കരടി
(ഒരു റഷ്യന്‍ ഏകാങ്കനാടകം)
മൂലഗ്രന്ഥകാരന്‍
ആന്റണ്‍ ചെഹോവ്
പരിഭാഷകൻ
ചങ്ങമ്പുഴ കൃഷ്ണപിള്ള
ഇടപ്പള്ളി
6-12-1937 ലക്കം മാതൃഭൂമി വാരികയില്‍
പ്രസിദ്ധീകരിച്ചതാണ് ഈ തര്‍ജ്ജമ
നാടകത്തിലെ പാത്രങ്ങള്‍
- പൊപ്പോവാ ഒരു വിധവ
- ഗ്രീഗറി സ്റ്റീപ്പാനോവിറ്റ്ച് സ്മര്നോവ് ഒരു ജന്മി
- ല്യൂക്കാ ഒരു വേലക്കാരന്
- തോട്ടക്കാരനും, വണ്ടിക്കാരനും, മറ്റു ചില വേലക്കാരും
സംഭവം നടക്കുന്ന സ്ഥലം: പൊപ്പോവയുടെ ഭവനത്തിലെ ഒരു വിശ്രമമുറി
കരടി
(പൊപ്പോവായുടെ ഗൃഹത്തിലുള്ള ഒരു വിശ്രമമുറി. പൊപ്പോവാ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരിക്കുകയാണ്. അവള് അവളുടെ ദൃഷ്ടികളെ ഒരു ഫോട്ടോവില്‍ ഉറപ്പിച്ചിരിക്കുന്നു. ല്യൂക്കാ ഓരോന്നു പറഞ്ഞു അവളെ അലട്ടിക്കൊണ്ടിരിക്കുന്നു)
ല്യൂക്കാ:ഇതു ശരിയല്ല, മാഡം... നിങ്ങള്‍ നിങ്ങളെത്തന്നെ നശിപ്പിച്ചുകളയുകയാണ്. വേലക്കാരിയും അരിവെയ്പുകാരനും പഴം പെറുക്കാന്‍ പോയിരിക്കുന്നു; സജീവമായ സമസ്തവും വിനോദിച്ചുകൊണ്ടിരിക്കുകയാണ്. വെറും പൂച്ചയ്ക്കുപോലും അറിയാം, സ്വയം ആനന്ദിക്കേണ്ടതെങ്ങിനെയാണെന്ന്; ഈയാംപാറ്റകളെ പിടിച്ചുകൊണ്ട്, അതിതാ മുറ്റത്തു ചുറ്റിനടക്കുന്നു. എന്നാല്‍ നിങ്ങളാകട്ടെ, ഇതൊരു കന്യകാമഠമായിരുന്നാലെന്നതുപോലെ, എന്നും ഈ മുറിക്കുള്ളിലിരുന്നു കഴിച്ചുകൂട്ടുകയാണു ചെയ്യുന്നത്. യാതൊരുവിനോദങ്ങളിലും നിങ്ങള്‍ പങ്കെടുക്കുന്നില്ല. അതെ, വാസ്തവം! നിങ്ങള്‍ വീടുവിട്ട് പുറത്തിറങ്ങാതെയായിട്ട് ഇപ്പോള്‍ തികച്ചും ഒരു കൊല്ലമായിട്ടുണ്ട്.പൊപ്പോവ:
ഞാന്‍ ഒരിക്കലും വെളിയിലെങ്ങും പോവുകയില്ല....... എന്തിനാണ് ഞാന്‍ പോകുന്നത്? എന്റെ ജീവിതം പണ്ടയ്ക്കു പണ്ടേ അവസാനിച്ചിരിയ്ക്കുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ ശവക്കല്ലറയ്ക്കുള്ളിലാണ്; നാലു ചുമരുകള്‍ക്കിടയില്‍ ഞാന്‍ എന്നേയും മറവുചെയ്തിരിക്കുന്നു... ഞങ്ങള്‍ രണ്ടു പേരും മരിച്ചിരിക്കുകയാണ്!ല്യൂക്കാ:
കൊള്ളാം. അങ്ങനെ പറയൂ! നിക്കൊളായ് മിഹൈലോവിപ് മരിച്ചുപോയി; കൊള്ളാം; അതു ഈശ്വരന്റെ നിശ്ചയമാണ്. അദ്ദേഹത്തിന്റെ ആത്മാവ് പരശാന്തിയില് വിശ്രമിക്കട്ടെ... അദ്ദേഹത്തിനുവേണ്ടി നിങ്ങള്‍ ഒട്ടേറെ കണ്ണുനീര് പൊഴിച്ചു നന്ന്; അതൊക്കെ വേണ്ടതുതന്നെ; പക്ഷെ, നിങ്ങള്‍ക്കിങ്ങനെ കരഞ്ഞു കരഞ്ഞു ജീവാവസാനംവരെയിരുന്നു മുരയുവാന് സാധിക്കുകയില്ല. എന്റെ പ്രായംചെന്ന പെണ്‍പിള്ളയും അവളുടെ `അരി എത്തിയപ്പോള്‍' മരിച്ചുപോയി. എന്നിട്ടോ? ഞാന്‍ അവള്‍ക്കുവേണ്ടി വ്യസനിച്ചു: ഒരു മാസം ഞാന്‍ കരഞ്ഞു: മതി, അവള്‍ക്കതു ധാരാളം മതി! നേരെ മറിച്ചു, ഒരു ജീവിതകാലം മുഴുവനും എനിക്കങ്ങനെ കരയേണ്ടതായിട്ടുണ്ടെങ്കില്, നല്ല കഥയായിപ്പോയി, ആ വയസ്സിപ്പെണ്പിള്ളയ്ക്ക് അതിനര്‍ഹതയില്ല. (നെടുവീര്‍പ്പിടുന്നു) നിങ്ങള്‍ നിങ്ങുടെ അയല്‍വാസികളെയെല്ലാം മറന്നിരിക്കുന്നു. നിങ്ങള്‍ ഒരിടത്തും പോവുകയോ ആരേയും കാണുകയോ ചെയ്യുന്നില്ല. പറയുകയാണെങ്കില്‍, നാം ജീവിക്കുന്നത് `എട്ടുകാലി'കളെപ്പോലെയാണ്; ഒരിക്കലും വെളിച്ചം കാണുന്നില്ല. എന്റെ `പാറാവുടുപ്പ്' എലികള്‍ തിന്നുതീര്ത്തിട്ടുണ്ട്. ചുറ്റുപാടും നല്ല നല്ല ആളുകളില്ലാത്തതല്ല, ഈ പുറത്തിറങ്ങാതിരിക്കുന്നതിന്റെ കാരണം. നാടു മുഴുവന്‍ അത്തരക്കാരെക്കൊണ്ട് നിറയപ്പെട്ടിരിക്കുന്നു. `റിബ്ളോ'വില്‍ ഒരു പട്ടാളസംഘം താമസമുറപ്പിച്ചിട്ടുണ്ട്. ആഫീസര്‍മാരെല്ലാം നല്ല സുന്ദരന്മാരാണ് നിങ്ങള്‍ക്കു കണ്ണെടുക്കാന്‍ സാധിക്കയില്ല അവരുടെ മുഖത്തുനിന്ന്. എല്ലാ വെള്ളിയാഴ്ചയും കൂടാരത്തില്‍ ഒരു വിനോദസല്ക്കാരമുണ്ട്; നിത്യവും പട്ടാളക്കാര്‍ `ബാന്‍ഡു' വിളിക്കുകയും പതിവാണ്.. ഏ, എന്താ മാഡം! നിങ്ങള്‍ക്കു ചെറുപ്പം; കവിളത്തു പനിനീര്പ്പൂക്കളോടുകൂടിയ ഒരു സുന്ദരിയുമാണ് നിങ്ങള്‍. ഇനി നിങ്ങള്‍ വിനോദങ്ങളില്‍ മാത്രം ഒന്നു പങ്കുകൊണ്ടിരുന്നു എങ്കില്‍! സൗന്ദര്യം ഏറെനാളത്തേയ്ക്കങ്ങനെ നീണ്ടു നില്ക്കുകയില്ലെന്നു നിങ്ങള്‍ ഓര്‍ക്കണം. പത്തുകൊല്ലത്തിനുള്ളില്‍ ആഫീസര്മാരുടെയിടയില് ഒരു ചിത്രശലഭമായിപ്പറന്നുതിരിയുവാന് നിങ്ങള്‍ ആഗ്രഹിക്കും. പക്ഷെ അവരാരുംതന്നെ നിങ്ങളെ അന്ന് തിരിഞ്ഞു നോക്കുകയില്ല. അന്നേയ്ക്കു കാലംനന്നെ അതിക്രമിച്ചുപോകും.
(നിശ്ചയഭാവത്തില്) ഒന്നു ഞാന്‍ പറഞ്ഞേക്കാം, ല്യൂക്കാ. നീ എന്നോടൊരിക്കലും ഇങ്ങനെയൊന്നും സംസാരിക്കരുത്. നിനക്കു അറിയാവുന്നതാണല്ലോ, നിക്കൊളോയ് മിഹൈലോവിച്ച് മരിച്ചുപോയതോടുകൂടി, എന്നെ സംബന്ധിച്ചിടത്തോളം, ജീവിതത്തിന് അതിന്റെ അര്‍ത്ഥമെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു എന്ന്. കരഞ്ഞു കരഞ്ഞങ്ങനെ ദ്രവിക്കാതിരിക്കുകയോ, വെളിച്ചം കാണുകയോ, ഒരിക്കലും ചെയ്യുകയില്ലെന്നു ഞാന്‍ ശപഥം ചെയ്തുകഴിഞ്ഞു. നീ കേള്‍ക്കുന്നോ? അദ്ദേഹത്തിന്റെ ആത്മാവു കാണട്ടെ, ഞാന്‍ എത്ര ഗാഢമായിട്ടദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്ന്... അതെ, അദ്ദേഹം എന്നോടനുചിതമായും, ക്രൂരമായും.... വഞ്ചനയോടുകൂടിത്തന്നേയും, മിക്കപ്പോഴും പെരുമാറിയിരുന്നത് നിനക്കൊരു രഹസ്യമല്ലെന്നെനിക്കറിയാം... പക്ഷെ, ഞാനെന്റെ മരണംവരെ അദ്ദേഹത്തോടു സത്യസന്ധയായിത്തന്നെ വര്‍ത്തിക്കുകയും, എങ്ങനെ എനിക്കു സ്നേഹിക്കുവാന്‍ സാധിക്കുമെന്ന് അദ്ദേഹത്തെ കാണിച്ചുകൊടുക്കുകയും ചെയ്യും. അവിടെ, ശവകുടീരത്തിനപ്പുറം, അദ്ദേഹത്തിന്റെ മരണത്തിനുമുമ്പ് ഞാനെങ്ങനെയിരുന്നോ അതുപോലെതന്നെ അദ്ദേഹം എന്നെ കാണും...ല്യൂക്കാ:
ഇങ്ങനെയെല്ലാം സംസാരിക്കുന്നതിനുപകരം, മാഡം ഒരു കാര്യം ചെയ്യണം. ഉദ്യാനത്തില്പോയി ഒന്നു നടക്കുകയോ, `ടോബി'യേയോ `ജയന്റി'നേയോ വണ്ടിക്കു പൂട്ടാന്‍ പറഞ്ഞിട്ട്, അതില്‍ കയറി, അയല്‍ക്കാരില്‍ വല്ലവരേയും ചെന്നൊന്നു കാണുകയോ ചെയ്യണം!പൊപ്പോവ:
അയ്യോ! (പൊട്ടിക്കരയുന്നു)ല്യൂക്കാ:
മാഡം! എന്റെ പൊന്നു മാഡം! എന്താണിത്? ദൈവമേ! അയ്യോ എന്തു പറ്റി എന്റെ മാഡത്തിന്?പൊപ്പോവ:
ഹാ, ടോബിയെ അദ്ദേഹത്തിനെന്തുകാര്യമായിരുന്നു! `കൊര്ച്ചാഗില്'കാരുടേയും `പ്ലാസോവ്'കാരുടേയും അടുത്തേയ്ക്കു അദ്ദേഹം എല്ലായ്പോഴും അതിന്റെ പുറത്തു കയറിപ്പോവുക പതിവായിരുന്നു. കുതിരപ്പുറത്തു സവാരി ചെയ്യുവാനെത്ര നന്നായിട്ടറിയാമായിരുന്നു അദ്ദേഹത്തിന്! തന്റെ ശക്തിമുഴുവന്‍ പ്രയോഗിച്ച് അദ്ദേഹം ആ കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ചുവലിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആകാരത്തിന് എന്തൊരഴകായിരുന്നു! നീയോര്‍ക്കുന്നോ? ടോബീ! അവരോടു പറഞ്ഞേക്കൂ, പതിവുംപടിയുള്ളതു കൂടാതെ കുറെ `ഓട്സ്'കൂടി, ഇന്നു വന്നു വിശേഷാല്‍ കൊടുത്തേക്കാന്‍!ല്യൂക്കാ:
അങ്ങനെയാവട്ടെ, മാഡം.പൊപ്പോവ:(ശബ്ദത്തോടുകൂടി ഒരു മണി മുഴങ്ങുന്നു)
(വിറച്ചുകൊണ്ട്) ആരാണത്? അവരോടു ചെന്നു പറഞ്ഞേക്കൂ, ഞാന്‍ ആരേയും സ്വീകരിക്കുന്നില്ലെന്ന്.ല്യൂക്കാ:
ആട്ടെ, മാഡം (പോകുന്നു)
(ഫോട്ടോവില്‍ നോക്കിക്കൊണ്ട്) നിങ്ങള്‍ക്കു കാണാം, നീക്കൊളാസ്, എങ്ങനെ എനിക്കു സ്നേഹിക്കുവാനും മാപ്പുതരുവാനും സാധിക്കുമെന്ന്...ഈ ദുര്ബ്ബലഹൃദയം എന്നു സ്പന്ദിക്കാതായിത്തീരുന്നുവോ, അന്നു മാത്രമേ എന്റെ സ്നേഹം എന്നോടൊപ്പം, നശിച്ചുപോവുകയുള്ളു. (അവളുടെ കണ്ണീര്ക്കണങ്ങളില്ക്കൂടി ചിരിച്ചുകൊണ്ട്) പിന്നെ,....നിങ്ങള്‍ക്കു ലജ്ജതോന്നുന്നില്ലേ? ഗുണവതിയും ധര്മ്മനിരതയുമായ ഒരു കൊച്ചുസഹധര്മ്മിണിയാണ്, ഞാന്‍. ഇതാ മുറിക്കുള്ളില്‍ സ്വയം അടച്ചുപൂട്ടി, ഞാന്‍ ഏകാന്തതയില്‍ ഇങ്ങനെ കഴിച്ചുകൂട്ടുന്നു...എന്റെ പട്ടടയോളം ഞാന്‍ നിങ്ങളോട് ഇങ്ങനെ സത്യസന്ധയായിരിക്കും;.... .എന്നാല്‍ നിങ്ങളോ? കഷ്ടം!.... നിങ്ങള്‍ക്കു ലജ്ജതോന്നുന്നില്ലേ, അസത്തു കുഞ്ഞേ? എന്നെ നിങ്ങള്‍ വഞ്ചിച്ചു. നിങ്ങള്‍ എന്നോടു വെറുതേ യുദ്ധത്തിനു വന്നു....ഒടുവില്‍, അനേകമനേകം ആഴ്ചകള്‍ എന്നെ ഇവിടെ തനിച്ചു വിട്ടിട്ട്, നിങ്ങള്‍ മറ്റേതോ തേവിടിശ്ശിപ്പെണ്ണുങ്ങളോടുകൂടി -ല്യൂക്കാ:(ല്യുക്കാ ഭയപാരവശ്യത്തോടെ പ്രവേശിക്കുന്നു)
മാഡം, മാഡം ഇവിടെ ഉണ്ടോ എന്ന് ആരോ ചോദിക്കുന്നു, അയാള്‍ക്കു മാഡത്തിനെ ഒന്നു കാണേണ്ട ആവശ്യമുണ്ടത്രേ...പൊപ്പോവ:
പക്ഷെ, നീ പറഞ്ഞില്ലേ, എന്റെ ഭര്‍ത്താവു മരിച്ചതില്‍ പിന്നീട് ഞാന്‍ സന്ദര്‍ശകന്മാരെ സ്വീകരിക്കുന്നതു നിറുത്തം ചെയ്തു എന്ന്?ല്യൂക്കാ:
ഞാന്‍ പറഞ്ഞു. പക്ഷെ അയാളതൊന്നും കേള്‍ക്കുകപോലും ചെയ്യുന്നില്ല... എന്തോ കണ്ടിട്ടു വളരെ അത്യാവശ്യമുള്ള ഒരു സംഗതിയാണെന്നാണയാള് പറയുന്നത്.പൊപ്പോവ:
ഞാന്‍ ആരേയും സ്വീകരിക്കുന്നില്ല.ല്യൂക്കാ:
ഞാനയാളോടങ്ങിനെ പറഞ്ഞു.... പക്ഷെ.... പക്ഷെ.... ആ.... ചെയിത്താന്... ശപിച്ചുകൊണ്ടു നേരെ അകത്തേയ്ക്കു തള്ളിക്കേറിവരുന്നു.... അയാള്‍ ഇപ്പോള്‍ ഭക്ഷണ മുറിയിലാണ്.പൊപ്പോവ:
അസ്സലായിപ്പോയി... ആട്ടെ, അയാളോടകത്തുവരാന് പറ.... എന്തു വകതിരിവ്! (ല്യൂക്കാ പോകുന്നു) ഈ ആളുകള്‍ എങ്ങനെ എന്നെ അലട്ടുന്നുവെന്നു നോക്കണേ! എന്താണെന്നെക്കൊണ്ടയാള്ക്കാവശ്യം? എന്തിനയാള്‍ ഇങ്ങനെയെന്റെ സമാധാനം ഭഞ്ജിക്കുന്നു? (നെടുവീര്‍പ്പിടുന്നു) ഇല്ല.... എങ്ങിനെയായാലും ശരി, എനിക്കിനിയൊരു കന്യകാമഠത്തില്‍ പോയേ ഒക്കൂ! (ആലോചനാപൂര്‍വം) അതെ, ഒരു കന്യകാമഠത്തില്‍.... (സ്മര്നോവോടുകൂടി ല്യൂക്കാ പ്രവേശിക്കുന്നു)സ്മര്നോവ്:
(ല്യൂക്കായോട്) എടാ മരമണ്ടാ, നീയൊരു വലിയ വായാടിയാണ്... കഴുത! (പൊപ്പോവയെ കാണുകയും ബഹുമാനപൂര്‍വ്വം സംസാരിക്കുകയും ചെയ്യുന്നു) മാഡം, ഒരഭിമാനത്തോടുകൂടി, ഞാന്‍ അഭിമാനപൂര്‍വ്വം എന്നെ ഭവതിയ്ക്കു പരിചയപ്പെടുത്തിത്തന്നുകൊള്ളട്ടെ! ജന്മിയും, പട്ടാളത്തിലെ ഒരു പെന്‍ഷന്‍പറ്റിയ ലഫ്ടണന്റും ആയ, `ഗ്രഗറിസ്റ്റിപ്പാനോവിച് സ്മര്നോവ്' ആണ് ഞാന്‍. അത്യന്തം ഹൃദയസ്പര്‍ശകമായ ഒരു സംഗതിയിന്മേല്‍, നിങ്ങളെ ശല്യപ്പെടുത്തുവാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനായിത്തീര്‍ന്നിരിക്കുന്നു.പൊപ്പോവ:
(അയാള്‍ക്കവളുടെ കൈ കൊടുക്കാതെ) എന്താണ് നിങ്ങള്‍ ക്കാവശ്യം?
നിങ്ങളുടെ പരേതനായ ഭര്‍ത്താവുമായി പരിചയപ്പെടുവാനുള്ള ബഹുമതി എനിക്കുണ്ടായിട്ടുണ്ട്. രണ്ടു കൈമാറ്റക്കടപ്പത്രത്തിന്മേല് എനിക്കു ആയിരത്തി ഇരുന്നൂറു റൂബിള്‍ കടത്തോടുകൂടിയാണ് അദ്ദേഹം മരിച്ചത്. ഒരു ചൂണ്ടിപ്പണയത്തിന്മേല് ഉള്ള പലിശ എനിക്കു നാളെ കൊടുത്തു തീര്‍ക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് ഇന്നെനിക്കു പണം തന്നാല്‍ കൊള്ളാമെന്നു നിങ്ങളോടു പറയുവാന്‍വേണ്ടിയാണ് ഞാന്‍ വന്നിട്ടുള്ളത്.പൊപ്പോവ:
ആയിരത്തി ഇരുന്നൂറു... ആട്ടെ, എന്തിനത്തിലാണ് എന്റെ ഭര്‍ത്താവിന് നിങ്ങളോടീക്കടം വന്നുകൂടിയത്?സ്മര്നോവ്:
അദ്ദേഹം എന്റെ അടുത്തുനിന്നു `ഓട്സ്' വാങ്ങിക്കാറുണ്ടായിരുന്നു.പൊപ്പോവ:
(നെടുവീര്‍പ്പിട്ടുകൊണ്ടു ല്യൂക്കായോട്) അപ്പോള്‍, നീ മറക്കരുത് കേട്ടോ, ല്യൂക്കാ, പതിവുള്ളതുകൂടാതെ വിശേഷാല്‍ കുറെ `ഓട്സു'കൂടി ടോബിക്കിന്നു കൊടുക്കാന്‍! (ല്യൂക്കാ പോകുന്നു)നിക്കൊളോയ് മിഹൈലോവിച് നിങ്ങളോടു കടത്തിലാണ് മരിച്ചതെന്നു വരികില്‍, തീര്‍ച്ചയായും ഞാനതു നിങ്ങള്‍ക്കു തന്നു തീര്‍ക്കാം; പക്ഷെ ഇന്നു നിങ്ങള്‍ എന്നോടു ക്ഷമിക്കണം - ഇപ്പോളിവിടെ പണമൊന്നും എന്റെ കൈവശം ബാക്കിയിരിപ്പില്ല.... മറ്റന്നാള്‍ എന്റെ കാര്യസ്ഥന് പട്ടണത്തില്‍നിന്നും മടങ്ങിയെത്തും; നിങ്ങളുമായി കണക്കുപറഞ്ഞു കാര്യം ശരിപ്പെടുത്തുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങളെല്ലാം ഞാന്‍ അയാള്‍ക്കു കൊടുത്തുകൊള്ളാം; പക്ഷെ ഈ നിമിഷത്തില്‍ നിങ്ങള്‍ പറഞ്ഞതുപോലെ ചെയ്യുവാന്‍ എനിക്കു നിവൃത്തിയില്ല. എന്നു മാത്രമല്ല, എന്റെ ഭര്‍ത്താവു മരിച്ചിട്ട്, ശരിയ്ക്കു ഇന്നേക്ക് ഏഴു മാസമായിരിക്കുന്നു. പണമിടപെട്ട കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുവാന്‍ എന്നെ തികച്ചും പ്രതിരോധിക്കുന്ന ഒരു മാനസികാവസ്ഥാന്തരത്തിലാണ് ഇന്നിപ്പോള്‍ എന്റെ നില.സ്മര്നോവ്:
അതുപോലെതന്നെ, കൊടുക്കാനുള്ള പലിശ നാളെ കൊടുത്തു തീര്‍ത്തില്ലെങ്കില്‍, ഇവിടത്തെ ജീവിതം അവസാനിപ്പിച്ച് ആദ്യമായി ഇവിടെനിന്നും ഒളിച്ചോടിപ്പോകുവാന്‍ എന്നെ നിര്‍ബ്ബന്ധിതനാക്കുന്ന ഒരു മാനസികമായ അവസ്ഥാന്തരത്തിലാണ് ഇന്നിപ്പോള്‍ എന്റേയും നില അവര്‍ എന്റെ പുരയിടം `കൈയേറ്റം' ചെയ്യും.പൊപ്പോവ:
നാളത്തെ കഴിഞ്ഞു പിറ്റെദിവസം നിങ്ങള്‍ക്കു നിങ്ങളുടെ പണം കിട്ടും.
മറ്റന്നാള്‍ എനിക്കാവശ്യമില്ല പണം. എനിക്കതിന്നു കിട്ടണം.പൊപ്പോവ:
നിങ്ങല്‍ എന്നോടു ക്ഷമിക്കണം. നിങ്ങള്‍ക്കിന്നു തന്നയയ്ക്കുവാന് എനിക്കു നിവൃത്തിയില്ല.സ്മര്നോവ്:
മറ്റന്നാള്‍വരെ ഇതിനുവേണ്ടി കാത്തുകെട്ടിക്കിടക്കാന്‍ എനിക്കൊട്ടു സാധിക്കയുമില്ല.പൊപ്പോവ:
അതുകൊള്ളാം; എനിക്കെന്തു ചെയ്യാന്‍ കഴിയും, ഇപ്പോള്‍ എന്റെ കൈവശം പണമില്ലെങ്കില്‍?സ്മര്നോവ്:
എനിക്കു പണം തരാന്‍ സാദ്ധ്യമല്ലെന്നു പറയുവാനാണോ നിങ്ങള്‍ അതുകൊണ്ടു അര്‍ത്ഥമാക്കുന്നത്?പൊപ്പോവ:
എനിക്കു നിവൃത്തിയില്ല.സ്മര്നോവ്:
ഹ്മം! നിങ്ങള്‍ക്കു പറയുവാനുള്ള അവസാനത്തെ വാക്കാണോ അത്?പൊപ്പോവ:
അതെ, അവസാനത്തെ വാക്ക്.സ്മര്നോവ്:
അവസാനത്തെ വാക്ക്? തീര്‍ച്ചയായും നിങ്ങളുടെ അവസാനത്തെ വാക്ക്?പൊപ്പോവ:
തീര്ച്ചയായുംസ്മര്നോവ്:
അതിനുവേണ്ടി നിങ്ങള്‍ക്കു നന്ദി. ഞാനതെപ്പറ്റി ഗൗനിച്ചുകൊള്ളാം. (അയാളുടെ തോളുകള്‍ കുലുക്കുന്നു) എന്നിട്ട്, ആളുകള്‍ എന്നോടു ശാന്തമായിരിക്കുവാന്‍ ആവശ്യപ്പെടുന്നു! റോഡില്‍വെച്ചു ഞാന്‍ ഒരാളെ കണ്ടു മുട്ടുന്നു; അയാള്‍ എന്നോടു ചോദിക്കുകയാണ്: ``എന്തു കൊണ്ടാണ് നിങ്ങള്‍ എല്ലായ്പ്പോഴും കോപിച്ചുംകൊണ്ടിരിക്കുന്നത്, ഗ്രിഗറിസ്റ്റിപ്പാനോവിച്ചേ?'' പക്ഷെ, ഭൂമിയില്‍ എങ്ങനെയാണ് ഞാന്‍ കോപിക്കാതിരിക്കുക? പണം ഞാന്‍ അത്യാവശ്യമായി ആവശ്യപ്പെടുന്നു. ഞാന്‍ ഇന്നലെ, വളരെ രാവിലെകൂടി, കുതിരപ്പുറത്തു കയറി തിരിച്ചു; എന്റെ എല്ലാ കടപ്പുള്ളികളേയും ഞാന്‍ അന്വേഷിക്കുകയുണ്ടായി. എന്നിട്ടോ? അവരില്‍ ഒരൊറ്റെണ്ണമെങ്കിലും ഒരു തുട്ടു തരണമല്ലോ... ങ്ങ്ഹേ, ങ്ങ്ഹേ! അലഞ്ഞലഞ്ഞു വിഷമിച്ച്, ഒടുവില്‍, ദൈവത്തിനുമാത്രം ഏതു നരകത്തിനുള്ളിലാണെന്നറിയാവുന്ന, ഒരു ജൂതന്റെ ഏതോ ഒരു ``വിശ്രമാലയ'യത്തില്‍ ഒരു `വോഡ്ക'യുടെ കുറ്റിയും തലക്കുവെച്ചു, ഞാന്‍ കിടന്നുറങ്ങി. എന്തെങ്കിലും കിട്ടുമെന്ന ആശയില്‍, വീട്ടില്‍ നിന്നും എഴുപതു `വെര്സ്റ്റ്' അകലെയുള്ള ഇവിടെ ഒടുവില്‍ ഞാന്‍ എത്തിച്ചേരുന്നു; അപ്പോള്‍ നിങ്ങളില്‍നിന്നും എനിക്കു കിട്ടുന്ന സ്വീകരണമോ? -``ഒരു മാനസികമായ അവസ്ഥാന്തര''ത്തോടുകൂടിയ ഒന്ന്! കൊള്ളരുതേ? ഞാന്‍ എങ്ങിനെ കോപിക്കാതിരിക്കും, പിന്നെ?പൊപ്പോവ:
ഞാന്‍ നിങ്ങളോടെ് തെളിച്ചുപറഞ്ഞല്ലോ, എന്റെ കാര്യസ്ഥന് പട്ടണത്തില്‍ നിന്നും മടങ്ങിവന്നാല്‍ അയാള്‍ നിങ്ങളുടെ പണം തന്നുതീര്‍ക്കുമെന്ന്!സ്മര്നോവ്:
ഞാന്‍ നിങ്ങളുടെ കാര്യസ്ഥന്റെ അടുത്തല്ല, നിങ്ങളുടെ അടുത്താണ് വന്നത്; നാശം പിടിച്ചുപോവാന്! ഞാനങ്ങനെ പറയുന്നതിലെന്നോടു ക്ഷമിക്കണേ! നിങ്ങളുടെ കാര്യസ്ഥനുമായിട്ടെനിക്കെന്തു കാര്യം? ഇങ്ങനെയുണ്ടോ, അപ്പാ ഒരു ഗ്രഹപ്പിഴ!
എനിക്കുമാപ്പുതരണം. സാര്‍; ഇങ്ങനെയുള്ള ശൈലികളോ, ഇങ്ങനെയൊരു സ്വരമോ, കേള്‍ക്കുവാന്‍ ഞാന്‍ പരിചയച്ചിട്ടില്ല. എനിക്കിതില്‍ കൂടുതലായിട്ടൊന്നും തന്നെ കേള്ക്കേണ്ടതായിട്ടില്ലതാനും!സ്മര്നോവ്:(പെട്ടെന്നവിടെനിന്നും മറയുന്നു)
കൊള്ളാം! അങ്ങനെവരട്ടെ! ``ഒരു മാനസികമായ അവസ്ഥാന്തരം''... ഭര്‍ത്താവു ഏഴുമാസത്തിന്നു മുമ്പു മരിച്ചു. ഞാന്‍ പലിശ കൊടുക്കണോ വേണ്ടയോ? ഞാന്‍ നിങ്ങളോടു ചോദിക്കുന്നു: ഞാന്‍ കൊടുക്കണോ, കൊടുക്കേണ്ടയോ? നിങ്ങളുടെ ഭര്‍ത്താവു മരിച്ചു; ഒരു മാനസികമായ അവസ്ഥാന്തരവും, അത്തരം കുറെയേറെ അസംബന്ധംപിടിച്ച നൂലാമാലകളും, നിങ്ങള്‍ക്കുണ്ട്,... നിങ്ങളുടെ കാര്യസ്ഥന്; അവനെ ചെയിത്താന് പിടിക്കുവാന്‍ ഏതോ നരകത്തിലേയ്ക്കു കെട്ടിയെടുത്തിരിക്കുന്നു ഇങ്ങനെയൊക്കെയാണെന്നുതന്നെ വിചാരിക്കുക; അതിന്നു ഞാനിപ്പോള്‍ എന്തു ചെയ്യണം? അതു പറയൂ! ഞാന്‍ പണംകൊടുക്കാനുള്ളവരുടെ അടുത്തു നിന്നും, ഒരു `ബലൂണില്‍' കയറി പറന്നുപോകാന്‍ എനിക്കു കഴിയുമെന്നാണോ നിങ്ങളുടെ വിചാരം! അല്ലാ, പിന്നെ എന്താ? അതോ, ഇവിടെ നിന്നോടിപ്പോയി, ഒരു ഇഷ്ടികച്ചുമരിന്മേല് ഞാനെന്റെ തലയടിച്ചുടയ്ക്കുവാനോ നിങ്ങള്‍ പ്രതീക്ഷിയ്ക്കുന്നത്? ഞാന്‍ `ഗ്രൂസ്ദേവി'ന്റെ അടുത്തു പോകുന്നു; അവന് വീട്ടിലില്ല! `യാറോഷിവിറ്റ്ച്' എവിടെയോ ഒളിച്ചിരിയ്ക്കുന്നു; `കുറിസിനു' മായി ഞാന്‍ ഒരു `തോരണയുദ്ധം' തന്നെ കഴിച്ചു; അവനെ ജന്നലില്‍ക്കൂടി എടുത്തൊരേറുംവെച്ചുകൊടുത്തു; `മാസുഗോവി'നു അവന്റെ കപ്പക്കിഴങ്ങുമായിട്ടെന്തോ ചില ഇടപാടുണ്ടത്രേ എല്ലാം കഴിഞ്ഞ് ഒടുവില്‍ ഈ പെണ്‍പിള്ളയുടെ അടുത്തു വന്നപ്പോള്‍, അവള്‍ക്കു മാനസികമായ ഒരവസ്ഥാന്തരം വന്നുപോലും! ഈ തെണ്ടിപ്പട്ടികള്ക്കൊന്നിനും എന്റെ പണം തരണമെന്നു വിചാരമില്ല.ഞാന്‍ അവറ്റയുമായി വളരെ ശാന്തഭാവത്തില്‍ പെരുമാറുന്നതുകൊണ്ടാണിത്. അവരുടെ കയ്യില്‍ ഞാന്‍ വെറുമൊരു പഴന്തുണി; എന്നെയിട്ടിങ്ങിനെ `ശിങ്കുകളിപ്പിക്കുക'യാണവരുടെ തൊഴില്‍! അതെ; കാക്കാലന്റെ കൈയില്‍ കിട്ടിയ കുരങ്ങിനെപ്പോലെ! ആട്ടെ, നോക്കിക്കൊള്ളിന്‍! വരട്ടെ! ഞാന്‍ നിങ്ങളെ മനസ്സിലാക്കിത്തരാം എങ്ങനെയുള്ളവനാണ്, സ്മര്നോവ് എന്ന്. എന്നെയിട്ടിങ്ങനെ ശിങ്കിരിപാടിക്കാന് ഞാന്‍ സമ്മതിക്കയില്ല; കരുതിക്കോളിന്‍! കാലിന്മേല് കാലും കയറ്റി, ഇങ്ങനെ അന്തസ്സിലിരിക്കും! ബര്ര്ര്ര്ര്ര്ര്!......... എന്തൊരു ദേഷ്യമാണെനിക്കിന്ന്; ഹോ, എനിക്കെന്തൊരു ദേഷ്യം! എന്റെ ഉള്ളു മുഴുവനും അരിശംകൊണ്ടു കൊടുമ്പിരിക്കൊള്ളുകയാണ്; എനിക്കു ശ്വാസംവിടാന്‍പോലും സാധിക്കുന്നില്ല.... ഫൂ, അയ്യോ എനിക്കെന്തോ സുഖമില്ലാത്തപോലേയും തോന്നിത്തുടങ്ങുന്നല്ലോ, ഹാവൂ... ഊ... ഉ... ഉ...!........ (കിടന്നു വിളിക്കുന്നു) പരിചാരകന്!ല്യൂക്കാ:(ല്യൂക്കാ പ്രവേശിക്കുന്നു)
എന്താണിത്?സ്മര്നോവ്:
കുറച്ചു `ക്വാസോ', വെള്ളമോ എനിക്കു കൊണ്ടു വന്നു തരിക!(ല്യൂക്കാ പോകുന്നു)
എന്തൊരു വകതിരിവാണെന്നു നോക്കണെ! ഒരു മനുഷ്യനു യാതൊരു നില്ക്കക്കള്ളിയുമില്ലാത്തവിധം പണത്തിന്നാവശ്യം നേരിടുന്നു; എന്നാല്‍ അവളാകട്ടെ, പണമിടപെട്ട കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കുവാനവള്ക്കു തരമില്ലെന്നുള്ള കാരണത്തിന്മേല്, പണം തരാതിരിക്കുന്നു. അതു, യഥാര്‍ത്ഥത്തില്‍, വെറും പെണ്ണിന്റെ ചിന്താശാസ്ത്രമാണ്. അതുകൊണ്ടെല്ലാമാണ് പെണ്ണുങ്ങളുമായി സംസാരിക്കാന്‍ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ലാത്തതും, ഇപ്പോള്‍ ഇഷ്ടപ്പെടാത്തതും! ഒരു പെണ്ണുമായി വര്‍ത്തമാനം പറയുന്നതിനേക്കാള്‍ ഒരു വെടിമരുന്നു പീപ്പയില്‍ കയറിയിരിക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ബര്‍ര്‍ര്‍! എനിക്കു വല്ലാത്തൊരു തണുപ്പുതോന്നുന്നല്ലൊ! ഈനാശംപിടിച്ച ഒരിടപാടിനിറങ്ങിത്തിരിച്ചതാണതിനൊക്കെ കാരണം. വെറും കോപത്തില്നിന്നുണ്ടാകുന്ന ഒരു വിറയ്ക്കലും വിയര്‍ക്കലും കൂടാതെ, ദൂരേനിന്നു ഈ കവിതാജന്തുക്കളെ ഒരു നോക്കൊന്നു കാണുവാന്‍പോലും സാദ്ധ്യമല്ല. എനിക്കവരുടെ നേരേ നോക്കുക സാദ്ധ്യമല്ലതന്നെ!ല്യൂക്കാ:(ല്യൂക്കാ വെള്ളവുമായി പ്രവേശിക്കുന്നു)
കൊച്ചമ്മയ്ക്കു നല്ല സുഖമില്ല. അവര്‍ അതിനാല്‍ ആരേയും കാണുകയില്ല.സ്മര്നോവ്:
കടന്നുപോടാ, കഴുതേ! (ല്യൂക്കാ പോകുന്നു) സുഖമില്ല; ആരേയും കാണുകയുമില്ല! അല്ല, ശരിയാണ്, നിങ്ങള്‍ എന്നെ കാണുന്നില്ലല്ലോ!... ഞാനിവിടെ താമസിക്കാന്‍ പോവുകയാണ്; നിങ്ങള്‍ പണം എനിക്കു തരുന്നതുവരെ ഞാനിവിടെത്തന്നെ ഇരിക്കാനാണ് ഭാവം - നിങ്ങള്‍ക്കു ഒരാഴ്ചത്തേക്കു സുഖമില്ലാതെ കിടക്കാം, നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍!... ഒരാഴ്ചക്കു ഞാന്‍ ഇവിടെത്താമസിക്കുകയും ചെയ്യും! ഒരു കൊല്ലത്തേയ്ക്കു സുഖമില്ലാതെ കിടക്കുകയാണെന്നുവരികില് - ഞാന്‍ ഒരു കൊല്ലത്തേയ്ക്കു താമസിക്കും! ഞാനെന്റെ `തനിനിറം' എടുക്കാന്‍ പോവുകയാണ്, എന്റെ പ്രിയപ്പെട്ട അകത്തമ്മേ! നിങ്ങളുടെ വിധവാവസ്ത്രങ്ങളും, തുടുതുടുപ്പുള്ള കവിള്ത്തടങ്ങളുമായി എന്നെ സമീപിക്കരുതേ! എനിക്കറിയാം, ആ തുടുതുടുപ്പുകള്! (ജനലില്‍ക്കൂടി ഉച്ചത്തില്‍ വിളിക്കുന്നു) സൈമണ്‍, അവറ്റയെ പുറത്തേയ്ക്കു കൊണ്ടുപോവുക! നാം ഉടനടി പോവുകയല്ല! ഞാന്‍ ഇവിടെ താമസിക്കുകയാണ്! തൊഴുത്തില്‍ നില്ക്കുന്ന ആള്‍ക്കാരോടു പറഞ്ഞേയ്ക്കു, എന്റെ കുതിരകള്‍ക്കു കുറേ `ഓട്സു' കൊടുക്കുവാന്‍! എടാ, മരത്തലയാ, നീയാക്കുതിരയുടെ കാല്, കടിഞ്ഞാണുകളില്‍ പിന്നേയും കുടുക്കിയല്ലൊ! (വിനോദഭാവത്തില്‍) `സാരമില്ല'. ഞാനതു നിന്നെ കെട്ടിയേല്പ്പിക്കും, പറഞ്ഞേക്കാം! `സാരമില്ല' (ജനാലയ്ക്കല്‍ നിന്നു പോകുന്നു) ഓ! ഇതു ചീത്തയാണ്. ചൂടു ഭയങ്കരം; ഈ തെണ്ടികളാരും പണം തരുന്നുമില്ല... ഇന്നലെത്തന്നെ ഒരുപോളക്കണ്ണടച്ചിട്ടില്ല... എല്ലാറ്റിനും, പുറമെ, ഇതാ ഇവിടെ വന്നപ്പോളുണ്ട്, `ഒരു മാനസികമായ അവസ്ഥാഭേദ'ത്തോടുകൂടിയ ഒരു `തോറ്റം പറച്ചില്!'....... ആവൂ, എന്തോരു തലവേദന!.... ഞാന്‍ കുറച്ചു വോഡ്ക്കാ കുടിച്ചെങ്കിലോ, എന്താ? അതെ, അങ്ങിനെതന്നെ! (കിടന്നു വിളിക്കുന്നു) പരിചാരകന്!(ല്യൂക്കാ പ്രവേശിക്കുന്നു)
എന്താണിത്?സ്മര്നോവ്:
ഒരു ഗ്ലാസ് വോഡ്ക! (ല്യൂക്കാ പോകുന്നു) ഔഫ്! (ഇരുന്നു സ്വയം ഒരു ദേഹപരിശോധന നടത്തുന്നു) എനിക്കാകപ്പാടെ നല്ല ചന്തം! അടിമുടി പൊടി; ബൂട്സ് മുഴുവന്‍ ചളി; ഒന്നു കുളിക്കാനാണെങ്കിലൊത്തില്ല; വൃത്തികേട്; എന്റെ ഉള്ക്കുപ്പായത്തിന്മേല് വയ്ക്കോല്. ആ പ്രിയപ്പെട്ട കൊച്ചു കെട്ടിലമ്മ എന്നെ ശരിക്കും ഒരു കുത്തിക്കവര്ച്ചക്കാരനായി കരുതിയിരിക്കും (പ്രലപിക്കുന്നു). വാസ്തവമാലോചിച്ചാല്‍, ഒരു വിശ്രമമുറിയില്‍, വകതിരിവില്ലായ്മതന്നെയാണ് കേട്ടോ, ഈ വേഷത്തില്‍ വന്നു വലിഞ്ഞുകയറുന്നത്! പക്ഷെ തരമില്ലാതെവന്നു; നിവൃത്തിയില്ല. ഞാനവിടെ ഒരു സന്ദര്ശനകനായിട്ടല്ല, പണം കിട്ടുവാനുള്ള ഒരു കടം പിരിക്കലുകാരനായിട്ടാണ് വന്നിരിക്കുന്നത്. പണം കിട്ടുവാനുള്ള പ്രത്യേക വസ്ത്രമൊന്നും അങ്ങനെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല.ല്യൂക്കാ:(വോഡ്കയോടുകൂടി ല്യൂക്കാ പ്രവേശിക്കുന്നു)
ഞാന്‍....ഞാന്‍............ഒന്നുമില്ല...........ഞാന്‍ വാസ്തവത്തില്‍..........സ്മര്നോവ്:
ആരോടാണ് നീയീ സംസാരിക്കുന്നത്? അടയ്ക്കെടാ വായ്!ല്യൂക്കാ:
(ഒരു വശത്തേയ്ക്കു തിരിഞ്ഞുനിന്നുകൊണ്ട്) ചെയിത്താന്, താമസിക്കാന്‍ വന്നിരിക്കുന്നു... പക്ഷെ, ഭാഗ്യമാണവനെ ഇവിടെ കൊണ്ടുവന്നത്....സ്മര്നോവ്:(പോകുന്നു)
ഓ, എനിക്കെന്തൊരു കോപമാണ്! ലോകംമുഴുവന്‍ ഉള്ളംകൈയിലെടുത്തു ഞെരിച്ചു, തവിടുപൊടിയാക്കുവാന് എനിക്കു സാധിക്കുമാറ്, ഞാനത്രമാത്രം കോപിച്ചിരിക്കുന്നു. എന്തോ എനിക്കു ഒരു വല്ലാത്ത സുഖമില്ലായ്മ തോന്നുന്നു. (ഉറക്കെക്കിടന്നു വിളിക്കുന്നു) പരിചാരകന്!പൊപ്പോവ:(പൊപ്പോവ പ്രവേശിക്കുന്നു)
(ദൃഷ്ടികള്‍ നിലത്തു പതിപ്പിച്ചുകൊണ്ടു) സര്. എന്റെ ഏകാന്തവാസത്തില്‍, പുരുഷന്മാരുടെ സ്വരംകേട്ടു പരിചയമില്ലാതായിത്തീര്ന്നിരിക്കയാണ് ഞാന്‍. നിങ്ങളുടെ ഈ ഉച്ചത്തില്‍ കിടന്നുള്ള വിളികേട്ടു സഹിക്കുവാന്‍ എനിക്കു സാദ്ധ്യമല്ല. എന്റെ സമാധാനത്തെ ഇങ്ങനെ ശിഥിലപ്പെടുത്തരുതെന്നു എനിക്കു നിങ്ങളോടു പറയേണ്ടിയിരിക്കുന്നു.സ്മര്നോവ്:
എനിക്കെന്റെ പണം തന്നേക്കൂ; ഞാന്‍ പൊയ്ക്കോളാം!പൊപ്പോവ:
ഞാന്‍ നിങ്ങളോടു വളരെത്തെളിച്ചുതന്നെ പറഞ്ഞു; എന്റെ കൈവശം, ഇപ്പോള്‍ നിങ്ങള്‍ക്കു തരുവാന്‍ പണമൊന്നുംതന്നെ ബാക്കിയിരിപ്പില്ല. മറ്റന്നാള്‍വരെ ക്ഷമിച്ചിരിക്കുക.സ്മര്നോവ്:
ഞാനും അതുപോലെ നിങ്ങളോടു തെളിയിച്ചുതന്നെ പറഞ്ഞു, മറ്റന്നാള്‍ എനിക്കു പണമാവശ്യമില്ല, ഇന്നാണെനിക്കു പണമാവശ്യമുള്ളത്, എന്നു. ഇന്നു എനിക്കു നിങ്ങള്‍ പണം തരാത്ത പക്ഷം, നാളെ എനിക്ക് തന്നെത്താന്‍ തൂങ്ങിച്ചാകേണ്ടിവരും.പൊപ്പോവ:
പക്ഷെ എന്റെ കൈവശം പണമില്ലെങ്കില്‍ പിന്നെ എനിക്കെന്തു ചെയ്യുവാന്‍ കഴിയും? നിങ്ങള്‍ ഒരു വല്ലാത്ത മനുഷ്യന്‍തന്നെ!സ്മര്നോവ്:
അപ്പോള്‍, നിങ്ങളെനിക്കിന്ന് പണം തരികയില്ല അല്ലേ? ഏ?.........
എനിക്കു സാധ്യമല്ല....സ്മര്നോവ്:
അങ്ങിനെയാണെങ്കില്‍, ഞാനിവിടെ താമസിക്കുന്നു; എനിക്കതു കിട്ടുന്നതുവരെ ഞാനിവിടെ കാത്തിരുന്നുകൊള്ളാം; (ഇരിക്കുന്നു) നിങ്ങള്‍ മറ്റന്നാളാണപ്പോള് എനിക്കു പണംതരാന്‍ പോകുന്നതു, അല്ലേ? വളരെ നന്ന്! മറ്റന്നാള്‍വരെ ഞാനിവിടെത്തന്നെ താമസിക്കാം. എല്ലായ്പ്പോഴും ഇതാ ഇതുപോലെ, ഞാനിവിടെത്തന്നെ ഇരുന്നുകൊള്ളാം. (ചാടിയെഴുന്നേല്ക്കുന്നു) ഞാന്‍ നിങ്ങളോടു ചോദിക്കുന്നു - നാളെ എനിക്കു പലിശകൊടുക്കേണ്ടതായിട്ടുണ്ടോ ഇല്ലയോ? അതോ, ഞാനിങ്ങിനെയെല്ലാം പറയുന്നതു വെറുമൊരു നേരംപോക്കിനുവേണ്ടിമാത്രമാണെന്നാണൊ നിങ്ങളുടെ വിചാരം?പൊപ്പോവ:
ദയവുചെയ്തിവിടെക്കിടന്നു ഇങ്ങനെ കൂകിവിളിക്കാതിരിക്കണം. ഇതൊരു തൊഴുത്തും മറ്റൊന്നുമല്ല.സ്മര്നോവ്:
ഞാന്‍ നിങ്ങളോടൊരു തൊഴുത്തിനെക്കുറിച്ചല്ല, എനിക്കു നാളെ പലിശകൊടുക്കേണ്ടതായിട്ടുണ്ടോ ഇല്ലയോ എന്നാണ് ചോദിച്ചത്.പൊപ്പോവ:
ഒരു സ്ത്രീയുടെ മുന്പില് പെരുമാറെണ്ടതെങ്ങിനെയാണെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ.സ്മര്നോവ്:
എന്നാല്‍ അങ്ങിനെയല്ല; നിങ്ങള്‍ക്കു തെറ്റിപ്പോയി. എനിക്കു ശരിക്കും അറിയാം, എങ്ങിനെയാണ് ഒരു സ്ത്രീയുടെ മുന്പില് പെരുമാറേണ്ടതെന്നു. പൊപ്പോവ; ഇല്ല നിങ്ങള്‍ക്കറിഞ്ഞുകൂടാ. നിങ്ങള്‍ ഒരു `മൊശോട'നാണ്; വകതിരിവില്ലാത്തവനാണ്; മാനമുള്ള മര്യാദക്കാര് ഒരു സ്ത്രീയോടിങ്ങനെ സംസാരിക്കുകയില്ല.സ്മര്നോവ്:
ഇതെന്തൊരു `വയ്യാവേലി'യാണപ്പാ! നിങ്ങളോടു ഞാനിനി എങ്ങിനെ സംസാരിക്കണമെന്നാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്? ഫ്രഞ്ചിലോ? - അതോ, പിന്നെന്തിലോ? (അയാളുടെ മുഖഭാവം മാറുന്നു. ചുണ്ടുകള്‍ ചുളുങ്ങുന്നു) മഡേം, ജേ, വൂ, പ്രീ........ഹാ, ക്ഷമിക്കൂ! ഞാന്‍ നിങ്ങളെ ശല്യപ്പെടുത്തി. എന്തൊരു ദിവസമാണിന്നു! കരഞ്ഞുകൊണ്ടുള്ള ഈ നില്പില് നിങ്ങള്‍ എത്ര സുന്ദരിയായിരിക്കുന്നു!പൊപ്പോവ:(നമിച്ചിട്ട്)
ആ വിഡ്ഢിത്തം പറച്ചില് ആണുങ്ങള്‍ക്കു യോജിച്ചതല്ല.
(അവളെ പരിഹസിച്ചുകൊണ്ട്) വിഡ്ഢിത്തം! ആണുങ്ങള്‍ക്കു യോജിക്കാത്തത്! എന്തേ പൊന്നേ, എനിക്കറിഞ്ഞുകൂടാ, സമ്മതിച്ചേക്കാം, എങ്ങനെയാണ് സ്ത്രീകളോടു പെരുമാറേണ്ടതെന്ന്. മാഡം, എന്റെ ഇത്രയുംകാലത്തെ ജീവിതത്തില്‍, നിങ്ങള്‍ കുരുവികളെ കണ്ടിട്ടുള്ളതില്‍ അധികം ഞാന്‍ പെണ്ണുങ്ങളെ കണ്ടിട്ടുണ്ട്. മൂന്നു പ്രാവശ്യം ഞാന്‍ ദ്വന്ദയുദ്ധത്തിലേര്പ്പെട്ടിട്ടുണ്ട്, ഈ പെണ്ണുങ്ങള് കാരണം ഞാന്‍ പത്തു സ്ത്രീകളെ ഉപേക്ഷിച്ചിട്ടുണ്ട്; ഒന്പതുപേര് എന്നേയും, അതെ ഞാന്‍ സ്വയം വിഡ്ഢിവേഷം കെട്ടിനടന്ന ഒരു കാലമുണ്ടായിരുന്നു. അന്നു എന്റെ ശരീരം മുഴുവന്‍ ഞാന്‍ സുഗന്ധദ്രവ്യങ്ങള്‍ കൊണ്ടു മണം പിടിപ്പിച്ചു; തേന്‍ പുരണ്ട വാക്കുകള്‍ ഉപയോഗിച്ചു; ആഭരണങ്ങള്‍ ധരിച്ചു; സുന്ദരങ്ങളായ പ്രണാമങ്ങള്‍ ചെയ്തു. ഞാന്‍ സ്നേഹിക്കാറുണ്ടായിരുന്നു; സങ്കടപ്പെടാറുണ്ടായിരുന്നു; ചന്ദ്രനെനോക്കി നെടുവീര്‍പ്പിടാറുണ്ടായിരുന്നു; അസ്വസ്ഥനാകാറുണ്ടായിരുന്നു; ചൂടുപിടിക്കാറുണ്ടായിരുന്നു; തണുത്തു മരവിക്കാറുണ്ടായിരുന്നു; വികാരപാരവശ്യത്തോടും ഉന്മാദത്തോടും കൂടി - എന്നുവേണ്ട, അനുഗൃഹീതങ്ങളായ എല്ലാ മാര്ഗ്ഗങ്ങളിലുംകൂടി - എന്നെ ചെകുത്താനെടുത്തുകൊണ്ടു പോകട്ടേ! - ഞാന്‍ സ്നേഹിക്കാറുണ്ടായിരുന്നു. ഉദ്ധാരണത്തെക്കുറിച്ചു ഒരു `മാഗ പൈ' പക്ഷിയെപ്പോലെ ഞാന്‍ കിടന്നു ചിലയ്ക്കാറുണ്ടായിരുന്നു; എന്റെ മൃദുലവികാരങ്ങളില്‍ എന്റെ സ്വത്തില്‍ പകുതിയും ഞാന്‍ പാഴാക്കിക്കളഞ്ഞു; എന്നാല്‍ ഇപ്പോള്‍ ഞാന്‍ - നിങ്ങള്‍ എനിക്കു മാപ്പുതരണം! - പക്ഷെ ഇപ്പോള്‍ നിങ്ങള്‍ക്കു എന്റെ ചുറ്റും അങ്ങനെ പറ്റിക്കൂടുക സാദ്ധ്യമല്ല. എനിക്കു മടുത്തുകഴിഞ്ഞു! കറുത്ത കണ്ണുകള്‍, വികാരപരവശകളായ കണ്ണുകള്‍, പവിഴച്ചുണ്ടുകള്‍, തുടുതുടത്ത കവിള്‍ത്തടങ്ങള്‍, ചന്ദ്രബിംബം, സല്ലാപസാന്ദ്രങ്ങളായ മധുരസ്വകാര്യങ്ങള്, ചകിതപേലവമായ ഓരോ നെടുവീര്‍പ്പുകള്‍ - അതെ; അവയ്ക്കെല്ലാറ്റിന്നുംകൂടി ഞാനിന്നൊരു ചില്ലിക്കാശു വിലകാണുന്നില്ല. കാലമൊക്കെ മാറിപ്പോയി മാഡം. ഇന്നേത്തെ ചെറുപ്പക്കാരോടു ഈ മിരട്ടൊന്നും പറ്റുകയില്ല. അവര്‍ക്ക് നന്നായറിയാം. ഈ പെണ്ണങ്ങള് എന്നൊരുവര്ഗ്ഗംതന്നെ കള്ളികളും, ആത്മാര്‍ത്ഥതയില്ലാത്തവരും, നടിപ്പുകാരും, `ജാട'ക്കാരും, നിര്ദ്ദയകളും, യുക്തിയും തലച്ചോറുമില്ലാത്തവരും, കാര്യം പറഞ്ഞാല്‍ മനസ്സിലാക്കാന്‍ ശക്തിയില്ലാത്തവരും - ഞാനിങ്ങനെ വെട്ടിവിളിച്ചു പറയുന്നതു ക്ഷമിക്കണേ, മാഡം - മഠയത്തികളും, വെറും ദുര്വ്വാശിക്കാരുമാണെന്ന്. ഈ കാവ്യജന്തുക്കളില് ഒന്നിന്റെ നേരേ നിങ്ങള്‍ നോക്കുക: മുഴുവനും നല്ല `മസ്ലിന്;' സ്വര്ഗ്ഗതേജ്ജസ്സോടുകൂടിയ ഒരപ്സരസ്സ്; ഒരായിരം ആനന്ദാനുഭൂതികള്ക്കുള്ള ഉരുപ്പടികള്‍ അവളില്‍ നിങ്ങള്‍ക്കു കാണാം - എന്നാല്‍ അവളുടെ ആത്മാവിലേയ്ക്കൊന്നു കണ്ണോടിയ്ക്കുക. ഒരു സാധാരണമായ ചീങ്കണ്ണിയെ നിങ്ങള്‍ കാണുന്നു. (അയാള്‍ ഒരു കസേരയുടെ പിന്‍വശം പിടിച്ചു ഞെരിക്കുന്നു. കസേര ഒരു ``കറകറ'' ശബ്ദത്തോടെ ഞെരിഞ്ഞൊടിയുന്നു) ഇതൊക്കെപ്പോട്ടെ; എല്ലാറ്റിലും മുഷിപ്പനായിട്ടുള്ളത് ഇതൊന്നുമല്ല; ഈ ചീങ്കണ്ണി, എന്തുകൊണ്ടോ, എന്തോ അതിന്റെ സ്വന്തമായിട്ടുള്ള വശീകരണശക്തി, അതിനു പ്രത്യേകമായിട്ടുള്ള ചില സ്വാധീനത, മറ്റൊന്നിനെ തന്റെ സ്വന്തമാക്കി വെച്ചുകൊണ്ടിരിക്കുവാനുള്ള ശക്തിവിശേഷം, അതിന്റെ മൃദുലവികാരങ്ങളാണെന്നു സങ്കല്പിക്കുന്നു. എന്തിന്, ഇതു നിങ്ങള്ക്കുറപ്പു കരുതാം വേണമെങ്കില്‍ നിങ്ങള്‍ ആ ആണിക്കൊളുത്തിന്മേല്, കാല് മേലോട്ടാക്കി എന്നെക്കെട്ടിത്തൂക്കിക്കൊള്ളു! - പക്ഷെ ഒരു `മടിപ്പട്ടിയെ' അല്ലാതെ മറ്റാരെയെങ്കിലും സ്നേഹിക്കുവാന്‍ സാധിക്കുന്ന ഒരു സ്ത്രീയെ എവിടെയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ? അവള് പ്രണയത്തില്‍ അകപ്പെട്ടിരിക്കുമ്പോള്‍,- കുണുങ്ങിക്കുഴയാനും കിടന്നു മോങ്ങാനുമല്ലാതെ വല്ലതും ചെയ്യുവാന്‍ അവള്‍ക്കു കഴിയുമോ? ഒരു പുരുഷന് അവള്‍ക്കുവേണ്ടി ദുരന്തദുരിതം അനുഭവിച്ചുകൊണ്ട് ആരാധനീയങ്ങളായ ഓരോ മഹാത്യാഗങ്ങള്‍ ചെയ്യുമ്പോള്‍ അവള് അവളുടെ പ്രേമം പ്രകടിപ്പിക്കുന്നതു സാരിത്തുമ്പ് കൈവിരലുകൊണ്ട് ചുരടിയും, നിലത്തു കാല്‍വിരല്‍കൊണ്ടു ചിത്രം വരച്ചുമാണ്;- അത്തരം ചാപല്യങ്ങള്‍ അവനെ അവളുടെ വലയില്നിന്നൊരിയ്ക്കലും വഴുതിപ്പോകാതെ കുടുക്കുവാനുള്ള വശീകരണവിദ്യകളാണ്! ഒരു സ്ത്രീയായിരിക്കുവാനുള്ള നിര്‍ഭാഗ്യം നിങ്ങള്‍ക്കുണ്ടായി; നിങ്ങള്‍ക്കു നിങ്ങളില്‍നിന്നുതന്നെ അറിയാവുന്നതാണല്ലോ സ്ത്രീയുടെ സ്വഭാവം എന്താണെന്നു. നിങ്ങള്‍ എന്നോടു ഹൃദയം തുറന്നു പരമാര്‍ത്ഥം പറയുക - ആത്മാര്ത്ഥതയുള്ളവളും, വിശ്വാസയോഗ്യയും, സുസ്ഥിരമനസ്കയുമായ ഒരു സ്ത്രീയെ എപ്പോഴെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ല, നിങ്ങള്‍ ഒരിക്കലും കണ്ടിട്ടുണ്ടായിരിക്കുകയില്ല. അരസികകളും വൃദ്ധകളും മാത്രം വിശ്വാസയോഗ്യകളും സ്ഥിരമനസ്സുകളുമായിരിക്കാം. സുസ്ഥിരമായ ഹൃദയത്തോടുകൂടിയ ഒരു സ്ത്രീയെ കണ്ടുമുട്ടുന്നതിനേക്കാള് വേഗത്തില്‍ കൊമ്പുള്ള ഒരു പൂച്ചയേയോ, ഒരു വെളുത്ത കാട്ടുകോഴിയേയോ നിങ്ങള്‍ കണ്ടു മുട്ടും!
അപ്പോള്‍, നിങ്ങളുടെ അഭിപ്രായപ്രകാരം വിശ്വസിക്കാന്‍ കൊള്ളാവുന്നതും സുസ്ഥിരസ്നേഹത്തോടുകൂടിയതും ആയിട്ടുള്ളതാരാണ്? പുരുഷനാണോ?സ്മര്നോവ്:
അതെ, പുരുഷന്!പൊപ്പോവ:
പുരുഷന്! (പൊട്ടിച്ചിരിക്കുന്നു) - വിശ്വാസയോഗ്യരും സുസ്ഥിരസ്നേഹത്തോടുകൂടിയവരുമാണത്രേ പുരുഷ്ന്മാര്! എന്തൊരഭിപ്രായം (കോപത്തോടെ) അങ്ങനെ പറയാന്‍ നിങ്ങള്‍ക്കെന്താണവകാശം? പുരുഷന്മാര് വിശ്വാസയോഗ്യരും അചഞ്ചലന്മാരുമാണുപോലും! നമ്മള് സംസാരിക്കുന്നതു ഇതിനെക്കുറിച്ചാകകൊണ്ട്, നിങ്ങളോടിതു ഞാനുറപ്പു പറയാം: ഞാന്‍ ഇന്നോളം അറിഞ്ഞിട്ടുള്ളവരിലും ഇന്നറിയുന്നവരിലും വെച്ച് ഏറ്റവും നല്ല പുരുഷന് എന്റെ മരിച്ചുപോയ ഭര്‍ത്താവായിരുന്നു. ചെറുപ്പക്കാരിയും സങ്കല്പലോലുപയുമായ ഒരു സ്ത്രീയ്ക്കു കഴിയുന്നിടത്തോളം വികാരോദ്വേഗത്തോടുകൂടി, എന്റെ പ്രാണനുതുല്യമായി, ഞാന്‍ അദ്ദേഹത്തെ സ്നേഹിച്ചു; എന്റെ യൗവ്വനം, എന്റെ സൗഭാഗ്യം, എന്റെ ജീവിതം, എന്റെ ധനം, ഇവയെല്ലാം ഞാന്‍ അദ്ദേഹത്തിനു പ്രദാനം ചെയ്തു; എന്റെ ആത്മാവുപോലും ഞാന്‍ അദ്ദേഹത്തിന്റെ മുന്പില് സമര്‍പ്പിച്ചു; ഒരു പ്രാകൃതയെപ്പോലെ ഞാന്‍ അദ്ദേഹത്തെ ആരാധിച്ചു......എന്നിട്ടോ? പുരുഷന്മാരില് ഏറ്റവും ഉത്തമനായ ഒരു മനുഷ്യന്, യാതൊരു സങ്കോചവുംകൂടാതെ എന്നെ അടിയ്ക്കടി വഞ്ചിക്കുകയാണ് ചെയ്തത്! അദ്ദേഹത്തിന്റെ മരണത്തിനുശേഷം ഞാന്‍ അദ്ദേഹത്തിന്റെ ഡസ്കില്‍ ഒരു വലിപ്പു നിറയെ പ്രേമലേഖനങ്ങള്‍ കണ്ടെത്തി; അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ - അതോര്‍ക്കുമ്പോള്‍ എന്റെ ഹൃദയം തകരുന്നു - അനേകം കാഴ്ചകള്‍ എന്നെത്തനിയെ വിട്ടിട്ടുപോയി; അന്യസ്ത്രീകുളുമായി പ്രണയിക്കുകയും, എന്റെ കണ്മുന്പില് ത്തന്നെ എന്നെ ചവിട്ടിത്തേയ്ക്കുകയും പതിവായിരുന്നു; അദ്ദേഹം എന്റെ പണമെല്ലാം ധൂര്‍ത്തടിച്ചു നശിപ്പിക്കുകയും എന്റെ ഹൃദയവികാരങ്ങളെ അവഹേളിക്കുകയും ചെയ്തു. എന്നാല്‍, ഇങ്ങിനെയെല്ലാമായിരുന്നിട്ടും, ഞാന്‍ അദ്ദേഹത്തെ ഗാഢമായി സ്നേഹിച്ചു. സത്യസന്ധമായി അദ്ദേഹത്തിന്റെ മുന്പില് ഒരു ദേവതയെപ്പോലെ ജീവിച്ചു. പിന്നെ, അതു മാത്രമല്ല, അദ്ദേഹത്തിന്റെ മരണശേഷം ഇതാ ഇപ്പോഴും, സത്യസന്ധയും അദ്ദേഹത്തെക്കുറിച്ചുള്ള സ്മരണയില്‍ സ്ഥിരനിരതയുമായി ജീവിതം നയിക്കുന്നു. ഈ നാലു ചുമരുകള്‍ക്കുള്ളില്‍ ഞാന്‍ എന്നെ എന്നെന്നേയ്ക്കുമായി അടച്ചുപൂട്ടിയിരിക്കുന്നു; വൈധവ്യചിഹ്നങ്ങളായ ഈ വസ്ത്രങ്ങള്‍ എന്റെ ജീവാവസാനംവരെ ഞാന്‍ ധരിച്ചുകൊണ്ടിരിക്കും.....സ്മര്നോവ്:
(നിന്ദാഭാവത്തില്‍ പൊട്ടിച്ചിരിച്ചുകൊണ്ട്) വസ്ത്രങ്ങള്‍......ഏതു തരത്തിലുള്ള ഒരാളായിട്ടാണ് നിങ്ങളെന്നെക്കണക്കാക്കിയിരിക്കുന്നതെന്നു എനിക്കു മനസ്സിലാകുന്നില്ല. ആ കറുത്ത വൈധവ്യവസ്ത്രം നിങ്ങള്‍ ധരിക്കുന്നതും, നാലു ചുമരുകള്‍ക്കുള്ളില്‍ നിങ്ങള്‍ അടച്ചുപൂട്ടിയിരിക്കുന്നതും എന്തിനുവേണ്ടിയാണെന്നു എനിക്ക് മനസ്സിലാകാത്തപോലെ തോന്നും. നിങ്ങളുടെ ഈ മട്ടും ഭാവവുമൊക്കെക്കണ്ടാല്! അയ്യോ കഷ്ടം! ഞാന്‍ നിങ്ങളോടു പറയുന്നു മാഡം, അതിന്റെ ഉള്ളുകള്ളി ശരിക്കും ഞാന്‍ മനസ്സിലാക്കുന്നുണ്ട്. അത്ഭുതരഹസ്യസങ്കീര്ണ്ണമായ ഒരു സംഗതിയാണത്; അതു അത്രമാത്രം കവിതാമയമാണ്! വല്ല മാംസക്കച്ചവടക്കാരനോ, പാവം പിടിച്ച വല്ല കവിതക്കാരനോ, നിങ്ങളുടെ ജനാലകളെകടന്നുപോകുമ്പോള് അവര്‍ വിചാരിച്ചേക്കാം, ``തന്റെ ഭര്‍ത്താവിനോടുള്ള പ്രണയാതിരേകത്താല്‍ സ്വയം നാലു ഭിത്തികള്‍ക്കുള്ളില്‍ അടയ്ക്കപ്പെട്ടവളും, അത്ഭുതരഹസ്യംനിറഞ്ഞ ജീവിതചരിത്രത്തോടുകൂടിയവളുമായ `ടമാറ' അവിടെ താമസിക്കുന്നു'', എന്നു ഈ വിദ്യകളെല്ലാം ഞങ്ങള്‍ക്കു നന്നായറിയാം മാഡം!
(ഒച്ചപ്പാടോടുകൂടി) എന്ത്? ഇതെല്ലാം എന്റെ മുമ്പില്നിന്നിങ്ങനെ പറയുവാന്‍ നിങ്ങള്‍ക്കെങ്ങിനെ ധൈര്യം തോന്നുന്നു?സ്മര്നോവ്:
നിങ്ങള്‍ ജീവനോടുകൂടി സ്വയം നിങ്ങളെ മറവുചെയ്തിട്ടുണ്ടായിരിക്കാം; പക്ഷെ നിങ്ങളുടെ മുഖം `പൗഡര്‍' ഇട്ടു മിനുക്കുവാന് നിങ്ങള്‍ മറന്നിട്ടില്ല.പൊപ്പോവ:
എന്നോടിങ്ങിനെ സംസാരിക്കാന്‍ നിങ്ങള്‍ എങ്ങനെ ധൈര്യപ്പെടുന്നു?സ്മര്നോവ്:
ദയവുചെയ്തു, കെടന്നു തൊള്ള തൊറക്കാതിരിക്കണം. ഞാന്‍ നിങ്ങളുടെ കാര്യസ്ഥനും കണക്കപ്പിള്ളയുമൊന്നുമല്ല, നിങ്ങളെന്റെ നേരെ ഇങ്ങനെ ചന്ദ്രഹാസമെടുക്കാന്! വസ്തുസ്ഥിതികളെ അവയുടെ യഥാര്‍ത്ഥ നാമധേയങ്ങളില്‍ അഭിസംബോധനം ചെയ്യുവാന്‍ നിങ്ങള്‍ എന്നെ അനുവദിക്കണം. ഞാനൊരു സ്ത്രീയല്ല; ഉള്ളിലെന്തുതോന്നുന്നുവോ അതു നേരെ വെട്ടിവിളിച്ചു പറയുന്നതാണെന്റെ പതിവു. എന്താ, നിങ്ങള്‍ കെടന്നു തൊള്ള തുറക്കാതിരിക്കുകയില്ല, അല്ലേ!പൊപ്പോവ:
ഞാനല്ല, നിങ്ങളാണ്, കിടന്നു തൊള്ള തുറക്കുന്നത്. ദയവുചെയ്തു എന്നെ തനിച്ചു വിടുക!സ്മര്നോവ്:
എനിക്കെന്റെ പണമിങ്ങുതന്നേക്കൂ, ഞാനെന്റെ പാട്ടിനു പൊയ്ക്കൊള്ളാം!പൊപ്പോവ:
ഞാന്‍ യാതൊരു പണവും നിങ്ങള്‍ക്കു തരില്ല.സ്മര്നോവ്:
ഊംംംംംം! ഇല്ലില്ല! തീര്‍ച്ചയായും നിങ്ങള്‍ താനേ തരും!പൊപ്പോവ:
ഒരൊറ്റ ചെമ്പുതുട്ടെങ്കിലും എന്റെ കൈയില്‍ നിന്നു നിങ്ങള്‍ക്കു കിട്ടുകയില്ല, തീര്‍ച്ചതന്നെ. നിങ്ങള്‍ എന്നെ തനിച്ചു വിടുക!സ്മര്നോവ്:
നിങ്ങളുടെ ഭര്ത്താവാകുവാനോ, നിങ്ങളുടെ കാര്യസ്ഥനാകുവാനോ, ഞാന്‍ ആഗ്രഹിക്കുന്നില്ല, അതുകൊണ്ടു ദയവുചെയ്തു വെറുതേ അഭിനയരംഗങ്ങള്‍ ഉണ്ടാക്കാതിരിക്കണം. (ഇരിക്കുന്നു) ഞാനതിനിഷ്ടപ്പെടുന്നില്ല.പൊപ്പോവ:
(കോപത്താല്‍ വിറച്ചുകൊണ്ട്) അപ്പോള്‍ നിങ്ങള്‍ ഇരിക്കുന്നു?സ്മര്നോവ്:
ഞാന്‍ ഇരിക്കുന്നു.പൊപ്പോവ:
ഞാന്‍ നിങ്ങളോടിവിടെനിന്നും ഇറങ്ങിപ്പോവാന്‍ പറയുന്നു!സ്മര്നോവ്:
എനിക്കെന്റെ പണമിങ്ങെടുത്തു തന്നേക്കൂ!........... (ഒരു വശത്തേയ്ക്കു തിരിഞ്ഞു സ്വഗതം) ഹോ ഞാനെത്രമാത്രം കുപിതനായിരിക്കുന്നു! എത്രമാത്രം കുപിതനായിരിക്കുന്നു ഞാന്‍!
വെറും തെമ്മാടികളായ തെണ്ടിപ്പരിഷകളോട് സംസാരിക്കേണ്ട ആവശ്യം എനിക്കില്ല. കടന്നു പുറത്തുപോവുക!........(അല്പനേരത്തെ വിശ്രമത്തിനുശേഷം) എന്താനിങ്ങള് പോവുകയില്ലേ? ഇല്ലെന്നോ?സ്മര്നോവ്:
ഇല്ല.പൊപ്പോവ:
ഇല്ല?സ്മര്നോവ്:
ഇല്ല!പൊപ്പോവ:
ശരി...........(മണിയടിക്കുന്നു. ല്യൂക്കാ പ്രവേശിക്കുന്നു) ല്യൂക്കാ, ഈ മനുഷ്യനെ വെളിയില്‍ കൊണ്ടുപോയി വിടുക!ല്യൂക്കാ:
(സ്മര്നോവിനെ സമീപിക്കുന്നു.) നിങ്ങളോടാവശ്യപ്പെട്ടതനുസരിച്ചു നിങ്ങള്‍ പുറത്തിറങ്ങിപ്പോകുവാന് ഭാവമുണ്ടോ സര്? നിങ്ങള്‍...........സ്മര്നോവ്:
(ചാടിയെഴുനേല്‍ക്കുന്നു) അടയ്ക്കടാ വായ്! ആരോടാണു നീയിപ്പറയുന്നത്? ഞാന്‍ നിന്നെ തുണ്ടംതുണ്ടമാക്കി വെട്ടിനുറുക്കിക്കളയും!ല്യൂക്കാ:
(മാറത്തടിച്ചുകൊണ്ട്) എന്റെ കൊച്ചച്ചന്മാരേ!....... എന്തൊരാളുകള്!......... (ഒരു കസേരയില്‍ വീഴുന്നു) ഓ, എനിക്കു സുഖമില്ല! എനിക്കു സുഖമില്ല: എനിക്കു ശ്വാസം വിടാനരുത്!......അയ്യോ!........പൊപ്പോവ:
ഡാഷാ എവിടെയാണ്? ഡാഷാ! (ഉറക്കെ വിളിക്കുന്നു) ഡാഷാ! പെലാഗെയാ! ഡാഷാ!ല്യൂക്കാ:(മണിയടിക്കുന്നു)
ഹോ! അവരെല്ലാം വെളിയില്‍ പോയിരിക്കയാണ്, പഴം പെറുക്കാന്‍..... ... വീട്ടിലാരുമില്ല! എനിക്കു മേലേ! ആവൂ, അയ്യോ! വെള്ളം!പൊപ്പോവ:
കടന്നു പുറത്തു പോവുക! ഉം, വേഗം!!സ്മര്നോവ്:
നിങ്ങള്‍ക്കു അല്പമൊരു മര്യാദയോടുകൂടി പെരുമാറരുതോ?പൊപ്പോവ:
(മുഷ്ടി ചുരുട്ടുകയും, കാല് ഊക്കോടെ നിലത്തു ചവിട്ടുകയും ചെയ്യുന്നു.) നിങ്ങള്‍ ഒരു കാട്ടുപന്നിയാണ്! ഒരു മുരുടന്‍ കരടി! ഒരു രാക്ഷസന്!സ്മര്നോവ്:
എന്ത്? നിങ്ങള്‍ എന്തു പറഞ്ഞു?പൊപ്പോവ:
ഞാന്‍ പറഞ്ഞു നിങ്ങള്‍ ഒരു കരടിയാണെന്ന്. വെറുമൊരു രാക്ഷസനാണെന്ന്.സ്മര്നോവ്:
(അവളെ സമീപിച്ചുകൊണ്ട്) എന്നെ ഇങ്ങനെ ശല്യപ്പെടുത്താന്‍ എന്തധികാരമാണ് നിങ്ങള്‍ക്കുള്ളത്? ഞാന്‍ ചോദിക്കട്ടെ!പൊപ്പോവ:
ഞാന്‍ നിങ്ങളെ ശല്യപ്പെടുത്തുന്നുവെന്നുതന്നെ വിചാരിക്കുക; അതിന്? ഞാന്‍ നിങ്ങളെ ഭയപ്പെടുന്നുണ്ടെന്നാണോ നിങ്ങളുടെ വിചാരം?സ്മര്നോവ്:
ആട്ടെ, നീയൊരു കാവ്യജന്തുവായതുകൊണ്ടു മാത്രം, നിനക്കെന്നെ ധിക്കാരപൂര്‍വം ശല്യപ്പെടുത്താമെന്നാണോ നീ കരുതുന്നത്. ഏ? നമുക്കതു യുദ്ധം ചെയ്തു വെളിപ്പെടുത്തിക്കളയാം.ല്യൂക്കാ:
കൊച്ചച്ചന്മാരേ!....എന്തൊരാളുകള്!.....വെള്ളം!........സ്മര്നോവ്:
കൈത്തോക്കുകള്‍!പൊപ്പോവ:
നിങ്ങള്‍ക്കു തടിച്ചുകൊഴുത്ത മുഷ്ടികളും ഒരു കാളക്കഴുത്തും ഉള്ളതുകൊണ്ടുമാത്രം ഞാന്‍ നിങ്ങളെ ഭയപ്പെടുന്നുവെന്നു നീ വിചാരിക്കുന്നോ? ഏ? എന്തെടാ കരടീ!സ്മര്നോവ്:
നമുക്കതു യുദ്ധംചെയ്തു വെളിപ്പെടുത്തിക്കളയാം! ഞാന്‍ ആരായാലും ശല്യപ്പെടുത്തപ്പെട്ടവനായിരിക്കാന് ഭാവമില്ല; നീയൊരു പെണ്ണാണ്; ``കൂടുതല്‍ മാര്‍ദ്ദവമുള്ള വര്‍ഗ്ഗ''ത്തില്‍പെട്ട ഒന്നാണ് നീയെന്നുള്ളതും ഞാനത്ര വകവെയ്ക്കുന്നില്ല! തീര്‍ച്ച!പൊപ്പോവ:
(അയാളെ ഇടയ്ക്കു കയറിത്തടയാന് ശ്രമിച്ചുകൊണ്ട്) കരടി! കരടി!! കരടി!!സ്മര്നോവ്:
പുരുഷന്മാര്ക്ക് മാത്രമേ തങ്ങള്‍ക്കു നേരിടുന്ന ഉപദ്രവങ്ങള്‍ക്കു പകവീട്ടേണ്ടതായിട്ടുള്ളു എന്ന പക്ഷപാതബുദ്ധി ദൂരീകരിക്കപ്പെട്ടുകഴിഞ്ഞ ഒരു കാലഘട്ടമാണിത്.അതെങ്ങനെയെങ്കിലും തുലയട്ടെ; നിങ്ങള്‍ അവകാശസാമ്യത ആവശ്യപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ക്കതെടുക്കാം - നാമതു യുദ്ധംചെയ്തു വെളിവാക്കുവാന്‍ പോവുകയാണ്.
കൈത്തോക്കുകള്കൊണ്ട്? വളരെ നന്ന്!സ്മര്നോവ്:
ഇതാ ഈ നിമിഷംതന്നെ!പൊപ്പോവ:
ഇതാ ഈ നിമിഷംതന്നെ! എന്റെ ഭര്‍ത്താവിനു കുറെ കൈത്തോക്കുകള്‍ ഉണ്ടായിരുന്നു. ഞാനവയെ ഇവിടെ എടുത്തുകൊണ്ടുവരാം. (പോകുന്നു.......പെട്ടെന്നു തിരിഞ്ഞു നിന്നിട്ടു) എന്തൊരാനന്ദം എനിക്കു നല്‍കുമെന്നോ, നിങ്ങളുടെ കനത്ത തലമണ്ടയില്‍ ഒരുണ്ട കയറ്റുകയെന്നുള്ളത്! (പോകുന്നു)സ്മര്നോവ്:
ഒരു കോഴിക്കുഞ്ഞിനെപ്പോലെ ഞാനവളെ നിലംപതിപ്പിക്കും! ഞാനൊരു കൊച്ചുകുട്ടിയോ, വികാരതരളിതനായ ഒരു ചെറുപ്പക്കാരനോ മറ്റൊന്നുമല്ല. ഈ ``കൂടുതല്‍ മാര്‍ദ്ദവമുള്ള വര്‍ഗ്ഗ''ത്തെ ഞാനത്ര കാര്യമാക്കുന്നുമില്ല.ല്യൂക്കാ:
ബഹുമാനപ്പെട്ട കൊച്ചച്ചന്മാരേ!....... (കുംഭസ്സാരിക്കുന്നു) ഒരു കിളവന്റെ പേരില്‍ അനുകമ്പയുണ്ടാകേണമേ! ദയവുചെയ്തു ഇവിടെ നിന്നൊന്നു പോവൂ, എന്റെ പൊന്നങ്ങത്തേ! നിങ്ങള്‍ അവളെ പേടിപ്പിച്ചുകൊന്നിട്ടുണ്ട്; ഇപ്പോള്‍ നിങ്ങള്‍ അവളെ വെടിവെയ്ക്കുവാനും ആവശ്യപ്പെടുന്നു.സ്മര്നോവ്:
(അയാള്‍ പറയുന്നതിനു ചെവികൊടുക്കാതെ) അവള് യുദ്ധം ചെയ്യുന്നുവെങ്കില്‍ വളരെ നന്ന്. അവകാശസാമ്യത, ഉദ്ധാരണം - അതെല്ലാമാണത്! ഇവിടെ ലിംഗഭേദം കാണുന്നില്ല. അവളെ ആദര്ശാനുസാരം ഞാന്‍ വെടിവെയ്ക്കും. പക്ഷെ എന്തൊരു സ്ത്രീ (അവളുടെ വാക്കുകളെ പരിഹാസഭാവത്തില്‍ അനുകരിക്കുന്നു) ``ചെകുത്താന് നിങ്ങളെ എടുക്കട്ടെ! ഞാന്‍ ഒരു വെടിയുണ്ട നിങ്ങളുടെ കനത്ത തലമണ്ടയില്‍ കയറ്റും.''. എ? അവളുടെ മുഖം എങ്ങിനെ ചൊകചൊകയായിച്ചമഞ്ഞുവെന്നോ! എങ്ങനെ തുടുത്തു പ്രകാശിച്ചു വെന്നോ! അവളുടെ കവിള്‍ത്തടങ്ങള്‍!.......അവള് എന്റെ വെല്ലുവിളി അതേപടി അംഗീകരിച്ചു. ഞാന്‍ പറയുന്നു, അതെ, ഇതെന്റെ ജീവിതത്തില്‍ ഒന്നാമത്തെ പ്രാവശ്യമാണ് ഞാന്‍ കാണുന്നത് -ല്യൂക്കാ:
പോണം, എന്റെ പൊന്നുസാറല്ലേ, ഒന്നിവിടുന്നു പോണം; ഞാന്‍ ഈശ്വരനോടു എല്ലായ്പ്പോഴും സാറിനു വേണ്ടി പ്രാര്‍ത്ഥിക്കാം!സ്മര്നോവ്:
അവള് ഒരു സ്ത്രീയാണ്! എനിക്കു മനസ്സിലാക്കാന്‍ കഴിയും, അതാണു വര്‍ഗ്ഗം: - ഒരു യഥാര്‍ത്ഥസ്ത്രീ! പുളിച്ച മുഖത്തോടുകൂടിയ വെറുമൊരു ``ബളബളസ്സഞ്ചി''യല്ല. പക്ഷെ, തീ, വെടിമരുന്ന്, കൈത്തോക്കിന്റെ കാഞ്ചി! അവളെ കൊല്ലേണ്ടിവരുന്നതില് ഞാന്‍ സങ്കടപ്പെടുന്നു!ല്യൂക്കാ:
(കരയുന്നു) പ്രിയപ്പെട്ട.......പ്രിയപ്പെട്ട.........എന്റെ......പൊന്നു........ പൊന്നു........സാറേ, ഒന്നു പോണേ!സ്മര്നോവ്:
ഞാന്‍ തികച്ചും അവളെ ഇഷ്ടപ്പെടുന്നു! അതെ, തികച്ചും! അവളുടെ കവിള്‍ത്തടങ്ങള്‍ തുടുത്തു തണര്ത്തതാണെങ്കിലും, ഞാന്‍ അവളെ ഇഷ്ടപ്പെടുന്നു. എനിക്കു വരുവാനുള്ള പണം മിക്കവാറും ഉപേക്ഷിക്കുവാനും ഞാനൊരുക്കമാണ്... ഇനി ഒരു നിമിഷംപോലും ഞാന്‍ കുപിതനല്ല തന്നെ!....അത്ഭുതാവഹയായ സ്ത്രീ!(തോക്കുകളോടുകൂടി പൊപ്പോവ പ്രവേശിക്കുന്നു)
ഇതാ, തോക്കുകള്‍........ പക്ഷെ നാം യുദ്ധം തുടങ്ങുന്നതിനു മുന്‍പു, വെടിവെയ്ക്കുന്നതെങ്ങനെയാണെന്നു നിങ്ങള്‍ എനിക്കു കാണിച്ചുതരണം. ഇതിനുമുന്‍പൊരിക്കലും ഒരു തോക്കു ഞാനെന്റെ കൈകൊണ്ടു തൊട്ടിട്ടില്ല.ല്യൂക്കാ:
ഓ, ഈശ്വര, ദയവുണ്ടാകണേ! അവളെ രക്ഷിക്കണേ! ഞാന്‍ പോയി വണ്ടിക്കാരനേയും തോട്ടക്കാരനേയും കണ്ടുപിടിച്ചുകൊണ്ടുവരാം....ഈ ഗ്രഹപ്പിഴ എന്തിനപ്പാ നമ്മുടെ തലേല് വന്നുവീണത്?.........സ്മര്നോവ്:(പോകുന്നു)
(തോക്കുകള്‍ പരിശോധിച്ചുകൊണ്ടു) നിങ്ങള്‍ കാണുക, പല മാതിരിയുള്ള തോക്കുകള്‍ ഉണ്ട്......ഇതാ, ദ്വന്ദ്വയുദ്ധത്തിനു പ്രത്യേകമായി ഉണ്ടാക്കപ്പെട്ടിട്ടുള്ള തോക്കുകളാണിവ; ഇവ ഒരൊറ്റ അമര്‍ത്തലില്‍ വെടിവെയ്ക്കുന്നു. മൂന്നുവെടി ഒരുമിച്ചു പൊട്ടുന്ന കാഞ്ചികളോടുകൂടിയ ഇവ, `സ്മിത്ത്' കൈത്തോക്കുകളും, `വെസ്സണ്‍' കൈത്തോക്കുകളുമാണ്. നല്ല ഒന്നാംതരം തോക്കുകളാണിവയെല്ലാം. ഇവയ്ക്ക് ചുരുങ്ങിയതു ഒരു തൊണ്ണൂറു റൂബിളില്‍ കുറയാത്ത വിലവരും ജോടിക്ക്. നിങ്ങള്‍ കൈത്തോക്ക് ഇതാ, ഇതുപോലെ പിടിക്കണം. (ഒരു വശത്തേയ്ക്ക് തിരിഞ്ഞു സ്വഗതം) അവളുടെ കണ്ണുകള്‍, അവളുടെ കണ്ണുകള്‍! എന്തൊരുത്തേജകശക്തിയുള്ള സ്ത്രീ!പൊപ്പോവ:
ഇതുപോലെ?സ്മര്നോവ്:
അതെ, അതുപോലെതന്നെ...... പിന്നീട് നിങ്ങള്‍ പിടി ഉറപ്പിച്ചു ശരിപ്പെടുത്തിയിട്ട്, ഇതാ, ഇതുപോലെ ഉന്നം പിടിക്കുന്നു. നിങ്ങളുടെ തല അല്പം പുറകോട്ടൊന്നു ചായ്ച്ചു പിടിക്കുക......അതൊ അതുപോലെ......... പിന്നീടു നിങ്ങള്‍ ഇതാ, ഈ സാധനം നിങ്ങളുടെ വിരല്‍ കൊണ്ടമര്ത്തുന്നു; അത്രമാത്രം! ഏറ്റവും പ്രധാനപ്പെട്ട കാര്യം അനങ്ങാതെ അടങ്ങിനിന്നു സൂക്ഷ്മമായി ഉന്നം പിടിക്കുന്നതാണ്........ നിങ്ങളുടെ കൈ ഇളക്കുവാന്‍ ശ്രമിക്കരുത്.പൊപ്പോവ:
ശരി, കൊള്ളാം......ഒരു മുറിക്കുള്ളില്‍ വെടിവെയ്ക്കുക അസൗകര്യമാണ്. നമുക്കുദ്യാനത്തിലേക്കു പോവുക.സ്മര്നോവ്:
എന്നാല്‍ വരികതന്നെ. പക്ഷെ ഞാന്‍ നിങ്ങള്‍ക്കൊരു മുന്നറിവുതന്നുകൊള്ളുന്നു. ഞാന്‍ വെടിവെയ്ക്കുവാന്‍ പോകുന്നതു വായുവിലാണ്.പൊപ്പോവ:
എല്ലാം കഴിഞ്ഞു ഒടുവിലങ്ങനെയായോ? എന്താണത്?സ്മര്നോവ്:
എന്തുകൊണ്ടെന്നാല്‍........എന്തുകൊണ്ടെന്നാല്‍....... അതെന്റെ കാര്യമാണ്.പൊപ്പോവ:
നിങ്ങള്‍ക്കു പേടിയാണോ? അതെ? ഹാ! അല്ല. സാറെ, നിങ്ങള്‍ ഇതില്‍ നിന്നു പുറത്തുപോകുന്നതല്ല. നിങ്ങള്‍ എന്നോടൊന്നിച്ചുവരിക! നിങ്ങളുടെ നെറ്റിയില്‍ ഒരു തുളയുണ്ടാകുന്നതുവരെ എനിക്കു യാതൊരു മനസ്സമാധാനവും ഉണ്ടാകുന്നതല്ല. അതെ; ഞാനത്രമാത്രം വെറുക്കുന്ന ആ നെറ്റിയില്‍!- നിങ്ങള്‍ ഭയപ്പെടുന്നുവോ?
അതെ, ഞാന്‍ ഭയപ്പെടുന്നു.പൊപ്പോവ:
നിങ്ങള്‍ നുണപറയുകയാണ്. എന്തുകൊണ്ട് നിങ്ങള്‍ യുദ്ധം ചെയ്യില്ല?സ്മര്നോവ്:
എന്തുകൊണ്ടെന്നാല്‍.........എന്തുകൊണ്ടെന്നാല്‍ ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു!പൊപ്പോവ:
(ചിരിക്കുന്നു) അയാള്‍ എന്നെ ഇഷ്ടപ്പെടുന്നുപോലും! എന്നെ ഇഷ്ടപ്പെടുന്നുവെന്നു പറവാന്‍ അയാള്‍ക്കെങ്ങിനെ ധൈര്യം വരുന്നു! (വാതില്‍ക്കലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട്) അതാണ് വഴി.സ്മര്നോവ്:
(നിശ്ശബ്ദമായി തോക്കു നിറയ്ക്കുന്നു; അനന്തരം അയാളുടെ തൊപ്പിയും എടുത്തുകൊണ്ട് വാതില്ക്കലേക്കു പോകുന്നു; അവിടെ അയാള്‍ അരമിനിട്ടു നില്ക്കുന്നു; അതേസമയംതന്നെ അവര്‍ നിശ്ശബ്ദം അന്യോന്യം നോക്കുന്നു; അനന്തരം അമ്പരപ്പോടുകൂടി അയാള്‍ പൊപ്പോവയെ സമീപിക്കുന്നു) കേള്‍ക്കുക, നിങ്ങള്‍ ഇപ്പോഴും കോപിച്ചിരിക്കുകയാണോ? ഞാനും വല്ലാതെ ശല്യപ്പെട്ടിരിക്കുകയാണ്. പക്ഷെ, നീ മനസ്സിലാക്കുന്നുണ്ടോ..... എനിക്കങ്ങനെയാണു പ്രകടിപ്പിക്കുവാന്‍ സാധിക്കുന്നത്? പരമാര്‍ത്ഥം, കേട്ടോ, ഇതാ ഇതുപോലെയാണ്. പറയുകയാണെങ്കില്‍....... (ഉച്ചത്തില്‍) കൊള്ളാം, ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നുവെന്നുള്ളതു എന്റെ കുറ്റമാണോ? (അയാള്‍ ഒരു കസേരമേല് കടന്നുപിടിക്കുന്നു; കസേര ഞെരിഞ്ഞുപൊളിഞ്ഞുപോകുന്നു) അതു ചെകുത്താനെടുക്കട്ടെ! എങ്ങിനെ ഞാന്‍ നിങ്ങളുടെ ഉരുപ്പടികള്‍ നാനാവിധപ്പെടുത്തിക്കളയുന്നു! ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു! നിങ്ങള്‍ക്കു മനസ്സിലാകുന്നോ? ഞാന്‍.......ഞാന്‍......ഞാന്‍ മിക്കവാറും നിങ്ങളെ സ്നേഹിക്കുന്നു!പൊപ്പോവ:
എന്റെ അടുത്തുനിന്നും കടന്നുപോവുക! - ഞാന്‍ നിങ്ങളെ വെറുക്കുന്നു!സ്മര്നോവ്:
ഈശ്വര, എന്തൊരു സ്ത്രീ! ഇവളെപ്പോലൊന്നിനെ ഞാന്‍ എന്റെ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ല! ഞാന്‍ ഇഷ്ടപ്പെട്ടു! ഒരു ചുണ്ടെലിയെപ്പോലെ ഒരു ചുണ്ടെലി പത്തായത്തില് കുടുങ്ങിപ്പോയി?പൊപ്പോവ:
മാറി നില്ക്കുക, അല്ലെങ്കില്‍ ഞാന്‍ വെടിവെക്കും!സ്മര്നോവ്:
എന്നാല്‍ വെടിവെയ്ക്കുകതന്നെ! ഹാ! നിനക്കു മനസ്സിലാക്കുവാന്‍ സാധിക്കുകയില്ല, ആ മനോഹരങ്ങളായ നയനങ്ങളുടെ മുന്‍പില്‍വെച്ച് മരിക്കുക, ആ പട്ടൊളി ക്കൈയില്‍ വഹിച്ചിരിക്കുന്ന ഒരു തോക്കുകൊണ്ട് വെടിയേല്ക്കപ്പെടുക, എന്ന്,......... ഞാന്‍ എന്റെ പ്രജ്ഞകള്ക്കെല്ലാം വെളിയിലാണ്, ആലോചിച്ചിട്ട്, ഉടനടി തീരുമാനിക്കുക; എന്തുകൊണ്ടെന്നാല്‍ ഞാന്‍ വെളിയിലേയ്ക്കു പോവുകയാണെങ്കില്‍ നാം ഇനി ഒരിക്കലും അന്യോന്യം കാണുകയില്ല. ഇപ്പോള്‍തന്നെ തീരുമാനിക്കുക......ബഹുമാനിക്കത്തക്ക സ്വഭാവത്തോടുകൂടിയ ഒരു വസ്തു ഉടമസ്ഥനാണു ഞാന്‍! കൊല്ലത്തില്‍ പതിനായിരം എനിക്കു വരവുണ്ട്.......... മുകളില്‍ വായുവിലേയ്ക്കു വലിച്ചെറിയപ്പെട്ട ഒരു നാണയത്തിന്റെ ഉള്ളില്‍ക്കൂടി, അതു താഴോട്ടു വീഴുന്നവഴി, ഒരു വെടിയുണ്ട കടത്തുവാന്‍ എനിക്കു സാധിക്കും. ഏതാനും നല്ല കുതിരകളെ ഞാന്‍ സൂക്ഷിക്കുന്നു....... നിങ്ങള്‍ എന്റെ ഭാര്യയായിരിക്കുമോ?
(കോപത്തോടുകൂടി അവളുടെ കൈയില്‍ ഇരിക്കുന്ന തോക്കു ചലിപ്പിക്കുന്നു) നമുക്കു യുദ്ധം ചെയ്യുക! നമുക്കു പുറത്തേയ്ക്കു പോവുക!സ്മര്നോവ്:
എനിക്കു ഭ്രാന്താണ്......... ഞാന്‍ യാതൊന്നും മനസ്സിലാക്കുന്നില്ല........ (കിടന്നു വിളിക്കുന്നു) പരിചാരകന്! പരിചാരകന്!പൊപ്പോവ:
(ഉച്ചത്തില്‍) നമുക്കു വെളിയില്‍ പോയി യുദ്ധം ചെയ്യുക!സ്മര്നോവ്:
എന്റെ തലപുകയുന്നു; ഒരു കൊച്ചുകുട്ടിയെപ്പോലെ, വെറുമൊരു ഭോഷനെപ്പോലെ, ഞാന്‍ പ്രണയത്തില്‍ അകപ്പെട്ടിരിക്കുന്നു! (അവളുടെ കൈയാഞ്ഞു പിടിക്കുന്നു; അവള് വേദനയോടെ നിലവിളിക്കുന്നു) ഞാന്‍ പന്ത്രണ്ടു സ്ത്രീകളെ ഉപേക്ഷിച്ചിട്ടുണ്ട്; ഒന്‍പതു പേര് എന്നേയും. അവരില്‍ ആരേയും ഞാന്‍ നിങ്ങളേപ്പോലെ സ്നേഹിച്ചിട്ടില്ല... .ഞാന്‍ ദുര്‍ബ്ബലനാണ്, ഞാന്‍ മെഴുകാണ്, ഞാന്‍ ഉരുകിക്കഴിഞ്ഞു! നിങ്ങള്‍ക്കെന്റെ കൈതന്നുകൊണ്ട് ഒരു ഭോഷനെപ്പോലെ ഞാനിതാ എന്റെ കാല് മുട്ടുകളില്‍ ഇരിക്കുന്നു. ലജ്ജാവഹം! ലജ്ജാവഹം! അഞ്ചുകൊല്ലമായി ഞാന്‍ യാതൊരു പ്രണയത്തിലും അകപ്പെട്ടിരുന്നില്ല. ഞാന്‍ ഒരു ശപഥം ചെയ്തിട്ടുണ്ടായിരുന്നു; എന്നാല്‍ ഇപ്പോളിതാ, വെള്ളത്തില്‍നിന്നും പുറത്തെടുത്ത ഒരു മത്സ്യത്തെപ്പോലെ, ഞാന്‍ പ്രേമത്തില്‍ അകപ്പെട്ടിരിക്കുന്നു. ഞാന്‍ നിങ്ങള്‍ക്കെന്റെ കൈ സംഭാവന ചെയ്യുന്നു. ഉവ്വോ, ഇല്ലയോ? നിങ്ങള്‍ക്കു എന്നെ ആവശ്യമില്ല? കൊള്ളാം, നന്ന്!പൊപ്പോവ:(എഴുന്നേറ്റ് വേഗത്തില്‍ വാതില്ക്കലേയ്ക്കു പോകുന്നു)
നില്ക്കുക!.........സ്മര്നോവ്:
(നില്ക്കുന്നു) കൊള്ളാം, എന്താ?പൊപ്പോവ:
ഒന്നുമില്ല, പൊയ്ക്കൊള്‍ക....അല്ല, നില്ക്കൂ......അല്ല, പൊയ്ക്കോളൂ, പോയ്ക്കോളൂ! ഞാന്‍ നിങ്ങളെ വെറുക്കുന്നു! അല്ലെങ്കില്‍, വേണ്ട.......പോകണ്ട! ഓ, ഞാന്‍ എത്രമാത്രം കുപിതയാണെന്നു നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍! (അവളുടെ കയ്യിലിരുന്ന തോക്കു മേശപ്പുറത്തേയ്ക്കെറിയുന്നു) ഇതുകൊണ്ടെല്ലാം എന്റെ കൈവിരലുകള്‍ കുമളച്ചിരിക്കുന്നു... .(കോപഭാവത്തില്‍ അവളുടെ തൂവാല ചീന്തിക്കളയുന്നു) ഇതിനായിട്ടാണു നിങ്ങള്‍ കാത്തു നില്‍ക്കുന്നത്? പുറത്തേക്കു പൊയ്ക്കോളു!
ശരി; നമസ്കാരം!പൊപ്പോവ:
ശരി, ശരി, പൊയ്ക്കോളൂ!........ (കടന്നു വിളിക്കുന്നു) എവിടേയ്ക്കാണു നിങ്ങള്‍ പോകുന്നത്? നില്ക്കൂ!........ വേണ്ട....... പോയ്ക്കോള്ളൂ!..... ഹോ! ഞാന്‍ എത്രമാത്രം കുപിതയാണ്! എന്റെ അടുത്തു വരരുത്, എന്റെ അടുത്തു വരരുത്!സ്മര്നോവ്:
(അവളെ സമീപിക്കുന്നു) ഞാന്‍ എന്നോടുതന്നെ എത്രമാത്രം കുപിതനായിരിക്കുന്നു! ഞാന്‍ ഒരു വിദ്യാര്‍ത്ഥിയെപ്പോലെ പ്രണയപരവശനായിരിക്കുന്നു! എന്തിനായിട്ടാണ് ഞാന്‍ നിങ്ങളുടെ മായാപ്രണയത്തില് പതിക്കുവാന്‍ ആവശ്യപ്പെടുന്നത്? നാളെ എനിക്കു പലിശ കൊടുത്തു തീര്ക്കേണ്ടതായിട്ടും, പറമ്പുകിളപ്പിച്ചു തുടങ്ങേണ്ടതായിട്ടുമുണ്ട്. ഇവിടെ നിങ്ങളാകട്ടെ.... (അയാളുടെ കൈകള്‍ അവളെ ചുറ്റുന്നു) ഒരിക്കലും എനിക്കുതന്നെ മാപ്പുകൊടുക്കുകയില്ല, ഞാനിതിനു..........പൊപ്പോവ:
കടന്നുപോവൂ എന്റെ അടുത്തു നിന്ന്! നിങ്ങളുടെ കൈ എടുത്തു മാറ്റും! ഞാന്‍ നിങ്ങളെ വെറുക്കുന്നു! നമുക്കുപോയി യുദ്ധംചെയ്യുക!
(ഒരു നീണ്ടുനിന്ന ചുംബനം. ല്യൂക്കാ ഒരു കോടാലിയോടും തോട്ടക്കാരന് ഒരു മുപ്പല്ലിയോടും വേലക്കാര്‍ നീളമുള്ള കമ്പുകളോടും, വണ്ടിക്കാരന് ഒരു കൂന്താലിയോടുംകൂടി പ്രവേശിക്കുന്നു)
ല്യൂക്കോ:(രണ്ടു പേരും കെട്ടിപ്പിടിച്ചു ചുംബിച്ചുകൊണ്ടു നില്ക്കുന്നതു കണ്ടിട്ട്) കൊച്ചച്ചന്മാരേ!!
(മൗനം)
പൊപ്പോവ:(അവളുടെ കണ്ണുകള്‍ താഴ്ത്തിക്കൊണ്ട്) ല്യൂക്കാ, തൊഴുത്തിലുള്ളവരോടു പറഞ്ഞേക്കൂ ടോബിക്ക് ഇന്ന് ഓട്സ് ഒട്ടുംതന്നെ കൊടുക്കേണ്ടെന്ന്!.........