നർത്തകി

ഇന്ദ്രനീലപ്പീലി നീർത്തി
നിന്നിടുന്നോ, കൽപ്പനേ നീ?
ആടുകൊന്നെൻ മുന്നിൽ വന്നെ-
ന്നാടൽ തെല്ലൊന്നാറിടട്ടെ.
ഗാനവീചീവീഥികളിൽ
ഞാനുമാടിപ്പോകയല്ലേ?
എങ്ങെവിടേക്കെന്തിനേതിൻ
ഭംഗിയിലലിഞ്ഞുമായാൻ?
ആരറിഞ്ഞു? - പോരു നീയും
ചാരിമതൻ പൊൻകിനാവേ!
ഓർക്കുകയാണിന്നു ഞാനാ-
പ്പൂക്കിനാക്കൾ പൂത്ത രാക്കൾ
മഞ്ഞനിലാവിൽമുങ്ങി
മഞ്ജിമയിൽ വാർന്ന രാക്കൾ
നീലനിഴൽക്കിന്നരികൾ
നീളെഗ്ഗാനംപെയ്ത രാക്കൾ
എന്നെ മന്നിൽനിന്നെടുത്തു
വിണ്ണിലേക്കെറിഞ്ഞ രാക്കൾ;
രാക്കുയിലിൻ പാട്ടുമോന്തി
മേല്ക്കുമേൽ മദിച്ച രാക്കൾ!...
വാസനത്തേൻ വീഴ്ത്തി വീഴ്ത്തി
വാടി വാടി വീണ പൂക്കൾ
കാമദസ്മൃതികൾ പിന്നെ-
ക്കായ്ക്കുവാനായ് പോയ പൂക്കൾ!
ഓർക്കുകയാണശ്രു താനേ
വാർക്കുകയാണെന്തിനോ ഞാൻ!
ആ നിശകളെന്റെ മുന്നി-
ലാടിയാടി നില്പു മുന്നിൽ!...
കഷ്ടമിന്നതോർത്തിടുമ്പോൾ
പൊട്ടുകയാണെന്റെ ചിത്തം
ആരറിഞ്ഞു, ജീവിതത്തിൽ
ചേരുമോരോ വൈകൃതങ്ങൾ?