പൂനിലാവിൽ
A Collection of Stories
in Transalation of Various Authors
ഗ്രന്ഥകർത്താ,
ചങ്ങമ്പുഴ കൃഷ്ണപിള്ള,
(ഇടപ്പള്ളി)
ശിഥിലഹൃദയം
(ചെറുകഥാ സമാഹാരം)
മൈതാനപ്പരപ്പിൽ
ഏറ്റവും കഷ്ടസ്ഥിതിയില്‍, ചെന്നായ്ക്കളെപ്പോലെ ക്ഷുധാപരവശരായും, ലോകത്തെയാകമാനം വെറുത്തുകൊണ്ടും, ഞങ്ങള്‍ `പെറിക്കോവ്' വിട്ടു പോന്നിരുന്നു. പന്ത്രണ്ട് മണിക്കൂറോളം, വല്ലതും മോഷ്ടിക്കുന്നതിന്നോ, സാമ്പാദിക്കുന്നതിന്നോ വേണ്ടിയായിരുന്ന ഞങ്ങളുടെ സകല ഉദ്യമങ്ങളും പാടവങ്ങളും വൃഥാ വിനിയുക്തമായി. ഒടുവില്‍ ഒന്ന്, അല്ലെങ്കില്‍ മറ്റൊന്നു സാധിതമാവുകയില്ലെന്നുതന്നെ ബോധ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ മുന്നോട്ട് തന്നെ പോകുവാന്‍ തീരുമാനിച്ചു. എവിടെ? അകലത്തേയ്ക്ക്.
തീരുമാനം, യാദൃശ്ചികമായിട്ടായിരുന്നു. ഒരാള്‍ അപരനോട് പറഞ്ഞു പറഞ്ഞ് അത് എല്ലാവരും അറിഞ്ഞു. എന്നാല്‍ ചിരകാലമായി അനുഗമിച്ച ആ ജീവിതപഥത്തില്ക്കൂടി ഇനിയും മുന്നോട്ട് യാത്ര തുടരുവാന്‍ എല്ലാംകൊണ്ടും സന്നദ്ധന്മാരായിരുന്നു, ഞങ്ങള്‍. ഈ തീരുമാനം ആഗതമായത് മൗനത്തിലാണ്. ഇത് ഞങ്ങളാരുംതന്നെ പ്രകടിപ്പിച്ചതല്ല. എന്നാല്‍, ഞങ്ങളുടെ ക്ഷുഭിതനേത്രങ്ങളുടെ കോപജ്വാലകളില് ഇതു തെളിഞ്ഞു പ്രതിഫലിച്ചു കാണാമായിരുന്നു.
മൂന്നുപേരുണ്ടായിരുന്നു ഞങ്ങള്‍. തമ്മില്‍ത്തമ്മില്‍ ഞങ്ങള്‍ പരിചയപ്പെട്ടിട്ടു കുറച്ചു നേരമേ ആയിട്ടുള്ളൂ. `നീപ്പറി'ന്റെ തീരത്തുള്ള `ഖേഴ്സണ്‍' പട്ടണത്തിലെ ഒരു പൊതുമന്ദിരത്തിനുള്ളില്വെച്ചു, കാല്‍തട്ടി ഓരോരുത്തരും മീതെയ്ക്കു മീതെ മറിഞ്ഞുവീണതത്രെ പരിചയപ്പെടുവാനുണ്ടായ കാരണം. ഞങ്ങളില്‍ ഒരാള്‍ `റെയില്‍വേ പട്ടാള'ത്തില്‍ ആദ്യം ഒരു പട്ടാളക്കാരനായും, പിന്നീടു `പോളന്ഡി'ല്‍ `വിസ്റ്റുള'യുടെ തീരത്തുള്ള തീവണ്ടിപ്പാതകളില്‍ ഒന്നിലെ ഒരു വേലക്കാരനായും ജോലി ചെയ്തിട്ടുള്ള ആളായിരുന്നു. ചുവന്ന തലമുടിയോടും, ഞരമ്പുകള്‍ പിണഞ്ഞ്, മാംസപേശികള്‍ തുടിച്ച്, തടിച്ച ശരീരത്തോടും കൂടിയ ഒരുവനായിരുന്നു ആ മനുഷ്യന്. അയാള്‍ക്കു ജര്‍മ്മന്‍ഭാഷ സംസാരിക്കാനറിയാമെന്നതുകൂടാതെ, കാരാഗൃഹജീവിതത്തെപ്പറ്റി ഒരു വിസ്തീര്ണ്ണവിജ്ഞാനവും കൂടി ഉണ്ടായിരുന്നു.
നമ്മുടെ തരത്തില്‍പ്പെട്ട ആളുകള്‍, സദാ ഏറെക്കുറെ അടിയുറച്ച കാരണങ്ങള്‍ ഉള്ളതുകൊണ്ടോ എന്തോ, അവരുടെ ഭൂതകാലത്തെക്കുറിച്ച് സംസാരിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് അവരവരെ സംബന്ധിച്ചു ഞങ്ങള്‍ തമ്മില്‍ത്തമ്മില്‍ കാര്യമായി പറഞ്ഞത്, ഓരോരുത്തനും വിശ്വസിക്കുകതന്നെ ചെയ്തു. അതായത്, ഞങ്ങള്‍ ബാഹ്യമായി വിശ്വസിച്ചു. ആന്തരമായി ഓരോരുത്തനും ശുഷ്കമായ ഒരു വിശ്വാസം മാത്രമേ, അവനില്‍ ഉണ്ടായിരുന്നുള്ളൂ.
ഞങ്ങളുടെ കൂട്ടുകാരന് ഘനം കുറഞ്ഞു പതിഞ്ഞ ചുണ്ടുകളോടുകൂടിയ പൊക്കം കുറഞ്ഞ ഒരു പരുക്കന്‍ പുള്ളി, മോസ്കോ സര്‍വ്വകലാശാലയില്‍ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. ഒരു കാലത്തെന്നു ഞങ്ങളെ അറിയിക്കുകയും, ഞാനും പട്ടാളക്കാരനും അത് സമ്മതിച്ചുകൊടുക്കുകയും ചെയ്തു. അയാള്‍ ഒരു വിദ്യാര്‍ത്ഥിയോ ഒരു കള്ളനോ, അതോ ഒരു പോലീസ് ഒറ്റുകാരനോ എന്നുള്ള ശങ്കയായിരുന്നു, ഹൃദയത്തിന്റെ അഗാധതയില്‍ ഞങ്ങള്ക്കിരുപേര്ക്കും. പരിഗണനീയമായിരുന്ന ഏക സംഗതി, ഞങ്ങള്‍ അയാളെ കണ്ടുമുട്ടിയപ്പോള്‍ അയാള്‍ ക്ഷുധിതനും, പോലീസിന്റെ പ്രത്യേകശ്രദ്ധയാല് പരിലാളിതനും, ഗ്രാമങ്ങളിലുള്ള കര്‍ഷകന്മാരാല്‍ സംശയത്തോടുകൂടി സല്ക്കരിക്കപ്പെട്ടവനും, വേട്ടയാടപ്പെട്ട ഒരു വിശന്നു വലയുന്ന മൃഗത്തിന്റെ ബലഹീനമായ പകയോടുകൂടി സകലരേയും വെറുക്കുകയും, ഓരോരുത്തരോടും ഒരു ബ്രഹ്മാണ്ഡപ്രതികാരം ചെയ്യുവാന്‍ സ്വപ്നം കാണുകയും ചെയ്യുന്നവനും ആയിരുന്നുവെന്നുള്ളതില്, അയാള്‍ ഞങ്ങളോട് തുല്ല്യനായിരുന്നുവെന്നതാണ്........... ഒരൊറ്റവാക്കില്‍, പ്രകൃതിയിലെ രാജാക്കന്മാരുടേയും, ജീവിതത്തിലെ പ്രഭുക്കന്മാരുടേയും ഇടയിലുള്ള അയാളുടെ നിലയും ഭാവവും, അയാളെ ഞങ്ങളുടെ തൂവലുകളുള്ള ഒരു പക്ഷിയാക്കിത്തീര്ത്തു!
നിര്‍ഭാഗ്യം, എന്നുള്ളതാണ് ഏറ്റവും വിരുദ്ധങ്ങളായ പ്രകൃതികളെ അന്ന്യോന്ന്യം ഇണക്കിച്ചേര്‍ക്കുവാന്‍ ഏറ്റവും നല്ല പശ. ഞങ്ങള്‍ എല്ലാവരും, ഞങ്ങള്‍ക്കു സ്വയം നിര്ഭാഗ്യവാന്മാരാണെന്നു കരുതുവാനുള്ള ഒരവകാശമുണ്ടെന്നു കരുതി.
ഞങ്ങളില്‍ മൂന്നാമന് ഈ ഞാന്‍ തന്നെയായിരുന്നു. എന്റെ ബാല്ല്യകാലങ്ങളില്ത്തന്നെ ഞാന്‍ വെളിപ്പെടുത്തീട്ടുള്ള ജന്മസിദ്ധമായ ഒതുക്കത്താല് എന്റെ സല്‍ഗുണങ്ങളെപ്പറ്റി ഞാന്‍ ഒന്നുംതന്നെ പറയുന്നില്ല. കൊള്ളരുതാത്തവനായിത്തീരേണമെന്ന് എനിക്ക് ആശയില്ലാത്തതിനാല് അപ്രകാരംതന്നെ ഞാന്‍ എന്റെ ദുസ്വഭാവങ്ങളെക്കുറിച്ചും മൂകഭാവം കൈക്കൊണ്ടുകൊള്ളാം. എന്റെ സ്വഭാവത്തെ സംബന്ധിച്ച് അല്പം ഗ്രഹിക്കണമെന്നുണ്ടെങ്കില് ഞാന്‍ സദാ എന്നെ മറ്റുള്ളവരെക്കാള്‍ നന്നായി വിചാരിക്കയും, അപ്രകാരം ചെയ്യുകയെന്നുള്ളത് ഇന്നു തുടരുവാന്‍ ഒരുമ്പെടുകയും ചെയ്തു, എന്നു പറഞ്ഞാല്‍ ധാരാളമാണ്.
അപ്രകാരം `പെറിക്കോപ്പ്' വിട്ടിട്ടു ഞങ്ങള്‍ മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നു. ആ മൈതാനപ്പരപ്പില് ഏതെങ്കിലും ഒരാട്ടിടയനെ പിടികൂടുക എന്നുള്ളതായിരുന്നു ഞങ്ങളുടെ ലാക്ക്. ഒരാള്‍ക്ക് ഒരാട്ടിടയനില് നിന്നും ഒരപ്പക്കഷണം എല്ലാ കാലത്തും യാചിക്കാം. വഴിയാത്രക്കാര്‍ക്കു വല്ലതും കൊടുക്കുന്ന കാര്യത്തില്‍ ആട്ടിടയന്മാര് നന്നെ അപൂര്‍വ്വമായിട്ടേ ഉപേക്ഷ കാണിക്കാറുള്ളൂ.
ഞാന്‍ പട്ടാളക്കാരനോട് തൊട്ട് നടന്നുപോയി. `വിദ്യാര്‍ത്ഥി' പുറകിലും. ഒരു കാലത്ത് ഒരു ചട്ടയോട് സദൃശ്യമുണ്ടായിരുന്ന എന്തോ ഒരു സാധനം അയാളുടെ തോളില്‍ തൂങ്ങിക്കിടന്നിരുന്നു. അറ്റം കൂര്‍ത്തതും, കോണിച്ചതും മുടി പറ്റെ വെട്ടിച്ചിട്ടുള്ളതും ആയ അയാളുടെ തലയില്‍ വിശ്രമംകൊണ്ടിരുന്നു, വീതിയിലുള്ള വക്കുകളോടുകൂടിയ ഒരു തൊപ്പിയുടെ അവശേഷങ്ങള്‍. നാനാവര്‍ണ്ണത്തിലുള്ള തുണിത്തുണ്ടുകള്‍ കീറിപ്പൊളിഞ്ഞ സ്ഥലങ്ങളില്‍ തുന്നിപ്പിടിപ്പിച്ചിരുന്ന ചാരനിറത്തിലുള്ള ഉറകള്‍ അയാളുടെ നേരിയ കാലുകളെ പൊതിഞ്ഞു. തന്റെ ഉടുപ്പിന്റെ നൂലുകൊണ്ടുതന്നെ പിരിച്ചെടുത്ത ചരടുകള്‍കൊണ്ട്, വഴിയില്‍ നിന്നും പെറുക്കിയെടുത്ത ഏതാനും ചെരുപ്പിന്റെ മൂടികളെ പാദത്തോടു ചേര്‍ത്തു കെട്ടീട്ടുണ്ടായിരുന്നതിനെ അയാള്‍ `പാപ്പാസ്സ്' എന്നാണ് പറഞ്ഞിരുന്നത്. പൊടിപറപ്പിച്ചുകൊണ്ട് അയാള്‍ തന്റെ പച്ചക്കണ്ണുകള്‍ നല്ലപോലെ പ്രകാശിക്കുമാറു നടന്നുപോയി. പട്ടാളക്കാരന് ഒരു ചുവന്ന പരുക്കന്‍ കുപ്പായം ധരിച്ചിരുന്നു. അയാളുടെ സ്വന്തം ഭാഷയുപയോഗിക്കുകയാണെങ്കില്, `ഖേഴ്സണി'ല്‍വെച്ച് അയാള്‍ `തന്റെ സ്വന്തം കൈകൊണ്ട് ആര്ജ്ജിച്ചതാ'യിരുന്നു അത്. അയാള്‍ ഒരു മാറുടുപ്പ് ധരിച്ചിരുന്നു, കുപ്പായത്തിന്റെ മീതെ. ഒരു അനിശ്ചിതവര്ണ്ണത്തിലുള്ള ഒരു പട്ടാളത്തൊപ്പി, സൈന്ന്യവകുപ്പിലെ നിര്‍ദ്ദേശാനുസരണം അയാള്‍ തന്റെ വലത്തെ പുരികക്കൊടിക്കു നേരെ മുകളിലായി അല്പം ചരിച്ച്, തലയില്‍ വെച്ചിട്ടുണ്ടായിരുന്നു. വീതിയിലുള്ള പരുത്ത കാലുറകള്‍ അയാളുടെ കാലുകളില്ക്കിടന്നു ചിറകടിച്ചു. നഗ്നമായിരുന്നു അയാളുടെ പാദങ്ങള്‍. നഗ്നപാദനായിരുന്നു ഞാനും.
ഞങ്ങള്‍ നടന്നുപോയി. മനോജ്ഞമായ ഒരു വികാരം വിദ്യോതിപ്പിച്ചുകൊണ്ട് ഞങ്ങളുടെ ചുറ്റുപാടും പരന്നുകിടന്നു ആ മൈതാനം. വേനല്ക്കാലത്തിലെ ഒരു മേഘനിരസ്തമായ ആകാശത്തിന്റെ അര്‍ദ്ധവൃത്താകൃതിയിലുള്ള ഒരു തപ്തനീലമുടിയാല് മേല്ക്കട്ടി ചാര്‍ത്തപ്പെട്ട അത് ഒരു പരന്ന പാടംപോലെ പരിലസിച്ചു. ചാരനിറത്തിലുള്ള ഒരു നിരത്ത് അതിനെ ഭേദിച്ചു വിസ്താരമുള്ള ഒരു നടവഴിയാക്കിയിരുന്നതു ഞങ്ങളുടെ പാദങ്ങളെ പൊള്ളിച്ചു. അവിടവിടെയായി മുറിച്ചെടുത്ത ധാന്ന്യങ്ങളുടെ മൊട്ടക്കുറ്റികള് നിന്നിരുന്നത്, പട്ടാളക്കാരന്റെ വടിക്കപ്പെടാത്ത കവിള്ത്തടങ്ങളോട് ഒരു സവിശേഷ സാദൃശ്യം വഹിച്ചിരുന്നു.
ഒടുവില്‍പ്പറഞ്ഞ ആള്, അയാള്‍ നടക്കുന്ന വഴി, കര്‍ണ്ണാരുന്തുദമായ ഒരു പരുക്കന്‍ സ്വരത്തില്‍ പാടുകയായിരുന്നു.
``ദിവ്യമാം നിന്നുടെ `വിശ്രമാവസരം'
നിര്‍വ്യാജം വാഴ്ത്തുന്നേന്‍ ഞങ്ങളെല്ലാം!''
.......................................................... ഇങ്ങിനെ.
അയാള്‍ പട്ടാളത്തില്‍ ജോലി നോക്കിക്കൊണ്ടിരുന്ന കാലത്തു സൂക്തിഗായകന് എന്ന നിലയില്‍, സൈന്ന്യങ്ങള്ക്കായിട്ടുള്ള പള്ളിയിലെ ഒരു ജോലിസ്ഥാനത്ത് ആളില്ലാതിരുന്ന അവസ്ഥയെ ദുരീകരിക്കാറുണ്ടായിരുന്നു. തല്‍ഫലമായി അയാള്‍ക്കു ദിവ്യസ്തോത്രങ്ങളെപ്പറ്റിയും, പള്ളിപ്പാട്ടുകളെക്കുറിച്ചും ഒരു വമ്പിച്ച അറിവു സിദ്ധിക്കുവാനിടയാവുകയും, ഞങ്ങളുടെ സംഭാഷണം നീണ്ടുപോകുന്ന അവസരങ്ങളില്‍ അയാള്‍ അതു തെറ്റിച്ചുപയോഗിക്കുകയും ചെയ്തു.
ചക്രവാളത്തിനെതിരെ ഞങ്ങളുടെ മുമ്പില്‍, ശാന്തമായ രേഖാരൂപങ്ങള്‍ കുന്നുകൂടുകയും അവയുടെ മൃദുലകാന്തി കടുംചുവപ്പില്‍നിന്നു വിളറിയ ഊതമായി മാറുകയും ചെയ്തു. `അവയായിരിക്കണം ക്രിമീന്‍ പര്‍വ്വതങ്ങള്‍' വിദ്യാര്‍ത്ഥി തട്ടിമൂളിച്ചു.
`പര്‍വ്വതങ്ങള്‍?' പട്ടാളക്കാരന് അത്ഭുതത്തോടുകൂടി ചോദിച്ചു:- `ഇത്ര വേഗത്തില്‍ അവയെ കണ്ടുതുടങ്ങുന്നോ, എന്റെ സ്നേഹിതാ! അത് ഒരു മേഘമാണ്... വെറും മേഘം! * കൂവ കുറുക്കിയതും പാലുംപോലെ.'' ( Cranberry Jelly - ഈ പലഹാരത്തിന് കൂവകുറുക്കിയതിനോട് വളരെ അടുപ്പമുണ്ട് )
ഞാന്‍ അഭിപ്രായപ്പെട്ടു, ഞങ്ങളുടെ വിശപ്പിനെ, ഞങ്ങളുടെ ദിവസങ്ങളിലെ ശിക്ഷയെ, പെട്ടെന്നു വര്‍ദ്ധിച്ച ആ കുറുക്കുകൊണ്ടുതന്നെ യഥാര്‍ത്ഥത്തില്‍ ഉണ്ടാക്കീട്ടുള്ളതായിരുന്നു ആ മേഘമെങ്കില്‍ അതു നന്നായിരിക്കും എന്ന്.
`നരകം!' പട്ടാളക്കാരന് തുപ്പിക്കൊണ്ടു ശപിച്ചു. ``ജീവനോടുകൂടിയ ഒന്നിനെ കാണ്മാനില്ല.... ആരും.............. യാതൊന്നും ഇനി ചെയ്യാനില്ല, ശീതകാലത്തെ കരടികളുടെ മാതിരി നിങ്ങളുടെ കൈത്തലം വലിച്ചുകുടിക്കുകയല്ലാതെ.''
"ഞാന്‍ നിങ്ങളോട് പറഞ്ഞു, നമുക്ക് ജനവാസമുള്ള സ്ഥലങ്ങളിലേയ്ക്കു പോകേണ്ടിയിരുന്നു എന്ന്". സന്ദര്‍ഭത്തെ നന്നാക്കുന്ന ഒരാശയോടുകൂടി വിദ്യാര്‍ത്ഥി പറഞ്ഞു.
"നിങ്ങള്‍ പറഞ്ഞു ഞങ്ങളോട്". പട്ടാളക്കാരന് അതിനോടൊത്തുചേര്ന്നു. "നിങ്ങള്‍ വിദ്യാഭ്യാസമുള്ള ആളാകകൊണ്ട്, നിങ്ങള്‍ ചുമതലക്കാരനാണ്, ഞങ്ങളോട് പറയുവാന്‍. എന്നാല്‍ എവിടെയാണ് മനുഷ്യവാസമുള്ള സ്ഥലങ്ങള്‍? ചെകുത്താനറിയുന്നു! "
വിദ്യാര്‍ത്ഥി ഒന്നുംതന്നെ പറഞ്ഞില്ല. എന്നാല്‍ അയാള്‍ അധരങ്ങള്‍ പല്ലുകൊണ്ടമര്ത്തി. ആദിത്യന് താഴുകയും അവര്‍ണ്ണനീയമായ വര്ണ്ണവിശേഷത്തോടുകൂടിയ അനേകമേഘശകലങ്ങള് ചക്രവാളത്തില്‍ നൃത്തം വെയ്ക്കുകയും ചെയ്തു. മണ്ണിന്റെയും ഉപ്പിന്റെയും ഒരു ഗന്ധമുണ്ടായിരുന്നു അവിടെ. ഈ രുചികരമായ പൊടിമണം ഞങ്ങളുടെ ആര്‍ത്തി ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു. അസ്വാസ്ഥ്യം ഞങ്ങളുടെ ഉദരത്തെ കരണ്ടു, -- ഒരു വിശേഷരീതിയിലുള്ള അസുഖവികാരം! ശരീരമാസകലമുള്ള മാംസപേശികളില്‍ നിന്നും വസ ചോര്‍ന്നുപോകുന്നതുപോലെ തോന്നി. അവ വരളുകയും അവയുടെ മാംസളത്വം വെടിയുകയും ചെയ്കയായിരുന്നു.
വരളിച്ചയാര്ന്ന ഒരു വലിവു വക്ത്രദ്വാരത്തിലും തൊണ്ടയിലും നിറയുകയും തലച്ചോറാകമാനം കലങ്ങിമറിയുകയും, ചെറിയ ഇരുണ്ട വസ്തുക്കള്‍ നയനങ്ങള്‍ക്കു മുമ്പില്‍ നൃത്തം വെയ്ക്കുകയും ചെയ്തു. ചിലപ്പോള്‍ ഇവ ആവിപറക്കുന്ന ഇറച്ചിക്കട്ടയുടേയോ, അല്ലെങ്കില്‍ കട്ടപിടിച്ച പാലപ്പത്തിന്റേയോ രൂപം കൈക്കൊണ്ടു. അനുസ്മൃതി `ഭൂതകാലത്തിന്റെ പൈശാചരൂപങ്ങളെ, മൂകങ്ങളായപൈശാചരൂപങ്ങളെ' ഞങ്ങള്‍ക്ക് കാട്ടിത്തന്നു. ആ സമയം അവ നൈസര്‍ഗ്ഗികമായ ഗുണം നിറഞ്ഞവയായിരുന്നു. എന്നാല്‍ അടുത്ത മാത്രയില്‍ ഒരു നിശിതകുഠാരം ഉതരാന്തരത്തിലേയ്ക്കു കുത്തിയിറക്കുന്നതുപോലെ ഞങ്ങള്‍ക്കു തോന്നി.
എന്നിട്ടും, ഞങ്ങളുടെ ഊഹങ്ങളെപ്പറ്റി അന്ന്യോന്ന്യം ആലോചിച്ചുകൊണ്ടും, വല്ല ആളുകളേയും കണ്ടെത്തുന്ന മട്ടുണ്ടോ എന്നറിവാനായി എല്ലാ വശങ്ങളിലും പരുഷമായി കണ്ണയച്ചുകൊണ്ടും അല്ലെങ്കില്‍ `ആര്‍മീനിയാ'യിലെ ചന്തയിലേയ്ക്കു പഴങ്ങള്‍ കയറ്റിക്കൊണ്ടുപോകുന്ന ഒരു ടാര്ട്ടാര് വണ്ടിയുടെ ഉച്ചത്തിലുള്ള `കറകറാരവം' കേള്ക്കന്നുണ്ടോ എന്നു ശ്രദ്ധിച്ചുകൊണ്ടും ഞങ്ങള്‍ നടന്നുപോയി.
എന്നാല്‍ വിജനവും മൂകവുമായിരുന്നു ആ മൈതാനപ്പരപ്പ്. മൂന്നുപേര്‍കൂടി നാലുറാത്തല് യവപ്പൊടിയപ്പവും അഞ്ചു കക്കരിക്കയും -- ചിലവിനു വരവുമായിട്ടു യാതൊരു പൊരുത്തവുമില്ല -- തിന്നിട്ട് ഏതാണ്ട് നാല്പതു `വെഴ്സെറ്റ്' ദൂരംനടക്കുകയും, അനന്തരം `പെറിക്കോ'വിലെ ചന്തസ്ഥലത്ത് കിടന്നുറങ്ങിയിട്ട് ഞങ്ങള്‍ വിശപ്പിനാല്‍ വിളിച്ചുണര്ത്തപ്പെടുകയും ആണുണ്ടായത്. വിദ്യാര്‍ത്ഥി ഞങ്ങളോട് `ഉറങ്ങേണ്ട, എന്നാല്‍ രാത്രി ജോലി ചെയ്യുവാനായി നന്നെ'ന്ന് ഉപദേശിക്കുകയുണ്ടായി.... സ്വകാര്യസ്വഭാവത്തിന്റെ ശക്തിമത്തായ ബഹിര്ഗ്ഗമനത്തെപ്പറ്റി, വിനയപൂര്‍ണ്ണമായ സഭാസമക്ഷം പറയുക പതിവില്ലാത്തതിനാല്‍, ഞാന്‍ ഇതില്‍ കൂടുതലായി അതിനെപ്പറ്റി യാതൊന്നുംതന്നെ പറയുകയില്ല. ന്ന്യായവാദിയാവുക എന്നുള്ളതിലായിരുന്നു എനിക്കാഗ്രഹം. ദൂഷിതനാവുന്നത് എനിക്ക് വിപരീതവും നമ്മുടെ ഈ പരിഷ്കൃതകാലത്തിന്റെ മൂര്ദ്ധന്ന്യദശയില് മനുഷ്യര്‍ കൂടുതല്‍ മൃദുലഹൃദയന്മാരായിത്തീരുന്നതും, ഒരുവന് തന്റെ അയല്പക്കക്കാരനെ ഞെക്കിക്കൊല്ലുവാനുള്ള ഉദ്ദേശത്തോടുകൂടി കഴുത്തിന്നു പിടികൂടിയാല്‍ കഴിയുന്നത്ര കാരുണ്യാതിരേകത്തോടുകൂടിയും, സന്ദര്‍ഭാനുസൃതമായ ഏറ്റവും സുഗമമാര്ഗ്ഗത്തിലും ആണ് ആ കൃത്യം ചെയ്തുതീര്‍ക്കുന്നത് എന്നുള്ളതും എനിക്കു വളരെ നല്ലപോലെ അറിയാം. എന്റെ സ്വന്തം കഴുത്തിന്റെ പഴമപരിചയം തന്നെ ഈ സന്മാര്ഗ്ഗചാരിയായ അഭ്യുന്നതിയെ എത്രയും ജാഗ്രതയോടുകൂടി പരിശോധിച്ചു നോക്കുമാറാക്കീട്ടുള്ളതിനാല്, ആനന്ദമായ ഒരുത്തമ വിശ്വാസത്തോടുകൂടി ഈ ലോകത്തില്‍, എല്ലാംതന്നെ, നാള്‍ക്കുനാള്‍ വളരുകയും ഉല്ക്കര്ഷത്തെ പ്രാപിക്കുകയും ചെയ്യുകയാണെന്ന് സുദൃഢമായി സ്ഥാപിക്കുവാന്‍ എനിക്കു സാധിക്കും. കാരാഗൃഹങ്ങള്‍, പൊതുമന്ദിരങ്ങള്‍, ദുഷ്കീര്‍ത്തിയുടെ വിളനിലങ്ങളായ ഭവനങ്ങള്‍ ഇവയുടെ സംഖ്യയില്‍ വര്‍ഷംതോറുമുള്ള വലിയ വര്‍ദ്ധനകൊണ്ട് വിശേഷിച്ചും നമുക്കറിയാവുന്നതാണ് ആ `അഭ്യുദയം!'
അതിനാല്‍, ഞങ്ങളുടെ ക്ഷുധിതകണ്ഠാസവം വിഴുങ്ങിക്കൊണ്ടും, ഉദരാന്തരത്തിലുള്ള ഉരുക്കം തെല്ലൊന്ന് ശമിപ്പിക്കുവാനായി സസ്നേഹസംഭാഷണത്തില് ഏര്‍പ്പെട്ടുകൊണ്ടും ഞങ്ങള്‍, ജനരഹിതവും നിശ്ശബ്ദവുമായ ആ മൈതാനപ്പരപ്പിന്നു നെടുകെ അര്ത്ഥശൂന്ന്യമായ ആശകളെക്കൊണ്ടു നിറഞ്ഞ ആദിത്യാസ്തമയത്തിന്റെ അരുണാഭയിലേയ്ക്ക് അടികള്‍ വെച്ചു. ഞങ്ങള്‍ക്കു മുന്നില്‍ തന്റെ കിരണതല്ലജങ്ങളാല് ചായം തേച്ചു മിനുക്കിയ മൃദുലജലദാവലിക്കുള്ളില് കനിവിന്നുറവായ കര്‍മ്മസാക്ഷി മന്ദംമന്ദം മറയുകയും, ഞങ്ങള്‍ക്കു പിന്നില്‍ ഇരുവശങ്ങളിലും, ആ നീലാന്ധകാരം ആ മൈതാനത്തില്‍നിന്നും ഉയര്‍ന്നുയര്‍ന്നു ഞങ്ങള്‍ക്കു ചുറ്റുമുള്ള സ്നേഹശൂന്ന്യമായ ചക്രവാളത്തെ സങ്കുചിതമാക്കിത്തീര്ക്കുകയും ചെയ്കയായിരുന്നു.
`ഒരു തീയിനുള്ള വല്ല ചുള്ളികളും ശേഖരിക്കുക' ഒരു മരക്കഷണം പെറക്കിയെടുത്തുകൊണ്ട് പട്ടാളക്കാരന് പറഞ്ഞു. `നമുക്ക് രാത്രികഴിക്കേണ്ടതായിട്ടുണ്ട് ഈ മൈതാനത്തില്‍. അതിനു മഞ്ഞുണ്ടുതാനും. വല്ല ഉണക്കച്ചാണകപ്പാടുകളോ, ചുള്ളിലുകളോ -- എന്തായാലും വേണ്ടില്ല!'
ഞങ്ങള്‍ നിരത്തിന്റെ ഇരുവശങ്ങളിലേയ്ക്കുമായി വേര്‍പെടുകയും, ഉണക്കപ്പുല്ലോ കത്തുന്ന വല്ല വസ്തുക്കളോ ശേഖരിക്കുന്നതിന് ഒരുമ്പെടുകയും ചെയ്തു. എല്ലാ പ്രാവശ്യവും നിലത്തേയ്ക്കു കുനിയേണ്ട ആവശ്യമുണ്ടായിരുന്നു. അതിന്റെ മീതെ വീണു, കറുത്ത പോഷകാംശപരിപൂര്ണ്ണമായ ആ മണ്ണ്, ഒരുവന്ന് ഇനി ഒട്ടുംതന്നെ കഴിക്കുവാനാവുകയില്ലെന്നുള്ള നിലയിലെത്തുന്നതുവരെ, തിന്നുതിന്നു മതിയായിട്ടു പിന്നീട് കിടന്നുറങ്ങുവാനുള്ള ഒരാശകൊണ്ട് നിറഞ്ഞതായിരുന്നു ശരീരമാകമാനം. ഒരുവന്ന് ഭക്ഷിക്കുകയും, ആ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വക്ത്രത്തില്കൂടി മന്ദംമന്ദം കീഴോട്ടിറങ്ങി വരണ്ടിരിക്കുന്ന തൊണ്ടക്കുഴലില്കൂടി ചെന്നു, ദഹിപ്പിക്കുവാന്‍ വല്ലതും കിട്ടാനുള്ള ആശകൊണ്ട് തപ്തമായ, ക്ഷുധിതോദരാന്തത്തിലെത്തിച്ചേരുന്നത് അനുഭവപ്പെടുകയും, ചെയ്യുവാന്‍ സാധിക്കും എന്നു വരുകില്‍ അത് എന്നെന്നേയ്ക്കുമായി നീണ്ടുനില്‍ക്കുന്ന ഒരു നിദ്രയായാല്‍ എന്ത്?
`വെറും ഒരു കിഴങ്ങോ മറ്റോ കിട്ടുമായിരുന്നെങ്കില്‍, നമുക്ക്' പട്ടാളക്കാരന് ഒന്നു നിശ്വസിച്ചു. `നിങ്ങള്‍ക്ക് തിന്നാവുന്ന കിഴങ്ങുകള്‍ ഉണ്ട്...'
എന്നാല്‍ ഉഴുതിട്ടിരുന്ന ആ കറുത്ത നിലത്ത് ഒരു കിഴങ്ങും ഉണ്ടായിരുന്നില്ല. തെക്കന്രാത്രി വേഗത്തില്‍ ഇറങ്ങിയെത്തി. നീരന്ധ്രനീലാംബരത്തില് നക്ഷത്രരാജി മിന്നിത്തിളങ്ങവെ, ആദിത്യന്റെ അവസാനാംശുക്കളും ആകമാനം മാഞ്ഞു മറയുകയും, ഞങ്ങള്‍ക്കു ചുറ്റുമുള്ള നിഴലുകള്‍ മൈതാനത്തിലെ നടവഴിയുടെ ഇടുങ്ങിയ പരപ്പിനെ അടച്ചുകൊണ്ടു കൂടുതല്‍കൂടുതല്‍ അടുത്തടുത്തണഞ്ഞ് ഒടുവില്‍ ഒന്നിച്ചു കൂടുകയും ചെയ്തു. `സോദരാ!' വിദ്യാര്‍ത്ഥി മന്ത്രിച്ചു. `ഒരു മനുഷ്യന് കിടക്കുന്നുണ്ട് നമുക്കിടത്തുഭാഗത്ത്.'
`ഒരു മനുഷ്യന്?' പട്ടാളക്കാരന് സംശയത്തോടുകൂടി ചോദിച്ചു. `എന്തിനായിരിക്കാം അയാള്‍ കിടക്കുന്നതവിടെ?'
`പോയി ചോദിക്കുക അയാളുടെ കയ്യില്‍ കുറെ അപ്പം കണ്ടേയ്ക്കാം, അയാള്ക്കിങ്ങിനെ ഈ മൈതാനത്തില്‍ മലര്ന്നടിച്ചുകിടക്കാന് കഴിയുമെങ്കില്‍!' വിദ്യാര്‍ത്ഥി സമര്‍ത്ഥിച്ചു. ചൂണ്ടിക്കാണിക്കപ്പെട്ട വഴിയെ കണ്ണയച്ചുകൊണ്ടും, അകാരണമായി തുപ്പിക്കൊണ്ടും പട്ടാളക്കാരന് പറഞ്ഞു, `നമുക്ക് പോകാം അയാളുടെ അടുത്ത്.'
ഏതാണ്ട് അമ്പതു `സാജന്' അകലെ നിരത്തിന്നിടത്തുവശത്തു നിലത്തു കിടക്കുന്ന ഒരു മനുഷ്യനെ, കറുത്ത മണല്‍ക്കുന്നുകളുടെ ഇടയില്‍ക്കൂടി വിദ്യാര്‍ത്ഥിയുടെ കൂര്‍മ്മതയേറിയ പച്ചക്കണ്ണുകള്ക്കു മാത്രമേ കാണുവാന്‍ കഴിയുമായിരുന്നുള്ളൂ. അയാളുടെ പക്കല്‍ ഭക്ഷണം കണ്ടേയ്ക്കാമെന്നുള്ള ഞങ്ങളുടെ ഈ പുതിയ ആശ, ഞങ്ങളുടെ വിശപ്പിന്റെ എടുത്തുചാട്ടത്തെ കൂടുതല്‍ ദ്രുതപ്പെടുത്തുകയും, ഉഴുതിട്ടിരുന്ന മണ്‍കട്ടകളുടെ മീതെ വേഗം വേഗം ചവിട്ടിക്കൊണ്ടു ഞങ്ങള്‍ അയാളുടെ അടുത്തേയ്ക്ക് നടന്നു പോവുകയും ചെയ്തു. ഞങ്ങള്‍ അയാള്‍ക്കു നന്നെ അടുത്തെത്തി. എന്നാല്‍ മനുഷ്യന് ഇളകിയതേയില്ല.
`പക്ഷേ ഒരു മനുഷ്യനല്ല ഇത്', പട്ടാളക്കാരന് എല്ലാവരുടേയും ചിന്ത, മങ്ങിയ മട്ടില്‍ പ്രകടിപ്പിച്ചു.
എന്നാല്‍ ഞങ്ങളുടെ ശങ്ക ശിഥിലീകൃതമായി, അതേ ആ നിമിഷത്തില്‍ത്തന്നെ. നിലത്തുണ്ടായിരുന്ന ആ കൂമ്പാരം പെട്ടെന്നു ഇളകി ഉയരുകയും, ജീവിക്കുന്ന ഒരു യഥാര്‍ത്ഥ മനുഷ്യനാണു അത് എന്നു ഞങ്ങള്‍ക്കു കാണാന്‍ കഴിയുകയും ചെയ്തു. അയാള്‍ കൈ ഞങ്ങളുടെ നേര്‍ക്കു നീട്ടിക്കൊണ്ടു, മുട്ടുകുത്തി അവിടെ ഇരിപ്പായി.
`നില്ക്കുക, അല്ലെങ്കില്‍ ഞാന്‍ വെടിവെയ്ക്കും!' അയാള്‍ ഭയങ്കരമായ ഒരു പരുഷസ്വരത്തില്‍ അട്ടഹസിച്ചു.
അതിരൂക്ഷമായ ഒരു വാക്ക്പാതം ശീതകളങ്കിതമായ വായുവിനെ തെല്ലൊന്നിളക്കി മറിച്ചു.
ഒരാജ്ഞാമൊഴിയ്ക്കെന്നപോലെ ഞങ്ങള്‍ വഴങ്ങി നില്‍ക്കുകയും, ആനന്ദകരമായ ആ സ്വാഗതത്തില്‍ മതിമറന്നു കുറച്ചു മാത്രകള്‍ ഞങ്ങള്‍ നിശ്ശബ്ദം നിലകൊള്ളുകയും ചെയ്തു.
`കൊള്ളാം. ഒരിക്കലും ഞാന്‍! തെമ്മാടി!' കേള്‍ക്കത്തക്കവിധം പട്ടാളക്കാരന് മന്ത്രിച്ചു.
`ഉം! ഒരു കൈത്തോക്കോടുകൂടി യാത്ര ചെയ്യുന്നു!' വിദ്യാര്‍ത്ഥി ആലോചനാപൂര്‍വ്വം പറഞ്ഞു. `നല്ലോണം ഉപ്പുപിടിച്ചിട്ടുള്ള ഒരു ഉണക്കപ്പരല്മീനായിരിക്കണം.'
`ഛീ!' പട്ടാളക്കാരന് ഗര്‍ജ്ജിച്ചു. പരമാര്‍ത്ഥത്തില്‍ അയാള്‍ ഏതോ ചില വഴി ഉറപ്പിച്ചിട്ടുണ്ടായിരുന്നു.
ആ മനുഷ്യന് അയാളുടെ നില ഭേദപ്പെടുത്തുകയോ, മിണ്ടുകയോ ഉണ്ടായില്ല.
`ഹേയ്, നിങ്ങള്‍! ഞങ്ങള്‍ ഉപദ്രവിക്കില്ല നിങ്ങളെ .... കുറെ അപ്പം ഞങ്ങള്‍ക്കു തരിക.... ഞങ്ങള്‍ പട്ടിണിയാണ്. അപ്പം തരിക ഞങ്ങള്‍ക്ക്, സോദരാ, കൃസ്തുവിനെ ഓര്‍ത്ത്, പുണ്യമുണ്ട് നിങ്ങള്‍ക്ക്.'
ഒടുവിലത്തെ വാക്കുകള്‍ ഉച്ചരിക്കപ്പെട്ടത് അയാളുടെ ശ്വാസത്തിന്നു കീഴിലായിരുന്നു.
ആ മനുഷ്യന് മൗനം പൂണ്ടു.
`കേട്ടുകൂടേ നിങ്ങള്‍ക്ക്?' കോപംകൊണ്ടും നിരാശകൊണ്ടും വിറച്ചുകൊണ്ട് പട്ടാളക്കാരന് ചോദിച്ചു. `ഞങ്ങള്‍ വരികയേ ഇല്ല നിങ്ങളുടെ അടുത്ത്? എറിയുക, ഇങ്ങോട്ടെറിയുക, ഞങ്ങളുടെ നേരെ.'
`കൊള്ളാം. ശരി' മനുഷ്യന് പെട്ടെന്നു പറഞ്ഞു.
അയാള്‍ പറഞ്ഞിരുന്നുവെന്നിരിക്കട്ടെ, `എന്റെ പൊന്നുസഹോദരങ്ങളേ' എന്ന്. ആ വാക്കുകള്‍ക്കുള്ളില്‍ ഏറ്റവും ദിവ്യവും പരിപാവനവും ആയ വികാരോദ്ദേശങ്ങള് സമര്‍പ്പണം ചെയ്തിരുന്നു എന്നും ഇരിക്കട്ടെ. അവ ഞങ്ങളെ കൂടുതല്‍ ഉണര്ത്തുകയോ ഞങ്ങളെ കൂടുതല്‍ മനുഷ്യത്വമുള്ളവരാക്കിത്തീര്ക്കുകയോ ചെയ്യുമായിരുന്നില്ല, ആ പരുഷസ്വരത്തില്‍ പറയപ്പെട്ടതും, വകതിരിവറ്റതും ആയ `കൊള്ളാം, ശരി'യേക്കാള്‍.
`ഞങ്ങളെപ്പറ്റി ഭയപ്പെടേണ്ട, ഹേ നല്ല മനുഷ്യാ', ഞങ്ങളില്‍ നിന്ന് അകലെ, കുറഞ്ഞത് ഒരിരുപത് കാല്ച്ചുവടെങ്കിലും അകലെ ആയിരുന്നതിനാല്‍ ആ മനുഷ്യന്നു കാണുവാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അധരങ്ങളില്‍ നന്ദിദ്യോദകമായ ഒരു ചെറുപുഞ്ചിരിയോടുകൂടി പട്ടാളക്കാരന് സദയം പറഞ്ഞു. `ഞങ്ങള്‍ ശാന്തന്മാരായ കൂട്ടരാണ്. ഞങ്ങള്‍ റഷ്യയില്‍ നിന്നും ക്യൂബാനിലേയ്ക്ക് പോകുന്നു. ഞങ്ങളുടെ പണമെല്ലാം നഷ്ടപ്പെട്ടു. ഉണ്ടായിരുന്നതൊക്കെ ഞങ്ങള്‍ തിന്നുകഴിഞ്ഞു. രണ്ടുദിവസമായിരുന്നു ഞങ്ങള്‍ക്ക് ഒരു നേരം ഭക്ഷണം ഉണ്ടായിട്ട്.'
`നില്ക്കുക!' വായുവില്‍ തന്റെ കൈ ഉയര്‍ത്തിക്കൊണ്ട് ആ മനുഷ്യന് പറഞ്ഞു. ഒരു കറുത്ത കട്ട പുറത്തേയ്ക്ക് പറന്നു പറന്നു ഞങ്ങളുടെ അടുത്ത് ഉഴുതിട്ട നിലത്തു വന്നുവീണു. വിദ്യാര്‍ത്ഥി അതിന്റെ മീതെ പതിച്ചു.
`നില്ക്കുക, ഇതാ ഇനിയും, ഇനിയും, .......... അത്രേയേ ഉള്ളൂ. എന്റെ കയ്യില്‍ ഇനി ഇല്ല.'
വിദ്യാര്‍ത്ഥി ഈ യഥാര്ത്ഥനിധികള് ശേഖരിച്ചുകൊണ്ട്ുവന്നപ്പോള് അത് ഉദ്ദേശം നാലുറാത്തല് വരുന്ന, പഴകിയതും മണ്ണുകൊണ്ടു പൊതിയപ്പെട്ടതും ആയ കറുത്ത അപ്പമാണെന്നു ഞങ്ങള്‍ക്കു കാണുവാന്‍ സാധിച്ചു. ഒടുവില്‍ പറഞ്ഞ, അപ്പത്തിന്റെ അവസ്ഥ ഞങ്ങളെ അണുമാത്രമെങ്കിലും അസഹ്യപ്പെടിത്തിയില്ല. ആദ്യത്തേതു ഞങ്ങളെ വളരെയധികം പ്രീതിപ്പെടുത്തി. എന്തുകൊണ്ടെന്നാല്‍, കുറഞ്ഞ തണുപ്പുള്ളതുകൊണ്ട് പഴകിയ അപ്പമായിരുന്നു പുതിയതിനേക്കാള്‍ തൃപ്തികരം.
`ദേയ്...........ദേയ്.........ദേയ്' പട്ടാളക്കാരന് ഞങ്ങളുടെ ഓരോരുത്തരുടെയും പങ്ക്, ഞങ്ങള്‍ക്കു തന്നു. `അവ ഒപ്പമല്ല. നിങ്ങളുടേതില്‍ നിന്ന് ഒരുനുള്ളുകൂടി എടുക്കേണം എനിക്ക്, ഹേ പണ്ഡിതന്, അല്ലെങ്കില്‍ വേണ്ടിടത്തോളം ഉണ്ടാവുകയില്ല ഇയാള്‍ക്ക്.'
വിദ്യാര്‍ത്ഥി ഒരൗണ്‍സ് അപ്പത്തില്‍ ഒരു കുറഞ്ഞ ഭാഗത്തിന്റെ നഷ്ടത്തിന് അനുസരണത്തോടുകൂടി വഴങ്ങി. ഞാന്‍ ആ തുണ്ടം എടുത്ത് വായില്‍ ഇടുകയും, അത് ചവയ്ക്കാനൊരുമ്പെടുകയും ചെയ്തു. കല്ലുപോലും ചവച്ചരയ്ക്കാന്‍ സന്നദ്ധമായിരുന്ന എന്റെ കടവായിന്റെ ശക്തിമത്തായ ക്ഷോഭം അല്പമൊന്നു നിയന്ത്രിക്കുവാന്‍ നന്നെ പണിപ്പെട്ടുകൊണ്ട് ഞാനതു വളരെ സാവധാനം ചവച്ചുതുടങ്ങി. എന്റെ അന്നവാഹിനിയിലുള്ള മാംസപേശികളുടെ ശക്തിമത്തായ തുടിപ്പ് അറിയുന്നതിനും, അവയെ അല്‍പ്പാല്‍പ്പമായി ശമിപ്പിക്കുന്നതിനും എനിക്ക് രസകരമായ ഒരു തോന്നല്‍ ഉണ്ടായി. അവര്‍ണ്ണനീയവും പ്രകടനാതീതവും ആയ മാധുര്യം നിറഞ്ഞ അപ്പം, വായ നിറയെ, വായ നിറയെ ആയി ഉദരഗ്വഹരത്തിലേയ്ക്കു തിക്കിത്തിരക്കിക്കയറുകയും, അതേനിമിഷം തന്നെ അതു രക്തവും തലച്ചോറുമായി രൂപാന്തരപ്പെടുകയും ചെയ്യുന്നതുപോലെ തോന്നി. ആനന്ദം, അത്ഭുതാവഹവും, ശാന്തികരവും, ഉന്മേഷപ്രദവും ആയ ഒരാനന്ദം, വയറു നിറഞ്ഞു നിറഞ്ഞുവരുന്ന അളവനുസരിച്ച് ഹൃദയത്തില്‍ മിന്നിത്തിളങ്ങി. ആകപ്പാടെ പൊതുവായിട്ടുള്ള നില ഒരുമാതിരി മന്ദതയായിരുന്നു. ഈ ശപിക്കപ്പെട്ട കുറേ ദിവസങ്ങളിലായി ഞാന്‍ അനുഭവിച്ച ഒടുങ്ങാത്ത വിശപ്പും, എന്റേതുപോലെതന്നെ ആനന്ദമായ വികാരങ്ങളില്‍ നിര്ല്ലീനരായിരുന്ന എന്റെ സഹഗാമികളേയും, ഞാന്‍ വിസ്മരിച്ചു. എന്നാല്‍ എന്റെ ഉള്ളംകയ്യിലെ അവസാനഅപ്പക്കഷണവും, വായിലേക്കെറിഞ്ഞുകഴിഞ്ഞപ്പോള് ഒരു നശിച്ച വിശപ്പ് എനിക്കു തോന്നിത്തുടങ്ങി.
`ആ ചെകുത്താന്റെ കയ്യില്‍ കുറെക്കൂടി കാണുമായിരിക്കും, അയാളുടെ കയ്യില്‍ കുറെ ഇറച്ചിയും കൂടി കാണുമെന്നു ഞാന്‍ തീര്‍ത്തുപറയാം' പട്ടാളക്കാരന് നിലത്തിരുന്നു അയാളുടെ വയറു തിരുമ്മിക്കൊണ്ട് മുറുമുറുത്തു.
`തീര്ച്ചയാണയാളുടെ പക്കല്‍ ഉണ്ടെന്നുള്ളത്. അപ്പത്തിന് ഇറച്ചിയുടെ മണമുണ്ടായിരുന്നു. ഇനിയും അയാളുടെ കയ്യില്‍ അപ്പമുണ്ടെന്ന് എനിക്കു നിശ്ചയമുണ്ട്.' വിദ്യാര്‍ത്ഥി ഒരു ദീര്‍ഘനിശ്വാസത്തോടുകൂടി പറഞ്ഞു.
`ആ കൈത്തോക്കില്ലായിരുന്നു എങ്കില്‍.............'
`ആരാണയാള്‍, ഏ?'
`നമ്മുടെ സോദരന് ഐസാക്ക്, വാസ്തവം.'
`പട്ടി!' പട്ടാളക്കാരന് അവസാനിപ്പിച്ചു.
ഞങ്ങള്‍ തൊട്ടുതൊട്ടിരിക്കയായിരുന്നു, കൈത്തോക്കോടുകൂടിയിരുന്ന ഞങ്ങളുടെ രക്ഷകന്റെ നേരെ സഹായം അഭ്യര്‍ത്ഥിക്കുന്ന വീക്ഷണത്തോടുകൂടി. നിര്‍ജ്ജീവമായ ഒരു മൂകത ആ മൈതാനപ്പരപ്പു ഭരിച്ചിരുന്നു. ഞങ്ങള്‍ക്കു കേള്‍ക്കാന്‍ കഴിയുമായിരുന്നു, ഞങ്ങളുടെ ഓരോരുത്തരുടെയും ശ്വാസോച്ഛ്വാസം. അപ്പപ്പോള്‍ ആയി ഒരു `ചെവിയ'ന്റെ ദീനരോദനം അവിടെ ആഗമിച്ചു. നക്ഷത്രങ്ങള്‍, സ്വര്‍ഗ്ഗത്തിന്റെ ജീവിയ്ക്കുന്ന പുഷ്പങ്ങള്‍, പ്രകാശിക്കുന്നുണ്ടായിരുന്നു ഞങ്ങള്‍ക്കു മുകളില്‍.
................................................ ഞങ്ങള്‍ക്കു വല്ലാതെ വിശക്കുന്നു.
ആ, ഏതാണ്ട് വിചിത്രമായ നിശീഥത്തില്‍, ഞാന്‍ അഭിമാനത്തോടുകൂടി പറയാം, എന്റെ തക്കത്തിനു കിട്ടിയ കൂട്ടുകാരേക്കാള്‍, കൂടുതല്‍ നല്ലതോ ചീത്തയോ ആയിരുന്നില്ല ഞാന്‍ എന്ന്. ആ മനുഷ്യന്റെ അടുത്തേയ്ക്ക് പോകാമെന്നു ഞാന്‍ അഭിപ്രായപ്പെട്ടു. നമുക്കയാളെ യാതൊരുപദ്രവവും ചെയ്യേണ്ട ആവശ്യമില്ല. പക്ഷേ അയാളുടെ ഭക്ഷണസാധനങ്ങള്‍ മുഴുവന്‍ നമുക്ക് തിന്നണം. അയാള്‍ വെടി വെയ്ക്കുകയാണെങ്കില്‍ ആവട്ടെ, നമ്മള് മൂന്നുപേരുള്ളതില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്കുമാത്രമേ വെടിയേല്ക്കുവാന് തരമാവുകയുള്ളൂ, അതു തന്നെ അത്ര എളുപ്പവുമല്ല, അഥവാ ഒരാള്‍ക്കു വെടിയേല്ക്കുകയാണെങ്കില്ത്തന്നെ വ്രണം അത്ര അപായകരമായിത്തീരാനും തരമില്ല.
`വരിക!' ചാടി എഴുന്നേറ്റുകൊണ്ട് പട്ടാളക്കാരന് പറഞ്ഞു.
വിദ്യാര്‍ത്ഥി ഉള്ളതില്‍ പുറകിലായി, ഞങ്ങള്‍ മിക്കവാറും ഒരോട്ടത്തില്‍ അങ്ങോട്ടു പായി. `കൂട്ടുകാരാ!' ശകാരസ്വരത്തില്‍ പട്ടാളക്കാരന് വിളിച്ചു പറഞ്ഞു.
പല്ലു ഞെരിച്ചല്കൊണ്ടു പതറിയ ഒരു പരുക്കന്‍ ഗര്‍ജ്ജനം, മണിയടിപോലുള്ള ഒരു നേരീയ ശബ്ദം, ഒരു മിന്നിച്ച അതോടൊന്നിച്ച് ഒരുണ്ടയും പുറത്തേയ്ക്കൊരു ചാട്ടം.
`തെറ്റിപ്പോയെടാ ലാക്ക്' ഒരൊറ്റക്കുതിയില് ആ മനുഷ്യന്റെ സമീപം പറ്റിക്കൊണ്ട് പട്ടാളക്കാരന് ഉല്ഘോഷിച്ചു. `ഇപ്പോള്‍, എടാ പിശാചേ, ഇനി നിനക്കു കിട്ടും ഇത്.'
വിദ്യാര്‍ത്ഥി സ്വയം ആ മനുഷ്യന്റെ `ചേളാപ്പി'ല്‍ പതിച്ചു. `പിശാച്ു നിലത്തുരുണ്ടുകൊണ്ടും കൈകളെക്കൊണ്ടു തടുത്തുകൊണ്ടും കിടന്നുറക്കെ നിലവിളിക്കാന്‍ തുടങ്ങി.
`എന്തൊരു പിശാചു്' അയാളുടെ അമ്പരപ്പില്‍ പട്ടാളക്കാരന് പ്രലപിച്ചു. അയാള്‍ ആ മനുഷ്യനെ ചവിട്ടുവാനായി കാല് ഉയര്‍ത്തിക്കഴിഞ്ഞിരുന്നു. `അയാള്‍ സ്വയം അയാളെത്തന്നെ വെടിവെച്ചിരിക്കണം. ഹേയ്! എടോ! താന്‍ തന്നെത്തന്നെ വെടിവെച്ചോ?'
`ഇതാ ഇറച്ചി, ഇതാ പഴങ്ങള്‍, അപ്പം ഇവ ധാരാളം, സോദരന്മാരേ!, വിദ്യാര്‍ത്ഥി അതിരറ്റതായ ആനന്ദത്തില്‍ വിളിച്ചുപറഞ്ഞു.
`ഓ, ചാവട്ടെ, തുലയട്ടെ....... വന്നു തിന്നുക, കൂട്ടുകാരേ!' പട്ടാളക്കാരന് പറഞ്ഞു.
ഞാന്‍ ആ മനുഷ്യന്റെ കയ്യില്‍ നിന്നും കൈത്തോക്കെടുത്തു. അയാള്‍ കരച്ചിലെല്ലാം നിറുത്തി നിശ്ചലമായി കിടക്കുകയായിരുന്നു. ഒരുണ്ടകൂടി അടങ്ങീട്ടുണ്ടായിരുന്നു ആ തോക്കിനുള്ളില്‍.
വീണ്ടും ഞങ്ങള്‍ തിന്നുകയായി, മൗനത്തിലുള്ള തീറ്റ. മനുഷ്യനും ഒരു കാലുപോലും അനക്കാതെ നിശ്ചലമായി കിടന്നു. ഞങ്ങള്‍ ശ്രദ്ധയുടെ ഏറ്റവും തുച്ഛമായ ഒരു കണിക പോലുമയച്ചില്ല അയാളുടെ നേരെ.
`നിങ്ങളിതെല്ലാം ചെയ്തത് പരമാര്‍ത്ഥത്തില്‍ അപ്പത്തിനു മാത്രം വേണ്ടിയാണോ, സഹോദരന്മാരേ?' വിറയലുള്ള ഒരു പരുക്കന്‍ സ്വരം പെട്ടെന്നു ചോദിച്ചു.
ഞങ്ങളെല്ലാം ഞെട്ടി. വിദ്യാര്‍ത്ഥി ശ്വാസം മൂടി, നിലത്തുകിടന്നു ചുമയ്ക്കുക കൂടിചെയ്തു.
ഒരു കവിള് ആഹാരം ചവച്ചുകൊണ്ട് പട്ടാളക്കാരന് ശപിച്ചു.
`എടാ നായിന്റെ ജന്മമേ, നീ പൊട്ടിത്തെറിക്കുമോ ജീര്‍ണ്ണിച്ച ഒരു മരക്കൊള്ളിപോലെ? നീ വിചാരിച്ചോ ഞങ്ങള്‍ക്കു നിന്റെ തൊലിയുരിക്കുവാന് ആവശ്യമുണ്ടായിരുന്നു എന്ന്? എന്തു ഗുണമാണ് നിന്റെ തൊലി കൊണ്ട് ഞങ്ങള്‍ക്ക്? എടാ നാശംപിടിച്ച കള്ളുംകുടമേ! സ്വയം ആയുധം ധരിച്ചു വെടിവെയ്ക്കുന്നു മനുഷ്യരെ, പിശാച്.'
ഈ സമയമെല്ലാം അയാള്‍ തിന്നുകൊണ്ടിരുന്നതിനാല് അയാള്‍ ഉപയോഗിച്ച ഭാഷയുടെ ശക്തിയാകമാനം അതു കവര്‍ന്നിരുന്നു.
`ക്ഷമിക്കു, ഞങ്ങളുതു തിന്നു കഴിയുന്നതുവരെ. പിന്നെ ഞങ്ങള്‍ തീരുമാനിക്കാം നിന്നോടുകൂടി' നടുങ്ങുന്ന രീതിയില്‍ വിദ്യാര്‍ത്ഥി പറഞ്ഞു.
ഞങ്ങളെ ഭയപ്പെടുത്തിയ, തേങ്ങിത്തേങ്ങിക്കരയുന്ന ഒരു ദീനാരാവത്താല് ശിഥിലമാക്കപ്പെട്ട നിരാശയുടെ നിശ്ചലത.
`സഹോദരന്മാരേ!....... എങ്ങിനെയാണ് ഞാന്‍ അറിയുക? ഞാന്‍ വെടിവെച്ചു, എന്തുകൊണ്ടെന്നാല്‍ ഞാന്‍ ഭയപ്പെട്ടുപോയി. ഞാന്‍ ന്ന്യൂഏതന്സില് നിന്നും........ സ്മോലാന്സ്ക് സംസ്ഥാനത്തിലേക്കുള്ള പോക്കാണ്.... അയ്യോ ഈശ്വരാ, എനിക്കു പനി പിടിപെട്ടുപോയി..... സൂര്യന് മറഞ്ഞാല്‍ അതു വന്നുകൂടുന്നു. മഹാവല്ലാത്ത പാപിയാണ് ഞാന്‍!....... എനിക്കവിടെ തച്ചുപണിയായിരുന്നു..... തൊഴിലില്‍ ഒരു തച്ചനാണ് ഞാന്‍...... എനിക്ക് വീട്ടില്‍ ഒരു ഭാര്യയും, രണ്ട് കൊച്ചുപെണ്‍കുട്ടികളും ഉണ്ട്....... നാലുകൊല്ലമായി ഞാന്‍ അവരെ കണ്ടിട്ട്.......... സോദരന്മാരേ......... എല്ലാം തിന്നുക............'
`ഞങ്ങളതു ചെയ്തുകൊള്ളാം തന്റെ അനുവാദമില്ലാതെ തന്നെ.' വിദ്യാര്‍ത്ഥി പറഞ്ഞു.
`അയ്യോ ഈശ്വരാ, നിങ്ങള്‍ മൃദുലഹൃദയന്മാരും, ശാന്തന്മാരുമായ ആളുകളാണെന്നു മാത്രം ഞാനറിഞ്ഞിരുന്നുവെങ്കില്‍...... നിങ്ങള്‍ വിചാരിക്കുന്നോ ഞാന്‍ വെടിവെയ്ക്കുമായിരുന്നു എന്ന്? എന്നാല്‍ സഹോദരന്മാരെ, ഈ രാത്രി ഈ മൈതാനത്തില്‍ നിങ്ങള്‍ക്കെന്താണുള്ളത്?........... എന്നെയാണോ കുറ്റപ്പെടുത്തേണ്ടത് ഇതില്‍?'
അയാള്‍ പറയുമ്പോള്‍ കരയുകയായിരുന്നു. അല്ലെങ്കില്‍ കൂടുതല്‍ ശരിയായിട്ട്, ഒരു വിറപൂണ്ട ഭയാകുലമായ ദീനസ്വരം വമിക്കുകയായിരുന്നു.
`ഇതാ അയാള്‍ മോങ്ങിത്തുടങ്ങുന്നു' പട്ടാളക്കാരന് വെറുപ്പോടുകൂടിയ സ്വരത്തില്‍ പറഞ്ഞു.
`അയാളുടെ കൈവശം പക്ഷേ കുറേ പണമുണ്ടായിരിക്കാം.' വിദ്യാര്‍ത്ഥി അഭിപ്രായപ്പെട്ടു.
പട്ടാളക്കാരന് അയാളുടെ കണ്ണുകള്‍ പകുതി അടച്ച്, അയാളുടെ നേരെ നോക്കി, ചിരിച്ചു.
`നിങ്ങള്‍ ഒരു നല്ല ആളാണ് ഊഹിയ്ക്കുന്നതില്............. വരിക, നമുക്ക് ഒരു തീപുട്ടി കിടക്കാന്‍ പോകാം.'
`പിന്നെ അവന്റെ കാര്യമെന്താ?' വിദ്യാര്‍ത്ഥി തിരക്കി.
`അവനേതു പിശാചിന്റെ അടുത്തെങ്കിലും പോകട്ടെ. നിങ്ങള്‍ക്കവനെ വറുത്തുപൊരിക്കണമെന്നില്ലല്ലോ, ഏ?'
`അവന് അര്ഹിക്കുന്നുണ്ടത്.' വിദ്യാര്‍ത്ഥി അയാളുടെ കൂര്‍ത്തു മുനയോടുകൂടിയ തല കുലുക്കി.
തന്റെ ദീനരോദനത്താല്‍ തച്ചന് ഞങ്ങളെ തടഞ്ഞുനിര്‍ത്തിയപ്പോള്‍, കയ്യില്‍ നിന്നും വീണുപോയ, ഞങ്ങള്‍ ശേഖരിച്ചിരുന്ന, സാധനങ്ങള്‍ കണ്ടുപിടിക്കുവാന്‍ ഞങ്ങള്‍ പോയി. ഞങ്ങള്‍ അത് കൊണ്ടുവന്ന് ഒരഗ്നികുണ്ഡത്തിന്റെ മുമ്പില്‍ ഇരിക്കയായി. ഞങ്ങള്‍ ഇരുന്നിരുന്ന കുറച്ച് സ്ഥലം പ്രശോഭിപ്പിച്ചുകൊണ്ട് അതു മന്ദംമന്ദം ആ നിശ്ചലനിശീഥത്തില് കത്തിക്കാളി. വീണ്ടും അത്താഴം കഴിക്കുവാന്‍ കഴിഞ്ഞതുനിമിത്തം ഞങ്ങള്ക്കുറക്കം വന്നു.
`സഹോദരന്മാരേ,' തച്ചന് വിളിച്ചു. അയാള്‍ തങ്ങളില്‍ നിന്നും മൂന്നു കാല്ച്ചുവടകലത്തില് കിടക്കുകയായിരുന്നു. എനിക്കുതോന്നി അയാള്‍ മന്ത്രിക്കുന്നതെനിക്കു കേള്‍ക്കുവാന്‍ സാധിക്കുമായിരുന്നു, എന്ന്.
`ശരി. എന്താ?' പട്ടാളക്കാരന് ചോദിച്ചു.
`എനിക്കു വരാമോ നിങ്ങളുടെ അടുത്ത്.......... തീയിന്റെ അടുത്ത്? ഞാന്‍ മരിക്കുന്നു........... എന്റെ എല്ലുകളെല്ലാം വേദനിക്കുന്നു.......... അയ്യോ, ഈശ്വരാ, എനിക്കൊരിക്കലും വീടുപറ്റാനാവുകയില്ല......................'
`ഇങ്ങോട്ടിഴഞ്ഞു വരിക!' വിദ്യാര്‍ത്ഥി പറഞ്ഞു.
പതുക്കെ ഒരു കയ്യോ കാലോ പോകുന്നതിലുള്ള ഭയത്തോടുകൂടി, തച്ചന് നിലത്തുകൂടി തിയ്യിന്റെ അടുത്തേയ്ക്കു നിരങ്ങി. അയാള്‍ ചടച്ചു പൊക്കം കൂടിയ ഒരാളായിരുന്നു. അയാളുടെ വസ്ത്രങ്ങള്‍ ഭയങ്കരമാംവണ്ണം അഴിഞ്ഞുലഞ്ഞു ദേഹത്തില്‍ തൂങ്ങിക്കിടക്കുകയും, അയാളുടെ വിസ്താരമുള്ള വിഹ്വലനേത്രങ്ങളില് അയാള്‍ അനുഭവിച്ചിരുന്ന വേദന പ്രതിഫലിക്കയും ചെയ്തിരുന്നു. അയാളുടെ ചുക്കിച്ചുളുങ്ങിയ മുഖം വികൃതമായും, തീയിന്റെ വെളിച്ചത്താല്പോലും അതിന്റെ വര്‍ണ്ണം പീതവും തേജഃശൂന്ന്യവും ആയും കാണപ്പെട്ടു. അയാളാകപ്പാടെ വിറയ്ക്കുകയായിരുന്നു. ഞങ്ങള്‍ക്കയാളുടെ പേരില്‍, അല്‍പ്പം കോപം കലര്ന്നതെങ്കിലും ഒരനുകമ്പ തോന്നി. തന്റെ നീണ്ടുശോഷിച്ച കാലുകള്‍ തീയിനടുത്തേയ്ക്ക് നെടുകെ നീര്ത്തിവെച്ചുകൊണ്ട് അയാള്‍ തന്റെ എല്ലന്‍ വിരലുകളെല്ലാം വലിച്ചും, ഞൊട്ടയടിച്ചും, മന്ദമായും, ബലഹീനമായും തടവാന്‍ തുടങ്ങി. എല്ലാ കാര്യങ്ങളും പറഞ്ഞുതീര്‍ന്നപ്പോള്‍, ഒന്നു നോക്കുന്നതിനുപോലും തൃപ്തിതോന്നാത്തവിധം അത്ര ദയനീയസ്ഥിതിയിലാണയാള് എന്നു തോന്നി.
`എന്തുകൊണ്ടാണ് നിങ്ങളീനിലയിലും കാല്‍നടയായും സഞ്ചരിക്കുന്നത്? നീചം. ഏ?, പട്ടാളക്കാരന് പതിഞ്ഞമട്ടില്‍ ചോദിച്ചു.
`അവന് എന്നോടുപദേശിച്ചുപോകരുത്........... വെള്ളംവഴി................ എന്നാല്‍ ക്രിമിയായില്കൂടി വരുന്നതിന്നു.......... വായുമൂലം............. അവര്‍ പറഞ്ഞു.......... എന്റെ സഹോദരന്മാരേ............... എനിക്കു തുടരുവാന്‍ സാധിക്കുന്നില്ല.......... ഞാന്‍ മരിക്കുന്നു......... ഞാന്‍ ഈ മൈതാനത്തില്‍ ഏകനായി മരിക്കാം......... പക്ഷികള്‍ എന്നെ കൊത്തിപ്പെറുക്കും, ആരും എന്നെ തിരിച്ചറിയുകയില്ല.......... എന്റെ ഭാര്യ.......... എന്റെ കൊച്ചുപെണ്കുഞ്ഞുങ്ങള്, കാത്തിരിക്കയാണ് എന്നെ....... ഞാന്‍ അവര്‍ക്കെഴുതി....... ഈ മൈതാനപ്പരപ്പിലെ മഴകൊണ്ടു കഴുകപ്പെടും എന്റെ അസ്ഥികള്‍............... ഈശ്വരാ, ഈശ്വരാ!'
അയാള്‍ ഒരു വ്രണിതവൃകത്തെപ്പോലെ വിലപിച്ചു.
`ഓ, നരകം!' പട്ടാളക്കാരന് കോപാവിഷ്ടനായി ചാടിയെഴുന്നേറ്റു ഗര്‍ജ്ജിച്ചു. `നിര്‍ത്തുക തന്റെ മോങ്ങല്. ഞങ്ങള്‍ക്കു സ്വൈരം തരിക! ചാവുന്നോ താന്‍? ശരി. എന്നാലങ്ങിനെയാകട്ടെ, ഞങ്ങളെ അതു സംബന്ധിച്ചു പിച്ചുപിടിപ്പിക്കാതിരിക്കൂ! തന്നെ ഞങ്ങള്‍ വെടിയുകയില്ല.'
`ഒരു കിഴുക്ക് കൊടുക്കൂ അയാളുടെ തലയ്ക്ക്.' വിദ്യാര്‍ത്ഥി അഭിപ്രായപ്പെട്ടു.
`നമുക്കുറങ്ങാന്‍ പോകാം.' ഞാന്‍ പറഞ്ഞു. `പിന്നെ നിങ്ങളെ സംബന്ധിച്ചേടത്തോളം നിങ്ങള്‍ക്കു തിയ്യിന്റെ അടുത്തിരിക്കണം എന്നുണ്ടെങ്കില്‍ കിടന്നു മോങ്ങാന്‍ പാടില്ല.'
`താന്‍ കേള്‍ക്കുന്നുണ്ടോ?' പട്ടാളക്കാരന് കോപത്തോടുകൂടി ചോദിച്ചു. `ആ ആളെന്തുപറയുന്നുവോ അങ്ങിനെ ചെയ്യുക. താന്‍ വിചാരിക്കുന്നോ ഞങ്ങള്‍ അനുശോചിച്ചു തന്നെ എടുത്തു ശുശ്രൂഷിക്കാന്‍ പോവുകയാണ്, താനൊരു കഷണം അപ്പം ഞങ്ങള്‍ക്കു വലിച്ചെറിഞ്ഞു തന്നിട്ടു ഞങ്ങളുടെ നേരെ വെടിവെച്ചതുകൊണ്ട്, എന്ന്? മറ്റുള്ളവര്‍.................ഫൂ.'
പട്ടാളക്കാരന് ഉപസംഹരിച്ചിട്ടു നിലത്തു മലര്‍ന്നു കിടന്നു. വിദ്യാര്‍ത്ഥി പണ്ടേതന്നെ കിടന്നുകഴിഞ്ഞിരുന്നു. ഞാനും കിടപ്പായി. ഭയപരവശനായ തച്ചന് ചുരുണ്ടുകൂടി തീയിനടുത്തേയ്ക്കു നീങ്ങി, മൗനമായി അതിനുള്ളില്‍ മിഴിച്ചുനോക്കിക്കൊണ്ടിരുന്നു. ഞാനയാള്ക്കുതൊട്ടു വലത്തുവശം കിടന്നിരുന്നതുകൊണ്ട് എനിക്ക് കേള്‍ക്കാമായിരുന്നു അയാളുടെ പല്ലുകള്‍ കൂട്ടിയടിക്കുന്ന `കിടുകിടാ'രവം. വിദ്യാര്‍ത്ഥി ഇടത്തുവശത്ത് വളഞ്ഞ് ചെരിഞ്ഞു മിക്കവാറും ഉറങ്ങിക്കിടക്കുകയായിരുന്നു. പട്ടാളക്കാരന് മുഖം മുകളിലേയ്ക്കാക്കി, തലയ്ക്കു താഴെ കയ്യം വെച്ചു, ആകാശത്തേയ്ക്കു നോക്കിക്കൊണ്ടു കിടന്നു.
`എന്തൊരു രാത്രി, തീര്‍ച്ചയായും! എത്ര വളരെ നക്ഷത്രങ്ങള്‍! ഉഷ്ണമുള്ളതുപോലെ തോന്നുന്നു!' കുറച്ചു നേരംകഴിഞ്ഞ് അയാള്‍ എന്റെ നേരെ തിരിഞ്ഞു. ഞാന്‍ തുടര്‍ന്നു: `എന്തൊരാകാശം! ഒരാകാശത്തേക്കാള്, ഒരു കമ്പിളിപ്പുതപ്പ് എന്നപോലെ തോന്നുന്നു. ഞാനിഷ്ടപ്പെടുന്നുണ്ട്, സ്നേഹിതാ, ഈ അലഞ്ഞു നടക്കുന്ന ജീവിതം.... ഇതു തണുത്തതും വിശപ്പിനാല്‍ നിറയപ്പെട്ടതും ആയ ഒരു ജീവിതമായിരിക്കാവൂ. എന്നാല്‍ ഇതു സ്വതന്ത്രമാണ്...... ആരുമില്ല നിങ്ങളില്‍ അധികാരം ചുമത്തുവാന്‍....... നിങ്ങളാണ് നിങ്ങളുടെ സ്വന്തം യജമാനന്........ നിങ്ങള്‍ക്കു നിങ്ങളുടെ തലതന്നെ കടിച്ചെടുത്തുകളയേണമെങ്കില് ഒരുത്തനു പറയാന്‍ കഴികയില്ല അരുത് എന്ന്....... എത്ര നല്ലത്! ഈ ദിവസങ്ങളിലുള്ള വിശപ്പ് എന്നെ ദുര്വൃത്തനാക്കിത്തീര്ത്തു........ എന്നാല്‍ ഇതാ ഞാനിപ്പോള്‍ ഇവിടെ ആകാശത്തേയ്ക്ക് നോക്കിക്കിടക്കുന്നു. നക്ഷത്രങ്ങള്‍ എന്നെ കണ്ണുചിമ്മി നോക്കുകയാണ്. അവര്‍ പറയുന്നതുപോലെ തോന്നുന്നു, `സാരമില്ല, ലാക്ക്ടിന്, ഭൂമിയില്‍ ചുറ്റിത്തിരിയുക, പഠിക്കുക, എന്നാല്‍ ആര്‍ക്കുംതന്നെ വഴികൊടുക്കരുത്! എന്ന്....... ഹാ! എത്ര ഉന്മേഷപൂര്ണ്ണമായിട്ടുള്ള ഒരു വികാരം ഹൃദയത്തില്‍ തോന്നുന്നു! പിന്നെ നിങ്ങള്ക്കെങ്ങിനെയിരിക്കുന്നു, ഹേ തച്ചന്! നിങ്ങള്‍ കോപിച്ചിരിക്കയായിരിക്കാം എന്റെ നേരെ. ഒന്നിനേയും തന്നെ ഭയന്നിട്ടു യാതൊരാവശ്യവുമില്ല............ ഞങ്ങള്‍ നിങ്ങളുടെ അപ്പം എടുത്തു തിന്നു എങ്കില്‍, അതുകൊണ്ടെന്ത്? നിങ്ങള്ക്കപ്പം ഉണ്ടായിരുന്നു, ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ അത് എടുത്ത് തിന്നു......... പിന്നെ ഒരു കാട്ടുജാതിക്കാരനെപ്പോലെ, നിങ്ങള്‍ ഞങ്ങളുടെ നേരെ വെടിവെച്ചു. നിങ്ങള്‍ എന്നെ കോപിഷ്ഠനാക്കിത്തീര്ത്തു. നിങ്ങള്‍ വീണിട്ടില്ലായിരുന്നുവെങ്കില് നിങ്ങളുടെ മുഠാളത്തരത്തിനു ഞാന്‍ പകരം വീട്ടുമായിരുന്നു. അപ്പത്തെ സംബന്ധിച്ചടുത്തോളം, നിങ്ങള്‍ നാളെ `പെറിക്കോ'വിലെത്തും, നിങ്ങള്‍ക്കു കുറെ വാങ്ങിക്കാന്‍ കഴിയും. അവിടെനിന്ന്......... നിങ്ങളുടെ കയ്യില്‍ പണമുണ്ട്, എനിക്കറിയാം........ എത്രകാലമായി നിങ്ങള്‍ക്കു പനിപിടിപെട്ടിട്ട്?'
കുറച്ചധികനേരത്തേയ്ക്ക് എനിക്കു കേള്‍ക്കുവാന്‍ കഴിഞ്ഞിരുന്നു പട്ടാളക്കാരന്റെ ഉച്ചത്തിലുള്ള ശബ്ദത്തിന്റെ മാറ്റൊലികളും, തച്ചന്റെ വിറപൂണ്ട ദീനസ്വരവും. ഇരുണ്ട, മിക്കവാറും കറുത്ത, രാത്രി ഭൂമിയിലേയ്ക്ക് കൂടുതല്‍ കൂടുതല്‍ താഴോട്ടിറങ്ങി. മാര്ത്തടമാകമാനം സുരഭിയായ കുളിര്വായുവാല് പരിപൂര്‍ണ്ണമായിരുന്നു. തീക്കുണ്ഡം ഒരു നേരിയ വെളിച്ചവും, സുഖകരമായ ചൂടും വമിച്ചു. കണ്ണുകള്‍ അടയുകയും, മയക്കത്തില്ക്കൂടി സമാധാനകരമായ വിശുദ്ധീകരിക്കുന്ന, ഒരു ശക്തിവിശേഷം സമാഗതമാവുകയും ചെയ്തു.
`എഴുന്നേല്ക്കുക! വേഗം! നമുക്ക് പോകാം!'
എന്റെ കാലുറയിന്മേല് പിടിച്ചു വലിച്ചെഴുന്നേല്പ്പിക്കുന്ന പട്ടാളക്കാരന്റെ സഹായത്തോടുകൂടി ഞാന്‍ ഒരു ഹൃദയസ്പൃക്കായ വികാരസമേതം ചാടി എഴുന്നേറ്റു.
`വരിക, വേഗം നടക്കുക!'
അയാളുടെ വദനം, ഗൗരവവും പരിഭ്രമവും ഉള്ളതായിരുന്നു. ഉദിക്കുന്ന സൂര്യന്റെ ശോണകിരണങ്ങള് ആ തച്ചന്റെ നിശ്ചലനീലിമയാര്ന്ന മുഖത്തു പതിച്ചു. അയാളുടെ വായ് തുറന്നുകിടന്നിരുന്നു. ഭയദ്യോതകമായ വിധത്തില്‍, പുറത്തേയ്ക്കുന്തി, തിളങ്ങുന്ന ഒരു പകപ്പോടുകൂടി തുറിച്ചുനോക്കിക്കൊണ്ടിരുന്നു അയാളുടെ കണ്ണുകള്‍. അയാളുടെ വസ്ത്രങ്ങള്‍ ശിഥിലവും, അയാളുടെ ഭാവം അപ്രകൃതവും അതിദാരുണവുമായിരുന്നു.
`കണ്ടതുപോരേ? വരിക, ഞാന്‍ പറയുന്നു.' പട്ടാളക്കാരന് എന്റെ കൈക്കുപിടിച്ചു വലിച്ചു.
`അയാള്‍ മരിച്ചുവോ?' പ്രഭാതവാതാലിംഗനത്താല് കമ്പിതനായി ഞാന്‍ ചോദിച്ചു.
`ഞാനങ്ങിനെ പറയാം. ഞാന്‍ നിങ്ങളെ ഞെക്കിക്കൊന്നിരുന്നു എങ്കില്‍ നിങ്ങളും മരിച്ചേനേ, ഇല്ലേ?' പട്ടാളക്കാരന് വിവരിച്ചു.
`ആ വിദ്യാര്‍ത്ഥി?' ഞാന്‍ ചോദിച്ചു.
`അല്ലാതാര്? നിങ്ങള്‍, ഒരുപക്ഷേ? അല്ലെങ്കില്‍ ഞാന്‍? നിങ്ങളും നിങ്ങളുടെ പണ്ഡിതനും. നല്ലപുള്ളി. അയാള്‍ അയാളുടെ കാര്യം നോക്കിയിട്ട്, നമ്മളെ വല്ലാത്ത ഒരു നട്ടംതിരിച്ചലില് ഇട്ടേച്ചു കടന്നു. ഞാനിത് ഇന്നലെയെങ്കിലും അറിഞ്ഞിരുന്നു എങ്കില്‍, ഞാന്‍ തന്നെ ആ `വിദ്യാര്‍ത്ഥി'യെ കൊന്നുകളയുമായിരുന്നു. ഞാനവനെ കാച്ചിയേനേ ഒരൊറ്റ അടിക്ക്. കരണത്തൊരു കീറ്, ലോകത്തില്‍ ഒരു കാലകിങ്കരന്‍ കുറവ്. നിങ്ങള്‍ക്കു മനസ്സിലാകുന്നോ അയാളെന്താ ചെയ്തതെന്ന്? ഈ മൈതാനപ്പരപ്പില് ഒരൊറ്റ മനുഷ്യദൃഷ്ടിയെങ്കിലും കാണരുത് നമ്മെ. നമുക്കിപ്പോള്‍ കടക്കണം, മനസ്സിലായോ? അവര്‍ ഇന്നു കണ്ടെത്തും കൊള്ളചെയ്തു കൊലപ്പെടുത്തിയിട്ടുള്ള ഈ തച്ചനെ. നമ്മെപ്പോലുള്ളവരുടെ പുറകെയായിരിക്കും അവരുടെ നോട്ടം. അവര്‍ ചോദിക്കും നമ്മള് എവിടെ നിന്നു വരുന്നു എന്ന്....... എവിടെ നമ്മള് ഉറങ്ങി എന്ന്. പിന്നെ അവര്‍ നമ്മെ പിടികൂടും.......... നമ്മുടെ കയ്യില്‍ യാതൊന്നും ഇല്ലെങ്കിലും.............. എന്നാല്‍ ഇതാ അയാളുടെ കൈത്തോക്കെന്റെ മാറില്‍...........'
`വലിച്ചെറിഞ്ഞു കളയുക അത്.' ഞാന്‍ അയാളെ തെര്യപ്പെടുത്തി.
`എന്തിന്?' അയാള്‍ ആലോചനാപൂര്‍വ്വം ചോദിച്ചു, `ഇത് വിലയുള്ള ഒരു വസ്തുവാണ്......... അവര്‍ നമ്മെ പിടിക്കരുത്, അത്രതന്നെ............. ഇല്ല, ഞാനിതു വലിച്ചെറിഞ്ഞു കളയുകയില്ല. മൂന്ന് `റൂബിള്‍' വില വരും ഇതിന്. പിന്നെ, ഇതില്‍ ഒരു ഉണ്ടകൂടി ഉള്ളില്‍ ഉണ്ട്. ഞാനത്ഭുതപ്പെടുന്നു, എത്രമാത്രം പണം അയാള്‍ ഇയാളെ കൊള്ളചെയ്തെടുത്തു. എന്തു വര്‍ക്കത്തുകെട്ട പിശാച്!'
`ആ തച്ചന്റെ പെണ്മക്കളുടെ കാര്യത്തില്‍' ഞാന്‍ പറഞ്ഞു.
`പെണ്മക്കള്? എന്തു പെണ്മക്കള്? ഹോ അയാളുടെ....... കൊള്ളാം, അവര്‍ വളര്‍ന്നുവരും. പിന്നെ, അവര്‍ വിവാഹം ചെയ്യുവാന്‍ പോകുന്നതു നമ്മെ അല്ലാത്തതിനാല്‍ നാം അവരെപ്പറ്റി ക്ലേശിക്കേണ്ട......... വരിക, സഹോദരാ, വേഗം............ എവിടേയ്ക്കാണ് നാം പോവുക?'
`എനിക്കറിഞ്ഞുകൂടാ. എങ്ങോട്ടായാലും ഒരു വ്യത്യാസവുമില്ല.'
`എനിക്കുമറിഞ്ഞുകൂടാ, പിന്നെ എങ്ങോട്ടായാലും ഒരു വ്യത്യാസവും ഇല്ലെന്നുള്ളത് എനിക്കും അറിയാം. വലത്തോട്ടുപോകാം നമുക്ക്. സമുദ്രം അവിടെയായിരിക്കണം.'
ഞാന്‍ പിന്നിലേയ്ക്കു തിരിഞ്ഞു. ഞങ്ങളില്‍ നിന്നും ഒട്ടകലെ ആ മൈതാനത്തില്‍ ഒരു കറുത്ത കുന്നു പൊങ്ങിനിന്നിരുന്നു. അതിനു മുകളില്‍ സൂര്യന് മിന്നിത്തിളങ്ങി.
`അയാള്‍ക്കു ജീവനുണ്ടോ, എന്നറിയുവാന്‍ നോക്കുകയാണോ? നിങ്ങള്‍ ഭയപ്പെടേണ്ട. അവര്‍ നമ്മെ പിടിക്കുകയില്ല. നമ്മുടെ ആ പണ്ഡിതന് ഒരു സമര്‍ത്ഥനായ പയ്യന് തന്നെ. കാര്യം നല്ലപോലെ കണ്ടു........ നമ്മെ അസ്സലായിട്ടു കുന്തത്തിലും കേറ്റി. ഏയ്, സഹോദരാ, ആളുകള്‍ കൂടുതല്‍ കൂടുതല്‍ അറിവുള്ളവരായിത്തീരുകയാണ്. കൊല്ലങ്ങള്‍ ഓരോന്നു ചെല്ലുംതോറും അവര്‍ ഉപര്യുപരി വിജ്ഞന്മാരായിത്തീരുന്നു' പട്ടാളക്കാരന് വ്യസനപൂര്‍വ്വം പറഞ്ഞു!
വിജനവും, മൂകവും ആയിരുന്ന ആ മൈതാനപ്പരപ്പ്, പ്രഭാതസൂര്യാഭയില് നീരാടി, ചക്രവാളത്തെ ചുംബനം ചെയ്തുകൊണ്ട് ഞങ്ങളുടെ നേത്രങ്ങള്‍ക്കു മുമ്പില്‍ പരന്നുകിടന്നു. അതു പ്രശാന്തമായ ഒരു കാരുണ്യപ്രദീപത്താല് പ്രശോഭിതമായിരുന്നു. ആകാശമാകുന്ന നീല മേലാപ്പോടുകൂടിയ അപ്രതിബന്ധിതമായ ആ മൈതാനപ്പരപ്പില്, യാതൊരു നീതിരഹിതമായ ഇരുണ്ട കൃത്യങ്ങള്‍ക്കും സുസാദ്ധ്യമല്ലെന്നപോലെ തോന്നി.
`എനിക്കു വിശക്കുന്നു സഹോദരാ!' എന്റെ കൂട്ടുകാരന് ആദായമുള്ള പുകയിലകൊണ്ടു തെറുത്ത ഒരു സിഗററ്റ് വലിച്ചുകൊണ്ട് പറഞ്ഞു:
`നമ്മള്, എവിടെ, എന്താണ് തിന്നുക?'
`അത് ഉത്തരം കണ്ടുപിടിക്കേണ്ട ഒരു ചോദ്യക്കണക്കാണ്.'
* * * * * *
കഥപറയലുകാരന്, ഒരാസ്പത്രിയില്‍ എന്റേതിന്നടുത്തുള്ള ഒരു മെത്തയില്‍ കിടന്നിരുന്ന ഒരാള്‍, ഇതുംകൂടി പറഞ്ഞ് ഉപസംഹരിച്ചു. `അത്രതന്നെ. പട്ടാളക്കാരനും ഞാനും വലിയ സ്നേഹിതന്മാരായിത്തീര്ന്നു. ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ചു കാരാസംസ്ഥാനംവരെ നടന്നുപോയി. അയാള്‍ ദയവുള്ളവനും പഴമ പരിചയക്കാരനും, പറ്റിയ ഒരു കൂട്ടുകാരനും ആയിരുന്നു. എനിക്കു വലിയ ബഹുമാനമുണ്ടായിരുന്നു അയാളുടെ പേരില്‍. ഞങ്ങള്‍ ഏഷ്യാമൈനര്‍ വരെ ഒന്നിച്ച് പോവുകയും പിന്നീട് അന്ന്യോന്ന്യം അദൃഷ്ടരാകയും ചെയ്തു................'
`നിങ്ങളെപ്പോഴെങ്കിലും ഓര്‍ക്കുന്നുണ്ടോ, ആ തച്ചനെ?' ഞാന്‍ ചോദിച്ചു.
`നിങ്ങള്‍ കണ്ടിട്ടുള്ളപോലെ, അല്ലെങ്കില്‍ വേണ്ട, നിങ്ങള്‍ കേട്ടിട്ടുള്ളപോലെ'
`കൂടുതലായിട്ടില്ലേ?'
അയാള്‍ ചിരിച്ചു.
അയാളെപ്പറ്റി വിചാരിക്കുവാന്‍, എന്നില്‍ നിന്നും എന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? എനിക്ക് എന്തു സംഭവിച്ചോ അതിനു നിങ്ങളെയാണ് കുറ്റം പറയാനുള്ളത് എങ്കില്‍, അതിനേക്കാള്‍ ഒട്ടും കൂടുതലായിട്ടില്ല, അയാള്‍ക്കെന്തു സംഭവിച്ചോ, അതില്‍ എന്നെ കുറ്റപ്പെടുത്തുവാന്‍......... ഒന്നിനും ആരെയും കുറ്റപ്പെടുത്തുവാനില്ല. എന്തുകൊണ്ടെന്നാല്‍ നാം എല്ലാവരും ഒന്നുപോലെയാണ് -- മൃഗങ്ങള്‍!'
വെളുത്ത അമ്മ
ഈസ്റ്റര്‍ അടുത്തുതുടങ്ങി. എസ്പര് കോണ്സ്റ്റാന്റിനോയിച്സക്സാലോ ആലസ്യാത്മകമായ ഒരു ദുര്ഘടസ്ഥിതിയിലായിത്തീര്ന്നു. `ഗോറൊഡിഷ്കി' തറവാട്ടില്‍വെച്ച് എവിടെയാണ് നിങ്ങള്‍ പെരുന്നാള്‍ കഴിച്ചുകൂട്ടുവാന്‍ പോകുന്നത്? എന്ന് ആരോ ചോദിച്ചതു മുതലായിരുന്നു മിക്കവാറും ഇതിന്റെ ആരംഭം.
ഏതോ ചില കാരണങ്ങളാല്‍ സക്സാലോ മറുപടി പറയുവാന്‍ അല്പം മടികാണിച്ചു. തടിച്ചു പൊക്കം കുറഞ്ഞ്, ധൃതഗതിക്കാരിയായ ഗൃഹനായിക പറഞ്ഞു, `ഞങ്ങളുടെ അടുത്തു വരിക.'
സക്സാലോ പീഡിതനായി. മാതാവിന്റെ വാക്കുകള്‍ കേട്ട് അയാളെ ക്ഷണത്തില്‍ കടാക്ഷിക്കുകയും, ആ സ്ത്രീ സംഭാഷണം തുടര്‍ന്നപ്പോള്‍, പെട്ടെന്നു തന്റെ വീക്ഷണം പിന്‍വലിക്കുകയും ചെയ്ത ആ ചെറുപ്പക്കാരി പെണ്കിടാവാണോ അതിനു കാരണം? എന്തോ!
പ്രായം ചെന്ന പെണ്കിടാങ്ങളുള്ള മാതാക്കളുടെ ദൃഷ്ടിയില്, സക്സാലോ സ്വീകാരയോഗ്യനായ ഒരു യുവാവായിരുന്നു. ഈ സംഗതി അയാളെ നീരസപ്പെടുത്തി. പ്രായംചെന്ന അവിവാഹിതനായിട്ടാണ് തന്നെ അയാള്‍ പരിഗണിച്ചിരുന്നത്. പക്ഷേ അയാള്‍ക്കു വയസ്സു മുപ്പത്തേഴേ ആയിരുന്നുള്ളൂ. അയാള്‍ ചുരുക്കിപ്പറഞ്ഞു-- `നിങ്ങള്‍ക്കു വന്ദനം. ഞാന്‍ എല്ലായ്പ്പോഴും ഈ രാത്രി വീട്ടില്‍ കഴിക്കുകയാണ് പതിവ്.'
ആ പെണ്‍കൊടി അയാളുടെ നേരെ ഒളികണ്ണിട്ടുനോക്കിക്കൊണ്ട്, പുഞ്ചിരിതൂകിപ്പറഞ്ഞു: `ആരുടെ കൂടേ?'
`തനിച്ച്.' തന്റെ സ്വരത്തില്‍ ഒരു നേരീയ ആശ്ചര്യത്തോടുകൂടി സക്സാലോ പ്രതിവചിച്ചു.
`എന്തൊരു മനുഷ്യവിദ്വേഷി!' മാഡംഗോറോഡിഷ്കി ഒരു പുളിച്ച പുഞ്ചിരിയോടുകൂടിപ്പറഞ്ഞു.
സക്സാലോ തന്റെ സ്വാതന്ത്ര്യം ഇഷ്ടപ്പെട്ടു. ഒരിക്കല്‍ താന്‍ വിവാഹം ചെയ്യാറാവുന്നതുവരെ എത്തിയത് എങ്ങിനെ എന്നോര്‍ത്ത് അയാള്‍ അത്ഭുതപ്പെടാറുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു. വൃത്തിയായി സൂക്ഷിക്കപ്പെട്ടിരുന്ന തന്റെ മാളികയുടെ മുകളില്‍, ഗൗരവക്കാരനായ ആ വൃദ്ധഭൃത്യന്, ഫെഡറ്റിനോടും, ആഹാരസാധനങ്ങള്‍ പാകം ചെയ്തുപോന്ന അയാളുടെ ഭാര്യ ക്രിസ്റ്റൈവിനോടും മാത്രമായിരുന്നു അയാള്‍ക്കു പരിചയം. അയാള്‍ക്കു പൂര്‍ണ്ണമായി ബോധ്യപ്പെട്ടു താന്‍, വിവാഹം ചെയ്യാത്തതു തന്റെ പ്രഥമരാഗിണിയോടു വിശ്വസ്തനായിരിപ്പാനാഗ്രഹിച്ചതുകൊണ്ടാണ്, എന്ന്. പരമാര്‍ത്ഥത്തില്‍ ഏകാന്തവും ഉദ്ദേശശൂന്ന്യവുമായ ജീവിതത്തിന്റെ ഫലമായ മാറ്റത്താല്‍ അയാളുടെ ഹൃദയം മരവിച്ചുപോയിരുന്നു. അയാളുടെ അച്ഛനും അമ്മയും പരലോകം പ്രാപിച്ചിട്ട്, കാലം കുറെ അധികമായിരുന്നതിനാലും, അടുത്ത ചാര്‍ച്ചക്കാരായി മറ്റാരുംതന്നെ ഇല്ലാതിരുന്നതുകൊണ്ടും, സ്വതന്ത്രമായി ജീവിക്കുവാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ അയാള്‍ക്കുണ്ടായിരുന്നു. അയാള്‍ നിര്ണ്ണീതവും, പ്രശാന്തവുമായ ഒരു ജീവിതം നയിക്കുകയും, ഏതോ വകുപ്പുകളിലൊന്നില്‍, ഒരു ജോലി നോക്കുകയും, ആത്മാര്‍ത്ഥമായി, സമകാലീനസാഹിത്യകലകളുമായി, പരിചയപ്പെടുകയും, അങ്ങിനെ ജീവിതത്തിന്റെ നല്ല സംഗതികളില്‍ ഒരു `എപ്പിക്യൂറിയന്' സന്തോഷം കൈക്കൊള്ളുകയും ചെയ്തുപോന്നു. എന്നാല്‍ അപ്പോള്‍ത്തന്നെ അയാള്‍ക്ക് ആ ജീവിതം വെറും പൊള്ളയും അര്ത്ഥശൂന്ന്യവും ആയി തോന്നി. ഏകാന്തവും, പരിപൂതവും, പ്രഭാപൂര്ണ്ണവും ആയ സ്വപ്നം ചിലപ്പോഴെല്ലാം അയാള്‍ക്കു സിദ്ധിച്ചിരുന്നില്ലെങ്കില്, മറ്റ് മനുഷ്യരില്‍ അധികപേരേയുംപോലെ, അയാളും തണുത്ത് നിര്ജ്ജീവമായിപ്പോകുമായിരുന്നു.
വികസിക്കുന്നതിനു മുമ്പ് തന്നെ നശിച്ചുപോയ പ്രഥമവും ഏകവും, ആയ അയാളുടെ പ്രേമപാത്രം സായാഹ്നകാലങ്ങളില് ചിലപ്പോഴെല്ലാം അയാള്‍ക്കു ദുഃഖപരിപൂര്ണ്ണമായ മധുരസ്വപ്നങ്ങള്‍ നല്കിക്കൊണ്ടിരുന്നു. തന്നില്‍ ഇപ്രകാരമുള്ള, എന്നെന്നും നിലനില്‍ക്കുന്ന, ഒരു വികാരം ജനിപ്പിച്ച ആ സുന്ദരീരത്നത്തെ അയാള്‍ അഞ്ചുസംവത്സരങ്ങള്ക്കുമുമ്പ് കണ്ടെത്തുവാനിടയായി.
ഉന്നമ്രവക്ഷോജയായി, കൃശഗാത്രിയായി, ആലോലചൂര്ണ്ണകുന്തളങ്ങളോടും, ആനീലലോചനങ്ങളോടുംകൂടിയവളായി, പരിലസിച്ചിരുന്ന ആ മോഹനാംഗി ഒരു ദേവകന്ന്യകയെപ്പോലെ അയാള്‍ക്കു തോന്നി. നേരീയ മൂടല്‍മഞ്ഞിന്റെയും, വിശുദ്ധമായ വായുവിന്റെയും സങ്കീര്ണ്ണഫലമായ ആ വിശിഷ്ടവിഗ്രഹത്തെ, നഗരകോലാഹലങ്ങള്ക്കിടയില് ഒരു മന്ദനിശ്ചലതയ്ക്കായി, വിധിയാല്‍ അര്‍പ്പിക്കപ്പെട്ട, ഒരു വികസിതകുസുമം പോലെ അയാള്‍ കരുതിപ്പോന്നു. മന്ദഗാമിനിയായിരുന്നു അവള്. ശിലാതലങ്ങളില്‍ മന്ദംമന്ദം മെയ്യുലച്ച് പുളഞ്ഞൊഴുകുന്ന ഒരു പൂഞ്ചോലയുടെ, മൃദുനിനദമെന്നപോലെ, അത്ര നേരിയതും മാധുര്യമേറിയതും, ആയിരുന്നു ആ അംഗനാരത്നത്തിന്റെ സ്വാഭാവികമായ സ്വരവിശേഷം!
സക്സാലോ,- അത് യാദൃശ്ചികമായിട്ടോ, കരുതി കൂട്ടിയോ? -- അവളെ സുന്ദരമായ ഒരു സിതാംബരമണിഞ്ഞുകൊണ്ടേ കണ്ടിട്ടുള്ളൂ. വെളുപ്പിനെപ്പറ്റിയുള്ള മതിപ്പ്, അവളെപ്പറ്റിയുള്ള ചിന്തയില്‍ നിന്നും വേര്പെടുത്താവതല്ലാത്ത ഒന്നായിത്തീര്‍ന്നു. അവളുടെ `ടമാറ' എന്ന പേരുപോലും, ഗിരിശിഖരങ്ങളിലെ ഹിമധാരയെന്നോണം സദാ സിതസുന്ദരമായി അയാള്‍ക്കു തോന്നി. അയാള്‍ ടമാറയുടെ മാതാപിതാക്കന്മാരെ സന്ദര്‍ശിക്കുവാന്‍ തുടങ്ങി. ഒരു മനുഷ്യജീവിയുടെ വിധിയെ മറ്റൊന്നിന്റേതിനോടുകൂടി ഇണച്ചുകെട്ടുന്ന ആ വാക്കുകള്‍, അവളോട് പറയുവാന്‍, അയാള്‍ ഒന്നിലധികം പ്രാവശ്യം ഉറച്ചിട്ടുണ്ട്. എന്നാല്‍ അവളാകട്ടെ, അയാളെ അതില്‍ നിന്നും മനഃപൂര്‍വ്വം അകറ്റി നിര്‍ത്തി. ഭീതിയും, ദുഃഖവും അവളുടെ മനോജ്ഞനേത്രങ്ങളില്, നിഴലിച്ചിരുന്നു. എന്തിനെപ്പറ്റിയാണ് അവള് ഭയവിഹ്വലയായിരുന്നത്? സക്സാലോ അവളുടെ വദനത്തില്‍, അനുരാഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു. അയാളുടെ ആവിര്ഭാവത്തില് അവളുടെ നീളമേറിയ നീലനയനങ്ങള്‍ പ്രകാശിക്കുകയും, ലജ്ജയുടെ നേരിയ ഒരു ശോണിമ അവളുടെ കണ്ണാടിപോലുള്ള കപോലതലങ്ങളില് പ്രതിഫലിച്ചു പരക്കുകയും പതിവായിരുന്നു.
എന്നാല്‍, ഒരു കാലത്തും വിസ്മരണീയമല്ലാത്ത, ഒരു സായ്ഹനത്താല് അവള് അയാളില്‍ ശ്രദ്ധപതിപ്പിച്ചു. കാലം വസന്തത്തിന്റെ പ്രാരംഭഘട്ടമായിരുന്നു. തരംഗിണികള്‍ തടങ്ങളെ തല്ലിത്തകര്‍ക്കുകയും, തരുനിരകള് മരതകച്ഛവിപൂണ്ട, പരിമൃദുലങ്ങളായ ഹരിതനീരാളങ്ങളാല്, അലംകൃതങ്ങളാവുകയും ചെയ്തിട്ട് അധികമായിട്ടില്ല. നഗരത്തിലുള്ള ഒരു ഇരുനിലക്കെട്ടിടത്തിന്റെ മുകളിലത്തെ വരാന്തയില്‍, തുറന്നിട്ട ജാലകത്തിനു സമീപം, `നീവാ'യ്ക്കഭിമുഖമായി ടമാറയും, സക്സാലോവും ആസനസ്ഥരായി, എന്തുപറയേണ്ടു, എങ്ങിനെ പറയേണ്ടു, എന്നതിനെ സംബന്ധിച്ച് ഒട്ടും ക്ലേശിക്കാതെ അവളെ ഭയകമ്പിതയാക്കുമാറ്, അയാള്‍ മാര്‍ദ്ദവമേറിയ മധുരവചനങ്ങള്‍ ഉച്ചരിച്ചു. അവള് വിവര്‍ണ്ണയായി, പണിപ്പെട്ടുവരുത്തിയതും തല്‍ക്ഷണംതന്നെ മാഞ്ഞു പോയതുമായ ഒരു മന്ദഹാസത്തോടുകൂടി അവള് അവിടെ നിന്ന് എഴുന്നേറ്റു. വിചിത്രലതാവിതാനങ്ങള് തുന്നിപ്പിടിപ്പിച്ചിരുന്ന കസാലയുടെ ചാരുപടിയെ ആലംബമാക്കിനിന്ന അവളുടെ ഇളംകരവല്ലികള് കിലുകിലാ വിറച്ചു.
`നാളെ' ടമാറ മൃദുസ്വരത്തില്‍ ഉച്ചരിച്ചിട്ടു പുറത്തേയ്ക്കിറങ്ങിപ്പോയി.
ടമാറയെ ഒളിച്ചുപിടിച്ച ആ കവാടത്തെ മിഴിച്ചുനോക്കിക്കൊണ്ട്, നിശ്ചിതമായ ഒരു പ്രതീക്ഷയോടെ ഏറെനേരം ഒരു മരപ്പാവയെപ്പോലെ സക്സാലോ അവിടെത്തന്നെ ഇരുന്നു. അയാളുടെ തല ഒരു വമ്പിച്ച ചുഴിക്കുള്ളിലായിരുന്നു. ഒരു വെളുത്ത `ലിലാക്ക്' പുഷ്പം അയാളുടെ ദൃഷ്ടിയില്‍പ്പെട്ടു. അയാള്‍ അതു കരസ്ഥമാക്കിയ ശേഷം ഗൃഹനായികയോട് യാത്രപോലും പറയാതെ അവിടെനിന്നും ഇറങ്ങിപ്പോയി.
രാത്രി അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ജനലിന്റെ സമീപം ചെന്നുനിന്ന് ആ വെള്ള `ലിലാക്ക്' പുഷ്പത്തെ കൈകൊണ്ട് കറക്കിയും, അതിനെ നോക്കിപ്പുഞ്ചിരിയിട്ടും, പ്രഭാതമാകുംതോറും കൂടുതല്‍കൂടുതല്‍ വെളുത്തുതുടങ്ങിയ ആ ഇരുളടഞ്ഞ തെരുവീഥിയെ പകച്ചുനോക്കിക്കൊണ്ടും അയാള്‍ സമയം കഴിച്ചുകൂട്ടി. വെളിച്ചമായപ്പോള്‍ മുറിയുടെ നിലം ആ വെളുത്ത `ലിലാക്ക്' പുഷ്പത്തിന്റെ ദലങ്ങളാല്‍ പരിശോഭിതമായിരിക്കുന്നത് അയാള്‍ കണ്ടു. അത് അയാളെ വികാരപരവശനാക്കി. അയാള്‍ ഉടൻതന്നെ പോയി സുഖമായി സ്നാനം ചെയ്തു. മിക്കവാറും തന്റെ ഹൃദയത്തിനു പണ്ടത്തെ നില തിരിച്ചു കിട്ടിപ്പോയി എന്ന് അപ്പോള്‍ അയാള്‍ക്കു തോന്നി. അനന്തരം അയാള്‍ `ടമാറ'യുടെ അടുത്തേയ്ക്കു പോയി.
അവള്‍ക്കു സുഖമില്ലെന്നും, പനിയായിക്കിടക്കുകയാണെന്നും, ആരോ അയാളോടു പറഞ്ഞു. പിന്നീടൊരിക്കലും സക്സാലോ അവളെ കണ്ടിട്ടില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ അവള് പരലോകം പ്രാപിച്ചു. അവളുടെ ശവസംസ്കാരത്തിന് അയാള്‍ പോയില്ല. അവളുടെ മരണം അയാളെ സ്തംഭിപ്പിച്ചുകളഞ്ഞു. പരമാര്‍ത്ഥത്തില്‍ താന്‍ അവളെ സ്നേഹിച്ചിരുന്നോ, തനിക്കവളിലുണ്ടായിരുന്ന അഭിനിവേശം വെറുമൊരു കൗതുകം മാത്രമായിരുന്നോ എന്നു ഖണ്ഡിതമായി നിര്‍ണ്ണയിക്കാന്‍ അയാള്‍ക്കു സാധിച്ചില്ല.
ചിലപ്പോള്‍, സായാഹ്നവേളകളില്‍ അയാള്‍ അവളെപ്പറ്റിയുള്ള ചിന്തകളില്‍ മുഴുകിപ്പോവുകയും അവളെ സ്വപ്നം കാണുകയും ചെയ്യും. അനന്തരം അവളുടെ രൂപം അല്പ്പാല്പ്പം മാഞ്ഞു തുടങ്ങും. സക്സാലോവിന്റെ കൈവശം അവളുടെ ഫോട്ടോ ഉണ്ടായിരുന്നില്ല. അനേകവര്‍ഷങ്ങള്‍ കഴിഞ്ഞതിനു ശേഷം, കഴിഞ്ഞ വസന്തകാലത്തു മാത്രമേ, `ടമാറ'യെപ്പറ്റിയുള്ള ചിന്ത അയാളില്‍ അങ്കുരിച്ചുള്ളൂ. ഒരു ശീതളപാനീയ ശാലയില്‍, വിലപിടിച്ച വിശിഷ്ടഭോജ്യങ്ങളുടെ ഇടയ്ക്ക് നിലയും, വിലയുമില്ലാതെ വാടിവിളര്ത്ത് കിടന്നിരുന്ന ഒരു `ലിലാക്ക്' പുഷ്പം യാദൃശ്ചികമായി അയാളുടെ ദൃഷ്ടിയില് പെട്ടതാണ് ശോകസങ്കലിതമായ ആ മധുരസ്മരണയ്ക്കു കാരണം. ആ ദിവസം മുതല്‍ സന്ധ്യാവേളകളില്‍ സുമുഖിയും സുശീലയുമായ ടമാറയെക്കുറിച്ചുള്ള ചിന്തയില്‍ നിമഗ്നനാകുവാന് അയാള്‍ ഇഷ്ടപ്പെട്ടു. ചിലപ്പോള്‍ തന്റെ മയക്കത്തില്‍, അവള് അടുത്തുവന്ന് തനിക്ക് അഭിമുഖമായി ഇരുന്നുകൊണ്ട് തന്റെ മുഖത്തു ദൃഷ്ടിയുറപ്പിച്ച്, എന്തോ ആവശ്യപ്പെടുന്നതുപോലെ അര്‍ത്ഥഗര്‍ഭമായ ഒരു പകച്ചുനോക്കലോടുകൂടി പരിലസിക്കുന്നതായി അയാള്‍ സ്വപ്നം കാണും. എന്തോ പ്രതീക്ഷിക്കുന്നതുപോലുള്ള ആ ആവിലവീക്ഷണം, അയാളുടെ ഹൃദയത്തെ ഭേദിച്ചു. ശിഥിലമാക്കി.
`ഗോറോഡിഷ്കി' തറവാട്ടില്‍ നിന്നും, പോകുമ്പോള്‍ അയാള്‍ അല്പം സംശയത്തോടുകൂടി വിചാരിച്ചു: ``അവള് എനിക്ക് `ഈസ്റ്ററി'ന്റെ അനുമോദനങ്ങള്‍ നല്കുവാനായി എത്തും.''
ഭയവും ഏകാന്തതയും അത്രമാത്രം ഹൃദയഭേദകമായിരുന്നതിനാല് അയാള്‍ വിചാരിച്ചു. ``എന്തുകൊണ്ട് എനിക്ക് വിവാഹം കഴിച്ചുകൂടാ? എന്നാല്‍ എനിക്കു പരിശുദ്ധമായ പുണ്യരാത്രികളില്‍ ഏകനായിരിക്കേണ്ടതില്ല.''
വലേറിയാ മിഖേയ്ലോന -- ഗോറോഡിഷ്കിത്തറവാട്ടിലെ പെണ്കിടാവ് -- അയാളുടെ ഹൃദയത്തില്‍ ആവിര്‍ഭവിച്ചു. അവള് സുന്ദരിയായിരുന്നില്ല. എന്നാല്‍ അവള് എല്ലായ്പ്പോഴും നല്ല നല്ല വസ്ത്രങ്ങളാല്‍ അലംകൃതയായിരുന്നു. അവള് തന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നും, താന്‍ നിശ്ചയിക്കുന്നപക്ഷം അവള് നിരസിക്കുകയില്ലെന്നും, സക്സാലോവിനു തോന്നി.
തെരുവിനുള്ളിലെ കോലാഹലവും, ജനക്കൂട്ടവും അയാളുടെ ശ്രദ്ധയെ ഭഞ്ജിച്ചു. ഗോറൊഡിഷ്കി പെണ്‍കുട്ടിയെപ്പറ്റി അയാള്‍ക്കുണ്ടായിരുന്ന ചിന്തകള്‍, സാധാരണമായി ജീവിതത്തിലെ സുഖാനുഭോഗങ്ങളിലുള്ള അയാളുടെ വിരക്തിയാല്‍ വിവര്ണ്ണമാക്കപ്പെട്ടു. പോരെങ്കില്‍ ആര്‍ക്കെങ്കിലും വേണ്ടി ടമാറയെപ്പറ്റിയുള്ള സ്മരണകള്‍ വഞ്ചിക്കുവാന്‍ അയാള്‍ക്കു സാദ്ധ്യമാണോ? പ്രപഞ്ചമാകമാനം അത്രമാത്രം ചെറുതും സാധാരണവുമായിത്തോന്നുകയാല് ടമാറ--ടമാറമാത്രം--തനിക്കു `ഈസ്റ്ററി'ന്റെ ആ അനുമോദനങ്ങള്‍ നല്കുവാനായി എത്തുന്നതിന് അയാള്‍ ആഗ്രഹിച്ചു.
``എന്നാല്‍'' അയാള്‍ മനോരാജ്യം വിചാരിച്ചു. ``അവള് വീണ്ടും എന്നില്‍, ആ, എന്തോ പ്രതീക്ഷിക്കുന്നതുപോലെയുള്ള തുറിച്ചുനോട്ടം ഉറപ്പിക്കും. പരിശുദ്ധയും ശാന്തയും ആയ ടമാറ. എന്താണവള്ക്കാവശ്യം? അവളുടെ ആ മൃദുലശോണാധരങ്ങള് എന്റെ ചുണ്ടുകളെ ചുംബിക്കുമോ?''
ടമാറയെക്കുറിച്ചുള്ള കാടുപിടിച്ചുള്ള വിചാരപരമ്പരകളോടും വഴിയില്‍ക്കൂടി നടന്നുപോകുന്നവരുടെ മുഖത്തേയ്ക്കു കുനിഞ്ഞുനോക്കിക്കൊണ്ടും സക്സാലോ തെരുവുകളില്‍ അങ്ങുമിങ്ങുമലഞ്ഞു നടന്നു. പുരുഷന്മാരുടെയും സ്ത്രീകളുടെയും പരുഷവദനങ്ങള്, അയാളെ വെറുപ്പിച്ചു. ആനന്ദത്തോടുകൂടിയോ അനുരാഗത്തോടുകൂടിയോ `ഈസ്റ്റര്‍' അനുമോദനങ്ങള്‍ അന്ന്യോന്ന്യം കൈമാറ്റം ചെയ്യുന്നതിന്ന്, തനിക്ക് ആരുംതന്നെ ഇല്ലെന്ന് അയാണ് കുണ്ഠിതപ്പെട്ടു. ആദ്യത്തെ ദിവസം ചുംബനങ്ങള്‍, പരുഷമായ വചനങ്ങള്‍, കാടുപിടിച്ച് ചിടകെട്ടിയ താടികള്‍, വൈനിന്റെ ഒരു സുഗന്ധം, ഇവയെല്ലാം ധാരാളമായിട്ടുണ്ടാകും.................
ഒരുത്തന് ആരെയെങ്കിലും ചുംബിച്ചേ തീരൂ എന്നുണ്ടെങ്കില്‍ അത് ഒരു കൊച്ചുകുഞ്ഞായിരിക്കണം. കൊച്ചുകുഞ്ഞുങ്ങളുടെ മുഖം സക്സാലോവിനു പ്രീതിപ്രദമായി.
ഏറെനേരം അങ്ങുമിങ്ങും ചുറ്റി നടന്നു. ഒടുവില്‍ അയാള്‍ ക്ഷീണിച്ചു. ആരവാകലിതമായ തെരുവില്‍നിന്നും, അനതിദൂരമായ ഒരു പള്ളിമുറ്റത്തേയ്ക്ക് നീങ്ങി അല്പം വിശ്രമിക്കാമെന്നയാള് നിശ്ചയിച്ചു. ഒരിരുപ്പിടത്തില്‍ ഇരുന്നിരുന്ന വിവര്‍ണ്ണനായ ഒരു ബാലന് സംശയത്തോടുകൂടി സക്സാലോവിന്റെ നേരെ ഒളിഞ്ഞുനോക്കുന്നു. അനന്തരം നിശ്ചലനായി നേരെ മുമ്പിലേയ്ക്ക് പകച്ചുനോക്കിക്കൊണ്ടിരിക്കുന്നു. അവന്റെ നീലനയനങ്ങള്‍ ടമാറയുടേതുപോലെ ദുഃഖപരിപൂര്ണ്ണവും, ആശാദീപ്തവും ആയിരുന്നു. അവന് ഒരു കൊച്ചുകുഞ്ഞായിരുന്നതിനാല്‍, തൂക്കിയിട്ടാല്‍ നിലത്തു മുട്ടുവാന്‍ തക്ക നീളം അവന്റെ കാലുകള്ക്കുണ്ടായിരുന്നില്ല. അവ അവന്റെ ഇരിപ്പിടത്തിനു ചുവട്ടില്‍ നിലത്തിനു മീതെ പൊന്തിനിന്നു. സക്സാലോ അവന്റെ സമീപം ഇരിക്കുകയും, അനുകമ്പാകുലമായ ഉല്‍ക്കണ്ഠയോടുകൂടി അവനെ നോക്കുകയും ചെയ്തു. ഈ ഏകാകിയായ ബാലനില്‍ മധുരസ്മരണകള് തട്ടിയുണര്‍ത്തുന്ന എന്തോ ഒന്നുണ്ട്. നോക്കുമ്പോള്‍ അവന് ഏറ്റവും സാധാരണക്കാരനായ ഒരു കുട്ടി. കീറിപ്പറിഞ്ഞതും മുഷിഞ്ഞതുമായ വസ്ത്രങ്ങള്‍. അഴകുള്ള കുഞ്ഞിത്തലയില്‍ ഒരു വെളുത്ത രോമത്തൊപ്പി. കുരുന്നുകാലുകളില് കീറിയതും, പൊടിപുരണ്ടു വൃത്തികെട്ടതും ആയ പാപ്പാസുകള്‍ -- ഇത്രയുമായിരുന്നു അവന്റെ അലങ്കാരങ്ങള്‍.
കുറച്ചധികനേരം അവന് ആ ഇരിപ്പിടത്തില്‍ത്തന്നെ ഇരുന്നു. അനന്തരം എഴുന്നേറ്റ്, ദയനീയമാംവണ്ണം ഉറക്കെ കരയുവാന്‍ തുടങ്ങി. അവന് പടിവാതില്‍ കടന്നു തെരുവില്‍ക്കൂടി ഓടി. നിന്നു. എതിരെയുള്ള വഴിയെ വെച്ചടിച്ചു. വീണ്ടും നിന്നു. ഏതുവഴിയെ പോകണമെന്ന് അവന് അറിഞ്ഞിരുന്നില്ല എന്നുള്ളത് സ്പഷ്ടമാണ്. വലിയ കണ്ണുനീര്‍ത്തുള്ളികള്‍, കവിള്‍ത്തടങ്ങളില്‍ വീണൊഴുകുമാറ് അവന് പതുക്കെ വിതുമ്പിക്കരഞ്ഞു. ഒരാള്‍ക്കൂട്ടം കൂടി. ഒരു പോലീസുകാരന് എത്തി. അവിടെവിടെയാണ് അവന്റെ താമസമെന്നവര്‍ ചോദിച്ചു.
``ഗ്ലൂയിഖോ വീട്,'' നന്നെ കൊച്ചുകുട്ടിയെപ്പോലെ കൊഞ്ചിക്കൊണ്ട് അവന് ചുണ്ടു വിതുമ്പി ഉത്തരം പറഞ്ഞു.
``ഏത് തെരുവില്‍?'' പോലീസുകാരന് ചോദിച്ചു.
എന്നാല്‍, ഏതാണ് തെരുവെന്ന് ആ കുട്ടി അറിഞ്ഞിരുന്നില്ല. അവന് ഇത്രമാത്രം ആവര്‍ത്തിച്ചു. ``ഗ്ലൂയിഖോ വീട്.''
പോലീസുകാരന് നേരമ്പോക്കുകാരനായ ഒരു ചെറുപ്പക്കാരനായിരുന്നു. ഒരു നിമിഷനേരത്തേയ്ക്ക് അയാള്‍ ആലോചിക്കയും, അങ്ങിനെയൊരു വീട് തൊട്ടടുത്തെങ്ങും ഇല്ലെന്നു നിര്‍ണ്ണയിക്കുകയും ചെയ്തു.
``ആരോടുകൂടിത്താമസിക്കുന്നു, നീയ്?'' മുനിഞ്ഞ മുഖഭാവത്തോടുകൂടിയ ഒരു വേലക്കാരന് ചോദിച്ചു. ``നിനക്കച്ഛനുണ്ടോ?''
``ഇല്ല. എനിക്കച്ഛനില്ല.'' ബാഷ്പപൂര്‍ണ്ണമായ മിഴികളോടുകൂടി ആള്‍ക്കൂട്ടത്തെ നോക്കിക്കൊണ്ട് കുട്ടി മറുപടി പറഞ്ഞു.
``അച്ഛനില്ല! ശിവ ശിവ!'' തലകുലുക്കിക്കൊണ്ട്, വേലക്കാരന് പ്രശാന്തമായി ഉച്ചരിച്ചു. ``നിനക്കമ്മയുണ്ടോ?''
``ഉവ്വ്. എനിക്കമ്മയുണ്ട്'' കുട്ടി ഉത്തരം പറഞ്ഞു.
``എന്താണവളുടെ പേര് ?''
``അമ്മ'' കുട്ടി പ്രതിവചിച്ചു. അനന്തരം ഒരു നിമിഷനേരമാലോചിച്ചിട്ട്, പറഞ്ഞു, ``കറമ്പിഅമ്മ.''
``കറമ്പി, അതാണോ അവളുടെ പേര്?'' മുനിഞ്ഞ വേലക്കാരന് ചോദിച്ചു.
``ആദ്യം എനിക്കൊരു വെളുത്ത അമ്മ ഉണ്ടായിരുന്നു. ഇപ്പോള്‍ എനിക്കൊരു കറമ്പി അമ്മയുണ്ട്.'' കുട്ടി വിസ്തരിച്ചു.
``കൊള്ളാം, എന്റെ കുഞ്ഞേ, ഞങ്ങള്‍ നിന്നെ ഒരിക്കലും പേടിപ്പിക്കുകയില്ല.'' പോലീസുകാരന് എന്തോ നിശ്ചയത്തോടുകൂടിപ്പറഞ്ഞു. ഞാന്‍ നിന്നെ പോലീസുസ്റ്റേഷനിലേയ്ക്കു കൊണ്ടുപോകുന്നതാണ് നന്ന്! അവര്‍ക്കു കഴിയും `ടെലിഫോണ്‍' മാര്‍ഗ്ഗമായി നീ താമസിക്കുന്നതെവിടെയാണെന്നു കണ്ടുപിടിക്കാന്‍.''
അയാള്‍ ഒരു പടിവാതില്ക്കല് ചെന്നു മണിയടിച്ചു. ആ നിമിഷത്തില്‍ മാര്ജ്ജനിയോടുകൂടിയ ഒരു കാവല്ക്കാരന്, ആ പോലീസുകാരനെക്കാണുകയാല്, പുറത്തേയ്ക്കിറങ്ങിവന്നു. പോലീസുകാരന് ആ കുട്ടിയെ സ്റ്റേഷനിലേയ്ക്കു കൊണ്ടുപോകുവാന്‍ പറഞ്ഞു. എന്നാല്‍ സ്വയം എന്തോ വിചാരിച്ച് ആ കുട്ടി കിടന്നു നിലവിളി കൂട്ടി. ``ഞാന്‍ പോകട്ടെ! ഞാന്‍ തന്നെത്താനെ കണ്ടുപിടിച്ചുകൊള്ളാം, വഴി!''
അവന് ഭയവിഹ്വലനായിത്തീര്ന്നത് ആ കാവല്‍ക്കാരന്റെ മാര്‍ജ്ജനി കണ്ടിട്ടോ, അതോ അവന് എന്തെങ്കിലും സ്മരിച്ചിട്ടോ എന്തോ? എങ്ങിനെയായിരുന്നാലും അവന് അത്രമാത്രം ദ്രുതഗതിയില്‍ പലായനം ചെയ്യുകയാല്‍, സക്സാലോവിന് അവനെ കണ്ടുകിട്ടുക ദുസ്സാദ്ധ്യമായി. ഉടൻതന്നെ, എന്തായാലും കുട്ടി അവന്റെ ഗതി അല്പമൊന്നു മന്ദമാക്കി. അവന് തെരുവില്‍ ഒരു ദിക്കില്‍ നിന്നു മറ്റൊരു ദിക്കിലേയ്ക്കു, താന്‍ താമസിച്ചിരുന്ന ഭവനം കണ്ടുപിടിക്കുവാന്‍ വിഫലമായി ഉദ്യമിച്ചുകൊണ്ട്, ഓടിപ്പോയി. സക്സാലോ ഒന്നുംമിണ്ടാതെ അവനെ അനുഗമിച്ചു. എങ്ങിനെയാണ് കൊച്ചുകുഞ്ഞുങ്ങളോട് സംസാരിക്കുകയെന്ന് അയാള്‍ക്കറിഞ്ഞുകൂടായിരുന്നു.
ഒടുവില്‍ ബാലന് ക്ഷീണിതനായിത്തീര്‍ന്നു. അവന് ഒരു വിളക്കുകാലിനു സമീപം അതിന്മേല് ചാരിക്കൊണ്ടു നിലയായി. അശ്രുബിന്ദുക്കള്‍ അവന്റെ പിഞ്ചുനേത്രങ്ങളില് മിന്നിത്തിളങ്ങി.
``കൊള്ളാം, എന്റെ കുഞ്ഞേ,'' സക്സാലോ ആരംഭിച്ചു. ``നിനക്ക് കണ്ടുപിടിക്കുവാന്‍ മേലേ നിന്റെ വീട്?''
ബാലന്, അവന്റെ ക്ലേശപൂരിതവും, ശാന്തസുന്ദരവും ആയ നേത്രങ്ങളോടുകൂടി, അയാളുടെ നേരെ തലയുയയര്‍ത്തി നോക്കി. പെട്ടെന്നു അത്രമാത്രം നിര്‍ബന്ധത്തോടുകൂടി, താന്‍ ആ ബാലനെ അനുഗമിക്കുവാന്‍, സംഗതിയായതെന്തുകൊണ്ടാണെന്ന്, സക്സാലോവിന് മനസ്സിലായി.
ആ കൊച്ചുചുറ്റിത്തിരിയലുകാരന്റെ പകച്ചുനോട്ടത്തിലും, ഭാവഹാവങ്ങളിലും, ടമാറയ്ക്കുള്ളതുപോലെതന്നെ ചിലതെല്ലാം ഉണ്ടായിരുന്നു. ``എന്താണ് നിന്റെ പേര്, എന്റെ പൊന്നാങ്കട്ടെ?'' സക്സാലോ ശാന്തമായി ചോദിച്ചു.
``ലേഷ'' ബാലന് മറുപടി പറഞ്ഞു.
``നീ താമസിക്കുന്നത് നിന്റെ അമ്മയോടുകൂടിയാണോ, ലേഷാ?''
``അതെ, അമ്മയോടുകൂടെത്തന്നെ. എന്നാല്‍ അത് കറമ്പി അമ്മയാണ്. മുമ്പ് എനിക്കൊരു വെളുത്ത അമ്മയുണ്ടായിരുന്നു.'' `കറമ്പി അമ്മ' എന്നു പറഞ്ഞതില്‍ നിന്ന് ഒരു കന്ന്യാസ്ത്രീയായിരിക്കും അവന് ഉദ്ദേശിക്കുന്നതെന്നു സക്സാലോ വിചാരിച്ചു.
``നിനക്കെങ്ങിനെയാണ് വഴിതെറ്റിപ്പോയത്?''
``ഞാന്‍ അമ്മയോടുകൂടി നടന്നു. ഞങ്ങള്‍ അങ്ങിനെ നടന്നു, നടന്നു പൊയ്ക്കൊണ്ടിരുന്നു. അവള് എന്നോട് അവിടെ കാത്തിരിക്കാന്‍ പറഞ്ഞിട്ട് എങ്ങോട്ടോ പോയി. ഞാന്‍ വല്ലാതെ പേടിച്ചു.''
``ആരാണ് നിന്റെ അമ്മ?''
``എന്റെ അമ്മ? അവള് കറമ്പിയും ദേഷ്യമുള്ളവളുമാണ്.''
``എന്തുചെയ്യുന്നു അവള്?''
``കാപ്പി കുടിക്കുന്നു.'' അവന് പറഞ്ഞു.
``അവള് വേറെ എന്തു ചെയ്യുന്നു?''
``വാടകക്കാരോട് വഴക്കുപിടിക്കുന്നു.'' ഒരുനിമിഷനേരത്തെ ആലോചനയ്ക്കുശേഷം, ലേഷ മറുപടി പറഞ്ഞു.
``ആട്ടെ എവിടെയാണ് നിന്റെ വെളുത്ത അമ്മ?''
``ചുമന്നുകൊണ്ടുപോയി. അവളെ ഒരു ശവപ്പെട്ടിക്കുള്ളില്‍ അടച്ച്, തലയില്‍ ചുമന്നുകൊണ്ട് പോയി. അച്ഛനേയും അപ്രകാരംതന്നെ ചുമന്നുകൊണ്ട് പോയി.''
ബാലന് അകലത്തേയ്ക്കെങ്ങോ ചൂണ്ടിക്കാണിച്ചുകൊണ്ട്, പൊട്ടിക്കരഞ്ഞു.
``എന്താണ് എനിക്ക് ചെയ്യാനാവുക ഇവനെക്കൊണ്ട്?'' സക്സാലോ വിചാരിച്ചു.
ബാലന് പെട്ടെന്നു വീണ്ടും ഓടുവാന്‍ തുടങ്ങി. ഏതാനും ചില തെരുവുമൂലകള്ക്കു ചുറ്റും ഓടിയശേഷം അവന് തന്റെ ഗതി ഒന്നു മന്ദമാക്കി. സക്സാലോ രണ്ടാമത്തെ പ്രാവശ്യവും അവനെ പിടികൂടി. ബാലന്റെ മുഖം ഭയത്തിന്റെയും, സന്തോഷത്തിന്റെയും ഒരു വിചിത്രമായ സങ്കലനഭാവം പ്രദ്യോതിപ്പിച്ചു.
``ഇതാ ഗ്ലൂയിഖോ വീട്.'' അഞ്ചുനിലയുള്ള ഒരു വൃത്തികെട്ട കെട്ടിടത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അവന് പറഞ്ഞു.
ഈ നിമിഷത്തില്‍ ഗ്ലൂയിഖോ ഭവനത്തിന്റെ കവാടത്തിനു നേരെ, അസിതകുന്തളങ്ങളോടും കൃഷ്ണവര്‍ണ്ണമായ നേത്രങ്ങളോടും, ഇരുണ്ട വസ്ത്രങ്ങളോടും, തലയില്‍ വെള്ളപ്പുള്ളികള്‍ നിറഞ്ഞ ഒരു കറുത്ത തൂവാലയോടുംകൂടിയ ഒരു സ്ത്രീരൂപം ആവിര്‍ഭവിച്ചു. ബാലന് ഭയകമ്പിതനായി പിന്നോട്ട് വലിഞ്ഞു.
``അമ്മേ'' മൃദുസ്വരത്തില്‍ അവന് കരഞ്ഞു വിളിച്ചു.
അവന്റെ അമ്മ ആശ്ചര്യഭാവത്തില്‍ അവന്റെ നേരെ നോക്കി. ``എങ്ങിനെ നീയെത്തിച്ചേര്ന്നു ഇവിടെ, എടാ വര്‍ക്കത്തുകെട്ട ശവമേ!'' അവള് ഗര്‍ജ്ജിച്ചു. ``ഞാന്‍ പറഞ്ഞില്ലേ നിന്നോടവിടെ ഇരിക്കാന്‍?''
അവള് അവനെ അടിച്ചേനെ. എന്നാല്‍ അന്തസ്സുള്ള ഒരു മനുഷ്യന് ദൃഷ്ടിവെയ്ക്കുന്നുവെന്നുകണ്ട്, അവള് സ്വരമൊന്നു താഴ്ത്തി.
``അരമണിക്കൂര്‍ നേരം എങ്ങും ഓടിപ്പോകാതെ ഒരിടത്തു നിനക്കു കാത്തിരിപ്പാന് പാടില്ലേ? ഞാന്‍ നിന്നെ നോക്കി നടന്നു എത്ര വിഷമിച്ചു! നാശംപിടിച്ച ശനി!''
തന്റെ ഭീമഹസ്തത്താല് ആ പിഞ്ചുപൈതലിന്റെ ഇളംകയ്യില്‍ കടന്നുപിടിച്ച്, അവള് അവനെ വാതിലില്‍ക്കൂടി വലിച്ചിഴച്ചകത്തേയ്ക്കിട്ടു! സക്സാലോ തെരുവിന്നതാണെന്നു നോക്കി മനസ്സിലാക്കിക്കൊണ്ടു വീട്ടിലേയ്ക്കു പോയി.
ഫെഡറ്റിന്റെ യുക്തിയുക്തമായ തീരുമാനങ്ങള്‍ കേള്‍ക്കുന്നതിനു സക്സാലോവിന്ന് ഇഷ്ടമായിരുന്നു. വീട്ടില്‍ ചെന്നുചേര്ന്നശേഷം അയാള്‍ ആ ഭൃത്യനോട് ബാലനായ ലേഷയെപ്പറ്റി പറഞ്ഞു.
``അവള് അവനെ ഉപേക്ഷിച്ചിട്ടുപോയതു കരുതിക്കൂട്ടിയാണ്.'' ഫെഡറ്റ് വിധിച്ചു. ``എന്തൊരു ദുഷ്ടയായ പെണ്ണാണവള്‍, ആ വീട്ടില്‍ നിന്നത്രവളരെ ദൂരെക്കൊണ്ടുപോകുവാന്!''
``അവളെ അതിലേയ്ക്കു പ്രേരിപ്പിച്ച സംഗതിയെന്ത്? സക്സാലോ ചോദിച്ചു.
``ഒരുത്തനു പറയാന്‍ കഴിയുകയില്ല. നിസ്സാരയായ സ്ത്രീ. ആരെങ്കിലും ഒരാള്‍, അല്ലെങ്കില്‍ മറ്റൊരാള്‍, അവനെ എടുത്തുകൊണ്ടുപോകുന്നതുവരെ, അവന് തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞോടി നടക്കുമെന്ന് അവള്‍ക്കറിയാമായിരുന്നു, സംശയമില്ല. എന്താണ് നിങ്ങള്‍ക്കു പ്രതീക്ഷിക്കാവുന്നത് ഒരു ചെറിയമ്മയില്‍ നിന്നും? ആ കുഞ്ഞിനെക്കൊണ്ടവള്ക്കെന്തു പ്രയോജനം?
``എന്നാല്‍ പോലീസുകാര്‍ അവളെ കണ്ടുപിടിക്കുമായിരിക്കും.'' വിശ്വസിക്കാത്തമട്ടില്‍ സക്സാലോ പറഞ്ഞു.
``പക്ഷേ, അപ്പോള്‍ അവള് ഈ പട്ടണംതന്നെ വിട്ടുപോകും. പിന്നെ അവളെ അവര്‍ക്ക് എങ്ങിനെ കണ്ടുപിടിക്കാന്‍ കഴിയും?''
സക്സാലോ മന്ദഹസിച്ചു. `യഥാര്‍ത്ഥത്തില്‍' അയാള്‍ വിചാരിച്ചു. `ഫെഡറ്റ് ഒരു പരിശോധനാമജിസ്രേട്ടായിരിക്കേണ്ടിയിരുന്നു.'
എങ്ങിനെയായാലും, ഒരു പുസ്തകത്തോടുകൂടി വിളക്കിന്നരികെ ഇരുന്ന് അയാള്‍ മയങ്ങിപ്പോയി. അയാളുടെ സ്വപ്നങ്ങളില്‍ അയാള്‍ ശാന്തയും, സിതസുന്ദരാംഗിയും ആയ ടമാറയെക്കണ്ടു. അവള് വന്ന് അയാളുടെ അടുത്തിരുന്നു. അവളുടെ വദനം ആശ്ചര്യകരമാംവിധം ലേഷായുടേതുപോലെ തന്നെയായിരുന്നു. എന്തോ പ്രതീക്ഷിക്കുന്നുവെന്നു തോന്നുമാറ് അവള് അയാളുടെ നേരെ തുടര്‍ച്ചയായും, കണ്ണിമയ്ക്കാതേയും പകച്ചുനോക്കി. എന്നാല്‍ അവള് ആവശ്യപ്പെടുന്നതെന്തോ, അതിന്നതാണെന്നറിയാന് സാധിക്കാതിരിക്കുന്നത്, അയാള്‍ക്കു മര്‍മ്മഭേദകമായിരുന്നു. അയാള്‍ ഉടൻതന്നെ എഴുന്നേറ്റ് ടമാറ വന്നിരിക്കുന്നുവെന്നപോലെ തോന്നപ്പെട്ട ആ കസാലയുടെ അടുത്തേയ്ക്കു നടന്നുപോയി. അവളുടെ മുമ്പില്‍ നിന്നുകൊണ്ട് അയാള്‍ ഉച്ചത്തില്‍ അഭ്യര്‍ത്ഥിച്ചു.
``എന്താണ് നിനക്കാവശ്യം എന്നോടു പറയൂ.''
പക്ഷേ അവള് അവിടെയുണ്ടായിരുന്നില്ല.
``ഇതു വെറും ഒരു സ്വപ്നമായിരുന്നു.'' സക്സാലോ വ്യസനപൂര്‍വ്വം വിചാരിച്ചു.
അടുത്ത ദിവസം `കലാപ്രദര്‍ശന'ത്തില്നിന്നുമെത്തിയ ഗോറോഡിഷ്കി പെണ്‍കിടാവിനെ അയാള്‍ കണ്ടു. സക്സാലോ ആ പെണ്‍കുട്ടിയോടു ലേഷയെപ്പറ്റി പറഞ്ഞു.
``സാധുകുട്ടി'' വലേറിയാമിഖേയ്ലോന മൃദുസ്വരത്തില്‍ പറഞ്ഞു: ``അവന്റെ ചെറിയമ്മയ്ക്കു വല്ലവിധത്തിലും അവന്റെ ഉപദ്രവമൊഴിഞ്ഞു കിട്ടണമെന്നേ ആവശ്യമുള്ളൂ.''
``അതൊരുതരത്തിലും നിശ്ചയമല്ല.'' ഫെഡറ്റും ആ യുവതിയും ഒരുപോലെ ആ നിസ്സാരസംഭവത്തെക്കുറിച്ച് അപ്രകാരമൊരു നിര്‍ദ്ദയവും, ദുരന്തവുമായ അഭിപ്രായം പുറപ്പെടുവിച്ചതില്‍ വെറുപ്പോടുകൂടി സക്സാലോ പറഞ്ഞു.
`അക്കാര്യം സ്പഷ്ടമാണ്. ആ കുഞ്ഞിന് അച്ഛനില്ല. അവന് അവന്റെ ഇളയമ്മയുടെ കൂടെ താമസിക്കുന്നു. അവള് അവനെ ഒരു ഒഴിയാബാധയായിട്ടാണ് കാണുന്നത്. വലിയ തകരാറുകളൊന്നുംകൂടാതെ അവള്‍ക്കവനെ അകറ്റുവാന്‍ സാധിച്ചില്ലെങ്കില്‍ അവള് എങ്ങിനെയെങ്കിലും, എന്തു കടുംകൈ പ്രവര്‍ത്തിച്ചെങ്കിലും ഒടുവില്‍ അതു സാധിക്കും!''
``നിങ്ങള്‍ വളരെ ചീത്തയായ ഒരു വഴിയാണ് കാണുന്നത്'' സക്സാലോ ഒരു പുഞ്ചിരിയോടുകൂടിപ്പറഞ്ഞു.
``എന്തുകൊണ്ട് നിങ്ങള്‍ക്കവനെ ദത്തെടുത്തുകൂടാ?'' വലേറിയാ മിഖേയ്ലോന അഭിപ്രായപ്പെട്ടു.
``ഞാന്‍?'' സക്സാലോ അത്ഭുതത്തോടുകൂടി ചോദിച്ചു.
``നിങ്ങള്‍ തനിച്ച് താമസിക്കുന്നു.'' അവള് ശഠിച്ചു. `ഈസ്റ്റര്‍' സുദിനത്തില്‍ നല്ല ഒരു കൃത്യം ചെയ്യുകതന്നെ. എങ്ങിനെയായാലും അനുമോദനങ്ങള്‍ അന്ന്യോന്ന്യം കൈമാറുന്നതിലേയ്ക്ക് ഒരാള്‍ നിങ്ങള്ക്കുണ്ടാകുമല്ലോ!''
``എന്നാല്‍ എന്താണ് എനിക്ക് ചെയ്യാന്‍ കഴിയുക? ഒരു കൊച്ചുകുഞ്ഞിനെക്കൊണ്ട്, വലേറിയാ മിഖേയ്ലോനേ?''
``ഒരു വളര്‍ത്തമ്മയെ സമ്പാദിക്കുക, അതിന് വിധി ഒരു കുഞ്ഞിനെ അയച്ചുതന്നതുപോലെ തോന്നുന്നു.''
സക്സാലോ, ആ തരുണിയുടെ ജീവചൈതന്ന്യം നിഴലിക്കുന്ന ലജ്ജാസമ്മിളിതമായ വദനത്തില്‍, കരുതിക്കൂട്ടി വരുത്തിയതല്ലാത്ത, ഒരു ശാന്തഭാവത്തോടും അത്ഭുതത്തോടുംകൂടി നോക്കി.
ആ സായാഹ്നത്തില്‍ തന്റെ സ്വപ്നങ്ങളില്‍ ടമാറ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍, അവള് ആവശ്യപ്പെട്ടിരുന്നതെന്താണെന്നു സക്സാലോവിനു മനസ്സിലായി. തന്റെ മുറിക്കുള്ളിലെ പ്രശാന്തനിശബ്ദതയില്, ഈ വാക്കുകള്‍ മൃദുലമായി മാറ്റൊലികൊള്ളുന്നതുപോലെ അയാള്‍ക്കു തോന്നിത്തുടങ്ങി. ``അവള് നിങ്ങളോടു പറഞ്ഞതുപോലെ ചെയ്യുക!''
ആഹ്ലാദത്തോടുകൂടി സക്സാലോ എഴുന്നേറ്റു, നിദ്രാകലിതമായിരുന്ന നേത്രങ്ങള്‍ കൈകൊണ്ടു തുടച്ചു. മേശപ്പുറത്ത് കിടന്നിരുന്ന ഒരു വെളുത്ത `ലിലാക്ക്' പൂച്ചെണ്ട് അയാളുടെ ദൃഷ്ടിയില്പെട്ടു. എവിടെ നിന്നു ഇത് വന്നു? തന്റെ അഭീഷ്ടത്തിന്റെ അടയാളമെന്നോണം ടമാറ ഇട്ടിട്ടുപോയതാണോ, അത്?
ആ ഗൊറോഡിഷ്കി പെണ്‍കിടാവിനെ വിവാഹംകഴിച്ചു ലേഷായെ, ദത്തുമെടുക്കുകയാണെങ്കില് തനിക്കു ടമാറയുടെ ആഗ്രഹം നിറവേറ്റുവാനാകും എന്നൊരു ബോധം പെട്ടന്നയാള്ക്കുണ്ടായി. ആ പൂച്ചെണ്ട് അയാള്‍ സസ്നേഹം തന്റെ മാറോടണച്ച് ചുംബിച്ചു. ആ ലിലാക്കിന്റെ ഉത്തമസൗരഭ്യപൂരം അയാള്‍ അകംകുളുര്ക്കെ ആസ്വദിച്ചു.
അന്നേദിവസം താന്‍തന്നെ വിലകൊടുത്തു വാങ്ങിയതാണാപ്പൂച്ചെണ്ട്, എന്നു അയാള്‍ക്കു ഓര്‍മ്മവന്നു. എന്നാല്‍ പെട്ടെന്നു വിചാരിച്ചു: ``ഞാന്‍ ഇതു സ്വയം വിലകൊടുത്തു വാങ്ങി എന്നുള്ളതില്‍ യാതൊരു വ്യത്യാസവുമില്ല. ഒരു ശുഭസൂചകമായ ശകുനമുണ്ട് ഈ സംഗതിയില്‍ -- അതു വിലകൊടുത്തുവാങ്ങുവാന് എനിക്കാഗ്രഹം തോന്നുകയും, പിന്നീടു ഞാന്‍ അതു വാങ്ങിച്ച കാര്യം വിസ്മരിക്കുകയും ചെയ്തതില്‍.''
രാവിലെ അയാള്‍ ലേഷയെക്കണ്ടുപിടിക്കുവാനായി പുറപ്പെട്ടു. ആ ബാലന് പടിവാതില്ക്കല് അയാളെ കണ്ടുമുട്ടുകയും, താനവിടെ താമസിക്കുന്നുവെന്നയാളെ കാണിച്ചുകൊടുക്കയും ചെയ്തു. ലേഷായുടെ അമ്മ കാപ്പികുടിക്കുകയും ചുവന്ന മൂക്കോടുകൂടിയ വേലക്കാരനോട് വഴക്കുപിടിക്കുകയും ചെയ്യുകയായിരുന്നു. ഇതു മാത്രമാണ് ലേഷായെസ്സംബന്ധിച്ചു സക്സാലോവിനു മനസ്സിലാക്കാന്‍ സാധിച്ചത്.
അവനു മൂന്നുവയസ്സുള്ള കാലത്തു അവന്റെ മാതാവു മരിച്ചുപോയി. അവന്റെ അച്ഛന് ഈ കറുത്ത സ്ത്രീയെ വിവാഹം കഴിക്കുകയും ഒരു കൊല്ലത്തിനുള്ളില്‍ അയാളും പരലോകപ്രാപ്തനാകുകയും ചെയ്തു. ഈ ഇരുണ്ട സ്ത്രീയായ `ഐറേന ഐവനോന' എന്നവള്‍ക്കും അവളുടെ സ്വന്തമായി ഒരു വയസ്സു പ്രായംചെന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവള് വീണ്ടും വിവാഹം കഴിക്കുവാന്‍ പോകയാണ്. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ വിവാഹം നടക്കുവാന്‍ പോകുന്നു. അതുകഴിഞ്ഞാല്‍ അവര്‍ ഉടൻതന്നെ ഉള്‍നാടുകളിലേയ്ക്ക് യാത്രയാണ്. അവള്‍ക്കും, അവളുടെ പെരുമാറ്റത്തിലും, ഒരു പരിചിതനായിരുന്നു ലേഷ.
`അവനെ എനിക്കു തരിക'' സക്സാലോ അഭിപ്രായപ്പെട്ടു.
``സന്തോഷത്തോടുകൂടി'' അവര്‍ണ്ണനീയമായ ആനന്ദത്തോടുകൂടി ഐറേന ഐവനോന പറഞ്ഞു. ഒരുനിമിഷം കഴിഞ്ഞു തുടര്‍ന്നു: ``നിങ്ങള്‍ അവന്റെ വസ്ത്രങ്ങള്‍ക്കുള്ള വില തരണമെന്നു മാത്രം!''
അപ്രകാരം ലേഷായെ, സക്സാലോ തന്റെ ഗൃഹത്തിലേയ്ക്കു കൊണ്ടുവന്നു. ഒരു ധാത്രിയെക്കണ്ടുപിടിക്കുന്നതിലും, ലേഷയുടെ ഗൃഹപ്രവേശം സംബന്ധിച്ച മറ്റോരോ കാര്യങ്ങളിലും, ആ ഗോറൊഡിഷ്കിപ്പെൺകുട്ടി അയാളെ സഹായിച്ചു. ഈ കാര്യത്തിനായി അവള്‍ക്കു സക്സാലോവിന്റെ സദനം സന്ദര്‍ശിക്കേണ്ടിയിരുന്നു. അപ്രകാരമുള്ള സഹവാസത്താല്‍ അവള് ഒരു വ്യത്യസ്തസൃഷ്ടിയായി സക്സാലോവിനു തോന്നിത്തുടങ്ങി. അവളുടെ ഹൃദയകവാടം തനിക്കുവേണ്ടി തുറന്നിട്ടിരിക്കുന്നുവെന്നു സക്സാലോവിനു ബോധ്യപ്പെട്ടു. മൃദുലവും, കിരണങ്ങള്‍ സ്ഫുരിക്കുന്നതുമായ അവളുടെ നീണ്ട നയനങ്ങള്‍! ടമാറയില്‍ നിന്നും നിര്‍ഗ്ഗളിച്ച ആ മധുരമായ മുഗ്ദ്ധതതന്നെ അവളിലും സംജാതമായി.
തന്റെ വെളുത്ത അമ്മയെക്കുറിച്ചുള്ള, ലേഷായുടെ കഥകള്‍ ഫെഡറ്റിനേയും അയാളുടെ ഭാര്യയേയും സ്പര്‍ശിച്ചു. ഈസ്റ്ററിന്റെ തലേന്നാള്‍ രാത്രി അവനെ കിടക്കയില്‍ കിടത്തിയപ്പോള്‍, അവന്റെ കട്ടിലിന്റെ അറ്റത്ത് പഞ്ചാരമുട്ട കെട്ടിത്തൂക്കി.
``ഇത് നിന്റെ വെളുത്ത അമ്മയുടെ അടുക്കല്‍ നിന്നാണ്.''ക്രിസ്റ്റെന് പറഞ്ഞു. ``എന്നാലെന്റെ പൊന്നാങ്കുടമേ, നീയതു തൊടരുത്. യേശു ഉണരുകയും മണികള്‍ കിലുങ്ങുകയും ചെയ്യുന്നതുവരെ.''
അനുസരണയോടെ ലേഷ കിടപ്പായി. അധികനേരം ആ കൗതുകകരമായ അണ്ഡത്തിനു നേരെ അവന് മിഴിച്ചുനോക്കി. പിന്നെ അവന് കിടന്നുറങ്ങി.
ആ സായാഹ്നത്തില്‍ സക്സാലോ വീട്ടില്‍ ഒറ്റയ്ക്കിരുന്നു. അര്‍ദ്ധരാത്രിയോടടുത്ത് അനിയന്ത്രിതമായ ഒരു നിദ്രാപാരവശ്യം അയാളുടെ നേത്രങ്ങളെ അടച്ചുകളഞ്ഞു. അയാള്‍ സന്തുഷ്ടനായി. എന്തുകൊണ്ടെന്നാല്‍, വേഗത്തില്‍ അയാള്‍ക്കു തന്റെ ടമാറയെ, കാണാറാകുമല്ലോ. സിതാംബരാലംകൃതയായി, മധുരമന്ദഹാസാഞ്ചിതയായി, സുപ്രഭാവതിയായി, പള്ളിമണികളുടെ ആനന്ദസാന്ദ്രമായ വിദൂരശിഞ്ജിതത്തെ ആനയിച്ചുകൊണ്ട് ആ അംഗനാരത്നം അതാ മന്ദംമന്ദം സമാഗതയാകുന്നു! ശാന്തസുന്ദരമായ ഒരു മന്ദസ്മിതത്തോടുകൂടി, അവള് അയാളുടെ മീതെ കുനിയുകയും, -- ഹാ! പ്രകടനാതീതമായ, പരമാനന്ദം! -- സ്കസാലോവിനു തന്റെ അധരപുടങ്ങളില്‍, അതിമൃദുലമായ ഒരു സ്പര്ശനസൗഭാഗ്യം ലഭിക്കുകയും ചെയ്തു! ഒരു നേരിയ സ്വരം മന്ദംമന്ദം ഉച്ചരിച്ചു. ``ക്രിസ്തു ഉണര്‍ന്നിരിക്കുന്നു!''
തന്റെ നയനങ്ങള്‍ തുറക്കാതെ സക്സാലോ, അയാളുടെ ഇരുകരങ്ങളും ഉയര്‍ത്തി, കൃശകോമളമായ ഒരു മൃദുലവിഗ്രഹം പരമസംതൃപ്തിയോടെ പരിരംഭണം ചെയ്തു. `ഈസ്റ്റര്‍' അനുമോദനങ്ങള്‍ നല്കുവാനായി, മുട്ടുകുത്തി അയാളുടെ ദേഹത്തില്‍ പിടിച്ചുകയറിയ ലേഷായായിരുന്നു അത്.
പള്ളികളിലെ ഘണ്ടികാസഞ്ചയങ്ങളുടെ നിനദകോലാഹലം അവനെ ഉണര്‍ത്തി. അവന് ആ വെള്ളപ്പഞ്ചാരമുട്ട കരസ്ഥമാക്കിക്കൊണ്ടു സക്സാലോവിന്റെ അടുത്തേയ്ക്ക് ഓടിപ്പോയിട്ടുണ്ടായിരുന്നു.
സക്സാലോ ഉണര്‍ന്നു. ലേഷ അത്യാഹ്ലാദത്തോടെ പൊട്ടിച്ചിരിച്ചുകൊണ്ട് ആ വെള്ളമുട്ട, അയാളുടെ നേരെ നീട്ടി.
``വെളുത്ത അമ്മ അയച്ചതാണിത്.'' അവന് കൊഞ്ചിപ്പറഞ്ഞു. ``ഞാനിതു നിങ്ങള്‍ക്കു തരും. നിങ്ങള്‍ ഇതു വലേറിയ അമ്മായിക്കു കൊടുക്കണം.''
``കൊള്ളാം, അങ്ങിനെതന്നെ. ഓമനേ, ഞാന്‍ നീ പറയുംപോലെ ചെയ്യാം.'' സക്സാലോ മറുപടി പറഞ്ഞു.
ലേഷയെക്കിടക്കയില്ക്കിടത്തിയിട്ട്, വെളുത്ത അമ്മയില്‍നിന്നുള്ള സംഭാവനയായ, ലേഷായുടെ ആ വെള്ളമുട്ടയുംകൊണ്ട് അയാള്‍ വലേറിയമിഖേയ്ലോനയുടെ അടുത്തേയ്ക്കു പോയി. എന്നാല്‍, ആ നിമിഷത്തില്‍, ടമാറയില്‍ നിന്നുള്ള ഒരു സമ്മാനം തന്നെയാണതെന്നു സക്സാലോവിനു തോന്നി.
ഒരു അക്രമം
ഒരു `കൊളീജിയേറ്റ് അസ്സെസ്സര്‍' ഉദ്യോഗമുള്ള മിഗേവ്, തന്റെ സായംകാല സവാരിക്കിടയില്‍ ഒരു തപാല്ക്കമ്പിക്കാലിനടുത്തുനിന്ന്, നീണ്ട നെടുവീര്‍പ്പിട്ടു. ഒരാഴ്ചയ്ക്കുമുമ്പ്, അയാള്‍ സായാഹ്നസവാരികഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങുമ്പോള്‍, അതേ സ്ഥലത്തുവെച്ചു തന്നെയാണ് തന്റെ പണ്ടത്തെ വീട്ടുവേലക്കാരിയായ ആഗ്നിയായെക്കണ്ടുമുട്ടിയത്. ആ സമയം കഠിനമായ വിദ്വേഷത്തോടുകൂടി അവള് അയാളോടിങ്ങിനെ പറഞ്ഞു:
``ഒരിത്തിരി നില്‍ക്കണം, സര്. സാധുക്കളായ പെണ്‍കിടാങ്ങളെ അവതാളത്തിലാക്കുന്ന നിങ്ങളുടെ സ്വഭാവത്തിന്, ഞാന്‍ നിങ്ങളെ ഒന്നു പഠിപ്പിക്കാന്‍ ഭാവിച്ചിട്ടുണ്ട്. കാണിച്ചുതരാം. നോക്കിക്കോളൂ. ആ കുഞ്ഞിനെ ഞാന്‍ നിങ്ങളുടെ വാതില്ക്കല് കൊണ്ടിട്ടേച്ചുപോകും. നിങ്ങളുടെ പേരില്‍ ഞാന്‍ കേസുകൊടുക്കും. ഞാന്‍ നിങ്ങളുടെ ഭാര്യയോടും, പരമാര്‍ത്ഥമെല്ലാം പറഞ്ഞുകേള്‍പ്പിക്കും.........''
അവളുടെ പേരില്‍ അയ്യായിരും `റൂബിള്‍' ബാങ്കില്‍ ഇടണമെന്ന് അവള് അയാളോടാവശ്യപ്പെട്ടിരുന്നു. മിഗേവിനതോര്മ്മവന്നു. അതാണയാള്‍ ഒരു ദീര്‍ഘശ്വാസം വിട്ടത്. തനിക്കിത്രമാത്രം മനശ്ചാഞ്ചല്ല്യത്തിനും കഷ്ടതയ്ക്കും കാരണമാക്കിയ ആ ക്ഷണികമായ കാമവികാരത്തെപ്പറ്റി അത്യന്തം പശ്ചാത്തപിച്ചുകൊണ്ട്, അയാള്‍ തന്നെത്തന്നെ പഴിച്ചു.
തന്റെ ബംഗ്ലാവില്‍ ചെന്നുചേര്‍ന്ന ഉടനെ, വിശ്രമിക്കുവാനായി, അയാള്‍ അതിന്റെ പടിക്കല്‍ ഇരുന്നു. അപ്പോള്‍ മണി പത്തേ ആയിട്ടുള്ളൂ. മേഘങ്ങളുടെ പിന്നില്‍ നിന്നും ചന്ദ്രക്കല പുറത്തേയ്ക്കൊളിഞ്ഞുനോക്കിയിരുന്നു. തെരുവിലോ, ബംഗ്ലാവിനടുത്തോ ഒരു ജീവിപോലും ഉണ്ടായിരുന്നില്ല. പ്രായംചെന്ന ഗ്രീഷ്മകാലസന്ദര്ശകന്മാര് കിടക്കുവാനുള്ള ആരംഭമായി. ചെറുപ്പക്കാര്‍ സമീപമുള്ള വനത്തില്‍ ഉലാത്തിക്കൊണ്ടിരുന്നു. ഒരു സിഗററ്റ് കൊളുത്തുവാന്‍ വേണ്ടി മിഗേവു തന്റെ രണ്ടു കുപ്പായക്കീശകളിലും തീപ്പെട്ടി തപ്പിനോക്കി. അയാളുടെ കൈമുട്ടു പെട്ടെന്നു മൃദുവായ എന്തിന്മേലോ മുട്ടിയെന്നയാള്ക്കു തോന്നി. അലസമായി അയാള്‍ തലചരിച്ചു തന്റെ വലത്തെ കൈമുട്ടില്‍ നോക്കി. തന്റെ അടുത്തൊരു പാമ്പിനെക്കണ്ടാലെന്നപോലെ, അത്രമാത്രം ഭയത്തോടുകൂടി, അയാളുടെ മുഖഭാവം പെട്ടെന്നു വികൃതമായി മാറി. അതേ, വാതിലിന്റെ ചവിട്ടുപടിയില്‍ അതാ കിടക്കുന്നു ഒരു ഭാണ്ഡം. ആകൃതിയില്‍ ദീര്‍ഘചതുരമായ എന്തോ ഒന്ന്, മറ്റെന്തിലോ പൊതിഞ്ഞിട്ടിരിക്കുന്നു. സ്പര്ശനത്തില് അതൊരു കോസടിയാണെന്നയാള്ക്കു തോന്നി. ആ ഭാണ്ഡത്തിന്റെ ഒരുവശം അല്പം തുറന്നുകിടക്കുന്നുണ്ട്. `കൊളീജിയേറ്റ് അസ്സെസ്സര്‍' അതു കൈയിലെടുത്തപ്പോള്‍, ഈര്‍പ്പവും ചൂടുമുള്ള എന്തോ ഒന്നയാളെ സ്പര്‍ശിച്ചു. ഭയത്തോടെ അയാള്‍ ചാടിയെഴുന്നേറ്റു. ഒരു ജയില്‍പ്പുള്ളി തന്റെ `വാര്‍ഡര്‍'മാരില്‍ നിന്ന്, രക്ഷപ്പെടുവാന്‍ ശ്രമിക്കുന്നതുപോലെ അയാള്‍ ചുറ്റും നോക്കി.
``അവള് അതിനെ ഇട്ടേച്ചുപോയി.'' അയാള്‍ മുഷ്ടി ചുരുട്ടി പല്ലിറുമ്മിക്കൊണ്ട് കോപത്തോടെ മുറുമുറുത്തു. ഇതാ ഇവിടെക്കിടക്കുന്നു അത്....... ഇതാ കിടക്കുന്നു എന്റെ അക്രമത്തിന്റെ ഫലം! ഹാ! ദൈവമേ!''
ഭയം, കോപം, ലജ്ജ ഇവയാല്‍ അയാള്‍ സ്തബ്ധനായിപ്പോയി.
ഇനിയെന്താണവള് ചെയ്യുക? തന്റെ ഭാര്യ ഇതുകണ്ടുപിടിച്ചാല് അവള് എന്തുപറയും? തന്റെ സഹോദ്യോഗസ്ഥന്മാരെന്തു പറയും? തന്റെ മേലധികാരി ഇതറിയുമ്പോള്‍, തന്റെ പാര്‍ശ്വത്തില്‍ തട്ടി, പൊട്ടിച്ചിരിച്ചുകൊണ്ട് പറയും: ``ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു!--ഹി!--ഹി!--ഹി!--നിങ്ങളുടെ താടി നരച്ചിട്ടുണ്ടെങ്കിലും യൗവനം തുളുമ്പുന്നതാണ് നിങ്ങളുടെ ഹൃദയം. നിങ്ങള്‍ ഒരു സൂത്രക്കാരനാണ്, സെംയാണ് എറാസ്റ്റോവിച്ചേ!'' ഗ്രീഷ്മകാലസന്ദര്ശകരാകമാനം ഇപ്പോള്ത്തന്റെ രഹസ്യം മനസ്സിലാക്കും. അഭിവന്ദ്യകളായ കുടുംബിനികള്‍ തന്റെ നേരെ വാതില്‍ കൊട്ടി അടച്ചുകളയും. ഈ മാതിരി സംഭവങ്ങള്‍ എല്ലായ്പ്പോഴും പത്രങ്ങളിലും കടന്നുകൂടുന്നു. അങ്ങിനെ മിഗേവിന്റെ വിനീതനാമധേയം റഷ്യയാകമാനം പ്രസിദ്ധീകൃതമായിത്തീരും.
ബംഗ്ലാവിന്റെ നടുവിലത്തെ കിളിവാതില്‍ തുറന്നുകിടന്നിരുന്നു. തന്റെ ഭാര്യ, അന്ന ഫിലിപ്പോവ്, മേശപ്പുറത്ത് അത്താഴത്തിനൊരുക്കുന്ന ശബ്ദം അയാള്‍ക്കു വ്യക്തമായി കേള്‍ക്കാമായിരുന്നു. `ഗേറ്റി'നു സമീപമുള്ള മുറ്റത്തു `പോര്‍ട്ടര്‍' ഏര്മോളായ് ശോകമധുരമായ ഒരു സ്വരത്തില്‍ `ബലലയ്ക' വായിച്ചുകൊണ്ടിരുന്നു. കുട്ടി ഉണര്‍ന്നു കരയേണ്ട താമസം മാത്രമേയുള്ളൂ. ഉടനെ രഹസ്യം പുറത്തായിക്കഴിയും. ബദ്ധപ്പെട്ടു പ്രവര്‍ത്തിക്കേണ്ടതിന്റെ അത്യാവശ്യത്തെക്കുറിച്ച് മിഗേവിനു ബോധമുണ്ടായി. ``വേഗം, വേഗം,'' അയാള്‍ മുറുമുറുത്തു. ``ഈ നിമിഷംതന്നെ.............. വല്ലവരും കാണുന്നതിനുമുമ്പ് ഞാനിതിനെ എടുത്തുകൊണ്ടുപോയി, വല്ലവരുടെയും പടിവാതില്ക്കല് കിടത്തും.''
ഭാണ്ഡം കയ്യിലെടുത്തു സംശയമുണ്ടാക്കാതെ കഴിക്കുവാനായി, ഒരു മന്ദഗതിയില്‍, ശാന്തമായി, അയാള്‍ തെരുവിലേയ്ക്കിറങ്ങി.
``ഒരത്ഭുതകരമായ കുണ്ടാമണ്ടി'' എന്നിങ്ങനെ അയാള്‍ ചിന്തിപ്പാന്‍ തുടങ്ങി. ``ഒരു കൊളീജിയേറ്റ് അസ്സെസ്സര്‍' ഒരു കുട്ടിയേയും എടുത്തുകൊണ്ട് തെരുവില്‍ക്കൂടി നടക്കുന്നു! ശിവ, ശിവ! ആരെങ്കിലും എന്നെക്കണ്ടെത്തിക്കാര്യം മനസ്സിലാക്കുന്നു എങ്കില്‍, കഴിഞ്ഞു എന്റെ കഥ! ഈ പടിവാതില്ക്കല് ഇതിനെ ഇടുകയാണ് ഭേദം -- ഇല്ല, വരട്ടെ. ജനലുകളെല്ലാം തുറന്നുകിടക്കുന്നു. പക്ഷേ ആരെങ്കിലും നോക്കിക്കൊണ്ടിരിക്കുന്നുണ്ടാവും. എവിടെയാണ് പിന്നെ ഞാനിതിനെ ഇട്ടിട്ടു പോവുക? -- എനിക്കറിയാം! ഞാനിതിനെ കച്ചവടക്കാരന് മ്യെല്ക്കിന്റെ വീട്ടിലേയ്ക്കു കൊണ്ടുപോകും. കച്ചവടക്കാര്‍ പണക്കാരും മൃദുലഹൃദയന്മാരുമാണ്. `അതേ, നിങ്ങള്‍ക്കു വന്ദനം' എന്നു പറഞ്ഞ് അതിനെ സ്വീകരിപ്പാനാണ് എളുപ്പം.''
മ്യെല്ക്കിന്റെ `വില്ല' (ഭവനം) നദിയോട് തൊട്ട് ഏറ്റവും അകലത്തുള്ള തെരുവിലായിരുന്നെങ്കിലും കുട്ടിയെ ആ കച്ചവടക്കാരന്റെ അടുക്കലേയ്ക്കു കൊണ്ടുപോകുവാന്തന്നെ മിഗേവ് തീര്‍ച്ചപ്പെടുത്തി.
അതു കരയുവാന്‍ ആരംഭിക്കുകയോ, കിടന്നു പുളഞ്ഞു ഭാണ്ഡത്തില്‍നിന്നു വീഴാതിരിക്കുകയോ മാത്രം ചെയ്തിരുന്നെങ്കില്‍ മതിയായിരുന്നു. എന്നിങ്ങനെ കൊളീജിയേറ്റ് അസ്സെസ്സര്‍ വിചാരിച്ചു. ഇതു തീര്‍ച്ചയായും ഒരു രസമുള്ള വിശേഷസംഭവംതന്നെ. ഇതാ ഞാന്‍ ഒരു മനുഷ്യജീവിയെ അതൊരു ഓഫീസ് ഫയല്‍ ആയിരുന്നാലെന്നതുപോലെ കയ്യിലെടുത്തുകൊണ്ടുപോകുന്നു. ജീവനോടുകൂടിയതും, ആത്മാവുള്ളതും, മറ്റാരെയുംപോലെ വികാരങ്ങളോടുകൂടിയതുമായ ഒരു മനുഷ്യജീവി! ഭാഗ്യത്താല്‍, `മ്യെല്ക്കിന്കുടുംബക്കാര്' സ്വീകരിക്കുന്നുവെങ്കില്‍, ആരെങ്കിലുമായിത്തീര്ന്നേയ്ക്കാം. ഒരു പ്രൊഫസ്സറോ, ഒരു സൈന്ന്യാധിപനോ, ഒരു ഗ്രന്ഥകാരനോ, ആകാന്‍ മതി. എന്തുവേണമെങ്കിലും സംഭവിക്കാം! ഇപ്പോള്‍ ഇതിനെ ഞാന്‍ ചവറ്റുസാമാനങ്ങളുടെ ഒരു ഭാണ്ഡക്കെട്ടുപോലെ എന്റെ കയ്യില്‍ ചുമന്നുകൊണ്ടുപോകുന്നു. പക്ഷേ, മുപ്പതോ നാല്‍പ്പതോ വര്‍ഷത്തിനകം, അവന്റെ മുമ്പില്‍ ഇരിക്കാന്‍ എനിക്കു ധൈര്യമുണ്ടായില്ലെന്നു വന്നേയ്ക്കാം!''
ജനശൂന്ന്യമായ ഒരിടുങ്ങിയ മുടുക്കില്ക്കൂടി, നീണ്ടുനീണ്ടു കിടക്കുന്ന വേലിക്കെട്ടുകളുടെ അരികിലുള്ള നാരകവൃക്ഷങ്ങളുടെ കനത്തിരുണ്ട നിഴല്പ്പാടുകളില്ക്കൂടി നടന്നുപോകുമ്പോള്‍, വളരെ ക്രൂരവും കുറ്റകരവുമായ എന്തോ ആണ് താന്‍ ചെയ്യുന്നതെന്നു, പെട്ടെന്നു മിഗേവിനു തോന്നി.
``എത്ര നീചമാണ് വാസ്തവത്തില്‍'' അയാള്‍ വിചാരിച്ചു. ``ഇതിലും കൂടുതല്‍ നികൃഷ്ടമായി ഒന്ന്, ഒരുത്തന്നു വിചാരിക്കാന്‍പോലും കഴിയാത്തവിധം, അത്ര നികൃഷ്ടം. എന്തിനാണ്, ഈ കുഞ്ഞിനെ പടിവാതില്‍തോറും മാറിമാറിക്കൊണ്ടു നടക്കുന്നത്? അതു ജനിച്ചു എന്നുള്ളത് അതിന്റെ കുറ്റമല്ല. ഒരുത്തര്‍ക്കും അതൊരു ദോഷവും ചെയ്തിട്ടുമില്ല. നാം ശുദ്ധ `പോക്കിരി'കളാണ്, നാം സുഖമനുഭവിക്കുന്നു. നിരപരാധികളായ ഈ കുഞ്ഞുങ്ങളാണത്രേ അതിനു ശിക്ഷയനുഭവിക്കേണ്ടത്! ഈ നാശംപിടിച്ച കാര്യങ്ങളെക്കുറിച്ചൊന്നു ചിന്തിച്ചുനോക്കൂ! ഞാന്‍ തെറ്റുചെയ്തു. ഞാനിതാ ഈ കുഞ്ഞിന്റെ മുമ്പില്‍ കഠോരമായ ഒരു `വിധി'യായിരിക്കുന്നു. ഞാനിതിനെ മ്യെല്ക്കിന്റെ പടിവാതില്ക്കലിട്ടുംവെച്ചുപോയാല് അവര്‍ അതിനെ അനാഥശിശുമന്ദിരത്തിലേയ്ക്കയക്കും. അവിടെ അപരിചിതന്മാരുടെ ഇടയ്ക്ക്, ഒരു വിചിത്രമായ രീതിയില്‍, അതു വളരും. സ്നേഹമില്ല, ലാളനങ്ങളില്ല, താലോലിച്ചുള്ള പോറ്റലില്ല, ഒന്നുമില്ലവിടെ. പിന്നീട് ഒരു `ചെരുപ്പുകുത്തി'യുടെ കൂടെ, അവനെ തൊഴിലഭ്യസിപ്പിക്കുവാന് വിടും. അവന് കുടി തുടങ്ങും. അസഭ്യഭാഷ ഉപയോഗിക്കുവാന്‍ പഠിക്കും. പട്ടിണിക്കാരനായത്തീരും. ഒരു ചെരുപ്പുകുത്തി! എന്നാലവനോ? കുലീനകുലജാതനായ ഒരു കൊളീജിയേറ്റ് അസ്സെസ്സറുടെ മകന്! അവന് എന്റെ സ്വന്തം രക്തവും ജീവനുമാണ്.''
നാരകവൃക്ഷച്ഛായകളില് നിന്നും വിശാലമായ രാജവീഥിയിലെ പ്രകാശപൂര്‍ണ്ണമായ ചന്ദ്രികയില്‍ മിഗേവ് എത്തിച്ചേര്‍ന്നു. ഭാണ്ഡം തുറന്നു പതുക്കെ ആ ശിശുവിനെ അയാളൊന്നു നോക്കി.
അയാള്‍ മന്ത്രിച്ചു ``ഉറക്കം! എടാ, കൊച്ചുതേമേലി! എന്തിന് ! നിന്റെ അച്ഛനുള്ളതുപോലെത്തന്നെ ഒരു തത്തച്ചുണ്ടന്‍ മൂക്ക് നിനക്കും ഉണ്ട്. --
അവന് ഉറങ്ങുന്നു. അവനെ നോക്കിക്കൊണ്ട് നില്‍ക്കുന്നത് അവന്റെ സ്വന്തം പിതാവാണെന്ന് അവന് അറിയുന്നതേയില്ല. ഇതൊരു നാടകമാണു കുഞ്ഞേ! കൊള്ളാം! കൊള്ളാം! നീ എനിക്കു മാപ്പുതരണം! എന്റെ ഓമനക്കുഞ്ഞേ, നീ എനിക്കു മാപ്പുതരൂ!...... ഇതു നിന്റെ വിധിതന്നെ!''
കോളീജിയേറ്റ് അസ്സെസ്സര്‍ കണ്ണടച്ചു: തന്റെ ഗണ്ഡസ്ഥലങ്ങള് വേദനിയ്ക്കുന്നതുപോലെ അയാള്‍ക്കുതോന്നി. അയാള്‍ കുഞ്ഞിനെ കൈയില്‍ പൊതിഞ്ഞെടുത്തുകൊണ്ട് വീണ്ടും നടന്നുപോയി. മ്യെല്ക്കിന്റെ `വില്ല'യിലേയ്ക്കുള്ള വഴി മുഴുവനും അയാളുടെ മസ്തിഷ്കത്തില്‍, സാമുദായികപ്രശ്നങ്ങള്‍ തിങ്ങിക്കൂടുകയായിരുന്നു. ഹൃദയത്തിലാകട്ടെ മനസ്സാക്ഷി അയാളെ കരളുന്നുണ്ടായിരുന്നു.
``മര്യാദക്കാരനും സത്യസന്ധനുമായ ഒരു മനുഷ്യനാണെങ്കില്‍'' അയാള്‍ വിചാരിച്ചു: ``ഞാന്‍ എല്ലാറ്റിനും സന്നദ്ധനായി, അന്ന ഫിലിപ്പോവ്നയുടെ അടുത്ത് ഈ കുട്ടിയെയും കൊണ്ട്ചെന്നു `എനിക്കു മാപ്പുതരൂ! ഞാന്‍ പാപം ചെയ്തുപോയി. എന്നെ എന്തുവേണമെങ്കിലും ചെയ്തുകൊള്ളൂ. പക്ഷേ നിരപരാധിയായ ഒരു കുഞ്ഞിനെ വഴിയാധാരമാക്കരുത്!' എന്നു പറയണം. അവള് നല്ല കൂട്ടത്തിലാണ്. അവള് സമ്മതിക്കും. എന്റെ കുഞ്ഞ് എന്നോടൊന്നിച്ചുണ്ടായിരിക്കയും ചെയ്യും. ഹാവൂ!''
അയാള്‍ മ്യെല്ക്കിന്റെ `വില്ല'യിലെത്തിയിട്ടും, സംശയിച്ചു നില്‍പ്പായി. താന്‍ വീട്ടില്‍ `ഇരിപ്പുമുറിയില്‍, പത്രം വായിച്ചുകൊണ്ടിരിക്കുന്നതും, തത്തച്ചുണ്ടന്മൂക്കോടുകൂടിയ ഒരു കൊച്ചാൺകുട്ടി തന്റെ നീളമുള്ള പുറംകുപ്പായത്തിന്റെ അലുക്കുകള്‍ പിടിച്ചു കളിക്കുന്നതുമായ ചിത്രം, അയാളുടെ മനോദൃഷ്ടികള്ക്കു ലക്ഷീഭവിച്ചു. തത്സമയംതന്നെ തന്റെ കൂട്ടുദ്യോഗസ്ഥന്മാര് തന്നെനോക്കിപ്പരിഹസിക്കുന്നതും, മേലധികാരി, തന്റെ പള്ളയ്ക്കു തട്ടിക്കൊണ്ടു പൊട്ടിച്ചിരിക്കുന്നതും, ആയ ചിത്രങ്ങളും അയാളുടെ മസ്തിഷ്ക്കത്തില്കൂടി ആര്‍ത്തിരച്ചു കടന്നുപോയി. മനസ്സാക്ഷിയുടെ സൂചിപ്രയോഗംകൂടാതെ, ശാന്തവും, ശോകമയവും, ആര്‍ദ്രവും ആയ എന്തോ ഒന്ന് അയാളുടെ ഹൃദയത്തിലുണ്ടായിരുന്നു.
``എനിക്കു മാപ്പുതരൂ, എന്റെ കുഞ്ഞേ, ഞാനൊരു മഹാദുഷ്ടനാണ്.'' അയാള്‍ മുറുമുറുത്തു. ``എന്നെക്കുറിച്ച് ചീത്തയായിട്ടൊന്നും നീ ഓര്‍ക്കരുതേ.''
അയാള്‍ പിന്തിരിഞ്ഞു. പക്ഷേ ഉടൻതന്നെ അയാള്‍ ഒരു നിശ്ചയസ്വരത്തില്‍ തൊണ്ട ശരിയാക്കിക്കൊണ്ടു പറഞ്ഞു:
``ഓ, എന്തും വരട്ടെ! നശിച്ചുപോവാന്‍! നാശം! ഞാനിതിനെ എടുത്തുകൊണ്ടുപോകും. ആളുകള്‍ അവര്‍ക്കിഷ്ടമുള്ളതു പറഞ്ഞുകൊള്ളട്ടെ!''
കുട്ടിയെ എടുത്തുകൊണ്ട് മിഗേവ് വേഗത്തില്‍ തിരിഞ്ഞു നടന്നു.
``അവര്ക്കിഷ്ടമുള്ളതവര് പറഞ്ഞുകൊള്ളട്ടെ!'' അയാള്‍ വിചാരിച്ചു. ``ഞാനിപ്പോള്‍തന്നെ വീട്ടില്‍ ചെന്നു അവളുടെ മുമ്പില്‍ നമസ്കരിച്ചുകൊണ്ട് പറയും. അന്നഫിലിപ്പോവ്ന!..................'' അവള് നല്ല കൂട്ടത്തിലാണ്. അവള്‍ക്ക് കാര്യം മനസ്സിലാക്കുവാന്‍ കഴിയും. ഞങ്ങള്‍ ഇതിനെ വളര്‍ത്തിക്കൊണ്ടുവരും. (ഇതൊരാൺകുഞ്ഞാണെങ്കില് ഞങ്ങള്‍ അവനെ `പ്ലഡിമര്' എന്നു വിളിക്കും. ഇതൊരു പെണ്കുഞ്ഞാണെങ്കില് അവളെ `അന്ന' എന്നും വിളിക്കും!) എങ്ങിനെയായാലും ഞങ്ങളുടെ വാര്‍ദ്ധക്യകാലത്തു ഇതൊരു തുണയായിത്തീരും.''
അയാള്‍ തീരുമാനിച്ചതുപോലെതന്നെ പ്രവര്‍ത്തിച്ചു.
കരഞ്ഞുകൊണ്ടും, ലജ്ജയാലും, ഭയത്താലും പരിപൂര്‍ണ്ണമായ ആശയാലും അനിശ്ചിതമായ ആനന്ദാതിരേകത്താലും ഉള്ള ക്ഷീണത്താല്‍ മിക്കവാറും മോഹാലസ്യപ്പെട്ടുകൊണ്ടും അയാള്‍ ബംഗ്ലാവില്ച്ചെന്നു ഭാര്യയുടെ അടുത്തുപോയി, അവളുടെ കാല്ക്കല് വീണു.
``അന്നഫിലിപ്പോവ്നേ, നീ ശിക്ഷിക്കുന്നതിനുമുമ്പായി ഞാന്‍ പറയുന്നത് കേള്‍ക്ക്! ഞാന്‍ പാപം ചെയ്തുപോയി. ഇതെന്റെ കുഞ്ഞാണ്. ആഗ്നിയായെ നീ ഓര്‍ക്കുന്നോ? അതെ, `ചെകുത്താ'നാണെന്നെ അതിനു പ്രേരിപ്പിച്ചത്!''
ലജ്ജയാലും ഭയത്താലും മിക്കവാറും ബോധരഹിതനായതുപോലെ ഒരു മറുപടിക്കു കാത്തുനില്‍ക്കാതെ, ചാടിയെഴുന്നേറ്റ് ഒരു പ്രഹരമേറ്റ മട്ടില്‍ അയാള്‍ വെളിയിലേയ്ക്കോടിപ്പോയി. ``അവള് എന്നെ വിളിക്കുന്നതുവരെ ഞാന്‍ ഇവിടെ പുറത്തു നില്ക്കും. '' എന്നു അയാള്‍ തന്നെത്താന്‍ പറഞ്ഞു: ``ആലോചിച്ച് ശാന്തതവരുവാന് വേണ്ടിടത്തോളം സമയം ഞാനവള്‍ക്കു കൊടുക്കും.''
പോര്ട്ടര്യെര്മോളായ് തന്റെ `ബലാലയ്ക'യുമായി അയാളുടെ അരികെ കടന്നുപോയി. അയാള്‍ മിഗേവിന്റെ നേരെ ഒന്നു കണ്ണോടിച്ചുകൊണ്ട് തന്റെ തോളുകള്‍ കുലുക്കി. ഒരു മിനിട്ടുകഴിഞ്ഞു വീണ്ടും അയാള്‍ മിഗേവിന്റെ അടുത്തുകൂടി കടന്നുപോവുകയും അയാള്‍ തലകുലുക്കുകയും ചെയ്തു. ``ഇതൊരു ഗ്രഹപ്പിഴ. നിങ്ങള്‍ എന്നെങ്കിലും ഇങ്ങിനെയൊന്നു കേട്ടിട്ടുണ്ടോ?'' യെര്മോളായ് ചിരിച്ചു ചെന്നിയിളക്കിക്കൊണ്ടു മുറുമുറുത്തു: അലക്കുകാരി ആഗ്നിയ അല്പം മുമ്പ് ഇവിടെ വന്നിട്ടുണ്ടായിരുന്നു, സെംയാൺ എറാസ്റ്റോവിച്ചേ! ആ കഴുതപ്പെണ്പിറന്നോള് അവളുടെ കൊച്ചിനെ ഇവിടെ, ഈ പടിയിന്മേല്, കിടത്തിയിട്ടു എന്റെകൂടെ അകത്തേയ്ക്കു പോയി. ആ തരത്തിന്, ആരോ ആ കൊച്ചിനെ തട്ടിയെടുത്തുകൊണ്ടു കടന്നുകളഞ്ഞെന്നേ! ഇങ്ങിനെയൊന്നാരു വിചാരിച്ചിരുന്നു?''
``എന്ത്? നീ എന്താണ് പറയുന്നത്?'' മിഗേവ് അയാളുടെ ഏറ്റവും ഉച്ചസ്വരത്തില്‍ വിളിച്ചു ചോദിച്ചു.
തന്റെ യജമാനന്റെ കോപത്തിനു തന്റെ സ്വന്തമായതരത്തിലുള്ള ഒരു വ്യാഖ്യാനം കൊടുത്തുകൊണ്ട്, യെര്മോളായ് തലചൊറിഞ്ഞു ഒരു ദീര്‍ഘശ്വാസം വിട്ടു.
``ഞാന്‍ ദുഃഖിക്കുന്നു, സെംയാണ് എറാസ്റ്റോവിച്ചേ!'' അയാള്‍ പറഞ്ഞു. ``പക്ഷേ ഉഷ്ണക്കാലത്തെ ഒഴിവുദിവസങ്ങളാണിത്. ഒരുത്തന്, `ഒന്നിനെ' കൂടാതെ കഴിച്ചുകൂട്ടാന്‍ -- ഒരു പെണ്ണിനെകൂടാതെ കഴിച്ചുകൂട്ടാന്‍ എന്നാണ് ഞാന്‍ പറഞ്ഞത് -- സാദ്ധ്യമല്ല.''
കോപത്തോടും ആശ്ചര്യത്തോടും തന്നെ തുറിച്ചുനോക്കിക്കൊണ്ടു നിന്നിരുന്ന യജമാനന്റെ മിഴികളിലേയ്ക്കൊന്നു കണ്ണോടിച്ചുകൊണ്ട്, വെറുതെ ഒരു കള്ളച്ചുമ ചുമച്ചിട്ട് അയാള്‍ തുടര്‍ന്നു.
``ഇതൊരു പാപമാണ്, തീര്‍ച്ചയായും. പക്ഷേ അതില്‍......... എന്താണൊരാള് ചെയ്യുക? അന്ന്യന്മാരെ വീട്ടിനുള്ളില്‍ കയറ്റുന്നതില്‍, അങ്ങുന്ന് ഞങ്ങളെ വിലക്കിയിട്ടുണ്ടെന്നെനിക്കറിയാം. പക്ഷേ ഞങ്ങള്‍ക്കു സ്വന്തമായി ഒരു പെണ്ണുങ്ങളും ഇല്ലല്ലോ! ആഗ്നിയ ഇവിടെ ഉണ്ടായിരുന്ന കാലത്തു മറ്റൊരു സ്ത്രീയും എന്നെക്കാണാനിവിടെ വന്നിരുന്നില്ല. എന്തെന്നാല്‍ ഇവിടെത്തന്നെയുണ്ടായിരുന്നു ഒരുത്തി. പക്ഷേ ഇപ്പോള്‍ നിങ്ങള്‍ക്കു തന്നെ കാണാമല്ലോ, സാറെ! ഒരുത്തന് അന്ന്യസ്ത്രീകളെ സ്വീകരിക്കാതെ യാതൊരു നിവൃത്തിയുമില്ല. ആഗ്നിയ ഇവിടെ താമസിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്തുകൊണ്ടെന്നാല്‍ --''
``എടാ, തെമ്മാടി! പോ മുമ്പീന്നു!'' കാല് നിലത്തു ശക്തിയായി ചവുട്ടിക്കൊണ്ട് അവന്റെ നേരെ മിഗേവ് ഗര്‍ജ്ജിച്ചു. അനന്തരം അയാള്‍ മുറിക്കകത്തേയ്ക്കു തിരിച്ചുപോയി.
കോപാകുലയായി, ആശ്ചര്യപരതന്ത്രയായി, അന്നാഫിലിപ്പോവ്ന മുന്പിരുന്നതുപോലെ തന്നെ ഇരിക്കുകയായിരുന്നു. ബാഷ്പാവിലങ്ങളായ അവളുടെ നയനങ്ങള്‍ ആ കുഞ്ഞിന്റെ മുഖത്ത് പതിഞ്ഞിരുന്നു. ``ദേ, നോക്കൂ, നോക്കൂ!'' വിവര്‍ണ്ണമായ മുഖത്തോടുകൂടി തന്റെ അധരങ്ങള്‍ ഒരു പുഞ്ചിരിയില്‍ ചുരുളിച്ചുകൊണ്ട്, മിഗേവ് മുറുമുറുത്തു: ``അതൊരു നേരംപോക്കായിരുന്നു. ഇതെന്റെ കുഞ്ഞല്ല. അലക്കുകാരിയുടേതാണിത്. ഞാന്‍--ഞാന്‍--ഞാന്‍--ചുമ്മാ ഒന്നു കളിപ്പിച്ചു നോക്കിയതായിരുന്നു. ഇതിനെ എടുത്തുകൊണ്ടുപോയി പോര്ട്ടരുടെ കൈയില്‍ കൊടുക്കൂ.
കോര്ണിവാസിലി
കോര്ണിവാസിലിക്ക് അവസാനമായി നാട്ടില്‍ കണ്ടിരുന്ന കാലത്ത് അന്‍പത്തിനാലു വയസ്സു പ്രായമുണ്ടായിരുന്നു. അയാളുടെ ചുരുണ്ടു നിബിഡമായ തലമുടിയില്‍ ഒരൊറ്റ വെളുത്ത നാരുപോലും കാണുമായിരുന്നില്ല. കവിളത്തുള്ള മീശയില്‍ മാത്രം അല്പം ഒരു വെളുപ്പിന്റെ ലാഞ്ചനം ഉണ്ടായിരുന്നതേയുള്ളൂ. അയാളുടെ മുഖം മൃദുലവും, രക്തപ്രസാദമുള്ളതും അയാളുടെ കണ്ഠപ്രദേശം വിസ്താരമുള്ളതും ബലമേറിയതും അയാളുടെ ശരീരമാകമാനം ആനന്ദസമ്പൂര്ണ്ണമായ നഗരജീവിതത്തിന്റെ കൊഴുപ്പിനാല്‍ നിറയപ്പെട്ടതുമായിരുന്നു.
ഇരുപത് കൊല്ലങ്ങള്‍ക്കുമുമ്പ് അയാള്‍ തന്റെ സൈനികസേവനം അവസാനിപ്പിച്ച്, വീട്ടില്‍ പണത്തോടുകൂടി മടങ്ങിയെത്തി. ആദ്യം അയാള്‍ ഒരു പീടിക തുറക്കുകയും, പിന്നീട് അതുപേക്ഷിച്ചിട്ടു കന്നുകാലി വ്യാപാരം കൈക്കൊള്ളുകയും ചെയ്തു. അയാള്‍ `ചെക്കാസി'ലേയ്ക്കു `സാമാനങ്ങള്‍' (കന്നുകാലികള്‍)ക്കായി പോവുകയും അവയെ മോസ്കോവിലേയ്ക്കു അടിച്ചുകൊണ്ടുവരികയും പതിവായിരുന്നു.
`ഗയി' എന്ന ഗ്രാമത്തില്‍, ഇരുമ്പുമേല്ക്കൂടിനാല് പൊതിയപ്പെട്ട തന്റെ കല്ലുകെട്ടിയ വീട്ടിലാണ് അയാളുടെ വൃദ്ധമാതാവും, അയാളുടെ ഭാര്യയും രണ്ടു കുട്ടികളും (ഒരാണും ഒരു പെണ്ണും) അതോടുകൂടിത്തന്നെ പതിനഞ്ചുവയസ്സു പ്രായം ചെന്ന അച്ഛനമ്മമാരില്ലാത്ത ഒരു ഭാഗിനേയനും, ഒരു വേലക്കാരനും താമസിച്ചിരുന്നത്.
കോര്‍ണി രണ്ടുപ്രാവശ്യം വിവാഹം കഴിച്ചിട്ടുണ്ടായിരുന്നു. അയാളുടെ ആദ്യത്തെ ഭാര്യ, അശക്തയും രോഗിണിയും ആയ ഒരു സ്ത്രീ കുട്ടികളെ ഒന്നിനേയും പ്രസവിക്കാതെ മരിച്ചുപോയി. വിഭാര്യനായ അയാള്‍ക്കു പ്രായം കൂടിക്കൂടിവരുന്നതുകണ്ട് അയാള്‍ രണ്ടാമത്തെ പ്രാവശ്യം അടുത്തുള്ള ഒരു ഗ്രാമത്തില്‍ നിന്നും ഒരു സാധുവിധവയുടെ പുത്രിയെ വിവാഹം കഴിച്ചു. അവള് സുബലയും സുമുഖിയുമായ പെണ്‍കുട്ടിയായിരുന്നു.
കോര്‍ണി തന്റെ കൈവശമുണ്ടായിരുന്ന ഒടുവിലത്തെ കാലിപ്പറ്റത്തെയും വിറ്റ് ഉദ്ദേശം മൂവ്വായിരം റൂബിളോളം കരസ്ഥമാക്കി. ഗ്രാമീണനായ ഒരാളില്‍ നിന്നും പാപ്പരായിപ്പോയ ഒരു ഭൂസ്വത്തുടമസ്ഥന് ഒരു കാട്ടിന്‍പുറം ആദായത്തിനു വില്ക്കുവാന് ഉദ്ദേശിച്ചിട്ടുണ്ടെന്നു കേള്‍ക്കുകയും, പട്ടാളത്തില്‍ ചേരുന്നതിനുമുന്പ് ഒരു തടിക്കച്ചവടക്കാരന്റെ കണക്കെഴുത്തുകാരനായി ജോലി നോക്കിയിട്ടുള്ളതുനിമിത്തം ആ വ്യാപാരം നല്ലപോലെ അറിയാമായിരുന്നതിനാല്‍ അയാള്‍ തടിക്കച്ചവടം ചെയ്യുവാന്‍ തീരുമാനിക്കുകയും ചെയ്തു.
തീവണ്ടിയാപ്പീസില്--തീവണ്ടിപ്പാത `ഗയി'യില്‍ക്കൂടി പോയിരുന്നില്ല--അയാള്‍ തന്റെ നാട്ടുകാരനായ ഒരു കൂട്ടുകാരനെ കണ്ടുമുട്ടി. പംഗുവായ കുസ്മയായിരുന്നു അത്. എല്ലാ വണ്ടിക്കും വല്ല ആളുകളേയും കിട്ടുമെന്നുള്ള ആശയോടുകൂടി തന്റെ വൃത്തികെട്ട രണ്ടു എല്ലന്കുതിരകളെ പൂട്ടിയിട്ടുള്ള `ജഡ്കാ'വണ്ടിയുമായി കുസ്മ നിത്യവും എത്തുക പതിവാണ്. കുസ്മ തീരെ ദരിദ്രനായിരുന്നു. തല്‍ഫലമായി ധനവാന്മാരായ ആളുകളെ അയാള്‍ വെറുത്തു. വിശേഷിച്ചും കോര്ണിയെ. അയാള്‍ കോര്ണിഷ്ക എന്നാണയാളെ വിളിച്ചിരുന്നത്.
``കോളൊന്നുമില്ലേ കുസ്മാമ്മാവാ?'' അയാള്‍ ചോദിച്ചു.
``നിങ്ങള്‍ക്കെന്നെ കൊണ്ടുപോകരുതോ, ഏ?''
``നിങ്ങള്‍ക്കിഷ്ടമുണ്ടെങ്കില്‍ -- ഒരു റൂബിളിന്.''
``എഴുപത് കോപെക് ധാരാളമാണ്, ഏ?''
``നിറഞ്ഞ വയറോടുകൂടിയ ഒരു മനുഷ്യന് ഒരു സാധുവിന്റെ മുപ്പത് കോപെക് കുറയ്ക്കുവാന്‍ തയ്യാര്‍.''
``ആട്ടെ, എന്നാല്‍ വരിക'' എന്നു പറഞ്ഞിട്ടു തന്റെ സഞ്ചിയും ഭാണ്ഡവും, മുകളിലെ പലകമേലിട്ടശേഷം അയാള്‍ പുറകിലത്തെ ഇരിപ്പിടത്തില്‍ ചാഞ്ഞിരുന്നു.
കുസ്മ പെട്ടിപ്പുറത്തും സ്ഥാനം പിടിച്ചു.
``ശരി, നിങ്ങള്‍ക്കിപ്പോള്‍ പുറപ്പെടാം.''
അവര്‍ ആപ്പീസിനടുത്തുള്ള കുന്നും കുണ്ടുമെല്ലാം വിട്ടു നിരപ്പായ നിരത്തില്‍ക്കൂടി ഓടിച്ചുപോയി.
``കൊള്ളാം, എങ്ങിനെയിരിക്കുന്നു അമ്മാവാ, എന്തെല്ലാമാണ് നാട്ടില്‍ -- ഞങ്ങളെസ്സംബന്ധിച്ചല്ല, എന്നാല്‍ നിങ്ങളെസ്സംബന്ധിച്ച് -- ഉള്ള വിശേഷങ്ങള്‍?'' കോര്‍ണി ചോദിച്ചു.
``വലിയ വിശേഷമൊന്നുമില്ല, തീര്‍ത്തും.''
``എങ്ങിനെയാണത്? എന്റെ ആ വൃദ്ധസ്ത്രീ ജീവിച്ചിരിപ്പുണ്ടോ?''
``ഓ!~ഉവ്വുവ്വ്! അവള് ജീവിച്ചിരിപ്പുണ്ട്. ഞാന്‍ കഴിഞ്ഞ ദിവസം അവരെ പള്ളിയില്‍ കണ്ടു. നിങ്ങളുടെ വൃദ്ധസ്ത്രീ ജീവിച്ചിരിപ്പുണ്ട്. അതുപോലെതന്നെ നിങ്ങളുടെ ചെറുപ്പക്കാരി ഭാര്യയും. അവള്‍ക്കൊന്നുമില്ല ക്ലേശിക്കുവാന്. അവള് ഒരു പുതിയ വേലക്കാരനെ എടുത്തിട്ടുണ്ട്.''
എന്നിട്ടു കുസ്മ പൊട്ടിച്ചിരിച്ചു. അതൊരു വിചിത്രമാര്ഗ്ഗത്തിലാണെന്നു കോര്ണിക്കു തോന്നി.
``ഒരു വേലക്കാരന്? പിന്നെ പീറ്ററിനെന്തുപറ്റി?''
``പീറ്റര്‍ കിടപ്പിലാണ്. അവള് `കാമങ്കാ'യില്‍ നിന്നും `എസ്റ്റിനിബെലി'യെ ആക്കിയിരിക്കുന്നു.'' കുസ്മ പറഞ്ഞു, ``അവളുടെ സ്വന്തഗ്രാമത്തില് നിന്നാണത്.''
``പരമാര്‍ത്ഥം!'' കോര്‍ണി പറഞ്ഞു.
കോര്‍ണി, മാര്ഫായുമായി ഇടപെട്ടകാലത്തു സ്ത്രീകളുടെ ഇടയില്‍ എസ്റ്റിനിയെസ്സംബന്ധിച്ചു ചില ശ്രുതികളെല്ലാമുണ്ടായിരുന്നു.
``അതെങ്ങിനെയാണ് കോര്ണിവാസ്ലിച്ചേ'' കുസ്മ പറഞ്ഞു, ``സ്ത്രീകള്‍ക്ക് കുറെ അധികം സ്വാതന്ത്ര്യമുണ്ട് ഇക്കാലങ്ങളില്‍.''
``എന്നവര്‍ പറയുന്നു'' കോര്‍ണി പറഞ്ഞു, ``നിങ്ങളുടെ തല നരച്ചുതുടങ്ങുന്നു'' വിഷയം മാറ്റുവാനുള്ള ഉല്‍ക്കണ്ഠയോടുകൂടി കോര്‍ണി തട്ടിമൂളി.
``ഞാന്‍ ചെറുപ്പക്കാരനൊന്നുമല്ല. കുതിര യജമാനനെപ്പോലെതന്നെയാണ്.'' ആ വൃത്തികെട്ട വളവന്കാലന്ജന്തുവിനെ ചാട്ടകൊണ്ട് ഒരടി അടിച്ചുകൊണ്ട് കോര്‍ണിയുടെ വാക്കുകള്‍ക്ക് കുസ്മ സമാധാനം പറഞ്ഞു.
ഏതാണ്ട് പകുതി വഴിവെച്ച് അവര്‍ ഒരു വിശ്രമത്താവളത്തില് എത്തി. കോര്‍ണി കുസ്മയോടു നിറുത്തുവാനാജ്ഞാപിച്ചു. അയാള്‍ ഉള്ളിലേയ്ക്കു പോയി. കുസ്മ ഒഴിഞ്ഞ തൊട്ടികളുടെ അടുത്തേയ്ക്കു കുതിരകളെ നയിക്കയും, കോര്‍ണി തിരിഞ്ഞുനോക്കുകപോലും ചെയ്തില്ലെങ്കിലും അയാള്‍ തന്നെ ഒരു കുടിക്കു ക്ഷണിക്കാതിരിക്കില്ല എന്ന് അനുമാനിച്ചുകൊണ്ട്, അവയുടെ കടിഞ്ഞാണുകള്‍ എല്ലാം മാറ്റിക്കെട്ടുകയും ചെയ്തു.
``അകത്തുവന്ന് ഒരു ഗ്ലാസാവരുതോ കുസ്മമ്മാവാ?'' പുറത്ത് നടപ്പടിയില്‍ വന്നുനിന്നുകൊണ്ട് കോര്‍ണി ചോദിച്ചു.
``നിങ്ങള്‍ക്കു വന്ദനം.'' യാതൊരു തിടുക്കവും ഇല്ലെന്നു നടിച്ചുകൊണ്ട് കുസ്മ മറുപടി പറഞ്ഞു.
കോര്‍ണി ഒരുകപ്പ് `വോഡ്ക' ചോദിക്കയും, അതു കുസ്മയ്ക്കു കൊടുക്കയും ചെയ്തു. രണ്ടാമതു പറഞ്ഞയാള്‍ കാലത്തതില് പിന്നെ യാതൊന്നുംതന്നെ കഴിച്ചിട്ടില്ലായിരുന്നതിനാല്‍ ആദ്യത്തെ ഗ്ലാസുകൊണ്ടുതന്നെ ലഹരിപിടിക്കുകയും കോര്‍ണിയുടെ അടുത്തേയ്ക്കു നീങ്ങി ഗ്രാമത്തില്‍ പറയപ്പെടുന്നതെന്താണെന്നു മന്ത്രിച്ചുതുടങ്ങുകയും ചെയ്തു. അയാളുടെ ഭാര്യ മാര്‍ഫ അവളുടെ പഴയ കാമുകനെ വേലക്കാരനാക്കി നിര്‍ത്തിയിട്ട് അവന്റെകൂടെ താമസിക്കയാണെന്നായിരുന്നു, കുസ്മയുടെ വര്‍ത്തമാനം.
``നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ദുഃഖിക്കുന്നു.'' ലക്കില്ലാത്ത കുസ്മ പറഞ്ഞു.``അതു നല്ലതല്ല. ജനങ്ങള്‍ നിങ്ങളെ പരിഹസിക്കുകയാണ്. `ക്ഷമിക്കുക' ഞാന്‍ അവരോട് പറയുന്നു. `ക്ഷമിക്കുക അയാള്‍ സ്വയം വീട്ടിലെത്തുന്നതുവരെ.' അങ്ങിനെയാണതു കോര്ണിവിസിലിച്ചേ''
``നിങ്ങളാവശ്യപ്പെടുന്നുവോ കുതിരകളെ നനയ്ക്കുവാന്?'' എന്നു മാത്രമേ അയാള്‍ കുപ്പിയൊഴിഞ്ഞപ്പോള് ചോദിച്ചുള്ളൂ. ``ഇല്ലെങ്കില്‍ പുറപ്പെടാം നമുക്ക്.''
അയാള്‍ വിശ്രമാലയം സൂക്ഷിപ്പുകാരന് പണം കൊടുത്തിട്ടു തെരുവിന്നുള്ളിലേയ്ക്കു പോയി.
അയാള്‍ രാത്രിയില്‍ വീട്ടിലെത്തിച്ചേര്‍ന്നു. വഴിമുഴുവനും തനിക്ക് ചിന്തിക്കാതിരിപ്പാന് സാധിക്കാത്ത `എസ്റ്റിനി'യാണ് അയാള്‍ ആദ്യം കണ്ടുമുട്ടിയ ആള്. കോര്‍ണി അഭിവാദ്യം ചെയ്തു. ഓടിയെത്തിയ എസ്റ്റിനിയുടെ ചുക്കിച്ചുളിഞ്ഞ മുഖവും വെളുത്ത പുരികക്കൊടികളും നോക്കിക്കൊണ്ട്, കോര്‍ണി അമ്പരപ്പില്‍ അയാളുടെ തലകുലുക്കി. ``ആ കിഴട്ടുപട്ടി നുണ പറഞ്ഞു.'' കുസ്മയുടെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് അയാള്‍ വിചാരിച്ചു. ``എന്നാലാരറിയുന്നു? എനിക്കു കണ്ടുപിടിക്കണം.''
എസ്റ്റിനി കുതിരകളുടെ അടുത്തു നിന്നപ്പോള്‍ കുസ്മ അയാളുടെ നേരെ കണ്ണടച്ചുകാട്ടി.
``അപ്പോള്‍, നിങ്ങള്‍ ഞങ്ങളോടൊത്തു താമസിക്കുന്നുവെന്നു തോന്നുന്നു?'' കോര്‍ണി ആരംഭിച്ചു.
``ഒരുത്തനു പണിയെടുക്കണം എവിടെയെങ്കിലും.'' എസ്റ്റിനി പ്രതിവചിച്ചു.
``അകം പുകച്ചിരിക്കയാണോ?''
``തന്നെ. തീര്‍ച്ചയായും. മാറ്റിയ അവിടെയുണ്ട്.'' എസ്റ്റിനി മറുപടി പറഞ്ഞു.
കോര്‍ണി നടപ്പടിയില്‍ കയറി. മാര്‍ഫ, അയാളുടെ ശബ്ദം കേട്ടു തളത്തിലേയ്ക്കു വരികയും, തന്റെ ഭര്‍ത്താവിനെക്കണ്ടു ലജ്ജാവിവര്ണ്ണയായി, സാധാരണമായുള്ള സ്നേഹത്തോടുകൂടി അയാളെ അഭിവാദ്യം ചെയ്യുവാന്‍ ഓടിച്ചെല്ലുകയും ചെയ്തു.
``അമ്മയും ഞാനും നിങ്ങളെ പ്രതീക്ഷിച്ചിരിക്കയായിരുന്നു.'' മുറിയ്ക്കുള്ളിലേയ്ക്കു കോര്ണിയെ അനുഗമിച്ചുകൊണ്ട് അവള് പറഞ്ഞു.
``കൊള്ളാം, എന്നെക്കൂടാതെ എങ്ങിനെയാണ് നീ കഴിഞ്ഞുകൂടിയിരുന്നത്?''``ഞങ്ങള്‍ എങ്ങിനെയായിരുന്നുവോ പരിചയിച്ചുപോന്നിരുന്നത് അങ്ങിനെ ഞങ്ങള്‍ ജീവിക്കുന്നു'' എന്നു പറഞ്ഞു പാലിരന്നുംകൊണ്ടു പാവാടയില്‍ കടന്നു പിടികൂടുന്ന അവളുടെ രണ്ടുവയസ്സു പ്രായംചെന്ന പുത്രിയുടെ കൈയില്‍ കടന്നുപിടിച്ചുകൊണ്ട് ആയതങ്ങളും സുദൃഢങ്ങളും ആയ കാല്‍വെപ്പുകളോടുകൂടി അവള് പുറത്തു തളത്തിലേയ്ക്കിറങ്ങിപ്പോയി.
തന്നെപ്പോലെതന്നെ കറുത്ത കണ്ണുകളോടുകൂടിയ കോര്‍ണിയുടെ മാതാവ്, മൃദുലങ്ങളായ പാപ്പാസുകളില് മുറിക്കകത്തേയ്ക്കു വിറച്ചുവിറച്ചു വലിഞ്ഞുകയറി.
``എന്നെ കാണുവാന്‍ വന്നതുകൊണ്ട് നിനക്ക് വന്ദനം'' വിറയ്ക്കുന്ന അവളുടെ തല കുണുക്കിക്കൊണ്ട് അവള് പറഞ്ഞു.
കോര്‍ണി തന്റെ മാതാവിനോട് താന്‍ എന്തു കാര്യം പ്രമാണിച്ചാണ് വന്നിട്ടുള്ളതെന്ന് പറയുകയും, കുസ്മയെ ഓര്‍ത്ത് അയാള്‍ അവനു കൂലി കൊടുക്കുന്നതിലേയ്ക്കായി പുറത്തിറങ്ങിപ്പോവുകയും ചെയ്തു. തളത്തിലേയ്ക്കുള്ള വാതില്‍ തുറന്ന ഉടനെ മുറ്റത്തേയ്ക്കുള്ള വാതിലിന്റെ അടുത്തു മാര്ഫയും എസ്റ്റിനിയും നില്ക്കുന്നതായി കണ്ടു. അവര്‍ അന്ന്യോന്ന്യം തൊട്ടുനിന്നു സംസാരിക്കയായിരുന്നു. കോര്ണിയെ കണ്ടയുടനെ എസ്റ്റിനി മുറ്റത്തേയ്ക്കിറങ്ങുകയും മാര്‍ഫ പാടുന്ന samovar ന്റെ മുകളില്‍ ചിമ്മിനി എടുത്തുവെയ്ക്കുവാനായി പോവുകയും ചെയ്തു.
കോര്‍ണി നിശ്ശബ്ദനായി അവളുടെ അടുത്തുകൂടി കടന്നുപോവുകയും, തന്റെ ഭാണ്ഡം എടുത്തുകൊണ്ട് വലിയ മുറിയിലേയ്ക്കു കുസ്മയെ ചായയ്ക്കായി ക്ഷണിക്കുകയും ചെയ്തു. ചായയ്ക്കു മുന്‍പു കോര്‍ണി തന്റെ വീട്ടുകാര്‍ക്കായി മോസ്കോവില്‍ നിന്നും വീട്ടില്‍ കൊണ്ടുവന്നിട്ടുള്ള സമ്മാനങ്ങളെല്ലാം വീതിച്ചുകൊടുത്തു - ഒരു രോമക്കമ്പിളി അയാളുടെ അമ്മയ്ക്കും, ഒരു ചിത്രപ്പുസ്തകം ഫെസ്കയ്ക്കും, ഒരു മാറുടുപ്പ് അയാളുടെ മൂകനായ ഭാഗിനേയനും, ഒരു കുത്തു ചീട്ടി അയാളുടെ ഭാര്യയ്ക്കും.
ചായസമയത്തു കോര്‍ണി മുരങ്ങിക്കൊണ്ടും ഒന്നും മിണ്ടാതേയും ഇരുന്നു. മാറുടുപ്പിന്മേലുള്ള അവന്റെ സന്തോഷംകൊണ്ട് എല്ലാപേരേയും രസിപ്പിച്ചിരുന്ന അയാളുടെ മൂകനായ മരുമകന്റെ നേരെ നോക്കുമ്പോളെല്ലാം അയാള്‍ കരുതിക്കൂട്ടിയല്ലാതെ പുഞ്ചിരി തൂകുക മാത്രമേ ചെയ്തുള്ളൂ. അവന് അത് മടക്കുകയും, നിവര്‍ത്തുകയും ധരിക്കുകയും കോര്‍ണിയുടെ കൈ ചുംബിക്കുകയും അയാളുടെ നേരെ ചിരിക്കുന്ന കണ്ണുകളാല്‍ നോക്കുകയും ചെയ്തുകൊണ്ടേയിരുന്നു.
ചായയും അത്താഴവും കഴിഞ്ഞ്, മാര്ഫയോടും കൊച്ചുപെണ്കുഞ്ഞിനോടുംകൂടി താന്‍ ഉറങ്ങാറുള്ള മുറിക്കുള്ളിലേയ്ക്കു കോര്‍ണി പോയി. പാത്രങ്ങളെല്ലാം മാറ്റുന്നതിലേയ്ക്കായി മാര്‍ഫ വിശാലമായ മുറിയില്‍ നിന്നു. കൈമുട്ടുകള്‍ മേശപ്പുറത്ത് കുത്തിക്കൊണ്ട് കോര്‍ണി കാത്തിരുന്നു. അയാളുടെ ഭാര്യയുടെ നേര്‍ക്കുള്ള അയാളുടെ കോപം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു തുടങ്ങി. ഏതാനും ബില്ലുകള്‍ നിരയില്‍ നിന്നും വലിച്ചെടുത്തു, അയാളുടെ ചിന്തകള്‍ ശിഥിലീകരിക്കുന്നതിലേയ്ക്കായി, കൂടെക്കൂടെ വാതില്ക്കലേയ്ക്ക് ഒളിഞ്ഞുനോക്കിക്കൊണ്ടും, വലിയ മുറിയിലുള്ള സ്വരങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടും, കണക്കുകള്‍ കൂട്ടുവാന്‍ ആരംഭിച്ചു.
പലതവണ മുറിവാതില്‍ തുറക്കുന്നതും ആരോ തളത്തിലേയ്ക്കു വരുന്നതും അയാള്‍ കേട്ടു. എന്നാല്‍ അയാളുടെ ഭാര്യയായിരുന്നില്ല അത്. ഒടുവില്‍ അയാള്‍ അവളുടെ കാലടിശ്ശബ്ദം കേട്ടു. വാതിലിന്മേല് ഒരു തള്ളുണ്ടായി, അതു തുറന്നു. കൈകളില്‍ തന്റെ കൊച്ചുപെണ്കിടാവിനെ എടുത്തുകൊണ്ട്, ഒരു ചുവന്ന തൂവാലയോടുകൂടി പനിനീര്‍പ്പൂപോലെ സുന്ദരിയായ അവള് ഉള്ളില്‍ കടന്നുവന്നു, ``നിങ്ങള്‍ ക്ഷീണിച്ചിരിക്കണം വഴിയാത്രകൊണ്ട്'' അയാളുടെ മന്ദമായ ഭാവം കണ്ടിട്ടല്ല എങ്കിലും പുഞ്ചിരിയോടുകൂടി അവള് പറഞ്ഞു.
കോര്‍ണി അവളുടെ നേരെ നോക്കി. എന്നാല്‍ ഒന്നും ഉത്തരം പറയാതെ, വീണ്ടും കൂട്ടുവാനായിട്ടൊന്നുംതന്നെ ഉണ്ടായിരുന്നില്ലെങ്കിലും, അയാളുടെ കൂട്ടല്‍ തുടര്‍ന്നു. ``നേരം വൈകിത്തുടങ്ങുന്നു'' അവള് പറഞ്ഞു. പിന്നീട് കുട്ടിയെ താഴെ ഇരുത്തിയിട്ടു അവള് തിരസ്കരിണിക്കു പുറകിലേയ്ക്കു പോയി.
അവള് കിടക്ക വിരിക്കുന്നതും, കുട്ടിയെ കിടത്തിയുറക്കുന്നതും അയാള്‍ കേട്ടു.
``ജനങ്ങള്‍ പരിഹസിക്കുകയാണ്'' കുസ്മയുടെ വാക്കുകള്‍ അയാള്‍ അനുസ്മരിച്ചു.
``നീ ക്ഷമിക്ക്!'' പണിപ്പെട്ടു ശ്വാസംവിട്ടുകൊണ്ട് അയാള്‍ വിചാരിച്ചു. അയാള്‍ പതുക്കെ എഴുന്നേറ്റ് അയാളുടെ പെന്സില്ത്തുണ്ടു മാറുടുപ്പിന്റെ കീശയില്‍ ഇട്ടു ബില്ലുകള്‍ ഒരാണിയില്‍ തൂക്കിയിട്ടു തിരസ്കരിണിയുടെ വാതില്ക്കലേയ്ക്കു പോയി. അയാളുടെ ഭാര്യ ദൈവത്തിന്റെ പടത്തിനുനേരെ അഭിമുഖമായി പ്രാര്ത്ഥിച്ചുകൊണ്ടു നിന്നിരുന്നു. അയാള്‍ നിന്നു കാത്തു. കുറച്ചധികനേരം അവള് തലകുനിക്കുകയും, തൊഴുകയും, അവളുടെ പ്രാര്‍ത്ഥനകള്‍ മന്ത്രിയ്ക്കുകയും ചെയ്തു. അവയെല്ലാം അവള് അവസാനിപ്പിച്ചു തീര്ത്തിട്ടധികനേരമായി എന്നും അവ അവള് കരുതിക്കൂട്ടി വീണ്ടും ആവര്‍ത്തിക്കുകയാണ് എന്നും തോന്നപ്പെട്ടു. അനന്തരം അവള് നിലത്തുവീണു നമസ്കരിക്കുകയും, എഴുന്നേറ്റ് ഒരു പ്രാര്‍ത്ഥനയുടെ ഏതാനും കുറെ പദങ്ങള്‍ വേഗം മുറുമുറുത്തിട്ട് അയാളുടെ നേരെ തിരിയുകയും ചെയ്തു.
``അഗാഷ ഉറങ്ങുകയാണ്'' കൊച്ചുപെൺകിടാവിനെ ചൂണ്ടിക്കാണിച്ചുകൊണ്ടവള് പറഞ്ഞിട്ട്, ഒരു പുഞ്ചിരി കൂടാതെ, അവള് കരയുന്ന കട്ടിലിന്മേല് ഇരുന്നു.
``എസ്റ്റിനി ഇവിടെയായിട്ടു വളരെ നാളായോ?'' വാതിലില്‍കൂടി വന്നിട്ടു കോര്‍ണി ചോദിച്ചു. ഒരു ശാന്തമായ ചലനത്തോടുകൂടി അവള് തന്റെ ഘനമേറിയ വാര്മുടികളില് ഒന്നു തോളുകള്‍ക്കു നെടുകെ ഇടുകയും, ദ്രുതകരാംഗുലികളാല് അതിനെ അഴിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ചിരിക്കുന്ന കണ്ണുകളോടുകൂടി അവള് അയാളുടെ മുഖത്തിനു നേരെ നോക്കി.
``എസ്റ്റിനി? എനിക്കോര്‍മ്മയില്ല -- കഷ്ടിച്ചു രണ്ടോ അല്ലെങ്കില്‍ മൂന്നോ ആഴ്ചകള്‍, എനിക്കു തോന്നുന്നു.''
``നീ അവനോടുകൂടി താമസിക്കുന്നുവോ?'' കോര്‍ണി ചോദിച്ചു.
അവള് വാര്‍മുടി താഴെ ഇടുകയും, അനന്തരം അതു വീണ്ടും കുനിഞ്ഞെടുത്ത്, പരുത്തു നിബിഡമായ തലമുടി വാര്‍ന്നു കെട്ടുവാന്‍ ആരംഭിക്കുകയും ചെയ്തു.
``എസ്റ്റിനിയോടുകൂടി താമസിക്കുക! എന്തൊരുകൂത്ത്! ആഹാ!''
`എസ്റ്റിനി' എന്നുള്ള വാക്ക് ഒരു പ്രത്യേകമധുരമായ സ്വരത്തില്‍ ഉച്ചരിച്ചുകൊണ്ട് അവള് പറഞ്ഞു. ``എന്തൊരു കള്ളങ്ങള്‍ ആളുകള്‍ പറയുന്നു! ആരുപറഞ്ഞു അങ്ങിനെ?''
``ഞാന്‍ നിന്നോട് ചോദിക്കുന്നു, ഇതു പരമാര്‍ത്ഥമോ അല്ലയോ?'' അയാളുടെ ബലിഷ്ഠങ്ങളായ കൈകള്‍ ചുരുട്ടി കീശകളില്‍ തള്ളിക്കൊണ്ട് അയാള്‍ ചോദിച്ചു.
``പറയാതിരിക്കു അസംബന്ധം! ഞാന്‍ എടുക്കട്ടെയോ നിങ്ങളുടെ പാപ്പാസുകള്‍?''
``ഞാന്‍ നിന്നോട് ചോദിക്കുന്നു,'' കോര്‍ണി ആവര്‍ത്തിച്ചു. ``എന്തൊരനുമോദനം എസ്റ്റിനിക്ക്, തീര്‍ച്ചയായും!'' അവള് പറഞ്ഞു. ``ആരു പറഞ്ഞു നിങ്ങളോട് ഇങ്ങിനെ ഒരു നുണ?''
``എന്താണ് നീ പറഞ്ഞത് അവനോട് തളത്തില്‍ വെച്ച്?''
``എന്തു പറഞ്ഞു ഞാന്‍? ഞാന്‍ അവനോട് മരഭരണിക്ക് ഒരു പുതിയ അടപ്പിടണമെന്നു പറഞ്ഞു. എന്തിനു നിങ്ങള്‍ക്ക് എന്നെ വിഷമിപ്പിക്കണം?''
``സത്യം പറയുക എന്നോട്, അല്ലെങ്കില്‍ ഞാന്‍ കൊല്ലും നിന്നെ, വര്‍ക്കത്തുകെട്ട ചവറു പെണ്ണേ!''
അയാള്‍ അവളുടെ വാര്മുടിക്കു കടന്നുപിടിച്ചു. അവള് വേദനകൊണ്ട് വിവര്ണ്ണമാ