അവതാരിക

ടി.എൻ. ഗോപിനാഥന്നായർ, ബി.എ.

ആ കലാകാരൻ എൻറെ കണ്മുന്നിൽ നിൽക്കുന്നു! ആ തിളങ്ങുന്ന കണ്ണുകളിൽ പൊരുളുള്ള ഒരു കിനാവു കാണ്മാൻ കഴിയും. അതേ, തിലോത്തമയെക്കുറിച്ചുള്ള മധുരവിഭാവനകളിൽ അയാൾ ആമഗ്നനാണ്.

അവികലമമായ ആ നിരുപമസുഷമാവിശേഷം അകലെയായി നിലകൊള്ളുന്നു. ആ അകൽച്ചതന്നെയാണ് അയാളെ ഒരു കലാകാരനാക്കിയിട്ടുള്ളത്. വിദൂരത അഴകു വർദ്ധിപ്പിക്കും (Distance all value enhances!). തിലോത്തമയാണ് ആ ചിത്രകാരൻറെ ജീവിതലക്ഷ്യം. “Ah, a man`s reach should exceed hid grasp or what is the heaven for?” എന്നു ബ്രൗണിങ് പറഞ്ഞതുപോലുള്ള കലാബോധം അയാൾക്കും ഉണ്ടായിരുന്നിരിക്കാം. തിലോത്തമയെക്കുറിച്ചുള്ള ഭാവന അത്രമാത്രം വിശുദ്ധവും വിമോഹനുമായിരുന്നു.

തിലോത്തമ ഒരു വ്യക്തിയല്ല. ഒരു സങ്കേതം സൗന്ദര്യസങ്കേതമാണ്. ഒരു കലാകാരൻറെ പരശ്ശതം മധുരസ്വപ്നങ്ങളെയാണതു പ്രതിനിധീകരിക്കുന്നത്. ആ സ്വപ്നസാക്ഷാത്കാരം സമഗ്രഭാവത്തിൽ സാധ്യമാണോ?

പക്ഷേ തിലോത്തമയുടെ കലാകാരൻ ജീവിതലക്ഷ്യം സമീപിച്ചു. അതോടെ മറ്റാശകൾ സമാപിച്ചു. സൗന്ദര്യത്തിൻറെ പരിധി അയാൾ ദർശിച്ചു. അയാൾ ജൻമമെടുത്തത് അതിനാണ്. തിലോത്തമ ജനിച്ചു. ആ മുഹൂർത്തം ധന്യം തന്നെ. അയാൾ മരിച്ചു.

കലാകാരനെ അകമേനിന്നും പുറമേനിന്നും അവലോകനം ചെയ്യാൻ കഴിയും. അയാളുടെ അനുഭവത്തെ ആസ്പദമാക്കുന്നപക്ഷം അയാൾ തിലോത്തമയിൽ സൗന്ദര്യത്തിൻറെ തികവുതന്നെ കണ്ടു നിർവൃതിയാർന്നു. അതൊരു സിദ്ധിതന്നെ. അയാളെ സംബന്ധിച്ചു മുക്തിതന്നെ.

പുറമേനിന്നുകൂടി ആ അനുഭവത്തെ വിശകലനം ചെയ്യാം. കലാകാരൻ സൗന്ദര്യത്തിൻറെ ആരാധകൻ തന്നെ. സ്തുതിപാഠകനുമാണ്. ഒന്നോർമ്മിക്കേണ്ടതായുണ്ട്. സൗന്ദര്യത്തിനു സീമയില്ല; കല പൂർണ്ണവുമല്ല.

അയാൾ ചിത്രണംചെയ്ത തിലോത്തമയിൽ സൗന്ദര്യത്തിൻറെ പൂർണ്ണിമ കണ്ടുപോയതിൻ തിലോത്തമ കുറ്റക്കാരിയല്ല. സൗന്ദര്യം അവിടെ അവസാനിക്കുന്നില്ലല്ലോ! അതു കാണ്മാനുള്ള കണ്ണും പകർത്താനുള്ള കഴിവും ആ ചിത്രകാരൻ ഇല്ലാതെ പോയെന്നേ അർത്ഥമുള്ളൂ. അകലെനിന്ന തിലോത്തമയെ പ്രാപിക്കാനുള്ള അതിമോഹത്തിൽ അയാളുടെ കലാബോധം അടിക്കടി സങ്കുചിതമായിവന്നു.