ദേവയാനി

(വേണുമതീതീരം. മനോഹരമായ ഒരുകുന്നിന്റെ പരന്നുകിടക്കുന്ന അടിവാരം. ചുറ്റുപാടും പൂത്തുപൂത്തു നിൽക്കുന്ന കാടുകൾ, പച്ചപ്പടർപ്പുകൾ, വള്ളിക്കുടിലുകൾ. കുന്നിന്റെ അഗഭാഗത്തായി, ആകാശത്തിന്റെ ചരിവിൽ, ശിഥിലങ്ങളായ വെള്ളിമേഘച്ചുരുളുകൾ അങ്ങിങ്ങായി കാണപ്പെടുന്നു. സൂര്യൻ കുന്നിന്റെ മുകളിൽ നിന്നും കുറെ മേലോട്ടുയർന്നു കഴിഞ്ഞു. വിദൂരത്തിൽ പച്ചക്കാടുകളുടെ വിള്ളലുകളിൽക്കൂടി സ്ഫടികാഭമായ നീലാകാശം ആകർഷകമാം വിധം പ്രത്യക്ഷപ്പെടുന്നു. കാടുകളാകമാനം പക്ഷികളുടെ കളകളത്താൽ മുഖരമധുരമാണ്. മാഞ്ഞുതുടങ്ങുന്ന മൂടൽമഞ്ഞിൽ, മദാലസകളായ കിന്നരകന്യകകളെപ്പോലെ, ആകർഷകങ്ങളായ ആദിത്യരശ്മികൾ അവിടവിടെ ആടിക്കളിക്കുന്നു. സൗരഭ്യസാന്ദ്രവും, സ്വപ്നാത്മകവും ഉത്തേജകവുമായ അന്തരീക്ഷം!

കചനും ദേവയാനിയും പശുക്കളേയുംകൊണ്ട് വേണുമതീതടത്തിൽ എത്തിയിരിക്കുകയാണ്. കാലികൾ പുല്ലുമേഞ്ഞുതുടങ്ങി.

അടിമുടി മൊട്ടിട്ടുനിൽക്കുന്ന ഒരു ബകുളവൃക്ഷത്തിന്റെ ചുവട്ടിൽ, ഒരു പാറക്കല്ലിന്മേൽ, കചൻ ഇരിപ്പുറപ്പിക്കുന്നു. അതിനോടടുത്തായിമറ്റൊരു വൃക്ഷത്തിൽ നിന്നു തടിച്ച ഒരു കാട്ടുവളി കീഴോട്ടു തൂങ്ങി ചരിഞ്ഞുലഞ്ഞു കിടക്കുന്നുണ്ട്. അതിന്റെ മറ്റേ അറ്റം വേറൊരുമരക്കൊമ്പിൽ ചുറ്റുപ്പിണഞ്ഞ് ഏതാണ്ടൊരുഞ്ഞാലിന്റെ രീതിയിലാണു കിടപ്പ്.

സർവ്വാംഗമോഹിനിയും സാന്ധ്യലക്ഷ്മിയെപ്പോലെ വിലാസിനിയും ആയ ദേവയാനി കാൽ കീഴോട്ടുതൂക്കിയിട്ടുകൊണ്ട് അതിന്മേലിരുന്നു മെല്ലെ മെല്ലെ ആടിത്തുടങ്ങുന്നു. അവളുടെ ഇളംനീലനിറത്തിലുള്ള മൃദുലവസ്ത്രാഞ്ചലങ്ങൾ, നെറ്റിത്തടത്തിൽ ഉതിർന്നുലഞ്ഞു കിടക്കുന്ന അളകാവലിയോടൊപ്പം ഇറ്റയ്ക്കിടെ കാറ്റുതട്ടി മന്ദമന്ദം ഇളകുന്നുണ്ട്.

അവാച്യമായ ഏതോ ഒരാനന്ദചിന്തയാൽ തികച്ചും പ്രഫുല്ലമാണ് ഇരുവരുടേയും മുഖം. മാദകമായ ഒരു പരിമളം, സ്വർഗ്ഗത്തിലെ സ്വപ്നം പോലെ അവിടെയാകമാനം പ്രസരിച്ച് അവരെ കോൾമയിർക്കൊള്ളിക്കുന്നു. ഒരുഭാഗത്ത് മന്ദമായി മൂളിക്കൊണ്ടു നൃത്തം ചെയ്യുന്ന വേണുമതിയിലെ കല്ലോലങ്ങൾ....)