തുടിക്കുന്ന താളുകൾ
ഡയറി കുറിപ്പുകള്‍
Friday, 18th August 1944
1120 ചിങ്ങം 3 വെള്ളിയാഴ്ച
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഏതോ ഒരു പുസ്തകാഭിപ്രായോദ്യോഗസ്ഥന് `ഓണപ്പൂക്കള്‍' ജന്മമെടുത്ത കാലത്ത് ഒരു `തല്‍ക്കുറി' യെഴുതി വിടുകയുണ്ടായി ഓണവും തിരുവാതിരയും കഴിഞ്ഞ് വിഷുവരെ വാടാതിരിക്കുവാന് ഓണപ്പൂക്കള്‍ക്കു കഴിഞ്ഞില്ലെങ്കില്‍, നിരാശപ്പെടേണ്ടതായിട്ടില്ലെന്ന്.അദ്ദേഹത്തിന്റെ അത്ഭുതാവഹമായ ദീര്‍ഘദര്‍ശനത്തില്‍ ഞാന്‍ അശേഷം സംശയാലുവായിരുന്നില്ല. പക്ഷേ അടുത്ത ഓണത്തിനു മുമ്പുതന്നെ അവയെ വീണ്ടും പുതുക്കിക്കാണുവാന്‍ വെമ്പല്‍ കൊള്ളുന്ന കേരളീയ സഹൃദയത്വത്തെ ചോദ്യം ചെയ്യുവാന്‍ കൃതജ്ഞതാങ്കുലമായ എന്റെ ഹൃദയത്തിന് അല്പം മടിയുണ്ട്. ഈ ഇടനിലയില്‍ എങ്ങിനെയായാലും കാലത്തേയും ലോകത്തേയും വിശ്വസിക്കുന്ന ഒരു കലാകാരനു മൗനാവലംബമായിരിക്കും ഉത്തമം.
Tuesday 19th August 1947
1123 ചിങ്ങം 3 ചൊവ്വാഴ്ച
ജീവിതവീഥിയിലീവിധം നീയൊരു
ദാവാഗ്നിയായിട്ടെരിഞ്ഞുയര്‍ന്നു.
പൊള്ളിയ്ക്കുകെന്നെ നീ പൊള്ളിയ്ക്കു, കത്രമേ-
ലള്ളിപ്പിടിക്കുകെന് പ്രാണനില്‍ നീ.
നാളീകരൂക്ഷങ്ങളായിടും നിന് നഖ-
നാളങ്ങളുള്ളില്ച്ചുഴിഞ്ഞിറങ്ങി
മിന്നിടും തീപ്പൊരിച്ചെന്നിണച്ചാര്ത്തൊരു
ചിന്താവസന്താഭ ചേര്‍ക്കുമെങ്കില്‍
സംതൃപ്തമെന്മനം മേന്മേലതിനെ നീ
സന്തപ്തമാക്കിച്ചമച്ചുകൊള്ളൂ.
എല്ലാക്കറകളും നീക്കിയതിനെയൊ-
ന്നുല്ലസിപ്പിക്കൂ വിഷാദമെ നീ!
Wednesday 1st November 1944
1120 തുലാം 16 ബുധനാഴ്ച
`സ്പന്ദിക്കുന്ന അസ്ഥിമാടം' എന്ന കവിത എഴുതി. എന്റെ ദേവിയെ ആദ്യമായി കണ്ടുമുട്ടിയ സുപ്രഭാതം! അതിന്റെ വാര്‍ഷികമാണിന്ന്.
ഹൃദയവേദനയോടെ ഞാന്‍ ചില മധുരസ്മൃതികളെ താലോലിയ്ക്കുകയാണ്.
ഈ ലോകത്തില്‍ നീ ഏറ്റവും സ്നേഹിക്കുന്നതാരെയാണ്?ഈശ്വരന് എന്നോടിങ്ങനെ ചോദിച്ചാല്‍ നിറഞ്ഞ കണ്ണുകളോടും തുടിക്കുന്ന ഹൃദയത്തോടും കൂടി ഞാന്‍ ഇങ്ങനെ പറയും:
ദേവിസുന്ദരിയായ എന്റെ ദേവിസ്നേഹമൂര്ത്തിയായ എന്റെ ദേവീ!!
1-XI-44
കുറിപ്പ്: B.L.ന് പഠിക്കാന്‍ മദ്രാസില്‍ താമസിച്ചിരുന്ന വീടിന്റെ പേരാണ് Dew Drop.
Thursday 2nd November 1944
1120 തുലാം 17 വ്യാഴാഴ്ച
എന്റെ ഹൃദയം വേദനിക്കുന്നു.
എന്റെ ഹൃദയേശ്വരി എന്നില്‍നിന്നും എത്രയോ നാഴിക ദൂരെത്താണ്! ആ സ്നേഹമൂര്‍ത്തിയുമായുള്ള സാഹചര്യം എന്റെ ജീവിതത്തിന് അല്പനാള്ക്കുള്ളില് എന്തത്ഭുതാവഹമായ നിറപ്പകിട്ടാണ് നല്‍കിയത്! ആ അപസ്സരസിനെ കണ്ട സുദിനം മുതല്‍ ഞാന്‍ മറ്റൊരാളായിതീര്‍ന്നു. മഴവില്ലൊളി പൂശിയ ആ സുദിനങ്ങള്‍!അവയെക്കുറിച്ചുള്ള മധുരസ്മൃതികള്‍ യഥാര്‍ത്ഥത്തില്‍ എന്നെ വേദനിപ്പിക്കുകയാണ്. ഞാന്‍ എന്തു ചെയ്യട്ടെ!ഒപ്പ്
Friday 3rd November 1944
1120 തുലാം 18 വെള്ളിയാഴ്ച
എന്റെ ദേവി. നീ എന്തിനിത്ര സുന്ദരിയായി? ആ സൗന്ദര്യം എന്റെ ചേതനയെ ലഹരി പിടിപ്പിക്കുന്നു ദിവ്യമായ ഒരു ലഹരി! നിന്നിലും മീതെ സൗന്ദര്യമുള്ള ഒരുസ്ത്രീയെ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. ഇനി കാണുകയുമില്ല. സാത്വികമായ ആ സുഷമാസമൃദ്ധിയില് എന്റെ ഹൃദയം അലിഞ്ഞുചേരുന്നു. മൃഗീയമായ ചപലവികാരങ്ങള്‍ എന്നില്‍നിന്നകലുന്നു. അന്ധകാരകൂപത്തില്‍ നിന്നു എന്നെ ഉദ്ധരിയ്ക്കുവാനായി ഈശ്വരനാല്‍ എന്റെ മുന്നിലേയ്ക്കയക്കപ്പെടുന്ന ഒരു ദേവതയാണ് നീ. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ആരാധിക്കുന്നു.
ഒപ്പ്
Saturday 4th November 1944
1120 തുലാം 19ാം നു ശനിയാഴ്ച
എന്റെ ഓമനെ, എന്നില്‍ പലര്‍ക്കും അസൂയയുണ്ടെന്നു നീ പറയുന്നു. ആയിരിക്കാം. പക്ഷെ അതെന്റെ തെറ്റല്ലല്ലോ. മനുഷ്യലോകത്തില്‍ ഒരൊറ്റവ്യക്തി ഒഴികെ ആരും എന്നെ അറിയുകയില്ല. ഈശ്വരനെന്നെ അറിയാം. മനുഷ്യലോകത്തില്‍ എന്നെ അറിയുന്ന ആ ഏകവ്യക്തി ആരാണ്? നക്ഷത്രങ്ങള്‍ മന്ദഹസിക്കുന്ന നീലിച്ച കണ്ണുകളോടുകൂടിയ ഒരു മോഹിനി. അവള് എന്തിനെന്റെ ഹൃദയം കവര്‍ന്നെടുത്തു. ഞാന്‍ അതിനവളെ ശിക്ഷിക്കും. എന്റെശിക്ഷ എന്താണെന്നവള്‍ക്കറിയാമൊ! അറിയാം. എന്നെക്കാള്‍ നന്നായി അവള്‍ക്കറിയാം ആ ശിക്ഷ എന്തായിരിക്കുമെന്ന്!
ഒപ്പ്
Sunday 5th November 1944
1120 തുലാം 20 ഞായറാഴ്ച
ശരീരങ്ങളെ കാലദേശങ്ങള്‍ അകറ്റിനിര്‍ത്തുന്നു. ഹൃദയങ്ങളൊ? അവ അത്രയ്ക്കത്രയ്ക്കു ഒട്ടിപ്പിടിക്കുന്നു. സമുദായനീതി ഹൃദയങ്ങളില്‍ മുള്ളുതറയ്ക്കുന്നു. ചോര വാര്ത്തുപിടയുമ്പോള് അവ താനെ അങ്ങനെ മാറുമെന്ന് വൃഥാ വിശ്വസിക്കുന്നു. കഷ്ടം. അധികമധികം ചോര വാര്ക്കുംതോറും, അധികമധികം വേദനിക്കും തോറും അവ അധികമധികം ഗാഢമായി അനോന്യം ആശ്ലേഷിക്കുകയാണെന്ന് മൂഢമായ നീതി അറിയുന്നില്ല.
തങ്കം, ഇതു പരമാര്‍ത്ഥമല്ലേ?
ഒപ്പ്
Monday 6th November 1944
1120 തുലാം 21 തിങ്കളാഴ്ച
കരയാത്ത കാമിനീകാമുകന്മാരെ നക്ഷത്രങ്ങള്‍ ഇന്നിതു വരെ കണ്ടിട്ടില്ല. ഉടയാത്ത പ്രേമസാന്ദ്രങ്ങളായ ഹൃദയങ്ങള്‍ ആ തേജഃപുഞ്ജങ്ങള്‍ക്കു ഇന്നോളം അപരിചിതങ്ങളാണ്. ലോകാരംഭംമുതല്‍ ഇന്നിതുവരെ എത്രയെത്ര പ്രേമനാടകങ്ങള്ക്കു സാക്ഷ്യം വഹിച്ചതാണ് അവരുടെ കണ്ണുകള്‍!
ഓമനെ, പിന്നെ നാം ദുഃഖിക്കുന്നതെന്തിന്? നമ്മുടെ വ്യഥ അര്‍ത്ഥശൂന്യമല്ലെ? അതെ നമുക്കതറിയാം. എങ്കിലും നാം ദുഃഖിക്കുന്നു. ദുഃഖം! ദുഃഖം! മധുരമായ ദുഃഖം.
ഒപ്പ്
Friday 10th November 1944
1120 തുലാം 25 വെള്ളിയാഴ്ച
പ്രേമത്തില്‍ നിന്നുണ്ടാകുന്ന ശോകം പോലും മധുരമാണ് പിന്നെ അതു നല്കുന്ന ആനന്ദത്തിന്റെ അവസ്ഥ എന്തായിരിക്കും! എനിക്ക് ഒരു നിമിഷം എന്റെ പ്രേമസര്വ്വസ്വമായ ദേവിയെ ഒന്നു മറക്കാന്‍ സാധിച്ചിരുന്നെങ്കില്‍! ഈ ആത്മബന്ധം എന്നെ അമ്പരിപ്പിക്കുന്നു! ഞാന്‍ ഇന്നോളം ആരെയും സ്നേഹിച്ചിട്ടില്ല. സ്നേഹിക്കുവാനുള്ള ഒരു ശക്തിയും എന്റെ ഹൃദയത്തിനുണ്ടായിരുന്നില്ല. എന്നാല്‍ അതിനു പകരമായി ഈ പ്രപഞ്ചത്തില്‍ മുഴുവന്‍ പ്രസരിച്ചാലും വീണ്ടും ഉറഞ്ഞുവരുന്ന അക്ഷയമായ ഒരു മഹാപ്രേമസാഗരത്തെ ഇന്ന് എന്റെ ഹൃദയം കൈക്കൊള്ളുന്നു. പൂജാപുഷ്പമായി നിലകൊള്ളുന്ന എന്റെ ആത്മാവിനെ എന്റെ ദേവീ കാണുന്നുണ്ടൊ?
ഒപ്പ്
Saturday 11th November 1944
1120 തുലാം 26 ശനിയാഴ്ച
ഇന്നു പകല്‍ മുഴുവന്‍ ശക്തിയായ മഴയായിരുന്നു. രാത്രിയും അതു ശമിച്ചിട്ടില്ല. ഞാന്‍ മൂടിപ്പുതച്ച് ഈ കസേരയില്‍ ഇരിക്കുകയാണ്. ശക്തിയായ ജലദോഷം. അസഹനീയമായ തണുപ്പ്, എന്റെ ശാരീരികശക്തികള്‍ വിശ്രമം ആവശ്യപ്പെടുന്നു. പക്ഷെ അതുകൊണ്ടു കാര്യമില്ല. എന്റെ ഹൃദയത്തിന് വിശ്രമിക്കാന്‍ സാദ്ധ്യമല്ല. അതുസദാ പണിയെടുത്തുകൊണ്ടിരിക്കുകയാണ്. അതിന് വിശ്രമം വേണ്ട. അതു വിശ്രമിക്കുകയില്ല. അതിലെ സ്പന്ദനങ്ങള്‍ അവസാനിച്ചാലും അതിനു വിശ്രമം ലഭിക്കുമോയെന്ന് സംശയമാണ്. എന്റെ ദേവീ, എന്തൊരു ഹൃദയമാണ് എന്റെ ഹൃദയം!
ഒപ്പ്
Friday 24th November 1944
1120 വൃശ്ചികം 9 വെള്ളിയാഴ്ച
പാടിപ്പാടിപ്പറന്നംബരതലമതിലംഘിച്ചു കേറും പികാഗ്ര്യന്‍
കൂടിപ്പാടും പിശാചിന് പദവിയെയവലം ബിച്ചതിന്‍മൂലമെന്തോ?
തങ്കം, ശ്രീമാന്‍ ജി, ശങ്കരക്കുറുപ്പിന്റെ ഒരു കത്ത് ഇന്നു എനിക്കു കിട്ടി. അതില്‍ ആദ്യം ചേര്‍ത്തിരുന്ന രണ്ടു വരികളാണിത്. എന്താണ് അതിന്റെ മൂലം? എനിക്കുതന്നെ അറിഞ്ഞുകൂടാ. അഥവാ അതിനു പ്രത്യേക കാരണമൊന്നുമില്ല. ഞാന്‍ യഥാര്‍ത്ഥത്തില്‍ ഒരു പിശാചുതന്നെയാണു തങ്കം - 'പാടുന്ന പിശാച്!' എന്റെ തങ്കം ഒരു ദിവസം എത്ര കത്തുകളാണ് എനിക്കു കിട്ടുന്നതെന്നു തങ്കത്തിനറിയാമോ? എവിടെനിന്നെല്ലാം അറിവും പരിചയവുമില്ലാത്തവര്‍ പോലും എന്തെല്ലാമാണ് എഴുതി അയക്കുന്നത്. ഞാന്‍ എന്റെ പത്നിയെ - ശ്രീദേവിയെ - ഉപേക്ഷിച്ചത് വലിയ കഷ്ടമായിപ്പോയി എന്നും, എന്നെപ്പോലെയുള്ള ഒരാള്‍ ഇങ്ങനെ മനസ്സിനു നിയന്ത്രണമില്ലാതാകുന്നത് വലിയ കഷ്ടമാണ് എന്നും മറ്റും ...... എന്റെ തങ്കം ഞാന്‍ എങ്ങനെ തുലഞ്ഞാലും ഈ പറയുന്നവര്‍ക്കെല്ലാം എന്തുചേതം! ഇങ്ങനെ ഒരു സൈ്വരംകെടുത്തലുണ്ടോ? അല്ലെങ്കില്‍തന്നെ അനുനിമിഷം തീ തിന്നാണു ഞാന്‍ ജീവിക്കുന്നത്. അതിനിടയില്‍ ഈവക ശല്യങ്ങളും. ഇവരൊക്കെ എന്റെ സുഹൃത്തുക്കളാണത്രെ! സുഹൃത്തുക്കള്‍! ആ വാക്കു കേള്‍ക്കുമ്പോള്‍ എനിക്കു പേടിയാകുന്നു. ഒരുവന് എന്റെ ശത്രുവായാലും തരക്കേടില്ല. എന്റെ സുഹൃത്താകാതിരുന്നാല്‍ മാത്രം മതിയായിരുന്നു.
എന്റെ തങ്കം, എന്നെ ഇങ്ങനെ ജീവിപ്പിക്കുന്നതിനെക്കാള് ഭേദം മരിപ്പിക്കുകയാണ്. ഓരൊ ദിവസം കഴിയും തോറും മരണത്തിനുള്ള എന്റെ ദാഹം അടിക്കടി വര്‍ദ്ധിച്ചുവരുന്നു. എന്റെ തങ്കം ഈ നശിച്ച ലോകത്തില്‍ നാം ഇങ്ങനെ പരസ്പരം അലിഞ്ഞുചേര്‍ന്നല്ലൊ. നാം എന്തിനു സ്നേഹിച്ചു തങ്കം? നമുക്ക് അന്യോന്യം വേര്‍പിരിയാന്‍ സാധിക്കുമൊ? ഒന്നു ശ്രമിച്ചുനോക്കു. ഞാന്‍ ശ്രമിച്ചുനോക്കി തങ്കം. ഇല്ല. എനിക്കു സാദ്ധ്യമല്ല. ശ്രമിക്കും തോറും ഞാന്‍ എന്റെ തങ്കത്തില്‍ അലിഞ്ഞുചേരുന്നു. എന്റെ തങ്കം, ഓമനേ, പ്രാണസര്വ്വസ്വമായ എന്റെ ദേവി.
ഒപ്പ്
Wednesday 2nd September 1942
118 ചിങ്ങം 17 ബുധനാഴ്ച
രാവിലെ ആറുമണിക്കെഴുന്നേറ്റു. അഷ്ടമിരോഹിണിയായിരുന്നതിനാല് കുളിച്ച് അമ്പലത്തില്‍ തൊഴാന്‍ പോയി. തൃമധുരം വഴിപാടു കഴിച്ചു. വീട്ടില്‍ വന്നു കാപ്പികുടിച്ചു. പന്ത്രണ്ടുമണിവരെ വായിച്ചു. പിന്നീട് ഊണുകഴിച്ച് പരിപ്പുവടയുണ്ടാക്കുവാന് അമ്മിണിയെ സഹായിച്ചു. വൈകുന്നേരം കാപ്പികുടി കഴിഞ്ഞ് നടക്കാന്‍ പോയി. സന്ധ്യക്കു തേവന്കുളങ്ങരെ ഡോക്ടറുടെ ഡിസെപ്ന്സറിയില് വന്നു കൃഷ്ണന് കുട്ടിമേനവനുമായി സംസാരിച്ചുകൊണ്ടിരുന്നു. ചന്ത്രത്തില്‍ കൃഷ്ണപിള്ളയും വന്നുചേര്‍ന്നു. എല്ലാവരും ഒന്നിച്ച് അമ്പലത്തിലേയ്ക്കു പോയി. അമ്പലത്തില്‍ അസംഖ്യം യുവതികള്‍ ദേവദര്‍ശനത്തിനായി വന്നിട്ടുണ്ടായിരുന്നു. മടങ്ങിവന്നു ഡോക്ടറുമൊന്നിച്ച് വീട്ടിലേയ്ക്കു പോന്നു. കാപ്പിയും പലഹാരവും കഴിച്ച് ഏതാനും കത്തുകള്‍ എഴുതുകയും പിന്നീട് ഒരു മണിവരെ വായിക്കുകയും ചെയ്തു. രണ്ടു മണിക്കുമുന്‍പു ഉറങ്ങി.
17 - 01 - 118 ഒപ്പ്
Saturday 5th September 1942
1118 ചിങ്ങം 20 ശനിയാഴ്ച
അതിരാവിലെ എഴുന്നേറ്റ് കുളിയും കാപ്പികുടിയും കഴിഞ്ഞ് റിക്ഷയില്‍ തൃപ്പൂണിത്തുറയ്ക്കു തിരിച്ചു. പത്മനാഭമേനവന്റെ വീട്ടില്‍ (വെമ്പളാശ്ശേരിയില്) കയറി. അദ്ദേഹവുമൊന്നിച്ചു പാലസ്സിലേയ്ക്കു പോയി. മി. രഘുനന്ദനമേനവനെ കണ്ടു. `സങ്കല്പകാന്തി' സമ്മാനിച്ചു. കൊച്ചിയില്‍ ഒരു Archaeological Assistant)ന്റെ ഉദ്യോഗം വാങ്ങിത്തരുവാന്‍ സഹായിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അവിടെനിന്നും പത്തുമണിക്കിറങ്ങി മി. പത്മാഭമേനവനും ഒന്നിച്ച് രാജാ പ്രസ്സില്‍ ചെന്നു മംഗളപത്രം അച്ചടിപ്പിച്ചു. ഉച്ചതിരഞ്ഞ് നേത്യാരമ്മയെ കണ്ടു. അവിടെ നിന്നു കാപ്പികുടിച്ചു. മൂന്നു മണിക്കൂര്‍നേരം നേത്യാരമ്മയുമായി സംസാരിച്ചു. ഫലിതമയവും ധാരാവഹിയവും സ്വാരസ്യസമ്പൂര്ണ്ണവുമായിരുന്നു ആ മഹതിയുടെ സംസാരം. പോരാന്കാലത്ത് എനിക്ക് `ഓണപ്പുടവ' സമ്മാനിച്ചു. സന്ധ്യയ്ക്ക് അവിടെനിന്നു തിരിച്ചു. വഴിക്കുവെച്ചു അയ്യനാട്ടു കൃഷ്ണപിള്ളയെ കണ്ടുമുട്ടി. അദ്ദേഹത്തേയും റിക്ഷായില്‍ കയറ്റിഇടപ്പള്ളിയിലേക്കു പോന്നു. ഊണുകഴിഞ്ഞു പത്തരമണിക്കുറങ്ങി.
Tuesday 8th September 1942
1118 ചിങ്ങം 23 ചൊവ്വാഴ്ച
രാവിലെ കാപ്പികുടി കഴിഞ്ഞ് തേവന്കുളങ്ങരയ്ക്കുപോയി. തിരിച്ചുവന്ന് ഉച്ചയ്ക്കു ഒരുമണിവരെ വായിച്ചു. ഗര്ഭമുള്ളതിനാല് കോഴിമുട്ട ഉപയോഗിക്കരുതെന്നു അമ്മിണി (wife)യെ വിലക്കിയിരുന്നു. ഞാനറിയാതെ സൂത്രത്തില്‍ അവള് ഇന്നത് ഉപയോഗിച്ചതായി അറിഞ്ഞു വഴക്ക് പറഞ്ഞു. കാപ്പികുടിക്കാതെ വെളിയിലേയ്ക്കു പോയി. സന്ധ്യക്കു മടങ്ങിവന്നു. അമ്മിണി ഉണ്ണാന്‍ വിളിച്ചിട്ടു ചെന്നില്ല. കാപ്പിയും പലഹാരവും കൊണ്ടുവന്നിട്ട് അതും ഉപയോഗിച്ചില്ല. യാതൊന്നും കഴിക്കാതെ, വെറും പട്ടിണികിടന്നു. രാത്രി പത്തു മണിയോടുകൂടി ഉറങ്ങി. അമ്മിണിയോടു ഒന്നും മിണ്ടിയില്ല.
ഇടപ്പള്ളി ഒപ്പ്
Wednesday 9th September 1942
1118 ചിങ്ങം 24 ബുധനാഴ്ച
രാവിലെ ഉണര്‍ന്നു. അമ്മിണി കപ്പികുടിക്കാന്‍ വിളിച്ചിട്ട് ചെന്നില്ല. നേരെ തേവന്കുളങ്ങരയ്ക്ക് പോയി. രാജന് തിരുമുല്‍പ്പാടിന്റെ വൈദ്യശാലയില്‍ കയറിയിരുന്നു. കടയില്‍ നിന്നും കാപ്പിയും പലഹാരവും വരുത്തിക്കുടിച്ചു. മടങ്ങി വന്ന് 12 മണിവരെ വായിച്ചു. പ്രഭാകരനെക്കൊണ്ടു ഒരു കാപ്പി വരുത്തി കുടിച്ചു. അമ്മിണി ഊണുകഴിക്കുവാന്‍ വന്നു നിര്‍ബന്ധിച്ചിട്ടും പോയില്ല. ഉച്ചക്ക് ഒന്നരമണിയോടുകൂടി അമ്മിണിയുമായി ശണ്ഠകൂടി. വൈകുന്നേരം വീട്ടില്‍നിന്നു കപ്പികുടിച്ചില്ല. നേരെ ഡോക്ടറുടെ ഡിസ്പെൻസറിയിൽ ചെന്നിരുന്നു കടയിൽ നിന്നു കാപ്പിയും പലഹാരങ്ങളും വരുത്തിക്കഴിച്ചു. സന്ധ്യക്കു മടങ്ങി വന്നു. വലിയ ക്ഷീണവും തളർച്ചയും വിശപ്പുമുണ്ടായിരുന്നു. അമ്മിണി ഉണ്ണാൻ വിളിച്ചു. ഭയങ്കരമായ വിശപ്പുണ്ടായിരുന്നുവെങ്കിലും വാശീപിടിച്ചു ഉണ്ണാതെകിടന്നു. " ആയില്യം മകം " എന്ന വിശേഷദിവസമായിരുന്നു. സദ്യ ഉണ്ടായിരുന്നു. എങ്കിലും നശിച്ച വാശീ എന്നെ പട്ടിണിയിട്ടു. രാത്രി വിശപ്പുമൂലം ഉറക്കം വന്നില്ല. പത്തുമണിക്ക് പ്രഭാകരനെ വിളിച്ചു ഒരു ഗ്ലാസ്സ് പച്ചവെള്ളം വരുത്തി കുടിച്ചു. മൂന്നു ദിവസമായി പാലും കുടിക്കാറില്ല. രാത്രി ഒരുമണിക്കുറങ്ങി.
Thursday 10th September 1942
1118 ചിങ്ങം 25 വ്യാഴാഴ്ച
Woke up at 6. Did not take either tea or kanji from the house, but went out. Went to the Dispensary. Had tiffin brought from tea shop. Returned at nine thoroughly exhausted. Had a nap for an hour. Ammini came and entreated to me to take my meals . Though reluctantly I at last yielded. Then had my bath taken and took meals a delicious one. Then went to Thevankulangara, brought a Cigarette and went to.......'s house. That individual had been my first love.
(ആറുമണിക്കു ഉണര്‍ന്നു. വീട്ടില്‍നിന്നു ചായയോ കഞ്ഞിയോ കഴിച്ചില്ല. പുറത്തേയ്ക്കു പോയി. ഡിസ്പന്‍സറിയില്‍ ചെന്നു. ചായക്കടയില്‍ നിന്നും പലഹാരം വരുത്തിക്കഴിച്ചു. ഒമ്പതു മണിക്കു തിരിച്ചുവന്നു. വല്ലാതെ തളര്‍ന്നിരുന്നു. ഒരുമണിക്കൂര്‍നേരം ഒന്നു മയങ്ങി. അമ്മിണി വന്ന് ഊണുകഴിക്കാനായി എന്നോടു യാചിച്ചു. മനസ്സില്ലാമനസ്സോടെയാണെങ്കിലും ഒടുവില്‍ സമ്മതിച്ചു. ഉടനെ കുളിയും കഴിഞ്ഞ് ഊണുകഴിച്ചുനല്ല സ്വാദുള്ള ഊണ്. എന്നിട്ട് തേവന്കുളങ്ങരയില് ചെന്ന് ഒരു സിഗരറ്റ് വാങ്ങിച്ച്............. യുടെ വീട്ടിലേയ്ക്കു പോയി, അവള് എന്റെ ആദ്യത്തെ കാമുകിയായിരുന്നു..............)
Sunday 13th September 1942
1118 ചിങ്ങം 28 ഞായറാഴ്ച
Rose up at 7. Took kanji and went out Enquired about the Compound that Brother in law has intended to purchase. Returned at 11. Began reading. At 330 took tea. Engaged in domestic labour till 6. Took bath, Went to the shop and purchased articles for two Rupees. Returned at 8. Took supper. Got agitated with Ammini and made some angry remarks with regard to her carelessness in house affairs. She kept mute. Poor girl. I like her very much and love her with all my heart. She is extremely mild in temper and unparallel in Virtue . Some time I say harsh words to her not out of contempt, but simply for a joke I confess I have a little of the Sadist in me. Engaged in reading poetry from 9 to 1230. Then slept.
ഏഴുമണിക്കുണര്ന്നു. കഞ്ഞികുടിച്ചു പുറത്തേയ്ക്കിറങ്ങി. അളിയന് വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന വസ്തുവിനെക്കുറിച്ച് അന്വേഷിച്ചു. പതിനൊന്നുമണിക്കു തിരിച്ചുവന്ന് വായിക്കാന്‍ തുടങ്ങി. ഒരുമണിക്ക് ഊണുകഴിച്ചു 6 മണിവരെ ഗൃഹജോലികളില്‍ വ്യാപൃതനായി. കുളിച്ചു. പീടികയില്‍ ചെന്നു രണ്ടു രൂപയ്ക്കു സാമാനങ്ങള്‍ വാങ്ങി 8 മണിക്കു തിരിച്ചുവന്നു. അത്താഴം കഴിച്ചു. അമ്മിണിയെ ദേഷ്യപ്പെട്ടു. ഗൃഹകാര്യങ്ങളിലുള്ള അവളുടെ സൂക്ഷ്മക്കുറവിനെക്കുറിച്ച് ദേഷ്യപ്പെട്ടു സംസാരിച്ചു. അവള് മൗനമവലംബിച്ചു. പാവം കുട്ടി. ഞാന്‍ അവളെ വളരെ ഇഷ്ടപ്പെടുന്നു. ഞാനവളെ ഹൃദയപൂര്‍വ്വം സ്നേഹിക്കുന്നു. അവള് അങ്ങേയറ്റം സാത്വികയാണ്. അതുല്യയായ പതിവ്രതയാണ്. ചിലപ്പോഴക്കെ ഞാന്‍ അവളോടു പരുഷമായ വാക്കുകള്‍ പറയാറുള്ളത് വെറുപ്പുകൊണ്ടല്ല. വെറുതെ വിനോദത്തിനു വേണ്ടിയാണ്. അല്പം വിഷാദാത്മകത്വം എന്നില്‍ ഉണ്ടെന്നു ഞാന്‍ സമ്മതിക്കുന്നു. 9 മുതല്‍ 1230 വരെ കവിത വായിക്കുന്നതില്‍ ഏര്‍പ്പെട്ടു. പിന്നീട് ഉറങ്ങി.
Saturday 19th September 1942
1118 കന്നി 3 ശനിയാഴ്ച
Got up at 730. Kanji was not ready. Went to the dispensary. Had tea brought there. Returned at 930. Engaged in domestic labour till 1230. Then took meals. Engaged again in domestic labours. Aunt came. Talked with her. Took tea at 4. Again attended domestic labours till 630. Took bath at 7.30. After supper quarrelled with Ammini, Mother and servant Sivasankaran. All kept mute. Read till 1230. Then lay down to sleep.
730 ന് ഉണര്‍ന്നു. കഞ്ഞി തയ്യാറായിരുന്നില്ല. ഡിസ്പന്സറിയിലേക്കു പോയി. ചായ കൊണ്ടുവരുത്തി കുടിച്ചു. 930 ന് തിരിച്ചു വന്നു. 1230 വരെ ഗൃഹജോലികളില്‍ ഏര്‍പ്പെട്ടു. ഊണുകഴിച്ചു വീണ്ടും ഗൃഹജോലികളില്‍ ഏര്‍പ്പെട്ടു, അമ്മായി വന്നു. അവരുമായി സംസാരിച്ചു. വീണ്ടും 630 വരെ ഗൃഹജോലികള്‍ ചെയ്തു. 730 ന് കുളിച്ചു. അത്താഴം കഴിഞ്ഞ്, അമ്മിണിയും അമ്മയും ഭൃത്യന് ശിവശങ്കരനും മറ്റുമായി വഴക്കുകൂടി. എല്ലാവരും മിണ്ടാതിരുന്നു. 1230 വരെ വായിച്ചു. എന്നിട്ട് ഉറങ്ങാന്‍ കിടന്നു.
Saturday 26th September 1942
1118 കന്നി 10 ശനിയാഴ്ച
ഏഴുമണിക്കുണര്ന്നു. കഞ്ഞികുടിച്ചു. പിന്നീട് എരിശ്ശേരിയും കാളനും പാകംചെയ്യാന്‍ അമ്മിണിയേയും ശിവശങ്കരനേയും സഹായിച്ചു. കാളന് ഞാന്‍ തന്നെയാണുപാകം ചെയ്തത്. വളരെ നന്നായിട്ടുണ്ടെന്ന് എല്ലാവരും സമ്മതിച്ചു. ഊണുകഴിഞ്ഞു 330 വരെ ഉറങ്ങി. ഉണര്‍ന്നെഴുന്നേറ്റു കാപ്പികുടിച്ചു. അമ്മിണിയെ കുറച്ചു ദേഷ്യപ്പെട്ടു. അതിനുശേഷം ഏഴരമണിവരെ കള്ളപ്പം ഉണ്ടാക്കാന്‍ ഉത്സാഹിച്ചു. കള്ളപ്പത്തിനായി കൊണ്ടുവന്നിരുന്നതില്‍ നാഴിയോളം കളള് ആരും കാണാതെ ഞാന്‍ ഉള്ളിലാക്കി. കുളികഴിഞ്ഞ് എട്ടരമണിക്കു കാപ്പികുടിച്ചു. അപ്പുക്കുട്ടന് (Brotherinlaw)വന്നിട്ടുണ്ടായിരുന്നു. ഒന്നേമുക്കാല്‍ മണി വരെ ആത്മകഥ എഴുതി. പിന്നീടു കിടന്നുറങ്ങി.
Wednesday 7th October 1942
1118 കന്നി 21 ബുധനാഴ്ച
രാവിലെ ഏഴുമണിക്കുണര്ന്നു. കാപ്പികഴിഞ്ഞു 12 മണിവരെ ജ്യോതിഷം പഠിച്ചു. ഊണുകഴിഞ്ഞു ടാഗോറിന്റെ ഉദ്യാനപാലകന്‍ വിവര്‍ത്തനം ചെയ്യാന്‍ തുടങ്ങി. രാത്രി എട്ടുമണിവരെ അതു തുടര്‍ന്നുകൊണ്ടിരുന്നു. മൂന്നു കവിതകള്‍ തര്‍ജ്ജമചെയ്യാന്‍ കഴിഞ്ഞു. അനന്തരം അത്താഴം കഴിഞ്ഞ് ഒരുമണിവരെ വായിച്ചു. പിന്നീട് കിടന്നുറങ്ങി.
Friday 9th October 1942
1118 കന്നി 23 വെള്ളിയാഴ്ച
രാവിലെ ഏഴുമണിക്കുണര്ന്നു. കാപ്പികുടികഴിഞ്ഞു വായിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മിണിക്കു സുഖമില്ലാതായി. ആകസ്മികമായി അവള്‍ക്കുണ്ടായ ഗര്‍ഭഛിദ്രം എന്നെ വല്ലാതെ പിഡീപ്പിച്ചു. ഉടന്‍തന്നെ അവളെ ഡോക്ടറുടെ അടുത്തു കൊണ്ടുപോയി. ഭയപ്പെടേണ്ടതായിട്ടില്ലെന്നു ഡോക്ടര്‍ തീര്‍ത്തുപറഞ്ഞപ്പോള്‍ അല്പം സമാധാനമായി. അവിടെനിന്നു തിരിച്ചുവന്ന് അമ്മിണിക്കു വേണ്ട പരിചര്യകളെല്ലാം ചെയ്തു. ഊണുകഴിഞ്ഞു ഉദ്യാനപാലകന്‍ വിവര്‍ത്തനം ചെയ്തു. നാലുമണിക്കു കാപ്പികുടിച്ചു. കൃത്യസമയങ്ങളില്‍ അമ്മിണിക്കു വേണ്ട മരുന്നുകള്‍ കൊടുത്തുകൊണ്ടിരുന്നു. രാത്രി ഊണുകഴിഞ്ഞ് ഒരുമണിവരെ തര്‍ജ്ജമ തുടര്‍ന്നു. ഒരു കവിത മാത്രമേ തര്‍ജ്ജമ ചെയ്യാന്‍ സാധിച്ചുള്ളു.
ഇന്ന് ഒരു മേശപണിയിക്കാന് ഏര്‍പ്പാടുചെയ്തു.
Sunday 1st November 1942
1118 തുലാം 16 ഞായറാഴ്ച
രാവിലെ ഏഴുമണിക്കുണര്ന്നു. കാപ്പികഴിഞ്ഞു അമ്മിണിയുടെ വീട്ടില്‍ പോയി. അവിടെ നിന്നും കാപ്പികുടിച്ച് അച്ഛനുമൊന്നിച്ചു തിരിച്ചുവന്നു. കള്ളിയത്തെ കൃഷ്ണന്കുട്ടിക്കുറുപ്പു മുതലായവരും രാഘവന്‍പിള്ളയുടെ അച്ഛനും വന്നു. Brotherinlaw വന്നന്വേഷിച്ചിട്ട് ചേന്നമംഗലത്തേയ്ക്കുപോയി. ഊണുകഴിഞ്ഞു 111⁄2 മണിക്കു പുറപ്പെട്ടു. അമ്മിണിയും അമ്മയും വാവിട്ടുനിലവിളിച്ചു. എനിക്കു സങ്കടം സഹിച്ചില്ല. ഇറങ്ങിയപ്പോള്‍ ചേടത്തിയമ്മയും ഇന്ദുവും ബാലനും സുധയും മന്ദാരവും അപ്പുക്കുട്ടനുമാണ് നേരിട്ടുവന്നത്. അച്ഛനും അമ്മാവനും ഡോക്ടറും രാഘവന്‍പിള്ളയുടെ പിതാവുമൊന്നിച്ചു സ്റ്റേഷനില്‍ വന്നു. 1.30 നുള്ള മെയില്‍ വണ്ടിയില്‍ കയറി. വലിയ തിരക്കുണ്ടായിരുന്നു. ഏറെനേരം നിന്നുതന്നെ കഴിച്ചുകൂട്ടി. കെ. ജോര്‍ജ്ജിന്റെ ജ്യേഷ്ഠന്റെ മകനും ബോബെയില്‍ മെഡിക്കല്‍ കോളേജില്‍ എം.ബി, ബി എസ്സിന് പഠിക്കുന്ന ആളുമായ മി.കുര്യനുമായി വണ്ടിയില്‍വെച്ചു പരിചയപ്പെട്ടു. 5.30 ന് ആര്‍ക്കോണത്തു വന്നു. ബോബെ എക്സ്പ്രസ്സ് കാത്തു സ്റ്റേഷനില്‍ നില്ക്കുന്നു.
17 - 03 - 1118 / 7 A.M ഒപ്പ്
Wednesday 3rd November 1942
1118 തുലാം 18 ചൊവ്വാഴ്ച
രാവിലെ എട്ടരമണിക്കു പൂനയില്‍ വന്നു. ഇഗ്നേഷ്യസ് സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഒന്നിച്ചു വസതിയില്‍ എത്തി. കാപ്പികുടി കഴിഞ്ഞ് സി.എം ഏ. യുടെ ആഫീസിലേയ്ക്കു പോയി. സി.എം ഏ.യു മായി 111⁄2 മണിക്ക് interview നടത്തി. ഉടന്‍ തന്നെ എന്നെ നിയമിച്ചു. ഉച്ചയ്ക്ക് ഇഗ്നേഷ്യസുമായിച്ചെന്നു ഊണുകഴിച്ചു മടങ്ങി വന്നു. അമ്മിണിക്കു Telegram അയച്ചു. അഞ്ചുമണിക്ക് ആഫീസുവിട്ടുവന്നു. കുളികഴിഞ്ഞ് ഇഗ്നേഷ്യസുമൊന്നിച്ചു നടക്കാന്‍പോയി. പല തെരുവുകളിലും ചുറ്റിനടന്നു. ശുക്രവാരത്തെരുവില്‍ ഇരുപുറവുമുള്ള സൗധവാതായനങ്ങള്‍ക്കരികില്‍ കാമുകരെ മാടിവിളിച്ചുകൊണ്ടണിഞ്ഞൊരുങ്ങിയിരിക്കുന്ന വാരാംഗനകളുടെ ചാപല്യങ്ങള്‍ നോക്കിരസിച്ചുകൊണ്ടു നടന്നുപോയി. എട്ടണ കൊടുത്തു സ്ത്രീകളാല്‍ നടത്തപ്പെടുന്ന `തമാശ' (ഒരുവക മോഹിനിയാട്ടം) കണ്ടു. 11 മണിക്കു തിരിച്ചുവന്നു. 12.30 ന് കിടന്നു
Wednesday 11th November 1942
1118 തുലാം 26 ബുധനാഴ്ച
രാവിലെ എട്ടുമണിക്കുണര്ന്നു. കാപ്പികുടികഴിഞ്ഞു പത്തുമണിക്ക് ആഫീസില്‍ എത്തി. ഒരുമണിക്ക് ഇഗ്നേഷ്യസുമൊന്നിച്ചു ബിരിയാണികഴിച്ചു. അഞ്ചുമണിക്ക് ആഫീസില്‍നിന്നു തിരിച്ചുവന്നു. കുളിയും കാപ്പികുടിയും കഴിഞ്ഞ് തനിയെ നടക്കാനിറങ്ങി. പോകുംവഴി ആദ്യമായി ഒരുതരം `പാശികളിയില്' പങ്കുകൊണ്ടു. അഞ്ചുരൂപ കളിയില്‍ നേടി. അവിടെനിന്നും Imperial Book Depot വില്‍ കയറി. ഏഴുമണിവരെ അവിടെ കഴിച്ചുകൂട്ടി. പിന്നീടു പലയിടത്തും ചുറ്റിനടന്നു. ഒമ്പതുമണിക്കു തിരിച്ചുവന്നു. ഊണുകഴിഞ്ഞ് 12 മണിവരെ ചീട്ടുകളിച്ചു. പിന്നീടുറങ്ങി.
പൂന ഒപ്പ്
Saturday 5th December 1942
1118 വൃശ്ചികം 20 ശനിയാഴ്ച
1
ഹാ! വസന്തം വന്നുചേര്‍ന്നു, പൂവലാംഗി, നിന്നെപ്പോലി
പ്പൂവനത്തിന് മുഖത്തിലും പുഞ്ചിരിവന്നു.
ഭാവുകപ്രദായികകള് ഭാവപ്രസന്നകള്, വന
ദേവതകളനുഗ്രഹംചൊരിഞ്ഞു നിന്നു.
2
ഇനിയില്ല നെടുവീര്പ്പിനിടയൊട്ടു, മുണര്‍വ്വിന്റെ
പനീര്പ്പുക്കളെവിടെയും വിരികയായി.
ഇനിയില്ല മിഴിനീരിനിടയൊട്ടു, മുന്മദത്തിന്‍
കനകരശ്മികള്‍ നീളെ നിറകയായി.
3
പുല്‍ക്കൊടികള്‍പോലും തലപൊക്കി, വിണ്ണില്നിന്നുതിരും
പുഷ്ക്കലശ്രീ പുല്‍കിപ്പുല്‍കി പുളകംപൂശി
ദിക്കുകളെ പ്പൊന്നൊളിയില് മുക്കി മുക്കി വാസരശ്രീ
യുള്ക്കുളിരാര്ന്നുല്ലസിപ്പു സുസ്മിതംവീശി
4
അയിസഖീ, തവശുഭതരുണിമതളിതട്ടി
ട്ടനുപമസുഷമകളണിഞ്ഞുനില്ക്കെ;
അവനിയില്‍ ജീവിതപ്പുവനിയിലുത്സവത്തിനു
ള്ളവസരമാ,ണതയ്യോ, പാഴിലാക്കൊല്ലേ!
അവളുടെ പത്രം
(ഒരു വിനോദ കവിത)
കാണണം നിത്യവും നാണിക്കും കാണുമ്പോള്‍
കാണാതിരുന്നാല്‍ പിണക്കമാവും!
എന്നും പിരിയുമ്പോള്‍ `നാളെപ്പറയുവാ,
നെന്നോടവള്ക്കുണ്ടാം നൂറൂകൂട്ടം!
മുല്ലയ്ക്കല് വീട്ടിലെ മല്ലികക്കുട്ടിക്കു
ചെല്ലപ്പന് കത്തുകൊടുത്തകാര്യം
താലപ്പൊലികണ്ടുനില്ക്കുമ്പാളമ്മിണി
ബാലനെനോക്കിച്ചിരിച്ചകാര്യം
സോമനെഴുതിക്കൊടുത്തോരുപന്യാസം
ശ്യാമള കാണിച്ചുതന്നകാര്യം
ചെല്ലമ്മവാങ്ങിച്ച സാരിതന്വക്കത്തെ
വെള്ളിക്കസവിന് മിനുമിനുക്കം
ഹിന്ദിപഠിപ്പിക്കും സാറെന്നുകേള്ക്കുമ്പോ
ളിന്ദുമതിയുടെ പാരവശ്യം
പട്ടുലേസുച്ചയ്ക്കുതുന്നുമ്പോള്, കൈയെങ്ങോ
തട്ടിയൊരല്പം മുറിഞ്ഞകാര്യം
തങ്കമ്മയ്ക്കച്ഛന് പുതുതായൊരുജോഡി
ത്തങ്കത്തരിവള തീര്‍ത്തകാര്യം
ഞാനൊരു വല്ലാത്തപുള്ളിയാണെന്നിന്നു
ജാനമ്മതന്നോടു ചൊന്നകാര്യം
ഇന്ദിര കോളേജില്പോകുമ്പോള് സൈക്കിളില്‍
ചന്ദ്രനെതിരേവരുന്നകാര്യം
എന്നാണതിനുള്ള ലൈസന്സധികൃതര്
വന്നിനി റദ്ദൂ ചെയ്യുന്നതാവൊ!
പ്രേമസാമ്രാജ്യത്തില് പത്രറഗുലേഷന്‍
താമസിയാതെ നടപ്പിലാക്കാന്‍
ആലോചനയുണ്ടെന്നാരോപറഞ്ഞിന്നു
കാലത്തുകേട്ടതൊട്ടാധിയായ്മേ!
നിന് നര്മ്മസല്ലാപപത്രം നീയോമലേ
നിന്നിടാതെന്നും നടത്തേണമേ!
Friday 3rd October 1947
1123 കന്നി 17 വെള്ളിയാഴ്ച
ഇന്നലെയാണു ഞാന്‍ വന്നതീലോകത്തി
ലിന്നോ ഞാന്‍ കേവലം വൃദ്ധനായി.
നാളെയ്ക്കൊരാഴക്കു ചാമ്പല്‍ ഞാന്മജ്ജീവ
നാളമോ?ജീവിതം പൂര്‍ണ്ണമായോ?
1112 - ല്‍ എഴുതിയ ഒരു കവിത
അന്തിത്തിരിയാലൊരാവേശകസ്മിതം
ചിന്തിനില്ക്കുന്നുനിന്‍ നിശ്ശബ്ദമന്ദിരം
കണ്ടിടാറില്ലതിലേറെനാളായി ഞാന്‍
പണ്ടത്തെദീപ്തി പ്രസരങ്ങളൊന്നുമേ
നിത്യമൂകത്വം വിറങ്ങലിപ്പിച്ചൊരാ
നിര്‍ജ്ജനോദ്യാനങ്ങള്‍ കാണുമ്പോഴൊക്കെയും
എന്മിഴിത്തുമ്പില്നിന്നിറ്റുവീഴാറുണ്ട്
നിന്നെയോര്ത്തായിരമശ്രുകണികകള്!
വിസ്മയംതോന്നുമാറെന്മുന്നിലിന്നിതാ
വിദ്യൂല്ലതപോലണഞ്ഞുനീ പിന്നെയും!
നിര്ഗ്ഗമിക്കുമ്പോള്നിന് പിന്നാലെയെത്തുവാന്‍
സ്വര്ഗ്ഗംപറക്കുന്നു നീ പോം വഴികളില്‍.
മഞ്ജുഹേമന്തം നിലാവില് കുളിപ്പിച്ചു
മഞ്ഞണിയിച്ച മദാലസരാത്രികള്‍
ഇന്നുമെത്താറുണ്ടു നീവിട്ടുപോയനിന്
പുണ്യാശ്രമത്തിലെ പുഷ്പിതവാടിയില്‍!
എങ്കിലും മൂകരായ് നില്‍ക്കുകയല്ലാതെ
തന് കരവല്ലകിമീട്ടിടാറില്ലവര്!
കേട്ടിടാറില്ല നീ പോയ നാള്‍തൊട്ടു നിന്
കൂട്ടിലതത്തതന് കൊഞ്ചലശേഷവും!
തെന്നലാലിംഗനം ചെയ്കിലും മര്മ്മരം
ചിന്തിടാറില്ല മരതകപ്പച്ചകള്‍!
അപ്പപ്പോഴെത്തുമാത്തോപ്പിന്റെവീര്പ്പിലു
ടസ്പഷ്ടമേതോ വിഷാദപരിമളം.
1106 - ല്‍ എഴുതിയ ഒരു കവിത
(അനുകരണം)
കുളിര്‍വാടാമല്ലി, തുളസി, നല്ലന്തി
മലരിതൊട്ടോരോ മലര്‍വല്ലി;
ന്നിറയുന്നദിക്കില് നിരുപമങ്ങളാം
നിരവധിരത്നനികരത്താല്‍
വിരചിച്ചീടട്ടെ ശവകുടീരങ്ങള്‍
വിവിധരീതിയില്‍, ധനവന്മാര്‍.
നഗരപ്പള്ളിതന്‍ നടുമുറ്റത്തെന്റെ
ശകലിതാസ്ഥികള്‍ വിതറൊല്ലേ!
വികലഭാഗ്യ,നെന് വികൃതമാം ജഡം
വിപിനത്തിലെങ്ങാനെറിയണേ!
അവിടെ, യാവനകുഹരത്തിലെങ്ങാ
നഴുകിയെന്‍ പാഴ്മണ്ണടിയട്ടേ!
2
കലയുടെയൊരു കണികയെങ്കിലും
കലരാത്തമട്ടില്‍, കളിമണ്ണാല്‍,
വിരചിച്ചുകൊള്‍വിന്‍ ശവകുടീരമൊ
ന്നുരുനിര്ബന്ധമാണതിനെങ്കില്.
മരതകക്കുന്നിനടിയി,ലോരോരോ
മരനിരചൂഴും വനഭൂവില്‍,
മലയവായുവിലിളകിച്ചാഞ്ചാടും
മലരണിപ്പിഞ്ചുലതകളും,
അരികെ പച്ചപ്പൂല്പ്പരവതാനിയു
മഴകേറ്റും സമതലമൊന്നില്‍
പലപലപൂക്കള്ക്കിടയില് തീര്‍ക്കണേ
പരിചിലെന്നന്ത്യശയനീയം!
അവിടെയെപ്പോഴും, തുരുതുരെ,ക്കാറ്റിന്
പവിഴമല്ലിപ്പൂവുതിരണം!
അരികി, ലെപ്പോഴും,മലതല്ലിപ്പാടു
മരുവിയാമന്ദമൊഴുകണം!
ഇവമാത്രംപോരു, മിവമാത്രംപോരു
മിവലഭിക്കില്‍, ഞാന്‍ ചരിതാര്‍ത്ഥന്‍!
2
പരിശുദ്ധമുഗ്ദ്ധഹൃദയരാം നാട്ടില്‍
പരിഷകളെന്റെ നികടത്തില്‍ (അപൂര്‍ണ്ണം)
കുറിപ്പ്: - ഈ കവിത ഒരനുകരണമാണ്. 1106 ലാണ് എഴുതിയത്. കൈരളിയ്ക്കയച്ചുകൊടുത്തു. പ്രസിദ്ധപ്പെടുത്തിയില്ല. ഈ കടലാസുകളില്‍ കവിത മുഴുവനില്ല. ബാക്കി എവിടെയോ പോയി.