ശിഥിലഹൃദയം
(ചെറുകഥാ സമാഹാരം)
വെളുത്ത മുയലുകള്‍
ഉറ്റ ചങ്ങാതികളായിരുന്നു ഞങ്ങള്‍. അന്നുവരെ ഒരിക്കലും കലഹിച്ചിട്ടില്ല. കറുത്തൊരുവാക്കുപോലും പരസ്‌പരം പറഞ്ഞിട്ടില്ല. അന്യോന്യമുള്ള വിശ്വാസവും ആത്മാര്‍ത്ഥയും ഞങ്ങളുടെ പരിശുദ്ധ സൗഹാര്‍ദ്ദത്തില്‍ പരിമളം കലര്‍ത്തി.
പക്ഷെ പെട്ടെന്നതിന്നൊരു വ്യതിയാനം സംഭവിയ്‌ക്കുമെന്നാരുവിചാരിച്ചു? ഇന്നും എനിയ്‌ക്കതില്‍ കുണ്‌ഠിതമുണ്ട്. ഇനിയതുകൊണ്ടെന്തുഫലം? ഒരു നിസ്സാരകാരണത്തിന്മേല്‍ ഞങ്ങള്‍ പിണങ്ങി. അതെന്റെ ബുദ്ധിമോശം കൊണ്ടു പറ്റിപ്പോയതാണ്. പശ്ചാത്തപിച്ചിട്ടെന്തു പ്രയോജനം? ഒരു കാലത്ത് എന്റെ ജീവനായിരുന്ന ഭാസി, ഇന്നെന്റെ ബദ്ധശത്രു! കാലഗതിയില്‍ ജീവിതത്തിലുണ്ടാകുന്ന പരിണാമങ്ങള്‍ അത്ഭുതാവഹംതന്നെ!
ഭാനുവിന്റെ വാക്കുകള്‍ക്ക് എന്തിന് ഞാന്‍ ചെവികൊടുത്തു? അവളുടെ നിര്‍ദ്ദേശപ്രകാരം ഞാനെന്തിനു പ്രവര്‍ത്തിച്ചു? അവള്‍ വാസ്‌തവത്തില്‍ എന്നെ കുരങ്ങുകളിപ്പിക്കുകയായിരുന്നില്ലേ? ബുദ്ധിമാനെന്നും സംസ്‌ക്കാരസമ്പന്നനെന്നും സ്വയം അഭിമാനിക്കുന്ന ഞാന്‍ എന്തു കൊണ്ട് അവളുടെ മാന്ത്രികശക്തികളില്‍ മയങ്ങിപ്പോയി? എന്നെ കൂടെക്കൂടെ അലട്ടിക്കൊണ്ടിരിക്കുന്ന ചില ചിന്തകളാണിവ. പക്ഷെ അതുകൊണ്ട് ഒരു ഫലവുമില്ലല്ലോ! അതെ, ഞാന്‍ ഭാസിയുമായി പിണങ്ങിയതു ഭാനു മൂലമാണ്. അവള്‍ നിശ്‌ബ്‌ദയായി അണിയറയ്‌ക്കകത്തിരുന്നുകൊണ്ട് അരങ്ങത്തുനിന്ന ഞങ്ങളെ പരസ്‌പരം അകറ്റി; പിന്നീടോ..........?
ഭാനുവിനെ ഞാന്‍ സ്‌നേഹിച്ചു. അവളുടെ ഓരോ ചലനത്തിലും വാക്കിലും നോട്ടത്തിലും മാദകമായ എന്തോ ഒന്നുണ്ടായിരുന്നു. എന്നെ പമ്പിരികൊള്ളിക്കുന്ന ഏതോ ഒരു ലഹരി. അതിന്റെ മായാവലയത്തില്‍ ഞാന്‍ കുടുങ്ങിപ്പോയി. അന്നത്തെ എന്റെ കണ്ണുകള്‍കൊണ്ട് അവളുടെ മുഖത്തിനു ചുറ്റും ചഞ്ചലമായ ഒരു പരിവേഷം കാണാമായിരുന്നു. അവള്‍ ഒരപ്‌സരസ്സാണെന്നെനിക്കു തോന്നി. ലോകത്തിലെ വെളിച്ചവും തെളിച്ചവും മാത്രം ചേര്‍ന്നവശങ്ങള്‍ സജീവമായ ആകാരമെടുത്ത് ആവിര്‍ഭവിച്ച മുഗ്‌ദ്ധയായ ഒരപ്‌സരസ്സ്! ഞാനവളെ ആരാധിച്ചു.
ഞാന്‍ അവളെ കണ്ടിട്ടുള്ളപ്പോഴെല്ലാം, ഞങ്ങള്‍ ഒന്നിച്ചിരുന്നു സംസാരിക്കുമ്പോഴെല്ലാം, നീണ്ടുവിടര്‍ന്ന് നീലിമയാര്‍ന്ന അവളുടെ കണ്ണുകള്‍ മൗനഭാഷയില്‍ എന്നോടിങ്ങനെ മന്ത്രിക്കുന്നപോലെ തോന്നി. "ഞങ്ങളുടെ അഗാധതയിലേയ്‌ക്കൊന്നു നോക്കു. ഞങ്ങള്‍ നിഷ്‌ക്കളങ്കതയുടെ ഉറവുകളല്ലേ? " സ്വപ്‌നംകാണുന്ന ആ കണ്ണുകള്‍! അവയാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. അവയില്‍ നിഴലിച്ച അഭിരാമമായ ആ ഭാവശാന്തതയെ ഞാന്‍ വിശ്വസിച്ചു.
ഒന്നും ഞാന്‍ മറച്ചുവെയ്‌ക്കുന്നില്ല. കമ്പംപിടിച്ച ഒരു ചെറുപ്പക്കാരന്‍ എന്നെന്നെ കൂട്ടുകാര്‍ പുച്ഛിക്കാറുണ്ടായിരുന്നു. പക്ഷെ എനിയ്‌ക്കതില്‍ ഈര്‍ഷ്യതോന്നിയിരുന്നില്ല. കാരണം, എനിക്കു നിശ്ചയമുണ്ടായിരുന്നു ഭാനു എന്നെ സ്‌നേഹിച്ചിരുന്നു എന്ന്. കലാലോലമായ അവളുടെ കമനീയഹൃദയം കരഗതമായ എനിയ്‌ക്ക് അതിന്മീതെ മറ്റൊന്നും ആശിയ്‌ക്കാനുണ്ടായിരുന്നില്ല.
ഒഴിഞ്ഞ ഒരു നാട്ടിന്‍പുറത്ത് സാമാന്യം ഭേദപ്പെട്ടനിലയില്‍ക്കഴിഞ്ഞു കൂടുന്ന ഇടത്തരക്കാരില്‍ മുന്നണിയില്‍ നില്‍ക്കുന്നവരാണു ഞങ്ങള്‍. ഞങ്ങളുടെ കാരണവന്മാര്‍ പരമ്പരയായി സ്വീകരിച്ചുവന്നിരുന്ന തൊഴില്‍ കൃഷിയാണ്. ദാരിദ്യത്തിന്റെ ചൂട് ഞങ്ങള്‍ അനുഭവിച്ചിട്ടില്ല. അസംതൃപ്‌തിയുടെ ലേശംപോലും ഞങ്ങള്‍ അറിഞ്ഞിട്ടില്ല. വലിയ ആര്‍ഭാടമൊന്നുമില്ലാത്ത ഒരു ഒതുങ്ങിയ ജീവിതത്തിന്റെ പച്ചവിരിപ്പില്‍ ഞങ്ങള്‍ സൈ്വരമായി വിശ്രമിച്ചു.
ഭാസി എന്റെ അമ്മാവന്റെ മകനാണ്. കാഴ്‌ചയില്‍ സുമുഖനും പെരുമാറ്റത്തില്‍ ശാന്തനുമായിരുന്നു അയാള്‍. ഞങ്ങളുടെ നാട്ടില്‍ നിന്നഞ്ചുമൈലകലെയുള്ള പട്ടണത്തില്‍ ഒരു വ്യവസായശാലയില്‍ അയാള്‍ക്ക് ഒരു ക്ലാര്‍ക്കിന്റെ ജോലിയുണ്ടായിരുന്നു. അത്രവലിയ ശമ്പളമൊന്നുമുണ്ടായിരുന്നില്ലെങ്കിലും കുടുംബസ്ഥിതി സാമാന്യം ഭേദപ്പെട്ടതായിരുന്നതിനാല്‍ സുഖലോലുപമായ ഒരു ജീവിതം നയിയ്‌ക്കുവാന്‍ അയാള്‍ക്കു സാധിച്ചു.
എന്റെ അച്ഛന്‍ ഒരു ലുബ്‌ധനാണ്, എന്നുവെച്ചാല്‍ ഞങ്ങളുടെ നാട്ടുകാരുടെഭാഷയില്‍ പറയുകയാണെങ്കില്‍ അറുത്തകയ്യിന് ഉപ്പിടാത്ത ഒരു അറുപിശുക്കന്‍. ധനവ്യയത്തെഭയന്ന് എന്നെ കോളേജിലേക്കയയ്‌ക്കുവാന്‍ അച്ഛന്‍ വളരെ മടികാണിച്ചു. അമ്മയുടെ നിരന്തമുള്ള നിര്‍ബന്ധവും എന്റെ തോരത്ത കണ്ണുനീരും അച്ഛന്റെ മര്‍ക്കടമുഷ്‌ടിക്ക് അല്‌പം ഒരയവുണ്ടാക്കി. അങ്ങനെ മനസ്സില്ലാമനസ്സോടെ ഒടുവില്‍ അച്ഛന്‍ സമ്മതംമൂളി. നാലുകൊല്ലത്തെ കലാശാലാജീവിതം എനിക്കു നരകതുല്യമായിരുന്നു. അത്യാവശ്യംവേണ്ട കാര്യങ്ങള്‍ക്ക് പോലും അച്ഛന്‍ പണമയച്ചുതന്നിരുന്നില്ല. ഇടയ്‌ക്കിടെ എന്നെ സഹായിച്ചുകൊണ്ടിരുന്നത്, ഞാന്‍ തുറന്നുപറയാമല്ലോ, ഭാസിയാണ്. എന്നിട്ടും കൃതഘ്‌നനായ ഞാന്‍ ഭാസിയുമായി പിണങ്ങി.
എന്റെ വീട്ടിന്റെ മുന്‍ഭാഗത്തുമുഴുവന്‍ വയലുകളാണ്. അതിന്റെ കിഴക്കേ അറ്റത്തായി ഒരു ചെറിയ പുഴയുണ്ട്.അതിനക്കരെതൊട്ടുകാണുന്ന ഭഗവതീക്ഷേത്രത്തിന്റെ നേരെപിറകിലാണ് ഭാനുവിന്റെ ഗൃഹം. അവള്‍ക്കു അച്ഛനും ഒരു കൊച്ചനുജനും ചാര്‍ച്ചയില്‍പ്പെട്ട ഒരമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. അവളുടെ മാതാവു മരിച്ചിട്ട് അഞ്ചുകൊല്ലമായി. സാമാന്യം നല്ല ധനസ്ഥിതിയുണ്ട്.
ഞാനും ഭാനുവും കുട്ടിക്കാലത്തുതന്നെ കൂട്ടുകാരായിരുന്നു. ഭാസി നാട്ടില്‍ വന്നിട്ടു നാലഞ്ചുകൊല്ലത്തിനു മേലായിട്ടില്ല. അയാള്‍ മദിരാശിയില്‍ ഉദ്യോഗമുള്ള മൂത്തജ്യേഷ്‌ഠനുമൊന്നിച്ചായിരുന്നു താമസം. വിദ്യാഭ്യാസം പൂര്‍ത്തിയായതിനുശേഷമേ അയാള്‍ നാട്ടില്‍ വന്നുള്ളു. ഭാനു ഭാസിയെ തീരെ ഇഷ്‌ടപ്പെട്ടിരുന്നില്ല. അതിന്റെ കാരണമെന്തെന്നെനിക്കറിഞ്ഞുകൂടാ. ഞാന്‍ ഭാസിയെക്കുറിച്ചെന്തെങ്കിലുമൊന്നു പറയാന്‍ തുടങ്ങുമ്പോഴേയ്‌ക്കും അവള്‍ ചാടി വീണ് അതുമുടക്കം; എന്റെ പ്രസ്‌താവനകളെ ശക്തിയായി എതിര്‍ക്കും. എന്റെ പ്രിയസുഹൃത്തും ചാര്‍ച്ചക്കാരനുമായ ഭാസിയേക്കുറിച്ച് അവളങ്ങിനെ സംസാരിക്കുന്നതില്‍ ആദ്യകാലത്ത് എനിക്കു വലിയ വെറുപ്പുതോന്നിയുരുന്നു. പക്ഷെ അവളോടുള്ള സ്‌നേഹംമൂലം ഞാന്‍ അതൊന്നും പുറത്തുകാണിച്ചില്ല. അങ്ങിനെ അവളോടു കൂടുതല്‍ കൂടുതല്‍ അടുക്കുംതോറും ഭാസിയില്‍നിന്നും ഞാന്‍ അറിയാതെ തന്നെ അധികമധികം അകന്നുതുടങ്ങി. ഒടുവില്‍ അവളുടെ നിര്‍ബന്ധപൂര്‍വ്വമുള്ള പ്രേരണമൂലം ഞാന്‍ ഭാസിയില്‍ നിന്നും എന്നെന്നേയ്‌ക്കുമായിട്ടെന്നപോലെ അകന്നുമാറി. ഞങ്ങള്‍ ശത്രുക്കളായി? അപ്പോഴാണ് ഭാനുവിന് എന്നില്‍ എത്രത്തോളം സ്വാധീനശക്തിയുണ്ടായിരുന്നുവെന്ന് എനിക്കു വെളിവായത്.
ഭാസി എന്നില്‍നിന്നകന്നപ്പോള്‍ ഭാനുവിന്റെ സാമീപ്യം എനിക്ക് ഒഴിക്കാന്‍ സാധിക്കാതെയായി. ഞാന്‍ അവളെ എന്റെ ആത്മാവിനേക്കാള്‍ ഉപരിയായി സ്‌നേഹിച്ചു; അവള്‍ എന്നേയും. അങ്ങിനെ ഞങ്ങളുടെ ഹൃദയബന്ധം അതിന്റെ രഹസ്യമേഖലയില്‍നിന്നും ക്രമേണ വെളിയിലേക്ക് വ്യാപിക്കാന്‍ തുടങ്ങി. പക്ഷെ അതുകൊണ്ടെനിക്ക് വല്ലായ്‌മ തോന്നിയില്ല. എനിക്കച്ഛനെമാത്രമേ ഭയമുള്ളു. പക്ഷെ ഭാനുവുമായുള്ള വിവാഹബന്ധത്തിന് അച്ഛന്‍ ഒരിക്കലും പ്രതികൂലിയായിരിക്കയില്ലെന്ന് എനിക്കുറപ്പുണ്ട്. ധനത്തിന്റെ വശത്തേയ്‌ക്കുമാത്രമേ അദ്ദേഹത്തിന്റെ ദൃഷ്‌ടിചെല്ലുകയുള്ളുവെന്നെനിക്കറിയാം. അവിടെ നിരാശപ്പെടേണ്ടാതായിട്ടൊന്നുമില്ല.
അങ്ങിനെ ഞങ്ങളുടെ പ്രേമലതിക നാള്‍ക്കുനാള്‍ തളിരിടാന്‍ തുടങ്ങി. ഒഴിവുകാലത്ത് എന്നും ഞാന്‍ സായാഹ്നത്തില്‍ അവളുടെ ഭവനത്തില്‍ പോവുകപതിവാണ്. വെടിപ്പും വൃത്തിയുമുള്ള അവളുടെ ഭവനത്തിനുതൊട്ട് ഒരു ചെറിയതോട്ടമുണ്ട്. അതിന്റെ മദ്ധ്യത്തിലായി ചുറ്റും തറകെട്ടിപ്പൊക്കിയിട്ടുള്ള ഒരിലഞ്ഞിവൃക്ഷമുണ്ട്. ഞാന്‍ ആ തറയില്‍ ചടഞ്ഞിരുന്ന് രണ്ടും മൂന്നും മണിക്കൂര്‍ അവളുമായി സംസാരിയ്‌ക്കും.
നോവല്‍ വായനയില്‍, ഇത്രകമ്പംപിടിച്ച ഒരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. ശൃംഗാര രസപ്രധാനങ്ങളായ കഥകള്‍ക്കുവേണ്ടി ഊണും ഉറക്കവും ഉപേക്ഷിയ്‌ക്കുവാന്‍ അവള്‍ക്കൊരു മടിയുമില്ലായിരുന്നു. അവളുടെ ഈ വിഷയത്തിലുള്ള അതിര്‍കവിഞ്ഞ അഭിരുചി എനിക്കത്ര സമ്മതമായിരുന്നില്ല. പക്ഷെ നല്ല തന്റേടക്കാരിയായിരുന്ന അവള്‍ എന്റെ നിര്‍ദ്ദേശങ്ങള്‍ക്കൊന്നും വലിയപ്രാധാന്യം കല്‌പിച്ചിരുന്നില്ലെന്നുവേണം പറയാന്‍. അവളുടെ ഈ പെരുമാറ്റം എന്റെ ഹൃദയത്തിന്റെ ഏതോ ഒരു കോണില്‍ ചെറിയ ഒരു മുള്ളു തറച്ചു. അതിനേക്കുറിച്ചു ഞാന്‍ അധികമധികം ചിന്തിക്കാന്‍ തുടങ്ങി. 'സാരമില്ല', ഞാന്‍ ആശ്വസിച്ചു. 'അവളുടെ ഈ അഭിരുചി മാറിപ്പോകും. അതു തടയാതിരിക്കുന്നതാണുനന്ന്. അല്ലെങ്കില്‍തന്നെ അതുകൊണ്ടെന്തുദോഷം? ' എന്നിരുന്നാലും എന്റെ എല്ലാ യുക്തിവാദങ്ങളുടേയും ഇടയില്‍ മനസ്സില്‍ ഇടയ്‌ക്കിടക്ക് ഒരു നേരിയനൊമ്പരം തട്ടിക്കൊണ്ടിരുന്നു. അതെന്തുകൊണ്ടാണെന്നെനിക്കറിഞ്ഞുകൂടാ.
ക്രിസ്‌തുമസ്സ് ഒഴിവുകാലം കഴിയാറായി. പിറ്റേദിവസം എനിക്കു കോളേജിലേക്കു പോകണം. എന്റെ വിദ്യാര്‍ത്ഥിജീവിതം സമാപിക്കുവാന്‍ രണ്ടുമാസംകൂടിയുണ്ട്. ഹാവൂ! അതുകഴിഞ്ഞാല്‍ ഒരാശ്വാസമായി. ഒഴിവുകാലം അവസാനിക്കുമ്പോള്‍ എനിക്കു വലിയ കുണ്‌ഠിതം തോന്നും. ഭാനുവിനെ പിരിഞ്ഞിരിക്കേണ്ട ആ സാദ്ധ്യായദിനങ്ങളെ ഞാന്‍ മനസ്സാ ശപിക്കുകതന്നെ ചെയ്‌തു. എങ്കിലും ഇനിയിതു തുടരേണ്ടല്ലോ. രണ്ടുമാസം കഴിഞ്ഞാല്‍ പരീക്ഷയായി. തീര്‍ച്ചയായും ഞാന്‍ വിജയംനേടും. എവിടെയെങ്കിലും എനിക്കു ഭേദപ്പെട്ട ഒരുദ്യോഗം കിട്ടും. എന്റെ പ്രിയപ്പെട്ട ഭാനുവിനെ വിവാഹം കഴിച്ച് ഞങ്ങള്‍ സോല്ലാസം ജീവിതം നയിക്കും. സങ്കല്‌പത്തില്‍ പ്രശാന്തമായ ഞങ്ങളുടെ ദാമ്പത്യജീവിതം അങ്ങിനെ മിന്നിത്തിളങ്ങി. ഹൃദയപൂര്‍വ്വം ഞാനതിനെ താലോലിച്ചു.
യാത്രപറയുവാനായി ഞാന്‍ ഭാനുവിന്റെ ഭവനത്തില്‍ പോയി. അവള്‍ ഉദ്യാനത്തില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ നേരെ അങ്ങോട്ടുതന്നെ കടന്നുചെന്നു. എന്നെ കണ്ടപ്പോള്‍ അവളുടെ മുഖത്ത് ഒരു നേരിയപുഞ്ചിരി കളിയാടി. പക്ഷെ അവളുടെ കണ്‍മുനകള്‍ നനഞ്ഞിരുന്നു. ഞാന്‍ അവളുടെ മുഖത്തു സൂക്ഷിച്ചുനോക്കി. ആ നിഷ്‌ക്കളങ്കതയുടെ ആ അവസാനത്തെ കണ്ണീര്‍ക്കണികയും നിപതിച്ചിട്ട് അധികം നേരമായിട്ടില്ല.
"ഭാനു, നീ കരയുകയായിരുന്നോ?" ഞാന്‍ സ്‌നേഹപൂര്‍വ്വം അവളോടു ചോദിച്ചു.
"അല്ല."
"ഇതാ ഇപ്പോഴും ആ കണ്മുനകള്‍ നനഞ്ഞിരിക്കുന്നല്ലോ. നീ എന്തിനാണു കരഞ്ഞത്?"
" ഞാന്‍ കരഞ്ഞില്ല". വീണ്ടും അവള്‍ പറഞ്ഞു. പിന്നീടതിനേക്കുറിച്ചൊന്നും തന്നെ ഞാന്‍ സൂചിപ്പിച്ചില്ല. ഒരു പക്ഷെ എന്റെ വിരഹമായിരിയ്‌ക്കാം അവളെ വേദനിപ്പിക്കുന്നത്. സംസാരത്തില്‍ അതിനെ ആവര്‍ത്തിച്ച് എന്തിനു ഞാന്‍ അവളെ കൂടുതല്‍ കുണ്‌ഠിതപ്പെടുത്തുന്നു?
സന്ധ്യകഴിഞ്ഞിരുന്നു. ഹേമന്തത്തിലെ മോഹനമായ പൂനിലാവ് അവിടെയെങ്ങും വ്യാപിച്ചു. ഇളങ്കാറ്റില്‍ ഇളകിക്കൊണ്ടിരിക്കുന്ന മരച്ചില്ലകളുടേയും പൂവല്ലികളുടേയും നീലിച്ചനിഴലുകള്‍ ആ പൂന്തോട്ടത്തില്‍ അങ്ങിങ്ങായി നൃത്തം ചെയ്യുന്നുണ്ടായിരുന്നു. വിടര്‍ന്നുനിന്ന കുരുക്കുത്തിമുല്ലകളുടെ മാദകമായ പരിമളം പരിസരങ്ങളില്‍ ഓളം വെട്ടി.
"നാളെപ്പോകുന്നോ?" പെട്ടെന്നു തലയുര്‍ത്തി വ്യസനം കലര്‍ന്ന ഒരു മധുരസ്വരത്തില്‍ അവള്‍ എന്നോടു ചോദിച്ചു.
"അതെ, നാളെ ഞാന്‍ പോവുകയാണ്."
" ഇനിയെന്നു മടങ്ങിവരും?
"മീനമാസത്തില്‍ - പരീക്ഷ കഴിഞ്ഞ് "
"ഇനിവരുമ്പോഴെങ്കിലും അതു കൊണ്ടുവരുമോ? "
"തീര്‍ച്ചയായും കൊണ്ടുവരാം. എന്നോടൊന്നിച്ചു പഠിക്കുന്ന എന്റെ ഒരു സ്‌നേഹിതന്‍ കൊണ്ടുവന്നുതരാമെന്നേറ്റിട്ടുണ്ട്."
അവള്‍ കുറച്ചുകൂടി എന്റെ അരികിലേയ്‌ക്കു ചേര്‍ന്നുനിന്നു. മുയലുകളെ വളര്‍ത്തുവാന്‍ അവള്‍ക്കു പ്രത്യേകതാല്‌പര്യമുണ്ട്. ചാരനിറത്തിലുള്ള നാലഞ്ചു മുയലുകളെ അവള്‍ ഓമനയായി വളര്‍ത്തുന്നുണ്ടായിരുന്നു. ഒരു വെള്ളമുയലിനെ കൊണ്ടുവന്നുകൊടുക്കണമെന്നു അവള്‍ എന്നോടു പറഞ്ഞിട്ട് ഏറെനാളായി. പക്ഷെ എനിക്കു സാധിച്ചില്ല. ഏതായാലും ഇനി വരുന്ന അവസരത്തില്‍ തീര്‍ച്ചയായും അതിനെ കൊണ്ടുവരുന്നതാണെന്നുറച്ചു. പോരെങ്കില്‍ എന്റെ സ്‌നേഹിതന്‍ എനിയ്‌ക്കതിനെ കൊണ്ടുവന്നുതരാമെന്ന് ഏറ്റിട്ടുമുണ്ട്.
"ഇതാ പോകുമ്പോള്‍ ഇതു പെട്ടിയില്‍ സൂക്ഷിച്ചുവെച്ചുകൊള്ളൂ" എന്നു പറഞ്ഞ് അവള്‍ എന്റെ കയ്യില്‍ ഒരു ചെറിയ കടലാസ്സ് പൊതി തന്നു. ഞാനതു തുറന്നുനോക്കി. മിനുത്ത മൂന്നു പട്ടുതൂവാലകളായിരുന്നു അത്. ഇളംപച്ച, മഞ്ഞ,വെള്ള ഈ മൂന്നു വര്‍ണ്ണങ്ങളില്‍, വിചിത്ര ലതാവിധാനങ്ങള്‍ വിചിത്രമായി തുന്നിപ്പിടിപ്പിച്ചിട്ടുള്ള ആ പട്ടുതൂവാലകള്‍ അത്യന്തം കൗതുകപ്രദമായിരുന്നു.
ഓരോന്നു സംസാരിച്ചുകൊണ്ട് ഒരു മണിക്കൂറോളം ഞങ്ങള്‍ ആ പൂന്തോപ്പില്‍ കഴിച്ചുകൂട്ടി. അവസാനം ബാഷ്‌പാര്‍ദ്രങ്ങളായ ഗല്‍ഗദോക്തികളോടും, അവസാനം ആശ്ലേഷത്തോടും കൂടി ഞാന്‍ യാത്രപറഞ്ഞു.
വീട്ടിലേയ്‌ക്കു മടങ്ങുമ്പോള്‍ എന്റെ ഹൃദയം വികാരതരളിതമായിരുന്നു. ആ പട്ടുതൂവാലകളില്‍നിന്ന് ഒരു നേരിയസൗരഭം ഉത്ഭവിയ്‌ക്കുന്നുണ്ട്. ആ വെള്ളത്തൂവാല അവളുടെ ഹൃദയത്തിന്റെയും പച്ചത്തൂവാല അവളുടെ അനുരാഗത്തിന്റേയും, മഞ്ഞത്തൂവാല അവളുടെ കലാവാസനയുടേയും പ്രാതിനിദ്ധ്യം വഹിക്കുന്ന മൂന്നു ചിഹ്നങ്ങളാണെന്ന് എനിക്കു തോന്നി. ഞാന്‍ വികാരാവേശത്തോടെ അവയെ ചുംബിച്ചു.
അന്നെനിയ്‌ക്കുറക്കം വന്നില്ല. ഞങ്ങളുടെ ഭാവിജീവിത പരിപാടികള്‍ സജ്ജമാക്കുന്നതിലായിരുന്നു എന്റെ ചേതനലയിച്ചിരുന്നത്. അങ്ങിനെ പലേ പരിപടികളും ഞാന്‍ മനസ്സുകൊണ്ടു തയ്യാറാക്കി.
ഒരു കൊച്ചുഭവനം. അതിനു തൊട്ടൊരുദ്യാനം. അവിടെ പലപല പുഷ്‌പങ്ങള്‍. അരികെ പാട്ടും പാടിപ്പുളഞ്ഞൊഴുകുന്ന ഒരു കൊച്ചുപുഴ. ആ ഉദ്യാനത്തില്‍ തുളുമ്പിവീഴുന്ന നറുനിലാവില്‍, നിലാവിന്‍ കട്ടകള്‍പോലുള്ള വെളുത്ത മുയലുകള്‍ ഉല്ലാസപൂര്‍വ്വം ഓടിച്ചാടി കളിക്കുന്നു. അവയിലൊന്നിനെ ഉത്തുംഗവക്ഷോജങ്ങളോടു ചേര്‍ത്തടുക്കിപ്പിടിച്ചു കൊണ്ട്, വിലാസലാലസയായ ഒരു വനദേവതയേപ്പോലെ ഭാനു കൊടുങ്കയ്യുംകുത്തി പച്ചപ്പുല്ലില്‍ വിശ്രമശയനംകൊള്ളുന്ന എന്റെ സമീപത്തേയ്‌ക്കു മന്ദംമന്ദം നടന്നുവരുന്നു.........
എപ്പോഴാണു ഞാനുറങ്ങിയതെന്ന് എനിക്കു നിശ്ചയമില്ല. അമ്മയുടെ സ്‌നേഹപൂര്‍വ്വമായ വിളി എന്നെ പെട്ടെന്നുണര്‍ത്തി. നേരം നല്ലപോലെ പുലര്‍ന്നിരുന്നു. അപ്പോഴാണു ഞാന്‍ അല്‌പനേരം ഉറങ്ങിയെന്നെനിക്കു ബോധമുണ്ടായത്. ഞാന്‍ ഒരു ചെറിയ സ്വപ്‌നം കണ്ടു. ഞാന്‍ ഒരു മലഞ്ചെരുവില്‍ ഇരിയ്‌ക്കയായിരുന്നു. എന്റെ മുമ്പിലായി ഒരു വെളുത്തമുയല്‍ ഒരു വൃക്ഷച്ചുവട്ടില്‍ ഇരുന്ന് പുല്ലിന്റെ നാമ്പുകള്‍ കടിച്ചുകാരുന്നു. ഞാന്‍ പതുക്കെ എഴുന്നേറ്റ് അതിനെ പിടിക്കാനായി പുറകെ ശബ്‌ദമുണ്ടാക്കാതെ ചെന്നു. എന്നാല്‍ അതിഗൂഢമെന്നു ഞാന്‍ അഭിമാനിച്ച എന്റെ ആഗമനം അതിന്റെ സൂക്ഷ്‌മദൃഷ്‌ടിയില്‍ പെടാതിരുന്നില്ല. ഞാന്‍ അതിനെ തൊട്ടു തൊട്ടില്ല എന്ന ഘട്ടത്തിലായപ്പോഴേക്കും, അതാ അതൊരു ചാട്ടം, സംഭ്രമത്തോടെ ഒരോട്ടം! ഞാനും പിന്നാലെ ഓടി. കുറച്ചുചെന്നപ്പോള്‍ ഒരു പച്ചപിടിച്ച മൈതാനം. അതില്‍ ഒരായിരം വെള്ളമുയലുകളുണ്ട് അങ്ങിനെ കൂട്ടംകൂടിയിരിക്കുന്നു. എനിയ്‌ക്കത്ഭുതം തോന്നി. അവയ്‌ക്കു സംഭ്രമമില്ല. അവ ഓടുവാന്‍ തിടുക്കം കൂട്ടുന്നില്ല. അവയില്‍ ചില മുയലുകള്‍ക്കു വെളുത്ത ചിറകുകളുണ്ട്. ഞാന്‍ അത്ഭുതസ്‌തബ്‌ധനായി അവയെ ഉറ്റുനോക്കിക്കൊണ്ടങ്ങിനെ നില്‍ക്കുകയാണ്. അവയില്‍ ഒന്നുരണ്ടെണ്ണത്തിനെ പിടിച്ചെടുത്ത് എന്റെ ഭാനുവിനു സമ്മാനിക്കാന്‍ എനിയ്‌ക്കാശതോന്നി. ഞാനതിനുത്സാഹിക്കുമായിരുന്നു. പക്ഷെ അമ്മ വിളിച്ചതിനാല്‍ എനിക്കുണരേണ്ടിവന്നു. അപ്പോഴാണ് അതു വെറും സ്വപ്‌നമായിരുന്നുവെന്നനിക്ക് ബോധപ്പെട്ടത്.
ഞാന്‍ അന്നുതന്നെ വീട്ടില്‍നിന്ന് പോന്നു, പിന്നത്തെ രണ്ടുമാസങ്ങള്‍ എങ്ങിനെ നീക്കിയെന്നനിയ്‌ക്കറിഞ്ഞുകൂടാ! ഓരോ നിമിഷവും ഓരോ യുഗംപോലെ എനിക്കുതോന്നി. വായിക്കാനാണെങ്കില്‍ എനിക്കൊരു പരപ്പുണ്ട്. പുസ്‌തക്കെട്ടുകളും മേശപ്പുറത്തുവെച്ചു ഞാന്‍ രാവുകള്‍ പകലാക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിനിടയില്‍ എനിക്കെന്തെങ്കിലും ഒരുല്ലാസമായിട്ടുണ്ടെങ്കില്‍, അതിനു കാരണം എന്റെ പ്രിയപ്പെട്ട ഭാനുവിന്റെ കത്തുകളും, എന്റെ സുഹൃത്തു എനിക്കുകൊണ്ടുവന്നുതന്ന രണ്ടു വെളുത്തമുയലുകളുമാണ്.
വൈകുന്നേരം കോളേജുവിട്ടുവന്നാല്‍ ഞാന്‍ ആ മുയലുകളെ മടിയില്‍ കിടത്തി ഓമനിച്ചുകൊണ്ടിരിക്കും. അവരെന്റെ കുഞ്ഞുങ്ങളാണ്; ആണും പെണ്ണും. അവയ്‌ക്കു മഞ്ചാടിക്കുരുപോലെ ചുവന്നു,മാണിക്യ ഖണ്ഡങ്ങള്‍ പോലെ ദീപ്‌തിചിതറുന്ന രണ്ടു കൊച്ചുകണ്ണുകളും മിനുത്തുനീണ്ട ചെവിയുമുണ്ട്. അവയുടെ മുതുകില്‍ വാത്സല്യപൂര്‍വ്വം തടവിക്കൊടുക്കും. അവ പരസ്‌പരം ഉറ്റുനോക്കിക്കൊണ്ടിരിക്കും! അതെ, ഭാവിയില്‍ ദമ്പതിമാരാകേണ്ടവരാണവര്‍. ആ മുയല്‍ക്കുഞ്ഞുങ്ങള്‍ പരസ്‌പരം സ്‌നേഹിച്ചിരുന്നു. അവയുടെ ക്രീഡകളും, കോലാഹലങ്ങളും നോക്കിയങ്ങിനെയിരിക്കുമ്പോള്‍ എനിക്കവിടെനിന്നും എഴുന്നേല്‍ക്കാന്‍ തോന്നുകയില്ല. ആസന്നമായ പരീക്ഷയെ ഞാന്‍ അന്തരാശപിച്ചു. ഞാനും ഭാനുവും! ആ മുയലുകള്‍ ഞങ്ങളുടെ ബാല്യകാലത്തെ അനുസ്‌മരിപ്പിച്ചു. അന്നത്തെ കുട്ടിക്കളികള്‍! ഇതാ ഞങ്ങള്‍ ദാമ്പത്യജീവിതത്തിലേക്കു കാല്‍കുത്തുവാന്‍ പോകുന്നു. അതെ പരീക്ഷാഫലം പുറത്തുവന്നാലുടന്‍ ഞങ്ങളുടെ പരിണയം നടക്കും. ആ മുയലുകളും ഞങ്ങളുടെ ജീവിതത്തെത്തന്നെ അനുഗമിക്കാനുള്ളവരാണ്. എനിക്കവരോടു പ്രത്യേകിച്ചൊരു മമത തോന്നി.
അങ്ങിനെ ആ നശിച്ച് രണ്ടുമാസങ്ങള്‍ കഴിഞ്ഞു. പരീക്ഷയ്‌ക്കിനി രണ്ടുദിവസമേയുള്ളു. ഞാന്‍ അത്യദ്ധ്വാനം ചെയ്‌ത് വായിച്ചു. പരീക്ഷയില്‍ ഉന്നതമായ ഒരു വിജയം നേടണമെന്നു മനഃപൂര്‍വ്വം ഞാന്‍ നിശ്ചയിച്ചിരുന്നു. അതു സാദ്ധ്യമാണെന്ന ബോധവും പരീക്ഷ സമാഗതമായതോടെ എന്റെ ഹൃദയത്തില്‍ വേരുന്നി.
രണ്ടുദിവസത്തെ പരീക്ഷ കഴഞ്ഞു. മൂന്നാം ദിവസം ഞാന്‍ കോളേജിലേക്കു പോവുകയായിരുന്നു. അപ്പോഴാണു വഴിയ്‌ക്കുവച്ചു പോസ്റ്റ് ശിപായിയെക്കണ്ടത്. അയാള്‍ എന്റെനേര്‍ക്കു ഒരു ലക്കോട്ടു നീട്ടി. മേല്‍വിലാസത്തിന്റെ പടിവുകണ്ടപ്പോള്‍ തന്നെ അതു ഭാനുവിന്റേതാണെന്നു എനിക്കു മനസ്സിലായി. ഞാന്‍ കത്തുപൊളിച്ചുവായിച്ചു. അതില്‍ ഇത്രമാത്രമേ എഴുതിയിരുന്നുള്ളു.
ഗോപിച്ചേട്ടന്,
എനിക്കു മുയലുകളെക്കൊണ്ടുവരേണ്ട. എനിക്കു ആവശ്യമില്ല.
എന്ന്, ഭാനു.
എനിയ്‌ക്കതിന്റെ അര്‍ത്ഥം മനസ്സിലായില്ല. അവള്‍ അത്രമാത്രം ആശിച്ചിരുന്ന ആ വസ്‌തു ഇപ്പോള്‍ അവള്‍ നിരസിക്കുന്നതെന്തുകൊണ്ടാണ്? ഞാന്‍ അവയെ തേടിപ്പിടിക്കാന്‍ എത്രമാത്രം ക്ലേശിച്ചു? അവള്‍ക്കു കൊടുക്കുവാനുള്ള സമ്മാനമായതുകൊണ്ടല്ലേ ഞാന്‍ അവയെ ഇങ്ങനെ ഓമനിച്ചു വളര്‍ത്തുന്നത്? ഒരു പക്ഷെ അവള്‍ എന്നെ കളിപ്പിക്കുവാന്‍ വെറുതെ നേരം പോക്കായി എഴുതിയതായിരിക്കും. അങ്ങിനെ ഞാന്‍ സമാധാനിച്ചു. പക്ഷെ എന്തുകൊണ്ടോ എനിക്കു ഹൃദയത്തില്‍ ഒരു വേദനതോന്നി. അതുവരെ എന്നില്‍ ഉണ്ടായിരുന്ന ഉത്സാഹവും പ്രസരിപ്പും അല്‌പമൊന്നു മന്ദീഭവിച്ചു. ഒരാഴ്‌ചയായി ഉറങ്ങിയിട്ട്. രാത്രി മുഴുവന്‍ വായനയായിരുന്നു. എനിക്കു വലിയ ക്ഷീണംതോന്നി. പക്ഷെ, പരീക്ഷ ഒരു നീണ്ടനെടുവീര്‍പ്പ് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നുരയിട്ടു പൊങ്ങിവന്ന് അന്തരീക്ഷത്തില്‍ ലയിച്ചു.
ഞാന്‍ ഹാളില്‍ കടന്നു. ചോദ്യക്കടലാസ് നിവര്‍ത്തി വായിച്ചുനോക്കി. അതെ, ഞാന്‍ ഉദ്ദേശ്യച്ചിരുന്ന ചോദ്യങ്ങള്‍ തന്നെ! മുഴുവന്‍ ഞാന്‍ മനഃപാഠമാക്കിയിട്ടുള്ളവ! തീര്‍ച്ചയായും ഒന്നാം ക്ലാസ്സില്‍തന്നെ എനിക്കു വിജയംനേടാം. ഞാന്‍ എഴുതുവാന്‍ തുടങ്ങി. എന്റെ മനസ്സില്‍നിന്നും ആ വേദന ഇനിയും മാഞ്ഞിട്ടില്ല. ഉത്തരമെഴുതാന്‍ എങ്ങനയാണ് ഒരാരംഭമുണ്ടാവുക? ഞാന്‍ ചിന്തിച്ചു - എന്തു; ആ ചോദ്യത്തിന്റെ ഉത്തരം ഞാന്‍ മനഃപാഠമാക്കിയിരുന്നതാണല്ലോ. അതിന്റെ ആ തുടക്കംമാത്രമൊന്നു കിട്ടിയാല്‍! - ഞാന്‍ തലചൊറിഞ്ഞുകൊണ്ട് ഒരു മിനിട്ടിരുന്നു! - ആ രണ്ടു വെള്ളമുയലുകള്‍! പെട്ടെന്ന് അവ എന്റെ മനോദൃഷ്‌ടിക്കുമുന്നില്‍ ആവിര്‍ഭവിച്ചു! - ഹൃദയത്തിലെ നൊമ്പരം ഇപ്പോഴുമുണ്ട് - പോട്ടെ, ആ ചോദ്യത്തിനുത്തരം ഒടുവിലെഴുതാം. ഏറ്റവും എളുപ്പത്തിലെഴുതാവുന്ന ഒരു ചോദ്യം എടുക്കുകതന്നെ. ഞാന്‍ അതു കുറെയെഴുതി. അതിന്റെ പ്രാരംഭം നല്ല ഓര്‍മ്മയുണ്ട്. രണ്ടുമൂന്നു ഖണ്ഡികകള്‍ ഞാന്‍ നന്നായെഴുതി..... പിന്നീടൊരു പിടിപാടുമില്ല! ഒരു മൂടല്‍മഞ്ഞ്! എന്റെ ചേതനയ്‌ക്കു ഒരുണര്‍വുമില്ല. മസ്‌തിഷ്‌ക്കത്തിനകത്ത് ഒരാവി! ഒരു പുകച്ചില്‍. കണ്ണുപുളിയ്‌ക്കുന്നു. വല്ലാത്ത ക്ഷീണം ഒന്നുറങ്ങിയാല്‍ക്കൊള്ളാമായിരുന്നു...... നശിച്ച പോസ്റ്റുമാന്‍! അവനെന്തിനാ എഴുത്തുകൊണ്ടുവന്നുതന്നു? ആ വെള്ള മുയലുകള്‍ കഴുത്തുരുമ്മിക്കരണം മറിയുന്നു! അവയ്‌ക്കെന്തഴകാണ്! പക്ഷെ ഭാനുവിന് അവയെ ആവശ്യമില്ലല്ലോ. ഛേയ്! അവള്‍നേരം പോക്കിന് അങ്ങിനെയെഴുതിയെന്നേയുള്ളു.
അതാ ഒരു മണിനാദം! അതെ ഒരു മണിക്കൂര്‍ കഴിഞ്ഞു. ഒരു ചോദ്യം മുഴുവനായിട്ടില്ല. ഇനി രണ്ടു മണിക്കൂര്‍ മാത്രമേയുള്ളു. നാലു ചോദ്യങ്ങള്‍ ബാക്കി കിടക്കുന്നു. എല്ലാം പഠിച്ചിരുന്നവയാണ്. പക്ഷെ ഇപ്പോള്‍ ഒന്നും ഓര്‍മ്മയില്ല..........
ഞാന്‍ എന്തൊക്കെയോ എഴുതിക്കൂട്ടി. ആ പേപ്പര്‍ അത്ര ശരിയായില്ല. വസതിയില്‍ വന്ന് ഞാന്‍ സുഖമായി ഒന്നു കിടന്നുറങ്ങി. പിന്നത്തെ പരീക്ഷകള്‍ക്കൊന്നിനും വലിയ കുഴപ്പം നേരിട്ടില്ല.
പരീക്ഷ കഴിഞ്ഞു. അന്നു ഞാന്‍ വീട്ടില്‍ മടങ്ങിയെത്തി. ആ വെളുത്ത മുയലുകളേയും ഞാന്‍ കൊണ്ടുപോന്നിരുന്നു. വീട്ടില്‍ ഞാന്‍ വന്നപ്പോള്‍ നേരം സന്ധ്യയായിത്തുടങ്ങി. ഉടന്‍തന്നെ കുളിക്കഴിഞ്ഞ് അമ്മ തന്ന കാപ്പിയും കുടിച്ച്, ഭംഗിയായി വസ്‌ത്രധാരണം ചെയ്‌ത്, ഭാനുവിനു കൊടുക്കുവാനുള്ള ആ വെള്ള മുയലുകളേയും എടുത്തുകൊണ്ടു ഞാന്‍ തിരിച്ചു. അവള്‍ വേണ്ടെന്നു പറഞ്ഞതിന് തീര്‍ച്ചയായും അവളോടു ശണ്‌ഠകൂടണമെന്ന് ഞാന്‍ മനസാ നിശ്ചയിച്ചുറച്ചിരുന്നു. അവയെ കാണുമ്പോള്‍ അവള്‍ക്കെന്തു സന്തോഷമായിരിക്കും! എന്നോടു മാപ്പു ചോദിച്ചു കാല്‍പിടിച്ചിരന്നാലല്ലാതെ ഞാന്‍ ഇനി അവയെ കൊടുക്കുകയില്ല.
മങ്ങിയ നിലാവുണ്ട്. ക്ഷേത്രത്തിലെ ദീപാരാധന കഴിഞ്ഞു. നാഗസ്വരം അവസാനിച്ചു. ഭാനുവിന്റെ ഗൃഹം സമീപിക്കുന്തോറും എന്റെ ഹൃദയം ശക്തിയായി മിടിച്ചുതുടങ്ങി. എന്റെ നേത്രങ്ങള്‍ അവളെക്കാണാതെ ഉഴറുകയാണ്. സ്വപ്‌നം കാണുന്ന ആ കണ്ണുകളിലേക്ക്, നിഷ്‌കളങ്കത നിഴലിക്കുന്ന ആ നീലക്കണ്ണുകളിലേക്ക് സ്‌നേഹപൂര്‍വ്വം ഉറ്റുനോക്കുവാന്‍ എന്റെ കണ്ണുകള്‍ ഉഴറുകയാണ്!
ഞാന്‍ പടി കടന്നു. അതാ ഉദ്യാനത്തില്‍ അവളുണ്ട്. അവള്‍ എന്നെ കണ്ടിട്ടില്ല. മുന്‍വശത്തെ മുഖപ്പിന്റെ വാതില്‍ ചാരിയിരിക്കുന്നു. ആ വിടവില്‍ക്കൂടി അകത്തു തളത്തില്‍ കൊളുത്തിവച്ചിട്ടുള്ള നിലവിളക്കിലെ ദീപനാളത്തില്‍നിന്നും നീണ്ടുനേര്‍ത്ത തങ്കക്കതിരുകള്‍ പുറത്തേക്കുപ്രസരിക്കുന്നുണ്ട്!- ആ ഇലഞ്ഞിത്തറയില്‍ തന്നെപ്പോലെ ആരോ ചാഞ്ഞിരിക്കുന്നുണ്ടല്ലോ! എന്റെ ഹൃദയത്തില്‍ ഒരു നടുക്കമുണ്ടായി. അവള്‍ ആ ഇരിക്കുന്ന ആളിന്റെ ചുരുണ്ടമുടി വിരലുകള്‍കൊണ്ടങ്ങനെ തെരുപ്പിടിയ്‌ക്കുകയാണ്. എന്ത്? ഭാസി? - എന്റെ കൈകള്‍ നിവര്‍ന്നുനീണ്ടു. ഓരോ കയ്യിലും വെളുത്ത മുയല്‍! എന്റെ പിടി മുറുകി ഞാന്‍ സ്‌തംഭിച്ചുപോയി!
ഈശ്വരാ, ഞാന്‍ കാണേണ്ടതു കണ്ടു - അതാ പെട്ടെന്നവള്‍ തല തിരിക്കുന്നു. എന്നെ അവള്‍ കണ്ടു. അവള്‍ നടുങ്ങുന്നു. ഭാസി ചാടിയെഴുന്നേറ്റു സാലഭജ്ഞികപോലെ നിലക്കൊള്ളുന്നു. എന്റെ ശിരസ്സിലെ രോമങ്ങള്‍ ഉയര്‍ന്നു. എന്റെ കണ്ണില്‍ നിന്നു സ്‌ഫുലിംഗങ്ങള്‍ പാറി. അവള്‍ എന്നെ ഒന്നു സൂക്ഷിച്ചുനോക്കി. ആ കണ്ണുകളില്‍ കുടിലതനൃത്തം ചെയ്യുന്നു. സ്വപ്‌നം കാണുന്ന അവളുടെ ആ കണ്ണുകള്‍ എവിടെ? എന്റെ നോട്ടം അവളെ ദഹിപ്പിക്കത്തക്കതായിരുന്നു. അവള്‍ തലകുനിച്ചു.
ഞാന്‍ പിന്നീടവിടെ നിന്നില്ല. വന്നവഴിയേ ഒരു പ്രേതത്തേപ്പോലെ നടന്നുപോന്നു. നടന്നുനടന്നു വയലിലെത്തിയപ്പോഴേ എനിക്കു ബോധമുണ്ടായുള്ളു. പൂനിലാവ് അവിടെയെങ്ങും നിറഞ്ഞൊഴുകുന്നു. ഞാന്‍ അടിമുടി വിയര്‍ത്തിട്ടുണ്ട്. എന്റെ ഹൃദയം അപ്പോഴും ശക്തിയായി ദ്രുതഗതിയില്‍ തുടിക്കുകയാണ്. എന്റെ മുണ്ടിലും ഷര്‍ട്ടിലും രക്തത്തുള്ളികള്‍ ഇറ്റുവീണിരിക്കുന്നു. ഞാന്‍ സൂക്ഷിച്ചു നോക്കി. എന്റെ കൈ രണ്ടിലും തൊലി ബാക്കിയുണ്ടായിരുന്നില്ല. ആ വെളുത്ത മുയലുകള്‍ നഖംകൊണ്ട് അവയുടെ പ്രാണവേദനയ്‌ക്കിടയില്‍ എന്റെ കൈകള്‍ മാന്തിക്കീറിയിരിക്കുന്നു. കഷ്‌ടം! അഴകുള്ള ആ രണ്ടു വെള്ള മുയലുകള്‍! - അവ എന്റെ രണ്ടു കൈകളില്‍ അങ്ങനെ ചത്തുതൂങ്ങിക്കിടക്കുന്നു.
പ്രേമഗായകന്‍
സോമശേഖരന്‍ പേരെടുത്ത ഒരു യുവകവിയായിരുന്നു. അത്യന്തം ഹൃദയസ്‌പര്‍ശകവും അകൃത്രിമ രമണീയവുമായിരുന്നു അയാളുടെ പ്രേമഗാനങ്ങള്‍. അവയില്‍ സവിശേഷം വഴിഞ്ഞൊഴികിയിരുന്ന ശോകരസം സഹൃദയഹൃദയങ്ങളെ എന്തെന്നില്ലാതെ ആകര്‍ഷിച്ചു. സാധാരണയായി രാധാകൃഷ്‌ണന്മാരെക്കുറിച്ചുള്ള ഗാനങ്ങളാണ് അയാള്‍ രചിച്ചിരുന്നത്. പത്രലോകം അയാളെ സസന്തോഷം സ്വാഗതം ചെയ്‌തു. അയാള്‍ക്കു കഷ്‌ടിച്ച് ഇരുപത്തഞ്ചു വയസ്സു പ്രായം കാണും. പക്ഷെ, പ്രായത്തില്‍ക്കവിഞ്ഞ പാണ്ഡിത്യവും ലോകപരിചയവും നേടിയിട്ടുള്ള ഒരാളായിരുന്നു അയാള്‍.
സോമശേഖരന്‍ ഈ രീതിയിലുളള ഒരു പദ്ധതി അവലംബിച്ചിട്ട് അധികനാളായിട്ടില്ല. അയാളുടെ ഹൃദയം യാദൃച്ഛികമായി ആ നൂതനപന്ഥാവിലേക്കു തിരിയുകയാണു ചെയ്‌തത്. മാതാവും ഒരു സഹോദരനും മാത്രമേ അയാള്‍ക്കു ലോകത്തില്‍ ബന്ധപ്പെട്ടവരായി ഉണ്ടായിരുന്നുള്ളു. സാഹിത്യപരിശ്രമങ്ങളില്‍ നിന്നും ലഭിച്ചുപോന്ന തുച്ഛമായ ആദായംകൊണ്ട്, അയാള്‍ക്കു വലിയ ക്ലേശങ്ങളൊന്നും കൂടാതെ കഷ്‌ടിച്ചു ജീവിക്കാന്‍ സാധിച്ചിരുന്നെന്നു പറയാം.
അയാളുടെ പ്രേമഗാനങ്ങളെല്ലാം തന്നെ ഒരു സങ്കല്‌പനായികയ്‌ക്കായി സമര്‍പ്പണം ചെയ്‌തിട്ടുള്ള അനര്‍ഘോപഹാരങ്ങളായിരുന്നു. പക്ഷേ ആ സങ്കല്‌പ നായിക, ഒരു സജീവ നായികയുടെ പ്രാതിനിദ്ധ്യം വഹിച്ചിരുന്ന ഒന്നാണെന്നുള്ള പരമാര്‍ത്ഥം ആര്‍ക്കും തന്നെ അറിയാനിടയായില്ല.
അതു ശരല്‍ക്കാലമായിരുന്നു. കുമാരീക്ഷേത്രത്തില്‍ ആണ്ടുതോറും നടക്കാറുള്ള ഉത്സവം അക്കൊല്ലവും ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെട്ടു. അവസാനത്തെ ഉത്സവദിവസമായിരുന്നു അന്ന്. സന്ധ്യയോടുകൂടി സോമശേഖരന്‍ തന്റെ രണ്ടുമൂന്നു സ്‌നേഹിതന്മാരോടൊരുമിച്ചു ക്ഷേത്രത്തിലേക്കു പോയി. ആ ഗ്രാമത്തിലുള്ളവരില്‍ ഭൂരിഭാഗവും അന്നവിടെ കൂടിയിരുന്നെന്നു പറയാം. ദീപാരാധനയ്‌ക്കായി നടയടച്ചു. ആനപ്പന്തലില്‍ കമനീ കദംബങ്ങള്‍ തിങ്ങിക്കൂടിയിരുന്നു. ദീപസ്‌തംഭത്തില്‍ ജ്വലിച്ചിരുന്ന ദീപകോടികളില്‍നിന്നും അഴിഞ്ഞുതിരുന്ന ലോലകിരണങ്ങളേറ്റ്, വിവിധവര്‍ണ്ണത്തിലുള്ള വസ്‌ത്രങ്ങളാലും കനകവിഭൂഷകളാലും സവിശേഷം അലംകൃതങ്ങളായ അംഗനാവല്ലികളാല്‍ നിബിഡിതമായിരുന്ന ആ ഗോപുരപ്രാന്തം വസന്തകാലത്തിലെ പുഷ്‌പോദ്യാനം പോലെ ശോഭിച്ചു. സോമശേഖരനും കൂട്ടുകാരും ഓരോ നേരമ്പോക്കുപറഞ്ഞുകൊണ്ടു ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വെയ്‌ക്കുവാന്‍ തുടങ്ങി. എന്നാല്‍ പെട്ടെന്നയാളുടെ ദൃഷ്‌ടികള്‍വലതുവശത്തുള്ള പന്തലില്‍ ചെന്നുപതിഞ്ഞു. അവിടെ നാലഞ്ചു യുവതികള്‍ ഓരോന്നുസംസാരിച്ചു കൊണ്ടുനില്‍ക്കുന്നുണ്ടായിരുന്നു. അതില്‍ ഒരുവള്‍! - സോമശേഖരന്‍ ഒന്നുകൂടി അങ്ങോട്ടുനോക്കി, തന്റെ ഹൃദയത്തില്‍ പരിമൃദുലമായ ഒരു കല്ലോലലേശമുണ്ടാകുന്നു എന്നയാള്‍ക്കു തോന്നി. ഹാ! ആ സൗന്ദര്യം! അയാള്‍ നടന്നുപോയി. പ്രദക്ഷിണം വെച്ചു വീണ്ടും അയാള്‍ അവിടെത്തന്നെ എത്തി. ആ മനോഹാരിണിയുടെ നയനാഞ്ചലങ്ങളുമായി അയാളുടെ നേത്രങ്ങള്‍ വീണ്ടും ഒരുക്ഷണികകുശലം നടത്തി.
ദീപാരാധന കഴിഞ്ഞു, ഓരോരുത്തര്‍ പിരിഞ്ഞുതുടങ്ങി. സോമശേഖരന്റെ സ്‌നേഹിതന്മാരും യാത്രപറഞ്ഞു പിരിഞ്ഞു. അയാള്‍ തനിച്ചായി. അയാള്‍ ഇപ്പോഴും ആ പന്തലില്‍ തന്നെ നില്‍ക്കുകയാണ്. അവളുടെ നേത്രങ്ങളുടെ ഓരോ നേരിയ ചലനത്തിനും തന്നില്‍ എന്തോ ഒരധികാരമുണ്ടെന്നു സോമശേഖരനു തോന്നി. അടുത്ത നിമിഷം പ്രൊൗഢയായ ഒരു സ്‌ത്രീ ക്ഷേത്രത്തിനകത്തുനിന്നും ഇറങ്ങി പൂവും പ്രസാദവും അവളുടെ കൈയില്‍ കൊണ്ടുവന്നുകൊടുക്കുന്നതും, ഒരു ഭൃത്യനോടുകൂടി അവര്‍ രണ്ടുപേരും അവിടെ നിന്നു പുറപ്പെടുന്നതും അയാള്‍ കണ്ടു. സോമശേഖരന്‍ നിശ്ചേഷ്‌ടനായി ഒരു തൂണുചാരി, മുകളിലുള്ള അലങ്കാരങ്ങളെ നോക്കി രസിക്കുന്ന മട്ടില്‍ അവിടെ നില്‍ക്കുകയായിരുന്നു. അല്‌പം നടന്നിട്ട് അവള്‍ ഒരു നേരിയ പുഞ്ചിരിയോടുകൂടി സോമശേഖരന്റെ നേരെ തലതിരിച്ചൊന്നു നോക്കിയിട്ടു വടക്കുവശത്തുള്ള മതിലിന്റെ വാതില്‍ കടന്നു മറഞ്ഞു. സ്വര്‍ഗ്ഗകവാടം ഒരു നിമിഷനേരത്തേക്കു തുറക്കുകയും, ഉടന്‍തന്നെ എന്നെന്നേക്കുമായി അടച്ചു കളയുകയും ചെയ്‌തപോലെ അയാള്‍ക്കുതോന്നി.
വിവിധവികാരങ്ങളോടുകൂടി അയാള്‍ വീട്ടില്‍ ചെന്നു പറ്റി. വേഗത്തില്‍ ഊണുകഴിച്ചശേഷം അയാള്‍ തന്റെ മുറിയില്‍ ചെന്ന് ഒരു ചാരുകസേരയില്‍ വീണു. വെളിച്ചവും നിഴലും ഇടകലര്‍ന്നു നിറഞ്ഞ വിവിധാന്തരീക്ഷങ്ങളെ തരണം ചെയ്‌തുകൊണ്ട് അയാളുടെ ഹൃദയം എവിടെയൊക്കെയൊ ചിറകടിച്ചു ചുറ്റിതിരിഞ്ഞു.
സോമശേഖരന്റെ ജീവിതത്തിന് അന്നുമുതലാണ് നൂതനമായ ഒരു വശം ഉണ്ടായത്. പിന്നീടു പലപ്പോഴും സോമശേഖരന്‍ അവളെ കണ്ടുമുട്ടി. അവളെ കാണുന്നതു തന്നെ ആത്മാവിന് അത്യന്താശ്വാസമരുളുന്നതായി അയാള്‍ക്കു തോന്നി. അവള്‍ ആ ഗ്രാമത്തിലെ ഒരു വര്‍ത്തകനായ രാമപ്രസാദന്റെ ഏകസന്താനമായിരുന്നു. അയാള്‍ പുത്രിയെ പ്രാണനെപ്പോലെ സ്‌നേഹിച്ചും ഓമനിച്ചുമാണ് വളര്‍ത്തുന്നത്. 'കാന്തി' എന്നായിരുന്നു അവളുടെ പേര്‍. ദിവസവും സായഹ്നത്തില്‍ സോമശേഖരന്‍ സവാരിക്കായി കാന്തിയുടെ ഭവനം സ്ഥിതിചെയ്യുന്ന ദിക്കുനോക്കിത്തിരിക്കും. അപ്പോഴെല്ലാം അവള്‍ മട്ടുപ്പാവില്‍ അയാളുടെ വരവും പ്രതീക്ഷിച്ച് അക്ഷമയായി നില്‍ക്കുന്നുണ്ടായിരിക്കും. അവരുടെ നേത്രങ്ങള്‍ പരസ്‌പരം സംഭാഷണത്തില്‍ മുഴുകയും അവര്‍ അങ്ങിങ്ങു നിശ്ചലരായി നില്‍ക്കുകയുമായിരുന്നു പതിവു. സന്ധ്യമയങ്ങിത്തുടങ്ങുമ്പോള്‍ അയാള്‍ തിരിച്ചുപോരും. നിരത്തില്‍ മറ്റാരും തന്നെ ഇല്ലാതിരുന്ന അവസരങ്ങളില്‍ ആ മട്ടുപ്പാവില്‍ നിന്നും ഒരു പനിനീര്‍പുഷ്‌പം അദ്ദേഹത്തിന്റെ മുമ്പിലോ, ചിലപ്പോള്‍ ശിരസ്സിലോ വന്നു പതിക്കും. വിറയ്‌ക്കുന്ന വിരലുകളോടുകൂടി അതെടുത്ത്, കാന്തിയുടെ നേരെ കണ്ണയച്ചുകൊണ്ട് ആ മനോഹരപുഷ്‌പത്തില്‍ സ്‌നേഹപൂര്‍വ്വം ഒന്നു ചുംബിച്ചതിനുശേഷം അയാള്‍ ചാരിതാര്‍ത്ഥതയോടെ വീട്ടിലേക്കു മടങ്ങും.
പരിശുദ്ധസുന്ദരമായ ഈ ജീവിതം അയാളുടെ ഹൃദയത്തില്‍ പല ചിന്തകളേയും ഉണര്‍ത്തിവിട്ടു. അതിനൂതനങ്ങളായ പല ആശയങ്ങളും വേലിയേറ്റത്തിലെ അലകള്‍ പോലെ അയാള്‍ക്ക് ഉണ്ടായിത്തുടങ്ങി. ജന്മസിദ്ധമായ വാസനാശക്തിയാല്‍ അവയ്‌ക്കു സുന്ദരമായ രൂപം കൊടുത്ത് അയാള്‍ അവയെ പൊതുജനസമക്ഷം അവതരിപ്പിച്ചു. ഇങ്ങനെയാണ് സോമശേഖരന്റെ പ്രേമഗാനങ്ങളുടെ ഉല്‍ഭവം. ആദ്യഘട്ടങ്ങളില്‍ ചില നിരൂപകന്മാര്‍ അവയെ കര്‍ശനമാംവിധം അധിക്ഷേപിച്ചുവെങ്കിലും പൊതുജനാഭിരുചിയെ തടഞ്ഞുനിര്‍ത്തുവാന്‍ ആ വക ലേഖനങ്ങളൊന്നും തന്നെ പര്യാപ്‌തമായില്ല. ക്രമേണ സോമശേഖരന്‍ ഉയര്‍ന്നുതുടങ്ങി.
കാന്തി അദ്ദേഹത്തിന്റെ ഗാനങ്ങളെയെല്ലാം മനപ്പാഠമാക്കിയിരുന്നു. ചിലപ്പോള്‍ അയാള്‍ അവളുടെ ഗൃഹത്തിന്റെ മുന്‍പില്‍ കുറച്ചകലെയുള്ള ആല്‍ത്തറമേലിരുന്നു വിശ്രമിക്കുന്ന അവസരത്തില്‍ മട്ടുപ്പാവിലിരുന്നുകൊണ്ടു അവള്‍ തന്റെ ഏറ്റവും പുതിയ`ഗാനം' മധുരസ്വരത്തില്‍ പാടുന്നതു കേള്‍ക്കാം. അതയാളുടെ ഹൃദയത്തെ ആകാശത്തോളമുയര്‍ത്തി നക്ഷത്രങ്ങളെക്കൊണ്ടു ആലിംഗനം ചെയ്യിച്ചിരുന്നു.
നിരവദ്യമായ ഈ പ്രേമത്താല്‍ അയാള്‍ ഒരു സംഗീതമായി. ഉരുകിയൊലിക്കുന്ന ഉദയകാന്തിയിലും, തുടുത്തുമായുന്ന സന്ധ്യാരാഗത്തിലും അഴിഞ്ഞുവിരിയുന്ന പുഷ്‌പസൗന്ദര്യത്തിലും, തെളിഞ്ഞുതിരുന്ന ചന്ദ്രകിരണങ്ങളിലും അയാള്‍ അലിഞ്ഞുചേര്‍ന്നു.
അജ്ഞാതമായ ഒരാനന്ദലോകത്തിന്റെ പരിധികളില്‍, അയാളുടെ സങ്കല്‌പം പറന്നുചുറ്റി. അയാള്‍ക്കു തോന്നി, അയാളൊരു ദേവനാണെന്ന്.
ഇങ്ങനെ ഓരോ ദിവസം ചെല്ലുംതോറും അയാളുടെ ഗാനങ്ങള്‍ക്കു മാധുര്യവും പ്രശസക്തിയും വര്‍ദ്ധിച്ചുവന്നു.
വര്‍ഷം ഒന്നു കഴിഞ്ഞു. ഗ്രീഷ്‌മകാലത്തിന്റെ അവസാന ഘട്ടമായിരുന്നതിനാല്‍ ചൂടിന്റെ ശക്തിക്കും അല്‌പം കുറവുണ്ടായിരുന്നു. പതിവുപോലെ സോമശേഖരന്‍ അന്നവിടെ വന്നപ്പോള്‍ ആ ഭവനത്തിന്റെ മുന്‍പില്‍ കുറെ ആളുകളെയും കുതിരകളെയും മറ്റും കണ്ടു. അന്ന് ആ മട്ടുപ്പാവുതീരെ ജനശൂന്യമായിരുന്നു. നിരാശനായി അയാള്‍ ഉടന്‍തന്നെ വീട്ടിലേക്കു തിരിച്ചു. പോകുംവഴി അയാള്‍ കാന്തിയുടെ ഭവനത്തിലുള്ള ഒരു ഭ്യത്യന്‍ ധൃതഗതിയില്‍ വരുന്നതുകണ്ടു. എന്താണ് ആ വീടിന്റെ മുമ്പില്‍ ഇങ്ങനെ ആള്‍ക്കൂട്ടവും മറ്റും കണ്ടതെന്നു അയാള്‍ തിരക്കി.
"അതോ?" ഭൃത്യന്‍ ആരംഭിച്ചു. "അതേയ്, കൊച്ചമ്മയുടെ സംബന്ധാലോചന. വല്യേ ആളാ. കല്‍ക്കട്ടായിലെ ഒരു ജഡിജ്യാ"
"എന്ത്?" വല്ലാത്ത പരിഭ്രമത്തോടെ സോമശേഖരന്‍ ചോദിച്ചു: "കാന്തിയുടെ വിവാഹമോ?"
"അതേന്നെയ്; അതു തന്നെ. ഈ മാസം ഇരുപതാന്തി ".
" ആരാണ് വിവാഹം കഴിക്കുന്നത്.?"
" ഞാമ്പറഞ്ഞില്ലേ? ഒരു ജഡ്‌ജി ഉദയകുമാരന് - സമ്മന്തം കഴിഞ്ഞന്നു തന്നെ കൊണ്ടോവും."
സോമശേഖരന്റെ സിരകളെല്ലാം തളര്‍ന്നുപോയി. ലോകമാകമാനം അന്ധകാരം വ്യാപിച്ചിരുന്നു. ഒരു വിധം അയാള്‍ വീടുപറ്റി. അന്നയാള്‍ക്കു ഭക്ഷണത്തിനു തീരെ രുചിയുണ്ടായില്ല. ഊണു കഴിക്കാതെ അയാള്‍ മുറിയില്‍ കയറി വാതിലടച്ചു കിടന്നു.
"കല്‍ക്കത്താ! - കല്‍ക്കത്താ! - മെയിലെവിടെ? "
"സോമാ കിടന്നുറങ്ങു. നേരംവെളുക്കട്ടെ. നിനക്കു സുഖമാകും. ഡോക്‌ടര്‍ നേരത്തേ വരാമെന്നു പറഞ്ഞിട്ടുണ്ട്!"
" എന്തിനാണ് ഡോക്‌ടര്‍. എനിക്കു സുഖക്കേടൊന്നുമില്ലല്ലോ. ഞാന്‍ കല്‍ക്കട്ടായ്‌ക്കു പോകുന്നു. അമ്മേ, എനിക്കുവല്ല സുഖക്കേടുമുണ്ടോ? "
"ഇപ്പോള്‍ നിനക്കൊരു സുഖക്കേടുമില്ല. ഈ മരുന്നു കുറച്ചു കഴിച്ചിട്ട്, സുഖമായി കിടന്നുറങ്ങു."
'സോമശേഖരന്‍ ഒന്നും മിണ്ടാതെ മാതാവിന്റെ മുഖത്തേക്കു തുറിച്ചുനോക്കിക്കൊണ്ടു വായ്‌തുറന്നു. ആ സ്‌ത്രീ പതുക്കെ ഒരൗണ്‍സു ഗ്‌ളാസിലുള്ള ചുവന്ന മരുന്ന് അല്‌പാല്‌പമായി ഒഴിച്ചുകൊടുത്തു. അതു മുഴുവന്‍ കുടിച്ച ശേഷം അയാള്‍ ചുമരിനടുത്തേക്കു തിരഞ്ഞുകിടന്നു ബ്‌ളാന്‍കറ്റ് ദേഹമാസകലമിട്ടു മൂടി. അല്‌പനേരത്തിനുള്ളില്‍ അയാള്‍ ഉറക്കമായി.
സോമശേഖരന്നു പനി പിടിപെട്ടിട്ട് ഒരു മാസത്തിലധികം കഴിഞ്ഞു. ഇപ്പോളിതാ അതു ഭയങ്കരമായ ഒരു 'ടൈഫോയ്‌ഡ്' ആയി രൂപാന്തരപ്പെട്ടിരിക്കുയാണ്. അയാളുടെ മാതാവും അനുജനും അയല്‍വീട്ടിലെ ഒരു സാധു കര്‍ഷകനും മാത്രമേ ആ വീട്ടിലുള്ളു. ആ മാതൃഹൃദയം തന്റെ പുത്രന്റെ ഈ ദയനീയസ്ഥിതി കണ്ട് അനുനിമിഷം നീറിനീറിക്കൊണ്ടിരിക്കുന്നു. അവരുടെ കണ്ണുകളില്‍ നിന്നും ധാരധാരയായി പൊട്ടിപ്പുറപ്പെടുന്ന കണ്ണുനീര്‍ ശിലയെപ്പോലും അലിയിക്കുന്നതായിരുന്നു. സോമശേഖരന്‍ സുഖമായിക്കിടന്നുറങ്ങുകയാണെന്നു വിചാരിച്ച് അവര്‍ക്കല്‌പം ഒരാശ്വാസം തോന്നി. അവര്‍ ആ മുറിയില്‍ത്തന്നെ ചുമരിന്മേല്‍ ചാരിയിരുന്നു കരയാന്‍ തുടങ്ങി.
പെട്ടെന്നു പുതപ്പു തട്ടി മാറ്റിയിട്ടു സോമശേഖരന്‍ പിടച്ചെഴുന്നേറ്റു.
"ഇതാ വണ്ടി വരുന്നു. ഞാന്‍ പോകുന്നു. എന്റെ പെട്ടിയിങ്ങെടുത്തോ" ബാലചന്ദ്രനും, അവന്റെ മാതാവും ഉടന്‍ എഴുന്നേറ്റടുത്തുചെന്നു സോമശേഖരനെ വീണ്ടും കിടക്കയില്‍ പിടിച്ചുകിടത്തി. "എന്നെ പിടിക്കല്ലേ! വിടൂ! എനിക്കു കല്‍ക്കത്തായ്‌ക്കു പോണം! "
"മോനേ,സോമാ, ഒന്നു കിടന്നുറങ്ങാന്‍ നോക്കു. എന്റെ സോമനല്ലേ? ഇങ്ങിനെ ലഹള കൂട്ടാതിരിക്ക്. ബാലാ, നീയും കാശിനാഥനും കൂടിപ്പോയി ഇപ്പോള്‍ത്തന്നെ ഡോക്‌ടരെ കൂട്ടിച്ചുകൊണ്ടു വരണം. എന്നാലാട്ടെ."
ബാലചന്ദ്രനും, ആ അയല്‍ വീട്ടുകാരനും ഉടന്‍ തന്നെ ഡോക്‌ടറെ വിളിക്കാനായി പുറത്തേക്കു പോയി. സോമശേഖരന്‍ വീണ്ടും എന്തൊക്കെയോ മുറുമുറുത്തുകൊണ്ടിരുന്നു.
"ഇതാ ഒരു പനിനീര്‍പ്പൂവ്!"
"സോമാ!"
"എന്താമ്മേ!"
"ഒന്നു കിടന്നുറങ്ങു"
"ഉറങ്ങിയാല്‍ വണ്ടി തെറ്റിപ്പോയാലോ അമ്മേ! എനിക്കു പോവണ്ടേ?"
"ഇല്ല; വണ്ടിതെറ്റുകയില്ല. വണ്ടി വരുമ്പോള്‍ ഞാന്‍ വിളിക്കാം. ഒന്നു കിടന്നുറങ്ങു"
"എന്നാല്‍ ഞാന്‍ കിടന്നുറങ്ങാം"
കുറച്ചു നേരം അയാളൊന്നും മിണ്ടാതെ നിശ്ചലനായി കിടന്നു.
"ഞാനുറങ്ങിക്കോട്ടേ,അമ്മേ! വണ്ടി വന്നാല്‍ എന്നെ വിളിക്കണേ!"
"വിളിക്കാം; ഉറങ്ങിക്കോളു."
അയാള്‍ മുന്‍പിലത്തെപ്പോലെ പുതച്ചുമൂടി തിരഞ്ഞു കിടന്നു. കുറച്ചുനേരത്തിനുള്ളില്‍ അയാള്‍ ഉറക്കമായി. അപ്പോഴേക്കും ഡോക്‌ടര്‍ വന്നുചേര്‍ന്നു.
"എന്താ, ഞാന്‍ പോയതില്‍പിന്നെ വല്ല വിശേഷവും ഉണ്ടോ?"
"ഉറക്കം തീരെ ഉണ്ടാകുന്നില്ല. ഇതുവരെ ഓരോ പിച്ചുപറയുകയായിരുന്നു. ഇതാ ഇപ്പോള്‍ ഒന്നു കണ്ണടച്ചതേയുള്ളു."
"ഉറങ്ങട്ടെ. ശബ്‌ദമുണ്ടാക്കാതിരിക്കു. സുഖമായികിടന്നുറങ്ങിയാല്‍ നാളത്തേക്കു വളരെ ഭേദപ്പെടും. ഞാന്‍ ഇവിടെ ഇരുന്നുകൊള്ളാം. നിങ്ങള്‍ പുറത്തേക്കു പോയ്‌ക്കൊള്ളു. മുറിയില്‍ അധികംപേര്‍ നില്‍ക്കുന്നതു രോഗിയുടെ ശ്വാസോച്ഛ്വാസത്തിനു പ്രതിബന്ധമാണ്. ഇന്ന് ഐസ് തലയില്‍ വച്ചില്ല അല്ലേ.? "
" ഞായറാഴ്‌ചയായതിനാല്‍ ഇന്നൊരിടത്തുമില്ല. വെളുപ്പിനു കിട്ടും. എന്നു ബാലചന്ദ്രന്‍ പറഞ്ഞു."
"ഇതാ വണ്ടി വരുന്നു. അമ്മേ! അമ്മ എന്നെവിളിച്ചില്ല."
എന്നു പറഞ്ഞുസോമശേഖരന്‍ വീണ്ടും ചാടിയെഴുന്നേറ്റു.
"മിണ്ടാതിരിക്കു. അവിടെകിടന്നുറങ്ങണം!" ഡോക്‌ടര്‍ അയാളെപിടിച്ചു വീണ്ടും കിടക്കയില്‍ തന്നെ കിടത്തി.
"ഞാന്‍ പൊക്കോട്ടെ. നിങ്ങള്‍ക്കെന്ത്? ഹാ! ഹാ! ഹാ! ഇതാരിത്? അമ്മയല്ലല്ലോ: ഹേയ്, നിങ്ങളാരാണ്? മുസോളിനിയല്ലേ?."
"അല്ല, ഞാന്‍ ഡോക്‌ടരാണ്. മിണ്ടാതെകിടന്നുറങ്ങണം!"
"ഡോക്‌ടര്‍! ഡോക്‌ടര്‍! ഇവിടെയെന്തിനാ ഈ ഡോക്‌ടര്‍മാരൊക്കെ വന്നുകൂടുന്നത്? ഇവരോടൊക്കെ ഒന്നു പോകാന്‍ പറയണം. അമ്മേ! എനിക്കു സുഖക്കേടൊന്നുമില്ലല്ലോ."
"സോമാശേഖരാ, നിങ്ങള്‍ക്ക് ഒരു സുഖക്കേടുമില്ല. അല്‌പം പനി മാത്രമേയുള്ള. ഇങ്ങനെ ശക്തിയായി ശബ്‌ദമുണ്ടാക്കുന്നത് പനിക്കു ചീത്തയാണ്. മിണ്ടാതെ കിടക്കണം. നാളെ നിങ്ങള്‍ക്കു നല്ല സുഖമാകും!."
"അതേ, എനിക്കറിയാം, ഞാന്‍ മരിക്കുകയില്ല. പക്ഷേ, ആ പനിനീര്‍പ്പൂവ്! എന്റെ ഡോക്‌ടറെ, ഒരു പനിനീര്‍പ്പൂവ് തരാന്‍ നിങ്ങളെക്കൊണ്ടു സാധിക്കുമോ? നല്ല ചുവന്ന ഒരു പനിനീര്‍പ്പൂവ്! കല്‍ക്കത്തയില്‍ ധാരാളം പനിനീര്‍പ്പൂവു കിട്ടും ഇല്ലേ? ഉവ്വുവ്വ്, ഹാ! നിങ്ങള്‍ ചിരിക്കുന്നു. അതേ, കല്‍ക്കത്തയില്‍ ധാരാളം പനിനീര്‍പ്പൂവു കിട്ടും അതാണു ഞാന്‍ കല്‍ക്കത്തായ്‌ക്കു പോകുന്ന്‌ത്!ഹേയ് വണ്ടി!"
"എന്റെ സോമാശേഖരാ, ദയവു ചെയ്‌തു സ്വല്‌പനേരം അനങ്ങാതെ കിടക്കണം."
"ശരി, സമ്മതിച്ചു, ഹാ! എനിക്കെന്തു സുഖം! എനിക്കുലേശം പനിയില്ല. ആ ജന്നലുകള്‍ തുറന്നിടൂ! ഞാനിത്തിരികാറ്റുകൊള്ളട്ടെ. ഹാ! ഞാന്‍ മരിക്കുകയില്ല. മരിക്കാതിരിക്കുക എന്തു സുഖമാണ്. എനിക്കെത്ര പനിനീര്‍പ്പൂ കിട്ടും. എന്റെ പുസ്‌തകമെവിടെ? അതാ, ആ അലമാരിയിലുണ്ട്, എന്റെ പുതിയ കവിത! ബാലാ, അതൊന്നു വായിക്കൂ! കല്‍ക്കാത്തായ്‌ക്കു പോകാന്‍ നേരമായൊ? അമ്മേ! അയ്യോ! അമ്മയെവിടെ? ബാലാ, അമ്മയെ ഒന്നിങ്ങു വിളിക്കു! അമ്മേ, ഞാന്‍ മരിക്കുകയില്ല കേട്ടൊ! ഡോക്‌ടര്‍ പൊയ്‌ക്കോളു. കല്‍ക്കത്തായ്‌ക്കു ഞാന്‍ പോവുകയായി ........ബാലാ, ടിക്കറ്റു വാങ്ങിയൊ? എടോ പൂക്കാരന്‍! ആ പനിനീര്‍പ്പുവിനു എന്തുതരണം. ഓ! എന്റെ കയ്യില്‍ കാശില്ല. ആട്ടെ, നിനക്കു പിന്നെത്തരാം. താന്‍ പേടിക്കേണ്ട. ഞാന്‍ മരിക്കുകയില്ല.........വേണെങ്കില്‍ ഈ ഡോക്‌ടറോടു ചോദിച്ചുനോക്കൂ! ഹാ! ചന്ദ്രോദയം! അതാ! ചന്ദ്രന്‍! അല്ല, വെളുത്തുവെളുത്ത വെള്ളിച്ചന്ദ്രന്‍!!"
കല്‍ക്കത്തയിലുള്ള തന്റെ ഭര്‍ത്തൃഗൃഹത്തില്‍, ഏകാന്തമായിരുന്ന് കാന്തി ഒരു വൃത്താന്തപത്രം വായിക്കുകയായിരുന്നു. പെട്ടെന്നവളുടെ ദൃഷ്‌ടി അതിലെ ഒരു വശത്തു പ്രത്യേകമായി പതിഞ്ഞു. അതില്‍ ഇങ്ങനെ ഒരു കുറിപ്പു കണ്ടു.
അനുശോചനം
"സോമശേഖരന്‍" ഇന്നത്തെ യുവകവികളില്‍ പ്രഥമസ്ഥാനത്തെ അര്‍ഹിക്കുന്ന ഒരാളാകയാല്‍ അദ്ദേഹത്തെക്കുറിച്ചു പ്രത്യേകം പറഞ്ഞറിയിക്കേണ്ടതായിട്ടില്ല. ആ സുപ്രസിദ്ധപ്രേമഗായകന്‍ - ാം പകല്‍ പത്തുമണിക്കു സ്വവസതിയില്‍ വച്ച്, തന്റെ ഇരുപത്താറാമത്തെ വയസ്സില്‍ ജ്വരപ്പനി മൂലം മരിച്ചുപോയിരിക്കുന്നു. പരേതന്റെ ആത്മാവിനു നിത്യശാന്തിയുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും, അതോടൊന്നിച്ചു, പരേതന്റെ ബന്ധുമിത്രാദികളോടു ഞങ്ങളുടെ നിര്‍വ്യാജമായ വ്യസനം പ്രകടിപ്പിക്കുകയും ചെയ്‌തുകൊള്ളുന്നു."
കാന്തിയുടെ ശരീരമാകമാനം ഒരു വിറയലുണ്ടായി. കഴിഞ്ഞതെല്ലാം അവളുടെ സ്‌മൃതിപഥത്തില്‍ എത്തി. പത്രം മേശപ്പുറത്തിട്ടശേഷം തന്റെ കിടക്കയില്‍ ചെന്നു കിടന്നു. അന്നു മുഴുവന്‍ അവള്‍ അടക്കാനാകാതെ സങ്കടത്താല്‍ തേങ്ങിത്തേങ്ങിക്കരഞ്ഞു.
അസ്വസ്ഥമൈത്രി
കാഞ്ചനശൃംഗത്തിലെ ഒരു ധനാഢ്യനായ പ്രഭുവായിരുന്നു, ദേവീദാസന്‍. അദ്ദേഹത്തിനു സുന്ദരിയും, സുശീലയുമായി മാലതി എന്ന ഒരു പുത്രിയുണ്ടായിരുന്നു. അവളെ വിവാഹം ചെയ്യുവാനാഗ്രഹിച്ചു പലരും ദേവീദാസനെ സമീപിച്ചു. എന്നാല്‍ അവരില്‍ ആരേയും മാലതിക്കു ബോധിച്ചില്ല. പ്രഭുവിന്റെ ഒരു സ്‌നേഹിതനായി അടുത്തു തന്നെ കാന്തിചന്ദ്രന്‍ എന്ന ഒരു യുവാവ് അധിവസിച്ചിരുന്നു. ദേവീദാസന്‍ പലപ്പോഴും അദ്ദേഹത്തെ സ്വഗൃഹത്തില്‍ ക്ഷണിച്ചുകൊണ്ടുവന്നു സല്‍ക്കരിക്കുക പതിവായി. ക്രമേണ കാന്തിചന്ദ്രന്‍ അവിടുത്തെതന്നെ ഒരംഗമെന്നപോലെ അത്ര അടുപ്പത്തോടും സ്വാതന്ത്ര്യത്തോടും കൂടി പെരുമാറിത്തുടങ്ങി. മാലതിക്ക്, ആ യുവാവില്‍ വലിയ ബഹുമാനം തോന്നി. ക്രമേണ അതു അനുരാഗമായി രൂപാന്തരപ്പെട്ടു.
കാന്തിചന്ദ്രന്‍ എന്നപേര്‍ ആ യുവാവിനു തീരെ അന്വര്‍ത്ഥമായിരുന്നില്ല. കറുത്ത ശരീരവും, അഴകില്ലാത്ത മുഖവുമാണ് അയാള്‍ക്കുണ്ടായിരുന്നത്. ആകൃതിയില്‍ ഉള്ള ആ അല്‌പ ന്യൂനതയല്ലാതെ മറ്റു യാതൊരു കുറവുകളും കാന്തീചന്ദ്രനില്ലായിരുന്നു. ധീരത, ഔദാര്യം, വണക്കം, പൗരുഷം ഇവയുടെ കേദാരമായ ആ തരുണന്‍ അതിസമര്‍ത്ഥനായ ഒരു യോദ്ധാവുകൂടിയായിരുന്നു. കാഞ്ചനശൃംഗവും പത്മപുരവുമായി നടന്ന ഭയങ്കര സമരത്തില്‍ പ്രദര്‍ശിപ്പിച്ച അമാനുഷിക സാമാര്‍ത്ഥ്യം കണ്ടു രാജാവായ ശൂരസിംഹന്‍, കാന്തിചന്ദ്രനെ തന്റെ സേനാനായകനായി നിയമിച്ചു. രാജ്യനിവാസികളെല്ലാം ആ യുവാവിന്റെ ധീരതയെ മുക്തകണ്‌ഠം പ്രശംസിക്കയും ഹൃദയപൂര്‍വ്വം സേന്‌ഹിക്കുകയും ചെയ്‌തു.
കാന്തിചന്ദ്രന്‍ ഒരു സഞ്ചാരികൂടിയായിരുന്നു. ഓരോ രാജ്യങ്ങളില്‍ താന്‍ ചുറ്റിനടന്ന കാലത്തനുഭവിച്ചിട്ടുള്ള സങ്കടങ്ങളും, എതിരിട്ടിട്ടുള്ള ഭയങ്കര വിപത്തുകളും, അവയില്‍ നിന്നു സ്വയംരക്ഷനേടിയ മാര്‍ഗ്ഗങ്ങളുമെല്ലാം അയാള്‍ കൂടെക്കൂടെ തന്റെ പ്രേമഭാജനത്തെ വര്‍ണ്ണിച്ചു കേള്‍പ്പിച്ചു. മാലതിക്കു അവയെല്ലാം കേള്‍ക്കുവാന്‍ വലിയ സന്തോഷം തോന്നി. അങ്ങിനെ അവര്‍ തമ്മിലുള്ള പരിചയവും സ്‌നേഹവും അനുദിനം വര്‍ദ്ധിച്ചുവന്നു. ഒടുവില്‍ ഒരു ദിവസം കാന്തിചന്ദ്രന്‍ തന്റെ ഹൃദയാഭിലാഷങ്ങളാകമാനം മാലതിയോടു തുറന്നുപറഞ്ഞു. അവള്‍ അത്യന്തം സന്തുഷ്‌ടിയോടും ചാരിതാര്‍ത്ഥ്യവായ്‌പോടും കൂടി അതിനെല്ലാം അനുകൂലിച്ചു. അങ്ങിനെ അവരന്യോന്യം മനസാ വരണമാലചാര്‍ത്തി, ഒരു പരിശുദ്ധ നിര്‍വൃതിയില്‍ ലയിച്ചുകൊണ്ടു നാള്‍കഴിച്ചുകൂട്ടി.
എന്നാല്‍ ഈ രഹസ്യം അധികനാള്‍ നിഗൂഢമായി സൂക്ഷിക്കുവാന്‍ അവര്‍ക്കു ഒത്തില്ല. കര്‍ണ്ണാകര്‍ണ്ണികയാ അതുനാടൊട്ടുക്കു പരന്നു. ഒടുവില്‍ അതു ദേവീദാസന്റെ ചെവിട്ടില്‍ത്തന്നെ എത്തി. കാന്തിചന്ദ്രന്‍ അദ്ദേഹത്തിന്റെ ഒരു സ്‌നേഹിതനായിരുന്നുവെങ്കിലും, അയാള്‍ക്കു സ്വഗൃഹത്തില്‍ വലിയ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു എങ്കിലും തന്റെ പുത്രി തന്റെ അനുമതി കൂടാതെ ഇങ്ങനെ ചെയ്യുമെന്നു ആ വൃദ്ധന്‍ ലേശം പോലും ശങ്കിച്ചിരുന്നില്ല. തന്റെ ഏകപുത്രിയെ സമ്പന്നനായ ഏതെങ്കിലും ഒരു പ്രഭുവിനു വിവാഹം കഴിച്ചുകൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അനേകം പ്രഭുക്കന്മാര്‍ അവളുടെ പാണിഗ്രഹണാഭ്യര്‍ത്ഥികളായി പലപ്പോഴും വന്നിട്ടുണ്ട്. അവരെയെല്ലാം താന്‍ നിരാശരാക്കിപ്പറഞ്ഞയയ്‌ക്കയാണു ചെയ്‌തിട്ടുള്ളത്. തന്റെ പുത്രി മനഃപൂര്‍വ്വം ഇതിനു തുനിഞ്ഞതായിരിക്കയില്ലെന്നും വല്ല ക്ഷുദ്രപ്രയോഗങ്ങളാലും കാന്തിചന്ദ്രന്‍ അവളെ വശീകരിച്ചതായിരിക്കാമെന്നും അദ്ദേഹം ദൃഢമായി വിശ്വസിച്ചു. അതിനാല്‍ ഇക്കാര്യത്തില്‍ രാജാവിനോടു സങ്കടം ബോധിപ്പിക്കുവാന്‍ ദേവീദാസന്‍ തീര്‍ച്ചപ്പെടുത്തി.
അങ്ങിനെയിരിക്കെ പത്മപുരം രാജാവ് വീണ്ടും യുദ്ധത്തിനു പുറപ്പെട്ടിരിക്കുന്നുവെന്നും ശൂരസിംഹന്റെ അധീനതയിലുള്ള മല്ലികാവനം എന്ന ദ്വീപ് ആക്രമിച്ചു കൈവശപ്പെടുത്തുവാന്‍ ഒരു വമ്പിച്ച കടല്‍ സൈന്യം സകലയുദ്ധസാമഗ്രികളോടും കൂടി പുറപ്പെട്ടിരിക്കുന്നുവെന്നും ഉള്ളവാര്‍ത്ത കാഞ്ചന ശൃംഗത്തിലെല്ലായിടവും പരന്നു. കാന്തിചന്ദ്രന്റെ സഹായം അങ്ങിനെ ഒഴിച്ചുകൂടാത്തതായിത്തീര്‍ന്നു. ശൂരസിംഹന്‍ അയാളെ വിളിച്ചുവരുത്തി ഉടനെ പടയാളികളോടുകൂടി മല്ലികാവനത്തിലേയ്‌ക്കു പുറപ്പെടണമെന്നു അപേക്ഷിച്ചു. കാന്തിചന്ദ്രന്‍ അതിനൊരുക്കമാണെന്നറിഞ്ഞ് രാജാവിന് വലിയ സന്തോഷം തോന്നി. ദേവീദാസന്‍ ബോധിപ്പിച്ച സങ്കടം അര്‍ത്ഥശൂന്യമാണെന്നും, അവരിവരും പരസ്‌പരപ്രണയത്താല്‍ സംഘടിക്കപ്പെട്ടിട്ടുള്ള സ്ഥിതിക്ക് അവരുടെ വിവാഹത്തില്‍ യാതൊരനീതിയുമില്ലെന്നും രാജാവു വിധിച്ചു. അങ്ങനെ കാന്തിചന്ദ്രനും മാലതിയുമായുള്ള വിവാഹം നിഷ്‌പ്രയാസം നടന്നു. എന്നാല്‍ അത് ദേവീദാസനു തീരെ സമ്മതമുള്ളതായിരുന്നില്ലെന്നു ഇനി വിശേഷിച്ചു പറയേണ്ടതില്ലല്ലോ. പോരെങ്കില്‍ ഈ വിവാഹം കാന്തിചന്ദ്രന് പല ശത്രുക്കളേയും സമ്മാനിച്ചു. മാലതിയെ വിവാഹം ചെയ്യണമെന്നു അനേകം പ്രഭുക്കന്മാര്‍ ആഗ്രഹിച്ചിരുന്നു എന്നു മുന്‍പുതന്നെ പറഞ്ഞുകഴിഞ്ഞു. അവള്‍ അവരെയെല്ലാം നിരസിച്ച് കേവലം ഒരു പടയാളിയെ സ്വഭര്‍ത്താവായി സ്വീകരിച്ചതില്‍, പ്രണയപരാജിതരായ ആ പ്രഭുക്കന്മാരില്‍ പലര്‍ക്കും കാന്തിചന്ദ്രന്റെ പേരില്‍ അടക്കാനാകാത്ത വെറുപ്പും അസൂയയും തോന്നി.
കാന്തിചന്ദ്രന്‍ ഏതാനും പടയാളികളോടുകൂടി മല്ലികാവനത്തിലേക്ക് തിരിച്ചു. അദ്ദേഹത്തോടൊന്നിച്ചു നവവധുവായ മാലതിയും പുറപ്പെട്ടു. എന്നാല്‍ മല്ലികാവനത്തില്‍ ചെന്നപ്പോള്‍ അവിടെ ശത്രുസൈന്യത്തില്‍ ഒരാളേയെങ്കിലും കണ്ടില്ല. ഒരു കൊടുങ്കാറ്റുവന്നു പത്മപുരത്തിലെ പടക്കപ്പലുകളില്‍ മിക്കതും മുങ്ങിപ്പോയി എന്നും ശേഷിച്ചവയെല്ലാം അങ്ങോട്ടുതന്നെ മടങ്ങിപ്പോയെന്നും ഉടനെ അവര്‍ക്കറിയുവാന്‍ കഴിഞ്ഞു.
കാന്തിചന്ദ്രന് ജയരാജന്‍ എന്നു പേരായ ഒരാത്മാര്‍ത്ഥസുഹൃത്തുണ്ടായിരുന്നു. ജയരാജനും കാഞ്ചനശൃംഗരാജാവിന്റെ സേനാനായകന്മാരില്‍ ഒരാളായിരുന്നു. ധീരനായ ആ യുവയോദ്ധാവിനെ കാന്തിചന്ദ്രന്‍ ഹൃദയപൂര്‍വ്വം സ്‌നേഹിച്ചു അവര്‍ അന്യോന്യം ഒരു രഹസ്യമെങ്കിലും കൈമാറാതിരുന്നില്ല. അതിസുന്ദരിയും കൂലീനയുമായ ഒരു യുവതിയെയാണ് അയാള്‍ വിവാഹം കഴിച്ചിരുന്നത്. കാന്തിചന്ദ്രനും മാലതിയും തമ്മില്‍ വിവാഹം നടക്കുന്നതിന് ജയരാജന്‍ മനഃപൂര്‍വ്വം ശ്രമിച്ചു. അതില്‍ മാലതിക്കും കാന്തിചന്ദ്രനും ഒരു പോലെ സന്തോഷം തോന്നി. ജയരാജന്‍ അവരുടെ ഒരു നിത്യാതിഥിയായിരുന്നു. വാചാലനായ അയാളുടെ ഫലിതങ്ങള്‍ കേട്ട് മാലതി പൊട്ടിച്ചിരിക്കും. അതു കാന്തിചന്ദ്രനെ ഒരാനന്ദ നിര്‍വൃതിയില്‍ ലയിപ്പിക്കും. എന്നാല്‍ അയാള്‍ കുറച്ചുകൂടി ഗൗരവക്കാരനായിരുന്നതിനാല്‍ അതൊന്നും തന്നെ പുറത്തു കാണിച്ചില്ല. ആ ഉത്തമസുഹൃത്തിനെ വാസ്‌തവത്തില്‍ അയാള്‍ സ്‌നേഹിക്കുമാത്രമല്ല മനസാ ആരാധിക്കുകകൂടിചെയ്‌തു. കാന്തിചന്ദ്രന്റെ ശൂപാര്‍ശയാല്‍ ശൂരസിംഹന്‍ ജയരാജനെ തന്റെ അംഗരക്ഷകന്മാരുടെ അധിപനായി നിയമിച്ചു. ഇത് വീരരുദ്രന്‍ എന്ന ഒരു പടയാളിക്ക് സഹിച്ചില്ല. എന്തുകൊണ്ടും ആ സ്ഥാനം ലഭിക്കേണ്ടിയിരുന്നത് അയാള്‍ക്കായിരുന്നു. പ്രായംകൊണ്ടും സേവനകാലത്തിന്റെ ദൈര്‍ഘ്യംകൊണ്ടും ആ സ്ഥാനത്തിന് പ്രഥമാവകാശിയായിരുന്ന വീരരുദ്രന്‍ തനിക്കുനഷ്‌ടപ്പെട്ട ഭാഗ്യലബ്‌ധിയാല്‍ അസൂയാപരവശനായി ജയരാജനെ അധിക്ഷേപിക്കാന്‍ തുടങ്ങി. ഇതിനുകാരണക്കാരനായ കാന്തിചന്ദ്രന്റെ പേരിലും അയാള്‍ക്കുകഠിനവൈരം ജനിച്ചു. അതിനാല്‍ എങ്ങിനെയെങ്കിലും അവര്‍ ഇരുവരേയും ഉപദ്രവിക്കണമെന്ന് അയാള്‍ തീര്‍ച്ചയാക്കി. കാന്തിചന്ദ്രന്‍ ജയരാജനോട് ഇത്ര ആത്മാര്‍ത്ഥമായിരിക്കുന്നത് അയാളുടെ ഭാര്യയായ കുസുമയോടുള്ള സ്‌നേഹം കൊണ്ടാണെന്നും അവളുമായുള്ള അടുപ്പംകൊണ്ടാണ് ശുപാര്‍ശചെയ്‌ത് അയാള്‍ ജയരാജന് ഉദ്യോഗക്കയറ്റം വാങ്ങിക്കൊടുത്തതെന്നും വീരരുദ്രന്‍ ഒരു ദുഷ്‌പ്രപാദം പറഞ്ഞു പരത്തി. ജയരാജനേയും, കാന്തിചന്ദ്രനേയും മാലതിയേയും തമ്മില്‍ ഭിന്നിപ്പിച്ച് അവര്‍ക്കു ദുരന്തമായ ഒരധഃപതനം വരുത്തിക്കൂട്ടി, അങ്ങിനെ തന്റെ പക വീട്ടണമെന്ന് അയാള്‍ തീര്‍ച്ചയാക്കി. മനുഷ്യരുടെ മനോവ്യാപാരങ്ങളെക്കുറിച്ചും ആകസ്‌മികമായി അതിനു വന്നുകൂടിയേക്കാവുന്ന വിവിധ വ്യതിയാനങ്ങളെക്കുറിച്ചും സൂത്രശാലിയായ വീരരുദ്രനു നല്ലനിശ്ചയമുണ്ടായിരുന്നു. 'കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകില്‍ സുലഭം' എന്നുള്ള പരമാര്‍ത്ഥം നന്നായറിയാമായിരുന്ന അയാള്‍ ജയരാജന്റെ പേരില്‍ കാന്തിചന്ദ്രന് എങ്ങിനെയെങ്കിലും അസൂയ ജനിപ്പിക്കണമെന്നു നിശ്ചയിച്ചു. അസൂയ മനുഷ്യനെ പല സാഹസങ്ങള്‍ക്കു പ്രേരിപ്പിക്കുന്ന ഒന്നാകയാല്‍ തന്മൂലം ഒന്നുകില്‍ ജയരാജനോ അല്ലെങ്കില്‍ കാന്തിചന്ദ്രനോ ചിലപ്പോള്‍ രണ്ടുപേരുമോ എങ്ങിനെയെങ്കിലും മൃത്യുവക്തത്തില്‍ ചെന്നു ചാടുവാന്‍ ഇടയാകുമെന്നുറച്ച് അയാള്‍ അതിനോരോ മാര്‍ഗ്ഗം ആലോചിച്ചുതുടങ്ങി.
മല്ലികാവനത്തില്‍ വന്ന ഉടനെ യുദ്ധസന്നാഹത്തിന്റെ ആവശ്യം കാണായ്‌കയാല്‍ കുറച്ചുദിവസം അവിടെ സുഖമായി താമസിച്ച് വിശ്രമിക്കാമെന്നു കാന്തിചന്ദ്രന്‍ തീരുമാനിച്ചു. ദിവസവും സദ്യയും വിരുന്നും മറ്റോരൊ വിനോദങ്ങളുമായി അവര്‍ ആനന്ദിച്ച് അവിടക്കൂടി. സൈന്യങ്ങളെല്ലാം അഞ്ചാറു കൂടാരങ്ങളിലായിട്ടാണ് അധിവസിച്ചിരുന്നത്.
അന്നുരാത്രിയിലത്തെ പാറാവ് ജയരാജനായിരുന്നു. ഭടന്മാര്‍ ലഹരിപദാര്‍ത്ഥങ്ങള്‍ അധികമായുപയോഗിച്ച് ലഹള കൂട്ടാതിരിക്കേണമെന്നു കാന്തിചന്ദ്രന്‍ ജയരാജനെ പ്രത്യേകം ശട്ടംകെട്ടിയിരുന്നു. ഇത് ഒരു നല്ല സന്ദര്‍ഭമാണെന്നു കരുതി വീരരുദ്രന്‍ ഒരു കൗശലമെടുത്തു. അയാള്‍ വലിയ സ്‌നേഹഭാവത്തില്‍ ജയരാജനെ തന്റെ കൂടാരത്തിലേയ്‌ക്കു രാത്രി ഭക്ഷണത്തിന്നു ക്ഷണിച്ചു. പലതരത്തിലുള്ള ശക്തിയേറിയ ലഹരി ദ്രാവകങ്ങള്‍ ധാരാളം കാലേകൂട്ടി സംഭരിച്ചിരുന്ന വീരരുദ്രന്‍ അത് യഥേഷ്‌ടം ഗ്ലാസ്സുകളില്‍ പകര്‍ന്നെടുത്തു തന്റെ അതിഥിക്കു കൊടുത്തു. ജയരാജന്‍ ആദ്യം വളരെ മിതമായ രീതിയില്‍ മാത്രമേ ഉപയോഗിച്ചുള്ളു. എന്നാല്‍ വീരരുദ്രന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ച് അയാളെക്കൊണ്ട് അതു കുറെയധികം ചിലവാക്കി. ക്രമേണ തലയ്‌ക്കുപിടിച്ച് സ്ഥിരബോധം പോയി ജയരാജന്‍ ഓരോന്നു സംസാരിക്കാന്‍ തുടങ്ങി. മാലതിയായിരുന്നു സംസാരവിഷയം. അയാള്‍ അവളുടെ സൗന്ദര്യത്തെക്കുറിച്ച് അവളുമായി എത്രയും അടുത്തു പെരുമാറിയിട്ടുള്ള രീതിയില്‍ ഓരോന്നു വര്‍ണ്ണിക്കാന്‍ തുടങ്ങി. അയാള്‍ പറയുന്നതിനെല്ലാം എതിരു പറയണമെന്നു ശട്ടംകെട്ടി വീരരുദ്രന്‍, ത്രിവിക്രമന്‍ എന്നൊരാളെ നിയോഗിച്ചിരുന്നു. ഓരോന്നു പറഞ്ഞു പറഞ്ഞു ക്രമേണ അതൊരു കലഹത്തിനു കാരണമായി. വാക്കുതര്‍ക്കം മുഴുത്തു. ഒച്ച പൊങ്ങിത്തുടങ്ങി. ഒന്നുപറഞ്ഞു രണ്ടു പറഞ്ഞു അല്‌പനേരം കൊണ്ടു ഒരു വലിയ വഴക്ക് കോലഹലം. അടക്കാനാകാത്ത കോപത്തോടെ അസ്ഥിര പ്രജ്ഞനായ ജയരാജന്‍ ചാടി എഴുന്നേറ്റ് കുഠാരം വലിച്ചൂരി തന്റെ പ്രതിയോഗിയെ കുത്തി മലര്‍ത്തി താഴെയിട്ടു. ഉടനെത്തന്നെ വീരരുദ്രന്‍ കൂടാരത്തിലുള്ളവരെയെല്ലാം ഉണര്‍ത്തി അപകടം സൂചിപ്പിക്കുന്ന മണിയടിച്ചു. എല്ലാ കൂടാരങ്ങളിലും ഉറങ്ങിക്കിടന്നിരുന്ന ഭടജനങ്ങളാകമാനം വീരരുദ്രന്റെ കൂടാരത്തിലേക്കു പാഞ്ഞെത്തി. തുടരെത്തുടരെയുള്ള മണിയൊലികേട്ട് സംഭ്രാന്തചിത്തനായ കാന്തിചന്ദ്രന്‍ ഉടന്‍തന്നെ പടച്ചട്ടയും വാളും ധരിച്ച് വായുവേഗത്തില്‍ വന്നെത്തി. കാരണം തിരക്കിയതില്‍, വീരരുദ്രന്‍ പറയുവാന്‍ വലിയ സങ്കോചംഭാവിച്ചു. എങ്കിലും അദ്ദേഹത്തിന്റെ നിര്‍ബന്ധത്താല്‍ അവിടെ നടന്ന സംഭവങ്ങളെല്ലാം തന്റെ പല മനോധര്‍മ്മങ്ങളും അതിശയോക്തികളും കൂട്ടിക്കലര്‍ത്തി വീരരുദ്രന്‍ തട്ടിവിട്ടു. പെട്ടെന്ന് ജയരാജന്റെ ചുമതലാബോധത്തെക്കുറിച്ച് കാന്തിചന്ദ്രന് അല്‌പം വെറുപ്പുതോന്നി. അപ്പോഴേക്കും അയാളുടെ ലഹരിപിടുത്തം ഒട്ടുമുക്കാലും പൊയ്‌ക്കഴിഞ്ഞിരുന്നു. കാന്തിചന്ദ്രന്റെ മുഖത്തുനോക്കാന്‍പോലും ജയരാജന് വലിയ ലജ്ജതോന്നി. നടന്ന സംഭവങ്ങളുടെ സൂക്ഷ്‌മസ്വഭാവം ഒന്നുംതന്നെ തനിക്കറിഞ്ഞുകൂടായിരുന്നുവെങ്കിലും തന്റെ നിലയും വിലയും മറന്ന്, ലേശമെങ്കിലും ഭാരവാഹിത്വബോധമില്ലാത്ത നിലയില്‍ പെരുമാറിയതിലുള്ള ജാള്യതകൊണ്ട് അയാള്‍ ഒരക്ഷരംപോലും മിണ്ടാതെ നിലകൊണ്ടു. ജയരാജനെ വീണ്ടും പഴയ ഉദ്യോഗത്തിലേയ്‌ക്കുതന്നെ തരംതാഴ്‌ത്തിയിരിക്കുന്നുവെന്നു പറഞ്ഞിട്ട് നീരസം ഭാവിച്ചുകൊണ്ടു കാന്തീചന്ദ്രന്‍ അവിടെനിന്നു പോയി.
വീരരുദ്രന്റെ പ്രയോഗം കണക്കിനുതന്നെ ചെന്നുകൊണ്ടു. എന്നാല്‍ ഇതുകൊണ്ടുമാത്രം അയാള്‍ കൃതാര്‍ത്ഥനായില്ല. പിന്നെയും ജയരാജനെ മര്‍ദ്ദിക്കണമെന്നയാള്‍ നിശ്ചയിച്ചു.
ജയരാജന്‍ തന്റെ ഭോഷത്വത്തെക്കുറിച്ചു വളരെ പശ്ചാത്തപിച്ചു. താന്‍ കണക്കറ്റ് കുടിച്ചുപോയതില്‍ തന്നെത്തന്നെ കുറ്റപെടുത്തി. അയാള്‍ വീരരുദ്രനോടു വളരെ സങ്കടപ്പെട്ടു പറഞ്ഞു. അതുകേട്ടു വഞ്ചകനായ ആ നീചന്‍ വലിയ സഹതാപം പ്രദര്‍ശിപ്പിച്ചുകൊണ്ടു ജയരാജനെ സാന്ത്വനിപ്പിക്കാന്‍ മുതിര്‍ന്നു.
"ഓ! ഇത്രയൊന്നും വിചാരിക്കാനില്ല" വീരരുദ്രന്‍ പറഞ്ഞു. "കുടിക്കാത്തവരാരാണ്? കാന്തിചന്ദ്രന്‍ തന്നെ ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറില്ലേ? ചില അവസരങ്ങളില്‍ കുറച്ചുകൂടുതല്‍ കുടിച്ചുപോയി എന്നും വന്നേക്കാം. അതെല്ലാം പരിതസ്ഥിതികളെ ആശ്രയിച്ചിരിക്കും. അതില്‍ ഒരുത്തനെ കുറ്റുപ്പെടുത്തേണ്ടതായിട്ടില്ല. ജയരാജാ സമാധാനിക്കു. ഞാന്‍ ഒരു നല്ലവഴി പറയാം. സേനാധിപന്‍ കാന്തിചന്ദ്രനാണെങ്കിലും വാസ്‌തവത്തില്‍ ഭരണം ഇരിക്കുന്നതു മാലതിയുടെ കയ്യിലാണ്. അയാളില്‍ അവള്‍ക്കത്ര സ്വാധീനശക്തിയുണ്ട്. പോരെങ്കില്‍ നിങ്ങള്‍ തമ്മില്‍ വലിയ ഇഷ്‌ടവുമാണല്ലോ. ഇക്കാര്യങ്ങളെല്ലാം മാലതിയെ ധരിപ്പിക്കൂ. അവള്‍ നിങ്ങളെ സഹായിക്കാതിരിക്കയില്ല. നിങ്ങള്‍ക്കുവേണ്ടി തീര്‍ച്ചയായും അവള്‍ ശുപാര്‍ശചെയ്യും; കാന്തിചന്ദ്രന്‍ അതിനനുകൂലിക്കാതിരിക്കയുമില്ല. അതുകൊണ്ട് നിങ്ങള്‍ ഞാന്‍ പറയുന്നതുപോലെ കേട്ടാല്‍ നിങ്ങള്‍ക്കു ഗുണമുണ്ടാകും."
"അതുവാസ്‌തവമാണ്" ജയരാജന്‍പറഞ്ഞു. വീരരുദ്രന്റെ അഭിപ്രായം സ്വീകാര്യമാണെന്നയാള്‍ക്കുതോന്നി. അതിനാല്‍ അപ്രകാരംതന്നെ പ്രവര്‍ത്തിക്കുവാന്‍ അയാള്‍ ഉറച്ചു.
ജയരാജന്‍ മാലതിയെക്കണ്ട് കാര്യമെല്ലാം ധരിപ്പിച്ചു. അവള്‍ക്കു അയാളുടെ പേരില്‍ കരുണതോന്നി, താന്‍ തീര്‍ച്ചയായും അതിനുവേണ്ടി ഉത്സാഹിക്കുന്നതാണെന്നുറപ്പു പറഞ്ഞു. അതനുസരിച്ച് അന്നുരാത്രി അവള്‍ കാന്തിചന്ദ്രനോടു അതിനെക്കുറിച്ചു സംസാരിച്ചു. ജയരാജനെ പൂര്‍വ്വസ്ഥാനത്തു വീണ്ടും പ്രവേശിപ്പിക്കണമെന്ന് അവള്‍ ഹാര്‍ദ്ദമായി അപേക്ഷിക്കുകയും ചെയ്‌തു. കാന്തിചന്ദ്രന് തന്റെ സുഹൃത്തിന്റെ അന്നത്തെപെരുമാറ്റത്തേയും ചുമതലാബോധമില്ലായ്‌മയേയും കുറിച്ചല്‌പം നീരസം തോന്നിയതല്ലാതെ, യഥാര്‍ത്ഥ്യത്തില്‍ അയാളോടു യാതൊരു വിരോധവും ഉണ്ടായിരുന്നില്ല. വീണ്ടും അയാളെ എന്തെങ്കിലും ഒരു ചെറിയ പിഴയിട്ട്, പഴയപടി ഉന്നതസ്ഥാനത്ത് നിയമിക്കേണമെന്നു അയാള്‍ മനസ്സില്‍ കരുതിയിട്ടുമുണ്ടായിരുന്നു. എങ്കിലും ഉടനടി അങ്ങിനെ ചെയ്യുന്നതു ഉചിതമല്ലെന്നും അങ്ങിനെ ചെയ്യുന്ന പക്ഷം അയാളോടുമാത്രം ഒരു പക്ഷപാതമുണ്ടെന്നു മറ്റുള്ളവര്‍ മനസ്സിലാക്കുമെന്നും ഭയന്ന് അയാള്‍ ക്ഷമിച്ചിരുന്നതാണ്.
"മാലതീ" കാന്തിചന്ദ്രന്‍ പറഞ്ഞു. "വരട്ടെ, ജയരാജനെ വീണ്ടും ഞാന്‍ നിയമിക്കാം."
"അങ്ങിനെ, പറഞ്ഞാല്‍ പോരാ" മാലതി അപേക്ഷിച്ചു. "ജയരാജന്‍ സാധൂവാണ്. അന്നറിയാതെ അങ്ങനെയൊക്കെ പറ്റിയെന്നേയുളളു. മേലില്‍ അങ്ങിനെയൊന്നും വരാതെ അയാള്‍ സൂക്ഷിച്ചുകൊള്ളും."
"ആകട്ടെ, ഒരാഴ്‌ചയെങ്കിലും ഇങ്ങനെ കഴിയട്ടെ. ഞാന്‍ തീര്‍ച്ചയായും നിയമിക്കാം."
"ഒരാഴ്‌ചയോ? എന്തിന്? അവിടന്നിങ്ങനെ ശാഠ്യം പിടിക്കുരുത്. ഇന്നോ നാളെയോതന്നെ നിയമിക്കണം."
"അതേതായാലും സാദ്ധ്യമല്ല" അയാള്‍ തീര്‍ത്തുപറഞ്ഞു.
"എന്താണത്?" മാലതി ചോദിച്ചു.
"അതില്‍ കാര്യമുണ്ട്." അതുതന്നെ ഒരു പരുക്കന്‍ സ്വരത്തില്‍ അല്‌പം നീരസഭാവത്തോടെ കാന്തിചന്ദ്രന്‍ ശഠിച്ചു.
"ഓഹോ! എന്താണാവോ ഇത്രവലിയ പൊണ്ണക്കാര്യം?" മാലതി പരിഭവപ്പെട്ടു. "ഇഷ്‌ടമില്ലെങ്കില്‍ വേണ്ട. ഞാനൊന്നും തന്നെ പറഞ്ഞില്ല. അല്ലെങ്കിലും അങ്ങനെയാണ്. അന്ന്, കാര്യമെല്ലാം നടക്കുന്നവരെ എന്തു സേവയായിരുന്നു ജയരാജനോട്. പാവം അയാള്‍ അതിനുവേണ്ടി എത്ര ഉത്സാഹിച്ചു! എന്തു പാടുപ്പെട്ടു! അച്ഛനോടു പറഞ്ഞ് പറഞ്ഞ് ഒന്നു സമ്മതം മൂളിക്കാന്‍ അയാള്‍ ചെയ്‌ത ഭഗീരഥപ്രയത്‌നം! അതെ, ഇക്കാലത്തു നിവൃത്തിയുണ്ടെങ്കില്‍ ഉപകാരം ചെയ്യരുത്.....തന്‍കാര്യം കാണുന്നവരെ എല്ലാവരുമുണ്ട് ..... ആരാണ്ടുപറഞ്ഞപോലെ പാലംകടക്കുന്നുവരെ നാരായണ പിന്നെ കൂരായണ.... എന്ന മട്ടുകാരാണ് എല്ലാം.... അല്ലെങ്കില്‍ ഇതിത്ര വലിയ സംഗതിവല്ലതുമാണോ? എനിക്കതിനു വേണ്ടി കാലുപിടിക്കാനും മറ്റും കഴികയില്ല. ഇഷ്‌ടമുണ്ടെങ്കില്‍, ഒരു സേന്‌ഹിതന്‍ എന്ന നിലയോര്‍ത്തിതൊന്നു ചെയ്‌തു കൊടുക്കണമെന്നു ഞാന്‍ പറഞ്ഞെന്നേയുള്ളു. ഇല്ലേ? വേണ്ട അത്രതന്നെ."
"അതിനങ്ങനെ ചെയ്യുകയില്ലെന്നാരു പറഞ്ഞു?"
"പിന്നെ ചെയ്യുന്നെങ്കില്‍ ഉടന്‍ അതങ്ങു ചെയ്‌തേക്കരുതോ? അതിനിത്ര പ്രശ്‌നം വയ്‌പിച്ചു മൂഹുര്‍ത്തം നോക്കിയിട്ടു വേണോ?" എന്നു ചോദിച്ചുകൊണ്ട്, മുഖവും വീര്‍പ്പിച്ചു മാലതി അകത്തേക്കുപോയി.
ജയരാജന്‍ നിത്യവും കാന്തിചന്ദ്രന്റെ ഗൃഹത്തില്‍ വരാറുണ്ടായിരുന്നു. തന്നോടു അയാള്‍ നിര്‍ദ്ദയമായി പെരുമാറിയിട്ടും ജയരാജന്‍ അതൊന്നും തന്നെ ഭാവിച്ചില്ല. ഒരു ദിവസം വൈകുന്നേരം വീരരുദ്രനും കാന്തിചന്ദ്രനും കൂടി കടല്‍ക്കരയില്‍ നടക്കാന്‍ പോകാനായി മാളികമുകളില്‍ നിന്നിറങ്ങി. കോവണിപ്പടിയിറങ്ങുമ്പോള്‍ ജയരാജനും മാലതിയും കൂടി കുറച്ചകലെ ഒരു മുറിയുടെ വാതില്‍ക്കല്‍നിന്ന് സംസാരിക്കുന്നതവരുടെ ദൃഷ്‌ടിയില്‍ പെട്ടു. അതുകണ്ടു കുടിലഹൃദയനായ വീരരുദ്രന്‍ "എനിക്കതത്ര പന്തിയാണെന്നു തോന്നുന്നില്ല" എന്നു ഒരു താഴ്‌ന്നസ്വരത്തില്‍ തന്നോടുതന്നെ പറയുന്ന ഭാവത്തില്‍ തട്ടിവിട്ടു. കാന്തിചന്ദ്രന്റെ ചെവിടില്‍ അതു പതിഞ്ഞുവെങ്കിലും അയാളതത്ര ഗൗനിച്ചില്ല. ആ സംഭവവും അയാള്‍ പറഞ്ഞവാക്കും അക്ഷണം തന്നെ കാന്തിചന്ദ്രന്‍ മറന്നു. പക്ഷെ പിന്നീടയാള്‍ അതു നല്ലപോലെ ഓര്‍മ്മിച്ചു.
കടല്‍ക്കരയില്‍ ചെന്നു കാറ്റുകൊള്ളുവാനായി അവര്‍ ഇരുവരും ഓരോ പാറക്കല്ലില്‍ ഇരുന്നു.
"ഞാനൊന്നറിയാന്‍മാത്രം ചോദിക്കുന്നുവെന്നേയുള്ളു ആട്ടെ, നിങ്ങളും മാലതിയും തമ്മില്‍ അടുത്തകാലത്ത്, ജയരാജന് നിങ്ങളുടെ സേന്‌ഹത്തെക്കുറിച്ചറിയാമായിരുന്നോ?" പ്രത്യേകിച്ചതറിഞ്ഞിട്ടു തനിക്കു യാതൊരാവശ്യമില്ലെന്നുള്ള നാട്യത്തില്‍ വീരരുദ്രന്‍ അലസമായി ചോദിച്ചു.
"അറിയാമായിരുന്നു" കാന്തിചന്ദ്രന്‍ മറുപടി പറഞ്ഞു. "പോരെങ്കില്‍ അന്ന് അയാള്‍ അക്കാര്യത്തില്‍ വളരെ ഉത്സാഹിക്കുകയും ചെയ്‌തിട്ടുണ്ട്."
അതുകേട്ട് താനെന്തോ അതു സംബന്ധിച്ച് ഒരു രഹസ്യം അറിഞ്ഞിട്ടുണ്ടെന്ന ഭാവത്തില്‍ വീരരുദ്രന്‍ നെറ്റി ചുളിച്ചിട്ട്, ഹാസ്യഭാവത്തില്‍ ഒന്നു തലകുലുക്കി.
"ആങ്ങ്‌ഹാ! അങ്ങനെവരട്ടെ!" അയാള്‍ ഉല്‍ഘോഷിച്ചു.
പെട്ടെന്നു കോവണിപ്പടിയിറങ്ങുമ്പോള്‍ അയാള്‍ പറഞ്ഞ വാക്കുകളും , ജയരാജനും മാലതിയും കൂടി സ്വകാര്യം പറഞ്ഞുകൊണ്ടുള്ള നില്‍പും, കാന്തിചന്ദ്രനോര്‍ത്തു. അയാള്‍ക്കു മനസ്സില്‍ അല്‌പം ഒരസുഖമുണ്ടായി. ഇതിലെല്ലാം എന്തോ ഒന്നു ഉണ്ടെന്നയാള്‍ക്കു തോന്നി. വീരരുദ്രന്‍ സത്യസന്ധനും വിശ്വാസയോഗ്യനുമാണെന്നും അയാളുടെ ഹൃദയം ആത്മാര്‍ത്ഥമാണെന്നും അകാരണമായി കാന്തിചന്ദ്രനു ബോധ്യപ്പെട്ടു. ജയരാജന്‍ പുറമെകാണിക്കുന്ന ആത്മാര്‍ത്ഥത വെറും ആത്മവഞ്ചനയാണെന്നു അയാള്‍ സംശയിച്ചു.
"ഉം? എന്താണങ്ങിനെ പറഞ്ഞത്?" എന്നു ചോദിച്ചതുകൊണ്ട് കാര്യങ്ങള്‍ എല്ലാം തുറന്നുപറയണമെന്ന് അയാള്‍ വീരരുദ്രനോടപേക്ഷിച്ചു.
"അല്ലെങ്കിലും വലിയ വലിയ കൊട്ടാരങ്ങളിലും, വലിയ വലിയ ആളുകളുടെ ഇടയ്‌ക്കും എല്ലാം അങ്ങിനെയാണു..... അതിലത്ര കുറ്റപ്പെടുത്താനൊന്നുമില്ല" - വീരരുദ്രന്‍ അര്‍ത്ഥം വച്ചുപറഞ്ഞു. "പക്ഷെ കാന്തി ചന്ദ്ര! അങ്ങ് ഒരുന്നതസ്ഥാനത്ത് സര്‍വജന സമ്മതനായിരിക്കുന്ന ഒരാള്‍.... അപവാദത്തെ ഭയപ്പെടണം..... എന്തെങ്കിലും ഒരു കേള്‍വിദോഷം വരുന്നതു നിങ്ങളെപ്പോലുള്ളവര്‍ക്കു തീരെനന്നല്ല...."
കാന്തിചന്ദ്രന്റെ ഹൃദയം ഒന്നു നടുങ്ങി. അയാള്‍ ചിന്താമഗ്നനായി. അയാള്‍ സംശയിക്കാന്‍ തുടങ്ങി.
"മാലതിയുടെ സ്വഭാവത്തിനു വലിയ ദൂഷ്യമൊന്നു ഉള്ളതായി എനിക്കറിവില്ല"- അയാള്‍ ഒരു താഴ്‌ന്ന സ്വരത്തില്‍ പറഞ്ഞു.
വീരരുദ്രന്റെ ഹൃദയം സന്തോഷം കൊണ്ടു നൃത്തം ചെയ്‌തു. തന്റെ കൗശലം കുറിക്കുതന്നെ കൊള്ളുന്നുണ്ടെന്നറിഞ്ഞു പൂര്‍വ്വാധികം സന്തുഷ്‌ടനായി അയാള്‍ പറഞ്ഞു:
"ഉണ്ടെന്നിപ്പോള്‍ ഞാന്‍ പറഞ്ഞില്ലല്ലോ. പക്ഷെ ഒന്നുമാത്രം പറഞ്ഞേക്കാം. അങ്ങു ശുദ്ധഹൃദയനാണ്. എനിക്കങ്ങയോടുള്ള ആത്മാര്‍ത്ഥതകൊണ്ടും എനിക്കല്‌പം പ്രായക്കൂടുതല്‍ ഉള്ളതുകൊണ്ടും ഒരഭ്യദയ കാംക്ഷിയെന്നുള്ള നിലയില്‍ ഒരു കാര്യം എനിക്കങ്ങയെ നിര്‍ബന്ധപൂര്‍വ്വം ഉപദേശിക്കാനുണ്ട്. എനിക്കു ഇക്കാര്യത്തില്‍ യാതൊരുതെളിവും തരാനില്ല. പക്ഷെ ഒന്നുതീര്‍ച്ചയാണ്. ജയരാജനെ അടുപ്പിക്കുന്നതു സൂക്ഷിച്ചിട്ടുവേണം.....എന്നു തന്നെയല്ല. ദയവുചെയ്‌തു മാലതിയുടെ പെരുമാറ്റങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ ഒന്നു സൂക്ഷിച്ചാല്‍ കൊളളാം. സ്‌ത്രീകളുടെ സ്വഭാവം അങ്ങയെക്കാള്‍ നന്നായിട്ടെനിക്കറിയാം....അവള്‍ അങ്ങനെ വഞ്ചിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അവളുടെ അച്ഛന്റെ അപ്രീതിയെ അവഗണിച്ചും അവള്‍ രഹസ്യമായി അങ്ങയെ വിവാഹം ചെയ്യുവാന്‍ മുതിര്‍ന്നത്."
കാന്തിചന്ദ്രനു അതു പരമാര്‍ത്ഥമാണെന്നു തോന്നി. ജയരാജന്റെ കാര്യത്തില്‍ അവള്‍ അത്രമാത്രം കാര്യമായി ശുപാര്‍ശ ചെയ്‌തതിന്റേയും താനതില്‍ അല്‌പം വൈമുഖ്യം ഭാവിച്ചപ്പോള്‍ അസുഖഭാവത്തില്‍ പരിഭവപ്പെട്ടതിന്റേയുമെല്ലാം അടിയില്‍കിടക്കുന്നത് അവര്‍ തമ്മിലുള്ള രഹസ്യമായ അടുപ്പമാണെന്നു പെട്ടെന്നയാള്‍ക്കോര്‍മ്മവന്നു. അയാളുടെ ഹൃദയം കോപംകൊണ്ടു ജ്വലിച്ചു.
വീരരുദ്രന്റെ വാക്കുകള്‍ കേട്ടതില്‍ പിന്നീട് അയാളുടെ ഹൃദയം സമാധാനം എന്തെന്നറിഞ്ഞിട്ടില്ല. തലേന്നാള്‍ അനുഭവിച്ച ആ അനവദ്യശാന്തിയുടെ അമൃതകുംഭം ഇനി അയാള്‍ക്കു ഈ ജീവിതത്തില്‍ തിരിച്ചുകിട്ടുമോ? ഹാ!കേവലം ചില പദങ്ങള്‍ വരുത്തിക്കൂട്ടുന്ന ഭയങ്കര രൂപാന്തരം! വിനോദങ്ങളില്‍ അയാള്‍ക്കു തീരെ പ്രിയമില്ലാതായി. പട്ടാളക്കാരുടെ കാല്‍വയ്‌പും, പടക്കുതിരകളുടെ കുളമ്പടിയും കേട്ടാല്‍ കുതിച്ചു ചാടാറുള്ള അയാളുടെ ചൊടിചൊടിപ്പുള്ള ഹൃദയം, തളര്‍ന്നുതളര്‍ന്നു നിശ്ശേഷം മരവിച്ചുപോയി. ചിലപ്പോള്‍ മാലതി പരിശുദ്ധയാണെന്നയാള്‍ വിചാരിക്കും. മറ്റുചിലപ്പോള്‍ അവളില്‍ മാച്ചാല്‍ മായാത്ത കളങ്കം കുടികൊള്ളുന്നുണ്ടെന്നയാള്‍ അകാരണമായി വിശ്വസിക്കും. ചിലപ്പോള്‍ വീരരുദ്രന്‍ വിശ്വസ്‌തനാണെന്നയാള്‍ക്കു തോന്നും. മറ്റുചിലപ്പോള്‍ അയാളെപ്പോലെ കള്ളന്‍ ലോകത്തിലില്ലെന്നു തീരുമാനിക്കും. - ആ 'അതി'നെക്കുറിച്ചു തനിക്കറിയാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ എന്നയാള്‍ ആശിക്കും.
അന്യോന്യവിരുദ്ധങ്ങളും, ആപല്‍ക്കരങ്ങളുമായ അത്തരം ആയിരം ചിന്തകളുടെ സന്ദിഗ്‌ദ്ധ സമ്മര്‍ദ്ദനത്തില്‍ പെട്ട് ഞെരിഞ്ഞു കരയുന്ന അയാളുടെ ഹൃദയം ഭയങ്കരമായ ആ ദുഃശങ്കയെ വീണ്ടും പുലര്‍ത്തിക്കൊണ്ടിരുന്നു. ഒരു ദിവസം അടക്കാനാകാത്ത ഹൃദയാസ്വാസ്ഥ്യത്തോടും കോപത്തോടും കൂടി അയാള്‍ വീരരുദ്രന്റെ കഴുത്തില്‍ കടന്നു പിടിച്ചുകൊണ്ട് ഇങ്ങിനെ ഗര്‍ജ്ജിച്ചു: - "എടാ! ദുഷ്‌ടാ! നീയന്നെ എന്തിനാണിങ്ങനെ കൊല്ലാതെ കൊല്ലുന്നത്? നീയെന്നെ തെറ്റിദ്ധരിപ്പിച്ചു. ദ്രോഹി! നിനക്കു നിന്റെ ജീവന്‍ വേണമെങ്കില്‍, നീ പറഞ്ഞ കാര്യത്തില്‍ വിശ്വസിക്കത്തക്കവിധം നീ പ്രത്യക്ഷലക്ഷ്യം വല്ലതും കാണിച്ചുതരണം. അല്ലാതെ ഞാന്‍ സമ്മതിക്കയില്ല. നിന്നെ ഞാന്‍ വെറുതെ വിട്ടുയയ്‌ക്കുമെന്നു വിചാരിക്കേണ്ട."
അതുകേട്ട് ലേശമെങ്കിലും കുലുങ്ങാതെ, അതും തനിക്കു സാധിക്കുമെന്നുളള ഒരു ഗര്‍വോടെ ഇങ്ങനെ ചോദിച്ചു: - "വേണമോ? ശരി അതിനു വിഷമമില്ല. ആട്ടെ നീലപ്പുള്ളിക്കുത്തുകള്‍ ഉള്ള ഒരു ചുവന്ന പട്ടുതൂവാല ചിലപ്പോളെല്ലാം മാലതിയുടെ കൈയില്‍ കണ്ടിട്ടില്ലേ."
"ഉവ്വ്" വിറച്ചുകൊണ്ടു കാന്തിചന്ദ്രന്‍ മറുപടി പറഞ്ഞു "അതു അന്ന് വിവാഹദിവസം ഞാന്‍ അവള്‍ക്കു സമ്മാനിച്ചതാണ്."
"എന്നാല്‍ ആ തൂവാലകൊണ്ടുതന്നെ, ജയരാജന്‍ ഇന്നുമുഖംതുടയ്‌ക്കുന്നതു ഞാന്‍ കണ്ടു" വീരരുദ്രന്‍ പറഞ്ഞു.
"ആങ്‌ഹാ" കോപംകൊണ്ടു തുള്ളിക്കൊണ്ടു കാന്തിചന്ദ്രന്‍ ഒരു പിശാചിനെപ്പോലെ അലറി. "എന്നാല്‍ ആ രണ്ടെണ്ണത്തിന്റെയും കഥ കഴിച്ചിട്ടുതന്നെ ഇനിയൊരു കാര്യം! - കാണാം മൂന്നു ദിവസത്തിനുള്ളില്‍ ജയരാജന്റെ കഴുത്തു മണ്ണില്‍ കിടന്നു നൃത്തം വയ്‌ക്കുന്നതു കാണാം."
മാലതി ഒരിക്കലും അപരാധിനിയായിരുന്നില്ല. അങ്ങിനെയൊരു സമ്മാനം തന്റെ പ്രാണനാഥനില്‍ നിന്നു അവള്‍ക്കു ലഭിച്ചിരുന്നു. പക്ഷെ അവളതാര്‍ക്കും കൊടുത്തിട്ടില്ല കൊടുക്കയുമില്ല. എന്നിരുന്നാലും അതിപ്പോള്‍ ജയരാജന്റെ കൈവശമാണിരിക്കുന്നത്. നിസ്സാരമായ ഒരു തൂവാല! ഒരു പഴന്തുണിത്തുണ്ട്! അതിതാ രണ്ടു ജീവിതകുസുമങ്ങളെ ഞെട്ടറുത്തു നിലം പതിപ്പിക്കാന്‍ പോകുന്നു! വീരരുദ്രന്‍ തന്റെ ഭാര്യയെ ഒരു ദിവസം മാലതിയുടെ വീട്ടിലേക്കു പറഞ്ഞയച്ചു. അയാളുടെ ഉപദേശപ്രകാരം അവള്‍ ആ തൂവാല മോഷ്‌ടിച്ചെടുത്ത് മാലതി സമ്മാനമായി തന്നയച്ചതാണെന്ന് പറഞ്ഞ് ജയരാജന്റെ കയ്യില്‍ എത്തിച്ചു. അങ്ങിനെയൊരു വഞ്ചന നടത്തിയതിനു ശേഷമാണ് അയാള്‍ കാന്തിചന്ദ്രനുമായി കണ്ടുമുട്ടിയത്.
അന്നു രാത്രി വീട്ടില്‍ വന്ന്, തലവേദനയെന്ന നാട്യത്തില്‍ കാന്തിചന്ദ്രന്‍ സ്വസ്ഥമായി തന്റെ മുറിയില്‍ ചെന്ന് പലതും ചിന്തിച്ചുകൊണ്ടു കിടന്നു. കുറച്ചുനേരം കഴിഞ്ഞു അയാള്‍ മാലതിയെ വിളിച്ച് പനിനീരില്‍ മുക്കി ഒരു തുണിക്കഷണം തന്റെ നെറ്റിമേല്‍ ഇട്ടാല്‍ തലവേദന ശമിച്ചേക്കുമെന്നും അതിനൊരു തൂവാല വേണമെന്നും ആവശ്യപ്പെട്ടു. ഉടന്‍തന്നെ മാലതി ഒരു തൂവാല എടുത്തുകൊണ്ടുവന്നു കൊടുത്തു.
"ഇതല്ല," - അയാള്‍ പറഞ്ഞു "അന്നു ഞാന്‍ തന്നില്ലേ? ആ പട്ടു തൂവാല എടുത്തുകൊണ്ടു വരുഇതിനു വല്ലാത്തകട്ടി!"
മാലതി അതെടുക്കുവാന്‍ പോയി. പക്ഷെ എവിടെ കിട്ടുവാനാണ്. അവള്‍ വീടുമുഴുവന്‍ തിരഞ്ഞുതിരഞ്ഞു ഒടുവില്‍ നിരാശയായി മടങ്ങിയെത്തി. അതു കാണുന്നില്ലെന്നറിയിച്ചു.
"അതെങ്ങിനെ പോയി?.... അതൊരു സാധാരണ തൂവാലയല്ല..... " ഒരു സ്‌ത്രീ അതു സൂക്ഷിച്ചു വച്ചു കൊണ്ടിരിക്കയാണെങ്കില്‍ അവളുടെ ഭര്‍ത്താവവളെ പ്രാണനെപ്പോലെ സ്‌നേഹിക്കും. ഏതെങ്കിലും തരത്തില്‍ അതവളുടെ കയ്യില്‍നിന്നും നഷ്‌ടപ്പെട്ടാല്‍ അവളെ എത്രത്തോളം സ്‌നേഹിച്ചിരുന്നുവോ അതുപോലെതന്നെ വെറുക്കുന്നതിനും ഇടയാകും. അതിനങ്ങിനെയൊരു മാന്ത്രികശക്തിയുണ്ട്. അമ്മ മരിക്കുന്ന കാലത്തു ഞാന്‍ വിവാഹം ചെയ്യുമ്പോള്‍ എന്റെ ഭാര്യയ്‌ക്കു കൊടുക്കണം എന്നു പറഞ്ഞ് എന്നെ ഏല്‌പിച്ചിരുന്ന ഒരു തൂവാലയാണത്."
"അങ്ങു പറയുന്നതു പരമാര്‍ത്ഥമാണോ?" നിഷ്‌കളങ്കയായ മാലതി സംശയം ചോദിച്ചു.
"അതെ.... ഇതാ എന്റെ ഹൃദയം മാറിത്തുടങ്ങുന്നു" എന്നു പറഞ്ഞ് അയാള്‍ ഒരു പിശാചിനെപ്പോലെ കിടക്കപ്പുറത്തുനിന്നു ചാടിയെഴുന്നേറ്റു. മാലതി ഈ രൂപാന്തരം കണ്ടു ഭയവിഹ്വലയായി കിലുകലാ വിറകൊണ്ടു.
"എവിടെ? എന്റെ തൂവാലയെവിടെ?" - അയാള്‍ വീണ്ടും അട്ടഹസിക്കാന്‍ തുടങ്ങി. മാലതിക്കതെങ്ങിനെയോ നഷ്‌ടപ്പെട്ടുവെന്നു ബോധ്യമായിരുന്നതിനാല്‍ എങ്ങിനെയെങ്കിലും തന്റെ പ്രിയതമനെ ആ ചിന്തയില്‍ നിന്നകറ്റണമെന്നു കരുതി തല്‍ക്കാലമൊരുപായമെടുത്തു.
"അതേ, അതേ, ഞാന്‍ ജയരാജനെ ജോലിക്കു നിയമിക്കണമെന്നു ഇന്നും വന്നു ശാഠ്യം പിടിക്കുമെന്നു കരുതി എങ്ങിനെയെങ്കലും ഒരു വഴക്കുണ്ടാക്കുവാന്‍ എടുത്തിരിക്കുന്ന ഒരു വിദ്യയല്ലേ ഇത്? ഞാനതുകൊണ്ടൊന്നും പിന്‍മാറുകയില്ല....അയാള്‍ എത്രനല്ല ഒരു മനുഷ്യന്‍?"
മാലതി ജയരാജനെ അനന്തരം മുക്തകണ്‌ഠം സ്‌തുതിക്കാന്‍ തുടങ്ങി. കാന്തിചന്ദ്രന് ഇതു സഹിച്ചില്ല. തന്നെപ്പറ്റി അവള്‍ ഒരക്ഷരമെങ്കിലും പറയാനൊരുമ്പെടുന്നില്ലെന്നു തന്നെയല്ല നിവൃത്തിയുള്ളിടത്തോളം താനുമായി കലഹമുണ്ടാക്കുവാന്‍ തുനിയുകയും ചെയ്യുന്നു. നേരെമറിച്ചു ജയരാജനെക്കുറിച്ചു സ്‌നേഹപൂര്‍വ്വം ഓരോന്നു പുകഴ്‌ത്തിപ്പറയുന്നു. അവള്‍ തന്നേക്കാള്‍ മീതെ പരിഗണിച്ചിരിക്കുന്നതും സ്‌നേഹിക്കുന്നതും ജയരാജനെയാണെന്നയാള്‍ക്കു വെളിവായി. ഇതയാളെ പിച്ചുപിടിപ്പിച്ചു. കേവലം ഭ്രാന്തനെപ്പോലെ അയാള്‍ മുറിയില്‍ നിന്നും എഴുന്നേറ്റു പുറത്തേക്കോടിപ്പോയി ഇരുളില്‍ മറഞ്ഞു.
അടുത്ത ദിവസവും മാലതിയും കാന്തിചന്ദ്രനും തമ്മില്‍ കണ്ടുമുട്ടി. അന്നയാള്‍, അവള്‍ മറ്റൊരാളെ സേന്‌ഹിക്കുന്നുവെന്നും അവള്‍ പരമദുഷ്‌ടയാണെന്നും പറഞ്ഞു ഭത്സിച്ചു. പക്ഷെ ആളുടെ പേര്‍ മാത്രം അയാള്‍ മിണ്ടിയില്ല. അയാള്‍ പോയ ഉടന്‍ തന്നെ അവളുടെ ഹൃദയം നീറിത്തുടങ്ങി. തന്നെ ഇങ്ങനെ സംശയിക്കുവാനുള്ള കാരണമെന്തന്നാലോചിച്ചു അവള്‍ പരവശയായി. അവള്‍ ഉടന്‍തന്നെ മണിയറയില്‍ ചെന്ന് ഒരു കിടക്കപ്പുറത്തു വീണ് അന്നു മുഴുവന്‍ തേങ്ങിത്തേങ്ങിക്കരഞ്ഞു കഴിച്ചുകൂട്ടി.
രാത്രി കാന്തിചന്ദ്രന്‍ അവളുടെ മുറിയില്‍ കടന്നുചെന്നു. അവളെ നിഗ്രഹിക്കണമെന്നായിരുന്നു അയാളുടെ വിചാരം. എന്നാല്‍ സുന്ദരിയായ അവള്‍ ആശങ്കപോലുമില്ലാതെ കിടന്നുറങ്ങുന്നത് കണ്ട് അയാള്‍ അല്‌പം മടിച്ചുനിന്നു. തുറന്നുകിടന്ന ജനല്‍ വാതിലില്‍ കൂടി കടന്നു വന്ന ചന്ദ്രകിരണങ്ങള്‍ അവളുടെ മുഖത്തു പതിച്ചു. താമരപ്പൂ പോലെ മൃദുലകോമളമായ ആ മുഖത്തു ദൃഷ്‌ടിയുറപ്പിച്ചുകൊണ്ട് അയാള്‍ കുറച്ചുനേരം നിശ്ചേഷ്‌ടനായി നിലകൊണ്ടു. അനന്തരം അയാള്‍ അവളുടെ മുഖത്ത് സ്‌നേഹപൂര്‍വ്വം ഒന്നു ചുംബിച്ചു. കാന്തിചന്ദ്രന്റെ കണ്ണുകള്‍ നിറഞ്ഞു. താന്‍ ആത്മാവിനേക്കാള്‍ ഉപരിയായി സ്‌നേഹിച്ചിരുന്ന തന്റെ പ്രിയതമയുടെ മാറില്‍ ആ വജ്‌റകുഠാരം കുത്തിയിറക്കണമല്ലോ എന്നോര്‍ത്ത് അയാളുടെ ഹൃദയം പതറി. ഒന്നുരണ്ടു തുള്ളി കണ്ണുനീര്‍ അവളുടെ മുഖത്തു പതിച്ചു. അവള്‍ ഞെട്ടിയുണര്‍ന്നു. തന്റെ പ്രിയതമന്‍ കുഠാരവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുനിന്നു കരയുന്നതാണവള്‍ക്കപ്പോള്‍ ദൃഷ്‌ടിയില്‍പ്പെട്ടത്. അവള്‍ ഒന്നമ്പരന്നു. തന്ന കൊല്ലുവാനുള്ള ഭാവമാണെന്നുകണ്ട് അവള്‍ ചോദിച്ചു.
"അയ്യോ! ഇതെന്താണ്"
"വേഗം ഈശ്വരനെ അവസാനമായിട്ടൊന്നു പ്രാര്‍ത്ഥിച്ചുകൊള്ളുക."
"പ്രാണനാഥാ!.... ഞാനതിനെന്തപരാധം ചെയ്‌തു?" സങ്കടംകൊണ്ടു അവളുടെ തൊണ്ടയിടറിപ്പോയി.
"എടീ..... അപരാധമോ? പ്രാണനെപ്പോലെ സ്‌നേഹിച്ച എന്നെ വഞ്ചിച്ച്......നീ ജയരാജനെ സ്‌നേഹിച്ചതപരാധമല്ലന്നോ?...... ദുഷ്‌ടേ വിവാഹസമയം നിനക്കു ഞാന്‍ സമ്മാനിച്ച ആ തൂവാല, കുലടയായ നീ ജയരാജനു സമ്മാനിച്ചതും അപരാധമല്ല അല്ലേ."
സംഗതിയുടെ ഒരു മങ്ങിയ ഛായ പെട്ടന്നവളുടെ ഹൃദയത്തില്‍ വ്യാപിച്ചു. എന്നാല്‍ അക്ഷരം മിണ്ടാന്‍ നാവുയര്‍ത്തുന്നതിനു മുന്‍പുതന്നെ കാന്തിചന്ദ്‌ന്‍ തന്റെ കയ്യിലിരുന്ന വജ്‌റകുഠാരം പിടിവരെ അവളുടെ മാര്‍ത്തടത്തില്‍ കുത്തിയിറക്കി. പ്രാണവേദനയോടെ കൈകാലടിച്ചു അവള്‍ അങ്ങിനെ രക്തത്തില്‍ കുളിച്ചു മരിച്ചു.
പെട്ടെന്നു ജയരാജന്‍ ദേഹമാസകലം രക്തം ഒഴുക്കിക്കൊണ്ട് അവിടെഎത്തി. വീരരുദ്രന്‍ ജയരാജനെ കൊല്ലാനായി ഒരാളെ ഏല്‌പിച്ചിരുന്നു. എന്നാല്‍ അയാള്‍ക്കതു പൂര്‍ണ്ണമായി സാധിച്ചില്ല. ഒന്നു രണ്ടു മുറിവുകള്‍ ഏറ്റുവെങ്കിലും ജയരാജന്‍ ആ ഘാതകന്റെ കയ്യില്‍നിന്നും പ്രാണനും കൊണ്ടൊരുവിധം രക്ഷപ്പെട്ടു. എന്നാല്‍ ആ ഘാതകനെ, കാര്യം വെളിവാക്കാതിരിക്കാനായി വീരരുദ്രന്‍ തന്നെ കൊന്നുകളഞ്ഞു. അയാളുടെ കുപ്പായക്കീശയില്‍ നിന്നു ഒരു കത്തുകിട്ടി. അതില്‍ വീരരുദ്രന്റെ അപരാധങ്ങളും ജയരാജന്റെ നിരപരാധിത്വവും വ്യക്തമാക്കിയിരുന്നു.
ആ കത്തില്‍ സംഗതികളുടെ പരമാര്‍ത്ഥമെല്ലാം കാന്തിചന്ദ്രന് ശരിയായി ഊഹിക്കാന്‍ കഴിഞ്ഞു. തന്റെ ഭാര്യനിരപരാധിയാണെന്നും ജയരാജന്‍ യാതൊരു തെറ്റും പ്രവര്‍ത്തിച്ചിട്ടില്ലെന്നും അറിഞ്ഞപ്പോള്‍ കാന്തിചന്ദ്രന് നൈരാശ്യവും സങ്കടവും സഹിക്കവയ്യാതായി. തന്റെ പ്രിയതമയെ ഹനിച്ച ആ കഠോരായുധം തന്നെ കാന്തിചന്ദ്രനും തല്‍ക്ഷണം സ്വവക്ഷസ്സില്‍ കുത്തിയിറക്കി മൃതിയടഞ്ഞു.
കാന്തിചന്ദ്രന്റെ മരണം കനകശൃംഗനിവാസികള്‍ക്കാകമാനം ഹൃദയഭേദകമായിരുന്നു. അങ്ങിനെയൊരു യോദ്ധാവിന്റെ നഷ്‌ടം ശത്രുപക്ഷക്കാരുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതോര്‍ത്ത് ശൂരസേനന്‍ പരിഭ്രാന്തനായി. ആ രാജാവിനു കാന്തിചന്ദ്രനോടു ആത്മാര്‍ത്ഥമായ സനേഹമുണ്ടായിരുന്നു. ആ ദമ്പതിമാരുടെ ശവശരീരം അദ്ദേഹം രാജകീയമായ വിധം സംസ്‌കരിക്കയും ആ സ്ഥലത്തു മനോഹരമായ ഒരുദ്യാനമുണ്ടാക്കുവാന്‍ കല്‌പന കൊടുക്കുകയും ചെയ്‌തു.
പരമവഞ്ചകനും ദുഷ്‌ടനുമായ വീരരുദ്രന്റെ അപരാധമെല്ലാം വെളിവായി. രാജശാസനപ്രകാരം അയാളെ തൂക്കിക്കൊന്നു.
വെറും സ്വപ്‌നം
അവള്‍ എന്നെ സ്‌നേഹിച്ചിരുന്നോ? സദാ എന്റെ മനസ്സിനെ അനാവശ്യമായി അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യമാണത്. എന്റെ ഏകാന്തതകളെ പലപ്പോഴും അതു പച്ച പിടിപ്പിച്ചിട്ടുണ്ട്. ചിലപ്പോള്‍ എനിക്ക് തോന്നും ജാനുക്കുട്ടി എന്നെ ഗാഢമായി സ്‌നേഹിച്ചിരുന്നു എന്ന്. ശപിക്കപ്പെട്ട മറ്റുചില സന്ദര്‍ഭങ്ങള്‍ കര്‍ക്കശമായി എന്നോടു മര്‍ക്കടമുഷ്‌ടി പിടിക്കും; "തെളിവ്?"
അതെ; എത്ര അടിയുറച്ച വിശ്വാസത്തേയും ഒന്നു കുലുക്കിനോക്കുന്ന ഒരു കൊടുങ്കാറ്റാണ് ഈ തെളിവില്ലായ്‌മ. ഹൃദയം നമ്മെ വിശ്വസിപ്പിക്കുന്നു. പക്ഷ ബുദ്ധിയാകട്ടെ തെളിവുതേടി തെണ്ടിത്തിരിയുന്നു.
ജാനുക്കുട്ടി എന്നേക്കുമായി എന്നെ വേര്‍പെട്ടിട്ട് ഇന്നേയ്‌ക്കു ഒരുവര്‍ഷവും ഒരു ദിവസവുമായി. ഇതിനിടയില്‍ ഇന്നലെയൊഴികെ ഒരു ദിവസവും ഞാനവളെ സ്വപ്‌നംകണ്ടിട്ടില്ല. അവളുടെ അകാലചരമം എന്റെ ആത്മാവിനെ സദാനീറ്റികൊണ്ടിരുന്നു. ഒരു ദിവസമെങ്കിലും ഞാന്‍ അവളെ കുറിച്ചോര്‍ക്കാതില്ല. സ്വപ്‌നത്തിലെങ്കിലും അവളുടെ സാന്നിദ്ധ്യസൗഖ്യം അനുഭവിക്കുവാന്‍ ഞാന്‍ അത്യധികം ആശിച്ചിട്ടുണ്ട്. പക്ഷെ ആ ഭാഗ്യംപോലും എനിക്കുണ്ടായില്ല. എന്നാല്‍ ഇന്നലെമാത്രം"അയ്യോ," അതെന്നെ ഭ്രാന്തുപിടിപ്പിക്കുന്നു.
ഞാന്‍ എന്തിനവളെ വിവാഹം കഴിച്ചു? എനിക്കതിനുത്തരമില്ല. ഞങ്ങള്‍ വിവാഹിതരാകുന്നതിനു മുന്‍പ് ഒന്നോരണ്ടോ പ്രാവശ്യം ഒരു നിഴല്‍പോലെ, ഞാനവളെ കണ്ടിട്ടുണ്ട്. അത്രമാത്രം. പരസ്‌പരം ഒരു വാക്കൊന്നു മിണ്ടുകപോലും ഞങ്ങള്‍ ചെയ്‌തിട്ടില്ല. അവളുടെ സൗന്ദര്യം എന്നെ ആകര്‍ഷിച്ചു. അവള്‍ ദരിദ്രയായിരുന്നു. അതിനെന്ത്? ഞാനും വലിയ ധനവാനൊന്നുമല്ലല്ലോ. അവള്‍ മറ്റാരേയെങ്കിലും സ്‌നേഹിച്ചുരുന്നോ? ഇല്ലെങ്കില്‍, അവള്‍ മറ്റാര്‍ക്കെങ്കിലും ഹൃദയാര്‍പ്പണം ചെയ്‌തിരുന്നുവെങ്കില്‍, വിവാഹത്തിനനുകൂലിക്കുകയില്ലായിരുന്നു.
യഥാര്‍ത്ഥത്തില്‍ അവള്‍ ഐശ്വര്യദേവതയായിരുന്നു. എന്റെ ജീവിതത്തില്‍ അവളുടെ പാദമുദ്രപതിഞ്ഞ നിമിഷംമുതല്‍ ഭാഗ്യലക്ഷമി എന്നെ അനുഗ്രഹിക്കാന്‍ തുടങ്ങി. എന്റെ വ്യാപാരം നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്പെട്ടു. അങ്ങിനെ ഇന്നിപ്പോള്‍ കാണുന്ന ഈ അവധിയറ്റ സമ്പത്തു മുഴുവന്‍ ഞാന്‍ മൂന്നുകൊല്ലംകൊണ്ടു സമ്പാദിച്ചതാണ്. അതെല്ലാം അവളുടെ സംഭാവനയായിരുന്നു. അവള്‍പോയി.... ഈ സമ്പത്തൊന്നും എനിക്കിനി ആവശ്യമില്ല. എന്റെ കുഴഞ്ഞ ചിന്തകളെപ്പോലെ അവിചാരിതമായി ആവിര്‍ഭവിച്ച ഈ സമ്പത്തും ഇന്നെന്നെ അലട്ടുന്നു......
അവള്‍ എന്നെ സ്‌നേഹിച്ചിരുന്നോ?.....ഹ്രസ്വമായ ഞങ്ങളുടെ ദാമ്പത്യജീവിതം സന്ധ്യാരാഗംപോലെ ശാന്തമായിരുന്നു. ശാലീനമായിരുന്നു. നീസ്സാരമായ ഒരു കലഹം, ക്ഷണികമായ ഒരസ്വാസ്ഥ്യം പോലും അതില്‍ ഒരു പുള്ളിക്കുത്തു വീശിയിട്ടില്ല. അലക്കിയെടുത്ത വെണ്‍പ്പട്ടുപോലെ പരമനിര്‍മ്മലമായ ഒരു ദാമ്പത്യജീവിതം .... മഞ്ഞണിഞ്ഞ പനിനീര്‍പൂക്കളുടെ നേരിയ പരിമളംപുരണ്ട ഒരന്തരീക്ഷത്തില്‍ രണ്ടു ഹൃദയങ്ങള്‍ ഏകാന്തതയോടെ പ്രേമസാന്ദ്രമായി സ്‌പന്ദിച്ചുകൊണ്ടിരുന്നു...
ഒരു മാന്‍പേടയെക്കാള്‍ ഒതുക്കമുള്ള അവളുടെ സ്വഭാവം എന്നെ എന്തെന്നില്ലാതാകര്‍ഷിച്ചു. ഞാന്‍ അവളെ സ്‌നേഹിക്കുകയല്ല, ആരാധിക്കുകയായിരുന്നു. എന്റെ പരിചരണത്തില്‍ അവള്‍ ഒരിക്കലും ഉപേക്ഷ കാണിച്ചിട്ടില്ല. ഞാന്‍ എന്തെങ്കിലുമൊന്നു വിചാരിക്കുന്നതിനു മുന്‍പ് അവള്‍ ആ കാര്യം ഭംഗിയായി നിറവേറ്റും. ഒരിക്കലെങ്കിലും ഒന്നു പരാതിപ്പെടുവാന്‍ അവളെനിക്കവസരം തന്നിട്ടില്ല....
- പക്ഷെ, അവള്‍ ദു:ഖിതയായിരുന്നു; വിശേഷിച്ചും ഏകാന്തതയില്‍.അവളുടെ നീലിച്ച കണ്ണുകളില്‍ അവ്യക്തമായ ഒരജ്ഞാതശോകം നിഴലിച്ചിരുന്നതായി എനിക്കു തോന്നി. അവളുടെ പുഞ്ചിരി പോലും ശബ്‌ദശൂന്യമായ ഒരു വിലാപമായിരുന്നു. അവളെ സന്തോഷിപ്പിക്കാന്‍ ഞാന്‍ ആവുന്നതും ശ്രമിച്ചു. അവള്‍ ചിരിച്ചു, സന്തോഷിച്ചു - പക്ഷെ എനിക്കു നിശ്ചയമുണ്ട് അവള്‍ ദു:ഖിച്ചിരുന്നു. അസഹനീയമായ എന്തോ ഒരു ചിന്ത അവളെ ഒഴിക്കാനാവാത്തവിധം അലട്ടിക്കൊണ്ടിരുന്നു. അതിനേക്കുറിച്ച് സ്‌നേഹപൂര്‍വ്വം ഞാന്‍ പലപ്പോഴും അവളോടു ചോദിച്ചിട്ടുണ്ട്. "എനിക്കൊരു ദു:ഖവുമില്ല, ഞാന്‍ എന്തിനു ദുഃഖിക്കുന്നു?" ഇത്രമാത്രമാണ് എപ്പോഴും അവളുടെ സമാധാനം. പിന്നെപ്പിന്നെ ഞാന്‍ അതിനെക്കുറിച്ചു ഒന്നും ചോദിക്കാതായി. പക്ഷെ എനിക്കു നന്നായറിയാമായിരുന്നു, ഈ സകല സൗഭാഗ്യങ്ങളുടേയും ഇടയില്‍ അനിരോദ്ധ്യമായ ഒരു വിഷാദചിന്തയ്‌ക്കു സദാ അവളുടെ ഹൃദയം വിധേയമായിരുന്നു എന്ന്; അതവളുടെ ആത്മാവില്‍ അള്ളിപ്പിടിച്ചു അല്‌പാല്‌പമായി അതിനെ കരണ്ടുകൊണ്ടിരുന്നു എന്ന്!
അവളുടെ പ്രാര്‍ത്ഥനാമുറിയില്‍ ഒരു ശ്രീകൃഷ്‌ണവിഗ്രഹമുണ്ട്. അവള്‍ നിത്യവും ഒരു പൂമാല കെട്ടി ആ വിഗ്രഹത്തില്‍ ചാര്‍ത്തി സന്ധ്യാകാലത്ത് അതിനെ പൂജിക്കും. അവള്‍ ശ്രീകൃഷ്‌ണഭക്തയായിരുന്നു. ഞാന്‍ ഈശ്വരഭക്തനല്ല. ഇന്നിതുവരെ ഈശ്വരഭക്തി എന്നില്‍ ഉണ്ടായിട്ടില്ല. ഈശ്വരനുണ്ടോ ഇല്ലയോ എന്നു ചിന്തിക്കുവാനും ഞാന്‍ മിനക്കെട്ടിട്ടില്ല. പക്ഷെ ഒന്നുപറയാം. ഈശ്വരഭക്തന്മാരോടു എനിക്കു വെറുപ്പില്ല. അവര്‍ ഭ്രാന്തന്മാരാണെന്നു പറയുവാനും ഞാന്‍ തയ്യാറില്ല. അക്കാരണത്താല്‍ ജാനുക്കുട്ടിയുടെ ആരാധന യാതൊരു പ്രതിബന്ധവുമില്ലാതെ നടന്നുപോകുന്നു. ആ ആരാധനയില്‍ നിന്നെങ്കിലും അവാച്യമായ ഒരാനന്ദാനുഭൂതി അനുഭവിക്കുവാന്‍ അവള്‍ക്കു സാധിക്കുന്നെങ്കില്‍, എനിക്കു സന്തോഷമേയുള്ളു...
അങ്ങനെ രണ്ടു സംവത്സരം കഴിഞ്ഞുപോയി.....എന്നില്‍ നിന്നും ഒരു സന്താനമുണ്ടാകുവാന്‍ അവള്‍ ആഗ്രഹിച്ചിരുന്നോ ആവോ! ഏതായാലും ഒരു പിതാവാകുവാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. അവള്‍ രോഗശയ്യയില്‍ വീണു....വിദഗ്‌ദ്ധരായ ഡോക്‌ടര്‍മാര്‍ പലരും അവളെ ചികിത്സിച്ചു. യാതൊരു ലോഭവുമില്ലാതെ അവളുടെ ചികിത്സയ്‌ക്കായി ഞാന്‍ പണം ചെലവഴിച്ചു. പക്ഷെ ഓരോ ദിവസം കഴിയുംതോറും അവള്‍ അധികമധികം വിളര്‍ത്തു മെലിഞ്ഞുവന്നു. അതെന്റെ ഹൃദയം വേദനിപ്പിച്ചു. വ്യാപാരവിഷയത്തില്‍ ഞാന്‍ ശ്രദ്ധ പതിപ്പിക്കാതായി. അധികസമയവും അവളെ പരിചരിച്ചുകൊണ്ടു രോഗശയ്യയില്‍ അവളുടെ സമീപത്തിരിക്കുവാന്‍ ഞാന്‍ ഇഷ്‌ടപ്പെട്ടു....
ഗ്രീഷ്‌മകാലത്തിലെ ഒരു സായാഹ്നമായിരുന്നു അത്.... അവളുടെ രോഗം അല്‌പാല്‌പം അകന്നു തുടങ്ങുന്ന ലക്ഷണമുണ്ടെന്നുള്ള ഡോക്‌ടറുടെ അഭിപ്രായത്തില്‍ സന്തുഷ്‌ടചിത്തനായിത്തീര്‍ന്ന ഞാന്‍ അവളെ പരിചരിച്ചുകൊണ്ട് സമീപത്തിരിക്കുകയാണ്. തുറന്നിട്ട കിളിവാതിലിലെ മിനുമിനുത്ത യവനികയെ മെല്ലെമെല്ലെ കിക്കിളി കൂട്ടിക്കൊണ്ട് അകത്തുകടന്ന ഇളം തെന്നല്‍ അവളുടെ അനുസ്യൂതമായി വിയര്‍ത്തുകൊണ്ടിരുന്ന നെറ്റിത്തടത്തില്‍ ഉതിര്‍ന്നുകിടന്ന അളകങ്ങളെ ഇടയ്‌ക്കിടെ ചലിപ്പിച്ചുകൊണ്ടിരുന്നു. ശുഷ്‌കിച്ച കരാംഗുലികളാല്‍ എന്റെ കൈത്തലം പയ്യെത്തടവിക്കൊണ്ട് വിഷാദഭരിതമായ ഒരു പുഞ്ചിരിയോടുകൂടി കേവലം അപ്രതീക്ഷിതമായ ഒരു ചോദ്യം അവള്‍ എന്നോടു ചോദിക്കുകയുണ്ടായി.
"ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ വീണ്ടും വിവാഹം കഴിക്കുകയില്ലേ.?"
ഞാന്‍ സ്‌തംഭിച്ചുപോയി. എന്തൊരു ചോദ്യം. അവള്‍ മരിക്കുമെന്ന ചിന്തപോലും എന്റെ മനസ്സില്‍ നിഴല്‍ വീശിയിരുന്നില്ല. എന്നിട്ട് വേണ്ടേ രണ്ടാമതൊരു വിവാഹത്തെക്കുറിച്ചു ചിന്തിക്കാന്‍ .... പക്ഷെ ഒന്നു തീര്‍ച്ചയാണ്. ഞാന്‍ ഈ ലോകത്തില്‍ മറ്റൊരുവളുടെ ഭര്‍ത്താവാകയില്ല എന്റെ മൗനം അവളുടെ മനസ്സിനെ പീഡിപ്പിച്ചിരിക്കണം. അവള്‍ ഒന്നുകൂടി ദയനീയമായ സ്വരത്തില്‍ ആ ചോദ്യം തന്നെ ആവര്‍ത്തിച്ചു.
"പറയൂ, ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ വീണ്ടും വിവാഹം കഴിക്കില്ലേ?"
"എന്തൊരു ചോദ്യമാണിത് ജാനൂ? നീയിങ്ങനെ സംശയിക്കാന്‍ കാരണമെന്ത്? നീ മരിക്കുകയില്ല. ആ ചിന്തപോലും എനിക്കസഹ്യമാണ്. ഞാന്‍ ഒരിക്കലും വേറൊരാളെ വിവാഹം കഴിക്കില്ല."
അവളുടെ മുഖം മ്‌ളാനമായി. പണിപ്പെട്ട് അവള്‍ കിടന്ന കിടപ്പില്‍ ഒന്നു ചരിഞ്ഞു. ആ കണ്‍മുനകളില്‍ രണ്ടു തുള്ളിക്കണ്ണീര്‍ പൊടിഞ്ഞുവരുന്നതു എന്റെ ദൃഷ്‌ടിയില്‍പ്പെട്ടു. എന്നെ ആശ്‌ളേഷിക്കുവാനായി അവള്‍ വലതുകയ്യ് മെല്ലെ ഉയര്‍ത്തി. പൊടുന്നനെ അവളുടെ വിരലുകളില്‍ നിന്ന് ഒരു സ്വര്‍ണ്ണമോതിരം "ഘിണം" എന്ന ശബ്‌ദത്തോടെ താഴെതറയില്‍ വീണു. അതുരുണ്ടുരുണ്ട് അകലെഭിത്തിയില്‍ ചെന്നു തട്ടി അതിനോടു പറ്റിച്ചേര്‍ന്നു കിടക്കുന്നതു എന്റെ ദൃഷ്‌ടിയില്‍പെട്ടു. ഞാന്‍ എഴുന്നേറ്റ് അതു ചെന്നെടുത്തു. കമനീയമായ ഒരു സ്വര്‍ണ്ണമോതിരം. അതിന്മേല്‍ `കെ' എന്ന അക്ഷരം കലാകൗശലത്തോടെ കൊത്തിയിട്ടുണ്ട്. ഇന്നോളം ....ഇന്നോളം അവള്‍ ധരിച്ചിരുന്ന ആ മോതിരം ഞാനത്ര ശ്രദ്ധിച്ചിട്ടില്ല..... യാദൃശ്ചികമായി എന്റെ ഹൃദയത്തില്‍ കൂടി ഒരു മിന്നല്‍ പാഞ്ഞു. ഞാന്‍ ആ മോതിരം അവളുടെ വലതുകൈയില്‍, ചെറുവിരലില്‍ വീണ്ടും അണിയിച്ചു. അടുത്ത വിരലില്‍ എന്റെ നാമമുദ്രാങ്കിതമായ കനകാംഗുലീയം മിന്നിത്തിളങ്ങുന്നു. പാവം അവളുടെ കൈവിരലുകള്‍ എത്രശോഷിച്ചുപോയി.
എന്റെ ഹൃദയത്തില്‍ അനിയന്ത്രിതമായ ഒരാശങ്ക, ഒരസ്വസ്ഥത, അന്നാദ്യമായിത്തോന്നി. പക്ഷെ ഞാന്‍ അതു പുറത്തു പ്രകാശിപ്പിച്ചില്ല. അവള്‍ രോഗിണിയല്ലേ? ചപലമായ എന്റെ ആശങ്ക അവള്‍ക്കു മനഃക്ഷോഭമുണ്ടാക്കും....അതു പാടില്ല.....
"അങ്ങിനെയല്ല" അവള്‍ തളര്‍ന്ന സ്വരത്തില്‍ പറഞ്ഞു. "ഞാന്‍ മരിക്കും. നിങ്ങള്‍ വീണ്ടും വിവാഹം കഴിക്കണം."
വെളിയില്‍ മുറ്റത്തു ഡോക്‌ടറുടെ കാറിന്റെ ശബ്‌ദം കേട്ടു ഞാന്‍ എഴുന്നേറ്റു. ഒരു മിനിട്ടുനുള്ളില്‍ അദ്ദേഹം മുറിയിലെത്തി. പതിവുപോലെ അവളെ പരിശോധിച്ചു....അദ്ദേഹത്തിന്റെ മുഖത്ത് സ്‌ഫുരിച്ച ആശയുടെ കിരണങ്ങള്‍ എന്റെ ഹൃദയത്തില്‍ അമൃതധാര പകര്‍ന്നു.....
അന്നു രാത്രി അവള്‍ സുഖമായുറങ്ങി. പിന്നീടവള്‍ ഉണര്‍ന്നിട്ടില്ല. പിറ്റെന്നാള്‍ രാവിലെ ഞാന്‍ മുറിയില്‍ കടന്നപ്പോള്‍ മരവിച്ച അവളുടെ ജഡമാണ് ആ മെത്തയില്‍ കിടന്നിരുന്നത്......
അതെ, ഇന്നേക്ക് ഒരു കൊല്ലവും ഒരു ദിവസവുമായിരിക്കുന്നു ആ സംഭവം കഴിഞ്ഞിട്ട്. ഈ കാലമത്രയും ഞാന്‍ അനുഭവിച്ച ഹൃദയവൃഥ എനിക്കു മാത്രമേ അറിയൂ.... ഒരു നിമിഷത്തേക്കെങ്കിലും അവളെക്കുറിച്ചുള്ള ചിന്ത എന്റെ ഹൃദയത്തെ വിട്ടകന്നിരുന്നെങ്കില്‍ .... പാവം ജാനു അവള്‍ ഒരു ധര്‍മ്മപത്‌നിയായിരുന്നു. അവള്‍ എന്നെ സ്‌നേഹിച്ചിരുന്നു. ഉവ്വ്, അവള്‍ എന്നെ സ്‌നേഹിച്ചിരുന്നു.... പക്ഷെ, ആ മോതിരം?.....ഞാന്‍ വീണ്ടും വിവാഹം കഴിക്കണമെന്ന് എന്തിന് അവള്‍ ആവശ്യപ്പെട്ടു?.... അവളുടെ അവസാനത്തെ വാക്കുകള്‍!....യഥാര്‍ത്ഥത്തില്‍ അവള്‍ എന്നെ സ്‌നഹിച്ചിരുന്നോ? അവളുടെ ഹൃദയം എന്റേതായിരുന്നോ?....
ഇന്നലെ ഞാന്‍ അവളെ കണ്ടു. ഇപ്പോഴും എനിക്കു വിശ്വസിക്കുവാന്‍ സാധിക്കുന്നില്ല അതൊരു സ്വപ്‌നമായിരുന്നെന്ന്. ഞാന്‍ ഉറങ്ങുകയായിരുന്നു. പരിചിതമായ ഒരു മൃദുല കരസ്‌പര്‍ശം എന്നെതട്ടിയുണര്‍ത്തി. ജാനു എന്റെ മുന്‍പില്‍ നില്‍ക്കുന്നു. അവളുടെ ആ വിടര്‍ന്ന നീലക്കണ്ണുകള്‍. അവയിലിപ്പോള്‍ ആ പണ്ടത്തെ ശോകഛായയില്ല. അവള്‍ മന്ദഹസിക്കുന്നു. മിനുമിനുത്ത വെള്ളപ്പട്ടാണ് അവള്‍ ധരിച്ചിരുന്നത്...... എന്റെ ഹൃദയം ശക്തിയായി ഇടിച്ചുതുടങ്ങി..... ആ ചോദ്യം - ആവേശപൂര്‍വ്വം ഞാനവളോടു ചോദിച്ചു. "ജാനു, നീ എന്നെ സ്‌നേഹിച്ചുരുന്നോ?"
അവള്‍ ഒന്നും മിണ്ടിയില്ല. കാറ്റുതട്ടിക്കിലുങ്ങുന്ന വെള്ളിമണികളുടെ സ്വരവീചികള്‍പോലെ ഒന്നു കുണുങ്ങിച്ചിരിച്ചുകൊണ്ട് അവള്‍ വലതുകൈ പൊക്കി എന്തോ ഒരാംഗ്യം കാണിച്ചു. അതിന്റെ അര്‍ത്ഥം എനിക്കു മനസ്സിലായില്ല. പക്ഷെ ആ മോതിരം ഞാന്‍ കണ്ടു. ഇപ്പോഴും അവളുടെ ചെറുവിരലില്‍ അവളതണിഞ്ഞിട്ടുണ്ട്. ആ അക്ഷരം അതില്‍ നക്ഷത്രംപോലെ പ്രാകാശിക്കുന്നു. അവള്‍ ഒരൊറ്റ മോതിരമേ ധരിച്ചിരുന്നുള്ളു. സഹതാപപൂര്‍വ്വം വീണ്ടും എന്റെ നേര്‍ക്കൊന്നു നോക്കിയിട്ടു മിന്നല്‍ക്കൊടിപോലെ അവള്‍ അപ്രത്യക്ഷയായി.
ഒരു നടുക്കത്തോടെ ഞാന്‍ തുറന്നുകിടന്ന ജനാലപ്പഴുതിലൂടെ വെളിയിലേക്കു നോക്കി.... പ്രപഞ്ചം പ്രഭാതസുഷമയില്‍ പുളകംകൊള്ളുന്നു..... ഉദ്യാനത്തില്‍ ഒരു പനിനീര്‍പുഷ്‌പം എന്നെ നോക്കി മന്ദഹസിക്കുകയാണ്.......അതു വെറും സ്വപ്‌നമായിരുന്നോ?........അവള്‍ എന്നെ സ്‌നേഹിച്ചിരുന്നോ?
ശിഥിലഹൃദയം
"അമ്മൂ, നീയൊരു നക്ഷത്രമാണ്!" മുരളീധരന്‍ അവളെ മാറോടു ചേര്‍ത്ത് ആലിംഗനം ചെയ്‌തുകൊണ്ട് പറഞ്ഞു.
അവളുടെ ആത്മാന്തരാളത്തില്‍ പെട്ടെന്നൊരിടിവെട്ടുണ്ടായി; അതിനെത്തുടര്‍ന്നു ഒരു മിന്നലും! അവള്‍ നടുങ്ങിപ്പോയി. അയ്യോ, അതെന്തൊരു നടുക്കമായിരുന്നെന്നോ? ആ മിന്നല്‍! - അതവളെ ദഹിപ്പിച്ചു. അവള്‍ക്കു പൊള്ളി. പ്രണയത്തിന്റെ മാര്‍ദ്ദവം പുരണ്ട ആ കമനീയകരബന്ധത്തില്‍ നിന്നു ഒന്നു കുടഞ്ഞുമാറുവാന്‍ അവള്‍ നോക്കി. പക്ഷെ അമ്മുവിനതു സാധിച്ചില്ല. അത്രമാത്രം അവള്‍ സ്‌തംഭിച്ചുപോയിരുന്നു.
"നീയൊരു ദേവതയാണ്, അമ്മൂ!" മുരളീധരന്‍ അവളുടെ പനിനീര്‍പ്പൂ വിടര്‍ന്ന മൃദുല കപോലങ്ങള്‍ പ്രേമപൂര്‍വ്വം ചുംബിച്ചുകൊണ്ട് വീണ്ടും പറഞ്ഞു. അതവളറിഞ്ഞോ, കേട്ടോ എന്തോ! അവളുടെ പ്രജ്ഞ മരവിച്ചുപോയിരുന്നു. അടുത്ത നിമിഷത്തില്‍ പൊട്ടിത്തെറിക്കുമാറ് പുകഞ്ഞുനീറുന്ന ഒരഗ്നിപര്‍വ്വതവും ചുമന്നുകൊണ്ട് ആ മരവിച്ച സ്‌ത്രീഹൃദയം വിങ്ങിവിങ്ങിക്കരയാന്‍ തുടങ്ങി. ഏകാന്തതയിലെ ആ നിശ്‌ബ്‌ദനിമേഷങ്ങള്‍ അതൊന്നുമറിഞ്ഞ ഭാവം പോലും നടിക്കാതെ അവളുടെ മുമ്പിലൂടെ ഇഴഞ്ഞിഴഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു.
അവള്‍ അധോമുഖിയായി നിന്നതേയുള്ളു. ഒരക്ഷരമെങ്കിലും ഉച്ചരിക്കുവാന്‍ അവള്‍ക്കു നാവു പൊന്തിയില്ല.
ചിമ്മിച്ചിമ്മി മിന്നിക്കൊണ്ടിരുന്ന അനന്തകോടി നക്ഷത്രങ്ങളാല്‍ സമലംകൃതമായ ആകാശത്തിന്റെ നീലവിരിപ്പിന്‍കീഴില്‍; പൂനിലാവില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഒരു ചെറിയ പൂന്തോട്ടത്തില്‍ മന്ത്രിക്കുന്ന തൈമരപടര്‍പ്പുകളുടെ വെള്ളിപ്പുള്ളികള്‍ നിറഞ്ഞ നിബിഡഛായയില്‍ പ്രപഞ്ചം സുഖസുഷുപ്‌തിയില്‍ ലയിച്ചുകിടന്നിരുന്ന ആ പാതിരാത്രിയുടെ ഭീകരപ്രശാന്തതയില്‍ വികാരപരവശമായ രണ്ടു ഹൃദയങ്ങളുടെ തീവ്രസ്‌പ്‌ന്ദനങ്ങള്‍ മാത്രം അനുസ്യൂതമായങ്ങിനെ മുഴങ്ങിക്കൊണ്ടിരുന്നു.....
2ഒരു നക്ഷത്രം! ഒരൂ ദേവത! -
പിറ്റേ ദിവസം അവള്‍ക്കു സ്വൈര്യം കിട്ടി. പരിസരം ഏകാന്തമായതോടുകൂടി മുരളീധരന്റെ ആ വാക്കുകള്‍ വീണ്ടും അവളുടെമനസ്സിനെ ശ്വാസം മുട്ടിക്കാന്‍ തുടങ്ങി. ജനലഴികളിലൂടെ അവള്‍ വെളിയിലേക്കൊന്നു കണ്ണോടിച്ചു. അകലെ പച്ചമരങ്ങളുടെയിടയില്‍, നടപ്പാത ഒരു വശത്തേക്ക് പൊടുന്നനെ തിരിഞ്ഞു മറയുന്ന ഒരു തിരിവില്‍, തന്റെ പ്രാണേശ്വരന്റെ മോഹനാകാരം അപ്രത്യക്ഷമാകുന്നത് അവള്‍ കണ്ടു.
ഒരു ദീര്‍ഘശ്വാസത്തോടുകൂടി അമ്മു വീണ്ടും ചിന്തിക്കാന്‍ തുടങ്ങി. "ഒരു നക്ഷത്രമാവുക! ഒരു ദേവതയാവുക!...ഞാനോ? എനിക്കോ? എനിക്കതു സാദ്ധ്യമാണോ? അല്ല!..... അദ്ദേഹത്തിനു തെറ്റിപ്പോയി. അതെ; ഞാനദ്ദേഹത്തെ തെറ്റദ്ധരിപ്പിച്ചു കഷ്‌ടം! ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടു രണ്ടാഴ്‌ച്ച തികച്ചായിട്ടില്ല. അതിനു മുമ്പു നാശം പിടിച്ച ഈ അന്തര്‍ദ്ദാഹം, ഈ പൊള്ളല്‍, ഇതാ എന്നെ വീര്‍പ്പുമുട്ടിച്ചു തുടങ്ങുന്നു. ഇതെവിടെച്ചെന്നവസാനിക്കും? വിഷം പുരണ്ട അഗ്നിജ്വാല! അതിന്റെ അടക്കാനാകാത്ത ആളിക്കത്തല്‍! അതില്‍പ്പെട്ട് പൊരിയുന്ന ഹൃദയത്തിന്റെ നിമിഷം പ്രതിയുള്ള പൊട്ടിത്തെറിക്കല്‍! അന്നു ഞാനിതൊന്നും വിചാരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ സ്വഭാവശുദ്ധി; എന്നോടുള്ള അദ്ദേഹത്തിന്റെ അതിര്‍ കവിഞ്ഞ പ്രണയം; - അതാണെനിക്കു സഹിക്കാനാകാത്തത്. കഷ്‌ടം! അദ്ദേഹത്തിനും മറ്റുള്ളവരെപ്പോലെ സ്വാര്‍ത്ഥിയും വഞ്ചകനുമായ ഒരു മനുഷ്യനാകാമായിരുന്നില്ലേ? എങ്കിലെന്റെ മനസ്സിങ്ങനെ നീറുമായിരുന്നോ? എങ്കില്‍ എത്ര സന്തോഷത്തോടുകൂടി എത്ര മനസ്സമാധാനത്തോടുകൂടി, ഞാന്‍ കാലം കഴിക്കുമായിരുന്നു! സുഖസമൃദ്ധമായ ഈ ലോകത്തെ ഞാന്‍ അത്യധികം സ്‌നേഹിക്കുന്നു. ജീവിതം എനിക്കു ലേശമെങ്കിലും മുഷിഞ്ഞിട്ടില്ല. പക്ഷേ, ഇദ്ദേഹം ഒരു മനുഷ്യനല്ല. എന്റെ ദാമ്പത്യം, ഒരു കാലത്തിതിനായി ഞാനത്യന്തമാശിച്ചിരുന്നുവെങ്കിലും, എന്നെ തീരെ രസിപ്പിക്കുന്നില്ല. എന്റെ ഭര്‍ത്താവായി ഒരു മനുഷ്യനെയാണ് ഞാനവശ്യപ്പെട്ടിരുന്നത്. അഥവാ ഒരു പിശാചായാലും തരക്കേടില്ല; എന്റെ ആനന്ദത്തിന്, സുഖത്തിന്, അതുകൊണ്ട് ഒരു കോട്ടവും തട്ടാനില്ല - പക്ഷെ ഇദ്ദേഹം ഒരു ദേവനായിപോയി! അങ്ങോട്ടടുക്കുമ്പോള്‍ എനിക്കു പൊള്ളുന്നു. ഞാന്‍ എന്തുചെയ്യട്ടെ.
"സദാ എന്റെ സുഖത്തില്‍ മാത്രമെ അദ്ദേഹത്തിനു ശ്രദ്ധയുള്ളു. ഇങ്ങനെ സ്‌നേഹിക്കുന്ന ഒരു മനുഷ്യനുണ്ടോ. ഇതെന്തു സ്‌നേഹം?..... ഈശ്വരാ! ഞാന്‍ അനവധി സ്‌നേഹങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങിനെയൊന്ന് - പനിനീരില്‍ കഴുകി, മഴവില്ലില്‍ തുടച്ചുമിനുക്കി, പൂനിലാവില്‍ പൊതിഞ്ഞെടുത്തിട്ടുള്ള ഇങ്ങിനെയൊന്ന് - ഇതിനു മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. അത് കുളിര്‍മയുടെ കാമ്പാണ്, പുളകത്തിന്റെ പൂങ്കുലയാണ്. അനന്തനിര്‍വാണങ്ങളുടെ മൊത്തത്തിലുള്ള ഒരാലിംഗനമാണത്. പക്ഷെ എന്നെ അതു പൊള്ളിക്കുന്നു. അതിന്റ സ്‌പര്‍ശനമാത്രയില്‍, ഞാന്‍ ചുളിഞ്ഞുപോകുന്നു. വേണ്ട, എനിക്കിതു വേണ്ടേ വേണ്ട. എങ്ങിനെയെങ്കിലും ഈ ശ്വാസമുട്ടലില്‍നിന്നു എനിക്കൊരു പറ പറക്കണം.
"പക്ഷെ, എന്റെ വേര്‍പാട്!.... അതദ്ദേഹത്തിനു സഹിക്കില്ല. സ്വന്തം ജീവനേക്കാള്‍ അദ്ദേഹം സ്‌നേഹിക്കുന്നതു എന്നെയാണ്. അദ്ദേഹത്തിന്റെ ബന്ധുജനങ്ങളെല്ലാം തന്നെ ഞാനുമായുള്ള ഈ വിവാഹത്തില്‍ അത്യന്തം പ്രതികൂലികളായിരുന്നില്ലേ? പെറ്റമ്മപോലും കാലുപിടിച്ചു കരഞ്ഞുപറഞ്ഞു, എന്നെ വിവാഹം കഴിക്കരുതെന്ന്. എന്നിട്ടും ആ അത്ഭുതപ്രേമം അദ്ദേഹത്തെ ആ പ്രതിഷേധങ്ങളില്‍ നിന്നെല്ലാം അകറ്റി നിര്‍ത്തി. എന്നാല്‍ അതിത്രമാത്രം അലൗകികവും അമോഘവുമാണെന്ന് അന്നു ഞാന്‍ കരുതിയിരുന്നില്ല. ഈ ലോകത്തില്‍ ഇങ്ങനെയുള്ള പ്രേമം കൊണ്ടെന്തു പ്രയോജനം? ഒരു നക്ഷത്രം! ഒരു ദേവത!.....കഷ്‌ടം! എത്ര പരിശുദ്ധമായ ഹൃദയം. വിശ്വസംസ്‌ക്കാരം അതിന്റെ മുമ്പില്‍ മുട്ടുകുത്തണം. എന്നെ ഒരു നക്ഷത്രമായിക്കരുതുന്നു അദ്ദേഹം. മകുടംവെച്ച ഈ മാലിന്യത്തെ കറ പിടിച്ച കാകോളത്തെ - അദ്ദേഹം ഒരു നക്ഷത്രമാക്കുന്നു. ആത്മാവില്‍ അള്ളിപ്പിടിച്ച് വിഷത്തിന്റെ ചൂടില്‍ അതു പുളഞ്ഞു ചൂളുന്നതു നോക്കി പുഞ്ചിരിയിടുന്ന ഒരു കൃഷ്‌ണസര്‍പ്പാണ് ഞാന്‍. അതദ്ദേഹം അറിഞ്ഞില്ല. ഇക്കാണുന്ന തങ്കവര്‍ണ്ണം മുഴുവന്‍ ആ വിഷവിഗ്രഹത്തിനുള്ള ഒരു കപടാവരണമാണ്. കാളിമയാര്‍ന്ന കാകോളം! അതാണ് എന്റെ ഹൃദയം മുഴുവനും! അങ്ങിനെയുള്ള എന്നെ, പാപമൂര്‍ത്തിയായ എന്നെ, പരമനീചയായ എന്നെയാണ്, അദ്ദേഹം ഒരു ദേവതയാക്കുന്നത്. അയ്യോ വേണ്ടാ! ഞാന്‍ ദഹിച്ചുപോകും! എനിക്കു വേണ്ട. എന്നെ വിട്ടേക്കു! എന്നെന്നേക്കുമായി എന്നെ മറന്നേക്കു! - ഞാന്‍ അങ്ങക്കു യോജിച്ചവളല്ല.
മുരളീധരന്റെ അമ്മ, മാധവിയമ്മ, അവളെ വന്നുണ്ണാന്‍വിളിച്ചു. അതുവരെ അവളുടെ ഹൃദയം ഓരോ തപ്‌തചിന്തകളുടെ നിശിതമുഷ്‌ടിയില്‍പ്പെട്ടു ഞെരിയുകയായിരുന്നു. അവളുടെ തുടുത്ത കവിള്‍ത്തടങ്ങളിലൂടെ ധാരയായി കണ്ണുനീരൊഴുകിക്കൊണ്ടിരുന്നു. വിളികേട്ട് അവള്‍ ഞെട്ടിയെഴുന്നേറ്റു. സാരികൊണ്ടു മുഖം തുടച്ചശേഷം അവള്‍ ഒരു പ്രതിമപോലെ ശ്വശ്രുവിന്റെ പുറകെ അടുക്കളത്തിലേക്കു പോയി.
മാധവിയമ്മയുടെ ഏകസന്താനമാണ് മുരളീധരന്‍. സ്വപുത്രനെ പ്രാണനെപ്പോലെ സ്‌നേഹിച്ചിരുന്ന ആ മാതാവിന്, അമ്മുവുമായുള്ള ഈ വിവാഹബന്ധം അശേഷം സമ്മതമായില്ല. എന്നാല്‍ തന്റെ ബാല്യസഖിയും, മനോമോഹിനിയുമായിരുന്ന അവളില്‍ അനുരക്തനായിത്തീര്‍ന്ന മുരളീധരന്‍ മാതാവിന്റേയും ഇതര ബന്ധുജനങ്ങളുടേയും വിസമ്മതത്തെ വിഗണിച്ച് അവളെ പരിഗ്രഹിക്കുകയാണു ചെയ്‌തത്. പുത്രന്റെ ഈ താന്തോന്നിത്തം മാധവിയമ്മയെ എന്തെന്നില്ലാതെ വ്യാകുലപ്പെടുത്തി. എങ്കിലും വിവാഹശേഷം അവര്‍ അതൊന്നും തന്നെ ഭാവിച്ചില്ല. ഗുണവതിയായ ആ സ്‌ത്രീരത്‌നം അമ്മുവിനോടു വാത്സല്യപൂര്‍വ്വം പെരുമാറി.
അമ്മു തനിയെ ഇരുന്നു ഇതുവരെ കരയുകയായിരുന്നുവെന്നു മാധവിയമ്മ മനസ്സിലാക്കി. ഒരു പക്ഷെ തനിക്കവളോട് എന്തെങ്കിലും നീരസമുണ്ടായിരിക്കാമെന്നുള്ള സംശയമാണ് അവളെ ഇങ്ങനെ ദുഃഖിപ്പിക്കുന്നതെന്നു മാധവിയമ്മ അനുമാനിച്ചു. അതിനാല്‍ കഴിയുന്നതും അവളെ ദുരന്തസംശയത്തില്‍ നിന്നകറ്റി നിര്‍ത്തണമെന്നു മനസ്സാ നിശ്ചയിച്ചുകൊണ്ട് സ്‌നേഹപൂര്‍വ്വം അവര്‍ ചോദിച്ചു:
"അമ്മു, എന്തിനാണ് നീ തനിച്ചിരുന്നിങ്ങനെ കരയുന്നത്? ഇവിടെ എന്തിനെങ്കിലും നിനക്കു വല്ലതുമൊരു ബുദ്ധിമുട്ടുണ്ടോ? മകളേ, ഇതു നിന്റെ സ്വന്തം വീടാണ്. ഇവിടെ സര്‍വസ്വാതന്ത്ര്യവുമുണ്ട്, നിനക്ക്. നീയിങ്ങിനെ ദുഃഖിക്കുന്നുവെന്നറിഞ്ഞാല്‍ മുരളിയുടെ മനസ്സിന്ന് അതെന്തു വേദനയുണ്ടാക്കുമെന്നറിയാമോ? ഞാന്‍ മുരളിയെ എങ്ങിനെ സ്‌നേഹിക്കുന്നുവോ, അതപോലെ നിന്നെയും സ്‌നേഹിക്കുന്നു. പിന്നെന്തിനാണ് നീയിങ്ങനെ സങ്കടപ്പെടുന്നത്? അമ്മ ജീവിച്ചിരിക്കുന്ന കാലത്തോളം എന്റെ അമ്മുക്കുട്ടി ഒരുകാര്യത്തിലും ദുഃഖിക്കേണ്ടതായിട്ടില്ല, കേട്ടോ!....."
"ഒന്നുമില്ലമ്മേ, എനിക്കു യാതൊരു ദുഃഖവുമില്ല," അമ്മു അല്‌പം സന്തോഷം നടിച്ചുകൊണ്ടുപറഞ്ഞു. വാസ്‌തവത്തില്‍ അവള്‍ ഒന്നുകൂടി ദൂഃഖിതയായിത്തീരുകയാണുണ്ടായത്. ഞാനുമായുള്ള വിവാഹം നീരസമായിത്തോന്നിയ ആ ശ്വശ്രൂ തന്നെ സ്‌നേഹിക്കുമെന്ന് അവള്‍ സ്വപ്‌നേപി ശങ്കിച്ചിരുന്നില്ല. കറുത്ത മുഖവും മുള്ളുവാക്കുകളും മാത്രമേ അവള്‍ അവരില്‍നിന്നു പ്രതീക്ഷിച്ചിരുന്നുള്ളു. എന്നാല്‍ അനുഭവത്തില്‍ അതാ പാടേ ഒരു വമ്പിച്ച മാറ്റം. ആ മന്ദിരം ഒരു ദേവലോകമാണെന്നവള്‍ക്കു തോന്നി. ശ്വശ്രൂവിന്റെ സ്‌നേഹപൂര്‍ണ്ണമായ വാക്കുകള്‍ അവള്‍ക്കു അസഹനീയങ്ങളായ ആഗ്നേയാസ്‌ത്രങ്ങളായി. അവള്‍ പരവശയായി. നിഷ്‌ഠൂരമായ ഭത്സനങ്ങളും പരിഹാസങ്ങളുമാണ് ആ മുഖത്തുനിന്നു നിര്‍ഗ്ഗളിച്ചിരുന്നതെങ്കില്‍ യാതൊരു കൂസലും കൂടാതെ അവള്‍ അതെല്ലാം സഹിച്ചേനെ! എന്നാല്‍ ഈ മാര്‍ദ്ദവം, ഈ സ്‌നേഹം, അവള്‍ക്കു സഹിക്കാനാകാതായി.
പട്ടണത്തില്‍ നിന്നു രണ്ടു മൈല്‍ അകലെയുള്ള ഒരു നാട്ടുംപുറത്താണ് അവര്‍ താമസിച്ചിരുന്നത്. ബി. എ പാസ്സായ ഉടന്‍ തന്നെ മുരളീധരന് അവിടത്തെ ഹൈസ്‌കൂളില്‍ ഉദ്യോഗം കിട്ടി.
ഭര്‍ത്താവിന്റെ പ്രേമപൂര്‍വ്വകമായ പെരുമാറ്റങ്ങളും ഹൃദയപൂര്‍വ്വമായ ലാളനകളും അമ്മുവിന്റെ ഹൃദയത്തില്‍ അസഹനീയമായ വേദനയുളവാക്കി. സദാ അവള്‍ ഏകാന്തതയെ ശരണം പ്രാപിച്ചു. ഓരോ ദിവസം ചെല്ലുന്തോറും ചിന്താവേഗത്താല്‍ അവളുടെ മനസ്സു കൂടുതല്‍ അസ്വസ്ഥമായും, ശരീരം ക്ഷീണിച്ചും, സുന്ദരമായ മുഖം വിളറിയും വരുവാന്‍ തുടങ്ങി.
തന്റെ ജീവേശ്വരി ഏതോ ഒരജ്ഞാതസങ്കടത്തിനടിപെടുന്നുണ്ടെന്നു മുരളീധരനും തോന്നാതിരുന്നില്ല. അതിന്റെ കാരണമെന്തെന്നയാള്‍ പ്രേമപൂര്‍വ്വം അവളോടന്വേഷിച്ചു. "എനിക്കു യാതൊരു ദുഃഖവുമില്ല"എന്നല്ലാതൊന്നും തന്നെ അവളില്‍ നിന്നു അറിയുവാന്‍ അയാള്‍ക്കു സാധിച്ചില്ല. ഇതു മുരളീധരന്റെ ഹൃദയത്തെയും വ്യാകുലപ്പെടുത്തി.......
ഇങ്ങനെ, ഒരു നിശ്ശബ്‌ദസങ്കടത്തിന്റെ തണുത്ത മൂടല്‍ മഞ്ഞിലൂടെ, ആ ദമ്പതിമാരുടെ മധുവിധുകാലം ചിറകടിച്ചു പറന്നുപോയി.
4അത്യന്തം ആകര്‍ഷകമായിരുന്നു, ആ രാത്രി. ആകാശമാകമാനം കനകകോമളങ്ങളായ താരാസമൂഹങ്ങള്‍ മിന്നിത്തിളങ്ങി. ഒരു നേരിയ ശബ്‌ദമുണ്ടാക്കിക്കൊണ്ട് സുഖമുള്ള ഒരിളംകാറ്റു ചെടിപ്പടര്‍പ്പുകളില്‍ ഉലാത്തിക്കൊണ്ടിരുന്നു.
ആ ഗ്രീഷ്‌മാന്തരജനിയുടെ മനോഹാരിതയില്‍, വിശാലമായ ഒരു മുറിയില്‍ചുറ്റും കൊതുകവലയിട്ട് മൂടിയ ഒരു കട്ടിലില്‍, തന്റെ പ്രാണനാഥനുമൊരുമിച്ചു അമ്മു കിടക്കുകയായിരുന്നു. ഘടികാരത്തില്‍ മണി ഒന്നടിക്കുന്നതവള്‍ കേട്ടിട്ട് അധികനേരമായി. രാവിലെ 3-35 നാണ് വടക്കോട്ടുള്ള ആദ്യത്തെ തീവണ്ടിയെന്നുള്ള കാര്യം പെട്ടെന്നവള്‍ ഓര്‍ത്തു. ചുരുങ്ങിയത് അര മണിക്കൂറെങ്കിലും വേണം സ്റ്റേഷനില്‍ നടന്നെത്താന്‍. ഇനിയേതായാലും ഒരു മണിക്കൂറിലധികം സമയം പാഴാക്കിക്കളയാവുന്നതല്ല.
അമ്മുവും അവളുടെ മനസ്സാക്ഷിയും തമ്മില്‍ ശക്തിയായി ഒരു വടംവലി നടന്നു. അതാരംഭിച്ചിട്ടു ദിവസങ്ങള്‍ അനവധിയായി. ഏതായാലും അതിന്റെ പരിണാമം ആസന്നമാകുന്നുണ്ട് എന്നുള്ള ബോധം അവളില്‍ ഒരു തരം അമ്പരപ്പുണ്ടാക്കി. അവളുടെ ശരീരം മിക്കവാറും സ്‌തംഭിച്ചുപോയി. എന്നാല്‍ ഞരമ്പുകള്‍ക്കുള്ളിലൊരു വിറയലുണ്ടാകുന്നപോലെ അമ്മുവിന്നനുഭവപ്പെട്ടു. അവളുടെ കണ്ണുകളില്‍ കണ്ണുനീര്‍ പൊടിഞ്ഞു.
അവള്‍ വീണ്ടും മുരളീധരന്റെ മുഖത്തേക്കൊന്നു ഉറ്റുനോക്കി. ജനലഴികളിലൂടെ അകത്തുകടന്ന പൂനിലാവ്, യുവാവിന്റെ മുഖം അവള്‍ക്കു തെളിയിച്ചുകാട്ടി. അവള്‍ കണ്ടു. പ്രശാന്തമായ നിദ്രയുടെ മൗനസംഗീതം ആ മുഖത്തുതുളുമ്പി നില്‍ക്കുന്നുണ്ടായിരുന്നു. അതേ; ഗാഢമായ സുഖനിദ്ര! നിഷ്‌കളങ്കപ്രണയത്തിന്റെ നിരവദ്യചൈതന്യം ശാന്തസുന്ദരമായ ആ വദനമണ്ഡലത്തിനു ഒരു പ്രത്യേകാകര്‍ഷകത നല്‍കുന്നുണ്ടായിരുന്നു. അവള്‍ ചെയ്യുന്നത് ഒരു പാപമാണെന്ന് ആ ദര്‍ശനത്തില്‍ അവളുടെ മനസ്സാക്ഷി മുരണ്ടു. എന്നാല്‍ നിര്‍ബന്ധബുദ്ധിയുടെ കൂര്‍ത്ത മുള്ളുകള്‍ അവള്‍ വീണ്ടും അതില്‍ കുത്തിത്തറച്ചു. അതു കീറി; ചോരയൊലിച്ചു: - അവള്‍ക്കു നൊന്തു, വല്ലാതെ നൊന്തു.
ഞാന്‍ അദ്ദേഹത്തെ എത്ര ഹൃദയപൂര്‍വ്വം സ്‌നേഹിക്കുന്നുവെന്ന് ആ ഘട്ടത്തില്‍ അമ്മുവിനു മനസ്സിലായി. അതേ വാസ്‌തവത്തില്‍ അവള്‍ മുരളീധരനെ സ്വജീവനേക്കാള്‍ സ്‌നേഹിച്ചിരുന്നു. അല്ലെങ്കില്‍ അവള്‍ക്കെന്തിനീ വേദനതോന്നുന്നു? ആ സ്‌നേഹത്തിന്റെ പരിശുദ്ധിക്കായി അമ്മു ഉള്ളഴിഞ്ഞു പ്രാര്‍ത്ഥിച്ചു. തന്റെ സ്‌നേഹം പുലര്‍ത്തണമെങ്കില്‍ - ആ സ്‌നേഹം പരിശുദ്ധമാവണമെങ്കില്‍ - ഇനിയെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തില്‍നിന്നു സ്വജീവിതത്തെ എന്നെന്നേയ്‌ക്കുമായി അകറ്റേണ്ടതാണെന്ന് അവസാനത്തീര്‍പ്പു കല്‌പിച്ചിട്ട് അവള്‍ പതുക്കെ, ശബ്‌ദമുണ്ടാക്കാതെ, എഴുന്നേറ്റുമെത്തപ്പുറത്തിരുന്നു.
ആ മോഹനവിഗ്രത്തെ എന്നെന്നേയ്‌ക്കുമായി വേര്‍പെട്ടുപോകുവാന്‍ അവള്‍ക്കു വലിയ സങ്കടം തോന്നി. അടക്കാനാകാതെ പൊട്ടിപ്പുറപ്പെട്ട കണ്ണുനീര്‍ തുടച്ചുകൊണ്ട് അവള്‍ സ്വകാന്തന്റെ പാദങ്ങളില്‍ സാഷ്‌ടാംഗം നമസ്‌ക്കരിച്ചു. അനന്തരം അവള്‍ പതുക്കെ എഴുന്നേറ്റുനിന്ന് ആ പ്രണയമൂര്‍ത്തിയുടെ അധരങ്ങളില്‍ അവസാനമായി ആവേശപൂര്‍വ്വം ഒന്നു ചുംബിച്ചിട്ട്, കൊതുകുവല ഉയര്‍ത്തി അവിടെനിന്നു പിന്‍മാറി.
പിന്നെ യാതൊരു താമസവും ഉണ്ടായില്ല. ആ വില പിടിച്ച വസ്‌ത്രാഭരണങ്ങളെല്ലാം അമ്മു തന്റെ ശരീരത്തില്‍ നിന്നു അവിടെ അഴിച്ചിട്ടു. മുരളി സമ്മാനിച്ച ഓരോ സ്വര്‍ണ്ണാഭരണങ്ങളും അഴിച്ചെടുത്ത് അവള്‍ മേശപ്പുറത്തു വച്ചു. എന്നാല്‍ ആ വിവാഹാംഗുലീയകം മാത്രം അവള്‍ വിരലില്‍നിന്നു ഊരിയില്ല. കേവലം ഒരു സാധാരണക്കാരിയുടെ വേഷം ധരിച്ചശേഷം കാലേകൂട്ടി എഴുതിവെച്ചിരുന്ന ഒരു കത്തെടുത്തു പെട്ടെന്ന് കാണക്കത്തക്കവിധം അവള്‍ മേശപ്പുറത്തുവെച്ച്, ആ ഭര്‍ത്തൃഗൃഹത്തോട് അവസാനയാത്രയും പറഞ്ഞ് കണ്ണീരില്‍ കുളിച്ചുകൊണ്ട് സാധു യുവതി അവിടെനിന്നിറങ്ങിപ്പോയി!..........
അന്നു പതിവില്‍ നേരത്തെതന്നെ മുരളി ഉണര്‍ന്നു. താന്‍ ഭയങ്കരമായ ഒരു ദുഃസ്വപ്‌നം കണ്ടു ഞെട്ടിയുണരുകയാണുണ്ടായതെന്നയാള്‍ക്കു ബോധപ്പെട്ടു. അമ്മുവിനെ അടുത്തു കാണുന്നുമില്ല, അകാരണമായി ഒരു സംഭ്രമം, ഒരു ഭയം, ഒരു കുളിരുകോരല്‍ അയാളെ ബാധിച്ചു. മുരളി ഉടന്‍തന്നെ കിടക്കയില്‍നിന്നു ചാടിയെഴുന്നേറ്റു. അതാ മേശപ്പുറത്ത് അവളുടെ ആഭരണങ്ങളെല്ലാം കിടക്കുന്നു. അയാളുടെ ഹൃദയംതകര്‍ന്നു. മസ്‌തിഷ്‌കത്തിന് ചൂടു പിടിച്ചു. സിരാചക്രത്തിന് ആകമാനം വിദ്യൂല്‍പാദത്താലെന്നപോലെ ക്ഷണികമെങ്കിലും ശക്തിമത്തായ ഒരു കമ്പനം തട്ടി. അടുത്ത മാത്രയില്‍ ആ ലക്കോട്ട് - ആ കത്ത് - അയാളുടെ ദൃഷ്‌ടിയില്‍ പെട്ടു. പെട്ടെന്നൊരു മിന്നല്‍പിണര്‍ ആ പൊട്ടിത്തകര്‍ന്ന ഹൃദയശകലങ്ങളിലാകമാനം ഒന്നു വട്ടംകറങ്ങി. ഞൊടിയിടകൊണ്ട് ഓരോ രോമകൂപത്തിലൂടെയും പുറത്തേക്കു പറന്നു പോകുന്നപോലെ മുരളിക്കു തോന്നി.
പ്രഭാതകാന്തി ആ മുറിയില്‍ നല്ലപോലെ വ്യാപിച്ചിരുന്നു. പുറത്തേക്കുള്ള വാതില്‍ തുറന്നു കിടക്കുകയാണ്. അതും മുരളി സൂക്ഷിക്കാതിരുന്നില്ല. അയാള്‍ വിറയ്‌ക്കുന്ന കൈകളാല്‍ ആ ലക്കോട്ടെടുത്ത് പൊളിച്ച്, കത്തു നിവര്‍ത്തി വായിച്ചുനോക്കി.
പുണ്യാത്മാവേ!
ക്ഷമിക്കുക. ഞാന്‍ അങ്ങയെ വിട്ടുപിരിയുന്നു,എന്നെന്നേയ്‌ക്കുമായി! പക്ഷെ അങ്ങു തെറ്റദ്ധരിക്കേണ്ട. ഞാന്‍ ആത്മഹത്യ ചെയ്യുകയില്ല. മരണത്തെ ഞാന്‍ ഏറ്റവും വെറുക്കുന്നു. ജീവിതത്തോട് എനിക്കു എന്തെന്നില്ലാത്ത ഒരു സ്‌നേഹമുണ്ട്. അതിനാല്‍ എന്തെല്ലാം ക്ലേശങ്ങള്‍ അനുഭവിച്ചാലും ശരി, മരണം സ്വയം എന്നെ ആക്രമിക്കുന്നതുവരെ ഞാന്‍ ജീവിക്കുകതന്നെ ചെയ്യും. പക്ഷെ, അതെവിടെയാണെന്നോ എങ്ങിനെയാണെന്നോ മാത്രം നിശ്ചയിച്ചിട്ടില്ല.
ഇന്നു വെളുപ്പിനുള്ള വണ്ടിക്കു ഞാന്‍ പോകുന്നു. എങ്ങോട്ടെന്നില്ല. എവിടേയെക്കങ്കിലും! ഞാന്‍ സ്വതന്ത്രയാണ്. എനിക്കിഷ്‌ടംപോലെ ജീവിക്കണം. ഞാന്‍ അങ്ങനെ ജീവിക്കുകയും ചെയ്യും.
അങ്ങ് എന്നെ ഉള്ളഴിഞ്ഞു സ്‌നേഹിക്കുന്നുണ്ടെന്നും, ആ സ്‌നേഹം പരമപവിത്രമാണെന്നും എനിക്കറിയാം. ആ സ്‌നേഹം എന്നെക്കൊണ്ട് എന്നെ നോക്കിച്ചു. അതില്‍ ഞാന്‍ എന്നെ നല്ലപോലെ കണ്ടു. ഞാന്‍ ഒരിക്കലും അങ്ങേയ്‌ക്ക് യോജിച്ചവളല്ല. അങ്ങ് എന്നെ ഒരു നക്ഷത്രമായി, ഒരു ദേവതയായി, കരുതുന്നു. എന്നാല്‍ അങ്ങിനെയൊന്നുമല്ല പരമാര്‍ത്ഥം.
വ്യഭിചാരത്തില്‍ നിന്നു ജനിച്ചവളാണു ഞാന്‍. ആ രക്തമാണെന്റെ ഞരമ്പിലുള്ളത്. അതേ പാരമ്പര്യമായി ഞങ്ങളില്‍ അതിനൊരു പ്രത്യേക 'വാസന'യുണ്ട്. സദ്‌വൃത്തയായി ജീവിക്കേണമെന്നായിരുന്നു എന്റെ ആശ. പക്ഷെ എന്തുചെയ്യാം? എനിക്കതു സാധിക്കാതെപോയി. കന്യകയായി, അവിവാഹിതയായി, അങ്ങയുടെ നിഷികളങ്കപ്രേമത്തിന്റെ മുമ്പില്‍ ആദ്യമായി ആവിര്‍ഭവിച്ച ആ നിമിഷത്തിലും ഞാന്‍ ഒരു വേശ്യയായിരുന്നു. അന്നും എനിക്കു നാലഞ്ചു കാമുകന്മാര്‍ ഉണ്ടായിരുന്നു.
ഞാന്‍ അങ്ങയെ വഞ്ചിച്ചു. എനിക്കു മാപ്പു തരു! അങ്ങയോടൊന്നിച്ച് ഇനിയും ഞാന്‍ ജീവിക്കുക, അങ്ങയെ ഇനിയും മലിനപ്പെടുത്തുകയായിരിക്കും. ആ നശിച്ച `വാസന' എന്നില്‍നിന്നു വിട്ടുപോകുന്നതല്ല. വര്‍ദ്ധിച്ചുവര്‍ദ്ധിച്ചു വരികയേ ഉള്ളു അത്.
അങ്ങ് എന്നെ ഉള്ളഴിഞ്ഞു സ്‌നേഹിക്കുന്നതുകൊണ്ട്, ഞാനും അങ്ങയെ ഹൃദയപൂര്‍വ്വം സ്‌നേഹിക്കുന്നതുകൊണ്ട് സ്വയം ഞാന്‍ അങ്ങയില്‍നിന്നു വേര്‍പ്പെട്ടു പോകുന്നു. നിയമത്തിന്റെ മുമ്പില്‍ നമ്മുടെ ബന്ധം അവസാനിച്ചു. അങ്ങയുടെ സ്‌നേഹത്തിന്റെ സ്‌മരണയ്‌ക്കായി വിവാഹവേളയില്‍ എന്റെ കരാംഗുലിയില്‍ ഇടുവിച്ച ആ `വജ്രമോതിരം' മാത്രം ഞാന്‍ കൊണ്ടുപോകുന്നു.
അങ്ങ് പുണ്യാത്മാവാണ്. ഈശ്വരന്‍ അങ്ങയെ അനുഗ്രഹിക്കട്ടെ!
വെറും ഒരു വ്യഭിചാരിണിയായ എന്നെ അവിടുന്നു മറന്നേക്കൂ! ഞാന്‍ ഒരു ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അവിടുന്നു എന്നെ വിവാഹം കഴിച്ചത്. നമ്മുടെ വിവാഹം കഴിഞ്ഞിട്ടൊരു മാസമെ ആയിട്ടുള്ളുവെങ്കിലും രണ്ടു മാസം ചെന്ന ഒരു ഗര്‍ഭിണിയാണ് ഇന്നു ഞാന്‍. എന്റെ വയറ്റിലുള്ളത് അവിടുത്തെ സന്താനമല്ല. ഇതിലും ഭീകരമായ ഒരപരാധം ഞാന്‍ അങ്ങയോടു ചെയ്യുവാനുണ്ടോ? മനഃപൂര്‍വ്വം അങ്ങയെ വഞ്ചിക്കുകയായിരുന്നില്ലേ ഞാന്‍? അങ്ങിനെയുള്ള ഞാന്‍ ഒരു നക്ഷത്രമാവണമെങ്കില്‍ ഇനിയെത്ര ജന്മം ജനിക്കണം? എത്ര പാപങ്ങള്‍ അനുഭവിച്ചു തീര്‍ക്കണം? കഷ്‌ടം!
വിസ്‌തൃതമായ ഈ പ്രപഞ്ചത്തില്‍ സൗന്ദര്യമുള്ള എന്റെ ശരീരം യൗവനത്തിന്റെ സഹായത്തോടുകൂടി എന്നെ യാതൊരു ജീവതക്ലേശങ്ങളുമറിയിക്കാതെ, സുഖമായി പുലര്‍ത്തിക്കൊളളും. അതിനെക്കുറിച്ചും അങ്ങു ക്ലേശിക്കേണ്ട.
ദുര്‍ഭഗയായ എന്നെ മറന്നേയ്‌ക്കു!
എന്ന്, അമ്മു
ഈ കത്തു വായിക്കുന്നതിനിടയില്‍ ഹൃദയസ്‌തംഭനത്താല്‍ അയാളുടെ മസ്‌തിഷ്‌കത്തിലെ ചില ഞരമ്പുകള്‍ക്കു ചില ആകസ്‌മികചലനങ്ങള്‍ സംഭവിച്ചു. കത്തു വായിച്ചു തീര്‍ന്നതോടുകൂടി അയാളുടെ രോമകൂപങ്ങളെല്ലാം ജൃംഭിച്ചിരുന്നു. ശിരോരൂഹങ്ങളെല്ലാം സൂചിപോലെ ഉയര്‍ന്നു നിലകൊണ്ടു. അയാളുടെ മുഖത്ത് പെട്ടെന്ന് പൈശാചികമായ ഒരു വിളര്‍ച്ചയുണ്ടായി.
മുരളി ഒരു പ്രതിമപോലെ ആ കസേരയില്‍ അതേപടിയിരുന്നുതേയുള്ളു. ചലിക്കാന്‍ അയാള്‍ക്കു ശക്തിയുണ്ടായിരുന്നില്ല.......
പതിവുപോലെ പത്രവും കൊണ്ട്, പയ്യന്‍ മുറിയിലേക്കു കടന്നുവന്നു. അയാള്‍ അതു വാങ്ങി വലിച്ചുകീറി ചുരുട്ടിക്കൂട്ടി ഒരേറു കൊടുത്തിട്ട് അവനോടു ദയനീയമായ വിധത്തില്‍ ചോദിച്ചു:-
"എടാ, അവള്‍ ഒരു വ്യഭിചാരിണിയാണോ?"
പത്രക്കാരന്‍ പയ്യന്‍ ഇതുകേട്ടമ്പരന്നുപോയി. അവനൊന്നും മനസ്സിലായില്ല. അപ്പോഴേയ്‌ക്കും കാപ്പിയും കൊണ്ടു മാധവിയമ്മ മുറിക്കകത്തേയ്‌ക്കു കടന്നുവന്നു. പുത്രന്റെ മുഖത്തിനും പ്രകൃതിക്കും ആകപ്പാടെ ഭീഭത്സമായ ഒരു രൂപാന്തരം വന്നിരിക്കുന്നത് അവര്‍ കണ്ടു."അമ്മേ അവള്‍ വ്യഭിചാരിണിയാണ്! വെറും വ്യഭിചാരിണി!....." മുരളി ഉച്ചത്തില്‍ വികൃതമായി വിളിച്ചുപറഞ്ഞു.
"അയ്യോ, എന്റെ പൊന്നുമോനെ! ഇതെന്താണ്? നിനക്കെന്തുപറ്റി, മുരളി? അയ്യോ?"
ആ സാധു മാതാവ് ദയനീയമായി നിലവിളിച്ചു.
"അമ്മേ, അവള്‍ പോയി - അമ്മു! അവള്‍ ഒരു വ്യഭിചാരിണിയാണ് - !!"
"മകനേ.....മുരളീ!......അയ്യോ! ഇതെന്ത് - ? "
"ഹാ!....ഹാ!.....വ്യഭിചാരിണി! വ്യഭിചാരിണി! - "അമ്മേ, അവള്‍വ്യഭിചാരിണിയാണ്. ഇതാ ആ "മലയാളരാജ്യ"മെടുത്തു നോക്കു! അതില്‍ പറഞ്ഞിട്ടുണ്ട് അവള്‍ വ്യഭിചാരിണിയാണെന്ന്!....."
"മുരളീ" - മാധവിയമ്മ പൊട്ടിക്കരഞ്ഞുകൊണ്ടു മകനെ താങ്ങി: "അയ്യോ! ഈശ്വരാ! എന്റെ മകനെന്തുപറ്റി? മുരളീ! മോനെ - അയ്യോ!....."
"വിടൂ!" അയാള്‍ അലറിക്കൊണ്ടു കുതറുവാന്‍ നോക്കി:
"വിടൂ - !എന്നെ വിടാനെയ്!-"
"ഞാന്‍ പോണു!.... അവളുടെ പിന്നാലെ!.....ആ വ്യഭിചാരിണിയുടെ പിന്നാലെ ഞാനും പോണു! - വിടൂ!..... വിടാനേയ്!...... എന്നെ വിടുന്നേ!..... അയ്യോ! അയ്യോ!........."
വിനോദത്തിന്റെ ചാരം
ശസ്‌ത്രക്രിയ ഫലിച്ചില്ല. കുഞ്ഞിശ്ശങ്കരന്‍ മരിച്ചു. വലിയ കഷ്‌ടമായിപ്പോയി. എന്റെ ഏറ്റവും അടുത്ത ചങ്ങാതി. എത്ര നല്ല സ്വഭാവം! ത്യാഗം അവന്റെ ജീവിതമായിരുന്നു. അധഃകൃതോദ്ധാരണത്തിനും, ഗ്രാമക്ഷേമത്തിനും സാധുജനസേവനത്തിനുമായി ഉഴിഞ്ഞിട്ട ഒരാദര്‍ശജീവിതം. പരുപരുത്ത ശുഭ്രമായ ഖദര്‍വസ്‌ത്രംകൊണ്ടു പൊതിഞ്ഞ ആ വെളുത്ത കൊഴുത്ത ശരീരത്തിലെ പരിശുദ്ധമായ ആര്‍ഷരക്തം എന്നെന്നേക്കുമായി ഉറഞ്ഞുപോയി!അസഹ്യമായ ആ അത്യാഹിതത്തില്‍ ഗ്രാമം മുഴുവന്‍ കണ്ണീരൊഴുക്കി. പാവം! അവന്റെ പ്രതിശ്രുതയായ സുന്ദരി! അവള്‍ എത്രമാത്രം ദുഃഖിക്കുന്നുണ്ടാവും.........
അവന്റെ അവസാനനിമിഷംവരെ ഞാന്‍ ആശുപത്രിയില്‍ അവന്റെ അടുത്തുതന്നെയുണ്ടായിരുന്നു. അവന്റെ വിയോഗത്തില്‍ എന്റെ ആത്മചൈതന്യത്തിന്റെ അര്‍ദ്ധഭാഗം എന്നില്‍നിന്നു വേര്‍പെട്ടു പോയതുപോലെ എനിക്കു തോന്നി... അവനോടൊന്നിച്ചു ആശുപത്രിയിലേക്കു കൊണ്ടുപോയ ആ തുകല്‍പ്പെട്ടിയില്‍നിന്നും ഒരു ഡയറി മാത്രം ഞാന്‍ എടുത്തു സൂക്ഷിച്ചു - അവന്റെ സ്‌മാരകമായി.
എനിക്കു ലഭിച്ച ഒരു നിധിയാണ് ആ ഡയറി. അതില്‍ പല കുറിപ്പുകളുമുണ്ട്. തത്വനിര്‍ഭരങ്ങളായ അവയെ ഞാന്‍ അത്യന്തം വിലമതിക്കുന്നു. എന്നാല്‍ അവയ്‌ക്കിടയില്‍ എന്നെ അമ്പരപ്പിക്കുന്ന ഒരു വിവരണംകൂടിയുണ്ട്. എത്ര ചിന്തിച്ചിട്ടും എനിക്കൊരെത്തും പിടിയും കിട്ടാത്ത ഒരു മാനസികഭാവത്തെയാണതു ചിത്രീകരിക്കുന്നത്. അതേപടി ഞാന്‍ അതിവിടെ പകര്‍ത്തുന്നു.
ഇന്നലെ ശിവരാത്രിയായിരുന്നു. വീട്ടിലുള്ളവരെല്ലാം ശിവരാത്രിമഹോത്സവത്തില്‍ പങ്കുകൊള്ളുവാനും പിതൃതര്‍പ്പണം ചെയ്‌ത് പുണ്യം നേടുവാനുമായി ആലുവായ്‌ക്കു പോയിരിക്കയാണ്. ഞാനും ഒരു വേലക്കാരനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. അടുത്തുള്ള ശിവക്ഷേത്രത്തില്‍ ഒതുങ്ങിയ മട്ടില്‍ ഒരു എഴുന്നെള്ളിപ്പുണ്ടായിരുന്നു. കുറെനേരം ഞാന്‍ അവിടെയങ്ങിനെ ചുറ്റിപ്പറ്റിക്കൂടി. അപ്പോഴേക്കും എനിക്കെന്തൊന്നില്ലാത്ത ഒരു മുഷിവു തോന്നി. ഞാന്‍ വീട്ടിലേക്കു മടങ്ങി.
വേലക്കാരന്‍ കൂര്‍ക്കം വലിച്ചു ഉറങ്ങുകയാണ്. പാവം! സുഖകരമായി ഉറങ്ങിക്കൊള്ളട്ടെ. ഞാനവനെ വിളിച്ചുണര്‍ത്തിയില്ല. അതിന്റെ ആവശ്യമില്ലായിരുന്നു. ഞാന്‍ ശബ്‌ദമുണ്ടാക്കാതെ പയ്യെ എന്റെ മുറി തുറന്നു കൊട്ടിവിരിച്ചിരുന്ന എന്റെ കിടക്കയില്‍ കയറിക്കിടപ്പായി. എന്തോ, എനിക്കശേഷം ഉറക്കം വന്നില്ല. കെട്ടുപിണഞ്ഞും പരസ്‌പരം ബന്ധമില്ലാതെയും കുഴഞ്ഞു മറിയുന്ന ആയിരമായിരം ചിന്തകള്‍ എന്റെ മസ്‌തിഷ്‌കത്തില്‍ കൂടി കടന്നുപോയി.
ക്ഷേത്രത്തില്‍ അനേകംപേര്‍ കൂടിയിട്ടുണ്ട്. പുണ്യസമ്പാദനമാണവരുടെ ലക്ഷ്യം. അവര്‍ പാപം ചെയ്‌തിട്ടുണ്ടോ? പുണ്യത്തിന്റെ ആവശ്യം അവര്‍ക്കാണല്ലൊ. അപ്പോള്‍ ഈ ഭക്തിയുടെ അടിയില്‍ കിടക്കുന്നതു പാപഭീതിയാണ്. അതവരെ അസ്വസ്ഥപ്പെടുത്തുന്നു. പാപപരിഹാരത്തിനായി അനിയന്ത്രിതമായ ഒരാവേശത്തോടെ അവരുടെ ഹൃദയം ഉഴറിപ്പായുന്നു. അവര്‍ക്കൊരു വിശ്രമസ്ഥാനം ആവശ്യമാണ്? മതത്തിന്റെ മടിത്തട്ടില്‍ അവരതു കണ്ടെത്തുന്നു. സ്വര്‍ഗ്ഗത്തേയും മോക്ഷത്തേയും കുറിച്ചുള്ള പരിമളംപുരണ്ട സ്വപ്‌നങ്ങള്‍ അവര്‍ക്കു സുലഭമായി അവിടെ കിട്ടും. എത്ര ക്ഷിപ്രപ്രസാദിയാണ് മതത്തിന്റെ ഈശ്വരന്‍! ഒരു നേരത്തെ പട്ടിണി, തുഛമായ ഒരു പ്രായശ്ചിത്തം - മതി, മതത്തിന്റെ ദൈവത്തിനു തൃപ്‌തിയായി! സകല പാപികളുടെയും വക്കാലത്തു പിടിക്കാന്‍ ആ പുരോഹിതന്‍ സന്നദ്ധനാണ്. നിസ്സാരമായ ഒരു ഫീസേ വേണ്ടു. അദ്ദേഹം ഏതു മഹാപാപിക്കുവേണ്ടിയും ഈ രൂപത്തില്‍ ഹൃദയപൂര്‍വ്വം വാദിക്കും! ഹാ, എന്തൊരു ത്യാഗബുദ്ധി!
ഞാന്‍ പാപം ചെയ്‌തിട്ടുണ്ടോ? - എന്റെ ജീവിതത്തില്‍ ഓര്‍മ്മയ്‌ക്കു പിടി കിട്ടാവുന്നിടത്തോളം അകലത്തേയ്‌ക്കു ഞാന്‍ ചുഴിഞ്ഞു നോക്കി. ഇല്ല, മനസ്സറിഞ്ഞു ഞാന്‍ യാതൊരു പാപവും ചെയ്‌തിട്ടില്ല. പാപം! അതൊരു വിലക്കപ്പെട്ട ഫലമാണ്. തീര്‍ച്ചയായും അതിനൊരു മാധുര്യം കാണും. ഞാനതനുഭവിച്ചിട്ടില്ല. നാളത്തെ സൂര്യോദയം കാണുവാന്‍ എന്റെ കണ്ണുകള്‍ വിടര്‍ന്നില്ലെങ്കില്‍ - അയ്യോ എനിക്കു സ്വര്‍ഗ്ഗം തീര്‍ച്ചയാണ്. യാതൊരു പണിപ്പാടും കൂടാതെ നിഷ്‌പ്രായസം കൈപ്പിടിയില്‍ പറ്റിചേരുന്ന ആ സ്വര്‍ഗ്ഗത്തില്‍ ഒരു രസവുമില്ല. ചോദിക്കുന്ന മാത്രയില്‍ എന്തും സംഭാവന ചെയ്യുന്ന ആ സന്താനവൃക്ഷങ്ങളുടെ സാമ്രാജ്യത്തില്‍ എത്തിച്ചേരുന്ന സകലര്‍ക്കും ഇരപ്പാളികളായിട്ടല്ലാതെ ജീവിക്കാന്‍ സാധിക്കുകയില്ല..... മദോന്മത്തകളായ തേവിടിശ്ശികളുടെ ചാപല്യ സങ്കേതം......അവിടെ കണ്ണീരില്ല; നെടുവീര്‍പ്പുകളില്ല; ആവലാതികളില്ല...... എപ്പോഴും പുഞ്ചിരി, സമൃദ്ധി, അവിരാമമായ കാമകോലാഹലം! അതാണ് സ്വര്‍ഗ്ഗം, അതഭികാമ്യമാണോ?...
പാടില്ല, എനിക്കും ഒരു പാപകര്‍മ്മം അനുഷ്‌ഠിക്കണം. പാപിക്കു വിധിച്ചിട്ടുള്ളത് നരകമാണ്....... പക്ഷെ, ഒന്നുണ്ട്. ആ നരകം സ്വര്‍ഗ്ഗത്തേക്കാള്‍ ഭേദമായിരിക്കും. അവിടെ നിലവിളികളുണ്ട്, നെടുവീര്‍പ്പുകളുണ്ട്..... കൊല, വ്യഭിചാരം ഇതെല്ലാം പാപങ്ങളാണ്. മതത്തിന്റെ ഈ പുണ്യരാത്രിയില്‍ ഒരു പാപിയായിത്തീരാന്‍ എനിക്കു സാധിക്കുമെങ്കില്‍!
ഞാന്‍ ആലോചിച്ചു.......ഗാഢമായി ആലോചിച്ചു. എന്തു പാപകര്‍മ്മമാണനുഷ്‌ഠിക്കേണ്ടതെന്ന് ഒടുവില്‍ എനിക്കൊരു പിടി കിട്ടി. ഒരു നാഴികയകലെ ഒരു വലിയ വീടുണ്ട്. ആ കുടുംബത്തിലെ അവസാനത്തെ അംഗങ്ങളാണ് ഇരട്ടപെറ്റ രണ്ടു സഹോദരിമാര്‍. അവര്‍ സദ്‌വൃത്തകളെന്നു പറയപ്പെടുന്നു...... അവര്‍ വിവാഹിതകളല്ല....... ആരും അവരെ വിവാഹം കഴിക്കുവാന്‍ ഇഛിക്കുകയില്ല - സ്വര്‍ഗ്ഗത്തില്‍ ചിരകാലം ലഭിക്കാവുന്ന ആ മദോത്സവത്തിന്റെ അത്യന്തം ലഘുവായ ഒരംശം അവിടെ ചെന്നാല്‍ മതി, അനുഭവിക്കാന്‍ സാധിക്കും .....അതൊരു പാപകര്‍മ്മവുമാകും. പോരാ, മാംസത്തിന്റെ ആ ശപ്‌തമായ തൃഷ്‌ണയെ ശമിപ്പിച്ചശേഷം, അതിനു വിധേയമായ ആ സ്‌ത്രീവിഗ്രഹത്തെ കുത്തിക്കൊല്ലണം. അങ്ങനെ പെട്ടെന്ന് കൂടിയ ഒരു പാപകര്‍മ്മം നിഷ്‌പ്രായസം എനിക്കു നിര്‍വഹിക്കാന്‍ കഴിയും.....
ആ സഹോദരികള്‍! ഒരു കാലത്ത് അവരുടെ കുടുംബം സമ്പല്‍സമൃദ്ധമായിരുന്നു...... എല്ലാം നശിച്ചുപോയി. ഇന്ന് എട്ടുകെട്ടോടുകൂടിയ ആ വമ്പിച്ച വീടും അതിരിക്കുന്ന ആ ചെറിയ പറമ്പും മാത്രമേ അവരുടേതായി അവശേഷിച്ചിട്ടുള്ളു.... .ഉപജീവനത്തിനായി അവര്‍ക്കവരുടെ ചാരിത്യം വില്‍ക്കേണ്ടിവന്നു.....സാധുക്കള്‍.
ഞാന്‍ കിടുകിടുത്തുപോയി. എത്ര ക്രൂരമായ ചിന്തകളാണ് എന്റെഹൃദയത്തില്‍ നുളഞ്ഞുപൊന്തുന്നത്! അങ്ങിനെ ചെയ്‌താല്‍ എന്റെ ആത്മാവിന് ഗതികിട്ടുമോ?..... വേണ്ട. അസ്സീമമായ അന്തരീക്ഷത്തില്‍ അരൂപമായ ആത്മാവു കോടാനുകോടി സംവത്സരങ്ങള്‍ അശരണമാംവിധം അങ്ങിനെ അലഞ്ഞുതിരിയുക! ഉണ്ട്; അതിലും ഒരു വക രസമുണ്ട്.
എനിക്കു നിയന്ത്രിക്കാന്‍ സാധിക്കാത്തവിധത്തില്‍ ആ ചിന്ത എന്റെ ഹൃദയത്തെ സ്വാധീനപ്പെടുത്തി. ഞാന്‍ കിടക്കയില്‍ നിന്നു പിടഞ്ഞെഴുന്നേറ്റു......ശബ്‌ദമുണ്ടാക്കാതെ പതുക്കെ തളത്തില്‍ കടന്നു തപ്പിത്തപ്പിപ്പോയി അടുക്കളയിലെ ഇടനാഴിയുടെ മൂലയിലായി ചാരിവെച്ചിരുന്ന വെട്ടുകത്തി കയ്യിലെടുത്തു. എനിക്കു ഒരു രോമാഞ്ചമുണ്ടായി.....വേലക്കാരന്‍, പാവം, കൂര്‍ക്കം വലിച്ചുറങ്ങുകയാണ്. അവനു വിദ്യാഭ്യാസമില്ല, സംസ്‌കാരമില്ല, സുഖപ്രദമായ സുഷുപ്‌തി അവനെ പ്രേമപൂര്‍വ്വം ആശ്‌ളേഷിക്കുന്നു. ഞാനോ?....
വിസ്‌തൃതമായ ഒരു പാടത്തിന്റെ നടുവിലുള്ള വരമ്പിലൂടെയാണ് എനിക്കു പോകുവാനുള്ള വഴി. കുറ്റാക്കുറ്റിരുട്ട്..... വഴിക്കുവെച്ചു വല്ലവരേയും കണ്ടുമുട്ടിയാലോ?.... ഛേ, ഈ നടുപ്പാതിരയ്‌ക്ക്, ഈ കനത്ത കൂരിരുട്ടില്‍ വെളിച്ചമില്ലാതാരും സഞ്ചരിക്കുകയില്ല..... വെളിച്ചം അകലെ കണ്ടാല്‍എവിടെയെങ്കിലും മറഞ്ഞിരിക്കാമല്ലൊ.....ഞാന്‍ പുറപ്പെട്ടു......
സത്യം പറയാം. എനിക്കൊരു ഭീതിയും തോന്നിയില്ല. ധൃതഗതിയില്‍ ഞാന്‍ നടന്നുപോയി. ഇരുപതു മിനിട്ടിനുള്ളില്‍ ഞാന്‍ ഉദ്ദിഷ്‌ടസ്ഥലത്തെത്തിച്ചേര്‍ന്നു..... എട്ടുകെട്ടുകളോടുകൂടിയ ആ വലിയ വീട്ടില്‍, ഒരു നൂറുപേര്‍ക്കെങ്കിലും സുഖമായി ജീവിക്കാന്‍ ഇടമുള്ള ആ മഹാഭവനത്തില്‍ രണ്ടു പെണ്‍കൊടികള്‍ തനിയെ അങ്ങിനെ ജീവിക്കുക! പുരാതനമായ ആ ഭവനത്തിന്റെ ദര്‍ശനംതന്നെ ഭയദ്യോതകമായിരുന്നു. അവരുടെ കിടപ്പുമുറിയേതാണ്?....വെട്ടുകത്തി ഞാന്‍ അരയില്‍ മുണ്ടിനിടയില്‍ തിരുകിവെച്ചു..... ശബ്‌ദമുണ്ടാക്കാതെ അതു കട്ടിലിനടിയിലോ, തലയണച്ചുവട്ടിലൊ ഒളിച്ചുവെയ്‌ക്കാം.....
ഓരോ വാതില്‍ക്കലും ഞാന്‍ മെല്ലെമെല്ലെ മുട്ടി നോക്കി...ഒരനക്കവുമില്ല....ചില കിളിവാതിലുകള്‍ തുറന്നുകിടക്കുന്നു. ഞാന്‍ തീപ്പെട്ടിയുരച്ചുനോക്കി. ആരുമില്ല. ചിലതില്‍ ചില എലികള്‍ ഓടിനടക്കുന്നുണ്ട്. ഒരു മുറിയില്‍ ഉണങ്ങിവരണ്ട എട്ടുപത്തു പൊതിക്കാത്ത നാളികേരങ്ങള്‍ ഒരു മൂലയില്‍ കൂട്ടിയിരിക്കുന്നു..... മറ്റൊരു മുറിയില്‍ ചിലന്തിവല പൊതിഞ്ഞ ഒരു കാലൊടിഞ്ഞ കയറ്റുകട്ടില്‍ മാത്രമുണ്ട്.... സാമാന്യം ഭേദപ്പെട്ടതെന്നു തോന്നപ്പെട്ട രണ്ടു മുറികളുടെ ജനലുകള്‍ അടച്ചിട്ടിരിക്കുകയാണ്..... അവയാണ് അവരുടെ കിടപ്പുമുറികളെന്ന് എനിക്കു ബോദ്ധ്യമായി...വാതിലുകളിലും ജനലുകളിലും മാറിമാറി ഞാന്‍ മുട്ടിവിളിച്ചുനോക്കി.... ആദ്യം പതുക്കെയും, പിന്നെപ്പിന്നെ ഉച്ചത്തിലും....ഒരനക്കവുമില്ല. കിളിവാതിലിനിടയില്‍ ചെവി വട്ടംപിടിച്ചു ശ്രദ്ധിച്ചു; ഇല്ല, ഒരനക്കവുമില്ല....ഒരു മുതുക്കന്‍ പെരുച്ചാഴിയാണെന്നു തോന്നുന്നു എന്റെ കാലടികള്‍ക്കിടയിലൂടെ പെട്ടെന്നൊരു പരക്കംപാച്ചില്‍. ഞാന്‍ ഞെട്ടിപ്പോയി.
ഏതാണ്ടൊരു നാഴികനേരം ഞാനവിടെ നിന്നുകാണും. കഴിയുംവിധമെല്ലാം ഞാന്‍ ശ്രമിച്ചുനോക്കി... ആ വാതിലുകളില്‍ ഒന്നും തുറക്കപ്പെടുന്നില്ല. ഒരു പക്ഷെ ഈ പുണ്യരാത്രിയെ ധിക്കരിക്കുന്ന വല്ല പാപികളും അതിനുള്ളില്‍ പറ്റികൂടിയിട്ടുണ്ടാകാം. എനിക്കൊരു ബുദ്ധിതോന്നി. നേരേ നടന്നു ഞാന്‍ വടക്കുവശത്ത് അടുക്കളയോടു ചേര്‍ന്നു പ്രധാന കെട്ടിടവുമായി ബന്ധിക്കപ്പെട്ടിരുന്ന വാതിലിന്റെ അടുത്തുചെന്നു. വെട്ടുകത്തി ഒരു കയ്യില്‍ മുറുകെപ്പിടിച്ചു കൊണ്ട് മതിലിന്റെ നടുവിലായി ബന്ധിക്കപ്പെട്ടിരുന്ന വാതിലിന്റെ കട്ടിളയില്‍ ചവിട്ടിപ്പിടിച്ചു മതിലിന്മേല്‍ കയറി. അനന്തരം സാക്ഷക്കുറ്റികളില്‍ കാലൂന്നി പതുക്കെ നടുമുറ്റത്തേക്ക് ചാടി. അങ്ങിനെ ആ വമ്പിച്ച കോട്ടയുടെ ഉള്ളില്‍ വലിയ പണിപ്പാടൊന്നും കൂടാതെ എനിക്കുകടക്കുവാന്‍ സാധിച്ചു. പൈശാചികമായ എന്റെ ഗവേഷണം തുടരുവാന്‍ ഒട്ടുംതന്നെ അമാന്തിച്ചില്ല. വടക്കിനിയുടെ നാലുകെട്ടില്‍ കൂടിനടന്നു ഞാന്‍ തെക്കിനിയുടെ തേക്കേവശത്ത്, ആ സഹോദരികളുടെ കിടപ്പുമുറികളെന്നു തോന്നിയ മുറികളുടെ മുന്‍വശത്തെത്തി. അവ രണ്ടും അകത്തുനിന്ന് സാക്ഷയിട്ടിട്ടില്ല. ഒരു ഭയങ്കരശബ്‌ദത്തോടെ ആദ്യത്തെ മുറിയുടെ വാതിലുകള്‍ ഇരുവശത്തേക്കും മാറി എന്നെ അകത്തേക്കു സ്വാഗതംചെയ്‌തു. ഞാന്‍ തീപ്പെട്ടിയുരച്ചു..... ഇല്ല, ആരുമില്ല. അതു കിടപ്പുമുറിതന്നെ. കട്ടിലില്‍ ഒരു കിടക്ക തെറുത്തുവച്ചിട്ടുണ്ട്. ഞാന്‍ തൊട്ടടുത്തമുറിയിലേക്കു കടന്നു. അവിടേയും അങ്ങിനെതന്നെ....അതിനേത്തുടര്‍ന്ന് ഓരോ മുറിയിലും മാറി മാറി ഞാന്‍ പരിശോധിച്ചു. ഒരു പൂച്ച മാത്രം കരഞ്ഞുകൊണ്ടെന്നെ പിന്‍തുടരുന്നുണ്ടായിരുന്നു. എനിക്കു വലിയ നിരാശയായി...അവര്‍ എവിടെ പോയിരിക്കും? പെട്ടെന്ന് എനിക്കൊരു തോന്നലുണ്ടായി. ശിവരാത്രിയല്ലേ അവര്‍ ആലുവായ്‌ക്കു പോയിരിക്കും...പാവപ്പെട്ട പാപിനികള്‍!.... സ്വര്‍ഗ്ഗത്തില്‍ അവര്‍ക്കും കൊതിയുണ്ട്. പുണ്യം അവര്‍ക്കും ആവശ്യമാണ്....അവരില്‍ ആരെങ്കിലുമൊരാള്‍ എന്റെ വെട്ടുകത്തിക്കിരയാകേണ്ടതായിരുന്നു..... പക്ഷെ അവരില്‍ ആര്‍ക്കും ആയൂരന്ത്യം സമീപിച്ചിരിക്കയില്ല.... ഒരു നിമിഷത്തിനുള്ളില്‍ എനിക്കു മറ്റൊരുപായചിന്തയുണ്ടായി. തെക്കുവശത്തെ നാലുകെട്ടിന്റെ പടിഞ്ഞാറെ കെട്ടില്‍ മദ്ധ്യഭാഗത്ത് അറവാതിലിനു മുമ്പിലായി ഒരു നിലവിളക്ക് കാലൂരി അടച്ചുവെച്ചിട്ടുണ്ട്. ഞാന്‍ തീപ്പെട്ടിയുരച്ച് അതില്‍നിന്നും ഒരു തിരിയെടുത്ത് കൊളുത്തി യാതൊരു സംഭ്രമവും കൂടാതെ നാലുകെട്ടിന്റെ നടുമുറ്റത്തേക്കു ചാച്ചു കെട്ടിയിരുന്ന മേക്കൂരയുടെ ഓലമേല്‍ വെച്ചു.....ഓലയ്‌ക്കു തീ പിടിക്കാന്‍ തുടങ്ങി..... തെക്കുവശത്ത് സാക്ഷയിട്ടിരുന്ന വാതില്‍ തുറന്നു വെളിക്കുചാടി ആവുന്നതും വേഗത്തില്‍ അവിടെനിന്നും പറപറന്നു..... വഴിയില്‍ ഞാന്‍ ആരേയും കണ്ടുമുട്ടിയില്ല. വീട്ടില്‍ വന്നു കിടന്നു സുഖമായി ഞാന്‍ ഉറങ്ങി. ഇന്നു രാവിലെ ഞാന്‍ കേള്‍ക്കുകയുണ്ടായി, തലമുറകളായി തലയുയര്‍ത്തി നിന്ന മുല്ലയ്‌ക്കല്‍ ഭവനം വെന്തു വെണ്ണീറായി എന്ന്.
ഓരോരുത്തരും അവരവരുടെ മനോധര്‍മ്മമനുസരിച്ചു അതിനേക്കുറിച്ച് ഓരോന്നു പ്രസ്‌താവിച്ചുകൊണ്ടിരുന്നു. "കാക്ക തീ കൊളുത്തിയ തിരി കൊണ്ടുപോയി വെച്ചതായിരിക്കും". ചില നിര്‍ദ്ദോഷബുദ്ധികള്‍അഭിപ്രായപ്പെട്ടു.
"ഛേ, രാത്രി പതിനൊന്നുമണിക്കു ഞാനതിലേ പോയതല്ലേ. അപ്പോള്‍ കത്തു പിടിച്ചിട്ടില്ല... രാത്രിയല്ലേ കാക്ക വരുന്നത് തിരികൊണ്ടുപോയി വയ്‌ക്കാന്‍" ചില യുക്തിവാദികള്‍ അതിനെ എതിര്‍ത്തു.
"അടുപ്പില്‍ കെടാതെ കിടന്ന തീ കത്തിപ്പടര്‍ന്നതായിരിക്കും". വേറെ ചിലര്‍ പ്രസ്‌താവിച്ചു.
"പെണ്ണുങ്ങളാണെങ്കില്‍ വീട്ടില്‍ കെടക്കണം. രണ്ടുപേരും കൂടിപ്പോയേക്കണു ശിവരാത്രി ഘോഷിക്കാന്‍" ചില പുരുഷകേസരികള്‍ കുറ്റപ്പെടുത്തി.
"പ്രവൃത്തിയുടെ ഫലം!" മറ്റു ചിലരുടെ വേദാന്തം .
"പോയതറിയാതെ ആരെങ്കിലും വേഴ്‌ചക്കാര്‍ വന്നു കാണും. ബീഡി വലിച്ചു അവിടെയെങ്ങാനും എറിഞ്ഞിട്ടു പോയിരിക്കും" മറ്റു ചില ഗവേഷണവിദഗ്‌ദ്ധന്മാര്‍ ഊഹിക്കുകയാണ്.
"മനം പോലെ മംഗല്യം......ഇപ്പോപ്പെ ദൈവം ഇപ്പേപ്പ്യാ". ചാരിത്ര്യശാലിനികളെന്നഭിമാനിക്കുന്ന ചില പ്രായം ചെന്ന സ്‌ത്രീകള്‍ വിധി കല്‍പിച്ചു.
ഞാന്‍ ഇന്നു വൈകുന്നേരം അതിലേ നടന്നുപോയി. ആ രണ്ടു സ്‌ത്രീകളും അവിടെ മുന്‍വശത്തെ മുറ്റത്ത് ഒരു മരച്ചുവട്ടില്‍ മുഖം താഴ്‌ത്തിയിരുന്നു കരയുകയാണ്.... ഞാന്‍ അങ്ങോട്ടു നോക്കി. ആ മഹാഭവനമാകമാനം വെന്തു വെണ്ണീറായി നിലംപറ്റിക്കിടക്കുന്നു. എന്റെ പാപലോലുപമായ പൈശാചികവിനോദത്തിന്റെ വിളറിയ ചിരിയായിരുന്നു ആ ചാരം.