വിവേകപൂര്‍വ്വം
(ഒരു ഹംഗേറിയന്‍ ഏകാങ്കനാടകം)
മൂലഗ്രന്ഥകാരന്‍
ആറ്റിലാ വോണ്‍ ഓര്ബോക്ക്
പരിഭാഷകൻ
ചങ്ങമ്പുഴ കൃഷ്ണപിള്ള
ഇടപ്പള്ളി
മംഗളോദയം മാസികയില്‍ പ്രസിദ്ധീകരിച്ചത്.
കഥാപാത്രങ്ങള്‍
- ജോഹാന്‍ നഗി: ബാങ്കിലെ ഒരു ജോലിക്കാരന്.
- സ്റ്റീഫന്‍ ബോര്ബേലി: അയാളുടെ സ്നേഹിതന്.
- തൊറോക്സ് കേ പ്രഭ്വി
- ഗൃഹപാലിക.
ജോഹാന്നഗിയുടെ വായനമുറി; വിവിധോപകരണസുലഭമായ ഒന്നാണത്. വലതുവശത്തും ഇടതുവശത്തും വാതിലുകളുണ്ട്. ഒരെഴുത്തുമേശ, ഒരു കൊച്ചു ചാരുകട്ടില്‍, പുസ്തകങ്ങള്‍ അടുക്കിവെയ്ക്കാന്‍ അറകളോടുകൂടിയ ആലംബപേടകങ്ങള്, പുകവലിമേശകള്, ഇവയെല്ലാം കാണാം. എഴുത്തുമേശമേല്‍ നഗിയുടെ ഒരു ചെറിയ ഛായാചിത്രവും, പ്രഭ്വിയുടെ മൂന്നു വലിയ ചിത്രങ്ങളും വെച്ചിരിക്കുന്നു.
(യവനിക ഉയരുമ്പോള്‍ രംഗമണ്ഡപം വിജനമാണ്. കവാടഘണ്ടിക മുഴങ്ങുന്നു. ഇടതുഭാഗത്തുള്ള വാതിലില്‍ക്കൂടി ഗൃഹപാലിക പ്രവേശിക്കുന്നു. ആ കവാടം ശയനമുറിയിലേയ്ക്കുള്ളതാണ്. അവള് രംഗമണ്ഡപം വിലങ്ങെക്കടന്നു വലതുവശത്തുള്ള വാതിലില്‍ക്കൂടി വെളിയിലേയ്ക്കു പോകുന്നു. ആ വാതില്‍ വിശാലമായ ഒരു ശാലയിലേയ്ക്കുള്ളതാണ്. അല്പനിമിഷങ്ങള്ക്കുള്ളില് പ്രഭ്വിയേയും കൂട്ടിക്കൊണ്ട് അവള് രംഗത്തിലേയ്ക്കു തിരിച്ചുവരുന്നു. പ്രഭ്വി കമനീയമായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്; അത്യന്തം കുപിതയുമാണ്)
പ്രഭ്വി:അപ്പോള്‍ ഇവിടെയാണ്, ജോഹാന്നഗിയുടെ, ആ ബാങ്കില്‍ ജോലിക്കാരന്റെ പൊറുതി; അല്ലേ?ഗൃഹപാലിക:
അതെ, കൊച്ചമ്മാ.... അദ്ദേഹത്തിന്റെ വീടുനോട്ടക്കാരിയാണ് ഞാന്‍.പ്രഭ്വി:(അവള് പ്രഭ്വിയുടെ നേരെ തുറിച്ചു നോക്കുന്നു)
ദയവുചെയ്ത് എന്നോടു പറയണം: ഹെര്നഗി പത്രങ്ങളില്‍ എഴുതാറുണ്ടോ? എന്തു കാരണത്താലെങ്കിലുമാകട്ടെ, ഏതെങ്കിലും ഒരു കള്ളപ്പേരുവെച്ച് ആ മനുഷ്യന് എഴുതുക പതിവാണോ?ഗൃഹപാലിക:
എനിക്കറിവുള്ളേടത്തോളം ഇല്ല; പക്ഷേ, അതുസംഭവിക്കാവുന്നതാണ്. ``ആധുനിക പക്ഷിവളര്ത്തുമാസിക'' യുടെ ഒരു വരിക്കാരനാണദ്ദേഹം. ചിത്രങ്ങളോടുകൂടിയ ഒരു മാസികയാണത്.പ്രഭ്വി:
എപ്പോഴാണാ മനുഷ്യന് വീട്ടില്‍ വരിക പതിവ്?ഗൃഹപാലിക:
ആറിന്, കൊച്ചമ്മേ, കൃത്യം ആറിനെന്നും വരും; കണിശമാണ്. പത്തുമിനിട്ടിനുള്ളില്‍ എത്തും. കൊച്ചമ്മയ്ക്ക് ഇവിടെ ഇരിക്കരുതോ? ഇരുന്നാട്ടെ!പ്രഭ്വി:(തന്റെ പുറകുഭാഗം എഴുത്തുമേശയുടെ നേര്‍ക്കാക്കി പ്രഭ്വി ഇരിപ്പുറപ്പിക്കുന്നു)
നിങ്ങള്‍ക്കു വന്ദനം.... ആട്ടെ, എന്നോടു പറയു, ഹെര്നഗി വിവാഹിതനാണോ?ഗൃഹപാലിക:
എന്റെ ബഹുമാനപ്പെട്ട അമ്മച്ചി, അദ്ദേഹം തികച്ചും കടമുതല്‍ തലവരെ ഒരൊറ്റാന്തടിക്കാരനാ.പ്രഭ്വി:
``ബഹുമാനപ്പെട്ട അമ്മച്ചീ'' എന്നോ? അപ്പോള്‍, നിങ്ങള്‍ക്കറിയാം ഞാന്‍ ആരാണെന്ന്?ഗൃഹപാലിക:
അതേ, അമ്മച്ചീ, തീര്‍ച്ചയായും എനിക്കറിയാം. എനിക്കു തെറ്റുപറ്റിയിട്ടില്ലെങ്കില്‍, തെറോക്സ്കേ പ്രഭ്വിയാണ് അമ്മച്ചി.
നാടകരംഗത്തില്നിന്നാണോ എന്നെ നിങ്ങളറിയുന്നത്?ഗൃഹപാലിക:
അതെ, അമ്മച്ചി,പ്രഭ്വി:
പക്ഷേ, മൂന്നുകൊല്ലത്തിനു മുന്‍പ് എന്റെ വിവാഹത്തിനുശേഷം, ഞാന്‍ നാടകത്തില്‍ അഭിനയിക്കുന്നതു നിര്‍ത്തിക്കഴിഞ്ഞു.ഗൃഹപാലിക:
ഞാന്‍ നന്നായോര്‍ക്കുന്നു - എന്തൊരു വമ്പിച്ച ഉയര്‍ച്ചയാണ് അമ്മച്ചിക്കുണ്ടായത്? നാടകശാലയുമായി ഞാനും ബന്ധപ്പെട്ടിരുന്നു.പ്രഭ്വി:
എങ്ങനെയാണത്?ഗൃഹപാലിക:
എന്റെ സഹോദരിയുടെ ഭര്‍ത്താവ് ഒരു പൊതുക്കളിസ്ഥലത്തെ മേല്‍നോട്ടക്കാരനായിരുന്നു. അങ്ങോരുടെ സഹോദരി കൊട്ടാരത്തിലെ ഒരു വിളിച്ചോത്തകമ്പടിക്കാരനെ വിവാഹം കഴിച്ചു; പുള്ളിക്കാരന്റെ അമ്മാവന് ഒരു തീയെരിപ്പുകാരനായിരുന്നു; ഒന്നരാടം രാത്രി അങ്ങോര്‍ക്കു നാടകശാലകളില്‍ ജോലിക്കു ചെല്ലണം. മൂപ്പരുടെ കൈയില്‍നിന്ന് എനിക്കു ടിക്കറ്റ് കിട്ടുക പതിവായിരുന്നു.പ്രഭ്വി:
എന്നിട്ട് ഈ മൂന്നുകൊല്ലംകൊണ്ടു നിങ്ങള്‍ എന്നെ മറന്നിട്ടില്ല?ഗൃഹപാലിക:
അത്രമാത്രം വലിയ ഒരു നടിയായിരുന്നല്ലോ അമ്മച്ചി (അവള് പുഞ്ചിരിയിടുന്നു) പിന്നെപ്പോരെങ്കില് ഹെര്നഗി കൂടക്കൂടെ അമ്മച്ചിയെക്കുറിച്ച് പറയാറുമുണ്ട്.പ്രഭ്വി:
എന്നെക്കുറിച്ചു പറയാറുണ്ടെന്നോ? എങ്കില്‍ ആ മനുഷ്യന് എവിടെയെങ്കിലും വെച്ച് എന്നെ കണ്ടുമുട്ടിക്കാണണം.ഗൃഹപാലിക:
(ചിരിച്ചുകൊണ്ട്) അമ്മച്ചി കളിയാക്കുകയാണോ? അദ്ദേഹം അമ്മച്ചിയെ തീര്‍ച്ചയായും കണ്ടുമുട്ടിയിട്ടുണ്ട് - എന്നിട്ട് എന്നോടമ്മച്ചി ഒരു ചോദ്യം; ആ മനുഷ്യന് വിവാഹം കഴിച്ചിട്ടുണ്ടോ എന്ന്!- നടക്കണതൊന്നും ഞാനറിഞ്ഞിട്ടില്ലാത്തപോലെ!പ്രഭ്വി:
എന്താണ് നടക്കുന്നത്? പരമാര്‍ത്ഥത്തില്‍, കാര്യമറിയാന്‍ എനിക്കു വെമ്പലായിരിക്കുന്നു. എനിക്കു, ദേ, കേട്ടോ, യാതൊന്നും അറിഞ്ഞുകൂടാ; അറിയണമെന്നുള്ള സ്പഷ്ടമായ ഉദ്ദേശത്തോടെത്തന്നെയാണ് ഞാനിവിടെ വന്നതും.ഗൃഹപാലിക:
(അപ്പോഴും ചിരിച്ചുകൊണ്ട്) അഭിനയിക്കാന്‍ എന്റെ പൊന്നമ്മച്ചി ഇന്നും മറന്നിട്ടില്ല. അങ്ങനെ വരട്ടെ. എത്ര ബോദ്ധ്യപ്പെട്ടു പോകുന്ന മട്ടിലാ അമ്മച്ചി അമ്മച്ചിയുടെ ഭാഗം അഭിനയിക്കുന്നെ! - ഹെര്നഗി എന്നൊരാളെ അമ്മച്ചി അറിയുകയേ ഇല്ലെന്നു യഥാര്ത്ഥമായിത്തോന്നിപ്പോകും!പ്രഭ്വി:
(സാശ്ചര്യം പിന്നോട്ടു ചൂളിക്കൊണ്ട്) ഹെന്തൊരു കൂത്തപ്പാ ഇത്! ഞാന്‍ അറിയുകയേ ഇല്ല ആ മനുഷ്യനെ. അഥവാ അറിയുമെങ്കില്‍ത്തന്നെ അങ്ങനെയൊരാളെ ഞാന്‍ ഓര്‍ക്കുന്നില്ല. ഞാന്‍ ആ മനുഷ്യന്റെ മേല്‍ ഒരിക്കലും ദൃഷ്ടി പതിപ്പിച്ചിട്ടില്ലെങ്കിലും അതു സംഭവ്യമാണ്.
അല്പമൊരു വകതിരിവൊക്കെക്കാണിക്കണ്ടേ എന്നു കരുതിയായിരിക്കാം അമ്മച്ചി, പക്ഷെ, ഇങ്ങനെ നടിക്കാന്‍ ഇഷ്ടപ്പെടുന്നത് - ഞാനതു മനസ്സിലാക്കുന്നു. പക്ഷേ എനിക്കു സര്‍വ്വസംഗതികളും അറിയാം; ഇവിടെതന്നെയാണല്ലോ എന്റേയും പൊറുതി; അമ്മച്ചിയുമായിപ്പരിചയപ്പെട്ടതില് എന്തൊരഭിമാനമാണ് ഹെര്നഗാക്കുള്ളതെന്നോ! സന്തോഷമാണെങ്കില്‍ ഉള്ളിലങ്ങനെത്തിങ്ങി പുള്ളിക്കാരന് മിക്കവാറുമങ്ങു പൊട്ടിത്തെറിച്ചുപോകുന്ന മട്ടായിട്ടുണ്ട്.പ്രഭ്വി:
(അത്ഭുതസ്തബ്ധയായി) അഭിമാനമോ? സന്തോഷമോ?ഗൃഹപാലിക:
ഇതുപോലൊന്നും ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. (അവള് എഴുത്തുമേശയുടെ അടുത്തേയ്ക്കു ചെല്ലുന്നു) നോക്കിയാട്ടെ! ഇതാ അദ്ദേഹം ആരാധിക്കുന്ന നിങ്ങളുടെ ചിത്രങ്ങള്‍. ഒരാഴ്ചക്കാലത്തേയ്ക്കുള്ള തുടര്‍ച്ചയായ ഒരത്ഭുതമാണവയെന്ന മട്ടില്‍ അദ്ദേഹം കണ്ണിമയ്ക്കാതെ അവയെ അങ്ങനെ നോക്കിക്കൊണ്ടിരിക്കുന്നത് മിക്കപ്പോഴും കണ്ടെത്തി ഞാനദ്ദേഹത്തെ പിടികൂടുന്നു. പക്ഷേ, ഒന്നു ഞാന്‍ പറയാം. എന്റെ കൊച്ചമ്മച്ചി വാസ്തവത്തില്‍ ഒരു വലിയ സുന്ദരിയാണ്. (അവള് അല്പനേരത്തേയ്ക്ക് ഒന്നും മിണ്ടാതെ നിന്നു പുഞ്ചിരി തൂകുന്നു) ഇവിടത്തെ കിടപ്പറയില്‍ കിടക്കുന്ന ആ രാത്രി ധരിക്കുവാനുള്ള വെള്ളപ്പട്ടുമേലുടുപ്പ് ആരുടേതാണെന്നും എനിക്ക് അസ്സലായറിയാം!പ്രഭ്വി:
(എഴുനേല്‍ക്കുകയും മേശയ്ക്കരികിലേയ്ക്ക് വിലങ്ങെക്കടന്നു ചെന്നു ഛായാചിത്രങ്ങള്‍ക്കു നേരെ നോക്കുകയും ചെയ്യുന്നു) ഹെന്ത്? രാത്രി ധരിക്കുവാനുള്ള ഒരു വെള്ളപ്പട്ടു മേലുടുപ്പോ? - ങ്ഹേ? അതിനും പുറമേ ഛായാചിത്രങ്ങളും? അവ യഥാര്‍ത്ഥത്തില്‍ എന്റെ സ്വന്തം ഛായാചിത്രങ്ങള്തന്നെയാണ്. നടുവിലുള്ള ആ ഒന്ന് - അത് ആ മനുഷ്യന്റെ ചിത്രമാണോ?ഗൃഹപാലിക:
അമ്മച്ചിക്കു വേര്‍തിരിച്ചറിയാന്‍ തരപ്പെടാത്ത വിധം അതത്രമോശമായിട്ടില്ല. വാസ്തവത്തില്‍, അദ്ദേഹം കണ്ടാല്‍ അതിനേക്കാള്‍ ചന്തമുള്ളവനാണ്. അല്ലേ, അങ്ങനെയല്ലേ, അമ്മച്ചി?പ്രഭ്വി:
ഞാന്‍ എങ്ങനെ അറിയും? ഞാന്‍ ഒരിക്കലും ആ ആളെ കണ്ടുമുട്ടിയിട്ടില്ല. പക്ഷേ, എന്താണിത്? എന്റെ ചിത്രത്തിന്മേല് ഒരു കൈക്കുറിപ്പോ? (അവള് അതു ഉച്ചത്തില്‍ വായിക്കുകയും എന്തെന്നില്ലാതെ കലികൊള്ളുകയും ചെയ്യുന്നു) ``എന്റെ പ്രിയപ്പെട്ട ജോഹാന്ന്ന് - ഐറിനേയില് നിന്ന്!'' (അവള് വേറൊന്നു വായിക്കുന്നു) ``ഞാന്‍ എന്നെന്നും അവിടത്തോടു സത്യസന്ധനായിരിക്കും - ഐറീനേ!'' (കോപത്താല്‍ വിളറിക്കൊണ്ട് മറ്റൊന്ന്) ``സദാ ആരാധനയോടെ - അങ്ങയുടെ കൊച്ചുനായ്ക്കുട്ടി!'' ഹോ! അയാളുടെ നായ്ക്കുട്ടി! (കോപത്താല്‍ മിക്കവാറും കണ്ണുനീര് പൊട്ടിക്കൊണ്ടും) ഹ്ങ്ങും! ഞാനേയ്! - അയാളുടെ നായ്ക്കുട്ടിപോലും! ആഭാസന്! ഇപ്പോള്‍ എനിക്കു മനസ്സിലാകുന്നു. എല്ലാവരോടും അയാളങ്ങനെ പറഞ്ഞുകൊണ്ടു നടക്കുകയാണ് ഞാന്‍ - (പെട്ടെന്നവള്‍ സ്വയം തന്റെ സംസാരം തടഞ്ഞു ഗൃഹപാലികയുടെ നേര്‍ക്കു തിരിയുന്നു) ഹെര്‍ ജോഹന്‍ നഗി നീചനീചനായ ഒരു ഗജപോക്കിരിയാണ്.ഗൃഹപാലിക :
(ഭയാവിഷ്ടയായി) പക്ഷേ, അമ്മച്ചീ! എനിക്കു മനസ്സിലാകുന്നില്ല, എന്തിനാ അമ്മച്ചി ഇത്രക്കുമാത്രം കലി കൊള്ളണേന്ന്.പ്രഭ്വി:
ഹും! നിനക്കറിഞ്ഞുകൂടാ പോലും! അറിഞ്ഞുകൂടാ നിനക്കല്ലേ? എനിക്കു തോന്നുന്നു - അയാള്‍ നിന്നോടും മുത്തന് കള്ളം അടിച്ചുവിട്ടിട്ടുണ്ട്. പക്ഷേ, കിട്ടും, അയാള്‍ക്കു കിട്ടും അതിന്റെല്ലാം പ്രതിഫലം!
(മിക്കവാറും തേങ്ങിക്കരഞ്ഞുകൊണ്ട്) എനിക്കറിയാവുന്ന ആളുകളില്‍ ഏറ്റവും നല്ല ഒരു മനുഷ്യനാണദ്ദേഹം, അമ്മച്ചി!പ്രഭ്വി:
ങ്ഹും! അയാളൊരു നല്ല മനുഷ്യന് പോലും! നല്ല മനുഷ്യന് - അല്ലേ? അങ്ങനെ ആയിരുന്നു അയാളെങ്കില്‍ എനിക്കിവിടെ ഇങ്ങനെ വരേണ്ട ഇടതന്നെ വരില്ലായിരുന്നു! എന്റെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ അയാളെ കണ്ടുമുട്ടിയിട്ടില്ല; നല്ലപോലെ മനസ്സില്‍ കരുതിക്കൊള്ളു..... ഈ അടുത്തകാലത്ത് എന്റെ പരിചയക്കാരില്‍ പലരും അയാളുടെ പേര് അങ്ങനെ പ്രസ്താവിക്കാറുണ്ട് - എന്നാല്‍ അവര്‍ അയാളുടെ പേരങ്ങു ശബ്ദിക്കുമ്പോഴൊക്കെ പരിഹാസഭാവത്തില്‍ അര്‍ത്ഥം വെച്ചു കള്ളച്ചിരി ചിരിക്കാറുള്ളതെന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഞാന്‍ തിരക്കി. അയാള്‍ ബാങ്കില്‍ ഒരു ജോലിക്കാരനാണെന്നും ഈ വീട്ടിലാണ് താമസമെന്നും ഞാന്‍ മനസ്സിലാക്കി. അയാള്‍ ഒരു കാലത്തു വര്ത്തമാനക്കടലാസുകളുമായി ബന്ധമുള്ള ഒരു മനുഷ്യനായിരിക്കണമെന്നു ഞാന്‍ കരുതി. അങ്ങനെയാണെങ്കില്‍ ഞാന്‍ അഭിനയിച്ചുകൊണ്ടിരുന്ന കാലത്തു പക്ഷേ, അയാളുമായി എങ്ങനെയെങ്കിലും പരിചയപ്പെട്ടിരിക്കാമെന്നും അങ്ങനെ അയാളെ ഓര്മ്മിച്ചെടുക്കാമെന്നും ഞാന്‍ ഉദ്ദേശിച്ചു. ഒരുപക്ഷേ, അയാള്‍ മറ്റൊരു കള്ളപ്പേരിലായിരിക്കാം അന്നു ലേഖനങ്ങള്‍ എഴുതിയിരുന്നത്. അതിനെസ്സംബന്ധിച്ചു നിന്നോടു ഞാന്‍ ചോദിച്ചത് അതുകൊണ്ടാണ്. ഒരു നടി ഒരു പ്രഭുകുടുംബത്തിലേയ്ക്കു വിവാഹം കഴിച്ചുപോകുമ്പോള്‍ അവളെക്കുറിച്ച് ഒടുങ്ങാത്ത അപവാദങ്ങള്‍ തുരുതുരെ അങ്ങനെ ഉണ്ടാവുക സാധാരണമാണ്; അസംഖ്യം പ്രാവശ്യം അങ്ങനെ ഉണ്ടായിട്ടുമുണ്ട്. ഈ മനുഷ്യന് ഇപ്പോഴും നാടകവേദിയുമായി ബന്ധമുണ്ടായിരിക്കാമെന്നും, നടപ്പിനനുസരിച്ച്, അതുകൊണ്ടായിരിക്കാം അയാള്‍ തന്നെക്കുറിച്ച് ഇങ്ങനെ ദുഷ്പ്രവാദങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നുമായിരുന്നു എന്റെ ധാരണ. അതിനാല്‍ ഞാന്‍ അയാളുമായി കണ്ട് കാര്യം നേരിട്ടു സംസാരിക്കണമെന്നു തീരുമാനിച്ചു. അതില്‍ പ്രത്യേകിച്ചും ഒരു കാരണമുണ്ട് - എന്റെ ഭര്‍ത്താവാണെങ്കില്‍, സദാ സംശയം കൊണ്ടു ഭ്രാന്തുപിടിച്ചു നടക്കുന്ന ഒരാളും അടക്കാന്‍ സാധിക്കാത്ത അസൂയാലുവുമാണ്. കേള്‍ക്കുകയും അറിയുകയും ചെയ്യാത്ത ഏതോ ഒരു ബാങ്കുജോലിക്കാരന് എന്റെ പേര് നാട്ടിലിട്ടിങ്ങനെ നാറ്റിക്കുകയാണെന്ന് അദ്ദേഹമെങ്ങാനും അറിഞ്ഞാല്‍ -ഗൃഹപാലിക:
അയ്യോ! എന്റെ അമ്മച്ചി! അദ്ദേഹം എന്റെ കൊച്ചമ്മച്ചിയെ ആരാധിക്കുകയാ!
ഒന്നാംതരം ആരാധനതന്നെ, ഞാന്‍ പറയാമല്ലോ! ഇപ്പോള്‍ എനിക്കും മനസ്സിലാകന്നു എന്താണ് നടക്കുന്നതെന്ന്. എന്റെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ അയാളെ കണ്ടുമുട്ടിയിട്ടില്ല - പക്ഷെ, അയാളാകട്ടെ, ഞാനും അയാളും തമ്മില്‍ പരസപരം പ്രണയമാണെന്നു നാടുനീളെ പെരുമ്പറയടിച്ചുകൊണ്ടുള്ള നടപ്പാണ്. പൊതുജനദൃഷ്ടിയില്‍ അടിസ്ഥാനമില്ലാത്ത ഒരു വലിയ സംശയത്തിന് അയാള്‍ എന്നെ പാത്രമാക്കുന്നു. എങ്ങനേയോ, എവിടന്നോ അയാളെന്റെ ഛായാചിത്രങ്ങള്‍ സമ്പാദിക്കുന്നു. എന്നിട്ട് അവയ്ക്കടിയില് ഞാന്‍ അയാളുടെ കൊച്ചുനായ്ക്കുട്ടിയാണെന്നെഴുതി എന്റെ പേരില്‍ ഒപ്പിടുന്നു. ഞാന്‍ ഒരിക്കലും ഇതനുവദിക്കയില്ല! എനിക്കുവേണ്ടി പ്രഭുതന്നെ കാര്യങ്ങളെല്ലാം ഒരു തീരുമാനത്തില്‍ എത്തിച്ചുകൊള്ളും. അദ്ദേഹത്തിന് അല്പം പ്രായാധിക്യമായി എന്നതു ശരിതന്നെ. പക്ഷേ, ആള് വല്ലാത്ത ഒരു തീജ്വാലയാണ്. അദ്ദേഹം അയാളെ നേരിട്ടുതന്നെ നല്ല പാഠം പഠിപ്പിക്കും.ഗൃഹപാലിക:
(ദുസ്സഹമായ വ്യഥയോടുകൂടി) അമ്മച്ചീ, അമ്മച്ചി വാസ്തവത്തില്‍ കാര്യമായിത്തന്നെ പറയുന്നതാണോ? എനിക്കതു വിശ്വസിക്കാന്‍ സാധിക്കുന്നില്ല. അമ്മച്ചിയുമായുള്ള പ്രണയത്തിന്റെ ആഴത്തിലേയ്ക്കു തല കീഴായി കണ്ണുമടച്ചൊരു മുതലക്കൂത്തു കാത്തിയിരിക്കയാണ് ഹെര്നഗി. അതിനാല്‍ അദ്ദേഹത്തിന്റെ പെരുമാറ്റങ്ങളെല്ലാം ഒരു മുഴുക്കിറുക്കന്റെ മട്ടിലായിട്ടുണ്ട്. ചിലപ്പോള്‍ അദ്ദേഹം ആനന്ദംകൊണ്ടു നൃത്തംചെയ്യുന്നു. ചിലപ്പോള്‍ ജെയില്മുറികളിലേയ്ക്കു കൊണ്ടുപോയാലത്തെപ്പോലെ ദുഃഖപരവശനാണദ്ദേഹം. ഇതാ ഇന്നലെ മാത്രമാണ് രാത്രി കാലത്തിടാനുള്ള ആ വെള്ളപ്പട്ടു മേലുടപ്പു വെളിക്കെടുത്ത് ഏറ്റവും സുന്ദരമായ ഭാഷയില്‍ അതിനോടു സംസാരിച്ചത്.പ്രഭ്വി:
രാത്രിയിലിടാനുള്ള മേലുടുപ്പിനോടോ?ഗൃഹപാലിക:
അതെ, അമ്മച്ചി. എന്റെ അമ്മച്ചി അതുമിട്ടുകൊണ്ടു വന്നപ്പോള്‍ ``രവിവര്‍മ്മയുടെ ദമയന്തി''യെപ്പോലെ സുന്ദരിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. `രവിവര്‍മ്മയുടെ ദമയന്തി'യോടാണ് എപ്പോഴുമദ്ദേഹം അമ്മച്ചിയെ ഉപമിക്കാറ്!പ്രഭ്വി:
ആ മേലുടുപ്പു ഞാന്‍ ധരിച്ചിരുന്നതാണെന്നയാള് പറഞ്ഞു? - ങ്ഹും! - ഇതിനൊക്കെ അയാള്‍ എണ്ണിയെണ്ണി ഉത്തരം പറയേണ്ടിവരും - നമുക്കു കാണാം!ഗൃഹപാലിക:
ദൈവത്തെയോര്‍ത്ത് എന്റെ പൊന്നമ്മച്ചി, അമ്മച്ചിയുടെ അങ്ങുന്നിനോടിതൊന്നും പറയല്ലേ! എങ്കില്‍ അതു മഹാ ഭയങ്കരമായിരിക്കും! പാവം, ഹെര്നഗി! എത്ര നല്ലവനാണെന്നോ! പിന്നെ, അല്പമൊരഴിഞ്ഞ പ്രകൃതക്കാരനാണെന്നേയുള്ളു! ഒരു വിധവയാണദ്ദേഹത്തിന്റെ അമ്മ! - ഈ ഒരൊറ്റ മകന് മാത്രമേയുള്ളു.പ്രഭ്വി:
നിരപരാധിനിയായ ഒരു സ്ത്രീയെക്കുറിച്ച് അപവാദം പറഞ്ഞു പരത്തുന്ന ഒരു പുരുഷന് യാതൊരലിവും അര്‍ഹിക്കുന്നില്ല.
എന്തിനാണദ്ദേഹം ഇങ്ങനെ പ്രവര്‍ത്തിച്ചതെന്നു എനിക്കറിഞ്ഞുകൂടാ; പക്ഷേ ഒന്നു ഞാന്‍ തീര്‍ത്തു പറയാം - മനസ്സില്‍ അദ്ദേഹത്തിനു ലേശമെങ്കിലും ദുഷ്ടവിചാരം ഉണ്ടായിരുന്നിരിക്കയില്ല. എനിക്കതു നിശ്ചയമുണ്ട്. വെണ്ണപോലലിയുന്നതാണ് അദ്ദേഹത്തിന്റെ ഹൃദയം..... എത്ര നല്ല മനുഷ്യന്!.... ഒരു തുട്ടെങ്കിലും ഇട്ടുകൊടുക്കാതെ ഒരു പിച്ചക്കാരനെ കടന്നുപോകാന്‍ അദ്ദേഹത്തിനു സാദ്ധ്യമല്ല..... ഏഴുകൊല്ലമായി ഞാന്‍ അദ്ദേഹത്തിനുവേണ്ടി പണിയെടുക്കുന്നവളാണ്; ഇക്കാലത്തിനിടയ്ക്ക് ഒരൊറ്റപ്രാവശ്യമെങ്കിലും എന്നോടദ്ദേഹം മുഖം കറുത്തൊരു വാക്കു ശബ്ദിച്ചിട്ടില്ല. (അവള് തേങ്ങിത്തേങ്ങിക്കരയുന്നു) അമ്മച്ചീ,........ എന്റെ പൊന്നമ്മച്ചിയല്ലേ...... അദ്ദേഹത്തിനു ദോഷമായി അമ്മച്ചി ഒന്നും ചെയ്യല്ലേ!പ്രഭ്വി:
(ഒരല്പംമാത്രം അലിവോടുകൂടി) നല്ല ചാട്ടകൊണ്ടു സമ്മാനിക്കുകയാ വേണ്ടതയാളെ!ഗൃഹപാലിക:
എന്നെ അമ്മച്ചി വിശ്വസിക്കൂ; ഒരൊന്നാന്തരം യോഗ്യനാണദ്ദേഹം. പക്ഷേ, ദുഷ്ക്കാലംകൊണ്ട് അല്പം വല്ലതും ആലോചനക്കുറവു വന്നിരിക്കാം. വല്യേ വല്യേ ആളുകള്‍ക്കു പലപ്പോഴും അമ്മച്ചിക്കു പറ്റിയപോലൊക്കെ സംഭവിക്കാറുണ്ട്.പ്രഭ്വി:
എനിക്കിതു മനസ്സിലായി എന്നു ഞാന്‍ നടിക്കുന്നില്ല. പക്ഷേ, ജോഹാന്നഗി ഇനിമേല്‍ ഒരിക്കലും എന്നെക്കുറിച്ച് അപവാദം പറഞ്ഞു പരത്താന്‍ പാടില്ല.ഗൃഹപാലിക:
പക്ഷേ.........പക്ഷേ.........അദ്ദേഹം ഒരടി മുന്നോട്ടു കടത്തിവെച്ചിരിക്കാം; അതു കാലേകൂട്ടിത്തന്നെ ഞാന്‍ സമ്മതിക്കുന്നു. പക്ഷേ, ഇന്നു രാവിലെ അദ്ദേഹം എന്നോടു പറഞ്ഞു നഗരത്തിലെ നടമലര്ക്കാവിലുള്ള ഗുണ്ഡേലിന്റെ ഭോജനശാലയില്‍ ഇന്നലെ അദ്ദേഹം അമ്മച്ചിയുമൊന്നിച്ചു മുത്താഴം കഴിക്കുകയുണ്ടായി എന്ന്. മിനിയാന്നാവട്ടെ ഗെര്ബോവിന്റെ അടുത്തുനിന്ന് ഒരു പൂച്ചെണ്ടുവാങ്ങി അദ്ദേഹം ഇവിടെ കൊണ്ടുവന്നു. അത് അമ്മച്ചിക്കു സമ്മാനിക്കുവാനാണെന്നും, നേരം അല്പം വൈകിയതിനാല്‍ അമ്മച്ചി അദ്ദേഹത്തെ കാത്തുനിന്നു വിഷമിക്കുമെന്നും പറഞ്ഞ് അദ്ദേഹം ഇവിടെനിന്നും ധൃതിപിടിച്ചിറങ്ങിപ്പോയി. ഹോ! അതെന്നോടു പറഞ്ഞപ്പോഴേ, കെട്ടോ അമ്മച്ചീ, അദ്ദേഹം ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വട്ടംചുറ്റി നൃത്തം തത്തുകയായിരുന്നു.പ്രഭ്വി:
അയാള്‍ക്കു മുഴുക്കിറുക്കാണ്; മുഴുക്കിറുക്ക് !ഗൃഹപാലിക:
ഒരുപക്ഷേ, ആയിരിക്കാം - എന്നാലും അദ്ദേഹത്തിന്റെ ഉദ്ദേശങ്ങള്‍ കറയില്ലാത്തതാണ്; അക്കാര്യം എനിക്കുറപ്പാണ്. അമ്മച്ചിയുടെ അങ്ങുന്നിന്നോട് ഇതു വല്ലതും അമ്മച്ചി ശബ്ദിച്ചാല്‍ ഭയങ്കരമാണ്; കഷ്ടവുമാണത്; എന്റെ പൊന്നമ്മച്ചി അദ്ദേഹത്തിനോടുതന്നെ നേരിട്ടു സംസാരിച്ചാല്‍ ധാരാളം മതിയാകും. ഞാന്‍ കൂടക്കൂടെ അദ്ദേഹത്തെ ശകാരിക്കാറുണ്ട്. പാവത്തിന്റെ കണ്ണില്‍ മിക്കവാറും കണ്ണീര് പൊടിഞ്ഞുപോകും. ഞാനെന്തു പറയുന്നോ അതേ എപ്പോഴും അദ്ദേഹം പ്രവര്‍ത്തിക്കൂ! വളരെ ശാന്തനും, ഒതുക്കമുള്ളവനും യാതൊരുപദ്രവവും ചെയ്യാത്തവനുമായ ഒരു മനുഷ്യനാണദ്ദേഹം.
പാവം, യാതൊരുപദ്രവവും ചെയ്യാത്ത ഒരു മനുഷ്യന്!....... ഞാന്‍ അയാളോടു സംസാരിക്കാം - അല്ലെങ്കില്‍, അതാണ് നല്ലത്, ഞാനയാള്ക്കെഴുതിക്കളാം. ഞാന്‍ നിന്നെ ഇവിടെക്കണ്ടുമുട്ടിയത് ഏതായാലും അയാളുടെ മഹാഭാഗ്യം!ഗൃഹപാലിക:
(കൃതജ്ഞതാപൂര്‍വ്വം പ്രഭ്വിയുടെ കൈ ചുംബിച്ചുകൊണ്ട്) എന്റെ അമ്മച്ചീ, വളരെ വന്ദനം! വളരെ വന്ദനം!പ്രഭ്വി:
ഞാന്‍ ഇവിടെ വന്നിരുന്നുവെന്ന് ഒരിക്കലും അയാള്‍ അറിയരുത്. അതിനു നീയെനിക്ക് വാക്കു തരണം.ഗൃഹപാലിക:
ജാമിയാപ്പുണ്യവാളനാണ് സത്യം. ഞാന്‍ ഇക്കാര്യം ശബ്ദിക്കില്ല. എന്റെ പൊന്നമ്മച്ചി എന്നെ വിശ്വസിക്കൂ!പ്രഭ്വി:(അവള് പ്രഭ്വിക്കായി വാതില്‍ തുറക്കുന്നു)
ഹെര്നഗിയോട് ഒരക്ഷരം ശബ്ദിച്ചുപോകരുത്. ഞാന്‍ എഴുതിക്കൊള്ളാം.ഗൃഹപാലിക:
(ആകസ്മികമായ ഒരമ്പരപ്പില്‍) പരിശുദ്ധകന്യക നമ്മെ രക്ഷിക്കട്ടെ! അദ്ദേഹം വരുന്നുണ്ട്! വീട്ടിലെത്തിക്കഴിഞ്ഞു. അദ്ദേഹം എഴുത്തുപെട്ടി തുറക്കുന്ന ശബ്ദം ഞാന്‍ കേള്‍ക്കുന്നു!പ്രഭ്വി:
എനിക്കെങ്ങനെ പുറത്തേയ്ക്കു പോകാന്‍ കഴിയും? ഇതിലേയല്ലാതെ വേറെ വല്ല വഴിയുമുണ്ടോ, വെളിയിലേയ്ക്കിറങ്ങാന്?ഗൃഹപാലിക:
ഇല്ല; കഷ്ടകാലത്തിനു വേറെയൊന്നുംതന്നെയില്ല.......പ്രഭ്വി:(അല്പനേരത്തെ നിശ്ശബ്ദത)
(പൊടുന്നനെ) എവിടെയാണ് കിടപ്പുമുറി?ഗൃഹപാലിക:
അതാ, മറ്റേ വാതില്‍........പ്രഭ്വി:
ഞാനിവിടെയുണ്ടെന്നു മിണ്ടിപ്പോകരുത്! മനസ്സിലായോ?ഗൃഹപാലിക:
ഞാന്‍ സത്യം ചെയ്തുകഴിഞ്ഞു; എന്റെ അമ്മാവനാണെങ്കില് ഒരു പുരോഹിതന്റെ കീഴില്‍ പണിയെടുക്കുന്ന ആളുമാണ്..... പക്ഷേ, അദ്ദേഹവുമായി സൗമ്യതയില്‍ ഒന്നു പെരുമാറിനോക്കു അമ്മച്ചി!പ്രഭ്വി:
ആട്ടെ, നമുക്കു നോക്കാം!ജോഹാന്‍:(അവള് ശയനമുറിയിലേയ്ക്കു കടക്കുന്നു. ആശ്വാസം കിട്ടിയ ഗൃഹപാലിക നെടുവീര്‍പ്പിടുന്നു. അല്പനേരത്തെ ഒരു നിശ്ശബ്ദത.)
(ജോഹാന്‍ പ്രവേശിക്കുന്നു. ഉന്മേഷഭരിതമായ ഒരു ഭാവമാണയാള്ക്കുള്ളത്. കൈയില്‍ ഒരു കത്തുണ്ട്. അതു ധൃതഗതിയില്‍ വായിക്കുകയും അനന്തരം കൈയില്‍ വെച്ചു കശക്കുകയും ചെയ്യുന്നു.)
ഓ! ആരത്, ഫ്രോഹാരിന്ഗാസോ?..........പിന്നെ എന്തുണ്ട് പുതിയ വര്‍ത്തമാനം!ഗൃഹപാലിക:
ഓ, വിശേഷിച്ചൊന്നുമില്ല.ജോഹാന്‍:
എന്തൊരു സൗരഭ്യമാണിവിടെ! നിങ്ങള്‍ ഏതെങ്കിലും തരത്തില്‍ സുഗന്ധദ്രവ്യം ഉപയോഗിക്കാറുണ്ടോ?ഗൃഹപാലിക:
അയ്യോ, ഇല്ല! ഞാന്‍ ഒരിക്കലും അതുപയോഗിക്കില്ല.ജോഹാന്‍:
പക്ഷേ ഞാന്‍ വാസനിക്കുന്നുണ്ടല്ലോ. ഇതാ എന്തു സുഗന്ധം!ഗൃഹപാലിക:
അങ്ങ് ഒരു പ്രസാദഭാവത്തിലാണ്, ഫെര്നഗി.ജോഹാന്‍:
തീര്‍ച്ചയായും; തികഞ്ഞ പ്രസാദഭാവത്തില്ത്തന്നെയാണ് ഞാന്‍ (അയാള്‍ ഛായാചിത്രങ്ങളുടെ നേര്‍ക്കു നോക്കുന്നു) അവള് എനിക്കു കത്തയച്ചിരിക്കുന്നു, എന്റെ ദമയന്തി! കോട്ടയില്‍ ആ റൊട്ടിക്കടയ്ക്കടുത്ത് ഇന്നു രാത്രി കിറുകൃത്യം ഏഴുമണിക്ക് അവള് എന്നെ കാണാനെത്തും! എനിക്ക് അത്താഴം പാകമാക്കണ്ട.... ഏതായാലും എനിക്കായി നിങ്ങള്‍ ഒരുകോപ്പ ചോക്കലേറ്റ് ഉണ്ടാക്കിത്തന്നേയ്ക്കൂ!
അങ്ങനെതന്നേ. (സിരാകമ്പത്തോടുകൂടി) അങ്ങനെതന്നെ. പക്ഷേ......... ആ ചിത്രങ്ങള്‍; അവ ഇവിടെയിങ്ങനെ തുറസ്സായി വെച്ചിരിക്കുന്നതു തെറ്റാണെന്ന് അങ്ങയ്ക്കു തോന്നുന്നില്ലേ? - വരണോര്‍ക്കും പോണോര്‍ക്കും ഒരു കാഴ്ച! ഇതില്‍നിന്നു വല്ല ഉപദ്രവവും ഉണ്ടായേയ്ക്കാം.ജോഹാന്‍:
എന്തുപദ്രവം? അങ്ങേ അറ്റം വന്നാല്‍, എന്റെ സ്നേഹിതന്മാര് കണ്ണുകടികൊണ്ടങ്ങനെ കലികൊണ്ടേയ്ക്കാം. പ്രഭ്വിയുമൊന്നിച്ച് എന്നെ കണ്ടുതുടങ്ങിയതു മുതല്‍ എന്റെ സ്നേഹിതന്മാര്ക്ക് എന്നെ അളവറ്റ ബഹുമാനമാണ്. ഞാന്‍ ഒരു ദേവനായിരുന്നാലെന്നപോലെയാണ് അവര്‍ എന്റെ നേര്‍ക്ക് നോക്കുന്നത്. രാവിലെ ഞാന്‍ ചെല്ലുമ്പോള്‍ ബാങ്കിലെ പ്രസിഡന്റുപോലും എന്നോടു `നമസ്തേ' പറയുന്നു.ഗൃഹപാലിക:
പക്ഷേ, അദ്ദേഹം പ്രഭുവിനെയെങ്ങാന് കണ്ടുമുട്ടിയാല്‍....ജോഹാന്‍:
പ്രഭൂ!........ ആ കെഴട്ടുമാടന് കെഴങ്ങച്ചന്!....... എണീറ്റുനടക്കാന്‍ ജീവനില്ലാത്ത സാധു! വിവാഹിതനായ ഒരു പുരുഷന് ഒരിക്കലും അയാളുടെ ഭാര്യയെക്കുറിച്ച് എന്തെങ്കിലുമറിഞ്ഞു എന്നു വരുന്നതല്ല......... ങ്ഹാ! അതൊക്കെപ്പോട്ടെ! എളുപ്പംപോയി എനിക്കു ചോക്ലേറ്റ് ഉണ്ടാക്കിക്കൊണ്ടുവരൂ!.......ഗൃഹപാലിക:
എനിക്കു വല്ലാത്ത മനശ്ശല്യമുണ്ട്, ഹെര്നഗി -ജോഹാന്‍:
എനിക്കു വിശക്കുന്നു, ഫ്രോഹാരിന്ഗാസ്! എന്താ നിങ്ങളുടെ തലയ്ക്കുള്ളില്‍ കടന്നുകൂടിയിരിക്കുന്നെ?.........പ്രഭ്വി:
(പ്രത്യക്ഷത്തില്‍ ഭയചകിതയായി തല മെല്ലെ കുലുക്കിക്കൊണ്ടു വലതുവശത്തെ വാതിലിലൂടെ പോകുന്നു. ജോഹാന്‍ അവളെ തുറിച്ചുനോക്കിനിന്നുകൊണ്ടു തോളുകുലുക്കി തലയാട്ടുന്നു. അതില്‍നിന്നു വിരമിച്ച്, വാതില്ക്കലേയ്ക്കു പൃഷ്ഠം തിരിഞ്ഞ്, കൈയുള്ള ഒരു കസേരയില്‍ സുഖമായി ഇരിപ്പുറപ്പിച്ചുകൊണ്ട്, ഒരു വര്ത്തമാനക്കടലാസ്സെടുത്തിട്ട്, ഒരു സിഗററ്റു കൊളുത്തുന്നു. കുറച്ചുനേരത്തേയ്ക്ക് ഒരു നിശ്ശബ്ദത. ഇതിനിടയില്‍ അവിടം കൂടുതലായി ഇരുളുന്നു.
(യാതൊരു ശബ്ദവുമുണ്ടാക്കാതെ കിടപ്പറയുടെ വാതില്‍ പ്രഭ്വി ശാന്തമായി തുറക്കുന്നു. പട്ടുകൊണ്ടുള്ള ആ വെളുത്ത നിശാവസ്ത്രമാണ് ധരിച്ചിരിക്കുന്നത്.)
ആരാണവിടെ?ജോഹാന്‍:
(ജോഹാന്‍ വജ്രപാതമേറ്റപോലെ നിശ്ചലനായിത്തീരുന്നു. അയാള്ക്കനങ്ങാന് കഴിയുന്നില്ല.)
ഈശ്വരാ! - ഇതെന്തൊരു........ പ്രഭ്വി: (വാതില്‍പ്പടിയില്‍ നിന്നുകൊണ്ട് മധുരമായി) ജോഹാന്‍ അദ്ദേഹത്തിന്റെ കൊച്ചു നായ്ക്കുട്ടിയെ ഗൗനിക്കുകയില്ലേ? (അയാള്‍ ഒരു വിരല്‍ ചെവിക്കുള്ളില്‍ കുത്തിക്കടത്തുകയും ചെകിടുകടിയുള്ളതുപോലെ അതു ഇളക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു) പക്ഷേ പൊടുന്നനെയുള്ള ഈ അത്ഭുതം അത്ര ഇഷ്ടപ്പെടുന്നില്ലായിരിക്കാം; അല്ലേ?ജോഹാന്‍:
(ചുറ്റും നോക്കുകയും അമ്പരപ്പിനിടയില്‍ തന്റെ കസേരയില്‍ നിന്നു മിക്കവാറും നിലംപതിക്കുകയും ചെയ്യുന്നു.) എന്റെ ഈശ്വാ! - പ്രഭ്വി!പ്രഭ്വി:
എന്തു പ്രഭ്വി? എന്നു മുതലാണ് അങ്ങയ്ക്കു ഞാനൊരു പ്രഭ്വിയായത്? ഞാന്‍ അങ്ങയുടെ ഐറീനേയാണ്, അങ്ങയുടെ കൊച്ചു നായ്ക്കുട്ടി -ജോഹാന്‍:
(ചാടി എഴുന്നേറ്റ്) പ്രഭ്വി ഇവിടെ എങ്ങനെ വന്നുകൂടി?പ്രഭ്വി:
എന്തിനാണെന്നെ ഇങ്ങനെയിട്ടു കളിപ്പിക്കുന്നത് ജോഹാന്‍ ഇന്നലെ രാത്രി ഗുണ്ഡേലിന്റെ ഭക്ഷണാലയത്തില്വെച്ച് അങ്ങു കരുതിയില്ല, ഇന്നു ഞാനങ്ങയെ സന്ദര്‍ശിക്കാന്‍ ധൈര്യപ്പെടുമെന്ന്. അങ്ങയ്ക്കു സന്തോഷമായി, ഇല്ലേ?
എനിക്കു മനസ്സിലാകുന്നില്ല? ഇതു വാസ്തവത്തില്‍ പ്രഭ്വിതന്നെയാണോ? എന്തിനാണ് ഇവിടെ വന്നിരിക്കുന്നത്? - അതും ഒരു നിശാകഞ്ചുകവും ധരിച്ചുകൊണ്ട്! എന്താണാവശ്യം?പ്രഭ്വി:
(സന്തുഷ്ടയായി) ഇതു വാസ്തവത്തില്‍ പ്രഭ്വിതന്നെയാണോ എന്ന്! എന്താണെനിക്കാവശ്യമെന്ന്! അങ്ങയുടെ ഓമനയോട് എങ്ങനെ മനസ്സുവരുന്നു ഇങ്ങനയെല്ലാം ചോദിക്കാന്‍! ഇന്നലെ രാത്രി ഗുണ്ഡേലയില് വെച്ച് അങ്ങെന്നോട് എത്രമാത്രം സ്നേഹസമ്പുഷ്ടനായിരുന്നു! അങ്ങതു മറന്നുപോയോ?ജോഹാന്‍:
എനിക്കു മാപ്പു തരൂ - പക്ഷേ, ഇന്നലെ രാത്രി ഒരു മണി, കഴിയുന്നതുവരെ പ്ലാറ്റെന്സീ കഫേയില്‍ ഞാന്‍ `ബില്ലിയേര്‍ഡ്' കളിക്കുകയായിരുന്നു.പ്രഭ്വി:
ദയവു ചെയ്ത്, ദയവു ചെയ്ത് എന്നെയിട്ടിങ്ങനെ കുരങ്ങു കളിപ്പിക്കാതിരിക്കൂ! മിനിഞ്ഞാന്ന് വൈകിട്ടു കമനീയമായ ഒരു പൂച്ചെണ്ടു ഗെര്ബേവിന്റെ അടുത്തുനിന്നു വാങ്ങിക്കൊണ്ടുവന്ന് എനിക്കു സമ്മാനിച്ചത് ഇനിയൊടുവില്‍ അങ്ങു മറന്ന മട്ടു നടിച്ചു തുടങ്ങും - ഹാ! ആ പൂച്ചെണ്ട്! എന്റെ ഏകനിധി!ജോഹാന്‍:
മിനിയാന്നു വൈകുന്നേരം മുഴുവന്‍ എന്റെ സ്നേഹിതന് ബോര്ബേലിയുമൊരുമിച്ച് ഒരു ഫുട്ബാള്‍ മത്സരക്കളി കാണുന്നതിലാണ് ഞാന്‍ ചിലവഴിച്ചത്.പ്രഭ്വി:
അലസഹൃദയനേക്കാള് കഷ്ടമാണ് അങ്ങ്! എന്തും മറവിതന്നെ മറവി! കോട്ടയില്‍ ഇന്നു രാത്രി നാം ഒരു സങ്കേതസ്ഥാനത്തുവെച്ച് കാണാമെന്നു നിശ്ചയിച്ചിരുന്നിട്ടും അതത്ര ഗൗനിക്കാതെ ഞാന്‍ ഇവിടെ വന്നതിനാല്‍ അങ്ങാകപ്പാടെ ഒരന്തംമറന്ന മട്ടിലായിരിക്കയാണേ? എന്റെ ഭര്‍ത്താവുണ്ടല്ലോ, പ്രഭു, അങ്ങോരിന്നെന്നെ വല്ലാതേ, ഞാന്‍ തകര്ന്നുപോകത്തക്കവിധം, `ബോറു ചെയ്യാന്‍, തുടങ്ങി. അങ്ങയെ കാണാന്‍ ഏഴു മണിയാകുന്നതുവരെ കാത്തിരിക്കുക എനിക്കസഹ്യമായിത്തോന്നി! ഹോ, എന്തൊരെതിര്ക്കാന് കഴിയാത്ത ആളാണങ്ങ്! (അവള് അയാളെ കസേരയിലേയ്ക്ക് ഉന്തിനീക്കിയിട്ട്, അതിന്റെ കൈയിന്മേലിരിക്കുന്നു) ആട്ടെ; എന്നോടു പറയൂ, എന്റെ കത്ത് അങ്ങയെ സന്തോഷിപ്പിച്ചില്ലേ?ജോഹാന്‍:
എന്തു കത്ത്?പ്രഭ്വി:
ഞാനിന്നു രാവിലെ അങ്ങയ്ക്കയച്ചതേയ്! ഇതിനിടയില്‍ അങ്ങയ്ക്കതു കിട്ടിക്കാണണം.ജോഹാന്‍:
കീശയില്‍ നിന്ന് ഒരെഴുത്തു പുറത്തെടുത്തു കൊണ്ട് ഈ എഴുത്താണ് എനിക്കിന്നു കിട്ടിയത്....... ഇതു പ്രഭ്വി എഴുതിയതുമല്ല.......പ്രഭ്വി:
(അയാളുടെ കൈയില്‍ നിന്ന് അതു തട്ടിപ്പറിച്ചിട്ട്) ഞാനതൊന്നു കാണട്ടെ. അതെ; തീര്‍ച്ചയായും ഇതു തന്നെ ഞാന്‍ എഴുതിയ കത്ത്! ഇതാ ഇതില്‍ നോക്കൂ! വായിക്കു! (ഒരു കൈ അയാളുടെ കഴുത്തിനു ചുറ്റിയിട്ടുകൊണ്ട് അവള് വായിക്കുന്നു) എന്റെ സ്വന്തം ജോഹാന്‍, ഇന്നുരാത്രി ഏഴുമണി ആകുമ്പോള്‍ കോട്ടയിലുള്ള ആ ചെറിയ റാട്ടി ടൈയ്ക്കരികെ ഞാന്‍ അങ്ങയെ കാത്തുനില്ക്കുന്നുണ്ടായിരിക്കും. ഒട്ടും വൈകരുതേ! ഒരായിരം ചുംബനങ്ങളോടുകൂടി, അങ്ങയുടെ വിശ്വസ്തയായ ഐറിനേ'' (അവള് കത്ത് അയാള്‍ക്കു കൊടുക്കുന്നു) എന്റെ സ്വയം കൈപ്പടയിലാണത്. അങ്ങുതന്നെ വായിച്ചുനോക്കു. അലസഹൃദയനായിരുന്നു പേക്കിനാവു കാണുന്ന ഒരാളാണങ്ങ്!
എഴുത്തിങ്ങനെയാണ്: ``പ്രിയപ്പെട്ട സാറേ, ഈ പറയുന്നതു പ്രത്യേകം ഗൗനിച്ചുകൊള്ളു! അങ്ങയുടെ കണക്കില്‍ എനിക്കു വരേണ്ടും വകയില്‍ എന്തെങ്കിലും അങ്ങ് എനിക്കു തന്നിട്ടു കൊല്ലം രണ്ടു കഴിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ യാതൊന്നും എനിക്കങ്ങു തരാതിരുന്നതു തികച്ചും ലജ്ജാവഹമാണ്. തരുവാനുള്ളതു തന്നുതീര്ക്കണമെന്നു ഞാനിതാ ഒന്നുകൂടി, അവസാനമായി, നിങ്ങളോടാവശ്യപ്പെട്ടുകൊള്ളുന്നു. വാങ്ങിയിട്ട് ഇനിയും നിങ്ങള്‍ വിലതന്നിട്ടില്ലാത്ത എന്റെ ആ കാല്ശരായില് അങ്ങുമിങ്ങും ഞെളിഞ്ഞു നടക്കുന്ന നിങ്ങളുടെ പതിവ് ഇനിയും ഇനിയും നിങ്ങള്‍ തുടരുന്നപക്ഷം ഞാന്‍ അന്യായം കൊടുത്ത്, എന്റെ സംഖ്യ നിങ്ങളില്‍ നിന്ന് ഇസ്തിരിക്കിട്ടു വസൂല്‍ ചെയ്യുന്നതാണെന്ന് ഇതിനാല്‍ നിങ്ങള്‍ക്കു മുന്നറിവു തന്നുകൊള്ളുന്നു; എന്ന്, ഫോഫ്മാന്‍.'' അയാള്‍ പറയുകയാണ്, ``എന്റെ സംഖ്യ നിങ്ങളില്‍നിന്ന് ഇസ്തിരിക്കിട്ടു വസൂല്‍ ചെയ്യുന്നതാ''ണെന്ന്. എന്റെ തുന്നല്ക്കാരന് എഴുതിയതാണത്. അയാളുടെ വാചകരീതി എനിക്കറിയാം.പ്രഭ്വി:
(നിലവിളിച്ചുകൊണ്ടു ജോഹന്റെ മടിയിലേയ്ക്കു കുഴങ്ങിക്കുഴഞ്ഞു വീണു) എന്റെ പാവംപിടിച്ച കൊച്ചുജോഹാന്! പ്രണയം നിങ്ങളെ തികച്ചും ഒരു ഭ്രാന്തനാക്കിത്തീര്ത്തിരിക്കുന്നു!ജോഹാന്‍:
(വേദനാത്മകമായ സംഭ്രമത്തോടെ): ദയവുചെയ്തു ഞാന്‍ പോട്ടെ! ഇത് ഒട്ടുംതന്നെ മര്യാദയ്ക്കു ചേര്‍ന്നതല്ല........ എന്തിനാണ് നിങ്ങള്‍ കരയുന്നത്? എനിക്കു നിങ്ങളെ അറിഞ്ഞുകൂടാ. ഇത് അല്പമെങ്കിലും ഇനി മുന്നോട്ടു പോകുന്നപക്ഷം ഞാന്‍ ശരിക്കും ജനലില്‍ക്കൂടി വെളിക്കെടുത്തു ചാടും!പ്രഭ്വി:
(ഏങ്ങലടിച്ചുകൊണ്ട്) ഇതു വേദനാജനകമാണ്; ഇതു ഞെക്കിഞെരിച്ചു കളയുന്ന ഒന്നാണ് - അങ്ങെന്നെ തിരിച്ചറിയുന്നില്ലെന്നുള്ളത്! ആരെ? - എന്നെ; അങ്ങയുടെ ഹൃദയേശ്വരിയെ! പ്രണയം അങ്ങയുടെ ഓര്‍മ്മശക്തിയെ പാടേ നശിപ്പിച്ചു കളഞ്ഞു! ആനന്ദം - അത്രമേല്‍ എന്നോടൊന്നിച്ചിരിക്കുന്നതില്നിന്നുള്ള ആനന്ദം - അങ്ങയുടെ യുക്തിബോധത്തെ തട്ടിത്തകര്‍ത്തിരിക്കുന്നു!ജോഹാന്‍:
നിങ്ങള്‍ എന്നോടൊന്നിച്ചുണ്ടായിരുന്നു? ങേ? - എന്നോടൊന്നിച്ച്?പ്രഭ്വി:
തീര്‍ച്ചയായും! അങ്ങയോടൊന്നിച്ച്, അങ്ങയോടൊന്നിച്ച്!ജോഹാന്‍:
എന്നോടൊന്നിച്ച്, നിങ്ങളോടൊന്നിച്ച്, അയാളോടൊന്നിച്ച്, നമ്മളോടൊന്നിച്ച്, അവരോടൊന്നിച്ച് -പ്രഭ്വി:
എന്റെ സ്വന്തം ജോഹാന്‍, ഞാന്‍ അങ്ങയോടു യാചിക്കുന്നു, അങ്ങയുടെ സ്വബോദ്ധത്തിലേയ്ക്ക് അങ്ങൊന്നു തിരിച്ചുവരൂ! എന്നെ നിഷ്ക്കര്‍ഷിച്ച് ഒന്നു നോക്കൂ! അങ്ങ് എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും പക്ഷേ ഈ നിശാകഞ്ചുകം അങ്ങു തിരിച്ചറിയും. അങ്ങാണ് ഇതു വിലയ്ക്കു വാങ്ങിയത്.
അതെ, തീര്‍ച്ചയായും. ഹോള്സറുടെ അടുത്തു നിന്നാണ് ഞാനതു വിലയ്ക്കു വാങ്ങിയത്.പ്രഭ്വി:
അങ്ങ് എനിക്കുവേണ്ടി അതു വിലയ്ക്കു വാങ്ങി! അങ്ങതു തെരഞ്ഞെടുത്തശേഷം, നാം ഒരുമിച്ചാണ് അതു കൊണ്ടുപോന്നത്. എതിര്‍ക്കാന്‍ സാധിക്കാത്ത ഒരു വല്ലാത്ത പുള്ളിയാണങ്ങ്. അങ്ങ് എന്നെ കീഴടക്കി. ഞാന്‍ അങ്ങയോട് ഒടുവില്‍ വാക്കു പറഞ്ഞു ഞാന്‍ - ഞാന്‍ കുറച്ചു നിമിഷത്തേയ്ക്ക് അങ്ങയെ അങ്ങയുടെ മുറിയില്‍ വന്നു സന്ദര്‍ശിക്കാമെന്ന്. (അയാളുടെ മാറിലുള്ള കുപ്പായക്കുടുക്കുകള്‍ ശ്യംഗാരലീലാഭാവത്തില് കുണുങ്ങിക്കുഴഞ്ഞു പിഴുക്കിയെടുത്തുകൊണ്ട്) അതുകൊണ്ടാണ് നാം ഒത്തൊരുമിച്ച് അത് എടുത്തുകൊണ്ടു പോന്നത്. ആട്ടെ ഇപ്പോള്‍ അങ്ങ് ഓര്‍മ്മിക്കുന്നോ?ജോഹാന്‍:
ഇതു സത്യമല്ല. ഞാന്‍ തനിച്ചാണിതു വിലയ്ക്കുവാങ്ങിയത്.പ്രഭ്വി:
എന്റെ പൊന്നുങ്കുടമേ, അങ്ങ് എന്റെ തല കറക്കുന്നു! കഴിഞ്ഞ ഫെബ്രുവരിയില്‍ നാം ഒന്നിച്ചാണ് അതു ചെന്നു വാങ്ങിയത്! ജവളിക്കടയില് എന്നോടൊന്നിച്ച് അങ്ങുണ്ടായിരുന്നു.ജോഹാന്‍:
എന്നോടൊന്നിച്ചോ? എന്നോടൊന്നിച്ചോ?പ്രഭ്വി:
അങ്ങയോടൊന്നിച്ച്, അങ്ങയോടൊന്നിച്ച്ജോഹാന്:
എന്നോടൊന്നിച്ച്, നിങ്ങളോടൊന്നിച്ച്, ഇവളോടൊന്നിച്ച്, നമ്മളോടൊന്നിച്ച്, അവനോടൊന്നിച്ച്............ഒരുത്തനെ മുഴുക്കിറുക്കു പിടിപ്പിക്കാന്‍ ഇതു ധാരാളം മതി.പ്രഭ്വി:
ആട്ടെ, ഞാനല്ലെങ്കില്‍ പിന്നാരാണ് അങ്ങയ്ക്ക് ഈ ഛായാചിത്രങ്ങള്‍ തന്നത്?ജോഹാന്‍:
ഒരിക്കലും നിങ്ങളല്ല. തീര്‍ച്ച. സ്റ്റെറെലിസ്കയുടെ അടുത്തുനിന്നാണ് ഞാന്‍ അവ വാങ്ങിയത് ഒരു വലിയ തുക അവയുടെ വിലയായി കൊടുക്കുകയും ചെയ്തു.പ്രഭ്വി:
അങ്ങ് വിലകൊടുത്ത് അവ വാങ്ങി? അങ്ങനെയാണെങ്കില്‍, ആട്ടെ ഞാനല്ലാതെ പിന്നാരാണ് അവയില്‍ എഴുതിയത്? എന്റെ സ്വന്തം കൈപ്പടയിലുള്ളവയാണ് ഈ കുറിപ്പുകള്‍. എങ്ങനെ ചിത്രത്തില്‍ ഞാനെഴുതി: ``എന്റെ പ്രിയപ്പെട്ട ജോഹാന്‍, ഐറിവനേയില്നിന്നു'' - എന്നെ ഭൂമിയാകമാനം മഞ്ഞു മൂടിക്കിടന്ന ക്രിസ്തുമസ്സ് കാലത്ത് അങ്ങയോടൊന്നിച്ച് മനോഹരമായ ആ രാത്രി ചിലവഴിച്ചശേഷം ഞാന്‍ അതങ്ങേയ്ക്കു സമ്മാനിച്ചു. ആ കഥയെല്ലാം അങ്ങു മറന്നുപോയോ? അഗ്നികുണ്ഡത്തില്‍ അരുണോജ്വലമായി അഗ്നിജ്വാലകള്‍ തീപ്പൊരി ചിതറി പടര്‍ന്നുകത്തി. അങ്ങു വിളക്കൊക്കെക്കെടുത്തിയിട്ട് എന്നെ വാരിയെടുത്ത് അങ്ങയുടെ മടിയില്‍ കിടത്തിക്കൊണ്ട് അങ്ങയുടെ കൗമാരദിനങ്ങളെക്കുറിച്ചും, അങ്ങയുടെ സുശീലയും വിധവയുമായ മാതാവിനെപ്പറ്റിയും എന്നോടു സംസാരിച്ചു. ആ നല്ല അമ്മയുടെ ഏകാശ്വാസമാണ് അങ്ങ് എന്ന് എന്നോടു പറഞ്ഞു.
അത് ഏതാണ്ടല്പം ശരിയാണെന്നു തോന്നുന്നു. പക്ഷേ, ചിത്രങ്ങളിലെ ആ കുറിപ്പെഴുതിയതു ബാങ്കില്‍ ജോലിചെയ്യുന്ന ഒരു ചുരുക്കെഴുത്തുകാരിയാണ്. ഒരു സായാഹ്നത്തില്‍ ഞങ്ങള്‍ രണ്ടുപേരും തനിച്ചിരുന്നു ജോലിചെയ്യുമ്പോള്‍ എനിക്കുവേണ്ടി അവളെക്കൊണ്ട് ഞാനതു ചെയ്യിക്കുകയാണുണ്ടായത്. അവളോടു ഞാന്‍ എന്റെ അമ്മയെക്കുറിച്ചു പ്രസ്താവിക്കുകയുണ്ടായി എന്നതു പരമാര്‍ത്ഥംതന്നെ -പ്രഭ്വി:
അങ്ങയോടൊന്നിച്ചുണ്ടായിരുന്നവള് ഞാനാണ്. എന്റെ ചിത്രങ്ങളില്‍ ഞാന്‍തന്നെയാണ് കുറിപ്പുകള്‍ എഴുതിയത്. അങ്ങയുടെ അമ്മയെക്കുറിച്ചു അങ്ങു പ്രസ്താവിച്ചത് എന്നോടാണ്.ജോഹാന്‍:
വാസ്തവമായിട്ടും? നിങ്ങള്‍ അവിടെ ഉണ്ടായിരുന്നു? അങ്ങനെയാണെങ്കില്‍ നിങ്ങള്‍ സാറോസ്കാവര്ട്സ് ആണ്.പ്രഭ്വി:
തീര്‍ച്ചയായും അല്ല! തൊറോകസ്ക്കേ പ്രഭ്വിയാണ് ഞാന്‍, അങ്ങയുടെ പ്രേമഭാജനം; അങ്ങയോടു ദൃഢഭക്തിയുള്ള അങ്ങയുടെ കൊച്ചുനായ്ക്കുട്ടി! - എന്നെയാണ് എത്രയും പ്രേമത്തോടുകൂടി ഇന്നലെ രാത്രി അങ്ങ് ആലിംഗനം ചെയ്തത്!ജോഹാന്‍:
നിങ്ങള്‍ക്ക് എന്തോ മാറ്റം വന്നിട്ടുണ്ടെന്ന് എനിക്കു തോന്നുന്നു.പ്രഭ്വി:
(എഴുന്നേറ്റുകൊണ്ട്) ഞാന്‍ പ്രേമബദ്ധയായിരുന്നതിനാല് എന്റെ ശരീരം തടിക്കുന്നതില് ഞാന്‍ ഭയപ്പെട്ടു. അതുകൊണ്ടു പ്രത്യേകരീതിയിലുള്ള ചില ഭക്ഷണക്രമങ്ങളെല്ലാം ഞാന്‍ തുടര്‍ച്ചയായി ശീലിച്ചുവന്നു.(ജോഹാനും എഴുന്നേല്ക്കുന്നു)ജോഹാന്‍:
അപ്പോള്‍ നിങ്ങള്‍ തോറോക്സ്ക്കേ പ്രഭ്വി. കപടവേഷം ചമഞ്ഞ് ബാങ്കില്‍ നാള്കഴിക്കുകയായിരുന്നോ?പ്രഭ്വി:
എന്തസംബന്ധം! ഞാന്‍ വിചാരിച്ചു അങ്ങയ്ക്കു സ്വബോധമുണ്ടായിത്തുടങ്ങുന്നെന്ന്. ഇതാ ഇപ്പോള്‍ അങ്ങയ്ക്കു വീണ്ടും വന്നിരിക്കുന്നു ഒരു ബോധമാന്ദ്യം. ഇവിടെ വരൂ! (അവള് ചാരുകട്ടിലില്‍ ഇരിക്കുന്നു) അങ്ങയുടെ ശിരസ്സ് എന്റെ മടിയില്‍ വെയ്ക്കൂ. ഞാന്‍ അതു തടവിത്തരാം; അങ്ങയ്ക്കപ്പോള് കൂടുതല്‍ സുഖം തോന്നും.ജോഹാന്‍:
വേണ്ട! വേണ്ട! ദയവുചെയ്തൊന്നു പോകൂ! എന്നെ സൈ്വരമായിത്തനിച്ചുവിടു. അല്ലെങ്കില്‍ എനിക്കു ഭ്രാന്തുപിടിക്കും! ദയവുചെയ്ത് ഒന്നു പോകൂ!പ്രഭ്വി:
(ഏങ്ങലടിച്ചുകൊണ്ട്) അങ്ങ് എന്താണ് പറഞ്ഞത്? അങ്ങെന്നെ ആട്ടിയോടിക്കയാണോ? അങ്ങയുടെ പ്രാണേശ്വരിയാകുവാന് അങ്ങെന്നോടഭ്യര്ത്ഥിച്ചപ്പോള് ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ അങ്ങയുടെ സംസാരം! പക്ഷേ, എന്തിനു പറയുന്നു? ഈ പുരുഷന്മാര് ഒരു വര്ഗ്ഗംതന്നെ ഒന്നൊഴിയാതെ ഇത്തരക്കാരാണ്. ഞങ്ങള്‍ ഞങ്ങളുടെ സര്‍വ്വസ്വവും സമര്‍പ്പിക്കുന്നു. എന്നാല്‍ ഞങ്ങളെക്കൊണ്ടു നിങ്ങള്‍ക്കു മുഷിവുതോന്നുന്ന ആ നിമിഷംമുതല്‍ നിങ്ങളുടെ കൃതഘ്നത പെരുകിപ്പെരുകി അന്തമില്ലാതായിത്തീരുന്നു.ജോഹാന്‍:
അതു ശരിയാണ്. ഞാന്‍ നിങ്ങളെക്കൊണ്ടു മുടിഞ്ഞു! മതിയേ മതി! പകലൊക്കെ സാറാസ്ക്വാര്ട്സും രാത്രി തോറോക്സ്ക്കേ പ്രഭ്വിയുമായ ഒരു സ്ത്രീ! - അഥവാ നേരേമറിച്ച്! - ഒരു മിനിട്ടിനുള്ളില്‍ ഞാന്‍ പിച്ചും പേയും പുലമ്പുന്ന ഒരു നൊസ്സനായിത്തീരും!
(അഭിമാനപൂര്‍വ്വം വിലാപത്തില്‍ നിന്നു വിരമിച്ചുകൊണ്ട്) അപ്പോള്‍ അത്തരത്തിലാണ് അങ്ങ് എന്നോടു പറയാനുദ്ദേശിക്കുന്നതല്ലേ? വിലയിടിവുള്ള വിനോദത്തില്‍ അങ്ങു മുഴുകുന്നു; ആട്ടെ, കൊള്ളാം ഞാന്‍ പോകാം. പക്ഷേ ഞാന്‍ തിരിച്ചു വരികയില്ല! എപ്പോഴെങ്കിലും അങ്ങ് എന്റെ പേരിനിഉച്ചരിക്കുന്ന പക്ഷം ഈശ്വരന് അങ്ങയെ രക്ഷിക്കട്ടെ!........ജോഹാന്‍:(അവള് ശയനമുറിയിലേയ്ക്കു പോകുന്നു)
(ഒരു കസേരയിലേയ്ക്കു വീഴുന്നു; ഇരുകൈകളാലും ശിരസ്സു താങ്ങിക്കൊണ്ട്) ആര്‍ക്കറിയാം? ആര്‍ക്കറിയാം?......പക്ഷേ - പക്ഷേ -ഗൃഹപാലിക:(ചോക്ലേറ്റുംകൊണ്ടു ഗൃഹപാലിക പ്രവേശിക്കുന്നു.)
ഇതാ ചോക്ലേറ്റ്. എന്താ അങ്ങേയ്ക്കു പറ്റിയത് ഹെര്നഗി? അങ്ങു വല്ലാതെ വിളറിക്ഷീണിച്ചിരിക്കുന്നല്ലോ? അങ്ങയ്ക്കു സുഖമില്ലേ?ജോഹാന്‍:
പ്രൊഹാരന്ഗാസ്, നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ഭക്തിയും ദൈവഭീതിയും ഉള്ള ഒരു സ്ത്രീയായിട്ടാണ് നിങ്ങള്‍ ജീവിച്ചത്. നിങ്ങളുടെ കൈ നിങ്ങളുടെ മാറത്തു വെയ്ക്കു!ഗൃഹപാലിക:
അങ്ങനെത്തന്നെ. ഇതാ ഞാന്‍ വെച്ചിരിക്കുന്നു.ജോഹാന്‍:
എന്നോടു പറയൂ, എന്റെ പ്രേമഭാജനം ആണോ? സാറാ സ്ക്വാര്ട്ട്സോ, അതോ, തൊറോക്സ്കേ പ്രഭ്വിയോ?ഗൃഹപാലിക:
ഞാന്‍ എങ്ങനെ അറിയും? എന്റെ ഉറക്കം ഇവിടെയല്ല. സാറാസ്ക്വാര്ട്സ് എന്ന പേര് ഇന്നാദ്യമായിട്ടാണ് അങ്ങുച്ചരിക്കുന്നത്. എപ്പോഴും പ്രഭ്വിയെക്കുറിച്ച് അങ്ങു പറയാറുണ്ട്.ജോഹാന്‍:
ആട്ടെ, ഇപ്പോള്‍ കിടപ്പറയ്ക്കുള്ളിലുള്ളതാരാണ്?ഗൃഹപാലിക:
ആരുമില്ല.ജോഹാന്‍:
പ്രഭ്വി ഇങ്ങോട്ടു കയറിവന്നപ്പോള്‍ നിങ്ങള്‍ കണ്ടില്ലേ?ഗൃഹപാലിക:
ഒരൊറ്റ ജീവി ഇന്നു പകല്‍ ഇവിടെ കയറിയിട്ടില്ല ഹെര്നഗി.ജോഹാന്‍:
എന്നാല്‍ എനിക്ക് എന്തോ തകരാറു പറ്റിയിട്ടുണ്ട്. എനിക്കു ഭയങ്കരമായി തല വേദനിക്കുന്നു. (വീഥികാവസ്ത്രവിധാനത്തില് പ്രഭ്വി വീണ്ടും പ്രവേശിക്കുന്നു.) ഇതാ ഇപ്പോളൊന്നു നോക്കൂ! ആരാണത്? - അവിടെ നില്ക്കുന്ന ആ സ്ത്രീ -ഗൃഹപാലിക:
ഞാന്‍ ആരേയും കണ്ടില്ല.ജോഹാന്‍:(അവള് ഇടതുവശത്തൂടെ വെളിയിലേയ്ക്കു പോകുന്നു)
(കൈശിരസ്സിലേയ്ക്കുയര്ത്തിക്കൊണ്ട്) എനിക്കു മനസ്സിലാകുന്നു! എനിക്കു മനസ്സിലാകുന്നു!പ്രഭ്വി:
ജോഹാന്‍, ഫെര്നഗി, അങ്ങയ്ക്കു ഇപ്പോഴും എന്നോടു ക്രൂരഭാവമാണോ?
പ്രഭ്വീ, എനിക്കു മാപ്പു തരൂ! ഞാന്‍ അപരാധിയാണ്. വെറും ബാലിശമായ ഒരു ചാപല്യമായിരുന്നു അത്. വെറും വങ്കത്തം. പക്ഷേ ഞാനിപ്പോള്‍ പശ്ചാത്തപിക്കുന്നു. എന്നെ വിശ്വസിക്കൂ. എന്റെ മനസ്സില്‍നിന്നു ഞാനതെല്ലാം അടിച്ചുതൂത്തു കളഞ്ഞിരിക്കുന്നു. ഇനി ഒരിക്കലും അങ്ങനെയൊന്ന് ഉണ്ടാവുകയില്ല.പ്രഭ്വി:
ഹും! സ്വന്തം മനസ്സന്തോഷത്തിനായിത്തന്നെ ഇഷ്ടംപോലെ അഴിച്ചുവിടുന്ന ഒരുവനാണ് നിങ്ങള്‍. ഒരു സ്ത്രീയുടെ മാനവുമായി ഇടപെട്ടു സ്വയം വിനോദിക്കുന്നതു വെറും ബാലിശമായ ഒരു ചാപല്യത്തേക്കാള്‍ കൂടിയ ഒന്നാണ്.ജോഹാന്‍:
പ്രഭ്വി ഈ സംഗതിയൊക്കെ എങ്ങനെ മനസ്സിലാക്കി?പ്രഭ്വി:
അതെങ്ങനെയുമാകട്ടെ. അതു നിങ്ങളറിയേണ്ട കാര്യമില്ല. നാടൊട്ടുക്ക് ഏറ്റവുമധികം പ്രചാരം ആവക കാര്യങ്ങള്‍ക്കു കൊടുക്കാന്‍ നിങ്ങള്‍തന്നെ പണിപ്പെട്ടുകാണും.ജോഹാന്‍:
എന്നെ വിശ്വസിക്കൂ, പ്രഭ്വീ, എന്റെ ജീവിതത്തിലെ കരുണാത്മകമായ ആ സങ്കല്പനപ്രണയോത്സവത്തിന്റെ സുഖാനുഭൂതിയെക്കുറിച്ചു ഞാന്‍ ഉച്ചരിച്ചുപോകുന്ന ഒരു വാക്കു നിങ്ങള്‍ ഇപ്പോള്‍ അധിവസിക്കുന്ന കലാപശ്യംഗങ്ങളില് എത്തിച്ചേര്ന്നേയ്ക്കാനിടയുണ്ടെന്ന് എന്റെ ഏറ്റവും കാടുപിടിച്ച സ്വപ്നങ്ങളില്‍പ്പോലും ഞാന്‍ ഒരിക്കലും ശങ്കിച്ചിരുന്നില്ല.പ്രഭ്വി:
സങ്കല്പപ്രണയോത്സവം? - തന്നത്താന്‍ ഓരോ പൊങ്ങച്ചം പുലമ്പിക്കൊണ്ടു നടക്കുന്ന ഒരാള്‍, ഒരു സ്ത്രീയുടെ സദ്ഗുണത്തെ വികൃതീകരിച്ച് ഓരോ മിത്ഥ്യാപവാദങ്ങള് പരത്തുന്നതാണോ സങ്കല്പ പ്രണയോത്സവം?ജോഹാന്‍:
പ്രഭ്വി പറഞ്ഞതു ശരിയാണ്. പറഞ്ഞതെല്ലാംതന്നെ തികച്ചും ശരിയാണ്. അങ്ങനെയെല്ലാമാണെങ്കിലും തികച്ചും ഒരു സങ്കല്പപ്രണയോത്സവംതന്നെയാണ് ഇത് - എന്റെ ഹ്രസ്വമായ നരകിച്ച ജീവിതത്തിലെ സങ്കല്പപ്രണയോത്സവം! അതിലൊരു ഭാഗം - ഖണ്ഡിതവും അനര്ത്ഥാവഹവുമായ ഒരു ഭാഗം - പ്രഭ്വിയും അഭിനയിക്കുന്നു എങ്കില്‍ ആരെയാണതില് പഴിക്കുക?പ്രഭ്വി:
ഓ!
അതുകൊള്ളാം, എന്നെക്കളിയാക്കിക്കൊള്ളു! പ്രഭ്വിക്ക് അതിനു സര്വ്വാധികാരവുമുണ്ട്. എന്തു ചെയ്യാനുമുണ്ട് പ്രഭ്വിക്കധികാരം! ഞാന്‍ പ്രഭ്വിയോടു തുറന്നുപറയട്ടോ എന്റെ ഈ ഉല്‍ക്കടമായ പ്രേമഭ്രമം എന്നില്‍ വളര്ന്നുതുടങ്ങിയിട്ടു വര്‍ഷങ്ങള്‍ പലതായി. ഓരോദിവസം ചെല്ലുന്തോറും അതു അധികമധികം കരുത്തുവെച്ചുവന്നു. എന്നെങ്കിലും പ്രഭ്വിയെ എനിക്കു കണ്ടുമുട്ടാമെന്നുള്ള വ്യാമോഹം വെറും ആകാശ കുസുമമാണെന്ന് എനിക്കു തോന്നി. ആശാരഹിതമായി, ഉന്മാദഭരിതമായി ഞാന്‍ പ്രഭ്വിയെ സ്നേഹിച്ചിരുന്നുവെന്ന് - ഓരോ നിശയിലും ഞാന്‍ പ്രഭ്വിയോടു പ്രാര്ത്ഥിച്ചിരുന്നുവെന്നു - വിറച്ചുകൊണ്ട് വിക്കിവിക്കിക്കൊണ്ട്, പ്രഭ്വിയോടെനിക്കു എന്നെങ്കിലുമൊരു ദിവസം പറയാന്‍ ഒത്തേയ്ക്കുമെന്ന് എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രഭ്വി അപ്രാപ്യയായിരിക്കയില്ലെന്ന് എന്നോടുതന്നെ പറഞ്ഞു സാന്ത്വനിപ്പിക്കാന്‍ ഞാന്‍ വളരെ ശ്രമിക്കയുണ്ടായി. ആദ്യമെല്ലാം അതു ഞാന്‍ എന്നോടുമാത്രമേ പറഞ്ഞിരുന്നുള്ളു. കുറച്ചുനാളങ്ങനെ കഴിഞ്ഞപ്പോള്‍ എനിക്കുതന്നെ. അതൊന്നുബോധ്യംവരാന്വേണ്ടി വളരെ കുറച്ചുപേര്‍ മാത്രം അടങ്ങിയ എന്റെ സുഹൃദ് സംഘത്തിന്റെ സാന്നിദ്ധ്യത്തില്‍ ഞാനതുച്ചത്തില് പറയാന്‍ തുടങ്ങി. എന്റെ ആ സ്നേഹിതന്മാരാകട്ടെ പ്രഭ്വിയുടെ സമുന്നതമായ ആ സാമൂഹ്യവലയത്തില് വര്ത്തിക്കുന്നവരില്നിന്നും വളരെവളരെ വിദൂരത്തില്‍ നിലകൊള്ളുന്നവരുമാണ്. പ്രഭ്വിയെക്കുറിച്ച് സംസാരിക്കുന്നതില്‍ മധുരങ്ങളായ ആയിരമായിരം കൊച്ചു കൊച്ചു കല്പിതകഥകള് കണ്ടുപിടിച്ച് തന്മയത്വത്തോടുകൂടി അവയെ കെട്ടിപ്പടുക്കുന്നതില്‍; - ഹാ, എനിക്കെന്തൊരാത്മനിര്വൃതിയായിരുന്നെന്നോ! പോരാ - ഞാന്‍ ആനന്ദംകൊണ്ടു മതിമറന്നുപോയിരുന്നു. വിശ്വസിക്കാന്‍ സാധിക്കാത്തവിധത്തില്‍, അനശ്വരമായ രീതിയില്‍, അണുപോലും മായാത്തമട്ടില്, എന്റെ പ്രഭ്വിയും ഞാനും അന്യോന്യം......... (അയാളുടെ തൊണ്ടയിടറുന്നു. അനന്തരം, സൗമ്യമായി) ആത്മാര്ത്ഥസ്നേഹമാണെന്നു സങ്കല്പ്പിക്കുന്നതില്!........പ്രഭ്വി:
(വളരെ അലിവോടെ; സൗമ്യമായി) പാവം, കൊച്ചു ജോഹാന്‍ നഗി! സാധു, വിഡ്ഢി! - പാവം ജോഹാന്‍.........ജോഹാന്‍:
പ്രഭ്വി, എന്നോടു കോപിക്കരുതേ! അധികമായ കോപം!പ്രഭ്വി:
ഇല്ല, ജോഹാന്കുട്ടി, ഞാന്‍ കോപിക്കില്ല. നേരേമറിച്ചു ഞാന്‍ അങ്ങയോടു പറയാം - എന്തിനാണ് ഞാനങ്ങനെ ചെയ്യുന്നതെന്നെനിക്കറിഞ്ഞുകൂടാ - അങ്ങു പറഞ്ഞതെല്ലാം എനിക്കു രസകരമായിരുന്നു എന്ന്. പക്ഷേ, ഇതിനേക്കാള്‍ മുന്‍പേ വളരെയേറെ മുമ്പ് നിങ്ങള്‍ക്കിതു പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍....ജോഹാന്‍:
എന്നാല്‍? - എന്തുണ്ടാകും?പ്രഭ്വി:
ഒന്നുമില്ല, എന്റെ പ്രിയപ്പെട്ട ജോഹാന്‍ ഒന്നുമില്ല! (അവള് അയാള്‍ക്കു കൈസമര്പ്പിക്കുന്നു.) ഞാന്‍ പോട്ടെ, നമസ്കാരം!ജോഹാന്‍:
(അതു ചുംബിച്ചുകൊണ്ട്) പ്രഭ്വി -പ്രഭ്വി:
നേരംനന്നെ വൈകി. എന്റെ പ്രിയപ്പെട്ട ജോഹാന്‍. എനിക്കു പോണം. നമസ്കാരം!ജോഹാന്‍:(അവള് പോകുന്നു. ജോഹാന്‍ അവളെ വെളിയില്‍ കൊണ്ടുപോയി വിടുന്നു. അനന്തരം തനിയേ മടങ്ങിയെത്തുന്നു. അയാള്‍ മേശയ്ക്കരികില്‍ ചെന്നിരുന്നു ചിത്രങ്ങളില്‍ തുറിച്ചുനോക്കുന്നു. ഗൃഹപാലിക ഇടതുഭാഗത്തുനിന്നും പ്രവേശിക്കുന്നു.)
നിങ്ങള്‍ അവളെ കണ്ടോ, ഫ്രോഹാരിന്ഗാസ്? എന്തൊരു സൗന്ദര്യലക്ഷ്മി! എത്ര കുലീനമായ സൗന്ദര്യവിലാസത്തോടുകൂടിയ ഒരു സ്ത്രീ!ഗൃഹപാലിക:
ഞാന്‍ ആരേയും കണ്ടില്ല. പറഞ്ഞതൊക്കെ ഞാന്‍ പതുങ്ങിനിന്നു കേട്ടു; അതു പിന്നങ്ങനെയാണല്ലോ! പക്ഷേ, ഞാന്‍ കണ്ണുതുറന്നു നോക്കിയപ്പോള്‍ ജീവനുള്ള ഒരൊറ്റ ജീവിയെ ഇവിടെയെങ്ങും കണ്ടില്ല.ജോഹാന്‍:
എന്താ നിങ്ങള്‍ പറഞ്ഞെ? പ്രഭ്വിയെ നിങ്ങള്‍ കണ്ടില്ല? ശരിക്കും ഇവിടെ, ഈ മുറിയില്‍? അവര്‍ പുറത്തേയ്ക്കിറങ്ങിയപ്പോള്‍? അവള് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍? - ങേ്, നിങ്ങള്‍ അവളെ കണ്ടില്ല?
ഇവിടെ ആരും ഉണ്ടായിരുന്നില്ല. ഞാന്‍ പറയുന്നതു വിശ്വസിക്കൂ, ഹെര്നഗി; അങ്ങു ഓരോരോ കാര്യങ്ങളിങ്ങനെ സങ്കല്പിക്കുകയാണ്. ജോഹാന്‍ : വാസ്തവമാണോ? (അയാള്‍ നെടിവീര്പ്പിടുന്നു) ശരി, അതു സംഭവിക്കാവുന്നതാണ്; സംഭവിക്കാവുന്നതാണ്........സ്റ്റീഫന്‍:(ഒരു മേലങ്കിയും ചട്ടത്തൊപ്പിയും ധരിച്ചുകൊണ്ട് സ്റ്റീഫന്‍ അകത്തേയ്ക്കിരച്ചുകയറുന്നു)
പിന്നെന്തെല്ലാം വിശേഷം, മൂപ്പീന്നേ? സുഖം തന്നെയല്ലേ? നമസ്കാരം ഫ്രോഹാരിന്ഗാസ്!ഗൃഹപാലിക:
നമസ്കാരം, ഹെര്ബോര്ബേലി. വരേണ്ട സമയത്തുതന്നെ നിങ്ങള്‍ വന്നുചേര്‍ന്നു.സ്റ്റീഫന്‍:
നിങ്ങള്‍ വേണമെങ്കില്‍ പന്തയം വെച്ചുകൊള്ളു, അങ്ങനെത്തന്നെ ഞാന്‍ ചെയ്തിട്ടുള്ളത്. ജോഹാന്‍, ഇപ്രാവശ്യം ഞാന്‍തന്നെ പിടിച്ചെടോ! തന്നോടു പരമാര്‍ത്ഥം പറയാമല്ലോ; ഞാന്‍ ഇന്നേവരെ വിശ്വസിച്ചിരുന്നില്ല പ്രസിദ്ധയും അതിസുന്ദരിയുമായ കൊറോക്സ്കേ പ്രഭ്വി തന്റെ പ്രാണേശ്വരിയാണെന്ന്. പക്ഷേ, ഇന്നിപ്പോള്‍, തന്റെ മുറികളില്‍നിന്നും തക്കത്തിലങ്ങനെ വെളിയിലേയ്ക്ക് ഇറങ്ങിപ്പോകുന്നതു ഞാന്‍ കാണുകയുണ്ടായി! കൊച്ചുകള്ളാ! ഏതായാലും (അയാള്‍ തന്റെ കൈ ജോഹാന്നു സമര്‍പ്പിക്കുന്നു.) എന്റെ അനുമോദനാശംസകള്‍!ജോഹാന്‍:
(അയാളുടെ കൈ തട്ടിമാറ്റിയിട്ട്) തനിക്കു ക്രിക്കുണ്ടോടോ? എന്തു പ്രഭ്വിയെക്കുറിച്ചാണ് താനീ സംസാരിക്കുന്നത്? ഒരു പ്രഭ്വികളേയും ഞാനറിയില്ല. ആരും ഉണ്ടായിരുന്നുമില്ല, ഇവിടെ. ഇനിയും താന്‍ ആ പ്രത്യേകസ്ത്രീയുടെ പേര് ഇവിടെനിന്ന് ഉച്ചരിക്കുകയാണെങ്കില്‍ തന്നെ ഞാന്‍ ഒരു പട്ടിയെപ്പോലെ ഇവിടെ വെടിവെച്ചിട്ടുകളയും!സ്റ്റീഫന്‍:(അയാള്‍ പ്രക്ഷുബ്ധനായി പുറത്തേയ്ക്കു പായുന്നു)
(സ്റ്റീഫന്‍ അയാളുടെ പുറകേ തുറിച്ചുനോക്കിക്കൊണ്ട്)
എങ്ങനെയായാലും, എന്താണയാളെ പിടികൂടിയിരിക്കുന്നത്? അയാള്‍ അവളെ അറിയുകയില്ല? അവള് ഈ മുറിയില്നിന്നിറങ്ങിപ്പോകുന്നത് എന്റെ സ്വന്തം കണ്ണുകൊണ്ട് ഞാന്‍ കണ്ടതാണ്.ഗൃഹപാലിക:
മൃദുലഭാവങ്ങളോടുകൂടിയ ഒരാളാണ് ഹെര്നഗി. ഒരു സ്ത്രീയുടെ മാനത്തെ സംബന്ധിക്കുന്ന ഒരു സംഗതിയില്‍ ഒരുവിധത്തിലുള്ള കളിതമാശയും അദ്ദേഹം സഹിക്കുകയില്ല.സ്റ്റീഫന്‍:
(ഛായാചിത്രങ്ങളില്‍ ഒന്നെടുക്കുന്നു; സമൃദ്ധമായി പുഞ്ചിരിയിടുന്നു) ഹും! കൊള്ളാം! അയാളെപ്പോലുള്ള ഭാഗ്യം എനിക്കും ഉണ്ടായിരുന്നെങ്കില്‍ ഞാനും ഇതിനെക്കുറിച്ചു കളിതമാശ പറയില്ലായിരുന്നു!!........