പെല്ലീസും മെലിസാന്ദയും
(ഒരു ബല്‍ജിയന്‍ നാടകം)
മൂലഗ്രന്ഥകാരന്‍
മോറിസ് മേറ്റര്ലിന്ക്ക്
പരിഭാഷകൻ
ചങ്ങമ്പുഴ കൃഷ്ണപിള്ള
ഇടപ്പള്ളി
This Transalation was first Published in the
"Navajeevam" Weekly Trivandrum
in Kanni, 1115.
ഒന്നാമങ്കം
രംഗം ഒന്ന്
(കൊട്ടാരത്തിലെ വാതില്‍)വേലക്കാരികള്‍ :
(അകത്ത്) വാതലു തൊറന്നാട്ടെ! വാതലു തൊറന്നാട്ടെ!കാവല്ക്കാരന് :
(അകത്ത്) ആരാവടെ? എന്തിനാ നിങ്ങളെന്നെ വന്നൊ ണര്ത്ത്യേ? കൊച്ചു വാതിലുകളില്യോ? പൊറത്തേക്ക്യു പോണെങ്കി അതിക്കൂട്യെറങ്ങിപ്പോവരുതോ? വേണ്ടടത്തോളോണ്ടല്ലോ അത്തരം വാതല്......ഒരു ഭൃത്യ :
(അകത്ത്) വാതിക്കെക്കെടക്കണ കല്ലും, വാതലും, ചവട്ടുപടീം നല്ലോണം വെള്ളോഴിച്ചു കഴുകാനാ ഞങ്ങള്‍ വന്നേക്കണേ; ഉം, തൊറന്നാട്ടെ! തൊറന്നാട്ടെ!മറ്റൊരു വേലക്കാരി:
(അകത്ത്) വല്യേ വല്യേ മഹാ കാര്യങ്ങളൊക്കെ ഒണ്ടാവാന്‍ പോണു. എളുപ്പോന്നു തൊറക്കാനേയ്!കാവല്ക്കാരന് :
നിക്കൂ! നിക്കൂ! എന്നെക്കൊണ്ടു തന്നെ സാധിക്ക്യോന്നറിഞ്ഞൂടാ ഈ വാതലു വലിച്ചുതൊറക്കാന്. ഒരിക്കലും ഇതുവരെ ഇതു തൊറന്നിട്ടില്ല. അകത്തുതന്നെ നിക്കൂ...........ആദ്യത്തെ വേലക്കാരി :
പൊറത്തൊക്കെ നല്ലോണം വെട്ടം വീണിട്ടൊണ്ട്....... ദേ, എനിക്കീ വെടവീക്കൂടെ നോക്ക്യാക്കാണാം സൂര്യനെ.............കാവല്ക്കാരന് :
ഇതാ വല്ല്യേ താക്കോലുകള്‍... ഹോ! ഇതെന്തൊച്ച്യാ ഒണ്ടാക്കണേ, ഈ തഴുതും പൂട്ടും എല്ലാം.... ഒന്നിങ്ങു വന്നാട്ടെ....... എന്നെക്കൊണ്ടു തന്നെ ഒക്കില്ല....... ഒന്നെന്നെ സഹായിച്ചാട്ടെ.....എല്ലാ വേലക്കാരികളും :
ഞങ്ങള്‍ വലിക്കുകയാ..... ഞങ്ങള്‍ വലിക്കുകയാ.....രണ്ടാമത്തെ വേലക്കാരി :
ഇതു തൊറക്കുന്നു തോന്നണില്ല.......ഒന്നാമത്തെ വേലക്കാരി :
ആങ്! ങ്ആ! - തൊറന്നുതൊടങ്ങണു..... പയ്യെപ്പയ്യെത്തൊറന്നു തൊടങ്ങണു.കാവല്ക്കാരന് :
ഹോ, എന്തൊരു കറകറശബ്ദാ അതൊണ്ടാക്കണെ...... അകത്തൊള്ളോരെ മുഴുവന്‍ അതൊണര്‍ത്തും........രണ്ടാമത്തെ വേലക്കാരി :
(തിണ്ണയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട്) ഓ! പൊറത്തൊക്കെ പണ്ടയ്ക്കുപണ്ടേ വെട്ടം വീണു കഴിഞ്ഞു.ആദ്യത്തെ വേലക്കാരി :
അതാ സൂര്യനുദിക്കണു - കടലിനുമീതെ.കാവല്ക്കാരന് :
ഹാവൂ, ഒരു വിധോന്നു തൊറന്നൂ അപ്പാ! ഹെന്തൊരു പാട്!......ഒന്നാമത്തെ വേലക്കാരി :(എല്ലാ വേലക്കാരികളും ഇറയത്ത് പ്രത്യക്ഷപ്പെടുന്നു. വിലങ്ങനെയാണവര്‍ കടന്നെത്തുന്നത്.)
വാതിക്കെക്കെടക്കണെ ഈ കല്ലുമൊതല് കഴികിത്തൊടങ്ങാം ഞാന്‍..........രണ്ടാമത്തെ വേലക്കാരി :
ഇതു മുഴുവന്‍ കഴികി വൃത്ത്യാക്കാന്‍ ഒരിക്കലും നമ്മളെക്കൊണ്ടു സാധിക്കൂല്ല.......മറ്റു വേലക്കാരികള്‍ :
വെള്ളം കൊണ്ടന്നാട്ടെ! വെള്ളം കൊണ്ടന്നാട്ടെ!കാവല്ക്കാരന് :
അതെ, അതെ, വെള്ളോഴിച്ചാട്ടെ; വെള്ളോഴിച്ചാട്ടെ; ഒരു മല വെള്ളം മുഴുവന്‍ കോരിയൊഴിച്ചോളൂ; എന്നാലും, ഞാന്‍ പറയണു, ഒരിക്കലും നിങ്ങക്കാപ്പണി ചെയ്തു തീര്‍ക്കാന്‍ സാധിക്കൂല്ല.............
രംഗം രണ്ട്
( ഒരു വനം )
ഗോളാഡ് :(മെലിസാന്ദ ഒരു കിണറിനരികെ പ്രത്യക്ഷപ്പെടുന്നു. ഗോളാഡ് പ്രവേശിക്കുന്നു.)
ഈ വനത്തില്‍ നിന്നു പുറത്തിറങ്ങാന്‍ ഒരിക്കലും ഞാന്‍ വഴി കണ്ടെത്തുകയില്ല. ദൈവത്തിനറിയാം, ആ മൃഗം എവിടേയ്ക്കാണെന്നെ നയിച്ചിരിക്കുന്നതെന്ന്. മരിച്ചുപോകുന്ന വിധത്തില്‍ അതിനെ മുറിപ്പെടുത്തി. ഇതാ രക്തത്തിന്റെ പാടുകള്‍. എന്നിരുന്നാലും, എനിക്കിപ്പോള്‍ അതിനെ കാണാന്‍ സാധിക്കാതായി. എനിക്കു വഴി തെറ്റി. ഞാന്‍ നശിച്ചുവെന്നാണ് തോന്നുന്നത് -- എന്റെ നായ്ക്കള്‍ക്കും എന്നെ കണ്ടുപിടിക്കുക സാദ്ധ്യമല്ല. ഞാന്‍ ഇനിയെന്റെ കാല്‍ച്ചുവടുകള്‍ നോക്കി പിന്‍തിരിഞ്ഞുകളയാം.....ആരോ ഒരാള്‍ കരയുന്നപോലെ തോന്നുന്നല്ലോ. ഒരു ശബ്ദം.......എനിക്ക്.......ഓഹോ....... ആ വെള്ളത്തിന്റെ വക്കത്ത് എന്താണത്? -- ആ കാണുന്നത്? ഒരു കൊച്ചു പെണ്കിടാവിരുന്നു കരയുകയാണോ? (ചുമയ്ക്കുന്നു) ഞാന്‍ പറയുന്നത് അവള് കേള്‍ക്കുന്നുണ്ടെന്നു തോന്നുന്നില്ല. എനിക്ക് അവളുടെ മുഖം കണ്ടുകൂടാ. (അദ്ദേഹം അടുത്തേയ്ക്കു പതുക്കെ നീങ്ങിനീങ്ങിച്ചെന്നു മെലിസാന്ദയുടെ തോളില്‍ തൊടുന്നു) എന്തിനാണ് നീയിങ്ങനെ കരയുന്നത്? (മെലിസാന്ദ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് അവിടെ നിന്നും ഓടിപ്പോകാന്‍ ഉദ്യമിക്കുന്നു) ഒന്നും പേടിക്കേണ്ട. നിനക്കൊട്ടും ഭയപ്പെടേണ്ടതായിട്ടില്ല. എന്തിനാണ് നീയിങ്ങനെ കരയുന്നത്? -- ഇവിടെ നീയിങ്ങനെ തനിച്ചിരുന്ന്?മെലിസാന്ദ :
എന്നെ തൊടരുതേ! എന്നെ തൊടരുതേ!ഗോളാഡ് :
ഒട്ടും ഭയപ്പെടേണ്ട.... ഞാന്‍ നിന്നെ ഒന്നും ഉപദ്രവിക്കില്ല......ഓ, നീയൊരു സുന്ദരിയാണല്ലോ!മെലിസാന്ദ :
എന്നെ തൊടരുത്! എന്നെ തൊടരുത്! -- അല്ലെങ്കില്‍ ഞാന്‍ വെള്ളത്തിലേയ്ക്ക് എടുത്തു ചാടും!........ഗോളാഡ് :
ഞാന്‍ നിന്നെ തൊടില്ല.....നോക്കൂ, ഞാനിതാ ഇവിടെ നിന്നോളാം -- ശരിക്കും ഈ മരത്തിനെതിരെ. ഒരിക്കലും നീ ഭയപ്പെട്ടുകൂടാ. ആരെങ്കിലും നിന്നെ ഉപദ്രവിച്ചോ?മെലിസാന്ദ :
ഓ, ഉവ്വ്! ഉവ്വ്! (അവര്‍ തേങ്ങിത്തേങ്ങി കരയുന്നു)ഗോളാഡ് :
ആരാണ് നിന്നെ ഉപദ്രവിച്ചത്?മെലിസാന്ദ :
അവര്‍ എല്ലാവരും! അവര്‍ എല്ലാവരും!ഗോളാഡ് :
അവര്‍ നിന്നെ ഉപദ്രവിച്ചതെങ്ങിനെ?മെലിസാന്ദ :
ഞാന്‍ പറയില്ല. അതെനിക്കു പറയാന്‍ പാടില്ല.
വരൂ! നീയിങ്ങനെ കരയരുത്! നീ എവിടെനിന്നു വരുന്നു?മെലിസാന്ദ :
ഞാന്‍ ഒളിച്ചോടിപ്പോന്നു! ഞാന്‍ ഒളിച്ചോടിപ്പോന്നു.ഗോളാഡ് :
അതുശരി...പക്ഷേ, എവിടെനിന്നാണ് നീ ഒളിച്ചോടിപ്പോന്നത്?മെലിസാന്ദ :
എനിക്കു വഴി തെറ്റിപ്പോയി..... തെറ്റിപ്പോയി...... ഓ, ഇവിടെ ഞാന്‍ വഴിതെറ്റി വന്നുകൂടി.... ഞാന്‍ ഇവിടെയെങ്ങും ഉള്ളതല്ല..... ഞാന്‍ ഇവിടെ ജനിച്ചതല്ല.ഗോളാഡ് :
എവിടെനിന്നാണ് നീ വരുന്നത്? നീ ജനിച്ചതെവിടെയാണ്?മെലിസാന്ദ :
ഓ, ഇവിടെനിന്നു വളരെ ദൂരെ..... വളരെ......വളരെ!ഗോളാഡ് :
വെള്ളത്തിന്റെ അടിത്തട്ടില്‍ എന്താണാക്കിടന്നു തിളങ്ങുന്നത്?മെലിസാന്ദ :
എവിടെ? -- ആങ്! എനിക്കയാള് തന്ന ചൂഡാമണിയാണത്.... .ഞാന്‍ കരഞ്ഞുകൊണ്ടിരുന്നപ്പോള്‍ അത് വീണുപോയി.ഗോളാഡ് :
ചൂഡാമണിയോ? -- ആരു തന്നു നിനക്കൊരു ചൂഡാമണി? ഞാനത് എടുക്കാന്‍ ശ്രമിക്കാം......മെലിസാന്ദ :
വേണ്ട. വേണ്ട. എനിക്കതാവശ്യമില്ല. എനിക്കതു വേണ്ട. അതിനുമുമ്പു ഞാന്‍ മരിക്കാന്‍ പോവുകയാണ്......ഇതാ ഈ നിമിഷം മരിക്കുകയാണ്.........ഗോളാഡ് :
എനിക്കതു നിഷ്പ്രയാസം എടുക്കാന്‍ സാധിക്കും! വെള്ളത്തിനു വലിയ ആഴമൊന്നുമില്ല.മെലിസാന്ദ :
എനിക്കതാവശ്യമില്ല. നിങ്ങള്‍ അതെടുക്കാനാണ് ഭാവമെങ്കില്‍, അതിനു പകരമായി ഞാന്‍ അതിനുള്ളിലേയ്ക്കു ചാടാന്‍ പോവുകയാണ്.....ഗോളാഡ് :
വേണ്ട. വേണ്ട. അവിടെത്തന്നെ കിടന്നുകൊള്ളട്ടെ. ഞാനതെടുക്കുന്നില്ല. എങ്ങനെയായാലും ഒരുപദ്രവവുംകൂടാതെ വേണമെങ്കില്‍ അതെടുക്കാന്‍ കഴിഞ്ഞേനേ! കണ്ടിട്ടു വളരെ കൗതുകമുള്ള ഒന്നാണെന്നു തോന്നുന്നു, ആ ചൂഡാമണി -- ആട്ടെ, വളരെ നാളായോ നീ ഒളിച്ചോടിപ്പോന്നിട്ട്?മെലിസാന്ദ :
ഉവ്വുവ്വ്.........നിങ്ങള്‍ ആരാ?ഗോളാഡ് :
ഞാന്‍ ഗോളാഡ് രാജകുമാരനാണ് -- അലെമോണ്ഡേയിലെ രാജാവായ ആര്ക്കേലിന്റെ മകന്റെ മകന്.മെലിസാന്ദ :
ഓഹോ!........നിങ്ങളുടെ മുടി നരച്ചിരിക്കുന്നല്ലോ!.........
ഉവ്വ്.........ഏതാനും ചില രോമങ്ങള്‍......ഈ ചെന്നിയോട് ചേര്‍ന്ന്........മെലിസാന്ദ :
നിങ്ങളുടെ താടിക്കുമുണ്ട് നര......നിങ്ങള്‍ എന്തിനാ ഇങ്ങനെ വല്ലാത്ത ഒരു മട്ടില്‍ എന്റെനേരെ നോക്കുന്നത്?ഗോളാഡ് :
ഞാന്‍ നോക്കുന്നത് നിന്റെ കണ്ണുകളിലേയ്ക്കാണ്....... നീ ഒരിക്കലും നിന്റെ കണ്ണുകള്‍ അടയ്ക്കാറില്ലേ?മെലിസാന്ദ :
ഉവ്വുവ്വ്.........രാത്രിയില്‍ ഞാനവയെ അടയ്ക്കാറുണ്ട്.ഗോളാഡ് :
നീ വല്ലാതെ അത്ഭുതപ്പെട്ട മട്ടിലിങ്ങനെ നില്ക്കുന്നതെന്ത്?മെലിസാന്ദ :
നിങ്ങള്‍ ഒരു രാക്ഷസനാണോ?ഗോളാഡ് :
മറ്റുള്ള മനുഷ്യരെപ്പോലെ ഒരു മനുഷ്യനാണ് ഞാന്‍.മെലിസാന്ദ :
നിങ്ങള്‍ എന്തിനിവിടെ വന്നു?ഗോളാഡ് :
അതെനിക്കുതന്നെ അറിഞ്ഞുകൂടാ. ഞാന്‍ വനത്തില്‍ വേട്ടയാടുകയായിരുന്നു. ഞാന്‍ ഒരു പന്നിയെ പിന്തുടര്ന്നു പാഞ്ഞുപോയി........എനിക്കെന്റെ വഴിതെറ്റി. നീ തീരെ ചെറുപ്പമാണെന്നു തോന്നുന്നല്ലോ! നിനക്ക് എത്ര വയസ്സായി?മെലിസാന്ദ :
എനിക്കു വല്ലാത്ത തണുപ്പ് തോന്നിത്തുടങ്ങുന്നു.ഗോളാഡ് :
നിനക്കെന്നോടൊന്നിച്ചു പോരാമോ?മെലിസാന്ദ :
ഇല്ലില്ല......ഞാനിവിടെ താമസിച്ചുകൊള്ളാം.ഗോളാഡ് :
ഇവിടെയിങ്ങനെ തനിച്ചുതാമസിക്കാന്‍ നിനക്കു സാദ്ധ്യമല്ല. രാത്രി മുഴുവന്‍ നിനക്കിവിടെ കഴിച്ചുകൂട്ടാന്‍ സാധിക്കുകയില്ല...... നിന്റെ പേരെന്താ?മെലിസാന്ദ :
മെലിസാന്ദഗോളാഡ് :
ഇങ്ങനെ ഇവിടെ തനിച്ചിരുന്നാല്‍ നിനക്കു പേടിയാകും. ഒരുത്തനു പറയാന്‍ കഴിയില്ല ഇവിടെ എന്തെല്ലാമുണ്ടാകുമെന്ന്.......... രാത്രി മുഴുവന്‍.........അതും ഒറ്റയ്ക്ക്.......... അയ്യോ, അതു നിനക്കു സാദ്ധ്യമല്ല മെലിസാന്ദേ! വരൂ, എനിക്കു നിന്റെ കയ്യിങ്ങു തരൂ.........മെലിസാന്ദ :
അയ്യോ, എന്നെ തൊടല്ലേ!.............ഗോളാഡ് :
കിടന്നു നിലവിളിക്കാതെ!........ഇനി ഞാന്‍ നിന്നെ തൊടില്ല. എന്റെ കൂടെ പോന്നാല്മാത്രം മതി. രാത്രി വല്ലാത്ത ഇരുട്ടും തണുപ്പുമായിരിക്കും......എന്നോടൊന്നിച്ചു പോരൂ.............മെലിസാന്ദ :
ഏതു വഴിക്കാ നിങ്ങള്‍ പോകുന്നത്?ഗോളാഡ് :
എനിക്കറിഞ്ഞുകൂടാ......എനിക്കും തെറ്റിപ്പോയി, വഴി!........
രംഗം മൂന്ന്
( കൊട്ടാരത്തിലെ വിശാലമായ ഒരു മുറി )ജെനെവീവ് :(ആര്‍ക്കേലും ജെനെവീവും പ്രത്യക്ഷപ്പെടുന്നു)
ഇതാ, ഇതാണ് അവന്റെ സഹോദരനായ പെല്ലീസിനു അവനെഴുതുന്നത് :ആര്‍ക്കേല്‍ :
``--ഒരു സായാഹ്നത്തില്‍, വനത്തിനുള്ളില്‍ ഞാന്‍ വഴിതെറ്റി ചെന്നെത്തിയ സ്ഥലത്ത്, ഒരു കിണറ്റിനരികെ, അവള് ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരിക്കുന്നതായിക്കണ്ടു. അവള്‍ക്കെത്ര വയസ്സായെന്നോ, അവള് ആരാണെന്നോ, എവിടെനിന്നു വരുന്നുവെന്നോ എനിക്കറിഞ്ഞുകൂടാ. അവളോട് ചോദിക്കുവാനും എനിക്ക് ധൈര്യം തോന്നുന്നില്ല. എന്തുകൊണ്ടെന്നാല്‍, അവള്‍ക്ക് എന്തോ വല്ലാത്ത ഒരു ഭയപ്പാടുണ്ട്. എപ്പോഴെങ്കിലും, എന്താണവള്‍ക്കു പറ്റിയതെന്നു ചോദിച്ചേച്ചാല് മതി, പാവം, ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവള് പൊട്ടിക്കരഞ്ഞുതുടങ്ങും; ധാരധാരയായിട്ടങ്ങനെ തേങ്ങിത്തേങ്ങി കരഞ്ഞുതുടങ്ങും. ഒരാള്‍, അതുകൊണ്ടു ഭയപ്പെട്ടുപോകുന്നു. കിണറ്റിന്നരികെ, ഞാനവളുടെ സമീപം ചെന്നപ്പോള്‍, അവളുടെ മുടിക്കെട്ടില്‍ നിന്നു സ്വര്‍ണംകൊണ്ടുള്ള ഒരു ചൂഡാമണി ആ ജലാശയത്തിലേയ്ക്ക് ഊര്‍ന്നുവീണു പോയി. എല്ലാറ്റിലും ഉപരിയായി, അവളുടെ വസ്ത്രങ്ങള്‍ മുള്‍പ്പടര്‍പ്പുകളില്‍ കുരുങ്ങി കീറിപ്പൊളിഞ്ഞിരുന്നുവെങ്കിലും, അവള് വസ്ത്രധാരണം ചെയ്തിരുന്നത് ഒരു രാജകുമാരിയേപ്പോലെയാണ്. ഇന്നിപ്പോള്‍ ആറുമാസമായിരിക്കുന്നു ഞാനവളെ വിവാഹം കഴിച്ചിട്ട്. എന്നാല്‍ അവളെ കണ്ടുമുട്ടിയ ആ ആദ്യത്തെ ദിവസത്തേതില്നിന്നധികമായി യാതൊന്നും തന്നെ അവളെസ്സംബന്ധിച്ച് ഇതാ ഇന്നും എനിക്കറിഞ്ഞുകൂടാ.........അപ്പോള്‍, എന്റെ പ്രിയപ്പെട്ട പെല്ലീസേ, നാം ഒരച്ഛന്റെ മക്കളല്ലെന്നിരുന്നാലും, ഒരു സഹോദരനേക്കാള് ഉപരിയായി നിന്നെ ഞാന്‍ സ്നേഹിക്കുന്നു. എന്റെ പ്രത്യാഗമനത്തിനു വേണ്ടതെല്ലാം നീ വട്ടംകൂട്ടൂ! എനിക്കറിയാം എന്റെ മാതാവു സന്തോഷപൂര്‍വം എനിക്കു മാപ്പുതരുമെന്ന്. പക്ഷേ, രാജാവിനെ -- നമ്മുടെ പുണ്യപാദനായ പിതാമഹനെ -- ഞാന്‍ ഭയപ്പെടുന്നു. അത്യന്തം ദയാലുവാണെന്നിരുന്നാലും, ആര്ക്കേലിനെ ഞാന്‍ ഭയപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍, ഈ വിചിത്രമായ വിവാഹംമൂലം അദ്ദേഹത്തിന്റെ രാഷ്ട്രീയപദ്ധതികളാകമാനം ഞാന്‍ നിരാശതയിലേയ്ക്കു തള്ളിവിട്ടു. അതുമല്ല, മെലിസാന്ദയുടെ സൗന്ദര്യം, അദ്ദേഹത്തിന്റെ ബുദ്ധിയുള്ള കണ്ണുകളില്‍, എന്റെ ഭോഷത്വത്തെ മാപ്പാക്കുകയുമില്ല. എങ്ങിനെയെല്ലാമായിരുന്നാലും, അദ്ദേഹത്തിന്റെ സ്വന്തം മകളെ അദ്ദേഹം ഏതു രീതിയില്‍ സ്വാഗതം ചെയ്യുമോ, അതുപോലെതന്നെ അവളേയും സ്വാഗതം ചെയ്തുകൊള്ളാമെന്ന് അദ്ദേഹം സമ്മതിക്കുന്നുവെങ്കില്‍, ഈ കത്തു കിട്ടുന്നതിന്റെ മൂന്നാമത്തെ ദിവസം, സമുദ്രത്തെ അഭിവീക്ഷിച്ചുകൊണ്ടുനില്ക്കുന്ന ആ ഗോപുരത്തിന്റെ മുകളില്‍ ഒരു വിളക്കു കത്തിക്കുക. ഞങ്ങളുടെ കപ്പലിന്റെ മുകള്ത്തട്ടില്നിന്നുകൊണ്ട് നോക്കി ഞാനതു കണ്ടുപിടിച്ചുകൊള്ളാം. അങ്ങനെ ചെയ്യാത്തപക്ഷം പിന്നേയും ഞാന്‍ പോകും; ഒരിക്കലും പിന്നെ തിരിച്ചുവരികയുമില്ല.''.....നിങ്ങള്‍ ഇതിനെന്തുപറയുന്നു?
യാതൊന്നുമില്ല. മിക്കവാറും അവനു ചെയ്യാനുണ്ടായിരുന്നത് അവന് ചെയ്തുകഴിഞ്ഞു. എനിക്കു പ്രായം കുറേ ഏറെയായി. എന്നിരുന്നാലും, ഒരിക്കലും, ഒരൊറ്റ നിമിഷംപോലും, എനിക്ക് എന്നെത്തന്നെ എന്നില്‍ വ്യക്തമായിട്ടൊന്നു കാണാന്‍ കഴിഞ്ഞിട്ടില്ല; അങ്ങനെയിരിക്കെ, അന്യന്മാരുടെ പ്രവൃത്തികളില്‍ വിധികല്‍പ്പിക്കുവാന്‍ എന്നെ നിങ്ങള്‍ക്കെങ്ങനെ ഉപകരിക്കും? എന്നെക്കുറിച്ചുതന്നെ ഒരു വിധി കല്പ്പിക്കുവാനുള്ള കെല്പ് എനിക്കില്ല.......ഒരുവന് തന്റെ കണ്ണുകള്‍ അടയ്ക്കാത്തപക്ഷം എപ്പോഴും അയാള്‍ക്ക് തെറ്റു പറ്റുന്നു. അവന്റെ പ്രവൃത്തി വിചിത്രമായിട്ടുള്ള ഒന്നാണെന്നു നമുക്ക് തോന്നിയേയ്ക്കാം; അത്രയേ ഉള്ളൂ! കൊല്ലങ്ങളേക്കൊണ്ട് അളന്നു നോക്കുമ്പോള്‍ അവനു പ്രായം അല്പം കടന്നിട്ടുണ്ടായിരിക്കാം. കഥയില്ലാത്ത ഒരു കൊച്ചുകുട്ടിയെപ്പോലെ, ഒരു കിണറ്റിനരികെ കണ്ടെത്തിയ ഒരു പെണ്‍കിടാവിനെ അവന് പൂര്‍ണ്ണമനസ്സോടെ വിവാഹം കഴിച്ചിരിക്കുന്നു......... നമിക്കിതു വിചിത്രമായിത്തോന്നാം. എന്തുകൊണ്ടെന്നാല്‍, വിധിവിഹിതങ്ങളുടെ തെറ്റായ വശങ്ങള് മാത്രമേ നമുക്ക് കാണാന്‍ കഴിവുള്ളൂ........നമ്മുടെ സ്വന്തമായിട്ടുള്ളവരുടെപോലും തെറ്റായവശം! ഇതുവരെ അവന് എന്റെ ഉപദേശം അനുസരിച്ച് എപ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉര്സുലാരാജകുമാരിയുടെ വിവാഹാര്ത്ഥിയായി പറഞ്ഞയച്ച് അവനെ സൗഭാഗ്യവാനാക്കിത്തീര്‍ക്കണമെന്നു ഞാന്‍ വിചാരിച്ചു........ഏകാന്തത ഒരിക്കലും അവനു സഹ്യമായിരുന്നില്ല. അവന്റെ ഭാര്യയുടെ മരണത്തിനുശേഷം സദാ അവന് തനിച്ചിരുന്നു ദുഃഖിക്കുകയായിരുന്നു. ഈ വിവാഹം നീണ്ട നീണ്ട സമരങ്ങള്‍ക്കും ചിരകാലമായി നിലനിന്നുപോരുന്ന ശത്രുതകള്‍ക്കും ഒരന്ത്യവിരാമം ഇടുമായിരുന്നു........അതങ്ങനെ ചെയ്യണമെന്ന് അവന് നിശ്ചയിച്ചില്ല. അവനെങ്ങനെ തീരുമാനിച്ചോ അതുപോലെതന്നെയാകട്ടെ......വിധിയുടെ വഴിയില്‍ കരുതിക്കൂട്ടി ഞാനൊരിക്കലും ഒരു പ്രതിബന്ധമായി നിന്നിട്ടില്ല. അവന്റെ ഭാവി എന്നേക്കാള്‍ നന്നായിട്ടവനാണറിവ്. ഉദ്ദേശശൂന്യങ്ങളായ സംഭവങ്ങള്‍ എന്നൊരു കാര്യംതന്നെ, ഒരുപക്ഷേ, ഇല്ലെന്നു വരാം.
അവന് എല്ലായ്പ്പോഴും അതിബുദ്ധിമാനും, വലിയ ഗൗരവക്കാരനും, നല്ല മനക്കരുത്തുള്ളവനുമായിരുന്നു.......പെല്ലീസായിരുന്നെങ്കില് എനിക്കു മനസ്സിലാക്കാം. പക്ഷേ അവന്.......... അതും, അവന്റെ പ്രായത്തില്‍......ആട്ടെ, ഒന്നാലോചിച്ചുനോക്കൂ, ആരെയാണവന്‍ നമ്മുടെ കൂട്ടത്തിലേയ്ക്കു കൊണ്ടുവരാന്‍ പോകുന്നത്? നിരത്തുവക്കില്നിന്നു തൂക്കിയെടുത്ത ഒരപരിചിതജീവി! അവന്റെ ഭാര്യയുടെ മരണത്തിനുശേഷം അവന്റെ മകന്, കൊച്ചു `നിയോള്ഡി'നു വേണ്ടി മാത്രമാണ് അവന് ജീവിച്ചുപോന്നത്; വീണ്ടും വിവാഹം കഴിക്കുന്ന കാര്യത്തില്‍ അവന് ഞെരുങ്ങിപ്പിടിച്ചൊന്നു മൂളിയതുതന്നെ നിങ്ങള്‍ അതാഗ്രഹിച്ചതുകൊണ്ട് മാത്രമാണ്.......എന്നിട്ടിപ്പോള്‍.......കാട്ടില്‍നിന്നു കിട്ടിയ ഒരു കൊച്ചുപെണ്‍കിടാവ്..........അവന് എല്ലാം മറന്നുപോയിരിക്കുന്നു........നാമിനി എന്തുചെയ്യാനാണ്?ആര്‍ക്കേല്‍ :
ആരാണാ അകത്തേയ്ക്കു വരുന്നത്?ജെനെവീവ് :
അതു പെല്ലീസാണ്. അവന് കരഞ്ഞുകൊണ്ടിരിക്കയായിരുന്നു.ആര്‍ക്കേല്‍ :
അതു നീയാണോ പെല്ലീസേ? കുറച്ചുകൂടി അടുത്തുവരൂ, എനിക്കു നിന്നെ വെളിച്ചത്തു കാണാന്‍ സാധിക്കുമല്ലോ..........പെല്ലീസ് :
ജ്യേഷ്ഠന്റെ കത്തിനോടൊപ്പംതന്നെ എനിക്കു മറ്റൊരെഴുത്തുകൂടി കിട്ടി -- എന്റെ സ്നേഹിതന് മാഴ്സെലസിന്റെ അടുത്തുനിന്നും ഒരെഴുത്ത്. അയാള്‍ മരിക്കാറായി; എന്നോടയാള് ചെല്ലാന്‍ പറയുന്നു. മരിക്കുന്നതിനുമുമ്പ് എന്നെയൊന്നു കണ്ടാല്‍ കൊള്ളാമെന്ന് അയാള്‍ക്കു മോഹമുണ്ട്.ആര്‍ക്കേല്‍ :
നിന്റെ ജ്യേഷ്ഠന് മടങ്ങിവരികയല്ലേ.....അതിനുമുമ്പ് നീ പോകാനാഗ്രഹിക്കുന്നോ?--നിന്റെ സ്നേഹിതന്, പക്ഷേ, അയാള്‍ വിചാരിക്കുന്നപോലെ അത്ര കലശലായ ദീനത്തിലൊന്നുമായിരിക്കില്ല.പെല്ലീസ് :
അയാളുടെ കത്തില്‍ ഓരോ വാചകങ്ങള്‍ക്കിടയിലും മരണം തങ്ങിനില്ക്കുന്നുണ്ട് -- അത്ര പരിതാപമയമാണാ എഴുത്ത്........ എന്നു മരിക്കുമെന്നുപോലും തനിക്കു സൂക്ഷ്മമായറിയാമെന്ന് അയാള്‍ പറയുന്നു. എനിക്കങ്ങനെ ഉദ്ദേശമുണ്ടെങ്കില്‍ അയാളുടെ അപേക്ഷയെ ഉല്ലംഘിക്കാന്‍ കഴിയുമെന്നും, പക്ഷേ പാഴാക്കിക്കളയാന്‍ സമയമില്ലെന്നുമാണയാള് പറയുന്നത്....... വളരെ ദീര്‍ഘിച്ച ഒരു യാത്രയാണ്; ഞാന്‍ ഗോളാഡിന്റെ തിരിച്ചുവരവു കാക്കുകയാണെങ്കില്‍, വളരെ വൈകിപ്പോകും.......ആര്‍ക്കേല്‍ :
എന്നിരുന്നാലും അല്‍പ്പം കാക്കുകയാണ് ഭംഗി. നമുക്ക് പറയാന്‍ സാധിക്കില്ല ഈ കുടിവെയ്പ് നമുക്കായി വട്ടംകൂട്ടുന്നതെന്താണെന്ന്. അതിനെല്ലാംപുറമെ, നിന്റെ അച്ഛന്, ഇവിടെ നിന്റെ കണ്മുമ്പില്ത്തന്നെ, നിന്റെ സ്നേഹിതനേക്കാള്‍ ആപല്‍ക്കരമായ നിലയില്‍ ദീനംപിടിച്ചു കിടപ്പല്ലേ? അച്ഛന്റേയും സ്നേഹിതന്റേയും ഇടയില്‍ ഒരു തെരഞ്ഞെടുപ്പുനടത്താന്‍ നിനക്ക് സാധിക്കുമോ?ജെനെവീവ് :(പോകുന്നു.)
ഇന്നു വൈകുന്നേരംതന്നെ തീര്‍ച്ചയായും വിളക്ക് കൊളുത്തിയിരിക്കണം, കേട്ടോ, പെല്ലീസ്....................(രണ്ടുപേരും രണ്ട് വഴിയായി പോകുന്നു.)
രംഗം നാല്
കൊട്ടാരത്തിന്റെ മുമ്പില്‍ (ജെനെവീവും മെലിസാന്ദയും പ്രവേശിക്കുന്നു.)മെലിസാന്ദ :
ഉദ്യാനങ്ങളിലെല്ലാം ഇരുട്ടാണ്. പിന്നെ.............എന്തു വലിയ കാടുകള്‍! കൊട്ടാരത്തിനു ചുറ്റുമായി നാലുവശത്തും പരന്നു കിടക്കുന്ന എന്തുവലിയ കാടുകള്‍!ജെനെവീവ് :
അതെ; ആദ്യമായി ഞാനിവിടെ വന്നപ്പോള്‍ അതെന്നെ അത്ഭുതപ്പെടുത്തി. എല്ലാവരേയും അത്ഭുതപ്പെടുത്തുന്നു. ഒരാള്‍ ഒരിക്കലും സൂര്യനെക്കാണാത്ത സ്ഥലങ്ങളുണ്ട്. പക്ഷേ ഒരാള്‍ ഇതിനോടെല്ലാം എളുപ്പത്തില്‍ പരിചയപ്പെട്ടുപോകുന്നു......... അതു വളരെ നാള്‍ക്കു മുമ്പാണ്....... ഞാനിവിടെ താമസം തുടങ്ങിയിട്ട് ഏതാണ്ടു നാല്പ്പതുകൊല്ലത്തോളമായി...... മറ്റേവഴിക്കുപോകൂ, നിനക്കു സമുദ്രത്തിലെ വെളിച്ചം കിട്ടും.............മെലിസാന്ദ :
ഞാന്‍ താഴെ ഒരു ശബ്ദം കേള്‍ക്കുന്നു.ജെനെവീവ് :
അതേ; ആരോ ഒരാള്‍ നമ്മുടെ അടുത്തേയ്ക്കു കയറിവരുന്നുണ്ട്....ങ് ആ! അതു പെല്ലീസാണ്. ഏറെനേരം നിനക്കുവേണ്ടി കാത്തുനിന്ന് അവന് വല്ലാതെ ക്ഷീണിച്ചിരിക്കുന്നപോലെ തോന്നുന്നു....മെലിസാന്ദ :
അദ്ദേഹം ഇപ്പോഴും നമ്മെ കണ്ടിട്ടില്ല.ജെനെവീവ് :
അവന് നമ്മെ കണ്ടുകഴിഞ്ഞു. പക്ഷേ എന്തുചെയ്യണമെന്നു ശരിക്കവനറിഞ്ഞുകൂടാഞ്ഞിട്ടാണെന്നാണ് എനിക്കു തോന്നുന്നത്......പെല്ലീസേ! പെല്ലീസേ! -- നീയാണോ അത്?പെല്ലീസ് :
അതേ!....ഞാന്‍ കടലിന്റെ അടുത്തേയ്ക്കു വരികയായിരുന്നു.....ജെനെവീവ് :
ഞങ്ങളും അങ്ങനെതന്നെ; വെളിച്ചം തേടി വരികയായിരുന്നു ഞങ്ങള്‍. മറ്റുഭാഗങ്ങളിലേക്കാള് ഇവിടെ അല്‍പ്പമൊരു പ്രകാശം കൂടുതലുണ്ട്. പക്ഷേ കടല്‍ ഇരുളടഞ്ഞിരിക്കുന്നു.പെല്ലീസ് :
ഇന്നു രാത്രി ഒരു കൊടുങ്കാറ്റുണ്ടാകും. കുറച്ചുനാളായി നിത്യവും രാത്രി ഒന്നുണ്ടാകാറുണ്ട്. എന്നിരുന്നാലും, എന്തൊരു ശാന്തതയാണിപ്പോള്‍!.......സ്ഥിതിഗതികളെക്കുറിച്ചുള്ള അജ്ഞതകൊണ്ട്, ഇവിടെ നിന്നു തിരിച്ചുപോകേണ്ടെന്നുപോലും ഒരാള്‍ പറഞ്ഞുപോയേയ്ക്കും............മെലിസാന്ദ :
അതാ, എന്തോ ഒന്ന് തുറമുഖംവിട്ടു അങ്ങനെ നീങ്ങി നീങ്ങി പോകുന്നുണ്ടല്ലോ..........പെല്ലീസ് :
അതൊരു വലിയ കപ്പലായിരിക്കണം. അതിന്റെ വിളക്കുകള്‍ വളരെ ഉയരത്തിലാണ്...... അതാ ആ ദീപക്കൂട്ടത്തിലേയ്ക്കു നീങ്ങിക്കയറേണ്ട താമസമേയുള്ളൂ -- നമുക്കിപ്പോള്‍ കാണാന്‍ സാധിക്കും ആ കപ്പല്‍.............
അതു നമുക്ക് കാണാന്‍ തരപ്പെടുമോ എന്തോ...... എനിക്ക റിഞ്ഞുകൂടാ....... കടലില്‍ ഇപ്പോഴും ഒരു മൂടല്‍മഞ്ഞുണ്ട്......പെല്ലീസ് :
മൂടല്‍മഞ്ഞ് ക്രമേണയങ്ങനെ കൂടിക്കൂടി വരികയാണെന്നു തോന്നുന്നു.....മെലിസാന്ദ :
അതേ; ഞാന്‍ ഇതുവരെ കാണാത്ത ഒരു വെളിച്ചം അതാ അവിടെ കാണുന്നുണ്ട്...............പെല്ലീസ് :
അത് ഒരു ദീപസ്തംഭത്തില്നിന്നാണ്........ നമുക്കിപ്പോഴും കാണാന്‍ കഴിയാത്തവ വെറേയുമുണ്ട്.മെലിസാന്ദ :
കപ്പല്‍ വെളിച്ചത്താണ്......അതാ, അതു വളരെ അകലത്തെത്തിക്കഴിഞ്ഞിരിക്കുന്നു.പെല്ലീസ് :
അതൊരു വിദേശക്കപ്പലാണ്...... നമുക്കുള്ളതിനേക്കാളെല്ലാം വലിപ്പമുള്ളതാണെന്നു തോന്നുന്നു.............മെലിസാന്ദ :
എന്നെ ഇവിടെ കൊണ്ടുവന്നുവിട്ട കപ്പലാണത്.പെല്ലീസ് :
കാറ്റുപായ മുഴുവന്‍ വിടുര്ത്തിപ്പിടിച്ച് അതങ്ങനെ പാഞ്ഞുപോവുകയാണ്..........മെലിസാന്ദ :
എന്നെ ഇവിടെ കൊണ്ടുവന്നുവിട്ട കപ്പലാണത്.......... വലിയ കാറ്റുപായകള്‍ അതിനുണ്ട്........അതിന്റെ കാറ്റുപായകള്‍ കണ്ടാണ് ഞാനതിനെ തിരിച്ചറിയുന്നത്.............പെല്ലീസ് :
ഇന്നു രാത്രി മഹാദുര്‍ഘടം പിടിച്ചതായിരിക്കും അതിന്റെ യാത്ര. കടലില്‍ വലിയ കോളിളക്കമുണ്ടാകാനിടയുണ്ട്.മെലിസാന്ദ :
പിന്നെന്തിനാണിന്നുതന്നെ അതു തുറമുഖം വിട്ടുപോകുന്നത്?......... അതാ, ഇപ്പോള്‍ ഒരാള്‍ക്ക് അതിനെ കഷ്ടിച്ചൊന്നു കാണാനേ ഒക്കൂ............ പക്ഷേ അതു വല്ല പാറമേലോ മറ്റോ ചെന്നിടിച്ചു തകര്ന്നുപോയേയ്ക്കാം..........പെല്ലീസ് :
വളരെ വേഗത്തില്‍ രാത്രിയായിത്തുടങ്ങുന്നു........ജെനെവീവ് :(നിശ്ശബ്ദത)
ആരും ഇനിയൊന്നുംതന്നെ ശബ്ദിക്കാന്‍ ഭാവിച്ചിട്ടില്ലേ?.......... നിങ്ങള്ക്കിനിയൊന്നുംതന്നെയില്ലേ അന്യോന്യം സംസാരിക്കാന്‍? ........ അകത്തേയ്ക്കു പോകാന്‍ സമയമായി. പെല്ലീസേ, മെലിസാന്ദയ്ക്കു വഴികാണിച്ചുകൊടുക്കൂ. എനിക്കകത്തുപോയി ഒരുനിമിഷം കൊച്ചുനിയോള്ഡിനെ ഒന്നു കാണേണ്ടിയിരിക്കുന്നു.പെല്ലീസ് :(പോകുന്നു)
കടലിനുമീതെ ഒന്നുംതന്നെ ഇനി കാണാനില്ല.............മെലിസാന്ദ :
ഞാന്‍ വേറെയും ചില വിളക്കുകള്‍ കാണുന്നു.പെല്ലീസ് :
അത് ആ മറ്റുള്ള ദീപസ്തംഭങ്ങളില്‍ നിന്നാണ്........... നീ കടലിലെ ആ ഇരമ്പം കേള്‍ക്കുന്നോ?........... കാറ്റു കൊടുമ്പിരിക്കൊള്ളുന്നതാണത്. നമിക്കീവഴിയേ ചുവട്ടിലേയ്ക്കുപോകാം........... നീ.........നിന്റെ കൈ എനിക്കു തരുമോ?മെലിസാന്ദ :
നിങ്ങള്‍ നോക്കൂ, എന്റെ ഉള്ളംകൈ മുഴുവന്‍.............പെല്ലീസ് :
ഞാന്‍ നിന്റെ കണങ്കൈക്കു പിടിച്ചുകൊള്ളാം.....കിഴുക്കാംതൂക്കാണ് വഴി.....വല്ലാത്ത ഇരുട്ടും.....പക്ഷെ, നാളെ ഞാന്‍ പോയേയ്ക്കും......മെലിസാന്ദ :
ഓ! എന്തുകൊണ്ടാ നിങ്ങളങ്ങനെ പോകുന്നെ?(പോകുന്നു)
രണ്ടാമങ്കം
രംഗം ഒന്ന്
ഉദ്യാനമണ്ഡപത്തില്‍ ഒരു നീരുറവ്പെല്ലീസ് :(പെല്ലീസും മെലിസാന്ദയും പ്രവേശിക്കുന്നു.)
നിനക്കറിഞ്ഞുകൂടാ എവിടെയാണ് ഞാന്‍ നിന്നെക്കൊണ്ടുവന്നിട്ടുള്ളതെന്ന്. മദ്ധ്യാഹ്നത്തോടടുപ്പിച്ച്, ഉദ്യാനങ്ങളില്‍ വല്ലാത്ത ചൂടുതുടങ്ങുമ്പോള്‍, സാധാരണയായി ഞാന്‍ ഇവിടെ വന്നിരിക്കുക പതിവാണ്. ശ്വാസംമുട്ടിക്കുന്ന ഒരു കാറ്റാണിന്ന് -- മരങ്ങളുടെ തണലില്‍പ്പോലും!മെലിസാന്ദ :
ഓ! നല്ല തെളിഞ്ഞ വെള്ളമാണിതിലെ.................പെല്ലീസ് :
ശീതകാലത്തെപ്പോലെ തണുത്തതും. ഇതാരും തിരിഞ്ഞു നോക്കാതിട്ടിരുന്ന കാലപ്പഴക്കമുള്ള ഒരു കിണറാണ്. എല്ലാവരും പറയുന്നു, ഒരുകാലത്ത് ഇതൊരു മാന്ത്രികശക്തിയുള്ള നീരുറവയായിരുന്നെന്ന്. ഇതിലെ വെള്ളം അന്ധന്മാരുടെ കണ്ണുകള്‍ക്ക് കാഴ്ചശക്തി കൊടുത്തിരുന്നുവത്രേ. `കുരുടന്മാരുടെ കിണറ്' എന്നാണിന്നും ഇതിനെ വിളിച്ചുവരുന്നത്.മെലിസാന്ദ :
ഇപ്പോഴൊന്നും ഇതു കുരുടന്മാരുടെ കണ്ണു തുറപ്പിക്കാറില്ലേ?പെല്ലീസ് :
ഇപ്പോള്‍ രാജാവുതന്നെ മുക്കാലും അന്ധനായിത്തീര്ന്നിരിക്കകൊണ്ട് ആരും ഇതിനടുത്തു വരുന്നില്ല..........മെലിസാന്ദ :
ഇവിടം എത്ര വിജനമായിരിക്കുന്നു....... ഒരിടത്തും ഒരു ശബ്ദംപോലും കേള്‍ക്കുന്നില്ല.പെല്ലീസ് :
എല്ലായ്പ്പോഴും അത്ഭുതകരമായ ഒരു നിശ്ശബ്ദത. വെള്ളം ഉറങ്ങുന്നതു കേള്‍ക്കുമ്പോലെ ഒരുവനു തോന്നിപ്പോകുന്നു. ചുറ്റും സ്ഫടികഭിത്തിയോടുകൂടിയ ഈ ജലാശയത്തിന്റെ വക്കത്തിരിക്കുവാന് നീ ഇഷ്ടപ്പെടുന്നോ? സൂര്യരശ്മികള്‍ ഒരിക്കലും അരിച്ചിറങ്ങാത്ത ഒരു നാരകവൃക്ഷമുണ്ട്.മെലിസാന്ദ :
ഞാന്‍ സ്ഫടികം കൊണ്ടുള്ള ഈ മതിലിന്മേല് കിടക്കാന്‍ പോവുകയാണ് -- വെള്ളത്തിന്റെ അടിത്തട്ടു കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു........പെല്ലീസ് :
അതിതുവരെ ഒരിക്കലും കാണപ്പെട്ടില്ല. ഒരുപക്ഷേ അതു സമുദ്രത്തെപ്പോലെ അഗാധമായിരിക്കാം. ആര്‍ക്കുമറിഞ്ഞുകൂടാ എവിടെനിന്നാണ് ഈ ജലം ഉറഞ്ഞുവരുന്നതെന്ന്.........പക്ഷേ, ഭൂമിയുടെ അടിത്തട്ടുകളില്‍ നിന്നായിരിക്കാം.........മെലിസാന്ദ :
അടിത്തട്ടില്‍ വല്ലതുമൊന്നു കിടന്നു തിളങ്ങുന്നുണ്ടെങ്കില്‍ ഒരുവനു പക്ഷേ അതു കാണാന്‍ സാധിച്ചേയ്ക്കാം........പെല്ലീസ് :
മീതെ അത്രത്തോളം ചായരുത്........
ആ വെള്ളമൊന്നു തൊടണം, എനിക്ക്..........പെല്ലീസ് :
വഴുതാതെ സൂക്ഷിച്ചുകൊള്ളണേ!......ഞാന്‍ നിന്റെ കൈയ്ക്കു പിടിക്കാം.........മെലിസാന്ദ :
രണ്ടു കൈയും എനിക്ക് മുക്കണം......... ഇന്നെന്റെ കൈയ്ക്ക്, എന്തോ, സുഖമില്ലാത്തപോലെ തോന്നുന്നു............പെല്ലീസ് :
ഓ! ഓ! സൂക്ഷിക്കണേ! മെലിസാന്ദേ!.....ഓ!.....നിന്റെ തലമുടി!.....മെലിസാന്ദ :
(സ്വയം നിവര്‍ന്നുനിന്നിട്ട്) എനിക്കു കഴിയില്ല; അതു തൊടാനെനിക്കു സാധ്യമല്ല............പെല്ലീസ് :
നിന്റെ തലമുടി വെള്ളത്തില്‍ മുങ്ങിപ്പോയി.........മെലിസാന്ദ :
അതേ, അതേ; അതിനെന്റെ കൈകളേക്കാള്‍ നീളമുണ്ട്....... അതെന്നേക്കാള് നീളമുള്ളതാണ്..........പെല്ലീസ് :(നിശ്ശബ്ദത)
ഇതേമട്ടിലുള്ള മറ്റൊരു നീരുറവിനടുത്തുവെച്ചാണ് അദ്ദേഹം നിന്നെ കണ്ടുമുട്ടിയതല്ലേ?..........മെലിസാന്ദ :
അതേ........പെല്ലീസ് :
അദ്ദേഹം നിന്നോടെന്തു പറഞ്ഞു?മെലിസാന്ദ :
ഒന്നുമില്ല; -- ഞാന്‍ ഓര്‍ക്കുന്നില്ല......പെല്ലീസ് :
അദ്ദേഹം നിന്റെ വളരെ അടുത്തായിരുന്നോ?മെലിസാന്ദ :
അതേ; അദ്ദേഹം എന്നെ ചുംബിക്കുവാന്‍ ആവശ്യപ്പെട്ടു.പെല്ലീസ് :
നീയാകട്ടെ, അനുവദിക്കയുമില്ല?മെലിസാന്ദ :
ഇല്ല.പെല്ലീസ് :
എന്തുകൊണ്ടില്ല?മെലിസാന്ദ :
ഓ! ഓ! വെള്ളത്തിന്റെ അടിത്തട്ടില്‍ എന്തോ ഒന്നു നീങ്ങി മറയുന്നതു ഞാന്‍ കാണുകയുണ്ടായി...........പെല്ലീസ് :
സൂക്ഷിക്കണേ! സൂക്ഷിക്കണേ! നീ അകത്തു വീണുപോകും! എന്തോ ഒന്ന് നീ കൈയിലിട്ടു കളിക്കുന്നുണ്ടല്ലോ; എന്താണത്?മെലിസാന്ദ :
അദ്ദേഹം എനിക്കുതന്ന മോതിരം.........പെല്ലീസ് :
സൂക്ഷിക്കണേ! നീയതു കളഞ്ഞേയ്ക്കും.........
ഇല്ല, ഇല്ല, എന്റെ കൈയിന്റെ നില എനിക്കു നല്ല നിശ്ചയമുണ്ട്.......പെല്ലീസ് :
അങ്ങനെ കളിക്കല്ലേ, അത്ര അഗാധമായ ജലത്തിനു മീതേ!......മെലിസാന്ദ :
എന്റെ കൈയ്ക്കു നല്ല വഴക്കമുണ്ട്. ഒരിക്കലും പിടിതെറ്റില്ല.....പെല്ലീസ് :
സൂര്യപ്രഭയില്‍ അതങ്ങനെ വെട്ടിത്തിളങ്ങുന്നു! അത്ര പൊക്കത്തില്‍ അത് ആകാശത്തേയ്ക്കങ്ങനെ എറിയല്ലേ!.....മെലിസാന്ദ :
ഓ!......പെല്ലീസ് :
അതു വീണുപോയോ?മെലിസാന്ദ :
അതുവീണുപോയി........വെള്ളത്തില്‍.......പെല്ലീസ് :
എവിടെയാണത്?മെലിസാന്ദ :
എനിക്കതു കീഴോട്ടു പോകുന്നതു കാണാനൊക്കുന്നില്ല.....പെല്ലീസ് :
അതാ, അതാണവിടെ ആ മിന്നുന്നതെന്നു തോന്നുന്നു......മെലിസാന്ദ :
എന്റെ മോതിരം?പെല്ലീസ് :
അതെ, അതെ, അതാ അവിടെ..............മെലിസാന്ദ :
ഓ! ഓ! അതു നമ്മില്‍നിന്നും വളരെ അകലത്താണ്....... അല്ല, അല്ല, അങ്ങനെയല്ലത്..... അതു നഷ്ടപ്പെട്ടു........ നഷ്ടപ്പെട്ടു. വെള്ളത്തിനുമീതെ ഒരു വലിയ വൃത്തമല്ലാതെ യാതൊന്നും ബാക്കി നില്ക്കുന്നില്ല....... എന്താ നാം ചെയ്യുക? നാമിപ്പോളിനി എന്തു ചെയ്യും?പെല്ലീസ് :
ഒരു മോതിരത്തെസ്സംബന്ധിച്ചു നീയിത്രമാത്രം അസ്വസ്ഥയാവരുത്......സാരമില്ല.....പക്ഷേ, വീണ്ടും നമുക്കതു കണ്ടെത്താന്‍ കഴിഞ്ഞേയ്ക്കും. അല്ലെങ്കില്‍ വേറൊന്നു നമുക്ക് കണ്ടുപിടിക്കാം.മെലിസാന്ദ :
ഇല്ലില്ല.......ഇനിയൊരിക്കലും നാമത് കണ്ടെത്തുകയില്ല; അതുപോലുള്ള മറ്റൊന്ന് ഒരിക്കലും നമുക്കൊട്ടു കിട്ടുകയുമില്ല..... ഞാന്‍ കരുതി അതെന്റെ കൈയില്‍ത്തന്നെ ഞാന്‍ പിടിച്ചു എന്നു.....ഞാനെന്റെ കൈവിരലെല്ലാം മുറുക്കി അടച്ചുപിടിച്ചു; -- അങ്ങനെയെല്ലാമായിട്ടും അതു വീണുപോയി. ഞാനതു സൂര്യന്റെ നേര്‍ക്കു വളരെ പൊക്കത്തില്‍ എറിഞ്ഞു.പെല്ലീസ് :
വരൂ, വരൂ, നമുക്ക് ഇനിയൊരു ദിവസം വീണ്ടും വരാം..........വരൂ, നേരമായി. നമ്മെ കണ്ടുപിടിക്കാന്‍ അവരിപ്പോള്‍ ഇങ്ങോട്ടു വരുന്നുണ്ടാവും. മോതിരം വീണപ്പോള്‍ ഉച്ചമണി അടിക്കുകയായിരുന്നു.മെലിസാന്ദ :
ഗോളാഡിനോട് നാം എന്തു പറയും, അതെവിടെ എന്നു ചോദിച്ചാല്‍?.........പെല്ലീസ് :
സത്യം -- സത്യം -- സത്യം...........(പോകുന്നു)
രംഗം രണ്ട്
കൊട്ടാരത്തില്‍ ഒരു മുറിഗോളാഡ് :(തന്റെ മഞ്ചത്തില്‍ ശയിച്ചുകൊണ്ടിരിക്കുന്നമട്ടില്‍ ഗോളാഡ് പ്രത്യക്ഷപ്പെടുന്നു; മെലിസാന്ദ കിടക്കയ്ക്കരികെയാണ്.)
ആ! ആ! എല്ലാം വേണ്ടപോലെതന്നെ അങ്ങനെ കഴിഞ്ഞുകൂടുന്നു; അതൊരിക്കലും ഗൗരവമുള്ള സംഗതിയായിത്തീരില്ല. പക്ഷേ, അതെങ്ങനെ സംഭവിച്ചുവെന്നു വിവരിക്കാന്‍ എനിക്കു സാദ്ധ്യമല്ല. ഞാന്‍ വനത്തില്‍ നിര്‍ബാധം വേട്ടയാടുകയായിരുന്നു. യാതൊരു കാരണവുംകൂടാതെ എന്റെ കുതിരയുണ്ട് എടുത്തൊരു ചാട്ടം. അവന് അസാധാരണമായിട്ടെന്തെങ്കിലും കണ്ടോ?.....അതേസമയത്തു മണി പന്ത്രണ്ടടിക്കുന്നതു ഞാന്‍ എണ്ണിക്കൊണ്ടിരിക്കയായിരുന്നു....പന്ത്രണ്ടാമത്തെ കൊട്ടലില്‍ അവന് പേടിച്ചരണ്ട്, കണ്ണുകാണാത്തതും, പേപിടിച്ചതുമായ ഒന്നിനെപ്പോലെ ഓടിപ്പാഞ്ഞ് ഒരു കൂറ്റന്‍ മരത്തിന്മേല്ച്ചെന്നൊരിടി!....ഞാന്‍ പിന്നെ ഒന്നും കേട്ടില്ല. എന്തു സംഭവിച്ചുവെന്നും എനിക്കറിഞ്ഞുകൂടാ. ഞാന്‍ വീണു; അവന് എന്റെ മീതെയും വീണിരിക്കണം. ആ കാടാകമാനം എന്റെ നെഞ്ചത്ത് അമര്‍ന്നിരിക്കുകയാണെന്ന് എനിക്കു തോന്നി. എന്റെ ചങ്ക് തകര്‍ന്നു തവിടായിപ്പോയെന്നു ഞാന്‍ കരുതി. പക്ഷേ നല്ല കടുപ്പമുള്ളതാണ് എന്റെ മാര്‍ത്തട്ട്.....അതു വലിയ ഗൗരവമുള്ള കാര്യംപോലെ തോന്നുന്നില്ല....മെലിസാന്ദ :
അല്‍പ്പം വെള്ളം കുടിക്കാന്‍ അങ്ങ് ഇഷ്ടപ്പെടുന്നോ?ഗോളാഡ് :
നിനക്കു നന്ദി; നിനക്കു നന്ദി. എനിക്കു ദാഹിക്കുന്നില്ല.മെലിസാന്ദ :
വേറൊരു തലയണ അങ്ങ് ഇഷ്ടപ്പെടുന്നോ?........ ഇതാ ഇതിന്മേല് ലേശമൊരു രക്തത്തിന്റെ പാടുണ്ട്.ഗോളാഡ് :
വേണ്ട, വേണ്ട! അതൊന്നും സാരമില്ല. ഇതാ ഇപ്പോള്‍ ദേ ഈ ചുണ്ടിന്റെ ഇവിടന്ന് അല്‍പ്പം ചോര പൊടിച്ചു. പക്ഷേ, ഇനിയും അതാവര്ത്തിച്ചേയ്ക്കാം.......മെലിസാന്ദ :
അങ്ങേയ്ക്കു നല്ല നിശ്ചയമുണ്ടോ?..... വലിയ വേദന വല്ലതും തോന്നുന്നോ?ഗോളാഡ് :
ഇല്ല, ഇല്ല. ഇതൊന്നും സാരമില്ല. ഇതിനേക്കാളൊക്കെ ദുര്‍ഘടംപിടിച്ച എന്തെല്ലാം ഞാന്‍ കടന്നുപോന്നിരിക്കുന്നു! രക്തത്തിനോടും ഉരുക്കിനോടും ഞാന്‍ പരുവപ്പെട്ടവനായിരിക്കയാണ്. ഒരു കൊച്ചുകുഞ്ഞിന്റേതൊന്നുമല്ല ഈ എല്ലുകള്‍....... നീ ഒട്ടുംതന്നെ കുണ്ഠിതപ്പെടേണ്ടതായില്ല.........മെലിസാന്ദ :
കണ്ണടച്ചുപിടിച്ചു അങ്ങൊന്നുറങ്ങാന് ശ്രമിക്കൂ......ഞാന്‍ രാത്രി മുഴുവന്‍ ഇവിടെ ഇരുന്നുകൊള്ളാം.ഗോളാഡ് :
വേണ്ട, വേണ്ട! നിന്നെ ഞാനങ്ങനെ ബുദ്ധിമുട്ടിക്കില്ല. ഒന്നും എനിക്കാവശ്യപ്പെടേണ്ടിവരില്ല. ഞാന്‍ ഒരു കുഞ്ഞിനെപ്പോലെ കിടന്നുറങ്ങിക്കൊള്ളാം..... എന്താണിതു മെലിസാന്ദേ? -- എന്താണ് നീ പെട്ടെന്നിങ്ങനെ കരയുന്നത്?മെലിസാന്ദ :
(പൊട്ടിക്കരഞ്ഞുകൊണ്ട്) ഞാന്‍.......ഞാനും സുഖമില്ലാത്തവളാണ്!ഗോളാഡ് :
നിനക്കും സുഖമില്ലേ? എന്താണ് നിന്നെ വേദനിപ്പിക്കുന്നത്? മെലിസാന്ദേ, നിന്നെ വേദനിപ്പിക്കുന്നതെന്താണ്?മെലിസാന്ദ :
എനിക്കറിഞ്ഞുകൂടാ......എനിക്കിവിടെ അസുഖം തോന്നുന്നു....... അങ്ങയോട് ഇന്നു ഞാനതങ്ങു പറഞ്ഞുകളയാം; പ്രഭോ, ഞാന്‍ ഇവിടെ സന്തുഷ്ടയല്ല........ഗോളാഡ് :
എന്തുകൊണ്ട്? എന്തു സംഭവിച്ചു മെലിസാന്ദേ? എന്താണ് സംഗതി?.......യാതൊരു സംശയവുമില്ലാതിരുന്ന ഞാന്‍.........എന്തിന്...........എന്തു സംഭവിച്ചു? ആരെങ്കിലും നിന്നോടു രസമില്ലാത്തമട്ടില് പെരുമാറിയോ?...........നിന്നെ ആരെങ്കിലും ഉപദ്രവിക്കയുണ്ടായോ?
ഇല്ല, ഇല്ല; ആരും.....ഒരാളെങ്കിലും എന്നോട് ലേശംപോലും തെറ്റുകാണിച്ചിട്ടില്ല.....അതല്ല.......അതല്ല.......പക്ഷേ.........പക്ഷേ, ഇനി അരനിമിഷംപോലും എനിക്കിവിടെ താമസിക്കുക സാദ്ധ്യമല്ല......എന്തുകൊണ്ടാണെന്ന് എനിക്കറിഞ്ഞുകൂടാ......ഇവിടെനിന്നു പോകാന്‍ ഞാനാശിക്കുന്നു.....പോകാന്‍.......ഇനിയും ഇവിടെയിങ്ങനെ താമസിച്ചാല്‍.......ഞാന്‍ മരിച്ചുപോകും........ഗോളാഡ് :
പക്ഷേ, എന്തെങ്കിലും സംഭവിച്ചിരിക്കണം. നീ എന്തോ എന്നില്‍നിന്നു മറച്ചുവെയ്ക്കുകയാണ്; എന്താ, അല്ലേ? വാസ്തവം മുഴുവന്‍ എന്നോട് തുറന്നുപറയൂ, മെലിസാന്ദേ!......... രാജാവാണോ?......എന്റെ അമ്മയാണോ?.....പെല്ലീസാണോ?മെലിസാന്ദ :
അല്ലല്ല; പെല്ലീസല്ല; ആരുമല്ല; അങ്ങേയ്ക്ക് എന്നെ മനസ്സിലാക്കാന്‍ കഴികയില്ല.....ഗോളാഡ് :
എന്തുകൊണ്ടെനിക്കു മനസ്സിലാക്കിക്കൂടാ?.....നീയെന്നോടൊന്നും പറയില്ലെങ്കില്‍, നിനക്കുവേണ്ടി എനിക്കു പിന്നെന്തു ചെയ്യാന്‍ കഴിയും?.....എന്നോടെല്ലാം തുറന്നുപറയൂ; ഞാനെല്ലാം മനസ്സിലാക്കിക്കൊള്ളാം.മെലിസാന്ദ :
എന്താണെന്ന് എനിക്കുതന്നെ അറിഞ്ഞുകൂടാ......അതെന്താണെന്നു ഞാന്‍തന്നെ ശരിയായറിയുന്നില്ല. നിങ്ങളോടുപറയാന്‍ എനിക്കു കഴിവുണ്ടായിരുന്നെങ്കില്‍ ഞാനങ്ങനെ ചെയ്തേനേ.........എന്നെക്കാള്‍ ശക്തിയേറിയ എന്തോ ആണത്...........ഗോളാഡ് :
വരൂ; പറയുന്നത് കേള്‍ക്കൂ മെലിസാന്ദേ! -- ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണം? -- നീയൊരു കൊച്ചുകുഞ്ഞും മറ്റൊന്നുമല്ല -- എന്നെയാണോ നീ വിട്ടുപിരിയാന്‍ ആഗ്രഹിക്കുന്നത്?മെലിസാന്ദ :
ഓ! അല്ല, അല്ല. അതല്ല......ഞാന്‍ ഇവിടെനിന്നു പോകാന്‍ ഇഷ്ടപ്പെടുന്നു; പക്ഷേ അത് അങ്ങയോടൊന്നിച്ചാണ്.........ഇവിടെയാണ് എനിക്ക് താമസിക്കാന്‍ സാധിക്കാത്തത്! എനിക്കൊരു തോന്നല്‍ -- ഞാന്‍ ഇനി അധികനാള്‍ ജീവിച്ചിരിക്കില്ലെന്ന്!ഗോളാഡ് :
പക്ഷേ, എങ്ങനെയെല്ലാമായിരുന്നാലും, എന്തെങ്കിലുമൊരു കാരണം കാണണം. അവര്‍ വിചാരിക്കും നിനക്കു ഭ്രാന്താണെന്ന്. നിന്നില്‍ അവര്‍ ബാലിശസ്വപ്നങ്ങള്‍ ആരോപിക്കും -- വരൂ, ആട്ടേ, ഏതെങ്കിലും സംഗതിവശാല്‍ അതു പെല്ലീസാണോ? അവന് കൂടെക്കൂടെ നിന്നോടു സംസാരിക്കുന്നില്ലെന്ന് എനിക്കു തോന്നുന്നു.....മെലിസാന്ദ :
അതെ, അതെ. അദ്ദേഹം വല്ലപ്പോഴുമൊന്ന് എന്നോടെന്തെങ്കിലും സംസാരിക്കും.....അദ്ദേഹത്തിന് എന്നോടിഷ്ടമില്ലെന്നു തോന്നുന്നു......അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാനതു കണ്ടിട്ടുണ്ട്.....പക്ഷേ, എന്നെ കണ്ടുമുട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം എന്തെങ്കിലും എന്നോടദ്ദേഹം സംസാരിക്കാതിരിക്കാറില്ല.......ഗോളാഡ് :
നീയതു തെറ്റിദ്ധരിക്കരുത്. അതവന്റെ സ്വഭാവമാ........അവന് എപ്പോഴും അങ്ങനെതന്നെയായിരുന്നു. ഏതാണ്ടൊരു വിചിത്ര രീതിക്കാരനാണ് പുള്ളി. പോരെങ്കില്‍ ഇപ്പോഴാകട്ടെ, അവന്റെ മനസ്സിനു വല്ലാത്തൊരു കുണ്ഠിതവും കടന്നുകൂടിയിട്ടുണ്ട്........മരിക്കാന്‍ കിടക്കുന്ന ഒരു സ്നേഹിതനെ പോയിക്കാണാന്‍ തരപ്പെടാത്തതുകൊണ്ട്, ഇപ്പോള്‍ അവന്റെ ചിന്തമുഴുവന്‍ അയാളിലാണ്. അവന്റെ ഈ മട്ടെല്ലാം മാറും; അവന് വ്യത്യാസപ്പെടും; നിനക്കുതന്നെ കാണാം; അവന് ചെറുപ്പമാണ്.............മെലിസാന്ദ :
പക്ഷേ..........അത്.......അതല്ല........അതല്ല.................
അതു പിന്നെന്താണ്?--ഞങ്ങള്‍ ഇവിടെ നയിക്കുന്ന ജീവിതം നിനക്കു പിടിക്കുന്നില്ലേ? നിനക്കിവിടെ വല്ലാത്ത മുഷിവുതോന്നുന്നുണ്ടോ? കൊട്ടാരം വളരെ പഴയതും ഇരുളടഞ്ഞതുമാണ്.......വളരെ തണുപ്പുള്ളതും അഗാധവുമാണ്......അതു പരമാര്‍ത്ഥംതന്നെ. ഇതില്‍ ജീവിക്കുന്നവരെല്ലാം വളരെ പ്രായം ചെന്നവരുമാണ്.....വെളിച്ചംകടക്കാത്ത വനവീഥികളോടുകൂടിയ ഈ നാടും നിനക്കു മുഷിപ്പായിത്തോന്നിയേയ്ക്കാം. പക്ഷേ, ഒരാള്‍ക്കു വേണമെങ്കില്‍, ഇതെല്ലാം കൂടുതല്‍ ഉല്ലാസകരമാക്കിത്തീര്ക്കാന് സാധിക്കും. പിന്നെ, ആനന്ദം, ആനന്ദം -- ഒരാള്‍ക്കു ദിവസവും മുടങ്ങാതങ്ങനെ ആനന്ദത്തെ ആലിംഗനം ചെയ്യുക സാദ്ധ്യമല്ല. വസ്തുക്കളെ അവ വര്ത്തിക്കന്ന ആ നിലയില്‍ത്തന്നെ എടുക്കണം. എന്നിരുന്നാലും, എന്നോടെന്തെങ്കിലുമൊന്നു പറയൂ. എന്തുമായിക്കൊള്ളട്ടെ, നീ ആഗ്രഹിക്കുന്നത് എന്തും ഞാന്‍ ചെയ്യാം......മെലിസാന്ദ :
അതെ, അതെ; അതു പരമാര്‍ത്ഥമാണ്......ഒരാള്‍ ഇവിടെ ഒരിക്കലും ആകാശം കാണുന്നില്ല.....ഞാന്‍ ഇന്നു രാവിലെ ആദ്യമായിട്ടൊന്നു കണ്ടു......ഗോളാഡ് :
അതാണോ നിന്നെ കരയിക്കുന്നത്, എന്റെ പാവപ്പെട്ട മെലിസാന്ദേ? -- അതല്ലാതെ മറ്റൊന്നുമില്ലേ? -- നീ കണ്ണീര് പൊഴിയ്ക്കുന്നതു നിനക്കാകാശം കാണാന്‍ കഴിയാത്തതുകൊണ്ടാണോ? -- വരൂ, വരൂ; അത്തരം കാര്യങ്ങളെക്കുറിച്ച് കുണ്ഠിതപ്പെട്ടു കരയാന്‍ ഒരാളെ ഒരുവനനുവദിക്കാവുന്ന പ്രായം നിനക്കു കഴിഞ്ഞുപോയി. പിന്നെ, ഇവിടെ ഉഷ്ണകാലമില്ലേ? -- ഇതാ തുടങ്ങാറായിപ്പോയി. നിത്യവും നീ പിന്നെ ആകാശം കാണും......പിന്നെ, അടുത്ത കൊല്ലം......വരൂ, നിന്റെ കൈ എനിക്കു തരൂ; നിന്റെ ആ കൊച്ചുകൈ രണ്ടും എനിക്കിങ്ങു തരൂ! (അദ്ദേഹം അവളുടെ കൈകള്‍ എടുക്കുന്നു) ഓ! ഓ! പിഞ്ചുപൂക്കളെപ്പോലെ എനിക്കു ഞെരടിഞെരിക്കാന് സാധിക്കുന്ന ഈ കുഞ്ഞിക്കയ്യുകള്‍!......ഹെന്ത്! ഞാന്‍ നിനക്കു തന്ന മോതിരം എവിടെ?മെലിസാന്ദ :
മോതിരമോ?ഗോളാഡ് :
അതെ; നമ്മുടെ വിവാഹമോതിരം......എവിടെയാണത്?മെലിസാന്ദ :
എനിക്കുതോന്നുന്നു......എനിക്കു തോന്നുന്നു.......അത് എവിടെയോ ഊര്ന്നുവീണുപോയെന്ന്........ഗോളാഡ് :
വീണുപോയോ?......എവിടെയാ അതു വീണുപോയേ? നീയതു കളഞ്ഞതല്ലേ?മെലിസാന്ദ :
അല്ല, അല്ല;.......അതു വീണുപോയി.........അത് ഊര്ന്നുവീണുപോയിരിക്കണം.......പക്ഷേ എനിക്കറിയാം അതെവിയെയാണെന്ന്........ഗോളാഡ് :
എവിടെയാണത്?മെലിസാന്ദ :
അങ്ങേയ്ക്കറിയാമല്ലോ......അങ്ങേയ്ക്കറിയാമല്ലോ......കടലിനടുത്തുള്ള ഗുഹ?ഗോളാഡ് :
അതെ...............
ശരി, അതവിടയായിരുന്നു.....അതവിടെ ആയിരുന്നിരിക്കണം. അതെ, അതെ; ഞാന്‍ ഓര്‍ക്കുന്നു. കൊച്ചു നിയോള്ഡിനു കക്ക പെറിക്കിയെടുക്കാന് ഇന്നു രാവിലെ ഞാനവിടെ പോവുകയുണ്ടായി. അവിടെ നല്ല ഭംഗിയുള്ള ചിപ്പിക്കക്കകള് ധാരാളമുണ്ട്. അതെന്റെ വിരലില്നിന്നൂര്ന്നുപോയി.......അപ്പോഴുണ്ട് സമുദ്രമങ്ങനെ ആര്ത്തിരമ്പിക്കൊണ്ടു പാഞ്ഞുവരുന്നു. അതിനാല്‍ പെട്ടെന്നെനിക്ക് അവിടംവിട്ടു പോരേണ്ടിവന്നു -- അതു കണ്ടുപിടിക്കുന്നതിനുമുമ്പ്!ഗോളാഡ് :
അവിടെത്തന്നെയാണെന്ന് നിനക്ക് തീര്‍ച്ചയുണ്ടോ?മെലിസാന്ദ :
അതേ, അതേ; നല്ല തീര്‍ച്ച......അതു വിരലില്നിന്നങ്ങനെ ഊര്ന്നിറങ്ങുന്നതുപോലും എനിക്കനുഭവപ്പെട്ടതല്ലേ!......അപ്പോഴുണ്ട്, പെട്ടെന്നൊരിരമ്പം -- തിരമാലകളുടെ.....ഗോളാഡ് :
നീ ഉടന്‍തന്നെ പോയിനോക്കി, അതു കണ്ടിപിടിച്ചെടുക്കണം.മെലിസാന്ദ :
ഞാന്‍ തന്നെ പോയി കണ്ടുപിടിച്ചെടുക്കണോ?ഗോളാഡ് :
അതേ; വേണം!മെലിസാന്ദ :
ഇപ്പോഴോ?......ഉടനെയോ?....... -- ഈ ഇരുട്ടിലോ?ഗോളാഡ് :
ഇപ്പോള്‍, ഉടന്‍, ഈ ഇരുട്ടില്‍........ഉടന്‍തന്നെ പോയി നീയതു കണ്ടുപിടിച്ചെടുക്കണം. ആ മോതിരം നഷ്ടപ്പെടുന്നതിനേക്കാള്‍, എനിക്കുള്ള മറ്റെല്ലാംതന്നെ ഞാന്‍ നഷ്ടപ്പെടാം. നിനക്കറിഞ്ഞുകൂടാ അതെന്താണെന്ന്. എവിടെനിന്നാണത് വരുന്നതെന്നു നിനക്കറിവില്ല; നീ ചെല്ലുന്നതിനുമുമ്പ് കടല്‍ ഇരച്ചാര്ത്തുവന്നു അതെടുത്തുകൊണ്ടുപോകും.....വേഗമാകട്ടെ.....ഉടന്‍തന്നെ ചെന്നു നീയതു തിരഞ്ഞുപിടിക്കണം.മെലിസാന്ദ :
എനിക്കു ധൈര്യം വരുന്നില്ല.......എനിക്കു ധൈര്യം വരുന്നില്ല -- തനിച്ചു പോകാന്‍.............ഗോളാഡ് :
പോ, പോ.....ആരുടെ കൂടെപ്പോയാലും വേണ്ടില്ല......പക്ഷേ നീ ഉടന്‍തന്നെ പോണം.............എന്താ, നീ കേള്‍ക്കുന്നോ? -- ഊംംം, വേഗം!..........പെല്ലീസിനോട് പറയൂ നിന്റെ കൂടെ വരാന്‍.............മെലിസാന്ദ :
പെല്ലീസോ?.....പെല്ലീസിന്റെ കൂടെയോ?...........പക്ഷേ......പക്ഷേ, പെല്ലീസ് അതിഷ്ടപ്പെടില്ല.........ഗോളാഡ് :
നീയവനോട് പറയുന്നതെല്ലാം അവന് ചെയ്യും. നീ അറിയുന്നതിനേക്കാള്‍ നന്നായിട്ടെനിക്കറിയാം പെല്ലീസിനെ!...........പോവൂ, പോവൂ!.........ഒന്നു വേഗമാകട്ടെ! മോതിരം കിട്ടിയിട്ടല്ലാതെ ഞാന്‍ ഉറങ്ങുകയില്ല...........മെലിസാന്ദ :
ഓ! ഓ! എനിക്ക് ഒരു സുഖവുമില്ല!........എനിക്ക് ഒരു സുഖവുമില്ല!............. (കരഞ്ഞുകൊണ്ട് പോകുന്നു)
രംഗം മൂന്ന്
ഒരു ഗുഹയുടെ മുമ്പില്പെല്ലീസ് :(പെല്ലീസും മെലിസാന്ദയും പ്രവേശിക്കുന്നു)
(വലിയ വികാരവിക്ഷോഭത്തോടെ സംസാരിക്കുന്നു.) അതേ, ഇതാണ് സ്ഥലം.......നാം ആ സ്ഥാനത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു. വല്ലാത്ത ഇരുട്ട്. എല്ലാടവും ഒന്നുപോലെ ഇരുളടഞ്ഞിരിക്കുന്നതിനാല് ഗുഹയെ വേര്‍തിരിച്ചറിയാന്‍ അസാദ്ധ്യമായിരിക്കയാണ്. ആ വഴിക്കു നക്ഷത്രങ്ങളില്ല. ചന്ദ്രന് ആ വലിയ മേഘപടലത്തെ ഛിദ്രിച്ചുകഴിയുന്നതുവരെ നമുക്കിവിടെ കാത്തുനില്ക്കാം; അതു ഗുഹമുഴുവനും പ്രകാശിപ്പിക്കും; പിന്നീട് അപകടം കൂടാതെ അകത്ത് കടക്കാന്‍ നമുക്ക് കഴിയുകയും ചെയ്യും. വലിയ അപകടംപിടിച്ച ചില സ്ഥാനങ്ങളുണ്ട്. ഒരിക്കലും മാറ്റൊലി പുറപ്പെടുവിച്ചിട്ടില്ലാത്ത രണ്ടു തടാകങ്ങള്ക്കിടയില്ക്കൂടെയുള്ള ഈ വഴിയാകട്ടെ വളരെ ഇടുങ്ങിയതുമാണ്. ഒരു പന്തമോ വിളക്കോ മറ്റോ കൊണ്ടു പോരാമായിരുന്നു; ഞാനോര്‍ത്തില്ല. പക്ഷേ ആകാശത്തെ വെളിച്ചം മതിയായേയ്ക്കുമെന്നു തോന്നുന്നു -- നീ ഇതുവരെ ഒരിക്കലും ഈ ഗുഹയില്‍ കടക്കുവാന്‍ ധൈര്യപ്പെട്ടിട്ടില്ല, ഉവ്വോ?മെലിസാന്ദ :
ഇല്ല.പെല്ലീസ് :
വരൂ, അകത്തു വരൂ!...അദ്ദേഹം നിന്നോട് ചോദിക്കുകയാണെങ്കില്‍ മോതിരം കളഞ്ഞുപോയ സ്ഥലത്തെക്കുറിച്ചു വര്‍ണ്ണിച്ചു പറയാന്‍ നിനക്കു സാധിക്കണം..........ഏറെ വലിപ്പമുള്ളതും വളരെ ഭംഗിയുള്ളതുമായ ഒരു ഗുഹയാണിത്. ചെടികളോടും മനുഷ്യരോടും സാദൃശ്യമുള്ള കല്പ്പുറ്റുകള് ഇവിടെയുണ്ട്. ഇതുമുഴുവനും നീലിച്ച നിഴലുകളാല്‍ നിറയപ്പെട്ടതാണ്. ആരും ഇതിന്റെ മറ്റേ അറ്റംവരെ ഇതുവരെ പോയിട്ടില്ല. വമ്പിച്ച നിധികള്‍ അവിടെ ഒളിഞ്ഞുകിടക്കുന്നുണ്ടെന്നു തോന്നുന്നു. പണ്ടുകാലത്തുണ്ടായിട്ടുള്ള കപ്പല്ച്ഛേദങ്ങളുടെ അവശിഷ്ടങ്ങള്‍ നീയവിടെക്കാണും. പക്ഷേ വഴിതെളിക്കാനൊരാളെക്കൂടാതെ ഒരാള്‍ അകത്തേയ്ക്കുപോകാന്‍ ഉദ്യമിക്കരുത്. ഒരിക്കല്‍ അങ്ങനെ ചിലര്‍ പുറപ്പെടുകയുണ്ടായി. അവര്‍ ഒരിക്കലും തിരിച്ചുവന്നിട്ടില്ല. അകത്തേയ്ക്കു അത്ര ദൂരം തനിച്ചുപോകാന്‍ ഈ എനിക്കുതന്നെ ധൈര്യംപോരാ. തിരമാലകളുടെയോ ആകാശത്തിന്റേയോ വെളിച്ചം ഇനി ഒട്ടും കാണാന്‍ കഴിയാതെയാകുന്ന ആ നിമിഷത്തില്‍ നമുക്ക് നില്ക്കാം. അതാ, അവിടെ, ഒരാള്‍ ഒരു കൊച്ചുവിളക്കു കൊളുത്തുന്നു എന്നു വിചാരിക്കൂ; എങ്കില്‍, ഇതിന്റെ മേല്‍ഭാഗം ആകാശംപോലെ, നക്ഷത്രങ്ങള്കൊണ്ടു പൊതിഞ്ഞിട്ടുള്ളതായിത്തോന്നിപ്പോകും. സ്ഫടികത്തിന്റേയും ഉപ്പിന്റേയും അംശങ്ങള്‍ പാറകളില്‍ കലര്ന്നിട്ടുള്ളതുകൊണ്ടാണത് എന്നു പറയപ്പെടുന്നു..........നോക്കൂ, നോക്കൂ, ആകാശം തെളിഞ്ഞുതുടങ്ങുന്ന മട്ടാണെന്നു തോന്നുന്നല്ലോ..........എനിക്കു നിന്റെ കൈയിങ്ങു തരൂ; വിറയ്ക്കാതേ!.......ഇങ്ങനെ വിറയ്ക്കാതേ!.......ഒരപകടവുമില്ല; സമുദ്രത്തിന്റെ വെളിച്ചം കാണാന്‍ കഴിയാതാകുന്ന ആ നിമിഷത്തില്‍, നമുക്കങ്ങു നിന്നുകളയാം.....ഗുഹയുടെ ഇരമ്പമാണോ നിന്നെ ഭയപ്പെടുത്തുന്നത്?.....അതു നിശീഥത്തിന്റെ നിസ്വനമാണ്. നിശ്ശബ്ദതയുടെ ശബ്ദം.....നമുക്കു പിന്നിലുള്ള കടലിന്റെ ഇരമ്പം നീ കേള്‍ക്കുന്നോ? -- എന്തോ, ഇന്നത്തെ രാത്രി അത്ര സുഖമുള്ളതായി തോന്നുന്നില്ല....ആ; ഇതാ വെളിച്ചം!.......മെലിസാന്ദ :(ഗുഹാമുഖവും അന്തര്‍ഭാഗത്തിന്റെ ഒരുവശവും ചന്ദ്രന് വിപുലമായ തോതില്‍ പ്രകാശിപ്പിക്കുന്നു. ഒരു നിശ്ചിതമായ താഴ്ചയില്‍ തമ്മില്‍ത്തമ്മില്‍ താങ്ങിക്കൊണ്ടു മുട്ടിമുട്ടിയിരിക്കുന്ന, വെള്ളത്തലമുടിക്കാരായ, പ്രായാധിക്യമുള്ള മൂന്നു ഭിക്ഷക്കാര് പ്രത്യക്ഷപ്പെടുന്നു)
ആ!..............പെല്ലീസ് :
ഉം? എന്താ?മെലിസാന്ദ :
അതാ.......(അവള് ആ മൂന്നുഭിക്ഷക്കാരുടെ നേര്‍ക്കു ചൂണ്ടിക്കാണിക്കുന്നു.)പെല്ലീസ് :
അതെ; അതെ; ഞാനും അവരെ കാണുകയുണ്ടായി.......മെലിസാന്ദ :
നമുക്ക് പോകാം!..........നമുക്ക് പോകാം!...........................പെല്ലീസ് :
അതെ; ഉറക്കം പിടിച്ച മൂന്നു വൃദ്ധയാചകന്മാരാണവര്...... നാട്ടില്‍ ഒരു ക്ഷാമമുണ്ട്.......ഉറങ്ങാന്‍ എന്തിനാണവര്‍ ഇവിടെ വന്നത്?...........മെലിസാന്ദ :
നമുക്ക് പോകാം!......വരൂ, വരൂ, നമുക്ക് പോകാം.......പെല്ലീസ് :
സൂക്ഷിക്കണേ; അത്ര ഉച്ചത്തില്‍ സംസാരിക്കാതിരിക്കൂ...... അവരെ നാം ഉണര്ത്താന്പാടില്ല......ഇപ്പോഴും അവര്‍ ഗാഢനിദ്രയില്‍ ആണ്ടിരിക്കുകയാണ്.......വരൂ!.....മെലിസാന്ദ :
എന്നെ വിടൂ!......എന്നെ വിടൂ!.........ഞാന്‍ തനിയേതന്നെ നടന്നുകൊള്ളാം!............പെല്ലീസ് :
നമുക്കിനിയും വരാം -- വേറൊരു ദിവസം!.........(പോകുന്നു)
രംഗം നാല്
കൊട്ടാരത്തില്‍ ഒരു മുറിആര്ക്കേല് :(ആര്‍ക്കേലും പെല്ലീസും പ്രത്യക്ഷപ്പെടുന്നു.)
നീ നോക്ക്.......ഈയൊരു സന്ദര്‍ഭത്തില്‍ നിന്നെ ഇവിടെ നിന്നും പറഞ്ഞയയ്ക്കാന് ഒരു നിവൃത്തിയുമില്ല........അതിനു പല കാരണങ്ങളുമുണ്ട്. ഫലശൂന്യമായ ഈ യാത്രയ്ക്കു നിനക്കുള്ള പ്രതിബന്ധങ്ങള്‍ പലതാണ്......ഒന്നാമതു നിന്റെ പിതാവിന്റെ ഇപ്പോഴത്തെ സ്ഥിതി........അതുസംബന്ധിച്ച പരമാര്‍ത്ഥം ഇതാ ഇതുവരെ നിന്നില്‍നിന്നു മനഃപൂര്‍വ്വം ഞങ്ങള്‍ മറച്ചുവെയ്ക്കുകയായിരുന്നു......പക്ഷേ, ആശയ്ക്കു വഴിയില്ലാത്ത ഒരു കാര്യമാണത്.......ആ ഒറ്റ സംഗതിമാത്രം മതിയാകും. ഇവിടെ നിന്നെത്തടഞ്ഞുനിര്ത്താന്.....പക്ഷേ അതു മാത്രമല്ല........മറ്റു കാരണങ്ങളും പലതുണ്ട്.......പോരെങ്കില്‍, ഒന്നാലോചിച്ചുനോക്കൂ, നമ്മുടെ ശത്രുക്കളെല്ലാം ഉണര്‍ന്നിരിക്കുന്നു. നമ്മുടെ പ്രജകള്‍ പട്ടിണികിടന്നു പൊരിഞ്ഞുമരിക്കുന്നു. നാടിന്റെ നാനാഭാഗങ്ങളിലും അതൃപ്തിയും പ്രക്ഷോഭവും പ്രത്യക്ഷപ്പെടുത്തുന്ന മുറവിളികളും ഭീഷണികളും അടിക്കടി വര്‍ദ്ധിച്ചുവരുന്നു -- ഈ സന്ദര്‍ഭത്തിലാണോ നീ ഞങ്ങളെ വിട്ടുപോകണമെന്നാവശ്യപ്പെടുന്നത്? പിന്നെ....എന്തിനാണിപ്പോള്‍ ഈ യാത്രതന്നെ? മാഴ്സെലസ് മരിച്ചുപോയി; ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതിനേക്കാള്‍ ഗൗരവമേറിയ കര്‍ത്തവ്യങ്ങള്‍ ജീവിതത്തിനുണ്ടുതാനും......നീ പറയുന്നു, നിന്റെ ഈ കര്‍മ്മശൂന്യമായ ജീവിതം നിനക്കു മുഷിഞ്ഞു എന്ന്. പക്ഷേ, നീ ഒന്നോര്‍ക്കണം: നിരത്തുവക്കില്‍ കണ്ടുകിട്ടാവുന്നവയല്ല പ്രവൃത്തിയും കര്‍ത്തവ്യവും. അവ കടന്നുപോകുന്ന ആ നിമിഷത്തില്‍ അവയെ സ്വാഗതംചെയ്തു അകത്ത് വിടുന്നതിലേയ്ക്ക് ഒരുവന് അരയും തലയും മുറുക്കി ഇറയത്തിറങ്ങി അവ വരുന്നതും നോക്കിക്കൊണ്ട് അങ്ങനെ കാത്തുനിന്നാലേ ഒക്കൂ. നിത്യവും അവ വന്നു കടന്നു പോകുന്നുണ്ട്. നീയവയെ ഒരിക്കലും കണ്ടിട്ടില്ലേ? ഞാനാണെങ്കില്‍ ഒട്ടുമുക്കാലും കാഴ്ചശക്തി നശിച്ചവനായിരിക്കയാണ്; എന്നാലും കാണുവാനായി ഞാന്‍ നിന്നെ പഠിപ്പിക്കാം. അവയെ അകത്തുവിളിക്കാന് നീയെന്നാഗ്രഹിക്കുന്നോ അന്ന് അവയെ ഞാന്‍ നിനക്ക് കാണിച്ചുതരാം. പക്ഷേ, നീ ഞാന്‍ പറയുന്നത് കേള്‍ക്ക്. നിന്റെ ജീവിതത്തിന്റെ അടിത്തട്ടുകളില്നിന്നാണ് ഈ യാത്രാമോഹം ഉയര്‍ന്നുവന്നു നിന്നെ അലട്ടുന്നതെന്നു നീ വിചാരിക്കുന്നുവെങ്കില്‍, അതു നിര്‍വ്വഹിക്കുന്ന കാര്യത്തില്‍ ഒരിക്കലും ഞാന്‍ നിന്നെ തടസ്സപ്പെടുത്തികയില്ല. എന്തുകൊണ്ടെന്നാല്‍, നിന്റെ സത്തയ്ക്കും നിന്റെ വിധിക്കും എന്തെന്തു സംഭവങ്ങളാണ് നിനക്കര്പ്പിക്കേണ്ടതായിട്ടുള്ളതെന്നു എന്നേക്കാള്‍ നന്നായിട്ടറിയേണ്ടത് നീയാണ്. എന്താണ് സംഭവിക്കാനിടയുള്ളതെന്നു നാം അറിയുന്നതുവരെ നീ കാക്കണമെന്നു മാത്രമേ ഞാന്‍ നിന്നോട് പറയുകയുള്ളൂ........പെല്ലീസ് :
എനിക്കെത്രനാള്‍ കാക്കേണ്ടതായിട്ടുണ്ട്?ആര്‍ക്കേല്‍ :
ഏതാനും ആഴ്ചകള്‍; ഒരുപക്ഷേ, ഏതാനും ചില ദിവസങ്ങള്‍........പെല്ലീസ് :
ഞാന്‍ കാക്കാം...............
മൂന്നാമങ്കം
രംഗം ഒന്ന്
കൊട്ടാരത്തില്‍ ഒരു മുറിപെല്ലീസ് :(പെല്ലീസും മെലിസാന്ദയും പ്രത്യക്ഷപ്പെടുന്നു. മുറിയുടെ അങ്ങേ അറ്റത്ത് ഒരു `കൊണ്ട' കൊണ്ടു മെലിസാന്ദ നെയ്തുകൊണ്ടിരിക്കുകയാണ്)
നിയോള്‍ഡ് തിരിച്ചെത്തിയിട്ടില്ല; എവിടെയാ അവര്‍ പോയിട്ടുള്ളത്?മെലിസാന്ദ :
അവന് വഴിയിലെന്തോ ഒരു ശബ്ദം കേട്ടു; അതെന്താണെന്നറിയാന്‍ പോയിരിക്കയാണ്......പെല്ലീസ് :
മെലിസാന്ദേ!...............മെലിസാന്ദ :
എന്താ?പെല്ലീസ് :
നിനക്കിപ്പോഴും കണ്ണുപിടിക്കുന്നോ ഇങ്ങനെ ജോലി ചെയ്യാന്‍?...........മെലിസാന്ദ :
ഇരുട്ടിലും ഞാന്‍ ഭംഗിയായി ജോലിചെയ്യും.........പെല്ലീസ് :
കൊട്ടാരത്തിലുള്ളവരെല്ലാം നല്ലപോലെ ഉറക്കംപിടിച്ചെന്നു തോന്നുന്നു. നായാട്ടുകഴിഞ്ഞ് ഗോളാഡ് തിരിച്ചെത്തിയിട്ടില്ല. നേരം വളരെ വൈകി. എങ്ങനെയായാലും........... ആട്ടെ, ഇപ്പോഴും അദ്ദേഹത്തിനു ആ വീഴ്ചകൊണ്ടുള്ള ക്ലേശം ഉണ്ടാകുന്നുണ്ടോ?മെലിസാന്ദ :
അദ്ദേഹത്തിനൊട്ടുംതന്നെ ക്ലേശമില്ലെന്നാണ് എന്നോട് പറഞ്ഞത്.പെല്ലീസ് :
അദ്ദേഹം കുറച്ചുകൂടി സൂക്ഷിക്കണം. ഇരുപതുവയസ്സു പ്രായമുള്ള കാലത്തെപ്പോലെ അദ്ദേഹത്തിന്റെ കയ്യും കാലും ഇനിയൊരിക്കലും വഴങ്ങിക്കൊടുത്തെന്നു വരില്ല........നക്ഷത്രങ്ങളും മരത്തലപ്പുകളില്‍ പതിക്കുന്ന ചന്ദ്രികയും ഈ കിളിവാതിലില്‍ക്കൂടി എനിക്കു കാണാന്‍ കഴിയും. നേരം വൈകി; അദ്ദേഹം ഇപ്പോഴെങ്ങും തിരിച്ചുവരില്ല. (വാതില്ക്കല് ഒരു മുട്ട്) ആരാ അവിടെ?........അകത്തേയ്ക്കു വരൂ! (വാതില്‍ തുറന്നുകൊണ്ട് നിയോള്‍ഡ് മുറിയിലേയ്ക്കു പ്രവേശിക്കുന്നു.) നീയായിരുന്നോ ആ മുട്ടിയത്?.......വാലിതലിന്മേല് മുട്ടേണ്ട സമ്പ്രദായം അങ്ങനെയല്ല...........എന്തോ ഭാഗ്യദോഷം സംഭവിച്ച മട്ടിലായിരുന്നു അത്; നോക്കൂ, നീ നിന്റെ ഇളയമ്മയെ ഭയപ്പെടുത്തിക്കളഞ്ഞു.കൊച്ചുനിയോള്ഡ്:
ഞാന്‍ ഒരിത്തിര്യേ മുട്ട്യോള്ളൂല്ലോ!പെല്ലീസ് :
നേരം വൈകി; അച്ഛന് ഇന്നിനി തിരിച്ചെത്തുമെന്നു തോന്നുന്നില്ല. കിടക്കാന്‍ പോകാന്‍ സമയമായി.കൊച്ചുനിയോള്ഡ്:
നിങ്ങളൊക്കെപ്പോണേനുമുമ്പ് ഞാമ്പോവൂല്ല കിടക്കാന്‍.പെല്ലീസ് :
എന്ത്?.......എന്താ നീ പറയുന്നെ?കൊച്ചുനിയോള്ഡ്:
ഞാമ്പറഞ്ഞെ.....നിങ്ങളൊക്കെക്കെടക്കണേനുമുമ്പ്.........(അവന് പൊട്ടിക്കരഞ്ഞുകൊണ്ട് മെലിസാന്ദയുടെ അരികെച്ചെന്നഭയം പ്രാപിക്കുന്നു.)മെലിസാന്ദ :
എന്താണിത് നിയോള്ഡേ? എന്താണിത്? നീ എന്തിനാ ഇങ്ങനെ പൊട്ടിക്കരയുന്നെ?നിയോള്‍ഡ് :
(തേങ്ങിക്കൊണ്ട്) എന്താന്നുവച്ചാല്........ഓ! ഓ! എന്താന്നുവച്ചാല്.............
എന്താണ്? എന്താ?..........എന്നോട് പറയൂ.നിയോള്‍ഡ് :
എളേമ്മേ.............എളേമ്മേ..............എളേമ്മ പോവ്വോ........മെലിസാന്ദ :
എന്ത്? നിനക്കെന്തുപറ്റി നിയോള്ഡേ?.........ഞാന്‍ പോകുന്ന കാര്യം ഒരിക്കലും സ്വപ്നം കണ്ടിട്ടുപോലുമില്ലല്ലോ!നിയോള്‍ഡ് :
ഉവ്വ്........ഉവ്വ്.........അച്ഛന് പൊയ്ക്കഴിഞ്ഞു.......അച്ഛന് തിരിച്ചുവന്നിട്ടില്ല......ഇപ്പൊ എളേമ്മേം പോവ്വോ.........ഞാങ്കണ്ടൂ.............ഞാങ്കണ്ടൂ അത്...........മെലിസാന്ദ :
പക്ഷേ, അങ്ങനെയൊരു കാര്യത്തെപ്പറ്റി ആരും ശബ്ദിച്ചിട്ടുപോലുമില്ലല്ലോ നിയോള്ഡേ........ആട്ടെ, എന്താ സംഗതി?.............നിനക്കെങ്ങനെ മനസ്സിലായി ഞാന്‍ പോവുകയാണെന്ന്?നിയോള്‍ഡ് :
ഞാങ്കണ്ടൂ.......ഞാങ്കണ്ടൂ അത്.......എളേമ്മ പറഞ്ഞു അമ്മാമനോട്.............പെല്ലീസ് :
അവനുറക്കം വരുന്നുണ്ട്......അവന് സ്വപ്നം കണ്ടതാണ്........ആട്ടെ, ഇവിടെ വരൂ നിയോള്ഡേ, നീയുറക്കമായോ? വരൂ, ഈ കിളിവാതിലില്‍ക്കൂടി ഒന്നു പുറത്തേയ്ക്കു നോക്കൂ.......അതാ, വാത്തുകള്‍ നായ്ക്കളുമായി യുദ്ധം ചെയ്യുന്നു..........നിയോള്‍ഡ് :
(കിളിവാതില്ക്കല്) ഓ! ഓ! ദാ, അതിന്യോക്കെപ്പിടിക്കാന് കെടന്നോട്വാ....ആ പട്ടികള്‍....ഓടിച്ചിട്ടു പിടിക്ക്യുവാ! ഓ! ഓ! വെള്ളം!...ചെറക്!....ചെറക്!.....അതെല്ലാം പേടിച്ചുപോയി......പെല്ലീസ് :
(മെലിസാന്ദയുടെ സമീപം മടങ്ങിച്ചെന്നിട്ടു) അവന് ഉറക്കമാണ്........ഉറക്കവുമായി മല്ലുപിടിക്കുകയാണവന്.......അവന്റെ കണ്ണുകള്‍ അടഞ്ഞുതുടങ്ങുന്നു. (അവള് നെയ്തുകൊണ്ടു താഴ്ന്ന സ്വരത്തില്‍ പാടുന്നു) സെയ്ന്റ് ഡാനിയേല്‍, സെയ്ന്റ് മൈക്കേല്‍, ഓ! സെയ്ന്റ് മൈക്കേല്‍, സെയ്ന്റ് റാഫേല്‍, ഓ!നിയോള്‍ഡ് :
(കിളിവാതില്ക്കല്) ഓ! ഓ! അമ്മേ!......................മെലിസാന്ദ :
(പെട്ടെന്നെഴുന്നേറ്റിട്ട്) എന്താ നിയോള്ഡേ?......എന്താ?നിയോള്‍ഡ് :
ഒരൂട്ടം ഞാങ്കണ്ടു......ജനേലേക്കൂടി......... (പെല്ലീസും മെലിസാന്ദയും കിളിവാതില്ക്കല് ഓടിയെത്തുന്നു.)പെല്ലീസ് :
ജനലിക്കല്‍ എന്താണുള്ളത്? നീ കണ്ടതെന്താ?നിയോള്‍ഡ് :
ഓ! ഓ! ഒരൂട്ടം കണ്ടു ഞാന്‍......ഒന്നൂല്ല......ഒന്നൂല്ല.....എനിക്കു കാണാമ്മേല...........
എനിക്കും...............പെല്ലീസ് :
എവിടെയായിട്ടാ നീ ഒരുകൂട്ടം കണ്ടത്? ഏതുവഴിക്ക്?നിയോള്‍ഡ് :
ദേ, അവിടെ.......ദേ അവിടെ......അതിപ്പൊ പൊയ്ക്കഴിഞ്ഞു.പെല്ലീസ് :
അവനെന്താണ് പറയുന്നതെന്ന് അവനുതന്നെ അറിഞ്ഞുകൂടാ. അവന് കാടിനുമീതെ ചന്ദ്രിക കണ്ടിരിക്കണം. പലപ്പോഴും വളരെ വിചിത്രമായ ഛായാരൂപങ്ങള്‍ ഉണ്ടാകാറുണ്ട്........അല്ലെങ്കില്‍ നിരത്തില്‍ക്കൂടെ വല്ലതും കടന്നുപോയിരിക്കണം......അല്ലെങ്കില്‍ അവന്റെ ഉറക്കത്തില്ക്കൂടെ...........എന്തുകൊണ്ടെന്നാല്‍.......ഇതാ, നോക്കൂ, നോക്കൂ, അവന് ഉറങ്ങിത്തുടങ്ങി........നല്ലത്!..........നിയോള്‍ഡ് :
(കിളിവാതില്ക്കല്) അച്ഛനവട്യോണ്ട്.......അച്ഛനവട്യോണ്ട്.പെല്ലീസ് :
(കിളിവാതില്ക്കല് ചെന്നിട്ട്) അവന് പറഞ്ഞത് നേരാണ്. ഗോളാഡ് ഇതാ ഇപ്പോള്‍ മുറ്റത്തേയ്ക്കിറങ്ങുകയുണ്ടായി........നിയോള്‍ഡ് :
എന്റെ പൊന്നച്ഛന്‍!......പൊന്നച്ഛന്‍.......ഞാന്‍ ചെന്നു കാണ്വച്ഛനെ!.............. (അവന് ഓടിപ്പോകുന്നു -- നിശ്ശബ്ദത) (ഗോളാഡും, ഒരു വിളക്കെടുത്തുകൊണ്ട് കൊച്ചുനിയോള്ഡും പ്രവേശിക്കുന്നു.)ഗോളാഡ് :
അല്ലാ, നിങ്ങള്‍ ഇപ്പോഴും ഇരുട്ടത്ത് കാത്തിരിക്കുകയാണോ?നിയോള്‍ഡ് :
ഞാനൊരു വിളക്കു കൊണ്ടന്നട്ടെണ്ട്.......ദേമ്മേ ഒരു വല്യേ വെളക്ക്; (അവന് വിളക്കുയര്ത്തിപ്പിടിച്ച് മെലിസാന്ദയുടെ നേര്‍ക്ക് നോക്കുന്നു.) അല്ലാ, അമ്മ കരയ്വാന്നോ? അമ്മേ, അമ്മ കരയ്വാര്ന്നോ? (അവന് പെല്ലീസിന്റെ നേര്‍ക്കു വിളക്കുയര്ത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹത്തേയും നോക്കുന്നു.) അല്ല, അമ്മാമാ, അമ്മാമാ, അമ്മാമനും കരയ്വാന്നോ? അയ്യോ, അച്ഛാ, എന്റെ പൊന്നച്ഛാ, അച്ഛനൊന്നു നോക്കൂ; ദേ, അവര്‍ രണ്ടാളും കരയ്വാര്ന്നു -- രണ്ടാളും!......ഗോളാഡ് :
അവരുടെ കണ്ണിന്റെ നേര്ക്കങ്ങനെ പിടിക്കാതിരി വിളക്ക്!.....................
രംഗം രണ്ട്
കൊട്ടാരത്തിലെ ഒരു മണിമാളിക. കിളിവാതിലുകളില്‍ ഒന്നിന്റെ താഴെക്കൂടി ഒരു കാവല്ത്തിണ്ണ പോകുന്നതായിക്കാണാം.മെലിസാന്ദ :
(കിളിവാതില്ക്കല് അവളുടെ തലമുടി ചീകിവിതുര്ത്തുകൊണ്ട് നില്ക്കുന്നു. അവള് പാടുകയാണ്.)
മുപ്പതുവത്സരങ്ങളായി
ഞാന്‍ തിരക്കയാ -
ണെപ്പൊഴുമദ്ദേഹത്തെ -
സ്സഹജകളേ!
ആയതില്ലെനിക്കെന്നാ -
ലിന്നോളമറിയുവാ -
നാ ദേവനമരുമാ
നിഗൂഢരംഗം.
മുപ്പതുവത്സരങ്ങളായി
ഞാന്‍ നടക്കയാ -
ണെപ്പൊഴുമേവം മമ
സഹജകളേ!
ആയതില്ലെനിക്കെന്നാ -
ലിന്നോളം കണ്ടുമുട്ടാ -
നാ ദേവപാദപാത -
രേഖപോലും!.........
മുപ്പതുവര്ഷമേവം
രാപ്പകല്‍ നടന്നയ്യോ
മല്പ്പദം തളര്‍ന്നുപോയ്
സഹജകളേ!
എങ്ങു,മെവിടെയു,മുണ്ടദ്ദേഹം -
ജനിയെന്നാ -
ലിന്നോളമാര്ന്നിട്ടില്ലെന്
സഹജകളേ!
പോകൂന്നൂ നേരം ശോകമൂകമായ് -പെല്ലീസ് :
വീണ്ടും നഗ്ന -
മാകുന്നൂ മല്പ്പാദങ്ങള്
സഹജകളേ!
ഹാ, മൃതിയടകയാണന്തി -
യല്ലലിലാഴ്വൂ
മാമകാത്മാവെ,ന്നോമല്‍ -
സഹജകളേ!
നിങ്ങള്‍ക്കു പതിനാറാണിന്നിപ്പോള്
പ്രായം,- കാലം
നിങ്ങള്ക്കുള്ളതാണിതെന്
സഹജകളേ!
എന്നൂന്നുവടിയെടുത്തദ്ദേഹ -
ത്തിനെച്ചെന്നു
നിങ്ങളും തിരക്കുകെന്
സഹജകളേ!...........(കാവല്ത്തിണ്ണ വഴിക്കു പെല്ലീസ് പ്രവേശിക്കുന്നു.)
ഹോളോ! ഹോളോ! ഹോ!...........മെലിസാന്ദ :
ആരാണവിടെ?..............പെല്ലീസ് :
ഞാന്‍, ഞാന്‍.......പിന്നേയ്.....ഞാനാ.........ഞാന്‍!.......ഈ നാട്ടിലില്ലാത്ത ഒരു പക്ഷിയെപ്പോലെ പാട്ടുപാടിക്കൊണ്ടു നീ എന്തുചെയ്യുകയാ ആ കിളിവാതില്ക്കല്?............മെലിസാന്ദ :
ഞാന്‍ രാത്രിയിലത്തേയ്ക്ക് എന്റെ തലമുടി ശരിപ്പെടുത്തുകയാ.....പെല്ലീസ് :
ഞാന്‍ ചുമരിന്മേല് കാണുന്നതെന്താണോ?.......ഞാന്‍ വിചാരിച്ചു നിന്റെ അടുത്തൊരു വിളക്കുണ്ടെന്ന്...............മെലിസാന്ദ :
ഞാന്‍ കിളിവാതില്‍ തുറന്നു........മേടയില്‍ വല്ലാത്ത ഉഷ്ണം......ഇന്നത്തെ ഈ രാത്രി നന്നായിരിക്കുന്നു.പെല്ലീസ് :
അസംഖ്യം നക്ഷത്രങ്ങളുണ്ട്. ഈ രാത്രിയിലെപ്പോലെ അത്രയ്ക്കധികം നക്ഷത്രങ്ങള്‍ ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, ഇപ്പോഴും കടലിനുമീതെയാണ് ചന്ദ്രന്....ഇരുട്ടെത്തു നില്ക്കാതേ മെലിസാന്ദേ! -- അല്പമൊന്നു ചാഞ്ഞുനില്ക്കൂ -- നിന്റെ തലമുടി ആകെക്കൂടിയഴിഞ്ഞുലഞ്ഞ് ഒന്നു ഞാന്‍ കാണട്ടെ!......
ആ നിലയില്‍ ഞാന്‍ ഭയങ്കരിയാണ്.................പെല്ലീസ് :(കിളിവാതിലില്ക്കൂടെ അവള് വെളിയിലേയ്ക്കു ചായുന്നു.)
ഓ! ഓ! മെലിസാന്ദേ!........ഓ! നീ സുന്ദരിയാണ്........ആ നിലയില്‍ നീ അതിസുന്ദരിയാണ്! ചായൂ!........ചായൂ!......കുറേക്കൂടി നിന്നോടടുത്തുവരട്ടെ ഞാന്‍........മെലിസാന്ദ :
ഇതില്‍ക്കൂടുതല്‍ നിങ്ങളോടടുത്തുവരാന് എനിക്കു സാദ്ധ്യമല്ല.....എനിക്കു കഴിവുള്ളിടത്തോളം ഞാന്‍ ചാഞ്ഞു നില്ക്കുകയാ.....പെല്ലീസ് :
മുകളിലേയ്ക്ക് ഇനി കയറാന്‍ എനിക്കു സാദ്ധ്യമല്ല.......ഈ രാത്രിയില്‍....ആട്ടെ, നിന്റെ കൈയെങ്കിലും ഒന്നെനിക്കു തരൂ!....ഞാന്‍ പോകുന്നതിനു മുമ്പ്......ഞാന്‍ നാളെ ഇവിടം വിടുകയാണ്.........മെലിസാന്ദ :
അല്ല, അല്ല. അല്ല്ല....................പെല്ലീസ് :
അതെ, അതെ, അതെ..........ഞാന്‍ പോവുകയാണ്.......ഞാന്‍ നാളെ പോവുകയാ.......എനിക്ക് നിന്റെ കൈയൊന്നു തരൂ........നിന്റെ കൈയ്......നിന്റെ കൊച്ചുകൈയ്.....ഓമനകൈയ്.......എന്റെ ചുണ്ടുകള്‍ക്ക്.......മെലിസാന്ദ :
നിങ്ങള്‍ പോവുകയാണെങ്കില്‍, ഞാന്‍ നിങ്ങള്‍ക്കെന്റെ കൈ തരില്ല.............പെല്ലീസ് :
ഓ! തരൂ, തരൂ...........ഒന്നു തരൂന്നേയ്!..........മെലിസാന്ദ :
അപ്പോള്‍, നിങ്ങള്‍ പോവില്ല, ഉവ്വോ?പെല്ലീസ് :
ഞാന്‍ താമസിക്കാം......ഇനിയം താമസിക്കാം........മെലിസാന്ദ :
അതാ, ഞാനൊരു പനിനീര്‍പ്പൂ കാണുന്നു ഇരുളടഞ്ഞ ആ......പെല്ലീസ് :
എവിടെ?.....മതിലിനുമീതെ ഉയര്ന്നുനില്ക്കുന്ന `വില്ലോ' മരത്തിന്റെ കൊമ്പുകള്‍ മാത്രമേ എനിക്കു കാണാന്‍ കഴിയുന്നുള്ളൂ.....മെലിസാന്ദ :
താഴത്തു, താഴത്തു, ഉദ്യാനത്തില്‍; അതാ അവിടെ...... ആ ഇരുണ്ട പച്ച............പെല്ലീസ് :
ഒരു പനിനീര്പ്പൂവല്ലത്.......ഞാന്‍ ഇപ്പോല്‍ത്തന്നെ പോയി നോക്കിക്കളയാം.......പക്ഷേ അതിനുമുന്‍പ്, ആദ്യമായി, നിന്റെ കൈ ഒന്നിങ്ങു തരൂ......നിന്റെ കുഞ്ഞിക്കൈയ്............മെലിസാന്ദ :
ഇതാ, ഇതാ.........ഇനിയും കീഴോട്ട് കുനിയാന്‍ എനിക്കു സാദ്ധ്യമല്ല..........പെല്ലീസ് :
നിന്റെ കൈയിനടുത്തെത്താന് കഴിയുന്നില്ലല്ലോ എന്റെ ചുണ്ടുകള്‍ക്ക്..............
ഒരിത്തിരിപോലും എനിക്കിനി കീഴോട്ടു കുനിയുക സാദ്ധ്യമല്ല.....വീഴാറായിട്ടാണിപ്പോള്ത്തന്നെ എന്റെ നില്‍പ്പ്.....ഓ! ഓ! എന്റെ തലമുടി മാളികമുകളില്‍നിന്നു കിഴോട്ടുലഞ്ഞു വീഴുകയാണ്.....പെല്ലീസ് :(അവള് കുനിഞ്ഞ അവസരത്തില്‍ അവളുടെ തലമുടി പെട്ടെന്നുലഞ്ഞുതിര്ന്നു കീഴോട്ടൊഴുകിവീഴുകയും പെല്ലീസിനെ അതില്‍ മുക്കുകയും ചെയ്യുന്നു.)
ഓ! ഓ! എന്താണിത്? നിന്റെ തലമുടി, നിന്റെ തലമുടി. അത് എന്റെ അടുത്തേയ്ക്കൊഴുകിവരുന്നു!.......നിന്റെ തലമുടി മുഴുവന്‍!........മെലിസാന്ദേ, നിന്റെ തലമുടി മുഴുവന്‍ മാളികമുകളില്‍നിന്നു കീഴോട്ടുലഞ്ഞു വീണിരിക്കുന്നു!..........ഇതാ ഞാനെന്റെ കൈകളില്‍ എടുക്കുന്നു.......എന്റെ ചുണ്ടുകളില്‍ ചേര്‍ക്കുന്നു........എന്റെ കൈത്തണ്ടുകളില്‍ തൂക്കിയിടുന്നു........എന്റെ കഴുത്തിനുചുറ്റും മാലമാലപോലെ ചുറ്റിവളച്ചണിയുന്നു.........ഈ മുറുക്കിപ്പിടിച്ചിട്ടുള്ള എന്റെ കൈകള്‍ ഇന്നു രാത്രി ഇനി ഞാന്‍ നിവര്‍ത്തുകയില്ല.........മെലിസാന്ദ :
എന്നെ വിടൂ!......എന്നെ വിടൂ!.....ഞാന്‍ വീഴും!......നിങ്ങളെന്നെ വീഴിക്കും!........പെല്ലീസ് :
ഇല്ല, ഇല്ല, ഇല്ല......നിന്റേതുപോലുള്ള തലമുടി ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല, മെലിസാന്ദേ! നോക്കൂ, നോക്കൂ!....ഇതു നോക്കൂ! എത്രമാത്രം ഉയരത്തില്‍ നിന്നാണതൊഴുകിവരുന്നത്! എന്നിട്ടും അതിന്റെ തിരച്ചുരുളുകള് ഇതാ എന്റെ മാറുവരെ എത്തുന്നു.......അവയെന്റെ കൈകളില്‍ തത്തുന്നു......അതു മിനുമിനുത്തതാണ്......സ്വര്‍ഗ്ഗത്തില്‍നിന്നു വീണാലെന്നപോലെ അത്ര മൃദുത്വമുള്ളതാണ്! നിന്റെ ഈ തലമുടി കാരണം എനിക്കു സ്വര്‍ഗ്ഗം കാണാന്‍ കഴിയാതെയായിത്തീരുന്നു നീയിതു കാണുന്നുണ്ടോ? നോക്കൂ, നീയിതു കാണുന്നുണ്ടോ? എന്റെ രണ്ട് കൈകള്ക്കുംകൂടി ഇതുതാങ്ങിപ്പിടിക്കാന് സാധിക്കുന്നില്ല. കുറെച്ചുരുളുകള് വില്ലോമരത്തിന്റെ ചില്ലകളില്‍ കുരുങ്ങിക്കിടപ്പുണ്ട്. എന്റെ കൈകളില്‍ അവ പക്ഷികളെപ്പോലെ തെന്നിപ്പിടഞ്ഞുകൊണ്ടിരിക്കുന്നു......അവയ്ക്കെന്നോട് സ്നേഹമുണ്ട്........നിന്നെക്കാളധികം അവയ്ക്കാണ് എന്നോട് സ്നേഹം.........മെലിസാന്ദ :
എന്നെ വിടൂ, എന്നെ വിടൂ......ആരെങ്കിലും പക്ഷേ ഇതിലേ കടന്നുപോയേയ്ക്കാന് മതി.........പെല്ലീസ് :
ഇല്ല, ഇല്ല, ഇല്ല.....ഇന്നു രാത്രി ഞാന്‍ നിന്നെ വിട്ടയക്കില്ല.......നീയെന്റെ തടവുകാരിയാണ്.......ഇന്നു രാത്രി.......രാത്രിമുഴുവന്‍.........രാത്രിമുഴുവന്‍........മെലിസാന്ദ :
പെല്ലീസേ! പെല്ലീസേ!പെല്ലീസ് :
ഞാന്‍ ഈ തലമുടിച്ചുരുളുകള്‍ ചുറ്റിപ്പിണച്ചുകെട്ടുകയാണ്. ഈ വില്ലോമരക്കൊമ്പുകളില് കെട്ടുകയാണ്. ഒരിക്കലും ഇനി നീ ഇവിടെനിന്നു പൊയ്ക്കൂടാ! ഇനി നീ ഒരിക്കലും ഇവിടെ നിന്നുപോകാന്‍ പാടില്ല......നോക്കൂ, ഇതു നോക്കൂ; ഞാന്‍ നിന്റെ തലമുടി ചുംബിക്കുകയാണ്. ഇവിടെ നിന്റെ ഈ മുടിച്ചുരുളുകള്‍ക്കിടയില്‍, എന്റെ ഹൃദയവേദനയാകമാനം എന്നെ വിട്ടുപോയിരിക്കുന്നു......എന്റെ ചുംബനങ്ങള്‍ നിന്റെ തലമുടിയില്‍ ഇഴയുന്നത് നീ കേള്‍ക്കുന്നോ? നിന്റെ തലമുടിയില്‍ ഉടനീളം അവ യാത്ര ചെയ്യുന്നു.....നിന്റെ തലമുടിയുടെ ഓരോ ഇഴയും എന്റെ ചുംബനം നിനക്കു കൊണ്ടുവന്നു സമ്മാനിക്കും........നോക്കൂ, നോക്കൂ, ഇതാ എനിക്കെന്റെ കൈകള്‍ നിവര്‍ത്താന്‍ കഴിയും.......എന്റെ കൈകള്‍ സ്വതന്ത്രമാണ്; പക്ഷേ, അങ്ങനെയാണെങ്കിലും നിനക്കെന്നെ വിട്ടുപോവുക സാദ്ധ്യമല്ല..........
ഓ, ഓ, നിങ്ങള്‍ എന്നെ ശല്യപ്പെടുത്തിയിരിക്കുന്നു. (ഒരു പറ്റം പ്രാവുകള്‍ മണിമാളികവിട്ടു വെളിയിലെത്തി അവള്‍ക്കുചുറ്റും ചിറകടിച്ചു പാറിപ്പറക്കുന്നു) -- എന്തു സംഭവിച്ചു പെല്ലീസേ? എനിക്കു ചുറ്റും എന്താണീ പറന്നുകൊണ്ടിരിക്കുന്നത്?പെല്ലീസ് :
പ്രാവുകള്‍......മണിമാളികവിട്ട് അവ പറക്കുകയാണ്. ഞാന്‍ അവയെ ഭയപ്പെടുത്തി. അവ പറന്നുപോകുന്നു.......മെലിസാന്ദ :
അവ എന്റെ പ്രാവുകളാണ്, പെല്ലീസ് -- നമുക്ക് പോകാം, എന്നെ വിടൂ; അവ ഒരിക്കലും ഇനി തിരിച്ചുവരില്ലായിരിക്കാം!പെല്ലീസ് :
എന്തുകൊണ്ടവയ്ക്ക് തിരിച്ചുവന്നുകൂടാ?മെലിസാന്ദ :
ഇരുട്ടില്‍ വഴിതെറ്റി അവ പലവഴിയായി പിരിഞ്ഞുപോകും......എന്നെ വിടൂ, ഞാന്‍ എന്റെ തല ഉയര്‍ത്തട്ടെ......ഞാന്‍ കാലടികളുടെ ശബ്ദം കേള്‍ക്കുന്നു........എന്നെ വിടൂ!..........അതു ഗോളാഡാണ്.......അതെ, എനിക്കു തോന്നുന്നു അതു ഗോളാഡാണെന്ന്.......അദ്ദേഹം നമ്മുടെ സംസാരം കേട്ടിട്ടുണ്ട്...............പെല്ലീസ് :
വരട്ടെ! വരട്ടെ! മരക്കൊമ്പുകളില്‍ ചുറ്റിപ്പിണഞ്ഞിരിക്കുകയാണ് നിന്റെ തലമുടിച്ചുരുളുകള്‍.........അവ കെട്ടുപിണഞ്ഞു ഇരുട്ടില്‍ അവിടെയങ്ങനെ ചുറ്റിക്കൂടിപ്പോയി.......നില്ക്കണേ! നില്ക്കണേ! വല്ലാതിരുട്ടുള്ള രാത്രിയാണ്.........ഗോളാഡ് :(നടത്തിണ്ണയില്ക്കൂടി ഗോളാഡ് പ്രവേശിക്കുന്നു.)
എന്താ നീയിവിടെ ചെയ്യുന്നെ?പെല്ലീസ് :
എന്താ ഞാനിവിടെ ചെയ്യുന്നത്?.......ഞാന്‍........ഗോളാഡ് :
നിങ്ങള്‍ കുഞ്ഞുങ്ങളാണ്........മെലിസാന്ദേ, ജനലില്‍ക്കൂടി അത്ര കീഴോട്ട് കുനിയാതെ; നീ വീഴും........നേരം വൈകിയെന്നു നിനക്കറിഞ്ഞുകൂടേ? -- ഏതാണ്ടു പാതിരയായിക്കാണും. ഇരുട്ടത്തിങ്ങനെ കളിക്കാതിരി! നിങ്ങള്‍ കുഞ്ഞുങ്ങളാണ്.
(അപസ്മാരാത്മകമായ അവശതയോടെ ചിരിക്കുന്നു)
ഹെന്തു കുഞ്ഞുങ്ങള്‍......ഹെന്തു കുഞ്ഞുങ്ങള്‍......(പെല്ലീസിനോടൊന്നിച്ചു പോകുന്നു.)
രംഗം മൂന്ന്
കൊട്ടാരത്തിലെ നിലവറകള്ഗോളാഡ് :(ഗോളാഡും പെല്ലീസും പ്രവേശിക്കുന്നു)
സൂക്ഷിച്ചോളണേ! -- ഇതാ, ഇതിലേ, ഇതിലേ -- ഈ നിലവറകളില്‍ ഇറങ്ങുവാന്‍ നീയിതുവരെ ധൈര്യപ്പെട്ടിട്ടില്ലേ?പെല്ലീസ് :
ഉവ്വ്, ഒരിക്കല്‍; പക്ഷേ, അതു വളരെക്കാലം മുമ്പായിരുന്നു.ഗോളാഡ് :
അവ ആശ്ചര്യം തോന്നത്തക്കവിധം വിസ്താരമുള്ളതാണ്; എവിടെക്കൊണ്ടുപോയെത്തിക്കുമെന്നു ദൈവത്തിനുമാത്രമറിയാവുന്ന ഭീമാകൃതിയിലുള്ള ഈ ഗുഹകള്‍! ഈ നിലവറക്കുണ്ടുകള്ക്കു മീതെയാണ് ഈ കൊട്ടാരം മുഴുവന്‍ കെട്ടിപ്പടുത്തിട്ടുള്ളത്. ഇവിടം മുഴുവന്‍ ഭരണം നടത്തുന്ന ഈ മാരകമായ ഗന്ധം നീ മണക്കുന്നുണ്ടോ? -- ഞാന്‍ നിന്നെ കാണിച്ചുതരാന്‍ കരുതിയിരുന്നത് അതാണ്. നിനക്കിപ്പോള്‍ത്തന്നെ കാണാവുന്ന ആ കൊച്ചുപാതാളതടാകത്തില്നിന്നാണ് ആ ഗന്ധം എത്തുന്നതെന്നെനിക്കു തോന്നുന്നു. സൂക്ഷിച്ചോളണേ! എന്റെ വിളക്കിന്റ രശ്മികളില്‍ എന്റെ മുമ്പിലായി നടന്നോളൂ. നാം ആ സ്ഥലത്തെത്തുമ്പോള്‍ ഞാന്‍ നിന്നോടു പറയാം....(അവര്‍ നിശ്ശബ്ദരായി മുന്നോട്ടു നടന്നുപോകുന്നു) ഹേയ്, ഹേയ്! പെല്ലീസേ! നില്ക്കൂ! നില്ക്കൂ! (അയാള്‍, അയാളെ കൈയ്ക്കു കടന്നുപിടിക്കുന്നു) ദൈവത്തെ ഓര്‍ത്ത്.....അയ്യോ, നിനക്കു കണ്ടുകൂടേ? ഇനി ഒരൊറ്റ കാല്വെപ്പുമതി.....കഴിഞ്ഞുനിന്റെ കഥ! -- നീയാ പാതാളക്കുണ്ടിലേയ്ക്കു വീഴും!..........പെല്ലീസ് :
എനിക്കു യാതൊന്നും കാണാന്‍ സാധിക്കുന്നില്ല. വിളക്ക് എന്റെ വഴിയെതിരെ വെളിച്ചം വീശിയിരുന്നില്ലല്ലോ!...........ഗോളാഡ് :
എനിക്ക് എന്റെ കാല് വഴുതിപ്പോയി.......പക്ഷേ, ഞാന്‍ നിന്റെ കൈയ്ക്കു കടന്നുപിടിച്ചില്ലായിരുന്നെങ്കില്!........അതെ, അതാ കണ്ടില്ലേ അതാണ് ഞാന്‍ പറഞ്ഞ ആ തടാകം -- കെട്ടിക്കിടന്നു ദുഷിച്ച ആ ജലപ്പരപ്പ്. അതില്‍നിന്നുയരുന്ന ആ മാരകമായ ദുര്‍ഗന്ധം നീ മണക്കുന്നോ? -- കീഴ്ക്കാംതൂക്കായി നില്ക്കുന്ന ആ പാറയുടെ വക്കത്തേയ്ക്കുവന്ന് അതിന്മേല് അല്പം ചാഞ്ഞുനിന്നുകൊണ്ട് നോക്കൂ!.......ആ ഗന്ധം നിന്റെ മുഖത്തു വന്നടിക്കും.പെല്ലീസ് :
ഞാന്‍ കാലേക്കൂട്ടിത്തന്നെ അതു മണത്തുതുടങ്ങിയിരിക്കുന്നു.....ഒരാള്‍ പറഞ്ഞേയ്ക്കും അതു ശവകുടീരത്തിന്റെ ഗന്ധമാണെന്ന്.
അതിലുമധികം........അതിലുമധികം......ചില ദിവസങ്ങളില്‍ ഈ ഗന്ധമാണ് കൊട്ടാരത്തിലാകമാനം വ്യാപിക്കുന്നത്. ഇവിടെ നിന്നാണ് അതുത്ഭവിച്ചെത്തുന്നതെന്ന് രാജാവു വിശ്വസിക്കുന്നില്ല. കെട്ടിക്കടക്കുന്ന ഈ ദുഷിച്ച ജലം ചുറ്റും ചുമരുകെട്ടി നിര്‍ത്തുന്നത് നന്നായിരിക്കും. പോരെങ്കില്‍ ഈ നിലവറകളെല്ലാം നിഷ്കര്‍ഷിച്ചു നോക്കേണ്ട കാലമായിരിക്കുന്നു. ചുമരുകളിലും നിലവറകളുടെ തൂണുകളിലുമുള്ള വിള്ളലുകള്‍ നീ സൂക്ഷിക്കയുണ്ടായോ? ഇവിടെ ഗൂഢവും അശങ്കിതവുമായ ചില ജോലികളുണ്ട്. ശ്രദ്ധ പതിപ്പിക്കാതിരുന്നാല് ഒരു രാത്രി പക്ഷേ കൊട്ടാരം മുഴുവന്‍ വെള്ളത്തിനടിയിലായിപ്പോകും. പക്ഷേ എന്തു ചെയ്യാനാണ്? ആരും ഇവിടെ വരാന്‍ ഇഷ്ടപ്പെടുന്നില്ല. ചുമരുകളില്‍ പലതിലും ബഹുവിചിത്രമായ പലേ വിള്ളലുകളുമുണ്ട്. ഓ! ഇവിടെ......ഇവിടെനിന്നുയരുന്ന ആ മരണത്തിന്റെ ഗന്ധം നീ മണക്കുന്നോ?പെല്ലീസ് :
ഉവ്വ്; നമുക്ക് ചുറ്റും ഇഴഞ്ഞുയരുന്ന മരണത്തിന്റെ ഒരു ഗന്ധം ഇവിടെയുണ്ട്.ഗോളാഡ് :
ചാരിനിന്നോളൂ! പേടിക്കണ്ട.......ഞാന്‍ നിന്നെ പിടിച്ചോളാം..... എനിക്കു തരൂ.......അല്ല, അല്ല, നിന്റെ കൈപ്പടമല്ല.......അതു വഴുതിപ്പോയേയ്ക്കും.........നിന്റെ കൈത്തണ്ട്..........കണങ്കയ്യ്.........ആ പാതാളം നീ കാണുന്നോ? (അസ്വസ്ഥതയോടെ) പെല്ലീസേ? പെല്ലീസേ?...........പെല്ലീസ് :
അതെ, കീഴോട്ട് കീഴോട്ട് ആ പാതാളത്തിന്റെ അടിത്തട്ടുവരെ ഞാന്‍ കാണുന്നുണ്ടെന്ന് എനിക്കു തോന്നുന്നു.........അങ്ങനെ ആ വിറച്ചുകൊണ്ടിരിക്കുന്നതുവെളിച്ചമാണോ?.......നിങ്ങള്‍..........ഗോളാഡ് :(അയാള്‍ നേരെ നിവര്‍ന്നുനിന്നു, ചുറ്റും ഒന്നു തിരിഞ്ഞ് ഗോളാഡിന്റെ നേര്‍ക്കു നോക്കുന്നു.)
(വിറയ്ക്കുന്ന സ്വരത്തില്‍) അതെ, അങ്ങനെ വിറയ്ക്കുന്നത് വിളക്കാണ്..........എല്ലാ വശങ്ങളിലും വെളിച്ചം വീഴുവാന്വേണ്ടി ഞാനത് ആട്ടുകയായിരുന്നു...........പെല്ലീസ് :
എനിക്കിവിടെ വീര്‍പ്പുമുട്ടുന്നു........നമുക്ക് പോകാം!........ഗോളാഡ് :
അങ്ങനെതന്നെ.........നമുക്ക് പോകാം!..........(നിശ്ശബ്ദരായി പോകുന്നു.)
രംഗം നാല്
നിലവറകളിലേയ്ക്കുള്ള ഗോപുരത്തിലെ ഒരു മട്ടുപ്പാവ്പെല്ലീസ് :(ഗോളാഡും പെല്ലീസും പ്രവേശിക്കുന്നു)
ഹാവൂ!..........ഒടുവിലതാ എനിക്കൊന്നു ശ്വാസംവിടാനൊത്തു! ക്ഷണനേരത്തേയ്ക്കു ഞാന്‍ വിചാരിച്ചുപോയി, ബ്രഹ്മാണ്ഡംപോലുള്ള ഈ ഗുഹകളില്‍ ഞാന്‍ ബോധംകെട്ടു വീണേയ്ക്കുമെന്നു......അതെ, വാസ്തവത്തില്‍ ഞാനങ്ങനെ വീഴാന്‍ ഭാവിച്ചതാണ്. ഹോ, അവിടത്തെ വായു! -- ഉരുക്കുകൊണ്ടുള്ള ഒരു മഞ്ഞുകട്ടപോലെ ഈര്‍പ്പം പിടിച്ചതും കനത്തതുമാണത്! ഇരുട്ടോ? -- വിഷംതേച്ച മരപ്പാടപോലെ കനത്തു കട്ടപിടിച്ചത്! എന്നാല്‍ ഇപ്പോഴോ? -- കടലിലൊട്ടുക്കുള്ള കാറ്റു മുഴുവന്‍ ഇഷ്ടംപോലെ കിട്ടുന്നുണ്ട്. ദാ, നോക്കൂ, പുതുതായ ഒരിളംകാറ്റ്.............നേരിയ പച്ചപ്പ് കലര്‍ന്ന ചിറ്റിലകള്ക്കുമീതെ പുതുതായി ഉലഞ്ഞുവിടര്ന്ന ഒരു പച്ചിലപോലെ അത്ര സ്വച്ഛമാണീ കാറ്റ്!.......എന്തിന്! മട്ടുപ്പാവിനടിയില് മുറ്റുനില്ക്കുന്ന പുഷ്പങ്ങളെ, ഇതാ, ഇപ്പോള്‍, നനയ്ക്കുകയായിരുന്നു അവര്‍ പച്ചിലപ്പടര്പ്പിന്റേയും നനഞ്ഞ പനിനീര്‍പ്പൂക്കളുടേയും പ്രിയകരമായ പരിമളം ഇതാ നമ്മുടെ സമീപത്തേയ്ക്കു വായുവില്‍ തത്തിത്തത്തിവരികയാണ്.......ഏതാണ്ട് മദ്ധ്യാഹ്നത്തോടടുത്തിരിക്കണമെന്നു തോന്നുന്നു, നേരം. പുഷ്പങ്ങള്‍ മണിമാളികയുടെ നിഴലിലായിക്കഴിഞ്ഞിരിക്കുന്നു.....അതെ, നേരം മദ്ധ്യാഹ്നമായി........അതാ കേള്‍ക്കുന്നു മണിയടി.......കുഞ്ഞുങ്ങള്‍ കളിക്കുവാന്‍ കടല്‍ക്കരയിലേയ്ക്കു പുറപ്പെടാറായി...........ആ ഗുഹകളില്‍ നാം ഇത്രയേറെ നേരം തങ്ങിനിന്ന കാര്യം, പരമാര്‍ത്ഥം പറഞ്ഞാല്‍, ഞാനറിഞ്ഞേയില്ല കേട്ടോ.ഗോളാഡ് :
നാം അവയ്ക്കുള്ളിലിറങ്ങിയത് ഏതാണ്ടൊരു പതിനൊന്നു മണിയോടുകൂടിയായിരുന്നെന്നു തോന്നുന്നു.പെല്ലീസ് :
ഹേയ്, അതിലും നേരത്തേതന്നെ നാം ഇറങ്ങി; അതെ, അതിലും കാലേ ആയിരിക്കണം; പത്തരമണിയടിക്കുന്നതു ഞാന്‍ കേള്‍ക്കുകയുണ്ടായി.ഗോളാഡ് :
ങ്ാ, ഒരു പത്തരയോ, പത്തേമുക്കാലോ!............പെല്ലീസ് :
കൊട്ടാരക്കിളിവാതിലുകളെല്ലാം അവര്‍ തുറന്നിട്ടുണ്ട്. ഉച്ചതിരിഞ്ഞപ്പോള്‍ പതിവില്ലാത്തവിധം ഇന്നും ഉഷ്ണം വര്‍ദ്ധിച്ചിരിക്കും.........എന്തിന്?.........നമ്മുടെ അമ്മയും മെലിസാന്ദയും, അതാ, മണിമാളികയുടെ ജനലുകളില്‍ ഒന്നിനടുത്ത് പറ്റിക്കൂടിയിട്ടുണ്ടല്ലോ.........
അതെ, അവര്‍ തണലുള്ള ഭാഗംനോക്കിവന്ന് അവിടെയങ്ങനെ തങ്ങിക്കൂടിയിരിക്കയാണ്........മെലിസാന്ദയെ സംബന്ധിച്ചിടത്തോളം -- ഓ, അതു പറയാന്‍ ഞാന്‍ വിട്ടുപോയി കെട്ടോ; നിങ്ങള്‍ തമ്മില്‍ സംസാരിച്ചതു മുഴുവന്‍ ഞാന്‍ കേള്‍ക്കുകയുണ്ടായി. ഇന്നലെ വൈകുന്നേരത്തെ നിങ്ങളുടെ വര്‍ത്തമാനം ഒരക്ഷരംവിടാതെ. പക്ഷെ സാരമില്ല, എനിക്കു തികച്ചുമറിയാം അതു വെറും നേരംപോക്ക് -- വെറുമൊരു കുട്ടിക്കളി -- മാത്രമായിരുന്നു എന്ന്. പക്ഷേ, പെല്ലീസ്, അത് ഇനിയും ആവര്‍ത്തിച്ചുകൂടാ. മെലിസാന്ദ, അവള്‍ക്കു ചെറുപ്പം; അവളെ കണ്ടാല്‍ത്തന്നെ ആര്‍ക്കും തോന്നും ഒരു മതിപ്പ്. പോരെങ്കില്‍, അവള് അടുത്തുതന്നെ ഒരമ്മയാവാന്‍ പോവുകയാണ്. ആ നിലയ്ക്ക് വിശേഷിച്ചും നാമവളോടു വളരെ സൗമ്യമായിട്ടുവേണം പെരുമാറാന്‍. പാവം അവള്‍ക്കു തീരെ കെല്‍പ്പില്ല. ഇപ്പോഴും അവള് തികച്ചും ഒരു മുതിര്‍ന്ന പെണ്ണായിട്ടില്ല. ഏറ്റവും ലഘുവായ ഒരു വികാരംപോലും ചിലപ്പോള്‍ ആപല്ക്കരമായിത്തീര്ന്നേയ്ക്കാം. നിങ്ങള്‍ ഇരുവരും തമ്മില്‍ എന്തോ ചിലതുണ്ടെന്നു ന്യായമായി വിചാരിക്കാന്‍ എനിക്കു കാരണമുണ്ടായിട്ടുള്ള ആദ്യത്തെ സന്ദര്‍ഭമല്ല ഇത്........നിനക്കവളെക്കാള് പ്രായക്കൂടുതലുണ്ട്; അതുകൊണ്ട് നിന്നോടുമാത്രം പറയുന്നത് ധാരാളം മതിയാകും. കഴിയുന്നിടത്തോളം അവളെ കണ്ടുമുട്ടാതെ കഴിച്ചുകൂട്ടുന്നത് നന്ന്.........പക്ഷേ എല്ലായ്പ്പോഴും കാണുന്നവര്‍ക്ക് കരുതിക്കൂട്ടി ചെയ്യുന്നതാണെന്നു പ്രത്യക്ഷത്തില്‍ തോന്നത്തക്ക രീതിയിലുമാവരുത്......... അതങ്ങനെ പ്രകടമാകുന്ന മട്ടിലായിക്കൂടാ.....അതാ, എന്താണാ കാടിന്റെ സമീപത്തായിക്കാണുന്നത്?പെല്ലീസ് :
പട്ടണത്തിലേയ്ക്കു അടിച്ചുകൊണ്ടുപോകുന്ന ആട്ടിന്പറ്റങ്ങള്.ഗോളാഡ് :
ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെപ്പോലെ അവയങ്ങനെ കരയുകയാണ്. അവയെ കണ്ടാല്‍ ആരും പറഞ്ഞുപോകും. അവയ്ക്കു കശാപ്പുകാരന്റെ മണം അടിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന്. നമുക്ക് മുത്താഴത്തിനകത്തേയ്ക്കു പോകാന്‍ ഇപ്പോള്‍ സമയമാകും. എന്തൊരു കൗതുകമുള്ള ദിവസം! -- കൊയ്ത്തിനു പറ്റിയ ഒരു നല്ല ദിവസമായിരുന്നു ഇന്ന്!(പോകുന്നു)
രംഗം അഞ്ച്
കൊട്ടാരത്തിന്റെ പുരോഭാഗംഗോളാഡ് :(ഗോളാഡും കൊച്ചുനിയോള്ഡും പ്രവേശിക്കുന്നു)
വരൂ നിയോള്‍ഡ്, നമുക്ക് കുറച്ചിവിടെ ഇരിക്കാം. വരൂ, എന്റെ മടിയില്‍ വന്നിരിക്കൂ. ഇവിടെയിരുന്നാല്‍ ആ കാട്ടിലെ വിശേഷങ്ങളെല്ലാം നമുക്ക് അസ്സലായി കാണാനൊക്കും. ഈയിടെ ഞാന്‍ നിന്നെ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂ; നീയും ഏതാണ്ടെന്നെ ഉപേക്ഷിച്ച മട്ടാണ്. നിനക്കെപ്പോഴും ഒരു കൊച്ചമ്മതന്നെ കൊച്ചമ്മ. അവളെവിട്ട് ഒരുനിമിഷം നിന്നെ തനിച്ചുകിട്ടാന്‍ വിഷമം. നീ ഒട്ടും പരിഭ്രമിക്കേണ്ട. നിന്റെ കൊച്ചമ്മയുടെ ജനലുകള്‍ക്ക് തൊട്ടടിയിലാണ് നാം ഈ ഇരിക്കുന്നത്, നേരം സന്ധ്യയായല്ലോ; നിന്റെ കൊച്ചമ്മ ഇപ്പോള്‍ നാമം ജപിക്കുകയായിരിക്കും. ആട്ടെ, നിയോള്ഡേ, നിന്റെ കൊച്ചമ്മയും പെല്ലീസമ്മാമനും മിക്കപ്പോഴും ഒന്നിച്ചുതന്നെയാണിരിപ്പ്; അല്ലേ?നിയോള്‍ഡ് :
അതെ, അച്ഛാ അതെ. എപ്പോഴും അങ്ങനെതന്ന്യാ അച്ഛന് ഇവിടെ ഇല്ലാത്ത അവസരത്തില്‍ പ്രത്യേകിച്ചും. അച്ഛാ.................ഗോളാഡ് :
ങ്ാ!...അതാ നോക്ക്യേ, ആരോ ഒരു വിളക്കുമായി പൂന്തോട്ടത്തില്‍ക്കൂടി കടന്നുപോകുന്നു....പക്ഷേ നിയോള്ഡേ, ഞാന്‍ കേട്ടിരിക്കുന്നത് അവര്തമ്മില് തീരെ രസമില്ല, പിണക്കമാണ്, എന്നാണല്ലോ. അവര്‍ എപ്പോഴും ശണ്ഠകൂടാറുണ്ട്, ഇല്ലേ? അതു ശരിയല്ലേ?നിയോള്‍ഡ് :
അതെ, അച്ഛാ, അതെ. അതു ശരിയാണ്.ഗോളാഡ് :
ങ്ഹേ?......അത്യോ?.......ങ്അ, ങ്അ! -- പക്ഷേ എന്തിനെപ്പറ്റിയാ അവര്‍ തമ്മില്‍ ഈ ശണ്ഠകൂടുന്നത്.നിയോള്‍ഡ് :
വാതിലിനെപ്പറ്റി.ഗോളാഡ് :
എന്ത്? വാതിലിനെപ്പറ്റിയോ? എന്തസംബന്ധമാ നീ പറയുന്നേ? ആട്ടെ, എല്ലാം എന്നോടൊന്നു വിവരിച്ചു പറഞ്ഞേ; എന്തിനാ അവരിങ്ങനെ വാതിലിനെപ്പറ്റി വഴക്കിടുന്നത്?നിയോള്‍ഡ് :
അതെന്താന്നോ? വാതില്‍ എപ്പോഴും അങ്ങനെ തുറന്നിട്ടുകൊണ്ടിരിക്കാന് സാധിക്ക്വോ?ഗോളാഡ് :
ആരാ തുറന്നിട്ടുകൊണ്ടിരിക്കാത്തെ? -- ആട്ടെ, മിടുക്കനല്ലേ, പറയൂ, അവര്‍ വഴക്കുകൂടുന്നതെന്തിനെപ്പറ്റിയാണ്?നിയോള്‍ഡ് :
എനിക്കറിഞ്ഞുകൂടാ അച്ഛാ....വിളക്കിനെപ്പറ്റിയാ, വിളക്കിനെ.ഗോളാഡ് :
എടാ, മഠയാ, ഞാന്‍ പറയുന്നത് വിളക്കിനെപ്പറ്റിയല്ല; ഇതാ ഇപ്പത്തന്നെ നമുക്ക് സംസാരിക്കാം വിളക്കിനെപ്പറ്റി. ഞാന്‍ നിന്നോട് പറയുന്നതു വാതിലിനെപ്പറ്റിയാണ്. ആട്ടെ, ഞാന്‍ ചോദിക്ക്യണതിനുത്തരം പറയൂ, നീ നന്നായി സംസാരിക്കാന്‍ പഠിക്കണം; നിനക്കതിനു പ്രായമായി.....ച്ഛെച്ഛെ, കൈയങ്ങനെ വായ്ക്കകത്തിടാതെ.......വന്നേ, ഇവിടെ വന്നേ.......നിയോള്‍ഡ് :
അച്ഛാ! എന്റെ ഇഷ്ടോള്ളെ അച്ഛാ!......ഞാന്‍ ഇനി ഒരിക്കലും അങ്ങനെ ചെയ്യുല്ല.............(അവന് കരയുന്നു)ഗോളാഡ് :
വരൂ, എന്തിനാ നീ കരയുന്നേ? ഊം എന്താണ് സംഗതി?നിയോള്‍ഡ് :
ആവൂ! ആവൂ! അച്ഛാ, അച്ഛനെന്നെ നോവിക്ക്യണു...........ഗോളാഡ് :
എന്ത്? ഞാന്‍ നിന്നെ നോവിച്ചോ? -- ആട്ടെ, എവട്യാ ഞാന്‍ നിന്നെ വേദനിപ്പിച്ചേ?.......ഒരിക്കലും ഞാനങ്ങനെ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതല്ല...........നിയോള്‍ഡ് :
ദേ, ഇവിടെ.....ഇവിടെ.....എന്റെ ഈ കൊച്ചു കൈത്തണ്ടില്‍.....ഗോളാഡ് :
പോട്ടെ, സാരോല്ല.....ഞാനറിഞ്ഞോണ്ടല്ല, മോനേ!.....വാ....ഊം, മതി, മിടുക്കനല്ലേ, കരയാതേ!....നാളെ ഞാന്‍ നിനക്കു നല്ല ഒന്നാംതരം കൊറെ അമ്പുകളും അതിടാനുള്ള ഒരു കുഴലും വാങ്ങിത്തരാം.....
ങേ്? എന്താച്ഛാ, എന്തുന്നാ?ഗോളാഡ് :
അമ്പിടാനുള്ള്യൊരു കൊഴലും കൊറെ നല്ല അമ്പുകളും.......ആട്ടെ, ഇവിടെ വന്നേ......വാതിലിനെപ്പറ്റി നിനക്കെന്തൊക്കെ അറിയാമോ അതൊക്കെ എന്നോട്, മിടുമിടുക്കനല്ലേ, വിസ്തരിച്ചൊന്നു പറഞ്ഞേ, കേക്കട്ടെ!നിയോള്‍ഡ് :
വല്യേ അമ്പുകളാണോ അച്ഛാ, വല്യേ വല്യേ നീട്ടോള്ളെ അമ്പുകള്‍?ഗോളാഡ് :
അത്യേതെ; വളരെ വലിയ അമ്പുകള്‍! -- ആട്ടെ, നിയോള്ഡേ, എന്തുകൊണ്ടാ അവര്‍ വാതില്‍ തുറന്നിടാത്തെ -- ഇങ്ങുവരൂ, ഞാന്‍ ചോദിക്കുന്നതിനുത്തരം പറയൂ! -- അല്ലാ, അല്ലാ; കരയാനായി വാപൊളിക്കാതിരി; ഞാന്‍ ദേഷ്യപ്പെടുകയല്ല. പെല്ലീസമ്മാമനും നിന്റെ കൊച്ചമ്മേം ഒന്നിച്ചിരിക്കുമ്പോഴത്തെപ്പോലെ നമുക്കിവിടെ സുഖമായിട്ടിരിന്നങ്ങനെ സംസാരിക്കാം. പറയൂ, അവര്‍ രണ്ടുപേരും ഒന്നിച്ചിരിക്കുമ്പോള്‍ എന്തിനെക്കുറിച്ചാണവര് സംസാരിക്കാറ്?നിയോള്‍ഡ് :
പെല്ലീസമ്മാമനും കൊച്ചമ്മേം ആണോ?ഗോളാഡ് :
അതെ; എന്തിനെക്കുറിച്ചാണവര് സംസാരിക്കാറ്?നിയോള്‍ഡ് :
അതോ? അതെന്നെക്കുറിച്ചാ!...എപ്പോഴും എന്നെക്കുറിച്ചാ!ഗോളാഡ് :
നിന്നെക്കുറിച്ചവര് പറയാറുള്ളതെന്തോന്നാ?നിയോള്‍ഡ് :
അവര്‍ പറയണേ, കേട്ടോ, അച്ഛാ, ഞാന്‍ വളര്ന്നുവരുമ്പം വളരെ പൊക്കം വെയ്ക്കൂന്ന്.........ഗോളാഡ് :
ഛടഗ്രെഹപ്പെഴേ! കടലിന്റെ അടിത്തട്ടില്‍ കിടന്നു നിധി തിരയുന്ന ഒരു കുരുടനെപ്പോലെയാണ് ഇവിടെ എന്റെ നില; അല്ലെങ്കില്‍ കൊടുങ്കാറ്റില്‍ വഴിതെറ്റിപ്പോയ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ; നീയാകട്ടെ....ഖ്ചും.....അതൊക്കെപ്പോട്ടെ.....മോനേ!.....നിയോള്ഡേ! വാ, ഇവിടെ വന്നേ.........ഞാന്‍ എന്തോ വിചാരത്തിലങ്ങനെ മുഴുകിയിരിക്കയായിരുന്നു; നമുക്കിനി കാര്യമായി അല്പം ചിലതു സംസാരിക്കാം.......നിന്റെ പെല്ലീസമ്മാമനും കൊച്ചമ്മയും; -- ആട്ടെ, ഞാന്‍ അവിടെ ഇല്ലാത്തപ്പോള്‍ അവര്‍ ഒരിക്കലും എന്നെക്കുറിച്ചൊന്നും പറയാറില്ലേ?നിയോള്‍ഡ് :
ഉവ്വ്, ഉവ്വ്; ഉവ്വച്ഛാ. അവരെപ്പോഴും തമ്മിത്തമ്മി പറയണെ അച്ഛനെക്കുറിച്ചാ!ഗോളാഡ് :
ങ്ഹാ!.....ഇരിക്കട്ടെ........എന്താ അവരെന്നെക്കുറിച്ചു പറയാണ്?നിയോള്‍ഡ് :
അവരു പറയണേ, കെട്ടോ അച്ഛാ, ഞാന്‍ അച്ഛനോളം പൊക്കം വയ്ക്കൂന്ന്!
എല്ലായ്പ്പോഴും അവരോന്നിച്ചാണോ നിന്റെ ഇരിപ്പ്?നിയോള്‍ഡ് :
അതെ, അച്ഛാ, അതെ. എപ്പോഴും ഞാനവരടെ കൂടെത്തന്ന്യാ ഇരിക്കണേ.ഗോളാഡ് :
അവര്‍ നിന്നോടൊരിക്കലും വേറെ എവിടെങ്കിലും പോയ് കളിക്കാന്‍ പറയാറില്ലേ?നിയോള്‍ഡ് :
ഇല്ലച്ഛാ, ഇല്ല. ഞാന്‍ അടുത്തില്ലെങ്കി അവര്‍ക്ക് പേട്യാ!ഗോളാഡ് :
അവര്‍ക്ക് പേടിയോ?.... ആട്ടെ, നീയെങ്ങനെയാ അതു മനസിലാക്കിയെ?നിയോള്‍ഡ് :
ചെറിയമ്മ എപ്പഴും പോവല്ലേ, പോവല്ലേ, പോവല്ലേ എന്നു പറച്ചിലുതന്നെ പറച്ചിലാ.........അവരേയ്, കെട്ടോ അച്ഛാ, ഭാഗ്യോല്ലാത്തോരാ......എന്നാലും അവര്‍ ചിരിക്കണെണ്ട്.ഗോളാഡ് :
പക്ഷേ, അതുകൊണ്ടവര്‍ക്ക് പേടിയാണെന്നെങ്ങനെ മനസ്സിലാക്കാന്‍ കഴിയും?നിയോള്‍ഡ് :
അത്യേച്ചാ, അതെ; അവര്‍ക്കു പേട്യാ.....വല്യേ പേട്യാ.......ഗോളാഡ് :
അതെങ്ങനെ?......നീയെങ്ങനെയാ അവര്‍ക്കു പേടിയാന്നു മനസ്സിലാക്കിയെ, അതുപറ!..........നിയോള്‍ഡ് :
ഇരുട്ടത്തിരുന്ന് എപ്പോഴും അവര്‍ കരയണെ കാണാം. അതുതന്നെ...............ഗോളാഡ് :
ഓഹോ..........അതുശരി!................നിയോള്‍ഡ് :
അതു കണ്ടാല്‍ കാണണോനും കരഞ്ഞുപോവും അച്ഛാ......ഗോളാഡ് :
അതെ, അതെ.........അതു ശരിയാണ്..............നിയോള്‍ഡ് :
അവര്‍ വല്ലാതെ വെളറിവെളര്ത്തിരിക്യാണു, അച്ഛാ!.....ഗോളാഡ് :
അതെ.....അതെ....ക്ഷമ!....ക്ഷമിക്കണം.....എന്റെ ജഗദീശ്വരാ.......ക്ഷമ.........നിയോള്‍ഡ് :
ങേ്?.........എന്താച്ഛ.........എന്താച്ഛന് പറയണെ?ഗോളാഡ് :
ഹേയ്......ഒന്നൂല്ല......ഒന്നൂല്ല.......മോനേ......ദേ അവടെ, ആ കാട്ടിലൊരു ചെന്നായ നടന്നുപോണതു ഞാന്‍ കണ്ടു, അതാ -- അപ്പം, നിയോള്ഡേ പെല്ലീസമ്മാമനും നിന്റെ ചെറിയമ്മേന്തമ്മി വല്ല്യേ ഇഷ്ടാല്ലേ? അവര്‍ക്കു തമ്മില്‍ മനസ്സുകൊണ്ടു പൊരുത്തമുണ്ടെന്നറിയുന്നതില് ഞാന്‍ വളരെ സന്തോഷിക്കുന്നു.....ആട്ടെ, നിയോള്‍ഡ്, ചിലപ്പോഴൊക്കെ അവര്‍ തമ്മില്‍ ഉമ്മവെയ്ക്കാറുണ്ട്; ഇല്ലേ?........നിയോള്‍ഡ് :
എന്താണച്ഛന്‍ ചോദിച്ചെ? അവര്‍ ഉമ്മവെയ്ക്കാറുണ്ടോന്നോ? ഇല്ല, ഇല്ല; ഹോ, അല്ലാ, ഉവ്വച്ഛാ, ഉവ്വ്........പക്ഷേ ഒരിക്കെ ഒരിക്കെ മാത്രം......ഒരിക്കെ വല്ല്യേ ഒരു മഴ, ഒരു കെണ്ടന്‍ മഴ, അങ്ങനെ പെയ്തുകൊണ്ടിരിക്കുമ്പോള്‍........ഗോളാഡ് :
എന്ത്, അവര്‍ അന്യോന്യം ഉമ്മവെച്ചോ?.....ങ്ഹാ? എങ്ങനെ?....എങ്ങന്യാ അവരുമ്മവെച്ചെ?.........
ഇങ്ങന്യാ, എന്റെ പൊന്നച്ഛാ, ദേയ് ഇങ്ങന്യാ......(ചിരിച്ചുകൊണ്ട് അവന് ഗോളാഡിന്റെ ചുണ്ടില്‍ ഒരു ചുംബനം കൊടുക്കുന്നു) ഹാവൂ!.....ഹോ!....അച്ഛന്റെ മീശ്യാച്ഛാ!....അതെന്റെ മോത്തു വല്ലാതെ തറയ്ക്കുണു.......എനിക്കു വേദന്യേടുക്കണു......അച്ഛാ......അച്ഛന്റെ മീശ വല്ലാതെ നരച്ചുതൊടങ്ങി.......അതുപോലെത്തന്നെ അച്ഛന്റെ തലമുടീം;......മുഴുവന്‍ നര.......മുഴുവന്‍ നര.....ഗോളാഡ് :
(കീഴിലായി അവര്‍ ഇരിക്കുന്ന ആ കിളിവാതില്ക്കല് പ്രകാശം വ്യാപിക്കുകയും, ആ പ്രകാശധാര അവരുടെ മേല്‍ നിപതിക്കുകയും ചെയ്യുന്നു)
നോക്കൂ അച്ഛാ, നോക്കൂ, കൊച്ചമ്മ വെളക്കു കൊളുത്തി.........എന്തു വെളിച്ചം!.......നോക്കൂ, എന്തു പ്രെകാശമാണച്ഛാ......
അതെ, വെളിച്ചം ഉദിച്ചുതുടങ്ങുന്നു.......നിയോള്‍ഡ് :
നമുക്കും അങ്ങോട്ടു പോവാച്ഛാ; വരൂ, നമുക്കും ഒന്നങ്ങോട്ടു പാം.ഗോളാഡ് :
എങ്ങോട്ടേക്ക്യാ നെനക്ക് പോവണ്ടെ?.............നിയോള്‍ഡ് :
വെളിച്ചോള്ളേടത്തച്ഛാ, വെളിച്ചോള്ളേടത്ത്.ഗോളാഡ് :
ഛേയ്, പാടില്ല മോനേ, പാടില്ല. നമുക്ക് കുറച്ചുനേരം ഇവിടെ ഈ നിഴലില്‍ ഇരിക്കാം......ആര്‍ക്കും പറയാന്‍ കഴിയില്ല.......ആര്‍ക്കും പറയാന്‍ കഴിയില്ല ഇനിയും.....അതാ അവിടെ ആ കാട്ടില്‍ കുറച്ചു തീപിടിപ്പിക്കാന്‍ ശ്രമിക്കുന്ന ആ സാധുക്കളെ നീ കാണുന്നുണ്ടോ? -- ഊംംം......ശരി, അപ്പോള്‍ മഴയങ്ങനെ ധാരമുറിയാതെ പെയ്യുകയായിരുന്നു.......ഊംംം.......ദേ, നോക്ക്യേ, മറ്റേ വശത്തു കാറ്റടിച്ചു വഴിക്കു വിലങ്ങനെ മറിഞ്ഞുവീണ ആ മരം പിടിച്ചുമാറ്റാന്‍ ആ കിഴവന് തോട്ടക്കാരന് പാടുപെടുന്നതു നീ കാണുന്നുണ്ടോ? -- പാവം, അവനതു സാദ്ധ്യമല്ല. വളരെ വലുതാണ് ആ മരം. അതെവിടെ വീണോ അവിടെത്തന്നെ അതു കിടക്കണം......അതിനു മറ്റു യാതൊരു നിവൃത്തിയുമില്ല........എനിക്കു തോന്നുന്നു പെല്ലീസിനു ഭ്രാന്താണെന്ന്.........നിയോള്‍ഡ് :
അല്ലാ അച്ഛാ, പെല്ലീസമ്മാമനു പ്രാന്തല്ല. പക്ഷേ വളരെ ദെയോള്ളാളാ........ഗോളാഡ് :
ആട്ടെ, നിനക്കിപ്പോള്‍ നിന്റെ ചെറിയമ്മയെ ഒന്നു കാണണോന്നൊണ്ടോ?..........നിയോള്‍ഡ് :
ഒണ്ടച്ഛാ.......ഉവ്വ്; ചെറിയമ്മയെ എനിക്കു കാണണം.ഗോളാഡ് :
എന്നാല്‍ ലേശമെങ്കിലും ശബ്ദമുണ്ടാക്കരുത്. ഞാന്‍ നിന്നെ എടുത്തു കിളിവാതില്ക്കല് പൊക്കിക്കാട്ടാം. നീ നോക്കിക്കോ......എന്നെക്കാള്‍ പൊക്കത്തിലാണ് കിളിവാതില്‍......... (ഗോളാഡ് കുഞ്ഞിനെ എടുത്ത് ഉയര്‍ത്തുന്നു) ഒരു നേരീയ ശബ്ദംപോലും ഉണ്ടാക്കരുത്; ചെറിയമ്മ വല്ലാതെ ഭയപ്പെട്ടുപോകും........ആട്ടെ, നിനക്ക് കാണാമോ അവളെ?......അവള് മുറിക്കകത്തുണ്ടോ?നിയോള്‍ഡ് :
ഒണ്ട്......ഹോ, എന്തു വെളിച്ചം!ഗോളാഡ് :
അവള് തനിച്ചാണോ?.........നിയോള്‍ഡ് :
അതെ.......അല്ല, അല്ല; പെല്ലീസമ്മാമനൊണ്ടവിടെ.ഗോളാഡ് :
അവനോ!..................നിയോള്‍ഡ് :
ഹാവൂ! ഹാവൂ....എന്നെ അച്ഛന് വല്ലാതെ വേദനിപ്പിക്കണു....ഗോളാഡ് :
സാരമില്ല; ഒന്നു മിണ്ടാതിരി; ഞാനിനി അങ്ങനെ ചെയ്യില്ല.....നോക്ക് നിയോള്ഡേ, നല്ലപോലെ നോക്ക്!.......എന്റെ കാലൊന്ന് വഴുതിപ്പോയി......കുറച്ചുകൂടി പതുക്കെ സംസാരിക്ക്........എന്താണവര്‍ അവിടെ ചെയ്യുന്നത്?.........നിയോള്‍ഡ് :
അവരൊന്നും ചെയ്യണില്ലാച്ഛാ........അവരെന്തോ നോക്കിക്കൊണ്ട് നില്ക്കുകയാ......ഗോളാഡ് :
അവരടുത്തടുത്താണോ?നിയോള്‍ഡ് :
അല്ലച്ഛാ, അല്ല.
പിന്നെ?....കിടക്കയോ?......അവര്‍ കിടക്കയുടെ അടുത്താണോ?നിയോള്‍ഡ് :
കെടക്ക്യോ?......ഞാന്‍ കെടക്ക കാണണില്ലല്ലോച്ഛാ!ഗോളാഡ് :
ശ്! ശ്! കുറച്ചുകൂടി പതുക്കെ, കുറച്ചുകൂടി പതുക്കെ. അവര്‍ കേള്‍ക്കും നീ പറയുന്നത്.....അവര്‍ എന്തെങ്കിലും സംസാരിക്കുകയാണോ?......നിയോള്‍ഡ് :
അല്ലാച്ഛാ; അവരൊന്നും മിണ്ടണില്ല...............ഗോളാഡ് :
പിന്നെ?......എന്താ പിന്നെവരവടെച്ചെയ്യണത്? അതു പറ.....അവരെന്തെങ്കിലുമൊന്ന് ചെയ്തോണ്ടിരിക്ക്യണോല്ലോ.............നിയോള്‍ഡ് :
അവര്‍ വിളക്കിന്റെ നേര്‍ക്ക് നോക്കുകയാ.........വെളിച്ചത്തെ!ഗോളാഡ് :
രണ്ടുപേരും? -- അവര്‍ രണ്ടുപേരും?നിയോള്‍ഡ് :
അത്യേച്ഛാ................ഗോളാഡ് :
എന്നട്ടൊന്നും മിണ്ടണൂല്ല?നിയോള്‍ഡ് :
ഇല്ലച്ഛാ......അവരു കണ്ണുചിമ്മണില്ല......തുറിച്ചുനോക്കിക്കൊണ്ടിരിക്ക്യാ...........ഗോളാഡ് :
അവര്‍ അടുത്തേയ്ക്കു നീങ്ങി ചെല്ലണില്ലേ?നിയോള്‍ഡ് :
ഇല്ലച്ഛാ.......അവര്‍ അനങ്ങിയിട്ടില്ല.ഗോളാഡ് :
അവര്‍ ഇരിക്കുകയാണോ?നിയോള്‍ഡ് :
അല്ലച്ഛാ.....അവര്‍ നിക്കുകയാ.......ചൊമരിന്റെ അടുക്കെ.ഗോളാഡ് :
അവര്‍ തമ്മില്‍ ആംഗ്യമൊന്നും കാണിക്കുന്നില്ലേ? -- മുഖത്തോടുമുഖം നോക്കിക്കൊണ്ടല്ലേ അവര്‍ നില്‍ക്കുന്നെ? -- നല്ലപോലെ നോക്ക് -- അവര്‍ കൈകൊണ്ടോ മറ്റോ എന്തെങ്കിലും ആംഗ്യം കാണിക്കുന്നില്ലേ?നിയോള്‍ഡ് :
ഇല്ലച്ഛാ, ഇല്ല......ഹയ്യോ! അച്ഛാ, അവര്‍ ഇതുവരെ കണ്ണൊന്നു ചിമ്മീട്ടില്ല........എനിക്കു വല്ലാതെ പേട്യാവണു അച്ഛാ......എന്നെ ഇറക്കൂ.........ഗോളാഡ് :
ഒന്നനങ്ങാതിരി അവിടെ.....ആട്ടെ, നോക്കിയേ, അവര്‍ ഇപ്പോഴും നിന്നിടത്തുനിന്നിളകിയിട്ടില്ലേ?.........നിയോള്‍ഡ് :
ഇല്ലച്ഛാ........അയ്യോ, എനിക്കു വല്ലതെ പേട്യാവണു......എന്നെത്താഴേലേയ്ക്ക് എറക്കിവിടൂ.......ഗോളാഡ് :
എന്താ ഇത്ര പേടിക്കാനൊള്ളെ! -- നോക്ക്! നല്ലപോലെ നോക്ക്!...........നിയോള്‍ഡ് :
ഇനി എനിക്കു നോക്കാനരുതച്ഛാ.....എനിക്കു വല്ലാതെ പേട്യാവണു.......എന്നെ ഒന്നിനി താഴേയ്ക്കെറക്കൂ.......ഗോളാഡ് :
ച്ഛെ, നോക്കാനല്ലേ നിന്നോടു പറഞ്ഞേ? നോക്ക്!........നിയോള്‍ഡ് :
ഹാവൂ!.....ഞാന്‍ നെലോളിക്കും........എന്റെ പൊന്നച്ഛനല്ലേ........എന്നെ താഴെ എറക്കൂ........എന്നെ താഴെ എറക്കൂ!..........ഗോളാഡ് :
എന്നാ വന്നേ......എന്താണുണ്ടായതെന്നു നമുക്ക് അകത്തോട്ടുപോയി നോക്കിക്കളയാം.(പോകുന്നു.)
നാലാമങ്കം
രംഗം ഒന്ന്
കൊട്ടാരത്തിലെ ഒരിടനാഴിപെല്ലീസ് :(പെല്ലീസും മെലിസാന്ദയും അന്യോന്യം അഭിമുഖരായി നടന്നുവരുന്നു)
നീ എവിടേയ്ക്കു പോകുന്നു? ഇന്നു വൈകിട്ട് എനിക്കു നിന്നെ ഒന്നു കാണണം; കുറച്ചു സംസാരിക്കാനുണ്ട്. എന്താ കാണാമോ?മെലിസാന്ദ :
ആവാം.പെല്ലീസ് :
ഞാന്‍ അച്ഛന്റെ മുറിയില്‍നിന്ന് ഇതാ ഇപ്പോഴിങ്ങു പോന്നതേയുള്ളൂ. അദ്ദേഹത്തിനു വളരെ ഭേദമുണ്ട്. ഇനി അപകടമൊന്നുമില്ല, പേടിക്കാനില്ല, എന്നു ഡോക്ടര്‍ ഞങ്ങളോട് പറഞ്ഞിരിക്കുന്നു. പക്ഷേ ഇന്നത്തെ ദിവസം അമംഗളമായേ അവസാനിക്കൂ എന്നു ഇന്നു രാവിലെ എനിക്കൊരു ഭൂതോദയം തോന്നിയിരിക്കുന്നു. ആപത്തു കുറച്ചുനാളായി സദാ എന്റെ ചെവിയിലങ്ങനെ മുരളുകയാണ്.......അങ്ങിനെയിരിക്കെ പൊടുന്നനെ ഒരു മാറ്റം വന്നു; ഇന്നിപ്പോള്‍ അതു കാലത്തെ സംബന്ധിക്കുന്ന ഒരു ചോദ്യം മാത്രമാണ് -- അതായത് ഉടനടിയോ അല്‍പ്പം അമാന്തിച്ചിട്ടോ എന്നുമാത്രം ഒരു സംശയം. അവര്‍ മുറിയുടെ കിളിവാതിലുകളെല്ലാം തുറന്നിട്ടിട്ടുണ്ട്. അദ്ദേഹം സംസാരിക്കുന്നു; അദ്ദേഹത്തിനു മനസ്സില്‍ വലിയ ആഹ്ലാദമുള്ളതുപോലെ തോന്നുന്നു. സാധാരണയൊരു മനുഷ്യനെപ്പോലെയല്ല ഇപ്പോഴും അദ്ദേഹത്തിന്റെ സംസാരം; പക്ഷേ ഒന്നു പറയാം; അദ്ദേഹത്തിന്റെ അന്തര്‍ഗ്ഗതങ്ങള്‍ ഒന്നുംതന്നെ ഇപ്പോള്‍ പരലോകത്തുനിന്നു വരുന്നതുപോലെ തോന്നുന്നില്ല.....അദ്ദേഹം എന്നെ ശരിക്കും മനസ്സിലാക്കിക്കഴിഞ്ഞു. അദ്ദേഹം കിടപ്പായതുമുതല് സാദരം അദ്ദേഹത്തിനുള്ള ആ വിചിത്രമായ നോട്ടത്തോടുകൂടി എന്റെ കൈ പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: `ആരാ ഇതു? പെല്ലീസോ? -- പിന്നെ എന്തെല്ലാം?......നിന്റെമുഖം വിഷാദമയമായിരിക്കുന്നല്ലോ......ദയനീയമായിരിക്കുന്നല്ലോ........ഇനി അധികനാള്‍ ജീവിച്ചിരിക്കുവാന്‍ കഴിയാത്ത ഒരു മനുഷ്യന്റെ മുഖംപോലെയാ നിന്റെ മുഖം..... നീ ചുറ്റിസഞ്ചരിക്കണം..........മുറയ്ക്കങ്ങനെ യാത്ര ചെയ്യണം..........പല സ്ഥലങ്ങളിലും!..........' വിചിത്രം! ഞാന്‍ അദ്ദേഹം പറയുന്നതുപോലെതന്നെ അനുസരിക്കാം........എന്റെ അമ്മ അടുത്തുനിന്നു എല്ലാം ചെവികൊടുത്തു കേള്‍ക്കുകയായിരുന്നു........അവരുടെ കണ്ണില്‍ ആനന്ദംകൊണ്ടു കണ്ണുനീര്പൊടിഞ്ഞു.......ആട്ടെ, നീയതു സൂക്ഷിച്ചിട്ടില്ലേ........വീട്ടിനാകപ്പാടെ വീണ്ടും ഒരു ജീവന്വെച്ചപോലെ തോന്നുന്നുണ്ട്. മുട്ടിമുട്ടി നില്ക്കുന്ന മനുഷ്യരുടെ ശ്വാസോച്ഛ്വാസം, സംസാരം, കാല്‍പ്പെരുമാറ്റം -- ഇവയെല്ലാം ഇവിടെ ഇപ്പോള്‍ കേള്‍പ്പാനുണ്ട്........അതാ, ശ്രദ്ധിക്കൂ; വാതിലിന്റെ പിന്നില്‍ ഞാന്‍ ചില സ്വരങ്ങള്‍ കേള്‍ക്കുന്നു........വേഗമാകട്ടേ, വേഗം, വേഗം........ഞാന്‍ ചോദിക്കുന്നതിനു സമാധാനം പറയൂ! -- എവിടെയാണ് നിന്നെ ഞാന്‍ കാണുക?മെലിസാന്ദ :
എവിടെക്കാണുന്നതാ ഇഷ്ടം?
ഉദ്യാനത്തില്‍.......`കുരുടന് കിണറ്റി'ന്നു സമീപം?........എന്താ സമ്മതിച്ചോ?......നീ വരുമോ?............മെലിസാന്ദ :
ഉവ്വ്.പെല്ലീസ് :
അവസാനത്തെ സന്ധ്യയാണിത്......ഞാന്‍ യാത്രചെയ്യാന്‍ പോവുകയാണ്, അച്ഛന് പറഞ്ഞതുപോലെ..........ഒരിക്കലും നീയിനി എന്നെ കാണുകയില്ല, ഒരിക്കലും........മെലിസാന്ദ :
അങ്ങനെ പറയാതിരിക്കൂ പെല്ലീസ്!...ഞാന്‍ എന്നും എപ്പോഴും നിങ്ങളെ കാണും;....എപ്പോഴും നിങ്ങളെന്നെ കണ്ണെടുക്കാതങ്ങനെ നോക്കിക്കൊണ്ടിരിക്കും........പെല്ലീസ് :
അതൊക്കെ കാര്യം ശരിതന്നെ....പക്ഷേ ഞാന്‍ വളരെ വളരെ വളരെ ദൂരത്തായിരിക്കും; നിനക്കെന്നെ കാണാന്‍ സാധിക്കില്ല........കഴിയുന്നിടത്തോളം അകലെയകലെച്ചെന്നു പറ്റാന്‍ ഞാന്‍ ശ്രമിക്കും. എന്റെ ഹൃദയം മുഴുവനും ആനന്ദമായിരുന്നു.......അതെ; ആനന്ദം അതിലങ്ങനെ വിതുമ്പിത്തുളുമ്പുകയായിരുന്നു. ഇന്നാകട്ടെ, സ്വര്‍ഗ്ഗത്തിന്റേയും ഭൂമിയുടേയും കനം മുഴുവന്‍ എന്റെ ശരീരത്തില്‍ തൂങ്ങിനില്ക്കുന്നപോലെ എനിക്ക് തോന്നുകയാണ്........മെലിസാന്ദ :
എന്താ സംഗതി, പെല്ലീസേ? -- എനിക്കൊന്നുംതന്നെ മനസ്സിലാകുന്നില്ലല്ലോ!.......ലേശംപോലും മനസ്സിലാകുന്നില്ലല്ലോ, പെല്ലീസേ!.....നിങ്ങള്‍ എന്തൊക്കെയാ ഈ പറയുന്നേ?പെല്ലീസ് :
പൊയ്ക്കോളൂ, പൊയ്ക്കോളൂ.......നമുക്ക് പിരിയാം.......അതാ, ആ വാതിലിന്റെ പിന്നില്‍ ഞാന്‍ ആരുടെയൊക്കെയോ സ്വരങ്ങള്‍ കേള്‍ക്കുന്നു......അതെ,..........കൊട്ടാരത്തില്‍ ഇന്നു രാവിലെവന്ന ആ ആളുകള്‍ പുറത്തേയ്ക്കു പോവുകയാണ്........അവിടെ നില്ക്കണ്ടാ........പൊയ്ക്കോളൂ..........അവര്‍ പുറപ്പെടുകയാണ്.......അവരങ്ങു പൊയ്ക്കൊള്ളട്ടേ!................(രണ്ടുവഴിയായി പോകുന്നു.)
രംഗം രണ്ട്
കൊട്ടാരത്തിനകത്ത് ഒരു മുറിആര്ക്കേല് :(ആര്‍ക്കേലും മെലിസാന്ദയും പ്രത്യക്ഷപ്പെടുന്നു)
ഹാവൂ! പെല്ലീസിന്റെ അച്ഛന്റെ അപകടമൊക്കെ ഒരുവിധം അവസാനിച്ചു. ഏറെക്കാലമായി മരണത്തിന്റെ സില്‍ബന്ധിയായിരുന്ന ആ രോഗം, ഒടുവിലതാ, കൊട്ടാരംവിട്ടു പൊയ്ക്കഴിഞ്ഞിരിക്കുന്നു.......ഇനിയേതായാലും ഇവിടെ ഒരാഹ്ലാദവും സൂര്യപ്രകാശവുമൊക്കെ വന്നുചേരും. നീയിവിടെ വന്നതിനുശേഷം, ഒരടച്ചിട്ട മുറിക്കകത്തെന്നതുപോലെ, നാം ഒച്ച പുറത്തുകേള്‍ക്കാതെ അങ്ങനെ മന്ത്രിച്ചുമന്ത്രിച്ചു കഴിച്ചുകൂട്ടുകയായിരുന്നു.....പക്ഷേ, തീര്‍ച്ചയായും, മെലിസാന്ദേ, എനിക്കു നിന്നില്‍ വലിയ അനുകമ്പയുണ്ടായിരുന്നു........വിനോദത്തിനെന്തുവഴി, എന്തുവഴി എന്നു തിരക്കിക്കൊണ്ട്, ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ആനന്ദത്താല്‍ മതിമറന്നാണ് നീയിവിടേയ്ക്കു വന്നത്; എന്നാല്‍ ഇവിടെത്തെ ഈ വിശാലമായ ശാലയില്‍ നീ കാല്കുത്തിയ നിമിഷത്തില്‍, എത്രതന്നെ ശ്രമിച്ചിട്ടും ഗത്യന്തരമില്ലാത്തതുനിമിത്തം മദ്ധ്യാഹ്നത്തില്‍ എത്രയും ഇരുളടഞ്ഞതും എത്രയും തണുപ്പു മുറ്റിയതുമായ ഒരു ഗുഹയില്‍ പ്രവേശിക്കുമ്പോള്‍ ഒരുവന്റെ മുഖത്തിനുണ്ടാകുന്ന ഭാവമാറ്റംപോലെ, നിന്റെ മുഖത്തിന് -- പക്ഷേ അതോടൊപ്പം ആത്മാവിനുംകൂടി -- ഒരു മാറ്റമുണ്ടാകുന്നത് ഞാന്‍ സൂക്ഷിക്കുകയുണ്ടായി. അതിനുശേഷം ഇതുവരെ, ഇതെല്ലാംകാരണം പലപ്പോഴും എനിക്കു നിന്റെ യഥാര്ത്ഥനിലയെന്തെന്നു സൂക്ഷ്മമായി ഗ്രഹിക്കുവാന്‍ തരപ്പെട്ടിട്ടില്ല......ഞാന്‍ നിന്നെ സൂക്ഷിച്ചുകൊണ്ടിരുന്നു. മനോഹരമായ ഒരുദ്യാനത്തില്‍ ആദിത്യകാന്തിയില് ആറാടിക്കൊണ്ട് അലസതയോടും എന്നാല്‍ സദാ ദുസ്സഹമായ ഒരു ദുഃഖസംഭവത്തെ പ്രതീക്ഷിച്ചുകൊണ്ടും നില്ക്കുന്ന ഒരാളുടെ പരിഭ്രാന്തമായ നോട്ടത്തോടുകൂടി നീയവിടെ നിലകൊണ്ടു.............എനിക്കുതന്നെ വിവരിക്കുവാന്‍ കഴിയുന്നില്ല. നിന്റെ മുഖത്തു നോക്കുമ്പോള്‍ എനിക്കു കുണ്ഠിതം തോന്നി; എന്തുകൊണ്ടെന്നാല്‍ നീ നന്നെ ചെറുപ്പമാണ്; രാപ്പകല്‍ മരണത്തിന്റെ ശ്വാസം ശ്വസിച്ചുകൊണ്ടു കഴിച്ചുകൂട്ടാന്‍ നിനക്കു സാദ്ധ്യമല്ല. അത്രമാത്രം സുന്ദരിയുമാണു നീ......പക്ഷേ, ഇനിയിപ്പോള്‍ എല്ലാം ഒന്നു വ്യത്യാസപ്പെടും. എന്റെ പ്രായത്തില്‍ -- എന്റെ ജീവിതത്തിന്റെ ആകെക്കൂടിയുള്ള ഏറ്റവും നിശ്ചിതമായ ഫലമായിരിക്കാം, പക്ഷേ ഇത് -- എന്റെ പ്രായത്തില്‍ സംഭവങ്ങളുടെ സുസ്ഥിരാവസ്ഥയില്‍ എന്തൊരടിയുറച്ച വിശ്വാസമായിരുന്നെന്നോ എനിക്ക്! അതുപോലെതന്നെ പ്രായച്ചെറുപ്പവും സൗന്ദര്യവും ഉള്ള ഓരോ ജീവിയും അതിനു ചുറ്റും യുവത്വവും സൗന്ദര്യവും സന്തോഷസൗഭാഗ്യങ്ങളും സ്വയം ഒത്തിണങ്ങിയ സംഭവങ്ങളെ രൂപീകരിക്കുന്നതായും ഞാന്‍ സൂക്ഷിച്ചുനോക്കി മനസ്സിലാക്കിയിട്ടുണ്ട്. അസ്പഷ്ടമായിട്ടാണെങ്കില് ഞാന്‍ ദീര്‍ഘദര്‍ശനം ചെയ്യുന്ന ആ നവയുഗത്തിന്റെ കവാടോല്ഘാടനം നീയാണിപ്പോള്‍ നിര്‍വഹിക്കുവാന്‍ പോകുന്നത്......ഇവിടെ വരൂ........നീയെന്താണിങ്ങനെ ഒന്നും സമാധാനം പറയാതേയും കണ്ണുതുറന്നു നേരെ നോക്കാതേയും ഇരിക്കുന്നത്? ഇന്നേവരെ നോക്കിയാല്‍ ഒരൊറ്റ പ്രാവശ്യമേ ഞാന്‍ നിന്നെ ചുംബിച്ചിട്ടുള്ളൂ. ഒന്ന് നീ മനസ്സിലാക്കണം: പ്രായംചെന്ന മനുഷ്യര്‍ക്ക് അവരുടെ അധരങ്ങള്‍കൊണ്ട് ചിലപ്പോഴൊക്കെ ഒരു സ്ത്രീയുടെ പുരികക്കൊടിയോ ഒരു കുഞ്ഞിന്റെ കവിള്‍ത്തടമോ സ്പര്‍ശിക്കേണ്ട ആവശ്യമുണ്ട്; കാരണം പറയാം; അതുമൂലം ജീവിതത്തിന്റെ പുതുമയില്‍ വിശ്വസിക്കുവാനും അലട്ടുകളെ ഒരു നിമിഷത്തേയ്ക്കെങ്കിലും അകലത്താട്ടിപ്പായിക്കുവാനും അവര്‍ക്കു സാധിച്ചേയ്ക്കും.........പറയൂ, എന്താ എന്റെ അധരങ്ങളെ നീ ഭയപ്പെടുന്നോ?........ഇക്കഴിഞ്ഞ ഏതാനും മാസങ്ങളായി നിന്റെ കാര്യമോര്‍ത്ത് ഞാന്‍ എത്രമാത്രം അനുതപിച്ചിട്ടുണ്ടെന്ന് നിനക്കറിയാമോ!.........
മുത്തച്ഛാ, ഞാന്‍ ഒരിക്കലും അസന്തുഷ്ടയായിരുന്നില്ലല്ലോ.....ആര്‍ക്കേല്‍ :
ഒരുപക്ഷേ വാസ്തവത്തില്‍ അസന്തുഷ്ടയായിരുന്നിട്ടും അതറിയാതിരിക്കുന്നവരില് ഒരാളായിരുന്നിരിക്കാം നീ.........അങ്ങനെയുള്ളവരാണ് ഏറ്റവും അസന്തുഷ്ടര്‍..........ഇങ്ങോട്ടു നീങ്ങിനില്‍ക്കൂ..........വളരെ അടുത്ത്. ഇതാ ഇങ്ങനെ ചേര്‍ന്നുനിന്നു, ഒരു നിമിഷം, ഞാന്‍ നിന്റെ മുഖത്തേയ്ക്കൊന്നു നോക്കട്ടെ. മരണം ഒരുവനെ മുട്ടിനില്‍ക്കുന്ന അവസരത്തില്‍ ഇങ്ങനെയുള്ള സൗന്ദര്യത്തിന്റെ ആവശ്യം അവനുണ്ടായിരിക്കും....................ഗോളാഡ് :(ഗോളാഡ് പ്രവേശിക്കുന്നു)
പെല്ലീസ് ഇന്നു വൈകീട്ടു യാത്രയാണ്.ആര്‍ക്കേല്‍ :
അതാ, നിന്റെ നെറ്റിയില്‍ രക്തമുണ്ടല്ലോ -- നീ ഇതുവരെ എന്തുചെയ്യുകയായിരുന്നു?ഗോളാഡ് :
ഛേ, ഒന്നൂല്ല, ഒന്നൂല്ല.......ഞാനൊരു മുള്ളുവേലിക്കിടയ്ക്കുകൂടി കടന്നുപോയി.മെലിസാന്ദ :
പ്രഭോ, അങ്ങയുടെ തലയല്‍പ്പം കുനിക്കൂ......ഞാന്‍ അങ്ങയുടെ പുരികം തുടയ്ക്കാം.ഗോളാഡ് :
നീയെന്നെത്തൊട്ടുകൂടാ.......ഇല്ല, ഞാനതു സമ്മതിക്കില്ല. എന്താ, കേള്‍ക്കുന്നോ? പോ, കടന്നുപോ! -- ഞാന്‍ നിന്നോടല്ല സംസാരിക്കുന്നത് -- എന്റെ വാളെവിടെ? -- ഞാനിപ്പോള്‍ വന്നത് എന്റെ വാള് നോക്കിയെടുക്കുവാനാണ്........മെലിസാന്ദ :
ഇതാ ഇവിടെ; ഈ പ്രാര്ത്ഥനാപീഠത്തിന്റെ മീതെ......ഗോളാഡ് :
ഊംംം.........അതിങ്ങെടുത്തോണ്ടുവാ!.........(ആര്ക്കേലിനോട്) പട്ടിണികിടന്നു മരിച്ച മറ്റൊരു പാവപ്പെട്ട നിര്ഭാഗ്യജീവിയെക്കൂടി ഇതാ ഇപ്പോള്‍ കടല്‍പ്പുറത്ത് കണ്ടെത്തുകയുണ്ടായി.........നമ്മുടെ ഈ കണ്ണുകള്‍ക്കു മുമ്പില്‍ കിടന്നുതന്നെ അവര്‍ ചാകാന്‍ തുനിഞ്ഞിരിക്കയാണെന്നു തോന്നുന്നു. (മെലിസാന്ദയോട്) കൊള്ളാം, എന്റെ വാള്, അല്ലേ? -- ഊംംം......എന്തിനാ നീയിങ്ങനെ വിറയ്ക്കുന്നെ? -- ഞാന്‍ നിന്നെ കൊല്ലാന്‍ പോവുകയല്ല......എനിക്ക് അതിന്റെ അലകൊന്നു പരിശോധിക്കണം; അത്രേയുള്ളൂ. ആ വക കാര്യത്തിനൊന്നും ഒരു വാള് ഞാന്‍ ഉപയോഗിക്കുകയില്ല......ഞാന്‍ ഒരു പിച്ചക്കാരനായിരുന്നാലെന്നതുപോലെ നീയെന്നെ എന്താണിങ്ങനെ ശ്രദ്ധിച്ചു പരിശോധിക്കുന്നത്? ഞാന്‍ നിന്നോട് പിച്ചയിരക്കാന് വന്നിട്ടുള്ളവനല്ല. എന്റെ കണ്ണുകളില്‍ നിന്ന് എന്തെങ്കിലുമല്പ്പം മനസ്സിലാക്കാമെന്നു നീയാശിക്കുന്നുണ്ടോ, നിന്റെ ദൃഷ്ടികളില്‍നിന്നു ഞാനെന്തെങ്കിലും മനസ്സിലാക്കാതെ? -- ആട്ടെ, എനിക്കെന്തെങ്കിലുമറിയാമെന്നു, ഞാനെന്തെങ്കിലും അറിഞ്ഞിട്ടുണ്ടെന്ന്, നിനക്ക് തോന്നുന്നുണ്ടോ? -- (ആര്ക്കേലിനോട്) നോക്കൂ, ആ വിസ്താരമുള്ള വിടര്‍ന്ന കണ്ണുകള്‍ അവിടുന്നു കാണുന്നോ? ഒരുവന് പറയും, ഐശ്വര്യസമ്പൂര്ണ്ണമായിരിക്കുന്നതില് അവ അഭിമാനം കൊണ്ടിരുന്നുവെന്ന്!.........ആര്‍ക്കേല്‍ :
മഹനീയമായ നിഷ്കളങ്കതയല്ലാതെ മറ്റൊന്നുംതന്നെ ഞാനവയില്‍ കാണുന്നില്ല.
മഹനീയമായ നിഷ്കളങ്കത!........അവ നിഷ്കളങ്കതയെക്കാള്‍ മഹനീയങ്ങളാണ്........ഒരാട്ടിന്‍കുട്ടിയുടെ കണ്ണുകളേക്കാള്‍ പ്രശാന്തനിര്മ്മലങ്ങളാണ്........നിഷ്കളങ്കതയെക്കുറിച്ച് ഈശ്വരന് പാഠങ്ങള്‍ കൊടുക്കാന്‍ അവയ്ക്കു കഴിവുണ്ട്. ഹാ, മഹനീയമായ നിഷ്കളങ്കത! ഒന്നു ചെവിതന്നു കേള്‍ക്കൂ; ഞാന്‍ അവയുമായി അത്രയടുത്തു വര്‍ത്തിക്കുന്നതിനാല്‍, അവ മിഴിക്കുമ്പോള്‍ അവയുടെ പോളകളുടെ നവീനത ഞാന്‍ അനുഭവിക്കുന്നു. എന്നിരുന്നാലും ആ കണ്ണുകളിലെ ഏറ്റവും നിസ്സാരമായ രഹസ്യംപോലും എനിക്ക് അജ്ഞാതമാണ്; പരലോകത്തിലെ മഹാരഹസ്യങ്ങള്‍ എനിക്കതിനേക്കാള്‍ നന്നായറിയാന്‍ കഴിയും. മഹത്തായ നിഷ്കളങ്കത!.......നിഷ്കളങ്കതയെക്കാള്‍ വിലപ്പെട്ട എന്തോ ആണത്! സ്വര്‍ഗ്ഗത്തിലെ ദേവതകള്‍ അവിടെ അനശ്വരമായി ഒരു `മാമൂദീസാ' നടത്തുകയാണെന്ന് തോന്നിപ്പോകും.....അവയെ ഞാന്‍ നന്നായറിയുന്നു, ആ കണ്ണുകള്‍!........പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന നിലയില്‍ ഞാന്‍ അവയെക്കണ്ടിട്ടുണ്ട്. അവയെ അടയ്ക്ക്! അടയ്ക്ക്......അല്ലെങ്കില്‍ എന്നെന്നേയ്ക്കുമായി ഞാന്‍ അവയെ അടപ്പിക്കും -- നിന്റെ വലതുകൈ മണിക്കഴുത്തില്‍ പൊക്കിവെയ്ക്കാതിരിക്ക്! വെറുമൊരു സാധാരണ സംഗതി മാത്രമാണ് ഞാനീ പറയുന്നത്......പെട്ടകൂടിയ വിചാരങ്ങള്‍ ഒന്നുംതന്നെ എനിക്കില്ല. പെട്ടകൂടിയ എന്തെങ്കിലുമൊരു വിചാരം എനിക്കുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടതു വെട്ടി വിളിച്ചുപറഞ്ഞുകൂടാ? ങ്ആ! ങ്ആ! -- ഓടിപ്പോവാന്‍ നോക്കാതെ!......ഇവിടെ!......നിന്റെ ആ കൈയിങ്ങു തന്നേ!....ഹാ!.....നിന്റെ കൈ എങ്ങനെ ചൂടുപിടിച്ചിരിക്കുന്നു.....ഛേ, പോ, കടന്ന്.........നിന്റെ മാംസം........അതെന്നെ ചെടിപ്പിക്കുന്നു. ദാ ഇവിടെ.......നീയങ്ങനെ സൂത്രത്തില്‍ ഓടിക്കളയാമെന്നൊന്നും വിചാരിക്കേണ്ട (ഗോളാഡ് അവളെ തലമുടിക്കു ചുറ്റിപ്പിടിക്കുന്നു) നീ നിന്റെ കാല്‍മുട്ടുകളില്‍ എന്നെ അനുഗമിക്കാന്‍ പോവുകയാണ്. നിന്റെ ആ മിനുമിനുത്ത കാല്‍മുട്ടുകളില്‍.......എന്റെ മുമ്പില്‍........നിലത്തങ്ങനെ ഉരഞ്ഞുരഞ്ഞ്! നിന്റെ ഈ നീണ്ട തലമുടി, ഒടുവിലിതാ, എന്തെങ്കിലുമൊരു കാര്യത്തിനുപകരിക്കും എന്നായിരിക്കുന്നു. ആദ്യം വലത്തോട്ട് പിന്നെ ഇടത്തോട്ട് -- തിത്തിത്തായ്, ഹായ് ഥികിതിത്തായ് -- മുന്നോട്ട്, പിന്നോട്ട്.....ഇനി താഴെ നിലത്തോട്ട്, താഴെ നിലത്തോട്ട്!.....നോക്കിയേ, നീയൊന്നു നോക്കിയേ; ഒരു പടുകിളവനെപ്പോലെ ഞാനങ്ങനെ കിളുകിളാ ചിരിക്കുകയാണ്.........ആര്‍ക്കേല്‍ :
(മുമ്പോട്ടോടിവന്ന്) ഗോളാഡ്!ഗോളാഡ് :
(പെട്ടെന്ന് ശാന്തത ഭാവിച്ചുകൊണ്ട്)ആര്‍ക്കേല്‍ :
അങ്ങേയ്ക്കിഷ്ടംപോലെ ചെയ്യാം.....അങ്ങു കാണുന്നോ? -- അതിനു ഞാന്‍ യാതൊരു പ്രാധാന്യവും കല്‍പ്പിക്കുന്നില്ല -- വളരെ പ്രായംചെന്ന ഒരുവനാണ്......പിന്നെ, ഞാന്‍ ഒരു ചാരനല്ല......യോഗം എന്തു കൊണ്ടുവരുന്നുവെന്നു കാണുവാന്‍ ഞാന്‍ കാത്തിരിക്കാം.......പിന്നീട്......ഓ! പിന്നീട്......ഓ! അതൊരാചാരമായതുകൊണ്ടുമാത്രം; അതൊരാചാരമായതുകൊണ്ടുമാത്രം........
(പോകുന്നു)
അവനെന്താണ് പറ്റിയത്? -- അവന് കുടിച്ചിട്ടുണ്ടോ?മെലിസാന്ദ :
(കണ്ണുനീരോടെ) ഇല്ല; ഇല്ല; പക്ഷേ അദ്ദേഹം എന്നെ ഒട്ടുംതന്നെ ഇനി സ്നേഹിക്കയില്ല.....ഞാന്‍ അസന്തുഷ്ടയാണ്........ഞാന്‍ ദുഃഖിതയാണ്........ആര്‍ക്കേല്‍ :
ഞാന്‍ ഈശ്വരനായിരുന്നെങ്കില്‍ പുരുഷന്മാരുടെ ഹൃദയത്തില്‍ ഞാന്‍ സഹതപിച്ചേനേ!........
രംഗം മൂന്ന്
കൊട്ടാരത്തിനു മുമ്പിലുള്ള ഒരു ചന്ദ്രശാലകൊച്ചുനിയോള്ഡ്:(കൊച്ചു നിയോള്‍ഡ് ഒരു ശിലാഖണ്ഡം പിടിച്ചു പൊക്കാന്‍ ശ്രമിക്കുന്നമട്ടില് ദൃശ്യനാകുന്നു)
ഓ! വല്ലാത്ത കനോള്ളതാ ഈ കല്ല്!.......ഇതിനെന്നേക്കാക്കനോണ്ട്......ഈ ഭൂമി മുഴുവനും കൂടിയതിനേക്കാക്കനോള്ളതാ ഇത്. പാറയ്ക്കും ഈ അസത്തുകല്ലിനും നടുക്കായി എനിക്കെന്റെ സ്വര്ണ്ണപ്പന്തു കാണാം; പക്ഷേ എനിക്കതെടുക്കാന്‍ ഒക്കുന്നില്ല. എന്റെ കൊച്ചുകൈയ്ക്കു നീട്ടം പോരാ.......കല്ലാണെങ്കിലൊട്ടു പൊങ്ങണൂല്ല......എനിക്കതു പൊക്കാനരുത്.......ആര്‍ക്കും സാദ്ധ്യമല്ല ഇതു പൊക്കാന്‍.......ഈ വീട്ടിനേക്കാളധികം കനോള്ളതാണിത്......മണ്ണിനടിയില്‍ ഇതിനു വേരുകളൊണ്ടെന്നു തോന്നിപ്പോകും......ആട്ടിടയന് :
(അകലെ ഒരാട്ടിന്പറ്റത്തിന്റെ കരച്ചില് കേള്‍ക്കപ്പെടുന്നു.)
ഓ! ഓ! ഏതോ കൊറെ ആടുകളുടെ കരച്ചിലു കേക്കണെണ്ടല്ലോ! (അതു നോക്കുവാനായി അവന് ആ മട്ടുപ്പാവിന്റെ വക്കിലേക്കു പോകുന്നു) എന്തിന്!.......സൂര്യന് അസ്തമിച്ചു കഴിഞ്ഞു......അവയുടെ തിരിച്ചുവരവാണ്,.....കൊച്ചാടുകള്.....അവ മടങ്ങിവരികയാ.......ഓ! എത്രേണ്ണം! എന്ത്വോരോണ്ടെന്നു നോക്കൂ! ഇരുട്ട് അവയ്ക്കു മഹാ പേടിയാ......അവ ഒന്നിച്ചുചേര്‍ന്നു കഴുത്തുരുമ്മിക്കൊണ്ടങ്ങനെ കൂഞ്ഞിക്കൂടുന്നു......അവയ്ക്കിനി നടക്കാന്‍ വല്യേ വിഷമോണ്ട്.....അവ കരയുന്നു......അവ കരയുന്നു......അവ വേഗം വേഗം ഓടുകയാണ്......അതാ, അങ്ങനെ പായുകയാ.....ആ വലിയ നാല്ക്കൂട്ടുവഴീല് അവ എത്തിക്കഴിഞ്ഞു.....ങ്ആ!ങ്ആ! ഏതുവഴിക്കാണ് തിരിഞ്ഞുപോവണ്ടതെന്നു അവയ്ക്കറിഞ്ഞുകൂടാ.....ഇപ്പോളവ കരയുകയല്ല, കാത്തുനില്‍ക്കുകയാണ്.....വലത്തോട്ടു തിരിയുവാന്‍ ആവശ്യമുള്ള ചിലതുണ്ട്.....അവയെല്ലാം വലത്തോട്ടു തിരിയാന്‍ ആവശ്യപ്പെടുന്നു....അവ അങ്ങനെ ചെയ്യില്ലായിരിക്കാം......അവയുടെ ഇടയില്‍ അവയുടെ നേര്‍ക്ക് മണ്ണു വലിച്ചെറിയുകയാണ്....ങ്ആ! ങ്ആ! ഈ വഴിക്കാ അവ കടന്നുപോവാന്‍ പോണെ. അവ ശരിക്കനുസരിക്കുന്നു! അവ ശരിക്കനുസരിക്കുന്നു! മട്ടുപ്പാവിന്റെ മുമ്പില്‍ക്കൂടി കടന്നുപോകാന്‍ പോവുകയാണവ. അവ പാറകളുടെ മുമ്പില്‍ക്കൂടി കടന്നുപോവാനുള്ള പുറപ്പാടാ......ഞാന്‍ അവയെ അടുത്തുകാണും!.....ഓ! ഓ! എത്രയെണ്ണം! എത്രയെണ്ണം!..... വഴിമുഴുവന്‍ അവയെക്കൊണ്ടു നിറഞ്ഞിരിക്കണു.....അവയെല്ലാം ഇപ്പോള്‍ നിശ്ശബ്ദമാണ്!.....ഹേ, ഇടയന്! ഹേ! ഇടയന്!......എന്താണവ ഇപ്പോള്‍ ലേശമെങ്കിലും ശബ്ദിക്കാത്തത്?
(അദൃശ്യനായി) എന്താണെന്നോ? -- ഈ വഴി!.....ഇതൊരിക്കലും ആലയിലേയ്ക്കുള്ളതല്ല......നിയോള്‍ഡ് :
പിന്നെ എവിടേയ്ക്കാണവ പോകുന്നത്? -- ഇടയാ! ഇടയാ! എങ്ങോട്ടാണവയെ കൊണ്ടുപോകുന്നത്? -- ഞാന്‍ ചോദിക്കുന്നതയാള്‍ കേള്‍ക്കുന്നില്ല. അയാള്‍ വളരെ ദൂരെ എത്തിയിരിക്കുന്നു.....അവ വേഗത്തില്‍ ഓടുകയാണ്......അവ ഇപ്പോള്‍ ഒരു ശബ്ദവും ഉണ്ടാക്കുന്നില്ല. ഈ വഴി......ഇതൊരിക്കലും ആലയിലേയ്ക്കുള്ളതല്ല.....എനിക്കത്ഭുതം തോന്നുന്നു.......ഇന്നു രാത്രി അവ എവിടെക്കിടന്നുറങ്ങും? ഓ!~ഓ! ഇവിടെ വല്ലാത്ത ഇരുട്ട്!......ഞാന്‍ പോയി വല്ലവരോടും വല്ലതും പറയട്ടെ!...........(പോകുന്നു)
രംഗം നാല്
ആരാമമണ്ഡലത്തില് ഒരു നീരുറവപെല്ലീസ് :(പെല്ലീസ് പ്രവേശിക്കുന്നു)
ഇത് അവസാനത്തെ സായാഹ്നമാണ്......അവസാനത്തെ സായാഹ്നം!......ഞാന്‍ ഒരിക്കലും ശങ്കിക്കാതിരുന്ന ഒന്നിന്മേല് ഞാനൊരു കൊച്ചുകുഞ്ഞിനെപ്പോലെ കളിച്ചു.......വിധിയുടെ ആപല്ഗര്ത്തങ്ങളെക്കുറിച്ചു സ്വപ്നംകണ്ടുകൊണ്ട് ഞാന്‍ കളിച്ചു.....പൊടുന്നനെ എന്നെ തട്ടിയുണര്ത്തിയതാരാണ്? തന്റെ വീട് തീപ്പിടിച്ചാളിക്കത്തുമ്പോള് അതില്‍നിന്നു ഒരു കണ്ണുപൊട്ടന് പറപറക്കുന്നതുപോലെ, സന്തോഷംകൊണ്ടും വേദനകൊണ്ടും നിലവിളിച്ചുകൊണ്ട് ഞാന്‍ പറന്നുകളയാം........ഞാന്‍ പറന്നുപോവുകയാണെന്ന് അവളോടു പറയുകതന്നെ.......എന്റെ പിതാവ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടു; ഇനി ആ ഒരു നാട്യത്തില്‍ എനിക്കെന്നോടുതന്നെ വ്യാജം കാട്ടുക സാദ്ധ്യമല്ല....നേരം നന്നേ വൈകി; അവളൊട്ടു വരുന്നുമില്ലല്ലോ......വീണ്ടും അവളെക്കാണാതെ പോകുന്നതായിരിക്കും എന്നെസ്സംബന്ധിച്ചിടത്തോളം കൂടുതല്‍ നന്ന്.....ഇപ്രാവശ്യം എനിക്കവളെ നല്ലപോലെ കാണണം.......എനിക്കോര്‍മ്മിക്കാന്‍ സാധിക്കാത്ത സംഗതികള്‍ ഉണ്ട്. ഒരു നൂറുകൊല്ലമായി ഞാനവളെ കണ്ടിട്ടില്ലെന്ന് ഒരാള്‍ വിചാരിച്ചേയ്ക്കും.....പക്ഷേ, അവള് എന്റെ മുഖത്തേയ്ക്കങ്ങനെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നാലും, അതിനുപകരമായി ഞാന്‍ അവളുടെ മുഖത്തേയ്ക്ക് ഇതുവരെ കണ്ണയച്ചിട്ടില്ല.....ഞാനിങ്ങനെ പോവുകയാണെങ്കില്‍ എനിക്കൊന്നുംതന്നെ ശേഷിച്ചുണ്ടാവുകയില്ല.....പിന്നെ ഈ സ്മരണകള്‍.....ഒരു നനുത്ത തുണിസ്സഞ്ചിയില്‍ ഒരിത്തിരി വെള്ളം കൊണ്ടുപോകുന്നതുപോലെയാണത്........എനിക്കവസാനമായി ഒന്നവളെ കാണണം.......അവളുടെ ഹൃദയത്തിന്റെ അഗാധതകള്‍ എനിക്കു നല്ലപോലൊന്നു നോക്കിക്കാണണം......ഇതുവരെ ഞാന്‍ വെളിപ്പെടുത്തിയിട്ടില്ലാത്തതെല്ലാം, ഒന്നും ബാക്കിവെയ്ക്കാതെ, എനിക്കവളോട് തുറന്നുപറയണം....മെലിസാന്ദ :(മെലിസാന്ദ പ്രവേശിക്കുന്നു)
പെല്ലീസ്!.........പെല്ലീസ് :
മെലിസാന്ദേ! അതു നീതന്നെയാണോ, മെലിസാന്ദേ?.....മെലിസാന്ദ :
അതെ; ഞാന്‍തന്നെ................പെല്ലീസ് :
ഇവിടെ വരൂ, നിറഞ്ഞ ചന്ദ്രികയുടെ വക്കത്തു അവിടെയങ്ങനെ നില്‍ക്കാതെ. ഇവിടെ വരൂ. നമുക്ക് പരസ്പരം ഒട്ടധികം സംസാരിക്കാനുണ്ട്. ഈ നാരകവൃക്ഷത്തിന്റെ നിഴലിലേയ്ക്ക് നീങ്ങിനില്‍ക്കൂ.മെലിസാന്ദ :
എന്നെ വെളിച്ചത്തില്‍ തന്നെ നില്ക്കാന് സമ്മതിക്കൂ!...പെല്ലീസ് :
മേടക്കിളിവാതിലുകളില്ക്കൂടി അവര്‍ നമ്മെ കണ്ടേയ്ക്കും. ഇവിടെ വരൂ; ഇവിടെ നമുക്ക് യാതൊന്നും ഭയപ്പെടാനില്ല. സൂക്ഷിക്കണേ; അവര്‍ നമ്മെ കണ്ടേയ്ക്കും............മെലിസാന്ദ :
അവര്‍ എന്നെ കാണട്ടെ, അതാണെനിക്കാവശ്യം.....പെല്ലീസ് :
എന്തുകൊണ്ട്? നിനക്കെന്തുപറ്റി? ആരും കാണാതെ അവിടെനിന്നിറങ്ങിപ്പോരുവാന് നിനക്കു സാധിച്ചോ?.....മെലിസാന്ദ :
ഉവ്വ്; അങ്ങയുടെ ജ്യേഷ്ഠന് ഉറക്കമായിരുന്നു........പെല്ലീസ് :
നേരം അതിക്രമിച്ചു. ഒരു മണിക്കൂറിനകം അവര്‍ വാതിലെല്ലാം അടയ്ക്കും. നാം സൂക്ഷിക്കണം. ആട്ടെ, നീ വരാനിത്ര വൈകിയതെന്താ?........മെലിസാന്ദ :
അങ്ങയുടെ ജ്യേഷ്ഠന് ഒരു ദുസ്വപ്നമുണ്ടായി. പിന്നെ, പോരുംവഴി എന്റെ വസ്ത്രങ്ങള്‍ വാതിലിന്റെ ആണികളില്‍ കുടുങ്ങി.....നോക്കൂ, ഇതു കീറിപ്പോയി. ആ സമയം മുഴുവനും എനിക്കു നഷ്ടപ്പെട്ടു; ഞാന്‍ ഓടി.....
എന്റെ പാവപ്പെട്ട മെലിസാന്ദേ!......നിന്നെ ഒന്നു സ്പര്ശിക്കുവാന് എനിക്കു ഭയം തോന്നുന്നു.......വേട്ടയാടപ്പെട്ട ഒരു കിളിയെപ്പോലെ ഇതാ ഇപ്പോഴും നിനക്കു ശ്വാസം മുട്ടുകയാണ്. എനിക്കുവേണ്ടിയാണോ, എനിക്കുവേണ്ടിയാണോ, നീ ഇതെല്ലാം ചെയ്യുന്നത്? നിന്റെ ഹൃദയം, അതെന്റെ സ്വന്തമായിരുന്നാലെന്നതുപോലെ, മിടിക്കുന്നതു ഞാന്‍ കേള്‍ക്കുന്നു.....ഇവിടെ വരൂ......കുറെക്കൂടി അടുത്ത്.......എന്നോട് കുറെക്കൂടി അടുത്ത്............മെലിസാന്ദ :
അങ്ങെന്താണിങ്ങനെ ചിരിക്കുന്നത്?പെല്ലീസ് :
ഞാന്‍ ചിരിക്കുകയല്ല -- അല്ലെങ്കില്‍, ഞാന്‍ ആനന്ദം കൊണ്ട് മതിമറന്ന് അങ്ങനെ ചിരിക്കുകയാണ് -- അങ്ങനെ ചെയ്യുന്നുണ്ടെന്നറിഞ്ഞുകൂടാതെ!......പക്ഷേ കരയാനാണ് കാരണങ്ങള്‍ ഉള്ളത്.മെലിസാന്ദ :
നാം മുമ്പ് ഇവിടെ വന്നിട്ടുണ്ട്.....ഞാന്‍ ഓര്‍ക്കുന്നു......പെല്ലീസ് :
ഉവ്വ്....ഉവ്വ്....നീണ്ട മാസങ്ങള്‍ക്കപ്പുറം ആ, പിന്നെ, ഞാനറിഞ്ഞില്ല.....ആട്ടെ, നിനക്കറിയാമോ എന്തിനാണിന്നു വൈകിട്ടു ഞാന്‍ നിന്നോട് വരാന്‍ പറഞ്ഞതെന്ന്?മെലിസാന്ദ :
ഇല്ല.പെല്ലീസ് :
പക്ഷേ നമ്മുടെ അവസാനത്തെ സന്ദര്ശനമായിരിക്കാം. ഇത്........എന്നെന്നേയ്ക്കുമായി എനിക്കു ഇവിടംവിട്ടു പോകേണ്ടിയിരിക്കുന്നു.....മെലിസാന്ദ :
എന്തുകൊണ്ടാണ് അങ്ങെപ്പോഴുമിങ്ങനെ പറയുന്നത്, അങ്ങിവിടംവിട്ടു പോവുകയാണ്, പോവുകയാണ് എന്ന്?പെല്ലീസ് :
എന്തുകൊണ്ടാണെന്ന് പണ്ടേതന്നെ നിനക്കറിയാവുന്നതാണല്ലോ. അതു ഞാനിനി വീണ്ടും നിന്നോട് പറയണമെന്നുണ്ടോ? എന്താണ് ഞാന്‍ നിന്നോട് പറയാന്‍ പോകുന്നതെന്നു നിനക്കറിഞ്ഞുകൂടേ?മെലിസാന്ദ :
തീര്‍ച്ചയായും ഇല്ല; തീര്‍ച്ചയായും ഇല്ല; എനിക്കൊന്നുംതന്നെ അറിഞ്ഞുകൂടാ......പെല്ലീസ് :
എന്തുകൊണ്ടാണെനിക്കു പോകേണ്ടിവന്നിട്ടുള്ളതെന്നു നിനക്കറിഞ്ഞുകൂടേ?.....നിനക്കറിഞ്ഞുകൂടേ അതിന്റെ കാരണം.......മെലിസാന്ദ :
(അയാള്‍ അവളെ പൊടുന്നനെയങ്ങു ചുംബിക്കുന്നു)
ഞാന്‍ നിന്നെ സ്നേഹിക്കുന്നു.....അതാണ് കാരണം. നിനക്കതറിഞ്ഞുകൂടെ?.......
(ഒരു താണസ്വരത്തില്‍) ഞാന്‍ അങ്ങയേയും സ്നേഹിക്കുന്നു....പെല്ലീസ് :
ഓ! ഓ! എന്താ നീ പറഞ്ഞത്, മെലിസാന്ദേ?.....ശരിക്കും ഞാന്‍ കേട്ടില്ല നീ പറഞ്ഞത്.....ചുട്ടുപഴുത്ത ഇരുമ്പുകമ്പികളാല്‍ മഞ്ഞുകട്ട ശിഥിലീകൃതമായിക്കഴിഞ്ഞു. ലോകത്തിന്റെ മറ്റേ അറ്റത്തുനിന്നും വരുന്ന ഒരു സ്വരംകൊണ്ടാണ് നീയതു പറഞ്ഞത്.....നീ പറഞ്ഞതു ഞാന്‍ കഷ്ടിച്ചേ കേട്ടുള്ളൂ......നീ എന്നെ സ്നേഹിക്കുന്നു?....നീ എന്നെ സ്നേഹിക്കുന്നു?......ആട്ടെ, എന്നുതൊട്ടാണ് നീയെന്നെ സ്നേഹിച്ചത്?മെലിസാന്ദ :
ഹാ!......എപ്പോഴും.......അങ്ങയെ ഞാന്‍ ആദ്യമായിക്കണ്ട ആ നിമിഷംതൊട്ട്!........
ഓ! നീ എങ്ങനെ അതു പറയുന്നു! നിന്റെ സ്വരം വസന്തകാലത്തു കടലിനുമീതെക്കൂടി കടന്നുപോയിട്ടുണ്ടെന്നു ഒരുവന് പറഞ്ഞുപോകും!........ഇതുവരെ ഒരിക്കലും ഞാനതു കേട്ടിട്ടില്ല. ഹാ, എനിക്കെന്റെ ഹൃദയത്തില്‍ മഴ വീണതുപോലെ തോന്നുന്നു. എന്റെ ചോദ്യം ഒരു ദേവതയോടായിരുന്നാലെന്നതുപോലെ, അത്ര അകൃത്രിമലളിതമായി നീയതു പറയുന്നു!.....എനിക്കതു വിശ്വസിക്കുവാന്‍ കഴിയുന്നില്ല, മെലിസാന്ദേ!.....നിനക്കെന്നെ സ്നേഹിച്ചിട്ടെന്തുവേണം? എന്തിനാണ് നീയെന്നെ സ്നേഹിക്കുന്നത്? നീ പറയുന്നത് പരമാര്‍ത്ഥം തന്നെയോ? നീയെന്നെ വഞ്ചിക്കുകയല്ലേ? എന്നെയൊന്നു മന്ദഹസിപ്പിക്കാന്, അല്പമൊരു നുണ പറയുകയല്ലേ നീ ചെയ്യുന്നത്?......മെലിസാന്ദ :
അല്ല, ഞാന്‍ ഒരിക്കലും പൊളി പറയുന്നതല്ല. അങ്ങയുടെ ജ്യേഷ്ഠനോട് മാത്രമേ ഞാന്‍ പൊളി പറയുന്നുള്ളൂ.പെല്ലീസ് :
ഓ! എങ്ങനെ നീയതു പ്രസ്താവിക്കുന്നു!....നിന്റെ സ്വരം! നിന്റെ സ്വരം!.....ജലത്തിനേക്കാള്‍ പുതുമയും യാഥാര്‍ത്ഥ്യവും ഒത്തുചേര്ന്നിട്ടുള്ളതാണ്! ശുദ്ധജലംപോലെ എന്റെ ചുണ്ടുകളില്‍ അത് സ്പര്ശനാനുഭവമുളവാക്കുന്നു....പരിശുദ്ധമായ ജലംപോലെ എന്റെ കൈകളില്‍ അത് സ്പര്ശനാനുഭവമുണ്ടാക്കുന്നു....എനിക്കു തരൂ, നിന്റെ കൈകള്‍ എനിക്കു തരൂ.......ഓ! നിന്റെ കൈകള്‍ ചെറുതാണ്!.....നീ ഇത്രത്തോളം സുന്ദരിയാണെന്നു ഞാനറിഞ്ഞില്ല!.......നിന്നെ കണ്ടുമുട്ടുന്നതിനുമുമ്പ് ഇത്രമാത്രം സൗന്ദര്യമുള്ളതായി യാതൊന്നും തന്നെ ഈ ലോകത്തില്‍ ഞാന്‍ കണ്ടിട്ടില്ല......ഞാന്‍ അസ്വസ്ഥഹൃദയനായിരുന്നു. വീടുമുഴുവന്‍ ഞാന്‍ തിരക്കി, നാടുമുഴുവന്‍ ഞാന്‍ തിരക്കി; എന്നിട്ടും സൗന്ദര്യം കണ്ടെത്താന്‍ എനിക്കു സാധിച്ചില്ല. ഇപ്പോളിതാ ഞാന്‍ നിന്നെ കണ്ടെത്തിയിരിക്കുന്നു!......ഞാന്‍ നിന്നെ കണ്ടെത്തിയിരിക്കുന്നു!......ഈ ഭൂമി നിന്നെക്കാള്‍ സൗന്ദര്യമുള്ള ഒരു സ്ത്രീയെ വഹിക്കുന്നുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല!.......നീ എവിടെയാണ്? നിന്റെ ശ്വാസോച്ഛ്വാസം ലേശംപോലും ഞാന്‍ കേള്‍ക്കുന്നില്ലല്ലോ!.......മെലിസാന്ദ :
ഞാന്‍ അങ്ങയുടെ നേര്‍ക്കു നോക്കിനില്ക്കുന്നതുകൊണ്ടാണത്.....പെല്ലീസ് :
അത്രമാത്രം ഏകാഗ്രതയോടെ എന്തിനാണ് നീ എന്റെ നേര്ക്കിങ്ങനെ നോക്കുന്നത്? നാം നിഴലില്‍ എത്തിക്കഴിഞ്ഞു. നല്ല ഇരുട്ടാണ് ഈ മരത്തിന്റെ ചുവട്ടില്‍, വെളിച്ചത്തേയ്ക്കു വരൂ. നാം എത്ര സന്തോഷമുള്ളവരാണെന്നു നമുക്ക് കണ്ടുകൂടാ. വരൂ, വരൂ; നമുക്ക് വളരെ കുറച്ചുമാത്രമേ നേരമുള്ളൂ..............മെലിസാന്ദ :
വേണ്ട; വേണ്ട; നമുക്കിവിടെത്തന്നെ നില്ക്കാം..... ഇരുട്ടില്‍ ഞാന്‍ അങ്ങയോട് കൂടുതല്‍ അടുത്താണ്......പെല്ലീസ് :
എവിടെ, നിന്റെ കണ്ണുകള്‍ എവിടെ? നീ എന്റെ അടുത്തുനിന്നു ഓടിക്കളയാനാണോ ഭാവം? ഈ നിമിഷത്തില്‍ എന്നെക്കുറിച്ചല്ല നിന്റെ വിചാരം.മെലിസാന്ദ :
തീര്‍ച്ചയായും അതെ; തീര്‍ച്ചയായും അതെ. ഞാന്‍ അങ്ങയെപ്പറ്റിമാത്രമേ വിചാരിക്കുന്നുള്ളൂ.പെല്ലീസ് :
നീ മറ്റെവിടെയോ നോക്കുകയായിരുന്നു.................മെലിസാന്ദ :
ഞാന്‍ മറ്റെവിടെയോ അങ്ങയെ കണ്ടു........പെല്ലീസ് :
നീ ചിന്തയില്‍ മുഴുകിയിരിക്കയാണ്.....നിനക്കെന്തുപറ്റി? നീ സന്തുഷ്ടയാണെന്നു തോന്നുന്നില്ല.മെലിസാന്ദ :
അതെ, അതെ; ഞാന്‍ സന്തുഷ്ടയാണ്; പക്ഷെ ഞാന്‍ ദുഃഖിതയുമാണ്...........
ഒരാള്‍ക്കു സ്നേഹിച്ചുകൊണ്ടിരിക്കുമ്പോള് മിക്കപ്പോഴും ദുഃഖമുണ്ടായിക്കൊണ്ടിരിക്കും.മെലിസാന്ദ :
അങ്ങയെക്കുറിച്ചോര്ക്കുമ്പോള് എല്ലായ്പ്പോഴും എനിക്കു കരച്ചില് വരുന്നു.....പെല്ലീസ് :
എനിക്കും......എന്റെ കഥയും അങ്ങനെതന്നെയാണ് മെലിസാന്ദേ. ഞാന്‍ നിന്നോടടുത്താണ്; ഞാന്‍ ആനന്ദംകൊണ്ട് കരയുന്നു; എന്നിരുന്നാലും........(അയാള്‍ വീണ്ടും അവളെ ചുംബിക്കുന്നു) ഞാനിങ്ങനെ നിന്നെ ചുംബിക്കുമ്പോള്‍ നീ ഒരത്ഭുതസൃഷ്ടിയായിട്ടെനിക്കു തോന്നിപ്പോകുന്നു. നീയത്രമാത്രം സുന്ദരിയായതിനാല്‍ ഒരാള്‍ പറഞ്ഞേയ്ക്കും നീ മരിക്കാന്‍ പോവുകയാണെന്ന്.........മെലിസാന്ദ :
അങ്ങയും......പെല്ലീസ് :
അതെ, അതെ....നാം ആശിക്കുന്നതുപോലെ നമുക്ക് പ്രവര്‍ത്തിക്കാന്‍ സാദ്ധ്യമല്ല.....ഞാന്‍ ആദ്യമായി നിന്നെ കണ്ട സമയം ഞാന്‍ നിന്നെ സ്നേഹിച്ചില്ല.മെലിസാന്ദ :
ഞാനും.....ഞാനും......എനിക്കു ഭയമായിരുന്നു.പെല്ലീസ് :
നിന്റെ കണ്ണുകളുടെ കാര്യത്തില്‍ എനിക്കു നല്ല സമ്മതമില്ലായിരുന്നു......ഉടന്‍തന്നെ ഇവിടംവിട്ടു പോകുവാന്‍ ഞാനുറച്ചു......പിന്നീട്........മെലിസാന്ദ :
ഇങ്ങോട്ടുവരാന്‍ ഒരിക്കലും ഞാന്‍ ആവശ്യപ്പെട്ടിരുന്നില്ല. ഇങ്ങോട്ട് വരാന്‍ ഞാന്‍ ഭയപ്പെട്ടതെന്തുകൊണ്ടാണെന്ന് ഇപ്പോഴും എനിക്കറിഞ്ഞുകൂടാ.....പെല്ലീസ് :
ഒരാള്‍ ഒരിക്കലും അറിയാത്ത കാര്യങ്ങള്‍ അനവധിയുണ്ടാകും.....സദാ നാമങ്ങനെ കാത്തിരിക്കുകയാണ്; പിന്നീട്......എന്താണാ ശബ്ദം? അവര്‍ വാതിലുകള്‍ അടയ്ക്കുകയാണ്.മെലിസാന്ദ :
അതെ; അവര്‍ വാതിലുകള്‍ അടച്ചുകഴിഞ്ഞു.പെല്ലീസ് :
നമുക്കിനി തിരിച്ചുപോകാന്‍ തരപ്പെടുകയില്ല. സാക്ഷകളിടുന്നതു നീ കേള്‍ക്കുന്നോ? ശ്രദ്ധിച്ചേ! ശ്രദ്ധിച്ചേ!....വലിയ ചങ്ങലകള്‍!......വലിയ ചങ്ങലകള്‍!.....നേരം വളരെ വൈകി; നേരം വളരെ വൈകി!.....മെലിസാന്ദ :
അത്രയും നന്നായി! അത്രയും നന്നായി! അത്രയും നന്നായി!.....പെല്ലീസ് :
നീ?.....നോക്കൂ, നോക്കൂ......ഇനിയൊരിക്കലും അതാശിക്കുന്നതു നാമല്ല......എല്ലാം നഷ്ടപ്പെട്ടു......എല്ലാം രക്ഷിക്കപ്പെട്ടു! ഇന്നത്തെ ഈ സായാഹ്നത്തില്‍ സമസ്തവും സുരക്ഷിതമാക്കപ്പെട്ടു. വരൂ! വരൂ!........എന്റെ ഹൃദയം, ഒരു ഭ്രാന്തന്റേതുപോലെ, മുകളില്‍, ശരിക്കും എന്റെ തൊണ്ടയില്‍ അങ്ങനെ വന്നുമിടിക്കുന്നു...... (അയാള്‍ അവളെ ചുറ്റിപ്പൊതിയുന്നു) ശ്രദ്ധിക്കൂ! ശ്രദ്ധിക്കൂ! എന്റെ ഹൃദയം ഏതാണ്ടെന്നെ ശ്വാസംമുട്ടിക്കാനുള്ള മട്ടാണ്!......വരൂ!....വരൂ!.....ഹാ! ഇരുട്ടില്‍ എത്ര കമനീയമായിരിക്കുന്നു!.........മെലിസാന്ദ :
നമ്മുടെ പുറകില്‍ ആരോ ഉണ്ട്!......പെല്ലീസ് :
ഞാന്‍ ആരെയും കാണുന്നില്ല.......മെലിസാന്ദ :
എന്തോ ഒരു ശബ്ദം ഞാന്‍ കേട്ടു......പെല്ലീസ് :
ഇരുട്ടില്‍ നിന്റെ ഹൃദയം മാത്രമേ ഞാന്‍ കേള്‍ക്കുന്നുള്ളൂ.മെലിസാന്ദ :
കരിയിലകള്‍ കിരുകിരുക്കുന്ന ശബ്ദം ഞാന്‍ കേട്ടു.
പൊടുന്നനെ അടങ്ങിയമര്ന്ന കാറ്റാണത്.....നാം ചുംബിച്ചുകൊണ്ടിരുന്നപ്പോള്‍ അത് ശമിക്കുകയുണ്ടായി..........മെലിസാന്ദ :
ഇന്നു രാത്രി, എത്ര ഉയരമുള്ളതായിരിക്കുന്നു നമ്മുടെ നിഴലുകള്‍!പെല്ലീസ് :
ശരിക്കും ഉദ്യാനത്തിന്റെ അറ്റംവരെ അവ ചുറ്റിപ്പിണയുന്നു...... ഓ! നമ്മില്‍നിന്നും എത്ര അകലത്തില്‍ അവ കെട്ടിപ്പിടിച്ചു ചുംബിക്കുന്നു!......നോക്കൂ! നോക്കൂ!......മെലിസാന്ദ :
(വീര്‍പ്പുമുട്ടുന്ന സ്വരത്തില്‍) ആ........ആ........ഹ്! ഒരു മരത്തിന്റെ പിന്നിലാണദ്ദേഹം!പെല്ലീസ് :
ആര്?മെലിസാന്ദ :
ഗോളാഡ്!പെല്ലീസ് :
ഗോളാഡോ? -- എവിടെ? -- പിന്നേയ്, ഞാന്‍ ഒന്നും തന്നെ കാണുന്നില്ലല്ലോ!.........മെലിസാന്ദ :
അതാ, അവിടെ, നമ്മുടെ നിഴലുകളുടെ അങ്ങേയറ്റത്ത്.......പെല്ലീസ് :
അതെ; അതെ; ഞാന്‍ അദ്ദേഹത്തെ കണ്ടുകഴിഞ്ഞു......പെട്ടെന്നിനി നാം പിന്തിരിഞ്ഞുകൂടാ........മെലിസാന്ദ :
അദ്ദേഹത്തിന്റെ കൈയില്‍ വാളുണ്ട്........പെല്ലീസ് :
എനിക്ക് ഒന്നുമില്ല......മെലിസാന്ദ :
നാം ചുംബിക്കുന്നത് അദ്ദേഹം കണ്ടിട്ടുണ്ട്.പെല്ലീസ് :
നാം അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം അറിഞ്ഞപോലെ തോന്നുന്നില്ല.....അനങ്ങാതെ!.....നിന്റെ തല തിരിഞ്ഞുനോക്കാതെ!.....നമ്മുടെമേല്‍ അദ്ദേഹം ഇരച്ചുചാടിവീഴും.........നമുക്കൊന്നും അറിഞ്ഞുകൂടെന്ന് അദ്ദേഹം കരുതുന്നിടത്തോളംനേരം അവിടെത്തന്നെ നില്ക്കും.....അദ്ദേഹം നമ്മെ സൂക്ഷിക്കുകയാണ്.......ഇപ്പോഴും നിശ്ചേഷ്ടനായിട്ടാണദ്ദേഹത്തിന്റെ നില.......പൊയ്ക്കോളൂ, ഈ നിമിഷംതന്നെ പൊയ്ക്കോളൂ, ഇതാ, ഈ വഴിയില്‍ക്കൂടി......ഞാനിവിടെ അദ്ദേഹത്തെ കാത്തുനില്ക്കാം......വന്നാല്‍ ഞാനദ്ദേഹത്തെ ചെറുത്തു നിറുത്തിക്കൊള്ളാം.മെലിസാന്ദ :
വേണ്ട, വേണ്ട, വേണ്ട!പെല്ലീസ് :
പോവൂ! ~ഒന്നു പോവൂ! അദ്ദേഹം എല്ലാം കണ്ടിട്ടുണ്ട്.....അദ്ദേഹം നമ്മെ കൊല്ലും!മെലിസാന്ദ :
അത്രയും നന്നായി! അത്രയും നന്നായി! അത്രയും നന്നായി!പെല്ലീസ് :
അദ്ദേഹം വരികയാണ്! അതാ അദ്ദേഹം വരികയാണ്!.......നിന്റെ ചുണ്ടുകള്‍!......നിന്റെ ചുണ്ടുകള്‍!..........മെലിസാന്ദ :
അതെ!.....അതെ!.......അതെ!..........പെല്ലീസ് :(അവര്‍ ലക്കില്ലാതെ ചുംബിക്കുന്നു)
ഓ! ഓ! നക്ഷത്രങ്ങളാകമാനം പൊഴിഞ്ഞങ്ങനെ വീഴുകയാണ്!....മെലിസാന്ദ :
എന്റെ മീതേയും! എന്റെ മീതേയും!........പെല്ലീസ് :
ഇനിയും! ഇനിയും!........തരൂ! തരൂ!......മെലിസാന്ദ :
എല്ലാം! എല്ലാം! എല്ലാം!............മെലിസാന്ദ :(കൈയില്‍ ഓങ്ങിപ്പിടിച്ച വാളുമായി ഗോളാഡ് അവരുടെ മീതെ ഇരച്ചാര്ത്തുവീഴുന്നു. അയാള്‍ വാളുലച്ച് ഒരൊറ്റ വെട്ടിനു പെല്ലീസിനെ നിലംപതിപ്പിക്കുന്നു. നീരുറവിനരികെ അയാള്‍ വീഴുന്നു. മെലിസാന്ദ പേടിച്ചരണ്ട് അവിടെനിന്നും പറപറക്കുന്നു.)
(പറപറന്നുകൊണ്ട്) ഓ! ഓ! എനിക്കു ധൈര്യമില്ല......എനിക്കു ധൈര്യമില്ല!.......(ഗോളാഡ് നിശ്ശബ്ദതയില്‍ കാട്ടിലൂടെ അവളെ പിന്തുടരുന്നു.)
അഞ്ചാമങ്കം
രംഗം ഒന്ന്
കൊട്ടാരത്തിന്റെ അടിയിലത്തെ നിലയിലുള്ള ഒരു ശാലപ്രായംചെന്ന ഒരുവേലക്കാരി :(വേലക്കാരികള്‍ ഒന്നിച്ചുകൂടി നില്ക്കുന്നതായി കാണപ്പെടുന്നു. വായുസഞ്ചാരത്തിനുള്ള ഒരു ദ്വാരത്തിനു മുന്പില് ഏതാനും കുട്ടികള്‍ വെളിയില്‍ കളിച്ചുകൊണ്ടു നടക്കുന്നു.)
കാത്തുനിന്നോളിന്, കണ്ടോളിന്‍; കാത്തുനിന്നോളിന്, കണ്ടോളിന്‍, പെങ്കൊച്ചുങ്ങളേ! ഇന്നു വയ്യീട്ടായിരിക്കും അത്; അവര്‍ ഇപ്പംതന്നെ നമ്മോടുവന്നു പറയും......മറ്റൊരു വേലക്കാരി :
അവരാരും വന്നു നമ്മോടു പറയുകേല......അവര്‍ക്ക് ഒട്ടുംതന്നെ അറിയാമ്മേല എന്നാണവര്‍ --മൂന്നാമത്തെ വേലക്കാരി :
നമ്മക്കേതായാലും ഇവിടങ്ങനെ കാത്തുനില്ക്കാം...........നാലാമത്തെ വേലക്കാരി :
നമ്മക്കസ്സലായിട്ടറിയാമല്ലോ എപ്പഴാ നമുക്കു മോളിലേയ്ക്കു പോണ്ടതെന്ന്........അഞ്ചാമത്തെ വേലക്കാരി :
സമയാവട്ടെ; ആവുമ്പം നമ്മക്കു നമ്മടെ ഇഷ്ടംപോലെ മോളിലേയ്ക്കങ്ങു കേറിപ്പാം.........ആറാമത്തെ വേലക്കാരി :
കെട്ടിടത്തിനുള്ളി ഒരൊച്ച്യേനക്കോം കേക്കാനില്ല.........ഏഴാമത്തെ വേലക്കാരി :
കാറ്റുകേറാനൊള്ള തൊളേടെ മുമ്പിക്കളിച്ചോണ്ടു നിക്കണെ ആ പിള്ളേരോട് ഒന്നൊച്ചേടുക്കാണ്ടിരിക്കാന് നമ്മളു ചെന്നു പറയണ്ടതാ..........എട്ടാമത്തെ വേലക്കാരി :
അവരിപ്പത്തന്നെ താനേ അടങ്ങിയിരുന്നോളും....ഒമ്പതാമത്തെ വേലക്കാരി :
സമയം ഇനീം ആയട്ടില്ല.ഒന്നാമത്തെ വേലക്കാരി :
(പ്രായംചെന്ന വേലക്കാരി പ്രവേശിക്കുന്നു)
ആര്ക്കൂപ്പെ അകത്തു കടക്കാനൊക്കുകേല......ഒരു നാഴികേലധികം ഞാന്‍ ചെവി വട്ടംപിടിച്ചുനിന്നു. വാതിലുകളില്‍ ഈച്ച നടക്കണത് ഒരുത്തനു കേക്കാനൊക്കും......ഞാന്‍ ഒന്നും കേട്ടില്ല.
അവരവളെ മുറീത്തനിച്ചു വിട്ടേക്ക്വാണോ?പ്രായംചെന്ന വേലക്കാരി :
അല്ലല്ല; മുറിക്കകം മുഴുവന്‍ ആളുകളാന്നാ എനിക്കു തോന്നണെ.ഒന്നാമത്തെ വേലക്കാരി :
അവരു വരണെണ്ടായിരിക്കും.....ഇപ്പത്തന്നെ അവരു വരണെണ്ടായിരിക്കും..........പ്രായംചെന്ന വേലക്കാരി :
ദൈവമേ! ഈശ്വരാ! വീട്ടിനുള്ളില്‍ കടന്നുവന്നേക്കണതു നന്മ്യോന്ന്വല്ല......ആരും ഒന്നും പറയാമ്മേലാത്തതാ.....പക്ഷേ എനിക്കറിയാവുന്നത് എനിക്കു പറയാന്‍ കഴിയൂങ്കില്....രണ്ടാമത്തെ വേലക്കാരി :
നിങ്ങളായിരുന്നോ വാതിക്കെവച്ചവരെ കണ്ടെ?....
എന്താത്? അതെ, അതെ; ഞാനാര്ന്ന് അവരെ കണ്ടത്. കാവക്കാരന്‍ പറേണു അയാളാ ആദ്യം അവരെ കണ്ടേന്ന്; പക്ഷേ അയാളെ വിളിച്ചൊണര്ത്ത്യേ ഞാനാ. അയാള്‍ കമന്നടിച്ചുകെടന്ന് കുംഭകര്ണ്ണസേവ്യാര്ന്നു. ഒന്നു കണ്ണു തൊറപ്പിക്കാന് ഞാമ്പെട്ട പാട്! എന്നട്ടു വിദ്വാനിപ്പെ വന്ന് അങ്ങനെ തട്ടിവിടുകയാ അയളാ ആദ്യം അവരെ കണ്ടേന്ന്. അതു ഭംഗ്യാണോ? -- താഴെ അറേലേയ്ക്കു പോവാന്‍ ഒരു വെളക്ക് കൊളുത്തീട്ടു എന്റെ കൈതന്നെ പൊള്ളിക്കഴന്നുപോയി. അതു നിങ്ങളു മനസ്സിലാക്കണം. അറേല് ഞാനെന്തു ചെയ്യാമ്പോവാര്ന്നു? -- എനിക്കുതന്നെ അതിപ്പെ ഓര്ക്കാനൊക്കണില്ല -- എങ്ങന്യായിരുന്നാലും, ഞാന്‍ വളരെ നേരത്തെതന്നെ ഒണര്ന്നെണീറ്റു; അപ്പഴും നല്ലപോലെ വെട്ടം വെച്ചിരുന്നില്ല; ഞാന്‍ എന്നോടുതന്നെ പറഞ്ഞു: ``ഞാന്‍ മുറ്റം വെലങ്ങനെ കടക്കും; പിന്നെ വാതലു തൊറക്കും.'' നന്ന്.......ഉപ്പൂറ്റി പൊക്കിപ്പിടിച്ചു പെരുവെരലൂന്നി ഞാന്‍ താഴേയ്ക്കു നടന്നുപോയി. തള്ളീപ്പം, വെറുമൊരു സാധാരണ വാതലായിരുന്നാലത്തെപ്പോലെ, ആ വാതിലങ്ങു മലര്ക്കെത്തൊറന്നു......ഈശ്വരാ! ദൈവമേ! എന്താ ഞാനവടെക്കണ്ട്യോരു പ്രമഞ്ചം? എന്താ ഞാനവടെക്കണ്ടേന്നൊന്നൂഹിച്ചുനോക്കൂ!..........ഒന്നാമത്തെ വേലക്കാരി :
അവര്‍ വാതലിന്റെ തൊട്ടു മുമ്പിലായിട്ടൊണ്ടാര്ന്നോ?പ്രായംചെന്ന വേലക്കാരി :
അവര്‍ രണ്ടുപേരും കെടക്കുകയാര്ന്നു; വാതിലിന്റെ തൊട്ടു മുമ്പില്‍!......ഒരിത്തിരി നാളായി വെശന്നു പ്രാണന് പൊരിഞ്ഞു തളര്ന്നുകെടക്കണ പാവങ്ങളെപ്പോലെ!......കൊച്ചുകുഞ്ഞുങ്ങള്‍, പേട്യാവുമ്പെച്ചെയ്യണെപോലെ, അവര്‍ മുറുക്കെ കെട്ടിപ്പിടിച്ചു കെടക്കുകാര്‍ന്നു. മിക്കവാറും മരിച്ച മട്ടാര്ന്നു കൊച്ചുരാജകുമാരി; വലിയ ഗോളാഡിന്റെ വാള് അപ്പഴും അദ്ദേഹത്തിന്റെ ഒരു വശംചേര്‍ന്നു പറ്റിപ്പിടിച്ചു കെടക്കണൊണ്ടാര്‍ന്നു.......കല്‍പ്പട മുഴുക്കെച്ചോരേം!.........രണ്ടാമത്തെ വേലക്കാരി :
കുട്ടികളോടൊന്നടങ്ങ്യോതുങ്ങി ഇരിക്കാന്‍ നമ്മക്കു ചെന്നു പറയണോല്ലൊ......കാറ്റുകേറാനൊള്ളെ വെടവിനു മുന്പില് അവരടെ സര്വ്വശക്ത്യോടുത്ത് അവര്‍ കൂക്കിവിളിക്കുകയാ.........മൂന്നാമത്തെ വേലക്കാരി :
എന്താ ഒരാളു സംസാരിക്ക്യണേന്നു കേക്കാന്തന്നെ ഇനി ഒക്കുകേല........നാലാമത്തെ വേലക്കാരി :
ഒന്നും ചെയ്യാനില്ല; ഞാന്‍ പടിച്ച പണി പതിനെട്ടും പയറ്റിനോക്കി; അവര്‍ അടങ്ങിയൊതുങ്ങി ഇരിക്കുകേല......ഒന്നാമത്തെ വേലക്കാരി :
അദ്ദേഹം സൊഖപ്പെട്ടെണീറ്റെന്നു തോന്നണില്ല.പ്രായംചെന്ന വേലക്കാരി :
ആര്?ഒന്നാമത്തെ വേലക്കാരി :
വല്ല്യേ ഗോളാഡേ!
അത്യതെ. അവരദ്ദേഹത്തെ ഭാര്യേടെ മുറീലേയ്ക്കു കൊണ്ടേയേക്ക്വാ...ഇപ്പെ ഞാനവരെ എടനാഴീവെച്ചു കണ്ടു. അദ്ദേഹം കുടിച്ചാലത്തെപ്പോലെ അവരദ്ദേഹത്തെ താങ്ങിപ്പിടിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഇപ്പഴും തനിയേ നടക്കാന്‍ കഴിയണില്ല.പ്രായംചെന്ന വേലക്കാരി :
താനേ അങ്ങു സിദ്ധികൂടാന്‍ അദ്ദേഹത്തിനു സാദ്ധ്യല്ല; അദ്ദേഹം ആളു തടിമാടനാ. കൊച്ചമ്മച്ചിക്കു പക്ഷേ കഷ്ടിച്ചേ മുറിവേറ്റട്ടൊള്ളു; എന്നട്ടു മരിക്ക്യാമ്പോണേ അവരാ......നെനക്കിതു മനസ്സിലാവണൊണ്ടോ?ഒന്നാമത്തെ വേലക്കാരി :
നിങ്ങള്‍ കണ്ടോ മുറിവ്?പ്രായംചെന്ന വേലക്കാരി :
എന്റെ പെങ്കൊച്ചേ, ഞാന്‍ നിന്നെ കാണണപോലെ അത്ര തെളിഞ്ഞ് -- ഞാനെല്ലാം കണ്ടു, മനസ്സിലായോ നെനക്ക്? -- ഒരു കൊച്ചു പീക്കിരി മുറിവ്........അവളുടെ മാറത്ത്.......എടത്തുവശത്തായിട്ട്...........ഒരു മാടപ്രാവിനെപ്പോലും കൊല്ലാന്‍ കഴിയാത്ത ഒരു കൊച്ചു മുറിവ്........അതങ്ങനെ സംഭവിക്ക്യണതാന്നു നെനക്ക് തോന്നണൊണ്ടോ?ഒന്നാമത്തെ വേലക്കാരി :
അത്യതെ; എന്തോ ഒന്ന് ഒണ്ട് ഇതിനെല്ലാം അടീല്....... രണ്ടാത്തെ വേലക്കാരി : അതെ; മൂന്നു ദിവസായി അവര്‍ പെറ്റട്ട്........പ്രായംചെന്ന വേലക്കാരി :
അതെ; മരണക്കെടക്കേലാര്ന്നു ആ പ്രസവം; മുന്കൂട്ടിയുള്ളെ ഒരു സൂചന്യാത്. എന്തൊരു കുഞ്ഞ്! നിയതിനെ കാണ്വേണ്ടായോ? -- ഒരു പിച്ചക്കാരി പോലും ലോകത്തിലേയ്ക്കു കൊണ്ടിരാത്ത ഒരു കൊച്ചു പീക്കിരിപ്പെങ്കൊച്ച്.......വളരെ നേരത്തെക്കൂട്ടിത്തന്നെ വന്നുചേര്‍ന്ന ഒരു കൊച്ചുമെഴുകുസാമാനം.......ആട്ടിന്കുഞ്ഞിന്റെ രോമത്തില്‍ ജീവിക്കേണ്ടതായിട്ടൊള്ള ഒരു മെഴുകുസാമാനം.......അത്യതെ, നന്മ്യോന്ന്വല്ല വീട്ടിനുള്ളില്‍ കടന്നുവന്നേക്കണേ........ഒന്നാമത്തെ വേലക്കാരി :
അത്യതെ; ദൈവംതമ്പുരാന്റെ തൃക്കൈകള്‍ കൊണ്ടുവന്നേക്കണത്.............രണ്ടാമത്തെ വേലക്കാരി :
ഇങ്ങന്യോക്കെ വന്നട്ടൊള്ള ഒരു കാരണോന്നും കൂടാതല്ല.........മൂന്നാമത്തെ വേലക്കാരി :
പിന്നെ നമ്മുടെ ആ കനിവൊള്ള കൊച്ചുതമ്പുരാനുണ്ടല്ലോ, പെല്ലീസ് -- അദ്ദേഹം എവട്യാ? ആര്‍ക്കും ഒരു തുമ്പും വാലൂല്ല അതിനെപ്പറ്റി.........
ഛേയി! തീര്ച്ച്യായും ഒണ്ട്. അറിയാം, എല്ലാവര്ക്കും അറിയാം.....പക്ഷേ ആര്‍ക്കുംതന്നെ അതിനെക്കുറിച്ചു ശബ്ദിക്കാനൊള്ള ദൈര്യോല്ല......ഒരാള്‍ക്ക് അതിനെക്കുറിച്ചൊന്നും മിണ്ടിക്കൂടാ. അതിനെപ്പറ്റി ഒരിക്കലും ഇനി ഒരാള്‍ക്കു പറയാന്‍ പാടില്ല.....ഒരാള്‍ക്ക് ഇനി ഒട്ടുംതന്നെ സത്യം പറയാന്‍ മേലാ.......പക്ഷേ ഒന്നെനിക്കറിയാം. കണ്ണുപൊട്ടന്കിണറ്റിന്റെടുത്ത് കെടക്കണകണ്ടട്ടെണ്ട്. ആര്‍ക്കും, ആര്‍ക്കുംതന്നെ, ഒരു കണ്ണൊന്നദ്ദേഹത്തെ കാണാന്‍ തരപ്പെട്ടില്ല; അത്രേയുള്ളൂ........ഒടുവിലത്തെ ആ വിധിയൊത്ത ദെവസോണ്ടല്ലോ, അന്നേ എല്ലാം വെളിപ്പെടൂ. അന്നേ എല്ലാം അറിയൂ എന്നുമാത്രം........ഒന്നാമത്തെ വേലക്കാരി :
ഈ വീട്ടിനുള്ളിലിനി ഒന്നന്ത്യോറങ്ങാനെനിക്കു ദൈര്യോല്ല.........പ്രായംചെന്ന വേലക്കാരി :
വീട്ടിനകത്തു കടന്നുകഴിഞ്ഞു; ഇനി അവനോനവനോന്റെ പാടുനോക്കി അടങ്ങ്യോതുങ്ങിയിരിക്കണതന്ന്യാ ബേദം.മൂന്നാമത്തെ വേലക്കാരി :
അതെ; പക്ഷേ, അങ്ങന്യായാത്തന്നെ എന്താ വിശേഷം? -- അതു നിങ്ങളെ തെരക്കി വന്നു കണ്ടുപിടിക്ക്യൂല്ലോ....പ്രായംചെന്ന വേലക്കാരി :
അത്യതെ; പക്ഷേ നാം പോവണ്ടപോല്യോന്നും നാം പോണില്ല........നാലാമത്തെ വേലക്കാരി :
നാം ചെയ്യേണ്ടപോലെ നാം ചയ്യണൂല്ല.....ഒന്നാമത്തെ വേലക്കാരി :
ഇപ്പഴവരു നമ്മെ പേടിച്ചിരിക്ക്യ്വാ..............രണ്ടാമത്തെ വേലക്കാരി :
അവര്‍ കൂട്യാലോചന നടത്ത്വാ, എല്ലാരും....മൂന്നാമത്തെ വേലക്കാരി :
എടനാഴീലേക്ക്യ് എപ്പഴും അവരു കണ്ണോടിച്ചോണ്ടാനെല.നാലാമത്തെ വേലക്കാരി :
അവര്‍ കുശുകുശുക്കലുതന്നെ കുശുകുശുക്കലാ...അഞ്ചാമത്തെ വേലക്കാരി :
അവരൊക്കെ കൂടിച്ചേര്ന്നാ ഇതു ചെയ്തേന്നു തോന്നിപ്പോകും......ആറാമത്തെ വേലക്കാരി :
എന്താണവരു ചെയ്തേന്നു ഒരറിവൂല്ല.......ഏഴാമത്തെ വേലക്കാരി :
ഏമാനന്മാര്ക്കുതന്നെ പേട്യാണെങ്കിപ്പിന്നെ എന്താ ചെയ്യ്വാ?...........ഒന്നാമത്തെ വേലക്കാരി :(നിശ്ശബ്ദത)
പിള്ളേരുടെ കൂക്കുവിളി കേക്കണേല്ല്യാ....രണ്ടാമത്തെ വേലക്കാരി :
കാറ്റുകേറാനൊള്ള വെടവിനുമുമ്പില് അവര്‍ ചടഞ്ഞുകൂടി ഇരിപ്പായിക്കഴിഞ്ഞു.മൂന്നാമത്തെ വേലക്കാരി :
അവര്‍ തമ്മിത്തമ്മിപ്പറ്റിച്ചേര്ന്നുകൊണ്ടാണിരിപ്പ്.പ്രായംചെന്ന വേലക്കാരി :
വീട്ടിനകത്ത് ഒരൊച്ച്യനക്കോം കേക്കണില്ലല്ലോ....ഒന്നാമത്തെ വേലക്കാരി :
കുഞ്ഞുങ്ങള്‍ ശ്വാസം വിടണപോലും കേക്കാനൊക്കണില്ല...........പ്രായംചെന്ന വേലക്കാരി :
വരിന്; വരിന്; മോളിലേയ്ക്കു ചെല്ലാന്‍ സമയമായി.......(നിശ്ശബ്ദരായി പോകുന്നു. )
രംഗം രണ്ട്
കൊട്ടാരത്തില്‍ ഒരു മുറിഡോക്ടര്‍ :(മുറിയുടെ ഒരു മൂലയില്‍ ആര്‍ക്കേലും ഗോളാഡും, ഡോക്ടരും പ്രത്യക്ഷപ്പെടുന്നു. മെലിസാന്ദ ഒരു കട്ടിലില്‍ കിടപ്പാണ്.)
അവര്‍ മരിക്കുന്നത് ഈ കൊച്ചു മുറിവുകൊണ്ടല്ല; ഒരു പക്ഷിപോലും അതുകൊണ്ട് മരിക്കുകയില്ല......അതുകൊണ്ട്, എന്റെ നല്ലവനായ പ്രഭോ, അങ്ങല്ല അവരെ കൊന്നിട്ടുള്ളത്; -- അവിടന്നങ്ങനെ കുണ്ഠിതപ്പെടാതിരിക്കൂ......ജീവിക്കുവാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ല.......പിന്നെ നമുക്കവരെ രക്ഷിക്കാന്‍ സാദ്ധ്യമല്ലെന്നും തീര്‍ത്തു പറഞ്ഞുകൂടാ...........ആര്‍ക്കേല്‍ :
അല്ലല്ല; അവളുടെ മുറിയില്‍ എന്തൊരു നിശ്ശബ്ദതയാണ്.......അതുതന്നെ ഒരു ചീത്തലക്ഷണമാ........നോക്കൂ, അവള് എങ്ങനെ ഉറങ്ങുന്നു എന്ന്......സാവധാനത്തില്‍.......സാവധാനത്തില്‍, എന്നെന്നേയ്ക്കുമായി അവളുടെ ആത്മാവു മരവിച്ചു പോയാലത്തെപ്പോലെ..............ഗോളാഡ് :
ഞാനവളെ കൊന്നു.......ഒരു കാരണവും കൂടാതെ! ഒരു കാരണവും കൂടാതെ ഞാനവളെ കൊന്നുകളഞ്ഞു........കല്ലുകള്‍ക്കുപോലും കരച്ചില് വന്നുപോകും!...........അവര്‍ അന്യോന്യം ചുംബിച്ചിരുന്നു.........കൊച്ചുകുഞ്ഞുങ്ങളെപ്പോലെ!...........അവര്‍ തമ്മില്‍ത്തമ്മില്‍ അങ്ങനെ വെറുതെ ചുംബിച്ചുകൊണ്ടിരുന്നു.......ജ്യേഷ്ഠനും അനുജത്തിയുമായിരുന്നു അവര്‍.......ഞാനോ?......ഞാനാകട്ടെ, എന്നെത്തന്നെ വകവെയ്ക്കാതെ -- പെട്ടെന്നതു പ്രവര്‍ത്തിച്ചു......നിങ്ങള്‍ നോക്കൂ!........എന്നെത്തന്നെ കൂട്ടാക്കാതെ കണ്ണുമടച്ചു ഞാനതു ചെയ്തു.......ഡോക്ടര്‍ :
സൂക്ഷിക്കണം; അവര്‍ ഉണരുകയാണെന്നു തോന്നുന്നു.......മെലിസാന്ദ :
ജനല്‍ തുറക്കൂ........ജനല്‍ തുറക്കൂ.....ആര്‍ക്കേല്‍ :
ഈ ജനലാണോ തുറന്നിടേണ്ടത്, മെലിസാന്ദേ?മെലിസാന്ദ :
അല്ലല്ല, ആ വലിയ ജനല്‍....വലിയ ജനല്‍........എനിക്കു കാണാനൊക്കുമല്ലോ........ആര്‍ക്കേല്‍ :
ഇന്നു വൈകീട്ടു കടല്‍ക്കാറ്റിനു വലിയ തണുപ്പുണ്ട്......ഡോക്ടര്‍ :
അവര്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കൂ.......മെലിസാന്ദ :
നിങ്ങള്‍ക്കു നന്ദി.......സൂര്യന് അസ്തമിക്കുന്നതാണോ അത്?ആര്‍ക്കേല്‍ :
അതെ; അതെ സൂര്യന് കടലില്‍ താഴുകയാണ്; നേരം അതിക്രമിച്ചിരിക്കുന്നു. നിനക്കെങ്ങനെയിരിക്കുന്നു, മെലിസാന്ദേ?മെലിസാന്ദ :
സുഖം തോന്നുന്നു.....സുഖം തോന്നുന്നു. എന്തുകൊണ്ടാണെന്നോടങ്ങനെ ചോദിക്കുന്നത്? ഇതിനു മുമ്പൊരിക്കലും എനിക്ക് ഇത്രയും സുഖം തോന്നിയിട്ടില്ല. എന്നിരുന്നാലും, എന്തോ എനിക്കു വെളിവായപോലെ തോന്നുന്നു.ആര്‍ക്കേല്‍ :
നീ എന്താണീ പറയുന്നത്? നീ പറയുന്നതെനിക്കു മനസ്സിലാകുന്നില്ല......മെലിസാന്ദ :
ഞാന്‍ പറയുന്നത് എനിക്കുതന്നെ നല്ലപോലെ മനസ്സിലാകുന്നില്ല, മനസ്സിലായോ?.......എനിക്കറിഞ്ഞുകൂടാ ഞാന്‍ പറയുന്നതെന്താണെന്ന്........എനിക്കെന്തറിയാമെന്നും എനിക്കറിഞ്ഞുകൂടാ...........ഞാന്‍ ആഗ്രഹിക്കുന്നതു ഞാന്‍ പറയുന്നില്ല.ആര്‍ക്കേല്‍ :
നീയിങ്ങനെ സംസാരിക്കുന്നതുതന്നെ എന്താനന്ദമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിനക്കു സ്വബോധമില്ലായിരുന്നു......നീ പറയുന്നത് മനസ്സിലാക്കാന്‍തന്നെ എപ്പോഴും ഞങ്ങള്‍ക്കു സാധിച്ചിരുന്നില്ല. പക്ഷേ ഇന്നിപ്പോള്‍ അതൊക്കെ മാറിപ്പോയി.
എനിക്കൊന്നും അറിഞ്ഞുകൂടാ.......മുറിയില്‍ അങ്ങു തനിച്ചേ ഉള്ളോ, മുത്തച്ഛാ?ആര്‍ക്കേല്‍ :
അല്ല; നിന്നെ ചികിത്സിച്ച ഡോക്ടര്‍ ഇവിടെ ഉണ്ട്.മെലിസാന്ദ :
ശരി.......ആര്‍ക്കേല്‍ :
പിന്നെ -- വേറൊരാള് കൂടിയുണ്ട്.മെലിസാന്ദ :
ആരാണ്?ആര്‍ക്കേല്‍ :
അതു....നീ പേടിക്കരുത്......നിനക്ക് ഏറ്റവും നിസ്സാരമായ ഉപദ്രവംപോലും ചെയ്യാന്‍ അയാള്‍ ആശിക്കുന്നില്ല. അതു ദൃഢമായി വിശ്വസിച്ചുകൊള്ളൂ! നിനക്കു ഭയമാണെങ്കില്‍ അയാള്‍ പോയ്ക്കൊള്ളും......വളരെ ദുഃഖിതനാണയാള്.മെലിസാന്ദ :
അതാരാണ്?ആര്‍ക്കേല്‍ :
അതു........നിന്റെ ഭര്‍ത്താവാണ്......ഗോളാഡ്!.......മെലിസാന്ദ :
ഗോളാഡ് ഇവിടെയുണ്ടെന്നോ?........പിന്നെ എന്തുകൊണ്ടദ്ദേഹം എന്റടുത്ത് വരുന്നില്ല?ഗോളാഡ് :
(കട്ടിലിനടുത്തേയ്ക്ക് പണിപ്പെട്ടു ചെന്നുകൊണ്ട്)മെലിസാന്ദ :
മെലിസാന്ദേ!............മെലിസാന്ദേ!...........
അതു നിങ്ങളാണോ, ഗോളാഡേ?....എനിക്കു നിങ്ങളെ ശരിക്കു തിരിച്ചറിയാന്‍ കഴിയുന്നില്ല......അസ്തമനസൂര്യന്റെ വെളിച്ചം എന്റെ കണ്ണുകളില്‍ പതിഞ്ഞിട്ടുള്ളതുകൊണ്ടാണത്. നിങ്ങള്‍ ആ ചുമരുകളുടെ നേര്‍ക്ക് അങ്ങനെ നോക്കുന്നതെന്താണ്? നിങ്ങള്‍ വല്ലാതെ മെലിഞ്ഞുപോയല്ലോ! നിങ്ങള്‍ക്കു പ്രായക്കൂടുതലും വന്നിട്ടുണ്ട്....നാം തമ്മില്‍ കണ്ടിട്ട് ഏറെ നാളായോ?ഗോളാഡ് :
(ആര്ക്കേലിനോടും ഡോക്ടരോടും)മെലിസാന്ദ :
ദയവുചെയ്തു, ദയവുചെയ്തു, ഒരു നിമിഷനേരത്തേയ്ക്കു നിങ്ങള്‍ മുറിയില്‍ നിന്നൊന്നു പുറത്തേയ്ക്കു പോകാമോ?.....ഞാന്‍ വാതില്‍ മലര്‍ക്കെ തുറന്നിട്ടുകൊള്ളാം........ഒരൊറ്റ നിമിഷം മാത്രം.....എനിക്ക് അവളോട് അല്പം ചിലതു സംസാരിക്കാനുണ്ട്; അങ്ങനെ ചെയ്തില്ലെങ്കില്‍ എനിക്കു മരിക്കാന്‍ കഴിയുന്നതല്ല......ദയവുചെയ്ത് നിങ്ങള്‍ അതു ചെയ്യുമോ? തളത്തിന്റെ അങ്ങേഅറ്റത്തുപോയി നിന്നുകൊള്ളൂ; ഉടന്‍തന്നെ നിങ്ങള്ക്കിങ്ങോട്ടു തിരിച്ചുവരാം -- ഉടന്‍തന്നെ! എനിക്കിത് ഉപേക്ഷിക്കാന്‍ സാദ്ധ്യമല്ല. മനശ്ശല്യം പിടിച്ച ഒരു പിശാചാണ് ഞാന്‍....... (ആര്‍ക്കേലും ഡോക്ടരും പോകുന്നു) മെലിസാന്ദേ, എനിക്കു നിന്നോടുള്ളതുപോലെ നിനക്കെന്നോടും അല്പം സഹതാപമുണ്ടോ?........മെലിസാന്ദേ, നീ എനിക്കു മാപ്പുതരുമോ, മെലിസാന്ദേ?.........
ഉവ്വുവ്വ്; ഞാന്‍ അങ്ങേയ്ക്കു മാപ്പു തരുന്നു......മാപ്പു തരുവാനെന്താണുള്ളത്?ഗോളാഡ് :
ഞാന്‍ നിന്നോടൊരു വലിയ തെറ്റു ചെയ്തിട്ടുണ്ട്, മെലിസാന്ദേ!.......ഞാന്‍ നിന്നോടു ചെയ്തിട്ടുള്ള തെറ്റിനെക്കുറിച്ച് നിന്നോട് പറയുവാന്‍ എനിക്കു സാദ്ധ്യമല്ല......പക്ഷേ ഞാനതു കാണുന്നു.......അത്രമാത്രം സ്പഷ്ടമായി ഞാനിന്നതു കാണുന്നു.......അതെല്ലാം എന്റെ മാത്രം കുറ്റമാണ് -- സംഭവിച്ചതു മുഴുവന്‍; സംഭവിക്കാന്‍ പോകുന്നതും മുഴുവന്‍! എനിക്കൊന്നതു പറയുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍!........ഞാന്‍ എല്ലാം കാണുന്നു........ഞാന്‍ എല്ലാം കാണുന്നു! പക്ഷേ, ഞാന്‍ നിന്നെ അത്രമാത്രം സ്നേഹിച്ചു; ഞാന്‍ നിന്നെ അത്രമാത്രം സ്നേഹിച്ചു!......ആരോ ഒരാളിപ്പോള്‍ മരിക്കാന്‍ പോവുകയുമാണ്......ഞാനാണ് മരിക്കാന്‍ പോകുന്നത്.......എനിക്കതൊന്നറിയണമെന്നുണ്ട്.....ഞാന്‍ നിന്നോട് ചോദിക്കാന്‍ പോകുന്നു............നീ തെറ്റിദ്ധരിക്കില്ലല്ലോ?.......എനിക്കതിന്റെ ആവശ്യമുണ്ട്........മരിക്കാന്‍ പോകുന്ന ഒരാളോട്, സത്യമേ പറയാവൂ!.......സത്യം അയാള്ക്കറിയേണ്ടിയിരിക്കുന്നു; അല്ലെങ്കില്‍ അയാള്‍ക്കുറക്കം വരികയില്ല........എന്നോട് സത്യം പറയാമെന്നു നീ സത്യം ചെയ്യുന്നുവോ?മെലിസാന്ദ :
ഉവ്വ്................
നീ പെല്ലീസിനെ സ്നേഹിച്ചോ?മെലിസാന്ദ :
എന്തിന്, ഉവ്വ്: ഞാന്‍ അദ്ദേഹത്തെ സ്നേഹിച്ചു. അദ്ദേഹം എവിടെയാണ്.ഗോളാഡ് :
ഞാന്‍ പറയുന്നത് നിനക്കു മനസ്സിലാകുന്നില്ലേ? നീ മനസ്സിലാക്കുകയില്ലേ, ഞാന്‍ പറയുന്നത്? എനിക്കുതോന്നുന്നു.......എനിക്കുതോന്നുന്നു........കൊളളാം.......അതെ........അതിതാണ്. നിനക്കവനോട് നിഷിദ്ധമായ ഒരു സ്നേഹം -- വിലക്കപ്പെട്ട ഒരു സ്നേഹം -- ഉണ്ടായിരുന്നോ എന്നാണ് ഞാന്‍ ചോദിക്കുന്നത്? എന്താ, ഉണ്ടായിരുന്നോ?......നീ അപരാധിനിയാണോ? എന്നോട് പറയൂ; എന്നോട് പറയൂ; അതെ, അതെ, ഏ, അതേ?..............മെലിസാന്ദ :
അല്ല; ഒരിക്കലുമല്ല; ഞങ്ങള്‍ അപരാധികളായിരുന്നില്ല; എന്തുകൊണ്ടാണ് നിങ്ങള്‍ എന്നോടത് ചോദിക്കുന്നത്?ഗോളാഡ് :
മെലിസാന്ദേ!....എന്നോട് സത്യം പറയൂ, ദൈവത്തെയോര്‍ത്ത്!....മെലിസാന്ദ :
എനിക്കെന്തുകൊണ്ട് നിങ്ങളോട് സത്യം പറഞ്ഞുകൂടാ?ഗോളാഡ് :
മരണമുഹൂര്‍ത്തത്തില്‍ അങ്ങനെ കള്ളം പറയാതിരിക്കൂ!മെലിസാന്ദ :
ആരാണ് മരിക്കാന്‍ പോകുന്നത്? ഞാനാണോ?ഗോളാഡ് :
നീ! നീ!--ഞാനും, നിന്റെ പുറകേ ഞാനും! -- നമുക്ക് സത്യം വേണ്ടിയിരിക്കുന്നു........നമുക്ക് അവസാനമായി സത്യം വേണ്ടിയിരിക്കുന്നു; നീ കേള്‍ക്കുന്നോ?.......എന്നോടെല്ലാം പറയൂ!......നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ മാപ്പുതരുന്നു!.............മെലിസാന്ദ :
എന്തിനാണ് ഞാന്‍ മരിക്കാന്‍ പോകുന്നത്? ഞാന്‍ അറിഞ്ഞില്ല...........ഗോളാഡ് :
നീയതിപ്പോള് അറിയും!.......സമയമായി! സമയമായി!.......വേഗം! വേഗം!......സത്യം!......സത്യം!........മെലിസാന്ദ :
സത്യം!........സത്യം!.......ഗോളാഡ് :
നീ എവിടെയാണ്? മെലിസാന്ദേ, നീ എവിടെയാണ്? ഇതു സ്വാഭാവികമല്ല. മെലിസാന്ദേ, നീ എവിടെയാണ്? നീ എവിടേയ്ക്കു പോകുന്നു? (മുറിയുടെ വാതില്ക്കല് ആര്ക്കേലിനേയും ഡോക്ടരേയും കണ്ടിട്ട്) അതെ, അതെ; നിങ്ങള്‍ക്കു അകത്തുവരാം.......എനിക്കൊന്നും അറിഞ്ഞുകൂടാ; അതു ഫലശൂന്യമാണ്.........വളരെ താമസിച്ചുപോയി; അവള് നമ്മില്‍നിന്നും വളരെ വളരെ അകലത്തായിക്കഴിഞ്ഞിരിക്കുന്നു.........ഞാന്‍ ഒരിക്കലും അറിയുകയില്ല.........ഞാനിവിടെക്കിടന്ന് ഒരു കണ്ണുപൊട്ടനെപ്പോലെ മരിക്കും!..........ആര്‍ക്കേല്‍ :
എന്താ നീ ചെയ്തത്? നീയവളെ കൊല്ലും!.......ഗോളാഡ് :
ഞാനവളെ കൊന്നുകഴിഞ്ഞു..................ആര്‍ക്കേല്‍ :
മെലിസാന്ദേ!..............മെലിസാന്ദ :
ആരാത്? മുത്തച്ഛനാണോ?
അതെ, എന്റെ മോളേ!......ഞാന്‍ എന്തുചെയ്യണം? എന്താണ് നിന്റെ ആശ?മെലിസാന്ദ :
ശീതകാലം വന്നുചേര്‍ന്നു എന്നതു വാസ്തവമാണോ മുത്തച്ഛാ?ആര്‍ക്കേല്‍ :
നീയെന്താണങ്ങനെ ചോദിക്കുന്നത്?മെലിസാന്ദ :
എന്തെന്നാല്‍, വല്ലാത്ത തണുപ്പായിരിക്കുന്നു.....ഇലകളെല്ലാം കൊഴിഞ്ഞുകഴിഞ്ഞു! ഒന്നും ബാക്കിനില്പ്പില്ല........ആര്‍ക്കേല്‍ :
നിനക്കു തണുക്കുന്നുണ്ടോ? ജനലുകള്‍ അടച്ചിടുന്നതു നീ ഇഷ്ടപ്പെടുന്നോ?.............മെലിസാന്ദ :
ഇല്ലില്ല.......സൂര്യന് കടലിന്റെ അടിത്തട്ടില്‍ എത്തിച്ചേരുന്നതുവരെ വേണ്ട.......സൂര്യനതാ മെല്ലെമെല്ലെയങ്ങനെ താഴുകയാണ്.......പിന്നെ, ശീതകാലം ആരംഭിച്ചതു വാസ്തവമാണോ മുത്തച്ഛാ?ആര്‍ക്കേല്‍ :
അതെ -- ശീതകാലം നിനക്കിഷ്ടമല്ലേ?മെലിസാന്ദ :
ഓ! അല്ല! തണുപ്പെനിക്കു ഭയമാണ്. വലിയ തണുപ്പിനെ ഞാന്‍ വല്ലാതെ പേടിച്ചിരിക്കയാണ്......ആര്‍ക്കേല്‍ :
നിനക്ക് കൂടുതല്‍ സുഖം തോന്നുന്നോ?മെലിസാന്ദ :
ഉവ്വ്; ഉവ്വ്; എനിക്കിപ്പോള്‍ ഒരുതരത്തിലുള്ള ഉല്‍ക്കണ്ഠയും ഉണ്ടാകുന്നില്ല........ആര്‍ക്കേല്‍ :
നിനക്കു നിന്റെ കുഞ്ഞിനെ കാണണോ?മെലിസാന്ദ :
എന്തു കുഞ്ഞ്?ആര്‍ക്കേല്‍ :
നിന്റെ കുഞ്ഞ് -- നീയൊരമ്മയാണ്......നീ ഒരു കൊച്ചുപെണ്‍കുഞ്ഞിനെ പ്രസവിച്ചിട്ടുണ്ട്.......മെലിസാന്ദ :
അവള് എവിടെ?ആര്‍ക്കേല്‍ :
ഇവിടെ......മെലിസാന്ദ :
ഇതു ബഹുവിചിത്രമായിരിക്കുന്നു.....അവളെ ഒന്നെടുക്കാന്‍ എനിക്കെന്റെ കൈ പൊക്കാന്‍ കഴിയുന്നില്ല.......ആര്‍ക്കേല്‍ :
ഇപ്പോഴും നീ ക്ഷീണിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണത്. ഞാന്‍ തന്നെ അവളെ പിടിച്ചുകൊള്ളാം; നോക്കൂ!മെലിസാന്ദ :
അവള് പുഞ്ചിരിയിടുകയല്ല.......അവള് ചെറുതാണ്.......അവള് കരയാന്‍ പോകുന്നു..........പാവം, എനിക്കവളില്‍ അനുകമ്പയുണ്ട്..........ഗോളാഡ് :(വേലക്കാരികള്‍ ഓരോരുത്തരായി പതുക്കെപ്പതുക്കെ മുറിയിലേയ്ക്കു കടന്നുവന്നു, ശബ്ദമുണ്ടാക്കാതെ ഒറ്റവരിയായി ചുമരോട് ചേര്‍ന്നു കാത്തുനില്ക്കുന്നു)
(പെട്ടെന്നെഴുന്നേറ്റ്) എന്താണിത്? -- ഈ പെണ്ണുങ്ങളെല്ലാം ഇവിടെ എന്തു ചെയ്യുകയാ?ഡോക്ടര്‍ :
അവര്‍ വേലക്കാരികളാണ്........ആര്‍ക്കേല്‍ :
അവരെ ആരു വിളിച്ചു?ഡോക്ടര്‍ :
ആവോ.......ഞാനല്ല......ഗോളാഡ് :
നിങ്ങള്‍ എന്തിനാണിവിടെ വന്നത്?.......ആരും നിങ്ങളെ വിളിച്ചില്ലല്ലോ. നിങ്ങള്‍ ഇവിടെ എന്തു ചോയ്യാന്‍ പോകുന്നു?......ഏ? വേഗം സമാധാനം പറയിന്‍!ആര്‍ക്കേല്‍ :(വേലക്കാരികള്‍ ഒന്നും മിണ്ടുന്നില്ല)
അത്ര ഉച്ചത്തില്‍ സംസാരിക്കരുതേ! അവള് ഉറങ്ങാന്‍ പോകുകയാണ്.........അതാ അവള് കണ്ണുകള്‍ അടച്ചുകഴിഞ്ഞു.ഗോളാഡ് :
അല്ലേ,........ഇത്.........?
അല്ലല്ല; നോക്കൂ, അവള് ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ട്.ആര്‍ക്കേല്‍ :
അവളുടെ കണ്ണു രണ്ടും നിറയെ കണ്ണീരാണ് -- ഇപ്പോള്‍ അവളുടെ ആത്മാവാണ് കരയുന്നത്. അവള് അവളുടെ കൈകള്‍ വിടുര്ത്തുന്നല്ലോ; അതെന്തിനാണ്? -- അവള് എന്താണാവശ്യപ്പെടുന്നത്?ഡോക്ടര്‍ :
അതു കുഞ്ഞിന്റെ നേര്‍ക്കാണ്; സംശയമില്ല.......മാതൃഹൃദയത്തിന്റെ പിടച്ചിലാണത്.ഗോളാഡ് :
ഇപ്പോഴോ? -- ഇപ്പോഴോ? -- എന്നാല്‍ നിങ്ങളിപ്പോള്‍ അതു പറയണം. ഊംംം.......പറയൂ! പറയൂ!ഡോക്ടര്‍ :
പക്ഷേ --ഗോളാഡ് :
ഉടന്‍തന്നെ -- ഈ നിമിഷംതന്നെ!......ഓ! ഓ! എനിക്കവളോടു പറയണം.........മെലിസാന്ദേ! മെലിസാന്ദേ!......എന്നെ വിടൂ! -- അവളോടൊന്നിച്ച് എന്നെ തനിച്ചുവിടൂ..............!ആര്‍ക്കേല്‍ :
ഇല്ലില്ല; അവളുടെ അടുത്തേയ്ക്കു പോകരുത്.......അവളെ ഉപദ്രവിച്ചുകൂടാ..........അവളോട് ഇനിയും സംസാരിക്കരുത്.......നിനക്കറിഞ്ഞുകൂടാ ആത്മാവെന്താണെന്ന്.ഗോളാഡ് :
അതെന്റെ കുറ്റമല്ല.....അതെന്റെ കുറ്റമല്ല.....ആര്‍ക്കേല്‍ :
ശ്!......ശ്!.......നാം ഇപ്പോള്‍ പതുക്കെ മന്ത്രിക്കയേ പാടുള്ളൂ......ഇനി നാമവളെ ഒട്ടുംതന്നെ ഉപദ്രവിക്കാന്‍ പാടില്ല.....മനുഷ്യാത്മാവ് വളരെ നിശ്ശബ്ദമാണ്. ഏകാന്തതയില്‍ അങ്ങനെ തെന്നിമാറുവാന്‍ മനുഷ്യാത്മാവ് ഇഷ്ടപ്പെടുന്നു. അതത്രമാത്രം ഭയപ്പാടോടെ ക്ലേശങ്ങള്‍ അനുഭവിക്കുന്നു. പക്ഷേ, ആ സങ്കടം! -- ഗോളാഡ്, ഒരുവന് കാണുന്ന സകലരുടേയും! ആ സങ്കടം.....ഓ! ഓ! ഓ!ആര്‍ക്കേല്‍ :(ഈ ഘട്ടത്തില്‍ മുറിയുടെ അറ്റത്ത് എല്ലാ വേലക്കാരികളും മുട്ടുകുത്തുന്നു)
(തിരിഞ്ഞിട്ട്) എന്താണിത്?.........ഡോക്ടര്‍ :
(കട്ടിലിന്നരികെ ചെന്നു ശരീരം തൊട്ടുനോക്കിയിട്ട്)ആര്‍ക്കേല്‍ :
അതെ; അവരുടെ ധാരണ ശരിയാണ്.........(നീണ്ട നിശ്ശബ്ദത)
ഞാന്‍ ഒന്നും കണ്ടില്ല -- നിങ്ങള്‍ക്കു തീര്‍ച്ചയാണോ?ഡോക്ടര്‍ :
അതെ; തീര്‍ച്ച!ആര്‍ക്കേല്‍ :
ഞാന്‍ യാതൊന്നും കേട്ടില്ല......ഇത്ര പെട്ടെന്ന്.......ഇത്ര പെട്ടെന്ന്......പൊടുന്നനെ...........ഒരൊറ്റ വാക്കുമിണ്ടാതെ..........അവള് പൊയ്ക്കളഞ്ഞു..........ഗോളാഡ് :
(തേങ്ങിക്കരഞ്ഞുകൊണ്ട്) ഓ! ഹാവൂ!.......ഹയ്യോ!ആര്‍ക്കേല്‍ :
ഇവിടെ നില്ക്കാതേ, ഗോളാഡ്.......അവള്‍ക്കിപ്പോള്‍ നിശ്ശബ്ദതയാണാവശ്യം.......വരൂ......വരൂ!......ഇതു ഭയങ്കരമാണ്; പക്ഷേ, ഇതു നിന്റെ കുറ്റമല്ല. അവള് പരമശാന്തയായ ഒരു ജീവിയായിരുന്നു. എത്രയും അടക്കമൊതുക്കമുള്ളവളും, ഭയചകിതയും പരമവിനീതയും നിശ്ശബ്ദയുമായ ഒരു പാവം പെണ്കിടാവ്!.......ഏതോ മായാരഹസ്യം ഉള്‍ക്കൊണ്ടിരുന്ന ഒരപൂര്‍വ്വജീവിയായിരുന്നു അവള്. അതാ, അവളുടെ കുഞ്ഞിന്റെ ഒരു മൂത്ത ജ്യേഷ്ഠത്തിയെപ്പോലെ അവള് കിടക്കുന്നു......വരൂ, വരൂ.......ഹാ, ദൈവമേ!........ഹാ, ദൈവമേ!......എനിക്കൊന്നുംതന്നെ അറിഞ്ഞുകൂടാ. വരൂ, കുഞ്ഞ് ഇവിടെ ഈ മുറിയില്‍ കഴിച്ചുകൂട്ടാന്‍ പാടില്ല.....അവളുടെ സ്ഥാനത്ത് ഇനിയിപ്പോള്‍ ജീവിക്കേണ്ടത് ആ കുഞ്ഞാണ്......പാവപ്പെട്ട ഒരു കൊച്ചുകുഞ്ഞ്.......ഇനിയത്തേത് അവളുടെ മുറയാണ്.......(നിശ്ശബ്ദതയില്‍ നിഷ്ക്രമിക്കുന്നു)