വിഷയ വിവരം
( വിശ്വസാഹിത്യസരണികളില്‍ സ്‌ത്രീകള്‍ വഹിച്ചിട്ടുള്ള പങ്കിനെക്കുറിച്ച് ചങ്ങമ്പുഴ എഴുതിയ ഒരു അപൂര്‍ണ്ണലേഖനം. )
സ്‌ത്രീകളും വിശ്വസാഹിത്യവും
ചരിതകവാടങ്ങളില്‍ക്കൂടികടന്നുചെന്ന് അന്ധകാരാവൃതമായ ഭൂതകാലസാമ്രാജ്യത്തില്‍ നിന്നുകൊണ്ട് മാനവസമുദായത്തിന്റെ സിദ്ധികളെക്കുറിച്ച് അന്വേഷണം നടത്തുന്ന ഒരു ജിജ്ഞാസുവിന്ന്, ഭാരതത്തെ ഒഴിച്ചു നിര്‍ത്തിയാല്‍, ലോകത്തില്‍ മറ്റൊരു ഭൂവിഭാഗവും, അഭിലഷണീയമായ ഏതെങ്കിലും ഒരുപഹാരം സമര്‍പ്പിക്കുവാന്‍ സന്നദ്ധമായിരിക്കുമെന്നു തോന്നുന്നില്ല. പടിപടിയായിട്ടുള്ള പുരോഗതികള്‍ ശതാബ്‌ദങ്ങളുടെ ചിറകുകളില്‍ക്കൂടി മനുഷ്യനെ ഇന്നത്തെ പരിഷ്‌ക്കാരത്തിന്റെ വെളിച്ചത്തിലേയ്‌ക്കാനയിക്കാന്‍ കുറച്ചൊന്നുമല്ലാ പാടുപെട്ടിട്ടുള്ള തെന്നുകാണാം. അഭിമാനകരങ്ങളായ അവന്റെ ഇന്നത്തെ നേട്ടങ്ങളില്‍ പതിഞ്ഞു കാണുന്ന പരിണാമങ്ങളുടെ പാദമുദ്രകള്‍ പരിശോധിച്ചുനോക്കുമ്പോഴാണ് കാലത്തിന്റെ കരകൗശലം നമ്മെ അമ്പരപ്പിക്കുന്നത്. ആഹാര സമ്പാദനത്തിനായി കൈയില്‍ അമ്പും വില്ലും ധരിച്ച് ആരണ്യപന്ഥാക്കളില്‍ അലഞ്ഞുനടന്ന അവന്‍ തന്നെയാണ് അലക്ഷ്യഭാവത്തില്‍ ഇന്നാകാശതരണം ചെയ്യുന്നതെന്ന് വിശ്വസിക്കാന്‍ സാധിക്കാത്തവിധം അത്രവിസ്‌മയാവഹമായ രൂപാന്തരം, കേവലമൊരു യാദൃശ്ചിക സംഭവമല്ലെന്നും, നേരേമറിച്ച് നീണ്ട നീണ്ട നൂറ്റാണ്ടുകളുടെ നിരന്തരപരിശ്രമത്തിന്റെ പരിപാകം മാത്രമാണെന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.
ചിന്തിക്കുന്ന മസ്‌തിഷ്‌കത്തിന്റേയും സ്‌പന്ദിക്കുന്ന ഹൃദയത്തിന്റേയും ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് മനുഷ്യന്റെ സര്‍വ്വാഭ്യൂദയങ്ങള്‍ക്കും നിദാനമായി നില്‍ക്കുന്നത്. സ്‌ത്രീ, പുരുഷന്‍ എന്നിങ്ങനെ രണ്ടു ഭിന്നവര്‍ഗ്ഗങ്ങളുടെ സങ്കലനമാണല്ലൊ ലോകം. ആകയാല്‍ ലോകത്തിന്റെ പുരോഗതിയില്‍ ഇരുകക്ഷികളും ഒരുപോലെ പങ്കെടുത്തിട്ടുണ്ടെന്നുള്ളതില്‍ സംശയിക്കേണ്ടതായിട്ടില്ല. ഒന്നിനു മറ്റൊന്നിനെ ഒഴിച്ചുകൂടുവാന്‍ വഹിയാത്തവിധമാണ് പ്രകൃതി ഇരുകൂട്ടരേയും സംഘടിപ്പിച്ചിട്ടുള്ളത്. പക്ഷെ കാലക്രമത്തില്‍ പുരുഷന്‍ അവന് സ്വതസിദ്ധമായ കായികശക്തിയാല്‍ സ്‌ത്രീയുടെ മേല്‍ അനാശാസ്യമായ അധികാരം സ്ഥാപിക്കുകയും, പ്രകൃതിമൃദുല യായ അവള്‍ ഗത്യന്തരമില്ലാതെ അതിനു വഴങ്ങിക്കൊടുക്കുകയും ചെയ്‌തതായി ചരിത്രം തന്നെ നമ്മെകാണിച്ചുതരുന്നു. ആ ആദ്യത്തെ കീഴടങ്ങലിനുശേഷം സംവത്സര സഹസ്രങ്ങള്‍ കടന്നുപോയിരിക്കുന്നു; എങ്കിലും സ്ഥിതിസമത്വസ്ഥാപനോത്സുകമായ ഈ പരിഷ്‌ക്കാരകാലത്തുപോലും, സ്‌ത്രീസ്വാതന്ത്ര്യവാദകോലാഹലങ്ങള്‍ അടിക്കടി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഇരുപതാംനൂറ്റാണ്ടില്‍പോലും, അവള്‍തന്റെ ന്യായമായ അവകാശത്തെ പരിപൂര്‍ണ്ണമായി വീണ്ടെടുത്തിട്ടുണ്ടെന്നു തോന്നുന്നില്ല.
മനുഷ്യസമുദായത്തിന്റെ കാലാനുസൃതമായ പുരോഗതിക്കു അടിസ്ഥാനമായി നില്‍ക്കുന്ന സംസ്‌ക്കാര ജന്യങ്ങളായ പരിഷ്‌ക്കാരങ്ങളാണ്, സാമുദായികമായും, സാമ്പത്തികമായും, രാഷ്‌ട്രീയമായും അതാതുകാലങ്ങളില്‍ ഉണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ എല്ലാം തന്നെ മനുഷ്യന്റെ മാനസികവും, മസ്‌തിഷ്‌ക്കികവുമായ നേട്ടങ്ങളില്‍ നിന്നും ഉറവെടുക്കുന്നവയായിരിക്കും. എന്നാല്‍ ആ വക നേട്ടങ്ങളെ വിശകലനം ചെയ്‌ത്, അതാതിന്റെ ഉടമസ്ഥാവകാശം തരംതിരിച്ചുനോക്കുമ്പോള്‍, സ്‌ത്രീയ്‌ക്ക് അധികമൊന്നും അഭിമാനിക്കുവാന്‍ വഴികാണുന്നില്ല. അതിന്റെ കാരണമെന്താണെന്നാലോചിച്ചുനോക്കുന്നപക്ഷം, ചിരകാലമായി അവര്‍ അനുഭവിച്ചുപോന്ന പാരതന്ത്ര്യമല്ലാതെ മറ്റൊന്നുമല്ലെന്നും മനസ്സിലാക്കാം. നമുക്കു പ്രധാനമായി `സാഹിത്യം' എന്ന വിഭാഗത്തെ മാത്രം എടുത്ത് ഇന്നോളമുള്ള അതിന്റെ വികാസത്തില്‍ സ്‌ത്രീ എത്രമാത്രം പങ്കെടുത്തിട്ടുണ്ടെന്നും, അവളുടെ തദ്‌വിഷയത്തിലുള്ള സംരംഭങ്ങള്‍ എന്തുമാത്രം ഫലപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചുനോക്കാം.
ലോകത്തില്‍ ഏറ്റവും പ്രാചീനവും അഗാധവുമായ സാഹിത്യം സംസ്‌കൃതത്തിലാണല്ലോ. ഭൂതകാല ചരിത്രം പരിശോധിച്ചാല്‍ അജ്‌ഞാനത്തിന്റേയും അന്ധവിശ്വാസങ്ങളുടേയും തമോവലയങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന മറ്റെല്ലാരാഷ്‌ട്രങ്ങളുടേയും മുമ്പില്‍ ആര്‍ഷഭൂമിവിജ്ഞാനത്തിന്റേയും സംസ്‌കാരത്തിന്റേയും വെണ്‍കതിര്‍ വീശീക്കൊണ്ടു പരിലസിയ്‌ക്കുന്നതു കാണാം. ഹിമവാനും ഗംഗയും മറ്റൊരിടത്തും കാണാപ്പെടാത്തതുപോലെ, ഭാരതഭൂമിയുടെ സാഹിത്യസമ്പത്തും ലോകത്തൊരിടത്തും തന്നെ പ്രത്യക്ഷപ്പെടുന്നതല്ലെന്നു നമുക്കു തികച്ചും അഭിമാനിക്കാം. വ്യാസ വാല്‌മീകികളേയും, കാളിദാസ ഭവഭൂതികളേയും ജയിക്കുന്നതുപോകട്ടെ, അവരെ സമീപിക്കുകപോലും ചെയ്യുന്ന ഒരു കവി ലോകത്തില്‍ മറ്റെവിടെയെങ്കിലും ഇത:പര്യന്തം അവതരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. സംസ്‌കൃതസാഹിത്യാന്തരീക്ഷത്തില്‍ ഉജ്വലതേജസ്സോടുകൂടി മിന്നിത്തിളങ്ങുന്ന കവിതാരങ്ങള്‍ കുറച്ചൊന്നുമല്ല.
എന്നാല്‍, അവരുടെയിടയില്‍ ഒരൊറ്റ കവിയത്രിയെപ്പോലും കാണാന്‍ കഴിയുന്നില്ലെന്നുള്ളത് എത്രയും പരിതാപകരമായിരിക്കുന്നു. മൂന്നുനാലുപേര്‍ സംസ്‌കൃതത്തിലും ഉണ്ടായിട്ടില്ലെന്നില്ല. മറ്റുതേജ: പുഞ്‌ജങ്ങളുടെ മുന്‍പില്‍ അവര്‍ കേവലം നിഷ്‌പ്രഭങ്ങളായിത്തീരുന്നതേയുള്ളു. ദയനീയമായ ഈ പരമാര്‍ത്ഥം ലോകത്തിലെ മറ്റേതു സാഹിത്യം പരിശോധിച്ചുനോക്കിയാലും വെളിപ്പെടുന്നതാണ്. വാത്മീകിയുടേയോ, കാളിദാസന്റേയോ, ഹോമായുടേയോ, ഡാന്‍റിയുടേയോ, ഗേഥെയുടേയോ നാമധേയത്തോടുകൂടി, ഒരൊറ്റ കവിയത്രിയുടെ പേരെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുന്നില്ല.
മല്ലാരിപ്രയയായഭാമസമരം
........................ വന്നീടുമോ?
എന്ന് ഒരു മാന്യമഹതി ചോദിച്ചിട്ടുള്ളതായി ഞാന്‍ ഓര്‍ക്കുന്നു. കവിതയ്‌ക്കുമാത്രമവരാളല്ലെന്നു വന്നീടുമോ? എന്നു മാത്രമാണാമഹമതി സന്ദേഹിച്ചിരുന്നതെങ്കില്‍ `ഇല്ല' എന്ന് നമുക്കറപ്പിച്ചുപറയാമായിരുന്നു. പക്ഷേ ആ `ചൊല്ലേറും' എന്നു പറയുന്നിടത്താണ് നമുക്ക് അല്‌പമൊരു വൈമനസ്യം തോന്നുക. `ചൊല്ലേറും കവിത' എന്ന പ്രയോഗത്തിന് ഞാന്‍ അര്‍ത്ഥമാക്കുന്നത് `ലോകോത്തരമായ കവിത' എന്നാണെന്നു പ്രത്യേകിച്ച് പറയേണ്ടതായിട്ടില്ലല്ലോ. ഗ്രീക്കു, ലാറ്റിന്‍, ഫ്രഞ്ച്, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ ഏതൊരുസാഹിത്യം പരിശോധിച്ചു നോക്കിയാലും, ഒന്നാംകിടക്കാരായ കവികളുടെ സ്ഥാനത്തേക്ക് ഒരു സ്‌ത്രീക്കുകടന്നെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യസനപൂര്‍വ്വം നമുക്ക് പറയാതെ നിവൃത്തിയില്ല.
ഇതുകൊണ്ടെന്താണ് ചിന്തിയ്‌ക്കേണ്ടത്. പ്രകൃതി ബുദ്ധിശക്തിയും, ഭാവനാവൈഭവവും, വികാരതീക്ഷ്‌ണതയും പുരുഷനും സ്‌ത്രീക്കും ഒന്നുപോലെയാണ് നല്‍കിയിട്ടുള്ളത്. എന്നല്ലാ കാവ്യസൃഷ്‌ടിയുടെ ഒരു പ്രധാനഘടകമായ വികാര തീഷ്‌ണത പുരുഷനെ അപേക്ഷിച്ച് സ്‌ത്രീക്കാണ് കൂടുതലായിട്ടുള്ളത്. `വികാരം' എന്ന പദം അതിന്റെ ഏറ്റവും പരിശുദ്ധമായ അര്‍ത്ഥത്തിലാണ് ഞാന്‍ ഇവിടെ പ്രയോഗിച്ചിട്ടുള്ളതെന്ന് പ്രത്യേകം പറഞ്ഞുകൊള്ളുന്നു. അങ്ങിനെയിരിയ്‌ക്കേ സ്‌ത്രീ പിന്നണിയിലേയ്‌ക്കു തള്ളപ്പെടുവാന്‍ എന്താണു കാരണമെന്നു ചിന്തിക്കേണ്ടതായിട്ടുണ്ട്. സകല സാഹചര്യങ്ങളും ഒത്തിണങ്ങിയിട്ടും പ്രകൃതിദത്തമായ സകല അനുഗ്രഹങ്ങളും സമ്പൂര്‍ണ്ണമായിരുന്നിട്ടും അവളുടെ ഹൃദയത്തെ ലോകസമക്ഷം വിടര്‍ത്തിക്കാണിക്കുവാന്‍, പാവം, അവള്‍ക്ക് സാധിക്കാതെ പോയി. സ്വാര്‍ത്ഥലോലുപനും, അധികാരോന്മത്തനുമായ പുരുഷന്റെ ആയതഹസ്‌തങ്ങള്‍, ആ പാവത്തെ വെറും അടുക്കളഭിത്തികള്‍ക്കുള്ളിലേയ്‌ക്കു തള്ളിക്കളഞ്ഞു! കഷ്‌ടം! ഒന്നോരണ്ടോ സംവത്സരങ്ങളല്ല, നെടുനീളന്‍ നൂറ്റാണ്ടുകള്‍ അവള്‍ അതിന്റെ മൂലയില്‍ ഒതുങ്ങിക്കിടക്കേണ്ടതായി വന്നുക്കൂടി! ലോകത്തില്‍ എവിടേയും ഒന്നുപോലെ സംഭവിച്ച ഒരു ദയനീയ സംഭവമായിരുന്നു ഇത്.......
എന്നാല്‍ കാലഗതിയില്‍ പരിഷ്‌ക്കാരരശ്‌മികള്‍ അധികമധികം വ്യാപിക്കുന്തോറും, അവളുടെ അസ്വതന്ത്രതയ്‌ക്കും, അല്‍പാല്‍പം ശമനം വന്നുതുടങ്ങി......അങ്ങിനെ ക്രമേണ അവള്‍ അരങ്ങത്തേയ്‌ക്കും, ആശങ്കാകുലമായ കാല്‍വെപ്പുകളോടെയാണെങ്കിലും, പ്രവേശിച്ച്, അവളുടെ ഹൃദയമാധുര്യം അല്‌പാല്‌പം ലോകസമക്ഷം അര്‍പ്പിക്കുവാന്‍ ആരംഭിച്ചു.
ഏറ്റവും വിദൂരമായ ഭൂതകാലത്തേയ്‌ക്കൊന്നു കണ്ണോടിക്കുമ്പോള്‍, ഹോമറിനെ പെറ്റ ഗ്രീസില്‍, ഒരു പെണ്‍കുയില്‍ അവളുടെ നൈസര്‍ഗ്ഗീകമായ കളകളംകൊണ്ട് ലോകത്തെപ്പുളകം കൊള്ളിച്ചിരുന്നതായികാണാം അതെ, സാഫോ മരിച്ചിട്ട് ഇപ്പോള്‍ രണ്ടായിരത്തിഅഞ്ഞൂറു സംവത്സരങ്ങളോളം കഴിഞ്ഞുപോയി. എന്നാല്‍ പ്രണയപരവശയായി ആ സ്വര്‍ഗ്ഗീയഭൂമികളില്‍ തന്റെ വിലാപഗാനങ്ങളും പെയ്‌തുകൊണ്ട്, ഒരു കിന്നരകുമാരിയെപ്പോലെ അലഞ്ഞുനടന്ന്, അവസാനം അപ്രാപ്യനായ തന്റെ കാമുകന്റെ ധാര്‍ഷ്‌ട്യത്തില്‍ അടക്കാനാകാത്ത നൈരാശ്യം നിമിത്തം, ദയനീയമാംവിധം ആത്മഹത്യചെയ്‌ത് ഈ ലോകരംഗത്തില്‍നിന്നും അപ്രത്യക്ഷയായ ആ കവയിത്രിയുടെ പാവനനാമധേയം ലോകം ഇന്നും വിസ്‌മരിച്ചിട്ടില്ല. അനശ്വരാത്മക്കളായ അനേകം മഹാരഥന്മാരുടെ ജന്മഭൂമിയായ ആ ദ്വീപ്‌സമൂഹത്തിന്റെ ആരാധകനായിരുന്ന ബൈറണ്‍ ആദ്യമായി അതിനെ അനുസ്‌മരിക്കുന്നത് ആ കവയിത്രിയുടെ അഭിധാനത്തോടു കൂടിയാണ്!
ജപ്പാനീസ് സാഹിത്യം
ജപ്പാനിലെ സാഹിത്യത്തെ `നാറ' കാലഘട്ടം, ഹിയാന്‍ സാഹിത്യകാലം, മദ്ധ്യമകാലഘട്ടം, ആധുനികകാലം എന്നിങ്ങനെ പൊതുവെ നാലായി വിഭജിക്കാം. ഇതില്‍ ഓരോകാലഘട്ടത്തിലും, പ്രശസ്‌തരായ കവികളോടൊപ്പംതന്നെ കവയിത്രികളേയും കാണുന്നുണ്ടെന്നുള്ളത് പ്രത്യേകിച്ചും സന്തോഷാവഹമാണ്. മാത്രമല്ല ഇത്രയേറെക്കവയിത്രി കളെ പ്രസവിച്ചിട്ടുള്ള മറ്റൊരു നാടും ഇല്ലെന്നുതന്നെ പറയാം. നാറാസാഹിത്യകാലഘട്ടത്തിന്റെ സ്‌മാരകമായി അവശേഷിച്ചിട്ടുള്ള ഏകഗ്രന്ഥം `മാനിയോഷ്‌ട' എന്ന ഒരു കാവ്യസമുച്ചയമാണ്. അതില്‍ കവികളും കവിയിത്രികളും ഒന്നുപോലെ തങ്ങളുടെ സാഹിതീ സേവനത്തിന്റെ ഉത്തമഫലങ്ങളെ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ സര്‍വ്വതോമുഖമായ പ്രാധാന്യം അര്‍ഹിക്കുന്നത് `ജിറ്റോ' എന്ന ഒരു രാജകുമാരിയാണ്. ഏ.ഡി. 668ാംമാണ്ട് രാജ്യഭാരം ചെയ്‌തിരുന്ന ടെഞ്ചി എന്ന ചക്രവര്‍ത്തിയുടെ പുത്രിയാണ് ആ കവിയിത്രി. മനോഹരങ്ങളായ പലകവിതകളും ജിറ്റോ രചിച്ചിട്ടുണ്ട്. അച്ഛനും ഒരുനല്ല കവിയായിരുന്നതിനാല്‍, സാഹിത്യസംരംഭത്തില്‍ അവള്‍ക്ക് ചെറുപ്പത്തില്‍ തന്നെ വേണ്ട പ്രോത്സാഹനങ്ങള്‍ എല്ലാം ലഭിച്ചുവന്നു. ഗ്രീഷ്‌മാരംഭത്തില്‍, ആദിത്യരശ്‌മികള്‍കൊണ്ട് സമുജ്വലമായി അന്തരീക്ഷം തെളിഞ്ഞ ഒരു ദിവസം, വസ്‌ത്രങ്ങള്‍ നനച്ചുണക്കാനിട്ടിരിക്കുന്നതിനേക്കുറിച്ച് അവള്‍ എഴുതിയിട്ടുള്ള ഒരു കാവ്യഖണ്ഡത്തിന്റെ പരിഭാഷ ചുവടെ ചേര്‍ക്കുന്നു.
പോയിക്കഴിഞ്ഞുവസന്തം - സുഖ
ദായകരമ്യവസന്തം
നന്ദനീയാഭയണിഞ്ഞു-മന്ദം
സുന്ദരഗ്രീഷ്‌മമണഞ്ഞു
വെള്ളിമുകിലുകള്‍ പോലെ - നല്ല
വെള്ളത്തുകിലുകള്‍പോലെ
നീരില്‍ നനച്ചീറനായി - വൈലില്‍
`തോരയിട്ടി'ട്ടുള്ളതായി
കാണുന്നു നാനാതരത്തില്‍ - ദൂരെ
`ക്കാഗു'വിന്‍ കുന്നും പുറത്തില്‍!
ഓത്‌സുരാജധാനിയില്‍ ഒരിക്കല്‍ ഒരു കവിതാമത്സരത്തിനായി ജപ്പാനിലുള്ള കവികളെയാകമാനം ചക്രവര്‍ത്തി ക്ഷണിച്ചുവരുത്തി. പച്ചിലകള്‍ തഴച്ചുപിടിക്കുന്ന കാലത്തും, ഇലകള്‍ കൊഴിഞ്ഞുവീഴുന്നകാലത്തും കുന്നുകളില്‍ക്കളിയാടുന്ന കമനീയതകളെ സാദൃശ്യപ്പെടുത്തിക്കൊണ്ടോ വ്യത്യാസപ്പെടുത്തിക്കൊണ്ടോ ഒരു കവിത എഴുതണമെന്നായിരുന്നു നിശ്ചയം. പരീക്ഷകന്മാരുടെ അഭിപ്രായപ്രകാരം ആ മത്സരത്തില്‍ പ്രഥമസമ്മാനം ലഭിച്ചത് `നുകട' എന്ന രാജകുമാരിക്കായിരുന്നുവത്രെ.
ഹീയന്‍ സാഹിത്യരംഗത്തില്‍ മറ്റൊരു മഹാകാവ്യസമുച്ചയം ചക്രവര്‍ത്തിയുടെ ആജ്ഞാനുസൃതം സജ്ജമാക്കപ്പെട്ടു. ഏ.ഡി. പത്താം ശതകത്തിലായിരുന്നു അത്. ഏഴാം ശതകത്തിന്റെ മദ്ധ്യഭാഗം മുതല്‍ അന്നുവരെ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച കാവ്യതല്ലജങ്ങള്‍ ആ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്നത്തെ കവികുലചക്രവര്‍ത്തിയായിരുന്ന `സുരയുക'ആയിരുന്നു അതിന്റെ നിര്‍വ്വഹണം പ്രശസ്‌തമാംവിധം സാധിച്ചത്. `കോക്കിന്‍ഷ്‌ട' എന്ന പ്രസ്‌തുത ഭണ്ഡാഗാരത്തില്‍ കാവ്യരത്‌നങ്ങള്‍ അര്‍പ്പിച്ചിട്ടുള്ള കവയിത്രികളില്‍ പ്രഥമസ്ഥാനം ഓനോനെ കോമാച്ചി എന്ന സ്‌ത്രീരത്‌നത്തിനാണ്. പത്താം ശതകത്തിന്റെ അവസാനഘട്ടത്തില്‍ ജപ്പാന്‍ സാഹിത്യാന്തരീക്ഷത്തില്‍ ഉദിച്ചുയര്‍ന്നു കാണുന്ന രണ്ടു നക്ഷത്രങ്ങളാണ് മൂറാസകിഷിക്കിബു, സീയ്‌ഷോനാഗന്‍ എന്നിവര്‍. ആ മഹതികളെ ജയിക്കുന്ന ഒരു സാഹിത്യകാരന്‍ പിന്നീടു രണ്ടു ശതാബ്‌ദക്കാലത്തേയ്‌ക്കു ജപ്പാനില്‍ ഉണ്ടായിട്ടില്ല. അന്‍പത്തിനാലദ്ധ്യായങ്ങളില്‍ നാലായിരിത്തില്‍ പരം പേജുകളുള്ള `ഗെന്‍ജിമോണോഗാത്താരി' എന്ന ജപ്പാനിലെ ആദ്യത്തെ നോവലിന്റെ ജനയിത്രി മുറാസകിഷിക്കിബു ആയിരുന്നു. തന്റെ ചുറ്റുപാടുമുള്ള മനുഷ്യരുടെ ആശകളേയും, നിരാശകളേയും, വികാരങ്ങളേയും, സുഖദുഃഖങ്ങളേയും അതേപടി പകര്‍ത്തിക്കാണിച്ചിട്ടുള്ള ഒരൊന്നാന്തരം റീയലിസ്റ്റിക്ക് നോവലാണത്. സീഷോണാഗന്‍ `മാകുറനോ സോഷി' എന്ന കൃതിയുടെ ഗ്രന്ഥകര്‍ത്രിയാണ്. ആകര്‍ഷകമായ പ്രകൃതി ചിത്രപരമ്പരകളാലും, ഉല്ലാസകരമായ വികാരസാന്ദ്രതയാലും പ്രസ്‌തുത കൃതി സവിശേഷം ഇന്നും പ്രശംസാര്‍ഹമായി ശോഭിക്കുന്നു. മുറാസാകിഷിക്കിബുവിന്റെ മകളായ ഇസുമിഫിക്കിബുവും `സാഗൊറോമൊമോണോ ഗാത്താരി' എന്ന ഒരു നോവല്‍ രചിച്ചിട്ടുണ്ട്. അവള്‍ ഒരു നല്ല കവയിത്രി കൂടിയായിരുന്നു. 1050 ല്‍ ഇസുമി എഴുതിയിട്ടുള്ള ഒരു കാവ്യഖണ്ഡത്തിന്റെ പരിഭാഷയാണിത്.
പിന്നീടുനാലു ശതാബ്‌ദക്കാലത്തേയ്‌ക്കും അതായത് 1600 വരെ ജപ്പാന്‍ സാഹിത്യത്തിന് പറയത്തക്ക പുരോഗതിയൊന്നുമുണ്ടായിട്ടില്ല. ഇതിനിടയില്‍ ആവിര്‍ഭവിച്ചിട്ടുള്ള സാഹിത്യകാരന്മാരില്‍, സ്‌ത്രീകളുടെ സംഖ്യ നോക്കുമ്പോള്‍ ഇസായോയിനോകി എന്ന ഒരൊറ്റ നാമധേയമേ സ്‌മരണീയമായിട്ടുള്ളു.
1600 മുതല്‍ 1868വരെ സ്‌ത്രീകള്‍ ആരും തന്നെ സാഹിത്യത്തില്‍ പങ്കെടുത്തതായിക്കാണുന്നില്ല. ആധുനിക സാഹിത്യലോകത്ത് ജപ്പാന്‍ സ്‌ത്രീകള്‍ സംഖ്യാതീതമായിട്ടുണ്ട്. അവരില്‍ അധികഭാഗവും നോവലെഴുത്തുകാരികളാണ്. ഹിഗുച്ചി ഇച്ചിയോ ആണ് അവരുടെ ചക്രവര്‍ത്തിനി. ഇക്കഴിഞ്ഞ അന്‍പതു കൊല്ലങ്ങള്‍ക്കിടയ്‌ക്ക് അതിപ്രശ്‌സതരായ പല കവയിത്രികളും ജപ്പാനില്‍ ഉണ്ടായിട്ടുണ്ട്. ചക്രവര്‍ത്തിനി ഷോക്കണ്‍ന്റെ കൃതികള്‍ പ്രകൃതിവര്‍ണ്ണനാത്മകങ്ങളും നിത്യജീവിതത്തിലെ നാനാവശങ്ങളെ ചമല്‍ക്കാരത്തോടെ ചിത്രീകരിക്കുന്നവയുമാണ്. കൊട്ടാരത്തില്‍ ആണ്ടുതോറും ആഘോഷിക്കപ്പെടാറുള്ള കവിസമ്മേളനത്തില്‍ സ്‌ത്രീകളുടെ കവിതകളാണത്രെ പ്രഥമസ്ഥാനം കൈക്കലാക്കുക പതിവ്. ബ്യാകറന്‍ (പത്മം) എന്ന തൂലികാനാമധേയത്തില്‍ അറിയപ്പെടുന്ന കവയിത്രിയാണ് ഇന്നു ജപ്പാനിലെ സമുന്നതസ്ഥാനത്തു പരിലസിക്കുന്നത്. അവരുടെ കൃതികള്‍ക്ക് ആത്മീയമായ ഒരാകര്‍ഷകത്വമുണ്ട്. ബാലമണിഅമ്മയുടെ കൃതികളോട് ഏതാണ്ട് സദൃശ്യംവഹിക്കുന്നവിധം, ഗാര്‍ഹികജീവിതത്തിന്റെ ആദ്ധ്യാത്മികമായ വശങ്ങളെ അഭിരാമമായ രീതിയില്‍ തത്വചിന്തകൊണ്ടിടയ്‌ക്കിടെ നിറം പിടിപ്പിച്ചു ചിത്രീകരിക്കുന്നതില്‍ ബ്യാകറനോടൊപ്പം തന്നെ പാടവമുള്ളവരാണ് - യോസാനോ, ആക്കിക്കോ, കുജോ, ഓക്കൊമോടോ കാനോകോ എന്നീ കവയിത്രികള്‍. ഇവയില്‍ കജോവിന്റെ കവിതകള്‍ ഏറിയകൂറും വിഷാദാത്മകങ്ങളാണ്. കാനോകോവിന്റെ കൃതികളിലും അതിന്റെ നേരീയ നിഴല്‍പ്പാടുകള്‍ ഒട്ടും കുറവല്ല. ജപ്പാനിലെ മഹിളാമണ്ഡലനായികയായ കതായമഫിറോക്കോവും നല്ല വാസനയുള്ള കവയിത്രിയാണെങ്കിലും ചില തത്വങ്ങളുടെ പ്രചരണത്തിനായി അവര്‍ കവിതയെ ഒരു ഉപാധിയാക്കുന്നതുകൊണ്ട് അവയുടെ മേന്മക്ക് ദയനീയമാംവിധം ക്ഷതം തട്ടുന്നു. ഇവരെല്ലാവരുടേയും കൃതികള്‍, മാതൃകയ്‌ക്കായിട്ടെങ്കിലും വിവര്‍ത്തനം ചെയ്‌ത് ഈ പ്രബന്ധത്തില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കുന്നതല്ല. അതിനാല്‍, `ബ്യാകുറ'ന്റെ ഒരു ലഘുപദ്യം മാത്രം ചുവടെ ചേര്‍ത്തുകൊള്ളുന്നു.
മായിക മാധുരി മാരിവില്‍ വീശിയ
മാമക മംഗള ശൈശവത്തില്‍
വന്നെത്തിയിട്ടില്ലെന്‍ മുന്നിലൊരിക്കലും
പൊന്നില്‍കുളിക്കാത്ത വാസരങ്ങള്‍
ജീവിതത്തിന്റെ മുനകൂര്‍ത്തമുള്ളുകള്‍
നോവിച്ചിടാത്തൊരെന്‍ മുഗ്‌ദ്ധചിത്തം
നിര്‍മ്മലത്വത്തില്‍ നിറകുടമായനി
ന്നുന്മദം തുള്ളിത്തുളുമ്പിടുമ്പോള്‍
പിഞ്ചുകൈനീട്ടിപ്പുണര്‍ന്നു ഞാന്‍ നിങ്ങളെ
പ്പുഞ്ചിരിക്കൊള്ളുമെന്‍ പാവകളെ!
നിങ്ങള്‍തന്നത്ഭുതവശ്യമാമാകാര
ഭംഗിയില്‍ പാടെ മതിമയങ്ങി
കെട്ടിപ്പിടിച്ചുഞാന്‍ നിങ്ങളെമാറിലെ
ന്നിഷ്‌ടസഖികളേ, പാവകളേ!
ഇന്നിതാ കേവലമന്യരെപ്പോലെനാ
മന്യോന്യ, മയ്യോ, മറന്നുപോയി
നോര്‍വ്വേ, സ്വീഡന്‍
നോര്‍വ്വീജയിന്‍ സാഹിത്യവേദിയില്‍ ശാശ്വതപ്രതിഷ്‌ഠലഭിച്ചിട്ടുള്ള ഒരു കവയിത്രി പ്പോലും കാണുന്നില്ല. എന്നാല്‍, ഇമ്പ്‌സനേയും, ബ്‌ജോര്‍സണേയും പോലെ തന്നെ പ്രശസ്‌തി നേടിയിട്ടുള്ള ഒരു നോവലെഴുത്തുകാരിയെ നമുക്കവിടെക്കാണാന്‍ കഴിയും. അതീതകാലങ്ങളിലെ സംഭവങ്ങളേയും പാത്രങ്ങളേയും സ്വകല്‌പനാശക്തിയാല്‍ സരസമായി സംഘടിപ്പിച്ച് ഇക്കാലത്തേക്കനുയോജ്യമായ രീതിയില്‍ പ്രദര്‍ശിപ്പിക്കുവാന്‍ അവര്‍ക്കു പ്രത്യേക പാടവമുണ്ട്. അവരുടെ ആഖ്യായികകളില്‍ അവഗാഹമായ മനശാസ്‌ത്രതത്വങ്ങളുടെ അടിയൊഴുക്കുകള്‍ ധാരാളമായിക്കാണാന്‍ കഴിയും. അവരുടെ കൃതികള്‍ വെറും വിനോദത്തിനായി സൃഷ്‌ടിക്കപ്പെട്ടിട്ടുള്ള ലഘുകഥകളല്ല. സാമാന്യത്തിലധികം ദൈര്‍ഘ്യമുള്ള അവരുടെ ആഖ്യായികകള്‍ വായിച്ചു രസിക്കണമെങ്കില്‍ അതിനു പര്യാപ്‌തമായ പരായണൗത്സക്യവും, ക്ഷമയും ഉണ്ടെങ്കില്‍ മാത്രമെപറ്റൂ. ഗാര്‍ഹികജീവിതത്തെ പ്രതിഫലിപ്പിക്കുന്നവയാണ് അവരുടെ കൃതികളില്‍ ഭൂരിഭാഗവും. അവരുടെ ഏറ്റവും വലിപ്പമുള്ളതും പ്രധാന്യമര്‍ഹിക്കുന്നതുമായ കൃതി ക്രിസ്റ്റിന്‍ ലാവ്‌റന്‍സ്‌ഡാറ്റര്‍ എന്ന നോവലാണ്. അത് മൂന്നു ഭാഗങ്ങളായി ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കോടാലി (The Axe) സര്‍പ്പകൂപം (The Snake )എന്ന രണ്ടു നോവലുകള്‍ കൂടി അവരുടെ തൂലികാസൃഷ്‌ടികള്‍ ഈ ലേഖകനു വായിക്കുവാന്‍ ഒത്തിട്ടുണ്ട്. മറ്റു പല കൃതികളും അവര്‍ നിര്‍മ്മിച്ചിട്ടുള്ളതായി അറിയുന്നു. 1028ലെ നോബൽ സമ്മാനത്തിനര്‍ഹയായതു ആ മഹതിയാണെന്നുള്ളതു പ്രത്യേകം പ്രസ്‌താവയോഗ്യമാണ്. അവരെക്കൂടാതെ പേള്‍ബക്ക് എന്ന അമേരിക്കന്‍ വനിതയും, സൈലേഷ്യന്‍ ദ്വീപുകളിലെ സാധുക്കളുടെ ജീവിതം ചിത്രീകരിച്ചുകൊണ്ട് `അമ്മ' എന്ന ലോകോത്തരമായ ഒരാഖ്യായിക എഴുതിയിട്ടുള്ള ഗ്രേഷ്യഡെല എന്ന ഒരു മഹതിയും പ്രസ്‌തുത സമ്മാനത്തിനര്‍ഹരായിട്ടുണ്ട്. ഡെലഡായെക്കുറിച്ചു മറ്റൊരിടത്ത് വിസ്‌മതരിച്ചു പ്രസ്‌താവിക്കുന്നതാണ്.
സ്വീഡിഷ് സാഹിത്യലോകത്തില്‍ ആദ്യമായി ഒരു കവയിത്രിയുടെ ആവിര്‍ഭാവം പതിനെട്ടാം ശതകത്തിലാണ്. ജപ്പാന്‍ കഴിഞ്ഞാല്‍ പിന്നെ സ്‌ത്രീകള്‍ അധികമായി പങ്കെടുത്തിട്ടുള്ള രാജ്യം സ്വീഡനാണെന്നു പറയാം. അക്കാലത്ത് സ്വീഡനില്‍ സ്ഥാപിതമായിരുന്ന `അപ്‌സാലി' സാഹിത്യമണ്ഡലത്തില്‍ സര്‍വ്വപ്രധാന്യമര്‍ഹിച്ചിരുന്ന മറ്റൊരു വനിത മല്ലമോണ്‍ട് ഗോമറിസില്‍വ് വെര്‍സ്റ്റോള്‍പ്പാണ്. ആദ്യം പറഞ്ഞിരുന്നവരുടെ നാമധേയം ഫ്രൂജ്ജിളിറെനബര്‍ഗ് എന്നായിരുന്നുവെങ്കിലും `യൂഫ്രോസിനെ' എന്ന അഭിധാനത്തിലാണ് ഇന്നു ലോകം അവരെ അറിയുന്നത്. ഈ രണ്ടുപേരുടേയും കൃതികള്‍ യൂറോപ്പിലെ പലഭാഷകളിലേയ്‌ക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗാര്‍ഹികജീവിതത്തെ ആധാരമാക്കി ചെറുകഥകളും നോവലുകളും എഴുതിയിട്ടുള്ള ഫ്രെഡ്രിക്കാബ്രീമര്‍, സോഫിയാപോണ്‍നോറിംഗ് എന്ന രണ്ടു നോവലെഴുത്തുകാരികളാണ് 19ാം നൂറ്റാണ്ടില്‍ സ്വീഡനില്‍ പ്രത്യക്ഷപ്പെടുന്നത്. ഇവരില്‍ രണ്ടാമത്തെ സ്‌ത്രീയുടെ കൃതികള്‍ ഏറിയകൂറും സമുദായത്തില്‍ ഉയര്‍ന്ന പടിയില്‍ വര്‍ത്തിക്കുന്ന പ്രഭുവര്‍ഗ്ഗത്തിന്റെ ജീവിതത്തെ പരാമര്‍ശിച്ചു കൊണ്ടുള്ളവയാകുന്നു. സ്വീഡനിലെ പടിഞ്ഞാറെ സമുദ്രതീരത്തധിവസിക്കുന്ന ജനങ്ങളുടെ ജീവിതത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് ആ ശതാബ്‌ദത്തിന്റെ അവസാന ദശയില്‍ ജീവിച്ചിരുന്ന ഒരാഖ്യായികാകര്‍ത്രിയാണ് എമിലീഫ്‌ളിഗാറേകാസ്റ്റന്‍. സ്റ്റ്‌റിന്‍ബര്‍ഗിന്റെ ആവിര്‍ഭാവത്തോടുകൂടി സ്വീഡിഷ് സാഹിത്യത്തിന് അത്ഭുതാവഹമായ ഒരു പരിവര്‍ത്തനമുണ്ടായിട്ടുണ്ടല്ലോ. എന്നാല്‍ അതിനുമുന്‍പ് ആദര്‍ശപരമാക്കിചെയ്യപ്പെടാത്ത വസ്‌തുസ്ഥിതികഥനാത്മകമായി നവീനാഖ്യായികകളുടെ ഉപജ്ഞാതാക്കളായി ആനിഷാര്‍ലോട്ട് എഡ്‌ഗ്രന്‍ലെഫ്‌ളെര്‍, വിക്‌റ്റോറിയാ ബനഡിക്‌റ്റ് സണ്‍ എന്ന രണ്ടു നോവലെഴുത്തുകാരികളെക്കാണാം. ഇവരില്‍ ആദ്യം പറഞ്ഞ സ്‌ത്രീയുടെ `ജീവിതം' എന്ന പേരില്‍ നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പു ഇംഗ്ലണ്ടില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഏതാനും ചെറുകഥകള്‍ മാത്രമെ, ഈ ലേഖകനു വായിക്കുവാന്‍ കഴിഞ്ഞിട്ടുള്ളൂ. പുരുഷനോടൊപ്പം തന്നെ അവളുടെ ന്യായമായസ്ഥാനം പ്രതിഷ്‌ഠിക്കുവാനുള്ള സ്‌ത്രീയുടെ പ്രയത്‌നവും, അതിന്റെ അഭാവത്താല്‍ അവള്‍ക്കനുഭവിക്കേണ്ടിവരുന്ന ക്ലേശങ്ങളും, വികാരജനകമാംവിധം ആ ചെറുകഥകളില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ജീവിതമത്സരത്തില്‍ സ്‌ത്രീയ്‌ക്കുണ്ടാകുന്ന മാനസിക പരാജയത്തെയും, തജ്ജന്യമായ നൈരാശ്യത്തേയും ഇത്രത്തോളം ഹൃദയഭേദകമായ രീതിയില്‍ ചിത്രീകരിച്ചിട്ടുള്ളവര്‍, ഇമ്പ്‌സനെ ഒഴിച്ചു നിര്‍ത്തിയാല്‍, മറ്റധികം പേര്‍ കാണുമെന്നുതോന്നുന്നില്ല. `സ്‌കാറേ' എന്ന സ്ഥലത്തെ ജീവിതം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള കൃതികളാണ് വിക്‌റ്റോറിയ ബനിഡിക്‌റ്റിസണ്‍ന്റേത്. അവരുടെ `പണം' എന്ന ആഖ്യായിക ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിര്‍ കവിഞ്ഞ ഭൗതിക തൃഷ്‌ണയുടെ ദുരന്തമായ പ്രവര്‍ത്തനങ്ങള്‍ ഉത്തേജകമാംവിധം ആ കൃതിയില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. പ്രശസ്‌തയായ ആ നോവലെഴുത്തുകാരിയും, സാഫോയെപ്പോലെ തന്നെ 38ാമത്തെ വയസ്സില്‍ പ്രണയസംബന്ധമായി നേരിട്ട നിരാശയാല്‍ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. സാഹിത്യലോകത്തില്‍ ആ സ്‌ത്രീരത്‌നത്തെ അറിയുന്നത് ഏണസ്റ്റ് അഹല്‍ഗ്രസ എന്നപേരിലാണ്. ഫ്രുമേറിയാനി, സോഫിയാഎന്‍ക്കന്‍, മറ്റില്‍ഡമാലിംഗ് എന്നീമൂന്നു സ്‌ത്രീകളും സമകാലികരായ സാഹിത്യകാരിണികളാണ്. അടുത്തകാലത്ത് സ്വീഡനില്‍ ജീവിച്ചിരിക്കുന്ന സ്‌ത്രീകളില്‍ സാഹിത്യലോകത്ത് ഏറ്റവും പ്രശസ്‌തി സമ്പാദിച്ചിട്ടുള്ളവള്‍ സെല്‍മലാഗര്‍ലോഫ് എന്ന നോവലെഴുത്തുകാരിയാണ്. അവര്‍ മരിച്ചിട്ട് അഞ്ചുകൊല്ലമേ ആയിട്ടുള്ളു. `ഗോസ്റ്റബര്‍ ലിംഗ്‌സ്‌ബാഗ' എന്ന അവരുടെ ആഖ്യായികാപരമ്പരക്ക് ഗാല്‍സ്‌വര്‍ത്തിയുടെ `ഫോര്‍സൈറ്റീസ്‌സാഗ' എന്ന കൃതികളോടൊപ്പം തന്നെ യൂറോപ്പിലും അമേരിക്കയിലും വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷില്‍ ഈ കൃതികള്‍ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് ന്യൂയോര്‍ക്കിലാണ്. അവരുടെ മറ്റൊരു പ്രസിദ്ധകൃതിയാണ് ജറുസലം. എന്നാല്‍ ഭാവനാമോഹനങ്ങളും ഉല്ലേഖ ബഹുലങ്ങളുമായ പ്രകൃതിവര്‍ണ്ണനകളാലും സന്ദര്‍ഭോചിതമായ സരസ ഫലിതങ്ങളാലും അത്യന്തരസാവഹമായി ഒരു സഞ്ചാര കഥയും അവര്‍ നിര്‍മ്മിച്ചിട്ടുണ്ട്.
അതിലെ നായകനായ നില്‍സ് ഹോള്‍ഗേര്‍സണ്‍ കാട്ടില്‍ നിന്നും പിടിച്ചെടുത്ത ഒരു പാത്തയുടെ പുറത്തു കയറിയാണ് സ്വീഡന്‍ മുഴുവന്‍ ചുറ്റി സഞ്ചരിക്കുന്നത്. ചെറുകഥകള്‍ എഴുതുന്നതിലും ഇവര്‍ അത്ഭുതകരമായ കലാപാടവം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രസ്‌തുത കൃതികളെല്ലാം തന്നെ അമേരിക്കയിലും, അടുത്ത കാലത്തു ലണ്ടനിലും പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇംഗ്ലണ്ടില്‍ അവയ്‌ക്കു വലിയ പ്രചാരം സിദ്ധിച്ചിട്ടുണ്ടെന്ന് അവിടെ നിന്നും വരുന്ന സാഹിത്യമാസികകള്‍ വെളിപ്പെടുത്തുന്നുണ്ട്. എമില്‍ക്ലീന്‍ ഒരു നല്ല കവയിത്രിയും കഥാകൃത്തുമായിരുന്നു. എല്ലന്‍കേ എന്ന സ്‌തീയുടെ `ചിന്താചിത്രങ്ങള്‍' `ജീവിതരേഖകള്‍' എന്നീ ഉത്തമഗ്രന്ഥങ്ങളും പ്രശസ്‌തി നേടിയിട്ടുള്ളവയാണ്.
ഫ്രാന്‍സ്
ഫ്രഞ്ചു സാഹിത്യ ചരിത്രം പരിശോധിച്ചു നോക്കുമ്പോള്‍ സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം പ്രസ്‌താവയോഗ്യമായ സിദ്ധികള്‍ അധികമൊന്നും കാണുന്നില്ല. പതിനേഴാം ശതകത്തില്‍ മാഡംഡെസേവിനേ എന്ന ഒരു സാഹിത്യകാരിണിയെപ്പറ്റി പ്രസ്‌താവിക്കുന്നുണ്ട്. അന്നത്തെ സമുദായസ്ഥിതിയെ അതേപടി പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ഏതാനും കത്തുകള്‍ മാത്രമെ അവര്‍ എഴുതിയിട്ടുള്ളുവെങ്കിലും അവ സാഹിത്യദൃഷ്‌ട്യാ വിലപിടിച്ചവയാണെന്നു ഫ്രഞ്ചു നിരുപകന്മാര്‍ അഭിപ്രായപ്പെടുന്നു. ലൂയി പതിന്നാലാമന്റെ കാലത്തെ സാഹിത്യവിഭാഗത്തില്‍ മെയ്‌സമോയസല്ലിസെസ്‌കൂഡെറിയും അവരെത്തുടര്‍ന്ന് മാഡംസെലാഫേ എന്ന ഒരു കഥാകര്‍ത്രിയുടേയും നാമധേയങ്ങള്‍ പ്രസ്‌താവയോഗ്യങ്ങളാണ്. എന്നാല്‍ മറ്റെല്ലാവരുടേയും നാമധേയങ്ങളെ അസ്‌തപ്രഭങ്ങളാക്കിത്തീര്‍ക്കുമാറ് അത്രമാത്രം പ്രശംസാര്‍ഹമായ കലാപാടവത്തോടെ ഫ്രഞ്ചു സാഹിത്യാന്തരീക്ഷത്തില്‍, ഫ്രഞ്ചു സാഹിത്യത്തില്‍, ഒരുജ്ജ്വലതാരം ഉദിച്ചയരുന്നുണ്ട്. അവള്‍ വിശ്വവിഖ്യാതയായ ജോര്‍ജ്ജുസാന്‍സ് എന്ന നോവലെഴുത്തുകാരിയാണ്. ഈ നാമധേയം വെറുമൊരു സൂചനകൊണ്ടുമാത്രം രേഖപ്പെടുത്തി അഗണ്യകോടിയില്‍ തള്ളിക്കളയാവുന്നതല്ല. 1804 ല്‍ പാരീസിലാണ് ഈ മഹതി ജനിച്ചത്. കുട്ടിക്കാലം മുതല്‍ക്കുതന്നെ നാട്ടിന്‍പുറങ്ങളോടും അവിടത്തെ ജീവിതത്തോടും അവള്‍ക്കു വലിയ പ്രേമമുണ്ടായിരുന്നു. ചെറുപ്പം മുതല്‌ക്കുതന്നെ അവള്‍ സാധുക്കളായ കൃഷിക്കാരുമായി ഇടപ്പെട്ട് അവരുടെ സമ്പ്രദായങ്ങളേയും ചിന്താഗതികളേയും സൂക്ഷ്‌മമായി അവലോകനം ചെയ്‌ത് പഠിക്കാന്‍ തുടങ്ങി. അത്ഭുതാവഹമായ ഓര്‍മ്മ ശക്തിയില്‍ നിന്നും അവയെയെല്ലാം അവള്‍ പില്‍ക്കാലത്ത് രചിച്ച കൃതികളില്‍ അതേപടി ആകര്‍ഷകമാംവിധം പകര്‍ത്തിക്കാണിച്ചിട്ടുണ്ട്.
സന്മാര്‍ഗ്ഗികമായ ജീവിതസരണിയെ ആധാരമാക്കി ഈ മഹാസാഹിത്യകാരിണിയെ അവലോകനം ചെയ്യുന്ന പക്ഷം ലോകത്തില്‍ ഒരിടത്തും ഇത്രത്തോളം ദുഷ്‌പേരു സമ്പാദിച്ചിട്ടുള്ള ഒരു `വാസവദത്ത'യെ സാഹിത്യവേദിയില്‍ കാണാന്‍ സാധിക്കുമോ എന്നു സംശയമാണ്. അവളുടെ ജീവിതകാലത്തില്‍ അധികഭാഗവും വികാരനിര്‍ഭരമായ ചാപല്യങ്ങളുടെ വിളയാട്ടമാണു കാണുന്നത്. ഇത്രത്തോളം കാമുകസമ്പത്തുള്ള ഒരു സാഹിത്യകാരിണി ലോകത്തിലൊരിടത്തും ജീവിച്ചിരുന്നിട്ടില്ല. കുറെക്കാലം ഭര്‍ത്തൃപദത്തില്‍, ഇറ്റലിയില്‍ ജീവിച്ചു പരിലസിച്ചിരുന്ന റുസ്സെ എന്ന പ്രസിദ്ധ ഫ്രഞ്ചുസാഹിത്യകാരന്‍ അദ്ദേഹത്തിന്റെ കുറ്റസമ്മതം രേഖപ്പെടുത്തിയിട്ടുള്ള കൃതിയില്‍ അവളെ ഒരു കാളസര്‍പ്പമായി ചിത്രീകരിച്ചു കാണിച്ചിരിക്കുന്നു. അവളെ സ്വജീവനെപ്പോലെ കരുതി അവളെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നിട്ടും, സുഭഗനും യുവാവുമായ ഒരു വക്കീലിനെ കണ്ടുമുട്ടിയപ്പോള്‍ അയാളുടെ പുറകെ, തന്നെ ഇറ്റലിയില്‍ വിട്ടിട്ട്, യാത്രപോലും പറയാതെ അവള്‍ ഒളിച്ചോടിപ്പോയതിനാല്‍, ശിഥിലഹൃദയനായിത്തീര്‍ന്ന ആ സാഹിത്യകാരന്‍ അവളെ വിഷകലുഷമായ ഹൃദയത്തോടുകൂടിയ വെറുമൊരു കാമകിങ്കരിയായി ചിത്രീകരിച്ചിട്ടുള്ളതില്‍ അത്ഭുതപ്പെടുവാനില്ല. എന്നാല്‍ അതിനുശേഷം കുറെക്കാലം അവളുടെ കാമുകനായി ഒരുമിച്ചു താമസിച്ചിരുന്ന മറ്റൊരു സാഹിത്യകാരനായ ലിസ് അവളെ സംബന്ധിച്ച് എഴുതിയിട്ടുള്ളതിങ്ങനെയാണ്. ജോര്‍ജ്ജുസാന്‍സ് അവളുടെ ചിത്രശലഭത്തെക്കടന്നു പിടികൂടിയതിന്റെ ശേഷം അവളുടെ കൂട്ടിലിട്ട് പുഷ്‌പങ്ങളും അമൃതുംകൊണ്ട് അതിനെ തീറ്റിപ്പോറ്റിയിണക്കുന്നു പ്രണയാത്മകമായ കാലഘട്ടമാണിത്, പിന്നീട്, അതു കിടന്നു പിടയുമ്പോള്‍ അവള്‍ അവളുടെ മൊട്ടുസൂചി അതിന്റെ ഹൃദയത്തില്‍ കുത്തിത്തറക്കുന്നു അതു കലഹകാലവും എല്ലായ്‌പ്പോഴും അതവളില്‍ നിന്നുതന്നെ ഉല്‍പന്നമാകുന്നതുമാണ്. പിന്നീട് അവള്‍ അതിനെ ശസ്‌ത്രക്രിയചെയ്‌ത് ശരിക്കുനോക്കി പഠിച്ചതിന്റെ ശേഷം തുന്നിക്കുത്തി ശരിപ്പെടുത്തി നോവലിനു വേണ്ട നായകന്മാരുടെ പറ്റതത്തില്‍ അവള്‍ അതിനേയും കൂട്ടിച്ചേര്‍ക്കുന്നു. `ജോര്‍ജ്ജുസാന്‍സിന്റെ ആഖ്യായികകളിലെല്ലാം ഈ വികാരപാരമ്യം തിരതല്ലുന്നുണ്ട്. അവളുടെ സ്വന്തം ജീവിതാനുഭവങ്ങള്‍ അവയില്‍ നല്ലപോലെ പ്രതിഫലിച്ചു കാണാം. `ജോര്‍ജ്ജുസാന്‍സിന്റെ പ്രേമങ്ങളില്‍, മിക്കവാറും എല്ലാറ്റിലും തന്നെ, മാതൃത്വസംബന്ധമായ ഒരു വികാരത്തിന്റെ ശക്തിയോടുകൂടിയ ഒരു പ്രവാഹം ഉണ്ടായിരുന്നു,' എന്ന് എഡ്‌മണ്‍ഡ്‌ഗ്രൂസ് അഭിപ്രായപ്പെടുന്നു. അവര്‍ അനേകം ആഖ്യായികകള്‍ രചിച്ചിട്ടുണ്ട്. `ജീന്‍' എന്ന അവരുടെ ഒരു നോവല്‍ മാത്രമെ എനിക്കു വായിക്കുവാന്‍ സാധിച്ചിട്ടുള്ളു. അതില്‍ കാര്‍ഷികജീവിതത്തെയാണ് ചിത്രീകരിച്ചിട്ടുള്ളത്. പ്രകൃതി പ്രതിഭാസങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ ആ കൃതിയില്‍ അവര്‍ ഉദ്യമിച്ചിട്ടുള്ളതായും അതു അവര്‍ക്ക് വിജയപൂര്‍വ്വം സാധിച്ചിട്ടുള്ളതായും കാണാം. ഗാര്‍ഹികബന്ധങ്ങളില്‍ നിന്നും ഉറവെടുക്കുന്ന ആനന്ദസന്ദായകങ്ങളും പരമപവിത്രങ്ങളുമായ സ്‌നേഹശൃംഖലകള്‍ ആ കൃതിയിലെ കഥാപാത്രങ്ങളെ ആകര്‍ഷകമായ രീതിയില്‍കൂട്ടിയിണക്കിയിട്ടുണ്ട്.
1848 ജൂണ്‍ മാസത്തില്‍ അവള്‍ മൃതിയടഞ്ഞു. ആ മഹാസാഹിത്യ പ്രണയിനിയുടെ കൃതികള്‍ 109 ഭാഗങ്ങളില്‍ പ്രസിദ്ധീകൃതങ്ങളായിട്ടുണ്ട്: അത്യന്തം രസാവഹമായിട്ടുള്ളതാണവളുടെ ജീവചരിത്രം. അതു വിസ്‌തരിച്ചെഴുതുവാന്‍ ഇവിടെ നിവൃത്തിയില്ലാത്തതിനാല്‍, അറിയേണമെന്നുള്ളവര്‍ ഇ. എം. കെയ്‌റോവിന്റെ `ജോര്‍ജുസാന്‍സ്' റെനേഡോക്കുമിക്കു എഴുതിയിട്ടുള്ളതും ആലൈസ്‌ഹല്ലാര്‍സു ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ളതുമായ `ജോര്‍ജ്ജുസാന്‍സ്' എന്നീ കൃതികള്‍ വായിച്ചുനോക്കിയാല്‍ മതിയാകും എന്നൊരു സൂചന നല്‍കുവാനേ നിവൃത്തിയുള്ളു.
ഡെന്‍മാര്‍ക്ക്
യൂറോപ്യന്‍ സാഹിത്യങ്ങളില്‍ സമുന്നതമായ ഒരു സ്ഥാനം സമ്പാദിച്ചിട്ടുള്ള രാജ്യമാണ് ഡെന്‍മാര്‍ക്ക്. വിഖ്യാതരായ നിരവധി സാഹിത്യകാരന്മാരുടെ കേളീരംഗമായ അവിടെ യശസ്വിനികളായ മഹിളാമണികളുടെ സംഖ്യയും ഒട്ടും കുറവല്ല. പതിനേഴാം ശതകത്തിന്റെ അന്ത്യഘട്ടത്തില്‍ മാത്രമേ സ്‌ത്രീകള്‍ അവിടെ സാഹിത്യരംഗത്തിലേക്ക് പ്രവേശിച്ചതായിക്കാണുന്നുള്ളു. ബ്രിഗിറ്റെതോട് എന്ന ഒരു മഹതിയാണ് ഡാനിഷ് സാഹിത്യത്തില്‍ ആദ്യമായി രംഗപ്രവേശം ചെയ്‌തത്! പക്ഷെ അവര്‍ സെനക്കയുടെ ഏതാനും നാടകങ്ങള്‍ പരാവര്‍ത്തനം ചെയ്‌തിട്ടുള്ളതല്ലാതെ സ്വകീയമായ പ്രതിഭാവിലാസത്തിന്റെ പരിണത ഫലങ്ങളൊന്നും തന്നെ അര്‍പ്പിച്ചിട്ടുണ്ടെന്നു പറയാന്‍ തരമില്ല. ആ മഹതിയെത്തുടര്‍ന്ന് ലിയൊണോറാ ക്രിസ്റ്റിഹഅള്‍ഫെല്‍ഡ്‌ട് തന്റെ അതിദയനീയമായ ആത്മകഥാകഥനവുമായി ആവിര്‍ഭവിച്ചു. അവരുടെ ജാമെര്‍സ്‌മീന്‍ സെറ്റ് എന്ന ഗ്രന്ഥംപോലെ അത്ര വികാരജനകമായ ഒരു കൃതി ഡാനിഷ് സാഹിത്യത്തില്‍ ഉണ്ടായിട്ടില്ലെന്നുപോലും നിരൂപകന്മാര്‍ അഭിപ്രായപ്പെടുന്നു. കാരാഗൃഹത്തില്‍ ഇരുപതു വത്സരങ്ങളോളം ആ വനിതാരത്‌നത്തിനു കഴിച്ചുകൂട്ടേണ്ടതായി വന്നിട്ടുണ്ട്. അക്കാലത്തെ നരകാനുഭവങ്ങള്‍ `ശിലയുമലിയു'മാറ് അത്ര ഭാവാത്മകമായ ഭാഷയില്‍ പ്രതിപാദിച്ചിട്ടുള്ള ഒരു ആത്മകഥാഗ്രന്ഥമാണത്.
പതിനെട്ടാം ശതകത്തിലെ സാഹിത്യകാരന്മാരുടെയിടയില്‍ അതി പ്രധാനമായ ഒരു സ്ഥാനമാര്‍ജ്ജിച്ച മഹതിയാണ് തോമസിനേ ഗില്ലെംബൂര്‍ഗ് എഹ് റെന്‍സ്‌വാര്‍ഡ്. `നിത്യജീവിതത്തില്‍ നിന്ന്' എന്ന ഒരു ചെറുകഥാസമുച്ചയം അവര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതു പല ഭാഷകളിലേയ്‌ക്കും തര്‍ജ്ജിമ ചെയ്‌തിട്ടുണ്ടത്രെ. ദാമ്പത്യജീവിത്തില്‍ അവര്‍ക്ക് പല ദുരിതങ്ങളും അനുഭവിക്കാനിടയായി. മാത്രമല്ല, അവസാനം ഭര്‍ത്താവ് അവരെ നിര്‍ദ്ദയം, ഉപേക്ഷിക്കകൂടി ചെയ്‌തു. ഇതിന്റെ എല്ലാം ഫലമായി ലോകത്തിനു വലിയ നേട്ടമാണുണ്ടായിട്ടുള്ളത്. സ്വാനുഭവങ്ങളെ ആധാരമാക്കി മാനസിക വ്യാപാരങ്ങളെ വിശകലനം ചെയ്‌തുകൊണ്ട് ഏറ്റവും ലളിതമായ ഭാഷയില്‍ അത്ഭുതാവഹമായ കലാപാടവത്തോടെ രചിച്ചിട്ടുള്ള ചെറുകഥകളാണവരുടേത്. ഇവരെക്കൂടാതെ എമില്‍ ആറെസ്‌ട്രവ്, മേരീബ്രൊന്‍ഡന്‍ എന്ന രണ്ടു നോവലെഴുത്തുകാരികള്‍കൂടി അക്കാലത്ത് ജീവിച്ചിരുന്നു. ശോകാത്മകമായ ജീവിത ചിത്രീകരണത്തില്‍ ബ്രെഗന്‍ഡാല്‍ ഹാര്‍ഡിയെ അതിശയിക്കുന്നണ്ടത്രെ.
കഴിഞ്ഞ ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിലെ സാഹിത്യങ്ങള്‍ക്കെല്ലാം തന്നെ നവീനമായ ഒരുണര്‍വുണ്ടായിട്ടുണ്ടെങ്കിലും അതേറ്റവും പ്രകടമായി പ്രതിഫലിച്ചിട്ടുള്ളത് ഡാനിഷ് സാഹിത്യത്തിലാണ്. ലോകമഹായുദ്ധത്തിനുശേഷം സ്‌ത്രീകളാണ് ഡെന്‍മാര്‍ക്കില്‍ പ്രധാനമായി സാഹിത്യസംരംഭങ്ങളില്‍ സമുത്സുകരായിക്കാണുന്നത്. അവരുടെ സംഖ്യവളരെ കൂടുതലാണ്. അതിനാല്‍ അവരില്‍ ഏറ്റവും പ്രാമാണ്യമര്‍ഹിക്കുന്ന ഏതാനും പേരെക്കുറിച്ചുമാത്രമെ ഇവിടെ സൂചിപ്പിക്കുവാന്‍ നിവൃത്തിയുള്ളൂ. ഇന്‍ജ് ബോര്‍ഗ് മേരീസിക്, കാരിന്‍ മിക്കേലിസ് ഇവരുടെ നാമധേയങ്ങള്‍ പ്രത്യേകം സ്‌മരണീയങ്ങളാണ.് മിക്കേലിസിന്റെ `ആപല്‍ക്കരമായകാലഘട്ടം' എന്ന ആഖ്യായിക 1910ലാണ് പ്രസിദ്ധപ്പെടുത്തിയതെങ്കിലും ഈ മുപ്പതുകൊല്ലങ്ങള്‍ക്കിടയില്‍ പതിനെട്ടുഭാഷകളില്‍ അതിന്റെ വിവര്‍ത്തനരൂപങ്ങള്‍ ആവിര്‍ഭവിച്ചിട്ടുണ്ടെന്നോര്‍ക്കുമ്പോള്‍ ആ ഗ്രന്ഥത്തിന്റെ മഹനീയത എത്രമാത്രമെന്ന് ഏകദേശം ഊഹ്യമാണല്ലൊ. അതിന്റെ ആദ്യത്തെ പരിഭാഷ ഇംഗ്ലീഷിലായിരുന്നു. ആ മഹതി ഇന്നും ജീവിച്ചിരിപ്പുണ്ട്. ആധുനിക മഹിളയുടെ പ്രണയജീവിതത്തെ അടിസ്ഥാനമാക്കി രസകരങ്ങളായ അനേകം നാടകങ്ങള്‍ രചിച്ചിട്ടുള്ള ഒരു സ്‌ത്രീരത്‌നമാണ് ആഗ്നസ്‌ഹെന്നിഗ്‌സെന്‍. ഗാല്‍സ് വര്‍ത്തിയുടെ ഫോര്‍സൈറ്റീസ്‌സാഗ എന്ന വിശ്രുതാഖ്യായികയിലെപ്പോലെ, വാണിജ്യത്തില്‍ വ്യാപൃതരായി ധനാര്‍ജ്ജനംമാത്രം ജീവിതലക്ഷ്യമാക്കി വര്‍ത്തിച്ചിരുന്ന ഒരു കുടുംബക്കാരുടെ ചരിത്രം വര്‍ണ്ണിച്ച്, ഡെന്‍മാര്‍ക്കിലെ ഇടത്തരക്കാരില്‍ ഉന്നതനിലയിലുള്ള ജനസമൂഹത്തിന്റെ ജീവിതം ചിത്രീകരിച്ചുകൊണ്ട് ഗ്രിതേലെംബകേ എന്ന വനിത ഒന്നാതരം ഒരു നോവല്‍ രചിച്ചിട്ടുണ്ട്, ആസ്‌ട്രിഡ് എവിറെന്‍ക്രോണ്‍, ഇന്‍ഗനല്‍ബണ്‍ഡിയന്‍ എന്നിവരും ഇന്നു ഡെന്‍മാര്‍ക്കില്‍ ജീവിച്ചിരിക്കുന്നപ്രശസ്‌തരായനോവലെഴുത്തുകാരികളാണ്. ഇവരെക്കുറിച്ചധികവിവരങ്ങള്‍ അറിയണമെന്നുള്ളവര്‍ ജോര്‍ജ്ജുക്രിസ്റ്റന്‍സേന്‍ എഴുതിയിട്ടുള്ള ഡാനീഷ് സാഹിത്യചരിത്രം (History of Danish literature) വായിച്ചുനോക്കിയാല്‍ മതിയാകും. അല്ലാതെ ഓരോരുത്തരേയും പ്രത്യേകമെടുത്തു അവരുടെ കൃതികളേയും അവയുടെ സ്വഭാവത്തേയും കുറിച്ചുവിസ്‌തരിക്കുവാന്‍ ഇവിടെ നിവൃത്തിയില്ല....
അമേരിക്ക
അമേരിക്കന്‍ സാഹിത്യചരിത്രത്തിലും പതിനേഴാംശതകത്തോടുകൂടി മാത്രമെ സ്‌ത്രീകള്‍ സാഹിത്യരംഗത്തിലേക്ക് പ്രവേശിക്കുന്നതായിക്കാണുന്നുള്ളു. 1613 മുതല്‍ 1672 വരെ ജീവിച്ചിരുന്ന ആനിഡഡ്‌ലേ ബ്രാഡ്‌സ്‌ട്രീറ്റ് ആ നൂറ്റാണ്ടിലെ ഒരു വലിയ കവയിത്രിയായിരുന്നു. ഇന്നവരുടെ കൃതികള്‍ക്ക് അമേരിക്കയില്‍ വലിയ പ്രചാരമുള്ളതായി കാണുന്നില്ല. ആ നൂറ്റാണ്ടിലെ അന്ത്യഘട്ടത്തിലും അടുത്ത നൂറ്റാണ്ടിലെ ആദ്യഘട്ടത്തിലുമായി ജീവിച്ചിരുന്ന സാറാപെന്റ്‌പര്‍ത്ത് മേര്‍ട്ടന്‍ പ്രശസ്‌തയായ ഒരാഖ്യായികാകര്‍ത്രിയാണ്. റിച്ചേര്‍ഡ്‌സണ്‍ എന്ന ആംഗലാഖ്യായികാകാരനേയാണ് അവര്‍ മാതൃകയാക്കി എടുത്തിട്ടുള്ളത്. നിഷ്‌ടൂരമായ ലോകത്തില്‍, പ്രണയപരാജിതകളായി ആത്മദുഃഖം അനുഭവിക്കുന്ന അംഗനകളുടെ ദയനീയമായ ചരിത്രം രേഖപ്പെടുത്തിക്കൊണ്ട് ആഖ്യായികാരൂപത്തില്‍ തൊടുത്തു ചേര്‍ത്തിട്ടുള്ള കത്തുകളാണ് അവരുടെ പ്രധാന കൃതികള്‍. `അനുകമ്പയുടെ ശക്തി' എന്ന പേരില്‍ പ്രസ്‌തുത കൃതികള്‍ രണ്ടു ഭാഗങ്ങളിലായി പ്രസിദ്ധീകൃതങ്ങളായി തീര്‍ന്നിട്ടുണ്ട്. സൂസാനഹാസ്‌വെല്‍ എന്ന നോവലെഴുത്തുകാരിയുടെ `ഷാര്‍ലട്‌ടെബിള്‍' എന്ന നോവല്‍ രണ്ടു കൊല്ലത്തിനുള്ളില്‍ അമേരിക്കയില്‍ ത്തന്നെ മൂന്നു കോടിയോളം പ്രതികള്‍ ചിലവായിട്ടുണ്ടത്രെ! അതില്‍ നിന്നു തന്നെ അതിന്റെ പ്രചാരം എത്രമാത്രമാണെന്നൂഹിക്കാമല്ലൊ. പാരിംഗ്‌ടണ്‍ എന്ന ഒരു നിരൂപകന്റെ 'Main Currents in American Literature' എന്ന ഗ്രന്ഥത്തില്‍ പ്രസ്‌തുത കൃതിയെ സവിസ്‌തരം വിമര്‍ശിച്ചിട്ടുണ്ട്. പത്തൊന്‍പതാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ച രണ്ടു റീയലിസ്റ്റിക്ക് നോവലെഴുത്തുകാരികളാണ് സാറഓര്‍ണെജ്യൂവെറ്റ്, മേരീവില്‍ക്കിന്‍സ്‌ഫ്രീമാന്‍ എന്നിവര്‍ സാധുക്കളായ ഗ്രാമീണരുടെ ജീവിതരീതികളെ രേഖപ്പെടുത്തുന്നതിലാണ് ഇവര്‍ അസാമാന്യമായ കലാവൈഭവം പ്രദര്‍ശിപ്പിക്കുന്നത്. ഇവരെക്കൂടാതെ ഹാനഫോസ്റ്റര്‍, ഹാരീറ്റ് സ്റ്റോപ്, മാര്‍ഗററ്റുഫുള്ളര്‍ മുതലായ ചില സാഹിത്യകാരിണികളും ആ നൂറ്റാണ്ടില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഗ്രാമീണരുടെ ജീവിതം പ്രതിഫലിപ്പിച്ചുകൊണ്ട് യഥാര്‍ത്ഥ പ്രസ്ഥാനത്തില്‍ നോവലെഴുതിയിട്ടുള്ള സ്‌ത്രീകളില്‍ ഏറ്റവും പ്രശസ്‌തി സമ്പാദിച്ചിട്ടുള്ളവര്‍ ചാള്‍സ്‌എഗ്‌ബര്‍ട്ട് ക്രിഡോക്, ഓക്‌ടേവ താനെറ്റ് എന്നിവരാണ്. എമിലിഡിക്കിന്‍സണ്‍, കോണ്‍സ്റ്റാന്‍സ് ഫെനിമോര്‍വുള്‍സണ്‍, ഏമിലോവല്‍ എന്നിവരുടെ നാമധേയങ്ങളും പ്രത്യേകം രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യകാലത്തോടടുപ്പിച്ച് അമേരിക്കയില്‍ സാഹിത്യത്തില്‍ പങ്കെടുത്തിട്ടുള്ള സ്‌ത്രീകള്‍ കുറച്ചൊന്നുമല്ല. ഈ നൂറ്റാണ്ടില്‍ അത് ഇരട്ടിച്ചിരിക്കുകയാണ്. സിനിമാനടികളെപ്പോലെ തന്നെ കവയിത്രികളും, കഥാകൃത്തുകളും, ആഖ്യായികാകര്‍ത്രികളും പുതുമഴയില്‍ ഈയാമ്പാറ്റകള്‍ പോലെ ഇളകിക്കളിക്കുന്ന ഒരു രാജ്യമാണമേരിക്ക. ഇന്നു ജീവിച്ചിരിക്കുന്ന നോവലെഴുത്തുകാരികളുടെ പേരെഴുതണമെങ്കില്‍ തന്നെ അതിനായി പ്രത്യേകമൊരു ഗ്രന്ഥം തന്നെ വേണ്ടിവരും.
( കടപ്പാട്: ഇടപ്പള്ളി ചങ്ങമ്പുഴ അക്കാദമി പ്രസിദ്ധീകരിച്ച ചങ്ങമ്പുഴ സ്‌മാരകഗ്രന്ഥം )
ജര്‍മ്മന്‍ മഹാകവി ലെസിംഗിന്റെ ജ്ഞാനിയായ നാഥാന്‍ എന്ന നാടകവും അതിലെ മൂന്നു മോതിരങ്ങളുടെ ഉപകഥയും ചങ്ങമ്പുഴകൃഷ്‌ണപിള്ള നടത്തിയ വിമര്‍ശനം
1932 നവംബര്‍
മതങ്ങള്‍ മത്സരം വളര്‍ത്തേണമോ?
ജര്‍മ്മന്‍ മഹാകവി ലെസിംഗ് തന്റെ ജ്ഞാനിയായ നാഥാന്‍ എന്ന നാടകത്തിലെ ഓരോ പാത്രങ്ങളെ നമ്മളുമായി പരിചയപ്പെടുത്തുമ്പോള്‍ ആ പാത്രങ്ങള്‍ വെറും കല്‍പിതങ്ങള്‍ എന്നു നാം വിചാരിക്കുന്നില്ല. അവരെല്ലാം നമ്മുടെ സ്‌നേഹബഹുമാനങ്ങള്‍ക്ക് പാത്രീഭൂതന്മാരും നമ്മളോടൊരുമിച്ച് ചുറ്റും വസിക്കുന്നവരും, ആണ്. അവരെ നമുക്ക് എപ്പോഴും സന്ദര്‍ശിക്കാം! നമ്മെപ്പോലെതന്നെ അവരും ജീവിക്കുന്നു. നമുക്കുണ്ടാകുന്നതുപോലെ തന്നെ ജീവിതത്തിലെ സങ്കടഘട്ടങ്ങള്‍ അവരെ വലയം ചെയ്യുന്നു; സൗഭാഗ്യദശങ്ങള്‍ അവരുടെ നേരെ പുഞ്ചിരിയിടുകയും ചെയ്യുന്നു! അവര്‍ ക്രിസ്‌തുമതത്തെ മാത്രം വിശ്വസിച്ച് വര്‍ത്തിക്കുന്നില്ല. അവര്‍ സ്വയം മതം മാറുന്നില്ല. ദയ, വിനയം, സമത്വം, സാഹോദര്യം, സ്‌നേഹം, പരോപകാരം മുതലായ വിശിഷ്ടഗുണങ്ങള്‍ ഉള്ളവരത്രെ അവര്‍ നാം അറിയാതെതന്നെ അവരുമായി ബന്ധപ്പെട്ടുപോകും. കൃസ്‌ത്യാനി, മുഹമ്മദന്‍, യഹൂദന്‍, പാര്‍സി എന്ന ഭേദം കരിതിയല്ല അവരുടെ ജീവിതം. ലെസിംഗ് ഒരു കൃസ്‌തീയ പുരോഹിതനെ കഥയില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതു, ദീപത്തെ കൂടുതല്‍ ദീപ്‌തമാക്കാനുള്ള ഒരു നിഴലായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ആ പുരോഹിതന്‍ തന്റെ മതാസക്തിയില്‍ നിന്നും ഇളകാത്ത ആളാണ്; ഏതാണ്ട് കഠിനഹൃദയനും, മതത്തിന്റെ ബാഹ്യമായ പരിപോഷണത്തിന്നായി എന്തു ചെയ്യാനും മടിക്കാത്തവനും, നീചനും, എന്നാല്‍ ജൂതനായ `നാഥാ'ന്റേയോ, മുഹമ്മദനായ `സാലഡി'ന്റേയോ ചെരിപ്പു തുടക്കുവാന്‍പോലും അര്‍ഹനല്ലാത്തവനും ആയ ഒരു പ്രത്യേക സൃഷ്ടിയാണ്.
ആ നാടകം സുന്ദരമായ ഒരു സാഹിത്യഗ്രന്ഥം മാത്രമായതുകൊണ്ടല്ല ലെസിംഗിന്റെ സ്‌നേഹിതന്മാര്‍ അതിനെ കൊണ്ടാടിയത്. അതില്‍ വര്‍ഗ്ഗീയമത്സരദ്യോതകമായ ഒരു വാക്കുപോലുമില്ല. സര്‍വ്വമതങ്ങളേയും സമാദരിക്കുന്നതും, അവയിലെ പ്രഭാപൂര്‍ണ്ണങ്ങളായ ഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് ചേര്‍ത്ത് അതിനൂതനമായ ഒരു വിശിഷ്ടമതം സൃഷ്ടിക്കുന്നതും, ധര്‍മ്മോപദേശം ചെയ്‌തു ഏവരേയും സന്മാര്‍ഗ്ഗത്തില്‍ നയിക്കുന്നതും ആയ ഒരു ഗ്രന്ഥമാണത്. അതുകൊണ്ടാണ്, ആ ഗ്രന്ഥത്തെ സകലരും കൊണ്ടാടുന്നത്. പ്രതികാരചിന്ത ഹൃദയത്തില്‍ അങ്കുരിപ്പിക്കത്തക്ക യാതൊരു ദുരഭിപ്രായങ്ങളുടേയും ലാഞ്ചനപോലും `ജ്ഞാനിയായ നാഥാ'നില്‍ കാണുവാന്‍ കഴിയുന്നതല്ല. അതു എത്രയും ശാന്തസുന്ദരമായ ഒരു കാവ്യതല്ലജമത്രെ!
നാടകത്തിലെ രംഗങ്ങള്‍ എല്ലാം പലസ്‌തീനില്‍, യരൂശലേമില്‍ വെച്ചു നടക്കുന്നവയും, കാലം പന്ത്രണ്ടാം ശതാബ്ദത്തിന്റെ അന്ത്യഭാഗത്തില്‍ നാലാം കുരിശുയുദ്ധത്തിന്റെ ഒരു തല്‍ക്കാല ശമനവേളയും ആണ്. വിശ്വവിഖ്യാതനായ സുല്‍ത്താന്‍ സാലഡിന്റെ കൈവശമായിരുന്നു `വിശുദ്ധനഗരം'. ഇംഗ്ലണ്ടിലെ സിംഹപരാക്രമിയായ റിച്ചേര്‍ഡും ഫ്രാന്‍സിലെ ഫിലിപ്പ് അഗസ്റ്റസും പാലസ്‌തീനില്‍ സന്നിഹിതരായിട്ടുണ്ട്. തല്‍ക്കാലമുണ്ടായ പരിശാന്തിയാല്‍, വൈരം തുടര്‍ന്നിരുന്നില്ല.
നാടകത്തിലെ പ്രധാനപാത്രങ്ങള്‍, `ജ്ഞാനി'യെന്നു വിളിക്കപ്പെടുന്ന, മഹാധനികനും, മാനനീയനും ആയ നാഥാന്‍ എന്ന യെരൂശലേമിലെ ഒരു ജൂതന്‍; ഗുണവതിയും വിനീതയും തന്റെ പുത്രിയെപ്പോലെ നാഥാന്‍ വളര്‍ത്തിക്കൊണ്ടു വരുന്നവളും, അതിസുന്ദരി ആയ `റെക്ക' എന്ന ഒരു കൊച്ചുപെണ്‍കൊടി; പരാക്രമിയും, ജനരജ്ഞനയുള്ളവനും, ധീരനും ആയ `സാലഡിന്‍' എന്ന സുല്‍ത്താന്‍; തന്റെ സോദരനെപ്പോലെ മനോഗുണമുള്ളവളും സുല്‍ത്താന്റെ സഹോദരിയും ആയ `സിറ്റാ'; സാരസന്‍ സൈന്യങ്ങള്‍ ബന്ധനസ്ഥനാക്കിയെങ്കിലും എന്തോ കാരണത്താല്‍, സുല്‍ത്താന്റെ നിയോഗമനുസരിച്ചു, മറ്റുള്ള ബദ്ധന്മാരോടൊരുമിച്ച് വധിക്കപ്പെട്ടിട്ടില്ലാത്ത അതിധീരനും, മനസ്ഥൈര്യമുള്ളവനും പരാക്രമിയും ആയ ഒരു യുവയോദ്ധാവു; റെക്കയുടെ വൃദ്ധധാത്രിയായ `ഡാജാ'; മുന്‍പറഞ്ഞ കഠിനഹൃദയനായ യരൂശലേമിലെ ക്രിസ്‌തീയ പുരോഹിതന്‍; അദ്ദേഹത്തിന്റെ ഭൃത്യനും അനുഗാമിയും, എന്നാല്‍ നല്ല ഗുണങ്ങളുള്ളവനും വിനയവാനും ആയ ഒരു ക്രിസ്‌തീയ സന്യാസി - ഇവരാണ്.
കഥാമര്‍മ്മം ഘടിപ്പിച്ചിരിക്കുന്നത് പ്രധാന പാത്രമായ `നാഥാ'നിലത്രേ. ഏറ്റവും വന്ദ്യനും, മതപരമ്പരകളുടെ പ്രകാശമേറിയ കിരണനികരങ്ങളാല്‍ വികസിതമായ ഹൃദയത്തോടുകൂടിയവനും ആണ് അദ്ദേഹം.
കഥാരംഭത്തിനു പതിനെട്ട് സംവത്സരങ്ങള്‍ക്കുമുന്‍പ് നാഥാന്റെ പത്‌നിയെയും ഏഴു കുട്ടികളെയും കുരിശുയുദ്ധത്തിനു പോയ കൃസ്‌ത്യന്‍ സൈനികര്‍ ക്രൂരമാംവിധം നിഗ്രഹിച്ചു. അത് തീര്‍ച്ചയായും അദ്ദേഹത്തിനു ഭയങ്കരമായ ഒരു അശനിപാതമായിരുന്നുവെന്നുള്ളതിനു സംശയമില്ലല്ലോ. തനിക്കു ജീവിതത്തില്‍ ഉത്സാഹം നല്‍കിയിരുന്നതെല്ലാം നഷ്ടപ്പെട്ടു; ലോകമെല്ലാം തന്നെ നിശീതമെന്നോണം അസിതമായി തോന്നി. അതിഭയങ്കരമായ പ്രസ്‌തുത സംഭവത്തിനുശേഷം മൂന്നുദിവസം കഴിഞ്ഞു തന്റെ സ്‌നേഹിതനായ `വോള്‍ഫ് വോണ്‍ഫില്‍നെക്' എന്ന ഒരു കൃസ്‌തീയ യോദ്ധാവുതന്നെ തന്റെ പിഞ്ചു പെണ്‍പൈതലിനേയും കൊണ്ടു നാഥാന്റെ സന്നിധിയില്‍ വന്നു; ആ കുഞ്ഞിന്റെ മാതാവു മരിച്ചുപോയി, പിതാവിനു `ഗാസാ' നിരോധനത്തില്‍ ഭാഗഭാക്കാക്കുവാന്‍ പോവുകയും വേണം! ആ പൈതലിനെ നാഥാന്റെ കയ്യില്‍ അദ്ദേഹം സമര്‍പ്പിച്ചു. നാഥാന്‍ എന്തുചെയ്യട്ടെ! തന്റെ പത്‌നിയേയും പുത്രന്മാരേയും കൃസ്‌ത്യന്‍ യോദ്ധാക്കള്‍ കൊന്നുകളഞ്ഞതേയുള്ളൂ. താനൊരു ജൂതന്‍; ആ കൃസ്‌ത്യന്‍ പെണ്‍കുട്ടിയെ വളര്‍ത്തുവാന്‍ എങ്ങിനെ മനസ്സു സമ്മതിക്കും? ഇങ്ങനെ ഒരു ചോദ്യം ചോദിക്കുക എന്നുള്ളതുതന്നെ അതിനുത്തരം പറയുകയുമായിരുന്നു. പ്രതികാരബുദ്ധിയെ നിയന്ത്രണം ചെയ്യത്തക്ക ഹൃദയഗുണമുള്ള `നാഥാന്‍' പറഞ്ഞു: നഷ്ടപ്പെട്ടുപോയ ഏഴെണ്ണത്തിന് ദൈവം ഒന്നിനെ തന്നതാണ് ഇത്. ഞാന്‍ അതിന്റെ പിതാവായിത്തീരും. അദ്ദേഹം അങ്ങിനെതന്നെ കുട്ടിയെ പിതാവെന്നപോലെ വളര്‍ത്തി. ഒരു പിതാവ് തന്റെ പുത്രിക്കുവേണ്ടി എന്തെല്ലാം ചെയ്യുമൊ അവയെല്ലാം നാഥാന്‍ കൊച്ചു `റെക്ക'യ്‌ക്കുവേണ്ടി ചെയ്‌തു. അവള്‍ക്കു പതിനാറു വയസ്സ് പ്രായമായി. അതിസുഭഗയായ ഒരു യുവതീരത്‌നമായിത്തീര്‍ന്നു അവള്‍. സ്‌നേഹാഭിമാനങ്ങളോടുകൂടി അവള്‍ നാഥാനെ `പിതാവ്' എന്നു അഭിസംബോധനം ചെയ്യുന്നു. അദ്ദേഹത്തെ മാത്രമല്ലാതെ മറ്റൊരു പിതാവിനേയും ആ തരുണിക്കറിഞ്ഞുകൂടാ!
കഥ ആരംഭിക്കുമ്പോള്‍ നാഥാന്‍ യരുശലേമില്‍ ഇല്ല, അദ്ദേഹം ഡമാസ്‌കയിലേയ്‌ക്കും, ബാബിലോണിലേക്കും കച്ചവടത്തിന്നായി പോയി, അനവധി ആഭരണങ്ങളും പട്ടുവസ്‌ത്രങ്ങളും മറ്റു വിലയേറിയ പല കച്ചവട സാമാനങ്ങളും കൊണ്ട് സ്വഗൃഹത്തിലേക്കു മടങ്ങുന്ന ഘട്ടമായിരുന്നു അത്. നഗരം സമീപിച്ചപ്പോള്‍, തന്റെ ഭവനം അഗ്നിക്കിരയായിത്തീര്‍ന്നു നിലംപതിച്ചുപോയി എന്ന വര്‍ത്തമാനം അദ്ദേഹത്തിനു കേള്‍ക്കുമാറായി. അതിനുള്ളിലുണ്ടായിരുന്നവര്‍ സുരക്ഷിതമായിരിക്കുന്നുവെങ്കില്‍ ഈ നഷ്ടം അദ്ദേഹത്തിനു വലിയ കാര്യമൊന്നുമാകുമായിരുന്നില്ല. ഭവനത്തിലെത്തിയപ്പോള്‍ തന്റെ പ്രിയപുത്രി റെക്ക മാത്രമേ എങ്ങിനേയോ ഒരുവിധം രക്ഷപ്പെട്ടിട്ടുള്ളൂവെന്നു അദ്ദേഹം അറിഞ്ഞു. അവള്‍ രക്ഷ പ്രാപിക്കുമാറായതുതന്നെ ഒരു കൃസ്‌തീയയോദ്ധാവിന്റെ ധീരപ്രവൃത്തികൊണ്ടാണുപോലും! എല്ലാവരും, മരിച്ചുപോയെന്നു ബോദ്ധ്യപ്പെട്ടുകൊണ്ട് നില്‍ക്കുമ്പോള്‍, ആ യോദ്ധാവ് അഗ്നിജ്വാലകളുടേയും ധൂമപ്പടര്‍പ്പുകളുടേയും ഇടയ്‌ക്കുകൂടി അകത്തേക്കു പാഞ്ഞുകയറി, ആ തരുണിയെ എടുത്തു ആച്ഛാദനംചെയ്‌തു പുറത്തുകൊണ്ടുവന്നു യാതൊരപകടവും പറ്റാതെ നിലത്തു കിടത്തിയിട്ടു, എങ്ങോ അപ്രത്യക്ഷനായി. ഭയവിഹ്വലയായിത്തീര്‍ന്ന റെക്ക രോഗബാധിതയായിത്തീരുന്നു. തന്റെ ശയ്യാതലത്തിന്റെ സമീപം പിതാവെത്തുമ്പോള്‍, താന്‍ എത്ര ഉല്‍കണ്‌ഠയോടുകൂടിയാണ് അദ്ദേഹത്തെ പ്രതീക്ഷിച്ചിരിക്കുന്നതെന്നും, ഒരു യോദ്ധാവിന്റെ വേഷത്തില്‍ ഏതോ ഒരു ദൈവദൂതനാണ് തന്നെ ആപത്തില്‍ നിന്നും രക്ഷിച്ചതെന്നും അവള്‍ പറയുന്നു. പിതാവിന്റെ സമാഗമവും ബുദ്ധിപൂര്‍വ്വമുള്ള സാന്ത്വനോക്തികളും അവളുടെ ഹൃദയം സന്തോഷപൂര്‍ണ്ണവും, ശാന്തവും ആക്കിത്തീര്‍ക്കുന്നു.
തന്റെ കുട്ടിയെ ആപത്തില്‍ നിന്നും രക്ഷിച്ചതില്‍ ഉള്ള കൃതജ്ഞത പ്രകടിപ്പിക്കുവാനായി നാഥാന്‍ ഉടന്‍തന്നെ ആ യോദ്ധാവിനെ തിരക്കി പുറപ്പെടുകയും അനേകം വിഷമതകള്‍ക്കുശേഷം ഒടുവില്‍ അദ്ദേഹത്തെ കണ്ടെത്തുകയും ചെയ്യുന്നു. എന്നാല്‍ യോദ്ധാവിനു ആ കാര്യത്തില്‍ വലിയ പ്രതിപത്തിയൊന്നും തോന്നുന്നില്ല. ഒടുവില്‍, എങ്ങിനെയായാലും തന്റെ പുത്രി അദ്ദേഹത്തെ നേരിട്ടുകണ്ട് നന്ദി പറയുവാനാഗ്രഹിക്കുന്നുവെന്നു പറഞ്ഞ്, നാഥാന്‍ വളരെ നിര്‍ബന്ധിച്ചു, ആ യോദ്ധാവിനെ സ്വഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. തല്‍ഫലമായി അദ്ദേഹം അവളില്‍ അനുരക്തനാവുകയും അധികം താമസിയാതെ നാഥാനോട് റക്കയെ വിവാഹം ചെയ്‌തുകൊടുക്കുവാനാവശ്യപ്പെടുകയും ചെയ്യുന്നു.
യോദ്ധാവിന്റെ ആഗമനത്തില്‍ നാഥാന്‍ സന്തുഷ്ടനായിരിക്കുന്നു. അദ്ദേഹത്തിന്റെ അപേക്ഷ സസന്തോഷം അനുവദിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അജ്ഞാതമായ ഏതോ ഒരുവിധത്തില്‍ ആ യോദ്ധാവു, റെക്കയ്‌ക്കു ബന്ധപ്പെട്ടിരിക്കാമെന്നുള്ള ശങ്കയെ, നടന്ന ചില സംഭവങ്ങളുടെ പരമാര്‍ത്ഥം ഒന്നുകൂടി ഉജ്വലിപ്പിക്കുകയാണ് ചെയ്‌തതെന്നുമാത്രം. അതനുസരിച്ചു, ആ യോദ്ധാവിന്റെ അപേക്ഷ അനുവദിക്കുവാനോ, അങ്ങിനെ താന്‍ ചെയ്യാത്തതിനുള്ള സംഗതി വിശദമാക്കുവാനോ നാഥാനു സാധിക്കാതായിത്തീര്‍ന്നു. ഇതിനാല്‍ വികാരപരവശനായ യുവയോധന്‍ കോപിഷ്‌ഠനായിത്തീരുന്നു. അതു അസ്വാഭാവികവുമല്ലല്ലൊ.
റെക്കയുടെ വൃദ്ധധാത്രിയായ `ഡാജ' അവള്‍ നാഥാന്റെ സ്വന്തപുത്രിയല്ലെന്നും വളരെ ബാല്യത്തില്‍ അദ്ദേഹത്തിനു കിട്ടിയ ഒരു കൃസ്‌തീയ ബാലികയാണെന്നും, മകളപ്പോലെ അദ്ദേഹം വളര്‍ത്തിക്കൊണ്ടുവരികമാത്രമാണെന്നും ഉള്ള രഹസ്യം ആ യോദ്ധാവിനെ ധരിപ്പിക്കുന്നു. ഈ രഹസ്യം അറിഞ്ഞുംകൊണ്ട്, നാഥാനോടുള്ള പ്രതികാരേച്ഛയോടുകൂടി യോദ്ധാവു, മനസ്സാക്ഷിയില്ലാത്ത കൃസ്‌തീയ പുരോഹിതന്റെ അടുത്തുചെന്നു, റെക്കയെ വിവാഹം ചെയ്‌തുകൊടുക്കുവാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കത്തക്ക വല്ല വഴിയും ഉണ്ടോ എന്നാലോചിക്കുന്നു: ആ പുരോഹിതനു യഹൂദന്മാരോടു വലിയ വെറപ്പുണ്ടെന്നു യോദ്ധാവിനു നല്ലപോലെ അറിയാമായിരുന്നു.
യോദ്ധാവുമായിട്ടുള്ള ബന്ധത്തെ സംബന്ധിച്ചു നാഥാന്റെ ശങ്ക എങ്ങിനേയായി? നാഥാന്റെ ഒരു പഴയ സ്‌നേഹിതനായ വോള്‍ഫ് വൊണ്‍ ഫില്‍നെക്കിന്റെ പുത്രിയാണു റെക്ക എന്നു മുന്‍കൂട്ടിത്തന്നെ പറഞ്ഞിട്ടുണ്ടല്ലൊ. തന്റെ പുത്രിയെ നാഥാന്റെ സംരക്ഷണത്തില്‍ ഏല്‍പ്പിച്ചു അധികനാള്‍ കഴിയുന്നതിനുമുമ്പു വോള്‍ഫ് വധിക്കപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ രൂപം നാഥാന്‍ നല്ലപോലെ ഓര്‍ത്തു. `വോള്‍ഫി'നും ഈ യുവയോദ്ധാവിനും തമ്മില്‍ വലിയ ആകൃതിസാമ്യം കണ്ടു അദ്ദേഹം ആശ്ചര്യഭരിതനായിത്തീര്‍ന്നു. ഈ യോദ്ധാവു വോണ്‍ഫില്‍നെക്കിന്റെ ഒരു ചാര്‍ച്ചക്കാരനാണെങ്കില്‍ എന്തു ചെയ്യും? അഥവാ അദ്ദേഹത്തിന്റെ പുത്രന്‍ തന്നെ ആയാലെന്താ? അങ്ങിനേയാണെങ്കില്‍ അദ്ദേഹം റെക്കയുടെ ഒരു ചാര്‍ച്ചക്കാരന്‍ ഒരു സഹോദരന്‍ ആയിത്തീരും! ഇല്ല! ഒരു മാര്‍ഗ്ഗം മാത്രം! റെക്കയെ യോദ്ധാവിനു വിവാഹം ചെയ്‌തുകൊടുക്കുന്നതിനു മുമ്പായി, മുറയ്‌ക്കു അതു സംബന്ധിച്ചു വേണ്ടതായ അന്വേഷണങ്ങള്‍ നടത്തണം.
എന്നാല്‍ ആരാണു ഈ യോദ്ധാവു? ശത്രുക്കള്‍ നിറഞ്ഞ ഈ യരൂശലേമില്‍ ഒരു ക്രിസ്‌ത്രീയ യോദ്ധാവുണ്ടായെന്നുള്ളതു തന്നെ അത്ഭുതകരമായ സംഗതിയാണു. എങ്ങിനെ അതു സംഭാവ്യമാകുന്നു? സാരസന്മാരും കൃസ്‌ത്യാനികളും തമ്മില്‍ നടന്ന യുദ്ധത്തില്‍ തടവുകാരാക്കി പിടിച്ച കൃസ്‌ത്യന്‍ പടയാളികളിലൊരാളാണ് ആ യോദ്ധാവെന്നു അന്വേഷണം വെളിപ്പെടുത്തുന്നു. മറ്റുള്ളവരെയെല്ലാം നിഗ്രഹിച്ചു; അയാളും അവരോടൊന്നിച്ചു നശിക്കേണ്ടതായിരുന്നു; എന്നാല്‍ ശിരച്ഛേദനം നടന്നുകൊണ്ടിരിക്കെ സുല്‍ത്താന്റെ ദൃഷ്ടികള്‍ ആയാളില്‍ പതിഞ്ഞു. യോദ്ധാവിന്റെ മുഖം സുല്‍ത്താന്റെ ഹൃദയത്തെ സ്‌പര്‍ശിക്കയും, അയാളെ കൊല്ലേണ്ടതില്ലെന്നു അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്‌തു. അങ്ങിനെ ആയാള്‍ സ്വതന്ത്രനായി. ആയാളുടെ മുഖത്തു എന്തായിരുന്നു സുല്‍ത്താന്‍ ദര്‍ശിച്ചതു? അനേകവര്‍ഷങ്ങള്‍ക്കപ്പുറം വിട്ടുപോയ, തിരിച്ചൊരിക്കലും വന്നുചേരാത്ത, ഇതുവരെ മൃതപ്രായനായിപ്പോയെന്നു ഏവരും കരുതി സങ്കടപ്പെട്ടുവരുന്ന, തന്റെ സഹോദരന്റെ മുഖസാമ്യം.
നാഥാന്‍ തന്റെ ശങ്ക സൂക്ഷിച്ചുവെച്ചുകൊണ്ട് അന്വേഷണം ചെയ്‌തുവന്നു. ഒടുവില്‍, തന്റെ ചെറുപ്പകാലത്ത് വോള്‍ഫ് വോണ്‍ഫില്‍നെക്കിന്റെ കുതിരക്കാരനായിരുന്ന, മുന്‍പറഞ്ഞ പുരോഹിതഭൃത്യനായ `സന്യാസി'യാലും `ഗാസാ'യില്‍ വെച്ചു ഫില്‍നെക്ക് മൃതനായി വീണപ്പോള്‍ ആ സന്യാസി അദ്ദേഹത്തിന്റെ കുപ്പായക്കീശയില്‍ നിന്നു എടുത്ത ഒരു പുസ്‌തകത്തിന്റെ സഹായത്താലും, നാഥാന്റെ ശങ്ക പരമാര്‍ത്ഥമാണെന്നു പ്രസ്‌പഷ്ടമാകുന്നു. ആ യോദ്ധാവു, വോള്‍ഫ് വോണ്‍ ഫില്‍നെക്കിന്റെ പുത്രനല്ലാതാരുമായിരുന്നുല്ല. ജര്‍മനിയില്‍വെച്ചു ജാതനായ ഒരു പുത്രന്‍! സാരസന്മാരോടു യുദ്ധത്തിനായി പിതാവു പാലസ്‌തീനിലേക്കു പോന്നപ്പോള്‍ അവിടെ ആ പുത്രനെ വിദ്യാഭ്യാസം ചെയ്യുന്നതിനായി വിട്ടിരിക്കയായിരുന്നു.
ഇതുകൊണ്ടായില്ല. ആ യോദ്ധാവിനും, സുല്‍ത്താന്റെ വിട്ടുപേയ സഹോദരനും തമ്മിലുള്ള മുഖസാദൃശ്യം എങ്ങിനെയുണ്ടായി? അതും കണ്ടുപിടിക്കേണ്ടതായി വന്നിരിക്കുന്നു. അദ്ദേഹത്തിന്റെ വീടുവിട്ടുപോയ സഹോദരന്‍ കൃസ്‌തുമതം സ്വീകരിച്ചു, ജര്‍മ്മനിയില്‍പോയി ഒരു ജര്‍മ്മന്‍കാരിയെ വിവാഹംകഴിച്ചു അവിടെ താമസിച്ചു വരവെ, ശീതോഷ്‌ണസ്ഥിതി തനിക്കനുകൂലമല്ലാത്തതിനാല്‍, അവിടന്നു കിഴക്കോട്ടുതിരിക്കയും, പാലസ്‌തീനില്‍ എത്തി കൃസ്‌തീയപക്ഷത്തില്‍ ചേര്‍ന്നു പോരാടുകയും ചെയ്‌തു. എന്തിനു, ചുരുക്കി പറയുകയാണെങ്കില്‍ അദ്ദേഹം `നാഥാ'ന്റെ പഴയ സ്‌നേഹിതനായ, ആ വോള്‍ഫ് വോണ്‍ ഫില്‍നെക്ക് എന്ന യോദ്ധാവല്ലാതെ മറ്റാരുമായിരുന്നില്ല. ജര്‍മനിയില്‍ താമസിച്ചിരുന്ന കാലത്തു അദ്ദേഹത്തിനു ഒരു പുത്രനുണ്ടായി. മുന്‍പറഞ്ഞപോലെ, അവനെ ബന്ധുജനങ്ങളുടെ പക്കല്‍ വിടുകയാണുണ്ടായത്.
ഇപ്പോള്‍ ആ പുത്രന്‍ വളര്‍ന്നു പുരുഷപ്രായത്തിലെത്തുകയും `പരിശുദ്ധഭൂമി'യിലെത്തി സാലഡിന്റെ സൈന്യത്തോട് യുദ്ധംചെയ്‌കയും, അവര്‍ ആയാളെ ബന്ധനസ്‌തനാക്കുകയും ചെയ്‌തു. സുല്‍ത്താന്‍ ആ യോദ്ധാവിനെ കണ്ട നിമിഷം തന്നെ തന്റെ വിട്ടുപോയ സോദരനെ അനുസ്‌മരിക്കയും അതിനാല്‍ വധശിക്ഷയില്‍ നിന്നും അയാള്‍ വിമുക്തനാകയും ആണുണ്ടായത്. ആ മുഖം, സുല്‍ത്താന്റെ സോദരന്റേതു തന്നെയായിരുന്നു! അതെ ആ യോദ്ധാവിന്റെ അച്ഛന്‍ `വോള്‍ഫ്' ആയിരുന്നു സാലഡിന്റെ സഹോദരന്‍ `ആക്കാദ്'.
അങ്ങിനെ, യോദ്ധാവും റെക്കയും സഹോദീസഹോദരന്മാരാണെന്നു തെളിഞ്ഞു. പോരാത്തതിനു അവര്‍, സുല്‍ത്താനായ സാലഡിന്റേയും അദ്ദേഹത്തിന്റെ സോദരിയായ സീറ്റയുടേയും, നാടുവിട്ടുപോയ പ്രിയ സോദരന്‍ ആക്കാദിന്റെ മക്കളാണെന്നുമറിഞ്ഞുകൊണ്ട് ശുഭര്യവസായിയായി നാടകം അവസാനിക്കുന്നു. സുല്‍ത്താനും സിറ്റക്കും ഉണ്ടായ ആനന്ദത്തിനു അതിരില്ല. ഒരേ രക്തത്തില്‍നിന്നു ആ യഹൂദകന്യകയേയും, കൃസ്‌തീയ യോദ്ധാവിനേയും, മുഹമ്മദീയസുല്‍ത്താനേയും സൃഷ്ടിച്ചു, തമ്മില്‍തമ്മില്‍ സംഘടിപ്പിച്ച `നാഥാന്‍' കല്‌പനാശക്തിയുടെയും, മതവിദേഷമില്ലായ്‌മയുടേയും മൂര്‍ദ്ധാഭിഷിക്തോദാഹരണമാകുന്നു.
നാം ഇതുവരെ കണ്ടെത്താഞ്ഞതും എന്നാല്‍ കൂടുതല്‍ പ്രാധാന്യമുള്ളതും ആയ കുറച്ചു ഭാഗംകൂടി ഉണ്ട്. മനുഷ്യവര്‍ഗ്ഗത്തിന്നും മതത്തിന്നും മദ്ധ്യേയുള്ള ദിവ്യസ്‌നേഹബന്ധത്തേയും, സമത്വസാഹോദര്യങ്ങളേയും ഇതിലെ കഥാമര്‍മ്മം പ്രസ്‌പഷ്ടമാക്കുന്നു; പോരെങ്കില്‍ അതില്‍ കൂടുതലായി വിശദപ്പെടുത്തുന്ന ഒരു ഭാഗവുംകൂടി ലെസിംഗ് ഈ കഥയോടുകൂടി അനുബന്ധിച്ചിട്ടുണ്ട്. അതു മൂന്നാംരംഗമായ `അംഗുലീയാന്വാഖ്യാനം' എന്നതിലെ ഒരു ഭാഗമത്രെ. ആ ഭാഗം കൂടി ഇവിടെ എടുത്തുകാണിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം.
ഈ അന്വാഖ്യാനം ലെസിംഗ് കഥയില്‍ സംഘടിപ്പിച്ചിരിക്കുന്നതു സാലഡിനേയും നാഥാനേയും ഒരുമിച്ചു രംഗത്തില്‍ കൊണ്ടുവരുന്നതിനാണ്. സാലാഡിനു കുറേ പണത്തിന്റെ ആവശ്യം നേരിടുന്നു. അദ്ദേഹത്തിനു യുദ്ധങ്ങള്‍കൊണ്ട് വളരെ ധനനഷ്ടം നേരിട്ടു. ഈജിപ്‌തില്‍ നിന്നും തനിക്ക് കിട്ടേണ്ടതായ കപ്പം ഏഴുകൊല്ലമായി കിട്ടാതെ കൂടിക്കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭണ്ഡാഗാരം ഒഴിവായി എന്താണു ചെയ്യുക? സുല്‍ത്താന്റെ സോദരി സിറ്റാ, ധനവാനായ നാഥാനെ വിളിച്ചുവരുത്തി ആവശ്യമുള്ള പണം കടം ചോദിക്കുവാനായി അദ്ദേഹത്തെ നിര്‍ബന്ധിച്ചു. പാലസ്‌തീനിലുള്ള, കൃസ്‌തീയ, മുഹമ്മദീയ, യഹൂദ മതങ്ങളില്‍ ഏതാണേറ്റവും നല്ലതെന്നു തീര്‍ച്ചപ്പെടുത്തുന്നതിലേക്കു അദ്ദേഹത്തെ ക്ഷണിക്കണമെന്നായിരുന്നു സീറ്റയുടെ അഭിപ്രായം. അപ്രകാരം അയാള്‍ ഒരു വലയില്‍ കുടുങ്ങിയേക്കാമെന്നും അപ്പോള്‍ കടം വായ്‌പ ചോദിക്കുവാന്‍ കൂടുതല്‍ സൗകര്യമുണ്ടായിരിക്കുമെന്നും ആ സ്‌ത്രീ ഉപദേശിച്ചു.
എന്നാല്‍ സുല്‍ത്താനു ഈ വളഞ്ഞ വഴികളൊന്നും പിടിച്ചില്ല. എങ്ങിനെയായിരുന്നാലും നാഥാനെ വിളിച്ചു. മറ്റു വര്‍ത്തമാനങ്ങള്‍ക്കു ശേഷം സുല്‍ത്താന്‍ താനുദ്ദേശിച്ച കാര്യത്തില്‍ എത്തുന്നു പണത്തിന്റെ കാര്യത്തിലല്ല, മതവിഷയത്തില്‍. താഴെ കാണുംപ്രകാരമായിരുന്നു അവരുടെ സംഭാഷണം:
നാഥാന്‍: - സുല്‍ത്താന്‍, ഞാന്‍ ഒരു ജൂതനാണ്.
സാല:- ഞാനൊരു മുസല്‍മാനും. നമുക്കിരുവര്‍ക്കും മദ്ധ്യെയാണ് ക്രിസ്‌ത്യന്‍. ഈ മതങ്ങളില്‍ ഒന്നു മാത്രമേ വാസ്‌തവമായിരിക്കാന്‍ തരമുള്ളൂ. ജന്മംകൊണ്ടു എവിടെ പതിച്ചുവോ, അവിടെ തന്നെ താങ്കളെപ്പോലെയുള്ള ഒരാള്‍ നില്‍ക്കുകയില്ല. ഒരുവന്‍ അപ്രകാരം നില്‍ക്കുന്നുവെങ്കില്‍ അതു ആലോചിച്ചുറച്ച കാരണങ്ങളില്‍ ഏറ്റവും ഉത്തമം ഏതെന്നു തിരഞ്ഞെടുത്തിട്ടായിരിക്കും. താങ്കളുടെ തീരുമാനമെന്തെന്നു പറയുക, കേള്‍ക്കട്ടെ! കാരണങ്ങള്‍ സ്വയം ആലോചിക്കാമെന്നുവച്ചാല്‍ എനിക്കു സമയമില്ല. നിങ്ങള്‍ ആലോചിച്ചു, മനസ്സാക്ഷിക്കനുസരിച്ചു, ഉത്തമവിശ്വാസത്തോടുകൂടി കണ്ടെത്തുന്ന അഭിപ്രായങ്ങള്‍ എന്റേതെന്നപോലെതന്നെ ഞാന്‍ കൈക്കൊള്ളുന്നതാണ്! നിങ്ങള്‍ നിങ്ങളുടെ കടക്കണ്ണുകളാല്‍ എന്നെ തൂക്കിയളന്നുവല്ലൊ! സുല്‍ത്താനു ഇതിനുമുമ്പൊരിക്കലും ഇത്തരം യാദൃശ്ചികമായ കൗതുകം ഉണ്ടായിട്ടില്ലായിരിക്കാം; എന്നാലും അതു ഒരു സുല്‍ത്താനില്‍ വന്നു കൂടാത്തതല്ലെന്നു ഞാന്‍ തീര്‍ത്തുപറയാം; പറയുക നിങ്ങളുടെ മറുപടി!....................
നാഥാന്‍:- ഒരു കഥ ഉണര്‍ത്തിക്കുന്നതിന് എന്നെ അനുവദിക്കുമോ?
സാല:- എന്തുകൊണ്ട് പാടില്ല! നല്ല കഥകളോട് എനിക്കു പണ്ടെ ഇഷ്ടമാണ്.
നാഥാന്‍:- നല്ല പാടവത്തോടെ പറയാമെന്നു ഞാന്‍ ഉറപ്പു തരികയില്ല.
സാല:- വീണ്ടും അതാ അഭിമാനത്തോടുകൂടിയ വിനയം! കേള്‍ക്കട്ടെ നിങ്ങളുടെ കഥ!
നാഥാന്‍:- പൗരസ്‌ത്യരാജ്യങ്ങളില്‍ ഒരാള്‍ വസിച്ചിരുന്നു. ആയാള്‍ക്കു വിലമതിക്കാവതല്ലാത്ത ഒരു മോതിരം, ഒരു സുഹൃത്തമന്റെ കയ്യില്‍ നിന്നും ലഭിച്ചു. അതിലെ രത്‌നം, ഒരു നൂറു വര്‍ണ്ണങ്ങള്‍ വീശുന്നതായിരുന്നു. ദൈവത്തിന്റെയും മനുഷ്യന്റേയും ദൃഷ്ടികളില്‍, വിശ്വാസത്തോടുകൂടി, അതു ധരിക്കുന്ന ആളിനു പല സഹായങ്ങളും നല്‍കുന്നതിനുള്ള ഗൂഢശക്തി അതിന്നുണ്ടായിരുന്നു. ആ പൗരസ്‌ത്യന്‍ അതു കയ്യില്‍നിന്നൂരാതെകൊണ്ടു നടന്നതില്‍, വല്ല അത്ഭുതവുമുണ്ടോ? തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനും തന്നെ ഏറ്റവും സ്‌നേഹിക്കുന്നവനും ആയ പുത്രനു അതു കൊടുക്കണമെന്നും, അങ്ങിനെ ചെയ്യുവാന്‍ ആ പുത്രനോടും ഉപദേശിക്കണമെന്നും പറഞ്ഞുകൊണ്ട് ആ മോതിരം അയാള്‍ തനിക്കേറ്റവും ഇഷ്ടമുള്ള പുത്രനു കൊടുത്തു. അങ്ങിനെ അതു ധരിച്ചുവന്ന ഓരോരുത്തരും എത്രയും അഭിവൃദ്ധിയുള്ളവരായിത്തീര്‍ന്നു. സുല്‍ത്താനു കാര്യം മനസ്സിലാകുന്നില്ലെ?
സാല:- ഉവ്വ്. പറയൂ.
നാഥാന്‍:- ഓരോ പുത്രന്നും കൊടുത്തും, ഓരോ പിതാക്കളില്‍നിന്നും കിട്ടിയും, അനവധി തലമുറകള്‍ക്കുശേഷം അതൊരാളുടെ കയ്യില്‍ കിട്ടി. ആയാള്‍ക്കു മൂന്നു പുത്രന്മാരുണ്ടായിരുന്നു; അവര്‍ എല്ലാം ഒരുപോലെ അനുസരണമുള്ളവരുമായിരുന്നു! അതുകൊണ്ടു, അയാള്‍ അവര്‍ മൂന്നുപേരോടും ഒരുപോലെ സ്‌നേഹത്തോടുകൂടിത്തന്നെ പെരുമാറണം. ചിലപ്പോള്‍ ഒരാള്‍, മറ്റു ചിലപ്പോള്‍, മറ്റൊരാള്‍, പിന്നെ മൂന്നാമത്തെയാള്‍ ഇങ്ങനെ ഓരോരുത്തരേയും അദ്ദേഹം അധികം സ്‌നേഹിക്കുന്നുവെന്നു വിചാരിച്ചു: ആര് തന്റെ അരികില്‍ ഉണ്ടോ ആ സമയം ആയാളാണ് തന്നെ സ്‌നേഹിക്കുന്നതെന്നു വിചാരിക്കും; ഇങ്ങിനെ ഓരോ സമയം ഓരോരുത്തന്‍! ഇതു വളരെ നാള്‍ നിലനിന്നു. എന്നാല്‍ അയാള്‍ക്കും മരിക്കണം? ആ പ്രിയപിതാവ് പരിഭ്രാന്തചിത്തനായി. ഒരാള്‍ക്കു അത് നല്‍കിയിട്ടു, തന്റെ വാക്കു വിശ്വസിച്ചു പോരുന്ന മറ്റു രണ്ടുപേരെ വ്രണിതഹൃദയരാക്കുന്നതില്‍ അദ്ദേഹം വല്ലാതെ വ്യാകുലപ്പെട്ടു. എന്നാല്‍ എന്താണ് ചെയ്യുക?
രഹസ്യമായി അയാള്‍ ഒരു ശില്‍പിയെ വരുത്തുന്നു; തന്റെ സ്വന്തം മോതിരത്തിനെപ്പോലെ തന്നെയുള്ള ഒരു ജോടികൂടി ഉണ്ടാക്കുവാന്‍ ഏര്‍പ്പാടു ചെയ്യുന്നു. അതുപോലെ തന്നെ അണുവെങ്കിലും അന്തരമില്ലാതെ രണ്ടു മോതിരം നിര്‍മ്മിക്കുന്നതില്‍ ശില്‍പിയുടെ സാമര്‍ത്ഥ്യം വിജയിക്കുന്നു. ശില്‍പി മോതിരം കൊണ്ടുവരുന്നു! ആ പിതാവിന്നുപോലും തന്റെ സ്വന്തമോതിരമേതെന്നു തിരിച്ചറിയുവാന്‍ സാധിക്കുന്നില്ല. സമാധാനത്തോടും സന്തോഷത്തോടും കൂടി അയാള്‍ തന്റെ പുത്രന്മാരെ ഓരോരുത്തരെയായി അരികില്‍ വിളിച്ചു, അനുഗ്രഹിച്ചു, ഓരോ മോതിരം വീതം കൊടുത്തിട്ടു, മരിക്കുന്നു. നിങ്ങള്‍ ശ്രദ്ധിക്കുന്നോ, സുല്‍ത്താന്‍?
സാല: -(ഏതാണ്ട് പരിഭ്രമത്തോടുകൂടി) ഉവ്വ്; ഞാന്‍ കേള്‍ക്കുന്നുണ്ട്; എന്നാല്‍ നിങ്ങളുടെ കഥ മുഴുവന്‍ അവസാനിപ്പിക്കുക.
നാഥാന്‍:- അത് തീര്‍ന്നു; ബാക്കിയുള്ളതെന്തെന്നു പറയാനുണ്ടോ? അവരോരോരുത്തരും മോതിരവും കൊണ്ടുവന്നു പ്രാമാണ്യം അവകാശപ്പെട്ടു. പിതാവ് മൃതനായതേ ഉള്ളൂ, ചോദ്യം കലഹമായിത്തീരുന്നു; അവര്‍ പരാതിക്കായിപ്പോകുന്നു; എന്നാല്‍ എല്ലാം വ്യര്‍ത്ഥം. വിശിഷ്ടാംഗുലീയകം വേര്‍തിരിച്ചറിയുവാന്‍ പാടില്ല.
സാല:-എന്റെ ചോദ്യത്തിനുള്ള നിങ്ങളുടെ ഉത്തരമാണോ അത്?
നാഥാന്‍: എന്നാല്‍ ഏതൊരുദ്ദേശത്തോടുകൂടിയാണ് ആ പിതാവ് മോതിരങ്ങള്‍ വേര്‍തിരിച്ചറിയാന്‍ സാധിക്കാത്തമാതിരി തീര്‍ക്കുവാനാജ്ഞാപിച്ചതെന്നു ഞാന്‍ സ്വാതന്ത്ര്യത്തോടുകൂടി പറയാത്തതില്‍ മാപ്പു ചോദിച്ചുകൊള്ളുന്നു.
സാല:- മോതിരങ്ങള്‍? നിങ്ങളെന്നെ കളിപ്പിക്കയാണ്. ഞാന്‍ നിങ്ങളോട് പറഞ്ഞ മതങ്ങള്‍ എല്ലാം, വസ്‌ത്രധാരണം, ആഹാരം ഇവയില്‍പോലും നിഷ്‌പ്രയാസം വേര്‍തിരിച്ചറിയാവുന്നതാണല്ലോ!
നാഥാന്‍:- എല്ലാത്തിലും; പക്ഷെ ഏതസ്‌തിവാരത്തിന്മേലാണോ അവ നിന്നു പോരുന്നത്, അതൊഴിച്ച്! പറഞ്ഞുകേള്‍ക്കുന്നതോ, രേഖപ്പെടുത്തിയിട്ടുള്ളതോ ആയ ചരിത്രത്തില്‍ മാത്രമല്ല അവയെല്ലാം കാണപ്പെടുന്നത്?
സത്യത്തിന്മേല്‍ മാത്രമേ ചരിത്രം സീകാര്യമാവുകയുള്ളൂ. ആരെയാണ് ഇപ്പോള്‍ നാം താഴ്‌ന്നവനെന്നു കരുതുവാന്‍ പോകുന്നത്? നമ്മുടെ സ്വജനങ്ങളെ നമ്മുടെ സ്വന്തരക്തത്തെ, നമ്മുടെ ശൈശവകാലം മുതല്‍ക്കുതന്നെ തങ്ങളുടെ സ്‌നേഹം പ്രകടിപ്പിച്ചുപോന്നവരെ അല്ല;
നിരാശ നമുക്കു പ്രയോജനകരമായിട്ടുള്ളപ്പോഴല്ലാതെ നാം ഒരിക്കലും നിരാശപ്പെട്ടിട്ടില്ലേ? താങ്കളുടെ പിതാമഹന്മാരുടെ വിശ്വാസങ്ങളോടു താങ്കള്‍ കാണിക്കുന്നു ഭക്തിയേക്കാള്‍ കുറവായിരിക്കമോ എന്റെ പിതാമഹന്മാരുടെ വിശ്വാസങ്ങളോടു എന്റെ ഭക്തി?
അതു നേരെ മറിക്കുക: താങ്കളുടെ പിതാക്കളെ വഞ്ചിച്ചു താങ്കളുടെ മതത്തില്‍ നിന്നു എന്റേതിലേയ്‌ക്കു മാറുവാന്‍ എനിക്കു താങ്കളോടു പറയാമോ? കൃസ്‌ത്യാനികളുടെ നിലയും ഇതുതന്നെയല്ലേ?
നാഥാന്‍:- നമുക്ക് നമ്മുടെ മോതിരങ്ങളിലേയ്‌ക്കുതന്നെ മടങ്ങുക. ഞാന്‍ പറഞ്ഞതുപോലെ പുത്രന്മാര്‍ പരാതി കൊണ്ടുപോയി; തന്റെ പിതാവിന്റെ കയ്യില്‍ നിന്നാണ് തനിക്കു മോതിരം ലഭിച്ചതെന്നു ഓരോരുത്തരും ന്യായാധിപന്റെ മുമ്പില്‍ വെച്ചു സത്യം ചെയ്‌തു പരമാര്‍ത്ഥം അങ്ങിനെതന്നെയായിരുന്നല്ലോ. തനിക്കു ദിവ്യമായ ആ മോതിരം തരാമെന്നു കാലേക്കൂട്ടിത്തന്നെ പറഞ്ഞിരുന്നുവെന്നും, അതിനല്‍പമെങ്കിലും ഇളക്കം സംഭവിക്കാതെതന്നെ ചെയ്‌തുവെന്നും, പിതാവു തന്നെ ഒരിക്കലും വഞ്ചിക്കാനുദ്ദേശിച്ചിരിക്കയില്ലെന്നും ഓരോ പുത്രനും തീര്‍ത്തു പറഞ്ഞു. ശവകുടീരത്തില്‍ വിശ്രമം കൊള്ളുന്ന പ്രിയപിതാവിനെ സ്‌മരിക്കുന്നുവെങ്കില്‍ ഇങ്ങിനെയൊരു വഞ്ചനയ്‌ക്കു മറ്റിരുവരും ഒരുമ്പെടുകയില്ലെന്നും അതിനാല്‍ അവരുടെ അപരാധത്തിനു തക്കതായ ശിക്ഷ നല്‍കേണമെന്നുമായിരുന്നു ഓരോരുത്തന്റേയും അപേക്ഷ.
സാല:- അപ്പോള്‍ ന്യായാധിപനെക്കൊണ്ടു നിങ്ങള്‍ എന്തു പറയിക്കുന്നു എന്നു കേള്‍ക്കട്ടെ; എനിക്കാഗ്രഹമുണ്ട്! അതും പറയുക.
നാഥാന്‍:-ന്യായാധിപന്‍ ഇപ്രകാരം പറഞ്ഞു: `നിങ്ങളുടെ പിതാവിനെ ഇപ്പോള്‍ ഇവിടെ കൊണ്ടുവരിക. അല്ലെങ്കില്‍ ഈ കോടതിയില്‍ നിന്നു നിങ്ങളെ തള്ളിപ്പുറത്താക്കും. നിങ്ങളുടെ അസംബന്ധം കേള്‍ക്കാന്‍ ഞാനിവിടെ വന്നിരിക്കയാണെന്നാണോ വിചാരം? അല്ലെങ്കില്‍ ദിവ്യാംഗുലീയകം സംസാരിക്കുന്നതുവരെ നിങ്ങള്‍ക്കു ക്ഷമിക്കാമോ? എന്നാല്‍ ഒരു ദിവ്യശക്തി യഥാര്‍ത്ഥ മോതിരത്തില്‍ സ്ഥിതിചെയ്യുന്നുണ്ട്; അതു ധരിക്കുന്ന ആളെ ദൈവവും മനുഷ്യനും സ്‌നേഹിക്കും എന്നാണു ഞാന്‍ കേട്ടിട്ടുള്ളത്.
അതാദ്യം തീര്‍ച്ചപ്പെടട്ടെ. കള്ളമോതിരത്തിന് ആ വിശിഷ്ടഗുണമുണ്ടാവാന്‍ തരമില്ല. ആട്ടെ, നിങ്ങളില്‍ ആരെയാണ് ഒരാളെ മറ്റു രണ്ടുപേര്‍ അധികം സ്‌നേഹിക്കുന്നത്? പറയുക! എന്ത്! നിങ്ങള്‍ നിശ്ശബ്ദമായിരിക്കുന്നോ? മോതിരത്തിന്റെ ശക്തി പുറകോട്ടാണോ? മുന്നോട്ടല്ലേ? ഓരോരുത്തരും അവനവനെത്തന്നെയാണ് അധികം സ്‌നേഹിക്കുന്നതല്ലേ? നിങ്ങള്‍ എല്ലാപേരും എങ്കില്‍ ചതിക്കപ്പെട്ട ചതിയന്മാരാണ്. മോതിരം മൂന്നും കള്ളമാണ്. ദിവ്യമോതിരം നഷ്ടപ്പെട്ടുപോയി; അതു മറയ്‌ക്കുന്നതിനു, നഷ്ടം പരിഹരിക്കുന്നതിന്, പിതാവു ഒന്നിന്റെ സ്ഥാനത്തു മൂന്നെണ്ണം നിര്‍മ്മിച്ചതാണ്.'
സാല:- ഹായ്! ഭേഷ്!നാഥാന്‍:- `അതുകൊണ്ട്', ന്യായാധിപന്‍ പറഞ്ഞു, `എന്റെ വിധിക്കുപകരം ഉപദേശം നിങ്ങള്‍ സ്വീകരിക്കുകയില്ലെങ്കില്‍ പോയ്‌ക്കൊള്ളുക. ഇതൊക്കെയാണെന്റെ ഉപദേശം സംഗതികള്‍ എങ്ങിനെയെല്ലാമാണോ ഇരിക്കുന്നതു അതുപോലെതന്നെ മേലിലും നടക്കട്ടെ. ഓരോരുത്തനും നേരിട്ട് പിതാവിന്റെ കയ്യില്‍നിന്നു തന്നെയാണ് സിദ്ധമായിട്ടുള്ളതെന്നുവരുകില്‍ ഓരോരുത്തനും വിചാരിക്കട്ടെ തന്റേതാണു ദിവ്യാംഗുലീയകമെന്ന്. പിതാവു, തന്റെ മോതിരം ധരിക്കുന്ന പുത്രന്‍മാത്രം കുടുംബത്തില്‍ പ്രധാനിയാവാന്‍, ഇനുമുതല്‍ പാടില്ലെന്നു നിശ്ചയിച്ചിരുന്നിരിക്കാം! തീര്‍ച്ചയായും അദ്ദേഹം നിങ്ങളെ മൂന്നുപേരെയും സ്‌നേഹിച്ചിരുന്നു; ഒരുപോലെ സ്‌നേഹിച്ചിരുന്നു. എന്തുകൊണ്ടെന്നാല്‍ രണ്ടുപേരെ അടിച്ചു താഴ്‌ത്തിയിട്ടു ഒരാളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ഓരോരുത്തരും യാതൊരു പക്ഷഭേദവും കൂടാതെ മറ്റിരുവരെയും സ്‌നേഹിക്കുക; ഓരോരുത്തരും സസ്‌നേഹം പെരുമാറുക; ശാന്തത, ഹാര്‍ദ്ദമായ സ്‌നേഹം, ബഹുമാനം, ഈശ്വരങ്കല്‍ ഉള്ള വിശ്വാസം ഇവ അതിനു സാഹായമായിത്തീരട്ടേ! പിന്നെ, ആയിരത്തില്‍പരം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നിങ്ങളുടെ മക്കളുടെ മക്കള്‍ക്കു ഇതിന്റെ ദിവ്യശക്തി വല്ലപ്രകാരവും അറിയാനിടയാവുകയാണെങ്കില്‍ വീണ്ടും ഈ കോടതിയുടെ മുമ്പില്‍ വന്നേക്കാം! അന്നു എന്നേക്കാള്‍ ബുദ്ധിമാനായ ഒരാളായിരിക്കും ഈ സ്ഥാനം വഹിച്ചു സംസാരിക്കുന്നത്. പോയ്‌ക്കൊള്‍ക!' ഇപ്രകാരം വിനയപൂര്‍ണ്ണനായ ആ ന്യായാധിപന്‍ അവരെ വിട്ടയച്ചു.
സാല:- ഈശ്വര!
നാഥാന്‍:- അതുകൊണ്ട്, സാലാഡിന്‍, നിങ്ങള്‍ക്കുതന്നെ തോന്നുന്നുണ്ടോ, ആ കൂട്ടരില്‍ ബുദ്ധിമാനായ മനുഷ്യന്‍
സാല:- (അദ്ദേഹത്തിന്റെ അടുത്തേയ്‌ക്കു ഓടിച്ചെന്നു കയ്യില്‍ കടന്നുപിടിച്ചുകൊണ്ട്) ഞാന്‍ ഏഴ! ഞാന്‍, സാധു! അയ്യോ ദൈവമേ!
നാഥാന്‍:- എന്താണിതു, സുല്‍ത്താന്‍?
സാല:- നാഥാന്‍! നാഥാന്‍! താങ്കളുടെ ന്യായാധിപന്‍ പറഞ്ഞ ആയിരം വര്‍ഷങ്ങള്‍ തീര്‍ന്നിട്ടില്ല, അദ്ദേഹത്തിന്റെ സിംഹാസനത്തിനുള്ള അവകാശം എന്റെതല്ല. പോയ്‌ക്കൊള്‍ക, പോയ്‌ക്കൊള്‍ക! എന്നാല്‍ എന്റെ സ്‌നേഹിതനായിരിക്കണേ...!
ഇതാണ് മൂന്ന് മോതിരങ്ങളുടെ കഥ. ഇതിന്റെ ശക്തിയില്‍ നാം അത്ഭുതപ്പെടുന്നില്ലെ? ഇതിലല്ല ആ നാടകമാകമാനം നിര്‍മ്മിതമായിരിക്കുന്നത്? ലെസിംഗിനെപ്പോലെ മറ്റൊരാള്‍ക്കും തന്നെ ഇങ്ങിന വിവിധമതങ്ങളെ ഒരുമിച്ചുചേര്‍ത്തു മനോജ്ഞമായ ഒരു കാവ്യലോകം സൃഷ്ടിച്ചു അതിലെ സല്‍പാത്രങ്ങളെക്കൊണ്ടു സരസമായ രീതിയില്‍ ധര്‍മ്മോപദേശം ചെയ്യിക്കുവാന്‍ സാധിച്ചിട്ടില്ല. എല്ലാ മതങ്ങളിലും സത്തായ ഭാഗങ്ങള്‍ ഉണ്ടെന്നും അവയെ ആദരിക്കയല്ലാതെ പരസ്‌പരം ഭിന്നിക്കയല്ല വേണ്ടതെന്നുമാണ് അദ്ദേഹത്തിന്റെ ഉപദേശം. ജര്‍മ്മന്‍ സാഹിത്യത്തില്‍ ഗോഥേയുടെ `ഫാസ്റ്റ്' (Faust) എന്ന അമൂല്യഗ്രന്ഥമോ, `ഷില്ലറു'ടെ ഏറ്റവും നല്ല മൂന്നുനാലു നാടകങ്ങളോ ഒഴിച്ചാല്‍ ഒന്നാമത്തെ ഗ്രന്ഥം `ജ്ഞാനിയായ നാഥാന്‍' തന്നെയാണ് സംശയമില്ല.
കടപ്പാട്: മാതൃഭൂമി ആഴ്‌ചപതിപ്പ് 1932 നവംബര്‍ 21
ശ്രീ. പോഞ്ഞിക്കര റാഫിയുടെ തുറന്ന വാതില്‍ എന്ന കഥാസമാഹാരത്തിന് ചങ്ങമ്പുഴ കൃഷ്‌ണപിള്ള എഴുതിയ വിമര്‍ശനം
തുറന്ന വാതില്‍
ആധുനിക ഭാഷാസാഹിത്യത്തില്‍ സ്വതസിദ്ധമായ സര്‍ഗ്ഗാത്മകശക്തിയാല്‍ ഉത്തരോത്തരം ഉയര്‍ന്നുവരുന്ന ഒരു നല്ല കാഥികനാണ് ശ്രീ. പോഞ്ഞിക്കര റാഫി. പറയത്തക്ക പാണ്ഡിത്യമോ പദകുബേരത്വമോ തനിക്കില്ലെങ്കിലും, മനുഷ്യര്‍ക്കുവേണ്ടി മനുഷ്യരുടെ കാര്യങ്ങള്‍ മനസ്സില്‍ പതിയുന്ന രീതിയില്‍ പറയുവാന്‍ അദ്ദേഹം അതി സമര്‍ത്ഥനാണ്. ഇതിനുമുമ്പ് അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മൂന്നു ചെറുകഥാസമാഹാരങ്ങളും `മത്തായിമാസ്റ്റര്‍' എന്ന ഒന്നാംതരം നാടകവും ഈ പരമാര്‍ത്ഥത്തെ അക്ഷരംപ്രതി വെളിപ്പെടുത്തുന്നുണ്ട്. മുഴുപ്പട്ടിണിക്കാരും അര്‍ദ്ധപ്പട്ടിണിക്കാരുമായ ഏഴകളുടേയും മഹാപ്രയത്‌നം ചെയ്‌തിട്ടും അരിഷ്ടിച്ചു മാത്രം ജീവിക്കുവാന്‍ സാധിക്കുന്ന മര്‍ദ്ദിതരായ തൊഴിലാളികളുടേയും ജീവിതം, തികഞ്ഞ സൂക്ഷ്‌മതയോടും കലാകുശലതയോടുംകൂടി ഹൃദയസ്‌പര്‍ശകമായ രീതിയില്‍ ചിത്രീകരിക്കുന്നവയാണ്, ശ്രീ. റാഫിയുടെ മിക്ക കൃതികളും. മലയാളത്തിലെ ആദ്യത്തെ തൊഴിലാളി സാഹിത്യകാരനും മി. റാഫി തന്നെ. അദ്ദേഹത്തിന്റെ അനുഭവങ്ങളില്‍ അധികഭാഗവും ആ നിലയില്‍ മാത്രം ഉണ്ടായിട്ടുള്ളവയുമാണ്. അതിനാല്‍ തൊഴിലാളികളുടെ ജീവിതചിത്രീകരണത്തില്‍ അദ്ദേഹത്തിനു മറ്റേതിനേയുംകാള്‍ വിജയം സിദ്ധിച്ചിട്ടുള്ളതില്‍ അത്ഭുതപ്പെടേണ്ടതില്ല.മി. റാഫിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് തുറന്ന വാതില്‍. ഈ കൃതിയില്‍ `അവര്‍ യോജിച്ചു', `വേദനകള്‍', `ഒരു കഴുത്ത്', `ഭാര്യയുടെ ജാരന്‍', `ഭാഗവതര്‍ കുറ്റിക്കാട്ട്' `മാങ്ങാത്തൊലി' ഇങ്ങനെ ആറു ചെറുകഥകള്‍ അടങ്ങിയിരിക്കുന്നു. ഇവയില്‍ `ഒരു കഴുത്ത്', `ഭാര്യയുടെ ജാരന്‍', `മാങ്ങാത്തൊലി' ഈ മൂന്നും ഈ സമാഹാരത്തിലെ ഏറ്റവും നല്ല കഥകളായി കണക്കാക്കാം. `അവര്‍ യോജിച്ചു' എന്നതു സാമാന്യം ഭേദപ്പെട്ട ഒരു കഥയും, `വേദനകള്‍' അതിനെക്കാള്‍ താണപടിയിലുള്ള ഒരു കഥയും, `ഭാഗവതര്‍ കുറ്റിക്കാട്' ദയനീയമാംവിധം പരാജയം പറ്റിയ തീരെ മോശപ്പെട്ട ഒരു കഥയുമാണ്. ഈ ആറു സാദൃശ്യാത്മകഥകളില്‍ ആദ്യത്തെ രണ്ടിലും കാല്‌പനിക സാങ്കേതിക മാര്‍ഗ്ഗത്തിന്റെ കരസ്‌പര്‍ശം ഏറ്റിട്ടുള്ളതായിക്കാണാം.
എണ്ണക്കമ്പനിയിലെ തൊഴിലാളികളായ വര്‍ക്കിയും റപ്പേലും അയല്‍വാസികളാണ്. ഇവരില്‍ വര്‍ക്കിക്കു ഭാര്യയും രണ്ട് പെണ്‍കുട്ടികളും പതിനാറുമാസം മാത്രം പ്രായംചെന്ന ഒരാണ്‍കുട്ടിയും, റാപ്പേലിനു ഭാര്യയും ഒരാണ്‍കുട്ടിയും രണ്ടുവയസ്സു മാത്രം പ്രായംചെന്ന ളൂസി എന്നു പേരായ ഒരു പെണ്‍കുട്ടിയുമുണ്ട്. ഇവരുടെ ഭവനങ്ങള്‍ക്കു മദ്ധ്യേ പന്തലിച്ചു പടര്‍ന്നു നില്‍ക്കുന്ന ഒരു കൂറ്റന്‍ വരിക്കമാവിന്റെ ചുവട്ടില്‍ കുട്ടികളെല്ലാം ഒത്തൊരുമിച്ചു മണ്ണുകൊണ്ട് അപ്പം ചുട്ടുകളിക്കുകയാണ്. ഇടയ്‌ക്കു ജോണ്‍ ഒരുപിടി മണ്ണുവാരി ളൂസിയുടെ നേര്‍ക്ക് ഒരേറുകൊടുത്തു; അവള്‍ ഇരുകൈകളിലും വാരിയെടുത്തു അങ്ങോട്ടും. അനന്തരം അവര്‍ തമ്മില്‍ നഖങ്ങള്‍കൊണ്ടു മുഖത്തു അള്ളിപ്പിടുത്തമായി. ഇരുവര്‍ക്കും വല്ലാതെ നൊന്തു; ഇരുവരും ഉറക്കെ കരഞ്ഞു. കരച്ചില്‍കേട്ട്, ഇരുവരുടേയും മാതാപിതാക്കള്‍ രംഗത്തെത്തുകയും അവര്‍ തമ്മില്‍ ഒരു വാക്ക്‌സമരം നടക്കുകയും ചെയ്യുന്നു. തല്‍ഫലമായി മേലാല്‍ കൂട്ടുകൂടി കളിച്ചുകൂടെന്നു സാധുകുഞ്ഞുങ്ങള്‍ക്ക് ഒരു നിരോധനാജ്ഞ ലഭിക്കുന്നു. അങ്ങനെയിരിക്കെ വര്‍ഷക്കാലത്ത് ഒരു ദിവസം മഴ ചെറ്റൊന്നു ശമിച്ച അവസരത്തില്‍ നിറഞ്ഞുകിടക്കുന്ന കുളത്തിന്റെ സമീപത്തേയ്‌ക്കു ജോണ്‍ ഉല്ലാസഭരിതനായി വേച്ചുവേച്ചു നടന്നുപോകുന്നതു ളൂസിയുടെ മാതാവിന്റെ ദൃഷ്ടിയില്‍പ്പെടുന്നു. ആദ്യം പ്രതികാരാവിശിഷ്ടയായ അവള്‍ കുട്ടി മുങ്ങിമരിക്കട്ടേ എന്നാണ് ആശിക്കുന്നത്. എന്നാല്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കരുണാര്‍ദ്രമായ ആ മാതൃഹൃദയം ആ പൈശാചിക ചിന്തയില്‍നിന്നും മുക്തി നേടുകയും അവള്‍ ഓടിച്ചെന്നു വെള്ളത്തില്‍ മറിഞ്ഞുവീണു തുടിക്കുന്ന ജോണിനെ പൊക്കിയെടുത്തു രക്ഷിക്കുകയും ചെയ്യുന്നു. കലര്‍പ്പറ്റ സ്വാഭാവികതകൊണ്ട് അത്യന്തം നിറംപിടിപ്പിച്ച ഒരു കഥയാണിത്. അസംസ്‌കൃത ചിത്തരായ താണസ്‌ത്രീകളുടെ ഇടയില്‍ വിശേഷിച്ചും അയല്‍ക്കാര്‍ തമ്മില്‍ ഇങ്ങനെയുള്ള പീറപ്പേച്ചുകളും പീട്ടുകളും നിത്യസംഭവങ്ങളാണ്. കുഞ്ഞുങ്ങള്‍ തമ്മില്‍ ലേശംപോലും മനഃപൂര്‍വ്വമല്ലാതെ ഉണ്ടാകുന്ന വഴക്കുകളില്‍ മാതാപിതാക്കന്മാര്‍ കയറിക്കടന്നു കലശല്‍ വര്‍ദ്ധിപ്പിക്കുന്നതും അതു വലിയ വൈരാഗ്യത്തിലും പ്രതികാരവാഞ്‌ഛയിലും എത്തിച്ചേര്‍ന്ന് ഇരുകൂട്ടരേയും വിഷമിപ്പിക്കുന്നതും ഒട്ടും അപൂര്‍വ്വമല്ല. ഈ ശുഷ്‌കവാസ്‌തവങ്ങള്‍ക്കു കലാസുഭഗമായഒരു രൂപം കൊടുക്കുവാന്‍ മി. റാഫിക്കു ഈ കഥയില്‍ സാധിച്ചിട്ടുണ്ട്. അതില്‍ വര്‍ണ്ണിച്ചിട്ടുള്ള ചൊകെചൊകെ പൂത്തുനില്‍ക്കുന്ന വാകമരവും, വെള്ളത്തിനുള്ളില്‍ തലകുത്തി സഞ്ചരിക്കുന്ന നീണ്ട വെളുത്തപൂവന്‍കോഴിയും മറ്റും ഒന്നാന്തരം പൊടിക്കൈകള്‍ തന്നെ. ആ കോഴിയുടെ പ്രതിഫലനദര്‍ശനം ളൂസിയുടെ അമ്മയുടെ ആ നിമിഷം വരെയുള്ള ചിന്താഗതിക്കു പെട്ടെന്നൊരു മാറ്റം വരുത്തുന്നതു മനശാസ്‌ത്രദൃഷ്ട്യാസ്വാഭാവികവും, സമുചിതവും തികച്ചും യുക്തിയുക്തവുമായിട്ടുണ്ട്.
സമ്പല്‍സമൃദ്ധമായ ഒരു കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന സുകുമാരന്‍ നായര്‍ നളിനി എന്ന ഈഴവയുവതിയെ വിവാഹം കഴിക്കുകയാല്‍ സ്വഗൃഹത്തില്‍നിന്നും ഭ്രഷ്ടനായിത്തീരുകയും, പതിനഞ്ചുരൂപാ ശമ്പളത്തില്‍ ഒരു പത്രറിപ്പോര്‍ട്ടറുടെ ജോലിയില്‍ നിത്യവും പത്തുനാഴികവീതം നടന്ന് അയാള്‍ക്കു പട്ടിണിയും പാടുമായിക്കഴിഞ്ഞുകൂടേണ്ടി വരികയും ചെയ്യുന്നു. പ്രസവവേദനയാല്‍ ഈറ്റില്ലത്തില്‍നിന്നും ഭാര്യയുടെ മുറവിളികള്‍അനസ്യൂതമായി, അസഹനീയമായി, അങ്ങനെ ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍, നിസ്വനും നിസ്സഹായനുമായ സുകുമാരന്‍നായരുടെ നീറി ദ്രവിക്കുന്ന ഹൃദയത്തില്‍ കിളര്‍ന്നുവരുന്ന വികാരങ്ങളും ചിന്തകളും സ്‌മൃതിശകലങ്ങളുമാണ് ഈ കഥയില്‍ പ്രകാശിപ്പിച്ചിട്ടുള്ളത്. അനവധി കാഥികന്മാര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആഖ്യാനം ചെയ്‌തിട്ടുള്ള ഒരു ജീര്‍ണ്ണിച്ച പ്രതിപാദ്യം വിശേഷിച്ച് ചമല്‍ക്കാരമോ പുതുമയോ ഇല്ലാതെ അടിച്ചു പരത്തുക മാത്രമാണ് മി. റാഫി അവിടെ ചെയ്‌തിട്ടുള്ളത്. മുന്‍കഥയില്‍ പ്രകാശിപ്പിച്ചിട്ടുള്ള മാതൃഹൃദയത്തിന്റെ മഹത്വം ഈ കഥയില്‍ അദ്ദേഹം പാടേ വിസ്‌മരിച്ചിരിക്കുന്നു. സുകുമാരന്‍നായരുടെ അമ്മയെക്കുറിച്ചു ചില സൂചനകള്‍ കഥയില്‍ അങ്ങിങ്ങായിക്കാണാം. അതില്‍നിന്നും അവര്‍ കൃപാര്‍ദ്രയും പുത്രവാത്സല്യസമ്പന്നയുമാണെന്നു വെളിപ്പെടുന്നുമുണ്ട്. അങ്ങനെയുള്ള ഒരു മാതാവു, സ്വപുത്രന്‍ എത്രതന്നെ അപരാധിയായിക്കൊള്ളട്ടെ, ബന്ധുജനങ്ങളെല്ലാം തന്നോടെതിരിട്ടുകൊള്ളട്ടെ, അതിദാരുണമായ ഒരാപല്‍ഘട്ടത്തില്‍ അയാള്‍ അകപ്പെട്ടു വലയുമ്പോള്‍, രഹസ്യമായിട്ടായാലും, അയാളെ സഹായിക്കാന്‍ സന്നദ്ധയാകാതിരിക്കില്ല. വിശേഷിച്ചും പ്രസവവിഷയത്തില്‍ പ്രായംചെന്ന സ്‌ത്രീകളുടെ സ്വഭാവം ഒന്നു വേറെയാണ്. അതൊരപകടസന്ധിയിലേക്കു വഴുതിയിരിക്കയാണെങ്കില്‍, ആജന്മശത്രുവാണെങ്കില്‍ പോലും, അങ്ങോട്ടൊന്നു കടന്നുചെല്ലാതിരിക്കുമോ? ഒരു ചെറുമച്ചാളയിലാണെങ്കില്‍ക്കൂടി ഒരു പ്രസവിച്ച സ്‌ത്രീയുടെ ഹൃദയം ഒരിക്കലും സമ്മതിക്കുകയില്ല. അങ്ങനെയിരിക്കെ സ്വന്തം മകന്റെ ഭാര്യ പ്രസവവേദനയാല്‍ രണ്ടുദിവസം തുടര്‍ച്ചയായി മുറവിളിയിട്ടിട്ടും, അന്നാട്ടിലുള്ള സ്‌ത്രീജനങ്ങള്‍ മുഴുവന്‍ അവിടെക്കൂടിയിട്ടും, അവള്‍ ഒരു ഈഴവയുവതിയാണെന്ന കാരണത്തിന്മേല്‍, ആ ഗുണവതിയെന്നു സൂചിപ്പിക്കപ്പെട്ടിരിക്കുന്ന അമ്മ, അവിടെ കടന്നുവന്നില്ലെന്നുള്ളതു തീരെ അസ്വാഭാവികവും അത്യന്തം അത്ഭുതകരവുമായിരിക്കുന്നു.
ഒടുവില്‍ പണ്ടത്തെ ചില നോവലുകളില്‍ കണ്ടിട്ടുള്ളതുപോലെ പ്രാണനാഥാ എന്ന സംബോധനയോടെ ഒരു നീണ്ട പ്രസംഗത്തിനു ശേഷം മരിച്ചുവീഴുന്ന നായികയുടെ രീതിയില്‍, നളിനിയും സ്വകാന്തനോടു ചിലതൊക്കെ പറഞ്ഞും, അതിലേറെക്കരഞ്ഞും, അതിലധികം കരയിപ്പിച്ചും കഴിഞ്ഞതിന്റെ ശേഷം, അയാള്‍ മുറിവിട്ടയുടനെ ഠപ്പ് എന്നങ്ങു മരിച്ചുകളയുന്നത് ബഹുവിചിത്രമെന്നേ പറയാനുള്ളൂ. ഈ `പടാകൃതി'കളെല്ലാം പരതിക്കൂട്ടിയിട്ടും പ്രസ്‌തുത കഥയ്‌ക്കു ഹൃദയത്തിന്റെ ഒരു കോണിനെപ്പോലും സ്‌പര്‍ശിക്കാന്‍ സാധിക്കുന്നില്ലെന്നാണ് അതിന്റെ പരാജയത്തിനു തെളിവ്.
ഇതിലെ കഥകളില്‍ ഏറ്റവും എന്നെ ആകര്‍ഷിച്ചത് `ഒരു കഴുത്താ'ണ്. ഈ കഥയെക്കുറിച്ച് അഭിപ്രായവ്യത്യാസമുള്ളവരായിരിക്കും. കേരളീയരില്‍ ഭൂരിഭാഗവുമെന്നും എനിക്കറിയാം. ഈ കഥയില്‍ സജീവമായി ചിത്രീകരിച്ചിട്ടുള്ള ഭവാനിക്കുട്ടികളേയും, നേതാജികളേയും ഭാസ്‌ക്കര്‍ജികളെയും ത്രിവര്‍ണ്ണപതാകയുടെ ചുവട്ടില്‍, ആദര്‍ശയവനികയുടെ പിന്നില്‍, ഇക്കാലത്തു ധാരാളമായിക്കാണാമെന്നുള്ളതു വെറും പരമാര്‍ത്ഥം മാത്രമാണ്. കോണ്‍ഗ്രസ്സിന്റെ മറവില്‍ നിന്നുകൊണ്ട് ഇന്നിപ്പോള്‍ എന്തുകോമാളിത്തവും കാട്ടിക്കൂട്ടാമെന്നായിട്ടുണ്ട് മതത്തിന്റെയും നിയമസംഹിതകളുടേയും മണ്ഡലങ്ങളില്‍ നടക്കുന്ന ലജ്ജാകരങ്ങളായ അഴിമതികള്‍പോലെതന്നെ! ശരീരം ഖദറില്‍ പൊതിഞ്ഞാലും ഹൃദയത്തില്‍ കുടിയിരിക്കുന്ന കരിന്തേളുകള്‍ ശ്വാസംമുട്ടി മരിക്കുക വിഷമമാണ്. അതുകൊണ്ടാണല്ലോ മഹാത്മജിക്കു തന്റെ ഭക്താനുചരന്മാരെന്നു പറയപ്പെടുന്നവരെപ്പോലും, എത്രയെത്ര പ്രാര്‍ത്ഥനായോഗങ്ങള്‍ നടത്തിയിട്ടും, പ്രായോഗികമായി മാനസാന്തരപ്പെടുത്തുവാനും മനുഷ്യരാക്കിത്തീര്‍ക്കുവാനും സാധിക്കാതിരുന്നത്. പ്രസംഗവേദിയിലെ സാത്വികരായ ത്രിവര്‍ണ്ണ പതാകക്കാര്‍ പ്രവൃത്തി പദ്ധതിയിലെത്തുമ്പോള്‍ വെറും കരിങ്കൊടിക്കാരായ കാപ്പിരികളും കശാപ്പുകാരുമായി മാറുന്ന കാഴ്‌ച തികച്ചും വേദനാജനകമായിരിക്കുന്നു. ഈ പരമാര്‍ത്ഥത്തെ തികഞ്ഞ തന്മയത്വത്തോടുകൂടി പ്രതിഫലിപ്പിച്ചിട്ടുള്ള ഒന്നാംതരം കഥയാണ് `ഒരു കഴുത്ത്'. ഇതില്‍ കുറിക്കു കൊള്ളുന്ന ആക്ഷേപഹാസം അത്യന്തം പൊന്തിനില്‍ക്കുന്നുണ്ട്. നിലത്ത് ഒരു തടിച്ച വിദേശിത്തുണിക്കിടയില്‍, ഒരു ചെറിയ ഖദര്‍ തോര്‍ത്തും കയ്യില്ലാത്ത ബനിയനും ധരിച്ചാണത്രേ `നേതാജി'യുടെ കിടപ്പ്. ആ നട്ടിലെ ഗാന്ധിയാണുപോലും അയാള്‍. ആ ഗാന്ധിവീരനാണ് ഭവാനിക്കുട്ടിയെക്കാണുമ്പോള്‍ ഇടിക്കുവാനൊന്നുമല്ല എനിക്കു തോന്നുക എന്നെ ചുംബിപ്പിക്കുവാന്‍..... ഭവാനിക്കുട്ടി! ഒന്നു ചുംബിക്കൂ! എന്നു ലജ്ജയില്ലാതെ പുലമ്പിക്കൊണ്ട്, ദേശസേവിനിയായ ആ ഖദര്‍ ധരിച്ച അറു........യേക്കൊണ്ട് മറ്റുള്ളവരുടെ മുമ്പില്‍ വെച്ചു ചുംബിപ്പിക്കുന്നത്. ഒരു മാസം അബദ്ധത്തില്‍ ജയില്‍വാസം അനുഭവിക്കേണ്ടി വന്നതിനാല്‍ നേതൃപദപ്രാപ്‌തനായിത്തീര്‍ന്ന ഒരു കോണ്‍ഗ്രസ്സുകാരനാണ് താടിക്കാരന്‍ അരവിന്ദാക്ഷന്‍. മഹാത്മജിയുടെ അഹിംസാവ്രതത്തെ അക്ഷരംപ്രതി അനുഷ്‌ഠിക്കുന്ന ആ ഭക്തശിഷ്യന്മാര്‍ക്കു ഇറച്ചിയില്ലാതെ ഭക്ഷണം കീഴോട്ടിറങ്ങുകയില്ല. ദേശസേവനത്തിന് ഒഴിച്ചുകൂടുവാന്‍ പാടില്ലാത്ത ഒന്നായതിനാലായിരിക്കാം, അവരോടൊത്തുചേര്‍ന്നതു മുതല്‍ ഞാന്‍ ഇറച്ചി കഴിക്കും, നാലു പ്രാവശ്യം ഇപ്പോള്‍ കഴിച്ചിട്ടുണ്ട്. ഇന്നും കൂടിയാകുമ്പോള്‍ അഞ്ചുപ്രാവശ്യമാകും. ഇറച്ചി വേണം എന്ന് `തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ ഒരു കൃത്യം ചെയ്‌തുകഴിഞ്ഞതിനെക്കുറിച്ച് പറയുമ്പോള്‍ ഒരാളുടെ മുഖത്തുണ്ടാകുന്നതുപോലെ വലിയ അഭിമാനത്തോടുകൂടി' നാണമില്ലാതെ അവള്‍ തട്ടിവിടുന്നത്. ഇങ്ങനെ പല ഭാഗങ്ങളും ഈ കഥയില്‍ നിന്നുദ്ധരിക്കുവാനുണ്ട്. ലേഖനദൈര്‍ഘ്യത്തെക്കുറിച്ചുള്ള ഭയം അതിനനുവദിക്കുന്നില്ല. കനകമാലകള്‍ മെടഞ്ഞുകൂടിയ കഴുത്ത്, പിന്നീട് നഗ്നമായിത്തീര്‍ന്ന്, ഒടുവില്‍ കയറിന്റെ കുരുക്കില്‍പ്പെട്ടു മുറുകിത്തടിച്ചു വീര്‍ത്ത് അതിന്റെ അവസാനരൂപത്തെ പ്രാപിക്കുന്ന ആ പരിതാപകരമായ പരിണാമഗതിയില്‍ പലേ പരമാര്‍ത്ഥങ്ങളും ഒളിഞ്ഞുകിടപ്പുണ്ട്. മുനകൂര്‍ത്ത നാരായങ്ങള്‍ ഒളിച്ചുപിടിച്ചിട്ടുള്ളവയാണ് ഇതിലെ വാചകങ്ങള്‍.
ദയനീയമായ ഒരു സംഭവത്തില്‍ അവിചാരിതമായി എത്തിച്ചേരുന്ന ഹൃദയഭേദകമായ ഒരു കഥയാണ്, `ഭാര്യയുടെ ജാരന്‍.' `ജാരശങ്ക' `അമ്മായി അമ്മപ്പോര്' ഇവ രണ്ടും അനേകം കാഥികന്മാര്‍ എടുത്തു പെരുമാറിയിട്ടുള്ളവയാണ്. പക്ഷെ മി. റാഫി അവയെ സമഞ്‌ജസമായ രീതിയില്‍ കൂട്ടിയിണക്കി കമനീയമായ ഒരു കലാരൂപം സൃഷ്‌ടിച്ചിരിക്കുന്നു. പരമദുഷ്‌ടയായ ആ മാതാവിന് അവളുടെ കൗട്യല്യത്തിന്റെ ഫലം സ്വപുത്രനില്‍ നിന്നുതന്നെ അനുഭവിക്കുവാനിടയാകുന്നു. അന്തപ്പന്റെ വിവേകരാഹിത്യം, അവന്റെ അമ്മയുടെ കടുത്ത ദൗഷ്‌ട്യം, പത്‌നിയുടെ നിഷ്‌കളങ്കത ഇവ നമ്മുടെ മനസ്സില്‍ ആഞ്ഞുതട്ടുന്നുണ്ട്. അടിയേറ്റു തല ഞെരിഞ്ഞു രക്തത്തില്‍ കുളിച്ചുകിടക്കുന്ന ആ വൃദ്ധയുടെ കൈയില്‍ ഒരു തുകല്‍ബെല്‍ട്ടു പിടിപ്പിച്ചിരുക്കുന്നതു ധന്യാത്മകമായ ഒരു രസികന്‍ പൊടിക്കൈയാണ്. ആ ബെല്‍ട്ടിനോളം സന്ദര്‍ഭത്തിനു സമുചിതമായ മറ്റൊരു പദാര്‍ത്ഥമില്ലെന്നുള്ളതും പ്രത്യേകം എടുത്തുപറയേണ്ടതായിട്ടുണ്ട്.
`ഭാഗവതര്‍ കുറ്റിക്കാട്ട്' വെറും ബാലിശവും ലജ്ജാവഹവുമായ എന്തോ ഒന്നാണ് അതിനെ അറപ്പോടുകൂടിപ്പോലും ഒരു ചെറുകഥയെന്നു വിളിക്കാന്‍ എനിക്കു സാദ്ധ്യമല്ല. ഏതോ ഒരു വ്യക്തിയോടുള്ള അന്തസ്സില്ലാത്ത ഒരു പകവീട്ടല്‍ എന്നതില്‍ കവിഞ്ഞ് ആ വിവരണങ്ങളില്‍ ഞാന്‍ ഒന്നും കാണുന്നില്ല. അതിലെ സംഭവങ്ങളും വ്യക്തികളും കെട്ടുപിണഞ്ഞും കുഴഞ്ഞുമറിഞ്ഞും പരസ്‌പരം യാതൊരു യോജിപ്പുമില്ലാതെ കാണപ്പെടുന്നു. `കുഞ്ഞയിമു' എന്നു കേള്‍ക്കുമ്പോള്‍ ഒരു ചായമടിക്കുന്നവനോ ബീഡിതെറുപ്പുകാരനോ എന്നല്ലാതെ അയാള്‍ `ഒരു മഹാഗായക'നാണെന്ന് ആരും വിശ്വസിക്കുകയില്ല. ഈ കഥ ഒരു ദുരുദ്ദേശത്തോടുകൂടി എഴുതപ്പെട്ടതാണെന്ന് വായിക്കുന്ന ഏതു സഹൃദയനും ബോധപ്പെടും. ഈ കൃതികൊണ്ടു തന്റെ ഉദ്ദേശം സാധിച്ചുവെന്നു മി. റാഫിക്കഭിമാനമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ മാനസികസംസ്‌ക്കാരത്തില്‍ എനിക്കുവരെ മതിപ്പു തോന്നുന്നില്ല. ഇത്തരം ചവറുകള്‍ മേലിലെങ്കിലും എഴുതിക്കൂട്ടാതിരിക്കേണമെന്നാണ് എനിക്കു മി.റാഫിയോടുള്ള സ്‌നേഹപൂര്‍വ്വമായ അപേക്ഷ.
`മാങ്ങാത്തൊലി' മലയാളത്തില്‍ വളരെ പുതുമയുള്ള ഒരു കഥയാണ്. സമര്‍ത്ഥമായ രീതിയിലുള്ള ഒരന്തരീക്ഷസൃഷ്‌ടികൊണ്ട് അനുവാചകന്മാരെ ആകര്‍ഷിക്കുകയാണ് ഇതിന്റെ സ്വഭാവം. മനുഷ്യന്റെ അന്ധവിശ്വാസങ്ങള്‍ക്കിടയില്‍ തകര്‍ന്നു ഞെരിയുന്ന കാര്യകാരണബന്ധത്തെ സയുക്തികം വെളിച്ചത്തു കാട്ടുകയാണ് മി.റാഫി ഇതില്‍ ചെയ്‌തിട്ടുള്ളത്. ലഘുവായ ആക്ഷേപഹാസം ഈ കൃതിയുടെ അവസാനഭാഗത്തെ അത്യന്തം രസകരമാക്കുന്നു. പിശാചിനെ അകറ്റാന്‍ വെമ്പലോടെ വന്ന വിരുന്നുകാരിയുടെ അടുത്തേയ്‌ക്കോടിച്ചെന്ന്, മാങ്ങാത്തൊലി, മാങ്ങാത്തൊലിയാണ് നാണിച്ചുപോയേ..... എന്നു നിഷ്‌ക്കളങ്കയായ ...പരിശുദ്ധമായ പരിഹാസം വിളമ്പുന്നതും പാതിരിക്കരിശം വരുന്നതും, ഉറുമ്പുകടിയാണ് പിശാചബാധയല്ല പശുക്കുട്ടിക്കെന്നറിഞ്ഞിട്ടും വിടാതെ പിന്നേയും പിശാചബാധയെക്കുറിച്ചു പ്രസംഗിക്കുന്നതും, ഒടുവില്‍ ഒരു വലിയ മെഴുകുതിരി നേര്‍ച്ചയ്‌ക്കുള്ള ഒന്നര രൂപാ കൈയില്‍ കിട്ടിയപ്പോള്‍, മുന്‍പുകണ്ട റോസിയോടുതന്നെ റോസി നീ എന്റെ കൂടെ വരുന്നോ? ഞാന്‍ ചോക്കലേറ്റ് തരാം എന്നു പറയുന്നതും, എല്ലാം, നിറഞ്ഞ തന്മയത്വത്തോടുകൂടിയവയാണെന്ന് അഭിനന്ദനപൂര്‍വം പ്രസ്‌താവിക്കേണ്ടിയിരിക്കുന്നു. വലിയ കുരിശും പിടിച്ചുകൊണ്ട് ചാടിപ്പിടയുന്ന പശുക്കുട്ടിയുടെ മുന്‍പിലുള്ള, അമ്മയുടേയും മന്ത്രം ജപിച്ചുകൊണ്ടുള്ള വടക്കേതിലെ ഏലിവല്യമ്മയുടേയും നില്‌പ്പ് ഏവരേയും പൊട്ടിച്ചിരിപ്പിക്കുന്നതാണ്.
ഒരു നല്ല കലാകാരനായ കാഥികനുവേണ്ടി കഴിവുകളില്‍ മിക്കതും മി.റാഫി സമാര്‍ജിച്ചിട്ടുണ്ടെന്നു പറയാം. അദ്ദേഹത്തിന്റെ ഓരോ പുതിയ കൃതിയും അദ്ദേഹത്തിന്റെ പുരോഗമനത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് ഒരു ശുഭലക്ഷണമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളത്തിലെ പ്രമുഖകഥാകാരന്മാരില്‍ ഒരാളായ മി. ബഷീറിനെ മി.റാഫി അനുകരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട, അദ്ദേഹത്തിന്റെ `അച്ഛന്റെ അന്തകന്‍' നിരൂപണം ചെയ്‌ത സാഹിത്യമര്‍മ്മജ്ഞനോടു ഞാനും പരിപൂര്‍ണ്ണമായി യോജിക്കുന്നു. സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കുവാനുള്ള കരുത്ത് ഏറെക്കുറെ ഇന്നദ്ദേഹത്തിനു കൈവന്നിട്ടുണ്ട്. പക്ഷേ, മി. ബഷീറിനെപ്പോലെ അനുഭവസമ്പന്നനല്ലാത്തതിനാല്‍ മി. റാഫിക്ക പലപ്പോഴും റിയലിസ്റ്റിക്ക് കഥകളില്‍ സങ്കല്‌പത്തെ സമാശ്രയിക്കേണ്ടിവരികയും അങ്ങനെ അനുകരണാത്മകങ്ങളായ അദ്ദേഹത്തിന്റെ ചിത്രീകരണങ്ങള്‍ പലതും പരാജയപ്പെടുകയും ചെയ്യുന്നു.
മി. റാഫിയുടെ പ്രതിപാദനരീതി ലളിതമധുരമാണ്. കടിച്ചാല്‍ പൊട്ടാത്ത ഒരു പദത്തിന്റെ പൊടിപോലും അദ്ദേഹത്തിന്റെ കഥകളില്‍ ഒരിടത്തും കാണുകയില്ല. ആശയങ്ങളെ പരിപൂര്‍ണ്ണമായ സ്‌പഷ്‌ടതയോടെ ആവിഷ്‌ക്കരിക്കുവാന്‍ അദ്ദേഹത്തിനു സാധിക്കും. പക്ഷേ, പ്രയോഗവൈകല്യങ്ങള്‍ പലയിടത്തും സ്വാരസ്യത്തെ ഹനിക്കുന്നുണ്ട്. കല്‍ത്തറകെട്ടിയിട്ടുള്ള വര്‍ക്കിയുടേതു റപ്പേലിന്റേതിനേക്കാള്‍ സ്വല്‌പം വലുതാണ് എന്നു തുടങ്ങിയ വിലക്ഷണപ്രയോഗങ്ങള്‍ മലയാളത്തില്‍ അശ്ലീലദ്യോതകവും അസഹ്യവുമാണ്. `നഴ്‌സുമാര്‍' എന്നതിനേക്കാള്‍ `നഴ്‌സുകള്‍' എന്നതിലാണ് പ്രയോഗ സൗന്ദര്യം. സ്വര്‍ഗ്ഗസദൃശ്യം ശരിയല്ല; സ്വര്‍ഗ്ഗസദൃശം എന്നുതന്നെയാണ് വേണ്ടത്. നളിനിയുടെ രണ്ടു സഹോദരിമാരില്‍ ഇളയവളെ മാത്രമേ മസൂരി പിടികൂടിയതായി പ്രസ്‌താവിക്കുന്നുള്ളൂ. അടുത്ത വാചകത്തില്‍ നളിനിയുടെ അച്ഛനേയും സഹോദരിമാരേയും അതു പരലോകത്തിലേയ്‌ക്കെടുത്തു കൊണ്ടുപോയി എന്നുംപറയുന്നു. (പേജ് 27)
കമനീയമായി മുദ്രണംചെയ്‌തിട്ടുള്ള ഒരു പുസ്‌തകമാണ് തുറന്നവാതില്‍. തീക്ഷ്‌ണഛായാമാത്രനിര്‍മ്മിതമായ മുഖചിത്രം ചുറ്റികയോങ്ങിനില്‌ക്കുന്ന ബലിഷ്‌ഠകായനായ ഒരു തൊഴിലാളിയുടേത് നന്നായിട്ടുണ്ട്. മുഖത്തുനിന്നും അമര്‍ഷദ്യോതകമായ അഗ്നിസ്‌ഫുലിംഗങ്ങള്‍ പാറിപ്പറക്കുന്ന ആ തൊഴിലാളിയുടെ ആയുധാഘാതത്തില്‍ ആയിരമായിരം അടഞ്ഞവാതിലുകള്‍ തകര്‍ന്നു തുറക്കപ്പെടുമാറാകട്ടെ! എന്നാല്‍ മി.റാഫിയുടെ ഈ ഗ്രന്ഥത്തിന് `തുറന്നവാതില്‍' എന്നു പേര്‍കൊടുത്തിട്ടുള്ളതിന്റെ അര്‍ത്ഥമോ ഔചിത്യമോ എനിക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല. അനുഗൃഹീതനായ ഈ യുവകാഥികനില്‍നിന്ന് അനേകം ഉത്തമഗ്രന്ഥങ്ങള്‍ കൈരളിക്കു സിദ്ധിക്കുമാറാകട്ടേ എന്നു ഞാന്‍ ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്നു.
കടപ്പാട്: മംഗളോദയം മാസിക
സി.പ്രഭാകരന്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ എഴുതിയ വിമര്‍ശനത്തിന് മറുപടിയായി ചങ്ങമ്പുഴ എഴുതിയ കുറിപ്പുകള്‍
1945 ഫെബ്രുവരി 11, 18
ചില സംശയങ്ങള്‍
ശ്രീമാന്‍ സി. പ്രഭാകരന്‍ ആഴ്‌ചപ്പതിപ്പിലെഴുതിയ ഒരു മറുപടി വായിച്ചു. അതില്‍ അദ്ദേഹം എന്റെ അഭിപ്രായങ്ങളെ ഒന്നു പിടിച്ചുകുലുക്കുക മാത്രമെ ചെയ്‌തിട്ടുള്ളു. അതല്ലാതെ, അവയുടെ അസാധുതയെ സയുക്തികം സ്ഥാപിച്ചിട്ടില്ല. ആ നിലയ്‌ക്ക് അദ്ദേഹത്തിന്റെ മറുപടിയെ ഞാന്‍ എതിര്‍ക്കേണ്ട ആവശ്യമില്ല; എതിര്‍ക്കുന്നുമില്ല. പക്ഷെ അദ്ദേഹത്തിന്റെ ലേഖനം വായിച്ചപ്പോള്‍, വെറുമൊരു സാഹിത്യവിദ്യാര്‍ത്ഥിമാത്രമായ എനിക്ക്, സംശയങ്ങള്‍ ഒഴിയുകയല്ല, വര്‍ദ്ധിക്കുകയാണു ചെയ്‌തതെന്ന് വ്യസനപൂര്‍വ്വം പ്രസ്‌താവിയ്‌ക്കേണ്ടിയിരിക്കുന്നു. ആ സംശയങ്ങളാണ് ഈ ലേഖനത്തിനടിസ്ഥാനം.
മി. പ്രഭാകരന്റെ അഭിപ്രായങ്ങള്‍ ആത്മാര്‍ത്ഥതയുടെ മുശയില്‍ വാര്‍ത്തെടുത്തവയല്ലെന്നോ, അവയുടെ `കരുപ്പിടിത്ത'ത്തില്‍ പതംപോരായ്‌മ പറ്റിയിട്ടുണ്ടെന്നോ ഈ ലേഖകന്‍ കരുതിയിട്ടില്ല. എങ്കില്‍, ആദ്യത്തെ അദ്ദേഹത്തിന്റെ ലേഖനത്തിനുപോലും ഞാന്‍ മറുപടി എഴുതുമായിരുന്നില്ല. ആത്മാര്‍ത്ഥതയുടെ മുശയില്‍ വാര്‍ത്തെടുത്തിട്ടുള്ള ഉരുപ്പിടികള്‍ക്ക് ഉപയോഗിച്ചിട്ടുള്ള ലോഹങ്ങളുടെ യഥാര്‍ത്ഥമായ മൂല്യത്തിലും, ചേരുവയുടെ പൊരുത്തമില്ലായ്‌മയിലുമാണ് എന്റെ ആക്ഷേപം. ഞാന്‍ ഒരു സോളമണല്ലെന്നു എനിയ്‌ക്കു നല്ലപോലറിയാം. അങ്ങിനെയൊരു ഭാവത്തിലല്ല ഞാന്‍ എഴുതിയതും ഇപ്പോള്‍ എഴുതുന്നതും. പക്ഷേ സാഹിത്യത്തെ സംബന്ധിച്ച്, എളിയ തോതിലാണെങ്കിലും, എനിയ്‌ക്ക് ചില അഭിപ്രായങ്ങളുണ്ട്. അവയെല്ലാം ശരിയായിക്കൊള്ളണമെന്ന വ്യാമോഹമോ, മര്‍ക്കടമുഷ്‌ടിയോ എനിയ്‌ക്കു ലേശംപോലുമില്ല. അതുകൊണ്ട് എന്റെ ലേഖനം ഒരെതിര്‍പ്പോ വെല്ലുവിളിയോ ആയിരുന്നില്ല.
ഒരു വ്യക്തിയുടെ നിലയ്‌ക്കല്ല ഞാന്‍ വികാരങ്ങളെ ആവിഷ്‌കരിച്ചത് എന്നും, പരിതസ്ഥിതികള്‍ സ്വയം സൃഷ്‌ടിച്ച ആദര്‍ശങ്ങളെ അപ്പടി പകര്‍ത്തുകമാത്രമേ ചെയ്‌തിട്ടുള്ളു വെന്നും, തുടക്കത്തില്‍ത്തന്നെ മി. പ്രഭാകരന്‍ പറഞ്ഞുവെക്കുന്നു. ഉത്തമപുരുഷസ്ഥാനത്ത് അദ്ദേഹം ബഹുവചനം ഉപയോഗിച്ചിട്ടുള്ളതില്‍നിന്നുപോലും ആ പരമാര്‍ത്ഥത്തിന്റെ ആദ്യത്തെ പകുതി സ്‌പഷ്‌ടമാകുന്നുണ്ട്; രണ്ടാമത്തെ പകുതിയിലാണ് എന്റെ സംശയം. പരിതസ്ഥിതികള്‍ പരിണാമത്തിനു വിധേയമല്ലെന്നു മി. പ്രഭാകരന്‍ വിശ്വസിക്കുന്നുണ്ടോ? ഉണ്ടായിരിക്കുമെന്നു ഞാന്‍ കരുതുന്നില്ല. ആ സ്ഥിതിക്ക്, പരിതസ്ഥിതികള്‍ കാലഗതിയില്‍ സ്വയം രൂപാന്തരം പ്രാപിയ്‌ക്കുന്നതിനൊപ്പിച്ച്, അവ സ്വയം സൃഷ്‌ടിയ്‌ക്കുന്നതായി സങ്കല്‌പിയ്‌ക്കപ്പെടുന്ന ആദര്‍ശങ്ങളും മാറിക്കൊണ്ടിരിയ്‌ക്കുകയില്ലേ? താല്‍ക്കാലിക പരിതസ്ഥിതികളെ ആശ്രയിച്ചുനില്‍ക്കുന്ന ആദര്‍ശങ്ങള്‍ക്കുമാത്രം സര്‍വ്വതോമുഖമായ പ്രാധാന്യം കൊടുത്തുകൊണ്ട് കലാകര്‍മ്മം നിര്‍വ്വഹിയ്‌ക്കപ്പെടണമെന്നാണോ നിര്‍ബ്ബന്ധിയ്‌ക്കുന്നത്? അവയ്‌ക്കുമാത്രമെ ജനതയെ ഉന്നമിയ്‌ക്കുവാനും ഉത്തേജിപ്പിയ്‌ക്കുവാനും സാധിയ്‌ക്കുകയുള്ളു? എങ്കില്‍, അങ്ങനെയല്ലാത്ത കലാസൃഷ്‌ടികള്‍ പലതും അനശരങ്ങളായിത്തീരുന്നതെന്തുകൊണ്ടാണെന്നു ഞാന്‍ സ്വാഭാവികമായി സംശയിച്ചുപോകുന്നു. രാഷ്‌ട്രീയമോ, സാമുദായികമോ, സാമ്പത്തികമോ ആയ സമകാലിക പ്രശ്‌നങ്ങളില്‍നിന്നും സമുല്‌പന്നമാകുന്ന ആദര്‍ശങ്ങള്‍ അര്‍ത്ഥശൂന്യങ്ങളാണെന്നോ, കലാലോകത്തില്‍ അവയ്‌ക്കു സ്ഥാനമില്ലെന്നോ, എനിയ്‌ക്കു വാദമില്ല. തീര്‍ച്ചയായും അവയ്‌ക്കു സ്ഥാനമുണ്ട്. പക്ഷെ, ഒരുവിധപരിതസ്ഥിതികളുടെ സമ്മര്‍ദ്ദത്തിനും വഴങ്ങിക്കൊടുക്കാതെ, മാനുഷികസത്തയില്‍ നിത്യമായി വര്‍ത്തിയ്‌ക്കുന്ന ചില അവിഭാജ്യഘടകങ്ങളുണ്ടെന്നും, അവയുടെ സന്താനങ്ങളായ സനാതനാദര്‍ശങ്ങളാണ് സ്ഥലകാലസീമകളെപ്പോലും ഉല്ലംഘിച്ച് ലോകഹൃദയത്തില്‍ ചിരപ്രതിഷ്‌ഠനേടുന്നതെന്നുമാണ് ഇപ്പോഴും എന്റെ ദൃഢവിശ്വാസം.
മനുഷ്യന്റെ ആനന്ദത്തിനും വിഷാദത്തിനും മനുഷ്യനോളംതന്നെ വളര്‍ച്ചയുണ്ട്. ആദ്യത്തെ ഉദയസൂര്യന്റെ അഭൗമമായ പ്രഭാപൂരത്തില്‍ കണ്ണഞ്ചിപ്പോയ ആദാമിന്റെ ഹൃദയം അവാച്യമായ ആനന്ദാനുഭൂതിയില്‍ കോരിത്തരിയ്‌ക്കുകയുണ്ടായി; എന്നാല്‍ അതേ ദിവസംതന്നെ ആ ചൈതന്യമണ്ഡലം ആഴിപ്പരപ്പില്‍ ആണ്ടുപോകുന്ന ദയനീയമായ രംഗത്തിനു സാക്ഷ്യം വഹിച്ചപ്പോള്‍ ഇങ്ങിനിവീണ്ടും വരാത്തവണ്ണം അതെന്നെന്നേക്കുമായി നഷ്‌ടപ്പെടുകയാണെന്നുള്ള ആധിമൂലം ആ മൃദുലഹൃദയത്തിലെ സ്‌പന്ദനങ്ങള്‍ക്കു തീവ്രത വര്‍ദ്ധിയ്‌ക്കുകയും ആ കളങ്കമറ്റ കണ്ണുകള്‍ ബാഷ്‌പാവിലങ്ങളായിത്തീരുകയും ചെയ്‌തുവെന്ന് `പറുദീസാനഷ്‌ടം' വെളിപ്പെടുത്തുന്നു. ആ ആദിമനുഷ്യന്റെ പുഞ്ചിരി ഇന്നും മാഞ്ഞിട്ടില്ല; ആ കണ്ണുനീര്‍ ഇന്നും വറ്റിയിട്ടില്ല; ശതാബ്‌ദങ്ങള്‍ അനന്തകോടി സംഭവങ്ങളെ തരണം ചെയ്‌തു എത്രദൂരം കടന്നുകഴിഞ്ഞു!
"ചങ്ങമ്പുഴപ്രസ്ഥാന"ത്തെക്കുറിച്ച് അദ്ദേഹത്തിനുള്ള ആക്ഷേപത്തില്‍ എനിയ്‌ക്ക് യാതൊരു തര്‍ക്കവുമില്ല. ആ പ്രസ്ഥാനം അങ്ങനെയൊന്നുണ്ടെങ്കില്‍ ആക്ഷേപരഹിതമാണെന്നു വ്യാമോഹിയ്‌ക്കത്തക്ക മൗഡ്യമെങ്കിലും എനിയ്‌ക്കില്ലെന്നു തികച്ചും ഞാന്‍ അഭിമാനിയ്‌ക്കുന്നു. ഭിന്നരുചിയായി ലോകത്തില്‍ സര്‍വ്വജനസമ്മതമായി ഒരു പ്രസ്ഥാനവും ഇന്നിതുവരെ ഉണ്ടായിട്ടില്ലെന്നു എന്റെ ചുരുങ്ങിയ തോതിലുള്ള അറിവു എന്നെ ധരിപ്പിച്ചിട്ടുണ്ട്. അതിനാല്‍, അറിഞ്ഞും അറിയാതേയും മി. പ്രഭാകരന്‍ എനിയ്‌ക്കു യാതൊരപരാധവും ചെയ്‌തിട്ടില്ലെന്നും, നേരേമറിച്ച് എനിയ്‌ക്കു പരിചിതനായ അദ്ദേഹത്തോടു, അഭിപ്രായപ്രകടനത്തിനൊരന്തരീക്ഷം സൃഷ്‌ടിച്ചുതന്നതില്‍, അളവറ്റ കൃതജ്ഞതയാണുള്ളതെന്നും അദ്ദേഹം ധരിച്ചാല്‍ കൊള്ളാം.
സഫോക്ലെസ്സിന്റെ കിങ്ങ് ഈഡിപ്പസ് വായിക്കുമ്പോള്‍ ഭാരതീയരായ നമ്മുടെ ഹൃദയം എന്തിനാണസ്വസ്ഥമാകുന്നത്? അദ്ദേഹത്തിന്റെ ആ ചോദ്യംതന്നെ ഞാന്‍ അദ്ദേഹത്തോടും ചോദിയ്‌ക്കുന്നു യഥാര്‍ത്ഥത്തില്‍ നമ്മുടെ ഹൃദയം അസ്വസ്ഥമാകുന്നുണ്ടോ? ഉണ്ടെന്നു എനിയ്‌ക്കു തോന്നുന്നില്ല.
ഒരു ഭാരതീയന്റെ സംസ്‌കാരസമ്പന്നമായ ഹൃദയം അത്ര സങ്കുചിതമാണെന്ന്, ദേശാഭിമാനം നടിയ്‌ക്കാത്ത എനിയ്‌ക്കു വിശ്വസിയ്‌ക്കുവാന്‍ വിഷമമുണ്ട്. യഥാര്‍ത്ഥമാലോചിച്ചാല്‍ അസ്വസ്ഥമാകേണ്ട യാതൊരാവശ്യവുമില്ല. പക്ഷെ, അസ്വസ്ഥമായില്ലെങ്കിലും, നമ്മുടെ അതിര്‍കവിഞ്ഞ ആദര്‍ശവാദത്തിനു അസ്വസ്ഥമാകുന്നുണ്ടെന്നു നടിച്ചാലെ ഒരു തൃപ്‌തിയുള്ളു. നമുക്കു ഈ അസ്വാസ്ഥ്യത്തിന്റെ സാധൂതയെപ്പറ്റി ചിന്തിച്ചുനോക്കാം.
ഈഡിപ്പസ് രാജാവ് തന്റെ പിതാവിനെ കൊല്ലുകയും, മാതാവിനെ വിവാഹംകഴിയ്‌ക്കുകയും അവളില്‍ സന്താനങ്ങളെ ഉല്‌പാദിപ്പിക്കുകയും ചെയ്യുന്നതിലാണ് നമ്മുടെ ആദര്‍ശവാദം ചീറുന്നത്. യഥാര്‍ത്ഥമാലോചിച്ചാല്‍, അഗ്നിപരിശുദ്ധയും പൂര്‍ണ്ണഗര്‍ഭിണിയുമായ ആത്മവല്ലഭയെ രാജധര്‍മ്മമെന്ന വ്യാജത്തില്‍, പെരുങ്കാട്ടില്‍ തള്ളിവിട്ട അപവാദഭീരുവായ ശ്രീരാമനേക്കാള്‍ ആദര്‍ശശാലിയാണ് ഈഡിപ്പസ് എന്നു കാണാം. തന്റെ പിതാവ് കൊരിന്തിലെ രാജാവയ പോളിബസ്സും, മാതാവ് മെറോപ്പേയുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഡെല്‍ഫിയിലെ ദേവാലയത്തില്‍വെച്ച്, തനിയ്‌ക്കു പിതാവിനെ കൊല്ലേണ്ടതായും മാതാവിനെ പരിണയിയ്‌ക്കേണ്ടതായും വരുമെന്നു ധരിച്ച നിമിഷംതന്നെ, അതിനിടയാകരുതെന്നുകരുതി അദ്ദേഹം വിദൂരത്തേക്കു യാത്രതിരിയ്‌ക്കുന്നു. ജന്മഭൂമിയെന്നു വിശ്വസിയ്‌ക്കപ്പെട്ടിരുന്ന കൊരിന്തിയിലേക്കു അദ്ദേഹം ഒരിയ്‌ക്കലും തിരിച്ചുചെല്ലുന്നില്ല. പക്ഷെ `വിധി' അദ്ദേഹത്തെ പാപത്തിലേയ്‌ക്കു നയിക്കുന്നു. ഈഡിപ്പസ് രാജാവിന്റെ പാപത്തിനുത്തരവാദി അദ്ദേഹമല്ല, സ്യൂവസ് എന്ന ദേവനാണ്. അദ്ദേഹത്തില്‍ നമുക്ക് അനുകമ്പയല്ലാതെ ഒരിയ്‌ക്കലും വെറുപ്പു തോന്നുന്നില്ല. പാപശങ്കയുണ്ടായ നിമിഷംമുതല്‍ അദ്ദേഹത്തിന്റെ ഹൃദയം കത്തിജ്വലിയ്‌ക്കാന്‍ തുടങ്ങി. അതു കെടുത്തുവാന്‍ അദ്ദേഹത്തിന്റെ പത്‌നിയും മാതാവുമായ യൊക്കാസ്റ്റാ വളരെ പണിപ്പെട്ടു നോക്കി. ആ *സാന്ത്വനോക്തികള്‍പോലും അദ്ദേഹത്തെ സമാധാനപ്പെടുത്തിയില്ല. ഒടുവില്‍ സത്യസ്ഥിതികള്‍ വെളിപ്പെട്ടപ്പോള്‍, യൊക്കാസ്റ്റ കെട്ടി ഞാന്നു ആത്മഹസ്‌ത്രത്തില്‍ കുത്തിയിരുന്ന സൂചി വലിച്ചെടുത്തു തന്റെ രണ്ടു കണ്ണുകളും കുത്തിപ്പൊട്ടിയ്‌ക്കുന്നു. ഇത്ര ദയനീയമായ ഒരു രംഗം ലോകത്തില്‍ മറ്റൊരു ഗ്രന്ഥകാരനും സൃഷ്‌ടിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ മഹനീയങ്ങളായ ആദര്‍ശങ്ങളുടെ ഒരു സജീവമൂര്‍ത്തീകരണമാണ് ഈഡിപ്പസ് രാജാവ്.
മുലകുടിയ്‌ക്കുന്ന ഇളംപൈതല്‍ മാതാവിന്റെ മുലക്കണ്ണുകള്‍ ഞെരടുന്നത് ഉപബോധഹൃദയത്തിന്റെ നിയന്ത്രണാത്മവും കാമാത്മകവുമായ ഒരു പ്രേരണയുടെ ഫലമായിട്ടാണെന്നും, മനുഷ്യന് ആദ്യമായിത്തോന്നുന്ന കാമവികാരം മാതാവിനോടാണെന്നും, അതേ വികാരം മാതാവിനു പുത്രനോടുമുണ്ടാകുമെന്നും സാധാരണയായി പുത്രപത്‌നികളോടു മാതാക്കള്‍ക്കുണ്ടാകുന്ന അസുഖത്തിനടിസ്ഥാനം തജ്ജന്യമായ അസൂയയാണെന്നുമുള്ള മനശ്ശാസ്‌ത്രപരങ്ങളായ ചില പരമാര്‍ത്ഥങ്ങള്‍ പഠിയ്‌ക്കുമ്പോള്‍ നമ്മുടെ ഹൃദയം പതറിപ്പോകുന്നില്ല.
Many a man in dreams hath lain beside his mother എന്ന യൊക്കാസ്റ്റയുടെ പ്രസ്‌താവനയെ മനശ്ശാസ്‌ത്രം ഇന്നു യുക്തിപൂര്‍വ്വം സ്ഥാപിച്ചിട്ടുണ്ട്. ഷെല്ലിയുടെ `ചെഞ്ചി'യും, സഫോക്ലെസ്റ്റിന്റെ ഈഡിപ്പസ് രാജാവും ഹൃദയാസ്വാസ്ഥ്യം കൂടാതെതന്നെ വായിച്ചുതീര്‍ത്തിട്ടുള്ള സഹൃദയന്മാര്‍ ഭാരതത്തിലുണ്ടെന്നു വിശ്വസിയ്‌ക്കന്നവനാണ് ഞാന്‍. അക്കാരണത്താല്‍ അവരുടെ ദേശാഭിമാനത്തിനോ സന്മാര്‍ഗ്ഗബോധത്തിനോ ഉടവുതട്ടിയിട്ടുണ്ടെന്നു ഞാന്‍ വിശ്വസിയ്‌ക്കുന്നില്ല. `ശകുന്തള ആദര്‍ശപാത്രമാണെന്നുള്ളതു സൂസ്ഥാപിതമായിട്ടുള്ള ഒരു സംഗതിയാണ്. പക്ഷെ ശാകുന്തളത്തെ വെറുമൊരു `വ്യഭിചാരകഥ'യായി തരംതാഴ്‌ത്തിക്കളയുവാനുള്ള മൂഢമായ തന്റേടം അപൂര്‍വ്വം ചില വ്യക്തികള്‍ക്കെങ്കിലും ഉണ്ടാക്കിക്കൊടുക്കുവാന്‍ വേണ്ട അത്ഭുതാവഹമായ കഴിവു നമ്മുടെ വളര്‍ച്ചചെല്ലാത്ത ഭാഷാസാഹിത്യത്തിനുണ്ടായിട്ടുണ്ടെന്നു കാണുമ്പോള്‍, യൗവ്വനം വന്നുദിയ്‌ക്കുന്നളവിലിഹ ഭവിയ്‌ക്കും ഘോഷമെന്തായിരിയ്‌ക്കും എന്നു ഞാന്‍ അത്ഭുതപ്പെട്ടുപോകുന്നു. വിശ്വകവിയായ കാളിദാസന്റെ പ്രസ്ഥാനത്തിനുപോലും കേരളത്തില്‍ ഇങ്ങനെയൊരു ദുര്‍ദ്ദശ പറ്റിയിട്ടുണ്ടെങ്കില്‍, കാറ്റത്തു പറന്നുപോകുന്ന `അപ്പുപ്പന്‍താടി'യോളമെങ്കിലും കനംതൂങ്ങാത്ത `ചങ്ങമ്പുഴപ്രസ്ഥാന'ത്തെപ്പറ്റി എന്തു പറയുവാനാണ്!
അത്രമാത്രം ജനസമ്മതി നേടിയിട്ടുള്ള രമണന്‍, ഒരു പോപ്പുലര്‍ ബാലഡ് എന്നു പ്രശംസിയ്‌ക്കപ്പെടുന്ന എന്താദര്‍ശത്തെയാണ് പ്രപഞ്ചനം ചെയ്യുന്നത്? എന്നു മി. പ്രഭാകരന്‍ ചോദിയ്‌ക്കുന്നു. ഒരു പദത്തിന്റെ അര്‍ത്ഥം തെറ്റായി വിവരിച്ചു നിഘണ്ടുവില്‍ച്ചേര്‍ത്തതെന്തുകൊണ്ടാണെന്ന്, അല്‌പം ഉശിരോടുകൂടിത്തന്നെ, ഒരു മദാമ്മ ഒരിയ്‌ക്കല്‍ ഡോക്‌ടര്‍ ജോണ്‍സനോട് ചോദിയ്‌ക്കുകയുണ്ടായി: അജ്ഞത, മദാമ്മേ, വെറും അജ്ഞത എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതുപോലെ, ഉശിരോടുകൂടിയ മി. പ്രഭാകരന്റെ ചോദ്യത്തിന് എനിയ്‌ക്ക് പറയുവാനുള്ളത്, ഒന്നുമില്ല, സുഹൃത്തേ, യാതൊന്നുമില്ല; ഞാനതുദ്ദേശിച്ചിട്ടില്ല എന്നാണ് സാഹിത്യസ്വരൂപത്തെക്കുറിച്ചു യാതൊരെത്തുംപിടിയുമില്ലാതിരുന്ന കാലത്ത്, എന്റെ ഹൃദയത്തെ അത്രമാത്രം സ്‌പര്‍ശിച്ച ദയനീയങ്ങളായ ചില പരമാര്‍ത്ഥങ്ങളെ, വെറും ചില ഡയറിക്കുറിപ്പുകളെപ്പോലെ എഴുതിത്തള്ളാതെ, അന്തഃകരണചോദനത്തിനധീനനായി, എന്റെ അന്നത്തെ കഴിവുകള്‍ക്കു കൈയെത്താവുന്നിടത്തോളം കലാസുഭഗമായ രീതിയില്‍ പ്രതിപാദിച്ചുവെന്നതില്‍ കവിഞ്ഞു രമണനില്‍ ഞാനൊന്നും ഉദ്ദേശിച്ചിട്ടില്ല; ഉണ്ടെന്നവകാശപ്പെടുന്നുമില്ല. ആ കൃതി ജനസമ്മതി നേടുമന്നോ അതൊരു പോപ്പുലര്‍ബാലഡ് ആയിത്തീരുമെന്നോ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ആയിത്തീന്നിട്ടുണ്ടെങ്കില്‍ ഞാനല്ല അതിനുത്തരവാദി. അനുവാചകന്മാരാണ്. അക്കാര്യത്തില്‍ ഇല്ലാത്ത അപരാധങ്ങള്‍ എന്റെ ശിരസ്സില്‍ അടിച്ചേല്‍പിച്ച് നിങ്ങള്‍ എന്നെ കൂട്ടില്‍ക്കയറ്റുന്നതിന്റെ അര്‍ത്ഥം, ഔചിത്യം, ഇന്നും എനിയ്‌ക്കു മനസ്സിലാകുന്നില്ല ഞാന്‍ ആത്മഹത്യക്കു പ്രേരണ നല്‍കുന്നു എന്നാണ് എന്നില്‍ ആരോപിയ്‌ക്കപ്പെടുന്ന പ്രധാനമായ അപരാധം. അതു തെറ്റാണ്. ആ കഥയിലെ നായകന്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. പക്ഷെ അയാളുടെ പ്രവൃത്തി നന്നെന്നോ, പ്രണയബന്ധത്തിലകപ്പെടുന്നവര്‍ അങ്ങനെ ചെയ്യണമെന്നോ, പരോക്ഷമായിപ്പോലും ഞാന്‍ സൂചിപ്പിയ്‌ക്കുന്നില്ല. അങ്ങനെയാണെങ്കില്‍, ഹാംലറ്റിനെ ആത്മഹത്യ ചെയ്യിച്ച ഷേക്‌സ്‌പിയര്‍ തുടങ്ങി അണുകവിയായ ഞാന്‍വരെ അനേകായിരം മഹാകവികളും കവികളും ആത്മഹത്യയ്‌ക്കു പ്രേരിപ്പിച്ചിട്ടുണ്ടെന്ന വിമര്‍ശനം ശരിയല്ല. അവര്‍ ആരാദ്ധ്യമായ പാരമ്പര്യത്തേയും സംസ്‌കാരത്തേയും ജീവിതാദര്‍ശത്തേയുമാണ് പ്രകീര്‍ത്തിയ്‌ക്കുന്നത്. പക്ഷെ, എന്റെ ചേതന ആദര്‍ശമൂര്‍ത്തികളായ ആ നായികമാരോട് അഭിവാദ്യപൂര്‍വ്വം കുശലപ്രശ്‌നം ചെയ്‌തിട്ടു രത്‌നമയമായ ആ കാവ്യസൗധത്തിലേയ്‌ക്കു കടക്കുമ്പോള്‍ അതിന്റെ ചില മണിയറകളില്‍ സമുല്ലസിയ്‌ക്കുന്ന ഭാമയേയും മീനാക്ഷിയേയും കോമനേയും മറ്റും കാണാത്ത ഭാവം നടിച്ച് ഇറങ്ങിപ്പോന്നുകൊള്ളണമെന്നു ശാഠ്യംപിടിയ്‌ക്കരുത്.
വിശ്വമഹാകവി ടാഗോറിനെ നോക്കൂ. എന്തൊരു വിശാലപ്രപഞ്ചമാണ് അദ്ദേഹത്തിന്റെ സാഹിത്യത്തില്‍ ദൃശ്യമാകുന്നത്! മനുഷ്യന്റെ വ്യക്തിത്വം സര്‍വ്വതോമുഖമായി അതില്‍ പ്രതിബിംബിയ്‌ക്കുന്നു. എന്ന് എന്റെ പ്രിയസുഹൃത്ത് എന്നെ സ്‌നേഹപൂര്‍വ്വം ഉപദേശിയ്‌ക്കുന്നു. അതെ, ഞാന്‍ നോക്കുന്നു, കാണുന്നു; ആ വിശാലപ്രപഞ്ചം എന്നെ അത്ഭുതപ്പെടുത്തുന്നു; അമ്പരപ്പിക്കുന്നു; ഞാന്‍ കൈകൂപ്പുന്നു. ശിരസ്സു നമിയ്‌ക്കന്നു. പക്ഷെ, എനിയ്‌ക്കു പറ്റിയ വിഡ്‌ഢിത്തം ആ ലോക മഹാകവിയ്‌ക്കും പറ്റാതിരുന്നിട്ടില്ലെന്നു പറയുമ്പോള്‍ എന്റെ സുഹൃത്ത് എന്നോടു കോപിയ്‌ക്കരുത്. മൃദുലഹൃദയനും വിനയസമ്പന്നനുമായ രമണന്‍, സ്ഥിതിവ്യത്യാസത്തെ ഭയന്നു, വിത്തേശ്വരനന്ദിനിയായ ചന്ദ്രികയില്‍ നിന്നു കഴിയുന്നത്ര ഒഴിഞ്ഞുമാറുവാന്‍ ശ്രമിച്ചു. എന്നാല്‍ അവളാകട്ടെ അടിയുറച്ച ആദര്‍ശനിഷ്‌ഠ പ്രദര്‍ശിപ്പിച്ചു തന്റെ സ്‌നേഹം അചഞ്ചലമാണെന്ന് ആ സാധുവിനെ വിശ്വസിപ്പിയ്‌ക്കുന്നു. ഒടുവില്‍ നിരാശാഗര്‍ത്തത്തിലേയ്‌ക്ക് അവനെ അടിച്ചുതാഴ്‌ത്തിയിട്ടു ഭൗതിക സുഖാനുഭൂതിയുടെ ഉത്തുംഗശ്യംഗത്തിലേയ്‌ക്കു മദപരവശയായിട്ടിരച്ചുപായുന്നു. ആകസ്‌മികവും അതേസമയംതന്നെ പൈശാചികവുമായ ആ രൂപാന്തരം കണ്ടു ഹൃദയം തകര്‍ന്നു, വികാരാധിക്യത്താല്‍ ഏതാണ്ടൊരു ഭ്രാന്തനായിത്തീര്‍ന്ന രമണന്‍ ഒരുമാറു കയറിന്റെ തുമ്പില്‍ തന്റെ ജീവിതം ഒടുക്കിക്കളയുന്നു. ആ സംഭവം ഒരു പരമാര്‍ത്ഥമായിരുന്നിട്ടും, നിങ്ങള്‍ എന്നെ കുറ്റക്കാരനാക്കന്നു. എന്നാല്‍ വിശ്വമഹാകവിയായ ടാഗോര്‍, ഇത്രത്തോളം ശക്തിമത്തായ ആഘാതമൊന്നും ഇല്ലാതിരുന്നിട്ടും, ഗീതാകര്‍ത്താവായ ശ്രീകൃഷ്‌ണഭഗവാനെ ആദര്‍ശമാക്കി ജീവിയ്‌ക്കുകയും കവിതാനിര്‍മ്മാണം ചെയ്യുകയും ചെയ്‌തിരുന്ന ശേഖരകവിയെ എന്തിനു വിഷംകുടിപ്പിച്ചുവെന്നു മി. പ്രഭാകരന്‍ എനിയ്‌ക്കു പറഞ്ഞുതന്നാല്‍ കൊള്ളാം.
ലോകം വളരെ വിസ്‌തൃതമാണ്. അതിനകത്തു ഏതേതുതരത്തിലുള്ള ജീവികള്‍ക്കും യാതൊരു തിക്കുംതിരക്കും കൂടാതെ നില്‍ക്കുവാനുള്ള ഇടം ധാരാളമുണ്ട്. പക്ഷെ അതിലെല്ലാംതന്നെ ഒരേ ജീവികളായിക്കൊള്ളണമെന്നു ശഠിക്കുന്നതിലര്‍ത്ഥമില്ല. ഏറ്റവും സമ്പന്നവും സമുല്‍കൃഷ്‌ടവുമായ കലാസൃഷ്‌ടി ഈ പ്രപഞ്ചം തന്നെയാണ്. പ്രപഞ്ചകര്‍ത്താവിനേക്കാള്‍ കവിഞ്ഞ ഒരു കലാകാരനില്ല അദ്ദേഹം ഗര്‍ജ്ജിക്കുന്ന സിംഹങ്ങളെ മാത്രമല്ല സൃഷ്‌ടിച്ചുള്ളു. പാടുന്ന കുയിലുകളും ആടുന്ന മയിലുകളും, കുണുങ്ങിച്ചിരിയ്‌ക്കുന്ന പനിനീര്‍പ്പൂക്കളും, മരംചാടുന്ന മര്‍ക്കടങ്ങളും, ഇഴഞ്ഞുചീറ്റുന്ന സര്‍പ്പങ്ങളും, മൂളുന്ന മൂങ്ങകളും പുളഞ്ഞുതുള്ളുന്ന പുഴകള്‍പോലും, അതിലുണ്ട്. അവയെല്ലാംതന്നെ അതിനാവശ്യവുമാണ്. ദൃഷ്‌ടിഗോചരമായ ഈ ബാഹ്യപ്രപഞ്ചത്തേക്കാള്‍ എത്രയോ വിപുലമായ കലാപ്രപഞ്ചത്തില്‍ ഇങ്ങനെയുള്ള വൈവിദ്ധ്യങ്ങളും വൈചിത്രങ്ങളും ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടാനെന്തിരിയ്‌ക്കുന്നു? ആവലാതിപ്പെടാനെന്തിരിയ്‌ക്കുന്നു? പ്രസാദാത്മകന്മാരും ആദര്‍ശാരാധകന്മാരും മാത്രമേ കലാകാരന്മാരാകൂ എങ്കില്‍, ആ കലാപ്രപഞ്ചം മനുഷ്യഹൃദയത്തെ മടുപ്പിച്ചുകളയുമെന്നാണെനിയ്‌ക്കു തോന്നുന്നത്. പരിശുദ്ധമായ കന്യകാമഠംപോലെ ഉല്ലാസപ്രദമായ ആ കലാപ്രപഞ്ചത്തില്‍, എന്റെ ഈശ്വരാ; എന്റെ കവിപ്പട്ടമങ്ങു തെറിച്ചു വീണുകൊള്ളട്ടെ, എനിയ്‌ക്കു കാല്‍കത്തുക വയ്യ എന്നോടു മുഷിയരുത്, എനിയ്‌ക്കു വയ്യ!
ഓരോ കലാകാരനുമുള്ള കഴിവുകള്‍ ഓരോതരത്തിലാണ്. ഭിന്നരീതിയിലുള്ള കഴിവുകളെ ഒന്നിച്ചുകൊണ്ടുവന്നു താരതമ്യത്തിനൊരുമ്പെടുന്നത് തെറ്റായ ഒരു പദ്ധതിയാണ്; അത് ഒരു യഥാര്‍ത്ഥ വിമര്‍ശകന്റെ ധര്‍മ്മമല്ല. ഉത്തുംഗഭീമങ്ങളായ വൃക്ഷസഞ്ചയങ്ങളും വനപ്പടര്‍പ്പുകളും ശിരസ്സില്‍ത്താങ്ങി ഞെളിഞ്ഞുനില്‍ക്കുവാന്‍ അണ്ണാര്‍ക്കണ്ണനു സാദ്ധ്യമല്ല; പര്‍വ്വതത്തിനു സാധിയ്‌ക്കും. പക്ഷെ ഒരുണക്കക്കായിന്റെ തൊണ്ടുപൊട്ടിയ്‌ക്കുവാന്‍ ആ ഗിരീശ്വരന്‍ ഭഗീരഥപ്രയത്‌നം ചെയ്‌താലും സാധിയ്‌ക്കുമോ? അണ്ണാര്‍ക്കണ്ണന്‍ എത്ര നിഷ്‌പ്രയാസം അതു നിര്‍വ്വഹിയ്‌ക്കുന്നു! കാര്‍ലൈല്‍ പഠിപ്പിയ്‌ക്കുന്ന ഈ തത്വഗര്‍ഭമായ പാഠം നാമങ്ങനെ കണ്ണടച്ചു വിട്ടുകളയുന്നത് ശരിയാണോ? മി. പ്രഭാകരന്‍ സാഹിത്യപരമായ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍ നൈയ്യാമികമായ വിമര്‍ശനരീതിയാണവലംബിച്ചിട്ടുള്ളത്. നിരൂപണപ്രസ്ഥാനത്തില്‍ നൂതനമായ ഒരദ്ധ്യായം സൃഷ്‌ടിച്ച പ്രൊഫസര്‍ മോള്‍ട്ടണ്‍ന്റെ അനുേമയാത്മകമായ വിമര്‍ശനപദ്ധതിയെ സ്വീകരിച്ചു ഓരോരുത്തരുടേയും കൃതികള്‍ പഠിയ്‌ക്കുവാനൊരുമ്പെട്ടിരുന്നെങ്കില്‍, അദ്ദേഹത്തിന്റെ ഇന്നത്തെ അഭിപ്രായങ്ങള്‍ക്കു വലിയ മാറ്റം സംഭവിയ്‌ക്കുമായിരുന്നു എന്നാണെനിയ്‌ക്ക് തോന്നുന്നത്. നൈയാമികവിമര്‍ശനരീതിയെ അവലംബിയ്‌ക്കുകയാല്‍ അഡിസണ്‍ ജോണ്‍സണ്‍ തുടങ്ങിയ വിമര്‍ശനകേസരികള്‍ക്കുപോലും അക്ഷന്തവ്യമായ പ്രമാദം പറ്റിപ്പോയെന്നു പിന്നത്തെത്തലമുറക്കാര്‍, പരാതിപ്പെടുകയല്ല, പരിസഹിയ്‌ക്കുകതന്നെ ചെയ്‌തുവെന്നു ആംഗലസാഹിത്യചരിത്രം നമ്മെ പഠിപ്പിയ്‌ക്കുന്നില്ലേ? `പറുദീസാനഷ്‌ട'ത്തെ മെക്കാളേപ്രഭുവും, വോള്‍ട്ടയറും എങ്ങനെയാണ് വിമര്‍ശിച്ചിട്ടുള്ളതെന്നു ഒന്നു പരിശോധിച്ചുനോക്കൂ; എന്നിട്ട് ആ രണ്ടു വിമര്‍ശനങ്ങള്‍ക്കും തമ്മില്‍ ഇത്ര വലിയ അകല്‍ച്ച വരുവാനെന്താണ് കാരണമെന്നു പറഞ്ഞുതരൂ.
`കാലകാരനില്‍ ഒരുപക്ഷെ ആദര്‍ശദീപ്‌തി കാണില്ലായിരിയ്‌ക്കാം. വേണ്ട. എന്നാല്‍ അയാള്‍ എഴുതുന്ന കവിതയിലും അശേഷം കാണുന്നില്ലെങ്കിലൊ! മി. പ്രഭാകരന്റെ ഈ ആശ്ചര്യചിഹ്നം, കഷ്‌ടമാണ്, ബഹുകഷ്‌ടം എന്നു നാം പറയേണമെന്നവകാശപ്പെടുന്നു. വരട്ടെ. നമുക്കു ചിന്തിയ്‌ക്കാം. ഇതു സംബന്ധിച്ചുള്ള വാദകോലാഹലങ്ങള്‍ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. കല കലയ്‌ക്കുവേണ്ടിയാണ് എന്നും അല്ലകല മനുഷ്യനുവേണ്ടിജീവിതത്തിനുവേണ്ടിയാണ് എന്നും ഉള്ള ഈ വടംവലി ലോകമുള്ളിടത്തോളംകാലം നിലനില്‍ക്കും. ഗിരിശിഖരങ്ങളില്‍ നിന്നുറഞ്ഞൊഴുകി ഇരച്ചാര്‍ത്തുപോകുന്ന പുഴകള്‍ തടപ്രദേശങ്ങളെ ദോഹളസമ്പന്നങ്ങളാക്കി സസ്യസമൃദ്ധിയ്‌ക്കു സഹായിയ്‌ക്കുന്നുണ്ട്; എങ്കിലും അതാണവയുടെ കര്‍ത്തവ്യമെന്നും അതു നിര്‍വ്വഹിയ്‌ക്കാത്തവ, മറ്റെന്തെല്ലാം ഗുണങ്ങളുണ്ടായാലും, ആ പേരിനെ അര്‍ഹിയ്‌ക്കുന്നില്ലെന്നും പറഞ്ഞാല്‍ അതത്ര ശരിയാകുമോ എന്നു ഞാന്‍ സംശയിയ്‌ക്കുന്നു. അങ്ങനെയാണെങ്കില്‍ത്തന്നെ, ആ വക സേവനങ്ങളൊന്നും നിര്‍വ്വഹിയ്‌ക്കാത്ത താമരപ്പൊയ്‌കകള്‍ അനാകര്‍ഷകങ്ങളും അപഹാസ്യങ്ങളുമാണെന്നു പറയുന്നതു ശരിയല്ല. അതുപോലെ, കല ജീവിതോന്നമനത്തിനു സഹായിയ്‌ക്കുമെങ്കിലും, ആ കൃത്യം പരിപൂര്‍ണ്ണമായി നിര്‍വ്വഹിയ്‌ക്കുന്നില്ലെന്ന ഏകകാരണത്തിന്മേല്‍ അതു കലയാവുന്നില്ല എന്നു ശഠിയ്‌ക്കുമ്പോള്‍, എന്തോ ഒരു പന്തികേടു തോന്നിപ്പോകുന്നു. ഉത്തമമായ ഒരു കലാസൃഷ്‌ടി എപ്പോഴും ആനന്ദാത്മകമായിരിയ്‌ക്കും. ആനന്ദാത്മകമായ കലാസൃഷ്‌ടി എപ്പോഴും സാംസ്‌കാരികമായ ഉന്നമനത്തിനു വഴിതെളിയ്‌ക്കുകയും ചെയ്യും. ഇവിടെയാണ് ആനന്ദത്തെക്കുറിച്ചു സംശയം കടന്നുകൂടുന്നത്. മി. പ്രഭാകരന്‍ ചോദിയ്‌ക്കുന്നു: എന്തിനാണീ ആനന്ദമെന്നു പറയുന്നത്? വെറും മാംസളമായ ആനന്ദത്തെയാണോ ആനന്ദമെന്നു പറയേണ്ടത്? അതോ ആത്മീയമായ പ്രചോദനത്തെയോ? തീര്‍ച്ചയായും ആത്മീയമായ പ്രചോദനത്തെത്തന്നെ. മാംസളമായ ആനന്ദത്തിനു നമുക്കു കലകളെ ആശ്രയിക്കേണ്ടതായിട്ടില്ല. അതിനു മറ്റനേകം പോംവഴികള്‍ നമുക്കുണ്ട്. ആത്മീയമായ പ്രചോദനം നല്‍കാന്‍ കലകള്‍ക്കുമാത്രമേ കഴിവുള്ളു. പ്രതിപാദ്യത്തെ ആശ്രയിച്ചാണ് കലയുടെ ആനന്ദപ്രദാനശക്തി സ്ഥിതിചെയ്യുന്നതെന്നു തെറ്റിദ്ധരിയ്‌ക്കുമ്പോഴാണ് അമളിപറ്റുന്നത്. ഞാനിതൊരുദാഹരണംകൊണ്ട് വിശദമാക്കാം. മി. പ്രഭാകരന്‍തന്നെ പൂരപ്രബന്ധത്തേയും And one did not come back എന്ന അബ്ബാസിന്റെ വിശിഷ്‌ഠ കൃതിയേയും ചൂണ്ടിക്കാണിയ്‌ക്കുന്നു. അതു ശരിയല്ല. സുനിശ്ചിതമായ ഒരുദ്ദേശത്താല്‍ ഉത്തേജിതമായി പ്രവര്‍ത്തിയ്‌ക്കുന്ന ഒരാദര്‍ശം അബ്ബാസിന്റെ കൃതിയില്‍ നാം കാണുന്നു. ആ രണ്ടു കൃതികള്‍ക്കും തമ്മില്‍ ധ്രുവാന്തരങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയുണ്ട്. നൈയാമികമായ വിമര്‍ശനപദ്ധതിയെയാണ് മിസ്റ്റര്‍ പ്രഭാകരന്‍ അവലംബിച്ചിട്ടുള്ളതെന്നു ഞാന്‍ മേല്‍പ്രസ്‌താവിച്ചിരിയ്‌ക്കുന്നതു ഇവിടെ സ്‌പഷ്‌ടമാകുന്നു. കേവലം വിഭിന്നമായ മേഖലകളിലാണ് ആ കൃതികള്‍ വര്‍ത്തിയ്‌ക്കുന്നത്. അവയെ അടുപ്പിച്ചുകൂടാ. അടുക്കുകയുമില്ല. എങ്കില്‍ ഞാന്‍ ചോദിയ്‌ക്കും, അബ്ബാസിന്റെ പ്രസ്‌തുത കൃതിയും ഗേഥേയുടെ ഫാസ്റ്റും നമുക്കു നല്‍കുന്ന ആത്മീയപ്രചോദനം ഒരുപോലെയാണോ എന്ന്.
പൂരപ്രബന്ധം ആത്മീയപ്രചോദനമരുളുന്നില്ലെങ്കില്‍ വെറും മാംസളമായ ആനന്ദമാണ് തരുന്നതെങ്കില്‍ അതിനു കാരണം, കലാപരമായമേന്മ അതിനില്ലെന്നുള്ളതാണ്. അല്ലാതെ അതു വെറും ശ്യംഗാരമായതുകൊണ്ടോ, അതിലെ പ്രതിപാദ്യം നഗ്നമായ കാമമായിരിയ്‌ക്കുന്നതുകൊണ്ടോ അല്ല നമുക്കാത്മീയചോദനം ലഭിയ്‌ക്കാത്തത്. അനുഗൃഹീതനായ ഒരു കലാകാരന് നഗ്നമായ കാമക്രീഡാവര്‍ണ്ണനം കൊണ്ടുപോലും നിങ്ങളുടെ ശരീരത്തെയല്ലാ ആത്മാവിനെക്കോരിത്തരിപ്പിയ്‌ക്കാന്‍ കഴിയും; നിങ്ങള്‍ക്കു പ്രചോദനം നല്‍കാന്‍ സാധിയ്‌ക്കും. പോസ്റ്റുകാര്‍ഡുകളില്‍ അടിച്ചിറക്കിവിടുന്ന നഗ്നചിത്രങ്ങള്‍ കാണുമ്പോള്‍ നാം നെറ്റിചുളിയ്‌ക്കുന്നു; നമ്മുടെ സംസ്‌കാരം ചൂളിപ്പോകുന്നു. എന്നാല്‍, അലമാലകളുടെ അസീമവിസ്‌തൃതിയില്‍ വെമ്പിത്രസിയ്‌ക്കുന്ന വെണ്‍നുരച്ചാര്‍ത്തുകളില്‍നിന്ന്, ഊരുപ്രദേശങ്ങളെ ആവരണംചെയ്‌ത് അലഞ്ഞുലയുന്ന ചുരുണ്ടിരുണ്ട കബരീഭാരത്തോടും മന്ദസ്‌മിതാര്‍ദ്രമായ മുഖത്തോടും സ്വപ്‌നംകാണുന്ന മിഴികളോടുംകൂടി മന്ദമന്ദം ഉദിച്ചുയരുന്ന നഗ്നയായ വീനസ്സിനെക്കാണുമ്പോള്‍ നാം പുളകംകൊള്ളുന്നു; ആ ദേവതയുടെ മുഖത്തുനിന്നു കണ്ണെടുക്കുവാന്‍ നമുക്കു മനസ്സുവരുന്നില്ല. ആദ്യം ചൂളിപ്പോയ നമ്മുടെ സംസ്‌കാരം ഇപ്പോള്‍ അഭിമാനപുളകം ചൂടുന്നു. ആ `നഗ്നത' രണ്ടിലും ഒന്നുപോലെതന്നെ. എന്നാല്‍ ആത്മീയാനുഭവത്തില്‍ ഇത്രവലിയ ഒരന്തരം എങ്ങിനെ സംഭവിച്ചു?
പുരപ്രബന്ധം ഉള്‍ക്കൊള്ളുന്ന കാമവികാരം അതേ കാമവികാരംതന്നെയാണ് പതിന്മടങ്ങു കലശലായിട്ടാണ് ഗീതാഗോവിന്ദത്തില്‍ ദൃശ്യമാകുന്നത്.
പ്രസ്‌തുത കൃതിയ്‌ക്കു കാമക്കൂത്ത് എന്നു പേരിട്ടാലും അതിന്റെ മാഹാത്മ്യം നശിയ്‌ക്കുമെന്നു എനിയ്‌ക്കു തോന്നുന്നില്ല. ആദ്യന്തം അതൊരു സുരതോത്സവവര്‍ണ്ണനയാണ് നഗ്നമായ സുരതോസ്‌തവം വിശേഷിച്ചു,
മാരാങ്കേ രതികേളി സങ്കുലരണാ രംഭേതയാ സാഹസ
പ്രായം കാന്ത ജയായകിഞ്ചിദുപരി പ്രാരംഭിയല്‍ സംഭ്രമാല്‍
നിഷ്‌പന്ദാ ജഘനസ്ഥലീ ശിഥിലിതാ ദോര്‍വ്വല്ലിരുല്‍കമ്പിതം
വക്ഷോമീലിതമക്ഷി സാഹസരസഃ സ്‌ത്രീണാം കുതസ്സിദ്ധ്യതി.
തസ്യാഃപാടലപാണിജാങ്കിതമുരോ നിദ്രാകക്ഷായേ ദൃശൌ
നിര്‍ദ്ധൌതോധര ശോണിമാവിലുളിത സ്രസ്‌തസ്രാജോ മുര്‍ദ്ധജാഃ
കാഞ്ചീദാമദരശ്ലഥാഞ്ചലമിതി പ്രാതര്‍ന്നിഖാതൈര്‍ ദൃശോ
രേഭിഃകാമശരൈസ്‌കഭത്ഭുതാമഭ്രല്‍ പത്യുര്‍മ്മനഃകീലിതം.
അവതാരങ്ങളും ആദര്‍ശവും
യാതൊരാദര്‍ശവും ഉള്‍ക്കൊള്ളാത്ത കലാസൃഷ്‌ടിയ്‌ക്കും നിസ്‌തുലമായ ആത്മാനുഭൂതി നല്‍കുവാന്‍ സാധിയ്‌ക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മേഘദൂതത്തിലെ പൂര്‍വ്വഭാഗം ഒന്നുവായിച്ചുനോക്കൂ എനിയ്‌ക്കു പലപ്പോഴും തോന്നിയിട്ടുണ്ട്, ഭാരതത്തിലെ കാടുകളും മലകളും പുഴകളുമാണ് മനുഷ്യരേക്കാള്‍ ഭാഗ്യശാലികളെന്ന്. ലോകത്തിലെവിടെയുമുള്ള നിര്‍ജ്ജീവങ്ങളാണ്. കാരണം, കാളിദാസന്‍ ആ നാട്ടിലെങ്ങും ജനിച്ചില്ല. അവയ്‌ക്കു ജീവന്‍ കിട്ടിയില്ല; അവ അനശ്വരങ്ങളായില്ല. ഭാരതത്തിലാകട്ടെ, നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഏതോ വനാന്തരത്തില്‍ കിളര്‍ന്ന ഒരു മുല്ലവള്ളിക്കുപോലും കാളിദാസനില്‍ക്കൂടി ജീവിയ്‌ക്കാന്‍ സാധിച്ചു. നാം മാറും, നമ്മുടെ ആദര്‍ശങ്ങള്‍ മാറും. നമ്മുടെ സാമ്രാജ്യങ്ങള്‍ മാറും; പക്ഷെ ആ മുല്ലവള്ളിയും, മാന്‍പേടയും നീലമേഘവും മാറുകയില്ല, മരിക്കുകയില്ല. മേഘദൂതത്തിലെ നദികളെപ്പോലെ വിലാസലാലസകളും വിശൈ്വകമോഹിനികളും കലാരസികകളുമായ സൗന്ദര്യധാമങ്ങള്‍ ലോകത്തിലെവിടെയുണ്ടായിട്ടുണ്ട്? രതിക്രീഡാപരങ്ങളായ വര്‍ണ്ണനകള്‍ ഭാവോദ്ദീപകങ്ങളും ഭാവനാഭാസുരങ്ങളുമായ വാങ്‌മയചിത്രങ്ങള്‍ ഒഴികെ പൂര്‍വ്വമേഘത്തില്‍ എന്തുണ്ട് എന്നു ഞാന്‍ ചോദിയ്‌ക്കുന്നു. മഹനീയമായ എന്തൊരാദര്‍ശസമ്പത്താണ് നമുക്ക് അതില്‍നിന്ന് ലഭിയ്‌ക്കുന്നത്? പക്ഷെ, അത് അത്യുത്തമമായ ഒരു കലാസൃഷ്‌ടിയല്ലേ? അതുനമുക്ക് ആനന്ദം ആത്മീയമായ പ്രചോദനം നല്‍കുന്നില്ലേ? പോരാ; ആദര്‍ശപരിപൂരിതങ്ങളാണ്, ധര്‍മ്മോപദേശസമ്പന്നങ്ങളാണ്, ഭര്‍ത്തൃഹരിയുടെ ശതകങ്ങള്‍; അവരണ്ടില്‍ ഒന്നു നശിപ്പിക്കണ്ടതായ ഒരു ഘട്ടം വന്നാല്‍ ഏതു നശിപ്പിക്കണമെന്നാണ് മി. പ്രഭാകരന്‍ പറയുക? ആദര്‍ശസമ്പത്തില്ലെന്ന കാരണത്താല്‍ അമരുകശതകവും പുഷ്‌പബാണവിലാസവും വിലാസലതികയും കാവ്യങ്ങളെല്ലെന്നു പറഞ്ഞു തള്ളിക്കളയുവാന്‍ ഒരുമ്പെടുമോ?
നികൃഷ്‌ടഗ്രന്ഥങ്ങള്‍ ജീവിതഗതിയെ ഒരുവിധത്തിലും സ്‌പര്‍ശിക്കയില്ല എന്നു മി. പ്രഭാകരന്‍ പറയുന്നതു ശരിയാണ്. പക്ഷെ പ്രസാദാത്മകങ്ങളായ ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന കൃതികള്‍മാത്രമേ ഉല്‍കൃഷ്‌ടങ്ങളാകൂ എന്നില്ല. ഷെല്ലി, കീറ്റ്‌സ്, ഹാര്‍ഡി, ഹീനെ, ബോദ്‌ലേര്‍, റിംബോ, വെര്‍ലേന്‍ തുടങ്ങിയ വിശ്വമഹാകവികളുടെ മിക്ക കൃതികളും വിഷാദാത്മകങ്ങളല്ലേ? ഷെല്ലിയെ `ഭ്രാന്തന്‍' എന്നും, ബോദ്‌ലേറെ ദൈവത്തിന്റെ നേര്‍ക്ക് പൃഷ്‌ഠം തിരിച്ചുനിന്ന് സാത്താന്റെ വീട്ടിലേയ്‌ക്കു വഴികാട്ടുന്നവനെന്നും, റിംബോവിനെ കക്കൂസ് കവിയെന്നും, വെര്‍ലേനെ വിഷയലമ്പടനായ നൊസ്സ നെന്നും വിളിച്ചു സമകാലികലോകം കണക്കിലേറെ ഭര്‍ത്സിച്ചിട്ടില്ലേ? കീറ്റ്‌സിന്റെ എന്‍ഡിമിയോണ്‍ എന്ന മനോഹരകാവ്യത്തിനു ക്വാര്‍ട്ടര്‍ലി റിവ്യുവിന്റെ വിദ്വേഷജടിലമായ ആക്രമണമുണ്ടായതാണ് മൃദുലഹൃദയനായ ആ കവിയുടെ അകാലചരമത്തിനടിസ്ഥാനമെന്നു ഇംഗ്ലണ്ടിന്റെ കലാലോലുപമായ ഹൃദയം ഇന്നും മുറുമുറുക്കുന്നില്ലേ? മേല്‍പ്രസ്‌താവിച്ച കവികളുടെ നേര്‍ക്ക് യൂറോപ്പിന് ഇന്നുള്ള മനോഭാവമെന്താണെന്ന് മി. പ്രഭാകരന്‍ മനസ്സിലാക്കിയിട്ടില്ലേ? പ്രസാദവിമുഖിനിയായ `മോളിയെ സ്വപ്‌നംകണ്ടു നിരാശാഗര്‍ത്തത്തിലടിഞ്ഞ ഹെന്‍റിച്ച് ഹീനേയുടെ `സുപ്‌തമായ മനസ്സിന്റെ കൂര്‍ക്കംവലി'കളാണ് ഇന്റര്‍ മെസ്സോ എന്ന മനോഹരകാവ്യ സമുച്ചയഗ്രന്ഥത്തില്‍ വിഷാദമുധരങ്ങളായ ഗാനതരംഗങ്ങളായി ഇന്നും സ്‌പന്ദിച്ചുകൊണ്ടിരിക്കുന്നതെന്ന് എന്റെ വന്ദ്യസുഹൃത്തറിഞ്ഞാല്‍ കൊള്ളാം. ഹീനേയുടെ ഗാനങ്ങള്‍ ജര്‍മ്മന്‍കാല്‌പനികസാഹിത്യമേഖലയിലെ കനകമയൂഖങ്ങളാണ്. അവ ഉറവെടുത്ത നാട്ടിലാണ് പൈശാചികമായ സമരവേതാളത്തിന്റെ പ്രചണ്ഡമായ ശംഖദ്ധ്വനികള്‍ ഇന്നു മുഴങ്ങുന്നത്. യുദ്ധത്തില്‍ വെടിയേറ്റു വ്രണിതാംഗനായി ആശുപത്രിയിലെ മെത്തയില്‍ക്കിടക്കുന്ന ജര്‍മ്മപന്‍പട്ടാളക്കാരന്റെ ഹൃദയത്തെ ഇന്നെന്തെങ്കിലും അല്‌പം ആശ്വസിപ്പിക്കുന്നുണ്ടെങ്കില്‍ അതു ഹീനേയുടെ വിഷാദമധുരമായ ഗാനശകലം മാത്രമാണെന്നും അറിഞ്ഞാല്‍ കൊള്ളാം. പടഹഭേരികളെല്ലാം ഇന്നല്ലെങ്കില്‍ നാളെ അവസാനിക്കും. ആ കൂര്‍ക്കംവലികളാകട്ടെ വിശ്വഹൃദയത്തില്‍ സംഗീതാത്മകങ്ങളും ശോകമധുരങ്ങളുമായ വികരവീചികളെ സ്‌പന്ദിപ്പിച്ചുകൊണ്ട് ലോകാവസാനംവരെ സമുല്ലസിക്കും. മഹനീയങ്ങളായ ആദര്‍ശരത്‌നങ്ങള്‍ വാരിയെറിഞ്ഞുകൊടുത്തില്ലെന്നുള്ള കാരണത്തിന്മേല്‍ ഹീനെയെ ലോകംമറക്കുമെന്നു എനിയ്‌ക്കു വിശ്വസിയ്‌ക്കുവാന്‍ സാധിക്കുന്നില്ല. പത്തൊന്‍പതാമത്തെ വയസ്സില്‍ നിശിതമായ നൈരാശ്യത്തോടെ സ ാഹിത്യത്തോടു യാത്രപറഞ്ഞുപോകുന്ന റിംബോവിന്റെ ദയനീയക്രന്ദനങ്ങള്‍ നമ്മുടെ കണ്ണുകളെ അശ്രുപൂര്‍ണ്ണമാക്കാമെങ്കിലും ആത്മാവിനെ കോരിത്തരിപ്പിയ്‌ക്കുകയാണു ചെയ്യുന്നത്. അദ്ദേഹത്തിന്റെ `സീസണ്‍ ഇന്‍ ഹെല്‍' എന്ന ആ മനോഹരകൃതിയോ, ബാദ്‌ലോടെ തിന്മയുടെ പൂക്കളോ വെര്‍ലേന്റെ Poemes Saturniens, Melancholia ത ുടങ്ങിയ വിഷാദാത്മകകാവ്യങ്ങളോ തനിയ്‌ക്കാവശ്യമില്ലെന്നു `പാവങ്ങള്‍' എഴുതിയ വിക്‌റ്റര്‍ യൂഗോവിന്റെ ജന്മഭൂമി പറയുന്നില്ല; ഒരു കാലത്തും പറയുകയില്ല. കണക്കിലേറെ സമ്പത്തുള്ള ഇംഗ്ലീഷുസാഹിത്യത്തിനു A Collection of Bad Verses പോലും ആവശ്യമാണെന്നു വന്നിരിക്കെ, എന്നെപ്പോലുള്ള ഒര കവിഹതകന്റെ അല്‌പം വിഷാദം കണ്ടു പാവപ്പെട്ട മലയാളം ഇങ്ങനെ പരിഭവിയ്‌ക്കാന്‍ തുടങ്ങിയാലോ? കിട്ടുന്നതൊക്കെ ശേഖരിക്കൂ! ചേറ്റിയെടുത്തു അറയില്‍ സൂക്ഷിക്കുവാനുള്ള ജോലി കാലത്തിനു വിട്ടുകൊടുക്കൂ. ആരും ഭയപ്പെടേണ്ട; ഒരൊറ്റ പതിരുപോലും കാലം പത്തായത്തിനുള്ളിലിടുകയില്ല. അവയൊക്കെ പറന്നുപോയ്‌ക്കൊള്ളും. വിതച്ചുകൊണ്ടിരിയ്‌ക്കുമ്പോള്‍ത്തന്നെ വിളവിനെക്കുറിച്ചു നാമിങ്ങനെ തര്‍ക്കിക്കാന്‍ ഒരുമ്പെടുന്നതു കഷ്ടമല്ലേ?
എന്തിനല്ലെങ്കില്‍ കാളിദാസന്റെയും ഹോമറിന്റേയും ഷേക്‌സിപയറുടേയും സ്ഥാനത്തുതന്നെ സമുല്ലസിയ്‌ക്കുന്ന ഡാന്റി അലിഘീരിയെ എടുക്കുക. ഒന്‍പതുവയസ്സില്‍ ബിയാറ്റിസ് എന്ന മോഹിനിയാല്‍ അപഹൃതമായ ആ കവിഹൃദയത്തിലേക്കു ഒന്നു കണ്ണോടിയ്‌ക്കൂ. പ്രസാദവിമുഖിയായ കാമിനിയെ സ്വപ്‌നം കാണുന്ന ഒരു കവിഹൃദയമാണത്; ബിയറ്റ്‌റിസ് മറ്റൊരാളെ വിവാഹം കഴിക്കുന്നു. താമസിയാതെ അവള്‍ പരലോകം പ്രാപിക്കുന്നു. ഡാന്റി വേറൊരുവളെ വിവാഹം കഴിക്കുന്നു. അഞ്ചു കുട്ടികളുടെ പിതാവായിത്തീരുന്നു. പക്ഷെ തന്റെ പ്രണയസര്‍വ്വസ്വമായ ബിയാറ്റ്‌റിസ്സിനെ മറക്കാന്‍ ഡാന്റിയുടെ കവി ഹൃദയത്തിനു സാധിക്കുന്നില്ല. ഭാവനാസമ്പന്നവും ആദര്‍ശാത്മകവുമായ ആ കവിഹൃദയം Divine Comedy എന്ന ലോകോത്തരമഹാകാവ്യത്തില്‍ അവളെ അനശ്വരയാക്കിത്തീര്‍ത്തു. പക്ഷെ, വെര്‍ജില്‍ തുടങ്ങിയ പലര്‍ക്കും അവിടെ പ്രവേശനം കിട്ടിയിട്ടുണ്ട്. അതിനുമുന്‍പ്, തന്റെ ജീവേശ്വരിയ്‌ക്കുമാത്രമായി പകര്‍ന്നുനല്‍കപ്പെട്ട ആ പ്രേമാര്‍ദ്രമായ ഹൃദയത്തിന്റെ സുന്ദരമായ പ്രതിഫലനം, Via Nuova (നവജീവന്‍) എന്ന കൃതിയിലാണ് അദ്ദേഹം നിര്‍വ്വഹിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളുടെ മാതാവായ `ജമ്മാ'യെ ലോകമിന്നറിയുന്നില്ല. എന്നാല്‍ ബിയാറ്റ്‌റീസ്സാകട്ടെ അമര്‍ത്ത്യയായി നിലകൊള്ളുന്നു. അവളുടെ അകാലചരമത്തില്‍ ഒരു കണ്ണുനീര്‍ത്തുള്ളിയല്ല, കണ്ണുനീര്‍ക്കടലാണ് ഡാന്റി സൃഷ്‌ടിച്ചിട്ടുള്ളത്. വികാരനിര്‍ഭരമായ ഒരു വിശുദ്ധഹൃദയത്തിന്റെ പരിതാപകരമായ പരിദേവനം അതില്‍ നാം കേള്‍ക്കുന്നു.
'......... I Call on Death
Even as on Sleep one calleth strife,
Saying, Come unto me. Life Shaveth grim
And bare; and if one dies I envy him
എന്നിങ്ങനെ നൈരാശ്യത്തോടെ വിലാപിക്കുകയും, കഥയില്ലാത്ത ഒരു കുഞ്ഞിനെപ്പോലെ O Death, for God's sake, be some pity shown!
എന്നിങ്ങനെ മൃത്യൂദേവതയുടെ കാല്‍ക്കല്‍ വീണ് തന്റെ പ്രണയസര്‍വ്വസ്വത്തെ പുനര്‍ജ്ജീവിപ്പിക്കണമെന്നു വിഫലമായി കേണപേക്ഷിക്കുകയും ചെയ്യുന്നു. ലോകോത്തരമായ ഈ കാവ്യത്തിലെ വിഷാദാത്മകത്വം നമുക്ക് ആത്മീയാനുഭൂതി നല്‍കുന്നില്ലേ?
ജോഡിനെപ്പറ്റി ഞാന്‍ സൂചിപ്പിച്ച ഭാഗം മി. പ്രഭാകരന്‍ തെറ്റിദ്ധരിച്ചു. അദ്ദേഹത്തിന്റെ ചിന്താഗതി മി. പ്രഭാകരനു പിടികിട്ടിയില്ല. എന്റെ രാജ്യത്ത് എഴുപതല്ല, ഒരായിരത്തെട്ടു മനുഷ്യരുണ്ട് എന്നദ്ദേഹം പറയുന്നു. പതിനാറായിരത്തെട്ടു കാണുമായിരിയ്‌ക്കാം. അതല്ല ജോഡു പറയുന്നതിന്റെ അര്‍ത്ഥം. മനുഷ്യന്‍ കൂടിയതൊരെഴുപതേ ഇതുവരെ ഭൂമുഖത്തെത്തിയിട്ടുള്ളു. ക്രിസ്‌തുവിന് അയ്യായിരം കൊല്ലങ്ങള്‍ക്കപ്പുറം ഭൂമണ്ഡലത്തില്‍ മനുഷ്യനിവാസമുണ്ടായിരുന്നതായി ലക്ഷ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. ആ സ്ഥിതിയ്‌ക്കു മനുഷ്യന്റെ പാദമുദ്ര വിശ്വാരംഗത്തില്‍ പതിഞ്ഞുതുടങ്ങിയിട്ട് ഏതാണ്ട് ഏഴായിരം കൊല്ലമേ ആയിട്ടുള്ളു. മനുഷ്യന്റെ ആയുസ്സ് പരമാവധി 120 വര്‍ഷമാണ്. ആ കണക്കനുസരിച്ചു നോക്കിയാല്‍ ഇക്കാലത്തിനിടയില്‍കൂടിയത് എഴുപതു മനുഷ്യനേ ലോകത്തിലെത്തിയിട്ടുള്ളു എന്നു കാണാം. മനുഷ്യാവിര്‍ഭാവത്തിനു പുരുഷത്വാരോപണം ചെയ്‌താല്‍, അതിനു ശൈശവം ഇനിയും കഴിഞ്ഞിട്ടില്ലെന്നും മനസ്സിലാക്കാം. ഇപ്പോള്‍ മി. പ്രഭാകരന്റെ തെറ്റിദ്ധാരണ തീര്‍ന്നിരിയ്‌ക്കുമെന്നു ഞാന്‍ വിശ്വസിയ്‌ക്കുന്നു. ഇന്ത്യാരാജ്യം ഉത്തമപുത്രന്മാരെ, പ്രസവിയ്‌ക്കുന്നതില്‍ കേവലം ദരിദ്രയല്ല എന്നു നമ്മെക്കാള്‍ അറിയാവുന്ന ഒരു മഹാനാണ് ജോഡ് എന്ന് അദ്ദേഹത്തിന്റെ ചിന്താഗതിയുമായി പരിചയപ്പെട്ടിട്ടുള്ളവര്‍ക്ക് നല്ലപോലറിയാം. നമ്മുടെ രാജ്യത്തെക്കുറിച്ചു നമ്മേക്കാള്‍ മനസ്സിലാക്കിയിട്ടുള്ളവര്‍ പാശ്ചാത്യരാണെന്നു മാക്‌സ്‌മുള്ളര്‍, ഗേഥേ, റൊമേന്‍ റൊളാംഗ്, നിക്കോള്‍സണ്‍, ഗുണ്‌ഡര്‍ട്, കാള്‍ഡ്വെല്‍ മുതലായവര്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ അത് ഒരു വാദമുഖമായി എനിക്ക് തോന്നുന്നില്ല
ഗീത വായിച്ചുയര്‍ന്ന സഞ്‌ജയനെ, കണ്ടിട്ടില്ലെങ്കിലും, എനിയ്‌ക്കു നന്നായറിയാം. അഥവാ എന്നെപ്പോലെ അദ്ദേഹത്തെ അറിയാവുന്നവര്‍ അത്രയധികം കാണുമോ എന്നു സംശയമാണ്. അചഞ്ചലമായ ദേശാഭിമാനത്തിന്റെ മൂര്‍ത്തീഭാവമായ ആ മഹാനെ മനസാ ആരാധിയ്‌ക്കുന്ന ഒരുവനാണ് ഞാന്‍. പക്ഷെ, അങ്ങനെയുള്ള വേറെ ചിലരെക്കൂടി എനിയ്‌ക്കറിയാം. സ്വാമി ആഗമാനന്ദന്‍, ഡോക്‌ടര്‍ എല്‍. എ രവിവര്‍മ്മ തുടങ്ങിയവര്‍; സാഹിത്യകാരന്മാരോ പ്രസിദ്ധന്മാരോ അല്ലാത്ത വേറെ പലരും എന്റെ പരിചയത്തിലുണ്ട്. തിരുവനന്തപുരത്തു താമസിയ്‌ക്കുന്ന കാലത്തു യൂനിവേഴ്‌സിറ്റികോളേജ് ലക്‌ചററും മഹാപണ്ഡിതനും സാത്വികനുമായ ശ്രീ. കുഞ്ഞിരാമന്‍നായര്‍ ഹോസ്റ്റലില്‍ നടത്തിക്കൊണ്ടിരുന്ന `ഗീതാ'ക്ലാസ്സുകളില്‍ മുടങ്ങാതെ ഞാന്‍ പങ്കുകൊണ്ടിട്ടുണ്ട്. പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഗീതപോലും, ഞാന്‍ പറയുന്നു എന്നെ വിഷാദാത്മകനാക്കുകയാണ് ചെയ്‌തിട്ടുള്ളതെന്ന്. ഒരുപക്ഷെ എന്റെ അജ്ഞതയായിരിക്കാം അതിനു ഹേതു. ഭഗവദ്വചനങ്ങള്‍ അപ്പാടെ കണ്ണുമടച്ചു വിശ്വസിയ്‌ക്കുവാന്‍ എനിയ്‌ക്കു സാധിയ്‌ക്കുന്നില്ല. പൊരുള്‍ നന്നായി മനസ്സിലാക്കാഞ്ഞിട്ടായിരിയ്‌ക്കാം, യദാ യദാ ഹി.... യുഗേ യുഗേ എന്ന വചനമാണ് എന്നെ ഏറ്റവും വിഷാദാത്മകനാക്കുന്നത്, സംശയാത്മകനാക്കുന്നത്.
ഏതേതു കാലത്തിലാണ് ധര്‍മ്മത്തിനു ഹാനിയും, അധര്‍മ്മത്തിനഭിവൃദ്ധിയും ഉണ്ടാകുന്നത് അപ്പോള്‍ പ്രാണികളെ അനുഗ്രഹിയ്‌ക്കുന്നതിനും നിഗ്രഹിയ്‌ക്കുന്നതിനും യോഗ്യമായ ദേഹത്തെ ഞാന്‍ സൃഷ്‌ടിയ്‌ക്കുന്നു; സ്വധര്‍മ്മത്തിലിരിയ്‌ക്കുന്നവരുടെ രക്ഷക്കായിക്കൊണ്ടും, ദുഷ്‌ടകര്‍മ്മം ചെയ്യുന്നവരുടെ നാശത്തിന്നായിക്കൊണ്ടും അതാതവസരത്തില്‍ ഞാനവതാരം ചെയ്യുന്നു. എന്ന ഭഗവാന്റെ വാക്കുകള്‍ അതേപടിയങ്ങു വിശ്വസിയ്‌ക്കുവാന്‍ എനിയ്‌ക്കു സാധിക്കുന്നില്ല. വാമനന്‍, പരശുരാമന്‍, ബലരാമന്‍ ഈ മൂന്നവതരാങ്ങള്‍ മേല്‍പ്രസ്‌താവിച്ചിട്ടുള്ള തത്വത്തില്‍ അല്‌പമൊരവിശ്വാസ്യത ജനിപ്പിക്കുന്നുണ്ട് വിശേഷിച്ചും വാമനാവതാരം. അവിടെ ശിഷ്‌ടപരിപാലനമോ ഒന്നും എനിയ്‌ക്കു ദര്‍ശിയ്‌ക്കുവാന്‍ സാധിയ്‌ക്കുന്നില്ല. ശിബിയേക്കാളും രതിദേവനേക്കാളും ഉദാരനും ഉല്‍ക്കൃഷ്‌ടനുമാണ് മഹാബലി. അദ്ദേഹം `അസുരചക്രവര്‍ത്തി'യാണെന്നുള്ളതു പരമാര്‍ത്ഥം തന്നെ. അസുരകളും ദേവകളും തമ്മിലുണ്ടായ യുദ്ധങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ആവക കലഹങ്ങള്‍ക്ക് അസുരപക്ഷത്തില്‍ മതിയായ കാരണവുമുണ്ട്. മഹാവിഷ്‌ണുവിന് ഒരവതാരമെടുക്കാന്‍ അമൃതപാനത്താല്‍ അരോഗദൃഢഗാത്രരായിച്ചമഞ്ഞിട്ടുള്ള അമരന്മാര്‍ക്കു സ്വര്‍ഗ്ഗസാമ്രാജ്യം നഷ്‌ടമായെങ്കില്‍, അതവരുടെ കൊള്ളരുതായ്‌മയെയാണ് കാണിയ്‌ക്കുന്നത്. അവര്‍ സൂശക്തരെന്നു കീര്‍ത്തിയ്‌ക്കപ്പെടുന്ന ദേവകള്‍ അസുരന്മാരോടു വീണ്ടും വീണ്ടും പടവെട്ടി അവരെ തോല്‌പിയ്‌ക്കേണ്ടതായിരുന്നു. അല്ലാത്തപക്ഷം വീരന്മാരെന്നു ഞെളിയാതെ എവിടെയെങ്കിലും അടങ്ങിയൊതുങ്ങിയിരിക്കേണ്ടതായിരുന്നു. അത്ര ചുണയില്ലാത്ത അവരെ കാര്യസാധ്യത്തിനായി കഴുതക്കാലും പിടിയ്‌ക്കുന്ന നട്ടെല്ലില്ലാത്ത കൂട്ടരെ സഹായിയ്‌ക്കുവനായി പടുവേഷം കെട്ടി, ധര്‍മ്മിഷ്‌ടനായ അസുരചക്രവര്‍ത്തിയെ മഹാവിഷ്‌ണു മനഃപൂര്‍വ്വം വഞ്ചിയ്‌ക്കുകയാണ് ചെയ്‌തത്. വാമനാവതാരം വര്‍ണ്ണിയ്‌ക്കുന്ന അദ്ധ്യായത്തില്‍ പരമഭാഗവതനായ തുഞ്ചാത്താചാര്യന്‍ ഭഗവാന്റെ ഈ പ്രവൃത്തിയെ ന്യായീകരിയ്‌ക്കുവാനും സാധൂകരിയ്‌ക്കുവാനും വളരെ പണിപ്പെട്ടിട്ടുണ്ട്. അതിനുത്തരവാദിത്വം വഹിയ്‌ക്കുന്നത് അദ്ദേഹത്തിന്റെ അപ്രതിമമായ ഭക്തിപാരവശ്യംമാത്രമാണ്. പക്ഷെ ആത്മവഞ്ചന അറിഞ്ഞുകൂടാത്ത ആ കവിഹൃദയത്തിനു മഹാബലിയുടെ ചിത്രത്തില്‍ മഷിതേയ്‌ക്കുവാന്‍ സാധിച്ചിട്ടില്ല. `ഭക്തനാമസുരേന്ദ്രന്‍', `സാരന്‍', മഹാന്മം', `ധര്‍മ്മിഷ്‌ഠന്‍', `മായമെന്നിയേ ദേവബ്രാഹ്മണപിതൃഭക്തന്‍', `ദാനവാന്വയത്തിങ്കല്‍പ്പണ്ടു കീഴുണ്ടായതില്‍ ത്താനിവനധികമ്യുത്തമന്‍', `ദീനന്മാരപേക്ഷിച്ചതെല്ലാമേ മടിയാതെ' `ആവോളം ദിനംപ്രതി ദാനംചെയ്‌തിടു'ന്നവന്‍, `ദീനവത്സലന്‍' എന്നിത്യാദി വിശേഷണങ്ങള്‍ യാതൊരു നാമധേയത്തോടു ഘടിപ്പിയ്‌ക്കപ്പെട്ടിരിയ്‌ക്കുന്നുവോ അതു ദുഷ്‌ടതയുടേയും അധര്‍മ്മത്തിന്റേയും പര്യായമായിപ്പരിഗണിയ്‌ക്കുവാന്‍ ഒന്നിനേയും ആരാധിയ്‌ക്കാത്തതും, അര്‍ഹമായിട്ടുള്ള സകലിതിനേയും ആരാധിയ്‌ക്കുന്നതുമായ എന്റെ ഹൃദയത്തിനു സാധിയ്‌ക്കുന്നില്ല. ആ മഹാത്മാവായ മഹാബലി കപട വേഷധാരിയായ ഭഗവാന്റെ അഭ്യര്‍ത്ഥന മൂന്നടി ഭൂമി വേണമെന്നു കേട്ടയുടനെ ഞാനതു തരാമതു പോരായെന്നത്രേ മമ മാനസഗതി എന്നാണ് പറയുന്നത്.
`നിന്‍മാനസേ ശങ്കിയ്‌ക്കേണ്ട ദീനവത്സനഹം' എന്നു പറയുമ്പോള്‍ മഹാബലിയെ നാം കാണുന്നു; ആ വ്യക്തിത്വത്തിന്റെ മുമ്പില്‍ നാം തലകുനിയ്‌ക്കുന്നു. അദ്ദേഹത്തിന്റെ കരുണാമസൃണങ്ങളായ വാക്കുകള്‍ കേട്ടാല്‍ ദുഷ്‌ടന്മാരുടെ ഹൃദയംപോലും അലിഞ്ഞുപോകും. `ധര്‍മ്മ'ത്തെ ഇത്രത്തോളം ആദരിച്ചിട്ടുള്ള ഒരു പുരാണപുരുഷന്‍ വേറെയുണ്ടോ എന്നു സംശയമാണ്. അറിയാതെ പറ്റിയ ഒരബദ്ധമല്ല മഹാബലിയുടേത്. ശുക്രമഹര്‍ഷി വടുവേഷധാരിയുടെ കാപട്യത്തെക്കുറിച്ചു വെളിവാക്കുന്നുണ്ട്. പക്ഷെ ആ മഹാത്മാവിന്റെ ധര്‍മ്മ ബോധം മറ്റൊരുതരത്തില്‍ പ്രവര്‍ത്തിയ്‌ക്കാന്‍ അനുവദിയ്‌ക്കുന്നില്ല. ശുക്രന്‍ ശപിച്ചിട്ടുപോലും അദ്ദേഹം വ്യതിചലിയ്‌ക്കുന്നില്ല. രണ്ടു ചുവടുകള്‍കൊണ്ട് സ്വര്‍ഗ്ഗവും ഭൂമിയും അളന്നു തീര്‍ത്ത ഭഗവാന്‍ അസുരന്മാരെ മുഴുവന്‍ പാതാളത്തിലേക്കടിച്ചാഴ്‌ത്തുന്നു. ആ അവസരത്തില്‍ ഗരുഡന്‍ മഹാബലിയെ നിരപരാധിയായ ധാര്‍മ്മികചക്രവര്‍ത്തിയെ ബന്ധനസ്ഥനാക്കുന്നു. മൂന്നാമത്തെ ചുവടുവയ്‌ക്കുവാന്‍ സ്ഥലമെവിടെ എന്നു ഭഗവാന്‍ ചോദിയ്‌ക്കുമ്പോള്‍ ആ മഹാശയന്റെ മറുപടിയാണ്:
മച്ഛിരോഭുവിതൃക്കാല്‍വെച്ചുകൊണ്ടടിയനാലുകത്മാം സത്യംരക്ഷിയ്‌ക്കേണമേ ദയാനിധ്യേ ഹൃദയം പിളരാതെ ................
ലജ്ജയില്ലാത്തവനായ ദേവേന്ദ്രന്റെയും അയാളുടെ അനുയായികളുടേയും പ്രീതിയ്‌ക്കായിക്കൊണ്ടു ആ ധര്‍മ്മമൂര്‍ത്തിയെ സൂതലത്തിലേക്കു ചവുട്ടിത്താഴ്‌ത്തിക്കളഞ്ഞ ഭഗവാന്‍! ദയാനിധി! അദ്ദേഹത്തിന്റെ സാധൂപരിത്രാണാം! അദ്ദേഹത്തിന്റെ ധര്‍മ്മസംസ്ഥാപനം! ഭഗവാനുപോലും ഇങ്ങനെ അനീതി പ്രവര്‍ത്തിയ്‌ക്കാമെങ്കില്‍ മനുഷ്യന്‍ അധഃപതിച്ചതിലത്ഭുതമെന്തുണ്ട്? അതു പറയുന്ന എന്റെനേര്‍ക്കു നിങ്ങള്‍ ചന്ദ്രഹാസമെടുക്കന്നു! ഈശ്വരന്‍പോലും ഇങ്ങനെ അനീതി പ്രവര്‍ത്തിയ്‌ക്കുന്നതു കണ്ടിട്ടും ഞാന്‍ ചിരിയ്‌ക്കണമത്രേ! ഞാന്‍ പ്രസാദാത്മകനാകണമത്രേ! ഞാന്‍ ആദര്‍ശങ്ങള്‍ പ്രവചിയ്‌ക്കണമത്രേ! അല്ലയോ ആദര്‍ശമേ, നിനക്ക് `നിത്യമോരോരോ വല്ലഭരെ' കാമ സംതൃപ്‌തിയ്‌ക്കായിക്കൊണ്ടുമാത്രം പ്രാപിയ്‌ക്കുന്ന ആ ദേവാംഗനമാരെ `പതിവ്രത'കളാക്കി വാഴ്‌ത്തുവാനും അവര്‍ക്കു നിഗ്രഹാനുഗ്രഹശക്തികള്‍ പ്രദാനം ചെയ്യുവാനും യാതൊരു സങ്കോചവുമില്ല. പുത്രനായ അര്‍ജ്ജുനനെ പ്രാപിയ്‌ക്കുവാനായി ലജ്ജയില്ലാതെ ചെല്ലുന്ന ആ കാമാസക്തയായ കുലടയെ ടാഗോര്‍ വാഴ്‌ത്തുന്ന ഉര്‍വ്വശിയെ പൂവിട്ടു പൂജിച്ചു കൊണ്ട്, അബദ്ധംപറ്റി ആത്മഹത്യ ചെയ്യുന്ന ഈഡിപ്പസിന്റെ പത്‌നിയെ മാതാവിനെ ക്കണ്ടുചൂളുന്നു. നിനക്കസ്വാസ്ഥ്യമുണ്ടാകുന്നു. നിന്റെ ദേവകള്‍! കുചനേപ്പോലുള്ള ദേവകള്‍! ഒരു സുന്ദരിയുടെ ദര്‍ശനത്തില്‍ സകലമനോനിയന്ത്രണവും കെട്ടഴിഞ്ഞ കാമകോമരമായിത്തീരുന്ന നിന്റെ മഹര്‍ഷികള്‍! കഷ്‌ടം, അവര്‍ക്കും നീ ശാപശക്തി കൊടുക്കുന്നു; അനുഗ്രഹവൈഭവം അര്‍പ്പിയ്‌ക്കുന്നു. പരമഭക്തന്മാരായ ബാലിയ്‌ക്കും രാവണനും നീ പാതിത്യം കല്‌പിയ്‌ക്കുന്നു. മോഹിനിയെക്കണ്ടു ഭ്രമിയ്‌ക്കുന്ന ശ്രീപരമേശ്വരനെ വാഴ്‌ത്തുന്നു! പുത്രിയെ പത്‌നിയാക്കിയ ബ്രഹ്മാവിന്റെ മുമ്പില്‍ നീ കൈകള്‍ കൂപ്പുന്നു! അങ്ങനെയുള്ള നിനക്കു ഈഡിപ്പസ് രാജാവിനെക്കാണുമ്പോള്‍ അസ്വാസ്ഥ്യമുണ്ടാകുന്നുപോലും! പുരാണത്തിലെ പുഴുക്കളെ പൂവിട്ടുപൂജിയ്‌ക്കുവാന്‍ സങ്കോചമില്ലാത്ത നീ, മനുഷ്യന്റെ ദൗര്‍ബ്ബല്യത്തെക്കുറിച്ച് പറയുമ്പോള്‍ ശുണ്‌ഠിയെടുക്കുന്നു. അല്ലയോ ആദര്‍ശമേ, നിന്റെ കൈയില്‍ ഒരു പദമുണ്ട്, അതു നിനക്കിഷ്‌ടംപോലെ വളയ്‌ക്കാന്‍ കഴിയും. `ധര്‍മ്മം'. അതിന്റെ പേരില്‍, ഗീതയുടെ കുപ്പായവും ധരിച്ചു നീ ഒട്ടധികം `ചൂഷണം' നടത്തിയിട്ടുണ്ട്. പക്ഷെ, പരമാര്‍ത്ഥം പറയുന്നത് ............................ അങ്ങനെയിരിയ്‌ക്കെ ഭഗവദ്വചനങ്ങള്‍ എന്നെ ആശ്വസിപ്പിയ്‌ക്കാത്തതിലത്ഭുതമെന്തുണ്ട്? അവയെന്നെ വിഷാദാത്മകനാക്കുന്നു, സംശയാധീനനാക്കുന്നു. മി. പ്രഭാകരനുള്‍പ്പെടെ പണ്ഡിതന്മാരും ചിന്തകന്മാരുമായ സാഹിത്യകാരന്മാരോടു എന്റെ സംശയം തീര്‍ത്തുതരേണമെന്നു ഞാന്‍ പ്രാര്‍ത്ഥിയ്‌ക്കുന്നു...
`നിരാശതയ്‌ക്കും പാജിഷ്‌ണുത്വത്തിനും ഇന്നത്തെ സാഹിത്യത്തില്‍ സ്ഥാനമേ ഇല്ല' എന്നു മി. പ്രഭാകരന്‍ ഒരു തീര്‍പ്പുകല്‌പിയ്‌ക്കുകയാണെങ്കില്‍, ലോകം അതേപടി അതിനെയങ്ങു സ്വീകരിയ്‌ക്കുമോ എന്ന് എനിയ്‌ക്കു സംശയമുണ്ട്. അതിനുള്ള കാരണങ്ങള്‍ ഞാന്‍ മുമ്പു വിവരിച്ചിട്ടുള്ളതിനാല്‍ ആവര്‍ത്തിയ്‌ക്കേണ്ട ആവശ്യമില്ല. മി. പ്രഭാകരന്റെ ലേഖനത്തിലെ ഏറ്റവും ശരിയായ അഭിപ്രായം ഇതാണ്: `പത്തുകൊല്ലത്തെ ആയുസെത്തിയ ചങ്ങമ്പുഴപ്രസ്ഥാനം അപ്പം ചോദിച്ചവര്‍ക്ക് കല്ലാണു കൊടുത്തിട്ടുള്ളത്. ഞാനതക്ഷരംപ്രതി സമ്മതിയ്‌ക്കുന്നു. എന്നല്ല, അതു കേള്‍ക്കുമ്പോള്‍, സത്യം പറയാമല്ലോ സ്‌നേഹിതാ എനിയ്‌ക്കല്‌പമൊരഭിമാനം ഔദ്ധത്യം തന്നെ തോന്നാറുണ്ട്. എന്റെ കവിത്വത്തെ ഏകാന്തതയിലിരുന്നു ഞാന്‍തന്നെ ചോദ്യംചെയ്‌തുതുടങ്ങിയിട്ടുള്ള ഒരു സന്ദര്‍ഭമാണിത്. മി. പ്രഭാകരന്റെ അഭിപ്രായം എന്റെ അനുമാനങ്ങളെ ആകെത്തകിടംമറിച്ചുകളയുന്നു. അപ്പം ചോദിച്ചിട്ടരികൊടുത്താല്‍പ്പോലും അരിശംകൊണ്ടു അതു മുഖത്തേക്കു വലിച്ചെറിഞ്ഞിട്ടു കടന്നുപോകുന്ന ലോകം, വെറും കല്ലുവാരിക്കൊടുത്തിട്ട് തുടര്‍ച്ചയായിക്കൊടുത്ത പത്തു കൊല്ലം വളരുവാന്‍ ചങ്ങമ്പുഴ പ്രസ്ഥാനത്തെ അനുവദിച്ചല്ലോ! ഒന്നുകില്‍ കല്ലിന് എന്തോ ഒരു മായാശക്തിയുണ്ട്. അല്ലെങ്കില്‍, ലോകത്തിന്റെ പ്രജ്ഞാകേന്ദ്രത്തിന് എന്തോ ഒരു തകരാറും പറ്റിയിട്ടുണ്ട്. ഇതിലേതാണ് ശരിയെന്നു ചിന്തിയ്‌ക്കുമ്പോള്‍ എനിയ്‌ക്കു തോന്നുന്നതു രണ്ടാമത്തേതാണെന്നാണ്. ലോകം എന്നോടപ്പം ആവശ്യപ്പെട്ടതു അതു കൈവശമില്ലാത്ത ഞാന്‍ എങ്ങനെ കൊടുക്കാനാണ്? `ഇല്ല; എന്റെ കൈവശം കല്ലേയുള്ളു', ഞാന്‍ സമ്മതിച്ചു.
`മതി, അതിങ്ങു തരിക!', എന്നായിരുന്നു ലോകത്തിന്റെ നിര്‍ദ്ദേശം. ഞാന്‍ കൊടുത്തു; വാങ്ങിഭക്ഷിച്ചു വീണ്ടും കൈനീട്ടി; കൊടുത്തു! ഇടയ്‌ക്കതിന്റെ ആര്‍ത്തി കണ്ടു ചിരിവന്നു. ആദര്‍ശശാലിയെന്നഭിമാനിക്കുവാന്‍ ധൈര്യമില്ലാത്ത എനിയ്‌ക്കു ആ ദുഷിച്ച രസത്തില്‍ ഒരു പ്രത്യേകപ്രതിപത്തി തോന്നുന്നു; എന്തു ചെയ്യട്ടെ? പരമാര്‍ത്ഥസ്ഥിതി കണ്ടുപടിച്ചവര്‍ ഒന്നുകില്‍ ലോകത്തിന്റെ ഈ രോഗത്തിന് വേണ്ട ചികിത്സചെയ്യണം; അല്ലാത്തപക്ഷം ഇനിയും കല്ലെടുത്തുകൊടുക്കുവാന്‍ സാധിയ്‌ക്കാത്തവിധത്തില്‍ എന്റെ കരങ്ങളെ ച്ഛേദിച്ചുകളയണം; ഞാന്‍ നീട്ടിക്കാണിച്ചുതരാം. എനിയ്‌ക്കു പരാതിയില്ല, പരിഭവമില്ല. അങ്ങനെ ചെയ്യണമെന്നു ഞാന്‍ താഴ്‌മയായി വളരെത്താഴ്‌മയായി, കൂപ്പുകൈയോടെ അപേക്ഷിയ്‌ക്കുന്നു!....
ട്യൂണസ്സിലെ രാജനര്‍ത്തകി
ഹസീബാ! അമേരിക്കയിലോ ഇംഗ്ലണ്ടിലോ ഫ്രാന്‍സിലോ ആ പേര്‍ കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമാണ്; വിശേഷിച്ചും കലാപ്രണയികളില്‍! ട്യൂണിസ്സിലെ ഭരണാധികാരിയുടേയും പ്രജകളുടേയും പ്രീതിക്കും പ്രശംസയ്‌ക്കും പാത്രമായ ആ രാജനര്‍ത്തകി വിലാസിനിയായ ഒരു യുവതിയാണ്. ഇരുപ്പത്തിയേഴു വയസ്സ് അവള്‍ക്കിനിയും തികഞ്ഞിട്ടില്ല.
ഹസീബായുടെ നൃത്തകല! ആത്മാവിനെ കോരിത്തരിപ്പിക്കുന്ന ആ അപൂര്‍വ്വസിദ്ധിക്കു പതിനാറു കൊല്ലത്തെ വളര്‍ച്ചയുണ്ട്. സുശോഭനമായ അതിന്റെ വികാസം ഒരു സ്വപ്‌നസാമ്രാജ്യം സൃഷ്‌ടിച്ചിരിക്കുന്നു. മധുമധുരമായ അറബിക്‌സംഗീതത്തിന്റേയും മാദകമോഹനമായ നര്‍ത്തനവിലാസത്തിന്റേയും ആത്മചൈതന്യങ്ങളെ കൂട്ടിയിണക്കി, അഭിനവവും അഭിരാമവുമായ ഒരു കലാസൃഷ്‌ടിക്കു രംഗമൊരുക്കുകയും, അതിന്റെ യശഃപ്രചുരിമയെ ദിഗന്തരങ്ങളില്‍ പ്രസരിപ്പിക്കുകയും ചെയ്‌തിട്ടുള്ള ചുരുക്കം ചില കലാഭക്തരില്‍ കനിഷ്‌ഠികാധിഷ്‌ഠതയായിട്ടാണ് ഹസീബാ പരിഗണിക്കപ്പെടുന്നത്.
അവളുടെ എല്ലാ ഗാനങ്ങളും നൃത്തവിശേഷങ്ങളും പ്രണയാത്മകമാണ്. അവള്‍ സാധാരണയായി പാടാറുള്ള ഒരു ഗാനശകലമാണിത്:
എന്‍മൊഴികള്‍ കനിഞ്ഞു കേള്‍ക്കുകൊ
ന്നുണ്മയിലെന്‍ഹസീബേ, നീ!
ആ മണല്‍ക്കാടിന്‍ പ്രേമശീതള
ശ്യാമശാദ്വലവീഥികള്‍,
ഭംഗിയായി പ്രതിഫലിപ്പിപ്പൂ
മംഗളാംഗി, നിന്‍സൗഭഗം!
വാരിധിയില്‍നിന്നാത്തകൗതുകം
വാസവാശയെപ്പുല്‌കുവാന്‍,
ആടിയാടിപ്പോം തെന്നലില്‍ കുളിര്‍
ചൂടിനില്‌പൂ, നിന്‍സൗഭഗം!
കാന്തിവായ്‌പി, ലശ്ശാദ്വലസ്ഥമാ
മീന്തല്‍ത്തൈക്കൊടിമാതിരി,
അത്ര ശുദ്ധയാ,ണത്ര മുഗ്‌ദ്ധയാ
ണത്ഭൂതോജ്ജ്വലാപാംഗി നീ!
പോക, പോ, കെന്തിനെന്‍മനസ്സിനി
ന്നേകിടുന്നതീ വിഭ്രമം?
ദൈവത്തിന്‍ പ്രതിരൂപമല്ലി ഞാന്‍
കൈവളര്‍ത്തായ്‌ക മോഹം നീ!
ജനങ്ങളുടെ ആരാധനാപാത്രമാണ് ഹസീബാ കൊട്ടാരത്തില്‍ അവള്‍ക്കു വലിയ സ്വാധീനശക്തിയുണ്ട്. ജര്‍മ്മന്‍കാര്‍ ട്യൂണീസ് കൈവശപ്പെടുത്തിയപ്പോള്‍, ജര്‍മ്മന്‍സൈനികര്‍ക്കും അവള്‍ ആരാധാനപാത്രമായി. അവരില്‍ ചില ഉദ്യോഗപ്രമാണികള്‍ അവളെ ബര്‍ലിനിലേയ്‌ക്കു കൂട്ടിക്കൊണ്ടുപോകുവാന്‍ വളരെ ശ്രമിച്ചുനോക്കി; പക്ഷേ അവള്‍ അവരുടെ പ്രലോഭനങ്ങള്‍ക്കൊന്നും വഴിപ്പെട്ടില്ല. അവള്‍ തികച്ചും കര്‍മ്മധീരയായിരുന്നു. കമ്പം പിടിച്ച ഒരു വൈമാനികോദ്യോഗസ്ഥന്‍ ഒരിക്കലവളെ കണക്കിലധികം നിര്‍ബന്ധിക്കുകയുണ്ടായി. അയാള്‍ അവളില്‍ എന്തെന്നില്ലാതെ മുഴുകിപ്പോയിരുന്നു. സമരഭേരികള്‍ക്കിടയിലും പ്രണയാര്‍ച്ചനം! അയാളുടെ അഭ്യര്‍ത്ഥനകളും ആവലാതികളും നിര്‍ദ്ദേശങ്ങളുമെല്ലാം കുറേനേരത്തേയ്‌ക്കു അവള്‍ ക്ഷമയോടെ കേട്ടുകൊണ്ടിരുന്നു. ഒടുവില്‍, അറബിപ്പെണ്‍കൊടികളുടെ ഒരു പ്രത്യേകതയായ കള്ളക്കണ്ണിറുക്കലോടുകൂടി, കുണുങ്ങിച്ചിരിച്ചുകൊണ്ട് അവള്‍ ഒരു പാട്ടുപാടി. അതിന്റെ അവസാനഭാഗം ഇങ്ങനെയായിരുന്നു:
ട്യൂണിസ്സില്‍സ്സഖ്യസൈന്യം വരുമളവി, ലഹോ,
നിങ്ങളെപ്പിന്നെയങ്ങും
കാണില്ലാ; കഷ്‌ടമാകും മദനരസികരാം
നിങ്ങളൊക്കെപ്പറക്കു!
ചേണഞ്ചും പ്രേമസാന്ദ്രോക്തികളരുളിയടു
ത്തോമനിച്ചുല്ലസിക്കാന്‍
കാണില്ലല്ലോ ഹസീബയ്‌ക്കരികിലൊരുവനും
പിന്നെഞാനെന്തു ചെയ്യും?
ട്യൂണിസ്സിലെ കവികളും ഗായകന്മാരും പുതിയ പുതിയ ഗാനങ്ങള്‍ രചിച്ച് അവള്‍ക്കു സമ്മാനിക്കുന്നു. നൃത്തത്തിനായി ഒരു സദസ്സിനെ അഭിമുഖീകരിക്കുമ്പോള്‍ സഭികരുടെ ചിന്ത യാതൊന്നില്‍ അധിഷ്‌ഠിതമായിരിക്കുന്നുവോ, അതിനെ സ്വപ്‌നാത്മകമായ ഒരു ഗാനരൂപത്തില്‍, അപ്രതീഷിതവും അത്ഭുതാവഹവുമായ രീതിയില്‍, അവതരിപ്പിക്കുന്നതിലാണ് അവള്‍ക്കു താല്‍പര്യം; അവളുടെ വിജയമര്‍മ്മവും അതുതന്നെ. സദസ്യരുടെ മനസ്സുകാണുവാനുള്ള കണ്ണവള്‍ക്കുണ്ട്. അവരുടെ ചിന്തകളെ അവള്‍ പാടുന്നു മധുരമായി പാടുന്നു! അത്ഭൂതാധീനരായ സഭികരെ ആത്മവിസ്‌മൃതിയില്‍ ലയിപ്പിച്ചുകൊണ്ട് അവളങ്ങനെ അനുസ്യൂതമായി പാടുന്നു; നൃത്തം ചെയ്യുന്നു! അനുഗ്രഹീതയായ ഒരപ്‌സരസ്സ്.
താളമേളങ്ങളുടെ സംയോഗസംപുഷ്‌ടിയില്‍ അവള്‍ക്കു ഭ്രമം കലശലാണ്. വിവിധസംഗീതോപകരണങ്ങളോടുകൂടിയ ഒരു ഗായകസംഘം എല്ലായിടത്തും അവളെ അനുഗമിച്ചുകൊണ്ടിരിക്കും. അവളുടെ നൃത്തകലയുടെ ആത്മസത്ത തികച്ചും പൌരസ്‌ത്യമാണ്; പക്ഷേ അതിനൊരു പ്രത്യേകതയുണ്ട്; ഒരൊറ്റ നിമിഷം മതി, പാശ്ചാത്യരുടെ കണ്ണും കരളും അതിനു കവര്‍ന്നെടുക്കാന്‍! പാശ്ചാത്യ പൗരസ്‌ത്യഭേദമെന്യേ, സമ്പന്നമായ ആ കലാവിലാസം കാണികളെ ഒന്നായാകര്‍ഷിക്കുന്നു.
ഒരു ഫ്രഞ്ചുകമ്പനിക്കാര്‍ മണലാരണ്യത്തില്‍ വെച്ചെടുത്ത ഒരു ചലച്ചിത്രത്തില്‍ ഹസീബാ അഭിനയിക്കുകയുണ്ടായി. നടിച്ചവരില്‍ സ്‌ത്രീയായി അവള്‍മാത്രമേ ഉണ്ടായിരുന്നുള്ളു. ചലച്ചിത്രനിരൂപകന്‍മാര്‍ അവളെ മുക്തകണ്‌ഠം പ്രശംസിച്ചു. അവളുടെ അപ്രതിമമായ അഭിനയം അവര്‍ ഒരു മഹാവിഷയമായിക്കൊണ്ടാടി. എന്നാല്‍ എന്തുകൊണ്ടോ, അസൂയാര്‍വഹമായ ആ വിജയലബ്‌ധിയെ ആവര്‍ത്തിക്കുവാന്‍ അവള്‍ പിന്നീടൊരിക്കലും ഒരുമ്പെട്ടിട്ടില്ല.
ട്യൂണിസ്സിനു വെളിയിലെവിടെയെങ്കിലും നൃത്താകലാപ്രകടനം നടത്തണമെങ്കില്‍ പ്രതിദിനം പതിനായ്യായിരം ഫ്രാങ്ക് പ്രതിഫലമായി അവള്‍ക്കു കൊടുക്കേണ്ടിയിരിക്കുന്നു. താന്‍ അനുഗ്രഹീതയായ ഒരുകലാകര്‍ത്രിയാണെന്ന അഭിമാനം ഹസീബായ്‌ക്ക് നല്ലപോലുണ്ട്. അതൊട്ടും തന്നെ അപ്രയുക്തമാണെന്നോ അസ്ഥാനസ്ഥമാണെന്നോ അപലപിച്ചു കൂടാ.
`എല്‍ഗമ്മറാ' അഥവാ `ചന്ദ്രന്‍' എന്ന ഗാനം, സാധാരണയായി ഒട്ടു മിക്ക നൃത്തങ്ങളിലും അവള്‍ പാടുക പതിവാണ്. അവള്‍ ഏറ്റവും ഇഷ്‌ടപ്പെടുന്ന ഗാനമാണത്രേ അത്. ആ ഗാനം ചുവടെ ചേര്‍ക്കുന്നു:
ഒന്നിച്ചിരിപ്പിതിപ്പൂമരച്ചോട്ടില്‍ ഞാ
തെന്നാത്മനാഥനുമായി!
ദൂരത്തു മുന്നിലായ്‌ക്കാണുമാ വാരിധീ
തീരത്തെ നോക്കി രസിപ്പൂ!
അങ്ങാണ,ന്നാദ്യമായ്‌ത്തമ്മില്‍ക്കണ്ടെത്തിയ
തങ്ങാണന്നാദ്യമായ് ഞങ്ങള്‍!
സന്തുഷ്‌ടരായ്, ക്കണ്‍മുനകളാല്‍ മാത്രമ
ന്നെന്തൊക്കയോ ഞങ്ങളോതി
അല്ലലിയന്നപോല്‍ക്കല്ലോലമാലകള്‍
കല്ലിലലച്ചു ചിതറി!
വാരൊളിക്കൈകളാല്‍ വെണ്മണല്‍ത്തീരത്തെ
വാരാശി മെയ്‌ചേര്‍ത്തു പുല്‌കി.
ആ ദര്‍ശനത്തി, ലെന്‍ കാമുക,നാവിധ
മാശിച്ചിതെന്നെയും പുല്‌കാന്‍!
ഇപ്പൂമരച്ചോട്ടില്‍ പ്രേമാര്‍ദ്ദ്രരാം ഞങ്ങ
ളിപ്പോളൊരുമിച്ചു ചേര്‍ന്നു.
കൂടും കൗതുകത്താല്‍ ഗൂഢമായ്,ഹാ, ഞങ്ങള്‍
നേടുമീ മാത്രകളെല്ലാം,
തൊട്ടുമിനുക്കി പ്രഭാമയമാര്‍ക്കുന്നു
തുഷ്‌ടനായ് നി ശീതഭാനോ!
താരങ്ങള്‍തോറും പറന്നുകളിപ്പിതി
ന്നീ രാവില്‍ ഞങ്ങള്‍തന്‍ ചിത്തം!
രണ്ടുപേര്‍ ഞങ്ങളില്‍, ക്കണ്‍മുനയാലാദ്യം
മിണ്ടിയതാരെന്ന കാര്യം
അക്കഥ യിപ്പൊഴുതോര്‍ത്തെടുത്തോതുവാ
നൊക്കും എന്‍ഹൃത്തിനുമാത്രം!!