യവനിക



യവനികയെപറ്റി

വിശ്വമഹാകവി രബീന്ദ്രനാഥ് ടാഗോറിന്‍റെ 'വിക്റ്ററി ' എന്ന വിശിഷ്ടമായ ചെറുകഥയിലെ ഇതിവൃത്തത്തെ ആധാരമാക്കി സ്വതന്ത്രമായി ചെയ്തിട്ടുള്ള ഒരു കലാസൃഷ്ടിയാണ് 'യവനിക'. എന്‍റെ സ്വന്തം കല്‍പ്പനകളുടെ കെല്പ്പില്ലായ്മയില്‍ മൂലകൃതിയുടെ മൂല്യത്തിനു സാരമായ ഉടവു തട്ടാതിരിക്കാന്‍ ഞാന്‍ ഹൃദയപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്; അതു ഫലപ്പെട്ടിട്ടുണ്ടോ എന്തോ!

എന്‍റെ കവിതകള്‍ പൊതുവേയും, യവനിക പ്രത്യേകമായും ശ്രദ്ധിച്ചു പഠിച്ച്, ആകര്‍ഷകമായ ആകാരം മാത്രമല്ല, അമൂല്യമായ ആത്മാവുകൂടി ഉള്‍ക്കൊള്ളുന്ന വിമര്‍ശനാത്മകമായ ഒരവതാരികയാല്‍ ഈ കൃതിയെ അനുഗ്രഹിച്ച ശ്രീ കെ. സി. സഖറിയാ അവര്‍കളോടു ഞാന്‍ കൃതജ്ഞനാണ്. എന്‍റെ ഈ കൃതികൂടി സഹിക്കേണമെന്ന അപേക്ഷയോടുകൂടി ഞാനിതു സഹൃദയസമക്ഷം സമര്‍പ്പിക്കുന്നു.


ചങ്ങമ്പുഴ കൃഷ്ണപിള്ള