തുടിക്കുന്ന താളുകൾ
ആത്മകഥ
എന്റെ മലീമസമായ മാംസപിണ്ഡം കാണുവാനുള്ള നിര്‍ഭാഗ്യം കൈവന്നിട്ടില്ലാത്തതിനാല്‍, എന്റെ ചിതാഭസ്മത്തെയെങ്കിലും വെറുക്കാതിരിക്കത്തക്ക സന്മനസ്സുണ്ടായെക്കാവുന്ന ഭാവിജനതയുടെ പാദപത്മങ്ങളില്‍, ഞാന്‍ ഈ ആത്മകഥ ഭക്തിപൂര്‍വ്വം സമര്‍പ്പിച്ചുകൊള്ളുന്നു.
1120 ധനു, 6 ചങ്ങമ്പുഴ കൃഷ്ണപിള്ള
ഒപ്പ്
എന്റെ ജീവിതം ഏതാണ്ടവസാനിക്കാറായി എന്നു തോന്നുന്നു. അതു തെറ്റായാലും ഇല്ലെങ്കിലും ഒരു ദീര്ഘജീവിതം എനിക്കുണ്ടാകാന്‍ നിവൃത്തിയില്ല: ശാരീരികമായി എനിക്ക് വലിയ ക്ഷീണമുണ്ട്, മാനസികമായി അതിലധികവും. ഒരു പക്ഷെ ശപ്തമായ എന്റെ ഈ ജീവിതം ഇന്നവസാനിച്ചാല് എന്നെസംബന്ധിക്കുന്ന പരമാര്‍ത്ഥങ്ങള്‍ പലതും വിസ്മൃതിയില്‍ അടിഞ്ഞുപോകും. എന്റെ ജീവചരിത്രം ആരെങ്കിലും എഴുതുകയാണെങ്കില്ത്തന്നെ, അതില്‍ക്കൂടി, ജീവിച്ചിരുന്ന എന്നെയായിരിക്കുകയില്ല നാളത്തെ ലോകം കാണുക. ഇതുവരെ എഴുതിക്കണ്ട പല ജീവചരിത്രങ്ങളും എന്നെ ആ അനുമാനത്തില്‍ എത്തിച്ചേര്‍ക്കുന്നു. ഭാവിജനതയെ വഞ്ചിക്കണമെന്നും, എനിക്കില്ലാത്ത ഒരു പരിവേഷം ഉണ്ടാകണമെന്നും ഞാന്‍ ആശിക്കുന്നില്ല. എന്റെ ആത്മാവിനോട് ഏറ്റവും അടുത്തുനില്ക്കുന്ന ദേവിപോലും യഥാര്‍ത്ഥത്തിലുള്ള എന്നെ പരിപൂര്‍ണ്ണമായി കണ്ടിട്ടുണ്ടോ എന്നു സംശയമാണ്. അതുകൊണ്ട്, സത്യത്തെ മുന്‍നിര്‍ത്തി എന്റെ ജീവിതകഥ ഞാന്‍ ദേവിയെ അറിയിക്കുന്നു. കേട്ടുകൊള്ളൂ.
കൊല്ലവര്‍ഷം 1089ാം മാണ്ട് കന്നിമാസം 24ാം തീയതി ഞാന്‍ ഈ ലോകത്തില്‍ ജനിച്ചു എന്നാണറിവ്. ഇടപ്പള്ളിയില്‍ `ചങ്ങമ്പുഴ' എന്നു പേരുള്ള ഒരു പുരാതന കുടുംബമാണ് എന്റെ ജന്മഗൃഹം. എന്റെ മാതാവിന്റെ പേര് പാറുക്കുട്ടി അമ്മ എന്നാണ്; പിതാവിന്റേത് നാരായണമേനവന് എന്നും. അദ്ദേഹത്തിന്റെ ഭവനം കൊച്ചിയിലാണ്. തെക്കേടത്ത് എന്നാണ് വീട്ടുപേര്. അദ്ദേഹം മിടുക്കനായ ഒരു വക്കീല്‍ ഗുമസ്തനും ആധാരമെഴുത്തുകാരനുമായിരുന്നു. വ്യാപാരസംബന്ധമായ ദല്ലാള്‍ ജോലിയും അദ്ദേഹം ഏര്‍പ്പെട്ടിട്ടുണ്ട്. സംസ്കൃതത്തില്‍ അദ്ദേഹത്തിനു നല്ല ജ്ഞാനമുണ്ടായിരുന്നു. ദിവസവും സന്ധ്യകഴിഞ്ഞാല്‍ അല്പം കഞ്ചാവുവലിക്കും. കുടി ഉണ്ടായിരുന്നു എന്നു തോന്നുന്നില്ല. എനിക്കു പത്തു വയസ്സു പ്രായംചെന്ന കാലത്ത് അദ്ദേഹം ഐഹികം വെടിഞ്ഞു. അതിനാല്‍ അദ്ദേഹത്തെ സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ നേരിട്ടറിയുവാന്‍ എനീയ്ക്കിടയായിട്ടില്ല. അദ്ദേഹം നിര്ബ്ബന്ധബുദ്ധിയായിരുന്നുവെങ്കിലും, സ്നേഹസമ്പന്നനായ ഒരു പിതാവണെന്ന് എനിക്കറിയാം. അദ്ദേഹത്തിന്റെ ആത്മാവിന് ഞാന്‍ നിത്യശാന്തിനേരുന്നു.
എന്റെ മാതാവ് നാല് ആണ്‍കുട്ടികളെയും രണ്ടു പെണ്‍കുട്ടികളേയും പ്രസവിച്ചു. അവരില്‍ മൂത്തയാളായ ഞാനും ഒടുവിലത്തെ ആളായ പ്രഭാകരനും മാത്രമേ ഇന്നു ജീവിച്ചിരിപ്പുള്ളു. ഇന്ന് എന്റെ ഭവനത്തില്‍ ഉള്ള മറ്റംഗങ്ങള്‍ നാണിക്കുട്ടി അമ്മ (അമ്മയുടെ അനുജത്തി) അവരുടെ മക്കളായ ചെല്ലപ്പന് (അച്ചുതപ്പണിക്കര്‍) ഇന്ദിരാദേവി ഇവരും, അമ്മയുടെ അമ്മാവനായ ഗോവിന്ദപ്പണിക്കര്‍ അദ്ദേഹത്തിന്റെ മാതൃസഹോദരീപുത്രനായ രാമപ്പണിക്കര് ഇവരുമാണ്. ഗോവിന്ദപ്പണിക്കര്‍ക്കു എഴുപത്തിനാലുവയസ്സായിരിക്കുന്നു; രാമപ്പണിക്കര്‍ക്കു അറുപത്തിയൊന്നും. ഗോവിന്ദപ്പണിക്കര്‍ക്കു പരസ്യമായി പതിനാറു ഭാര്യമാരുണ്ടായിരുന്നു. എന്നാല്‍ ഒന്നിലെങ്കിലും ഒരു കുട്ടി ജനിച്ചിട്ടില്ല. രാമപ്പണിക്കര്‍ക്ക് ഒരു ഭാര്യയെ ഉള്ളു. പക്ഷെ കുട്ടികള്‍ ഒന്‍പതോ പത്തോ ഉണ്ട്. അവിടെയും ഒരു വിശേഷം; പെണ്‍കുട്ടികളുടെ മാത്രം പിതാവാകുവാനേ അദ്ദേഹത്തിനു പറ്റു. ആണ്‍കുട്ടി ആ ദമ്പതികള്‍ക്ക് അപ്രാപ്യമായിരിക്കുന്നു. അദ്ദേഹത്തിന്റെ പുത്രിമാരെല്ലാം തന്നെ സുന്ദരികളെന്നപോലെ സുശീലകളുമാണ്. സമ്പത്തു കുറവാണെങ്കിലും സൗഭാഗ്യത്തിന്റേയും സംതൃപ്തിയുടേയും ഒരു കുടുംബം. മൂത്ത അമ്മാവന് ശുദ്ധഹൃദയനും സ്നേഹശീലനുമാണ്. അദ്ദേഹം ഇന്നും വാര്ദ്ധക്യത്തോടെതിര്ത്ത് അരോഗദൃഢഗാത്രനായിത്തന്നെ ജീവിക്കുന്നു. പകല്‍ മുഴുവന്‍ പറമ്പില്‍ ഓരോ ജോലി ചെയ്തുകൊണ്ടിരിക്കും. ഇങ്ങനെ വിശ്രമം വേണ്ടാത്ത ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. ഇപ്പോള്‍ ഏകാകിയായി വീട്ടിലെ ഒരു മുറിയില്‍ കൂടിയിരിക്കയാണ് - എന്നുവെച്ചാല്‍, ഏകാന്തതയാണു അദ്ദേഹത്തിന്റെ ഇന്നത്തെ പരസ്യമായ ഭാര്യ, എന്നര്‍ത്ഥം.
എന്റെ അനുജത്തി - ഇന്ദിര - ഏഴുവയസ്സു പ്രായമുള്ള ഒരു കൊച്ചു മിടുക്കത്തിയാണ്. അവളത്രേ ഞങ്ങളുടെ കുടുംബത്തിലെ ഏകസന്താനവല്ലി, അവള് ഞങ്ങളുടെ പ്രാണനാഡിയാണ്. മാതാപിതാക്കന്മാരെക്കാള്‍ അവള് എന്നെയാണു സ്നേഹിക്കുന്നത്. ഈശ്വരന് അവളെ അനുഗ്രഹിക്കട്ടെ.
പ്രഭാകരപ്പണിക്കര്‍ - എന്റെ അനുജന് - ഇപ്പോള്‍ കൊച്ചിയില്‍ സ്ക്കൂള് ഫൈനല്‍ ക്ലാസ്സില്‍ പഠിക്കുന്നു. നല്ല സഹൃദയനാണ്. കവിതകളും കഥകളും മറ്റും എഴുതുന്നതു കാണാറുണ്ട്. എന്നെ കാണിക്കാറില്ല. എല്ലാം രഹസ്യമാണ് അദ്ദേഹത്തിന്റെ കാര്യം. പാവമാണെന്നു കണ്ടാല്‍ തോന്നും, പാട്ടില്‍ വാസനയുണ്ട്. പുകവലി തുടങ്ങിയിട്ട് ഏറെനാളായി. സ്നേഹിക്കുന്ന ഒരു ഹൃദയമുണ്ട്.
ചെല്ലപ്പന് എന്ന അപരനാമധേയത്താല്‍ അറിയപ്പെടുന്ന അച്ചുതപ്പണിക്കര്‍ - എന്റെ അടുത്ത അനുജന് - ആള് ബഹുസമര്‍ത്ഥനാണ്. ചുണക്കുട്ടി. ടെക്സ്റ്റൈല്‍ ടെക്നോളജി ഡിപ്ലോമകോഴ്സ് പരീക്ഷയില്‍ ഒന്നാമനായി ജയം നേടി. പലേ സമ്മാനങ്ങളും മെഡലുകളും സമ്പാദിച്ചിട്ടുണ്ട്. ആള് ദീര്‍ഘകായനാണ്, സുമുഖനാണ്. വീമ്പടിക്കാന്‍ ഒട്ടും പിന്നോക്കമല്ല. ബോംബെയിലെ ഒരു മില്ലില്‍ ഒരു അസിസ്റ്റന്റ് സൂപ്പര്‍വൈസറുടെ ഉദ്യോഗമുണ്ട്. അദ്ദേഹം ഈയിടെ വിവേകാനന്ദകൃതികളില്‍ ആവേശംകൊണ്ടിരിക്കയാലാണെന്നാണ് ബോബെയില്‍ നിന്നു നാട്ടില്‍ വന്നപ്പോള്‍ എന്നോട് ആദ്യമായി പറഞ്ഞത്. ഗ്രന്ഥങ്ങളില്‍ നിന്നും അതിലധകമായി സ്വാനുഭവങ്ങളില്നിന്നും, മനശ്ശാസ്ത്രം കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുണ്ടന്നു വിശ്വസിക്കുന്ന ഞാന്‍ അദ്ദേഹത്തിന്റെ ആ പ്രസ്താവനയില്‍ ഒരു ചോദ്യചിഹ്നം ദര്‍ശിച്ചു. എന്റെ സ്വന്തം അനുജനേക്കാള്‍ അദ്ദേഹത്തോടെനിക്കിഷ്ടമുണ്ട്. ഭൗതികമായി ഒരുന്നത സ്ഥിതിയില്‍ എത്തുവാനുള്ള സര്‍വ്വകഴിവുകളും അദ്ദേഹത്തിനുണ്ടെന്നെനിക്കറിയാം. അദ്ദേഹത്തിന്റെ പേരില്‍ എനിക്കാശങ്കയില്ല. പക്ഷേ മറ്റേ അദ്ദേഹം -
എന്റെ കുടുംബം പുരാതനമാണെന്നു മുന്‍പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഒന്നുകൂടി വിശദമാക്കാം. പറങ്കികളുമായി ഇടപ്പള്ളിയില്‍ പ്രാചീനകാലത്തു നടന്നിട്ടുള്ള ചില ഭയങ്കര യുദ്ധങ്ങളില്‍, ഇടപ്പള്ളി രാജാവിന്റെ അജയ്യനായ സേനാനായകനായി പരിശോഭിച്ചു അവസാനം ആത്മഹത്യകൊണ്ടു ജീവിതം അവസാനിപ്പിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന അധൃഷ്ടനായ രണശുരനില് - മാര്ത്താണ്ഡപ്പണിക്കര് - ആരംഭിച്ച്, കാലഗതിയില്‍ പലേ പരിണാമങ്ങള്‍ക്കും വിധേയമായി, വ്യാപാരികള്‍, ആട്ടക്കാര്‍, ആനക്കാരന്മാര്‍, അകമ്പടിശേവുക്കാര്, അടിച്ചുതളിക്കാരികള്‍, ഇങ്ങനെ പലേ തുറകളിലുംപെട്ട ഭിന്നജീവികള്ക്കു ജന്മമരുളിയ ഒരു വൃദ്ധകുടുംബമാണ് ചങ്ങമ്പുഴ. ഒരുകാലത്ത് വളരെ സമ്പന്നമായിരുന്ന കുടുംബം മിക്കവാറും ക്ഷയിച്ചുതുടങ്ങിയ ദയനീയഘട്ടത്തിലാണ് എന്റെ ആവിര്‍ഭാവം. എനിക്കും സാമ്പത്തികമായി അതിനെ ഉയര്‍ത്തുവാന്‍ കഴിവില്ലാതായിപ്പോയി. ആ ഭാരം അനന്തരഗാമികള്‍ക്കായി വിട്ടുകൊടുത്തിട്ട് ഞാനും കാലയവനികയില്‍ മറയുവാന്പോകുന്നു....
എന്റെ ശൈശവം ശിശിരപ്രഭാതം പോലെ ശാന്തസുന്ദരമായിരുന്നു. പക്ഷേ അന്നും ഞാന്‍ ദുഃഖിച്ചിട്ടുണ്ട്. പിതാവ് വലിയ നിര്‍ബന്ധബുദ്ധിയായിരുന്നുവെന്നു ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹം എനിക്കു യാതൊരു സ്വാതന്ത്യവും അനുവദിച്ചിരുന്നില്ല. അദ്ദേഹം രണ്ടോ മൂന്നോ പ്രാവശ്യം മാത്രമേ എന്നെ ശപിച്ചിട്ടുള്ളു എങ്കിലും, ഞാന്‍ അദ്ദേഹത്തെ ഒരു ദുഷ്ടമൃഗത്തെക്കാള്‍ ഭയപ്പെട്ടു. ഞാന്‍ സായഹ്നങ്ങളില്പ്പോലും കളിക്കാന്പാടില്ല. കൂട്ടുകാരെ സ്വീകരിച്ചുകൂടാ. നേരെ കിഴക്കേ വീട്ടിലെ പൊന്നു, കൊച്ചമ്മു(എന്‍.കെ. പൊന്നമ്മ, എന്‍.കെ. ലക്ഷ്മിക്കുട്ടി അമ്മ) എന്നി രണ്ടു പെണ്‍കുട്ടികള്‍ മാത്രമേ എനിക്കു കൂട്ടുകാരായിട്ടുണ്ടായിരുന്നുള്ളു. അച്ഛനില്‍നിന്ന് അക്കാര്യത്തില്‍ അനുമതികിട്ടിയിട്ടുണ്ട്. സദാ പുസ്തകം വായിച്ചുകൊണ്ടിരിക്കണം. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ത്തന്നെ ഞാന്‍ ബി.എ ക്കാരനായിത്തീരണമെന്നായിരിക്കണം അദ്ദേഹം ആശിച്ചിരുന്നത്. പളളിക്കൂടത്തിലേക്ക് കാല്ഫര്ലാംഗ് ദൂരമില്ല. അതിനാല്‍ രണ്ടാമത്തെ മണിയടിച്ചതിനുശേഷമേ ഞാന്‍ വീട്ടില്നിന്നിറങ്ങിക്കൂടു. എന്തൊരു കര്ശനാമായ ആജ്ഞ..... യഥാത്ഥത്തില്‍ സ്വതന്ത്രമായി ശ്വാസോച്ഛ്വാസം ചെയ്യാന്‍പോലും ഞാന്‍ ഭയപ്പെട്ടിരുന്നു. ഇങ്ങനെ എന്റെ ദൃഷ്ടിയില്, സുഖസമൃദ്ധമെങ്കിലും, നരകതുല്യമായിത്തീര്‍ന്നു എന്റെ ശൈശവം. അന്നെന്റെ പ്രാണനെപ്പോലെ ഞാന്‍ സ്നേഹിച്ചിരുന്നത് എന്റെ ആ കൊച്ചു കളിത്തോഴിയെ - കൊച്ചമ്മുവിനെ - ആണ്. അങ്ങനെ പത്തുവയസ്സുവരെ ഞാന്‍ ഒരുവിധം കഴിച്ചുകൂട്ടി. ഭാഗ്യംകൊണ്ടെന്നാണ് ഞാനന്നു വിചാരിച്ചത്, എന്റെ അച്ഛന് മരിച്ചു എന്നു കേട്ടു, അതായത് അച്ഛന്റെ വീട്ടില്‍നിന്ന് ഒരു കാര്‍ഡുവന്നു. അമ്മയും മറ്റും വാവിട്ടുകരയുന്നതിനിടയില്‍ മൂഢമായ എന്റെ ശിശുഹൃദയം ആനന്ദനൃത്തംചെയ്യുകയായിരുന്നു. എന്തെന്നാല്‍ മൂകമായിട്ടാണെങ്കിലും, ചിരകാലമായി പ്രാര്‍ത്ഥിച്ചിരുന്ന - കൊതിച്ചിരുന്ന - ആ അജ്ഞാതമായ സ്വാതന്ത്യത്തിന്റെ മാധുര്യം അനുഭവിക്കാനുള്ള സൗഭാഗ്യം എനിക്കു സിദ്ധിച്ചിരിക്കുന്നു. പൈശാചികമായ എന്റെ മനോഭാവത്തില്‍ പില്ക്കാലങ്ങളില് പലപ്പോഴും എന്റെ വിവേകം പശ്ചാത്തപിച്ചിട്ടുണ്ട്.
അച്ഛന് ജീവിച്ചിരുന്നകാലത്ത്, ഒഴിവുകാലങ്ങളില്‍ കൊച്ചിയിലുള്ള അച്ഛന്റെ വീട്ടിലേയ്ക്ക് എന്നെകൂടി കൊണ്ടുപോകും. അവിടം എനിക്കു സ്വര്‍ഗ്ഗമാണ്. കാരണം, കൂട്ടുകാരുണ്ട്. ഏതാണ്ട് എന്റെ പ്രായത്തില്‍ത്തന്നെയുള്ള കുട്ടികള്‍ - അച്ഛന്റെ മരുമക്കള്‍! പുറമേ അയല്വീടുകളിലെകുട്ടികളും. അവരില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത്. അച്ഛന്റെ ഏകഭാഗിനേയിയായ പൊന്നുവിനെയാണ്. അവള് മരിച്ചിട്ടു മുന്നുകൊല്ലമായി. ആ പെണ്കിടാവിനെക്കുറിച്ചുള്ള ചിന്ത ആകസ്മികമായി പലപ്പോഴും എന്റെ ഹൃദയത്തെ ബാധിച്ചിട്ടുണ്ട്. പൊന്നുവിനെ എന്നെക്കൊണ്ടു വിവാഹംകഴിപ്പിക്കുമെന്ന് അച്ഛന് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് അതിനു കാരണം. ഒരു പക്ഷേ അച്ഛന് അവളോടും അങ്ങനെ പറഞ്ഞിരുന്നിരിക്കാം. എന്നെക്കാണുമ്പോഴെല്ലാം - ആ പെണ്‍കുട്ടി ഒരു യുവതിയായിത്തീര്ന്നതിനുശേഷം - അവളുടെ ഭംഗിയുള്ള നീലക്കണ്‍മുനകള്‍ ബാഷ്പാര്ദ്രമായിത്തീരാറുണ്ട്. അവള് എന്നെ ആശിച്ചിരുന്നു. ഞാനും അവളെ ഇഷ്ടപ്പെട്ടിരുന്നു. അവളെ മാതാപിതാക്കന്മാര് ആവശ്യപ്പെട്ടു. എന്റെ മാതാവിനും മറ്റു കുടുംബാംഗങ്ങള്‍ക്കും അതില്‍ യാതൊരപ്രതീയും ഉണ്ടായിരുന്നില്ല. എന്നിട്ടും ഞങ്ങള്‍ ദമ്പതികളായില്ല. വിധി ഞങ്ങളെ വിവാഹബന്ധത്തില്‍ ഘടിപ്പിച്ചില്ല. വിവാഹശേഷം ആറുമാസം തികയുന്നതിനു മുമ്പു മനസ്വനിയും മനോഹരിയുമായ ആ യുവതി അകാലചരമം പ്രാപിച്ചു. മൂകമായ ഒരു ശോകം, മരവിപ്പിക്കുന്ന ഒരു നിരാശ, പനിനീര്‍പ്പൂപോലെ സുന്ദരമായ അവളുടെ ഹൃദയത്തെ, ലോകമറിയാതെ ഏകാന്തയിലങ്ങനെ കാര്ന്നുകൊണ്ടിരുന്നല്ലെന്നാര്ക്കറിയാം? രാമേശ്വരത്തെ പരിപാവനങ്ങളായ കടല്‍ത്തിരകള്‍ ഉപചാരപൂര്‍വ്വം ആശ്ലേഷിച്ചുകൊണ്ടിരിക്കുന്ന അവളുടെ ഉറപ്പില്ലാത്ത അസ്ഥിഖണ്ഡങ്ങളില്‍ ശോകാത്മകമായ ഒരു സ്പനരംഗങ്ങളില് പലതിലും അവളുടെ പാദമുദ്രകള്‍ പതിയാറുണ്ട്. ജാഗ്രാവസ്ഥയില്‍ എത്തിച്ചേരുമ്പോള്‍ ആ ദര്‍ശനം എന്നെ ദുഃഖിപ്പിക്കുന്നു., ആ അസ്ഥിശകലങ്ങളില് നിന്നും നേര്‍ത്തുനേര്‍ത്ത ഒരു വിലാപ വീചി വിദൂരസ്ഥനായ എന്റെ ആത്മാവിന്റെ അദൃശ്യതന്ത്രികളെ മന്ദമന്ദം ചലിപ്പിക്കുമ്പോള്‍ എനിക്കു രോമാഞ്ചമുണ്ടാവുകയും എന്റെ കണ്ണുകള്‍ ജലാര്ദ്രമായിത്തീരുകയും ചെയ്യുന്നു. അവളുടെ അകാലചരമത്തില്‍ ഞാന്‍ അപരാധിയാണോ എന്ന ആശങ്കപോലും എനിക്കുണ്ടാകാറുണ്ട്.........
എന്റെ പിതാവിന് അമ്മയോട് അതിര്കവിഞ്ഞ സ്നേഹമുണ്ടായിരുന്നുവെന്നതില് സംശയമില്ല. എന്നാല്‍ അതേസമയം തന്നെ അദ്ദേഹം ഒരു സ്ത്രീജിതനുമായിരുന്നു. അദ്ദേഹത്തിന്റെ കൂട്ടുകാരില്‍ ചിലര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. അവരില്‍നിന്നും ഞാന്‍ ഗ്രഹിച്ച ചില കാര്യങ്ങള്ക്കടിസ്ഥാനം അവരുടെ ആവക പ്രസ്താവങ്ങള്മാത്രമാണ്. എന്റെ ചില സ്മരണകള്‍ ആ പ്രസ്താവങ്ങളുടെ പാരമാര്ത്ഥ്യത്തെ സാധൂകരിക്കുന്നു. കൊച്ചിയില്‍ താമസിക്കുന്ന കാലത്തു പലപ്പോഴും ഞാന്‍ അച്ഛന്റെ പിന്നാലെ ഇറങ്ങിത്തിരിക്കുക പതിവാണ്. അച്ഛന് എന്നെ ചില ഭവനങ്ങളില്‍ കൊണ്ടുപോകും. അവിടെയുള്ള സ്ത്രീകള്‍ അതിരറ്റവാത്സല്യം പ്രദര്‍ശിപ്പിച്ചു എന്നെ ഓമനിക്കുകയും, പലഹാരങ്ങളും മറ്റും തന്ന് സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു.
ഒരിക്കല്‍ രസകരമായ ഒരു സംഭവമുണ്ടായി. കൊച്ചിയില്‍ത്തന്നെ വെച്ചാണ്. ഒരു ഭവനത്തില്‍ - അതേതെന്ന് ഇന്നും എനിക്കറിഞ്ഞുകൂടാ - മുന്‍ പ്രസ്താവിച്ചപോലെ ഞാന്‍ അച്ഛനോടൊന്നിച്ചുപോയി. എനിക്കു ഏഴോ എട്ടോ വയസ്സുപ്രായം കാണും. എന്നെ മുന്‍വശത്തുള്ള ഒരു മേശപ്പുറത്തിരുത്തിയിരിക്കുകയാണ്. അച്ഛന് മുറിയിലേക്കുകയറി. അടുക്കളയിലോ മറ്റോ ചെന്ന് ഒരു കത്തിയുമെടുത്തു കയ്യില്‍ പിടിച്ചുകൊണ്ട് കൂടെ ഒരു സ്ത്രീയും കയറി; വാതിലുകള്‍ അടയ്ക്കപ്പെട്ടു. ഞാന്‍ ഭയവിഹ്വലനായിത്തീര്‍ന്നു. അക്കാലത്തുതന്നെ എന്റെ ഭാവനയ്ക്കു പ്രായത്തെക്കവിഞ്ഞ നിര്‍മ്മാണപാടവം സിദ്ധിച്ചിരുന്നു. ആ സ്ത്രീ എന്റെ അച്ഛനെക്കൊല്ലുവാനാണ് കത്തിയും കൊണ്ട് അകത്തു കടന്നതെന്നു ഞാന്‍ ദൃഢമായി വിശ്വാസിച്ചു. ആ വിശ്വാസത്തിനു നിദാനം അക്കാലത്തു കാണുവാനിടയായിട്ടുള്ള കഥകളിയിലെ ചില രംഗങ്ങളാണ്. കഥകളിയില്‍ വാളെടുത്തു വെട്ടിക്കൊല്ലുന്നതു കണ്ടു ഞാന്‍ വാവിട്ടു കരഞ്ഞിട്ടുണ്ട്. ഏതാനും നിമിഷങ്ങള്‍ ഞാന്‍ ഒന്നും മിണ്ടിയില്ല. ആ സ്ത്രീ എന്റെ അച്ഛനെ കഥകളിയില്‍ കണ്ടപോലെ അങ്ങനെ വെട്ടിക്കൊല്ലുന്ന കാഴ്ച എന്റെ മനോദര്‍പ്പണത്തില്‍ ഞാന്‍ പ്രതിഫലിച്ചുകണ്ടു. ആ കാഴ്ച എനിക്കു സഹിച്ചില്ല. `എന്റെ അച്ഛനെ കൊല്ലല്ലേ' എന്നു പറഞ്ഞു ഞാന്‍ വാവിട്ടു കരയാന്‍ തുടങ്ങി. ആ ഭവനത്തില്‍ മറ്റു ചില സ്ത്രീകളുമുണ്ടായിരുന്നു. അവര്‍ ഓടിവന്നു. വാതില്‍ തല്‍ക്ഷണം തുറക്കപ്പെട്ടു. `എന്താ മോനേ?' എന്നു ചോദിച്ചുകൊണ്ടു അച്ഛനും, തൊലി ചെത്തിയ വെള്ളരിക്കാപോലുള്ള ഒരു വലിയ മാമ്പഴവും കത്തിയും ഓരോ കയ്യില്‍ പിടിച്ചുകൊണ്ടു ആ സ്ത്രീയും എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ഹാവൂ! എനിക്കു സമാധാനമായി. ആ സ്ത്രീ എന്റെ അച്ഛനെ കൊന്നിട്ടില്ല. കരഞ്ഞതിന്റെ കാരണം ചോദിച്ചപ്പോള്‍, കരഞ്ഞുകൊണ്ടുതന്നെ ഞാന്‍ അതു വിശദപ്പെടുത്തി. അതുകേട്ടു ആ സ്ത്രീക്ക് മുഖവൈവര്ണ്ണ്യമോ, ജാള്യതയോ ഉണ്ടായോ എന്നും എന്റെ അച്ഛന് ഇളിഭ്യനായോ എന്നും മറ്റും ഞാന്‍ അറിഞ്ഞില്ല. അപ്പോഴും ഞാനങ്ങനെ ഓര്‍ത്തോര്‍ത്തു തേങ്ങുകയായിരുന്നു. ഏതായാലും അവരും അച്ഛനും ഒത്തൊരുമിച്ച് എന്നെ സാന്ത്വനിപ്പിച്ചു. എനിക്കു കാപ്പികിട്ടി. പലഹാരങ്ങള്‍ കിട്ടി. അച്ഛന് എന്നെ പിന്നീടവിടെ തനിച്ചു വിട്ടിട്ടകത്തേയ്ക്കു പിന്നീടൊരിക്കലും പോവുകയുണ്ടായില്ല. കുറേനേരം കഴിഞ്ഞ് ഞങ്ങള്‍ മടങ്ങിപ്പോന്നു. പക്ഷെ പിന്നീടൊരിക്കലും അച്ഛന് എന്നെ അങ്ങനെയോരു ഭവനത്തില്‍ കൊണ്ടു പോവുകയുണ്ടായിട്ടില്ല. മാച്ചാലും മാച്ചാലും മനസ്സില്‍നിന്നു മാഞ്ഞുപോകാത്ത ഒരു ചിത്രമാണല്ലോ അത്. ആ ഭവനംവെറുമൊരു. വേശ്യാലയമായിരുന്നു എന്ന് എനിക്കു തോന്നുന്നില്ല. സാമാന്യം ഭേദപ്പെട്ട കൂട്ടരാണതിലെ അന്തേവാസികളെന്നാണ് ഇന്നെനിക്കു തോന്നുന്നത്. എന്തോ? ഏതായാലും ആ വക സ്മൃതിചിത്രങ്ങള്‍ അച്ഛനെസംബന്ധിച്ച്, അച്ഛന്റെ കൂട്ടുകാര്‍ ചിലര്‍ പറഞ്ഞിട്ടുള്ള വൃത്താന്തങ്ങള്‍ കേവലം അടിസ്ഥാനരഹിതങ്ങളല്ലെന്നുള്ളതിന്റെ തെളിവുകളായി ഇന്നും എന്റെ മനസ്സില്‍ ശേഷിച്ചട്ടുണ്ട്.......
ലിംഗബന്ധപരമായ മനുഷ്യന്റെ ദൗര്‍ബല്യത്തിന് - അഥവാ ആവേശത്തിന് - ഇതിലധികം അധമമായിട്ടുള്ള ഒരു ദൃഷ്ടാന്തം സാദ്ധ്യമല്ലാത്ത വിധത്തില്‍ അത്ര പൈശാചികവും ജൂഗുപ്സാവഹവുമായ ഒരു രതിവൈകൃതരംഗത്തില് എന്റേതൊഴികെ ലോകത്തില്‍ മറ്റേതെങ്കിലും വ്യക്തിയുടെ `വിദ്യാരംഭം' നിര്വ്വഹിക്കപ്പെട്ടിട്ടുണ്ടോ എന്നു സംശയമാണ്. അതിന്റെ സ്വാധീനശക്തി ഇന്നും എന്നില്‍ അവശേഷിച്ചിട്ടുണ്ട്. എനിക്ക് അഞ്ചുവയസ്സുപ്രായമേ ഉള്ളു. അച്ഛന് എന്നെ `എഴുത്തിനു വെയ്ക്കു'വാനായി `തിരുവള്ളക്കാവി'ലേയ്ക്കു കൊണ്ടുപോയി. തൃശ്ശിവപേരുരിനും ഇരിങ്ങാലക്കുടയ്ക്കും മദ്ധ്യേയുള്ള ഒരു സ്ഥലമാണത്. റോഡരികില്‍ തന്നെ ഒരു ക്ഷേത്രമുണ്ട്. വിദ്യാരംഭത്തിനു വിഖ്യാതമായ ഒരു ക്ഷേത്രമാണത്രേ അത്. ആ ക്ഷേത്രത്തെക്കുറിച്ചു പല ഐതിഹ്യങ്ങളുമുണ്ടെന്നറിയുന്നു. വിദ്യാരംഭത്തിന്റെ തലേദിവസം മദ്ധ്യാഹ്നത്തില്‍ ഞങ്ങള്‍ സ്ഥലത്തത്തിച്ചേര്ന്നു - എന്നുവെച്ചാല്‍ `പെരുമനം' എന്ന സ്ഥലത്തെത്തിച്ചേര്‍ന്നു. തിരുവള്ളക്കാവിലേയ്ക്കു അവിടെനിന്നും ഒന്നോ രണ്ടോ നാഴികയുണ്ടെന്നു തോന്നുന്നു. പെരുമനത്തു അച്ഛന്റെ ഒരു സ്നേഹിതനുണ്ടായിരുന്നു. ആ സ്നേഹിതന്റെ നിര്‍ദ്ദേശപ്രകാരമാണ് എന്നെ എഴുത്തിനു വെയ്ക്കാനങ്ങോട്ടു കൊണ്ടുപോയത്. സാമാന്യം ധനസ്ഥിതിയുള്ള ഒരു കുടുംബത്തിലെ ഗൃഹനായകനായിരുന്നു അച്ഛന്റെ സുഹൃത്ത്. ആ സുഹൃത്തിന്റെ മകളായി - ഏകപുത്രിയായി - ഒരു യുവതിയുണ്ടായിരുന്നു. അമ്മു എന്നാണവളുടെ പേര്. `അമ്മുച്ചേച്ചി' എന്നു അവളെ ഞാന്‍ വിളിച്ചതു ഇന്നും ഞാന്‍ മറന്നിട്ടില്ല. അന്നവള്‍ക്കു കഷ്ടിച്ച് പതിനേഴോ പതിനെട്ടോ വയസ്സു കാണുമെന്നു തോന്നുന്നു. ഞാന്‍ എപ്പോഴും അമ്മുച്ചേച്ചിയോടൊന്നിച്ചായിരുന്നു. പ്രജ്ഞാമണ്ഡലത്തിന്റെ വിദൂരസീമയില് എന്നെ കൊഞ്ഞനം കുത്തിക്കൊണ്ടുനില്ക്കുന്ന ആ രതിവൈകൃതരംഗം, പരമപവിത്രമായ എന്റെ `വിദ്യാരംഭ'ത്തിന്റെ പീഠികയായിത്തീരുവാനിടവന്ന നിര്‍ഭാഗ്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍, ലജ്ജ, അമര്‍ഷം, നൈരാശ്യം ഇവയെല്ലാമൊത്തൊരുമിച്ചു ഒരു മിശ്രവികാരം ഇന്നും എന്റെ ഹൃദയമണ്ഡലത്തില് കൊടുംകാറ്റടിക്കുന്നുണ്ട്. എന്നാല്‍ അന്നാകട്ടെ അവാച്യവും ആലോചനാതീതവുമായ ഒരവ്യക്താനന്ദാനുഭൂതിയില് എന്റെ ഹൃദയകുഡ്മളം കോരിത്തരിക്കുകയാണുണ്ടായതെന്നുള്ള പരാമര്‍ത്ഥം ഞാന്‍ മറച്ചുവെക്കുന്നില്ല. ഒരുപക്ഷെ ശപ്തമായ ആ അനുഭവത്തിന്റെ മാരകശക്തിയായിരിക്കാം പില്ക്കാലങ്ങളില്, സംസ്ക്കാരവും വിവേചനാശക്തിയും ഉണ്ടായിട്ടുപോലും, സാന്മാര്ഗ്ഗികജീവിതത്തിന്റെ നിത്യദീപ്തമായ തേജോമേഖലയില്നിന്നും അനിയന്ത്രിതമാംവിധം അകന്നുകന്നു അന്ധകാരാവൃതമായ പാപകൂപങ്ങളില് എന്റെ ആത്മസത്തയെ പരിതാപകരമായ രീതിയില്‍ ഞാന്‍ അധഃപതിപ്പിച്ചത്. എന്തുമാകട്ടെ, സ്ത്രീയോടുള്ള എന്റെ വിദ്വേഷത്തിന്റെ ആദ്യത്തെവിത്തുവീണിട്ടുള്ളത് ആ രതിവൈകൃതരംഗത്തിലായിരുന്നുവെന്നു ഇന്നെനിക്കു അപഗ്രഥിച്ചറിയുവാന് സാധിക്കുന്നുണ്ട്. ആ വ്യക്തിയേയോ, ആ ഭവനത്തേയോകുറിച്ചു ഇന്നും എനിക്ക് യാതൊന്നും അറിഞ്ഞുകൂടാ. ആ സ്ഥലത്ത് - പെരുമനത്ത് - ഞാന്‍ ഇതുവരെ പോയിട്ടുമില്ല. എങ്കിലും എന്റെ പിതാവ് ചെയ്തപോലെ, ഞാനും എന്റെ കുട്ടിയെ തിരുവള്ളക്കാവില്ത്തന്നെ കൊണ്ടുപോയാണ് എഴുത്തിനിരുത്തിയത്. എന്റെ പുത്രനു രണ്ടു വയസ്സും രണ്ടു മാസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. മാത്രമല്ല ഞാനും എന്റെ പുത്രനും, ക്ഷേത്രത്തിനുതൊട്ടുള്ള വാരിയത്തു സൗജന്യനിധിയായ ഗൃഹനാഥന്റെ ഔദാര്യം പ്രദാനം ചെയ്ത ഒരു പഴയതഴപ്പായില് ചുരുണ്ടുകൂടി രാത്രി കഴിച്ചുകൂട്ടുകയാണ് ചെയ്തത്. എന്റെ പിതാവ് പ്രഥമപുത്രന്റെ നിഷ്ക്കളങ്ക ശൈശവത്തില്‍ കരിതേച്ച കാമതാണ്ഡവത്തെക്കുറിച്ച് അറിയാതെതന്നെ ചിതാഗ്നിയില്‍ ലയിച്ചു. എനിയ്ക്കങ്ങനെ ഒരാശങ്കയ്ക്കുപോലും അവകാശമില്ല.
രണ്ടാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഒരിക്കല്‍ ഞാന്‍ ഒളിച്ചോടിപ്പോയി. വിദ്യാലയത്തിലേയ്ക്കു പുറപ്പെട്ട ഞാന്‍ കണ്ട വഴികളില്‍ ക്കൂടിയെല്ലാം നടന്ന് വീട്ടില്‍നിന്നും ഒന്നുരണ്ടു നാഴിക അകലെയുള്ള ഒരു സ്ഥലത്തു മദ്ധ്യാഹ്നത്തോടു ചെന്നുപറ്റി. വിശപ്പു സഹിക്കാതായപ്പോള്‍ ഉറക്കെ കരഞ്ഞുതുടങ്ങി. ഒടുവില്‍ ഉദാരനായ ഒരാള്‍ എന്നെ വീട്ടില്‍ കൊണ്ടുവന്നാക്കി. എന്റെ ആ പ്രവൃത്തിയുടെ അടിയില്‍ കിടക്കുന്ന പ്രേരകശക്തി അച്ഛന്റെ കര്‍ശനമായ ആജ്ഞമൂലം എന്നിലുണ്ടായിരിക്കാവുന്ന അമര്‍ഷത്തിന്റെ സ്ഫുരണമല്ലേ എന്നു ഞാന്‍ സംശയിക്കുന്നു.
അങ്ങനെ ഞാനും എന്റെ കളിത്തോഴിയായ കൊച്ചമ്മുവുമൊത്തുചേര്ന്ന് മധുരമായ ശൈശവകാലം ഏതാണ്ടൊരരു `മധുവിധു' വായിത്തന്നെ കഴിച്ചുകൂട്ടി. ഞാന്‍ വളര്‍ന്നു. എനിക്കു പത്തുവയസ്സായി. അച്ഛന് മരിച്ചു. ഞാന്‍ സ്വതന്ത്രനായി. കളിക്കുവാനും, യഥേഷ്ടം പുറത്തിറങ്ങി നടക്കുവാനും, കൂട്ടരൊത്തു രസിക്കുവാനും എനിക്കു വിഷമമില്ല. പക്ഷെ വീട്ടില്‍ ദാരിദ്ര്യം കടന്നുകൂടിയിരുന്നതിനാല് എന്റെ സുഖത്തിനു സാരമായ ഇടിവും തട്ടിക്കൊണ്ടിരുന്നു. അച്ഛനുള്ള കാലത്തു ഞങ്ങള്‍ അല്ലലെന്തന്നറിഞ്ഞിട്ടില്ല. അദ്ദേഹം സുഖസമൃദ്ധിയില്‍ ഞങ്ങളെ പരിപാലിച്ചിരുന്നു. എന്നാല്‍ ഇപ്പോഴകട്ടെ അസഹ്യമായ ഒരു രൂപാന്തരം! രാവിലെ പതിവായിക്കിട്ടാറുള്ള കാപ്പിയോ ഇഡ്ഡലിയോ പലഹാരങ്ങളോ ഒന്നുമില്ല. വെറും കുറച്ചു കഞ്ഞി. അല്ലെങ്കില്‍ കുറച്ചു പഴഞ്ചോറ്. അക്കാലങ്ങളില്‍ അതു മനസ്സിനെ പീഡിപ്പിച്ചിരുന്നുവെങ്കിലും ഇന്നതിനെക്കുറിച്ചോര്ക്കുമ്പോള് അവര്‍ണ്ണനീയമായ ഒരാത്മാനുഭൂതി എനിക്കുണ്ടാകുന്നുണ്ട്.
അന്നത്തെ എന്റെ ആത്മസ്നേഹിതന് പയ്യപ്പിള്ളില്‍ ശങ്കരപ്പിള്ളയായിരുന്നു. ഞങ്ങള്‍ നിത്യവും വൈകുന്നേരം അടുത്ത് `തൃക്കണ്ണപുരം' എന്നു പേരുള്ള ക്ഷേത്രത്തിന്റെ പാര്ശ്വാങ്കണത്തില് കളിക്കുവാനായി കൂടും. അന്ന് ഞങ്ങള്‍ കളിച്ചത് ഇന്നാട്ടില് `മന്തന്കാലന്കളി' എന്നു പറയുന്ന ഒന്നാണ്. ആ കളിയില്‍ ആകെയുള്ള ആളുകള്‍ രണ്ടു കക്ഷിക്കാരായി പിരിയുന്നു. കളിസ്ഥലത്തിന്റെ ഒത്ത നടുവില്‍ കുറുകെയായി ഒരു വരവരയ്ക്കുന്നു. കളിക്കാര്‍ കൈയില്‍ ഒരു കെട്ടു പച്ചിലത്തുപ്പുമായി നിലകൊള്ളുന്നു. ഒരു കക്ഷിയില്‍ പെട്ട ഒരംഗം മറ്റു കക്ഷികള്‍ നില്ക്കുന്ന ഭാഗത്തേക്കുശ്വാസംവിടാതെ രാമ രാമ രാമ രാമ എന്നുച്ചരിച്ചുകൊണ്ടു ഓടിച്ചെന്ന് ഒരാളെത്തൊട്ടിട്ട് ശ്വാസം വിടാതെതന്നെ ആ ഉച്ചാരണം നിര്‍വഹിച്ച് വരക്കിപ്പുറം പോരണം. തൊട്ടതാരെയോ അയാള്‍ `ചീഞ്ഞു: എന്നുവെച്ചാല്‍ കളിതീരുന്നതുവരെ, ഒരിടത്തു ഒഴിഞ്ഞുനില്ക്കണം. കളിയില്‍ പങ്കുകൊള്ളാന്‍ നിവൃത്തിയില്ല. അതുകൊണ്ട് ചീയുന്ന കാര്യത്തില്‍ ആര്‍ക്കും ഇഷ്ടമുണ്ടാവുകയില്ലല്ലൊ. രാമരാമക്കാരന് ശ്വാസം വിടാതെ പാഞ്ഞുവരുമ്പോള്‍ കക്ഷികള്‍ പിടികൊടുക്കാതെ ഓങ്ങിയും വാങ്ങിയും ഒഴിഞ്ഞുമാറുവാന്‍ യത്നിക്കുന്നു. ഇതിനിടയില്‍ രാമരാമക്കാരന്റെ ശ്വാസം നിലച്ചു എന്നു കണ്ടാല്‍, തുടങ്ങുകയായി പച്ചിലത്തൂപ്പുകൊണ്ടുള്ള പ്രഹരവര്ഷം. പക്ഷെ ഒരു നിയമമുണ്ട് - നിര്‍ബ്ബന്ധനിയമം. അരയ്ക്കു കീഴോട്ടു മാത്രമെ അടിക്കുവാന്‍ പാടുള്ളൂ. കക്ഷികളില്‍ ഓരോരുത്തനും, പിടിക്കൊടുക്കാതെ ഒഴിഞ്ഞുമാറുവാന്‍ ശ്രമിക്കുന്നതോടൊപ്പം പരാക്രമിയായ എതിരാളിയുടെ ശ്വാസം നിലയ്ക്കുന്നുണ്ടോ എന്നു പ്രത്യേകം ശ്രദ്ധിച്ചുകൊണ്ടിരിക്കും. പ്രഹരപ്രധാനമാണല്ലൊ കളിയിലെ ഏറ്റവും രസം പിടിച്ച ഭാഗം.
അന്ന് കളിക്കിടയില്‍ ഒരു പ്രാവശ്യം ആക്രമണത്തിനായി ചാടിപ്പുറപ്പെട്ട സാഹസികന് `പയ്ങ്ങാ' (ഞങ്ങളുടെ നാട്ടില്‍ `കളികൂടു' വാനായി ഉപയോഗിക്കുന്ന മൂക്കാത്ത പിഞ്ചടയ്ക്കായ്ക്കാണ് ആ പദം ഉപയോഗിക്കുന്നത്) എന്നു വിളിക്കപ്പെട്ടിരുന്ന ഒരു സാധു ബാലനായിരുന്നു. ഞങ്ങളുടെ താവളത്തില്‍നിന്നു സാഹങ്കാരം `രാമരാമേതി' ജപിച്ചുകൊണ്ടു ചാടിപ്പുറപ്പെട്ട യോദ്ധാവിനു എതിര്‍കക്ഷിയുടെ താവളത്തില്‍ ചെന്നെത്തിയതോടുകൂടി ഭാഗ്യദോഷത്താല്‍ ശ്വാസം നിലച്ചുപോയി. തരംനോക്കിയിരിക്കുന്ന ശത്രുവ്യൂഹത്തിന്റെ മര്ദ്ദനകോലാഹലങ്ങളോടു മല്ലിട്ടോടി വരയ്ക്കിപ്പുറം ചാടിവീഴുവാന്‍ ആ പാവം പിടിച്ച അഭിനവാഭിമന്യൂവിനു സാധിച്ചില്ല. അതിനിടയില്‍ ഏതോ ഒരു അന്തംമറന്ന കുന്തക്കാരന്റെ പ്രഹരം, ആ പാവത്തിന്റെ പള്ളയ്ക്കാണു പതിച്ചത്. പാവം പയ്ങ്ങാ, അവന് ഉറക്കെ കരയാന്‍ തുടങ്ങി. വേദനയെക്കാള്‍ നിയമലംഘനം ചെയ്ത അപരാധത്തോടുള്ള പ്രതിഷേധമാണ് ആ രോദനഭൂകമ്പത്തിനടിസ്ഥാനമെന്നു തീര്‍ച്ചതന്നെ. ഏതായാലും കളിപെട്ടന്നു നിലച്ചു. ഇരുകക്ഷികളും തമ്മില്‍ വാഗ്വാദകോലാഹലമായി. ഒരു കക്ഷിയിലെ നേതാവു ഞാനും മറ്റു കക്ഷിയിലെ നായകന് എന്റെ ആത്മസുഹൃത്ത് ശങ്കരപ്പിള്ളയുമായിരുന്നു. ഒന്നു പറഞ്ഞ്, രണ്ട് പറഞ്ഞ്, ഞങ്ങള്‍ തമ്മില്‍ വഴക്കായി. ഞങ്ങളുടെ സംഘത്തിലെ തലവന്‍ എന്നനിലയിലും, നിയമലംഘനാപരാധം മറുകക്ഷിയിലാണെന്നുള്ള പരാമാര്ത്ഥത്താല് ഉദ്ദീപ്തമായ ധര്മ്മബോധത്താലും, ഞങ്ങള്‍ തമ്മിലുള്ള സുദൃഢസൗഹാര്ദ്ദത്തെപ്പോലും അതിക്രമിച്ചു എനിക്കെന്റെ സുഹൃത്തിനോടു ശക്തിയായി തര്‍ക്കിക്കേണ്ടിവന്നു. കുറ്റസമ്മതം അദ്ദേഹം ചെയ്യുകയില്ല. എന്തിനേറെ, പറഞ്ഞുപറഞ്ഞു വഴക്കുമൂത്തു. വാക്സമരം മെയ് പ്രയോഗത്തുലേയ്ക്കു കടന്നു. ഞാന്‍ സുഹൃത്തിനെക്കാള്‍ ബലിഷ്ഠഗാത്രനായിരുന്നു. പരസ്പരം അടിയായി, ഇടിയായി, മണ്ണില്‍ മറിച്ചിട്ടു ഉരുട്ടിപ്പിടുത്തമായി. ഞാന്‍ ആ പ്രിയതോഴനു കണക്കിനു കൊടുത്തു. മാറും തോളുകളും മാന്തിപ്പൊളിച്ചു. രക്തം പൊടിച്ചുതുടങ്ങി. വിദ്വാന്റെ കണ്ണിലും മൂക്കിലും ശിരസ്സിലുമെല്ലാം പൂഴിമണല്‍ നിറഞ്ഞു. ഗ്രഹപ്പിഴയ്ക്കു ആ പഴയ മുഷിഞ്ഞ മുണ്ടു പാളപോലെ കീറുകയും ചെയ്തു. ഒടുവില്‍ ചിലര്‍ എന്നെ പിടിച്ചുമാറ്റി. പരിതാപകരമാംവിധം പരാജയം പറ്റിയ ആ പരാക്രമി പകവീട്ടുവാനായി നിര്‍ലജ്ജം മറ്റൊരുപായമെടുത്തു.കാണിച്ചുതരാം, നോക്കിക്കോടാ എന്നട്ടഹസിച്ചുകൊണ്ട് അയാള്‍ ഒരോട്ടം - നേരിട്ടെന്റെ വീട്ടിലേക്ക്! എന്റെ ഉള്ളുപകച്ചുതുടങ്ങി. ഞാനും പിന്നാലെ പുറപ്പെട്ടു. കൂടെ മറ്റു കളിക്കാരും. അയാള്‍ അമ്മയുടെ മുമ്പില്‍ ചെന്നു പരാതിപറഞ്ഞു. അപ്പോഴത്തെ അയാളുടെ വേഷവും, രീതിയും, എല്ലാം കണ്ടാല്‍ത്തന്നെ തോന്നും പാവത്തിനു കണക്കിനു കിട്ടിയിട്ടുണ്ടെന്ന്. എന്റെ മാതാവിന്റെ മൃദുലഹൃദയം ആ ദയനീയദര്ശനത്തില് അലിഞ്ഞുപോയതത്ഭുതമല്ല. അവര്‍ എന്നെ കണക്കിനു ശിക്ഷിച്ചു. എന്നുവെച്ചാല്‍ എന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് ഒരു നല്ല വടിയെടുത്ത്, എന്നെ ഒരു നൂറു `പെട'`പെടച്ചു' കാണും. ആദ്യമൊക്കെ, അഭിമാനിയായ ഞാന്‍ കൂട്ടുകാര്‍ ചുറ്റും നിന്നിരുന്നതിനാല്‍ കരയാതിരിക്കാന്‍ ശ്രമിച്ചുനോക്കി. പക്ഷെ പ്രഹരമല്ലെ? ഗത്യന്തരമില്ലാതെ ഞാന്‍ വാവിട്ടു കേണു. എന്റെ കക്ഷിയില്‍പ്പെട്ട കളിക്കാര്‍പോലും അതുകണ്ടു രസിച്ചുചിരിച്ചു; ചിലര്‍ ആര്ത്തുതുള്ളുകപോലും ചെയ്തു. എന്റെ അഭിമാനത്തിനു വലിയ ക്ഷതംതട്ടി. പക്ഷ എന്തുചെയ്യാനാണ്?
പിറ്റെ ദിവസം ഒരു ഞായറാഴ്ചയായിരുന്നു. പകല്‍ ഒരു പതിനൊന്നു മണിയായിക്കാണും. വീട്ടിലെ പൂമുഖത്തിന്റെ (ഇന്ന് ആ പൂമുഖം പൊളിച്ചുകളഞ്ഞ് എന്റെ ഭവനം ഞാന്‍ പരിഷ്ക്കരിച്ചിട്ടുണ്ട്) പടിഞ്ഞാറുഭാഗത്ത് തെക്കെ മുറ്റത്തേയ്ക്കിറങ്ങുവാനുള്ള വാതിലിന്റെ പടിയില്‍ വിദൂരമായ ആകാശത്തേയും അതില്‍ സ്വച്ഛന്ദം വിഹരിക്കുന്ന വെള്ളിമേഘങ്ങളേയും ഇളങ്കാറ്റില്‍ ഇല ഇളകിക്കൊണ്ടിരിക്കുന്ന പച്ചമരപ്പടര്പ്പുകളേയും അലക്ഷ്യമായും അലസമായും അങ്ങനെ ഉറ്റുനോക്കിക്കൊണ്ടു ചിന്താമഗ്നനായി ഇരിക്കുമ്പോള്‍ പെട്ടെന്ന് എന്റെ ഹൃദയാന്തരാളത്തില്‍ അജ്ഞാതമായ ഒരു വൈദ്യൂതപ്രവാഹമുണ്ടായി. തലേന്നാള്‍ നടന്ന സംഭവമെല്ലാം ഒരു പദ്യമായി എഴുതണമെന്ന് ഒരു തോന്നല്‍. അതിനു മുന്‍പൊരിക്കലും, മധുരമായി പദ്യങ്ങള്‍ (കഥനം) ചൊല്ലുമെന്നല്ലാതെ, ഒരു പദ്യം സ്വന്തമായി എഴുതണമെന്ന് എനിക്കു തോന്നിയിട്ടില്ല. ഉടന്‍ തന്നെ ഒരു കടലാസ്സും പെന്‍സിലുമെടുത്ത് ഞാന്‍ എഴുതാന്‍ തുടങ്ങി. ഞാന്‍ എന്തൊക്കൊയോ എഴുതി. ഒരൊന്നര മണിക്കൂര്‍ അങ്ങനെ എഴുതിക്കാണും. തലേന്നാള്‍ നടന്ന സംഭവപരമ്പരകളെല്ലാം പദ്യരൂപത്തില്‍ അങ്ങനെ ജന്മമെടുത്തു. ഞാന്‍ വായിച്ചുനോക്കി. അവാച്യമായ ഒരാനന്ദം. ഞാന്‍ അതും കൊണ്ടു ഓടി. ഒരുഫര്ലാംഗ് അകലെ ഒരു ബ്രാഹ്മണകുടുംബം ഒരു ഹോട്ടല്‍ നടത്തുന്നുണ്ട്. ഹോട്ടല്‍ ഉടമസ്ഥന്റെ മകന് ശ്രീ. എന്‍. രാമയ്യര് എന്റെ സതീര്‍ത്ഥ്യനാണ്; സഖാവാണ്. ഒരു ഭ്രാന്തനെപ്പോലെ ഞാനങ്ങോട്ടിരച്ചു പാഞ്ഞുചെന്നു. സതീര്ത്ഥ്യനെ വിളിച്ചുകൊണ്ട് ഒരു ഒഴിഞ്ഞ മൂലയില്‍ പോയി എന്റെ പദ്യം മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചു. ഒരു നൂറോനൂറ്റമ്പതോ വരികള്‍ കാണുമെന്നു തോന്നുന്നു. സുഹൃത്ത് ആ പദ്യം വളരെ കേമമായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. എനിക്കു സംതൃപ്തിയായി. അവിടെ നിന്നോടി മറ്റൊരു കൂട്ടുകാരന്റെ വീട്ടില്‍ ചെന്നു. അയാളേയും അത് വായിച്ചു കേള്‍പ്പിച്ചു. ഭേഷായിട്ടുണ്ട് മതി; ആനന്ദത്താല്‍ മതിമറന്നു ഞാന്‍ ഓരോ കളിത്തോഴന്റെയും ഭവനത്തില്‍ എന്റെ പദ്യവുമായി കയറിയിറങ്ങി. എല്ലാവരും നല്ല അഭിപ്രായം പറകയാല്‍ ഞാന്‍ കൃതാര്‍ത്ഥനായി. ആ പദ്യമാകട്ടെ. അതിനുശേഷം അഞ്ചെട്ടു കൊല്ലക്കാലം തുടര്‍ച്ചയായി എഴുതിയിട്ടുള്ള പരസ്സഹസ്രം പദ്യങ്ങളില്‍ ഒരൊറ്റവരിയാകട്ടെ ഇന്നെന്റെ കൈവശമില്ല; ഭൂരിഭാഗവും എനിക്കോര്മ്മയുമില്ല. അവയെങ്ങിനെ നശിച്ചുവെന്നു ഞാന്‍ വഴിയെ വിവരിക്കാം. ആ ആദ്യത്തെ കവിതയിലെ നാലുവരികള്‍ എനിക്കിന്നോര്മ്മയുള്ളതു ഇവിടെ കുറിച്ചുകൊള്ളട്ടെ.
`തൃക്കണ്‍ പുര'മെന്നു പേരുെള്ളാരമ്പലം
ബാലകൃഷ്ണന് തന്റെ വാസദേശം
`കുറ്റിച്ചക്കാല'യാം വീടിന്റെ മുമ്പിലെ -
ക്കുറ്റിക്കാടുള്ള കളിപ്രദേശം.
ഇങ്ങിനെയാണു പ്രസ്തുത പദ്യം ആരംഭിക്കുന്നത്. അതിനെത്തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ ഏതാനും ശ്ലോകങ്ങള്‍ എഴുതുകയുണ്ടായി.
`മാറങ്കുളത്തിന്റെ കിഴക്കുഭാഗ ത്തൊ -
രാലു നില്പ്പുണ്ടതിനപ്പുറത്ത്'
ഈ വരികള്‍ മറ്റേതോ അജ്ഞാതകവിയുടെതാണെന്നു ചിലര്‍ എന്നോടു പറയുകയുണ്ടായി. അതു മുന്പെങ്ങാനും ചൊല്ലിക്കേട്ടോ, പഠിച്ചോ, എന്റെ ഹൃദയത്തില്‍ ലയിച്ചുകിടന്നതാകാം. പക്ഷെ അതപഹരണമല്ല. അന്ന് അപഹരണബോധം തന്നെയില്ലല്ലൊ.
വിശാലമായുള്ള കളിസ്ഥലങ്ങള്‍
നിറഞ്ഞിരിക്കുന്നൊരു ഭൂപ്രദേശം
അതിന്നടുത്തുള്ള കുളത്തിനല്ലോ
`മാറങ്കുളം' എന്നിഹ സുപ്രസിദ്ധം
ഗോസായിമാര്‍ തന്നുടെ ചാവടിക്കും
`കോശേരി' എന്നുള്ളൊരു മാളികക്കും
കൊച്ചമ്മുതന് വീട്ടിനുമൊട്ടടുത്താ
ണിച്ചൊന്നതായുള്ള കളിസ്ഥലങ്ങള്‍
അക്കുഞ്ഞിയാം കുട്ടന്റടുത്തുതന്നെ
പൂക്കോട്ടു വാഴുന്നൊരു `വിക്രമന്' `ഹാ'
പാത്താച്ചിയാം രാമനുമുണ്ടവേലു
`ശോക്രാ'യുമാ `ഭാസ്ക്കര' `രമ്പി'യും ഹാ
ആലിന്തറയ്ക്കാരവിയാം തിരുപ്പാ
ടെന്നള്ളതാം കൂട്ടരുമൊത്തുകൂടി
മുറയ്ക്കുമാസങ്ങു കളിച്ചിടുമ്പോ
ളുറക്കമൂണീവക വേണ്ട ചൊല്ലാം.
ഇങ്ങനെ മലവെള്ളംപോലെ ഒഴുകിപ്പരക്കുന്ന അസംഖ്യം ശ്ലോകങ്ങളും ദ്രാവിഡപദ്യങ്ങളും അക്കാലത്തു ഞാന്‍ എഴുതിത്തളളിയിട്ടുണ്ട്. മേല്‍ പ്രസ്താവിച്ച പദ്യത്തിനു ഒരു ലഘുവ്യഖ്യാനം വേണ്ടിയിരിക്കുന്നു. എന്റെ ഭവനത്തിനു മുമ്പില്‍ വളരെ വിസ്താരമുള്ള ഒരു കുളമുണ്ട്. അതിന്റെ കിഴക്കുഭാഗത്തും, തെക്കുകിഴക്കേ മൂലയിലുള്ള മണല്‍പ്പരപ്പിലാണ് നിത്യവും ഞങ്ങള്‍ കളിക്കാന്‍ കൂടുക പതിവ്. `മാറങ്കുളം' എന്നാണ് കുളത്തിന്റെ പേര്. കുളത്തിന്റെ വടക്കുപടിഞ്ഞാറെ മൂലയില്‍ ഒരു `ഹാള്‍' ഇപ്പോഴും സ്ഥിതി ചെയ്യുന്നു. ആരും താമസമില്ല. പണ്ടു കാലങ്ങളില്‍ ഭിക്ഷാംദേഹികളായി ഇടപ്പള്ളിയില്‍ വന്നെത്തുന്ന ഗോസായിമാര്‍ക്കു കൊട്ടാരത്തില്‍ നിന്നും അരി, നെയ്യ്, കറിക്കോപ്പുകള്‍ മുതലായവ സൗജന്യമായി കൊടുക്കുക പതിവുണ്ട്. അവര്‍ക്കു താമസിക്കുവനായി ഇടപ്പള്ളിരാജാവ് നിര്‍മ്മിച്ചിട്ടുള്ളതാണ് പ്രസ്തുത ഹാള്‍. - `ഗോസായിച്ചാവടി' എന്നാണതിനെ വിളിച്ചുവരുന്നത്. `കോശേരിമാളിക' സമസ്ത കേരളസാഹിത്യപരിഷത്തിന്റെ ജനയിതാവും പണ്ഡിതാഗ്രേസരനുമായിരുന്ന മഹാമഹിമശ്രീ ഇടപ്പള്ളി കൃഷ്ണരാജാ തിരുമനസ്സുകൊണ്ട് താമസിക്കുന്ന ഒരു മനോഹരഹര്മ്മ്യമാണ്. എന്റെ കൗമാരകാലം ആ ഹര്മ്മ്യാന്തരത്തിലെ നിറംപിടിച്ച സൗജന്യധാരയില്‍ കോള്മയിര്ക്കൊണ്ടിരുന്നു. അതിനെക്കുറിച്ചു വഴിയേ പ്രസ്താവിച്ചുകൊള്ളാം. `കോശേരിമാളിക' എന്നു നാട്ടില്‍ ചിരപ്രതിഷ്ഠ ലഭിച്ചിട്ടുള്ള പ്രസ്തുത ഹര്‍മ്മ്യത്തിനു പില്ക്കാലങ്ങളില്, കൃഷ്ണരാജാ തിരുമനസ്സിലേയ്ക്കു മൂപ്പുകിട്ടിയതിനോടുകൂടി, പരിഷ്കാരം പോരാഞ്ഞിട്ടായിരിക്കും, `കേസരിപാലസ്' എന്ന നവീനനാമധേയം സ്വീകരിക്കേണ്ടിവന്നു. സംസ്കൃതത്തിലും ഇംഗ്ലീഷിലും ഉള്ള ഓരോ പദം അങ്ങനെ കൂട്ടിച്ചേര്‍ത്തിട്ടുള്ള ആ ഭവനനാമധേയത്തിന്റെ വൈലക്ഷണ്യം ശ്രവണമാത്രയില്‍ത്തന്നെ അനുഭവപ്പെടുന്നതാണല്ലൊ. പുതിയ പരിഷ്കാരത്തിന്റെ കലാബോധം! കൊച്ചമ്മുവിന്റെ വീട് മാറങ്കുളത്തിന്റെ തെക്കുഭാഗത്താണ്. `കുഞ്ഞിയാം കുട്ടന്' കുഞ്ഞികുട്ടനത്രേ! കൃഷ്ണരാജാ തിരുമനസ്സിലെ രണ്ടാമത്തെ പുത്രന് ശ്രീ. പി. കെ കൃഷ്ണന്കുട്ടിമേനവന് ബി. എ. ബി. എല്‍ . പൂക്കോട്ടു വാഴുന്ന വിക്രമന് - കോശേരിമാളികയ്ക്കു തൊട്ടു തെക്കുഭാഗത്ത് പൂക്കോട്ടുമഠം എന്ന ഒരഭിജാതക്ഷത്രിയകുടുംബമുണ്ട്; അവിടെത്തെ ഒരംഗമാണ് വിക്രമന് എന്നുകൂടിപ്പേരുള്ള ശ്രീ.സി. ആര്. കേരളവര്‍മ്മ തിരുമുള്‍പ്പാട് എം. എ. അദ്ദേഹം ഒരു തികഞ്ഞ സഹൃദയനും, അഗാധബുദ്ധിമാനും.സന്മനസ്ക്കനുമാണെന്നു സന്തോഷപൂര്‍വ്വം ഇവിടെ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. ഇപ്പോള്‍ അദ്ദേഹം മംഗലാപുരം സെന്റ് അലോഷ്യസ് ക്രിസ്ത്യന്‍ കോളേജിലെ ഇംഗ്ലീഷ്ലക്ചററാണ്. `പാത്താച്ചിരാമന്‍' ഒരു സാധുബാലനത്രെ! അവന് കോശേരിമാളികയിലെ ഒരു ഭൃത്യനും മരമണ്ടനുമാണ്. ഞങ്ങളുടെ എല്ലാം ഒരു കളിപ്പാട്ടം, അന്നവനെ കണ്ടാല്‍ ഒരു വലിയ പന്നിക്കുഞ്ഞാണെന്നു തോന്നും. എന്റെ ആദ്യത്തെ കവിതയ്ക്കു കാരണക്കാരനായ പയ്യപ്പിള്ളില്‍ ശങ്കരപ്പിള്ളയുടെ പിതാവിന്റെ ഭാഗിനേയനാണ് പാത്താച്ചിരാമന്‍! പാവം ഞങ്ങള്‍ അവനെ എത്ര ഉപദ്രവിച്ചിട്ടുണ്ട്. ഞാന്‍ അവനെ കണ്ടിട്ട് ഇപ്പോള്‍ ചുരുങ്ങിയത് പതിനാറു കൊല്ലമായിക്കാണും. അവനെ ഒരു നോക്കൊന്നു കാണുവാന്‍ ഞാന്‍ അത്യന്തം ആശിക്കുന്നു. പക്ഷെ അവനെക്കുറിച്ച് ആര്‍ക്കും ഒരറിവുമില്ല. അവന് ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും അറിഞ്ഞുക്കൂടാ. പാവം, പാത്താച്ചിരാമന്‍! `ഉണ്ടവേലു' ഞങ്ങളുടെ സംഘത്തിലെ ഒരു കൊച്ചു ഹിറ്റ്ലറായിരുന്നു. മഹാസാഹസികന്. വീരപരാക്രമി. അവനെക്കുറിച്ചു മറ്റു ഭാഗങ്ങളില്‍ പ്രസ്താവിക്കുന്നതാണ്. ശോക്രാ - ടാറ്റാ ഓയില്‍ മില്‍സിലെ ഒരു കെമിസ്റ്റായി. ശ്രീ.കെ. രാമവര്‍മ്മന്‍ തിരൂപ്പാട് ബി.എ.ആലിന്തറയ്ക്കാ രവി - ഞങ്ങളുടെ സംഘത്തിലെ ഏറ്റവും ബുദ്ധിശാലിയാണദ്ദേഹം. അന്തരിച്ചുപോയ ഒരിടപ്പള്ളിരാജാവിന്റെ പത്നീഗൃഹമാണ് `ആല്ത്തറമഠം'. പ്രസ്തുത രാജപത്നിയുടെ സോദരീപുത്രനാണു രവി. ഏ ആര് രവിവര്മ്മന്തിരുമുല്പ്പാട് ബി. എസ്സ് സി (ആണേഴ്സ്). അദ്ദേഹം ഇന്ഡ്യാഗവണ്മെന്റിന്റെ ആഭിമുഖ്യത്തില്‍ ഇംഗ്ലണ്ടില്‍ പോയി ഉന്നതവിദ്യാഭ്യാസം കഴിച്ച് അടുത്ത കാലത്ത് ഇന്‍ഡ്യയില്‍ മടങ്ങിയെത്തി, വിമാനവകുപ്പില് ആണെന്നു തോന്നുന്നു, ഒരു വലിയ ഉദ്യോഗത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. എന്റെ ചെറുപ്പകാലത്തെ ഏറ്റവും അടുത്ത ഒരു സ്നേഹിതനാണദ്ദേഹം. പക്ഷെ ഇന്നദ്ദേഹത്തിനു അല്പം ഒരു തലതിരിഞ്ഞ മട്ടുണ്ട്. വലിയ ഉദ്യോഗത്തിലെത്തിയപ്പോള്‍, ആ ഭാഗ്യം സിദ്ധിക്കാത്ത എന്നെപ്പോലുള്ള ഏഴകളെ അദ്ദേഹം അല്പം ഒരവജ്ഞാഭാവത്തിലേ വീക്ഷിക്കാറുള്ളു. എവിടെയെങ്കിലും വച്ചു കണ്ടാല്‍ ഒരു പച്ചച്ചിരിയോടെ ഒന്നോ രണ്ടോ വാക്കു സംസാരിക്കുമെന്നുമാത്രം - പക്ഷെ ആ ബാല്യസൗഹൃദസ്മൃതിയുടെ ഒരു വിളറിയ രശ്മി അദ്ദേഹത്തിന്റെ ഹൃദയത്തിലും അവശേഷിച്ചിട്ടുണ്ടായിരിക്കാം, ഏതായാലും ഞാന്‍ അദ്ദേഹവുമായുള്ള സംഭാഷണം ദീര്ഘിപ്പിക്കാറില്ലെന്നു മാത്രമല്ല, എന്നോടു കാണിക്കുന്ന തണ്ടില്‍ പതിന്മടങ്ങു അങ്ങോട്ടു കാണിച്ചുകൊണ്ടേ ഞാനും ഒന്നോ രണ്ടോ വാക്കുച്ചരിക്കാറുള്ളു. കഷ്ടം, ഞാനിന്നെന്നെ പഴിക്കുന്നു! ഞാന്‍ എന്തിനാത്തണ്ടു കാണിച്ചു? അദ്ദേഹം എന്റെ ഉത്തമസുഹൃത്തല്ലേ? അതെ; എന്തൊക്കെ പുറമേ ഭാവിച്ചാലും. എന്നെ സംബന്ധിച്ചിടത്തോളം, ഞാന്‍ ഒരു പദ്യത്തില്‍ പറഞ്ഞിട്ടുള്ളതുപോലെ
മധുരശൈശവബന്ധമതറ്റിടാന്
മമ ജഡമിനി മണ്ണിലടിയണം.
ഭാസ്ക്കര്‍ - എന്നതിന്റെ അര്‍ത്ഥം, ഭാസ്ക്കരന്‍ എന്നു പേരോടു കൂടിയ രണ്ടുപേര്‍ എന്നതാണ്. അവരില്‍ ഒരാള്‍ കുഞ്ഞിക്കുട്ടന്റെ മാതുലപുത്രനും മറ്റെയാള്‍ പൂക്കോട്ടെ വിക്രമന്റെ മാതൃസഹോദരീപുത്രനുമാകുന്നു. `അമ്പി' - ഗണപതി എന്ന പേരോടുകൂടിയ ഒരു ബ്രാഹ്മണകുമാരന്. അദ്ദേഹത്തെക്കുറിച്ചു ഒന്നും അറിഞ്ഞുകൂടാ. എപ്പോഴും വാപൊളിച്ചുകൊണ്ടിരിക്കുന്ന ഒരു ദുസ്സ്വഭാവം ആ ബാലനിലുണ്ടായിരുന്നതിനാല് `തൊളവായന് പട്ടരെ'ന്നാണ് ഞങ്ങള്‍ അദ്ദേഹത്തെ അക്കാലത്തു വിളിച്ചിരുന്നത്. സാധു. എന്തു പറഞ്ഞാലും കേള്‍ക്കും, അശക്തനാണ്, - ശാരീരികമായും മാനസികമായും. ഞങ്ങളുടെ ഒരു കൂട്ടുകാരനെക്കാള്‍ ഒരു കിങ്കരനായിരുന്നു അമ്പി എന്നു പറയുന്നതാണധികം ശരി. അക്കാലങ്ങളില്‍ ഞങ്ങള്‍ കളിക്കാറുള്ളത് `മാസു' - കളിയാണ് അതിനു ചില ദിക്കുകളില്‍ `കിളിത്തട്ടുകിളി' എന്നു പേരുണ്ടെന്നു തോന്നുന്നു. ഒരാള്‍ കിളിയാകും. ബാക്കിയുള്ളവര്‍ രംഗം വെട്ടിച്ചുകടന്നു ഉപ്പു കൊണ്ടുവരാന്‍ ശ്രമിക്കും. ലവണപാലകന്മാര് കടക്കുന്നവഴി അടച്ചാല്‍ കളി തോറ്റു. കിളിയാണ് കളിയിലെ നായകന്. ആ കളിയില്‍ ഞാന്‍ അത്യന്തപാടവം പ്രദര്‍ശിപ്പിച്ചിരുന്നതിനാല്‍ `കിളിസ്ഥാനം' മിക്കപ്പോഴും എനിക്കുതന്നെ കിട്ടിക്കൊണ്ടിരുന്നു. ബഹുഭൂരിപക്ഷത്തോടെയല്ല. സര്വ്വസമ്മതമായിത്തന്നെ അംഗീകരിക്കപ്പെട്ട് എന്നില്‍ അര്‍പ്പിതമായിരുന്ന അസൂയാവഹവും അഭിനന്ദനീയവുമായ ഒരു പദവിയായിരുന്നു അത്. ആ സ്ഥാന ലബ്ധിയില്‍ ഞാന്‍ അക്കാലത്തു അഹങ്കരിച്ചിട്ടുപോലുമുണ്ട്. മറുകക്ഷിയില്‍ ആ സ്ഥാനത്തിന്നര്ഹന് `ഉണ്ടവേലു'വായിരുന്നു. എന്നെ വിളിച്ചിരുന്നത് `ജര്‍മ്മന്‍' എന്നാണ്. അസൂയാലുക്കളായ കൂട്ടുകാര്‍ `ചങ്ങമ്പുഴയില്‍ ബപ്പി' എന്നും പരിഹസിക്കാറുണ്ട്. എന്റെ വീടിന്റെ പടിഞ്ഞാറുള്ള പറമ്പില്‍ - പടിഞ്ഞാറെ ചങ്ങമ്പുഴയില്‍ `ബപ്പി' എന്ന ഒരു ചെട്ടി താമസമുണ്ട്. അതിനാല്‍ പരിഹസിച്ചു അവര്‍ എന്നെ ആ പേര് വിളിച്ചുപോന്നു. നായകന്മാരെന്നപേരില് ഞാനും ഉണ്ടവേലുവും തമ്മില്‍ വലിയ സ്നേഹവും ബഹുമാനവുമായിരുന്നു. ചില കാര്യങ്ങളില്‍ ഉണ്ടവേലുവിനോടു എനിക്കല്പം അസൂയ ഉണ്ടായിരുന്നുവെന്നും പറയേണ്ടിരിക്കുന്നു. സമാനസിദ്ധികളില് ബഹുമാനം തോന്നുകയും, അപ്രാപ്യസിദ്ധികളില് അസൂയ ജനിക്കുകയും സ്വാഭാവികമാണല്ലൊ. ഉണ്ടവേലു,തെങ്ങ്, അടയ്ക്കാമരം ഇവയില്‍ ഒരണ്ണാര്ക്കണ്ണനേക്കാള് വൈദഗ്ദ്ധ്യത്തോടെ പിടിച്ചുകയറും. താഴെനിന്നു. ഇടതുകയ്യിലുള്ള കല്ലോ; വടിയോകൊണ്ട് എത്ര ഉയരത്തില്‍ നില്ക്കുന്ന പറങ്കിമാങ്ങയും താഴെ വീഴിക്കും. മാറങ്കുളത്തിന്റെ തെക്കുവടക്കുകരകള്ക്കുമദ്ധ്യേയുള്ള ജപമണ്ഡലം നാലുപ്രാവശ്യം തുടര്‍ച്ചയായിത്തന്നെ അവന് നീന്തിയെത്തുവാന്‍ സാധിക്കും എനിക്കതൊന്നും സാദ്ധ്യമല്ല. വൃക്ഷങ്ങളില്‍ കയറുവാന്‍ ഞാനും സമര്‍ത്ഥനാണ്. പക്ഷെ ഒറ്റത്തടിയായി വളരുന്ന വൃക്ഷങ്ങള്‍ എന്നെ ഇന്നും പരാജയപ്പെടുത്തുന്നു. വൃക്ഷശിഖരങ്ങളില്‍ നില്ക്കുന്ന ഫലങ്ങള്‍ എറിഞ്ഞു താഴെയിടുന്ന കാര്യത്തിന് ഒരിക്കലെങ്കിലും ഞാന്‍ ജയം നേടിയിട്ടില്ല. ഫലങ്ങളെ ലക്ഷ്യമാക്കി കല്ലൊ, വടിയോ ഞാന്‍ താഴെനിന്നുകൊണ്ടെറിഞ്ഞാല് അത് അവയുടെ സമീപപ്രദേശങ്ങളില്ക്കൂടിയെങ്കിലും കടന്നുപോകയില്ല.
അടുത്തതായി എനിക്കു പ്രതിപാദിക്കുവാനുള്ള കേസരിപാലസ്സായി രൂപാന്തരപ്പെട്ട കോശേരിമാളികയിലെ അന്നത്തെ അന്തേവാസികളെക്കുറിച്ചാണ്. എന്റെ കൗമാരകാലത്തിലെ ഒരു സാരമായ ഭാഗത്തിന് സകല നിറപ്പകിട്ടുകളും ലഭിച്ചത് അവിടെനിന്നാണെന്നുള്ള കാര്യം വിസ്മരിക്കുന്നതല്ല. ഇടപ്പള്ളി കൃഷ്ണരാജാതിരുമനസ്സിലെ പ്രഥമ പുത്രനായ ശ്രീ. പി. കെ. കരുണാകരമേനവന്‍ ഡോസ്റ്റോവ്സ്ക്കിയുടെ Crime and punishment (കുറ്റവും ശിക്ഷയും) എന്ന വിഖ്യാതകൃതിയുടെ പരിഭാഷകന് എന്ന നിലയില്‍ പ്രശസ്തനായിത്തീര്ന്നിട്ടുള്ള ഒരു സാഹിത്യകാരനാണ്. കാവ്യാത്മകമായ എന്റെ ജീവിതത്തിന് ആരോടെങ്കിലും ഒരു കടപ്പാടുണ്ടെങ്കില്‍ അതു മി. കരുണാകരമേനവനോടുമാത്രമാണെന്നു സന്തോഷപൂര്‍വ്വം ഞാന്‍ അറിയിച്ചുകൊള്ളുന്നു. അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍ എന്റെ കവിതാവാസന ഒരിക്കലും വികസിക്കുമായിരുന്നില്ല.
അദ്ദേഹത്തിന്റെ അനുജനായ കുഞ്ഞിക്കുട്ടനും ആല്ത്തറമഠത്തിലെ രവിവര്‍മ്മന്‍ തിരുമുല്പാടും എന്റെ ആത്മസുഹൃത്തുക്കളാണെന്ന് മുന്‍പു പറഞ്ഞിട്ടുണ്ടല്ലൊ. പകല്‍മുഴുവനും ഞാന്‍ കോശേരിയിലാണ് കഴിഞ്ഞുകൂടുക പതിവ്. ആ കുടുംബം യഥാര്‍ത്ഥത്തില്‍ ഒരതിഥിമന്ദിരമാണ്. അതിഥികളെ സല്ക്കരിക്കുവാന് മാത്രമാണോ അവിടത്തെ അംഗങ്ങള്‍ ജന്മമെടുത്തിട്ടുള്ളതെന്നുതോന്നിപ്പോകും. മി. കരുണാകരമേനവന്റെ മാതാവ് - ശ്രീമതി പുല്ല്യാട്ട് ഗൗരിക്കുട്ടിയമ്മ - ഒരൗദാര്യനിധിയാണ്. മനുഷ്യര്‍ക്ക് ഭക്ഷണം കൊടുത്തു അവര്‍ക്കു മതിവരുമെന്നു തോന്നുന്നില്ല. സാക്ഷാല്‍ മഹാലക്ഷ്മിയെപ്പോലെ സമുല്ലസിക്കുന്ന ആ പുണ്യമഹതിയെപ്പോലെ ഉദാരമനസ്ക്കകളായ സ്ത്രീകളെ വളരെ ചുരുക്കമായേ ഞാന്‍ കണ്ടിട്ടുള്ളു.
അതൊരു മദ്ധ്യവേനല്‍ ഒഴിവുകാലമാണ്. ഞങ്ങള്‍ സദാ കളിതന്നെ കളി. ആനന്ദമയമായ ജീവിതം. ഒരു ദിവസം ഉച്ചതിരിഞ്ഞ് പൊരിവെയിലില്‍ ഞങ്ങള്‍ കളിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍, മി. കരുണാകരമേനവന്‍ ഞങ്ങളെ അടുത്തുവിളിച്ചു. വെയില്താണിട്ടു കളിച്ചാല്‍ മതിയെന്നും, അതുവരെയുള്ള സമയം താന്‍ നടത്തുവാനുദ്ദേശിക്കുന്ന ഒരു `പരീക്ഷയ്ക്കായി വിനിയോഗിക്കണമെന്നും, സ്നേഹസാന്ദ്രമായ സ്വരത്തില്‍ അദ്ദേഹം ഞങ്ങളോടു പറഞ്ഞു. ഞങ്ങള്‍ സമ്മതിച്ചു. പരീക്ഷ ഇതാണ്. `പ്രഭാതം' എന്ന വിഷയത്തെ ആസ്പദമാക്കി ഞങ്ങള്‍ എന്തെങ്കിലും സ്വന്തമായിട്ടു എഴുതണം. മി.രവിവര്‍മ്മന്‍ തിരുമുല്പാടു ഇംഗ്ലീഷിലെഴുതാമെന്നു ഉടന്‍ തന്നെ സമ്മതിച്ചു. `കൃഷ്ണപിള്ളയ്ക്കു പദ്യത്തിലെഴുതിക്കൂടെ? മി. കരുണാകരമേനവന്‍ ചോദിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഹാ! ഞാന്‍ കവിയാണെന്നു അദ്ദേഹം അറിഞ്ഞിരിക്കുന്നു!ആകാം എന്ന് അഭിമാനപൂര്‍വ്വം ഞാന്‍ സമ്മതിച്ചു. ഗദ്യത്തില്‍ എന്തെങ്കിലും എഴുതുവാനേ സാധിക്കു എന്നു വിനയശീലനായ കുഞ്ഞിക്കുട്ടന്‍ പറഞ്ഞു. ഒരു മണിക്കൂറാണു സമയം. ഞങ്ങള്‍ മൂന്നുപേരും ഇരുന്നു എഴുതാന്‍ തുടങ്ങി.
അര്ക്കനുദിച്ചതുകാണ്കയാല് താപസര്‍
വല്ക്കലം മെല്ലെയെടുത്തുകൊണ്ട്
താമരപ്പൂക്കള്‍ വിരിഞ്ഞ നദികളില്‍
തൂമയില്‍ പോവുകയായ്ക്കുളിക്കാന്
വൃക്ഷത്തിന് കൊമ്പിലിരുന്നങ്ങുപാടിനാര്
പക്ഷിതന്‍ കുഞ്ഞുങ്ങള്‍ മോദമോടെ
മന്ദാരപുഷ്പങ്ങള്‍ മന്ദം വിരികയായ്
മന്ദാനിലനും, ഹാ, വീശുകയായ്........
ഇങ്ങിനെ നാല്പത്തട്ടുവരികള് കൃത്യസമയത്തിനുള്ളില്‍ ഞാന്‍ എഴുതിത്തീര്‍ത്തു. ഞങ്ങള്‍ മൂന്നു പേരുടെയും പ്രബന്ധങ്ങള്‍ പരീക്ഷകനായ മേനോന് പരിശോധിച്ചു മാര്‍ക്കിട്ടു. രവിവര്‍മ്മന്‍ തിരുമുല്‍പ്പാടിന് പത്തില്‍, നാലും, കുഞ്ഞിക്കുട്ടനു ആറും, എനിക്കു എട്ടും മാര്‍ക്കുവീതം കിട്ടി. എനിക്കുണ്ടായ ആനന്ദത്തിനതിരില്ല. മേനവന് എന്നെ വളരെ അഭിനന്ദിച്ചു; പ്രശംസിച്ചു; അതും എന്റെ കൂട്ടുകാരുടെ മുന്പില്! അതില്പരം ഒരു ചാരിതാര്‍ത്ഥ്യം എനിക്കുണ്ടാകേണ്ടതായിട്ടില്ല. എന്റെ പിഞ്ചുഹൃദയം അദ്ദേഹത്തിന്റെ പ്രശംസയില്‍ ആനന്ദനൃത്തം ചെയ്തു. മാത്രമല്ല അന്നു വൈകീട്ട് ഗണപതിക്ഷേത്രത്തില്നിന്നു അപ്പം കൊണ്ടുവന്നപ്പോള്‍ എല്ലാവര്ക്കും ഈരണ്ടും, കവിതയ്ക്കു സമ്മാനമായി എനിക്കു നാലും അപ്പം അദ്ദേഹം നല്കുകയുണ്ടായി. കവിതയെഴുത്തില് മുറയ്ക്കു ശ്രമിക്കണമെന്നും, മറ്റുള്ളവരുടെ കവിതകള്‍ ധാരാളം വായിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. വിശേഷിച്ചും മഹാകവി വള്ളത്തോളിന്റെ കൃതികള്‍ വായിക്കണമെന്നു പറഞ്ഞു. അന്നാണ് ആദ്യമായി `വള്ളത്തോള്‍' എന്ന നാമധേയം ഞാന്‍ കേള്‍ക്കുവാനിടയായത്. സാഹിത്യമഞ്ജരി തുടങ്ങിയ പദ്യകൃതികള്‍ മി.മേനവന് എനിക്കു വായിക്കുവാനായി തന്നു. അതിനുശേഷം പദ്യപാരായണവും പദ്യരചനയും ഞാന്‍ മുറയ്ക്കു നിര്‍വഹിച്ചുകൊണ്ടിരുന്നു.
കൊല്ലം രണ്ടു കഴിഞ്ഞു. ഇക്കാലത്തിനിടയില്‍ അനേകം പദ്യങ്ങള്‍ ഞാന്‍ എഴുതി മി, മേനവനെ കാണിച്ചിരുന്നു. അപ്പമാണ് സമ്മാനം. കണക്കിലേറെ അപ്പങ്ങള്‍ അങ്ങനെ ഞാന്‍ തിന്നൊടുക്കി. ഒരു മുഴുക്കൊതിയനായിരുന്നു ഞാന്‍. അപ്പത്തിലുള്ള കൊതിയല്ലെ എന്നെ കവിതയെഴുതാന്‍ പ്രേരിപ്പച്ചതെന്നുപോലും ഇന്നെനിക്കു തോന്നുന്നുണ്ട്. ആയിടക്കു `കവിമണി കെ.സി. കുട്ട്യപ്പ നമ്പ്യാര്‍' എന്ന യശശ്ശരീരനായ സാഹിത്യകാരന് കൃഷ്ണരാജാ തിരുമനസ്സിലെ അതിഥിയായി ഇടപ്പള്ളിയില്‍ എത്തി. ആ വന്ദ്യ കവിയുടെ വിഘ്നരാജോത്ഭവം എന്ന ആട്ടക്കഥയുടെ അരങ്ങേറ്റം നിര്‍വ്വഹിക്കപ്പെട്ടത് കൃഷ്ണരാജാതിരുമനസ്സിലെ ആഭിമുഖ്യത്തിലായിരുന്നു. ആ മഹാസാഹിത്യകാരന്റെ ആഗമനത്തിനു കാരണവും അതാണ്. മാത്തുര്‍ കുഞ്ഞുപിള്ളപ്പണിക്കര്‍, തോട്ടം ജി. ശങ്കരന്‍പോറ്റി തുടങ്ങിയ, കേരളകലയുടെ യശസ്തംഭങ്ങളായ മഹാ കലാകാരന്മായിരുന്നു, മേല്‍ പ്രസ്താവിച്ച ആട്ടക്കഥയിലെ നടന്മാര്. കഥകളി കാണുവാനുള്ള പ്രതിപത്തി അതിനുമുന്‍പുതന്നെ എന്റെ ഹൃദയത്തില്‍ വേരുന്നിയിരുന്നതിനാല് ആ സുദിനം എനിക്കൊരു മഹോത്സവം തന്നെയായിരുന്നു. മി, മേനവന് എന്നെ മി:കുട്ട്യപ്പ നമ്പ്യാര്‍ക്കു പരിചയപ്പെടുത്തിക്കൊടുത്തു. അദ്ദേഹം എന്റെ കൃതികളെല്ലാം എടുത്തുകൊണ്ടുവരാനായി പറഞ്ഞപ്പോള്‍ എനിക്കുണ്ടായ ആനന്ദം! ഞാന്‍ വീട്ടിലേയ്ക്കു ശ്വാസംവിടാതെ ഒരോട്ടം - പഴയ വീഞ്ഞപ്പെട്ടിയില്‍ കിടക്കുന്ന ആ കടലാസുകളെല്ലാം പെറുക്കിയെടുത്തു ഒരാത്മവിസ്മൃതിയില് ലയിച്ചുകൊണ്ട് അഞ്ചുമിനിട്ടുനുള്ളില് വീണ്ടും അദ്ദേഹത്തിന്റെ മുന്പില് ഞാന്‍ ആവിര്‍ഭവിച്ചു.
സന്താപത്തിനു ബന്ധമെന്തു, കൗതുകം നല്കീടുവാന് കെല്പ്പെഴും
സന്താനദ്രുമമുഗ്ദ്ധമഞ്ജരിപരം പേരാര്ന്ന കീരാംഗനേ?
എന്താണിങ്ങനെ കണ്ണടച്ചു ചെറുതും മിണ്ടാതെകുണ്ഠാശയം
ചിന്താഭാരമിയന്നമാതിരി മണി കൂട്ടില്ക്കിടക്കുന്നു നീ?
എന്നിങ്ങനെ മധുരപദകല്പിതങ്ങളും മധുനിഷ്യന്ദികളുമായ നിരവധി പദ്യപ്രകാണ്ഡങ്ങളാല് `സാഹിതീവിലാസത്തെ സഹൃദയസമക്ഷം സമര്‍പ്പിച്ച്, ആരാധ്യനായിത്തീര്ന്നിട്ടുള്ള ആ കവീശ്വരന്‍ എന്റെ വികൃതികളെല്ലാം അവധാനപൂര്‍വ്വം വായിച്ചുനോക്കുകയും,ഒടുവില്‍, കരുണാകരമേനവന്റെ നേര്‍ക്കു തിരിഞ്ഞുകൊണ്ട് "ഈ ബാലന് ഒരു സാമാന്യനല്ല, ഒരുകാലത്ത് നമ്മുടെ ഭാഷയ്ക്കു ഈ കുട്ടി ഒരു മഹാ നേട്ടമായിത്തീരും " എന്നിങ്ങനെ പറയുകയും ചെയ്തു. അതുകേട്ടപ്പോള്‍, ആനന്ദാതിരേകത്താല്‍ എനിക്കു മോഹലസ്യം സംഭവിക്കാഞ്ഞതു ഭാഗ്യമെന്നേ ഇന്നു ഞാന്‍ വിചാരിക്കുന്നുള്ളു. ആ കൃതികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന`മായ' എന്ന പദ്യം (ശ്ലോകങ്ങള്‍) അദ്ദേഹം പല പ്രാവശ്യവും വായിച്ചു. അത് അസ്സലായിട്ടുണ്ടെന്ന് എന്നോടാവര്ത്തിച്ചാവര്ത്തിച്ചു പറഞ്ഞു. ആ കൃതികളില്‍ ഒന്നും എനിക്കോര്‍മ്മയില്ല, കുറുക്കനും മുന്തിരിങ്ങയും എന്ന കഥയിലെ കുറുക്കന് മുന്തിരിപ്പടര്‍പ്പിന്റെ കീഴില്‍ നിന്നു കൊണ്ട്;
എന്തു ഞാനിഹചെയ്യേണ്ടു
ഹന്ത, മുന്തിരിതിന്നുവാന്?
എന്നിങ്ങനെ ആത്മഗതം ചെയ്യുന്ന ഭാഗം അദ്ദേഹത്തെ വളരെ രസിപ്പിക്കുയുണ്ടായി. മി. കരുണാകരമേനവന്റെ മുഖത്ത് ആ വന്ദ്യ കവിയുടെ പ്രശംസാവാക്കുകള്‍ കേട്ടു ചാരിതാര്ത്ഥ്യദ്യോതകമായ ഒരു പ്രകാശം സ്ഫുരിച്ചത് എന്റെ മനോദര്‍പ്പണത്തില്‍ ഇപ്പോഴും പ്രതിഫലിച്ചു കിടക്കുന്നുണ്ട്. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ ആ കവീശ്വരനോട് - സാഹിതീവിലാസകര്ത്താവായ കവിമണി കെ. സി. കുട്ട്യപ്പനമ്പ്യാരോട് - എനിക്കുള്ള കൃതജ്ഞത രേഖപ്പടുത്താവുന്നതുമല്ല. കാവ്യാത്മകമായ എന്തങ്കിലും സിദ്ധി എനിക്കു കൈ വന്നിട്ടുണ്ടെന്ന് മഹാജനങ്ങള്‍ക്കു തോന്നുന്നുണ്ടെങ്കില്‍, ആ സിദ്ധിക്കടിസ്ഥാനം മി. മേനവന്റെ നിരന്തര പ്രോത്സഹനം മാത്രമാണെന്നു ഞാന്‍ പ്രത്യേകിച്ചു പറയേണ്ടതില്ലല്ലൊ.
കോശേരിമാളികയില്‍, പറമ്പിന്റെ കിഴക്കെ അറ്റത്തായി `കളരി' എന്നു പറയുന്ന ഒരു കൊട്ടാരവും, മാറന്കുളത്തിന്റെ കിഴക്കേക്കരയിലുള്ള `കുളപ്പുരമാളിക' യുമായിരുന്നു ഞങ്ങളുടെ വിഹാരരംഗങ്ങള്‍. മുന്‍പൊരിടത്തു പ്രതിപാദിച്ചിട്ടുള്ള പദ്യങ്ങളില്‍ കാണുന്ന പേരുകാരെക്കൂടാതെ വേറെ ചിലരും ഞങ്ങളുടെ കളിസെറ്റില്‍ ഉണ്ടായിരുന്നു. അമ്പിയുടെ അനുജന് `അയ്യന്,' ഒരു `ബാലന്,' ഒരു `കൃഷ്ണപ്പണിക്കര്‍,' കുഞ്ഞിക്കുട്ടന്റെ അനുജത്തി `രത്നം' ഭാഗിനേയി `തങ്കം,' `കൃഷ്ണന്' `ശങ്കരനാരായണന്' ഇങ്ങനെ സഹോദരന്മാരായ രണ്ടു നമ്പൂതിരി ബാലന്മാര്, `അമ്പലംവിഴുങ്ങി' എന്നു വിളിക്കപ്പെട്ടിരുന്ന ഒരു ചന്ദ്രശേഖരന് നായര്‍, ഇങ്ങനെ പലരും........ പയ്യപ്പിള്ളിശങ്കരപ്പിള്ള, ഉണ്ടവേലു തുടങ്ങയവര്ക്കു കോശേരിമാളികയ്ക്കകത്തു പ്രവേശനമുണ്ടായിരുന്നില്ല.
പാത്താച്ചി രാമന്, ഭാസ്കരന്, കുഞ്ഞിക്കുട്ടന്‍, രവിവര്‍മ്മന്‍ ഞാന്‍ എന്നിവര്‍മാത്രം ചിലപ്പോള്‍ കളരിയിലും കുളപ്പുരമാളികയിലും ഒന്നിച്ചുകൂടും. ആ സമ്മേളനം ഗൂഢമായിരിക്കും.......
അന്നു ഞങ്ങള്‍ക്കു ഒരു `ബാലസമാജം' ഉണ്ടായിരുന്നു. സെക്രട്ടറി ഞാനാണ്, കുഞ്ഞിക്കുട്ടന്‍ ഖജാന്‍ജി, കൃഷ്ണപ്പണിക്കര്‍ പ്രസിഡന്റ്, കരുണാകരമേനവന്‍ രക്ഷാധികാരി. എല്ലാ ഞായറാഴ്ചയും പകല്‍ മൂന്നുമണിക്കു കുളപ്പുരമാളികയിലെ ഒരു വലിയ മുറിയില്‍ വെച്ച് സമ്മേളനം നിര്‍വ്വഹിക്കപ്പെടും. പദ്യപാരായണം, ഉപന്യാസപാരായണം, പ്രസംഗം, വാഗ്വാദം, അക്ഷരശ്ലോകമത്സരം ഇങ്ങനെ പലപരിപാടികളും സമ്മേളനത്തില്‍ ഉണ്ടായിരിക്കും. സെക്രട്ടറിയുടെ ചുമതലയേറിയ ഭാരം ഞാന്‍ പ്രശംസാര്‍ഹമാംവിധം നിര്‍വഹിച്ചിട്ടുണ്ട്.
ഒരു ഞായറാഴ്ച ഒരബദ്ധംപറ്റി. മേടമാസക്കാലം. തീപോലുള്ള വെയില്. എന്നെ ഒരുനേരത്തും വീട്ടില്‍ കാണാത്തതിനാല്‍ അമ്മ എപ്പോഴും വഴക്കു പറയാറുണ്ട്. അന്നു `മിനിട്സ്' എഴുതേണ്ടിയിരുന്നതിനാല്‍ ഞാന്‍ പുറത്തെങ്ങും പോയില്ല. മദ്ധ്യാഹ്നത്തോടുകൂടി ആ കൃത്യം നിര്‍വ്വഹിച്ചു കഴിഞ്ഞു. ഊണുകഴിഞ്ഞ ഉടന്‍ വെളിയിലേക്കിറങ്ങാമെന്നായിരുന്നു ഉദ്ദേശം. എന്നാല്‍ അമ്മ എന്നെ നല്ല പോലൊന്നു പറ്റിച്ചു. സകല മുണ്ടുകളും എടുത്തു ഒരു മുറിയിലിട്ടു പൂട്ടി. ഞാന്‍ കൗപീനമാത്രധാരിയായി ഇരുന്നു ഭക്ഷണം കഴിക്കുകയാണ്. ഊണു കഴിഞ്ഞു വന്നപ്പോള്‍ എനിക്കുപറ്റിയ അപകടം വെളിവായി. എന്റെ ഹൃദയം ആ ചൊരിവെയിലില് മുറ്റത്തു നില്ക്കുന്ന തുളസിക്കൂമ്പുപോലെ വാടിപ്പോയി. മുണ്ടുതരാന് പറഞ്ഞ് ഞാന്‍ കരച്ചില് തുടങ്ങി. അമ്മ എത്ര നിര്‍ബന്ധിച്ചിട്ടും വഴിപ്പെട്ടില്ല. പുറത്തയ്ക്കിറങ്ങിക്കൂടാ എന്നു ഉഗ്രമായ ഒരു നിരോധനാജ്ഞ! എന്തുചെയ്യും? സമയമങ്ങനെ പറന്നുപോകുന്നു. മണി രണ്ടുകഴിഞ്ഞു. ഞാന്‍ കുരങ്ങന് ചത്ത കാക്കാലനെപ്പോലെ വിഷണ്ഡനായിട്ടങ്ങനെ ഇരിക്കുകയാണ്. മുണ്ടു കിട്ടുകയില്ലെന്നുള്ള കാര്യം തീര്‍ച്ച! അമ്മ പതുക്കെ ഉറങ്ങിത്തുടങ്ങിയതിനോടുകൂടി ഞാന്‍ എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ, ഒരൊറ്റ ഓട്ടം! പടിഞ്ഞാറെ വേലിയ്ക്കു ഒരു `നൂട്ട' (ദ്വാരം) ഉണ്ട്. അതില്‍ കൂടി കടന്നു റോഡില്‍ക്കൂടി ഓടി ഒരു പ്രകാരത്തില്‍ കിഴക്കുവശത്തുള്ള കുളപ്പുരമാളികയില്‍ മിനിട്സ്ബുക്കുമായി ഞാന്‍ എത്തിച്ചേര്‍ന്നു. സദസ്യര്‍ അക്ഷമരായി എന്നെ കാത്തിരിക്കുകയാണ്. എന്റെ കിതപ്പും, പാരവശ്യവും, അതിനെക്കാള്‍ കവിഞ്ഞും എന്റെ കൗപീനമാത്രാച്ഛാദിതമായ ആകാരവും അവരെ അല്പം അമ്പരപ്പിച്ചു. കാര്യം ഞാന്‍ വിശദപ്പെടുത്തി. രണ്ടാംമുണ്ട് ആര്‍ക്കും ഉണ്ടായിരുന്നില്ല. അതിനാല്‍ തല്ക്കാലത്തേയ്ക്കു എന്റെ നഗ്നത മറയ്ക്കുവാന്‍ എന്നെ സഹായിക്കുന്ന കാര്യത്തില്‍ അവരും നിരാശരായി. എന്തിന്, അന്നത്തെ സമ്മേളനത്തില്‍ കൗപീനമാത്രധാരിയായി നിന്നുകൊണ്ട് കാര്യദര്‍ശി മിനിട്സ് വായിച്ചു എന്നുപറഞ്ഞാല്‍ മതി. പക്ഷെ പ്രസിഡന്റ് എന്റെ കൃത്യബോധത്തെക്കുറിച്ചു വളരെ പ്രശംസിച്ചു പറയുകയുണ്ടായി..............
ഒരിക്കല്‍ ഞങ്ങളുടെ സമ്മേളനത്തിനു ആദ്ധ്യക്ഷം വഹിച്ചത്, `രസികരസായനം' എന്ന സരസകാവ്യഗ്രന്ഥത്തിന്റെ കര്‍ത്താവായ ബ്രഹ്മശ്രീ പിലാക്കുടി മധുസൂദനന് ഭട്ടതിരിപ്പാടാണ്. അന്നു `പാറിപ്പോയ പൈങ്കിളി' എന്നൊരു കവിത ഞാന്‍ എഴുതി വായിക്കുകയുണ്ടായി. ഉപസംഹാര പ്രസംഗത്തില്‍ അദ്ദേഹം എന്റെ കവിതാചാതുരിയെ കണക്കിലേറെ പ്രശംസിച്ചു. മറ്റൊരിക്കല്‍ ശ്രീ. ഇടപ്പള്ളി സി. നാരായണപിള്ള ബി.എ.ബി.എല്‍. അദ്ധ്യക്ഷസ്ഥാനം അലങ്കരിക്കുകയും അന്ന് `സാഹിതീസംഗീതം' എന്നൊരു കവിത ഞാന്‍ എഴുതി വായിക്കുകയും ചെയ്തു. അന്നും എനിക്കു വലിയ അഭിനന്ദനങ്ങള്‍ ലഭിക്കുവാനുള്ള ഭാഗ്യം ഉണ്ടായി. ഈവക അഭിനന്ദങ്ങളും സമ്മേളനങ്ങളും സാഹിത്യവിഷയകമായി എനിക്കു നവംനവങ്ങളായ പ്രചോദനങ്ങള്‍ നല്കിക്കൊണ്ടിരുന്നു. രണ്ടു വര്‍ഷത്തിനുശേഷം മേല്‍ പ്രസ്താവിച്ച രണ്ടു പദ്യങ്ങളും, തിരുവിതാം കൂറില്‍ കോട്ടയത്തുനിന്നു പുറപ്പെടുന്ന `പ്രതിദിനം' എന്ന പത്രത്തില്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി എന്നുള്ളതും സാനന്ദം ഇവിടെ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു........
ഞാന്‍ ഇംഗ്ലീഷ് സ്ക്കൂളില്‍ പ്രിപ്പാറട്ടറിക്ലാസ്സില് ചേര്‍ന്ന കാലത്തു ശ്രീ ഇടപ്പള്ളി രാഘവന്‍പിള്ള രണ്ടാംഫാറത്തില് പഠിക്കുകയാണ്. അദ്ദേഹം ഞങ്ങളെക്കാളെല്ലാം പ്രായക്കൂടുതലുള്ള ആളായിരുന്നതിനാല്‍ ഞങ്ങളുടെ സെറ്റില്‍ ചേര്‍ന്നിരുന്നില്ല. മാത്രമല്ല അങ്ങനെ ചേരുന്നതു അല്പം പോരായ്മയാണെന്നുപോലും ഭാവിച്ചുകൊണ്ടിരുന്നു. ഞങ്ങളെ വെറും `മൈനറന്മാ'രാക്കി തള്ളിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആ അര്‍ത്ഥശൂന്യമായ അഹങ്കാരഭാവത്തിന് അല്പമൊരു മാറ്റം നേരിട്ടത് കരുണാകരമേനവനുമായിട്ടുള്ള സാഹചര്യത്തിലാണ്. രാഘവന്‍പിള്ള പതിവായി മി. മേനവനെ സന്ദര്‍ശിച്ചുകൊണ്ടിരുന്നു. പഠനകാര്യത്തില്‍ ദാരിദ്ര്യം പ്രതിബന്ധമായി നിന്നിരുന്നതിനാല്‍ ഉദാരമനസ്ക്കനായ മേനവന് ഇടപ്പള്ളിയെ കണക്കിലേറെ സഹായിച്ചിട്ടുണ്ട്. ഞാനും ദരിദ്ര്യനായിരുന്നു - രാഘവന്പിള്ളയെക്കാള് ദരിദ്രനായിരുന്നു. രാഘവന്‍പിള്ളയ്ക്കു പിതാവുണ്ട് - എക്സൈസുഡിപ്പാര്ട്ടുമെന്റില് ഒരു ശിപായി. ശമ്പളം കുറവാണെങ്കിലും പുറമേ നല്ല ഒരു തുക വരവുണ്ടായിരുന്നു. പക്ഷെ ദുഷ്ടഹൃദയയായ ഇളയമ്മ (അച്ഛന്റെ രണ്ടാമത്തെ ഭാര്യ) രാഘവന്‍പിള്ളയെ കണക്കിലേറെ ഉപദ്രവിച്ചിരുന്നതായി എനിക്കറിയാം. രാഘവന്‍പിളളയെ സഹായിക്കുന്ന കാര്യത്തില്‍ ഭര്‍ത്താവിനെ അവര്‍ വിലക്കിയിരിക്കാം. എന്നിരുന്നാലും ആ മനുഷ്യന് രാഘവന്‍പിള്ളയെ സഹായിച്ചുകൊണ്ടിരുന്നു. ഞാന്‍ ഒരിക്കലും ധനസംബന്ധമായ സഹായത്തിന് മി: കരുണാകരമേനവനെ സമീപിച്ചിട്ടില്ല. ഇന്നിതുവരെ മി. മേനവന് ഒരു പൈസപോലും എനിക്കു നല്‍കിയിട്ടുമില്ല. എന്റെ മുത്തശ്ശി ഇടപ്പള്ളിക്കൊട്ടാരത്തിലെ ഒരു `വേലക്കാരിയായിരുന്നു.
കോശേരിമാളികയില്‍ വന്നുതുടങ്ങിയതിനോടുകൂടി രാഘവന്‍പിള്ള എന്നോടു മിണ്ടിത്തുടങ്ങി. വെറും ലോഹ്യത്തിനുമാത്രം. പക്ഷെ ഞങ്ങളുടെ `ബാലസമാജ'ത്തില്‍ രാഘവന്‍പിള്ള പങ്കുകൊണ്ടിട്ടില്ല. മി. കരുണാകരമേനവന്റെ സെറ്റിലായിരുന്നു അദ്ദേഹത്തിന്റെ വിഹാരം. ശ്രീമാന്മാരായ തട്ടായത്തു പരമേശ്വരപ്പണിക്കര്‍, ശ്രാമ്പിക്കല്‍ പത്മനാഭമേനവന്‍, ബി.എസ്സ്. ശങ്കരന് നായര്‍, മേലങ്ങത്തു അച്ചുതമേനവന്, പി.എസ്സ്. ഗോപാലപിള്ള (മണിയന്), പി.എം. അച്ചുതവാരിയര്‍, താനത്തു കൃഷ്ണപിള്ള, നാകപ്പാടി കൃഷ്ണപിള്ള (നാകപ്പാടി നായകന്) തുടങ്ങിയ സഹൃദയന്മാര് ഒത്തുചേര്‍ന്നു ഒരു സമാജം നടത്തിക്കൊണ്ടിരുന്നു. അതിലെ അംഗമായിരുന്നു രാഘവന്‍പിള്ള. അതിനാല്‍ ഒരു പുച്ഛഭാവത്തിലാണ് രാഘവന്‍പിള്ള എന്നെ വീക്ഷിച്ചിരുന്നത്. ഇതെന്നെ വേദനിപ്പിച്ചു. ക്രമേണ എനിക്ക് അദ്ദേഹത്തോട് വെറുപ്പു തോന്നിത്തുടങ്ങി.........
ആ വെറുപ്പ് രണ്ടുമൂന്നു കൊല്ലത്തേയ്ക്കു അങ്ങനെ വളര്‍ന്നുവന്നു, രണ്ടു വര്‍ഷത്തിലും പരീക്ഷയില്‍ തോറ്റതിനാല്‍, സെക്കന്ററുഫാറത്തില് ഞാന്‍ ചെന്നപ്പോള്‍ രാഘവന്‍പിള്ള അവിടെത്തന്നെ ഉണ്ടായിരുന്നു. അങ്ങിനെ ഞങ്ങള്‍ സതീര്‍ത്ഥ്യരായി. പക്ഷെ പരസ്പരമുള്ള `ദ്വേഷം' ഒന്നുകൂടി വര്ദ്ധിക്കുവാനെ ആ സതീര്ത്ഥ്യബന്ധം ഉപകരിച്ചുള്ളു. `കണ്ണട നമ്പ്യാര്‍' എന്നു വിളിക്കുന്ന വയോധികനായ ഒരാളായിരുന്നു ഞങ്ങളുടെ ക്ലാസ്സിലെ ഗുരുനാഥന്. അദ്ദേഹത്തിനു `തുള്ളല്‍' വലിയ ഇഷ്ടമാണ്. ഞാന്‍ ഭംഗിയായി തുള്ളല്‍ക്കഥകള്‍ വായിക്കും. രാഘവന്‍പിള്ളയും മധുരമായി കഥനം ചൊല്ലുമെങ്കിലും എന്നോളം നന്നാവുകയില്ല. അതിനാല്‍ മിക്കപ്പോഴും പദ്യപുസ്തകങ്ങള് സാറെന്നെക്കൊണ്ടാണു വായിപ്പിക്കുക പതിവ്. ഇക്കാര്യത്തിലും രാഘവന്‍പിള്ള അസൂയാലുവായി; ഞാന്‍ അഹങ്കാരിയും. അങ്ങനെ അഹങ്കാരവും അസൂയയും തമ്മിലുള്ള ഒരു പോരാട്ടം ഞങ്ങള്‍ തമ്മില്‍ ആരംഭിച്ചു. അത് ഉച്ചാവസ്ഥയിലെത്തിയത് `പരീക്ഷ്യ്ക്കാണ്. മലയാളത്തില്‍ എനിക്കു അന്‍പതില്‍ മുപ്പത്തിരണ്ടും, രാഘവന്പിള്ളക്കു ഇരുപത്തിയേഴും മാര്ക്കാണുകിട്ടിയത്. ക്ലാസ്സില്‍ ഒന്നാമന് ഞാനായിരുന്നു. ഈ വിധി വൈപരീത്യം രാഘവന്‍പിള്ളയെ ഭ്രാന്തുപിടിപ്പിച്ചു. അന്നു സ്കൂളിലുണ്ടായിരുന്ന `ചട്ടമ്പി'കള്‍ രാഘവന്പിള്ളയുട കൂട്ടുകാരാണ്. അവരെ സ്വാധീനത്തിലാക്കി അവരോടൊത്തു ചേര്‍ന്ന് രാഘവന്വിള്ള എന്നെ മര്മ്മഭേദാകമാംവിധം പരിഹസിക്കാന്‍ തുടങ്ങി. എന്റെ മുത്തശ്ശി ഇടപ്പള്ളിമഠത്തിലെ വേലക്കാരിയാണെന്നു പറഞ്ഞിട്ടുണ്ടല്ലൊ. അക്കാരണത്താല്‍ അക്കാലത്തു കണക്കിലേറെ പരിഹാസശരങ്ങള്‍ എന്റെ ഹൃദയമര്‍മ്മങ്ങളെ പിളര്‍ന്നിട്ടുണ്ട്. "എച്ചില്‍തീനി" എന്നു പറഞ്ഞു അവര്‍ - വിശേഷിച്ചും രാഘവന്‍പിള്ള - എന്നെ എത്ര ദിവസം കരയിച്ചു! എന്റെ മുത്തശ്ശി അടിച്ചുതളിക്കാരിയായിരുന്നു എങ്കിലും, എന്റെ വീട്ടിലുള്ളവരെല്ലാം ഉച്ഛിഷ്ടം ഭുജിച്ചിട്ടുണ്ടെങ്കിലും, `ആണായ' എനിക്കോ എന്റെ സഹോദരങ്ങള്‍ക്കോ അവര്‍ അതു നല്കുകയുണ്ടായിട്ടില്ല. ഞാന്‍ ഇന്നിതുവരെ ഉച്ഛിഷ്ടം ആഹരിച്ചിട്ടുമില്ല. അക്കാലത്ത് എന്റെ പ്രതിയോഗികളോട് ആ പരമാര്‍ത്ഥം പറഞ്ഞതുകൊണ്ട് എന്തു പ്രയോജനം. ഞാന്‍ പലരോടും ആവലാതി പറഞ്ഞു. ഞാന്‍ ഉച്ഛിഷ്ടം ഭുജിക്കാറുണ്ടോ എന്നു എന്റെ വീട്ടില്‍ ചെന്നു ചോദിക്കുവാനായി അവരോടു കേണപേക്ഷിച്ചു. കഷ്ടം! എന്തൊരു കഥയില്ലായ്മ! എന്തൊരു ദുരഭിമാനം! എന്നാലും അന്നു ഞാനതു ചെയ്തു. അവരുടെ കാല്പിടിച്ചു യാചിച്ചു. ഒരു പ്രയോജനവുമുണ്ടായില്ല; എന്നു തന്നെയല്ല, അവരുടെ പരിഹാസവര്‍ഷം വര്‍ദ്ധിക്കുകയാണു ചെയ്തത്. അതിനും പുറമെ അന്ന് എന്നെപ്പരിഹസിച്ച് രാഘവന്‍പിള്ള ചില കവിതകള്‍ എഴുതുകകൂടി ചെയ്തു. സ്കൂളില്‍ വന്നാല്‍, എന്റെ അടുത്തുവന്നു അവര്‍ അത് പാടിത്തുടങ്ങും. എനിക്കു ഭ്രാന്തുപിടിക്കും. ഒരിക്കല്‍ ഒരു വഴക്കുതന്നെ ഉണ്ടായി. രാഘവന്‍പിള്ള എന്റെ മുതുകത്ത് ഒരിടി. ഞാന്‍ ഹെഡ്മാസ്റ്റരോടു ചെന്നു പരാതിപ്പെട്ടു. അദ്ദേഹം കുറ്റവാളികളെ കണക്കിനു ശിക്ഷിച്ചുവെങ്കിലും, അതുകൊണ്ടും അവരുടെ പരിഹാസത്തിനു യാതൊരു ശമനവും ഉണ്ടായില്ല. രാഘവന്‍പിള്ള രചിച്ചിട്ടുള്ള ആ പരിഹാസപ്പാട്ടുകള് ഇന്നെനിക്കോര്‍മ്മയില്ല. അങ്ങിങ്ങു ഓര്‍മ്മയില്‍ വരുന്നതു ചുവടെ ചേര്‍ക്കാം
നന്നായവിലങ്ങെടുത്ത് - അതില്‍
മന്നങ്ങാ കൊത്തിയങ്ങിട്ട്,
ശര്‍ക്കര കൂട്ടിത്തിരുമ്മി - ത്തിന്നാല്‍
സര്ക്കസ്സുകാരനായ് ത്തീരാം!
ഇതില്‍ ഹാസ്യം കേന്ദ്രീകരിച്ചിട്ടുള്ളത് "മന്നങ്ങാ" എന്ന പദത്തിലാണ്. എന്നെ ചങ്ങമ്പുഴ ബപ്പി എന്നു പരിഹാസമായി വിളിക്കാറുണ്ടെന്നു മുന്‍പു സൂചിപ്പിച്ചിട്ടുണ്ടല്ലൊ. `ചങ്ങമ്പുഴ ബപ്പിമൂപ്പന് ' - `കുടുംബി' വര്‍ഗ്ഗത്തില്‍പ്പെട്ട ഒരുവനാണ്. അവരുടെ ഏറ്റവും പ്രിയമുള്ള ഒരാഹാരപദാര്ത്ഥമത്രേ, മന്നങ്ങാ. (നല്ലപോലെ മുപ്പെത്താത്ത നാളികേരം) അവരെ പരിഹാസമായി `മന്നങ്ങാ' എന്നും `മന്നങ്ങാ തീനീകള്' എന്നും വിളിക്കാറുണ്ട്.
പച്ചക്കടലയ്ക്ക തിന്നാല്‍ - ആര്‍ക്കും
പദ്യമെഴുതുവാനൊക്കും,
മെച്ചത്തിലുള്ളതായ്ത്തീരും - കുറ
ച്ചെച്ചിലും കൂടിക്കഴിച്ചാല്‍.
അടിച്ചുതളിക്കാരിയായ എന്റെ മുത്തശ്ശിയുടെ വലത്തേ തോളില്‍ കടലയ്ക്കായുടെ മുഴുപ്പും ആകൃതിയും ഉള്ള `ഒരരിമ്പാറ' ഉണ്ടായിരുന്നു. അതുകാരണം അവരെ `കടലയ്ക്കാ' എന്നു വിളിച്ചിരുന്നു. പിന്നീട് ആ പരിഹാസനാമം വീട്ടിലെ മറ്റംഗങ്ങളിലേയ്ക്കും പകരപ്പെട്ടു. `പച്ചക്കടലയ്ക്ക' എന്ന കവി പ്രയോഗത്തിന്റെ സ്വാരസ്യം ഇതില്‍നിന്നു വെളിപ്പെടുന്നുണ്ടല്ലൊ. അനേക സംവത്സരങ്ങള്‍ കവിഞ്ഞ് എന്റെ ബാഷ്പാഞ്ജലി എന്ന ആദ്യത്തെ കാവ്യസമുച്ചയം പ്രസിദ്ധീകൃതമായപ്പോള്‍ അതിലെ പ്രഥമപദ്യത്തിന്റെ പ്രാരംഭമായ,
ആരുവാങ്ങുമിന്നാരുവാങ്ങുമീ
യാരാമത്തിന്റെ രോമാഞ്ചം?
എന്ന ഈരടി പരിഹാസലോലുപനായ ഏതോ ഒരഞ്ജാത കവി
ആരുവാങ്ങുമിന്നാരുവാങ്ങുമീ
ന്നാറു കാശിന്റെ കടലയ്ക്കാ?
എന്നു രൂപാന്തരപ്പെടുത്തുകയും അതിനു എന്റെ ജന്മദേശത്തില് അത്ഭുതാവഹമായ പ്രചാരം സിദ്ധിക്കുകയും ചെയ്തു. ചില കുസൃതിക്കുട്ടികള്‍ എന്റെ വീടിന്റെ മുന്‍വശത്തെത്തുമ്പോള്‍ മേല്‍ പ്രസ്താവിച്ച `പാരഡി' ഉറച്ചു ചൊല്ലിയിട്ട് ഓടിപ്പോകുന്നതു പലപ്പോഴും എന്റെ ദൃഷ്ടിയില് പെട്ടിട്ടുണ്ട്.
മി. രാഘവന്‍പിള്ള ഇങ്ങനെ ഒട്ടേറെ പദ്യങ്ങള്‍ എന്നെക്കുറിച്ചെഴുതിയിട്ടുണ്ടെങ്കിലും ഒന്നുപോലും എനിക്കിന്നോര്ക്കാന് സാധിക്കുന്നില്ല. പനിനീര്പ്പുപോലെ മൃദുലമായ എന്റെ ഹൃദയത്തെ അക്കാലത്തു ഏറ്റവും വേദനിപ്പിച്ചിട്ടുള്ള വ്യക്തി അനശ്വര നാമധേയനായ ആ അനുഗ്രഹീതകവിവര്യനാണ്. പക്ഷേ അക്കാരണത്താലായിരിക്കാം പിന്നിട് ഞങ്ങളുടെ ആത്മക്കള് അത്രമാത്രം ഒട്ടി അഭേദ്യമായ രീതിയില്‍ ഒട്ടിപ്പിടിക്കുവാനിടയായത്. ഞങ്ങളുടെ സൗഹാര്‍ദ്ദം ആരംഭിക്കപ്പെടുന്നത് ഇനിയും വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണ്. അതിനെക്കുറിച്ചു യഥാവസരം വിവരിച്ചുകൊള്ളാം....
കുട്ടിക്കാലം മുതലേ ഞാന്‍ ഒരു സ്വപ്നവിഹാരിയായിരുന്നു. ക്ലാസ്സുമുറിയില്‍ ഇരിക്കുന്ന അവസരത്തില്‍ ജാലകദ്വാരത്തില്കൂടി, അങ്ങകലെ കുണുങ്ങിക്കൊണ്ടുനില്ക്കുന്ന വൃക്ഷശിഖരങ്ങളേയും, അവയ്ക്കിടയില്ക്കൂടെ പ്രത്യക്ഷപ്പെടുന്ന നീലാംബരശകലങ്ങളേയും, സ്വപ്നസമാനം ഇഴഞ്ഞേറുന്ന മേഘമാലകളേയും, കണ്ണിമയ്ക്കാതെ അങ്ങനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്റെ പതിവ്. ഗുരുനാഥന് ചോദ്യം ചോദിച്ചാല്‍ ഞാന്‍ അറിയുകയില്ല. "എന്തെടോ, ഉറങ്ങുകയാണോ? " എന്നദ്ദേഹം പലപ്പോഴും കോപത്തോടെ എന്നോടു ചോദിക്കാറുണ്ട്. പ്രകൃതിക്കു എന്റെ മേല്‍ അത്ഭുതാവഹമായ സ്വാധീനശക്തി ഉണ്ടായിരുന്നു. പക്ഷികളോടായിരുന്നു എനിക്കേറ്റവും ഇഷ്ടം. പുഷ്പങ്ങള്‍ക്കു എന്നെ ലഹരിപിടിപ്പിക്കാന്‍ സാധിക്കുമായിരുന്നു. വീടിന്റെ മുന്‍വശത്തുള്ള വെള്ളമണലില്‍ മലര്‍ന്നുകിടന്ന് നക്ഷത്രനിബിഡമായ ആകാശത്തെ ഉറ്റുനോക്കിക്കൊണ്ട് അനവധി മണിക്കൂറുകള്‍ ഞാന്‍ ആത്മവിസ്മൃതിയില്‍ ലയിച്ചിട്ടുണ്ട്. ചന്ദ്രികാചര്ച്ചിതങ്ങളായ നിശീഥിനികള്‍ എന്റെ ആത്മാവിനെ കോരിത്തരിപ്പിച്ചു. ഇങ്ങനെ, നന്നചെറുപ്പം മുതല്ക്കുതന്നെ പ്രകൃതി പ്രതിഭാസങ്ങളില്‍ നിര്ല്ലീനമായ സൗന്ദര്യം ഞാനറിയാതെ എന്നെ വശീകരിക്കുകയും അങ്ങനെ എന്റെ ആത്മാവു നിര്വ്വാണാത്മകമായ ഒരു സ്വപ്നമേഖലയില് സ്വച്ഛന്ദവിഹാരം ചെയ്യുകയും പതിവായിരുന്നു. സൗന്ദര്യാസക്തിയില്നിന്നും സംജാതമായ അന്നത്തെ ഹൃദയവികാരങ്ങള്‍ അതേപടി ഞാന്‍ അക്കാലത്തെ പദ്യശകലങ്ങളില് പകര്‍ത്തിയിട്ടുണ്ട്. ഇന്നത്തെ കൃതികളെക്കാള്‍ ഞാന്‍ വിലമതിക്കുന്നത്, ഇഷ്ടപ്പെടുന്നത്, ആ ബാല്യകാലകൃതികളെയാണ്. പക്ഷേ അവ എനിക്കെന്നേന്നേയ്ക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു.
ഈ സൗന്ദര്യാസക്തി എന്നെ പലപ്പോഴും അപഥത്തിലേക്കും നയിക്കാതിരുന്നിട്ടില്ല. സൗന്ദര്യമുള്ള ഏതു പെണ്‍കുട്ടിയേയും ഞാന്‍ അന്നിഷ്ടപ്പെട്ടു. അതെ, പത്തുവയസ്സുമാത്രം പ്രായമുള്ളപ്പോള്‍, ഒരിക്കല്‍ എന്റെ വീട്ടില്‍ ഒരു പെണ്‍കുട്ടി വന്നു. അവള്കഷ്ടിച്ചരനാഴിക അകലെയുള്ള `മംഗലത്തുമനയ്ക്കല്' നിന്നിരുന്ന ഒരു തുണക്കാരിപ്പെണ്ണാണ്. കാണാന്‍ കൗതുകമുള്ള ഒരു ചെറുപ്പക്കാരി - കഷ്ടിച്ചു പതിനാറുവയസ്സു പ്രായംകാണും, ഞാനും ഉണ്ടവേലുവുംകൂടി വീടിന്റെ പൂമുഖത്തു ഒരു കട്ടിലിന്മേല് ഓരോന്നു സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവളെക്കണ്ടപ്പോള്‍ ഉണ്ടവേലുവിന്റെ മുഖം പെട്ടെന്നൊന്നു വികസിച്ചു. "എടോ നമുക്കു കോളായി" ഉണ്ടവേലു പറയുകയാണ്. ഞാന്‍ കാര്യം ചോദിച്ചു. എല്ലാം അവന് വിവരിച്ചുപറഞ്ഞു. എന്തിനു, ഉണ്ടവേലുവിന്റെ വാക്കുകളില്‍ ഞാന്‍ മയങ്ങപ്പോയി. കുറച്ചുനേരം കഴിഞ്ഞ് പെണ്‍ക്കുട്ടി വീട്ടില്‍നിന്നിറങ്ങി; പുറകെ ഞങ്ങളും. അന്നും ഞാന്‍ കൗപീനമാത്രധാരിയാണ്. മുണ്ട് അകത്താകയാല് എടുക്കാന്‍ നിവൃത്തിയില്ല.
ഞങ്ങള്‍ പുറകില്‍ ഒരു പത്തുവാര അകലത്തായി അവളെ അനുഗമിച്ചുതുടങ്ങി. ഇടക്കിടെ അവള് തലതിരിച്ചുനോക്കും. എന്റെ ഹൃദയത്തില്‍ ഒരു തരിതരിപ്പ്. അല്പമൊരു സംഭ്രമം. അതെല്ലാം അധഃകരിച്ചുകൊണ്ടു അനിര്‍വാച്യമായ ഒരാനന്ദവും! ഹാ, ഉണ്ടവേലു ആള് എന്തു വീരനാണ്!
ഏതാണ്ട് മംഗലത്തുമന സമീപിക്കാറായി. പ്രധാനവഴിയില്‍ ഒരിടുങ്ങിയ ഇടവഴിയുണ്ട്. അവള് അതിലേതിരിഞ്ഞു. മദ്ധ്യാഹ്നം; ആ പ്രദേശമെല്ലാം കേവലം വിജനമാണ്. ഞങ്ങള്‍ അവളുടെ തൊട്ടടുത്തെത്തി. എന്റെ ഹൃദയം ശക്തിയായി മിടിച്ചുതുടങ്ങി.
" ദേ, പിന്നേയ് - ഒരു കാര്യമൊന്നു പറയാനുണ്ടല്ലോ."ഉണ്ടവേലു നയത്തില്‍ ആരംഭിച്ചു. പെണ്‍കുട്ടി തിരിഞ്ഞു നിന്നു; ഞങ്ങളും. അവളുടെ കണ്ണില്‍നിന്ന് അഗ്നിജ്വാലകള്‍ പറക്കുന്നതായി ഞാന്‍ കണ്ടു. ഞാന്‍ കിടുകിടുത്തുപോയി.
"എന്താടാ കാര്യം, പട്ടി" ഒരട്ടഹാസം!
ഈശ്വരാ, നിമിഷത്തിനുള്ളില്‍ ഞാന്‍ അവിടെനിന്നും പറപറന്നു. എന്തോട്ടമായിരുന്നു എന്റേത്! ഉണ്ടവേലു എവിടെ? പെണ്ണെവിടെ? എന്തു സംഭവിച്ചു? ആവോ? എന്റെ വീട്ടില്‍ വന്നെത്തിയിട്ടേ എനിക്കു ശ്വാസം നേരെ വീണുള്ളു. അതുമാത്രമല്ല പിന്നീടും എനിക്കു വലിയ ഭയവും തോന്നി. അവള് വീട്ടില്‍വന്നു അതിനെക്കുറിച്ചു പ്രസ്താവിച്ചാലോ! കുറെ ദിവസത്തെയ്ക്കു എനിക്കു അതു തന്നെയായിരുന്നു ചിന്ത. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് വീണ്ടും ആ പെണ്ണിന്റെ ആവിര്‍ഭാവം എന്റെ ഗൃഹത്തിലുണ്ടായി. ഞാന്‍ പേടിച്ചരണ്ടുകൊണ്ടു പൂമുഖത്തു ശ്വാസംവിടാതെ ഇരിക്കുകയാണ്. പക്ഷേ, ഭാഗ്യം, അവള് ഒന്നും പറയുകയുണ്ടായില്ല......
ഞങ്ങളുടെ ക്ലാസ്സില്‍ ` അമ്മു' എന്ന പേരോടുകൂടി അതിസുന്ദരിയായ ഒരു പെണ്‍കുട്ടി പഠിച്ചിരുന്നു. ആ പെണ്‍കുട്ടിയോടു നിയന്ത്രണാതീതമായ ഒരഭിനിവേശം എനിക്കുണ്ടായി. ഇന്നും ആ ആശയുടെ നേര്‍ത്ത ഒരു നിഴല്‍പ്പാട് എന്റെ ഹൃദയത്തിന്റെ നിഗൂഢതയില്‍ അവശേഷിച്ചിട്ടില്ലേ എന്നു ഞാന്‍ സംശയിക്കുന്നു. ഇത്രമാത്രം സത്യയും സുശീലയുമായ ഒരു യുവതി വേറെയുണ്ടെന്നു തോന്നുന്നില്ല. സദാ അവളെക്കുറിച്ചുള്ള ചിന്ത എന്നെ പീഡിപ്പിച്ചുകൊണ്ടിരുന്നു. അക്കാലത്ത് ഒരു സതീര്ത്ഥ്യനില്നിന്നും അത്ഭുതാവാഹമായ ഒരു വിജ്ഞാനശകലം എനിക്കുലഭിക്കുകയുണ്ടായി. ചളിക്കണ്ടങ്ങളില്‍ കണ്ടുവരുന്ന ഒരു അട്ടയെ (നൂലട്ട) പിടിച്ചെടുക്കുക ഒരു ഇളയ അടയ്ക്ക (പയ്ങ്ങാ) നടുവേ പൊളിച്ചു അട്ടയെ അതിനുള്ളിലാക്കുക; അനന്തരം അതു അതിനുള്ളില്‍ നിന്നു രക്ഷപ്പെടാതെ ചേര്‍ത്തടച്ചു നൂല്‍കൊണ്ടു വരിഞ്ഞുകെട്ടി മുന്നു മാസം പുകയത്തുവയ്ക്കുക; പിന്നീടെടുത്തു തോടുപൊളിച്ചു നോക്കുമ്പോള്‍, അട്ടയും കഴമ്പും കൂടി ഉണങ്ങിച്ചേര്ന്നിരിക്കുന്നുണ്ടാവും. അതെടുത്തു നല്ലപോലെ അമ്മിയിന്മേല്‍ അരച്ചു ശീലപ്പൊടിയാക്കുക. ആ പൊടിയെടുത്തു നെറ്റിയിന്മേല് ഒരു തിലകം ചാര്‍ത്തിക്കൊണ്ടു ഏതെങ്കിലും സ്ത്രീയുടെ നേരെ നോക്കിയാല്‍, അവള് വ്യാമൂഢയായി, തിലകധാരിയുടെ പിന്നാലെ പോരുന്നു! ഹാ! എന്തൊരത്ഭുതം! ആഭിചാരത്തിന്റെ അജയ്യപ്രഭാവം. ആ ജ്ഞാനവീചി എന്റെ ഹൃദയത്തെ എത്രമാത്രം ഇളക്കിമറിച്ചു എന്നു വര്‍ണ്ണിക്കാവുന്നതല്ല. ചിരകാലമായി ഞാന്‍ യാതൊന്നിനുവേണ്ടി, ഉഴറുന്നുവോ ആ നിധി നിഷ്പ്രയാസം എന്റെ കൈവശം എത്തിച്ചേരുന്നു!
പിറ്റെദിവസം മുതല്‍ ഞാന്‍ അട്ടയെപ്പിടിക്കാനുള്ള ശ്രമമായി. സ്കൂളിനടുത്തുതന്നെ പോളക്കുളം എന്നൊരുകണ്ടമുണ്ട്. നിറച്ചു ചേറും കുളത്താമരകളുമാണ്. അതിലിറങ്ങുന്ന കന്നുകാലികളുടെ കാലിന്മേല് അമ്മിക്കുഴയുടെ വലിപ്പമുള്ള വലിയ വലിയ അട്ടകള്‍ കടിച്ചുതൂങ്ങിക്കിടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവയെ എനിക്കു വലിയ അറപ്പും ഭയവുമായിരുന്നു. എന്നാല്‍ ആ അറപ്പും ഭയവുമെല്ലാം എന്റെ ഹൃദയത്തില്നിന്നകന്നു നീങ്ങി. ഞാന്‍ ചേറിലിറങ്ങിനിന്നു. ഏറെനേരംനിന്നു കരയ്ക്ക്കയറി ഉല്‍ക്കണ്ഠയോടെ നോക്കി, കഷ്ടം, ആയില്ല. എന്തിനു പല ദിവസവും ഞാന്‍ എന്റെ പരിശ്രമം ആവര്‍ത്തിച്ചു. സ്കൂളില്‍ പോകാതെ ഒളിച്ചുപോന്നു ചേറ്റിലിറങ്ങി നില്ക്കുക. ഒരു ദിവസം ഒരു വലിയ `പോത്തനട്ട' കാലില്‍ പിടിക്കൂടി. പക്ഷെ അതു കൊള്ളുകയില്ല. നൂലട്ടതന്നെ വേണം. കൈവശം ചുണ്ണാമ്പു കരുതിയിരിക്കും. അട്ടയുടെപിടിവിടുവിക്കാന്. മിക്കപ്പോഴും വലിയ അട്ടകള്‍ കാലിന്മേല് പിടികൂടും. പക്ഷേ ചെറുതിനെ കിട്ടുകയില്ല. ദ്വേഷ്യവും നൈരാശ്യവും അക്ഷമയും കൂടിച്ചേര്‍ന്ന ഒരു മിശ്രവികാരം എന്നെ കലികൊളളിച്ചിട്ടുണ്ട്. ഒടുവില്‍ - എന്റെ ഭാഗ്യമെന്നു പറയട്ടെ - ഒരു നൂലട്ടയും എന്റെ കാലിന്മേല് കടന്നുപിടികൂടി, ആ ദര്‍ശനത്തില്‍ എനിക്കുണ്ടായ ആനന്ദം! ലുബ്ധനു നിധികിട്ടിയാല്‍ പോലും അത്രത്തോളം ഒരാത്മഹര്ഷമുണ്ടാകുമെന്നു തോന്നുന്നില്ല. പണ്ഡിതനായ സതീര്‍ത്ഥ്യന്റെ നിര്‍ദ്ദേശാനുസാരം ആ അട്ടയെ ഞാന്‍ അടയ്ക്കയിലാക്കി വരിഞ്ഞുകെട്ടി, കാണാതെ, അടുക്കളയുടെ തട്ടിന്‍പുറത്തു ഒരു വാരിയിന്മേല് തൂക്കിയിട്ടു. പിന്നത്തെ മൂന്നു മാസക്കാലമാണ് വാസ്തവത്തില്‍ ഞാന്‍ വിഷമിച്ചത്. ദിവസം മുന്നോട്ടു നീങ്ങുന്നില്ല..........
ഒടുവില്‍ ആ സുദിനവും സമാഗതമായി. എന്റെ നിധി ഞാന്‍ പുറത്തെടുത്തു. വീട്ടില്‍ ആരും കാണാതെ രഹസ്യമായി അതു പൊടിച്ചെടുത്തു ഒരു കൊച്ചു കുപ്പിക്കകത്താക്കി എന്റെ പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചു.
അന്ന് ഒരു പ്രദോഷദിവസമായിരുന്നു; ഞങ്ങള്‍ നിത്യവും വൈകുന്നേരം അമ്പലത്തില്‍ പോകും. അന്നു ഞാന്‍ കൂട്ടുകാരെ കാത്തുനിന്നില്ല. എന്റെ മാന്ത്രിക ചൂര്ണ്ണക്കുപ്പിയും എളിയില്‍ വച്ചുകൊണ്ട് ഞാന്‍ കാലേക്കൂട്ടി അമ്പലത്തിലേയ്ക്കു പുറപ്പെട്ടു. ഏറെനേരം എനിക്കവിടെ കാത്തുനില്ക്കേണ്ടിവന്നു. അതിനിടയില്‍ കൂട്ടുകാര്‍ പലരും വന്നു തൊഴുതിട്ടു പോയി. എന്നെ വിളിച്ചപ്പോള്‍ വഴിപാടുണ്ടെന്നും അതു വാങ്ങിച്ചശേഷം അത്താഴപ്പൂജ കഴിഞ്ഞേ മടങ്ങി വരാനൊക്കു എന്നും പറഞ്ഞ് ഞാനവരെ മടക്കി അയച്ചു. ചിലരെ മനസാ ശപിക്കുകപോലും ചെയ്തു. ഞാന്‍ അക്ഷമനായി നില്‍ക്കുകയാണ്. പലരും വരുന്നുണ്ട്, പോകുന്നുണ്ട്. പക്ഷെ അവള്മാത്രം വരുന്നില്ല!
ഒടുവില്‍, അവളും വന്നു. നേരം സന്ധ്യ സമീപിച്ചിരിക്കുന്നു. ഭാഗ്യം,അവള് തനിച്ചാണ്! ഞാന്‍ മതിലിനപ്പുറത്തു ചെന്ന്, ആരും കാണാതെ കുപ്പിയെടുത്ത്, നെറ്റിയില്‍ പെട്ടെന്നു കാണാത്തക്കവിധത്തില്, ആ ചൂര്‍ണ്ണംകൊണ്ടു ഒരു വലിയ `ഗോപി' - മുഴുത്ത ഗോപിക്കുറി - തൊട്ടിട്ടു തുടിക്കുന്ന ഹൃദയത്തോടും, ഒരു ഘാതകന്റെ സംഭ്രമപാരവശ്യത്തോടുംകൂടി ക്ഷേത്രമുറ്റത്തേയ്ക്കു പ്രവേശിച്ചു. അവള് പ്രദിക്ഷണം വെയ്ക്കുന്നു. ഞാന്‍ നേരെ വലതുഭാഗത്തുകൂടി അവള്‍ക്കഭിമുഖമായിച്ചെന്നു. മിക്കവാറും ഞാന്‍ അര്‍ദ്ധപ്രജ്ഞനായിരുന്നു. അവളുടെ അടുത്തുചെന്ന് നെറ്റി അവളുടെ നേര്‍ക്കുയര്‍ത്തിപ്പിടിച്ചുകൊണ്ട് കണ്ണുംമിഴിച്ച് ഒരു മിനിട്ടങ്ങനെ നിലകൊണ്ടു, അവള് പെട്ടെന്നു നിന്ന് അത്ഭുതാധീനയായി എന്നെ തുറിച്ചുനോക്കി. പറ്റി. മന്ത്രശക്തിഫലിച്ചതുതന്നെ! ഞാന്‍ സംശയിച്ചില്ല. തിരിഞ്ഞു വേഗത്തില്‍ നടകൊണ്ടു, അവള് എന്നെ അനുഗമിക്കുമെന്നുള്ളതു നിശ്ചയമല്ലേ. ഞാന്‍ നേരെ നടന്നു, അര ഫര്‍ലാംഗ് അകലത്തുള്ള പെണ്‍പള്ളിക്കൂടത്തില്‍ കടന്നു വരാന്തയില്‍ ഇരിപ്പായി. അല്പ്പാല്പം ഇരുട്ടു വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. എന്റെ ഹൃദയസ്പന്ദനങ്ങള്‍ കാതിലങ്ങനെ മുഴങ്ങുകയാണ്. അവള് വരുമെന്നുള്ള കാര്യത്തില്‍ എനിക്കു തര്‍ക്കമില്ലല്ലോ; മന്ത്രശക്തിയല്ലേ.......എന്തിന്? ഒരു മണിക്കൂറോളം ഞാനവിടെ ഇരുന്നുകാണും.......എന്റെ സ്പന്ദനങ്ങളുടെ തീവ്രതക്ഷയിച്ചു. ഹൃദയത്തില്‍ ഒരു മരവിപ്പുണ്ടായിത്തുടങ്ങി. മുഴുത്ത നിരാശ! ആരും വരുന്നില്ല........ ഞാന്‍ ഗേറ്റുകടന്നു വീണ്ടും ക്ഷേത്രത്തില്‍ പോയി നോക്കി. അവളില്ല.........പോയിക്കഴിഞ്ഞു! അവള് വീടുപറ്റിയിട്ട് എത്രയോ നേരമായി! എനിക്കുണ്ടായ നിരാശയ്ക്കറുതിയില്ല. അമ്പലത്തിലേയ്ക്കുപോയ എന്നെ കാണായ്കയാല്‍ വീട്ടുകാര്‍ പരിഭ്രമിച്ചിരിക്കുകയാണ്. മ്ലാനചിത്തനായി മടങ്ങിയെത്തിയ എനിക്കുനേരം വൈകിയതിന്, അമ്മയുടെ അടുക്കല്‍നിന്നും കുറച്ചുഅടികിട്ടി. പിറ്റെ ദിവസം ആ ജ്ഞാനശകലം എനിക്കുപ്രദാനം ചെയ്തു എന്നെ വഞ്ചിച്ച സതീര്ത്ഥ്യനെ എന്തെല്ലാമാണു ഞാന്‍ പറഞ്ഞതെന്നു എനിക്കോര്‍മ്മയില്ല. എനിക്കയാളെ പൊടിക്കുവാനുള്ള കോപമുണ്ടായി. ഇന്നതോര്‍ക്കുമ്പോള്‍ ഞാന്‍ ലജ്ജിച്ചു ചൂളിപ്പോകുന്നു!....... ഏവംവിധങ്ങളായ ചില പരാക്രമങ്ങള്‍ക്കു ഒരുങ്ങിപ്പുറപ്പെട്ടിട്ടുണ്ടെങ്കിലും മറ്റു ചില കാര്യങ്ങളില്‍ ഞാന്‍ മഹാഭീരുവായിരുന്നു.
മലബാറില്‍ മാപ്പിളലഹള ശക്തിയായി നടക്കുന്ന കാലമായിരുന്നു അത്. മാപ്പിളമാര്‍ പ്രവര്‍ത്തിക്കുന്ന `ക്രൂര' പ്രവര്‍ത്തികളെക്കുറിച്ചു പലേ കഥകളും ഞാന്‍ കേള്‍ക്കുവാനിടയായി. അവയെന്നെ ഭയചകിതനാക്കി. സ്ക്കുളിലേയ്ക്കോ മറ്റോ പോകുമ്പോള്‍ ഒരു മുഹമ്മദീയനെ ദൂരെയെങ്ങാനും കണ്ടാല്‍ മതി, ഞാന്‍ തളര്‍ന്നുപോകും. പ്രാണരക്ഷാര്‍ത്ഥം അവരുടെ മുന്പില്നിന്നു പലപ്പോഴും ഞാന്‍ പലായനം ചെയ്തിട്ടുണ്ട്. ഏതൊരു മുഹമ്മദീയനായാലും വേണ്ടില്ല, കണ്ടുമുട്ടിയാല്‍ എന്റെ കഥ കഴിക്കുമെന്നായിരുന്നു വിചാരം. എന്റെ ഭവനത്തില്‍നിന്നു ഒരു ഫര്‍ലോംഗ് അകലെ മൂന്നു പലവ്യഞ്ജനക്കടകള്‍ ഉണ്ട്. അവയുടെ ഉടമസ്ഥന്മാര് മുഹമ്മദിയരായിരുന്നു. ഞങ്ങള്‍ ദരിദ്രരായിരുന്നതിനാല്‍ വീട്ടാവശ്യങ്ങള്‍ക്കുള്ള വ്യഞ്ജനാദിപദാര്ത്ഥങ്ങള് മിക്കവാറും അന്നന്നു വാങ്ങുകയായിരുന്നു പതിവ്. അവ വാങ്ങിക്കൊണ്ടുവരുവാനുള്ള ചുമതല എനിക്കാണ്. അനുജന്മാര് തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞുങ്ങളായിരുന്നതിനാല്‍, ആ കൃത്യം നിര്‍വ്വഹിക്കാന്‍ ഭവനത്തില്‍ മറ്റാരുമില്ല. എന്തെങ്കിലും സാമാനം വാങ്ങുവാനായി പണം തന്നയച്ചാല്‍ മേല്‍ പ്രസ്താവിച്ച മുഹമ്മദീയരുടെ കടകളില്‍ പോകാതെ, മറ്റൊരു ഭാഗത്ത്, ഏതാണ്ടൊരു മൈലകലെയുള്ള ഒരു നായരുടെ കടയില്‍ ചെന്നു വാങ്ങുകയായിരുന്നു ഞാന്‍ ചെയ്തിരുന്നത്. വീട്ടിലുള്ളവര്‍ ഇതറിഞ്ഞിരുന്നില്ല. നേരം വൈകാതിരിപ്പാനായി വിദൂരസ്ഥമായ ഈ പീടികയിലേയ്ക്കു അതിവേഗത്തില്‍ ഞാന്‍ കുതിച്ചുപായും. പക്ഷെ വഴിക്കു വെച്ചു ഏതെങ്കിലുമൊരു മുഹമ്മദീയനെ കണ്ടു എന്നു വന്നേക്കാം. അവരെ എവിടെയെങ്കിലും കാണുന്നുണ്ടോ എന്നാണ് വഴിയില്‍ ഇറങ്ങിയാല്‍ എന്റെ ശ്രദ്ധ മുഴുവന്‍. കണ്ടാല്‍ ഏതെങ്കിലും വീട്ടിലേയ്ക്കു കയറി ഞാന്‍ ഒളിച്ചിരിക്കും. ഇങ്ങനെ അക്കാലത്തു ഞാന്‍ അനുഭവിച്ചിട്ടുളള ഭയജന്യമായ ജീവീതം ചില്ലറയൊന്നുമല്ല.
ഈ നരകീയയാതന ഒരു ദിവസം അതിന്റെ പരമകാഷ്ഠയിലെത്തി. ഒരു ദിവസം എനിക്കു ഒരു സാമാനത്തിനായി മേല്‍ വിവരിച്ചിട്ടുള്ള മുഹമ്മദീയരില്‍ ഒരാളുടെ കടമയില്‍ പോകാതെ തരമില്ല എന്നു വന്നുകൂടി. നായരുടെ കടയില്‍ ആ പദാര്‍ത്ഥം കിട്ടിയില്ല. വീട്ടില്‍ അതു അത്യാവശ്യമാണ്. മുഹമ്മദീയരുടെ കടയില്‍ അതുണ്ടെന്നു തെളിവുമുണ്ട്. അതിനാല്‍ കളവുപറയാനും നിവൃത്തിയില്ല. ഈ സന്ദര്‍ഭങ്ങളില്‍ വഴിക്കെവിടെയെങ്കിലും കുറേനേരം നിന്നിട്ട് സാമാനം കിട്ടിയില്ലെന്നു മടങ്ങിവന്നു കളവുപറയുകയായിരുന്നു എന്റെ പതിവ്. അന്ന് അതൊന്നും നിവൃത്തിയില്ലാതായി. പേടിച്ചരണ്ട് തീവ്രമായി സ്പന്ദിക്കുന്ന ഒരു ഹൃദയത്തോടെ അവരില്‍ ഏറ്റവും ശാന്തനെന്നു എനിക്കു തോന്നിയ ഒരു മുഹമ്മദീയന്റെ കടയിലേയ്ക്കു ഞാന്‍ സംശയിച്ചു സംശയിച്ചു കയറി. ഗദ്ഗദസ്വരത്തിലാണ് ഞാന്‍ സാധനം ആവശ്യപ്പെട്ടത്. പാവം, വ്യാപാരി! അയാളുണ്ടോ എന്റെ ഹൃദയത്തിലെ കോളിളക്കം അറിയുന്നു
തൊട്ടടുത്തു വേറൊരു കടയുണ്ട്, മീതിയന്മാപ്പിള്ള എന്ന ഒരു വൃദ്ധ മുഹമ്മദീയനാണ് വ്യാപാരി. ചായക്കടയും പലവ്യഞ്ജനക്കടയും ഒന്നിച്ചുചേര്ന്നിട്ടുള്ള ഒരു കടയാണത്. ആ വൃദ്ധവ്യാപാരി ആള് ഒരു തമാശക്കാരനാണ്. ആരെങ്കിലും അതിലേ കടന്നുപോകുമ്പോള്‍ അയാള്‍ പെട്ടെന്നൊരു ശബ്ദം പുറപ്പെടുവിക്കും. സഞ്ചാരി മിക്കപ്പോഴും ഞെട്ടിപ്പോവുക സ്വാഭാവികമാണല്ലോ. അതുകണ്ട് അയാളും, ചുറ്റുമുള്ള കടക്കാരും, അവിടെ കൂടിയിരക്കുന്ന ജനങ്ങളും പൊട്ടിച്ചിരിക്കും. അയാള്‍ പലപ്പോഴും പ്രവര്‍ത്തിച്ചു രസിക്കാറുള്ള ഒരു ചപലവിനോദമാണത്.
അന്ന്, എന്റെ കഷ്ടകാലത്തിനു ഞാനാണയാള്ക്കിരയായത്. പോരെങ്കില്‍ ഏതാണ്ടൊരു വാള്‍പോലെ നീണ്ട ഒരു കത്തികൊണ്ടു അയാള്‍ ഒരു ചക്കപ്പഴം മുറിച്ചുകൊണ്ട് പീടികയുടെ മുന്‍പിലുള്ള ചെറിയ പന്തലില്‍ - റോഡുവക്കില്‍ - അങ്ങിനെ നില്‍ക്കുകയാണ്. ആ സ്ഥലത്തുനിന്നു എങ്ങനെയെങ്കിലും രക്ഷപ്പെട്ടു കിട്ടിയാല്‍ മതിയെന്ന ഏകപ്രാര്ത്ഥനയോടെ ആവേശപൂര്‍വ്വം ഞാന്‍ കടന്നുപോകുമ്പോള്‍ അയാള്‍ ദേദേദേേേദ' എന്നാര്‍ത്തുകൊണ്ട് ആ നീണ്ട കത്തിയും കൈയില്‍ പിടിച്ച് ഒരു നൃത്തം. ഈശ്വരാ, എനിക്കുണ്ടായ നടുക്കം! തല തിരിച്ചു നോക്കിയപ്പോഴുണ്ട്. അയാളുടെ കയ്യില്‍ ആ നീണ്ട കത്തി!! അയ്യോ എന്നുറക്കെ നിലവിളിച്ചുകൊണ്ട് ഞാന്‍ ഒരോട്ടമോടി. തൊട്ടടുത്ത് ഒരു ഭഗവതിക്ഷേത്രമുണ്ട്. ഞാന്‍ ഓടിച്ചെന്നു അമ്പലത്തില്‍ കയറി - നേരെ ശ്രീകോവിലിനകത്തേയ്ക്ക്. "രാഹു" എന്ന ഒരെമ്പ്രാന്തിരിയാണ് പൂജകന്. അദ്ദേഹം ചാടി പുറത്തേയ്ക്കിറങ്ങി എന്നെ കൈയ്ക്കു പിടിച്ചു താഴേക്കിറക്കി നിറുത്തി. ഞാന്‍ കിലുകിലാ വിറയ്ക്കുകയാണ്. ശരീരത്തിലുള്ള രക്തം മുഴുവന്‍ എന്റെ മുഖത്തെ മാംസപേശികളില്‍ തുളുമ്പിക്കൂടിയിട്ടുണ്ട്. ഞാന്‍ ഏങ്ങലടിച്ചു കരയാന്‍തുടങ്ങി. അദ്ദേഹം കാരണം തിരക്കി. എനിക്കു ശബ്ദം പുറത്തുവരുന്നില്ല. ഏറെനേരംകൊണ്ടു ശിഥിലാക്ഷരങ്ങളില് ഒരു വിധത്തില്‍ ഞാന്‍ അദ്ദേഹത്തെ വിവരം ധരിപ്പിച്ചു - "മീതിയന്‍മാപ്പിള എന്നെ വാളുകൊണ്ടു വെട്ടാന്‍വന്നു". എന്നാണു ഞാന്‍ പറഞ്ഞത്. "പേടിക്കേണ്ട ഇവിടെ നില്ക്കു". എന്നു പറഞ്ഞിട്ട് അദ്ദേഹം വെളിയിലേക്കിറങ്ങി. അയാളോടു ചെന്നു വിവരം ചോദിച്ചു. അപ്പോഴാണ് ആ വൃദ്ധന് അയാള്‍ ഒട്ടും മനപ്പൂര്‍വ്വമല്ലാതെ ചെയ്ത ആ വിനോദത്തിന്റെ ആപല്‍ക്കരമായ ഫലം ബോധപ്പെട്ടത്.... എമ്പ്രാന്തിരി തിരികെ വന്നു എന്നെക്കൂട്ടി വീട്ടില്‍ക്കൊണ്ടു വന്നാക്കി. മീതിയന്‍മാപ്പിള ഓടി വീട്ടില്‍ വന്നു. കുറെ പഴവും റൊട്ടിയും പഞ്ചസാരയുമെല്ലാം കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ഞാന്‍ അപ്പോഴും തേങ്ങിക്കരയുകയാണ്. വീട്ടിലുള്ളവ