ സരണി പിന്തുടർന്നു. മൂന്നാമത്തെ തലമുറയിൽ വന്ന പന്തളം കെ.പി രാമൻപിള്ള, ഇടപ്പള്ളി രാഘവൻപിള്ള, വൈലോപ്പിള്ളി ശ്രീധരമേനോൻ എന്നിവരോടൊപ്പം ചങ്ങമ്പുഴ ഈ പ്രസ്ഥാനത്തെ സമ്പുഷ്ടമാക്കി. ഒരർത്ഥത്തിൽ ചങ്ങമ്പുഴ അതിനെ ഏതാണ്ട് അത്യുച്ഛകോടിയിൽ എത്തിച്ചു എന്നുതന്നെ പറയാം. ശബ്ദസൗകുമാര്യം, ലൗകിക സൗന്ദര്യത്തിലുള്ള ആസക്തി, സാരൾയം, സംഗീതാത്മകത്വം, വികാരപരത്വം തുടങ്ങിയ സ്വഭാവവിശേഷങ്ങളാണ് സുന്ദരകവിതാപ്രസ്ഥാനത്തെ മറ്റു കാവ്യധാരകളിൽ നിന്ന് വേർതിരിച്ചുനിർത്തുന്നത്. അതിർവരമ്പുകൾ സൂക്ഷ്മമായും നിഷ്കൃഷ്ടമായും നിർണ്ണയിക്കുവാൻ സാധിക്കുമെന്ന് ഒട്ടും വിവക്ഷിക്കുന്നില്ലെന്ന് ഇവിടെ പ്രത്യേകം എടുത്തുപറഞ്ഞുകൊള്ളട്ടെ. ഒരേ പ്രസ്ഥാനത്തിൽപെട്ട കവികളെല്ലാം ഒരേ മൂശയിൽ വാർത്തെടുത്തമട്ടിൽ ഐകരൂപ്യമുള്ളവരാണെന്നും സൂചനയില്ല.
നമ്മുടെ നവോത്ഥാനകവിത അഥവാ കാൽപനികപ്രസ്ഥാനം പൗരാണികസാഹിത്യസമ്പ്രദായമായ ആഢ്യസാഹിത്യത്തിൻറെ അധഃപതിച്ച രൂപത്തിനെതിരായി അതായത് ആഢ്യമ്മന്യസാഹിത്യത്തിനെതിരായി വന്ന ഒരു തിരിച്ചടിയായിരുന്നല്ലോ. ഇതിനുള്ള സ്വാധീനം ആംഗലസാഹിത്യത്തിൽ നിന്ന് വന്നതാണെന്ന വസ്തുതയും സുവിദിതമാണ്. പക്ഷേ നമ്മുടെ നവോത്ഥാനകവികളുടെ ഒന്നും രണ്ടും തലമുറകൾആശാൻറേയും വെണ്ണിക്കുളത്തിൻറേയും തലമുറകൾഅവരുടെ അടിസ്ഥാനപരമായ കാവ്യസംസ്കാരം നേടിയിരുന്നത് പരമ്പരാഗതമായ സംസ്കൃതപഠനത്തിനിൽ നിന്നാണ്. സ്വാഭാവികമായും ആഢ്യസാഹിത്യത്തിൻറെ ശുദ്ധസത്വത്തെ കാലോചിതമായി ആവിഷ്കരിക്കുവാനുള്ള പ്രവണത അവരിൽ ശക്തമായിരുന്നു. ചങ്ങമ്പുഴ ഉൾപ്പെട്ട മൂന്നാംതലമുറയിലാണ് ആധുനിക വിദ്യാഭ്യാസത്തിൽനിന്ന് ലഭിച്ച അടിസ്ഥാനപരമായ കാവ്യസംസ്കാരം ആദ്യമായി നമുക്ക് കാണാൻ കഴിയുന്നത്. ശുദ്ധമായ കാൽപനികത്വത്തിൻറെ ആവിഷ്കാരം ഉണ്ടാകുന്നതും ഈ തലമുറയിൽത്തന്നെ. ശുദ്ധമായ കാൽപനികത്വം എന്നതുകൊണ്ട് തികച്ചും ആത്മനിഷ്ഠമായ ഒരു സമ്പ്രദായമാണ് ഉദ്ദേശിക്കുന്നത്. വ്യക്തിഗതമായ കവിഭാവനയുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണല്ലോ കാൽപനികത്വം. ആഢ്യസാഹിത്യത്തിൻറെ സമൻവയവാസനയും വ്യക്തിനിരപേക്ഷമായ സമീപനവും അത് പരിത്യജിക്കുന്നു; യാഥാർത്ഥ്യത്തിൻറെ വസ്തുനിഷ്ഠമായ കാഴ്ചപ്പാടും അത് നിരാകരിക്കുന്നു. അങ്ങനെ ആത്മനിഷ്ഠവും സങ്കൽപദീപ്തവും അത് നിരാകരിക്കുന്നു. അങ്ങനെ ആത്മനിഷ്ഠവും സങ്കൽദീപ്തവും ആയ ഒരു വീക്ഷണമാണ് കാൽപനികത്വത്തിൻറെ മുഖമുദ്ര. മലയാളകവിതയിൽ ശുദ്ധകാൽപനികത്വത്തിൻറെ അനശ്വരസ്മാരകങ്ങളായി ഇടപ്പളളിയുടേയും ചങ്ങമ്പുഴയുടേയും കവിതകൾ വെട്ടിത്തിളങ്ങിനിൽക്കുന്നു. ഇടപ്പള്ളിയുടെ പ്രതിഭയ്ക്ക് പൂർണ്ണമായി വികസിക്കുവാൻ അവസരം ലഭിച്ചില്ല. അതുകൊണ്ട് വൈവിധ്യത്തിലും വൈപുല്യംത്തിലും ഗുണപൗഷ്കല്യംത്തിലും ചങ്ങമ്പുഴക്കവിത മുന്നിട്ടുനിൽക്കുന്നു. ചങ്ങമ്പുഴയുടെ ഏറ്റവും ഹൃദയസംഗമമായ ഭാവഗീതത്തിലെ മനസ്വിനിയിലെവരികൾ ഈ സന്ദർഭത്തിൽ മനസ്സിലേക്ക് ഒഴുകിവരുന്നു.
ദേവനികേതഹിരണ്മയമകുടം
മേവീ ദൂരെ ദ്യുതി വിതറി
പൊന്നിൻകൊടിമരമുകളിൽ ശബളിത
സന്നോജ്ജ്വലമൊരു കൊടി പാറി.
കാൽപനികത്വത്തിൻറെ താഴികക്കുടവും പൊന്നിൻകൊടിമരത്തിൽ പറക്കുന്ന വർണ്ണശബളമായ വെന്നിക്കൊടിയും ചങ്ങമ്പുഴക്കവിതയിൽ തെളിഞ്ഞുമിന്നുന്നു.
തൻറെ അനന്യസാധാരണമായ സിദ്ധിയെ വിപുലമായ കാവ്യപരിചയംകൊണ്ടു സമ്പുഷ്ടമാക്കാൻ ചങ്ങമ്പുഴ നിരന്തരം ശ്രമിച്ചിരുന്നു. ആദ്യകാലകൃതികളിൽ നാടൻപാട്ടുകളടക്കമുള്ള മലയാളകവിതയുമായും ഇംഗ്ലീഷ് കാൽപനികകവിതയുമായും ഉള്ള പരിചയത്തിനുപുറമേ ടാഗോർ കവിതയുടെ സ്വാധീനത്തിൽനിന്നുണ്ടാകുന്ന യോഗാത്മകത്വത്തിൻറെ ലാഞ്ചനകളും പ്രതീകാത്മകത്വത്തിൻറെ ഛായകളും കാണുവാൻ കഴിയും. പിൽക്കാലത്ത് സംസ്കൃതകവിതയും ഇംഗ്ലീഷിൽ കിട്ടാവുന്ന വിശ്വസാഹിത്യകൃതികളും അദ്ദേഹം പഠിച്ചിരുന്നതായിക്കാണാം. തനിക്കു പ്രിയപ്പെട്ട വിശ്വസാഹിത്യകൃതികളിൽനിന്നുമുള്ള ഉദ്ധരണങ്ങൾ തൻറെ പുസ്തകങ്ങൾക്കു മുഖക്കുറിപ്പായി ചേർക്കാൻ അദ്ദേഹം വലിയ കൗതുകം കാണിച്ചിരുന്നു. ധാരാളം പരിഭാഷകളും അദ്ദേഹം ചെയ്തിട്ടുണ്ട്. സാഹിത്യചിന്തകൾ എന്ന ഗദ്യകൃതിയിലെ പ്രസ്താവനകളും വിശ്വസാഹിത്യപഠനത്തിൻറെ ശ്രദ്ധാർഹമായ സൂചനകളാണ്. ഫ്രഞ്ചുസാഹിത്യത്തിലെ പ്രതീകാത്മകപ്രസ്ഥാനവും അതിൻറെ ശുദ്ധകവിതാവാദവും അദ്ദേഹത്തെ സ്വാഭാവികമായും വളരെ ആകർഷിച്ചിരിക്കണം. ഏതായാലും തിൻമയുടെ പൂക്കൾ എന്ന പ്രശസ്ത സമാഹാരത്തിൻറെ കർത്താവായ ഫ്രഞ്ചുകവി ബോദ്ലേയർ ചങ്ങമ്പുഴയുടെ കവിതയെ മാത്രമല്ല, ജീവിതത്തേയും കാര്യമായി സ്വാധീനിച്ചിരിക്കണം എന്നു ഞാൻ കരുതുന്നു.
ചങ്ങമ്പുഴയുടെ കാവ്യജീവിതത്തെ രമണൻവരെയുള്ള ഘട്ടമെന്നും രമണനുശേഷമുള്ള ഘട്ടമെന്നും രണ്ടായി വിഭജിക്കാമെന്നു തോന്നുന്നു. 1107 (1931) മുതലുള്ള മൂന്നുവർഷക്കാലംകൊണ്ട് അദ്ദേഹത്തിൻറെയും ശബ്ദം സഹൃദയലോകത്തെ നല്ലവണ്ണം ആകർഷിച്ചു. 1110 (1934) ആദ്യം ഇ.വി. കൃഷ്ണപിള്ളയുടെ പ്രത്യേകമായ ഉത്സാഹത്തിൻറെ ഫലമായി ചങ്ങമ്പുഴയുടെ ആദ്യകൃതിയായ ബാഷ്പാഞ്ജലി എന്ന സമാഹാരം പ്രസിദ്ധീകരിച്ചു. ഈ കൃതിയും തുടർന്നു പ്രസിദ്ധീകരിച്ച ആരാധകൻ എന്ന ഖണ്ഡകാവ്യം ഹേമന്തചന്ദ്രിക എന്ന പ്രേമഗാനസമാഹാരവും കാവ്യലോകത്തു ഗണ്യമായ ഒരു സ്ഥാനം നേടിക്കൊടുത്തു. 1936ൽ (1111 മിഥുനം 21ാം തീയതി) ഇടപ്പള്ളി രാഘവൻപിള്ള ആത്മഹത്യ ചെയ്തു. ഏകാന്തദീപ്തമായ കാൽപനിക പ്രേമസങ്കൽപത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച ഓമനച്ചെങ്ങാതിയുടെ സ്മരണയ്ക്കായി ഏതാണ്ട് ഒരു മാസത്തിനുള്ളിൽ അദ്ദേഹം രമണൻ രചിച്ചു. രണ്ടുമാസത്തിനകം (1936 സെപ്റ്റംബർ)രമണൻ പ്രസിദ്ധീകരിച്ചു. ഇതോടെ ചങ്ങമ്പുഴ ലബ്ധപ്രതിഷ്ഠിതനായി. രമണൻ ചങ്ങമ്പുഴയുടെ കവിതയിൽ ഒരു വഴിത്തിരിവായിരുന്നു. ആദ്യകാലകൃതികളുടെ സ്വഭാവത്തെക്കുറിച്ച് ബാഷ്പാഞ്ജലിയുടെ അവതാരികയിൽ ഈ.വി.കൃഷ്ണപിള്ള ഇങ്ങനെയാണു പറയുന്നത്: വിലക്ഷണങ്ങളായ ശാരീരികബന്ധങ്ങളിലേക്ക് ഒരിക്കലും താഴാതെ പ്രൗഢമധുരമായി നിൽക്കുന്ന പ്രണയപ്രതിപാദനങ്ങൾ, യാതൊരു ഹൃദയത്തിനും നോവു തട്ടാതെ ആരേയും ആകർഷിക്കുമാറുള്ള ലോകചര്യാനിരൂപണങ്ങൾ, പതിമെങ്കിലും നൈസർഗ്ഗികബന്ധംകൊണ്ടു ദൈവികത്വത്തോടു സംഘടിതമായ മനുഷ്യത്വത്തിൻറെ അന്തർല്ലീനമാഹാത്മ്യത്തെക്കുറിച്ചുള്ള പരിദേവനങ്ങൾ, സകലകഷ്ടതകൾക്കും പരമപരിഹാരം നൽകുന്ന സാക്ഷാൽ കാവ്യസ്വരൂപിണിയോടുള്ള ദയനീയാർത്ഥനകൾ, അപ്രമേയവും എന്നാൽ അതിമോഹനവുമായ ചിൽപ്രകാശത്തിൻറെ പരിപൂർണ്ണാനുഗ്രഹത്തിനുവേണ്ടിയുള്ള ആക്രന്ദനങ്ങൾ, ഇവയെല്ലാം രമണീയതമമാക്കുന്ന കോമളപദാവലികൾ ഇതാണ് ഇതുവരെ വെളിയിൽ വന്നിട്ടുള്ള ചങ്ങമ്പുഴക്കൃതികളുടെ പ്രധാനസ്വഭാവങ്ങളെന്നു കാവ്യനിർമ്മാണത്തിൽ എന്നെപ്പോലെ വിദൂരമല്ലാത്ത പല സാഹിത്യപ്രണയികളും നിരന്തരം പറഞ്ഞുവന്നു.'' ഇതിൽനിന്നു വിഭിന്നമായ ഒരു സ്വരം ആദ്യം കേൾക്കുന്ന രമണൻറെ അവസാനഭാഗത്താണ് സാമൂഹ്യമായ പകയുടെ ഉച്ചസ്വരം. ഈ സ്വരം വാഴക്കുല, ആ കൊടുങ്കാറ്റ്, ചുട്ടെരിക്കാൻ തുടങ്ങിയ കവിതകളിൽ തുടർന്നു കേൾക്കാം. പക്ഷേ, അതു മാത്രമല്ല കേൾക്കുന്നത്. പലവിധ കാവ്യസങ്കൽപങ്ങൾക്കിടയിൽ ചാഞ്ചാടുന്ന ഒരു കവിഹൃദയമാണു പിന്നീടങ്ങോട്ടു പ്രത്യക്ഷപ്പെടുന്നത്. പാടുന്ന പിശാചിൽ' ചിത്രീകരിക്കുംമട്ടിൽ പലവിധസമ്മർദ്ദങ്ങളുടെയും സംഘട്ടനങ്ങളുടെയും ഇടയിൽ പെട്ടു നട്ടംതിരിയുന്ന വ്യക്തിജീവിതത്തിൻറെ ഗതിവിഗതികൾ ഈ പരിണാമത്തെ വളരെ സ്വാധീനിച്ചിരിക്കണം. അനായാസമായി എഴുതുവാനുള്ള ജൻമസിദ്ധമായ കഴിവ് വലിയൊരനുഗ്രഹമാണെങ്കിലും ഒരു ശാപവുമാണ്. ചങ്ങമ്പുഴയ്ക്ക് ഈ സിദ്ധി അസൂയാവഹമായ അളവിൽ ഉണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിൻറെ പിൽക്കാലകവിതകളിൽ ആദ്യകാലകവിതകളുടെ ധാരാളം ആവർത്തനങ്ങൾ കാണാം. ഇതോടൊപ്പം പരീക്ഷണവ്യഗ്രതയും നിരന്തരമായി തെളിഞ്ഞുനിൽക്കുന്നു. പക്ഷേ, നിയതമായ ഒരു വികാസമാർഗ്ഗം സ്വീകരിക്കുവാൻ അദ്ദേഹത്തിന്നു കഴിഞ്ഞിരുന്നില്ല. സാമൂഹ്യവിപ്ലവത്തിൻറെ ഉച്ചസ്വരം മുഴക്കുന്ന കവിതകളെക്കുറിച്ചു സൂചിപ്പിച്ചുവല്ലോ. കവിതയെ ശുദ്ധസംഗീതമായി ആവിഷ്കരിക്കുന്ന ഒരു ദിവസം പുലരൊളിയിൽ' ഓണപ്പൂക്കൾ പറിച്ചില്ലേ നീ' എന്നീമാതിരി കൃതികളിലേക്കും അദ്ദേഹത്തിൻറെ സർഗ്ഗചേതന നീങ്ങിക്കൊണ്ടിരുന്നു. ശൃംഗാരവും കരുണവും വീരവും രൗദ്രവും വിട്ട് ഹാസ്യത്തിലേക്കും അദ്ദേഹം തിരിഞ്ഞിരുന്നു. പാടുന്ന പിശാച്' തുടങ്ങിയ പരിഹാസകവിതകളിലെ പരിഹാസസ്വരം ഇതിനു സാക്ഷ്യം വഹിക്കുന്നു. മദിരോത്സവം' തുടങ്ങിയ കാവ്യങ്ങളിലും സാഹിത്യചിന്തകൾ' സുധാംഗദയുടെ മുഖവുര എന്നീ ഗദ്യഭാഗങ്ങളിൽ ബ്രൗണിങ്ങിനെക്കുറിച്ചും കുമാരനാശാനെക്കുറിച്ചും മറ്റും ചെയ്തിട്ടുള്ള പരാമർശങ്ങളിലും കൂടുതൽ വിചാരരമണീയമായ ഒരു കാവ്യരീതിയിലേക്കു നീങ്ങണമെന്ന മോഹവും ശക്തമായിക്കാണാം. കവിതയെ ശുദ്ധസംഗീതമാക്കി സ്വരരാഗസുധയായി മാറ്റുന്നതോടൊപ്പം ഭാവഗീതത്തിനു കൂടുതൽ ചൈതന്യമണയ്ക്കുവാനുള്ള തപസ്യയുമായിരുന്നു ചങ്ങമ്പുഴയുടെ പ്രതിഭയ്ക്കു സ്ഥായിയായി ഉണ്ടായിരുന്ന വികാസമാർഗ്ഗങ്ങൾ എന്നു തോന്നുന്നു. കരുണാർദ്രമായ പ്രേമാനുഭൂതിയെ ആവിഷ്കരിക്കുന്ന ലളിതസുന്ദരമായ ഭാവഗീതത്തിൻ അർത്ഥസാന്ദ്രിമയും ശിൽപദാർഢ്യവും നൽകി പൂർണ്ണിമയുടെ പരിവേഷം ചാർത്തുന്ന അത്ഭുതസിദ്ധി മനസ്വിനി', സ്പന്ദിക്കുന്ന അസ്ഥിമാടം, പഞ്ചഭൂതാഭിയുക്തമെൻ ഗാത്രം' തുടങ്ങിയ ഗീതങ്ങളിൽ പ്രസരിക്കുന്നു.
സ്വതന്ത്രശക്തികൾ രചിക്കുന്നതോടൊപ്പം പരിഭാഷയിലും ചങ്ങമ്പുഴ ദത്തശ്രദ്ധനായിരുന്നു. മലയാളകവിതയെ സമ്പന്നമാക്കുന്നതിനു വിശ്വസാഹിത്യമാതൃകകളുടെ പരിഭാഷകൾ അനുപേക്ഷണീയമാണ് അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു. ആദ്യം മുതൽക്കേ അദ്ദേഹം ഇതിൽ ജാഗരൂകനായിരുന്നെന്നു മയൂഖമാല'കാണിക്കുന്നു. എന്നാൽ, തൻറെ വിപുലമായ പരിഭാഷാപദ്ധതി മുഴുമിപ്പിക്കുവാൻ യൗവനം കഴിയുംമുൻപേ ചരമം പ്രാപിച്ച അദ്ദേഹത്തിനു കഴിഞ്ഞില്ല. തൻറെ കവിതാവിവർത്തനസമ്പ്രദായത്തെപ്പറ്റി ടെനിസനൻറെ ഈനോണി'ൻറെ തർജ്ജിമയായ സുധാംഗദ' യുടെ മുഖവുരയിൽ അദ്ദേഹം ദീർഘമായി ഉപന്യസിച്ചിട്ടുണ്ട്. കവിത വിവർത്തനം ചെയ്യുമ്പോൾ ചില സ്വാതന്ത്ര്യങ്ങൾ എടുക്കേണ്ടിവരുമെന്നും ഈ സ്വാതന്ത്ര്യങ്ങൾ ന്യായീകരിക്കത്തക്കവയാണന്നും സ്വന്തം കൃതികളിൽനിന്നും ഉദാഹരണങ്ങൾ നിരത്തിവെച്ചു സമർത്ഥിക്കുകയാണ് ഇവിടെ ചെയ്യുന്നത്. പൊതുവെ ചങ്ങമ്പുഴയുടെ പരിഭാഷകൾ സുഖമായി വായിച്ചുപോകാവുന്നവയാണ്. ബൈബിളിലുള്ള സോളമൻറെ ഗീതങ്ങൾ ദിവ്യഗീതം' എന്ന പേരിലും ജയദേവൻറെ ഗീതഗോവിന്ദം ദേവഗീത' എന്ന പേരിലും അദ്ദേഹം നമുക്കു നൽകിയിരിക്കുന്നു. വിശ്വസാഹിത്യത്തിലെ ഈ അനശ്വരപ്രേമഗാനങ്ങൾ പരിഭാഷപ്പെടുത്തുകയെന്ന ദുഷ്കരദൗത്യം ഏറ്റെടുക്കുവാൻ ചങ്ങമ്പുഴയല്ലാതെ ധൈര്യപ്പെടുമായിരുന്നോ എന്ന സംശയമാണ്. ഒന്നു ദുർഗ്രഹം; മറ്റതു സംഗീതമയം. ഈ പരിഭാഷകൾക്കു പല കോട്ടങ്ങളുണ്ടെങ്കിലും ഇവ ഭാഷാകവിതയ്ക്കു നേട്ടങ്ങൾതന്നെയാണ്. ബ്രൗണിങ്ങിൻറെ ഒരു നാടകീയഗീതത്തിൻറെ പരിഭാഷയായ നിർവൃതി'യിലും മറ്റും കവി കൂടുതൽ ശ്രദ്ധിച്ച് മൂലത്തോടു കൂറുപുലർത്തേണ്ടതായിരുന്നു എന്ന് എനിക്കു തോന്നുന്നു. കല്ലോലമാല'യിലും മഞ്ഞക്കിളികളി'ലും മറ്റും കാണുന്ന പല ലഘുകൃതികളുടെയും ആകാശഗംഗ' എന്ന ഖണ്ഡകാവ്യത്തിൻറെയും കാര്യത്തിൽ പരിഭാഷകൻ ഏതാണ്ട് സമ്പൂർണ്ണവിജയം വരിച്ചിട്ടുണ്ട്.
ചങ്ങമ്പുഴയുടെ ദീർഘകൃതികളിൽ മുന്തിനിൽക്കുന്നത് രമണൻ' ആണെന്നു നിസ്സംശയം പറയാം. ഇടപ്പള്ളിയുടെ ദുരന്തപ്രേമത്തെ ആസ്പദമാക്കി എഴുതപ്പെട്ടിട്ടുള്ള ഈ നാടകീയഗ്രാമീണവിലാപകാവ്യം മലയാളത്തിലെ ഏറ്റവുമധികം ജനപ്രിയം സിദ്ധിച്ച കൃതികളിൽ ഒന്നാണ്. പാശ്ചാത്യസാഹിത്യത്തിലെ ആരണ്യഗഥകളുടെ അവാ ഗ്രാമീണകാവ്യപ്രസ്ഥാനത്തിൻറെ ആവരണം നൽകി നാടകീയരൂപത്തിൽ ഒരു വിലാപകാവ്യം രചിക്കുക എന്നത് എല്ലാംകൊണ്ടും പുതുമയുള്ള ഒരു പരീക്ഷണമായിരുന്നു. വിദേശീയത്വത്തിൻറെ ചുവയോ കൃത്രിമത്വമോ കലരാതെ കവി ഈ പരീക്ഷണം വിജയത്തിലെത്തിച്ചിരിക്കുന്നു. ചന്ദ്രികയ്ക്കു മനംമാറ്റമുണ്ടാകുന്ന രംഗത്തിലെ യാഥാത്ഥ്യത്തിൻറെ എത്തിനോട്ടവും മദനൻറെ വിലാപത്തിലെ ആക്രോശസ്വരവും സൗമ്യമായ ഈ സങ്കൽപലോകത്തിൻറെ അന്തരീക്ഷത്തിൽ അനുചിതമായ ക്ഷോഭം ഇറക്കുമതി ചെയ്യുന്നതൊഴിച്ചാൽ ആദ്യന്തം അതിസുന്ദരമായ ഒരു കാവ്യമാണിത്. നാടകീയത്വത്തിനല്ല കാവ്യാംശത്തിനാണ് ഇവിടെ പ്രാധാന്യം. ചങ്ങമ്പുഴ പിന്നീടെഴുതിയ വസന്തോത്സവം' എന്ന നാടകീയകാവ്യത്തെ അപേക്ഷിച്ചു രമണനിൽ കഥാംശം കൂടുതലുണ്ട്. പക്ഷേ, നേരിയൊരു കഥാംശത്തിൽ സമുചിതമായി ഘടിപ്പിച്ച നാടകീയഭാവഗീതങ്ങളുടെ ഒരു സുന്ദരസമാഹാരമാണു രമണൻ'. ഒരു നാടകീയകാവ്യത്തിൽനിന്ന് ഇതിൽക്കൂടുതൽ പ്രതീക്ഷിക്കാനുമില്ല. ശാലീനുമായ ഗ്രാമീണപ്രകൃതിയുടെ പശ്ചാത്തലം; കരുണാർദ്രമായ ശൃംഗാരരസം വഴിയുന്ന ഇതിവൃത്തം; സരളമധുരമായ സംഗീതം ഈ അംശങ്ങളുടെ സമുചിതസന്നിവേശത്തിൽനിന്നും ഉയിർക്കൊള്ളുന്ന ചേതോഹരമായ ഒരു ലയവിന്യാസമാണു രമണൻ' യൗവനസ്വപ്നത്തിൻറെ ഒരനശ്വരപ്രതീകമാണത്. പ്രതീകമെന്നു പറഞ്ഞാൽ പോരാ ജനചേതനയുടെ അബോധമണ്ഡലങ്ങളെത്തന്നെ സ്പർശിക്കുന്ന ഒരു പ്രേമപുരാണമാണ് രമണൻ'. അമൂർത്തമായ ഒരു പ്രാഗ്സങ്കൽപത്തിനു മൂർത്തിമദ്ഭാവം നൽകുകയെന്ന സൗഭാഗ്യകരമായ കർമ്മമാണ് രമണ'നിൽ ചങ്ങമ്പുഴ ചെയ്തിരിക്കുന്നത്.
ക്രിയാംശത്തിനു പ്രാധാന്യം നൽകുന്ന ശുദ്ധനാടകരൂപത്തിൽ ചങ്ങമ്പുഴ തൽപരനോ സമർത്ഥനോ അല്ലായിരുന്നെങ്കിലും ബ്രൗണിങ്ങ് വികസിപ്പിച്ചെടുത്തതരത്തിലുള്ള നാടകീയഭാഷണങ്ങൾ അദ്ദേഹത്തെ ആകർഷിച്ചിരുന്നു. വേതാളകേളി' ഒരു നാടകീയസ്വഗതഗീതമായും ഉൻമാദത്തിൻറെ ഓടക്കുഴൽ' ഒരു നാടകീയസ്വയംഭാഷണമായും അദ്ദേഹം വിവരിച്ചിരിക്കുന്നു. സ്വപ്നകാവ്യമെന്നു കവി വിശേഷിപ്പിക്കുന്ന നർത്തകി'യും ഏറെക്കുറെ തിലോത്തമ'യും ഈ ഇനത്തിൽപ്പെടും. ഒരേയൊരു ഭാഷണം മാത്രം അടങ്ങുന്ന ഒരു നാടകീയരംഗത്തിലൂടെ ഒരു കഥാപാത്രത്തിൻറെ സമഗ്രജീവിതത്തേയും അതിനെ നിയന്ത്രിക്കുന്ന മനോവ്യാപാരങ്ങളേയും അഭിവവ്യഞ്ജിപ്പിക്കുകയാണ് ഒരു കാവ്യരൂപത്തിൻറെ സമ്പ്രദായം. ഇതിൻറെ സമ്പൂർണ്ണരൂപത്തിൽ ഒരു കേൾവിക്കാരൻറെ സാന്നിദ്ധ്യവും അയാളുടെ പ്രതികരണത്തിൻറെ പരോക്ഷസൂചനകളും ഈ പ്രതികരണംമൂലം ഭാഷണത്തിനുണ്ടാകുന്ന ചലനാത്കമത്വവും സുപ്രധാനമാണ്. കൂടാതെ പ്രതിപാദ്യത്തിനനുസരണമായ ബാഹ്യപശ്ചാത്തലത്തിൻറെ ചിത്രവും അതിൽ അടങ്ങിയിരിക്കും. ഇതിൻറെ ലഘുരൂപത്തിൽ കേൾവിക്കാരനും പശ്ചാത്തലവും മറ്റും അത്ര പ്രധാനമല്ല. ജീവിതത്തിൻറെ ഒരു നിർണ്ണായകഘട്ടത്തിൽ ഒരു കഥാപാത്രം നടത്തുന്ന ആത്മാലാപത്തിൻറെ രൂപത്തിലുള്ള ഒരു നാടകീയഭാവഗീതം മാത്രമാണത്. ചങ്ങമ്പുഴ നിർവൃതി' എന്ന പേരിൽ പരിഭാഷപ്പെടുത്തിയിട്ടുള്ള ബ്രൗണിങ്ങിൻറെ അവസാനത്തെ സവാരി' എന്ന കൃതിയിലും അദ്ദേഹത്തിൻറെ സ്വതന്ത്രനാടകീയ സ്വയംഭാഷണങ്ങളിലും ഈ ലഘുരൂപമാണു കാണുന്നത്. തിലോത്തമ'യിൽ ഒരു വ്യത്യാസം കൂടിയുണ്ട്. അവസാനഭാഗത്ത് കവി നേരിട്ട് നമ്മോടു സംസാരിക്കുന്നു. ഇത് ഈ രൂപത്തിൽ സാധാരണമല്ല; ഇതുകൊണ്ടുതന്നെയായിരിക്കണം കവി സ്വയം ഈ കൃതിയെ ഒരു നാടകീയസ്വയംഭാഷണമെന്നു വിശേഷിപ്പിക്കാതിരുന്നിട്ടുള്ളത്. ഇവയിലെ പ്രതിപാദ്യം വിലക്ഷണമനഃശാസ്ത്രത്തിൻറെ മേഖലയിൽ പെട്ടതാണെന്നു പൊതുവിൽ പറയാം. വാചാലതയും ഏകതാനതയും മൂലമുള്ള കോട്ടങ്ങളുണ്ടെങ്കിലും ഈ കൃതികൾ ചങ്ങമ്പുഴയുടെ കാവ്യപ്രപഞ്ചത്തിൽ കുറച്ചെങ്കിലും വൈചിത്രമണയ്ക്കുന്നു.
ചങ്ങമ്പുഴ ധാരാളം ആഖ്യാനകാവ്യങ്ങളും എഴുതിയിട്ടുണ്ട്. വാഴക്കുല' മുതലായ ഹ്രസ്വകൃതികൾ മുതൽ സാമാന്യം ദീർഘമായ യവനിക' വരെ ഇക്കൂട്ടത്തിൽ പെടുന്ന ദൈർഘ്യത്തിൻറെ കാര്യത്തിൽ ഇടത്തരത്തിൽ പെടുന്നവയാണ് ആരാധകൻ', വാത്സല്യം', ദേവത', മോഹിനി', മാനസേശ്വരി', മഗ്ദലമോഹിനി' തുടങ്ങിയ ഖണ്ഡകാവ്യങ്ങൾ, സമകാലികപശ്ചാത്തലമുള്ള വാഴക്കുല'യും ദേവത'യും കവിതാമയങ്ങളായ നല്ല ചെറുകഥകളാണ്. മോപ്പസങ്ങിൻറെ ഒരു ചെറുകഥയെ ആസ്പദമാക്കി ആദ്യകാലത്തെഴുതിയ ആരാധകൻ' അകൃത്രിമമായ അഴകുള്ള ഒരു ലഘുകഥാകാവ്യമാണ്. ഋജുവും അയത്നലളിതവുമായ ഒരു കഥാകഥനരീതികൊണ്ടു കൗതുകകരമാണ് മാനസേശ്വരി! കവി നിഷേധിച്ചിട്ടുണ്ടെങ്കിലും മോഹിനി'യിൽ ബ്രൗണിങ്ങിൻറെ പോർഫീറിയായുടെ കാമുകൻ' എന്ന കവിതയുടെ ഛായയുണ്ട്. എങ്കിലും നാടകത്വം, ശിൽപദാർഢ്യം, ചമൽക്കാരം എന്നിങ്ങനെ പല ഗുണവിശേഷങ്ങൾ മേളിക്കമൂലം മോഹിനി' മനോമോഹനം തന്നെയാണ്. മഗ്ദലനമോഹിനി' യുടെ ആദ്യഭാഗം വർണ്ണപ്പൊലിമകൊണ്ട് അത്യുജ്ജലമെങ്കിലും അപൂർണ്ണമായ ഈ കൃതിയുടെ ബാക്കിഭാഗങ്ങൾക്കു മിഴിവുപോരാ. വത്സല'യും യവനിക'യും എനിക്കു വളരെ ആകർഷകമായിത്തോന്നിയിട്ടില്ല. രണ്ടും കുറച്ചൊക്കെ വാചാലവും വൃഥാസ്ഥൂലവും ആയിപ്പോയി; വത്സല'യുടെ പല ഭാഗങ്ങളും ഭാവചാപല്യംത്താൽ വികലവുമായിരിക്കുന്നു. ആകെക്കൂടി പറഞ്ഞാൽ ആഖ്യാനകാവ്യങ്ങളെ സംബന്ധിച്ചിടത്തോളം ഉള്ളൂർവള്ളത്തോൾആശാൻ കാലഘട്ടത്തെ അതശയിക്കുന്നതരത്തിൽ ചങ്ങമ്പുഴ എന്തെങ്കിലും സംഭാവന നൽകിയിട്ടുണ്ടോ എന്നു സംശയമാണ്.
ചങ്ങമ്പുഴയുടെ പ്രതിഭാവിലാസത്തിൻറെ സഹജമായ ആവിഷ്കരണോപാധി ഭാവഗീതമായിരുന്നു. ആത്മനിഷ്ഠമായ ഹ്രസ്വകവിതയെയാണ് ഞാൻ ഭാവഗീതമെന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ചങ്ങമ്പുഴ എല്ലാറ്റിലുമുപരി ഒരു ഭാവഗായകനായിരുന്നു. ഗീതികാവ്യങ്ങൾ അഥവാ സ്വച്ഛന്ദഗീതങ്ങൾ എന്ന ഈ സാഹിത്യശാഖയുടെ സ്വഭാവങ്ങളും പ്രത്യേകതകളും ചുരുങ്ങിയതോതിലെങ്കിലും വിശദമാക്കേണ്ടത് അവയുടെ പ്രണേതാവെന്നുള്ള നിലയിൽ ഈ സന്ദർഭത്തിൽ എൻറെ കടമയാണ്'' എന്ന ആമുഖത്തോടുകൂടി ഒരു ഭാവഗീതസമാഹാരമായ സങ്കൽപകാന്തി'യുടെ മുഖവുരയിൽ ചങ്ങമ്പുഴ ഈ കാവ്യരൂപത്തെപ്പറ്റി ഒരു ലഘുപഠനം തന്നെ എഴുതിച്ചേർത്തിട്ടുണ്ട്. നമ്മുടെ നവോത്ഥാനകവിതയുടെ ഉത്ഭവം തൊട്ടുതന്നെ ഭാവഗീതങ്ങളും ആവിർഭവിച്ചെങ്കിലും വികാരനിർഭരവും സ്വച്ഛന്ദവും സംഗീതസാന്ദ്രവും തികച്ചും ആത്മനിഷ്ഠവും ആയ ശുദ്ധഭാവഗീതം അതിൻറെ പൂർണ്ണിമയിലെത്തുന്നത് ഇടപ്പള്ളിയുടേയും ചങ്ങമ്പുഴയുടേയും കൃതികളിലാണ്. ഇടപ്പള്ളിയും ചങ്ങമ്പുഴയും തമ്മിൽ അടിസ്ഥാനപരമായ സാധർമ്മ്യമുണ്ടായിരുന്നെങ്കിലും ഇടപ്പള്ളി ആത്മദീപ്തിയിലും ശിൽപനിഷ്ഠയിലും മുന്നിട്ടുനിന്നപ്പോൾ ചങ്ങമ്പുഴ സംഗീതരസത്തിലും അനുഭൂതിയുടെ വൈപുല്യംത്തിലും മുന്നിട്ടുനിന്നു. കേവലം ഗുണനിഷ്ഠമായ സമീപനത്തോടൊപ്പം പരിമാണം കൂടി വെച്ചുനോക്കുമ്പോൾ ചങ്ങമ്പുഴയുടെ സംഭാവനകൾ എത്രയോ മുന്നിട്ടുനിൽക്കുന്നു! അദ്ദേഹത്തിൻറെ മൂന്നൂറ്റിയൻപതോളം ഭാവഗീതങ്ങളിൽ ആവർത്തനങ്ങളിലും ശുഷ്കപദ്യങ്ങളും ഒഴുക്കൻകൃതികളും ഉണ്ടെങ്കിലും വൈവിധ്യവും ചൈതന്യവും കൊണ്ട് ധന്യമായ ഒരു ആസ്വാദനമണ്ഡലമാണ് അവ നമുക്ക് മുൻപിൽ തുറക്കുന്നത്.
ചങ്ങമ്പുഴയുടെ ഭാവനയെ നിരന്തരമായി ഏറ്റവുമധികം ഉത്തേജിപ്പിച്ച വിഷയം പ്രേമമായിരുന്നു. അദ്ദേഹം പരിഭാഷയ്ക്ക് തെരഞ്ഞെടുത്ത നാൽ ദീർഘകൃതികളും പ്രേമസംബന്ധികളാണ്. ഇതിൽ രണ്ടെണ്ണം വിശ്വസാഹിത്യത്തിലെ അനശ്വരപ്രണയഗാഥകളാണ്. ലഘുകവിതകളുടെ പരിഭാഷയിലും ഈ പക്ഷപാതം പ്രകടമായിട്ടുണ്ട്. സ്വതന്ത്രകൃതികളുടെ കാര്യം പ്രത്യേകിച്ചു പറയേണ്ടതില്ല. പ്രേമഗായകൻ എന്ന വിശേഷണം എല്ലാവിധത്തിലും അർഹിക്കുന്ന ഒരു കവിയാണ് ചങ്ങമ്പുഴ. അദ്ദേഹത്തിൻറെ ദീർഘകാവ്യങ്ങളിൽ ഏറ്റവും മനോഹരമായ രമണൻ' കാൽപനികപ്രണയത്തിൻറെ കലാസുഭഗമായ സ്മാരകസ്തംഭമായി പ്രകാശിക്കുന്നു. ദീർഘങ്ങളായ ആഖ്യാനകൃതികൾആരാധകൻ, മോഹിനി, മാനസേശ്വരി, വത്സല, ദേവത, യവനികഇവയെല്ലാം തന്നെ പ്രേമകഥകളുടെ ആവിഷ്കരണങ്ങളാണ്. ഭാവഗീതങ്ങളിലും ഏറ്റവും മുന്തിനിൽക്കുന്ന പ്രതിപാദ്യം പ്രണയം തന്നെ. അതിൽത്തന്നെ പ്രണയദുഃഖമാണ് നാം അധികം കാണുന്നതെങ്കിലും നൈരാശ്യത്തിനും സാഫല്യംത്തിനും ഇടയിലുള്ള നിരവധി ഭാവങ്ങളും താൽക്കാലികമായ ഒരു കൗതുകത്തിനും സമ്പൂർണ്ണമായ ആത്മസമർപ്പണത്തിനും മധ്യേയുള്ള പരഃശതം ഘട്ടങ്ങളും ഈ ആത്മഗീതങ്ങളിലെ സംഗീതത്തിൽ ലയിച്ചിരിക്കുന്നു. മോഹഭംഗങ്ങളും പരാജയങ്ങളും നഷ്ടസൗഭാഗ്യസ്മൃതികളും ഏറുമെങ്കിലും നർമ്മസല്ലാപങ്ങളും പ്രത്യാശാമധുരങ്ങളായ സ്വപ്നങ്ങളും സംതൃപ്തിയുടെ അനർഘനിമിഷങ്ങലും ഇല്ലാതില്ല. യുവസഹജമായ പ്രണയസങ്കൽപ്പത്തിൻറെ എണ്ണിയാലൊടുങ്ങാത്ത ഭാവവൈചിത്ര്യങ്ങളെ ആവാഹിച്ചെടുക്കുന്ന ഒരു മന്ത്രസിദ്ധി ചങ്ങമ്പുഴയുടെ ഭാവനയുടെ കാതലമായ അംശമായിരുന്നു.
കവിയുടെ അല്ലെങ്കിൽ കലാകാരൻറെ പ്രത്യേകതരത്തിലുള്ള അനുഭവങ്ങളും ചങ്ങമ്പുഴയെ ആദ്യകാലം മുതൽക്കേ മഥിച്ചുകൊണ്ടിരുന്നു. ബാഷ്പാഞ്ജലി'യിലെ ആദ്യകവിതയായ ആ പൂമാലയിലെ ഗായകൻ മുതൽ കലാകാരൻമാരായ പല പാത്രങ്ങളേയും അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ആരാധക'നിലെ നിശ്ശബ്ദകാമുകനായ സോമൻ ചിത്രകാരനാണല്ലോ. തിലോത്തമയിലെ നായകൻ സർഗ്ഗസംതൃപ്തിയുടെ അനർഘനിമിഷത്തിൽ ജീവൻ വെടിയുന്ന ചിത്രകാരനാണ്. യവനികയിലെ നായകൻ ശേഖരൻ അംഗീകാരത്തിനായി ശുഷ്കപാണ്ഡിത്യത്തിനെതിരേ മത്സരിക്കുന്ന ഒരു ഗായകകവിയാണ്; മരണമുഹൂർത്തത്തിൽ മാത്രമേ വിജയലക്ഷ്മി അദ്ദേഹത്തെ അനുഗ്രഹിക്കുന്നുള്ളൂ. അപൂർണ്ണമായ നർത്തകി' എന്ന സ്വപ്നകാവ്യം ഒരു കലാകാരിയുടെ ആന്തരികദുരന്തത്തെ അടിസ്ഥാനമാക്കിയുള്ള നാടകീയ സ്വയംഭാഷയാണല്ലോ. ആത്മകഥാപരമെന്നും കവിതന്നെ വിശേഷിപ്പിക്കുന്ന പാടുന്ന പിശാച്' കവിയും ജീവിതവും തമ്മിൽ കവിയും സമൂഹവും തമ്മിൽ കവിയുടെ സ്വകാര്യജീവിതവും സർഗ്ഗാത്മകജീവിതവും തമ്മിൽ ഉള്ള ബന്ധത്തെപ്പറ്റി സ്വാനുഭവത്തിൻറെ വെളിച്ചത്തിൽ വികാരഭരിതനായി അദ്ദേഹം പരിശോധിക്കുന്ന ചിത്രമാണ് കാണിച്ചുതരുന്നത്. പ്രഭാതബാഷ്പം, ആത്മക്ഷതം, പിഴച്ച പൂജ, രാജകുമാരി, കാളിദാസൻ, ടാഗോർ, കുമാരനാശാൻ, കവിയുടെ പൂമാല, ഗായകൻ, ഇന്നത്തെ കവിത, എൻറെ കവിത, കാവ്യനർത്തകി, കരയും ഞാൻഎന്നിങ്ങനെ പല ലഘുകവിതകളിലും ഉൻമാദത്തിൻറെ ഓടക്കുഴൽ എന്ന നാടികീയഭാഷണത്തിലും ഈമാതിരി കലാപരമായ വിഷയങ്ങളാണ് കവി കൈകാര്യം ചെയ്യുന്നത്.
ദേശീയത്വത്താൽ പ്രേരിതമായ കവിതകളൊന്നും ചങ്ങമ്പുഴ കാര്യമായി എഴുതിയിട്ടില്ല. എന്നാൽ സാമൂഹ്യമായ അനീതി എന്നും അദ്ദേഹത്തെ മഥിച്ചിരുന്നു. ബാഷ്പാഞ്ജലിയിലെ അടുത്ത പ്രഭാതം', ഇരുളിൽ' തുടങ്ങിയ കവിതകളിൽ ഈ ഒരനുഭവത്തിൻറെ നേരിയ ലാഞ്ഛന കാണാം. പക്ഷേ രമണ'ൻറെ അന്ത്യഭാഗത്താണ് ആദ്യമായി കവിയുടെ പ്രതിഷേധസ്വരം ഉച്ചമാകുന്നത്. രക്തപുഷ്പങ്ങളിലെ ചില കവിതകളിൽ കവിയുടെ വിപ്ലവാവേശം തികച്ചും വ്യക്തമാക്കുന്നു. പിന്നീട് ഇടയ്ക്കും മുറയ്ക്കും അദ്ദേഹം അവസാനം വരെ വിപ്ലവഗീതികൾ എഴുതിക്കൊണ്ടിരുന്നു. എന്നാൽ നേരത്തെ സൂചിപ്പിച്ചതുപോലെ നിയതമായ ഒരു നിലപാടൊന്നും എടുത്തിരുന്നില്ല. പ്രത്യേക പ്രസിദ്ധീകരിച്ച ഖണ്ഡകാവ്യങ്ങളിൽ ദേവത' മാത്രമാണ് വിപ്ലാവാഭിമുഖ്യം പ്രകടിപ്പിക്കുന്ന കൃതി, അഞ്ഞൂറോളം വരുന്ന ഭാവാത്മകങ്ങളും കഥാപരങ്ങളും മറ്റുമായ ലഘുകവിതകളിൽ പത്തിരുപത്തെണ്ണത്തിൽ മാത്രമേ സാമൂഹ്യപരിവർത്തനത്തിൻറെ ഉദ്ദാമസ്വരം കേൾക്കാനുള്ളൂ. ഇക്കൂട്ടത്തിൽ ദേവത', വാഴക്കുല' എന്നീ ലഘുകാവ്യങ്ങളിലും ആ കൊടുങ്കാറ്റ്', രാക്കിളികൾ', ഭാവത്രയം' എന്നീ ഭാവഗീതങ്ങളിലുമൊഴിച്ചു വലിയ കാവ്യചൈതന്യമൊന്നുമില്ല. നീറുന്ന തീച്ചൂള' എന്ന സമാഹാരത്തിലെ ചുട്ടെരിക്കിൻ' തുടങ്ങിയ കവിതകൾക്ക് ഒരുമാതിരി ജ്വരജൽപനങ്ങൾക്കുള്ള സ്ഥാനമേയുള്ളൂ.
പ്രകൃതിസൗന്ദര്യത്തിൻറെ ആരാധകനായിരുന്നോ ചങ്ങമ്പുഴ? ബാഷ്പാഞ്ജലി, ഹേമന്തചന്ദ്രിക, രമണൻ എന്നീ ആദ്യകാലകൃതികളിലെല്ലാം പ്രകൃതിയുടെ അസ്പഷ്ടസുന്ദരങ്ങളായ നിരവധി ചിത്രങ്ങൾ അദ്ദേഹം വരച്ചിട്ടുണ്ട്. കവിതകളുടെ അന്തരീക്ഷം പോലെതന്നെ തെളിമ കുറഞ്ഞവയാണ് ഈ ചിത്രങ്ങൾ. പിൽക്കാല കവിതകളിലും ഇതാണ് സ്ഥിതി. സൗന്ദര്യലഹരി' തുടങ്ങിയ ആദ്യകാല കവിതകളിലും, തിരുവിൽവാമല, പുലയിപ്പെണ്ണിൻറെ പാട്ട്', തെങ്ങുകളുടെ വിഡ്ഢിത്തം' ആദിയായ പിൽക്കാലകവിതകളിലും തെളിഞ്ഞ പ്രകൃതിചിത്രങ്ങളുണ്ടെങ്കിലും അവ വിരളമാണ്. എന്നാൽ പ്രകൃതിയിൽ നിന്നും ആവാഹിച്ചെടുത്ത കൽപനകൾ അദ്ദേഹത്തിൻറെ കവിതയ്ക്ക് നിറംപിടിപ്പിക്കുന്നു. ബാഹ്യപ്രകൃതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരു താത്ത്വികാടിസ്ഥാനം അദ്ദേഹത്തിൻറെ ചിന്താഗതിക്കില്ലായിരുന്നു.
അവ്യാഖ്യേയമായ ഒരു വിഷാദവും അവ്യക്തസുന്ദരമായ ഒരു ആന്തരികദർശനത്തിൻറെ മിന്നലൊളിയും ചങ്ങമ്പുഴക്കവിതയിൽ ആദ്യന്തം കാണാം. വിഷാദത്തിൻറെ കാര്യം പരക്കെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. പക്ഷേ, ദർശനത്തിൻറെ കാര്യം അങ്ങനെയല്ല. ദർശനം എന്ന പദം കൊണ്ടു ഞാൻ ഉദ്ദേശിക്കുന്നത് ദിവ്യാനുഭൂതി', നിർവ്വാണരംഗം' തുടങ്ങിയ ആദ്യകാലകവിതകളിലും സായൂജ്യദീപ്തി' എന്ന ഇടക്കാലകവിതയിലും ഒടുവിൽ കാവ്യനർത്തകി'യിലും അനാവൃതമാകുന്ന ആ ഇന്ദ്രിയാതീതമായ അനുഭൂതിവിശേഷത്തെപ്പറ്റിയാണ് സുധാംഗദ'യുടെ മുഖവുരയിൽ സൂചിപ്പിക്കുന്ന ആ അദൃശ്യശക്തിയുടെ പ്രത്യക്ഷദർശനമാണിത്. കാവ്യനർത്തകിയിൽ അത് കാവ്യദേവതയായിട്ടാണ് അവതരിക്കുന്നതെങ്കിലും മറ്റു കവിതകളിൽ കാവ്യദേവതയോ സൗന്ദര്യദേവതയോ ചിൽപ്രകാശമോ എന്ന് വ്യവച്ഛേദിക്കുവാൻ വിഷമമാണ്. ഈമാതിരി കവിതകളിൽ ടാഗോറിൽ നിന്ന് കടംകൊണ്ട ഭാവമോ കാൽപനികത്വത്തിൻറെ വെറുമൊരു നാട്യമോ ആണുള്ളതെന്ന് എനിക്ക് തോന്നുന്നില്ല. ഇവയിലെ ദർശനം യഥാർത്ഥമാണെന്നും അതിൻ ഇന്ദ്രിയാതീതമായ എന്തോ ഒരു സ്വഭാവവിശേഷമുണ്ടെന്നും ഞാൻ അനുമാനിക്കുന്നു.
ചങ്ങമ്പുഴക്കവിതയുടെ ഏറ്റവും വലിയ ആകർഷണീയത അതിൻറെ ശബ്ദസൗന്ദര്യമാണല്ലോ. ലളിതസംഗീതത്തിൻറെ മാധുര്യമാണ് അദ്ദേഹത്തിൻറെ കൃതികളിൽ തുളുമ്പിനിൽക്കുന്നത്.മലരണിക്കാടുകൾ തിങ്ങിവിങ്ങി
മരതകകാന്തിയിൽ മുങ്ങിമുങ്ങി
കരളും മിഴിയും കവർന്നു മിന്നി
കറയറ്റോരാലസൽ ഗ്രാമഭംഗി
പുളകംപോൽ കുന്നിൻപുറത്തു വീണ
പുതുമൂടൽമഞ്ഞല പുൽകി നീക്കി
പുലരൊളി മാമരശ്രേണികൾ തൻ
പുറകിലായ് വന്നുനിന്നെത്തിനോക്കി.
എന്നോ
ഒരുദിവസം പുലരൊളിയിൽ
കുരുവികൾ നിൻ ജനലരികിൽ
ചിറകടിച്ചു കരഞ്ഞുഴന്നു
പറന്നണഞ്ഞു പറയുമേവം:
മതിയുറക്കം, വെളുത്തു നേരം,ഉള്ള വരികൾപോലെ ചങ്ങമ്പുഴക്കവിതയുടെ ഏതുഭാഗത്തുനിന്നും മധുരമധുരങ്ങളായ ഭാഗങ്ങളായ ഉദ്ധരിക്കുവാൻ കഴിയും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് അബോധമായ ഒരു സിദ്ധിയുടെ ഫലമായിരുന്നെങ്കിലും ആസ്വാദകർക്ക് ഇതിൻറെ സ്വഭാവിശേഷങ്ങൾ വിശകലനം ചെയ്യുന്നതു രസകരമായിരിക്കും. ദ്രാവിഡശീലുകളുടെ താളവും മൃദുലശബ്ദസന്നിവേശവുമാണ് ഇതിൻറെ പ്രധാനഘടകങ്ങൾ. നമ്മുടെ കാവ്യപരമ്പര്യത്തിലെ മുഖ്യധാരയിൽപ്പെട്ട കവികൾ മിക്കവാറും ദ്രാവിഡവൃത്തങ്ങൾ ഉപയോഗിച്ചവരാണ്. സ്വാഭാവികമായും നമ്മുടെ നവോത്ഥാനകവിതയുടെ ഒരു പ്രത്യേകത ദ്രാവിഡവൃത്തങ്ങളുടെ പുനരുജ്ജീവനവും ആയിരുന്നു. തൻറെ മുൻപുള്ള രണ്ടു തലമുറകളിലും പെട്ട കവികളേക്കാൾ ചങ്ങമ്പുഴ ഇക്കാര്യത്തിൽ മുന്നോട്ടു പോയി. കൂടുതൽ ലാഘവമുള്ള ദ്രാവിഡവൃത്തങ്ങളുടെ പുനരുജ്ജീവനവും നിരന്തരമായ പ്രയോഗവും ആയിരുന്നു ചങ്ങമ്പുഴയുടെ സംഭാവന. ലാഘവമേറിയ ദ്രാവിഡശീലുകളിൽ മുദൃലശബ്ദങ്ങൾ സംവിധാനം ചെയ്യുന്നതിലായിരുന്നു അദ്ദേഹത്തിൻറെ വാസന. മൃദുക്കളും അനുനാസികങ്ങളും മദ്ധ്യമങ്ങളുമാണ് മൃദുലശബ്ദങ്ങൾ എന്നതുകൊണ്ട് ഞാനുദ്ദേശിക്കുന്നത്. ഇതോടൊപ്പം എല്ലാ തരത്തിൽപ്പെട്ട പ്രാസവും സുലഭമായി ഉപയോഗിക്കുന്നു. മുകളിൽ ഉദ്ധരിച്ച ഭാഗങ്ങളോ ചങ്ങമ്പുഴക്കവിതയിലെ മറ്റേതെങ്കിലും സാധാരണഭാഗങ്ങളോ അപഗ്രഥിച്ചാൽ ഇതു വ്യക്തമാകും. മയക്കത്തിൽ' എന്ന കവിതയിൽ പ്രത്യേകശബ്ദങ്ങളോടു തനിക്കുള്ള മമത ചങ്ങമ്പുഴ വ്യക്തമാക്കിയിട്ടുണ്ട്:
മറയുമിപ്പോൾ മധുരസ്വപ്നം;
മിഴി തുറക്കൂ കരയുവാനാ
മിഴി തുറക്കൂ, ദേവീ
ഇനിയകലത്തുതിരുകില്ലാ
പ്രണയമയഹൃദയസ്പന്ദം
അവ നിലച്ചു, മരിച്ചു, ഹാ, നീ
ന്നവശനകും ഹൃദയനാഥൻ.
എന്നോ
അർദ്ധനഗ്നോജ്ജ്വലാംഗികളാക
മബ്ധികന്യകളല്ലയോ നിങ്ങൾ!
ശബ്ദവീചീശതങ്ങളിൽത്തത്തി
നൃത്തമാടും മദാലസമാരേ,
അർദ്ധസുപ്തിലാടിക്കുഴഞ്ഞി
ങ്ങെത്തിനിൽപതോ നിങ്ങളെൻമുന്നിൽ?
മഞ്ഞിൽ നീന്തും മൃദുശശിലേഖാ
മഞ്ജിമതൻ കനകശലാകാ
ശിഞ്ജിതോൻമുഖനൂപുരരേഖാ,
ഞ്ജ' നിൽപൂ വിലാസപതാക!
മിന്നിടുമുഷപ്പൊൻകതിർനൂലി
ലൊന്നിൽ വെണ്നുരതത്തിയിണങ്ങി
പിന്നിലെല്ലാമിരുളുന്നുചിന്നി
നിന്നിടും മായാമാലികപോലെ!
പാലൊളിപ്പൂനിലാവിൽ മയങ്ങും
പാതിരാപ്പൂവിൻ പുഞ്ചിരിപോലെ;
വന്നു, വാതിൽ മറഞ്ഞുമൃതാംഗി
ന്ദ' നിൽക്കുന്നു നാണംകുണുങ്ങി!
സ്വർഗ്ഗലോകത്തിലേതോ മദത്തിൽ
സ്വപ്നമൊന്നുടലാർന്നതുപോലെ,
മംഗളത്തിൻ കളിച്ചെണ്ടുമേന്തി
ങ്ഗ' നിൽപൂ കവചിതകാന്തി!
മണ്ഡിതോദ്യൽപ്പുളകപ്രസന്ന
ണ്ഡ' നിൽപൂ കലാജലകന്യ!
ചുംബനത്തിനു ചുണ്ടുവിടർത്തി
മ്ബ' നിൽപൂ തരണതചാർത്തി!
പുഞ്ചിരിക്കൊണ്ടു പിന്നിലായ് നിൽപു
ണ്ടഞ്ചുപേരവർക്കാളിമാരായി!...
പക്ഷേ, ഇതുകൊണ്ടു കവിതയാകുമോ? ഇല്ല. തന്നെയുമല്ല ചിലമാതിരി കവിതകൾക്ക് ഇമ്മാതിരി ലാഘവും മാർദ്ദവും ഇയന്ന സംഗീതം അനുചിതമാണുതാനും. അർത്ഥത്തിനനുസരിച്ചുള്ള സംഗീതമാണു കാവ്യഗീതം. ചങ്ങമ്പുഴയുടെ കാവ്യസംഗീതത്തിനു വൈവിധ്യമില്ലെന്നുള്ളത് ശരിയാണ്. സരളവിഷാദത്തിൻറെയും ലളിതമായ പ്രേമാനുഭൂതിയുടെയും ഭാവങ്ങളെ ആവിഷ്കരിക്കുക എന്നതാണല്ലോ ചങ്ങമ്പുഴക്കവിതയിലെ ഏറ്റവും വലിയ പ്രത്യേകതയായി കണക്കാക്കേണ്ടത്. ഇമ്മാതിരി ശുദ്ധഭാവഗീതങ്ങൾക്കും ലഘുകഥാകാവ്യങ്ങൾക്കും ഏറ്റവും കൂടുതൽ ചേർന്ന ഹൃദയസ്പൃക്കായ കാവ്യസംഗീതമാണ് ചങ്ങമ്പുഴക്കവിതയിൽ തുടിച്ചുനിൽക്കുന്നത്. മറ്റുതരത്തിലുള്ള അന്തർഭാവങ്ങളിലേക്കു തിരിയുമ്പോൾ ഈ കാവ്യസംഗീതം അസമർത്ഥമായിത്തീരുന്നു. ചുട്ടെരിക്കിൻ' എന്ന വിപ്ലവഗാനത്തിൻറെ തുടക്കത്തിലെ ഏതാനും വരികൾ നോക്കുക:
ജടയുടെ സംസ്കാരപ്പനയോലക്കെട്ടൊക്കെ
പ്പൊടികെട്ടിപപ്പുഴകുത്തിച്ചിതലുമുറ്റി,
ചികയുന്നോചിരിവരുംചിലതിനിയുമുണ്ടെന്നോ?
ചിതയിലേക്കവയെടുത്തെറിയൂ വേഗം!
അറിയാനിനിയുലകിൽ നമുക്കുള്ളതെന്തെന്നോ?
പറയാം ഞാൻ അരിവാളിൻ തത്ത്വശാസ്ത്രം!
കരളെരിയും സമയത്തീ, വയറെരിയും സമയത്തീ
ക്കഥപറയും വേദാന്തമാർക്കു വേണം?
ഉയിർനിൽക്കാനുമിനീരുമുറയാതുഴറുമ്പോഴു
മുരുവിടണംപോലും നാം രാമനാമം.
ഇവിടെ ആദ്യത്തെ രണ്ടുവരികളിലൊഴികെ നാം പ്രതീക്ഷിക്കുന്ന തരത്തിലുള്ള മുഴക്കം ശബ്ദത്തിനു കിട്ടുന്നില്ല. എന്താണ് ഈ മുഴക്കമെന്ന് ആ കൊടുങ്കാറ്റ് എന്ന കവിതയിലെ ചില വരികൾ സൂചിപ്പിക്കുന്നു.
ഉത്കൃടപ്രഭാവോഗ്രനായ നിന്നിടിവെട്ടിൽ
ചക്രവാളാന്തംപോലും ചിതറിത്തെറിക്കട്ടെ!
ഒന്നൊന്നായ് പൊടിമണ്ണിൽ ഞെട്ടടർന്നടിയട്ടേ
പൊന്നിൻറെ ഗർവ്വംകാട്ടി മിന്നുമാ നക്ഷത്രങ്ങൾ!
ചങ്ങമ്പുഴയുടെ സാമൂഹ്യവിമർശനപരമായ കാവ്യങ്ങളിൽ പലതുകൊണ്ടും ഒന്നാംസ്ഥാനത്തു നിൽക്കുന്ന വാഴക്കുല'യിൽ കരുണാർദ്രഭാഗങ്ങളെപ്പോലെ പരുഷഭാഗങ്ങൾക്ക്് ഉചിതമായ കാവ്യസംഗീതം നൽകുവാൻ അദ്ദേഹത്തിൻ കഴിഞ്ഞിട്ടില്ല. ഞാൻ പറയുന്നത്,
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ?
പതിതരേ, നിങ്ങൾതൻ പിൻമുറക്കാർ?
എന്നതുപോലെയുള്ള വരികളെക്കുറിച്ചാണ്.
വിചാരപരമായ അല്ലെങ്കിൽ ധ്യാനനിരതമായ ഭാവഗീതത്തിൻറെ ഗാംഭീര്യത്തെപ്പറ്റി ചങ്ങമ്പുഴയ്ക്കു വലിയ മതിപ്പായിരുന്നുവെന്ന് അദ്ദേഹത്തിൻറെ പല പ്രസ്താവനകളും സൂചിപ്പിക്കുന്നു. എന്നാൽ തത്ത്വചിന്താപരമായ കവിതാരീതി അദ്ദേഹത്തിനു പറ്റിയതായിരുന്നില്ല. രണ്ടു കാര്യങ്ങളാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഒന്നാമത് അദ്ദേഹത്തിനു താത്ത്വികമായി നിയതമായ ഒരു നിലപാടില്ലായിരുന്നു. അദ്ദേഹം തികച്ചും ഒരു വികാരജീവിയായിരുന്നു. പരസ്പരവിരുദ്ധമായ താത്ത്വികസമീപനങ്ങൾ ഉടനീളം കാണാം.
കപടലോകത്തിലാത്മാർത്ഥമായൊരു
ഹൃദയമുണ്ടായതാണൻ പരാജയം
എന്ന ആദ്യകാലത്തെ പരാതിയിൽനിന്ന്,
ഏതൗഷധത്തിനെക്കാളുമാശ്വാസം
ചേതസ്സിൽ വീവുമിസ്സാന്ത്വനാർദ്രാമൃതം
എത്രയ്ക്കധമനാണെങ്കിലുമെന്നെയെൻ
മിത്രങ്ങൾ നിങ്ങൾ വെടിഞ്ഞീലൊരിക്കലും
ശത്രുവെക്കൂടിയും ബന്ധിപ്പു മൈത്രിയാൽ
ശപ്തമെൻ രോഗം ചരിതാർത്ഥനാണു ഞാൻ.
എന്ന അവസാനത്തെ മനുഷ്യസ്നേഹപരമായ മനോഭാവത്തിലേക്ക് അദ്ദേഹത്തിൻറെ ജീവിതബോധം ക്രമാനുഗതമായി വികസിച്ചിരുന്നില്ല. എന്നുവച്ചാൽ ഓരോ നിമിഷത്തിലും ഓരോ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു എന്നു മാത്രം. ഇവയ്ക്കുതമ്മിൽ വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. സങ്കൽപകാന്തി'യിൽ ഇടക്കാലത്ത്,
ഗീത ലയിച്ചൊരീ മണ്ണിൽമുളയ്ക്കുന്ന
തേതും പവിത്രഫലാഢ്യമാണെന്നുമേ!
എന്ന് അർച്ചനാലാപത്തിൻറെ മട്ടിൽ പ്രഖ്യാപിച്ച കവി ഒടുവിൽ നിന്ദയോടും പുച്ഛത്തോടുംകൂടി,
ചിതൽതിന്ന ജടയുടെ പനയോലക്കെട്ടൊക്കെ
ചിതയിലേക്കെറിയുവിൻ ചുട്ടെരിക്കിൻ!
എന്നു കൂസലെന്യെ വിളിച്ചുപറയുന്നു. എന്നു മാത്രമല്ല, ഇതിനും വിരുദ്ധമായി
കരയും ഞാൻ, കരയും ഞാൻ, കരയും കവികളെ
കഴുകിൽ കയറ്റുമോ ലോകമേ നീ?
അഴലുന്നതഖിലവും ഭീതതത്വമാണെങ്കി
ലലറുന്നതൊക്കെയും ധൈര്യമാണോ?
എന്നൊക്കെ ധിക്കാരത്തോടെ ചോദിക്കുകയും ചെയ്യന്നു. പക്ഷേ, കവിതയിലെ വിചാരപരത്വം വെറും അഭിപ്രായപ്രകടനമല്ലാത്തതുകൊണ്ട് രണ്ടാമത്തെ പ്രശ്നം കൂടി ഉദിക്കുന്നു. ഇതു ചിന്തയെ കലയുടെ പരിവേഷം അണിയിക്കുവാനുള്ള കഴിവാണ്. താൽക്കാലികചിന്തകൾക്കു ഭാവനയുടെ ദീപ്തി കൊടുക്കുവാൻ ചങ്ങമ്പുഴയ്ക്കു കഴിഞ്ഞിരുന്നു. പക്ഷേ, ആശാനെയോ ജി. ശങ്കരക്കുറുപ്പിനെയോ ബാലാമണി അമ്മയെപ്പോലെ ഒരു വിചാരശിൽപം കവിതയിൽ ഉണ്ടാക്കുവാൻ അദ്ദേഹം സമർത്ഥനായിരുന്നില്ല.
എന്താണിജ്ജീവിതം? അവ്യക്തമാമൊരു
സുന്ദരമായ വളക്കിലുക്കം
സംഗീതതുന്ദിലം നൈമിഷികോജ്ജ്വലം
പിന്നെയോ? ശൂനം പരമശൂന്യം!
എന്നോ,
വിത്തനാഥൻറെ ബേബിക്കു പാലും
നിർദ്ധനച്ചെറുക്കന്നുമിനീരും
ഈശ്വരേച്ഛയലല്ലാകി,ലമ്മട്ടു
ള്ളീശ്വരനെ ചവിട്ടുക നമ്മൾ.
എന്നോ നൈമിഷിമായ ഒരു വിചാരത്തെ ഉചിതമായി ആവിഷ്കരിക്കുവാനല്ലാതെ വിചാരപരമായ ഒരു ശിൽപം തന്നെ മെനഞ്ഞെടുക്കുവാൻ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. വിചാരപരമെന്നു പറയാവുന്ന ഒരൊറ്റ ദീർഘകൃതി മദിരോത്സവ'മാണ്. ഉമർ ഖയ്യാമിൻറെയും ഹിന്ദിയിലെ മധുശാലാവാദക്കാരുടെയും ചുവടുപിടിച്ച് എഴുതിയിട്ടുള്ള ഈ കൃതിയിൽതന്നെ അവ്യക്തമായ ചിന്താധാരയാണുള്ളത്.
ഈ മട്ടിലുള്ള മുക്തകങ്ങളുടെ ഒരു സമാഹാരമാണ് മദിരോത്സവം'; അവയുടെ പരസ്പരബന്ധം വളരെ നേർത്തതാണ്. സ്വരരാഗസുധ'യിൽ കവി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ചിന്തിപ്പിക്കുന്നതിനേക്കാളേറെ എന്നെ ചിരിപ്പിക്കുകയും കരയിക്കുകയും പുളകം കൊള്ളിക്കുകയും ചെയ്ത ചില നിമിഷങ്ങൾ സ്വർഗ്ഗത്തിൽ നിന്നും പറന്നെത്തി അങ്ങോട്ടുതന്നെ പറന്നുപോയ ആ ചിത്രശലഭങ്ങൾക്കു പിമ്പേ വെമ്പിക്കുതിച്ച എൻറെ കലാകൗതുകത്തിൻറെ കൈവിരലുകളിൽ പറ്റിയ ചില വർണ്ണരേണുക്കളാണ് ഈ പുസ്തകത്തിലെ ഈരടികൾ.'' ഇതു മറ്റു കൃതികൾക്കും ബാധകമാണ്..
അപ്പോൾ സരളവികാരങ്ങളുടെ മധുരമായ ആവിഷ്കരണത്തിനപ്പുറത്തേക്കു ചങ്ങമ്പുഴ ഒരിക്കലും പോകുന്നില്ലേ? ഉണ്ട്. നേരത്തേ സൂചിപ്പിച്ചതുപോലെ ഏതാണ്ടു യോഗാത്മകമെന്നുതന്നെ പറയാവുന്ന ഒരു ദർശനത്തിൻറെ അനുഭൂതി അങ്ങിങ്ങു കാണാം. ബാഷ്പാഞ്ജലി'യിലെ നിർവ്വാണരംഗം' എന്ന.
കവിതയുടെ ആദ്യഭാഗം നോക്കുക:
എന്നിലുള്ളതോ വെളിച്ചത്തിലൂടെ ഞാൻ
പിന്നിട്ടുപോയീ ചലിക്കും ജഗത്തിനെ
അന്ധകാരത്തിൻ മടിക്കുത്തിൽ നിന്നൊരു
പൊന്താരകപ്പൂവഴിഞ്ഞൂർന്നമാതിരി
ക്ഷിപ്രപ്രയാണകമാണെന്നിരിക്കിലും
മൽ പ്രേമസാമ്രാജ്യമെത്ര തേജോമയം!
അതുപോലെതന്നെ ശ്രീതിലക'ത്തിലെ സായൂജ്യദീപ്തി' എന്ന കവിതയിലും അതീന്ദ്രിയമായ ഒരനുഭൂതിയുടെ വെളിച്ചം കാണാം:.
നിന്നെയും കാത്തു കാത്തിപ്പുഴവക്കിൽ ഞാൻ
നിർന്നിമേഷാക്ഷനായ് നിൽക്കേ
തന്നെത്താൻ പാടുമൊരായിരം വീണക
ളൊന്നിച്ചുകൂടിയപോലെ
ഓമൽപ്പുളകങ്ങൾ പൂവിട്ടൊരാരാമ
സീമയിലെത്തിയപോലെ
ഏതോ പരമാനുഭൂതിതൻമാറിലെൻ
ചേതന ചേർന്നു ലയിപ്പൂ.
നീളെത്തെളിഞ്ഞു നിരന്ന തേജോമയ
ഗോളായുതങ്ങളിൽ നിന്നും
നിന്നുംഗുലിസ്പർശമാത്രയിൽ സംഗീത
ബിന്ദുക്കൾ തെറ്റിത്തെറിക്കേ
മംഗളഗാനപ്രളയമൊന്നിൽ താണു
മുങ്ങുകയാണി പ്രപഞ്ചം,
ആയതിൻ കല്ലോലമാലകളോടൊപ്പ
മാടിയാടി സ്വയമെങ്ങോ
നിശ്ചയമില്ലാതൊഴുകുകയാണൊരു
പച്ചിലത്തോണിയായ് ഞാനും.
എന്നാൽ ഈ ദർശനാനുഭൂതി വളരെയധികം കാണാനില്ല. കാവ്യനർത്തകി'യുടെ അസാമാന്യമായ ചൈതന്യത്തിൻറെ കാരണവും ഇതുപോലെ ഇന്ദ്രിയാതീതമായ ഒരനുഭൂതിയാണെന്നു ഞാൻ കരുതുന്നു. അതിൽ ഒരു അത്ഭുതമന്ത്രവാദ' ത്തിൻറെ അന്തരീക്ഷം പ്രസരിക്കുന്നു. അതു വെറുമൊരു വർണ്ണനയല്ല. ആത്മാവിനെ കോരിത്തരിപ്പിക്കുന്ന സംഗീതം, കൽപനകൾ, ശൈലി ഇവയുടെയെല്ലാം പുറകിൽ അലൗകികകമായ ഒരു ദർശനത്തിൻറെ പ്രഭാവം കാണാം. ഉൾക്കാഴ്ചയുടെ പരിവേഷമാണ് ഈ കൃതിയെ അസാമാന്യമാക്കുന്നത്:.
കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി
കാഞ്ചനകാഞ്ചി കുലുങ്ങുക്കുലങ്ങി
കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി
കതിരുതിർ പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽ തങ്ങി
ഒഴുകുന്നടയാടയിലൊളിയലകൾ ചിന്നി
അഴകൊരുടലാർന്ന പോലങ്ങനെ മിന്നി
മതിമോഹനശുഭനർത്തനമാടുന്നയി, മഹിതേ,
മമ മുന്നിൽ നിന്നു നീ മലയാളകവിതേ!
ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയിൽ കരിപൂശിയ വാവും.
ഇടചേർന്നെൻ ഹൃദയം പുതുപുളകങ്ങൾ ചൂടി
ചുടുനെടുവീർപ്പുകൾക്കിടയിലും കൂടി!
അതിധന്യകളുഡുകന്യകൾ മണിവീണകൾ മീട്ടി
അപ്സരമണികൾ കൈമണികൾ കൊട്ടി!
ഉൽക്കടവികാരത്തിൻറെ പരമകോടിയിൽ, പ്രേമദുഃഖത്തിൻറെ അബോധമണ്ഡലങ്ങളിൽ, എത്തുമ്പോഴാണ് ഈ ഉൾക്കാഴ്ച ചങ്ങമ്പുഴക്കവിതയിൽ ഏറ്റവും അത്ഭുതകരമായ പ്രകാശം പരത്തുന്നത്. ഹതഭാഗ്യമായ മനസ്വിനിയുടെ ആന്തരികലോകത്തിൻറെ ചിത്രം ആവിഷ്കരിക്കുമ്പോൾ ഈ അന്തർദൃഷ്ടിയല്ലേ തെളിയുന്നത്?
വർണ്ണം, നിഴലും, വെളിച്ചവും, നാദം
വന്നെത്തൊത്തൊരു തവ ലോകം
അട്ടിയിലട്ടിയലിരുളിരുൻമേൽ
കട്ടപിടിച്ചൊരു പാതാളം!
ഇല്ലൊരു തൈസകീടം കൂടിയു
മെല്ലാമിരുളാണിരുൾ മാത്രം!
മമതയിലങ്ങനെ നിന്നരികെ ഞാൻ
മരുവും വേളയിലൊരുപക്ഷേ,
നീലനിലാവിലെ വനമേഖലപോൽ
നിഴലുകളാടാമവിടത്തിൽ!~
തെല്ലിടമാത്രംപിന്നീടെല്ലാ
മല്ലാ,ണെന്തൊരു ഹതഭാഗ്യം!
സ്പന്ദിക്കുന്ന അസ്ഥിമാട'ത്തിൻറെ അവസാനഭാഗത്തു പ്രേമത്തിൻറെ അനശ്വരചൈതന്യത്തെ ആവിഷ്കരിക്കുമ്പോഴും വികാരത്തിനും വിചാരത്തിനും അതീതമായ അന്തർദർശനത്തിൻറെ സ്വരമാണു നമ്മൾ കേൾക്കുന്നത്. പ്രണയത്തിൻ അവ്യാഖ്യേയമായ ഒരു ദൈവികത്വത്തിൻറെ പരിവേഷം നൽകവേ തന്നെ നാം സാധാരണ മനസ്സിലാക്കുന്നതരത്തിലുള്ള ആദ്ധ്യാമികതത്വത്തിൻറെ പ്രസരം ഇല്ലാതിരിക്കുകയും ചെയ്യുക എന്നതാണ് ഇതിൻറെ പ്രത്യേകത. ഹൃദയത്തെത്തന്നെ, എന്തിൻ ശരീരത്തെപ്പോലും ആത്മാവിൻറെ പ്രകാശത്തിലേക്ക് ഉയർത്തുന്ന ഈ അനുഭവം ഇതുമായി ബന്ധപ്പെട്ട മറ്റൊരു കവിതയിലും ജ്വലിച്ചുനിൽക്കുന്നു:
പഞ്ചഭൂതാഭിയുക്തമെൻ ഗാത്രം
നെഞ്ചിടിപ്പോറ്റടിയുമക്കാലം
ആദിമൂലത്തിൽ വീണ്ടും തിരിച്ചെൻ
ഭൂതപഞ്ചകം ചേരുന്നനേരം
ഉജ്ജ്വലാംഗി, നിൻ ക്രീഡാസരസ്സിൽ
മജ്ജാലാംശം ലയിച്ചിരുന്നെങ്കിൽ!
അത്തളിരെതിപ്പൊൻകളിക്കൈയിൽ
അത്തിടും മണിത്താലവൃന്തത്തിൽ
മത്തടിച്ചാർത്തു മദ്വാരഭൂത
മെത്തിനിന്നു ലസിച്ചിരുന്നെങ്കിൽ!
ഉദ്രസ്വപ്നസുസ്മേരയായ് നീ
നിദ്രചെയ്യുമപ്പൂമച്ചിനുള്ളിൽ
പ്രേമസാന്ദ്രത നിത്യം വഴിഞ്ഞെൻ
വ്യോമഭൂതം ത്രസിച്ചിരുന്നെങ്കിൽ!
നിൻമണിമച്ചിൽ നിത്യം നിശയിൽ
നിന്നിടും സ്വർണ്ണദീപനാളത്തിൽ
ചെന്നണഞ്ഞുചേർന്നെനലാംശം
മിന്നിമിന്നിജ്വലിച്ചിരുന്നെങ്കിൽ!
ദേവി, നിൻപദസ്പർശനഭാഗ്യം
താവിനിൽക്കുമപ്പൂങ്കാവനത്തിൽ
വിദ്രുമദ്രുച്ഛായത്തിൽ വീണെൻ
മൃദ്വിഭാഗം ശയിച്ചിരുന്നെങ്കിൽ!
വാക്കിനെ മന്ത്രമാക്കുന്ന അത്ഭുതസിദ്ധിയാണ് ഇമ്മാതിരി കവിതകളിൽ കാണുന്നത്. കവിതയുടെ ഏറ്റവും ഉജ്ജ്വലമായ ഈ ഭാവം തെളിഞ്ഞു തെളിഞ്ഞു വരാനുള്ള കാലം അദ്ദേഹത്തിനു അങ്ങനെ തെളിച്ചം കൊടുക്കുമായിരുന്നു എന്നു നിസ്സംശയം പറയാമോ? ഏതായാലും ചങ്ങമ്പുഴക്കവിതകളിൽ ഈ ഔന്നത്യതത്തിൽ തൊട്ടുനിൽക്കുന്നവ വളരെയില്ല.
ഇതിൽനിന്നും തികച്ചും വിഭിന്നമായ ഒരു അനുഭവമണ്ഡലമാണ് അപരാധികൾ', അസ്ഥിയുടെ പൂക്കൾ' എന്നീ സമാഹാരങ്ങളിലെ ചില കവിതകളിലും പാടുന്ന പിശാചി'ലും കാണുന്നത്. യഥാതഥത്തിൻറെ അതിർത്തിക്കുള്ളിലേക്കു കടന്നുനിൽക്കുന്ന ഈ കവിതകളിൽ ഹാസ്യത്തിൻറെയും പരിഹാസത്തിൻറെയും സ്വരമാണു കേൾക്കുന്നത്. എങ്ങനെയോ അങ്ങനെ', കല്യംാണബോംബ്', വാളും കത്തിയും' എന്നീ കവിതകൾ ഹാസ്യാത്മകങ്ങളാണ്. ഇതിൽ കല്യംാണബോംബി'ലെ ചില ഭാഗങ്ങൾ വാസ്തവോക്തിയുടെ മാർഗ്ഗമുപയോഗിച്ച് ശുദ്ധനർമ്മരസം കലർന്ന ഒരു രംഗം ചിത്രീകരിക്കുന്നു. നാട്ടിൻപുറത്തെ ഒരു കല്യംാണത്തിൻറെ ബഹളത്തെ ഇതിലും രസകരമായി വരച്ചുകാണിക്കുവാൻ കഴിയുമോ എന്നു സംശയമാണ്:
നിന്നുപോയ് തകിലടിമാറി നിന്നേടി മാരു
മുന്നോട്ടു പൊട്ടമ്മായി'' കൊച്ചനെപ്പിടി ജാനൂ.''
ഇച്ചിരി ചവയ്ക്കാനിങ്ങെടുത്തു തന്നാട്ടൊന്നു
കൊച്ചമ്മേ!'' മുറ്റംതൂപ്പുകാരിതൻ നിവേദനം!
അതിനാണിപ്പോൾ നേരം!'' കൊച്ചമ്മക്കോപം
നെനക്കിതുമാസത്രേ്യാ മോളേ?'' നാണിച്ചി'ട്ടാറമ്മമ്മേ''
ചെക്കനു പൊക്കം പോരാ നത്തുപോലാണോ മുഖ
മിത്തിരി വർക്കത്തില്ല!'' പതുക്കെപ്പറ നാണീ!''
എട്ടടിച്ചേരയ്ക്കൊത്ത സംസ്കൃതവൃത്തത്തിലുള്ള വിവാഹമംഗളാശംസയുടെ ഹാസ്യാനുകരണവും സരസമായിട്ടുണ്ട്;
സാവിത്രീ ബത സീത ഹന്ത സതിവൃന്ദാരാദ്ധ്യമൂക്കുത്തിയാ
മാ വിഖ്യാതയരുന്ധതീതി മഹതിക്കൂട്ടം ഗമിച്ചാപ്പഥി
പൂവിട്ടങ്ങിഹ പോവരി ച്ചെലമ'യെക്കുറ്റിപ്പുറസ്ഥൻ മഹാൻ
പൂവമ്പൻ, ധൃത കിട്ടു'നാമനിതയുണ്ണിക്രുപ്പു വേൾക്കുന്നു ഹാ!
പാടുന്ന പിശാച്' ആത്മകഥാപരമായ ഒരു ദീർഘകവിതയാണ്. ഗന്ധർവബാലനായിരുന്ന താൻ പാടുന്ന പിശാചായി രൂപാന്തരപ്പെട്ടതിൻറെ രഹസ്യത്തിലേക്ക് കവി ചുഴിഞ്ഞുനോക്കുന്ന ഈ കൃതിയിൽ പരിഹാസത്തിൻറെ കൂർത്തമുനകൾ നീളെ പാകിയിരിക്കുന്നു. രാഷ്ട്രീയക്കാർ, സാഹിത്യകാരൻമാർ എന്നീ പ്രത്യേകവിഭാഗങ്ങൾ മാത്രമല്ല മനുഷ്യവർഗ്ഗമാകെത്തന്നെ കവിയുടെ ആക്ഷേപത്തിനുപാത്രമാകുന്നു
നിങ്ങൾതൻ മൂക്കിൻറെ താഴത്തെ മീശയ്ക്കു
ഭംഗിയില്ലീ മീശ നല്ലതല്ല.
സ്റ്റാലിൻറെ മീശതാൻ മീശയാ മീശപോ
ലീ ലോകത്തിന്നൊരു മീശയില്ല.''
സമ്മതഭാവത്തിലേറ്റം വിനീതനായ്
സൗമ്യമായ് ഞാനെൻ തലകുലുക്കി.
അസ്സഖാവിൻ മൂക്കു വേർത്തു മിഴികളി
ലഗ്നി പറന്നു, മുഖം ചുവന്നു.
എന്തേ ഹേ, നിങ്ങൾക്കു തർക്കമുണ്ടോ?'' കാര്യം
കുന്തമായല്ലോ ഞാനമ്പരന്നു.
മീശയെ നിങ്ങൾ പുരോഗമിപ്പിക്കണം
ക്ലേശം പലതും സഹിച്ചിടേണം.
ആ ലെനി'നാദ്യമായ് വെച്ച മീൽമീശയെ
സ്റ്റാലിൻ പരോഗമിപ്പിച്ചു നോക്കൂ''
എന്നിങ്ങനെ ഇസ'ക്കാരെയും ഇസ്റ്റ' കളെയും അവരുടെ ബുദ്ധിശൂന്യതയേയും അദ്ദേഹം പരിഹസിക്കുന്നു. വാസനയില്ലാത്ത കവി യശഃപ്രാർത്ഥികളുടെ കോപ്രായങ്ങളെയും അദ്ദേഹം ആക്ഷേപിക്കുന്നു:
അങ്ങോട്ടു നോക്കൂ! കിടക്കും പിടഞ്ഞേൽക്കു
മങ്ങിങ്ങു നോക്കും വിയർത്തു മുങ്ങും:
മെല്ലെത്തടവും കുടവയർ, നിശ്വാസം
തള്ളിപ്പുറപ്പെടും, മൂക്കു വീർക്കും;
വീണ്ടും കിടക്കുമുരുളുമെഴുന്നേൽക്കും
വീണുമെന്തുൽക്കടപ്രാണദണ്ഡം!
മൂന്നു കാ' കിട്ടിയതോരോ വരിയിലൂ
മൂന്നി രണ്ടാമക്ഷരവിടവിൽ
നാലാമതുമൊരു കാ'യ്ക്കു വേണ്ടി പ്രാണ
നാളം ദഹിക്കുകയാണു പാവം!
ഇതിനുമപ്പുറം മനുഷ്യവർഗ്ഗത്തിനെതിരേ തന്നെ കവിയുടെ രൂക്ഷമായ ആക്ഷേപശരങ്ങൾ പറക്കുന്നു. ആധുനികപരിഷ്കാരത്തിൻറെ പുറംമോടികളും കെടുതികളുമാണ് മനുഷ്യത്വമല്ല കവിയുടെ പരോക്ഷനിന്ദയ്ക്ക് ഇവിടെ പാത്രമാകുന്നത്:
കാട്ടുമൃഗങ്ങളെ, നിങ്ങൾക്കു കാറില്ല
കേട്ടില്ല, ഷർട്ടില്ല, സഞ്ചിയില്ല
നിങ്ങൾ തീയേറ്ററിൽ പോകുന്നില്ലെന്നല്ല
നിങ്ങൾക്കുദ്യാനവിരുന്നുമില്ല.
നിങ്ങൾ താൻക്സെ' ക്സേക്യൂസ്' നോ മെൻഷ' നിത്യാദി
ഭംഗിവാക്കൊന്നും പറയാറില്ല.
പച്ചച്ചിരികൾ ചിരിക്കില്ല മാറുമ്പോൾ
പുച്ഛിക്കയില്ല നികൃഷ്ടർ നിങ്ങൾ.
ഇൻക്വിലാബ് സിന്ദാബാദൊ'ന്നും വിളിക്കുകി
ല്ലിംഗ്ലീഷബദ്ധമായ് കാച്ചുകില്ല.
എന്നിങ്ങനെ പോകുന്ന വരികൾ ആധുനികമനുഷ്യൻറെ കൊള്ളരുതായ്മകളെ ശക്തമായ ഭാഷയിൽ പരോക്ഷമായി ആക്ഷേപിക്കുകയാണ്. ഹാസ്യവും പരിഹാസവും കാൽപനികത്വത്തിൽനിന്നു വിദൂരമായ ഒരു യാഥാർത്ഥ്യബധത്തിൽനിന്നും ഉദിക്കുന്നതാണല്ലോ. അതുകൊണ്ട് ഇമ്മാതിരി കവിതകൾ ചങ്ങമ്പുഴയുടെ കാവ്യജീവിതത്തിൻറെ മറ്റൊരുവശം നമുക്കു കാണിച്ചുതതുരന്നു. പക്ഷേ, പാടുന്ന പിശാചി'ൽത്തന്നെ മറ്റുഭാഗങ്ങളിൽ അതിഗൗരവമാണു സ്ഫുരിച്ചുനിൽക്കുന്നത്. തന്നെയുമല്ല, ഹാസ്യവും പരിഹാസവും വളരെക്കുറച്ചുമാത്രമേ ചങ്ങമ്പുഴ കൈകാര്യം ചെയ്തിരുന്നുള്ളുതാനും. ഹാസ്യത്തിനും പറ്റിയ ഒരു മനോഭാവമല്ല പൊതുവേ ചങ്ങമ്പുഴയ്ക്ക് ഉണ്ടായിരിക്കുന്നത്.
ചങ്ങമ്പുഴയ്ക്കവിതയുടെ സ്ഥായിയ ഗുണവിശേഷങ്ങൾ പലതും നാടൻ പാട്ടുകളുടെമട്ടിൽ പെട്ടവയാണ്; അക്കൂട്ടത്തിൽ സരളവികാരങ്ങൾക്കനുസൃതമായ സരളസംഗീതത്തോടൊപ്പം ഭാഷയുടെ സാരൾയവും എടുത്തുപറയേണ്ടതായിട്ടുണ്ട്. ചങ്ങമ്പുഴക്കവിതയ്ക്കുള്ള സാർവ്വജനീനമായ അംഗീകാരത്തിൻറെ കാരണങ്ങളിൽ ഇതും പ്രധാനമാണ്. ഭാവനാദീപ്തമായുള്ള സരളഭാഷ എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്.
എവിടെതതിരഞ്ഞൊന്നു നോക്കിയാലെ
ന്തവിടെല്ലാം പൂത്ത മരങ്ങൾ മാത്രം
ഒരു കൊച്ചു കാറ്റെങ്ങാൻ വന്നുപോയാലൽ
തുരുതുരെപ്പൂമഴയായി പിന്നെ
എന്നോ,
മലയപ്പുലയനാ മാടത്തിൻ മുറ്റത്തായ്
മഴവന്ന നാളൊരു വാഴ നട്ടു.
മനതാരിലാശകൾ പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു.
അരുമക്കിടാങ്ങളിലൊന്നായതിനേയു
മഴകിപ്പുലക്കള്ളിയോമനിച്ചു
എന്നോ കവി പാടുമ്പോൾ ഉടന്‍തന്നെ അർത്ഥം നമുക്കു മനസ്സിലാകുന്നു എന്നതു മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഹൃദയവേഴ്ചയും അതോടൊപ്പം ഉണ്ടാകുന്നു. പദലാളിത്യം മാത്രമല്ല വാക്യഘടനയുടെ ഋജുവായ രീതിയും ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. കൂടാതെ കൽപനകളുടെ ലയവും ഈ സാരൾയത്തിൻറെ ഒരംശമാണ്; അതിശയോക്തിയും രൂപകവും ഉപമയും ഉൽപ്രേക്ഷയും എല്ലാം ഒട്ടും പൊന്തിനിൽക്കാതെ കവിതയുടെ ഒഴുക്കിൽ ലയിച്ചിരിക്കുന്നു. വാസ്തവത്തിൽ അലങ്കാരങ്ങളെ അങ്ങനെ നിഷ്കൃഷ്ടമായി വ്യവച്ഛേദിക്കുന്ന ചങ്ങമ്പുഴക്കവിതയിൽ പ്രസക്തമല്ലെന്നു പറയാം. കവിതയുടെ ഭാവം മാറുമ്പോൾ ഭാഷയുടെ രീതിയിലും മാറ്റം വേണം. പഞ്ചഭൂതാഭിയുക്തമെൻ ഗാത്രം' എന്ന കവിതയിൽ ഈ മാറ്റം വ്യക്തമാണ്. പക്ഷേ, ഗാംഭീര്യമല്ലല്ലോ ചങ്ങമ്പുഴക്കവിതയുടെ സ്ഥായിയായ സ്വഭാവം. സരളപദങ്ങളെല്ലാം മധുരമല്ല. സാരൾയവും മാധുര്യവും ചേർന്ന ശൈലയുടെ പരമാവധി വശ്യത ചങ്ങമ്പുഴക്കവിതയിൽ കാണാം. അതോടൊപ്പം പരിമിതികളും.
കൽപനകളെക്കുറിച്ചു മുൻപു സൂചിപ്പിച്ചല്ലോ.
ആരു വാങ്ങുമിന്നാരു വാങ്ങുമീ
യാരാമത്തിൻറെ രോമാഞ്ചം? (ആ പൂമാല)
കണ്മണീ! നാണം കുണുങ്ങിവന്നെത്തിയ
കന്നിമാസക്കളിപ്പൂഞ്ചോലപോലെ നീ (ദേവി)
അന്നപ്പുലരിയിൽ പൂ പറിച്ചുംകൊണ്ടു
നിന്നു നീയാളിയുമൊത്താ വനികയിൽ
കാളമേഘത്തിൽ കവിത തുളുമ്പിച്ച
കാളിദാസൻറെ ശകുന്തളമാതിരി
എന്നിങ്ങനെ പുതുമയും ഭംഗിയുള്ള നിരവധി കൽപനകൾ പെട്ടെന്നു ചങ്ങമ്പുഴക്കൃതികളിൽനിന്നും ഓർക്കാൻ കഴിയും. പക്ഷേ, അചുംബിതങ്ങളായതുകൊണ്ടു മാത്രം ഈ പ്രയോഗങ്ങൾ ഉചിതങ്ങളായിരിക്കണമെന്നില്ല. ഒരു പൂമാലയെ ആരാമത്തിൻറെ രോമാഞ്ചമായി ഭാവനചെയ്ത് സ്വപ്നലോലുപയായ ഒരു ബാലികയുടെ ഭാഷയിൽ അതു നെയ്തുചേർത്തിരിക്കുന്നതിൻറെ ഔചിത്യം പൂർണ്ണമായി നമുക്കു ബോദ്ധ്യമാകുന്നത് കവിതയുടെ അവസാനത്തിൽ മാത്രമാണ്. മറ്റു മൂന്നു കൽപനകളും കാൽപനികപ്രേമത്തെ പ്രകീർത്തിക്കുന്ന കവിതകളിൽനിന്നെടുത്തവയാണ്. ദേവി'യിൽ പ്രേമത്തിൻറെ തെളിമയും കുളുർമയും, മനസ്വിനി'യിൽ ആദ്യദർശനത്തിലെ സൗന്ദര്യാനുഭൂതിയുമാണ് ഈ കൽപനകൾകൊണ്ടു സൂചിപ്പിക്കുന്നത്.
അദൈ്വതാമലഭാവസ്പന്ദിത
വിദ്യുൻമേഖലപൂകീ ഞാൻ!
എന്നാണു മനസ്വിനിയിലെ സൗന്ദര്യദർശനത്തെ കവി വിശേഷിപ്പിക്കുന്നത്. ഏതാണ്ട് അഭൗമമെന്നു വിശേഷിപ്പിക്കാവുന്ന ഈ ദർശനത്തിൻറെ പശ്ചാത്തലമെന്ന നിലയിൽ പ്രഭാതത്തിൻറെ ഈ ചിത്രം അതിഹൃദ്യമാണ്. രോമാഞ്ചവും കന്നിമാസക്കളിപ്പൂഞ്ചോലയും മഞ്ഞത്തെച്ചിപ്പൂങ്കലയും പ്രകൃതിയിൽനിന്നെടുത്ത ലളിതചിത്രങ്ങളാണ്. എന്നാൽ കാളമേഘത്തിൽ കവിത തുളുമ്പിച്ച കാളിദാസൻറെ ശകുന്തളയെ കാവ്യസാമ്രാജ്യത്തിൽനിന്നും ആവാഹിച്ചെടുത്തതാകുന്നു. തന്നെയുമല്ല ആ ഉപമയുടെ പ്രയോഗം ലേശം സങ്കീർണ്ണവുമാണ്. ശാകുന്തളത്തിൻറെയും മേഘദൂതിൻറെയും സൗന്ദര്യാനുഭൂതിയും കാൽപനികപ്രണയാനുഭൂതിയും ഒന്നിച്ചു ധ്വനിപ്പിക്കുകയാണ് ഇവിടെ ഭാവനയുടെ മന്ത്രവിദ്യകൊണ്ട് കവി ചെയ്യുന്നത്.
മനതാരിലാശകൾപോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു
മലയപ്പുലയൻ നട്ട ചെറുവാഴത്തൈ വളരാൻ തുടങ്ങുന്ന ഘട്ടത്തെ ഇങ്ങനെ കവി വർണ്ണിക്കുമ്പോൾ പുലയകുടുംബത്തിൻറെ ആശകളും വാഴയുടെ കൂമ്പിലകളും പരസ്പരം വർണ്ണം പിടിപ്പിക്കുന്നതിൻറെ ചേതോഹരമായ ദൃശ്യം ഏതാനും വക്കുകളിൽ വ്യഞ്ജിപ്പിക്കുകയാണ്. ചങ്ങമ്പുഴക്കവിതയ്ക്കു ധ്വനി കുറവാണെന്നു സാധാരണ പറയാറുണ്ട്; അതു ശരിയുമാണ്. പൊതുവെ ചങ്ങമ്പുഴ രീതി വാച്യാർത്ഥപ്രധാനമാണ്. എന്നാൽ കൽപനകളുടെ ചില പ്രയോഗങ്ങളും കാവ്യസംഗീതത്തിൻറെ ചില വിന്യാസങ്ങളും കൊണ്ട് കവിതയ്ക്കു ധ്വനിയുടെ ചൈതന്യമണയ്ക്കുവാൻ അദ്ദേഹത്തിനു കഴിയുന്നുണ്ട്. വെറും വാചാർത്ഥ്യം മാത്രമാണെങ്കിൽ പിന്നെ കവിതയില്ലല്ലോ. നമ്മൾ ധ്വനി എന്നതുകൊണ്ട് വിവക്ഷിക്കുന്നത് സാധാരണയിൽക്കവിഞ്ഞു പല അർത്ഥതലങ്ങളിലേക്കും സഹൃദയൻറെ ഭാവനയെ നയിക്കുന്ന ഏതോ ഒരു ശക്തിവിശേഷത്തിനാണല്ലോ. ഈ ശക്തിവിശേഷം ചങ്ങമ്പുഴയിൽ ഇല്ലെന്നു പറഞ്ഞുകൂടാ. വാഴക്കുല' ആകെക്കൂടി എടുക്കുമ്പോൾ അതു ധ്വനിപ്രധാനമായ ഒരു കവിതയല്ല. പക്ഷേ, കരുമാടിക്കുട്ടൻ' കൊതിയസമാജം' തുടങ്ങി ഒറ്റവാക്കിൽ ഒതുങ്ങിനിൽക്കുന്ന പല ഉചിതകൽപനകളും ഈ കവിതയ്ക്ക് അർത്ഥപുഷ്ടിയണയ്ക്കുന്നു. പാടുന്ന പിശാചി'ൻറെ ആരംഭത്തിൽ പാപത്തിൻറെ ഭീകരസുന്ദരമായ രൂപത്തെ ചിത്രീകരിക്കുമ്പോൾ ഉഗ്രസർപ്പത്തെ കൊത്തിപ്പിടിച്ചു പീലിവിടർത്തിയാടുന്ന ഒരു മയൂരമായിട്ടാണ് അതു കവിഭാവനയിൽ ഉയിർക്കൊള്ളുന്നത്:
നീളവേ ചില്ലൊളിപ്പുള്ളികൾ ചിന്നുമാ
നീലിച്ച പീലി നിവർത്തിനിർത്തി
കണ്ണഞ്ചിടും സപ്തവർണ്ണങ്ങളൊത്തുചേർ
ന്നെണ്ണയൊലിക്കും കഴുത്തു നീട്ടി
പത്തി വലിച്ചു വിരിച്ചു വാലിട്ടടി
ച്ചത്രയ്ക്കുവശമായ് വാ പിളർത്തി
മിന്നൽക്കൊടിപോൽ പിടയുമോ നാവുകൾ
മുന്നോട്ടു മുന്നോട്ടു ചീറ്റി നീട്ടി
ഉൽക്കടപ്രാണദണ്ഡത്താൽ പുളയുമൊ
രുഗഗ്രസർപ്പത്തെയും കൊക്കിലേന്തി
തഞ്ചത്തിൽ തഞ്ചത്തിൽ തത്തിജ്ജ്വലിക്കുന്ന
മഞ്ചാടിച്ചെങ്കനൽക്കണ്ണുരുട്ടി
ആരാലെൻമുന്നിലൊരാണ്മയിലായി വ
ന്നാടിനിൽക്കുന്നു, ഹാ, പാപമേ, നീ!
അമൂർത്തമായ ഒരാശയത്തിനു സചേതനമായ മൂർത്തരൂപം കൊടുക്കുകയും അതിൻറെ വശ്യതയേയും ഉഗ്രതയേയും ഒന്നുപോലെ സമൻവയിപ്പിക്കുകയും ചെയ്യുന്നതിൽ കവി ഇവിടെ വിജയിച്ചിരിക്കുന്നു. പാപത്തിൻറെ
പുഷ്പങ്ങൾ' എന്ന ഭാവഗീതത്തിൽ,
പാപമേ, നീയെനിക്കേകു, നിൻ കൈയിലെ
പ്പാഷാണപുഷ്പങ്ങൾ മാലകോർക്കട്ടെ ഞാൻ
എന്നു കവി മദോൻമത്തനായി ആക്രോശിക്കുമ്പോൾ ഇങ്ങനെയൊരു ചിത്രത്തിൻറെ യാതൊരു പ്രതീതിയും ലഭിക്കുന്നില്ല. ജീവിതമദ്ധ്യത്തിൽ കണ്ണും കാതും നഷ്ടപ്പെട്ട ശൂന്യതയിൽ നിപതിച്ച മനസ്വിനിയുടെ ലോകത്തെ വർണ്ണിക്കുമ്പോൾ ശ്രവണശക്തിയെക്കുറിച്ചുള്ള അവളുടെ വിദുരസ്മരണകൾ കവി ഇങ്ങനെയാണു സൂചിപ്പിക്കുന്നത്:
കൊടുങ്കാറ്റലറിപ്പേമഴ പെയ്തിട്ടു
മിടവപപ്പാതിപ്പാതിരയിൽ
ശാരദരജനിയിലെന്നതുപോൽ നീ
ശാലിനി, നിദ്രയിലമരുമ്പോൾ
അകലത്തറിയാത്തലയാഴികൽ ത
ന്നകഗുഹകളിൽ നിന്നൊരു നിനദം
പെരുകിപ്പെരുകിവരുമ്പോലെന്തോ
സിരകളിലൊരു വിറയറിയിക്കേ.....
അലറുന്ന കൊടുങ്കാറ്റിൽ ആ വിദുരസ്മരണകൾ അകലത്തറിയാത്തലയാഴികൾ തന്നകഗുഹകളിൽ നിന്നൊരു നിനദം പെരുകിപ്പെരുകി വരുമ്പോലെന്താ സിരകളിലൊരു വിറയായിട്ടാണ് അവൾക്ക് അനുഭവപ്പെടുന്നത്. അബോധമണ്ഡലത്തിലെ വിദൂരവും അവ്യക്തവുമായ മുഴക്കത്തെ വർണ്ണിക്കുവാൻ കവി ഉപയോഗിക്കുന്ന ഉപമ ആ അസാമാന്യമായ അനുഭവത്തെ തികച്ചും വ്യഞ്ജിപ്പിക്കുന്നതാണ്. ഇങ്ങനെ പല ഉത്തമോദാഹരണങ്ങൾ എടുത്തുകാണിക്കാമെങ്കിലും കൽപനകളുടെ സഹായത്തേക്കാൾ വളരെക്കൂടുതലായി സംഗീതത്തിൻറെ സഹായത്തെയാണ് കവി ആത്മാവിഷ്കരണത്തിനുവേണ്ടി അവലംബിക്കുന്നതെന്നു കാണാൻ കഴിയും. അതുകൊണ്ടുതന്നെ ധ്വനിയുടെ ഒരു പ്രധാനമാർഗ്ഗം ശരിയായി തുറന്നുകിട്ടുന്നില്ല.
വർണ്ണവും രൂപവും ചേർന്നു ദൃശ്യപ്രപഞ്ചത്തെ വരച്ചുകാണിക്കുന്നതിൽ ചങ്ങമ്പുഴയുടെ കഴിവ് എങ്ങനെയായിരുന്നു? വ്യക്തമായ ചിത്രങ്ങൾ സൃഷ്ടിക്കുന്നതിനല്ല അവ്യക്തമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് അദ്ദേഹം പൊതുവേ ശ്രമിക്കുന്നത്. മോഹിനി', രമണൻ' തുടങ്ങിയ ദീർഘകൃതികളിലെ വർണ്ണനകളിൽപ്പോലും ഇതാണു കാണുന്നത്. വർണ്ണങ്ങളും രൂപങ്ങളും അലിഞ്ഞലിഞ്ഞു പോകുന്ന രംഗങ്ങൾ. തെങ്ങുകളുടെ വിഡ്ഢിത്തം' വർണ്ണനകളിൽനിന്നു മെനഞ്ഞെടുത്ത ഒരു ലഘുകൃതിയാണല്ലോ; എന്നാൽ ഇവിടെപ്പോലും വിശദചിത്രങ്ങളുടെയോ ധ്വന്യാത്മകചിത്രങ്ങളുടെയോ ഒരു ലോകത്തിൽ എത്തിയതായി നമുക്കു തോന്നുന്നില്ല. മയക്കത്തിൽ' എന്ന കവിതയിൽ തനിക്കു പ്രിയതരങ്ങളായ ശബ്ദങ്ങളെപ്പറ്റി എഴുതിയ ചങ്ങമ്പുഴ തനിക്കേറ്റവും ഇഷ്ടപ്പെട്ട വർണ്ണത്തെപ്പറ്റി പച്ച' എന്നൊരു ലഘുകവിത രചിച്ചിട്ടുണ്ട്. ഈ രണ്ടു കവിതകളും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ വ്യത്യാസം നമുക്കു വ്യക്തമാകും. ഒരു കവിക്കു ശബ്ദബോധം പോലെ തന്നെ വർണ്ണബോധവും വേണമെന്നു പറഞ്ഞുകൂടെങ്കിലും വർണ്ണബോധം ഇന്ദ്രിയാനുഭൂതിയുടെ ഒരു മുഖ്യഘടകമായതുകൊണ്ടു വിചാരപരമല്ലാത്ത കവിതയിൽ പ്രത്യേകിച്ചും അതിനു വലിയൊരു സ്ഥാനമുണ്ട്. കവി പലപ്പോഴും ഒരു തരത്തിൽ ഒരു ചിത്രകാരനും കൂടിയാണല്ലോ. ചിത്രകാരൻറെ തന്നെ ദർശനത്തെ അധികരിച്ചുള്ള തിലോത്തമ' യിൽപ്പോലും വർണ്ണബോധം കുറവാണ്. എന്നാൽ മഗ്ദലമോഹിനി' യുടെ ആദ്യഭാഗത്ത് കാവ്യത്തിൽ ഇതിവൃത്തത്തിനനുസരിച്ചുതന്നെ വർണ്ണശബളമായ ഒരു ചിത്രം കവി വരയ്ക്കുന്നുണ്ട്.
കട്ടിപ്പൊൻചങ്ങലത്തുമ്പത്തു തൂങ്ങും പൊൻ
കട്ടിലിൽപ്പട്ടുകിടക്കയിൻമേൽ
ചെണ്ടും ചെടികളും തുന്നിപ്പിടിപ്പിച്ച
7കണ്ടാൽ കൊതിക്കും തലയിണകൾ
ചേലിൽ തലയ്ക്കലും കാൽക്കലും പാർശ്വത്തിൽ
പോലും യഥോചിതം ചേർന്നിണങ്ങി
താരകപ്പുള്ളികൾ മിന്നുന്ന മേലാപ്പിൻ
താഴെത്തിരകൾപോൽ നാലുവക്കിൽ
നീലനിരാളഞെറികളിൽ നീളെക്കൊ
ച്ചാലിലപ്പൊൻകുണുക്കാടിയാടി
ച്ചട്ടറ്റ കാഞ്ചനഗോളങ്ങൾ പോൽ രസ
ക്കട്ടകൾ തൂങ്ങിത്തിളങ്ങിമിന്നി
ചുറ്റുമുയരെച്ചുമരിലോരോ വരി
ക്കൊപ്പം വിടവിട്ടണിയണിയായ്
ഫുല്ലസുഷമയൊന്നുല്ലസിച്ചീടുമ
ച്ചില്ലണിച്ചിത്രാവലിക്കു കീഴിൽ
കണ്ണഞ്ചും കാന്തികലർന്നെഴും വാർനില
ക്കണ്ണാടി നീളെ നിരന്നുമിന്നി
ചിത്രാങ്കിതോജ്ജ്വലകംബളാലംകൃത
സ്നിഗ്ദ്ധസ്ഫടികത്തറയിലെല്ലാം
മുത്തണിപ്പട്ടുവലത്തിരച്ചുറ്റിലും
തത്തും ശരറാന്തലിങ്കൽനിന്നും
സ്വർണ്ണാംശുമാലകളൂർന്നുർന്നൂതിർന്നൊരോ
വർണ്ണപ്പകിട്ടുകൾ വാർന്നുലാവി;
ആദരപ്പണങ്ങളിലൊപ്പമതൊക്കെയൊ
ത്തായിരംരംഗങ്ങളായി മാറി.
ബന്ധുരമാകമക്കേളിയറയൊരു
ഗന്ധർവലോകം തുറന്നുകാട്ടി.
വിഭ്രമദായിനിയായൊരച്ചഞ്ചലവിദ്യോതിനി'യുടെ കേളിയറയ്ക്കു കണ്ണഞ്ചിക്കുന്ന വർണ്ണപ്പൊലിമ നൽകുവാൻ കവിക്ക് ഇവിടെ സാധിക്കുന്നുണ്ട്. ആദ്യഭാഗങ്ങളിലെ വിശദചിത്രങ്ങളും അവസാനഭാഗത്തെ സൂചനയും ചേർന്നു മാദകത്വത്തിൻറെ വിചിത്രശോഭാങ്കിതമായ ഒരു ദൃശ്യപ്രപഞ്ചം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയുള്ള വർണ്ണനകൾ എല്ലാ കവിതകളിലും സാദ്ധ്യമാണെന്നോ ആശാസ്യമാണെന്നോ വിവക്ഷിക്കുന്നില്ല. മഞ്ഞത്തെച്ചിപ്പൂങ്കുലപോലെ മഞ്ജിമവിടരും പുലർകാലേ' പവിഴക്കതിർക്കുലച്ചാർത്തണിഞ്ഞ പരിചെഴും നെൽപാടവീഥികളും' പച്ചപ്പുൽക്കൊടിത്തുഞ്ചിൽത്തഞ്ചുന്ന കൊച്ചു മാണിക്കക്കല്ലുകൾ' എന്നിങ്ങനെ അങ്ങിങ്ങായി കാണാമെങ്കിലും വർണ്ണബോധത്തിൻറെ മാസ്മരശക്തി പൊതുവേ ചങ്ങമ്പുഴയിൽ കുറവാണെന്നു ചൂണ്ടിക്കാണിക്കുകയാണ്. എന്നാൽ മനസ്വിനി' ഘനീഭൂതമായ അന്ധകാരത്തിൻറെ ഒരു പ്രതീതി ജനിപ്പിക്കുവാൻ, തമോമയമായ ഒരു ലോകത്തിൻറെ ഭീകരദൃശ്യത്തെ ധ്വനിപ്പിക്കുവാൻ കവിക്കു കഴിയുന്നു എന്നത് ആ കൃതിയുടെ ഗഹനസൗന്ദര്യത്തിൻറെ ഒരു സുപ്രധാനഘടകമാണ്.
യൗവനസ്വപ്നത്തിൻറെ കവിയാണു ചങ്ങമ്പുഴ എന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ. യൗവനസ്വപ്നം പ്രണയത്തിനു വീരസാഹസികത്വത്തിനും ചുറ്റുമാണു തത്തിക്കളിക്കുന്നത്. സാഹസികതത്വത്തിൻറെ വീരഗാഥകൾ പാടുവാൻ പറ്റിയ ഒന്നായിരുന്നില്ല ചങ്ങമ്പുഴയുടെ ഭാവന. പ്രണയസ്വപ്നത്തിൻറെ ഗായകനായിരുന്നു അദ്ദേഹം. രമണ'നിൽക്കൂടി ആധുനികയുവത്വത്തിൻ ഒരു പ്രേമപുരാണം തന്നെ അദ്ദേഹം രചിച്ചുകൊടുത്തതുകൂടാതെ കാൽപനിക പ്രണയത്തിൻറെ പുഞ്ചിരിയും കണ്ണീരും ഉൾപ്പുളകവും ഉൽകണ്ഠയും അദ്ദേഹം സരളകോമളഗാനമായി ഒഴുക്കി. ഈ ഗാനങ്ങളുടെ നൈസർഗ്ഗികസൗന്ദര്യമാണ്.
അദ്ദേഹത്തിൻറെ ഭാവഗീതങ്ങളിൽ തുളുമ്പുന്നത്.
പനിനീർപ്പൂവൊന്നിന്നു നീയെനിക്കേകാമെങ്കിൽ
പകരം നിനക്കു ഞാൻ തന്നിടാമൊരുകൂട്ടം
എന്നോ
നിന്നാത്മനായകനിന്നു രാവിൽ
വന്നിടും വന്നാൽ നീയെന്തു ചെയ്യും?
എന്നുകൊഞ്ചുന്ന നർമ്മസല്ലാപത്തിൻറെ സ്വരം അതിൽ കേൾക്കാം.
തരുണഹൃദയങ്ങളിൽ കാവ്യാങ്കുരങ്ങളാൽ
തരളത തളിക്കുന്ന മഞ്ജുമന്ദസ്മിതം
പുതുപവിഴധൂളികാരേഖപോൽ കാണ്മാര
ത്തളിരധരകങ്ങളിൽ ചിന്നിപ്പൊടിയവേ
മമഹൃദയമെന്നോടു മന്ത്രിച്ചു: ജീവിതം
മധുരതരമാക്കുന്നു സൗന്ദര്യദർശനം''
എന്നിങ്ങനെ സൗന്ദര്യോപാസനയുടെ പരിവേഷം അതിൽ ചിലപ്പോൾ കാണാം.
അകളങ്കാനന്ദത്തിലിത്രനാളെന്നാത്മാവി
ന്നമലേ! പേർത്തും പേർത്തും പുളകംപൂശിച്ചു നീ
എന്ന മട്ടിൽ അഗാധമായ ആനന്ദത്തിൻറെ ഉറവിടവും അതിൽ കാണാം. പക്ഷേ, പലപ്പോഴും അതു വിഷാദമയമാണ്.
കഷ്ടം മനോഹരീ നാമോർത്തിരിക്കാതെ
കൈവിട്ടുപോയീ വസന്തവും പൂക്കളും
എന്നു ഖേദിക്കുകയും
ഒന്നുമെനിക്കു വേണ്ടാ മൃദുചിത്തത്തി
ലെന്നെക്കുറിച്ചുള്ളൊരോർമ്മമാത്രം മതി
എന്നു നൈരാശ്യത്തിലും ആശ്വാസം കണ്ടെത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നത് അതിൻറെ വിവിധഭാവങ്ങളാണ്.
നിഴലും വെളിച്ചവും മാറി മാറി
നിഴലിച്ചും ജീവിതദർപ്പണത്തിൽ
ഒരു സത്യം മാത്രം നിലയ്ക്കുമെന്നും
പരമാർത്ഥസ്നേഹത്തിൻ മന്ദഹാസം
എന്ന രീതിയിൽ നേരിയൊരു തത്ത്വചിന്തയുടെ ആവരണം മാച്ചാലും മായാത്തമട്ടിൽ ഏതോ മാർദ്ദവമുള്ള ഈ വികാരം ചാർത്തിയായിരിക്കും ചിലപ്പോൾ പ്രത്യക്ഷപ്പെടുക.
മലരൊളിതിരളും മധുചന്ദ്രികയിൽ
മഴവിൽക്കൊടിയുടെ മുന മുക്കി
എഴുതാനുഴറീ കൽപന ദിവ്യമൊ
രഴകിനെഎന്നെ മറന്നൂ ഞാൻ!
മധുരസ്വപ്നശതാവലി പൂത്തൊരു
മായാലോകത്തെത്തീ ഞാൻ!
അദൈ്വതാമലഭാവസ്പന്ദിത
വിദ്യുൻമേഖള പൂകീ ഞാൻ
എന്ന് അവാച്യമായ ഒരു നിർവൃതിയുടെ മേഖളയിലേക്കു ചുരുക്കം ചില സന്ദർഭങ്ങളിൽ അതു നമ്മെ ഉയർത്തുന്നു. ശോകത്തെയും മരണത്തെയും വെന്നു നിൽക്കുന്ന അനശ്വരപ്രേമത്തെപ്പറ്റിയുള്ള ഒരു സങ്കീർത്തനമായും അതു രൂപാന്തരപ്പെടുന്നു:
താരകകളേ, കാണ്മിതോ നിങ്ങൾ
താഴെയുള്ളൊരി പ്രേതകുടീരം?
ഹന്ത,യിന്നതിൻ ചിത്തരഹസ്യ
മെന്തറിഞ്ഞു, ഹാ, ദൂരസ്ഥരർ നിങ്ങൾ?
പാലപൂത്ത പരിമളമെത്തി
പ്പാതിരയെപ്പുണർന്നൊഴുകുമ്പോൾ
മഞ്ഞണിഞ്ഞു മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോൾ
മന്ദമന്ദം പൊടിപ്പൊടിതായ് കേൾക്കാം
സ്പന്ദനങ്ങളിക്കല്ലറയ്ക്കുള്ളിൽ
പാട്ടു നിർത്തിച്ചിറകുമൊതുക്കി
ക്കേട്ടിരിക്കുമതൊക്കെയും നിങ്ങളൾ.
അത്തുടിപ്പുകളൊന്നിച്ചുചേർന്നി
ട്ടിത്തരമൊരു പല്ലവിയാകും:
മണ്ണടിഞ്ഞു ഞാനെങ്കിലുമിന്നും
എന്നുണക്കളലേവമോരോന്നും
ത്വൽപ്രണയസ്മൃതികളുലാവി
സ്വപ്നനൃത്തങ്ങളോടുന്നു ദേവി!
താദൃശോത്സവമുണ്ടോ കഥിപ്പിൻ
താരകകളേ, നിങ്ങൾതൻ നാട്ടിൽ?
ഇതു വെറും സലസലമഞ്ജിലശിഞ്ജില'മാണോ? അല്ല. അതിഹൃദ്യമായ, ധ്വനിയുടെ മാസ്മരശക്തിയുള്ള കാവ്യസംഗീതമാണ്. അർത്ഥവും ശബ്ദവും തമ്മിൽ ലയിക്കുന്ന സ്വരരാഗസുധയാണ്. ചങ്ങമ്പുഴക്കവിതയുടെ ഏറ്റവും ഹൃദയസ്പൃക്കായ സ്വരം ഇവിടെ കേൾക്കാം. പക്ഷേ, ധാരാളം എഴുതുകയും അനായാസമായി എഴുതുവാൻ കഴിയുകയും ചെയ്യുമ്പോൾ ശിൽപനിഷ്ഠ വേണ്ടതുപോലെ പാലിക്കുവാൻ കഴിയാതെവരുന്നു. കുണുങ്ങിക്കുണുങ്ങി' മഞ്ജീരശിഞ്ജിതം' മഞ്ജരീപുഞ്ജം മുതലായ പദങ്ങൾക്ക് അർത്ഥമില്ലാതെവരുന്നു. അങ്ങനെയുള്ള ഭാഗങ്ങൾ ചങ്ങമ്പുഴക്കൃതകളിലുണ്ട്. ആകെക്കൂടി നോക്കുമ്പോൾ ഒരു ഏകതാനത അനുഭവപ്പെട്ടെന്നുവരാം. പക്ഷേ, ഇതൊക്കെയാണെങ്കിലും ഒരു പ്രേമഗായകനെന്ന നിലയിൽ ചങ്ങമ്പുഴ മലയാളത്തിൽ ഏറ്റവും മുന്നിൽത്തന്നെ നിൽക്കുന്നു. സ്പന്ദിക്കുന്ന അസ്ഥിമാടവും' മനസ്വിനി'യും പോലെയുള്ള അവസാന കവിതകൾ മാത്രം വച്ചുകൊണ്ടല്ല ഞാനിതു പറയുന്നത്. ബാഷ്പാഞ്ചലിയിലെയും ഹേമന്തചന്ദ്രികയിലെയും രമണനിലെയും ചങ്ങമ്പുഴയുൾപ്പെടെ ആകെക്കൂടിയുള്ള ഒരു നോട്ടത്തിൻറെ അടിസ്ഥാനത്തിൽ വേണമല്ലോ അദ്ദേഹത്തെ വിലയിരുത്തുവാൻ. പക്ഷേ, കവിയുടെ വരൾച്ചയുടെ ഗതിയും നോക്കേണ്ടതുണ്ട്.
ലളിതസംഗീതവും സരളവികാരങ്ങളും ലയിച്ചുണ്ടാകുന്ന ലഘുകവിതയെ സംബന്ധിച്ചിടത്തോളം ചങ്ങമ്പുഴ അതിനെ ഏതാണ്ടു പരകോടിയിൽ എത്തിച്ചു എന്നു പറയാം. പക്ഷേ, വിചാരരംഗത്തേക്കു പ്രവേശിക്കുന്ന തരത്തിലുള്ളതായിരുന്നില്ല സാധാരണഗതിയിൽ അദ്ദേഹത്തിൻറെ പ്രതിഭ. തൻമൂലം ഒരേതരത്തിലുള്ള ഭാവങ്ങളുടെ ചപലരൂപങ്ങളും അർത്ഥശൂന്യമായ ശബ്ദസൗന്ദര്യവും ആ കവിതയിൽ ഇടയ്ക്കിടെ കാണാം.
വിസ്മയമാകവേ, വിശ്വമഹാകവേ
വിഖ്യാതികൊണ്ടു ജയക്കൊടി നാട്ടി നീ;
ആഗമിക്കുന്നു ഹാ, നിൻ കാൽക്കലിപ്പൊഴും
ലോകപ്രതിഭതൻ കൂപ്പു കൈമൊട്ടുകൾ
നിന്നുദയത്തിനുശേഷം ശതാബ്ദങ്ങ
ളൊന്നല്ലനേകം കഴിഞ്ഞുപോയെങ്കിലും
നിത്യസ്മൃതിയുടെ ച്രകവാളാന്തരത്തിൽ
നിൽക്കുന്നൂ വാടാത്ത നക്ഷത്രമായി നീ!
നിന്നെയോർത്തോർത്തുള്ളഭിമാനപൂർത്തിയി
ലിന്നും തുടിക്കുന്നു ഭാരതത്തിൻ മന
എന്നു സങ്കൽപകാന്തി' യിൽ കാളിദാസനെ പ്രകീർത്തിക്കുമ്പോഴും,
മങ്ങുന്നു, മായുന്നു, ജീവിതപ്പൂവിൻറെ
ഭംഗിയും, കാന്തിയും ദുഃഖിച്ചിടുന്നു ഞാൻ
സങ്കടം ലോകം, തണുത്തു നിർജ്ജീവമായ്
സങ്കൽപവുംഹാ, ഗതിയെനിക്കെന്തിനി?
ഏകാന്തതയിലി,ലിരുളിൻറെ വക്ഷസ്സി
ലേവം തല ചായ്ച്ചിരുന്നു കേഴട്ടെ ഞാൻ''
എന്ന് ഉദ്യാനലക്ഷ്മിയിൽ' ഏകാന്തചിന്തയിൽപ്പെട്ട കേഴുമ്പോഴും വികാരത്തിൻറെയോ വിചാരത്തിൻറേയോ തുടിപ്പു കേൾക്കുന്നതായി നമുക്കു തോന്നുന്നില്ല. ഭാവഗീതത്തിൻറെ രൂപം വിട്ട് പല കാവ്യരൂപങ്ങൾ അദ്ദേം ശ്രമിച്ചുനോക്കിയെങ്കിലും പൊതുവിൽ പറഞ്ഞാൽ അദ്ദേഹം അവയിൽ വലുതായി വിജയിച്ചില്ല! രമണനിലെ അസാമാന്യമായ വിജയം തന്നെ ഭാവഗീതങ്ങളുടെ വിജയമാണ്, നാടകീയത്വത്തിൻറെ വിജയമല്ല. പക്ഷേ, കലർപ്പില്ലാത്ത ശുദ്ധഭാവഗീതത്തിൻറെ മാന്ത്രികസ്പർശം ചങ്ങമ്പുഴക്കവിതകളിലെപ്പോലെ മലയാളത്തിൽ മറ്റൊന്നിലുമില്ല. നമ്മുടെ ചേതനയുടെ അബോധതലങ്ങളെക്കൂടി ഇളക്കുന്നതുകൊണ്ട് അവയ്ക്ക് ഒരു സാർവ്വജീനനത്വംതന്നെ കൈവന്നിട്ടുണ്ട്. ആകെക്കൂടി നോക്കിയാൽ ചങ്ങമ്പുഴ ആത്യന്തികമായി ജയദേവൻറെ പാരമ്പര്യത്തിൽപ്പെട്ട ഒരു കവിയല്ലേ എന്നു തന്നെ ചോദിക്കാൻ തോന്നിപ്പോകുന്നു എന്തെല്ലാം പരിമിതികളുണ്ടെങ്കിലും ഏതെല്ലാം വൈകല്യംങ്ങളുണ്ടെങ്കിലും അഭിരുചിയിലുണ്ടാകുന്ന മാറ്റങ്ങളെ അതിജീവിച്ചു ചങ്ങമ്പുഴക്കവിത ആസ്വാദകരെ ആകർഷിച്ചുകൊണ്ടേയിരിക്കും. അതിൻറെ വശ്യത വെറും കാലികമാണെന്നു തോന്നുന്നില്ല.
ചങ്ങമ്പുഴയുടെ കാലത്തുതന്നെ അദ്ദേഹത്തിൻറെ കവിതയ്ക്കെതിരായ ഒരു തിരിച്ചടിയും ഉണ്ടായിക്കഴിഞ്ഞിരുന്നു. മുകളിൽ സൂചിപ്പിച്ചതരത്തിലുള്ള ദൗർബ്ബല്യംങ്ങൾക്കെതിരായ ഒരു തിരിച്ചടിയായിരുന്നു അത്. ചങ്ങമ്പുഴയെ തുടർന്നു പി ഭാസ്കരനും അദ്ദേഹത്തെത്തുടർന്നു വയലാർ രാമവർമ്മയും ഒ.എൻ.വി കുറുപ്പും സുന്ദരകവിതാപ്രസ്ഥാനത്തിൽത്തന്നെ മുന്നോട്ടുപോയപ്പോൾ വൈവിധ്യം, ആന്തരികചൈതന്യം, തീവ്രത, യാഥാർത്ഥ്യബോധം എന്നിവയ്ക്കുവേണ്ടി എൻ.വി. കൃഷ്ണവാര്യരെപ്പോലെയുള്ള മറ്റു പുതിയ കവികൾ വാദിച്ചു. ചങ്ങമ്പുഴക്കവിതയിലെ ഓജസ്കരമായ അംശത്തിൻറെ (പി.ഭാസ്കരൻറെയും ഒ.എൻ.വി.യുടെയും വയലാറിൻറെയും മറ്റും നല്ല കവിതകൾ നോക്കുക) നിഷേധമായിരുന്നില്ല ഇത്. ആവർത്തനത്തിനും അനുകരണത്തിനും എതരായുള്ള ഈ നീക്കം ഭാഷാകവിതയുടെ മുഖച്ഛായയിൽ വളരെ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്. എല്ലാ മാറ്റങ്ങളും ആരോഗ്യകരമാണെന്നു പറഞ്ഞുകൂടാ. പക്ഷേ, ചങ്ങമ്പുഴക്കവിതയുടെ അനുകരണവും ആവർത്തനവും കൂടുതൽ അപകടകരമായിരുന്നു. കാരണം ചങ്ങമ്പുഴയുടെ രീതിയിലുള്ള കവിതയുടെ ചട്ടക്കൂടിനുള്ളിൽ തുടർന്നു മൗലികത്വം തികച്ചും ദുസ്സാദ്ധ്യമായിരുന്നു.
വിവിധ ശാഖകളിൽപ്പെട്ട നാൽപ്പത്തിനാലു പുസ്തകങ്ങളിലായി നാൽപ്പതിനായിരത്തിൽപരം വരികളിലൂടെ പരന്നുകിടക്കുന്ന വിസ്തൃതമായൊരു കാവ്യപ്രപഞ്ചമാണിത്. പ്രതിഭയുടെ അസുലഭസിദ്ധികളും അനിർവാര്യദൗർബ്ബല്യംങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ഈ പ്രതിഭാസത്തിനുചുറ്റും ഒന്നു കണ്ണോടിക്കുവാനേ ഇവിടെ കഴിഞ്ഞിട്ടുള്ളൂ. സമീപനസാദ്ധ്യതകളുടെ അസമർത്ഥമായ ഒരു രൂപരേഖയേ ഞാൻ കുറിച്ചിട്ടുള്ള മലയാളത്തിലെ സുന്ദരകവിതാപാരമ്പര്യത്തിൽ ചങ്ങമ്പുഴയുടെ തൊട്ടു മുൻഗാമിയായ വെണ്ണിക്കുളത്തിൻറെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ഈ അവതാരിക ആരംഭിച്ചത്. ഈ പാരമ്പര്യത്തിൽ ചങ്ങമ്പുഴയുടെ തൊട്ടു പിൻഗാമിയായ പി. ഭാസ്കരൻറെ ആദരാഞ്ജലിയായ പാടുന്ന മണ്തരികൾ' എന്ന കവിതയുടെ ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട് ഇത് അവസാനിപ്പിക്കാം:
വരിക, പാന്ഥ നീ, നിശ്ശബ്ദനായി
വരികീ പ്രേമകുടീരകം കാണ്മാൻ.
വരിക, രാവിതിൽ, വാനത്തിൽ വെള്ളി
വയലിൽ നെല്ലിപ്പൂ പൂക്കുമിക്കാലം.
ഇവിടം ഗാനം വിടരുന്ന വാട,
മിവിടം സ്വപ്നം വിളയുന്ന പാടം.
നറുതേൻമാവിൻമേൽ രാക്കുയിലെല്ലാം
ചിറകടിതൻ ചിലമ്പൊലിയെന്യേ
ചിതറിവീഴുമീ സ്വപ്നംഗീതം
കരളഴിഞ്ഞു ശ്രവിപ്പതു കണ്ടോ?
വരിക, പാന്ഥ നീ, നിശ്ശബ്ദനായി
വരികീ പ്രേമകുടീരകം കാണ്മാൻ.
അലിയാം നമ്മൾക്കീ സംഗീതസാര
ത്തിരയടികളിലെന്നെന്നുമായി.
തിലോത്തമ
അവതാരിക - ടി.എൻ. ഗോപിനാഥന്‍നായർ, ബി.എ.
ആ കലാകാരൻ എൻറെ കണ്മുന്നിൽ നിൽക്കുന്നു! ആ തിളങ്ങുന്ന കണ്ണുകളിൽ പൊരുളുള്ള ഒരു കിനാവു കാണ്മാൻ കഴിയും. അതേ, തിലോത്തമയെക്കുറിച്ചുള്ള മധുരവിഭാവനകളിൽ അയാൾ ആമഗ്നനാണ്.
അവികലമമായ ആ നിരുപമസുഷമാവിശേഷം അകലെയായി നിലകൊള്ളുന്നു. ആ അകൽച്ചതന്നെയാണ് അയാളെ ഒരു കലാകാരനാക്കിയിട്ടുള്ളത്. വിദൂരത അഴകു വർദ്ധിപ്പിക്കും (Distance all value enhances!). തിലോത്തമയാണ് ആ ചിത്രകാരൻറെ ജീവിതലക്ഷ്യം. “Ah, a man`s reach should exceed hid grasp or what is the heaven for?” എന്നു ബ്രൗണിങ് പറഞ്ഞതുപോലുള്ള കലാബോധം അയാൾക്കും ഉണ്ടായിരുന്നിരിക്കാം. തിലോത്തമയെക്കുറിച്ചുള്ള ഭാവന അത്രമാത്രം വിശുദ്ധവും വിമോഹനുമായിരുന്നു.
തിലോത്തമ ഒരു വ്യക്തിയല്ല. ഒരു സങ്കേതം സൗന്ദര്യസങ്കേതമാണ്. ഒരു കലാകാരൻറെ പരശ്ശതം മധുരസ്വപ്നങ്ങളെയാണതു പ്രതിനിധീകരിക്കുന്നത്. ആ സ്വപ്നസാക്ഷാത്കാരം സമഗ്രഭാവത്തിൽ സാധ്യമാണോ?
പക്ഷേ തിലോത്തമയുടെ കലാകാരൻ ജീവിതലക്ഷ്യം സമീപിച്ചു. അതോടെ മറ്റാശകൾ സമാപിച്ചു. സൗന്ദര്യത്തിൻറെ പരിധി അയാൾ ദർശിച്ചു. അയാൾ ജൻമമെടുത്തത് അതിനാണ്. തിലോത്തമ ജനിച്ചു. ആ മുഹൂർത്തം ധന്യം തന്നെ. അയാൾ മരിച്ചു.
കലാകാരനെ അകമേനിന്നും പുറമേനിന്നും അവലോകനം ചെയ്യാൻ കഴിയും. അയാളുടെ അനുഭവത്തെ ആസ്പദമാക്കുന്നപക്ഷം അയാൾ തിലോത്തമയിൽ സൗന്ദര്യത്തിൻറെ തികവുതന്നെ കണ്ടു നിർവൃതിയാർന്നു. അതൊരു സിദ്ധിതന്നെ. അയാളെ സംബന്ധിച്ചു മുക്തിതന്നെ.
പുറമേനിന്നുകൂടി ആ അനുഭവത്തെ വിശകലനം ചെയ്യാം. കലാകാരൻ സൗന്ദര്യത്തിൻറെ ആരാധകൻ തന്നെ. സ്തുതിപാഠകനുമാണ്. ഒന്നോർമ്മിക്കേണ്ടതായുണ്ട്. സൗന്ദര്യത്തിനു സീമയില്ല; കല പൂർണ്ണവുമല്ല.
അയാൾ ചിത്രണംചെയ്ത തിലോത്തമയിൽ സൗന്ദര്യത്തിൻറെ പൂർണ്ണിമ കണ്ടുപോയതിൻ തിലോത്തമ കുറ്റക്കാരിയല്ല. സൗന്ദര്യം അവിടെ അവസാനിക്കുന്നില്ലല്ലോ! അതു കാണ്മാനുള്ള കണ്ണും പകർത്താനുള്ള കഴിവും ആ ചിത്രകാരൻ ഇല്ലാതെ പോയെന്നേ അർത്ഥമുള്ളൂ. അകലെനിന്ന തിലോത്തമയെ പ്രാപിക്കാനുള്ള അതിമോഹത്തിൽ അയാളുടെ കലാബോധം അടിക്കടി സങ്കുചിതമായിവന്നു.
പുറമേനിന്നു നോക്കുമ്പോൾ അതൊരു പരാജയമായിട്ടു പരിഗണിക്കാനേ പറ്റുകയുള്ളൂ ‘The petty done the vast undone’- Browning)ചെയ്തതെത്ര തുച്ഛം ചെയ്യേണ്ടതെത്ര മഹത്ത് എന്ന് ഈ കലാകാരനു പറയാൻ കഴിയാതെ പോയി. മറ്റൊരു നാകസൗഭഗമീവിധം ചിത്രണം ചെയ്യാൻ'അയാൾ അശക്തനാണെന്നേൽക്കുന്നുമുണ്ട്. അയാൾ മരിച്ചതിലത്ഭുമില്ല. ആ മരണത്തെ
കേവലമൊരു മൃത്യുവല്ലതു
ജീവിതോൽകൃഷ്ടസിദ്ധിയാം
അക്കാലപ്രേമദിവ്യശക്തിയാ
ലർപ്പിതമായ മുക്തിയാം.''
എന്നുദ്ഘോഷിക്കുന്ന കവിയോടു യോജിക്കുവാൻ വിഷമമാണ്. ആ കലാകാരൻ അപ്രകാരം അഭിമാനിച്ചാൽ മനസ്സിലാക്കാം. പക്ഷേ, അകലെനിന്നു കാണുന്ന ഒരുവൻ അത് പരാജയമായിട്ടു കാണുവാനേ കഴിയൂ.
തൻറെ ജീവിതം തുടരുന്നപക്ഷം,
മേലിലും വലിച്ചീടുമാശയെൻ
പേലവമാം മനസ്സിനെ,
മന്നിലെങ്ങും തെളിഞ്ഞീടുമോരോ
മഞ്ജിമയെപ്പുണരുവാൻ
ആകയില്ലെനിക്കെന്നാൽ മറ്റൊരു
നാകസൗഭഗമീവിധം
ചിത്രണം ചെയ്യാൻ മേലിൽ''
എന്ന് ദയനീയമായ ശക്തിഹീനതയെ ആ ചിത്രകാരൻ സമ്മതിക്കുന്നുമുണ്ട്. തിലോത്തമ അയാളുടെ കലാബോധത്തിൻ അതിരുവരച്ചു. ആശയ്ക്കും അങ്കുശമിട്ടു. പ്രാപിക്കാൻ കഴിഞ്ഞിട്ടുള്ള തിലോത്തമ സൗന്ദര്യത്തിൻറെ പൂർണ്ണിയല്ലെന്ന് ആ കലാകാരനൊഴികെ മറ്റാർക്കും വിശദമാവുകയും ചെയ്യും. ആ മരണത്തെ ഒരു സിദ്ധിയാണെന്നും മുക്തിയാണെന്നും എങ്ങനെയാണു വാഴ്ത്തുക? ഈ ചിത്രകാരൻ പ്രകടിപ്പിച്ച മനോഗതിയെ മറ്റുള്ളവർ മാനിക്കുമോ ആവോ!
ആ ചിത്രകാരൻറെ ചരമരംഗത്തിലേക്ക് ഏതാനും വരികൾകൊണ്ടു കവി സജ്ജമാക്കുന്ന പശ്ചാത്തലം സമുചിതവും അർത്ഥവത്തുമാണ്. അന്തിമാരുണകാന്തിവീചികളാണ് ആ മച്ചിൽ പ്രസരിക്കുന്നത്. ആ കലാകാരനോടൊപ്പം അന്തിമാർക്കനും കൃത്യങ്ങളുമെല്ലാം കഴിഞ്ഞു ക്ഷീണിച്ചു നാശോൻമുഖമായി നിൽക്കുകയാണ്. പ്രകാശമെല്ലാം ചെലവായിക്കഴിഞ്ഞു. ആ കലാകാരൻറേയും കഴിവുകളെല്ലാം കലാശിച്ചുകഴിഞ്ഞിരിക്കുന്നു. ആ ശോകാത്മകമായ ഐക്യം ഹൃദയസ്പർശകമാണ്. പ്രകാശം മാഞ്ഞുതുടങ്ങി. അവിടെയെങ്ങും ഇരുൾ നിറയും.
ഈ മനോഹരമായ ചെറുകാവ്യത്തിൻറെ ഇതിവൃത്തം ചെറുതെങ്കിലും ചിന്തോദ്ദീപകം തന്നെ. കവി അന്ത്യത്തിൽ പ്രത്യക്ഷനാകാതിരുന്നെങ്കിൽ ഇതൊരു നാടകീയസ്വയോക്തി (Dramatic monologue)യായിത്തീർന്നേനെ. ഈ കഥയ്ക്കു കനമുണ്ട്. പ്രതിപാദ്യരീതിയിൽ പുതുമയുണ്ട്.
ചങ്ങമ്പുഴയുടെ കവനസരണിയെ ഞാനെന്തിനു വാഴ്ത്തണം? ഞാനതിനെ ആവേശപൂർവ്വം ആരാധിക്കുന്നവനാണ്. താമരയിലയിൽ സലിലബിന്ദുപോലെ ആ തൂലികാഗ്രത്തിൽ സാധാരണമായ ആശങ്ങൾപോലും തേജോമയമാകുന്നതു കാണാം.
ആനന്ദഭരിതനായി ഞാൻ തിലോത്തമയെ സാഹിത്യാരാമത്തിലേക്ക് അവതരിപ്പിച്ചുകൊളളട്ടെ.
ആരാധകൻ
ആശംസ - ജി ശങ്കരക്കുറുപ്പ്
നവോത്ഥായികളായ കേരളീയകവികളിൽ, സഹജമായ ശക്തി'കൊണ്ട് അതിപ്രധാനമായ ഒരു പദം അർഹിക്കുന്ന ശ്രീമാൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ലളിതകോമളമായ ഒരു നവ്യലഘുകാവ്യമാകുന്നു ആരാധൻ'. ഉജ്ജ്വലമായ ഭാവന, ഉൽകൃഷ്ടമായ വികാരം, സുന്ദരമായ ചിന്ത, സുലളിതമായ രചന ആരാധകൻ' സഹൃദൻമാരുടെ സവിശേഷാരാധനം അർഹിക്കുന്ന, കരുണാത്മകമായ ശുദ്ധസ്നേഹത്തെ ഗാനം ചെയ്യുന്ന, ഒരു ജീവിതനിരീക്ഷകനത്രേ.
താരുണ്യത്തിൻറെ വികസിതകാന്തിയണിഞ്ഞിരുന്ന വിജയനും സോമനും ഒരു ഞെട്ടിലങ്കുരിച്ചാത്തശോഭം വിലസിടും രണ്ടോമൽപ്പൂക്കൾപോലെ' ഒരു ഗൃഹത്തിൽത്തന്നെ കഴിഞ്ഞുകൂടുകയാണ്. ആ അപരിചിതൻമാർ പരസ്പരം കാണുവാനും സ്നേഹിക്കുവാനും ഇടനൽകിയ പ്രഭാതം മറഞ്ഞിട്ട കാലം വളരെയായെങ്കിലും ആ യുവാക്കൻമാരുടെ അസാധാരണസൗഹൃദബന്ധത്തിൻ അൽപംപോലും ശൈഥില്യംം സംഭവിച്ചിട്ടില്ല.
വിജയൻ വിജയനെ വിസ്മരിച്ചു
വിബുധനാം സോമനിൽ ചേർന്നലിഞ്ഞു.
അതുവിധം സോമനും സോമനേയു
മവഗണിച്ചാത്മ സുഹൃത്തിലൂണ്ടു''
എന്ന വർണ്ണനം അവരുടെ സൗഹൃദത്തിൻറെ അഗാധതയിൽ മുങ്ങിനോക്കുന്നുണ്ട്. എങ്കിലും അവരുടെ സ്വഭാവം ഭിന്നമല്ലെന്നു പറഞ്ഞുകൂടാ. വിജയൻ വിനോദപ്രിയൻ, കായികാഭ്യാസചതുരൻ, വാചാലൻ; സോമൻ മിതഭാഷി, അധീരൻ, ഭാവനാസമ്പന്നൻ, ചിത്രകാരൻ.
പല പല പുഷ്പങ്ങൾ തിങ്ങിനിൽക്കും
പനിമലത്തോർപ്പിൻപകർപ്പുപോലെ''
പരിണതകാന്തികലർന്നിരിക്കുന്ന ഒരു സായാഹ്നത്തിൽ വിജയസോമൻമാർ പതിവുപോലെ, നദീതടത്തിലിരിക്കുമ്പോൾ വെള്ളം മുക്കുവാൻ വന്ന ഒരു കോമളാംഗി അവരുടെ രണ്ടുപേരുടെയും ഹൃദയം സമാകർഷിച്ചു. ആ യുവാക്കൻമാരുടെ ശുദ്ധസൗഹൃദത്തിൻറെ മാറ്റുനോക്കുവാൻ ജീവിതശിൽപി നിശ്ചയിച്ചതന്നാണ്. പിന്നേയും,.
വേനലും മഞ്ഞു മഴയുമായി
ക്കാലം പതുക്കെക്കടന്നുപോയി,
ആയിരം മൊട്ടുകൾ പൂക്കളായി
ആയിരം പൂക്കളടർന്നുപോയി
കാലഗതിയും പ്രകൃതിപരിണാമവും വിചാരിച്ചാൽ വിശുദ്ധ സ്നേഹത്തോട് എന്തു ചെയ്യുവാൻ കഴിയും?.
എന്നാൽ വിജയനും സോമനുമായ്
നിന്നിടും ബന്ധത്തിനില്ല ഭേദം''
വിജയൻറെ ധീരമായ വാക്ചാതുര്യം അചിരേണ മാലതിയുടെ അതായിരുന്നു നദീതടതത്തിൽ വന്ന നവനീഗാത്രിയുടെ നാമംഹൃദയം സ്വാധീനമാക്കി. അധീരത സോമനം മനഃപൂർവ്വം തോൽപ്പിച്ചു. വിജയൻറെ സുഖത്തിലസൂയയുണ്ടായിരുന്നില്ല, സോമൻ, എങ്കിലും പ്രേമഭംഗജന്യമായ നൈരാശ്യം ആ മന്ദരഭാഗ്യൻറെ ഹൃദയത്തിൽ നിന്ന് സന്തോഷത്തെ പറപ്പിച്ചുകളഞ്ഞു..
ആ മുഖത്തെന്തൊരു മന്ദഹാസം
ആ മനസ്സിങ്കലൊരഗ്നികുണ്ഡം''
എത്ര ദുസ്സഹമായിരുന്നു പുഞ്ചിരിച്ചാരം മൂടിയ ആ ദുഃഖച്ചെങ്കനൽ!
ചിത്രകല മാത്രമാണ് സോമൻറെ ഹൃദയപാരവശ്യം അറിഞ്ഞത്. വിജയൻറെ ദൃഷ്ടിയിൽ നിന്ന്
ആ സ്നേഹവും ദുഃഖവും മനഃപൂർവ്വം മാറിനിന്നു. മാലതിയുടെ രൂപം ഏതാനും നിരർത്ഥരേഖകളെസാർത്ഥങ്ങളും
നിർജ്ജീവവർണ്ണങ്ങളെ സജീവങ്ങളുമാക്കി. ആ ചിത്രം വിജനത്തിൽവെച്ചു നോക്കിനോക്കി
കരഞ്ഞുകരഞ്ഞ് സോമൻറെ ജീവിതം കുറേക്കാലം ഇഴഞ്ഞു.
സോമൻറെ ജീവിതത്തിനു വേഗം വഴി കാണിച്ചുകൊടുത്തു. ആധി വ്യാധിയിലേക്ക്, വ്യാധി മരണത്തിലേക്ക്. അന്ത്യമുഹൂർത്തത്തിൽ അതുവരെ ഗോപനം ചെയ്തുവെച്ചിരുന്ന, ആദർശശുദ്ധിയാൽ ഒന്നു ചുംബിക്കുക കൂടി ചെയ്യാതെ പൂജിച്ചുവെച്ചിരുന്ന മാലതീചിത്രം,.
ഒരു സുനിർമ്മലസ്നേഹാർദ്രമാനസ
സ്മരണയായിതു കാത്തുകൊള്ളേണമേ''
എന്ന പ്രാർത്ഥനയോടുകൂടി സൗഹൃദം നിറഞ്ഞ ദമ്പതികൾക്ക് സമ്മാനിച്ചപ്പോൾ ആരുടെ ഹൃദയമാണ് തകരാതിരുന്നത്?
വിജയനക്ഷണം വാവിട്ടു കേണുപോയ്'; മാലതിയും അകമഴിഞ്ഞു മാഴ്ത്തി'. പ്രപഞ്ചത്തിൻറെ കണ്ണിൽത്തന്നെ ഒരു കണ്ണുനീർ ശാശ്വത തേജസ്സോടുകൂടി ഉദിച്ചു.
മൂകമായ ദുഃഖത്തിൻറേയും അധീരമായ സ്നേഹത്തിൻറേയും ധീരമായ സഹിഷ്ണുതയുടേയും സമ്മേളനം കൊണ്ട് ഉൽകൃഷ്ടമായ ഒരു ജീവിതമാണ് ഇതിലെ കഥാവസ്തുവെന്ന് ഇനി പ്രസ്താവിക്കേണ്ടതില്ല. രസാനുഗുണമായിട്ടാണ് അലങ്കാരസന്നിവേശവും രീതിയും കാണുന്നതെന്നും പറവാൻ ഞങ്ങൾക്ക് ആഹ്ലാദം തോന്നുന്നുണ്ട്. വർണ്ണനങ്ങൾ പെൻസിൽ സ്കെച്ചുപോലെ കമനീയങ്ങളായിരിക്കുന്നു.
മാലതിയുടെ വർണ്ണനം നോക്കുക:
അരയോടടുക്കിപ്പിടിച്ചിരുന്ന
ജലഘഠഭാരത്താൽച്ചെറ്റു ചാഞ്ഞും,
കുറുമൊഴിമുല്ലപ്പൂമാല ചൂടി
നറുവെണ്ണിലാവിൻവിലാസലേശ
മരുണാധരത്തിൽ പൊടിഞ്ഞുതീർന്നും.''
ഇനി, കാരുണ്യസൗന്ദര്യം വർദ്ധിപ്പിക്കുന്നതിൻ കവി കുറേക്കൂടി ശ്രദ്ധപതിപ്പിക്കേണ്ടതായ ചില സന്ദർഭങ്ങൾ ഉള്ളതുകൂടി സൂചിപ്പിക്കുവാനുണ്ട്. അതിലുടണയുന്നന്നു, കവിളിലൂടൊഴുകി' മുതലായ ദുഃശ്രവസന്ധികൾ പരിവർജ്ജിക്കാൻ ശ്രീമാൻ ചങ്ങമ്പുഴയ്ക്ക് പ്രയാസം നേരിടുകയുമില്ല. വിവിശിതാത്മാവായ്' മതി വിവിശിതാത്മനായ്' വേണ്ടാ. ഒരു നിമിഷത്തെ വിരഹത്തെ, യുഗശതമാക്കുന്നതിൽ അനൗചിത്യമുണ്ട്. നിമിഷം യുഗശതമായി തോന്നാം. വിരഹം യുഗശതമാകുന്നതെങ്ങനെ? പുരുഷധർമ്മാരോപ'മില്ലാത്തെ സന്ദർഭത്തിൽ മേഘജാലം വിലസിനാർ എന്നും മറ്റും പ്രയോഗിക്കുന്നതു ച്യുതസംസ്കാര ദുഷ്ടമായിത്തീരും. നദി ശാന്തിയരുളീടിനാർ' മുതലായ പ്രയോഗങ്ങളും വിലക്ഷണങ്ങളാകുന്നു.
നിസ്സാരമായ ഈ ദോഷങ്ങൾ തദൽപമപി നോപേക്ഷ്യം കാവ്യേ ദുഷ്ടം' എന്ന പ്രമാണം ആദരിക്കാനല്ല ഇവിടെ ചൂണ്ടിക്കാണിച്ചത്. ഞങ്ങളുടെ സുഹൃത്തിൻറെ ശ്രദ്ധയെ സമാകർഷിക്കുവാനാണ്. ആരാധകൻ ആരാധകൻമാരുണ്ടാവട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു!
അവതാരിക - ആരാധകൻ
-തട്ടായത്ത് പരമേശ്വരപണിക്കര്‍
മലയാളസാഹിത്യവൃന്ദാവനത്തില് ശ്രീമാന്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മുരളീനാദം കേട്ടുതുടങ്ങിയിട്ട് കാലം അധികമായില്ല. എങ്കിലും, ആ മുരളിയില്‍ നിന്നും അനുസ്യൂതമായി നിര്‍ഗ്ഗളിച്ച സംഗീതധാരയില്‍ ലോകം ലഹരിപിടിക്കുവോളം മുഴുകിക്കഴിഞ്ഞിരിക്കുന്നു. ഒരഭിനവകോകിലത്തെ സ്വാഗതം ചെയ്യുന്നതിനു നാനാവിധത്തില്‍ പര്യാപ്തമായിരുന്ന ദശാവിശേഷത്തിലായിരുന്നു ശ്രീമാന്‍ കൃഷ്ണപിള്ള രംഗപ്രവേശം ചെയ്തത്. അദ്ദേഹത്തിന്റെ ഭാവനയുടെ മോഹനചുംബനങ്ങള് -മധുരഗീതങ്ങള്‍- സാഹിത്യപ്രണയികള്‍ക്ക് നിസ്തുലമായൊരു പുളകപ്പുതപ്പുസമ്മാനിച്ചു.
'എങ്ങുനി,ന്നെങ്ങുനി,ന്നെങ്ങുനിന്നീ
മഞ്ജീരശിഞ്ജിതമുദ്ഭവിപ്പൂ?
മംഗളമാധുരി വാര്ന്നിടുമി-
സ്സംഗിതസഹ്കേതമേതു രംഗം?'
(ബാഷ്പാഞ്ജലി)
എന്നിങ്ങനെ അന്വേഷണ മര്‍മ്മരങ്ങള്‍ പലദിക്കുകളിലും ഉദിച്ചുയര്‍ന്നു. ഇപ്രകാരമൊരു സംഭവത്തെ ദീര്‍ഘദര്‍ശനം ചെയ്തിരുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു ഈ ലേഖകന്‍.
എത്രയും പരിമിതമായ കാലത്തിനിടയ്ക്ക് വിപുലമായ പ്രസിദ്ധി സമ്പാദിച്ച യുവകവിയാണ് ചങ്ങമ്പുഴ. കാവ്യലക്ഷ്മി ഈ പിഞ്ചുകൈകളിലൊതുങ്ങിയിരിക്കുന്ന എന്നു നിശ്ശങ്കം പ്രസ്താവിക്കാം. വര്‍ണ്ണനാതീതമായ ഒരു പ്രകാശകന്ദളത്തിന്റെ നേരിയ നിഴല്‍ അദ്ദേഹത്തിന്റെ കവിതയില്‍ ഇളകിയാടുന്നു. ആ ഭാവന അത്യുജ്ജലമാണ്. ആ തൂലിക അന്തസ്സാരവിഹീനമായ ഒരു കൃതിയും വിരചിച്ചിട്ടില്ല. സൂക്ഷ്മാവലോകനത്തില്‍, അമൂല്യമായ ഒരാശയം, അല്ലെങ്കില്‍ ഹൃദ്യങ്ങളായ ചില വരികള്‍, പദാവലികള്‍ എവിടെയും തെളിഞ്ഞുകാണാതിരിക്കയില്ല.
ചങ്ങമ്പുഴയുടെ വ്യക്തിപ്രഭാവം സാഹിത്യലോകത്തില്‍ ഏതാണ്ടൊരു വിപ്ലവം വരുത്തിയിട്ടുണ്ട്. സംസ്കൃതവൃത്തത്തില്‍ പറയത്തക്ക യാതൊരു കവിതയും രചിക്കാതെ ഹൃദയാകര്ഷങ്ങളായ ദ്രാവിഡവൃത്തങ്ങളില്‍ ലളിതകോമളമായ ഭാഷയില്‍ കവനം ചെയ്ത് യശസ്തംഭം നാട്ടുവാന്‍ കഴിഞ്ഞിട്ടുള്ള കവികള്‍ വേറെയുണ്ടെന്നു തോന്നുന്നില്ല. ബാഹ്യമായ ആകാരസൗഷ്ഠവം പോട്ടെ; ചങ്ങമ്പുഴയുടെ കവിതകള്‍ പാരായണം ചെയ്യുമ്പോഴുണ്ടാകുന്ന ആനന്ദം! -അത് അനിര്വചനീയമത്രേ! കവിതയില്‍ സ്ഥായിയായി കാണിന്ന കരുണരസമാണ് ഇതിനു കാരണം. പരിസ്ഥിതിയുടെ പ്രാതികൂല്യം നിമിത്തം ആശകളസ്തമിച്ചുപോയ യുവഹൃദയത്തിന്റെ വിലാപങ്ങള്‍ കുറിക്കുന്നതിലാണ് കവി അദ്ഭുതകരമായ പാടവം പ്രദര്‍ശിപ്പിക്കുന്നത്. ഹൃദയമാകുന്ന മൂശയില്‍ ഉരുക്കിയെടുക്കുന്നതാണ് അവയിലെ ആശയങ്ങള്‍. ജീവരക്തം കൊണ്ടെഴുതുന്നതാണ് അവയിലെ ഓരോ വരിയും. സംഗീതാത്മകമായ വിചാരധാരയാണ് കവിതയെന്നു 'കാര്‍ലൈല്‍' പറയുന്നു.
പൈന്തേനൂറുന്ന സ്നിഗ്ദ്ധകോമളപദാവലികളുടെ സുന്ദരമായ സമ്മേളനത്താല്‍ നിരര്ഘസംഗീതം വഴിയുന്ന വാക്യങ്ങളില്‍ അപ്രേമയവും പ്രശസ്തവുമായ ആശയങ്ങള്‍ അന്തര്‍ഭവിച്ചിരിക്കും എന്ന് 'കോളെറിഡ്ജ്' അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ മഹദ്വാക്യങ്ങളില് അടങ്ങിയിരിക്കുന്ന തത്ത്വത്തിലാണ് ചങ്ങമ്പുഴക്കൃതികളുടെ വിജയത്തിന്റെ രഹസ്യം ഒളിഞ്ഞുകിടക്കുന്നത്. അവയില്‍ കവിയുടെ നെടുവീര്‍പ്പുകള്‍ പ്രസരിക്കുന്നു. അതാണ് അവയുടെ ഗുണോത്ക്കര്ഷത്തിനു ഹേതു. ആ ഗായകകവിക്കു വിചാരിക്കുവാന്‍, വിലപിക്കുവാന്‍, വിരചിക്കുവാന്‍ അവകാശമുണ്ട്. കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശത്തിലെ മഴവില്ലാണ് ചങ്ങമ്പുഴയുടെ കവിത. കരുണാമയമായ ഒരു വീണാനാദം അന്തരീക്ഷത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നു. അതു നിശ്ചേഷ്ഠമായ ഹൃദയത്തിന്റെ അടിത്തട്ടിലെത്തി അവിടെ ഉറങ്ങുന്ന അഞ്ചാറു കല്ലോളങ്ങളെ തട്ടിയുണര്‍ത്തുന്നു. ചങ്ങമ്പുഴയുടെ കവിതയുടെ പരമോദ്ദേശ്യമാണിത്. കവിയുടെ ആശയഗതിയെക്കുറിച്ചാണ് ഇനിയല്പം പ്രസ്താവിക്കുവാനുള്ളത്. വിഭിന്നങ്ങളായ രണ്ടു വികാരങ്ങളുടെ മിന്നലാട്ടങ്ങള്‍ കവിയുടെ അന്തരംഗത്തില്‍ ദൃശ്യമാകുന്നു. പ്രകൃത്യാ സുഖലോലുപനും വിനോദശീലനുമായ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ജീവിതമെന്നത് അവ്യക്തവും സുന്ദരവുമായ ഒരു വളകിലുക്കമാണ്. അതിന്നനുസരണമായി അദ്ദേഹം ദര്‍ശിക്കുന്ന ലോകത്തിലെ സ്ഥിതികള്‍ വര്‍ണ്ണിച്ചിരിക്കുന്നത് നോക്കുക;
'കളകളകോകിലാലാപലോലം
കമനീയകാമദപുഷ്പകാലം;
മധുപാനമത്തമധുപഗീതം
മധുരസുരഭിയാം മന്ദവാതം;
മലര്നിരവേടിച്ച മഞ്ജുവാടം
മരതകപ്പച്ച വിരിച്ച പാടം;
വിജനവിലാസലതാനികുഞ്ജം
ഭജനവിലോലയെന് പുണ്യപുഞ്ജം;
പരിമളകല്ലോലമല്പമല്പം
പരിചിലയിളകിടും പുഷ്പതല്പം;
മിളിതനിര്വ്വാണസുഖപ്രണയം
ലളിതവികാരമയഹൃദയം;
അരികി,ലാത്മാവിലമൃതസാരം
ചൊരിയുമെന്‍ നിസ്തുലഭാഗ്യതാരം!;'
('മധുവിധു'-ബാഷ്പാഞ്ജലി)
എന്നാല്‍ മധുരചിന്തകളിളകുന്ന ഭാവനയിലല്ലാതെ നിഷ്ഠൂരയഥാര്ത്ഥ്യം നിറയുന്ന ലോകത്തില്‍ സ്വാഭിലാഷപൂര്ത്തിയുണ്ടാകയില്ലെന്ന ബോധം ക്ഷണം സംജാതമാകുന്നു. ഇത്രമാത്രമല്ല, പരമാര്ത്ഥസ്നേഹത്തെ കൊതിച്ചലയുന്ന ആത്മാവ്, അത് എത്രയും വിരളമായിട്ടു മാത്രമേ ഇവിടെ കാണുന്നുള്ളു എന്നു മനസ്സിലാക്കുകയും പരിഭവസ്വരം മാത്രം നിറഞ്ഞ ലോകത്തിന്റെ യഥാര്ത്ഥസ്ഥിതിഗതികള് ഗ്രഹിക്കുകയും ചെയ്യുന്നു. അതുവരെയുണ്ടായിരുന്ന സംതൃപ്തിയും ആനന്ദവും ഉടന്‍ അപ്രത്യക്ഷമാകുന്നു. തല്‍സ്ഥാനത്ത് ഘോരനിരാശയുടെ നിഴല്‍പ്പാടുകള്‍ പടര്‍ന്നു പിടിക്കുന്നു.
'അതിശുഷ്കം ജീവിതപ്തരം , എനി-
ക്കതുകൊണ്ടിനിയെന്തുകാര്യം?'
('പ്രഭാതബാഷ്പം'-ബാഷ്പാഞ്ജലി)
എന്നിങ്ങനെ ചിന്താഗതി മാറിവീഴുന്നു. കേവലമൊരു മര്‍ത്യനു വിധിയോടു പൊരുതുവാന്‍ കഴിയില്ല.
'വിധിവിഹിതപ്രവാഹത്തിലൊന്നു പോ-
ലൊഴുകിടും വെറുമോലത്തുരുമ്പുകള്!
കഴികയില്ല നമുക്കാര്ക്കുമായതി-
ന്നടിയൊഴുക്കിനെതിരിട്ടു നീന്തുവാന്‍!'
('ഇരുളില്‍'-ബാഷ്പാഞ്ജലി)
അതിനാല്‍ മരണത്തിന്റെ മടിത്തട്ടില്‍ തല ചായ്ക്കുവാനാണ് ആശ. നിര്‍ദ്ദയമായ ലോകത്തിന്റെ പ്രശംസകള്‍ അദ്ദേഹം കൊതിക്കുന്നില്ല. അദ്ദേഹത്തിന്റെ കല്ലറയിന്മേല് ഇത്രമാത്രം കുറിച്ചാല്‍ മതി.
'ഇതിനകത്തു കിടക്കുന്നതൊരു
ശിഥിലരാഗാര്ദ്രദുര്ബലമാനസ്സം.
അതു പലപ്പോഴും മന്ത്രിച്ചു; -'നിര്‍മ്മല
പ്രണയശൂന്യമീ ലോകം തമോമയം!
ഇവിടെയില്ല വെളിച്ചം മലിനമാ-
മിവിടെയില്ല സഹതാപമര്മ്മരം!'
അതിനുവേണ്ടിക്കരഞ്ഞു കരഞ്ഞൊരു
കണികപോലും ലഭിച്ചിടാതാകുലം
പരമഘോരനിരാശയിലെപ്പോഴു-
മെരിപൊരികൊണ്ടടിഞ്ഞതാണാ മനം!'
('ഇരുളില്‍'-ബാഷ്പാഞ്ജലി)
എന്നാല്‍ കവിയുടെ ജീവിതം ഇപ്രകാരം ശോകാത്മകമായി ഭവിക്കാനുള്ള കാരണമെന്താണെന്നു നോക്കാം. പ്രേമസുരഭിലമായ യൗവനത്തില്‍ പ്രവേശിച്ച് ജീവിതത്തെ അഭിമുഖീകരിച്ചു നിന്നപ്പോള്‍,
'കപടലോകത്തിലാത്മാര്ത്ഥമായൊരു
ഹൃദയമുണ്ടായതാണെന് പരാജയം'
('ഇരുളില്‍'-ബാഷ്പാഞ്ജലി)
എന്ന വാസ്തവതത്ത്വം ഗ്രഹിക്കുന്നതാണിതിന് ഹേതു. ഇങ്ങിനിവരാതെവണ്ണം മറഞ്ഞുപോയ മോഹനകാലത്തെ സ്മരിക്കുമ്പോള്‍ കവിഹൃദയം ഞെരിയുന്നു. ശൈശവം വീണ്ടും ലഭിച്ചാല്കൊള്ളാമെന്നു ഒരു വൃഥാഭിലാഷത്തിനു വശംവദനാകുന്നു.
'അപജയത്തിനടിത്തറ കെട്ടുമി-
ച്ചപലയൗവ്വനമാശിപ്പതില്ല ഞാന്‍,
മധുരശൈശവം വീണ്ടും ലഭിക്കിലീ
മഹിയിലെന്തിലും മീതെ ഞാന്‍ മിന്നുവന്!'
('അന്നും ഇന്നും'-ബാഷ്പാഞ്ജലി)
ഏവംവിധങ്ങലായ വികാരങ്ങളുടെ സംഘട്ടനങ്ങളാല്‍ കലുഷിതമനസ്കനായകവി, കവനസ്വരൂപിണിയുടെ പ്രണയശീതളമായ ചുംബനധാരയില് മാത്രമാണ് ആശ്വാസം -ആനന്ദം- തേടുന്നത്. മാത്രമല്ല, അത് യശഃപ്രതിഷ്ഠയ്ക്കു നിദാനമായും കാണുന്നു.
'കവനസ്വരൂപിണി നീയും?- കഷ്ടം!
നിഹതനാമെന്നെ മറന്നോ?
വെറുമൊരു ചുംബനം മാത്രം -തന്നാ-
ലമലേ, നിനക്കെന്തു ചേതം?
ഒരു പക്ഷേ, ഞാനതുമൂലം -ഒരു
പൊലിയാത്ത താരമായിത്തീരാം!'
('പ്രഭാതബാഷ്പം'-ബാഷ്പാഞ്ജലി)
ഈ ഏകവിചാരത്താല് മാത്രമല്ല കവി പാടുന്നത്. മരണത്തിന്റെ കരാശ്ലേഷത്തെ കൊതിച്ചു നില്ക്കവുന്ന ആ ദിവ്യമാത്രകളേ സുന്ദരമാക്കിത്തീര്ക്കുവാനും കൂടിയാണ് ആ ഹൃദയവിപഞ്ചിക ഗാനങ്ങള്‍ ഉതിര്‍ക്കുന്നത്.
'ജീവിതലഘുകാവ്യത്തിന്‍ പകര്‍പ്പവകാശം
കേവലം മരണത്തിനുള്ളതാണെങ്കിലാട്ടെ;
നിത്യസുന്ദരമാകും, സ്നേഹഗീതിയാലതു
നിസ്തുലനാക്കിത്തീര്ക്കാനാവുകി,ലതേ കാമ്യം!'
('സൗന്ദര്യലഹരി'-ബാഷ്പാഞ്ജലി)
കവിത അനര്ഗ്ഗളങ്ങളായി പ്രവഹിക്കുന്ന അവസരങ്ങളാണ് കവിയുടെ ജീവിതത്തിലെ സുകുമാരങ്ങളായ -ആനന്ദം തുളുമ്പുന്നതായ- മാത്രകള്‍. അദ്ദേഹത്തിന്റെ കവിതാസരണി പ്രത്യേകമാണ്; അതിന്റെ സാരസ്യം അന്യാദൃശമാണ്; സൗകുമാര്യം അനവദ്യമാണ്; സന്ദേശം അഭിനവമാണ്. ഭാവനാലോകത്തില്‍ സ്വച്ഛന്ദവിഹാരം ചെയ്യുന്ന കവികോകിലത്തോട് അസ്മാദൃശന്മാര്‍ക്കു പറയുവാനുള്ളത്,
“ Hail to the blithe Spirit!
........................................
That from heaven or near it
Pourest thy full heart
In profuse strains of unpredmeditated art!”
-Shelley
എന്നുമാത്രമാണ്.
ഇനി പ്രസ്തുതകൃതിയെക്കുറിച്ച് രണ്ടു വാക്ക്, ശ്രീമാന്‍ കൃഷ്ണപിള്ള ഇദംപ്രഥമമായി ലഘുഗീതങ്ങളില് നിന്നും ലഘുകാവ്യങ്ങളിലേക്കു കാലുവച്ചതിന്റെ ഫലമാണ് 'ആരാധകന്' എന്ന ഈ ഖണ്ഡകാവ്യം. പ്രസ്തുത ഫ്രഞ്ച് സാഹിത്യകാരനായ 'ഗിഡേമോപ്പസിങി'ന്റെ 'രണ്ടു പടയാളികള്‍'എന്ന കഥയുടെ ഛായയെ അവലംബിച്ചാണ് ഈ കാവ്യം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. കവനകലാപാടവത്തിന് അധികമധികം സൗകര്യം നല്കുന്ന ഇത്തരം സംരംഭങ്ങളില്‍ മേലിലും പ്രവര്ത്തിച്ചുകാണണമെന്ന് അഭ്യര്ത്ഥിക്കുന്നതോടുകൂടി, ഇത്തരുണത്തില്‍ ലബ്ധമായിരിക്കുന്ന വിജയത്തില്‍ കവിയെ അനുമോദിച്ചു കൊണ്ട്,
അവിശ്വാസിയായ ചങ്ങമ്പുഴ
കുരീപ്പുഴ ശ്രീകുമാർ
ദൈവവിശ്വാസിയോ മതവിശ്വാസിയോ ആയിരുന്നില്ല മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള. ഇതിന് അദ്ദേഹത്തിന്റെ രചനകളില്‍ പകല്വെളിച്ചമുള്ള മുദ്രകളുണ്ട്. ഈ കണ്ടെത്തലിനെ എതിര്‍ക്കാനും അദ്ദേഹത്തിന്റെ രചനകളള്ഉദാഹരിക്കാം. ഇവിടെ ഒരു അടിസ്ഥാനപ്രശ്നം നമ്മള്അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ട്.
അവിശ്വാസിയായ ഒരാളിന് അമ്പലങ്ങളെല്ലാം മനുഷ്യന് നിര്‍മ്മിച്ചതോ കണ്ടെത്തിയതോ ആണെന്ന ബോധമാണുള്ളത്. അതിനാല്‍ ഏത് ആരാധനാലയത്തില്‍ കയറാനും ശില്പകല ആസ്വദിക്കാനും കഴിയും.
വിശ്വാസിക്ക് മറ്റു വിശ്വാസമുള്ളവരുടെ ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതില്‍ കുറ്റബോധവും പാപബോധവും അനുഭവപ്പെടും. ദൈവം സങ്കല്പമാണെന്ന് തിരിച്ചറിഞ്ഞാല്‍ നാലു കൈകളോടും രണ്ടു കൈകള്‍കൂടി സങ്കല്പിക്കാം. സത്യമാണെന്ന ബോധമാണുള്ളതെങ്കില് ഈ സൗകര്യം നഷ്പ്പെടും. അവിശ്വാസിക്ക് സന്ധ്യയ്ക്ക് ഗീതയോ ബൈബിളോ ഖുറാനോ വായിക്കാം. വിശ്വാസിക്ക് ഒരു ഗ്രന്ഥം മാത്രമേ വായിക്കാന്‍ കഴിയൂ.അവിശ്വാസിയായ കവിക്ക് ഗീതഗോവിന്ദം വിവര്‍ത്തനം ചെയ്യാനും ആശ്രമമൃഗം എന്ന കവിത എഴുതാനും കഴിയും. വിശ്വാസിയായ കവിക്ക് ഗീതഗോവിന്ദം വിവര്‍ത്തനം ചെയ്യാന്‍ മാത്രമേ കഴിയൂ.
ഭാവത്രയം എന്നകവിതയിലാണ് ഞെട്ടിപ്പിക്കുന്ന ആ വരികള്ചങ്ങമ്പുഴ എഴുതിയത്: വിത്തനാഥന്റെ ബേബിക്കു പാലും/ നിര്‍ദ്ധനച്ചെറുക്കന്നുമിനീരും/ ഈശ്വരേച്ഛയല്ലാകിലമ്മട്ടു/ ള്ളീശ്വരനെ ചവിട്ടുക നമ്മള്. വിശ്വാസിയായിരുന്നെങ്കില്‍ ഈശ്വരേച്ഛയല്ല എന്നെഴുതി നിര്‍ത്തുമായിരുന്നു.
പരലോകം എന്നാലെന്ത്?
ഗളഹസ്തം എന്ന കവിതയില്‍ മഹാകവി എഴുതുന്നു:
`പരമാര്‍ഥം പരുപരുത്തുള്ളതാമീലോകം
പരലോകമൊരു വെറും സ്വപ്നലോകം'
ഹിന്ദുത്വത്തിന്റെ ജീര്ണസംസ്കാരത്തെക്കുറിച്ച് ചങ്ങമ്പുഴ എഴുതിയത് ജടയുടെ സംസ്കാരപ്പനയോലക്കെട്ടൊക്കെ/ പ്പൊടി കെട്ടിപ്പുഴുകുത്തിച്ചിതലുമുറ്റി എന്നാണ്. ഹിന്ദുമതത്തിന്റെ വാണിജ്യപരമായ ശ്രീരാമനെ ചുട്ടെരിക്കിന്‍ എന്ന കവിതയില്‍ മഹാകവി പരാമര്‍ശിക്കുന്നു. ശ്രദ്ധിക്കുക:
`ഒളിയമ്പിനു വിരുതനാം ശരവീരന്‍ ശ്രീരാമനു
വിളയാടാനുള്ളതല്ലിനിയീലോകം
ഇതുവരെയും ഹാ നമ്മെ വഴിതെറ്റിച്ചഴല്മുറ്റി-
ച്ചിവിടം വരെയെത്തിച്ചു കാവിവസ്ത്രം'
വിശ്വാസിയായ ഒരു കവിക്ക് `ഗുളികന് നില്ക്കുന്ന' നേരത്തെങ്ങാനും തോന്നിപ്പോയാല്‍ ആനയെ നടയ്ക്കിരുത്തി പരിഹരിക്കേണ്ട പാപമാണ് നാളത്തെലോകത്തിലുള്ളത്.
`കൈക്കൂലികാണാതനുഗ്രഹമേകുവാന്
കൈപൊക്കാത്തീശ്വരനീശ്വരനോ
രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരും
തെണ്ടിയല്ലേ മതം തീര്‍ത്ത ദൈവം'
ദൈവത്തിന്റെ മരണത്തെക്കുറിച്ച് പാശ്ചാത്യലോകം നടത്തിയ ചര്‍ച്ച പായ്ക്കപ്പല്‍ കയറിയെത്തുന്നതിനു മുന്‍പു തന്നെ ചങ്ങമ്പുഴപ്രഖ്യാപിച്ചു:
`അറിയുവിന്‍ മതമണ്ഡലമിതുവരെ സൃഷടിച്ചോ-
രഖില ദൈവങ്ങളും ചത്തുപോയി'
മനുഷ്യന്റെ മറുമുഖം പറയുന്ന കവിതയാണ് ഓണപ്പൂക്കളിലെ മനുഷ്യന്. അതിലദ്ദേഹം ദൈവബിംബത്തെ സമര്‍ത്ഥമായി ഉപയോഗിക്കുന്നു.
`ദൈവത്തിന് പ്രതിരൂപമാണെങ്കിലത്തരം
ദൈവത്തിനെപ്പിന്നെയാര്ക്കു വേണം'
ഏതു മതവും ആളുകളെ അടുപ്പിച്ചു നിര്‍ത്തുന്നത് ഈശ്വരചിന്തയാലാണ്. നിര്‍മലമായി തുടങ്ങുന്ന ഈ ദൈവഭൂമിയില്‍ വര്‍ഗീയതയുടെ വിഷവൃക്ഷം വളരാറുണ്ട്. എല്ലാ ദൈവവിശ്വാസികളും കഠിന വര്ഗീയവാദികളല്ലെങ്കിലും എല്ലാ വര്‍ഗീയവാദികളും ദൈവവിശ്വാസികളാണ്. ദൈവവിശ്വാസികള്‍ക്ക് കഠിനവര്ഗീയവാദികളല്ലെങ്കില് ലളിതവര്ഗീയവാദികളെങ്കിലും ആകാതെയിരിക്കാന്‍ കഴിയില്ല . അവരാണ് അമ്പലക്കൗണ്ടറില് അരവണയ്ക്കു കാത്തുനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ ഭഗത്സിങ്ങിന്റെ വിപ്ലവവീര്യത്തോടെ ചങ്ങമ്പുഴ ഇടപെടുന്നുണ്ട്.
`കൂദാശ കിട്ടുകിൽ കൂസാതെ പാപിയിൽ(നാളത്തെ ലോകം)
കൂറുകാട്ടും ദൈവമെന്തു ദൈവം
പാല്‍പ്പായസം കണ്ടാല്‍ സ്വര്‍ഗത്തിലേക്കുടന്‍
പാസ്പോര്‍ട്ടെഴുതുവോനെന്തു ദൈവം
കഷ്ടം മതങ്ങളേ നിങ്ങള്തന് ദൈവങ്ങള്‍
നട്ടെല്ലൊടിഞ്ഞ നപുംസകങ്ങള്‍
ചങ്ങമ്പുഴ യവനിക സമര്‍പ്പിച്ചിട്ടുള്ളത് കുറ്റിപ്പുഴ കൃഷ്ണപിള്ളയ്ക്കാണ്. പൊന്‍കുന്നം വര്‍ക്കിയും ജോസഫ് മുണ്ടശ്ശേരിയും മറ്റും അവതാരികാകാരന്മാരില് പെടുന്നു. സവര്ണസമുദായങ്ങള്മനുഷ്യസമൂഹത്തില് പ്രതിലോമകരമായി ഇടപെട്ടത് ഈ മൂന്നു വ്യക്തിത്വങ്ങളുടെയും ചിന്തയെ സ്വാധീനിച്ച വിഷയമായിരുന്നു. ചങ്ങമ്പുഴ വെട്ടിത്തുറന്നു കാര്യം പറയുന്നു:
`പട്ടരും നായരും നമ്പൂരിയും സ്വാര്‍ഥം
കെട്ടിപ്പടുത്തുള്ളോരമ്പലങ്ങൾ
ആധുനികകാലത്തെ ആശ്രമവിശ്വാസികളെ ഞെട്ടിക്കേണ്ട കവിതയാണ് ആശ്രമമൃഗം. സായിബാബയെ ബന്ധപ്പെടുത്തി സ്വവര്‍ഗരതിയുടെ ചില വാര്ത്തകള്ഇന്തയയിലെ പ്രമുഖപത്രങ്ങളില്‍ വന്നപ്പോള്‍ ഞാന്‍ ചങ്ങമ്പുഴയുടെ ആശ്രമമൃഗം എന്ന കവിത ഓര്‍ത്തുപോയി.
സന്യാസിമാരോടു ബഹുമാന്യമുള്ള ഒരാള്‍, മകന് നാരായണനെ (നാണു) ആശ്രമത്തിനു നല്കുന്നു. ആശ്രമാധിപതിയാണങ്കില് ഗീതയരച്ചു കുടിച്ചവനാണുപോല്/ ചേതസ്സില്‍ ചൈതന്യമുള്ളവന്‍ പോല്‍. മകന് ചിന്മയാനന്ദനായി മാറുന്നത് അയാള്സ്വപ്നം കാണുന്നു. മഴയുള്ള ഒരു രാത്രിയില്‍ മകന് ആശ്രമം ഉപേക്ഷിച്ചുതിരിച്ചുവരുന്നു. സന്ന്യാസി ഒരു മൃഗമാണെന്നു മകന് അഭിപ്രായപ്പെടുന്നു. ആശ്രമം വിടാന്‍ സ്വാമി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് , പോകരുതെന്ന് കരഞ്ഞപേക്ഷിച്ചെന്നാണ് മകന്റെ മറുപടി. ധിക്കരിച്ചുപോന്നതെന്തിനെന്നും തിരിച്ചു ചെന്നു മാപ്പു ചോദിക്കുകയെന്നും പിതാവ് പറയുമ്പോള്കവി മകനിലൂടെ മ്ലേച്ഛമായ ആ കാര്യം പറയുന്നു:
`സ്വാമി പോലും! - മൃഗം - പേമൃഗം - വേണെങ്കില്‍
സ്വാമിക്കൊരുത്തിയെ കെട്ടരുതോ?
ഒരു ഹൈന്ദവാശ്രമത്തിന്റെ സദാചാരയവനിക ചീന്തിമാറ്റാന് വിശ്വാസിയായ കവിക്കു കഴിയുകയില്ല . ദൈവശിക്ഷയെക്കുറിച്ച് ഈ കവിതയില്‍ ചങ്ങമ്പുഴ സൂചിപ്പിക്കുന്നതേയില്ല .
മാരകരോഗം ബാധിച്ച് മരണത്തിലേക്ക് കൂപ്പുകുത്തുകയായിരുന്ന ചങ്ങമ്പുഴ; തന്നെ കാണാന്‍ വന്ന മലയാളമനോരമ ലേഖകനോടു ചോദിച്ചതിങ്ങനെയാണ്: `ലോകത്തിലെ, വേണ്ട ഈ ഇന്തയയിലെയെങ്കിലും സാര്‍വത്രികമായ പട്ടിണിയും അഭിസരണവും ജാതിയുദ്ധങ്ങളും സമൂലം മാറ്റുവാന്‍ നിങ്ങളുടെ ഏതു മതത്തിനു സാധിക്കും?'
ഏതെങ്കിലും മതത്തിലോ മതദൈവത്തിലോ ഉറച്ച വിശ്വാസമുള്ളൊരാളിന് ക്ഷയരോഗത്തിന്റെ നഖങ്ങളില്‍ കിടന്നുകൊണ്ട് ഇങ്ങനെയൊരു ചോദ്യമുന്നയിക്കുക സാധ്യമല്ല .
രമണൻ അവതാരിക
ജോസഫ് മുശ്ശേരി
മലയാളത്തില്‍ ഇങ്ങനെ ഒരനുഭവമോ? 1112-ല്‍ ഒന്നാം പതിപ്പ്, '15-ല്‍ രണ്ടാംപതിപ്പ്, '17-ല്‍ മൂന്നാംപതിപ്പ്, '18-ല്‍ നാലാം പതിപ്പ്, `'19-ല്‍ അഞ്ചും, ആറും, ഏഴും എട്ടും, ഒമ്പതും പതിപ്പുകള്‍. 20-ല്‍ പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന്, പതിന്നാല് - ഇതാ പതിനഞ്ചും പതിപ്പുകള്‍; അതോ ആയിരവും രണണ്ടായിരവും അയ്യായിരവും പ്രതികള്‍ വീതം. കേട്ടിട്ടു വിശ്വസിക്കാന്‍ വിഷണം. പക്ഷേ, ഇതത്രവലിയൊരുകാര്യമോ? അതേ ടി.ബി.സിക്കാര്‍ പ്രസാദിക്കാത്തൊരു മലയാളകവിതയെ സംബന്ധിച്ചിടത്തോളം വളരെ വലിയൊരു കാര്യംതന്നെയാണ്. അതിന്റെ പ്രതികള്‍ മധുരനാരങ്ങപോലെ വരുന്നതുവരുന്നതങ്ങു വിറ്റഴിയുന്നുവെങ്കില്‍ തക്ക കാരണമുണ്ടായിരിക്കണം; അകത്തും പുറത്തും ഒന്നുപോലെ. ലോര്‍ഡ് ബയറന്റെ `ചൈല്‍ഡി ഹാരോള്‍ഡ്' എന്ന കവിതയ്ക്ക് ആയിരക്കണക്കിനാവശ്യക്കാരുണ്ടായിരുന്നതിനെപ്പറ്റി പറയുന്ന കൂട്ടത്തില്‍ ഒരു നിരൂപകന് അഭിപ്രായപ്പെടുകയാണ്: ``ഏറ്റവും ചെലവുള്ള കൃതികള്‍ കലാസൗഭഗം കൊണ്ട്, അനുത്തമങ്ങളാകട്ടെ, അല്ലാത്തതാകട്ടെ, പുറപ്പെടുന്ന കാലത്തിന്റെ ആശകളുമാവശ്യങ്ങളും അവയ്ക്കു പിമ്പില്ക്കാണും. തക്ക സന്ദര്‍ഭങ്ങളിലായിരിക്കും അവയെത്തുന്നത്. അതേവരെ കെട്ടിനിന്നിട്ടുള്ള ചില വികാരങ്ങളെ അണമുറിച്ചുവിടാന്‍ അവ ഉതകുകയും ചെയ്യും.'' രമണനെക്കുറിച്ചായാലും ഈ അഭിപ്രായം അര്‍ത്ഥവത്തല്ലയോ?
ആഭിജാത്യമോ ആഢ്യതയോ നോക്കാതെ ആര്‍ക്കും വിദ്യാലയങ്ങളില്‍ പ്രവേശിക്കാമെന്നായതിനുശേഷം മലയാളം വായിക്കാനുള്ള കഴിവും കൗതുകവും ന്യൂനപക്ഷത്തിന്റേതെന്ന നിലവിട്ടു ഭൂരിപക്ഷത്തിന്റേതായിത്തീര്‍ന്നു. ഒന്നാംകിടസാഹിത്യം തന്നെയാകട്ടെ, പ്രതിപാദ്യം. സ്വാനുഭവവുമായി രഞ്ജിക്കുന്നതും പ്രതിപാദനം ധാരണശക്തിക്കു വഴങ്ങുന്നതുമാണോ ശരി, ഒരു കൈ നോക്കിക്കളയാം - ഏകദേശം ഇമ്മട്ടായി അധഃകൃതരില്‍ അധഃകൃതര്‍ക്കുപോലും അഭിലാഷം. ഇന്നലെവരെ അത്യാവശ്യങ്ങള്‍ക്കുപോലും പണം തികയാതിരുന്നവര്‍ക്ക് ഇന്നു വിശേഷാലാവശ്യങ്ങള്‍ക്കും പണമുണ്ടാക്കിക്കൊടുക്കുന്ന സമ്പത്കാര്യപരിണാമങ്ങള്‍ ഈ പുതിയ അഭിരുചിയെ ഒന്നൂതിപ്പിടിപ്പിച്ചിട്ടുമുണ്ട്. ഒരഞ്ചാറുകൊല്ലത്തിനുള്ളില്‍ വായനക്കാരുടെ എണ്ണം മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം വര്‍ദ്ധിച്ചുവശായിരിക്കുന്നു. ഏതു കേള്‍പ്പോരും കേള്‍വിയുമില്ലാത്ത ദേശത്തു കാണും. ഇക്കാലത്തൊരു വായനശാല എന്നല്ല, ഏതു കൊച്ചുവീട്ടിലെ ചുമരലമാരിയും ഒരു കൊച്ചു ലൈബ്രറിയായി രൂപാന്തരപ്പെടുകയും ചെയ്തിട്ടുണ്ട്. പെട്ടെന്നു വിജൃംഭിച്ച ഈ സാഹിത്യസ്വാദനതൃഷ്ണയ്ക്കു പാകത്തിനു ചിലതു കൊടുപ്പാനും അങ്ങനെയങ്ങനെ അത്യുത്തമകൃതികള്‍വരെ വായിച്ചടങ്ങുന്ന ഒന്നായി അതിനെ വളര്‍ത്താനും മലയാളികളായ സാഹിത്യകാരന്മാര് ചുമതലപ്പെട്ടിരിക്കുന്നു. പലരും ആ വഴിക്കു പരിശ്രമിച്ചുപോരുന്നുണ്ട്. ചിലരുടെ സംഭാവന ചെറുകഥകളായിട്ടാണ്; ചിലരുടേതു ഖണ്ഡകവിതകളായിട്ട്; ചിലരുടേതു നാടകങ്ങളായിട്ട്; ചിലരുടേതു ലേഖനങ്ങളായിട്ടും. എന്നാല്‍ അവയെല്ലാറ്റിനെയും വെല്ലുന്നൊരു സംഭാവനയായിരിക്കുന്നു ശ്രീ ചങ്ങമ്പുഴയുടെ ആ ബാല്യകൃതി - ഇന്നത്തെ ഭൂരിപക്ഷം വായനക്കാരും ഒളിച്ചുവെച്ചോമനിക്കുന്ന കുറെ ജീവിതാനുഭവങ്ങള്‍ അവരുടെ ഹൃദയങ്ങളെ പെട്ടെന്നു പിടിച്ചടക്കുന്ന ശീലിലും ശൈലിയിലും പ്രതിപാദിക്കുന്ന രമണന്. ഇക്കാലസന്ധിയിലെ മാനസികമായ ദാഹവും വിശപ്പും ശമിപ്പിക്കുവാനുദ്ദേശിച്ച് എഴുതപ്പെട്ടതല്ലെന്നിരുന്നാലും അത് ആവശ്യത്തിന് ഏറ്റവും ഉതകിയിരിക്കുന്നുവെന്നു സമ്മതിച്ചേ തീരൂ. ബീച്ചിലും ബാല്‍ക്കണിയിലും ബോട്ടുജെട്ടിയിലും വണ്ടിത്താവളത്തിലും മടപ്പള്ളിയിലും മാളികമച്ചിലും കുടിലിലും വയലിലും ഫാക്ടറിയിലും പടപ്പാളയത്തിലും കുറെനാളായിട്ടു രമണനാണ് ഒന്നാംപാഠം. പ്രസ്തുത ജീവിതമണ്ഡലങ്ങളില്‍ നവമായി സാഹിത്യാഭിരുചി തെളിഞ്ഞിട്ടുണ്ടെങ്കില്‍ അതു കൊളുത്തിക്കൊടുത്തത് തന്റെ ബാല്യകൃതിയാണെന്നു ശ്രീ ചങ്ങമ്പുഴയ്ക്കഭിമാനിക്കാം.
ഒരു യുവഹൃദയത്തിന്റെ ആത്മാര്‍ത്ഥതയും അന്തര്ഹിതശക്തികളും അറിഞ്ഞഭിനന്ദിക്കാന്‍ കഴിയാത്ത ആഭിജാത്യത്തിന്റെ നീതിസംഹിത ആ ഹൃദയത്തില്‍ മനുഷ്യോചിതമായിത്തന്നെ ഉണ്ടായ ഒരു കാമിതത്തെ കണ്ണടച്ചങ്ങു ചവുട്ടിത്തേച്ചുകളഞ്ഞു; ആ സ്നേഹഭാജനം അതോടെ തകരുകയും ചെയ്തു. - ഈ ദയനീയോദന്തത്തെ സഹാനുഭൂതിയോടുകൂടി ലോകത്തെ പറഞ്ഞറിയിക്കുക മാത്രമാണ് ശ്രീ ചങ്ങമ്പുഴ ചുരുക്കത്തില്‍ ചെയ്തിട്ടുള്ളത്. ആ അനുഭവമോ, ആയിരമായിരം സമവയസ്കന്മാരുടെ അനുഭൂതിയോട് ഏറ്റവും അടുത്തുനില്ക്കുന്ന ഒന്നാണുതാനും. പിന്നെ എങ്ങനെ രമണന് പുതിയ കലാരസികതയുടെ `ഹരിഃ ശ്രീ' കുറിക്കാതിരിക്കും? രമണന് ചെയ്ത ഈ കാലോചിതസേവനത്തിനു വിലയിടിച്ചു കണ്ടിട്ടോ ആ സേവനത്തില്‍ തത്കര്‍ത്താവിനുണ്ടാകുന്ന നേട്ടങ്ങളെ നെറ്റി ചുളിച്ചുനോക്കീട്ടോ എന്തോ, ചിലര്‍ അഭിപ്രായപ്പെടുന്നു, ശ്രീ ചങ്ങമ്പുഴ വെറും തിര്യക്സാധാരണമായ ഒരു വികാരത്തെ ഛന്ദോഗതമാക്കിപ്പാടി പണം വാരുകയേ ചെയ്യുന്നുള്ളൂ എന്ന്.
ഇതുകേട്ടാല്‍ തോന്നുക രമണന് മലയാളസാഹിത്യത്തിന്റെ പേര്‍പെറ്റ തറവാടിത്തത്തിനു തീരെ ഇണങ്ങാത്തൊരു തോതില്‍ തനി കാമമെടുത്തു വിളമ്പി മനുഷ്യമനസ്സിനെ അധഃപതിപ്പിക്കുന്ന ഒരു കൃതിയായിപ്പോയെന്നാണ്. ചന്ദ്രോത്സവകാരന്‍ തൊട്ടു വെണ്മണിവരെയും വെണ്മണിതൊട്ടു വള്ളത്തോള്‍വരെയും ഉണ്ടായ കവീശ്വരന്മാരില്‍ ഒരു വലിയഭാഗം ഏതുമാതിരി അനുഭവങ്ങളെച്ചൊല്ലി, എങ്ങനെയെല്ലാം കവിതയെഴുതി കേരളീയരില്‍നിന്നു കുന്നുകുന്നായി യശോദനമാര്ജ്ജിച്ചുവോ, ആ കുലീനപാരമ്പര്യത്തിന്നു കളങ്കം തട്ടിക്കത്തക്ക ഒന്നായിപ്പോയെന്നോ രമണന്? കലാപരമായി മറ്റെന്തോ ദോഷങ്ങളുണ്ടായാലും രമണനെപ്പറ്റി കൊണ്ടുവന്ന ഈ `ചാര്‍ജ്ജ്' നിലനില്‍ക്കുന്നതല്ല.
ആര്‍ഭാടങ്ങളില്‍നിന്നകന്ന്, അന്തസ്സു കുറഞ്ഞൊരു ജീവിതത്തെ മധുരഗാഥകള്കൊണ്ടു കുളിപ്പിച്ചുപോരുന്ന ഒരു യുവാവുമായി നാഗരികസൗഭാഗ്യങ്ങള്‍ക്കു നായികയായ ഒരു കന്യക യദൃച്ഛയാ പരിചയപ്പെടുന്നു. ആ പരിചയം ആദരാഭിനന്ദനങ്ങളില്‍ കുളുര്ന്ന് കുളുര്ന്ന് അനുരാഗമായി വികസിക്കുന്നു. സാമുദായികമായി തനിക്കുള്ള നില താണതെന്നോര്‍ത്ത് അവന് ആ അനുരാഗത്തെ പരസ്യമായി സ്വാഗതം ചെയ്യുന്നില്ല. അവളെ ആ സാഹസത്തില്‍നിന്നു വിലക്കുവാനാണ് അവന്റെ ശ്രമം. പക്ഷേ, കൗമാരസഹജമായ ആവേശം ആ കന്യകയെ ഒരു ശപഥത്തോളം എത്തിക്കുന്നു. ഒരു നിലാവണിരാത്രിയില്‍ ആരണ്യകസങ്കേതത്തില് വച്ച് അവള് ആ കാമുകനെ മാലയിട്ടു വരിക്കുകതന്നെ ചെയ്യുന്നു. പരിതഃസ്ഥിതികളെ പേടിച്ചു വളരെ നാളായി അവന് ഹൃദയത്തില്‍ കെട്ടിനിര്‍ത്തിയിരുന്ന പ്രണയം പിന്നെയങ്ങോട്ട് അണപൊട്ടിയൊഴുകുകയായി.
അവൻറെ ഭാഗ്യത്തെ അഭിനന്ദിക്കാൻ ഒരു തോഴനും അവളുടെ രാഗാവേശത്തെ യഥോചിതം ശുശ്രൂഷിക്കാൻ ഒരു തോഴിയുമുണ്ട്.
പെട്ടെന്ന് ആ അനുരാഗത്തെ മറ്റൊരു വഴിക്കു വെട്ടിത്തിരിച്ചുവിടാൻ നായികയുടെ പിതാവു നിശ്ചയിക്കുന്നു. ആ തീരുമാനം അതിൻറെ സകലശക്തികളോടുംകൂടി പിടിച്ചുവലിക്കേണ്ടതാമസം, അവൾ അതാ ആ വഴിക്കു തിരിയുന്നു. എന്നല്ല, ഹൃദയപീഠത്തിൽനിന്ന് ആ പ്രണയനായകനെ നിഷ്പ്രയാസം വലിച്ചിറക്കിക്കളയുകയും ചെയ്യുന്നു. അവനോ, ഒരു ഞൊടിയിടകൊണ്ടു മനോരാജ്യത്തിൻറെ സിംഹാസനത്തിൽനിന്നും നൈരാശ്യത്തിൻറെ പടുകുഴിയിലേക്കു വീണുകഴിഞ്ഞു.
അവളുടെ വിവാഹം ആഘോഷിക്കുന്ന ദിനത്തിൽത്തന്നെ അവൻ ആത്മഹത്യ ആഘോഷിക്കുന്നു.
ഇത്രയുമാണ് കഥാവസ്തു. മിക്കവാറും സ്വാനുഭവമെന്നു വിശ്വസിക്കാവുന്ന അതിനെ പട്ടം തേച്ചുമിനുക്കി ഒരു നാടകീയകലാശിൽപമാക്കി പ്രദർശിപ്പിക്കുവാനാണ് കവി ശ്രമിച്ചിട്ടുള്ളത്. നൈരാശ്യത്തിൻറെ കൊടുംതീയിൽ വെന്തടിഞ്ഞ നായകനെച്ചൊല്ലി വിലപിക്കുന്ന തോഴൻറെ നീറുന്ന സൗഹൃദം അങ്ങനെ തന്നെ കോരിപ്പകരുക, എന്നിട്ട് ആ കാവ്യത്തെ ആ ദുരന്തമടഞ്ഞ സുഹൃദ്വതംസത്തിൻറെ ശ്മശാനത്തിൽ എരിയുന്ന ഒരു നെയ്ത്തിരിയാക്കിത്തീർക്കുകയും ചെയ്യുക - സ്വാനുഭവത്തിൻറെ പേരിൽ കവിക്കാദ്യം സാധിക്കേണ്ടത് ഇതാണല്ലോ. ഒരു വിലാപകൃതിയുടെ പരമജീവനായ ഈ ആത്മാർത്ഥതയ്ക്കും ആത്യന്തികശോകത്തിന്നും സാരമായ വിലോപം തട്ടാത്തവിധം കഥാവസ്തുവെ, മലയാളത്തിൽ തീർച്ചയായും പുതിയതെന്നു സമ്മതിക്കേണ്ടൊരു നാടകീയരൂപത്തിൽ കൊള്ളിക്കാൻ, ഒരധ്യേതാവിൻറെ പരിമിതസംസ്കാരത്തിൽ പൂർണ്ണമായി വിശ്വസിച്ചുകൊണ്ടുത്സാഹിക്കുകയും അനർഹമായിട്ടല്ലാതെ ശ്ലാഘിക്കത്തക്ക വിജയം നേടുകയും ചെയ്തു എന്നത് വളർച്ച തികഞ്ഞൊരു മഹാകവിയാകുമ്പോഴും ശ്രീ ചങ്ങമ്പുഴയ്ക്ക് അഭിമാനപൂർവ്വം അനുസ്മരിക്കാവുന്ന ഒരു കാര്യമായിട്ടുണ്ട്. പ്രതിപാദ്യമായിത്തീരുന്ന ജീവിതത്തിന്, പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരാരണ്യലോകത്തില് അകൃത്രിമതയുടെ മാര്‍ത്തട്ടില്‍ കുളിച്ചുരസിച്ചു വളര്‍ന്ന്, ആശകളദികമില്ലാത്തതിനാല് ആനന്ദക്കൂമ്പുകളായി കഴിയുന്ന ആട്ടിടയന്മാരെ ആലംബനാക്കി, കവിയ്ക്കു പറയാനുള്ളതെല്ലാം അവരുടെ കാര്യങ്ങളായി പറഞ്ഞ്, ഇഴതിരിഞ്ഞു കാണാന്‍ പാടില്ലാത്തവിധം ഭദ്രമായി ആദര്ശവുമനുഭവവും പിരിച്ചിണക്കുന്നൊരരു കാവ്യസമ്പ്രദായം യൂറോപ്യന്‍ സാഹിത്യത്തിലുണ്ട്. അതിനു `പാസ്റ്ററല്‍ പോയട്രി' - ആരണ്യകഗാഥകള്‍ - എന്നു പറയും. ശ്രീ.എ ബാലകൃഷ്ണപിള്ളയുടെ ശൈലിയിലാണെങ്കില്‍ റിയലിസത്തെ റൊമാന്‍സിലൊളിപ്പിച്ച്, മധുരസ്വപ്നങ്ങളുടെ മണ്ഡലത്തില്‍ വിഹരിക്കുന്ന ഒരു തോന്നല്‍ ഉളവാക്കത്തക്കവണ്ണം വര്‍ണ്ണിക്കുന്നതാണ് ഈകലാസമ്പ്രദായം. ഇടയപ്പരിഷയുടെ ജന്മസ്വത്തായ സംഗീതാക്മകത അമ്മാതിരി കൃതികളുടെ ഒരു സാധാരണധര്മ്മമാണ്.
ആ ഗാനകളകളത്തിലൂടെ കറയറ്റ വികാരം തടവറ്റൊഴുക്കൊണ്ടിരിക്കും. അതിനാല്‍ ഭാവഗീതങ്ങളുടെ സദസ്സില്‍ ആരണ്യകഗാഥകള്‍ ആദ്യത്തെ പന്തിയില്‍ത്തന്നെ വിളിച്ചിരുത്തപ്പെട്ടിട്ടുണ്ട്. പ്രകൃതിയുടെ ഓടക്കുഴല്വായനകളെന്നു പറയാവുന്ന ഏതാദൃശഗാഥകളില്‍ പരിഷ്കാരത്തില്‍ അധികമധികം കൃത്രിമനായിത്തീരുന്ന മനുഷ്യന്റെ അനുഭവങ്ങളുമഭിപ്രായങ്ങളും എത്രത്തോളം കുത്തിക്കൊള്ളിക്കാം? വളരെ കുറച്ചെന്നായിരിക്കും എല്ലാവരുടെയും ഉത്തരം. പക്ഷേ, ഇറ്റാലിയന്‍ സാഹിത്യത്തില്‍നിന്നു സ്പെന്സറുടേയും ഫ്ലെച്ചറുടെയും മില്‍ട്ടന്റേയും മറ്റു സാഹിത്യത്തോളം എത്തുമ്പോള്‍ ഉത്തരമൊന്നു മാറേണ്ടിവരും. സ്വജീവിതാനുഭവങ്ങളെന്നല്ല ദാര്‍ശനികവും രാഷ്ട്രീയവും സാഹിത്യവിഷയകവും മറ്റുമായി ഈടുറ്റുകിടന്നിരുന്ന അതിതീവ്രമതങ്ങള് പോലും ആകവീശ്വരന്മാര് വളരെയൊന്നും തട്ടിക്കുറയ്ക്കാതെ ആരണ്യകഗാഥകളില്‍ ഒതുക്കി അനൗചിത്യങ്ങള്ക്കിടയാകാതെ പ്രതിപാദിച്ചിട്ടുണ്ട്. `ഷെപ്പേര്‍ഡ് കലണ്ടര്‍', `ലിസിഡാസ്' തുടങ്ങിയ കൃതികള്‍ ദൃഷ്ടാന്തങ്ങള്‍. ചില ചില കാര്യങ്ങള്‍ ഇരിക്കുമ്പാടിനങ്ങുപപാദിച്ചാല് ഏവനുമൊന്നു ചുളുങ്ങുംവണ്ണം ചില മൊട്ടുസൂചിക്കുത്തുകള്‍ ഉണ്ടാകാതിരിക്കുകയില്ല. ആരണ്യകഗാഥകളില്‍ പാകത്തിലിറങ്ങിയിരുന്നെന്നു വരട്ടെ, ആവകയൊന്നും അത്രയ്ക്കനുഭവപ്പെടുകയില്ല. ആ കാവ്യസമ്പ്രദായത്തിന്റെ പ്രായോഗികമയ മെച്ചങ്ങളിലൊന്ന് ഇതാണ്.
ആരണ്യകകാവ്യങ്ങള്‍ (Pastoral Poems) തന്നെ ഇഷ്ടജനവിലാപങ്ങളായതിന്നും ആ വിലാപങ്ങള്‍തന്നെ നാടകീയരൂപത്തിലായതിന്നും യൂറോപ്യന്‍ സാഹിത്യത്തില്‍ വെവ്വേറെ ദൃഷ്ടാന്തങ്ങളുണ്ട് - നമുക്കു സുപരിചിതമായ ഇംഗ്ലീഷിലാണെങ്കില്‍ ആദ്യത്തേതിനു `ലിസിഡാസും' പിന്നത്തേതിനു `ഷെപ്പേര്‍ഡ്സ് കലണ്ടറും'. ഓരോ മാസത്തിന് ഓരോന്നുവീതം പന്ത്രണ്ടൂഗീതങ്ങള് തമ്മിലിണക്കി ഒരു കലണ്ടറിന്റെ രൂപമൊപ്പിച്ചതാണ് ആ കാവ്യമെന്നിരുന്നാലും അതിലെ ഖണ്ഡങ്ങളെ അടിനൂലിട്ടു കെട്ടിയിരിക്കുന്നത്, കോളിന് കൗട്ടിന്റെയും റോസിലിന്റെയും പ്രണയനൈരാശ്യമാണ്. കാവ്യമൊന്നാകെ ആ നൈരാശ്യത്തിന്റെ പേരില്‍ അത്യന്തം ഹൃദയദ്രുതികരമായൊരു വിലാപമായിരിക്കുകയാണ്. മാത്രമല്ല, നായികാനായകന്മാരുടെ കഥകള്‍ ഉറ്റമിത്രങ്ങളായ മറ്റിടയന്മാരുടെ സംഭാഷണങ്ങളിലൂടെ വെളിപ്പെടുത്തീട്ടുള്ളതിനാല്‍ അതിനൊരു നാടകീയത കൈവന്നിട്ടുണ്ട്. സ്പെന്ശരുടെ സുപൂജിതകൃതികളിലൊന്നായ ആ കലണ്ടറും സജാതീയങ്ങളായ മറ്റേതാനും ആരണ്യകകാവ്യങ്ങളും വായിച്ചുകിട്ടിയ സംസ്കാരവിശേഷമാണെന്നു തോന്നുന്നു. ശ്രീ ചങ്ങമ്പുഴയ്ക്കു സ്വാനുഭൂതിയെ രമണനില്‍ക്കാണുംവണ്ണം രൂപപ്പെടുത്തിയെടുക്കാന്‍ പ്രേരകമായത്. അദ്ദേഹം കഥാവസ്തുവെ ഒരു നാടകീയാരണ്യകവിലാപകാവ്യത്തിനന്റെ രൂപമൊക്കുമാറ് ഉപപാദിച്ചതെങ്ങനെയെന്നു നോക്കാം.
ആകെ മൂന്നുഭാഗങ്ങൾ; ആദ്യത്തെ രണ്ടിലും ഉപക്രമരംഗങ്ങൾക്കു പുറമെ അയ്യഞ്ചു രംഗങ്ങൾ; അവസാനത്തേതിൽ നാലും. ഒന്നാംഭാഗത്തിൻറെ ഉപക്രമത്തിൽ ഒരു ഗായകസംഘം വന്ന്,
"മലരണിക്കാടുകൾ തിങ്ങിവിങ്ങി
മരതകകാന്തിയിൽ മുങ്ങിമുങ്ങി
കരളും മിഴിയും കവർന്നു''
മിന്നിയ മലനാട്ടിൻറെ മാദകസൗന്ദര്യം ഹൃദയാവർജ്ജകമായ ശീലിൽ പുകഴ്ത്തിപ്പാടി. അകൃത്രിമരമണീയമായ ഒരു പശ്ചാത്തലം നിർമ്മിക്കുന്നു. അനതിദീർഘമായ ആ പാട്ടിൻറെ ലഹരിയിൽ ഏതനുവാചകനും പരവികാരപരിവർജ്ജിതനായിത്തീരുനം. അപ്പോഴേക്കും ഒന്നാമത്തെ ഗായകൻ.
"അവിടേയ്ക്ക് നോക്കുകുത്താഴ്വരയി
ലരുവിക്കരയിലെപ്പുൽത്തടത്തിൽ
ഒരു മരച്ചോട്ടിൽ രണ്ടാട്ടിടയ
രൊരുമിച്ചിരുന്നതാ സല്ലപിപ്പൂ''
എന്നിങ്ങനെ ആ പകൃതിയുടെ കടാക്ഷങ്ങൾ പോലുള്ള രമണമദനൻമാരുടെ സമീപത്തേക്കു കൂട്ടുകാരെ ക്ഷണിക്കുന്നു. കാനനശ്രീവീലസിതമായ ഒരു രംഗത്തിൽ ഏതാനും ഇടയൻമാർ പ്രത്യക്ഷപ്പെട്ട് അനവാപ്തക്ലേശൻമാരെപ്പോലെ നീട്ടിയങ്ങനെ പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ ആ രംഗത്തുതന്നെ അൽപം അകന്ന് ഒരരുവിക്കരയിലെ പുൽത്തടത്തിൽ അവരുടെ സകലശ്ലാഘകളുമർഹിക്കുന്ന രമണമദനൻമാരെക്കണ്ടിട്ട് ആ ഭാഗത്തേക്കു പോകാൻ ഭാവിക്കുന്നമട്ടിൽ ഒരു ഉപക്രമം കൽപിച്ചതു വിജയമായി. അതിനപ്പുറം ഒന്നാംരംഗത്തിൽ രമണനും മദനനും അതേവരെ ചെയ്തുകൊണ്ടിരിക്കുന്ന സംഭാഷണം തുടർന്നുകൊണ്ടവതരിപ്പിക്കുകയാണ്. അതോ, വളരെ സ്വാഭാവികമായിരിക്കുന്നു. പ്രാണമിത്രത്തിൻറെ നിർബന്ധത്താൽ രമണൻ തൻറെ പ്രണയകഥ,
"ശരദഭ്രവീഥിയിലുല്ലസിക്കു-
മൊരു വെള്ളിനക്ഷത്രമെന്തുകൊണ്ടോ,
അനുരക്തയായിപോൽ പൂഴിമണ്ണി-
ലമരും വെറുമൊരും പുൽക്കൊടിയിൽ''
എന്നാരംഭിക്കുന്ന ഒരു രസികൻഗാനത്തിൽ സംക്ഷേപിച്ചു പറയുന്നു. ആ സംക്ഷേപണം അസ്സലായിട്ടുണ്ട്. മദനനൻ ആ രാഗോദയത്തിൽ സന്തോഷിച്ച് രമണനെന ഹാർദ്ദമായഭിനന്ദിക്കുകയും അതിൻറെ പരിണാമത്തെക്കുറിച്ച് തെല്ലും സംശയിപ്പാനില്ലെന്നു പറഞ്ഞു സമാശ്വാസിപ്പിക്കുകയും ചെയ്യുന്നു. എന്നാലും രമണൻ വിശ്വസിക്കുന്നു. പക്ഷേ, ഭാവി ഇരുണ്ടതായിക്കണ്ടിട്ട് തൻറെ മനോനിലയത്തെ മറിച്ചുവെയ്ക്കാനാശിക്കുന്നു. ഓർക്കുന്തോറും വിഷാദത്തിലേക്കാഴുമ്പോലെ അവനൊരുഭവം. മദനൻ പിന്നെയും ആശയങ്ങനെ കുത്തിവെയ്ക്കുകയാണ്. ആ സന്ധിയിൽ,
"മദനനും തോഴനും തോളുരുമ്മി
മരതകക്കുന്നുകൾ വിട്ടിറങ്ങി;
അഴകു കണ്ടാനന്ദമാളിയാളി,
വഴിനീളെപപ്പാട്ടുകൾ മൂളിമൂളി
ഇടവഴിത്താരയിൽകക്കൂടിയാ ര-
ണ്ടിടയത്തിരകളൊലിച്ചുപോയി''
മറ്റിടയൻമാരുടെ വാക്കിൽ വർണ്ണിതമായ ഈ പോക്ക് ആർക്കും കണ്ണിലങ്ങനെ കാണാം. രംഗമവസാനിക്കുന്നതു ലോലമധുരമായ രാഗാലാപം കേട്ടുകേട്ട് അതിൻറെ മറ്റേതല രമണനാണെന്നുറച്ചു കാത്തിരിക്കുന്ന ചന്ദ്രികയുടെ മണിമാളികയിലേക്കാകർഷിക്കുന്നൊരു നല്ല ഇടയപ്പാട്ടോടുകൂടിയാണ്. പിന്നത്തെ രംഗം ചന്ദ്രികയുടെ മനോഹരഹർമ്മ്യോപവനത്തിൽ. ഇടക്കണ്ണിയുടെ വിളക്ക് ഒത്തിട്ടുണ്ട്. ചന്ദ്രികാരമണൻമാരുടെ ഭിന്നപ്രകൃതികളെ വിശദീകരിക്കുന്നൊരു ദീർഘഭാഷണമാണ് ആ രംഗം. പക്ഷേ, അസ്വാരസ്യം തോന്നിക്കുമാറ് അതിഭാഷണം ഒരു ഭാഗത്തും ഉണ്ടാകുന്നില്ല. നേരെമറിച്ച്,
"തുച്ഛനാമെന്നെ നീ സ്വീകരിച്ചാ-
ലച്ഛനുമമ്മയ്ക്കെന്തു തോന്നും?''
കൊചച്ചുമകളുടെ രാഗവായ്പി-
ലച്ഛനുമമ്മയ്ക്കുമെന്തു തോന്നാൻ?''
എന്നിങ്ങനെ നായകപക്ഷത്തിലെ ആശങ്കാകൃതമായ സംയമനവും നായികാപക്ഷത്തിലെ ആവേഗകൃതമായ ഉത്സാഹവും ഒപ്പമാവിഷ്കരിക്കുന്ന ചോദ്യോത്തരങ്ങൾ ആ സല്ലാപത്തിൻറെ മർമ്മസൂക്തികളായിത്തീർന്നിട്ടുണ്ട്. ഒന്നു വായിക്കുമ്പോഴേക്കും അവ നാവിലങ്ങനെ പറ്റിപ്പിടിച്ചുപോകുന്നതിൽ എന്താണാശ്ചര്യം? ഭാവനയ്ക്കു പരിണതി വന്നുകഴിഞ്ഞ വലിയ വലിയ സാഹിത്യകാരൻമാർ ഏതാദൃശപാത്രങ്ങളെ വിജനസങ്കേതത്തിലവതരിപ്പിച്ചു നിബന്ധിക്കാറുള്ള ഹൃദയസല്ലാപങ്ങൾക്കരികേ നിൽപാൻ ഒട്ടും ഭയപ്പെടേണ്ടതില്ല പ്രസ്തുത രംഗത്തിൻ. അതിനെത്തുടർന്ന്, ഒരു പനിനീർപ്പൂ സമ്മാനിച്ചിട്ട്
"അച്ഛനുമമ്മയുമൽപവുമെ-
ന്നിച്ഛയ്ക്കെതിർത്തു പറകയില്ല:
സമ്മതിക്കുന്നു ഞാനൊന്നിലെങ്കിൽ,
സമ്മതമാണതവർക്കുമപ്പോൾ.
അത്രയ്ക്കു വാത്സല്യംമാണവർക്കി
പ്പുത്രിയിലെന്തിനു ശങ്ക പിന്നെ?''
എന്നാത്മവിശ്വാസം വെളിവാക്കി പ്രാണേശനുമായി പിരിഞ്ഞുപോന്ന ചന്ദ്രിക ആ കഥ പ്രിയസഖിയായ ഭാനുമതിയെ പറഞ്ഞുകേൾപ്പിക്കുന്ന രംഗമാണ്. ഈ കാവ്യത്തിൽ വശീകരണശക്തി ഏറ്റവും സാന്ദ്രീഭവിച്ചുനിൽക്കുന്നതെവിടെയെന്ന് ചോദിക്കുന്നതായാൽ, ഒരുപക്ഷേ, ആ രണ്ടാത്മസഖിമാർ കൈകോർത്തുപിടിച്ച് അപ്സരലോകത്തിലേക്കുയരുന്ന സംഭാഷണത്തിലെന്നു പറയാം. അനുരാഗത്താൽ അത്യൂഷ്മളമായ ഒരു കന്യകാഹൃദയത്തേയും അതിന്ന് അനുരോധമായി സ്പന്ദിക്കുന്നൊരു സഖീഹൃദയത്തേയും തൻമയത്വത്തോടുകൂടി ചിത്രീകരിക്കാൻ കവിക്ക് സാധിച്ചിട്ടുണ്ട്. നീണ്ടും അപ്പോഴേക്കും കുറുകിയും വീണ്ടുമൊന്നു നീണ്ടും പോകുന്ന ആ വികാരഭരിതമായ സല്ലാപം ക്രമേണ ഒറ്റയൊറ്റ ഈരടികളിലായ ത്വരിതഗതിയിൽ കയറി ആ കന്യകമാരെ സാങ്കൽപികസ്വർഗ്ഗത്തിൽ എത്തിച്ചതു കാണാനെന്തൊരു കൗതുകം! 'ലീല'യിലെ രണ്ടാം സ്വർഗ്ഗത്തിന്ന് ശേഷം റബ്ബർപന്തുകണക്ക് അടിച്ചടിച്ചുയരുന്ന ദീപ്തവികാരം ഈ രംഗത്തിലേ കണ്ടുള്ളൂ. ഇനിയും ഇനിയും എന്നാകാംക്ഷ കയറിക്കൊണ്ടിരിക്കുന്നതിനിടയ്ക്ക് പെട്ടെന്ന്,
"മണി പതിനൊന്നു കഴിഞ്ഞുവല്ലോ
മകളേ നിനക്കിന്നുറക്കമില്ലേ?''
എന്ന് അണിയറയിൽ നിന്നെത്തുന്ന ഹ്രസ്വസ്നിഗ്ധമായ മാതൃശാസനം തികച്ചും സ്വാഭാവികമായിരിക്കുന്നു. നാലാംരംഗത്തിൽ രമണമദനൻമാരുടെ മറ്റൊരു സന്ദർശനമാണ്. ആ അനുരാഗബന്ധം പിന്നെയും മുറുകിവരുന്നു എന്നതാണ് അവരുടെ പ്രതിപാദ്യം.
"ആദർശവീണയിൽ പാട്ടുപാടുന്ന ര-
ണ്ടാനന്ദതന്ദ്രികളാണു നിങ്ങൾ;
എത്താതിരിക്കുമോ നിങ്ങൾ തൻ ചാരത്തു
നിത്യാനുഭൂതിതന്നംഗുലികൾ?''
എന്നിങ്ങനെ മദനൻ സോത്സാഹം ഭാവിയെ സ്വാഗതം ചെയ്യുന്നു. സംശയമെന്നൊന്ന് അയാൾക്കില്ല. പക്ഷേ,
"വഞ്ചിതനാവുകയില്ലേ ഞാനിന്നിതിൻ-
പുഞ്ചിരി നോക്കി മദിച്ചുനിന്നാൽ?''
എന്നന്തർമ്മാരകമായി ശങ്കാവിഷം കയറിക്കയറിവരികയാണ് രമണനിൽ. മറ്റിടയൻമാർ വരുന്നതുകൊണ്ട് ആ സ്നേഹിതൻമാർ സംഭാഷണം മതിയാക്കി ആ രസികപ്പരിഷയൊന്നിച്ചു വനത്തിൻറെ വേറൊരു ഭാഗത്തേക്ക് മറയുന്നതോടെ, അണിയറയിൽ നിന്ന്,
"ഏകാന്തകാമുക, നിൻറെ രഹസ്യങ്ങൾ
ലോകം മുഴുവൻ നിറഞ്ഞുപോയി''
എന്നാരംഭിച്ച്,
"സങ്കൽപ ലോകമല്ലീ പ്രപഞ്ചം''
എന്നവസാനിക്കുന്ന ഒരു കൊച്ചുഗാനം പുറപ്പെടുന്നതു രമണനാശിച്ച വിധം കഥ ദുർഘടസന്ധിയിലേക്ക് കടക്കുകയാണെന്ന് സൂചിപ്പിക്കുന്നു. പിന്നത്തെ രംഗത്തിൽ ചന്ദ്രികാ രമണൻമാരുടെ മധുരസല്ലാപങ്ങൾ-ഒരാണ്ടിനുള്ളിൽ പരിണതമായി പരമാസ്വാദ്യമായിത്തീർന്ന രാഗമധുരിമ വഴിഞ്ഞൊഴുകുന്ന സല്ലാപം, 'റോമിയോ ആൻറ് ജൂലിയറ്റ്' എന്ന ഷേക്സ്പീരിയൻ നാടകത്തിലെ ഗൃഹാന്തവാടികാരംഗത്തെ അനുസ്മരിപ്പിക്കുന്ന ഈ സന്ദർശനത്തിൻറെ അവസാനത്തിൽ ചന്ദ്രിക മാളിക വിട്ടു രമണനൊന്നിച്ചിറങ്ങി വനാന്തരവിഹാരത്തിനൊരുങ്ങുന്നതും ദുഷ്പരിണാമശങ്കിയായ രമണൻ,
"നിന്നെയൊരിക്കൽ ഞാൻ കൊണ്ടുപോകാ;-
മിന്നു വേ,ണ്ടിന്നുവേ, ണ്ടോമലാളേ!''
എന്നു പറഞ്ഞ് ആ സംരഭത്തെ വിലക്കുന്നതും,
"ഏകനായ് തന്നിലാക്കാട്ടിലേക്ക്
പോകട്ടേ, പോകട്ടേ, ചന്ദ്രിക ഞാൻ''
എന്നിറങ്ങുന്ന പ്രാണപ്രിയനെ,
"ഭാവനാലോലനായേകനായ് നീ
പോവുക, പോവുക, ജീവനാഥ''
എന്ന് രാഗപരവശയായ കന്യക സമംഗളാശംസം യാത്രയാക്കുന്നതും രസികൻ കൽപനകൾ തന്നെ! രമണൻ പോകുന്ന പോക്കും ആ സുകുമാരരൂപത്തെ അപ്രത്യക്ഷമാകും വരെ നോക്കിയങ്ങനെ നിൽക്കുന്ന ചന്ദ്രികയുടെ ആ നിൽപ്പും ഒന്നു കാണേണ്ടതാണ്. ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരൊന്നാന്തരം ചിത്രം. കാമുകരൂപം പച്ചപ്പടർപ്പിൽ മറയുന്നതോടുകൂടി അവളുടെ കണ്ണുകളിൽനിന്ന് രണ്ടശ്രുകണങ്ങൾ അടർന്നുവീഴുന്നതും ഒപ്പം അണിയറയിൽ നിന്ന് 'ചന്ദ്രികേ'! എന്നൊരു വിളി ഉണ്ടാകുന്നതും രംഗസമാപ്തിയെ സുഭദ്രമാക്കിയിട്ടുണ്ട്.
രണ്ടാംഭാഗത്തിൻറെ ഉപക്രമരംഗം വിശേഷിച്ചൊരു മട്ടാണ്. പ്രകൃതിയുടെ പൂമച്ചായ വനസങ്കേതത്തിൽവെച്ചു നായികാനായകൻമാർ കൈമെയ് മറന്ന് മേളിച്ചാനന്ദപുളകം കൊള്ളുന്നതിനെ അത്രയും കമനീയമായും എന്നാൽ അനഭിനേയമെന്നൊട്ടും തോന്നിക്കാതേയും കാണിക്കണമെന്നതാണ് അവിടെ കവിക്കുദ്ദേശം. അതിൻ അദ്ദേഹമെടുത്ത വിദ്യ മലയാളത്തിൽ നവീനവും അത്യഭനനന്ദനീയവുമായ ഒന്നാണ്. രമണൻ ആ വനസങ്കേതത്തിൽ ഓടക്കുഴൽ വായിച്ച് ആരണ്യലോകത്തെ 'ചാരുസംഗീതത്തിൽ മുക്കി' സകലവും വിസ്മരിച്ചങ്ങനെ നടക്കുന്നു. അണിയറയിലേക്ക് തിരിഞ്ഞ് അവൻറെ ആ നടപ്പിനെച്ചൂണ്ടി ഒരുഗണം ഗായകൻമാർ പാടുന്നതായിട്ടാണ് രംഗാരംഭം. അവർ പോയിക്കഴിയുമ്പോൾ അതാ മറ്റൊരുസംഘം ഗായകൻമാർ. അവർ കാണുന്നതു പാടിപ്പാടി.
"ഒരു പൂത്ത മരത്തിൻറെ തണൽച്ചുവട്ടിൽ
ഓമൽത്തൃണങ്ങൽ വിരിച്ച പട്ടിൽ
കമനീയമായൊരു കവിത പോലെ
രമണനുറങ്ങിക്കിട"ക്കുന്നതായിട്ടാണ്. അരങ്ങത്തുനിന്ന് അണിയറയിലേക്ക് നോക്കി കാമുകൻറെ മധുരസ്വപ്നങ്ങളെക്കുറിച്ച് അവർ പാടുന്നു. ആ സംഘത്തിൻറെ തിരോധാനത്തിൻ ശേഷം വനത്തിൽ ഒരുഭാഗത്ത് നിന്ന് ചന്ദ്രിക പ്രവേശിച്ചു രംഗത്തിൻറെ മറുഭാഗത്തൂടെ മറയുന്നു. ചന്ദ്രികാരമണൻമാരുടെ രഹസ്സമാഗമമായെന്നാണ് അവിടെ വിവക്ഷയെന്ന് പറയേണ്ടല്ലോ. താമസിയാതെ ഗായകസംഘങ്ങൾ ഒന്നിന്നുപിന്നിൽ മറ്റൊന്നെന്ന ക്രമത്തിൽ പ്രവേശിക്കുന്നു. രമണൻറെ ഭാഗ്യാനുഭൂതിയെക്കുറിച്ചാണ് അവരുടെ സംഭാഷണം. രണ്ടാമത്തെ സംഘക്കാർ അതിനിടയ്ക്ക് അണിയറയിലേക്ക് സൂക്ഷിച്ചുനോക്കി ആ കാമിനീകാമുകൻമാരുടെ ഹൃദയാനുരഞ്ജനപാരമ്യത്തിൽ വിരിഞ്ഞുവിളങ്ങിയ നിഷ്കപടലീലാകലവികൾ വാഴ്ത്തിപ്പാടി.
"ഒരിക്കും മറക്കുകില്ലീ വനാന്തം
നേരിട്ടു കണ്ടൊരീ രാഗരംഗം''
എന്ന് കൃതാർത്ഥരാകുന്നു. കാനനസൗഭഗവായ്പിനേയും അതൊന്നിച്ചൊഴുകുന്ന ആയുർകുലജീവിതത്തേയും ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ചിത്രപംക്തികൊണ്ടെന്നകണക്ക്, ഒന്നു കാട്ടി ഉടനെ മാറ്റി അങ്ങനെ പല രംഗങ്ങളിലായി പ്രദർശിപ്പിക്കുകയും അതിനിടയിൽ മേൽപ്പറഞ്ഞ രഹസ്സമാഗമത്തെ വേണ്ടിടത്തോളം മാത്രം സമാവിഷ്കരിക്കുകയും ചെയ്യുന്ന ഈ കൽപനാവിശേഷം മഹാകവികൾക്ക് പോലുമഭ്യസൂയാവഹമായ ഒന്നാണ്. അടുത്ത രംഗത്തിൽ വെളുപ്പിൻ കുളിച്ചു ദേവദർശനം കഴിഞ്ഞു മടങ്ങുന്ന ചന്ദ്രികയും ഭാനുമതിയും പ്രത്യക്ഷപ്പെടുന്നു. സംഭാഷണവിഷയം 'സംഗീതദേവതയാമൊരു ഗന്ധർവ്വ'നായ ആ കൊച്ചാട്ടിടയൻ തന്നെ. തൻറെ ജീവിതത്തിൻ ഒരുത്സവമാണ് അവനെന്നും
"രോമഹർഷങ്ങൾ വിതച്ചുകൊണ്ടീവഴി-
യാ മദനോപമൻ പോയിടുമ്പോൾ''
താനാനന്ദനിർവ്വാണമടയുന്നുവെന്നും ഒക്കെ അവളാവർത്തിച്ചാവർത്തിച്ചു പറയുന്നു. പക്ഷേ,- അതേ, ഒരു'പക്ഷേ' അവളെ വിഷമിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ഭാനുമതി ആ പരിണാമത്തെപ്പിടിച്ചു തോഴിയെ വിദഗ്ധമായനുശാസിക്കുന്നു. എന്തായാലും,
"മാമകജീവിതമാകന്ദതത്തോപ്പിലാ
മാൻമഥകോമളനല്ലാതാരും
തേൻപെയ്യും ഗാനം പൊഴിച്ചണയില്ലൊരു
ദാമ്പത്യമാല്യംവും കൈയിലേന്തി''
എന്ന് ശപഥം ചെയ്തിട്ടേ അവളടങ്ങുന്നൂള്ളൂ. തുടരുന്ന രംഗം ചന്ദ്രികയുടെ ഗൃഹോപവനത്തിൽവെച്ചാണ്, സാധികബാധകങ്ങൾ സകലവും പര്യാലോചിച്ച് ചന്ദ്രിക രമണനെ മാലയിട്ടുവരിക്കുന്നു. സ്വയംവരത്തിലെത്തിക്കുന്ന ആ സമാഗമത്തിൻറെ പടികളോരൊന്നും സ്ഥാനസ്ഥിതമായിട്ടും അന്യോന്യഭാഷണങ്ങളുടെ ദൈർഘ്യം വികാരോജ്ജ്വലതയ്ക്ക് ബാധകമായിരിക്കുന്നു. പൂർവ്വരാഗങ്ങളിൽ ഗുളികാപ്രായം മുറുകിക്കണ്ട ഹൃദ്ഭാവങ്ങൾ ഈ രംഗംതൊട്ട് ആസവപ്രായം അയഞ്ഞയഞ്ഞു പോകുന്നില്ലേ എന്നൊരു തോന്നൽ. രംഗാവസാനത്തിൽ,
"കഷ്ടമായി, നിന്നാശകളെല്ലാം
വ്യർത്ഥമാണിനിച്ചന്ദ്രികേ!
അസ്സുമുഖനാമാട്ടിടയനെ
വിസ്മരിക്കുവാൻ നോക്കൂ നീ!
താവകാമലാകാശത്തിലിതാ
താവുന്നുണ്ടൊരു കാർമുകിൽ
നിശ്ചയിച്ചുകഴിഞ്ഞു, നിൻ വിവാ-
ഹോത്സവത്തിൻ സമസ്തവും''
എന്ന് തിരശ്ശീലയ്ക്ക് പിന്നിൽ നിന്നുണ്ടാകുന്ന അറിയിപ്പ് രാഗബന്ധത്തിൽ അടിച്ചുകയറ്റിയ ചിറ്രാണി ഊരിത്തെറിപ്പിക്കാൻ വളരെ താമസമില്ലെന്നു സൂചിപ്പിക്കുന്നുണ്ട്. ഇനിയത്തെ രംഗം അർദ്ധരാത്രി ചന്ദ്രികയുടെ മണിയറയിൽ വെച്ചാണ്. അവൾ മാത്രമേയുള്ളൂ. ഒരുഭാഗത്ത് സമുദായമര്യാദയും അതിനെ പരിരക്ഷിക്കുന്നത് വലിയൊരു കരണീയമായെണ്ണുന്ന പിതൃജനങ്ങളുടെ ശാസനവും; എതിർഭാഗത്ത് ആ കാമുകോത്തമനോടു പ്രതിജഞാതമായ പ്രണയവുമായി ഒരു മഹാസമരം നടക്കുന്ന അവളുടെ മനസ്സിൽ അതിൻറെ ഭിന്നഭിന്നഘട്ടങ്ങൾ ഇടയ്ക്കിടയക്ക് 'ടോർച്ചടിച്ചു' കാണിക്കുന്നതാണ് അവളുടെ ദീർഘാത്മഗതം. അതിൽവെച്ച് അവൾക്കുണ്ടാകുന്ന ഹൃദയപരിണാമം അൽപം വിചിന്തനീയമായിരിക്കുന്നു. ഏത് ഇരുൾക്കൂമ്പാരത്തേയും രാഗരശ്മി വീശിപ്പിളർന്നു നവമായൊരു സുപ്രഭാതത്തെ സൃഷ്ടിക്കാമെന്നുറച്ച് ആത്മാർപ്പണം ചെയ്തുകഴിഞ്ഞ ഒരു നായിക പെട്ടെന്നിങ്ങനെ പിൻമാറുകയോ? യാഥാർത്ഥ്യം മറച്ചിട്ടില്ലെന്നേയുള്ളൂ എന്ന് പറഞ്ഞേക്കാം കവി. എന്നാലും അവളെക്കൊണ്ടു കഠാരിയെടുപ്പിച്ചത് വയനക്കാരനോ പ്രേക്ഷകനോ പ്രതീക്ഷിക്കാത്തത്ര വേഗത്തിലായെന്നും അവളുടെ പിൻമാറ്റത്തിൻ പ്രേരകമാകുന്ന പ്രതിപക്ഷത്തിൻറെ ശക്തി കാണിച്ചതു മതിയായില്ലെന്നും ഒരാവലാതിക്കിടയുണ്ട്. Truth is stranger than fiction ( സ്വഭാവം കൽപിതത്തെക്കാളും അസംഗതമാകാം ) എന്നുണ്ടല്ലോ. ഈഘട്ടത്തോടെ നായികയുടെ സ്വഭാവം അധഃപതിക്കുകയാണ്.
"എന്തുവന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരീജ്ജീവിതം''
എന്നൊരു തിളച്ചുമറിയുന്ന ഭോഗലാലസയായി തരംതാഴുന്നു, അവളുടെ പ്രേമം. അതേവരെ പൂജിച്ചിരുന്നതൊക്കെ അവളെടുത്തു വലിച്ചെറിയുന്നു. പിതൃജനാദരവ്രതത്തിൻ ബലിയോ ചന്ദ്രിക? അത് വിശ്വസിക്കാൻ കഴിയുന്നില്ല. അവൾ സ്ത്രീഹൃദയത്തിൻറെ പ്രവാഹത്തെ ഒരു രാത്രികൊണ്ടണകെട്ടി പിന്നോക്കമിറക്കിയിരിക്കുകയാണ്. അതിൻ നാം വേണ്ടാ, അവളെ കുറ്റപ്പെടുത്താൻ, അവളുടെ ഇഷ്ടതോഴി, ആ വിവേകിനിയായ ഭാനുമതി തന്നെ തന്നെ അവളെ വിളിച്ചുനിർത്തി 'ക്രോസ്' ചെയ്യുന്നുണ്ട്- ശ്രീരാമനോടു ഞായം ചോദിക്കുന്ന വാസന്തിയുടെ വൈഭവത്തോടുകൂടി, നാലാംരംഗം നോക്കുക. അത് അവസാനിക്കുമ്പോൾ കുറ്റം സമുദായനീതിക്കെന്നതിലുമധികം ചന്ദ്രികയ്ക്ക് തന്നെയന്നു സ്പഷ്ടം. ഗായകസംഘത്തിൻറ ഉപസംഹാരം നായകനൈരാശ്യത്തിൻറെ കൊടുംവിഷനാളത്തിലൂടെ വരാനിരിക്കുന്ന സംഹാരത്തിൻ ഉപക്രമമായിട്ടുണ്ട്.
അഞ്ചാംരംഗം വനാന്തരങ്ങളിൽ നിന്ന് കേൾക്കുന്ന വിഷാദപര്യാകുലമായ ഗാനംകൊണ്ടാരംഭിക്കുന്നു. ഇത് കേട്ടുണരുന്ന മദനൻ സ്നേഹിതൻറെ ദുർദ്ദശാപരിപാകത്തെക്കുറിച്ചോർത്തു മുഖം വിളറി ഒരു മരച്ചുവട്ടിൽ പൊങ്ങിനിൽക്കുന്ന ഒരു വേരിൻമേൽ തലയ്ക്ക് കൈയ്യും കൊടുത്തു ചാരിയിരിക്കുകയാണ്. അവൻറെ സഹാനുഭൂതിയിൽ നിന്ന് ഒരു വ്യാകുലഗാനം പൊഴിയുന്നു. ആ ഗാനത്തോടുകൂടി മദനൻറെ സൗഹാർദ്ദത്തിൻ വിലയൽപം ഇടിയുന്നില്ലേ? ആരംഭം തൊട്ടേ രമണനിൽ നിഴലടിച്ചിരുന്ന പരാജയഭീതിയെ തടിപ്പിക്കേണ്ടന്നു കരുതി വകതിരിവോടെ അയാളെ പ്രോത്സാഹിപ്പിച്ചുപോന്നു. എന്നുവെച്ചിട്ട് മദനൻ ആ രാഗകഥയിലെ അപകടസന്ധിയെപ്പറ്റി അതേവരെ ആലോചിച്ചിട്ടില്ലെന്നുവരുമോ? എന്നല്ല, അങ്ങനെയൊരു വിപരീതഗതിക്ക് വിളംബമില്ലെന്ന് തോന്നുമ്പോഴേക്കും,
"നീ മറഞ്ഞാലും തിരയടിക്കും
നീലക്കുയിലേ, നിൻ ഗാനമെന്നും''
എന്ന് ഒരാശംസയോടെ ചുമലൊഴിഞ്ഞുനിൽക്കുന്നത് ഉറച്ച സൗഹാർദ്ദത്തിനിണങ്ങിയതോ? ഏതായാലും ആ നിസ്സഹായതാഗാനത്തെ രമണൻറെ പ്രവേശം വിച്ഛേദിച്ചതു നന്നായി. ഇരുപേരും കടുംദുഃഖത്തിൻ പുഞ്ചിരികൊണ്ടു വെങ്കളിയിടുവാൻ ക്ലേശിക്കുന്നു. പിന്നെ ഒരു കൊച്ചു കുശലാനുയോഗമാണ്
"അക്കൊച്ചുതേൻമാവിൻ മുട്ടിൽനിന്നി-
ശ്ശർക്കരമാമ്പഴം വീണുകിട്ടി;
ഞാനതും സൂക്ഷിച്ചുവെച്ചു, നിന്നെ-
ധ്യാനിച്ചിരിക്കുകയായിരുന്നു''
എന്ന മദനോക്തി ഏറ്റവും ഹൃദയാവർജ്ജകമായിട്ടുണ്ട്. ഇടിഞ്ഞ സൗഹാർദ്ദത്തിന്ന് അതു നല്ലൊരൂന്നായിരിക്കുന്നു. അപ്പുറം ആ പ്രാണമിത്രങ്ങളുടെ കരളുരുക്കുന്ന വികാരവിനിമയമാണ്.
"നിസ്സാരയാമൊരു പെണ്ണുമൂലം
നിത്യനിരാശയിൽ നിൻറെ കാലം
ഈവിധം പാഴാക്കുകെന്നതാണോ
ജീവിതധർമ്മം-? ഒന്നോർത്തുനോക്കൂ!''
എന്നിങ്ങനെ സ്നേഹിതൻറെ വ്രണത്തെ വിരോപണം ചെയ്യാൻ മദനൻ ശ്രമിക്കുന്നുണ്ട്. പക്ഷേ,
"കഷ്ടം! കൊതിയുണ്ടു പാടുവാനെൻ
ചിത്തമുരളി തകർന്നുപോയി!
ഇക്കണ്ണുനീരും നിരാശയുമാ-
യൊറ്റയ്ക്കു ഞാനീ വനാന്തരത്തിൽ
ഹാ! മരണത്തിൻ സമാഗമം കാ-
ത്തീമട്ടിരുന്നു കരഞ്ഞുകൊള്ളാം''
എന്നുവരെ മജ്ജാതന്തുക്കളെ കരണ്ടൊടുക്കിയിരിക്കുന്നു ആ വ്രണം. പിന്നെ ഒന്നഴിച്ചികെട്ടിയാലുണ്ടോ വാടുന്നു, ഉണങ്ങുന്നു?
ഇനിയത്തെ ഭാഗത്തിൽ രമണമദനൻമാരുടെ അന്തിമസന്ദർശനം, ചന്ദ്രികയുടെ വിവാഹദിവസം രാവിലെ മദനൻറെ സകലകാര്യപരാമർശകമായ വിലാപം, അന്നുതന്നെ അർദ്ധരാത്രി മരണത്തെ സ്വാഗതം ചെയ്യുന്ന രമണൻറെ മാനസോപപ്ലവവിജ്ഞാപനം, രമണൻറെ ജഡം കണ്ട് അമ്പരന്നു മിത്രമരണത്തോടുള്ള മദനൻറെ നിലവിളി എന്നിങ്ങനെയാണ് രംഗങ്ങൾ. അവയ്ക്ക് പൊതുവേ ഒരു തരക്കേടുപറ്റിയിട്ടുണ്ട്. എത്തേണ്ടിടത്തെത്തുംമുമ്പ് പൊട്ടിപ്പരക്കുന്ന അമിട്ടുപോലെയാണ് ആദ്യത്തെ രംഗം രണ്ടും.
കഥാഗതിയനുസരിച്ച് നടക്കാനിരിക്കുന്നതേയുള്ള മരണം. പക്ഷേ അനുഭവമനുസരിച്ച് അതങ്ങു നടന്നകഴിഞ്ഞതായിവെച്ചും കൊണ്ടല്ലേ ആ രംഗങ്ങളിലെ പ്രസ്താവനകളുടെ ഗതി എന്ന് തോന്നിപ്പോകുന്നു. തീരുമാനപ്പെട്ടൊരു സംഗതിയിൽ ഇനിയൊന്നും തനിക്ക് കരണീയമായില്ലെന്നൊരു മട്ടിലാണ് മദനൻറെ ദീർഘദീർഘമായ നിരൂപണം. ആ രംഗങ്ങളിലും ശരി, ന്തിമരംഗങ്ങളിലും ശരി, പാത്രങ്ങൾ കഥയുടെ പൊഴിയിൽനിന്ന് തെറ്റി കലാകാരൻറെ കൈപ്പരമ്പങ്ങളായിത്തീർന്നിരിക്കുന്നു. അതിഭാഷണം എല്ലാറ്റിലും - വിശേഷിച്ച് അവസാനത്തേത്തിൽ-വിപരീതഫലം ചെയ്തിരിക്കുന്നു. ശാന്തഗംഭീരമായിത്തീരേണ്ട കരുണം പരഭാഗശോഭ കളഞ്ഞ് രൗദ്രബീഭത്സയാനകസങ്കൽപമായിപ്പോയിരിക്കുന്നു. ഇതൊരു വല്ലാത്ത അനൗചിത്യമായെന്ന് ആരും പറയും. പക്ഷേ, കവിയുടെ ഭാഗത്തുനിന്ന് അൽപം വാദിക്കാൻ വകയില്ലെന്നില്ല. ചെറുപ്പത്തിൽ തനിക്കുണ്ടായ ഒരു സൂതീവ്രാനുഭവത്തെ ചെറുപ്പത്തിൻറെ തനിക്കുണ്ടായ ഒരു സൂതീവ്രാനുഭവത്തെ ആ ചെറുപ്പത്തിൻറെ കത്തിക്കാളുന്ന വികാരത്തോടും ഭാവനയോടും കൂടി രൂപപ്പെടുത്തി പ്രതിപാദിച്ചതാണ് ഈ കാവ്യം. അതിൻറെ അന്തിമഘട്ടത്തിൽ- ദാരുണദാരുണമായ പരിണാമത്തിന്റെ ഘട്ടത്തില്‍ - അദ്ദേഹം അനുഭവസ്മരണാകുലനായി അനീതി പക്ഷത്തോട് അൽപം അരിശപ്പെട്ടുവെന്നത് ഒരുവിധത്തിൽ മർഷണീയമായിരിക്കുന്നു. യാതൊരനുഭവത്തോടും കടപ്പാടില്ലാതെ കലാശിൽപത്തിനൊത്ത വിധത്തിൽ ഭാവനയെ സ്വരൂപിക്കാൻ തികച്ചും സ്വതന്ത്രരും സുപരീക്ഷിതവൈഭവരുമായ മഹാകവികൾ തന്നെ ഒടുക്കമെന്നല്ല, ഇടയ്ക്കിടയ്ക്കും അപകടങ്ങൾ കാണിച്ചിട്ട്, അതെല്ലാം 'മാപ്പാക്കിക്കളയാ'നേയുള്ളൂ എന്ന് ഔദാര്യം കാണിക്കുന്ന നമ്മുടെ സഹൃദയൻമാർക്ക് അത് തീർച്ചയായും മർഷണിയമായിരിക്കും.
പ്രണയവൈഫല്യംംവഴി ശോകപര്യവസിതമായ രമണജീവിതം നമ്മുടെ സഹാനുഭൂതിയെ അർഹിക്കുന്നുവോ? കാവ്യത്തിൽ കാണുന്നപടിക്ക് രമണനുള്ളത്, ഒരാദർശത്തിൻ ജീവിച്ച്, പരിതഃസ്ഥിതിലോകം അതിനെ യഥോചിതമറിഞ്ഞ് അഭിനന്ദിക്കുന്നില്ലെന്ന് വരുമ്പോൾ കുണ്ഠിതപ്പെട്ടു. പരാജയം വരിക്കുന്ന ഒരു കലാകാരൻറെം വികാരം നിറഞ്ഞ ഹൃദയമാണ്. തനിക്കൊരു മാഹാത്മ്യം-അനിതരസാധാരണമായൊരു മാഹാത്മ്യം - ഉണ്ടെന്ന് ആത്മാർത്ഥമായി വിശ്വസിക്കുക. അത് അർഹിക്കുന്നത്ര അഭിവന്ദിതമല്ലാതാകുമ്പോൾ മനസ്സുകൊണ്ട് അപകർഷപ്പെട്ടുപോവുക, ആ അപകർഷബോധം നീറിപ്പിടിച്ചു ജീവിത്തോടാകെ വല്ലാത്ത വെറുപ്പായിത്തീരുക. എന്നീട്ട് അപരാധമെല്ലാം യാഥാസ്ഥിതികലോകത്തിൻറെ നെറുകയിൽ വെച്ചുകെട്ടി താനേ അന്തരിക്കുക- ഈ പ്രകൃതിക്കാരായ ഒരുഗണം റൊമാൻറിക് കവികളില്ലേ, രമണനെ അത്തരത്തിലൊരാളായെടുക്കാം. അഭിജാതൻമാരുടെ നീതിയാൽ പിന്തള്ളപ്പെട്ട് അയാൾ പൊട്ടിത്തെറിക്കാറായ ഒരു അഗ്നിപർവ്വതം പോലെയായി. അയാളുടെ ആത്മഹത്യ The inevitable defeat of the 'ideal' by the real ( അനുഭവത്താൽ ആവശ്യം തോൽപ്പിക്കപ്പെടുന്ന ആദർശം) എന്നതിനു ദൃഷ്ടാന്തമായിരിക്കുകയാണ്. ചന്ദ്രികയെ അയാൾ സ്നേഹിച്ചു. തനിക്കുള്ളതെന്തെന്നും തന്നോടൊതിർത്തേക്കാവുന്ന ബഹിശ്ശക്തികളേവയെന്നും പലവട്ടം വെളിപ്പെടുത്തി അധികമധികം സ്നേഹിച്ചു. എന്നല്ല, സർവ്വാദർശവിഗ്രഹമായാരാധിക്കുകയും ചെയ്തു- 'ഡാൻറി' 'ബിയട്രിസി'നെ എന്ന പോലെ, ആ ഗാഢബന്ധം നിഷേധിക്കപ്പെട്ടപ്പോൾ തൻറെ സകല വൈഭവങ്ങളും-തൻറെ അസ്തിത്വം പോലും - നിഷേധിക്കപ്പെട്ടെന്നു തോന്നി. അയാളങ്ങാത്മഹത്യചെയ്തു.
താൻ ജീവിതചന്ദ്രികയായി പൂജിച്ച ആ ചന്ദ്രികയിൽ രമണൻ യാതൊരു കളങ്കവും കണ്ടില്ല. കാണുമെന്ന് മദനൻ തന്നെ പറഞ്ഞിട്ടും അയാൾ വിശ്വസിച്ചിട്ടില്ല. കാട്ടിക്കൊടുത്തിരുന്നെങ്കിലോ, കണ്ണ് വഞ്ചിച്ചതായേ അയാൾ എണ്ണുമായിരുന്നുള്ളൂ. അയാൾ എതിർത്തത് ചന്ദ്രികയുടെ മനംമാറ്റത്തോടോ? അല്ല അഭിജാതപ്പരിഷയുടെ വ്യക്തിപ്രഭാവാവധീരണത്തോടോ? അല്ല, അഭിജാതപ്പരിഷയുടെ വ്യക്തിപ്രഭാവാവധീരണത്തോടാണ്. ആ പ്രത്യാഖ്യാനം അൽപം അർത്തവത്താണെന്ന് സമ്മതിക്കണം.
സമുദായത്തിൻ അതിൽനിന്നൊരു പാഠം പഠിക്കാനുണ്ട്. ഒരു പ്രണയവൈഫല്യംത്തിൻറെ പേരിൽ-മറുഭാഗത്തെ വികാരസ്ഫുരിതമായ അഭിനന്ദനത്തെ 'റൊനി' അഭിപ്രായപ്പെടുമ്പോലെ, ആദർശപ്രേമത്തിൻറെ പര്യായമായി തെറ്റിദ്ധരിച്ചിട്ടുണ്ടായ ഒരു പ്രണയനൈരാശ്യത്തിൻറെ പേരിൽ-സ്വജീവിതത്തെ ഹനിച്ചു സമുദായഭർത്സനം ചെയ്യുന്നത് എത്രത്തോളം ഫലവത്താണ്? അതിലും ഭേദം ഒരു പടി യാഥാർത്ഥ്യങ്ങളിലേക്കിറങ്ങിനിന്ന് പൗരുഷത്തോടെ നീതി പരിഷ്കാരത്തിൻ വേണ്ടി പൊരുതുന്നതല്ലേ? പക്ഷേ അതിൻ വേണ്ട മനോബലം-സംസ്കാരത്തിൽ കാച്ചിയെടുത്ത മനോബലം-രമണനില്ലാതെപോയി.
"കണ്ണുനീരോടെതിർത്തു നിൽക്കുവാൻ
കർമ്മധീരനുമല്ലവൻ''
കർമ്മവിരക്തി-അത് രമണനെപ്പോലുള്ള ഒരുഗണം റൊമാൻറിക് കവികളുടെ ഭാഗ്യക്കേടാണ്. ചുരുക്കത്തിൽ രമണൻറെ പരാജയസമ്മതം അയാളുടെ പ്രായത്തിനും പ്രകൃതിക്കും ഒത്തതായെന്നേയുള്ളൂ. Life, which is a comedy for those who think, is a tragedy for those who feel- walpole(ജീവിതം വിചാരശീലൻമാർക്ക് ശുഭാന്തമാണെങ്കിൽ വികാരഭരിതൻമാർക്ക് അശുഭാന്തമാണ്.)
കഥയുടെ ചുരുൾ അഴിഞ്ഞുപോകുന്തോറും രമണൻറെ ആദർശോൻമുഖമായ ആത്മവത്തയും അത് വിലമതിക്കപ്പെടാത്തതിനാല അകത്തുപുകഞ്ഞുകൊണ്ടിരുന്ന വിഷാദവും അവ തമ്മിൽ മത്സരിച്ചു ദുർമ്മരണത്തിലെത്തിച്ച ജീവിതവും യഥാരൂപം പ്രദർശിതമാകുന്നതിനാൽ സഹൃദയൻമാർക്ക് അയാളോടുണ്ടാകുന്ന സഹതാപത്തെ അടിസ്ഥാനപ്പെടുത്തി ഈ കാവ്യം ഒരു യഥാർത്ഥവിലാപകൃതിയുടെ ഫലം ചെയ്യുന്നുണ്ടെന്ന് പറയാം. ഒരു നാടകീയാരണ്യകാവ്യത്തിൻറെ രൂപത്തിൽ ഒളിഞ്ഞുനിന്നതുകൊണ്ടു നായകോത്കർഷം മങ്ങിപ്പോയിട്ടില്ല. വിലപിക്കുന്നവൻറെ ആത്മവിശുദ്ധിക്ക് കോട്ടംതട്ടിയിട്ടുമില്ല. അന്തിമഖണ്ഡത്തിൽ മദനൻറെ രോദനങ്ങൾ വേറിട്ടുനിൽക്കുന്ന വിലാപങ്ങളാവുകയും എന്നാൽ കയാൽ ജാഗരിതമായ ശോകത്തെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദുരന്തത്തെ കണ്ടുംകൊണ്ടുനിന്നു പൊട്ടിപ്പിളരുന്ന ഒരു മിത്രമനസ്സിൻറെ വിലാപം വികാരിപ്ലവമായിരിക്കുമെങ്കിൽ പൂർണ്ണമായും അതായിട്ടുണ്ട്. മദനൻറെ രോദനം. സംഭവത്തിൽനിന്ന് കുറെ അകന്ന് വികാരത്തെ സംയമനം ചെയ്തു നല്ലൊരു വിചിന്തനത്തിൻറെ ഫലമായെഴുതുന്ന വിലാപകൃതികളിലെ ഒഴിച്ചാലും ഒഴിയാത്ത കൃത്രിമത മദനോക്തികൾക്ക് പറ്റിയിട്ടില്ല. പക്ഷേ, വികാരത്തിൻറെ പരക്കംപാച്ചിലിൽ മനുഷ്യൻറെ കനക്കുറവവ് കാണിക്കുന്ന കുറേ പ്രലപനങ്ങൾ വന്നുപോയിട്ടുണ്ട്. നായകൻ ഏതൊരു നീതിസംഹിതയുടെ നേരെ ഊർദ്ധശ്വാസം കൊണ്ടൊരു ചോദ്യചിഹ്നമുയർത്തിയോ, അതിൻറെ സവിസ്തരമായ ഭാഷ്യമാണ് ആ പ്രലപനങ്ങളെന്നിരുന്നാലും അവ കാവ്യശിൽപത്തിൻറെ വെടിപ്പൊന്നു കുറച്ചിരിക്കുന്നു.
ശ്രീ ചങ്ങമ്പുഴയുടെ ശൈലിക്ക് പേർപെറ്റ ചില മേൻമകളുണ്ട്- കർണ്ണം കുളിർപ്പിക്കുന്ന സംഗീതമാധുര്യവും കണ്ണഞ്ചിപ്പിക്കുന്ന രൂപപ്പൊലിമയും ഹൃദയം കവരുന്ന സാരൾയവും, ബാല്യംകൃതിയായ രമണനിൽതന്നെ തെളിഞ്ഞിട്ടുണ്ട്. അവയെല്ലാം നോക്കുക:
"കണ്ടിട്ടില്ല ഞാനീവിധം മലർ
ച്ചെണ്ടുപോലൊരു മാനസം.
എന്തൊരത്ഭുതപ്രേമസൗഭഗം
എന്തൊരാദർശസൗരഭം!
ആ നിധി നേടാനാകയാൽ, സഖീ,
ഞാനൊരു ഭാഗ്യശാലിനി!
സിദ്ധിയാണവൻ, ശുദ്ധിയാണവൻ,
സത്യസന്ധതയാണവൻ!
വിത്തമെന്തിനു, വിദ്യയെന്തിനാ
വിദ്യുതാംഗനു വേറിനി?
ആടുമേയ്ക്കലും കാടകങ്ങളിൽ
പ്പാടിയാടി നടക്കലും;
ഒറ്റഞെട്ടിൽ വിടർന്നു സൗരഭം
മുറ്റിടും രണ്ടു പൂക്കൾപോൽ
പപ്രാണസോദരനായിടുമൊരു
ഗാനലോലനാം തോഴനും;
വിശ്രമിക്കാൻ തണലെഴുമോരോ
പച്ചക്കുന്നും വനങ്ങളും;
നിത്യശാന്തിയും തൃപ്തിയും രാഗ
സക്തിയും മനശ്ശുദ്ധിയും
ചിന്തതൻ നിഴൽപാടു വീഴാത്തൊ
രെന്തു മോഹനജീവിതം!''
"അവനിയിൽ ഞാനൊരാട്ടിടയൻ
അവഗണിതൈകാന്തജീവിതാപ്തൻ!
പുഴകളും കാടും മലയുമായി
ക്കഴിയും വെറുമൊരധഃപതിതൻ!
അവളോ?വിശാലഭാഗ്യാതിരേക
പ്പവിഴപ്പൂങ്കാവിലെ രത്നവല്ലി!
കനകവസന്തത്തോടൊത്തുകൂടി
ക്കതിരിട്ടുനിൽക്കേണടും കൽപവല്ലി!''
"നിശിതമധ്യാഹ്നമാക്കാനനത്തിൻ
നിറുകയിൽത്തീമഴ പെയ്തു നിൽക്കേ,
അവിടുത്തെച്ഛായാതലങ്ങൾ, കാണ്‍കെ,
ന്തനുപമശീതളകോമളങ്ങൾ?''
ദ്രാവിഡശീലുകളിൽ സംഗീതം പകർന്നുകൊടുക്കുന്നന്നതിൽ ഇത്രകാലേ ഒന്നാംസമ്മാനം വാങ്ങിയ കവി വേറെയില്ലെന്ന് വേണം പറയാൻ. നയനാവർജ്ജകമാംവണ്ണം വികാരങ്ങൾക്ക് തങ്കരേക്കിട്ടു രൂപംകൊടുക്കുന്നതിനും ശ്രീ ചങ്ങമ്പുഴയ്ക്ക് നല്ല മിടുക്കുണ്ട്. വേണ്ടിടത്തേ അത് ചെയ്യാറുള്ളൂ. പക്ഷേ, ഇതിലുമധികം അദ്ദേഹത്തിൻറെ ശൈലിയെ സമകാലികൻമാരുടേതിൽ നിന്ന് വേർതിരിച്ചത് കഷ്ടപ്പെടുത്തുന്നത് അതിൻറെ സാരൾയമാ ണ്. പറയാനുള്ളത് അദ്ദേഹമങ്ങു പറഞ്ഞാൽ ഉടനെ മനസ്സിലാകുന്നു. അതാണ് പലരേയും അന്ധാളിപ്പിക്കുമാറ് അദ്ദേഹത്തിൻറെ കൃതികൾ സാധാരണൻമാർക്കിടയിൽക്കൂടി ചുഴിഞ്ഞിറങ്ങുന്നതിനിടയാക്കിയ ഹേതുക്കളിൽ പ്രധാനം. വിവക്ഷിതത്തിൻറെ വാക്കെന്നല്ലാതെ വാക്കിൻറെ വിവക്ഷിതം എന്ന നയം അദ്ദേഹത്തെ ബാധിച്ചിട്ടില്ലെന്ന് തോന്നുന്നു. അദ്ദേഹം പഴമക്കാരുടെ നോട്ടത്തിൽ വ്യുത്പന്നനോ? അല്ലെന്നേ കാവ്യങ്ങൾ വിളിച്ചപറയുകയുള്ളൂ. അതോ, മലയാളികൾക്കൊരനുഗ്രഹവുമായി ലിംഗശ്ലേഷകങ്ങൾക്കരികെ കുന്തിച്ചിരുന്നു യാതൊരു ഹൃദയസാത്മ്യവുമില്ലാത്ത ഒരുവക മായികാർത്ഥങ്ങൾ ഞെക്കിത്തുറുപ്പിച്ച്, അതൊരു വലിയ കലാവിദ്യയാണഎന്ന് ദുർവ്വാശിപിടിച്ച്, സാഹിത്യത്തിൻ വേണ്ടി അത്യാർത്തിയോടെ വരുന്ന പാവപ്പെട്ട മലയാളികളെ അമ്പരപ്പിക്കാനും വഞ്ചിക്കാനും അദ്ദേഹത്തിന് തോന്നിയില്ലല്ലോ എന്നോർത്താണ് അനുഗ്രഹമെന്ന് പറഞ്ഞത്. പിന്നെ അർത്ഥസാന്ദ്രിമയുടെ കാര്യം-ധ്വനിദീക്ഷകൊണ്ടുണ്ടാകേണ്ടതുതന്നെ. അതിൽ അദ്ദേഹത്തിൻ നിഷ്കർഷം ഇനി വരേണ്ടതായിട്ടാണിരിപ്പ്. പക്ഷേ, അതൊരു പോരായ്കയല്ല ഇക്കാര്യത്തിൽ. നാടകീയമാണല്ലോ രൂപം. പാത്രഭാഷണങ്ങളിൽ തുറന്നപറയലുകൾക്കാണ് അധികം ഔചിത്യമെന്നു പ്രസിദ്ധം. ഒന്നും രണ്ടും ഭാഗങ്ങളിൽ സംഭാഷണങ്ങളോരോന്നിന്നും ആകപ്പാടെ ഒരടുക്കുണ്ട്. ധ്വനികാര്യത്തിൻറെ ഒരെത്തിനോട്ടം തന്നെ. അപ്പുറത്തേക്ക് കടന്നപ്പോൾ പറഞ്ഞുപറഞ്ഞങ്ങേറിപ്പോയി.
ഗ്രാമീണസൗന്ദര്യപ്പുളപ്പിൻറെ ഒരു പശ്ചാത്തലമൊരുക്കുക, അതിൽ ഗ്രാമീണാനുരാഗകഥയുടെ കോരിത്തരിപ്പിക്കുന്ന രംഗങ്ങൾ സ്വരൂപിച്ച് യഥാസ്ഥാനം വിനിവേശിപ്പിക്കു, പാത്രങ്ങളേയും കർമ്മഭാവങ്ങളേയും അത്യപായകരമായി ഔചിത്യക്ഷതി പറ്റാത്തവിധം ഇണക്കിക്കൊള്ളിക്കുക, യവനനാടകങ്ങളിലെ 'കോറസ്' പോലുള്ള ഗായകസംഘങ്ങളെക്കൊണ്ടിടക്കൊളുത്തിടുവിച്ച് കഥയെ സുഘടിതാവയവമാക്കുക-ഇത്രയും ഈ കാവ്യത്തിലെ നേട്ടങ്ങളാണ്. യൂറോപ്യൻ സാഹിത്യത്തിൽ നിന്ന് ആരണ്യകാവ്യങ്ങളുടെ കമനീയശിൽപത്തെ നമ്മുടെ ഭാഷയിലേക്കൊന്നാമതായവതരിപ്പിച്ചതു രമണൻറെ കർത്താവാണ്. അദ്ദേഹം തൻറെ ഏതാനും അനന്തരകൃതികളിൽ ആ കലാസമ്പ്രദായത്തെ അവഗണിക്കാൻ വയ്യാത്തൊരു സാഹിത്യവിഭാഗമാക്കത്തക്കവണ്ണം പരിപോഷിപ്പിച്ചിട്ടുമുണ്ട്. പല കാവ്യങ്ങളും പഴയ കോലങ്ങൾ തന്നെ പിന്നെയും പിന്നെയും ചായം തേച്ചുഴഞ്ഞുവെയ്ക്കുന്നതിൽമാത്രം മനസ്സിരുത്തിക്കൊണ്ടിരിക്കെ, പുതിയൊരു കലാരൂപം ഇത്രയും പണിക്കുറ്റം തീർത്തുതന്നതിൽ ശ്രീ ചങ്ങമ്പുഴയ്ക്ക് ശകാരമല്ലാതെ മറ്റൊന്നുമവകാശപ്പെടാനില്ലെന്നോ? അദ്ദേഹം ചെയ്തതെന്തെന്ന് കാണാൻ കണ്ണില്ലാതെ, അല്ലെങ്കിൽ മനസ്സിലാതെ, അദ്ദേഹം 'എന്തുചെയ്തു, എന്തുചെയ്തു' എന്ന് വെല്ലുവിളിക്കുന്നവർ ഒരാവേശത്തിൻ അങ്ങനെ പറയുമായിരിക്കും. വാസ്തവത്തിൽ ആ അഭിനവകലാരൂപം തീരെ കൊള്ളരുതാത്തൊന്നാണെന്ന് തെളിയിക്കപ്പെടാത്ത കാലംവരെ അതൊരു അസഹിഷ്ണുതയുടെ വെറുംപിടുത്തമായേ തീരു. മനുഷ്യൻറെ വികാരാംശത്തെപ്പോലെതന്നെ വിചാരാംശത്തേയും ഉജ്ജീവിപ്പിക്കുന്ന സാംസ്കാരികമായൊരു സിദ്ധൗഷധമല്ലായിരിക്കാം രമണൻ. പക്ഷേ, കരുണത്തിൽപ്പോയി തലതല്ലുന്ന ശൃംഗാരത്തെ തട്ടിത്തടഞ്ഞനൗചിത്യങ്ങളിൽ വീണ് കുട്ടിച്ചോറാകാതെ, നാവിൽ വെള്ളം തെളിയിക്കുന്ന ഭോഗലാലസയായി തരംതാഴാതെ, ഉപനിബന്ധിക്കുവാൻ നല്ല ചോരത്തിളപ്പുള്ളൊരു കവിക്കും വേണമെന്നുവെച്ചാൽ കഴിയുമെന്നതിൻ രമണൻ നിദർശമായിരിക്കുന്നുണ്ട്. എനിക്ക് അതിലെ വികാരം രാധയുടെ കൃതാർത്ഥത' വരെയുള്ള സുപ്രഥിതകൃതകളിലേതോളം തന്നെ വൈഷയികമായി തോന്നിയിട്ടില്ല.
അവതാരിക - അമൃതഗാനം ചൊരിഞ്ഞൊരാ നാവ്
പ്രൊഫ. എസ്. ഗുപ്തന്നായർ
ചങ്ങമ്പുഴ കവിത ചരിത്രത്തിൻറെ ഭാഗമായിക്കഴിഞ്ഞു, സാഹിത്യചരിത്രത്തിൻറെ മാത്രമല്ല, നമ്മുടെ സാംസ്കാരിക ചരിത്രത്തിൻറെ ഭാഗം. അന്നു ജീവിച്ചിരുന്ന അസംഖ്യം കവികളുടെയിടയിൽ, യൗവനസഹജമായ കാമക്രോധമോഹങ്ങളെയെല്ലാം സ്വാംശീകരിച്ച് ആജൻമസിദ്ധമായ കവനകലാസൗഭഗത്തോടെ ആവിഷ്കരിച്ച ഏകകവി എന്നുപറയാം. ആധുനിക മലയാളത്തിൽ ഇത്രയേറെ അനുകർത്താക്കളെ ആകർഷിച്ച മറ്റൊരു കവിയില്ല. ചങ്ങമ്പുഴയുടെ തൊട്ടുമുമ്പത്തെ കാലഘട്ടത്തിൽ വള്ളത്തോളിൻറെ പിടിയിൽപ്പെടാതെ കഴിയുവാനായിരുന്നു വലിയ പണിപ്പാട്. വള്ളത്തോൾക്കവിതയുടെ ലഹരി ഒതുങ്ങുന്നതിനുമുമ്പുതന്നെ പ്രത്യക്ഷപ്പെട്ട ജി. ശങ്കരക്കുറുപ്പിൻറെ കവിതയാകട്ടെ, ഉയർന്ന ബുദ്ധിജീവികളുടേയും ചിന്താശീലരുടേയും മനസ്സിനെയാണ് ഏറെയും അപഹരിച്ചത്. അപ്പോഴാണ് ചങ്ങമ്പുഴയുടെ വരവ് - സുഗന്ധിയായ ഒരു വസന്തമന്ദാനിലൻപോലെ. ആ സംഗീതസ്യന്ദനത്തിലേറി ആസ്വാദകർ മതിമോഹകങ്ങളായ സ്വപ്നലോകങ്ങളിൽ സഞ്ചരിച്ചു. അർത്ഥത്തെപ്പറ്റി അധികമൊന്നും ആലോചിച്ചില്ല. ആലോചിക്കാതെ തന്നെ ഊറിയൂറി ഉള്ളിലുറഞ്ഞു കൂടുന്ന സാന്ദ്രഘനമായ ഒരനുഭൂതി - അതായിരുന്നു മാന്ദ്യാവസ്ഥയിൽ നിന്ന് - ഹാങ്ങോവറിൽനിന്ന് എന്നുതന്നെ പറയട്ടെ - ഉണർന്നെണീക്കാൻ ആസ്വാദകർക്കു പലപ്പോഴും നന്നേ ക്ലേശിക്കേണ്ടിവന്നു.
ചങ്ങമ്പുഴക്കാലത്ത് വേറെയും പ്രശസ്ത കവികളുണ്ടായിരുന്നുവെങ്കിലും ചങ്ങമ്പുഴയുടെ സ്ഥാനം സവിശേഷമായിരുന്നു. വള്ളത്തോളിൻറെ ഭാഷയിൽ പറഞ്ഞാൽ ചങ്ങമ്പുഴ, 'ഗാനയന്ത്രങ്ങളിൽ വീണപ്രകാണ്ഡം' പോലെയും 'സൂനങ്ങളിൽ പനിനീർപ്പൂവു'പോലെയും ആയിരുന്നു.
ചങ്ങമ്പുഴ മരിച്ചിട്ട് ഇപ്പോൾ 42 കൊല്ലം കഴിയുന്നു. ആകെ 37 വർഷത്തെ ജീവിതം, അതിൽ പതിനേഴും വർഷമേയുള്ളൂ കാവ്യജീവിതം. (1930 - 31 - ലെ കവിതകളാണ് ചങ്ങമ്പുഴ ആദ്യമായി പുസ്തകരൂപത്തിലിറക്കാൻ ആഗ്രഹിച്ച ലീലാങ്കണം.) അക്കാലത്തിനടയിൽ അമ്പത്തിയൊൻപതു കൃതികൾ.! തീർച്ചയായും ഒരദ്ഭുതഗന്ധർവ്വകുമാരന്തന്നെ. എന്തുകൊണ്ടാണ് ചങ്ങമ്പുഴ കാവ്യലോലുപരെ ഇങ്ങനെ ആദ്യംമുതലേ ഹരം പിടിപ്പിച്ചത്? അത് യൗവനത്തിൻറെ കവിതയായിരുന്നു എന്നു നേരത്തെ പറഞ്ഞു. യൗവനവികാരങ്ങളിൽ വച്ച് ബലിഷ്ഠമായ പ്രേമത്തിൻറെ മാദകശക്തമായിരുന്നു നാം കേട്ടത്. 'യുവാവായി സാഹിത്യത്തിലവതരിച്ച് യുവാവായി ഉല്ലസിച്ച് യുവാവായി അസ്തമിച്ച ദേവപ്രിയനാണ് ചങ്ങമ്പുഴ എന്ന് വൈലോപ്പിള്ളി പറഞ്ഞു. പ്രേമത്തിൻറെ കവി എന്നു പറഞ്ഞാൽ മതിയാവില്ല. പ്രേമവും കാമവും ആശയും നിരാശതയും എല്ലാംകൂടി കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു മനസ്സിൻറെ വീകാരോദ്ബണമായ ആവിഷ്കാരമായിരുന്നു ആ കവിത. അതിനുമുമ്പു പ്രേമത്തെപ്പറ്റി ഇത്ര സ്വാനുഭവത്തോടെ ആരു പാടിയിട്ടുണ്ട്? വല്ലവരും പാടിയിട്ടുണ്ടെങ്കിൽ പ്രതീകാത്മകമായി സന്ദിഗ്ധകണ്ഠരായി പര്യായോക്തരീതിയിൽ മാത്രം.
സ്വന്തം പ്രണയ വികാരങ്ങളെപ്പറ്റി പറയാൻ വലിയ നാണമായിരുന്നു. കുമാരനാശാൻറെ 'നിഷ്കപടതയോട്' എന്ന കവിത സ്വാനുഭവനിഷ്ഠമാണ്. പക്ഷേ, അവിടെ ഒരർദ്ധസന്യാസിയുടെ ധർമ്മാധർമ്മവിചാരമാണ് നമ്മെ ആകർഷിക്കുന്നത്. എൻറെ ഓർമ്മയിൽ പതിഞ്ഞുകിടക്കുന്ന പ്രശസ്യമായ മറ്റൊരു പ്രണയഗാനമാണ് ബോധേശ്വരൻറെ 'അതുതാനബലം വരദം സുഖദം' (1932) പ്രണയം എന്ന വികാരത്തിൻറെ കാൽപനിക സൗന്ദര്യം അതിൻറെ പരമമായ സംഗീതമാധുര്യത്തിൻറെ കാൽപനിക സൗന്ദര്യം അതിൻറെ പരമമായ സംഗീതമാധുര്യത്തോടെ എൻറെ തലമുറ ആസ്വദിച്ചത് ആ കവിതയിലൂടെയാണ്. അന്ന് ചങ്ങമ്പുഴയെ ഞങ്ങൾ അറിയുകയില്ല. ബോധേശ്വരൻറെ കവിതയും ഒരർത്ഥത്തിൽ ഒരർദ്ധസന്യാസിയുടെ ഉദാത്തീകൃതമായ പ്രണയത്തിൻറെ മന്ത്രണമാണ്.
"ക്ഷണഭംഗുരമാം സുഖസം
പ്രണവാത്മരുചിപ്രചുരാശയരാൽ
തൃണമായഖിലം ഗണനം തുടരാം
ഗുണമില്ലിവയെന്നുരചെയ്തുഴലാം.''
എന്നിങ്ങനെ കവിയുടെ ധർമ്മസന്ദേഹങ്ങൾ പ്രണയവൈപവശ്യത്തിനിടയിലും പ്രകടിപ്പിക്കപ്പടുന്നു. പിന്നെ ധൈര്യമവലംബിച്ച് കവി പറയുന്നു:
"സരളേ വരികെൻ സവിധേ സദയം
വിഹിതാവിഹിതം നിനയേണ്ടമലേ''
റൊമാൻസിസത്തിൻ രണ്ടു സുപ്രധാനഭാവങ്ങളുണ്ട്. ഒന്ന്, പലായനത്തിൻറെ ഭാവം. മറ്റത് ഉള്ളിലേക്കിറങ്ങൽ കിരെമുല എന്ന് അതിനു ചിലർ പേർ നൽകുന്നു. ഇവയിൽ ആദ്യത്തേതു മാത്രമാണ് മലയാളകവിതയെ ഏറെക്കാലം അടക്കി ഭരിച്ചത്. രണ്ടാമത്തേതിനെ നിശ്ശങ്കമായും നിരങ്കുശമായും പ്രവേശിപ്പിച്ചു എന്നതാണ് ചങ്ങമ്പുഴയും ഇടപ്പള്ളിയുമൊക്കെ ചെയ്തത്. എത്രയെത്ര പ്രണയഗാനങ്ങൾ. എത്രയെത്ര സങ്കൽപഗോപികകൾ. എത്ര രാസലീലകൾ.
എത്ര ശാകുന്തളത്തിലൂടെൻ
സ്വപ്നസരിത്തു തളർന്നൊഴുകി
എത്രയോ രാധകളെന്നിലോരോ
നൃത്തം നടത്തിപ്പിരിഞ്ഞുപോയി!
* * *
ഓരോ നിമിഷമെൻ പ്രാണനെത്ര
രാസലീലയക്കു വിധേയമായി!
മത്സഖിമാരെനിക്കേ കിടുന്നോ
രുത്സവങ്ങൾക്കെല്ലാം സാക്ഷിനിൽക്കാൻ
എത്തിയില്ലെന്നടുത്തെത്രയെത്ര
നിസ്തുലഹേമന്തയാമിനികൾ!''
1935ൽ ഇരുപതു പ്രേമഗാനങ്ങൾ മാത്രം ഉൾക്കൊള്ളുന്ന ഹേമചന്ദ്രിക പുറത്തുവന്നപ്പോൾ ചില വിമർശകൻമാർ പറഞ്ഞുപോൽ, മലയാളഭാഷയുടെ അധഃപതനം ഇതാ, ഇവിടെ ആരംഭിച്ചിരിക്കുന്നുവെന്ന്. പക്ഷേ, ആ ശബ്ദം ഒരൽപപക്ഷത്തിൻറെയാണ്. യഥാർത്ഥത്തിൽ ആസ്വാദകൻമാരായിരുന്നു കൂടുതലെന്ന് ആയിടെ മാത്രം ഒരു കോളേജു വിദ്യാർഥിയായി രാജധാനിയിലെത്തിയ എനിക്കു പറയാൻ സാധിക്കും. വെണ്മണി ശ്ലോകങ്ങളിലും വിലാസലതികകളിലും ഉള്ളത്ര നാരീസ്തനജഘനവർണ്ണനയൊന്നും ചങ്ങമ്പുഴക്കവിതയിലില്ല. 1945ൽ അമ്പതു പ്രേമഗാനങ്ങളുൾക്കൊള്ളിച്ച് വിപുലപ്പെടുത്തിയ പുത്തൻപതിപ്പിലും മാംസകളതയുടെ മാദകത്വം വളരെ കുറവാണ്. ജയദേവഗീതങ്ങളേക്കാൾ രവീന്ദ്രനാഥടാഗോറിൻറെ ഗാനങ്ങളാണ് അന്ന് കവിയെ സ്വാധീനിച്ചിരിക്കാവുന്നതെന്നു തോന്നുന്നു. ഏകസ്വരതകൊണ്ടുള്ള വിരസത ചിലപ്പോൾ നമുക്കനുഭവപ്പെടുന്നുണ്ട്. സമ്മതിച്ചു. എങ്കിലും അവ്യാഖ്യേയമായ മാധുര്യവും സാരൾയവും ആ കവിതയിലോരോന്നിലും ഓളം വെട്ടുന്നു.
പരിചോലും കാനനമുല്ലകൾതൻ
പരിമളം മാഞ്ഞുതുടങ്ങിടുമ്പോൾ
ഒരു കയ്യിൽ നാലഞ്ചു പുസ്തകവും
മറുകയ്യിൽ കൊച്ചു കുടയുമായീ
ഇതിലേ കടന്നു നടന്നുപോമ
പ്പുതുതായ് പൂമൊട്ടിട്ട മുല്ലവല്ലി.
രംഗം സുപരിചിതം. പക്ഷേ, പുതുതായി പൂമൊട്ടിട്ട മുല്ല വല്ലി എന്ന ആ ഒറ്റ പ്രയോഗം വരികൾക്കാകെ ചാരുത നൽകുന്നു. വീണ്ടും.
ആരുമറിഞ്ഞിടാതെൻ ജീവിത്തതിലേ
ക്കൊരാൽ നടന്നുവന്നവളാരു നീ?
പേർത്തുമെൻ ചിത്തം തുളുമ്പിടുമ്മാറതാ
കേൾപ്പു നിൻ നേരിയ കാൽച്ചിലമ്പൊച്ചകൾ!
നെഞ്ചിടിപ്പേറ്റുമാറെത്തുന്നു ചാരെ നിൻ
ചഞ്ചലവസ്ത്രാഞ്ചലസ്വനവീചികൾ!
ചിന്നിപ്പരക്കുന്നു മൽജ്ജീവനാളത്തിൽ
നിൻ നെടുവീർപ്പിൻ സുഗന്ധലഹരികൾ!
ആരു നീയുജ്ജ്ലജ്യോതിർവിലാസമേ?
ആരു നീയുൽക്കടപ്രേമവിശാലമേ?
ഇതിലെ അവസാനത്തെ വരിയിലെ സംബോധന സാഭിപ്രായവിശേഷണമാണെന്ന് ചങ്ങമ്പുഴ പറഞ്ഞതായി ഞാൻ ഓർമിക്കുന്നു. (വിശാലാക്ഷി എന്നു പേരുള്ള യുവതി എന്നർത്ഥം) ഇത്തരം പ്രേമഗാനങ്ങളിൽ ആശയഗാംഭീര്യം അൻവേഷിക്കുന്നത് വ്യർത്ഥമാണ്. ലോലവികാരങ്ങളുടെ വിവിധ താളങ്ങളിലുള്ള സംവിധാനക്രമം മാത്രമാണ് നാം കാണുന്നത്. ഈ ഗാനങ്ങളെല്ലാം ആത്മാർത്ഥ പ്രണയത്തിൻറെ ആവിഷ്കാരമാണോ? ഈ ആവേശമെല്ലാം യഥാർത്ഥമാണോ? അതോ അഭിനയം മാത്രമാണോ? ഇങ്ങനെ ചോദ്യങ്ങളുയരാം. കവി പാടുമ്പോൾ അതിനു വൈകാരികമായ യാഥാർത്ഥ്യമുണ്ടെന്നു കരുതിയാൽ മതി (1944 - 45 കാലത്ത് ദേവിയോട് തോന്നിയ പ്രേമമൊഴികെ മറ്റെല്ലാം ചഞ്ചലങ്ങളായിരുന്നു.) ഏതെങ്കിലുമൊരു സുന്ദരിയെ ദൂരെക്കണ്ടാലും ചങ്ങമ്പുഴയുടെ ഉള്ളിൽ വേലിയേറ്റമുണ്ടാകും. കൂടെക്കൂടെ കണ്ടാൽപ്പിന്നെ ചോദിക്കയും വേണ്ടാ, പ്രണയത്തിലെ വിഹിതാവിഹിതങ്ങളൊന്നും കവിക്കു പ്രശ്നമല്ല, തൻറെ ഗാനത്തിൻ ഈണമാകുന്നതെന്തും വിഹിതം തന്നെ. 'ഉദ്യാനലക്ഷ്മി' (1939) എന്ന കവിതയിലെ നായികയെപ്പറ്റി കവി പറഞ്ഞത് എനിക്കോർമ്മയുണ്ട്. അന്നത്തെ കോളേജ്ബ്യൂട്ടി എന്നറിയപ്പെട്ടിരുന്ന ഒരുപെണ്കുട്ടിയെപ്പറ്റി കൂട്ടുകാർ വർണ്ണിച്ചുകേൾപ്പിച്ചു. (കവി പഠിച്ചിരുന്ന കോളേജിലല്ല.) അവളെ കാണണമെന്ന് കവിക്കാവേശമായി. കണ്ടു; ഒരു കുതിരവണ്ടിയിൽ പോകുന്നതുകണ്ടു. കവിയുടെ ഭാവന വികസിച്ചു. സിരകളുലഞ്ഞു, തലയിൽ മിന്നൽപ്പിണർ പാഞ്ഞു. അവളെ, മലരുതിരുമതിരുചിരകുഞ്ചാന്തരങ്ങളിൽ പ്രതിഷ്ഠിച്ചു. അലർവനിയിലൊക്കെയും വെണ്മവീശുന്ന ശൃംഗാര ലോലയാക്കി. അത് അനുരാഗമൊന്നുമല്ല, സൗന്ദര്യാരാധനമാത്രം. പക്ഷേ, മനോഹരമായ ഒരു ഗാനം പിറന്നു. നമുക്കതുപോരെ?
ഗാഢമായി പ്രേമിക്കുന്നവൻ തീവ്രമായി വെറുക്കാനും കഴിയുമെന്നു പറയാറുണ്ട്. ചങ്ങമ്പുഴയ്ക്ക് വെറുക്കാനും കഴിയുമായിരുന്നു. അങ്ങനെയാണ് ചങ്ങമ്പുഴയുടെ പാടുന്ന പിശാചായി സ്വയം ഉദ്ഭാവനം ചെയ്തത്. 1935ൽ വേതാളകേളിയും 1939ൽ പാപത്തിൻറെ പുഷ്പങ്ങളും എഴുതുമ്പോൾതന്നെ ഈ ഭാവം കവിയിലുണ്ടായിരുന്നതാണെന്നും നാം ഓർമിക്കുക. രണ്ടിലും പാശ്ചാത്യകവികളുടെ സ്വാധീനമുണ്ട്. ബോധ്ലേറുടെ പ്രസിദ്ധമായ Fleurs du Mal ൻറെ സ്വാധീനത്തിലാകാം ചങ്ങമ്പുഴ പാപത്തിൻറെ പൂക്കളെഴുതിയത്. ഫ്രഞ്ച് സിംബലിസ്റ്റ് കവികളെ ചങ്ങമ്പുഴ ഏറെക്കുറെ വായിച്ചു മനസ്സിലാക്കിയിരുന്നു. വീണ്ടും 1949ൽ പാടുന്ന പിശാച് എഴുതുമ്പോൾ പരകീയകവികളുടെ ആവേശമുൾക്കൊണ്ടല്ല സ്വന്തം അനുഭവത്താലാണ് കവി പ്രചോദിതനായത്. പാടുന്ന പിശാചുപോലെ ഇത്ര മനോഹരമായ ഒരാത്മകഥാകാവ്യം മലയാളത്തിൽ മറ്റാരുമെഴുതിയിട്ടുള്ളതായി ഓർമിക്കുന്നില്ല. ആശാൻ അന്യാപദേശീയരീതിയിൽ എഴുതിയ കുയിലാണ് ഇതിനോട് ഏതാണ്ട് അടുത്തുവരുന്ന മറ്റൊരു കൃതി. പക്ഷേ, പാടുന്നപിശാചിലെ വികാരപ്രപഞ്ചം അന്യത്ര ദൃശ്യമല്ല. "സ്വാനുഭവങ്ങളുടെ അതിതീക്ഷ്ണതയും അതിൻറെ ഫലമായ കാവ്യ ചിന്താപരിണതിയും അംഗോപാംഗസംഘടനയും കൊണ്ട് ഓണപ്പൂക്കളിലേയും സ്പന്ദിക്കുന്ന അസ്ഥിമാടത്തിലേയും കവിതകൾ മറ്റെല്ലാ കവിതകളേക്കാളും മികച്ചുനിൽക്കുന്നു എന്ന എ. ബാലകൃഷ്ണപിള്ള പറഞ്ഞിട്ടുണ്ടല്ലോ. അവയിൽ നിന്ന് അൽപം കൂടി മികച്ച കൃതിയാണ് പാടുന്ന പിശാച് എന്നെനിക്കഭിപ്രായമുണ്ട്. (കേസരി അസ്ഥിമാടത്തിൻ അവതാരിക എഴുതുമ്പോൾ ഈ കൃതി പുറത്തുവന്നിരുന്നുമില്ല.) വെറുപ്പിൻറെ കവിതയുടെ ശക്തിയാണ് നാം ഇവിടെ ദർശിക്കുന്നത്. കാവ്യാവതരണഭാഗത്തിലെ ആ പ്രതീകാത്മകചിത്രം തന്നെ മനോഹരമാണ്".
ഉത്കട പ്രാണദണ്ഡത്താൽ പുളയുമൊ
രുഗ്രസർപ്പത്തെയും കൊക്കിലേന്തി
തഞ്ചത്തിൽ തഞ്ചത്തിൽ തത്തിജ്ജ്വലിക്കുന്ന
മഞ്ചാടിച്ചെങ്കനൽക്കണ്ണുരുട്ടി
ആരാലെൻ മുന്നിലൊരാണ്മയിലായിവ
ന്നാടിനിൽക്കുന്നു ഹാ പാപമേ നീ.''
ഭീകരമായ ചിത്രം! പാപത്തിൻറെ പ്രതീകമായ സർപ്പപാശ്ചാത്യരുടെ മീഥോളജിയിൽ പ്രസിദ്ധമാണ്. ഇവിടെ ആ സർപ്പത്തെയും കൊത്തിവലിക്കുന്ന മയിലാണ് പാപം. പിന്നീട് ഈ പ്രതീകം കൂടുതൽ ഭീകരവും കൂടുതൽ സങ്കീർണവുമായ ഒരു സർ റിയലിസ്റ്റിക് ചിത്രമായി മാറുന്നു.
രണ്ടല്ല നാലല്ല നാനൂറു കയ്യുക
ളുണ്ടെനിക്കുഗ്രനഖങ്ങളുമായ്
പല്ലുകളല്ലുഗ്രദംഷ്ട്രങ്ങൾ കണ്ണുനീ
രല്ലെൻമിഴികളിൽ. തീപ്പൊരികൾ!
* * *
ഓടക്കുഴലൊരു കൈയിൽക്കൊടും തല
യോടു മറ്റൊന്നിൽ; ഒന്നിൽക്കുഠാരം
വേറൊന്നിൽ മദ്യുചഷകം.
രക്തമിറ്റിറ്റുവീഴും കുടർമാലകൾ...
ഇങ്ങനെ അത്യന്തഭീകരമായ മട്ടിൽ ആത്മദർശനം നടത്തുന്ന കവി ഭാവന ഉർന്നുപോകുന്നു. ദേവതയും പിശാചും ഒരാളിൽത്തന്നെ ദൃശ്യമാകുന്ന ഈ ഭാവവരുദ്ധ്യം യഥാർത്ഥ റൊമാൻറിക് ചേതനയ്ക്കു സ്വാഭാവികമാണെന്ന് മനഃശാസ്ത്രജ്ഞൻമാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സൗഹൃദത്തിൻറെയും സൗഭാഗ്യത്തിൻറെയും ഇടയ്ക്കുപോലും മനസ്സിൻറ ഇരുളടഞ്ഞ അധഃസ്ഥലങ്ങളിൽ തപ്പിത്തിരിയാതെ അവർക്കു സ്വസ്ഥതയില്ല. നൻമയേയും നിഷ്കളങ്കതയേയും പൂവിട്ടുപൂജിക്കുമ്പോഴും തന്നിൽ നിന്ന് അവയൊക്കെ അകന്നുപോകുമെന്ന ഭീതി അവരെ പിടികൂടുന്നു. അതാണ് അവർ പാടുന്ന പിശാചായും നീറുന്ന തീച്ചൂളയായും ഒക്കെ മാറുന്നത്.
" നിങ്ങളോർമ്മിക്കുമോ
നീറുന്നൊരീ മനസ്സിൻറെ ഗദ്ഗദം?''
ചങ്ങമ്പുഴയുടെ വിഷാദാത്മകത്വം വളരെയേറെ വിമൃഷ്ടമായിക്കഴിഞ്ഞിട്ടുണ്ട്. സഞ്ജയനെപ്പോലുള്ള സൻമാർഗ്ഗവാദികളായ വിമർശകൻമാരുടെ കൊടിയ ആക്ഷേപത്തിനും പാത്രമായിട്ടുണ്ട്. വിമർശനങ്ങൾ എങ്ങനെയിരുന്നാലും വിഷാദം ശാശ്വതമായ ഒരു സത്യമാണ്. ഏതു ദുഃഖത്തെയും ബ്ലോട്ടിങ് പേപ്പർപോലെ ഒപ്പിയെടുക്കാൻ കവികൾക്കുള്ള കഴിവ് ജൻമസിദ്ധവുമാണ്. അവർ തൊട്ടാവാടികളായ ഒരു സവിശേഷ ജീവിവർഗമാണെന്നുവരെ ജീനസ് ഇറിറ്റബീൽ - പറയാറുണ്ട്. (ലയണൽ ട്രില്ലിങ്ങിൻറെ ആർട്ട് ആൻഡ് ന്യൂറോസീസ് എന്ന പ്രബന്ധം നോക്കുക) ഇത് മെലങ്കോളിയ എന്ന മനോരോഗമാണെന്ന് വധിക്കാൻ വളരെ എളുപ്പം. മനുഷ്യശരീരത്തിലെ നാലു ഹ്യൂമറുകളിൽ കൃഷ്ണപിത്തത്തിൻറെ ആധിക്യം കൊണ്ടാണ് മെലങ്കോളിയാരോഗം ഉണ്ടാകുന്നതെന്നാണ് യവനവൈദ്യശാസ്ത്രത്തിൻറെ സിദ്ധാന്തം(choler - പിത്തരസം)അതൊരു സ്ഥിരം ചിത്തവൃത്തിയാകുമ്പോൾ ചികിത്സ അനിവാര്യമത്രേ. വിഷാദാത്മകരായ കവികളിൽ ചിലരെങ്കിലും ഈ ചിത്തവൃത്തിയിൽ നിന്നു ക്രമത്തിൽ മോചനം നേടിയിട്ടുണ്ട്. ഇടപ്പള്ളി രാഘവൻപിള്ളയെപ്പോലെയുള്ളവർ അതിനു കീഴ്പ്പെട്ട് ജീവിതമൊടുക്കുന്നു. ഏതായാലും ചങ്ങമ്പുഴയ്ക്കു വിഷാദരോഗം സ്ഥിരമായിരുന്നില്ല എന്ന് ഊഹിക്കാൻ കഴിയും. രോഗം ഗ്രസിക്കുമ്പോൾ തളർന്നു വീണുപോകുമെങ്കിലും എങ്ങനെയോ അദ്ദേഹം ചാടിയെഴുന്നേൽക്കുന്നുണ്ട്. ഇടപ്പള്ളിയോളം ആത്മാർത്ഥയും ആദർശഭ്രാന്തും ഇല്ലാതിരുന്നതാകാം ഒരു കാരണം. 'കപടലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം' എന്ന് 1934 - ൽ എഴുതിയ കവിക്ക്. "കപടലോകം കപടം നടിച്ചിടാൻ കഴിയുമിന്നെനിക്കുണ്ടൊരൽപം ജയം'' എന്ന് 1946ൽ എഴുതാൻ കഴിഞ്ഞത് അതിനാലാണ്. ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും സ്വഭാവങ്ങൾക്കു തമ്മിലുണ്ടായിരുന്ന വൈജാത്യത്തെപ്പറ്റി ഞാൻ മുമ്പൊരവസരത്തിലെഴുതിയിട്ടുണ്ട്. ഇടപ്പള്ളി അന്തർമ്മുഖനും ലജ്ജാലുവും മിതവാക്കും രൂപയോഗ്യത കുറഞ്ഞവനുമായിരുന്നു. ചങ്ങമ്പുഴയാകട്ടെ, ബഹിർമുഖനും പ്രദർശനപരനും വാചാലനും സുഭഗനും ആയിരുന്നു. ഇടപ്പള്ളി വിധിക്കു വഴങ്ങിക്കൊടുത്തു. ചങ്ങമ്പുഴയാകട്ടെ, വിധിയോടു മല്ലിട്ടു മുന്നേറി.
വിഷാദാത്മകരെ, സമുദായദ്രോഹികളെന്നോ രോഗ ബീജം വിതക്കുന്നവരെന്നോ വിളിച്ച് ആക്ഷേപിക്കുന്നതിലൊരർഥവുമില്ല. ഗീതാഹൃദയം ഗ്രഹിച്ച സഞ്ജയനെപ്പോലുള്ളവർ പറയും ദുഃഖമുണ്ടെങ്കിലും കരയരുതെന്നും, അഥവാ കരഞ്ഞാൽത്തന്നെ ശബ്ദം പുറത്തുകേൾക്കരുതെന്നും മറ്റും ഇങ്ങനെ പറയുന്നത്, കരയുന്നവൻറെ ചുണ്ടുകോടരുതെന്നു പറയുന്നതിനു തുല്യംമാണ്. വിഷാദമഗ്നനായ കവിക്ക് കരച്ചിൽ തന്നെയാണ് ആശ്വാസം. നമുക്ക്് അൻവേഷിക്കാനുള്ളത് ഈ കരച്ചിൽ അനുകരണമോ അഭിനയമാത്രമോ ആണോ എന്നതാണ്. അതാണ് കാതലായ കാര്യം. മറ്റൊന്നുകൂടിയുണ്ട്. ഈ കരച്ചിൽ കാവ്യരൂപത്തിലാകുമ്പോൾ അതിൻ അവശ്യം വേണ്ട സംവിധാനഭംഗി കവി ദീക്ഷിച്ചുവോ? അതോ വലിയവായിലൊരു നിലവിളി മാത്രമാണോ? സ്പന്ദിക്കുന്ന അസ്ഥിമാടത്തിൻറെ അവതാരികയിൽസൂക്ഷ്മദൃക്കായ ഏ. ബാലകൃഷ്ണപിള്ള ചങ്ങമ്പുഴയുടെ രചനകൾക്കു ഒരു പോരായ്മയെപ്പറ്റി കൗശലപൂർവ്വം സൂചിപ്പിച്ചിട്ടുണ്ട്. സ്പന്ദിക്കുന്ന അസ്ഥിമാടത്തിലേയും ഓണപ്പൂക്കളിലേയും സ്വാനഭുവമധുരമായ കൃതികൾക്കുള്ള മേൻമയെ വാഴ്ത്തുമ്പോഴാണ് അദ്ദേഹം എരട്ടനിഷേധത്തിൻറെ മട്ടിൽ ഈ സൂചന നൽകുന്നത്. "കവിയുടെ കൃതികളിൽ പലതിലും കാണാറുള്ള അംഗോപാംഗസംഘടനാസാമർഥ്യക്കുറവിൻറെ അഭാവവുമാണ്.'' ഈ കൃതികൾക്കു മെച്ചം നൽകുന്നത്. അതായത് പല കൃതികളിലും അംഗോപാംഗസംഘടനക്കുറവുണ്ടെന്നർത്ഥം. വാചാലതയാണ് ചങ്ങമ്പുഴയുടെ വലിയ ശത്രുവെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. തേനുലാവിനപദങ്ങൾ തിരമാലകൾ പോലെ മേലേ മേലേ വന്നു മറിയുമ്പോൾ എവിടെ നിർത്തണമെന്നറിയാതെ അങ്ങു പറഞ്ഞുപോകുക. എന്നാൽ കറുക്കലിൽ കിട്ടുന്ന രസം വിരുത്തലിൽ കിട്ടുകയില്ല വിരുത്തലിൻറെ രസം ഒട്ടൊക്കെ ഉപരിപ്ലവമാണുതാനും.
ഈ കവി എന്തിനാണ് തൻറെ ദുഃഖത്തെ ഇങ്ങനെയൊരു കൊണ്ടോട്ടമാക്കിത്തീർത്തതെന്നും ചോദിക്കാവുന്നതാണ് ആത്മാവിൻറെ ഭാരം ലഘൂകരിക്കാൻവേണ്ടിയും അനുകമ്പ ആവർജ്ജിക്കാൻവേണ്ടിയും എന്ന ഉത്തരം. പറഞ്ഞു പെരുപ്പിക്കുക, പറഞ്ഞു ഫലിപ്പിക്കുക - ഇവ രണ്ടും വിഷാദരോഗത്തിൻറെ ലക്ഷണമാണ്. എല്ലാ ദുഃഖോപാസകൻമാരും - ലിയോപാർദി, ഷെല്ലി, കീറ്റ്സ്, ബോദ്ലേർ, വെർലേൻ - എല്ലാവരും ഇങ്ങനെ ചെയ്തിട്ടുണ്ട്. ഇവിടെയാണ് കലയും ഞരമ്പുരോഗവും (ന്യൂറോസിസ്) തമ്മിലുള്ള ഗാഢബന്ധമെന്നു മുൻ പറഞ്ഞ പ്രബന്ധത്തിൽ ലയണൽ ട്രില്ലിങ് പറയുന്നുണ്ട്. ഇതിൻറെ അർത്ഥം കലാകാരൻറെ ബലം ഞരമ്പുരോഗമാണെന്നല്ല. ഞരമ്പുരോഗം അവൻറെ സർഗ്ഗശക്തിക്ക് വീര്യമിയറ്റുന്നു എന്നു മാത്രമാമ്. പിരപൂർണ്ണമായ മാനസികാരോഗ്യം കവിതയുടെ വിത്തു വിതയ്ക്കുക പതിവില്ല.
"There is no doubt that what we called mental illness my by the knowledge of psychic knowledge. Some neurotio people because they are more apprehensive than normal people are able to see more of certain parts of reality and to see them with more intensity. And many neurotic or psychotic patients are ind cretain respects in closer touch with the actualities of the unconcous than normal people. Further the expression of a neurotic or psychotic conception of reality is likely to be more intense than a normal one.."
(ചുരുക്കം: യാഥാർഥ്യത്തിൻറെ ചില മുഖങ്ങൾ ദർശിക്കാൻ, കൂടുതൽ സൂക്ഷ്മമായും തീക്ഷ്ണമായും ദർശിക്കാൻ, സാമാന്യമനസ്കരേക്കാൾ ചില ഞരമ്പുരോഗികൾക്കു കഴിവുലഭിക്കുന്നു. അബോധമനസ്സിൻറെ യാഥാർഥ്യങ്ങളുമായി കൂടുതൽ അടുപ്പം ലഭിക്കുന്നത് അവർക്കാണ്. എന്നുമാത്രമല്ല, മനോരോഗിയുടെ അഥവാ ഞരമ്പുരോഗിയുടെ അത്മാവിഷ്കാരം സാമാന്യമനസ്കൻറെ ആത്മാവിഷ്കാരത്തെക്കാൾ അധികം സാന്ദ്രതനേടുകയും ചെയ്യുന്നു.
താൻ ചിലപ്പോൾ സാഡിസറ്റും ചിലപ്പോൾ ഹ്യൂമനിസ്റ്റുമാണെന്ന് ചങ്ങമ്പുഴ സമ്മതിക്കുന്നുണ്ട്. അതിനാലാണ് സ്നേഹശീലരെന്നും നിഷ്കളങ്കരെന്നും തനിക്കു നല്ല ബോധ്യമുള്ളവരെപ്പോലും ദ്രോഹിക്കുന്നതെന്നു സാരം. 1935ൽ എഴുതിയതും 1944ൽ പ്രസിദ്ധപ്പെടുത്തിയതുമായ 'മോഹിനി' എന്ന കാവ്യത്തിൻറെ മുഖവുരയിൽ സാഡിസം, മാസോക്കിസം, പിഗ്മാലിയനിസം എന്നീ സ്വഭാവ വൈകൃതങ്ങളെപ്പറ്റി ചങ്ങമ്പുഴ സാമാന്യം വിസ്തരിച്ചു പറയുന്നുണ്ട്. അപസാമാന്യത (അബ്നോർമാലിറ്റി)യുടെ അംശങ്ങൾ ധാരാളം കലർന്നിട്ടുള്ള സ്വന്തം സ്വഭാവത്തിൻറെ വസ്തുനിഷ്ഠമായ ഒരു നിരീക്ഷണം കൂടിയാണത്. "കവികളുടെയോ കലാകാരൻമാരുടെയോ ചിത്രകാരൻമാരുടെയോ ശിൽപികളുടെയോ ജീവചരിത്രം പരിശോധിച്ചു നോക്കിയാൽ ലൈംഗികജീവിതത്തിനും കലാബോധത്തിനും തമ്മിൽ അഭേദമായ ബന്ധമുണ്ടെന്നുള്ള ശാസ്ത്രത്തിൻറെ വാദം തികച്ചും പരമാർത്ഥമാണെന്നു വെളിപ്പെടും. വിശ്വവിഖ്യാതരായ കലാകാരൻമാരിൽ ഭൂരിപഭാഗവും സദാചാരത്തിൻറെ നിയമസീമയെ അതിലംഘിച്ച് കാമാത്മകങ്ങളായ ആനന്ദാനുഭൂതികളുടെ അങ്കതലത്തിൽ സ്വച്ഛന്ദവിഹാരംചെയ്തിരുന്നവരാണെന്നു കാണാം... കലയുടെ ബീജം കാമവികാരത്തിൽ സ്ഥിതിചെയ്യുന്നതായിക്കാണാം...''
ചങ്ങമ്പുഴയുടെ വിഷാദവും കാമവികാരവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയല്ല ഞാൻ മുഖ്യമായി പറഞ്ഞുവന്നത്. പക്ഷേ, കാമവികാരവും വിഷാദവും തമ്മിൽ ബന്ധമുണ്ട് എന്നു മറക്കരുത്. മനഃശാസ്ത്രജ്ഞൻമാരുടെ ദൃഷ്ടിയിൽ മുൻ പറഞ്ഞ സാഡിസവും മാസോകിക്സവും കാമവികാരത്തോടു ഗാഢമായി ബന്ധപ്പെട്ട വികാരങ്ങളാണ്. ചങ്ങമ്പുഴയുടെ 'ബാഷ്പാഞ്ജലി' കാലഘട്ടത്തിൽ, വിപരീത സാഹചര്യങ്ങൾ മാത്രമായിരുന്നു വിഷാദകാരണമെങ്കിൽ ക്രമേണ കാമാത്മകങ്ങളായ കാരണങ്ങളാണ് അദ്ദേഹത്തെ വിഷാദരോഗമൂർച്ഛയിലേക്കു തള്ളിവിട്ടത്.
ആത്മപരിശോധനക്ക് ഇടം കിട്ടുമ്പോഴെല്ലാം ആത്മനിന്ദയുടെ ശ്രുതിയാണു മീട്ടുന്നത്.
"വേദനാപൂർണ്ണമാരൻമൊഴീ കേവലംഎന്നും,
വേതാളവേദാന്തമായിരിക്കാം.''
"ഉള്ളുപൊട്ടിക്കണ്ണുനീർ പെയ്തൊടുങ്ങണം
തള്ളിവിണ്ണേറിയ കാളമേഘം.''
എന്നും മറ്റും അവസാനഘട്ടംവരെ കവിയുടെ ആത്മനിന്ദയും വേദനയും ഇടകലർന്നുപോകുന്നു. എങ്കിലും അദ്ദേഹം ആത്മഘാതിയായില്ല. ഏകവും സത്യവും അനശ്വരവുമായത്. മൃതി' യാണെന്നു പറഞ്ഞെങ്കിലും ആ മൃതിയെ സ്വയം വരിച്ചില്ല.
"ഇച്ഛിച്ചിടുമ്പോൾ മരിക്കാൻ കഴിഞ്ഞെങ്കി
ലെത്ര മധുരമായ് ത്തീർന്നേനെ ജീവിതം
ഇല്ല പൊരുത്തം പ്രപഞ്ചവും ഞാനുമാ
യില്ലെങ്കിലെന്തിനീയാത്മഹോമോദ്യമം?''
കവി എങ്ങനെയൊക്കെയോ ജീവിത്തോടു പൊരുത്തപ്പെട്ടു. സ്നേഹിതൻമാരെ സമ്പാദിക്കാനും അവരുമായി സകലവും മറന്ന് സല്ലപിച്ചാനന്ദിക്കാനും ബഹിർമുഖനായ ചങ്ങമ്പുഴയ്ക്ക് അസാമാന്യമായ കഴിവുണ്ടായിരുന്നു. ആ കഴിവാണ് ചങ്ങമ്പുഴയെ ആത്മഹത്യയിൽ നിന്നു രക്ഷിച്ചതെന്നു വിചാരിക്കുന്നതിൽ തെറ്റില്ല. സ്നേഹിതനായിരുന്ന നല്ല മുട്ടം പദ്മനാഭപിള്ള എന്ന പോലീസ് കവി'ക്ക് എഴുതിയ കത്തിൽ അദ്ദേഹം ആത്മഹത്യയെപ്പറ്റിയുള്ള തൻറെ വീക്ഷണം വിശദമായി വെളിപ്പെടുത്തുന്നതു ശ്രദ്ധേയമാണ്.
ക്ഷിതി നരകസമാനമായി, ധർമ്മ
ച്യുതിയുടെ ചൂടിലെനിക്കു വീർപ്പുമുട്ടി
മൃതിയണവതിനായായി - പക്ഷേ,
മുതിരുകയില്ലി വനാത്മഹത്യ ചെയ്യാൻ!
അതിനുമൊരു വനൽപമൊക്കെ വേണം
മതിഘടനയ്ക്കൊരു മാർദ്ദവം, മഹത്ത്വം
ചതിയൊടഖിലദൗഷ്ട്യമൊത്തെഴുന്നെൻ
മതിയിതിനില്ലതിനുള്ള മേൻമ പോലും!
നിയമബിരുദസിദ്ധിയിങ്കലൊട്ടും
പ്രിയമിവനില്ലരികാത്മമിത്രമേ നീ
ഹയരഹിതരഥസ്ഥസാരഥിക്കെ -
ന്തയനനിയന്ത്രണമെന്തിനശ്വദണ്ഡം''
ആത്മഹത്യചെയ്യാൻ വേണ്ടത്ര ധൈര്യമില്ലെന്നല്ല പറയുന്നത്. അതിനു വേണ്ട ഹൃദയഗുണമില്ലെന്നാണ്. ഇടപ്പള്ളി രാഘവൻപിള്ളയുടെയും സ്റ്റെഫാൻ സൈ്വഗിൻറെയും മയക്കോവ്സ്ക്കിയുടെയും ആത്മഹത്യകളെപ്പറ്റി വായിക്കുമ്പോൾ, ഹൃദയഗുണം തന്നെയാണ് അവരെ ആത്മഹത്യ എന്ന ഒടുക്കത്തെ പ്രയോഗത്തിലെത്തിച്ചതെന്നു സ്പഷ്ടമാകും. മയക്കോവ്ക്കിയുടെ അന്ത്യലേഖനത്തിൽ അദ്ദേഹം പറയുന്നു. "ഇത് (ആത്മഹത്യ) ഒരു രക്ഷാമാർഗ്ഗമല്ല. മറ്റുള്ളവർക്ക് ഇതു ഞാൻ ഉപദേശിക്കുന്നില്ല. പക്ഷേ, എനിക്കു വേറെ പരിഹാരമൊന്നുമില്ല.'' ഈ ഉദാത്തനില ചങ്ങമ്പുഴയ്ക്ക് അപ്രാപ്യമായിരുന്നു. അതിനാൽ അദ്ദേഹം മരണത്തോടല്ല, ജീവിത്തോടാണു മല്ലടിച്ചത്.
മലയാളകവിത ചങ്ങമ്പുഴയുടെ മുന്നിൽ മതിമോഹനശുഭനർത്തനമാടി എന്ന് എല്ലാവരും സമ്മതിക്കും. സുധാംഗദയുടെ അവതാരികയിൽ തൻറെ കവിതയെഴുത്തിനെപ്പറ്റി ചങ്ങമ്പുഴ ഇങ്ങനെ പറയുന്നു. "ഞാൻ പലപ്പോഴും കവിതയെഴുതിയിട്ടുണ്ട്. ചിലപ്പോൾ കവിത എഴുതിപ്പോയിട്ടുണ്ട്. ഇവയിൽ രണ്ടാമത്തേതു സംഭവിച്ചിട്ടുള്ള അവസരങ്ങളിൽ ഞാൻ എന്നെത്തെന്നെ മന്നിരുന്നു. കവിത താനെയങ്ങനെ എഴുതിപ്പോകുന്ന അവസരത്തിൽ എൻറെ ഹൃദയം സംഗീതസമ്പൂർണ്ണമായിരുന്നു. ആ സംഗീതംപോലെ മറ്റൊന്നും എന്നെ ആകർഷിച്ചിട്ടില്ല. ഞാനതിൽ താണുമുങ്ങി നീന്തിപ്പുളച്ചുപോകും.''
ആത്മവിസ്മൃതികരമായ ഒരവസ്ഥാവിശേഷത്തെപ്പറ്റിയാണ് കവി സൂചിപ്പിക്കുന്നത്. ഇത്തരം അവസ്ഥകളിൽ കവിതയ്ക്ക് അർത്ഥരുചി കുറയുകയും ശബ്ദലയം കൂടുകയും സ്വാഭാവികം മാത്രം. സഞ്ജയൻറെ പരിഹാസം ഈ ശബ്ദജാലകൗതൂഹലത്തെ ചൂണ്ടിയായിരുന്നു. അതിൽ സത്യമില്ലെന്നു പറഞ്ഞുകടാ. സഞ്ജയൻ എഴുതുന്നു. "ചങ്ങമ്പുഴ കൃഷ്ണപിള്ള അവർകളെ, ഭവാൻ സർവ്വോൽകർഷേണ വർത്തിപ്പൂതാക. അങ്ങയുടെ പ്രണയമയ ചിന്തകൾക്കേകാവലംബികയുടെ - അവൾ ആരുതന്നെയായാലും - ചരണകുഞ്ജാത സഞ്ജാത ശിഞ്ജിതങ്ങളെയും മൃദുജുലളിതകള സരളമഞ്ജുളമഞ്ജീരശിഞ്ജിതങ്ങളെയും അതിലും 'പളപള'ങ്ങളായ 'ലളലള' കളെയും കൈരളിയുടെ ചെവികളിൽ വീണ്ടും വീണ്ടും തിരിച്ചു മറിച്ചും കേൾപ്പിച്ച് അങ്ങുന്ന് ചാരിതാർഥ്യമുണ്ടാവുക! (എങ്കിലും).... ഒരു വിദ്വാൻ ഉദയം മുതൽ അസ്തമയം വരെ പ്രത്യേകിച്ച് അർത്ഥമൊന്നുമില്ലാതെ.
കളലളിതകോമളം കാകളീകാഹളം
കളകളായിതം കോകിലാലാപനം''
എന്നിങ്ങനെ പിന്നെയും പിന്നെയും നിൽക്കാതെ ചെവിയുടെ അടുത്തുവന്നു പറഞ്ഞുകൊണ്ടിരുന്നാൽ ഈ മഹാശാന്തനായ എനിക്കുകൂടി അൽപമൊരു ശുണ്ഠിവന്നുപോകുമോ എന്ന് എനിക്ക് ബലമായ ശങ്കയുണ്ട്.''
ചങ്ങമ്പുഴക്കവിതയുടെ ശബ്ദാർത്ഥസംബന്ധമായ വലിയൊരു ദൗർബല്യംത്തിൻറെ നേർക്കാണ് സഞ്ജയൻ ചാട്ടുളിപ്രയോഗിക്കുന്നത്. കാവ്യജീവിതാരംഭത്തിൽ എല്ലാ കവികൾക്കും ഇങ്ങനെയൊരാവേശം ഉണ്ടാവാം പിന്നീടത് മാറുകയും ചെയ്യും. ജയദേവകവിയുടെ രണ്ടുവരിക്കവിത വായിച്ചപ്പോൾ ബാല്യംത്തിൽ തനിക്കുണ്ടായ ആനന്ദപാരവശ്യത്തെപ്പറ്റി ടാഗൂറെഴുതിയിട്ടുണ്ട്. എല്ലാ കാവ്യാസ്വാദകനിലുമുണ്ട് ഇത്തരമൊരു കൈശോരകൗതുകം. അർത്ഥം മനസ്സിലാകുന്നതിനുമുമ്പുതന്നെ വശീകൃതമായിപ്പോകുന്ന ഒരവസ്ഥ. എന്നാൽ ശബ്ദത്തിൻറെ ഈ ഝണൽക്കാരത്തെ നിയന്ത്രിക്കേണ്ട സന്ദർഭങ്ങളുണ്ട്. അർത്ഥപുഷ്ടിക്കുവേണ്ടി, സാംഗോപാംഗസംഘടനയ്ക്കുവേണ്ടി, ചങ്ങമ്പുഴ പലപ്പോഴും അതു വിസ്മരിച്ചുകളഞ്ഞു.
അനുഗൃഹീതമായ ശബ്ദാധീശത്വമുണ്ടായിരുന്നു ചങ്ങമ്പുഴയ്ക്ക്. മറ്റുള്ള കവികൾ വളരെ പാടുപെട്ടെഴുതിയ വരികൾ ഗദ്യപ്രായമാകുമ്പോൾ, ചങ്ങമ്പുഴ കണ്ണുംപൂട്ടി എഴുതിവിടുന്ന വരികൾ രാഗതാളസമൻവിതമായിത്തീരുന്നു.
"തളിലും മലരും തളിർപ്പടർപ്പും
തണലും തണുവണിപ്പുൽപ്പരവ്വും
കളകളം പെയ്തുപെയ്തങ്ങുമിങ്ങും
ഇളകിപ്പറക്കുന്ന പക്ഷികളും
"ഘനനീലവിപിനസമാനസുകേശം
കുനുകുന്തളവലയാങ്കിതകർണ്ണാന്തികദേശം
മണികനകഭൂഷിതലളിതഗളനാളം''
എന്നിങ്ങനെ വിവിധ വൃത്തങ്ങളിൽ, വിവിധതാളങ്ങളിൽ എഴുതാൻ ചങ്ങമ്പുഴയ്ക്ക് അസാമാന്യമായ പാടവമുണ്ടായിരുന്നു.
എന്നാൽ മേലുദ്ധരിച്ച സംഗീതാധിക്യമുള്ള വരികളെ സംഗീതം കുറഞ്ഞ താഴെ എഴുതുന്ന വരികളുമായി താരതമ്യം ചെയ്യുക. എന്നിട്ട് ഏതിനാണ് ഹൃദയത്തിലേക്കു ചുഴിഞ്ഞിറങ്ങാൻ കൂടുതൽ കഴിവെന്നും ആലോചിക്കുക.
" സിരകളെല്ലാം തളരുന്നു ശൂന്യമാ
മിരുളിലേക്കിതാ താഴുന്നു ഭൂതലം
ഉഡുനിരകൾ നുറുങ്ങിവീഴുന്നു ഹാ
തരിതരിയായ് തെറിക്കുന്നു വിണ്ടലം
ഇടിമുഴങ്ങിക്കൊടും കാറ്റടിച്ചടി
ച്ചഖിലവും വീണടിയുന്നു മേൻമേൽ
കുടലിരച്ചിരച്ചേരുന്നു കൊള്ളിമീ
നിടരിയോടുന്നു വാനിലെല്ലാടവും...''
ഇവയാണ് ഭാവലയമുണ്ടാക്കുന്ന വരികൾ എന്നതിൽ സംശയമുണ്ടോ?
ചങ്ങമ്പുഴക്കവിതയിൽ നാം കാണുന്ന മറ്റൊരു ദൗർബ്ബല്യംം മൗലിക പ്രതിമാനങ്ങൾ (ഒറിജിനൽ ഇമേജസ്) സൃഷ്ടിക്കുന്നതിലുള്ള കഴിവുകേടാണ്. രംഗങ്ങൾ പ്രത്യക്ഷീകരിക്കുന്നതില്ല, അവ്യക്തമധുരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിലാണ് ചങ്ങമ്പുഴയുടെ കഴിവ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഇന്ദ്രിയഗോചരത്വം എന്ന ഗുണം താരതമ്യേന കുറയുമെന്നർത്ഥം.
"ആരാമലക്ഷ്മിതൻ നിശ്വാസസൗരഭം''
"ഏതോ മധുരമാം വേദന പെട്ടെന്നൊ
രെൻ ചേതസ്സിലൊരഞ്ചാറു മിന്നൽ മിന്നി''
"ഓളമിളക്കിയെൻ മേനിയിലൊക്കെ
യെരോമൽപ്പുളകപ്രവാഹമരക്ഷണം''
ഈ ഉദാഹരണങ്ങളിലെ ബിംബങ്ങളെല്ലാതന്നെ അമൂർത്തമാണ്. എന്നാൽ "ഉദ്രസമൂർന്നെത്തും വെണ്നിലാക്കതിരുകൾ നൃത്തമാടുന്ന ചുറ്റും കിന്നരിമാരെപ്പോലെ'' എന്ന ഭാഗത്തിൻ ഇന്ദിരഗോചരത്വമുണ്ട്. എന്നാൽ ഇവിടെയും ചെറിയൊരു വൈഷമ്യം. നിലാക്കതിരുകൾ ദൃശ്യമല്ല. നിലാക്കതിരുകളിൽ വല്ലികൾ നൃത്തമാടുകയായിരുന്നെങ്കിൽ വൈശദ്യം കൂടുമായിരുന്നു.
മറ്റു ചില ഉദാഹരണങ്ങൾ:
1. "ഹാ രണ്ടു ജീവിത സ്വപനങ്ങൾതൻ നടു
ക്കാരീ യവനിക തൂക്കിയിട്ടു.''
2. "എന്നസ്ഥീയോരോന്നൊടി-
ച്ചെടുത്തു മുന്നോട്ടെൻ
കുഞ്ഞോടും തുഴഞ്ഞു ഞാൻ
പോകിലും പ്രപഞ്ചമേ''
3. "രണ്ടല്ല നാലല്ല നാനൂറു കൈയുക-
ളുണ്ടെനിക്കുഗ്രനഖങ്ങളുമായ്
പല്ലുകളുഗ്രദംഷ്ട്രകൾ കണ്ണുനീ
രല്ലെൻമിഴികളിൽ തീപ്പൊരികൾ
ചെണ്ടല്ല വജ്രശിലയാണകം മെയ്യിൽ
കാണ്ടാമൃഗത്തിൻ കടുത്ത ചർമ്മം''
4. "കണ്ണഞ്ചും പൂ ചൂടിക്കാനനവല്ലികൾ
കണ്ണാടിനോക്കുന്നൊരൊറ്റ വക്കിൽ
മായാമരീചിയിൽ മാൻകിടാവെപോൽ
പ്പായുകയാണു ഞാനങ്ങുമിങ്ങും''
ഇത്തരം പ്രതിമാനങ്ങൾക്കുള്ള ഇന്ദ്രിയഗോചരത്വവും തജ്ജന്യമായ ആസ്വാദ്യതയും എന്തെന്നു വിവരിക്കേണ്ടതില്ല. എന്നാൽ ചങ്ങമ്പുഴ എഴുതിയ ആയിരക്കണക്കിനു വരികളിൽ ഇത്തരം പ്രതിമാനങ്ങൾ സുദുർല്ലഭമാണെന്നു സമ്മതിക്കണം.
ചില വിലക്ഷണപ്രയോഗങ്ങളോടു ചങ്ങമ്പുഴയ്ക്കുണ്ടായിരുന്ന പക്ഷപാതവും ശിൽപമായ ദുർബ്ബലതയിൽപ്പെടും. സ്വാർദ്ധത്തിൽ 'ക' പ്രത്യയം മുട്ടിനു മുട്ടിനു ചേർക്കുന്ന പതിവ് മുഷിപ്പനാണ്. 'ഉദ്വേഗകങ്ങളുതിർക്കുമോരോ വിദ്യുല്ലതികകൾ' 'നടരെല്ലാം വേർപ്പെട്ട രംഗകം പോലിടവഴി' 'സുരഭില സങ്കേതരംഗകമേ സൗഭഗമേ'-ഇങ്ങനെ.
കോമളവ്യഞ്ജനങ്ങളോടുള്ള പ്രേമാധിക്യത്തെ ചൂണ്ടിയാണ് 'വളച്ചെട്ടികളെക്കാൾ വളവളകൾ' എന്നു സഞ്ജയൻ പരിഹസിച്ചത്. സരസകോമളത കവിതയിൽ എപ്പോഴും ശോഭാകരമാകണമെന്നില്ല. ചങ്ങമ്പുഴക്കവിതയ്ക്ക് മാധുര്യമുണ്ട്. മാധുര്യം വേഗം ചെടിപ്പിക്കുന്നതുമാണ്. മാധുര്യവും ഓജസ്സും പ്രസന്നതയും ഗാംഭീര്യവും എല്ലാം പ്രസക്താനുപ്രസക്തമായി കലരുമ്പോഴാണ് നല്ല കവിത ജനിക്കുക. ചങ്ങമ്പുഴക്കവിതയ്ക്ക് ഓജസ്സില്ലായിരുന്നു എന്നല്ല എൻറെ സൂചന. പലപ്പോഴും സംഗീതാധിക്യത്തിനു വേണ്ടി അദ്ദേഹം ഓജസ്സിനെ ബലികഴിച്ചു എന്നു മാത്രം. അതിസംഗീതം വാചാലതയിലേക്കു നയിക്കയും ചെയ്തു - 'ചന്ദനശീതളസുന്ദരചന്ദ്രിക' എന്ന മട്ടിൽ വാചാലത എല്ലാ പാട്ടുകവികൾക്കുമുള്ള ദോഷമാണെന്ന് എ. ബാലകൃഷ്ണപിള്ള പറയുന്നതു ശരിയാകാം. പക്ഷേ, ചങ്ങമ്പുഴയെ വെറും പാട്ടുകവിയായിട്ടല്ലല്ലോ നാം കാണുന്നത്.
ചങ്ങമ്പുഴയ്ക്ക് സവിശേഷമായ ഒരു ദർശനമുണ്ടായിരുന്നോ? പലരും ഈ ചോദ്യത്തിനുത്തരം പറയാൻ ശ്രമിച്ചിട്ടുണ്ട്. കുറ്റിപ്പുഴ പറയുന്നു. "പ്രത്യേകിച്ചൊരു ജീവിതവീക്ഷണം ആ ഗാനങ്ങളിലില്ല. ഒരു 'ഫിലോസഫി'യും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഉണ്ടാകാഞ്ഞതു നന്നായി. എന്നാണെൻറെ അഭിപ്രായം.'' എന്തുകൊണ്ടു നന്നായി എന്നുകൂടി കുറ്റിപ്പുഴ വിവരിക്കേണ്ടതായിരുന്നു. ഒരു വേള ഫിലോസഫി ഉണ്ടായെങ്കിൽ കവിത ഉണങ്ങിവരണ്ടു നശിച്ചു പോകുമെന്നാകാം കുറ്റിപ്പുഴ ഉദ്ദേശിച്ചത്. പക്ഷേ, കവിതയ്ക്കൊരു ജീവിതവീക്ഷണം വേണ്ടേ? ഫിലോസഫിയുടെ ഒരു 'സിസ്റ്റം' വേണ്ടാ എന്നു സമ്മതിച്ചു. എന്നാൽ ഭിന്നവിചിത്രമായ ജീവിതാനുഭവങ്ങളിൽ നിന്നൂറിക്കൂടുന്ന ഒരു സൂക്ഷ്മദർശനം വേണ്ടേ?
ചങ്ങമ്പുഴയെ സാമാന്യം നന്നായി അടുത്തറിയാൻ അവസരം ലഭിച്ച ഒരു വ്യക്തിയെന്ന നിലയ്ക്ക് അദ്ദേഹത്തിൻറെ സ്വത്വത്തെപ്പറ്റി ചിലതൊക്കെ എനിക്ക് പറയാൻ കഴിയും. തൻറെ കവിത്വശക്തിയെപ്പറ്റി മാത്രമല്ല, തൻറെ നാനാതരം, സിദ്ധികളെപ്പള്ളി - സ്ത്രീകളെ ആകർഷിക്കാനുള്ള കഴിവുൾപ്പെടെ - പലതിനെയും പറ്റി നല്ല ആത്മവിശ്വാസമുണ്ടായിരുന്നു ചങ്ങമ്പുഴയ്ക്ക്. വളരെവേഗം സ്നേഹിതൻമാരെ നേടുയം വളരെവേഗം പിണങ്ങുകയും ചെയ്യും. എല്ലാ പിണക്കവും ക്ഷണികമാണ്. സ്വതേ ഋജു ബുദ്ധി, ആരെയും വഞ്ചിക്കയില്ല. എന്നാൽ വികാരങ്ങളുടെ അടിമയാകുമ്പോൾ അവിശ്വസനീയമായ വഞ്ചനകൾ അനുഷ്ഠിച്ചുപോകും. പരസഹായം വേണ്ടപ്പോൾ അങ്ങേയറ്റം അവനമ്രനാകും. മറ്റുള്ളവരെ സഹായിക്കാൻ തികഞ്ഞ സന്നദ്ധതയും സൻമനസ്സും, സ്വന്തം ദൗർബ്ബല്യംങ്ങളെപ്പറ്റി ആത്മനിന്ദ, പശ്ചാതതാപം, വീണ്ടും തെറ്റിൽ വഴുതിവീഴൽ ഇങ്ങനെയൊരു സങ്കീർണ്ണ വ്യക്തിത്വമാണ് ചങ്ങമ്പുഴയ്ക്കുണ്ടായിരുന്നത്.
അദ്ദേഹം രചിച്ച കവിതകളിൽ ഏറിയ പങ്കും ആത്മപ്രകാശകമായിരുന്നല്ലോ. മേൽപ്പറഞ്ഞ ഭാവശബളത കവിതകളിലൂടെത്തന്നെ വേണ്ടത്ര സ്പഷ്ടമാകുന്നുണ്ട്. അതിലേറെ സ്പഷ്ടമാകുന്നുണ്ട് സ്വകൃതികളുടെ മുഖമണ്ഡപത്തിൽ ചങ്ങമ്പുഴ ചേർത്തിരിക്കുന്ന ഉദ്ധാരണങ്ങളിൽ - മിക്ക കൃതികളിലും അവയുണ്ട്. നിഗമനാത്മകങ്ങളായ ഏതാനുമെണ്ണം താഴെ ചേർക്കാം.
1. ബാഷ്പാഞ്ജലി
എരിയുമെന്നാത്മാവിലേറ്റതെല്ലാം
ചുടുനെടുവീർപ്പുകളായിരുന്നു
പരമാർത്ഥസ്നേഹത്തിനായൊരൻ
പരിദേവനങ്ങളും പാഴിലായി
2. ആരാധകൻ
പ്രേമത്തിൻറെ വേദനപോലും മധുരമാണ്.
എന്നാലതിൻറെ സമ്മാനം ഐശ്വര്യമായ ലോകത്തിലാണ്.
അത് ഇവിടെയല്ലെങ്കിൽ മരണത്തിനപ്പുറമാണ്
3. സദ്ഗുണം അതെത്ര ദുർലഭം!
സൗഹൃദം അതെത്ര വിരളം!
പ്രേമം അതു സാഭിമാനമായ നൈരാശ്യത്തിനുവേണ്ടി
സാധുവായ ആനന്ദത്തെ എങ്ങനെ വിറ്റുതുലയ്ക്കുന്നു!
4. ഹേമചന്ദ്രിക
ഞാൻ പാപത്തെ കാണുന്നില്ല.
ദുരന്തജീവിതത്തിനു ഖലൻമാർ വേണമെന്നില്ല.
തീവ്രവികാരങ്ങൾ ഗൂഢവൃത്തം നെയ്തെടുത്തുകൊള്ളും.
5. രമണൻ
ആരാധകൻറെ ദൃഷ്ടികൾ
എത്താപ്പാടകലത്താവുമ്പോഴും
ആയിരത്തിലൊരുവൾ വിശ്വസ്തയായിത്തുടർന്നേക്കാം.
സ്ത്രീയുടെ വാങ്മനസ്സുകൾ അറിയുന്നു
എന്നു വിശ്വസിക്കുന്ന കവിയുടെ തൂവൽപ്പേന രണ്ടായിപ്പിളരുന്നു.
* * *
വിശ്വസ്തയല്ലാത്തവൾ സ്വന്തം സുഖശയ്യയുടെ മൃദുലാവരണത്തിൽ
നിന്നെപ്പറ്റി വ്യാകുലപ്പെടുന്നില്ല
സ്ത്രീയുടെ ലോഭം പുരുഷൻറെതിനേക്കാൾ തീവ്രമാണ്.
അവളുടെ ബുദ്ധിയാകട്ടെ കൂടുതൽ മനോഞ്ജവും
പക്ഷേ, അതൊരിക്കലും വികാരാഗ്നിയുടെ
ജ്വാലാമുഖത്തിൽ കണ്ണഞ്ചുന്നതല്ല.
ലാഭവും നേട്ടവുമാണവളുടെ നോട്ടം.
6. രക്തപുഷ്പങ്ങൾ
ഞാനെഴുതിയതൊക്കെ
ഞാനനുഭവിച്ച വേദനയാണ്.
അല്ല, അതിലേറെ വേദന ഞാനനുഭവിച്ചു.
അതിനാൽ എൻറെ വാക്കുകളിൽ ദുരിതത്തിൻറെ വിത്തുകളുണ്ട്.
7. കാലത്തിൻറെ കൈവിരൽത്തുമ്പുകൾകൊണ്ട്
പ്രവചനശക്തിയുള്ള നാദതരംഗങ്ങൾ പുറപ്പെടുവിക്കുന്നൊരു വല്ലകിയാണ് കവി.
ഇന്ന് ആ വല്ലകിയുതിർക്കുന്ന സംഗീതം
തുളഞ്ഞുകയറുന്നതാണ്.
അത് ആർജ്ജവശീലരെ ഓർക്കാപ്പുറത്തു നേരിടുന്നു.
പലർക്കും അറിയില്ല, യഥാർത്ഥകവികൾ
ആജൻമയോദ്ധാക്കളാണന്ന്
ദുശ്ശാസനദുഷ്പ്രഭുക്കളുടെ
വെടിയുണ്ടകളെ നാണം കെടുത്താനല്ലെങ്കിൽ
കവിയുടെ പാട്ടിനെന്തു വില?
തുറങ്കുകളിൽ കിടന്നു വിലപിക്കുന്ന
നമ്മുടെ സഖാക്കളെ
തുറന്നു വിടാനല്ലെങ്കിൽ
പാട്ടിനെന്തു വില?
8. ഓണപ്പൂക്കൾ
നിങ്ങൾക്ക് ആറ്റിത്തണുപ്പിക്കാ
വുന്നതിലേറെ തീജ്ജ്വാലയുണ്ട്
എൻറെ ഹൃദയത്തിൽ.
നിങ്ങൾക്കു മറവിയിൽ മുക്കിത്താഴ്
ത്താൻ കഴിയുന്നതിലേറെ പ്രേമമുണ്ട്
എൻറെ ആത്മാവിൽ.
9. എൻറെ കൃതി വായിക്കാൻ കന്യകമാർക്കു നാണമാണ്
അവർ ലജ്ജയാൽ വിളറിപ്പോകും
ലൂസിയസ് വലേറിയസ് മർത്യാലിസ്
10. ഞാനേറെ സഹിച്ചിട്ടുണ്ട്.
എൻറെ ഞരമ്പുകളോരോന്നും കൊണ്ട്
തപിച്ചിട്ടുണ്ട് എൻറെ ആത്മാവിൻറെ അശുദ്ധിക്കു പരിഹാരമായി
11. മോഹിനി
പുരുഷഹൃദയത്തിനു
പന്നിയുടെ വിശപ്പാണ്
12. സ്പന്ദിക്കുന്ന അസ്ഥിമാടം
സൂര്യചന്ദ്രൻമാരോ നക്ഷത്രങ്ങളോ
ഇനിമേൽ എനിക്കുവേണ്ടിയല്ല പ്രകാശിക്കുന്നത്.
രാത്രി മതി എനിക്കിനി
നഷ്ടമായ ശാന്തിക്കുവേണ്ടി വീർപ്പടക്കി കരയുവാൻ
ധ്രുവംമുതൽ അപരധ്രുവം വരെ
ഒരു സുഖവും ഞാനറിയുന്നില്ല
ഞാൻ സ്നേഹിച്ചതൊക്കെയും
വിലപ്പെട്ടതായി ഇന്നേവരെ
കരുതിയതിലഖിലവും ഒടുങ്ങട്ടെ
എന്നാൽ അല്ലയോ ശോകമേ
നാശമേ നീ എന്നെ വെടിയായ്ക
അതു മരണത്തോടെ മാത്രം മോചനം
നേടുന്നതായി നിൽക്കട്ടെ
13. ഹൃദയാർദ്രത നാശമാണ്, വൻ
ചതികൊണ്ടേ ജയമുള്ളൂ ഭൂമിയിൽ
14. മനുഷ്യൻ നമ്മുടെ ദുർബ്ബലതകൾ
എണ്ണിയെണ്ണിക്കുറിക്കുന്നു
ഈശ്വരനാകട്ടെ നമ്മുടെ യത്നങ്ങൾ കണ്ടറിയുന്നു.
15. പാടുന്ന പിശാച്
ആദ്ധ്യാത്മികമായ ഉറക്കത്തിൻറെ
ഇരുളാണ്ട ദിനങ്ങളെ
നീ എന്നെ ഭൗതികൈശ്വര്യത്തിൻറെ
കനകകിരീടമണിയിച്ചെങ്കിലും
കണ്ണീരോടെ ഞാനോർമ്മിച്ചുപോകുന്നു
എൻറെ യൗവനനിർമ്മലതയെ
നീ കവർന്നെടുത്തുകളഞ്ഞു
ഭോഗലാലസയുടെ പരിണാമത്തിൽ
ഞാനനുഭവിക്കുന്ന കൊടുംവേദനകൾ
എൻറെ ധർമ്മ്യലക്ഷ്യങ്ങൾ, വഞ്ചനകൾ
എൻറെ വിഡ്ഢിത്തങ്ങൾ
എല്ലാം അമേയരത്നഖനകളായി ഞാൻ
ഇതാ അളവറ്റ ആഹ്ലാദത്തോടെ
നിൻറെ കാൽക്കൽ വയ്ക്കുന്നു.
16. കവിയുടെ യഥാർത്ഥധർമ്മെന്തെന്ന്
എനിക്കറിയില്ല; അറിയണമെന്നൊട്ടാഗ്രവുമില്ല.
എന്നെ കവിയെന്നു വിളിക്കായ്ക
എന്തെന്നാൽ പാപത്തിൻറെ
വിത്തുകളാണ് ഞാൻ വിതയ്ക്കുന്നത്.
ചങ്ങമ്പുഴയ്ക്ക് ഏറ്റവും പ്രിയപ്പട്ട ചില ആശയങ്ങളുടെ ഘോഷയാത്രണ് നാമിവിടെ കണ്ടത്. ഓരോന്നും അതതു കാവ്യങ്ങളുടെ അംഗിയായ ഭാവത്തിനനുഗുണമായ പ്രഖ്യാപനങ്ങളാണ്. പ്രേമത്തിനു പ്രേമം, വിപ്ലവത്തിനു വിപ്ലവം, ദുഃഖത്തിനു ദുഃഖം, നൈരാശ്യത്തിനു നൈരാശ്യം, ഷെല്ലി, ഹൈനെ മുതലായ പ്രിയപ്പെട്ട കവികൾക്കു പുറമേ, ചൈന - ജപ്പാൻ കവിതകളും, സോളമൻറെ ഗീതവും, ഗീതഗോവിന്ദവും പരിഭാഷപ്പെടുത്തി. ഇത്രയുമുള്ളപ്പോൾ ചങ്ങമ്പുഴയുടെ ജീവിതവീക്ഷണമെന്തെന്നറിയാൻ പ്രയാസമുണ്ടോ എന്നു ചോദിക്കാം. അവിടെയാണ് കുഴപ്പം. എല്ലാം ഓരോ കാലത്തെ മനോവൃത്തിയാണ്; ഒന്നും സ്ഥിരമല്ല. ചങ്ങമ്പുഴയ്ക്കും യാഥോസ്തികത്വത്തോട് എതിർപ്പായിരുന്നു. ഈ എതിർപ്പുകൾ കവിതയിൽ മാത്രമല്ല, സ്വജീവിതത്തിലും പ്രതിഫലിച്ചു. എന്നു മാത്രമല്ല, സ്വന്തം ജീവിതത്തിൻറെ ഉച്ഛൃംഖലതയെ നീതിമത്കരിക്കുകയും ചെയ്തു. പുരോഗമനസാഹിത്യം കമ്മ്യൂണിസം പ്രചരിപ്പിക്കുന്നു എന്നു ആക്ഷേപമുണ്ടായപ്പോൾ, "ആണെങ്കിൽ അതുകൊണ്ടെന്തു ദോഷം? അതെ, പുരോഗമനസാഹിത്യം കമ്യൂണിസസിദ്ധാന്തങ്ങളുടെ കളരിയാണ്'' എന്നു ധീരമായി പറഞ്ഞു (സാഹിത്യചിന്തകൾ) പക്ഷേ, ചങ്ങമ്പുഴ കമ്യൂണിസ്റ്റായിരുന്നില്ല; കോണ്ഗ്രസ്സുമായിരുന്നില്ല.
"കമ്മ്യൂണിസത്തിനാണിപ്പോൾ വിലക്കേറ്റം
ചുമ്മാ പറഞ്ഞു നടന്നാൽ മതി''
എന്നും
"റോട്ടിൽ നടക്കാനിടമി"ല്ലിസ''ങ്ങൾ തൻ
കൂട്ടിയടികൊണ്ടു ചുറ്റിയില്ലേ?''
എന്നും പറഞ്ഞ് എല്ലാ രാഷ്ട്രീയത്തെയും - അഥവാ കപട രാഷ്ട്രീയത്തെ - ആക്ഷേപിക്കുകയാണ് ചെയ്തത്. ചങ്ങമ്പുഴയ്ക്ക് രാഷ്ട്രീയത്തിൽ താത്ത്വികമോ പ്രയോഗപരമോ ആയ താൽപര്യമില്ലായിരുന്നു എന്ന അദ്ദേഹത്തിൻറെ സഹപാഠികളായിരുന്ന ഞങ്ങൾക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
ചങ്ങമ്പുഴ പ്രചരിപ്പിച്ച പുതിയ കവിതാസങ്കേതങ്ങളുടെ നേർക്കും അത്ര സംഘടിതമെന്നു പറഞ്ഞുകൂടാത്ത ചില എതിർപ്പുകളുണ്ടായി. അവയെ അദ്ദേഹം ധീരമായി നേരിടുകതന്നെ ചെയ്തു.
"പാതാളക്കണ്ടിലൊളിച്ചിരുന്നു
പാമ്പുകളെത്ര മേൽ ചീറ്റിയാലും
വിഷ്ണുപദത്തിലുയർന്നുപൊങ്ങി
'കൃഷ്ണ'പ്പരുന്തുകൾ സഞ്ചരിക്കും.''
"എത്ര 'മേലങ്ങ' ൻമാരെന്തൊക്കെച്ചൊന്നാലു
മൊട്ടും നിരാശരാവില്ല നമ്മൾ.''
ആ 'കൃഷ്ണ'പ്പരുന്ത് സാനന്ദഗോവിന്ദനായ താൻ തന്നെ എന്നു പറയേണ്ടതില്ലല്ലോ. എന്തൊരു ധൈര്യം! എന്തൊരു വീര്യവിലാസം!
ഏതൊരഭ്യസ്തവിദ്യനായ യുവാവിനെയും പോലെ ചങ്ങമ്പുഴയ്ക്കും ഭാരതീയരുടെ സമ്പന്നമായ പൈതൃകത്തെപ്പറ്റി അഭിമാനമുണ്ടായിരുന്നു. പക്ഷേ, അത് ഉള്ളിൽ ജ്വലിച്ച ഒരാവേശമായിരുന്നില്ല. ഗീതയെന്നും വേദാന്തമെന്നും ചുമ്മാ പറഞ്ഞുനടക്കുന്നവരോടു കഠിനമായ പുച്ഛമായിരുന്നു ചങ്ങമ്പുഴയ്ക്ക്.
ഒരു മത്തു പിടിപെട്ടു മതികെട്ടു നിങ്ങൾക്കിനി
മഴ മാത്രം സ്മൃതിസൂത്രശ്വാനമൂത്രം.''
ശക്തമായ വാക്കുകൾ! ചങ്ങമ്പുഴ പുരാണനായകൻമാരെപ്പറ്റിയോ ഉപാഖ്യാനങ്ങളെ അവലംബിച്ചോ കവികളൊന്നും എഴുതിയിട്ടില്ല എന്നതും സ്മർത്തവ്യമത്രേ. (ഗീതഗോവിന്ദം പരിഭാഷയായതിനാൽ ഗണ്യമാക്കേണ്ടതില്ല. ചങ്ങമ്പുഴയുടെ ദൃഷ്ടിയിൽ അതൊരു ശൃംഗാരകാവ്യം മാത്രമാണ്.)
ചങ്ങമ്പുഴയുടെ മനസ്സ് എന്നും വികാരസംകലമായിരുന്നു. ചെറുകാറ്റടിച്ചാൽ ഇളകിമറിയുന്ന കടൽപോലെ മനശാസ്ത്രത്തിൽ 'സൈക്ലോതീമിയ' എന്ന ഒരവസ്ഥയെപ്പറ്റി പറയുന്നുണ്ട്. വികാരവിജൃംഭണവും (എക്സൈറ്റ്മൻറ്) വിഷാദമഗ്നതയും (ഡിപ്രെഷൻ) മാറിമാറി വരുന്ന അവസ്ഥയാണിത്. ചങ്ങമ്പുഴയുടെ മാനസികാവസ്ഥ ഇതായിരുന്നു എന്ന് ആ ജീവിതവും കവിതകളും ഒന്നുപോലെ വിളിച്ചുപറയുന്നു. സ്വന്തം വികാരങ്ങളോട് നൂറുശതമാനം നീതിപുലർത്തി എന്ന കാര്യത്തിൽ സംശയമേ ഇല്ല. 'ചാരായക്കടയാണ് ലോകം എന്നു പറയുമ്പോൾ അതു സത്യമാണ്. ദുരിതത്തിൻറെ നാരായണവേരാണ് സ്ത്രീ എന്നു പറയുമ്പോൾ അതും സത്യമാണ്. ദേവതയാണ് സ്ത്രീ എന്നു പറയുമ്പോൾ അതും സത്യം. വികാരസത്യത്തിൽ കവിഞ്ഞൊരു പരമസത്യത്വത്തെപ്പറ്റി ചങ്ങമ്പുഴ അൻവേഷിച്ചിരുന്നു എന്നു തോന്നുന്നില്ല. അദ്ദേഹത്തിൻറെ കവിതയിൽ അത്തരത്തിലെന്തെങ്കിലും അൻവേഷിക്കുന്നത് വ്യർത്ഥമാണ്. പക്ഷേ, കാൽപനികവ്യഥയുടെ ശുദ്ധമായ ശ്രുതിയും തെളിവാർന്ന നാദവും നമുക്കിതുപോലെ മറ്റെങ്ങുനിന്നും കിട്ടാനില്ല. ആ ശബ്ദം ഒരു കാലഘട്ടത്തിലെ യുവത്വത്തിൻറെ ശബ്ദമായി പരിണമിച്ചു.
**********************************************************************************
(കുറിപ്പ്: ഇതിൽ കൊടുത്തിട്ടുള്ള ജീവചരിത്രത്തിലെ ഒരു തെറ്റു ചൂണ്ടിക്കാണിക്കട്ടെ. ചങ്ങമ്പുഴ മലയാളം ബി.എ. ഓണേഴ്സ് പാസ്സായത് 1942 ലാണ്. കൂടെ ജയിച്ചവർ കെ. എം. ഡാനിയലും ദേവകിക്കുട്ടി അമ്മയും മാത്രം. 1941 ൽ ജയിച്ചവർ ഞാനും ചങ്ങാരപ്പള്ളി നാരയണൻ പോറ്റിയും (മറ്റു രണ്ടുപേർ മരിച്ചു.)
എം.കെ. സാനു എഴുതിയ ജീവചരിത്രത്തിൽ കായംകുളത്തെ ട്യൂട്ടോറിയൽ കോളേജിനെപ്പറ്റി പറഞ്ഞതിൽ ഒരു പിശകുണ്ട്. സി.ഇ. ഡാനിയലും ഇടിക്കുളയും കൂടി ട്യൂട്ടോറിയൽ തുടങ്ങിയപ്പോൾ മലയാളം പഠിപ്പിക്കാൻ നിയുക്തനായത് ഞാനാണ്. ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക് തിരുവിതാംകൂർ സർവ്വകലാശാലയുടെ റിസർച്ച് സ്കോളർഷിപ്പ് കിട്ടി ഞാൻ സ്ഥലംവിട്ടു. എനിക്കു പകരമാണ് ചങ്ങമ്പുഴയും ഇഗ്നേഷ്യസും കായംകുളം ട്യൂട്ടോറിയലിൽ എത്തിയത്. 'കാല്യകാന്തി' എന്ന പുസ്തകം രചിച്ചത് പി.കെ. വാസുദേവക്കൈമളിനു വേണ്ടിയല്ല (I.Vol..P.393) പി.കെ. ദിവാകരക്കൈമളിനുവേണ്ടിയാണ്.)ലീലാങ്കണം അവതാരിക
പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍
മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ആദ്യത്തെ കൃതി ഇനിയും അപ്രകാശിതമായിരിക്കുന്നോ? മലയാളികളെ സംബന്ധിച്ചിടത്തോളം വിശ്വസിക്കുവാന്‍ പ്രയാസമുള്ള കാര്യമാണിത്. എന്നാല്‍ ചങ്ങമ്പുഴ തന്നെ ഇരുപതു കവിതകള്പുസ്തകവലിപ്പത്തില് മുറിച്ചെടുത്ത കടലാസ്സുകളിലെഴുതിയ സമാഹരിച്ച്, ലീലാങ്കണം എന്ന പേരും നിര്‍ദ്ദേശിച്ചു പ്രസിദ്ധീകരണത്തിനു തയ്യാറാക്കിയ ഒരു ഗ്രന്ഥത്തിന്റെ കൈയെഴുത്തുപ്രതി കണ്ടുകിട്ടിയിരിക്കുന്നു.
സാഹിത്യപഞ്ചാനന്‍ പി.കെ. നാരായണപിള്ളയുടെ ഗ്രന്ഥശേഖരത്തില്‍നിന്ന് അദ്ദേഹത്തിന്റെ പുത്രന് ടി.എന്‍. ഗോപിനാഥന്നായര്ക്കു ലഭിച്ച ഈ ഗ്രന്ഥം പി.കെ. യുടെ സ്മാരകമായി അമ്പലപ്പുളയില് പ്രവര്‍ത്തിക്കുന്ന പി.െക. മെമ്മോറിയല്‍ ഗ്രന്ഥശാലയ്ക്ക് നല്കുകയുണ്ടായി. ഇതിലെ കവിതകള്പില്ക്കാലത്തു ചങ്ങമ്പുഴ തന്നെ ഏതെങ്കിലും കൃതികളില്‍ പെടുത്തിയോ അല്ലെങ്കില്‍ സാഹിത്യ പ്രവര്‍ത്തകസഹകരണസംഘം ചങ്ങമ്പുഴയുടെ സമ്പൂര്ണ്ണകൃതികള്സമാഹരിച്ചു പ്രകാശിപ്പിച്ചതില്പ്പെടുത്തിയോ പ്രസിദ്ധീകരിച്ചുകാണും എന്ന വിശ്വാസത്തിലാണ് ടി.എന്‍ ഈ ഗ്രന്ഥം പി.കെ. മെമ്മോാറിയല് ഗ്രന്ഥശാലയ്ക്കു നല്‍കിയത്. എന്നാല്‍ ചങ്ങമ്പുഴക്കൃതികള്സൂക്ഷ്മപരിശോധന നടത്തിയതില്‍ ലീലാങ്കണത്തിലെ കവിതകള്ഒരിടത്തും പ്രസിദ്ധം ചെയ്തുകാണുന്നില്ല .
ചങ്ങമ്പുഴയുടെ ആത്മമിത്രമായ ടി.എന്‍. - ന് തികച്ചും യാദൃച്ഛികമായിക്കിട്ടിയ ഈ കൃതി അല്പം പോലും കേടുപാടുകൂടാതെ സൂക്ഷിച്ചതിനും ഇതിലെ കവിതകള്പ്രസിദ്ധം ചെയ്തിട്ടുള്ളതല്ല എന്നറിയിച്ചപ്പോള്ഉടനെതന്നെ ഇതിന്റെ അവകാശിയായ ശ്രീമതി ശ്രീദേവി ചങ്ങമ്പുഴയ്ക്കയച്ചുകൊടുത്തു പ്രസിദ്ധീകരിപ്പിക്കുവാന് നിര്ദ്ദേശിച്ചച്ചിതനും സഹൃദയരായ കാവ്യാസ്വാദകരെ മുന്‍നിര്‍ത്തി നന്ദിപ്രകാശിപ്പിച്ചുകൊള്ളട്ടെ.
കൈയെഴുത്തു പ്രതിയില്കാണുന്ന തീയതി അനുസരിച്ച് 1921 ലോ അതിനു മുമ്പോ എഴുതിയിട്ടുള്ള കവിതകളാണ് ലീലാങ്കണത്തില് ചേര്‍ത്തിട്ടുള്ളത്. 1911 ഒക്ടോബറിലാണ് ചങ്ങമ്പുഴയുടെ ജനനം. ആ നിലയ്ക്ക് അദ്ദേഹത്തിന് ഇരുപതു വയസ്സു തികയുന്നതിനു മുമ്പ് എഴുതിയുട്ടുള്ളവയാണ് ഇവയെല്ലാം.
ചങ്ങമ്പുഴയുടെ പ്രഥമ കൃതിയായി നമുക്കു ലഭിച്ചിട്ടുള്ളത് `ബാഷ്പാഞ്ജലി' യാണല്ലോ പ്രൊഫ. ജി. കുമാരപിള്ള ഈ വിവരം വ്യക്തമായിപറഞ്ഞിട്ടുണ്ട്. 1110 (1934 ആദ്യം) ഇ.വി. കൃഷ്ണപിള്ളയുടെ പ്രത്യേകമായ ഉത്സാഹത്തിന്റെ ഫലമായി ചങ്ങമ്പുഴയുടെ ആദ്യകൃതിയായ `ബാഷ്പാഞ്ജലി' എന്ന സമഹാരം പ്രസിദ്ധീകരിച്ച വിവരം നമുക്കൊക്കെ അറിവുള്ളതാണ്. 1932, 33, 34 എന്നീ വര്ഷങ്ങളിലെഴുതിയിട്ടുള്ള കവിതകളാണ് ഇതില്‍ ചേര്‍ത്തിട്ടുള്ളത്'' . (ചങ്ങമ്പുഴക്കൃതികള്‍- അവതാരിക - പ്രസാധകര്, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം)
ലീലാങ്കണത്തിലെ കവിതകള്‍1931 നു മുമ്പ് എഴുതിയിട്ടുള്ളവയായതുകൊണ്ട് ചങ്ങമ്പുഴയുടെ ആദ്യകൃതി ബാഷ്പാഞ്ജലിയല്ല എന്നു വ്യക്തമാകുന്നു. ആ സ്ഥാനത്ത് ലീലാങ്കണത്തെ അവരോധിക്കേണ്ടിയിരിക്കുകയും ചെയ്യുന്നു.
ഇരുപതു ലഘുകവിതകളാണ് ലീലാങ്കണത്തില് ചേര്‍ത്തിട്ടുള്ളത്. ഗീതാഞ്ജലി, അപരാധി, വീരസൂക്തി, ഉദ്യാനത്തില്‍വച്ച്, ഒരു ശരന്നിശ, മിന്നല്പിണര്, ഉണര്‍ന്നപ്പോള്‍, രഹസ്യരാഹം, സ്വപ്നവിഹാരി, ശൈശവാഭിലാഷം, നാട്ടിന്, ഒരു പുല്‍ക്കൊടിയുടെ പ്രേമഗാനം, വസന്താ വസാനം, അഞ്ജലി, ശാന്ത , പ്രേമവിലാസം, ഹേമ, മരിച്ചിട്ട്, രാജയോഗിനി, പ്രഥമതാരം എന്നിവയാണവ.
കൗമാരകൗതുകമായി മാത്രം കണക്കിലെടുത്ത് ഉപേക്ഷ വിചാരിച്ചതുകൊണ്ടാണോ ചങ്ങമ്പ ഇതു പ്രകാശിപ്പിക്കാതിരുന്നത്? അതോ കൈമോശം സംഭവിച്ചതുകൊണ്ടോ? ഒന്നും തിട്ടമില്ലാത്ത കാര്യങ്ങളാണ്. എന്താ യാലും മലയാളത്തിന്റെ പ്രയോക്താവായിത്തീര്ന്ന ഒരു മഹാകവിയുടെ നിസര്ഗ്ഗമധുരമായ കാവ്യപ്രതിഭയുടെ പ്രഭാതകിരണങ്ങള്എന്ന നിലയില്‍ ഈ കൃതിക്കുള്ള സ്ഥാനം നിഷേധിക്കാനാവാത്തതാണ്. ചങ്ങമ്പുഴ ജീവിച്ചിരിക്കെത്തന്നെ പ്രസിദധം ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കിലും എന്ത ൊക്കെ പോരായ്മകളുണ്ടെങ്കില്ക്കൂടിയും ഇതിന്റെമേന്മക്കൊരു കുറവുപം വരുന്നില്ല . തന്നെയല്ല ചങ്ങമ്പുഴയുടെ ആദ്യത്തെ കൃതി എന്ന നിലയില്‍ `ലീലാങ്കണം' കാവ്യാസ്വാദകരുടെ സുവിശേഷമായ പഠനവിചാരണകള്ക്കു വിധേയമാവേണ്ടിയുമിരിക്കുന്നു.
1931 ജൂണ്‍ 2-ാം തീയതിയാണ് സാഹിത്യപഞ്ചാനന്‍ പി.കെ. നാരായണപിള്ളയുടെ പേര്‍ക്ക് കൂലംകുഷമായ പിരശോധനയ്ക്കും നിഷ്പക്ഷമായ അഭിപ്രായത്തിനുമായി ചങ്ങമ്പുഴ ഇതയച്ചുകൊടുത്തിട്ടുള്ളത്. പക്ഷേ, സാഹിത്യപഞ്ചാനന്‍ ഈ കൈയഴുത്തുപ്രതി മടക്കിക്കൊടുക്കുകയോ ചങ്ങമ്പുഴ തിരികെ വാങ്ങുകയോ ഉണ്ടായില്ല . പില്‍ക്കാലമത്രയും അവരിരുവും ഇതേപ്പറ്റി കനത്ത മൗനം ദീക്ഷിച്ചിട്ടുള്ളതും വിസ്മയകരമായിത്തോന്നുന്നു. അതുകൊണ്ടുതന്നെ, എന്തുകൊണ്ടിങ്ങനെ സംഭവിച്ചുവെന്നറിയുവാന് ആസ്വാദനപരമായ ഒരന്വേഷണത്തിനൊരുമ്പെട്ടത് അനുചിതമാവില്ല ല്ലോ
ലീലാങ്കണമെഴുതുമ്പോള്ഇരുപതു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ചങ്ങമ്പുഴയ്ക്ക് പറയത്തക്ക പ്രശസ്തിയോ അംഗീകാരമോ ലഭിച്ചുകഴിഞ്ഞിട്ടില്ലായിരുന്നു. അന്നത്തെ സാഹിത്യരംഗം ലബ്ദപ്രതിഷ്ഠരായ മഹാകവികള്കധീനമായിരുന്നു. അതേസമയം അവരെപ്പോലും നിസ്തേജരാക്കുന്ന വ്യക്തിത്വമുള്ള നിരൂപകപ്രതിഭകളും ഒട്ടും കുറവായിരുന്നില്ല . അവരുടെയിടയില്‍ പി.കെ. നാരായണപിള്ളയ്ക്കുള്ള സ്ഥാനം ആദരണീയമായിരുന്നു. ആ കാലഘട്ടത്തിന്റെ തന്നെ അധീശനായി വാണ സാഹിത്യപഞ്ചാനനബിരുദാലംകൃതനായ പി.കെയുടെ വ്യക്തിതവം സാഹിത്യകുതുകികളായ ആരുടെയും സ്നേഹാദരവുകള്പിടിച്ചു പറ്റിയിരുന്നു. ആ വ്യക്തിപ്രഭാവം ചങ്ങമ്പുഴയിലും ആവേശകരമായ സ്വാധീനം ചെലുത്തിയിരിക്കണം. ആ നിലയ്ക്കുതന്നെ തന്റെ ആദ്യത്തെ കൃതി ഒരഭിപ്രായത്തിനും അംഗീകാരത്തിനുമായി പി.കെ. യുടെ പേര്‍ക്ക് ഒരു കത്തോടുകൂടി അയച്ചുകൊടുക്കുകയും ചെയ്തു. സ്വന്തം ആഗ്രഹാഭിലാഷങ്ങള്പ്രകടമാക്കുന്ന ആ കത്ത് ചുവടെ ചേര്‍ക്കുന്നു.
Edappally
Date 2nd June 31
വന്ദ്യസുഹൃത്തേ
സാഹിത്യലോകത്തില്‍ പറയത്തക്ക പേരോ പെരുമയോ സമ്പാദിച്ചിട്ടില്ലെങ്കിലും തഴക്കമോ പഴക്കമോ കൈവന്നിട്ടില്ലെങ്കിലും താങ്കളെപ്പോലുള്ള
വന്ദ്യഗുരുഭൂതന്മാരുടെ കാരുണ്യത്താലും ജഗദീശ്വരന്റെ കൃപാകടാക്ഷത്താലും കവനങ്ങളാകുന്ന കാട്ടുപൂക്കളാലെങ്കിലും സാഹിതീദേവിയെ
ആരാധിക്കുന്ന ഒരാളാണു ഞാന്‍. എന്റെ സാഹിത്യപരിശ്രമങ്ങളുടെ ഫലമായിട്ടുണ്ടായിട്ടുള്ള ഖണ്ഡകവനങ്ങളുടെ
ഒരു ക്രോഡീകരണം `ലീലാങ്കണം' എന്ന പേരില്‍ പുസ്തകരൂപത്തില്‍ അച്ചടിച്ചു പ്രസിദ്ധം ചെയ്യണമെന്ന് എനിക്കാശയുണ്ട്.
അതിന്റെ ഒരു കൈയെവുത്തു പ്രതിയാണ് ഈ അയച്ചുതന്നിട്ടുള്ളത്. അതിനാലുണ്ടാകുന്ന പ്രയോജനങ്ങളെക്കുറിച്ചു ഞാന്‍ കേവലം അജ്ഞനാണ്.
അതുകൊണ്ട് പൂജ്യപാദനായ അവിടുന്ന് എന്നെ ഇക്കാര്യത്തില്‍ സഹായിക്കണമെന്ന് താഴ്മയായി അപേക്ഷിച്ചകൊള്ളുന്നു.
ജോലിത്തിരക്കുകളാല്‍ അരനിമിഷം പോലും വിശ്രവമാവസരം ലഭിക്കാത്ത അവിടത്തോട് ഞാന്‍ ചെയ്യുന്ന ഈ അഭ്യര്‍ത്ഥന
ഒരുപക്ഷെ അപരാധിയായിരിക്കാം പക്ഷെ, സ്നേഹബുദ്ധ്യാ അവിടന്ന് ഒരു പ്രിയശിഷ്യനെന്നു കരുതി അതു ക്ഷമിക്കുമെന്നു
തന്നെയാണ് എന്റെ ഉത്തമവിശ്വാസം. താങ്കളെപ്പോലെയുള്ള സാഹിത്യനായകന്മാര് ഈയുള്ഴവനെ വഴിതെളിച്ചുവിടുമെങ്കില്
സാഹിത്യാന്ത രീക്ഷത്തിലുള്ള എന്റെ സ്വച്ഛന്ദവിഹാരം കൂടുതല്‍ സുഗമവും സുന്ദരവുമായിത്തീരാതിരിക്കുകയില്ലല്ലോ
ഈ ചെറുപുസ്തകം അവിടുന്ന് കൂലംകുഷമായി പരിശോധിച്ച് ഇതിലുള്ളതായ സ്ഖലിതങ്ങളെല്ലാം തിരുത്തി നിഷ്പക്ഷമായ ഒരഭിപ്രായത്തോടുകൂടി ഉടനെതന്നെ മടക്കി അയക്കുവാനപേക്ഷ. അവിടന്ന് എന്നെ പ്രശംസിക്കണമെന്ന് എനിക്ക് അലംപപോലും ആഗ്രഹമില്ല . എന്നാല്‍ എന്റെ ന്യൂനതകളെയെല്ലാം ചൂണ്ടിക്കാണിച്ചുതന്ന് വേണ്ടവിധം എന്നെ ഉപദേശിച്ച് എന്റെ ഭാവി ഭാസുരമാക്കിത്തീര്ക്കുവാന് എന്നെ അവിടന്ന് കൈക്കൊള്ളാതിരിക്കുയില്ല ന്നു വിശ്വസിക്കുന്നു. അവിടന്ന് എനിക്കു ചെയ്തുതരുന്ന ഉപകാരത്തിന് ഞാനെന്നേക്കും അവിടത്തൊട് കടപ്പെട്ടവനായിരിക്കും.
പ്രസ്സുകാര്‍ വളരെ ധൃതിപ്പെടുന്നതിനാല് ഈ കാര്യത്തില്‍ മൗനം അവലംബിക്കുകയില്ല ല്ലോ }ഞാന്‍-കേവലം അപരിചിതനായ ഞാന്‍ - അവിടത്തെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കേണമേ! ഇക്കഴിഞ്ഞ സാഹിത്യപരിഷത്തില്‍ ഭവാന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഒരു കവിത ഞാന്‍ വായിക്കുകയുണ്ടായി. `വസന്താ വസാനം' എന്ന പ്രസ്തുതകവിതയും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ട് ഉടനെ തന്നെ തെറ്റുകള്എല്ലാം തിരുത്തി അഭിപ്രായത്തോടുകൂടി മടക്കി അയച്ചുതരുവാന്‍ അപേക്ഷ.
അവിടത്തെ വിധേയന്
(ഒപ്പ്)
(P.S. എന്റെ എഴുത്ത് വളരെ മോശവും അക്ഷരങ്ങള്വളരെ ചെറിയതുമാണ്. ആയതിനാല്‍ അവിടന്ന് കൂടുതല്‍ ബുദ്ധിമുട്ടനുഭവിപ്പാനിടയുണ്ട്. അതും ക്ഷമിപ്പാനപേക്ഷ. )
(ഇനീഷ്യല്‍)
എത്ര പ്രതീക്ഷയോടും അതില്‍ക്കവിഞ്ഞ വിശ്വാസത്തോടുമാണ് ചങ്ങമ്പുഴ `ലീലാങ്കണം' സാഹിത്യപഞ്ചാനന്‍ അയച്ചുകൊടുത്തതെന്ന് ഈ കത്തില്‍നിന്നു വ്യക്തമാകുന്നുണ്ടല്ലോ പക്ഷേ, സാഹിത്യപഞ്ചാനന്‍ കടുത്ത മൗനം അവലംബിച്ചുകളഞഅഞു. അതു തികഞ്ഞ അവഗണനയായിപ്പോയെന്നല്ലേ ആര്‍ക്കും തോന്നൂ? എന്നാല്‍ ചങ്ങമ്പുഴയ്ക്ക് അതു ചെന്നു തിരിച്ചു വാങ്ങിച്ചുകൂടായിരുന്നോ എന്നൊരു മറുചോദ്യത്തിന് പ്രസക്തിയില്ലേ ? പക്ഷേ, രണ്ടുമുണ്ടായില്ല . അത് എന്തുകൊണ്ട് സംഭവിച്ചു? അതാണല്ലോഅറിയേണ്ട കാര്യവും.
ലീലാങ്കണം ചങ്ങമ്പുഴ സാഹിത്യപഞ്ചാനന്‍ അയച്ചുകൊടുത്തപ്പോള്ആ നിരൂപകേസരി സാഹിത്യജീവിതത്തില്‍ മാത്രമല്ല , സാമൂഹ്യജീവിതത്തിലും വളരെ ഔന്നത്യം നേടിയ ഒരാളായിരുന്നു. അദ്ദേഹത്തിന് ഗദ്യപദ്യനിരൂപണാദിമേഖലകളിലുള്ള അന്യാദൃശമായ വൈഭവത്തെ മുന്‍നിര്‍ത്തിയാണ് സാഹിത്യപഞ്ചാനനബിരുദം തന്നെ ഉപലഭ്യമായത്. അന്നത്തെ കാലസ്ഥിതിയനുസരിച്ചു ഹൈക്കോടതി ജഡ്ജി എന്ന നിലയില്‍ ഔദ്യോഗിക ജീവിതത്തിലും അദ്ദേഹം മാന്യത നേടിയിരുന്നു. തനിക്കുതാന്‍ പോരിമയാര്‍ന്ന വ്യക്തിത്വപ്രഭ ജീവിതത്തിന്റെ സമസ്തമേഖലകളിലും പ്രസരിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിയുകയും ചെയ്തിരുന്നു. ഈ വൈയക്തികസിദ്ധികള്പി.കെ.യുടെ സ്വഭാവത്തെയും നിറംപിടിപ്പിച്ചിരുന്നു അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയ പി.കെ. പരമേശ്വരന്‍നായര്‍ രേഖപ്പെടുത്തിയിരിക്കുന്നതു നോക്കുക.
``മുഖം നോക്കാതെ കര്‍ക്കശമായും രൂക്ഷമായും സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു പി.കെ. കക്ഷികളോടു മാത്രമല്ല , പൊതുവെ ആരോടും വലിയ സൗജന്യമോ ദാനശീലമോ പ്രദര്ശിപപ്പിച്ചിട്ടില്ലാത്ത ഒരാളായിരുന്നു അദ്ദേഹം.''
ഈ സ്വഭാവത്തെപ്പറ്റി ഏറെക്കുറെ ചങ്ങമ്പുഴ മനസ്സിലാക്കിയിട്ടുണ്ടാവണം. അതുകൊണ്ടാവണം തന്റെ കൃതി അദ്ദേഹത്തിന്റെ മുമ്പില്‍ നേരിട്ടുചെന്ന് വാങ്ങിക്കുവാനും മടിച്ചത്. തന്നോടും തന്റെ കൃതിയോടും എങ്ങനെയാണുപ്രതികരിക്കുകയെന്നറിയാതെ രൂപഭാവങ്ങളില്‍ സിംഹാസമാനനെന്നു വിളികൊണ്ട പി.കെ. യെ സമീപിക്കുവാനും താനയിച്ചുകൊടുത്ത കൈയെഴുത്തുപ്രതി മടക്കിവാങ്ങുവാനും ബാലനും ലോലനഹൃദയനുമായ ചങ്ങമ്പുഴയ്ക്കു കഴിയുമായിരുന്നില്ല . കൂടാതെ അദ്ദേഹവുമായി അടുത്തിടപഴകുവാനോ പരിചയപ്പെടുവാനുള്ള അവസരവും ചങ്ങന്വുഴയ്ക്കു ലഭിച്ചിരുന്നുമില്ല . പി.കെ.യുടെ അദ്ധ്യക്ഷതയില്‍ നടന്ന സാഹിത്യപരിഷത്തു സമ്മേളനത്തില്‍ താനൊരു കവിത വായിച്ചിട്ടുണ്ട് എന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ട് എഴുതിയിരിക്കുന്ന കത്തിലും ഒരപരിചിതന്റെ സ്വരമാണ് മുഴങ്ങിക്കേള്‍ക്കുന്നത്. ആ നിലയ്ക്ക്, പറഞ്ഞുകേട്ട അറിവുവച്ചുകൊണ്ട് പി.കെ.യെ നേരില്‍ക്കാണുവാനും വിവരങ്ങള്തിരക്കിയറിയുവാനും സ്വാഭാവികമായും ചങ്ങമ്പുഴ മടി കാണിച്ചു എന്നു വിചാരിക്കേണ്ടിയിരിക്കുന്നു.
സാഹിത്യപഞ്ചാനനന്റെ നിര്യാണത്തിനു ശേഷം ചങ്ങമ്പുഴ എഴുതിയ `സിംഹപൂജ' എന്ന സ്മരണാഞ്ജലി ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമായിരിക്കുന്നു. പ്രസ്തുത കവിതയില്‍ പി.കെ. യെപ്പറ്റി അദ്ദേഹം പറയുന്നതു ശ്രദ്ധിക്കുക:
"വന്നില്ല ധൈര്യമടുക്കുവാനങ്ങതന്
മുന്നിലേയ്ക്കുത്യുഗ്രമൃത്യുവിനും വിഭോ!~
ലജ്ജയില്ലാതെ പതുങ്ങിപ്പതുങ്ങിവ-
ന്നച്ചേവടിയറുത്തോടിയെന്നിട്ടവന്
ഭീരുവിന് ചിത്തതത്തുടിപ്പന്നു കണ്ടതു
താരങ്ങള്കാട്ടിത്തരുന്നതുണ്ടിപ്പൊഴും
കാണാതെ നിര്‍ദ്ദയം ഛേദിച്ചുവെങ്കിലും
കാലുപിടിച്ചവനാണവനാകയാലല്
പിന്നീടു മാപ്പുകൊടുത്തവനൊന്നിച്ചു
മന്നിതെന്നേക്കും വെടിഞ്ഞുപോയീ ഭവാന്"
ഉഗ്രമൃത്യുവിനുപോലും സാഹിത്യപഞ്ചാനനെ ഭയമായിരുന്നത്രേ~ ലജ്ജയില്ലാതെ പതുങ്ങിപ്പതുങ്ങിവന്ന് മൃത്യു പിടികൂടുവാന്‍ ശ്രമിച്ചെങ്കിലും ആദ്യം തൃച്ചേവടിയറുത്തുകൊണ്ടോടിപ്പോകാന് മാത്രമേ കഴിഞ്ഞുള്ളൂ. അവസാനകാലത്ത് ഒരു ശസ്ത്രക്രിയയെത്തുടര്‍ന്ന് പി.കെ. യുടെ വലതുകാല്‍ (1936 മേയില്‍) ഛേദിക്കേണ്ടിവന്നിരുന്നു. 1938 -ലാണ് അദ്ദേഹത്തിന്റെ അന്ത ്യം. 1939 മാര്‍ച്ചിലാണ് ചങ്ങമ്പുഴ ഈ കവിത എഴുതിയിട്ടുള്ളത്. തന്നെ സമീപിച്ച് കാലുപിടിച്ചവനാണല്ലോഎന്ന ഔദാര്യത്തില്‍, എന്താ യാലും കൂടെ പൊയ്ക്കളയാം എന്നു വിചാരിച്ചാണ് സാഹിത്യപഞ്ചാനന്‍ മരണത്തിനുപോലും വഴിപ്പെട്ടത് എന്ന കവിഭാവന വെറും അതിശയോക്തിയാണെന്നു തോന്നാമെങ്കിലും ആ പുരുഷഗാംഭീര്യം ചങ്ങന്വുഴയിലുളവാക്കിയ ഭയാത്ഭുതവികാരങ്ങളാണ് ഇവിടെ കാണാനാവുക. നേരിട്ടുചെന്ന് പി.കെ.യുടെ കയില്‍നിന്ന് കൈയെഴുത്തുപ്രതി തിരിച്ചുവാങ്ങുവാന്‍ ചങ്ങമ്പുഴയ്ക്കുണ്ടായിരുന്ന വിഷമത്തിന്റെ പിന്നിലെ മനോവികാരം ഇതില്നിന്നൂഹിക്കാവുന്നതാണ്.
എങ്കിലും ഇടയ്ക്ക് ഈ അനുസ്മരണം വെളിപ്പെടുത്തുന്ന മറഅറൊരു വസ്തുത കൂടി ചൂണ്ടിക്കാണിക്കട്ടെ. സിംഹപൂജ എഴുതിയത് ചങ്ങമ്പുഴയിലെ കവിയാണ്. ആ കവി ദേവനായിരുന്നു. തന്നോട് ആര് എങ്ങനെ പെരുമാറിയാലും എല്ലാം മറക്കുവാനും പൊറുക്കുവാനും കഴിഞ്ഞ ഉദാത്തവും വിശുദ്ധവുമായ ഒരു കവിമനസ്സായിരുന്നു അദ്ദേഹത്തിന്റേത്. ചങ്ങമ്പുഴ നിശിതമായി വിമര്‍ശിച്ച സഞ്ജയന് മരിച്ചപ്പോഴും ഹൃദയസ്പര്‍ശകമായ അനുശോചനം രേഖപ്പെടുത്തുവാന്‍ അദ്ദേഹം മടികാണിച്ചില്ല ല്ലോ കവി എന്ന നിലയിലാണ് ചങ്ങമ്പുഴ ജനഹൃദയങ്ങളില്‍നിന്ന് ചങ്ങമ്പുഴ എന്ന മനുഷയനെ നിശ്ശേഷം മാറ്റിനിര്‍ത്തി നോക്കുമ്പോള്നമുക്കു നൈരാശ്യവും ധാര്മ്മികരോഷവുമുണ്ടാകും എന്നു ഡോക്ടര്‍ എസ്.കെ. നായര്‍1 രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നാം ചങ്ങമ്പുഴയെ കവിയായി മാത്രമാണ് അറിയുന്നതെന്നോര്ക്കുമ്പോള്സാഹിത്യപഞ്ചാനന് വിഗണിച്ചതെല്ലാം മറന്ന് അദ്ദേഹത്തിന്റെ വേര്‍പാടില്‍ സ്മരണാഞ്ജലിയര്‍പ്പിക്കുന്ന കവിയോട് അടുപ്പമോ ആദരവോ ഉണ്ടാവുകയല്ലേ ചെയ്യുന്നത്?
ഇനി വീണ്ടും പ്രകൃതത്തിലക്കു വരിക. മനഃപൂര്‍വ്വമല്ലാത്ത തന്റെ സഹജസ്വഭാവം പി.കെ. ചങ്ങമ്പുഴയുടെ കാര്യത്തിലും പ്രകടിപ്പിച്ചു എന്നു വിചാരിക്കുന്നതാവും ശരി. നീതിബോധമുള്ള ഒരു ന്യായാധിപന്റെ പഞ്ചപക്ഷപാതരാഹിത്യം കര്‍ശനമായി പുലര്‍ത്തുവാന്‍ അദ്ദേഹം വ്യഗ്രത കാട്ടിയിരുന്നതിനു തെളിവുകളുണ്ട്. ജീവചരിത്രകാരന്‍ അദ്ദേഹത്തെക്കുറിച്ചെഴുതിയിരിക്കുന്നതു നോക്കുക:
``പി.കെ. ആര്‍ക്കും ഒരു സൗജന്യവും ചെയ്തുകൊടുക്കുന്ന ശീലക്കാരനായിരുന്നില്ല ... തനിക്കില്ലാത്ത സൗജന്യം ഉണ്ടെന്നു ബോദ്ധ്യപ്പെടുത്തുവാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുമില്ല .''
തന്റെ പേര്‍ക്ക് അയച്ച തിരുത്തലിനും അഭിപ്രായത്തിനുമായി അയച്ച ഗ്രന്ഥം അയച്ച ആള്‍ക്കുതന്നെ എന്തുകൊണ്ടു വന്നു മടക്കി വാങ്ങിക്കൂടാ എന്ന ശാഠ്യപബുദ്ധിക്കാരനായിരുന്നു പി.കെ. എന്ന് അദ്ദേഹത്തിന്റെ സ്വഭാവനിരീക്ഷണത്തിലൂടെ മനസ്സിലാക്കാവുന്നതാണ്. ചങ്ങമ്പുഴയാകട്ടെ തന്റെ അപേക്ഷപ്രകാരം വേണ്ട കാര്യങ്ങള്നിര്വ്വഹിച്ച് അതു മടക്കി അയച്ചുതരും എന്നു കരുതി കാത്തിരിക്കുകയും ചെയ്തു. രണ്ടും ഉണ്ടാവാതെ പോയി. പക്ഷേ ഒരു കാര്യം ഇവിടെ ഓര്‍ക്കണം. ``ലീലാങ്കണം പി.കെ. നികൃഷ്ടമായി പരിശോധിക്കുകയും അവിടവിടെയായി തനിക്കു യുക്തമെന്നു തോന്നിയവിധം ചില തിരുത്തലുകള്നിര്വ്വഹിക്കുകയും ചെയ്തിട്ടുണ്ട്. അവയില്‍ ഏതാനും ചൂണ്ടിക്കാണിക്കട്ടെ:
`ദേവീ! നിന് മാഹാത്മ്യമെന് ബാല്ല്യ കാലത്തി-
ലീവിധത്തി ലോതിത്തന്നീലാരും' (ഗീതാഞ്ജലി)
`അന്ത ികേ കണ്ടീടിനാളിഷ്ടതോഴിയാളാകും
സാന്ധില്ല്യ തന്നെ - സന്താപവിഷ്ടയെ സാധുവെ' (അപരാധി)
`തത്ത്വോപദേശമെതത്ര ചെയ്തില്ല വര് രണ്ടു-
മുള്‍ത്താരിലവനു ചെറ്റലിവുണ്ടാക്കീടു വാന്‍''(അപരാധി)
`നിശീഥമാം കരിങ്കുയില് വിടരര്ത്തിയ
സംശോഭനമായ ചിറകുകളിലെ' (ഒരു ശരന്നിശ)
`ആയവ വിഫലമായെങ്കിലുമിപ്പോഴന്
ന്യായ ചിന്തകനായ്പോയ് സോദരീവധം മൂലം'
`പങ്കിലമാക്കീടാറു ണ്ടവനു തൻമാനസം' ( അപരാധി)
`ഓമനപ്പൂനതൊടി തന്നകത്തു
വസിച്ചിരുന്നൂ പ്രണയാര്‍ദ്ര ഞങ്ങള്‍(ഉദ്യാനത്തില്‍ വച്ച്)
പ്രണയാര്‍ദ്രര്‍ എന്നു തിരുത്ത്
`ജയിക്ക ദാമ്പത്യവിലാസലക്ഷ്മീ -
യപാംയുഗ്മപ്രഭതന് പടര്പ്പേ' (ഉദ്യാനത്തില്‍ വച്ച്)
പ്രണയാര്‍ദ്രര്‍ എന്നു തിരുത്ത് -
`ജയിക്ക ദാമ്പത്യവിലാസലക്ഷ്മീ-
യപാംയുഗ്മപ്രഭതന് പടര്പ്പേ (ഉദ്യാനത്തില്‍ വച്ച്)
യപാംഗ എന്നു തിരുത്ത്;
`വിയല്ല തികയില്‍ വിളങ്ങിക്കാണായി
വിരിമലരുകള് - വിരലസല്ത്താകള്' (ഒരു ശരന്നിശ)
`വാര്ഷികശ്രീവന്നു വാനിനയക്കുമാ-
കര്ഷകാപാംഗകടാക്ഷം പോലെ' (ഒരു മിന്നല്പിണര്)
`തുടുതുടെ ദലജലാലോല നേത്രം തുറന്നാ -
മടുമലര്‍ നിരയെല്ലാം മന്ദം വിരിഞ്ഞു.
`പകലവ വിലയത്താല് സങ്കടത്താ-
..............................................................
വനജനിര വിരിഞ്ഞും മഞ്ചുളക്കെട്ടുലഞ്ഞും'
(ഉണര്‍ന്നപ്പോള്‍)
`ഏതൊരരു മാനസനീലര് കുഗ്മളം' (ഗീതാഞ്ജലി)
കോരകം എന്ന തിരുത്ത്
പോയി, ആയി എവിയ്ക്കു പകരം പോയ്, ആയ് എന്നാണു ചങ്ങമ്പുഴ പലയിടങ്ങളിലും എഴുതിയിട്ടുള്ളത്. അവിടെയും സാഹിത്യപഞ്ചാനന്‍ അടയാളപ്പെടുതത്തിയിട്ടുണ്ട്. കൂടാതെ `സ്വപ്നവിഹാരി' എന്ന കവിത `From English a free translation. എന്നു രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
പൊതുവെ വൃത്തഭംഗം, പ്രയോഗവൈകല്ല്യ ങ്ങള്, അക്ഷരത്തെറ്റ് എന്നിങ്ങനെയുള്ള ദോഷങ്ങൾ സംഭവിച്ചിട്ടുള്ള ഭാഗങ്ങളിലാണ് അടിവരയിട്ടിട്ടുള്ളത്. ആദ്യത്തെ ഒമ്പതു കവിതകളില്‍ മാത്രമേ ഈ അടിക്കുറിപ്പുകള്കാണുന്നുള്ളൂ എന്നുകൂടി പറയട്ടെ.
ഈ തെറ്റുകുറ്റങ്ങളും പോരായ്മകളും നേരില്‍ ബോദ്ധ്യപ്പെടുത്തിയിട്ട് അഭിപ്രായം എഴുതാം എന്നു വിചാരിക്കുന്നതുകൊണ്ടാകുമോ ചങ്ങമ്പുഴതന്നെ പുസ്തകവലിപ്പത്തില് മുറിച്ചെടുത്ത കടലാസില്‍ `അഭിപ്രായം' എന്നെഴുതിയ കൈയെഴുത്തുപ്രതിയോടൊപ്പം അതോ, ബാലനായ ചങ്ങമ്പുഴ ജഡ്ജിയും സാഹിത്യപഞ്ചാനുമായ തന്റെ നേര്‍ക്ക് അഭിപ്രായം എന്നെഴുതി ആ കടലാസുഷീറ്റുകള്അയച്ചതിലുള്ള അനിഷ്ടംകൊണ്ടാവുമോ? ആവോ, ഒന്നുമറിയില്ല . എങ്കിലും ആ സാഹിത്യനായകന്റെ മൗനം അകാരണമായിരിക്കാനിടയില്ല എന്നതോര്ക്കുമ്പോള്സംശയകരമായ സാഹചര്യങ്ങളാണ് ഉള്ളതെങ്കില്‍ കൂടി കൂടുതല്‍ അന്വേഷണം ആവശ്യമായിത്തീരുന്നു.
തന്റെ കവിതകളിലെ ന്യൂനതകളെല്ലാം ചൂണ്ടിക്കാണിച്ചുവേണം ഉപദേശിച്ച് ഭാവി ഭാസുരമാക്കിത്തീര്ക്കുവാന് സാഹായിക്കണേ എന്നഭ്യര്‍ത്ഥിച്ചുകൊണ്ട്, ചങ്ങനപുഴ പി.കെയ്ക്ക് എഴുതിയ കത്തിലെ `വന്ദ്യ സുഹൃത്തേ' എന്ന സംബോധന അദ്ദേഹത്തിനിഷ്ടപ്പെട്ടിരിക്കാനിടയില്ല . കാരണം അങ്ങനെയുള്ള കാര്യങ്ങളിലൊക്കെ വളരെ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒരു പ്രകൃതക്കാരന്കൂടിയായിരുന്നു അദ്ദേഹം. ഇതിനുപോലല്ബലകമായി ഒരു സംഭവം ഇവിടെ അനുസ്മരിക്കട്ടെ:
ഒരിക്കല്‍ ചങ്ങനാശ്ശേരിയില്‍ വച്ചു നടന്ന ഒരു സാഹിത്യസമ്മേളനത്തില്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന വാട്സ് ആയിരുന്നു അദ്ധ്യക്ഷന്‍. പ്രസംഗത്തിനു പി.കെയുടെ ഊഴം വന്നപ്പോള്അടുത്തതായി പി.കെ. നാരായണപിള്ള പ്രസംഗിക്കുന്നതായിരിക്കും എന്ന് അദ്ധ്യക്ഷപ്രസ്താവമുണ്ടായി. ഹൈക്കോടതി ജഡ്ജിയും സാഹിത്യസാര്വ്വഭൗമനുമായ തന്നെ ഒരു `മിസ്റ്ററോ' `ശ്രീ'യോ പോലും ചേര്‍ക്കാതെ വെറും പി.കെ. നാരായണപിള്ള എന്നു സായിപ്പു സംബോധന ചെയ്തതില്‍ നീരസം തോന്നി പ്രസംഗത്തിനെഴുന്നേറ്റ അദ്ദേഹം പി.കെ. നാരായണപിള്ള പ്രസംഗിക്കാതെയുമിരിക്കും' എന്നു പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചു സദസ്സിനെ അമ്പരപ്പിച്ചുകളഞ്ഞു! ഇതൊക്കെ വച്ചുനോക്കുമ്പോള്ചങ്ങമ്പുഴ `വന്ദ്യ' എന്നു ചേര്‍ത്തെങ്കിലും സുഹൃത്തേ എന്നു സംബോധന ചെയ്തത് ഇത്ര അധികപ്പറ്റായിപ്പോയില്ലേ യെന്ന് അദ്ദേഹം ചിന്ത ിച്ചിരിക്കാനിടയുണ്ട്. ഒരോ കാലഘട്ടത്തിലെ ഓരോരുത്തരുടെ മാനസികഘടന എന്നല്ല തെ ഇതേപ്പറ്റി ഏറെപ്പറയേണ്ടതില്ല . പക്ഷേ, ഇതുണ്ടോ പ്രതീക്ഷകള്തിളക്കുന്ന കണ്ണുകളുമായി സ്വപ്നങ്ങള്വിടരുന്ന മനസ്സുമായി സാഹിത്യക്ഷേത്രത്തിലേക്കു കടന്നുവന്ന ചങ്ങമ്പുഴ അറിയുന്നു!
മേല്പ്പറഞ്ഞതൊക്കെ സാഹിത്യേതരമായ കാര്യങ്ങൾ മാത്രമാണ്. എന്നാല്‍ അതിലുമുപരി ഗൗരവവും പ്രാധാന്യ വും കല്പ്പിക്കേണ്ടതു സംവേദനത്തിന്റെ പ്രശ്നങ്ങള്കാണ്. അവിടെ പി.കെയും ചങ്ങമ്പുഴയും തമ്മില്‍ അടിസ്ഥാനപരമായി ഭിന്നകോടികളിലായിരുന്നുതാനും.
ആധുനികവിതയോട് വലിയ പ്രതിപത്തിയുള്ളയാളായിരുന്നില്ല സാഹിത്യപഞ്ചാനന്‍. `ആധുനികസാഹിത്യത്തോട് ഒരവജ്ഞതന്നെയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്' എന്നു ജീവചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇതിനദ്ദേഹം കാരണമായി പറയുന്നത് അന്ത സ്സാരശൂന്യങ്ങളായ അനുകരണങ്ങള ഭാഷയില്‍ വര്‍ദ്ധിക്കുകയും യഥാര്‍ത്ഥ മാഹാത്മ്യമുള്ള പ്രാചീനകൃതികള്വിസ്മൃതപ്രായമാവുകയും ചെയ്യുന്നു എന്നുള്ളതാണ്. കൂടാതെ ആധുനിക സാഹിത്യത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള നിരൂപണം ലഘുവും സാമാന്യര്ക്കുപോലും സാധിക്കാവുന്നതുമായ ഒരു കൃത്യമാണെന്നും അതിന് അഗാധപാണ്ഡിത്യമോ ചരിത്രഗവേഷണപടുത്വമോ ഗാഢമായ ശ്രദ്ധയോ നിരന്ത രപരിശ്രമമോ ആവശ്യമില്ല എന്നുമുള്ള അഭിപ്രായമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. എന്താ യാലും പി.കെ. തന്റെ ദൃഢരൂഢമായ അഭിപ്രായത്തിലൂന്നിക്കൊണ്ട് ആ കാലഘത്തിത്തിനു ചൈതന്യം പകര്‍ന്നിരുന്ന വള്ളത്തോള്‍, ഉള്ളൂര്‍, ആശാന് എന്നിവരെ മുഖം നോക്കാതെ വിമര്‍ശിച്ചിട്ടുള്ള കഥ ഏവര്‍ക്കും അറിവുള്ളതാണ്. തന്റ നിശിതമായ നിരൂപകഖഡ്ഗംകൊണ്ട് അന്നത്തെ ജനകീയ മഹാകവിയായ കുമാരനാശാനെ വെട്ടിവീഴ്ത്താനൊരുമ്പെട്ട പുറപ്പാട് ഇനിയും മറക്കാറായിട്ടില്ല . അത്രയ്ക്കു പ്രഥിതമായിരുന്നല്ലോആ കരുണാനിരൂപണം. വള്ളത്തോളിനെയും ഉള്ളൂരിനെയും കടന്നുകയറി ആക്രമിക്കുക പി.കെ.യുടെ ഒരു സഹൃദയവിനോദമായിരുന്നു. ചങ്ങമ്പുഴ തന്നെ ആ വിമര്ശകനെപ്പര്റി പാടിയിട്ടുള്ളതു കേള്‍ക്കുക:
`ഡംഭാർന്നു ഭാഷാവനത്തില് വിമര്‍ശക-
കംഭീന്ദ്രര് നേരിട്ടണയവേ നിര്‍ഭയം
മസ്തകം തല്ല ിപ്പൊളിച്ചു വെണ്മുത്തുക-
ളെത്ര നീ വാരിയണിഞ്ഞില്ല സിംഹമേ
ഉള്ക്കുതിപ്പാര്ന്നു നിന്നട്ടഹാസങ്ങള്കേ-
ട്ടുത്തുംഗശൃംഗപരമ്പര പോലുമേ
പ്രാണരക്ഷാര്‍ത്ഥം പറന്നു പലവഴി
ക്കേണങ്ങളാകെക്കുലുങ്ങീ വനതലം
ആര്‍ക്കു സാധിക്കും മറയയ്ക്കാന്, മറക്കുവാ-
നോര്ത്താല് നടുങ്ങുമസ്സംഹാരതാണ്ഡവം
ക്ലാസിക്കുകളിൽ രമിച്ച പി.കെ.യുടെ വിമര്ശകപ്രതിഭയ്കക്കു ക്ഷോദക്ഷമങ്ങളായിരുന്നില്ല ആധുനികവതികൾ എന്നതാണു വസ്തുത. ക്ലാസിക് പാരമ്പര്യങ്ങളോടും സാഹിത്യസങ്കല്പങ്ങളോടും അമിതമായ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം ചെറുശ്ശേരി, തുഞ്ചത്തെഴുത്തച്ഛന്‍, കുഞ്ചന്നമ്പമ്പ്യാര് എന്നീ കവികളെയും അവരുടെ കൃതികെയും കുറിച്ച് ഭാഷാസാഹിത്യഗവേഷകര്പോലും വഴികാട്ടിയായിത്തീരത്തക്കവിധത്തില് നടത്തിയിട്ടുള്ള പഠനപര്യവേഷണങ്ങള്ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കത്തക്കതാണ്.
തന്റെ ദര്‍ശനങ്ങളോടും വിശ്വാസങ്ങളോടും സത്യസന്ധത പുലര്‍ത്തിയ പി.കെ. മുഖസ്തുതിക്കുവേണ്ടി ഒന്നും പറയുന്ന ആളായിരുന്നില്ല . അതുകൊണ്ടു മാത്രം, അതേ അതുകൊണ്ടു മാത്രം, അതേ അതുകൊണ്ടു മാത്രം ചങ്ങമ്പുഴയുടെ ലീലാങ്കണത്തിനും ഒരു വഴിപാട് എന്ന നിലയില്‍ മുഖക്കുറിപ്പെഴുതുവാനോ അഭിപ്രായം രേഖപ്പെടുത്തുവാനോ മുതിര്‍ന്നില്ല എന്നതാണ് നേര്. എല്ലാവരുടേയും മുമ്പില്‍ ഒരു നല്ല പിള്ള ചമയുവാന്‍ സ്വകാര്യമാ വീക്ഷണങ്ങളും വിശ്വാസങ്ങളുമുള്ള ഒരു നിരൂപകനു കഴിയില്ല ല്ലോ പി.കെയെപ്പറ്റി സുകുമാര്‍ അഴീക്കോട് പറഞ്ഞിരികക്കുന്നതുകൂടി ശ്രദ്ധിക്കുക.
"ഒരുവേള പ്രാചീന ഗ്രന്ഥപ്രരിശോധനയില് തനിക്കു നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്ന പാണ്ഡിത്യത്തിന്റെ അക്ഷോഭ്യതയും വീക്ഷണതത്തിന്റെ നൈര്‍മല്ല്യ വും ജീവല്കവികളെ വിമര്ശിക്കുമ്പോള്തനിക്കു പരിപാലിക്കാന്‍ കഴിയാതെ പോയേക്കുമോ എന്ന സത്യസന്ധമായ ഭീതികൂടി വര്ത്തമാനകാലസാഹിത്യത്തെ വിമര്ശിക്കൂന്നതില്നിന്നും പിന്ത ിരിയുവാന് അദ്ദേഹത്തിനു പ്രേണയായിരുന്നിരിക്കാം. ഈ അന്ത ഃശങ്കയെ ഉല്ലംഘിചച്ചുകൊണ്ട് എപ്പോഴെപ്പോള്അദ്ദേഹം നവീനകൃതികളെ വിലയിരുത്തുവാന്‍ ശ്രമിച്ചുവോ അപ്പോഴെല്ലാം അദ്ദേഹത്തിന്റെ പ്രതിഭ സ്ഖലല്ഗതിയായിട്ടാണു തീര്‍ന്നത്. ആശയലോകത്തില്‍ ആര്‍ക്കും സ്വമേധയാ വിധേയനാകുന്ന ആളല്ല പഞ്ചാനന്‍"
വസ്തുതകള്ഇതെല്ലാമായിരിക്കെ സാഹിത്യപഞ്ചാനന്‍ `ലീലാങ്കണ'ത്തിന് അവതാരിക എഴുതുകയോ മടക്കിക്കൊടുക്കുകയോ ചെയ്യാതിരുന്നത് പാപമായിപ്പോയി എന്നു പറയാനാവുകയില്ല . ചങ്ങമ്പുഴയ്ക്കു വേണമായിരുന്നെങ്കില്‍, സാഹിത്യപഞ്ചാനന്റെ പുത്രനായ ടി.എന്‍. ഗോപിനാഥന്‍നായര്‍ മുഖാന്ത ിരമെങ്കിലും ഇതു മടക്കി വാങ്ങാമായിരുന്നല്ലോ അവര്‍ തമ്മില്‍ ഗാഢമായ സൗഹൃദമാണുണ്ടായിരുന്നതെന്ന് `സുധാംഗദ' യുടെ മുഖവുരയില്‍ ചങ്ങമ്പുഴതന്നെ പറഞ്ഞിട്ടുമുണ്ട്. കൂടാതെ `തിലോത്തമ' യുടെ അവതാരിക ചങ്ങമ്പുഴ ടി.എന്‍. നെ-ക്കൊണ്ട് എഴുതിച്ചിട്ടുള്ളതും. ഇതിനൊക്കെ പുറമെ ടി.എന്‍. എത്രപ്രാവശ്യമാണ് ചങ്ങമ്പുഴയുമുണ്ടായിരുന്ന ഉറ്റ ചങ്ങാത്തത്തിന്റെ മധുരസ്മൃതികള്മലയാളക്കരയ്ക്കു പകര്‍ന്നു നല്‍കിയിട്ടുള്ളത്. പക്ഷേ, പിന്നീടൊരിക്കലും ചങ്ങമ്പുഴ `ലീലാങ്കണത്തെപ്പറ്റി ടി.എന്‍ -നോട് അന്വേഷിക്കുകയോ സൂചിപ്പിക്കുക പോലുമോ ഉണ്ടായിട്ടില്ല . ഇത് ഓര്മ്മപ്പിശകുകൊണ്ടു മാത്രമാണെന്നു വിചാരിക്കുവാന്‍ ന്യായമില്ല . എന്താ യാലും ഒരു കടംകഥപോലെ `ലിലാങ്കണം' സഹൃദയര്ക്കുമുമ്പില് അവശേഷിപ്പിക്കാതെ, തന്റെ അപക്വമായ കാവ്യസങ്കല്പങ്ങളുടേയും ദര്ശനവിശ്വാസങങളുടേയും രചനാശൈലിയുടേയും കന്നിപ്പിറപ്പായ ഈ കൃതി ചങ്ങമ്പുഴ പ്രസിദ്ധീകരിക്കേണ്ട എന്നു തീരുമാനിച്ചിരിക്കാനേ ഇടയുള്ളൂ.
2
എങ്കിലും ഈ കൃതിക്കു പിണഞ്ഞ വിപര്യയം പില്ക്കാലത്തെ കാവ്യജീവിതത്തിലുടനീളം ഒരു കരിനിഴല്‍പോലെ ചങ്ങമ്പുഴയെ പിന്ത ുടര്ന്നിരുന്നില്ലേ എന്നു ബലമായി ശങ്കിക്കേണ്ടിയിരിക്കുന്നു.
മധുരസ്വപ്നങ്ങള്കണ്ട് നൈമിഷികമായ ആഹ്രാദം നുണയുവാനും ദുഃസ്വപ്നങ്ങള്‍കണ്ട് ഞെട്ടിപ്പിടഞ്ഞു തേങ്ങുവാനും ഒരുപോലെ ഒരുങ്ങിയിരുന്ന ഒരു തനി റൊമാന്റികായിരുന്നല്ലോചങ്ങമ്പുഴ. നിസ്സാരങ്ങളായ അനുഭങ്ങള്പോലും അമിതമായ വൈകാരികാഭിമുഖ്യത്തോടെയാണ് അദ്ദേഹം കണ്ടിരുന്നത്. ആ നിലയ്ക്ക്, പി.കെ. യ്ക്കുസമര്പ്പിച്ച `ലിലാങ്കണം' കടുത്ത അവഗണനയ്ക്കു വിധേയമായപ്പോല് നിശ്ചയമായും ആ അനുഭവം അദ്ദേഹത്തിന്റെ ഹൃദയത്തെ വ്രണപ്പെടുത്തിയിട്ടുണ്ടാവണം. കവിതയെക്കുറിച്ചുള്ള മായികമായ സ്വപ്നങ്ങളുമായിക്കടന്നുവന്ന ആ ഗാനഗന്ധര്വ്വന് തുടക്കത്തില്‍ തന്നെ കല്ല ുകടിച്ചു! മലയാളസാഹിത്യത്തില്‍ അന്‍പതോളം കൃതികള്എഴുതി പ്രകാശിപ്പിച്ച് സ്വകീയമായ വ്യക്തിത്വത്തിന്റെ ചാരുദീപ്തിയില് എത്രയോ സഹൃദയരെ പുളകം കൊള്ളിക്കുകയും കവികളെ സ്വാധീനിക്കുകയും ചെയ്ത ആ മഹാകവിയുടെ പൂര്വ്വകഥയാണിതെന്നോര്ക്കണം. തുടക്കം നന്നായാല്‍ ഒടുക്കം വരെ നന്ന് എന്നല്ലേ പ്രമാണം. പക്ഷേ, ആ തുടക്കം ഇവിടെ പിഴച്ചുപോയി. അതുകൊണ്ടു വന്ന പാളിച്ചകള്ചങ്ങമ്പുഴയുടെ പിന്നീടുള്ള കാവ്യജീവിതത്തിലും സംഭവിച്ചു എന്നു വിചാരിക്കേണ്ടിയിരിക്കുന്നു.
വൈകല്ല്യങ്ങള്നിറഞ്ഞ ജീവിതത്തിന്റെ സ്വപ്നലോകങ്ങളില് അലയുകയും ആ സ്വപ്നങ്ങള്‍ക്കു ഭംഗം സംഭവിച്ച് യാഥാര്‍ത്ഥ്യങ്ങളുടെ മുള്മുനകളില് വീണു പിടയുകയും ചെയ്ത ലോലവും ദുര്‍ബ്ബലവുമായ ഹൃദയത്തോടുകൂടിയ അദ്ദേഹം തനിക്കു വന്നുപിണഞ്ഞ ഈ വിപര്യയത്തില്‍ ഏറെ നൊമ്പരപ്പെട്ടിട്ടില്ലേ ആദ്യ കൃതിയായി പിന്നീടു പ്രകാശിപ്പിച്ച `ബാഷ്പാഞ്ജലി'യുടെ അവതരണികയില്‍.
``ശരിയായിരിക്കാമീ ലോകമേറ്റം
നിരുപമമാനന്ദദമായിരിക്കാം
പ്രബലപ്രതാപാദി ജീവിതമാം
നറുപാല്ക്കടലില് തരംഗമാകാം
ഹതഭാഗ്യന് ഞാന്‍ പക്ഷെ കണ്ടതെലല്ലാം
പരിതാപാച്ഛാദിതമായിരുന്നു
സതതമെന്കാതില് പതിച്ചതെലല്ലാം
കരുണതന്‍ രോദനമായിരുന്നു
എരിയുമെന്നാത്മാവിലേറ്റതെല്ലാം
ചുടുനെടുവീര്‍പ്പുകളായിരുന്നു-''
എന്നു കുറിച്ചുവെച്ചത്. ഈ ഉത്തപ്തമായ ദര്ശനവിഷാദം സ്വരവര്ണ്ണങ്ങളില് പകര്ന്നപ്പോള്ചങ്ങമ്പുഴയ്ക്ക് ഇരുപത്തി മൂന്നു വയസ്സു തികഞ്ഞിരുന്നില്ല . ജീവിതത്തെക്കുറിച്ചൊരു വിധിയെഴുത്തുന്നിടത്തുവാന് പാകത്തിലുള്ള അനുഭവജ്ഞാനം ഈ പ്രായത്തിനിടയില്‍ ലഭിച്ചിരിക്കുവാനിടയില്ല ല്ലോ ഇത്ര ചെറുപ്രായത്തില്‍ ഇങ്ങനെ ഉള്ളുരിക മാഴ്കുവാന്‍ തക്കവണ്ണം എന്തുണ്ടായി. ഉണ്ടായതൊക്കെ കൈയ്പേറിയ അനുഭവങ്ങള്‍തന്നെ. ആ അനുഭവങ്ങള്കിടവരുത്തിയ പരിതോവസ്ഥകളെപ്പറ്റി `ചങ്ങമ്പുഴ-ഒരു പഠനം' എന്ന ഗ്രന്ഥത്തില്‍ കെ.എസ്. നാരായമപിള്ള പറയുന്നതു കേള്‍ക്കുക:
``....ഇതിനെല്ലാം കാരണം വൈകാരികോത്തേജനത്തോടുള്ള അസാമാനന്യമായ ആഭിമുഖ്യവും ഒന്നുകൊണ്ടും കെട്ടടങ്ങാത്ത അസ്വസ്ഥതയുണ്ടായിരുന്നു. ഈ അസ്വസ്ഥതയില്ത്തന്നെ ഏകാന്ത വേളകളില്‍ ബാലനായ ചങ്ങമ്പുഴ അന്ത ര്മുഖനും സ്വപ്നദര്‍ശിയും വിഷാദവിവശനുമായി. അക്കാലത്തുണണാടായ ആശാഭംഗങ്ങളും ഒരു ദരിദ്രബാലനെന്നനിലയില് അഭിമുഖീകരിക്കേണ്ടിവന്ന നിസ്സഹായതയും അദ്ദേഹത്തില്‍ ഒരേസമയം തന്നെ വിഷാദാത്മകത്വവും നിഷേധവാസനയും ഉല്‍ക്കര്‍ഷേച്ഛയും ജനിപ്പിച്ചിരിക്കണം.
ഒക്കെ ശരിയാവാം. എന്നാല്‍, ഇവയ്ക്കെല്ലാമുപരി തന്റെ പ്രഥമകൃതിക്കുണ്ടായ തിക്താനുഭവം ആ മനസ്സിനെ എത്ര പീഡിപ്പിച്ചിരുന്നു എന്നാരറിഞ്ഞു? ആവോ? എങ്കിലും ഒന്നുകൂടി ഇഴവിടുത്തി പരിശോധിക്കുമ്പോള്വിടെയെക്കൊയെ കടുംകെട്ടുകള്പിണഞ്ഞിട്ടുള്ളതുപോലെ. അതൊന്നൊഴിവാക്കുവാന് ശ്രമിക്കുന്നതിലപാകതയുണ്ടാവില്ല ല്ലോ
ചങ്ങമ്പുഴയെത്തന്നെ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ കാവ്യചന അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരനുഭൂതിയെന്നതില്ക്കവിഞ്ഞ് ഒരാവേശമായിരുന്നു. `സുധാംഗദ' യുടെ മുഖവുരയില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നതു നോക്കുക; ``കവിത എഴുതിപപ്പോകുവാനുള്ള ആകസ്മികമായ ഒരു മിന്നല്‍ അനുഭവപ്പെട്ടിരുന്നു. ആ മിന്നലിന്റെ ഉദയത്തില്‍ സ്വയം മറക്കുന്നു. അറിയാതെഴുതുന്നു.''
ഈ ആവേശത്തിന് , അഥവാ മിന്നലിനടിപ്പെട്ട കവി നിര്‍വൃതിയുടെ വിദ്യുന്മേഖലകളിലെത്തിപ്പെട്ടത് കാവ്യസൃഷ്ടിയുടെ സുവര്‍ണ്ണ നിമിഷങ്ങളിലായിരുന്നു. ആ നിമിഷങ്ങളുടെ ചിറകുകള്കടവച്ചു വിരിയിച്ച തന്റെ കടിഞ്ഞൂല്ക്കനികള്സഹൃദയസമക്ഷം നിവേദിക്കുവാന് ആഢ്യത്വംമുറ്റിയ ഒരാചാര്യനെ കണ്ടെത്തുകയും ചെയ്തു. പക്ഷേ, ആ വരഗുരു കണ്ണു തുറക്കായ്കയാല്‍ ശിഷ്യനു നിരാശപ്പെടേണ്ടിവന്നു. ദൗര്‍ഭാഗ്യകരമായ ഈ ആശാഭംഗം. ഏതോ വിജനതയിലിരുന്ന് `അതികദനാകലി' തനായി പൊട്ടിക്കരയുവാന്‍ തന്നെ കവിക്കിടവരുത്തി. അഹിതകരമായ ഈ അനുഭവമല്ലേ ,
``ഞെരിയുമൊരാത്മാവിന് ദീനനാദം
സുരപഥത്തോളം ചെന്നെത്തിയാലും
ബധിരമീ ലോകം'' -
എന്നു വിളിച്ചുപറയുവാന്‍ പ്രേരിപ്പിച്ചതും. ഈ ഹൃദയാലാപത്തിന്റെ ദൈന്യത ചങ്ങമ്പുഴക്കവിതയിലുടനീളം കരിന്ത ിരിപോലെ കത്തിനില്പ്പുണ്ടെങ്കിലും.
``പരമാര്ത്ഥസ്നേഹത്തിനായൊരെന്റെ
പരിദേവനങ്ങളും പാഴിലായി
ഇനിയും വെളിച്ചം വരാത്തമട്ടില്‍
ഇരുളില്‍ക്കിടന്നു ഞാന്‍ വീര്‍പ്പുമുട്ടി
എവിടേക്കു പോകും, ഞാനെന്ത ുചെയ്യും
അവനിയിലാരെന്നെയുദ്ധരിക്കും''
എന്ന ആത്മപരിദേവനങ്ങള്അദ്ദേഹത്തിന്റെ പ്രഥമ കൃതിക്കുണ്ടായ ഹതവിധിയുടെ ബലിക്കുറുപ്പകളെന്നു പറയാനാവുമോ? വെളിച്ചത്തുവരുവാന്‍ കാത്തിരുന്നിട്ടും വിളിച്ചുചൊല്ല ിക്കേണിട്ടും തുണയ്ക്കൊരാളെത്തിയില്ല ല്ലോഎന്നോര്ത്തുള്ള കവിഹൃദയത്തിന്റെ സങ്കടം ഈ വരികളില്‍ ഉരുണ്ടുകൂടി നില്ക്കുന്നു. `ബാഷ്പാഞ്ജലി' മുതല്‍ `സ്വരരാഗസുധ' വരെയുള്ള കൃതികളില്‍ ഈ ഗഹനവിഷാദത്തിന്റെ നീലിമ പടര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു. ഇപ്പറഞ്ഞതുകൊണ്ടു ചങ്ങമ്പുഴക്കവിതയിലെ വിഷാദാത്മകതയ്ക്കു മുഴുവന്‍ കാരണഭൂതന് സാഹിത്യപഞ്ചാനനാണെന്നല്ല ഉദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ പഞ്ചാനനന്റെ ഗഹനനിശ്ശ്ദത കവിയുടെ വിഷാദാത്മകത്വത്തിന് ഒരുദ്ദീപനവിഭാവനുമായിരുന്നില്ലേ എന്നാണു സന്ദേഹം. അല്ലാതെ, എല്ലാം കാല്പനികവ്യഥ എന്നു പറഞ്ഞു തള്ളാനാവില്ല ല്ലോ പക്ഷേ, ഒരുകാര്യം കൂടി ഇവിടെ ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. ``യാഥാസ്ഥിതികത്വത്തെ നിരാകരിക്കുന്ന ഒരു ശക്തമായ ഘടകം ഏതു കൊടിയ വിഷാദത്തിന്റെയിടയിലും ചങ്ങമ്പുഴ കവിവ്യക്തിത്വത്തില് കുടികൊണ്ടിരുന്നതായി പിന്നീടു കാണുന്നു''വെന്ന് ഡോ. അയ്യപ്പപ്പണിക്കര്‍* രേഖപ്പെടുത്തിയിട്ടുള്ളതാണത്. യാഥാസ്ഥിതികത്വത്തോടും യാഥാസ്ഥിതികരോടും കടുത്ത വിദ്വേഷം തന്നെയാണു ചങ്ങമ്പുഴയ്ക്കുണ്ടായത്. ഈ വിദ്വേഷവും വ്യഥയും കൂടിക്കലര്‍ന്ന പ്രതിഷേധസ്വരം പലപരിവട്ടം ചങ്ങമ്പുഴ ഉയര്‍ത്തിയിട്ടുണ്ട്. സാഹിത്യപഞ്ചാനനോടും അദ്ദേഹത്തിന്റെ സാഹിത്യസിദ്ധാന്ത ത്തോടും തനിക്കുള്ള അമര്‍ഷം പ്രകടിപ്പിച്ചിട്ടള്ളതും ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
1935 മേയില്‍, അതായത് ലീലാങ്കണത്തിന്റെ കഥ കഴിഞ്ഞ് നാലുകൊല്ല ത്തിനുശേഷം ചങ്ങമ്പുഴ എഴുതിയ `ഇന്നത്തെ കവിത'യുടെ പശ്ചാത്തലം മറിച്ചൊന്നായിരിക്കുവാനിടയില്ല .
സാരജ്ഞര് മൗനംഭഞ്ജിച്ചാലും
സാഹിത്യമയ്യോ മുടിഞ്ഞുപോലും!
ലോകപ്രവീണന്മാരായിടുമാ-
ശ്ലോകക്കാരേതാനൊഴിഞ്ഞമൂലം
ക്ഷീണിച്ച കാവ്യസ്വരൂപിണിക്കി-
ന്നൂണുമുറക്കവുമില്ല പോലും!
ഈ സാരജ്ഞരില് മുഖ്യന് പി. കെയാണെന്നല്ലേ ചങ്ങമ്പുഴ വിചാരിക്കുക. ആവാനാണു സാദ്ധ്യത. യഥാസ്ഥിതികരായ പണ്ഡിതന്മാരേയും അവരുടെ ചിത്തവൃത്തിയേയും ആക്ഷേപിക്കുന്നതോടൊപ്പം `വിമലസാഹിതീവനികയില് ഓടക്കുഴലുമായ് വിഹരിക്കുന്ന പുതിയ കൂട്ടരുടെ മധുരവും ധീരവുമായ പ്രഖ്യാപനങ്ങളും ചങ്ങമ്പുഴ ഈ കവിതയില്‍ മുഴക്കുന്നുണ്ട്.
പരിഹസിപ്പൂ ഹാ! പുതിയ കൂട്ടരെ-
പരിഭവം പൂണ്ട പഴമക്കാര്‍
അവര്തന് ജല്പനമവഗണിച്ചുകൊ-
ണ്ടവിളംബം പായും പുതുമക്കാര്‍
നവനവോല്ഫുല്ല സരളസന്ദേശ-
മവനിയില്‍ നീളെ വിതറുവാന്‍
ഒരു തടവില്ലാതഭിനിവാദര്ശ
കിരണങ്ങള്വാരിച്ചൊരിയുവാന്!
ദര്ശനവിശ്വാസങ്ങളില് തലമുറകള്‍തമ്മിലുള്ള അന്ത രമാണ് സൗന്ദര്യാത്മകമായി ഇവിടെ ആവിഷ്കരിച്ചിട്ടുള്ളത്. ഈ അന്ത രം വ്യക്തമായി വിളിച്ചറിയിച്ച ഒരു നിഷേധിയുടെ സ്വരം ചങ്ങമ്പുഴയില്‍ നിന്നുയരുന്നതുകൂടി കേള്‍ക്കുക.
ബാലന്മാര് ഞങ്ങള്‍തന്‍ പാട്ടിനൊന്നും
നാലുകാലില്ലാത്തതാണു കുറ്റം
ആകട്ടേ, ഞങ്ങളതേറ്റു, നിങ്ങള്‍
അകം പോലെന്ത ും പഴിച്ചുകൊള്വിന്
എന്നാലും ഞങ്ങള്മതിമറന്നു
പിന്നെയും പിന്നെയും പാട്ടുപാടും
ഇതെല്ലാം തനതും താല്ക്കാലികവുമായ വീക്ഷണങ്ങളുടെ ഉപപക്ഷേപങ്ങളാണെങ്കിലും അതിനു കവിമനസ്സിനെ പ്രേരിപ്പിച്ചിരിക്കാവുന്ന നാനാവിധമമായ കാരണങ്ങളില്‍ സാരമായ ഒന്നായിരുന്നില്ലേ ലീലാങ്കണത്തിനുണ്ടായ ദുരവസ്ഥ. അല്ലാതെ വരാനിടയില്ല . എന്നാല്‍, ഇതിനൊരു മറുപക്ഷവുമുണ്ട്. സാഹിത്യപഞ്ചാനന്റെ അവഗണന പില്ക്കാലത്ത് അംഗീകാരം പിടിച്ചുപറ്റുവാനുള്ള കരുത്തായി വ്യാവര്‍ത്തിപ്പിക്കുവാന്‍ ആ മഹാകവിക്കു കഴിഞ്ഞില്ലേ / സംശയിക്കാനെന്ത ിരിക്കുന്നു! ജീവിതകാലഘട്ടത്തില്‍ മലയാളസാഹിത്യത്തിലെ ഏററവും സജീവമായ ഒരു യാഥാര്ത്ഥ്യമായിരുന്നല്ലോചങ്ങമ്പുഴ.
കവനകൗതുകം തളിര്ത്തനാള്മുതല് ഇരുപതു വയസ്സുവരെയുള്ള കാലയളവില്‍ എഴുതിയിട്ടുള്ള `ലീലാങ്കണ'ത്തിലെ കവിതകള്കവിയുടെ ബാലഭാവനയുടെ ശിഥിലശില്പങ്ങള്എന്ന നിലയില്‍ മാത്രം കണ്ടാല്‍പ്പോരാ. അപക്വമെങ്കിലും നൈസര്‍ഗ്ഗികമായ രസവാസനകളുടെ മുഖകാന്ത ിയാണ് ഇതിലെ കവിതകള്‍ക്കും തിളക്കം നല്‍കുന്നത്. പറക്കുമുറ്റാത്ത ഒരു കുഞ്ഞാറ്റക്കിളിയുടെ ഉദ്വേഗവും ഉത്സാഹവും ആര്‍ക്കാണ് അപ്രിയമാവുക. അതിനുവേഗം പറക്കുവാനായെങ്കില് എന്നല്ലേ സുമനസ്സുകള്‍ക്കു തോന്നൂ. മറിച്ചൊരു പ്രതികരണം ഈ കൃതിയുടെ കാര്യത്തിലും ആര്ക്കുമുണ്ടാകാന്ത രമില്ല . കാരണം, പ്രസാദമധുരവും ഉദാരമധുരവുമായ ചങ്ങമ്പുഴക്കവിതയുടെ പ്രഭാതതാരള്യംതന്നെയാണ് ഇവിടെ അനുഭവപ്പെടുക. അത്രയ്ക്കു വ്യക്തമായി തുടക്കം മുതലേ സംഗീതസാന്ദ്രമായ ആ `മഞ്ജീരശിഞ്ജിതം' മുഴങ്ങിക്കേള്‍ക്കുന്നു.
കാല്പനികതയുടെ പുലര്‍വെളിച്ചത്തില്‍ തുടിച്ചു കുളിച്ചു കടന്നുവന്ന കവിയായിരുന്നല്ലോചങ്ങമ്പുഴ. പ്രകൃതിയും പ്രേമവും ഊഷ്മളമായ അനുഭൂതിയായി അദ്ദേഹത്തിന്റെ സര്ഗ്ഗസങ്കല്പങ്ങളില് പടര്‍ന്നുതുടങ്ങിയ കാലത്തെ ഈ കൃതി പ്രതിനിധീഭവിക്കുന്നു. തീവ്രഭാവോദ്ദീപനത്തിനു വെമ്പല്‍ കൊള്ളുന്ന കലര്‍പ്പറ്റ ഒരു കാല്പനിക കവിയുടെ സ്വപ്നചിത്രങ്ങള്വരയ്ക്കുവാനും ശ്രമിക്കുമ്പോഴും അലൗകികമായ ദിവ്യാനുരാഗത്തിന്റെ സ്ഫുരണം ആ ചിത്രങ്ങള്കിവെട യോഗാത്മകതയുടെ പരിവേഷമണിയിക്കുന്നു. ഇതൊരുപക്ഷേ, ടാഗൂര്‍ക്കവിതകളുടെ സ്വാധീനം കൊണ്ടാവാം. അല്ലെങ്കില്‍ വള്ളത്തോള്‍, ജി. ശങ്കരക്കുറുപ്പ് എന്നിവരുടെ കവിതകളുമായുണ്ടായ അടുപ്പംകൊണ്ടാവാം. ഇനിയുമൊരുപക്ഷേ, ഈ മണ്ണിന്റെ ചേതനയിലലിഞ്ഞുചേര്ന്നിട്ടുള്ള ആത്മീയതയുടെ അനുധ്യാനം കൊണ്ടുമായിക്കൂടായ്കയില്ല . എന്താ യാലും വള്ളത്തോളിന്റെയും `ജി' യുടെയും കവിതകള്പ്രാരംഭത്തില് ഒരു പരിധിവരെ ചങ്ങമ്പുഴയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നുവെന്നതിന് ലീലാങ്കണത്തില്ത്തന്നെ തെളിവുകളുണ്ട്.
വള്ളത്തോളിന്റെ `പ്രഭാതഗീത'ത്തിലെ
``അല്ല ിന്രെയന്ത ിമയാമത്തെ ഘോഷിച്ചു
കല്ലോമാലിതന് മന്ദ്രതൂര്യം''
എന്ന വരികളില്‍നിന്നും കടംകൊണ്ടതല്ല
``അല്ല ിന്റെയന്ത ിമയാമം മുതല്ക്കു നിന്
ചൊല്ലെഴും സൂക്തികള്പേര്ത്തും പേര്‍ത്തും''
എന്ന വരികള്എന്നു പറയാനാവുമോ?
`ജി' യുടെ സുപ്രസിദ്ധമായ
``നീരന്ധ്രനീലജലദപ്പലകപ്പുറത്തു
വാരഞ്ചിടുന്ന വളര്വില്ല ു വരച്ചുമാച്ചും
നേരറ്റ കൈവളകളാല്‍ ചില മിന്നല്‍ ചേര്‍ത്തും
പാരം ലസിക്കുമമല പ്രകൃതിക്കു കൂപ്പാം''
എന്ന വരികളിലെ ഭാവവും
``താരഹാരസഹസ്രങ്ങള്ചാര്ത്തിയും
ശാരദേന്ദു വിളക്കു കൊളുത്തിയും
മിന്നിമിന്നി വിടരും പനീരലര്-
പ്പൊന്നളുക്കിനു മഞ്ജിമനല്കിയും
സന്ധ്യതന്‍ പൂങ്കവിള്ത്തൊത്തില് നിത്യവും
ബന്ധുരമായ സിന്ദൂരം പൂശിയും'
`മാനുഷാക്ഷിക്കു ഗോചരമായ് വാഴുന്ന' ആനന്ദമൂര്ത്തയായ ദേവന് അഞ്ജലിയര്‍പ്പിക്കുന്ന കവിതയിലെ ഭാവവും തമ്മില്‍ വലിയ അന്തരമുണ്ടെന്നു തോന്നുന്നില്ല .
ഒന്നുരണ്ടുദാഹണങ്ങള്ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ. ഇതൊക്കെ ഒരുപക്ഷേ, അറിയാതെയാവാം, ഏതൊരു കവിയുടേയും സാഹിത്യജീവിതത്തിന്റെ പ്രഭാതത്തില്‍ പൂര്വ്വകവികളെ അറിഞ്ഞോ അറിയാതെയോ അനുകരിച്ചുപോവുക സ്വാഭാവികമാണ്. അങ്ങനെയുള്ള അനുകരണത്തിന്റെ അനുരണനം അപൂര്വ്വമായിട്ടുണ്ടെങ്കലും സ്വതന്ത്ര മായ ഒരു ശൈലിയും ദര്‍ശനവും നേടിയെടുക്കുവാനുള്ള സിദ്ധി ചങ്ങമ്പുഴയ്ക്കുണ്ടായിരുന്നുവെന്ന് ലീലാങ്കണം വെളിപ്പെടുത്തുന്നു.
പ്രകാശപ്രസരത്തേക്കാള്മാധുര്യലഹരിയായിരുന്നു അദ്ദേഹത്തിനു പ്രിയം. അക്കാര്യത്തിലാണ് `ജി' യുടെ കാവ്യപഥത്തില്നിന്ന് ചങ്ങമ്പുഴ വിട്ടുപോയതും. എങ്കിലും, ഗുരുനാഥന് കൂടിയായിരുന്ന `ജി' യോട് അദ്ദേഹത്തിനുണ്ടായിരുന്ന മമത വിസ്മരിക്കാനാവില്ല . ആ മമത കവിതകളിലൂടെ ഉണ്ടായതാണു താനും. അതേപ്പറ്റി പ്രൊഫ. എം. ലീലാവതി പറയുന്നതു ശ്രദ്ധിക്കുക: ``സാഹിത്യകൗതുക'ങ്ങളുടെ ഗാനമരന്ദധാരയില് മുഴുകിയ ചങ്ങമ്പുഴ മലയാളത്തിലെ ഭാവഗീതങ്ങളെപ്പറ്റി ഗവേഷണം ചെയ്ത് ബിരുദം നേടണമെന്ന് ചിന്ത ിക്കുക കൂടി ഉണ്ടായിടടുണ്ട്.''* ഈ ചിന്ത സ്വകാര്യമായി മനസ്സില്‍ സൂക്ഷിച്ച കാലത്താണ് ഇരുപതു ഭാവഗീതങ്ങല് സമാഹരിച്ച ഈ കൃതി പ്രസിദ്ധം ചെയ്യുവാന്‍ അദ്ദേഹം ആഗ്രഹിച്ചതും.
പ്രകൃതിസൗന്ദര്യം, പ്രേമാനുഭൂതി, ദേശസ്നേഹം, വീരപൂജ എന്നിവയാണ് ലീലാങ്കണത്തിലെ കവിതകളുടെ പൊതുസ്വഭാവം. എങ്കിലും വിനഷ്ടമായ ഏതോ സ്വപ്നലോകത്തെയോര്ത്തുള്ള അവ്യക്തവും അവ്യാഖ്യേയവുമായ ദുഃഖശ്രുതികള്രഹസ്യരാഗം, വസന്താ വസാനം, ശാന്ത , മരിച്ചിടട് - എന്നീ കവിതകളിലിഴപാകി നില്ക്കുന്നു.
``മൂന്നു ലോകത്തിനും, മൂലമായി രാജിക്കുന്ന ജ്യോതിസ്സിനെ ദേവിയായി സങ്കല്പിച്ച്, ആരാധിച്ച് `പൂതഹൃദയനായ്' നീ നില്ക്കുന്ന കവിയെയാണ് `ലീലാങ്കണത്തിലെ ആദ്യകവിതയായ `ഗീതാഞ്ജലി'യില്‍ കാണുക. ആ അജ്ഞാതജ്യോതിസ്സിനെത്തേടിയുല്ള അവിരാമമായ അന്വേഷണത്തിനിടയില്‍ തനിക്കാരും ദേവിയുടെ മാഹാത്മ്യത്തെക്കുറിച്ചു പറഞ്ഞുതന്നിട്ടില്ലായെന്നു പരിദേവനമുയര്ത്തുന്നു. എങ്കിലും,
``ആരും പറഞ്ഞുതരേണ്ടതിന് മാഹാത്മ്യ-
മാരും നിന് കീര്ത്തികള്വാഴ്ത്തിടേണ്ട
എങ്ങും തിരിഞ്ഞാലും തിങ്ങുന്ന താവക
തിങ്ങും പ്രശാംശുക്കളള്ളി കാണൂ?
ഏതൊരു ദിക്കിലും മാറ്റൊലി കൊൾവതും
പൂതമാം നിന് കീര്‍ത്തനങ്ങള്‍മാത്രം - ''
എന്ന് ആ സൗന്ദര്യപുരത്തിലലിഞ്ഞുണര്ന്നു കൃതാര്ത്തനാവുകയും ചെയ്യുന്നു. പ്രാര്‍ത്ഥനയുടെ ഇടവേളയില്‍ പരിണതപ്രജ്ഞനാവാന് വെമ്പുന്ന സത്യാന്വേഷിചെപ്പോലെ കവി വേദാന്ത ചിന്ത കളുടെ നിഗൂഢഭൂമികളിലേക്കു കടന്നുചെന്ന്,
``മാനുഷര്‍ കഷ്ടം! മരീചിക കണ്ടോടും
മാനിനെപ്പോലെ മയങ്ങുകെന്നോ-''
എന്ന് തന്റെ ഇളംമനസ്സിന്റെ വെളിപാടറിയിക്കുകയും ചെയ്യുന്നു.
`ഗീതാഞ്ജല' യിലെ പ്രാര്‍ത്ഥനയുടെ സ്വരം തന്നെയാണ് `അഞ്ജലി' എന്ന കവിതയിലും കേള്കാനാവുക. പക്ഷേ, കുറേക്കൂടി ആ സ്വരത്തില്‍ `ഇരുത്തം' വന്നതുപോലെ ഇവിടനുഭവപ്പെടുന്നു. വിശ്വപ്രകൃതിയുടെ വിസ്മയഭാവങ്ങളില് ആത്മവിസ്മൃതിയടയുകയാണ് കവി. ആ വിസ്മൃതി ഒരദൈ്വതഭാവമാണ്. സര്‍വ്വകാരണനായ പരംപൊരുളില്‍ നിന്നയമായി ഇവിടെ ഒന്നും ഇല്ല എന്ന വിശ്വാസം ഒരുതരം മിസ്റ്റിക് അനുഭൂതിയാണ്. ആ അനുഭൂതി `അഞ്ജലി' യില്‍ അകൃത്രിമ സൗന്ദരമായി പകര്ന്നുവെച്ചിരിക്കുന്നു. ഇവിടെ ഒരുകാര്യംകൂടി ശ്രദ്ധിച്ചുപോവേണ്ടതുണ്ട്. പ്രകൃതിയെ ദൈവനായും ദേവിയായും ഒക്കെ കവി വാഴ്ത്തിപ്പാടുന്നുണ്ട്. നിത്യസൗന്ദര്യത്തിനു ലിംഗഭദമില്ല ല്ലോ എങ്കിലും മോഹാസന്ധനായ മനുഷ്യന് ലിംഗരൂപത്തിലല്ലാതെ താന്‍ തേടുന്ന ആ രൂപത്തെ എങ്ങനെ വിളിക്കും. നിത്യവും സുദ്ധമായ സൗന്ദര്യാന്വേഷണത്തിലൂടെ എത്തിച്ചേരുന്നത് സത്യത്തിന്റെ ഗോപുരനടയിലാണ്. അവിടെ എത്തിപ്പെട്ട ഹര്ഷോന്മാദം കവി ഇവിടെ അനുഭവിക്കുന്നു. പക്ഷേ, അതു #ിരസ്ഥായിയാക്കുവാന് ചങ്ങമ്പുഴയ്ക്കു കഴിയാത പോയി. ജീവിതത്തിനര്‍ത്ഥവും ദീപ്തിയും നല്കുന്ന അത്ഭുത സിദ്ധിയായി പ്രേമത്തെ വാഴ്തുന്നുണ്ടങ്കിലും സാക്ഷാത്കാരത്തിലെത്തുവാന് അദ്ദേഹത്തിനു കഴിഞ്ഞില്ലെന്നല്ലേ പിന്നീടുള്ള അനുഭവം വ്യക്തമാകുന്നുത്. ലൗകിക ജീവിതാനുഭവങ്ങളിലൂടെ ആ ലൗകികശക്തിയെ അറിയുകയും വാഴ്ത്തുകയും സാ#ാത്കരിക്കുകയുമാണഅ മറ്റു കവികള്ചെയ്തിട്ടുള്ളത്. ചങ്ങമ്പുഴയാവട്ടെ, സര്‍ഗ്ഗവൈഭവത്തെ പ്രഭാതത്തില്‍ കണ്ടെത്തിയെങ്കലും അവിടെനിന്നു മടങ്ങി ജീവിതരീതിയുടെ ഊഷരതകളിലേക്കൂര്ന്നുപോവുകയാണു ചെയ്തത്. എന്നിട്ട് അവിടെനിന്നുമുള്ള ഹൃദയലാപങ്ങളും വിധിയെ പലകുറി പഴിച്ചിട്ടുള്ള ആ മഹാകവിയുടെ ഹതവിധിയെന്നല്ലാതെ എന്ത േ പറയേണ്ടു? ജീവിതം എന്നും മഹാകവികളെ സംബന്ധിച്ചിടത്തളം ദുരൂഹമായ ഒരു സമസ്യയായിരുന്നിട്ടല്ലേ യുള്ളൂ. ആ സമസ്യയ്ക്കുതരം തേടിയുള്ള അവരുടെ പ്രയാണത്തിലൂടെയല്ല കവിതകള്ഉണ്ടായിട്ടുള്ളൂ. അനിര്വാര്യമമായ മാനസിക സംഘര്ഷത്തിനടിപെടാതെ എവിടെയെങ്കിലും ഒരു കവി ജനിച്ചിട്ടുണ്ടോ? ഇല്ലേ ഇല്ല . ചങ്ങന്വുഴ നൂറുശതമാനവും ഒരു കവിതയായിരുന്നല്ലോ ആ കവിക്ക് ഇങ്ങനെയേയാവൂ എന്നു മാത്രം വിചാരിച്ചാല്‍ മതി.
മറ്റൊരാളുടെ പ്രേമഭാജനമായ `സൗഗന്ധിക' എന്നൊരു യുവതിയെ പാട്ടിലാക്കാന്‍ ശ്രമിച്ച ഒരു വിടന്റെ കഥയാണ്. `അപരാധി' തന്റെ ഹിതാനുവര്ത്തിയായിത്തിരുവാന് മടിച്ച സൗഗന്ധഇകത്തെ കൊല്ല ുവാന്‍ നിശ്ചയിച്ച് അവളുടെ കിടപ്പറയില്‍ പ്രവേശിച്ച ആ അവിവേകിയുടെ കടുംകൈക്കിരയായത് അയാളുടെ സബോദരിയായ `സാന്ധില്ല്യ ' യായിരുന്നു. തോഴിയെ രക്ഷിക്കുവാന്‍ വേണ്ടി മരണത്തെ മനസ്സാ പുണര്‍ന്ന ഒരു ധീരനായികയുടെ ത്യാഗത്തിന്റ കഥ തന്നെ. ദുര്‍വൃത്തനായ കഥാനായകന്റെ മനംമാറ്റവും ജീവിതപരിവര്‍ത്തനവും ജീവിതമൂല്ല്യ ങ്ങളോടുള്ള കവിയുടെ പ്രതിപത്തിയാണ് ഇവിടെ വെളിപ്പെടുത്തുന്നത്.
വീരസൂക്തി, ശാന്ത , രാജയോഗിനി, നാട്ടിന് എന്നീ കവിതകളില്‍ വീരാരാധനയും ദേശഭക്തിയും നിറഞ്ഞുനില്ക്കുന്നു.
``ഘോരകൃപാണമേ മുന്നോട്ടു പോക നീ
ചോരപ്പുഴയില്‍ പുളച്ചു നീന്താ ന്'' -
എന്നു പാടുന്ന ശിവാജിയുടെ വീരസൂക്തികള്ഏവര്ക്കും ആത്മവീര്യം പകര്‍ന്നു നല്കുന്നതാണെന്നഭിവ്യക്തമാക്കിയിരിക്കുകയാണ് `വീരസൂക്തി' എന്ന കവിതയില്‍.
രണഭൂവിലേക്കു നിറഞ്ഞ പൗരുഷത്തോടും ദേശസ്നേഹത്തോടും പുറപ്പെടുന്ന ഒരു ഭടന് പ്രാണപ്രേയസിേയോടു യാത്രാ മംഗളങ്ങര്ത്ഥിക്കുന്ന `നാട്ടിന്' എന്ന കവിത കവിയുടെ ആദര്ശസ്ഥൈര്യമാര്ന്ന യൗവനത്തിന്റെ വീരഗാഥയാണ്.
``ജീവന്! വരണ്ട തൃണമാണത്, പോയില്ലെങ്കില്‍ പോവട്ടെ!
യെന്‍ കടമ ഞാന്‍ നിറവേറ്റുമെങ്കില്‍
ഹാ! വല്ല ഭേ, യുപരിയെന്ത ൊരു ചാരിതാര്‍ത്ഥ്യം
കൈവന്നിടേണ്ടു ഭുവനത്തിലെനിക്കു ഭദ്രേ!''
ഒരു പൗരന് എന്ന നിലയില്‍ രാഷ്ട്രത്തോടുളള തന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തത്തില്‍ എത്ര ദൃഢബദ്ധമായ നിഷ്ഠയായിരുന്നു ചങ്ങമ്പുഴയ്ക്കുണ്ടായിരുന്നത്! പ്രേയസിക്കും കൊച്ചുമകനും അനുഗ്രങ്ങള്ചൊരിഞ്#ുകൊണ്ടുള്ള ഭടന്റെ പുറപ്പാടു കൂടി ശ്രദ്ധിക്കുക:
``ആകട്ടെ, യെങ്ങുമണയും ഭവതിക്കു സൗഖ്യേ
മേകട്ടെ, യെന്‍ സുതനു ദൈവമനുഗ്രങ്ങള്
പോകട്ടെ, ഞാന്‍ പ്രിയതമേ, രണഭൂവിലേക്കു
പോകട്ടെ - നമ്മുടെ നാട്ടിനുവേണ്ടി മാത്രം!''
ചങ്ങമ്പുഴ മിലിട്ടറി സര്‍വ്വീസില്‍ ചേരുന്നതിനുമുമ്പ് എഴുതിയതാണിത് എന്നുകൂടി ഓര്‍ക്കുക: ``ദേശീയത്വത്താല് പ്രേരിതമായ കവിതകളൊന്നും ചങ്ങമ്പുഴ കാര്യമായി എഴുതിയിട്ടില്ല ''1 എന്ന് പ്രൊഫ. ജി. കുമാരപിള്ള രേഖപ്പെടുത്തിയിട്ടുങ്കിലും വീരഭാവങ്ങളുണര്ത്താന് ചങ്ങമ്പുഴയ്ക്കു കഴിഞ്ഞിരുന്നു എന്ന് ഈ പ്രഥമകൃതി വ്യക്തമാക്കുന്നു.
യുദ്ധക്കളത്തിലേക്കു പോകാതെ ലാത്തിവീശി നാട്ടുകാരെ പീഡിപ്പിച്ച ഒരു ഭടനെ കൃത്യനിര്‍വ്വഹണത്തിനു പ്രേരിപ്പിക്കുന്ന വീരനായികയുടെ കഥയാണു `ശാന്ത '. അവള്തന്റെ ഭര്‍ത്താവിനെ നേര്‍വഴിക്കു നയിക്കുവാന്‍ ശ്രമിച്ചെങ്കിലും അയാളുടെ കൈകളാല്‍തന്നെ അവള്കൊല്ല പ്പെട്ടു. ഈ സാഹചര്യത്തില്‍ വിലപിക്കുന്ന ഭടന്റെ സങ്കടവും ഹൃദയസംശുദ്ധീകരണവും, പവിത്രവും, ഉദാത്തവുമായ ഭാവമേഖലകളിലേക്ക് ആസ്വാദകനെ കൂട്ടിക്കൊണ്ടുപോകുന്നു.
ചങ്ങമ്പുഴയ്ക്ക് എക്കാലവും പ്രിയങ്കരമായിരുന്ന ഗ്രാമപ്രകൃതിയുടെയും ഗ്രാമീണജീവിതത്തിന്റേയും ശാലീനഭാവങ്ങളാണ് ഉദ്യാനത്തില്‍വച്ച്, ഒരു ശരന്നിശ, മിന്നല്‍പ്പിണര്‍, ഉണര്‍ന്നപ്പോള്‍, ശൈശവാഭിലാഷം, ഒരു പുല്‍ക്കൊടിയുടെ പ്രേമഗാനം പ്രഥമതാരം എന്നീ കവിതകളില്‍ തുടിച്ചുനില്‍ക്കുന്നത്. ഈ കവിതകളില്‍ കാണുന്ന ഭാവത്തെ ഉദ്ദീപിപ്പിക്കുവാനാണ് പില്ക്കാലത്ത് അദ്ദേഹം കൂടുതല്‍ ശ്രദ്ധ വെച്ചിട്ടുള്ളതും. ചങ്ങമ്പുഴക്കവിതകളിലെട ജീവിതവീക്ഷണത്തില്‍ എന്ത െങ്കിലും നിയതമായിട്ടുണ്ടെങ്കില് അതു പ്രേമോപാസനയാണ്2. ആ ഉപാസനയുടെ `ഹരിശ്രീ' മന്ത്ര ങ്ങളെന്ന നിലയില്‍ ഈ കവിതകള്കൂടുതല് ആകര്ഷകങ്ങളായിത്തീരുന്നു.
ഗ്രാമീണ സൗന്ദര്യത്തിന്റെ വ്യാമുഗ്ദ്ധതയില് അഭിലീനരായ കാമുകീ കാമുകന്മാരുടെ അവതരണം ശ്രദ്ധിക്കുക:
``സന്ധ്യാരുണന്തന് കിരണവ്രജത്താല്‍
ചെഞ്ചാമിട്ടുര്വ്വി മിനുക്കിടുമ്പോള്‍
മിളദ്ദ്രസം മര്‍മ്മരഗീതി പാടി-
യിളം കുളിര്ത്തന്നെന്നലലിഞ്ഞാടുമ്പോള്
മുദാന്വിതം പക്ഷികള്‍സൂക്തികൗഘം
മുഴക്കിയങ്ങിങ്ങു പറന്നിടുമ്പോള്‍
ഒരോമനപ്പൂനന്ത ൊടിതന്നകത്തു
വസിച്ചിരുന്നൂ പ്രണയാര്‍ദ്രര്‍ ഞങ്ങളള്‍''
ഒരു ശരത്കാലരാത്രിയുടെ സ്വപ്നം പൂത്തുനില്ക്കുന്ന ശൈവപ്രതിഭ ഉത്കര്ഷേച്ഛുവായി ഉന്നിദ്രമാകുന്ന ഒരു `ശരന്നിശയില്'
``ഇതുവിധമൊരു ശരന്നിശയാണെന്
മതിയില് മായാത്ത മനോഹരചിത്രം!
അതു നിനച്ചിനിക്കരയുന്നില്ല ഞാന്‍
ഹതവിധിയുടെ ദുരന്ത ചേഷ്ടിതം!''
തന്റെ സ്വപ്നം സഫലമോ വിഫലമോ ആവട്ടെ; പക്ഷേ, അതോര്‍ത്തു താന്‍ കരയുന്നില്ല എന്നു പാടുന്ന കവിമനസ്സില്‍ പ്രത്യാശയുടെ പ്രകാശമല്ലേ ഉള്ളത്. അതാണല്ലോയൗവനത്തില്വച്ചുതന്നെ ചങ്ങമ്പുഴയ്ക്കു നഷ്ടപ്പെട്ടതും.
പ്രകൃതിപ്രതിഭാസങ്ങള്കണ്ടു വിസ്മയം കൊള്ളുന്നതോടൊപ്പം ആ വിസ്മയത്തെ വിലോലകൗതുകത്തോടെ സ്തുതിക്കുന്ന `മിന്നല്‍പ്പിണര്‍' ഒരു ബാലമനസ്സിന്റെ തരളഭാവങ്ങള്പ്രതിബിംബിപ്പിക്കു ന്നു.
``മന്നിനും വിണ്ണിനും മാണിക്യദീപമേ
മിന്നുക മിന്നുക മിന്നേല നീ''
എന്നും മറ്റുമുള്ള വരികള്ചങ്ങമ്പു നന്നെ ചെറുപ്പത്തില്‍ എഴുതിയിട്ടുള്ളതാവണം. ഒരു കുട്ടിക്കവിതയായല്ല ഒരു കുട്ടിയുടെ കവിതയായി മാത്രമേ ഇതു കാണാനാവൂ. എന്നാല്‍ ആ കുട്ടി മിന്നല്‍പ്പിണരില്‍ തന്റെ സ്വപ്നകാമുകിയുടെ സൗന്ദര്യസാരൂപ്യം കണ്ടു കൃതാര്‍ത്ഥനാവുന്നു. അവ്യക്തമായ വിഷാദത്തില്‍ നിന്ന് മുക്തിക്കുവേണ്ടിയുല്ള അന്ത ര്ദ്ദാഹമുണ്ടിവിടെ. ഇതുപോലെതന്നെയുള്ള മറ്റൊരു കവിതകൂടി ഈ സമാഹാരത്തിലുണ്ട്, `ശൈശവാഭിലാഷം' ഒരു കുരുന്നുമനസ്സിനു മോഹം, മിന്നാമിനുങ്ങാകുവാന്‍. ആ മോഹത്തിനു കവിതയുടെ ചിറകുപിടിപ്പിച്ചിരിക്കുന്നുവെന്നു വിചാരിച്ചാല്‍ മതി.
``എൻത ുട പൊട്ടിത്തകര്‍ന്നൂ - സാറിൻ
വന്ത ല്ല ലുണ്ടോ നില്ക്കുന്നൂ
എത്ര പഠിച്ചാലും പോരാ - തല്ല ും
തത്ര ശകാരവും തീരാ''
കവിത്വസിദ്ധി വെറുമൊരു കരിമൊട്ടു മാത്രമായിരുന്നപ്പോള്ചങ്ങമ്പുഴ എഴുതിയതാണിതെന്നല്ലേ വിചാരിക്കാനാവൂ. അല്ലെങ്കില്‍ വന്ത ല്ല ല്‍, തത്ര ശകാരം എന്നും മറ്റും അദ്ദേഹം എഴുതിപ്പിടിപ്പിക്കുമായിരുന്നില്ല ല്ലോ
``പ്രേമമേ നീയൊരു മങ്ങാത്ത താരകം
മാമകമാനസമഞ്ജുദീപം''
എന്നു തുടങ്ങുന്ന ഒരു പുല്‍ക്കൊടിയുടെ പ്രേമഗാനം കവിയുടെ അമൂര്‍ത്തമായ പ്രേമസങ്കല്പ്പങ്ങളുടെ മധുരടും വിഷാദവും തുളിനില്ക്കുന്നു. നിശ്ശബ്ദവും നിഗൂഢവുമായ രാഗത്തിന്റെ ദിവ്യലഹരിയില്‍ ധന്യമായ ജന്മത്തോടുകൂടിയ പുല്‍ക്കൊടി, കാമുകിയായ `ആരാമവല്ല ിക'യുടെ ആരാധകനാണ്. ആ കാമുകന്റെ ജന്മാഭിലാഷം.
``നിന് നിഴല്‍പ്പാടില്‍ ഞാന്‍ നിന്നൊരു നാഴിക
നിര്‍വൃതി നേടാനാവുമെങ്കില്‍
എന്നല്ല ജീവിതശേഷം നിനക്കായി-
ത്തന്നെയര്പ്പിക്കുവാന് സാധിച്ചാകില്''
എന്നു പ്രകടിപ്പിക്കുകയും ചെയ്യുന്നു. കലര്‍പ്പറ്റ കാല്‍പ്പനിക പ്രപഞ്ചം തന്നെ!
ഈ കൃതിയിലെ ഏറ്റവും ശ്രദ്ധിക്കപ്പെടേണഅട ഘടകം ശൈലിയാണ്. മലയാളകവിതയില്‍ പുളകം വിതച്ച ചങ്ങന്പുഴ ശൈലയുടെ പൂര്‍വ്വരൂപം അഥവാ ആ ശൈലയുടെ കൈശോരരൂപമാണ് ലീലാങ്കണത്തിലുള്ളത്. സംഗീതാത്മകത മധുരപദങ്ങളോടുള്ള ആസകക്തി തുടങ്ങിയ രൂപപമാരയ സവിശേഷതകള്വികാസം പ്രാപിച്ചുതുടങ്ങിയ ഘട്ടത്തെയാണ് ഇതു പ്രതിനിധീഭവിക്കുന്നത്. ഒന്നുകൂടി നിഷ്കൃഷ്ടമായി പരിശോധിക്കുമ്പോള്ചങ്ങമ്പുഴക്കവിതകളില് വികസ്വരമായ രൂപഭാവങ്ങളുടെയെലല്ലാം ബീജാങ്കുരങ്ങളാണ് ലീലാങ്കണത്തില് കാണാനാവുക. ഒരുദാഹരണം മാത്രം തല്ക്കാലം ശ്രദ്ധിക്കുക.
ചങ്ങമ്പുഴയുടെ പ്രസിദ്ധമായ `സ്പന്ദിക്കുന്ന അസ്ഥിമാട' ത്തിലെ,
``ഇച്ചുരുങ്ങിയ കാലത്തിനുള്ളില്‍
എത്ര കണ്ണീര്‍പ്പുഴകളൊഴുകി
അത്തലാലലം വീര്‍പ്പിട്ടു വീര്‍പ്പി-
ട്ടെത്ര കാമുകഹൃത്തടം പൊട്ടി
കാലവാതമടിച്ചെത്രകോടി
ശ്രീലങ്കപുഷ്പങ്ങള്ഞെട്ടറ്റുപോയി...''
എന്നു തുടങ്ങുന്ന ഭാഗം തന്നെയാണ് ബാലനായ ചങ്ങമ്പുഴയുടെ പ്രതിഭയില്‍നിന്ന്,
``എത്ര മിന്നല്‍ക്കൊടി മാഞ്ഞുപോ-
യെത്ര മഴവില്ല ു മാഞ്ഞുപോയി
പൊല്പ്പനീര്പ്പൂക്കള്കൊഴിഞ്ഞതില്ലെത്ര, ന-
ല്ല ുല്പലപുഷ്പങ്ങളെത്ര വാടി?''
എന്ന വിധത്തില്‍ വാര്‍ന്നുവീണിരിക്കുന്നത്. ലീലാങ്കണത്തില് നിന്ന് `സ്പന്ദിക്കുന്ന അസ്ഥിമാട' ത്തിലെത്തുമ്പോള്കവിയുടെ കവനവ്യക്തിത്വത്തിനുണ്ടായ പൂര്‍ണ്ണ വളര്ച്ചയെക്കുറിച്ചറിയുന്നതിന് ഈ ഒരൊറ്റ ഉദാഹരണം മതിയാവും.
ശൈലീപരമായ വളര്‍ച്ച നിസ്തന്ദ്രമായ അഭ്യാസത്തിലൂടെയാണല്ലോകവികള്നേടിയെടുക്കുക. ചങ്ങമ്പുഴ ആ വളര്‍ച്ചയെത്തുന്നതിനു മുമ്പുണ്ടായിരുന്ന വൈകല്ല്യ ങ്ങളും വൈരൂപ്യങ്ങളും ലീലാങ്കണത്തിലുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല . എങ്കിലും പില്ക്കാലത്ത് സഹൃദയാഹ്ലാദകരമായ ഒരു ശൈലിയുടെ ഉടമയായി മാറിയ അദ്ദേഹത്തിന്റെ സര്ഗ്ഗകര്മ്മങ്ങളുടെ ബാലപാഠങ്ങളെന്ന നിലയില്‍ ഇതിലെ കവിതകള്കൗതുകകരമായനുഭവപ്പെടുന്നു. തന്നെയല്ല , ചങ്ങമ്പുഴയുടെ കാവ്യസപര്യയുടെ വിവിധ ദശാസന്ധികളെക്കുറിച്ചറിയുന്നതിനും പഠനവിചാരണകള്നടത്തുന്നതിനും ഇതേറെ സഹായകരഹമായിത്തീരുകയും ചെയ്യുന്നു.
ചങ്ങമ്പുഴയുടെ `മഞ്ജീരശിഞ്ജിത' മായ ശൈലി ഇതില്‍ തോടയം കഴിഞ്ഞു പുറപ്പാടിനൊരുങ്ങിനില്ക്കുകയാണ്. എങ്കലും കൗതുകമുണര്‍ത്തുന്ന പദങ്ങള്‍ക്കുവേണ്ടി ഉദ്വേഗത്തോടെ ആ മനസ്സ് തെരച്ചില്‍ നടത്തുന്നു, ഒരു പൂവനത്തില്‍ തനിക്കിഷ്ടമുള്ള പൂക്കള്‍മാത്രം ഇറുത്തെടുക്കുവാന്‍ തേടി നടക്കുന്ന ഒരു ഗ്രാമീണ ബാലികയെപ്പോലെ, ഉദാഹരിക്കുവാനാവോളമുണ്ട്. രണ്ടു മൂന്നു ഭാഗങ്ങള്‍മാത്രം ഉദ്ധരിക്കട്ടെ:
``പകലവനുടെ വിലയം കണ്ടുകൊ-
ണ്ടകമലര് വിരിഞ്ഞണഞ്ഞ യാമിനി,
പുളകിതാംഗിയായ് പുതുമലരൊളി
വളര്മന്ദസ്മിതം പൊഴിച്ചുനില്‍ക്കുന്നു''
``കളകളകുളുര്കാകളീകോമളം കേ-
ട്ടിളകിന ശലഭാളീമേളനം ചേര്‍ന്ന വാടി
പുളികതതരുവോടും പുഷ്പഹാസങ്ങളോടും
വളരൊളിതിരളും മാറൊട്ടനേകം ലസിപ്പൂ''
``ഹാരാവലിയാലലംകരിച്ചും നീല-
നീരാളസാരിയാല് പൊന്നുടല് മുടിയും
മഞ്ജുളമാകിന കാര്ത്തളിര്വയ്പിനാല്
മഞ്ജീരശിഞ്ജിതം മന്ദമായ് വീശിയും
വാമഭഭാഗത്തിലുടല് തെല്ല ു ചാഞ്ഞു തന്
തൂമലര്ക്കയ്യാല് ജലഘടം താങ്ങിയും
അപ്പോഴപ്പോള്പിന്ത ിരിഞ്ഞെന്റെ മേനിയീ-
ലുല്പലബാണം തൊടുത്തുകൊണ്ടും ശുഭേ!
ഗംഗയില്‍നിന്നു നീ പോകുമപ്പോക്കെന്റെ-
യംഗനാമൗലേ, മറന്നുപോയീടുമോ?''
താളാത്മകമായ ദ്രാവിഡവൃത്തങ്ങളോടായിരുന്നു ചങ്ങമ്പുഴയ്ക്കു കൂടുതല്‍ പ്രിയം. മഞ്ജരി, കാകളി, നതോന്നത മുതലായ വൃത്തങ്ങളോട് പ്രത്യേകിച്ചൊരാഭിമുഖ്യമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാല്‍ സംസ്കൃതവൃത്തത്തിലും നന്നെ ചെറുപ്പം മുതല്ക്കുതന്നെ കവിത എഴുതുവാന്‍ ചങ്ങമ്പുഴയ്ക്കു കഴിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തുന്ന അഞ്ചു കവിതകളള്ഈ കൃതിയിലുണ്ട്. ശബ്ദഭംഗിയുള്ള വര്ണ്ണങ്ങള്ൊണ്ടു കൊരുത്തെടുത്ത പ്രഥമതാരം എന്ന കവിതയിലെ ഒരു ശ്ലോകം ശ്രദ്ധിക്കുക.
``ആനന്ദക്കുളുർകന്ദമേ , രജനിതൻ
വാർകന്ദളക്കെട്ടിലെ-
ക്കാനപ്പൂങ്കണികേ, കലങ്ങിമറഇയും
കണ്ണിന്നു കര്‍പ്പൂരമേ!
വാന,ല്ല ിന്നു വസുന്ധരാവലയവും
വര്‍ഷിച്ചു വര്ത്തിച്ചിടു-
ന്നാ, നല്ശാന്ത ിയെഴുന്ന മന്ദഹസിതം
നിന്മേന്മ വാഴ്ത്തുന്നിതോ!''
സന്ധ്യാകാശത്തു വിടര്‍ന്ന `ആനന്ദക്കുളുര്കന്ദമായ' നക്ഷത്രത്തെ നോക്കി അകം കുളിര്‍ത്തു പാടുന്ന അകളങ്കമായ ആ മനസ്സിന്റെ വിലോലകൗതുകവും വിഭാതനൈര്മല്വും എക്കാലത്തേയും സംവേദനത്വത്തിനു രുചിരമായല്ലേയനുഭവപ്പെടൂ.
ഒക്കെ ശരിതന്നെ. എന്നാല്‍ ഈ കൃതി പ്രകാശിപ്പിക്കുവാന്‍ ചങ്ങമ്പുഴ ഉത്സാഹിച്ചിരുന്നെങ്കില്‍ കഴിയുമായിരുന്നു എന്നതല്ലേ സത്യം. ആ സത്യത്തിന്റെ പൊരുള്തേടുമ്പോള്അറിയുവാന് കഴിയുന്ന ചില കാര്യങ്ങള്‍കൂടി വെളിപ്പെടുത്തിക്കൊണ്ട് ഈ സമാലോചനയില്നിന്നും പിൻവാങ്ങാം .
മലയാളകവിതയില്‍ അനന്യലബ്ധവും അനവദ്യസുന്ദരവുമായ കവനവ്യക്തിത്വംകൊണ്ടു നക്ഷത്ര്പപൂക്കള്വിടര്ത്തിയ കവിയായിരുന്നല്ലോചങ്ങമ്പുഴ. കവനങ്ങളാകുന്ന കാട്ടപൂക്കളാല് സാഹിതീദേവിയെ അദ്ദേഹം ആരാധിച്ചുതുടങ്ങിയ കാലത്താണ് ഇതെഴുതിയിട്ടുള്ളത് എന്ന് വ്യക്തമായിട്ടുണ്ട്. ആ നിലയ്ക്ക് ആ പൂക്കളുടെ അനഭിദ്ധ്യേതയെപ്പറ്റി പിന്നീട് ആശങ്കയുണ്ടായിരുന്നിരിക്കണം. തെളിവാര്‍ന്ന ഒരു സരസ്സുപോലെ പ്രസാദാത്മകവും അര്ത്ഥസ്ഫുടവുമായ ഒരു കാവ്യഭാഷ കരഗതമാക്കുവാന്‍ ലീലാങ്കണമെഴുതിയ കാലത്തു ചങ്ങമ്പുഴയ്ക്കു കഴിഞ്ഞിരുന്നില്ല . പരിചക്കുറവു മാത്രമായിരുന്നു കാരണം. അതുകൊണ്ടു സംഭവിച്ചതോ? വിലക്ഷണവും വിരസവുമായിപ്പോയി, രചന ചിലേടങ്ങളില്‍. പദങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും വേണ്ടി നന്നെ ബുദ്ധിമുട്ടിയിട്ടുള്ള സന്ദര്‍ഭങ്ങളും വിരളമല്ല . സംസ്കൃതപദങ്ങളുടെ അസാന്ദര്‍ഭികമായ അനുപ്രവേശവും ചില കവിതകള്ചങ്ങമ്പുഴ ശൈലിയുടെ അയത്നലാളിത്യത്തിനും അനുസ്യൂതമയ ലയാനുവിദ്ധതയ്ക്കും കോട്ടം വരുത്തിയിട്ടുണ്ട്. ഏതാനും ഉദാഹരണങ്ങള്നോക്കുക:
``നിദ്രതന്‍ പരിഷ്വംഗത്താലപ്പോള്പ്രകൃത്യംബ''
``അത്യാപത്തടുത്തുവന്നെത്തിടും വിസംശയം''
``ദലനം ചെയ്തുകൊണ്ടു ദനുജാകാരനേകന്‍''
``ഹന്ത യാ മൃണാളം നീ രണ്ടായ്പ്പിളര്‍ത്തുപോയ്''
``ഗുണിയാണവനെങ്കിലീവിധം തുനിയുമോ?''
``ന്യായചിന്തകനായ്പ്പോയ് സോദരീവധം മൂലം''
സങ്കല്പ കാന്തി
അവതാരിക - ഉള്ളൂർ.
ഇന്നേക്ക് ഇരുപത്തേഴ് വയസ്സുപോലും തികഞ്ഞിട്ടില്ലാത്ത ശ്രീമാൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പേർ കേരളത്തിലെ സഹൃദയൻമാരും സാഹിതീ ബന്ധുക്കളും കേട്ടുതുടങ്ങിയിട്ടു കാലം ഒരു വ്യാഴവട്ടത്തിലധികം കഴിഞ്ഞിരിക്കുന്നു. ഈ കാലഘട്ടത്തിനടയ്ക്ക് അദ്ദേഹവുമായി അവർക്കുള്ള പരിചയം സ്നേഹമായും സ്നേഹം ബഹുമാനമായും ക്രമേണ രൂപാന്തരപ്പെട്ടിട്ടുമുണ്ട്. ശ്രീമാൻ കൃഷ്ണപിള്ള ഇതിനുമുൻപുതന്നെ 'സുധാംഗദ' മുതലായി ദീർഘങ്ങളും ലഘുക്കളുമായ ചില ഭാഷാകാവ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളതായി ഓർക്കുന്നു. അവയുടെ അവരജത്വമാണ് ഞാൻ ഇപ്പോൾ അവതരിപ്പിക്കുന്ന 'സങ്കൽപകാന്തി' ക്കുള്ളത്.
സങ്കൽപകാന്തി' ഈ യുവകവിയുടെ ഇരുപത്തിയാറു ഖണ്ഡകൃതികളുടെ സമാഹാരമാണ്. ചങ്ങമ്പുഴ ഭാഷാസാഹിത്യവുമായെന്നപോലേ പാശ്ചാത്യസാഹിത്യവുമായും ധാരാളം ഇടപഴകിയിട്ടുണ്ടെന്നും ആംഗലേയകവികളുടെ ആശയസമുദ്രത്തിൽ അദ്ദേഹത്തിനുള്ള അവഗാഹം സമ്പൂർണ്ണവും സഫലവുമാണെന്നും അദ്ദേഹത്തിന്റെ കൃതികൾ വായിച്ചിട്ടുള്ളവർക്ക് അറിയാവുന്നതാണ്. ആംഗലേയസാഹിത്യം , പാരസീകസാഹിത്യം, ഹിന്ദിസാഹിത്യം , വംഗീയസാഹിത്യം ഇവയെല്ലാം ആധുനിക ഭാഷാസാഹിത്യഗംഗയുടെ പോഷകനദികളായി പരിണമിച്ചിട്ടുള്ള ഒരു കാലമാണ് ഇത്. സംസ്കൃതവും പഴന്തമിഴുമാണ് ഇതിന്റെ ഭാഗീരഥിയും അളകനന്ദയും. അവയെ അവയുടെ അത്യുച്ചസ്ഥാനങ്ങളിൽനിന്നു നിഷ്കാസനം ചെയ്യുവാൻ അന്യഭാഷാസാഹിത്യങ്ങൾക്ക് സാധിക്കുന്നതല്ലെങ്കിലും അവയുമായുള്ള സംഗമംകൊണ്ട് ആ ഗംഗ ബഹുദൂകമായും പ്രവൃദ്ധവേഗമായും പ്രവഹിക്കുന്നുണ്ടെന്നുള്ളത് അനപലപനീയമായ ഒരു പരമാർത്ഥമാകുന്നു.
ചങ്ങമ്പുഴയെ ഭാഷാകവിതയിൽ ഒരഭിനവപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവല്ലെങ്കിലും ഉദ്ഘോഷകനാണെന്നു തീർച്ചയായി പറയാം. ഇന്നത്തെ പരിതസ്ഥിതിയിൽ സാമാന്യകുടുംബങ്ങളിൽ ജനിക്കുന്ന ബാലൻമാർക്കും ബാലികമാർക്കും അവർ അർഹിക്കുന്ന സ്ഥാനങ്ങളിൽ എത്തിച്ചേരുന്നതിനുള്ള വൈഷമ്യം അവരുടെ ഇടയിൽ ജനിക്കുന്ന കവികളെ നൈരാശ്യത്തിന് അടിമപ്പെടുത്തുകയും തന്മൂലം അവർ ഉദ്വിഗ്നമാനസന്മാരായി കരുണാത്മകങ്ങളായ കാവ്യങ്ങൾ നിർമ്മിക്കുന്നതിൽ ഉത്സുകന്മാരായിത്തീരുകയും ചെയ്യുന്നു. ഈ ഉത്സർഗ്ഗത്തിന് 'സങ്കല്പകാന്തി' ഒരുപവാദമാണെന്നു പറവാൻ പാടില്ലെങ്കിലും ഇതിൽ അടങ്ങീട്ടുള്ള കൃതികൾ എല്ലാം ഈ രീതിയിൽ മാത്രമല്ല നിബന്ധിച്ചിട്ടുള്ളത് എന്നുള്ള വസ്തുത ഭിന്നരുചിയായ അനുവാചകലോകത്തിന് ആനന്ദദായകമായിരിക്കും. 'കാളിദാസൻ', 'വൃന്ദാവനം', 'ഗുരുപൂജ' തുടങ്ങിയ കൃതികളിൽ മീട്ടിക്കാണുന്നത് വേറെ ചില തന്ത്രികളാകുന്നു. മർദ്ദിതരോടുള്ള അനുകമ്പയോടൊപ്പം തന്നെ ദേശാഭിമാനം, വയസ്യസ്മരണ, ആചാര്യഭക്തി, പ്രകൃതിസൗന്ദര്യപൂജ മുതലായി പല മൃദുലവികാരങ്ങളേയും തട്ടിയുണർത്തുവാൻ പര്യാപ്തങ്ങളായ ഇതരവിഷയങ്ങളിലും കവിയുടെ ദൃഷ്ടി വ്യാപരിച്ചിട്ടുള്ളത് പ്രശംസാവഹംതന്നെ.
ശ്രീമാൻ കൃഷ്ണപിള്ളയുടെ കൃതികളിൽ സർവ്വോപരി തെളിഞ്ഞുകാണുന്ന രണ്ടു ഗുണങ്ങൾ ശബ്ദസൗന്ദര്യവും ഭാവനാസമ്പത്തുമാണ്. ശബ്ദസൗഷ്ഠവം തുള്ളിത്തുളുമ്പാത്ത ഈരടികൾ സങ്കൽപകാന്തിയിൽ ഇല്ലെന്നു ശപഥംചെയ്യുവാൻ ഞാൻ സന്നദ്ധനല്ലെങ്കിലും, ഇല്ലെന്നുതന്നെ സാമാന്യമായി പറയത്തക്ക നിലയിൽ അവ അത്രമാത്രം വിരളങ്ങളാകുന്നു. രസഭാവങ്ങൾക്കനുഗുണമായി വിവക്ഷിതാർത്ഥപ്രതിപാദകമായുള്ള ഒരു ശബ്ദപരമ്പര അദ്ദേഹത്തിന് സദാ സ്വാധീനമായുണ്ട്. ഭാഷാവൃത്തങ്ങളിൽ യതിനിയമത്തെസ്സംബന്ധിച്ച് ഇത് വളരെ ശ്രദ്ധചെലുത്തുന്ന കവികൾ അധികമില്ല. കൽപനാവൈഭവം അദ്ദേഹത്തിന്റെ കൃതികളെ പലപ്പോഴും ദീർഘീകരിക്കുന്നു. എങ്കിലും അതിനാൽ ആകൃഷ്ടരാകുന്ന അനുവാചകന്മാർക്ക് തന്നിമിത്തം അശേഷം അസ്വാരസ്യം തോന്നുന്നില്ല. ചില ഉദാഹരണങ്ങൾ പ്രസ്തുത കൃതിയിൽ നിന്നുദ്ധരിച്ച് എന്റെ ആശയം വിശദീകരിക്കാം.
ഭാരതത്തിലെ നീണ്ടതാടിക്കാർ, കാട്ടാളൻമാർ
പോരെങ്കിൽ,പ്പരിഷ്കാരശൂന്യൻമാർ, കറമ്പൻമാർ
നേരിന്റെ നാടും തേടി, സ്നേഹത്തിൻ പാട്ടും പാടി,-
ച്ചാരുവാമൈക്യത്തിന്റെ പൂന്തോപ്പിലൂഞ്ഞാലാടീ!
എന്നു നമ്മുടെ കവി പ്രാചീനഭാരതത്തിലെ മഹർഷിമാരുടെ അപദാനങ്ങളെ പ്രകീർത്തനംചെയ്യുന്നു. 'രണാങ്കണ'ത്തിൽ എന്ന മറ്റൊരു കൃതിയിലെ നേതാക്കന്മാരുടെയും അനുയായികളുടെയും അവസ്ഥാന്തരങ്ങളെ വർണ്ണിക്കുന്ന ചില ഈരടികളാണ് താഴെച്ചേർക്കുന്നത്.
ഇന്നവർതൻ ധീരകൃത്യങ്ങളോരോന്നു വർണ്ണിച്ചു വർണ്ണിച്ചു പാടുന്നു ഗായകർ! ആയവർതൻ ഗളത്തിങ്കലണിയുന്നു മായാത്ത കീർത്തികൾ മന്ദാരമാലകൾ! ചേലിലെഴുതും സുവർണ്ണലിപികളിൽ 'നാളെച്ചരിത്ര'മവരുടെ പേരുകൾ ഞങ്ങളഹോ-ഹാ! മഹാത്യാഗമനുഷ്ഠിച്ച ഞങ്ങളോ-കഷ്ടം, വെറും നിഴൽപാടുകൾ! മർത്ത്യപ്പുഴുക്കൾ മറയണം ഞങ്ങളാ വിസ്മൃതി തന്റെ തണുത്ത ഗർത്തങ്ങളിൽ! ആരുണ്ടറിയാൻ ജഗത്തിലീ ഞങ്ങൾത- ന്നാരാധനീയമാം പാവനാത്മർപ്പണം ?
'തകർന്ന മുരളി' എന്ന പേരിൽ തന്റെ ബഹിശ്ചരപ്രാണനായിരുന്ന ഇടപ്പള്ളി രാഘവൻപിള്ളയുടെ അകാലമരണത്തെ പരാമർശിച്ച് ചങ്ങമ്പുഴ എഴുതിയിട്ടുള്ള വിലാപകാവ്യത്തിലെ ഏതാനും വരികൾ ചുവടേ പകർത്തുന്നു.
നിശ്ചയമക്കാഴ്ച കണ്ടുനിന്ന
മൃത്യുവും പൊട്ടിക്കരഞ്ഞിരിക്കും.
ആ മഹാജീവിതം മാഞ്ഞനേരം
ഭൂമിയും സ്തംഭിച്ചുപോയിരിക്കും.
വിണ്ണിലെത്താരകളൊക്കെയും ക-
ണ്ണൊന്നിച്ചിറുക്കിയടച്ചിരിക്കും.
അക്കാഴ്ച കാൺകെച്ചരാചരങ്ങ-
ളൊക്കെയും ഞെട്ടിത്തെറിച്ചിരിക്കും.
കായായിത്തീരാൻ തുടങ്ങിയപ്പോൾ-
പ്പോയല്ലോ, പോയല്ലോ, പുഷ്പമേ, നീ!
'നാളത്തെ'യോമൽ 'പ്രഭാത'വുമായ്
നാകത്തിൽ നീ പോയൊളിച്ചുവല്ലോ!"
കാലവൈപരീത്യത്തെപ്പറ്റി 'ചിതറിയ ചിന്തകൾ' എന്ന തലക്കെട്ടിൽ രചിച്ചിട്ടുള്ള കൃതിയിലെ ഒരു ഭാഗമാണ് അടിയിൽ എടുത്തുചേർക്കുന്നത്.
ചൊല്ലുകെൻ കാലമേ , നീയെന്നെക്കാണിച്ച-
തെല്ലാമൊരു വെറും സ്വപ്നമാണോ?
തെല്ലിടയെന്തിനെൻ ചുറ്റു, മാ നേരിയ
മല്ലികാസൗരഭം വാരിവീശി?
വാനിലെപ്പൊന്മുകിൽത്തേരിലിരുന്നു ഞാൻ
വീണവായിക്കുകയായിരുന്നു;
താരാട്ടുംപാടി ഞാൻ താരാമണികളെ
ത്താലോലിച്ചീടുകയായിരുന്നു;
പ്രേമസുരഭിലചിന്തകൾകൊണ്ടു ഞാൻ
പൂമാല കെട്ടുകയായിരുന്നു;
കോമളസ്വപ്നങ്ങൾ കണ്ടുകണ്ടങ്ങനെ
കോൾമയിൽക്കൊള്ളുകയായിരുന്നു!-
എന്നെ നീയെന്തിനു നിർദ്ദയം വീണ്ടുമീ
മണ്ണിലേക്കേവമടിച്ചു വീഴ്ത്തി?
ഹന്ത! നീയിത്ര കഠിനമായ് ശിക്ഷിക്കാ-
നെന്തപരാധം ഞാൻ ചെയ്തതാവോ!
മതി 'സങ്കൽപകാന്തി' യുടെ സ്വരൂപമെന്തെന്നു മേലുദ്ധരിച്ച വരികളിൽ നിന്നു സ്പഷ്ടമാകും. ചമൽക്കാരജനകമായ ശബ്ദഘടനയാണ് കവിതയെങ്കിൽ ലയാനുവിദ്ധമായ ആശയസൗന്ദര്യാവിഷ്കാരമാണ് കിവതയെങ്കിൽ , വികാരപരിപൂർണ്ണമായ വിചാരവും വാക്കുമാണ് കവിതയെങ്കിൽ , അതുതന്നെയാണ് ചങ്ങമ്പുഴയുടെ കവിത. ആ ലക്ഷണങ്ങൾ പ്രസ്തുത കാവ്യത്തിൽ പ്രകൃഷ്ടമായുണ്ട്. ചങ്ങമ്പുഴയ്ക്ക് അനന്യസുലഭമായ പ്രതിഭയുണ്ടെന്നുള്ളത് അനിഷേധ്യമാണ്. നിരന്തരമായ അഭ്യാസം നിമിത്തം അത് അനുക്രമമായി വർദ്ധിച്ചിട്ടുണ്ടെന്നുള്ളതും നിസ്തർക്കമാണ്. പ്രോത്സാഹകമായിരിക്കണമെന്നുള്ള ഏകോദ്ദേശ്യത്തോടുകൂടി എഴുതുന്ന ഈ അവതാരികയിൽ മറ്റു കാര്യങ്ങളെപ്പറ്റി പ്രസ്താവിക്കുന്നില്ല. അടുത്ത പതിപ്പിന്റെ ആവശ്യം നേരിടുമ്പോൾ അദ്ദേഹം തന്നെ കൂടുതൽ വ്യുത്പത്തി സമ്പാദിച്ചു വേണ്ട സ്ഥലങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊള്ളും. ആകക്കൂടി നോക്കുമ്പോൾ അനുഗൃഹീതനായ ഈ യുവകവിവര്യനിൽനിന്നു ഭാവിയിൽ അനവധി മനോഹരങ്ങളായ കാവ്യങ്ങൾ ഭാഷയ്ക്കു ലഭിക്കുമെന്ന് നമുക്കു ന്യായമായി ആശിക്കാവുന്നതാണ്. പല കാരണങ്ങൾകൊണ്ടും എനിക്ക് ഏറ്റവും ഉത്തേജനാർഹനായിത്തോന്നീട്ടുള്ള ഈ വശ്യവചസ്സായ സരസ്വതീദാസനു സർവ്വമംഗളങ്ങളും സംജാതങ്ങളാകട്ടെ എന്നുള്ള പ്രാർത്ഥനയോടുകൂടി അവതാരികയെ ഉപസംഹരിച്ചുകൊള്ളുന്നു.
11-1-1942 ഉള്ളൂർ.എസ്.പരമേശ്വരയ്യർ
ബാഷ്പാഞ്ജലി
അവതാരിക - ഈ. വി. കൃഷ്ണപിള്ള
ഒരു പക്ഷേ, ഇതിനകം ശ്രീമാന്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിതയെക്കുറിച്ച് എനിക്കുള്ള മതിപ്പിനെപ്പറ്റി സാഹിത്യാഭിമാനികളായ പലരും അറിഞ്ഞിരിക്കാം. അതുകൊണ്ട് ഈ, മുഖവുരയില്‍ ഇതിനകത്തടങ്ങിയിരിക്കുന്ന കാവ്യഖണ്ഡങ്ങളുടെ മാഹാത്മ്യത്തെപ്പറ്റി യാതൊന്നും പറയേണ്ടതായ ആവശ്യമില്ലല്ലോ.
മലയാളത്തിലെ പല ഉത്കൃഷ്ടപത്രഗ്രന്ഥങ്ങളിലും നിരന്തരമായി കാണപ്പെട്ടു വന്ന ഇദ്ദേഹത്തിന്റെ കവിതകള്‍, കുറേ കഴിഞ്ഞപ്പോള്‍, പല സാഹിത്യഭക്തന്മാരും എന്നപോലെ ഞാനും കൂടുതല്‍ ശ്രദ്ധയോടെ വായിച്ചുതുടങ്ങി. അതിന്റെ ഫലമായി മലയാളസാഹിത്യത്തിന് ഒരു മഹാസമ്പല്ക്കാരകന് ആകുവാന്‍ പോകുന്നതോ, ആയിത്തീര്ന്നിരിക്കുന്നതോ ആയ ആളാണ് ഈ പുതിയ പേരുകാരന് എന്നുള്ള ബോധം പലര്‍ക്കും എന്നപോലെ എനിക്കും ഉണ്ടായി. ആള് ആരെന്നും സ്ഥിതികള്‍ എന്തെന്നു അറിയാനുള്ള ഉത്ക്കണ്ഠയും വര്‍ദ്ധിച്ചു.
ഇപ്രകാരം ഒരു ജിജ്ഞാസ ഉദിക്കുന്നതിന് വിശേഷിച്ചൊരു കാരണവുമുണ്ടായിരുന്നു. അര്‍ഹിക്കാത്ത നിരാശയിലും ജീവിതക്ലേശങ്ങളിലും അമര്‍ന്ന് അതിദയനീയമായി വിലപിക്കുന്ന ഒരു പരമാര്ത്ഥഹൃദയത്തിന്റെ നിഷ്കളങ്കധ്വനികളാണ് ഈ കവിതകളില്‍ മുഴങ്ങുന്നതെന്ന് ആര്‍ക്കും കാണാവുന്നതാണ്. കപടതകള് നിറഞ്ഞ ലോകം, ദുഷ്ടന്മാരെ വിട്ടുമാറാത്ത ജീവിതവിജയം, സമസൃഷ്ടികളുടെ ദാരുണവ്യവസ്ഥയില് ഒരുതുള്ളി കണ്ണുനീര് പൊഴിക്കാത്ത മനുഷ്യസമുദായം, സാധുക്കളുടെ ജീവരക്തം പാനംചെയ്തു സംപുഷ്ടമാകുന്ന ധനപ്രമത്തത, പ്രതികൂലശക്തികളുടെ ഉഗ്രതാണ്ഡവം കണ്ട് ചകിതയായി നില്ക്കുന്ന നീതി എന്നിങ്ങനെയുള്ള വൈഷമ്യങ്ങളെപ്പറ്റി മാത്രമായിരുന്നു ഈ കവി എഴുതിയിരുന്നതെങ്കില്‍, നിസര്ഗ്ഗസുന്ദരങ്ങളായ ബാഹ്യരൂപങ്ങള്‍ കൊണ്ട് ഈമാതിരി ആശയങ്ങള്‍ക്കു പരമാകര്ഷകത്വം നല്കുന്ന അദ്ദേഹത്തിന്റെ കവിതകള്‍ ഇന്നത്തെ കേളീയകാവ്യകാരന്മാരുടെ പംക്തിയില്‍ അദ്ദേഹത്തെ അദ്വിതീയമായ ഒരു സ്ഥാനത്തു പ്രവേശിപ്പിച്ചിരിക്കുന്നു എന്നു കണ്ട്, പല ജോലിക്കാരനായ ഞാന്‍ മൗനം ഭജിക്കുമായിരുന്നു.
എന്നാല്‍ ശ്രീമാന്‍ ചങ്ങമ്പുഴയുടെ കവിതകളില്‍ ഇത്രമാത്രമല്ല കാണുവാനുള്ളത്. നാം എല്ലാവരും ഏറ്റവും കൂടുതലായി പേടിക്കുകയും വെറുക്കുകയും ചെയ്യുന്ന മരണത്തെ അദ്ദേഹം അതികോമളനായി, ആര്‍ദ്രമനസ്കനായി പ്രത്യക്ഷപ്പെടുത്തുന്നു.
കവിയുടെ ഭാവനയെ ഇപ്രകാരം ഇതിലടങ്ങിയിരിക്കുന്ന കവിതകളില്‍ നിന്നു നമുക്കു വ്യാഖ്യാനിക്കാം:
മനുഷ്യന്റെ ജീവിതചൈതന്യം ലോലഹൃദയനായ ഒരു ബാലികയാണ്. അവള് പ്രായപൂര്‍ത്തിയുടെ പ്രാരംഭത്തില്‍ പ്രണയശീതളമായ ഒരാലംബകേന്ദ്രം തേടുന്നു. അന്തസ്സാരവിഹീനനും സുഖലോലുപനുമായ ജീവിതം അവളുടെ ഹൃദയം അപഹരിക്കുന്നു. അവളില്‍ നിസ്തുലാനുരാഗം വര്‍ഷിച്ച് അവളുടെ ശാശ്വതവിശ്രമത്തിനായി അങ്കതലം ഒരുക്കി അവളെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന മരണം എന്ന മഹാനുഭാവനെപ്പറ്റി ഒരുനിമിഷനേരം ശ്രദ്ധിക്കുവാന്‍പോലും ഈ ചപലകാമുകന് അനുവദിക്കുന്നില്ല. ദിനാന്തത്തിന്റെ പ്രശാന്തതയില്‍ ചിലപ്പോള്‍ വിജനതയിലുള്ള ധ്യാനത്തില്‍ ഇവള് യഥാര്ത്ഥകാമുകന്റെ സുകുമാരരൂപം നേരിയ മേഘങ്ങളോടിടു ചേര്‍ന്ന് അവ്യക്തമായി അതിദൂരത്തില്‍ കണ്ടെന്നുവരാം. അവളുടെ ഹൃദയം പെട്ടെന്നു വികസിച്ചു മുന്നോട്ടാഞ്ഞെന്നുവരാം. പക്ഷേ, വിഹാരപടുവായ സഹചാരി അവളുടെ മുഖം പിടിച്ചു തിരിച്ചിട്ട്, 'അങ്ങോട്ടു നോക്കരുത്; അവന് ഭയങ്കരനാണ്; അതിക്രൂരനാണ്; അത്യന്തം വിലക്ഷണനുമാണ്. വരൂ; എഴുന്നേല്ക്കൂ; നമുക്കു കൂടുതല്‍ സുഖാനുഭവങ്ങളിലേക്കിറങ്ങാം' എന്നു പറയുന്നു. അവിവേകിയായ പെണ്‍കട്ടി അതനുസരിക്കുന്നു. പക്ഷേ, ഇവന്റെ വലയില്‍ ഇവള് ദീര്‍ഘകാലം ബദ്ധയാകുന്നില്ല, അഥവാ അവന് ഈ വേഴ്ച്ച അനേകകാലം തുടരണമെന്നു മോഹിക്കുന്നില്ല. അവളുടെ ആകാരചേതോഹാരിത നശിച്ച് അവള് നിസ്തേജയാകുമ്പോള് അവന് ദൂരെ വെടിഞ്ഞിട്ട് കടന്നുകളയുന്നു. നിരാലംബയായ വനിത നിരാശാഭാരത്തോടെ അന്തര്ന്നേത്രങ്ങള് തുറന്നു നോക്കുമ്പോള്‍ കാണുന്നത്, നമ്മുടെ കവിയുടെ ഭാഷയില്‍,
'..........................................................................
മദിരോത്സവം നിനക്കോമലേ, മതിയായോ?
മതിയെങ്കിലൊന്നു തല ചായ്ക്കണ്ടേ- പനീര്‍-
മലര് ചിന്നിയൊരെന്റെ മാര്‍ത്തടം പോരേ?- പോരൂ;
അവശേ, നീയിന്നെന്തിനിത്രമേല് പരുങ്ങുന്ന-
തവിടെക്കിടന്നോട്ടെ, ശൂന്യമത്തങ്കക്കിണ്ണം.
മേദുരാമോദം നിന്നെ, നിശബ്ദമോരോ പാട്ടു
സാദരം പാടിപ്പാടിയുമ്മ വെച്ചുറക്കാം, ഞാന്‍
പരിചോടെന്നും നിനക്കത്യനര്ഘമാമോരോ
പരമാനന്ദസ്വപ്നം കണ്ടുകണ്ടുറങ്ങിടാം.
കാലത്തിന് ചിറകടിയൊച്ച കേട്ടുണരാതെ
ലോല നീയെന്മാറത്തു പൂവുപോല്‍ കിടക്കുമ്പോള്‍
പുളകോദ്ഗമകാരിയായ നിന്നംഗസ്പര്‍ശം
മിളിതോത്സവം ഞാനുമാസ്വദിച്ചാനന്ദിക്കാം.
അങ്ങനെയന്യോന്യസംസിക്തമാമനുരാഗ-
മംഗളമലര്വല്ലി പുഷ്പിച്ചു ലസിക്കട്ടെ.
......................................................................
പോരികെന്‍ മാറത്തേ,യ്ക്കെന്നോമനയല്ലേ? ബാഷ്പ-
ധാര ഞാന്‍ തുടച്ചോളാം, നാണമെന്തയ്യോ! പോരൂ!'
എന്നുള്ള നിരര്ഗ്ഘപ്രണയസല്ലാപഗീതങ്ങളോടെ മുന്പില് നില്ക്കുന്ന അതികമനീയമായാംഗനായ മരണത്തെയാണ്.
ഈ വ്യാഖ്യാനത്തിനു നിദാനമായി ഈ ഗ്രന്ഥത്തില്‍ കാണുന്ന കവിതകളാണ് ശ്രീമാന്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയെപ്പറ്റി കൂലങ്കഷമായി അന്വേഷിക്കുന്നതിന് എന്നെ പ്രേരിപ്പിച്ചത്. നേരിട്ടുള്ള കത്തിടപാടുകള്‍ മാര്‍ഗ്ഗമായും, മറ്റു പരിചയക്കാര് മുഖാന്തിരവും കവിയെക്കുറിച്ച് എനിക്കു പല കാര്യങ്ങളും അറിയുവാനിടയായി. അനാഗതശ്മശ്രുവായ ഈ യുവാവ് മാതൃഭാഷാഭിമാനികളോ സമസൃഷ്ടിസ്നേഹികളോ ആയ ആരുടേയും വാത്സല്യപൂര്‍വ്വമായ പരിചരണത്തേ അര്‍ഹിച്ചും ആശിച്ചും ജീവിതവൈഷമ്യങ്ങളില് വലയുന്ന ഒരാളാണെന്നു ഞാന്‍ അറിഞ്ഞു.
മലയാളസാഹിത്യത്തിന്റെ അഭിനവപരിവര്ത്തനത്തെക്കുറിച്ച് എനിക്കുള്ള സുദൃഢാഭിപ്രായങ്ങള് പുരസ്കരിച്ച് ഉണ്ടാക്കിയിട്ടുള്ള സാഹചര്യങ്ങള്‍ നിമിത്തം മിക്കപ്പോഴും നടക്കുന്ന സുഹൃല്സംഭാഷണങ്ങളിലെല്ലാം ശ്രീമാന്‍ കൃഷ്ണപിള്ളയുടെ അനന്യസാധാരണമായ കാവ്യരചനാസൗകുമാര്യത്തെപ്പറ്റി പലരില്‍ നിന്നും നിക്ഷ്പക്ഷങ്ങളായ അഭിപ്രായങ്ങള്‍ കേട്ടുതുടങ്ങി. വിലക്ഷണങ്ങളായ ശാരീരികബന്ധങ്ങളിലേക്കു ഒരിക്കലും താഴാതെ പ്രൗഢമധുരമായി നില്ക്കുന്ന പ്രണയപ്രതിപാദനങ്ങള്‍, യാതൊരു ഹൃദയത്തിനും നോവുതട്ടാതെ ആരെയും ആകര്‍ഷിക്കുമാറുള്ള ലോകചര്യനിരൂപണങ്ങള്, പതിതമെങ്കിലും നൈസ്സര്ഗ്ഗികബന്ധംകൊണ്ടും ദൈവികത്വത്തോടു സംഘടിതമായ മനുഷ്യത്വത്തിന്റെ അന്തര്ല്ലീനമാഹാത്മ്യത്തെക്കുറിച്ചുള്ള പരിദേവനങ്ങള്‍, സകല കഷ്ടതകള്‍ക്കും പരമപരിഹാരം നല്കുന്ന സാക്ഷാല്‍ കാവ്യസ്വരൂപിണിയോടുള്ള ദയനീയാര്ത്ഥനകള്, അപ്രമേയവും എന്നാല്‍ അതിമോഹനവും ആയ ചില്പ്രകാശത്തിന്റെ പരിപൂര്ണ്ണാനുഗ്രഹത്തിനു വേണ്ടിയുള്ള ആക്രന്ദനങ്ങള്‍ ഇവയെല്ലാം രമണീയതരമാക്കുന്ന കോമളപദാവലികള്‍- ഇതാണ് ഇതുവരെ വെളിയില്‍ വന്നിട്ടുള്ള ചങ്ങമ്പുഴക്കൃതികളുടെ പ്രധാനസ്വഭാവങ്ങളെന്നു കാവ്യനിര്മ്മാണത്തില് എന്നെപ്പോലെ വിദൂരരല്ലാത്ത പല സാഹിത്യപ്രണയികളും നിരന്തരം പറഞ്ഞുവന്നു. ഈ കാവ്യഖണ്ഡങ്ങള്‍ അങ്ങിങ്ങായിച്ചിതറി, കാലാന്തരത്തില്‍ നഷ്ടപ്പെട്ടുപോകാതെ, ഗ്രന്ഥരൂപത്തില്‍ പരിരക്ഷിക്കേണ്ടത്, ഭാഷാസാഹിത്യത്തോടു തെല്ലെങ്കിലും ഭക്തിയുള്ള ആരുടേയും കടമയാണെന്നും അപ്രകാരം ചെയ്യുന്നതിനു നിവൃത്തിയില്ലാത്ത കവിക്ക് ഈ പ്രസിദ്ധീകരണത്തില്‍ നിന്നും ഉണ്ടാകുന്ന സകല ആദായങ്ങളും നല്‍കേണ്ടതാണെന്നും ആയിരുന്നു പ്രസ്തുത മിത്രങ്ങളുടെ നിര്‍ദ്ദേശം.
വിവരം ഞാന്‍ കവിയെ അറിയിക്കുകയും അദ്ദേഹം ചാരിതാര്ത്ഥ്യവായ്പയോടും ആശാപ്രകര്ഷത്തോടുംകൂടി ഈ അഭിപ്രായം ആദരിക്കുകയുംചെയ്തു. ഇതിന്റെ ഫലമാണ് 'ബാഷ്പാഞ്ജലി' എന്ന ഈ പ്രസിദ്ധീകരണം.
'ഞെരിയുമൊരാത്മാവില് ദീനനാദം
സുരപഥത്തോളം ചെന്നെത്തിയാലും,
ബധിരമീ ലോകം.....................................'
എന്നു വിലപിച്ച്,
'വിജയലക്ഷ്മി വന്നെന്നെത്തലോടുവാന്
ഭജനലോലനായെത്രനാള് കാത്തു ഞാന്‍
അവളനുകൂലയല്ലെനി,ക്കാകയാ-
ലവനതാനസ്യമായ് പിന്മടങ്ങട്ടെ, ഞാന്‍'
'ഒരു മരതകപ്പച്ചിലക്കാട്ടിലെന്‍-
മരണശയ്യ വിരിക്കൂ സഖാക്കളേ!
വസുധയോടൊരുവാക്കു ചൊന്നി,ട്ടിതാ
വരികയായി ഞാന്‍!- അല്പം ക്ഷമിക്കണേ!...'
എന്നു തന്റെ സന്തപ്തജീവിതം അവസാനിപ്പിക്കുവാന്‍ മുതിര്‍ന്ന്
'ഓമനേ, മടിക്കേണ്ട പോരികെന്നെന്നെ സ്വയം പ്രേമസല്ലാപത്തിനായ് ക്ഷണിക്കും മരണത്തെ, ഞാനനാദരിച്ചാലോ?- പാടില്ല, വേഗം ചെന്നെന്‍ പാനഭോജനം കൈയില്‍ കൊടുപ്പതത്രേ കാമ്യം!'
എന്നു തീര്‍ച്ച ചെയ്തിരിക്കുന്ന ഈ യുവാവിനോടു നമുക്കുള്ള കടമയെ അനുസ്മരിപ്പിച്ചുകൊണ്ട്,
ഈ. വി. കൃഷ്ണപിള്ള ബി. എ. ബി. എല്‍
18-10-1934
കഥാരത്ന മാലിക
അവതാരിക - സി. എസ്. സുബ്രഹ്മണ്യന്‍പോറ്റി എം. എ.
പുഞ്ചിരിതൂകിക്കൊണ്ട് ആകര്‍ഷകമായ ഒരു മുഖവും, അതിന്നു പിന്നാലെ മെലിഞ്ഞു നീണ്ട ഒരു ശരീരവും മലയാള രാജ്യം ആഫീസുമുറിയുടെ വെളിയടയ്ക്കു മധ്യത്തില്‍കൂടി അകത്തേയ്ക്കു പ്രവേശിച്ചു. കുത്തിത്തച്ചുചേര്ത്തിട്ടില്ലാത്ത ഒരു പുസ്തകത്തിന്റെ ഭാഗങ്ങള്‍ എന്റെ നേരെ കാട്ടിക്കൊണ്ടു എന്നെ വന്ദിക്കയാണ് എനിക്ക് അപരിചിതനായിരുന്ന അദ്ദേഹം അവിടെചെയ്തത്. `ആരാണ്?' എന്നു ഞാന്‍ ചോദിച്ചതിന് `അല്ലല്ലാ-ാ-ാ! ചങ്ങമ്പുഴയേ അറിയില്ലേ?' എന്ന് അടുത്തിരുന്ന എന്റെ സ്നേഹിതന് ശ്രീമാന്‍ രാമവര്മ്മത്തമ്പാന്റെ എന്നോടുള്ള മറ്റൊരു ചോദ്യം എനിക്കു മറുപടിയായി ലഭിച്ചു. ഇങ്ങനെയാണ് ഞാനും, ഞാന്‍ മഹാജനസമക്ഷം അവതരിപ്പിച്ചുകൊള്ളുന്ന ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവും തമ്മിലുണ്ടായ സ്നേഹത്തിന്റെ ആരംഭം.
ശ്രീമന്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിതകളില്‍ ചിലതെല്ലാം മലയാളരാജ്യം ചിത്രവാരികയിലും മറ്റു ചില വര്ത്തമാനപ്പത്രങ്ങളിലുംനിന്നു ഞാന്‍ വായിച്ചിട്ടുണ്ട്; എന്നു പറയാമെന്നല്ലാതെ അവയോട് വളരെ അടുത്ത ഒരു അഭിഗമനം എനിക്കു ലഭിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും വായിച്ചിടത്തോളംകൊണ്ട് അവയോട് എനിക്കു ഒരു അസാമാന്യപ്രതിപത്തിയാണ് തോന്നിയിട്ടുള്ളത് എന്നു പറയാന്‍ സാധിക്കും.
`ആരാധകന്', `ഹേമന്തചന്ദ്രിക' എന്നിങ്ങനെ പല കാവ്യതല്ലജങ്ങള്കൂടി അദ്ദേഹം ചമച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ `ബാഷ്പാഞ്ജലി' എന്ന പുസ്തകത്തേ സംബന്ധിച്ചാണ് ഞാന്‍ അധികം കേട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ 51 ലഘുകാവ്യങ്ങള്‍ അടങ്ങിയിട്ടുള്ള ആ പുസ്തകം കേരളീയ സഹൃദയന്മാരില്‍ ഒരു നവമായ സാഹിത്യാസ്വാദനാഭിരുചിയെ ജനിപ്പിച്ചിട്ടുള്ളതായും അതിനു താരതമ്യേന അല്പകാലംകൊണ്ടു വളരെ പ്രചാരം സിദ്ധിച്ചിട്ടുള്ളതായും എനിക്കറിയുകയും ചെയ്യാം.
ആ വിഷാദാത്മകങ്ങളായ കാവ്യങ്ങള്‍ ഈ മന്ദസ്മിതസ്മേരകമായ മുഖത്തുകൂടിയാണ് നിര്‍ഗ്ഗമിച്ചത് എന്നു കണ്ടപ്പോള്‍ അവയുടെ ആസ്വാദ്യതയുടെ രഹസ്യം എനിക്കു സവിശേഷം ബോധപ്പെട്ടു. ഇത്ര ശിശുത്വംകലര്ന്ന ഈ ഹൃദയത്തില്‍ നിന്ന് അത്ര മഹത്തരങ്ങളും ഗഹനങ്ങളും ആയ ആശയങ്ങള്‍ മനോഹരഗാനങ്ങളിലൂടെ പ്രേമസ്നേഹമധുരങ്ങളായി ആവിര്‍ഭവിച്ചു എന്നുള്ളത്, എനിക്കു ഒരു അത്യത്ഭുതമായിട്ടാണ് തോന്നിയത്. ഈ യുവകവിയുമായി ഇന്നു ലഭിച്ച സമാഗമം എന്നില്‍ ശാശ്വതമായ ഒരു സുഖം ഉളവാക്കിയിരിക്കുന്നു. അദ്ദേഹം ഇന്നു എനിക്കു സമ്മാനമായി തന്ന ഈ `മണിവീണ' എന്റെ വിഷാദാത്മകമായ ഹൃദയത്തിന് സദാ കുളുര്മ്മനല്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.
`കഥാരത്നമാലിക' ശ്രീ: ചങ്ങമ്പുഴകൃഷ്ണപിള്ളയുടെ ആദ്യത്തെ ഗദ്യകൃതിയത്രെ. ഇതിലേ കഥകള്‍ ഷേക്സ്പീയര് മഹാകവിയുടെ നാടകങ്ങളെ ചാറത്സ്ലാംബ് എന്ന പ്രസിദ്ധ ഗദ്യകാരന് അതിമധുരങ്ങളായ ഗദ്യങ്ങള്കൊണ്ട് സംക്ഷേപിച്ച് വിവര്ത്തനംചെയ്തിട്ടുള്ളവയില് നാലുകഥകളുടെ സ്വതന്ത്രതര്ജ്ജിമകളാകുന്നു. ഇംഗ്ലീഷില്‍ ലാംബിന്റെ എന്നപോലെ മലയാളത്തില്‍ ശ്രീമന്‍ കൃഷ്ണപിള്ളയുടെ ഗദ്യരീതി അത്യന്തം മനോഹരവും അനുഭവയോഗ്യവും ആയിരിക്കുന്നു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇതിലെ ഓരോ വാക്യവും ഔചിത്യത്തോടുകൂടി തിരഞ്ഞെടുക്കപ്പെട്ട കോമളപദങ്ങള്‍ കോമളമായി സംഘടിപ്പിച്ചിട്ടുള്ളവയായിരിക്കുന്നു. അവ അതാതു സ്ഥാനങ്ങളില്‍ സ്വയം വന്നുനിന്നുകൊണ്ടതായിട്ടാണ് തോന്നുക. കഥകളുടെ ഘടനയിലും പേരുകള്‍ നിര്‍മ്മിക്കുന്നതിലും ഗ്രന്ഥകര്‍ത്താവിന്റെ ഔചിത്യം നല്ലവണ്ണം ഫലിച്ചിട്ടുണ്ട്.
`കഥാരത്നമാലിക' കഥയുടെ രസികത്തംകൊണ്ടുമാത്രമല്ല, അതിലെ പദപ്രയോഗങ്ങളും വാക്യശൈലികളും കൊണ്ടും കൂടി വിദ്യാര്‍ത്ഥികള്‍ക്കു വളരെ ഉപയോഗപ്പെടുന്ന ഒരു പുസ്തകമാണെന്ന് വളരെനാള്‍ ഒരു അധ്യാപകനും ഒരു പാഠശാലാപരിശോധകനും ആയിരുന്ന എനിക്കു നിശ്ചയമായി പറയാന്‍ കഴിയും. നല്ല ഭാഷയില്‍ ഗദ്യമെഴുതാന്‍ ശീലിക്കുക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണെങ്കില് ഈ മാതിരിയുള്ള പുസ്തകങ്ങള്‍ അവര്‍ വായിച്ചു പഠിക്കേണ്ടത് അത്യാവശ്യമാണ്.
ഈ ഗദ്യപുസ്തകം ചമച്ചത് ഒരു കവിയാണെന്ന് ഇതിലെ ഓരോ ഭാഗവും സഹൃദയന്മാരെ ഓര്മ്മിപ്പിക്കുമെന്നുള്ളത് ഇതിന്റെ മറ്റൊരു വിശേഷമാണ്.
ഷേക്സ്പീയര് കൃതികള്‍ തീരെ വിസ്മരിച്ചിരുന്ന എന്നെ ഈ കഥകള്‍ `ലാംബ്സ്ട്രെയില്സി'ന്റെ വിവര്‍ത്തനമാണെന്നു പറഞ്ഞറിയിച്ചിരുന്നില്ലെങ്കില് ഞാന്‍ ഇവ സ്വതന്ത്രമായാലും വിവര്ത്തനങ്ങളാണെന്നു സംശയിക്കപോലും ചെയ്കയില്ലായിരുന്നു. അത്രയ്ക്ക് ഒരൂ തന്മയത്വവും ഇതില്‍ സര്‍വത്ര പ്രകാശിക്കുന്നുണ്ട്.
ശ്രീമാന്‍ കൃഷ്ണപിള്ളയ്ക്കു സര്വവിധങ്ങളായ സമുല്ക്കര്ഷങ്ങളെയും ആശംസിച്ചുകൊള്ളുന്നു.
കൊല്ലം, 14 ചിങ്ങം 111.
യവനിക
അവതാരിക - കെ.സി. സഖറിയ
രാജകൊട്ടാരങ്ങളുടേയും പ്രഭുസദനങ്ങളുടെയും അധികാരവലയത്തിൽനിന്നു കാവ്യകലയെ മോചിപ്പിച്ചു സാമാന്യജനതയുടെ ഹൃദയവേദിയിൽ സകാലം പ്രതിഷ്ഠിച്ച മനുഷ്യസ്നേഹിയും മഹാകവിയുമായ ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയോടൊപ്പം ജനപ്രീതിക്കു പാത്രീഭൂതനായ മറ്റൊരു കലാകാരൻ ഇന്നത്തെ കേരളീയത്തിൽ ഇല്ലെന്നുതീർത്തു പറയാം. നാട്ടിൻപുറത്തെ സാധുവായ കൃഷിക്കാരനും, പരിഷ്കാരമില്ലാത്ത കാലിച്ചെറുക്കനും, പട്ടണത്തിലെ പാവപ്പെട്ട തൊഴിലാളിയും ചങ്ങമ്പുഴക്കവിതകൾ പാടി ആനന്ദിക്കുന്നുണ്ട്. പക്ഷേ, ഈ പാവങ്ങൾ ചങ്ങമ്പുഴയുടെ കലാകുശതലതയെപ്പറ്റി നിരൂപണം ചെയ്യുന്നതിനു ശ്രമിച്ചിട്ടില്ല. ഇവർ നിരൂപകൻമാരല്ലല്ലോ. അതിനുണ്ടു വേറൊരു കൂട്ടർ. അസൂയയും സ്പർദ്ധയും കൊണ്ടുമാത്രം ചങ്ങമ്പുഴക്കവിതയെ അവഹേളിക്കുന്ന ഒരു കൂട്ടം നിരൂപകപ്പരിഷ അങ്ങനെ. ഉൽക്കൃഷ്ടചിന്തകളും സംസ്കാരമൂല്യംങ്ങളും ചങ്ങമ്പുഴക്കവിതയിൽ വളരെ വിരളമാണെന്നു പറഞ്ഞുകൊണ്ട് 'ഐഡിയലിസ'ത്തിൻറെ വാലിൽത്തൂങ്ങുന്ന 'മാനംനോക്കി'കൾ മറ്റൊരു വിധത്തിൽ (കലാസൃഷ്ടി ഒരു സാമുദായിക പ്രവർത്തനമാണെന്നു വാദിക്കുന്ന ശ്രീ. എ. ബാലകൃഷ്ണപിള്ളയെ ഞാൻ ബഹുമാനപുരസ്സരം സ്മരിക്കുന്നു. പക്ഷേ കേരളത്തിൽ അദ്ദേഹത്തെപ്പോലെ അദ്ദേഹത്തെ മാത്രമേ കണ്ടിട്ടുള്ളൂ) കർണ്ണസുഖം നൽകുന്ന ദ്രാവിഡശീലുകളിൽക്കൂടി സംഗീതം പകർന്നു ജനങ്ങളെ വശീകരിക്കുക മാത്രമാണ് ശ്രീ ചങ്ങമ്പുഴ ചെയ്തിട്ടുള്ളതെന്നും, കുറേ 'കളകളാരവങ്ങളും' 'കിലുകിലാരവങ്ങളും' മാറ്റിനോക്കിയാൽ ചങ്ങമ്പുഴക്കവിത അന്തഃസത്തയില്ലാത്ത പൊങ്ങുതടിയാണെന്നു കാണാൻ കഴിയുമെന്നും മറ്റുമാണ് ചങ്ങമ്പുഴയെ ആക്ഷേപിക്കുന്നവർ സാധാരണ പറയാറുള്ളത്. ഈ ആക്ഷേപത്തെപ്പറ്റി അൽപമൊന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. കുറേ മധുരപദങ്ങൾ പെറുക്കിനിരത്തിയതുകൊണ്ടുമാത്രം സാമാന്യജനതയെ വശീകരിച്ചു കീഴ്പെടുത്തുവാൻ സാദ്ധ്യമാണോ? മധുരപദങ്ങൾ നിരത്തിവെച്ച മറ്റു പലരുമില്ലേ? അവരും ജനങ്ങളും തമ്മിലുള്ള ബന്ധമെന്താണ്? കഴമ്പില്ലാത്ത സംഗീതത്തിൻറെ പിറകെ നടന്നു മിനക്കെടാൻ മാത്രം സമയവും സൗകര്യവും സാധാരണക്കാർക്കുണ്ടോ? സംഗീതാത്മകത്വം മാത്രമാണോ ചങ്ങമ്പുഴക്കവിതയും കേരളീയരും തമ്മിലുള്ള ദൃഢബന്ധത്തിൻറെ അടിസ്ഥാനം? ഏതൊരു സമുദായത്തിലും മനുഷ്യമനസ്സിൻറെ വ്യാപാരഫലങ്ങളായ സാഹിത്യം, തത്ത്വശാസ്ത്രം, മതനിബന്ധനകൾ എന്നിവയ്ക്കെല്ലാം അന്ത്യരൂപം നൽകുന്നത് ആ സമുദായത്തിൽ കലാകാരൻ (സാഹിത്യകാരൻ) ഏതൊരു വർഗ്ഗത്തിൽപ്പെടുന്നുവോ ആ വർഗ്ഗത്തിനും അയാൾക്കും പൊതുവേയുള്ള രാഷ്ട്രീയാഭിപ്രായങ്ങൾ, അയാളുടെ സൻമാർഗ്ഗചിന്തകൾ, നീതിബോധം മുതലായവയിൽക്കൂടിയാണ് സാമ്പത്തിബന്ധങ്ങൾ പ്രകടീഭവിക്കുന്നതെന്നും കലാകാരൻ ജീവിക്കുന്നകാലത്തു കൈവന്നിട്ടുള്ള ശാസ്ത്രീയപുരോഗതി, അയാളുടെ സ്വന്തമായ ശാസ്ത്രീയ വിജ്ഞാനം, അയാൾക്കും അയാളുടെ വർഗ്ഗത്തിനും മതം തത്ത്വശാസ്ത്രം മുതലായവയോടുള്ള മനോഭാവം എന്നിവയെ ആശ്രയിച്ചായിരിക്കും മനുഷ്യനും പ്രകൃതിയും-മനുഷ്യനും പരിതസ്ഥിതിയും - തമ്മിലുള്ള ബന്ധം അയാളുടെ കലാസൃഷ്ടിയിൽ പ്രതിഫലിക്കുന്നതെന്നും 'കാൾ മാർക്സ്' പറയുന്നു. കേരളത്തിലെ കവികളുടേയും ഇതരസാഹിത്യകാരൻമാരുടേയും കൃതികളിൽ പ്രകാശിക്കുന്ന ആശയങ്ങളും അഭിപ്രായങ്ങളും പരിശോധിച്ചാലും മാർക്സിൻറെ പ്രസ്താവന പ്രത്യക്ഷരം വാസ്തവമാണെന്നു കാണാം. നാടുവാഴികളെയും പ്രഭുക്കൻമാരെയും വാനോളം വാഴ്ത്തിപുകഴ്ത്തിയ പ്രാചീനകവികളും, നിറപറയും നിലവിളക്കും വർണ്ണിച്ചു ഭൂതകാലമഹത്ത്വത്തെ സ്ഥാപിക്കുവാൻ വെമ്പുന്ന ഇന്നത്തെ കവികളും മാർക്സിയൻ സിദ്ധാന്തത്തെ ഉദാഹരിക്കുകയാണ് ചെയ്യുന്നത്.
ചില സാഹിത്യകാരൻമാർ പറയുന്നത് കേട്ടിട്ടുണ്ട്, അവർ ഒരു കക്ഷിയിലും പെടാത്തവരും, രാഷ്ട്രീയ ചിന്തകൾക്കും മറ്റും അതീതരായി നിലകൊള്ളുന്നവരുമാണെന്ന്. ദിവാൻജി മുതൽ രണ്ടാംക്ലാസ് വാദ്ധ്യാർ വരെയുള്ള ഗവണ്മെൻറുദ്യോഗസ്ഥൻമാർ ദൃഢസ്വരത്തിൽ പറയാറുണ്ട്, വിദ്യാർത്ഥികൾ രാഷ്ട്രീയകാര്യങ്ങളിൽ പങ്കെടുക്കരുതെന്ന്. രാഷ്ട്രീയകാര്യങ്ങളുടെ എ.ബി.സി. അറിയാവുന്നവർ സത്യസ്നേഹികൾക്കൊക്കെ ഇതു കേൾക്കുമ്പോൾ പുച്ഛം തോന്നുവാനേ വഴിയുള്ളൂ. രാഷ്ട്രീയകാര്യങ്ങളിൽനിന്നു മറ്റുള്ളവരെ മാറ്റിനിറുത്തുവാൻ ശ്രമിക്കുന്നവർ തൻമൂലം നഗ്നമായ രാഷ്ട്രീയപ്രചരണം നടത്തുകയല്ലേ ചെയ്യുന്നത്? രാഷ്ട്രത്തെ (State) സംബന്ധിക്കുന്ന കാര്യങ്ങളാണല്ലോ രാഷ്ട്രീയകാര്യങ്ങൾ. ഒരു ഗവണ്‍മെൻറും ആ ഗവണ്മെൻറിനു കീഴ്പെട്ടിരിക്കുന്ന കുറേ ആളുകളുണ്ടെങ്കിൽ ഒരു രാഷ്ട്രമാകുമെന്നു സാമാന്യമായി പറയാം. അപ്പോൾ ഗവണ്മെൻറുദ്യോഗസ്ഥൻമാർ ആരാണ്? അവരുടെ ജോലിയെന്താണ്? ഒരു രാഷ്ട്രത്തെ ഭരിക്കുന്ന ഗവണ്മെൻറിൻറെ രാഷ്ട്രീയാധികാരം നിലനിറുത്തുവാൻ വേണ്ടി ശമ്പളം കൊടുത്തു നിയോഗിച്ചിരിക്കുന്ന രാഷ്ട്രീയപ്രവർത്തകൻമാരാണവരെന്ന് ഒരർത്ഥത്തിൽ പറയാം. രാഷ്ട്രത്തിൻറെ തലവനെ പള്ളിക്കൂടങ്ങളിലും, യോഗസ്ഥലങ്ങളിലും, നാടകശാലകളിലും, സർക്കസ് ക്യാമ്പുകളിലും, ഗുസ്തിവളപ്പുകളിലുമൊക്കെവെച്ചു സ്തോത്രം ചെയ്യണമെന്നു വന്നാൽ - അതു ശരിയാണെങ്കിലും തെറ്റാണെങ്കിലും- അതും പരസ്യമായ രാഷ്ട്രീയപ്രചരണമല്ലാതെ മറ്റെന്താണ്? രാഷട്രാധിപനെ അനുസരിച്ചുകൊള്ളാമെന്നും, അങ്ങനെ രാഷ്ട്രത്തിൻറെ ഇന്നത്തെ രൂപം സംരക്ഷിച്ചുകൊള്ളാമെന്നും ഉള്ള വാഗ്ദത്തമല്ലേ ഇതിൻറെ പുറകിൽ പ്രത്യക്ഷപ്പെടുന്നത്? സാഹിത്യകാരൻമാരെപ്പോലെതന്നെ വേറെ ചില സാധുക്കളും - കൃഷിക്കാരും, കച്ചവടക്കാരും, കൂലിവേലക്കാരും മറ്റും - പറയാറുണ്ട്. അവർക്ക് രാഷ്ട്രീയകാര്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന്. തങ്ങൾ പറയുന്നത് എന്താണെന്ന് ഇവരും ഗ്രഹിച്ചിട്ടില്ല. കരവും നികുതിയും മറ്റും മറ്റും കൊടുത്ത് ഇന്നത്തെ രാഷ്ട്രത്തോടുള്ള കൂറു വെളിപ്പെടുത്തുന്ന 'രാഷ്ട്രീയപ്രവർത്തനകരാ'ണു തങ്ങളെന്ന് ഇവർ അറിയാത്തതു പരിതാപകരമെന്നല്ലാതെ എന്തു പറയട്ടെ! ഇങ്ങനെനോക്കുമ്പോൾ രാഷ്ട്രീയകാര്യങ്ങളിൽ വിദ്യാർത്ഥികൾ, സാഹിത്യകാരൻമാർ മുതലായവർ പങ്കെടുക്കരുതെന്നു നിർദ്ദേശിക്കപ്പെടുന്നതിൻറെ അർത്ഥമെന്താണ്? ഗുണദോഷങ്ങളെപ്പറ്റി ചിന്തിക്കാതെ നിലവിലിരിക്കുന്ന രാഷ്ട്രീയവ്യവസ്ഥിതിയെ അനുസരിക്കുകയും, അതിൽ മാറ്റം വരുത്താൻ ഒരുമ്പെടാതിരിക്കുകയും ചെയ്യണമെന്നേ ഇതിനർത്ഥമുള്ളൂ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ജനങ്ങളുടെ രാഷട്രീപ്രവർത്തനം ഇന്നത്തെ ഭരണകൂടത്തെ-അതു നല്ലതോ ചീത്തയോ എന്നു വ്യവച്ഛേദിക്കാതെ-പിന്താങ്ങുന്ന രീതിയിലായിരിക്കണമെന്നാണ് നിഷ്കർഷിക്കപ്പടുന്നത്. പക്ഷേ, പിന്താങ്ങുന്നവരും എതിർക്കുന്നവരും, ഒരു രാഷ്ട്രത്തിൽ ജീവിക്കുന്നവരാണെങ്കിൽ, ഒരുപോലെ രാഷ്ട്രീയകാര്യങ്ങളിൽ പങ്കെടുക്കുന്നവരാണെന്നു സുസ്പഷ്ടമാണ്. പിന്താങ്ങുന്നവരിൽ പലരും അവരുടെ രാഷ്ട്രീയപ്രവർത്തനത്തിൻറെ സ്വഭാവവും വ്യാപ്തിയും മനസ്സിലാക്കുന്നില്ലെന്നേയുള്ളൂ. രാഷ്ട്രീയ ചിന്തകളിൽ നിന്നൊഴിഞ്ഞു നിൽക്കുവാൻ ശ്രമിക്കുന്ന സാഹിത്യകാരൻമാരും- ഇവരിൽ ചില പുരോഗമനക്കാരുമുണ്ട്!- ഒരു പ്രത്യേക രാഷ്ട്രീയവ്യവസ്ഥയെ പരോക്ഷമായിട്ടെങ്കിലും പിന്താങ്ങുകയാണ് ചെയ്യുന്നത്. ഇവരിൽ പലരുടേയും പിന്താങ്ങൽ ബോധപൂർവ്വമല്ലായിരിക്കാം. അതുകൊണ്ട് പിന്താങ്ങൽ പിന്താങ്ങലല്ലാതായിത്തീരുന്നില്ല. 'സോഷ്യലിസം', 'കമ്മ്യൂണിസം' എന്നൊക്കെ കേൾക്കുമ്പോൾ കണ്ണുചുവപ്പിച്ച്, ഏതെങ്കിലും കക്ഷിയിൽ പെടുന്നതു കലാകാരൻറെ മഹത്വത്തിനു ചേർന്നതല്ലെന്നു ശഠിച്ച്, ത്രിശങ്കുസ്വർഗ്ഗത്തിൽ തൂങ്ങിക്കിടക്കുവാൻ പാടുപെടുന്ന ഏതാനും സാഹിത്യകാരൻമാർ - നല്ല കഴിവുള്ളവർപോലും!- നമ്മുടെ ഇടയിലുണ്ട്. ഇവരും മാർക്സ് പറയുന്നതുപോലെ, ഒരു പ്രത്യേക വർഗ്ഗത്തിൻറെ സ്ഥാപിത താൽപര്യങ്ങൾക്കുവേണ്ടി പ്രത്യക്ഷമായ പ്രചരണം നടത്തുന്നവരോ, നിഷ്പക്ഷതമൂലം പ്രസ്തുത താൽപര്യങ്ങളെ സഹായിക്കുന്നവരോ, അവയോടെതിരിടാൻ ഭയപ്പെടുന്ന ഭീരുക്കളോ ആണ്. ഇങ്ങനെ പരിശോധിച്ചാൽ വർഗ്ഗപരമായ ( Class) താൽപര്യസംരക്ഷണത്തിനുവേണ്ടി നിലകൊളളാത്തവർ, സാഹിത്യകാരൻമാരായാലും അല്ലെങ്കിലും, ഇല്ലെന്നു മാർക്സിൻറെ സിദ്ധാന്തം അർത്ഥസമ്പൂർണ്ണമാണെന്നു മനസ്സിലാക്കുവാൻ കഴിയും. എന്നാൽ പരിവർത്തനത്തിൻറെ പ്രാധാന്യവും, പ്രയോജനവും, അപ്രതിരോദ്ധ്യവും മനസ്സിലാക്കി, സ്വർഗ്ഗതാൽപര്യങ്ങളിൽനിന്നു വ്യതിരിക്തമായി നിന്നുകൊണ്ട്, സമുദായപുരോഗതിക്കുവേണ്ടി പ്രയത്നിക്കുന്ന കലാകാരൻമാരും ശാസ്ത്രജ്ഞരുമൊക്കെ ഏതൊരു സമുദായത്തിലും ഉണ്ടായിരിക്കുമെന്നും 'മാർക്സിസം' ചൂണ്ടിക്കാണിക്കുന്നുണ്ട്. കാൾമാർക്സിൻറെ ജീവചരിത്രംതന്നെ ഇതിന് ഉത്തമദൃഷ്ടാന്തമാണ്.
കല, തത്ത്വശാസ്ത്രം മുതലായവയിൽക്കൂടി നിഴലിക്കുന്ന ആദർശസംഹിതയ്ക്ക് (Ideology) അന്ത്യരൂപം നൽകുന്നതു സാമ്പത്തികബന്ധങ്ങളാണെങ്കിലും, കലയ്ക്കും മറ്റും സാമ്പത്തിക ബന്ധങ്ങളിൽ താൽക്കാലികമായ സ്വാധീനശക്തി ചെലുത്താൻ കഴിയുമെന്നും മാർക്സ് പറയുന്നുണ്ട്. ഈ ഭാഗം വിശദീകരിച്ചുകൊണ്ട് ഓരൊന്നാന്തരം റഷ്യൻ സാഹിത്യനിരൂപകനായ "എഫ് യുഡിൻ" ഇപ്രകാരം പറയുന്നു: "ആദ്യകാലത്തു ഗാനങ്ങൾ, നൃത്തങ്ങൾ, ചുമർചിത്രങ്ങൾ, വിട്ടുസാമാനങ്ങളിൻമേലുള്ള അലങ്കാരങ്ങൾ ആദിയായവയ്ക്കു സാമ്പത്തിക പ്രയത്നങ്ങളെ നേരിട്ടു നിയന്ത്രിക്കണമെന്നുള്ള ഉദ്ദേശ്യമുണ്ടായിരുന്നു. മറ്റുള്ളവരുടെ പ്രയത്നഫലം ചൂഷണം ചെയ്ത്, യാതൊരു കായക്ലേശവും കൂടാതെ കഴിയുന്ന വർഗ്ഗങ്ങൾ അടിമസമുദായത്തിലും ജൻമിസമുദായത്തിലും ഉണ്ടായതോടുകൂടി മാനസികവ്യാപാരങ്ങൾ ഇത്തരക്കാരുടെ കുത്തകയായിത്തീർന്നു. ഭൗതികസാധനങ്ങളുടെ നിർമ്മാണത്തിൽ നേരിട്ടു ബന്ധപ്പെടുത്താതെ ശാസ്ത്രീയവും കലാപരവും മറ്റുമായ പ്രവർത്തനത്തെ ഇവർ സ്വായത്തമാക്കി. മുതലാളി സമുദായത്തിൽ കായികവും മാനസികവും ആയ പ്രയത്നങ്ങൾ തമ്മിലുള്ള വിഭജനം ഉച്ചകോടിയിൽ എത്തുകയാണു ചെയ്തിരിക്കുന്നത്. കായികാദ്ധ്വാനവും മാനസികാദ്ധ്വാനവും സാധൂകരിക്കുന്നതിനായി ചില പ്രത്യേക സിദ്ധാന്തങ്ങളെ- 'കലകലയ്ക്കുവേണ്ടി', 'വർഗ്ഗരഹിതമായ ശാസ്ത്രം' എന്നിങ്ങനെ വളരെയെണ്ണത്തെ- മുതലാളിസമുദായം സൃഷ്ടിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ഈ പരിതഃസ്ഥിതിയിൽ കല, തത്വശാസ്ത്രം, മതം മുതലായവ യാതൊരു ക്രമവുമില്ലാതെ, അനിയതമായിട്ടാണ് സാമ്പത്തികബന്ധങ്ങളിൽ സ്വാധീനശക്തി ചെലുത്തുന്നത്. കലാനിർമ്മാണാദിയായ മാനസികപ്രവർത്തനങ്ങളിൽ ഇത്തരം ക്രമക്കേടുകളുണ്ടെങ്കിലും, ഭരണകർത്തൃത്വം നടത്തുന്ന വർഗ്ഗത്തിൻറെ താൽപര്യങ്ങൾക്കനുരൂപമായി ജനങ്ങളുടെ മനോഭാവത്തെ സജ്ജീകരിക്കുകയെന്നതാണ് ആ പ്രവർത്തനങ്ങളുടെയെല്ലാം ഉദ്ദേശ്യമെന്ന് അപഗ്രഥനാന്ത്യത്തിൽ വെളിപ്പെടാതിരിക്കുകയില്ല''
കലാസൃഷ്ടി ഒരു സാമുദായികപ്രവർത്തനമാണെന്നുള്ള ശ്രീ ഏ. ബാലകൃഷ്ണപിള്ളയുടെ വാദവും മുകളിൽ ഉദ്ധരിച്ച മാർക്സിയൻ സിദ്ധാന്തവും തമ്മിൽ സാരാംശത്തിൽ വ്യത്യാസമില്ല. ആകാശത്തിൽനിന്നും കയറുപൊട്ടി ഭൂമിയിൽ പതിച്ചവനല്ല കലാകാരൻ. അയാൾ ജീവിക്കുന്ന കാലഘട്ടത്തിലെ സാമ്പത്തികവും, സാമൂഹ്യവും, രാഷ്ട്രീയവും, സാംസ്കാരികവും, ആദ്ധ്യാത്മികവുമായ പ്രവർത്തനങ്ങളോട് അയാൾ അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. അയാൾ കാലത്തിൻറെ- ഒരു പ്രത്യേകകാലഘട്ടത്തിൻറെ-സന്താനമാണ്. അയാളുടെ ജനനം, വളർച്ച, വർഗ്ഗം, വിദ്യാഭ്യാസം, പരിതഃസ്ഥിതികൾ മുതലായവ അയാൾക്കു സ്വന്തമായ ഒരു സംസ്കാരവും വീക്ഷണവും നൽകുന്നു. അപ്പോൾ ഓരോ കലാകാരനും സ്വന്തമായ ഒരു ജീവിതനിരൂപണരീതി, അഥവാ ലോകവീക്ഷണകോടി, ഉണ്ടായിരിക്കുമെന്നു സിദ്ധിക്കുന്നു. ലെനിൻ പറയുന്നു: "പ്രകൃതിയേയും സമുദായത്തേയും ചുഴിഞ്ഞുനോക്കുന്ന മറ്റാരേയുംപോലെ ഒരു സാഹിത്യകാരനും കാലേകൂട്ടി നിബന്ധിക്കപ്പെട്ട ഏതാനും ആശയങ്ങളും ധാരണകളുമായിട്ടാണ് യാഥാർത്ഥ്യങ്ങളെ സമീപിക്കുന്നത്. ജനങ്ങളോടും സംഭവങ്ങളോടും അയാൾക്കുണ്ടാകുന്ന മനോഭാവത്തെ ഏറിയകൂറും നിർണ്ണയിക്കുന്നത് ഈ ആശയങ്ങളും ധാരണകളുമാണ്. ഒരു സംഭവത്തെ ബലഹീനമാക്കുന്നതിനോ, വികൃതപ്പെടുത്തുന്നതിനോ, ഒരു കർമ്മപരിപാടിയെ ശക്തിപൂർവ്വം പിന്താങ്ങുന്നതിനോ, ഒരു പാത്രത്തെ അവഹേളിക്കുന്നതിനോ മറ്റൊന്നിനെ പ്രശംസിക്കുന്നതിനോ അയാളെ പ്രേരിപ്പിക്കുന്നത് അവയാണ്. തീർച്ചയായും കലാകാരൻറെ ലോകവീക്ഷണകോടി അയാളുടെ സൃഷ്ടിപരമായ പ്രവർത്തനത്തിൽ പ്രകടമായ സ്വാധീനശക്തി പ്രയോഗിക്കുന്നുണ്ട്. അഭിപ്രായങ്ങളോ, ഇഷ്ടാനിഷ്ടങ്ങളോ കലാകാരൻ നേരിട്ടു പ്രകാശിപ്പിക്കുന്നില്ലെങ്കിലും, അയാൾ വിവരിക്കുന്ന സംഭവങ്ങൾക്കും വർണ്ണിക്കുന്ന പാത്രങ്ങൾക്കും അയാളുടെ കലാസൃഷ്ടിയിൽ അന്തർഹിതമായിരിക്കുന്ന ലോകവീക്ഷണകോടിയെ വെളിപ്പെടുത്താതിരിക്കുവാൻ സാദ്ധ്യമല്ല.''
ഇങ്ങനെ വ്യക്തിപരമായ അഭിപ്രായങ്ങളോടും ആദർശങ്ങളോടും കൂടിയാണ് ഒരു കലാകാരൻ ജീവിതത്തെ- ലോകത്തെ-വീക്ഷിക്കുന്നത്. ബുദ്ധിയേയും ഹൃദയത്തെയും സമ്മർദ്ദിക്കുന്ന പരിതഃസ്ഥിതികളാണ് അയാൾക്കു സൃഷ്ടിപരമായി പ്രചോദനം നൽകുന്നത്. അഥവാ നൽകേണ്ടത്. പരിതഃസ്ഥിതികളെ വിസ്മരിച്ചുകൊണ്ടോ, നോക്കി മനസ്സിലാക്കാൻ കെൽപില്ലാതെയോ കലാസൃഷ്ടി നടത്തുന്നുവരുടെ കൃതികളാണു നീർപ്പോളകൾ പോല മാഞ്ഞുപോകുന്നത്. ഒരു സാഹിത്യകാരൻറെ വില നിർണ്ണയിക്കേണ്ടത് അയാൾ ചരിത്രയാഥാർത്ഥ്യങ്ങളെ -മനുഷ്യജീവിതയാഥാർത്ഥ്യങ്ങളെ - എത്രമാത്രം സൂക്ഷ്മമായിഅയാളുടെ കൃതിയിൽ വിനിവേശിപ്പിച്ചിട്ടുണ്ടെന്നുള്ളതിനെ ആധാരമാക്കി വേണമെന്നു ലെനിൻ നിഷ്കർഷിക്കുന്നു. പഴങ്കഥകൾ എടുത്തു കൈകാര്യം ചെയ്താലും അവയിൽ ചരിത്രയാഥാർത്ഥ്യങ്ങൾ കലർത്തുവാൻ കഴിയുമെങ്കിൽ അവ വിലമതിക്കപ്പെടേണ്ടവതന്നെ. വർഗ്ഗബന്ധത്തിൻറെ വെളിച്ചത്തിൽ, വ്യക്തികളുടെ വികാരങ്ങളേയും, വിചാരങ്ങളേയും, വാക്കുകളേയും, പ്രവൃത്തികളേയും അസത്യമോ ആത്മവഞ്ചനയോ കൂടാതെ പ്രതിഫലിപ്പിക്കുന്നതിനെയാണ് ചരിത്രയാഥാർത്ഥ്യങ്ങളുടെ പ്രതിപാദനമെന്നു ലെനിൻ പറയുന്നത്. ശ്രേഷ്ഠതമമായ കലാസൃഷ്ടിയും ഇതാകുന്നു. ഷേക്സ്പീയർ, ടോൾസ്റ്റോയീ, ബാൽസാക്, ഗോർക്കി മുതലായവർ ഈ വിധത്തിൽ കലാനിർമ്മാണം നിർവ്വഹിച്ചു വിശ്വസാഹിത്യകാരൻമാരായിത്തീർന്നി ട്ടുള്ളവരാണ്.
ഒരു കലാകാരൻ ജീവിക്കുന്ന കാലഘട്ടം, ആ കാലത്തെ സാമ്പത്തികവ്യവസ്ഥിതി, ആ വ്യവസ്ഥിതിയിൽ കെട്ടിപ്പടുത്തിട്ടുള്ള വിവിധാദർശങ്ങൾ(മതപരം, സാംസ്കാരികം, രാഷ്ട്രീയം...etc) അയാളുടെ ലോകവീക്ഷണകോടി, ചരിത്രയാഥാർത്ഥ്യങ്ങൾ ഗ്രഹിക്കുന്നതിൽ അയാൾക്കുള്ള കെൽപ് എന്നിവയെ ആസ്പദമാക്കിവേണം അയാളുടെ കലാനിപുണതയ്ക്ക് വിലയിരുത്തുവാനെന്നാണ് മുകളിൽ എഴുതിയ ഖണ്ഡികകളെല്ലാം ചൂണ്ടിക്കാണിക്കുന്നത്. ഈ അളവുകോൽ വെച്ചു നോക്കുമ്പോൾ സംഗീതം മാത്രമല്ല, കേരളീയരെ, പ്രത്യേകിച്ചു കേരളത്തിലെ സാമാന്യജനങ്ങളെ, ചങ്ങമ്പുഴക്കൃതികളിലേക്കാകർഷിച്ചതെന്നു കാണാവുന്നതാണ്. ജീർണ്ണിച്ച വിറകൊള്ളുന്ന ജൻമിത്വത്തേയും, മൂത്തുമുരടിച്ച മുതലാളിത്തത്തെയും വെല്ലുവിളിച്ചുകൊണ്ട് സോഷ്യലിസ്റ്റാദർശങ്ങൾ കേരളക്കരയിൽ അവ്യാഹതമമായി സഞ്ചരിക്കുന്ന ഒരു കാലഘട്ടമാണിത്. ചങ്ങമ്പുഴ ജീവിക്കുന്ന ഇന്നത്തെ കാലം, സാമാന്യജനതയുടെ കാലമാണ്. ലോകത്തിൻറെ മറ്റുഭാഗങ്ങളിലെപ്പോലെ നമ്മുടെ നാട്ടിലും, സാമാന്യജനങ്ങൾ സാമ്പത്തികവും, സാമൂഹ്യവും, രാഷ്ട്രീയവുമായ പരിവർത്തനങ്ങൾക്കായി വെമ്പൽക്കൊള്ളുന്ന ഒരു കാലഘട്ടമാണിത്. കൈയേറ്റങ്ങളും, കഷ്ടപ്പാടുകളും നിറഞ്ഞ ഇന്നത്തെ സാമൂഹ്യസംഘടനയെ തട്ടിത്തകർത്തു വർഗ്ഗരഹിതവും സമത്വസുന്ദരവുമായ ഒരു നൂതനവ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതിനു ജനസാമാന്യം കുതികൊള്ളുന്നു. "ജീവിക്കുവാനും വളരുവാനും എല്ലാവർക്കും സന്ദർഭങ്ങൾ വേണം''- ഇതാണ് ഇന്നത്തെ മുദ്രാവാക്യം. ഇതിൻറെ പെരുമ്പറയടി കേട്ടു നമ്മുടെ കവികളും, കലാകാരൻമാരും നിരൂപകൻമാരുമെല്ലാം പലവഴിക്കും പാഞ്ഞു പല ചേരിയിലും ചേർന്നിട്ടുണ്ട്. തനി പിന്തിരിപ്പൻമാർ ഒരുവക; ഒരു കാൽ യാഥാസ്ഥിതികത്വത്തിൽ ഉറപ്പിച്ചുകൊണ്ടു മറ്റേക്കാൽ പുരോഗമനപ്രസ്ഥാനത്തിലേക്കു നീട്ടിനോക്കുന്ന അവസരസേവകൻമാർ വേറൊരുവക; എങ്ങോട്ടാണ് പോകേണ്ടതെന്നറിയാതെ ചഞ്ചലപ്പെടുന്ന ഭീരുക്കൾ മറ്റൊരിനം ഒന്നിലും പെടാതെ രണ്ടിൽനിന്നും മുതലെടുക്കാൻ ശ്രമിക്കുന്ന 'സൃഗാലവീരൻമാരും' ഇക്കൂട്ടത്തിൽ ഇല്ലാതില്ല. നിലത്തു തൊടാതെ ആകാശത്തിൽത്തന്നെ നിലകൊള്ളാൻ നോക്കുന്ന ഇന്ദ്രജാലക്കാരും ഈ സെറ്റിൽ പുറപ്പെടുന്നുണ്ട്. എന്നാൽ ശ്രീ ചങ്ങമ്പുഴയോ? "അതേ, പുരോഗമനസാഹിത്യം കമ്മ്യണിസസിദ്ധാന്തങ്ങളുടെ കളരിയാണ്. അഭിമാനപൂർവ്വം നിങ്ങൾ ആ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കുന്ന സാഹിത്യത്തെ ആശ്ലേഷിക്കുക. ആശീർവ്വദിക്കുക''- ഒരു സാഹിത്യമഹാസമ്മേളനത്തിൻറെ അദ്ധ്യക്ഷസ്ഥാനത്തുനിന്നുകൊണ്ട് തൻറേടത്തോടുകൂടി ഇപ്രകാരം ഉൽഘോഷിച്ച ചങ്ങമ്പുഴയും അദ്ദേഹത്തിൻറെ ചേരിയേതാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.
കാലത്തിൻറെ ആഹ്വാനത്തെ ആദരിക്കുന്നതിനും, തദനുസരണം ഒരു ലോകദർശനകോടി സൃഷ്ടിക്കുന്നതിനും ശ്രീ ചങ്ങമ്പുഴയ്ക്കു സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നാളത്തെ ഭരണാധികാരികളാകുവാൻ പോകുന്ന ഇന്നത്തെ സാമാന്യജനങ്ങളുടെ ഹൃദയങ്ങളിൽ റ്റൊരു കവിക്കും ലഭിക്കാത്ത മഹനീയസ്ഥാനം അദ്ദേഹത്തിനു ലഭിച്ചത്. എന്താണ് ശ്രീ ചങ്ങമ്പുഴയുടെ ലോകവീക്ഷണകോടി? നമ്മുടെ ചില മഹാകവികളെപ്പോലെ ഭൗതികജീവിതത്തെ നിസ്സാരകോടിയിൽ തള്ളിക്കൊണ്ട്, ആദ്ധ്യാത്മികസിദ്ധികൾക്കും പരലോകത്തിലെ പരമശാന്തിക്കും വേണ്ടി ഉഴറുകയല്ല അദ്ദേഹത്തിൻറെ കവിഹൃദയം ചെയ്യുന്നത്.
നിസ്വാർത്ഥസേവനം നിർദ്ദയമർദ്ദനം!
നിസ്സഹായത്വം, ഹാ, നിത്യദുഃഖം!
നിശിതനിരാശാതിമിരം ഭയങ്കരം!
നിരുപാധികോഗ്രനിയമഭാരം!''
എന്നു 'വാഴക്കുല'യിലും
വിത്തനാഥൻറെ 'ബേബി'ക്കു പാലും
നിർദ്ധന'ച്ചെറുക്ക'ന്നുമിനീരും,
ഈശ്വരേച്ഛയ,ല്ലാകിലമ്മട്ടു-
ള്ളീശ്വരനെച്ചവിട്ടുക നമ്മൾ.''
എന്നു 'ഭാവത്രയ'ത്തിലും,
"കമ്രശ്രീമയവിശ്വഗേഹമവനാവാസത്തിനായീശ്വരൻ
നിർമ്മിച്ചേകിയതും കൃതഘ്നവനോ വെട്ടിപ്പകുത്തൂ ശഠൻ''
എന്ന് ഒരൊറ്റശ്ലോകത്തിലും
"കപടതയ്ക്കേ കഴിഞ്ഞിടൂ കാഞ്ചന
ജയപതാകയിവിടെപ്പറത്തുവാൻ!''
എന്നു 'രമണ'നിലും വികാരനിർഭരമായി വരച്ചു കാണിച്ചിട്ടുള്ള ദുരവസ്ഥയുടെ സംഹാരതാണ്ഡവും നടത്തുന്നതിൻ 'ഉൽക്കടപ്രഭാവോഗ്രസനായ' ആ 'കൊടുങ്കാറ്റിനെ' ക്ഷണിച്ചുകൊണ്ട്,
"ജീവിതം ശോകാപ്തമല്ല-ഒരു
ജീവിയും നിസ്സാരമല്ല.
നാനാത്വം പാടേ മറന്നു-ലോക-
മേകമാം സത്തയിൽ നിന്നു
ചിത്തങ്ങൾ തമ്മിൽ പുണർന്നു-ദിവ്യ-
സത്യസൗന്ദര്യം നുകർന്നു
എല്ലാം സുഖത്തിൻ മുകുരം-എങ്ങു-
മില്ല ദുഃഖത്തിൻ തിമിരം''
എന്നു സങ്കൽപകാന്തി'യിൽ വിഭാവനം ചെയ്തിട്ടുള്ള നവ്യലോകവ്യവസ്ഥിതിയിലേക്കു മനുഷ്യവർഗ്ഗത്തെ ഉയർത്തുവാനാണ് ശ്രീ ചങ്ങമ്പുഴ അഭിലഷിക്കുന്നത്. അദ്ദേഹത്തിൻറെ പരമനിർമ്മലമായ ലോകവീക്ഷണകോടി ഇതല്ലാതെ മറ്റൊന്നുമല്ല. വിധിയെ പഴിച്ചും, മരണത്തെ ക്ഷണിച്ചും, സാഹചര്യങ്ങളോടു പരിഭവിച്ചും ചങ്ങമ്പുഴ കവിതകൾ എഴുതിയിട്ടുണ്ട്. പക്ഷേ, അവയൊക്കെ ചില നിമിഷങ്ങളിലെ ദുർബ്ബലമായ ചഞ്ചലത്വത്തെ കാണിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അദ്ദേഹത്തിൻറെ ഒന്നാന്തരം കൃതികളിലെല്ലാം മുകളിൽ കാണിച്ച ലോകവീക്ഷണകോടിയുടെ അടിയൊഴുക്കുകൾ ദർശിക്കുവാൻ കഴിയും. ഒരു കലാകാരൻറെ ഒന്നാംതരം കൃതികളെ ആസ്പദമാക്കിവേണമല്ലോ അദ്ദേഹത്തിൻറെ കലാവൈദഗ്ദ്ധ്യം നിർണ്ണയിക്കുവാൻ. ഷേക്സ്പിയർ പോലും മൂന്നാംതരം നാടകങ്ങളെഴുതിയിട്ടുണ്ടെന്നുള്ള വാസ്തവം ഇവിടെ സ്മരണീയമാണ്. യഥാര്‍ത്ഥമായ സമത്വത്തിനും സാഹോദര്യത്തിനുംവേണ്ടി കാഹളമൂതുന്ന ഒരു ലോകവീക്ഷണമാണ് ശ്രീ ചങ്ങമ്പുഴയ്ക്കുള്ളത്. കേരളത്തിലെ സാമാന്യജനങ്ങൾ - കഷ്ടപ്പെടുന്ന ഏഴകൾ-ദിവ്യമോഹനമായ ആ കാഹളധ്വനിയാൽ അപഹൃതചിത്തരായിത്തീർന്നത് അതുഭതജനകമല്ലല്ലോ. ദീനത്വത്തിൻറെ രോദനങ്ങളും, നിസ്സഹായതയുടെ നെടുവീർപ്പുകളാണ് രക്തപുഷ്പങ്ങളിലും, അസ്ഥിമാടത്തിലു, രമണനിലും, ഈ അവതാരികയ്ക്കു വിഷയമായ 'യവനിക'യിലൂടെയുമെല്ലാം മുഴങ്ങിക്കേൾക്കുന്നത്.
വികാരസംക്രമണമാണ് കലയുടെ ജീവനെങ്കിൽ, സാമാന്യജനങ്ങളെ വികാരഭരിതരാക്കിത്തീർത്ത ചങ്ങമ്പുഴയെ അവർ ആരാധിക്കുന്നതിൽ എന്തൊരസാംഗത്യമാണുള്ളത്? ഇതാണ് ശ്രീ ചങ്ങമ്പുഴയുടെ അതുല്യംമായ ജനസമ്മതിക്കടിസ്ഥാനം. അല്ലാതെ വികാരശൂന്യമായ ഈരടികൾ സംഗീതത്തിൽ കുഴച്ചു വിളമ്പിയതുകൊണ്ടല്ല അദ്ദേഹം ജനകീയസാഹിത്യകാരനായിത്തീർന്നത്. സംഗീതത്തിൻറെ പേരിൽ ചങ്ങമ്പുഴയെ കുററം പറയുന്നവർ ജനങ്ങളെ തരംതാഴ്ത്തുന്ന സമുദായദ്രോഹികളാണന്നു കൂടി പറയേണ്ടിയിരിക്കുന്നു. മഹാനായ ലെനിനെ ഞാൻ ഒരു പ്രാവശ്യംകൂടി ഉദ്ധരിച്ചുകൊള്ളട്ടെ. "കല ജനങ്ങളുടെ വകയാണ്. അദ്ധ്വാനിക്കുന്ന ജനങ്ങളുടെ (Masses) മദ്ധ്യത്തിലായിരിക്കണം അതിൻറെ നരായവേരുകൾ ചുഴിഞ്ഞിറങ്കേണ്ടത്. അവർക്കു മനസ്സിലാകത്തക്കതായിരിക്കണം കല. അവർ അതിനെ സ്നേഹിക്കണം'' ഈ പ്രമാണത്തെ സഫലമാക്കുവാൻ ശ്രമിച്ചതാണ് ശ്രീ ചങ്ങമ്പുഴയുടെ വിജയരഹസ്യമെന്നു നിസ്സംശയം പറയാം. 'മലയാലപ്പുയ' ന്റെ കണ്ണീരിലും, 'രമണ'ന്റെ ദീര്ഘനിസ്വശാസത്തിലും, 'ശേഖരകവി'യുടെ (യവനിക) മൂകതയിലുമെല്ലാം സാമൂഹികയാഥാര്‍ത്ഥ്യങ്ങളാണ് നിഴലിക്കുന്നത്. സ്വാനുഭാവങ്ങളെപ്പറ്റി പരിസ്ഫുടമായ പ്രതീതിയുണ്ടാകത്തക്കവണ്ണം, ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ പാടി കേള്‍പ്പിച്ച കവികോകിലത്തെ പാലും തേനും നല്കി താലോലിക്കുവാന്‍ ജനസാമാന്യം ഒരുമ്പെടുന്നത് അപകൃതമല്ലതന്നെ. ടാഗോറിൻറെ കഥയിലും യവനികയിലും വർണ്ണിക്കപ്പെട്ടിട്ടുള്ള തോഴിക്കു പറയത്തക്ക വ്യക്തിത്വമൊന്നും കാണുന്നില്ല. രാജപുത്രിക്കൊരു തോഴി-ഇതിൽ കവിഞ്ഞു കഥയുമായി 'മഞ്ജരി'ക്കു യാതൊരു ബന്ധവുമില്ല. 'മഞ്ജിമയ്ക്കൊരു കുഞ്ഞലയാഴി' യാണവളെന്നും, 'പൂവുപോലെ ചിരിക്കുന്ന ചിത്ത' മാണവളുടേതെന്നും ചങ്ങമ്പുഴ വർണ്ണിക്കുന്നുണ്ടെങ്കിലും കഥാഗതിയിൽ അവൾക്കു സ്ഥാനമെന്താണെന്ന് അജ്ഞാതമായിരിക്കുന്നതേയുള്ളൂ. രമണനിലെ ഭാനുമതിയെപ്പോലെ മഞ്ജരി ഒരു സജീവകഥാപാത്രമായിത്തീർന്നിട്ടില്ല. മൂലകഥയിലുണ്ടെങ്കിലും കാവ്യത്തിൽ തോഴിയെക്കൂടാതെ കഴിക്കാൻ പാടില്ലായിരുന്നോ എന്നൊരു ചോദ്യത്തിനു വകയുണ്ട്. എന്നാൽ പുരാണകഥകളും മറ്റും ഇഷ്ടാനുസരണം കൈകാര്യം ചെയ്യുന്നതുപോലെ ടാഗോറിൻറെ ജഗൽപ്രസിദ്ധമായ ഒരു ചെറുകഥ കൈകാര്യം ചെയ്യുന്നതു ശരിയല്ലെന്നു സമ്മതിക്കാരിതിക്കാനും നിവൃത്തിയില്ല. ശേഖരസദനത്തിൽ പ്രതിദിനം പൊയ്ക്കൊണ്ടിരിക്കുന്ന 'വാസന്തമഞ്ജരി' കവിയുടെ ഗുണഗണങ്ങൾ വർണ്ണിച്ച് അജിതകുമാരിയുടെ അനുരാഗത്തിനു കൊഴുപ്പുകൂട്ടിയെന്നു സങ്കൽപിക്കുന്നതിൽ അപാകമില്ല. എന്നാലും ഇതൊരു സങ്കൽപം മാത്രമാണല്ലോ.
അലങ്കാരത്തിനുവേണ്ടി കാടുകയറുന്ന പ്രകൃതക്കാരനല്ലല്ലോ ശ്രീ ചങ്ങമ്പുഴ. അതേസമയത്ത് സന്ദർഭോചിതമായി അലങ്കാരം പ്രയോഗിക്കുന്നതിൽ അദ്ദേഹത്തിനു പ്രശംസനീയമായ പ്രാഗൽഭ്യമുണ്ടുതാനും. സ്വകപോലകൽപിതങ്ങളായ ഒന്നാന്തരം അലങ്കാരങ്ങൾ-ടാഗോറിൻറെ അലങ്കാരങ്ങളുടെ അടുത്തു തലയുയർത്തിനിൽക്കാൻ അർഹതയുള്ളവ-യവനികയിൽ പലതുമുണ്ട്. സ്ഥാനസ്ഥിതവും അകൃത്രിമവുമായി അലങ്കാരങ്ങൾ പ്രയോഗിക്കുക നിസ്സാരകാര്യമല്ല. കാവ്യമർമ്മജ്ഞതയുടെ പരമകാഷ്ഠതയിലുള്ളൊരു വിജയമാണത്:
"കൊക്കുരുമ്മാനിണയടുക്കുമ്പോൾ
കൊഞ്ചിനീങ്ങും കയിൽപ്പേടപോലെ''
ആർദ്രമനസ്കരായ കാമിനീകാമുകരൻമാരുടെ പ്രണയസല്ലാപം ഇതിനേക്കാൾ ചേതോഹരമായി പകർത്തുവാൻ സാദ്ധ്യമല്ലെന്ന്-ഒരു മഹാകവിക്കും സാദ്ധ്യമല്ലെന്ന്-പറയാം.
"ആറ്റുവക്കിലാ മാമരക്കാവി
ലാത്മശാന്തിതന്നങ്കുരം പോലെ''
സത്യഗായകനായ കവിയുടെ ശാന്തിമന്ദിരം എത്ര പരിസ്ഫുടമായി പ്രകാശിക്കുന്നു. ഇങ്ങനെ പലതും എടുത്തുകാണിക്കുവാൻ കഴിയും. എല്ലാം സന്ദർഭത്തിൻറെ തരളപ്പൊടിപ്പുകൾതന്നെ.
യവനികയിലെ ഒരു ചിത്രം നോക്കുക:
"കന്ദളിതമദാലസയാമ-
ക്കണ്മണി രാധ തോൾ ചേർന്നു നിൽകെ;
ഹാ വലംകാലൊരൽപം മടങ്ങി-
പ്പൂവെതിരിടം കാൽത്തണ്ടുരുമ്മി;
തെല്ലിട ഗളം ചാ,ഞ്ഞംഗുലികൾ
ലല്ലലല്ലലം തത്തിക്കളിക്കെ;
ചുണ്ടിലോടക്കുഴൽ ചേർന്നു ഹർഷം
ചെണ്ടിടുമൊരു പുഞ്ചിരിയോടെ;
താളമൊപ്പിച്ചു പീലിയിളകി
ച്ചേലിലാ വനമാലകളാടി;
ഗാനധാരയിൽ വിശ്വം മയക്കി
വേണുഗോപാലനങ്ങുല്ലസിച്ചു.''
'ലല്ലലല്ലല' മായപ്പോൾ എൻറെ കൈവിരലുകൾ താനെ ഇളകിപ്പോയി. മലയാളസാഹിത്യത്തിൻ എന്നുമെന്നും അഭിമാനപൂർവ്വം ഉയർത്തിപ്പിടിക്കാവുന്ന ഒരു സജീവചിത്രം സംഭാവനചെയ്ത ചങ്ങമ്പുഴ ഏതൊരു ഭാഷാസ്നേഹിയുടെയും കൃതജ്ഞത അർഹിക്കുകതന്നെ ചെയ്യുന്നുണ്ട്.
ഒരെണ്ണം കൂടി എടുത്തുകാണിച്ചുകൊള്ളട്ടെ:
"പൊന്നൊലിക്കുമിളവെയിൽച്ചാലിൽ
മിന്നിയാടും തളിർക്കുലചാർത്തിൽ
നൂണിറങ്ങിക്കറങ്ങിപ്പതുങ്ങി-
ത്താണുയർന്നു പൂമ്പാറ്റകൾ പാറി''
ഉത്തരാർദ്ധത്തിലെ ഓരോ പദവും പൂമ്പാറ്റയുെട പൂഞ്ചിറകിൻറെ ചലനം മാത്രമാണെന്നു തോന്നിപ്പോകുന്നു!
ചങ്ങമ്പുഴയ്ക്ക് ധ്വനിയില്ലെന്നും ആഴമില്ലെന്നുമൊക്കെ ചിലർ പറയാറുണ്ട്. വാഗ്മിത്വശൂന്യമായ അദ്ദേഹത്തിൻറെ മധുരഗാനം തൽക്ഷണം അർത്ഥപ്രതീതിയുണ്ടാക്കത്തക്കവണ്ണം സരളകോമളമായി പ്രവഹിക്കുന്നത് ഒരു വലിയ അനുഗ്രഹമാണെന്നാണ് എനിക്കു തോന്നുന്നത്. പക്ഷേ, ഹൃദയസ്പർശകമായ ഭാവധ്വനി-അതും ക്ലേശം കൂടാതെ തെളിഞ്ഞുകാണത്തക്കവണ്ണം - കവിതയിൽ കലർത്താൻ ചങ്ങമ്പുഴയ്ക്കു കഴിവുണ്ടെന്ന് അദ്ദേഹത്തിൻറെ കവിതകൾ നിഷ്പക്ഷബുദ്ധിയോടുകൂടി വായിക്കുന്നവർക്കു കാണാൻ സാധിക്കും. യവനികയിൽനിന്നുതന്നെ ഒരുദാഹരണം ഉദ്ധരിക്കുന്നു:
സംഗീതമല്ല ചങ്ങമ്പുഴയെ ജനകീയസാഹിത്യകാരനാക്കിത്തീർത്തെന്നിരുന്നാലും, അദ്ദേഹത്തിൻറെ കവിതയിൽ തെളിഞ്ഞുപ്രകാശിക്കുന്ന സംഗീതാത്മകത്വത്തിൻറെ വശ്യത അനാദൃശ്യമാണെന്നു പറയാതെ തരമില്ല. വാഗ്മിത്വരഹിവും, വികാരസമ്പൂർണ്ണവുമായ സംഗീതമാണ് ശ്രീ ചങ്ങമ്പുഴയുടേത്. വികാരലേശമില്ലാതെ വാഗ്മിത്വപ്രൗഢികൊണ്ട് കവിതയിൽ സംഗീതം കലർത്താൻ ശ്രമിച്ചിട്ടുള്ള കവികൾ കേരളത്തിൽ അനവധിയുണ്ട്. അവരുടെ കവിത പേട്ടുതേങ്ങപോലെ നിഷ്പ്രയോജനവും, ജനഹൃദയങ്ങളെ വശീകരിക്കാൻ അശക്തവുമായിത്തീരുകയാണു ചെയ്തത്. കഥയില്ലാത്ത സംഗീതത്തിനു പാവപ്പെട്ടവരുടെ ഹൃദയത്തിലേക്കുപോലും എത്തിനോക്കുന്നതിനു കഴിവില്ല. രചനയിൽ മാത്രമല്ല, ഭാവത്തിലും 'റിഥ'(Rhythm) മുണ്ടെന്ന് ഒരു സുപ്രസിദ്ധനിരൂപകൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ശരിതന്നെ, പക്ഷെ, ഭാവത്തിൽ വികാരങ്ങളുടേയും ചിന്തകളുടേയും സംവിധാനത്തിൽ, റിഥമില്ലെങ്കിൽ രചനയിൽ വികാരാത്മകയമാ റിഥം എങ്ങെനയാണുണ്ടാവുക? ചങ്ങമ്പുഴയെ സംബന്ധിച്ചിടത്തോളം ഭാവത്തിൻറെ റിഥം തന്നെയാണ് രചനയുടെ റിഥവുമെന്നു പറയുവാൻ ശങ്കിക്കേണണ്ടതില്ല. അദ്ദേഹത്തിൻറെ സംഗീതം വികാരങ്ങളുടെ പരിശുദ്ധമായ പകർപ്പല്ലാത്തെ മറ്റൊന്നുമല്ല. അതിൽ കല്ലോ പതിരോ ഇല്ല. വികാരങ്ങൾക്കു സ്വതേ ഒരു സംഗീതാത്മകത്വമുണ്ട്. പിഞ്ചുപൈതങ്ങളുടെ അവ്യക്തഭാഷണങ്ങളും പക്ഷിമൃഗാദികളുടെ ശബ്ദവിശേഷങ്ങളും വികാരമാത്രപ്രസക്തങ്ങളാണ്. അവയ്ക്ക് സ്വതേ ഒരു സംഗീതാത്മകത്വം കാണുന്നുണ്ടല്ലോ. അപ്പോൾ വികാരങ്ങളുടെ സ്വാഭാവികമായ പ്രകടനം സംഗീതാത്മകമാണെന്നു പറയുന്നതിൽ തെറ്റില്ല. വികാരാത്മകമായ ഹൃദയസംഗീതത്തെ പരിപൂർണ്ണമായി പ്രകടീകരിക്കുകയാണു ശ്രീ ചങ്ങമ്പുഴ ചെയ്യുന്നത്. അദ്ദേഹത്തിൻറെ വികാരങ്ങൾ വാക്കുകളാകുന്ന സ്ഫടികപ്പാത്രങ്ങളിൽ കിടന്ന് താളാനുസൃതം ഓളം വെട്ടുന്നു. ശ്രീ ചങ്ങമ്പുഴയുടെ ശുദ്ധവും, വാഗ്മിത്വശൂന്യവും, വികാരപരിപൂർണ്ണവുമായ സംഗീതത്തിൻറെ അടിസ്ഥാനം ജൻമായത്തമായ വാസനയല്ലാതെ മറ്റൊന്നുമല്ലെന്നാണ് എനിക്കു തോന്നുന്നത്. ആർഭാടം കൂടാതെ, സംഗീതം തുളുമ്പുന്ന രീതിയിൽ വികാരങ്ങൾക്ക് രൂപം നൽകാൻ കഴിയുന്ന കവിക്കായിരിക്കും ജനസാമാന്യം അഗ്രാസനത്വം നൽകുന്നത്. വികാരാംശത്തിൻറെയും സംഗീതാംശത്തിൻറെയും സ്വാഭാവികമായ സമ്മേളനമാണ് ചങ്ങമ്പുഴക്കവിതയിൽ കാണുന്നത്. അവ രണ്ടും വേർപെടുത്താൻ സാദ്ധ്യമല്ലാത്തവിധത്തിൽ ബന്ധപ്പെട്ടുകിടക്കുകയും ചെയ്യുന്നു. വിരോധികൾ പറയുന്നതു പോലെ സംഗീതം മാത്രമല്ല, ചങ്ങമ്പുഴയെ ചങ്ങമ്പുഴയാക്കിയതെന്നും സ്പഷ്ടം.
"ഉച്ചനേരത്തു പൊത്തിലൊതുങ്ങി-
ക്കൊച്ചരിപ്രാവു കൂവന്ന നാളിൽ;
ചേറിലങ്ങിങ്ങു ചേരി നിരന്നു
ഞാറും പാകും പുലപ്പെണ്കിടാങ്ങൾ
കൂട്ടിനുള്ളിലിരുന്നു കൂകാനും
ഭാഗ്യമില്ലാത്ത കൊച്ചരിപ്രാക്കൾ''
ഇവിടെ പുലയപ്പെണ്കിടാങ്ങളുടെ പരാശ്രയത്വത്തെ എത്ര ഭംഗിയായി ധ്വനിപ്പിച്ചിരിക്കുന്നു. കവിയുടെ ലോകവീക്ഷണകോടിയും ഇവിടെ അഭിവ്യഞ്ജിക്കുന്നുണ്ട്.
ആകപ്പാടെ നോക്കുമ്പോൾ ചങ്ങമ്പുഴയുടെ സഹജമായ രചനാസൗഷ്ഠവം തികഞ്ഞ ശാലീനതയോടെ യവനികയിലും വിജയനടനം ചെയ്യുന്നതായിട്ടാണു കാണുന്നത്. 'ലളിതകോമളകാന്തപദാവലി'കളുടെ യഥാസ്ഥാനസന്നിവേശമാണ് ചങ്ങമ്പുഴയുടെ രചനയ്ക്കു ഭംഗിയും വശ്യതയും കൂട്ടുന്നത്. ശേഖരകവിയുടെ ഗാനങ്ങൾ അങ്ങാടിമുതൽ അരമനവരെ, അടുക്കളമുതൽ'അസംബ്ലി'വരെ പരന്നതുപോലെ ചങ്ങമ്പുഴയുടെ ഗാനങ്ങളും ഏതൊരോണംകേറാമൂലയിലും എത്തിയിട്ടുണ്ട്. ഈ നിസ്തുലവിജയത്തിൻറെ പ്രധാനകാരണങ്ങൾ അദ്ദേഹത്തിൻറെ ലോകവീക്ഷണകോടിയും, സംഗീതാത്മകത്വവും തന്നെ. രചനാസൗഷ്ഠവത്തിൽ യവനിക രമണനെപ്പോലും പിന്തള്ളിയിട്ടുണ്ടെന്നു നിസ്സംശയം പറയാം.
"എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെ
ന്തവിടെല്ലാം പൂത്ത മരങ്ങൾ മാത്രം''
എന്ന മട്ടിൽ എവിടെ നോക്കിയാലും അവിടെയെല്ലാം രചനയുടെ സാരസ്യം കല്ലോലനൃത്തം വയ്ക്കുന്നതായിട്ടാണ് അനുഭവപ്പെടുന്നത്. വിശ്വമഹാകവിയുടെ ഭാവശിൽപം യവനികയെ സവിശേഷം അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്.
കൈരളിയുടെ തൃപ്പാദങ്ങളിൽ മറ്റൊര കനകമാല്യം കൂടി സമർപ്പിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് ആയുരാരോഗ്യാദികൾ ആശംസിച്ചുകൊണ്ടു കേവലം അനാവശ്യമായ ഈ അവതാരിക അവസാനിപ്പിച്ചുകൊള്ളുന്നു.
2
അത്യുൽകൃഷ്ടമായ ലോകവീക്ഷണകോടിയും, അനന്യസുലഭമായ സംഗീതാത്മകത്വവും, സാമൂഹ്യയാഥാർത്ഥ്യങ്ങളെ ചിത്രീകരിക്കുന്നതിനുള്ള പ്രാഗത്ഭ്യവുമാണ് ശ്രീ ചങ്ങമ്പുഴയുടെ തെളിഞ്ഞുവിളങ്ങുന്ന വ്യക്തിമുദ്രകൾ. കൂടാതെ സാരള്യം, സൗകുമാര്യം, ഓജസ്സ് മുതലായ ഗുണങ്ങൾ അദ്ദേഹത്തിൻറെ രചനാശിൽപത്തെ ആവശ്യാനുസരണം ആശീർവദിച്ചിട്ടുമുണ്ട്. ചങ്ങമ്പുഴക്കവിതയ്ക്കു മറ്റെന്തു ഗുണമുണ്ടെങ്കിലും ഓജസ്സില്ലെന്നു പറയുന്നവർ ഉണ്ട്. "അമൃതം തുളുമ്പുമുപ്പോർമുലക്കുടം നിങ്ങൾക്കടിമപ്പുഴുക്കളെപ്പാലൂട്ടിപ്പോറ്റാനല്ലേ?'' ഇങ്ങനെ കുറിക്കുകൊള്ളത്തക്കവിധം ഭാരതത്തിലെ ഭാവശുദ്ധികളോടു ചോദിക്കുന്ന ചോദ്യത്തിൽ ഓജസ്സു കാണാത്തവർ മറ്റു പലതും കാണുന്നവരല്ലെന്നേ അർത്ഥമാക്കേണ്ടതുള്ളൂ. ചങ്ങമ്പുഴക്കവിതയുടെ എടുത്തുപറയാവുന്ന ഗുണങ്ങളെല്ലാം ഒത്തിണങ്ങിയിട്ടുള്ള ഒരു മനോഹരകാവ്യമാണ് 'യവനിക'. വിശ്വമഹാകവിയായ രവീന്ദ്രനാഥടാഗോറിൻറെ സുപ്രസിദ്ധമായ ഒരു ചെറുകഥയാണ് ഇതിലെ ഇതിവൃത്തം. ടാഗോറിൻറെ കഥാമർമ്മങ്ങളെല്ലാം സ്വീകരിച്ചുകൊണ്ട്, അവയിൽ സ്ഫുരണം ചെയ്യുന്ന ഏതാനും ഭാവാംശങ്ങളെ സ്വന്തം കാവ്യാനുഭൂതിയാകുന്ന ഭൂതക്കണ്ണാടിയിൽക്കൂടി, ഒരു ഭക്തദാസനെപ്പോലെ, വികസിപ്പിക്കുകയാണ് ശ്രീ ചങ്ങമ്പുഴ ചെയ്തിരിക്കുന്നത്.
ടാഗോർക്കഥയെ ഇങ്ങനെ സംക്ഷേപിക്കാം.
"സുന്ദരിയും ഗുണവതിയുമായ അജിതകുമാരി അമരാപുരിയിലെ രാജാവായ നാരായണൻറെ പുത്രിയാണ്. സുകുമാരനും സുശീലനും, ഗായകകവിയുമായ ശേഖരൻ (രാജവകി) അജിതകുമാരിയെ കണ്ടിട്ടില്ല. എങ്കിലും അദ്ദേഹം ഒരു പുതിയ ഗാനം രാജസദസ്സിൽ വെച്ചു പാടിയപ്പോൾ, സദസ്സിൻറെ മുകൾഭാഗത്തുള്ള 'ബാൽക്കണി'യിൽ, തിരശ്ശീലയ്ക്കു പിറകിൽ ഇരിപ്പുറപ്പിച്ചിരിക്കുന്ന രാജപുത്രിക്ക് കേൾക്കത്തക്കവണ്ണം തൻറെ ശബ്ദം ഉയർത്തിവിട്ടു. യവനികയുടെ പിന്നിലുണ്ടായ നിഴൽപ്പാടുകൾ കവിയുടെ കണ്ണിലും, കാൽച്ചിലമ്പൊച്ച കാതിലും പതിച്ചു. അജിതകുമാരിയുടെ നിഴലാണ് താൻ കണ്ടതെന്നും, അവളുടെ തങ്കച്ചിലമ്പൊലിയാണ് താൻ കേട്ടതെന്നും ശേഖരകവിക്കു മനസ്സിലായി. ആ നിഴൽപ്പാടുകളിൽനിന്നു കവിയുടെ ഭാവന ഒരു ജീവിതേശ്വരിയെ സൃഷ്ടിച്ച സ്വഹൃദയത്തിൽ ഭക്തിപൂർവ്വം പ്രതിഷ്ഠിച്ചു. ദേവീധ്യാനത്താൽ ഉൻമേഷമനസ്കനായിത്തീർന്ന ശേഖരൻ ഗാനാമൃതംതൂകി അമരാപുരിയെ മുഴുവൻ കോൾമയിർക്കൊള്ളിച്ചു. സന്തോഷപൂർണ്ണങ്ങളായ ദിവസങ്ങൾ നീണ്ടുനിന്നില്ല. തെക്കെങ്ങോനിന്ന് ഒരു മഹാപണ്ഡിതൻ കണ്ണിൽപ്പെട്ട കവികളേയും പണ്ഡിതൻമാരേയും തോൽപിച്ച്, വിജയമത്തനായി, നാരായണരാജധാനിയിൽ എത്തി. യുദ്ധമാണ്-'വാക്സമര'മാണ്-തനിക്കു വേണ്ടതെന്ന് പുണ്ഡരീകൻ രാജാവിനോടഭ്യർത്ഥിച്ചു. പുണ്ഡരീകനെ നേരിടാൻ രാജാവ് ശേഖരകവിയെ നിയോഗിക്കുകയും ചെയ്തു. പാവം ശേഖരൻ! ആദ്യമായി പുണ്ഡരീകൻ രാജസ്തുതികൊണ്ട് ഒരു പാണ്ഡിത്യക്കസർത്തു നടത്തി. അതുകഴിഞ്ഞപ്പോൾ രാജവംശത്തിൻറെ ഉത്ഭവംമുതൽ നാരായണരാജാവിൻറെ പ്രശസ്തഭരണംവരെയുള്ള ചരിത്രസംഭവങ്ങൾ കോർത്തിണക്കി ശേഖരകവി പാടിയ ഗാനത്തിൻറെ അവസാനം ഇപ്രകാരമായിരുന്നു:
'എൻറെ രക്ഷകനായ രാജാവേ, വാക്കുകൾകൊണ്ടുള്ള ഇന്ദ്രജാലത്തിൽ ഞാൻ തോറ്റാലും, അങ്ങയോടുള്ള ഭക്തിയിൽ ഞാൻ പരാജയപ്പെടുകയില്ല'. വാക്കുകളേക്കാൾ ഉപരിയായി എന്താണുള്ളതെന്നായി പുണ്ഡരീകൻ. ഒരു 'സർക്കസ്'കൂടി അയാൾ നടത്തി. അനത്തെ സദസ്സ് അങ്ങനെ അവസാനിച്ചു. പിറ്റേദിവസം ശേഖരൻ കൃഷ്ണഭഗവാൻറെ മുരളീനാദം ഗോപസ്ത്രീകളെ ആത്മവിസ്മൃതിയിൽ ആറാടിച്ച രംഗം ചിത്രീകരിച്ചുകൊണ്ട് ഒരു ഗാനം പാടി. പുണ്ഡരീകൻ വിടുമോ? 'ആരാണീ രാധയും കൃഷ്ണനും?' ഇതായിരുന്നു അയാളുടെ ചോദ്യം. ആരും ഉത്തരം പറഞ്ഞില്ല. പുണ്ഡരീകൻ തൻറെ പാണ്ഡിത്യഭാണ്ഡം മുഴുവൻ അഴിച്ചുനിരത്തി. രാജാവും ജനങ്ങളും അത്ഭുതപ്പെട്ടു. തൻറെ കവിക്ക് ഒരു സന്ദർഭം കൂടി നൽകണമെന്നുകരുതി രാജാവ് ശേഖരൻറെ മുഖത്തേക്കു ദൃഷ്ടികൾ അയച്ചെങ്കിലും, ശേഖരൻ ഭയപ്പെട്ടു മരപ്പാവപോലെയിരുന്നതേയുള്ളൂ. കോപം വന്ന രാജാവു തൻറെ കഴുത്തിൽനിന്നു വജ്രമാല്യംമെടുത്തു പുണ്ഡരീകൻ സമ്മാനിച്ചു. ശിഥിലഹൃദയനായിത്തീർന്ന ശേഖരൻ അന്നു രാത്രി തൻറെ കൃതികളെല്ലാം ചുട്ടെരിച്ചശേഷം വിഷംകുടിച്ച് മരണവും കാത്തു പട്ടുമെത്തയിൽ കിടപ്പായി. അപ്പോഴും തൻറെ ദേവിയെപ്പറ്റിയുള്ള സ്മരണയായിരുന്നു ശേഖരഹൃദയത്തിൽ അലതല്ലിക്കൊണ്ടിരുന്നത്. ഒരിക്കൽകൂടി ചിലമ്പൊലി. ഒരു നേരിയ സൗരഭ്യം മുറിക്കകത്തെത്തി. കണ്ണുതുറക്കാതെ ശേഖരൻ ചോദിച്ചു: 'എൻറെ ദേവീ, അവസാനം ഈ ദാസനിൽ കനിവുണ്ടായി നീ അവനെ കാണാൻ വരികയാണോ ചെയ്തത്?' 'എൻറെ കവീശ്വരാ, ഞാൻ ഇതാ വന്നിരിക്കുന്നു-' ഇതായിരുന്നു മറുപടി. ശേഖരൻ കണ്ണുതുറന്നുനോക്കി. കുമാരി വീണ്ടും പറഞ്ഞു: 'ഞാൻ അജിതകുമാരിയാണ്'. ശേഖരൻ വിഷമിച്ച് എഴുന്നേറ്റിരുന്നു. രാജാവ് അനീതിയാണ് പ്രവർത്തിച്ചതെന്നും, വാസ്തവത്തിൽ ശേഖരകവിയാണു മത്സരത്തിൽ ജയിച്ചതെന്നും അദ്ദേഹത്തിനെ വിജയമകുടം ചുടിക്കാനാണ് താൻ വന്നതെന്നും ശേഖരൻറെ ചെവിയിൽ മന്ത്രിച്ചുകൊണ്ട് അജിത അവളുടെ കഴുത്തിൽക്കിടന്ന പുഷ്പമാല്യംമെടുത്തു കവിയുടെ മുടിയിൽ ചൂടി. തൽക്ഷണം ശേഖരകവി ജീവരഹിതനായി നിലംപതിക്കുകയാണു ചെയ്തത്." ഈ കഥാശിൽപത്തെ ശ്രീ ചങ്ങമ്പുഴ 'യവനിക' യിൽ എട്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇംഗ്ലീഷിൽ നടകീയഖണ്ഡകാവ്യങ്ങൾ(Dramatic Lyrics)െ എന്നു പറയുന്ന കൃതികളുടെ രീതിയാണ് കവി സ്വീകരിച്ചിരിക്കുന്നതെന്നു പറയാം. പ്രഥമഭാഗത്തിൽ ഒരു നാടകരംഗത്തിലെന്നപോലെ അദ്ദേഹം രാജസദസ്സിനേയും, ഗാനനിരതനായ ശേഖരകവിയേയും അവതരിപ്പിക്കുന്നു. ആരംഭം അത്യധികം ഹൃദയവർജ്ജകമായിട്ടുണ്ട്. രണ്ടാം രംഗത്തിൽ 'മഞ്ജരി'(അജിതയുടെ തോഴി)യെ അവതരിപ്പിക്കുകയും, മൂന്നാംഭാഗത്തിൽ അതിമനോഹരമായ വസന്താഗമത്തെ വരച്ചുകാണിക്കുകയും, നാലിൽ ശേഖരഗാനങ്ങൾ നാടാകെ-കൊട്ടാരംതൊട്ടു കുടിൽവരെ-പരന്നതായി ചിത്രീകരിക്കുകയും, അഞ്ചിൽ പുണ്ഡരീകൻറെ വരവും മംഗലശ്ലോകസമർപ്പണവും വിവരിക്കുകയും, ആറിൽ പ്രഥമമത്സരത്തെപ്പറ്റി പ്രതിപാദിക്കുകയും, ഏഴിൽ കൃഷ്ണമുരളിയുടെ സ്വർഗ്ഗീയനാദത്തെ പുകഴ്ത്തുന്നതോടൊപ്പം പുണ്ഡരീകൻറെ വിജയരഹസ്യവും ശേഖരൻറെ പരാജയകാരണവും പ്രകടമാക്കുകയും, അന്ത്യഭാഗത്തിൽ വിജയമാല്യംം ശിരസ്സിലേറ്റിക്കൊണ്ടു ശേഖരകവി മരിച്ചുവീഴുന്ന രംഗം വർണ്ണിക്കുകയുമാണ് ശ്രീ ചങ്ങമ്പുഴ പ്രധാനമായി ചെയ്തിട്ടുള്ളത്.
ശേഖരകവിയുടെ പാട്ടു കേട്ട രാജാവു ബാഷ്പം പൊഴിച്ചുവെന്നാണ് കഥയുടെ ആരംഭത്തിൽതന്നെ കവി പറയുന്നത്. മൂലത്തിൽ ഇല്ലാത്ത ഈ കൽപന കാവ്യത്തിൽ ആദ്യന്തം നീണ്ടുകിടക്കുന്നതും, കഥാഗതിയനുസരിച്ചു ശക്തികൂടിവരുന്നതുമായ വിഷാദാത്മകത്വത്തിൻറെ (ശോകാത്മകത്വത്തിൻറെ)ഉൽഘാടനമാണ്. സന്തോഷത്തിൻറെ പിറകിലും സന്താപത്തിൻറെ നിഴലേറ്റം ദർശിക്കുവാൻ കഴിയുമല്ലോ! "ഒരു ചെറിയ പുഷ്പം വിടരാൻ വേണ്ടി പ്രപഞ്ചം മുഴുവൻ പ്രസവവേദനയനുഭവിക്കുന്നു"വെന്നാണ് ഓസ്കാർ വൈൽഡ്' പറയുന്നത്. മന്നവൻറെ 'കടമിഴിക്കോണിൽ' പ്രത്യക്ഷപ്പെട്ട കണ്ണീർക്കണങ്ങളിൽ ആരംഭിച്ച്, ശേഖരൻറെ ഹൃദയവേദനകളിലും മൗനരോദനങ്ങളിലും കൂടി മുമ്പോട്ടുനീങ്ങി, ആ കവീശ്വരൻറെ ദാരുണമരണത്തെപ്പോലും അതിലംഘിച്ച്, അജിതകുമാരിയുടെ ഹൃദയശൈഥില്യത്തിൽ ചെന്നാഞ്ഞടിക്കുന്ന ശോകാത്മകത്വമാണ് യവനികയിലെ ഹൃദയഹാരിത്വത്തിന്റെ അടിസ്ഥാനം.
യവനീകാന്തരിതയായ നായികയുടെ കാലുകൾ, കൈകൾ, മേനി, വിലാസം ഇവയിൽ ക്രമേണ സൂക്ഷ്മവും സ്ഥൂലവുമായി പ്രദ്യോതിക്കുന്ന നായകോൽക്കണ്ഠ രതിഭാവമാകുന്നു. ആ രതിഭാവവും ചെന്നലിഞ്ഞുചേരുന്നതു ശോകത്തിലാണ്.
ഹാ മനസ്സിൽ പ്രതിദ്ധ്വനിക്കുന്നു
ണ്ടാ മനോഹരനൂപുരാരവം.
തൻമിഴികൾക്കു മുന്നിൽ പ്രപഞ്ചം
പുഞ്ചിക്കൊണ്ടു രാഗാർദ്രമാം തൻ
നെഞ്ചകംപോൽ നിലാവല ചിന്നി''
ഇവിടെ ശേഖരകവിയുടെ ഹൃയഭിത്തിമേൽ രതിഭാവത്തിൻറെ ചിത്രം തൂങ്ങിക്കിടക്കുന്നതായിട്ട് അനുമേയമാകുന്നു. ഇപ്രകാരം നായികോൻമുഖമായ രതിഭാവമാണ് നായകൻറെ ഗാനോൽക്കർഷത്തിൻറെ സർവ്വനിദാനവും. കാവ്യത്തിലെ ശോകാത്മകത്വത്തിൻറെ മൂർച്ചകൂട്ടുന്നതിനും ഈ രതിഭാവം ശക്തമായിത്തീർന്നിട്ടുണ്ട്. ഹൃദയത്തെ കവർന്നെടുക്കാൻ കെൽപുള്ള മറ്റു പലഭാവങ്ങളും (അവയുടെ സാങ്കേതികനാമങ്ങൾ എനിക്കറിഞ്ഞുകൂടാ) ഈ കാവ്യത്തെ അത്യന്തം രമണീയമാക്കിയിട്ടുണ്ടെന്നുകൂടി പ്രസ്താവിച്ചുകൊണ്ടു ഭാവങ്ങളിൽനിന്നു പുറത്തു കടന്നുകൊള്ളട്ടെ.
മൂലകഥയിലെ ഒന്നാംതരം അലങ്കാരങ്ങൾ അർത്ഥവും രസവും ചോർന്നുപോകാതെ കാവ്യത്തിൽ അടക്കുന്നതിനു ചങ്ങമ്പുഴയ്ക്കു കഴിഞ്ഞിട്ടുണ്ട്. സർവ്വശക്തൻറെ കാരുണ്യപൂരം പതിതരെ പുൽകുന്നതുപോലെ അജിതകുമാരിയുടെ തൃച്ചേവടികൾ മണൽത്തരികളെ പുൽകുന്നതായും, പുണ്ഡലീകനെ കണ്ട ശേഖരകവി ബലിക്കല്ലിൻറെ മുമ്പിൽ നിൽക്കുന്ന ആടിനെപ്പോലെ പേടിക്കുന്നതായും, നൃപാലാജ്ഞ ലംഘിക്കാൻ നിവൃത്തിയില്ലാതെ പാടുപെട്ട് പാടാനെഴുന്നേറ്റ ശേഖരകവി, അമ്പേറ്റോടിയപ്പോൾ മാർഗ്ഗംമുട്ടി ഉഴറുന്ന മാനിനോടു സാമ്യം വഹിക്കുന്നതായും, ഗാനസന്നദ്ധനായ കവി തൊട്ടാൽ ഗാനം തുളുമ്പുന്ന വീണയോടു സാധർമ്മ്യമേലുന്നതായും,. മുരളീഗാനം കേട്ടു മതിമറന്ന ഗോപികകൾ അവാച്യമായ ഈ ജീവിതപൂർണ്ണിമയിൽത്തന്നെ മരിക്കുവാൻ ആഗ്രഹിച്ചതായുംമറ്റുമുള്ള പ്രയോഗവിശേഷങ്ങൾ രവീന്ദ്രനാഥൻറെ വിശിഷ്ടകൽപനകളുടെ മുഗ്ധമനോജ്ഞങ്ങളായ പ്രതിച്ഛായകളാണ്. ചില സ്ഥലങ്ങളിൽ ചങ്ങമ്പുഴയുടെ പ്രതിപാദനം മൂലത്തിലെ വാചകങ്ങളേക്കാൾ സരളതരമായി അനുഭവപ്പെടുകയുണ്ടായി. ഒരുദാഹരണം കാണിക്കാം; ടാഗോർ - "And it was rumoured that Princess Ajita also laughed at her maid's accepting poet's name for here and Manjari felt glad in heart"
ചങ്ങമ്പുഴ:
ഗായകവര്യനേകിയ നാമ-
ധേയമംഗീകരിച്ചതായ് കേൾക്കെ,
മഞ്ജരിക്കന്നതജിതകുമാരി
മന്ദഹാസം പകർന്നേകിപോലും!
മഞ്ജരിതൻ മനസ്സിലാനന്ദ-
മർമ്മങ്ങൾ പൊടിഞ്ഞിതുപോലും!''
കഥാഘടനയിൽ ശ്രീ ചങ്ങമ്പുഴ വ്യത്യാസമൊന്നും ചെയ്തിട്ടില്ല. ചില ഭാഗങ്ങൾ അദ്ദേഹം സ്വന്തം മനോധർമ്മവും ഭാവനയും കലർത്തി, മൂലത്തിലെ കലാസൗഭഗത്തിനു ഭംഗം വരാതെ, ദീർഘിപ്പിച്ചിട്ടുണ്ട്. ആകൃതിയിലും പ്രകൃതിയിലും ചെറുകഥയിൽനിന്നു വ്യത്യസ്തമായി പരിഗണിക്കേണ്ടതായ കാവ്യത്തിൻറെ മനോഹാരിത്വം തന്നിമിത്തം വർദ്ധിക്കുകയേ ചെയ്തിട്ടൂള്ളൂ. വേണുഗോപാലൻറേയും രാധാദേവിയുടേയും നിസ്തുലചിത്രങ്ങൾ, വാസന്തശ്രീ വിലാസങ്ങൾ എന്നിങ്ങനെ കാവ്യഗുണത്തെ പ്രവൃദ്ധമാക്കുന്ന ശ്രേഷ്ഠാംശങ്ങളാണ് കവി സ്വന്തമായി കൂട്ടിച്ചേർത്തിരിക്കുന്നത്.
ശ്രീ ചങ്ങമ്പുഴയുടെ കലാനിപുണത പാത്രസൃഷ്ടിയിൽ അത്യന്തം ഫലപ്രദമായിട്ടുണ്ടെന്നു പൊതുവെ പറയാം. 'His youthful delicate, figure', എന്ന വർണ്ണനയിൽ അന്തർഭവിച്ചിട്ടുള്ള മധുരധ്വനികൊണ്ടും, ഗാനാലാപസാമർത്ഥ്യംകൊണ്ടും ടാഗോർ സമാകർഷകനാക്കിത്തീർത്ത, നായകനെ ഉചിതസംസ്കാരങ്ങൾ അണിയിച്ചു ഭാവശുദ്ധിയുടെ പരമോന്നതസ്ഥാനത്തേക്കുയർത്തുകയാണ് ശ്രീ ചങ്ങമ്പുഴ ചെയ്തിരിക്കുന്നത്.
ഖ്യാതി പൊങ്ങിയെന്നാകിലും ഗർവ്വ
മേതുമേശാതഭിമതനായി,
നിത്യതൃപ്തിനുകർന്നു''....
മുമ്പോട്ടു പോകുന്ന ഒരുത്തമകലാകാരനാണ് ശേഖരകവി. ശുഷ്കനിശ്വതമായ പാണ്ഡിത്യത്തിൻറെ 'കമ്പക്കൂത്താട്ടങ്ങളെ' വെല്ലാൻ സാധിക്കുന്നില്ലെങ്കിലും, അതിൻറെ അർത്ഥശൂന്യതയെ മനസ്സിൽ കണ്ട സ്വച്ഛന്ദഹൃദയനാണ് ശേഖരൻ. ചിരകാലപരിചിതവും, സ്തബ്ധസദഃസമ്പന്നവുമായ ഗാനധാരയുടെ യാഥാർത്ഥ്യം, കേവലം വാക്കിനെ പിടിച്ചുകൊണ്ടുള്ള 'കസർത്തുവേലകൾ' കണ്ട് സരാജകമായ ജനസംഹിതയാൽ നിരാകൃതമായതിൽനിന്ന് ശേഖരകവി പ്രശംസയുടേയും അഭിനന്ദനത്തിൻറെയും മിഥ്യാത്വം ധാരാളം ഗ്രഹിക്കുന്നുണ്ട്. ഇങ്ങനെ ശേഖരകവി ആത്മഹത്യയുടെ ഗൗരവത്തെപ്പോലും നിസ്സാരകോടിയിൽ തള്ളിക്കൊണ്ടു നിത്യാഭാസുരമായ യശോമണ്ഡലത്തിലേക്കുയരുകയാണു ചെയ്യുന്നത്. എങ്കിലും ഇവിടെ ഒരു ചോദ്യം ഉത്ഭവിക്കുന്നുണ്ട്. മണിമേടമുതൽ പുൽമാടംവരെ അമാരപുരിയെ ഒന്നടങ്കം തരംഗതരളതിമാക്കി. ഗാനധാരയുടെ പ്രഭവസ്ധാനം ഒരുദണ്ഡൻറെ വാഗ്ദ്ധാടിയാൽ ജനദൃഷ്ടിയിൽനിന്നു സമ്പൂർണ്ണമായി മറയ്ക്കപ്പെട്ടുവെന്നു പറയുന്നത് അൽപം സാഹസമല്ലേ? തങ്ങളുടെ ഓമനക്കവിക്കുവേണ്ടി ഒരു ചെറുവിരലനക്കാൻപോലും ജനനിബിഡമായ ആ രാജസദസ്സിൽ ഒരൊറ്റക്കുഞ്ഞെങ്കിലും ഉണ്ടായിരുന്നില്ലെന്നോ? ചങ്ങമ്പുഴ ചെയ്തിട്ടുള്ളതുപോലെ, ശേഖരഗാനങ്ങളുടെ പ്രിയംകരത്വം ടാഗോർ സുദീർഘമായി വർണ്ണിച്ചിട്ടില്ല. അതുകൊണ്ടാണ് കഥയിലേക്കാൾ അധികമായി കാവ്യത്തിൽ ഈ പ്രശ്നം സ്ഫുടീഭവിക്കുന്നത്. ശ്രീ ചങ്ങമ്പുഴയെത്തന്നെ ഒന്നിടതട്ടിച്ചുനോക്കാം. സർവ്വജനമനോനന്ദനങ്ങളായ കാവ്യങ്ങൾ രചിച്ച് ഏറ്റവുമധികം ജനപ്രീതി സമ്പാദിച്ചിട്ടുള്ള ഇന്നത്തെ മലയാളകവിയായ ചങ്ങമ്പുഴയെ ഭാവനാശൂന്യനായ ഒരു ഭാഷാപണ്ഡിതൻ, അനേകായിരമാളുകൾ പങ്കെടുക്കുന്ന ഒരു സാഹിത്യസമ്മേളനത്തിൽവെച്ച്, വാക്കുകൾകൊണ്ടു തോൽപ്പിക്കാൻ ശ്രമിച്ചാൽ ഫലമെന്തായിരിക്കും? ആ പാണ്ഡിത്യവൈകൃതത്തെ ഗളഹസ്തം ചെയ്യാൻ ആയിരമായിരം കൈയുകൾ ഉയരുകതന്നെ ചെയ്യും. ഏതായാലും അന്നത്തെ കാലമല്ല ഇന്നത്തെ കാലമെന്നു കവിക്ക് ഒരു സമാധാനം പറയാൻ കാണും.
രാജാവിനെക്കാളും സദസ്യരെക്കാളും അധികമായി സൗന്ദര്യാംശത്തെയും ജീവിതസത്യത്തെയും കണ്ടറിയുവാനുള്ള കെൽപ്, കഥാനായികയായ അജിതകുമാരിക്കുണ്ട്. നായകനിൽ കാലേകൂട്ടി രൂഢമൂലമായിക്കഴിഞ്ഞ രതിനിമിത്തം രാജാവും സദസ്സും സമ്മതിച്ച പരാജയം അതേപടി നായകനിൽ നായിക ദർശിച്ചിരിക്കയില്ലെന്ന് ഒരാക്ഷേപമുണ്ടായേക്കാം. പക്ഷേ, വിജയമാല്യം ശേഖരകവിയുടെ കഴുത്തിൽ വീഴേണ്ടതായിരുന്നുവെന്നുള്ള ധ്വനി കഥാമർമ്മമായി നിലകൊള്ളുന്നതുകൊണ്ട് ഈ ആക്ഷേപത്തിനു പ്രസക്തിയില്ല. സുഖഭോഗങ്ങളുടെ നിത്യലാളനത്തിനു വിധേയായ രാജകുമാരി കേവലം നിസ്വാഗായകനായ ശേഖരകവിയെ - പിതാവും സദസ്യരും പരാജിതനെന്നു മുദ്രയടിച്ചുവിട്ട കവിയെ - ചരമശയ്യയോളം പിന്തുടരുന്നതുമൂലം മാർഗ്ഗദർശിനിയായിത്തീരുന്നു. വേണമെങ്കിൽ രമണനിലെ ചന്ദ്രികയെപ്പോലെ അവൾക്കും ചെയ്യാമായിരുന്നല്ലോ.
എത്ര ലോകം തപസ്സുചെയ്താലാ-
ലെത്തടുന്നതൊരിക്കലിശ്ശബ്ദം
ഉത്തമകവേ, നന്നായറിവൂ
ഹൃത്തിൽ ഞാനതിൻ ദിവ്യമഹത്വം.
ഇങ്ങിതാ നിൽപൂ ഞാനിഗ്ഗളത്തിൽ
മംഗളയജമാല്യംമണിയാൻ''
ഇവയാണ് നായികയുടെ ആദ്യവും അന്ത്യവുമായ മൊഴികൾ. ഹൃദയവിശാലത, വീക്ഷണകൗശലം, മനസസാന്നിദ്ധ്യം മുതലായി അജിതകുമാരിയിൽ പ്രശോഭിക്കുന്ന വിശിഷ്ടഗുണങ്ങളുടെ മുമ്പിൽ ജീവിതസത്യഗായകനായ നായകൻപോലും ഒരുപടി താഴുന്നില്ലയോ എന്നു സംശയിച്ചുപോകുന്നു.
കഥയിലെ 'വില്ലനായ' (പ്രതിനായകനായ) പുണ്ഡരീകൻറെ ഒരൊന്നാംതരം ചിത്രമാണ് ശ്രീ ചങ്ങമ്പുഴ വരച്ചിരിക്കുന്നത്. പിൻകുടുമയും, ഭസ്മക്കുറിയും, പൂണൂലും, പാളത്താറും, വീശുപാളയുമായി കഥാപ്രസംഗത്തിനും മറ്റും നടക്കുന്ന ഒരു 'പാണ്ഡിപ്പട്ടരെ' കണ്മുന്നിൽ കാണുന്നതുപോലെ തോന്നുന്നു ആ ഭാഗം വായിക്കുമ്പോൾ. സൂത്രശാലിയാണെങ്കലും സർവ്വശാസ്ത്രനിപുണനും ബുദ്ധിമാനുമായ ഒരു മഹാപണ്ഡിതനെയാണ് ടാഗോർ നിർമ്മിച്ചിരിക്കുന്നത്. ചങ്ങമ്പുഴയുടെ 'ഉദ്ദണ്ഡൻ' സന്ദർഭത്തിനു തികച്ചും അനുരൂപനാണ്. അറപ്പും വെറുപ്പും തോന്നിക്കത്തക്കവിധംകാവ്യത്തിൽ പുണ്ഡരീകനെ നിബന്ധിച്ചരിക്കുന്നതുമൂലം നായകനായ ശേഖരകവിയുടെ ഔൽകൃഷ്ട്യം വർദ്ധിക്കുന്നുണ്ട്. പുണ്ഡരീകൻറെ കഴുത്തിൽ വജ്രമാല്യം ചാർത്തിയ രാജാവും കാവ്യത്തിൽ അപഹാസപാത്രമായിത്തീരുകയാണ് ചെയ്യുന്നത്. ഒരവസാനക്കൈ നോക്കാൻ ടാഗോറിൻറെ രാജാവു പലപ്രാവശ്യവും ശേഖരകവിയെ ഉറ്റുനോക്കുകയുണ്ടായി. എന്നാൽ ചങ്ങമ്പുഴയുടെ രാജാവ് ഒരു പ്രാവശ്യം മാത്രമേ കവിയുടെ നേരെ നോക്കുകയുണ്ടായുള്ളൂ. ഹൃദയമില്ലാത്ത പാണ്ഡിത്യത്തെയും, അതിനെ ആദരിക്കുന്ന രാജത്വത്തെയും അപലപിക്കുന്നതിൻ ഈ വ്യത്യാസം ഉപകരിക്കുന്നുണ്ട്. പുണ്ഡരീകനേയും രാജാവിനേയും ഇങ്ങനെ തരംതാഴ്ത്തുന്നതുമൂലം ചങ്ങമ്പുഴയുടെ ലോകവീക്ഷണകോടി വ്യക്തീഭവിക്കുകയും ചെയ്യുന്നു. പുലമാടത്തിൽപ്പോലും ആദരീണയമായ വ്യക്തിത്വം ദർശിക്കുന്ന കവി-സമത്വത്തിൻറെയും സാഹോദര്യത്തിൻറെയും സന്ദേശം മുഴക്കുന്ന സ്നേഹഗായകൻ-രാജകൊട്ടാരത്തിലെ വൻപും മദവും ഗർവ്വുമൊക്കെ വലിച്ചുതാഴ്ത്തുന്നത് അത്ഭുതകരമല്ലല്ലോ. ഇക്കാലത്തുപോലും വെറും മൂന്നാംതരക്കാർക്ക് 'തിലകത്വവും', 'കുശലത്വവും', 'പ്രവീണത്വവു'മെല്ലാം ലഭിക്കുന്നതായി നാം കാണുന്നില്ലേ? ഇത്തരം സ്ഥാനലബ്ധികളെപ്പള്ളിയുള്ള സ്മരണ ചങ്ങമ്പുഴയുടെ നാരായണനരേന്ദ്രനും പുണ്ഡരീകപണഡിതനും വായനക്കാരിൽ ഉളവാക്കുന്നുണ്ട്. പണ്ഡിതവരേണ്യനായ എ. ബാലകൃഷ്ണപിള്ളയുടെ ഭാഷയിൽ പറയുകയാണെങ്കിൽ 'റൊമാൻറിക്' സാങ്കേതികമാർഗ്ഗം പ്രയോഗിച്ചിട്ടുള്ള ഈ കാവ്യത്തിൽ അങ്ങിങ്ങായി തിളങ്ങിക്കാണുന്ന 'റിയലിസ'ത്തിൻ ഒന്നാന്തരം ഉദാഹരണമാണ് പുണ്ഡരീകനെപ്പറ്റി പ്രതിപാദിക്കുന്ന ഭാഗം.
സ്പന്ദിക്കുന്ന അസ്ഥിമാടം
മുഖവുര - ഏ. ബാലകൃഷ്ണപിള്ള
ആധുനിക ഭാഷാപദ്യസാഹിത്യത്തിലെ പരാജയ(റിയലിസ്റ്റ്)പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ ഒരാളും, അതിലെ സ്വപ്ന(സര്‍റിയലിസ്റ്റ്)പ്രസ്ഥാനത്തിന്റെ സ്ഥാപകനുമാണെന്ന് ഇടപ്പള്ളി രാഘവന്‍പിള്ളയുടെ 'മണിനാദ'ത്തിന്റെ അവതാരികയില്‍ ഞാന്‍ പ്രസ്താവിച്ചിട്ടുള്ള മഹാകവി ശ്രീ. ചങ്ങമ്പുഴ കൃഷ്ണപിള്ള ആധുനികഭാഷാസാഹിത്യത്തിലെ അത്യുജ്ജ്വലവും ബഹുഖവുമായ ഒരു താരമാണെന്ന് നിക്ഷ്പക്ഷമതികള്‍ സമ്മതിക്കുന്നതാണ്. പ്രസ്തുത അവതാരികയില്‍ ഞാന്‍ 'പുരോഗമനസാഹിത്യപ്രസ്ഥാന'മെന്നു പേരിട്ടിട്ടുള്ളതിലും മനംനോക്കി(റൊമാന്റിക്)പ്രസ്ഥാനത്തിലും പെടുന്ന ചില നല്ല ഖണ്ഡകാവ്യങ്ങളും ശ്രീ. ചങ്ങമ്പുഴ രചിച്ചിട്ടുണ്ട്. മേല്പറഞ്ഞ രണ്ടു പ്രസ്ഥാനങ്ങളുടെ സ്ഥാപകനായതിനുപുറമേ, ഭാഷാപദ്യത്തിലെ കാവ്യരീതിയില്‍ ഒരു സ്മരണീയമായ പരിവര്‍ത്തനം വരുത്തിവെച്ചതുനിമിത്തം അദ്ദേഹം ഭാഷാപദ്യസാഹിത്യത്തിലെ ഒരു ഉപപ്രസ്ഥാനനായകന് കൂടിയായി ഭവിച്ചിരിക്കുന്നു. ഭാഷാസാഹിത്യത്തിലെ നവീനപ്രസ്ഥാനങ്ങളേയും ഉപപ്രസ്ഥാനങ്ങളേയും കുറിച്ചു വിവരങ്ങള്‍ ഗ്രഹിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസ്തുത 'മണിനാദ'ത്തിനും, അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്ന കെടാമംഗലം പപ്പുക്കുട്ടിയുടെ 'കടത്തുവഞ്ചി' എന്ന കവിതാ സമാഹാരത്തിനും ഞാന്‍ എഴുതിയിട്ടുള്ള അവതാരികകള്‍ വായിക്കേണ്ടതാണ്. പരാജയപ്രസ്ഥാനസ്ഥാപകരില് ഒരാളായ ഇടപ്പള്ളി രാഘവന്‍പിള്ളയെ അതിന്റെ ഒരു ഘടകമായ വിഷാദാത്മകത്വത്തിന്റെ പാരമ്യത്തില്‍ ലോകത്തിലെ ഏറ്റവും കൊടിയ വിഷാദാത്മകമഹാകവിയായ ലിയോപ്പാര്‍ഡി എന്ന ഇത്താലിയനോടും, അതിന്റെ മറ്റൊരു സ്ഥാപകനായ ശ്രീ. ചങ്ങമ്പുഴയെ വിഷാദാത്മകത്വത്തിന്റെ അല്പിഷ്ഠതയില് ആധുനിക ഇംഗ്ലീഷ് മഹാകവി ലാറന്‍സ് ഹൗസ്മാനോടും സാദൃശ്യപ്പെടുത്താം. കൂടാതെ, ഇടപ്പള്ളിയുടെ വിഷാദാത്മകത്വത്തില് ലിയോപ്പാര്ഡിയുടേതിലുള്ളതു പോലെ ഒരു ആദര്ശപരത്വവും, ശ്രീ. ചങ്ങമ്പുഴയുടെ വിഷാദാത്മകത്വത്തില് ഹൗസ്മാന്റേതിലുള്ളതു പോലെ ഒരു കയ്പും കലര്‍ന്നിട്ടുണ്ട്.
പരാജയപ്രസ്ഥാനസ്ഥാപകരും സഖാക്കളുമായ ഇടപ്പള്ളിയും ചങ്ങമ്പുഴയും, വിശ്വസാഹിത്യത്തില്‍ ഇടയ്ക്കിടെ കാണാവുന്ന ഒരു വിചിത്രസംഭവത്തിനു ദൃഷ്ടാന്തമായും ഭവിച്ചിട്ടുണ്ട്. പുരുഷസ്വഭാവം പൊന്തിച്ചു നില്ക്കുന്ന ഒരു ദേഹവും, സ്ത്രീ സ്വഭാവം പൊന്തിച്ചു നില്ക്കുന്ന മറ്റൊരാളും ഒരേ സമയത്തോ, അടുത്തടുത്തോ സാഹിത്യലോകത്ത് ആവിര്‍ഭവിക്കുന്നതാണ് പ്രസ്തുത വിചിത്രസംഭവം. ഈ സംഭവത്തിനു ദൃഷ്ടാന്തങ്ങളായി ചുവടേ പല സാഹിത്യങ്ങളിലും നിന്ന് എടുത്തു ചേര്‍ത്തിരിക്കുന്ന സാഹിത്യകാരയുഗളങ്ങളില് ആദ്യത്തെ മനുഷ്യനില്‍ പുരുഷസ്വഭാവവും രണ്ടാമത്തെ ദേഹത്തില്‍ സ്ത്രീസ്വഭാവവും പൊന്തിച്ചു നില്ക്കുന്നതായി കാണാം. ഫ്രഞ്ച് സാഹിത്യത്തില്‍, കോര്നെയിന്, റസീന്‍ എന്നിവരും വോള്‍ തെയര്‍, റൂസ്സോ എന്നിവരും വിക്തര്‍ യൂഗോ, ലമാര്തിന് എന്നിവരും റിംബോ, വെര്‍ലെയിന്‍ എന്നിവരും സോല, അല്‍ഫാന്‍സ് ദാദേ എന്നിവരും ഇതിന് ഉദഹരണങ്ങളാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഇത് ഉദാഹരിക്കുന്നവര്‍ ഷെല്ലി, കീറ്റ്സ് എന്നിവരും റോബര്‍ട്ട് ബ്രൗണിങ്, ടെന്നിസന് എന്നിവരുമാണ്. ഭാരതീയ സാഹിത്യത്തില്‍ ഇതിന് ഉദാഹരണമായി ഇക്ബാലും ടാഗോറും പരിലസിക്കുന്നു. ഭാഷാസാഹിത്യത്തില്‍ ഇതിനു ദൃഷ്ടാന്തങ്ങള്‍ കുമാരനാശാന്, വള്ളത്തോള്‍ എന്നിവരും നാലപ്പാട്ട്, ജി. ശങ്കരക്കുറുപ്പ് എന്നവരും ഇടപ്പള്ളി, ചങ്ങമ്പുഴ എന്നിവരും,വൈക്കം മുഹമ്മദ് ബഷീര്‍ , തകഴി എന്നവരും, കെടാമംഗലം പപ്പുക്കുട്ടി, കേശവദേവ് എന്നിവരുമാണ്.
സ്ത്രീ സ്വഭാവത്തില്‍ ആത്മാരാധന (നാര്സിസ്സിസ്സം) അതായത്, ബാഹ്യലോകത്തെ ഒരുഉപദ്രവകാരിയായി മാത്രം പരിഗണിക്കുന്നത്, കൂടിയിരിക്കുമെന്നും, പുരുഷസ്വഭാവത്തില് അഹന്ത (ഇഗോട്ടിസം), അതായത് ബാഹ്യലോകത്തെ സ്വാര്‍ത്ഥത്തിനു വേണ്ടി ഉപയോഗിക്കുന്നത്, അധികമായിരിക്കുമെന്നും ഫ്രായിഡിന്റെ ഒരു ശിഷ്യനായ ഡാക്ടര്. ഫ്രിറ്റ്സ് വിറ്റെല്സ് എന്ന മനശ്ശാസ്ത്രജ്ഞന് സ്ഥാപിച്ചിട്ടുണ്ട്. ഭാഷാസാഹിത്യത്തിലെ തൂലികാചിത്രമെന്ന രൂപസംബന്ധമായ ഉപപ്രസ്ഥാനത്തില്പ്പെടുന്ന കൃതികളില്‍, കലാലാവണ്യം മുതലായ അതിന് അവശ്യാവശ്യമായ ഗുണങ്ങളെ ആസ്പദിച്ചു പ്രഥമസ്ഥാനം അര്‍ഹിക്കുന്ന ശ്രീ. വക്കം അബ്ദുല്‍ ഖാദറുടെ 'തൂലികാചിത്രങ്ങള്‍' എന്ന കൃതിയില്‍, സൂക്ഷ്മനിരീക്ഷകനായ ആ സാഹിത്യകാരന് ശ്രീമാന്മാരായ ജി. ശങ്കരക്കുറുപ്പും ചങ്ങമ്പുഴയും പ്രതികൂലവിമര്‍ശനം കൊണ്ട് അധികം ക്ഷോഭിക്കുന്നവരാണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഇതിനു കാരണം ഈ മഹാകവികളില്‍ സ്ത്രീസ്വഭാവഘടകമായ നാര്സിസ്സിസ്സം പൊന്തിച്ചുനില്ക്കുന്നതാണു താനും.
സാമാന്യതത്ത്വങ്ങളിലുള്ള ഭ്രമം പുരുഷസ്വഭാവത്തിലും, പ്രത്യേകസംഗതികളിലുള്ള താല്പര്യം സ്ത്രീ പ്രകൃതിയിലും പൊന്തിച്ചു നില്‍ക്കുന്നത് ചുവടേ ചേര്‍ക്കുന്ന വാക്കുകളില്‍ ഡബ്ലിയു. ജെ ഫ്ലെമിങ് എന്ന അമേരിക്കന്‍ ഗ്രന്ഥകാരന് തന്റെ 'Love and the Sex Emotions'എന്ന കൃതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു: ''തെരുവിലിരിക്കുന്ന കുരുടനോ, വിക്ഷതാംഗനോ ആയ ഒരു ഭിക്ഷക്കാരനെ നിങ്ങള്‍ നിരീക്ഷിക്കുന്നതായാല്‍, ഒരു പുരുഷനെ അപേക്ഷിച്ച് അഞ്ചോ ആറോ സ്ത്രീകള്‍ വീതം അവന്റെ മലര്‍ത്തി വച്ചിരിക്കുന്ന തൊപ്പിയില്‍ ഒരു നാണയമിട്ടു ഭിക്ഷ നല്കുന്നതു നിങ്ങള്‍ക്കു കാണാന്‍ കഴിയും. സാമാന്യതത്ത്വങ്ങളോടു കൂടുതല്‍ ഭ്രമമുള്ള പുരുഷനാകട്ടേ, ഇത്തരം ദയനീയമായ ഒരു കാഴ്ച്ച കാണുമ്പോള്‍, ഏതാദൃശമായ ഭിക്ഷായാചന ഇല്ലാതാക്കുന്ന സമുദായപരിഷ്കരണപദ്ധതിയുടെ ആവശ്യകതയെക്കുറിച്ചു സങ്കലമായി ചിന്തിക്കുക മാത്രമാണ് ചെയ്യാറുള്ളത് ''. തന്നിലുള്ള സ്ത്രീ സ്വഭാവത്തിലെ ഈ ഘടകം മൂലമാണ് ഏറിയകൂറും 'ഓണപ്പൂക്കള്‍', 'സ്പന്ദിക്കുന്ന അസ്ഥിമാടം' എന്നീ കൃതികള്‍ക്കു മുമ്പുള്ള ചങ്ങമ്പുഴക്കൃതികളില് കാണാവുന്നതായി 'മണിനാദം' അവതാരികയില്‍ ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്ന തത്ത്വഭ്രമക്കുറവും ചിന്താമാധുര്യക്കുറവും ജനിച്ചിട്ടുള്ളതും, സ്ത്രീ സ്വഭാവത്തില്‍ സാധാരണമായി കാണാവുന്ന ദുര്‍മ്മുഖം കാട്ടുന്നതിനുള്ള പോക്ക് നമ്മുടെ അനുകമ്പ നേടുന്നതിന്നു പ്രേരിപ്പിക്കുന്ന ഉപബോധമനസ്സിന്റെ ചില ഭാഗങ്ങളുടെ പ്രവര്‍ത്തന ഫലമാണെന്നു ജോസഫൈന് ജാക്സണും ഹെലന് സാലിസ്ബറിയും കൂടി രചിച്ചിട്ടുള്ള ഒരു സംയുക്തകൃതിയില് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ശ്രീ. ചങ്ങമ്പുഴയുടെ കൃതികളിലും ഈ ദുര്‍മ്മുഖം കാട്ടല് ഇടയ്ക്കിടെ കാണാം.
മുകളില്‍ പ്രസ്താവിച്ചിട്ടുള്ള ഫ്രഞ്ച് പരാജയപ്രസ്ഥാന മഹാകവി വെര്ലെയിനിനോടു സ്വഭാവഘടകങ്ങളിലും കാവ്യരീതിയിലും ശ്രീ. ചങ്ങമ്പുഴയ്ക്ക് വളരെയധികം സാദൃശ്യമുള്ളതുകൊണ്ട്, വെര്ലെയിന്റെ സ്വഭാവവും കാവ്യരീതിയും മനസ്സിലാക്കിയാല്‍ ശ്രീ. ചങ്ങമ്പുഴയുടേവ ഗ്രഹിക്കുവാന്‍ വൈഷമ്യമുണ്ടാകുന്നതല്ല. സിംബോളിസ്റ്റ് സാങ്കേതികമാര്‍ഗ്ഗം സ്വീകരിച്ചിട്ടുള്ള ഫ്രഞ്ച് പരാജയപ്രസ്ഥാനത്തിന്റെ തത്ത്വജ്ഞാനിയായ ചാറത്സ് മോറിസ് വെര്ലെയിന്റെ സ്വഭാവഘടകങ്ങള്‍ ചുവടേ ചേര്‍ത്തിരിക്കുന്ന പ്രകാരം വര്‍ണ്ണിച്ചിരിക്കുന്നു:
''ചിരംജീവിയായ ഒരു ബാലന്റെ ആത്മാവാണ് വെര്ലെയിന്നുള്ളത്. ഇത്തരം ഒരു ആത്മാവിനുള്ള സകലപ്രത്യേകാവകാശവാദങ്ങളും ആപത്തുകളും എളുപ്പത്തില്‍ വ്യതിചലിച്ചേക്കാവുന്ന അചിന്തിതപൂര്വ്വങ്ങളായ നൈരാശ്യങ്ങളും അന്തമറ്റ പരിസ്ഫുടങ്ങളായ ആനന്ദാനുഭവങ്ങളും അത്യധികം സംശയങ്ങളും ഹൃദയം തുറന്നു കാട്ടുന്നതിനുള്ള പോക്കിന്റെ അതിരേകതയും ക്ഷണം തനിക്കുതന്നെ മുഷിവു തോന്നിക്കുന്ന ചാപല്യങ്ങളും അന്ധവിമോഹങ്ങളും വ്യക്തിപരദര്ശനത്തിലും ഇന്ദ്രിയാനുഭവത്തിലും കൂടി തനിക്കു സിദ്ധിച്ച തന്റെ സാകല്യത്തെ മറ്റൊന്നും കളങ്കപ്പെടുത്തരുതെന്നുള്ള വിചാരസഹിതം അവയെപ്പറ്റിയുള്ള ബോധത്തെ ആവര്ത്തിപ്പിക്കുന്നതിനുള്ള നിരന്തരപരിശ്രമങ്ങളും വെര്ലെയിനില് കാണാം. കാലത്തിനും പരപ്രേരണകള്ക്കും പഠിപ്പിക്കലിനും ഇത്തരം സ്വാഭാവക്കാരനു മീതേകൂടി കടന്നുപോയി അദ്ദേഹത്തെ കുപിതനാക്കുവാനോ ക്ഷീണിപ്പിക്കുവാനോ മാത്രമേ സാധിക്കുകയുള്ളു; ഇവയ്ക്ക് ആ സ്വഭാവത്തെ രൂപാന്തരപ്പടുത്തുവാന് -തിന്മയോടുള്ള മോഹവും നന്മയോടുള്ള ആരാധനയും കലര്‍ന്ന ദ്വൈധീഭാവം, അഥവാ ആദ്ധ്യാത്മികവും കായികവുമായുള്ളവ തമ്മിലുള്ള വൈരുദ്ധ്യം, അടങ്ങിയിരിക്കുന്ന തന്റെ വിശേഷസാകല്യത്തെ രൂപാന്തരപ്പെടുത്തുവാന്‍- ഒരിക്കലും കഴിയുകയില്ല. അന്യമനുഷ്യര് തങ്ങളുടെ ജീവിതങ്ങളെ 'ഒരുക്കുക'യും ഒരുപക്ഷം പിടിച്ചു നില്‍ക്കുകയും, ഒരു ദിക്കിനെ ലാക്കാക്കുകയും ചെയ്തുവരുന്നു. വെര്ലെയിനാകട്ടെ, തനിക്ക് അതിമാനുഷികമായി തോന്നുന്ന ഈ തിരഞ്ഞെടുക്കലിനുമുമ്പില് സംശയിച്ചു നില്ക്കുകയാണു ചെയ്യുന്നത്! അവിതര്‍ക്കിതമായ മാനുഷികസത്യത്തിന്റെ സാകല്യപരമായ സാരള്യമുള്ള തനിക്ക്, ഒരു തത്ത്വത്തിന്റെ ബലമോ, ഒരു മോഹത്തിന്റെ ആകര്‍ഷണമോ എത്ര കൊടിയതായി തോന്നിയാലും ശരി, ഇവയിലൊന്നിനെ മറ്റേതിനു വേണ്ടി ബലി കഴിക്കേണ്ടതിന്റെ ആവശ്യകതയക്കു കീഴടങ്ങുവാന്‍ സാധിക്കായ്കയാല്‍, അദ്ദേഹം ഒരു നിമിഷനേരത്തെ വിശ്രമംപോലുമില്ലാതെ ഒന്നില്‍നിന്നു മറ്റേതിലേക്ക് ചാഞ്ചാടിക്കൊണ്ടിരിക്കുന്നു.''
ശ്രീ. ചങ്ങമ്പുഴയുടേതിനോട് ഒട്ടധികം സാദൃശ്യമുള്ള പാള്‍ വെര്ലെയിന്റെ (1844-1896) കവിതാരീതിയെ ആര്‍തര്‍ സിമണ്‍സ് എന്ന നിരൂപകന് വിവരിച്ചിട്ടുള്ളത് ചുവടെ ഉദ്ധരിക്കുന്നു:
"വെര്ലെയിനു മുമ്പുള്ള ഫ്രഞ്ച് കവിത കാവ്യരൂപത്തിലുള്ള ഒന്നാംതരം വാഗ്മിത്വപ്രകടനത്തിനു പറ്റുന്ന ഒരുപകരണമായിരുന്നു. റൊങ്സാര്ദിന്റെ കാലത്തിനുശേഷം വിക്തര്‍ യൂഗോവാണ് അതിനെ പാടുവാന്‍ ആദ്യമായി പഠിപ്പിച്ചത്; സൂക്ഷ്മവും അതിപിശുനവും മുഖ്യമായി ആധുനികരുടെ വികാരങ്ങളേയും ഇന്ദ്രിയാനുഭവങ്ങളേയും പ്രകടിപ്പിക്കുന്നതിനു പര്യാപ്തവുമായ ഒരു പുതിയ പദാവലി ബോദ്ലെയര് അതിനു സമ്മാനിക്കുകയും ചെയ്തു. പക്ഷേ, വിക്തര്‍ യൂഗോയുടേയും ബോദ്ലെയറുടെയും കവിതകളില്‍ പോലും അതു വാഗ്മിത്തിനു കീഴ്പ്പെട്ടിരുന്നു. 'വാഗ്മിത്വത്തെ പിടികൂടി അതിനെ കഴുത്തുഞെക്കി കൊന്നുകളയുക' എന്നു തന്റെ 'കാവ്യകല' എന്ന കൃതിയില്‍ വെര്‍ലെയിന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വാഗ്മിത്വരഹിതമായി ഫ്രഞ്ച് പദ്യം രചിക്കാമെന്നു തന്റെ കൃതികള്മുഖേന അദ്ദേഹം കാണിച്ചുകൊടുക്കുകയും ചെയ്തു. ആംഗ്ലേയമാതൃകകളുടെ പഠനത്തില്‍നിന്നു പദ്യത്തിലെ സ്വാതന്ത്ര്യത്തിന്റെ രഹസ്യം അദ്ദേഹം കുറെയൊക്കെ മനസ്സിലാക്കി. സമ്പൂര്‍ണ്ണമായ ആത്മാര്ത്ഥതാപൂര്വ്വം കാവ്യം രചിക്കുന്നതിനും, താന്‍ കണ്ടതിനെ സൂക്ഷ്മമായി പ്രകടിപ്പിക്കുന്നതിനും, വികാരതീക്ഷ്ണത അതിന്റെ സ്വന്തം പ്രകടനരീതി ആകസ്മികമായി എന്നു തോന്നുംവണ്ണം കണ്ടുപിടിക്കുന്ന തന്റെ സ്വന്തം സ്വഭാവവിശേഷതയ്ക്കു നാവു കൊടുക്കുന്നതിനുമുള്ള ശ്രമത്തില്‍ നിന്നാണ് വെര്‍ലെയിന്‍ അതിന്റെ രഹസ്യം ഗ്രഹിച്ചതെന്ന് പറയുന്നതായിരിക്കും കൂടുതല്‍ സൂക്ഷ്മമായിട്ടുള്ളത്. 'കലയെന്നത് ഒരാള്‍ സമ്പൂര്‍ണ്ണമായി താന്‍ തന്നെയാകുന്നതാകുന്നു, അനിയന്മാരേ,' എന്ന് അദ്ദേഹം തന്റെ ഒരു പില്ക്കാല കവിതയില്‍ പറഞ്ഞിട്ടുണ്ട്. വെര്ലെയിനെപ്പോലെ വിശേഷപ്പെട്ട വ്യക്തിമുദ്രയുള്ള ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, പ്രകൃതിയെ സൂക്ഷ്മമായും സരസമായും പ്രതിബിംബിപ്പിക്കുന്നതിന് ഇതില്‍പ്പരം മറ്റെന്താണു ചെയ്യാനുള്ളത്?
'ഒരു പുതിയ കാവ്യരീതി സൃഷ്ടിക്കുന്ന ജോലി നിര്‍വഹിക്കുന്നതിന് ഈ മനുഷ്യനുണ്ടായിരുന്ന സ്വഭാവഗുണങ്ങളെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കുക. 'ആത്മാര്‍ത്ഥതയും ഒരു നിമിഷത്തെ ബോധത്തെ അതിസൂക്ഷ്മമായി അനുകരിക്കുന്നതും'- ഇങ്ങനെയാണ് തന്റെ കാവ്യരീതിയെപ്പറ്റിയുള്ള ഒരു ലേഖനത്തില്‍ വെര്‍ലെയിന്‍ അതിനെ വിവരിച്ചിട്ടുള്ളത്. ഈഷദ്ഭേദങ്ങളാണ്, നിറഭേദങ്ങളല്ല നമുക്കു വേണ്ടത്. (അതായത് ഈഷന്നിറഭേദങ്ങളാണ്, ഭിന്നനിറങ്ങളല്ല, നമുക്ക് വേണ്ടത്.) എന്നു തന്റെ 'കാവ്യകല' എന്ന പ്രസിദ്ധകൃതിയില്‍ അദ്ദേഹം പറഞ്ഞിരിക്കുന്നു. ഈ പുതിയ കാവ്യരീതിയുടെ സൃഷ്ടിക്ക് അദ്ദേഹത്തിലുണ്ടായിരുന്ന ഘടകങ്ങള്‍ എന്തെലല്ലാമായിരുന്നു എന്നു നോക്കുക:
'ഇന്ദ്രിയങ്ങളുടെ ഗ്രഹണസാമര്‍ത്ഥ്യം; ഇതുപോലെ ലളിതമായ വികാരപരതയ്ക്കുള്ള കെല്പ്; തനിക്ക് അനുഭവിക്കാന്‍ കഴിയുന്ന ഓരോ വികാരത്തേയും ജനിപ്പിക്കുന്ന തരത്തിലുള്ള പീഡിതമായ ഒരു ജീവിതരീതി; തത്കാലനിമിഷത്തെ അനുഭവങ്ങളില്‍ മുഴുകുന്ന ശീലം; മുന്നോട്ടും പിന്നോട്ടും നോക്കുന്നതിനു വേണ്ടിയുള്ള ശേഷിക്കുറവ്; സ്നേഹിക്കുന്നതിനും, പാപസമ്മതത്തിനുമുള്ള കൊടിയ ആവേശം; ഭൂഭാഗക്കാഴ്ച്ചയുടെ ലളിതങ്ങളായ ഈഷദ്ഭേദങ്ങളെ ചിത്രീകരിക്കുന്നതിനും, അന്തരീക്ഷം ധ്വനിപ്പിക്കുന്നതിനും കെല്പുള്ളതും വിസ്ലരുടെ ചിത്രകലാരീതിയോട് ഔപമ്യമുള്ളതുമായ കലാരീതി; തന്റെ സ്വഭാവസാരള്യത്തിന്റെ നേരിട്ടുള്ള ഫലമായ ഭാഷ; ഈ ഭാഷയുടെ ആത്മബോധം അതിനു നല്കിയ പരമമായ പദലാളിത്യം; ദൈവസൃഷ്ടികള്‍ സകലവും തീക്ഷ്ണതാപൂര്‍വ്വം തേടിനടന്നതിനു ശേഷം സ്നേഹാവേശം ദൈവത്തെ വഴിമദ്ധ്യേവെച്ചു കണ്ടുപിടിച്ച് അദ്ദേഹത്തിനു മുമ്പില്‍ പൊടിയില്‍ മുട്ടുകുത്തുവാനിടവരുന്നത്; പ്രായേണ ഭയങ്കരമായ അനൗദ്ധത്യം.
'വെര്‍ലെയിന്‍ ഒരിക്കലും ഒരു തത്ത്വവാദിയായിരുന്നില്ല; ഇത് അദ്ദേഹം മല്ലര്മേയ്ക്കു വിട്ടു കൊടുക്കുകയാണു ചെയ്തത്. അദ്ദേഹത്തിനു തന്റെ സഹജ്ഞാനത്തില് നിന്നു സിദ്ധിച്ച ദര്‍ശനം മാത്രമേ ഉണ്ടായിരുന്നുള്ളു. അദ്ഭുതങ്ങള്‍ സംഭവിക്കണമെന്നു സദാ വാഞ്ഛിക്കുന്ന കാവ്യം അതു സംഭവിക്കുന്നതുവരെ ക്ഷമയോടെ കാത്തുനിന്നിട്ടില്ലെന്ന് അദ്ദേഹം അനുമാനിച്ചിരുന്നു. തന്റെ സ്വഭാവത്തിന്റെ ഗര്വ്വിതവും വിനീതവുമായ പ്രസ്തുത മിസ്റ്റിസിസം മൂലമാണ് ഒന്നും ചെയ്യാതെയിരിക്കുന്നതിന് ഉദ്യമിച്ചാല്‍ എത്രയധികം കാര്യങ്ങള്‍ ചെയ്യാമെന്ന് അദ്ദേഹം ഗ്രഹിച്ചത്.
'പിന്നെ, സകലതിനും മുന്നില്‍ സംഗീതം! സംഗീതം വീണ്ടും വീണ്ടും; സദാ സംഗീതം' (എന്നു 'കാവ്യകല' എന്ന തന്റെ കൃതിയില്‍ വെര്‍ലെയിന്‍ പറഞ്ഞിട്ടുണ്ട്.) പദ്യത്തിന് എത്രമാത്രം ശുദ്ധസംഗീതമാകുവാന്, മാനുഷികാത്മാവോടു കൂടിയ ഒരു പക്ഷിയുടെ നാദമാകുവാന് സാധിക്കുമോ, അത്രമാത്രം സംഗീതമയമായ ചില ഖണ്ഡകാവ്യങ്ങള്‍ വെര്‍ലെയിന്‍ രചിച്ചിട്ടുണ്ട്. തന്റെ ചുറ്റുമുള്ള മറ്റ് അദ്ഭുതങ്ങള്‍ക്കു സ്വയം വിധേയനാകുവാന്‍ തന്നെ പ്രേരിപ്പിച്ച വിവേകപൂര്‍ണ്ണമായ വിശ്വാസത്തോടുകൂടിത്തന്നെയാണ് അദ്ദേഹം പദങ്ങള്‍ അന്തരീക്ഷത്തില്‍ പാടുവാന്‍ തുടങ്ങിയ ഗാനത്തിനും വിധേയനാകുന്നത്; ഇതു തന്റെ സാരള്യത്തിന്റെയും ദിവ്യമായ ബാലിശത്വത്തിന്റെയും ഒരംശം മാത്രമാണുതാനും. വെര്ലെയിന്റെ ശ്രവണേന്ദ്രിയവും ദര്‍ശനേന്ദ്രിയവും തമ്മില്‍ പ്രായേണ പരസ്പരം പരിവര്ത്തനീയമായി ഭവിച്ചിട്ടുണ്ട്; നാദം കൊണ്ട് അദ്ദേഹം ചിത്രം രചിക്കുന്നു. അദ്ദേഹത്തിന്റെ രേഖയും അന്തരീക്ഷവും സംഗീതമയമായി ഭവിക്കുകയും ചെയ്യുന്നു...
'ശ്രവണേന്ദ്രിയാനുഭവങ്ങള്ക്കും ദര്ശനേന്ദ്രിയാനുഭവങ്ങള്ക്കും പദങ്ങള്‍ കണ്ടുപിടിക്കുവാന്‍ താന്‍ പ്രയോഗിച്ച ദത്താവധാനമായ സാരള്യത്തെത്തന്നെയാണ് അദ്ദേഹം ആത്മാവിന്റെ അനുഭൂതികളും, വികാരത്തിന്റെ ഈഷദ്ഭേദങ്ങളും കണ്ടുപിടിക്കുന്നതിനും പ്രയോഗിച്ചിരുന്നത്. തന്റെ ആഭ്യന്തരജീവിതം ആരംഭിച്ച നിമിഷം മുതല്‍ക്ക് അദ്ദേഹം നിരന്തരമായ സ്വഹൃദയപ്രകാശനജോലിയില് മുഴുകിയിരുന്നിരുന്നു; പതിവായിരുന്ന സന്ദിഗ്ദ്ധവും ചിന്താമഗ്നവുമായ തന്റെ മട്ടില്‍ അദ്ദേഹം തന്നോടുതന്നെ സംഭാഷണം ചെയ്യന്നത് പ്രസ്തുത സ്വഹൃദയപ്രകാശനത്തില് നമുക്കു കേള്‍ക്കാമെന്നു തോന്നും. ചിന്തയോടുള്ള ലളിതമായ സാദൃശ്യം, വിദൂരത്തില്‍ നിന്നു പറന്നുവന്നു നമ്മുടെ വളരെയടുത്ത് ഇറങ്ങല്‍, എന്ന ഇതിലെ ഗുണങ്ങള്‍ നിമിത്തം നമ്മളെ ചകിതരാക്കിചമയ്ക്കുന്ന പദങ്ങള്‍ ഇതില്‍ കാണാവുന്നതാണ്. അത്രയധികം നിഷ്കപടമായ വിശ്വാപൂര്വ്വം അത്രയധികം ആസംഗമായ രഹസ്യങ്ങള്‍ അദ്ദേഹത്തിന്റെ കവിത മന്ദം പറയുന്നു. വെര്ലെയിന്റെ സിദ്ധികളില്‍ ഒന്നായ പദ്യത്തിനുള്ള 'സ്വാതന്ത്ര്യദാനം' ഏറിയകൂറും പൂര്‍വ്വാധികം നിഷ്കപടമായിരിക്കുവാനുള്ള ഉദ്യമത്തില്‍ നിന്നു ഉദ്ഭവിച്ചതാണ്; യൂഗോ, ബോദ്ലെയര്, പര്ണാസിയന് പ്രസ്ഥാനകവികള് എന്നിവരുടെ വാഗ്മിത്വത്തിനു കീഴില്‍ മറഞ്ഞുകിടന്നിരുന്ന പ്രകൃതിയിലേക്കു തന്നെ തിരിച്ചുപോയി, കാവ്യകലയിലെ ജാലവിദ്യയെ ഒരു പുതിയ കാര്യസിദ്ധിക്കായി പ്രയോഗിക്കുവാനുള്ള ഒരു മാര്‍ഗമായിരുന്നു ഇത്. ലാവണ്യത്തിന്റെയോ സത്യത്തിന്റെയോ സേവനാര്‍ത്ഥം വാഗ്മിത്വം പ്രയോഗിക്കുന്നതില്‍, ശ്രോതാക്കളുണ്ടെന്നും, ബാഹ്യമായ ഒരു വിധയെഴുത്തുണ്ടെന്നുമുള്ള ഒരുതരം ബോധം അന്തര്‍ഭവിച്ചിട്ടുണ്ട്; വാഗ്മിത്വം പ്രതീതിയും പ്രശംസയും ജനിപ്പിക്കുന്നതാണല്ലോ. തന്റെ ഉദ്ഗമനനിമിഷത്തിനും, തനിക്ക് ഒരിക്കലും പ്രാപിക്കാന്‍ സാധ്യമാകാത്ത പരമലാവണ്യത്തിനും ഇടയ്ക്കുള്ള ഒന്നിനെക്കുറിച്ചു ബോധമില്ലാതെയിരിക്കുന്നതാണ് കാവ്യത്തിന്റെ മൂലം. വിവേകപൂര്‍ണ്ണവും അതിസൂക്ഷ്മവുമായ ഈ ബോധശൂന്യത ഫ്രഞ്ച്കവി ലോകത്തെ വെര്‍ലെയിന്‍ പഠിപ്പിക്കുകയുണ്ടായി. ഇങ്ങനെ ചെയ്തപ്പോള്‍, അദ്ദേഹം വെര്ലെയിന്റെ ഭാഷയില്‍, തന്റെ വ്യക്തിമുദ്ര ലാവണ്യത്തില്‍ ശക്തിപൂര്‍വ്വം പതിപ്പിച്ച്, ഇതില്‍ പുതിയതും, അന്നു മുതല്ക്കു സനാതനമായി ഭവിച്ചതുമായ ഒരു വീക്ഷണകോടി ഉള്‍ക്കൊള്ളിക്കുകയും ചെയ്തു."
മുകളില്‍ ഉദ്ധരിച്ചിട്ടുള്ള ഭാഗത്തില്‍ വെര്ലെയിന്റെ ഭൂഭാഗചിത്രീകരണരീതിയെപ്പറ്റി പറഞ്ഞിട്ടുള്ളതു വിട്ടുകളഞ്ഞതിനുശേഷം, അവയില്‍ വെര്ലെയിനു പകരം ചങ്ങമ്പുഴയുടേയും, മദ്ധ്യകാലത്തെ കവിയും, ക്ലാസ്സിക് പ്രസ്ഥാനസ്ഥാപകരില് ഒരാളുമായ റൊങ് സാര്ദിനു പകരം ചെറുശ്ശേരിയുടെയും, വിക്തര്‍ യൂഗോയ്ക്കു പകരം വള്ളത്തോളിന്റെയും, ബോദ്ലെയര്ക്കു പകരം കുമാരനാശാന്റേയും പേരുകള്‍ ചേര്‍ക്കുകയും ഫ്രഞ്ച് പദ്യമെന്നതിനെ ഭാഷാപദ്യമെന്നു മാറ്റുകയും ചെയ്യുന്നതായാല്‍, അത് ശ്രീ. ചങ്ങമ്പുഴയ്ക്കു ഭാഷാപദ്യത്തിലുള്ള നിലയും പ്രാധാന്യവും ഏറെക്കുറേ സൂക്ഷ്മമായി വിവരിക്കുന്നതായിരിക്കും. തന്റെ കവിതയെഴുത്തിനെക്കുറിച്ച് ശ്രീ. ചങ്ങമ്പുഴ തന്നെ 'സുധാംഗദ'യുടെ മുഖവുരയില്‍ എഴുതിയിരിക്കുന്നതും വെര്ലെയിന്റെ കാവ്യരചനയെപ്പറ്റി സിമണ്‍സ് പറഞ്ഞിട്ടുള്ളതിനോട് ഒട്ടധികം യോജിക്കുന്നുണ്ട്. ഈ ഭാഗം 'സുധാംഗദ'യില്‍ നിന്നു ചുവടെ ഉദ്ധരിക്കുന്നു.
"വികാരോത്തേജകങ്ങളായ ചില നിമിഷങ്ങളില്‍, പ്രകടനോത്സുകമായ കവിഹൃദയം തരംഗതരളിതമായിച്ചമയുകയും, അവനറിയാതെ തന്നെ അതു തുളുമ്പിത്തുളുമ്പി വാഗ് രൂപത്തില്‍ പുറത്തേക്കു പ്രവഹിക്കുകയും ചെയ്യുന്നു. ഒരു യഥാര്‍ത്ഥ കലാകാരന് കലാനിര്‍മ്മിതി ഒരു സ്വപ്നമാണെന്നു ഞാന്‍ വിശ്വസിക്കുന്നു... അദൃശ്യമായ ഏതോ ഒരു ശക്തി അയാളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അങ്ങനെ പ്രവര്‍ത്തിക്കുന്ന അവസരങ്ങളില്‍ അയാള്‍ -അയാളുടെ സത്ത- ആ ശക്തിയുടെ വെറുമൊരു കിങ്കരന് മാത്രം! ആജ്ഞാപിക്കുന്നതെന്തോ, അതു ചെയ്യുന്നു. ഇങ്ങനെ നിശ്ശബ്ദമായ ഒരാജ്ഞയുടെ ബോധരഹിതമായ അനുസരിക്കലിന് ഒരു യഥാര്‍ത്ഥകലാകാരന്‍ ഒട്ടുമിക്കപ്പോഴും പാത്രമായിത്തീരും. ആ അദൃശ്യശക്തിയുടെ അജ്ഞയനുസരിക്കലാണ് അവന്റെ കലാസൃഷ്ടി... ശാസ്ത്രജ്ഞന്മാരോ നിരൂപകരോ എന്തുതന്നെ പറഞ്ഞാലും, എന്റെ അനുഭവം ഒരിക്കലും എന്റെ അനുഭവമായിത്തീരാതിരിക്കുകയില്ല. ഞാന്‍ പലപ്പോഴും കവിതയെഴുതിയിട്ടുണ്ട്; ചിലപ്പോള്‍ കവിത എഴുതിപ്പോയിട്ടുണ്ട്. ഇവയില്‍ രണ്ടാമത്തേത് സംഭവിച്ച അവസരങ്ങളില്‍ ഞാന്‍ എന്നെത്തന്നെ മറന്നിരുന്നു. ഞാന്‍ മുന്‍കൂട്ടി ചിന്തിച്ചിട്ടില്ല; വൃത്തനിര്‍ണയം ചെയ്തിട്ടില്ല... ആകസ്മികമായി എന്നില്‍ എവിടെ നിന്നോ ഒരു മിന്നല്‍! ഞാന്‍ എഴുതുകയാണ്. വായിക്കുമ്പോള്‍ അതിനു വൃത്തമുണ്ട്... കവിത താനേയങ്ങനെ എഴുതിപ്പോകുന്ന അവസരത്തില്‍ എന്റെ ഹൃദയം സംഗീതസമ്പൂര്‍ണ്ണമായിരുന്നു. ആ സംഗീതം പോലെ മറ്റൊന്നും എന്നെ ആകര്‍ഷിച്ചിട്ടില്ല. ഞാനതില്‍ താണു മുങ്ങി നീന്തിപ്പുളച്ചു പോകും... ചിലപ്പോള്‍ ഒരു കവിത എഴുതിവരുമ്പോളായിരിക്കും ആ എഴുതിപ്പോകല്‍ ഉണ്ടാകുക. പകുതിയോളം എത്തിക്കാണും; അപ്പോഴാണ് ആ മിന്നലിന്റെ ഉദയം! പിന്നെ എനിക്കു ക്ലേശമില്ല."
ശ്രീചങ്ങമ്പുഴ ഭാഷാപദ്യത്തില്‍ വരുത്തിവെച്ച കാവ്യരീതി പരിഷ്കാരം ഒരു വിശ്രുതനായ പാശ്ചാത്യനിരൂപകന്റെ വാക്കുകള്‍ ഉദ്ധരിച്ച് മുകളില്‍ വിവരിച്ചിട്ടുള്ളതിനാല്‍, അതിനെ ഉദാഹരിക്കേണ്ട ഭാരം മാത്രമേ എനിക്കുള്ളു. ചുവടെ ചേര്‍ത്തിരിക്കുന്ന ഉദാഹരണപദ്യങ്ങളെ ഉറക്കെ പാടിയും മനസ്സിരുത്തിയും നിക്ഷ്പക്ഷമായി പഠിക്കുന്നതാകയാല്, ചങ്ങമ്പുഴയുടെ കാവ്യരീതിപരിഷ്കാരത്തിന്റെ മാഹാത്മ്യം മനസ്സിലാക്കുവാന്‍ കഴിയും. ആദ്യമായി മദ്ധ്യകാലത്തെ ഫ്രഞ്ച്കവി റൊങ് സാര്ദിന്റെ ബദലായ ചെറുശ്ശേരിയുടെ വാഗ്മിത്വശൂന്യവും അകൃത്രിമവും ഏറെക്കുറേ സംഗീതമയവുമായ കാവ്യരീതിയ്ക്കുള്ള ഒരു ഉദാഹരണം ചേര്‍ക്കുന്നു:
(മഞ്ജരി)
'അമ്മയ്ക്കു നല്കുവാന് ചെമ്മുള്ള ചേലകള്‍
നന്ദന്തന് കയ്യിലേ നല്കിച്ചൊന്നാന്;
നല്‍ച്ചേല നാലുമെന്നമ്മതന്‍ കയ്യിലേ
ഇച്ഛയാല്‍ നല്കേണമിന്നുതന്നെ.
എന്നമ്മ തന്നോടു ചൊല്ലേണം പിന്നെ നീ
എന്നെ മറക്കൊല്ലായെന്നിങ്ങനെ.
പാല്‍വെണ്ണയുണ്ണാഞ്ഞു വേദനയുണ്ടുള്ളില്‍
പാരമെനിക്കെന്നു ചൊല്ക പിന്നെ.
വെണ്ണയും പാലുമിങ്ങാരാനും പോരുന്നോ-
രുണ്ടെങ്കില്‍ മെല്ലെ വരുത്തവേണം.
വാഴപ്പഴങ്ങളും വര്‍ണ്ണം തിരണ്ടവ
കേഴുവനില്ലായ്കിലെന്നു ചൊല്വൂ;
ചിറ്റാടയുണ്ടു ഞാന്‍ പെട്ടകം തന്നുള്ളില്‍
മറ്റാരും കാണാതെ വെച്ചുപോന്നു,
ഊനപ്പെട്ടില്ലല്ലീയെന്നതേ ചിന്തിച്ചു
ദീനമാകുന്നിതെന്മാനസത്തില്.
മഞ്ഞള്‍ പിഴിഞ്ഞുള്ള കൂറകളൊന്നുമേ
മങ്ങാതെ മാനിച്ചു കൊള്ളേണം നീ.
വെറ്റില തിന്നു ചൊരുക്കിനനേരത്തു
തെറ്റെന്നു പൂട്ടുവാന്‍ ചൊന്നേനല്ലോ
കൂലിയായന്നതിനമ്മതാന് നല്കിന
ചേലയും മാലുറ്റു പോകല്ലാതെ,
പിള്ളേരേ നുള്ളിനാനെന്നങ്ങു ചൊല്ലീട്ടു
പീലികൊണ്ടെന്നെയടിച്ചാളമ്മ,
കേണുകൊണ്ടന്നു വഴക്കായിപ്പോയി ഞാന്‍
ഊണിന്നു വാരാതെ നിന്നനേരം
തെണ്ടമായന്നതിന്നന്നു നീ നല്കിന
കണ്ടിക്കഞ്ചേല മറക്കൊല്ലാതെ,
പൊങ്ങിനോരംശം പുലമ്പിനിന്നീടുന്ന
കിങ്ങിണിയെങ്ങാനും വീഴൊല്ലാതെ,
പാവകളൊന്നുമേ പാഴായിപ്പോകാതെ
പാലിച്ചു കൊള്ളേണം പാരാതെ നീ.
ചേണുറ്റുനിന്നുള്ളൊരോണവില്ലൊന്നുമേ
ഞാണറ്റുപോകല്ലാ ഞാന്‍ വരുമ്പോള്‍'
(കൃഷ്ണഗാഥ)
രണ്ടാമതായി, ചെറുശ്ശേരിയുടേയും വള്ളത്തോള്‍, കുമാരനാശാന് എന്നിവരുടേയും കാലക്രമങ്ങള്ക്കിടക്കുള്ള ഭാഷാപദ്യത്തിന്റെ വാഗ്മിത്വപൂര്ണവും, കൃത്രിമവും സംഗീതശൂന്യവുമായ കാവ്യരീതി ഉദാഹരിക്കുവാന്‍ ശ്രീ. ഉള്ളൂരിന്റെ കൃതികളില്‍ നിന്ന് ഒരു ഭാഗം ഉദ്ധരിക്കുന്നു:
(കേക)
പ്രകൃതിദത്തമായ വാസനാവിശേഷത്താല്‍
സുകൃതാത്മികേ! ഭവദ്ഗളനാളത്തില് നിന്നും
കാലദേശാവസ്ഥകള്ക്കനുരൂപമായ് സ്വര-
ജാലം നിര്‍ഗ്ഗളിക്കുന്നു ശ്രോത്രൈകരസായനം.
ഒരിടം പുംസ്തോകിലോദ്ഗീപഞ്ചമസ്വന-
മൊരിടം ശാതോദരീപാണിവല്ലകീക്വാണം;
ഒരിടം രാജദ്വാരപടഹമന്ദ്രദ്ധ്വാന-
മൊരിടം പ്രാവൃഷേണ്യകാദംബിനീനിര്ഘോഷം.
നേദിഷ്ഠങ്ങളാം മൃഗപക്ഷികള്ക്കാ നിസ്വനം
മോദത്തിന്നുതകീടും മുഗ്ദ്ധസംഗീതമാവാം;
ആത്തിര്യക്കുകളതിന്നോതിടും പ്രത്യുക്തിക-
ളാനന്ദസ്തവങ്ങളാമാശീര്വ്വാക്കുകളുമാം;
അംബ! മാനുഷര്‍ ഞങ്ങള്‍ക്കാ സ്വനമൊരു നവ്യ-
കര്മ്മയോഗീശോദ്ഘുഷ്ടകല്യാണഗീതാമൃതം.
നിന്നില്നിന്നോരോവിധം നിര്‍ഗ്ഗമിക്കും ശബ്ദങ്ങള്‍
നിര്ണ്ണയമുപനിഷദ്രഹസ്യവ്യാഖ്യാനങ്ങള്,
അങ്ങിങ്ങു മൗനത്താലും ഞങ്ങളെശ്ശാസിപ്പൂ നീ
ഭംഗിയില്‍ ഗുരുശ്രേഷ്ഠന് ദക്ഷിണാമൂര്‍ത്തി പോലെ.
ഏതു തത്ത്വോപദേശം നിന്നില്നിന്നടിയങ്ങള്.
മാതാവേ, ലഭിപ്പീല മനനോന്മുഖസ്വാന്തര്!'
(പെരിയാറ്റിനോട്)
മൂന്നാമതായി, വാഗ്മിത്വവും കൃത്രിമത്വവും വളരെക്കുറഞ്ഞവയും, കുറേയധികം സംഗീതമുള്ക്കൊളളുന്നവയുമായ വള്ളത്തോളിന്റെയും കുമാരനാശാന്റെയും കൃതികളില്‍ നിന്ന് ഓരോ ഭാഗം വീതം ഉദ്ധരിക്കുന്നു.
'കാളിന്ദികൊണ്ടൊരു നീലക്കരയിട്ടു
ചേലില് വിളങ്ങും വൃന്ദാരണ്യമേ,
കാലികള്‍ നക്കിത്തുടയ്ക്കുമാച്ചെന്തളിര്-
ക്കാലടിവെച്ചുകൊണ്ടുണ്ണിക്കണ്ണന്
സഞ്ചരിക്കുന്നു നിന് ദിക്കിലെങ്ങാനൊരു
പിഞ്ചുപുല്ലായിപ്പിറക്കാവു ഞാന്‍!
ഹാ, ലോകഭാഗ്യമേ! പാവനമീ വനം
ഭൂലോകം പൂകിന ഗോലോകന്താന്.
നല്ലിളം പൂക്കളെ മെല്ലെത്തുറക്കുന്ന
മല്ലികേ, മാലതീ, മന്ദാരമേ!
വല്ലവപൊങ്കുഞ്ഞിന് മന്ദഹാസാങ്കുര-
മല്ലയോ നിങ്ങളില്‍ വെള്ളവീശി!
അമ്പാര്‍ന്നു ശാലകള്‍ പൂകുന്ന ഗോക്കള്‍ ത-
ന്നുമ്പാരവമിതാ, മന്ദമായി
അമ്പാടി തന്നില്‍ നിന്നാരാലണയുന്നു;
നിന് പാപം കര്ണ്ണമേ, നീറടിഞ്ഞൂ.
ഇക്കാണും ഗോകുലമന്ദിരപംക്തിതന്
വയ്ക്കോലുമേഞ്ഞുള്ള മേല്പ്പുരമേല്
സ്വീയകരങ്ങളാല് സിന്ദൂരം ചാര്‍ത്തുന്നൂ
സായന്താനാരുണന് സാധുവൃത്തന്.
അസ്തംഗമിക്കാന് തുടങ്ങുന്ന ഭാസ്കരന്
വിസ്തൃതം തന്കരസര്വ്വസ്വവും
അപ്പരമേശ്വരന് വസിക്കുമമ്പാടിയി-
ലര്‍പ്പണം ചെയ്യുന്നു പുണ്യശാലി.'
(അമ്പാടിയില്‍ ചെല്ലുന്ന അക്രൂരന്)
(വഞ്ചിപ്പാട്ട്)
'പടിഞ്ഞാറു ചാഞ്ഞു സൂര്യന് പരിരമ്യമമായ് മഞ്ഞയും
കടുംചുവപ്പും കലര്‍ന്നു തരുക്കളുടെ
രാജല്‍കരകേസരങ്ങള്‍ വീശിടുന്നു ദൂരത്തൊരു
രാജമല്ലിമരം പൂത്തു വിലസും പോലെ.
കൊണ്ടല്വേണീമണിയവള് കൗതുകമാര്‍ന്നൊരു മലര്-
ച്ചെണ്ടൊരു കരവല്ലിയാല്‍ ചുഴറ്റീടുന്നു.
ഇളന്തെന്നല്‍ തട്ടി മെല്ലേയിളകച്ചെറുതരംഗ-
ച്ചുളിചേരും മൃദുചേലച്ചോലയില്‍നിന്നും
വെളിയില്‍ വരുമാച്ചാരുവാമേതരപാദാബ്ജം പൊന്‍-
തള കിലുങ്ങുമാറവള്‍ ചലിപ്പിക്കുന്നു.
മറയും മലര്‍വല്ലിയില്‍ കുണ്ഠിതമാര്‍ന്നിടയ്ക്കിടെ
മറിമാന്മിഴി നോക്കുന്നു വെളിക്കെന്നല്ല,
ഇടതൂര്‍ന്നിമ കറുത്തു മിനുത്തുള്ളില്‍ മദജലം
പൊടിയും മോഹനനേത്രം, പ്രകൃതിലോലം,
പിടഞ്ഞു മണ്ടിനില്‍ക്കുന്നു പിടിച്ചു തൂനീര്‍ തിളങ്ങും
സ്ഫടികക്കുപ്പിയിലിട്ട പരല്‍മീന്‍പോലെ.
തുടുതുടെ സ്ഫുരിച്ചെഴുമധരപല്ലവങ്ങള്തന്
നടുവോളമെത്തും ഞാത്തിന് ധവളരത്നം,
വിളങ്ങുന്നു മാണിക്യമായവള്‍ ശ്വസിക്കും രാഗംതാന്‍
വെഴിയിലങ്ങനെ ഘനീഭവിക്കും പോലെ,
നിതംബഗുരതയാല്ത്താന് നിലം വിടാന്‍ കഴിയാതി-
സ്ഥിതിയില്‍ തങ്ങുമീ ക്ഷോണീരംഭതനാത്രേ
വാസവദത്താഖ്യയായ വാരസുന്ദരീ- മധുരാ-
വാസികളിലറിയാതില്ലിവളെയാരും'
(കരുണ)
നാലാമതായി, ശ്രീ. ചങ്ങമ്പുഴയുടെ വാഗ്മിത്വശൂന്യവും, അകൃത്രിമവും, സംഗീതപൂര്ണ്ണവുമായ കാവ്യരീതിയ്ക്ക് ഒരു ഉദാഹരണം പ്രകൃതഗ്രന്ഥത്തില്നിന്ന് ഉദ്ധരിക്കുന്നു
(കുറത്തി)
'കരുണരസം കരകവിയും
കഥ പറയാം- പക്ഷേ
കരളുരുകിക്കരളുരുകി-
കരയരുതിന്നാരും
ശാന്തിവായ്ക്കും പൂവനത്തിലൊന്നില് വന്നൊരോമല്-
ക്കാന്തിയേന്തും ചെമ്പനിനീര്ച്ചെമ്പകം കിളര്‍ന്നു
ചില്ലകളില്‍പ്പല്ലവങ്ങളുല്ലസിച്ചന്നാര്‍ക്കും
തെല്ലുനാളിനുള്ളിലതു ചെല്ലമായിത്തീര്‍ന്നു
സന്തതം പരിസരത്തില്‍പ്പൂന്തണല്‍ വിരിച്ച-
ന്നന്തികത്തൊരാര്ദ്രമാകും പാരിജാതം നിന്നു
ഒരു ശിശിരനിശയിലേതോ
പവനഗതിമൂലം പരിചിയലും ലതിക ചാഞ്ഞാ- തരുവരനില്ച്ചേര്ന്നു. പാവനമാം വിണ്‍വെളിച്ചം നിത്യവും നുകര്‍ന്നു
പാരിജാതച്ഛായയിലാച്ചെമ്പകം വളര്‍ന്നു.
കാറ്റടിയും പേമഴയും തീവെയിലും മെയ്യി-
ല്ലേറ്റിടാതാദ്ദിവ്യവൃക്ഷം വല്ലരിയെക്കാത്തു
നര്‍മ്മലോലമാമതിനെ പ്രാണനാണെന്നോര്‍ത്തു
നിര്‍മ്മലപ്രണയസൂക്തം മര്‍മ്മരമായ് വാര്‍ത്തു;
തളിരുലഞ്ഞും, മലരണിഞ്ഞും,
മധു ചൊരിഞ്ഞും, മെയ്യില്‍
ക്കുളിരണിഞ്ഞും, കരള്ക്കവര്ന്നാ-
ക്കനകവല്ലി മിന്നീ!'
(ഒരു കഥ)
"പദ്യത്തിന് എത്രമാത്രം ശുദ്ധസംഗീതമാകുവാന്, മാനുഷികാത്മാവോടു കൂടിയ ഒരു പക്ഷിയുടെ നാദമാകുവാന് സാധിക്കുമോ, അത്രമാത്രം സംഗീതമയമായ ചില ഖണ്ഡകാവ്യങ്ങള്‍ വെര്‍ലെയിന്‍ രചിച്ചിട്ടുണ്ട്" എന്നു സിമണ്‍സ് പറയുന്നുണ്ടല്ലോ. മുകളില്‍ ഉദ്ധരിച്ച ഭാഗമടങ്ങിയ 'ഒരു കഥ' ഭാഷാപദ്യത്തിന് എത്രമാത്രം ശുദ്ധസംഗീതമാകുവാന് സാധിക്കുമെന്നു കാണിക്കുന്നുണ്ട്. ഭാഷാപദ്യത്തിന് എത്രമാത്രം മാനുഷികാത്മാവോടു കൂടിയ ഒരു പക്ഷിയുടെ നാദമാകുവാന് സാധിക്കുമെന്നു കാണിക്കുന്ന മറ്റൊരു ഖണ്ഡകാവ്യം കൂടി പ്രകൃതഗ്രന്ഥത്തില്‍ നിന്ന് ഉദ്ധരിച്ചു കൊള്ളുന്നു:
'ഒരു ദിവസം പുലരൊളിയില്‍
കുരുവികള്‍ നിന് ജനലരികില്‍
ചിറകടിച്ചു കരഞ്ഞുഴന്നു
പറന്നണഞ്ഞു പറയുമേവം:
'മതിയുറക്കം, വെളുത്തു നേരം,
മറയുമിപ്പോള്‍ മധുരസ്വപ്നം;
മിഴി തുറക്കൂ, കരയുവാനാ
മിഴി തുറക്കൂ, തുറക്കു ദേവി!
ഇനിയകലത്തുതിരുകില്ലാ
പ്രണയമയഹൃദയസ്പന്ദം
അവ നിലച്ചു, മരിച്ചു, ഹാ, നി-
ന്നവശനാകും ഹൃദയനാഥന്.
വരളുവോരാ രസനയില-
ങ്ങൊരു സലിലകണികപോലും,
അവനൊരാളും പകര്‍ന്നു നല്കാ-
നരികിലില്ലാതവന്‍ മരിച്ചു.
അമൃതഗാനം ചൊരിഞ്ഞൊരാ നാ-
വവസാനത്തില്‍ വരണ്ടുഴന്നു.
അമലരാഗം വഴിഞ്ഞൊരാ ഹൃ-
ത്തവസാനത്തില്ത്തകര്ന്നടിഞ്ഞു.
അകലെയൊരു മരച്ചുവട്ടി-
ലവനണഞ്ഞു മണലടിഞ്ഞു.
ഉടല് വെടിയാനവന്റെ ജീവന്
പിടയുമന്ത്യനിമിഷത്തിലും,
പരവശനാമവനിതുപോല്‍
പറയുവതായ് ശ്രവിച്ചു ഞങ്ങള്‍...
സുമലളിതേ, ഗുണമിളിതേ,
മമ ദയിതേ, കരയരുതേ
തവ മധുരപ്രണയസുധാ-
തരളിതമാം ഹൃദയമിതാ
അടിയറച്ചവനിവെടി-
ഞ്ഞനുപമേ ഞാനകന്നിടുന്നേന്‍!...'
ചെറുശ്ശേരിക്കവിതയുടെ സാധാരണമായ പോക്ക് അലങ്കാരബഹുലമായ ദീപ്രരീതിയിലേക്കാണ്. അതു ചങ്ങമ്പുഴക്കവിതയ്ക്കു തുല്യം സംഗീതമയവുമല്ല. തന്നിമിത്തം അകൃത്രിമത്വവും സംഗീതാത്മകത്വവും കലര്‍ന്ന കാവ്യരീതിയില്‍ ശ്രീ ചങ്ങമ്പുഴ ഭാഷാപദ്യത്തില്‍ ആദിമുതല്ക്ക് ഇന്നുവരെ അതുല്യനായി പരിലസിക്കുന്നു.
കാവ്യത്തിന്റെ ബോധശൂന്യത ഫ്രഞ്ച് കവിലോകത്തെ പഠിപ്പിച്ച്, തന്റെ വ്യക്തിമുദ്ര ഫ്രഞ്ച് കാവ്യലാവണ്യത്തില് ശക്തിപൂര്‍വ്വം പതിപ്പിച്ച്, അതില്‍ നവവും സനാതനവുമായ ഒരു വീക്ഷണകോടി വെര്‍ലെയിന്‍ ഉള്‍ക്കൊള്ളിച്ചു എന്നു സുപ്രസിദ്ധ ബെല്‍ജിയന്‍ മഹാകവി വെര്ഹേയിറന് ചൂണ്ടിക്കാണിച്ചിരുന്നതായി സിമണ്‍സ് പറയുന്നുണ്ടല്ലോ. ഇതു തന്നെയാണ് ശ്രീ ചങ്ങമ്പുഴ ഭാഷാകാവ്യത്തില് തന്റെ രീതിപരിഷ്കാരം മുഖേന ചെയ്തിട്ടുള്ളതും. തന്നിമിത്തം ഫ്രഞ്ച്സാഹിത്യം നിലനില്‍ക്കുന്നിടത്തോളം കാലം വെര്‍ലെയിന്‍ അതില്‍ ഒരു കെടാവിളക്കായി പ്രശോഭിച്ചുകൊണ്ടിരിക്കുന്നതുപോലെ, ഭാഷാസാഹിത്യം നിലനില്‍ക്കുന്നിടത്തോളം കാലം ശ്രീ ചങ്ങമ്പുഴ അതില്‍ ഒരു കെടാവിളക്കായി പ്രശോഭിച്ചുകൊണ്ടിരിക്കുന്നതാണ്.
പദ്യത്തിലെ പദങ്ങള്‍, സംഗീതത്തിലെ രാഗങ്ങള്പോലെ താളാനുസൃതങ്ങളായ രൂപങ്ങളില്‍ സംയോജിപ്പിച്ചിട്ടുള്ള നാദങ്ങള്‍ മാത്രമല്ല, പിന്നെയോ, സാധനങ്ങളുടെ ചിത്രങ്ങള്‍ നമ്മുടെ മനസ്സില്‍ കൊണ്ടുവരുന്നവയും കൂടിയാണ്; എന്തെന്നാല്‍, വാക്കുകള്‍ നേത്രഗോചരങ്ങളായ സാധനങ്ങളേയോ, അവ തമ്മിലുള്ള ബന്ധങ്ങളേയോ, അനേകം സാധനങ്ങളില്‍ നിന്നോ, പരസ്പരബന്ധമുള്ള വികാരങ്ങളില്‍ നിന്നോ അനുമാനിച്ചെടുത്ത സാമാന്യതത്ത്വങ്ങളേയോ ധ്വനിപ്പിക്കുന്നുണ്ട്. തന്നിമിത്തം ഒരു കവി പദങ്ങള്‍ പ്രയോഗിക്കുമ്പോള്‍, അദ്ദേഹം നാദങ്ങളേയും താളങ്ങളേയും മാത്രമല്ല, പിന്നേയോ, ദൃശ്യചിത്രങ്ങളേയും വികാരപരമായ അനുഭവങ്ങളേയും സാമാന്യാശയങ്ങളേയും കൂടി പൊരുത്തമുള്ള ഒരു രൂപത്തില്‍ തന്റെ കലാകുശലതയനുസരിച്ചു കൂട്ടിയിണക്കുകയാണു ചെയ്യുന്നത്. സാഹിത്യകാരന്മാരുടെ കലാപാടവം വര്‍ദ്ധിക്കുമ്പോള്‍ ഒരിക്കല്‍ കേള്‍ക്കുന്നതുകൊണ്ട് മനസ്സിലാക്കുവാന്‍ സാധിക്കാത്തവിധം അവരുടെ കൃതികള്‍ സങ്കീര്‍ണ്ണങ്ങളായി ഭവിക്കുന്നു. മനസ്സിലൂടെ ചിന്തിച്ചാല്‍ മാത്രമേ അവയെ ഗ്രഹിക്കുവാന്‍ കഴിയുകയുള്ളു. ഇതിനെയാണ് ചില നിരൂപകര്‍ 'കണ്ണിനു വേണ്ടി എഴുതുക' എന്നു പേരിട്ടിട്ടുള്ളത്. സുന്ദരകലകളില്‍ വെച്ചു സാഹിത്യത്തിനു മാത്രമേ മനുഷ്യമനസ്സില്‍ പ്രവേശിക്കുവാന്‍ മാര്ഗ്ഗദ്വയങ്ങളുള്ളു. പ്രതിമാശില്പം, ആലേഖ്യം, വാസ്തുശില്പം, നൃത്തം എന്നിവ ചെവിയിലൂടെയല്ല മനസ്സില്‍ പ്രവേശിക്കുന്നത്. കണ്ണിനോടു മാത്രമേ ഇവ സംഭാഷണം ചെയ്യുന്നുള്ളു. സംഗീതമാകട്ടേ, ചെവിയോടു മാത്രം സംസാരിക്കുന്നു. കാവ്യത്തിനു ചെവിയോടും കണ്ണിനോടും സംഭാഷണം ചെയ്യുവാന്‍ ശക്തിയുണ്ട്. പക്ഷേ, ഒരൊറ്റ ഇന്ദ്രിയത്തിലൂടെയുള്ള പ്രവേശനത്തിന് ഒന്നിലധികം ഇന്ദ്രിയങ്ങളിലൂടെയുള്ള പ്രവേശനത്തേക്കാള്‍ ശക്തിയേറുമെന്ന് 'രാജരാജീയ'ത്തില്‍ ഞാന്‍ സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍, കാവ്യത്തിനു ചെവിയിലൂടെയുള്ള പ്രവേശനത്തില്‍ സംഗീതത്തോടോ കണ്ണിലൂടെയുള്ള പ്രവേശനത്തില്‍ മറ്റു സുന്ദരകലകളോടോ വിജയപൂര്‍വ്വം മത്സരിക്കുവാന്‍ സാധിക്കുന്നതല്ല. തന്മൂലം കാവ്യത്തിന് ഇതരകലകളോളം ഐന്ദ്രിയസുഖം നല്കുവാന് കഴിയുന്നതുമല്ല. ഇതരസുന്ദരകലകള് നല്കുന്ന ശക്തിയേറിയ ഇന്ദ്രിയസുഖം കാവ്യത്തിനു നല്കുവാനുള്ള കഴിവുണ്ടാക്കുവാനാണ് വെര്ലെയിനും ശ്രീ ചങ്ങമ്പുഴയും ശ്രമിച്ചത്. ഇത് എത്രമാത്രം സാധ്യമാകുമോ, അത്രമാത്രം സാധിക്കുന്നതില്‍ ഇവര്‍ വിജയിക്കുകയും ചെയ്തു.
ലാവണ്യം എന്നത് ഒരു കലാകൃതിയില്‍ മാത്രം കുടികൊള്ളുന്ന ഒന്നായി വിചാരിക്കുന്നത് ശരിയല്ലായെന്നും ലാവണ്യം ഒരു അനുഭവമാകയാല്‍, അത് ആ കൃതി കാണുന്നവനിലും കേള്‍ക്കുന്നവനിലും കൂടി സ്ഥിതിചെയ്യുന്നു എന്നു വേണം പറയാനെന്നും, അമേരിക്കന്‍ ആലങ്കാരികനായ സി. ജെ. ഡുക്കാസും, ചില പ്രാചീനജാപ്പനീസ് ആലങ്കാരികരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ലാവണ്യത്തിന്റെ കാമ്പ് എന്താണെന്നു നിര്ണയിക്കുവാന് കഴിയുകയില്ലെന്നും അതിന്റെ ഫലത്തേ മാത്രമേ നിര്‍ണ്ണയിക്കുവാന്‍ സാധിക്കുകയുള്ളുവെന്നുമാണ് ഇതിന്റെ അര്‍ത്ഥം. ചിലതരം വായനക്കാര്‍ക്ക് സംഗീതം പോലെ ചെവിയിലൂടെ പ്രവേശിക്കുന്ന കാവ്യമേ ലാവണ്യപൂര്‍ണ്ണമായി തോന്നുകയുള്ളു. ലാവണ്യത്തെ സംബന്ധിച്ചുള്ള കേരളീയരുടെ നരവംശപരമായ പ്രകൃതി ഇത്തരത്തിലാണെന്നു ഞാന്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ചരിത്രാതീതകാലചരിത്രഗവേഷണലേഖനങ്ങളില് ചൂണ്ടിക്കാണിച്ചിരുന്നു. അവരുടെ വൃത്തത്തിന്റെ ഗാനാത്മകത്വവും ഇതു സ്പഷ്ടമാക്കുന്നുണ്ട്. കേരളീയരുടെ പ്രാചീനമായ പല ജനകീയശീലുകളേയും ചങ്ങമ്പുഴ തന്റെ കാവ്യങ്ങള്‍ മുഖേന പുനര്ജ്ജീവിപ്പിച്ചിട്ടുള്ളതും ഇവിടെ ശ്രദ്ധേയമാണ്.
കേരളീയകവികളില്‍ ചെവിക്കു പരമമായ ഇമ്പം നല്കുന്ന കവി ശ്രീ ചങ്ങമ്പുഴ മാത്രമാകയാല്‍, ചെവിക്കുള്ള പരമമായ ഇമ്പം പരമലാവണ്യമാണെന്നു നൈസര്‍ഗികമായി വിചാരിക്കുന്ന കേരളീയ ജനതയിലെ ഭൂരിപക്ഷക്കാരും തങ്ങള്‍ നാശമടയുന്നതു വരെ അദ്ദേഹത്തെ തങ്ങളുടെ ഓമനക്കവിയായി പരിഗണിക്കുമെന്ന് പ്രവചിക്കാവുന്നതാണ്. ഇപ്രകാരം കേരളീയരുടെ വംശവാസനകളെ പുനര്‍ജ്ജീവിപ്പിക്കുകയും, വാല്മീകി, ഭാസന് എന്നീ ഒന്നാംതരം ഭാരതീയസാഹിത്യകാരന്മാരെ അനുകരിച്ചു ദുരന്തകൃതികള്‍ വിരചിക്കുകയും ചെയ്തു വരുന്ന ശ്രീ ചങ്ങമ്പുഴ വിദേശിഭ്രമക്കാരനാണെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവര്‍ വിദേശത്തില്‍ നിന്ന് ഇറക്കുമതി ചെയ്ത മനംനോക്കി സാഹിത്യപ്രസ്ഥാനത്തില്പ്പെട്ടവരാ ണെന്നുള്ള വസ്തുതമനസ്സിലാക്കിയിട്ടുള്ളവര് ചിരിച്ചു ചിരിച്ചു ചാവാറായിരിക്കുന്നു.
ശ്രീ ചങ്ങമ്പുഴയെ മുകളില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളവിധം ബാലിശമായി ആക്ഷേപിക്കുന്നവര്‍ അങ്ങനെ ചെയ്തുവരുന്നതിനുള്ള ഒരു കാരണം സൂക്ഷ്മനിരീക്ഷകനായ ശ്രീ വക്കം അബ്ദുല്‍ഖാദര്‍ തന്റെ 'തൂലികാചിത്ര'ത്തില്‍ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: "ചങ്ങമ്പുഴ പാടുമ്പോള്‍, നമ്മുടെ മഹാകവികളുള്പ്പെടെ കേരളത്തിലെ കണക്കറ്റ മഹാകവികളില്‍ ഭൂരിപക്ഷവും തങ്ങള്‍ പാടുകയല്ല, പറയുകയാണു ചെയ്തിട്ടുള്ളതെന്നു വിചാരിച്ച് തങ്ങളുടെ ഭാഗ്യഹീനതയില്‍ സങ്കടപ്പെടുന്നു. അവരില്‍ പലരും ചങ്ങമ്പുഴയെ ചതച്ചാലല്ലാതെ തങ്ങള്‍ക്കു രക്ഷയില്ലെന്നു വിശ്വസിച്ചുപോരുന്നു. അദ്ദേഹത്തെ പുലഭ്യം പറയുന്നവരുടേയും ആക്രമിക്കുന്നവരുടേയും അടിസ്ഥാനം മിക്കപ്പോഴും ആദര്‍ശമല്ല, കടുത്ത അസൂയയായി കാണപ്പെടുന്നു. ഒരു സാധാരണകവിയ്ക്ക് ഒരിക്കലും അസൂയാലുക്കളേയും നിര്ദ്ദയവിമര്ശകന്മാരേയും സൃഷ്ടിക്കുവാന്‍ കഴിയുകയില്ല".
ശ്രീ ചങ്ങമ്പുഴയോടുള്ള അസൂയയേപ്പറ്റി ശ്രീ അബ്ദുല്‍ഖാദര്‍ പറഞ്ഞിട്ടുള്ളതു വെറും പരമാര്‍ത്ഥമാണ്. ആധുനികഭാഷാസാഹിത്യലോകത്ത് ചങ്ങമ്പുഴയേപ്പോലെ കൊടിയ അസൂയയ്ക്കു പാത്രമായ മറ്റൊരു മഹാകവി കുമാരനാശാന് മാത്രമേയുള്ളു. കുമാരനാശാനില്‍ പുരുഷസ്വഭാവാംശം പൊന്തിച്ചു നിന്നിരുന്നതിനാല്‍, നാര്സിസ്സിസ്സം കുറഞ്ഞിരുന്നു എന്നു മുകളില്‍ സൂചിപ്പിച്ചിരുന്നല്ലോ. തന്നിമിത്തം അദ്ദേഹം ഈ അസൂയക്കാരില്നിന്ന് അധികം സങ്കടപ്പെടാതെ സ്ഥലംമാറിപ്പാര്ക്കുക എന്നതു മാത്രമേ ചെയ്തുള്ളു എന്ന് തന്റെ 'ഗ്രാമവൃക്ഷത്തിലെ കുയിലില്‍' ഇങ്ങനെ സൂചിപ്പിച്ചിരിക്കുന്നു:
'ചിത്താനന്ദം കലര്‍ന്നക്കുയിലുടനെ ഖല-
ന്മാരില് നിന്നേതുമാപ-
ത്തെത്തായ്വാനും ശഠന്മാരവരപകൃതിയാല്‍
പാപമേലായുവാനും
സത്താകും മാര്‍ഗ്ഗമെന്നായ് പഴയവസതി കൈ-
വിട്ടു പൊങ്ങിപ്പറന്നി-
ട്ടത്താലോദ്യാനമൊന്നാര്‍ന്നിതു പുരജനതാ-
കര്മ്മപുണ്യോല്ക്കരത്താല്
നമ്മുടെ പ്രതിപാദ്യവിഷയമായ കുയിലാകട്ടേ തന്നിലുള്ള നാര്സ്സിസ്സത്തിന്റെ ആധിക്യം നിമിത്തം പ്രസ്തുത വ്യാധന്മാരുടെ അസൂയാശരമേറ്റു നരകയാതന അനുഭവിക്കുകയാണു ചെയ്തതെന്ന് നമുക്ക് അനുമാനിക്കാന്‍ കഴിയും. കലാകാരന്മാര് തമ്മിലുള്ള അസൂയ ലോകത്തിലെവിടെയും കാണാമെന്നും ചൂണ്ടിക്കാണിക്കേണ്ടതായി വരുന്നു. പാശ്ചാത്യകലാലോകത്തില് നിന്നു ചില ഉദാഹരണങ്ങള്‍ ഉദ്ധരിക്കാം. ഹെന്റി ഇര്‍വിങ് എന്ന പ്രസിദ്ധ നടന് ബെര്‍നാഡ് ഷായോടും, സ്ട്രിന്‍ ബര്ഗിന് ഇബ്സനോടും, ഇബ്സന് ടോള്‍സ്റ്റോയിയോടും, ഡിക്കന്സിന് താക്കറേയോടും, മെറിഡിത്തിന് ഡിക്കന്സിനോടും, ഹെന്റി ജെയിംസിന് ഹാര്ഡിയോടും അസൂയ തോന്നിയിരുന്നു. അനതൊലെ ഫ്രാന്‍സ് എന്ന സുപ്രസിദ്ധ ഫ്രഞ്ച് സാഹിത്യകാരന് മരിച്ചയുടനേ അദ്ദേഹം ഒരു നിസ്സാര ഗ്രന്ഥകാരനാണെന്ന് ജീഡ്, മൊറങ്, മോര്വാ മുതലായ ഫ്രഞ്ച് സാഹിത്യകാരന്മാര് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഷായും ഇബ്സനും ടോള്‍സ്റ്റോയിയും താക്കറെയും ഡിക്കന്‍സും ഹാര്‍ഡിയും ഫ്രാന്‍സും അധികം ജനപ്രീതി നേടിയിരുന്നതിനാല്‍ ഇതിനു സാധിക്കാത്ത മുകളില്‍ പ്രസ്താവിച്ച സാഹിത്യകാരന്മാര്ക്ക് അവരോട് അസൂയ തോന്നുകയുണ്ടായി. ചങ്ങമ്പുഴയുടെ കാര്യം വിഗണിച്ച് ഭാഷാസാഹിത്യത്തില്‍ നോക്കുന്നതായാലും ഇവിടുത്തെ സാഹിത്യകാരരില്‍ പലരുടെയിടയ്ക്കും കൊടിയ അസൂയ കളിയാടുന്നതു കാണാം. ടെക്സ്റ്റ് ബുക്കാക്കാത്ത ഭാഷയിലെ മറ്റൊരു പദ്യകൃതിക്കും 'ചങ്ങമ്പുഴയുടെ രമണന്' എന്ന നാടകീയകാവ്യത്തെപ്പോലെ പതിമ്മൂന്നു പതിപ്പുകള്‍ ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും, അവയില്‍ മിക്കവയ്ക്കും ഒരു രണ്ടാംപതിപ്പിനുപോലും ഭാഗ്യമുണ്ടായിട്ടില്ലെന്നും മനസ്സിലാക്കിയാല്‍ ചങ്ങമ്പുഴ ഇതരകവികളില്‍ പലരിലും ജനിപ്പിച്ച അസൂയ കണ്ട് അദ്ഭുതപ്പെടുന്നതല്ല. ഈ അസൂയയെപ്പറ്റി ചങ്ങമ്പുഴ പ്രകൃതഗ്രന്ഥത്തില്‍ ഇപ്രകാരം പ്രസ്താവിച്ചിട്ടുമുണ്ട്:
'തമ്മില്ത്തമ്മിലസൂയമൂലമളവി-
തുള്ളനര്ത്ഥങ്ങളാ-
ലിമ്മന്നില്‍ സുഖജവിതം ശിഥിലമാ-
ക്കിത്തീര്‍ത്തു കഷ്ടം! നരന്
കമ്രശ്രീമയവിശ്വഗേഹമവനാ-
വാസത്തിനായീശ്വരന്
നിര്മ്മിച്ചേകിയതും കൃതഘ്നനവനോ
വെട്ടിപ്പകുത്തു ശഠന്‍.'
ചങ്ങമ്പുഴയെ ആക്ഷേപിക്കുന്നതിനു കച്ചകെട്ടിപ്പുറപ്പെട്ടിരുന്നവരി ല്‍ എല്ലാവരും അസൂയയാല്‍ പ്രേരിതരായിട്ടല്ല അതിനു മുതിര്‍ന്നിരുന്നത്. ഇവരില്‍ സഞ്ജയനെപ്പോലെയുള്ള ഒരു കൂട്ടര് ചങ്ങമ്പുഴയെ ആക്ഷേപിച്ചത് സാഹിത്യപ്രസ്ഥാനങ്ങളെക്കുറിച്ചുള്ള അവരുടെ അജ്ഞതനിമിത്തമായിരുന്നു. സാഹിത്യം കേവലം ഒരു വ്യക്തിപരമായ പ്രവര്‍ത്തനമാണെന്നും, പരിവര്‍ത്തനരഹിതമായി അത് എന്നും ഒരുപോലെയിരിക്കുമെന്നും ഇവര്‍ വിചാരിച്ചിരുന്നു. എന്നാല്‍ വാസ്തവം ഇതല്ല. സാഹിത്യരചന ഒരു സാമുദായികപ്രവര്ത്തനമാണ്. സമുദായത്തില്‍ കാലാനുസൃതമായി മാറിമാറിവരുന്ന അഭിപ്രായഗതിക്കനുസരണമായി സ്ഹിത്യപ്രസ്ഥാനങ്ങള് ജനിച്ചുകൊണ്ടിരിക്കും. ഒരു പ്രസ്ഥാനത്തില്‍പ്പെടുന്ന കൃതി മറ്റൊന്നില്പ്പെടുന്ന ഒന്നില്‍നിന്നു പാടേ വ്യത്യാസപ്പെട്ടിരിക്കും; ഇതിനു കാരണം ഓരോ പ്രസ്ഥാനത്തിനും ഓരോ പ്രത്യേകാദര്ശവും പ്രത്യേകലക്ഷണങ്ങളും ഉണ്ടായിരിക്കുമെന്നും തന്നിമിത്തം ഓരോ പ്രസ്ഥാനത്തിലേയും കൃതി അതിന്റെ പ്രത്യേകാദര്ശത്തേയും ലക്ഷണങ്ങളേയും ആസ്പദിച്ച് രചിച്ചിട്ടുള്ള ഒന്നായിരിക്കുമെന്നുമുള്ളതാണ്. പ്രസ്ഥാനങ്ങളുടെ ഭിന്നാദര്ശങ്ങളും ഭിന്നലക്ഷണങ്ങളും ഉദാഹരിക്കുവാനായി ഭാഷാസാഹിത്യലോകത്ത് ഇന്ന നാടു വാഴുന്ന മനംനോക്കി (റൊമാന്റിക്) പ്രസ്ഥാനത്തിന്റേയും, ഈ നാടുവാഴ്ച്ചയെ അവസാനിപ്പിച്ചുകൊണ്ട് സിംഹാസനം കരസ്ഥമാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പരാജയ(റിയലിസ്റ്റ്)പ്രസ്ഥാനത്തിന്റേയും ആദര്‍ശങ്ങളും ലക്ഷണങ്ങളും ചുവടേ ചേര്‍ക്കുന്നു.
ഇന്നത്തെ ദൈനംദിനസാമുദായികജീവിതത്തില് നിന്നു മുഖംതിരിച്ചു ഭാവനാപരമായ ഒരു ആദര്‍ശജീവിതം കാട്ടിക്കൊടുക്കുക, വ്യക്തിമാഹാത്മ്യം പ്രത്യക്ഷമാക്കുക, പ്രകൃതിസൗന്ദര്യത്തെയോ പ്രകൃതിസൗന്ദര്യസ്രഷ്ടാവായ ദൈവത്തിന്റെ മഹത്വത്തേയോ ആരാധിക്കുക, ചരിത്രവീരന്മാരേ ആരാധിക്കുന്നതിനു ശീലിപ്പിക്കുക എന്നീ ഘടകങ്ങളാണ് മനംനോക്കിപ്രസ്ഥാനത്തിന്റെ ആദര്‍ശത്തിലെ മുഖ്യഘടകങ്ങള്‍. ഈ പ്രസ്ഥാനത്തിന്റെ ലക്ഷണങ്ങള്‍ പത്താണ്: (1) വ്യക്തിയുടെ പുരോഗതിയുടെ കഴിവുകള്‍ക്കു സീമയില്ലെന്നുള്ള വിശ്വാസം; (2) ജിജ്ഞാസ; (3) സ്വയം വേദനപ്പെടുത്തി ആനന്ദമനുഭവിപ്പിക്കുന്നതിനുള്ള വാസന (മനശ്ശാസ്ത്രഭാഷയില്, മസോക്കിസം); (4) ഒരൊറ്റ ഒഴുക്കുകൊണ്ട് മാത്രം തങ്ങളുടെ കൃതികള്‍ക്കു അംഗോപാംഗഘടന നിര്‍വ്വഹിക്കുക; (5) ഫ്രായിഡിന്റെ ഭാഷയില്‍ ഇഗോ(അഹംബോധം) റിയാലിറ്റിക്കു(പരിതഃസ്ഥിതിക്കു) കീഴടങ്ങുന്നതിനേക്കാളധികം സൂപ്പര്‍ ഇഗോയ്ക്കും(മനസ്സാക്ഷി, മതവിശ്വാസം, സന്മാര്ഗ്ഗതത്ത്വം മുതലായവയ്ക്കും) ഇദ്ദിനും(ഉപബോധ മനസ്സിന്റെ അടിത്തട്ടിനും) കീഴടങ്ങിയിരിക്കുക; (6) ദേശീയ, അഥവാ പ്രാദേശികമനഃസ്ഥിതി; (7) നവരസങ്ങള്‍ക്കും തുല്യപ്രാധാന്യം; (8) ശാലീനവും കലുഷവും ഉജ്ജ്വലവുമായ രീതികള്‍, ദ്രാക്ഷാപാകമോ, നാളികേരപാകമോ ആവാം; (9) പ്രസാദാത്മകത്വം; (10) കുറഞ്ഞ തത്ത്വഭ്രമം; അതായത്, സമുദായജീര്ണ്ണിപ്പിനെപ്പറ്റി ബോധമുണ്ടെങ്കിലും, അത് ഒരു മുഖ്യതത്ത്വമാക്കി സ്വീകരിക്കാതെയിരിക്കുന്നത്.
സമുദായവും അതിലെ സ്ഥാപനങ്ങളും ഇന്നു ജീര്ണ്ണിച്ചുപോയിരിക്കുന്നു എന്നും, ഈ സമുദായം മാഹാത്മ്യമേറുന്ന ഓരോ വ്യക്തിയേയും മഹാപീഡ ഏല്പിച്ചുവരുന്നു എന്നും, സമുദായത്തെ ധരിപ്പിച്ച് അതിനെ പരിവര്ത്തനോന്മുഖമാക്കണമെന്നു ള്ളതാണ് പരാജയപ്രസ്ഥാനത്തിന്റെ ആദര്‍ശം. ഈ പ്രസ്ഥാനത്തിനും പത്തു ലക്ഷണങ്ങളുണ്ട്: (1) വ്യക്തിയുടെ പുരോഗമനത്തിന്റെ കഴിവുകള്‍ക്ക് സീമയില്ലെന്നുള്ള വിശ്വാസം, (2) താന്‍ സ്നേഹിക്കുന്ന അന്യനു തന്റെ മനഃസ്ഥിതി തുറന്നു കാട്ടിക്കൊടുക്കുന്നതില്‍ ഒരു പ്രത്യേകസന്തോഷം (മനഃശാസ്ത്രഭാഷയില്‍, എക്സിബിഷനിസം); (3) താന്‍ സ്നേഹിക്കുന്ന അന്യനെ വേദനപ്പെടുത്തി സന്തോഷമനുഭവിക്കുവാനുള്ള താല്പര്യം (മനഃശാസ്ത്രഭാഷയില്‍, സാഡിസം); (4) ഏകരൂപമായ ഒരു അന്തരീക്ഷം കൊണ്ടുമാത്രം തന്റെ കൃതിയുടെ അംഗോപാംഗഘടന നിര്‍വ്വഹിക്കുക; (5) ഇഗോ സൂപ്പര്‍ ഇഗോയ്ക്കും, ഇദ്ദിനും കീഴടങ്ങുന്നതിനേക്കാളധികം റിയാലിറ്റിക്കു കീഴടങ്ങിയിരിക്കുക; (6) സാര്വ്വദേശീയമനഃസ്ഥിതിയുടെ ഒരു ശാഖയായ സമുദായഭക്തിയടങ്ങിയ മനഃസ്ഥിതി; (7) കരുണം, ബീഭത്സം, ആക്ഷേപഹാസ്യം എന്നീ മൂന്നു രസങ്ങള്‍ക്കു മാത്രം പ്രാമുഖ്യം; (8) ശാലീന, കലുഷ, ഊര്ജ്ജസ്വലരീതികള്; ദ്രാക്ഷാ പാകമോ നാളികേരപാകമോ ആകാം; (9) വിഷാദാത്മകത്വം; (10) ഏറിയ തത്ത്വഭ്രമം; അതായത്, സമുദായ ജീര്‍ണ്ണിപ്പ് എന്ന തത്ത്വത്തില്‍ ഭ്രമം.
ആധുനികഭാഷാസാഹിത്യത്തിലെ രണ്ടു പ്രസിദ്ധപ്പെട്ട ആക്ഷേപഹാസ്യസാഹിത്യകാരന്മാരില്. ഈ.വിയ്ക്കു ജന്മസിദ്ധമായ ഹാസവാസനയും, പിന്നീടു നേടിയ കാവ്യരചനാ സാമര്‍ത്ഥ്യവും, സഞ്ജയനു ജന്മസിദ്ധമായ കാവ്യവാസനയും പിന്നീടു നേടിയ ഹാസസാഹിത്യരചനാപാടവവുമുണ്ടായിരുന്നു. തനിക്കു വ്യക്തിപരമായി അനുഭവിക്കേണ്ടിവന്ന ഒറ്റ ദുഃഖം വരുത്തിവെച്ച ദുര്‍ബ്ബലമായ പരാജയമനഃസ്ഥിതിയാണ് സഞ്ജയനെ, തന്റെ ജന്മവാസന അമര്ത്തിവെച്ചിട്ടു ഹാസസാഹിത്യത്തിലേക്കു ഉന്തിവിട്ടത്. ഈ. വിയ്ക്കു സഞ്ജയനേക്കാള്‍ നിരൂപണസാമര്ത്ഥ്യം ഏറിയിരുന്നതും, സഞ്ജയന് ഈ. വിയേക്കാളധികം കവിതാരചനാസാമര്ത്ഥ്യമുണ്ടായിരുന്നതും മുകളില്‍ പ്രസ്താവിച്ച സംഗതികള്‍ കൊണ്ടു തന്നെയാണ്. ഏതു ഭാഷയ്ക്കും അഭിമാനിക്കാവുന്ന ചങ്ങമ്പുഴയുടെ കൃതികളെ ഈ. വി. അരങ്ങേറ്റിയതും, അവയെ സഞ്ജയന് ആക്ഷേപിച്ചതും ഇതു നിമിത്തമത്രേ. തന്റെ ദുഃഖം ജനിപ്പിച്ച ആക്ഷേപഹാസപോക്ക്, തനിക്കു ജന്മസിദ്ധമായ മനംനോക്കി കവിതാവാസന ഉദിപ്പിച്ച പക്ഷപാതം നിമിത്തം സഞ്ജയന് അതിന്റെ ബദ്ധവിരോധിയായ പരാജയപ്രസ്ഥാനകവിതയുടെ നേര്‍ക്കു തിരിച്ചുപോകയുണ്ടായി. പ്രസാദാത്മകത്വവും സമുദായജീര്ണിപ്പിനെക്കുറിച്ച് വിശ്വാസക്കുറവുമുള്ള മനംനോക്കി പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളും ലക്ഷണങ്ങളും മാനദണ്ഡമാക്കിയാണ് വിഷാദാത്മകത്വവും സമുദായജീര്ണ്ണിപ്പില് ഗാഢവിശ്വാസവുമുള്ള പരാജയപ്രസ്ഥാനകൃതികളെ സഞ്ജയന് ആക്ഷേപിച്ചത്. ഇപ്രകാരം ഇന്നത്തെ മിക്ക ഭാഷാപത്രങ്ങളും പുസ്തകനിരൂപണം നിര്‍വ്വഹിച്ചും വരുന്നു. അത് അധര്മ്മമാണെന്ന് പ്രത്യക്ഷമാകുന്നുണ്ടല്ലോ. പരാജയപ്രസ്ഥാനസ്ഥാപകരായ ചങ്ങമ്പുഴയുടേയും തകഴിയുടേയും നേര്‍ക്കുള്ള സഞ്ജയന്റെ ശരം പൊഴിക്കല്‍ ലാക്കിലെത്താതെ പോയത് ഈ അധര്‍മ്മം കൊണ്ടാണു താനും. കാലഗതിയനുസരിച്ച് ഉദ്ഭവിക്കുന്ന സാഹിത്യപ്രസ്ഥാനങ്ങള്‍, സഹസ്രം സഞ്ജയന്മാരോ രാമക്കുറുപ്പുമാരോ കിഴക്കേപ്പട്ടുകളോ ശീവൊള്ളികളോ പ്രപുഷ്ണാചാര്യപാദന്മാരോ സാഹിത്യപഞ്ചാനനന്മാരോ ഭഗീരഥപ്രയത്നം ചെയ്താലും തുടര്ന്നുപൊയ്ക്കൊണ്ടേയിരിക്കുമെന്നുള്ള പരമാര്‍ത്ഥം കേരളീയര്‍ അറിഞ്ഞിരുന്നാല്ക്കൊള്ളാം.
സഞ്ജയനും കൂട്ടരും ചങ്ങമ്പുഴയില്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ വിഷാദാത്മകത്വം, ദുരന്തകഥാഭിരുചി, സാഹിത്യചോരണം, വിദേശിഭ്രമം മുതലായവയാണ്. വിഷാദാത്മകത്വം ചങ്ങമ്പുഴയുടെ പരാജയപ്രസ്ഥാനത്തിന്റെ ഒരു ലക്ഷണമാകയാല്, ഈ ആക്ഷേപത്തിനു കഴമ്പില്ല. ലോകവീക്ഷണഗതിയില് ഇന്നു വിഷാദാത്മകത്വം പൊന്തിച്ചുനില്ക്കുന്നുണ്ടെന്നു ഞാന്‍ 'മണിനാദം' മുഖവുരയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഇന്നത്തെ സ്ഥിതിക്കു കേരളത്തിന് ഒഴിഞ്ഞുനില്ക്കാന് കഴിയുന്നതുമല്ല. ദുരന്തകഥാഭിരുചിയും അതിന്റെ കാരണമായ കരുണരസപ്രാമുഖ്യവും പരാജയപ്രസ്ഥാനത്തിന്റെ ആദര്‍ശം അതില്‍ വരുത്തിവെച്ചിട്ടുള്ളതാണ്. ഭാരതീയസാഹിത്യകാരുടെ മുന്നില്‍ നില്ക്കുന്ന വാല്മീകിയും ഭാസനും ഈ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഇന്നത്തെ സാഹിത്യഗവേഷണം സ്ഥാപിച്ചിട്ടുണ്ട്. വാല്മീകിരാമായണത്തില് പൊന്തിച്ചുനില്ക്കുന്ന രസം കരുണരസമാണെന്നും, ഭാസന് ഒന്നാംതരം ട്രാജഡികള്‍ രചിച്ചിട്ടുണ്ടെന്നും ഇന്നു കണ്ടുപിടിച്ചിട്ടുണ്ട്. ധനഞ്ജയന്റെ അടിസ്ഥാനരഹിതമായ അഭിപ്രായത്തെ ആസ്പദിച്ചാണ് സംസ്കൃതനാടകങ്ങളില്‍ മരണം കൊണ്ടുവരാന്‍ പാടില്ലെന്നു വിധിച്ചിട്ടുള്ളതെന്ന അഭിപ്രായം ലോകരില്‍ ജനിച്ചിട്ടുള്ളതെന്നു ഞാന്‍ 'രാജരാജീയ'ത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നതും ഇവിടെ ശ്രദ്ധേയമാണ്.
റൊമാന്റിക് സാങ്കേതികമാര്‍ഗ്ഗം പ്രയോഗിച്ചിട്ടുള്ള ഒരു പരാജയപ്രസ്ഥാനകൃതിയായ ചങ്ങമ്പുഴയുടെ 'രമണനെ'പ്പോലുള്ള കൃതികള്‍ ചെറുപ്പക്കാരെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നതാണെന്ന് ഒരു ആക്ഷേപവും ചിലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനു കഴമ്പില്ല എന്നു സ്ഥാപിക്കുവാനായി ഇന്നത്തെ സ്ഥിതിവിവരക്കണക്കുശാസ്ത്രജഞരുടെ മുന്നണിയില്‍ നില്ക്കുന്ന ലൂയി, ഐ. ഡബ്ബിന് എന്ന അമേരിക്കന്‍ ആത്മഹത്യയെപ്പറ്റി പ്രസ്താവിച്ചിട്ടുള്ള ചില സംഗതികള്‍ ചുവടേ ഉദ്ധരിക്കുന്നു. റൊമാന്റിക് മനഃസ്ഥിതി കൂടപ്പിറവിയായിട്ടുള്ള ജര്‍മ്മന്‍ നരവംശക്കാരുടെ ഇടയ്ക്കും, ജപ്പാനിലുമാണ് ആത്മഹത്യ അധികമായുണ്ടാകുന്നത്. ആത്മഹത്യയും കൊലപാതകവും രണ്ടു വിഭിന്നമനഃസ്ഥിതിയില് നിന്നു ജനിക്കുന്നതാണ്. സാധാരണയായി, പെട്ടെന്നുണ്ടായ ആവേശം നിമിത്തമാണ് മനുഷ്യര്‍ കൊലപാതകം ചെയ്യുന്നത്. നേരേമറിച്ച് അനേകം നാളുകളിലൂടെ ചിന്താമഗ്നതയ്ക്കു ശേഷമേ സാധാരണയായി ആത്മഹത്യകള്‍ ഉണ്ടാകാറുള്ളു. പ്രായം ആത്മഹത്യയക്കു ഒരു കാരണമായി ഭവിക്കുന്നു. ബാലന്മാരും ബാലികമാരും പ്രായേണ ആത്മഹത്യ ചെയ്യാറില്ല. യൗവനസഹജമായ മുഷിവും ഇച്ഛാഭംഗവും ആത്മഹത്യയെ ജനിപ്പിക്കാറില്ല. ലോകത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ പകുതിയിലധികവും നാല്പത്തിയഞ്ചുവയസ്സിനു മേല്‍ പ്രായമുള്ളവരാണ്. പുരുഷന്മാരുടെ ഇടയ്ക്കാണ് ആത്മഹത്യ കൂടുതലായിക്കാണുന്നത്. പതിനഞ്ചുവയസ്സുമുതല്ക്കു പത്തൊമ്പതുവരെ പ്രായമുള്ള യുവതികളുടെയിടയ്ക്കു മാത്രമേ യുവാക്കന്മാരുടെ ഇടയ്ക്കുള്ള ആത്മഹത്യയേക്കാള്‍ അധികമായ ആത്മഹത്യകള്‍ കാണുന്നുള്ളു. ആത്മഹത്യയുടെ വിവിധകാരണങ്ങളുടെ ഇടയ്ക്കു സാമ്പത്തികസ്ഥിതിക്ക് ഒരു പ്രബലസ്ഥാനമുണ്ട്. ജര്‍മ്മനിയില്‍ ഗേറ്റേയുടെ റൊമാന്റിക് നോവലായ 'വെര്‍തറുടെ സങ്കടങ്ങള്‍' ഒരു ആത്മഹത്യാമാമൂല് ജനിപ്പിക്കുകയും ചെയ്തിരുന്നു. ഡബ്ലിന്‍ പറഞ്ഞിട്ടുള്ള ഈ സംഗതികളില്‍ നിന്നു 'രമണനെ'പ്പോലെയുള്ള പരാജയപ്രസ്ഥാനകൃതികളല്ല, റൊമാന്റിക് പ്രസ്ഥാനകൃതികളാണ് ആത്മഹത്യ ജനിപ്പിക്കാറുള്ളതെന്നും ചെറുപ്പക്കാര്‍ അപൂര്‍വ്വമായി മാത്രമേ ആത്മഹത്യ ചെയ്യാറുള്ളു എന്നും സുവ്യക്തമാകുന്നുണ്ടല്ലോ. മനംനോക്കി പ്രസ്ഥാനകൃതികളുടെ മസോക്കിസം നിമിത്തമാണ് ആത്മഹത്യകള്‍ വാസ്തവത്തില്‍ ജനിക്കുന്നതും.
ചങ്ങമ്പുഴയുടെ 'മോഹിനി' എന്ന ലഘുകാവ്യത്തിന് സഞ്ജയന് 'മോഹിതന്‍' എന്നൊരു ഹാസ്യാനുകൃതി രചിക്കുകയുണ്ടായി. പരാജയപ്രസ്ഥാനത്തിന്റെ ഒരു ലക്ഷണമായ സാഡിസത്തെ ചങ്ങമ്പുഴ 'മോഹിനി'യില്‍ പൊന്തിച്ചു കാട്ടിയിട്ടുണ്ട്. സൗന്ദര്യാരാധകനായ കഥാനായകന് സുന്ദരിയായ ഭാര്യയുടെ സൗന്ദര്യം ക്ഷയിച്ചുവരുന്നത് കാണാതെയിരിക്കുവാന്‍ വേണ്ടി അവള് സുന്ദരിയായിരിക്കുമ്പോള്ത്തന്നെ അവളെ കുത്തിക്കൊല്ലുന്നതാണ് ഇതിലെ കഥ. ഇതിലെ സാഡിസം സഞ്ജയനെ അരിശം കൊള്ളിച്ചു. ഇന്നത്തെ മനഃശാസ്ത്രം അങ്ങാടിയോ പച്ചയോ എന്നു സഞ്ജയന് അറിഞ്ഞിരുന്നില്ല. കൂടാതെ റോബര്‍ട്ട് ബ്രൗണിങ് എന്ന ഇംഗ്ലിഷ് മഹാകവിയുടെ 'പൊര്ഫീറയുടെ കാമുകന്' എന്ന കാവ്യത്തിന്റെ ദുര്‍ബലമായ ഒരു അനുകരണമാണിതെന്ന് അദ്ദേഹം ആക്ഷേപിക്കുകയുംചെയ്തു. ബ്രൗണിങിന്റെ കൃതിയ്ക്കും തന്റേതിനും തമ്മിലുള്ള മൗലികമായ വ്യത്യാസം ചങ്ങമ്പുഴ തന്നെ 'മോഹിനി'യുടെ അവതാരികയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സഞ്ജയന്റെയും കൂട്ടരുടേയും സാഹിത്യചോരണവാദവും ദുര്‍ബലമാണ്.
അദൃഷപൂര്വ്വങ്ങളായ ആശയങ്ങളും ഉല്ലേഖങ്ങളും സിംബലുകളും പ്ലാട്ടുകളും മറ്റും വിശ്വസാഹിത്യത്തില്‍ വളരെ അപൂര്‍വമാണെന്നു മാത്രമേ അതുമായി നല്ല പരിചയമുള്ളവര്‍ അഭിപ്രായപ്പെടുകയുള്ളു. ഭാരതത്തിലേയും കേരളത്തിലേയും സാഹിത്യങ്ങളുടേയും കഥയും ഇതു തന്നെയാണ്. ഒരുമഹാകവിക്കു തന്റെ വ്യക്തിപരമായ കാവ്യാനുഭവങ്ങളില്നിന്നു സിദ്ധിച്ച ദര്‍ശനം പ്രത്യക്ഷപ്പെടുത്തുന്നതിന് ഉചിതമായ, അദൃഷപൂര്വ്വങ്ങളായ ഉല്ലേഖങ്ങളും സിംബലുകളും മറ്റും ലഭിക്കാതെ വരുമ്പോള്‍, അന്യകവികളുടേതു പകര്‍ത്തുമ്പോള്‍ സാരമായ ഒരു ദൂഷ്യമുണ്ടാകുന്നതല്ല. ചിത്രകലയെ സംബന്ധിച്ചു ഗോഗിന് എന്ന പ്രസിദ്ധ ഫ്രഞ്ച് ചിത്രകാരന് ഈ അഭിപ്രായം തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. മദ്ധ്യകാലയൂറോപ്പിലെ കലാചോരണം എന്ന ആശയമേ ഉണ്ടായിരുന്നില്ലെന്നും ഉത്തമകലാകൃതികളുടെ ചില ഘടകങ്ങള്‍ പകര്‍ത്തുന്നതില്‍ അന്നത്തെ കലാകാരന്മാര് വിമുഖതരായിരുന്നില്ലെന്നു എറിക് ഗില്‍ എന്ന ഇംഗ്ലിഷ് കലാകാരന് ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. കാളിദാസന്റെ 'മേഘദൂത്' എന്ന സന്ദേശകാവ്യത്തിലെ ചില ആശയങ്ങള്‍ കവര്‍ന്ന അനേകം നല്ല ഭാരതീയകവികളില്‍ ചിലരുടെ പേരുകള്‍ ഞാന്‍ 'രാജരാജീയ'ത്തില്‍ ചേര്ത്തിട്ടുമുണ്ടായിരുന്നു. ഒരു പ്രതിഭാശാലി (ജീനിയസ്സ്) അന്യരോട് ഏറ്റവും അധികം കടപ്പെട്ടവനായിരിക്കുമെന്ന് എമെര്സണ് പറഞ്ഞിട്ടുള്ളത് ഇവിടെ ശ്രദ്ധേയമാണ്. ഔചിത്യമാണ്, അദൃഷപൂര്വ്വകത്വമല്ല, ഒരു മഹാകവിക്കു വേണ്ടതായ പ്രധാനഘടകങ്ങളില്‍ ഒന്ന് എന്ന് ഞാന്‍ 'മണിനാദം' അവതാരികയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ക്ഷേമേന്ദ്രന്‍ എന്ന പ്രസിദ്ധാലങ്കാരികനും പല പാശ്ചാത്യനിരൂപകരും ഔചിത്യത്തിന്റെ സര്‍വ്വപ്രാധാന്യം പ്രഖ്യാപനം ചെയ്തിട്ടുമുണ്ട്. ഔചിത്യമുണ്ടെങ്കില്‍, വിദേശിയോ സ്വദേശിയോ എന്ന കാര്യം പരിഗണിക്കേണ്ടതില്ല.
ചങ്ങമ്പുഴയുടെ ശത്രുവര്ദ്ധനത്തിനു മറ്റൊരു കാരണം അനന്യസദൃശ്യമായ തന്റെ കാവ്യരീതിയുടെ ആരാധനമാണ്. ഈ രീതിയുടെ വൈശിഷ്ട്യം ഉപബോധമനസ്സിലൂടെ അറിയുന്നവര്‍ പലരും തങ്ങള്‍ പെടുന്ന സാഹിത്യപ്രസ്ഥാനത്തിലേക്ക് അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടുവന്നു സ്ഥിരമായി ചേര്‍ത്ത് അതിനെ ധന്യമാക്കിച്ചമയ്ക്കുവാന് സാധിക്കുന്നില്ലല്ലോ എന്നു വിചാരിച്ച് അദ്ദേഹത്തെ ആക്ഷേപിച്ചുവരുന്നു. പ്രകൃത ഗ്രന്ഥത്തിലെ 'എന്റെ കവിത' എന്ന ഖണ്ഡകാവ്യത്തിനു കാരണമായ തൃപ്പുണ്ണിത്തുറ മഹാത്മാ വായനാശാലക്കാരുടെ നിശ്ചയം ഇത്തരം ആക്ഷേപങ്ങള്‍ക്ക് ഒരു ഉദാഹരണമാണെന്നു തോന്നുന്നു.
മാമൂലിനെ വെല്ലുവിളിക്കുന്ന തന്റെ ജീവിതരീതിയും യാഥാസ്ഥിതികരില്‍ പലരേയും അദ്ദേഹത്തിന്റെ ശത്രുക്കളാക്കിച്ചമച്ചിട്ടുണ്ട്. പ്രകൃതഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം ഇതുനിമിത്തം ഇവരെ കുറേ ക്ഷോഭിപ്പിച്ചേക്കും. പിത്തപ്പുണ്ണ് (സിഫിലിസ്) എന്ന ഭയങ്കരരോഗത്തിന്റെ കാരണവും ഫലങ്ങളും വ്യംഗ്യമായി ചിത്രീകരിച്ചിട്ടുള്ള ഇബ്സന്റെ 'പ്രേതങ്ങള്‍' ലണ്ടനില്‍, ഇന്‍ഡിപ്പെന്‍ഡന്റ് തിയറ്റേര്‍ സ്ഥാപിച്ച ഗ്രെയിന്‍ 1891-ല്‍ അഭിനയിച്ചപ്പോള്‍ ഇംഗ്ലിഷ് കലാലോകവും സമുദായവും അതിക്ഷുബ്ധമായി ഭവിച്ചു. കേരളത്തിലെ പത്രങ്ങള്‍ 'തെറി' എന്നു പറഞ്ഞു നിഷേധിച്ച ഖണ്ഡകാവ്യങ്ങളായ 'ബ്രഹ്മചാരി', 'ആശ്രമമൃഗം', 'വാളും കത്തി'യും മറ്റുമുള്‍പ്പെടെ, ഇന്നത്തെ കേരളീയസമുദായജീവിതത്തിലെ ഗുപ്തങ്ങളായ പിത്തപ്പുണ്ണുകളാകുന്ന കാപട്യങ്ങളെ കുറേ നഗ്നമായി തുറന്നു കാട്ടുന്നതിനുവേണ്ടി താന്‍ ഭംഗിപൂര്‍വ്വം രചിച്ചിരുന്ന പല കവിതകളും സമാഹരിച്ചു ചങ്ങമ്പുഴ താമസിയാതെ പ്രസിദ്ധീകരിക്കുവാനുദ്ദേശിക്കുന്നതായി അറിയുന്നു. ഇതിന്റെ പ്രസിദ്ധീകരണം പ്രസ്തുത 'പ്രേതങ്ങള്‍' ലണ്ടനില്‍ അഭിനയിച്ചപ്പോള്‍ അവിടെയുണ്ടാക്കിയ ഭയങ്കരമായ കോളിളക്കം ഇവിടെയും ജനിപ്പിക്കുന്നതാണ്. ഇതിന്റെ പ്രസിദ്ധീകരണസമയത്ത് യശ്ശശരീരനായ സഞ്ജയന് ജീവിച്ചിരുന്നുവെങ്കില്‍, തകഴിയുടെ കൃതികളെ ആക്ഷേപിച്ച് അദ്ദേഹം രചിച്ചിട്ടുള്ള 'കപ്പവണ്ടി' എന്ന 'ഓക്കാന'ക്കൃതിയെ വെല്ലുന്ന ഒന്നു ലഭിക്കുവാന്‍ നമുക്കു ഭാഗ്യമുണ്ടാകുമായിരുന്നു.
വ്യക്തിപരമായ അനുഭവങ്ങള്‍ ഉണ്ടാകാതെ ഒരു സാഹിത്യകാരന് ഒരു മഹാകവിയോ, ഒരു യഥാര്ത്ഥകവിയോ ആയിത്തീരുവാന്‍ സാധിക്കുന്നതല്ലെന്നു 'മണിനാദം' അവതാരികയില്‍ ഞാന്‍ സ്ഥാപിച്ചിരുന്നു. ഈ വ്യക്ത്യനുഭവം കൂടാതെ കവിതയെഴുതുന്നവര്ക്കാണ് മാറ്റൊലിക്കവികള്‍ എന്നു ഞാന്‍ അതില്‍ പേരിട്ടിരുന്നത്. ഏതു സാഹിത്യത്തിലും ഭൂരിപക്ഷം കവികളും മാറ്റൊലിക്കവികളായിരിക്കും. വ്യകതിപരമായ കാവ്യാനുഭവങ്ങള്‍ പ്രകൃത്യാ ഉണ്ടാകാതെയിരിക്കുമ്പോള് യഥാര്‍ത്ഥകവികള്‍ അവ ജനിപ്പിക്കുന്ന ജീവിതം തേടിപ്പോകുന്നതാണ്. കാവ്യലോകത്തിലെ ഈ പരമാര്‍ത്ഥം അറിയാവുന്നവര്‍ ഇങ്ങനെ ചെയ്തതിനു വെര്ലെയിനേയും ചങ്ങമ്പുഴയേയും പഴി പറയുന്നതല്ല. ചങ്ങമ്പുഴയുടെ ഇത്തരത്തിലുള്ള ജീവിതം അദ്ദേഹത്തിന്റെ കൃതികളുടെ മാറ്റു കൂട്ടിയിട്ടുണ്ടെന്ന് അടുത്തു തന്നെ സ്ഥാപിക്കുന്നതുമാണ്.
ഫ്രഞ്ച് മഹാകവി വെര്ലെയിന്റെ ജീവിതരീതിയ്ക്കും, ചങ്ങമ്പുഴയുടേതിനും തമ്മില്‍ കുറേയധികം സാദൃശ്യമുണ്ട്. ഈ ലോകത്തു മനുഷ്യനുരണ്ടുതരം ജീവിതം നയിക്കാന്‍ സാധിക്കുമെന്ന്,
'സംസാരേ സ്വല്പസാരേ പരിണതിതരളോ-
ദ്വേഗധീ പണ്ഡിതാനാം
തത്ത്വജ്ഞാനാമൃതാംഭഃപ്ലവലളിതധിയ
യാതുകാമാ കദാചിത്
നോചേത് മുഗ്ദ്ധാംഗനാനാം സ്തനജഘനഘനാ-
ഭോഗസംഭോഗിനീനാം
സ്ഥൂ ലോപസ്ഥസ്ഥലീഷു സ്ഥഗിതകരതല-
സ്പര്ശലീലോദ്യമാനാം'
എന്ന ശ്ലോകത്തില്‍ ഭര്‍തൃഹരി പറഞ്ഞിട്ടുണ്ട്. തത്ത്വജ്ഞാനം അതായത് മതം, ലൗകികസുഖാനുഭവം എന്നീ മാര്ഗ്ഗദ്വയങ്ങള് മാത്രമേ ഭര്‍തൃഹരിയുടെയും വെര്ലെയിന്റേയും കാലങ്ങളിലുണ്ടായിരുന്നുള്ളു. ഈ രണ്ടുതരം ജീവിതവും വെര്‍ലെയിന്‍ മാറി മാറി നയിച്ചുവന്നിരുന്നു. ഇന്നാകട്ടെ മൂന്നാമത് ഒരു മാര്‍ഗ്ഗവും കൂടിയുണ്ടായിട്ടുണ്ട്. ഇതു സമുദായവിപ്ലവമാണ്. ചങ്ങമ്പുഴ പ്രസ്തുത മൂന്നുമാര്ഗ്ഗങ്ങളില് ഒന്നില്‍ നിന്നു മറ്റേതിലും, ഇതില്‍ നിന്ന് മൂന്നാമത്തേതിലും ചാഞ്ചാടി ജീവിതം നയിച്ചുവന്നിരുന്നുവെന്ന് അദ്ദേഹത്തിന്റെ കവിതകള്സ്ഥാപിക്കുന്നുണ്ട്. വെര്‍ലെയിന്‍ തൊഴിലാളികളുടെയും ദരിദ്രരുടെയും ഭിക്ഷക്കാരുടെയും കുറ്റക്കാരുടെയും ചങ്ങാതിയായിത്തീരുന്നതിന് ചങ്ങമ്പുഴയുടെ വിപ്ലവഗാനരചനയോട് സാദൃശ്യമുണ്ട്.
സമുദായവിപ്ലവത്തിലേക്കുള്ള ചങ്ങമ്പുഴയുടെ താല്ക്കാലികചാട്ടങ്ങള്ക്കൊണ്ട് അതിനു ശക്തിയുണ്ടാകുന്നില്ലെന്ന ആക്ഷേപം ശ്രീ. വക്കം അബ്ദുല്‍ഖാദര്‍ തന്റെ തൂലികാചിത്രങ്ങളില്‍ ഇങ്ങനെ പുറപ്പെടുവിച്ചിരിക്കുന്നു: 'അദ്ദേഹം സാമന്യോദ്ധാരണത്തെ ഉന്നമാക്കിക്കൊണ്ടു വിപ്ലവഗാനങ്ങള്‍ എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹം വിപ്ലവകാരിയല്ല... അദ്ദേഹം ചൂടില്ലാത്ത പ്രകാശമാണ്. പൂനിലാവു പൊഴിക്കുമ്പോള്‍ ദ്രവിക്കുന്ന മാനസത്തില്‍നിന്നു വിപ്ലവാഗ്നിയുടെ ഊഷ്മാവ് ഉയരുന്നില്ല. അദ്ദേഹം നിര്ദ്ദയനിയമത്തിന്റെ നേര്‍ക്കയക്കുന്ന വെടിയുണ്ടകള്‍ അലറുകയല്ല പാടുകയാണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഖഡ്ഗം ഖഡ്ഗമല്ല, മധുവും മണവും നിറഞ്ഞ പുഷ്പമാണ്.' ചങ്ങമ്പുഴ നിയമത്തിന്റെ നേര്‍ക്കു സദാ പുഷ്പവൃഷ്ടി നടത്തിക്കൊണ്ടിരുന്നെങ്കില്‍ അതിനിടയില്‍ അമുങ്ങി അത് ശ്വാസംമുട്ടി ചത്തുപോയേനേ എന്നു മാത്രമേ ഞാന്‍ ഇതിനെപ്പറ്റി പറയുന്നുള്ളു.
ഇനി പ്രകൃതഗ്രന്ഥത്തിലേക്കു കടക്കാം. 2 വരികള്‍ മുതല്‍ക്ക് 132 വരികള്‍ വരെ അടങ്ങിയവയും, 1107 മുതല്‍ക്ക് 1120 ധനുമാസംവരെ കവി രചിച്ചവയും, പരാജയ-മനംനോക്കി-പുരോഗമനസാഹിത്യപ്രസ്ഥാനങ്ങളില്പ്പെട്ടവയും, കാവ്യമാഹാത്മ്യത്താല് സമത്വരഹിതമായവയുമായ എഴുപത്തിയഞ്ചു കവിതകളുടെ സമാഹാരമാണ് പ്രകൃതഗ്രന്ഥം. ഓരോ കവിതയുടെ രചനത്തീയതിയും ഓരോന്നിനു കീഴില്‍ ചേര്‍ത്തിട്ടുണ്ട്. ഈ 75-ല്‍ 49 കവിതകള്‍ 1119,1120 എന്നീ കൊല്ലങ്ങളില്‍ രചിച്ചവയാണ്. ഈ 49-ല്‍ 17 ദീര്‍ഘകവിതകള്‍ ഉള്‍പ്പെടെ 43 എണ്ണം പ്രസ്തുത രണ്ടു വര്‍ഷങ്ങളിലുമായി നടന്ന കവിയുടെ സ്വന്തം പ്രണയകഥയെയും, ഇതും ഇതിന്റെ ദുരന്തവും വരുത്തിവെച്ച ഫലങ്ങളെയും ആസ്പദിച്ചു രചിച്ചിട്ടുള്ളവയാണ്. സ്പന്ദിക്കുന്ന ഒരു അസ്ഥിമാടമാക്കിച്ചമച്ച കവിതകളില്‍ അറുപതു ശതമാനവും പ്രതിപാദിക്കുന്നതിനാല്‍, ഈ കവിതാ സമാഹാരത്തിനു, 'സ്പന്ദിക്കുന്ന ഒരു അസ്ഥിമാടം' എന്നു പേരിട്ടിട്ടുള്ളത് ഉചിതമാണെന്നു പ്രത്യക്ഷമാകുന്നുണ്ടല്ലോ.
ഈരടിമുതല്ക്ക് 132 വരികള്വരെയുള്ള തന്റെ കവിതകള്‍ മുഴുവനും, കാവ്യഗുണദോഷവിവേചനമെന്യേ, അവയുടെ സൃഷ്ടികാലങ്ങള് കാണിക്കുന്ന കുറിപ്പുകളോടു കൂടി ഒരു കവി തന്റെ സമാഹാരത്തില്‍ ചേര്‍ക്കുന്നത് എന്തിനാണെന്നും, തന്റെ ഉത്തമകവിതകള്‍ മാത്രം അതില്‍ സമാഹരിച്ചാല്‍ പോരേയെന്നുമുള്ള ചോദ്യങ്ങള്‍ പ്രകൃതഗ്രന്ഥത്തിന്റെ പ്രഥമദര്‍ശനത്തില്‍ ഉദിക്കുന്നതാണ്. കവിയുടെ ഓരോ പ്രധാനനിമിഷവും വരുത്തിവെച്ച ചിത്തവൃത്തി നിരൂപകനേ ഗ്രഹിപ്പിച്ച് തന്റെ കാവ്യങ്ങളെ ആത്മചരിത്രപരമായും മനശ്ശാസ്ത്രപരമായും പഠിച്ചു വിമര്‍ശിക്കുന്നതില്‍ അയാളെ സഹായിക്കണമെന്നുദ്ദേശിച്ചാണ് കവി ഇത്തരം പ്രസിദ്ധീകരണരീതി സ്വീകരിച്ചിട്ടുള്ളത്. കാവ്യപരമായ മേന്മ കുറഞ്ഞ കവിതകള്‍കൂടി ഒരു കവിതാസമാഹാരത്തില്‍ ചേര്‍ക്കുന്നതിനുള്ള ന്യായം പ്രസിദ്ധ ഫലിതസാഹിത്യകാരനായ ജി. കെ. ചെസ്റ്റര്‍ട്ടണ്‍ ഇപ്രകാരം ചൂണ്ടിക്കാണിച്ചിട്ടുണ്ട്: 'ഒരു നല്ല നോവല്‍ അതിന്റെ നായകനെക്കുറിച്ചുള്ള പരമാര്‍ത്ഥം നമ്മെ ധരിപ്പിക്കുന്നു; ഒരു ചീത്തനോവലാകട്ടേ, അതു രചിച്ച മനുഷ്യനെക്കുറിച്ചുള്ള പരമാര്‍ത്ഥമാണ് നമ്മോടു പറയുന്നത്.'
ഇന്നത്തെ മനശ്ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തങ്ങളേപ്പറ്റി കവിയും നിരൂപകനും ഒരുപോലെ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയും ശ്രേഷ്ഠതയും ഹെര്‍ബര്‍ട്ട് റീഡ് എന്ന പ്രശസ്ത നിരൂപകന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്: 'നമ്മുടെ കാലത്തെ ശാസ്ത്രീയമനസ്ഥിതി കലാകാരനും, ഇദ്ദേഹത്തിന്റെ പ്രതിനിധിയായ നിരൂപകനും അവശ്യാവശ്യമായി അംഗീകരിക്കേണ്ടതായ ഒരു കാര്യമല്ല. കലയും ശാസ്ത്രവും സത്യത്തെ കണ്ടു പിടിച്ചു ചിത്രീകരിക്കുവാനുള്ള രണ്ടു സ്വതന്ത്രമാര്ഗ്ഗങ്ങളായി മാത്രമേ എന്നും വര്‍ത്തിച്ചിട്ടുള്ളു. എന്നാല്‍ മനസ്സിനെ വിഷയമാക്കിയിട്ടുള്ള ഒരു ശാസ്ത്രീയവകുപ്പു സ്ഥാപിതമായ ഇന്ന് ഒരു പുതിയ സ്ഥിതി ആവിര്‍ഭവിച്ചിരിക്കുന്നു.' എന്ന് അദ്ദേഹം പറയുന്നു. കൂടാതെ, നവീനമനശ്ശാസ്ത്രത്തില് നിന്നു ആരംഭിച്ചു കലയില്‍ എത്തിച്ചേരാമെന്നു വിചാരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ പരാജയപ്പെടുമെന്നും, എന്നാല്‍ ആധുനികമനശ്ശാസ്ത്രത്തിന്റെ മാനസികാപഗ്രഥനം ലളിതമായി സാഹിത്യസൃഷ്ടിയില്‍ പ്രയോഗിക്കുന്നത് കാവ്യസൃഷ്ടിയുടെ മാര്‍ഗ്ഗം ഗ്രഹിക്കുന്നതിനും ഒരു സാഹിത്യസൃഷ്ടിയുടെ മേന്മ നിര്‍ണ്ണയിക്കുന്നതിനും സഹായകരമായിരിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്നത്തെ മനശ്ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തങ്ങള്‍ ഒരു പുതിയ മതത്തിന്റെ സ്ഥാപനം വരുത്തിവെക്കുന്ന ഫലങ്ങള്‍ക്കു സദൃശ്യമായുള്ളവ ജനിപ്പിച്ചുതുടങ്ങിയിരിക്കുന്നു എന്നു സുപ്രസിദ്ധശാസ്ത്രജ്ഞനും ചിന്തകനുമായ ജെ. ബി. എസ് ഹാല്‍ഡെയിന്‍ ചൂണ്ടിക്കാണിച്ചിരുന്നതും ഇവിടെ ശ്രദ്ധേയമാണ്. പിന്നെയും, കാവ്യസൃഷ്ടിയുടെ മനശ്ശാസ്ത്രപരവും യാന്ത്രികവുമായ പടികള്‍ ഗ്രഹിക്കുവാനായി യുണൈറ്റഡ് സ്റ്റേറ്റ്സിലെ ബഫിലോ സര്വ്വകലാശാലക്കാരുടെ വക ലാര്‍ക്കു വുഡ് മെമ്മോറിയല്‍ ലൈബ്രറിയുടെ നായകന്മാര് ആധുനികകവികളില്‍ പ്രധാനികളുടെ കാവ്യങ്ങളുടെ ആദിരൂപങ്ങളെ, അഥവാ നക്കലുകളെ- അതായത് തേച്ചുമിനുക്കി പ്രസിദ്ധീകരിക്കുന്നതിനു മുമ്പുള്ള രൂപങ്ങളെ- ശേഖരിക്കുവാന്‍ തുടങ്ങിയിരിക്കുന്ന വസ്തുതയും ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ.
പ്രകൃതഗ്രന്ഥത്തിലെ 20 വരിക്കുമേലുള്ള 25 ദീര്‍ഘകവിതകളില്‍ 'ഉപാസിനി' മാത്രമേ പൂര്‍ണ്ണമായ സ്വതന്ത്രകൃതിയാകാതെയിരിക്കുന്നുള്ളു. ഈ മനംനോക്കിക്കാവ്യം ദ്വിജേന്ദ്രലാല്‍ റോയിയുടെ 'മേവാഡ്പതന്' എന്ന നാടകത്തിലെ ഒരു രംഗമാണ്. ശേഷിച്ച 24 ദീര്‍ഘകവിതകളില്‍, രണ്ടു പുരോഗമനസാഹിത്യപ്രസ്ഥാനകവിതകളും, അഞ്ചു മനംനോക്കിപ്രസ്ഥാനകവിതകളും, ശേഷിച്ച പതിനേഴും പരാജയപ്രസ്ഥാനകവിതകളുമാകുന്നു. പുരോഗമനകവിതകള് 'ഭാവത്രയം', 'പട്ടിണിക്കാര്‍' എന്നിവയും, മനംനോക്കിക്കവിതകള് 'വിവാഹാശംസ', 'ആനന്ദലഹരി', 'ജീവിതം', 'ആ കുഗ്രാമത്തില്‍', 'തെങ്ങുകളുടെ വിഡ്ഢിത്തം' എന്നിവയുമാകുന്നു. ശേഷിച്ച പരാജയപ്രസ്ഥാനകവിതകളുടെ പേരുകളോ, ആദിവരിയുടെ ഭാഗമോ ചുവടെ ചേര്‍ക്കുന്നു: 'സ്പന്ദിക്കുന്ന അസ്ഥിമാടം', 'അതിമാനുഷന്‍', 'ഹൃദയമുള്ള സര്‍പ്പം', 'ഒരു കഥ', 'അത്യന്തദീനമായേറെ ദൂരത്തുനിന്ന്', 'ഒരു ദിവസം പുലരൊളിയില്‍', 'പച്ച', 'നക്ഷത്രം', 'എന്റെ കവിത', 'മാമകമാനസവേദിയില്', 'വൈരുദ്ധ്യം', 'എന്തും മറക്കുന്നതെന്തും', 'എന്നിട്ടും വന്നില്ല', 'മരിച്ച സ്വപ്നങ്ങള്‍', 'ഒരു പുലപ്പെണ്ണിന്റെ പാട്ട്', 'സൗഹൃദമുദ്ര', 'ശാലിനി', 'പഞ്ചഭൂതാഭിയുക്തം' ഇവയില്‍ 'എന്റെ കവിത', 'ഒരു പുലപ്പെണ്ണിന്റെ പാട്ട്' എന്നീ രണ്ട് ഒഴിച്ചു ശേഷിച്ചവ കവിയുടെ സ്വന്തം പ്രണയകഥയെ ആസ്പദിച്ചു രചിച്ചിട്ടുള്ളവയാണ്. 'അതിമാനുഷന്‍', 'എന്റെ കവിത' എന്നിവയില്‍ ആക്ഷേപഹാസരസമാണ് പൊന്തിച്ചുനില്ക്കുന്നു. ശേഷിച്ച പരാജയകവിതകളില് കരുണ രസമാണു പൊന്തിച്ചുനില്ക്കുന്നത്. 'ഒരു കഥ' എന്നതില്‍ കവി സിംബോളിക് സാങ്കേതികമാര്‍ഗ്ഗം പ്രയോഗിച്ചിട്ടുമുണ്ട്.
വെര്ലെയിന്റെ കൃതികളുടെ ഇടയ്ക്ക് 'സജെസ്സ്' (വിവേകം) എന്ന ശ്രേഷ്ഠവും പ്രസിദ്ധവുമായ കാവ്യസമാഹാരത്തിനുള്ള മുന്നണിസ്ഥാനം 'സ്പന്ദിക്കുന്ന അസ്ഥിമാട'ത്തിനു ചങ്ങമ്പുഴക്കൃതികളുടെ ഇടയ്ക്കുണ്ടായിരിക്കുന്നതാണ്. ചങ്ങമ്പുഴ മംഗളോദയം മാസികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധപ്പെടുത്തിവരുന്ന 'മഗ്ദലനമോഹിനി' എന്ന കാവ്യത്തിനും, പ്രഭാതം വാരികയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള 'രാധ' എന്ന നാടകീയകാവ്യത്തിനും വെര്ലെയിന്റെ മറ്റു മതപരമായ കാവ്യങ്ങലോടും സാദൃശ്യമുണ്ട്. മഗ്ദലനമോഹിനി കവിയുടെ തന്നെ സിംബലാണ്; ഇതു പോലെ രാധയിലെ ശ്രീകൃഷ്ണനും, രാധ കവിയുടെ പ്രസ്തുത പ്രേമകഥയിലെ നായികയുടെ സിംബലുമാണ്.
'സജെസ്സ്' എന്ന കൃതിയിലെ ആദിഗീതകങ്ങളില് വെര്‍ലെയിന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: 'നിര്‍ദ്ദയമായ മനുഷ്യരേ!, ഈ ലോകത്തിലെ നൃശംസവും വിരൂപവുമായ ജീവിതമോഹവും ഇവിടത്തെ ചുംബനങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും അകലെയായി, ബാലിശവും അതിലളിതവുമായ ഹൃദയവും നന്മയും ബഹുമാനയോഗ്യതയുമുള്ള ഏതോ ഒന്നു മലമേല്‍ നിവസിക്കുന്നില്ലേ? സാധുആത്മാവേ, കണ്ണടച്ചുകൊണ്ട് ഉടനേതന്നെ അതിനികൃഷ്ടങ്ങളായ പ്രലോഭനങ്ങളില്‍ നിന്നുപിന്തിരിയുക. പഴയ മൂഢത വീണ്ടും പുറപ്പെടാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍, ആ കളങ്കങ്ങളില്‍ നിന്നു ഓടിപ്പോയാലും... വിസ്തൃതവും ലളിതവുമായ മദ്ധ്യകാലങ്ങളിലേക്ക്, അസ്ഥിമാടത്തിന്റെ ഭാവവും ദയനീയങ്ങളായ വിഷയസുഖങ്ങളും നിറഞ്ഞ ഇന്നത്തെ കാലത്തിന് അകലെയുള്ള ഒരു കാലത്തിലേക്ക്, എന്റെ ഹൃദയത്തേ നയിക്കുവാന്‍ എനിക്ക് ആഗ്രഹമുണ്ട്. അവിടെ ജീവിതാത്മാവിന്റെ ഒരു അംശമായും, സന്ന്യാസിയായും, നന്മ ചെയ്യുന്നവനായും നല്ല വിചാരങ്ങളുള്ളവനായും രൂപാന്തരപ്പെടുവാനും ആ ദേവാലയത്തിലെ ശിലാനിര്മ്മിതങ്ങളായ മുറികളുടെ മുകളിലുള്ള കുരിശിന്റെ അനന്യസദൃശമായ ഉന്മാദത്താല് നയിക്കപ്പെട്ട്, ഉന്നത മതതത്ത്വങ്ങളും ഉറച്ച സന്മാര്ഗ്ഗസിദ്ധാന്തങ്ങളും അറിയുന്നവനായി ഭവിക്കുവാനും ഞാന്‍ മോഹിക്കുന്നു.'
വെര്‍ലെയിന്‍ ഇതില്‍ സൂചിപ്പിച്ചിട്ടുള്ള ലോകരുടെ ക്രൂരതയും, ജീവിതത്തിലെ അസൂയാദിവൈരൂപ്യങ്ങളും, സ്വന്തം പാപസമ്മതവും, വിഷയസുഖങ്ങളോടും ലൗകികജീവിതത്തോടുമുള്ള കയ്പും, വെറുപ്പും, കൊടിയ നൈരാശ്യവും, വേദാന്തചിന്തയിലേക്കു പോകുവാനുള്ള ഭാവവും, പ്രകൃതഗ്രന്ഥത്തില്‍ പൊന്തിച്ചുനില്ക്കുന്നു. ഈ മനസ്ഥിതി ചങ്ങമ്പുഴയില്‍ സ്ഥിരമായി നിലനില്‍ക്കുമെന്നു തോന്നുന്നില്ലെന്നും ഇടയ്ക്കു പ്രസ്താവിച്ചുകൊള്ളട്ടെ. പ്രസ്തുത മനസ്ഥിതിക്കുള്ള ചില ഉദാഹരണങ്ങള്‍ പ്രകൃതഗ്രന്ഥത്തില്‍ നിന്ന് ഉദ്ധരിച്ചുകൊള്ളുന്നു:
1
'അബ്ദമൊന്നു കഴിഞ്ഞിതാ വീണ്ടു-
മസ്സുദിനമതെന്‍ മുന്നിലെത്തി.
ഇച്ചുരുങ്ങിയ കാലത്തിനുള്ളി-
ലെത്ര കണ്ണീര്‍പ്പുഴകളൊഴുകി!
അത്തലാലലം വീര്‍പ്പിട്ടു വീര്‍പ്പി-
ട്ടെത്ര കാമുകഹൃത്തടം പൊട്ടി!
കാലവാതമടിച്ചെത്ര കോടി
ശ്രീലപുഷ്പങ്ങള്‍ ഞെട്ടറ്റുപോയി;
പൊട്ടിടാത്തതെന്തെന്നിട്ടുമയ്യോ
കഷ്ടമിക്കൊച്ചു നീര്‍പ്പോളമാത്രം!'
(സ്പന്ദിക്കുന്ന അസ്ഥിമാടം)
2
'ആ നല്ലകാലം കഴിഞ്ഞു; മനോഹര-
ഗാനം നിലച്ചു; പതിച്ചു യവനിക.
വേദനിപ്പിക്കും വിവിധ സ്തുതികളില്‍
വേദാന്തചിന്തയക്കൊരുങ്ങട്ടേ മേലില്‍ ഞാന്‍
അതേരമേല് പൂര്ണ്ണമെന്നോര്ത്തതില്പ്പോലുമൊ-
രല്പമപൂര്ണ്ണതേ കാണ്മു നിന് രേഖകള്‍'
(1120)
3
'പൊട്ടിത്തെറിക്കുന്നൊരാഗ്നേയപിണ്ഡങ്ങ-
ളിട്ടിട്ടു പായും വിമാനങ്ങള്‍ മാതിരി
പാറിപ്പറന്നോടിസംഭവസഞ്ചയം
നീറിദ്ദഹിപ്പിക്കുന്നതെന് നിശ്ശൂന്യജീവിതം!'
(1120)
4
'എന്തും മറക്കുന്നതെന്തും പൊറുക്കുന്ന-
തെന്തുത്തമാരാദ്ധ്യഭാഗധേയം!
എന്നാലതിനെത്തഴുകാന് തുനിയുമ്പോ-
ളെന്നെ വന്നാരോ വിലങ്ങുവയ്പൂ.
ഭീമപ്രചണ്ഡപ്രതീകാരമേ, നിന്റെ
ഹോമകുണ്ഡത്തില്‍ ദഹിക്കണം ഞാന്‍.
എന്നസ്ഥിയോരോന്നൊടിച്ചെടുത്തു നിന്
വെന്നിക്കൊടികള്‍ പറത്തണം ഞാന്‍.
മജ്ജീവരക്തം തളിച്ചു തളിച്ചു നി-
ന്നുജ്ജ്വലദാഹം കെടുത്തണം ഞാന്‍.
ആകട്ടേ, ഞാനിന്നതിന്നുമൊരുക്കമാ-
ണേകാന്തതേ, നീ സമാശ്വസിക്കൂ'
(1120)
5
'പോരാ, കാലമേ, തീരാവേദന
പോരാ, നീയെനിക്കേകിയതൊട്ടും
പോരാടുന്നതു തീരാതങ്ങനെ
പോരാ ഞാനിനി നീ വിളിച്ചാലും'
(1120)
6
'ഇന്നോ?- ജഗത്തേ, നമസ്കരിക്കുന്നു ഞാ-
നെന്നെ നീ വിണ്ടും ചവിട്ടരുതേ!
സ്വപ്നശതങ്ങള്‍തന്നസ്ഥികള്‍ ചിന്നിയ
തപ്തശ്മശാനമിന്നെന് ഹൃദയം!
ഞാനിരുന്നല്പം കരയട്ടെ- നീ നിന്റെ
വീണവായിച്ചു രസിച്ചുകൊള്ളൂ!'
(മരിച്ച സ്വപ്നങ്ങള്‍)
7
'അരുതിനിപ്പാടുവാന്‍- പാടിയിട്ടെ-
ന്താരുമില്ലാരുമില്ലേറ്റു പാടാന്‍
കനകദീപങ്ങള്‍ പൊലിഞ്ഞുപോയി,
കാണികളൊക്കെപ്പിരിഞ്ഞുപോയി,
നവനവോത്തേജനം നല്കിയോരാ
നായികസ്മേരവും മാഞ്ഞുപോയി,
നിഴലും നിരാശയും നീരസവും
നീറും ഹൃദയവും ബാക്കിയായി.
അരുതിനിപ്പാടുവാന്‍- പാട്ടുമൂല-
മഖിലര്‍ക്കും ഞാന്‍ വൃഥാ ശത്രുവായി. അത്തെക്കുനിന്നൊരു കാറ്റു വീശി-
യിദ്ദീപനാളവും കെട്ടിതെങ്കില്!'
(1120)
8
'മതി മമ തകരുന്നു, ദൈവകോപം
പതിയുമെനിക്കു ലഭിക്കുമുഗ്രശാപം;
ഗതിയിവനിനിയില്ല- നിത്യതപ്ത-
സ്മൃതികളിലിങ്ങനെ നീറി ഞാന്‍ മരിക്കും!
ഒരു പിടി മണലിന്നു മേന്മയെന്തു-
ണ്ടൊരുദിനമാ മണല്‍ മണ്ണടിഞ്ഞിടില്ലേ?
വരുവതു വരു,മാക്രമിക്കുമയ്യോ,
പൊരുതുകിലും ഫലമില്ല, കാലു തെറ്റും!
തടയുവതിലൊരര്ത്ഥമില്ലൊഴുക്കാ-
ക്കടയൊടെടുത്തു മറിച്ചുകൊണ്ടുപോകും;
വിടപി കഥയിതാണു, പിന്നെ വാഴ-
ത്തടയുടെയോ?- വിലയിപ്പു, ഹാ, വിധേ, നീ!
ഇവനൊരു കവിപോലും!- ആയിരിക്കാം.
ശിവശിവ, ഞാനതുകൊണ്ടു വീര്‍പ്പുമുട്ടി,
അവസരമിവനില്ല വിശ്രമത്തി-
ന്നവനിയെനിക്കിതൊരഗ്നികുണ്ഡമായി!
കവി, കവി, സുകൃതസ്വരൂപി,യോര്‍ക്കില്‍
ഭൂവിയിതുപോലൊരു ഭാഗ്യശാലിയുണ്ടോ?
എവിടെ നിജപദം, പവിത്രമെങ്ങീ-
യവിഹിതമോഹിതശപ്തപാപകീടം?
ചരിതവറിവതാരെനിക്കു മേന്മേ-
ലെരിയുകയാണു യശ്ശസിനുള്ള ദാഹം
പരിധൃതവിഷവിത്തപാദപത്തില്‍
പരിധിപെടാതെ പടര്‍ന്നിടുന്നു മോഹം!
എവിടെവിടെ വിലക്കിടുന്നു, ഞാന്‍, ഞാ,
നവിടവിടാര്ത്തു മദിച്ചു മത്തടിപ്പൂ.
കവി, കവി, കവിയാണുപോലുമയ്യോ,
കവിണ ചുഴറ്റിയെറിഞ്ഞിടേണ്ടൊരീ ഞാന്‍!
നരനിലനഘദൈവികാംശമേറെ-
ത്തിരളുവതാണു കവിത്വമെന്നിരിക്കില്
ഹര, ഹര, കവിമാനിയാവതയ്യോ,
ഗരളസമഗ്രതമോഗ്രനിപ്പിശാചോ?
ക്ഷിതി നരകസമാനമായി, ധര്‍മ്മ-
ച്യുതിയുടെ ചൂടിലെനിക്കു വീര്‍പ്പുമുട്ടി
മൃതിയണവതിനാശയായി- പക്ഷേ,
മുതിരുകയില്ലിവനാത്മഹത്യചെയ്യാന്‍!
അതിനുമൊരുവനല്പമൊക്കെ വേണം
മതിഘടനയ്ക്കൊരു മാര്‍ദ്ദവം മഹത്വം
ചതിയോടഖിലദൗഷ്ട്യമൊത്തെഴുന്നെന്
മതിയിതിനില്ലതിനുള്ള മേന്മപോലും!'
(സൗഹൃദമുദ്ര)
കവിയില്‍ പ്രസ്തുത മനസ്ഥിതി ജനിപ്പിച്ചത് 1119, 1120 എന്നീ കൊല്ലവര്ഷങ്ങളിലായി നടന്ന സ്വന്തം പ്രണയകഥയും അതിന്റെ ദുരന്തമാകയാലും, ഈ വിഷയം പ്രകൃതഗ്രന്ഥത്തിന്റെ കാതലായിരിക്കുന്നതിനാലും, ഇതിനെപ്പറ്റി പ്രതിപാദിക്കാതെ ഗത്യന്തരമില്ല. ഈ പ്രണയകഥയെക്കുറിച്ചു പ്രസ്തുതഗ്രന്ഥത്തില്‍ മാത്രമല്ല, 1120 ചിങ്ങത്തില് പ്രസിദ്ധപ്പെടുത്തിയ 'ഓണപ്പൂക്കള്‍' എന്ന കവിതാസമാഹാരത്തിലെ പതിന്നാലു കവിതകളിലും കൂടി കവി പാടിയിട്ടുണ്ട്. ദാന്തേയുടേയും ചണ്ഡീദാസന്റേയും പ്രണയകഥകളെ അനുസ്മരിപ്പിക്കുന്ന ഇതിനെ മുഴുവന്‍ സംഗ്രഹിച്ച് കവി പ്രകൃതഗ്രന്ഥത്തിലെ അതിമനോഹരമായ 'ഒരു കഥ' എന്ന ഖണ്ഡകാവ്യത്തില്‍ സിംബോളിക് സാങ്കേതികമാര്‍ഗ്ഗം പ്രയോഗിച്ചുവിവരിക്കുന്നു. ഇതിനും പുറമേ, ഈ പ്രണയകഥയുടെ വിവിധരംഗങ്ങളും ദശകളും അവ വരുത്തിവെച്ച മനഃസ്ഥിതികളും പ്രസ്തുത രണ്ടു കവിതാസമാഹാരങ്ങളിലെ വലിയതും ചെറിയതുമായ അമ്പത്തിയാറു മറ്റു കവിതകളിലും വര്‍ണ്ണിച്ചിട്ടുണ്ട്. പ്രസ്തുതപ്രണയകഥ ശരിയായി മനസ്സിലാക്കുവാന്‍ ആദ്യമായി അതിന്റെ സംഗ്രഹം മുഴുവനും അടങ്ങിയ പ്രകൃതഗ്രന്ഥത്തിലെ ''ഒരു കഥ വായിക്കേണ്ടതാണ്. ഇത് 12-3-1120-ല്‍ രചിച്ചതാണ്. പിന്നീട്, ഇരു സമാഹാരങ്ങളിലുമായി മുറയ്ക്ക് വായിക്കേണ്ട കവിതകളുടെ പട്ടിക മുറയനുസരിച്ച് ചുവടേ ചേര്‍ക്കുന്നു. ഇതില്‍ ''സ എന്നത് ''സ്പന്ദിക്കുന്ന അസ്ഥിമാടത്തേയും, ''ഓ എന്നത് ''ഓണപ്പൂക്കളേയും സൂചിപ്പിക്കുന്നു:
പേരോ ആദ്യവരിയോ രചനാത്തിയതി കാവ്യസമാഹാരനാമം 1 ക്ഷമാപണം 5-2-119 ഓ 2 ആരു നീ ശങ്കരി 3-5-119 സ 3 അനുരാഗലോലനായന്തിയിലന്നു 12-5-119 സ 4 ജീവിതയാത്രയിലിത്രനാള് 24-5-119 സ 5 ദേവത 2-6-119 ഓ 6 മാമകമാനസവേദിയിലുണ്ടൊരു 8-6-119 സ 7 ആഗര്ശസൗഭഗമാതാരമാര്ന്നപോല് 10-6-119 സ 8 എങ്ങുനിന്നെങ്ങുനിന്നെന്നടുത്തെത്തി നീ 16-7-119 സ 9 ഗൃഹലക്ഷ്മി 14-8-119 ഓ 10 ഏകാന്തചിന്ത 7-9-119 ഓ 11 നീറുന്നു മന്മനം 16-9-119 ഓ 12 ലോകം ശാശ്വതമല്ല 19-9-119 സ 13 അന്തച്ഛിദ്രമെഴാതനന്തതയി 19-9-119 സ 14 ആനന്ദാസ്പദമായ 19-9-119 സ 15 തമ്മില്‍ത്തമ്മിലസൂയമൂലം 19-9-119 സ 16 അഴലിന് ഗ്രീഷ്മാന്തത്തില് 24-9-119 ഓ 17 വന്നാലുമോമനേ 27-9-119 ഓ 18 മനുഷ്യന് 3-10-119 ഓ 19 വൃത്തം 4-10-119 ഓ 20 സ്വര്ഗീയരാഗം ചിരിച്ചു 11-10-119 സ 21 നിന്മനം പോലെ 13-10-119 ഓ 22 അടിമുടിമടുമലര് 24-10-119 സ 23 യാത്രയോതിബ്ഭവാന് 2-11-119 ഓ 24 കഷ്ടം മനോഹരി 6-11-119 സ 25 വിയുക്ത 7-11-119 ഓ 26 ചാരിതാര്‍ത്ഥ്യം 9-11-119 ഓ 27 എന്നട്ടും വന്നില്ല 12-11-119 സ 28 അനുരാഗലോലസ്മിതാര്ദ്രനായി 31-12-119 സ 29 മരിച്ചസ്വപ്നങ്ങള് 10-1-120 സ 30 പ്രണയഭാരംകൊണ്ടിനി 5-2-120 സ 31 അത്യന്തദീനമായേറെ ദൂരത്തു 21-2-120 സ 32 ഹൃദയമുള്ള സര്‍പ്പം 2-3-120 സ 33 വൈരുദ്ധ്യം 3-3-120 സ 34 നക്ഷത്രം 9-3-120 സ 35 അതിമാനുഷന്‍ 11-3-120 സ 36 ഒരു കഥ 12-3-120 സ 37 വാനിന്വിമലവിശാല 14-3-120 സ 38 പച്ച 15-3-120 സ 39 സ്പന്ദിക്കുന്ന അസ്ഥിമാടം 16-3-120 സ 40 ഒരുദിവസം പുലരൊളിയില്‍ 18-3-120 സ 41 സൗഹൃദമുദ്ര 20-3-120 സ 42 എന്തും മറക്കുന്നതെന്തും 22-3-120 സ 43 മുഗ്ദ്ധപ്രണയമേ 23-3-120 സ 44 എത്തി ദൂരത്തുനിന്നെന് മുന്നില്‍ 24-3-120 സ 45 ശാലിനി 5-4-120 സ 46 ഏതോ മഹത്താദൃശ്യകരങ്ങള് 21-4-120 സ
47 പോകൂ, പോകൂ, സഹോദരീ 22-4-120 സ 48 പൊട്ടിത്തെരിക്കുന്നൊരാഗ്നേയപിണ്ഡങ്ങള് 23-4-120 സ 49 ആ നല്ല കാലം കഴിഞ്ഞൂ 24-4-120 സ 50 പഞ്ചഭൂതാഭിയുക്തം 24-4-120 സ 51 തണലിട്ടുതന്നു നീ 25-4-120 സ 52 പോരാ, കാലമേ 26-4-120 സ 53 പേരും പെരുമയും 27-4-120 സ 54 നിശ്ചയം നിന്നെ മറക്കാന്‍ കഴിഞ്ഞെങ്കില്‍ 27-4-120 സ 55 അക്കളിത്തോഴനകന്നുപോയ് 27-4-120 സ 56 അരുതിനിപ്പാടുവാന്‍ 29-4-120 സ
പ്രസ്തുത പ്രണയകഥയിലെ നായിക ഒരു 'ഗൃഹലക്ഷ്മി' അതായത്, സഭര്ത്തൃകയാണ്. ധീരലളിതനായ കഥാനായകന്റെ 'കോമളമദാകലിതകാകളി'കളാല്‍ മയങ്ങി, നായിക തന്റെ അനുരാഗം 'അനുചിതമെന്നറിയുകിലും' ഹൃദയം നായകന് അര്‍പ്പിക്കുകയുണ്ടായി. പുറമേകാണുന്ന വിധം താന്‍ ഒരു പൂങ്കുയിലല്ല, കുയിലിന്റെ വേഷം കെട്ടിയ ഒരു ഗൃദ്ധ്രം(കഴുകന്) ആണെന്നു മുന്നറിവു കൊടുത്തിട്ടും നായിക തന്റെ പ്രണയം പരിത്യജിച്ചില്ല. തങ്ങളുടെ പ്രണയം 'കര്മ്മബന്ധപ്രഭാവ'ത്തിന്റെ 'ലീല'യായി കരുതി നായകന് അതിനു വഴിപ്പെട്ടു. ഈ പ്രണയത്തിന്റെ സ്വഭാവത്തെ 'ഓണപ്പൂക്കളി'ലെ 'ഗൃഹലക്ഷ്മി'യില്‍ കവി ഇങ്ങനെ വര്‍ണ്ണിച്ചിരിക്കുന്നു:
'ദിവ്യാത്മബന്ധം ലോകം മറ്റൊന്നായ് വ്യാഖ്യാനിക്കാം
ദൈവത്തിന് മുന്നില്‍ പക്ഷേ, തെറ്റുകാരല്ലല്ലോ നാം!
അതിനാലധീരമല്ലെന് മനമൊട്ടും ലോക-
ഗതി കണ്ടിടയ്ക്കിടയ്ക്കല്ലലിലടിഞ്ഞാലും.
ഭൂവില്‍ ഞാന്‍ നിന്നെക്കണ്ടുമുട്ടാതിരുന്നെങ്കില്-
ജ്ജീവിതസൗന്ദര്യം ഞാനറിയാതിരുന്നേനേ!
നിസ്വാര്ത്ഥസ്നേഹാമൃതമാധുര്യം നീയാണാദ്യം
നിസ്വനാമെന്നെ സ്വദിപ്പിച്ചതീ പ്രപഞ്ചത്തില്‍!
നിന്നിലൂടീക്ഷിപ്പൂ ഞാന്‍ സ്ത്രീത്വത്തിന് മാഹാത്മ്യത്തെ
നിന്നിലൂടാരാധിപ്പൂ ശക്തിയെസ്സഹര്ഷം ഞാന്‍.'
ഈ ദിവ്യപ്രണയം ഹേതുവായി,
'ഗൃദ്ധ്രവും നല്‍പ്പൂങ്കുയിലായ്ത്തീരുവാന്‍ ശ്രമിച്ചു
കാലദോഷം തീര്‍ന്നശേഷമാക്കഴുകന്‍ വീണ്ടും
കാര്ക്കുയിലായ്ത്തീര്ന്നു മേന്മേല്ക്കാകളി പകര്‍ന്നു'
ഈ പ്രേമം മൂലം സ്വര്‍ഗ്ഗീയസുഖം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍, തന്റെ ഭാവിയേയും ശത്രുക്കളുടെ പ്രതികാരമനോഭാവത്തെയുംപറ്റി നായകനില്‍ ദുശ്ശങ്കകള്‍ ജനിക്കാതെയിരുന്നില്ലെന്നു ''സ്പന്ദിക്കുന്ന അസ്ഥിമാടത്തിലെ ചുവടേ ചേര്‍ക്കുന്ന ചെറുകവിതാഭാഗം കാണിക്കുന്നുണ്ട്:
'ഉള്ഭീതിയുണ്ടെനിക്കെത്രനാളീവിധ-
മിപ്പൊന്‍കിനാക്കള്‍ തളിര്ത്തുനില്ക്കും?
സൃഷ്ടിച്ചിട്ടുണ്ടല്ലോ, മന്നില്‍ പനീര്‍പ്പൂക്കള്‍
സൃഷ്ടിച്ച കൈതാന്‍ പുഴുക്കളേയും,
ചിത്രശലഭത്തിനുള്ള പൂങ്കാവിലു-
മെത്തും കടന്നാക്കടന്നലുകള്,
ഒത്തൊരുമിച്ചു പറന്നു കളിക്കിലും
കൊത്താന്‍ തരംനോക്കിക്കൊണ്ടിരിക്കും.
പ്രസ്തുത ദുശ്ശങ്കകള്‍ അചിരേണ യാഥാര്‍ത്ഥ്യമായി ഭവിക്കുകയും ചെയ്തു. ഈ നായികാനായികന്മാരുടെ പ്രണയം ദാന്തേയുടെ പ്രണയമല്ല, കാസനോവയുടേതാണെന്നും, അത് 'അനുചിതമനുചിതമാണെ'ന്നും ലോകര്‍ പഴി പറഞ്ഞുതുടങ്ങി. നായകന്റെ ശത്രുക്കള്‍ തങ്ങളുടെ 'ഭീമപ്രചണ്ഡപ്രതികാര'ഹോമകുണ്ഡത്തിലിട്ട് അദ്ദേഹത്തെ 'ദഹിപ്പിക്കു'വാനും തന്റെ 'അസ്ഥിയോരോന്നൊടിച്ചെടുത്തിട്ടു' തങ്ങളുടെ 'വെന്നിക്കൊടികള്‍' പറത്തുവാനും തുനിഞ്ഞു. ഇവയുടെ ഫലമായി നായികയുടെ ഗൃഹസ്ഥന് 'ആര്ത്ത'നായിത്തീരുകയും നായകന്റെ ഗൃഹനായികയുടെ 'മാനസം തകരുകയും' ചെയ്തു. ഇത്തരം പഴിപറയലും പ്രതികാരവും നായകനില്‍ ജനിപ്പിച്ച സങ്കീര്ണ്ണമനഃസ്ഥിതിയുടെ ഒരുവശം 'ഓണപ്പൂക്കളി'ലെ 'മനുഷ്യന്' എന്ന കവിതയില്‍ നിന്നു മനസ്സിലാക്കാം. ഇതിലെ ചില ഭാഗങ്ങള്‍ ഉദ്ധരിക്കുന്നു:
'തുഷ്ടിയാര്‍ന്നീശ്വരന്‍ തന് പ്രതിരൂപമായ്
സൃഷ്ടിച്ചതാണുപോല്‍ മാനുഷനെ.
നേരാണതെങ്കിലോ,നൂനമാദ്ദൈവത്തിന്‍
പേരു കേട്ടാല്‍ മതി പേടിയാവാന്‍.
നിസ്സാരനീ നരന്പോലുമീമ്മട്ടൊരു
നിസ്സീമസംഹാരമൂര്‍ത്തിയായാല്‍,
ശപ്തമാം തന് സര്ഗ്ഗസിദ്ധിക്കു താങ്ങായ
ശക്തിതന്‍ ശക്തിയെന്തായിരിക്കും!
പാഷാണമാത്രാത്മസത്ത്വനാം ഭീകര-
പാതകമൂര്‍ത്തിയാമിമ്മനുഷ്യന്‍
ദൈവപ്രതിരൂപമാണെങ്കിലത്തരം
ദൈവത്തിനെപ്പിന്നെയാര്ക്കു വേണം?
ജീവജാലങ്ങളിലൊക്കെയല്‍പാല്‍പമായ്
താവിയിട്ടുള്ളാത്തമോമയാംശം,
ഒന്നിച്ചുകൂട്ടിക്കലര്ത്തിക്കരുപിടി-
ച്ചൊന്നാദ്യമീശ്വരന്‍ വാര്‍ത്തുനോക്കി,
ഒത്തിട്ടില്ലതാണു ചെകുത്താ,നവനില-
ന്നൊട്ടിപ്പിടിച്ചില്ലസൂയമാത്രം!
എന്ന'ല്ലിളമ്പത'മാകയാലുള്ളിനു
വന്നീല വേണ്ടത്ര കാഠിന്യവും
അക്കുറവൊക്കെപരിഹരിച്ചന്ത്യത്തി-
ലിക്കാണും മര്ത്ത്യനെത്തീര്ത്തു ദൈവം.
ചെന്നായ, ചീങ്കണ്ണി, പോത്തു, ചീറ്റപ്പുലി,
പന്നി, പാമ്പോ,ന്തൊക്കെയുണ്ടവനില്!
സ്രഷ്ടാവു പോലും ഭയം മൂലമായിടാം
വിട്ടുകൊടുത്തവനു വിശ്വം!'
ചങ്ങമ്പുഴയുടെ വിഷാദാത്മകത്വത്തോടു കലര്‍ന്നിട്ടുള്ളതായി മുമ്പ് ചൂണ്ടിക്കാണിച്ചിരുന്ന കയ്പിന് ഇത് ഒരു മകുടോദാഹരണമാണ്. എന്നാല്‍ കയ്പിനെത്തുടര്ന്നു ഈ സന്ദര്‍ഭത്തില്‍ തത്ത്വജ്ഞാനചിന്തകളും നായകനില്‍ ഉദിക്കാതെയിരുന്നിട്ടില്ലെന്ന് 'ഓണപ്പൂക്കളി'ലെ 'വൃത്തം' എന്ന വിശിഷ്ടകാവ്യം സ്ഥാപിക്കുന്നുണ്ട്. തന്റെ പ്രണയാനുഭവം കവിക്കു പ്രദാനം ചെയ്ത കാവ്യചിന്താപരിണതിയെ പ്രസ്പഷ്ടമാക്കുന്ന 'വൃത്ത'ത്തില്‍നിന്നു ചില ഭാഗങ്ങള്‍ ഉദ്ധരിക്കുന്നു:
'ഒന്നിനൊന്നായൊക്കെ മാഞ്ഞുപോമെങ്കിലു-
മൊന്നും ജഗത്തില്‍ നശിക്കില്ലൊരിക്കലും
ഹാ, പരിണാമവിധിക്കു വിധേയമായി
രൂപാന്തരങ്ങളെ പ്രാപിപ്പതെന്നിയേ,
എന്തുണ്ടുലകില്‍ നശിപ്പതെന്നേക്കുമാ-
യെന്തിനു പിന്നെപ്പരിതപിക്കുന്നു നാം?
ജീവിതവ്യാസം ചുരുങ്ങിച്ചുരുങ്ങിയ-
ക്കേവലത്വത്തിന്റെ കേന്ദ്രത്തിലെത്തുവാന്‍
കര്‍മ്മമല്ലാതില്ല, മാര്ഗ്ഗമിന്നാകയാല്-
ക്കര്‍മ്മത്തെയാദ്യം പവിത്രീകരിക്ക നാം.
മൃണ്മയമാകുമിക്കോവിലില് ഭക്തിയാര്‍-
ന്നുണ്മയില്ച്ചിന്മയദ്ധ്യാനനിര്ല്ലീനനായ്
ആവസിപ്പൂ ജീവയോഗിനി, വെണ്മല-
രാവട്ടെ കര്മ്മങ്ങളര്ച്ചനയ്ക്കെപ്പോഴും!
എങ്കില്‍, ക്ഷണപ്രഭാചഞ്ചലസ്വപ്നങ്ങള്‍
സങ്കടമേകുകില്ലാ,ശ്വസിക്കൂ, സഖി!
ജന്മാന്തരങ്ങളില്‍പ്പണ്ടുമിതുവിധം
നമ്മളൊരുമിച്ചിരുന്നൊരാ വേളയില്‍
അന്നു നാം കണ്ടൊരാപ്പൊന്നിന്കിനാക്കള-
ല്ലിന്നുമണഞ്ഞതെന്നാരറിഞ്ഞു സതി!
ഇന്നവ മാഞ്ഞുമറഞ്ഞതു കണ്ടിട്ടു
ഖിന്നയാകായ്ക,വ വന്നിടും പിന്നെയും!
വര്‍ത്തമാനം ഭൂതമായ് സ്വയം മാറുന്നു,
വര്‍ത്തമാനത്തിലണയുന്നു ഭാവിയും.
ഭൂതങ്ങള്‍ ഭാവിയായി മാറുന്നിതബ്ഭാവി
ഭൂതമായിത്തീരുന്നു വര്ത്തമാനംവഴി.
വൃത്തമാണേവം സമസ്തവും -പോയവ-
യെത്തും, മറഞ്ഞുപോം നില്പവയൊക്കെയും.
രാവും പകലും യഥാര്ത്ഥത്തിലൊന്നുപോ-
ലാവശ്യമാണിജ്ജഗത്തിനെന്നോര്‍ക്ക നീ!
വേണമിരുട്ടും വെളിച്ചവും -ജീവിത-
മാണെങ്കില്‍, വേണം ചിരിയും കരച്ചിലും!'
'കൈവരിക്കുകീയമൃതം' എന്നു പറഞ്ഞു ദൈവം തങ്ങള്‍ക്കു നല്കിയ പ്രേമം കൈവരിച്ചതു നിമിത്തം 'ലോകനീതി' നായികനായകന്മാരെ 'കൈവിലങ്ങുവച്ച'തു കണ്ട് ഒടുവില്‍ അവര്‍ തമ്മില്‍ പിരിഞ്ഞു ദൂരദേശങ്ങളില്‍ പാര്‍പ്പായി. ഇവര്‍ തമ്മില്‍ പിരിഞ്ഞ രംഗം നായികയുടെ വാക്കുകളില്‍ കവി ഇങ്ങനെ വര്‍ണ്ണിച്ചിരിക്കുന്നു:
'യാത്രയോതിബ്ഭവാന് പോയൊരാ വീഥിയില്‍
പൂത്തുപൂത്താടിയ സായാഹ്നദീപ്തികള്
അന്നെന്റെ ചിന്തയില്‍ പൂശിയ സൗരഭ-
മിന്നും തനിച്ചിരുന്നാസ്വദിക്കുന്നു ഞാന്‍!
ആ വഴിത്താരയ്ക്കിരുവക്കിലും തളിര്-
ത്തൂവാലയാട്ടിക്കുണുങ്ങീ ലതികകള്‍!
പിന്നാലെയെന്‍ മിഴിക്കോണുകള്‍ പായിച്ചു
നിന്നിതത്തൈമരം ചാരി വീര്‍പ്പിട്ടു ഞാന്‍,
ചേലില്ത്തലതിരിച്ചെന്നേര്ക്കിടയ്ക്കിട-
യ്ക്കാലക്ഷ്യമാക്കിയെറിഞ്ഞു മിന്നല്‍പ്പിണര്‍,
അപ്പൊഴെല്ലാമെന് ശിരസ്സു താഴ്ത്തിച്ചതോ-
ടൊപ്പമൊന്നിക്കിളിയാക്കി മച്ചിത്തവും!'
(ഓണപ്പൂക്കള്‍)
നായികാനായകന്മാര് ഇപ്രകാരം തമ്മില്‍ പിരിഞ്ഞു ദൂരദേശങ്ങളില്‍ പാര്ത്തുവന്നെങ്കിലും,
'മാറി ദൂരെപ്പോകിലെന്താ മാനസാന്തരീക്ഷം
മാറുവാനിടവരുമോ ദേശഭേദമൂലം!
നീരസം പരസ്പരമില്ലാര്ക്കുമാര്ക്കും- പക്ഷേ,
നീറി മാനസം ദ്രവിക്കയാണെല്ലാര്ക്കും'
എന്നു കവി പറയുന്നു. വിരഹാനന്തരമുള്ള നായികയുടെ മനഃസ്ഥിതി മുറയ്ക്ക് 'ഓണപ്പൂക്കളി'ലെ 'വിയുക്ത' എന്ന കവിതയിലും പ്രകൃതഗ്രന്ഥത്തിലെ 'എന്നിട്ടും വന്നില്ല', 'ശാലിനി' എന്നിവയിലും കവി വര്‍ണ്ണിച്ചിട്ടുണ്ട്. 'വിയുക്ത'യില്‍ നിന്നു ചില ഭാഗങ്ങള്‍ ഉദ്ധരിച്ചു നായികയുടെ മനഃസ്ഥിതി പ്രത്യക്ഷപ്പെടുത്തിക്കൊള്ളുന്നു:
'ജനിതോല്ലാസം നിത്യമസ്സമാഗമമോര്ത്തി-
ജ്ജനല്വാതലിന് ചാരെക്കാത്തു കാത്തിരിക്കും ഞാന്‍
ഇന്നും ഞാനിരിക്കയാണെന്തിനാണാരെക്കാത്താ-
ണെന്നാശാസുമെല്ലാം കൊഴിഞ്ഞുകഴിഞ്ഞല്ലോ.
പലരും വരുന്നുണ്ടു, പോകുന്നുമുണ്ടെന്നാലും
പഴുതേ കാക്കുന്ന ഞാന്‍ പാതയെന്‍ മുന്നില്‍ ശൂന്യം!
വരുന്നില്ലൊരാള് മാത്രം, വന്നീടുകയുമില്ലി-
ത്തെരുവീഥിയില്ക്കൂടിയെങ്കിലും കാക്കുന്നു ഞാന്‍!
ഹാ, നിത്യപരിചയമൊക്കുമോ മാറ്റാന്‍? കാല്കള്
താനെയാനേരം വന്നാലിങ്ങോട്ടു നീങ്ങിപ്പോകും !
ഇമ്മന്നില്‍ സ്വാര്ത്ഥപ്പുക ലേശവും പുരളാത്ത
നിര്മ്മലപ്രേമംപോലുമപരാധമാണല്ലോ!
ഞാനെന്റെ ഹൃദയത്തെ വഞ്ചിക്കാന്‍ പഠിക്കാത്ത-
താണിന്നീ വിപത്തുകള്ക്കൊക്കെയുമടിസ്ഥാനം
എങ്കിലും പശ്ചാത്തപമില്ല മേ-നേരേ മറി-
ച്ചങ്കിതമാണെന് ചിത്തമഭിമാനത്തിലിന്നും,
ഗദ്ഗദസ്വരത്തിലുള്ളാ യാത്രാമൊഴിയിതാ
മല്ക്കര്ണ്ണയുഗ്മത്തിങ്കലിപ്പോഴും മുഴങ്ങുന്നു;
മ്ലാനമാ മുഖമശ്രുകലുഷം മായാതെന്റെ
മാനസനേത്രങ്ങള്ക്കു മുമ്പിലിപ്പോഴും നില്പൂ.
മായ്ക്കുവാന്‍ നോക്കുന്തോറും മേല്ക്കുമേല്ത്തെളികയാ-
ണക്കണ്ണിലകളങ്കസ്നേഹത്തിന് മരീചികള്‍.
ഭദ്രവും രാഗാര്ദ്രവും ദീനവുമാമാ നോട്ടം
നിദ്രയില്‍പ്പോലും നിത്യമസ്വസ്ഥയാക്കുന്നെന്നെ!'
വിരഹത്തിന്നു ശേഷം നായകനേക്കുറിച്ചു ശത്രുക്കള്‍ നായികയോട് നുണ പറഞ്ഞു കേള്‍പ്പിക്കയുണ്ടായി. ഇതിനെപ്പറ്റിയുള്ള തന്റെ നില നായിക നായകനെ ധരിപ്പിച്ചതാണ് 'ശാലിനി'യില്‍ വര്‍ണ്ണിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് ഒരു ഭാഗം ഉദ്ധരിക്കുന്നു:
'എങ്കിലുമങ്ങതന്‍ പ്രേമസംശുദ്ധിയില്‍
ശങ്കയുണ്ടാകില്ലെനിക്കല്പമെങ്കിലും.
ആയിരമംഗനമാരൊത്തുചേര്‍ന്നെഴു-
മാലവാലത്തിന്‍ നടുക്കങ്ങു നില്ക്കിലും,
ഞാനസൂയപ്പെടില്ലെന്റെയാണാമുഗ്ദ്ധ-
ഗാനാര്ത്തചിത്തമെനിക്കറിയാം, വിഭോ!
അന്യരസൂയയാലേറ്റം വികൃതമാ-
യങ്ങതന്‍ ചിത്രം വരച്ചുകാണിക്കിലും,
കാണുമെന്നല്ലാതതിന്‍ പങ്കമല്‍പമെന്‍
പ്രാണനിലൊട്ടിപ്പിടിക്കില്ലൊരിക്കലും.
കാണും പലതും പറയുവാനാളുകള്‍
ഞാനൊരാളല്ലാതറിവില്ലങ്ങയെ!
അന്ധരോക്തികളെ പ്രമാണമാക്കിക്കൊണ്ടു
സിന്ധുരബോധം പുലര്‍ത്തുവോളല്ല ഞാന്‍.
പ്രസ്തുതവിരഹം നായകനില്‍ വരുത്തിവെച്ച മനഃസ്ഥിതി പ്രകൃതഗ്രന്ഥത്തില്‍ നിന്നും ഒന്നിച്ചു മുകളില്‍ ഉദ്ധരിച്ചിരുന്ന എട്ടുഭാഗങ്ങള്‍ പ്രത്യക്ഷപ്പെടുത്തുന്നുണ്ട്. വിരഹദുഃഖംനിമിത്തം ഒടുക്കം നായകന് മരണമടയുന്നത് കവി വര്‍ണ്ണിച്ചിരിക്കുന്നു. 'സ്പന്ദിക്കുന്ന അസ്ഥിമാടം', 'ഒരു ദിവസം പുലരൊളിയില്‍' എന്നു തുടങ്ങുന്ന കവിത, എന്നിവയിലത്രേ കവി ഇങ്ങനെ ചെയ്തിട്ടുള്ളത്. ഒടുവില്‍ പറഞ്ഞ കവിത മുകളില്‍ ഉദ്ധരിച്ചിരുന്നല്ലോ. 'സ്പന്ദിക്കുന്ന അസ്ഥിമാട'ത്തില്‍ ഇതിനെ സംബന്ധിച്ചുള്ള ഭാഗം ചുവടേ ചേര്‍ക്കുന്നു.
'പഞ്ചത ഞാനടഞ്ഞെന്നില്‍ നിന്നെന്
പഞ്ചഭൂതങ്ങള്‍ വേര്‍പെടും നാളില്‍
പൂനിലാവലതല്ലുന്ന രാവില്‍,
പൂവണിക്കുളിര്‍മാമരക്കാവില്‍,
കൊക്കുരുമ്മി,ക്കിളി മരക്കൊമ്പില്‍,
മുട്ടിമുട്ടിയിരിക്കുമ്പോഴേവം
രാക്കിളികളന്നെന്നസ്ഥിമാടം
നോക്കി വീര്‍പ്പിട്ടു വീര്‍പ്പിട്ടു പാടും:
'താരകളേ, കാണ്മിതോ നിങ്ങള്‍
താഴെയുള്ളൊരീ പ്രേതകുടീരം?'
ഹന്ത,യിന്നതിന്‍ ചിത്തരഹസ്യ-
മെന്തറിഞ്ഞു, ഹാ, ദൂരസ്ഥര്‍ നിങ്ങള്‍?
പാല പൂത്ത പരിമളമെത്തി-
പ്പാതിരയെ പുണര്‍ന്നൊഴുകുമ്പോള്‍;
മഞ്ഞണിഞ്ഞു മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോള്‍,
മന്ദംമന്ദം പൊടിപ്പതായ്ക്കേള്ക്കാം
സ്പന്ദനങ്ങളിക്കല്ലറയ്ക്കുള്ളില്‍!
പാട്ടുനിര്ത്തിച്ചിറകുമൊതുക്കി-
ക്കേട്ടിരിക്കുമതൊക്കെയും നിങ്ങള്‍.
അതേതുടിപ്പുകളൊന്നിച്ചു ചേര്ന്നി-
ട്ടിത്തരമൊരു പല്ലവിയാകും:
'മണ്ണടിഞ്ഞു ഞാനെങ്കിലുമിന്നും
എന്നണുക്കളിലേവമോരോന്നും
ത്വല്പ്രണയസ്മൃതികളുലാവി-
സ്സ്വപ്നനൃത്തങ്ങളാടുന്നു, ദേവി!'
താദൃശോത്സവമുണ്ടോ കഥിപ്പിന്‍
താരകകളേ, നിങ്ങള്തന് നാട്ടില്‍?'
മരണാനന്തരം തന്റെ പഞ്ചഭൂതാംശങ്ങള് നായികയുടെ വക ഏതു അഞ്ചു സാധനങ്ങളില്ച്ചെന്നു ലയിക്കണമെന്നു നായകന് വിചാരിച്ചതിനെ കവി പ്രകൃതഗ്രന്ഥത്തിന്റെ 'പഞ്ചഭൂതാദിയുക്തമെന്‍ ഗാത്രം' എന്നു തുടങ്ങുന്ന ഒടുവിലത്തെ കവിതയില്‍ വര്‍ണ്ണിക്കുകയും ചെയ്തിരിക്കുന്നു.
'ആദര്ശഗംഗയ്ക്കുറവായി വര്ത്തിച്ചൊ-
രാദികവിതന് വിശുദ്ധചിത്തം
ബന്ധുരരാഘവസീതാദിചിത്രങ്ങ-
ളെന്തിനി മണ്ണില്‍ വരച്ചു കാട്ടി?
എല്ലാരും കണ്ടിട്ടു,ണ്ടെല്ലാരും കാണുന്നു,-
ണ്ടാല്ലാസപൂര്വ്വമാ രാഘവനെ;
എന്നാല്ശ്ശതാബ്ദങ്ങളെത്ര ശ്രീരാമനെ
മന്നിലിതുവരെക്കണ്ടുമുട്ടി?
ഒന്നല്ല പത്തല്ലൊരായിരം രാവണ-
നന്നുമുണ്ടിന്നുമുണ്ടിജ്ജഗത്തില്‍
ലാലസിച്ചീടുന്നിതായിരം വേശ്യകള്‍
ശീലാവതിക്കഥ പാടിപ്പാടി!
ജീവന് മദിപ്പൂ സുഖമദിരാപ്തിയില്
നാവിലോ, ഗീത തപസ്സുചെയ്വൂ'
(മനുഷ്യന്)
എന്നിങ്ങനെ നമ്മുടെ കവി വര്‍ണ്ണിച്ചിട്ടുള്ള ഈ ഭാരതഭൂമിയില്‍, പ്രസ്തുത പ്രണയകഥയുടെ ദുരന്തം കണ്ട്, സൂക്ഷ്മദൃക്കുകള്‍ അദ്ഭുതപ്പെടുന്നതല്ല. 'പ്രണയത്തേക്കാളധികവും ആപല്‍ക്കരമായി ഭവിക്കുന്നത് അത് ഇട്ടുംവെച്ചു പോകുന്ന നഷ്ടാവശിഷ്ടങ്ങളാണ്' എന്നു റൊമാങ് റൊളാങ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ നഷ്ടാവശിഷ്ടങ്ങളും അതു വരുത്തിവെയ്ക്കുന്ന വിഷാദചിന്തയും ചില മനുഷ്യരെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചേക്കാം. എങ്കിലും താന്‍ ഇങ്ങനെ ചെയ്യുന്നതല്ലെന്നു കവി തന്നെ മുകളില്‍ ഉദ്ധരിച്ചിരുന്ന 'സൗഹൃദമുദ്രാ'ഭാഗത്തില്‍ പ്രസ്താവിച്ചിട്ടുള്ളത് അദ്ദേഹത്തെ സ്നേഹിക്കുന്ന ഭൂരിഭാഗം കേരളീയര്‍ക്കും തെല്ല് ആശ്വാസകരമായിരിക്കും. 31 വയസ്സുമാത്രം പ്രായമുള്ള കവിയുടെ സ്വഭാവത്തോട് ഒട്ടധികം സാദൃശ്യമുള്ള ഫ്രഞ്ച് കവി വെര്ലെയിന്റെ 52 വയസ്സുവരെയുള്ള ജീവചരിത്രം പ്രസ്തുതആശ്വാസത്തെ അല്പം വര്‍ദ്ധിപ്പിക്കുകയുംചെയ്യും.
പ്രകൃതഗ്രന്ഥത്തിന് ഇത്നരെയുണ്ടായ ചങ്ങമ്പുഴക്കൃതികളുടെ കൂട്ടത്തില്‍ പ്രഥമസ്ഥാനം ലഭിക്കുന്നതാണെന്നു മുകളില്‍ സൂചിപ്പിച്ചിരുന്നല്ലോ. 'ഓണപ്പൂക്കള്‍'ക്ക് പ്രസ്തുത പ്രണയകഥാവര്ണ്ണനനിമിത്തം ഇതിനടുത്ത് ഒരു സ്ഥാനം കിട്ടാതെയിരിക്കുന്നതുമില്ല. ഇതിനു കാരണങ്ങള്‍, ഈ രണ്ടു കൃതികളിലും കാണുന്ന വ്യക്തിപരമായ കാവ്യാനുഭവങ്ങളുടെ- അതായത്, പ്രസ്തുത പ്രണയവും അതിന്റെ ദുരന്തവും വരുത്തിവെച്ച അനുഭവങ്ങളുടെ- അതിതീക്ഷ്ണതയും, ഇതിന്റെ ഫലമായ കാവ്യചിന്താപരിണതിയും, കവിയുടെ കൃതികളില്‍ പലതിലും കാണാറുള്ള അംഗോപാംഗഘടനാസാമര്ത്ഥ്യക്കുറവിന്റെ അഭാവവുമാണ്. ശ്രീ ചങ്ങമ്പുഴ ഭാഷാപദ്യസാഹിത്യത്തിനു കാഴ്ച്ചവെച്ചിട്ടുള്ള അമൂല്യനിധികളില്‍ ഒന്നായ 'ഒരു കഥ', 'സ്പന്ദിക്കുന്ന അസ്ഥിമാടം', 'അതിമാനുഷന്‍', 'പട്ടിണിക്കാര്‍' എന്നിവയിലും 'ഓണപ്പൂക്കളി'ലെ 'വിയുക്ത' മുതലായ ചില കവിതകളിലും പ്രസ്തുത അംഗോപാംഗഘടനാസാമര്ത്ഥ്യക്കുറവു സ്പര്‍ശിച്ചിട്ടുപോലുമില്ല. പ്രകൃതഗ്രന്ഥത്തിലെ 'സ്പന്ദിക്കുന്ന അസ്ഥിമാടം', 'വൈരുദ്ധ്യം', 'സൗഹൃദമുദ്ര' മുതലായവയും 'ഓണപ്പൂക്കളി'ലെ 'വൃത്തം' എന്നതും കവിയുടെ കാവ്യചിന്താപരിണതി സ്ഥാപിക്കുന്നുണ്ട്. പ്രകൃതഗ്രന്ഥത്തിലെ പുരോഗമനസാഹിത്യക്കവിതകള് എയ്യുന്ന ശരങ്ങള്‍, ശ്രീ അബ്ദുല്‍ഖാദര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള പഴയ പുരോഗമനസാഹിത്യകവിതകള് പൊഴിക്കുന്ന പുഷ്പശരങ്ങളല്ല; പിന്നെയോ, ഏറെക്കുറേ സുമങ്ങള് കൊണ്ടു പൊതിഞ്ഞ നാരാചശല്യാഗ്രങ്ങളുള്ള അമ്പുകളായി രൂപാന്തരപ്പെടുകയും ചെയ്തിരിക്കുന്നു.
'ഇന്നത്തെ സംഗീതജ്ഞന്മാര്' എന്ന തന്റെ കൃതിയില്‍ റൊമാങ് റൊളാങ് ഇപ്രകാരം പറഞ്ഞിരിക്കുന്നു: 'മഹാന്മാരായ കലാകാരന്മാരുടെ ജീവചരിത്രങ്ങള്‍ പരിശോധിക്കുന്നതായാല്‍, അവര്‍ അനുഭവിച്ച സങ്കടങ്ങളുടെ പാരമ്യം കണ്ട് അദ്ഭുതപ്പെട്ടുപോകും. ജീവിതത്തിലെ നൈരാശ്യങ്ങളും അഗ്നിപരീക്ഷകളും മറ്റുള്ളവരേപ്പോലെ അവര്‍ക്കും അനുഭവിക്കേണ്ടതായി വരുന്നതു മാത്രമല്ല ഇതിനു കാരണം. സൂക്ഷ്മഗ്രഹണശക്തി അധികമുള്ളതു നിമിത്തം കലാകാരന്മാരേയാണ് അവ അത്യധികം പീഡിപ്പിക്കാറുള്ളതും. പ്രസ്തുത സങ്കടപാരമ്യത്തിന്റെ പ്രധാനകാരണം, തങ്ങളുടെ പ്രതിഭ തങ്ങളെ സമകാലികരേക്കാള്‍ ഇരുപതോ മുപ്പതോ അമ്പതോ വര്‍ഷങ്ങള്‍ക്കു (ചിലപ്പോള്‍ ഏതാനും ശതാബ്ദങ്ങള്‍ക്കു) മുന്നോട്ടുള്ള കാലത്തില്‍ സ്ഥാപിച്ച്, തങ്ങളുടെ ജീവിതത്തെ നാശപ്പെടുത്തി, വിജയിക്കുന്നതിനു മാത്രമല്ല, ജീവിക്കുന്നതിനു പോലും ഭഗീരഥപ്രയത്നം ചെയ്യുവാന്‍ അവരെ നിര്ബന്ധിക്കുന്നതുമാകുന്നു.' സാര്‍വത്രികമായ ഈ അനുഭവവും 'സൃഷ്ടിക്കുന്നതാകയാല്‍ മരണത്തെ ജയിക്കാം' എന്നു പ്രസ്തുത മഹാസാഹിത്യകാരന് തന്നെ പ്രസ്താവിച്ചിട്ടുള്ളതും, മനസ്സിലാക്കി ശ്രീ ചങ്ങമ്പുഴ അനന്യസദൃശ്യങ്ങളായ തന്റെ ഗാനങ്ങള്‍ മുഖേന കേരളീയരെ കോള്‍മയിര്‍ക്കൊള്ളിച്ചുകൊണ്ട് നീണാള്‍ വാഴുമാറാകട്ടെ!
സ്പന്ദിക്കുന്ന അസ്ഥിമാടം
അവതാരിക - പൊന്‍കുന്നം വര്‍ക്കി
അവശതയുടെ ഒരു സമ്മതപത്രമാണ് അവതാരിക. കവിത കെട്ടിയെടുക്കുന്നവര് പലര്‍ക്കും അത് അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു. കവികള്‍ ഇവിടെ ഒട്ടും കുറവല്ല. അച്ചടിശാലകളില്‍ നിന്ന് ഇറങ്ങിത്തിരിക്കുന്ന വിവാഹമംഗളാശംസാപത്രികകളും വിശേഷാല്പ്രതികളുമൊക്കെ അതു സമ്മതിക്കുന്നു. 'നൂറുനൂറ്റാണ്ടുകാല'വുമായി ഇറങ്ങിത്തിരിക്കുന്ന കവിമല്ലന്മാര്‍ വളരെപ്പേര്‍ നമ്മുടെ ദിവസങ്ങളുമായി ബന്ധപ്പെട്ടു ജീവിച്ചുപോരുന്നു. ചില അവതാരികകള്‍ കാണുമ്പോളാണ് കൂട്ടത്തില്‍ ജീവിച്ചുപോരുന്ന പ്രസ്തുതകവികളുടെ അതുവരെ അറിയാതിരുന്ന അബദ്ധം നമുക്കു മനസ്സിലാകുക. എന്നാല്‍ ശ്രീ ചങ്ങമ്പുഴയെപ്പോലെ വിശ്രുതനായ ഒരു കവി അവതാരികാരോഗത്തില് നിന്നു ഇനിയും വിമുക്തനാകാത്തത് അദ്ഭുതകരമായിരിക്കുന്നു. വിദിതന്മാരും വിജ്ഞന്മാരുമായ സാഹിത്യോപാസകന്മാര്, സഹൃദയന്മാരെ പരിചയപ്പെടുത്താന്‍ അവതാരകന്മാരായി ചിലപ്പോള്‍ പ്രത്യക്ഷപ്പെടാറുണ്ട്. സപന്ദിക്കുന്ന അസ്ഥിമാടം എന്ന ഈ വിശിഷ്ടകൃതി അവതാരികയ്ക്കായി അയച്ചുതന്നപ്പോള്‍ എനിക്ക് ഞെട്ടലാണ് ഉണ്ടായത്. അവതാരികാകാരനെ പരിചയപ്പെടുത്തുവാന്‍ അദ്ദേഹം പ്രതിലോമഗതിയില്‍ സഞ്ചരിക്കുന്നു എന്നേ ഇതിനര്‍ത്ഥമുള്ളു. ഏതായാലും ഈ വിട്ടവീഴ്ച്ചയ്ക്കു ഞാന്‍ എന്റെ കൃതജ്ഞത ആദ്യമായി അദ്ദേഹത്തിനു സമര്‍പ്പിച്ചുകൊള്ളുന്നു.
കേരളം ഒട്ടേറെ കവികളെ പോറ്റുകയുണ്ടായി. എന്നാല്‍ കേരളത്തെ സൃഷ്ടിക്കുവാന്‍ ശ്രമിച്ച കവികള്‍ നന്നേ അപൂര്‍വ്വമാണ്. പദ്യം 'കെട്ടിയെടുക്കുന്ന'തിലാണ് അവരുടെ ശ്രദ്ധ ഏകാഗ്രതയോടുകൂടിനിന്നത്. ഇതു നിമിത്തം ഗദ്യശാഖയെ അപേക്ഷിച്ച് വല്ലാത്ത ഒരു പള്ളവീര്ക്കല് പദ്യത്തിന് ഉണ്ടായിട്ടുണ്ട്. സാഹിതത്യശരീരത്തില് ഒരു വശത്തിനു മാത്രമായുണ്ടായ ഒരു പ്രത്യേകതരം നീര്വീഴ്ച്ചയായിച്ചാണ്, ഇതു പരിണമിച്ചിരിക്കുന്നത്. മലയാളഭാഷയുടെ ചരിത്രത്തില്‍ ജീവിതവും സാഹിത്യവും അനന്തതയില്‍ വെച്ചുപോലും യോജിക്കാത്ത രണ്ടു സമാന്തരരേഖകളായി സഞ്ചരിച്ചിരിക്കുന്നു. രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ഔദാര്യം സ്വീകരിച്ച് അവരുടെ ആശ്രിതന്മാരായി ജീവിച്ച കവികള്‍ തങ്ങളുടെ സുഭിക്ഷതയുടെ ഭ്രമത്താല്‍ കാണേണ്ടതു കണ്ടില്ല. ഉപരിതലത്തില്‍ നിന്ന ന്യൂനപക്ഷത്തിനു വേണ്ടി താഴ്വരകളില്‍ തളിര്‍ത്തു കിടന്ന ഭൂരിപക്ഷത്തെ അവരില്‍ അധികം പേരും വിസ്മരിച്ചു. കല്പനാലോകത്തില് മനുഷ്യബന്ധമില്ലാത്ത കുമിളക്കൂട്ടങ്ങള്‍ അവര്‍ ഊതിവീര്‍പ്പിച്ചു. സ്ത്രീകളുടെ ബാഹ്യാകാരത്തെ മാത്രം ഭംഗിയായി പരിശോധിക്കാതെയിരുന്നില്ല. അതില്‍ ഉന്തിയും പൊന്തിയും തുടുത്തും കാണപ്പെട്ട ഭാഗങ്ങള്‍ക്കുവേണ്ടി തങ്ങളുടെ പ്രധാനപ്പെട്ട പദങ്ങളെ നിര്‍ല്ലോഭം വാരിയെറിഞ്ഞു. മനുഷ്യഹൃദയത്തെ തുറക്കാനും, ഉന്നതചിന്തകളെ അഴിച്ചുവിടാനുമുള്ള ആഹ്വാനം അറിയാതെതന്നെ, നമ്മുടെ ചില സാഹിത്യവ്യവസായികള്ക്കു കവികുലകിരീടപതിമാരാകാന് സാധിച്ചു. സ്വതന്ത്രമായ ഒരു ജനതതിയെ സൃഷ്ടിക്കേണ്ട വേദനയില്‍ നിന്ന് അവര്‍ വിദൂരവര്ത്തികളായിരുന്നു. മാന്തളിരുണ്ടു കണ്ഠം തെളിച്ചു കളകാകകളിരവമുയര്ത്തിയ പൂങ്കുയിലുകള്‍, ആടുന്ന മയിലുകള്‍, കാമോത്സവം കൊണ്ടാടുന്ന അമരസുന്ദരിമാര്, പ്രേമത്തിനു വേണ്ടി ജീവത്യാഗം ആചരിച്ച കുറേ രക്തസാക്ഷികള്‍- ഇതിന്നപ്പുറത്ത് അന്നൊരു പ്രപഞ്ചമുണ്ടായിരുന്നില്ല. പരമാര്‍ത്ഥം പറഞ്ഞാല്‍ അവിടെ നിന്ന് ഒരു തീപ്പൊരിപോലും പൊട്ടിത്തെറിച്ചില്ല. അനുഭവങ്ങളുടെ സംഘട്ടനത്തില്‍നിന്ന് ഒരു ഗര്‍ജ്ജനം പോലുമുയര്‍ന്നില്ല. ആപത്തു നിറഞ്ഞ അന്തരീക്ഷത്തില്‍ ജീവിതത്തിന്റെ സുസ്ഥിതിയ്ക്കു വേണ്ടി ഒറ്റ വിളംബരം പോലും മുഴങ്ങിയില്ല. ഉപരിതലത്തിലെ വെട്ടിത്തിളക്കിത്തിലല്ലാതെ, ഉള്ളിലെ ചുഴിയിലേക്ക്, ഇറങ്ങിച്ചെന്നില്ല. പക്ഷേ, അവരില്‍ പലരെയും കവികളായി നമമുടെ സാഹിത്യചരിത്രം ബഹുമാനിക്കുന്നു.
മരവിച്ചുനിന്ന ഈ രണ്ടുപാരമ്പര്യത്തില്നിന്നു വിപ്ലവത്തെ വിളിച്ചുണര്‍ത്തിയ രണ്ടു ജീവിതഗായകന്മാരാണ് ആശാനും വള്ളത്തോളും. മുളച്ചുയരുന്ന ജനകീയാഭിലാഷങ്ങള്ക്കു മാര്‍ഗ്ഗദര്‍ശം നല്‍കാനും , ജനമതയില് നിന്ന് ആവേശംകൊണ്ട് അവരെ ആവേശം കൊള്ളിക്കുന്ന ഗാനങ്ങള്‍ രചിക്കാനുമുള്ള കവികളുടെ നിര, ആശാനെക്കൊണ്ടോ വള്ളത്തോളിനേക്കൊണ്ടോ മാത്രം പൂര്‍ണ്ണമല്ല. ജീവിതത്തില്‍ നിന്നു ഭിന്നമല്ലാത്ത വിശ്വസാഹിത്യകൃതികളുമായി ആത്മബന്ധം സാധിച്ചവരും ഭാരതത്തിന്റെ ധാര്മ്മികാസക്തിയെപ്പറ്റി അഭിമാനം നിറഞ്ഞവരും കുതിച്ചു കയറിയ പാശ്ചാത്യാദര്ശപ്രവാഹത്തെ വിശകലനം ചെയ്തു ഗ്രഹിച്ചവരുമായ സാഹിത്യകാരന്മാരുടെ ഒരു നിര മലയാളഭാഷയ്ക്ക് ആവശ്യാമായിത്തീര്ന്നു. നീതിയുടേയും സുഖത്തിന്റേയും വിസിതൃതമണ്ഡലത്തില് പുതിയസൃഷ്ടിക്കായി വെമ്പല്‍ക്കൊള്ളുന്ന ജലതയാണ് അവരുടെ ഇടയില്‍ അധിവസിക്കുന്നത്. ജാതിമത്സരം, സാമുദായികഗുരാചാരം, മുതലാളിമാരും തൊഴിലാളികളുമായുള്ള മത്സരം, നിര്‍ഭയം ചിന്തിക്കുവാനോ ചിന്തിക്കുന്നതു നീതിക്കുവേണ്ടി പറയാനോ ഉള്ള സ്വാതന്ത്ര്യത്തിന്റെ അഭാവം, വിശപ്പ്, മര്‍ദ്ദനം, ചൂഷണം, വ്യഭിചാരം എന്നിതുകളാല്‍ കലുഷമായിത്തീരുന്ന സാമുദായികാന്തരീക്ഷത്തില്‍ നിന്നു യഥാര്‍ത്ഥ കലാകാരന്മാര് അവതരിക്കാറുണ്ട്. ഈ ചൂടുകൊണ്ട് ഹൃദയം ഉണര്‍ന്ന്, കേരളത്തില്‍ ഉയര്‍ന്ന രണ്ടു മനുഷ്യകഥാനുഗായികളാണ് ശ്രീമാന്മാരായ ശങ്കരക്കുറുപ്പും ചങ്ങമ്പുഴയും.
ചങ്ങമ്പുഴക്കവിതകള്‍ സാഹിത്യലോകത്തില്‍ വലിയ കോളിളക്കങ്ങളുണ്ടാക്കുന്നുണ്ട്. വിമര്ശകവീരന്മാര് ആ യുവാവിനെ നോക്കി കയര്‍ക്കുന്നു. പ്രായം തികഞ്ഞ കവികള്‍, യൗവ്വനം ഇനിയും അതിക്രമിച്ചിട്ടില്ലെങ്കിലും പടവെട്ടിപ്പടരുന്ന കീര്ത്തിപ്പരപ്പോടുകൂടിയ ആ സ്വതന്ത്രഗായകന്റെ നേര്‍ക്ക് പാണ്ഡിത്യാരോപണങ്ങള് നിരത്തുന്നു. എന്നാല്‍ ശ്രീ. ചങ്ങമ്പുഴയാകട്ടെ,
'എത്രനാള്‍ നിഗൂഢമാം നിര്‍ലജ്ജപ്രചരണ-
ബുദ്ബുദവ്രാതം നില്ക്കും പുഴതന്നൊഴുക്കുത്തില്?'
എന്നു ചോദിച്ചുകൊണ്ട് മുന്നോട്ടു പോവുകയും ചെയ്യുന്നു.
ശ്രീ ചങ്ങമ്പുഴയുടെ കാവ്യകലയുടെ വിജയം അദ്ദേഹത്തിന്റെ ശത്രുക്കളുടെ ആരോപണങ്ങളേക്കാള്‍ വലുതാണ്. കല ജീവിതത്തിനു വേണ്ടിയുള്ളതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സംസ്കാരത്തിന്റെ ഈടുവയ്പിലെ മുതലുകളത്രയും അതിന്റെ വ്യാപാരഫലങ്ങളാണെന്നും, അതു വേദനയില്ലാത്ത ലോകത്തിനുവേണ്ടിയുള്ള പരിശ്രമമാണെന്നു അദ്ദേഹം ധരിച്ചിട്ടുണ്ട്. ജീവിതത്തിന്റെ രക്തംകൊണ്ട് നിറം പിടിപ്പിക്കാത്ത ചിത്രങ്ങള്‍ ഉയര്‍ത്താന്‍ ആ ആരാധകന് ഒരുങ്ങാറില്ല. അപൂര്‍ണ്ണനായ മനുഷ്യന്റെ പൂര്‍ണ്ണതയിലേക്കുള്ള പ്രയത്നങ്ങള്ക്കുമുമ്പില് കലയെ അദ്ദേഹം പൂര്‍ണ്ണ ഹൃദയത്തോടുകൂടി വിശ്വസിക്കുന്നു. ജീവിതത്തിന്റേയും അതിന്റെ ശക്തിവിശേഷങ്ങള്‍ ഒളിച്ചുനില്‍ക്കുന്ന ഹൃദയത്തേയും വിശകലനം ചെയ്ത് അനുഭവൈക്യവേദ്യമായി അദ്ദേഹത്തിന്റെ ആത്മഗാഥകള്‍ പുറപ്പെടുന്നു. അതിലെ ഭംഗി നിറഞ്ഞ ശൈലികളില്ക്കൂടി ഭാഷ ചെണ്ടണിയുന്നു. വായനക്കാര്‍ ധരിക്കേണ്ടത് ഏതൊന്നോ, അതു ധരിപ്പിക്കുവാന്‍ ശ്രീ ചങ്ങമ്പുഴയുടെ പ്രതിപാദനരീതിയ്ക്ക് പ്രത്യേകസാമര്ത്ഥ്യമുണ്ട്. അതിന്റെ വൈചിത്ര്യവും ഒന്നു വേറെത്തന്നെ. പ്രമേയം വായനക്കാരനു ഇഷ്ടമല്ലാത്തതാണെങ്കില്ക്കൂടി ഉപേക്ഷിക്കുവാന്‍ സാധിക്കാത്ത ഒരു വശ്യശക്തി നെടുനീളം അതില്‍ പ്രകാശിക്കുന്നു. വൃത്തത്തിനോ പ്രാസാലങ്കാരങ്ങള്ക്കോ ആയി അദ്ദേഹത്തിന്റെ കാവ്യഭംഗി തെണ്ടിത്തിരിയാറില്ല. വെറും നഗ്നതയോ, നിറഞ്ഞ ആഡംബരകോലാഹലമോ അതില്‍ കാണുകയില്ല. ലളിതവും സൂക്ഷ്മവുമായ മറയ്ക്കലില്ക്കൂടി നൈസ്സര്‍ഗികമായ ഒരു ഭംഗി അതില്‍ ഓളം തല്ലുന്നു. കൂലംകുത്തികുതിക്കുന്ന വര്ഷകാലതടിനിയോടല്ല, ഇരുവശവും വെണ്മണല്പ്പരപ്പണിഞ്ഞ കന്നിയാറുകളോടാണ്, അതിനു സാധര്‍മ്യം. സോല്ലാസം ദാഹശമനത്തിനുതകുന്ന കുളിരണിത്തടാകങ്ങലും, വിശ്രമിക്കാന്‍ കൊള്ളാവുന്ന തണലുകളും അതില്‍ നിറഞ്ഞു നില്ക്കുന്നു. മലയാളഭാഷയുടെ അഹങ്കാരം അതില്‍ പലേടത്തും മുഴങ്ങുന്നു എങ്കിലും വിനയാന്വിതം അവയേ നോക്കികൊണ്ട്, അദ്ദേഹം പറയുന്നു:
'വമ്പിച്ച ഫലവൃക്ഷമൊന്നുമി,ല്ലെന്നാലെന്തീ-
ച്ചെമ്പനീര്പ്പൂന്തോപ്പെനിക്കേകിയല്ലോ, ഹാ, ദൈവം!'
പുതുപുഷ്പങ്ങളും പുത്തന്തളിരുകളുമണിഞ്ഞ വസന്തത്തിന്റെ മാറില്‍ തലചായ്ച്ച് നില്ക്കുന്ന ആ രമ്യോദ്യാനത്തെ നോക്കിക്കൊണ്ട് ആ ഗായകന് അപേക്ഷിക്കുന്നു:
'ഇക്കാട്ടുപൂക്കളുംകൊണ്ടര്ച്ചനയ്ക്കു നിന്
തൃക്കാല്ക്കല് നില്പിതിസ്സാഹിതീസേവകന്
അച്ഛിന്നകൗതുകം ഭക്തനര്പ്പിക്കുമി-
ത്തുച്ഛോപഹാരമിതംഗീകരിക്കണേ.'
കാലം അതിന്റെ ബലമേറിയ മുറത്തിലിട്ടു കവികളെ പാറ്റിനോക്കുന്നു. സമുദായടിക്കറ്റിന്മേല് കേറിപ്പറ്റിയ പതിരുകള്‍ അപ്പോള്‍ പറക്കുകയായി. യമകവും ഭാണവും കൊണ്ടുള്ള വ്യായാമവൈദഗ്ദ്ധ്യങ്ങള് അവിടെ നിന്നും തെറിക്കയായി. കാലത്തിന്റെ ആഹ്വാനം ആദരിച്ച് അതിന്റെ പ്രതിനിധിയായി ജനങ്ങള്‍ക്കുവേണ്ടി പ്രകാശിച്ച നെന്മണികള് മാത്രം ശേഷിക്കുന്നു. 'വിപുലപാണ്ഡിത്യച്ചുമടുതാങ്ങികള് വിഗതചേഷ്ടരായ് നിലകൊള്‍കെ' കാലത്തെ അവമാനിക്കാത്ത കൃതാര്ത്ഥയോടും, കാലത്താല്‍ സമ്മാനിക്കപ്പെടുന്ന കൊടിയടയാളത്തോടും കൂടി ശ്രീ ചങ്ങമ്പുഴയുടെ കാവ്യകല മുന്നോട്ടു സഞ്ചരിക്കുന്നു. അദ്ദേഹത്തിന്റെ ഉത്ക്കൃഷ്ടമായ കവനപാടവത്തിന്റെ ഉപഹാരമാണ് സ്പന്ദിക്കുന്ന അസ്ഥിമാടം.
ഇരുപത് ആത്മഗീതകങ്ങളും, അന്‍പത്തിയെട്ട് ഉപഗീതകങ്ങളുമാണ് ഇതിലെ ഉള്ളടക്കം. സ്പന്ദിക്കുന്ന അസ്ഥിമാടം, ഹൃദയമുള്ള സര്‍പ്പം, ഒരു കഥ, നക്ഷത്രം, മരിച്ച സ്വപ്നങ്ങള്‍, ശാലിനി ഈ കവിതകള്‍ പൊട്ടാത്ത കനകനൂലുകള്കൊണ്ട് പരസ്പരം ബദ്ധങ്ങളായ ഹൃദയങ്ങളുടെ നീറുന്ന നിശ്വാസങ്ങളാണ്. വഞ്ചന, കൃതഘ്നത, വേര്‍പാട് എന്നിവയുടെ സംഘര്ഷണത്താല് തീപിടിച്ച മൃദുലപേശികളുടെ സ്പന്ദനങ്ങളാണ് അവ. പശാചാത്താപത്തിന്റെ വിലയേറിയ കണ്ണുനീരും ആത്മാവിന്റെ അലങ്കാരരഹിതമായ ഭാഷയും അതില്‍ പ്രകാശിക്കുന്നു. 'ഉപാസിനി', 'ആനന്ദലഹരി', 'ആ കുഗ്രാമത്തില്‍', 'എന്നിട്ടും വന്നില്ല', 'പുലപ്പെണ്ണിന്റെ പാട്ട്', 'വൈരുദ്ധ്യം' ഇവ ഉത്ക്കൃഷ്ടവും അകൃത്രിമരമണീയവുമായ പ്രേമാനുഭൂതിയുടെ സ്മരണകളും വ്യാഖ്യാനങ്ങളുമായി നില്ക്കുന്നു. 'ഭാവത്രയം', 'ജീവിതം', 'തെങ്ങുകളുടെ വിഡ്ഢിത്തം', 'പട്ടിണിക്കാര്‍' ഈ കവിതകള്‍ പരിസരത്തിലെ പരമാര്‍ത്ഥങ്ങളുടെ പ്രചോദനത്താല്‍ ഉദ്ബുദ്ധമായ ആത്മാര്‍ത്ഥതയുടെ നിവേദനങ്ങളാണ്.
ആനന്ദാനുഭൂതിയുടെ പുളകോദ്ഗമകാരിയായ മധുരസ്മരണകളെ കിക്കിളിയിട്ടുണര്ത്താനായി വെണ്‍കതിര്‍ വിതറി പുരോഭാഗത്തു വന്നുനിന്ന ഒരു പ്രഭാതത്തെ നോക്കി, പരിതപ്തിമാനസനായി ഉരുകിക്കൊണ്ടിരുന്ന കവി പാടിത്തുടങ്ങുന്നു:
'അബ്ദമൊന്നു കഴിഞ്ഞിതാ വീണ്ടു-
മസ്സുദിനമതെന്മുന്നിലെത്തി.'
നിര്ഭാഗ്യചരിതന്മാരായ കാമുകന്മാരുടെ ഹൃദയങ്ങള്‍ പലതും പൊട്ടിത്തകര്‍ന്നു. കാലവാതത്തിന്റെ ആഘാതത്താല്‍ ഭാഗ്യസൂനങ്ങള് പലതും അടര്‍ന്നുവീണു. എന്നിട്ടും ഈ കൊച്ചുനീര്പ്പോളയ്ക്കു പൊട്ടാറായില്ല! ആ മധുരസ്മരണകള് ഞാന്‍ ഒന്നു അയവിറക്കിക്കൊള്ളട്ടെ. അല്പനേരത്തേക്കെങ്കിലും അങ്ങനെ, മരുഭൂമിയില്‍ കാലുകുത്തിനില്‍ക്കുന്ന എന്റെ തല വിണ്ണിലേക്ക് ഒന്നുയര്ന്നുകൊള്ളട്ടെ. മര്ദ്ദകസംഘക്കാരായ ദുഃഖചിന്തകളോട് ഇങ്ങനെ അപേക്ഷിച്ചുകൊണ്ട് കവി ആ സ്മരണകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു:
'സുപ്രഭാതമേ, നീയെനിക്കന്നൊ-
രപ്സരസ്സിനെക്കാണിച്ചുതന്നു.
ഗേഹലക്ഷ്മിയായ് മിന്നുമൊരോമല്‍-
സ്നേങമൂര്ത്തിയെക്കാണിച്ചുതന്നു.
പ്രാണനുംകൂടി കോള്‍മയിര്‍ക്കൊള്ളും
പൂനിലാവിനെക്കാണിച്ചുതന്നു.'
നീറുന്ന ചിന്തകള്‍ ഒന്നിനുപുറകേ ഒന്നായി ഉയരുമ്പോഴും, തന്റെ ജീവിത്തിന് അനിര്‍വചനീയമായ കുളിര്‍മ്മ സമ്മാനിക്കുന്ന ഒരു സൗഭാഗ്യദേവതയെ എല്ലാ രംഗങ്ങളിലുംഅദ്ദേഹം ദര്‍ശിക്കുന്നു. പ്രേമപാരവശ്യത്തോടുകൂടിയാണ്, ആ മാനിനിയെ അദ്ദേഹം വീക്ഷിക്കുക; ദേവി എന്ന് ആദരവോടുകൂടിയാണ് അദ്ദേഹം അവരെ വിവക്ഷിക്കുക. തന്റെ ജീവിതത്തിനു വെളിച്ചംതൂകുന്ന വൈദ്യുതമന്ദിരമായും, കൃതഘ്നതകള് ക്ഷമിക്കേണ്ട സ്നേഹരൂപിണിയായും, മരണത്തിനുപോലും മായ്ച്ചു കളയാന്‍ പാടവമില്ലാത്ത പ്രേമമുദ്രയായും ആ വിശിഷ്ടനക്ഷത്രത്തെ അദ്ദേഹം ആരാധിക്കുന്നു. സ്പന്ദിക്കുന്ന അസ്ഥിമാടത്തില്‍ നിന്ന് അവഗണിക്കാന്‍ പാടില്ലാത്ത ഒരു സന്ദേശം ആ മംഗളദേവതയുടെ സന്നിധിയില്‍ അദ്ദേഹം സമര്‍പ്പിക്കുന്നു. അതു മറ്റൊന്നുമല്ല: തന്റെ ഭൗതികാവശിഷ്ടം ആറടിമണ്ണില്‍ വിശ്രമിക്കുമ്പോഴും, ആ അസ്ഥിമാടം അര്ത്ഥവ്യഞ്ജകമായി സ്പന്ദിച്ചുകൊണ്ടിരിക്കുമെന്ന്; പാലപ്പൂക്കളില്നിന്നും പരിമളം പറന്നെത്തി പാതിരയെ പുണര്‍ന്നൊഴുകുമ്പോള്‍- ചന്ദ്രിക മഞ്ഞണിഞ്ഞു മദാലസയായി നൃത്തം ചെയ്യുമ്പോള്‍- മരക്കൊമ്പുകളില്‍ കൊക്കുരുമ്മി മുട്ടിമുട്ടിയിരുന്ന് ആ സ്പന്ദനം ശ്രദ്ധിക്കുന്ന കിളികള്‍ അതില്‍ അന്തര്‍ഹിതമായിരിക്കുന്ന സന്ദേശം വിളിച്ചു പറയുന്നതായിരിക്കുമെന്ന്; മനുഷ്യബന്ധമില്ലാതെ വിദൂരതകളില്‍ സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങളോട് അപ്പോള്‍ ആ കിളികള്‍ ഇങ്ങനെ വിളിച്ചുചോദിക്കുന്നതായിരിക്കുമെന്ന്:
'ഈദൃശോത്സവമുണ്ടോ കഥിപ്പിന്‍
താരകകളേ, നിങ്ങള്തന് നാട്ടില്‍?'
ഹൃദയമുള്ള സര്പ്പത്തില്ക്കൂടി ആ ദേവിയുടെ സന്നിധിയിലൊരു ഒരു പരമാര്‍ത്ഥം സമര്‍പ്പിക്കുന്നു- ദേവീ, ഞാന്‍ ഒരു ദൈവദൂതനല്ല; തെറ്റുപറ്റാവുന്ന ഒരു മനുഷ്യന് മാത്രം. എന്റെ അപരാധങ്ങള്‍ അസംഖ്യങ്ങളത്രേ. ഉഗ്രകാകോളം വമിക്കുന്ന ഒരു സര്‍പ്പമാണു ഞാന്‍. പക്ഷേ, എനിക്കും ഒരു ഹൃദയമുണ്ട്. നിന്നെ മാത്രം ഞാന്‍ കൊത്തുകയില്ല; നിന്നെ മാത്രം ഞാന്‍ വേദനിപ്പിക്കുകയില്ല. എന്നാല്‍,
'തെറ്റിദ്ധരിച്ചിരുന്നെന്നെ നീ പോലുമെന്‍
കഷ്ടകാലത്തിന്റെ ശക്തിമൂലം
...........................................................
ശത്രുക്കളാണെനിക്കൊക്കെ, നീ മാത്രമേ
മിത്രമായിന്നെനിക്കുള്ളു മന്നില്‍.
...............................................................
നീ മാത്രമാന്നൊന്നെ വിശ്വസിച്ചാല്‍ മതി
നീറുമല്ലെങ്കിലെന്നന്തരംഗം.
വഞ്ചിക്കയില്ലയേ നിന്നെമാത്രം പ്രിയേ,
നെഞ്ചിടിപ്പിറ്റു ഞാന്‍ വീഴുവോളം.
.................................................................
സര്‍പ്പമാകാം ഞാന്‍, വിഷം വമിക്കാം, ഉഗ്ര-
ദര്‍പ്പവുമുണ്ടാമെനിക്കു പക്ഷേ,
അത്രയ്ക്കുമാത്രം മനസ്വിനിയാണു നീ
കൊത്തുകയില്ല ഞാന്‍ നിന്നെമാത്രം.
..................................................................
ദേവി 'നീ കാണുമീമട്ടില്‍' നിന്മുന്നില് ഞാന്‍
ദേവനായ് നില്ക്കും മരിക്കുവോളം.'
മനുഷ്യന് ക്രൂരനോ വഞ്ചകനോ സര്‍പ്പമോ ഒക്കെയാകാം. പക്ഷേ, ഒരു പരമാര്‍ത്ഥമെങ്കിലും അയാള്‍ക്ക് ഇല്ലാതിരിക്കണമെന്നില്ലല്ലോ. ഈ പരമാര്‍ത്ഥം തന്റെ ദേവി വിശ്വസിക്കണമെന്ന് ആ പ്രേമഗംഭീരനു നിര്‍ബന്ധവുമില്ല. എന്നാല്‍ വേദനയനുഭവിക്കുന്ന ഈ ഹൃദയത്തിന്റെ പരമാര്‍ത്ഥങ്ങള്‍ അവിശ്വസനീയത്തക്കവിധം സംസ്കാരം മുന്‍വിധിയോടുകൂടി നില്ക്കരുതേ എന്നു മാത്രമാണ് ആ ദുഃഖിതന്റെ അപേക്ഷ. ഈ പ്രേമനിവേദനത്തിലെ ശിഥിലചിന്തകള്‍ സമാഹരിച്ചിരിക്കുന്ന മറ്റൊരു കവിതാഭാഗമാണ് 'ഒരു കഥ'. കരുണം കരകവിഞ്ഞ് ഒഴുകുന്ന ഒരു കഥ പറയാം, നിങ്ങള്‍ കരയരുതേ, എന്ന് അപേക്ഷിച്ചുകൊണ്ട് ആ കഥ തുടരുന്നു- പക്ഷേ, കാഥികന് തെറ്റിധരിക്കുന്നതുപോലെ കേള്‍വിക്കാരുടെ മനസ്സ് ദുഃഖഭരിതമാകുന്നില്ല; ചൂടുപിടിക്കുന്നുമില്ല. കഥയും, കേള്‍വിക്കാര്‍ കരയുമെന്നുമുള്ള ഉത്തമവിശ്വാസവും ഒരുപോലെ ദുഃഖപര്യവസായിയായിത്തീരുന്നു. ഇതിലെ കഥാപാത്രങ്ങളെ സംബന്ധിച്ച പരമാര്‍ത്ഥം ഇതാണ്:
'നീരസം പരസ്പരമില്ലാര്ക്കുമാര്ക്കും പക്ഷേ,
നീറി നീറി മാനസം ദ്രവിക്കയാണെല്ലാര്ക്കും.'
കുറച്ചു നീരസം അവര്‍ക്കു സൂക്ഷിക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍ ഉള്ളുനീറലിന്റെ ഭാരത്തിന് തെല്ല് ആശ്വാസം കിട്ടുമായിരുന്നു. പക്ഷേ, പരമാര്‍ത്ഥം അങ്ങനെയല്ല. ഇതാണ്, ഈ കഥയിലെ ദുഃഖഭൂയിഷ്ഠമായ ഭാവം. ഇതിലെ തെറ്റുകാരെ കണ്ടുപിടിക്കയെന്നതു ബുദ്ധിയുള്ളവരുടെ ആവശ്യമല്ല. പരിസരത്തിന് അടിപ്പെട്ടുപോകുന്ന മനുഷ്യഹൃദയത്തിന്റെ ദൗര്‍ബല്യം മനസ്സിലാക്കുന്നതിന് ഈ കഥ വളരെ സഹായിക്കും. സദാചാരബോധത്തിന്റെ നട്ടെല്ലിന്മേല് കരുണം ഇതില്‍ ഉയരുന്നില്ല. ഉയര്‍ത്തണമെന്നു കവിക്കു മനഃപൂര്വ്വവുമില്ല. തന്നെയല്ല, സദാചാരബോധങ്ങളെന്നറിയപ്പെടുന്ന മിനുങ്ങുന്ന കള്ളനാണയംകൊണ്ട് പങ്കുകച്ചവടത്തിന് അദ്ദേഹത്തിന് ആഗ്രഹവുമില്ല. ദുഃഖപര്യവസായിയായ ഈ കഥയ്ക്കുശേഷം ഹൃദയത്തിന്റെ നീറലിന് തെല്ല് ആശ്വാസം കിട്ടാന്‍ കാഥികന് ദൂരദിക്കില്‍ ഒരിടത്തു ചെന്നുചേരുന്നു. 'മരിച്ച സ്വപ്നങ്ങള്‍' ഓരോന്നും അദ്ദേഹത്തിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. യൗവനത്തിന്റെ വൃന്ദാവനഭൂമിയില്‍ പ്രേമമുരളിയൂതി നിന്ന ആ പ്രേമഗായകന്റെ ചുറ്റും നൃത്തംചെയ്ത സങ്കല്പഗോപികളേയും അദ്ദേഹം സ്മരിക്കുന്നു. യുദ്ധം ചെയ്തു തളര്‍ന്നപ്പോള്‍ ബുദ്ധിക്കു കിട്ടിയ പാകതയോടുകൂടി ആ ചിന്താശീലന് പറയുന്നു:
'ഇന്നോ ജഗത്തേ, നമസ്കരിക്കുന്നു ഞാന്‍
എന്നെ നീ വീണ്ടും ചവിട്ടരുതേ.
.................................................................
കഷ്ടം വിദൂരനഗരമേ, നിന്മടി-
ത്തട്ടില്‍ ഞാനീവിധം വന്നുചേര്‍ന്നു.
നീയെന്റെ ജന്മഭൂവല്ലല്ലോ മന്മനം
നീറുന്ന കണ്ടു രസിച്ചുനില്ക്കാന്
തമ്മില്‍ പരിചയമില്ലാത്ത മര്‍ത്ത്യരേ,
നിങ്ങള്‍ക്കിടയില്‍ ഞാന്‍ വന്നുചേര്‍ന്നു
എന്നുറ്റമിത്രങ്ങളല്ലല്ലോ മല്‍പ്രാണ-
ദണ്ഡത്തില്‍ കോള്‍മയിര്‍കൊള്ളാന്‍ നിങ്ങള്‍.
...................................................................
എന്‍ തോഴരലല്ലോ നിങ്ങലെന്നുല്ക്കര്ഷ-
ചിന്തയിലസ്വസ്ഥചിത്തരാകാന്‍.'
അദ്ദേഹത്തിന്റെ ദേവി ഹൃദയഹീനയല്ല. ആ വിഷമുള്ള പാമ്പിന്റെ ഹൃദയത്തേപ്പറ്റി അവള്‍ക്ക് അവിശ്വാസമില്ല. ആ അസ്ഥിമാടത്തിലെ സ്പന്ദനങ്ങള്‍ ഓരോന്നും ആവേശജനകമായ ജീവിതഗാനത്തിന്റെ താളങ്ങളാണെന്നുള്ള കാര്യത്തില്‍ ആ ആര്ദ്രചിത്തയ്ക്ക് സന്ദേഹമില്ല. ദൗര്‍ബല്യങ്ങളും വിസ്തൃതികളുമൊക്കെയുണ്ടെങ്കിലും ആ കാഥികന് തനിക്കായി ഒരു സത്യം സൂക്ഷിക്കുന്നുണ്ടെന്നുള്ള കാര്യത്തില്‍ അവര്‍ക്കു സംശയമില്ല. ആ ഗായകനെ നോക്കിക്കൊണ്ട് അവര്‍ പറയുന്നു:
'ഒന്നുമെനിക്കു വേണ്ടാ മൃദുചിത്തത്തി-
ലെന്നെക്കുറിച്ചുള്ളൊരോര്മ്മ മാത്രം മതി.
...............................................................................
താവകോല്ക്കര്ഷത്തിനെന് ജീവരക്തമാ-
ണാവശ്യമെങ്കിലെടുത്തുകൊള്ളു ഭവാന്.
എങ്കിലുമങ്ങതന്‍ പ്രേമസംശുദ്ധിയില്‍
ശങ്കയുണ്ടാവില്ലെനിക്കല്പമെങ്കിലും.
ആയിരമംഗനമാരൊത്തുചേര്ന്നെഴും
ആലവാലത്തിന്‍ നടുക്കങ്ങു നില്ക്കിലും
ഞാനസൂയപ്പെടില്ലെന്റെയാണാ മുഗ്ദ്ധ-
ഗാനാര്ദ്രചിത്തമെനിക്കറിയാം വിഭോ.
......................................................................
കാണും പലതും പറയുവാനാളുകള്‍
ഞാനൊരാളല്ലാതറിവതില്ലങ്ങയേ.
.....................................................................
ഒന്നും പ്രതിഫലം വേണ്ടെനിക്കാ മഞ്ജു-
മന്ദസ്മിതം കണ്ടു കണ്‍കുളിര്‍ത്താല്‍ മതി.'
ത്യാഗബന്ധുരമായ പ്രേമത്തിന്റെ സ്പന്ദനങ്ങള്‍ ഇതില്‍ക്കൂടുതല്‍ ഹൃദയാവര്‍ജ്ജകമായി പ്രകാശിപ്പിക്കുവാന്‍ എങ്ങനെയാണു സാധിക്കുക? ആ മാനിനി, അവിശ്വസിക്കുവാന്‍ വേണ്ടിയല്ല, ആ ഗായകനെ വിശ്വസിച്ചത്; അകലുവാന്‍ വേണ്ടിയല്ല, അടുത്തത്. ദുഃഖിക്കുവാന്‍ വേണ്ടിയല്ല സ്നേഹിച്ചത്.
പ്രകടനഭാരത്തില്നിന്നു ശുദ്ധവും, ത്യാഗത്താല്‍ മനോജ്ഞവുമായ പ്രേമവൈശിഷ്ട്യത്തെ സ്ഫുരിപ്പിക്കുന്ന വേറെയും പല കവിതകള്‍ സ്പന്ദിക്കുന്ന അസ്ഥിമാടത്തില്‍ ഉല്ലസിക്കുന്നു. ഇതില്‍ 'ഉപാസിനി' എന്ന പ്രേമാരാധന അതിന്റെ പൊന്‍ചിറകുകള്‍ വീശി അപാരതയിലേക്ക് സഞ്ചരിച്ചിരിക്കുന്നത് പുളകപ്രസരത്തോടെയല്ലാതെ വായിക്കുവാന്‍ സാധ്യമല്ല.
ശ്രീ ചങ്ങമ്പുഴയുടെ പ്രേമഗീതങ്ങള്ക്കുള്ള വൈശിഷ്ട്യങ്ങളില്‍ ഒന്ന്, അവ ലളിതവും കോമളങ്ങളുമായ പദപരിവാരങ്ങളോടുകൂടി ഏവരും ആരാധനയ്ക്കെത്തുന്ന ക്ഷേത്രപീഠത്തില്‍ പൂജ നടത്തുന്നു എന്നുള്ളതാണ്. അവയുടെ സഞ്ചാരത്തിന് ഒരു പ്രത്യേകതയുണ്ട്; സ്വരത്തിന് ഒരു ആകര്‍ഷണീയതയുണ്ട്; നിവേദനത്തിന് ഒരു സ്വാഭാവികതയുമുണ്ട്. ഹൃദയത്തില്‍ നിന്നു പ്രവഹിക്കുന്നതിനും ഹൃദയത്തില്‍ ലയിക്കുന്നതുമായ ഒന്ന് അവയിലുണ്ടായിരിക്കും. ബുദ്ധി വേണമെങ്കില്‍ അതില്‍ നിന്ന്, വ്യാകരണത്തെറ്റു കണ്ടുപിടിച്ചേക്കാം; യതിമര്യാദകള് ചൂണ്ടിക്കാണിച്ചേക്കാം. പക്ഷേ, കവിത്വത്തിന്റെ യഥാര്‍ത്ഥമഹത്വം സ്ഥിതിചെയ്യുന്നത് ഇത്തരം പൊട്ടത്തൂണുകളിലല്ലെന്നുള്ളത് ആശ്വാസകരംതന്നെ.
ശ്രീ.ചങ്ങമ്പുഴയുടെ ഗാഥകള്‍ പ്രേമനികുഞ്ജങ്ങളില്നിന്നു മഞ്ജൂരശിഞ്ജിതങ്ങള് ഉപേക്ഷിച്ചു വിശാലമായ അന്തരീക്ഷത്തില്‍ ഇറങ്ങിനില്ക്കുമ്പോള് ഭാവം ഒന്നു മാറുകയായി. സ്വാതന്ത്ര്യമില്ലാത്ത ഒരു നാട്ടില്‍ പരതന്ത്രനായ ഒരു സാഹിത്യകാരന് എത്രത്തോളമേ നീങ്ങാവൂ എന്ന് അപ്പോള്‍ അതു ചിന്തിക്കാറില്ല. സത്യത്തിന്റെ പ്രഖ്യാപനത്തിന് ആരുടെ ഇഷ്ടാനിഷ്ടങ്ങളേയും അതു വകവെയ്ക്കാറില്ല. പരമാര്‍ത്ഥം പരഞ്ഞാല് ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവനകലാപാടവത്തിന്റേയും വ്യക്തിത്വത്തിന്റേയും ഭാസുരമുദ്രകള് പ്രകാശിക്കുന്നത് അദ്ദേഹത്തിന്റെ പ്രേമേതരഗീതകങ്ങളിലാണ്. അദ്ദേഹം അര്‍ച്ചനയ്ക്ക് ഉപയോഗിച്ച പുഷ്പങ്ങളിലേക്കും ശ്രേഷ്ഠമായുള്ളത് ഏതാണെന്ന് ചോദിച്ചാല്‍ 'രക്തപുഷ്പ'ങ്ങളാണെന്നു പറയാന്‍ എനിക്കു തെല്ലും സംശയമുണ്ടാകുന്നില്ല. കേരളത്തോടും അതിലെ സഹോദരങ്ങളോടും ഒരു കവി എന്ന നിലയില്‍ അദ്ദേഹം തന്റെ ഉത്തരവാദിത്വത്തെ വ്യക്തമാക്കിയിരിക്കുന്ന കവിത ഏതാണെന്നു ചോദിച്ചാല്‍ സ്പന്ദിക്കുന്ന അസ്ഥിമാടത്തിലെ 'ഭാവത്രയ'മാണെന്നു പറയാനും എനിക്കു സംശയമില്ല. എന്നാല്‍ പ്രേമത്തെപ്പറ്റിയും അതിന്റെ അനുഭൂതികളേപ്പറ്റിയും ഉദ്ബുദ്ധമാകുമ്പോള് ആ കവിത മിനുങ്ങുന്ന ചില കണ്ണാടിക്കൂടുകളില്ക്കിടന്നു ചിറകടിക്കുന്നു. പറഞ്ഞാല്‍ തീരാത്ത പരാതികളും ഒതുങ്ങാത്ത പരിഭവങ്ങളും അതില്‍ നിറഞ്ഞുനില്ക്കുന്നു. പക്ഷേ, ആ വേദനയുടെ അടിത്തട്ടിലേക്ക് അദ്ദേഹത്തോടൊപ്പം വായനക്കാര്‍ ഇറങ്ങിച്ചെല്ലുന്നില്ല. ആ നിവേദനത്തിനു വേണ്ടത്ര വൈചിത്ര്യവും തികയുന്നില്ല.
മര്ദ്ദകന്മാരെന്നും മര്ദ്ദിതന്മാരെന്നും രണ്ടു ചേരിയായിത്തിരിയുന്ന ജനസംഘത്തില്‍ ഒരു കവിയായ തനിക്ക് എവിടെയാണു ചേരാവുന്നത് എന്നു 'ഭാവത്രയം' എന്ന കവിതയില്‍ ശ്രീ ചങ്ങമ്പുഴ വ്യക്തമാക്കിയിരിക്കുന്നു. സുഭിക്ഷത എന്ന കേരളത്തിലെ അബദ്ധപ്രയോഗത്തിന്റെ മുമ്പില്‍ ഉയര്‍ന്നിരിക്കുന്ന ആശ്ചര്യചിഹ്നങ്ങളാണ് ഈ കവിതയിലെ ഓരോ ഈരടിയും. സമുദായനീതിയുടെ ദുഷിച്ച ഭരണപാടവത്തെ ചോദ്യം ചെയ്യാനുള്ള തിടുക്കത്തോടുകൂടി സഹിഷ്ണുതയുടെ താഴ്വരകളില്‍ അണിചേര്‍ന്നിരിക്കുന്ന സ്പന്ദിക്കുന്ന അസ്ഥിമാടങ്ങള്ക്കു ലഭിക്കുന്ന ഉജ്ജീവനമന്ത്രമാണ് ആ കവിത. വികാരഭരിതനായ കവി കേരളത്തിന്റെ ഉദ്ഭവത്തിനു രക്തംപുരണ്ട കൈകൊണ്ടു പണ്ട് മഴുവെറിഞ്ഞ ഭാര്ഗ്ഗവരാമനേയും വെറുതെ വിടുന്നില്ല:
'അബ്ധിയോടിതു വാങ്ങിയ കാല-
ത്തല്‍പമിസ്ഥിതി ശങ്കിച്ചിരിക്കില്
ആഞ്ഞെറിയാതിരുന്നേനേ നൂനം
ആ മുഴുവന്നു ഭാര്ഗ്ഗവരാമന്''
സര്ഗ്ഗകര്ത്താവായ ഭാര്‍ഗ്ഗവരാമനു പറ്റിയ ഒരു പരാജയമായിത്തീര്ന്നിരിക്കുന്നത്രേ കേരളം. മനുഷ്യനെസ്സംബന്ധിച്ച് ഈശ്വരന്മാര്ക്കുള്ള അജ്ഞതയും അവരുടെ ഭാവിയെസ്സംബന്ധിച്ചുള്ള അലസതയും ഈ ഭാഗത്തുനിന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നീതി വീതിക്കുവാനായി വേദനയുടെ ചൂടില്‍നിന്ന് പൊട്ടിപ്പടര്‍ന്ന് അട്ടഹസിച്ചു കയറുന്ന അഗ്നി വിളിച്ചുപറയുന്നു:
'ദൈവനീതിതന്‍ പേരിലിന്നോളം
കൈതവം തന്നെ ചെയ്തതു ലോകം
നിര്‍ത്തുകിത്തരം നീതി നാം, നമ്മള്-
ക്കൊത്തൊരുമിച്ചുനിന്നു പോരാടാം.
വിപ്ലവത്തിന്റെ വെണ്മഴുവാലാ
വിത്തഗര്‍വ്വവിഷദ്രുമം വെട്ടി
സല്‍സമത്വസനാതനോദ്യാനം
സജ്ജമാക്കാന്‍ നമുക്കുദ്യമിക്കാം'
നീതികേടിന്റെ കടയ്ക്കല്‍ കാട്ടുതീയായി പടര്‍ന്നുകയറുവാന്‍ കവിയുടെ ജീവകാരുണ്യം വെമ്പുന്നു. അസമത്വത്തിന്റെ മേദുരഗിരിമകുടം ഇടിച്ചുനിരത്തുന്ന ഇടിത്തീയായി മാറാന്‍ ആ ആത്മാര്‍ത്ഥത ത്വരിക്കുന്നു.
മരുഭൂമിയിലെ എരിപൊരികൊള്ളല്, പൂവനത്തണലിലെ കുളിര്‍മ്മ, കരയുന്ന മുഖത്തിന്റെ മങ്ങല്‍, പുഞ്ചിരി തിളങ്ങുന്ന വദനത്തിലെ പ്രസന്നത, മരണത്തെ വലയം ചെയ്തുനില്ക്കുന്ന വിഷാദഭാരം, ജനനത്തെ കൊണ്ടാടിനില്ക്കുന്ന ആഹ്ലാദം, മരുഭൂമിയിലെ ദാഹപാരവശ്യം, കുടിച്ചുചാകലിലെ പാനപരവശ്യം ഈ വൈരുദ്ധ്യങ്ങള്‍ക്കു നടുവില്‍ സ്ഥിതിചെയ്യുന്ന ജീവിതം, ഉപഹാസപൂര്‍വ്വം കാലത്തോടു ചോദിക്കുന്നു- അല്ലയോ കാലമോ, എത്ര നാളായി നീ ഈ അളവു തുടരുന്നു? എന്റെ നഖവിസ്തൃതിയെങ്കിലും നിനക്ക് അളന്നുതീര്‍ക്കാന്‍ സാധിച്ചോ? ഈ പാഴുവേല തുടരാതിരിക്കൂ. എനിക്കു സീമയോ? ഞാന്‍ എവിടെ തുടങ്ങി, എവിടെ അവസാനിക്കുന്നു എന്ന കാര്യം നിനക്ക് എന്തറിയാം? തെറ്റിധരിക്കാതിരിക്കൂ. വേണമെങ്കില്‍ നീ എന്റെ പാട്ടു കേട്ടുകൊള്ളുക; അതു വ്യാഖ്യാനിക്കാന്‍ ശ്രമിക്കേണ്ട.
ഭാരതത്തിനു താങ്ങാന്പാടില്ലാത്ത ഭാരമായിത്തീര്ന്നിരിക്കുന്ന വിദേശാധിപത്യത്തിന് അഞ്ചാംനിരക്കാരായിത്തീര്ന്ന കേരളത്തിലെ തെങ്ങുകള്‍ അവര്‍ക്കു പറ്റിയ വിഡ്ഢിത്തത്തെപ്പറ്റി പറയുന്നു:
'പിച്ചവാങ്ങാനുമ്മറത്തെന്നെത്തിനിന്നോരപ്പൂ-
മച്ചിലിന്നു മെത്തമേലിരുന്നു മത്തടിപ്പൂ!'
'ഗാമയുമനുചരരും കാലുകുത്തി മണ്ണില്‍
ക്ഷേമലക്ഷ്മിക്കക്ഷണം കരടുപോയി കണ്ണില്‍'
സ്പന്ദിക്കുന്ന അസ്ഥിമാടത്തിലെ കവിതകളെല്ലാം ഈ അവതാരികയില്‍ സ്പര്‍ശിക്കുക എന്നു വന്നാല്‍ അതു വായനക്കാര്‍ക്ക് ഞാന്‍ നിമിത്തമുണ്ടാകുന്ന ശിക്ഷയുടെ കാലാവധി കൂടുന്നതിനേ പര്യാപ്തമാകയുള്ളു. ഇതിലെ ഓരോ കവിതയെപ്പറ്റിയും വേണ്ടതു ധരിക്കുവാന്‍ വായനക്കാരില്‍ പൂര്‍ണ്ണമായി സ്ഥിതിചെയ്യുന്ന സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുവാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ ഇതിലെ ഉത്ക്കൃഷ്ടങ്ങളായ ഗീതകങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോള്‍, നിര്‍ഭാഗ്യകരങ്ങളായ ചില കവിതകളെപ്പറ്റിയും രണ്ടു വാക്ക് പ്രസ്താവിച്ചുകൊളളട്ടെ: 'സൗഹൃദമുദ്ര' എന്ന തലക്കെട്ടില്‍ ഇതില്‍ ഒരു കവിത ചേര്‍ത്തിരിക്കുന്നു. സ്നേഹിതനായ ഒരു പോലീസ് ഇന്‍സ്പെക്ടര്‍ക്കു ശ്രീ ചങ്ങമ്പുഴ എഴുതിയ ഒരു കത്താണ്. ഈ പോലീസ് ഇന്‍സ്പെക്ടര്‍ ഒരു കവിയാണത്രേ! ആണോ അല്ലയോ എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ ഈ കത്തുകളും മറ്റും പദ്യവടിവില് പുറപ്പെടുന്നത് അദ്ഭുതകരമായിരിക്കുന്നു. മറ്റു തൊഴിലൊന്നും ഇല്ലാതിരുന്നപ്പോള്‍ മുമ്പു ചിലര്‍ ഇതില്‍ ഉയര്‍ന്ന റെക്കോര്‍ഡുകള്‍ സമ്പാദിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ട്. ഇതു കൂടിയേ കഴിയൂ എന്നുണ്ടെങ്കില്‍ എഴുതിക്കൊള്ളുക; എന്നാല്‍ നിരപരാധികളായ വായനക്കാര്‍ എന്തു വേണം? മറ്റൊന്ന്, കവിയായ ഒരു സ്നേഹിതന് അദ്ദേഹത്തിന്റെ വിവാഹവേളയില്‍ എഴുതിക്കൊടുത്ത ഒരു മംഗളാശംസയാണ്. ഇതു രണ്ടും ഇല്ലാതിരുന്നെങ്കിലും ഈ കൃതിയിലെ മനോഹരങ്ങളായ കവിതകള്‍ പ്രകാശിക്കുമെന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഒരു കവി, അദ്ദേഹം എഴുതുന്നതെല്ലാം പുസ്തകത്തില്‍ ചേര്ക്കാംഎന്നു കരുതുന്നത് വായനക്കാരെക്കുറിച്ചുള്ള അജ്ഞതകൊണ്ടാണ്.
സ്വതന്ത്രനും ചിന്താശീലനും ആപത്തുനിറഞ്ഞ അവസരത്തില്‍ ജനകീയതാത്പര്യങ്ങളുടെ പ്രതിനിധിയായി മുമ്പോട്ടുവരുവാന്‍ പ്രാപ്തനുമായ ശ്രീ ചങ്ങമ്പുഴ അനിഷ്ടസംഭവങ്ങളുടേയും അപജയങ്ങളുടേയും സംഘട്ടനവേളയില് വിധിയുടെ വയ്ക്കോല്ക്കോലങ്ങള്ക്കു പുറകില്‍ ഒളിച്ചുനില്‍ക്കുന്ന കാഴ്ച്ചയും ദയനീയമായിരിക്കുന്നു. ചിന്തയുടെ പുഴുക്കുത്തും അധഃപതനത്തിന്റെ വേദവാക്യവുമാണ് വിധി. ഭാസുതരങ്ങലായ പരിവര്‍ത്തനങ്ങള്‍ക്കുവേണ്ടി കാലം പ്രസവവേദനകൊള്ളുമ്പോള്- ജീവിതത്തിന്റെ വിലയേറിയ വിപ്ലവം അതിന്റെ പരിവാരങ്ങളോടുകൂടി മുന്നോട്ടു നീങ്ങുമ്പോള്‍- വിധിയില്‍ കുരുങ്ങിക്കിടക്കുന്ന ജനതയെ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഒരു കവിക്കുള്ളതല്ലേ?
'വിധിയൊടു പൊരുതിപ്പരാജയത്താ-
ലധികരുജയ്ക്കടിപെട്ടു മാഴ്കുമെന്നെ.'
'നമിച്ചിടേണ്ടയോ വിധിയുടെ മുമ്പില്‍?'
'മനുജനു വിധി നീക്കിടാവതല്ല'
കര്‍മ്മോന്മുഖരും സ്ഥിരോത്സാഹികളുമായ ജനതതിക്ക് അവമാനകരമായ ഒരു നിര്‍ദ്ദേശമാണ് വിധി.
'മഴയെന്നാംഗ്യം കണ്ടാലക്ഷണം പെയ്യും മേഘം
മതിയെന്നാജ്ഞാപിച്ചാലക്ഷണം മതിയാക്കും.
മാമക ഹിതം നോക്കിച്ചലിക്കും മരുത്തുകള്‍
മാമക ഹിതം നോക്കി സ്രവിക്കും സരിത്തുകള്‍;
പാടില്ലെന്നെങ്ങാന് ചൊന്നാല് പാടില്ലാ പറവകള്‍,
വാടരുതെന്നോതിയാല് വാടില്ലാ മലരുകള്‍.
കേവലം വേലക്കാരിപ്പെണ്ണായി നില്ക്കൂ, കുനി-
ഞ്ഞീ വിശ്വപ്രകൃതി കൈകൂപ്പിക്കൊണ്ടെന്നെന് മുന്നില്‍'
ഇങ്ങനെ അതിമാനുഷനെ സൃഷ്ടിക്കുന്ന കവി വിധിയുടെ താളിയോലഗ്രന്ഥങ്ങളില്‍ തപ്പിത്തിരയുന്നതു വിചിത്രതരമായിരിക്കുന്നു. അതുപോലെ മരണത്തിന്റെ നേര്‍ക്ക് അദ്ദേഹം കൂടുതല്‍ മമത കാണിക്കുന്നതായും തോന്നിപ്പോകുന്നു. മരണം ജീവിതത്തെ അതിന്റെ പാട്ടിനു വിട്ടേക്കട്ടെ. മരണത്തിന്റെ ഭീഷണികളുടെ മുമ്പില്‍ ഞടുങ്ങേണ്ട ഒന്നല്ല, ജീവിതം. മരണം ജീവിതത്തിന്റെ ഒരു ആവശ്യമാണെങ്കിലും ജീവിതം മരണത്തിന്റെ യാതൊന്നുമല്ല.
'കാലവാതമടിച്ചെത്രകോടി-
ശ്രീലപുഷ്പങ്ങള്‍ ഞെട്ടറ്റുപോയി
പൊട്ടിടാത്തതെന്തെന്നിട്ടുമയ്യോ
കഷ്ടമിക്കൊച്ചുനീര്പ്പോളമാത്രം.'
'നാകം കാല്പനികോത്സവാങ്കിതലസല്
ക്കാനല്ജ്ജലം പിന്നെയെ-
ന്തേകം, സത്യ,മനശ്വരം?-മൃതി,യതേ
മൃത്യോ, ജയിക്കുന്നു നീ.'
'മരവിക്കുവാന്വേണ്ടി ഞാനേവം ചരിക്കുന്നു
മരണത്തിനുവേണ്ടി ഞാനേവം ജീവിക്കുന്നു'
നീതികേടും നിസ്സഹായതയും അസമത്വത്തിന്റെ നീതിശാസ്ത്രങ്ങളും നിറഞ്ഞുനില്ക്കുന്ന മണ്ഡലത്തില്‍ മരണം ആശ്വാസകാരണം തന്നെ. എന്നാല്‍ നൈരാശ്യം അതിന്റെ വിലയിടിക്കുന്നതു നന്നല്ല. ജീവിതസമരത്തില്‍ മരണത്തിന്റെ ഉത്തരവാദിത്വം ത്യാഗത്തിന്റെ ധാര്മ്മികാഹ്വാനങ്ങളോ, കാലത്തിന്റെ അഭിവാഞ്ഛകളോ ഏറ്റെടുത്തുകൊള്ളട്ടെ. ശ്രീ ചങ്ങമ്പുഴ മരണത്തെ ആത്മാര്‍ത്ഥതയോടുകൂടി കാണിക്കുന്നുണ്ടെങ്കിലും ഒരു കാര്യം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്:
'മൃതിയണവതിനാശയായി, പക്ഷേ,
മുതിരുകയില്ലിവനാത്മഹത്യചെയ്യാന്‍
തന്നെയല്ല, ഒരിടത്ത് അദ്ദേഹം ചോദിക്കുന്നു-
നിരഘമിജ്ജീവിതം പോലുമയ്യോ
വെറുമൊരുപൊള്ളയാം സ്പ്നമെങ്കില്
സ്വയമതും കൂടി നാം കണ്ണുനീരില്‍
കവുകിക്കളവതു മൗഢമല്ലേ?
അറുതിവരേക്കും തുളുമ്പിടേണ-
മതില് നവോല്ലാസത്തിന്‍ വേണുഗാനം.'
മനുഷ്യത്വം അവമാനിക്കപ്പെട്ടു നില്ക്കുന്നേടത്തും, സ്വതന്ത്രമായ ചിന്താഗതി അവഗണിക്കപ്പെടുന്നേടത്തും ചങ്ങനപുഴക്കവിത ഉള്‍ക്കരുത്തോടെ കടന്നുചെല്ലുന്നു. ലാവണ്യത്തിന്റെ പൊലിമയുടെയും, സ്ത്രീത്വത്തിന്റെ മഹിമയുടെയും കനകരേഖകള് പോലെ തുളുമ്പിത്തുടിക്കുന്ന മാര്ത്തട്ടോടുകൂടി അഹങ്കരിച്ചടുക്കുന്ന മാനിനിമാരെക്കണ്ട് അതു ചോദിക്കുന്നു:
'അമൃതം തുളുമ്പുമപ്പോര്മുലക്കുടം നിങ്ങള്‍-
ക്കടിമപ്പുവുക്കളെപ്പാലൂട്ടിപോറ്റാനല്ലേ?
താമരത്താരൊത്താരാക്കൈയുകള് ദാസന്മാരെ-
ത്താരാട്ടു പാടിപ്പാടി തൊട്ടിലാട്ടുവാനുള്ളതല്ലേ?'
പരിസരങ്ങളില്‍ ഒരിടത്തെങ്കിലും ഒരു തണല്‍ കാണാതെ ഉള്ളുപൊള്ളുമ്പോള്‍ അദ്ദേഹം അപേക്ഷിക്കയായി-
'എരിവെയിലേറ്ററ്റയ്യോ സര്‍വ്വാംഗം പൊള്ളുന്നല്ലോ
വരു നീ വരൂ വേഗം വര്‍ഷത്തിന് കൊടുങ്കാറ്റേ
ഉല്‍ക്കടപ്രഭാവോഗ്രനായ നിന്നിടിവെട്ടില്‍
ചക്രവാളാന്തംപോലും ചിതറിത്തെറിക്കട്ടെ!'
ദൗര്‍ബല്യങ്ങളും ശത്രുക്കളും നിറഞ്ഞ മനുഷ്യത്വത്തിന്റെ പ്രതിനിധിയായി ആകാശത്തേക്കു മുഖമുയര്ത്തിനിന്നുകൊണ്ട് അദ്ദേഹം പാടുന്നു:
'വാനിന് വിമലവിശാലനഗരിയില്‍
വാണരുളീടും ജഗല്‍പ്പിതാവേ
കത്താത്തതെന്താണാ നക്ഷത്രദീപങ്ങള്‍?
കഷ്ടമവിടെയും യുദ്ധമുണ്ടോ?
അല്ലെങ്കിലെന്തിനാണാ നല്ല നാട്ടിലു-
മല്ലിതിലേവം തമസ്കരണം?
അംഗീകൃതേകാധിനായകനായിടു-
മങ്ങേയ്ക്കുമങ്ങു ശത്രുക്കളുണ്ടോ?
ആ നിലയ്ക്കദ്ഭുതമെന്തുണ്ടീക്കീടത്തി-
നായിരം വൈരികളുദ്ഭവിക്കില്?'
ചങ്ങമ്പുഴക്കവിതയുടെ മുമ്പില്‍ ആക്ഷേപം നിരത്തുന്നവര്‍ പലരുണ്ട്. അവരില്‍ അധികംപേരും നിരൂപകന്മാരാണ്. ഞാന്‍ ഒരു നിരൂപകനല്ല. പക്ഷേ, ഈ നിരൂപണങ്ങളില്‍ പലതിലും കാണാറുള്ളത് ഉത്കൃഷ്ടമായ നിരൂപണകലയുടെ ശുദ്ധിയല്ല, അസൂയയുടെ കറയാണ്. നിരൂപകന്മാര് എന്തുതന്നെ പറഞ്ഞാലും ചങ്ങമ്പുഴക്കവിത കേരളീയരെ ആകര്‍ഷിച്ചുകഴിഞ്ഞു. കേരളത്തെ ഉണര്‍ത്തിക്കഴിഞ്ഞു. അതില്‍ രണ്ട് ഈരടിയെയെങ്കിലും ആക്ഷേപിക്കാത്ത കവികളും കുറവാണ്. പക്ഷേ, അവരില്‍ പലരും രാജ്യരക്ഷയ്ക്കുവേണ്ടി കവിതയെഴുത്തു നിര്‍ത്തേണ്ടവരാണ്. ഒരു കവിയ്ക്ക് ആസ്വാദകരായ ജനങ്ങളുമായി നേരിട്ട് ഇടപെടുവാന്‍ സാധിച്ചുകഴിഞ്ഞാല്‍ ഇടയ്ക്കു ദല്ലാളുകാരുടെ ആവശ്യം ഉണ്ടാകുന്നില്ല. ആവേശജനകവും ആമേദഭരിതവുമായ ആ ഗാനകല അനുസ്യൂതം ഉയര്‍ന്നുകൊള്ളട്ടെ, പരതന്ത്രയായ മാതൃഭൂമിക്കു രുചികരങ്ങളായ ആഹാരസാധനങ്ങള്‍ പാകപ്പെടുത്തുന്നതിനുള്ള തീയായും, ഐശ്വര്യാഭാസത്തിന്റെ പച്ചിലത്തഴപ്പിനെ പരീക്ഷിക്കുന്ന കൊടുങ്കാറ്റായും, വിപ്ലവത്തിനു വിശ്രമിക്കാനുള്ള തണലായും, ജീവിതത്തിന്റെ ക്ഷേത്രത്തില്‍നിന്ന് ഉയരുന്നശംഖനാദമായും അത് ഉത്തരോത്തരം ഉല്ലസിച്ചുകൊള്ളട്ടെ. പ്രാബല്യം തികഞ്ഞ ആ കാവ്യകല ഇതാ കേരളാഭിമാനത്തിന്റെ സന്നിധിയില്‍ അതിന്റെ ഇരുപതാമത്തെ ഉപഹാരമായ 'സ്പന്ദിക്കുന്ന അസ്ഥിമാടം' സവിനയം സമര്‍പ്പിച്ചുകൊള്ളുന്നു. ഈ സമര്‍പ്പണത്തിന്റെയും സ്വീകരണത്തിന്റെയും മദ്ധ്യത്തില്‍ അനാവശ്യമായി നില്ക്കുന്ന അവതാരകന് നിങ്ങള്‍ മാപ്പു നല്‍കണേ!
രക്തപുഷ്പങ്ങള്‍
അവതാരിക - റവ. ഡോ. എബ്രഹാം വടക്കേല്‍
കേവലം അനാഗതശ്മശ്രുവായിരുന്ന കാലത്തുതന്നെ അനുഗ്രഹീതനായ ഒരു കവിയെന്നു പ്രഖ്യാപിതനായിത്തീരുവാന് ഭാഗ്യധേയം സിദ്ധിച്ച ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിതാസുധ ആസ്വദിക്കാത്ത സഹൃദയന്മാര് ഇന്നു കേരളത്തില്‍ ഉണ്ടായിരിക്കില്ലതന്നെ. ഈ സരസകവിയുടെ ആത്മഗീതാസമുച്ചയമാണ് 'രക്തപുഷ്പങ്ങള്‍' എന്ന അഭിധാനത്തില്‍ ഇപ്പോള്‍ പ്രസിദ്ധീകൃതമാകുന്നത്. ഈ കൃതിയ്ക്ക് ഒരു അവതാരികയുടെ ആവശ്യമെന്തെന്നും, ആ ചടങ്ങു ഞാന്‍ നിര്വ്വഹിക്കേണമെന്നു ഗ്രന്ഥകാരന് അഭിലഷിക്കുന്നതെന്തുകൊണ്ടെന്നും എനിക്കിനിയും അജ്ഞാതമായിരിക്കുന്നതേയുള്ളു. ഈ പുഷ്പമാല്യം കൈരളീകണ്ഠത്തില് അര്‍പ്പിക്കുന്നതിനു ഒരു പുരോഹിതന്റെ മാധ്യസ്ഥം ഭവിക്കുന്നതില്‍ വാസനാവിഭവനായ കവി വല്ല പ്രത്യേകഭാവുകങ്ങളും ഉദ്ഭാവനം ചെയ്തിട്ടോ തന്റെ കാവ്യാമൃതം പാനം ചെയ്തുല്ലസിക്കുന്ന സാഹിതീയഭക്തന്മാരുടെ പട്ടികയില്‍നിന്ന് അശോകവനികാന്യായേന എന്റെ പേരു തെരെഞ്ഞെടുത്തതായിരിക്കാം!
ഖണ്ഡകാവ്യപ്രസ്ഥാനത്തില്‍ കവിതാദേവി സര്വ്വത്രസ്വതന്ത്രയായിട്ടാണ് രംഗപ്രവേശം ചെയ്യുന്നത്. ഇതിവൃത്തസ്വീകരണത്തെ സംബന്ധിച്ചിടത്തോളം ഈ നൂതനപ്രസ്ഥാനം കാവ്യകൃത്തുകളെ സവിശേഷം നിരങ്കുശന്മാരാക്കുന്നു. പ്രകൃതകാവ്യദശകത്തെത്തന്നെ പരിശോധിക്കുക: 'വാഴക്കുല' എന്ന വിഷയം എത്ര നിസ്സാരം; പ്രഥമശ്രവണത്തില്‍ ഈ വിഷയം വര്‍ണ്ണനാത്മകമായ ഒരു കാവ്യത്തെയായിരിക്കും അഭിവ്യഞ്ജിപ്പിക്കുന്നത്. മലയപ്പുലയന് മാടത്തിന്റെ മുറ്റത്ത് ഒരു വാഴ നടുന്നു; അഴകിപ്പുലക്കള്ളി അതിനെ 'മനംവെച്ചു' പരിപാലിക്കുന്നു; തേവന്, മാതേവന്, കേളന്, കരുവള്ളോന്, നീലി എന്ന സന്താനപഞ്ചകം ആ വാഴ കുലച്ചു പഴം തിന്നാന്‍, 'അതിയൊരു കൊതിയുംപൂണ്ടു' കാലം കഴിക്കുന്നു; ഞാലിപ്പൂവന് കുലച്ചു പാകമാവാറായി; മലയന്റെ മേലാളായ തമ്പുരാന് നല്കിയ കണ്ണും കരളുമറ്റ കല്പനയുടെ ഉച്ഛൃംഖലതയില് വാഴക്കുല ആ സാധുക്കള്‍ക്ക് നഷ്ടപ്പെടുന്നു. ഇതാണു പ്രതിപാദിതം. ജീവല്സാഹിത്യത്തിന്നു പര്യാപ്തതരമായ ഇതിവൃത്താന്തരം കണ്ടുപിടിക്കാനില്ല. നമ്മുടെ ജനപദരംഗങ്ങളില് ദൈനംദിനമെന്നോണം നാം കണ്ടുകൊണ്ടിരിക്കുന്ന ഒരു നാടകമാണിത്. പക്ഷേ, ഉപരിപ്ലവമാത്രമായ സാമാന്യദൃഷ്ടിക്ക് അവധാനതനാര്ഹമായ ഈ 'നാടോടി'സംഭവം വിഭാവനാധനിയായ കവിയുടെ സൂക്ഷ്മചക്ഷുസ്സുകള്ക്കു സുതരാം ശ്രദ്ധേയമായിത്തീരുന്നു. 'കൊടുങ്കാറ്റു കഴിഞ്ഞു്' എന്നതാണ് അടുത്ത വിഷയം. സ്വാതന്ത്രത്തിനുവേണ്ടി നടത്തിയ ഘോരസമരത്തിനുശേഷം, പിണവും നിണവും നിറഞ്ഞ രണാങ്കണത്തെ നോക്കി, പ്രേമദേവത നടത്തിയ തത്ത്വകഥനങ്ങളത്രേ ഇതിന്റെ ഉള്ളടക്കം. ചിങ്ങമാസത്തിലെ തിരുവോണത്തിന്റെ ആഗമനവും ഇന്നത്തെ തിരുവോണത്തിനു മാവേലിക്കാലത്തെ സമൃദ്ധിയില്‍ നിന്നുള്ള വൈലക്ഷണ്യവും, അങ്ങനെ മുതലാളി-തൊഴിലാളി വഴക്കും അതിചതുരമായി ചിത്രീകരിച്ച് സര്വ്വസ്വാതന്ത്ര്യസന്ദായകമായ ഒരു നവവര്ഷോദയത്തെ സൂചിപ്പിക്കുന്നതത്രേ 'നവവര്‍ഷനാന്ദി'. തൊഴിലാളികളുടെ നൈര്ദ്ധന്യനൈദാഘത്തെ ഉച്ചാടനം ചെയ്വാന് വിപ്ലവവര്ഷത്തിന്റെ ഝംഝമാരുതന് രംഗത്തു പ്രവേശിക്കേണ്ട ആവശ്യത്തെ അധികരിച്ചുള്ള ഒരു ലഘുകാവ്യമാണ് 'ആ കൊടുങ്കാറ്റ്'. കൂലിവേലക്കാരനായ ഒരു വൃദ്ധന്റെ ദാരുണമായ ദാരിദ്ര്യം, അയാളുടെ വേലകൊണ്ട് തടിച്ച മുതലാളിയുടെ സുഭിക്ഷം, ഈ അവസ്ഥാവൈരുദ്ധ്യം മാറി സമത്വം കളിയാടേണ്ട ആവശ്യം -ഇതാണ് 'ദാരിദ്ര്യത്തിനു മുമ്പില്‍' ആവിഷ്കരിക്കുന്നത്. 'ഇന്നത്തെ നില' ദാരിദ്ര്യാന്ധകാരത്തില് നട്ടംതിരിയുന്ന ലോകരുടെ-കര്ഷകാദികളുടെ- ജീവരക്തം ഊറ്റിക്കുടിച്ചു മദിക്കുന്ന ദാംഭികരായ സമ്പന്നര്‍ നീതിയെപ്പറ്റി നിരര്‍ത്ഥകമായി പുലമ്പുന്നതിനെയും ഉച്ചനീചത്വങ്ങള്‍ തകര്‍ക്കുന്ന വിപ്ലവക്കൊടുങ്കാറ്റടിച്ചു വെളിച്ചവും പരിഷ്കാരവും സമാധാനവും ഉണ്ടാകേണ്ടതിനെയും പ്രകടമാക്കുന്നു. ക്ഷണഭംഗുരമായ തീപ്പൊരി (നിര്‍ദ്ധനരുടെ ശക്തിയായിരിക്കാം ഇവിടുത്തെ അധ്യവസിതാംശം) താഴെ വീണു നശിച്ചാല്‍പ്പിന്നെ സര്‍വത്ര നീരന്ധ്രമായ അന്ധകാരം; പ്രത്യുത, അതു ശുഷ്കശഷ്പത്തില് വീണു കൊഴുത്താല് ബൃഹത്തായ അഗ്നിബാധയും, തജ്ജന്യമായ പരിവര്‍ത്തനങ്ങളും! അതേ, പാവങ്ങള്‍ ക്ഷോഭിച്ചാല്‍ ലോകം വിപ്ലവവിധേയമായി രൂപാന്തരപ്പെടും; ഇതത്രേ 'തീപ്പൊരി', കാന്തി വീശി, മണം വിതറിനിന്ന ഒരു കുസുമം വാടി വീഴാന്‍ തുടങ്ങുന്നതിനെപ്പറ്റിയുള്ള വാനമ്പാടിയുടെ പ്രരോദനവും, അതിന്റെ അര്‍ത്ഥശൂന്യതയെ വെളിവാക്കുന്ന കുസുമത്തിന്റെ സാന്ത്വനവുമാണ് 'രാഗരീതി'. കവി അഥവാ നായകന്, ഒരിക്കല്‍ യദൃച്ഛയാ ഒരു കന്യകയ്ക്കു കുറേ പൂക്കള്‍ പറിച്ചു കൊടുക്കുകയും അങ്ങനെ എങ്ങനെയോ അവളില്‍ അഭിനിവിഷ്ടന്-അനുരക്തന്-ആകുകയും ചെയ്യുന്നു; അവള് മറ്റൊരാളുടെ ഭാര്യാപദം സ്വീകരിച്ച് ഗൃഹസ്ഥാശ്രമസ്ഥയായതിനുശേഷവും കവിക്ക് പൂര്വ്വസമാഗമാനുസ്മരണയില് അനുഭൂതമാകുന്ന സന്തുഷ്ടിയും ഗദ്ഗദവും ക്ഷന്തവ്യമാണെന്നു സമാശ്വസിക്കുന്നതാണ് 'മാപ്പു ന
ല്കണമേ!' എന്ന കവിത. നീറുന്ന മനസ്സിലുദിക്കുന്ന നൂതനവികാരങ്ങളെ സൈ്വരമായി പ്രകടിപ്പിക്കുവാന്‍ പാടില്ലാത്ത സാഹചര്യങ്ങളിലുഴലുന്ന കവി, തന്റെ ആദര്ശഗാനങ്ങള് ലോകം കേവലം ഉന്മത്ത പ്രലപനമായി എണ്ണുമെന്നു ശങ്കിക്കുകയും, ആ ഗാനങ്ങള്‍ ഒരിക്കല്‍ യരശ്ചന്ദ്രികയില് യഥാര്‍ഹം അനുഗ്രഹീതമാകണമെന്നാശംയിക്കുയും ചെയ്യുന്നതാണെന്നു തോന്നുന്നു, 'ഉന്മാദത്തിന്റെ ഓടക്കുഴല്‍'. ഇങ്ങനെ ഭാവനസൃഷ്ടങ്ങളും വിചാരാത്മകങ്ങളും അധ്യതനലോകത്തിന്റെ ജീവല്‍പ്രശ്നങ്ങളെ ക്രോഡീകരിക്കുന്നവയും, സഹൃദേയതരന് അന്തസ്സരരഹിതങ്ങളെന്നു തോന്നിയേക്കാവുന്നവയുമായ ഇതിവൃത്തങ്ങളെയുമാണ് ഈ ഗ്രന്ഥത്തില്‍ കവി സമീകരിച്ചിട്ടുള്ളത്.
ഇവയില്‍ ആദ്യത്തെ ഏഴു വിഷയങ്ങളും സാരാംശത്തില്‍ ഒന്നു തന്നെയാണ്. ലോകത്തിന്റെ വര്‍ത്തമാന വ്യവസ്ഥിതിയില്‍ സര്‍വ്വഥാ ഉഗ്രംപശ്യമായ ഒരു മനോഭാവമാണ് കവിക്കുള്ളതെന്ന് ഈ ഇതിവൃത്തങ്ങളും അതിലധികം ഇവയുടെ പ്രതിപാദനവും വിശദമാക്കുന്നു.
“I have suffered what I wrote, or viler pain
And so my words seeds of mysery. ”
-Shelly
എന്ന ഗ്രന്ഥത്തിന്റെ മുഖപക്ഷങ്ങളില് സാകൂതം ഉദ്ധരിച്ചിരിക്കുന്ന ആംഗലകവിവചസ്സുകള് ഈ അഭിപ്രായത്തെ ദൃഢീകരിക്കുകയും ചെയ്യുന്നു. ഈ ഇതിവൃത്തങ്ങളുടെ സ്വീകരണത്തിലും ഇവയുടെ പ്രതിപാദനത്തിലും അന്തര്ല്ലീനമായിരിക്കുന്ന ത്യാജഗ്രാഹ്യാംശങ്ങളെപ്പറ്റിയുള്ള പരിചിന്തനം പ്രകൃതത്തില്‍ അപ്രകൃതമായിരിക്കില്ലതന്നെ. 'രക്തപുഷ്പങ്ങള്‍' എന്ന ഗ്രന്ഥനാമംതന്നെയും തെല്ലു പരിഭ്രമജനകമായിരിക്കുന്നു. 'രക്ത'ശബ്ദത്തിനു കവി സങ്കല്പിക്കുന്ന അര്‍ത്ഥം എന്തൊക്കെയാണെന്നു വ്യവച്ഛേദിക്കുക ദുഷ്കരമാണെങ്കിലും പ്രസ്തുത നാമശ്രവണത്തില് പഠിതാവിനുണ്ടാകുന്ന അര്‍ത്ഥപ്രതീതി, കവിയുടെ ജീവരക്തങ്ങളോ ജീവരക്തസ്പര്ശികളോ ആയ പുഷ്പങ്ങളെന്നോ, ലോകത്തില്‍ രുധിരപ്രസ്രവണത്തിന്, ചോരച്ചൊരിച്ചിലിന്, നിദാനമായ വിപ്ലവഫലത്തില് പരിണമിക്കുന്ന പുഷ്പങ്ങളെന്നോ ആയിരിക്കും. 'രക്തപുഷ്പ'ത്തിന്നു നിഘണ്ടുക്കളില്‍ കാണുന്ന അകത്തി, അരളി, എരിക്ക്, മുരിക്ക്, പുന്ന, മലരി, മന്തരം, മാതളാദ്യര്ത്ഥങ്ങള്ക്കു പ്രകൃത്തില് ചമത്കാരകാരകമായ പ്രസക്തിയൊന്നും കാണുന്നില്ല. 'സ്നിഗ്ദ്ധപുഷ്പങ്ങള്', 'മനോഹരപുഷ്പങ്ങള്‍' എന്നിങ്ങനെയും യഥാകഥഞ്ചില്‍ അര്‍ത്ഥം കല്പിക്കാമെങ്കിലും ഇരുപതോളം പ്രാവശ്യം രക്തശബ്ദവും പര്യായങ്ങളും സന്ദര്ഭാന്തരത്തില് ആവര്‍ത്തിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം നോക്കിയിട്ട് അങ്ങനെയൊരു സുന്ദരാര്ത്ഥകല്പനയും ഈ ഗ്രന്ഥനാമത്തില്‍ അത്ര അകൃത്രിമമല്ല. വിപ്ലവാനുബദ്ധമായ, പരിവര്ത്തനസംബന്ധിയായ, വ്യഖ്യാനാന്തരം അസ്മാദൃശന്മാരായ ശാന്തപ്രകൃതികള്ക്കു തീര്‍ത്തും പരിഭ്രമജനകമായിരിക്കുന്നു. എന്നാല്‍ അതികര്ക്കശങ്ങളായ സ്വീയാനുഭവങ്ങള് കവിയുടെ ജീവരക്തം കലര്‍ത്തി ഉഴുതിളക്കിയ ഹൃദയകേദാരത്തില് നിന്നുദ്ഭവിച്ച പുഷ്പങ്ങള്‍ എന്ന അര്ത്ഥസന്ധാനത്തിന്റെ പ്രസക്തിയും സ്വാരസ്യവും ഹൃദ്യതയും അന്യാദൃശ്യമെന്നല്ലാതെ എന്തു പറയട്ടെ!
ജീവിതവൈഷമ്യങ്ങളില് വലയുന്ന എന്റെ യുവസ്നേഹിതന്‍ സ്ഥിതിസമത്വവാദത്തിന്റെ മോഹനാഹ്വാനത്തില് കുടുങ്ങി നട്ടംതിരിയുന്നതായി തോന്നുന്നു. ഇതില്‍ അദ്ദേഹത്തോടും സഹതപിക്കാനല്ലാതെ അനുകൂലിക്കാന്‍ നിവൃത്തിയില്ല. ലോകത്തിലെല്ലാം സമത്വം കളിയാടണമെന്നും, അതു വിപ്ലവംകൊണ്ടു നിഷ്പ്രയാസം സാധിക്കണമെന്നുമാണത്രേ മിസ്റ്റര്‍ ചങ്ങമ്പുഴയുടെ മതം. ഉടയവന്റെ ആജ്ഞയനുസരിച്ചു മലയന്‍ കുല വെട്ടിക്കൊണ്ടുപോകാന്‍ തുടങ്ങുമ്പോള്‍ ആ സാധുവിന്റെയും അവന്റെ ഓമനക്കിടാങ്ങളുടെയും ദുസ്സഹദുഃഖം കണ്ട് കവി ക്ഷോഭിക്കുന്ന ഭാഗം നോക്കുക:
അഴിമതി,യക്രമ,മത്യന്തരൂക്ഷമാ-
മപരാധം നിശിതമാമശനിപാതം
............................................................
നിസ്വാര്‍ത്ഥസേവനം നിര്‍ദ്ദയമര്‍ദ്ദനം,
നിസ്സഹായത്വം ഹാ! നിത്യദുഃഖം!
...............................................................
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ, നിങ്ങള്‍ തന് പിന്മുറക്കാര്.
- വാഴക്കുല
ഉത്ക്കടമായ ജീവിതക്ലേശത്തില്പ്പെട്ടിട്ടായിരിക്കാം, കാവ്യകലയുടെ ഒരു മൗലികതത്ത്വം തന്നെയും, എന്റെ മാന്യസ്നേഹിതന് ഇവിടെ വിസ്തരിക്കുന്നു. കാവ്യത്തില്‍ ജീവിതവിമര്‍ശം പ്രായേണ വാച്യത്തിലല്ല, സൂച്യത്തിലാണ്, നിര്‍വ്വഹിക്കേണ്ടത്. മേലാളന്റെ കരുണാഹീനമായ- അതും മനഃപൂര്‍വ്വമല്ലാതെ സമുദായത്തില്‍ പരമ്പരാഗതമായി, അനുവദനീയമായി, നിലനില്ക്കുന്നതു മാത്രം- ഉടമസ്ഥാവകാശപ്രകടനം നന്നല്ലെന്ന് ആലോചനാമൃതമായ സൂചനയാല്‍ അയാളെ ധരിപ്പിക്കുന്നതിലുള്ള ഹൃദ്യത ഒന്നു വേരെ തന്നെയാണ്. ഉള്ളതു മുഴുവനും- ഉള്ളതു പറയുന്നതിന്റെ പ്രചണ്ഡതയില്‍, സംക്ഷോഭത്തില്‍, ഇല്ലാത്തതും- പ്രഘോഷിച്ച്, ധ്വനിരേവാത്മകാവ്യസ്യ എന്ന സാഹിത്യമര്മ്മത്തെക്കൂടി മിസ്റ്റര്‍ ചങ്ങമ്പുഴയെപ്പോലുള്ള ഒരു അനുഗ്രഹീതകവി ക്ഷതപ്പെടുത്തുന്നത് അഭിനന്ദനാര്ഹമല്ലെന്നു പറയാതെ തരമില്ല. എന്നാല്‍ സമുചിതമായ സൂച്യസൂചന നിര്‍വ്വഹിക്കുവാന്‍ കവി അശക്തനാണോ? അല്ല തന്നെ, നോക്കുക;
മലയന്‍ നടന്നു- നടക്കുന്നു മാടത്തി-
ലലയും മുറയും നിലവിളിയും!
അവശന്മാ,രാര്ത്തന്മാ,രാലംബഹീനന്മാ-
രവരുടെ സങ്കടമാരറിയാന്?
പണമുള്ളോര് നിര്‍മ്മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ? ഞാന്‍ പിന്‍വലിച്ചു
- വാഴക്കുല
എത്ര നിതാന്തമനോജ്ഞമായ രീതിയിലാണ് ആ മേലാളന്റെ പ്രവൃത്തിയെ കവി അപലപിച്ചിരിക്കുന്നത്! ഇതില്‍ ആലോചനാകൃശലനായ ഏതൊരു സഹൃദയനാണ്, ഏതൊരു മേലാളനാണ്, ഏതൊരു കീഴാളനാണ് വികാരനിര്ഭരനാകാത്തത്? ഈ വികാരനിര്ഭരത കവിയില്‍ ബഹുമാനവും തന്നില്‍ത്തന്നെ നിന്ദയുമല്ലാതെ ഒരു മേലാളനില്‍ ജനിപ്പിക്കുയില്ല. സഹാനുഭൂതിക്ഷമമായ ഏതൊരു മനുഷ്യ ഹൃദയത്തെയും അലിയിക്കുന്ന ഈ മോഹനപാദങ്ങളെവിടെ? സമാധാനകുതുകിയായ ഏതൊരു സഹൃദയനെയും വിഷമിപ്പിക്കുന്ന മുന്‍പറഞ്ഞ ഈരടികളെവിടെ?
വരട്ടെ, വിശപ്പിന്റെ വിപ്ലവക്കൊടുങ്കാറ്റി-
ലൊരിക്കല്‍ തകര്‍ന്നുപോം മദിക്കും മേലാളിത്തം!
ഈശ്വരന്!- നിരര്ത്ഥമാമപ്പദം പറഞ്ഞിനി-
ശ്ശാശ്വതമാക്കാനാകാ ഞങ്ങള്തന്നടിമത്തം
ലോകത്തിന് പുരോഹിതന് വിലയ്ക്കു വിറ്റിടുന്ന
നാകലോകത്തേക്കുള്ള പാസ്പോര്‍ട്ടു നേടീടാനും,
ഭാവിച്ചിട്ടില്ല ഞങ്ങള്‍, പാവനസ്വാതന്ത്ര്യത്തിന്‍
ഭാസുരപ്രഭാതം വന്നണഞ്ഞാല്‍ പോരും വേഗം.
തകരും കിരീടത്തിന് ശകലങ്ങളെക്കൊണ്ടു
നികരാന്‍ കാലം വൈകീ പാരതന്ത്രയത്തിന് ഗര്‍ത്തം.
-ന.വ.നാന്ദി
മര്ത്ത്യസംസ്കാരത്തിന്റെ നേട്ടമാണത്രേ സാധു-
മര്‍ദ്ദനം, പരിഷ്,കാരമാണത്രേ രക്തോത്സവം!
അരുതിപ്പൊരിവെയ്ലിലിനിയും കഴിക്കുവാന്‍
വരു നീ വേഗം വരു വര്‍ഷത്തിന് കൊടുങ്കാറ്റേ!
-ആ കൊടുങ്കാറ്റ്
ചെന്നിണം പെയ്തെങ്ങും വിപ്ലവക്കനല്മേഘ-
മെന്നെന്നും പടിഞ്ഞാറു നടന്നാല്‍ മതിയെന്നോ?
ഒന്നതിങ്ങോട്ടേയ്ക്കെത്തിനോക്കുമ്പൊഴേയ്ക്കും, ത്യാഗ-
തുന്ദിലേ, ഭാരതാംബേ, നീ മുഖം പൊത്തുന്നതെന്തേ?
പണ്ടത്തെശ്ശിബികളും രന്തിദേവരുമാരും
കണ്ടിടാനില്ലിന്നെങ്ങും! വേനര്‍ മാത്രമേയുള്ളു.
-ആ കൊടുങ്കാറ്റ്
ഈ ഭാഗങ്ങളെല്ലാം ഔചിത്യത്തിന്റെ സ്ഥൂലസീമകളെപ്പോലും അതിലംഘിക്കുന്ന വിപ്ലവതൃഷ്ണയുടെ ഉഗ്രപ്രകടനമാണെന്നു പറയേണ്ടിവന്നതില്‍ ഖേദിക്കുന്നു. ലോകത്തെ ഇതിലധികം നിര്ഘൃണമായി നിരീക്ഷിക്കുവാന്‍ സാധിക്കയില്ല. ബാഷ്പാഞ്ജലിയുടെ പ്രസ്താവനയില്‍,
ഹതഭാഗ്യന് ഞാന്‍ പക്ഷേ, കണ്ടതെല്ലാം
പരിതാപാച്ഛാദിതമായിരുന്നു.
സതതമെന്‍ കാതില്‍ പതിച്ചതെല്ലാം.
കരുണതന്‍ രോദനമായിരുന്നു
എരിയുന്നൊരാത്മാവിലേറ്റതെല്ലാം
ചുടുനെടുവീര്‍പ്പുകളായിരുന്നു.
-ബാഷ്പാഞ്ജലി
എന്നു പറഞ്ഞിട്ടുള്ള സമാധാനം കവി പക്ഷേ, നമ്മോടു പറഞ്ഞേക്കാം. നിരീക്ഷണവിചക്ഷണനായിരിക്കേണ്ട കവി ഇതൊക്കെയേ ലോകത്തില്‍ കണ്ടുള്ളു എന്നു പറഞ്ഞാല്‍, ഇനിയും പലതും കാണാനുണ്ട് എന്നദ്ദേഹത്തെ പ്രബോധിപ്പിക്കാനേ നിവൃത്തിയുള്ളു. പട്ടുമെത്തയിലും പല്യങ്കത്തിലും മാത്രമേ ആനന്ദമുള്ളു എന്നു ഭ്രമിക്കുന്ന ഒരാള്‍, നൃപാലമണിസദനത്തിലെ ശ്രീ സമൃദ്ധിയിലും, അസന്തുഷ്ടനനും ക്ലിഷ്ടനുമായിരിക്കുകയേയുള്ളുവെന്ന മഹാതത്ത്വം യുവാവായ കവി ഇനിയും ഗ്രഹിക്കേണ്ടിയിരിക്കുന്നു. തന്റെയും, അങ്ങനെ ലോകത്തിന്റെയും ക്ലേശം കണ്ട്, തനിക്കും ലോകത്തിനും ക്ലേശമേയുള്ളു എന്ന് അന്ധഹസ്തിന്യായേനവിധിക്കുന്നത് ശ്രീ ചങ്ങമ്പുഴയേപ്പോലുള്ളൊരു കവിക്കു യോജിച്ചതല്ല. സാധാരണചെറുപ്പക്കാരില് ഒരുവേള ക്ഷന്തവ്യമായ വിപ്ലവമനോഭാവം പരിണതാശയനായിരിക്കേണ്ട യുവകവിക്കു ഭൂഷണവുമല്ല. വിപ്ലവക്കനല്‍ മേഘത്തെ പശ്ചിമാശയില് നിന്ന് ഭാരതത്തിലേക്ക് മാടിവിളിക്കുന്ന ഗ്രന്ഥകാരന് ആ കരാളവേതാളം പടിഞ്ഞാറു വര്ഷിച്ചതെന്താണെന്ന് ഇനിയും ശരിയായ് ഗ്രഹിക്കേണ്ടിയിരിക്കുന്നു. കേവലം ബാലിശമായ 'അക്കരപ്പച്ച'ഭ്രമത്തിനു പോലും കവി ഇവിടെ അധീനനാകുന്നു. അതൊക്കെകിടക്കട്ടെ!
പര്യാസപ്രക്രമാദിസ്ഥിതിരഹിത,നാശേ-
ഷപ്രപഞ്ചാണ്ഡനൗവിന്
നിര്യാമത്വം വഹിക്കും നിഖിലപതി...
യായ ഈശ്വരനെക്കൂടി ഇച്ഛാഭംഗമൂര്ച്ചയില് ശൂന്യതയുടെ അടിത്തട്ടിലേക്ക് ബഹിഷ്കരിക്കാന്‍ മുതിരുന്നതുപോലെ തോന്നുന്നതാണു ഹൃദയഭേദകം!
ഈശ്വരന്!- നിരര്ത്ഥമാമപ്പദം!
കവി ഒരു നിരീശ്വരനാണെന്ന് എനിക്കു വിശ്വാസമില്ല; അങ്ങനെ സങ്കല്പിക്കുകപോലും ദുസ്സഹം, ദുശ്ശകം! ഒരുപക്ഷേ, പരിപാവനമായ ഈശ്വരശബ്ദത്തിന്റെ മറപിടിച്ച് പലരും സാധുക്കളോട് അധര്‍മ്മം പ്രവര്‍ത്തിക്കുന്നണ്ടെന്നും, അങ്ങെനയുള്ളവരെ സംബന്ധിച്ചിടത്തോളം ധര്‍മ്മമൂര്‍ത്തിയായ ഈശ്വരന്റെ നാമം നിരര്‍ത്ഥമാണെന്നും പ്രത്യോദിപ്പിക്കാനായിരിക്കാം കവി ഇങ്ങനെ പ്രയോഗിച്ചിരിക്കുന്നത്. എന്നാല്‍ പ്രഥമശ്രവണത്തില്‍ ഈ അര്ത്ഥപ്രതീതിയല്ല ആ പദാവലി ഉണ്ടാക്കുന്നതെന്നു പറയേണ്ടിയിരിക്കുന്നു. 'നിരര്ത്ഥമാമപ്പദം' എന്നുള്ളതു 'പവിത്രമാമപ്പദം' എന്നു തിരുത്തിയാല്‍ ഈ മഹാദോഷം വിശിഷ്ടതരമായ ഉപര്യര്ത്ഥലാഭത്തോടുകൂടി നിഷ്പ്രയാസം പരിഹൃതമാവുമെന്നു തോന്നുന്നു. 'അച്ഛനാണ്, അമ്മയാണ്' എന്നിങ്ങനെ അച്ഛനെയോ അമ്മയെയോ സാക്ഷിയാക്കി കള്ളം പറയുന്നത്! സാക്ഷിയാക്കുന്നത് ഒരു 'വര്‍ത്തുള ചതുര'(ഇശൃരൗഹമൃ ൂൌമൃല)ത്തെയാണെങ്കില് വ്യാജോക്തിയുടെ സ്വീയമായ ദൗഷ്ട്യത്തിനു സാക്ഷിയുടെ സംയോഗം കൊണ്ടു യാതൊരു ലാഭവും ലഭിക്കുന്നില്ലെന്നു സ്പഷ്ടം. അതങ്ങനെ നില്ക്കട്ടെ.
തകരും കിരീടത്തിന് ശകലങ്ങളെക്കൊണ്ടു
നികരാന്‍ കാലം വൈകി പാരതന്ത്ര്യത്തിന് ഗര്‍ത്തം
എന്നാക്രോശിക്കുന്ന കവി ലോകഘടനയിലെ ചില അടിസ്ഥാനതത്ത്വങ്ങളെ തന്നെ വിസ്മരിക്കുന്നതായി കാണപ്പെടുന്നു. 'കിരീട'ശബ്ദം കവി ഏതര്‍ത്ഥത്തില്‍ പ്രയോഗിച്ചതെങ്കിലുമാകട്ടെ. കുറേ കിരീടങ്ങള്‍ തകര്‍ന്നാല്‍ ലോകത്തിലെ പാരതന്ത്ര്യഗര്ത്തം പാടേ നികരുമെന്നുദ്ദേശിക്കുന്നത് ആ ഗര്‍ത്തത്തിന്റെ ഗാംഭീര്യവിസ്തൃതികളെപ്പറ്റി ഏകദേശജ്ഞാനമെങ്കിലും ഇല്ലാഞ്ഞിട്ടാണ്. യഥാര്‍ത്ഥമായ സ്വാതന്ത്ര്യവും ആ സ്വാതന്ത്ര്യത്തിന് ആരോഗ്യകരമായ പാരതന്ത്ര്യത്തോടുള്ള ദൃഢബന്ധവും കവിയുടെ ചിന്താശക്തിക്കതീതമാണോ?
ലോകത്തില്‍ അസമത്വങ്ങള്‍ അപ്രതിരോധ്യങ്ങളാണെന്നുള്ള വസ്തുത, നമുക്കു ഹിതമായാലും അഹിതമായാലും വിസ്തരിക്കുവാന്‍ പാടില്ല. സ്ഥിതിസമത്വവാദികള്‍ എത്രതന്നെ ഭഗീരഥപ്രയത്നം ചെയ്താലും പ്രകൃതിയ്ക്കെതിരായ ഒരു വ്യവസ്ഥിതിയുണ്ടാക്കാമെന്നുള്ള പ്രതീക്ഷ വ്യാമോഹം മാത്രമാണ്. അതിപ്രധാനങ്ങളായ പല അസമതകളും നരസമുദായത്തില് സ്വാഭാവികങ്ങളായി നിലകൊള്ളുന്നു. ജനങ്ങള്‍ അവരുടെ ആരോഗ്യം, മനഃശക്തി, കായബലം, സാമര്‍ത്ഥ്യം, വാസന ഇത്യാദികളില്‍ തുല്യാവസ്ഥയോടു കൂടിയവരല്ല. ഈ അസമാനവസ്ഥയില് നിന്ന് സമാനമല്ലാത്ത ഐശ്വര്യാദികള്‍ ഉണ്ടാക്കിയെ മതിയാവൂ. 'മധ്യസ്ഥന്‍' മാസികയുടെ ഇക്കഴിഞ്ഞ ജനുവരി ലക്കത്തില്‍ നിന്ന് പ്രകൃതത്തിന് അത്യന്തം അനുയോജ്യമായ ഒരു ഖണ്ഡിക ഇവിടെ ഉദ്ധരിച്ചു കൊള്ളട്ടെ:
'ഏതെങ്കിലും ഒരു സുപ്രഭാതത്തില്‍ ലോകത്തിന്റെ സര്‍വ്വവിഭവങ്ങളും, ലോകത്തിലുള്ള സര്വ്വശക്തികള്ക്കും സമമായി വിഭജിക്കപ്പെട്ടുവെന്നു സങ്കല്‍പ്പിക്കുക; ഫലം എന്തായിരിക്കുവെന്നു കാണുവാന്‍ പ്രയാസമില്ല. ഒരു പിതാവിനുള്ള ആസ്തികള്‍ മൂന്നോ നാലോ മക്കള്‍ക്കു തുല്യമായി വിഭജിക്കപ്പെടുന്നതു നാം അനുദിനമെന്ന പോലെ കാണുന്ന കാഴ്ച്ചയാണ്. എന്നാല്‍ തുല്യധനത്തോടുകൂടി ജീവിതരംഗത്തില്‍ പ്രവേശിക്കുന്ന നാലു പുത്രന്മാര് തുല്യധനത്തോടുകൂടി ജീവിതം അവസാനിപ്പിച്ചതായി ഒറ്റ അനുഭവം പോലും ലോകത്തില്‍ എടുത്തുകാണിക്കുവാനുണ്ടായകയില്ല. നേരേമറിച്ച്, അവരില്‍ ഒരുവന് ലഭിച്ച ധനം അനേകമടങ്ങു വര്‍ധിക്കുകയും അപരന് അല്പകാലം കൊണ്ട് ലഭിച്ചതു മുഴുവന്‍ നശിപ്പിച്ചിട്ട്, പെരുവഴിയിലിറങ്ങുകയും ചെയ്യുന്നു. തന്മൂലം ഏതെങ്കിലും ഒരവസരത്തില്‍ ലോകത്തില്‍ വിഭവങ്ങള്‍ തുല്യമായി വിഭജിക്കുക സാധ്യമാണെങ്കിലും ആ വിഭജനം അനുസരിച്ചു തുല്യമാക്കി നിര്‍ത്തുക ഒരുകാലത്തും സാധ്യമാവുകയില്ല.'
(മധ്യസ്ഥന്‍ പു:14 ; ല:7. മുതലാളിത്തം- ഡോക്ടര്‍ തോമസ് ഇളന്തോട്ടം)
സാമ്പത്തികലോകത്തില് മാത്രമല്ല സാഹിത്യപ്രപഞ്ചത്തിലും ഈ മാതിരി ഉച്ചനീചത്വങ്ങള്‍ അതിസുലഭങ്ങലും അനിവാര്യങ്ങളുമത്രേ. വള്ളത്തോളിനോ, ഉള്ളൂരിനോ, വെണ്ണിക്കുളത്തിനോ, ചങ്ങമ്പുഴയ്ക്കോ ജന്മായത്തമായും പരിശ്രമായത്തമായുമുള്ള അസൂയവഹങ്ങളായ കഴിവുകളുടെ സഹസ്രാംശം പോലുമില്ലാതെ സാഹിത്യസാമ്രാജ്യത്തില്‍ അസമത്വങ്ങളും അവശതകളും ദാരിദ്രദുഃഖന്തന്നെയും അനുഭവിക്കുന്ന ലക്ഷോപലക്ഷങ്ങള്‍ ഈ അനുഗ്രഹീതകവികളുടെ സഹജങ്ങളായ കഴിവുകളും തജ്ജന്യങ്ങളായ യശോലാഭാദികളും തുല്യമായി വീതിച്ചു കിട്ടേണമെന്നു സമഷ്ടിവാദം മുഴക്കി, വേണ്ടിവന്നാല്‍ ഒരു വിപ്ലവത്തിനു തന്നെ അരയും തലയും മുറുക്കുന്നതു കണ്ടാല്‍ അതിന്റെ ന്യായ്യത, ഔചിത്യം, ശക്യത ഇത്യാദികളെപ്പറ്റി എന്റെ വത്സലമിത്രം മിസ്റ്റര്‍ ചങ്ങമ്പുഴ എന്തു പറയുമോ? ഐശ്വര്യത്തിന്റെ ഭിന്നപരിണാമത്തിലുള്ള വിതരണം പോലെതന്നെ ലോകത്തിന്റെ ഭിന്നരീതിയിലുള്ള ക്ലേശാനുഭൂതിയും അനിവാര്യമാണ്. മനുഷ്യന് എത്രതന്നെ യത്നിച്ചാലും ജീവിതത്തെ അഭിമുഖീകരിക്കുന്ന ക്ലേശങ്ങള്‍ നിശ്ശേഷം ഇല്ലാതാക്കുവാന്‍ സാധിക്കയില്ലതന്നെ. വി. തോമസ് മോറിന്റെ 'യുട്ടോപ്പിയ' 'ആദര്‍ശലോക'ത്തിന്റെ പര്യായമായി മനോരാജ്യത്തില്ത്തന്നെ കഴിഞ്ഞുകൂടുകയേ ഉള്ളു. ലോകാരംഭം മുതല്‍ ഇന്നുവരെയുള്ള മനുഷ്യജാതിയുടെ ചരിത്രം ഈ വസ്തുത സര്‍വ്വഥാ സ്ഥിരീകരിക്കുന്നു. ക്ലേശമുക്തിക്കു വേണ്ടിയാണ് മനുഷ്യന് എന്നും ശ്രമിക്കുന്നത്. ക്ലേശമാകട്ടെ ഒന്നിനൊന്നു വര്‍ദ്ധിക്കുന്നതല്ലാതെ ശമിക്കുന്നതായി കാണുന്നില്ല. ഈ വസ്തുസ്ഥിതിക്കു വിരുദ്ധമായി ആരെങ്കിലും പ്രസംഗിക്കുന്നെങ്കില്‍, കഷ്ടതയിലും ക്ലിഷ്ടതയില്നിന്നുള്ള മുക്തിയും ശോകസ്പൃഷ്ടമായ വിശ്രാന്തിയും അനുസ്യൂതമായ സന്തോഷവും കലര്‍പ്പില്ലാത്ത സൗഭാഗ്യവും നല്‍കാമെന്ന്, കഷ്ടതയനുഭവിക്കുന്നവരെ ആരെങ്കിലും പറഞ്ഞിളക്കുന്നുവെങ്കില്- ആ ശാന്തിദൂതമ്മന്യന്മാര് ജനസമുദായത്തെ വഞ്ചിക്കുകയത്രേ ചെയ്യുന്നത്. 'മാളികമുകളേറി, വെണ്പങ്ക വീശി'യിരിക്കുന്നവരും മുടി ചൂടിയ മന്നരും അസങ്കരമായ സൗഹിത്യമനുഭവിക്കുന്നു എന്നൊരു മിഥ്യാധാരണ കവിക്കുള്ളതുപോലെ തോന്നുന്നു.
“ Uneasy lies the head that wears a crown”
എന്നുള്ള വിശ്വമഹാകവിയുടെ തത്ത്വദര്‍ശനം നമ്മുടെ കവിക്കു ദൃശ്യമല്ലേ? ദരിദ്രരുടെ പാഴ്ക്കുടിലുകളെന്നതിനേക്കാള് നൈരാശ്യവും അരിഷ്ടതയും അസ്വാസ്ഥ്യവും തജ്ജന്യങ്ങളായ 'ഹിംസ'കളും നടമാടുന്നത് വിത്തേശപ്രാസാദങ്ങളുടെ അന്തര്ഭാഗങ്ങളിലാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ലോകത്തെ അതിന്റെ തനിനിറത്തില്‍ വീക്ഷിച്ച് അഗതികളുടെ ക്ലേശങ്ങളെ ശമിപ്പിക്കുവാന്‍ ധനവാന്മാരും ദരിദ്രന്മാരും മുതലാളികളും തൊഴിലാളികളും - അന്യോന്യം കൈകോര്‍ത്തു പിടിച്ച് സാഹോദര്യത്തോടുകൂടി സഹകരിക്കുകയത്രേ ഉത്തമമാര്‍ഗ്ഗം. (Reform, not Revolution, is the remedy)നിഷ്കാമപ്രേമത്തിന്റെ വിശ്വംഭരിയായ സ്നേഹത്തിന്റെ, വാഴ്ചയില്‍ ദരിദ്രവും തത്ഫലമായ ക്ലേശങ്ങളും ശമിക്കാതിരിക്കയില്ല. 'കൊടുങ്കാറ്റ് കഴിഞ്ഞ്' എന്ന കവിതയില്‍ പ്രേമത്തെക്കൊണ്ടു കവി പറയിക്കുന്ന ചില ഭാഗങ്ങള്‍ ശ്രദ്ധേയങ്ങളത്രേ.യുദ്ധത്തിനെക്കൊണ്ടൊരിക്കലുമാവുകി-
ല്ലുദ്ധരിച്ചീടാന് സമാധാനനീതികള്
എന്നെ പ്രതിഷ്ഠിച്ചു പൂജിച്ചു സേവിക്കു-
കൊന്നായി നിങ്ങള്‍ മനസ്സിന്റെ കോവിലില്‍
.....................................................................
അന്നു നിങ്ങള്‍ക്കു കാണായ് വരും സ്വാതന്ത്ര്യ-
സുന്ദരസുപ്രഭാതത്തിന് കുളിരൊളി
അന്നേ മനുഷ്യന് മനുഷ്യനാകൂ, നിങ്ങ-
ളന്നോളവും ശവംതീനിക്കഴുകുകള്
...................................................................
-കൊടുങ്കാറ്റ് കഴിഞ്ഞ്
യഥാര്ത്ഥപ്രേമത്തിന്റെ പരിസ്ഫുരണമുള്ളിടത്ത്, സമ്പത്തിന്റെ അസമാനതയിലും ആ കുബേരകുചേലം യോഗക്ഷേമജന്യമായ ആനന്ദാഭിവ്യാപ്തി ഇന്നും നമുക്കു കാണാന്‍ സാധിക്കുന്നു. അഥവാ സുഖദുഃഖങ്ങളുടെ പരമമായ ആധാരവും മാനദണ്ഡവും മനുഷ്യചിത്തം തന്നെയാണല്ലോ!
ചിത്തേ തു സുഖിതേ സര്‍വ്വം ഭവേല്‍ സുഖമയം ജഗത്
മന ഏവ മനുഷ്യാണാം കാരണം സൃഷ്ടിനാശയോഃ
സുഖം സുഖം കൈവശമുള്ള വസ്തു
കാന്താരമെങ്ങും തിരയുന്നു നമ്മള്
ഇത്യാദി കവിവചസ്സുകള് ഈ തത്ത്വത്തെയല്ലേ വിളിച്ചറിയിക്കുന്നത്? ഈ ഭാഗം ഇവിടെത്തന്നെ നില്ക്കട്ടെ.
'രക്തപുഷ്പ'ങ്ങളുടെ കമനീയതയാണ് എന്റെ പ്രധാന പ്രതിപാദ്യവിഷയം. വാഴക്കുലയെപ്പറ്റിത്തന്നെ ചിന്തിക്കാം.
മലയപ്പുലയനാ മാടത്തിന് മുറ്റത്തു
മഴവന്നനാളൊരു വാഴ നട്ടു
മനതാരിലാശകള് പോലതിലോരോരോ
മരതകക്കൂമ്പു പൊടിച്ചുവന്നു.
അരുമക്കിടാങ്ങളിലൊന്നായതിനെയു-
മഴകിപ്പുലക്കള്ളിയോമനിച്ചു.
അതീവഹൃദ്യമായ രീതിയില്‍ വസ്തുനിര്‍ദ്ദേശം സാധിച്ചിരിക്കുന്ന ഈ കാവ്യമുഖത്തിന്റെ സൗകുമാര്യം ആരാണാസ്വദിക്കാത്തത്? 'മനതാരിലാശകള് പോലെ' എന്ന ഉപമാതല്ലജം ഒന്നു മാത്രം മതി ശ്രീ ചങ്ങമ്പുഴയ്ക്കു കവിപുഷ്പമാലയില് അതിപ്രധാനമായ ഒരു സ്ഥാനം സമ്പാദിച്ചു കൊടുക്കുവാന്‍. മനുഷ്യമനസ്സില്‍ സന്ദര്‍ഭാനുഗുണമായി സമുദ്ഭവിക്കുന്ന ആശകളാണ് ജീവിതത്തെ സഫലമാക്കത്തീര്ക്കുന്നത്. ആശാഹീനമായ മനുഷ്യമാനസം അതിന്റെ ഫലശൂന്യതയിലെന്നപോലെ വിസ്തൃതിയിലും സഹാറയ്ക്കു സമാനമായിരിക്കും. ഒരു വാഴ നട്ടിട്ടു അതിന് കൂമ്പു വന്നുതുടങ്ങിയാല്‍ അതു നാശോന്മുഖമായി സന്താപകാരിയായിത്തീരുന്നു. കൂമ്പു വന്നു തുടങ്ങിയാല്‍ അതു നമുക്കു പ്രത്യാശാജനകമായി, ആനന്ദസന്ദായകമായിത്തീരുകയത്രേ ചെയ്യുന്നത്. അതുപോലെ ആശാലാഭത്തില് മനുഷ്യന് സജീവനും ഊര്‍ജ്ജ്വസ്വലനും ആകുന്നു. ആശാസമൃദ്ധാശയനായി, ആഫലോദയകര്മ്മാവായി വര്‍ത്തിക്കുന്ന മനുഷ്യനാണ് മനുഷ്യന്!
ആശിക്ക! സൃഷ്ടിക്ക ജഗത്പിതാവു-
മാശിച്ചുവെന്നായ് ശ്രുതി പൊങ്ങിടുന്നു;
നരന്നു തന്ജീവിതമാശ; മൃത്യു
നൈരാശ്യമെന്നാണഭിയുക്തവാക്യം.
എന്ന ഉള്ളൂര്‍ മഹാകവിയുടെ പദ്യം ഈ തരുണത്തില്‍ അനുസ്മരണീയമാണ്. മരതകകൂമ്പുപൊടിച്ച വാഴ, കാലോചിതങ്ങളായ പരിചരണങ്ങളേറ്റ്, ആ മരതകക്കൂമ്പിനാല് സൂച്യമാനമായ കല പുറപ്പെടുന്നവരെ അവ്യാഹിതമായി വളരുന്നു. ആശാങ്കുരമുള്ള മനസ്സും ദൈവപരിപാലനയില്‍ വളര്‍ന്നു വിശിഷ്ടസ്ഥാനങ്ങളെ പ്രാപിച്ചു സന്തുഷ്ടമാകതന്നെ ചെയ്യും, എന്ന തത്ത്വമാണ് ഇവിടെയും നിഗൂഢമായി നിലകൊള്ളുന്നത്. മനുഷ്യന് ലോകത്തില്‍ നൈരാശ്യത്തിന് കാരണമില്ല. വാഴ നട്ടപ്പോള്‍ മലയപ്പുലയന് ആ വാഴയുടെ ആഗാമിയായ
കുലയെപ്പറ്റി മനതാരില്‍ ആശാങ്കുരമുണ്ടായി എന്നര്‍ത്ഥമാക്കുന്ന പക്ഷം കുറേക്കൂടി സ്വാരസ്യമുണ്ടെന്നു തോന്നുന്നു. ഈ ആശ-ക്രമപ്രവൃദ്ധമായി പരിപുഷ്ടിപ്രാപിച്ച ഈ പ്രത്യാശ- ഒടുവിലിതാ അകസ്മാത് വിഫലീഭവിക്കുന്നു- വന്ധ്യമായിത്തീരുന്നു! പക്ഷേ, മലയപ്പുലയന് നൈരാശ്യത്തിനോ തദനുഗാമികളായ സാഹസോദ്യമങ്ങള്ക്കോ വിധേയനാകുന്നില്ല. സ്വാഭാവികമായുണ്ടായ ഉത്കടസങ്കടത്തിന്റെ പരമകോടിയില്‍,
കരയാതെ മക്കളെ... കല്പിച്ചു... തമ്പുരാന്
ഒരു വാഴ വേറെ (നമുക്കു വെക്കാം)
എന്നു ഗദ്ഗദമായ അര്‍ദ്ധോക്തിയില്‍ സന്താനങ്ങളെ സമാശ്വസിപ്പിച്ച്, ആശാന്തരത്തിനു വിധേയനാകയല്ലാതെ, നൈരാശ്യനീതമായ വിപ്ലവബുദ്ധിക്കോ മറ്റോ വശഗനാകുന്നില്ല. ആശകളുടെ പരാജയത്തില്‍, നവംനവങ്ങളായ ആശകളില്‍ ഉപാശ്രയിച്ചു ജന്മം സഫലമാക്കാന്‍ പ്രതിജ്ഞാദാര്ഢ്യത്തോടു കൂടി തുടര്‍ന്നു ശ്രമിക്കശ്രമിക്കയല്ലാതെ നിയതിയോടു ശുണ്ഠികൂടി നിരാശഗര്ത്തത്തില് നിപതിച്ചാല്‍, ആര്‍ക്ക്, എന്തു പ്രയോജനമാണുള്ളത്? അഴകിപ്പുലക്കള്ളി തന്റെ അരുമക്കിടാങ്ങളിലൊന്നായി ആ 'വാഴത്തയ്യി'നെ ഓമനിച്ചു എന്നു പറയുന്നതില്‍നിന്ന് അതിനെസ്സംബന്ധിച്ച് എത്ര തീക്ഷ്ണമായ പ്രതീക്ഷയാണ് ആ പാവങ്ങള്ക്കുണ്ടായിരുന്നതെന്നു കവി വിശദമാക്കുന്നു. ഒരു മാതാവിനു തന്റെ സന്താനങ്ങളെ പരിരക്ഷിക്കുന്നതില്‍ പ്രേരകമായി നില്ക്കുന്ന പ്രത്യാശ പോലെ അത്ര ശക്തിമത്തായ മറ്റൊരാശയും ഉണ്ടാകാനില്ല. എന്നാല്‍ ആ സാധുപ്പുലയി ആ വാഴയെ സ്വസന്താനങ്ങളിലൊന്നായി ഓമനിച്ചു എന്നു പറയുമ്പോള്‍, ജീവിതത്തില്‍ അവള്‍ക്കുള്ള ആശാവ്യാപ്തിയുടെ പരിമിതി സൂചിതമായിരിക്കുന്നു. നിജസന്താനങ്ങള് മഹിപാലസചിവത്വാദിമഹോന്നതസ്ഥാനങ്ങള് പ്രാപിച്ചേക്കാമെന്നുള്ള പ്രതീക്ഷയൊന്നും അവള്‍ക്കില്ല; എങ്കിലും സന്താനങ്ങള്‍ അവള്‍ക്കു വലിയവര്‍ തന്നെ; നിസ്സാരമായ വാഴക്കുലയുടെ ലാഭവും അവള്‍ക്കു വലുതാണ്. ആ വാഴക്കുല നഷ്ടപ്പെടുന്നതോ, ഒരു സന്താനനാശമെന്നോണം അവള്‍ക്കു സന്താപഹേതുകമാകുന്നത്. എന്നാല്‍ ഒരു കുഞ്ഞ് അകാലചരമത്താല് പ്രകൃതിവിധിക്കു വിധേയമായി നഷ്ടപ്പെട്ടാല്‍ അപ്രമേയമായ ജഗദീശാജ്ഞയെ പഴിക്കുന്ന മനോഭാവം നന്നല്ല; ക്ഷോഭിക്കുന്നതും ശരിയല്ല. നമുക്കത്യന്തം പ്രിയകരങ്ങളായവയുടെ നഷ്ടവും ചിലപ്പോള്‍ നാം സഹിച്ചേ മതിയാവൂ. അത് അനിഷേധ്യമായ ഒരു പ്രകൃതിതത്ത്വവും ജീവിതരഹസ്യവുമത്രേ.
തത്താദൃക്കായ ആ വാഴ ആ യുവദമ്പതിമാരുടെ ദത്താവധാനമായ സപര്യയേറ്റ് അതിവേഗം വളരുന്നു.
അനുദിനമങ്ങനെ ശുശ്രൂഷചെയ്കയാ-
യലതു വേഗവേഗം വളര്‍ന്നുവന്നു;
അജപാലബാലനില് ഗ്രാമീണബാലത-
ന്നനുരാഗകന്ദളമെന്നപോലെ
കവിയുടെ ഉപമാനങ്ങള്‍ വിഷയാനുഗുണങ്ങളായിരിക്കുന്നുവെന്നതു സവിശേഷം ശ്ലാഘാവഹമാണ്. ഒരു പുലയിക്കുടിയിലെ വാഴയുടെ വളര്‍ച്ച വെളിവാക്കാന്‍ ശകുന്തളാദുഷ്ഷന്തന്മാരുടെ അനുരാഗവികാസം ഉപമാനമാക്കിയാല് അതിന്റെ സാംഗത്യം എന്തായിരിക്കും? അനുരാഗം, അതിന്റെ വളര്‍ച്ച, ഹൃദയാകര്ഷകത്വം- ഇവയെസ്സംബന്ധിച്ചിടത്തോളം ഒരു ഗ്രാമീണമിഥുനത്തേക്കാള് ശകുന്തളാദുഷ്ഷന്തന്മാര് സ്വീകാര്യതരരും ഹൃദ്യതരരുമായിരിക്കാമെങ്കിലും പ്രകൃതത്തിന് അധികം ഇണങ്ങിയത് ആദ്യത്തെ 'സെറ്റു'തന്നെ. ഗ്രാമീണബാലയ്ക്ക് അജപാലബാലനിലുണ്ടാകുന്ന അനുരാഗകന്ദളത്തിന്റെ വളര്‍ച്ച എത്ര അകൃത്രിമസുന്ദരമായിരിക്കുന്നു അത്ര നിസ്സര്ഗ്ഗമനോഹരമായി 'ആ ചെറുവാഴത്തൈ'വളര്ന്നുെവന്ന് കവി നമ്മെ ഗ്രഹിപ്പിക്കുന്നു. ഇങ്ങനെ വളര്‍ന്ന വാഴയുടെ നിഴലില്‍ ക്ഷുത്പീഡിതരായി വളരുന്ന പുലക്കിടാങ്ങള് നട്ടുച്ചയ്ക്കിരുന്നു കളിക്കുന്നതു നോക്കുക:
കരയും ചിരിക്കുമിടയ്ക്കിടെത്തമ്മിലാ-
ക്കരുമാടിക്കുട്ടന്മാര് മല്ലടിക്കും!
അതു കാണ്കെപ്പൊരിവെയ്ലിന് ഹൃദയത്തില്ക്കൂടിയു-
മലിവിന്റെ നനവൊരു നിഴല്വിരിക്കും
ഹാ! 'അന്ത 'ഹന്ത'യ്ക്കിന്തപ്പട്ട്' എന്ന മാതിരി ഈ 'കരുമാടിക്കുട്ടന്മാര്'ക്കല്ലേ 'അക്ഷരലക്ഷ'മോ, പട്ടും വളയുമോ, വീരശൃംഖലയോ സമ്മാനിക്കേണ്ടത്? ആ പദത്തിന് ഇതിനേക്കാള്‍ സമുചിതമായ ഒരു സ്ഥാനം കല്പിച്ചു കൊടുക്കുവാന്‍ ഏതുമഹാകവിക്കു കഴിയും? ഈ ബാലന്മാരുടെ വിനോദകോലാഹലം കണ്ടാല്‍ അചേതനമായ പൊരിവെയിലിനും അലിവുണ്ടാകും എന്നു പറയുമ്പോള്‍ സചേതനങ്ങളായ സമസൃഷ്ടങ്ങലില് അത് അത് എത്ര തന്നെ അലിവുണ്ടാക്കയില്ല എന്നോ, ഇതു കണ്ടിട്ടു അലിയാത്ത സമ്പന്നന്മാര് എത്ര കഠിനഹൃദയന്മാരാണെന്നോ ഉള്ളധ്വനി സന്ദര്‍ഭാനുഗുണമായി നമുക്കു കേള്‍ക്കുവാന്‍ സാധിക്കുന്നു.അടുത്ത ഏഴ് ഈരടികളിലായി കവി നടത്തുന്ന തത്ത്വചിന്തയുടെ അന്തിമഭാഗം ഞാന്‍ നേരത്തേ സൂചിപ്പിച്ച രീതിയിലുള്ള ഒരു വിപ്ലവമനോഭാവത്തിന്റെ അവഭാസമാകയാല് തികച്ചും അതിഭാഷണമായി വര്‍ത്തിക്കുന്നു. അതു കഴിഞ്ഞ്, ശ്രീ. ചങ്ങമ്പുഴയ്ക്ക് സഹജമായുള്ള മധുസ്യന്ദിയായ സംഭാഷണശൈലിയില്‍ കവിതാകാമിനി നൃത്തം ചെയ്യുന്നത് കാണുക തന്നെ:
പറയുന്നു മാതേവന്- 'ഈ ഞാലിപ്പൂവന്റെ
പഴമെത്ര സാദൊള്ളതായിരിക്കും!'
...............................................................
ഇതു വിധം നിത്യമാ വാഴച്ചുവട്ടി-
ക്കൊതിയസമാജം നടന്നു വന്നു.
ഈ 'കൊതിയസമാജ'പ്രയോഗത്തിന്റെ ചമത്കാരാതിശയം എത്ര പ്രശംസാര്‍ഹമായിരിക്കുന്നു! ഈ മാതിരി ലോകോത്തരഗുണങ്ങളായിരിക്കുന്ന പ്രയോഗവിശേഷങ്ങള്‍ ഏതു മഹാകാവ്യത്തിന്റെ പക്ഷങ്ങള്‍ക്കു തന്നെ അസുലഭങ്ങളായ അമൂല്യഭൂഷണങ്ങളായിരിക്കയില്ലേ? സര്വ്വാംഗമധുരമായ റവലഡ്ഡുവിനുള്ളില് ഇടയ്ക്കിടെ കിടക്കുന്ന കല്ക്കണ്ടഖണ്ഡങ്ങള് പോലെ, ആപാദമഞ്ജുളമായ ഈ ലഘുകാവ്യത്തിന്റെ അന്തരാളത്തില്‍ അന്തരാന്തരാ കണ്ടുമുട്ടുന്ന അലോകസുന്ദരങ്ങളായ ഇത്തരം പൊടിക്കൈകള്‍ എത്രമേല്‍ സഹൃദയഹൃദയാഹ്ലാദകമെന്നും അനുഭവിച്ചുതന്നെയേ അറിഞ്ഞുകൂടു... ഈ കൊതിയസമാജവര്ണ്ണനയില് കാണുന്ന പ്രതിപാദനരീതിയേക്കാള് ലളിതസുന്ദരമായ രീതിവിശേഷം മഹാകവികളുടെ കൃതികളില്‍പ്പോലും ഉണ്ടായിരിക്കുമോ?
ഭാവനാസമ്പന്നങ്ങളും പരിഹാരസഗര്ഭങ്ങളുമായ ഈരടികള്‍കൊണ്ട് കാവ്യശരീരത്തിനു യഥാതഥ്യേന പകിട്ടു കൂട്ടാനും അതിനിടയില്‍ ആനുഷംഗികമായി സമുചിതമായ ജീവിതവിമര്‍ശം സാധിക്കുവാനും ശ്രീ ചങ്ങമ്പുഴയ്ക്കുള്ള നൈപുണി ഇണയറ്റതുതന്നെ.
സംഭ്രമിക്കായ്ക, നവീനശാസ്ത്രങ്ങള് തന്
സംഭാവനകളാണാ നിണച്ചാലുകള്‍!
ഇന്നവയിങ്കലൂടുത്കര്ഷപൂര്ത്തിതന്
പൊന്നിന്കളിത്തോണി പോവതു കാണ്ക നീ.
- കൊടുങ്കാറ്റു കഴിഞ്ഞ്
സ്വാതന്ത്ര്യസംസ്ഥാപനത്തിനു വേണ്ടി യുദ്ധഭൂമിയില്‍ മനുഷ്യനൊഴുക്കിയ രക്തപ്പുഴകളെ നോക്കി, പ്രേമദേവത കവിയോടു പറയുന്നതിതാണ്. നവീനശാസ്ത്രങ്ങള് മനുഷ്യനു സംഭാവന ചെയ്തതു നിണച്ചാലുകളാണ്. ശാസ്ത്രപുരോഗമനംകൊണ്ട് മനുഷ്യര്‍ എത്രപെട്ടെന്നു സഹസ്രക്കണക്കിനു സംഹൃതരാകുന്നു! അവരുടെ രക്തധാരകള്‍ എത്ര സഥലത്തൊഴുകുന്നു! ആ നിണച്ചാലുകളില്ക്കൂടി ഉത്ക്കര്‍ഷത്തിന്റെ പൊന്നിന് കളിത്തോണി പോകുന്നത്രേ. യുദ്ധംകൊണ്ടുണ്ടാകുന്ന ഉത്ക്കര്‍ഷം രക്തധാരോപരിയാണ് അധിഷ്ഠിതമെങ്കില്‍ അതെന്തൊരുത്ക്കര്ഷം എന്നല്ലേ ഇവിടുത്തെ ധ്വനി! പൊന്നിന്കളിത്തോണിയെന്ന പ്രയോഗം അര്ത്ഥപുഷ്ക്കലം തന്നെ. പൊന്നു കൊണ്ടുള്ള കളിത്തോണി എന്നോ പൊന്നിന്റെ വകയായ കളിത്തോണിയെന്നോ പറഞ്ഞാല്‍ ഏതാണ്ട് രക്തവര്ണ്ണച്ഛായയുള്ള ഒരു തോണി നമ്മുടെ സങ്കല്പത്തിലെങ്കിലും പ്രത്യക്ഷീഭൂതമാകുന്നു. കനകവാചിയായ ശബ്ദം സമ്പത്തിനേയും സമ്പന്നന്മാരേയുമാണ് നമ്മുടെ ചിന്താപഥത്തില്‍ ഉത്തിഷ്ഠമാനരാക്കുന്നത്. ധനത്തിന്റെ മുഷ്ക്കാണ് യുദ്ധത്തിന്റെ ആരംഭത്തിലും അവസാനത്തിലും തള്ളിപ്പൊന്തിവരുന്നുള്ളതെന്ന് ഒരു പരമാര്‍ത്ഥം തന്നെ. സാധുക്കളുടെ രക്തം ചിന്തിച്ചിട്ട് ധനവാന്മാര് 'മുതലെ'ടുക്കുന്ന രീതിയും കവി ഇവിടെ പ്രധാനമായി ഉന്നയിച്ചിട്ടുണ്ട്; അതിനു ലക്ഷ്യം അടുത്തുള്ള ഒരു വകുപ്പു തന്നെ. പക്ഷേ, അത്ര കര്‍ക്കശമായും നഗ്നമായും പറയാതെ ഇത്രയും കൊണ്ടവസാനിപ്പിച്ചിരുന്നെങ്കില് കവിത കുറച്ചുകൂടി ആലോചനാമൃതമാകുമായിരുന്നില്ലേ!
സരസകോമളമായ രീതിയില്‍ പ്രകൃതിവര്‍ണ്ണന നിര്‍വ്വഹിക്കുന്നതിനു നമ്മുടെ കവിക്കുള്ള പാടവം ഈ ഗ്രന്ഥത്തില്‍ വേണ്ടുവോളം വെളിവാകുന്നുണ്ട്. 'വാഴക്കുല'യുടെ പലഭാഗങ്ങളും, വിശിഷ്യ, വാഴച്ചുവട്ടിലെ കൊതിയസമാജത്തിന്റെ വര്‍ണ്ണനയും മറ്റും ഇതിനു ദൃഷ്ടാന്തങ്ങളത്രേ. 'നവവര്‍ഷനാന്ദി'യുടെ പ്രാരംഭം തന്നെ പരിശോധിക്കുക;
പുലരിത്തുടുമേഘക്കനകപ്പൂഞ്ചേലത്തു-
മ്പുലയെ.....................................................
............................... കണ്ണുനീര് വരുന്നല്ലോ.
-ന. വ. നാന്ദി
പ്രഭാതമാരുതനെ, പുലരിത്തുടുമേഘമാകുന്ന കനകപ്പൂഞ്ചേല ധരിച്ച്, അതിന്റെ തുമ്പുലയുമാറ് ഓടികക്കിതച്ചെത്തുന്ന പകലിന്റെ നെടുവീര്പ്പായിട്ടത്രേ കവി ഉത്പ്രേക്ഷിക്കുന്നത്. ഈ നിശ്വാസമാകട്ടേ, അന്ധകാരത്തില്‍ തലചായ്ച്ചുറങ്ങിയിരുന്ന തരുവല്ലികളെ തട്ടിയുണര്‍ത്തുന്നു! ഈ കാവ്യാരംഭം പാവങ്ങളുടെ നവവര്ഷോദയമാകുന്ന വിപ്ലവത്തെയും നിദ്രാലുക്കളായിസ്വസ്ഥിതിയറിയാതെ കിടന്ന ദരിദ്രന്മാരെയും തട്ടിയഉണര്ത്തുന്നതിനെയും സൂചിപ്പിക്കുന്നു. വിപ്ലവമനോഭാവം, കവി ആ കാവ്യത്തില്‍ പിന്നീടു വിളിച്ചുപറയുന്ന ഭാഗങ്ങള്കൊണ്ടൂഹ്യമെന്നേയുള്ളു. ഉണര്‍വ്വിന്റെ മനോഭാവമൊന്നായാല് ഈ ഭാഗത്തെ വ്യംഗ്യവും സര്വ്വജനഹൃദ്യമായിമാറുന്നതാണ്.
പോവുക ധനാഢ്യരേ, നിങ്ങളെത്തടിപ്പിക്കാന്
പാവങ്ങല്‍ ഞങ്ങള്‍ക്കു പ്രാണവാതമേ വേണ്ടു.
-ന. വ. നാന്ദി
വെണ്പങ്ക വീശിയിന്നാര്ക്കു സുഖിക്കുവാന്‍
നിന് പ്രാണവാതം പകുത്തു കൊടുത്തു നീ.
- ദാരിദ്ര്യത്തിന്റെ മുന്നില്‍
എന്നീ ഈരടികള്‍,
പാവങ്ങള്‍ തന് പ്രാണമരുത്തു വേണം
പാപപ്രഭുക്കള്‍ക്കിഹ പങ്കവീശാന്‍
എന്നതിനെയെന്നോണം,
വാനമണ്ഡപത്തിലെത്താരകത്തുമ്പപ്പൂക്കള്
വാരിക്കൊണ്ടെങ്ങോ പോയാള് താമസി വേലക്കാരി.
-ന. വ. നാന്ദി
എന്ന ഭാഗം വള്ളത്തോളിന്റെ പ്രഭാതഗീതത്തിലെ,
ചിക്കെന്നുണര്ന്നെഴുന്നേറ്റുഷസ്സെന്നവള്
ശുക്രനാം കൈവിളക്കേന്തിയെത്തി
ഇന്നലെ രാവുപയോഗിച്ച പൂക്കളാ-
കുന്ന താരങ്ങളടിച്ചു വാരി
എന്ന വരികളെ അനുസ്മരിപ്പിക്കുന്നു. പക്ഷേ, ഈ സാമ്യം കവിക്കൊരു കുറവും വരുത്തുന്നില്ല. മഹാകവികളുടെ ആശയങ്ങളെ ഭംഗ്യന്തരേണ സന്ദര്‍ഭാനുഗുണമായി പ്രകടിപ്പിക്കുവാന്‍ മഹാകവികള്‍ക്കേ സാധിക്കൂ. അഥവാ രണ്ടുപേരുടെയും, സ്വതന്ത്രചിന്താസന്താനങ്ങളായ ആശയങ്ങള്‍ക്കു തമ്മില്‍ ഇമ്മാതിരി സാമ്യങ്ങളുണ്ടായിക്കൂടെന്നുമില്ലല്ലോ. തുമ്പപ്പൂക്കളുടെ അന്തര്‍ധാനം ലോകത്തിലവിടിവിടെ പുഞ്ചിരിതൂകി ലസിക്കുന്ന ധനവാന്മാരുടെ തിരോധാനത്തെ സൂചിപ്പിക്കുന്നുവെന്നു പറയാം. ഓണോട്ടന്കതിരുകള് സമൃദ്ധിയെയും, ഇളവെയില് നവ്യപ്രകാശത്തെയും കുഞ്ഞാറ്റക്കിളികളുടെ കളകളഡോളാവിലാസം ദരിദ്രന്മാരുടെ ആനന്ദനൃത്തത്തെയും അഭിവ്യഞ്ജിപ്പിക്കാം. ഇങ്ങനെ നോക്കിയാല്‍ വിഷയാനുഗുണമായ പശ്ചാത്തലമായി പ്രകൃതിയെ വര്‍ണ്ണിക്കാന്‍ ശ്രീ ചങ്ങമ്പുഴയുടെ സരസ്വതിക്കുള്ള വൈഭവം ഒന്ന പ്രത്യേകം തന്നെ.
പ്രകൃതിഗായകന് എന്നപോലെ ഒരു പ്രേമഗായകന്‍ കൂടിയാണ് നമ്മുടെ യുവകവി. 'അജപാലബാലനില് ഗ്രാമീണബാലതന്നനുരാഗകന്ദളനമെന്നപോലെ' എന്ന ഉപമാനത്തില്ത്തന്നെ, ഒരു ഗ്രാമീണബാലികയുടെ ശാലീനമായ അനുരാഗത്തെ എത്ര സരളമായി കവി ചിത്രീകരിക്കുന്നുവെന്നു നാം നേരത്തെ കണ്ടുവല്ലോ. 'രാഗഗീതി'യിലാകട്ടെ കവി നിര്‍മ്മലമായ സ്നേഹത്തെ സരസമായി ചിത്രീകരിക്കുന്നു. പുഷ്പത്തോടു വാനമ്പാടിക്കുള്ള നിര്മ്മലസ്നേഹമാണ് ഇതില്‍ പ്രകാശിപ്പിച്ചിരിക്കുന്നത്. വിമലസ്നേഹബദ്ധരായ വല്ല കാമിനീകാമുകന്മാരും കവിയുടെ ഹൃദയാന്തര്‍ഭാഗത്തു കുടികൊള്ളുന്നുണ്ടാവാം. സായങ്കാലത്തു വാടി വാഴാന്‍ പോകുന്ന കുസുമത്തോടു വാനമ്പാടി നടത്തുന്ന 'അന്ത്യാമന്ത്രണം' ശ്രദ്ധിക്കുക;
അവസാനപ്രാര്ത്ഥനയും വിറച്ചീടുമധരത്താ-
ലവശേ, നീയുച്ചരിക്കൂ പോകട്ടെ ഢാനും
ഒരു രാഗശൃംഖല നാമറിയാതെ നമ്മെ ബന്ധി-
ച്ചിരുന്നതുമിതാ കഷ്ടം ശിഥിലമായി,
- രാഗഗീതി
സന്തപ്തചിത്തനായ വാനമ്പാടിയെ സുമം ഇങ്ങനെ സമാശ്വസിപ്പിക്കുന്നു;
അഴകിന്റെ നിഴലിലല്ലഴലിന്റെ നിലാവില് വീ-
ണൊഴുകണമലയാര്ന്നെന് സ്മൃതികള്‍ പോലും!
പ്രകൃതിമാതനുഗ്രഹിച്ചരുളും ഞാനെത്രമാത്രം
സുകൃതിയാണെന്നെച്ചൊല്ലിക്കരയരുതേ!
അശുഭാശങ്കകള് പെയ്യുമാസുഖാശ്രുധാരയിലെ-
ന്നവസാനസ്മിതമയ്യോ നനയ്ക്കരുതേ!
വാനില്നിന്നെന് സ്നേഹമോര്‍ത്തു ദിവസവും ഭവാനൊരു
ഗാനം ചെയ്താല്‍ മതി, പോട്ടെ കൃതാര്‍ത്ഥയായ് ഞാന്‍.
- രാഗഗീതി
സൗന്ദര്യസേവിനിയും ഗുണദര്ശിനിയുമായ കുസുമം, തന്റെ കൂടപ്പിറന്നു തന്നോടൊരുമിച്ചു പുലര്‍ന്ന ദിവസദേവിയോടൊത്ത് മരണമാകുന്ന ശൂന്യതയില്‍ ലയിക്കുന്നു. ദുഃഖപാരവശ്യം നിറഞ്ഞ വാനമ്പാടിയുടെ വിരഹതാപം വര്‍ണ്ണിച്ചു വിപ്രലംഭശൃംഗാരത്തിന്റെ സുഭഗാനുഭൂതി വരുത്തുന്ന ഭാഗവും സുതരാം സുന്ദരമായിട്ടുണ്ട്.
നിശ വന്നാ മലര്മെയ്യിലസിതാവരണം ചാര്‍ത്തി
നിഴലുകള്‍ നിറുകയില്‍ ചുംബനം തൂകി.
ഇവ കണ്ടു മരപ്പൊത്തില്‍ ചിറകടിച്ചഴല് വളര്-
ന്നവശവിഹംഗമയ്യോ, കരഞ്ഞുപോയി
- രാഗഗീതി
പ്രേമസ്ഫുരണം മനുഷ്യരില്‍ മാത്രമല്ല, തിര്യക്കുകളിലും വൃക്ഷലതാസുമാദികളിലും ദര്‍ശിച്ച് അതിന്റെ സരസമായ കീര്‍ത്തനം നിര്‍വ്വഹിക്കുവാന്‍ വാസനാകവികള്ക്കുള്ള പാടവമാണ് നാമിവിടെ കാണുന്നത്. 'മാപ്പു നല്കേണമേ!' എന്ന കാവ്യത്തില്‍ ഒരു പക്ഷേ, സ്വാനഭൂതി വിശിഷ്ടമായ പ്രേമപ്രകര്ഷം വഴിഞ്ഞൊഴുകുന്നതതായി നമുക്കു കാണാം.
അന്നപ്പുലരിയില്പ്പൂപറിച്ചുംകൊണ്ടു
നിന്നു നീയാളിയുമൊത്താ വനികയില്‍,
കാളമേഘത്തില്‍ കവിത തുളുമ്പിച്ച
കാളിദാസന്റെ ശകുന്തള മാതിരി.
- മാപ്പു നല്കേണമേ!
തോഴിയുമൊത്തു പൂ പറിക്കുന്ന നായിക കാളിദാസന്റെ ശകുന്തളയെപ്പോലെയെന്നു പറയുന്നതിന്റെ മനോമോഹനത ഒന്നു വേറെത്തന്നെ. ആളിമാരുമൊത്തു നവയൗവനപൂര്ണ്ണയായി, പ്രണയഭാജനമായ ദുഷ്ഷന്തന്റെ മുമ്പില്‍ കാണപ്പെട്ട ശകുന്തളയെപ്പോലെയാണ് കവയുടെ (നായകന്റെ) മുമ്പില്‍ ഈ നായിക പ്രേമോദ്ദീപകയായി ദൃശ്യമാനയാകുന്നത് എന്നാണിവിടത്തെ ആശയം. ചെമ്പകച്ചില്ലയില്നിന്നു പൂ പറിക്കാന്‍ കൈയെത്താതെ വിഷമിക്കുന്ന നായികയില്‍ സ്നേഹാനുകമ്പാമസൃണചേതസ്സായിത്തീര്ന്ന കവി, ആ പൂക്കള്‍ പറിച്ചു 'മന്ദസ്മേരമുഖനായി'ത്തീര്‍ന്ന നായികയ്ക്കു നല്‍കുന്നതും, അവള് 'നാണം കുണുങ്ങി' വന്ന് അതു വാങ്ങുമ്പോള്‍ ആകസ്മികമായുണ്ടാകുന്ന പരസ്പരകരസ്പര്ശത്താല് കവിയുടെ മേനിയില്‍ 'ഓമല്പ്രവാ
ഹമരക്ഷണം' 'ഓളമിളക്കി'യതും, അവള് 'മന്ദാക്ഷപൂര്ണ്ണകടാക്ഷത്തോടൊരു മന്ദസ്മിതത്താല്‍ കൃതജ്ഞതകാട്ടി...'യതും, 'ഏതോ മഹാസിദ്ധിയൊന്നു കൈവന്നപോല് പ്രീതിചേതസ്സിലുള്ച്ചേര്ന്നു' നായകന് മടങ്ങുന്നതും എത്രയും സരസമായി ഇവിടെ വര്‍ണ്ണിക്കപ്പെടുന്നു. കാലങ്ങള്‍ കഴിഞ്ഞു; നായിക വിവാഹിതയായി. ഇങ്ങനെ അവള് പരകീയമായിട്ടും കവിക്ക് ഈ 'പുഷ്പദാനവനിക' കാണുമ്പോഴെല്ലാം പൂര്വ്വരംഗസ്തുതിയും നൈരാശ്യജന്യമായ സങ്കടവും ഉണ്ടാകുന്നതായി വര്‍ണ്ണിച്ചു കാവ്യം അവസാനിപ്പിക്കുന്നതു നോക്കുക:
ശാന്തി വിടരും ഗൃഹസ്ഥാശ്രമത്തിന്റെ
......................................................................
- മാപ്പു നല്കണമേ!
ആത്മഗീതങ്ങളുടെ ഒരു പ്രധാനലക്ഷണം ആത്മാപേക്ഷകതയാണ്. അവനവനെസ്സംബന്ധിക്കുന്ന വിഷയങ്ങള്‍ക്ക് ആസ്വാദ്യത അധികമായിരിക്കും. ഇതിലെ എല്ലാക്കാവ്യങ്ങളിലുംതന്നെ പ്രത്യക്ഷമായോ പരോക്ഷമായോ, കവി സ്വീയാനുഭവങ്ങളെ പ്രകടിപ്പിച്ചിട്ടുള്ള വസ്തുത യഥാസന്ദര്‍ഭം ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ.
'രക്തുഷ്പങ്ങളി'ല്‍ കാണുന്ന മിസ്റ്റിസിസത്തെപ്പറ്റിയാണ് ഇനി ഒരു വാക്കു പറയാനുള്ളത്. യഥാര്‍ത്ഥമായ മിസ്റ്റിസിസം ആത്മാവും ഈശ്വരനും തമ്മിലുള്ള- ഹൈന്ദവരീത്യാ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള- നേദിഷ്ഠബന്ധത്തെ അസ്പഷ്ടമായി ഭംഗ്യന്തരേണ- അന്യാപദേശസമ്പ്രാദയത്തില്- വിശദമാക്കുകയാണ്. ഈ തോതു വച്ചു നോക്കുമ്പോള്‍ നിരാക്ഷേപമായി ഈ പ്രസ്ഥാനത്തില്‍പ്പെടുന്ന കവിതകള്‍ ഇതിലുണ്ടെന്നു തോന്നുന്നില്ല. (വാനമ്പാടിയും മധുമലരും തമ്മിലുള്ള 'രാഗഗീതി' പ്രകൃതിയും ആത്മാവും തമ്മിലുള്ള പ്രേമാലാപമായി അധ്യവസാനിക്കരുതോ?) എന്നാല്‍ ഇന്നത്തെ കവിലോകത്തെ തെല്ലു ദുഷിപ്പിക്കുന്ന ഒരു ദുര്‍ഗ്രഹതയാണ് മിസ്റ്റിസിസമെങ്കില് ആ 'ഗുണം' ഇതിലെ ചുരുക്കം ചില കവിതകളില്‍ നിഴലിക്കുന്നുണ്ട്. എന്നാല്‍ ആ ഗുണം ഒരു ഗുണമല്ല, ദോഷം തന്നെയെന്നു പരിച്ഛേദിക്കാതെ തരമില്ല. 'തീപ്പൊരി'യിലും 'ഉന്മാദത്തിന്റെ ഓടക്കുഴലി'ലും പ്രതിപാദിതമായ ആശയം കണ്ടുപിടിക്കാന്‍ പലവുരു മുങ്ങിത്തപ്പേണ്ടതായി വന്നു. എന്നിട്ടും അതു പരിപൂര്‍ണ്ണമായി കണ്ടുകിട്ടിയെന്നെനിക്കഭിപ്രായമില്ല. ഉള്ളൂര്‍ മഹാകവിയുടെ 'കവിയും കീര്‍ത്തിയും' എന്ന ഖണ്ഡകാവ്യത്തിന്റെ ഒരു വിദൂരച്ഛായ 'ഓടക്കുഴലി'ലില്ലേ എന്നു ശങ്കിക്കുന്നു. അവിടെ യശഃപ്രാര്ത്ഥിയായ കവി, തന്റെ കവിതകള്മൂലം തനിക്കു പരിപൂര്ണ്ണയശസ്സുണ്ടാകാത്തതില് ക്ലേശിക്കുന്നു; പൊട്ടക്കവിതകളെഴുതുന്ന ക്ഷുദ്രകവികളെ അര്ഹാതീതമാക്കി താലോലിക്കുന്ന കീര്ത്തിദേവിയോടു കവി തന്റെ സങ്കടമുണര്‍ത്തിക്കുന്നു. ഒരു ശതാബ്ദം കഴിയുമ്പോള്‍ ഈ ക്ഷുദ്രകവികളുടെയൊക്കെ കഥകഴിഞ്ഞ് സാക്ഷാല്‍ കവിയുടെ കാവ്യങ്ങളും തജ്ജന്യമായ യശ്ശസും അവശേഷിക്കുമെന്നു കീര്‍ത്തി സ്വപ്നത്തില്‍ കവിയെ സമാശ്വസിപ്പിക്കുന്നു. ഏതാണ്ടിതു പോലെ തന്റെ ആദര്‍ശങ്ങള്‍ ഇന്ന് അധിക്ഷിപ്തങ്ങളാകുന്നുവെങ്കിലും ഒരു കാലത്ത് അവ സര്വ്വാദൃതങ്ങളായിത്തീരുമെന്നുള്ള ഒരു പ്രതീക്ഷയാണെന്നു തോന്നുന്നു 'ഉന്മാദത്തിന്റെ ഓടക്കുഴല്‍' ആലപിക്കുന്നത്. പക്ഷേ, ഉള്ളൂരിന്റെ ഉള്ളു സ്പഷ്ടവും, ചങ്ങമ്പുഴയുടെ അടിഈ ഭാഗത്ത് അസ്പഷ്ടവുമായിക്കാണുന്നുവെന്നു മാത്രം. അതങ്ങനെയിരിക്കട്ടെ, കാവ്യം പഠിതാവിന് അനായാസേന അവധാര്യമാകുമാറ് പ്രതിപാദനവൈശദ്യത്തോടു കൂടിയിരിക്കണമെന്നുള്ള ഖണ്ഡകാവ്യപ്രസ്ഥാനത്തിന്റെ മൗലികലക്ഷണം പ്രകൃതത്തില്‍ അനുസ്മരണീയമാണ്. ജീവിതമത്സരത്തിന്റെ ക്ലേശസഹസ്രങ്ങളില്പ്പെട്ടു നട്ടംതിരിഞ്ഞു വിശ്രമദാരിദ്ര്യമനുഭവിക്കുന്ന അധുനാതനന്മാര്ക്കു സാഹിത്യാസ്വാദനത്തിനു യഥാകഥഞ്ചില്‍ ദുര്ല്ലഭത്തില് മാത്രം ലഭിക്കുന്ന വിനോദവേളകളില്‍, തലച്ചോറു പുകയ്ക്കുന്ന രീതിയിലുള്ള പ്രതിപാദനം ആദരണീയമായിരിക്കയില്ല. ശ്രീ ചങ്ങമ്പുഴയെപ്പോലെ പ്രതിഭാശാലിയും കല്പനാവിഭവനുമായ ഒരു വാസനാകവിക്ക് ഈ ദൂഷ്യം എത്ര നിഷ്പ്രയാസം പരിഹരിക്കാവുന്നതാണ്.
ശ്രീ ചങ്ങമ്പുഴയുടെ ഭാഷാശൈലിയെക്കുറിച്ചുകൂടി ഒരു വാക്കു പറഞ്ഞുകൊള്ളട്ടെ. സരസകോമളങ്ങളായ ലളിതപദങ്ങളുടെ സുഖസമ്മേളനംകൊണ്ടു പണ്ഡിതപാമരഹൃദ്യമായ ഒരു ഭാഷാരീതിയാണ് കവിജന്മാവായ ഈ സാരസ്വതചൈതന്യത്തിനുള്ളത്; അദ്യതനകവിതകളുടെ സര്‍വ്വാതിശായിയായ ഭൂഷണവും ഇതുതന്നെ. ഗഹനസുന്ദരങ്ങളായ ആശയവിശേഷങ്ങള്‍ തദനുയുക്തങ്ങളായ ലളിതപദാവലികളില് സമുചിതമായി നിക്ഷേപിക്കുവാന്‍ വശ്യവചസ്സായ ഒരു അനുഗ്രഹീതകവിക്കേ സാധിക്കൂ. ഗ്രന്ഥം ആമൂലാഗ്രം പ്രസ്തുത ഭാഷാശൈലിക്കു ദൃഷ്ടാന്തമാകയാല്‍ ഏതെങ്കിലും ഭാഗങ്ങള്‍ പ്രത്യേകമായി എടുത്തു കാണിക്കേണ്ടതില്ലല്ലോ. 'ന ഹി ഗുളഗുളികായാഃ ക്വാപി മാധുര്യഭേദഃ' എന്നുണ്ടല്ലോ.
ശ്രീ ചങ്ങമ്പുഴയ്ക്കും അദ്ദേഹത്തിന്റെ അമൃതനിഷ്യന്ദിയായ കവിതയ്ക്കും ഉത്തരോത്തരം ശോഭനമായ ഭാവിയെ പ്രാര്‍ത്ഥിച്ചും പ്രതീക്ഷിച്ചും, ജീവിതവൈഷമ്യങ്ങളില് നിന്നു കഴിയുന്നത്ര മുക്തനായി , സകലജനമനോനന്ദനങ്ങളും അനവദ്യങ്ങളുമായ അനവധി കാവ്യോപഹാരങ്ങളാല് കൈരളിപൂജ നിര്‍വ്വഹിച്ചും, അനുഗ്രഹീതനായ ഈ യുവകവി അചിരേണ ഒരു ലോകമഹാകവിയായിത്തീരട്ടെ എന്നു സര്‍വാത്മനാ ആശംസിച്ചും ഈ ലഘുകാവ്യ മഞ്ജരിയെ ഞാന്‍ സഹൃദയസമക്ഷം സാദരം അവതരിപ്പിച്ചുകൊള്ളുന്നു.
നിഴലുകൾ അവതാരിക
പുളിമാന എസ്. പരമേശ്വരൻ പിള്ള
നിഴലുകൾ അവതാരിക
പുളിമാന എസ്. പരമേശ്വരൻ പിള്ള
ഈ അടുത്തകാലത്ത് ആരോ-ശ്രീ പൊൻകുന്നം വർക്കിയാണെന്നു തോന്നുന്നു - പറയുകയുണ്ടായി, "അവശതയുടെ ഒരു പ്രകടനപത്രികയാണ് അവതാരിക"യെന്ന്.
ശ്രീ ചങ്ങമ്പുഴയുടെ ഒരു കൃതിക്ക് ഒരവതാരികയുടെ ആവശ്യമില്ലെന്നു ചിലർ വാദം തുടരുകയും ചെയ്യാം. എങ്കിലും ഇപ്പറഞ്ഞ സംഗതികൾ രണ്ടും നിഷേധിക്കുവാൻ ഞാൻ തയ്യാറാണ്. ഏതു സാഹിത്യസൃഷ്ടിക്കും ഒരവതാരിക അപരിത്യാജ്യമാണെന്നാണ് ഇത് എഴുതുന്ന ആളിൻറെ വിശ്വാസം-ഇന്ന് ഒരാൾ ഒരു ചങ്ങമ്പുഴക്കൃതി അവതരിപ്പിക്കുകയാണെങ്കിൽ അതു കേരളീയർക്കു സുപരിചിതനായ ഗ്രന്ഥകർത്താവിനെ വീണ്ടും കേരളീയർക്കു പരിചയപ്പെടുത്തുക എന്നുള്ള വൃഥാസ്ഥൂലവും അനാവശ്യകവുമായ സംരംഭത്തിനല്ലാ, ആ സാഹിത്യകൃതിക്ക് അനുയോജ്യമായ ഒരു പശ്ചാത്തലത്തിൻറെ സൃഷ്ടിസാധിച്ച് സഹൃദയലോകത്തിൻറെ ആസ്വാദനത്തിൻ ആ കൃതിയെ കൂടുതൽ വിധേയമാക്കുക എന്നുള്ള അനുപേക്ഷണീയമായ ചുമതല നിർവ്വഹിക്കുന്നതിനായിരിക്കും. ഈ സംഗതി വെച്ചുനോക്കുമ്പോൾ അവതാരിക സൃഷ്ടിപരമായ നിരൂപണമാണെന്നു സിദ്ധിക്കുന്നു.
നിരൂപണമെന്നു പറയുന്നത് ഖണ്ഡനപരമായ ഒരു വികൃതയത്നം അല്ല. അതും ശുദ്ധമണ്ഡനപരമായ ഒരു വൈതാളികഗാനവുമല്ല. ഇതിൽ രണ്ടിൽ ഏതെങ്കിലുമെന്നാണു നിരൂപണമെന്നു വിശ്വസിക്കുന്ന ഒരു കൂട്ടം നിരൂപകൻമാരുടെ വാദകോലാഹലങ്ങൾ കേട്ടു കൈരളി കർണ്ണം പൊത്തുന്ന ഒരു കാലഘട്ടമാണഅ ഇത് എന്നു തോന്നുന്നു. വ്യക്തിയും വ്യക്തിയുമായുള്ള ബന്ധത്തിൻറെ സ്വഭാവമാണ്. ഇന്നത്തെ നിരൂപണങ്ങളിൽ സിംഹഭാഗത്തിൻറെയും പോക്ക് നിർണ്ണയിക്കുന്നത്. ഞാൻ മുമ്പൊരവസരത്തിൽ പറഞ്ഞിട്ടുള്ളതുപോലെ, നിരൂപകൻ ലോകത്തോടു സത്യവാചകം ചൊല്ലിയാണ് രംഗപ്രവേശം ചെയ്യേണ്ടത്. നിരൂപകൻ സാഹിത്യലോകത്തിലെ ന്യായാധിപനാണന്നു നാം സമ്മതിക്കുക. ന്യായാധിപൻ ന്യായത്തിൻറെ അധിപമനല്ല, അതിൻറെ വിനീതനും ധർമ്മനിരതനുമായ പുരോഹിതൻ മാത്രമാകുന്നു. ഈ വ്യതിയാനം വായനക്കാർ ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു.
നിഴലുകൾ
അവതാരിക - പുളിമാന എസ്. പരമേശ്വരൻ പിള്ള
ചെറുശ്ശേരിയുടെയും കുഞ്ചൻറെയും കാലത്തിനുശേഷം മലയാളഭാഷയുമായി അത്രയ്ക്ക് ഇണങ്ങിച്ചേർന്ന കവി ചങ്ങമ്പുഴയാണെന്നുള്ളത് എൻറെ ഒരു വിശ്വാസമാണ്. ഭാഷാവിഷയകമായ പാണ്ഡിത്യത്തെയല്ല, ഭാഷയിൽ ചെലുത്തുവാൻ സാധിക്കുന്ന സ്വാധീനത്തെ ഉദ്ദേശിച്ചുമാത്രമാണു ഞാൻ അങ്ങനെ പറയുന്നത്. ചെറുശ്ശേരിയുടയും നമ്പ്യാരുടെയും ലാഘവം - അത്ഭുതാവഹമായ ആ സിദ്ധി-പിന്നെ ചങ്ങമ്പുഴയിൽ മാത്രമാണു നാം ദർശിക്കുന്നത്. ചെറുശ്ശേരിയിലും നമ്പ്യാരിലും സവിശേഷമായി വിളങ്ങുന്ന ശയ്യാഗുണം - നൂറുശതമാനം കേരളീയമായ ആ ശയ്യാഗുണം - പിന്നീടു ചങ്ങമ്പുഴയിൽ മാത്രമാണു നാം ദർശിക്കുന്നത്. സ്വീകരിച്ച പദ്ധതികളിൽ, അംഗീകരിച്ച മാതൃകകളിൽ, ഉപയോഗിച്ച ഉപകരണങ്ങളിൽ എല്ലാം വലിയ വൈജാത്യം മുൻഗാമികളെ അപേക്ഷിച്ചു ചങ്ങമ്പുഴയിൽ പ്രകടമണ്. ഈ വ്യതിയാനം മനഃപൂർവ്വമല്ലെന്നു നമുക്കു കാണാവുന്നതുമാണ്. എന്തുകൊണ്ടെന്നാൽ ചങ്ങമ്പുഴ തികച്ചും അദ്ദേഹം ജീവിക്കുന്ന കാലത്തിൻറെ സൃഷ്ടിയാണ്. ചങ്ങമ്പുഴയിൽ കാണുന്ന നവീനസർഗ്ഗ കർമ്മ സിദ്ധാന്തങ്ങൾക്ക് ഇതാണു വ്യാഖ്യാനം. പഴകിയ പലതിൽനിന്നും, ഉൽക്കകളെപ്പോലെ തെറിച്ചുമാറുവാൻ ശ്രമിക്കുന്ന ഒരു കാലഘട്ടത്തിൽ സൃഷ്ടിയാണ് ചങ്ങമ്പുഴ. വിപ്ലവകരങ്ങളായ ആശയങ്ങൾക്കു രൂപം കൊടുക്കുന്ന ഇന്നത്തെ ലോകത്തിൻറെ സൃഷ്ടിയാണു ചങ്ങമ്പുഴ. പക്ഷേ, നിങ്ങൾ ചോദിച്ചേക്കും, ചോര തിളപ്പിക്കുന്നുണ്ടോ വിപ്ലവത്തിൻറെ ചെങ്കൊടി ഉയർത്തുന്നുണ്ടോ പഴകിപ്പുതലിച്ചയവും ജീർണ്ണിച്ചവയും തട്ടിയെറിഞ്ഞു മുന്നോട്ടു പോകുവാനുള്ള ശക്തി നൽകുന്നുണ്ടോ? വിലങ്ങുകൾ പൊട്ടുകയും കാരാഗാരങ്ങൾ തകർക്കുകയും ചെയ്യുന്ന ശബ്ദങ്ങൾ ജനിപ്പിക്കുന്നുണ്ടോ? ഇല്ലെങ്കിൽ പിന്നെ ചങ്ങമ്പുഴ ഒരു വിപ്ലവസാഹിത്യകാരനാണ്, വിപ്ലവം നിറഞ്ഞ ഒരു കാലത്തിൻറെ സൃഷ്ടിയാണ് എന്നു പറയുന്നതിൽ എന്തുണ്മയാണുള്ളത്? പറയാം: ചങ്ങമ്പുഴ ഒരു സമരകവിയല്ല. ചോര തിളപ്പിക്കുവാനും കണ്ണീർ ഒലിപ്പിക്കുവാനും എല്ലാം ചങ്ങമ്പുഴയ്ക്കു സാധിക്കും എന്നിരിക്കിലും, അദ്ദേഹം ഒരു പ്രേമഗായകനാണ്. മയക്കോവിസ്കിയേക്കാളും, ജയദേവൻറെ പാരമ്പര്യത്തോടാണ് ചങ്ങമ്പുഴയ്ക്കു ചാർച്ച കൂടുതൽ. അദ്ദേഹത്തിൻറെ തൂലികയിൽക്കൂടി നിർഗ്ഗമിക്കുന്ന ഏതു വിപ്ലപത്തിൻറെ ആഹ്വാനത്തിനും അതിനെ മസൃണമാക്കുന്ന ഒരു സംഗീതസൗഖ്യമുണ്ട്. ചങ്ങമ്പുഴയുടെ സമരഗാനങ്ങളും പ്രേമഗാനങ്ങളും ഇന്നു കേരളീയർക്കു സുപരിചിതമായിത്തീർന്നിട്ടുള്ളതിനാൽ ഉദാഹരണങ്ങൾ എടുത്തു കാണിക്കേണ്ട ആവശ്യം ഉദിക്കുന്നില്ല. കേരളഭാഷയിലെ ഏറ്റവും വലിയ പ്രേമഗായകൻ എന്ന നിലയിലായിരിക്കും ചങ്ങമ്പുഴയെ ഭാവിതലമുറകൾ ആദരിക്കുന്നത്. പക്ഷേ, ജയദേവനെപ്പോലെ മധുരഗാനങ്ങൾ പൊഴിക്കുന്ന ഒരു പൂങ്കുയിലല്ല ചങ്ങമ്പുഴ. എന്നുവച്ചാൽ ചങ്ങമ്പുഴയുടെ മിക്ക പ്രേമഗാനങ്ങളിലും കണ്ണുനീരിൻറെ നനവുണ്ട് എന്നർത്ഥം. സ്നേഹിക്കാൻ കൊതിയും, സ്നേഹനഷ്ടത്തിൽ വിലപിക്കുകയും, സ്നേഹത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ഒരു മൃദുലഹൃദയം! പ്രതികൂലപരിസരങ്ങളുടെയും തകർന്ന സ്വപ്നങ്ങളുടെയും നഷ്ടപ്പെട്ട സൗഭാഗ്യത്തിൻറെയും നിഴലുകൾ ചങ്ങമ്പുഴക്കൃതിളിൽ സർവ്വത്ര പതിഞ്ഞിരിക്കുന്നു.
നിഴലുകൾ അവതാരിക
പുളിമാന എസ്. പരമേശ്വരൻ പിള്ള
നിഴലുകള്‍
പത്തൊൻപതു ലഘുഗീതങ്ങളാണ് നിഴലുകളിലെ ഉള്ളടക്കം. ഏതാണ്ട് ഗീതകങ്ങളുടെ ഛായ വഹിക്കുന്ന ഈ കൃതികൾ തികച്ചും വിഷാദാത്മകമാണ്. ചങ്ങമ്പുഴയുടെ കാവ്യകലയുടെ ജീവൻ ഈ വിഷാദാത്മകത്വമാണ്. വിഭ്രമിപ്പിക്കുന്ന ലോകവ്യവസ്ഥിതിയിൽ, നിയതിയുടെ അമ്പരിപ്പിക്കുന്ന വിധി തീർക്കലുകളിൽ, വ്യാഖ്യാനം കണ്ടെത്താൻ സാധിക്കാത്ത സംഭവപരിണാമങ്ങളിൽ മിഴിച്ചുനിന്ന്, എന്താണ് ഇതിൻറെ സത്യമെന്ന് അനന്തതയിലേക്ക് ഒരു ചോദ്യം സമർപ്പിക്കുന്ന ഒരു കവിയാണ് ചങ്ങമ്പുഴ. അദ്ദേഹത്തിൻറെ പരാതി ഒരിക്കലും വ്യക്തിയുടെ പേരിലല്ല, പലപ്പോഴും സമുദായത്തിൻറെ പേരിലാണ്. ചങ്ങമ്പുഴയുടെ ഈ മനഃസ്ഥിതി തികച്ചും പ്രകടമാക്കുന്ന ഒരു കൃതിയാണ് നിഴലുകൾ.
"ഉൽക്കടചിന്തയും കണ്ണുനീരും
ഉഗ്രവിഷാദവും വേദനയും;-
എന്നാലവയ്ക്കിടയ്ക്കങ്ങുമിങ്ങും
മിന്നിപ്പൊലിയുന്ന പുഞ്ചിരിയും!''
ഈ വൈജാത്യങ്ങൾ, ഈ വിപര്യയങ്ങൾ എല്ലാമാണ് ചങ്ങമ്പുഴ ജീവിതത്തിൽ കാണുന്നതത്. ഇവയുടെ വ്യാഖ്യാനം എവിടെയാണെന്നാണ് ആ സത്യാൻവേഷി ആരായുന്നത്.
"ആരാരിപ്രശ്നമപഗ്രഥിക്കും
ആരിതിൻ സത്യം തിരഞ്ഞെടുക്കും''
ലോകത്തിൻറെ തത്ത്വചിന്തയെ മുഴുവൻ വിഷമിപ്പിച്ചിട്ടുള്ള ഒരു പ്രശ്നമാണ് ഇത്. കാണാൻ കണ്ണുള്ളവനേയും അറിയാൻ ഹൃദയമുള്ളവനേയും ഈ പ്രശ്നം തുടർന്നു വിഷമിപ്പിച്ചുകൊണ്ടേയിരിക്കും. ആരും ഇതിനൊരു സമാധാനം കണ്ടുപിടിച്ചിട്ടില്ലേ? ഉണ്ട്. ഇക്കാണായതിനൊക്കെ ഉത്തരവാദിത്വം വഹിക്കുന്ന ഒരു ശക്തി ഇതിനൊക്കെ അപ്പുറത്തുണ്ടെന്നു ചിലർ വിശ്വസിക്കുന്നു. ആ വിശ്വാസം അവർക്ക് സമാധാനവും അരുളുന്നു. എന്നാൽ ഒരു യുക്തിയുഗത്തിൻറെ സൃഷ്ടിയായ ചങ്ങമ്പുഴയ്ക്ക് അങ്ങനെയുള്ള വിശ്വാസത്തിലും അതു നൽകുന്ന സമാധാനത്തിലും എത്തിച്ചേരുക സുസാദ്ധ്യമല്ല. അദ്ദേഹം വിധിയിൽ വിശ്വസിക്കുവാൻ നോക്കുന്നു; സാധിക്കുന്നില്ല. വിശ്രമമില്ലാത്ത അദ്ദേഹത്തിൻറെ മസ്തിഷ്കം പിന്നെയും പിന്നെയും ചോദിച്ചു പോകുന്നു:
നിഴലുകൾ അവതാരിക
പുളിമാന എസ്. പരമേശ്വരൻ പിള്ള
"ഈ മണൽക്കാട്ടിലീ മൂടൽമഞ്ഞിൽ
നാമെന്തിനന്യോന്യം കണ്ടുമുട്ടി?''
എന്തൊരു ചോദ്യം! കാലത്തിൻ ഗൃഹപാഠം ചെയ്യുവാൻ കവി ഇട്ടുകൊടുക്കുന്ന ചോദ്യം!
ഒരുവേള ഇതിൽനിന്നൊക്കെ ചിലരെങ്കിലും ശങ്കിച്ചു പോയേക്കാം, ചങ്ങമ്പുഴയിൽ പ്രത്യക്ഷമാകുന്നത് ഒരു പരാജയമനഃസ്ഥിതിയാണെന്ന്! അതു തെറ്റിദ്ധാരണയാണ്. ചങ്ങമ്പുഴ ഈ വിശ്വത്തേയും അതിൻറെ സകലഭംഗികളേയും അതിൻറെ യാതനകളേപ്പോലും ഉള്ളഴിഞ്ഞു സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവനാണ്. പരാതികളും പരിഭവങ്ങളും ചങ്ങമ്പുഴക്കവിതയിൽ സുലഭമാണ്. പക്ഷേ, അവ വിദ്വേഷത്തിൽനിന്നും ജനിച്ചവയല്ല. ചങ്ങമ്പുഴ ഒരിക്കലും ഈ ലോകത്തെയും അതിൻറെ വിഭവങ്ങളേയും ദ്വേഷിച്ചിട്ടില്ല. അദ്ദേഹത്തിൻറെ പരിഭവങ്ങളിൽ, അതുകൊണ്ട്, ഒരു പ്രണയപരിഭവം മാത്രമേ നാം കാണുന്നുള്ളൂ. അതിൻറെ മാധുര്യവും അതിനുണ്ട്. ഈ ലോകത്തിൻറെ പരസഹസ്രം ഭംഗികളിൽ മനംകുളിർത്താനന്ദിക്കയും, ഈ ലോകത്തിൻറെ സ്നേഹധാരയ്ക്കുവേണ്ടി ചാതകത്തെപ്പോലെ കാത്തുകാത്തിരിക്കയും ചെയ്യുന്ന ഒരു കവി ഈ ലോകത്ത വെറുക്കുകയും നിഷേധിക്കുകയും ചെയ്യുന്നു എന്നു പറയുന്നതിൽ എന്തർത്ഥമാണുള്ളത്!
"ഓർക്കുമ്പോഴേക്കും പുളകമുണ്ടാക്കുന്ന
പൂക്കാലമെന്നു വിളിക്കിലോ നിന്നെ ഞാൻ?
തുംഗാനുഭൂതിയിൽ മുക്കും മുരളികാ-
സംഗീതമെന്നു വിളിക്കിലോ നിന്നെ ഞാൻ!
മാനത്തു മൊട്ടിട്ടുനിന്നു ചിരിക്കുന്ന
മാരിവില്ലെന്നു വിളിക്കിലോ നിന്നെ ഞാൻ?
പോര, വയെല്ലാമപൂർണ്ണങ്ങ,ളെങ്ങു നിൻ
ചാരിമ, പാടി;ല്ലനുപമയാണു നീ''
ഞാനൊന്നു ചോദിക്കട്ടേ. അത്യുജ്ജ്വലമായ സൗന്ദര്യദർശനത്തിൽ ആകസ്മികമായി ഉദിച്ചുയർന്ന ഈ വികാരകല്ലോലമാലകൾ നിങ്ങൾക്ക് ഒരു ലോകവിദ്വേഷിയെയാണോ കാണിച്ചുതരുന്നത്? എല്ലാം തെറ്റ്, എല്ലാം പാഴിൽ, എന്ന് തലയിൽ കൈയുംവെച്ചു നിലവിളിക്കുന്ന ഒരു പരാജയമനഃസ്ഥിതിക്കാരനെയാണോ കാണിച്ചുതരുന്നത്? ഈ ലോകത്തിൻറെ മനോഹാരിതയെ കാണുകയും, അതിൻറെ കദനങ്ങളിൽ പങ്കാളിയാവുകയും, രണ്ടിൻറേയും അത്ഭുതത്തിൽ അൽപമെങ്കിലും അവധാരണം ചെയ്വാൻ സാധിക്കുകയും ചെയ്യുന്നവൻ ദിവ്യതയുടെ മണ്ഡലത്തിൽ ചരിക്കുന്നു. അവൻ അത്രത്തോളം ഈശ്വരനോട് അടുക്കുകയും ചെയ്യുന്നു എന്ന് ഒരു മഹാൻ പറഞ്ഞിട്ടുണ്ട്.
നിഴലുകൾ അവതാരിക
പുളിമാന എസ്. പരമേശ്വരൻ പിള്ള
"വെറുതേയാണിപ്പരിഭവം മേലിൽ
ശരി ഒരിക്കലും ദുഃഖിച്ചീടാ ഞാൻ''
എന്ന് സ്വയം സമാധാനിക്കാൻ ശ്രമിക്കുന്ന കവി അനന്തരക്ഷണത്തിൽ,
"ഹതനെനിക്കതു സാദ്ധ്യമോ? വീണ്ടും
ഇതളുതിർന്നതാ വീഴുന്നു പൂക്കൾ?''
എന്ന് പരിസരത്തിലെ പരമാർത്ഥത്തെ കാണ്കയാൽ അന്ധാളിച്ചു നിന്നുപോകുന്നത് ഒരു പ്രശ്നത്തിൻറെ രണ്ടുവശവും കാണുവാൻ കഴിയുന്നതുകൊണ്ടാണ്. കൃത്രിമമായ ഒരു പ്രസാദാത്മകത്വത്തിൻറെ സുരക്ഷിതത്വത്തിൽ ചങ്ങമ്പുഴയ്ക്ക് സുഖവിശ്രമം കൊള്ളുവാൻ സാധിക്കാതെ പോകുന്നതിൻറെ കാരണം ഇതുതന്നെയാണെന്നു വിശദമായല്ലോ. ഹൃദയാലുവായ ഒരു കവിക്കു സംതൃപ്തനാകുവാൻ കഴിയുന്നിലല്ല. പൊട്ടിച്ചിരികളേക്കാൾ, എപ്പോഴും അദ്ദേഹം ഒരുതുള്ളി കണ്ണുനീരിലായിരിക്കും മഹത്തരമായ ഒരു സത്യത്തെ കണ്ടെത്തുക!
"സന്തുഷ്ടിയുടേയും ചിരിയുടേയും പിന്നിൽ പൗരുഷവും കർക്കശവുമായ ഒരു മനസ്സു കണ്ടേക്കാം. എന്നാൽ വ്യസനത്തിനു പിന്നിൽ എപ്പോഴും വ്യസനമുണ്ട്. വേദന ഉല്ലാസത്തെപ്പോലെ മുഖാവരണമണിയുന്നില്ല... ഈ കാരണത്താൽ വ്യസനത്തോടു തുലനം ചെയ്യത്തക്ക സത്യം മറ്റൊന്നില്ല. മറ്റുള്ളവ, കണ്ണിൻറെയോ ആസക്തിയുടെയോ മുന്നിലുള്ള വെറും മായാചിത്രങ്ങളായിരിക്കാം. എന്നാൽ കദനത്തിൽനിന്നു ലോകങ്ങൾ സൃഷ്ടിക്കപ്പെട്ടു; ഒരു ശിശുവിൻറെയോ നക്ഷത്രത്തിൻറെയോ ജനനത്തിൽ വേദനയുണ്ട്". (ഓസ്കാർ വൈൽഡ്)