സിസ്റ്റര്‍ ബിയറ്റ്റീസ്
(ഒരു ബല്‍ജിയന്‍ നാടകം)
മൂലഗ്രന്ഥകാരന്‍
മോറീസ് മേറ്റര്ലിന്ക്
പരിഭാഷകൻ
ചങ്ങമ്പുഴ കൃഷ്ണപിള്ള
ഇടപ്പള്ളി
സാഹിത്യപരിഷദ് ദൈ്വമാസികയില് 1129 മേടം,
ഇടവം ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ചതാണ് ഈ തര്‍ജ്ജമ.
കഥാപാത്രങ്ങള്‍
- വിശുദ്ധ കന്യക (സിസ്റ്റര്‍ ബിയറ്റ്റീസിന്റെ ഛായയില്‍)
- സിസ്റ്റര്‍ ബിയറ്റ്റീസ്.
- കന്യകാമഠ നായിക
- സിസ്റ്റര്‍ എഗ്ലാന്റയിന്
- സിസ്റ്റര്‍ ക്ലെമന്‍സി
- സിസ്റ്റര്‍ ഫെലിസിറ്റി
- സിസ്റ്റര്‍ ബാല്‍ബിന
- സിസ്റ്റര്‍ റെജീന
- സിസ്റ്റര്‍ ഗിസെല
- പുരോഹിതന്
- ബല്ലിഡോര് രാജകുമാരന്
- കൊച്ച് അല്ലെറ്റെ
- യാചകന്മാര്, തീര്‍ത്ഥയാത്രക്കാര്‍ മുതലായവര്‍
കാലം : പതിമൂന്നാം ശതാബ്ദം.
സ്ഥലം : ലൂവെയിന്റെ സമീപ പ്രദേശത്തുള്ള ഒരു കന്യകാമഠം.
(ഒരു മുഖപ്പ്; അതിന്റെ മദ്ധ്യഭാഗത്തായിട്ടാണ് കന്യകാമഠത്തിലേയ്ക്ക് പ്രവേശിയ്ക്കുവാനുള്ള വലിയ വാതില്‍.വലതുവശത്ത്
ഏതാനും നടപ്പടികള് കയറിയാലെത്തിച്ചേരുന്ന കുരിശുപള്ളിയുടെ വാതില്‍ മുഖപ്പിന്റെ ഭിത്തിയുമായി ഒരു കോണം നിര്‍മ്മിക്കുന്നു.
അങ്ങനെ രൂപീകരിയ്ക്കപ്പെടുന്ന കോണില്‍ പരിശുദ്ധകന്യകയുടെ ഒരു വിഗ്രഹം, ഒരു സാധാരണ സ്ത്രീയുടെ വലുപ്പത്തില്‍,
നടപ്പടികള്ക്കു മീതെ ഉയര്ത്തിക്കെട്ടിയിട്ടുള്ളതും ഒരു പേടകത്തിനുള്ളില്‍ അടച്ചിട്ടുള്ളതുമായ
ഒരു ശ്ലഷ്ണശിലാമണ്ഡപത്തില് നില്ക്കുന്നു.സ്പാനിഷ് രീതിയില്‍ പട്ടുവസ്ത്രങ്ങളെക്കൊണ്ടും അലുക്കുകളേക്കൊണ്ടുമാണ് വിഗ്രഹം
അലങ്കരിച്ചിരിയ്ക്കുന്നത്. അത് ഒരു സ്വര്‍ഗ്ഗീയ രാജകുമാരിയുടെ സാദൃശ്യം അതിനു പ്രദാനം ചെയ്യുന്നു.
സുവര്ണ്ണനിര്മ്മിതമായ ഒരു വിസ്തൃതപട്ടാംബരം വക്ഷോദേശത്തെ വലയം ചെയ്കയും,
വിലപിടിച്ച രത്നങ്ങള്‍ മിന്നിത്തിളങ്ങുന്ന സ്വര്‍ണ്ണനിര്‍മ്മിതമായ ഒരു ശിരഃകവചം വിഗ്രഹത്തിന്റെ തോളില്‍
ഉലഞ്ഞുതിര്ന്നു കിടക്കുന്ന കബരീഭരത്തെ ഒരു ചൂഡാവലയമെന്നോണം ബന്ധിച്ചു നിര്‍ത്തുകയും ചെയ്യുന്നു.
കന്യകാമഠകവാടത്തിന്റെ വാമഭാഗത്തായി സിസ്റ്റര്‍ ബിയറ്റ്റീസിന്റെ അറ കാണാം. അതിന്റെ വാതില്‍ മലര്‍ക്കെത്തുറന്നു കിടക്കുകയാണ്.
വെള്ള ചാര്‍ത്തിയിട്ടുള്ള അറയില്‍ ഒരു കസേരയും, മേശയും മടക്കുകട്ടിലും സജ്ജീകരിയ്ക്കപ്പെട്ടിട്ടുണ്ട്.
രാത്രിയാണ്. പരിശുദ്ധ കന്യകയുടെ മുമ്പില്‍ ഒരു വിളക്കു കത്തിക്കൊണ്ടിരിയ്ക്കുന്നുണ്ട്.അവളുടെ
കാല്ക്കലായി സിസ്റ്റര്‍ ബിയറ്റ്റീസ്സ് സാഷ്ടാംഗം നമസ്കരിച്ചുകൊണ്ടു കിടക്കുന്നു.)
ബിയറ്റ്റീസ് :
പാലനം ചെയ് കലി വിയന്നംബികേ, പാപഗര്ത്തത്തിലാഴുമീയേഴയെ. ഇന്നു രാത്രിയിലെത്തിടുമായുവാ വിന്നു രാത്രിയി, ലേകയുമാണു ഞാന്‍. എന്തു ചൊല്ലേണ്ടതപ്പുമാനോടു ഞാ നെന്തു ചെയ്യേണ്ട, തജ്ഞ ഞാനംബികേ! എന്മുഖത്തേയ്ക്കു നോക്കിടുമ്പോളവ ന്നെന്തുകൊണ്ടോ, വിറയ്ക്കുന്നു കൈയുകള്. ഹന്ത ഞാനോ? ധരിപ്പതില്ലെന്തവ നന്തരംഗത്തിലാശിപ്പതെന്നു ഞാന്‍ പുണ്യകേന്ദ്രമാമീ നികേതത്തില്‍ ഞാന്‍ വന്നു ചേര്‍ന്നിട്ടു നാലുവര്ഷങ്ങളായ് നിശ്ചയ, മതേ, നാലുവര്ഷങ്ങളീ വൃശ്ചികത്തില് തികച്ചും കഴിഞ്ഞിടും. ഒന്നുമന്നാളറിഞ്ഞിരുന്നില്ല ഞാ നന്നൊരു വെറും കുഞ്ഞായിരുന്നു ഞാന്‍ എന്മനം സദാ നീറ്റി വേവിച്ചിടു മിമ്മഹാദുഃഖ, മല്ലെങ്കിലിസ്സുഖം കന്യകാ മഠനായികയോടു ചെ ന്നിതിനെക്കുറിച്ചു ചോദിയ്ക്കുവാന്‍, അന്നിതല്ലെങ്കില് മറ്റാരൊടെങ്കിലു മൊന്നു ചെന്നൊരു വാക്കുച്ചരിയ്ക്കുവാന്. ഉന്നിനോക്കി പലപ്പൊഴു,മെങ്കിലും വന്നതില്ല മേ ധൈര്യമൊരല്‍പവും വാട്ടമേലാത മലരാഗാമൃതം വേട്ടശേഷം പൂമാനില് പകരുവാന്‍, ധര്മ്മശാസ്ത്രമനുവദിയ്ക്കുന്നതു ണ്ടെന്നു ഘോഷിപ്പു ലോകരഖിലരും കന്യകാമഠം വിട്ടാല്‍, പ്രഥമമഠം കര്മ്മമെന് നെടുമംഗല്യ ധാരണം. വെമ്പലാര്ന്നതിന് മുമ്പെന്നെ വന്നൊരു ചുംബനം പോലും ചെയ്കയില്ലപ്പുമാന്. ഭദ്രനേകയതീശ്വര, നത്ഭുത വിദ്യകളില്‍ വിദഗ്ധനൊരുമഹാന് ഉണ്ടവിടന്നലിവാര്ന്നു ഞങ്ങളെ രണ്ടു പേരെയു മൊന്നിച്ചിണക്കിടും ഏവമെന്നോടരുളുകയാണു മല് ജ്ജീവിതേശ്വരന് എന്തു ചെയ്യേണ്ടു ഞാന്‍? പാരിതില്‍ കേട്ടിരിപ്പു പലപ്പൊഴും പാതകത്തിന് കുരുക്കിനെപ്പറ്റി നാം എന്നതുപോലിപ്പുരുഷര് നമ്മള്തന് മുന്നില്വീശും വലകളെപ്പറ്റിയും. എന്നിരിയ്ക്കിലും,മന്നിതില്‍ കണ്ടിടു
മന്യമര്ത്ത്യരെപ്പോലെയല്ലമ്മഹാന്.
എന്തി, നംബ, ശരിയ്ക്കറിയാമല്ലോ
നിന്തിരുവടിയ്ക്കിന്നാ യുവാവിനെ!
പണ്ടു ഞാന്‍ കൊച്ചുകുഞ്ഞായിരുന്നനാള്
ചെണ്ടുലഞ്ഞൊ,രെന്നച്ഛന്റെ പൂന്തോപ്പില്‍,
ചിത്തമോദമാര്ന്നെത്തുമാറുണ്ടവന്
സസ്മിതരവിവാരത്തിലെന്നുമേ.
ഭംഗിവായ്ക്കുമപ്പുവനച്ഛായയില്
ഞങ്ങളൊന്നിച്ചിരുന്നു കളിച്ചിടും.
വിസ്മരിച്ചിതവനെ ഞാ,നെങ്കിലും
മല്സ്മൃതികളിലെന്തിലും മീതെയായ്,
എത്തുമാഭയാര്ന്നക്കളിത്തോഴനോ
ടൊത്തുനിര്വൃതിക്കൊണ്ടൊരാവേളകള്....
അല്ലലിലെന്മനം തകര്ന്നീടുമ്പോ
ളല്ലയെങ്കിലെന് പ്രാര്‍ത്ഥനാവേളയില്‍,
ആഗമിക്കുമാറുണ്ടെന്റെ ഹൃത്തിലാ
രാഗസാന്ദ്രസ്മൃതികള്തന് രശ്മികള്‍.
ഭക്തനാണവന്, സദ്ഗുണപൂര്ണ്ണനാ
ണത്ഭുതജ്ഞാനസമ്പന്നനാണവന്.
മുട്ടുകത്തിനിന്നീശ്വരപ്രാര്ത്ഥന
യ്ക്കൊട്ടൊരുങ്ങു മൊരോമനപ്പൈതലിന്
കണ്കളേക്കാള് പ്രശാന്തതാമാധുരി
തങ്കവതാണവനെഴുമക്ഷികള്.
ഇങ്ങിവിടെനിന് പാദപത്മങ്ങളി
ലിന്നലെ രാവി,ലീ വിളക്കിന്കീഴില്,
മുട്ടുകുത്തിയവ, നപ്പൊഴുതില
പ്പട്ടൊളിമുഖം കണ്ടീലേ ദേവി നീ?
ആ മുഖത്തേയ്ക്കു നോക്കുവാനംബ, നി
ന്നോമനപ്പുത്രനേപ്പോലെയാണവന്.
തൂവിടുന്നിതവനൊരനുപമ
ഭാവഗംഭീര ഭാസുരസുസ്മിതം.
എന്നൊടാണെന്നിരിയ്ക്കലും, തന്മൊഴി
യ്ക്കൊന്നു മുത്തരമോതുവാനാകാതെ,
നിന്നീടുമെന്നൊടാര്ജ്ജിതവിത്തമ
തൊന്നു മില്ലാത്തൊരെന്നോടാണെങ്കിലും,
ഈശ്വരനോടു ചൊല്ലുന്നമട്ടിലാ
ണാസ്സുശീലന്റെ സൗമ്യസംഭാഷണം.
നോക്കുകംബികേ നിന്നോടൊരല്പവും
ബാക്കിവെയ്ക്കാതെ സര്‍വ്വവും ചൊല്വു ഞാന്‍.
ഇല്ലെനിയ്ക്കു വഞ്ചിയ്ക്കുവാന്‍ ദേവിയെ
ത്തെല്ലുപോലും വിചാരമെന്നുള്ക്കാമ്പില്!
ഇന്നു മൂന്നു ദിനങ്ങളായ്, തൂകുവാന്‍
കണ്ണുനീരില്ലെനിയ്ക്കിനിയെങ്കിലും
നോക്കുകറ്റമില്ലാത്ത ശോകാബ്ധിയില്‍
വീര്പ്പുമുട്ടിത്തുടിപ്പവളാണുഞാന്
ഭാവമില്ലവന് തന്നര്ത്ഥനകള് ഞാന്‍
കേവലം ചെവിക്കൊള്ളുവാനെങ്കിലോ,
നിശ്ചയം പ്രാണനെ ത്യജിച്ചീടുമെ
ന്നുഗ്രമായി പ്രതിജ്ഞചെയ്താനവന്.
ആവതെന്തിനി, സ്സംഭവിയ്ക്കാവതാ
ണാവിധമെന്നു കേട്ടിട്ടുമുണ്ടു ഞാന്‍.
ആ മഹാനെപ്പോല് ദീര്ഘകായന്മാരും
കാമകോമളന്മാരും യുവാക്കളും
ആയിരുന്നോര് പലരും പ്രണയത്തി
നായിജ്ജീവന് വെടിഞ്ഞിട്ടുണ്ടൂഴിയില്.
ചേലിലിക്കാര്യം `ഫ്രാന്‍സിസ്സി'നോടുമ
`പ്പോളിനോ'ടും പറഞ്ഞുപോലുമവന്.
സത്യമാണോ തികച്ചുമിതെന്നെനി
യ്ക്കുള്ത്തളിരിലറിഞ്ഞുകൂടെങ്കിലും,
ക്ലേശഭൂയിഷ്ഠമാണുലോക,മവര്
ലേശമെങ്കിലും ചൊല്വതുമില്ലൊന്നും.
അംബികേ, കേള്ക്കു, കെന്തുചെയ്യേണ്ടുവെ
ന്നമ്പരപ്പോടറിയാതെനില്പൂഞാന്.
നിന്പരിപൂത വിഗ്രഹാലിംഗന
കമ്പിതങ്ങളാമിക്കൊച്ചുകൈയുകള്
നാളെ, യാ നരകത്തി, ലൊരിയ്ക്കലും
ജ്വാലകെട്ടടങ്ങീടാതെയങ്ങനെ,
ഘോരമായെരിയുന്ന പന്തങ്ങളായ്
മാറുകില്ലെന്നറിഞ്ഞതാരംബികേ?...........
(വെളിയില്‍, അടുത്തടുത്തു വരുന്ന അനേകം അശ്വാരൂഢന്മാരുടെ ശബ്ദം കേള്‍ക്കപ്പെടുന്നുണ്ട്.)
കേള്‍ക്കൂ, കങ്ങതാ കേള്‍ക്കൂ, നീകേള്പ്പിതോ
മേല്ക്കുമേല്ക്കുതിരക്കുളമ്പൊച്ചകള്?
എണ്ണമറ്റങ്ങു വാജിക ളങ്ങതാ
നിന്നിടുന്നവര് ഹാ, ഞൊടിയ്ക്കുള്ളിലായ്,
ഇപ്പൊഴുതവര് തന്കാല്ച്ചുവടുക
ളെത്തിയിങ്ങാമുഖപ്പില്, വരാന്തയില്‍,
ഇപ്പൊഴുതിതാ വാതില്തുറക്കുവാ
നുദ്യമിക്കുന്നിതൊത്തൊരുമിച്ചവര്.
(വലിയ വാതില്ക്കല് ഒരു മുട്ട്)
എന്തു ചെയ്യേണ്ടതംബികേ, ഹന്ത, ഞാ
നെന്തുചെയ്യേണ്ടതാലാംബഹീന ഞാന്‍.
ഇല്ല പോകില്ലൊരിയ്ക്കലും ഹാ നിന
യ്ക്കില്ലതിന്നിഷ്ടമെങ്കില്, ഞാനംബികേ.
(അവള് എഴുന്നേറ്റ് വാതില്ക്കലേയ്ക്കു പായുന്നു)
ബെല്ലിഡോറാണോ?
ബെല്ലിഡോര്: വാതില്തുറക്കുകെന്
ചെല്ലമേ, വേഗം, ബെല്ലിഡോര്തന്നെ ഞാന്‍!
ബിയറ്റ്റീസ് :
ശരി, ശരി......... (അവള് കന്യകാമഠത്തിന്റെ വാതില്‍ മലര്‍ക്കെ തുറന്നിടുന്നു.
ലോഹനിര്‍മ്മിതമായ ഒരു കവചവും നീണ്ടു നീലിച്ച മേലങ്കിയും ധരിച്ച ബെല്ലിഡോര് വരാന്തയില്‍ പ്രത്യക്ഷപ്പെടുന്നു.
അയാളുടെ വലതുവശത്തായി വിലപിടിച്ച വസ്ത്രങ്ങളും മിന്നിത്തിളങ്ങുന്ന ആഭരണങ്ങളും വഹിച്ചുകൊണ്ട്
ഒരു ബാലനെ കാണാം. വാതിലിന് അധികദൂരത്തല്ലാതെ വിലപിടിച്ച അലങ്കാരങ്ങളോടുകൂടിയ രണ്ടു കുതിരകളെ
കടിഞ്ഞാണില്‍ പിടിച്ചുകൊണ്ടും, ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ അവയെ അങ്ങോട്ടുമിങ്ങോട്ടും വലിച്ചുന്തിക്കൊണ്ടും
ഒരു പ്രായംചെന്ന മനുഷ്യന്, വിദൂരത്തില്‍ നക്ഷത്രനിബിഡമായ ആകാശത്തിന്കീഴില് അസീമവും ചന്ദ്രികാചര്ച്ചിതവുമായ ഒരു നാട്ടിന് പുറം.)
(ബിയറ്റ്റീസ് മുമ്പോട്ടു നീങ്ങിക്കൊണ്ട്)
......അവിടുന്നു തനിയെയല്ലേ? മരുവുന്നതവിടെയാര് മരച്ചുവട്ടില്‍?
ബെല്ലിഡോര് : അരികലേയ്ക്കോമലേ ചേര്ന്നുനില്ക്കൂ
പരിഭ്രമിയ്ക്കേണ്ടനീ ഭയപ്പെടേണ്ട.........
(തിണ്ണമേലേയ്ക്കു കുനിഞ്ഞ അവസരത്തില്‍ അദ്ദേഹം ബിയറ്റ്റീസ്സിന്റെ ഉടുപുടവയുടെ തുമ്പു ചുംബിയ്ക്കുന്നു)
മുന്നോട്ടുനീയേവമണയുംനേരം
കണ്ണഞ്ചുന്നല്ലോ, ഹാ, സുന്ദരി നീ!
ആരോമലേ നിന്നെക്കാത്തുനില്ക്കു
മാരമൃതാരാകുമാരികളെ,
അഭിമുഖീകരിയ്ക്കാന്‍ നീയണയുംനേര
മഭിരാമതന്നെ, ബീയറ്റ്റീസ്സേ, നീ
കമ്പിതഗാത്രിയായ് തിണ്ണയില്വ
ന്നമ്പരന്നേവം നീ നിന്നിടുമ്പോള്‍,
സ്നേഹസാന്ദ്രോജ്ജ്വലലോചനേ, ഹാ
മോഹിനി, വിശൈ്വകമോഹിനി നീ!
ഉല്ക്കടമാമൊരാനന്ദപൂര
മുള്ക്കുളിരേകിക്കിളര്ന്നകാര്യം,
നിശ്ചയമുള്ളിലറിവതുണ്ടാ
നിസ്തുലതാരകളാകമാനം.
ഒരു രാജ്ഞിതന്‍ കാല്ക്കല്മൗനമായി
ച്ചൊരിഞ്ഞൊരു ഹിരണ്മയധൂളികള്പോല്,
ചേലില് നമുക്കു ചരിച്ചിടേണ്ടും
നീലിച്ച നീണ്ട സരണികളില്‍,
മുഴുവനും മുകളിലായഴകില് മുങ്ങി
യണിനിരന്നിട്ടുണ്ടത്താരകകള്.
എന്താണി,തയ്യോ, പറയുകെന്താ
ണെന്താണിച്ചിന്ത, യിതെന്തുമാറ്റം?
ഇടയായില്ലൊന്നിനുമതിനുമുമ്പി
ലിടറിത്തുടങ്ങിയോ നിന്പദങ്ങള് ?
തലതിരിയ്ക്കുന്നോ നീ? യരുതരുതേ,
തളിര് മെയ്യിതെന് മാറില്‍ താങ്ങിടാം ഞാന്‍!
വലയം ചെയ്തെന് കൈകളെന്നെന്നേയ്ക്കും
കുളിരുടലിതുഞാനെന് നിധിപോല്‍ കാക്കും
വിണ്ണിന്റെ കണ്മുമ്പിലീവിധംഞാന്
നിന്നെയെന്മാറോടു ചേര്ത്തുനില്പൂ!
പ്രേമമുറങ്ങിക്കിടന്നിരുന്നോ
രാ മങ്ങി മൂടുംനിഴലുകളെ,
ഒരുമ്പെടായ്കിനിമേലും തിരിഞ്ഞുപോകാന്‍
വരികനീ, വരികനീ, യോമലാളേ?
കണ്ടു കഴിഞ്ഞിതമലപ്രേമം
പണ്ടെങ്ങും കാണാത്തൊരാവെളിച്ചം
നിജജയക്കൊടിയ്ക്കതിന് കതിരോരോന്നും
നിറപ്പകിട്ടിയറ്റുന്നൊരാ വെളിച്ചം
അതിങ്ങിതാനമ്മള് തന്യൗവനശ്രീ
യതിമാത്രം തുളുമ്പുന്നൊരാത്മാക്കളെ,
ഒരുമിച്ചിണക്കി നമുക്കിയലും
ശിരോവിധി സുനിശ്ചിതമാക്കിടുന്നു.
ഹാ, നോക്കുകൊന്നു, ഞാന്‍ കാണ്മു നിന്നെ
ഞാനോമനേ നിന്നെ മുട്ടിനില്പൂ.
ശുഭവതി നിന്നെ ഞാന്‍ തഴുകിമോദാ
ലഭിവാദനം ചെയ്തിതാദ്യമായി.
ബിയറ്റ്റീസ്: (ചൂളുകയും അശക്തയായി സ്വയം തടയുകയും ചെയ്തുകൊണ്ട്)
അരുതെന്നെച്ചുംബിയ്ക്കായ്ക്കരുളിയിട്ടു
ണ്ടവിടുന്നെന്നോടൊരു ശപഥമേവം.
ബെല്ലിഡോര്:
(ചുംബനങ്ങള്‍ വീണ്ടും ഇരട്ടിച്ചുകൊണ്ട്) പ്രേമശപഥങ്ങളായിരുന്നി ല്ലോമനേ ഹാ കഷ്ടമവയിലൊന്നും പ്രേമമാരാധന ചെയ്കില്ലെന്നായ് പ്രേമത്തിന്നാവുകില്ലുച്ചരിയ്ക്കാന്. എന്നപോല്‍ വാഗ്ദാനം ചെയ്കയുമി ല്ലൊന്നുമൊരിയ്ക്കലും കാമുകന്മാര്. സമസ്തവുമൊരിയ്ക്കലാ പ്രണയത്തിന്നായ് സമര്‍പ്പണം കഴിച്ചവരാരുമാരു, ഒരിയ്ക്കലുമോരോരോ വാഗ്ദാനത്തി ന്നൊരുങ്ങകി,ല്ലൊരുങ്ങുകി,ല്ലോമലാളേ! പ്രണയമതിനുള്ളതാകമാനം പ്രതിമാത്രംനല്കുന്നിതാത്തഹര്ഷം. പരിചിലതൊരു മൃദുചുംബനത്തെ കരുതലില്‍ വെയ്ക്കുവാന്‍ കരുതുന്നെങ്കില്‍, അതല്ലെങ്കി,ലതിന്നല്പം വിളംബമേകാന് മുതിര്ന്നിടുന്നെങ്കി, ലതിന്നുശേഷം,
അതു നിജാധരങ്ങളോടനുവര്ത്തിച്ചോ രപരാധ മഖിലവും തുടച്ചുമായ്ക്കാന്‍, അനുപമചുംബനമവധിയില്ലാ തായിരക്കണക്കിനതെടുത്തുനല്കും!....
(കൂടുതല്‍ പ്രസിപ്പോടുകൂടി അവളെ ആശ്ലേഷിക്കുകയും, അവളെ അവിടെനിന്നും പിടിച്ചുകൊണ്ടുപോകാന്‍ ഉദ്യമിക്കുകയും ചെയ്തുകൊണ്ട്)
ബെല്ലിഡോര്:വരൂ വരൂ രാവിതുതീരാറായി മാനം വിളറിക്കഴിഞ്ഞുപോയി കുടുകുടെപ്പെയ്യും മഞ്ഞുടുലിലേറ്റാ ക്കുതിരകള്‍ തണുത്തതാവിറച്ചുനില്പൂ. വരൂ നടപ്പടിയിതിലിനിയിറങ്ങാ നൊരുപടികൂടിയേ ബാക്കിയുള്ളു. (തന്റെ കരങ്ങളില്‍ ബിയറ്റ്റീസ് മോഹാലസ്യപ്പെടുന്നുവെന്നു പെട്ടെന്നു സൂക്ഷിച്ചുകൊണ്ട് ) മമ മൊഴിയ്ക്കൊന്നിനുമിതുവരേയും മറുപടിയരുളാത്തതെന്തയേ നീ? ചെവിക്കൊള്‍ വതില്ലനിന് ശ്വസിതമി ഞാന്‍ വിവശമായ് തളരുന്നു നിന്പദങ്ങള് വരു വരു സുഖത്തിലേയ്ക്കാനയിക്കും വഴിയിലസൂയാലുവാം പ്രഭാതം, വളരൊളിവഴിയുംതന് പൊന്മയമാം വലകള്‍ വിടുര്‍ത്തി വിരിയ്ക്കുവോളം, വഴങ്ങിടാതൊഴിഞ്ഞേവം നില്ക്കരുതേ! വരികനീ, യിനിയൊട്ടും വൈകരുതേ! ബിയറ്റ്റീസ്:(അവള് മുക്കാലും മോഹാവസ്ഥയിലായിരിയ്ക്കയാണ്.) അരുതെനിയ്ക്കാകില്ലാ വയ്യിനിയു മവശഞാന് തനിച്ചയ്യോ, വിടുകയെന്നെ!ബെല്ലിഡോര്:വിറകൊള്വതെന്തേവ, മെത്രമാത്രം വിളറിപ്പോയ്, ഹാ, കഷ്ടമോമലേ നീ! മരവിച്ചടിഞ്ഞു മരിപ്പിതെല്ലാം മമ ചുംബനങ്ങള്‍ നിന്‍ചുണ്ടുകളില്‍. അനുപമചാരിമയാര്ന്നിടുമീ യമലാനനാം ബുജമൊന്നുയര്ത്തൂ! അണുപോലും സുസ്മിതം ചാര്ത്തിടാത്തോ രരുണാധരങ്ങളെനിയ്ക്കു നല്‍കൂ. അടി മുടി മൂടും കനത്തതാമി പ്പുടവയാണീവിധം നിന്റെ കണ്ഠം, വരിയുന്നതും, ഹന്ത, നിന്മനസ്സി ലൊരുഭാരമായ്ത്തൂങ്ങി നില്പതും; കേള്! മരണത്തിനായാണു ജീവിതത്തി ന്നൊരുനാളുമായല്ലറിക, ബാലേ, വിരസവിരക്തി തന് മുദ്രയേപ്പോല് വിരചിതമായതാശ്ശപൂവസ്ത്രം.
(അപ്പോഴും അബോധാവസ്ഥയില്‍ വര്‍ത്തിച്ചിരുന്ന ബിയറ്റ്റിസിന്റെ മുഖത്തെ ആച്ഛാദനം ചെയ്തിരുന്ന ആ വസ്ത്രത്തെ അവള് മന്ദഗതിയോടും കരുതലോടും കൂടിയ ചേഷ്ടാവിശേഷങ്ങളോടെ അനാച്ഛാദനം ചെയ്യുന്നു. ഉടന്‍തന്നെ അവളുടെ കബരീഭരത്തിലെ ആദ്യത്തെ ഇഴച്ചുരുളുകള് ആപതിയ്ക്കുവാന് തുടങ്ങുന്നു; അനന്തരം മറ്റുള്ളവയും; അവസാനം മുഴുവനും; അതേപടി, ബന്ധനമുക്തങ്ങളായ അഗ്നിജ്വാലകളെപ്പോലെ, ബിയാറ്റ്റിസിന്റെ മുഖത്ത് കെട്ടഴിഞ്ഞ് ഉലഞ്ഞുതിര്ന്നു വീഴുന്നു. അവള് ബോധംവീണുണരുന്നതുപോലെ തോന്നപ്പെടുന്നു.)
ബിയറ്റ്റീസ്:(ആനന്ദമൂര്ച്ഛാമയമായ ഒരു രോദനത്തോടെ)അയ്യോബെല്ലിഡോര്: (അവള് ഒരു സ്വപ്നത്തില്‍നിന്നും ആവിര്ഭവിച്ചിരുന്നാലെന്നപോലെ മൃദുവായി) ഹാ, മായയോ പാഴ്ക്കിനാവോ? നീയെന്തിച്ചെയ്തു ബെല്ലിഡോറേ? കാണുന്നതെന്തിതെന് കൈയിലെന്തെ ന്നാനനത്തിങ്കലിപ്പേലവത്വം?