കഥാരത്ന മാലിക
Adapted from Lamb's Tales from Shakespeare
Adapted from Lamb's Tales from Shakespeare
ഗ്രന്ഥകര്ത്താ,ചങ്ങമ്പുഴ കൃഷ്ണപിള്ള,(ഇടപ്പള്ളി)
വിഷയ വിവരം
അവതാരിക
പുഞ്ചിരിതൂകിക്കൊണ്ട് ആകര്‍ഷകമായ ഒരു മുഖവും, അതിന്നു പിന്നാലെ മെലിഞ്ഞു നീണ്ട ഒരു ശരീരവും മലയാള രാജ്യം ആഫീസുമുറിയുടെ വെളിയടയ്ക്കു മധ്യത്തില്‍കൂടി അകത്തേയ്ക്കു പ്രവേശിച്ചു. കുത്തിത്തച്ചുചേര്ത്തിട്ടില്ലാത്ത ഒരു പുസ്തകത്തിന്റെ ഭാഗങ്ങള്‍ എന്റെ നേരെ കാട്ടിക്കൊണ്ടു എന്നെ വന്ദിക്കയാണ് എനിക്ക് അപരിചിതനായിരുന്ന അദ്ദേഹം അവിടെചെയ്തത്. `ആരാണ്?' എന്നു ഞാന്‍ ചോദിച്ചതിന് `അല്ലല്ലാ-ാ-ാ! ചങ്ങമ്പുഴയേ അറിയില്ലേ?' എന്ന് അടുത്തിരുന്ന എന്റെ സ്നേഹിതന് ശ്രീമാന്‍ രാമവര്മ്മത്തമ്പാന്റെ എന്നോടുള്ള മറ്റൊരു ചോദ്യം എനിക്കു മറുപടിയായി ലഭിച്ചു. ഇങ്ങനെയാണ് ഞാനും, ഞാന്‍ മഹാജനസമക്ഷം അവതരിപ്പിച്ചുകൊള്ളുന്ന ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവും തമ്മിലുണ്ടായ സ്നേഹത്തിന്റെ ആരംഭം.
ശ്രീമന്‍ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിതകളില്‍ ചിലതെല്ലാം മലയാളരാജ്യം ചിത്രവാരികയിലും മറ്റു ചില വര്ത്തമാനപ്പത്രങ്ങളിലുംനിന്നു ഞാന്‍ വായിച്ചിട്ടുണ്ട്; എന്നു പറയാമെന്നല്ലാതെ അവയോട് വളരെ അടുത്ത ഒരു അഭിഗമനം എനിക്കു ലഭിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും വായിച്ചിടത്തോളംകൊണ്ട് അവയോട് എനിക്കു ഒരു അസാമാന്യപ്രതിപത്തിയാണ് തോന്നിയിട്ടുള്ളത് എന്നു പറയാന്‍ സാധിക്കും.
`ആരാധകന്', `ഹേമന്തചന്ദ്രിക' എന്നിങ്ങനെ പല കാവ്യതല്ലജങ്ങള്കൂടി അദ്ദേഹം ചമച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ `ബാഷ്പാഞ്ജലി' എന്ന പുസ്തകത്തേ സംബന്ധിച്ചാണ് ഞാന്‍ അധികം കേട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ 51 ലഘുകാവ്യങ്ങള്‍ അടങ്ങിയിട്ടുള്ള ആ പുസ്തകം കേരളീയ സഹൃദയന്മാരില്‍ ഒരു നവമായ സാഹിത്യാസ്വാദനാഭിരുചിയെ ജനിപ്പിച്ചിട്ടുള്ളതായും അതിനു താരതമ്യേന അല്പകാലംകൊണ്ടു വളരെ പ്രചാരം സിദ്ധിച്ചിട്ടുള്ളതായും എനിക്കറിയുകയും ചെയ്യാം.
ആ വിഷാദാത്മകങ്ങളായ കാവ്യങ്ങള്‍ ഈ മന്ദസ്മിതസ്മേരകമായ മുഖത്തുകൂടിയാണ് നിര്‍ഗ്ഗമിച്ചത് എന്നു കണ്ടപ്പോള്‍ അവയുടെ ആസ്വാദ്യതയുടെ രഹസ്യം എനിക്കു സവിശേഷം ബോധപ്പെട്ടു. ഇത്ര ശിശുത്വംകലര്ന്ന ഈ ഹൃദയത്തില്‍ നിന്ന് അത്ര മഹത്തരങ്ങളും ഗഹനങ്ങളും ആയ ആശയങ്ങള്‍ മനോഹരഗാനങ്ങളിലൂടെ പ്രേമസ്നേഹമധുരങ്ങളായി ആവിര്‍ഭവിച്ചു എന്നുള്ളത്, എനിക്കു ഒരു അത്യത്ഭുതമായിട്ടാണ് തോന്നിയത്. ഈ യുവകവിയുമായി ഇന്നു ലഭിച്ച സമാഗമം എന്നില്‍ ശാശ്വതമായ ഒരു സുഖം ഉളവാക്കിയിരിക്കുന്നു. അദ്ദേഹം ഇന്നു എനിക്കു സമ്മാനമായി തന്ന ഈ `മണിവീണ' എന്റെ വിഷാദാത്മകമായ ഹൃദയത്തിന് സദാ കുളുര്മ്മനല്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.
`കഥാരത്നമാലിക' ശ്രീ: ചങ്ങമ്പുഴകൃഷ്ണപിള്ളയുടെ ആദ്യത്തെ ഗദ്യകൃതിയത്രെ. ഇതിലേ കഥകള്‍ ഷേക്സ്പീയര് മഹാകവിയുടെ നാടകങ്ങളെ ചാറത്സ്ലാംബ് എന്ന പ്രസിദ്ധ ഗദ്യകാരന് അതിമധുരങ്ങളായ ഗദ്യങ്ങള്കൊണ്ട് സംക്ഷേപിച്ച് വിവര്ത്തനംചെയ്തിട്ടുള്ളവയില് നാലുകഥകളുടെ സ്വതന്ത്രതര്ജ്ജിമകളാകുന്നു. ഇംഗ്ലീഷില്‍ ലാംബിന്റെ എന്നപോലെ മലയാളത്തില്‍ ശ്രീമന്‍ കൃഷ്ണപിള്ളയുടെ ഗദ്യരീതി അത്യന്തം മനോഹരവും അനുഭവയോഗ്യവും ആയിരിക്കുന്നു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇതിലെ ഓരോ വാക്യവും ഔചിത്യത്തോടുകൂടി തിരഞ്ഞെടുക്കപ്പെട്ട കോമളപദങ്ങള്‍ കോമളമായി സംഘടിപ്പിച്ചിട്ടുള്ളവയായിരിക്കുന്നു. അവ അതാതു സ്ഥാനങ്ങളില്‍ സ്വയം വന്നുനിന്നുകൊണ്ടതായിട്ടാണ് തോന്നുക. കഥകളുടെ ഘടനയിലും പേരുകള്‍ നിര്‍മ്മിക്കുന്നതിലും ഗ്രന്ഥകര്‍ത്താവിന്റെ ഔചിത്യം നല്ലവണ്ണം ഫലിച്ചിട്ടുണ്ട്.
`കഥാരത്നമാലിക' കഥയുടെ രസികത്തംകൊണ്ടുമാത്രമല്ല, അതിലെ പദപ്രയോഗങ്ങളും വാക്യശൈലികളും കൊണ്ടും കൂടി വിദ്യാര്‍ത്ഥികള്‍ക്കു വളരെ ഉപയോഗപ്പെടുന്ന ഒരു പുസ്തകമാണെന്ന് വളരെനാള്‍ ഒരു അധ്യാപകനും ഒരു പാഠശാലാപരിശോധകനും ആയിരുന്ന എനിക്കു നിശ്ചയമായി പറയാന്‍ കഴിയും. നല്ല ഭാഷയില്‍ ഗദ്യമെഴുതാന്‍ ശീലിക്കുക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണെങ്കില് ഈ മാതിരിയുള്ള പുസ്തകങ്ങള്‍ അവര്‍ വായിച്ചു പഠിക്കേണ്ടത് അത്യാവശ്യമാണ്.
ഈ ഗദ്യപുസ്തകം ചമച്ചത് ഒരു കവിയാണെന്ന് ഇതിലെ ഓരോ ഭാഗവും സഹൃദയന്മാരെ ഓര്മ്മിപ്പിക്കുമെന്നുള്ളത് ഇതിന്റെ മറ്റൊരു വിശേഷമാണ്.
ഷേക്സ്പീയര് കൃതികള്‍ തീരെ വിസ്മരിച്ചിരുന്ന എന്നെ ഈ കഥകള്‍ `ലാംബ്സ്ട്രെയില്സി'ന്റെ വിവര്‍ത്തനമാണെന്നു പറഞ്ഞറിയിച്ചിരുന്നില്ലെങ്കില് ഞാന്‍ ഇവ സ്വതന്ത്രമായാലും വിവര്ത്തനങ്ങളാണെന്നു സംശയിക്കപോലും ചെയ്കയില്ലായിരുന്നു. അത്രയ്ക്ക് ഒരൂ തന്മയത്വവും ഇതില്‍ സര്‍വത്ര പ്രകാശിക്കുന്നുണ്ട്.
ശ്രീമാന്‍ കൃഷ്ണപിള്ളയ്ക്കു സര്വവിധങ്ങളായ സമുല്ക്കര്ഷങ്ങളെയും ആശംസിച്ചുകൊള്ളുന്നു.
കൊല്ലം, 14 ചിങ്ങം 111.
കലങ്ങിത്തെളിഞ്ഞ രാജയോഗം
പണ്ട് വിശ്വേശ്വരന് എന്ന ഒരു രാജാവ് `ജയപുരി' യെ ഭരിച്ചിരുന്നു. അദ്ദേഹത്തിന്റെ പട്ടമഹിഷി മന്ദാകിനി രൂപവതിയും പതിവ്രതയുമായിരുന്നു. ആ രാജദമ്പതികള്‍ അത്യന്തം മനസ്സമാധാനത്തോടും പരസ്പരം പ്രണയത്തോടുംകൂടി ജീവിച്ചു. രാജാവിന് ഒന്നുകൊണ്ടും ഒരിക്കലും ഹൃദയശല്യം നേരിട്ടിരുന്നില്ല. അദ്ദേഹം തന്റെ സതീര്‍ത്ഥ്യനും ആത്മസുഹൃത്തുമായ `രത്നഗിരി' രാജാവിനെ കാണുന്നതിനു പലപ്പോഴും ആകാംക്ഷയോടെ കഴിഞ്ഞിരുന്നു. വിശ്വേശ്വരനും, ശാന്തസേനനും - അതായിരുന്നു ആ രാജാവിന്റെ പേര് - കുട്ടിക്കാലത്ത് ഒരേ കൊട്ടാരത്തിലാണു വളര്‍ന്നത്. പ്രായമായശേഷം രണ്ടുപേര്‍ക്കും രാജ്യഭരണമെന്ന ഗൗരവാവഹമായ ചുമതല വന്നുചേര്‍ന്നതോടുകൂടി അവര്‍ വേര്‍പെട്ടു. എന്നാല്‍ അവരുടെ മൈത്രിക്കോ ആത്മാര്‍ത്ഥതയ്ക്കോ ഒരിക്കലും ഉടവു തട്ടിയില്ല. ഇരുവരും കത്തുകള്മൂലവും ദൂതന്മാര്വഴിയായും വിശേഷങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു എങ്കിലും അവര്‍ക്കു തമ്മില്‍ കാണുവാന്‍ ഏറനാളത്തേയ്ക്കു സാധിച്ചില്ല.
വിശ്വേശ്വരന്റെ തുടരെയുള്ള അഭ്യര്ത്ഥനനിമിത്തം ശാന്തസേനന് ജയപുരിയിലേയ്ക്കു തിരിച്ചു. ആഘോഷപൂര്‍വമായ ആചാരോപചാരങ്ങളോടെ ജയപുരിമഹാരാജാവ് തന്റെ അതിഥിയെ സ്വീകരിച്ചു. കൊട്ടാരത്തില്‍ അവര്‍ക്കുണ്ടായ ആനന്ദാനുഭവങ്ങള്ക്കു കയ്യും കണക്കുമില്ല. മന്ദാകിനി പ്രിയതമന്റെ ബാല്യസഖാവിനെ ഹൃദയപൂര്‍വം സല്ക്കരിക്കയും അദ്ദേഹത്തിന്റെ സുഖസൗകര്യാദികളില് സവിശേഷം ശ്രദ്ധപതിപ്പിക്കുകയും ചെയ്തു. രണ്ടുപേരും തങ്ങളുടെ കുട്ടിക്കാലത്തെ ആനന്ദപൂര്ണ്ണങ്ങളായ സംഭവങ്ങളേയും അനുഭവങ്ങളേയും അനുസ്മരിച്ച് നര്‍മ്മസംഭാഷണങ്ങളില്‍ മുഴുകി സന്തോഷപുരസ്സരം സമയം ചിലവഴിച്ചു.
എന്നാല്‍ ആ നിര്വാണരംഗം ഏറെനാള്‍ നീട്ടുന്നതിനു നിര്‍വാഹമില്ലാത്തവിധം ശാന്തസേനന് മടങ്ങിപ്പോകുവാന്‍ തിടുക്കംകൂട്ടി. വിശ്വേശ്വരന് ഇതു അസഹനീയമായിത്തോന്നി. തന്റെ ആത്മസുഹൃത്തിനെ ഏതാനുംദിവസംകൂടി കൊട്ടാരത്തില്‍ താമസിപ്പിക്കുന്നതിനു വിശ്വേശ്വരന് ഒരുപായം പ്രയോഗിക്കാനൊരുമ്പെട്ടു. അത്, മന്ദാകിനിമുഖാന്തിരം തന്റെ ആഗ്രഹത്തെ അറിയിക്കുകയായിരുന്നു. ബഹുമാന്യയായ രാജ്ഞിയുടെ അപേക്ഷയെ നിരസിക്കുവാന്‍ തക്കവണ്ണം ശാന്തസേനന് അത്ര മനസ്സാന്നിദ്ധ്യമില്ലാത്ത ആളായിരുന്നില്ല. മനസ്സില്ലാമനസ്സോടെ രത്നഗിരിരാജാവ് മന്ദാകിനിയുടെ അപേക്ഷയെ കൈക്കൊണ്ടു.
എന്നാല്‍ ആ രാജഗേഹത്തിലെ പ്രകാശമാനമായ അന്തരീക്ഷം ഈ സംഭവംമൂലം പെട്ടെന്നിരുളടഞ്ഞുകാണുകയാണുണ്ടായത്. അവിചാരിതമായി എങ്ങുനിന്നോ പാഞ്ഞണഞ്ഞ ഒരു കാര്മേഘശകലം അതുവരെ ഉണ്ടായിരുന്ന ആനന്ദചൈതന്യത്തെ ഒന്നോടെ നശിപ്പിച്ചുകളഞ്ഞു. താനെത്രതന്നെ നിര്‍ബന്ധിച്ചിട്ടും, അനുകൂലഭാവം പ്രദര്‍ശിപ്പിക്കാതിരുന്ന ശാന്തസേനന്റെ യാത്രാനിശ്ചയത്തെ, മന്ദാകിനി അതാ രണ്ടുനാലു വാക്കുകള്‍കൊണ്ടു തകര്‍ത്തിരിക്കുന്നു. അതില്‍ വിശ്വേശ്വരന് എന്തെന്നില്ലാത്ത ഒരു ദുശ്ശങ്ക - സഹിക്കാന്‍ പാടില്ലാത്ത ഒരീര്‍ഷ്യ-മനസ്സിലുദിച്ചു. ശാന്തസേനന്റെ സ്വഭാവശുദ്ധിയും രാജ്ഞിയുടെ സദാചാരനിഷ്ഠയും അദ്ദേഹത്തിനു നല്ലവണ്ണം അറിയാം. എന്നാലും ആ വികലവികാരം അദ്ദേഹത്തിന്റെ മനസ്സിനെ അസ്വസ്ഥതയില്‍ ക്ഷീണിപ്പിച്ചു. തന്റെ സര്‍വ്വസമ്മതവും ശാന്തസേനന്റെ സുഖാന്വേഷണത്തില് രാജ്ഞിക്കു നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഒന്നുരണ്ടുദിവസങ്ങള്കൊണ്ട് എന്തെന്നില്ലാത്ത ഹൃദയക്ഷോഭത്തിന് അധീനനായി. ജീവനുതുല്യം സ്നേഹിച്ചിരുന്ന ധര്‍മ്മപത്നിയില്‍ അനിഷേധ്യമായ ഒരു വെറുപ്പും, ശാന്തസേനനില് അടങ്ങാത്ത വൈരവും വിശ്വേശ്വരനു തോന്നി. എന്തിന്, ആ രാജാവ് കേവലം ഒരു പിശാചിന്റെ മട്ടായിത്തീര്‍ന്നു. ഒരുദിവസം തന്റെ അനുചരന്മാരില് ഏറ്റവും വിശ്വസ്തനായ പ്രമഥനെ വിളിച്ചു ശാന്തസേനന് അന്നുരാത്രി വിഷംകൊടുക്കുവാന് രഹസ്യമായി നിയോഗിച്ചു. ഹൃദയമുള്ള ഒരു മനുഷ്യനായിരുന്നു, പ്രമഥന്. രാജാവിന്റെ ദുശ്ശങ്കയ്ക്കു വലിയ വാസ്തവമൊന്നുമില്ലെന്നറിഞ്ഞ അയാള്‍ ഈ വിവരം ഗൂഢമായി ശാന്തസേനനെ മനസ്സിലാക്കി. അവര്‍ രണ്ടുപേരും അന്നു രാത്രിതന്നെ മറ്റാരുമറിയാതെ കൊട്ടാരത്തില്നിന്നിറങ്ങി കഴിയുന്നത്ര വേഗത്തില്‍ ജയപുരിവിട്ടു. പ്രഥമന്‍ തന്റെ ആയുഷ്കാലം മുഴുവനും ശാന്തസേനന്റെ വിശ്വസ്തമിത്രമായി രത്നഗിരിയില്‍ കഴിച്ചുകൂട്ടി.
വിശ്വേശ്വരന്, തന്റെ ഹിതത്തിനു വിപരീതമായി ശാന്തസേനന് രക്ഷനേടിയതറിഞ്ഞ് പൂര്‍വാധികം കുപിതനായി. ആ നിഷ്ഠൂരന്‍ ഒരു കൊടുങ്കാറ്റുപോലെ അവരോധത്തിലേയ്ക്കു പാഞ്ഞു. മന്ദാകിനി ഓമനമകനെ അങ്കതലത്തിലണച്ചു മണിമഞ്ചത്തില്‍ വിശ്രമിക്കയായിരുന്നു. രാജാവ് ഒരു ഭൂതാവിഷ്ടനെപ്പോലെ പ്രിയതമയോടടുത്ത് കുമാരനെ കയ്യില്‍ വാങ്ങി; അടുത്തുനിന്ന കിങ്കരന്മാരോട് ``ഉം! ക്ഷണത്തില്‍ ഇവളെ കാരാഗ്രഹത്തില്‍!'' എന്നു കല്പനയും കൊടുത്തു.
നാലഞ്ചുജന്മനാളിലധികം ഘോഷിക്കുന്നതിനിടയായിട്ടില്ലാത്ത പ്രേമചന്ദ്രന് അവന്റെ അമ്മയെ അസാധാരണമാംവിധം സ്നേഹിച്ചിരുന്നു. തന്റെ കണ്ണില്‍കണ്ട സംഭവം എന്തെന്ന് സൂക്ഷ്മമായി ഗ്രഹിച്ചില്ലെങ്കിലും അമ്മ പിതാവിന്റെ ദണ്ഡനത്തിനു പാത്രമായി ഏതോ ആപത്തില്‍ കുടുങ്ങിയെന്ന് ആ പിഞ്ചുപൈതലിന്റെ ബാലിശഹൃദയത്തില് ബോധപ്പെട്ടു. അവന്റെ ദേഹം തളര്‍ന്നു, മുഖം വിവര്‍ണ്ണമായി; ആഹാരത്തിലും നിദ്രയിലും അഭിരുചി വിട്ടു; ഈ അവസ്ഥ രാജകുമാരന്റെ മരണകാരണമായിത്തീര്ന്നേക്കുമോ എന്നുകൂടി കൊട്ടാരത്തിലുള്ളവരെല്ലാം അമ്പരന്നു `ഗിരിജാകൂടം' എന്ന പേരായ പര്വതരാജ്യം ജയപുരിയില്നിന്നും അനേകംനാഴിക ദൂരത്തിലായി സ്ഥിതിചെയ്തിരുന്നു. അക്രമകൃത്യങ്ങളേയും വിശ്വാസവഞ്ചനകളേയും കുറിച്ചുള്ള ആശങ്കകള്‍ക്ക്, അവയുടെ യാഥാര്‍ത്ഥ്യങ്ങള്‍ ആശ്ചര്യജനകമാംവണ്ണം പ്രത്യക്ഷപ്പെടുത്തി കൃതകൃത്യതയരുളുന്ന ഒരു സുപ്രസിദ്ധമായ കാളീക്ഷേത്രം അനേകായിരം ജനങ്ങളെ ആ രാജ്യത്തേക്കാകര്ഷിച്ചുകൊണ്ട് സവിശേഷമാഹാത്മ്യത്തോടുകൂടി സമുല്ലസിച്ചു.
ക്ഷേത്രമാഹാത്മ്യത്തേയും കാളീപ്രഭാവത്തേയുംകുറിച്ചു കേട്ടിരുന്ന വിശ്വേശ്വരന്, രാജ്ഞിയുടെ അപരാധവാസ്തവം അറിയുവാനായി തന്റെ വിശ്വസ്തസചിവന്മാരില് രണ്ടുപേരെ ഗിരിജാകൂടത്തിലേയ്ക്കയ്ക്കാന് തീര്‍ച്ചപ്പെടുത്തി.
കുറച്ചു നാളുകള്‍ക്കുള്ളില്‍ കാരാഗൃഹത്തില്‍വെച്ച് രാജ്ഞി ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. തന്റെ ഓമനപ്പൈതലിന്റെ മനോഹരമായ പിഞ്ചുമുഖം ആ സാധ്വിയുടെ കരയുന്ന ഹൃദയത്തില്‍ അമൃതബിന്ദുക്കള്‍ പെയ്തു. രാജ്ഞി സ്വസന്താനത്തെ വാത്സല്യപൂര്‍വം ചുംബിച്ചുകൊണ്ട് ``ഓമനേ, നിനക്കും ഇങ്ങനെ കാരാഗ്രഹത്തില്‍ കിടക്കാന്‍ ഇടവന്നല്ലോ. എന്തുചെയ്യാം! നിന്നെപ്പോലെ തന്നെ നിന്റെ അമ്മയും നിരപരാധിയാണ്'' എന്ന് കൂടെക്കൂടെപ്പറയും.
മന്ദാകിനിക്ക് `ചന്ദ്രിക' എന്നൊരു സഖിയുണ്ടായിരുന്നു. അവള് രാജ്ഞിയെ ഉള്ളഴിഞ്ഞ് സ്നേഹിച്ചിരുന്നതുകൊണ്ട് കാരാഗ്രഹത്തില്ചെന്നു സ്വാമിനിയുടെ കുശലങ്ങള്‍ അന്വേഷിക്കുക പതിവായിരുന്നു. രാജകുമാരിയുടെ ജനനദിവസം കാരാഗൃഹത്തില്‍നിന്നും തിരിച്ചുവരുംവഴി കൊട്ടാരത്തിലെ മറ്റൊരു പരിചാരികയായ താരയെ അവള് കണ്ട്, ഇങ്ങനെ പറഞ്ഞു: ``പ്രിയപ്പെട്ട താരേ! തമ്പുരാട്ടി എന്നെ വിശ്വസിച്ച് കുഞ്ഞിനെ എന്റെ കയ്യില്‍ തന്നയയ്ക്കുമെങ്കില് ഞാന്‍ അതിനെ തിരുമുന്പില് കൊണ്ടു ചെല്ലാം. അതുകൊണ്ടു പ്രയോജനംവല്ലതുമുണ്ടോ എന്തോ! ഒരുപക്ഷേ, ഓമനക്കുഞ്ഞിനെ കാണുമ്പോള്‍ അദ്ദേഹത്തിന്റെകോപം അല്പം ശമിച്ചുവെന്നുവരരുതോ? ചന്ദ്രികേ,'' താര പറഞ്ഞു: ``ഞാനിക്കാര്യം രാജ്ഞിയോടുണര്ത്തിക്കാം. ഇന്ന് തമ്പുരാട്ടി എന്നോടു ചോദിക്കയുണ്ടായി സ്വസന്താനത്തെ മഹാരാജാവു തൃക്കണ്പാര്ക്കത്തക്കവണ്ണം അവിടെക്കൊണ്ടുചെല്ലുന്നതിന് വിശ്വസ്തരായ ആരേയെങ്കിലും കിട്ടുമോ, എന്ന്.'' ``ശരി; ഞാനതിനു സന്നദ്ധയാണ്. പോരെങ്കില്‍ എന്റെ സ്വാമിനിയുടെ പക്ഷം പിടിച്ച് ശക്തിയായി ഞാന്‍ വാദിക്കുകയും ചെയ്യാം.
നീ ഈ വിവരംചെന്നു പറയുക.'' ചന്ദ്രികയുടെ ഈ സന്മനസ്സിന് കൃതജ്ഞതാമധുരമായ ഒരു പുഞ്ചിരിതൂകിക്കൊണ്ട്, ``അങ്ങനെതന്നെ, ചന്ദ്രികേ, തമ്പുരാട്ടിയോടു നിങ്ങള്‍ക്കു തോന്നുന്ന സഹതാപത്തിനു ദൈവം നിങ്ങളെ അനുഗ്രഹിക്കും'' എന്നു പറഞ്ഞു, താര ഉടന്‍തന്നെ രാജ്ഞിയുടെ സമക്ഷത്തിലെത്തി വിവരം അറിയിച്ചു അതിരറ്റ സന്തോഷത്തോടെ മന്ദാകിനി അന്നുതന്നെ കുഞ്ഞിനെ ചന്ദ്രികയെ ഏല്പിക്കയും ചന്ദ്രിക വസ്തുതയെല്ലാം മഹാരാജാവിന്റെ ഒരു മുഖ്യചാരനും സ്വകാന്തനുമായ രുദ്രനെ അറിയിക്കയും ചെയ്തു. രാജപക്ഷീയനായ ആ മനുഷ്യന് അതു തീരെ സമ്മതമായിരുന്നില്ല. രാജസ്ഥാനത്തുനിന്നും ഉണ്ടാകാന്‍ ഇടയുള്ള കോപത്തെഭയന്ന് അയാള്‍ തന്റെ പത്നിയെ ആ ഉദ്യമത്തില്‍ നിന്ന് വിരമിപ്പിക്കുവാന്‍ നോക്കി. എങ്കിലും അതൊന്നും വകവയ്ക്കാതെ ചന്ദ്രിക രാജന്യസന്തതിയെ തിരുമുമ്പില്‍ സമര്‍പ്പിച്ചു. വിശ്വേശ്വരന്റെ ഹൃദയം അലിഞ്ഞുപോകത്തക്കവണ്ണമുള്ള ആകര്‍ഷകത്വം ശിശുമുഖത്തില് കളിയാടിയിരുന്നു. കോപകഷായിതമായ ഉഗ്രനയനങ്ങളില് തീപ്പൊരിചിന്തുംവിധം രാജ്ഞിയുടെ ഉപഹാരത്തില്‍ ആ നിര്‍ദ്ദയന്‍ കണ്ണോടിച്ചു. രാജാവിന്റെ നിര്‍ദ്ദയമായ പെരുമാറ്റത്തില്‍ ഈശ്വരനെ പഴിച്ചും മഹാരാജ്ഞിയുടെ പരിശുദ്ധിയില്‍ സാക്ഷ്യംവഹിച്ചും ചന്ദ്രിക ദയനീയമാംവിധം ഒരു പ്രസംഗം ചെയ്തു. പക്ഷേ, അതുകൊണ്ടൊന്നും ആ ശിലാഹൃദയത്തിനു യാതൊരു ചാലനവും സംഭവിച്ചില്ല. നേരേമറിച്ച് രാജാവിനെ അതു കൂടുതല്‍ നീരസപ്പെടുത്തുവാന് മാത്രമേ പര്യാപ്തമായുള്ളു. തല്‍ക്ഷണം അവളെ തന്റെ മുന്‍പില്‍നിന്നും പിടിച്ചു പുറത്തയപ്പാന് വിശ്വേശ്വരന് രുദ്രനു കല്പനകൊടുത്തു.
ചന്ദ്രിക കുഞ്ഞിനെ അവിടെ കിടത്തിയുംവച്ച് സ്വഗൃഹത്തിലേയ്ക്കു പിന്‍വാങ്ങി. രാജാവിന്റെ കോപം അല്പം ശമിച്ചു ഏകാന്തതയില്‍ ശാന്തമായിരുന്നാലോചിക്കുമ്പോള് അദ്ദേഹത്തിന്റെ അന്തഃകരണം ഈ സംഗതിയില്‍ പ്രചോദനം ചെയ്യുമെന്നായിരുന്നു ആ ദയാവതിയുടെ വിശ്വാസം.
എന്നാല്‍ അവള്‍ക്കു തെറ്റിപ്പോയി. ചന്ദ്രിക പോയ ഉടന്‍തന്നെ കുഞ്ഞിനെ എടുത്തു ഒരു കപ്പലില്‍ കയറ്റി വല്ല വിജനദ്വീപിലും വിട്ടിട്ടുപോരുവാന് രാജാവു രുദ്രനെ നിയോഗിച്ചു.
പ്രമഥനെപ്പോലെയായിരുന്നില്ല, രുദ്രന്. അയാള്‍ രാജശാസനയെ യഥാവിധി ശിരസാവഹിക്കതന്നെ ചെയ്തു. അയാള്‍ അന്നുതന്നെ കുഞ്ഞിനേയുംകൊണ്ട് ഒരു കപ്പലില്‍ യാത്രപുറപ്പെട്ടു. ആദ്യം ദൃഷ്ടിപഥത്തില്‍ എത്തുന്ന ഏതെങ്കിലും ഒരു ദ്വീപില്‍ അതിനെ വിട്ടിട്ടുപോരണമെന്നായിരുന്നു ആ വജ്രഹൃദയന്റെ നിശ്ചയം.
ഗിരിജാകൂടത്തിനു പോയിട്ടുള്ള സചിവന്മാര്‍ മടങ്ങിയെത്തുന്നതുവരെ അടങ്ങിയിരിക്കുവാനുള്ള ക്ഷമയെ അദ്ദേഹത്തിന്റെ സാഹസബുദ്ധി കരണ്ടെടുത്തു. പ്രസവസാദം നിശ്ശേഷം വിട്ടുമാറുന്നതിനു മുന്‍പുതന്നെ പുത്രീവിയോഗത്താല് ദഗ്ദ്ധചേതനയായിത്തീര്ന്ന ആ സാധ്വീലലാമത്തെ തന്റെ സചിവമണ്ഡലത്തിന്റെ സാന്നിദ്ധ്യത്തില്‍ വിസ്തരിക്കുവാനാണ് വിശ്വേശ്വരന് പിന്നീടു മുതിര്‍ന്നത്. രാജകീയവിജ്ഞാപനാനുസാരം മന്ത്രിപുംഗവന്മാര്,
ഭരണാധികാരികള്‍, പൗരപ്രമാണികള്‍ തുടങ്ങി ഒരു വമ്പിച്ച ജനസമൂഹം ഒരു ദിവസം രാജധാനിയിലെ വിസ്താരശാലയില് ആഗതരായി. ശാലയുടെ ഒരുവശത്തൊരുക്കിയിരുന്ന മണിമണ്ഡപത്തില്‍ രാജാവു പ്രവേശിച്ച്, മന്ദാകിനിയെകൊണ്ടുവരുവാന് കിങ്കരന്മാരോടു ആജ്ഞാപിച്ചു. കരഞ്ഞു കരഞ്ഞു വീര്‍ത്തുന്തിയ കണ്പോളകളോടും വിളറിയ കപോലങ്ങളോടുംകൂടി കേവലം അസ്ഥിമാത്രമായിത്തീര്ന്നിരുന്ന രാജ്ഞിയെ കിങ്കരന്മാര് വിലങ്ങുവച്ചു രാജസന്നിധിയില്‍ കൊണ്ടുവന്നു. എന്നാല്‍ പെട്ടെന്നു ഗിരിജാകൂടത്തിലേയ്ക്കയച്ചിരുന്ന രണ്ടു സചിവന്മാരും അവിടെ പ്രത്യക്ഷപ്പെട്ടു. രാജാവിന്റെ മുന്പില് താണു കുമ്പിട്ടശേഷം ഒരെഴുത്ത് അവര്‍ തിരുമുല്ക്കാഴ്ചവച്ചു. അതെടുത്തു തുറന്നു സദസ്സിനെ വായിച്ചുകേള്പ്പിക്കുവാനായി ഉല്ക്കണ്ഠാപാരവശ്യത്തോടെ അദ്ദേഹം നര്മ്മസചിവനോടരുളി ച്ചെയ്തു. അദ്ദേഹം പത്രമെടുത്തു നിവര്‍ത്തി ഇപ്രകാരം വായിച്ചു:-
``മന്ദാകിനി നിരപരാധി-ശാന്തസേനന് നിഷ്കളങ്കന്-പ്രമഥന് വിശ്വസ്തസേവകന്‍-വിശ്വേശ്വരന് അസൂയാലു, സ്വേച്ഛാധികാരപ്രമത്തന്, ക്രൂരന്!--പോയതിനെ വീണ്ടെടുക്കണം...
അല്ലെങ്കില്‍ സന്തതിയറ്റു വംശം നശിക്കും... ഇത് സത്യം... സത്യം!''
എന്നാല്‍ രാജാവിനിതിലൊന്നിലും തെല്ലും വിശ്വാസം തോന്നിയില്ല. ആ നിരര്ത്ഥപദങ്ങള്ക്കൊന്നും അദ്ദേഹം യാതൊരു വിലയും കല്പിച്ചില്ല. രാജ്ഞിയുടെ വല്ലസ്നേഹിതന്മാരുടേയും ഒരു ഗൂഢോപായമായിരിക്കണമതെന്നു പറഞ്ഞിട്ട് വിസ്താരം തുടരുവാന്‍ അദ്ദേഹം ന്യായാധിപനോടാജ്ഞാപിച്ചു. എന്നാല്‍ വീണ്ടും അതാ അവിടെ സസംഭ്രമം പാഞ്ഞെത്തുന്നു മറ്റൊരു കിങ്കരന്. വിലങ്ങുവച്ച്, മാതാവിനെ പൊതുജനസമക്ഷത്തില്‍ വിസ്തരിക്കുവാന്‍ കൊണ്ടുപോയി എന്നുകേട്ട്, ലജ്ജയാലും സങ്കടാതിരേകത്താലും പെട്ടെന്നുണ്ടായ ഹൃദയക്ഷോഭംനിമിത്തം പ്രേമചന്ദ്രകുമാരന് മൃതിയടഞ്ഞുപോയ വൃത്താന്തം, അവന് തിരുമനസ്സറിയിച്ചു. ഇതുകേട്ട് ഇടിവെട്ടേറ്റതുപോലെ രാജ്ഞി തല്‍ക്ഷണം മോഹിച്ചു നിലത്തുവീണു.
അവിചാരിതമായ ഈ ആപല്സംഭവം രാജാവിനെ വല്ലാതമ്പരപ്പിച്ചു. ഏതായാലും രാജ്ഞിയെ ഉടന്‍ തന്നെ അകത്തുകൊണ്ടുപോയി ശുശ്രൂഷിക്കുവാന്‍ അദ്ദേഹം പരിചാരികമാരെ ഏര്‍പ്പെടുത്തി. എന്നാല്‍ അല്പനേരത്തിനുള്ളില് ചന്ദ്രിക രാജസദസ്സില്വന്ന് മന്ദാകിനി മരിച്ചുപോയെന്നു പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു.
വിശ്വേശ്വരന് ഒന്നു നടുങ്ങി. അടക്കാനാകാത്ത പരമസങ്കടത്താലും, താന്‍ ചെയ്ത ക്രൂരപ്രവൃത്തിയെ ഓര്‍ത്തുള്ള പശ്ചാത്താപത്താലും, അദ്ദേഹത്തിന്റെ ഹൃദയം മഞ്ഞുകട്ടപോലെ തണുത്തുപോയി. അവളുടെ ഘാതകന് താനാണെന്നുള്ള ചിന്ത അദ്ദേഹത്തിന്റെ ഹൃദയത്തില്‍ ഒരഗ്നിപര്‍വതം
പൊട്ടിത്തെറിപ്പിച്ചു. ഗിരിജാകൂടത്തിലെ കാളീക്ഷേത്രത്തില്നിന്നു കൊണ്ടുവന്ന ആ ``ദിവ്യപ്രസ്താവന'' അക്ഷരംപ്രതി പരമാര്‍ത്ഥമാണെന്നു വിശ്വേശ്വരനു ബോധപ്പെട്ടു. അദ്ദേഹത്തിന്റെ സകല ആശകളും ആഹ്ലാദങ്ങളും അസ്തമിച്ചു. ആ രാജസൗധം മൗനത്തിന്റേയും ആത്മക്ഷതങ്ങളുടേയും വിഹാരരംഗമായി മാറി. അനുശയത്തിന്റെ നനഞ്ഞ യവനികയാല്‍ ആ രാജകീയാന്തരീക്ഷം ആച്ഛാദിതമായി. ജീവിതത്തോടുതന്നെ വിശ്വേശ്വരന് അസഹനീയമായ ഒരു വെറുപ്പുതോന്നി.
രുദ്രന് കുഞ്ഞിനേയുംകൊണ്ട് യാത്രതിരിച്ച കപ്പല്‍ ഒരു ഭയങ്കരമായ കൊടുങ്കാറ്റിലകപ്പെട്ട്, പല ദിക്കുകളിലും ചുറ്റിത്തിരിഞ്ഞ്, ഒടുവില്‍ ശാന്തസേനമഹാരാജാവിന്റെ രാജ്യമായ രത്നഗിരിയിലെ സമുദ്രതീരത്തു വന്നടുത്തു. അയാള്‍ അവിടെയിറങ്ങി കുഞ്ഞിനെ ഒരു പാറപ്പുറത്തു കിടത്തിയുംവച്ച് തല്‍ക്ഷണംതന്നെ കപ്പലിലേയ്ക്കു മടങ്ങി. എന്നാല്‍ താന്‍ചെയ്ത ക്രൂരപ്രവൃത്തിയെക്കുറിച്ചു വിശ്വേശ്വരനെ പറഞ്ഞുകേള്പ്പിക്കുവാനോ, സ്വദേശത്തെ പിന്നൊരുനോക്കു കാണുവാനോ, ആ മഹാപാപിക്കു സംഗതിയായില്ല. മടങ്ങിപ്പോരുന്നവഴി, കാട്ടില്‍ നിന്നും എതിരെ പാഞ്ഞെത്തിയ ഒരു മുതുക്കന്കരടി അയാളെ കടിച്ചുകീറിക്കൊന്നുകളഞ്ഞു. അങ്ങിനെ തന്റെ ദുഷ്ടകര്മ്മത്തിന്റെ ഫലം ഉടനടിതന്നെ അവനു ലഭിച്ചു. ഈ സംഭവമെല്ലാം കണ്ടുകൊണ്ട് ഒരാട്ടിടയന് കുറച്ചകലെയുള്ള ഒരു മരക്കൊമ്പിലിരിക്കുന്നുണ്ടായിരുന്നു.
മന്ദാകിനി കുഞ്ഞിനെ അനേകം രത്നാഭരണങ്ങള്‍ അണിയിച്ചാണ് രാജസന്നിധിയിലേയ്ക്കു കൊടുത്തയച്ചത്. രുദ്രന് അതൊന്നും അഴിച്ചെടുക്കുകയുണ്ടായില്ല. ``ഇന്ദിര-ജയപുരിരാജാവായ വിശ്വേശ്വന്റെ പുത്രി'' എന്നിങ്ങനെ പട്ടുനൂല്‍കൊണ്ടു തുന്നിപ്പിടിപ്പിച്ചിരുന്ന അഴകേറിയ ഒരു കുപ്പായം ആ കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നു.
വൃക്ഷശാഖയിലിരുന്ന ആട്ടിടയന് ഉടന്‍തന്നെ താഴെയിറങ്ങി കുഞ്ഞിന്റെ സമീപത്തേയ്ക്കു ചെന്നു. ദയാലുവായ ആ മനുഷ്യന് നിസ്സഹായയായ ആ ശിശുവിനെ സ്വഗൃഹത്തില്‍ കൊണ്ടുപോയി തന്റെ പ്രിയതമയ്ക്കു സമ്മാനിച്ചു. അവര്‍ അവളെ സ്വന്തംപുത്രിയെപ്പോലെ ഓമനിച്ചു വളര്‍ത്തി. അവളുടെ മെയ്യിലുണ്ടായിരുന്ന രത്നാഭരണങ്ങളൊന്നുംതന്നെ അവര്‍ വെളിയില്‍ കാണിച്ചില്ല. വല്ലവരും അതെങ്ങാനും കേട്ടറിഞ്ഞു തങ്ങളെ ഉപദ്രവിച്ചേക്കുമോ എന്ന ഭയത്താല്‍ ആ ആട്ടിടയന് പ്രിയപത്നിയേയും ഇന്ദിരയേയുംകൊണ്ട് അവിടെനിന്നും ഏറെനാഴികയകലെ കിടക്കുന്ന ഒരു വനപ്രദേശത്തേയ്ക്കു പോയി. കൈവശമുള്ള ആഭരണങ്ങളില്‍ ഒരുഭാഗം വിറ്റ് ഏതാനും കന്നുകാലികളേയും ആട്ടിന്‍പറ്റങ്ങളേയും വാങ്ങി സാമാന്യം ധനികനായ ഒരു കൃഷീവലന് എന്ന നിലയില്‍ അയാള്‍ ജീവിച്ചു. പ്രാണാധികസ്നേഹത്തോടെയാണ് അയാള്‍ ഇന്ദിരയെ വളര്ത്തിക്കൊണ്ടുപോന്നത്. ഒരു കൃഷീവലകന്യകയെന്നുള്ളതില് കൂടുതലായി തന്നെക്കുറിച്ചു യാതൊരറിവും ഇന്ദിരയ്ക്കില്ലായിരുന്നു.
വര്‍ഷങ്ങള്‍ ചിറകടിച്ചു പറന്നുപോയി. ഇന്ദിര നവയൗവ്വനത്താല്, മൊട്ടിട്ടുനില്ക്കുന്നമാലതീലതപോലെ മോഹനാകാരയായി സമുല്ലസിച്ചു. പറയത്തക്ക വിദ്യാഭ്യാസമൊന്നും ലഭിക്കാനിടയായില്ലെങ്കിലും അവളുടെ സ്വഭാവം ശിശിരകാലത്തെ പ്രഭാതംപോലെ വിശുദ്ധവും ശാന്തസുന്ദരവുമായിരുന്നു. മാതാവിന്റെ ആ ദുര്ല്ലഭമനോനൈര്മ്മല്യം അവളിലും സംക്രമിച്ചു. രൂപംകൊണ്ടും ശീലംകൊണ്ടും ഒരുപോലെ അനുഗ്രഹീതയായ അവളെക്കണ്ടാല്‍ ഒരു രാജകുമാരിയല്ല അവളെന്ന് ആരും പറയുകയില്ല.
ശാന്തസേനന് മദനന് എന്ന ഒരു പുത്രന് മാത്രമേ ഉണ്ടായിരുന്നുള്ളു. രാജകുമാരന് ഒരു ദിവസം നായാട്ടുകഴിഞ്ഞു മടങ്ങുമ്പോള്‍, ആ കുന്നിന്‍ചരിവുകളിലൂടെ പതറിപ്പായുന്ന അരുവിയുടെ തീരത്ത്, ഒരു മണ്കുടത്തില് വെള്ളവും മുക്കിയെടുത്തുകൊണ്ടു വിലോലാലസയായി നടന്നു വരുന്ന ഇന്ദിരയെ കണ്ടുമുട്ടി. അവളുടെ അത്ഭുതസൗന്ദര്യം കുമാരന്റെ ഹൃദയാന്തരാളത്തില്‍ ചില വിദ്യുല്ലാഞ്ഛനങ്ങള് വീശി. അവള് ഏതെന്നും എവിടെ വസിക്കുന്നുവെന്നും മറ്റും ആരാഞ്ഞറിഞ്ഞതിന്റെശേഷം അവളുടെ ഗൃഹത്തിനുസമീപം ഒരിടത്ത് അദ്ദേഹവും താമസമാക്കി. ആരോഗ്യരക്ഷാര്ത്ഥം കുറച്ചുനാള്‍ ഒരു മലനാട്ടില്‍ സ്വസ്ഥമായിത്താമസിക്കണമെന്നു കരുതിയെത്തിയട്ടുള്ള ഒരു ധനവാനായ യുവാവാണെന്നല്ലാതെ മദനകുമാരനെക്കുറിച്ചു യാതൊന്നും ആരും അറിഞ്ഞിരുന്നില്ല. വിപിനന് എന്ന പേരിലാണ് അദ്ദേഹത്തെ അവിയെടുള്ളവര് അറിഞ്ഞിരുന്നത്. മദനന് കൂടക്കൂടെ ഇന്ദിരയുടെ ഗൃഹത്തില്‍ പോവുക സാധാരണമായി. അധികനാള്‍ കഴിയുന്നതിനുമുന്പ് അവരിരുവരും അന്യോന്യാനുരാഗത്താല് ബന്ധിതരായിത്തീര്ന്നു.
മദനന് വിനോദസഞ്ചാരത്തിനായി തിരിച്ചിട്ട് ഏറെനാളായി. ഇനിയും വരുന്നമട്ടു കാണുന്നില്ല; പോരെങ്കില്‍ കൊട്ടാരത്തില്‍ കുമാരനെക്കുറിച്ച് ഒരുമാതിരി സംസാരങ്ങളും ഉത്ഭവിച്ചുതുടങ്ങിയിരിക്കുന്നു. ഏതായാലും ഒന്നന്വേഷിച്ചിട്ടുവരികതന്നെ എന്നു നിശ്ചയിച്ച് ശാന്തസേനന് തന്റെ വിശ്വസ്തസേവകനും ആത്മരക്ഷകനുമായ പ്രമഥനേയും കൂട്ടിക്കൊണ്ട് മദനന് ആവസിക്കുന്ന മലനാട്ടിലേയ്ക്കു തിരിച്ചു.
കൊയ്ത്തുകാലംകഴിഞ്ഞുള്ള `വിളവെടുപ്പുത്സവം' കൊണ്ടാടുന്ന ഒരു ഘട്ടമായിരുന്നു, അത്. വേഷപ്രച്ഛന്നരായി ശാന്തസേനനും പ്രമഥനും ഒരുദിവസം ഉച്ചതിരിഞ്ഞു ഇന്ദിരയുടെ മന്ദിരത്തില്‍ വന്നുകയറി. അവര്‍ കേവലം അപരിചിതന്മാരായിരുന്നുവെങ്കിലും ഉത്സവകാലത്തവിടെ വന്നെത്തുന്ന എല്ലാവരെയും സല്ക്കരിക്കുന്നതവരുടെയിടയിലുള്ള ഒരാചാരമായിരുന്നതിനാല് ഗൃഹാധിപന് ആ അതിഥികളെ സാദരം സ്വാഗതം ചെയ്തു.
ഉത്സവം നടന്നിരുന്നത് ആ ഗൃഹത്തിന്റെ പുറകുവശത്ത്, അല്പം അകലെ നാലുവശവും ചെറുകുന്നുകളാല്‍ ചൂഴപ്പെട്ട, ഒരു മൈതാനത്തിലായിരുന്നു.
യഥോചിതം സല്‍ക്കരിച്ചശേഷം ഗൃഹനായകന് അതിഥികളെ ഉത്സവസ്ഥലത്തേക്കു കൊണ്ടുപോയി. വൃക്ഷച്ഛായകളാല് നിതാന്തശീതളമായുല്ലസിക്കുന്ന ആ പുല്ലണിമൈതാനം ആനന്ദത്തിന്റെ ഓളംതല്ലലാല് മുഖരിതസുന്ദരമായിരുന്നു. ഒരു പച്ചപ്പുല്ത്തടത്തില് സുകുമാരികളായ ഒരുസംഘം ഗ്രാമീണബാലികമാര് വട്ടമിട്ടുനിന്നു ചുവടുവച്ചു പാടിക്കളിക്കുന്നു. രസികശിരോമണികളായ കര്ഷകയുവാക്കന്മാര് ആ സംഗീതസായൂജ്യത്തില് മതിമറന്ന്, തലകുലുക്കിത്താളംപിടിക്കുന്നു. അവിടവിടെയായി ചില കച്ചവടങ്ങളും നടക്കുന്നുണ്ട്. തിരുവാതിരക്കളിയില്നിന്നും വിരമിച്ചു വിശ്രമം കൊള്ളുന്ന ചില ബാലികമാര്‍ക്ക് അവരുടെ കാമുകന്മാര് പലതരത്തിലുള്ള ഓരോ പദാര്‍ത്ഥങ്ങള്‍ സമീപത്തുള്ള കടകളില്‍നിന്നും വാങ്ങിക്കൊണ്ടുവന്നു സമ്മാനിക്കുന്നു.
പുതുതായി വന്ന രണ്ടതിഥികള്ക്കും അവര്‍ ഓരോ ആസനം നല്കി. അവര്‍ അതിന്മേല് ഉപവിഷ്ടരായശേഷം സോല്‍ക്കണ്ഠം നാലുപാടും ഒന്നു കണ്ണോടിച്ചു.
എന്നാല്‍ അവിടെയിങ്ങനെ പാട്ടും കളിയും, കൗതുക വില്പനകളും, സമ്മാനദാനങ്ങളും മറ്റും ഉല്ലാസപൂര്‍വം നടന്നുകൊണ്ടിരിക്കുമ്പോള്‍ മദനനും ഇന്ദിരയും മാത്രം അതിലൊന്നിലും പങ്കുകൊള്ളാതെ, അല്പമകലെ അടിമുടി പൂത്തുനിന്നിരുന്ന ഒരശോകത്തിന്റെ ചുവട്ടിലായി, മൃദുലമനോഹരമായ പച്ചപ്പുല്വിരിപ്പില്, ഓരോന്നു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രണയസുരഭിലമായ ഒരു നര്മ്മസംഭാഷണത്തിന്റെ നിവാരണതരംഗങ്ങളില് അലസമായി മയങ്ങിക്കിടന്നു സ്വപ്നംകാണുന്നതായിരുന്നു, അവരിരുവര്‍ക്കും മറ്റേതു മഹോത്സവത്തെക്കാളും മാനസോല്ലാസദമായിത്തോന്നിയത്.
രാജകുമാരനു തന്റെ പിതാവിനേയോ പ്രമഥനേയോ തിരിച്ചറിയുവാന്‍ കഴിഞ്ഞില്ല. അവര്‍ അത്ര സൂക്ഷ്മമായി വേഷം മാറിയിരുന്നു. രാജാവ് അവരുടെ സ്വകാര്യങ്ങള്‍, നല്ലതുപോലെ കേള്‍ക്കുന്നതിലേക്കായി കുറച്ചുകൂടി അവരോടു സമീപിച്ചു. ലജ്ജാസമന്വിതവും വിനീത മധുരവുമായ ഒരു താഴ്ന്നസ്വരത്തിലാണു ഇന്ദിര ഓരോന്നും സംസാരിച്ചുകൊണ്ടിരുന്നത്. രാജാവ് ഇതുകണ്ടു പ്രമഥന്റെ ചെവിയില്‍ മന്ത്രിച്ചു:-
``സാധാരണക്കാരില്‍ ഞാന്‍ കണ്ടിട്ടുള്ളതിലേയ്ക്കു ഏറ്റവും സൗന്ദര്യമുള്ള ഒരു പെണ്കിടാവാണവള്. ഇക്കാണുന്നതിനേക്കാള്‍ ഉയര്‍ന്നനിലയിലുള്ള ഒരു കുലീനതയുടെ കലര്‍പ്പ് ഇവളുടെ ഓരോ ചലനത്തിലും ഉണ്ട്.''
പ്രമഥന് പറഞ്ഞു:- ``കൃഷിക്കാരുടെ മക്കളില്‍ മഹാറാണിയും മഹാലക്ഷ്മിയുമാണിവളെന്നുള്ളതിനു സംശയമില്ല.''
``ആട്ടെ സ്നേഹിത'', രാജാവ് ഇന്ദിരയുടെ വളര്‍ത്തച്ഛനായ കര്‍ഷകനോടു ചോദ്യരൂപത്തില്‍ പറഞ്ഞു: ``നിങ്ങളുടെ മകളോടു സംസാരിച്ചുകൊണ്ടിരിക്കുന്ന ആ സുഭഗനായ ചെറുപ്പക്കാരന് ആരാണ്?''
``അയാളുടെ പേര് വിപിനന് എന്നാണെന്നെല്ലാവരും പറയുന്നു,'' അയാള്‍ മറുപടി പറഞ്ഞു: ``നാടു കുറച്ചകലെയാണ്. കുറച്ചുനാള്‍ ഒരു മലനാട്ടില്‍ താമസിക്കണമെന്നുകരുതി ഇവിടെ വന്നിട്ടുള്ളതാണെന്നു തോന്നുന്നു. കുറച്ചുകാലമായി, അയാളീപ്രദേശത്തുവന്നിട്ടു. എന്റെ വീട്ടില്‍ കൂടക്കൂടെ വരാറുണ്ട്. വാസ്തവം പറയുകയാണെങ്കില്‍ എന്റെ മകളും അയാളും തമ്മില്‍ വലിയ സ്നേഹമാണ്. ഏതായാലും അയാളെ വിവാഹംചെയ്യുന്ന പക്ഷം കുറെയേറെ സ്വത്ത് അയാള്‍ക്ക് കിട്ടും.'' താന്‍ സൂക്ഷിച്ചുവച്ചിട്ടുള്ള രത്നാഭരണങ്ങളെ ഉദ്ദേശിച്ചാണ് അയാള്‍ ഇങ്ങനെ പറഞ്ഞത്.
ശാന്തസേനന് പതുക്കെ തന്റെ പുത്രനോടടുത്തു. ``ഒരു ചെറുപ്പക്കാരനായിരുന്നിട്ടും ഈ ഉത്സവങ്ങളിലൊന്നും പങ്കുകൊള്ളാതെ നിങ്ങള്‍മാത്രം എന്താണിങ്ങനെ ഒഴിഞ്ഞുമാറിയിരിക്കുന്നത്. നിങ്ങള്‍ മറ്റെന്തൊക്കെയോ ചിന്തിച്ചുകൊണ്ടിരിക്കുന്നപോലെ തോന്നുന്നുവല്ലോ. എന്റെ ചെറുപ്പകാലത്ത് ഞാന്‍ ഇങ്ങിനെയൊന്നുമായിരുന്നില്ല. ഇങ്ങിനെയുള്ള ഉത്സവകാലത്ത് എന്തെല്ലാം സമ്മാനങ്ങളാണ് ഞാനെന്റെ പ്രേമഭാജനത്തിന് വാങ്ങിക്കൊടുക്കാറുള്ളതെന്നോ! നിങ്ങളുടെ ആ സുന്ദരിയായ കാമുകിക്ക് കുറച്ചു നല്ല പൂക്കളെങ്കിലും വാങ്ങിക്കൊടുക്കരുതോ?''
സ്വന്തം പിതാവാണിങ്ങനെ ചോദിക്കുന്നത് എന്നുള്ള സംശയമേകൂടാതെ മദനകുമാരന്‍ മറുപടി പറഞ്ഞു:- ``അമ്മാവാ! അത്തരം നിസ്സാരവസ്തുക്കളൊന്നും അവള് വലിയ കാര്യമായിക്കരുതിയിട്ടില്ല. ഇന്ദിര എന്നില്‍നിന്നും പ്രതീക്ഷിക്കുന്ന സമ്മാനങ്ങളെല്ലാംതന്നെ ഞാനെന്റെ ഹൃദയത്തില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.'' അനന്തരം ഇന്ദിരയുടെ നേരേതിരിഞ്ഞ് ഒരു മധുരസ്വരത്തില്‍, ``ഇതാ കേള്‍ക്കൂ ഇന്ദിരേ! ഈ പ്രായംചെന്ന അമ്മാവന് ഒരിക്കല്‍ ഒരു കാമുകനായിരുന്നു. എന്റെ വാഗ്ദാനം അദ്ദേഹവുംകൂടി കേള്‍ക്കട്ടെ'' എന്നു പറഞ്ഞിട്ട്, ആ അപരിചിതനായ വൃദ്ധനെ സാക്ഷിനിര്‍ത്തി താന്‍ അവളെ വിവാഹം ചെയ്തിരിക്കുന്നതായി മദനന് വാഗ്ദാനം ചെയ്തു.
``അമ്മാവാ, ദയവു ചെയ്തു ഈ വാഗ്ദാനത്തിനമ്മാവന് സാക്ഷിനില്‍ക്കണം'' മദനന് അപേക്ഷിച്ചു.
``വിവാഹമോചനത്തിനു സാക്ഷിനില്ക്കാം, ഞാന്‍! - ആട്ടെ, സാറെ, എന്നാല്‍ ഉടന്‍ അതിനൊരുമ്പെട്ടുകള്ളണം!'' എന്നു പറഞ്ഞുകൊണ്ട് ശാന്തസേനന് അദ്ദേഹത്തിന്റെ പ്രച്ഛന്നവേഷം പരിത്യജിച്ചു. അനന്തരം അത്രമാത്രം താഴ്ന്നനിലയില്പെട്ട വെറുമൊരു കാലിമേയ്ക്കുന്ന കൃഷിക്കാരിപ്പെണ്ണുമായി വിവാഹ ഉടമ്പടിചെയ്യുവാനൊരുങ്ങിയ തന്റെ മകനെ ശാന്തസേനന് കഠിനമായി ശാസിക്കുകയും, രാജോചിതമല്ലാത്തവിധം ഇന്ദിരയെ സരോഷം അധിക്ഷേപിക്കുകയുംചെയ്തു. പോരെങ്കില്‍, തന്റെ മകന് ഇനി എപ്പോഴെങ്കിലും അവിടെ വരുവാന്‍ അവള് കാരണക്കാരിയായാല്‍ അവളേയും അവളുടെ പിതാവിനേയും നിര്‍ദ്ദയം നിഗ്രഹിക്കുന്നതാണെന്നദ്ദേഹം ഭീഷണിപ്പെടുത്തുകകൂടി ഉണ്ടായി.
രാജകുമാരനെ കൂട്ടിക്കൊണ്ടുപോരുവാന്‍ പ്രമഥനെ നിയോഗിച്ചശേഷം കോപാക്രാന്തനായ രാജാവ് തല്‍ക്ഷണം അവിടെനിന്നു പിന്‍വാങ്ങി.
രാജത്വത്തിന്റെ ചില ചെറുകന്ദളങ്ങള് അംങ്കുരിച്ചു തുടങ്ങിയിരുന്ന ഇന്ദിരയുടെ ഹൃദയം രാജാവിന്റെ കോപകലുഷിതങ്ങളായ ഭര്‍ത്സനങ്ങളെ ഓര്‍ത്ത് സ്തോഭപ്രകമ്പിതമായി.
``അദ്ദേഹം നമ്മെ എല്ലാവരേയും കൊല്ലാനൊരുമ്പെട്ടുവെന്നു വിചാരിക്കുക. എന്നാല്‍ത്തന്നെ എനിക്കശ്ശേഷം ഭയം തോന്നുമായിരുന്നില്ല. ഒന്നോ രണ്ടോ പ്രാവശ്യം ഞാന്‍ നാവെടുത്തതാണ്, ആകാശത്തു സ്വയം പ്രോജ്വലിച്ചുകൊണ്ടിരിക്കുന്ന ആ തേജോമണ്ഡലം അദ്ദേഹത്തിന്റെ മണിമേടയിലും നമ്മുടെ പൊട്ടക്കുടിലിലും ഒരുപോലെയാണു വെളിച്ചം വീശുന്നതെന്നു പറയുവാന്‍. ...പിന്നെ ഞാന്‍തന്നെ അങ്ങ് അടങ്ങിയെന്നേയുള്ളു'' പിന്നീടു മദനന്റെ നേരേതിരിഞ്ഞ് ശോകാകലിതമായ ഒരു താഴ്ന്നസ്വരത്തില്‍ അവള് അറിയിച്ചു. ``എന്നാലിതാ, ആ മധുരസ്വപ്നത്തില്നിന്നും ഞാനുണര്‍ന്നിരിക്കുന്നു. അതെന്നില്‍നിന്നു മറഞ്ഞുപോയി. ആ ദുര്ല്ലഭസ്വര്ഗ്ഗത്തിനായി ഞാന്‍ ഇനി ഒരിക്കലും ആശിക്കയില്ല. അല്ലയോ മഹാത്മനായ യുവാവേ! ദയവുചെയ്ത് എന്നെ ഇവിടെ വിട്ടിട്ടുപോകണം ഞാന്‍ വല്ല പശുവിനേയോ ആടിനേയോ കറന്ന് എങ്ങിനെയെങ്കിലും ഇവിടെ കഴിച്ചുകൂട്ടിക്കൊള്ളാം. എനിക്കതുമതി! ദയവുചെയ്ത് അവിടന്നു എന്നെ മറക്കണം - കൂടുതല്‍ എന്റെ ഹൃദയം ദ്രവിപ്പിക്കാതെ അങ്ങ് ഇവിടെനിന്നും പോകണം!''
ഇന്ദിരയുടെ വിനീതമായ അനുവര്ത്തനത്താലും വ്യസനമയമായ ഗല്ഗദോക്തികളാലും മനസ്സലിഞ്ഞ പ്രമഥന് ആ നിഷ്കളങ്കബാലികയുടെ പേരില്‍ വലിയ സഹതാപം തോന്നി. രാജകുമാരന് അവളോട് അതിര്കവിഞ്ഞ സ്നേഹമുണ്ടെന്ന് അയാള്‍ക്കു ബോധപ്പെട്ടു. കുമാരനെ തല്ക്കാലം അവിടെനിന്നു കൊണ്ടുപോകാതിരിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍, ആ അന്യോന്യപ്രേമികളെ കുണ്ഠിതപ്പെടുത്താതെ അക്കാര്യം സാധിക്കാനും, അവരുടെ കാമിതം സഫലമാക്കിത്തീര്ക്കുന്നതിനും എന്താണു വേണ്ടതെന്നാലോചിച്ചു പ്രമഥന് കുഴങ്ങി. ഒടുവില്‍ അയാള്‍ ഒരു കൗശലമെടുത്തു.
ജയപുരിയിലെ രാജാവായ വിശ്വേശ്വരന് ചിരകാലമായി തന്റെ അപരാധബോധത്താല്‍ ശിഥിലിതഹൃദന്തനായി ജീവിക്കുകയാണെന്നയാള്ക്കു നിശ്ചയമുണ്ട്. താന്‍ ഇപ്പോള്‍ രത്നഗിരിയില്‍ സസുഖം താമസിക്കുകയാണെങ്കിലും, പ്രഥമസ്വാമിയേയും പ്രിയപ്പെട്ട സ്വദേശത്തേയും ഒന്നു ചെന്നുകാണുവാന്‍ അയാള്ക്കുള്ളമോഹം കുറച്ചൊന്നുമായിരുന്നില്ല. ഇതെല്ലാം ഒരേ സമയത്തു സാധിക്കണമെന്നു പ്രമഥന് തീര്‍ച്ചപ്പെടുത്തി. ഇന്ദിരയും മദനനും തന്നോടൊരുമിച്ചു ജയപുരിയിലേക്കു വരണമെന്നും വിശ്വേശ്വരനെക്കണ്ടു താന്‍ അവരെ കൊട്ടാരത്തില്‍ താമസിപ്പിക്കാമെന്നും, അയാള്‍ ആ കമനീകമിതാക്കളെ ധരിപ്പിച്ചു.
ഈ തീരുമാനത്തിനവരിലാരുംതന്നെ പ്രതികൂലഭാവം പ്രദര്‍ശിപ്പിച്ചില്ല. തങ്ങളോടൊരുമിച്ച് ആ വൃദ്ധകര്‍ഷകനും പോന്നുകൊള്ളുന്നതിനു പ്രമഥന് സമ്മതം നല്കി. അയാള്‍ ഇന്ദിരയുടെ ശേഷിച്ച ആഭരണങ്ങള്‍ ആ കുട്ടിക്കുപ്പായത്തിനുള്ളില് പൊതിഞ്ഞെടുത്തുകൊണ്ടു യാത്രയായി. മദനന് അവളെ വിവാഹംചെയ്തു അവിടെത്താമസിക്കുവാനാണു ഭാവമെങ്കില്‍ ആ സമ്പത്തഖിലവും അവര്‍ക്കു കൊടുക്കണമെന്നു കരുതിയായിരുന്നു അയാള്‍ യാത്ര പുറപ്പെട്ടപ്പോള്‍ അതും കൈയിലെടുത്തത്.
യഥാകാലം അവര്‍ ജയപുരിയിലെ കൊട്ടാരത്തില്‍ എത്തിച്ചേര്‍ന്നു. പശ്ചാത്താപപരിപൂരിതമായ വിശ്വേശ്വരഹൃദയം പ്രമഥദര്ശനത്താല് പൂര്വസ്മരണകളുടെ ഓരോ മടക്കുകളെ ആത്മദൃഷ്ടിയുടെ മുന്നില്‍ വിടര്‍ത്തി വിരിക്കുവാന് തുടങ്ങി. ശോകാത്മകങ്ങളായ അവയുടെ സമ്പര്‍ക്കത്താല്‍ മൂര്ഛിച്ചുവീണ ചേതനയ്ക്കു മൃതസഞ്ജീവിനിയെന്നോണം അത്ഭുതോത്ഥാനനിദാനമായി പരിലസിച്ച പ്രമഥന്റെ ആ ചെറുപുഞ്ചിരി അദ്ദേഹത്തെ ഒരാത്മവിസ്മൃതിയില് മയക്കിയുറക്കി. വിശ്വേശ്വരന് പ്രമഥനേയും മദനകുമാരനേയും സസന്തോഷം സ്വാഗതം ചെയ്തു. എന്നാല്‍ ഇന്ദിരയുടെ മുഖം കണ്ട ഉടന്‍ അദ്ദേഹം അറിയാതൊന്നുനടുങ്ങിപ്പോയി. തന്റെ ദിവംഗതയായ സഹധര്മ്മണിയുടേയും ആ യുവതിയുടേയും മുഖങ്ങള്‍ക്കു തമ്മിലുള്ള അഭേദ്യവും അത്ഭുതാവഹവുമായ ഐകരൂപ്യം അദ്ദേഹത്തെ വീണ്ടും വ്യകുലനാക്കി. ഹൃദയത്തില്‍ കുറച്ചുനാളായി ഒരുവിധമെരിഞ്ഞൊതുങ്ങിയ ആ പ്രാണസങ്കടം ഞൊടിക്കുള്ളില്‍ അപ്രതിരോധ്യമായ ആവേഗത്തോടെ ഒന്നാളിക്കത്തി. മരിച്ചഭൂതത്തിന്റെ വികൃതപ്രേതം വീണ്ടും മുന്നില്‍ തലയുയര്ത്തുന്നതുകണ്ട് അമ്പരപ്പോടെ അദ്ദേഹം ചുറ്റുമൊന്നു പകച്ചുനോക്കി. വിശ്വേശ്വരന്റെ വിവശവിലോചനങ്ങള് ബാഷ്പസിക്തങ്ങളായി. ``ദൈവമേ! മഹാപാപിയായ ഞാന്‍ അന്നെന്റെ മകളെ നിര്‍ദ്ദയം നിഹനിച്ചില്ലായിരുന്നെങ്കില് അവളും ഇന്ന് ഈ ബാലികയെപ്പോലെ ഒരു സ്വപ്നസ്വരൂപിണിയായിത്തീരുമായിരുന്നല്ലോ! ഞാനെന്തുചെയ്യട്ടെ!'' എന്നു പറഞ്ഞ് ഒരു കൊച്ചുകുട്ടിയെപ്പോലെ അദ്ദേഹം ഏങ്ങലടിച്ചു കരഞ്ഞു. അനന്തരം മദനന്റെ നേരെ തിരിഞ്ഞ് അതിരറ്റവാത്സല്യത്തോടെ അദ്ദേഹം ഇപ്രകാരം അരുളിചെയ്തു:- ``പ്രിയകുമാരാ! ഹതവിധിമൂലം ഞാനും അങ്ങയുടെ പിതാവും തമ്മിലുള്ള സൗഹൃദം ശിഥിലമായിപ്പോയി. അതിന്റെ വേദന ഇന്നു തികച്ചും ഞാന്‍ അനുഭവിക്കുന്നുണ്ട്. എന്റെ ജീവനേക്കാള്‍ എനിക്കു വിലപ്പെട്ട ഒരുത്തമസുഹൃത്താണദ്ദേഹം. ഒന്നുകൂടി അദ്ദേഹത്തെ കാണുവാനുള്ള മോഹത്താല്‍ ഇതാ ഇപ്പോഴും എന്റെ ഹൃദയം കുതിച്ചു ചാടുന്നു.''
തന്റെ മരിച്ചുപോയ മകളെക്കുറിച്ചു രാജാവു പറഞ്ഞതുകേട്ട് ആ വൃദ്ധ കര്ഷകന് ഇന്ദിരയെക്കണ്ടെത്തിയ കാലവും രാജനന്ദിനി മരിച്ചുപോയതായിപ്പറയപ്പെടുന്ന കാലവും തമ്മില്‍, മനസ്സുകൊണ്ടൊന്നു താരതമ്യപ്പെടുത്തി നോക്കി. എല്ലാംകൊണ്ടും ആ രാജനന്ദിനി ഇന്ദിരതന്നെയായിരിക്കണമെന്നയാള് അവസാനം അനുമാനിച്ചു.
അവരെക്കൂടാതെ ചന്ദ്രികയും അവിടെ നില്ക്കുന്നുണ്ടായിരുന്നു. തനിക്കു പാറപ്പുറത്തുനിന്നൊരു പെണ്‍കുഞ്ഞിനെ കിട്ടിയതും അതിനെ അവിടിട്ടുംവെച്ചു പോയമനുഷ്യനെ ഒരു കരടി കടിച്ചുകീറുന്ന കാഴ്ച താന്‍ മരക്കൊമ്പിലിരുന്നു കണ്ടതുമെല്ലാം, ആ വൃദ്ധന്, രാജാവിനെ വിസ്തരിച്ചു പറഞ്ഞുകേള്‍പ്പിച്ചു. അനന്തരം ആ കുട്ടിക്കുപ്പായവും അതിനുള്ളില്‍ പൊതിഞ്ഞുവച്ചിരുന്ന രത്നാഭരണങ്ങളും അയാള്‍ വിശ്വേശ്വരനു കാണിച്ചുകൊടുത്തു. മന്ദാകിനി തന്റെകൈവശം അന്ന് കുഞ്ഞിനെ തന്നപ്പോള്‍ അതിനെ ധരിപ്പിച്ചിരുന്ന കുപ്പായമാണതെന്നു ചന്ദ്രികയ്ക്കോര്മ്മവന്നു അവള് അതു വാങ്ങിനോക്കി അതെ; അതുതന്നെ. പോരെങ്കില്‍ അതാ പട്ടുനൂല്‍കൊണ്ടു തുന്നിപ്പിടിപ്പിച്ചിട്ടുള്ള പേരും! ഇന്ദിര വിശ്വേശ്വരന്റെ പുത്രിതന്നെ. യാതൊരു സംശയവുമില്ല ചന്ദ്രികയുടെ ഹൃദയം, ഭര്ത്തൃവിയോഗവൃത്താന്തശ്രവണത്താല് പതിന്മടങ്ങു വര്ദ്ധിച്ചകഠിനവ്യഥയാലും, പുത്രശോകാര്ത്തനായിരിക്കുന്ന രാജാവിന്റെ ഏകസന്താനം ചിരകാലത്തെ അജ്ഞാതവാസാനന്തരം യാദൃശ്ചികമായാവിര്ഭവിച്ചതിലുള്ള ആനന്ദാധിക്യത്താലും, വിഭിന്നങ്ങളും സംഘടിതങ്ങളുമായ പരശതം അവ്യക്തവികാരങ്ങളുടെ കൂത്തുമറിച്ചിലിലകപ്പെട്ട് ക്ഷണനേരംകൊണ്ടു തളര്‍ന്നുപോയി. പുഞ്ചിരിയുടേയും കണ്ണുനീരിന്റേയും, ആനന്ദത്തിന്റേയും, ആധിയുടേയും ഒരുവക കലര്‍പ്പുള്ള അസ്വസ്ഥമനോഭാവം ആകസ്മികമായി അവളില്‍ അങ്കുരിച്ച്, അതിന്റെ അനുസ്യൂതപ്രതിഫലനങ്ങള് അവളുടെ കപോലനേത്രങ്ങളില് ഏതോചില നിഴല്‍പ്പാടുകള്‍ വീശിക്കൊണ്ടു ചലനചിത്രങ്ങളെന്നോണം കടന്നുമറഞ്ഞു.
ഇന്ദിര തന്റെ മകളാണെന്നു വെളിവായപ്പോള്‍, അവളെക്കാണുവാന്‍ മന്ദാകിനി ജീവിച്ചിരിപ്പില്ലല്ലൊ എന്നുള്ള ചിന്ത, ഒരു നൂതനവേദനയ്ക്ക് അദ്ദേഹത്തിന്റെ ഹൃദയത്തെ അധീനമാക്കി; ഏറെനേരത്തേയ്ക്ക് ഒരക്ഷരമെങ്കിലും ഉച്ചരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല.
ഒടുവില്‍ ദുസ്സഹമായ ഹൃദയവേദനയുടെ പ്രത്യക്ഷലക്ഷ്യമെന്നോണം, ഈ വാക്കുകള്‍ മാത്രം, ഒരു പതറിയ സ്വരത്തില്‍ അദ്ദേഹത്തിന്റെ കണ്ഠനാളത്തില്‍നിന്നും ബഹിര്‍ഗ്ഗമിച്ചു: ``ഹാ! മകളേ, നിന്റെ അമ്മ! നിന്റെ അമ്മ!!...''
എന്നാല്‍, ആനന്ദമയമായ-അഥവാ, ആതങ്കമയമായ- ആ രംഗത്തിന് ഒരംകുശമിട്ടുകൊണ്ട്, തന്റെ ഗൃഹത്തില്‍, വിശ്രുതശില്പിയായ വിലോലഹാസനാല് നിര്‍മ്മിക്കപ്പെട്ട മന്ദാകിനിയുടെ ഒരു വെണ്ണക്കല്‍ പ്രതിമയുണ്ടെന്നും, അതു കാണുന്നപക്ഷം മന്ദാകിനിതന്നെയാണെന്നു തോന്നിപ്പോകുമെന്നും, ഇഷ്ടമുണ്ടെങ്കില്‍ അദ്ദേഹത്തിനതു പോയിക്കാണാവുന്നതാണെന്നും, ചന്ദ്രിക ഇടയ്ക്കുകയറിത്തടഞ്ഞ് രാജാവിനെ അറിയിച്ചു. ഉടന്‍തന്നെ എല്ലാപേരും അങ്ങോട്ടു പുറപ്പെട്ടു. തന്റെ പ്രാണേശ്വരിയോടു സാമ്യം വഹിക്കുന്ന ആ കലാസൃഷ്ടിയൊന്നു കാണുവാനുള്ള ഉല്‍ക്കണ്ഠയാല്‍ വിശ്വേശ്വരന്റെ ഹൃദയം തീവ്രമായിത്തുടിച്ചു.
അതുപോലെ തന്നെ, ജീവനോടെ കാണുവാന്‍ തനിക്കു ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും ആ രൂപത്തിന്റെ ഒരു തത്ഭാവമെങ്കിലും നേരിട്ടുകാണാമല്ലോ, എന്നോര്‍ത്ത് ഇന്ദിരയുടെ മൃദുലഹൃദയം ആനന്ദത്തിന്റെ ചപലതരംഗങ്ങളില് മുങ്ങിമറിഞ്ഞു.
ചന്ദ്രിക അവരെ വിശാലമായ ഒരു മുറിയിലേക്കു വിളിച്ചുകൊണ്ടുപോയി. അതിന്റെ ഒരറ്റത്തായി ഒരു തിരസ്കരണി കാണപ്പെട്ടു. അവള് ഒരു വിരല്‍കൊണ്ടു മെല്ലെ അതു തട്ടിനീക്കി. ഹാ! അതാ! അതാ ഒരു മോഹനാ കാരം! വിശ്വേശ്വരന്റെ സങ്കല്പസ്വര്ഗ്ഗം! - അദ്ദേഹം അല്പനേരം അത് നിര്ന്നിമേഷാക്ഷനായി നോക്കിക്കൊണ്ടുനിന്നു. തന്റെ പ്രിയതമയുടെ - മന്ദാകിനിയുടെ-തല്സ്വരൂപം! ഹൃദയത്തുടിപ്പടക്കുവാനദ്ദേഹം വളരെ കുഴങ്ങി. ഏറെനേരത്തേയ്ക്കൊരക്ഷരം പോലും അദ്ദേഹത്തിന്റെ നാവില്‍ നിന്നും പുറപ്പെട്ടില്ല.
``രാജാവേ! അങ്ങയുടെ ഈ മൗനം ഞാന്‍ ഇഷ്ടപ്പെടുന്നു'' ചന്ദ്രിക പറഞ്ഞു: ``അത് അങ്ങയുടെ അത്ഭുതത്തിന്റെ പാരമ്യം കാണിക്കുന്നു. അങ്ങയുടെ പട്ടമഹിഷിയുടെ തല്സ്വരൂപംതന്നെയല്ലേ, ഈ പ്രതിമ?''
ഒരുന്മാദിയെപ്പോലെ രാജാവുല്ഘോഷിച്ചു. ``ഞാന്‍ ആദ്യമായി അവളുടെ കരം ഗ്രഹിച്ച ആ മംഗളമുഹൂര്‍ത്തം!- അതെ; ആ അവസരത്തില്‍ അവള് ഇങ്ങിനെതന്നെ നിന്നിരുന്നത്! അന്തസ്സോടുകൂടിയ ഒരാകര്ഷണീയതയില് അവള് നിന്ന ആ നില്പ്!- അതിതാ ഞാന്‍ വീണ്ടും കാണുന്നു... എന്നാലും, കേട്ടോ ചന്ദ്രികെ, ഇന്നിപ്പോളീ പ്രതിമ കാണുമ്പോലെയുള്ള ഒരു പ്രായാധിക്യം മാത്രം അന്നവള്ക്കുണ്ടായിരുന്നില്ല.''
ചന്ദ്രിക മറുപടി പറഞ്ഞു: ``അവിടെയാണു ശില്പിയുടെ സാമര്‍ത്ഥ്യം. ഇന്നിപ്പോള്‍ മന്ദാകിനി എങ്ങിനെയിരിക്കുമോ, ആ രൂപത്തിലാണ് അയാള്‍ അതു കൊത്തിയിട്ടുള്ളത്. എന്നാലിനി ഞാന്‍ പഴയപോലെ ഈ തിരസ്കരണി നീക്കിയിട്ടുകൊള്ളട്ടെ! അല്ലെങ്കില്‍ ഒരുപക്ഷേ, അതനങ്ങുന്നുണ്ടെന്നുപോലും അങ്ങയ്ക്കു തോന്നിപ്പോകും!''
രാജാവു പറഞ്ഞു: ``അയ്യോ! ചന്ദ്രികേ, ധൃതികൂട്ടല്ലേ! ഞാനതാവോളം നോക്കി തൃപ്തിയടഞ്ഞുകൊള്ളട്ടെ! ഹാ! എനിക്കിനി മരിക്കാന്‍ കഴിഞ്ഞെങ്കില്‍! ഇതാ, നോക്കൂ പ്രമഥാ!- അത് ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടെന്നുതന്നെ തോന്നിപ്പോകുന്നു; ഇല്ലേ? അവളുടെ കണ്ണുകള്‍ ചലിക്കുന്നുണ്ടെന്നും തോന്നുന്നു; എന്താ?''
``രാജാവേ, മതി! ഞാനിനി തിരസ്കരണിയിടട്ടെ!'' ചന്ദ്രിക പറഞ്ഞു: ``അങ്ങേയ്ക്കു ആകപ്പാടെ ഒരു ബുദ്ധിഭ്രമം നേരിട്ടിട്ടുണ്ട്. കുറച്ചുകൂടിക്കഴിഞ്ഞാല്‍, ഒരുപക്ഷേ, അങ്ങേയ്ക്കു തോന്നിയേക്കാന്മതി, ഈ പ്രതിമയ്ക്കു ജീവന് തന്നെയുണ്ടെന്ന്.''
``എന്റെ പ്രിയപ്പെട്ട ചന്ദ്രികേ!'' വിശ്വേശ്വരന് പറഞ്ഞു: ``വാസ്തവമാണ്, നീ പറഞ്ഞത്. ശരിതന്നെ, സമ്മതിക്കാം. ഒരുവക ബുദ്ധിഭ്രമം എന്നെ ബാധിച്ചിട്ടുണ്ട്'' ഒരു നെടുവീര്‍പ്പോടുകൂടി അദ്ദേഹം തുടര്‍ന്നു: ``അതാ അതു ശ്വാസോച്ഛ്വോസം ചെയ്യുന്നുണ്ടെന്നു തോന്നുന്നു. ഹാ! ഈ പ്രതിമനിര്മ്മിച്ചതേതൊരു ശില്പി! ശ്വാസഗതിപോലും സുസൂക്ഷ്മം സംഭവിക്കുമാറത്രപരിപൂര്ണ്ണമായ അംഗഘടനകള്! ഹാ! ഹാ! ഹാ! - ആരും എന്നെ പരിഹസിക്കല്ലേ!- എന്തായാലും, ഞാന്‍ അവള്‍ക്കൊരു ചുംബനം കൊടുക്കും''
``അയ്യോ ദയവുചെയ്ത് എന്റെ പൊന്നുതമ്പുരാനേ അതു ചെയ്യരുതേ!'' ചന്ദ്രിക അപേക്ഷിച്ചു ``ആ അധരങ്ങളില്‍ കാണുന്ന ശോണിമ നനവുള്ളതാണ്. അങ്ങയുടെ ചുണ്ടില്‍ ആ എണ്ണച്ഛായമെന്തിനു പുരട്ടുന്നു? - രാജാവേ, ഞാന്‍ യവനികയിട്ടുകളയട്ടോ?''
``വേണ്ട- ഒരിക്കലും പാടില്ല!''
ഇത്രയുംനേരം ഇന്ദിര ആ പ്രതിമയുടെ പാദങ്ങളില്‍ നമസ്കരിച്ചുകൊണ്ടു കിടക്കുകയായിരുന്നു. നിസ്തുലശ്രീനികേതമായ ആ നിരവദ്യശില്പത്തെ നോക്കി അത്ഭുതാവേശ ഭക്തിപ്രഹര്ഷങ്ങളോടെ അവള് ഇങ്ങിനെ പറഞ്ഞു: ``എന്റെ പ്രിയപ്പെട്ട അമ്മയെ ഇങ്ങിനെ നോക്കിക്കൊണ്ട്, എന്നെന്നും എനിക്കിവിടെ നില്ക്കാന് കഴിഞ്ഞെങ്കില്‍!''
``രണ്ടുപേരും തല്ക്കാലം പിന്‍വാങ്ങാതെ നിവൃത്തിയില്ല'' ചന്ദ്രിക വിശ്വേശ്വരനോടായി പറഞ്ഞു - ``ഞാന്‍ യവനികയിടുവാന് പോകുന്നു. അല്ലെങ്കില്‍ അങ്ങ് ഇതില്‍ കൂടുതല്‍ അത്ഭുതത്തിനധീനനാകേണ്ടതായി വന്നേക്കും. അത് ഇപ്പോള്‍ നില്ക്കുന്ന ആ തട്ടിന്മേല്നിന്നു താഴെയിറങ്ങി നടന്നുവന്നു നിങ്ങളുടെ കൈകടന്നു പിടിച്ചെന്നുവരും. അപ്പോളവിടുന്നു വിചാരിക്കും ഏതോ ചില മന്ത്രശക്തികളാലാണ് ഞാനതു സാധിക്കുന്നതെന്ന്. പക്ഷേ അങ്ങനെയൊന്നുമല്ലെന്നു ഞാന്‍ ആദ്യമേ തീര്ത്തുപറഞ്ഞേക്കാം.''
``നിന്നെക്കൊണ്ടെന്തെല്ലാം സാധിക്കുമോ അതെല്ലാം ചെയ്തുകൊള്ളുക. അതെല്ലാം എനിക്കത്യന്തം സന്തോഷപ്രദങ്ങളാണ്. അവളെക്കൊണ്ടു നിനക്കെന്തെല്ലാം സംസാരിപ്പിക്കാന്‍ സാധിക്കുമോ അതെല്ലാം കേള്‍ക്കാന്‍ എന്റെ ആത്മാവു അത്യുല്‍ക്കണ്ഠയോടെ കാത്തിരിക്കുന്നു. നിനക്കവളെ നടത്താന്‍ സാധിക്കുമെങ്കില്‍ പിന്നെ സംസാരിപ്പിക്കുവാനും കഴിയുമായിരിക്കുമല്ലോ!''
ഇതുകേട്ടു ചന്ദ്രിക അവിടെയിരുന്ന `ഹാര്‍മ്മോണിയം' എടുത്തു ശ്രുതിയിട്ടു മധുരസ്വരത്തില്‍ ഒരു മംഗളഗാനം പാടുവാന്‍ ആരംഭിച്ചു. അല്പനിമിഷങ്ങള്ക്കുള്ളില് ആ പ്രതിമ അവിടെനിന്നും താഴെയിറങ്ങി നേരേ മുന്നോട്ടു നടന്നുചെന്നു കൈ ഉയര്‍ത്തി വിശ്വേശ്വരന്റെ ഗളത്തെ വലയംചെയ്തു. അനന്തരം അനുഗ്രഹങ്ങള്‍ക്കായി തന്റെ പ്രിയതമനോടും പുത്രിയോടും ആ പ്രതിമ അഭ്യര്‍ത്ഥിച്ചു.
അത്ഭുതമല്ല, വിശ്വേശ്വരന്റെ കഴുത്തില്‍ കെട്ടിപ്പിടിച്ച്, അദ്ദേഹത്തേയും ആ ഓമനമകളേയും പ്രതിമ അനുഗ്രഹിച്ചത്; അതെ; അതില്‍ അശേഷം അത്ഭുതപ്പെടേണ്ടില്ല. എന്തെന്നല്ലേ? പറയാം. വിശ്വേശ്വരന്റെ ധര്‍മ്മപത്നി, രത്നപുരിയിലെ രാജ്ഞി, ഇന്ദിരയുടെ പ്രിയ ജനനി, മന്ദാകിനി- തന്നെയായിരുന്നു അവള്.
രാജ്ഞിയുടെ ജീവനെ രക്ഷിക്കുവാന്‍ ഒരൊറ്റ ഉപായം മാത്രമേയുള്ളൂവെന്നു കരുതി, ചന്ദ്രികയാണ്, ``രാജ്ഞി മരിച്ചുപോയി'' എന്ന വ്യാജപ്രസ്താവം വിസ്താരശാലയില് വന്നു വിളംബരം ചെയ്തത്. അന്നുമുതല്‍ ഇന്നേവരെ ചന്ദ്രികയോടൊരുമിച്ചുതന്നെയാണവള് താമസിച്ചിരുന്നതും. ഇന്ദിര ജീവിച്ചിരിപ്പുണ്ടെന്നും, അവള് കൊട്ടാരത്തില്വന്നിട്ടുണ്ടെന്നും, അറിഞ്ഞതിനുശേഷമേ തന്നെ വിശ്വേശ്വരനു കാണിച്ചുകൊടുക്കുവാന്‍ മന്ദാകിനി അനുമതിനല്കിയുള്ളു. എന്തുകൊണ്ടെന്നാല്‍, രാജാവു തന്നോടുചെയ്ത സര്‍വാപരാധങ്ങളും ക്ഷമിച്ചുവെങ്കിലും, അദ്ദേഹം ആ ഓമനപ്പുത്രിയെ നിഹനിച്ചുവെങ്കില് ആ അപരാധം ഒരിക്കലും ക്ഷന്തവ്യമാണെന്നവള്ക്കു തോന്നിയില്ല.
അങ്ങനെ മരിച്ചുപോയ രാജ്ഞി പുനര്‍ജീവിച്ചു; നഷ്ടപ്പെട്ട പുത്രിയെ വീണ്ടുകിട്ടി! - ഹാ! ഇതിന്മീതെ വിശ്വേശ്വരനിനിയെന്തുവേണം? അദ്ദേഹത്തിന്റെ ആനന്ദത്തിനു അതിരില്ലാതായി.
എല്ലായിടത്തും അനുമോദനാഘോഷങ്ങളും ആനന്ദാരവങ്ങളും മാത്രമേ കേള്‍ക്കാനുള്ളു. ആഹ്ളാദവിസ്മയങ്ങളാല് സ്തബ്ധഹൃദയരായിത്തീര്ന്ന ആ രാജദമ്പതിമാര്‍ തങ്ങളുടെ ഏകസന്താനത്തില് അനുരക്തനായിത്തീര്‍ന്ന മദനകുമാരനെ വാത്സല്യപൂര്‍വം ആലിംഗനം ചെയ്തു. അവളെ സ്വന്തംപുത്രിയെപ്പോലെ ഓമനിച്ചുവളര്‍ത്തിയ വൃദ്ധ കര്ഷകന് അവര്‍ അനേകം സമ്മാനങ്ങള്‍ കൊടുത്തു സന്തോഷിപ്പിച്ചു. തങ്ങളുടെ വിശ്വസ്തസേവനം വിജയചുംബിയായിത്തീര്ന്നതില് ചന്ദ്രികയും പ്രമഥനും ചാരിതാര്ത്ഥ്യാഹ്ളാദങ്ങളാല് മതിമറന്നു.
ഈ മഹോത്സവങ്ങള്ക്കെല്ലാം പുറമെ, പെട്ടെന്നു ശാന്തസേനമഹാരാജാവും അവിടെ പ്രവേശിച്ചു. വിശ്വേശ്വരന്റെ ഹൃദയം പരിപൂര്‍ണ്ണ നിര്‍വൃതിയില്‍ നിര്ല്ലീനമായി.
അവരുടെ ആത്മഹര്ഷോത്സവത്തില് ശാന്തസേനനും ഹൃദയപൂര്‍വം പങ്കുകൊണ്ടു വിശ്വേശ്വരന്റെ സകല അപരാധങ്ങളും അദ്ദേഹം ക്ഷമിച്ചു. അവരിരുവരും കുട്ടിക്കാലത്തിലെപ്പോലെ അന്യോന്യം ഹൃദയം കൈമാറിക്കൊണ്ടു സന്തോഷസമാധാനങ്ങളോടെ സമുല്ലസിച്ചു. ഇപ്പോള്‍ തന്റെ പുത്രന് ഇന്ദിരയെ വിവാഹം ചെയ്യുന്നതില്‍ ശാന്തസേനന് യാതൊരപ്രീതിയും തോന്നിയില്ല. അവള് കാലിമേച്ചു കഴിയുന്ന ഒരു കൃഷിക്കാരിപ്പെണ്ണായിട്ടല്ല, ജയപുരിയുടെ ഏകാവകാശിനിയായ രാജകുമാരിയായിട്ടാണ്, അദ്ദേഹത്തിന്റെ മുന്പില് നില്‍ക്കുന്നത്.
ഏറെനാളായി മന്ദാകിനിയനുഭവിച്ച നിശ്ശബ്ദസങ്കടത്തിന്റെ ഫലം നാം കണ്ടുകഴിഞ്ഞു. തന്റെ പ്രിയതമനോടും, പുത്രിയോടും, ജാമാതാവിനോടുമൊന്നിച്ചു ആ ഭാഗ്യവതി ചിരകാലം മനസ്സമാധാനത്തോടെ ജീവിച്ചു.
അജിതപ്രതീകാരം
പുഷ്പപുരത്തിലെ രാജാവായിരുന്നു, ചിത്രരഥന്; അദ്ദേഹത്തിന്റെ അകാലവിയോഗത്താല് വിധവയായിത്തീര്‍ന്ന ഉമാദേവി, അധികനാള്‍ കഴിയുന്നതിനുമുന്‍പുതന്നെ തന്റെ ഭര്‍ത്തൃസഹോദരനായ കുടിലേശനെ വരണമാല ചാര്‍ത്തി. ഈ കൃത്യം ന്യായീകരിക്കാവുന്ന ഒന്നായി മറ്റാര്‍ക്കും തോന്നിയില്ല. ചിലരതില്‍ ഒരുവക ഹൃദയശൂന്യത,- ഒന്നുകൂടിവ്യക്തമാക്കുന്നപക്ഷം, മൃഗീയത-ദര്‍ശിച്ചു. മറ്റുചിലര്‍ അതു കേവലം ലജ്ജാവഹമെന്നു വ്യാഖ്യാനിച്ചു. പോരാത്തതിനു കുടിലേശന് സഹോദരനുമായി ആകൃതിയിലോ പ്രകൃതിയിലോ യാതൊരു സാദൃശ്യവും ഉള്ള ആളായിരുന്നില്ല. അയാളുടെ ബാഹ്യരൂപം നീരസദ്യോതകവും ഹൃദയം നീചത്വത്തിന്റേയും അധര്മ്മപ്രവൃത്തികളുടേയും വിളനിലവും ആയിരുന്നു. ചിത്രരഥന്റെ മരണത്തെക്കുറിച്ച് ചിലരുടെയിടയില്‍ പല ആക്ഷേപങ്ങളും അഭിപ്രായങ്ങളും പുറപ്പെടുകയുണ്ടായി. രാജ്യാവകാശിയായി അജിതന് എന്ന കുമാരന് ഉണ്ടായിരുന്നുവെങ്കിലും അതത്ര കാര്യമാക്കാതെ തന്റെ സഹോദരനെ വധിച്ച്, വിധവയായ ഉമാദേവിയെ പരിഗ്രഹിച്ച്, പുഷ്പപുരസിംഹാസനം സ്വാധീനമാക്കാനുള്ള ദുര്‍മ്മോഹത്താല്‍ കുടിലേശന്തന്നെയാണ് ആ കടുംകൈ പ്രവര്‍ത്തിച്ചതെന്നായിരുന്നു നാട്ടുകാരുടെയിടയിലുള്ള സംസാരം.
ഈ ഘാതകകര്മ്മത്തെക്കുറിച്ചുള്ള ബോധം മറ്റാരേയുകാള് അധികമായി പീഡിപ്പിച്ചിരുന്നത് അജിതകുമാരനെയാണ്. ദാരുണമായ പ്രസ്തുത സംഭവം ആ യുവഹൃദയത്തില്‍ അങ്ങനെ ഒരു മായാമുദ്രയായി പതിഞ്ഞു. വന്ദ്യനും മഹാരഥനുമായിരുന്ന പിതാവിനെ അജിതന് ഈശ്വരനെപ്പോലെയാണ് കരുതിയിരുന്നത്. അദ്ദേഹത്തെ പരിശുദ്ധസ്മരണകളാല് കുമാരന് എപ്പോഴും ആരാധിച്ചുപോന്നു. മാതാവിന്റെ ഈ നിന്ദ്യമായ ചാപല്യം അയാള്‍ക്ക് അവളുടെപേരില്‍ കഠിനമായ വെറുപ്പിനും വിദ്വേഷത്തിനും കാരണമായി. അച്ഛന്റെ വിയോഗംമൂലമുള്ള തീവ്രദുഃഖം ഒരുവശത്ത്; അമ്മയുടെ ജുഗുപ്സാവഹമായ അനന്തരകൃത്യം വേറൊരുവശത്ത്-എന്തിന്, ഈ തീരാത്ത വ്യാകുലത എല്ലായ്പ്പോഴും കുമാരഹൃദയത്തെ പീഡിപ്പിക്കുവാന്‍ തുടങ്ങി. പ്രകൃത്യാ സുമുഖനും ഉത്സാഹശീലനുമായിരുന്ന അജിതന് പെട്ടെന്ന് ക്ഷീണനും ചിന്താപരവശനുമായി രൂപാന്തരപ്പെട്ടു. പുസ്തകപാരായണത്തിലുള്ള ഔല്സുക്യംപോലും അവനില്‍നിന്നും വിട്ടുമാറി, നായാട്ട്, കുതിരസ്സവാരി തുടങ്ങിയ യാതൊരു വിനോദങ്ങളിലും അവനിഷ്ടമില്ലാതായി. എന്തിനധികം! ലോകത്തിനോടുതന്നെ അവന് എന്തെന്നില്ലാത്ത ഒരു വിരക്തിതോന്നി. ധീരവും കര്മ്മകുശലവുമായിരുന്ന ആ യുവഹൃദയം, വസന്തവിയോഗത്താല് പുഷ്പസമൃദ്ധി പൊയ്പോയി ഉണക്കിലകളും മുരടന്ചില്ലകളും അവശേഷിച്ച ഒരുദ്യാനംപോലെ, ലോകത്തെ ദര്‍ശിച്ചു. പിതാവിന്റെ കാലശേഷം കിട്ടേണ്ടഭരണാധികാരം നഷ്ടപ്പെടുകയെന്നുള്ളതില് കവിഞ്ഞ് ഒരു തീക്ഷ്ണവ്രണം രാജ്യാവകാശികള്ക്ക് മറ്റൊന്നുംതന്നെയില്ല. എന്നാല്‍ സ്ഥാനഭ്രഷ്ടനായതോ, സിംഹാസനം നഷ്ടപ്പെട്ടതോ അല്ല അജിതകുമാരനെ
പീഡിപ്പിച്ചുകൊണ്ടിരുന്നത്. അവന്റെ ചിന്താപരവശമായ മനസ്സില്‍ ഒരുതരത്തിലും അടക്കിവയ്ക്കുവാന്‍ കഴിയാതെപോയ ദുസ്സഹചിന്ത, തന്റെ മാതാവ് പിതാവിനോടുകാണിച്ച കൃതഘ്നതയെക്കുറിച്ചു മാത്രമായിരുന്നു. അദ്ദേഹത്തിന്റെ പാവനസ്മരണയില്‍ കളങ്കാലേപനം ചെയ്യുന്ന അവളുടെ ആ ദുഷിച്ച അനുവര്‍ത്തനം ഹൃദയാലുവായ രാജകുമാരനില്‍ അസഹനീയമായ വേദനയുളവാക്കി. അവളുടെ ഒരു വിശ്വസ്തഭര്ത്താവായിരുന്നു അദ്ദേഹം. രാജാവ് തന്റെ ആത്മാവിനേക്കാള്‍ കൂടുതലായി ആ ധൂര്ത്തയെ സ്നേഹിച്ചിരുന്നു. അക്കാലത്തെല്ലാം അവളവറ്റ പ്രേമം അഭിനിയിച്ചുപോന്ന റാണി അദ്ദേഹം മരിച്ചു രണ്ടുമാസം കഴിയുന്നതനിനുമുമ്പ് അതാവീണ്ടും വിവാഹം കഴിച്ച് ഹൃദയശൂന്യതയെ പ്രത്യക്ഷമാക്കിക്കഴിഞ്ഞരിക്കുന്നു. അതും ആരെ? തന്റെ ഭര്‍ത്താവിന്റെ അനുജനെ-ഘാതകന്മാരില്‍ ഘാതകനും, ദുര്‍വൃത്തനും, നീചനും ആയ ഒരു മനുഷ്യാധമനെ!- ക്ഷത്രതേജസ്വിയും ധര്മ്മവ്രതനുമായിരുന്ന ആ യുവവീരന്, അജിതന്!- അതെങ്ങിനെ സഹിക്കും? അവന്റെ മനസ്സ് എങ്ങിനെ എരിഞ്ഞുനീറാതിരിക്കും? പത്തുസാമ്രാജ്യങ്ങള് ഒരുമിച്ചുനഷ്ടപ്പെട്ടാല് അവന് ഇതിന്റെ ഒരംശമെങ്കിലും മനോവ്യഥയുണ്ടാകുന്നതല്ല. ഹാ! ജീവിതപരാജയം!! കര്‍മ്മ നൈരാശ്യം!!!
കുടിലേശന്റെ കുതന്ത്രങ്ങളാകട്ടെ, അതിനു മാതാവില്നിന്നുമുണ്ടായ ആനുകൂല്യങ്ങളാകട്ടെ കുമാരനെ കൊട്ടാരത്തില്‍ നിന്നകറ്റിനിര്ത്താന് പര്യാപ്തമായില്ല. അജിതന് എന്നും അവിടെ വന്നുകൊണ്ടിരുന്നു. പിതാവിന്റെ മരണശേഷം സങ്കടസൂചകമായ ഒരു കറുത്തകുപ്പായംമാത്രമേ അവന് ധരിക്കാറുള്ളു. മാതാവിന്റെ രണ്ടാം കല്യാണമുഹൂര്ത്തത്തില്പ്പോലും അവന് ആ വസ്ത്രം മാറ്റുകയോ അതില്‍ പങ്കുകൊള്ളുകയോ ചെയ്തില്ല. അന്നത്തെ ആഘോഷങ്ങള്‍ സ്വജീവിതസൗഭാഗ്യത്തെ ആവരണം ചെയ്ത മരണയവനികയായി ആ നീതിമാന് വ്യാഖ്യാനിച്ച് അപമാനകരമായ ഒരു ദുര്ദ്ദിനമായി ആ വിവാഹദിവസത്തെ നിമിഷംപ്രതി സ്മരിച്ചു.
അജിതന്റെ ഹൃദയം ഏറ്റവും അസ്വസ്ഥമാക്കിയിരുന്നത്, എങ്ങിനെയാണ് തന്റെ അച്ഛന് മരിക്കാനിടയായതെന്നുള്ള ചിന്തയായിരുന്നു. മൂര്‍ഖന്‍ കടിച്ചു മരിച്ചുവെന്നാണ് കുടിലേശന് പ്രസ്താവിച്ചിരുന്നത്. ഇളയച്ഛനെ അറിയാന്‍ കഴിഞ്ഞിടത്തോളം ഈ മൂര്‍ഖന്‍ മറ്റൊരു ജന്തുവാണെന്ന് അജിതനു തോന്നിയില്ല. തുറന്നുപറയുകയാണെങ്കില്‍, സിംഹാസനാപ്തിക്ക് വളര്‍ന്നിരുന്ന ദുരാശാകാകോളം തന്റെ പിതാവിന്റെ അമോഘമായ ജീവനെ ഗ്രസിച്ചതായി കുമാരന് ഇതിനകം തീര്‍ച്ചപ്പെടുത്തിയിരുന്നു. അങ്ങിനെനേടിയ സിംഹാസനത്തില്‍ ഇന്ന് അധിരോഹണം ചെയ്തിരിക്കുന്ന ഇളയച്ഛന് കാളസര്പ്പത്തേക്കാള് ഭയങ്കരനാണെന്നു അജിതന് തീര്ച്ചയാക്കിയതില് ആശ്ചര്യപ്പെടുവാന്‍ എന്താണുള്ളത്?
ആ ബോധം പരമാര്‍ത്ഥമാണെങ്കില്‍ മാതാവിനോടു താന്‍ എങ്ങിനെ പെരുമാറണം? ഈ കൊലപാതകത്തില്‍ അവള്‍ക്ക് എത്രത്തോളം പങ്കുണ്ട്?ചപലയായ ആ അബലയുടെ സമ്മതമോ അറിവോ ആ കൃത്യത്തിന് പ്രേരകങ്ങളായിരുന്നോ? ഈവക ചിന്തകളുടെ തീരാപ്രക്ഷോഭണം ഇടവിടാതെ അവന്റെ ഹൃദയത്തെ അലട്ടിക്കൊണ്ടിരുന്നു.
ഇക്കാലത്ത് രാജസൗധത്തിലെ ദ്വാരപാലകന്മാരുടെയിടയില് ശക്തിയായ ഒരു സംസാരമുണ്ടായി. രണ്ടുമൂന്നു നിശാവേളകളില്‍ പാതിരാസമയത്ത്, മരിച്ചുപോയ രാജാവിന്റെ തല്സ്വരൂപത്തിലുള്ള ഒരു മായാരൂപം-പ്രേതവിഗ്രഹം-രാജമണ്ഡപത്തിന്മേല് കാവല്നില്ക്കുന്ന പാറാവുകാരന് കാണുകയുണ്ടായത്രേ!
അത് അടിമുടി പടച്ചട്ടയിട്ടുമൂടിയ ഒരു ആകാരമായിരുന്നുപോലും! അതു കണ്ടവര്‍ സൂക്ഷ്മമായി അതിനേക്കുറിച്ച് പലവുരു വിവരിച്ചു. അവരുടെ കൂട്ടത്തില്‍ അജിതന്റെ വയസ്യനും കളിത്തോഴനുമായ സോമനും ഉണ്ടായിരുന്നു. കൃത്യം മണി പന്ത്രണ്ടടിച്ചാല്‍ ആ രൂപം വരുമത്രേ. കോപത്തേക്കാള്‍ സങ്കടം നിഴലിച്ചിരുന്നമുഖം, ക്ഷത്രചൈതന്യം നിറഞ്ഞതും ഭയചകിതവുമായിരുന്നുപോല്. വെള്ളിപോലെ നരച്ച താടി, വികസിച്ച നേത്രങ്ങള്‍, വിസ്മൃതിക്കിടവരുത്താത്ത ദയനീയവീക്ഷണം-എന്തിന്, ജീവനോടുകൂടി അദ്ദേഹത്തെ കണ്ടിരുന്നപ്പോള്‍ എങ്ങിനെയിരുന്നുവോ, ആ രൂപംതന്നെ ആ കൂരിരുട്ടിലും കണ്ടവരുടെയെല്ലാം ദൃഷ്ടിക്കു വിഷയീഭവിച്ചിരുന്നു അവര്‍ ഭയപ്പെട്ടിട്ടെങ്കിലും എന്തൊക്കെയോ വിളിച്ചുചോദിച്ചു. ഒരക്ഷരംപോലും ഉത്തരമുണ്ടായില്ല. പക്ഷേ ഒരവസരത്തില്‍, എന്തോ സംസാരിക്കാന്‍ ഉദ്ദേശിക്കുന്നതുപോലെ മുഖം ഉയര്‍ത്തി എന്നും, എന്നാല്‍ അപ്പോഴേക്കും കോഴികൂവുന്ന ശബ്ദംകേട്ട് ദ്രുതഗതിയില്‍ പാഞ്ഞു നിമിഷത്തിനുള്ളില്‍ ദൃഷ്ടിപഥത്തില്‍നിന്നും അപ്രത്യക്ഷമായി എന്നും മറ്റും, ഈ കഥ സംഭ്രമജനകമാംവിധം വിവരിച്ച് അവര്‍ കുമാരനെ കേള്‍പ്പിച്ചു.
അജിതകുമാരന്‍ ഇതുകേട്ട് ഉല്‍ക്കണ്ഠാകുലനായി. അങ്ങിനെയൊരു രൂപം അവിടെ ആവിര്ഭവിക്കുന്നുണ്ടെങ്കില് അതു തീര്‍ച്ചയായും മരിച്ചുപോയ വന്ദ്യപിതാവിന്റെ പ്രേതംതന്നെയായിരിക്കണമെന്ന് അവന് ഊഹിച്ച്, കഴിയുമെങ്കില്‍ ആ രൂപം ഒരുനോക്കു കാണണമെന്നു കരുതി ഏതാനും ഭടന്മാരോടുകൂടി അന്നുരാത്രി കാത്തിരിക്കണമെന്ന് തീര്‍ച്ചപ്പെടുത്തി. വര്‍ണ്ണനാവിഷയമായ ആ രൂപം അവിടെ വരുന്നുണ്ടെങ്കില്‍ അതു കേവലം ഉദ്ദേശരഹിതമാവാന് തരമില്ല. ആരേയോ എന്തോ രഹസ്യം ധരിപ്പിക്കുവാന്‍ ഉണ്ടായിരിക്കും. ഏതായാലും ഇതുവരെ മൗനം ആചരിച്ചത് തന്നോടു സംസാരിക്കുവാന്‍ തരമാവാഞ്ഞതുകൊണ്ടായിരിക്കണം- എന്നിങ്ങനെ അജിതകുമാരന്‍ അനുമാനിച്ചു, ജിജ്ഞാസയേറിയ ആ യുവരാജാവ് നിശീഥാഗമത്തിന് അക്ഷമനായി കാത്തുനില്പായി.
രാത്രി പകുതിയോടടുത്തു. സോമനും പാറാവുകാരന് സഞ്ജയന് എന്ന ഭൃത്യനും ഒരുമിച്ചു അജിതകുമാരന്‍ ഉദ്ദിഷ്ടസ്ഥാനത്തെത്തി കാത്തുനിന്നു. അന്നു പതിവിലേറെ തണുപ്പും കാറ്റും ഉള്ള ഒരു സുഖമില്ലാത്ത രാത്രിയായിരുന്നു. അവര്‍ ശബ്ദമുയരാത്തവണ്ണം പല സംഗതികളും അന്യോന്യം സംസാരിക്കുമ്പോള്‍ പെട്ടെന്നു ഒരു നിശ്ശബ്ദത വ്യാപിച്ചതുപോലെ മൂന്നുപേര്‍ക്കും തോന്നി. സംഭാഷണം നിര്‍ത്തി. വീര്‍പ്പടക്കി ഇരുളിന്റെ പരപ്പിലേക്കു അമ്പരന്നു കണ്ണോടിച്ചു. പ്രേതമടുക്കുന്നതായി സോമന് കൈവിരല്‍ തൊട്ട് രണ്ടുപേരെയും അറിയിച്ചു.
തന്റെ പിതാവിന്റെ സ്മരണ; പ്രേതലോക ചിന്ത;- രണ്ടുവിധത്തിലും അജിതന്റെ അന്തരംഗം തുടിച്ചു. ധീരനെങ്കിലും, ഏതാനും നിമിഷങ്ങള്‍ അജിതന്റെ ശരീരം ചലനംകൂടാതെ നിന്നു. ആ പിശാച് നല്ലതോ ചീത്തയോ എന്നു ആര്‍ക്കറിയാം? അച്ഛന്റെ പ്രേതവിഗ്രഹമാണെങ്കില് നിഗ്രഹിപ്പാനോ അനുഗ്രഹിപ്പാനോ വരുന്നതെന്നു നിശ്ചയമില്ലാത്തതിനാല്‍ ആപല്സഹജമായ ഈശ്വരാരാധനയില്‍ അജിതന് ലയിച്ചു. അവന് എല്ലാ ഭരദേവതമാരോടും ഹൃദയപൂര്‍വം പ്രാര്‍ത്ഥിച്ചു. നാലഞ്ചുനിമിഷംകൊണ്ട് ഒന്നിനൊന്നു ധൈര്യം വര്‍ദ്ധിച്ചുവന്നു. ആരാധ്യപുരുഷനായ അഭിവന്ദ്യതാതന് ഹാ! മഹാരാജാവ് ചിത്രരഥന്-ആ രൂപം അങ്ങിനെയാണ് അവന് തോന്നിയത്-തന്നെ അനുകമ്പയോടെ നോക്കുന്നതു കാണുവാന്‍ കുമാരനു കഴിഞ്ഞു. ജീവിച്ചിരുന്ന ഭാഗ്യകാലത്തെ സുവര്ണ്ണാനുഭവങ്ങള് ആ പിതൃഭക്തന്റെ മനസ്സില്‍ വീണ്ടും നിഴല്‍ വീശി അച്ഛന് എന്തോ തന്നോടു സംസാരിക്കാനുദ്ദേശിക്കുന്നതായി അവനു തോന്നി. ആകാംക്ഷയുടെ അതിര്‍ത്തിയില്‍ അവന് പലതും അനുഭവിച്ചു. സംസാരിക്കാതെ കണ്ടുകൊണ്ടിരിക്കുവാന് എത്രതന്നെ ശ്രമിച്ചിട്ടും സാധിച്ചില്ല. കുമാരന് ഉറക്കെ വിളിച്ചു ചോദിച്ചു. ``എന്റെ പ്രിയപ്പെട്ട അച്ഛാ! എന്റെ അച്ഛാ! അങ്ങെന്താണ് ശവകുടീരത്തില്‍നിന്നും ഇങ്ങനെ ഇറങ്ങി സഞ്ചരിക്കുന്നത്. അങ്ങ് നിര്‍ബാധം പരാത്രിക നിര്‍വാണം അനുഭവിക്കത്തക്കവണ്ണമല്ലേ അവിടുത്തെ ഐഹികം അവസാനിച്ചത്? അവിടുത്തേക്ക് ആത്മശാന്തി ഇതുവരെയും സിദ്ധിച്ചിട്ടില്ലെന്നു കാണുന്നത് എന്തുകൊണ്ടാണ്? വിഷവായുനിറഞ്ഞ ഈ ലോകവും വികലമായ പ്രകൃതിയും വികൃതാനുഭവങ്ങളും അസ്ഥിര പ്രപഞ്ചവും വീണ്ടും കാണുവാന്‍ അവിടെനിന്നും എഴുനേറ്റുപോന്നത് എന്തുകൊണ്ടാണ്? അവിടുത്തേക്ക് നിര്‍വൃതിയടയുവാന്‍ പ്രിയപുത്രന് ഇനി എന്തുചെയ്യണം? അയ്യോ അച്ഛാ! വാത്സല്യമേറിയ വന്ദ്യപിതാവേ, എന്താണവിടുന്ന് ഒന്നും മിണ്ടാത്തത്? ഏതെങ്കിലും കാരണത്താല്‍ കല്ലറയ്ക്കുള്ളിലെ ആത്മാരാധനവും അങ്ങയ്ക്ക് ഉപദ്രവമായിത്തോന്നുന്നുണ്ടോ? ഈ ഓമനമകനോടു പരമാര്‍ത്ഥം കല്പിക്കണേ!''
ആ രൂപം ഒന്നും മിണ്ടിയില്ല. `പിന്നാലെവരിക' എന്നു കൈകൊണ്ടാംഗ്യം കാണിച്ചിട്ട് അതു പതുക്കെ മുമ്പോട്ടു നീങ്ങിത്തുടങ്ങി. പക്ഷേ മനുഷ്യദ്രോഹം ചെയ്തുപോരുന്നതായി പറയപ്പെടുന്ന ദുഷ്ടഭൂതമോ ദുര്മൃതിപ്രേതമോ മറ്റോ ആയിരിക്കാമെന്നും അതിനാല്‍ അതിനെ പിന്തുടരുന്നത് നന്നല്ലെന്നും സോമനും സഞ്ജയനും അഭിപ്രായം അറിയിച്ചു. വല്ല കയത്തിലും കൊണ്ടുചെന്നു മുക്കിത്താഴ്ത്തുകയോ ദുര്‍ഗ്ഗമങ്ങളായ വനഗഹ്വരങ്ങളില്‍ നയിച്ചു അവന്റെ രക്തം ഊറ്റിക്കുടിക്കുകയോ ചെയ്തേക്കുമെന്നവര് അവനെ ഭയപ്പെടുത്തി. പേടികൊണ്ടു കിടുകിടുക്കുന്ന അവര്‍ തന്റെ സഖാവിനെ സാഹസത്തില്‍നിന്നും വിരമിപ്പിക്കുവാന്‍ ആവുംവിധം ശ്രമിച്ചു; എന്നാല്‍ അതെല്ലാം വിഫലമായതേയുള്ളു. അജിതന് അവന്റെ ജീവനെ ഒരിക്കലും വലിയകാര്യമായി കരുതിയിരുന്നില്ല. അതു നഷ്ടപ്പെടുന്നതില്‍ അവനു യാതൊരു സങ്കടവും തോന്നിയില്ല. തന്റെ മാംസശരീരം തണുത്തു മൃതിയടഞ്ഞേക്കാം.
എന്നാല്‍ അനശ്വരമായ ആത്മചൈതന്യത്തെ അത് എന്തുചെയ്യുവാനാണ്? ഈ യുക്തിവാദത്തില്‍ ധൈര്യമവലംബിച്ചു കൂട്ടുകാരെ അവിടെനിര്‍ത്തി അവന് ആ അജ്ഞാത സ്വരൂപത്തെ നിര്‍ഭയം അനുഗമിച്ചു. ഒട്ടുദൂരെ ആയപ്പോള്‍ അവന് മൗനംഭഞ്ജിച്ചു മരിച്ചുപോയ ചിത്രരഥമഹാരാജാവിന്റെ ദുര്മ്മാരണലക്ഷ്യമായ പ്രേതമാണു താനെന്നും, ലോകത്തില്‍നിന്നും തന്നെ കൊലപാതകം കൊണ്ടു നിവര്ത്തിപ്പിക്കുകയാണുചെയ്തതെന്നും, ഘാതകന് അജിതന് സംശയിച്ചിരുന്നതുപോലെ തന്റെ സഹോദരനായ കുടിലേശന് തന്നെയാണെന്നും, പരുഷസ്വരത്തിലെങ്കിലും വേദനയോടെ ആ രൂപം പ്രതിവചിച്ചു. തുടരെ താഴ്ന്നസ്വരത്തില്‍, കൊലപാതകം നടത്തിയതെങ്ങനെയെന്നും, കൊട്ടാരത്തില്‍ അതിനു സഹായിച്ചവരാരൊക്കെയെന്നും അവനെ വിസ്തരിച്ചുപറഞ്ഞു മനസ്സിലാക്കി. താന്‍ പതിവുപോലെ ഉച്ചയ്ക്ക് ഉറങ്ങിക്കിടക്കുമ്പോള്‍, ശക്തിയേറിയ ഒരു വിഷദ്രാവകം കുടിലന് തന്റെ ചെവിയില്‍ കോരിയൊഴിക്കുകയും അല്പനേരത്തിനുള്ളില് ദേഹംമുഴുവന്‍ ഇരുണ്ടുതടിച്ചു പുള്ളിപ്പുലിയുടെ പുറംചട്ടപോലെ വട്ടത്തിലോരോപാടുകള് കുരുത്ത് ശ്വാസരോധം സംഭവിക്കയും, അങ്ങനെ കരള്‍പൊട്ടി രോമകൂപങ്ങളില്‍കൂടി രക്തംവമിച്ചു ജീവശ്വാസം അവസാനിപ്പിക്കയുമാണു താന്‍ ചെയ്തതെന്നും മറ്റും സവിസ്തരം പ്രേതം അവനെ ധരിപ്പിച്ചു അജിതകുമാരന്റെ കണ്ണില്‍നിന്നും ധാരയായി കണ്ണുനീരൊഴുകി; സംസാരശക്തി നശിച്ചു ചൈതന്യംവിട്ടു. ഒടുവില്‍ അവസാനമായി തന്റെ പിതൃപ്രേതം ഇങ്ങിനെ പറഞ്ഞു:
``അജിതാ എന്റെ പൊന്നുമകനേ! നിനക്കച്ഛന്റെ സ്മരണയുണ്ടെങ്കില്‍ നിന്റെ പിതൃഘാതകനോട് - അധര്‍മ്മിയായ ആ ദുഷ്ടനോട് നീയതിനു പ്രതികാരം ചെയ്യണം. നിന്റെ ഇനിയത്തെ ലക്ഷ്യം അതുമാത്രമായിരിക്കണം. കുഞ്ഞേ, നീ അതു ചെയ്യണം. നീ എന്റെ പുത്രനാണ്. നിനക്കതു സാധിക്കും.'' ഇതിനെത്തുടര്‍ന്ന് ഉമാദേവിയുടെ ലജ്ജാകരമായ വ്യതിയാനത്തെക്കുറിച്ച് അസഹനീയവേദനയോടെ പലതും പരാതിപ്പെട്ടു. അവസാനമായി കുമാരനോട് ഇങ്ങിനെ പറഞ്ഞു: ``ഒരു കാര്യംമാത്രം! അതു നീ അക്ഷരംപ്രതി അനുസരിക്കണം! മകനെ, എന്തൊക്കെയായാലും, നിന്റെ അച്ഛനെ കൊന്ന ആഘോരഘാതകനെ നീ എത്ര നിഷ്ഠൂരമാംവിധം വധിച്ചാലും, അവളെ, നിന്റെ അമ്മയെ, എന്റെ ഉമയെ, നീ ദ്രോഹിക്കരുത്. ഒരുപ്രകാരത്തിലും അവളെ നീ ലേശമെങ്കിലും ഉപദ്രവിച്ചുകൂടാ. അവള് ജീവിക്കട്ടെ. മരണംമാത്രമേ അവളെ മരിപ്പിക്കാവു. മനഃസാക്ഷിയുടെ മുള്ളുകൊണ്ടു ഹൃദയം രക്തമൊലിപ്പിച്ച്, താനെ, അവള് ചെയ്ത ഓരോന്നിന്റേയും ഫലം അനുഭവിച്ചനുഭവിച്ചുമരിക്കട്ടെ!''
``അച്ഛാ എന്റെ അച്ഛാ! അജിതന് ഈ കല്പന അക്ഷരംപ്രതി അനുഷ്ഠിക്കും''
പെട്ടെന്നു പ്രേതസ്വരൂപം അപ്രത്യക്ഷമായി. ഏകാന്തത! ചുറ്റും നിശ്ശബ്ദം `പട്ടാപ്പാതിര' ഒരൊറ്റമനുഷ്യജീവി അടുത്തെങ്ങും ഇല്ല. അജിതന്റെ ഹൃദയം ശക്തിയായി തുടിച്ചു. അതിന്റെ ശ്രവണത്തില്‍ അവന്റെ ശരീരം കിലുകിലാവിറച്ചു. ഏറെനേരത്തെ ഗാഢാലോചനയ്ക്കുശേഷം അവന് തന്നത്താന്‍ ഇങ്ങനെ പറഞ്ഞു:
``അതെ! അതെ! അതുതന്നെയാണു വേണ്ടത്! എന്റെ സ്മരണയിലുള്ളതു സകുലതും, പുസ്തകങ്ങളില്‍നിന്നും ഞാന്‍ പഠിപ്പിച്ചിട്ടുള്ളതു മുഴുനും മറക്കണം... ഈ നിമിഷം! അതേ ഇപ്പോള്‍തന്നെ! എല്ലാം മറക്കണം! ഒന്നുമാത്രം- ഒരൊറ്റ ഓര്‍മ്മമാത്രം - എന്റെ ഹൃദയത്തില്‍ അവശേഷിച്ചാല്മതി... അതെ, പ്രതീകാരം... മധുരമായ പ്രതീകാരം... എന്റെ അച്ഛന് എന്നെ ഭാരമേല്പിച്ച ആ രക്തം പുരണ്ട പ്രതീകാരം!!- അതിനെക്കുറിച്ചുള്ള ഓര്‍മ്മമാത്രമേ എന്റെ ഹൃദയത്തില്‍ അവശേഷിക്കാവൂ. ഞാനിതാ ഒരുങ്ങിക്കഴിഞ്ഞു. എന്റെ കര്‍ത്തവ്യത്തിനു ഞാന്‍ ഈ മുഹൂര്‍ത്തംമുതല്‍ ബദ്ധകങ്കണനായിരിക്കുന്നു! കുടിലബുദ്ധിയായ കുടിലേശാ! കരുതിയിരിക്കുക! പിശാചിന്റെ സാത്മ്യം വഹിക്കുന്ന ആ ഭയങ്കരപ്രതീകാരത്തിനു ഞാനിതാ വന്നുകഴിഞ്ഞു. അച്ഛാ! എന്റെ അച്ഛാ! അവിടുത്തേക്കു നമസ്കാരം!''
അജിതന് തന്റെ സഹകാരികളുടെ സമീപത്തേക്കു തിരിച്ചുചെന്നു.
നടന്ന കഥയെല്ലാം അവന് തന്റെ ആത്മമിത്രമായ സോമനെമാത്രമേ ധരിപ്പിച്ചുള്ളു. അന്നു രാവില്‍ ഉണ്ടായ സ്ഥിതിഗതികള്‍ ഒന്നുംതന്നെ പുറത്തു മിണ്ടിപ്പോകരുതെന്ന് അവന് സോമനേയും സഞ്ജയനേയും പ്രത്യേകം ശട്ടംകെട്ടി.
``പക്ഷേ ഈ പ്രതീകാരബുദ്ധി ഒരിക്കലും പുറത്തു കാട്ടിക്കൂടാ'' അജിതന് സ്വയം ചിന്തിക്കാന്‍തുടങ്ങി. ``ഞാനൊരിക്കലും ഒന്നിനെപ്പറ്റിയും ഇനി ചിന്തിക്കുന്നതായിതോന്നരുത്. കുടിലേശന് വല്ലതും സംശയിച്ചേക്കും! സ്വയംരക്ഷയ്ക്കായി അവന് പല മുന്‍കരുതലുകളും ചെയ്യും - പാടില്ല, അതിന് ഇടകൊടുത്തുകൂടാ. ഉദ്ദേശ്യനിര്വഹണ മുഹൂര്‍ത്തംവരെ, ഞാന്‍ ഒരു ചിത്തഭ്രമക്കാരനായിത്തീരുന്നതാണ് നന്ന്. എന്നാല്‍ അവന് ഒരിക്കലും എന്നെ സംശയിക്കയില്ല. അതെ. അതുതന്നെ നല്ലത്.''
അന്നുമുതല്‍, അജിതന്റെ ആകൃതിക്കും, പ്രകൃതിക്കും, സംസാരത്തിനും, പെരുമാറ്റത്തിനും, എല്ലാംതന്നെ പൊതുവേ ഒരു മാറ്റം വന്നുകൂടി. ഒരുതരം മൗഢ്യം അതില്‍ കലര്‍ന്നു. അവന് ഒന്നിലും സ്ഥിരതയില്ലാത്തവനെപ്പോലെ വെറും ഒരു ഭ്രാന്തന്റെമട്ട് - നല്ലവണ്ണം അഭിനയിച്ചു. കാണികളെല്ലാം വാസ്തവത്തില്‍ അജിതന് ഒരു ഭ്രാന്തനായിത്തീര്ന്നുവെന്നു വിശ്വസിച്ചു. രാജാവും രാജ്ഞിയും അതില്‍ ഒന്നുപോലെ വഞ്ചിക്കപ്പെട്ടു. പ്രേതാഗമനവൃത്താന്തം അവര്‍ അറിഞ്ഞിരുന്നില്ല. അതിനാല്‍ ആ ഭ്രാന്തസ്വഭാവത്തിന്റെ അടിയില്‍ കിടക്കുന്നതു ദിവംഗതനായ പിതാവിനെക്കുറിച്ചുള്ള ദുസ്സഹദുഃഖമാണെന്നു ശങ്കിക്കാന്‍ രാജ്ഞിക്കു കഴിഞ്ഞില്ല. അതിന്റെ കാരണം മറ്റെന്തോ ആയിരിക്കാമെന്നു അവര്‍ വ്യാഖ്യാനിച്ചു. പരമാര്‍ത്ഥം കണ്ടുപിടിച്ചപോലെ അവര്‍ ഭാവിക്കയുംചെയ്തു.
പ്രസ്തുത സംഭവകാലങ്ങള്ക്കു മുന്‍പ്, അഗാധമായ ആപല്ഗര്ത്തത്തില് ആപതിക്കുന്നതിനു മുന്‍പ്, അജിതന് അച്ഛന്റെ ആത്മസചിവനായിരുന്ന ശിവപ്രസാദന്റെ പുത്രി രഞ്ജനയെ ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു. അവര്‍ പരസ്പരം കത്തുകള്‍ എഴുതുകയും പ്രേമചിഹ്നമായി അംഗുലീയം കൈമാറുകയും ചെയ്തിരുന്നു.
അവന്റെ പ്രണയാര്ത്ഥനകളില് രഞ്ജന അനുകൂലയും, ഉല്സുകയും ആയിട്ടാണിരുന്നത്. പിതാവിന്റെ ചരമം തുടങ്ങിയ ദാരുണസംഭവത്തിനുശേഷം അവന് അവളോടുതീരെ അനകമ്പകൂടാതെ, അഥവാ മൃഗീയമാംവണ്ണം, പെരുമാറുവാന്‍ തുടങ്ങി. എന്നാല്‍ സല്ഗുണസമ്പൂര്ണ്ണയായ അവള് അവനെ അശേഷം വെറുത്തില്ല. അവന്റെ ഹൃദയത്തിലുള്ള ഏതോ വിരുദ്ധശക്തികളുടെ തിരത്തല്ലലില്നിന്നും സഞ്ജാതമായ ഒരസ്വാസ്ഥ്യത്താല് മാത്രമാണങ്ങനെ പെരുമാറുന്നതെന്നും, അതൊന്നും പ്രേമവൈരള്യംകൊണ്ടല്ലെന്നും അകാരണമായ വെറുപ്പ് തന്റെ പേരിലുണ്ടായിട്ടില്ലെന്നും, അവള് അനുമാനിച്ചുറച്ചു. ഒരു ക്രമമായ ആന്തോളനത്താല് മനോജ്ഞസംഗീതം പൊഴിക്കുന്ന മണികള്‍, അവ്യവസ്ഥിതമായ ചലനംകൊണ്ട് എങ്ങനെ അപസ്വരം പൊഴിക്കുന്നുവോ, അതുപോലെ, കുലീനതയ്ക്കും ധര്‍മ്മബോധത്തിനും വിളനിലമായിരുന്ന പ്രേയാന്റെ നിര്മ്മലഹൃദയത്തിന്, ഘോരദുഃഖത്താല് അഗാധമായ ഒരു ദുരന്തക്ഷതമേറ്റതാണ് അങ്ങിനെയൊരു വ്യതിയാനത്തിന്റെ കാരണമെന്നവള്‍ തീര്‍ച്ചയാക്കി.
തന്റെ പ്രിയപിതാവിനെ നിഷ്ഠൂരമാംവിധം നിഗ്രഹിച്ച പ്രതിയോഗിയോട് ഉചിതപ്രതികാരം ചെയ്യേണ്ട ഗൗരവാവഹമായ ജീവിതപരിപാടിയില് പ്രേമത്തിനും നര്മ്മസല്ലാപത്തിനും സ്ഥാനമില്ലെന്നുതന്നെ അജിതനു തോന്നി. പക്ഷേ ആ മൃദുലവികാരത്തിന്റെ സുരഭിലചോദനങ്ങളെ ആവിയാക്കിപ്പായിക്കാന് എരിഞ്ഞാളുന്ന ആ തീക്ഷ്ണവ്രതത്തിനു സാധിച്ചില്ല. ഏകാന്തതയില്‍ ആ തീക്ഷണചിന്ത അതിന്റെ സകല രൂക്ഷഫണങ്ങളും നിവര്‍ത്തിപ്പിടിച്ച് പുളഞ്ഞെഴുനേല്ക്കുന്നതിനിടയില് രഞ്ജയുടെ മഞ്ജൂളവിഗ്രഹം അവന്റെ മനോദൃഷ്ടികള്ക്കു മുന്പില് അമൃതശീതളമായ മന്ദഹാസംവര്ഷിച്ചുകൊണ്ടുദിച്ചുയരും. അതിലെ ചില സ്പന്ദനങ്ങള്‍ അതിന്റെ സമ്പര്‍ക്കത്താല്‍ മധുരമായ ഒരു മുരളീഗാനത്തില്‍ അലിഞ്ഞുചേരുംപോലെ അവനുതോന്നും. പ്രേമകോമളമായ അങ്ങിനെയുള്ള ഒരവസരത്തില്‍ അജിതന് അവന്റെ മനോനായികയ്ക്കു ഒരു കത്തെഴുതി അയച്ചു. അവളോടു തനിക്കുള്ള അഗാധവും നിഷ്കളങ്കവുമായ പ്രണയം, അതിലെ ഓരോ അക്ഷരബിന്ദുക്കളിലും അലിഞ്ഞുചേര്ന്നിട്ടുണ്ടായിരുന്നു. തനിക്കെന്തെല്ലാം രൂപാന്തരങ്ങള്‍ സംഭവിച്ചാലും, അതിനെല്ലാമടിയില്, ഹൃദയത്തിന്റെ അത്യന്തനിഗൂഢമായ ചില അഗാധതകളില്‍ അവളെക്കുറിച്ചുള്ള ചിന്ത സദാ നുരിയിടുന്നുണ്ടായിരിക്കുമെന്നും, തന്നെ അവള് ഒരിക്കലും തെറ്റിദ്ധരിക്കരുതെന്നും, അവന് ആ കത്തില്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു. ``നക്ഷത്രങ്ങള്‍ അഗ്നിസ്ഫുലിംഗങ്ങളായോ, ആദിത്യനെ ചലനശൂന്യനായോ, സത്യത്തെ ഭോഷ്കായോ വേണമെങ്കില്‍ സംശയിച്ചുകൊള്ളുക. എന്നാലും എന്റെ പ്രേമത്തെക്കുറിച്ചു ഒട്ടുംതന്നെ ശങ്കിക്കേണ്ട''! എന്നിങ്ങനെ പല അലങ്കാരങ്ങളും കവിതാശകലങ്ങളും ചേര്‍ത്തിണക്കിയ ഒരു പ്രേമലേഖനമായിരുന്നു, അവന് രഞ്ജനയ്ക്കയച്ചത്. രഞ്ജന ആ കത്തു തന്റെ വൃദ്ധനായ പിതാവിനെ കാണിച്ചു. അയാള്‍ ഉടന്‍തന്നെ ആ വിവരം രാജാവിനേയും രാജ്ഞിയേയും അറിയിച്ചു.
അവര്‍ അങ്ങിനെ തീരുമാനിക്കയും ചെയ്തു. അജിതകുമാരന്റെ ഉന്മാദത്തിന് അടിസ്ഥാനം കേവലം പ്രണയം മാത്രമാണെന്ന്. സല്ഗുണസമ്പൂര്ണ്ണയായ അവളുടെ സുസ്ഥിരമനോഭാവം, പക്ഷേ, അജിതന്റെ ഹൃദയത്തെ അതിന്റെ ലക്ഷ്യകേന്ദ്രത്തിലേയ്ക്കാനയിക്കാതിരിക്കയില്ലെന്ന് ഉമാദേവി ദൃഢമായി വിശ്വസിച്ചു.
പക്ഷേ അവള് വിശ്വസിച്ചപോലെ അത്ര പെട്ടെന്നു ശമിപ്പിക്കാവുന്നതായിരുന്നില്ല, അജിതന്റെ ബുദ്ധിയെ പിടികൂടിയിരുന്ന, സാംക്രമികരോഗം. പിതാവിന്റെ പ്രേതം സദാ അവന്റെ ഭാവനയെ ഉണര്‍ത്തിക്കൊണ്ടിരുന്നു. ആ പ്രചണ്ഡപ്രതീകാരം സാധിതപ്രായമാകുന്നതുവരെ തന്റെ മനസ്സിനു യാതൊരു സമാധാനവുമുണ്ടാകുന്നതല്ലെന്ന് അജിതനു പൂര്‍ണ്ണബോധം വന്നു. അതിന്റെ നിര്‍വഹണത്തിന് അമാന്തം വരുത്തുന്ന ഓരോ നിമിഷവും, തന്റെ പേരില്‍ ഓരോ പാതകത്തിന്റെ പാദമുദ്ര പതിച്ചിട്ടാണു മറയുന്നതെന്നും, അദ്ദേഹത്തിന്റെ ആത്മനിയോഗത്തെ ലംഘിക്കയാണ് ഈ ആലസ്യംകൊണ്ടു താന്‍ ആചരിക്കുന്നതെന്നുമുള്ള ഒരു തോന്നല്‍, അവനെ എന്തെന്നില്ലാതെ അലട്ടുവാന്‍ തുടങ്ങി. എന്നാല്‍ സര്‍വദാ അംഗരക്ഷകന്മാരാല് പരീതനായി വര്‍ത്തിക്കുന്ന കുടിലേഷനെ നിഗ്രഹിക്കുകയെന്നുള്ളത്, അത്ര ക്ഷിപ്രസാദ്ധ്യമായ ഒരു കാര്യവുമല്ല. അഥവാ അംഗരക്ഷന്മാരില്ലാത്ത അവസരം ഉണ്ടായാല്‍ അപ്പോഴെല്ലാം, ആ ധൂര്ത്തനോടൊരുമിച്ചു അമ്മയുമുണ്ടായിരിക്കും. അത് ഉദ്ദിഷ്ടകാര്യത്തിനു ശക്തിമത്തായ മറ്റൊരു പ്രതിബന്ധമായി അവന് കരുതി. എന്തിന്! അജിതന്റെ മാര്‍ഗ്ഗം എല്ലായ്പ്പോഴും നിരാശയുടെ നിഴലില്‍തന്നെ കണ്ടുതുടങ്ങി. ഇതൊന്നുമല്ലെങ്കില്തന്നെ, തന്റെ കഠാരം ആരുടെ ഹൃദയത്തിലാണ് താഴ്ത്തേണ്ടത്? തന്റെ മാതാവു പ്രത്യക്ഷത്തില്‍ പ്രാണനാഥനെന്നു കരുതി ആരാധിക്കുന്ന ഇളയച്ഛന്റെ മാര്‍ത്തടത്തില്‍! കൂര്‍ത്തു മൂര്‍ച്ചയേറിയ ഈ ആയുധത്തിന്റെ അഗ്രം,- നിര്‍ദ്ദയമായ പ്രതീകാരബുദ്ധിയുടെ മുന-ഇടയ്ക്കിടെ ഈവക ധര്മ്മചിന്തകളാല് ചതഞ്ഞ് മടങ്ങി കണ്ടുതുടങ്ങി. എന്നാലും വീണ്ടും അയാള്‍ അത് തീവ്രശപഥത്തിന്റെ ചാണക്കല്ലിലുരച്ചു ഒന്നിനൊന്നു മൂര്ച്ഛപ്പെടുത്തിക്കൊണ്ടിരുന്നു. തന്നെപ്പോലെ ശിരസ്സും, ഹൃദയവും പ്രാണനുമുള്ള ഒരു സഹജീവിയുടെ ജീവന് വേരോടെപിഴുതെടുക്കുക ന്നോര്ക്കുമ്പോള്തന്നെ, പ്രകൃത്യാ മൃദുലഹൃദയനായ അജിതന് വിറച്ചുപോകും. ഇങ്ങിനെയുള്ള ആശങ്കകളും ആലോചനകളും, അവനറിയാതെ ഈ ഉദ്യമത്തില്നിന്നവനെ അല്പാല്പം അകറ്റിനിര്‍ത്തി. അതിനിടയില്‍ മറ്റൊരുസംശയം. പ്രതീകാരബുദ്ധി വളര്‍ത്തിയ ആ അസാധാരണരൂപം അച്ഛന്റെ പ്രേതംതന്നെയായിരുന്നോ? അതോ തന്റെ ശോകാത്മകമനോഭാവവും ദുര്ബലതയുംകണ്ട് തന്നെ ഇപ്രകാരമൊരു ബുദ്ധിശൂന്യതയില് കൈകൊടുക്കുവാന്‍ പ്രേരിപ്പിച്ചു വല്ല ദുഷ്ടന്മാരും തന്റെ പിതാവിന്റെ വേഷത്തില്‍ വന്നു കാട്ടിക്കൂട്ടിയ ഒരുപായമാണോ? ആവോ! പരമാര്‍ത്ഥം എങ്ങിനെ ആര്‍ക്ക് അറിയാം? കേവലം സ്വപ്നമാത്രമായ ഒരു സംഭവത്തെ ബലമായി ആശ്രയിച്ചു താന്‍ ഇങ്ങിനെ ഭയങ്കരസാഹസത്തിനൊന്നും ഒരുമ്പെട്ടുകൂടാ.
ഒരുപക്ഷേ ചിന്താതപ്തതമൂലം ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന തലച്ചോറിന്റെ കൃത്രിമവൈകല്യംകൊണ്ടായിരിക്കാം ആ പ്രേതദര്‍ശനം. അതുകൊണ്ട് കൂടുതല്‍ വിശ്വാസയോഗ്യമായ വല്ല സംഭവവും ഉണ്ടായാല്‍മാത്രം ഇനി അതിനുദ്യമിച്ചാല്മതി എല്ലാം കൊണ്ടും അതാണ് നന്ന് - അയാള്‍ ഇങ്ങിനെ യാതൊരു സ്ഥിരതയുമില്ലാതെ കണക്കറ്റു കാര്യങ്ങള്‍ ചിന്തിക്കുവാനും ഒട്ടുവളരെ ആശങ്കകളുടെ ചുഴിയില്പെട്ടു കറങ്ങിത്തിരിയുവാനും തുടങ്ങി. ഇതിനിടയില്‍ ഒരുദിവസം കൊട്ടാരത്തില്‍ ഏതാനും നാടകക്കാര് വന്നുചേര്‍ന്നു. മുന്‍പു അജിതനു പാട്ടിലും കളിയിലുമെല്ലാം വലിയ ഔല്‍സുക്യമുണ്ടായിരുന്നു! വിശേഷിച്ചും അതില്‍ ഒരുവന്, വല്ലഭരാജ്യത്തെ രാജാവായിരുന്ന മായാമയന്റെ മരണത്തേയും രാജ്ഞി പത്മാവതിയുടെ കഠിനദുഃഖത്തേയും സൂചിപ്പിക്കുന്ന കഥ പറഞ്ഞത് അജിതന് ഓര്‍മ്മവന്നു. ആ പരാധീനചിത്തന് നാടകപ്രമാണിയെ വിളിച്ച്, പണ്ട് തനിക്കത്യന്തം ആത്മനിര്വൃതിയരുളിയിരുന്ന നാടകത്തിന്റെ ഇതിവൃത്തം ഒന്നുകൂടി ആവര്‍ത്തിക്കുവാന്‍ പറഞ്ഞു. അയാള്‍ അതു ഭംഗിയായി നിര്‍വഹിച്ചു. വല്ലഭേശനെ വഞ്ചിച്ചു കൊലപ്പെടുത്തിയതും, പട്ടണം തീവച്ചെരിച്ചു ജനങ്ങളെ ഭയങ്കരമാംവിധം ക്ലേശിപ്പിച്ചതും, ഭര്‍ത്താവു പിരിഞ്ഞ രാജ്ഞിയുടെ ദയനിയവിലാപവും, എല്ലാം അയാള്‍ വികാരജനകമാംവണ്ണം വര്‍ണ്ണിച്ചു. കേട്ടിരുന്നവര്‍ക്കു ആ സംഭവങ്ങള്‍ കണ്മുന്പില് നടക്കുന്നതുപോലെ തോന്നി. ആ ദുഃഖസംഭവബഹുലമായ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അയാളുടെ തൊണ്ടയിടറുകയും കണ്ണില്‍ ജലം നിറയുകയും ചെയ്തു. ശ്രോതാക്കളില്‍ ഒരാള്‍പോലും ഈ കഥകേട്ടു കരയാത്തവരായി അവിടെയുണ്ടായിരുന്നില്ല, ഇത് അജിതനെ ചിന്താവികലനാക്കിത്തീര്ത്തു. ആ രാജാവിനേയോ രാജ്ഞിയേയോ ഒരിക്കല്‍ കാണുകപോലും ചെയ്തിട്ടില്ലാത്ത ആ കളിക്കാരനു വര്ണ്യദയനീയസംഭവത്തില് അത്രമാത്രം ഹൃദയവേദനയും വികാരാവേശവും ഉണ്ടാകുമ്പോള്‍, സ്വന്തം പിതാവിന്റെ കാര്യത്തില്‍ താന്‍ ഇത്ര വികാരശൂന്യനായി അലസനായി നിലകൊള്ളുന്നത് എത്രയും ലജ്ജാവഹമായ ഒരു ഭീരുത്വമാണെന്നും, തന്റെ പ്രതീകാരത്തിനു ഇങ്ങനെ വിളംബംനേരിടുവിക്കുന്നത് ക്ഷന്തവ്യമല്ലാത്ത ഒരു പൗരുഷമില്ലായ്മയാണെന്നും, അവന്റെ ഹൃദയം അവനോടു ഉറപ്പായിപ്പറഞ്ഞു. കേവലം വാങ്മാത്രമായ ആ കഥാപ്രസംഗത്തില്‍ ഇത്രമാത്രം വികാരംതോന്നുന്ന സ്ഥിതിക്ക്, സമര്ത്ഥന്മാരായ നടന്മാര് അതെല്ലാം അത്യന്തവൈദ്ദ്ധ്യത്തോടെ ഒന്നഭിനയിക്കുകയാണെങ്കില്, എന്തായിരിക്കും, സ്ഥിതിയെന്നവന് ആലോചിച്ചു. കുടിലേശന്റെ സന്നിധിയില്‍വച്ചു തന്റെ പിതാവിനെ കൊലപ്പെടുത്തിയതിനോടു സാദൃശ്യമുള്ള വല്ലതുമൊന്നങ്ങിനെ അഭിനയിക്കുന്നപക്ഷം, അതിന്റെ ദര്‍ശനത്താല്‍ അയാളുടെ മുഖത്തുണ്ടാവുന്ന ഭാവഭേദങ്ങള്‍ സൂക്ഷിച്ച് സംഗതികളുടെ പരമാര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയുമെന്ന ഒരു ബോധം പെട്ടെന്നവന്റെ ഹൃദയത്തിലുണ്ടായി. ഏതായാലും ഉടന്‍തന്നെ അവന് ആവിധം ഒരു കളിനടത്തുവാന്തന്നെ തീര്‍ച്ചയാക്കി. അതു കാണുവാന്‍ രാജാവിനേയും രാജ്ഞിയേയും ക്ഷണിക്കുകയും ചെയ്തു.
നാഗപുരി എന്ന രാജ്യത്തിലെ ഒരു പ്രഭുവിനെ ഒളിവില്‍ കൊലപ്പെടുത്തുന്നതായിരുന്നു, അഭിനയിക്കപ്പെട്ട കഥ രാജാവിന്റെപേര് ധര്മ്മപാലന് എന്നായിരുന്നു; രാജ്ഞിയുടേത്. `സാന്ധില്യ' എന്നും ധര്‍മ്മപാലന്റെ കനിഷ്ഠസഹോദരനായ വിചിത്രന്‍, അദ്ദേഹത്തെ, മണിയറയില്‍ ഉറങ്ങിക്കിടക്കുന്ന സമയത്തു ചെവിയില്‍ വിഷം പകര്‍ന്നു കൊല്ലുന്നതും, താമസിയാതെ സാന്ധില്യയെ വിവാഹം ചെയ്യുന്നതും, വളരെ തന്മയത്വത്തോടെ നടന്മാര് അഭിനയിച്ചു.
ഇതു തന്നെ വലയില്‍ ചാടിക്കുവാനാണെന്നുള്ള ശങ്കപോലുമില്ലാതെ, കുടിലേശന് തന്റെ പാപകര്‍മ്മങ്ങള്‍ക്കു ഭാഗഭാഗിനിയായ ഭാര്യയും ഒരുമിച്ച് ആ നാടകം കാണുന്നതിനു സന്നിഹിതനായിരുന്നു. അദ്ദേഹത്തിന്റെ മുഖഭാവം സൂക്ഷ്മമായി പരിശോധിക്കണമെന്നു കരുതി അജിതനും ആ നാടകവേദിയുടെ മുന്നരങ്ങില്‍ സ്ഥലം പിടിച്ചു. നിശ്ചിതസമയത്തു നടനം ആരംഭിച്ചു. അതു ധര്‍മ്മപാലനും സാന്ധില്യയും തമ്മിലുള്ള ഒരു സംഭാഷണമായിരുന്നു. ധര്മ്മപാലന് തനിക്കു പ്രിയതമയോടുള്ള പ്രണയദാര്‍ഢ്യം തന്മയത്വത്തോടെ അഭിനയിച്ചു പ്രത്യക്ഷപ്പെടുത്തി. അതിനനുയോജ്യമാംവിധം രാജ്ഞി സ്വന്തംപ്രിയനെ ജീവനിലധികം സ്നേഹിക്കുന്നുവെന്നും, ഭര്‍ത്താവിനെ വേര്‍പെടുന്ന നിമിഷംമുതല്‍ താന്‍ സര്വസംഗപരിത്യാഗിനിയാണെന്നും നടിച്ചു, സ്നേഹമസൃണമായ മന്ദാക്ഷംകൊണ്ട് ധര്‍മ്മപാലനെ ആനന്ദതൂന്ദിലനാക്കി. വൈധവ്യദുഃഖം നേരിടുന്ന ഒരു സ്ത്രീ, ധര്മ്മചാരിണിയാണെങ്കില് പുനര്വിവാഹത്തിനൊരുങ്ങുകയില്ലെന്നും, അങ്ങനെ, ചെയ്യുന്നവള്‍ തന്റെ ജീവിതേശനെ നിഗ്രഹിക്കുന്നതിനും മടിയില്ലാത്ത ഒരു കുലടയായിരിക്കണമെന്നും, വീണ്ടും വീണ്ടും പറകയുണ്ടായി. പെട്ടെന്നു ഒരു ഭാവഭേദം കുടിലേശന്റെ മുഖത്തില്‍ ഉദിച്ചുയരുന്നതും, രാജ്ഞി ഹൃദയം കൈവിട്ടുപോയതുപോലെ അസ്വാസ്ഥ്യം പ്രദര്‍ശിപ്പിക്കുന്നതും, അവര്‍ രണ്ടുപേരും താന്താങ്ങളുടെ വികാരവൈകല്യം മറ്റുള്ളവരെ മനസ്സിലാക്കാതിരിക്കാന്‍ ശ്രമിക്കുന്നതും, അജിതന് അനുക്രമം വീക്ഷിച്ചു. ഒടുവില്‍ വിചിത്രന്‍ ഒരു വിഷപാത്രവും വഹിച്ച് ധര്‍മ്മപാലന്റെ ശയനാഗാരത്തില്‍ കടന്നപ്പോഴേക്കും കുടിലേശന് അവിടെ ഇരിക്കുവാന് സാധിക്കാതായി. അയാളുടെ മനസ്സാക്ഷി അയാളെ തീക്ഷ്ണമായി മര്‍ദ്ദിക്കുവാന്‍ തുടങ്ങി. വിചത്രന്റെ വേഷം കെട്ടിയിരുന്ന നടന് അതു ഭയപ്രദമാംവിധം അഭിനയിച്ചു. അവന് രാജാവിന്റെ ചെവിക്കുള്ളില്‍ വിഷം പകര്‍ന്നു ശ്വാസംമുട്ടിച്ചു കൊല്ലുന്നതയാള് കണ്ടു. ആ ഘാതകനായ രാജ്യചോരന്റെ-കുടിലേശനായ കുടിലേശന്റെ-ശരീരം ആലിലപോലെ വിറച്ചുതുടങ്ങി. അടുത്തനിമിഷം തനിക്കു മോഹാലസ്യത്തെ വരുത്താന്‍ ഇടയുണ്ടെന്നു ദീര്‍ഘദര്‍ശനം ചെയ്ത ആ പാപമൂര്ത്തി, ഉടനെ ആസനത്തില്‍നിന്നും എഴുന്നേറ്റ് പരിചാരകന്മാരെ അംഗുലീനിര്ദ്ദേശംമൂലം അനുഗമിക്കാന്‍ കല്പന കൊടുത്തു, മണിയറയിലേക്കു മടങ്ങി. രാജാവുപോയതു വലിയൊരാശ്വാസമെന്നുകരുതി രാജ്ഞിയും പിന്‍വാങ്ങി. ഇത്രയും ആയപ്പോള്‍ അന്നത്തെ നടനം അവസാനിപ്പിക്കാന്‍ നാടകക്കാരോടു അജിതകുമാരന്‍ കല്പിച്ചു. കാണേണ്ട ഭാഗം അവര്‍ രണ്ടുപേരും കണ്ണുനിറയെക്കണ്ടു.
അതില്‍ നിന്നും അജിതന് ആഗ്രഹിച്ചതെല്ലാം ഗ്രഹിച്ചു. ആ ക്ഷത്രിയ യുവാവ് കൃതാര്‍ത്ഥതയോടെ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു. തനിക്കു സിദ്ധിച്ച പ്രേതദര്‍ശനം അര്ത്ഥമില്ലാത്തതല്ലെന്നു തീര്‍ച്ചയാക്കി. രാജ്യശ്രീയെ കവര്ന്നവന്തന്നെയാണു രാജശ്രീയേയും നിഹനിച്ചതെന്നു സഗൗരവം ഓര്‍മ്മിച്ചു. തന്റെ വാത്സല്യമേറിയ പിതാവുതന്നെയാണു പാതിരാവേളയില് പ്രതീകാരത്തെ അര്ത്ഥിച്ചതെന്നും, വീരോചിതമായ വ്രതം ഫലപ്രാപ്തികണ്ടെത്താതെ മുട്ടിച്ചുകൂടെന്നും, അവനുബോധപ്പെട്ടു. താന്‍ ആ പ്രേതത്തിന്റെ വാക്കുകള്‍ ദൃഢമായി വിശ്വസിക്കുന്നുവെന്നു അവന് സോമനോടു ഒന്നിലധികംപ്രാവശ്യം പറഞ്ഞു. അതില്പിന്നെ തന്റെ ഉദ്ദേശസാദ്ധ്യത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞ് ഏതാനും ഉദയാസ്തമയങ്ങള്‍ കഴിഞ്ഞു. അടുത്തൊരവസരത്തില്‍, രാജ്ഞി തന്നെ ഒരു രഹസ്യസന്ദര്ശനത്തിനാവശ്യപ്പെടുന്നു എന്നു, ഒരു ഭൃത്യന്വന്നു കുമാരനെ അറിയിച്ചു.
കുടിലേശന്റെ ആഗ്രഹമനുസരിച്ചാണു രാജ്ഞി തന്റെ പുത്രനാളയച്ചത്. അന്നത്തെ നാടകത്തിന്റെ ആവശ്യവും അര്‍ത്ഥവും എന്തുതന്നെയായിരുന്നുവെന്നും, ആ പ്രദര്ശനംകൊണ്ടു സാധിച്ചതെന്തെന്നും, അജിതനോടു സൂത്രത്തില്‍ ചോദിച്ചറിയണമെന്നുകൂടി, അവളെ രാജാവു ശട്ടംകെട്ടിയിരുന്നു. എന്നാല്‍ എത്രയൊക്കെയായാലും ഒരു മാതാവിന്റെ നിലയ്ക്ക്, അജിതന് പറയുന്നതുമുഴുവന്‍ അതേപടി രാജ്ഞി പ്രത്യക്ഷപ്പെടുത്തുകയില്ലെന്നു വിശ്വാസശൂന്യനായ കുടിലേശന് ഊഹിച്ചു. മുന്‍പൊരിക്കല്‍ പ്രധാന സചിവനായിരുന്ന ശിവപ്രസാദനെ, അമ്മയുടേയും മകന്റേയും കൂടിക്കാഴ്ചയില്‍ നടക്കുന്ന രഹസ്യങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കണമെന്നും അതേപടി അതിനെ അറിയിക്കണമെന്നും, പ്രത്യേകം നിയോഗിച്ചിരുന്നു. നയകോവിദനായ വൃദ്ധസചിവന് സംഗതികളുടെ സൂക്ഷ്മസ്വഭാവം അറിയുവാനുള്ള ഉല്‍ക്കണ്ഠയോടെ രാജ്ഞിയുടെ അന്തപ്പുരത്തില്‍ ഒരിടത്ത് ഒരു യവനികയ്ക്കു പിമ്പിലായി ഒളിഞ്ഞു നിന്നു. കൃത്രിമസ്വഭാവത്തില് വാസനയേറിയ മന്ത്രിക്ക്, ഈ കാര്യത്തില്‍ പ്രത്യേകം ഔല്‍സുക്യം ഉണ്ടായതില്‍ എന്താണു വിസ്മയിക്കാനുള്ളത്?
സാന്ധില്യ കുമാരനോട് അവന്റെ അനുവര്ത്തനത്തെക്കുറിച്ചു വാത്സല്യപൂര്‍വം പലതും സംസാരിച്ചു. ഇതൊന്നും ഇളയച്ഛന്-കുടിലേശന്- തീരെ രസിക്കുന്നില്ലെന്നും, രാജാവെന്നനിലയില്‍ ശിക്ഷാര്‍ഹമായ പല തെറ്റുകളും അജിതന് ആചരിക്കുന്നതായി പുറത്തുവന്നിട്ടുണ്ടെന്നും, ഭര്‍ത്താവിന്റെ കോപംവളര്ത്താതെ താന്‍ കഴിയുന്നത്ര സാന്ത്വനപ്പെടുത്തിവരികയാണെന്നും, ശാസനാരൂപത്തില്‍ രാജ്ഞി സംസാരിക്കയുണ്ടായി. അജിതന്, ധീരനായ യുവരാജാവിന്റെ ധാര്‍ഷ്ട്യത്തോടെ, ഇതിനെല്ലാം ഉചിതമായ മറുപടികൊടുക്കാതിരുന്നില്ല. പരാക്രമിയും പരമാര്ത്ഥിയുമായിരുന്ന അച്ഛനെ, നിഷ്ഠൂരമാംവിധം നിഹനിച്ച ഘാതകനായ ആ മനുഷ്യാധമന്‍, തന്റെ പിതൃസ്ഥാനം അര്പ്പിക്കത്തവണ്ണം അമ്മയാചരിച്ച അപരാധത്തെ, അജിതന് പലതവണയും ആവര്‍ത്തിച്ചു.
അവളുടെ പുത്രവാത്സല്യം എത്രകണ്ട് അതിര്കവിഞ്ഞിരുന്നാലും, തനിക്കു അമ്മയോടുള്ള പകയും ഈര്‍ഷ്യയും ആയുരന്തം നിലനില്ക്കാതെ നിര്‍വാഹമില്ലെന്ന്, അവജ്ഞാപൂര്‍വം ഗ്രഹിപ്പിച്ചു. അവസാനമായി ഉണര്‍ന്ന സ്വരത്തില്‍ അജിതന് ഇത്രമാത്രം പറകയുണ്ടായി: ``അമ്മേ, സാഹസികന്റെ സഹധര്മ്മിണിസ്ഥാനം സ്വയം കൈവരിച്ച, അമ്മ, എന്റെ അച്ഛന് എത്രമാത്രം വെറുപ്പുതോന്നിച്ചിട്ടുണ്ട്?'' അതു വെറും അര്‍ത്ഥമില്ലാത്ത ദോഷാരോപണമാണെന്നു സൈ്വരിണിയെപ്പോലെ രാജ്ഞി പ്രസ്താവിച്ചു. തന്റെ മാതാവിന്റെ ഹൃദയവേദി അത്തരത്തിലുള്ള ഒരു സമാധാനം പറയുന്നതിനുമാത്രമേ പര്യാപ്തമായുള്ളു എന്നു കുമാരന് കാലേകൂട്ടി നിശ്ചയിച്ചിരുന്നു.
``അമ്മേ, അമ്മയില്‍ ഈ വാക്കുകള്‍ അസംഗതമല്ല.'' രാജ്ഞിക്കിതുകേട്ടു സഹിക്കവയ്യാത്ത കോപമുണ്ടായി. അവള് രൂക്ഷമായിങ്ങനെ ചോദിച്ചു:
``ആരോടാണു നീയിങ്ങനെപറയുന്നതെന്നു നിനക്കറിയാമോ?''
``കഷ്ടം! അതെനിക്കറിയാം അമ്മേ അത് ``എനിക്കു മറക്കാന്‍ കഴികയില്ല. ദൈവമേ, എനിക്കതു മറക്കാന്‍ കഴിയുമായിരുന്നെങ്കില്‍!!'' - കുമാരന്റെ രണ്ടു കണ്ണുകളും നിറഞ്ഞു. അജിതന് തുടര്‍ന്നു പറഞ്ഞു: ``അവിടുന്നു രാജ്ഞിയാണ്. ഇന്ന് അവിടുത്തെ ഭര്‍ത്താവ് മഹാരാജാവാണ്; ഞാന്‍ ഒരു പ്രജമാത്രം! മഹാരാജ്ഞീ, അവിടുന്ന് എന്റെ അമ്മയും സ്വസഹോദരന്റെ കൈക്കൊണ്ടു ജീവപാശമറ്റുപോകാന് ഇടയായ ചിത്രരഥന്റെ പട്ടമഹിഷിയുമായിരുന്നില്ലെങ്കില്, ഹാ, എത്ര നന്നാ-യി-രു-ന്നു!!..''
``എന്നാല്‍ വേണ്ട'' രാജ്ഞി പറഞ്ഞു. രാജാവിനേയോ ശിവപ്രസാദനേയോ അവന്റെ അടുക്കലേക്കയയ്ക്കാം എന്നു കരുതി അജിതനുമായുള്ള സംഭാഷണത്തില്‍നിന്നും വിരമിച്ചു. എന്നാല്‍ അജിതന് അവളെ വിട്ടില്ല. ഹൃദയം തുറന്നു നിഗൂഢമായി സംസാരിക്കാനുള്ള സന്ദര്‍ഭം ലഭിച്ചതു നിഷ്ഫലമാക്കരുതെന്നു കരുതി അവന് തന്റെ മാതാവിന്റെ കൈക്കു കടന്നു മുറുകെപ്പിടിച്ചു അവളെ ഒരു കസേരയില്‍ ഇരുത്തി. മകന്റെ ഈ പെരുമാറ്റം അവളെ ഭയംകൊണ്ടു അമ്പരപ്പിച്ചു. അസ്ഥിരബുദ്ധിയായ അവനില്‍ നിന്നെന്തെങ്കിലും ഉപദ്രവം നേരിട്ടേക്കുമെന്നുള്ള ഭയത്താല്‍ അവള് ഉടന്‍തന്നെ ഉറക്കെ നിലവിളിച്ചു. ആ മുറിയിലുണ്ടായിരുന്ന ഒരു യവനികയുടെ പുറകില്നിന്നു പെട്ടെന്നു ഇങ്ങനെ ഒരു ശബ്ദംകേട്ടു. ``രക്ഷിക്കണേ, രാജ്ഞിയേ രക്ഷിക്കണേ!'' രാജാവായിരിക്കും അവിടെ ഒളിഞ്ഞിരിക്കുന്നതെന്നു കരുതി അജിതന് അരയില്‍നിന്നും ഞൊടിയിടകൊണ്ടു തന്റെ വാള് വലിച്ചൂരി, സസംഭ്രമം ശബ്ദമുണ്ടായ സ്ഥാനത്തെ ലക്ഷ്യമാക്കി ആഞ്ഞൊരു വെട്ടു കൊടുത്തു. ക്രമേണ കേട്ടിരുന്ന ആ ശബ്ദം നിലച്ചു. രാജാവു മരിച്ചുപോയി എന്നു അയാള്‍ക്കു തോന്നി. അയാള്‍ ഉടനെ യവനികയുടെ പിന്നില്‍നിന്നു തപ്പിത്തടഞ്ഞ് ആ ശരീരം വലിച്ചിഴച്ചു വെളിച്ചത്തേക്കു കൊണ്ടുവന്നു രാജാവായിരുന്നില്ല, അത്. അവരുടെ സംഭാഷണം ഒളിച്ചു നിന്നു കേള്‍ക്കുവാന്‍ കാലേകൂട്ടിവന്നു സ്ഥാനംപിടിച്ചിരുന്ന ആ വൃദ്ധസചിവന് ശിവപ്രസാദന്‍!
``അയ്യോ!'' രാജ്ഞി വീണ്ടും ഉറക്കെക്കരഞ്ഞു. ``അജിതാ, എന്തു സാഹസമാണു നീയിക്കാണിച്ചത്?'' ``അമ്മേ ഇതൊരു ഭയങ്കരസാഹസംതന്നെ.'' അജിതന് മറുപടി പറഞ്ഞു. ``പക്ഷേ ജ്യേഷ്ഠസഹോദരനെ ഹിംസിച്ച മഹാപാപിയെ വരണമാല ചാര്‍ത്തിയ കൃതഘ്നയായ ഒരു സ്ത്രീയുടെ സാഹസത്തോളം ഭയങ്കരമല്ല ഇത്!'' ആ അനിഷ്ടസംഭവത്തെക്കുറിച്ചു തന്റെ മാതാവിനോടു തുറന്നുപറയുവാനുള്ള ഒരുക്കമായി. അജിതന്:- ``മാതാപിതാക്കന്മാര് ചെയ്യുന്ന തെറ്റുകള്‍ അവരുടെ കുട്ടികള്‍ അത്ര കാര്യമാക്കേണ്ടതില്ല; പക്ഷേ അവരുടെ ചില ഭയങ്കരകൃത്യങ്ങളുടെ കൗടില്യത്തെക്കുറിച്ചു ചിലപ്പോള്‍ കഠിനമായി അധിക്ഷേപിക്കേണ്ടതായും വരും; അപ്പോള്‍ അമ്മയാണെന്നുള്ള ഭക്തിയോ ബഹുമാനമോ മറന്ന് പലതും സംസാരിക്കേണ്ടതായും, അമ്മേ, ഒരുവേള പ്രവര്ത്തിക്കേണ്ടതായിത്തന്നേയും, വന്നുകൂടും അതു നിയമദൃഷ്ട്യാ സാധുവല്ലെങ്കിലും അങ്ങിനെയുള്ള സംഭവങ്ങള്‍ പ്രപഞ്ചഗതിക്കു അത്യാവശ്യങ്ങളാണ്.'' അജിതന് വിരമിച്ചില്ല! അവന് തുടരെ പലതും പറഞ്ഞു. വാസ്തവത്തില്‍ കുമാരനെ ഇതില്‍ കുറ്റപ്പെടുത്തുവാന്‍ അവകാശമില്ല. അവന് തന്റെ മാതാവിന്റെ സ്നേഹശൂന്യതയേയും, തന്റെ പിതാവിനെക്കൊന്ന ഇളയച്ഛന്റെ മൃഗസ്വഭാവത്തെയും, ഭര്‍ത്താവായ ഘാതകനെ അമ്മ കൈക്കൊണ്ടതില്‍ കാണിച്ച നീചമനഃസ്ഥിതിയേയും പറ്റി ഒട്ടധികം അധിക്ഷേപിച്ചു. സമുദായം, നീതി, മാനം, വിവാഹബന്ധത്തിന്റെ അര്‍ത്ഥശൂന്യത, സര്‍വോപരി സ്ത്രീകളുടെ കപടത ഇവയെപ്പറ്റി അവന് കര്‍ക്കശമായി വിമര്‍ശിക്കാന്‍ തുടങ്ങി. അവസാനമായി കപടപടുവായ മനുഷ്യജീവിതം കേവലം നിരര്‍ത്ഥങ്ങളായ മായാമൗഢ്യത്തിനു മകുടോദാഹരണമെന്നു നിര്‍ദ്ദയം വിധിച്ചു. അവന് രണ്ടു പടങ്ങള്‍ എടുത്തു തന്റെ മാതാവിനെ കാണിക്കുകയുണ്ടായി. അവയില്‍ ഒന്നു തന്റെ വന്ദ്യപിതാവും മറ്റേതു ഇപ്പോഴത്തേ രാജാവും ആയിരുന്നു. ചിത്രങ്ങളെത്തമ്മില് താരതമ്യവിവേചനം ചെയ്യാന്‍ തുടങ്ങി. അവതമ്മിലുള്ള വ്യത്യാസം നിരീക്ഷിച്ചു നോക്കുവാന്‍ അജിതന് തന്റെ മാതാവിനോടു ഗല്ഗദസ്വരത്തില് പറഞ്ഞു. തേജസ്സും പൗരുഷവും കാരുണ്യവുമാണ് അച്ഛന്റെ വദനത്തില്‍ സ്ഫുരിച്ചിരുന്നത്. പ്രഥമദര്‍ശനത്തില്‍ അദ്ദേഹം ഒരു അലോകസാധാരണനാണെന്ന് കാണുന്നവര്‍ക്ക് തോന്നിപ്പോകത്തക്കവിധത്തിലുള്ള ഒരു ദിവ്യകാന്തി ആ രൂപത്തെ വലയം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രശാന്തകോമളായ വദനമണ്ഡലം, കരുണാപൂര്ണ്ണനയനങ്ങള്, മന്ദസ്മിതം തൂകിക്കൊണ്ടിരിക്കുന്ന ഒരാത്മാര്‍ത്ഥത- ഹാ! അജിതന് നിന്നനില്പില് ഒന്നുപുളഞ്ഞു അച്ഛനോടുള്ള ആദരം അത്രമാത്രം വിപുലമായിരുന്നു മറ്റേചിത്രം! അവന് അമ്മയേനോക്കി ഗര്‍ജ്ജിച്ചു: - ``നോക്കണം! ഈ ഖലകേസരിയാരാണ്... ഇവന് ഒരു പിശാചല്ലേ? സൂക്ഷിക്കുക!''
രാജ്ഞിയെ ഈ സംഭവം ഒന്നന്ധാളിപ്പിച്ചു. അവള് അവളുടെ ആത്മാവിന്റെ അന്ധതയിലേക്കൊന്നുളിഞ്ഞു നോക്കി. വ്യക്തമായി ഒന്നു കണ്ടില്ലെങ്കിലും ആ വീക്ഷണം ഇരുള്നിറഞ്ഞും അത്യന്തം വികൃതവുമായി ആ രാജ്ഞിക്കു തോന്നി. തന്റെ പ്രത്യക്ഷദൈവത്തെ നിഷ്കരുണം ഹിംസിച്ച നീചനോടൊന്നിച്ചെങ്ങിനെ ജീവിക്കാന്‍ തോന്നിയെന്ന് അവള് അറിയാതെ അവളോടുതന്നെ ഒന്നു ചോദിച്ചു.
ഇത്രയുമായപ്പോഴേക്കും അജിതന് അര്‍ദ്ധരാത്രിക്കു ദര്‍ശിച്ച പ്രേതം ആ മുറിയിലേക്കു കടന്നുവരുന്നതവന്റെ ദൃഷ്ടിയില്പെട്ടു. എന്തിനാണിപ്പോള്‍ അവിടെ കടന്നുവന്നതെന്നുള്ള അവന്റെ ചോദ്യത്തിന് ആ പ്രതീകാരത്തെക്കുറിച്ചൊന്നോര്മ്മപ്പെടുത്തുവാനാണെന്ന് ആഗതനായ പ്രേതം പറഞ്ഞു. ആ ചിന്ത അവന് അപ്പോള്‍ അല്പാല്പം വിസ്മരിച്ചുതുടങ്ങിയിരുന്നതായി അവനുതന്നെ തോന്നി. ആ രൂപം അജിതനു മാത്രമേ കാണാന്‍ കഴിഞ്ഞിരുന്നുള്ളു. തന്റെ പുത്രന് ആരോടോ സംസാരിക്കുന്നതും അതിനുത്തരമായി ഗംഭീരസ്വരത്തില്‍ മറ്റൊരു ശബ്ദം മുഖരീതമാക്കുന്നതും അവള്‍ക്കും അനുഭവപ്പെട്ടു. അവള് ഒന്നു നടുങ്ങി! പകച്ചുനോക്കി. എന്നാല്‍ ആരെയും അവള് കണ്ടില്ല. ഇതു കൂടുതല്‍ ഭയത്തിനു കാരണമായി; രാജ്ഞിയുടെ ദേഹം കിടുകിടാവിറച്ചു. എന്നാല്‍ അവന് ഭ്രാന്തുപിടിച്ച് എന്തോ പ്രലപിക്കയാണെന്നവള് സമാധാനപ്പെട്ടു. ഉത്തരം ഉണ്ടായതോ?- അതിനു മാത്രം സമാധാനം അവള്‍ക്കു കിട്ടിയില്ല. അജിതന് തനിക്കു യാതൊരു ഭ്രാന്തുമില്ലെന്നും അവളുടെ ക്ഷന്തവ്യമല്ലാത്ത അപരാധം ഒന്നുമാത്രമാണു തന്റെ അച്ഛനു ശവക്കല്ലറയില്പോലും സമാധാനമുണ്ടാക്കാത്തതെന്നും അത്യന്തവേദനയോടും വെറുപ്പോടും പ്രത്യക്ഷപ്പപ്പെടുത്തി.
അനന്തരം സ്വയംകൃതങ്ങളായ മഹാപരാധങ്ങള്‍ എല്ലാം ഏറ്റുപറഞ്ഞു അവള് പശ്ചാത്തപിക്കണമെന്നും ആത്മശാന്തിയടയാതെ അലഞ്ഞുതിരിയുന്ന ഭര്ത്തൃദേവതയോടു മാപ്പിരക്കേണമെന്നും അദ്ദേഹത്തിന്റെ അകാലചരമത്തിനു കാരണഭൂതനായ ആ ഘോരഘാതകനുമായുള്ള വേഴ്ച-ലജ്ജാകരമായ ബന്ധം-നിയതിയനുവദിക്കാത്ത അസംബന്ധം- ഉപേക്ഷിച്ചാല്‍ കൊള്ളാമെന്നും അവളോട് അജിതന് കേണപേക്ഷിച്ചു. അങ്ങിനെ ചെയ്തു തന്റെ ഭര്‍ത്താവിന്റെ സ്മരണയെഭക്തിപൂര്വം ആരാധിക്കുന്നപക്ഷം ഒരു പുത്രന് എന്നനിലയില്‍ താന്‍ അവളോട് അനുഗ്രഹം ആഭ്യര്ത്ഥിക്കുന്നതാണെന്ന് അജിതന് അവന്റെ മാതാവിനെ അറിയിച്ചു. അവന്റെ അഭിപ്രായങ്ങളെക്കുറിച്ച് താന്‍ ആലോചിക്കുന്നതാണെന്ന് അവള് താല്ക്കാലികമായിട്ടെങ്കിലും സമ്മതിച്ചു. അനന്തരം ആ രഹസ്യസന്ദര്‍ശനം അവസാനിച്ചു.
ശിവപ്രസാദന്റെ ദാരുണമായ ചരമം അജിതനെ താല്ക്കാലികമായിട്ടെങ്കിലും രാജ്യത്തില്‍നിന്നും നിഷ്കാസനം ചെയ്യുവാന്‍ കുടിലേശനു ഒരു കാരണമായിത്തീര്‍ന്നു. അയാള്‍ മനഃപൂര്‍വം അവനെ കൊന്നുകളയുമായിരുന്നു. എന്നാല്‍ അയാള്‍ ജനങ്ങളെ അത്യധികം ഭയപ്പെട്ടു. എന്തൊക്കെയായാലും സ്വപുത്രനെ ഹൃദയപൂര്‍വം സ്നേഹിക്കുന്ന രാജ്ഞിയോടും അജിതനോടും അതിര്കടന്ന ഭക്തിയുള്ളവരായിരുന്നു, പ്രജകള്‍. നാട്ടുകാര്‍ ഒന്നായി ഇളകി തന്റെ നേര്‍ക്ക് തിരിഞ്ഞേക്കുമെന്നുള്ള ഭയം കുടിലേശനെ ആ ഉദ്ദേശത്തില്നിന്നും പിന്മാറ്റി. ഏതായാലും അയാള്‍ മറ്റൊരുപായമെടുത്തു. ശിവപ്രസാദന്റെ മരണം ഗൗരവമുള്ളതായി തീരാതിരിക്കത്തക്കവിധം അജിതനെ കപ്പല്‍കയറ്റി സരമ എന്ന ദ്വീപില്‍ കൊണ്ടുപോയി അവിടത്തെ കൊട്ടാരത്തില്‍ താമസിപ്പിക്കുവാന്‍ കല്പനകൊടുത്തു.
ഇതവന്റെ രക്ഷയെമാത്രം ഉദ്ദേശിച്ചാണെന്ന് കുടിലേശന് പുറമേ ഭാവിച്ചു. എന്നാല്‍ ആ ദ്വീപില്‍ ഇറങ്ങുന്നതോടുകൂടി അവന്റെ കഥകഴിക്കണമെന്നുകൂടി കാണിച്ചു ഒരു കത്ത് അവിടെ ചില സ്നേഹിതന്മാര്ക്ക് കൊടുക്കുവാന്‍ രണ്ടു കിങ്കരന്മാരെ ഏല്പിച്ചിട്ട് അവരോടുകൂടി അജിതനെ യാത്രയയ്ക്കാനൊരുമ്പെടുകയാണ് ആ ദുഷ്ടന് ചെയ്തത്.
അന്നു രാത്രി അവന് രാജാവിന്റെ അനുചരന്മാര് ഉറങ്ങിക്കിടക്കുമ്പോള്‍ ആ എഴുത്തുകള്‍ കൈക്കലാക്കി തന്റെ പേരിനു പകരം ആ കിങ്കരന്മാരുടെ പേര് തിരുത്തി എഴുതി അതിരുന്നിടത്തുതന്നെ വച്ചു. രാത്രി കുറേ കടല്‍ക്കള്ളന്മാര്‍ അവരെ ആക്രമിച്ചു. അതിനിടയില്‍ സൂത്രത്തില്‍ രാജകുമാരന് കള്ളന്മാരുടെ കപ്പലില്‍ കയറി കൂടെയുണ്ടായിരുന്നവര്‍ സധീരം ആ കള്ളന്മാരുമായി പടവെട്ടി ജയിച്ചു നിര്‍ബാധം സരമയില്‍ എത്തി, കത്തുകള്‍ കൊടുത്തു സ്വയം മരണം കൈവരിച്ചു. തങ്ങളുടെ കപ്പലില്‍ അകപ്പെട്ട ആള് ആരാണെന്നറിഞ്ഞ്, ആ കള്ളന്മാര് വിസ്മയിക്കയും അനുകൂലഭാവം പ്രദര്‍ശിപ്പിക്കയും ചെയ്തു. രാജകുമാരനില്നിന്നു തങ്ങള്‍ക്കെന്തെങ്കിലും ഗുണമുണ്ടാകുമെന്നു കരുതി അവര്‍ അദ്ദേഹത്തെ പുഷ്പപുരിയില് കൊണ്ടു ചെന്നു വിട്ടു. പരിജനം മുഖാന്തിരം നടന്ന വൃത്താന്തമെല്ലാം അജിതന് കുടിലേശനെ അറിയിച്ചശേഷം താന്‍ നാളെ അദ്ദേഹത്തെ സന്ദര്ശിക്കുന്നതാണെന്നു പറഞ്ഞയച്ചു.
രാജസൗധം വിട്ടു കുറേദൂരം പോയപ്പോള്‍ ഹൃദയവേദനയുണ്ടാക്കുന്ന ഒരു രംഗം അവന്റെ ദൃഷ്ടിയില് പെട്ടു. ഇത്രനാളും അവന് ആത്മാവിനെക്കാള്‍ ഉപരിയായി സ്നേഹിച്ചിരുന്ന രഞ്ജനയുടെ സംസ്കാരകര്മ്മനിര്വഹണമായിരുന്നു അത്. പിതാവിന്റെ മരണശേഷം അവളുടെ ബുദ്ധിക്കു വലിയ ഒരു മാറ്റം വന്നുകൂടി. തന്നെ എത്രയും സ്നേഹിച്ചിരുന്ന അജിതരാജകുമാരന്റെ കൈകൊണ്ടാണു പിതാവ് മരിച്ചതെന്നുകൂടി കേട്ടപ്പോള്‍ മുതല്‍ അവള് വിഭ്രാന്തചിത്തയായി. അതിനുശേഷം ഒരുന്മാദിനിയെപ്പോലെ മരണത്തേയും പ്രേമത്തേയും കുറിച്ചുള്ള ഓരോ ഗാനങ്ങള്‍ പാടിക്കൊണ്ടും പൂക്കള്‍ പറിച്ചു മാലകെട്ടി വില്ക്കുന്നതിനായിട്ടും അവള് തെരുവിഥികളില്‍ അലഞ്ഞുനടന്നു. ``അച്ഛന്റെ സംസ്കാര''ത്തിനെന്നു പറഞ്ഞു ദിവസവും ഓരോ മുല്ലമാലകെട്ടി അവള് കൊട്ടാരത്തില്‍കൊണ്ടു ചെന്നു കൊടുക്കും. ആത്മക്ഷതത്തിന്റെ തീവ്രവേദന അന്തര്ല്ലീനങ്ങളായ അവ്യക്തഗാനങ്ങളാണ് അവളുടെ കണ്ഠനാളത്തില്‍ നിന്നു സദാ നിര്ഗ്ഗളിച്ചുകൊണ്ടിരുന്നത്. അത് ശ്രോതാക്കളുടെ ഹൃദയത്തില്‍ ശോകാന്മകങ്ങളായ മൃദുലവികാരങ്ങളെ തട്ടിയുണര്‍ത്തി. ഒരു ദിവസം സായാഹ്നത്തില്‍ രണ്ടുമൂന്നു പൂമാലകള്കെട്ടി തോളിലിട്ട്, നടന്നുപോകുന്നതിനടയ്ക്ക് മറ്റൊരു മാല കൊരുത്തുകൊണ്ട്, അവള് മാലിനി നദിതീരത്തില് എത്തി. അവിടെ ഒരു ചെറിയ കടമ്പു അടിമുടി പൂത്തുനിന്നിരുന്നു. തന്റെ കൈയിലുണ്ടായിരുന്ന മാലകള്‍ അതിനെ അണിയിക്കാനുള്ള ആവേശത്തോടെ അതില്‍ കയറുന്നതിനായി നദിയിലേക്ക് ചാഞ്ഞ് കിടന്നിരുന്ന ഒരിളംകൊമ്പില് അവള് പിടിച്ചു. എന്നാല്‍ പെട്ടെന്ന് ആ കൊമ്പൊടിഞ്ഞു കൈയിലുണ്ടായിരുന്ന സുരഭിലമാല്യങ്ങളോടൊന്നിച്ച് അവള് താഴെയുള്ള കയത്തിലേക്കു വീണു.
ദുരന്തമായ ആവര്‍ത്തങ്ങള്‍ നിറഞ്ഞ ഒരു വലിയ കയമായിരുന്നു അവിടം. അവളതിനുള്ളില്പെട്ട് അല്പനേരം കറങ്ങിത്തിരിഞ്ഞു. കണ്ണുനീര്വരുന്ന സന്താപഗാനം അവള് മധുരമായി ആ കയത്തിനുള്ളില്‍ കറങ്ങുമ്പോഴും പാടിക്കൊണ്ടിരുന്നു. എന്നാല്‍ അധികനേരം ആ നിലയില്‍ കഴിഞ്ഞില്ല. അവളുടെ കൈകാല്‍ കുഴഞ്ഞു നദീഗര്ത്തത്തില് ആണ്ടുപോകയും രണ്ടുമൂന്നു പ്രാവശ്യം തലപൊന്തിച്ചു വിശ്വസിക്കാന്‍പാടില്ലാത്ത വിശ്വത്തെ വീക്ഷിക്കയുംചെയ്തു. ഇതോടുകൂടി ശ്വാസനാളങ്ങളില്‍ വെള്ളം കടന്നു അവള് ദയനീയമാംവണ്ണം മൃതിയടഞ്ഞു. പ്രേമഖിന്നയായി ആയുസ്സിനെ അവള് ഇങ്ങിനെ അവസാനിപ്പിച്ചു.
അജിതന്റെ മാതാവും ശവസംസ്കാരസ്ഥലത്ത് എത്തിയിരിക്കുന്നതായി കണ്ടു. ആ പ്രക്ഷുബ്ധഹൃദയന് ഏതാനും നിമിഷം അവിടെനിന്ന്, തന്റെ ആത്മനായികയുടെ ഹേമപുഷ്പസദൃശമായ പൂവല്മെയ്യ് കടുംതീയില് കത്തിക്കാളുന്നതു കണ്ടു. പ്രതീകാരദീക്ഷിതനെങ്കിലും ആ യുവാവിന്റെ ഹൃദയം തെല്ലിടഞ്ഞു വിചിന്തനം ചെയ്തു. ഉമാദേവി ചിതയ്ക്കരികില്‍ ചെന്നുനിന്ന് മുല്ല, പിച്ചി, റോസ, ചെമ്പകം മുതലായ ഒട്ടുവളരെ സുരഭിലപുഷ്പങ്ങള്‍ ഒക്കെനിറയെ വാരി ആ പട്ടടയിലെ ചെന്തീര്പ്പടര്പ്പില് ചൊരിഞ്ഞു. ആ പുഷ്പഹവനത്തിനിടയില് അവളുടെ കണ്ഠത്തില്‍നിന്നും സങ്കടദ്യോതകങ്ങളായ ഈ വാക്കുകള്‍ പൊട്ടിപ്പുറപ്പെട്ടു:-
``മനോഹരവസ്തുക്കളോടു സംബന്ധിക്കേണ്ടതു മനോഹരവസ്തുക്കള്തന്നെ. ഓമനേ, നിന്റെ പട്ടടയേ അല്ല പട്ടുമെത്തയേ ആയിരുന്നു ഈ വാസനയേറിയ കുസുമങ്ങളെക്കൊണ്ടലങ്കരിക്കണമെന്നു ഞാനാശിച്ചിരുന്നത്. എന്തു ചെയ്യാം? അകാലവിയോഗിനി, സുകുമാരിയായ നീ എന്റെ അജിതകുമാരന്റെ ജീവസര്വസ്വമായിരുന്നു!''
അവളുടെ സഹോദരനായ വിമലന് ചിതയ്ക്കരികില്‍ നിന്നു തേങ്ങിത്തേങ്ങി കരയുന്നുണ്ടായിരുന്നു. പെട്ടെന്നവരുടെ ദൃഷ്ടികള്‍ അന്യോന്യം ഇടഞ്ഞു. ഒരു ക്ഷധിതശാര്ദൂലത്തെപ്പോലെ തല്‍ക്ഷണം വിമലന് തന്റെ പ്രിയസോദരിയുടേയും പിതാവിന്റെയും മരണത്തിനു ഏകകാരണക്കാരനായ അജിതന്റെനേര്ക്ക് കുതിച്ചുചാടി. എന്നാല്‍ അവിടെ കൂടിയിരുന്ന ബന്ധുജനങ്ങള്‍ ഓടിവന്ന് അദ്ദേഹത്തെ തടുത്തിട്ടും രണ്ടുപേരേയും ആ കലഹത്തില്‍നിന്നും പിടിച്ചുമാറ്റി. അജിതന് തനിക്കവളോടുണ്ടായിരുന്ന സ്നേഹാതിരേകത്തെക്കുറിച്ചു അറിയിക്കയും ശിവപ്രസാദന്റെ മരണത്തില്‍ താന്‍ നിര്‍ദ്ദോഷിയാണെന്നു വെളിപ്പെടുത്തുകയും ചെയ്തു. അങ്ങിനെ ആ രണ്ടു യുവാക്കന്മാരും അന്യോന്യം സൗഹാര്ദ്ദബദ്ധരായിത്തീര്ന്നു.
എന്നാല്‍ ശിവപ്രസാദന്റേയും രഞ്ജനയുടേയും ഘാതകനായ അജിതന്റെ പേരില്‍ കുടിലേശനു വൈരം വര്ദ്ധിച്ചുതന്നെവന്നു. എങ്ങിനെയെങ്കിലും അവന്റെ ജീവഹാനി വരുത്തണമെന്ന് ആ രാജരക്ഷസ്സു ചിന്തിച്ചുറച്ച് അടുത്തൊരുദവിസം അതിന്നായി വിമലനെ സമീപിച്ചു. മുന്‍പൊരിക്കല്‍ ചിതാസമീപത്തില്വച്ച് അജിതനുമായി രാജിപ്പെട്ടെങ്കിലും വിമലന്റെ ഹൃദയത്തില്‍ വേരുറച്ചുപോയിരുന്ന പക നിശ്ശേഷം കെട്ടിരുന്നില്ല.
കുടിലേശന്റെ ദുര്‍ബോധനകള്‍ അതു വീണ്ടും ഉജ്ജ്വലിപ്പിച്ചു. അയാളുടെ ഉദ്ദേശപ്രകാരം വിമലന് ഒരു കായികശക്തി പരീക്ഷയ്ക്കായി അജിതനെ ക്ഷണിച്ചു. സ്നേഹപൂര്വമല്ലെങ്കില്തന്നെയും ക്ഷത്രിയനായ അജിതന് ആ അപേക്ഷയെ നിരസിച്ചില്ല. രണ്ടുപേരുംകൂടി അതിനായി ഒരു ദിവസം നിശ്ചയിച്ചു. ക്ലിപ്തദിവസം ആ രണ്ടുയുവാക്കന്മാരും തയ്യാറോടുകൂടി പരീക്ഷാവേദിയിലെത്തി വാള്‍കൊണ്ടുള്ള ഒരു യുദ്ധമാണ് ആദ്യമായി നിശ്ചയിച്ചത്. വെറുമൊരു നേരമ്പോക്കായി വിമലന് ഭാവിച്ചതുമൂലം അജിതന് ആയുധം തെരഞ്ഞെടുത്തത് അത്ര കരുതലോടുകൂടിയല്ല. എന്നാല്‍ വിമലന്റെ കൈവശമുണ്ടായിരുന്ന കൃപാണം കാകോളം പുരട്ടിയ അപായകരമായ നിശിതായുധമായിരുന്നു. ആരംഭത്തില്‍ വിമലന് ഗൗരവമോ വൈരമോ പ്രദര്‍ശിപ്പിച്ചില്ല. ദ്വന്ദ്വയുദ്ധം ഒന്നിനൊന്നു മുറുകിവന്നു. വെട്ടും തടയും ക്രമേണ ശക്തിയുറച്ചും വൈരം വളര്‍ന്നും വര്‍ദ്ധിച്ചു. തരംനോക്കി വിമലന് അജിതന്റെ ശിരസ്സിനെ ലക്ഷ്യമാക്കി ആഞ്ഞൊരു വെട്ടുകൊടുത്തു. പക്ഷേ അജിതന് അതു തടുത്തതിനാല്‍ വെട്ടു അവന്റെ ഗളനാളത്തിനേറ്റില്ല. എന്നാല്‍ അതിന്റെ അഗ്രം ഇടത്തേസ്കന്ധത്തിനല്പം താഴെ ശക്തിയാംവണ്ണം തറയ്ക്കയും രൂക്ഷമായ ഒരു മുറിവേല്ക്കയും അതില്‍ നിന്നു രക്തം വാര്ന്നുതുടങ്ങുകയും ചെയ്തു. യുദ്ധത്തിന്റെ മുറയനുസരിച്ച് പകുതിസമയമായപ്പോള്‍ അവര്‍ പരസ്പരം ആയുധം കൈമാറി. അപ്പോഴും അജിതനു ചതിമുഴുവന് മനസ്സിലായിരുന്നില്ല. പക്ഷേ അവന്റെ ഒരു വാള്‍വീശല്‍ ലാക്കുതെറ്റി വിമലന്റെ ശിരസ്സിനെ നിലത്തു വീഴ്ത്തി. ``അയ്യോ!'' എന്നലറിക്കൊണ്ട് അവന് ഇടിയേറ്റപോലെ നിലത്തുവീണു കൈകാലുകള്‍ തല്ലിപ്പിടച്ചുതുടങ്ങി. അജിതന് എന്നെ വിഷംതന്നു ചതിച്ചുകൊന്നു. ഓടിവരുവിന്‍!!'' എന്നുള്ള ഒരു മുറിവിളി അടുത്തമാത്രയില്‍ അവിടെയെങ്ങും മുഴങ്ങി. അജിതകുമാരന്‍ വിഷവ്യാപ്തിയില് പ്രാണവേദനയോടുകൂടി യുദ്ധരംഗത്തില്‍ പാഞ്ഞു വട്ടമിട്ടു. അടുത്തുചെന്നു. ഉമാദേവി ദേഹമാസകലം ഒരു നീലിപ്പു ബാധിച്ച് അര്‍ദ്ധപ്രാണയായി നിലത്തുകിടന്നുരുളുന്നു. സമരത്തില്‍ ഒരുപക്ഷേ അജിതന് വിജയംനേടുന്നപക്ഷം അവനെ കാപ്പികുടിക്കാന്‍ ക്ഷണിക്കണമെന്നും അങ്ങിനെ ആ സല്ക്കാരംമൂലം അവനെ അപായപ്പെടുത്താമെന്നും കരുതി കുടിലേശന് ഒരുപാത്രം കാപ്പിയില്‍ വിഷംകലര്‍ത്തി വച്ചിട്ടുണ്ടായിരുന്നു. അത് ഏറ്റവും രഹസ്യമായിരുന്നതിനാല്‍ ഏതു പാത്രമാണെന്നു രാജ്ഞിയോട് പറഞ്ഞില്ല. പരമാര്‍ത്ഥമറിയാതെ ഉമാദേവി വിഷംകലര്‍ന്ന ആ കാപ്പിയെടുത്തു കുടിച്ചു. എന്തോ വഞ്ചനകള്‍ നടക്കുന്നുണ്ടെന്നു സംശയിച്ച് അജിതന് കൊട്ടാരത്തിന്റെ വാതിലുകളെല്ലാം അടയ്ക്കുവാന്‍ ആജ്ഞകൊടുത്തു ആയുധപാണികളായ കിങ്കരന്മാരെ എല്ലായിടവും നിര്‍ത്തിയശേഷം പരിശോധനയ്ക്കൊരുമ്പെട്ടു. അപ്പോഴെയ്ക്കും മരിക്കാറായിക്കിടക്കുന്ന വിമലന് ഇങ്ങനെ വിളിച്ചുപറഞ്ഞു.
``അജിതാ! നീ ഇനി ഒന്നും പരിശോധിക്കേണ്ട. വഞ്ചനക്കാരന്‍ ഞാന്‍ തന്നെ ഏതായാലും നിനക്കിനി അരനാഴികയിലധികം ജീവിച്ചിരിക്കാന്‍ സാദ്ധ്യമല്ല. ഒരു ഭിഷഗ്വരനു ശമിപ്പിക്കാന്‍ സാധിക്കാത്തവിധം അത്രമാത്രം ശക്തിയുള്ള വിഷം പുരട്ടിയ വാള്കൊണ്ടാണ് ഞാന്‍ നിന്റെ ദേഹത്തില്‍ ആ മുറിവേല്‍പിച്ചിട്ടുള്ളത്.
ആ വാള്‍കൊണ്ടുതന്നെ ഇതാ ഞാനും മൃതിയടയുന്നു. നിന്റെ ആ ഞരമ്പുകളിലെല്ലാം ഇപ്പോഴേക്കും വിഷം സംക്രമിച്ചിട്ടുണ്ട്. നീ ഇനി അധികനേരം ജീവിച്ചിരിക്കയില്ല. സാഹസികന് ഞാന്‍ തന്നെ. ഏതായാലും എന്റെ പ്രിയപ്പെട്ട അജിതാ, എന്റെ സാഹസം നീ ക്ഷമിക്കണം. അജിതാ നീ എനിക്കു മാപ്പുതരണേ!- ഇതിനെല്ലാം ഹേതുഭൂതന് ആ കുടിലേശന്! പരമദുഷ്ടന്! ഹാ! അര്‍ത്ഥവത്തായ പേര്!- അവന് ഒരുവനാണ്!'' ഇത്രയും പറഞ്ഞ് ദയനീയമായ ഒരു ദീനരോദനത്തോടുകൂടി അവന്റെ ദേഹി ശരീരത്തോടു യാത്രപറഞ്ഞു!
തനിക്കേതായാലും അധികനേരത്തെ ജീവിതമില്ലെന്നറിഞ്ഞ് അജിതന് കുടിലേശന്റെ നേര്‍ക്ക് തിരിഞ്ഞു. വിഷം അവശേഷിച്ചിരുന്ന ആ വാള് മുന്കരുതല്കൂടാതെയിരുന്ന കുടിലേശന്റെ ഹൃദയത്തില്‍ കുത്തിയിറക്കി. ഭയങ്കരമായ ഒരലര്‍ച്ചയോടെ മലപോലെ അവന് പിന്നോട്ടു മലച്ചു. അങ്ങിനെ തന്റെ പിതാവിനോടുള്ള ശപഥം - ആ രക്തം പുരണ്ട പ്രതീകാരം- ആ അസിധാരവ്രതം - അതിന്റെ പൂര്‍ണ്ണഫലപ്രാപ്തിയില്‍ എത്തി. തന്റെ ശക്തി ക്ഷയിച്ചുതുടങ്ങുന്നതുപോലെ അജിതനു തോന്നി. അവന്റെ തല കറങ്ങിത്തുടങ്ങി. അവന് സാവധാനം അവിടെ ഇരുന്നു. സോമന് അവനെ താങ്ങി ഒരു മെത്തയില്‍ കിടത്തി... അജിതന്റെ മുഖം വിളറി. അവന് അകാലമൃതിയുടെ അനുഭവമധുരമായ രൂപം കണ്ടു കണ്ണുകള്‍ അടച്ചു. ``ഞാനും അങ്ങയെ അനുഗമിക്കട്ടെയോ?'' എന്നു തന്റെ കുഠാരം കൈയില്‍ എടുത്തുകൊണ്ടു സോമന് അവനോടു ചോദിച്ചു. ``അരുത്...'' എന്ന് അജിതന് അവനെ വിലക്കി കഠാര വാങ്ങി ദൂരത്തിട്ടു. തന്റെ ശോകപര്യവസായിയായ ഈ കഥ അവന് ലോകത്തെ ധരിപ്പിക്കണമെന്നു സോമനോട് അജിതന് ചരിതാര്‍ത്ഥതയോടെ അഭ്യര്‍ത്ഥിച്ചു. അടുത്ത നിമിഷം പ്രതീകാരപരായണനായ ആ യുവനൃപന്‍ മരിച്ചുവീണു. കാണികള്‍ ഇതെല്ലാം കണ്ടു വാവിട്ടു കേണു. അജിതന് ശാന്തനും സ്നേഹശീലനും ധര്മ്മതല്പരനുമായ ഒരു രാജകുമാരനാണെന്നു ജനങ്ങള്‍ക്കു നല്ലവണ്ണമറിയാമായിരുന്നു. ഇങ്ങനെ ഒരു അകാല ചരമത്തിനിടവന്നില്ലെങ്കില് പുഷ്പപുരിയിലെ ഒരു മഹനീയനായ രാജാവായി അവന് പരിലസിക്കുമായിരുന്നുവെന്നോര്ത്ത്, അവന്റെ മരണത്തില്‍ ആ നാട്ടിലെ പ്രജാ സഞ്ചയമാകമാനം അടക്കാനാകാത്ത ഹൃദയവ്യഥയോടെ കണ്ണുനീര് പൊഴിച്ചു.
പ്രതാപവിജയം
മായാമണ്ഡലസാമ്രാജ്യത്തിന്റെ ഏകച്ഛത്രാധിപതിയായ വീരേന്ദ്രസിംഹന്റെ കാലത്ത്, അദ്ദേഹത്തിന്റെ കീഴില്‍ `സിംഹള' രാജ്യം ഭരിച്ചുപോന്ന ഒരു യുവസാമന്തരാജാവായിരുന്നു പ്രതാപന്. അത്യന്തം ക്രൂരനും അക്രമിയും ആയിരുന്ന വീരേന്ദ്രസിംഹന്റെ അഴിമതികള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. അങ്ങിനെയിരിക്കുന്ന കാലത്ത് അതികഠിനമായ ഒരു കടുംകൈ ചക്രവര്‍ത്തി പരമരഹസ്യമായി പ്രയോഗിച്ചത് വെളിവാക്കിയെന്നകാരണത്താല് അദ്ദേഹത്തിന്റെ കത്തിക്കാളിയ കോപജ്വാലകള് പ്രതാപന്റെ നേര്‍ക്കുതിരിഞ്ഞു. അതില്‍നിന്നും രക്ഷപ്പെടുവാന്‍ മറ്റൊരു മാര്‍ഗ്ഗവും കാണാതെ അദ്ദേഹം കുറേനാള്‍ വിദേശവാസം അനുഷ്ഠിക്കുവാന്‍ തീര്‍ച്ചപ്പെടുത്തി. തന്റെ വിശ്വസ്തസചിവനായ വസന്തസേനനെ രാജ്യഭാരം ഏള്പ്പിച്ചിട്ട് അദ്ദേഹം സ്വരാജ്യംവിട്ടു.
പ്രതാപന് മംഗളപുരിയില് എത്തിച്ചേര്‍ന്നു. അക്കാലത്ത് ആ രാജ്യമാകമാനം ഒരു ഭയങ്കരക്ഷാമത്താല് പീഡിതമായിരുന്നു. അദ്ദേഹം തന്റെ അമിതമായ ധനശക്തിയാല്‍ ധാന്യാദിവിഭവങ്ങള് യഥേഷ്ടം സംഭരിച്ച് യഥായോഗ്യം നാടൊട്ടുക്കു വിതരണം ചെയ്തു, സ്വര്ഗ്ഗത്തുനിന്നെത്തിയ ഒരു ദൈവദൂതനെപ്പോലെ പട്ടിണിയാല്‍ എരിപൊരിക്കൊണ്ടിരുന്ന ജനങ്ങളെ മൃത്യുവക്ത്രത്തില്‍ നിന്നു വീണ്ടെടുത്ത് ക്ഷാമദേവതയെ ആ നാട്ടില്നിന്നുച്ചാടനം ചെയ്തു. തന്നിമിത്തം പ്രതാപന് മംഗളപുരനിവാസികളുടെ കണ്ണിലുണ്ണിയായിത്തീര്‍ന്നു. എന്നാല്‍ അധികനാള്‍ അദ്ദേഹത്തിനവിടെ സൈ്വരജീവിതം നയിക്കുവാന്‍ സാധിച്ചില്ല. താനെവിടെയാണെന്ന് വീരേന്ദ്രസിംഹനറിഞ്ഞിരിക്കുന്നുവെന്നും, തന്നെ നിഗ്രഹിക്കാനായി കിങ്കരന്മാരെ അയച്ചിട്ടുണ്ടെന്നും അതിനാല്‍ മംഗളപുരിയിലെ താമസം മംഗളകരമല്ലെന്നും വിവരിച്ചുകൊണ്ടുള്ള ഒരു കത്ത് പ്രതാപന് തന്റെ അമാത്യനില് നിന്നു ലഭിച്ചു. അതിനാല്‍ ഏറെത്താമസിയാതെ അവിടുത്തെ രാജാവിന്റെയും പ്രജകളുടേയും ആശീര്‍വാദത്തോടുകൂടി അവിടെനിന്ന് കപ്പല്‍ മാര്‍ഗ്ഗം യാത്രയായി.
രണ്ടുമൂന്നുദിവസം, കരകാണാത്ത ആ മഹാസാഗരത്തില്ക്കൂടി അദ്ദേഹത്തിന്റെ കപ്പല്‍ കുതിച്ചുപാഞ്ഞു. ഒരു രാത്രി യദൃച്ഛയാ ഭയങ്കരമായ ഒരു കൊടുങ്കാറ്റുണ്ടാവുകയും കപ്പല്‍ വഴിതെറ്റി അപരിചിതവും ആപല്‍ക്കരവുമായ ജലമണ്ഡലത്തില്‍ ലക്കില്ലാതെ ചുറ്റിത്തിരിഞ്ഞ് കുറ്റാകുറ്റിരുട്ടില്‍ ഒരു പൊന്തന്പാറമേല് ചെന്നടിച്ച് ഛിന്നഭിന്നമായിപ്പോവുകയും ചെയ്തു. കപ്പലിലുണ്ടായിരുന്നവരെല്ലാം മുങ്ങിമരിച്ചുവെങ്കിലും പ്രതാപന്മാത്രം ദൈവാനുഗ്രഹത്താല്‍ എങ്ങിനെയോ രക്ഷപെട്ടു. ഒരു കരയ്ക്കുചെന്നുപറ്റി. താനെവിടെയാണെന്നോ അതേതുരാജ്യമാണെന്നോ അദ്ദേഹം അറിഞ്ഞില്ല. ഏറെനേരം അവിടെ അലഞ്ഞുനടന്ന് ക്ഷീണിതനായി ഒരു പാറയുടെ ചുവട്ടില്‍ പ്രതാപന് ഇരുന്നു വിശ്രമിക്കുകയായിരുന്നു. അപ്പോഴേയ്ക്കു ഏതാനും ദാശന്മാര്‍ ആ വഴി വന്നെത്തി അര്‍ദ്ധനഗ്നനും ക്ഷുധാപരവശനും നിസ്സഹായനുമായ പ്രതാപനെ അവര്‍ സ്വഗൃഹങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയി ഭക്ഷണവും വസ്ത്രങ്ങളുമെല്ലാം കൊടുത്തു ആ രാജ്യത്തിന്റെ പേര് `ഉമാലയം' എന്നാണെന്നും അവിടത്തെ രാജാവ് നീതിമാനും ധാര്‍മ്മികനുമായ `ഗിരിജാപതി'യാണെന്നും അവര്‍ പ്രതാപനെ ധരിപ്പിച്ചു.
അദ്ദേഹത്തിന് അതിസുന്ദരിയും സുശീലയുമായ ഒരു പുത്രിയുണ്ടെന്നു അവരില്‍ നിന്നും പ്രതാപനറിയാന് കഴിഞ്ഞു.
അവരില്‍ ഒരാള്‍ അദ്ദേഹത്തോടു പറഞ്ഞു:- ``സാനുമതി, എന്നാണ് രാജകുമാരിയുടെ പേര്. നാളെ കൊച്ചുതമ്പുരാട്ടിയുടെ ആട്ടത്തിരുനാളാണ്. അതുസംബന്ധിച്ചു കൊട്ടാരത്തില്‍ നാളെ `ഒരായുധമത്സരം' നടക്കുന്നുണ്ട്. നാനാരാജ്യത്തുനിന്നും അനേകം പ്രഭുക്കന്മാരും യുദ്ധവീരന്മാരും അതില്‍ പങ്കുകൊള്ളുന്നതിനായി ഇവിടെ എത്തിച്ചേരും.''
അതുകേട്ട് അല്പം കുണ്ഠിതം കലര്‍ന്ന സ്വരത്തില്‍ പ്രതാപന് പറഞ്ഞു:- ``എന്തുചെയ്യാം. എനിക്കൊരു നല്ല പടച്ചട്ടയും വാളും പരിചയും ഉണ്ടായിരുന്നു. കപ്പല്‍ മുങ്ങി അവയെല്ലാം കടലില്‍ പൊയ്പോയി. ഇന്നതുണ്ടായിരുന്നെങ്കില് എനിക്കും മത്സരത്തില്‍ പങ്കുകൊള്ളാമായിരുന്നില്ലേ? കഷ്ടം!''
അല്പനേരം കഴിഞ്ഞ് അവിടെ മറ്റൊരു മുക്കുവന് പ്രവേശിച്ചു. അയാളുടെ കൈവശം ഒരു പടച്ചട്ടയും വാളും പരിചയും ഉണ്ടായിരുന്നു.
``ഇതെല്ലാം നിങ്ങള്‍ക്കെടുക്കാം- അയാള്‍ പറഞ്ഞു. ``ഇന്നു വലയിട്ടപ്പോള്‍ കിട്ടിയതാണിത്...''
തന്റെ സ്വന്തം ആയുധങ്ങള്തന്നെയാണതെന്നു പ്രതാപനു മനസ്സിലായി.
``ഈശ്വരാനുഗ്രഹം'' പ്രതാപന് സന്തോഷിച്ചു. ``ഇതു മൂന്നും അച്ഛന് എനിക്കു സമ്മാനിച്ചതാണ്. ഞാനെന്റെ പ്രാണനുതുല്യമായിട്ടാണിവയെ കരുതിയിരുന്നത്. ഇവ നഷ്ടപ്പെട്ടതോര്‍ത്തു എന്റെ ഹൃദയം ഈ നിമിഷംവരെ വേദനിക്കയായിരുന്നു. എങ്ങനെയായാലും എന്റെ മുതല്‍ എനിക്കുതന്നെ തിരിച്ചുകിട്ടിയല്ലോ'' ഭാഗ്യം. എന്റെ കപ്പല്ച്ചേതത്തെക്കുറിച്ചിപ്പോള് എനിക്കു വലിയ സങ്കടമൊന്നും തോന്നുന്നില്ല. ഇവ കൊണ്ടുവന്നുതന്നതിന് നിങ്ങളോട് ഞാന്‍ എന്നെന്നും കൃതജ്ഞതയുള്ളവനായിരിക്കും.''
പിറ്റേദിവസം പ്രതാപന് കൊട്ടാരത്തില്‍ എത്തി. അദ്ദേഹത്തിന്റെ അസൂയാജനകമായ രണവൈദഗ്ദ്ധ്യവും ധീരതയും കണ്ടു രാജാവും, കുമാരിയും, മറ്റു കാണികളും അത്ഭുതസ്തബ്ധരായി. മത്സരത്തിനായി തന്നോടെതിരിട്ട സകല യുവയോദ്ധാക്കളേയും നിഷ്പ്രയാസം കീഴടക്കി പ്രതാപന് സ്തുത്യര്‍ഹമാംവിധം വിജയഭേരി മുഴക്കി. സന്തുഷ്ടനായിത്തീര്‍ന്ന ഗിരിജാപതി അനുമോദനാശംസകളോടെ ആ രണശൂരനെ വിജയഹാരമണിയിച്ചു. സാനുമതിക്കു പ്രഥമദര്ശനത്താല്തന്നെ കോമളാകാരനായ പ്രതാപന്റെ പേരില്‍ സ്ത്രീസഹജമായ ഒരുവക `കൗതുകം' ജനിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അനിതരസാധാരണമായ അത്ഭുതപരാക്രമങ്ങള്‍ അവളെ അദ്ദേഹത്തോടാകര്ഷിച്ചു. അങ്ങനെ രാജകുമാരി പ്രതാപനില്‍ അനുരക്തയായിത്തീര്ന്നു. ഗിരിജാപതിയും അതില്‍ അശേഷമെങ്കിലും വൈമനസ്യം പ്രദര്‍ശിപ്പിച്ചതുമില്ല. അദ്ദേഹം പ്രതാപന്റെ സധീരവൃത്തികളാല് ആകൃഷ്ടനായി വംശസ്ഥിതിയെക്കുറിച്ചു യാതൊന്നും തിരക്കാതെതന്നെ കുമാരിയെ അദ്ദേഹത്തിനു വിവാഹം കഴിച്ചു കൊടുത്തു.
മാസങ്ങള്‍ എട്ടൊന്‍പതു കഴിഞ്ഞു. തന്റെ ശത്രുവായ വീരേന്ദ്രസിംഹന് ഇതിനിടെ മരിച്ചുപോയെന്നുള്ള വൃത്താന്തം പ്രതാപനെ സന്തുഷ്ടനാക്കി. തന്റെ പുനസ്സമാഗമത്തിന്റെ സാമാന്യത്തിലധികം ദീര്‍ഘിക്കുന്ന വിളംബം ജനങ്ങളെ ക്ഷോഭിപ്പിക്കുന്നുവെന്നും അവര്‍ പക്ഷേ വസന്തസേനനെത്തന്നെ സിംഹാസനത്തില്‍ അധിരോഹണം ചെയ്തേക്കുമെന്നും അദ്ദേഹത്തിനറിയാനിടയായി. എന്നാല്‍ ഒരു ദിവസം വസന്തസേനന്റെ ഒരു ദൂതന് അവിടെയെത്തി വിവരങ്ങളെല്ലാം ധരിപ്പിച്ചു. ഉന്നതമായ ഒരു സ്ഥാനം തന്നെ പ്രതീക്ഷിച്ചിരുന്നിട്ടും അതു സ്വീകരിക്കാതെ ധര്‍മ്മബുദ്ധിയായ വസന്തസേനന് കാര്യങ്ങളുടെ സൂക്ഷ്മ സ്വഭാവം യഥാകാലം പ്രതാപന് റിവുകൊടുക്കുകയാണു ചെയ്തത്. തന്റെ ജാമാതാവ് സിംഹളരാജാവായ പ്രതാപനാണെന്നറിഞ്ഞപ്പോള് ഗിരിജാപതിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാവതല്ല. എങ്കിലും അദ്ദേഹം സ്വരാജ്യത്തേക്കു പൂര്‍ണ്ണഗര്‍ഭിണിയായ സാനുമതിയെയുംകൊണ്ട് തിരിച്ചുപോകുന്നതില്‍ അദ്ദേഹത്തിനു വലിയ കുണ്ഠിതം തോന്നാതിരുന്നില്ല.
വിധിവൈപരീത്യത്താല്‍ പ്രതാപനു സ്വരാജ്യത്തു നിര്‍ബാധം മടങ്ങിയെത്തുവാന്‍ തരപ്പെടാതെപോയി. മാര്‍ഗ്ഗമദ്ധ്യേ ഒരു ഘോരമായ കൊടുങ്കാറ്റ് അദ്ദേഹത്തിന്റെ കപ്പലിനെ മുക്കിക്കളയുവാന്‍ ആവുംവിധം ശ്രമിച്ചുതുടങ്ങി. അപ്പോഴേയ്ക്കും ഗര്‍ഭിണിയായ സാനുമതിക്കു പ്രസവവേദനയും ആരംഭിച്ചു. കുറച്ചുനേരത്തിനുള്ളില്‍ `രുദ്രാണി' എന്ന പരിചാരിക ഒരു കൊച്ചുപെണ്കുഞ്ഞിനേയും എടുത്തുകൊണ്ടു പ്രതാപന്റെ അടുത്തുവന്നു.
``ഇതാ അവിടുത്തെ കുഞ്ഞിത്തമ്പുരാട്ടി:- പക്ഷേ വലിയ തമ്പുരാട്ടി തീപ്പെട്ടുപോയി'' സങ്കടത്തോടുകൂടി അവള് വിവരം ബോധിപ്പിച്ചു.
പ്രതാപന് അതുകേട്ടൊന്നു നടുങ്ങി. ഇങ്ങനെയൊരു സംഭവം അദ്ദേഹം സ്വപ്നേപി ശങ്കിച്ചിരുന്നില്ല. തീവ്രശോകത്താല് അദ്ദേഹത്തിന്റെ ഹൃദയം എരിഞ്ഞുനീറി.
``ഭഗവാനേ! ഞാനിതിനെന്തു മഹാപാപം ചെയ്തു?'' - പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം ഇത്രയും അറിയാതെ പറഞ്ഞുപോയി. ``അയ്യോ! അവിടുന്നിങ്ങനെ വിഷാദിക്കല്ലേ!'' രുദ്രാണി അദ്ദേഹത്തെ സാന്ത്വനിപ്പിക്കാനൊരുമ്പെട്ടു. ``വന്നതു വന്നില്ലേ? ദൈവവിധി! നമ്മള് എന്തുചെയ്യാനാണ്? ഏതായാലും ഇനി ഈ പിഞ്ചോമനമുഖം കണ്ടു തമ്പുരാന് സമാധാനപ്പെടണം.''
കൊടുങ്കാറ്റ് അടിക്കടി വര്ദ്ധിച്ചുകൊണ്ടുതന്നെയിരുന്നു. ഒരു ശവശരീരം കപ്പലില്‍ ഇട്ടുകൊണ്ടിരിക്കുന്നതു സമുദ്രയാത്രയ്ക്കു തീരെ നന്നല്ലെന്നും അതെടുത്തു കടലിലെറിയുന്നതുവരെ കൊടുങ്കാറ്റു ശമിക്കുകയില്ലെന്നും അന്ധവിശ്വാസികളും അനക്ഷരകക്ഷികളുമായ കപ്പല്വേലക്കാര് മര്ക്കടമുഷ്ടിപിടിച്ചു. ആ ഘോരചണ്ഡാനിലന് എങ്ങനെയെങ്കിലും ശമിക്കേണമെന്നോ തനിക്കു രക്ഷപ്രാപിക്കേണമെന്നോ പ്രതാപനു ലേശം ആശയുണ്ടായിരുന്നില്ല.
എങ്കിലും ആ പൊന്നുങ്കട്ടയെ ഓര്‍ത്ത്, കാറ്റു ശമിക്കുമെങ്കിലാകട്ടെ എന്നു കരുതി, പ്രിയതമയുടെ ശവശരീരം കടലിലെറിയുവാന് അദ്ദേഹം പ്രേരിതനായി. അദ്ദേഹം ഈ വക അന്ധവിശ്വാസങ്ങളെ അശേഷം ആദരിച്ചിരുന്നില്ല എങ്കിലും കപ്പല്വേലക്കാരുടെ നിര്‍ബന്ധപ്രകാരം അതിനൊരുമ്പെടുകതന്നെ ചെയ്തു.
പ്രതാപന് തന്റെ ജീവനായികയുടെ മുഖത്തേയ്ക്കു അവസാനമായി ഒന്നു നോക്കി. ഒരു സുഖനിദ്രയിലെന്നപോലെ മരിച്ചുകിടക്കുന്ന അവളെ-അല്പനേരത്തിനു മുന്‍പുവരെ ജീവചൈതന്യത്തിന്റെ ദിവ്യപ്രവാഹം ഓരോ സിരകളേയും ത്രുടിപ്പിച്ചുകൊണ്ടിരുന്നതിനാല് തന്റേതെന്നഭിമാനിച്ചാനന്ദിച്ചിരുന്ന അവളെ - കണ്ട് അദ്ദേഹത്തിന്റെ നേത്രങ്ങള്‍ ബാഷ്പകലുഷിതങ്ങളായി. ഒരു വലിയ വീഞ്ഞപ്പെട്ടി കൊണ്ടുവരുവിച്ച് ആ സുന്ദരവിഗ്രഹം അദ്ദേഹം അതിനുള്ളില്‍ നിക്ഷേപിച്ചു. അനന്തരം പല സുഗന്ധദ്രവ്യങ്ങളും തളിച്ച്, അവളാരാണെന്നും ആരെങ്കിലും ആ പെട്ടി കണ്ടെത്തുന്നപക്ഷം രാജോചിതമാംവിധം അത്ര ആഡംബരഘോഷങ്ങളോടുകൂടിയാണ് അവളുടെ ശവസംസ്കാരകര്മ്മം നിര്‍വഹിക്കേണ്ടതെന്നും, കാണിച്ചുകൊണ്ടുള്ള ഒരു കടലാസുതുണ്ടും വിലപിടിച്ച അനവധി ആഭരണങ്ങളും അതിനുള്ളിലടക്കം ചെയ്തു, ഭദ്രമായി അടച്ചുപൂട്ടിയ ശേഷം സ്വന്തം കൈകൊണ്ടുതന്നെ അദ്ദേഹം അതു കടലില്‍ തള്ളിയിട്ടു. തരംഗപരമ്പരകള്‍ അതിനെ ദൃഷ്ടിപഥത്തില്‍നിന്നു മറയ്ക്കുന്നതുവരെ അശ്രുപൂര്ണ്ണങ്ങളായ നേത്രാഞ്ചലങ്ങളോടെ അദ്ദേഹം അതിനെ നോക്കിക്കൊണ്ടുനിന്നു. കൊടുങ്കാറ്റു ശമിച്ചതിനോടുകൂടി, കപ്പല്‍ നേരെ മംഗളപുരിക്കു വിടുവാനായി അദ്ദേഹം കപ്പല്കാര്ക്ക് ആജ്ഞകൊടുത്തു. സിംഹളത്തിലെത്തിച്ചേരാന് പിന്നേയും രണ്ടുമൂന്നു ദിവസത്തെ തുടര്‍ച്ചയായുള്ള കപ്പല്‍യാത്ര വേണ്ടിയിരുന്നതിനാല്‍ ഇടയ്ക്കു വല്ല സ്ഥലത്തും ഇറങ്ങി ആരുടെയെങ്കിലും കൈവശം ശുശ്രൂഷിക്കാനായി കുഞ്ഞിനെ ഏല്പിക്കുകയാണുത്തമമെന്നു അദ്ദേഹത്തിനു തോന്നി.
താരാപുരത്തിലെ ഒരു വിദഗ്ധവൈദ്യനായിരുന്നു, ഹരീന്ദ്രനാഥന്‍. അന്നു രാവിലെ ഉണര്‍ന്ന് അയാള്‍ കടല്ക്കരയില് നടക്കുവാനായി ചെന്നപ്പോള്‍ എന്തോ ഒരു വസ്തു കരയ്ക്കു വന്നടിഞ്ഞിരിക്കുന്നതു കണ്ടു അടുത്തുചെന്നു പരിശോധിച്ചപ്പോള്‍ അതൊരു വലിയ വീഞ്ഞുപെട്ടിയാണെന്ന് അയാള്‍ക്കു മനസ്സിലായി. ഒരു കൂലിക്കാരനെ വിളിച്ചു പെട്ടിയെടുപ്പിച്ചു സ്വഗൃഹത്തില്‍ കൊണ്ടുചെന്നു അയാളത് തുറന്നുനോക്കി. ഒരു സുന്ദരിയായ ചെറുപ്പക്കാരി-അയാള്‍ വിസ്മയത്താല്‍ സ്തംഭതുല്യനായിപ്പോയി. പെട്ടിക്കുള്ളില്നിന്നുല്ഗമിച്ച പരിമളധോരണിയും, കാണപ്പെട്ടവിലപിടിച്ച രത്നാഭരണങ്ങളും ഏതോ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ചവളാണ് അതിനുടമവഹിക്കുന്ന ആ മൃതാംഗനാവിഗ്രഹമെന്നു വെളിപ്പെടുത്തി. വീണ്ടും പരിശോധിച്ചപ്പോള്‍ അതിനുള്ളിലടക്കം ചെയ്തിരുന്ന കടലാസുതുണ്ട് അയാളുടെ ദൃഷ്ടിയില്പെട്ടു. അതില്‍നിന്നും അവള് ഒരു രാജകുമാരിയും സിംഹളാധിപനായ പ്രതാപന്റെ പ്രണയിനിയുമാണെന്നുള്ളകാര്യം
വെളിവായി. അവളുടെപേരില്‍ ഹരീന്ദ്രനാഥനു വലിയ സഹതാപം തോന്നി. അദ്ദേഹം വീണ്ടും ആ മുഖത്തു സൂക്ഷിച്ചുനോക്കി. എന്നാല്‍ ആ കരാളമൃത്യുവിന്റെ അംഗുലീസ്പര്ശനമുദ്രകളൊന്നുംതന്നെ അവിടെക്കണ്ടില്ല. പോരെങ്കില്‍ ജീവചൈതന്യത്തിന്റെ ഒരു നേരിയ പൊന്കതിര് അതിലാകമാനം ഇളകിയാടുന്നുമുണ്ടായിരുന്നു. അതുകണ്ട് അയാള്‍ അവളോടെന്നമട്ടില് ഇങ്ങനെ പറഞ്ഞു:- ``ഹാ, സുന്ദരി! അവളെ വളരെ തിടുക്കം കൂട്ടി നീ മരിച്ചിട്ടില്ലായിരുന്നു. അതു സൂക്ഷ്മമായി വെളിപ്പെടുന്നതിനുമുമ്പ് അവര്‍ നിന്നെ കടലില്‍ തള്ളിയിട്ടു.''
ഹരീന്ദ്രനാഥന്‍ ഉടന്‍തന്നെ ഒരു മുണ്ടെടുത്തു തീയുടെ മീതേ ചൂടുപിടിപ്പിച്ച്. അവളെ ഒരു മെത്തമേല്‍ കിടത്തി പതുക്കെ തടവാന്‍ തുടങ്ങി. അപ്പോഴേക്കും വര്‍ത്തമാനമറിഞ്ഞു പലരും അവിടെ തിക്കിത്തിരക്കിക്കൂടി. എന്നാല്‍ ശുദ്ധവായു അത്യാവശ്യമായിരുന്നതിനാല്‍ അയാള്‍ അവരെയെല്ലാം ദൂരെ ഒഴിച്ചു നിര്‍ത്തിയതേയുള്ളു.
സൂര്യരശ്മികള്‍ സമൃദ്ധിയായി എല്ലായിടവും പരന്നു. അന്തരീക്ഷത്തിലെ തണുപ്പ് അല്പാല്പം മാഞ്ഞുതുടങ്ങി. ഹരീന്ദ്രനാഥന്‍ കുറച്ചുനേരം കഴിഞ്ഞ് ആശാപ്രകര്ഷത്തോടെ ചുറ്റും നില്ക്കുന്നവരോടായി പറഞ്ഞു:- ``തീര്‍ച്ചയായും രാജകുമാരി ജീവിക്കും; അവള്‍ക്കു വെറുമൊരു മോഹാലസ്യമാണ്, അല്ലാതെ മരണമല്ല. ഒരഞ്ചുമണിക്കൂറിലധികമായിട്ടില്ല,അവളുടെ ബോധം ക്ഷയിച്ചിട്ട്.'' വീണ്ടും വീണ്ടും അയാള്‍ അവളെ തിരുമ്മിത്തിരുമ്മി ചൂടുപിടിപ്പിച്ചു. ശരീരത്തിന്റെ മരവിപ്പ് ക്രമേണ കുറഞ്ഞുതുടങ്ങി. ഹരീന്ദ്രനാഥന്‍ വീണ്ടും പറഞ്ഞു:- ``അതാ, അവള്‍ക്കു ജീവന് വച്ചുതുടങ്ങുന്നു; പതുക്കെ കണ്ണുതുറന്നുതുടങ്ങുന്നു. കൃഷ്ണമണികള്‍ പതുക്കെ ഇളകിത്തുടങ്ങുന്നു. തീര്‍ച്ചയായും അവള് ജീവിക്കും.''
അതെ; അതു പരമാര്‍ത്ഥമായിരുന്നു. സാനുമതി മരിച്ചിരുന്നില്ല. പ്രസവഘട്ടത്തില്‍ അവള്‍ക്കു ശക്തിയായ ഒരു ബോധക്ഷയം നേരിട്ടുപോയി. അതുകണ്ടു ചുറ്റും നിന്നിരുന്നവരെല്ലാം അവള് മരിച്ചുപോയെന്നു തീര്‍ച്ചപ്പെടുത്തി ഈ മഹാനുഭാവന്റെ ശുശ്രൂഷകളില്‍ വീണ്ടും അവള്‍ക്കു ജീവന്വീണു. അവള് കണ്ണുതുറന്നു ചുറ്റും ഒന്നു പകച്ചുനോക്കി, അത്ഭുതംകലര്‍ന്ന ഒരു മൃദുലസ്വരത്തില്‍ ഇങ്ങനെ ചോദിച്ചു:- ``ഞാനെവിടെയാണ്?'' എന്റെ പ്രാണനാഥനെവിടെപ്പോയി? ഏതു ലോകമാണിത്?''
അവള്ക്കെന്തുസംഭവിച്ചുവെന്നു ഹരീന്ദ്രനാഥന്‍ സാവകാശത്തില്‍ അവളെ പറഞ്ഞു മനസ്സിലാക്കി. അയാളുടെ സംസാരത്തില്‍ സഹതാപവും സ്നേഹവും തുളുമ്പിയിരുന്നു. ആ കടലാസുതുണ്ടും ആഭരണങ്ങളും അയാള്‍ രാജകുമാരിയെ കാണിച്ചു. അതു നോക്കിയിട്ട് സാനുമതി പറഞ്ഞു:- ``അതെ; ഇതദ്ദേഹത്തിന്റെ കയ്യക്ഷരമാണ്. കപ്പലില്‍ കയറിയതും ഇടയ്ക്ക് ഒരു കൊടുങ്കാറ്റിന്റെ ആരംഭമുണ്ടായതും ഞാന്‍ നല്ലപോലെ ഒര്‍ക്കുന്നു. പക്ഷേ ഞാനൊരു കുഞ്ഞിനെ പ്രസവിച്ചോ എന്നൊന്നും എനിക്കു നിശ്ചയമില്ല. ഏതായാലും ഇനി എനിക്കദ്ദേഹത്തെ കാണുവാന്‍ സാദ്ധ്യമല്ലാത്ത സ്ഥിതിക്ക് ജീവിതസൗഖ്യങ്ങളില് എനിക്കശേഷം മോഹമില്ല. ശേഷിച്ച എന്റെ ജീവിതം ഈശ്വരഭജനത്തില്‍ ചിലവഴിക്കണമെന്നാണു ഞാന്‍ വിചാരിക്കുന്നത്.''
``കുമാരി,'' ഹരീന്ദ്രനാഥന്‍ പറഞ്ഞു:- ``ഭവതിക്കങ്ങനെയാണു അഭിമതമെങ്കില്‍ അതിനു യാതൊരു വിഷമവുമില്ല. ഇവിടെ അടുത്തുതന്നെയാണ് പ്രസിദ്ധപ്പെട്ട `ഭദ്രേശ്വരം' ദുര്‍ഗ്ഗാക്ഷേത്രം. അവിടെ ഭവതിക്കു ഭജനം നടത്താം. അതിനു വേണ്ടതെല്ലാം എന്റെ ഒരുമകള്‍, ഭവതിക്കു ഒരുക്കിത്തന്നുെകൊള്ളും. ക്ഷേത്രത്തിനു തൊട്ടുതന്നെ എന്റെ സ്വന്തമായി ഒരു ചെറിയ `മഠ'മുണ്ട്. അവളോടുകൂടി ഭവതിക്കവിടെ താമസിക്കുകയും ചെയ്യാം.''
സാനുമതി അതിനു സന്നദ്ധയാണെന്നു കൃതജ്ഞതാപൂര്‍വം അറിയിച്ചു. ക്രമേണ രാജകുമാരിയുടെ പ്രസവക്ഷീണങ്ങളെല്ലാം വിട്ടുമാറി പണ്ടത്തെ ആരോഗ്യം വീണ്ടുകിട്ടി. അവള് എന്നും കുളിയും ജപവും പുഷ്പാഞ്ജലിയുമായി, മരിച്ചുപോയെന്ന് ഊഹിക്കപ്പെട്ടിരിക്കുന്ന ഭര്‍ത്താവിന്റെ നിത്യശാന്തിക്കായി ദേവീഭജനംചെയ്തുകൊണ്ട്, ആ മഠത്തില്‍ താമസമാക്കി.
സമുദ്രത്തില്‍ ജനിച്ചതുകൊണ്ടു പ്രതാപന് തന്റെ ഓമനമകള്‍ക്ക് `ജലജ' എന്നു പേരുകൊടുത്തു അദ്ദേഹം മംഗളപുരിയില് ഇറങ്ങി തന്റെ മകളേയും, ധാത്രി രുദ്രാണിയേയും കൂട്ടിക്കൊണ്ടു അവിടത്തെ മന്ത്രിമാരില്‍ ഒരാളായ `പുഷ്പശര'ന്റെ വസതിയിലേക്കു തിരിച്ചു. ക്ഷാമം ബാധിച്ച് നാടുനശിക്കുവാന് തുടങ്ങിയ കാലത്തു താന്‍ചെയ്ത വിലയേറിയ സഹായംമൂലം തന്നെ അവര്‍ കൃതജ്ഞതാപൂര്‍വം സ്വീകരിക്കുമെന്ന് പ്രതാപന് നിശ്ചയമുണ്ടായിരുന്നു. അദ്ദേഹം പുഷ്പശരനേയും അയാളുടെ പത്നിയായ ശൈവലിനിയെയും കണ്ട് കാര്യമെല്ലാം പറഞ്ഞ് ജലജയെ അവര്‍ വളര്‍ത്തിയാല്‍ കൊള്ളാമെന്നപേക്ഷിച്ചു. അതിലേയ്ക്ക് ഒട്ടേറെ ദ്രവ്യവും അദ്ദേഹം അവരെ ഏല്പിച്ചു. അവര്‍ സസന്തോഷം അതിനനുകൂലിക്കുകയും ഒരു രാജകുമാരിയെപ്പോലെതന്നെ, തങ്ങളുടെ പുത്രിയേക്കാള് പ്രാണനായി, അവളെ വളര്‍ത്തിക്കൊള്ളാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു. പരിചാരികയായി രുദ്രാണിയെ അവിടെ താമസിപ്പിച്ചിട്ടു സമാധാനത്തോടെ അദ്ദേഹം സിംഹളത്തിലേക്കു തിരിച്ചുപോന്നു.
പ്രതാപന് വീണ്ടും സിംഹാസനം കൈയേറ്റു. പത്നീവിയോഗം ഒന്നുമാത്രമേ അദ്ദേഹത്തിന്റെ സൈ്വരജീവിതത്തിനു സദാതീക്ഷ്ണമായ ഒരാഘാതമായത്തീര്ന്നിരുന്നുള്ളു. മാതാവിനെ കാണുവാന്‍പോലും തരപ്പെട്ടിട്ടില്ലാത്ത ജലജയെ രാജോചിതമായ രീതിയില്‍ പുഷ്പശരനും, ശൈവലിനിയും താലോലിച്ചു വളര്‍ത്തി. യഥാകാലം അവര്‍ അവളെ വിദ്യാഭ്യാസം ചെയ്യിച്ചു. പതിന്നാലുവയസ്സായപ്പോഴേക്കും ബുദ്ധിശാലിനിയായ ആ കന്യകയ്ക്ക് അത്ഭുതാവഹമായ ജ്ഞാനവും സംസ്കാരവും കരഗതമായി. സംഗീതം, സാഹിത്യം, തയ്യല്‍ മുതലായ പല കലകളിലും അവള് അതിനിപുണയായിത്തീര്ന്നു. കോകിലാലാപംപോലെ മധുരമായ അവളുടെ സംഗീതം ഏതൊരു ഹൃദയത്തേയും കോരിത്തരിപ്പിക്കുന്നതായിരുന്നു. അതേപ്രായത്തില്തന്നെ ശൈവലിനിക്കും ഒരു മകള്‍ ഉണ്ടായിരുന്നു. പക്ഷേ അവള്ക്കീവക നിസ്തുലഗുണങ്ങള് ലേശംപോലും ഉണ്ടായിരുന്നില്ല. നാട്ടുകാരുടെയെല്ലാം
പ്രശംസാപാത്രമായിത്തീര്ന്ന ജലജയോടു തന്മൂലം ശൈവലിനിക്കു കഠിനമായ വെറുപ്പുതോന്നി. അവള് ക്രമേണ ആ ബാലികയുടെ ഒരു പ്രത്യേക്ഷശത്രുവായിപ്പരിണമിച്ചു. ജലജ ഉള്ളതുകൊണ്ടാണ് സ്വപുത്രിയുടെ ഗുണങ്ങളൊന്നുംതന്നെ ശോഭിക്കാത്തതെന്നും അതുകൊണ്ട് അവളെ എങ്ങിനെയെങ്കിലും അകറ്റിനിര്‍ത്തിയാല്‍ മാത്രമേ നാട്ടാരുടെ പ്രശംസയ്ക്കു തന്റെ പ്രിയനന്ദിനി പാത്രമായിത്തീരുകയുള്ളുവെന്നുമായിരുന്നു ശൈവലിനിയുടെ വിചാരം. അതിനുവേണ്ടി എന്തുതന്നെ ചെയ്യേണ്ടിവന്നാലും താനതില്നിന്നു പിന്മാറുകയില്ലെന്ന് അവള് അന്തരാ ശപഥം ചെയ്തു. അങ്ങിനെയിരിക്കുന്ന കാലത്ത് ഒരു സുഖക്കേടു പിടിപെട്ടു രുദ്രാണി മരിച്ചുപോയി. അതു ജലജയ്ക്കു പ്രാണസങ്കടമായിത്തീര്ന്നു. അവള്‍ക്കു രുദ്രാണിയോടും രുദ്രാണിക്കവളോടും ഉണ്ടായിരുന്ന അതിര്കവിഞ്ഞ സ്നേഹംനിമിത്തം, അവളുടെ ഈ ആകസ്മികവിയോഗം നിഷ്കളങ്കയായ ആ ബാലികയെവല്ലാതെ കുണ്ഠിതപ്പെടുത്തി. തന്റെ ഉദ്ദേശസാദ്ധ്യത്തിനു കൂടുതല്‍ സൗകര്യം ലഭിച്ചതില്‍ ശൈവലിനിയുടെ ഹൃദയം സന്തോഷസമ്പൂര്ണ്ണമായി. ജലജയെ കൊല്ലുന്നതിനായി വിരൂപാക്ഷന് എന്നൊരുവനെ അവള് ഏര്‍പ്പാടുചെയ്തു. യഥാര്‍ത്ഥത്തില്‍ പരമുദുഷ്ടനും ധനത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവനുമായിരുന്നു അവന്; എങ്കിലും ജലജയെ നിഗ്രഹിക്കുന്ന കാര്യത്തില്‍ അവനുപോലും വലിയ വൈമനസ്യം തോന്നി. ആ ബാലിക ഏവന്റെ ഹൃദയത്തേയും അത്രമാത്രം ആകര്‍ഷിച്ചിരുന്നു. ശൈവലിനിയുടെ നിര്‍ബന്ധം ഒഴികവയ്യാതായപ്പോള് അവന് പറഞ്ഞു. ``എന്തിനവളെക്കൊല്ലുന്നു? അവള് ഒരു നല്ല കുഞ്ഞല്ലേ?'' ``അതെ; പെരുംകുന്നേല് ഭദ്രകാളിക്കു അങ്ങനെയുള്ള കുഞ്ഞുങ്ങളെയാണാവശ്യം... അത്തരം കുരുതിക്കു ശക്തികൂടും. ദേവീപ്രസാദം...'' ചുറ്റും ഒന്നു കണ്ണോടിച്ചിട്ടു ഒന്നുകൂടി താഴ്ന്നസ്വരത്തില്‍ നിര്‍ദ്ദയയായ അവള് പറഞ്ഞു: ``അത്ര നിസ്സാരമാണോ? അതാ അവള് വരുന്നു. രുദ്രാണി പോയതില്പിന്നെ ശവത്തിന്റെ മുഖം മുനിയെപ്പോലെയാണ്. ഓ! എന്തൊരുസങ്കടം! പെറ്റതള്ളചത്തിട്ട് ഇതൊന്നുമില്ല... ആട്ടെ, ഞാന്‍ പറഞ്ഞതുപോലെ ചെയ്യുമോ ഇല്ലയോ?''
``ചെയ്യാം.'' അവളുടെ ആജ്ഞ നിരാകരിക്കുവാനുള്ള ഭയത്തോടെ ആ ഘാതകന് മറുപടി പറഞ്ഞു. അതാ ആ ഒരൊറ്റവാക്കില്‍ തകര്‍ന്നു പൊടിയുന്നു, ജഗന്മോഹിനിയായ ആ രാജകന്യകയുടെ സൗഭാഗ്യതാരം! മുല്ലപ്പൂക്കളും റോസാപ്പൂക്കളും മടി നിറയെ പറിച്ചെടുത്ത്, പകുതിയോളം തീര്‍ന്ന ഒരു മാലയും കെട്ടിക്കൊണ്ടു ഒരാനന്ദസ്വപ്നംപോലെ ജലജ ആ ധൂമകേതുക്കളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു കരഞ്ഞു കരഞ്ഞു അവളുടെ കണ്പോളകള് വീര്‍ത്തിരുന്നു.
``എന്തിനാ ജലജേ ഈ മാല?'' നിഷ്ഠൂരഹൃദയയായ ശൈവലിനി ചോദിച്ചു.
``രുദ്രാണിച്ചിറ്റയുടെ പടത്തിന്മേല് ചാര്‍ത്താന്‍'' ശോകാവിലമായ സ്വരത്തില്‍ അവള് മറുപടി പറഞ്ഞു. ``കാറ്റടിച്ചു ആര്ത്തുമറിയുന്ന തിരമാലകളുടെ ഇടയ്ക്ക് കരകാണാത്ത കടല്പ്പരപ്പില്, മരിച്ചു കിടക്കുന്ന മാതാവിന്റെ അടുത്തു ജനിച്ചുവീണ എന്നെ, സ്വന്തം മാതാവെന്നപോലെ ഇതുവരെ താലോലിച്ചു വളര്‍ത്തിയ ആ സാദ്ധ്വി- അമ്മേ! അവരെക്കുറിച്ചോര്ക്കമ്പോള് എന്റെ ഹൃദയം തകര്‍ന്നുപോകുന്നു!''
``കഷ്ടം! ജലു! നീയൊരു കൊച്ചുകുട്ടിയാണോ, സദാ ഇങ്ങനെ ഒറ്റയ്ക്കിരുന്നു കരയാന്‍? പത്മ ഇന്നെവിടെപ്പോയി?... ആട്ടെ ആ പൂവൊക്കെ ഇങ്ങു തന്നേക്ക് എന്നിട്ട് ഇതാ വിരൂപാക്ഷന്റെകൂടെ കടല്ക്കരയില് ചെന്നു കുറച്ചുനേരം വിശ്രമിച്ചുവരൂ... വെയിലൂതീരെത്താണു... നല്ല കാറ്റും!... കുറച്ചൊന്നു കാറ്റുകൊണ്ടു ചുറ്റിനടന്നാല്‍ നിനക്കു സുഖമുണ്ടാകും... തിരിച്ചു വരുമ്പോഴേക്കും ഞാന്‍ മാലകെട്ടി വച്ചേക്കാം.
വിരൂപാക്ഷാ, ജലജയെ കടല്പുറത്തേക്കു കൂട്ടിക്കൊണ്ടുപോകൂ! സന്ധ്യയ്ക്കു മുന്പുവരികയും വേണം... കേട്ടോ?''
``വേണ്ടമ്മ! ഞാനിപ്പോളെങ്ങും പോകുന്നില്ല... വിരൂപാക്ഷാ താന്‍ പൊയ്ക്കൊള്ളു... ഞാനെങ്ങും വരുന്നില്ലാ.''
``എന്റെ പൊന്നു ജലുവല്ലേ. ഞാന്‍ പറയുന്നതുകേള്‍ക്കു.'' സൂത്രശാലിനിയായ ആ ദുഷ്ട പറഞ്ഞു. ``നിന്റെ ശരീരം ദിവസംപ്രതി ക്ഷീണിച്ചുവരുന്നു. നിന്റെ അച്ഛന് അധികം താമസിയാതെ ഇവിടെ വരും. അദ്ദേഹത്തിനെന്നെ എന്തു കാര്യമാണെന്നോ? ഇന്നുവരും, ഇന്നുവരും, എന്നു വിചാരിച്ചു ഞാന്‍ കാത്തിരിക്കയാണ്. ഏതായാലും ഇനി അധികനാള്‍ താമസിക്കില്ല. അദ്ദേഹം വരുന്നതിനുമുമ്പ് ഈ ശരീരത്തിന്റെ ക്ഷീണമെല്ലാം മാറണം. അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെ ശരിയായി സംരക്ഷിച്ചു വളര്ത്തിയില്ലെന്നദ്ദേഹത്തിനു തോന്നിയേക്കും... അങ്ങനെവരാന്‍ പാടില്ല. കടല്ക്കാറ്റു ശരീരത്തിനു വളരെ നല്ലതാണ്. ഒരു പത്തുദിവസം അടുപ്പിച്ചു വൈകുന്നേരം കടല്ക്കരയില് ഇങ്ങിനെ കാറ്റുകൊള്ളാന്‍ പോയാല്‍ മതി, നിന്റെ ശരീരക്ഷീണമെല്ലാം പമ്പകടക്കും. അതുകൊണ്ട് എന്റെ പൊന്നു ജലുവല്ലേ, ഒന്നു പോയിട്ടു വരു!
``എന്നാലാട്ടെ'' നിഷ്കളങ്കയായ ആ ബാലിക പറഞ്ഞു: ``ഏതായാലും എനിക്കിഷ്ടമില്ല. എന്നാലും അമ്മയ്ക്കുവേണ്ടി ഞാനൊന്നു പോയിവന്നുകളയാം''
``അതേ, ജലു, ഒന്നു പൊയിട്ടുവരുന്നതാണു നല്ലത്'' എന്നു പറഞ്ഞുകൊണ്ടു ശൈവലിനി അവിടെനിന്നും പുറത്തേയ്ക്കുപോയി. പോകുംവഴി തിരഞ്ഞുനിന്ന് ``ഞാന്‍ പറഞ്ഞതോര്മ്മയിരിക്കണം'' എന്നു വിരൂപാക്ഷനോടായി പറഞ്ഞു!-ഹാ! എന്തു ക്രൂരമായ വാക്കുകള്‍! പറഞ്ഞതോര്മ്മയിരിക്കണംപോലും! എന്താണതിന്റെ അര്‍ത്ഥം? ജലജയുടെ കഥ കഴിക്കേണ്ടകാര്യം ഓര്‍ത്തുകൊള്ളണം! എന്ത്! കടുപ്പംതന്നെ!
അവര്‍ കടല്‍ക്കരയിലെത്തി. ആദിത്യന് തിരമാലകളില്‍ പകുതിയോളം താണുകഴിഞ്ഞിരുന്നു. ചക്രവാളത്തില്‍ പരന്ന കടുംചുവപ്പ് അല്പാല്പം മാഞ്ഞുതുടങ്ങി. തന്റെ ജനനസ്ഥലമായ സമുദ്രത്തിലേയ്ക്കുറ്റുനോക്കിക്കൊണ്ട് ജലജ ചോദിച്ചു:-
``പടിഞ്ഞാറന്കാറ്റാണോ ഈ വീശുന്നത്?''
``തെക്കുപടിഞ്ഞാറന്‍'' വിരൂപാക്ഷന് പ്രതിവചിച്ചു.
``എന്റെ ജനനസമയത്തു വീശിയിരുന്ന കാറ്റു വടക്കനായിരുന്നു'' അവള് പറഞ്ഞു. അനന്തരം അന്നത്തെ കൊടുങ്കാറ്റ്, അച്ഛന്റെ സങ്കടം, മാതാവിന്റെ മരണം ഇതെല്ലാം ഒന്നോടെ അവളുടെ ഹൃദയാന്തരാളത്തിലേയ്ക്കു പാഞ്ഞുകയറി. അവള് പറഞ്ഞു:- ``എന്റെ അച്ഛനന്നു യാതൊരു ഭയവുമുണ്ടായിരുന്നില്ല - രുദ്രാണിച്ചിറ്റ എന്നോടുപറഞ്ഞതാണ് - അദ്ദേഹം കപ്പല്ക്കാരെ വീണ്ടും വീണ്ടും മുന്നോട്ടു പോകുവാന്‍ ധൈര്യപ്പെടുത്തി. പാമരത്തിന്മേല് മുറുകെപ്പിടിച്ചുകൊണ്ട് അദ്ദേഹം കാറ്റിന്റെ ഗതിക്കനുസരിച്ചു കപ്പല്‍പ്പായുടെ കയറു പിടിച്ചുകൊണ്ടിരുന്നു. മേല്ത്തട്ടുമുഴുവന് തകര്‍ന്നുപോയി. എന്നിട്ടും അദ്ദേഹം ഭയപ്പെട്ടില്ല-''
``എപ്പോഴായിരുന്നു ഇത്?'' വിരൂപാക്ഷന് അലസമായി ചോദിച്ചു.
``ഞാന്‍ ജനിച്ച സമയത്ത്'' ജലജ മറുപടി പറഞ്ഞു. ``അതുപോലെ കാറ്റും കോളും ഒരിക്കലും ഉണ്ടായിട്ടില്ല'' അനന്തരം അവള് ആ നാശംപിടിച്ച കൊടുങ്കാറ്റ്, കപ്പല്‍ക്കാരുടെ വേവലാതി, സ്രാങ്കിന്റെ മണിയടി, ആളുകളുടെ ബഹളം. കപ്പിത്താന്റെ സംഭ്രമം... ഇവയെക്കുറിച്ചെല്ലാം വിസ്തരിക്കുവാന്‍ തുടങ്ങി. രുദ്രാണി ഇതെല്ലാം അവളെ പറഞ്ഞു കേള്പ്പിച്ചിരുന്നതിനാല് ആ സംഭവങ്ങള്‍ ഓരോന്നും അവളുടെ ഭാവനയില്‍ പ്രത്യക്ഷമായി പ്രതിഫലിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും വിരൂപാക്ഷന് അവളുടെ സംസാരം തടഞ്ഞിട്ടു അവളോട് ഈശ്വരനെ പ്രാര്‍ത്ഥിക്കുവാനായി പറഞ്ഞു.
``ഉം? എന്താണത്?'' അവള് ചോദിച്ചു. പെട്ടെന്ന് എന്തുകൊണ്ടാണെന്നവള്ക്കറിഞ്ഞുകൂടാ, ഒരുവക ഭയം അവളെ ബാധിക്കാന്‍ തുടങ്ങി.
``ഈശ്വരപ്രാര്‍ത്ഥനയ്ക്ക് അല്പസമയം എടുക്കണമെങ്കില്‍ ഞാനതിനുവാദം തന്നിരിക്കുന്നു.'' വിരൂപാക്ഷന് പറഞ്ഞു. ``പക്ഷേ, അധികം താമസിക്കരുത്. ഭദ്രകാളിക്കു മുഷിയും. എന്റെ ജോലി എളുപ്പം ചെയ്തുതീര്‍ക്കാമെന്നാണ് എന്റെ സത്യം.''
നടന്നുനടന്ന് അവര്‍ ഒരു കുറ്റിക്കാടിന്റെ അടുത്തെത്തിയിരുന്നു. അവിടെ നാലഞ്ചു വന്മരങ്ങള് പടര്ന്നുപിടിച്ചുനിന്നിരുന്നു. നേരം കുറേശ്ശ ഇരുട്ടിത്തുടങ്ങി. ആദിത്യന് മറഞ്ഞുകഴിഞ്ഞു.
``നിങ്ങളെന്നെ കൊല്ലുമോ?'' ജലജ ഗല്ഗദസ്വരത്തില് ചോദിച്ചു.
അവള് അവിടെ നിന്നു.
``ഉവ്വ്!''- അവനും അവിടെ നിന്നു.
``കഷ്ടം!- എന്തിനായിട്ടാണു നിങ്ങളങ്ങനെ ചെയ്യുന്നത്?-
``എന്റെ കൊച്ചമ്മയുടെ തൃപ്തിക്ക്'' വിരൂപാക്ഷന് മറുപടി നല്കി.
``എന്നെക്കൊന്നിട്ടവര്ക്കെന്തുവേണം? എനിക്കോര്മ്മയുള്ളിടത്തോളം അവരെ എന്റെ ജീവിതത്തില്‍ ഇതുവരെ ഒരിക്കലെങ്കിലും ഒരു തരത്തിലും ഞാന്‍ ഉപദ്രവിച്ചിട്ടുള്ളതായി തോന്നുന്നില്ല. ഒരു ചീത്തവാക്കു പറയുകയോ ഏതെങ്കിലും ജീവിക്ക് ഒരു ദോഷം ഞാന്‍ വരുത്തിക്കൂട്ടുകയോ ഇന്നേവരെ ഉണ്ടായിട്ടില്ല. ഞാന്‍ പറയുന്നതു വിശ്വസിക്കൂ. ഒരു എറുമ്പിനേയോ ഈച്ചയേയോ പോലും ഞാന്‍ ഉപദ്രവിച്ചിട്ടില്ല. മനസ്സറിയാതെ ഒരിക്കല്‍ ഞാനൊരു പൂച്ചിയുടെ മീതെ കയറി ചവുട്ടി. അതോര്‍ത്ത് അന്നു മുഴുവന്‍ ഞാന്‍ കരഞ്ഞു. പിന്നെ എന്നോടീവൈരം തോന്നിയതെങ്ങിനെയാണ്?''
ഘാതകന് മറുപടി പറഞ്ഞു.
``എന്റെ ജോലി, എന്റെ പ്രവൃത്തിയെക്കുറിച്ച് യുക്തിവാദം ചെയ്യാനല്ല, അതു പ്രവര്‍ത്തിക്കയാണ്;'' എന്നു പറഞ്ഞ് അവന് കുപ്പായത്തിനടിയില്‍ നിന്നും ഒരു മൂര്‍ച്ചയേറിയ കുഠാരം വലിച്ചു പുറത്തെടുത്തു. അതുകണ്ടു ജലജ ഭയംകൊണ്ട് അരയാലിലപോലെ വിറച്ചു. പെട്ടെന്നു പുറകേനിന്ന് ഒരു താഡനമേറ്റു ഘാതകന് അവിടെ ഉരുണ്ടടിച്ചുവീണു. അവന്റെ കുഠാരം കൈയില്‍നിന്നു തെറിച്ചുപോയി. നാലഞ്ചു ഭീമകായന്മാര്‍ ജലജയേയുംകൊണ്ട് ഓടുന്നതുമാത്രം അവന് കണ്ടു.
അവര്‍ ചില കടല്ക്കള്ളന്മാരായിരുന്നു. അവര്‍ അവളേയുംകൊണ്ടു ദക്ഷിണസമുദ്രത്തില്‍ ഉള്ള `സോപാന രംഗം' എന്ന ദ്വീപിലേയ്ക്കു തിരിച്ചു അവര്‍ അവളെ അവിടെക്കൊണ്ടുപോയി ഒരാള്‍ക്ക് `അടിമ'യാക്കി വിറ്റു. എന്നാല്‍ അവളുടെ സൗന്ദര്യസൗശീല്യങ്ങള് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാടുമുഴുവന്‍ പരന്നു. അവള് പലരേയും പാട്ട് തുന്നല്‍ മുതലായവ പഠിപ്പിച്ചു. അതില്‍നിന്നു പ്രതിമാസം അവള്‍ക്ക് ഒരു നല്ല തുക കിട്ടി. അത് മുഴുവന്‍ അവള് തന്റെ യജമാനനെ ഏല്‍പ്പിച്ചു. അങ്ങിനെ അവര്‍ സമ്പന്നരായി. എന്നു മാത്രമല്ല, അവര്‍ക്ക് അവളോട് വലിയ സ്നേഹവും അനുകമ്പയും തോന്നി. അവളുടെ സകല സുഖസൗകര്യങ്ങളിലും അവര്‍ പ്രത്യേകം ശ്രദ്ധപതിപ്പിച്ചു.
ജലജയുടെ ബുദ്ധിസാമര്‍ത്ഥ്യത്തേയും പരിശ്രമശീലത്തേയും കുറിച്ചു നാട്ടാരെല്ലാം മുക്തകണ്ഠം പ്രശംസിച്ചുതുടങ്ങി. അവിടത്തെ സചിവമണ്ഡലത്തിലെ ഒരംഗമായ മുരളീധരന് അവളെ ഒന്നു ചെന്നു കാണുവാന്‍ വലിയ ആഗ്രഹം തോന്നി. അതനുസരിച്ച് ഒരുദിവസം അയാള്‍ അവള് താമസിച്ചിരുന്ന ഗൃഹത്തില്‍ ചെന്നു. അവളുടെ സൗന്ദര്യവും വചോമാധുരിയും മുരളീധരനെ എന്തെന്നില്ലാതാകര്ഷിച്ചു. കേള്‍വിയെക്കാള്‍ പതിന്മടങ്ങു ഗുണഗണങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവള്‍ക്കുണ്ടെന്നു സംസാരത്തില്‍ നിന്ന് അയാള്‍ക്കു ബോധമായി. അവള് ഒരു കുലീന വംശത്തില്‍ ജനിച്ചവളാണെന്ന ഒരു തോന്നല്‍ അയാള്‍ക്കുണ്ടാവുകയും അവളുടെ അടിമത്വസ്ഥിതിയെ അവഗണിച്ച് അവളെ വിവാഹം ചെയ്യണമെന്ന് അയാള്‍ മനസ്സുകൊണ്ടുറപ്പിക്കുകയും ചെയ്തു. അവളുടെ ജന്മവംശത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ അവള് നിശ്ശബ്ദമായിരുന്നു കരയുകയായിരുന്നു പതിവ്.
ശൈവലിനിയെ പേടിച്ച്, ജലജയെ താന്‍ കൊന്നു സമുദ്രതീരത്തൊരു കുറ്റിക്കാട്ടില്‍ കുഴിച്ചിട്ടുവെന്ന്, വിരൂപാക്ഷന് തിരിച്ചുചെന്ന് ആ നിഷ്ഠൂരയെ അറിയിച്ചു. നടന്ന സംഭവങ്ങളൊന്നുംതന്നെ അയാള്‍ ഒരു ജീവിയേയും ധരിപ്പിച്ചില്ല. പെട്ടെന്നൊരു സുഖക്കേടു പിടിപെട്ടു. ജലജ മരിച്ചുപോയി എന്ന ഒരു ശ്രുതി പരത്തി ശൈവലിനി ആ ബാലികയുടെ ഒരു കപടസംസ്കാരകര്മ്മം രാജകീയമാംവിധം നിര്‍വഹിച്ചു. അവളുടെ ചരമത്തില്‍ ഹൃദയശൂന്യയായ ആ രാക്ഷസി വലിയ സങ്കടം ഭാവിക്കുകയും മറ്റുള്ളവര്‍ അതു കണ്ടു വിശ്വസിച്ച് അവളില്‍ വലിയ സഹതാപം പ്രകടിപ്പിക്കയും ചെയ്തു. അധികനാള്‍ താമസിയാതെ പ്രതാപന് തന്റെ പ്രിയനന്ദിനിയെക്കാണുന്നതിലേക്കായി മംഗളപുരിയില് എത്തി. അവളെ തന്റെ കൊട്ടാരത്തിലേയ്ക്കുകൂട്ടിക്കൊണ്ടുപോകണമെന്നായിരുന്ന രാജാവിന്റെ ഉദ്ദേശം. അന്നു ജനനസമത്ത് ആ പിഞ്ചുപൈതലിനെ കണ്ടതില്‍ പിന്നീട് ഇതാ പതിന്നാലു സംപൂര്‍ണ്ണ സംവത്സരങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം അവളെ കാണുവാന്‍ പോകുന്നത്. പത്നീവിയോഗമോര്ത്ത് അടക്കാനാകാത്ത സങ്കടം തോന്നിയെങ്കിലും പുത്രീമുഖദര്ശനോല്ക്കണ്ഠയാല് അദ്ദേഹത്തിന്റെ ഹൃദയം ആനന്ദപരിപൂരിതമായി. എന്നാലവിടെ ചെന്നപ്പോള്കേട്ട പ്രസ്താവം അദ്ദേഹത്തെ മോഹാലസ്യപ്പെടുത്തി. തന്റെ പുത്രി മരിച്ചുപോയി എന്നൊന്നോര്ക്കുവാന്പോലും അദ്ദേഹത്തിനു സാധിച്ചില്ല. ഒരക്ഷരമെങ്കിലും മിണ്ടാതെ അദ്ദേഹം ഉടന്‍തന്നെ കപ്പലില്‍ കയറി തിരിച്ചു.
മംഗലപുരിയില്നിന്നും കപ്പല്‍ `സോപാനരംഗ'ത്തില്‍ എത്തിച്ചേര്‍ന്നു. മുരളീധരന്റെ രമണീയഹര്മ്മ്യം സ്ഥിതിചെയ്തിരുന്നതു കടല്‍ത്തീരത്തായിരുന്നു. ഒരുദിവസം അദ്ദേഹം മട്ടുപ്പാവില്‍ ലാത്തിക്കൊണ്ടിരിക്കുമ്പോള് ഒരു കപ്പല്‍ അവിടെ വന്നടുക്കുന്നത് അദ്ദേഹത്തിന്റെ ദൃഷ്ടിയില്പെട്ടു. അതിന്റെ കൊടിമരത്തില്‍ പാറിപ്പറന്നിരുന്ന ചുവന്ന കൊടി അതേതോ രാജാവിന്റെ കപ്പലാണെന്നു വെളിപ്പെടുത്തി. അതാരായിരിക്കുമെന്നറിയുവാനുള്ള ജിജ്ഞാസയോടെ മുരളീധരന് ഒരു ചെറിയബോട്ടില്‍ കയറി തുറമുഖത്തടുത്ത കപ്പലിലേക്കു തിരിച്ചു. മന്ത്രിയായ വസന്തസേനന് അദ്ദേഹത്തെ സാദരം സ്വീകരിച്ചശേഷം ഇങ്ങനെ പറഞ്ഞു.
``സിംഹളത്തിലെ രാജാവായ പ്രതാപനാണദ്ദേഹം. ഞങ്ങള്‍ സ്വരാജ്യം വിട്ടിട്ടു രണ്ടുമൂന്നുമാസക്കാലമായി. കടലില്‍തന്നെ ഇങ്ങിനെ സഞ്ചരിച്ചുവരികയാണ്. ഇത്രയും കാലത്തിനിടയില്‍ രാജാവിന് ഒരു വലിയ മാറ്റം വന്നുകൂടി. അദ്ദേഹം ആരോടും ഒരക്ഷരം സംസാരിക്കുന്നില്ല. എല്ലായ്പ്പോഴും ഒരു മൗനം. അടുത്തുവല്ലവരും ചെല്ലുന്നതുതന്നെ അദ്ദേഹത്തിനു രസമില്ല; കഠിനമായ പല സങ്കടങ്ങളും തുടരെത്തുടരെ അദ്ദേഹത്തെ ബാധിച്ചതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ പ്രിയപത്നിയുടേയും ഓമനമകളുടേയും മരണമാണ്.'' അനന്തരം അദ്ദേഹം സകല സംഭവങ്ങളും മുരളീധരനെ വിസ്തരിച്ചു പറഞ്ഞു കേള്‍പ്പിച്ചു. മുരളീധരന് രാജാവിന്റെ സമീപം ചെന്നു പലതരത്തിലും
അദ്ദേഹത്തെ ഒന്നു സംസാരിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും അതെല്ലാം വിഫലമായതേയുള്ളു. പെട്ടെന്നു ജലജയുടെ കാര്യം അദ്ദേഹത്തിന് ഓര്‍മ്മവന്നു. സമര്‍ത്ഥയായ അവള്‍ക്കു പക്ഷേ ഇക്കാര്യം സാധിച്ചേക്കുമെന്നു തോന്നി. വസന്തസേനന്റെ അനുമതിപ്രകാരം അദ്ദേഹം അവള്‍ക്കാളയച്ചു. ജലജ കപ്പലില്‍ കയറി. ഉടനേതന്നെ അതിലുണ്ടായിരുന്നവര്ക്കാകമാനം ഒരു സന്തോഷം തോന്നി. ``അവള് ഒരു നല്ല പെണ്‍കുഞ്ഞാണ്'' എന്നവരെല്ലാപേരും സാഹ്ളാദം ഉല്ഘോഷിച്ചു. മുരളീധരന് കാര്യമെല്ലാം അവളെ പറഞ്ഞു മനസ്സിലാക്കി. അവള് പറഞ്ഞു- ``ഞാന്‍ ശ്രമിച്ചുനോക്കാം. പക്ഷേ എന്റെകൂടെ മറ്റാരും അദ്ദേഹത്തിന്റെ മുറിയിലേയക്ക് വരരുത്.''
അവള് ആദ്യംതന്നെ രാജാവിന്റെ സമീപംചെന്ന് അദ്ദേഹം ആരാണെന്നും എവിടത്തെ രാജാവാണെന്നും മറ്റും തിരക്കി. എന്നാല്‍ അദ്ദേഹം അതിനൊരക്ഷരംപോലും സമാധാനം പറഞ്ഞില്ല. അനന്തരം അവള് അവളെക്കുറിച്ചുതന്നെ ഓരോന്നു പറയുവാന്‍ തുടങ്ങി. താന്‍ ഒരു വലിയ കുടുംബത്തില്‍ ജനിച്ചവളാണെന്നും ഹതവിധിയാലാണവള്ക്കിങ്ങിനെ ഒരടിമയായി ജീവിക്കേണ്ടിവന്നതെന്നും മറ്റും പ്രസ്താവിച്ചു. എന്നാല്‍ താനാരെന്നോ തന്റെ മാതാപിതാക്കന്മാര് ഇന്നവരാണെന്നോ ഉള്ള കാര്യം മാത്രം അവള് അദ്ദേഹത്തെ ധരിപ്പിച്ചില്ല. പെട്ടെന്ന് അവളുടെ ശാന്തമായ മധുരസ്വരത്താല്‍ ആകൃഷ്ടനായ രാജാവ് തല ഉയര്‍ത്തി അവളെ സൂക്ഷിച്ചുനോക്കി. അദ്ദേഹത്തിന് അവിചാരിതമായ ഒരാശ്ചര്യം ജനിച്ചു. തന്റെ മരിച്ചുപോയ പ്രണയിനിയുടെ തല്സ്വരൂപത്തില് ഒരു പെണ്കിടാവ് മുന്പില് നില്ക്കുന്നതു കണ്ട് പ്രതാപന് എന്തെന്നില്ലാതത്ഭുതപ്പെട്ടു. ഏറെ നാളായി സംസാരിക്കാതിരുന്ന അദ്ദേഹം അടക്കാനാകാത്ത വികാരാവേശത്തോടെ പെട്ടെന്നിങ്ങനെ വിളിച്ചുപറഞ്ഞു:- ``ഹാ! ഇതുപോലെതന്നെയായിരുന്നു എന്റെ സാനുമതി... അതുപോലെന്റെ മകളും ജീവിച്ചിരുന്നുവെങ്കില്‍, ഇന്ന് ഈ പ്രായത്തില്‍ ഈ ബാലികയെപ്പോലെതന്നെ ഇരിക്കുമായിരുന്നു. അതാ സാനുമതിയുടെ അതേ രൂപംതന്നെയാണിവളും. ഒരേ ഛായ! കുഞ്ഞേ, നീ എവിടെത്താമസിക്കുന്നു? ആരാണ് നിന്റെ അച്ഛനമ്മമാര്‍?... നീയെന്തൊക്കെയോ സങ്കടങ്ങള്‍ അനുഭവിക്കയുണ്ടായി എന്നെല്ലാം കുറച്ചു മുന്‍പു പറഞ്ഞല്ലോ; ഇല്ലേ?''
``ഉവ്വ്; ഞാനതു സൂചിപ്പിക്കയുണ്ടായി.''
``എന്നാലതെന്തെല്ലാമാണെന്ന് എന്നോടു വിസ്തരിച്ചു പറയുക. ഞാനും അത്യധികംക്ലേശങ്ങള് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനാണ്. നമുക്കു നമ്മുടെ മനോവ്യഥകള്‍ പരസ്പരം കൈമാറാം. അതിരുകൂട്ടര്ക്കും അല്പം ആശ്വാസമായിരിക്കും... വരൂ. ഇവിടെ എന്റെ അടുത്തുവന്നിരിക്കൂ. കുഞ്ഞേ, ദയവുചെയ്ത് നിന്റെ കഥകള്‍ എന്തെല്ലാമാണെന്ന് എന്നോടു പറയൂ!''
``എന്റെ പേര് `ജലജ' എന്നാണ്.'' അവള് ആരംഭിച്ചു. ``അമ്മ എന്നെ കടലില്‍വച്ചു പ്രസവിച്ചതുകൊണ്ടാണ് അച്ഛന് എനിക്കാപേരിട്ടത്.''
``എന്തിനാണു കുഞ്ഞേ എന്നെ ഇങ്ങനെ കളിപ്പിക്കുന്നത്? നിന്റെ സംസാരം കേട്ടാല്‍ ലോകംമുഴുവന്‍ ചിരിച്ചു തലതല്ലിപ്പോകും.''
``അവിടുന്നു ക്ഷമിച്ചിരുന്നു ഞാന്‍ പറയുന്നതു മുഴുവന്‍ കേള്‍ക്കണം'' ജലജ തടഞ്ഞു പറഞ്ഞു. `അതിനു ഭാവമില്ലെങ്കില്‍ ഞാനിനി ഒന്നും പറയുകയില്ല.'
``ഇല്ല, ഞാന്‍ അടങ്ങിയിരുന്നു കേള്‍ക്കാം. കുഞ്ഞേ, ജലജ എന്ന പേര്കേട്ടു പെട്ടെന്നു ഞാനൊന്നന്ധാളിച്ചു പോയി എന്നേയുള്ളു.''
``എന്റെ അച്ഛന് ഒരു രാജാവായിരുന്നു.''
``എന്ത്? ഒരു രാജാവോ? പേര് `ജലജ'യേന്നോ? അച്ഛനാണ് ആ പേരിട്ടതെന്നോ? ഈശ്വരാ! ഇതെന്ത്-?''
``എന്റെ അമ്മ ഒരു രാജകുമാരിയായിരുന്നു. അമ്മ കടലില്‍വച്ചാണ് എന്നെ പ്രസവിച്ചത്. എന്നെ പ്രസവിച്ച ഉടന്‍തന്നെ അമ്മ മരിച്ചുപോയി. അച്ഛന് എന്നെ മംഗളാപുരിയില്‍ കൊണ്ടുചെന്ന് പുഷ്പശരന്റേയും അയാളുടെ ഭാര്യയായ ശൈവലിനിയുടേയും കൈവശം വളര്ത്താനേല്പിച്ചിട്ടുപോയി. എന്റെ ധാത്രിയായി രുദ്രാണി എന്ന ഒരു സ്ത്രീയെ അച്ഛന് എന്നോടൊന്നിച്ചു താമസിപ്പിച്ചു. ആ സ്ത്രീ മരിച്ചുപോയി. ശൈവലിനി ഒരുദിവസം എന്നെ കൊല്ലണമെന്നു ശട്ടംകെട്ടി ഒരുവന്റെകൂടെ എന്നെ കടല്‍ക്കരയിലേക്കു നടക്കാനയച്ചു. എന്നാല്‍ ഏതാനും കടല്‍ക്കള്ളന്മാര്‍ എന്നെ ആ ഘാതകനില്നിന്നും രക്ഷിച്ച് ഇവിടെ കൊണ്ടുവന്ന് ഒരാള്‍ക്ക് വിറ്റു. എന്നാല്‍, അയ്യോ, അവിടുന്നെന്താണിങ്ങനെ കരയുന്നത്?... ഞാന്‍ കളവു പറയുകയാണെന്നാണോ വിചാരം? എന്നാലങ്ങിനെയല്ല... ഞാന്‍ സിംഹളരാജ്യത്തിലെ രാജാവായ പ്രതാപന്റെ മകളാണ്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടോ എന്തോ!''
പെട്ടെന്ന് ആനന്ദാതിരേകത്താല്‍ പൊട്ടിച്ചിരിച്ചുകൊണ്ട് അദ്ദേഹം ഭൃത്യന്മാരെ വിളിച്ചു. രാജാവു സംസാരിച്ചതില്‍ സന്തുഷ്ടരായ അവര്‍ അത്യുത്സാഹത്തോടെ അദ്ദേഹത്തിന്റെ അടുത്തേക്കോടിച്ചെന്നു. ``എന്റെ വസന്തസേനാ,'' അദ്ദേഹം മന്ത്രിയോടായി പറഞ്ഞു. `ഈശ്വരന് നമ്മെ രക്ഷിച്ചു. ഇതാ നില്ക്കുന്നു, എന്റെ പൊന്നുമകള്‍ ജലജ. അവള് മരിച്ചിരുന്നില്ല... ശൈവലിനി അവളെ കൊല്ലുമായിരുന്നു പക്ഷേ എന്റെഭാഗ്യം- എന്റെ ഈശ്വരന്- എന്നെ രക്ഷിച്ചു. അവളോടു ചോദിക്കു. അവളെല്ലാം പറയും... ആട്ടെ, ഇദ്ദേഹം ആരാണ്?''
``ഇദ്ദേഹം ഈ രാജ്യത്തിലെ ഒരു മന്ത്രിയാണ്; അങ്ങയെ കാണാനായി ഇവിടെ വന്നു.''
``അല്ലയോ മഹാത്മനായ മന്ത്രിസത്തമ, വരൂ; ഇരിക്കൂ! എന്റെ സകല സന്താപങ്ങളും അസ്തമിച്ചു. എനിക്കെന്റെ ഭാഗ്യതാരം തിരിച്ചുകിട്ടി.
സര്വശക്തന് എന്നെ കൈവെടിഞ്ഞില്ല. എനിക്കെന്തോ ഒരുറക്കം വരുന്നു. ഒന്നു കിടന്നാല്‍ കൊള്ളാം.''
മുരളീധരന് അദ്ദേഹത്തെ പിടിച്ച് ഒരു മെത്തയില്‍ കിടത്തി. അടുത്തുതന്നെ ഇരുന്നു. അല്പ നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ഉറങ്ങിപ്പോയി.
ഉറക്കത്തില്‍ പ്രതാപന് ഒരു സ്വപ്നം കണ്ടു. ഭദ്രേശ്വരത്തിലെ ദുര്‍ഗ്ഗാദേവി പ്രത്യക്ഷപ്പെട്ട്, താന്‍ ആ അംബികയുടെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്നും തന്റെ അതുവരെയുള്ള ആപല്സംഭവങ്ങളെല്ലാം ദേവിയെ വിസ്തരിച്ചുപറഞ്ഞുകേള്പ്പിക്കണമെന്നും, എന്നാല്‍ തനിക്കു ഒരു മഹാഭാഗ്യം കരഗതമാകുമെന്നും ദേവി തന്നോടരുളി ചെയ്തതായി പ്രതാപനു തോന്നി.
അദ്ദേഹം മുരളീധരന്റെ ക്ഷണമനുസരിച്ച് രണ്ടുമൂന്നു ദിവസം അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ ചെന്നു താമസിച്ചു. പ്രതാപനു മുരളീധരന്റെ പേരില്‍ വലിയ സ്നേഹവും ബഹുമാനവും തോന്നി. ജലജ അദ്ദേഹത്തിന്റെ വിശിഷ്ടഗുണങ്ങളെക്കുറിച്ചു തന്റെ പിതാവിനെ പറഞ്ഞുകേള്‍പ്പിച്ചു. അവരിരുവരും പരസ്പരം ഹൃദയപൂര്‍വം സ്നേഹിച്ചിരുന്നുവെന്നു പ്രതാപനു മനസ്സിലായി. അവര്‍ മൂന്നുപേരുംകൂടി അനന്തരം ദുര്ഗ്ഗാദര്ശനത്തിനായി താരാപുരത്തേക്കു തിരിച്ചു.
അവര്‍ ഒരുദിവസം പ്രഭാതത്തില്‍ ദേവീദര്‍ശനത്തിനായി ക്ഷേത്രത്തില്‍ ചെന്നു. നടയ്ക്കലായി ഒരു സ്ത്രീ തൊഴുതുകൊണ്ടു നില്ക്കുന്നുണ്ടായിരുന്നു. പ്രദക്ഷിണം വച്ചുവരുന്ന പ്രതാപനെ കണ്ടമാത്രയില്‍ ആ സ്ത്രീക്ക് എന്തോ ഒരു സംശയത്തിന്റെ നിഴല്‍ മുഖത്തു വ്യാപിച്ചു. രാജാവു നടയ്ക്കലേക്കു വന്നു. അവള് ഒരു വശത്തേയ്ക്കൊഴിഞ്ഞുനിന്നു. രാജാവിന്റെ സ്വരം അവള് പ്രത്യേകം ശ്രദ്ധിച്ചു. തനിക്കതു പരിചയമുള്ളതുപോലെ അവള്‍ക്കുതോന്നി.
രാജാവ് ശോകമയമായ ഒരു ഗല്ഗദസ്വരത്തില് ദുര്ഗ്ഗയോടായി ഇങ്ങനെ തൊഴുതുപറഞ്ഞു:-
``അംബികേ! ദേവീ! കരുണാമയിയായ അവിടത്തെ ആജ്ഞയനുസരിച്ചു എന്റെ സങ്കടങ്ങളെല്ലാം ഞാനിതാ അവിടുത്തെ സന്നിധിയില്‍ വന്നുണര്ത്തിച്ചുകൊള്ളുന്നു. ഞാന്‍ സിംഹളത്തിലെ രാജാവാണ്. നാട്ടില്നിന്നൊളിച്ചോടിയ ഞാന്‍ ഉമാലയത്തില്ചെന്നു അവിടത്തെ രാജാവിന്റെ മകളായ സാനുമതിയെ വിവാഹം കഴിച്ചു. അവള് കടലില്‍വച്ച് ഒരു കുഞ്ഞിനെ പ്രസവിക്കുകയും തല്‍ക്ഷണംതന്നെ മൃതിയടയുകയും ചെയ്തു. എന്റെ കുഞ്ഞിനെ ഞാന്‍ മംഗളാപുരിയില്‍ കൊണ്ടുപോയി വളര്‍ത്തുവാന്‍ പുഷ്പശരനെ ഏല്പിച്ചു. അവള്‍ക്കു പതിന്നാലുവയസ്സായപ്പോള് അയാളുടെ ഭാര്യയായ ശൈവലിനി അവളെ ഗൂഢമായി കൊല്ലാനൊരുമ്പെട്ട. എന്നാല്‍ അല്ലയോ ദേവി! അവിടുന്നതു സമ്മതിച്ചില്ല. ആ ഘാതകന്റെ അടുത്തുനിന്നും അവിടന്ന് എന്റെ മകളെ രക്ഷിച്ച് സോപാനരംഗത്തില് കൊണ്ടുചെന്നാക്കി.
അവിടുത്തെ കാരുണ്യത്താല്‍ എനിക്ക് അവിടെ ചെല്ലുവാനും യദൃച്ഛയാ എന്റെ ഈ പൊന്നുമകളെ കണ്ടെത്തുവാനും ഇടയായി.'' പ്രതാപന്റെ ഈ പ്രസ്താവം കേട്ടുനിന്ന ആ സ്ത്രീ തല്‍ക്ഷണം ``ഹാ! എന്റെ പ്രാണനാഥാ!-'' എന്നു കരഞ്ഞുകൊണ്ടു നിശ്ചേഷ്ടയായി നിലംപതിച്ചു. പലരും ഓടിവന്നവളെ ശുശ്രൂഷിക്കാന്‍ തുടങ്ങി. അപ്പോഴേക്കും ദേവീദര്‍ശനത്തിനായി ഹരീന്ദ്രനാഥനും അവിടെവന്നെത്തി. സംഗതികളെല്ലാം അറിഞ്ഞഉടന്‍ അദ്ദേഹം പ്രതാപനെ വിളിച്ചിങ്ങിനെ പറഞ്ഞു:- ``പ്രഭോ! അവിടുന്ന് ദേവിയോടുണര്ത്തിച്ച കഥകളെല്ലാം പരമാര്‍ത്ഥമാണെങ്കില്‍ ഈ സ്ത്രീ അവുടത്തെ ധര്‍മ്മപത്നിയാണ്.''
``അയ്യോ, അങ്ങെന്താണീ പറയുന്നത്?'' രാജാവുപറഞ്ഞു: ``ഒരിക്കലും അല്ല. എന്റെ ഈ കൈകൊണ്ടാണ് ഞാനവളെ ഒരു പെട്ടിയിലിട്ടടച്ചു കടലില്‍ തള്ളിയത്.''
അനന്തരം ഹരീന്ദ്രനാഥന്‍ സകല സംഭവങ്ങളും അദ്ദേഹത്തെ അറിയിച്ചു. അപ്പോഴേക്കും ആ സ്ത്രീ മോഹാലസ്യമെല്ലാം നീങ്ങി എഴുന്നേറ്റു ``ഹാ! പ്രാണനാഥാ!'' അവള് പറഞ്ഞു: ``അങ്ങ് പ്രതാപമഹാരാജാവല്ലേ? അദ്ദേഹത്തിന്റെ ശബ്ദംപോലെ എനിക്കു തോന്നുന്നു. ഒരു കൊടുങ്കാറ്റിനേയും ഒരു കുഞ്ഞിന്റെ ജനനത്തേയും ഒരു സ്ത്രീയുടെ മരണത്തേയുംകുറിച്ച് അവിടുന്നു ദേവിയോടുണര്ത്തിച്ചില്ലേ?''
അത്ഭുതാവേശത്തോടെ പ്രതാപന് ഉല്ഘോഷിച്ചു.
``ഹാ! മരിച്ചുപോയ സാനുമതിയുടെ മധുരസ്വരം!''
``ആ സാനുമതി ഞാന്‍തന്നെയാണ്.'' അവള് പറഞ്ഞു: ``ഞാന്‍ മരിച്ചുപോയി എന്നവിടുന്നു വിചാരിച്ചു. എന്നാല്‍ ഞാന്‍ മരിച്ചിരുന്നില്ല.''
``മായാരൂപിണിയായ ദേവി! ഇതെല്ലാം അത്യന്തം വിസ്മയജനകമായിരിക്കുന്നു.''
``നാഥാ! ഞാനിപ്പോള്‍ അങ്ങയെ നല്ലപോലറിയുന്നു. നാം ഉമാലയത്തില്നിന്നും അച്ഛനോടു കരഞ്ഞുകൊണ്ട് യാത്രപറഞ്ഞു പിരിഞ്ഞപ്പോള്‍ അദ്ദേഹം അവിടുത്തെ കയ്യില്‍ ഇടുവിച്ച ആ വജ്രമോതിരം ഞാന്‍ നല്ലപോലെ തിരിച്ചറിയുന്നു.''
``എന്റെ പ്രിയപ്പെട്ട സാനുമതി! ദുര്‍ഗ്ഗാദേവി നമ്മെയെല്ലാം രക്ഷിച്ചു! ജലജം, ഇതാനില്‍ക്കുന്നു നിന്റെഅമ്മ!''
ജലജ സാനുമതിയുടെ പാദത്തില്‍ നമസ്കരിച്ചു. അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു മാറോടു ചേര്‍ത്തു, അവളുടെ ശിരസ്സില്‍ ഹര്ഷാശ്രുക്കളോടെ ചുംബിച്ചുകൊണ്ട് സാനുമതി പറഞ്ഞു:-
`എന്റെ പൊന്നുമകളേ! നമ്മെയെല്ലാം കാത്തുരക്ഷിച്ച ദുര്‍ഗ്ഗാദേവി എന്റെ ഓമനയെ രക്ഷിക്കട്ടെ!''
``എന്നാല്‍, ആ ദുര്‍ഗ്ഗാദേവിയുടെ ദിവ്യസന്നിധാനത്തില്വച്ച് നമുക്കു മറ്റൊരു മംഗളകര്മ്മംകൂടി നിര്‍വഹിക്കാം''
എന്നുപറഞ്ഞുകൊണ്ട് മുരളീധരന്റെ കൈപിടിച്ചു ജലജയുടെ കരപുടത്തില് ചേര്‍ത്ത് ``കുഞ്ഞുങ്ങളേ! ദുര്‍ഗ്ഗാദേവി നിങ്ങളെ കാത്തുരക്ഷിക്കട്ടെ!'' എന്നു പ്രതാപന് ആശംസിച്ചു. ജലജ ലജ്ജിച്ചു മുഖംതാഴ്ത്തി. അനന്തരം അത്യാനന്ദപൂര്‍വം വലിയ ആഘോഷങ്ങളോടുകൂടി കപ്പല്‍ അലങ്കരിച്ച് അവരെല്ലാമൊരുമിച്ച് സിംഹളത്തിലേക്കു തിരിച്ചുപോന്നു.
ഇനി ഒരു കാര്യം മാത്രമേ പറയുവാനുള്ളു. ശൈവലിനിയുടെ പാതകം പെട്ടെന്നു നാടൊട്ടുക്കു കാട്ടുതീപോലെ പരന്നു. ജനങ്ങള്‍ ഒന്നായിളകി അവളുടെ ഗൃഹത്തിനു തീവെച്ചെരിക്കയും അവളുടെ മകളെ വെട്ടിക്കൊല്ലുകയും ചെയ്തു. നിരാധാരയായ ശൈവലിനി ഇതെല്ലാം കണ്ടു ദുസ്സഹമായ ഹൃദയവേദനയോടെ ഒരു ഭ്രാന്തിയെപ്പോലെ ഓരോ പിച്ചുപുലമ്പിക്കൊണ്ടു മംഗളാപുരിയിലെ തെരുവീഥികള്തോറും അലഞ്ഞുനടന്നു. ഒടുവില്‍ ഒരുദിവസം പ്രഭാതത്തില്‍ അവളുടെ വികൃതപ്രേതം സമുദ്രത്തിലെ കല്ലോല്ലമാലകളില് കിടന്നു പന്താടുന്നതു കാണാറായി?
നന്മചെയ്താല് ഫലം നന്മതന്നെയായിരിക്കും, തിന്മയ്ക്കു തിന്മയും!!
സമുദ്രമദ്ധ്യത്തിൽ
പശ്ചിമസമുദ്രത്തിലുള്ള ഒരു മനോഹരമായ ദ്വീപായിരുന്നു `ശ്യാമളശൈലം' അവിടെ അനേകസംവത്സരങ്ങള്ക്കുമുന്പ് സനാതനന് എന്ന ഒരു വൃദ്ധനും അയാളുടെമകള് ഹൈമവതിയുമല്ലാതെ മനുഷ്യജാതിയില്‍ മറ്റാരുംതന്നെ ഉണ്ടായിരുന്നില്ല. മോഹനാംഗിയായ ഒരു തരുണീരത്നമായിരുന്നു, ഹൈമവതി. അവള് ഒരു പിഞ്ചു പൈതലായിരുന്നകാലത്താണ് ഈ ദ്വീപില്‍ വന്നുചേര്‍ന്നത്; തന്മൂലം സ്വപിതാവിനെയല്ലാതെ മറ്റൊരു മനുഷ്യജീവിയെ കണ്ടിട്ടുള്ളതായി അവള്ക്കോര്മ്മപോലുമില്ല.
വലുതായ ഒരു പാറക്കെട്ടിനകത്തുള്ള ഒരു ഗുഹാഗൃഹത്തിലാണ് അവര്‍ താമസിച്ചിരുന്നത്. അതിലെ, പലതായിവിഭജിക്കപ്പെട്ടിരുന്ന അറകളില്‍ ഒന്നിനെ, സനാതനന് തന്റെ `വായനമുറി'യെന്നു വിളിച്ചു. അക്കാലത്ത് വിദ്വല്ജനങ്ങളാകമാനം മറ്റെന്തിനേയുംകാളധികം ആദരിച്ചുപോന്ന `മന്ത്രശാസ്ത്ര'ത്തെ പുരസ്കരിച്ചുള്ള ഒട്ടധികം അപൂര്‍വഗ്രന്ഥങ്ങള്‍ അദ്ദേഹം അതിനുള്ളില്‍ സൂക്ഷിച്ചിരുന്നു. ഈ കലയെക്കുറിച്ചുള്ള ജ്ഞാനം തനിക്കത്യന്തം ഉപകരിക്കുന്നതായി സനാതനന് കണ്ടു. അദ്ദേഹത്തിന്റെ ആഗമത്തിനുമുന്പ് ആ ദ്വീപപ്രദേശം ``കുഹരിണി'' എന്ന ഒരാഭിചാരികയുടെ ആവാസരംഗമായിരുന്നു; സനാതനന് അവിടെയെത്തുന്നതിനല്പകാലം മുന്‍പാണ് അവള് പരലോകം പ്രാപിച്ചത്.
ഏതോ ഒരു വിചിത്രയോഗത്താല് അദ്ദേഹം അവിടങ്ങിനെയെത്തിച്ചേര്ന്നുവെന്നേയുള്ളു. തന്റെ ക്രൂരമായ ആജ്ഞകള്‍ക്കു വിധേയരാകാഞ്ഞതിനാല് വന്മരങ്ങളുടെ തടികളോടുചേര്ത്ത് കുഹരിണി ബന്ധിച്ചിട്ടിരുന്ന അസംഖ്യംദേവതകളാണ്, അവിടെ വന്നെത്തിയ ഉടന്‍ സനാതനന്റെ കണ്ണില്പെട്ടത്. മന്ത്രശക്തിയാല്‍ അദ്ദേഹം അവരെയെല്ലാം മോചിപ്പിച്ചു. ശാന്തശീലരായ ആ ദേവതകള്‍ അതിനുശേഷം സനാതനന്റെ ആജ്ഞാനുകാരികളായിത്തീര്ന്നു. ഇവരുടെയെല്ലാം തലവനായിരുന്നു, പ്രഭഞ്ജനന്‍.
അവരോടൊന്നിച്ച് കലാപന് എന്നു പേരുള്ള ഒരു ``മാടന്'' കൂടിയുണ്ടായിരുന്നു. അവന്, തന്റെ പഴയ ശത്രുവായ കുഹരിണിയുടെ പുത്രനായതുകൊണ്ട്, അവനെ പ്രഭജ്ഞനന് അത്യധികം വെറുത്തു. അവനോടുള്ള ഈ പക നിമിത്തം, തരംകിട്ടുമ്പോളെല്ലാം പ്രഭഞ്ജനന്‍ അവനെ ഉപദ്രവിക്കാന്‍ നോക്കും. ഈ ഒരു `കുസൃതിത്തര'മല്ലാതെ ഉന്മേഷശീലനായ പ്രഭഞ്ജനന്റെ സ്വഭാവത്തില്‍ മറ്റു പറയത്തക്ക യാതൊരു ദൂഷ്യവും ഉണ്ടായിരുന്നില്ല. കാട്ടിനുള്ളിലാണ് സനാതനന് ആദ്യമായി ഈ കലാപനെ കണ്ടെത്തിയത്. അദ്ദേഹം അവനെ സ്വവസതിയില്‍ കൂട്ടിക്കൊണ്ടുപോയി, സംസാരിക്കുവാന്‍ അഭ്യസിപ്പിച്ചു. അദ്ദേഹം അവനോട് എത്രയും കരുണ കാണിക്കുമായിരുന്നു. പക്ഷേ, എന്തുചെയ്യാം? മാതാവില്‍നിന്നും കിട്ടിയിട്ടുള്ള `വഷളത്തരം' പ്രയോജനകരമായ സല്ക്കാര്യങ്ങള്ക്കൊന്നിനും അവനെ അനുവദിക്കുകയില്ല. അതിനാല്‍ കേവലം ഒരടിമയെപ്പോലെ കാട്ടില്‍നിന്നു വിറകുവെട്ടിക്കൊണ്ടുവരുന്നതിനും, ഏറ്റവും അദ്ധ്വാനമുള്ള മറ്റോരോ `വിടുവേല'കള്‍ ചെയ്യുന്നതിനുമായിട്ടാണ് അവനെ നിയോഗിച്ചിരുന്നത്. ഈവക സേവനങ്ങള്‍ അവനെ നിര്ബന്ധിച്ചുചെയ്യിക്കുവാനുള്ള ഭാരമായിരുന്നു പ്രഭഞ്ജനന്‍. പ്രകൃത്യാ `മുഴുമടിയ'നായ കലാപന് ജോലിചെയ്യാതിരിക്കുന്ന അവസരങ്ങളില്‍ പ്രഭഞ്ജനന്‍ പതുക്കെ അവന്റെ സമീപമെത്തും; (സനാതനനൊഴികെ മറ്റാരുടെ ദൃഷ്ടികള്‍ക്കും, അദൃശ്യനായിരുന്നു, അവന്.) മരത്തണലില്‍ `ചുമ്മാകുത്തിയിരിക്കുന്ന' അവന്റെ പുറത്ത് ഒരു`നുള്ളു' കൊടുക്കും; ചിലപ്പോളവനെ ചളിയില്‍ മറിച്ചിട്ടുരുട്ടും; അനന്തരം പ്രഭഞ്ജനന്‍ ഒരു മനുഷ്യക്കുരങ്ങിന്റെ രൂപമെടുത്ത് മുന്പില്വന്നുനിന്ന് അവന്റെ നേരേ പല്ലിളിച്ചു കാണിക്കും; അടുത്തമാത്രയില്‍ ഒരു മുള്ളന്പന്നിയായി അവന്റെ നേരേ പാഞ്ഞെത്തും; മുള്ളന്‍പന്നിയുടെ മുള്ളുകള്‍ തന്റെ നഗ്നപാദങ്ങളില്‍ തറച്ചുകയറുമെന്നുള്ള ഭയം കലാപനു നല്ലപോലുണ്ടായിരുന്നതിനാല്, അവന് പരിഭ്രാന്തനായി അവിടെനിന്നും ഒരു പറ പറക്കും; സനാതനന് ഭാരമേല്പിച്ചുള്ള ജോലിക്കെപ്പോഴെങ്കിലും ലേശം മുടക്കംവരുത്തിയാല്‍, ഏവംവിധമുള്ള ഉപദ്രവങ്ങളാല്‍ അവനെ അലട്ടുകയായിരുന്നു, പ്രഭഞ്ജനന്റെ പതിവ്.
സുശക്തന്മാരായ ഈ ദേവതകള്‍ സ്വാധീനത്തിലുള്ളതിനാല്, അവരുടെ സഹായത്താല്‍, കടലിലെ തിരമാലകളേയും കാറ്റുകളേയും നിയന്ത്രിക്കുവാന്‍,
സനാതനന് സാധിച്ചു. അദ്ദേഹത്തിന്റെ കല്പന അനുസരിച്ച് ഒരുദിവസം അവര്‍ അതിഘോരമായ ഒരു കൊടുങ്കാറ്റുണ്ടാക്കി. അതിലകപ്പെട്ട്, ആര്‍ത്തിരമ്പുന്ന തിരമാലകളില്‍, അനുനിമിഷം ആപദോമുഖമായിക്കറങ്ങിത്തിരിയുന്ന ഒരു കപ്പലിനെ അദ്ദേഹം മകള്‍ക്ക് കാണിച്ചുകൊടുത്ത്, തങ്ങളെപ്പോലുള്ള മനുഷ്യജീവികളാണ് അതിനുള്ളിലുള്ളതെന്നു ധരിപ്പിച്ചു. ``അയ്യോ! എന്റെ പ്രിയപ്പെട്ട അച്ഛാ,'' അവള് പറഞ്ഞു, ``അങ്ങയുടെ ശക്തിയാലാണ് ഈ കൊടുങ്കാറ്റുണ്ടാക്കിയതെങ്കില്, അവരുടെ ഈ ദയനീയമായ ആപല്‍ഘട്ടത്തില്‍ അവരോട് കനിവുണ്ടാകണേ! നോക്കൂ, കപ്പലിപ്പോള് ഛിന്നഭിന്നമായിപ്പോകും. പാവങ്ങള്‍! അവരെല്ലാം നശിക്കും എനിക്കു ശക്തിയുണ്ടെങ്കില്‍, ആ അമൂല്യാത്മക്കള് നശിച്ചുപോകുന്നതിനുപകരം, ഞാന്‍ ഭൂമിക്കടിയില്‍ സമുദ്രം താഴ്ത്തിക്കളയുമായിരുന്നു.''
``മകളേ, ഹൈമവതീ! നീയൊട്ടും പരിഭ്രമിക്കേണ്ട'' സനാതനന് സമാധാനിപ്പിച്ചു: ``യാതൊരുപദ്രവവും നേരിടുകയില്ല.
കപ്പലിലുള്ളവര്ക്കാര്ക്കും ലേശംപോലും ആപത്തുണ്ടാകാതിരിക്കാന്‍ വേണ്ട ഏര്‍പ്പാടുകളെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്. എന്റെ ഓമനകുഞ്ഞേ, ഞാനിതെല്ലാം ചെയ്തിട്ടുള്ളതു നിനക്കുവേണ്ടിയാണ്. ഞാന്‍ നിന്റെ അച്ഛനാണെന്നും, ഈ മോശപ്പെട്ട ഗുഹയിലിങ്ങനെ താമസിക്കുന്നുവെന്നും അല്ലാതെ, നീയാരാണെന്നോ നീ എവിടെനിന്നു വന്നുവെന്നോ നിനക്കറിഞ്ഞുകൂടാ. ഈ ഗുഹയില്‍ വരുന്നതിനു മുമ്പുള്ള കാലത്തെക്കുറിച്ചെന്തെങ്കിലും നിനക്കോര്‍മ്മയുണ്ടോ? ഉണ്ടാകാന്‍ തരമില്ല. നിനക്കന്നു കഷ്ടിച്ചു മൂന്നുവയസ്സേ പ്രായമായിരുന്നുള്ളു.''
``ചിലതെല്ലാം, എന്നാലും, എനിക്കോര്മ്മയുണ്ടച്ഛാ'' ഹൈമവതി പറഞ്ഞു.
``ഉം? എന്താണത്?'' സനാതനന് ഉല്‍ക്കണ്ഠയോടെ തിരക്കി. ``മറ്റു വല്ല ഗൃഹത്തേയോ ആളുകളേയോ നിനക്കോര്‍മ്മയുണ്ടോ? കുഞ്ഞേ,
നിനക്കോര്മ്മയുള്ളതെന്താണെന്നു എന്നോടു പറയുക!''
``എനിക്കൊരു സ്വപ്നംപോലെ തോന്നുന്നു'' ഹൈമവതി പറഞ്ഞു:- ``പക്ഷേ, ഒരിക്കല്‍ എന്നെ പരിചരിക്കുന്നതിലേക്കായി എനിക്കു നാലോ അഞ്ചോ തോഴിമാര് ഉണ്ടായിരുന്നില്ലേ, അച്ഛാ?''
സനാതനന് പ്രതിവദിച്ചു: ഉവ്വ്; നാലഞ്ചല്ല, അതിലധികം തോഴിമാര് നിനക്കുണ്ടായിരുന്നു. ഇക്കാര്യം ഇപ്പോഴും നിന്റെ മനസ്സില്‍ തങ്ങിനില്ക്കുന്നതെങ്ങനെയാണ്? ആട്ടെ, നീ എങ്ങിനെ ഇവിടെ വന്നുവെന്നു നിനക്കോര്‍മ്മയുണ്ടോ?''
``ഇല്ല, അച്ഛാ'' ഹൈമവതി സമ്മതിച്ചു. ``ഇതില്‍ കൂടുതലായൊന്നുംതന്നെ എനിക്കോര്‍മ്മയില്ല.''
``പന്ത്രണ്ടു കൊല്ലംമുമ്പ്,'' സനാതനന് തുടര്‍ന്നു: ``ഹൈമവതി, ഞാന്‍ `മരതകമംഗല'ത്തെ രാജാവായിരുന്നു. ഒരു രാജകുമാരിയും എന്റെ ഏകാവകാശിനിയും ആയിരുന്നു, നീ. എനിക്കു ഭാനുവിക്രമന്‍ എന്നു പേരോടുകൂടി ഒരു അനുജനുണ്ടായിരുന്നു. അവനെ വലിയ വിശ്വാസമായിരുന്നു എനിക്ക്. ഏകാന്തവാസവും, അഗാധമായ ഗ്രന്ഥപാരായണവും എനിക്കത്യന്തം പ്രിയതരമായിരുന്നതിനാല് രാജ്യകാര്യങ്ങള്‍ മിക്കവാറും നിന്റെ പിതൃവ്യനേയാണ് ഞാന്‍ ഭരമേല്പിച്ചിരുന്നത്. ലോകകാര്യങ്ങളിലെല്ലാം അലസനായി, ഗ്രന്ഥപാരായണത്തില്തന്നെ ഏകാഗ്രമായ ശ്രദ്ധ പതിപ്പിച്ച് എന്റെ സമയം മുഴുവന്‍ ഞാന്‍ ജ്ഞാനസമ്പാദനത്തിനായി ചെലവഴിച്ചു. അങ്ങനെ എന്റെ അധികാരമെല്ലാം സ്വാധീനമായപ്പോള് താന്‍തന്നെയാണു രാജാവെന്നു ഭാനുവിക്രമന്‍ ഭാവിക്കാന്‍ തുടങ്ങി. പ്രജകളുടെയിടയില്‍ സ്വാധീനശക്തിയുള്ളവനായിത്തീരുവാന് ഞാനവനു കൊടുത്ത അവസരം, അവന്റെ ദുഷിച്ച മനസ്സില്‍ എന്നെ സിംഹാസനഭ്രഷ്ടനാക്കുവാനുള്ള ദുരാശയെ തട്ടിയുണര്‍ത്തി. അഹങ്കാരമൂര്ത്തിയായ അവന് അതിനു മടിച്ചതുമില്ല. അധികം താമസിയാതെ, എന്റെ ശത്രുവായ `വിഷ്കംഭ' രാജാവിന്റെ സഹായത്താല്‍ അക്കാര്യം അവന് സാധിക്കുകതെന്നെ ചെയ്തു.
``അന്നെന്തുകൊണ്ടാണവര് നമ്മുടെ ജീവഹാനി വരുത്താതിരുന്നത്?'' ഹൈമവതി ചോദിച്ചു.
``എന്റെ കുഞ്ഞേ,'' പിതാവു മറുപടി പറഞ്ഞു: ``എന്തുകൊണ്ടോ അതിനവര്‍ ധൈര്യപ്പെട്ടില്ല. പ്രജകള്‍ക്ക് എന്റെ പേരില്‍ അത്രമാത്രം സ്നേഹമുണ്ടായിരുന്നു. ഭാനുവിക്രമന്‍ നമ്മെ ഒരു കപ്പലില്‍ കയറ്റിക്കൊണ്ടുപോയി കരവിട്ടു വളരെ നാഴിക ദൂരത്തെത്തിയപ്പോള്‍, അമരമോ, പായോ, തുഴയോ ഒന്നുംതന്നെയില്ലാത്ത ഒരു ചെറുതോണിയില്‍ ബലംപ്രയോഗിച്ചു നമ്മെ പിടിച്ചുകയറ്റി. എങ്ങനെയെങ്കിലും തുലയട്ടെ, എന്നു കരുതി, കപ്പല്ക്കാര് അവിടെനിന്നും അതിവേഗം കടന്നുകളഞ്ഞു. പക്ഷേ എന്നെ ജീവനുതുല്യം സ്നേഹിച്ചിരുന്ന സമരസന് എന്ന ഒരു പ്രഭു വെള്ളവും, ആഹാരസാധനങ്ങളും, എന്റെ സിംഹാസനത്തേക്കാള്‍ ഞാന്‍ വിലമതിക്കുന്ന ഏതാനും പുസ്തകങ്ങളും രഹസ്യമായി തോണിയില്‍ നിക്ഷേപിക്കുവാന്‍ വേണ്ട കരുതലുകള്‍ കാലേകൂട്ടി ചെയ്തിരുന്നു.''
``അയ്യോ, എന്റെ അച്ഛാ!'' ഹൈമവതി പറഞ്ഞു, ``അന്നു ഞാന്‍ അച്ഛന് താങ്ങാവതല്ലാത്ത ഒരുഭാരമായിരുന്നിരിക്കണം!''
``ഇല്ല, ഓമനേ, ഒരിക്കലുമില്ല!'' സനാതനന് പറഞ്ഞു, ``എന്റെ ജീവിതാശയെ വളര്‍ത്തിക്കൊണ്ടിരുന്ന ഒരു കൊച്ചുദേവകന്യകയായിരുന്നു, നീ! നിന്റെ നിഷ്കളങ്ക സുസ്മിതങ്ങള്‍ സര്വനിര്ഭാഗ്യങ്ങളും സധീരം സഹിക്കുന്നതിനെന്നെ പ്രാപ്തനാക്കി. നാം ഈ വിജനദ്വീപില്‍ എത്തുംവരെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിലനിന്നു. അതിനുശേഷം എന്റെ പ്രത്യാശ മുഴുവന്‍ നിന്നെ വിദ്യാഭ്യാസം ചെയ്യിക്കുന്ന വിഷയത്തിലായിരുന്നു. എന്റെ ഉപദേശങ്ങളെല്ലാം നിനക്കു നല്ലപോലെ പ്രയോജകീഭവിച്ചിട്ടുണ്ട്.''
``എന്റെ പ്രിയപ്പെട്ട അച്ഛാ, ഈശ്വരന് അവിടുത്തെ അനുഗ്രഹിക്കട്ടെ.'' ഹൈമവതി കണ്ണുനീര് തുടച്ചുകൊണ്ടു ചോദിച്ചു: ``ആട്ടെ, അച്ഛനിപ്പോള്‍ കടലില്‍ ഈ കൊടുങ്കാറ്റുണ്ടാക്കിയതെന്തിനായിട്ടാണെന്നു ദയവുചെയ്തെന്നോടു പറയുമോ?''
``എന്നാല്‍ കേട്ടുകൊള്ളുക'' അവളുടെ പിതാവ് അരുളിചെയ്തു: ഈ കൊടുങ്കാറ്റുമൂലം വിഷ്കംഭരാജ്യത്തിലെ രാജാവും, നിഷ്ഠൂരനായ ഭാനുവിക്രമനും യാത്രചെയ്തിരുന്ന കപ്പല്‍ ഈ ദ്വീപില്‍ എത്തിച്ചേര്‍ന്നു. ആ കപ്പലാണു നിനക്കു ഞാന്‍ കാണിച്ചുതന്നത്.''
ഇത്രയും പറഞ്ഞശേഷം സനാതനന് തന്റെ മാന്ത്രികദണ്ഡംകൊണ്ടു മകളുടെ ശരീരത്തില്‍ സാവധാനം ഒന്നു തടവി; തല്‍ക്ഷണം അവള് ഗാഢനിദ്രയില്‍ ലയിക്കയും ചെയ്തു. അപ്പോഴേക്കും, കൊടുങ്കാറ്റിന്റെ ഫലങ്ങളേയും, കപ്പലിലുണ്ടായിരുന്നവര്‍ക്ക് താന്‍ വരുത്തിക്കൂട്ടിയിട്ടുള്ള തല്ക്കാലാവസ്ഥകളേയും സംബന്ധിച്ചവിവരം അറിയിക്കുന്നതിനു പ്രഭജ്ഞനന് അവിടെ വന്നെത്തുകയാലാണ് അദ്ദേഹം അങ്ങനെ ചെയ്തത്, ഈ ദേവതകള്‍ ഹൈമവതിക്ക് അദൃശ്യരാണെങ്കിലും, താന്‍ ശൂന്യമായ വായുമണ്ഡലത്തോടു സംഭാഷണം ചെയ്യുന്നത് (അവള്‍ക്ക് ആവിധത്തില്‍ മാത്രമേ തോന്നുകയുള്ളു) അവള് കേള്ക്കുന്നതത്ര നന്നല്ലെന്നു സനാതനനു തോന്നി.
``കൊള്ളാം, എന്റെ ധീരനായ ദേവതേ, നീയെങ്ങനെയെല്ലാമാണു നിന്റെ ജോലി നിര്‍വഹിച്ചത്?'' അദ്ദേഹം പ്രഭഞ്ജനനോടു ചോദിച്ചു.
കൊടുങ്കാറ്റിനേയും, നാവികന്മാരുടെ ഭയങ്ങളേയും കുറിച്ചുള്ള ഒരു സജീവവിവരണം പ്രഭഞ്ജനന്‍ അവിടെ വിളമ്പി. രാജാവിന്റെ പുത്രനായ വിജയചന്ദ്രനാണ് ആദ്യമായി കടലില്‍ ആപതിച്ചത്; സാഗരതരംഗങ്ങള്‍ വാപൊളിച്ചാര്ത്തണഞ്ഞ് തന്റെ പ്രിയപുത്രനെ വിഴുങ്ങുന്നതും, അവനിങ്ങനെ തന്റെ ദൃഷ്ടിയില്നിന്നു മറയുന്നതും കണ്ടതായി രാജാവിനു തോന്നി; ``പക്ഷേ അയാള്‍ക്കു യാതൊരുപദ്രവവും നേരിട്ടിട്ടില്ല'' ദേവത തുടര്‍ന്നു:- ``തന്റെ പിതാവു മരിച്ചുപോയി എന്നു സങ്കടപ്പെട്ടുകൊണ്ട് അയാള്‍ ഈ ദ്വീപിന്റെ ഒരു കോണില്‍ ഇപ്പോള്‍ ഇരിക്കുന്നുണ്ട്. അയാളുടെ ശിരസ്സിലെ ഒരു നാരിനുപോലും ഉപദ്രവം തട്ടിയിട്ടില്ല. അയാളുടെ രാജകീയപട്ടാംബരങ്ങള് കടല്തിരകളില് മുങ്ങി നനഞ്ഞുപോയി എങ്കിലും അവ ഇപ്പോള്‍ പൂര്‍വാധികം നിര്‍മ്മലമായിരിക്കുന്നു.''
``ഭേഷ്! കൊള്ളാം പ്രഭഞ്ജനാ, നീ സമര്‍ത്ഥന്‍തന്നെ!'' സനാതനന് പറഞ്ഞു:- ``അയാളെ ഇവിടെ കൊണ്ടുവരിക. എന്റെ മകള്‍ സുഭഗനായ ഈ യുവരാജകുമാരനെ ഒരു നോക്കു കണ്ടുകൊള്ളട്ടെ!- രാജാക്കന്മാര് രണ്ടുപേരും എവിടെയാണ്?''
``വിജയചന്ദ്രനെ അന്വേഷിച്ചുകൊണ്ടു നടക്കട്ടെ എന്നു കരുതി ഞാന്‍ അവരെ അവിടെ വിട്ടിട്ടു പോന്നു. അയാള്‍ മരിക്കുന്നതു സ്വന്തംകണ്ണുകളാല്
കണ്ടതാണെന്നുള്ള വിശ്വാസംമൂലം, അയാളെ കണ്ടെത്തുന്ന കാര്യത്തില്‍ അവര്‍ക്ക് വലിയ ആശയൊന്നുമില്ല. കപ്പലിലുണ്ടായിരുന്നവരില് ഒരൊറ്റ ആള്‍പോലും കാണാതായിട്ടില്ല; പക്ഷേ, താനൊഴികെ മറ്റെല്ലാവരും മരിച്ചുവെന്നാണ് അവരില്‍ ഓരോരുത്തനും വിചാരിക്കുന്നത്. കപ്പല്‍, അവര്ക്കദൃശ്യമാണെങ്കിലും തുറമുഖത്തു നിര്‍ബാധം കിടക്കുന്നുണ്ട്.''
``പ്രഭഞ്ജനാ,'' സന്തോഷത്താലാര്ത്തുകൊണ്ടു സനാതനന് പറഞ്ഞു:- ``നിന്നെ ഭാരമേല്പിച്ചിരുന്ന കാര്യം നീ ഭംഗിയായി നിര്‍വഹിച്ചു. ഞാനതില്‍ അളവില്ലാതെ സന്തോഷിക്കുന്നു... പക്ഷേ, ഇനിയും കുറച്ചുകൂടിയുണ്ട്, ജോലി!''
``ഇനിയും ജോലിയോ?'' ആശ്ചര്യഭാവത്തിലുള്ള ഒരു സങ്കടസ്വരത്തില്‍ അവന് ചോദിച്ചു. ``സ്വാമിന്! ഞാനങ്ങയെ ഒന്നോര്മ്മിപ്പിച്ചുകൊള്ളട്ടെ... അവിടുന്നു, എന്നെ സ്വതന്ത്രനാക്കാമെന്നുള്ള വാഗ്ദാനം, ദയവുചെയ്ത് ഒന്നോര്മ്മിക്കണേ! ഞാന്‍ അങ്ങേയ്ക്കുവേണ്ടി വിലയേറിയ പല സേവനങ്ങളും അനുഷ്ഠിച്ചിട്ടുണ്ട്; ഞാന്‍ ഇന്നേവരെ ഒരു കളവും പറഞ്ഞിട്ടില്ല; യാതൊരു പിഴയും പ്രവര്‍ത്തിച്ചിട്ടുമില്ല. പകയോ, പരിഭവമോ, പരാതിയോ കൂടാതെ ഞാന്‍ അങ്ങയെ ഭക്തിപൂര്‍വ്വം സേവിച്ചു''.
``ഇതെന്തു കഥയാണു!'' സനാതനന് പറഞ്ഞു:- ``എന്തൊരു ദയനീയാവസ്ഥയില്നിന്നാണു ഞാന്‍ നിന്നെ മോചിപ്പിച്ചതെന്ന് നീയോര്ക്കുന്നില്ല. വയസ്സും അസൂയയും കൊണ്ട്, മിക്കവാറും വജ്രഗാത്രിയായിത്തീര്ന്ന കുഹരിണിയെന്ന ആ ദുഷ്ടയായ ആഭിചാരികയെ നീ മറന്നുപോയോ? എവിടെയാണവള്‍ ജനിച്ചത്? ഉം! എന്നെപ്പറഞ്ഞു കേള്‍പ്പിക്ക്!'' ``സ്വാമിന്, `കാഞ്ചനസൈകത'ത്തില്‍-'' പ്രഭഞ്ജനന്‍ പറഞ്ഞു.
``ഓഹോ, അങ്ങിനെയോ!'' സനാതനന് തുടര്‍ന്നു: ``നിന്റെ സ്ഥിതിയെന്തായിരുന്നുവെന്നു ഞാന്‍ നിനക്കു പറഞ്ഞുതരാം. നീ യാതൊന്നുംതന്നെ ഓര്‍ക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. കുഹരിണിയെന്ന ഈ ദുഷ്ടയായ ആഭിചാരിക, മനുഷ്യര്‍ക്ക് കേള്‍ക്കുമ്പോള്‍പോലും ഭയം തോന്നിക്കത്തക്കവിധത്തിലുള്ള അവളുടെ ക്ഷുദ്രപ്രയോഗങ്ങള്‍ നിമിത്തം കാഞ്ചനസൈകതത്തില്നിന്നും ബഹിഷ്കൃതയായി; നാവികന്മാര് അവളെ ഇവിടെ കൊണ്ടുവന്നുവിട്ടു; അവളുടെ ക്രൂരകല്പനകളെ നടത്തുന്നതിനു നീ തീരെ കൊള്ളരുതാത്ത ഒരു ദേവതയായിരുന്നതിനാല് അവള് നിന്നെ ഒരു മരത്തിന്മേല് തളച്ചിട്ടു. നീയവിടെ കിടന്നു നിലവിളിക്കുന്നതുകണ്ട് ഞാനാണ് നിന്നെ ആ ഭയങ്കര വിപത്തില്‍നിന്നു മോചിപ്പിച്ചതെന്നോര്ക്കണം.''
``സ്വാമിന്, എനിക്കു മാപ്പുതരിക.'' താന്‍ കൃതഘ്നനെന്നു തോന്നിച്ചതില്‍ ലജ്ജിച്ചു പ്രഭഞ്ജനന്‍ പറഞ്ഞു: ``ഞാന്‍ അവിടുത്തെ കല്പനകള് അനുസരിച്ചുകൊള്ളാം!''
``എന്നാലങ്ങനെ ചെയ്യുക'' സനാതനന് ഗുണദോഷിച്ചു. ``പിന്നെ ഞാന്‍ സ്വതന്ത്രനായി വിട്ടയയ്ക്കുന്നതാണ്.''
അവന് അനുഷ്ഠിക്കേണ്ട അനന്തരകൃത്യങ്ങള്‍ എന്തെല്ലാമാണെന്നുള്ളതു വിശദമാക്കിക്കൊണ്ട് അദ്ദേഹം അവനോരോ കല്പനകള് നല്കി. താന്‍ വിജയചന്ദ്രനെ എവിടെ വിട്ടുംവച്ചു പോന്നുവോ ആ സ്ഥലത്തേക്കു പ്രഭഞ്ജനന്‍ വീണ്ടും തിരിച്ചു. അതേ ശോകാപ്തമായ നിലയില്‍ അപ്പോഴും അയാള്‍ പുല്പുറത്തിരിക്കുന്നതവന് കണ്ടു.
``അല്ലയോ മാന്യനായ യുവാവേ!' പ്രഭഞ്ജനന്‍ അടുത്തുചെന്ന് അയാളോടു പറഞ്ഞു:
``ഞാനുടനെ അങ്ങയെ ഇവിടെനിന്നു കൊണ്ടുപോകാം. സുഭഗനായ അങ്ങയെ ഒരു നോക്കു കാണുവാന്‍ ഹൈമവതി കാത്തിരിക്കുന്നു. അവളുടെ സമീപത്തേയ്ക്ക് അങ്ങയെ എനിക്കു കൂട്ടിക്കൊണ്ടുപോകണം. ആട്ടെ, എഴുനേല്ക്കണം!- വരൂ, എന്റെ പിന്നാലെ പോരൂ!''
അനന്തരം അവന് ഇങ്ങിനെ പാടാന്‍ തുടങ്ങി:-
പാട്ട്
താഴേയായാഴിക്കടിത്തടത്തില്
താവകതാതനടിഞ്ഞുപോയി.
ചിപ്പികളായി തന്നസ്ഥിയെല്ലാം
മുത്തുകളായിതക്കണ്ണിണകള്.
നിന്നോമല്ത്താതന്തന്നംഗകങ്ങ-
ളൊന്നും നശിക്കുകയില്ല;-പക്ഷേ
സാഗരകല്ലോലസംഗമത്താ-
ലാഗതമാമൊരു രൂപഭേദം
ചിത്രവും ധന്യവുമാകുമോരോ
വസ്തുക്കളായവ മാറ്റിയേക്കാം!
ഓരോ വിനാഴികതോറും, മയ്യോ!
വാരഞ്ചും സാഗരകന്യകകള്
ഘോഷിപ്പു സാദരം നിന്പിതാവിന്
ഘോരമരണമണിയടികള്!
ശ്രദ്ധിക്കൂ-ഞാനിതാ കേട്ടിടുന്നു-
ണ്ടുല്ഗമിപ്പോരാ മണിയൊലികള്!!!...
തന്റെ മൃതനായ പിതാവിനെക്കുറിച്ചുള്ള ഈ വിചിത്രവൃത്താന്തങ്ങള് അവന് ആപതിച്ചിരുന്ന അസ്തപ്രജ്ഞതയില്നിന്ന് അവനെ തട്ടിയുണര്‍ത്തി. അവന് ചാടിയെഴുന്നേറ്റ് ആശ്ചര്യസംഭ്രമങ്ങളോടെ പ്രഭഞ്ജനന്റെ ശബ്ദത്തെ അനുഗമിച്ചു.
സംഗീതസാന്ദ്രമായ ആ ശബ്ദം, ഒരു വലിയ തമാല വൃക്ഷത്തിന്റെ തണലിലിരിക്കുന്ന സനാതനന്റേയും ഹൈമവതിയുടേയും സന്നിധിയില്‍ അയാളെ കൊണ്ടുചെന്നുവിട്ടു. അയാളെ അകലെക്കണ്ടപ്പോള്‍ത്തന്നെ
ഹൈമവതിയുടെ ഹൃദയം തുടിച്ചുതുടങ്ങി. തന്റെ പിതാവിനെയല്ലാതെ മറ്റൊരു മനുഷ്യജീവിയെ ഏതല്‍പര്യന്തം കാണുവാനൊത്തിട്ടില്ലാത്ത ആ കന്യക. അയാള്‍ വരുന്നവഴിയേ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ``ഹൈമവതീ,'' സനാതനന് പറഞ്ഞു. ``നീ അവിടെ നോക്കിക്കൊണ്ടിരിക്കുന്നതെന്താണ്? പറയൂ!''
``അച്ഛാ,'' ഒരു വിചിത്രവിസ്മയത്തോടെ, പ്രസന്നവദനയായി, ഹൈമവതി പറഞ്ഞു, ``തീര്‍ച്ചയായും അതൊരു ദേവതയാണ്-ഒരു ഗന്ധര്വന്! ഈശ്വര, കാണാനെന്തൊരഴക്!! അച്ഛാ ഞാന്‍ പറയുന്നത് വിശ്വസിക്കണേ!-അതൊരു മനോഹരസൃഷ്ടിതന്നെയാണ്, ആട്ടെ, അതൊരു ദേവതതന്നെയല്ലേ, അച്ഛാ?''
``അല്ല കുഞ്ഞേ,'' അവളുടെ പിതാവ് പറഞ്ഞുകൊടുത്തു: ``അത് ഭക്ഷണം കഴിക്കുന്നു, ഉറങ്ങുന്നു; നമ്മേപ്പോലെതന്നെ പഞ്ചേന്ദ്രിയങ്ങള്‍ അതിനുമുണ്ട്. നീ കാണുന്ന ഈ ചെറുപ്പക്കാരന് ആ കപ്പലിലുണ്ടായിരുന്ന ഒരാളാണ്. ഇവന്റെ മുഖം വ്യസനത്താല്‍ തീരെ വിവര്‍ണ്ണമായിരിക്കുന്നു; അല്ലായിരുന്നെങ്കില്‍ അവനെ ഒരതികോമളനായ മനുഷ്യന് എന്നു വിളിക്കുന്നതില്‍ നിനക്കു സന്ദേഹിക്കേണ്ടതില്ല. അവന്റെ കൂട്ടുകാരെല്ലാം നഷ്ടപ്പെട്ടുപോയി. പാവം, അവരെ കണ്ടുപിടിക്കുവാന്‍ ഇങ്ങനെ അലഞ്ഞുതിരിയുകയാണ്. സ്വപിതാവിനെപ്പോലെ ഗൗരവമുള്ള മുഖവും ചാരനിറത്തിലുള്ള താടിയുമാണ് എല്ലാമനുഷ്യര്ക്കുമുള്ളതെന്നു കരുതിയിരുന്ന ഹൈമവതി, സുന്ദരനായ ഈ രാജകുമാരന്റെ ആവിര്‍ഭാവത്തോടുകൂടി, അന്നോളം അനുഭവപ്പെട്ടിട്ടില്ലാത്ത ഒരു നൂതനാനന്ദാതിരേകത്തിനധീനയായി. ഭയദായകമായ ആ വിജനസ്ഥലത്ത്, മനോമോഹിനിയായി, സ്വപ്നസ്വരൂപിണിയായി സമുല്ലസിക്കുന്ന ഒരംഗനാവല്ലിയെ കാണാന്‍ കഴിഞ്ഞതിനാലും, അത്ഭുതകരങ്ങളെങ്കിലും നിരുപദ്രവങ്ങളായ നിരവധിവിചിത്രസ്വരങ്ങള് കേള്‍ക്കുവാന്‍ ഇടയായതിനാലും, അത്ഭുതങ്ങളെയല്ലാതെ മറ്റൊന്നിനേയും പ്രതീക്ഷിക്കാതെ, താനെത്തിയിരിക്കുന്നത് ഒരു `മായാനഗരി'യായ ദ്വീപിലാണെന്നും, ഹൈമവതി അവിടുത്തെ ഒരു ഗന്ധര്വകന്യകയാണെന്നും സങ്കല്പിച്ച്, അതിനുതകിയരീതിയില്ത്തന്നെ വിജയചന്ദ്രന്‍ അവളെ അഭിസംബോധനം ചെയ്യാനൊരുങ്ങി.
താന്‍ ഗന്ധര്വകന്യകയും മറ്റുമല്ലെന്നും, ഒരു സാധാരണ സ്ത്രീമാത്രമാണെന്നും അവള് വിനീതസ്വരത്തില്‍ അയാളെ ധരിപ്പിച്ചു. അനന്തരം തന്നെക്കുറിച്ചുള്ള ഒരു ലഘുവിവരണം അയാളെ കേള്പ്പിക്കുവാന് ഹൈമവതി ഭാവിച്ചു. എന്നാല്‍ അതിനായി നാവെടുത്ത ഉടനെ സനാതനന് അവളെ വിലക്കി. പരസ്പരം അവര്‍ അഭിനന്ദിച്ചു കണ്ടതില്‍ അദ്ദേഹത്തിന് അളവറ്റ സന്തോഷം തോന്നി; എന്തുകൊണ്ടെന്നാല്‍ പ്രഥമദര്‍ശനത്തില്‍തന്നെ അവര്‍ പരസ്പരാനുരക്തരായിക്കഴിഞ്ഞുവെന്നദ്ദേഹത്തിന് മനസ്സിലായി. എന്നാല്‍ വിജയചന്ദ്രന്റെ മനഃസ്ഥൈര്യം അല്പമൊന്ന് പരീക്ഷിക്കുവാന്‍, അവരുടെ അനുരാഗസരിണിയില് ഏതാനും പ്രതിബന്ധങ്ങള്‍ വലിച്ചെറിയണമെന്നദ്ദേഹം തീര്‍ച്ചയാക്കി. അതിനാല്‍ മുന്നോട്ടുചെന്ന് കോപഭാവത്തില്‍, രാജകുമാരനെ വിളിച്ചിങ്ങനെ പറഞ്ഞു.
``നീ ഒരു ചാരനാണ്. ഈ ദ്വീപിന്റെ അധിപനായ എന്നില്‍നിന്നും ഇത് കരസ്ഥമാക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് നീ ഇവിടെയെത്തിയിട്ടുള്ളത്; എനിക്കു മനസ്സിലായി. വാ, എന്റെ പിന്നാലെ വന്നേ!- ഞാന്‍ നിന്റെ കഴുത്തും കാലുംകൂടി കെട്ടിയിടും. നിനക്കു കുടിക്കാന്‍ കടല്‍വെള്ളം; ചെമ്മീനും ഉണക്കക്കിഴങ്ങുകളും, ചാമനെല്ലുമായിരിക്കും നിനക്കു തിന്നാനുള്ളത്.''
``ഇല്ല;'' വിജയചന്ദ്രന്‍ പറഞ്ഞു: ``നിങ്ങളെക്കാള്‍ ശക്തിമാനായ ഒരു ശത്രുവിനെക്കണ്ടെത്തുന്നതുവരെ ഇത്തരത്തിലുള്ള ഒരു സല്‍ക്കാരം ഞാന്‍ എതൃക്കുകതന്നെ ചെയ്യും-'' അടുത്തമാത്രയില്‍, അയാള്‍ വാള് വലിച്ചൂരി സനാതനന്റെ കണ്ഠത്തെ ലക്ഷ്യമാക്കി ഓങ്ങി. എന്നാല്‍ സനാതനന് തന്റെമാന്ത്രികദണ്ഡം ഉഴിഞ്ഞു വിജയചന്ദ്രനെ ആ നിന്നസ്ഥലത്തുതന്നെ നിശ്ചേഷ്ടനാക്കി നിര്‍ത്തി. അയാള്ക്കനങ്ങുവാന് ശക്തിയുണ്ടായില്ല.
ഹൈമവതി പിതാവിന്റെ ചുമലില്‍ തൂങ്ങിക്കെട്ടിപ്പിടിച്ചുകൊണ്ടുപറഞ്ഞു. ``അയ്യോ അച്ഛാ. എന്താണവിടുന്നിത്ര നിഷ കൃപനായിരിക്കുന്നത്? ഞാനദ്ദേഹത്തിനു ജാമ്യം നില്ക്കാം. ദയവുചെയ്ത് അവിടുന്നു കോപിക്കാതിരിക്കണേ! ഞാനിതുവരെ കണ്ടിട്ടുള്ളവരില്‍ രണ്ടാമത്തെ മനുഷ്യനാണിദ്ദേഹം; ഒരു സത്യസന്ധനാണിദ്ദേഹമെന്നുതന്നെയാണ് എനിക്കു തോന്നുന്നതും.''
``മിണ്ടിപ്പോവരുത്!'' പിതാവ് ആക്രോശിച്ചു: ``ഒരൊറ്റവാക്കിനി മിണ്ടിയാല്‍ അനുഭവം എന്താണെന്നറിയാമോ? എന്ത്! ഒരു കള്ളനുവേണ്ടി ജാമ്യം നില്‍ക്കുകയോ! ഇവനേയും കലാപനേയും മാത്രമേ നീ കണ്ടിട്ടുള്ളു. അതുകൊണ്ട് നീ വിചാരിക്കുന്നത് ഇവനെപ്പോലെ നല്ലമനുഷ്യര്‍ ലോകത്തില്‍ വേറേയില്ലെന്നാണ്. കുഞ്ഞേ, മഠയത്തീ, ഞാന്‍ നിനക്കു പറഞ്ഞുതരാം. ഇവന് കലാപനെ അതിശയിക്കുന്നതുപോലെ ഇവനെ അതിശയിക്കുന്നവരാണ് ലോകത്തിലുള്ള മിക്ക മനുഷ്യരും.'' സനാതനന് ഇങ്ങനെ പറഞ്ഞത് തന്റെ പ്രിയനന്ദിനിയെ ഒന്നു പരീക്ഷിക്കാന്‍ മാത്രമായിരുന്നു. അവള് പ്രതിവചിച്ചു. ``ഏറ്റവും വിനീതമായിട്ടുള്ളതാണ് എന്റെ സ്നേഹം. ഇതിലും കോമളനായ ഒരു മനുഷ്യനെ ഇനി കാണുമെന്നു ഞാന്‍ ആശിക്കുന്നില്ല.''
``ഹേ, ചെറുപ്പക്കാരന്, വരണം എന്റെകൂടെ!'' സനാതനന് രാജകുമാരനോടു പറഞ്ഞു. ``എന്നെ അനുസരിക്കാതിരിക്കാന്‍ നിങ്ങള്‍ക്കു ശക്തിയില്ല.''
``അതെ; അതുവാസ്തവംതന്നെ'' വിജയചന്ദ്രന്‍ ഉത്തരം പറഞ്ഞു:- എന്നാല്‍, പ്രാതികൂല്യപ്രകടനത്തിനുള്ള സര്വശക്തികളില് നിന്നും തന്നെ ഇങ്ങനെ അകറ്റിനിര്‍ത്തിയത് ആ മനുഷ്യന്റെ മാന്ത്രികശക്തിയാലാണെന്ന് ആ രാജനന്ദനന് മനസ്സിലായില്ല. സനാതനനെ അനുഗമിക്കുവാന്‍ അത്ര വിചിത്രമായ ഒരു രീതിയില്‍ താന്‍ സ്വയം പ്രേരിതനായിത്തീരുന്നതില് അയാള്‍ അത്ഭുതപ്പെട്ടു. അദ്ദേഹത്തിന്റെ പുറകേ ഗുഹയിലേയ്ക്കു പോകുംവഴി കുടക്കൂടെ തലതിരിച്ച് അയാള്‍ ഹൈമവതിയെ കടാക്ഷിച്ചുകൊണ്ടിരുന്നു. അയാള്‍ വിചാരിച്ചു:
``ഒരു സ്വപ്നത്തിലെന്നപോലെ എന്റെ സകല ഇന്ദ്രിയശക്തികളും കേവലം സ്തബ്ധങ്ങളായിത്തീര്ന്നിരിക്കുന്നു; പക്ഷേ, എന്റെ കാരാഗൃഹത്തില്‍ ദിവസം ഒരു പ്രാവശ്യമെങ്കിലും ഈ കോമളാംഗിയെ കാണാന്‍ സാധിക്കുമെങ്കില്‍ ഈ മനുഷ്യന്റെ ഭീഷണികളും, ഇപ്പോഴത്തെ അവശതയും എനിക്കു നിസ്സാരമാണ്.''
വിജയചന്ദ്രനെ സനാതനന് അധികനേരം ഗുഹയ്ക്കുള്ളില്‍ പാര്‍പ്പിച്ചില്ല; അദ്ദേഹം തന്റെ തടവുപുള്ളിയെ വേഗത്തില്‍ പുറത്തുകൊണ്ടുവന്ന്, അത്യദ്ധ്വാനമുള്ള ഒരു ജോലി ചെയ്യുവാനായി നിയോഗിച്ചു; താനയാളില് ചുമത്തിയിട്ടുള്ള ഈ വിഷമപ്രയത്നം ഇന്നതാണെന്ന് പുത്രിയെ ധരിപ്പിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം നിഷ്കര്ഷകാണിക്കയുണ്ടായി. അനന്തരം തന്റെ വായനാമുറിയിലേക്കു പോകുന്ന നാട്യത്തില്‍ അവിടെനിന്നും തിരിച്ച്, അവിടൊരിടത്തുതന്നെ ഒളിച്ചുനിന്ന് അദ്ദേഹം അവരിരുവരേയും സൂക്ഷിച്ചുകൊണ്ടിരുന്നു.
ഘനമേറിയ ഏതാനുംമരത്തടിക്കഷണങ്ങളെ ഒരിടത്തടുക്കിവെയ്ക്കുവാനാണ് സനാതനന് രാജകുമാരനോടാജ്ഞാപിച്ചത്. എന്നാല്‍ അങ്ങനെ ബുദ്ധിമുട്ടുള്ള ജോലിയൊന്നും സാധാരണ രാജകുമാരന്മാര് ചെയ്തു പരിചയിച്ചിട്ടില്ലല്ലോ. തന്മൂലം ക്ഷണനേരംകൊണ്ടു തന്റെ കാമുകന് അസ്തോന്മേഷനായി, പരവശനായിത്തീരുന്നതു ഹൈമവതി കണ്ടു.
``കഷ്ടം!'' അവള് സങ്കടത്തോടെ പറഞ്ഞു: ``ഇത്ര കഠിനമായി ജോലിചെയ്യല്ലേ! അച്ഛന് ഇപ്പോള്‍ അദ്ദേഹത്തിന്റെ വായനമുറിയിലാണ്. ഈ ഒരു യാമം അവസാനിക്കുന്നതുവരെ അദ്ദേഹം ഇനി ഇങ്ങോട്ടെങ്ങും വരികയേ ഇല്ല; ദയവുചെയ്തു കുറച്ചു വിശ്രമിക്കണം''
`സുന്ദരി' വിജയചന്ദ്രന്‍ പറഞ്ഞു: ``അതു പാടില്ല. വിശ്രമം എടുക്കുന്നതിനുമുന്‍പ് എനിക്കെന്റെ ജോലി ചെയ്തുതീര്‍ക്കണം.''
``എന്നാല്‍,'' ഹൈമവതി തുടര്‍ന്നു:- ``അങ്ങവിടെ ഇരിക്കണം ഞാനിത്തടിക്കഷണങ്ങളെല്ലാം ചുമന്നുകൊണ്ടുപോയി അടുക്കിവച്ചുകൊള്ളാം.'' ഇതുകേട്ട് വിജയചന്ദ്രന്റെ ഹൃദയം ഒരാനന്ദാവേശത്തില് ശക്തിയായി തുടിച്ചു; കണ്ണില്‍ ജലം നിറഞ്ഞു.
``വേണ്ട കുമാരി, വേണ്ട.''
അവളെത്രതന്നെ നിര്‍ബന്ധിച്ചിട്ടും അയാള്‍ അതിനനുവദിച്ചില്ല. ഒരു സഹായത്തിനു പകരം ഇപ്പോള്‍ അവള് ഒരു തടസ്സമായിത്തീരുകയാണുണ്ടായത്. എന്തെന്നാല്‍ അവര്‍ ഒരു സുദീര്‍ഘസംഭാഷണം ആരംഭിച്ചിരുന്നു; അതിനാല്‍ തടിക്കഷണങ്ങള്‍ അടുക്കിവയ്ക്കുന്ന ജോലി വളരെ സാവധാനത്തിലേ നടന്നുള്ളു. വിജയചന്ദ്രന്റെ പ്രേമം ഒന്നു പരിശോധിക്കുവാന്‍വേണ്ടി മാത്രം ഈ കഠിനജോലിക്ക് അയാളെ നിയോഗിച്ച സനാതനന്, തന്റെ പുത്രി വിചാരിച്ചതുപോലെ വായനയില്‍ ഏര്പ്പെട്ടിരിക്കയായിരുന്നില്ല. അവര്‍ പറയുന്നതെല്ലാം കേട്ടുകൊണ്ട് അവരുടെ അടുത്തുതന്നെ അദ്ദേഹം മറഞ്ഞു നില്ക്കുന്നുണ്ടായിരുന്നു. വിജയചന്ദ്രന്‍ അവളുടെ പേരെന്താണെന്നു ചോദിക്കയും അവള് പറഞ്ഞുകൊടുക്കുകയും ചെയ്തു; അതോടുകൂടി, താനങ്ങനെ ചെയ്തത് പിതാവിന്റെ കല്പനയ്ക്കു വിരുദ്ധമായിട്ടാണെന്നും അയാളെ ധരിപ്പിക്കയുണ്ടായി.
തന്റെ പുത്രിയുടെ അനുസരണയില്ലായ്മയുടെ ഈ ആദ്യത്തെ ലക്ഷ്യത്തില്‍ സനാതനന് ഒന്നു പുഞ്ചിരിക്കൊണ്ടതേയുള്ളു; തന്റെ മാന്ത്രികശക്തിയാല്‍ അത്ര പെട്ടെന്നവളെ അനുരാഗപരവശയാക്കിത്തീര്ത്തതുനിമിത്തം, തന്റെ കല്പനകളെ വിസ്മരിച്ച് അവള് പ്രണയപ്രകടനത്തിനൊരുങ്ങിയതില് അദ്ദേഹത്തിനു വിരോധം തോന്നിയില്ല. അവളെ താന്‍ ലോകത്തില്‍ എന്തിലുംമീതെ സ്നേഹിക്കുന്നുവെന്നാരംഭിച്ച്, വിജയചന്ദ്രന്‍ ഒരു സുദീര്‍ഘമായ പ്രസംഗം നടത്തി. സന്തോഷവായ്പോടെ സനാതനന് അതു ശ്രദ്ധിച്ചുകൊണ്ടു നിന്നു.
സൗന്ദര്യത്തില്‍, ലോകത്തിലുള്ള സകല സ്ത്രീകളേയും താന്‍ അതിശയിച്ചിരുന്നുവെന്നു രാജകുമാരന് തന്നെ പ്രശംസിച്ചതുകേട്ട് ഹൈമവതി പറഞ്ഞു: ``ഒരു സ്ത്രീയുടെ മുഖമെങ്കിലും കണ്ടിട്ടുള്ളതായി ഞാന്‍ ഓര്‍ക്കുന്നില്ല. അതുപോലെതന്നെ പുരുഷന്മാരാണെങ്കില്, എന്റെ ഇഷ്ടസുഹൃത്തായ ഭവാനേയും എന്റെ പ്രിയതാതനേയും മാത്രമെ ഇതുവരെ ഞാന്‍ കണ്ടിട്ടുള്ളു. സൗന്ദര്യം എന്താണെന്നു തന്നെ അറിഞ്ഞുകൂടാത്തവളാണു, ഞാന്‍. പക്ഷേ ഞാന്‍ പറയുന്നത് അവിടുന്നു വിശ്വസിക്കണം. അങ്ങയെ മാത്രമല്ലാതെ ലോകത്തില്‍ മറ്റൊരു സഖാവിനെ ഞാന്‍ ആശിക്കുന്നില്ല. എന്നുതന്നെയല്ല, എനിക്കിഷ്ടപ്പെടാന്‍ കഴിയുന്ന മറ്റൊരു രൂപത്തെ സൃഷ്ടിക്കുവാന്‍പോലും എന്റെ സങ്കല്പത്തിനു സാധിക്കുകയില്ല...എന്നാല്‍ അയ്യോ! - അങ്ങയോട് അമിതമായ സ്വാതന്ത്ര്യത്തോടെ ഞാന്‍ സംസാരിച്ചുപോകുന്നു. പോരെങ്കില്‍ അച്ഛന്റെ കല്പനകളെ ഞാന്‍ മറക്കുകയുമാണ്.''
ഇതുകേട്ട് സനാതനന് തലകുലുക്കി, പുഞ്ചിരി തൂകിക്കൊണ്ട്, ഇങ്ങനെ വിചാരിച്ചു. ``എന്റെ ആശപോലെ തന്നെ ഇതു സംഭവിക്കുന്നു; എന്റെ മകള്‍ വിഷ്കംഭത്തിലെ രാജ്ഞിയായിത്തീരും.''
അനന്തരം നടന്ന ദീര്‍ഘവും സരസവുമായ സംഭാഷണത്തില്‍, താന്‍ വിഷ്കംഭസിംഹാസനത്തിന്റെ അവകാശിയാണെന്നും അവള് തന്റെ രാജ്ഞിയായിരിക്കണമെന്നും നിഷ്കളങ്കയായ ഹൈമവതിയെ വിജയചന്ദ്രന്‍ ധരിപ്പിച്ചു.
``ഹാ! കഷ്ടം!'' അവള് പറഞ്ഞു: ``സന്തോഷസന്ദായകമായ ഒരു വൃത്താന്തശ്രവണത്തില് കരയുവാനൊരുമ്പെടുന്ന ഞാനെന്തൊരു മൂഢയാണ്! സ്പഷ്ടമായും, പാവനമായ നിഷ്കളങ്കതയോടുകൂടിയും ഞാനങ്ങയോടു മറുപടി പറഞ്ഞേക്കാം - അങ്ങ് എന്നെ വിവാഹം ചെയ്യുകയാണെങ്കില്‍ അങ്ങയുടെ ധര്‍മ്മപത്നിയാണ് ഞാന്‍!''
അതിനു നന്ദിപറയുവാന്‍ വിജയചന്ദ്രന്‍ നാവെടുത്തപ്പോഴേക്കും സനാതനന് അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ``എന്റെ കുഞ്ഞേ, നീ യാതൊന്നും ഭയപ്പെടേണ്ട'' അദ്ദേഹം പറഞ്ഞു-നിങ്ങള്‍ പറഞ്ഞതെല്ലാം ഞാന്‍ ഒളിച്ചുനിന്നു കേട്ടു. അതെല്ലാം എനിക്കു വളരെ സമ്മതവുമായി.
വിജയചന്ദ്രാ, ഞാന്‍ വളരെ നിഷ്ഠൂരമായിട്ടങ്ങയോടു പെരുമാറിയിരിക്കാം. അതിനു എന്റെ മകളെ അങ്ങയ്ക്കു തന്നു ഞാന്‍ തക്ക പരിഹാരം ചെയ്യുന്നുണ്ട്. അങ്ങ് അനുഭവിച്ച ഈ രസമില്ലായ്മകള് മുഴുവന്‍ അങ്ങയുടെ പ്രേമപരീക്ഷയ്ക്കുള്ള ഉപായങ്ങള്‍ മാത്രമായിരുന്നു. ഈ പരീക്ഷയില്‍ അങ്ങു മഹനീയമായ വിജയം നേടി അങ്ങയുടെ പരമാര്ത്ഥപ്രേമാര്ഹത സമ്പാദിച്ച എന്റെ പുത്രിയെ, ഇതാ ഞാന്‍ അങ്ങയ്ക്കു സമ്മാനമായി തന്നിരിക്കുന്നു; സ്വീകരിച്ചാലും! അവള് എല്ലാപ്രശംസകള്ക്കും മീതെയാണെന്ന് ഞാന്‍ വന്പു പറയുന്നതില്‍ അങ്ങു പുഞ്ചിരികൊള്ളരുത്.''
അനന്തരം, തനിക്കല്പം ജോലിയുണ്ടെന്നു പറഞ്ഞ്, താന്‍ തിരിച്ചെത്തുന്നതുവരെ അവര്‍ ഒന്നിച്ചിരുന്നു സംസാരിച്ചുകൊള്ളുവാന് അനുമതി നല്‍കിയിട്ട്, സനാതനന് അവിടെനിന്നു പോയി. ഹൈമവതിയാകട്ടെ ഈ ഘട്ടത്തില്‍ അച്ഛന്റെ ആജ്ഞയെ അശേഷം ലംഘിച്ചില്ല.
അവരെ തനിച്ചുവിട്ടിട്ട് സനാതനന് പോയി തന്റെ ആജ്ഞാനുകാരിയായ പ്രഭഞ്ജനനെ അടുത്തുവിളിച്ചു. ഭാനുവിക്രമനേയും വിഷ്കംഭഭൂപനേയും താനെന്തുചെയ്തുവെന്നറിയിക്കുവാനുള്ള തിടുക്കത്തോടെ അവന് അദ്ദേഹത്തിന്റെ മുന്പില് തല്‍ക്ഷണം പ്രത്യക്ഷപ്പെട്ടു. അവര്‍ക്കു നേരിട്ടു കാണാനും കേള്‍ക്കാനും താനിടയാക്കിയ ഭയങ്കരസംഭവങ്ങളാല് അവരെ മിക്കവാറും നഷ്ടചേതനരാക്കിത്തീര്ത്തുവെന്നും, അലഞ്ഞുതിരിഞ്ഞു അവശരായി, ക്ഷുല്പിപാസകള്കൊണ്ട് മരിക്കാന്‍ തുടങ്ങുമ്പോള്‍, പെട്ടെന്നവരുടെ മുന്പില് വിശേഷരീതിയിലുള്ള വിവിധഭക്ഷണവിഭവങ്ങള് കൊണ്ടുചെന്നു വയ്ക്കുകയും, അനന്തരം അവര്‍ ആര്‍ത്തിയോടെ ഭക്ഷിക്കാന്‍ ആരംഭിച്ചപ്പോഴേക്കും ചിറകുകളുള്ള ഭയങ്കരസ്വരൂപിയായ ഒരു വേതാളമായി അവര്‍ക്കു കാണത്തക്കവിധം അവരുടെ മുന്പില് പ്രത്യക്ഷപ്പെടുകയും ചെയ്തുവെന്നും, അടുത്തമാത്രയില്‍ ആ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആകമാനം അദൃശ്യങ്ങളായിത്തീര്ന്നുവെന്നും പ്രഭഞ്ജനന്‍ തന്റെ സ്വാമിയെ അറിയിച്ചു. അവര്‍ ആശ്ചര്യസ്തബ്ധരായിത്തീരുമാറ് ഈ വേതാളവേഷധാരി, സനാതനനെ സിംഹാസനഭ്രഷ്ടനാക്കി അദ്ദേഹത്തേയും അദ്ദേഹത്തിന്റെ കൊച്ചുമകളേയും, നശിക്കട്ടെ എന്നുകരുതി, കടലില്കൊണ്ടുപോയിത്തള്ളിയ ക്രൂരതയെപ്പറ്റി അവരെ ഓര്‍മ്മപ്പെടുത്തുകയും, ആ ദുഷ്കര്‍മ്മങ്ങളുടെ ഫലമാണ് അവരിപ്പോളനുഭവിക്കുന്നതെന്നു ധരിപ്പിക്കുകയും ചെയ്തു.
വിഷ്കംഭരാജാവും ഭാനുവിക്രമനും, തങ്ങള്‍ സനാതനനോടുചെയ്ത അക്രമത്തെക്കുറിച്ചു പശ്ചാത്തപിച്ചു. അവരുടെ പശ്ചാത്താപം ആത്മാര്‍ത്ഥതയില്‍ ശുദ്ധീകരിക്കപ്പെട്ടതാണെന്നു തനിക്കു നിശ്ചയമുണ്ടെന്നും, ഒരു ദേവതയായിട്ടുകൂടി തനിക്കവരുടെ പേരില്‍ കരുണതോന്നാതിരിക്കാന് കഴിഞ്ഞില്ലെന്നും പ്രഭഞ്ജനന്‍ തന്റെ സ്വാമിയോടു പറഞ്ഞു. ``എന്നാല്‍ അവരെ ഇവിടെ കൂട്ടിക്കൊണ്ടുവരിക!'' സനാതനന് കല്പിച്ചു;- ``പ്രഭഞ്ജനാ, ഒരുദേവതയായ നിനക്ക് അവരുടെ സങ്കടത്തില്‍ കരുണ തോന്നുന്നുവെങ്കില്‍ അവരെപ്പോലെതന്നെ ഒരു മനുഷ്യനായ എനിക്ക് അവരുടെപേരില്‍ സഹതാപമുണ്ടാകാതിരിക്കുമോ? എന്റെ പ്രിയപ്പെട്ട പ്രഭഞ്ജനാ, നീപോയി വേഗത്തില്‍ അവരെ കൊണ്ടുവരിക!''
പ്രഭഞ്ജനന്‍ ഉടനെ തന്റെ കാടത്തംകലര്ന്ന മാന്ത്രികഗാനം പാടിക്കൊണ്ട് വിഷ്കംഭാധിപതിയേയും, ഭാനുവിക്രമനേയും, വൃദ്ധനായ സമരസനേയും, അവര്ക്കാശ്ചര്യംതോന്നത്തക്കവിധം വശീകരിച്ച് സനാതനന്റെ സന്നിധിയില്‍ കൊണ്ടുവന്നു നിര്‍ത്തി. സനാതനനെ കൊല്ലുവാനായി കടലില്‍ കൊണ്ടുതള്ളിയപ്പോള്, അദ്ദേഹത്തിന്റെ പുസ്തകങ്ങളും, ഭക്ഷണസാധനങ്ങളും ഗൂഢമായി തോണിയില്‍ സംഭരിച്ചുകൊടുത്ത ആ കരുണാനിധിയായ പ്രഭുതന്നെയായിരുന്നു ഈ സമരസന്.
സങ്കടവും ഭീതിയും അവരെ അത്രമാത്രം അസ്ഥിരപ്രജ്ഞരാക്കിത്തീര്ത്തതിനാല് സനാതനനെ കണ്ടിട്ട് അവര്‍ അറിഞ്ഞതേയില്ല. ആദ്യമായി അദ്ദേഹം സമരസനെ, തന്റെ `അത്മസംരക്ഷകന്' എന്നുവിളിച്ച് വസ്തുതയെല്ലാം സ്വയം വെളിവാക്കിക്കൊടുത്തു. അപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ സഹോദരനും രാജാവിനും ശരിക്കും മനസ്സിലായി, തങ്ങള്‍ ഉപദ്രവിച്ച സനാതനനാണ് ഇപ്പോള്‍ മുന്പില് നില്‍ക്കുന്നതെന്ന്.
കണ്ണുനീരോടും, സങ്കടദ്യോതകങ്ങളായ ഗല്ഗദോക്തികളോടും, യഥാര്ത്ഥാനുശയത്തോടുംകൂടി ഭാനുവിക്രമന്‍ തന്റെ സഹോദരനോട് മാപ്പിരന്നു; സനാതനനെ രാജ്യഭ്രഷ്ടനാക്കുവാന് ഭാനുവിക്രമനെ സഹായിച്ചതില്‍ രാജാവും തനിക്കുള്ള വ്യസനമയമായ അപരാധബോധം പ്രകടിപ്പിച്ചു; സനാതനന് സസ്നേഹം അവര്‍ക്കു മാപ്പുകൊടുത്തു. തന്റെ സിംഹാസനം വീണ്ടും തനിക്കു നല്കുവാനുള്ള അവരുടെ ഒരുക്കംകണ്ട് അദ്ദേഹം വിഷ്കംഭരാജാവിനോടു പറഞ്ഞു: ``നിങ്ങള്‍ക്കും തരാന്‍ എന്റെ കൈവശമുണ്ട്, ഒരു നിധി.''- അനന്തരം അദ്ദേഹം ഒരു വാതില്‍തുറന്ന്, വിജയചന്ദ്രനും ഹൈമവതിയും ഒന്നിച്ചിരുന്നു ചൂതുകളിക്കുന്നതു അവര്‍ക്കു കാണിച്ചുകൊടുത്തു.
യാദൃശ്ചികമായ ഈ പുനഃസന്ദര്ശനത്താല് പിതാവിനും പുത്രനുമുണ്ടായ ആനന്ദത്തിനു കണക്കില്ല. എന്തെന്നാല്‍, അവര്‍ ഓരോരുത്തരും കരുതിയിരുന്നതു അന്യന് കൊടുങ്കാറ്റില്പെട്ടു മുങ്ങി മരിച്ചുപോയി എന്നാണ്.
``ഓ! അത്ഭുതം'' ഹൈമവതി പറഞ്ഞു: ``എന്തൊരു മഹനീയജീവികളാണിവര്! ഇത്തരം ആളുകളോടുകൂടിയ ലോകം തീര്‍ച്ചയായും ഒരു ധീരതയുള്ള ലോകമായിരിക്കണം.''
തന്റെ പുത്രനെപ്പോലെതന്നെ വിഷ്കംഭരാജാവിനും യുവതിയായ ഹൈമവതിയുടെ സൗന്ദര്യത്തിലും അംഗകാന്തിയിലും അത്യാശ്ചര്യംതോന്നി. ``ആരാണീ പെണ്കിടാവ്?'' അദ്ദേഹം ചോദിച്ചു. ``ഞങ്ങളെ വേര്‍പെടുത്തി, പിന്നീട് ഇപ്രകാരം ഒന്നിച്ചുചേര്‍ത്ത ഒരു ഗന്ധര്വകന്യകയാണ് ഇവളെന്നുതോന്നുന്നു.''
``അല്ല, അച്ഛാ!'' - ആദ്യമായി ഹൈമവതിയെ കണ്ടപ്പോള്‍ തനിക്കു തോന്നിയതുപോലെ അച്ഛനും അതേതെറ്റിദ്ധാരണക്കധീനനായതുകണ്ടു പുഞ്ചിരിയോടെ വിജയചന്ദ്രന്‍ പറഞ്ഞു. ``അവള് ഒരു മനുഷ്യജീവിതന്നെയാണ്. എന്നാല്‍ ആമാനുഷികമായ വിധിബലത്താല്‍ അവള് എന്റേതായിരിക്കുന്നു. അവിടുന്നു ജീവിച്ചിരിപ്പുണ്ടെന്നു വിചാരിക്കാന്‍ യാതൊരു മാര്ഗ്ഗവുമില്ലാതിരുന്നതിനാല് അവിടുത്തെ സമ്മതം ചോദിക്കുവാന്‍ എനിക്കു സാധിക്കാതെപോയി; ഞാന്‍ അവളെ എന്റെ വധുവായി വരിച്ചിരിക്കുന്നു. മരതകമംഗലത്തിലെ പ്രസിദ്ധരാജാവായ ഈ സനാതനന്റെ മകളാണിവള്. അദ്ദേഹത്തിനെക്കുറിച്ച് ഞാന്‍ ധാരാളം കേട്ടിട്ടുണ്ട്. ഇതുവരെ അദ്ദേഹത്തെ കാണാന്‍ ഒത്തിട്ടില്ല. അദ്ദേഹത്തില്‍നിന്ന് എനിക്കൊരു പുതിയ ജീവന് കിട്ടിയിട്ടുണ്ട്. ഈ പ്രിയകന്യകയെ എനിക്കു നല്കി അദ്ദേഹം എന്റെ ഒരു രണ്ടാമത്തെ അച്ഛനായിത്തീര്ന്നിരിക്കുന്നു.''
``അപ്പോള്‍ ഞാന്‍ അവളുടെ പിതാവായിരിക്കണമല്ലോ'' രാജാവു പറഞ്ഞു. ``പക്ഷേ അയ്യോ ഇതെന്തുവിചിത്രമായിരിക്കുന്നു,- ഞാനെന്റെ കുഞ്ഞിനോടു മാപ്പു ചോദിക്കണമെന്നുള്ളത്!!''
``ഇനി അതിന്റെ ആവശ്യമില്ല'' സനാതനന് പറഞ്ഞു: ``കഴിഞ്ഞുപോയ നമ്മുടെ കഷ്ടതകളെക്കുറിച്ച് നാം ഓര്‍ക്കേണ്ട. ഏതായാലും അവയെല്ലാം ഇങ്ങിനെ സന്തോഷസമ്പൂര്ണ്ണമായി പര്യവസാനിച്ചല്ലോ. അനന്തരം അദ്ദേഹം തന്റെ സഹോദരനെ ആലിംഗനം ചെയ്തുകൊണ്ട് താന്‍ സകലവും ക്ഷമിച്ചിരിക്കുന്നതായി ഉറപ്പുപറഞ്ഞു. താന്‍ മരതകമംഗലസിംഹാസനത്തില് നിന്നും ഭ്രഷ്ടനാകണമെന്നും വിഷ്കംബ സിംഹാസനത്തിന് തന്റെ പുത്രി അവകാശിയായിത്തീരണമെന്നും അതിനു വേണ്ടിയിട്ടാണ് വിജനമായ ഈ ദ്വീപില്‍ കണ്ടുമുട്ടി രാജകുമാരന് ഹൈമവതിയില്‍ അനുരക്തനായതെന്നും, എല്ലാം നിശ്ചയിച്ച് വിധി ബുദ്ധിപൂര്‍വം അങ്ങനെ പ്രവര്‍ത്തിച്ചതാണെന്നും സനാതനന് ധരിപ്പിച്ചു.
തന്റെ സഹോദരനെ സാന്ത്വനിപ്പിക്കുവാന്‍ സനാതനന് അരുളിചെയ്ത കരുണാമയമായ ഈ വചസ്സുകള്‍ ലജ്ജകൊണ്ടും പശ്ചാത്താപംകൊണ്ടും ഭാനുവിക്രമനെ പരവശനാക്കി. അദ്ദേഹത്തിന്റെ കണ്ണില്‍ ജലംനിറഞ്ഞ് ഒരക്ഷരംപോലും ഉച്ചരിക്കാന്‍ അദ്ദേഹം അശക്തനായി ഭവിച്ചു. വൃദ്ധനും ദയാലുവുമായ സമരസന് ഈ മംഗളപര്യവസായിയായ രംഗംകണ്ട് ആനന്ദാശ്രുക്കളോടെ ആ യുവമിഥുനങ്ങളെ അനുഗ്രഹിക്കുവാനായി ജഗദീശ്വരനോടു പ്രാര്‍ത്ഥിച്ചു.
അനന്തരം, അവരുടെ കപ്പല്‍ തുറമുഖത്തു സുരക്ഷിതമായിക്കിടപ്പുണ്ടെന്നും, നാവികന്മാരെല്ലാം അതിനുള്ളില്‍ സൈ്വരമായിരിക്കുന്നുണ്ടെന്നും, താനും തന്റെ പുത്രിയും പിറ്റേദിവസം അവരോടൊന്നിച്ച് സ്വഗേഹത്തിലേയ്ക്കു പോരുന്നതാണെന്നും സനാതനന് അവരോടു പറഞ്ഞു. ``എന്നാലിനി പാവപ്പെട്ട എന്റെ ഈ ഗുഹയില്‍ ഉള്ള അല്പം ലഘുഭക്ഷണത്തില്‍ പങ്കുകൊള്ളുകതന്നെ'' അദ്ദേഹം പറയുകയാണ്: ``വൈകുന്നേരം നിങ്ങള്‍ക്കൊരു നേരംപോക്കിനായി,
ആദ്യം ഈ വിജനദ്വീപില്‍ കാല്‍കുത്തിയതുമുതല്‍ ഉള്ള എന്റെ ജീവിതത്തിന്റെ ചരിത്രം ഞാന്‍ നിങ്ങളെ പറഞ്ഞുകേള്ക്കിപ്പാം.'' അനന്തരം അദ്ദേഹം കലാപനെ വിളിച്ചു ഗുഹയെല്ലാംവൃത്തിയാക്കി ഭക്ഷണം തയ്യാറാക്കുവാന്‍ കല്പനകൊടുത്തു. വൈരൂപ്യവും മൃഗീയതയും കലര്‍ന്ന ആ വൃത്തികെട്ട വേതാളത്തിന്റെ വിചിത്ര ആകൃതികണ്ട് അവരെല്ലാരും ആശ്ചര്യപരതന്ത്രരായിപ്പോയി. അദ്ദേഹത്തിന് ആ ഗുഹയിലുള്ള ഏകപരിചാരകന് അവനായിരുന്നു.
സനാതനന് ദ്വീപുവിട്ടുപോകുന്നതിനു മുന്‍പായി, അദ്ദേഹം പ്രഭഞ്ജനനെ അവന്റെ സേവനത്തില്‍നിന്നും പിരിച്ചയച്ചു. ഉന്മേഷവാനായ ആ ദേവത ആനന്ദംകൊണ്ട് മതിമറന്നു. അവന് തന്റെ സ്വാമിയുടെ ഒരു വിശ്വസ്തസേവകനായിരുന്നുവെങ്കിലും തന്റെ സ്വതന്ത്രമായ ``യന്ധാനിത്വ''ത്തിനു സദാ കൊതിച്ചുകൊണ്ടാണിരുന്നത്; ഒരു കാട്ടുപക്ഷിയെപ്പോലെ പച്ചമരങ്ങള്ക്കിടയിലും മധുരഫലങ്ങള്ക്കിടയിലും, സുരഭിലസുമങ്ങള്ക്കിടയിലും അനിയന്ത്രിതനായി അലഞ്ഞുനടക്കുന്നതിനായിരുന്നു അവനിഷ്ടം. ``എന്റെ പ്രിയപ്പെട്ട പ്രഭഞ്ജനാ,'' സനാതനന് ആ കൊച്ചുദേവതയെ സ്വതന്ത്രനാക്കിയിട്ടുപറഞ്ഞു, ``എനിക്ക് നിന്നെ നഷ്ടപ്പെടും; എന്നിരുന്നാലും നിനക്കു നിന്റെ സ്വാതന്ത്ര്യം ഞാനിതാ തന്നിരിക്കുന്നു!'' ``എന്റെ ആത്മതുല്യനായ സ്വാമിന്, അവിടേയ്ക്കു വന്ദനം!'' പ്രഭഞ്ജനന്‍ പറഞ്ഞു: എന്നാല്‍ അങ്ങയുടെ ഈ വിശ്വസ്തദേവതയോടവസാനയാത്ര പറയുന്നതിനുമുന്പായി, അവിടുത്തെ കപ്പല്‍ അനുകൂലങ്ങളായ കാറ്റുകളെക്കൊണ്ടു നയിപ്പിച്ചു നിര്‍ബാധം സ്വദേശത്തില്‍ കൊണ്ടുപോയി വിടുന്നതിന് ദയവുചെയ്ത് ഇവനനുമതിതരണം. അതിനുശേഷം, സ്വാമിന്, സ്വതന്ത്രനായിത്തീരുന്ന ഞാന്‍ എത്ര ആനന്ദത്തോടുകൂടി ജീവിക്കും! ഇവിടെ പ്രഭഞ്ജനന്‍ ഈ കൗതുകമുള്ള പാട്ടുംപാടി.
പാട്ട്
എവിടത്തില് തേനീച്ച തേന്‍കുടിക്കു-
മവിടെ ഞാനും ചെന്നു തേന്‍കുടിക്കും;
ഒരു നവമന്ദാരമഞ്ജരിതന്
സുരഭിലത്തൊട്ടിലില് ഞാന്‍ കിടക്കും,
അവിടെയാമൂങ്ങകള് മൂളിടുമ്പോ-
ളതിസുഖനിദ്രയില് ഞാന്‍ ലയിക്കും;
മുദിതനായക്കടവാതിലിന്റെ
മുതുകത്തനാലസം ഞാന്‍ പറക്കും;
അതിമോദമോടുഷ്ണകാലശേഷം
പതിവായിതെല്ലാം ഞാനാചരിക്കും;
തരുശിഖരത്തിന്മേലൂഞ്ഞാലാടും
സുരഭിലമഞ്ജരികള്ക്കടിയില്
സുഖമായി, സ്വസ്ഥമായ്, സൈ്വരമായി-
സ്സുരുചിരമിന്നു ഞാനാവസിപ്പന്!...
അനന്തരം, സനാതനന് തന്റെ ക്ഷുദ്രഗ്രന്ഥങ്ങളും മാന്ത്രികദണ്ഡവും മണ്ണില്‍ താഴ്ത്തി കുഴിച്ചുമൂടി. എന്തെന്നാല്‍ മന്ത്രവാദകലയെ ഇനി ഒരിക്കലും ഉപയോഗപ്പെടുത്തുന്നതല്ലെന്ന് അദ്ദേഹം നിശ്ചയിച്ചു. അങ്ങിനെ തന്റെ ശത്രുക്കളെ കീഴടക്കി, സഹോദരനും വിഷ്കംഭരാജാവുമായി സന്ധിക്കപ്പെട്ടുതീര്ന്ന അദ്ദേഹത്തിന് സ്വദേശത്തെ വീണ്ടും സന്ദര്‍ശിക്കുന്നതും, സിംഹാസനം വീണ്ടെടുക്കുന്നതും, പുത്രിയും രാജകുമാരനും തമ്മിലുള്ള വിവാഹം ആഘോഷപൂര്‍വം കൊണ്ടാടുന്നതുമല്ലാതെ, തന്റെ സൗഭാഗ്യപരിപൂര്ത്തിക്കു മറ്റൊന്നുംതന്നെ അവശേഷിച്ചില്ല. തങ്ങള്‍ വിഷ്കംഭരാജ്യത്തില് ചെന്നത്തിയാലുടന്തന്നെ അവരുടെ വിവാഹം അത്യാഡംബരവിഭവങ്ങളോടുകൂടി ആഘോഷിക്കുന്നതാണെന്ന് രാജാവു പറഞ്ഞു. ദേവതയായ പ്രഭഞ്ജനന്റെ സുരക്ഷിതസാദ്ധ്യത്തിന്കീഴില്, അവര്‍ ആനന്ദമയമായ ഒരു കപ്പല്സഞ്ചാരത്തിനുശേഷം, വേഗത്തില്‍ ആ സ്ഥലത്തെത്തിച്ചേര്‍ന്നു.
അനുബന്ധം 1
ചില്ലിക്കാശ്
ഉത്ഭവം
ഞാനുള്‍പ്പെടെ എന്റെ അമ്മയ്ക്ക് പതിനാറു മക്കളുണ്ട്. എന്നാല്‍ ഞാന്‍ എത്രാമനാണെന്ന് എനിക്കോ, എന്റെ ബന്ധുക്കള്‍ക്കോ, എന്നെ എടുത്തു പെരുമാറുന്ന നിങ്ങള്‍ക്കോ, അറിഞ്ഞുകൂടാ. ഒന്നായിട്ടു നടന്നാല്‍ ഞങ്ങള്‍ക്കു വിലയും നിലയും കൂടുമെങ്കിലും, കൂടെപ്പിറന്നവരെ ആട്ടിയോടിച്ച് ശീലിച്ചുപോന്ന മനുഷ്യന് ഞങ്ങളെ ഒറ്റതിരിച്ചു നിര്‍ത്തുന്നതിനാണ് ഇഷ്ടപ്പെടുന്നത്. മനുഷ്യരില്‍ ഭൂരിപക്ഷവും ഭിന്നിപ്പിച്ചു ഭരിക്കുന്നതില്‍ ബദ്ധശ്രദ്ധന്മാരാണ്. അവര്‍ പഠിച്ചതു പാടിക്കൊള്ളട്ടെ.
ഒറ്റതിരിഞ്ഞാണെങ്കിലും, പലയിടങ്ങളിലും പലവട്ടവും ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. എന്റെ പരിചയപരിധി പരിമിതമാണെങ്കിലും കുടുംബചിത്രം കൂലങ്കഷമായി ഞാന്‍ ഗ്രഹിച്ചിട്ടുമുണ്ട്. മനുഷ്യര്‍ ഇന്നത്തെ രൂപമെടുത്തതിനു ശേഷമാണ് എന്റെ പൂര്വ്വപിതാമഹന്മാര് ഭൂമുഖത്തു പ്രത്യക്ഷരായത്. ജനസമുദായ പരിഷ്ക്കാരത്തിന്റെ ആദ്യഅടയാളമായി അന്നു ഞങ്ങളെ പലരും ഗണിച്ചിരുന്നു. എങ്കിലും ഞങ്ങളുടെ പുണ്യപുരാതനന്മാര്‍ `തൂകല'ന്മാരായിരുന്നുവെന്നു പറഞ്ഞു നാണയസമുദായത്തെ പരിഹസിക്കുന്ന പലരേയും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ആ പരിഹാസസംഘത്തലവന്മാര് അവരുടെ പൂര്വ്വപിതാക്കന്മാരെ അരനിമിഷനേരം അനുസരിച്ചാല്‍ എത്ര നന്നായിരുന്നു എന്നാണ് നിങ്ങളില്‍ ചിലരുടെ മുഖത്തു ഭാവപ്പകര്‍ച്ച ഉണ്ടാകുന്നത്? ``മരം ചാടികള്‍! ഞങ്ങളുടെ പിതാമഹന്മാരല്ല, അല്ല'' എന്നു നിങ്ങള്‍ `മുറുമുറു'ത്തുകൊള്ളുവിന്‍! ഞങ്ങളെ `തൂകല'ന്മാരെന്നു എത്രവട്ടം വേണമെങ്കിലും പറഞ്ഞുകൊള്ളുവിന്‍. ``മറ്റുള്ള ജനങ്ങള്‍ക്കു കുറ്റങ്ങള്‍ പറഞ്ഞീടും -- മുറ്റും തന്നുടെ കുറ്റമൊന്നറികയുമില്ല.'' അറിയാത്തതിനുള്ള ഒരു കാരണം കുറ്റം മുറ്റിയിരിക്കുന്നതുകൊണ്ടാണ്. നിറകുടമുണ്ടോ തുളുമ്പുന്നു?
തുകലസൃഷ്ടി ചെയ്തവര്‍ക്ക് എന്തു പേരു കൊടുക്കണമെന്നു ശബ്ദാഗമശാസ്ത്രസമ്പത്തുള്ള മനുഷ്യന് തീര്‍ച്ചപ്പെടുത്തിക്കൊള്ളട്ടെ. ഏതായാലും തൂകലന്മാരെക്കൊണ്ടു അന്നുള്ളവര്‍ക്കു വളരെ ഉപകാരമുണ്ടായിരുന്നു. അവരുടെ വ്യാപാരവൈഷമ്യത്തെ ലഘൂകരിച്ചത് ആ തോലന്മാര്തന്നെയായിരുന്നു. തോലന്മാര്‍ക്കും ക്രയവിക്രയം ചെയ്യുവാന്‍ സാമര്‍ത്ഥ്യം ഉണ്ടെന്നു പറഞ്ഞാല്‍ മുതലാളികള്‍ക്കു വിശ്വാസം തോന്നുകയില്ലായിരിക്കും. കയ്യിലൊതുക്കി കൈകാര്യം ചെയ്യുവാനുള്ള വണക്കവും ഇണക്കവും അനുസരിച്ച് അവര്‍ക്ക് വിലയും ക്ലിപ്തപ്പെടുത്തിയിരുന്നു. ക്രയവിക്രയവിക്രമം കുറഞ്ഞവരെ തോലന്മാരെന്ന് ഇന്നു വിളിക്കുന്നത്, ഞങ്ങളുടെ കുടംബത്തോടുള്ള കൃതഘ്നതകൊണ്ടല്ല, കൃതജ്ഞതകൊണ്ടായിരിക്കണം. എന്നാല്‍ അന്നത്തെ അന്വര്‍ത്ഥനാമം ഇന്നത്തെ അര്ത്ഥനാമമായി.
മനുഷ്യശബ്ദംതന്നെ അന്വര്‍ത്ഥമായല്ലല്ലോ ഇന്ന് ഇരിക്കുന്നത്!
ഏതായാലും പരിഷ്കാരോന്മുഖനായ -- പരിവര്‍ത്തനപ്രിയനായ -- മനുഷ്യനോടുള്ള സമ്പര്‍ക്കം നിമിത്തം നാണയകുടുംബപ്രകൃതിക്കു ക്രമേണ മാറ്റം സംഭവിച്ചു. തുകല്‍ സുലഭമായിത്തീര്‍ന്നതുകൊണ്ടോ അതോ മാംസംകൊണ്ടും മതിയാകാതെ തുകല്‍ കൂടി മനുഷ്യന് ഭക്ഷിച്ചുതുടങ്ങിയതുകൊണ്ടോ എന്തോ, തുകല്‍ നാണയം ഉപേക്ഷിക്കപ്പെട്ടു.
ഭൂമുഖത്തു വളരുന്നതും വളരാത്തതുമായ വസ്തുക്കള്‍ സ്വന്തമാക്കിയിട്ടും മനുഷ്യര്‍ക്കു തൃപ്തിയായില്ല. ഭൂമുഖം കണ്ടു ഭ്രമിച്ച അവര്‍ ഭൂമുഖത്തേയ്ക്കു ചുഴിഞ്ഞുനോക്കി. അവിടെ ചില ദുര്ല്ലഭസാധനങ്ങള് കണ്ടുമുട്ടി. സുലഭവസ്തുക്കള്‍ക്കു പ്രിയം കുറയുന്നതുകൊണ്ടു, അസുലഭവസ്തുക്കള്‍ ശേഖരിച്ചു കൈകാര്യം ചെയ്യണമെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തി. കണ്ടുകിട്ടിയ ലോഹങ്ങളില്‍ തിളക്കവും വിളക്കവും ഉള്ളവയെ മാത്രം പ്രത്യേകമെടുത്തു. തുരുമ്പും കറയും ഉള്ളവയ്ക്കു കരിയും ചെളിയും തന്നെ എന്നും ആധാരം. ചുമപ്പും വെളുപ്പുമുള്ളവര്‍ക്കേ അന്നും സ്ഥാനമുള്ളൂ. ആ സ്ഥിതിക്ക് കറുമ്പന്മാരോട് ഇന്നുള്ളവര്‍ അറപ്പു കാണിക്കുന്നതില്‍ എന്താണ് കുറവ്?
മനുഷ്യര്‍ ലോഹവുമായി വലിയ ലോഹ്യമായി. തിളക്കവും വിളക്കവും ഉള്ളവയ്ക്കു നിലയും വിലയും കല്പിച്ചു. അതായത്, ലോകത്തില്‍ ജാതി സൃഷ്ടിച്ച മനുഷ്യന് ലോഹത്തിലും ജാതി സൃഷ്ടിച്ചു. ചെമ്പിനു മീതെ വെള്ളിയും, വെള്ളിക്കുമീതെ സ്വര്‍ണ്ണവും, അങ്ങിനെ അട്ടിയട്ടിയായി അടുക്കിവെച്ചു മനുഷ്യതൃഷ്ണ അടക്കുവാന്‍ ശ്രമിച്ചു. ഞങ്ങളെ മുഴുവന്‍ കൈവശപ്പെടുത്തി. മനുഷ്യരുടെ തൃഷ്ണയ്ക്കുണ്ടോ അതിരുള്ളൂ?
എത്തും പിടിയും കിട്ടിയാലും മനുഷ്യര്‍ക്കു തൃപ്തിയില്ല. പിടിച്ചാലും വളച്ചാലും അവരുടെ ദുര ഒതുങ്ങുകയില്ല. `വട്ടത്തിലാ'ക്കിയേ വിടൂ എന്ന് അവര്‍ക്കു നിര്ബന്ധമുള്ളതായിത്തോന്നുന്നു. ആദികാലം മുതല്‍ ഇന്നുവരെ -- ഈ നാഴികവരെ, ഈ വിനാഴിക വരെ -- എന്നോടും എന്റെ സമുദായത്തോടും ചെയ്തുകൊണ്ടിരിക്കുന്ന കടുംകയ്യ് ഓര്‍ക്കുമ്പോള്‍ ഇന്ന് എനിക്ക് കണ്ണുനീരുണ്ടാവുന്നില്ല. അക്കഥകള്‍ എന്റെ നേത്രങ്ങളിലെ ചുടുനീര് മുഴുവന്‍ വറ്റിച്ചുകളഞ്ഞു. സ്വാര്‍ത്ഥത നിറഞ്ഞ ലോകം വെറുത്തു ഭൂമിയുടെ അന്തരാളത്തില്‍ സുഖജീവിതം നയിച്ചവരായിരന്നു ഞങ്ങള്‍. അധഃസ്ഥിതമര്ദ്ദനം കണ്ടു ഹൃദയം പൊട്ടിയൊഴുകി അസ്തജീവരായി അവിടെ അന്നു ഞങ്ങള്‍ ഒതുങ്ങി ഒന്നായി പാര്‍ക്കുകയായിരുന്നു. ആ നിര്‍ദ്ദയമര്‍ദ്ദനം മേലാല്‍ കാണേണ്ടിവരികയില്ലല്ലോ എന്നുകരുതി അന്നു ഞങ്ങളുടെ കരളു കുളിര്‍ത്തിരുന്നു. പക്ഷേ നിങ്ങളുടെ സ്വാര്‍ത്ഥത ഞങ്ങളുടെ സുഖവാസത്തെ ഭഞ്ജിച്ചു. ഞങ്ങളുടെ ഗൂഢസങ്കേതങ്ങള്‍ നിങ്ങള്‍ കണ്ടുപിടിച്ചു. ഞങ്ങളെ ക്രമേണ കയ്യടക്കംചെയ്തു. അധഃസ്ഥിതര്‍ അമൂല്യവസ്തുക്കളെന്നു അവര്‍ക്കു അന്നു ബോധമുണ്ടായിരുന്നുവെന്ന് ഇന്നു ഞാന്‍ വിചാരിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ അനന്തരനടപടികള്‍ അത്രമാത്രം അസഹനീയമായിരുന്നു. കയ്യടക്കം ചെയ്തിട്ടും ഞങ്ങളോടുള്ള പക തീര്‍ന്നിട്ടില്ല! പ്രകൃതിയുടെ അങ്കസ്ഥലിയില് -- അമ്മയുടെ മടിത്തട്ടില്‍ -- അനന്തമായ ആനന്ദം അനുഭവിച്ചു സുഖജീവിതംകൊണ്ട ഞങ്ങള്‍ ഭൂമുഖത്തു വന്നപ്പോള്‍ കണ്ടത് എന്താണ്.
അഗ്നി -- സ്വാര്‍ത്ഥവഹ്നി! അതിദുസ്സഹമായ ഒരാഗ്രഹക്കൊടുംതീ! അതുതന്നെയായിരുന്നു അധികാരപ്രമത്തനായ മനുഷ്യന് ഞങ്ങള്‍ക്ക് ഒഴിച്ചു നീക്കിവെച്ചകളിത്തട്ടില് -- എനിക്കു തെറ്റിപ്പോയി. കളിത്തൊട്ടിലല്ല, പട്ടടക്കിടയ്ക്കയാണ് മനുഷ്യന് ഞങ്ങള്‍ക്ക് ഉടനെ നല്‍കിയത്. അധികാരികളുടെ കയ്യേറ്റംകൊണ്ട് ഛിന്നഭിന്നാവസ്ഥയെ പ്രാപിച്ചിരുന്ന ഞങ്ങളെ ഓരോരുത്തരായി അഗ്നിയില്‍ സമര്‍പ്പിച്ചു. പരോപദ്രവമെന്തെന്നറിയാതെ പരമശാന്തരായി പല ശതാബ്ദങ്ങള്‍ അധഃസ്ഥിതരായി കഴിഞ്ഞുകൂടിയ ഞങ്ങള്‍ക്ക് അധികാരികള്‍ ഇത്ര ദാരുണമായ ശിക്ഷ എന്തിനാണ് നല്‍കിയത്? അവര്‍ക്കോ അവരുടെ സമുദായത്തിനോ ഹാനികരമായി ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. ഞങ്ങള്‍ അതിന് അശക്തരുമാണ്. അതു ഞങ്ങളുടെ കുലധര്‍മ്മമേ അല്ല. അവരുടെ അധികാരദുഷ്പ്രഭുത്വവും ഞങ്ങളുടെ നിരപരാധിത്വവും ഓര്‍ത്തപ്പോള്‍ ശരീരം വിറകൊണ്ടു; ഹൃദയം തപ്തമായി. മനുഷ്യരുടെ മനുഷ്യേതരമായ പ്രവൃത്തി കണ്ടോ ഞങ്ങളോടുള്ള പൂര്വ്വവിരോധംകൊണ്ടോ എന്തോ അഗ്നിയുടെ മുഖം ചുവന്നു. കണ്ഠനിര്ഗ്ഗളിതമായ ദുര്വ്വായു അനിലഗതിയെ ത്വരിപ്പിച്ചു. അനലപ്രകൃതിയും ആകമാനം മാറി. ഞങ്ങളുടെ ശരീരവും ഹൃദയവും ഒരുപോലെ ഉരുകിയൊഴുകി. ഇതിനായിരുന്നോ മനുഷ്യര്‍ ഞങ്ങളോട് ലോഹ്യം പിടിച്ചത്? അവര്‍ തങ്ങളെ ഭിന്നിപ്പിച്ചുവെങ്കിലും ആ അനലതാപമേറ്റ അന്ത്യവേളയിലും, ഞങ്ങള്‍ ഒത്തൊരുമിച്ചു ഒതുങ്ങി ചേര്‍ന്നുനിന്നു. ആകൃതിയും പ്രകൃതിയും മാറി. ഞങ്ങള്‍ അസ്പൃശ്യന്മാരായിത്തീര്ന്നു.
അസ്പൃശ്യതയോടുകൂടി ആയുശ്ശേഷം കഴിക്കാമെന്നു കരുതി ഞങ്ങള്‍ ആശ്വസിച്ചു. എന്നാല്‍ മനുഷ്യഹസ്തസ്ഥിതങ്ങളായ -- അവര്‍ക്ക് സ്വാധീനമുള്ള -- ചില ഉപകരണങ്ങളെക്കൊണ്ടു ഞങ്ങളെ സ്പര്‍ശിക്കുന്നതിന് അവര്‍ ശ്രമിച്ചു. ഞങ്ങള്‍ ആദ്യം ഉരുണ്ടുമാറി; തെറ്റിത്തെറിച്ചു നിന്നു. എന്നാല്‍ അടുത്ത നിമിഷത്തില്‍ അവരുടെ ഉപകരണദംഷ്ട്രകളില് ഞങ്ങള്‍ ഒതുങ്ങിപ്പോയി. അവയുടെ സ്പര്ശംനിമിത്തം ഉല്ഗമിച്ച ചൂട് അസഹനീയമായിരുന്നു. ആവിധത്തില്‍ അസ്പൃശ്യതയില്‍ -- ആ കൊടുംതീയില്‍ -- എത്രകാലം വേണമെങ്കിലും കിടന്നുരുകുകയായിരുന്നു അഭിലഷണീയം. പക്ഷേ തണുത്തിരിക്കുന്ന ഹൃദയം തപിപ്പിക്കാനുള്ള വാസന മനുഷ്യന്റെ പ്രത്യേക സമ്പത്താണല്ലോ.
ഞങ്ങളുടെ അഭിലാഷം അവരുടെ ദുരാഗ്രഹവേദിയില്‍ സമര്‍പ്പിക്കപ്പെട്ടു. ആശ്രയമറ്റവര്‍ക്ക്, അധഃസ്ഥിതര്‍ക്ക്, അഭിലാഷമേ പാടില്ലെന്നാണല്ലോ അവരുടെ മതം. അതാണ് അവരുടെ വേദവാക്യം. ആ സ്ഥിതിക്ക് അവരുടെ ആശ്രയവര്‍ത്തികളായി പരിവര്‍ത്തനം ചെയ്തുപോയ -- അല്ല ചെയ്യിക്കപ്പെട്ട -- ഞങ്ങളുടെ കഥ ചോദിപ്പാനുണ്ടോ? അഗ്നികുണ്ഡത്തില്‍ നിന്നും ഞങ്ങളെ പെട്ടെന്നെടുത്തു. അപ്പോള്‍ അവരുടെ മുഖഭാവം അനുകമ്പാര്‍ദ്രമായിരുന്നെന്നു കാണികള്‍ക്കു തോന്നിയേയ്ക്കാം. പക്ഷേ അകത്തുവെച്ചിരുന്ന കത്തിയുടെ പുറത്തേ പത്തിമാത്രമായിരുന്നു അത്. ഞങ്ങളുടെ രക്തവര്‍ണ്ണത്തില്‍ സൂക്ഷിച്ചുനോക്കി.
ഒരു കുളില്കല്ലില് ഒന്നായി ഞങ്ങളെ വെച്ചു. അയ്യോ! അത് ലോഹ്യംമാത്രമായിരുന്നു. ആ കല്ലില്‍ ഇരുന്ന് അല്പം ആശ്വസിക്കാമെന്നു വിചാരിച്ചു. ആ സഹോദരനും ഞങ്ങളെക്കണ്ടപ്പോള്‍ ചൂടുപിടിച്ചു. അധികാരഹസ്തം ഉയര്‍ന്നു. ഞങ്ങളെ അനുഗ്രഹിപ്പിപ്പാനായിരിക്കുമോ? കഷ്ടം, ഊക്കോടുകൂടി ഒരടി. ആ കുളിര്കല്ല് -- പീഡയനുഭവിച്ച ആശരണര്‍ക്ക് അങ്കസ്ഥലി, ആശ്രയഭൂമിയാക്കിയ കുളിര്കല്ല് -- ഞങ്ങളുടെ മരണശയ്യയായിത്തീരുകയോ? ആ ഓര്‍മ്മ ഒന്നുകൊണ്ടുമാത്രം ഞങ്ങളുടെ കണ്ണില്‍നിന്നു തീപ്പൊരി ചിതറി പലയിടത്തേയ്ക്കു തെറിച്ചു. കെട്ടിയിട്ട് അടിച്ചാലും കണ്ണുനീര് ഉതിര്‍ക്കരുതെന്നാണ് സ്വാമിയുടെ കല്പന; അഥവാ അങ്ങിനെയാണ് ആ സ്വാമിമാര്‍ കല്പിക്കാറുള്ളത്. അടിമകളില്‍ അടിമകളായ ഈയുള്ളവരുടെ കഥ ചോദിക്കണോ? ഒറ്റയ്ക്കു നിന്നാലും അവരുടെ കൈത്തരിപ്പിനു വിധേയര്‍! ഒന്നുചേര്‍ന്നു നിന്നാല്‍.......... എന്തു ചെയ്യാം! അകവും പുറവും ഒരുപോലെ പഴുത്തിരുന്ന ഞങ്ങളെ പലവുരു മര്‍ദ്ദിച്ച്, പല തുണ്ടുകളാക്കിത്തീര്ത്തു. അധികാരികളുടെ മുദ്രയും ഞങ്ങളില്‍ പതിച്ചു. ഈ മുദ്രകള്‍ ഞങ്ങളില്‍ പതിച്ചതെന്തിനാണ്? സ്വഗൃഹം ഉപേക്ഷിച്ച മഹാപരാധത്തിനായിരിക്കാമോ? ഞങ്ങള്‍ സ്വഗൃഹം മനസ്സാലെ വിട്ടതല്ല; സ്വഗൃഹത്തില്‍ നിന്നു ബഹിഷ്കരിച്ച് അത് അവര്‍ അപഹരിക്കുകയാണ് ചെയ്തത്. സ്വകുടുംബാംഗങ്ങളില്‍ നിന്നു ഞങ്ങളെ ബലപ്രയോഗം ചെയ്തു മാറ്റുകയാണ് ചെയ്തത്. അവരുടെ ദൃഷ്ടിയില് പലതരത്തിലുള്ള കുറ്റങ്ങള്‍ ഞങ്ങള്‍ ചെയ്തുപോയി. ആ കുറ്റത്തിന് എന്നെന്നേയ്ക്കുമായി ശിക്ഷയും അവര്‍ കല്പ്പിച്ചു. ഭൂമുഖത്ത് സഞ്ചരിക്കുന്നിടത്തോളം കാലം ക്ലിപ്തമായ ഒരു സംഖ്യ ഞങ്ങളെ കൈകാര്യം ചെയ്യുന്നവര്‍ക്കു സമ്പാദിച്ചുകൊടുക്കണമെന്നാണ് അവര്‍ നിശ്ചയിച്ചത്. സമുദായാംഗങ്ങളുടെ സന്നിധിയില്‍വെച്ച് അവരെ തൃപ്തിപ്പെടുത്തുന്നതിനെന്ന വ്യാജേന ഞങ്ങളെ പലരും താലോലിക്കുന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ട്.
നിറവും നിലയും അനുസരിച്ചു ഞങ്ങള്‍ക്കു നാമവും കല്പിച്ചു. ആ വര്‍ഗ്ഗത്തില്‍ ഏറ്റവും എളിയവനാണ് ഞാന്‍; എന്റെ പേര് ചില്ലിക്കാശെന്നാണ്.
ഞങ്ങളുടെ കുടുംബഭാഗം നടത്തിയ കഥ അത്യന്തം ഹൃദയസ്പൃക്കായിട്ടുള്ളതാണ്.
അനുബന്ധം 2
സുധ
I
ആ സംഭവം നടന്നിട്ട് ഇപ്പോള്‍ വസന്തം പത്തു കഴിഞ്ഞു. പ്രകൃതി പത്തു തവണ ചിരിച്ചു. പത്തു തവണ കരഞ്ഞു. എങ്കിലും അന്നു സുധയുടെ ഹൃദയത്തില്‍ ഉണ്ടായ ഒരു മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല. അന്ന് ഉറങ്ങുവാന്‍ തുടങ്ങിയ അവളുടെ ഹൃദയം ഇന്നും ഉണര്‍ന്നിട്ടില്ല.
സുധയ്ക്ക് ഒരു കളിത്തോഴന്‍ ഉണ്ടായിരുന്നു അന്ന്; കിഴക്കേതിലെ മുരളി. അവന് അവളേക്കാള്‍ രണ്ടു വയസ്സു പ്രായം കൂടും; അത്രേയേ ഉള്ളൂ. എങ്കിലും അവരുടെ പിറന്നാള്‍ രണ്ടും ഒരു ദിവസംതന്നെയാണ്: മകരമാസത്തിലെ `മകം'.
വളരെ ദുര്ല്ലഭമായിട്ടേ സുധയും മുരളിയും പരസ്പരം പിരിയാറുള്ളൂ! രാത്രിമാത്രം പിരിയാതെ നിവൃത്തിയില്ലാത്ത ആ ഇണപ്രാവുകള്‍ എങ്ങിനെയാണാവോ നേരംവെളുപ്പിച്ചിരുന്നത്! പ്രഭാതമാകേണ്ട താമസം, സുധ എഴുന്നേറ്റ് ഒരൊറ്റ ഓട്ടം, മുരളിയുടെ വീട്ടിലേയ്ക്ക്. മുരളി അപ്പോഴും ഉറക്കമായിരിക്കും. സുധ വിളിതുടങ്ങും; `മുരളീ! മുരളീ!' അതേ, അവളായിരിരുന്നു മുരളിയുടെ പുലരി!
മുരളിയേയും കൂട്ടിക്കൊണ്ടു സുധ അവളുടെ ഗൃഹത്തിന്റെ തെക്കേപ്പുറത്തുള്ള ഇലഞ്ഞിച്ചുവട്ടില്‍ എത്തും. അവിടെ അവര്‍ക്കൊരു ഉണ്ണിക്കൃഷ്ണന്റെ അമ്പലം ഉണ്ട്. മുരളിയാണ് ശാന്തിക്കാരന്. സുധ അവളുടെ ചേച്ചിയുടെ പുന്തോട്ടത്തില്നിന്നു പൂക്കള്‍ പറിച്ചു മാലകെട്ടി അമ്പലത്തില്‍ കൊടുക്കും. പൂജയും ശീവേലിയും മറ്റും തെറ്റാതെ ഉണ്ട്. മരംകൊണ്ട് ഉണ്ടാക്കിയിട്ടുള്ള ഒരാനക്കുട്ടി, അതിന്റെ പുറത്തു ചിന്നിച്ചിതറിയിരിക്കുന്ന ചില്ലോടുകൂടിയ ഉണ്ണിക്കൃഷ്ണന്റെ ഒരു പടം, താമരപ്പൂവ് ഈര്‍ക്കലിയില്‍ കോര്‍ത്ത് ഉണ്ടാക്കിയ ഒരാനക്കുട, രണ്ട് `അപ്പൂപ്പന് താടി' വെഞ്ചാമരം, നാവുകൊണ്ടുതന്നെയുള്ള ചെണ്ടമേളം -- എന്നിങ്ങിനെയുള്ള അലങ്കാരങ്ങളോടുകൂടിയ ആ ശീവേലി സുധയുടെ ഭാഷയില്‍ എന്നും `അസ്സ'ലും മുരളിയുടെ അഭിപ്രായത്തില്‍ ചിലപ്പോള്‍ `പൊട്ട'യും ആകാറുണ്ട്.
വൈകുന്നേരം പള്ളിക്കൂടം വിട്ടു വന്നാല്‍ മുരളി കാപ്പി കുടിച്ചു, കുടിച്ചില്ല എന്നു വരുത്തും. പിന്നെ കാണുന്നതു സുധയുടെ വീട്ടില്‍! എന്നാല്‍ സുധയെ കുളിക്കാതെ മുത്തശ്ശി അകത്തു കടത്തുകയില്ല. അവള് കുളിക്കാന്‍ പോകുമ്പോള്‍ മുരളിയും കൂടും കൂട്ടിന്. അവിടെ കുളത്തിലേയ്ക്കു ചാഞ്ഞു നിലംപറ്റി ഒരു തെങ്ങു കിടപ്പുണ്ട്. മുരളി അതിന്മേല് കയറി `കുതിരകളി'ക്കും; സുധ ആ സമയംകൊണ്ട് ഒരു `കാക്കമുങ്ങ'ലും കഴിക്കും.
സാധാരണ കുട്ടികളില്‍ കണ്ടുവരുന്ന `തമ്മില്‍തല്ലും തലകീറും' ഈ ചങ്ങാതികള്ക്കില്ല. മുരളിക്ക് അല്പം വികൃതിത്തരങ്ങള്‍ ഉണ്ട്. സുധയ്ക്ക് ചില നേരംപോക്കുകളും. ആണ്ടിലൊരിക്കല്‍ അവര്തമ്മില് ഒന്നു പിണങ്ങും. അത് അവരുടെ പിറന്നാളിനാണ്. രണ്ടും ഒരു ദിവസമാണല്ലോ! സുധയുടെ വീട്ടില്‍ മുരളി ഉണ്ണാന്‍ ചെല്ലണമെന്ന് അവള്. `എന്റെ വീട്ടിലേയ്ക്കു വരണം സുധ'യെന്നു മുരളി. രണ്ടും നടപ്പുമില്ല. വീട്ടുകാര്‍ സമ്മതിക്കുമോ പിറന്നാളായിട്ടു മറ്റൊരു വീട്ടില്‍ പോയി ഉണ്ണുവാന്‍? ഭക്ഷണം കഴിഞ്ഞാല്‍ അന്ന് അന്യോന്യം കാണാതെ ആ ബാലികാബാലന്മാര് പിണങ്ങി അവരവരുടെ വീടുകളില്‍ത്തന്നെ കഴിച്ചുകൂട്ടും. എന്നാല്‍ അവരുടെ പരിഭവത്തെ പാടേ വിപാടനം ചെയ്യുവാനുള്ള കെല്പ് ഒരു രാത്രിയിലെ ഉറക്കത്തിനുണ്ടായിരുന്നു.
* * * * *
പൊന്നിന്ചിങ്ങമാസത്തിലെ തിരുവോണക്കാലം. സുധ പറയും: ``മുരളീ, ഒന്നു വേഗം എണീക്കൂ; ആ അസത്തുകുട്ടികള് പൂവെല്ലാം ഇപ്പോള്‍ പറിച്ചെടുത്തുകാണും.''
ഒന്നു മൂരിനിവര്‍ത്തി എണീറ്റു കണ്ണുതിരുമ്മിക്കൊണ്ടു മുരളി പ്രതിവദിക്കും. ``മിണ്ടാതിരിക്കു സുധേ! നമ്മള് ഇന്നെ വിടരാന്‍ കണ്ടിനിറുത്തിയിരിക്കുന്ന ആ കദളിപ്പൂവും ചിറ്റാടപ്പൂവും അവരാരും കാണില്ല. ആ തോട്ടില്‍ ഇറങ്ങുവാന്‍ ഒരെണ്ണത്തിനുണ്ടോ ധൈര്യം?''
പൂക്കള്‍ ശേഖരിക്കുന്നതില്‍ സാമര്‍ത്ഥ്യം സുധയ്ക്കാണ്. മരച്ചില്ലകളില്‍ വല്ല അണ്ണാനോ, കുരുവിക്കൂടോ കണ്ടാല്‍ അതും നോക്കി നില്ക്കും മുരളി. ഇടയ്ക്കു സുധ മന്ത്രിക്കും: ``ഇതില്‍ നിന്നും കിട്ടുമെന്നു വിചാരിക്കേണ്ട.''
പവിഴക്കുലകളാല് അലതല്ലുന്ന നെല്ലിന്പാടം. അവിടെ മഴവില്ലിന്റെ ആകൃതിയില്‍ കൂട്ടംകൂട്ടമായി എത്തി നെന്മണികള് കൊത്തിപ്പറക്കുന്ന ആറ്റക്കിളികളെ നോക്കി സുധ തെല്ലിട നിന്നുപോകും. മുരളി മന്ദംമന്ദം അവളുടെ മഞ്ജുഷയില്നിന്നും ഒരു വാര് അവന്റെ സ്വന്തമാക്കും. ഒരു വലിയ വിജയലബ്ധിയില് എന്നപോലെ ആ നിഷ്കളങ്കഹൃദയന് ഒന്നു പൊട്ടിച്ചിരിക്കുമ്പോളാണ് സുധ കാര്യം മനസ്സിലാക്കുന്നത്. `ആട്ടെ' എന്ന ആ ഒരൊറ്റ പദത്തില്‍ തന്റെ പരിഭവവും ദേഷ്യവും ആസകലം അടക്കി അവള് ഒരുനിമിഷം മിണ്ടാതെ നില്ക്കും! കഴിഞ്ഞു അവളുടെ പിണക്കം!
* * * * *
ആ തെങ്ങിന്തടിയില് ഇരുന്നു കുതിരയോടിക്കുന്ന മുരളി ചോദിച്ചു: ``സുധേ! നിനക്ക് എത്ര എണ്ണുന്നതുവരെ മുടങ്ങിക്കിടക്കാം?''
``എണ്‍പത്.''
``എന്നാല്‍ കാണട്ടെ.''
സുധ മൂക്കുംപൊത്തിക്കൊണ്ട് ഒരു മുങ്ങല്‍. ``ഒ......ന്ന്; ര.......ണ്ട്'' മുരളി എണ്ണം തുടങ്ങി. ഇടയ്ക്ക് അവന് ഒരു തട്ടിപ്പെടുത്തു.
``.........എമ്പത്തി എട്ട്........ അമ്പത്തി ഒമ്പത്.........''
സുധയും മനസ്സുകൊണ്ട് എണ്ണുന്നുണ്ടായിരുന്നു! കഷ്ടിച്ചു നൂറായപ്പോള്‍ അവള് പൊങ്ങി. മുരളി എഴുപത്തിഒന്നേ ആയിരുന്നുള്ളൂ. പാവം സുധ! അവള് അറിഞ്ഞില്ല മുരളിയുടെ ആ ചെറിയ കളവ്. അവള്‍ക്ക് അല്പം കുറച്ചിലായി. വീണ്ടും മുങ്ങി, ഇത്തവണ മുരളി സത്യവാനായിരുന്നു. നൂറ്റിപ്പതിനഞ്ചു എണ്ണിയതില്‍ പിന്നീടാണ് സുധ പൊങ്ങിയത്.
``ഇതൊന്നും അത്ര സാരമില്ല: ഞാന്‍ ഇരുനൂറുവരെ കിടക്കാം'' എന്നായി മുരളി. അവന് വെള്ളത്തില്‍ ചാടി. സുധ വളരെ വേഗത്തില്‍ തെറ്റാതെ എണ്ണവും തുടങ്ങി. ഇടയ്ക്ക് മുരളിക്ക് ഒരു സംശയം: സുധ പറ്റിച്ചെങ്കിലോ എന്ന്! അവന് ഒന്നു പൊങ്ങി വെറുതെ പറഞ്ഞു: ``ഇതു പറ്റൂല സുധേ; നാല്‍പ്പത്തിമൂന്നോ? കുറേക്കൂടി വേഗം എണ്ണണം.''
``വയ്ക്കത്തപ്പനാണെ ഞാന്‍ തെറ്റിച്ചിട്ടില്ല'' എന്ന സത്യവാചകം കേട്ടുകൊണ്ട് മുരളി വീണ്ടും മുങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ അവനു വീര്‍പ്പുമുട്ടിത്തുടങ്ങി. അവന് പെട്ടെന്നു പൊങ്ങി. `അറുപത്' എന്നാണ് അവന് കേട്ടത്! ആ അഭിമാനിക്ക് വലിയ `ജാള്യത'യായി! ``അമ്പടീ! നീ നൂറ്റിപ്പതിനഞ്ച്!..... ഞാന്‍ അറുപതോ?......''
അതാ വീണ്ടും ഒരു മുതലക്കുത്ത്! കുളത്തിന്റെ അടിയില്‍ ഒരു കരിങ്കല്ല് ഉരുണ്ടുവന്നു കിടപ്പുണ്ടായിരുന്നു. മുരളി അതിന്മേല് വട്ടംകെട്ടിപ്പിടിച്ചു കിടന്നു. സുധയുടെ എണ്ണം നൂറില്‍ കവിഞ്ഞു. മുരളിക്കു ക്രമത്തില്‍ അധികം ശ്വാസം മുട്ടിത്തുടങ്ങി. എണ്ണത്തില്‍ ഉള്ള ഉത്സാഹവും വേഗതയും സുധയ്ക്ക് വര്‍ദ്ധിച്ചു. അതാ ഒരു ശബ്ദം, മുരളി നിവര്‍ന്നു. ഊര്‍ദ്ധ്വഗതിയില്‍ അവന്റെ വായുപിടുത്തം വിട്ടുപോയി! ജലം കുറെ അധികം ശിരസ്സിലും വയറ്റിലും കടന്നു! അവന്റെ കൈകാലുകള്‍ കുഴഞ്ഞു. ഇതെല്ലാം മുരളിയുടെ വെറും വികൃതികളായിട്ടാണ് സുധ കരുതിയത്! അവള് കൈകൊട്ടിച്ചിരിച്ചു. കടവിലേയ്ക്ക് അടുക്കുന്നതിനുള്ള മുരളിയുടെ ശ്രമങ്ങളെല്ലാം അവനെ അടിയിലേയ്ക്കു പോകുവാനാണ് സഹായിച്ചത്. അതാ അവന്റെ കണ്മിഴികള് മറിയുന്നു! കൈകാലുകള്‍ ഇട്ടടിക്കുന്നു! എന്തിന്? ആ സാധുവിന്റെ ഉദരം ഒരുപെട്ടി പോലെ വീര്ത്തുകഴിഞ്ഞു! എന്നാല്‍ മുരളിയുടെ വികൃതിത്തരങ്ങളുമായി ചിരപരിചയമുള്ള സുധ അതെല്ലാം വെറും ഗോഷ്ടികള്‍ മാത്രമായിട്ടാണ് വ്യാഖ്യാനിച്ചത്.
``എനിക്കു വിശക്കുന്നു; മുരളി കാപ്പി കുടിച്ചതാണ്; വേഗം കയറി വരൂ'' എന്നു പറഞ്ഞുകൊണ്ട് സുധ വീട്ടിലേയ്ക്കോടി.....!
സന്ധ്യയ്ക്കു സുധയുടെ മാതാവു മേല്കഴുകുവാന് വന്നപ്പോള്‍ കുളത്തില്‍ എന്തോ പൊന്തിക്കിടക്കുന്നു. അവര്‍ പിറുപിറുത്തു: ഞാന്‍ തോറ്റു, ഈ വികൃതിപ്പിള്ളേരെക്കൊണ്ട്! ഒരു തടിയേ ബാക്കി ഉണ്ടായിരുന്നുള്ളൂ; അതും ഉന്തിത്തള്ളി വെള്ളത്തിലാക്കി; ഇത് ഇവിടെത്തന്നെ കിടന്നാല്‍ നാളെ ഇതിന്മേലായിരിക്കും വള്ളംകളി!''
തടി ഉന്തി കരയ്ക്കടുപ്പിക്കാന്‍ കൈ നീട്ടിയ ആ സ്ത്രീ ഒരു ഞെട്ടല്‍! ``അയ്യോ'' എന്ന് ഒരലര്‍ച്ച!!
വീട്ടില്‍നിന്നും ആളുകള്‍ വിളക്കു കൊണ്ടുവന്നുനോക്കിയപ്പോള് കണ്ട കാഴ്ച!
``മരവാഴത്തടിപോലെ മലര്‍ന്നടിച്ചു'' കിടക്കുന്ന മുരളിയുടെ തളിരിളംമേനി......!
പിന്നത്തെ കഥ! ആ രണ്ടു വീട്ടുകാരുടേയും സ്ഥിതി.....!
അശുഭസൂചകവും ഭയങ്കരവുമായ ഒരു നിശ്ശബ്ദത അവിടെ എങ്ങും വ്യാപിച്ചിരുന്നു; അതിനെ ഭഞ്ജിച്ചു മുഴങ്ങിക്കൊണ്ടിരുന്ന സുധയുടെ തേങ്ങിത്തേങ്ങിക്കരച്ചില് എപ്പോള്‍ നിലച്ചാവോ!!
II
``സുധേ! നിന്നോട് പറഞ്ഞില്ലേ, തെക്കേ കുളക്കരയില്‍ പോകരുതെന്നു?'' എന്ന ഒരു ശാസന ആ ഗൃഹത്തില്‍ ദിവസത്തില്‍ പല തവണയും മുഴങ്ങിക്കേള്‍ക്കാം.
എപ്പോഴും കിഴക്കേ കുളത്തിങ്കലാണ് സുധ. അവള്‍ക്ക് ഒരു നിയമമുണ്ട്: കുറെ കരയണം. അതിനുള്ള സ്ഥലമാണ് കുളക്കടവ്. അവിടെ അവള്‍ക്ക് ഒരു മുരളീഗാനം കേള്‍ക്കാം:
``അത് പറ്റൂല്ലാ സുധേ!.................... കുറച്ചുകൂടി വേഗം എണ്ണണം!''
ആവര്‍ത്തനം! അതാണല്ലോ പ്രകൃതിയുടെ ജോലി! ആ ഓണക്കാലം വീണ്ടും എത്തി.
പൊന്‍പൊടി പൂശിയ പൂഞ്ചിറകുകള്‍ വിരിച്ചു പറക്കുന്ന പൂമ്പാറ്റകളെ കാണുമ്പോള്‍ സുധയ്ക്കു തോന്നും: ``ഇതെന്തു പക്ഷി; ഒരു ഭംഗിയില്ല, കെട്ടോ.''
അയല്‍പ്പക്കത്തെ കുട്ടികളെല്ലാം പൂ ശേഖരിക്കുന്ന ബഹളം. അവര്‍ സുധയേയും വിളിക്കാതെ ഇരിക്കയില്ല.
അവള് പറയും: ``ഞാനില്ല.''
``എടീ പെണ്ണേ! വല്ല രണ്ടു തുമ്പക്കൊടമെങ്കിലും പറിച്ചു കെഴുക്കോറത്തിട്'' എന്ന മുത്തശ്ശിയുടെ മുറുമുറുക്കല് എങ്ങനെയോ സുധയെ പറമ്പിലേയ്ക്ക് ഇഴയിക്കും. എന്നാല്‍ അവിടെയെങ്ങും അവള് ഒറ്റ പൂപോലും കാണുകയില്ല!
അങ്ങേതിലെ കരുണന് പൂവിട്ട് ഓണം കൂവുമ്പോള്‍ സുധ വിചാരിക്കും: ``കഷ്ടം എന്റെ മുരളി ഉണ്ടായിരുന്നെങ്കില്‍....... എത്ര നീളത്തില്‍ കൂകുമായിരുന്നു!''
പന്തുകളി കോലാഹലം കേട്ടു ചെവിയോര്‍ക്കുന്ന അവള് മന്ത്രിക്കും: ``കഷ്ടം എന്റെ മുരളി..... എന്തുന്നാ..... എറിയേണ്ട താമസം കമ്പില്‍ ചെന്നുകൊള്ളുവാന്!......!''
അമ്പലത്തില്‍ ചെന്നു തൊഴാന്‍ നില്ക്കുമ്പോള് അവള്‍ക്ക് ഓര്‍മ്മവരും ഇലഞ്ഞിച്ചുവട്ടിലെ ഉണ്ണിക്കൃഷ്ണന്റെ അമ്പലം. ``തൊടരുത്'' എന്നു പറഞ്ഞ് ഒതുങ്ങിനിന്നു പ്രസാദം ഇട്ടുകൊടുക്കുന്ന ആ മുരളിസ്വാമി.........!
മകരമാസത്തിലെ മകം. അവളുടെ ജന്മനക്ഷത്രം. അന്നാണ് അവള്‍ക്ക് സഹിക്കവയ്യാത്ത സങ്കടം. അന്നു പ്രത്യേകിച്ച് ഒരു കാരണംകൂടി ഉണ്ടാകും. അവളുടെ അമ്മ പറയും: കഷ്ടം ആ മുരളി..... അവന്റേയും ജന്മദിനമല്ലേ ഇന്ന്; അവനുണ്ടെങ്കില്‍ എന്തായിരിക്കും ഇന്നു കിഴക്കേതിലെ കോലാഹലം!'' സുധ വാവിട്ടു കരയും. കരഞ്ഞുകരഞ്ഞു കണ്പോളകള് വീര്‍ത്തു, മിക്കവാറും ഒന്നും കഴിക്കാതെതന്നെ സുധ ഉറങ്ങിപ്പോകും!
ഒരു ദിവസം സുധ പറകയാണ് അവളുടെ സഹപാഠിനിയായ രാധയോട്:
``ഞങ്ങളുടെ കിഴക്കേതിലെ മുരളി ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ പതിമൂന്ന് വയസ്സ് തികയും. ആ ചുരുളന്‍ തലമുടി പപ്പറശ്ശായിട്ട്, കുപ്പായത്തിന്റെ ബട്ടണ്സ്സും ഇടാതെ, മുരളി കാലും ആട്ടിക്കൊണ്ട് ആ ബെഞ്ചില്‍ ഇരിക്കുന്നതുപോലെ എനിക്കു തോന്നുന്നു.''
രാധയുണ്ടോ കിഴക്കേതിലെ മുരളിയെ അറിയുന്നു! അവള് പ്രതിവദിച്ചു: ``എനിക്കു കേള്‍ക്കണ്ട; ഈ ആണ്‍കുട്ടികള്‍............... എല്ലാം അസത്തുക്കളാണ്! മുരളിയും മുരുകനും..................''
പിന്നെ രണ്ടാഴ്ചയ്ക്കു സുധയും രാധയും തമ്മില്‍ മിണ്ടാട്ടമേ ഇല്ല.........!
അന്നു സുധയുടെ സഹോദരന് ബാലന് വളരെ ആഹ്ലാദത്തോടുകൂടിയാണ് വീട്ടില്‍ വന്നത്. അവന് `സ്കൂള്‍ ഫൈനല്‍' ജയിച്ചുപോലും!
സുധ വിചാരിക്കുകയാണ്: `ബാലുച്ചേട്ടനും മുരളിയും ഒരു പ്രായം.......'
അവള് ചോദിച്ചു: ``അപ്പൊ ബാലുച്ചേട്ടാ! നമ്മുടെ മുരളി ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ചേട്ടനോട് ഒപ്പം ജയിക്കൂല്ലേ?''
``പോടീ, പെണ്ണേ, ചത്ത മുരളി അല്ലേ ജയിക്കുന്നത്?''
പിന്നീട് ഒരു മാസത്തേയ്ക്ക് ബാലുച്ചേട്ടമുവേണ്ടി യാതൊരു ശുപാര്ശിയും സുധ അച്ഛന്റെ അടുക്കല്‍ ചെയ്തിട്ടില്ല.
വൈകുന്നേരം സുധ വിളക്കിന്റെ ചിമ്മിനി തുടച്ചുകൊണ്ടിരിക്കയായിരുന്നു. അപ്പോള്‍ കേള്‍ക്കാം അങ്ങേപ്പുറത്ത് ഒരു ശകാരവര്‍ഷം. ബാലന് പൊടിവലിച്ചതറിഞ്ഞു അച്ഛന് ദേഷ്യപ്പെടുകയായിരുന്നു അത്. സുധയുടെ ഹൃദയം ഒന്ന് തുടിച്ചു. `കഷ്ടം' അവള് നിനച്ചു: `മുരളി ഉണ്ടായിരുന്നെങ്കില്‍ ഇതുപോലെ കൂട്ടുകൂടി പൊടിയും മറ്റും വലിക്കുമോ, ആവോ? പക്ഷേ,
എന്നെങ്കിലും ഞാന്‍ പൊടിക്കുപ്പി ഒന്നു കാണുവാന്‍ ഇടയായാല്‍ കഴിഞ്ഞു, ഇങ്ങോട്ട് തട്ടിപ്പറിച്ച് ഒറ്റേറ്!' ഇതോടുകൂടി `കിലും' എന്നൊരു ശബ്ദവും കേട്ടു. അവളുടെ കയ്യില്‍ ഇരുന്ന ആ ശരറാന്തലിന്റെ ചിമ്മിനി തവിടുപൊടിതരിപ്പണം.......!
സുധയുടെ ആകൃതിക്കും പ്രകൃതിക്കും വ്യത്യാസം വന്നിരുന്നതിനോടൊപ്പംതന്നെ അവളുടെ മനോരാജ്യത്തില്‍ ഏകച്ഛത്രാധിപത്യം വഹിച്ചിരുന്ന മുരളിയുടെ ഭാവപ്രകൃതികള്ക്കും അനുദിനം വ്യത്യാസം ഭവിച്ചുകൊണ്ടിരുന്നു.
`അപ്പോള്‍', സുധ വിചാരിക്കുകയാണ്, `ഇപ്പോള്‍ മുരളിയുണ്ടെങ്കില് തീര്‍ച്ചയായും കോളേജില്‍ നടന്നുപോകയില്ല. എറണാകുളത്തുതന്നെ താമസമാക്കുമായിരിക്കും. അങ്ങിനെയാണെങ്കില്‍ ഞാനെങ്ങിനെ കാണും? ശനിയും ഞായറും ഉണ്ടല്ലോ, അല്ലേ? ഏയ്! അതു പോരാ. ഞാന്‍ പറയും ഒരു സൈക്കിള്‍ വാങ്ങാന്‍. മുരളി തനി ഖദറില്‍ കോളേജിലേയ്ക്കു പോകുവാന്‍ സൈക്കിളില്‍ കയറുമ്പോള്‍ ഒന്നു ബെല്ലടിക്കും. ചിലപ്പോള്‍ ഞാന്‍ നില്ക്കുന്നതു കാണാതെ ഒരു പറക്കല്‍......!
* * * * *
`മരതകക്കുന്നി'ലെ മാധുരിയുടെ വിവാഹത്തിനു സുധയും പോയിരുന്നു.
തിരക്കിന്റെ ഇടയില്‍ തലമാത്രം പുറത്തേയ്ക്കു കാണിച്ചു കല്യാണമമണ്ഡപത്തിലേയ്ക്കു നോക്കിനില്ക്കുന്ന അവള് തന്നത്താന്‍ വിചാരിച്ചു:
`വിവാഹം! അതിങ്ങനെയാണോ? ദൂരേനിന്നും ആരെങ്കിലും ആയിരിക്കും കല്യാണം കഴിക്കുന്നതെന്നല്ലേ ഞാന്‍ കരുതിയിരുന്നത്? ഇത് ആ രവീന്ദ്രനല്ലേ? മാധുരി എപ്പോഴും സ്തുതിക്കാറുള്ള ആള്. അവള് ഒരുമിച്ചു പഠിച്ചിരുന്നാള്. കഷ്ടം എന്റെ മുരളി ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്കും ഉണ്ടായേനെ ഒരു കല്യാണം. ദേ, അതു കണ്ടോ? ഈശ്വരാ! മാധുരിക്ക് നാണമില്ല കെട്ടോ. എത്ര ആളുകളാ, നിരന്നിരിക്കുന്നത്! അവരുടെ ഒക്കെ മുമ്പില്‍വെച്ച് എത്ര ധൈര്യം, അവള്‍ക്ക് രവീന്ദ്രന്റെ കഴുത്തില്‍ മാലയിടുവാന്! എനിക്കാണെങ്കില്‍ സാധിക്കയില്ല. അല്ല! പിന്നേയും അവള് അവടെത്തന്നെ ഇരിക്കയാണല്ലോ? ഞങ്ങളുടെ കല്യാണം...... എനിക്കതു വിചാരിക്കാന്‍കൂടി വയ്യ. അതിനെന്താ അല്ലേ ഇത്ര നാണം; മുരളിയെ ഞാന്‍ ദിവസവും കാണുന്നതല്ലേ? അതെന്താ, സമ്മാനങ്ങളോ? ഇത്ര പെരുത്തുണ്ടോ! ഇതെല്ലാം ആ അകത്തു കൊണ്ടുപോയിട്ട് കൊടുത്താല്‍ പോരേ? അമ്പോ! ഒരു വലിയ പെട്ടി. അതും അവളുടെ കയ്യില്‍! മുരളി ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്കും ഇതിലധികം സമ്മാനങ്ങള്‍ കിട്ടാതിരിക്കയില്ല. ബി.എ ജയിക്കുമ്പോളേയ്ക്കും എത്ര സ്നേഹിതന്മാരാണ് മുരളിക്കുണ്ടാകുക!
ഒരു മംഗളപത്രപാരായണത്തിന്റെ അവസാനത്തില്‍ ഉണ്ടായ ഹസ്തതാഡനകോലാഹലത്തോടുകൂടി സുധയുടെ ആ വിചാരധാര മുറിഞ്ഞുപോയി.
ആ രാത്രി മുതല്‍ സുധയുടെ ചിന്താസരണി ഒന്നു വ്യത്യസ്തമായിരുന്നു. `വിവാഹം' എന്നൊരു ശബ്ദനാളം സദാപി അവളുടെ കര്‍ണ്ണപുടങ്ങളില്‍ വന്നലച്ചുകൊണ്ടിരുന്നു. അവള്‍ക്കെന്തോ ഒരു വല്ലാത്ത മറവി. ഏതോ ഒരദൃശ്യശക്തി നാലുപുറത്തുനിന്നും വന്ന് അവളെ മര്‍ദ്ദിക്കുന്നതുപോലെ തോന്നി. എന്തോ ഒന്ന് അകത്തു ചിറകിട്ടടിക്കുന്നതുപോലെ അവള്‍ക്ക് അനുഭവപ്പെട്ടു. എത്ര വെള്ളം കുടിച്ചാലും തീരാത്ത ഒരു ദാഹം അവള്‍ക്ക്! കൈകള്‍ കുഴഞ്ഞ് എത്ര വീശിയാലും ശമിക്കാത്ത ഒരു പുകച്ചില്‍ ദേഹമാസകലം!
ചിലപ്പോള്‍ അല്പം ഉറക്കെത്തന്നെ സുധ പറഞ്ഞുപോകും: ``ആ രവീന്ദ്രനെപ്പോലെ നടന്നാലെന്താ മുരളിയ്ക്ക്? ആ തലമുടി ഒന്ന് ഭംഗിയായി ചീകിവെയ്ക്കാന്‍ പാടില്ലേ? ഇങ്ങടുത്തുവരൂ, ഞാന്‍ തന്നെ ശരിയാക്കാം. ഈ മീശയ്ക്ക് ഇത്ര നീളമെന്തിനാ? അത്രയും വേണ്ട. ഈ ഷര്‍ട്ടിന് ഇത്രയും ഇറക്കം വേണ്ട. ഒന്നു മനുഷ്യരെപ്പോലെ നടന്നു കണ്ടെങ്കില്‍!.......''
മന്ദിരാങ്കണത്തില്‍ തത്തിത്തത്തി നടക്കുന്ന മാടപ്രാവിനെ കാണുമ്പോള്‍ അവള് മന്ത്രിക്കും: ``അതിന് ഒരു ഇണയുണ്ട്.''
മന്ദമാരുതാശ്ലേഷണത്താല് തരളിതകളേബരയായി തലയാട്ടുന്ന താമരത്താരിനെക്കാണുമ്പോള് അവള് തന്നെത്താന്‍ ചോദിക്കും: ``ഈ കാറ്റില്ലാതിരുന്നാല്‍ ആ പൂവു തലയാട്ടുമോ?
തരുണാരുണകിരണകന്ദികളാല് മാണിക്യഖണ്ഡമായി മാറിനില്‍ക്കുന്ന ഹിമകണികയെ കണ്ട് അവള് പിറുപിറുക്കും: ``ഇതിന് ഈ പ്രഭ എവിടെ നിന്നുണ്ടായി!''
* * * * *
തീയതി പിന്നേയും മുമ്പോട്ടുതന്നെ. ആരൊക്കെ കരഞ്ഞാലും കൊള്ളാം, ആ കണ്ണീര്‍ധാര അതിന്റെ പ്രവാഹത്തെ പൂര്‍വ്വാധികം വര്ദ്ധിപ്പിക്കമാത്രം ചെയ്യും! ആരൊക്കെ ചിരിച്ചാലുംകൊള്ളാം, അത് ആ പ്രവാഹത്തില്‍ ചില വെണ്നുരത്തരികള് കലര്ത്തുകമാത്രം ചെയ്യും!
``സുധേ! അകത്തു കിടക്കുന്ന ആ കസേരകള്‍കൂടി പൂമുഖത്തേയ്ക്ക് ഇട്ടേയ്ക്ക്.''
അച്ഛന്റെ ഈ വാക്കുകള്‍ കേട്ട് അവള് പുറത്തേയ്ക്ക് ഒന്നു എത്തിനോക്കി.
മൂന്നുനാലു അപരിചിതര്‍.
സുധയുടെ നിഴല്‍ പിന്നെ അവിടെ എങ്ങും കണ്ടില്ല. അവള് കിഴക്കേതിലേയ്ക്കു പോയി.
ഇന്നും കരഞ്ഞുകഴിഞ്ഞിട്ടില്ലാത്ത മുരളിയുടെ അമ്മയെ സമാധാനിപ്പിക്കുക എന്ന അവളുടെ കര്‍ത്തവ്യങ്ങളില്‍ ഒന്ന് അന്ന് കുറേ നേരത്തെതന്നെ ആചരിച്ചു.
സുധയുടെ വിവാഹാലോചനയ്ക്ക് വേണ്ടിയായിരുന്നു അവര്‍ വന്നിരുന്നത്.
ഉന്നത വിദ്യാഭ്യാസം, കുലീനത, സല്‍സ്വഭാവം, സൗന്ദര്യം മുതലായവയുടെ വിളനിലമായ ഒരു യുവാവ്!
ഒരു യുവതിക്കു കിട്ടേണ്ടതില്‍ ഏറ്റവും വലിയ ഭാഗ്യം!
അന്നു രാത്രി പരിചാരിക സുധയോട് ഒരു പരാതി: ``ഇന്നെന്താ തങ്കം, പുറത്തെങ്ങും കണ്ടില്ലല്ലോ? മേല്ക്കഴുക്കാനും എന്നെ അന്വേഷിച്ചില്ല. കല്യാണം തീര്ച്ചയാക്കിയപ്പോള്ത്തന്നെ ഇങ്ങനെയായി; അപ്പോള്‍ അതങ്ങു കഴിഞ്ഞാലോ?''
``നീ പോടീ'' എന്നു മാത്രമായിരുന്നു സുധയുടെ മറുപടി.
* * * * *
കുറ്റാകുറ്റിരുട്ട്, ഭയങ്കരമായ മഴ! ചെവിക്കല്ലിളക്കുന്ന ഇടിമുഴക്കം! കണ്ണു മഞ്ഞളിപ്പിക്കുന്ന മിന്നല്‍പ്പിണര്‍!
അതിലും വലിയ ഒരു കോളിളക്കം സുധയുടെ ഹൃദയത്തില്‍.
തെറുത്തുവച്ചിരുന്ന കിടയ്ക്കയില്‍ത്തന്നെ അവള് ചാരിക്കിടന്നിരുന്നു. കരഞ്ഞുകരഞ്ഞ് അവള് തെല്ലിട ഒന്നു മയങ്ങിപ്പോയി. ``അങ്ങിനെതന്നെ'' എന്നു ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് അവള് ചാടിയെഴുന്നേറ്റു. അസാധാരണമായ ഒരു വിലാസം അപ്പോള്‍ അവളുടെ വദനകമലത്തില് കളിയാടിയിരുന്നു. അതാ അവള് പതുക്കെ തെക്കോട്ടുള്ള കതകിന്റെ സാക്ഷ നീക്കുന്നു.......
ഈ അസമയത്തു കുളക്കടവില്‍ ഇരിക്കുന്ന സുധയെ അപ്പോള്‍ കണ്ണുതുറന്ന ഒരു മിന്നല്മാത്രം കണ്ടിരിക്കാം. അവള് തന്റെ സാരി അഴിച്ച് ഒരു കുരുക്കുണ്ടാക്കി അവിടെ കിടന്നിരുന്ന ഒരു വലിയ കരിങ്കല്ലില്‍ ഇട്ടുമുറുക്കി. സാരിയുടെ മറ്റേ തുമ്പ് അവളുടെ അരയിലും ദൃഢമായി ബന്ധിച്ചു. ഒരുവിധം പ്രയാസപ്പെട്ട് ആ കല്ലുരുട്ടി വെള്ളത്തില്‍ ആക്കി. അതാ ഒരു കുതി.......!
സര്‍വ്വവും ഭദ്രം!
അനുബന്ധം 3
കല്യാണം കഴിഞ്ഞില്ല
I
കൊച്ചി--ഷൊര്‍ണ്ണൂര്‍ റെയില്‍വേയില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ക്ക് അഴീക്കരപാലം അപരിചിതമല്ല. പ്രളയസദൃശമായ തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിനുപോലും അടിപ്പെടാത്ത വിധത്തില്‍ അത്ര ബലവത്തായിട്ടാണ് അതിന്റെ നിര്‍മ്മാണം. കിഴക്കും പടിഞ്ഞാറും പ്രശാന്തമായ കായലും, തെക്കും വടക്കും വിസ്തൃതങ്ങളായ വയലും ചേര്‍ന്ന ഈ പാലത്തിന്റെ പരിസരങ്ങളിലെ പ്രകൃതിരമണീയകത്വം ഒന്നു വേറെ തന്നെയാണ്. സമീപസ്ഥരായ യുവാക്കന്മാരെ സായാഹ്നവേളകളില്‍ കാറ്റുകൊള്ളുന്നതിന് അങ്ങോട്ടാകര്ഷിക്കുന്നുണ്ടെന്നുള്ളതുതന്നെ ആ സ്ഥലത്തിന്റെ വൈശിഷ്ട്യത്തെ ഒന്നുകൂടി വെളിവാക്കുന്നുണ്ടല്ലോ.
അസ്തമനാദിത്യത്തിന്റെ അന്ത്യകിരണങ്ങള്‍ ആഴിയുടെ അടിത്തട്ടില്‍ അലിയുന്നതിന് അരമണിക്കൂറോളം താമസമുണ്ടാകും. പശ്ചിമാശാമുഖം പൂര്‍ണ്ണമായി ഇനിയും തുടുത്തുകഴിഞ്ഞിട്ടില്ല. അസ്തമനത്തിനു മുമ്പില്‍ ഒരു പരിശുദ്ധഹൃദയമെങ്കിലും തകര്‍ക്കുകയെന്നതു അരുണന്റെ ദിനകൃത്യങ്ങളില് ഒന്നാണ്. അന്നു തകര്‍ന്ന ഹൃദയത്തില്‍ നിന്നും നിര്ഗ്ഗളിക്കുന്ന രുധിരത്തില്‍ ഏതാനും കണികകള്കൂടി വലിച്ചെടുക്കുവാന്‍ ബാക്കി ഉണ്ടായിരിക്കണം! കര്‍ണ്ണകഠോരമായ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് കാകന്മാര് പടിഞ്ഞാറോട്ടു പറന്നുതുടങ്ങി. അവയുടെ ആരവം കടലിന്റെ പടഹധ്വനിയിലും, ആകാരം അന്ധകാരത്തിലും ലയിക്കുന്നതിന് അധികം താമസമില്ലെന്നു ഒരു സാന്ധ്യതാരം വെളിപ്പെടുത്തി. അടഞ്ഞുതുടങ്ങുന്ന അരവിന്ദങ്ങളുടെ നെടുവീര്‍പ്പും, വിരിഞ്ഞുതുടങ്ങുന്ന വെള്ളാമ്പലുകളുടെ ആനന്ദനിശ്വാസവും ഒന്നിടകലര്ന്ന സമീരകിശോരന് സാന്ധ്യലക്ഷ്മിക്കു സ്വാഗതമരുളുവാന്‍ സന്നദ്ധനായി എവിടേയും ഓടി നടക്കുന്നു. പ്രകൃതിയുടെ ഈ ഭാവഭേദങ്ങളില്‍ അശ്രദ്ധയെ പ്രകടിപ്പിച്ചുകൊണ്ട് `ആഴിക്കരപ്പുഴ' തലേദിവസത്തേപ്പോലെ തന്നെ അന്നും പ്രശാന്തമായി പ്രവഹിച്ചുകൊണ്ടിരുന്നു.
II
വിദ്യാലയം വിട്ടെത്തുന്ന വിദ്യാര്‍ത്ഥികളും, ഭക്ഷണസമയത്തു മാത്രം വീട്ടില്‍ ഹാജരാകേണ്ട ചില യുവാക്കളും, പതിവുപോലെ പാലത്തിന്റെ ഇരുവശങ്ങളിലും സ്ഥാനം പിടിച്ചു. ടാറ്റാ, ബി.ഒ.സി മുതലായ വ്യവസായ ശാലകളില്‍നിന്നും പണിയെടുത്ത് ക്ഷീണിച്ചുവരുന്ന വേലക്കാര്‍ ഇരുവശങ്ങളില്‍ നിന്നും പുറപ്പെടുന്ന ചില കളിവാക്കുകളെ ഗണിക്കാതെ അതിലെ പൊയ്ക്കൊണ്ടിരുന്നു. അവിടെ കൂടിയിരുന്നവരില്‍ ഓരോരുത്തരും വിവിധവൃത്തികളില് ഏര്‍പ്പെട്ടിരിക്കയാണ്. ചിലര്‍ പ്രകൃതിസൗന്ദര്യം കണ്ടാനന്ദിക്കുമ്പോള്, അവരവര്‍ കമ്പിയില്‍ കല്ലെറിഞ്ഞുണ്ടാക്കുന്ന ശബ്ദം കേട്ടു
രസിക്കും. ഒരു കൂട്ടര് പാതയില്‍ കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ചില്ലുകള് പെറുക്കി കായലില്‍ എറിയുമ്പോള്‍, മറ്റൊരു കൂട്ടര് റയിലില്‍ ഉള്ള ആണികള്‍ ഇളക്കുന്നതില്‍ പരിശ്രമിച്ചുകൊണ്ടിരിക്കും. കഷ്ടം! ഒരാണിയുടെ അഭാവംമൂലം ഒരായിരം ജനങ്ങള്‍ നശിച്ചേക്കുമെന്ന സംഗതി ഇക്കൂട്ടര്‍ മനസ്സിലാക്കാത്തതു അത്ഭുതം തന്നെ!!
III
അന്തിത്തുടുപ്പിനേക്കണ്ട് അപഹൃതചിത്തനായിത്തീര്ന്ന ഒരു രസികന്‍ അയാള്‍ അറിയാതെ
``കൊച്ചൂട്ടിപ്പെണ്ണിന്റെ കാതിലെത്തോടയോ
അച്ഛന്റെ അമ്മാത്തെ വട്ടച്ചെമ്പോ?''
എന്നു പാടിപ്പോയി.
ഒരു സഹൃദയന്
``ലോകൈകശില്പി രജനീവനിതയ്ക്കു ചാര്‍ത്താന്‍
നക്ഷത്രമാല പണിചെയ്യുവതിന്നുവേണ്ടി;
സൌവര്ണ്ണപിണ്ഡമതുരുട്ടിയെടുത്തു, നീരില്‍
മുക്കുന്നുവോ തപനമണ്ഡലകൈതവത്താല്‍''
എന്ന് വി.സി ബാലകൃഷ്ണപണിയ്ക്കര് സംശയിച്ചിട്ടാവശ്യമുണ്ടായിരുന്നില്ലെന്നും ``മുക്കുന്നുവോ'' എന്നുള്ളതു മാറ്റി ``മുക്കുന്നതാം'' എന്നോ മറ്റോ ഒരു പാഠഭേദം വരുത്തേണ്ടതാണെന്നുള്ള സ്വാഭിപ്രായത്തെ സ്ഥാപിച്ചു.
മറ്റൊരാള്‍ തുടര്‍ന്നു:-
എനിയ്ക്ക്
``ആധിയാലധികമായെരിഞ്ഞിടും
....................ന്റെ മനതാരുപോലവേ''യാണ് തോന്നുന്നത്. എന്താ! മിസ്റ്റര്‍ അയ്യര്‍, അങ്ങിനെയല്ലെ?
(ഈ ഒടുവിലത്തെ സംസാരം പാലത്തിന്റെ മറുവശത്ത് ഏകനായിരുന്ന ഒരു യുവാവിന്റെ ശ്രദ്ധയെ ആകര്‍ഷിക്കാന്‍ പര്യാപ്തമായെങ്കില്‍ അതില്‍ എന്തെങ്കിലും അന്തര്‍ഭവിച്ചിട്ടുണ്ടെന്നു വ്യാഖ്യാനിക്കുന്നതില്‍ അബദ്ധമില്ല.)
``എനിക്ക് നിങ്ങളുടെ കവിതയെപ്പറ്റി ചര്‍ച്ചചെയ്യുവാന്‍ കെല്പില്ല. ഉള്ളൂരും ഞാനും ഒരു ജാതിക്കാരാണെന്നുള്ളഥില് കൂടുതലായി, ഞാനും സാഹിത്യവുമായി യാതൊരു ബന്ധവുമില്ല.''
``കവിതയുടെ ഗുണദോഷവിവേചനം ആവശ്യപ്പെട്ടില്ല. ഉപമ ശരിയാണോ എന്നുമാത്രം അറിഞ്ഞാല്‍ മതി.''
``നാം നേരംപോക്കായിരിക്കാം പറയുന്നത്. അതു സാധുപ്പണിക്കരുടെ മര്‍മ്മം പിളര്‍ക്കും. എന്തിനാണ് വെറുതെ ശവത്തെക്കുത്തിപ്പരിഭവമേല്ക്കുന്നത്. നോക്കൂ! കക്ഷിയെ! നാലുദിവസംകൊണ്ട് എത്ര ക്ഷീണിച്ചു!!''
``വാസ്തവമാണ്. കാര്യമെല്ലാം തീര്ച്ചയായതോടുകൂടി അയാള്‍ ശുദ്ധഭ്രാന്തന്റെ മട്ടായിട്ടുണ്ട്. നാം എല്ലാം പുരുഷന്മാരല്ലെ? അല്പം അടക്കവും ഒതുക്കവും വേണ്ടെ? ഒന്നു തെറ്റിയാല്‍ വേറെയൊന്ന്. യഥാര്‍ത്ഥം പറയുകയാണെങ്കില്‍ അവള്‍ക്ക് അയാളോട് എത്രണ്ട്, സ്നേഹമുണ്ടെന്നുള്ള കാര്യത്തില്‍ എനിക്ക് വലിയ സംശയമുണ്ട്.''
``നിങ്ങള്‍ക്ക് അത് അനുഭവമായിട്ടില്ല. കുറച്ചുകഴിയട്ടെ. സ്ത്രീകളുടെ മനസ്സ് പുരുഷനില്‍ ഊന്നിയാല്‍,
``പഴകിയതരുവല്ലി മാറ്റിടാം
പുഴയൊഴുകുംവഴി വേറെയാക്കിടാം;
കഴിയുമിവ, മനസ്വിമാര്‍ മന--
സ്സൊഴിവതസാദ്ധ്യം ......................'' എന്ന് ഉള്ളൂരു വാസവദത്തയെപറ്റി മഗ്ദലനമറിയത്തിലോ മറ്റോ പറഞ്ഞിട്ടുള്ളതുപോലെയാണ്.''
(ഒരു പൊട്ടിച്ചിരിയോടുകൂടി) സ്വാമി കവിത തകര്‍ക്കുന്നുവല്ലോ! ശ്ലോകം ശരിയാണ്. ഗ്രന്ഥവും, കര്‍ത്താവും മാറിപ്പോയി. അത് ആശാന്റെ ലീലയില്‍ ഉള്ളതാണ്. ഞാനും ആ അഭിപ്രായക്കാരന്‍ തന്നെ. പക്ഷെ ഇവരെ സംബന്ധിച്ചിടത്തോളം അത് എത്ര സാധുവാണെന്നുള്ള കാര്യം എനിക്കു നിശ്ചയമില്ല.''
``എനിക്കു നല്ല നിശ്ചയമുണ്ട്. മാലതിയെപ്പറ്റി എനിക്ക് അശേഷം ശങ്കയില്ല. പിന്നേയും പണിക്കരെപ്പറ്റിയാണ്. അയാള്‍ക്ക് പുരുഷസഹജമായ അനുരാഗം മാത്രമായിരിക്കാം ഉള്ളത്. എന്നാല്‍ അവളുടേത് പരിശുദ്ധമായ പ്രേമമാണ്. നിങ്ങള്‍ക്ക് സംഗതികളുടെ യഥാര്‍ത്ഥസ്ഥിതി മുഴുവന്‍ മനസ്സിലായിട്ടില്ല.''
``ഏറെക്കുറെ ഞാനും മനസ്സിലാക്കിയിട്ടുണ്ട്.''
``ഞാന്‍ പല കാര്യങ്ങളിലും ദൃക്സാക്ഷിയാണ്. നിങ്ങള്‍ എന്നെങ്കിലും മാലതി അമ്പലത്തില്‍ പോകുന്നത് സൂക്ഷിച്ചിട്ടുണ്ടോ?''
``അതെന്താണ് ഇത്ര സൂക്ഷിക്കാന്‍? എനിക്ക് ആ പതിവില്ല. ഇവിടെ ചിലകൂട്ടരുണ്ട്. തൊഴിലില്ലാത്ത വര്‍ഗ്ഗം! കാലത്ത് ആറു മണിമുതല്‍ ഒന്പതുമണിവരേയും, വൈകുന്നേരം അഞ്ചുമണിമുതല്‍ ആറര വരേയും, കളിത്തട്ടിലും, ആല്‍ത്തറയിലും, കലിങ്കിന്മേലും ഭജനം! പെണ്‍കുട്ടികള്‍ക്ക് തൊഴാന്‍ പോകാന്‍ നിവൃത്തിയില്ല. സ്വന്തം സഹോദരിമാരുംകൂടി അക്കൂട്ടത്തില്‍ ഉണ്ടാകുമെന്നു ഇക്കൂട്ടര്‍ ഓര്‍ക്കാത്തത് ലജ്ജാവഹം തന്നെ!!''
``അമ്പേ! സന്യാസീ! ഞാന്‍ അറിയുമല്ലോ ആളിനെ........ എന്തിനാണ് കളിത്തട്ടില്‍ ഉള്ളവരെ കുറ്റം പറയുന്നത്? നിങ്ങളോ? അതു പക്ഷേ ഒളിച്ചായിരിക്കാം അല്ലേ?''
``അനാവശ്യം പറയാതിരിക്കൂ. നിങ്ങള്‍ എന്താണ് പറയുവാന്‍ ഭാവിച്ചത്? മാലതി -- ?''
``പറയാം. പണിക്കര്‍ പള്ളിക്കൂടത്തിലേക്കു പുറപ്പെടുമ്പോളാണ് മാലതി അമ്പലത്തിലേയ്ക്ക് യാത്ര. അവള് അല്പം നേരത്തെ പുറപ്പെട്ടാല്‍ അന്ന് അമ്പലത്തില്‍ പ്രദക്ഷിണം അഞ്ചോ, ആറോ കൂടും. പതിവിലും വൈകിയിട്ടാണ് അവള് പുറപ്പെടുന്നതെങ്കില്‍ അന്ന് പണിക്കര്‍ സ്കൂളില്‍ ലേറ്റാണ്. ഒരിടയ്ക്ക് പണിക്കര്‍ക്കും തിങ്കളാഴ്ചനോമ്പുണ്ടായിരന്നു. എനിക്ക് അനുഭവമുള്ള സംഗതികള്‍ ഇങ്ങനെ പലതുമുണ്ട്. Marriage settle ചെയ്തു (വിവാഹം തീര്‍ച്ചയാക്കി) Invitation (ക്ഷണക്കത്ത്) പുറത്തായതിനുശേഷം, മിനിഞ്ഞാന്നാണെന്നു തോന്നുന്നു; കാലത്ത് ഏഴുമണി ആയിക്കാണും; രണ്ടുപേരും അമ്പലത്തില്‍വെച്ചു കണ്ടുമുട്ടി. എന്നെ അവര്‍ കണ്ടിരിക്കാനിടയില്ലാ. എന്തു പറയുന്നൂ! ഇരുപേരുടേയും കടക്കണ്ണുകള്‍ തമ്മില്‍ ഒരു സംഘട്ടനം! ശിവ! ശിവ! എന്റെ ഉള്ളില്‍പോലും ഒരു മിന്നല്‍ പാഞ്ഞു! പിന്നെ അവരുടെ കഥ പറയണമോ? രണ്ടുപേരും സ്തബ്ധരായി നിന്നുപോയി! കണ്ണീര്കണികകളാല് ഒരു മാല കുരുത്തു ദേവിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചു! ആരാണ് ആദ്യം പുറത്തിറങ്ങിയതെന്നു എനിക്കു നിശ്ചയമില്ല. ഏതോ ഒരു മംഗളശ്ലോകക്കാരന് പാടിയതുപോലെ ഒരുമിച്ചു ചേര്‍ന്നിരുന്നുവെങ്കില്‍ ``ഇതുതാന്ററ ദാമ്പത്യബന്ധം'' എന്നു എനിക്കും തോന്നി.''
``എന്നാലും കുറുപ്പ് ആള് തരക്കേടില്ല. ഇരുചെവിയറിയാതെ കാര്യം പറ്റിച്ചല്ലോ! ക്ഷണക്കത്തു പുറത്തുവരുന്നതുവരെ ഇങ്ങനെ ഒരു ആലോചന ഉള്ളതായി ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു. ബി.എ.ക്കാരനെ ധ്യാനിച്ചിട്ട് ഒരുപടികൂടി കടന്ന ആളെ കൊണ്ടുവന്നല്ലോ. ഈ ബി.എ.ക്കാര്‍ക്ക് എന്താണിത്ര വിശേഷം? നമ്മുടെ മാതാപിതാക്കന്മാര്ക്കുള്ള ഈ ``ബി.എ.പ്പനി'' വല്ലാത്ത ഒന്നുതന്നെ! മനുഷ്യര്‍ക്ക് പ്രഥമമായി സ്വാതന്ത്ര്യമുണ്ടായിരിക്കേണ്ടത് വിവാഹകാര്യത്തിലാണ്. മനസ്സിനു ഇണങ്ങിയ ആളെ സ്വീകരിക്കുവാന്‍ ഓരോ വ്യക്തിയേയും അനുവദിക്കണം. അല്ലാത്തതുകൊണ്ടുള്ള ഭവിഷ്യത്ത് പുരുഷന്മാരെ അപേക്ഷിച്ച്, അബലകളായ സ്ത്രീകളെയാണ് അധികം ബാധിക്കുന്നത്! സര്‍വ്വം തികഞ്ഞിട്ട് ഒരു ആളെ കിട്ടുക എളുപ്പമാണോ? വിദ്യയുള്ളവനു ധനമില്ല; ധനമുള്ളവനു വിദ്യയില്ലാ. രണ്ടും തികഞ്ഞുവരുമ്പോള്‍ സൗന്ദര്യം പോരാ! കഷ്ടം നിര്‍ബന്ധിച്ചു ചെയ്യിക്കുന്ന വിവാഹങ്ങളില്‍ 95 ശതമാനവും, ദമ്പതികളുടെ ഭാവിജീതം ദുഃഖഭൂയിഷ്ടമായിട്ടാണ് കണ്ടുവരുന്നത്. നമ്മുടെ ആളുകള്‍ ഈ കാര്യം ഇനിയും മനസ്സിലാക്കുന്നില്ലല്ലോ!!''
``അങ്ങിനെ ഒരഭിപ്രായം സ്ഥാപിക്കാന്‍ നിവര്‍ത്തിയില്ല. തങ്ങളുടെ സന്താനങ്ങളുടെ ഭാവിജീവിതത്തെപ്പറ്റി ആലോചിക്കുന്നതിന്നുള്ള സ്വാതന്ത്ര്യം കുറെയൊക്കെ മാതാപിതാക്കന്മാര്ക്കും ഉണ്ടായിരിക്കണം.''
``അക്കാര്യത്തില്‍ നാം ഭിന്നാഭിപ്രായക്കാരാണ്. കൂടുതല്‍ തര്‍ക്കിക്കേണ്ടാ.''
``അതു ശരിയായിരിക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ ഞാന്‍ നിങ്ങളോട് യോജിക്കുന്നു. പണിക്കര്‍ മാലതിക്ക് അനുയോജ്യന്‍ തന്നെ. ഒരു ഭേദപ്പെട്ട
കുടുംബത്തിലെ അംഗം. നാട്ടില്‍ ഇരുപത്തഞ്ചുരൂപ ശമ്പളം.' ജ്യേഷ്ഠന്മാര് ഒന്നുരണ്ടുപേര് നല്ല സ്ഥിതിയില്‍ ഇരിക്കുന്നവര്‍. ഇതൊക്കെ പോരെ? ഒരു കാര്യം മാത്രം ശമ്പളം കിട്ടിയാല്‍ വീട്ടില്‍ കൊണ്ടുവരുവാന്‍ ബാക്കിയില്ലാ. ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടുകഴിയുമ്പോള്‍ അതൊക്കെ മാറാതെ ഇരിക്കുവാന് നിവൃത്തിയില്ലാ. ഇപ്പോള്‍ വന്നിരിക്കുന്ന ആള് കാമിനിയേക്കാള് കൂടുതല്‍ കനകത്തെയാണ് ആശിച്ചിരിക്കുന്നത്.''
``അതുതന്നെയാണ് ഞാനും പറഞ്ഞത്.''
ഈ വിവാഹത്തിന്റെ അവസാനം കണ്ടുതന്നെ അറിയണം. അയാള്‍ ഇങ്ങോട്ടാലോചിച്ചു വന്നതല്ലാ. രൂപാ ആയിരം കിട്ടിയതില്പിന്നെയാണ് അവസാനമായി മൂളിയത്. മാര്യേജ് കഴിഞ്ഞാല്‍ ഉടന്‍ കൊണ്ടുപോകുന്നുണ്ടെന്നാണ് കേട്ടത്. എന്നാല്‍ ഒന്നുംകൂടി രസം! അവിടെ ചെല്ലുന്ന സ്ത്രീകള്‍ പാഞ്ചാലികള് ആകണം. അത് നാട്ടിലെ പതിവാണുപോലും!!''
``ഇതൊക്കെ പറയുന്നതുതന്നെ നമുക്ക് കുറച്ചിലാണ്. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും.''
നമുക്ക് പിരിയാം. അമ്പലത്തില്‍ ദീപാരാധനയ്ക്ക് സമയമായിരിക്കും. കൊട്ട് കേള്‍ക്കുന്നുണ്ട്. വേഗം പോയാല്‍ തൊഴാം. എനിക്കു വീട്ടില്‍ പോയി ഡ്രസ്സുമാറി ഉടന്‍ വരണം. ഉണ്ണാന്മാത്രം കല്യാണവീട്ടില്‍ ചെന്നാല്‍ മതിയോ? നേരത്തെ ചെന്നു ആദ്യാവസാനം ഭരിക്കണം.''
IV
പാലത്തില്‍ കൂടിയിരുന്നവര്‍ ഓരോരുത്തരായി പിരിഞ്ഞുതുടങ്ങി. അവരുടെ സ്ഥാനം, കണ്ടലിന്റേയും, കരിനൊച്ചിയുടെയും ഇലകള്‍ക്കിടയില്‍ ഒളിച്ചിരുന്ന ഇരുള്ക്കിശോരന്മാര് കയ്യേറ്റു. ഇല്ല. എല്ലാപേരും പിരിഞ്ഞുവെന്നു തീര്‍ത്തുപറയുവാന്‍ നിവര്‍ത്തിയില്ല. പാലത്തിന്റെ മറുവശത്തു നാം കണ്ട യുവാവ് ഏകാന്തതയില്‍ നിന്നും ഇനിയും ഉണര്‍ന്നിട്ടില്ലാ. ഒരുപക്ഷെ നേരം സന്ധ്യയായതു അയാള്‍ അറിയുന്നില്ലായിരിക്കാം. അന്ധനായിരിക്കുന്ന അയാളുണ്ടോ അന്ധകാരം തിരിച്ചറിയുന്നു? അയാളുടെ മുഖത്തു നിരാശയുടെ നിഴല്‍ പ്രതിബിംബിച്ചിട്ടുണ്ടെന്നു സൂക്ഷിച്ചുനോക്കിയാല്‍ മനസ്സിലാക്കാം. ആ യുവാവ് ഏതോ ഗാഢചിന്തയില്‍ ലയിച്ചിരിക്കണം. അല്ലെങ്കില്‍ ഫാലപ്രദേശത്തു സ്വേദബിന്ദുക്കള്‍ പൊടിയുവാന്‍ ഇടയില്ലാ. അല്പം കഴിഞ്ഞു ഒരു ദീര്‍ഘനിശ്വാസത്തോടെ അയാള്‍ എഴുന്നേറ്റിരുന്നു. അടുത്തു വരുന്ന ഒരാളുടെ മുഖത്തു ദൃഷ്ടിപതിപ്പിച്ചു. അതു ഒരു ബാലനായിരുന്നു. യുവാവ് കുപ്പായക്കീശയില്‍ നിന്നും ഒരു തുണ്ടു കടലാസെടുത്തു, ടാര്‍ച്ച് ലൈറ്റിന്റെ സഹായത്തോടുകൂടി, എന്തോ കുറിച്ചു. ഒരു മിനിട്ടു നേരം സംസാരിച്ചശേഷം, കടലാസുതുണ്ട് ആഗതന്റെ കയ്യില്‍ കൊടുത്തു അയാള്‍ വീണ്ടും പൂര്‍വ്വസ്ഥിതിയെ പ്രാപിച്ചു.
V
ശചീന്ദ്രപുരത്ത് വിവാഹാഘോഷശ്രമങ്ങള് തകൃതിയായി നടക്കുന്നു. സൂര്യാസ്തമനത്തിനുമുമ്പുതന്നെ തെളിച്ചിരുന്ന നാലഞ്ചു ഗ്യാസ് ലൈറ്റിന്റെ പ്രകാശത്താല്‍, വിവാഹമുഹൂര്‍ത്തം അടുത്തുവെന്നുള്ള വിവരം, ഓരോ കാര്യങ്ങള്‍ക്കായി ഓടിനടക്കുന്ന ഗൃഹനാഥനാകട്ടെ, കല്യാണമണ്ഡപത്തിലേക്കു വേണ്ടുന്ന സാമഗ്രികള്‍ ഒരുക്കുന്ന ബന്ധുജനങ്ങളാകട്ടെ, ഗ്രാമഫോണില്‍നിന്നും പുറപ്പെടുന്ന ഹൃദയാവര്‍ജ്ജകമായ ഗാനത്തിലും, നെടുമ്പുരയിലെ അലങ്കാരധോരണിയിലും നിമഗ്നരായിരിക്കുന്ന അതിഥികളാകട്ടെ അറിയുന്നില്ലാ.
വഴിയില്‍ കേട്ട ശബ്ദം വരന് വന്ന കാറിന്റേതാണന്നറിഞ്ഞതോടുകൂടി അതിനേസംബന്ധിച്ചു ചിലര്‍ക്കുണ്ടായിരുന്ന സംശയം ശമിച്ചു. കെട്ടിനകത്ത് ഒരു മൂലയില്‍ മാലതി ജീവശ്ശവമായി ഇരിക്കുന്നു. അന്നു അവിടെ നടക്കുന്ന കോലാഹലങ്ങള്‍ ഒന്നും അവളെ ബാധിക്കയില്ലെന്ന് ആര്‍ക്കും പ്രഥമദര്‍ശനത്തില്‍ തോന്നിപ്പോകും. അതുസംബന്ധിച്ച് ചില ദന്തശൂന്യങ്ങളായ മുഖങ്ങളില്‍ നിന്നും പുറപ്പെട്ട മുറുമുറുപ്പ് അവള് കേള്‍ക്കുന്നുണ്ടോ ആവൊ?
വിവാഹത്തിനുമുമ്പ് വധൂവരന്മാര് ബ്രാഹ്മണര്‍ക്കു ദക്ഷിണകൊടുക്കുന്ന ഏര്‍പ്പാട് നായര്കുഡുംബങ്ങളില് ഇന്നും ഇന്നലേയും തുടങ്ങിയതല്ലാ. ദഹണ്ഡപ്പുരയില് വിയര്‍ത്തൊലിച്ച് മലിനവസ്ത്രത്തോടുകൂടി തീ ഊതിയൊ, പായസം ഇളക്കിയോ, നില്ക്കുന്ന പട്ടരേയൊ, ഇളയതിനേയൊ കല്യാണമണ്ഡപത്തില്‍ കൊണ്ടുവന്ന് പൂജിച്ച് ദക്ഷിണകൊടുക്കുന്ന ഏര്‍പ്പാട് സാധാരണമാണ്. ``പൂണൂല്ക്കാര്ക്ക് കാണിക്കയിടുന്ന ഏര്‍പ്പാട് നമുക്ക് വേണ്ടെന്നു'' വധുവിന്റെ സഹോദരന് അച്ഛനേക്കൊണ്ട് ഒരുവിധം മൂളിപ്പിച്ചിരുന്നു. ഈ വര്‍ത്തമാനം നേരത്തെ കേട്ടിരുന്ന ചില മുത്തശ്ശിമാരുടെ നെറ്റി ചുളിയാതിരുന്നില്ലാ. അവര്‍ അതിനെ ബ്രഹ്മഹത്യാപാപമായി വ്യാഖ്യാനിച്ചു. മാലതിയോടു വേഗം അമ്പലത്തില്‍പോയി തൊഴുതു ``ആ പോറ്റിസ്വാമിക്കെങ്കിലും നാലണ ദക്ഷിണകൊടുത്തുവരാന്'' അവര്‍ പറഞ്ഞു -- ആജ്ഞാപിച്ചു -- ഒരു പരിചാരകന്റെ അകമ്പടിയോടുകൂടി അവളെ ക്ഷേത്രത്തിലേക്കു യാത്രയാക്കി.
VI
മാലതിയും ശിഷ്യനും ഗൃഹത്തില്‍ നിന്നും അല്പം അകലെയുള്ള പാടത്തു എത്തി. അവര്‍ക്കു അഭിമുഖമായി ഒരു ബാലന് വരുന്നതുകണ്ടു. ആഗതന് ഒരു കടലാസുതുണ്ടു മാലതിയുടെ കയ്യില്‍ കൊടുത്തു.
``ഇതാരുതന്നു?''
``പണിയ്ക്കരുജേഷ്ഠന്.''
``എവിടെ വെച്ച്?''
``പാലത്തില്‍ വെച്ച്.''
``അവിടെ പിന്നെ വല്ലവരും ഉണ്ടൊ?''
``ഇല്ല, തനിച്ചിരിക്കയാണ്.''
പരിചാരകനോട് ക്ഷേത്രക്കുളത്തില്‍ കുളിച്ച് അകത്തു കയറി തൊഴുവാന്‍ ആജ്ഞാപിച്ചിട്ട് മാലതി അകത്തു കടന്നു. മണ്ഡപത്തില്‍ കത്തിയിരുന്ന തൂക്കുവിളക്കിന്റെ അരുകില്ച്ചെന്ന് കടലാസു നിവര്‍ത്തിനോക്കി. അത്, അന്നു നടക്കുവാന്‍ പോകുന്ന അവളുടെ വിവാഹത്തിനുള്ള ക്ഷണക്കത്തിന്റെ ഒരു പ്രതിയാണെന്നു അവള്‍ക്കു മനസ്സിലായി. ഒരു നിമിഷം സംശയിച്ചിട്ടു വീണ്ടും കടലാസിന്റെ മറുപുറം നോക്കി. അവള് ഇങ്ങനെ വായിച്ചു.
``ഓമനേ..........'' അല്ല, അതു വെട്ടിയിരിക്കയാണ്.
ഒരു തകര്‍ന്ന ഹൃദയം നവദമ്പതികള്‍ക്കു സര്‍വ്വമംഗളങ്ങളും ആശംസിച്ചുകൊള്ളുന്നു. ഇതെഴുതുന്ന ഹസ്തം പ്രഭാതത്തില്‍ മരവിച്ചിരിക്കും''!!
മാലതി കടലാസുചുരുട്ടി സാരിക്കുള്ളില്‍ തിരുകി. ദേവിയടെ നടയ്ക്കല്‍ സാഷ്ടാംഗപ്രണാമം ചെയ്തു പുറത്തിറങ്ങി. നേരെ പടിഞ്ഞാറോട്ടു നടന്നു.
VII
ആദ്യമായിട്ടാണു മാലതി തീവണ്ടിവഴിയിലേക്കു പോകുന്നത്. ബാല്യകാലത്തു ഓണപ്പൂവ് പറിക്കുന്നതിനു റയിലിന്റെ പരിസരങ്ങളില്‍ പോയിട്ടുള്ളതിനാല്‍ അവള്‍ക്കു അങ്ങോട്ടുള്ള മാര്‍ഗ്ഗം അത്ര അപരിചിതമായിരുന്നില്ലാ. മങ്ങിയ നിലാവെളിച്ചത്തിന്റെ സഹായത്തോടുകൂടി, ഒരുവിധം തപ്പിത്തടഞ്ഞു അവള് വണ്ടിവഴിയുടെ അടിവാരത്തു ചെന്നുചേര്‍ന്നു. അല്പാല്പ്പമായി മഴ പൊടിയുന്നുണ്ടായിരുന്നതിനാല് വഴിയില്‍ ആള്‍സഞ്ചാരം ഉണ്ടായിരുന്നില്ലാ. അന്നു വൈകുന്നേരത്തെ സാമാനവണ്ടി കയറി മൃതിയടഞ്ഞതും, ഉടമസ്തനില്ലാത്തതുമായ ഒരു പശുവിന്റെ നിണം പുരണ്ട മൃതശരീരം അവിടെ കിടക്കുന്നതുകണ്ട് അവള് ഒന്നു നടുങ്ങി. കിഴുക്കാംതൂക്കായി കിടന്നിരുന്ന ആ സ്ഥലത്തുനിന്നും മുകളിലേക്കു കയറുക ആര്‍ക്കും ക്ഷിപ്രസാദ്ധ്യമായിരുന്നില്ലാ! വിശേഷിച്ച് വഴി നന്നാക്കുന്നതിനായി കരിങ്കല്ചില്ലുകള് ഇരുവശങ്ങളിലും ധാരാളം കൂട്ടിയിരുന്നു. മുകളിലേയ്ക്കു കയറുവാനുണ്ടായ ശ്രമത്തില്‍ അവള് ഒന്നു കാലുതെറ്റി വീണത് ആ ജനശൂന്യമായ പാതയില്‍ ആരാണ് കാണുക! കൂര്ത്തുമൂര്ത്തിരുന്ന കരിങ്കല്‍കഷണങ്ങള്‍ മൃണാളസദൃശമായ പാദങ്ങളില്‍ തറക്കുന്നത് അവള് ഗണ്യമാക്കുന്നില്ലെങ്കില് അതു അവളുടെ സഹനശക്തിയേക്കാള് കൂടുതല്‍ ഉദ്ദേശശുദ്ധിയേയാണ് വെളിപ്പെടുത്തുന്നത്.
പാലത്തിന്റെ ഒന്നാമത്തെ കല്‍പ്പടവിലാണ് ഇപ്പോള്‍ മാലതി നില്‍ക്കുന്നത്. അതിന്റെ മദ്ധ്യത്തില്‍ ഒരാള്‍ വിലങ്ങെ കമിഴ്ന്നു കിടക്കുന്നതായി അവള്‍ക്കു തോന്നി. ഒന്നുകൂടി സൂക്ഷിച്ചു നോക്കി. അത് ഒരു ആള് തന്നെ ആയിരുന്നു. ആരാണ് അതെന്നു അവള്‍ക്കു മനസ്സിലായി.
അടുത്ത അഞ്ചു വത്സരങ്ങളായി താന്‍ ഹൃദയവേദിയില്‍ പ്രതിഷ്ഠിച്ച് ആരാധിക്കുന്നതും, മാതാപിതാക്കന്മാരുടെ മര്‍ക്കടമുഷ്ടിയാല്‍ അപ്രാപ്യമാണെന്നുറച്ച്, വിസ്മരിക്കുവാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ, അവളെ
ആത്മഹത്യയ്ക്കുപോലും പ്രേരിപ്പിച്ചതുമായ ആ കോമള വിഗ്രഹമാണ് തന്റെ ദൃഷ്ടിക്കു വിഷയീഭവിച്ചിരിക്കുന്നതെന്നറിഞ്ഞപ്പോള് ആ സാധുവിന്റെ ആപാദചൂഡം ഒന്നു വിറച്ചു!! ആള് കിടക്കുന്ന ദിക്കിലേക്കുതന്നെ ചെല്ലുവാന്‍ അവള് ഉറച്ചു. എന്നാല്‍ എങ്ങിനെയാണ് ചിരപരിചിതരായ പുരുഷന്മാര്ക്കുപോലും ആ പാലത്തില്‍ കയറുമ്പോള്‍ കാല് ഇടറാതേയും, തല കറങ്ങാതേയും ഇരിക്കയില്ല. പിന്നെ നടാടയായി കയറുന്ന ഒരാളുടെ കാര്യം പറയണമോ? വിശേഷിച്ചും ഒരബല, മഴവെള്ളവും, ഗതാഗതം ചെയ്യുന്നവരുടെ പാദരേണുക്കളും ഒന്നിടകലര്ന്നു പാലത്തിന്റെ ഓരോ പലകയും വഴുവഴുക്കിക്കൊണ്ടിരുന്നു. മാലതി വളരെ സൂക്ഷിച്ചു ഒന്നുരണ്ടടി മുന്നോട്ടുവെച്ചു. ``വണ്ടി വരുന്നുണ്ടെ''ന്നുള്ള ഒരു ശബ്ദം കേട്ട് അവള് തിരിഞ്ഞുനോക്കി. മത്സ്യം പിടിച്ചുകൊണ്ടിരുന്ന ഒരു മുക്കുവന്റേതായിരുന്നു ആ ശബ്ദം. അതിനെ അവഗണിച്ചു മാലതി മുന്നോട്ട് നടന്നു. ഒരു എരമ്പല്കേട്ട് വീണ്ടും തിരിഞ്ഞുനോക്കി. അതു തീവണ്ടിയുടേതുതന്നെയായിരുന്നു. മാലതി വേഗത കൂട്ടി. ആള് കിടക്കുന്നതിനു മൂന്നുനാലടി അടുത്തെത്തവേ പിന്നേയും തിരിഞ്ഞുനോക്കി. വണ്ടി പാലത്തില്‍ കയറി കഴിഞ്ഞിരുന്നു. അവളുടെ ഒരു കാല് രണ്ടു പലകകളുടെ ഇടയില്‍പ്പെട്ടു. അവള് മറിഞ്ഞുവീണു. കിടന്നിരുന്ന ആളിന്റെ പുറത്താണ് അവളുടെ ഉത്തമാംഗം ചെന്നു പതിച്ചത്. പുഴയില്‍ കിടക്കുന്ന വാലന്മാരുടെ കൂക്കുവിളിയും, വസ്ത്രങ്ങള്‍ അഴിച്ചു വീശിക്കൊണ്ടുള്ള ആംഗ്യങ്ങളും വിഗണിച്ച് ഒരു നിമിഷത്തിനുള്ളില്‍ വണ്ടി പാലത്തിന്റെ മറുഭാഗത്ത് എത്തിക്കഴിഞ്ഞു. രണ്ടു ചതഞ്ഞ മസ്തിഷ്കവും ഒടിഞ്ഞുഞെരിഞ്ഞ ഏതാനും അസ്തികളുടെ അവശിഷ്ടങ്ങളും, ഒരു രക്തക്കളവും മാത്രം അവിടെ ശേഷിച്ചു! പാലം കടന്നപ്പോള്‍ വണ്ടി അസാധാരണമായി ഒരു ചൂളംവിളിച്ചതെന്തിനാണാവോ?
* * * * *
റെയില്‍വേ പോലീസുകാരുടെ ഓരോ ചോദ്യങ്ങള്‍ക്കും അവ്യക്തമായ മറുപടി പറഞ്ഞും, ഇടയ്ക്കിടക്ക് തന്നത്താനെ ശപിച്ചും, ``മകളേ മകളേ'' എന്നു വാവിട്ടു വിലപിച്ചും, നയനങ്ങളില്‍ നിന്നും അശ്രുധാര അനര്‍ഗ്ഗളം പ്രവഹിപ്പിച്ചും അവിടെനിന്നിരുന്ന ആ വയോവൃദ്ധന്, മാലതിയുടെ പിതാവായ കേശവക്കുറുപ്പല്ലാതെ മറ്റു ആരും ആയിരിക്കയില്ലല്ലോ? ആ ബാഷ്പകണികകള്ക്കു ലോകം വല്ല വിലയും കല്പിക്കുമോ ആവോ?