മാനസാന്തരം
(ഒരു ജാപ്പനീസ് നാടകം)
മൂലഗ്രന്ഥകാരന്‍
സനീത്സു മുഷാക്കോജി
പരിഭാഷകൻ
ചങ്ങമ്പുഴ കൃഷ്ണപിള്ള
ഇടപ്പള്ളി
1123 മീനമാസത്തില്‍ പ്രസിദ്ധീകരിച്ചതാണ് ഈ തര്‍ജ്ജമ.
സ്ഥലം
ടോക്കിയോ
കാലം
ഇന്നത്തെ കാലം.
നാടകത്തിലെ പാത്രങ്ങള്‍
- ഷൂസോ യമാദ: തന്നിഷ്ടക്കാരനും, നല്ല മനസ്ഥൈര്യമുള്ളവനും, പക്ഷേ, ദയാമയമായ ഹൃദയത്തോടുകൂടിയവനുമായ ഒരു മനുഷ്യന് 55 വയസ്സു പ്രായം.
- ഹിറോക്കോ: അയാളുടെ ഭാര്യ മാമൂല്പ്രിയയായ ഒരു സ്ത്രീ. പ്രായം 50 വയസ്സ്.
- താരോ: അവരുടെ മൂത്ത മകന് സമര്‍ത്ഥനും ഉദാരമനസ്കനുമായ ഒരു ചെറുപ്പക്കാരന് പ്രായം 28.
- ജീരോ: അവരുടെ ഇളയ മകന്; സ്വഭാവം ഏറിയകൂറും അയാളുടെ സഹോദരന്റേതുപോലെതന്നെ; പക്ഷേ, സ്വാഭിപ്രായത്തെ കണക്കിലേറെ മുറുകെപ്പിടിക്കുന്ന ആളാണ് പ്രായം 22.
- ടോഷിക്കോ: അവരുടെ മകള്‍ നല്ല രീതിയില്‍ വളര്‍ത്തപ്പെട്ടിട്ടുള്ള ശാലീനയായ ഒരു പെണ്കിടാവ് പ്രായം 17.
- ഒബയാഷി: ജീരോവിന്റെ സ്നേഹിതന് വയസ്സ് ഇരുപത്തി മൂന്നേ ആയുള്ളു. എങ്കിലും ഒരു ധനാഢ്യകുടുംബത്തിലെ അധിനായകന്.
- ഫ്യൂജി ഷീജെക്കി: പതിനെട്ടു വയസ്സുള്ള വിലാസിനിയായ ഒരു പെണ്‍കുട്ടി. യമാദാകുടുംബത്തിലെ പരിചാരിക.
- അതേ കുടുംബത്തിലെ മറ്റൊരു വേലക്കാരി:
ഒന്നാമങ്കം
(യമാദാനിലയത്തിലെ നിവാസാര്ത്ഥകമായ ഒരു മുറി. പാശ്ചാത്യരീതിയില്‍ ആഡംബരപൂര്‍വ്വം വിവിധോപകരണങ്ങളാല് അലങ്കരിക്കപ്പെട്ടിട്ടുണ്ട്. ഹിറോക്കോവിനേയും ഷൂസോവിനെയും കാണാം)
ഹിറോക്കോ:വീണ്ടും വെളിയിലേക്കു പോകയാണോ, നിങ്ങള്‍?ഷൂസോ:
അതെ; വീണ്ടും എനിയ്ക്കൊന്നു പുറത്തേയ്ക്കിറങ്ങേണ്ടതായിട്ടുണ്ട്. ങ്ാ - പിന്നേയ്, കുട്ടികള്‍ എവിടെ പോയിരിക്കയാ? ഇവിടെങ്ങും ഒരൊറ്റാളെ കാണാനില്ല.ഹിറോക്കോ:
അവര്‍ വിരുന്നിനു പോയിരിക്കയാണ്. മൂന്നുപേരും ഒന്നിച്ചാ പോയത്.ഷൂസോ:
ഓഹോ, ശരി. അവര്‍ ഒരേ പ്രകൃതക്കാരായിരിക്കുന്നതു തന്നെ വളരെ ഭേദം.ഹിറോക്കോ:
അതെ, അല്ലേ? വളരെ നല്ലവരുമാണവര്‍. പക്ഷേ നിങ്ങള്‍ ഒന്നു മനസ്സിലാക്കണം. എനിക്ക് അവരുടെ മേലുള്ള പിടി നഷ്ടപ്പെടുകയാണ്.ഷൂസോ:
ശരി; പക്ഷേ അങ്ങനെയായിരിക്കാം. അവര്‍ വളര്‍ന്നു പോയി.ഹിറോക്കോ:
ആദ്യം നിങ്ങള്‍ എന്നോടുപേക്ഷ ഭാവിച്ചുതുടങ്ങി; പിന്നീടു കുട്ടികളും. ഇതെന്നെ വല്ലാതെ കുണ്ഠിതപ്പെടുത്തുന്നു.ഷൂസോ:
ഇനി അങ്ങനെ ഭാവിക്കന്നതു കുട്ടികളുടെ കുട്ടികളായിരിക്കും.ഹിറോക്കോ:
എനിക്കങ്ങനെ തോന്നുന്നു. തരോവിന് ഒരു ഭാര്യയെ നാം കണ്ടുപിടിക്കുന്നതു നന്നായിരിക്കും.ഷൂസോ:
ഞാന്‍ അതിനേക്കുറിച്ചു ചിന്തിക്കയായിരുന്നു. കവാനക്കായുടെ മകളില്ലേ, സുനെക്കോ, അവളെ ഞാന്‍ ആലോചിച്ചു.ഹിറോക്കോ:
സുനെക്കോവോ! അസാദ്ധ്യം! അവളെ അവനെന്തു വെറുപ്പാണെന്നോ! എപ്പോഴും അതുതന്നെയാ അവന്റെ സംസാരം!ഷൂസോ:
വകതിരിവില്ലാത്ത യെന്ധാനി! അച്ഛനമ്മമാരോടൊന്നിച്ചു താമസിക്കുക; എന്നിട്ടു തന്നിഷ്ടംപോലെ നടക്കാമെന്നു കരുതുക!
നിങ്ങളുടെ ചെറുപ്പകാലത്തു നിങ്ങളും അതുതന്നെയാ ചെയ്തെ.ഷൂസോ:
പക്ഷേ, ഞാനേയ്, എല്ലു നുറുങ്ങെ പണിയെടുത്തുകൊണ്ടിരുന്നു. അവന്റെ ഈ പ്രായത്തില്‍, അവനേക്കാളെത്രയോ പ്രയോജനമുള്ള ഒരു നിലയിലാണ് സ്വപ്രയത്നംകൊണ്ടു ഞാനെത്തിച്ചേര്‍ന്നത്!ഹിറോക്കോ:
താരോവിന് ഇന്നതിന്റെ ആവശ്യമില്ല; ഉണ്ടായിരുന്നെങ്കില്‍ അവനും പണിയെടുത്തേനേ.ഷൂസോ:
ആട്ടെ, നീ വിചാരിക്കുന്നോ അവനങ്ങനെ ചെയ്യുമെന്ന്?ഹിറോക്കോ:
തീര്‍ച്ചയായും;- നിങ്ങളേക്കാള്‍ മിടുമിടുക്കനാ അവന്.ഷൂസോ:
എനിക്കതില്‍ സംശയമുണ്ട്. പക്ഷേ, അവന് തികച്ചും ഒരു വിഡ്ഢിയല്ല.ഹിറോക്കോ:
അയ്യോ, അങ്ങനെയൊന്നുമല്ല കാര്യം; അതില്‍നിന്നെല്ലാം വളരെ വളരെ വ്യത്യസ്തമാണ്. അവനെ ഭരിച്ചുകൊണ്ടുപോകാന് എനിക്കു വയ്യ!ഷൂസോ:
അപ്പോള്‍, നീയാണ് വിഡ്ഢി.ഹിറോക്കോ:
അതെ, നിങ്ങളെപ്പോലെതന്നെ; പക്ഷേ എനിക്കു നിങ്ങളെ ഭരിക്കാന്‍ സാധിക്കും.ഷൂസോ:
അതെന്തുകൊണ്ടാ? എനിക്കു നിന്നോടുള്ള സ്നേഹം!ഹിറോക്കോ:
എങ്ങനെയായാലും, സുനെക്കോവിന്റെ ആലോചനയുണ്ടല്ലോ, അതങ്ങു നീക്കിവെച്ചേയ്ക്കു. അതു ചിന്താവിഷയമേ അല്ല.ഷൂസോ:
പക്ഷേ അങ്ങനെയായിരിക്കാം. ഒരു ചെറുപ്പക്കാരനെ വശീകരിക്കാന്‍ പോന്ന സൗന്ദര്യമൊന്നും, പക്ഷേ, അവള്ക്കില്ലായിരിക്കും. ആട്ടെ, വേറെ ആരെങ്കിലും നിന്റെ മനസ്സിലുണ്ടോ?ഹിറോക്കോ:
ഉണ്ട്, എന്റെ മനസ്സിലുണ്ട്.ഷൂസോ:
ആരാണത്?ഹിറോക്കോ:
ഇഷിയാമായുടെ മകള്‍ താക്കിക്കോവിനെ ഞാന്‍ ആലോചിക്കയായിരുന്നു.ഷൂസോ:
ഓ, കൊള്ളാം; തരക്കേടില്ല. തീര്‍ച്ചയായും അവളുടെ കാര്യത്തില്‍ താരോവിനു യാതൊരു വിസമ്മതവും ഉണ്ടാവില്ല.ഹിറോക്കോ:
നിങ്ങള്‍ക്കുണ്ടോ?ഷൂസോ:
ഇല്ല; അവളുടെ കാര്യത്തില്‍ എനിക്ക് ഒരു സമ്മതക്കേടുമില്ല. പക്ഷേ അവന് മറ്റേ പെണ്ണിനെ കല്യാണം കഴിക്കുന്ന പക്ഷം അതായിരിക്കും നമുക്കധികം നന്ന്!ഹിറോക്കോ:
ങ്ആ!ഷൂസോ:
എങ്ങനെയുമാകട്ടെ; സംഗതികളുടെ നിലപാട് ആ ഒരു വഴിയ്ക്കാണെങ്കില്‍ താക്കിക്കോവിനെത്തന്നെ നമുക്കുറപ്പിക്കാം.ഹിറോക്കോ:
എന്നാല്‍ താരോ വീട്ടില്‍ വന്നാലുടന്തന്നെ ഞാന്‍ അവനോടു പറയാം.
ശരി, അങ്ങനെ ചെയ്യു. ഞാന്‍ അവനെ സന്തോഷിപ്പിക്കേണ്ടതായിട്ടുണ്ട്.ഫ്യൂജി:(പരിചാരികയായ ഫ്യൂജി പ്രവേശിക്കുന്നു)
കാറവിടെ കാത്തുകിടക്കന്നു, അങ്ങുന്നേ!ഷൂസോ:
ഊൗംംം! കൊള്ളാം!ഷൂസോ:(ഫ്യൂജി പോകുന്നു.)
ഫിറോക്കോ: നിങ്ങള്‍ എപ്പോഴാ ഇനി തിരിച്ചുവരവ്?
ഏതാണ്ടൊരു മണിയാകും.ഹിറോക്കോ:
എന്നും രാത്രി ഏറെനേരം അങ്ങു വെളിയിലാണ്.ഷൂസോ:
അതെ; എന്നും നിന്നോടു ക്ഷമയാചനം ചെയ്യേണ്ട ഒരു നിലയിലാണ് ഞാന്‍. പക്ഷേ നീ ഒന്നു മനസ്സിലാക്കണം. അതെല്ലാം കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടിയിട്ടാണ്.ഹിറോക്കോ:
കൊള്ളാം നിങ്ങള്‍ അങ്ങനെ പറയുകയാണെങ്കില്‍ അതങ്ങനെ ആയിരിക്കണമെന്നുതന്നെ ഞാന്‍ കരുതുന്നു.ഹിറോക്കോ:( അവര്‍ ഒരുമിച്ചു മുറിവിട്ടിറങ്ങുന്നു. ഒരുനിമിഷം കഴിഞ്ഞു ഹിറോക്കോ തിരിച്ചു വരുന്നു. ധൃതഗതിയില്‍ അവള് അവിടെയുള്ള സാധന സാമഗ്രികളെല്ലാം വെടുപ്പാക്കി വെയ്ക്കുന്നു. താമസിയാതെ വെളിയില്‍ ചില കാലൊച്ചകള്‍; അനന്തരം വാതിലിന്മേല് ഒരു മുട്ട്.)
അകത്തേയ്ക്കു വരാം! (താരോ, ജീരോ, ടോഷിക്കോ ഇവര്‍ പ്രവേശിക്കുന്നു. മൂന്നുപേരും ഉടനടി പറയുകയാണ്:``ഇതാ ഞങ്ങള്‍!'' അവര്‍ അവരുടെ മാതാവിനെ അഭിവാദ്യം ചെയ്യുന്നു.)ഹിറോക്കോ:
എങ്ങനെയായിരുന്നു? സമയം നിങ്ങള്‍ ഉല്ലാസമായിത്തന്നെ കഴിച്ചുകൂട്ടിയോ?ടോഷിക്കോ:
ഉവ്വമ്മേ!ഹിറോക്കോ:(അവര്‍ എല്ലാവരും മുറിവിട്ടിറങ്ങുന്നു.)
താരോ, ഒരുമിനിട്ട്. എനിക്കല്പം നിന്നോടു സംസാരിക്കാനുണ്ട്.താരോ:
അങ്ങനെതന്നെ. എനിക്ക് അമ്മയോടും അല്പം സംസാരിക്കാനുണ്ട്.( ടോഷിക്കോവും ജീരോവും പോകുന്നു.)
നിനക്കെന്താണ് പറയാനുള്ളത്?താരോ:
അമ്മയ്ക്കു പറയാനുള്ളതെന്താണ്?ഹിറോക്കോ:
നീ ആദ്യം പറയൂ!താരോ:
ഇല്ല, അമ്മയാകട്ടെ ആദ്യം.ഹിറോക്കോ:
ഒരുപക്ഷേ നമുക്കിരുവര്‍ക്കും പറയാനുള്ളത് ഒരേ സംഗതിതന്നെ ആയിരിക്കാം.താരോ:
അമ്മയ്ക്കങ്ങനെ തോന്നുന്നോ? ഓ, അങ്ങനെയാണെങ്കില്‍ എനിക്കു വലിയ സന്തോഷമാവും.ഹിറോക്കോ:
എനിക്കു തോന്നുന്നത് നമുക്കു രണ്ടുപേര്‍ക്കും പറയാനുള്ളത് ഒന്നുതന്നെയാണെന്നാണ്.താരോ:
എനിക്കതില്‍ സംശയമുണ്ട്.ഹിറോക്കോ:
ശരി, എന്നാല്‍പ്പിന്നെ, നിനക്കു പറയാനുള്ളതെന്താണ്?താരോ:
അമ്മയ്ക്ക് എന്താണ് പറയാനുള്ളത്?ഹിറോക്കോ:
എനിക്കു പറയാനുള്ള സംഗതിയുടെ ആദ്യത്തെ അക്ഷരം ഞാന്‍ പറയാം -`ക' മനസ്സിലായോ? നിനക്ക് അതിനുള്ള പ്രായമായി. അതിനാല്‍.............താരോ:
എന്റെ സംഗതി വേറൊന്നാണ്. `സ' എന്ന അക്ഷരത്തിലാണ് അതിന്റെ ആരംഭം.ഹിറോക്കോ:
എന്തു കാര്യമാണത്, `സ' എന്ന അക്ഷരത്തില്‍ തുടങ്ങുന്നത്?താരോ:
അമ്മ ഉദ്ദേശിക്കുന്നത് എന്റെ കല്യാണമാണ്; - അല്ലേ അമ്മേ?ഹിറോക്കോ:
അതെ; നീ ഉദ്ദേശിച്ചത് ശരിയാണ്. നിന്റേതോ? അതും അതുതന്നെ ഉദ്ദേശിച്ചാണോ?താരോ:
വളരെ വ്യത്യസ്തമായ വേറൊരു സംഗതിയാണത്!ഹിറോക്കോ:
കൊള്ളാം; ഏതായാലും നിന്റെ കല്യാണത്തെക്കുറിച്ച് എനിക്കു പറയുവാനുള്ളതു നീ കേള്‍ക്കണം. നീ ആ പ്രായത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.താരോ:
അമ്മയ്ക്കു പറയുവാനുള്ളതു തീര്‍ച്ചയായും ഞാന്‍ കേള്‍ക്കാം. പക്ഷേ ഞാന്‍ വിവാഹം കഴിക്കുന്നതിനു മുമ്പ് വിദേശങ്ങളില്‍ എനിക്കൊരു സഞ്ചാരം നടത്തേണ്ടിയിരിക്കുന്നു.ഹിറോക്കോ:
വിദേശങ്ങളിലോ?താരോ:
അതെ; ഉദ്ദേശം മൂന്നുകൊല്ലം.ഹിറോക്കോ:
മൂന്നു കൊല്ലമോ!താരോ:
മൂന്നേ മൂന്നുകൊല്ലം മാത്രം.ഹിറോക്കോ:
മൂന്നേ മൂന്നു കൊല്ലം മാത്രമോ? - ഭേഷായി. മൂന്നു കൊല്ലം കഴിയുമ്പോള്‍ നിനക്കു മുപ്പത്തിയൊന്നാകും വയസ്സ്; താക്കിക്കോവിന് ഇരുപത്തിനാലും.
താക്കിക്കോവോ? ഞാന്‍ താക്കിക്കോവിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെടാനാണോ അമ്മ ഉദ്ദേശിക്കുന്നത്? അവള്‍ക്ക് ഒരു ഇരുപത്തിനാലോ, മുപ്പതോ, അമ്പതോ ആയിക്കൊള്ളട്ടെ. ഞാനതു ഗൗനിക്കുന്നില്ല.ഹിറോക്കോ:
അപ്പോള്‍ താക്കിക്കോവിനെ നിനക്കു കല്യാണം കഴിക്കേണ്ട, അല്ലേ?താരോ:
തീര്‍ച്ചയായും വേണ്ട.ഹിറോക്കോ:
പക്ഷേ, എന്തുകൊണ്ടു വേണ്ട?താരോ:
`എന്തുകൊണ്ട്?' - എന്നൊരു ചോദ്യത്തിനേ ഇവിടെ സ്ഥാനമില്ല. ഞാന്‍ ഇഷ്ടപ്പെടുന്നില്ലവളെ. അത്രമാത്രം.ഹിറോക്കോ:
ആട്ടെ; എന്നാല്‍ സുനെക്കോവിനെക്കുറിച്ചു നീ എന്തു പറയുന്നു?താരോ:
ആരാണവള്‍?ഹിറോക്കോ:
കവാനക്കായുടെ മകളേയ്!താരോ:
എന്തിന്? അവളുടെ ഇനത്തില്‍പ്പെട്ട ഒരു സ്ത്രീയെ ആയിരിക്കില്ല ഞാന്‍ വിവാഹം കഴിക്കുക.ഹിറോക്കോ:
പക്ഷേ, നിന്റെ അച്ഛന് ആവശ്യപ്പെടുന്നു, അവളെ വിവാഹം ചെയ്യാന്‍.താരോ:
എന്തൊരു ഭോഷത്വമാണെന്നു നോക്കൂ!ഹിറോക്കോ:
നീ നിന്റെ അച്ഛനെ ഭോഷനെന്നു വിളിക്കുന്നോ?താരോ:
അദ്ദേഹത്തിന്റെ ഉദ്ദേശം അതാണെങ്കില്‍, തീര്‍ച്ചയായും ഒരു ഭോഷനാണദ്ദേഹം. പക്ഷേ എനിക്കറിയേണ്ടതായ സംഗതി ഇതാണ്. എനിക്കു വിദേശങ്ങളിലേയ്ക്കു പോകാനൊക്കുമോ?ഹിറോക്കോ:
വരട്ടെ, നമുക്കു കാണാം - എന്തിനാണ് നീ പോകാനുദ്ദേശിക്കുന്നത്?താരോ:
ഇന്നുരാത്രി ഉല്ലാസവിരുന്നില് പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ ആ ചിന്ത മുളച്ചു - എനിക്കു വിദേശങ്ങളില്‍ പോയി ചുറ്റിസ്സഞ്ചരിക്കണമെന്ന്! ക്യൂബെലിക, പാദ്ര്വസ്കി മുതലായവരുടെ സംഗീതം എനിക്കു കേള്‍ക്കണം.
നിനക്കതുകൊണ്ടെന്തു ഗുണമാ കിട്ടാന്‍ പോണെ?താരോ:
അച്ഛന് അദ്ദേഹത്തിന്റെ ക്ലബില്‍നിന്നു കിട്ടുന്ന അതേ ഗുണംതന്നെ.ഹിറോക്കോ:
നിന്റെ അച്ഛനു പക്ഷേ അദ്ദേഹത്തിന്റെ വ്യാപാരം സംബന്ധിച്ചു ജനങ്ങളുടെ ഇടയ്ക്കു ചുറ്റേണ്ടതായിട്ടുണ്ട്.താരോ:
ഉണ്ട്; പണമുണ്ടാക്കാന്‍ അതൊരൊറ്റ കാരണം മാത്രമേയുള്ളോ?ഹിറോക്കോ:
തീര്‍ച്ചയായും!താരോ:
ആയിരിക്കാം. എന്നാല്‍പ്പിന്നെ, നാടകശാലകളില്‍ പോകുന്നതുകൊണ്ട് അമ്മയ്ക്കുണ്ടാകുന്ന അതേ ഗുണംതന്നെ എനിക്കും ഉണ്ടാകുന്നു.ഹിറോക്കോ:
അതാണ് നിന്റെ യുക്തിയെങ്കില്‍, നീ പോകുന്ന കാര്യത്തില്‍ ഞങ്ങള്‍ സമ്മതിക്കില്ല.താരോ:
എന്തുകൊണ്ട്?ഹിറോക്കോ:
എന്തുകൊണ്ടെന്നാല്‍ ആവക കാര്യങ്ങള്‍ക്കു ചിലവഴിക്കാന്‍ എനിക്കു സമയമുണ്ട്. നിനക്കതില്ല. നിന്റെ ജീവിതം ആരംഭിക്കേണ്ട കര്‍ത്തവ്യമാണ് നിനക്കുള്ളത്.താരോ:
പക്ഷേ, അച്ഛന് പണം സമ്പാദിക്കുന്നതു അതിനല്ലേ? - ഞങ്ങള്‍ക്കു സുഖമായി കഴിഞ്ഞുകൂടാന്‍?ഹിറോക്കോ:
അല്ല, ഒരിക്കലുമല്ല!താരോ:
പിന്നെന്തിനാണദ്ദേഹം സമ്പാദിക്കുന്നത്?ഹിറോക്കോ:
എനിക്കറിഞ്ഞുകൂടാ.താരോ:
അമ്മയ്ക്കറിഞ്ഞുകൂടേ? ഞാന്‍ പറഞ്ഞുതരാല്ലോ! ഇക്കാലത്ത് ഒരു മനുഷ്യന് വളരെ പണം ഉണ്ടാക്കുന്നത് അയാളുടെ കുട്ടികള്‍ സ്വതന്ത്രരായും സന്തുഷ്ടരായും ജീവിക്കുവാനാണ് - ജീവിതം ആഹ്ലാദപൂര്‍ണ്ണമായി കഴിച്ചുകൂട്ടുവാനാണ്. എന്താ, അങ്ങനെയല്ലേ അമ്മേ, അമ്മയ്ക്കങ്ങനെ തോന്നുന്നില്ലേ?ഹിറോക്കോ:
എനിക്കറിഞ്ഞുകൂടാ.താരോ:
ഒരുപക്ഷേ, അച്ഛനും അറിഞ്ഞുകൂടായിരിക്കും. നേരേമറിച്ചാണെങ്കില് പണം സമ്പാദിച്ചുവെയ്ക്കുന്നതില് ഒരര്‍ത്ഥവുമില്ല. തലമുറ തലമുറയായി കൈമാറിക്കൊണ്ടുപോകുവാന്മാത്രം കുടുംബസ്വത്തുകള്‍ കുന്നുകൂട്ടുന്നതില്‍ എനിക്കു വിശ്വാസമില്ല. അച്ഛന്റെ ധനം ഏതെങ്കിലും നല്ല കാര്യത്തിനുവേണ്ടി ഇറക്കണമെന്നാണ് എന്റെ ഉദ്ദേശം. ഉടമസ്ഥന്മാര്ക്കുതന്നെ ഒരു ഭാരമായിത്തീരുന്ന പണം, പണമൊന്നുമില്ലാതിരിക്കുന്നതിനേക്കാള് കഷ്ടമാണ്.ഹിറോക്കോ:
എനിക്കു മനസ്സിലാകുന്നില്ല, എന്തൊക്കെയാണ് നീയീ സംസാരിക്കുന്നതെന്ന്. പക്ഷേ ഞാന്‍ നിന്റെ അച്ഛനുമായി ഈ സംഗതി സംസാരിച്ചിട്ട് എന്താണദ്ദേഹം പറയുന്നതെന്നു നിന്നെ അറിയിക്കാം. നീ പോകുന്നതിനുമുമ്പുതന്നെ ഏതായാലും നിന്റെ വിവാഹകാര്യം ആലോചിച്ചുറപ്പിക്കണം.
തിരിച്ചുവന്നിട്ടു ഞാന്‍ വിവാഹം ചെയ്തുകൊള്ളാം. മുപ്പതുവയസ്സാകുന്നതിനുമുമ്പ് വിവാഹം കഴിക്കാന്‍ എന്നെക്കൊണ്ടൊകില്ല.ഹിറോക്കോ:
എന്തുകൊണ്ടില്ല?താരോ:
അതു നിയമത്തിനു വിരുദ്ധമാണ്.ഹിറോക്കോ:
അതു ബഹുവിചിത്രംതന്നെ. ഇരുപത്തിരണ്ടിലും ഇരുപത്തിമൂന്നിലും എത്രയോ പേര് വിവാഹം കഴിക്കുന്നു!താരോ:
ഓ, ആ ആളുകള്‍ യഥാര്‍ത്ഥമായി വിവാഹം കഴിച്ചവരല്ല. ഒന്നു സമ്മതിക്കാം. നിയമപരമായ ഒരു മാനദണ്ഡത്തിന്മേല് അവര്‍ വിവാഹിതര്‍തന്നെ; പക്ഷേ സകലതും തീരുമാനിച്ചുറപ്പിക്കുന്നത് അവരുടെ മാതാപിതാക്കന്മാരാണ്; അത് ഒരു യഥാര്ത്ഥവിവാഹമാകുന്നില്ല. മുപ്പതുവയസ്സിനു കീഴില്‍ ഒരിക്കലും യഥാര്‍ത്ഥമായ വിവാഹം ഉണ്ടാകുന്നതല്ല.*ഹിറോക്കോ:
നീ പറയുന്നതു മനസ്സിലാക്കാന്‍ എനിക്കു സാധിക്കുന്നില്ല.താരോ:
ഞാന്‍ പറയുന്നതു മനസ്സിലാക്കാന്‍ അമ്മയ്ക്കു കഴിയാതിരിക്കുന്നതാണ് കൂടുതല്‍ നന്ന്. ഏതായാലും ഞാന്‍ വിദേശത്തു ചെന്നെത്തുന്നതുവരെ എന്റെ വിവാഹത്തിനു ക്ഷമിച്ചിരിക്കാന് കഴിയും.ഹിറോക്കോ:
വിദേശത്തുനിന്നു വല്ല പെണ്ണിനേയും നീ കെട്ടിക്കൊണ്ടുവരികയാണെങ്കില് എനിക്കതു സഹിക്കുക സാദ്ധ്യമല്ല.താരോ:
വിദേശക്കാരിയായ ഒരു പെണ്ണിനേയും ഞാന്‍ വിവാഹം കഴിക്കില്ല. അമ്മയ്ക്കതു സഹിക്കാന്‍ സാദ്ധ്യമല്ലെന്നുള്ളതുകൊണ്ടല്ല, ഇതുപോലെ ഒരു കുടുംബത്തിലേയ്ക്കു നാടുകടത്തപ്പെട്ടാല്‍ അതവള്‍ക്കു സഹിക്കാന്‍ സാധിക്കില്ല; അതുകൊണ്ടാണ്.ഹിറോക്കോ:
നീ പറയുന്നതൊന്നുംതന്നെ ലവലേശം എനിക്കു മനസ്സിലാകുന്നില്ല.താരോ:
ഉവ്വമ്മേ. ഞാന്‍ പറയുന്നതു ശരിക്കും അമ്മയ്ക്കു മനസ്സിലാകുന്നുണ്ട്. അമ്മയ്ക്കു മനസ്സിലാകാത്തതു നിയമവും മനുഷ്യസ്വഭാവവുമാണ്.
* ജപ്പാനില്‍ ഒരാള്‍ക്കു മാതാപിതാക്കന്മാരുടെ സമ്മതം കൂടാതെ മുപ്പതുവയസ്സു തികയുന്നതിനുമുമ്പു വിവാഹം കഴിക്കാവുന്നതല്ല. അച്ഛനമ്മമാര്‍ തടസ്സംപറയുന്ന ഒരു സ്ത്രീയെ അയാള്‍ക്കു വിവാഹം കഴിക്കണമെങ്കില്‍, അതിനാല്‍, ആ പ്രായമാകുന്നതുവരെ അയാള്‍ കാത്തരിക്കേണ്ടതായിട്ടുണ്ട്.
നിനക്കെന്തു പറ്റി കുഞ്ഞേ? ബഹുവിചിത്രമായ എന്തെല്ലാമാണ് നീയിപ്പറയുന്നത്.താരോ:
എനിക്കു യാതൊന്നും പറ്റിയിട്ടില്ല. ഞാന്‍ വിദേശങ്ങളിലേയ്ക്കു പോട്ടെ; എനിക്കവിടെ കൂടുതല്‍ കാണുവാനും കൂടുതല്‍ പഠിക്കുവാനും സാധിക്കും!ഹിറോക്കോ:
നിനക്കു നല്ല ഉറപ്പുണ്ടോ അതു മൂന്നുകൊല്ലത്തേയ്ക്കേ ഉണ്ടാവുള്ളു എന്ന്?താരോ:
ഉണ്ട്; എനിക്കു മുപ്പതാകുമ്പോള്‍ ഞാന്‍ മടങ്ങിയെത്താം.ഹിറോക്കോ:
ശരി, നിന്റെ അച്ഛന് എന്താണ് പറയുന്നതെന്നു നോക്കട്ടെ.
(വാതിലിന്മേല് ഒരു മുട്ട്) (ഫ്യൂജി പ്രവേശിച്ചു ഹിറോക്കോവിന്റെ കയ്യില്‍ ഒരു കാര്‍ഡു കൊടുക്കുന്നു)
ഫ്യൂജി:ആരോ കൊച്ചമ്മയെ കാണാനാണ് കൊച്ചമ്മേ!ഹിറോക്കോ:
വളരെ നല്ലത്!താരോ:(ഹിറോക്കോ പോകുന്നു. താരോവിന്റെ നേരേനോക്കി ഫ്യൂജി പുഞ്ചിരി തൂകുന്നു)
ഫ്യൂജി!ഫ്യൂജി:
എന്താണ്?താരോ:
അടുത്തുതന്നെ ഞാന്‍ വിദേശങ്ങളിലേക്കു പോകുന്നു.ഫ്യൂജി:
വാസ്തവം?............താരോ:
അത്ഭുതപ്പെടാതിരിക്കൂ! മൂന്നുകൊല്ലത്തിനുള്ളില്‍ ഞാന്‍ മടങ്ങിയെത്തും, മഹാനായ ഒരു മനുഷ്യനായി!ഫ്യൂജി:
അപ്പോള്‍ മൂന്നുകൊല്ലക്കാലം അങ്ങു വിദേശങ്ങളിലായിരിക്കും!താരോ:
ഞാന്‍ ഇവിടെ താമസിക്കുകയാണെങ്കില്‍ നിനക്കു മരിക്കേണ്ടിവരും. (അവളെ ആശ്ലേഷിച്ചുകൊണ്ട്)എന്തുകൊണ്ടെന്നാല്‍, അത്തരത്തില്‍ ഒരു തങ്കക്കുടമാണ് നീ!!........*
* (ഇവിടെ താരോ അര്‍ത്ഥമാക്കുന്നതിതാണ്... അവളുടെ സമീപം താമസിക്കുകയാണെങ്കില്‍, അവളോടുള്ള അയാളുടെ വാത്സല്യം അത്രയ്ക്കു ഗാഢമായതിനാല്, അയാള്‍ക്കു നിഷ്പ്രയാസം അവളുമായി ആശാതീതമായ ഒരു പ്രണയബന്ധത്തില്‍ ഉള്‍പ്പെടേണ്ടിവരും. എങ്കില്‍, അങ്ങനെയുള്ള ധര്‍മ്മസങ്കടത്തില്‍ ഒരു പോംവഴിയായ `ഷിന് ജു' (ഇരുവരും ഒന്നിച്ചാത്മഹത്യ ചെയ്യുക) വിലേ അതു കലാശിക്കൂ. മഹത്തായ ഉദ്ദേശങ്ങളോടുകൂടിയ ആത്മഹത്യ പരലോകത്തില്‍ പരമാനന്ദദായകമാണെന്നുള്ള ബുദ്ധമതക്കാരുടെ വിശ്വാസത്തില്‍നിന്നാണ് `ഷിന് ജു' സമ്പ്രദായത്തിന്റെ ഉത്ഭവം.)
രണ്ടാമങ്കം
( പാശ്ചാത്യരീതിയില്‍ വിധാനംചെയ്തിട്ടുള്ള ജീരോവിന്റെമുറി. ജീരോവിന്റെ മുറി. ജീരോ ഡസ്കിനരികെ എഴുതിക്കൊണ്ടിരിക്കുകയാണ്. അതുവരെ എഴു തിയിടത്തോളം ഉച്ചത്തില്‍ വായിക്കുവാനായി അയാള്‍ എഴുത്തു നിര്‍ത്തുന്നു)
ജീരോ:``പ്രിയപ്പെട്ട ചേട്ടാ, ചേട്ടന്റെ കത്തുകള്‍ക്കു നന്ദി. എനിക്കും വിദേശങ്ങളിലേയ്ക്കു പോയാല്‍ കൊള്ളാമെന്നാശയുണ്ട്; പക്ഷേ അച്ഛന് സമ്മതിക്കില്ല വിശേഷിച്ചും, ചേട്ടന് മടങ്ങിയെത്തുന്നതുവരെ! ഈയിടെ പറയത്തക്കതായി എനിക്കൊന്നുംതന്നെ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഓരോ വഴിക്കങ്ങനെ കുതിച്ചുപായുകയാണെന്റെ ഹൃദയം. എഴുതുവാന്‍ ഇന്നു വിശേഷിച്ചൊന്നുംതന്നെ ഇല്ല. എല്ലാവര്ക്കും സുഖംതന്നെ. (അയാളുടെ സ്വരം അല്പമൊന്ന് ഇടറുന്നു) പതിവുപോലെ ഫ്യൂജിയുടെ കത്തു ഞാന്‍ ഇതോടൊന്നിച്ചടക്കം ചെയ്യന്നു.)ചേട്ടന് എല്ലാം അതില്‍ കാണാം. അവള് സദാ ചേട്ടന്റെ കത്തുകളും കാത്തിരിപ്പാണ്. അവളുടെ കൈയിലേയ്ക്കു ഞാന്‍ കത്തു കൊടുക്കുന്ന ഓരോ പ്രാവശ്യവും, അവളുടെ മുഖം പ്രസാദദീപ്തമായി വികസിക്കുന്നു...."ഫ്യൂജി:(അയാള്‍ തന്റെ കത്തു മടക്കി, കാലേ മുദ്ര വെച്ചിട്ടുള്ള മറ്റൊന്നിന്റെകൂടെ, ഒരു ലക്കോട്ടിലിട്ട്, അതു മുദ്രവെയ്ക്കുന്നു. വാതില്ക്കല് ഒരു മുട്ട്.)
ആരവിടെ?
(വെളിയില്‍) ഇതാ അങ്ങേയ്ക്കൊരെഴുത്ത്.ജീരോ:
അകത്തു വരൂ!(ഫ്യൂജി പ്രവേശിച്ച് അയാള്‍ക്ക് ഒരു കത്തു കൊടുക്കുന്നു)ഫ്യൂജി:
ഇതു ചേട്ടന്റെ അടുത്തുനിന്നാണോ?ജീരോ:
അതെ. (ജീരോ കത്തു പൊളിച്ച് അതില്‍നിന്നും മുദ്രവെച്ചിട്ടുള്ള ചെറിയ ഒന്നു പുറത്തെടുക്കുന്നു. അയാള്‍ ആ കത്തു ഫ്യൂജിക്കു കൊടുക്കുകയും, അവള് വിനയപൂര്‍വ്വം നമിക്കുകയും ചെയ്യുന്നു.)ഫ്യൂജി:
കുറച്ചുമുന്പു ഞാന്‍ അങ്ങയുടെ കൈയില്‍ തന്ന ആ കത്ത് അങ്ങ് അയച്ചോ?ജീരോ:
ഇല്ല. അതിപ്പോഴും ഇതാ ഇവിടെയുണ്ട് (ലക്കോട്ടെടുത്ത് അവളെ കാണിക്കുന്നു)ഫ്യൂജി:
എനിക്കതില്‍ അല്പംകൂടി കൂട്ടിച്ചേര്‍ക്കാനുണ്ട്.ജീരോ:
ഇന്നു രാത്രി ഞാനീ കത്തിനു മറുപടി എഴുതാം; അതേടൊന്നിച്ചു നിനക്കൊരു കുറിപ്പയയ്ക്കാം.ഫ്യൂജി:
പക്ഷേ എന്റെ മറ്റേ എഴുത്തില്‍ അദ്ദേഹത്തെക്കുറിച്ചൊന്നും അറിയാഞ്ഞിട്ട് എനിക്കു വലിയ മനോവ്യഥയുണ്ടെന്നു ഞാന്‍ എഴുതിപ്പോയി. എനിക്കതൊന്നു മാറ്റേണ്ടിയിരിക്കുന്നു.ജീരോ:
അദ്ദേഹത്തെക്കുറിച്ചൊന്നും അറിയാഞ്ഞിട്ടോ? എത്ര നാളായി?ഫ്യൂജി:
ഏതാണ്ടൊരാഴ്ചയായിക്കാണും.ജീരോ:
ശരി. നീ. ഏതായാലും എഴുതിയിട്ടുള്ളതിനി മാറ്റാതിരിക്കുന്നതാണ് നന്ന്. നിന്റെ ഹൃദയത്തെ അതെത്രമാത്രം സ്പര്‍ശിച്ചുവെന്ന് അതദ്ദേഹത്തെ ശരിക്കു മനസ്സിലാക്കും. എങ്ങനെയുമാകട്ടെ, നാളെ നിനക്കു വീണ്ടും അദ്ദേഹത്തിനെഴുതാമല്ലോ.
അങ്ങനെയാകട്ടെ, അങ്ങുന്നേ, അങ്ങ് അങ്ങനെ പറയുകയാണെങ്കില്‍ നാളെ!ജീരോ:
ഇന്നു രാത്രി നിനക്കെഴുതാം.......ഫ്യൂജി:
അതെ, അങ്ങുന്നേ!ജീരോ:(ഫ്യൂജി പോകുന്നു. അവള് നടന്നു മറയുന്നതു ജീരോ സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുന്നു. അനന്തരം ഒരു നെടുവീര്‍പ്പോടുകൂടി ഇപ്പോള്‍ തനിക്കു കിട്ടിയ കത്തില്‍ കണ്ണോടിക്കുന്നു. വാതിലിന്മേല് വേറൊരു മുട്ട്)
ആരാണത്?ഹിറോക്കോ:
(വെളിയില്‍) നിന്റെ അമ്മയാണ്, മോനേ.ജീരോ:
വരൂ അമ്മേ, അകത്തേയ്ക്കു വരൂ!(ഹിറോക്കോ പ്രവേശിച്ചു ജീരോവിനോടു തൊട്ട് ഒരു കസേരയില്‍ ഇരിപ്പുറപ്പിക്കുന്നു)ജീരോ:
എനിക്കു ചേട്ടന്റെ ഒരു കത്തു വന്നിട്ടുണ്ട്.ഹിറോക്കോ:
ഉവ്വോ? അവന് എന്തു പറയുന്നു?ജീരോ:
ചേട്ടനു സുഖംതന്നെ. ഒരു കലാപ്രദര്‍ശനം കാണുവാനായി പോവുകയുണ്ടായെന്നു സൂചിപ്പിച്ചിട്ടുണ്ട്. ഇവിടെ ഓരോരുത്തരെക്കുറിച്ചും പ്രത്യേകം പ്രത്യേകം ചോദിക്കയും എല്ലാവര്ക്കും നന്മ നേരുകയും ചെയ്തിരിക്കുന്നു.ഹിറോക്കോ:
നിനക്ക് അവനിങ്ങനെ കൂടെക്കൂടെ കത്തയച്ചുകൊണ്ടിരിക്കുന്നതില് എനിക്കു വലിയ സന്തോഷമുണ്ട്. വളരെ അകലെ ഒരു വിദേശത്തില്‍ താമസിക്കുമ്പോള്‍ സ്വന്തം വീടിനെക്കുറിച്ച് അവന് ഒട്ടേറെ ചിന്തിക്കുന്നു.ജീരോ:
അതെ, ഏതാണ്ടങ്ങനെതന്നെ.ഹിറോക്കോ:
ജീരോ, എനിക്കു നിന്നോട് അല്പം ചിലതു സംസാരിക്കുന്നുണ്ട്.ജീരോ:
ങ്ഉം?ഹിറോക്കോ:
നിന്റെ അച്ഛനുമായി ഇന്നലെ അതിനെക്കുറിച്ച് ഞാനാലോചന നടത്തി.ജീരോ:
എന്ത്?ഹിറോക്കോ:
രാത്രി നേരം വളരെ വൈകിയിട്ടു ഫ്യൂജി നിന്റെ മുറിയില്‍ വരാറുണ്ടെന്നും അവളുമായി ഓരോന്നും സംസാരിച്ചുകൊണ്ടു വളരെ സമയം നീ ചിലവഴിക്കാറുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു. വേലക്കാര്‍ ഓരോന്നങ്ങനെ തമ്മില്‍ത്തമ്മില്‍ കുശകുശക്കുകയാണ്. നീ സൂക്ഷിക്കണം; അതിനു വേണ്ട കരുതലെടുക്കേണ്ടത് എന്റെ ആവശ്യമാണ്. ഒരുതരത്തിലുള്ള അപവാദങ്ങളും ഉണ്ടായിക്കൂടാ!ജീരോ:
അങ്ങനെ വല്ല അപവാദങ്ങളും ഉണ്ടായിട്ടുണ്ടോ?ഹിറോക്കോ:
തീര്‍ച്ചയായും; നിന്റെ പേരില്‍ തെറ്റുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ ഒന്നെനിക്കു നിശ്ചയമുണ്ട്; ഈ അപവാദങ്ങള്‍ക്കെല്ലാം എന്തെങ്കിലും ഒരടിസ്ഥാനം കാണും. ഇതിനേക്കുറിച്ചു നിന്നോടു സംസാരിക്കേണ്ടിയിരിക്കുന്നതില് എനിക്കു വെറുപ്പു തോന്നുന്നു; പക്ഷേ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ പിന്നെ ഒരു പോംവഴിയുമില്ലാതായിത്തീരും.
ഓ, അതാണ് അമ്മ അര്‍ത്ഥമാക്കുന്നതെങ്കില്‍, എന്തിന്, എല്ലാം ശരിയായനിലയില്ത്തന്നെയാണ്.ഹിറോക്കോ:
നിനക്കുറപ്പുണ്ടോ എല്ലാം ശരിയായനിലയില്ത്തന്നെയാണെന്ന്?ജീരോ:
തികച്ചും.ഹിറോക്കോ:
നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും ചെറുപ്പമാണ്. എന്താ സംഭവിക്കുകയെന്ന് പറയാന്‍ നിങ്ങള്‍ക്കു സാദ്ധ്യമല്ല. അതുകൊണ്ട് ഫ്യൂജിയെ ഞാന്‍ ഇവിടെനിന്നും പിരിച്ചയയ്ക്കാന്‍ പോവുകയാണ്.ജീരോ:
അവളെ പിരിച്ചയയ്ക്കയോ!ഹിറോക്കോ:
അതെ.ജീരോ:
അമ്മ അതു ചെയ്താല്‍, അവള് തീര്‍ച്ചയായും ഒരു മോഹിനിയാട്ടക്കാരിയായിത്തീരും.ഹിറോക്കോ:
അതെ, അവള് അങ്ങനെ ആയിത്തീരുമെന്ന് എനിക്കു തോന്നുന്നു.ജീരോ:
എന്നാല്‍ അവളെ പിരിച്ചയയ്ക്കുന്ന കാര്യത്തില്‍ ഞാന്‍ തടസ്സക്കാരനാണ്.ഹിറോക്കോ:
നീ തടസ്സം പറഞ്ഞാല്‍, സംശയത്തിനു നീ പാത്രമാകും.ജീരോ:
അതിനു ഞാന്‍ വിചാരിച്ചാല്‍ നിവൃത്തിയില്ല.ഹിറോക്കോ:
ഈശ്വര! അപ്പോള്‍ അതു പരമാര്ത്ഥമാണല്ലേ! ഉടന്‍തന്നെ അവളെ പറഞ്ഞയയ്ക്കണം, തീര്‍ച്ച.നിനക്കതു കാണാം. (ഹിറോക്കോ രോഷാകുലയായി. മുറി വിട്ടുപോകാന്‍ തുടങ്ങുന്നു; പക്ഷേ ജീരോ തടയുന്നു)ജീരോ:
ഒരു മിനിട്ട്, അമ്മേ.ഹിറോക്കോ:
നീ പറയുന്നതൊന്നും എനിക്കിനി കേള്‍ക്കേണ്ട!(മുറി വിട്ടുപോകാന്‍ വീണ്ടും ഉദ്യമിക്കുന്നു; പക്ഷേ ജീരോ കൈത്തണ്ടിനു കടന്നു പിടികൂടി തടുത്തുനിര്‍ത്തുന്നു)ജീരോ:
അമ്മേ, അവളെ പിരിച്ചയയ്ക്കാനാണ് അമ്മയ്ക്കാഗ്രഹമെങ്കില് അങ്ങനെതന്നെയാകട്ടെ. ഞാന്‍ വിചാരിച്ചാല്‍ അതിനു നിവൃത്തിയില്ല. അവളെ കണ്ടേ കഴിയൂ എന്ന നിര്ബ്ബന്ധമൊന്നും എനിക്കില്ല. പക്ഷേ ഒരു മോഹിനിയാട്ടക്കാരിപ്പെണ്ണിന്റെ ജീവിതത്തിലേയ്ക്ക് അവളെ തള്ളിവിടുന്ന കാര്യത്തില്‍ എനിക്കു വലിയ വിഷമമുണ്ട്. അങ്ങനെയൊരു ദുര്‍വിധിയില്‍നിന്നും ഒരുകാലത്ത് അമ്മയും അച്ഛനും അവളെ രക്ഷിച്ചു. ആ കാര്യത്തില്‍ ഫ്യൂജി സദാ നിങ്ങളോടു നന്ദി കാണിക്കുന്നുമുണ്ട്. ഒന്നുമില്ലെങ്കിലും നിങ്ങള്‍ക്ക് അവളെ പണംകൊണ്ടു സംരക്ഷിക്കാന്‍ സാധിക്കും.ഹിറോക്കോ:
എന്തിനു, ജീരോ, നീ കരയുകയാണോ!അപ്പോള്‍ - ഈ കേള്‍വി പരമാര്ത്ഥമാണല്ലേ!
ഒരുപക്ഷേ പരമാര്‍ത്ഥമായിരിക്കാം; ഒരുപക്ഷേ അല്ലായിരിക്കാം - രണ്ടുമാകാം. എങ്ങനെയായലും അതിലൊന്നും ഒരു ചുക്കുമില്ല. പക്ഷേ അവള് ഒരു മോഹിനിയാട്ടക്കാരിയാവുക! - എനിക്കതസഹ്യമാണ്. അവള് പത്നിയായിത്തീരുന്നതുവരെ അവളെ പരിശുദ്ധയായി സൂക്ഷിക്കണം.ഹിറോക്കോ:
ആട്ടെ, അതങ്ങനെ ചെയ്യാമെന്നു ഞാന്‍ വിചാരിക്കുന്നു. പക്ഷേ നീ അവളെ കാണുകയോ അവളുമായി കത്തിടപാടുകള്‍ നടത്തുകയോ ചെയ്തുകൂടാ.ജീരോ:
അവളെ ഭദ്രമായി കാത്തുസംരക്ഷിക്കുന്നപക്ഷം, അവളെ കാണുകയോ അവളുമായി കത്തിടപാടു നടത്തുകയോ ചെയ്യുകയില്ലെന്നു ഞാന്‍ വാക്കു പറയുന്നു.ഹിറോക്കോ:
നിനക്കതില്‍ നല്ല ഉറപ്പുണ്ടോ?ജീരോ:
അമ്മേ, അമ്മ എന്നെ സംശയിക്കുന്നോ? എന്നെ അമ്മയ്ക്കു വിശ്വാസമില്ലെന്നു ഞാന്‍ വിചാരിച്ചിരുന്നെങ്കില്‍ എന്റെ പ്രവൃത്തിയെക്കുറിച്ച് എനിക്കൊരു ചുക്കും തോന്നുകില്ലായിരുന്നു.ഹിറോക്കോ:
ഞാന്‍ തീര്‍ച്ചയായും നിന്നെ വിശ്വസിക്കുന്നു. ഞാന്‍ തീര്‍ച്ചയായും നിന്നെ വിശ്വസിക്കുന്നു. ഞാന്‍ ഫ്യൂജിയെ ഇന്നു പിരിച്ചുവിടും.ജീരോ:
കൊള്ളാം, ആകട്ടെ; പക്ഷേ അവള് ഇവിടം വിട്ടുപോകുന്നതിനുമുമ്പ് ഒരു പ്രാവശ്യം എനിക്കവളെ ഒന്നു കാണണം.ഹിറോക്കോ:
എന്റെ മുമ്പില്‍വെച്ചു നിനക്കവളെ കാണാം.ജീരോ:
വേണ്ട; അത്, സാദ്ധ്യമല്ല.ഹിറോക്കോ:
എന്നാല്‍ അവളെ കാണാന്‍ ഞാന്‍ നിന്നെ അനുവദിക്കുകയേ ഇല്ല.ജീരോ:
വളരെ നന്ന്! - എന്നാല്‍ ഞാന്‍ അവളുമായി കത്തിടപാടു നടത്തും.ഹിറോക്കോ:
നീയതിനൊരുമ്പെട്ടാല്!ജീരോ:
അമ്മേ!ഹിറോക്കോ:
അനുസരണയില്ലാത്ത കുട്ടി.ജീരോ:
അനുസരണയില്ലാത്തവനാകേണ്ടി വന്നാല്‍ ഞാന്‍ അങ്ങനെയാകും. അമ്മേ, കാര്യം പറഞ്ഞാല്‍ അമ്മയ്ക്കു മനസ്സിലാവുകയില്ല. ഇനിയും അമ്മയുടെ വര്‍ത്തമാനം കേട്ടുകൊണ്ടുനിന്നാല് ഈ ഞാന്‍ തന്നെ കാര്യം പറഞ്ഞാല്‍ മനസ്സിലാകാത്തവനായിത്തീര്ന്നേക്കും.ഹിറോക്കോ:(ജീരോ പോകാന്‍ ഭാവിക്കുന്നു.)
നീയെങ്ങോട്ടു പോകുന്നു?ജീരോ:
ഫ്യൂജിയെ കാണാന്‍.ഹിറോക്കോ:
നില്ക്ക്! നില്ക്ക്! എന്തിനാണ് നീ അവളെ കാണാന്‍ പോകുന്നത്?ജീരോ:
ഒരു മോഹിനിയാട്ടക്കാരത്തിയുടെ ജീവിതത്തില്‍നിന്നും അവളെ അകറ്റിനിര്‍ത്തുവാന്‍ പര്യാപ്തമായ വിധത്തില്‍ ഞാന്‍ അവള്‍ക്കു ചില ഉപദേശങ്ങള്‍ കൊടുക്കാന്‍ പോവുകയാണ്.ഹിറോക്കോ:
അത്രമാത്രമേ നിനക്കവളോടു പറയാനുള്ളുവെങ്കില് നിനക്കതിവിടെ എന്റെ മുമ്പില്‍വെച്ച് ആകാമല്ലോ?
ആകട്ടെ; അങ്ങനെതന്നെ.ജീരോ:(അയാള്‍ മണിയടിക്കുന്നു. നിമിഷത്തിനുള്ളില്‍ വാതില്ക്കല് ഒരു മുട്ട്.)
അകത്തേയ്ക്കു വരാം. (ഫ്യൂജി പ്രവേശിക്കുന്നു.)ഫ്യൂജി:
എന്താണാവശ്യം, കൊച്ചങ്ങുന്നേ?ജീരോ:
എനിക്കു നിന്നോടല്പം സംസാരിക്കാനുണ്ട്.ഫ്യൂജി:
എന്താണങ്ങുന്നേ?ജീരോ:
എന്റെ അമ്മ ഇവിടെ നില്‍ക്കുന്നുണ്ടെന്ന് നീ കണക്കാക്കണ്ട. (ഫ്യൂജി പുഞ്ചിരി തൂകുന്നു) ഹാ, നീയിപ്പോള്‍ പുഞ്ചിരിക്കൊള്ളുകയാണ്; എന്നാല്‍ എനിക്കു നിന്നോടു പറയാനുള്ള ആ ഒറ്റവാക്കു നിന്റെ പുഞ്ചിരിയെ കണ്ണീരാക്കി മാറ്റും.ഫ്യൂജി:
എന്ത്!ജീരോ:
പക്ഷേ ഇതാകമാനം നിന്റെ നന്മയെമാത്രം ഉദ്ദേശിച്ചാണ്.ഫ്യൂജി:
(ആശ്ചര്യപൂര്‍വ്വം) ....................ജീരോ:
കാലാന്തരത്തില്‍ നിനക്കായിരിക്കും വിജയമെന്ന് എനിക്കുറപ്പുണ്ട്. നീ അങ്ങനെ ആയില്ലെങ്കില്‍ ഞാനായിരിക്കും നിന്നോടു പ്രതികാരം ചെയ്യുന്ന ആള്.ഫ്യൂജി:
..................ജീരോ:
നിനക്കു ഭയംതോന്നുന്നോ? ഞാന്‍ പറയുന്നതു വെറും അസംബന്ധംപോലെയാണ് നിന്റെ ചെവികളില്‍ മുഴങ്ങുന്നതെന്ന് എനിക്കറിയാം. എന്നിരുന്നാലും നീ ഈ പറയുന്നത് എന്നും ഓര്‍മ്മവെയ്ക്കണം. നീ ഒരു പത്നിയായിത്തീരുന്നതുവരെ പരിശുദ്ധയായ ഒരു കന്യകയായിട്ടുവേണം ജീവിക്കാന്‍. നിന്നെപ്പോലെ സുന്ദരിയായ ഒരു പെണ്‍കിടാവിന്റെ മുമ്പില്‍ പലേ പ്രലോഭനങ്ങളും ഉദിച്ചുയരാനിടയുണ്ട്. എന്നാല്‍ അവയെ എല്ലാം നീ അതിക്രമിച്ചു കീഴടക്കണം അതാണ് നിന്റെ കര്‍ത്തവ്യം. നീ അങ്ങിനെ ചെയ്തില്ലെങ്കില്‍, ഒരിക്കലും ഞാന്‍ നിനക്കു മാപ്പു തരുന്നതല്ല.ഫ്യൂജി:
അങ്ങനെയാട്ടെ, അങ്ങുന്നെ!ജീരോ:
ഞാനിപ്പറയുന്നതു കേള്‍ക്കുമ്പോള്‍ നീ അത്ഭുതംകൊണ്ടു സ്തംഭിച്ചുപോകും. പക്ഷേ, പരിഹാസ്യമായ ഒരു തെറ്റിദ്ധാരണ എന്നേയും നിന്നേയും സംബന്ധിച്ചുണ്ടായിട്ടുണ്ട്. എന്റെ അമ്മയ്ക്കാണെങ്കില്‍ അക്കാര്യത്തില്‍ വലിയ മനഃശല്യമായിരിക്കുന്നു. നാം കൂടെക്കൂടെ രാത്രി വളരെ വൈകിയിട്ടു അന്യോന്യം കാണുകയും അധികനേരം സംസാരിക്കുകയും ചെയ്യുന്നതില്‍നിന്നാണ് ഇതൊക്കെ പൊട്ടിപ്പുറപ്പെട്ടിട്ടുള്ളത്. അതുകൊണ്ട്, ഫ്യൂജി, എനിക്കിപ്പോള്‍ പറയേണ്ടതായി വന്നിരിക്കുന്നു; ഇന്നുമുതല്‍ നീ.........ഹിറോക്കോ:
ജീരോ!ജീരോ:
ബാക്കി അമ്മതന്നെ അവളോടു പറയൂ, അമ്മേ!
സംഗതിയിതാണ് ഫ്യൂജി; - നീ ഇന്നുതന്നെ ഇവിടംവിട്ടു പോണം.ഹിറോക്കോ:(ഫ്യൂജി ആശ്ചര്യഭരിതയായി കാണപ്പെടുന്നു.)
നീ ഇനിയും ഇവിടെ താമസിച്ചാല്‍ നമുക്കെല്ലാവര്‍ക്കും വലിയ രസക്കേടിനിടയാകും.ജീരോ:(ഫ്യൂജി കരഞ്ഞുതുടങ്ങുന്നു.)
കരയാതിരിക്കു! നിനക്ക് ഇതിനേക്കാള്‍ സുഖമായി കഴിഞ്ഞുകൂടാം. ഞാന്‍ കാര്യങ്ങളെല്ലാം അമ്മയുമായി സംസാരിച്ചുകഴിഞ്ഞു. നിനക്കു വിഷമിക്കേണ്ട യാതൊരാവശ്യവുമില്ല. ഒരു മോഹിനിയാട്ടക്കാരിയായിത്തീരേണ്ട ഘട്ടം ഒരിക്കലും നിനക്കുണ്ടാവുകയില്ല. ഇതുപോലെ നരകംപിടിച്ച ഒരു വീട്ടില്‍ നിന്നൊഴിഞ്ഞകന്നിരിക്കുമ്പോള് നിനക്ക് അധികമധികം ഉല്ലാസം തോന്നും. പഠിക്കാനോ, കളിക്കാനോ, അല്ലെങ്കില്‍ നിന്റെ ഇഷ്ടംപോലെ എന്തുതന്നെ ചെയ്യുവാനോ നിനക്കു സാധിക്കും. ഒരു നല്ല ഭാര്യയും മാതാവുമായിത്തീരുന്നതിനു പറ്റിയ സ്വഭാവഘടന സ്വയം നിന്നില്‍ നിര്‍മ്മിക്കുവാന്‍ നിനക്കു കഴിവുകിട്ടും. പക്ഷേ നാം തമ്മില്‍ കത്തിടപാടു നടത്തുവാന്‍ അനുവാദമില്ല. ക്ലേശിക്കാതിരി. എല്ലാകാര്യവും എനിക്കിങ്ങു വിട്ടുതന്നേയ്ക്ക്. അമ്മ നിന്നെ ശരിയായി സംരക്ഷിച്ചുകൊള്ളാമെന്ന് എനിക്കു വാക്കു തന്നിട്ടുണ്ട്.ജീരോ:(ഫ്യൂജി തേങ്ങിക്കരഞ്ഞുകൊണ്ടേയിരക്കുന്നു.)
നീ തുടര്‍ന്നിങ്ങനെ കരഞ്ഞുകൊണ്ടിരുന്നാല്‍ അവരെന്നെ സംശയിക്കും. അതുംപോട്ടെ. ഇവിടെയിപ്പോള്‍ ഇത്ര കരയാനെന്തിരിക്കുന്നു! നീ ഞങ്ങളെ വിട്ടുപിരിയുകയാണ്. പക്ഷേ ഒന്നാലോചിച്ചു നോക്ക്, നമ്മുടെ ഇന്നത്തെ സ്ഥിതിയെന്താണെന്ന്. എന്റെ അച്ഛന് ആരേയും ബഹുമാനമില്ല. കാര്യം പറഞ്ഞാല്‍ മൂളയ്ക്കകത്തു കടക്കാത്ത പ്രകൃതക്കാരിയാണ് എന്റെ അമ്മ; ഞാനാണെങ്കില്‍ സദാ നിന്നെക്കൊണ്ടു പിടിപ്പതു പണിയെടുപ്പിക്കുന്നു; മറ്റു വേലക്കാരാണെങ്കില്‍ തുടര്‍ച്ചയായി നിന്നെ ശല്യപ്പെടുത്തുന്നവരാണ്. എന്തിന്, നിന്നെ ഇവിടെനിന്നു പിരിച്ചയയ്ക്കുന്നതില് ഞാന്‍ കാരണക്കാരനായതിന് നീ എന്നോടു നന്ദിപറയണം.ഫ്യൂജി:
............................
നിന്നെക്കൊണ്ടു ഞാന്‍ ഒട്ടേറെ പണിയെടുപ്പിച്ചു; നീയാകട്ടെ നിന്റെ ജോലികളെല്ലാം ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു - ഇനി നിന്റെ സ്ഥാലത്തു വരുന്ന ആര്‍ക്കുംതന്നെ തൃപ്തികരമായവിധത്തില് ചെയ്യാന്‍ സാധിക്കാത്തവിധം അത്രഭംഗിയായി നീ നിന്റെ ജോലികള്‍ നടത്തിയിരുന്നു. അതുല്യമായ നിന്റെ സേവനത്തിനു ഒരു ചെറിയ പ്രതിഫലം നിനക്കു നല്കുവാന് ഞാന്‍ ഉദ്ദേശിക്കുന്നു. ആട്ടെ, ഇപ്പോഴാണ് ഓര്‍ത്തത് ഞാന്‍ നിന്റെ കൈയില്‍ തന്ന ആ ചേട്ടനുള്ള കത്തു നീ തപ്പാലിലിട്ടോ?ഫ്യൂജി:
ഉവ്വങ്ങുന്നേ, ഞാനതു തപ്പാലില്‍ ഇട്ടു.ജീരോ:
ശരി, നന്നായി, നീ ഇവിടെനിന്നും ഇറങ്ങിപ്പോകുന്ന കാഴ്ച ഞാന്‍ വെറുക്കുന്നു. അനേകനാളായല്ലോ നീ ഇവിടെ താമസിച്ചുതുടങ്ങിയിട്ട്. (ഹിറോക്കോവിനോട്) അമ്മേ, എന്റെ മുന്പില് വെച്ച് അമ്മ അവള്‍ക്കു വാക്കുകൊടുക്കാമോ അവളെ സംരക്ഷിച്ചുകൊള്ളാമെന്ന്?ഹിറോക്കോ:
ആകാം; ഞാന്‍ വാക്കുകൊടുക്കുന്നു. (ഫ്യൂജിയോട്) ഒരു മോഹിനിയാട്ടക്കാരിയാകുന്നതിലേയ്ക്കു നിന്നെ വില്‍ക്കേണ്ടിവരുന്ന പരിതാപകരമായ നില നിന്റെ കുടുംബത്തിന് എന്നെങ്കിലും വന്നുചേര്‍ന്നാല്‍, നീ എന്റെ അടുത്തുവാ, ഞാന്‍ നിന്നെ സഹായിക്കാം. ഏറെക്കാലമായി നീ ഞങ്ങളൊന്നിച്ചു താമസിച്ചവളാണ്; ഒരു സ്നേഹിതയെപ്പോലെയാണു ഞാന്‍ നിന്നെ പരിഗണിക്കുന്നത്; അതുകൊണ്ടു യാതൊരു സങ്കോചവും പരിഭ്രമവും വേണ്ട. എപ്പോള്‍ നിനക്കു പണത്തിനാവശ്യം നേരിടുന്നു, അപ്പോള്‍ ഇങ്ങു വന്നുകൊള്ളുക; എന്റെ സ്വന്തം സമ്പാദ്യത്തില്നിന്നാണെടുക്കേണ്ടിവരുന്നതെങ്കില്പ്പോലും ഞാന്‍ നിനക്കു പണം തരാം.ഫ്യൂജി:
തീര്‍ച്ചയായും ഞാന്‍, കൊച്ചമ്മേ, കൊച്ചമ്മയുടം കാരുണ്യത്തെക്കുറിച്ചോര്ക്കും.ഹിറോക്കോ:
ജീരോ പറയുന്നപോലെ നീ ഒരു നല്ല സ്ത്രീയായി വളര്‍ന്നു വരണം.ഫ്യൂജി:
തീര്‍ച്ചയായും, കൊച്ചമ്മേ!ഹിറോക്കോ:
നീ കല്യാണം കഴിച്ചുകഴിഞ്ഞു ഞങ്ങളെ കാണാന്‍ വരണം.ഫ്യൂജി:
കൊച്ചമ്മയോടു ഞാന്‍ വളരെ നന്ദി പറയുന്നു.ഹിറോക്കോ:
നീ നല്ലനിലയ്ക്കു പെരുമാറിപ്പോന്നാല് എനിക്കു നിശ്ചയമുണ്ട് - നിനക്കൊരു വിഷമവും ഉണ്ടാവുകയില്ല ഒരു നല്ല ഭര്‍ത്താവിനെ കിട്ടാന്‍! മുന്നോ നാലോ കൊല്ലത്തിനുള്ളില്‍ നീ നിന്റെ തലമുടി ചീകിക്കെട്ടുന്ന രീതിക്കു മാറ്റംവരുത്തുകയും, നിന്റെ കുഞ്ഞിനോടൊന്നിച്ചു ഞങ്ങളെ കാണാനിവിടെ വരികയും ചെയ്യും.(ഇവര്‍ ഇരുവരും ഇങ്ങനെ സംസാരിച്ചുകൊണ്ടു നില്‍ക്കേ, ആരുടേയും ശ്രദ്ധയില്‍ പെടാതെ ഒരു തുണ്ടുകടലാസ്സില്‍ ജീരോ എന്തോ ചിലതു കുത്തിക്കുറിക്കുന്നു. ഈ കടലാസ്സുതുണ്ട് അയാള്‍ ഒരു പുസ്തകത്തിനുള്ളില്വെച്ച്, പുസ്തകം അതിന്റെ ചട്ടക്കൂടിലേയ്ക്കു തള്ളിയിട്ട്, ഫ്യൂജിയുടെ കൈയിലേയ്ക്കു കൊടുക്കുന്നു)
നിന്റെ സേവനങ്ങളെക്കുറിച്ച് എനിക്കുള്ള അഭിനന്ദനത്തിന്റെ ഒരു ചെറിയ ചിഹ്നമാണിത്. ഒരു സ്മാരകമായി നീയിതെടുത്തുകൊള്ളുക!ഫ്യൂജി:
അങ്ങയ്ക്കു നന്ദിപറയുന്നു, അങ്ങുന്നേ!ജീരോ:(പരമാര്‍ത്ഥത്തില്‍ ഇപ്പോഴും കണ്ണീരൊഴുക്കിക്കൊണ്ടാണവളുടെ നിലയെങ്കിലും അവള് വളരെ വണക്കത്തോടുകൂടി തലകുനിക്കുന്നു)
ശരി, അമ്മേ, എല്ലാം കഴിഞ്ഞു. ഞാന്‍ എന്റെ വാക്കു പരിപാലിച്ചു; ഇനി അമ്മ അമ്മയുടെ വാക്കു പാലിക്കണം. (ഫ്യൂജിയോട്) എന്നാലങ്ങനെയാട്ടെ, ഫ്യൂജി, നമസ്കാരം! നിനക്കു ഞാന്‍ സര്‍വ്വനന്മകളും നേരുന്നു! എപ്പോഴെങ്കിലും ഇവിടെ അടുത്തെങ്ങാന്‍ വന്നാല്‍, നമുക്കിരിവര്ക്കും അന്യോന്യം കാണാന്‍ സാദ്ധ്യമല്ലെങ്കിലും, ഇവിടെ കയറിയിട്ടേ നീ പോകാവൂ.ഹിറോക്കോ:
നിശ്ചയമായും. വല്ലപ്പോഴുമൊരിക്കല്‍ നിങ്ങള്‍ അന്യോന്യം കാണുന്ന കാര്യം ഞാനത്ര സാരമാക്കുന്നില്ല. പക്ഷേ, എന്തു ചെയ്യാം, ജനങ്ങളുടെ അപവാദമാണ് ഈ ഉപദ്രവമൊക്കെ ഉണ്ടാക്കുന്നത്. വന്നേ, ഫ്യൂജി, നമുക്കിനി പോകാം............ജീരോ:(ഫ്യൂജി നമിച്ചിട്ട്, ഉദ്ദേശത്തോടുകൂടി ജീരോവിന്റെ മുഖത്തേയ്ക്കു നോക്കുകയും അനന്തരം ഹിറോക്കോ ഒന്നിച്ചു വെളിയിലേയ്ക്കിറങ്ങിപ്പോവുകയും ചെയ്യുന്നു. ജീരോ അവളുടെ പുറകെ കണ്ണയയ്ക്കുന്നു. അനന്തരം കരഞ്ഞുകൊണ്ടു മേശപ്പുറത്തു വീഴുന്നു. കുറച്ചു നേരം കഴിഞ്ഞു വാതില്ക്കല് ഒരു മുട്ട്. ജീരോ അയാളുടെ കണ്ണുകള്‍ തുടയ്ക്കുന്നു)
അകത്തു വരാം.(വേറൊരു വേലക്കാരി പ്രവേശിക്കുന്നു)വേലക്കാരി:
മിസ്റ്റര്‍ ഒബയാഷി ഇവിടെ വന്നിട്ടുണ്ട്, അങ്ങുന്നേ.ജീരോ:
ഓഹോ, അങ്ങനെയൊ?(വേലക്കാരി വെളിയിലേയ്ക്കു പോകുന്നു. ജീരോ എഴുന്നേറ്റ് ഒരു കണ്ണാടിയില്‍ നോക്കിയിട്ടു മുറിയില്‍നിന്നു പുറത്തേയ്ക്ക് അവളെ അനുഗമിക്കുന്നു. ഒരു നിമിഷത്തിനുള്ളില്‍ അയാള്‍ മിസ്റ്റര്‍ ഒബയാഷിയുമൊന്നിച്ചു മടങ്ങിയെത്തുന്നു. അവര്‍ ഇരിക്കുന്നു.)
ആട്ടെ, എന്തെല്ലാമുണ്ട്, വിശേഷങ്ങള്‍?ജീരോ:
തനിക്കു വല്ലതും അറിവുണ്ടോ?ഒബയാഷി:
പുതിയത് ഒന്നുമില്ല.ജീരോ:
എനിക്കറിവുണ്ട്.ഒബയാഷി:
എന്താ?ജീരോ:
ശരി,..................ഒബയാഷി:
നല്ല വര്‍ത്തമാനം വല്ലതുമാണോ അത്?ജീരോ:
അതു നല്ലതോ ചീത്തയോ എന്ന് എനിക്കു നിശ്ചയമില്ല.ഒബയാഷി:
എന്തിനെക്കുറിച്ചാണിതൊക്കെ?ജീരോ:
ഒരു പ്രത്യേകസംഗതി. ഞാന്‍ മുന്‍പുതന്നെ ഒരുദിവസം തന്നോട് അതിനെക്കുറിച്ചു പറയാന്പോയതാണ്. പക്ഷേ, ഞാനതു ചെയ്തില്ല.ഒബയാഷി:
താനെന്താണുദ്ദേശിക്കുന്നതെന്ന് ഏതാണ്ട് എനിക്കൂഹിക്കാന്‍ കഴിയുമെന്ന് തോന്നുന്നു.ജീരോ:
അതില്‍ പകുതി ഏതാണ്ടു തനിക്കു ഊഹിക്കാന്‍ കഴിഞ്ഞേയ്ക്കാം.ഒബയാഷി:
പകുതി എന്നാണോ താന്‍ പറയുന്നെ?ജീരോ:
അതെ; ഞാന്‍ ഫ്യൂജിയെ സ്നേഹിക്കുന്നുണ്ടെന്ന് മിക്കവാറും താന്‍ ഊഹിച്ചിരിക്കും.ഒബയാഷി:
ഉവ്വ്; ഞാനത് ഊഹിക്കയുണ്ടായി.ജീരോ:
അവളെ സ്നേഹിക്കാന്‍ എനിക്ക് ഒരവകാശവുമില്ലെന്ന്, പക്ഷേ, തനിക്കറിഞ്ഞുകൂടാ.ഒബയാഷി:
എനിക്കറിയാമെന്നു തോന്നുന്നു; അതും അതിന്റെ കാരണവും.ജീരോ:
തനിക്കറിയാമോ?ഒബയാഷി:
കാരണം സ്ഥിതിവ്യത്യാസമാണ്.ജീരോ:
ഛേയി! ലവലേശമല്ല. അതായിരുന്നു കാരണമെങ്കില്‍, സംഗതികള്‍ യാതൊരു പ്രയാസവുമില്ലാതെ നടന്നേനെ.ഒബയാഷി:
എന്നാല്‍ പിന്നെ ഒരു `യോഷി'യെ കല്യാണംകഴിക്കാന്‍ പോവുകയാണവള്‍.*
* ഒരു ജാപ്പാനീസ് കുടുംബത്തില്‍ ആണില്ലാതെവന്നാല്, കുടുംബനാമധേയം നിലനിര്‍ത്തുവാന്‍വേണ്ടി ഒരാളെ ദത്തുപുത്രനായി കുടുംബത്തിലേയ്ക്ക് സ്വീകരിക്കുകയും, മൂത്തമകള്‍ അയാളെ വിവാഹം കഴിക്കേണ്ടിവരികയും ചെയ്യുന്നു. അങ്ങനെയുള്ള ഒരാള്‍ അയാളുടെ സ്വന്തം കുടുംബപ്പേര് ഉപേക്ഷിച്ചു ഭാര്യയുടെ കുടുംബ്പ്പേര് സ്വീകരിക്കയാണ് പതിവ്. ഇപ്രകാരം വിവാഹം കഴിക്കുന്ന ഏതൊരാളും `യോഷി' എന്ന അഭിജ്ഞയാലാണ് അറിയപ്പെടുന്നത്.
അല്ല. തനിക്കു വീണ്ടും തെറ്റുപറ്റി.ഒബയാഷി:
എന്നാല്‍പ്പിന്നെ ഫ്യൂജി വേറെ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ട്.ജീരോ:
അതാണ് യഥാര്‍ത്ഥസംഗതി.ഒബയാഷി:
അതു ഭയങ്കരംതന്നെ; എന്താ അല്ലേ?ജീരോ:
അതിനേക്കാള്‍ ഭയങ്കരമാണത്.ഒബയാഷി:
എന്നുവെച്ചാല്‍? താന്‍ എന്താണതുകൊണ്ടര്ത്ഥമാക്കന്നത്?ജീരോ:
ഞാനര്ത്ഥമാക്കുന്നതിതാണ്: അവരില്‍ ഓരോ ആളുകളും എന്നെ അതിഗാഢമായി വിശ്വസിക്കുന്നു. ഞാന്‍ അവരെ ഹൃദയപൂര്‍വ്വം സഹായിക്കുമെന്നാണ് അവരുടെ വിശ്വാസം.ഒബയാഷി:
എത്ര പരിതാപകരം!ജീരോ:
അതിനെ പരിതാപകരമെന്നോ, അല്ലെങ്കില്‍ തനിക്കിഷ്ടമുള്ള മറ്റെന്തെങ്കിലുമെന്നോ വിളിച്ചുകൊള്ളു; പക്ഷേ, അതിനേക്കാളെല്ലാം വഷളായിട്ടുള്ള എന്തോ ഒന്നാണത്. ഞാന്‍ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഒരുവളോട് ഉദാസീനഭാവം അഭിനയിക്കേണ്ടിവരിക!ഒബയാഷി:
ആരാണാള്‍? അയാള്‍ സാമാന്യം നല്ല ഒരുത്തനാണോ?ജീരോ:
എന്റെ ആത്മാവിനോട് ഏറ്റവും അടുത്തുനില്ക്കുന്ന ഒരാളാണാ മനുഷ്യന് എന്ന് എനിക്കു പറയേണ്ടിയിരിക്കുന്നു. എന്റെ സ്വന്തം ചേട്ടന്‍തന്നെ!ഒബയാഷി:
എന്ത്!ജീരോ:
ഇത് അതിഭയങ്കരമല്ലേ? ചേട്ടന് അവളെ സ്നേഹിക്കുന്നു എന്ന സംഗതി എന്നോടു സമ്മതിക്കുന്നതിനുമുന്പുതന്നെ ഫ്യൂജിയെ ഞാന്‍ സ്നേഹിച്ചിരുന്നു. ഞാന്‍ ചേട്ടനെ വാസ്തവത്തില്‍ ഭയപ്പെട്ടു. എന്തെന്നാല്‍ അദ്ദേഹം എന്റെ എതിരാളിയാണെന്ന ബോധം എനിക്കുണ്ടായി. ചേട്ടന് വിദേശങ്ങളിലേയ്ക്കു പോവുകയാണെന്നു കേട്ടപ്പോള്‍ എന്റെ മനസ്സാക്ഷിക്കു പരുക്കുതട്ടിയെങ്കിലും ഞാന്‍ വളരെ സന്തുഷ്ടനായി. വഴിയില്‍നിന്നും അദ്ദേഹം ഒഴിഞ്ഞകലുന്നതോടുകൂടി ഫ്യൂജി എന്റെ സ്വന്തമായിത്തീരുമെന്നു ഞാന്‍ കരുതി. അദ്ദേഹം ഇവിടംവിട്ടുപോകുവാന്‍ ഞാന്‍ ഉല്‍ക്കണ്ഠയോടുകൂടി കാത്തിരുന്നു. ഒടുവില്‍ പോകുവാന്‍തന്നെ അദ്ദേഹം ഖണ്ഡിതമായി തീരുമാനിച്ചുറച്ച ആ രാത്രി ഞാന്‍ നന്നായോര്‍ക്കുന്നു. നല്ല നിലാവുള്ള ഒരു രാത്രിയായിരുന്നു അത്. അദ്ദേഹം എന്റെ മുറിയില്വന്നു ഞാന്‍ അദ്ദേഹത്തിന് ഒരുപകാരംചെയ്യുണമെന്നാവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു:
`ഞാന്‍ വിദേശങ്ങളിലേയ്ക്കു യാത്രയാണെന്നു താനറിഞ്ഞോ?' അദ്ദേഹത്തിന്നു സംഗീതത്തിലുള്ള അതിരറ്റ താല്പര്യത്തെക്കുറിച്ചും, മഹാഗായകന്മാരായ സായേ, ക്യൂബെലിക്, പാദ്ര്വ്സ്കി തുടങ്ങിയവരുടെ ഗാനാലാപം കേള്‍ക്കുന്നതില്‍ അദ്ദേഹത്തിനു വലിയ ആശയുണ്ടെന്നും അതിനാല്‍ തന്റെ ആഗ്രഹസാദ്ധ്യത്തിനായി അദ്ദേഹം വിദേശങ്ങളിലേയ്ക്കു പോകുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നുമുള്ളതിനെക്കുറിച്ചും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹത്തോടു പറഞ്ഞു. പക്ഷേ, അദ്ദേഹം പറഞ്ഞത് അതദ്ദേഹത്തിന്റെ ഉപായത്തിലുള്ള ഒരൊഴികഴിവുമാത്രമാണെന്നാണ്; ഇവിടെ താമസിക്കുവാന്‍ ഭയം തോന്നുന്നതാണത്രേ അദ്ദേഹത്തിന്റെ യാത്രയുടെ യഥാര്‍ത്ഥകാരണം. ഇതെന്നെ വിസ്മയാധീനനാക്കി. എന്തുകൊണ്ടാണാ ഭയമെന്നു ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. ആദ്യം അദ്ദേഹത്തിന്ന് അല്പമൊരമ്പരപ്പുണ്ടായി. പക്ഷേ ഒടുവില്‍ (കേട്ടോ, ചേട്ടന് എന്നെ തികച്ചും വിശ്വസിച്ചിരുന്നു താന്‍ വിശ്വസിക്കുന്നതിനേക്കാള്‍ കൂടുതലായി) അദ്ദേഹം പറഞ്ഞു: `ഒന്നോ രണ്ടോ മാസംകൂടി ഇവിടെയാതാമസിക്കുന്ന പക്ഷം, ഫ്യൂജിയുടെ ജീവിതത്തില്‍ ശോകമയമായ ഒരു പരിണാമത്തിനു താന്മൂലം ഇടയായേക്കാം. ഞങ്ങള്‍ പരസ്പരം, ഗാഢമായി സ്നേഹിക്കുന്നു. ഒന്നിച്ചിരിക്കാന്‍ ഞങ്ങള്‍ക്കു ഞങ്ങളെത്തന്നെ വിശ്വാസമില്ല. ഏതു നിമിഷത്തിലും വല്ലതും സംഭവിച്ചേയ്ക്കാം. അവള് ഗര്‍ഭിണിയായിത്തീരുകയും അച്ഛനും അമ്മയും ഞങ്ങളുടെ വിവാഹത്തിനു സമ്മതിക്കാതിരിക്കുകയും ചെയ്കയാണെങ്കില്‍ (അവര്‍ ഒരിക്കലും സമ്മതിക്കില്ലെന്ന് എനിക്കറിയാം) എനിക്കവളെ സംരക്ഷിച്ചുകൊണ്ടുപോകുവാന്സാദ്ധ്യമല്ല; എന്തുകൊണ്ടെന്നാല്‍, എനിക്കുതന്നെ പരിശീലനം സിദ്ധിച്ചിട്ടില്ല സ്വന്തം കാലില്‍ നിന്നു ജീവിക്കുവാന്‍. അതു ഞങ്ങള്‍ രണ്ടുപേരുടേയും ദുരന്തത്തിനിടയാക്കും. അതിനെക്കുറിച്ചാണ് എനിക്കുള്ള ഭയം. മൂന്നുകൊല്ലത്തേയ്ക്കു ഞാന്‍ ഇവിടെനിന്ന് ഓടിപ്പോകുന്നതും അതുകൊണ്ടാണ്. ആ കാലഘട്ടത്തിന്റെ അവസാനത്തോടുകൂടി എനിക്കു മുപ്പതു വയസ്സു തികയും; പിന്നെ നിയമപരമായ രീതിയില്‍ എനിക്കവളെ വിവാഹം കഴിക്കാന്‍ സാധിക്കും. ഫ്യൂജി ഇപ്പോഴും നന്നെ ചെറുപ്പമാണ്. ഈ മൂന്നു കൊല്ലക്കാലത്തിനുള്ളില്‍ സ്വന്തമായി ഒരു ജീവിതമാര്‍ഗ്ഗം സ്വീകരിക്കാന്‍ ഞാന്‍ സ്വയം പരിശീലനം നടത്തും. എന്തുകൊണ്ടാണ് ഞാന്‍ വിദേശങ്ങളിലേയ്ക്കു പോകുന്നതെന്ന് ഇപ്പോള്‍ നിനക്കു മനസ്സിലായിക്കാണും. സംസാരം നിര്‍ത്തിയതോടുകൂടി, സ്വന്തം വികാരങ്ങളുടെ തള്ളിച്ചയില്‍ അദ്ദേഹം പൊട്ടിക്കരഞ്ഞുപോയി. എനിക്കും അദ്ദേഹത്തോടൊപ്പം കരച്ചില്‍വന്നു. പക്ഷേ അദ്ദേഹത്തോടുള്ള സഹതാപത്തില്നിന്നായിരുന്നില്ല എനിക്കു കണ്ണീര് പൊടിഞ്ഞത്. നേരെമറിച്ച് എനിക്ക് എന്റെപേരില്ത്തന്നെ തോന്നിയ അനുകമ്പകൊണ്ടാണ്. അനന്തരം അദ്ദേഹം ഫ്യൂജിയെ സൂക്ഷിച്ചുകൊള്ളണമെന്നുപറഞ്ഞ് എന്നെ ഭാരമേല്പിച്ചു. താന്‍ നേരിട്ടവള്ക്കു കത്തുകള്‍ അയയ്ക്കാന്‍ മുതിരുന്നില്ലെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. ഒരു മദ്ധ്യസ്ഥന്റെ നിലയില്‍ ഞാന്‍ പ്രവര്‍ത്തിക്കണമായിരുന്നു. ഞാന്‍ അങ്ങനെതന്നെ സമ്മതിച്ചു. അദ്ദേഹം എന്നോടു നന്ദി പറഞ്ഞു; അതെ, തീര്‍ച്ചയായും എനിക്കു നിഷ്പ്രയാസം നിര്‍വ്വഹിക്കാവുന്ന ഒരു കാര്യമാണതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. പക്ഷേ, ഞാനാകട്ടെ അവരുടെ പ്രേമം എത്രമാത്രം ആനന്ദപ്രദവും ഗാഢവും പരിശുദ്ധവും സുന്ദരവുമാണെന്നു കണ്ടറിഞ്ഞു; ഒടുവില്‍ അവരുടെ പ്രേമത്തിനായി എന്റെ സ്വാര്ത്ഥാഭിലാഷം പരിത്യജിക്കണമെന്നുതന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു ത്യാഗംചെയ്യാന്‍ എനിക്കു സന്തോഷം തോന്നി. അതുമുതല്‍ അവളെ സ്നേഹിക്കുന്നത് ഒരു പാപമാണെന്ന വിചാരം എന്റെ ഹൃദയത്തില്‍ കടന്നുകൂടി. എന്നിരുന്നാലും എനിക്കതിന്റെ പ്രേരണയെ നിശ്ശേഷം അടക്കിനിര്‍ത്താന്‍ സാധിച്ചില്ല. അവളില്‍നിന്നു വേര്‍പിരിഞ്ഞു വിദേശങ്ങളില്‍ ചുറ്റിത്തിരിയുന്ന ചേട്ടന്റെ വിയോഗദുഃഖത്തേക്കാള് നൂറിരട്ടി സങ്കടകരമായിരുന്നു ഒരുകാലത്തും അവള് എന്റെ സ്വന്തമായിത്തീരില്ലെന്നുള്ള ബോധം.
ശരി.......................ജീരോ:
ഇതാ ഇപ്പോള്‍ എന്റെ അമ്മ ഇവിടെനിന്നിറങ്ങിപ്പോയതേയുള്ളു; അമ്മ എന്നോടു പറയുകയാണ് എന്റേയും ഫ്യൂജിയുടേയും പേരുകള്തമ്മില് കൂട്ടിച്ചേര്‍ത്തു വേലക്കാര്‍ പല അപവാദങ്ങളും പറഞ്ഞുതുടങ്ങിയിരിക്കുന്നു എന്ന്. ഞങ്ങള്‍ രണ്ടുപേരും ഏറെനേരം ഒന്നിച്ചിരുന്നു സംസാരിക്കുന്നതാണത്രേ അതിനു കാരണം. അമ്മയ്ക്കുതന്നെ ഞങ്ങളില്‍ വലിയ സംശയമുണ്ട്. പക്ഷേ, ഞങ്ങളെ അങ്ങനെ സംശയിക്കുന്നതു തികച്ചും സ്വാഭാവികമാണ്; അതുകൊണ്ടാണ് കൂടുതല്‍ വിഷമം. ഞങ്ങള്‍ ഫ്യൂജിയെ പിരിച്ചുവിടുകയാണ്.ഒബയാഷി:
ഹ്ം!ജീരോ:
അവളുടെ സമീപം വര്‍ത്തിക്കുന്നത് എന്നെസ്സംബധിച്ചിടത്തോളം ആപല്‍ക്കരമാണ്. എന്നാല്‍ അവള് ഇവിടെനിന്നു പോയിക്കഴിഞ്ഞാല്‍ അത്യന്തവിരസമായ ഒരേകാന്തതയായിരിക്കും എന്നെ വലയംചെയ്യുക. ഫ്യൂജിയെ ഇവിടെവിട്ടു വിദേശത്തേയ്ക്കു പോയപ്പോള്‍ ചേട്ടന് എത്രമാത്രം മനോവ്യഥ തോന്നിയിരിക്കണമെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു.ജീരോ:(വാതിലിന്മേല് ഒരു മുട്ടു കേള്‍ക്കുന്നു)
ആരത്?ഫ്യൂജി:
(ഫ്യൂജി വെളിയില്‍) ഫ്യൂജിജീരോ:
അകത്തേയ്ക്കു കടന്നുവന്നോളു(ഫ്യൂജി കാപ്പിയുംകൊണ്ടു പ്രവേശിക്കുന്നു. അവള് ഒബയാഷിയെ വന്ദിച്ചിട്ടു ജീരോവിനോടു സംസാരിക്കുന്നു)ഫ്യൂജി:
കൊച്ചങ്ങുന്നേ, ഞാന്‍ നാളെ രാവിലെ പോകുന്നു. അങ്ങയുടെ അച്ഛന് ഇതാ ഇപ്പോള്‍ വന്നതേയുള്ളു; അദ്ദേഹം പറഞ്ഞു, ഇപ്പോള്‍ത്തന്നെയുള്ള എന്റെ യാത്ര വളരെ പെട്ടെന്നായിപ്പോയി, അതുകൊണ്ടു നാളെ രാവിലെ പോകുന്നതാണ് നല്ലതെന്ന്. അങ്ങ് എന്നോടു വളരെ ഔദാര്യം കാണിച്ചിട്ടുണ്ട്. അങ്ങയുടെ കാരുണ്യം ഒരുകാലത്തും ഞാന്‍ മറക്കില്ല.ജീരോ:
അപ്പോള്‍; ഇനിയും എനിക്കു നിന്നെ കാണാന്‍ കഴിയുമോ?ഫ്യൂജി:
ഉവ്വങ്ങുന്നേ.ജീരോ:
നിന്റെ മേല്‍വിലാസമെന്താണ്? കേള്‍ക്കട്ടെ. ഞാന്‍ നിനക്കുതന്ന പുസ്തകത്തിനുള്ളില്‍ ഒരു തുണ്ടുകടലാസ് ചേട്ടന്റെ മേല്‍വിലാസം എഴുതി ഞാന്‍ തിരുകിവെച്ചിട്ടുണ്ട്.ഏതായാലും നിന്റെ ഉപയോഗത്തിനു മേല്‍വിലാസം എഴുതിയ നാലഞ്ചു ലക്കോട്ടുകള്‍ ഞാന്‍ നിനക്കു തരാം.ഫ്യൂജി:(ഇതുകേട്ടു ഫ്യൂജി ലജ്ജാവിവര്ണ്ണയായിത്തീരുന്നു)
അങ്ങയുടെ അച്ഛനും എന്നോടു പറയുകയുണ്ടായി, എന്നെ വേണ്ടപോലെ അദ്ദേഹം നോക്കിക്കൊള്ളാമെന്ന് - എവിടെയെങ്കിലും ഒരു നല്ല സ്ഥലത്തു താമസത്തിന് ഏര്‍പ്പാടു ചെയ്യാമെന്ന്.ജീരോ:
അച്ഛനങ്ങനെ പറഞ്ഞു, ങ്ഹേ? ഭേഷ്, ഏതായാലും നീയൊട്ടും കുണ്ഠിതപ്പെടണ്ട.ഫ്യൂജി:
(പോകാന്‍ ഭാവിക്കുന്നു) അങ്ങയ്ക്കു വന്ദനം, അങ്ങുന്നേ,ജീരോ:
ഒബയാഷി ഇവിടെ ഇരിപ്പുണ്ടെന്നു ടോഷി ചാനിന്നോടു പറഞ്ഞേയ്ക്കൂ.ഫ്യൂജി:
അങ്ങനെയാകാം അങ്ങുന്നേ.-- ( യവനിക) --
മൂന്നാമങ്കം
(ഒന്നാമങ്കത്തിലെപ്പോലെതന്നെ. ഒരാട്ടുകസേരയില് ഷൂസോ തനിച്ചിരിക്കുന്നു. അയാള്‍ ഒരു ചുരുട്ടു വലിച്ചുകൊണ്ടു പത്രവായനയാണ്. വാതിലിന്മേല് ഒരു മുട്ടു കേള്‍ക്കുന്നു.)
ഷൂസോ:അകത്തു വരൂ.(ഹിറോക്കോ പ്രവേശിക്കുന്നു.)ഹിറോക്കോ:
നിങ്ങള്‍ക്കെന്താ വേണ്ടത്?(അവള് അയാള്ക്കരികെ ഒരു കസേരയില്‍ ഇരിക്കുന്നു)ഷൂസോ:
(അപ്പോഴും പത്രം വായിച്ചുകൊണ്ട്) എനിക്കു നിന്നോട് അല്പം സംസാരിക്കാനുണ്ട്.ഹിറോക്കോ:
വളരെ പ്രധാനപ്പെട്ട വല്ലതുമാണോ?ഷൂസോ:
ഓ, അങ്ങനെ വിശേഷിച്ചൊന്നുമല്ല. ജീരോവിനെ സംബന്ധിച്ചാണ്.ഹിറോക്കോ:
ജീരോവിനെക്കുറിച്ചോ! അയ്യോ! അതെന്നെ ഭയപ്പെടുത്തുന്നു.ഷൂസോ:
നീയെന്തിനാ ഭയപ്പെടുന്നെ? (പത്രം താഴെയിടുന്നു)ഹിറോക്കോ:
മനശ്ശല്യമുണ്ടാകുന്ന അത്തരം കാര്യങ്ങള്‍ ചെയ്യുവാന്‍ അവന് തികച്ചും പോന്നവനാ - അതുതന്നെ!ഷൂസോ:
ഓ, അത്രയ്ക്കന്തംമറന്നുള്ള പ്രവൃത്തിക്കാരനല്ല അവന്.ഹിറോക്കോ:
അല്ല; അവന് അന്തം മറന്നു പ്രവര്ത്തിക്കുന്നവനാണെന്നു തീര്‍ത്തുപറഞ്ഞുകൂടാ. പക്ഷേ, എന്തെങ്കിലുമൊരു കാര്യം ചെയ്യണമെന്നു മനസ്സിലുറച്ചാല്‍, അവന്റെ ജീവന് പോയാലും വേണ്ടില്ല, അവനതു ചെയ്തേ അടങ്ങൂ.ഷൂസോ:
നീ പറഞ്ഞതു ശരിതന്നെ; പക്ഷേ ആളൊരു സരസനാണവന്. അപഥത്തില്‍ അകപ്പെടാതിരുന്നാല്‍ ഒരിക്കല്‍ അവന് ഒരു മഹാനായിത്തീരും.ഹിറോക്കോ:
വീട്, കുടുംബം, ഇതൊന്നും അവനത്ര കാര്യമാക്കിയിട്ടില്ല.ഷൂസോ:
അതു പരമാര്‍ത്ഥം. എന്നെ അവന് ഗൗവനിക്കുന്നേ ഇല്ല; അതു ഈശ്വരനറിയാം. ഞാന്‍ കിഴവനും മഠയനും എല്ലാം തന്നിഷ്ടംപോലെ ചെയ്യുന്നവനും ആണെന്നാണ് അവന്റെ വിചാരം.ഹിറോക്കോ:
പിന്നേയ്, അങ്ങനെയവന് വിചാരിക്കുന്നുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു.ഷൂസോ:
ഊംംം! ഉവ്വ്, അവനങ്ങനെ വിചാരിക്കുന്നുണ്ട്. എന്നേക്കാള്‍ മനക്കരുത്തുള്ളവനാണവന്; തലച്ചോറും അവനെന്നേക്കാള്‍ കൂടുതലുണ്ട്. അവന് അളക്കാനാകാത്ത ആഴമുള്ളവനാണ്. അവന്റെ മട്ടും മാതിരിയും നമ്മെ കലികൊള്ളിക്കുന്നു; അവനോ, നമ്മളോടനുകമ്പയാണുണ്ടാവുന്നത്.ഹിറോക്കോ:
നിങ്ങള്‍ വാസ്തവത്തില്‍ അങ്ങനെ വിചാരിക്കുന്നോ?ഷൂസോ:
തീര്‍ച്ചയായും. സ്വപ്രയത്നംകൊണ്ട് ഇങ്ങനെയൊരു നിലയില്‍ എത്തിച്ചേര്‍ന്നവനാണ് ഞാന്‍; എന്റെ മാര്‍ഗ്ഗത്തില്‍ എനിക്കു മല്ലിട്ടുതന്നെ മുന്നോട്ടു പോകേണ്ടിയിരുന്നു. പക്ഷേ ജീരോവിന്റെ നിലയതല്ല. അവനെ ലാളിച്ചുവളര്ത്തിയതാണ്. അല്ലലെന്തെന്നറിയാത്ത ഒരു സുഖജീവിതമാണ് അവന് നയിച്ചുപോന്നത്. അതുകൊണ്ടാണെനിക്കു മനസ്സിലാക്കാന്‍ സാധിക്കാത്തത്, എങ്ങനെയാണവന്‍ ഇത്ര മനക്കരുത്തുള്ളവനായിത്തീര്ന്നതെന്ന്.ഹിറോക്കോ:
താരോ വിദേശത്തേയ്ക്കു പോയതുമുതല്‍ എങ്ങനെയോ ഒരു വലിയ മാറ്റം അവനുണ്ടായിട്ടുണ്ട്.ഷൂസോ:
ഈയിടെ അവന് വളരെ വിഷണ്ണനും വല്ലാത്തൊരു മുരട്ടുവാശിക്കാരനുമായിത്തീര്ന്നിട്ടുണ്ടെന്ന് എനിക്കു തോന്നുന്നു.
താരോ തിരിച്ചുവന്നാല്‍ അവന്റെ ഈ പ്രകൃതം മാറിപ്പോകുമെന്നു നിങ്ങള്‍ വിചാരിക്കുന്നില്ലേ?ഷൂസോ:
ഇല്ല; എനിക്കങ്ങനെ തോന്നുന്നില്ല. അവനായിരിക്കും താരോവിന്റെ മേല്‍ക്കോയ്മ. താരോവിനു കരുത്തുള്ള വികാരങ്ങളുണ്ട്; പക്ഷേ അവന്റെ മനക്കരുത്തു ജീരോവിന്റേതിനേക്കാള് വളരെ താഴെയാണ്. സ്ത്രീകള്ക്കിരയായിത്തീരുന്നതിനേക്കാള് ആപല്‍ക്കരമായ എന്തെങ്കിലും ചെയ്യാന്‍ അവനു പ്രാപ്തിയുണ്ടോ എന്നു ഞാന്‍ ശങ്കിക്കുന്നു.ഹിറോക്കോ:
സ്ത്രീകള്‍ ഒരാപത്താണെന്ന നിലയ്ക്കാണോ നിങ്ങള്‍ തരംതിരിക്കുന്നത്? ങ്ഹേ്?ഷൂസോ:
ഞാന്‍ ചുമ്മാ തമാശ പറഞ്ഞതാണ്. എങ്ങിനെയായാലും താരോവിന്റെ കാര്യത്തില്‍ വലിയ ആശങ്കയ്ക്കൊന്നും വഴിയില്ല. അവന് വേണ്ടപോലായിക്കൊള്ളും. അവന് പൊട്ടനൊന്നുമല്ല.ഹിറോക്കോ:
ഇങ്ങനെയുള്ള തമാശപറച്ചിലൊന്നും എനിക്കത്ര ഇഷ്ടമൊന്നുമല്ല.ഷൂസോ:
ആട്ടെ, എനിക്കു ജീരോവിനെക്കുറിച്ചു നിന്നോടു പറയാനുള്ളതെന്താണെന്നറിയാമോ? - ഫ്യൂജിയെ സംബന്ധിക്കുന്നതാണത്.ഹിറോക്കോ:
ഫ്യൂജിയെ സംബന്ധിക്കുന്നതോ? ഛേയി, തീര്‍ച്ചയായും ആയിരിക്കയില്ല.ഷൂസോ:
നിനക്കങ്ങനെ തോന്നുന്നില്ലേ? എന്നാലിതാ ചെവിവട്ടം പിടിച്ചുകേട്ടോളൂ! ഇന്നു ഫ്യൂജിയുടെ അച്ഛന് എന്നെ കാണാന്‍ വന്നു. അയാളുടെ കുടുംബത്തിലുള്ളവരെല്ലാംകൂടി തീരുമാനിച്ചുറച്ച മനുഷ്യനെ കല്യാണം കഴിക്കാന്‍ ഫ്യൂജിക്കു സമ്മതമില്ലത്രേ. ജീരോ അതിനെല്ലാമടിയിലുണ്ടെന്നാണ് എനിക്കു തോന്നുന്നത്. രണ്ടാഴ്ചയ്ക്കുമുമ്പ് ഒരു ദിവസം ഫ്യുജിയെ കാണാനായി ജീരോ അവളുടെ വീട്ടില്‍ പോയിട്ടുണ്ടായിരുന്നുവെന്നുള്ള വര്‍ത്തമാനവും എന്റെ ചെവിട്ടിലെത്തിയിട്ടുണ്ട്.ഹിറോക്കോ:
അവളുടെ അച്ഛന് അക്കാര്യം നിങ്ങളോടു പറഞ്ഞോ?ഷൂസോ:
ഇല്ല. അയാള്‍ അതെന്നോടു പറഞ്ഞില്ല. ഞാന്‍ എന്താണുദ്ദേശിക്കുന്നതെന്നു നിനക്കറിയാമോ? അയാളും ജീരോവും ഒത്തുചേര്‍ന്നാണ് ഈ പണിയെല്ലാം പണിയുന്നത് അവര്‍ എനിക്കെതിരായി എന്തൊക്കയോ കസറാക്കൊള്ളികള് ഒപ്പിക്കുന്നുണ്ട്. പുള്ളിയെ പിടികൂടാമെന്നു കരുതി ഞാന്‍ അയാളുടെ അടുത്ത് ഒരു മിരട്ടുവിദ്യ എടുത്തുനോക്കി. അയാളുടെ വീട്ടില്‍ വലിയ സല്‍ക്കാരത്തോടുകൂടി ജീരോവിനെ സ്വീകരിച്ചതില്‍ ഞങ്ങള്‍ക്കു വലിയ സന്തോഷമുണ്ടെന്നു ഞാന്‍ തട്ടിവിട്ടു. ഉടനെ അയാള്‍ പറയുകയാണ്. `ഛേയ്, ഒരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല. ആരും വിചാരിച്ചിരിക്കാതെ അത്ര യാദൃശ്ചികമായിട്ടാണ് കക്ഷി അവിടെ കടന്നു വന്നത്. ഞങ്ങള്‍തന്നെ അത്ഭുതപ്പെട്ടുപോയി. അക്കഥ അങ്ങനെ. അതു പോട്ടെ, വേറൊന്നുകൂടി എനിക്കു നല്ല നിശ്ചയമുണ്ട്. ഏതാണ്ട് ഒരു രണ്ടാഴ്ചയ്ക്കുമുമ്പ് ഒരുദിവസം ഫ്യൂജിയുടെ കല്യാണകാര്യത്തെക്കുറിച്ചു ഞാന്‍ നിന്നോട് ഓരോന്നും പറയുകയുണ്ടായില്ലേ; അതു മുഴുവന്‍ കള്ളന് പതുങ്ങിനിന്നു കേള്‍ക്കുകയായിരുന്നു. അന്നുതന്നെ എനിക്കതു തോന്നി. അതുകൊണ്ടാണ് പിറ്റേദിവസം നിന്നോടു ഞാന്‍ ചോദിച്ചത്, ജീരോ എവിടെപ്പോയിരിക്കയാണെന്ന്.
നിങ്ങള്‍ എന്തിനും ബഹുസാമര്ത്ഥ്യക്കാരനാണ്, തീര്‍ച്ചതന്നെ.ഷൂസോ:
ജീരോവിന്റെ മേല്‍ സദാ ഞാന്‍ കര്‍ക്കശമായ ഒരു ദൃഷ്ടി പതിപ്പിച്ചുകൊണ്ടിരിക്കയാണ്; എന്തുകൊണ്ടെന്നാല്‍ അവന്റെ ഭാവിയിലാണ്, താരോവിന്റേതിനേക്കാള്, എനിക്ക് താല്പര്യമുള്ളത്.ഹിറോക്കോ:
കൂടുതല്‍ ആശ്രയിക്കേണ്ടതായിട്ടുള്ളതു താരോ ആണ്.ഷൂസോ:
ആയിരിക്കാം. ഒന്നു ഞാന്‍ സമ്മതിക്കുന്നു. എന്റെ കാലശേഷം എന്റെ സ്ഥാനത്തെത്തുന്നതു ജീരോ ആയിരുന്നെങ്കില്‍, സംശയമില്ലാ, സകല സംഗതികളും അവതാളത്തിലേകലാശിക്കൂ. അതുപോട്ടെ ഞാന്‍ പറഞ്ഞുവന്ന കഥ അവസാനിപ്പിക്കാം. ഫ്യൂജിയുടെ കല്യാണത്തെക്കുറിച്ചു വേണ്ടവിധത്തിലൊക്കെ പറഞ്ഞു കാര്യങ്ങളെല്ലാം ശരിപ്പെടുത്താന്‍ ഞാന്‍ പറഞ്ഞയച്ച മനുഷ്യനുണ്ടല്ലോ, ഓത്താ ഞാന്‍ അയാളോടു ചോദിച്ചു, അവളുടെ കുടുംബത്തിലുള്ളവരുടെ അഭിപ്രായമെന്താണെന്ന്. അവര്‍ അക്കാര്യത്തില്‍ യാതൊരത്ഭുതമോ താല്പര്യമോ പ്രദര്ശിപ്പിച്ചില്ലത്രേ. എല്ലാം കേട്ടിട്ടും അവരില്‍ ഒരു ഭാവഭേദവും കണ്ടില്ലെന്നയാള് പറഞ്ഞു. അതിന്റെ അര്‍ത്ഥം ആദ്യംതന്നെ ജീരോ അവിടെ ചെന്നിരുന്നു എന്നാണ്. പിന്നീടൊരിക്കല്‍, ഫ്യൂജി കല്യാണം കഴിക്കാന്‍ സമ്മതിച്ചില്ലെന്നു ജീരോവിന്റെ മുമ്പില്‍വെച്ചു ഞാന്‍ പ്രസ്താവിക്കുകയുണ്ടായി; എന്റെനേര്‍ക്കുള്ള പരിഹാസംകൊണ്ടു ചിരി അവന്റെ ഉള്ളിലങ്ങനെ നിറഞ്ഞുപൊട്ടുകയാണെന്നു ഞാന്‍ മനസ്സിലാക്കി; പക്ഷേ അപ്പോള്‍ അവിടെവെച്ച് അവനുമായിട്ട് ഒരു അഭിനയരംഗമുണ്ടാക്കേണ്ട എന്നു കരുതി, ഞാന്‍ അതറിയാത്ത ഭാവം നടിച്ചുകളഞ്ഞു. അനുസരണയില്ലാത്ത അസത്ത്! ഫ്യൂജിയെ കാണാന്‍ പോവില്ലെന്നു നിന്നോട് അവന് വാക്കു പറഞ്ഞിട്ടുണ്ടെന്നായിരുന്നു എന്റെ വിചാരം.ഹിറോക്കോ:
അങ്ങനെതന്ന്യാ അവന് വാക്കുപറഞ്ഞേക്കണേ.ഷൂസോ:
നിനക്കു നല്ല തീര്ച്ചായാണോ?ഹിറോക്കോ:
തീര്‍ച്ചതന്നെ. അവനോടുള്ള എന്റെ വാക്കു ഞാന്‍ പരിപാലിക്കുന്നപക്ഷം ഒരിക്കലും അവളെപ്പോയി കാണില്ലെന്ന് എന്നോടവന് വാഗ്ദാനം ചെയ്തിട്ടുണ്ട്.ഷൂസോ:
അതു രസമായിരിക്കുന്നു. ഞാന്‍ അവനെ വരുത്തി ഒരു കുറ്റവിസ്താരം നടത്താന്‍ പോവുകയാണ്. ഒരു സാക്ഷിയായി നിന്നെ എനിക്കിവിടെ ആവശ്യമുണ്ട്. ഒന്നു ഓര്‍മ്മവേണം. വിസ്താരഭാഗത്താണ്, പ്രതിഭാഗത്തല്ല നീ നില്‍ക്കേണ്ടത്. വളരെ മുശടനായ ഒരു കക്ഷിയാണവന്‍.ഹിറോക്കോ:
ശരി, അങ്ങനെതന്നെ.ഷൂസോ:(ഷൂസോ മേശപ്പുറത്ത് ഒരു ബട്ടന്പിടിച്ചമര്ത്തുന്നു. ഒരു വേലക്കാരി പ്രവേശിക്കുന്നു)
എനിക്ക് ഒന്നു കാണണം - അതുകൊണ്ടിങ്ങോട്ടു വരാന്‍ പറ ജീരോവിനോട്.
അങ്ങനെയാവാം, ഏമാന്നേ.(വേലക്കാരി പോകുന്നു)ഷൂസോ:
അവന്റെ കാല്‍ച്ചുവടു കണ്ടുപിടിച്ചു നാം അവനെ പിന്തുടര്ന്നു പിടികൂടാനെത്തുന്നുണ്ടെന്ന് അവന് അറിഞ്ഞുകഴിഞ്ഞു.ഹിറോക്കോ:
ഹേയ്, അങ്ങനെ തോന്നുന്നില്ല.ഷൂസോ:
പക്ഷേ ഫ്യൂജിയുടെ അച്ഛന് എന്നെ കാണാന്‍ ഇവിടെ വന്നതവനറിയാം.ഷൂസോ:(വാതില്ക്കല് ഒരു മുട്ട്)
ആരത്?ജീരോ :
ജീരോ (വെളിയില്‍)ഷൂസോ:
അകത്തേയ്ക്കു വരൂ.(ജീരോ ശാന്തമായി പ്രവേശിക്കുകയും അമ്മയുടെ അടുത്ത് ഒരു കസേരയില്‍ ഇരിക്കുകയും ചെയ്യുന്നു.)ജീരോ:
എന്താണച്ഛനാവശ്യപ്പെടുന്നത്?ഷൂസോ:
നിനക്കറിഞ്ഞുകൂടേ, എന്താണ് ഞാനാവശ്യപ്പെടുന്നതെന്ന്?ജീരോ:
ശരി, പക്ഷേ എനിക്കറിയാമെന്നു ഞാന്‍ വിചാരിക്കുന്നു.ഷൂസോ:
അങ്ങനെ ഒരു വിചാരം നിനക്കുണ്ടാകുന്ന സംഗതി എന്താണ്?ജീരോ:
ഫ്യൂജിയുടെ പിതാവില്‍നിന്നു കേട്ട ഒരു സംഗതി. പോരെങ്കില്‍ അച്ഛന്റെ നില വളരെ പരുഷമായ മട്ടിലാണ്; അതുകൊണ്ട് എനിക്കും പരുഷമായ ഒരു നിലതന്നെ സ്വീകരിക്കേണ്ടിവന്നിരിക്കുന്നു.ഷൂസോ:
എനിക്കു ഒട്ടുവളരെ കാര്യങ്ങള്‍ നിന്നോടു പറയാനുണ്ട്. പക്ഷേ, ഒന്നാമതായി ഇതറിയട്ടെ: എന്തിനാണ് ഫ്യൂജിയുടെ കല്യാണക്കാര്യത്തില്‍ നീ വന്നു തലയിട്ടത്?ജീരോ:
അത്രത്തോളം ഞാന്‍ പോയില്ല. ഞാന്‍ ചുമ്മാ അവളുടെ അച്ഛനെ ഒന്നു കാണാന്‍ പോയി. അത്രയേ ഉള്ളു.ഷൂസോ:
അയാളെക്കൊണ്ടതില് തലയിടുവിച്ചു കലക്കമുണ്ടാക്കാന്‍ ങ്ഹേ?ജീരോ:
പക്ഷേ അങ്ങനെയായിരിക്കാം - ഫ്യൂജിയില്‍ എനിക്ക് അത്ര പരിപൂര്ണ്ണവിശ്വാസമുണ്ടെങ്കിലും, സംഗതിയുടെ മര്‍മ്മം ഇതാണ്, അവളുടെ പിതാവ് അവളോടോരോന്നാജ്ഞാപിച്ചു പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്യമിച്ചാല്‍ അതു വലിയ വിഷമത്തിലേ കലാശിക്കൂ എന്നു ഞാനറിഞ്ഞു; അതുകൊണ്ട് അവളുടെ വശത്തേയ്ക്ക് അയാളെ നേടിക്കൊണ്ടുവരുന്നതിലേയ്ക്കാണ് ഞാന്‍ പോയത്.ഷൂസോ:
അതു ബഹു വിചിത്രമായ ഒരു സംസാരരീതിതന്നെ! അവളില്‍ നിനക്കു പരിപൂര്‍ണ്ണമായ വിശ്വാസമുണ്ടെന്നു പറയുമ്പോള്‍, നീയതുകൊണ്ടര്ത്ഥമാക്കുന്നതെന്താണ്?ജീരോ:
ഓ, അതു മനസ്സിലാക്കാന്‍വേണ്ട സാമര്‍ത്ഥ്യം അച്ഛനില്ല. ഫ്യൂജി ഒരാളുമായി ഗാഢമായ പ്രണയത്തിലാണ്; അയാളും അവളെ സ്നേഹിക്കുന്നു. നിങ്ങളൊക്കെക്കൂടി ചട്ടംകെട്ടിയ ഈ കല്യാണത്തിന് അവള് വഴിപ്പെടുകയില്ലെന്നു ഞാനറിഞ്ഞു. അതുകൊണ്ട് അവളുടെ നിരസനം അവളെസ്സംബന്ധിച്ചിടത്തോളം കഴിയുന്നതും എളുപ്പമാക്കിത്തീര്ക്കേണ്ട ആവശ്യം എനിക്കുണ്ടായിരുന്നു.
അവളെ സ്നേഹിക്കുന്ന ആള് ആരാണ്?ജീരോ:
അച്ഛനോടതു പറയാന്‍ എനിക്കു സാദ്ധ്യമല്ല.ഷൂസോ:
ഏതായാലും ആ പുള്ളി നീയാവാന്‍ വഴിയില്ല, ഉവ്വോ? (പുഞ്ചിരിയിടുന്നു) അഥവാ ആണെങ്കില്‍, ഒന്നു പറഞ്ഞേയ്ക്കാം, നിങ്ങള്‍ രണ്ടുപേര്‍ക്കും ആത്മഹത്യ ചെയ്യേണ്ടതായിവരും.ജീരോ:
അച്ഛന് വാസ്തവത്തില്‍ വിചാരിക്കുന്നുണ്ടോ അതു ഞാനാണെന്ന്? അതുപോലെതന്നെ, കുടുംബത്തിന്റെ പേര്, മാമൂലിന്റെ ചട്ടങ്ങള്‍ ഇവയെക്കുറിച്ചും അച്ഛനീ പറയുംപോലത്ര കാര്യമായി അച്ഛന് വിചാരിക്കുന്നുണ്ടോ?ഹിറോക്കോ:
ജീരോ, എന്താണ് നീയി പറയുന്നത്? ഇതിന് എങ്ങനെ നീ ധൈര്യപ്പെട്ടു? ആ പറഞ്ഞത് നീ ഒന്നുകൂടി പറ!ജീരോ:
അച്ഛന്റെ ഇഷ്ടംപോലെ ഞാന്‍ വേണെങ്കില്‍ ആയിരം പ്രാവശ്യം അതാവര്‍ത്തിച്ചാവര്‍ത്തിച്ചു പറയാം. പ്രണയത്തിന്റെ അഗാധതയില്‍ അത്രമാത്രം അഭേദ്യമായ തരത്തില്‍ കെട്ടുപിണഞ്ഞുവര്ത്തിക്കുന്ന രണ്ടാത്മാക്കളെ ഛേദിച്ചകറ്റാന് അച്ഛനു മനസ്സു വരുമോ? അവര്‍ ആത്മഹത്യ ചെയ്യുമോ ഇല്ലയോ എന്നു ഖണ്ഡിതമായിപ്പറയുവാന്‍ എനിക്കു സാദ്ധ്യമല്ല. എങ്ങനെയായാലും ഒരു രണ്ടാതരം പ്രാധാന്യമേ ആ സംഗതിക്കുള്ളു. പക്ഷേ മാമൂലുകളോടും നാട്ടാചാരങ്ങളോടും അച്ഛനുയഥാര്ത്ഥത്തില് ഭയമുണ്ട്; അതിനാല്‍ ആ പേടിമൂലം അങ്ങവരെ വേര്‍പെടുത്തുമോ?ഹിറോക്കോ:
സമുദായത്തിന്റെ വിമര്‍ശനത്തെ നിനക്കു ഭയമില്ലെന്നാണോ നീയതുകൊണ്ടര്ത്ഥമാക്കുന്നത്?ജീരോ:
ലവലേശമില്ല. അതിനെ എനിക്കു ഭയമുണ്ട്; പക്ഷേ മനുഷ്യജീവിതത്തെ നാശപ്പെടുത്തിക്കളയുന്നതിലാണ് എനിക്ക് അതിനേക്കാള്‍ വളരെയധികം ഭയം.ഹിറോക്കോ:
എന്തൊരു മനുഷ്യപ്പറ്റില്ലാത്ത കുട്ടിയാണ് നീ! നിന്റെ അച്ഛനമ്മമാര്‍ക്ക് അപമാനം വരുത്താനാണ് നീ ജനിച്ചത്!ജീരോ:
അല്ലാ, അമ്മേ. ഞാന്‍ ജനിച്ചതെന്തിനാണെന്ന് എനിക്കറിഞ്ഞുകൂടാ; അതു ഞാന്‍ സമ്മതിക്കാം; എങ്കിലും എനിക്കു തോന്നുന്നു അമ്മ പറഞ്ഞ ആ കാര്യത്തിനല്ല ഞാന്‍ ജനിച്ചതെന്ന്. അതെ; എന്റെ മാതാപിതാക്കളുടെ മാനം നശിപ്പിക്കുകയെന്ന നിഷ്പ്രയാസമായ അത്തരം ഒരു കാര്യത്തിനുമായിട്ടല്ല; തീര്‍ച്ച! അതിനേക്കാള്‍ എത്രയോ വിഷമകരമായിട്ടുള്ളതാണ് എന്റെ ജോലി.ഹിറോക്കോ:
ജീരോ, നീ മിണ്ടാതിരി! നീ വളരെയധികം കടക്കുന്നു.ജീരോ:
അമ്മേ!
ഞാന്‍ നിന്നെ കാണുമ്പോള്‍ നടുങ്ങിപ്പോകുന്നു!ജീരോ:
അമ്മേ!ഹിറോക്കോ:
ഞാന്‍ നിന്റെ അമ്മയുമല്ല, നീയെന്റെ കുട്ടിയുമല്ല. തോന്നിയപോലെ പൊയ്ക്കോ - നിന്റെ ഇഷ്ടംപോലെ വായിത്തോന്നിയതൊക്കെപ്പറഞ്ഞോ!ഷൂസോ:
(ഹിറോക്കോവിനോട്) മിണ്ടാതിരിക്കൂ! ഫ്യൂജിയെ അവനു കല്യാണം കഴിക്കണമെന്ന് അവന് പറഞ്ഞില്ലല്ലോ. (ജീരോവിനോട്) നമ്മുടെ കുടുംബത്തിന്റേ പേര് എത്രമാത്രം പരിശുദ്ധമാണെന്നോ, പൊതുജനാഭിപ്രായം എത്രമേല്‍ പ്രാധാന്യമര്ഹിക്കുന്നതാണെന്നോ. നിനക്കറിഞ്ഞുകൂടാ. നിന്റെ ആ കാടുപിടിച്ച വര്‍ത്തമാനത്തില്‍ എനിക്കു ലവലേശം ഭയമില്ല. ഒരു പെണ്ണിനുവേണ്ടി തന്നത്താന്‍ ചത്തടിയുന്ന ഒരു മരമണ്ടൂസനെക്കൊണ്ടു നമുക്കോ ലോകത്തിനോ എന്തു പ്രയോജനം? പിന്നേയ്, ഇങ്ങോട്ടു നോക്കിയേ, ജീരോ! ഞാന്‍ ചോദിക്കുന്നതിനു സമാധാനം പറഞ്ഞേ! - ആട്ടെ, ഫ്യൂജിയെ ഞങ്ങള്‍ ഇവിടെനിന്നു പിരിച്ചുവിടുമ്പോള്‍ അവളുമായി ഒരിക്കലും ഒരു കത്തിടപാടും നടത്തുകയില്ലെന്നു നീ നിന്റെ അമ്മയ്ക്കു വാക്കുകൊടുത്തതു സത്യമല്ലേ?ജീരോ:
അതെ, അതു സത്യമാണ്. അതുകൊണ്ടാണല്ലോ ഞാന്‍ അവളുമായി യാതൊരു കത്തിടപാടുകളും നടത്താതിരുന്നത്.ഷൂസോ:
നീയങ്ങനെ ചെയ്തിട്ടില്ലെന്നു നിനക്കു തീര്‍ത്തുപറയാമോ?ജീരോ:
തീര്‍ച്ചയായും. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഒരുദിവസം, രണ്ടോമൂന്നോ കൊല്ലം കഴിഞ്ഞ്, അന്നവളുടെ ഭര്ത്താവായിത്തീരുന്ന മനുഷ്യന് എന്റെ നിരപരാധിത്വം ശരിക്കു തെളിയിക്കും.ഷൂസോ:
നീയപ്പോള്‍ യാതൊരു കത്തിടപാടുകളും നടത്തിയിട്ടില്ല. ശരി, അങ്ങനെയാകട്ടെ. സമ്മതിച്ചു. പക്ഷേ നീ നിന്റെ അമ്മയോട് ഒരിക്കലും ഫ്യൂജിയെക്കാണാന് പോവില്ലെന്നും അതു പോലെതന്നെ വാക്കു പറഞ്ഞിട്ടുണ്ട്.ജീരോ:
ഉവ്വ്; ഞാനങ്ങനെ വാക്കു പറഞ്ഞു.ഷൂസോ:
പക്ഷേ നീ അവളെച്ചെന്നു കാണുകയുണ്ടായല്ലോ! - ഇല്ലേ?ജീരോ:
ഉവ്വ്; ഞാന്‍ അവളെ കാണുകയുണ്ടായി!ഷൂസോ:
ങ്ഹാ! എന്തിനായിരുന്നു?ജീരോ:
പറയാം. ഞാന്‍ അവളുടെ വീട്ടില്‍പ്പോയി. അവള് അവിടെ ഉണ്ടായിരുന്നു. അങ്ങനെ അവളെ കണ്ടുമുട്ടാതിരിക്കാന്‍ നിവൃത്തിയില്ലാത്ത ഒരു പതനം വന്നുകൂടി. പക്ഷേ ആ ഉദ്ദേശത്തോടുകൂടിയല്ല ഞാനവിടെ പോയത്. അമ്മയോടുള്ള എന്റെ വാഗ്ദാനത്തിന്റെ സാരാംശത്തെ ഞാന്‍ ഭേദിച്ചിട്ടില്ല. ഇപ്പോഴും ഞാനങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് അച്ഛനു തോന്നുന്നതെങ്കില്‍, ദയവുചെയ്ത് എനിക്കു മാപ്പുതരൂ!ഷൂസോ:
അതിനെനിക്കു മാപ്പുതരാന്‍ കഴിഞ്ഞേയ്ക്കാം. പക്ഷേ, ഇതു പറഞ്ഞേ! - ഫ്യൂജി ഒരു മോഹിനിയാട്ടക്കാരിയായിത്തീരുന്നെങ്കില് നീയതത്ര കാര്യമാക്കുകയില്ല; എന്താ, ഉവ്വോ?
അച്ഛാ! എന്റെ പ്രവൃത്തികളെ ആധാരമാക്കി അച്ഛന് ഫ്യൂജിയെ ശിക്ഷിക്കാന്‍ പോകുന്നില്ല! എന്റെ നിരപരാധിത്വത്തെക്കുറിച്ച് അമ്മയ്ക്കു ബോദ്ധ്യംവരാന്‍ വേണ്ടി എനിക്കാവാഗ്ദാനങ്ങളെല്ലാം ചെയ്യേണ്ടിവന്നു. ഞാന്‍ ഒരിക്കലും അതു ചെയ്യേണ്ടിയിരുന്നില്ല!ഷൂസോ:
നീ നിനക്കുള്ള ശിക്ഷ സ്വീകരിക്കുവാന്‍ തയ്യാറാണ് അല്ലേ?ജീരോ:
ഞാന്‍ അര്‍ഹിക്കുന്നതാണ് അതെങ്കില്‍.ഷൂസോ:
ശരി......എന്നാല്‍, നീ ഒരിക്കലും ഫ്യൂജിയുടെ ഭര്ത്താവായിത്തീരില്ല!ജീരോ:
അയ്യോ, കഷ്ടം! അച്ഛന്‍തന്നെ അങ്ങനെ ആകണമെന്ന് ആവശ്യപ്പെട്ടാലും ഞാന്‍ അവളുടെ ഭര്ത്താവായിത്തീരില്ല. ഒന്നാമതായി ഫ്യൂജിക്ക് എന്നെ ഭര്ത്താവായിട്ടാവശ്യമില്ല.ഹിറോക്കോ:
എന്ത്, അവള്ക്കാവശ്യമില്ലേ? നീ തഞ്ചത്തിലൊഴിഞ്ഞുമാറി `മര്യാദരാമ'നാവാന് വേണ്ടിപ്പറയുന്നതല്ലേ അത്?ജീരോ:
അമ്മേ, അമ്മയ്ക്ക് എപ്പോഴും വലിയ സംശയമാണ്!ഷൂസോ:
അവള്‍ക്കു നിന്നെ വിവാഹം കഴിക്കേണ്ട ആവശ്യമില്ലെന്നു നിനക്കു തീര്‍ച്ചയാണോ?ജീരോ:
അതെ, എനിക്കു തീര്‍ച്ചയാണ്.ഷൂസോ:
തികച്ചും തീര്‍ച്ച?ജീരോ:
തികച്ചും.ഷൂസോ:
ഒരു പുരുഷനായിട്ടാണ് നീയെന്റെ മുമ്പില്‍ വാക്കുപറയുന്നത്.ജീരോ:
പക്ഷേ, ഒരു സ്ത്രീയെ എന്നപോലെ അച്ഛന് എന്നെ അവിശ്വസിക്കുന്നു.ഷൂസോ:
നിന്റെ പെരുമാറ്റം ബഹു വിചിത്രമായ രീതിയിലായിരുന്നു.ജീരോ:
എങ്ങനെ?ഷൂസോ:
ഒന്നാമതായി നീ ഫ്യൂജിയുടെ വീട്ടിലേയ്ക്ക് ഒരു പ്രത്യേക സര്‍ക്കീട്ടു പോയി. രണ്ടാമതായി, ഫ്യൂജിയെ സ്നേഹിക്കുന്നുവെന്നു പറയുന്ന ആ ആളിന്റെ പേര് നീ ഞങ്ങളില്‍നിന്നും മറച്ചുവെച്ചു. മൂന്നാമതായി രണ്ടുപേരും ഒത്തൊരുമിച്ചുള്ള ഒരാത്മഹത്യയില്‍ നീ ഉള്പ്പെടേണ്ടിവരുമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ നിനക്കു കലി വന്നു.ജീരോ:
ആദ്യത്തെ ആരോപണത്തിനുള്ള സമാധാനം ഞാന്‍ അച്ഛനോടു വിവരിച്ചു പറഞ്ഞുകഴിഞ്ഞു. രണ്ടാമത്തേതിനെസ്സംബന്ധിച്ചാണെങ്കില്, എനിക്കങ്ങനെ ചെയ്യാതെ നിവൃത്തിയില്ലാത്ത ഒരു നിലയിലാണ് ഞാന്‍. എന്തുകൊണ്ടെന്നാല്‍, ആ മനുഷ്യന്റെ പേര് വെളിപ്പെടുത്താന്‍ എനിക്ക് അയാളില്‍ നിന്നുനുമതി കിട്ടിയിട്ടില്ല. എന്റെ പേരിലുള്ള ഒടുവിലത്തെ കുറ്റാരോപണത്തിനു ഞാന്‍ സമാധാനം പറയാം. എനിക്കു ദ്വേഷ്യം വന്നു. ശരിയാണ്. അച്ഛന് എത്രമാത്രം ക്രൂരനാണെന്നും, ഞാനായിരുന്നു അച്ഛന്റെ സ്ഥാനത്തെങ്കില്‍ എത്ര വ്യത്യസ്തമായ രീതിയിലായിരിക്കും ഞാന്‍ സംഗതികളെ വീക്ഷിക്കുന്നതെന്നും ഉള്ള ചിന്തയാണ് എന്നെ കുപിതനാക്കിയത്. ഇങ്ങനെയൊരു കാര്യത്തില്‍ ചുമ്മാ ചെന്നു തലയിട്ട് ഇത്രമാത്രം മനശ്ശല്യം വലിച്ചുവെയ്ക്കാനൊരുമ്പെട്ട അച്ഛന്റേയും അമ്മയുടേയും ബുദ്ധി ശൂന്യതയില്‍ എനിക്ക് അനുകമ്പ തോന്നി.ഷൂസോ:
ഫ്യൂജിയെ വിവാഹം കഴിക്കാന്‍ നിന്നെ ഞങ്ങള്‍ അനുവദിക്കുമെന്നാണോ ഇപ്പോഴും നിന്റെ സങ്കല്പം?
അല്ല; നിങ്ങള്‍ക്ക് അത്രത്തോളം ഹൃദയവിശാലതയും സൗജന്യബുദ്ധിയുമുണ്ടെന്ന് ഒരിക്കലും ഞാന്‍ സംശയിച്ചിട്ടില്ല. പക്ഷേ ആത്മഹത്യയെക്കുറിച്ചാലോചന നടത്തത്തക്കവിധം അത്രത്തോളം ആശാരഹിതമായ ഒരു പ്രേമബന്ധത്തില്‍ ഫ്യുജിയുമായി ഞാന്‍ ഇടപെട്ടിരുന്നു എങ്കില്‍ - കേട്ടോ, അച്ഛാ, അവളെ കല്യാണം കഴിക്കാന്‍ അച്ഛന് എനിക്കനുവാദം തന്നേനേ! എന്തുകൊണ്ടെന്നാല്‍ ഒരു ദുഷ്പേരു പരന്നതിനുശേഷം സ്വയം ആത്മാവിനെ നശിപ്പിക്കുവാന്‍ തന്റെ പുത്രനെ വിടുന്നതിനേക്കാള്‍ ഭേദം അവന് സുഖമായി ജീവിക്കുന്നതാണെന്നു മനസ്സിലാക്കുവാനുള്ള വിവേകമെങ്കിലും അച്ഛനുണ്ടാകാതിരിക്കില്ല.ഹിറോക്കോ:
ഞങ്ങളെ വിഡ്ഢികളാക്കാനാണല്ലോ നിന്റെ ശ്രമം.ജീരോ:
അതെ; അതിനുതന്നെ ഞാന്‍ ശ്രമിക്കുന്നത്.ഹിറോക്കോ:
നിന്റെ അച്ഛനമ്മമാരെ നിനക്ക് ഒരു ബഹുമാനവുമില്ല.ജീരോ:
മാതാപിതാക്കന്മാര്ക്ക് അവരുടെ സന്താനങ്ങളില്‍ സ്നേഹമുണ്ടെന്ന ധാരണ സദാ പുലര്ത്തിക്കൊണ്ടുപോന്നവനാണ് ഞാന്‍.ഹിറോക്കോ:
അച്ഛനോടും അമ്മയോടും മറ്റും നിന്നെപ്പോലെ ഒരു കുട്ടിയും ഇങ്ങനെ തറുതല പറയാറില്ല.ജീരോ:
ഒരുപക്ഷേ ഇല്ലായിരിക്കാം. എന്നുവെച്ച് അതേപ്പറ്റി ചിന്തിച്ച് ഇങ്ങനെ വെറളിപിടിച്ചിട്ടെന്തു കാര്യം?ഹിറോക്കോ:
ദേ, പിന്നേയ്, നിങ്ങളച്ഛനല്ലേ? എന്തുകൊണ്ടു നിങ്ങള്‍ അവനെ ഒന്നും ചെയ്യുന്നില്ല? അവന് എന്നെ കലികൊള്ളിക്കുന്നു.ജീരോ:
അമ്മ എന്നേയും കലികൊള്ളിക്കുന്നു.ഷൂസോ:
ജീരോ, നീ കുറച്ചൊരു മിടുക്കനാണെന്നൊരു ഭാവം നിനക്കുണ്ട്. അതിനാല്‍ ഞങ്ങളെ ഇങ്ങനെയിട്ട് കുരങ്ങുകളിപ്പിച്ചു നിനക്കു രസിക്കാമെന്നാണ് നിന്റെ വിചാരം. പക്ഷേ നീ ഒന്നോര്‍ത്തോ! - തലമറന്നെണ്ണ തേയ്ക്കുന്ന പ്രകൃതമാണ് നിന്റേത്. നിന്റെ മാതാപിതാക്കന്മാര് ചെയ്തിട്ടുള്ള ഉപകാരം നീ വിസ്മരിക്കന്നു.ജീരോ:
മാതാപിതാക്കന്മാര് ചെയ്തിട്ടുള്ള ഉപകാരം! ഉപകാരം എന്ന ആ വാക്കിനു വല്ല അര്ത്ഥവുമുണ്ടാകണമെങ്കില് അതു സന്താനത്തിന്റെ സുഖജീവിതത്തിനു സാഹായ്യമായിരിക്കണം. ഒരു കുട്ടി മുതിര്‍ന്നു പ്രായമായാല്‍ പിന്നെ അവന് അവന്റെ മാതാപിതാക്കന്മാരെ സ്നേഹിക്കുന്നില്ല - അവരുടെ അടുത്തുനിന്ന് ഓടിയൊളിക്കുകയാണ് അവന്റെ ആവശ്യം. എന്റെ കാര്യത്തില്‍ ഞാനിപ്പറഞ്ഞത് ഒരു പരമാര്ത്ഥംമാത്രമാണ്. പക്ഷേ നിങ്ങളാകട്ടെ എന്റെ ചുമലില്‍ നിങ്ങളുടെ ആ ഉപകാരഭാരം ഇപ്പോഴും കെട്ടിവെയ്ക്കാന്‍ പാടുപെടുന്നു; പക്ഷേ അതു നടപ്പില്ല.ഹിറോക്കോ:
വല്ലാത്ത ഒരു ചെക്കന്തന്നെയപ്പാ നീ!ജീരോ:
അച്ഛാ! അമ്മേ! എന്താണ് നിങ്ങള്‍ സംസാരിക്കുന്നതെന്നു നിങ്ങള്‍ മനസ്സിലാക്കുന്നില്ല. ഒരു ചെറുപ്പക്കാരന്റെ ഹൃദയത്തെക്കുറിച്ചു നിങ്ങള്‍ക്ക് ഒരു ചുക്കും അറിഞ്ഞുകൂടാ. നിങ്ങളുടെ ചെറുപ്പത്തിലെ ആ കാലമല്ലാ ഇത്. കാലമൊക്കെ മാറിപ്പോയി. പോരെങ്കില്‍ ഒരു തൈമരം ഒരു പടുമരത്തിന്റെ തണലില്‍ തങ്ങിനില്‍ക്കുവാന്‍ ഇഷ്ടപ്പെടുകയില്ലെന്നും മനസ്സിലാക്കിക്കൊള്ളു! ഒരു തൈമരത്തിനു സൂര്യപ്രകാശമാണാവശ്യം. കൊടുമ്പിരിക്കൊള്ളുന്ന കൊടുങ്കാറ്റുകളുമായി സധീരം ഒന്നു പിടിച്ചുനോക്കുവാന് അതു വെമ്പല്‍കൊള്ളുന്നു. പ്രായംചെന്നവര്‍ ജീവിതം ക്ലേശിക്കുവാനുള്ളതാണെന്നാണ് കരുതുന്നു. അതു തികച്ചും ആനന്ദിക്കുവാനുള്ളതാണെന്നാണ് ചെറുപ്പക്കാരുടെ വിചാരം. ഒരുവന്റെ ജീവിതം അതിന്റെ പരിപൂര്‍ണ്ണതയുടെ പരമപരിധിവരെ അങ്ങനെ ആനന്ദിച്ചാനന്ദിച്ചു കഴിച്ചുകൂട്ടുക! ഒരുവന് അവന്റേതായ ആനന്ദം കണ്ടുപിടിക്കുക! - ഹാ, ഈ വാക്കുകള്‍ വാസ്തവത്തില്‍ സൗന്ദര്യമുള്ളവയല്ലേ, അച്ഛാ?
പക്ഷേ, ജീരോ, നീ സ്വാര്‍ത്ഥത്യാഗം വിസ്മരിച്ചുകൂടാ.ജീരോ:
സ്വാര്ത്ഥത്യാഗത്തെ ഞാന്‍ വിസ്മരിക്കുകയല്ല. എന്റെ സ്വന്തം ഇംഗിതത്തെ ഞാന്‍ സ്വയം സന്തോഷപൂര്‍വ്വം ബലികഴിക്കാം; പക്ഷേ അതു മറ്റുള്ളവരുടെ ഹിതാനുസരണമല്ലെന്നുമാത്രം. അച്ഛനും അമ്മയും എന്നെ സംശയിച്ച രീതിയിലുള്ള ആള് യഥാര്‍ത്ഥത്തില്‍ ഞാന്‍തന്നെ ആയിരുന്നു എങ്കില്‍, ഒന്നു തീര്‍ച്ചയാണ്, ഇതിനൊക്കെ മുമ്പുതന്നെ ഈ വീടും ഉപേക്ഷിച്ച് എന്റെ പാടു നോക്കി ഞാന്‍ ആ പെണ്കുട്ടിയേയുംകൊണ്ടു കടന്നുകളയുമായിരുന്നു. പൂര്ണ്ണമനസ്സാലെതന്നെ ഞാന്‍ എന്റെ അച്ഛനമ്മമാരുടെ മുഖത്തു കരി തേയ്ക്കുകയും ഒര സമുദായഭ്രഷ്ടനായിത്തീരുകയും ചെയ്യുമായിരുന്നു!ഹിറോക്കോ:
നിനക്കെങ്ങനെ ധൈര്യം വരുന്നു, ഈശ്വരാ, ഇങ്ങനെയൊക്കെ പുലമ്പാന്‍?ഷൂസോ:
(ഹിറോക്കോവിനോട്) ക്ഷമിച്ചിരിക്കൂ! അവന് പറയുന്നതെന്താണെന്ന് അവനുതന്നെ അറിഞ്ഞുകൂടാ. പക്ഷേ ഫ്യൂജിയുടെ കാമുകനായി നാം ശങ്കിക്കുന്ന ആള് അവനല്ലാ എന്ന് അവന് പറയുമ്പോള്‍, എന്തോ, എനിക്കതില്‍ വിശ്വാസം തോന്നുന്നുണ്ട്. (ജിരോവിനോട്) ഏതായാലും ഫ്യൂജിയുടെ കാമുകന് നീയല്ലെന്ന് എനിക്കു ബോധപ്പെട്ടിരിക്കുന്നനിലയ്ക്ക് നിനക്കിനി പോകാം. ഇതില്‍ കൂടുതലായി ഒന്നുംതന്നെ എനിക്കു നിന്നോടു പറയാനില്ല.ഹിറോക്കോ:
അയ്യോ, കഷ്ടം, നിങ്ങളവനെ വിശ്വസിക്കുന്നോ?ഹിറോക്കോ:(ജീരോ തല കുനിച്ചു പൊട്ടിക്കരയുന്നു)
ഊം? എന്താണ്, എന്താണ് സംഗതി?...........നിനക്കു സുഖമില്ലേ?ജീരോ:
എനിക്കു സുഖമുണ്ടാകട്ടെ, ഇല്ലാതിരിക്കട്ടെ, നിങ്ങളെന്തിനതന്വേഷിക്കുന്നു? ഡോക്ടരുടെ `ബില്‍' ഏതായാലും വലിയ ഒരു തുകയ്ക്കൊന്നുമായിരിക്കില്ല.ഷൂസോ:
ജീരോ! നിനക്കു തീര്‍ച്ചയായും ഫ്യൂജിയോടു സ്നേഹമുണ്ട്. അവള്‍ക്കുവേണ്ടി നീ പ്രാണന് കളയും. നീ ഇതുപോലിങ്ങനെ കരയുന്നതു മുന്‍പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല.ജീരോ:
നിസ്സാരസംഗതികളില്‍ ഞാന്‍ പലപ്പോഴും കരയാറുണ്ട്. മനശ്ശല്യം അനുഭവിക്കുന്നതിനേക്കാള്‍ എളുപ്പമാണ് കരയുക. പക്ഷേ ദയവുചെയ്ത് എന്നെ തനിച്ചുവിടു. (അല്പനേരത്തെ മൗനത്തിനുശേഷം അയാള്‍ തലയുയര്‍ത്തി നിലകൊള്ളുന്നു) എനിക്കെന്റെ തലയൊന്നു തണുപ്പിക്കേണ്ടിയിരിക്കുന്നു.ഹിറോക്കോ:(അയാള്‍ വാതില്‍ തുറന്നു പുറത്തേയ്ക്കിറങ്ങിപ്പോകുന്നു. ഷൂസോവും ഹിറോക്കോവും അവന് പോയവഴിയേ കണ്ണയയ്ക്കുന്നു. കുറച്ചുനേരത്തേയ്ക്ക് ഒരു മൗനം. അനന്തരം - )
എന്തൊരു ശല്യം! നാം എന്താണിനി ചെയ്യാന്‍ പോകുന്നത്?ഷൂസോ:
ഊംംം! ഏതായാലും നമ്മുടെ ഇളയ മകനാണല്ലോ, ജീരോ! വേണ്ടിവന്നാല്‍, അവളെ കല്യാണം കഴിക്കാന്‍, മനസ്സില്ലാമനസ്സോടെയാണെങ്കിലും, നാം സമ്മതം മൂളുകതന്നെ. അല്ലാതെന്തു നിവൃത്തി? ഏതായാലും, ഇനി അതിനെക്കുറിച്ചാലോചിച്ചു മനസ്സു പുണ്ണാക്കാതിരിക്കു!ഷൂസോ:(കുറച്ചുനേരത്തേയ്ക്കു വീണ്ടും ഒരു നിശ്ശബ്ദത. അങ്ങിനെയിരിക്കെ വാതിലിന്മേല് ഒരു മുട്ടു കേള്‍ക്കുന്നു.)
ആരാത്?ടോഷിക്കോ:
(വെളിയില്‍) ടോഷിക്കോഷൂസോ:
അകത്തു വരൂ.(ടോഷിക്കോ പ്രവേശിക്കുന്നു)ഷൂസോ:
എന്താ?ടോഷിക്കോ:
ഒന്നൂല്ല. ജീരോ അവിടെയിരുന്നു കരയുകയാ - അത്രയേ ഉള്ളു. എന്താ ചേട്ടനു പറ്റിയത്?
നീയതൊന്നും അന്വേഷിക്കേണ്ട! അവന് എന്തുചെയ്യുന്നു?ടോഷിക്കോ:
ചേട്ടന്റെ മുറിയുടെ മുമ്പിലുള്ള ഹാളില്‍ തലമുടി വലിച്ചുപറിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാ! - ഞാന്‍ ചോദിച്ചു ചേട്ടനെന്താണെന്ന്. `ഒന്നുമില്ല' എന്നുമാത്രമായിരുന്നു മറുപടി. പിന്നീടു ചേട്ടന് എന്താ ചെയ്തതെന്നു ഞാന്‍ ചോദിച്ചു. എന്നോടു ചെലയ്ക്കാതിരിക്കാന് പറഞ്ഞുകൊണ്ട് ചേട്ടന് എന്റെമുഖത്തു രൂക്ഷമായി തുറിച്ചുനോക്കി. പക്ഷേ ചേട്ടന് കരയുന്നതുകണ്ട് എനിക്കു അത്ഭുതം തോന്നി. ഏറെ നേരമായി ചേട്ടന് ഈ മുറിയിലായിരുന്നുവെന്നും അച്ഛനും അമ്മയുമായി എന്തോ പറയുകയായിരുന്നുവെന്നും എനിക്കറിയാം. എന്നാല്‍ കാര്യമെന്തെന്നറിയാം എന്നു കരുതി ഞാനിങ്ങോട്ടു പുറപ്പെട്ടു എന്നേയുള്ളു.ഹിറോക്കോ:
ഈയിടെ പലപ്പോഴും കരയാറുണ്ടെന്ന് അവന് പറയുന്നു. ആട്ടെ നീയെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ അവന് കരയുന്നത്?ടോഷിക്കോ:
ഉവ്വ്; മുന്‍പ് ഒരു പ്രാവശ്യം.ഹിറോക്കോ:
എന്നായിരുന്നു അത്?ടോഷിക്കോ:
ഏതാണ്ടൊരു മൂന്നാഴ്ചയ്ക്കുമുന്പ് - താരോച്ചേട്ടന്റെ ഒരെഴുത്ത് ഞാന്‍ ചേട്ടന്റെ കയ്യില്‍ കൊണ്ടുചെന്നു കൊടുത്തപ്പോള്‍!ഹിറോക്കോ:
പിന്നേയ്, ഏറെ നാളായിരിക്കുന്നു നാം താരോവിന്റെ വര്‍ത്തമാനം എന്തെങ്കിലുമറിഞ്ഞിട്ട്. അവനെന്തു പറ്റിയെന്നു ഞാനത്ഭുതപ്പെടുന്നു.ടോഷിക്കോ:
ഒരു മാസക്കാലത്തേയ്ക്കോ മറ്റോ കത്തയ്ക്കാനിനി തരപ്പെടുകയില്ലെന്നു ചേട്ടന്റെ കഴിഞ്ഞ കത്തില്‍ പറഞ്ഞിരുന്നില്ലേ?ഹിറോക്കോ:
വലിയ ജോലിത്തിരക്കുണ്ടെന്നു ചുമ്മാതങ്ങനെ ഭാവിക്കുകയാണ്, കള്ളന്! അവനതിനു മിനക്കെടാന്‍ കഴിയില്ല. അതേ ഉള്ളു. പക്ഷേ അതു നമുക്കെത്രമാത്രം സങ്കടകരമാണെന്ന് അവനറിവുണ്ട്; ഇതിനുമുന്‍പുതന്നെ അവന് കത്തയയ്ക്കേണ്ടതായിരുന്നു.ടോഷിക്കോ:
പ്രധാനപ്പെട്ട എന്തെങ്കിലും കാര്യത്തില്‍ ചേട്ടനു ശ്രദ്ധപതിപ്പിക്കേണ്ടതായിട്ടുണ്ടായിരിക്കാം.ഹിറോക്കോ:
ആയിക്കോട്ടേ. എന്നാലും മാസം രണ്ടായില്ലേ അവന് ഒരെഴുത്ത് അയച്ചിട്ട്! നമുക്കെപ്പോഴും ഒരു താങ്ങായിരിക്കേണ്ടവനുമാണവന്!ടോഷിക്കോ:
അമ്മേ, ജീരോച്ചേട്ടന് എന്താ ചെയ്തത്?ഹിറോക്കോ:
അവനൊന്നും ചെയ്തിട്ടില്ല. ആട്ടെ, എന്തെങ്കിലും ഒരു ഭാവവ്യത്യാസം നീയവനില്‍ സൂക്ഷിച്ചിട്ടുണ്ടോ?ടോഷിക്കോ:
ഇല്ല. ചേട്ടനില്‍ ഒരു ഭാവവ്യത്യാസവും ഞാന്‍ കണ്ടിട്ടില്ല. വിശേഷിച്ചു ചേട്ടനു ജോലിത്തിരക്കൊന്നുമില്ലാത്തപ്പോള് ചേട്ടന് വളരെ സ്നേഹപൂര്‍വ്വം എന്നോടു പെരുമാറുന്നു. പിന്നെ വല്ലതും ധൃതിയില്‍ ജോലി ചെയ്തുകൊണ്ടോ, ചിന്തിച്ചുകൊണ്ടോ ഇരിക്കുന്ന അവസരത്തില്‍ കടന്നുചെന്ന് എന്തെങ്കിലും ചോദിച്ചാല്‍ ചേട്ടന് എന്റെ മുഖത്തേയ്ക്ക് തുറിച്ചുനോക്കുക മാത്രമേ ചെയ്യുള്ളു.ഹിറോക്കോ:
വിചിത്രസ്വഭാവക്കാരനായ ഒരു കുട്ടിതന്നെ ജീരോ. എനിക്കവനെ മനസ്സിലാക്കാന്‍ സാദ്ധ്യമല്ല.ഷൂസോ:(ഈ മുന്നടന്ന സംഭാഷണത്തിനിടയില്‍ ഷൂസോ എന്തോ ആലോചനയില്‍ മുഴുകിയിരിക്കുകയായിരുന്നു. ഇപ്പോള്‍ പൊടുന്നനെ അദ്ദേഹം ഹിറോക്കോവിനോടു സംസാരിക്കുന്നു)
പറയൂ!ഹിറോക്കോ:
ഊം, എന്താണ്?ഷൂസോ:
ഞാന്‍ ഒരു സംഗതിയെക്കുറിച്ചു ചിന്തിക്കയായിരുന്നു - അതിഭയങ്കരമായ ഒരു സംഗതി!ഹിറോക്കോ:
എന്താണത്?ഷൂസോ:
ആ മനുഷ്യന് - താരോ ആകാന്‍ മതി!ഹിറോക്കോ:
ഈശ്വരാ! അങ്ങിനെ ആണെങ്കില്‍ നാം എന്തു ചെയ്യും?ഷൂസോ:
നമുക്കിതുവരെ ഉണ്ടായിട്ടില്ലാത്തവിധം അത്ര നാശംപിടിച്ച ഒരു ദുര്‍ഘടത്തില്‍ നമുക്ക് അകപ്പെടേണ്ടിവരും. (ടോഷിക്കോവിനോട്) നീ ഇനിപൊയ്ക്കോളു!ഷൂസോ:(ടോഷിക്കോ പോകുന്നു)
അങ്ങനെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു.ഹിറോക്കോ:
ഒരിക്കലുമല്ല! തീര്‍ച്ച!
ഒരുപക്ഷേ അല്ലെന്നും വരാം; പക്ഷേ മറിച്ചാണെങ്കില്‍, ജീരോ എന്തിനിങ്ങനെ വിചിത്രമായ രീതിയില്‍ സംസാരിക്കുന്നു? ഫ്യൂജിയെ പിരിച്ചയച്ചതിനെപ്പറ്റി സൂചിപ്പിച്ചുകൊണ്ടു നാം കത്തയച്ചതില്‍ പിന്നീടാണ് താരോവിന്റെ കത്തുകള്‍ വരാതായത്. അതിനുമുന്‍മ്പ് ആഴ്ചയില്‍ രണ്ടും, മൂന്നും പ്രാവശ്യം അവന് എഴുതുക പതിവാണ്. കൂടെക്കൂടെ ഒന്നിനുപുറകെ ഒന്നായി എന്തിനാണവന്‍ ഇങ്ങനെ കത്തുകള്‍ വിടുന്നതെന്ന് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. രണ്ടു കുട്ടികളും അന്യോന്യം അത്രയ്ക്കു സ്നേഹമായതുകൊണ്ടുമാത്രമാണെന്നേ ഞാന്‍ കരുതിയുള്ളു. ഈ സംഗതി എത്രമാത്രം വിചിത്രമാണെന്നു മറ്റേതവസരത്തിലേയുംകാള് സ്പഷ്ടമായി ഇപ്പോള്‍ എനിക്കു ബോധപ്പെട്ടിരിക്കുന്നു. ഫ്യൂജിയെ ഒരിക്കലും താന്‍ കല്യാണം കഴിക്കില്ലെന്നും അവളുമായി ഒരു കത്തിടപാടും നടത്തുകയില്ലെന്നും ജീരോ ശപഥം ചെയ്തു. അവന് കളവു പറഞ്ഞതാണെന്ന് എനിക്കു തോന്നുന്നില്ല.ഹിറോക്കോ:
അയ്യോ, ഇതു സത്യമാണെങ്കില്‍ ബഹു ഭയങ്കരമാണേ!ഷൂസോ:
ഒന്നാന്തരം ഒരു കൊടുമ്പിരിയാണിത്! എന്തിനാണ് ജീരോ അതുപോലെയൊക്കെ സംസാരിച്ചതും പ്രവര്‍ത്തിച്ചതുമെന്ന് ഇപ്പോള്‍ എനിക്കു മനസ്സിലാക്കാം. ഉദാഹരണമായി നോക്കൂ! ഫ്യൂജിയെ നാം സംരക്ഷിക്കണമെന്നും ഒരു മോഹിനിയാട്ടക്കാരിയാകുവാന് ഒരിക്കലും അവളെ വിട്ടുകൂടെന്നുമുള്ള അവന്റെ നിര്‍ബ്ബന്ധം. ഇതിനേക്കാളെല്ലാം ഉപരിയായി മറ്റൊന്നുണ്ട്. വിദേശത്തേയ്ക്കു പോകുന്നതിനുമുന്പുള്ള താരോവിന്റെ സംസാരം - അതിന്റെ അര്‍ത്ഥം ശരിക്കും എനിക്കിന്നു മനസ്സിലാക്കാന്‍ കഴിയും.ഹിറോക്കോ:
ഈശ്വരാ, ഇതു സത്യമാണെങ്കില്‍! നാം എന്താണിനി ചെയ്യുക?- അതു പറയൂ.ഷൂസോ:
അങ്ങനെതന്നെ! പറയൂ, നാം എന്താണിനിചെയ്യുക?ഹിറോക്കോ:
നാം അവരെ വേര്‍പെടുത്തുന്നപക്ഷം അവര്‍ ആത്മഹത്യ ചെയ്യുമെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?ഷൂസോ:
അത്രയ്ക്കൊരു മരമണ്ടനാണ് താരോ എന്ന് എനിക്കു തോന്നുന്നില്ല.ഹിറോക്കോ:
അത് അവന്റെ ആരോഗ്യത്തെ നശിപ്പിച്ചുകളയുമെന്നു നിങ്ങള്‍ക്കു തോന്നുന്നോ?ഷൂസോ:
എനിക്കങ്ങനെ തോന്നുന്നില്ല.ഹിറോക്കോ:
പക്ഷേ നമ്മെ അവന് വെറുക്കും.ഷൂസോ:
അതെ. അവന് നമ്മെ വെറുക്കുമെന്ന് എനിക്കും തോന്നുന്നു. അതിനുപുറമേ ജീരോവിനും നമ്മോട് വെറുപ്പുതോന്നും.ഹിറോക്കോ:
എന്നിരുന്നാലും, അവളെയങ്ങു കല്യാണം കഴിക്കാന്‍ താരോവിനെ നാം അനുവദിച്ചാല്‍ നമ്മുടെ കുടുംബത്തിന് അതു വല്ലാത്ത ഒരു പോരായ്മയായിത്തീരും.ഷൂസോ:
അതെ. അതാണ് വിഷമം. ഇനിയുള്ള നമ്മുടെ ജീവിതകാലത്തു നമുക്കു മനുഷ്യരുടെ മുഖത്തു നോക്കാന്‍ സാധിക്കില്ല. നാണംകെട്ട ഒരു ജീവിതമായിരിക്കും നമുക്ക്!(അയാള്‍ വാതില്ക്കലേയ്ക്കു കണ്ണടച്ചിട്ടു കുറേക്കൂടി പതിഞ്ഞ ഒരു സ്വരത്തില്‍ സംസാരിക്കുന്നു) നാം പറയുന്നതെല്ലാം ജീരോ ഒളിച്ചുനിന്നു കേള്‍ക്കുകയായിരിക്കും.ഹിറോക്കോ:
ഇല്ല, നിശ്ചയമായും ഇല്ല.ഷൂസോ:
അവനെ അങ്ങനെ വിശ്വസിച്ചുകൂടാ!ജീരോ:
(വാതിലിനു വെളിയില്‍)പാടില്ല; നിങ്ങള്‍ അവനെ വിശ്വസിക്കാന്‍ പാടില്ല. (അയാള്‍ വാതില്‍ തുറന്ന് അകത്തേയ്ക്കു വരുന്നു) ഇവിടെ എന്താണ് നടക്കുന്നതെന്നു ടോഷിക്കോവില്നിന്നു ഞാന്‍ മനസ്സിലാക്കി. അതിനാല്‍ ഞാന്‍ വാതില്ക്കലേയ്ക്ക് ഒരൊച്ചയുമുണ്ടാക്കാതെ സൂത്രത്തില്‍ നടന്നുവന്നു. നിങ്ങള്‍ പറഞ്ഞതു മുഴുവനും - ഒരക്ഷരം വിടാതെ - ഞാന്‍ ഒളിച്ചുനിന്നു കേട്ടു.ഷൂസോ:
...........................................................ഹിറോക്കോ:
...................................................ജീരോ:
താരോ ആണ് ആ ആളെന്നു നിങ്ങള്‍ ഊഹിച്ചല്ലോ. അതു ശരിയാണ്. പക്ഷേ അവര്‍ തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ക്കു തെറ്റു പറ്റി. അവര്‍ അന്യോന്യം എത്ര ഗാഢമായി സ്നേഹിക്കുന്നുണ്ടെന്നു നിങ്ങള്‍ക്കു ഒരു നിശ്ചയവുമില്ല.ഷൂസോ:
അതിനെക്കുറിച്ച് അത്ര കാര്യമാക്കണ്ട. ഫ്യൂജിയുമായുള്ള അവന്റെ സംഗതിയെ സംബന്ധിച്ചു പരിപൂര്‍ണ്ണമായി ഞങ്ങള്‍ക്കറിയാമെന്നും, ഞങ്ങള്‍ക്കതില്‍ വലിയ കുണ്ഠിതമുണ്ടെന്നും, പക്ഷേ അതിനോട് ആനുകൂല്യം പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ക്കു സാദ്ധ്യമല്ലെന്നും കാണിച്ചു ഞാന്‍ താരോവിന് എഴുതിക്കൊള്ളാം.
അച്ഛന് അങ്ങനെ പറഞ്ഞു ചേട്ടനു കത്തയച്ചാല്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു ചേട്ടനു കത്തയയ്ക്കും: ``ചേട്ടന്റെ കാര്യത്തില്‍ അച്ഛനും അമ്മയും സന്തോഷംകൊണ്ടങ്ങനെ മതിമറന്നിരിക്കയാണ്. ചേട്ടന് പ്രതീക്ഷിച്ചിരുന്നതിലും എത്രയോ എളുപ്പമായി എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെട്ടിരിക്കുന്നു. ഞാനിതാ സത്യം ചെയ്യുന്നു, ഞാന്‍ ഇങ്ങനെ ചെയ്യുമെന്ന്. എന്റെ ശ്രദ്ധക്കുറവുകൊണ്ടാണ് ഈ സംഗതിതന്നെ വെളിച്ചത്തായിപ്പോയത്. അതിനാല്‍ ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടുപിടിക്കേണ്ടത് എന്റെ ചുമതലയാണ്. അവര്‍ രണ്ടുപേരും എന്നെ വിശ്വസിച്ചു. അവരുടെ വിശ്വാസത്തിനു ഞാന്‍ യോഗ്യനാണെന്നും എനിക്കു തോന്നി. അതുകൊണ്ട് അവര്‍ തമ്മിലുള്ള വിവാഹത്തിനു ഞാന്‍ അവരെ സഹായിക്കും.ഷൂസോ:
ഈ ഭീഷണിപ്പെടുത്തുന്നതുപോലെ നീ പ്രവര്‍ത്തിച്ചാല്‍ ഞാന്‍ നിന്നെ ഈ വീട്ടില്നിന്നടിച്ചു പുറത്താക്കും.ജീരോ:
ഞാനതിനു തയ്യാറാണ്. അങ്ങനെതന്നെ ചെയ്യണം. എന്റെ സ്വന്തം കാലിന്മേല് നില്ക്കാന് ഞാന്‍ സന്നദ്ധനാണ്. അതിന്റെ പ്രാരംഭത്തിന് ഒബയാഷി എന്നെ സഹായിക്കും........ എന്നെപ്പറ്റി വിചാരിച്ചു ക്ലേശിക്കേണ്ടെന്നു താരോവിനോടും ഫ്യൂജിയോടും ഞാന്‍ പറഞ്ഞപ്പോള്‍ ഞാനതു മനസ്സിലാക്കി. കുറച്ചുനേരത്തിനുമുന്പു ഞാനിവിടെനിന്നു കരഞ്ഞതുതന്നെ എനിക്ക് അച്ഛന്റേയും അമ്മയുടേയും പേരില്‍ അത്രയ്ക്കധികം അനുകമ്പയുള്ളതുകൊണ്ടു മാത്രമാണ്. (കുറച്ചുനിമിഷത്തേയ്ക്കു മാതാപിതാക്കളുടെ മുഖത്ത് അത്ഭുതാങ്കിതമായ ഒരു മൗനം പ്രത്യക്ഷപ്പെടുന്നു; അനന്തരം - )ഹിറോക്കോ:
എന്തുമാതിരിയൊരു കുട്ടിയാണപ്പാ ഇത്.ഷൂസോ:
എനിക്കുപോലും അത്ഭുതം തോന്നുന്നു!ജീരോ:
മരണമുണ്ടല്ലോ, മരണം, അതുപോലും തൃണമാണെനിക്ക്!(അയാളുടെ കണ്ണുകളില്‍നിന്നു കണ്ണുനീര്‍ത്തുള്ളികള്‍ പുറപ്പെടുന്നു)ഷൂസോ:
നിന്നെ ഇവിടെനിന്ന് ആട്ടിപ്പായിച്ചാല്‍ കൊള്ളാമെന്ന് എനിക്കാഗ്രഹമുണ്ട്; പക്ഷേ എനിക്കതിനു ധൈര്യം വരുന്നില്ല. ഒരു കുഞ്ഞിനു അവന്റെ മാതാപിതാക്കന്മാര് നഷ്ടപ്പെടുന്നതിനേക്കാള്‍ വളരെ ക്ലേശകരമാണ് മാതാപിതാക്കന്മാര്ക്ക് ഒരു കുഞ്ഞു നഷ്ടപ്പെടുന്നത്.ഹിറോക്കോ:
എന്നാലും സാരമില്ല, നമുക്കു പിന്നേയും ടോഷിക്കോ ഉണ്ടല്ലോ.ടോഷിക്കോ:
(വെളിയില്‍) അമ്മേ! (അകത്തേയ്ക്കു കടന്നുവന്നു തുടരുന്നു) അമ്മേ, കൊച്ചേട്ടനെ വീട്ടില്‍നിന്ന് ആട്ടിപ്പുറത്തയച്ചാല് അതോടൊപ്പംതന്നെ എന്നേയും ആട്ടിപറഞ്ഞയയ്ക്കണം.
എന്തൊരു വര്ഗ്ഗമാണീശ്വരാ, ഈ കുട്ടികള്‍!ഷൂസോ:
ലോകത്തെക്കുറിച്ചു ചുക്കും ചുണ്ണാമ്പും അറിഞ്ഞുകൂടാത്ത ആളുകളുടെ മുമ്പില്‍ ഞാന്‍ നിസ്സഹായനാണ്.ജീരോ:
അച്ഛാ, ഞാന്‍ പറയുന്നത് അച്ഛനൊന്നു ശ്രദ്ധിക്കുമോ? എന്നിട്ട് എനിക്കുവേണ്ടി അല്പം ചിലതു ചെയ്തുതരുമോ?ഷൂസോ:
ഞാന്‍ അതിനെക്കുറിച്ചാലോചിക്കാം.ജീരോ:
അച്ഛാ, അമ്മേ, നിങ്ങളില്‍നിന്ന് എനിക്കൊരു ആനുകൂല്യം അപേക്ഷിക്കാനുണ്ട്.ഷൂസോ:
എന്താണത്?ജീരോ:
ഒബയാഷിയെ വിവാഹം കഴിക്കാന്‍ അച്ഛനും അമ്മയും ടോഷിക്കോവിനെ അനുവദിക്കുമോ?ഷൂസോ:
ഏറെനാളായി ഞാനതിനു സമ്മതിച്ചിരിക്കയാണല്ലോ!ജീരോ:
അമ്മയോ, അമ്മേ?ഹിറോക്കോ:
എനിക്കു സമ്മതമാണ്.ജീരോ:
നിങ്ങള്‍ക്കു നന്ദി. (ടോഷിക്കോവിനോട്) ടോഷിക്കോ, നീയുടന്തന്നെ ചെന്ന് ഒബയാഷിക്കു ടെലിഫോണ്‍ ചെയ്യുന്നതാണ് നന്ന്!(ടോഷിക്കോ തല കുലുക്കിക്കൊണ്ടു വെളിയിലേയ്ക്കു പോകുന്നു)ഷൂസോ:
ആട്ടെ, ജീരോ, നിനക്ക് ആരുമില്ലേ വിവാഹം കഴിക്കാന്‍?ജീരോ:
എനിക്കോ? ഹേയ്, ഇതുവരെയില്ല.ഷൂസോ:
എന്നാല്‍ ഞാന്‍ നിനക്ക് ആരെയെങ്കിലും കണ്ടുപിടിക്കാം.ജീരോ:
അങ്ങനെതന്നെ; ആയിക്കോളൂ!ഷൂസോ:
നീയും ഫ്യൂജിയും തമ്മില്‍ പ്രണയമാണ്, അല്ലേ?ജീരോ:
അതിനുത്തരം പറയാന്‍ എനിക്കു സാദ്ധ്യമല്ല.ഷൂസോ:
ജീരോ, നീ ആഗ്രഹിക്കുന്നതെന്തിനും ഞാന്‍ സമ്മതിക്കാം. നിന്റെ ഇഷ്ടംപോലെ എന്തു വേണമെങ്കിലും നീ താരോവിന് എഴുതി അയച്ചുകൊള്ളു! അതവനെ സന്തുഷ്ടനാക്കും. ഈ ലോകം മുഴുവന്‍തന്നെ എനിക്കു നഷ്ടപ്പെട്ടാലുംശരി, നിന്നെ ഞാന്‍ നഷ്ടപ്പെടുകയില്ല. മകനേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു!ജീരോ:
അച്ഛാ, അച്ഛനു നന്ദി. താരോവിനും ഫ്യൂജിക്കും എന്തൊരാനന്ദമായിരിക്കും! പിന്നെ - അമ്മേ, അമ്മ ഒട്ടുംതന്നെ ക്ലേശിക്കേണ്ട. സമുദായത്തിന്റെ ബഹുമാനം അമ്മയ്ക്കും അച്ഛനും നഷ്ടപ്പെടുന്നുവെങ്കില്‍ ഞങ്ങളുടെ സ്നേഹമാണ് നിങ്ങള്‍ സമൃദ്ധിയായി സമ്പാദിക്കുന്നത്. ഞാന്‍ മുന്‍പു പറഞ്ഞതിനെല്ലാം എനിക്കു മാപ്പുതരൂ!ഷൂസോ:
നീ മരിക്കാന്‍ വിചാരിക്കുന്നില്ല, ഉവ്വോ ജീരോ?ജീരോ:
ഒരിക്കലുമില്ല. അതില്‍നിന്ന് എത്രയോ അകല്‍ച്ചയുള്ള ഒന്നാണ് എന്റെ ചിന്താമണ്ഡലം! മറ്റുചില കാര്യങ്ങള്‍ എനിക്കു ചെയ്യേണ്ടതായിട്ടുണ്ട്.(അയാള്‍ പ്രണമിച്ചുകൊണ്ടു ശാന്തമായി വെളിയിലേയ്ക്കു പോകുന്നു)ഷൂസോ:
(ഹിറോക്കോവിനോട്) ഏതായാലും ഇനി ഒട്ടുംതന്നെ ക്ലേശിക്കാതിരിക്കൂ! നിന്റെ കുട്ടികള്‍ എല്ലാവരും നിന്റെ അടുത്തു തിരിച്ചെത്തിയിരിക്കുന്നു. എനിക്കു തോന്നിപ്പോകുന്നു ഞാനും നിന്റെ അടുത്തേയ്ക്കു മടങ്ങിയെത്തുകയാണെന്ന്! അടുത്തകൊല്ലംകഴിഞ്ഞു പിന്നത്തെക്കൊല്ലം നമുക്കു നമ്മുടെ ആദ്യത്തെ പൗത്രനെ കാണാം.(ഹിറോക്കോ ഷൂസോവിന്റെ മുഖത്തേയ്ക്കു നോക്കുന്നു. അവര്‍ അന്യോന്യം പുഞ്ചിരി തൂകുന്നു)