അനശ്വരഗാനം
(ഒരു യിഡിഷ് ഏകാങ്കനാടകം)
മൂലഗ്രന്ഥകാരന്‍
മാര്‍ക് ആണ്സ്റ്റീന്
പരിഭാഷകൻ
ചങ്ങമ്പുഴ കൃഷ്ണപിള്ള
ഇടപ്പള്ളി
19-11-1939 ലക്കം മാതൃഭൂമി വാരികയില്‍
പ്രസിദ്ധീകരിച്ചതാണ് ഈ തര്‍ജ്ജമ.
നാടകത്തിലെ പാത്രങ്ങള്‍
- ഗെര്‍സണ്‍ - വൃദ്ധനായ ഒരു ഫാക്ടറി വേലക്കാരന്
- പെസി - ഗെര്സണ്ന്റെ ഭാര്യ
- ചന്ന - ഗെര്സന്റേയും പെസിയുടേയും മകള്‍
- ഡേവിഡ് - ചെറുപ്പക്കാരനായ ഒരു ഫാക്ടറി വേലക്കാരന്
സംഭവം നടക്കുന്ന സ്ഥലം: ഗെര്സണ്ന്റെ വസതി.
അനശ്വരഗാനം
(രംഗം: ഒരിടുങ്ങിയ മുറി. പുറകുവശത്തായി താഴ്ചയുള്ള എടുപ്പിനോടു ചേര്‍ന്ന് ഒരു വാതില്‍. വലത്തുഭാഗത്തു മറ്റൊരു വാതില്കൂടിയുണ്ട്. രാത്രിയാണ്. മരം കൊണ്ടുള്ള ബഞ്ചുകളില്‍ അനേകം ചെറിയ കുട്ടികളെ കിടത്തിയിരിയ്ക്കുന്നു. മഞ്ഞച്ചായമടിച്ചിട്ടുള്ള ഒരു `പഴഞ്ചാണ്ടി'ക്കട്ടിലില്‍ വേറേ പലരും കിടന്നുറങ്ങുന്നുണ്ട്. വലത്തുവശത്ത് ഒരു കൊച്ചുവിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ `ചന്ന' ഒരു വസ്ത്രം തുന്നിക്കൊണ്ടിരിയ്ക്കുന്നു. ഇടതുഭാഗത്തു `പെസി'ക്കുഞ്ഞിനെ തൊട്ടിലിലാട്ടിക്കൊണ്ട്, ഉറങ്ങാനുള്ള ഒരു ബഞ്ചിന്മേല് കിടക്കുന്നു.)
പെസി: (നിദ്രാലോലതയോടെ മൂളുന്നു)തങ്കക്കുടമേ, ഉറങ്ങൂ - എന്റെ
പൈങ്കിളിക്കുഞ്ഞേ, ഉറങ്ങൂ!
എന്മണിപ്പൈതലുറങ്ങൂ - എന്റെ
കണ്മണിപ്പൈതലുറങ്ങൂ!
വിണ്ണിലെദ്ദേവതാവൃന്ദം - നിന്നെ -
ക്കണ്ണിമച്ചീടാതമന്ദം
കാത്തുകൊള്ളും മലര്ത്തൊത്തേ! - മമ
ഭാഗ്യാതിരേകത്തിന് സത്തേ!
സ്വസ്ഥ, മതിനാലുറങ്ങൂ - സുഖ -
സ്വപ്നത്തില്‍ മുങ്ങിയുറങ്ങൂ!
(കുഞ്ഞു കിടന്നു ഞെരങ്ങിത്തുടങ്ങുന്നു) കൊള്ളാം, എന്തു പുതിയ സുഖക്കേടാ, കുഞ്ഞേ, നിന്നെ ഇപ്പോള്‍ ഇട്ടലട്ടുന്നെ? നീയിക്കിടന്നു ഞെരങ്ങുന്നതെന്തിനാ, ഏ? നിന്റെ കപ്പല്‍ മുങ്ങിപ്പോയോ; അതോ, എന്താ? എല്ലാര്ക്കും നിനക്കു നല്ല കാലം വരട്ടെ! അവന് പറയുന്നത് ഒന്നു ശ്രദ്ധിച്ചാട്ടേ! എന്താ, ശ്രദ്ധിയ്ക്കാമോ? (കുഞ്ഞുകരയുന്നു) അവന് കിടന്നു തൊണ്ട തുറന്നു തന്നെത്താനങ്ങു പൊട്ടിപ്പോകും! നീയിതു നിറുത്തുമോ? ഒരൊറ്റ ഞൊടിയ്ക്കുള്ളില്‍ നോക്കിക്കോ, നിന്നെക്കൊണ്ടു ഞാന്‍ ഒരു കുന്നു ചാരമുണ്ടാക്കിക്കളയും, ഒരു കുന്ന്! ഞാന്‍ പറഞ്ഞേയ്ക്കാം! (അവള് പ്രസരിപ്പോടെ വീണ്ടും തൊട്ടിലാട്ടിക്കൊണ്ടു പാടുന്നു)
വിണ്ണിലെദ്ദേവതാവൃന്ദം - നിന്നെ -
ക്കണ്ണിമച്ചീടാതമന്ദം
കാത്തുകൊള്ളും മലര്ത്തൊത്തേ! - മമ
ഭാഗ്യാതിരേകത്തിന് സത്തേ!
സ്വസ്ഥ, മതിനാലുറങ്ങൂ - സുഖ -
സ്വപ്നത്തില്‍ മുങ്ങിയുറങ്ങൂ!
അമ്മേ, കുഞ്ഞിനു വിശക്കുന്നുണ്ട്; അതാണവന് കിടന്നു കരയുന്നത്.പെസി:
കൊള്ളാം; അതിനു ഞാനെന്തു കാട്ടും? അതേ, തീര്‍ച്ചയാണ്, അവനു വെശക്കുന്നൊണ്ട്. അതെനിയ്ക്കറിയാം. ഇന്നു രാവിലെ അവനൊരിത്തിരി പാലു കിട്ടി. അതില്‍പ്പിന്നെ അവന്റെ വായില്‍ ഒരു വസ്തും ങ് ഹേ! ഹേ! ഒന്നാലോചിച്ചുനോക്കൂ! അവന്റെ തന്ത, ഒന്നിനുംകൊള്ളാത്ത ആ മണ്ണുണ്ണാമന്, അയാള്‍ നശിച്ചുപോട്ടെ! തെരുവു മുഴുവന്‍ കിടന്നു തെണ്ടിത്തിരിയുകയായിരുന്നു, പകലു മുഴുവന്‍! എന്റെ ഭഗവാനേ, അയാള്‍ ഒരപകടം വന്നു ചത്തു പോട്ടെ! നേരം എത്രയായി?ചന്ന:
മണി പതിനൊന്നു കഴിഞ്ഞിരിയ്ക്കുന്നു.പെസി:
പതിനൊന്നു കഴിഞ്ഞു! - അയാളുടെ പൊടിപോലും കാണുന്ന മട്ടില്ല!.......ഡേവിഡ്:(ഡേവിഡ് പ്രവേശിയ്ക്കുന്നു; ഇരുപതു വയസ്സു പ്രായമുള്ള ഉറച്ച ശരീരത്തോടുകൂടിയ, ബലിഷ്ഠനായ ഒരു മനുഷ്യന്)
(പ്രസരിപ്പോടെ) സന്ധ്യാമംഗളം! എന്ത്, ശ്രീമതി റബ്ഗര്സണ് വീണ്ടും സങ്കടപ്പെട്ടിരിയ്ക്കയാണോ? നിങ്ങള്‍ക്കു സന്ധ്യാമംഗളം!പെസി:
നിങ്ങള്‍ക്കും മംഗളം! നിങ്ങള്‍ എന്റെ ആ മൂപ്പീന്നിനെ കണ്ടില്ല, ഉവ്വോ?ഡേവിഡ്:
പകല്‍ മുഴുവന്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് വേല ചെയ്യുകയായിരുന്നു. മറ്റുള്ളവരോടുകൂടി അയാള്‍ ഏഴിനു പോയി; പക്ഷെ ഞങ്ങളില്‍ ആറുപേരോടു കൂടുതല്‍ നേരത്തേ തിരിച്ചുവരാന്‍ പറഞ്ഞു.പെസി:
വ്യവസായശാല വിട്ടിട്ടു പിന്നെ അയാള്‍ എവിടെപ്പോയെന്നു നിങ്ങള്‍ക്കറിഞ്ഞുകൂട - അറിയാമോ?ഡേവിഡ്:
എനിയ്ക്കറിയാമോ? മറ്റുള്ളവര്‍ അയാളെ ഒരു സലൂണിലേയ്ക്കു ചുരുട്ടിയെടുത്തുകൊണ്ടു പോയിരിയ്ക്കാന്‍ മതി.പെസി:
(കോപിഷ്ഠയായി) എന്ത്, ഒരു സലൂണിലേയ്ക്കോ? ഓ! മരണത്തിന്റെ ദേവതയാണ് അയാളെ അങ്ങു കെട്ടിയെടുത്തിരുന്നതെങ്കില്, എന്റെ സ്വര്‍ഗ്ഗത്തിലെ പിതാവേ!ഡേവിഡ്:
ആയി! ശ്രീമതി റെബ് ഗേര്‍സണ്‍! ആട്ടെ, ഒരു ഭര്‍ത്താവിനെ ശപിയ്ക്കുക അതൊരു പാപമാണ്; വേണ്ടത്, അയാളെ അനുഗ്രഹിയ്ക്കുകയാണ്; എന്നാല്‍ പക്ഷെ ഈശ്വരനും അയാളെ അനുഗ്രഹിച്ചേയ്ക്കാം. അയാള്‍ക്ക് ഇതുപോലെ ഒട്ടധികം സഹിയ്ക്കാനുണ്ട്. എന്തിന്, എനിയ്ക്കറിയണമെന്നുണ്ട്. ഈശ്വരന്റെ ശിക്ഷ അര്ഹിയ്ക്കുന്നവരായി പലരും കാണും. എന്നിട്ട് അവര്‍ക്കൊക്കെ നന്മവരുന്നു; അവരാകട്ടേ പിന്നേയും പിന്നേയും പാപം ചെയ്തുകൊണ്ടേ ഇരിയ്ക്കുന്നു. ഇവിടെയാകട്ടേ - എല്ലാ ഭാഗ്യദോഷങ്ങളും മാന്യമായ ഒരൊറ്റ മനുഷ്യനില്‍ത്തന്നെ മുറുകിക്കൂടിയിരിയ്ക്കുകയാണ്. ഇന്നാണ്..............(അയാള്‍ പെട്ടെന്നു നിര്‍ത്തുന്നു.)പെസി:
(പരിഭ്രാന്തയായി) കരുണാമയനായ സര്‍വശക്താ! ഇന്നെന്തു പറ്റി?ഡേവിഡ്:
ഛട്! ഈശ്വരന് വിലക്കട്ടെ, ഗുരുതരമായിട്ടൊന്നുമില്ല - എന്നാലും...........പെസി:
(ഭയാക്രാന്തമായ ഉല്‍ക്കണ്ഠയോടെ) കൊള്ളാം, പറയൂ........പറയൂ........ എന്തു പറ്റി അദ്ദേഹത്തിന്?
സംഭവമുണ്ടായതിങ്ങിനെയാണ്. ചെയിം വന്നു നിങ്ങളുടെ ഭര്‍ത്താവിന്റെ വേല എടുത്തുകളയാന്‍ ശ്രമിച്ചു. സ്വാഭാവികമായി, അയാള്‍ അതിനോടു യോജിയ്ക്കയുമില്ലല്ലോ. ക്രമേണ വഴക്കു മൂത്തു മൂത്തു അവര്‍ കൈവെയ്ക്കും എന്ന ഘട്ടത്തിലെത്തി............. ഒടുവില്‍ സാധു ഒരടിയേറ്റു നിലം പതിച്ചു. പിന്നീട് അയാളുടെ ഒരു മേസ്തിരി വന്ന് അയാള്‍ക്കു രണ്ടു റൂബിള്‍ പിഴയിട്ടു.പെസി:
രണ്ടു റൂബിള്‍ പിഴ! എന്തൊരു കാലക്കേട് - രണ്ടു റൂബിള്‍! ഇനിയിപ്പോള്‍ കുറഞ്ഞതു നമുക്കു രണ്ടാഴ്ചയെങ്കിലും വിശന്നു പൊരിഞ്ഞു കഴിച്ചുകൂട്ടേണ്ടിവരും.ഡേവിഡ്:
അതേ, അതു നിങ്ങളുടെ ഭര്‍ത്താവിനു മനസ്സില്ത്തട്ടിയതുകൊണ്ടാണ് പിന്നൊന്നും സാഹസത്തിനൊരുമ്പെടാതെ, അയാളുടെ ഒരു കൂട്ടുകാരന് പിടിച്ചുകൊണ്ടുപോയപ്പോള്‍ ശാന്തമായിട്ടങ്ങു പിരിഞ്ഞത്.പെസി:
ഹാ, എന്റെ പാവപ്പെട്ട ഗെര്‍സണ്‍! അദ്ദേഹം എത്രമാത്രം ക്ലേശം അനുഭവിച്ചിരിയ്ക്കണം!ഡേവിഡ്:
സ്വാഭാവികമായും.ചന്ന:
പക്ഷെ, അച്ഛന്ന് ഇക്കുറി മാപ്പുകിട്ടിയേക്കാം. അദ്ദേഹത്തിന്നത് ആ മനുഷ്യനോടു വിവരമായി പറയാന്‍ കഴിയും - അതായത് അതദ്ദേഹത്തിന്റെ കുറ്റംകൊണ്ടുവന്നതല്ലെന്ന് - ഇപ്രാവശ്യം അച്ഛനെ ചുമ്മാതങ്ങിനെ വിട്ടയച്ചേയ്ക്കാന് മതി.ഡേവിഡ്:
എന്തിനെക്കുറിച്ചാണ് നീ സംസാരിയ്ക്കുന്നത്, ചന്നാ? നിനക്കാക്കൂട്ടരെ ശരിയ്ക്കറിഞ്ഞുകൂടാ. അവര്‍ ഉരുക്കുപോലുള്ളവരാണ്. ആ പണം ഏതായാലും വെള്ളത്തിലായി.പെസി:
വെള്ളത്തിലായി! (അവള് ചിന്തയില്‍ മുഴുകി ശക്തിയില്‍ നെടുവീര്‍പ്പിടുന്നു. സ്വയം മുറുമുറുത്തുകൊണ്ട് മുറയ്ക്കു തൊട്ടിലാട്ടിക്കൊണ്ടിരിയ്ക്കുന്നു.) ഹാ! - എന്തൊരുകൂട്ടം ആളുകളാണവര്‍? രണ്ടു റൂബിള്‍! ഓയ്! എന്തൊരു സൃഷ്ടികള്‍!...........രണ്ടു............. (അവള് മയങ്ങുന്നു)ഡേവിഡ്:
നീയിനിയും കിടന്നിട്ടില്ല, ചന്ന?ചന്ന:
ഈ വസ്ത്രം മുഴുവനും തുന്നിത്തീരണമെങ്കില് എനിയ്ക്കതിന്മേല് കുറച്ചുമണിക്കൂര്‍ നേരത്തെക്കൂടി പണിയുണ്ട്.ഡേവിഡ്:
അങ്ങിനെയാണെങ്കില്‍, നീ തീര്‍ച്ചയായും, രാത്രി നന്നെ വൈകുന്നതുവരെ ജോലി ചെയ്യുമായിരിയ്ക്കും. നാളെ വേണ്ടിടത്തോളം സമയം കിട്ടില്ലേ?ചന്ന:
ഇല്ല, വസ്ത്രം ഇന്നു തീരണം, ഡേവിഡ്. നിങ്ങള്‍ക്ക് കണ്ടുകൂടേ, എന്താണിവിടെ നടക്കുന്നതെന്ന്?ഡേവിഡ്:
എനിയ്ക്കറിയാം. എനിയ്ക്കറിയാം. ഇതെവിടെയാണവസാനിയ്ക്കുക എന്നാലോചിയ്ക്കുമ്പോള്‍ ഞാന്‍ കിടുകിടുത്തുപോകുന്നു. കൂലി വളരെക്കുറഞ്ഞ വേലകളാണ് ആ മനുഷ്യനു ചെയ്യാന്‍ കിട്ടുന്നത്. കിട്ടുന്ന വേലതന്നെ അയാളൊട്ടു മുഴുമിയ്ക്കുന്ന മട്ടുകാരനുമല്ല. അയാളുടെ വേല അധികമധികം മോശമായിവരികയാണ്. ഇത് ഇതില്കൂടുതല് ഇനി ചീത്തയാകാന്‍ കഴിയില്ല.
ഈശ്വരന് ഞങ്ങളെ കൈവെടിയില്ല.ഡേവിഡ്:
അവിടുന്നു തീര്‍ച്ചയായും......ഇല്ല. അവിടുന്നു കൈവെടിയുമെങ്കില്‍ - പിന്നെ തീര്‍ച്ചയായും, അതു കഷ്ടാല്‍ കഷ്ടതരംതന്നെ.ചന്ന:
പക്ഷെ, അല്പമെന്തെങ്കിലും സഹായിയ്ക്കാന്‍ എനിയ്ക്കും വല്ലതും കിട്ടിയേയ്ക്കും. ഞാന്‍ കുറച്ചു റൂബിള്‍ ഒരുമിച്ചങ്ങിനെ `തരിപ്പെറുക്കി'വെച്ച് ഒരു തുന്നല്‍യന്ത്രം വാങ്ങിയ്ക്കും. അതൊത്താല്പ്പിന്നെ, വസ്ത്രമുണ്ടാക്കുന്ന ആള്‍ക്കുപകരം, പതിവുകാരുടെ പക്കല്‍നിന്നു നേരിട്ടുതന്നെ എനിയ്ക്കു പണി കിട്ടിത്തുടങ്ങും. ആ വഴിയില്‍ എനിയ്ക്ക് കൂടുതല്‍ സമ്പാദിയ്ക്കുവാന്‍ സാധിയ്ക്കും.ഡേവിഡ്:
പറയുവാന്‍ അതെളുപ്പമാണ്. നീയും റെബ്ഗേര്സണും ഒന്നിച്ചുചേര്‍ന്നു പണിയെടുത്തിട്ടുകൂടി കുടുംബത്തിലേയ്ക്കാവശ്യമായ ആഹാരം വാങ്ങുവാന്‍ വേണ്ട തുക നന്നെ ഞെരുങ്ങിയേ സമ്പാദിയ്ക്കുന്നുള്ളു. നിന്റെ അച്ഛന് എന്തുണ്ടാക്കുന്നുണ്ട്? എല്ലാംകൂടി ആഴ്ചയില്‍ അഞ്ചു റൂബിള്‍!ചന്ന:
കുറച്ചുകൂടിക്കഴിഞ്ഞാല്‍ അദ്ദേഹം കൂടുതല്‍ സമ്പാദിച്ചേയ്ക്കാന് മതി.ഡേവിഡ്:
അധികമധികം സമ്പാദിയ്ക്കുന്നതിനു പകരം, കാലമങ്ങിനെ പോയ്ക്കോണ്ടിരിയ്ക്കെ, കുറച്ചുകുറച്ചും കൂടുതല്‍ പതുക്കെയുമാണ് അദ്ദേഹം ജോലിചെയ്യുന്നത്. വേറൊരാള് ഒരു ദിവസം രണ്ടായിരം തുട്ടുണ്ടാക്കുന്നിടത്ത് അദ്ദേഹം കഷ്ടിച്ച് ആയിരത്തിരുന്നൂറേ ഉണ്ടാക്കുന്നുള്ളു. ഞാന്‍, ഈ ഞാന്‍ തന്നെ, രണ്ടായിരത്തിമുന്നൂറുണ്ടാക്കുന്നുണ്ട്.ചന്ന:
രണ്ടായിരത്തി മുന്നൂറ്!ഡേവിഡ്:
അതെ, അതെ. എനിയ്ക്ക് കുറച്ചുകൂടി ബദ്ധപ്പെടേണ്ട ആവശ്യമുണ്ടായിരുന്നെങ്കില്‍ അതില്‍ കൂടുതലും സമ്പാദിയ്ക്കുവാന്‍ സാധിയ്ക്കുമായിരുന്നു. എനിയ്ക്കൊരു ഭാര്യയുണ്ടാകുമ്പോള്‍ ഞാന്‍ മറ്റു വേലക്കാരെ മുഴുവന്‍ തോല്പ്പിയ്ക്കും.ചന്ന:
(നടുക്കത്തോടെ) ഡേവിഡ് - നിങ്ങള്‍ അപ്പോള്‍ വിവാഹം കഴിയ്ക്കുവാന്‍ പോകയാണോ?ഡേവിഡ്:
അല്ല - അതായത്, അതിന്റെ ആവശ്യകതയെസ്സംബന്ധിച്ചിടത്തോളം, അതേ - പക്ഷേ.........ചന്ന:
പക്ഷെ, എന്ത്?ഡേവിഡ്:
എനിയ്ക്കറിയാമോ? അവര്‍ എന്നോടു വിവാഹം കഴിയ്ക്കുവാന്‍ ആവശ്യപ്പെടുന്നു. ഇന്നലെ ദല്ലാള്‍ ഒരു പെണ്ണുകാണലിന് എന്നെ കൂട്ടിക്കൊണ്ടുപോയി. അവള്‍ക്കൊരായിരം `ഗെള്ഡ'ന്റെ വക സ്വത്തും ചന്ത സ്ഥലത്തിനടുത്ത് ഒരു കടയുമുണ്ട്.ചന്ന:
(ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട്) അപ്പോള്‍ നിങ്ങള്‍ പോയി, കാണാന്‍?
ഉവ്വ്. ഞാന്‍ തെരുവില്‍ നിന്നു; എന്നിട്ടു നോക്കി. ഒരു മാപ്പെന്ന മട്ടില്‍, അകത്തു പോയി ഒരു പാക്കറ്റ് സിഗററ്റു വാങ്ങിയ്ക്കുവാന്‍ കല്യാണദല്ലാള്‍ എന്നോടാവശ്യപ്പെട്ടു. അയാള്‍ എന്നെ പിടിച്ചുവലിച്ചു. പക്ഷെ, അന്നൊരു തിങ്കളാഴ്ചയായിരുന്നതിനാല്‍ എനിയ്ക്കതിന്റെ ആവശ്യമില്ലെന്ന കാര്യം ഞാന്‍ പ്രത്യേകം എന്റെ തലയ്ക്കുള്ളില്‍ വെച്ചു. എനിയ്ക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല, എങ്ങിനെയാണ് ഒരുവന്നു തീരേ അപരിചിതയായ ഒരു പെണ്ണിന്റെ മുമ്പില്‍ ഒരു കല്യാണദല്ലാളോടുകൂടി ചെന്ന് ഇങ്ങിനെ വെട്ടി വിളിച്ചു പറവാന്‍ കഴിയുന്നതെന്ന് - ``എന്റെ ഭാര്യയായിരിയ്ക്കുക!'' - കഴിഞ്ഞു. എങ്ങിനെ? എപ്പോള്‍? എന്ത്? ആരെങ്കിലുമൊരാള്‍ ആയിക്കൊള്ളട്ടെ ചന്ന, - നിന്നോടങ്ങിനെ ഒരു കാര്യം ഒരുത്തന് വന്നു പറഞ്ഞുവെന്നു വിചാരിയ്ക്കുക - നീ അതിനെന്തു പറയും? ഹാ, എന്ത്?ചന്ന:
ഞാന്‍ ഒരു യഹൂദപുത്രിയാണ്. എന്റെ അച്ഛനും അമ്മയും എന്തു പറയുന്നുവോ, അത് അപ്പാടേ അനുസരിയ്ക്കുകയാണ് എന്റെ കടമ....... പക്ഷെ ഞാന്‍ വളരെ ദുഃഖിയ്ക്കുമെന്നുമാത്രം!ഡേവിഡ്:
തീര്‍ച്ചയായും; എന്നിട്ടോ? അതു കഴിഞ്ഞു. പിന്നെന്താ? നീയറിഞ്ഞിട്ടുകൂടിയില്ലാത്ത ഒരു മനുഷ്യന്റെ വധുവായിത്തീരുക; `ചൂപ്പ'യുടെ കീഴില്‍ അയാളോട്, അയാളോടുകൂടിപ്പോവുക; - പിന്നീടു പ്രത്യേകമൊരു മുറിയ്ക്കുള്ളില്‍ തനിച്ച് അയാളോടൊന്നിച്ചിരിയ്ക്കുകയും, ഒരേ ഒരു `തട്ട'ത്തില്‍നിന്നു ഭക്ഷണം കഴിയ്ക്കുകയും ചെയ്യുക - അതാ നിങ്ങള്‍, ഭര്‍ത്താവും ഭാര്യയും! ഇതു സങ്കടകരമാണ്! (അയാള്‍ അത്യന്തം ചിന്താമഗ്നനായിത്തീര്ന്നു തുടങ്ങുകയും പതുക്കെ പോകുവാന്‍ എഴുന്നേല്ക്കുകയും ചെയ്യുന്നു) നിശാമംഗളം!ചന്ന:
(വികാരാവേശത്തോടെ) നിങ്ങള്‍ക്കും നിശാമംഗളം!പെസി:(ഡേവിഡ് പോകുന്നു. ചന്ന വളരെ ദുഃഖിതയായിത്തീരുന്നു; അവള് അവളുടെ തുന്നല്സ്സാമാനസാമഗ്രികളിന്മേല് തലവെച്ചു കരയുന്നു - ആദ്യമാദ്യം ശാന്തമായി, പിന്നെപ്പിന്നെ ഉച്ചത്തില്‍, തേങ്ങിത്തേങ്ങി കരയുന്നു.)
(കരച്ചില് കേട്ടുണര്ന്നിട്ട്) ഹാ - എന്താണ് ചന്ന? ചന്നാ........ചന്ന:
(സ്വയം നിയന്ത്രിച്ചു തുന്നല്‍പണി മുറയ്ക്കു തുടര്‍ന്നുപോകുന്നു.) എന്താണിത്, അമ്മ?പെസി:
(എഴുന്നേല്ക്കുന്നു - ഞെട്ടിത്തെറിച്ച്) എനിയ്ക്കു തോന്നി, ഒരു കുഞ്ഞു കരയുന്നതു കേട്ടു എന്ന്- ചെയിംകിയോ മാന്കിയോ - എനിയ്ക്കങ്ങിനെ തോന്നുന്നു. നീ കേട്ടോ, ചന്ന?ചന്ന:
ഇല്ല, മമ്മ, ആരും കരഞ്ഞു എന്ന് എനിയ്ക്കു തോന്നുന്നില്ല.പെസി:
(കുഞ്ഞുങ്ങളില്‍ ആരെങ്കിലും അപ്പോഴും മോങ്ങിക്കൊണ്ടിരിയ്ക്കുന്നുണ്ടോ എന്നു നോക്കുവാനായി, അവരുടെ അടുത്തേയ്ക്കു പോകുന്നു.) അവര്‍ക്കു വിശക്കുന്നുണ്ട്, എന്റെ പാവപ്പെട്ട കൊച്ചുപുഴുക്കള്. അതിനാല്‍ അവര്‍ ഉറക്കത്തില്‍ കരയുകയാണ്. ഈശ്വരന്ന് അവരുടെ മേല്‍ അനുകമ്പയുണ്ടാകട്ടേ!..... (ചന്നയുടെ നേരേ നോക്കിക്കൊണ്ട്) എന്താണിത് ചന്ന? നിന്റെ കണ്ണില്‍ കണ്ണീരുണ്ട്. എന്താണിത്, എന്റെ കുഞ്ഞേ, നിനക്കും വിശക്കുന്നുണ്ടോ?
ഇല്ല, മമ്മാ. എന്റെ കണ്ണല്പം വേദനിയ്ക്കുന്നു. ഞാന്‍ വേണ്ടിടത്തോളം ഉറങ്ങുന്നില്ല; അതുകൊണ്ടാണ് കണ്ണുനീര് പൊട്ടിപ്പുറപ്പെടുന്നതെന്നു തോന്നുന്നു. എനിയ്ക്ക് ലേശമെങ്കിലും ഉറക്കമുണ്ടായിട്ടു രാത്രി രണ്ടായി.പെസി:
(നിഷേധഭാവത്തില്‍ തല ആട്ടിക്കൊണ്ട്) അല്ല, അല്ല, നീ കരയുകതന്നെയായിരുന്നു, ചന്ന.............ചന്ന:
അല്ല മമ്മ, അല്ല.പെസി:
എന്താണ് നീയെന്നോടു പറയുന്നത്! ഒരമ്മയ്ക്ക് വ്യത്യാസം എളുപ്പത്തിലറിയാം. അതേ, അതേ; നിന്റെ കണ്ണല്ലാ എന്റെ ഹൃദയമാണ് നോവുന്നത്, എന്റെ പാവപ്പെട്ട കുഞ്ഞേ! നിന്റേതു ദുസ്സഹമായ ഒരു ജീവിതമാണ്, എന്റെ കുഞ്ഞേ!പെസി:(ചന്ന ശാന്തമായി കരയുന്നു.)
കരയാതിരി, ചന്ന, കരയാതിരി! അതിലും നന്നു, വല്ലതും കുറച്ചൊന്നു പാട്! തുന്നിക്കൊണ്ടിരിയ്ക്കുമ്പോള് ഉറങ്ങിപ്പോകാതിരിയ്ക്കണണമല്ലോ. എന്തുകൊണ്ടെന്നാല്‍ വസ്ത്രം ഇന്നുതന്നെ തീരണം. എന്റെ ചന്ന, എന്റെ സ്നേഹമുള്ള കുഞ്ഞ്, എന്റെ സമാധാനം! നീയില്ലായിരുന്നുവെങ്കില്‍, തീര്‍ച്ചയായും, എനിയ്ക്ക് മുങ്ങിച്ചാകേണ്ടിവരുമായിരുന്നു. അത്രമാത്രം കര്‍ക്കശമായിട്ടാണ് ഈ ലോകം എന്നോടു പെരുമാറുന്നത്. (മേലങ്കികൊണ്ടു കണ്ണു തുടയ്ക്കുന്നു) ഇത്തരത്തിലൊരു ജീവിതത്തെക്കാള്‍ ഭേദം മരണം തന്നെയാണ്.ചന്ന:
(കരച്ചില് നിര്‍ത്തി അമ്മയെ സാന്ത്വനിപ്പിയ്ക്കാന്‍ ഒരുമ്പെടുന്നു) കരയരുത്, മമ്മ. ദൈവം നമ്മെ ഉപേക്ഷിയ്ക്കില്ല. അടുത്തുതന്നെ എല്ലാം നേരെയാകും.പെസി:
അങ്ങിനെയായേയ്ക്കാം; അങ്ങിനെയായേയ്ക്കാം. എനിയ്ക്കിങ്ങിനെ ഏറെനാള്‍ കഴിഞ്ഞുകൂടുക സാദ്ധ്യമല്ല. (തൊട്ടിലാട്ടിയും പാട്ടുപാടിയും കുഞ്ഞിനെ സാന്ത്വനിപ്പിയ്ക്കാന്‍ തൊട്ടിലിന്നടുത്തേയ്ക്കു പോകുന്നു.)ആ ഇ ആ ഈ ആ ഈ ൗ ൗ ൗ..........
കണ്മണിക്കുഞ്ഞൊന്നുറങ്ങൂ - കുഞ്ഞി -
ക്കണ്ണടച്ചെന് കുഞ്ഞുറങ്ങൂ!..........(അവള് അതോടെ മയങ്ങിപ്പോകുന്നു. വളരെ ഒതുങ്ങി ചന്നയുടെ ശ്രദ്ധയില്‍പ്പെടാതെ, ഡേവിഡ് വീണ്ടും പ്രവേശിയ്ക്കുന്നു.)
ഡേവിഡ്:(ചകിതസ്വരത്തില്) ചന്ന!ചന്ന:(അയാളുടെ തിരിച്ചുവരവില്‍ സന്തുഷ്ടയായി) എന്താണ്, ഡേവിഡ്!ഡേവിഡ്:ചന്ന, ഞാന്‍ കേട്ടു നീ എങ്ങിനെ കരഞ്ഞുവെന്നു അവിടെ, വാതിലിന്റെ പുറകില്‍, ഞാന്‍ കേട്ടു. കേള്‍ക്കാന്‍ ശ്രദ്ധിച്ചതില്‍ നീയെന്നോടു കോപിച്ചിരിയ്ക്കയല്ലല്ലോ, അതെയോ, ചന്ന?
(മൃദുലമായി) അല്ല!ഡേവിഡ്:
(തന്നോടുതന്നെ എന്നപോലെ) ചന്നയുടെ ഹൃദയം വേദനിയ്ക്കുന്നു. ഞാനും അറിയുന്നുണ്ട്, ദുഃഖിയ്ക്കുക എന്നാല്‍ എന്താണെന്ന്. കൈ വല്ലാതെ മുറിപ്പെടുകയും, ചോരയൊലിയ്ക്കുകയും ചെയ്യുക; അല്ലെങ്കില്‍ ശക്തിയിലുള്ള ഒരടി കിട്ടുക; - വ്യവസായശാലയില്‍ ചിലപ്പോളിതു സംഭവിയ്ക്കാറുണ്ട് - ഒരിയ്ക്കല്‍ ഒരു യന്ത്രം എന്റെ കാല്‍ച്ചുവടു ഞെരിച്ചുകളഞ്ഞു. പക്ഷെ ഇതൊക്കെക്കൂടി ഹൃദയത്തിന്റെ വേദനയുമായി താരതമ്യപ്പെടുത്തിനോക്കിയാല്‍ തീരെ നിസ്സാരമാണ്. അയ്യോ! അതുപോലൊരു വേദന ലോകത്തില്‍ മറ്റെന്തുണ്ട്?ചന്ന:
(സഹതാപപൂര്‍വ്വം) നിങ്ങളും ദുഃഖിയ്ക്കുന്നുവോ, ഡേവിഡ്? നിങ്ങളെന്തിനു ദുഃഖിയ്ക്കുന്നു? നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. നിങ്ങള്‍ ധാരാളം സമ്പാദിയ്ക്കുന്നുണ്ട്. ഭക്ഷിയ്ക്കുവാന്‍ നിങ്ങള്‍ക്കു വേണ്ടതിലേറെയുണ്ട്. പിന്നെ, നിങ്ങളെ ക്ലേശിപ്പിക്കുവാന്‍ എന്തിനെക്കൊണ്ടു സാധിയ്ക്കും?ഡേവിഡ്:
ഞാന്‍ ഒരനാഥനാണ്. അച്ഛനെ എനിയ്ക്കോര്‍മ്മയില്ല; അമ്മ, എനിയ്ക്ക് കഷ്ടിച്ചു നാലു വയസ്സു പ്രായമായപ്പോള്‍ മരിച്ചുപോയി. പുറത്തുപോയി ഞാന്‍തന്നെ ആഹാരം സമ്പാദിയ്ക്കണമെന്ന് എനിയ്ക്ക് ബോധംവന്ന കാലത്ത് എട്ടു വയസ്സായിരുന്നു എന്റെ പ്രായം. യാതൊരുത്തനും എന്റെ ജീവിതത്തെസ്സംബന്ധിച്ചു ക്ലേശിച്ചില്ല; അത്രയുമില്ല എന്റെ ഹൃദയത്തെസ്സംബന്ധിച്ച്!ചന്ന:(രണ്ടുപേരും മൗനമായിരിക്കുന്നു)
(ഒരു നിമിഷനേരത്തെ വിശ്രമത്തിനുശേഷം, ഗല്‍ഗദത്തോടെ) നിങ്ങള്‍ വിവാഹം കഴിയ്ക്കുമ്പോള്‍ - നിങ്ങള്‍..........ഡേവിഡ്:
(ഉദ്വേഗപൂര്‍വം തടഞ്ഞുകൊണ്ട്) ഇല്ല! ഇല്ല! ഇല്ല! പക്ഷെ എന്താണ്, എന്താണു നീ പറയാന്‍ പോയത്? (അനുനയപൂര്‍വം) ഹാ, ചന്ന, എന്താണ് നീയീ സംസാരിക്കുന്നത്?ചന്ന:
നിങ്ങള്‍തന്നെ പറഞ്ഞുവല്ലോ, നിങ്ങള്‍ ഒരു വധുവിനെ നോക്കുവാന്‍ പോയിരുന്നു എന്ന്.ഡേവിഡ്:
കല്യാണദല്ലാള്‍ ആയാളുടെ പ്രസംഗംകൊണ്ട് എന്റെ തലമണ്ട മുഴുവന്‍ കുത്തിനിറക്കുന്നു. അയാള്‍ പറയുകയാണ്, ``ഒരുവന് അവന്റെ സ്വന്തമായ ഒരു ചെറിയ മൂല വേണ്ടതാണ് - ഒരു കരണ്ടി നിറയെ ചൂടുള്ള വല്ലതും അവനു പാകം ചെയ്തുകൊടുക്കുവാന്‍ ആരെങ്കിലും ഒരാള്‍.'' ഒരു പക്ഷെ ശരിയായിരിയ്ക്കാം അയാളാപ്പറഞ്ഞത്. ആ വഴിയ്ക്ക് അങ്ങിനെയതു ചെയ്യുവാന്‍ എന്നെ കൊണ്ടുവരുന്നതിനു എനിയ്ക്ക് സാധിയ്ക്കില്ലെന്നേ ഉള്ളൂ......ഇല്ല, എനിയ്ക്ക് സാധിയ്ക്കില്ല, ചന്നേ............ചന്ന:
(ഉല്‍ക്കണ്ഠയോടെ) ഡേവിഡ്.........(അവള് എന്തോ ഒന്നു പറയാന്‍ തുടങ്ങുകയായിരുന്നു. പെട്ടെന്നു പരിഭ്രാന്തയായി, മൂകയായിത്തീരുന്നു)
എന്നോടു പറയൂ, ചന്നേ! ഇതിനെക്കുറിച്ചെല്ലാം നീ എന്തു വിചാരിയ്ക്കുന്നു എന്നറിയാന്‍, പരമാര്‍ത്ഥത്തില്‍ എനിക്കു കൗതുകമുണ്ട് നീയത്ര സമര്‍ത്ഥയാണ്. ഹാ, ദിവസവും രാത്രി, ജോലിയ്ക്കുശേഷം, ഇവിടെയിരുന്നു നിന്നോടിങ്ങിനെ `സൊള്ളി'ക്കൊണ്ടു കഴിഞ്ഞുകൂടുവാന്‍ എനിയ്ക്കെത്രമാത്രം ആഗ്രഹമുണ്ടെന്നോ! വ്യവസായശാലയിലേക്കു പോകുവാന്‍ രാവിലെ അഞ്ചുമണിയ്ക്കെഴുന്നേല്ക്കണമെന്ന കഥയും മറന്നു രാത്രി മുഴുവനും എനിയ്ക്കിങ്ങനെ ഇരിക്കുവാന് കഴിഞ്ഞിരുന്നെങ്കില്‍! (ഒരു നിമിഷനേരത്തെ വിശ്രമത്തിനുശേഷം) പിന്നെ, സുമുഖന്മാരായ രാജകുമാരന്മാരേയും, വശ്യവിഗ്രഹകളായ രാജകുമാരിമാരേയും കുറിച്ചുള്ള ആ സുന്ദരങ്ങളായ കഥകള്‍ നീയെന്നെ പറഞ്ഞുകേള്‍പ്പിക്കുന്ന ആ അവസരങ്ങളില്‍ - ആ അവസരങ്ങളില്‍, ഹാ, എന്റെ ഹൃദയം അത്രമാത്രം - അത്രമാത്രം - അത്രമാത്രം - (തന്റെ വികാരം പ്രകടിപ്പിയ്ക്കുവാന്വേണ്ട പദത്തിനയാള് തപ്പുന്നു) അതേ ചന്ന; പിന്നെ, അതിനുശേഷം എനിയ്ക്കൊട്ടും ഉറങ്ങിക്കിടക്കുവാന് സാധിയ്ക്കില്ല. എനിയ്ക്കുറങ്ങേണ്ട ആവശ്യവുമില്ല. ഞാന്‍ ആ മോഹനലോകത്തെപ്പറ്റി ചിന്തിച്ചുകൊണ്ടുതന്നെ അങ്ങിനെ കഴിച്ചുകൂട്ടുന്നു വ്യവസായശാലയ്ക്കപ്പുറം, ദൂരെ, പട്ടണത്തില്‍നിന്നു വളരെ വളരെ അകലെയുള്ള ആ മനോഹരവസ്തുക്കളെപ്പറ്റി ചിന്തിച്ചുകൊണ്ടുതന്നെ ഞാനങ്ങിനെ കഴിച്ചുകൂട്ടുന്നു - ``ഏഴാമത്തെ കാടിന്റെ പിന്നില്‍, ഏഴാമത്തെ കുന്നിനപ്പുറം.... '' ചന്നേ, അതു വീണ്ടും എന്നോടൊന്നു പറയൂ, കേള്‍ക്കട്ടെ! (അയാള്‍ ആനന്ദതുന്ദിലനായി കാത്തിരിക്കുന്നു.)ചന്ന:
ഏഴാമത്തെ കാടിന്റെ പിന്നില്‍, ഏഴാമത്തെ കുന്നിനപ്പുറത്തു ചെറുപ്പക്കാരനും സുമുഖനുമായ ഒരു മീന്‍പിടുത്തക്കാരനും, ഒരാട്ടിന്‍ പറ്റത്തെ മേച്ചുവളര്ത്തിയിരുന്നവളും ഒരു കൊച്ചാട്ടിന്കുട്ടിയെപ്പോലെതന്നെ ശാന്തശീലയും അത്ഭുതാവഹമായ സൗന്ദര്യവിശേഷത്താല് അത്യന്തവിലാസിനിയുമായ ഒരിടയകുമാരിയും താമസിച്ചിരുന്നു. മീന്പിടുത്തക്കാരന് അവളില്‍ അനുരക്തനായിത്തീരുന്നു. അവളും അവനെ സ്നേഹിച്ചു - അവരിരുവരും ഒരുജ്ജ്വലിക്കുന്നസ്നേഹത്തോടെ പരസ്പരം സ്നേഹിച്ചു. ആ അജപാലബാലികയുടെ കണ്ണുകളില്‍ അയാള്‍ ഒരു രാജകുമാരനായിരുന്നു. അവള് ഒരു രാജകുമാരിയായിരുന്നാലെന്നപോലെ മീന്പിടുത്തക്കാരന് അവളെ വിലമതിച്ചിരുന്നു. പക്ഷെ താന്‍ അത്രമാത്രം നിര്‍ദ്ധനനും യാതൊന്നുമില്ലാത്തവനുമാകയാല് തനിയ്ക്കൊരിക്കലും അവളെ വിവാഹം കഴിക്കുവാന്‍ സാധിയ്ക്കില്ലെന്ന ചിന്ത അയാളെ അത്യന്തം വേദനിപ്പിച്ചു. എന്നാല്‍, ഒരു ദിവസം, ഉറക്കമിളച്ചു കഴിച്ചുകൂട്ടിയ ഒരു രാത്രിയ്ക്കുശേഷം - മനഃക്ലേശംകൊണ്ടും, ചിന്താവ്യാകുലതകൊണ്ടും തന്റേതായ സമസ്തജീവരാശികളിലും തന്റെ പ്രതിച്ഛായ കാണുന്ന ആ നല്ല ഈശ്വരനായിക്കൊണ്ട് അസഹനീയമായ ഹൃദയവേദനയോടെ തപ്തബാഷ്പം ധാരധാരയായി വര്ഷിയ്ക്കലുംകൊണ്ടു നിറഞ്ഞ ഒരു രാത്രിയ്ക്കുശേഷം - ഒരു പ്രഭാതത്തില്‍, വളരെക്കാലേകൂട്ടി, മീന്പിടുത്തക്കാരന് പുഴയിലേയ്ക്കു പോയി. അയാള്‍ വല പുഴയില്‍ വീശിയ അവസരത്തില്‍ പ്രാര്‍ത്ഥിച്ചു: ``പ്രിയപ്പെട്ട സര്‍വ്വേശ്വരാ, ഇന്നൊരു നല്ല പിടുത്തം തന്നനുഗ്രഹിയ്ക്കേണമേ! പ്രിയങ്കരനായ ജഗദീശ്വരാ, വൈരക്കല്ലുകള്കൊണ്ടുള്ള കണ്ണുകളോടും കറയറ്റവയില്വെച്ച് ഏറ്റവും ഉത്തമമായ സ്വര്‍ണ്ണംകൊണ്ടുള്ള ചിതമ്പലുകളോടും ചെറിയ എല്ലുകളോടും - കുറഞ്ഞതു മുത്തുകൊണ്ടുള്ളതായിരിക്കണം ആ ചെറിയ എല്ലുകള്‍ - കൂടിയ ഒരു പരപ്പു പൊന്മീനുകളെ, എനിക്കു നല്കേണമേ!''
(അത്ഭുതം കൊണ്ടു താനേ തുറന്നുപോയ വായോടും വിടര്‍ന്ന കണ്ണുകളോടുംകൂടി) അതേ, അതേ, മുത്തുകൊണ്ടുള്ളത്.........ചന്ന:
അവന് വെള്ളത്തിലേയ്ക്കു വലയെറിഞ്ഞു. അനന്തരം നിലത്തു നമസ്കരിക്കുകയും, മൂന്നു മണിക്കൂറോളം അങ്ങിനെ ചുടുകണ്ണീര്കൊണ്ടു നിലം നനയ്ക്കുകയും ചെയ്തു. അവസാനം അവന് എഴുന്നേറ്റുനിന്നു വലിയ പണിപ്പാടോടെ കനമുള്ള ആ വല വെള്ളത്തില്‍നിന്നു വലിച്ചെടുത്തു. അപ്പോള്‍, വല മുഴുക്കെ കല്ലുകളായിരുന്നു!ഡേവിഡ്:
(നിരാശനായി) കല്ലുകള്‍! - വെറും കല്ലുകള്‍!ചന്ന:
അതെ, അയാള്‍ വീണ്ടും പ്രാര്‍ത്ഥിച്ചു: ``പ്രിയപ്പെട്ട സര്‍വ്വേശ്വരാ, ഇന്നൊരു നല്ല പിടുത്തം തന്നനുഗ്രഹിയ്ക്കേണമേ! പ്രിയങ്കരനായ ജഗദീശ്വരാ, വൈരക്കല്ലുകള്കൊണ്ടുള്ള കണ്ണുകളോടും കറയറ്റവയില്വെച്ച് ഏറ്റവും ഉത്തമമായ സ്വര്‍ണ്ണംകൊണ്ടുള്ള ചിതമ്പലുകളോടും ചെറിയ എല്ലുകളോടും - കുറഞ്ഞതു മുത്തുകൊണ്ടുള്ളതായിരിക്കണം ആ ചെറിയ എല്ലുകള്‍ - കൂടിയ ഒരു പരപ്പു പൊന്മീനുകളെ, എനിക്കു നല്കേണമേ!..........'' എന്നിട്ട് അയാള്‍ പുഴയിലേയ്ക്ക് രണ്ടാമതും വല വീശുകയും, മൂന്നു മണിക്കൂര്‍നേരം, തന്റെ ചുടുകണ്ണീര്കൊണ്ടു നിലം നനയ്ക്കുകയും ചെയ്തു. അയാള്‍ ഉയര്‍ന്നെഴുന്നേറ്റപ്പോള്‍, വെള്ളത്തില്‍നിന്ന് അയാള്‍ക്കു വളരെ ക്ലേശിച്ചേ വല വലിച്ചെടുക്കുവാന്‍ കഴിഞ്ഞുള്ളു. എന്തുകൊണ്ടെന്നാല്‍ അതിനുള്ളില്‍ കുടുങ്ങിയത് - ഒരു തടിക്കഷണം. ഒരു ദ്രവിച്ച തടിക്കഷണം!........ നദിയും പക്ഷികളും അവയുടെ സാഹായാഹ്നസങ്കീര്ത്തനം പണ്ടയ്ക്കുപണ്ടേ പാടിക്കഴിഞ്ഞിരുന്നു; ഭൂമിയില്‍നിന്ന് ആദിത്യഭഗവാന് മറഞ്ഞുകഴിഞ്ഞിരുന്നു; പക്ഷേ മീന്‍ പിടുത്തക്കാരന് അപ്പോഴും ആ ഉറങ്ങുന്ന പുഴയുടെ വക്കത്തു, വിടുര്ത്തിയെറിഞ്ഞ വലയുടെ സമീപം അങ്ങിനെ നിലകൊള്ളുകയാണ്. മൂന്നാമത്തെ പ്രവാശ്യം വല വലിച്ചെടുത്തപ്പോള്‍ അതൊരു ചിലന്തിവലപോലെ അത്ര കനം കുറഞ്ഞതായി, അത്ഭുതകകരമായ രീതിയില്‍ കനം കുറഞ്ഞതായി, അയാള്‍ക്കു തോന്നി. ചന്ദ്രികയില്‍ ആ വല വെള്ളികൊണ്ടു നിര്‍മ്മിച്ചതായും, അതിനുള്ളില്‍ കിടന്നു നനഞ്ഞ കടല്ച്ചണ്ടിക്കിഴങ്ങുകള് സ്വര്ണ്ണംകൊണ്ടുണ്ടാക്കപ്പെട്ടവയായും കാണപ്പെട്ടു.ഡേവിഡ്:
(സന്തോഷത്തോടെ സ്വര്‍ണ്ണം കൊണ്ടുള്ളത്!.......
സ്വര്‍ണ്ണംകൊണ്ടുള്ള കടല്ച്ചണ്ടിക്കിഴങ്ങുകള്ക്കു മീതേ, വെളുത്ത രത്നച്ചിറകുകളോടുകൂടിയ ഒരു കൊച്ചുദേവത കിടന്നിരുന്നു. ആ ദേവത മീന്പിടുത്തക്കാരനോട് ഇപ്രകാരം അരുളിചെയ്തു: ``പുഴയുടെ അടിത്തട്ടില്‍ അനേകായിരം വര്‍ഷങ്ങളായി, ഞാന്‍ അടിഞ്ഞുകിടക്കുന്നു. പ്രപഞ്ചനിര്മ്മിതിക്കുശേഷം അനേകായിരം നീണ്ടനീണ്ട സംവത്സരങ്ങള്‍! എന്റെ സ്വന്തം പാപങ്ങള്‍ക്കായിട്ടല്ല എന്നെ ഈശ്വരന് ഇങ്ങോട്ടു ബഹിഷ്കരിച്ചത്. പിന്നെയോ? ഈഡന്പൂങ്കാവനത്തില് തങ്ങളൊത്തു താമസിയ്ക്കുവാന്‍ എന്നെയല്ലാതെ സര്‍പ്പത്തെ സ്വീകരിച്ച ആദാമിന്റെയും ഹവ്വയുടേയും പാപത്തിന്ന്. ആപ്പിള്‍പ്പഴം കഴിച്ചതുമൂലം അവരെന്നെ മലിനയാക്കി. അതാണു കാരണം ഈശ്വരന് എന്നെ നാടുകടത്താന്‍. എന്തുകൊണ്ടെന്നാല്‍ പ്രേമത്തിന്റെ ദേവതയായി സൃഷ്ടിയ്ക്കപ്പെട്ടവളാണ് ഞാന്‍. അതുകൊണ്ടുതന്നെയാണ്, മനുഷ്യര്‍ സര്‍പ്പത്തിന്റെ പ്രേമംകൊണ്ട്, തങ്ങളുടെ ഹൃദയങ്ങളേയും തങ്ങളുടെ മാനുഷികവികാരങ്ങളേയും വികൃതമാക്കി വിഷമയമാക്കിത്തീര്ക്കുന്ന പ്രേമംകൊണ്ടു, സ്നേഹിയ്ക്കുന്നതും ആദ്യത്തെ ആ നിരവദ്യമായ പ്രേമം നിരസിയ്ക്കപ്പെട്ടു; മനുഷ്യരാശിയില്‍ വെറും കാമമല്ലാതെ യാതൊന്നും ഇന്നിപ്പോള്‍ അവശേഷിച്ചിട്ടില്ല. പ്രിയപ്പെട്ട മീന്പിടുത്തക്കാര, ചേറു കലങ്ങിക്കിടക്കുന്ന ആ ജലരാശിയിലേയ്ക്കു വീണ്ടും നീയെന്നെ വലിച്ചെറിയരുതേ! നേരേ മറിച്ച്, പ്രാണതുല്യയായ നിന്റെ ഇടയകുമാരിയുടെ അടുത്തേയ്ക്ക് എന്നെ നീ വഹിച്ചുകൊണ്ടുപോകൂ; ഒരു കാലത്തും ഒരുത്തനും സ്വാദുനോക്കിയിട്ടില്ലാത്തവിധം, അത്രമേല്‍ ഉത്തമമായ സൗഭാഗ്യദാനംകൊണ്ടു ഞാന്‍ നിന്നെ അനുഗ്രഹിക്കാം, എന്റെ ഓമനയ്ക്കുവേണ്ടി എന്റെ പ്രിയപ്പെട്ട ഇടയകുമാരിക്കുവേണ്ടി, ഒരു പവിഴക്കൊട്ടാരം നീയെനിയ്ക്കു നിര്മ്മിച്ചുതരുമോ?'' മീന്പിടുത്തക്കാരന് ചോദിച്ചു. ``അവളെ സന്തുഷ്ടയാക്കുവാന്, വിശപ്പും ആവശ്യവും കൂടാതെയുള്ള ജീവിതം അവള്‍ക്കു പ്രദാനം ചെയ്യുവാന്‍, എനിയ്ക്കു സാധിയ്ക്കുമാറും, നീയെനിയ്ക്കു വെള്ളിയും സ്വര്‍ണ്ണവും തരുമോ? സന്തുഷ്ടയായി സമുല്ലസിയ്ക്കുന്നതിലേക്ക് എന്റെ ഓമന ഒരു കൊട്ടാരം ആവശ്യപ്പെടുന്നില്ല. അതുപോലെതന്നെ വിശപ്പോ സുഭിക്ഷതയോ അവള്ക്കറിഞ്ഞും കൂടാ.'' ``വിശപ്പും, വെള്ളിയിലും സ്വര്ണ്ണത്തിലുമുള്ള തൃഷ്ണയും - ഈശ്വരന്റെ ശിക്ഷയാണവ. എന്തുകൊണ്ടെന്നാല്‍ ആദ്യത്തെ കാമിനീകാമുകന്മാര് പ്രേമത്തെ മലീമസമാക്കി.'' എന്താണ് ദേവത അതുകൊണ്ടുദ്ദേശിച്ചതെന്ന് മീന്പിടുത്തക്കാരന്നിപ്പോള് മനസ്സിലായി. അപ്പോള്‍ ആ ദേവതയെ കയ്യിലെടുത്ത് എന്നേയ്ക്കുമായി തന്റെ മാറോടുചേര്‍ത്തു പിടിച്ചു - എന്നെന്നേയ്ക്കുമായി! എന്നിട്ട് ആ വെള്ളിവലയും സ്വര്ണ്ണച്ചണ്ടിക്കിഴങ്ങുകളും അയാള്‍ തിരിച്ചു പുഴയിലേയ്ക്കുതന്നെ വലിച്ചെറിഞ്ഞു.ഡേവിഡ്:
(ആകൃഷ്ടനും വികാരാര്ദ്രനുമായി) ഞാന്‍ നിന്നെ സ്നേഹിക്കുന്നു, ചന്ന - ആ മുക്കുവനെപ്പോലെതന്നെ!ചന്ന:
(ആനന്ദാതിരേകത്തോടെ) നിങ്ങളോ ഡേവിഡ്?ഡേവിഡ്:
അതേ. പിന്നെ നീയോ, എന്നോടു പറയൂ ചന്നേ, നീയോ?
ഒരു ദീര്‍ഘകാലത്തേയ്ക്കു നിങ്ങളെ ഞാന്‍ സ്നേഹിച്ചിട്ടുണ്ട്.ഡേവിഡ്:
നീയെന്നെ വിവാഹം കഴിയ്ക്കുകയും ചെയ്യുമോ?ചന്ന:
ഉവ്വ്, അച്ഛനും അമ്മയും സമ്മതിച്ചെങ്കില്‍.ഡേവിഡ്:
നീ എല്ലായ്പ്പോഴും എന്നെ സ്നേഹിയ്ക്കുകയും ചെയ്യും?ചന്ന:
(ചകിതഭാവത്തോടും വികാരാര്ദ്രതയോടുംകൂടി) എല്ലായ്പ്പോഴും!ഡേവിഡ്:
(ശക്തിമത്തായ വികാരാവേശത്തോടെ) ഓ, ചന്ന, ചന്ന, ഒന്നിനും ഒരു കാലത്തും നിനക്കാവശ്യപ്പെടേണ്ടിവരാത്തവിധം - നിനക്കു വേല ചെയ്യേണ്ടിവരാത്തവിധം - ഞാന്‍ നിനക്കുവേണ്ടി പകലും രാവും, രാവും പകലും പണിയെടുക്കും. എനിയ്ക്കു വിശ്രമത്തിന് ഒരല്പസമയമെങ്കിലും കിട്ടിയാല്‍, ഞാന്‍ നിന്റെ സമീപത്തു വന്നിരിയ്ക്കും - ഇതാ ഇതുപോലെ - തൊട്ടുതൊട്ട്......... (അയാള്‍ കൂടുതല്‍ സമീപത്തേയ്ക്ക് മെല്ലെ മെല്ലെ നീങ്ങുന്നു.) കയ്യോടുകയ്യും ഹൃദയത്തോടു ഹൃദയവും ചേര്‍ത്തു, നമ്മുടെ ആത്മാക്കള്‍ ഒന്നിച്ചുചേര്‍ന്ന് ഇതാ ഇങ്ങിനെ.......... ഇങ്ങിനെ.........നാം അത്യന്തം സന്തുഷ്ടരായിത്തീരുകയും ചെയ്യും!ചന്ന:
ഹാ, അത്യന്തം സന്തുഷ്ടരായി!ഡേവിഡ്:
പിന്നെ - ഉറക്കം എന്റെ കണ്ണുകളെ കനപ്പിയ്ക്കുമ്പോള്‍ ഇവിടെ, നിന്റെ മടിയില്‍, ഞാനെന്റെ തലയും ചായ്ച്ചു സുഖമായങ്ങിനെ കിടക്കും; നീയെന്നോടു വീണ്ടും, ഒട്ടേറെ ദൂരത്തുള്ള ബാഗ്ദാദിനെ, ആ പവിഴക്കൊട്ടാരത്തെ, മനോമോഹനങ്ങളായ ഹേമപുഷ്പങ്ങളെ - എന്നുവേണ്ട പിന്നേയും പലതും - പിന്നേയും പലതും - അങ്ങിനെ പറഞ്ഞുകൊണ്ടിരിയ്ക്കയും ചെയ്യും.... നീ സന്തുഷ്ടയാണോ, ചന്നേ?ചന്ന:
ഹാ, അത്യന്തം സന്തുഷ്ട!ഡേവിഡ്:
നീയെന്നെ വളരെയധികം സ്നേഹിക്കുന്നുണ്ടോ, ചന്നേ?ചന്ന:
(ഒരു നെടുവീര്‍പ്പോടുകൂടി) ഹാ, എത്രയെത്ര!ഡേവിഡ്:
പിന്നെ, നീയൊരിയ്ക്കലും, ഒരു കാലത്തും എന്നെ സ്നേഹിയ്ക്കല് അവസാനിപ്പിയ്ക്കില്ലേ?ചന്ന:
ഒരിയ്ക്കലുമില്ല! ഞാന്‍ ജീവിച്ചിരിയ്ക്കുമ്പോള്‍ ഒരുകാലത്തുമില്ല! ഒരാള്‍ക്കു സ്നേഹിയ്ക്കല് അവസാനിപ്പിയ്ക്കുവാന്‍ കഴിയുമോ? എന്താണീപ്പറയുന്നത്. ഡേവിഡ്?ഡേവിഡ്:
എന്റെ പൊന്നു ചന്നാ! (അയാള്‍ അവളുടെ കൈകള്‍ ചുംബിക്കുന്നു. അവള് അവയെ ഇഷ്ടംപോലെ വിധേയമാക്കിക്കൊടുക്കുന്നു. ഗെര്‍സണ്‍ വെളിയില്‍ ലക്കില്ലാതെ പാടുന്നതു കേള്‍ക്കാറാകുന്നു. അയാള്‍ പ്രവേശിക്കുന്നതോടുകൂടി അവര്‍ രണ്ടുപേരും അങ്ങിങ്ങു പിടഞ്ഞു മാറുന്നു. അവള് വേഗത്തില്‍ തുന്നുവാന്‍ തുടങ്ങുകയും, ഡേവിഡ് ഗെര്സണെ സന്ദര്‍ശിയ്ക്കുവാന്‍ എഴുനേല്‍ക്കുകയും ചെയ്യുന്നു. ഗെര്‍സണ്‍ അകത്തേയ്ക്കു `പമ്മിപ്പമ്മി'ക്കടക്കുന്നു. അയാള്‍ ആരേയും കാണുന്നില്ല. അയാള്‍ മേലങ്കി അഴിച്ചുമാറ്റി, ഒരു മൂലയിലേക്കു വലിച്ചെറിയുന്നു, പിന്നീട് ഉള്‍ക്കുപ്പായവും. അയാളിപ്പോള്‍ തന്റെ നീലനിറത്തിലുള്ള വേലക്കുപ്പായത്തില്, പാട്ടും പാടിക്കൊണ്ട് അങ്ങിനെ നില്‍ക്കുകയാണ്.)
കേള്‍പ്പിന്‍ നിങ്ങള്‍, നോഹായുടെഡേവിഡ്:
പുത്രന്മാരേ, കേള്‍പ്പിന്‍ നിങ്ങള്‍!
വിസ്കിരാജന്:- അതുതന്നെ ശക്തിതന്‍ ചിഹ്നം!
അതു മോന്തുകമിതമായ്,മോന്തുകമിതമാശക്തി,
മതിമറന്നോരെങ്കിലും, സുശക്തര്‍ നിങ്ങള്‍!
(ചകിതഭാവത്തില്‍ അയാളെ സമീപിയ്ക്കുന്നു) റെബ്ഗെര്സണ്!ഗെര്‍സണ്‍:
(താന്‍ അല്പമൊരു ലക്കില്ലാത്ത നിലയിലാണെന്നുള്ള പരമാര്‍ത്ഥം, ലജ്ജാവിവര്ണ്ണമായ മുഖത്തോടുകൂടി, മറയ്ക്കുവാന്‍ ശ്രമിച്ചുകൊണ്ട്) എന്തേ, ഡേവിഡ്, ഇനിയും ഉറങ്ങിയില്ല? പാതിരാത്രി പണ്ടയ്ക്കുപണ്ടേ കഴിഞ്ഞിരിയ്ക്കുന്നു. വ്യവസായശാലയിലെ മണി വേഗത്തില്‍ വേലയ്ക്കു വിളിയ്ക്കും.ഡേവിഡ്:
എനിക്കു നിങ്ങളോടു അല്പമൊന്നു സംസാരിയ്ക്കണമെന്നുണ്ട്, റെബ്ഗെര്സണ്.ഗെര്‍സണ്‍:
(അയാളെ തള്ളിമാറ്റിയിട്ട്) നാളെ, നാളെ, വേല ചെയ്യുമ്പോള്‍ - നാം രണ്ടു പേരും ഒന്നിച്ചുനിന്നു പണിയെടുക്കുമ്പോള്‍... സമയം ധാരാളമുണ്ട്.ചന്ന:
(ഡെവിഡിന്റെ കയ്യുറ വലിച്ചുകൊണ്ട്) അങ്ങിനെതന്നെയാവട്ടെ നാളെ, ഡേവിഡ്, നാളെ.ഡേവിഡ്:
എന്തിനു നാളെ? ഇപ്പോള്‍ത്തന്നെയാണ് നല്ലത് - ഇപ്പോള്‍. വ്യവസായശാലയില്‍ ചെവിടു പൊട്ടിയ്ക്കുന്ന ശബ്ദമാണ്; ഞാന്‍ നിങ്ങളോടു പറയുവാന്‍ വിചാരിയ്ക്കുന്ന കാര്യം വലിയ നിര്ബ്ബന്ധമുള്ളതും.ഗെര്‍സണ്‍:
(അത്ഭുതത്തോടെ) ആങ്ഹാ! എന്താണത്?ഡേവിഡ്:
(ഇടര്‍ച്ചയോടെ) ഞാന്‍!- റെബ്ഗെര്സണ്! - നിങ്ങള്‍ക്കെന്നെ അറിയാം - ഞാന്‍ വിചാരിയ്ക്കുന്നു - എന്നാലും - എന്നാലും - എനിയ്ക്കു തോന്നുന്നു - ഇവിടെ....ഗെര്‍സണ്‍:
(ചിരിച്ചുകൊണ്ട്) എന്താണ് നിങ്ങളെ വിഷമിപ്പിയ്ക്കുന്നത്, ഡേവിഡ്? നിങ്ങള്‍ക്കു നിങ്ങളുടെ നാക്കു നഷ്ടപ്പെട്ടുപോയോ? അതോ നിങ്ങള്‍ക്കു ഭ്രാന്തോ? ഏതാ? എന്തിനെക്കുറിച്ചാണ് നിങ്ങള്‍ സംസാരിയ്ക്കുന്നത്, എന്താ?ഡേവിഡ്:
(ഒറ്റ ശ്വാസത്തില്‍ അതു വെട്ടിവിളിച്ചു പറയുന്നു) ശ്രദ്ധിച്ചു കേള്‍ക്കൂ, റെബ്ഗെര്സണ്. ഞാന്‍ നിങ്ങളുടെ ചന്നയെ അത്യധികം സ്നേഹിയ്ക്കുന്നു. എന്നോടു കോപിയ്ക്കരുത്, കോപിയ്ക്കുമോ? എന്റെ കുറ്റമല്ല അത്. നിങ്ങള്‍ക്കറിയാമല്ലോ, ഞാന്‍ മാനിക്കത്തക്ക ഒരുത്തനാണെന്ന്. ഞാന്‍ അവളെ വളരെയധികം സ്നേഹിയ്ക്കുകയും സംരക്ഷിയ്ക്കുകയും ചെയ്യും - വളരെയധികം.ഗെര്‍സണ്‍:
(മനസ്സിലാക്കുവാന്‍ പണിപ്പെട്ടുകൊണ്ട്) നിങ്ങള്‍, നിങ്ങള്‍ എന്റെ ചന്നയെ സ്നേഹിയ്ക്കുന്നു. വാസ്തവം? (കൈപ്പടം നെറ്റിമേല്‍ വിലങ്ങനെവെച്ചുരസുന്നു) നിങ്ങള്‍ അവളെ സ്നേഹിയ്ക്കുന്നു; അവളോ? (ചന്നയോടു നീയോ, ചന്നേ?(നമ്രശിരസ്കയായി) ഞാന്‍ - ഞാന്‍ -
(ധൃതിയോടുകൂടി) അവളും..........ഉവ്വ്, ഉവ്വ് - അവള് നാണിച്ചുപോയി എന്നേയുള്ളു.ഗെര്‍സണ്‍:
അതുകൊണ്ട്? അങ്ങിനെയാണെങ്കില്‍ എല്ലാം ശരിപ്പെട്ടു. കൂടുതല്‍ എന്താണിനി നിങ്ങള്‍ക്കു വേണ്ടത്?ഡേവിഡ്:
നിങ്ങള്‍ക്കു സമ്മതമോ, റെബ്ഗെര്സണ്?ഗെര്‍സണ്‍:
തീര്‍ച്ചയായും, എന്തുകൊണ്ടല്ല? (ഡേവിഡും ഗെര്സണും പരസ്പരം ചുംബിച്ചു തുടങ്ങുന്നു) നല്ലത്! നല്ലത്! മമ്മയുടെ അഭിപ്രായം മുന്‍കൂട്ടി അറിയാമോ, ചന്നേ?ചന്ന:
ഇല്ല.ഗെര്‍സണ്‍:
അവള്‍ക്കറിഞ്ഞുകൂടാ! ഓ, അവള് സന്തോഷിയ്ക്കാതിരിയ്ക്കുമോ? (ഉച്ചത്തില്‍ വിളിയ്ക്കുന്നു) പെസി! പെസി! കേള്‍ക്കൂ!പെസി:
(ഗാഢനിദ്രയില്നിന്നുണര്ത്തപ്പെട്ട്) നിങ്ങള്‍ ഊമയായിപ്പോകട്ടേ! അലവലാതി, നിങ്ങള്‍! നിങ്ങള്‍ വീട്ടില്‍ വന്നു, ഹും? ഇന്നു രാത്രിയും ഇന്നലെ രാത്രിയും ഞാന്‍ കണ്ടസകലദുസ്സ്വപ്നങ്ങളും നിങ്ങളുടെ തലയിലും, നിങ്ങളുടെ കൈകളിലും, നിങ്ങളുടെ കാലുകളിലും, നിങ്ങളുടെ ശരീരത്തില്‍ മുഴുവനും, ആത്മാവിലും കടന്നുകൂടട്ടെ! നിങ്ങള്‍ എപ്പോഴെങ്കിലും കേള്‍ക്കുകയുണ്ടായോ! ദാ, കേള്‍ക്കൂ, അയാളുടെ ഓരിയിടല്‍; കുടിയന്! എങ്ങോട്ടെന്നു കറുത്ത സംവത്സരത്തിനുമാത്രം അറിയാവുന്നിടത്തേയ്ക്ക് അയാളെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന അയാളുടെ കൂട്ടുകാരുമൊരുമിച്ചു വെടിപറഞ്ഞുകൊണ്ടിരിയ്ക്കുവാന് സാധിയ്ക്കുന്നിടത്തോളം അയാള്‍ ഭാര്യയേയും മക്കളേയും - അവര്‍ വിശപ്പുകൊണ്ടു മരിയ്ക്കട്ടെ - കുറിച്ചുള്ളതെല്ലാം മറന്നു പോകുന്നു. ഹാ, അവര്‍ നമ്മെ രണ്ടു പേരെയും കൊന്നു കുഴിച്ചുമൂടിയിരുന്നെങ്കില്!- അങ്ങിനെ ഒന്നോടങ്ങു ഒടുക്കംവെച്ചിരുന്നെങ്കില്!- എങ്കില്‍ ആ കുടിയനുമായിട്ടുള്ള എന്റെ ഈ ദുരിതത്തിന് ഒന്നോടെ ഒരറുതിവരുമായിരുന്നു. (കരയുവാന്‍ തുടങ്ങുന്നു)ഗെര്‍സണ്‍:
കുടിയന് എന്നാണോ നീ പറയുന്നത്, പെസി! അല്ല, അതൊരു മുത്താച്ചിക്കളവാണ്. ഒരു ജൂതന്, ഞാന്‍ നിന്നോടു പറയുന്നു, ഒരു കുടിയനല്ല! പരമാര്‍ത്ഥം, അതെന്റെ കൂട്ടുകാരുടെ കുറ്റമാണ് ഞാനൊരുമിച്ചു പണിയെടുക്കുന്ന മനുഷ്യരുടെ കുറ്റപ്പെടുത്തേണ്ട ആള് `സീന്വെല്ലാ'ണ്. അയാള്‍ എന്നെ ഉശിരുപിടിപ്പിയ്ക്കുവാന് നോക്കി രണ്ടു റൂബിള്‍ പിഴ മറക്കുവാന്‍ എന്നോടാവശ്യപ്പെട്ടു; അയാള്‍ അതുകൊണ്ടു വിസ്കി `ഓഡര്‍' ചെയ്തു. അതില്‍പ്പിന്നെ ചെയിം എന്നെ ഉശിരുപിടിപ്പിയ്ക്കാന് ശ്രമിയ്ക്കുകയും `ബിയര്‍' ഓഡര്‍ ചെയ്കയും ചെയ്തു. കൊള്ളാം, പിന്നീടു വീണ്ടും ബീയര്‍. പിന്നീടു `മോസസ്' വിസ്കിയോടുകൂടി.............പിന്നെ യാതൊന്നുമില്ല, ഞാന്‍ നിന്നോടുറപ്പു പറയുന്നു. (കുഴഞ്ഞ മട്ടില്‍) പക്ഷെ ഒരു ജൂതന്റെ തലയ്ക്ക് അത്രയധികമൊന്നും തടുക്കുക സാദ്ധ്യമല്ല. അതുകൊണ്ട് എന്റെ തല കറങ്ങുവാന്‍ തുടങ്ങി. `നിയമ'ത്തിന്റെ ആനന്ദിയ്ക്കലില് ഉണ്ടാകുന്നതുപോലെതന്നെ; താരതമ്യം ക്ഷമിയ്ക്കുക. (പാടുവാന്‍ തുടങ്ങുന്നു).
``പാവങ്ങളെസ്സദാ പാലിയ്ക്കുന്നോന്
പാലിയ്ക്കും, നമ്മേയും...........''
വായടയ്ക്കണം. കുഞ്ഞുങ്ങളെ ഉണര്‍ത്തേണ്ട.ഗെര്‍സണ്‍:
(പിന്നേയും കൂടുതല്‍ ഉച്ചത്തില്‍) സാരമില്ല പെസി, അതിനു നമുക്കൊരു നല്ല ജാമാതാവിനെ കിട്ടും - ഒരു നല്ല ഒരാള്‍ - നമ്മുടെ ഡേവിഡ്. അയാള്‍ ബീയറോ വിസ്കിയോ ഒന്നും എടുക്കില്ല.പെസി:
(അവള് അപ്പോഴും ഡേവിഡിന്റെ സാന്നിദ്ധ്യം ശ്രദ്ധിച്ചിട്ടില്ല. ഉശിരോടുകൂടി തൊട്ടിലാട്ടിക്കൊണ്ട് അവള് ഭര്‍ത്സനം തുടരുന്നു) നിങ്ങള്‍ എന്തിനെക്കുറിച്ചാണീ പറയുന്നത്? അടയ്ക്കണം നിങ്ങളുടെ വായ്. ഡേവിഡ് അയാളുടെ മുറിയിലാണ്. നിങ്ങളീക്കിടന്നു പുലമ്പുന്നത് അയാള്‍ കേള്‍ക്കും. അതൊരു കുറച്ചിലായിത്തീരും - മഹാമോശം - പോക്കണക്കേട്. കുടിയന്! മുതുകുടിയന്!ഗെര്‍സണ്‍:
കുടിച്ചിട്ടുള്ളതു നീതന്നെയാണ്, പെസി! അയാള്‍ ഇതാ അവിടെ ഇരിയ്ക്കുന്നതു നീ കാണുന്നില്ലേ? അയാളുടെ വധുവോടുകൂടി അയാള്‍ ഇരിക്കുന്നു - നമ്മുടെ ചന്നയോടുകൂടി.പെസി:
(അപ്പോഴും തന്റെ ചുറ്റുപാടും നോക്കാതെ) ഗെര്‍സണ്‍, ഞങ്ങളുടെ മേല്‍ ദയവേണം ഗെര്‍സണ്‍!ഗെര്‍സണ്‍:
(ഡേവിഡിനെ പെസിയുടെ അടുത്തേയ്ക്ക് നീക്കി നിര്‍ത്തിയിട്ട്) നിങ്ങള്‍ എന്നോടു പറഞ്ഞത് അവളോടു പറയുക ``എല്ലായ്പ്പോഴും........ കുട്ടിക്കാലം മുതല്ക്കുതന്നെ......... ഇവിടെ.........'' ഉം! നടക്കട്ടെ! വെട്ടിവിളിച്ചങ്ങു പറഞ്ഞേയ്ക്കൂ, തീരട്ടെ ആ സംഗതി - അങ്ങിനെ ഒരവസാനവും! നാണം കുണുങ്ങാതിരിയ്ക്കൂ! അവള്, അല്ലെങ്കില്‍ത്തന്നെ നിങ്ങളുടെ ഒരു ചാര്ച്ചക്കാരിയല്ലേ? അവളോടു പറയുക, നിങ്ങള്‍ നിങ്ങളുടെ ജീവനെ സ്നേഹിക്കുന്നതുപോലെ ചന്നയേയും സേന്ഹിക്കുന്നു എന്ന്. അയാളുടെ നേര്‍ക്കൊന്നു നോക്കൂ! രണ്ടും രണ്ടുംകൂടി കൂട്ടിയെണ്ണുന്നതെങ്ങിനെയെന്നുപോലും അയാള്‍ മറന്നിരിയ്ക്കുന്നു! അതുകൊണ്ടാണു കടയില്‍ അയാള്‍ക്കൊപ്പം ആരും ഇല്ലാത്തതെന്നു ഞാന്‍ വിചാരിയ്ക്കുന്നത്.പെസി:
ഡേവിഡ്, ഇതെല്ലാം പരമാര്‍ത്ഥമാണോ?ഡേവിഡ്:
പരമാര്‍ത്ഥം, ശ്രീമതി റബ്ഗെര്സണ്! ഞാന്‍ നിങ്ങളുടെ ചന്നയെ സ്നേഹിയ്ക്കുന്നു. നിങ്ങളുടെ ഭര്‍ത്താവ് അതിന്നെതിരല്ല. തീര്‍ച്ചയായും നിങ്ങളും ഞങ്ങളുടെ വഴി വിലങ്ങി നില്ക്കുകയില്ലല്ലോ.ഗെര്‍സണ്‍:
എന്തു വിഡ്ഢിത്തമാണ് നിങ്ങളിപ്പറയുന്നത്? അവള് തടസ്സമായി നില്ക്കുന്നതെന്തിന്? ഹാ, ഹാ, ഹാ!(അയാള്‍ കീശയില്‍നിന്നു പുറത്തു വലിച്ചെടുത്ത ഒരപ്പത്തിന്റെ കാല്ത്തുണ്ട്, മേശപ്പുറത്തു വെയ്ക്കുന്നു. ചന്ന ഒരു തൂവാല മേശയുടെ വക്കത്തു വിരിച്ച്, ഉപ്പും, ഒരു പേനക്കത്തിയും മുള്ളും ഒരു തട്ടത്തില്‍ ഇറച്ചികൊണ്ട് ഓരോ റൊട്ടിയും കൊണ്ടുവന്നു കൊടുക്കുന്നു. ഗെര്‍സണ്‍ കൈ കഴുകി, ചന്നയെ കളിപ്പിച്ചുകൊണ്ട് അത്താഴം കഴിയ്ക്കാന്‍ തുടങ്ങുന്നു; അതേ സമയത്തു പെസി ശാന്തമായി ഡേവിഡുമൊന്നിച്ചു സംസാരിച്ചുകൊണ്ടുമിരിയ്ക്കുന്നു.)
തടസ്സമായി നില്ക്കുക! ഇല്ല, ഈശ്വരന് ഇടവരുത്താതിരിയ്ക്കട്ടെ! ഞാന്‍ വിചാരിച്ചു എന്നേയുള്ളു - (കാര്യമായിട്ട്) നിങ്ങള്‍ വിവാഹം കഴിയ്ക്കുവാന്‍ ആവശ്യപ്പെടുന്നു, ങ്ഹേ?ഡേവിഡ്:
സാധിക്കുമെങ്കില്‍ `സാബത്തു' കഴിഞ്ഞാലുടന്‍തന്നെ.പെസി:
(സന്തോഷത്തില്‍ കൈ കൊട്ടിക്കൊണ്ട്) നല്ലത്. എന്റെ ഈശ്വരാ, ചന്ന, പ്രിയപ്പെട്ട ചന്ന! (അവള് സന്തോഷാശ്രുക്കളോടെ അവളെ ചുംബിയ്ക്കുന്നു) ഒരു ഭാഗ്യപൂര്‍ണ്ണമായ മുഹൂര്ത്തത്തിലാകട്ടേ അത്, എന്റെ കുഞ്ഞേ! - ഒരു ശുഭമുഹൂര്‍ത്തത്തില്‍! നിങ്ങള്‍ രണ്ടുപേരും നല്ല കുഞ്ഞുങ്ങളാണ്. അങ്ങിനെയുള്ള അധികം പേരില്ല! (അവള് പെട്ടെന്ന് അത്യന്തം ദുഃഖിതയായിത്തീരുന്നു) നിങ്ങള്‍ക്കറിയാമല്ലോ, ഡേവിഡ്, അവള്‍ക്കു സ്ത്രീധനമില്ല; ഒരു മേലുടുപ്പുപോലും! അതേ, തീര്‍ച്ചയായും, ഈശ്വരന്റെ സഹായത്തോടുകൂടി കുറച്ചു വല്ലതും `ഉരുക്കൂട്ടിവെയ്ക്കാന്' ഞങ്ങള്‍ക്കും കഴിഞ്ഞേയ്ക്കാം - അതേ, തീര്‍ച്ചയായും ഞങ്ങളതുണ്ടാക്കണം - പക്ഷേ, തീര്‍ച്ചയായും, അതുവളരെ, വളരെ കുറച്ചായിരിയ്ക്കും............ഡേവിഡ്:
അതെന്നെ അലട്ടുന്നില്ല. ഞാന്‍ സ്ത്രീധനം ആവശ്യപ്പെടുന്നില്ല, ഈശ്വരന് വിലക്കട്ടെ! - പണിയെടുക്കുവാന്‍ എനിയ്ക്കു കരുത്തും ആരോഗ്യവുമുള്ള കാലത്തോളം! തന്നെയല്ല, പക്ഷെ ഞങ്ങള്‍ക്കു നിങ്ങളെക്കൂടി ചിലപ്പോള്‍ സഹായിയ്ക്കാന്‍ സാധിച്ചു എന്നു വന്നേയ്ക്കാം, ഈശ്വരന്റെ സഹായത്തോടുകൂടി! ഞാന്‍ ഒരാഴ്ച എട്ടു റൂബിള്‍ സമ്പാദിക്കുന്നുണ്ട്! എട്ടു റൂബിള്‍! ഈശ്വരന് തന്നുവെങ്കില്‍ എനിയ്ക്ക് ഇതിലുമധികം സമ്പാദിയ്ക്കാന്‍ കഴികയും ചെയ്യും.ഗെര്‍സണ്‍:
അതേ, അതേ, എട്ടു റൂബിള്‍! ഒരൊന്നാന്തരം പണിക്കാരന്! ഒരു പൊടിപ്പന്‍ വേലക്കാരനാണയാള്! പണി ശരിയ്ക്കും അയാളുടെ കൈകളിലേയ്ക്കു പറന്നു ചെല്ലുന്നു.പെസി:
(അഭിമാനഗര്‍വ്വത്തോടെ) അയാള്‍ക്കു സ്വര്‍ണ്ണംകൊണ്ടുള്ള ഒരു ഹൃദയമുണ്ട്. ന - ദൈവത്തോടു നന്ദി പറക, ഒന്നുമില്ലെങ്കിലും അദ്ദേഹം നമ്മെ ഉപേക്ഷിച്ചിട്ടില്ലാത്തതിന്. എന്റെ അമ്മ, അവരുടെ ശവകുടീരത്തില്‍, എനിയ്ക്കുവേണ്ടി പ്രാര്ത്ഥിച്ചിരിയ്ക്കണം. ആരോഗ്യത്തോടും അനുഗ്രഹങ്ങളോടുംകൂടി ഈശ്വരന് നിങ്ങള്‍ക്കും ഭാഗ്യം തരട്ടെ, എന്റെ കുഞ്ഞുങ്ങളേ! (ഒരു കണ്ണീര്‍ക്കണം തുടച്ചുകളയുന്നു) ശനിയാഴ്ച രാത്രി, ഈശ്വരാനുകൂല്യമുണ്ടെങ്കില്, നമുക്കു വിവാഹസമ്മതക്കരാര് ഭാഗ്യപൂര്വ്വം എഴുതിക്കളയാം; ഒഴിവുദിവസങ്ങള്ക്കുശേഷം, ഈശ്വരന് നമുക്കു ജീവിതം അനുവദിച്ചുതന്നുവെങ്കില്, നമുക്കു വിവാഹം നടത്തുകയും ചെയ്യാം.ഗെര്‍സണ്‍:
(പാടിക്കൊണ്ട്) ഒഴിവുദിവസങ്ങള്ക്കുശേഷം! അതേ, ഒഴിവുദിവസങ്ങള്‍ കഴിഞ്ഞാലുടന്‍തന്നെ ഒരു ഭാഗ്യമുള്ള മുഹൂര്‍ത്തത്തില്‍!പെസി:
എന്നാലിപ്പോള്‍, കുഞ്ഞുങ്ങളേ, പോയക്കിടന്നുറങ്ങുവിന്; ജോലിയ്ക്കു നിങ്ങള്‍ക്കു നേരത്തേ ഉണരണമല്ലോ.ഡേവിഡ്:
ദയവുണ്ടായി. കുറച്ചുനേരംകൂടി. ഞാന്‍ ചന്നയൊന്നിച്ചിരിക്കട്ടെ. ഇന്നു രാത്രി എനിയ്ക്കുറങ്ങുക സാദ്ധ്യമല്ല.
(പെസിയോട്) അങ്ങിനെയാവട്ടെ. പെസി, അങ്ങിനെയാവട്ടെ. ഒരു തരത്തിലും ഇന്നു രാത്രി അയാള്ക്കുറക്കംവരില്ല! ഹാ, ഹാ, ഹാ!പെസി:
(സന്മനസ്സോടെ) നിന്റെ ഹൃദയം ആഗ്രഹിയ്ക്കുന്നിടത്തോളം നേരം അവളോടൊന്നിച്ചിരുന്നുകൊള്ളു! എല്ലാം പറഞ്ഞു തീര്ക്കു!ഡേവിഡ്:
നിശാമംഗളം!പെസി:
(പരിഭവത്തില്‍) ചന്നേ, ഓമനേ, നീ നിന്റെ അമ്മയോടിപ്പോള്‍ `നിശാമംഗളം' പറയില്ലേ?ചന്ന:
(അമ്മയെ ചുംബിച്ചുകൊണ്ട്) നിശാമംഗളം, മമ്മ!പെസി:
(മകളുടെ നേര്‍ക്ക്, അവളുടെ പേരില്‍ കുറ്റാരോപണദ്യോതകമായി ഒരു കൈവിരല്‍ ആട്ടിക്കൊട്ട്) നിന്റെ കൊച്ചുതല പണ്ടേ കറങ്ങിക്കഴിഞ്ഞിരിയ്ക്കുന്നു. അല്ലേ, എന്റെ കുഞ്ഞേ! ഹാ, ഹാ, ഹാ! (പൂര്വ്വകാലസ്മരണകളില് മുഴുകിക്കൊണ്ട്) ഹാ, എനിയ്ക്കറിയാം, അതെങ്ങിനെയാണെന്ന്. സാരമില്ല. എനിയ്ക്കു നല്ല ഓര്‍മ്മയുണ്ട്.ഗെര്‍സണ്‍:( അവള് തന്റെ കട്ടിലിന്നടുത്തേയ്ക്കു നീങ്ങി, ചിന്തയില്‍ മുഴുകി, അവിടെയിരിയ്ക്കുന്നു. ഡേവിഡും ചന്നയും തമ്മില്‍ത്തമ്മില്‍ മുഴുകി മതിമറന്നു കഴിയുന്നു. ഗെര്‍സണ്‍ സ്വപ്നാത്മകമായ ഒരലസതയില് പെസിയെ സമീപിച്ചു. കിടയ്ക്കുമേല് അവളെ മുട്ടിയുരുമി ഇരിയ്ക്കുന്നു.)
നീയും അതോര്‍ക്കുന്നു, ഇല്ലേ, പെസി? അതു മുഴുവന്‍, ഇതാ, എന്റെ കണ്ണിനു മുന്പില് നില്ക്കന്നു - ഇതാ, ഇപ്പോള്‍ നടന്നു സംഭവിച്ചു കഴിഞ്ഞതേ ഉള്ളു എന്നപോലെ!പെസി:
( ചിന്താഭാരത്തോടെ ) പത്തൊന്‍പതു കൊല്ലമായിരിക്കും, അല്ലേ?ഗെര്‍സണ്‍:
(തിരുത്തിക്കൊണ്ട്) ഇരുപത്, `ചാനുക്ക'യില്‍.പെസി:
ഒന്നോര്‍ത്തുനോക്കു, എന്തൊരു മരംകോച്ചുന്ന മഞ്ഞായിരുന്നു അന്ന്!ഗെര്‍സണ്‍:
പാവം. നീ നിന്റെ അച്ഛനോടുകൂടി താമസിച്ചിരുന്ന ആ ഈര്‍പ്പംപിടിച്ച കുശിനിപ്പുരമുറിയില് നീയെത്രമാത്രം തണുത്തു വിറച്ചിരുന്നു! നിന്റെ പാവപ്പെട്ട തണുത്തു വിറച്ചിരുന്ന കൈവിരലുകള്‍ പിന്നീടു ലേശം നേരംപോലും മെഴുകുതിരി പിടിയ്ക്കുവാന്‍ കഴിവില്ലാത്തതായി. നിനക്ക് ഓര്‍മ്മയുണ്ടോ, നിന്റെ കൈവിരലുകള്‍ എന്റെ കയ്യിലെടുത്തു ചൂടു പിടിപ്പിയ്ക്കുവാന്‍ ഞാന്‍ എത്രമാത്രം പണിപ്പെട്ടു എന്ന്?പെസി:(അയാള്‍ അവളുടെ കൈപ്പടം ഇരുകയ്യിലുമെടുത്ത് അതില്‍ പയ്യെ താളം പിടിയ്ക്കുന്നു)
(ഗാഢമായി നെടുവീര്‍പ്പിട്ടിട്ട്) ഓര്‍മ്മയുണ്ട്.ഗെര്‍സണ്‍:
പെസി, നിന്റെ കൊച്ചു കൈവിരലുകള്‍. എന്റെ വലിയ പണിത്തഴമ്പു വീണ കയ്യിലെടുത്തു, നിന്റെ കൊച്ചെല്ലുകള് പൊടിയുമാറ് ഞാന്‍ എങ്ങിനെ ഞൊട്ടയൊടിച്ചു ഞെക്കിക്കശക്കിയെന്നോര്മ്മയുണ്ടോ?പെസി:
(സ്വപ്നാലസതയോടേ) ഓര്‍മ്മയുണ്ട്!ഗെര്‍സണ്‍:
അതുകൊണ്ടും പ്രയോജനമില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ അവയില്‍ എന്റെ ഇളംചൂടുള്ള ശ്വാസം ഊതുവാന്‍ ശ്രമിച്ചു - ഇതാ ഇതുപോലെ (അയാള്‍ അവളുടെ കൈ തന്റെ ചുണ്ടുകളിലേക്കടുപ്പിച്ച് അതിന്മേല് ഊതുന്നു) അതില്‍പ്പിന്നെ, നിന്റെ മുഖവും, പിന്നീടു നിന്റെ കണ്ണുകളും......... ഓര്‍മ്മയുണ്ടോ, ഓര്‍മ്മയുണ്ടോ?
(സ്വപ്നാലസതയോടെ) ഓര്‍മ്മയുണ്ട്, ഓര്‍മ്മയുണ്ട്; എല്ലാം!......ഗെര്‍സണ്‍:( ഡേവിഡ് ചന്നയോടു തൊട്ടിരിയ്ക്കുന്നു, അവളോടു മൃദുമധുരമായി സംസാരിച്ചുംകൊണ്ട്! അവളുടെ കണ്ണുകള്‍ തന്റെ വേലയിന്മേല് പതിയ്ക്കപ്പെട്ടിരിയ്ക്കയാണ്; എന്നാല്‍ ഇടയ്ക്കിടെ അവള് അവയെ ഉയര്‍ത്തി അയാളുടെ നേരേ സ്നേഹപുരസ്സരം കടാക്ഷിയ്ക്കുന്നുണ്ട്. അവള് ഒരു സൂചിയില്‍ നൂല് കോര്‍ക്കുവാന്‍ ശ്രമിയ്ക്കുന്നു; പക്ഷെ അവളുടെ കൈ വിറയ്ക്കുകയും അവള്‍ക്കതു സാധിയ്ക്കാതാകയും ചെയ്യുന്നു. അയാള്‍ അവളുടെ കൈ തന്റെ കയ്യില്‍ എടുത്തുവെച്ചു ചൂടുപിടിപ്പിയ്ക്കുന്നു; പിന്നീടതു ചുംബിയ്ക്കുന്നു: അവള് അയാളെ തടയുവാന്‍ ശ്രമിയ്ക്കുന്നു; അങ്ങിനെ ചെയ്തപ്പോള്‍ സൂചി നിലത്തു വീഴുന്നു. അയാള്‍ അതു നോക്കി കണ്ടുപിടിച്ച്, അവള്‍ക്കുവേണ്ടി കോര്ത്തുകൊടുക്കുന്നു. അവള് വീണ്ടും തുന്നുവാന്‍ തുടങ്ങുന്നു. പ്രായംചെന്നവര്‍ അവരുടെ സ്വന്തം സംഭാഷണത്തില്‍ മുഴുകിയിരിയ്ക്കയാണ്; അവര്‍ ചെറുപ്പക്കാരെ ശ്രദ്ധിയ്ക്കുന്നില്ല )
ഒരാഴ്ചയ്ക്കുള്ളില്‍ നാം വരനും വധുവുമായി അവരോധിയ്ക്കപ്പെട്ടു; നാലു മാസത്തിനുശേഷം ഭാര്യാഭര്‍ത്താക്കന്മാരായും! പ്രാരംഭംമുതല്ക്കേ നിന്റെ അച്ഛന് നമ്മോടൊരുമിച്ചു താമസിച്ചു. നിന്റേതിനോടുകൂടിയുള്ള എന്റെ സമ്പാദ്യങ്ങള്‍ നമുക്കെല്ലാവര്‍ക്കുംകൂടി ധാരാളം മതിയായിരുന്നു; വളരെ വളരെക്കാലത്തേയ്ക്കു നമുക്കു സുഖവുമായിരുന്നു; എത്ര നാളത്തോളം, പ്രിയപ്പെട്ടപെസി?പെസി:
ഒരു കൊല്ലം മുഴുവനും. എനിയ്ക്ക് ആദ്യത്തെ കുഞ്ഞുണ്ടായതില്പ്പിന്നെ, തുടക്കം മുതലേ കാര്യം കഷ്ടമായിത്തുടങ്ങി. എനിയ്ക്കൊന്നും സമ്പാദിയ്ക്കാന്‍ കഴിഞ്ഞില്ല; നമ്മുടെ ചെലവുകള്‍ വര്‍ദ്ധിയ്ക്കുകയും ചെയ്തു. അതിനു ശേഷം ഞാന്‍ സുഖക്കേടുകാരിയായിത്തീര്ന്നു; നിങ്ങള്ക്കോര്മയുണ്ടോ?ഗെര്‍സണ്‍:
(വ്യസനപൂര്‍വ്വം) എന്റെ കഷ്ടകാലം! ഓ ഓര്‍മ്മയുണ്ട്, നീ മരിച്ചുപോകുമെന്നുതന്നെ ഞങ്ങള്‍ വിചാരിച്ചു. നിന്റെ രോഗം സമസ്തവും തിന്നൊടുക്കി. നമ്മുടെ തലയ്ക്കൊരു തലയണപോലുമില്ലാതെയാണ് നാം അവശേഷിച്ചത്. ശരിയ്ക്ക്, അതിനുശേഷം മറ്റൊരു കുഞ്ഞു വന്നു! - അതിനോടുകൂടി കൂടുതല്‍ വലിയ ദാരിദ്ര്യവും! ഒരു കൊല്ലം കഴിഞ്ഞു, മൂന്നാമതൊരു കുഞ്ഞ്! ശരിയല്ലേ, പെസി?പെസി:
അതേ!ഗെര്‍സണ്‍:
അങ്ങിനെ മുറയ്ക്ക്........ ഒന്നിനു പുറകേ മറ്റൊന്ന്! ഓരോ കൊല്ലവും ഓരോ കുഞ്ഞും ദാരിദ്ര്യവും; ദാരിദ്ര്യവും ഓരോ കുഞ്ഞും! ഓ, എന്റെ......! ഓ, എന്റെ.........പെസി:
പിന്നീട് അച്ഛന് മരിച്ചു. ഏതെങ്കിലും ആനന്ദം ദര്‍ശിയ്ക്കുവാന്‍ അദ്ദേഹം ഒരിയ്ക്കലും ജീവിച്ചില്ല. അദ്ദേഹം ആശുപത്രിയില്‍ക്കിടന്നു മരിച്ചു.ഗെര്‍സണ്‍:
(തന്നോടെന്നപോലെ) അല്പകാലത്തിനുള്ളില് ഈ പാട്ടുതന്നെയായിരിയ്ക്കും അവരും പാടുക!പെസി:
(നടുക്കത്തോടെ) ആര്?ഗെര്‍സണ്‍:
(ഡേവിഡിനേയും ചന്നയേയും ചൂണ്ടിക്കാണിച്ചുകൊണ്ട്) അവര്‍ - നമ്മുടെ കുഞ്ഞുങ്ങള്‍!പെസി:
(കണ്ണില്‍ ഭയം നിഴലിയ്ക്കുന്നു) ഗെര്‍സണ്‍! എന്താണ് നിങ്ങള്‍ പറയുന്നത്! (അവള് ആദ്യം അയാളുടെ നേര്‍ക്കു നോക്കുന്നു, - പിന്നെ, കുഞ്ഞുങ്ങളുടെ നേര്‍ക്ക് നിസ്സഹായയായി! അവള് തന്റെ ഭയങ്ങളെ നിശ്ചലമാക്കുവാന്‍ ഒരുല്ക്കടയത്നം ചെയ്യുന്നു) പക്ഷെ, ദാരിദ്ര്യവും ആവശ്യവും അനുഭവിയ്ക്കുവാന്‍ തുടങ്ങുന്നതിനുമുമ്പ്, അവര്‍ യഥാര്‍ത്ഥമായ ആനന്ദം അറിയുകയായിരിയ്ക്കും - പ്രേമം! നിങ്ങളേയും എന്നേയുംപോലെതന്നെ - നിങ്ങള്‍ക്കോര്‍മ്മയുണ്ടോ, ഗെര്‍സണ്‍?
(വ്യസനപൂര്‍വ്വം, ഇടറിക്കൊണ്ട്) ഉവ്വ്, ഒരു കൊല്ലത്തോളം!.......(കുഞ്ഞു കരയുവാന്‍ തുടങ്ങുന്നു)ചന്ന:
(മിന്നിവിടര്ന്ന കണ്ണുകളോടെ തന്നെ ഉറ്റുനോക്കിക്കൊണ്ടിരിയ്ക്കുന്ന ഡേവിഡിനോടു തുന്നുന്നതോടൊപ്പംതന്നെ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിയ്ക്കുന്നു) ഏഴാമത്തെകാടിനപ്പുറം, ഏഴാമത്തെ കുന്നിനുപുറകില്, ഒരു കല്ലറയ്ക്കകത്ത്, ഒരു കണ്ണാടിപ്പെട്ടിയ്ക്കുള്ളില് ഒരു രാജകുമാരി, ആഭിചാരശക്തിയ്ക്കധീനയായി, ഉറങ്ങിക്കിടന്നിരുന്നു!........പെസി:
(കുഞ്ഞിനെ സാന്ത്വനിപ്പിച്ചുകൊണ്ടു, വിഷാദസ്വരത്തില്‍ അവ്യക്തമായി പാടുന്നു) തങ്കക്കുടമേ, ഉറങ്ങൂ - എന്റെ
പൈങ്കിളിക്കുഞ്ഞേ, ഉറങ്ങൂ!
എന്മണിപ്പൈതലുറങ്ങൂ - എന്റെ
കണ്മണിപ്പൈതലുറങ്ങൂ!
വിണ്ണിലെദ്ദേവതാവൃന്ദം - നിന്നെ
ക്കണ്ണിമച്ചീടാതമന്ദം
കാത്തുകൊള്ളും മലര്ത്തൊത്തേ! - മമ
ഭാഗ്യാതിരേകത്തിന് സത്തേ!
സ്വസ്ഥ, മതിനാലുറങ്ങൂ - സുഖ
സ്വപ്നത്തില്‍ മുങ്ങിയുറങ്ങൂ!!.........
(തൊട്ടിലാട്ടവും, പാട്ടും നേര്‍ത്തു നേര്‍ത്തു വരുന്നു)
വിണ്ണിലാദ്ദേവതാവൃന്ദം - നിന്നെ -
ക്കണ്ണിമച്ചീടാതമന്ദം
കാത്തുകൊള്ളും മലര്ത്തൊത്തേ! - മമ
ഭാഗ്യാതിരേകത്തിന് സേേേേത്ത........!!
(യവനികകള്‍ പതുക്കെപ്പതുക്കെ വീഴുന്നു)