നിർവൃതി‌

എങ്കി,ലെന്നോടു നീയത്രമേലാർദ്രയാ-
ണെങ്കിൽ, നിനക്കിതാ നേരുന്നു നന്മ ഞാൻ.
ഇപ്പത്തു നീണ്ട സംവത്സരമാശയ്ക്കു
തൽപമൊരുക്കിത്തളർന്ന മൽജ്ജീവനെ,
ഇന്നെങ്കിലുമൊന്നു വിശ്രമിപ്പിക്കുവാ-
നുന്നിയല്ലോ നീ- കൃതാർത്ഥനായ്ത്തീർന്നു ഞാൻ!
കൈക്കൊള്ളുകോമനേ,മുറ്റുമാത്മാർത്ഥത-
യുൾക്കൊള്ളു മീ മൽക്കൃതജ്ഞതാശംസ നീ.
നീ തന്നൊരാശാസുമങ്ങൾ സമസ്തവും
നീതന്നെയിന്നു മടക്കി വാങ്ങിയ്ക്കണേ!
ലോകത്തിൽ മേലിലെനിയ്ക്കവയിങ്കൽനി-
ന്നേകമധുരസ്മരണമാത്രം മതി-
പോര, ഞാനർത്ഥിപ്പതന്യായമല്ലെങ്കി-
ലാരോമലേ, നിന്നരികിലിന്നിങ്ങനെ,
സല്ലാപലോലനായൽപനേരംകൂടി-
യുല്ലസിച്ചീടാനുമുണ്ടെനിക്കാഗ്രഹം.
സമ്മതം മൂളലാലിന്ദ്രധനുസ്സൊന്നു
സഞ്ജനിപ്പിക്കുകെന്മോഹമേഘത്തിൽ നീ!
രണ്ട്
ചൊല്ലിഞാനേവം-ഞൊടിക്കുള്ളി,ലോമലിൻ
ചില്ലിക്കൊടികൾ ചുളിഞ്ഞതായ്ക്കണ്ടു ഞാൻ.
പേശലനീലനേത്രങ്ങളിൽ ജ്വാലകൾ
വീശുമഹങ്കാരമൽപാൽപമങ്ങനെ,
കെട്ടുകെട്ടൊന്നോടടങ്ങീ,യനുഭാവ-
പുഷ്ടി വർഷിയ്ക്കും സഹതാപവൃഷ്ടിയിൽ!
എന്നിട്ടുമത്യന്തരൂക്ഷമാം കൺമുന-
യെന്നിൽത്തറച്ചൊട്ടൊഴിഞ്ഞുനിന്നാളവൾ.

ജീവിതത്തിനും മരണത്തിനും നടു-
ക്കാവിധം തത്തിത്രസിച്ചിതെൻ മാനസം.
ഒറ്റയ്ക്കൊരൊറ്റനിമേഷത്തൊടമ്മട്ടു
പറ്റിപ്പിടിച്ചു കിടപ്പു മൽസർവ്വവും . ...