നർത്തകി
ഇന്ദ്രനീലപ്പീലി നീർത്തി
നിന്നിടുന്നോ, കൽപ്പനേ നീ?
ആടുകൊന്നെൻ മുന്നിൽ വന്നെ-
ന്നാടൽ തെല്ലൊന്നാറിടട്ടെ.
ഗാനവീചീവീഥികളിൽ
ഞാനുമാടിപ്പോകയല്ലേ?
എങ്ങെവിടേക്കെന്തിനേതിൻ
ഭംഗിയിലലിഞ്ഞുമായാൻ?
ആരറിഞ്ഞു? - പോരു നീയും
ചാരിമതൻ പൊൻകിനാവേ!
ഓർക്കുകയാണിന്നു ഞാനാ-
പ്പൂക്കിനാക്കൾ പൂത്ത രാക്കൾ
മഞ്ഞനിലാവിൽമുങ്ങി
മഞ്ജിമയിൽ വാർന്ന രാക്കൾ
നീലനിഴൽക്കിന്നരികൾ
നീളെഗ്ഗാനംപെയ്ത രാക്കൾ
എന്നെ മന്നിൽനിന്നെടുത്തു
വിണ്ണിലേക്കെറിഞ്ഞ രാക്കൾ;
രാക്കുയിലിൻ പാട്ടുമോന്തി
മേല്ക്കുമേൽ മദിച്ച രാക്കൾ!...
വാസനത്തേൻ വീഴ്ത്തി വീഴ്ത്തി
വാടി വാടി വീണ പൂക്കൾ
കാമദസ്മൃതികൾ പിന്നെ-
ക്കായ്ക്കുവാനായ് പോയ പൂക്കൾ!
ഓർക്കുകയാണശ്രു താനേ
വാർക്കുകയാണെന്തിനോ ഞാൻ!
ആ നിശകളെന്റെ മുന്നി-
ലാടിയാടി നില്പു മുന്നിൽ!...
കഷ്ടമിന്നതോർത്തിടുമ്പോൾ
പൊട്ടുകയാണെന്റെ ചിത്തം
ആരറിഞ്ഞു, ജീവിതത്തിൽ
ചേരുമോരോ വൈകൃതങ്ങൾ?
നർത്തകി
ചങ്ങമ്പുഴ
കൂട്ടുകാരിമാരുമായി-
ക്കൂട്ടുകൂടിക്കൂടിയാടി
കാട്ടിലെക്കരിങ്കുയിൽപോൽ
പാട്ടുതിർന്നു ഞാൻ വളർന്നു.
പേടമാൻകിടാവിനെപ്പോ-
ലാടലറ്റു ഞാനലഞ്ഞു.
പിഞ്ചുമുല്ലവല്ലിപോലെ
പുഞ്ചിരിപ്പൂ ഞാൻ ചൊരിഞ്ഞു.
എന്റെ നാടേ നിന്മുലപ്പാ-
ലുണ്ടെനിക്കെൻ കൺ വിടർന്നു.
ഇന്നു ധന്യേ, നീയെവിടെ?
മന്ദഭാഗ്യ ഞാനെവിടെ?
വിദ്യുതവിലാസഹാസം
വിസ്ഫുരിക്കും ദീപലക്ഷം
ഭിന്നവർണ്ണരശ്മി ചിന്നി
മുന്നിലെങ്ങും മിന്നി മിന്നി.
ആ മയൂഖസങ്കരമൊ-
രത്ഭുതാഭാധാരയായി
പങ്ക ചുറ്റിക്കാറ്റലക-
ളങ്കുരിച്ചലഞ്ഞുലാവി
പട്ടുസാരിയൂർന്നൊഴുകി
പൊട്ടുതൊട്ടൂ പൂക്കൾ ചൂടി
ചഞ്ചലമൈക്കൺ മുനയിൽ
പഞ്ചശരതീക്ഷ്ണതയും
ചെഞ്ചൊടിയിൽപ്പുഞ്ചിരിയും
തഞ്ചിടും തൈപ്പെൺകൊടികൾ
വാമപാർശ്വപീഠസജ്ജ-
ഭ്രമികയിൽ ചേർന്നിണങ്ങി.
അന്യഭാഗത്താത്തമോദം
ധന്യയുവകോമളന്മാർ
ഒത്തു ചേർന്നോരീ വിശാല-
നൃത്തശാലാവേദികയിൽ,
നർത്തകി
ചങ്ങമ്പുഴ
ദേവലോകസ്വപ്നദീപ്ത-
ഭാവസാന്ദ്രമേഖലയിൽ,
എന്നുടലിലംശുകശ്രീ
മന്ദഹാസം പെയ്തു നില്ക്കേ
വജ്രഹാരം വെട്ടിമിന്നി
വക്രതേജോരേഖ ചിന്നി.
അംഗുലീയകങ്കണങ്ങൾ
മംഗളാംശുകന്ദളങ്ങൾ
വീശി വീശി മാരിവിൽച്ചാർ
പൂശിപ്പൂശിപ്പുഞ്ചിരിക്കേ;
പക്കമേളം പെയ്ത താളം
നക്കിയെൻ പദപ്രവാളം
സഞ്ചലിക്കേത്തൽക്രമത്തിൽ
പൊൻചിലമ്പൊലിയൊലിക്കേ;
എന്മനസ്സിൻവേദനയെൻ-
കൺമുനയിൽക്കൂമ്പിനിൽക്കേ,
ഭാവഹാവവീചികളെൻ-
ജീവനിൽനിന്നാഗമിക്കേ;
എന്നിൽനിന്നകന്നകന്നു
തന്നെയെങ്ങോ ചെന്നുചേർന്നു.
ഏതോ ദിവ്യ വല്ലകിയെൻ-
ചേതനയാൽ മീട്ടി മീട്ടി
കാണികൾക്കകക്കുരുന്നിൽ
പ്രാണഹർഷമാരി വീഴ്ത്തി
ഞാനറിയാതെന്നിലേതോ
ഗാനമൂറിയൂറി നില്ക്കെ;
സ്വപ്നനൃത്തമാടി നില്പൂ
വിശ്വവന്ദ്യനർത്തകി ഞാൻ!
നർത്തകി
ചങ്ങമ്പുഴ
എന്മനം ചിറകൊടിഞ്ഞെൻ-
ജന്മഭൂവിൽ വീണടിവൂ
മഞ്ഞുലാവിപ്പൊന്നുഷസ്സിൻ
മഞ്ജിമയിൽ മുങ്ങി മുങ്ങി,
ഒന്നിനൊന്നണിയണിയായ്
കുന്നുകൽ നിരന്നു മിന്നി
കാകളിത്തെളികൾ ചോരും
കാനനാന്തരങ്ങൾ തോറും
ചൂളമിട്ടു കാലിമേയ്ക്കും
ബാലകർതൻ ഗാനമൂറും
താഴ്വരച്ചുരുളുകളിൽ
തങ്കനൂൽക്കസവുകൾപോൽ
ചാലുകളൊലിച്ചുകൂടി-
ച്ചോലയായിപ്പാട്ടു പാടി
ചോലകളോടൊത്തുചേർന്നു
ചേലിയന്ന വാഹിനികൾ
ക്ഷാളിതമായ് ശ്യാമസസ്യ-
ശാലികാഢ്യമെന്റെ രാജ്യം.
അന്തിവിണ്ണിൽ പൂന്തൊടികൾ-
ക്കെന്തഴകാണെന്റെ നാട്ടിൽ!
കുങ്കുമക്കുഴമ്പലിഞ്ഞു
തങ്കനീരിൽച്ചേർന്നൊഴുകി!
നീലലോഹിതോജ്ജ്വലാംശു-
മാലകളുമായിടഞ്ഞു.
തെന്നിനീങ്ങിപ്പച്ചയെച്ചെ-
ന്നൊന്നുരുമ്മിച്ചാഞ്ഞൊഴിഞ്ഞു.
പുഷ്യരാഗനീർ നിറഞ്ഞ
പുഷ്കരത്തിൽ നീന്തി മാഞ്ഞു
അൽപഭിന്നവർണ്ണലക്ഷ-
വിഭ്രമങ്ങൾ പൂത്തുലഞ്ഞു.
അഭ്രപത്രപാളികളി-
ലമ്പിളിപ്പൊൽക്കൂമ്പൊളിഞ്ഞു.
നർത്തകി
ചങ്ങമ്പുഴ
ശാന്തതയിൽ ശാന്തിയൂതി
നീന്തിയെത്തും ശംഖനാദം
കാലികൾതൻ ദീനയാന-
ലോലമണിക്വാണഗാനം
രണ്ടുമൊത്തുചേർന്നു നേർത്തോ-
രിണ്ടലായ് ച്ചിരിച്ചൊലിക്കേ;
കണ്ണെടുക്കാൻ തോന്നിടാത്ത
വിണ്ണുമായിട്ടന്തി നിൽക്കേ;
ഒറ്റയായും പറ്റമായും
കൊറ്റികൾ തുടർച്ചയായി-
ട്ടെങ്ങുനിന്നോ പോന്നു പോന്നി-
ട്ടെങ്ങോ പോകും സ്വപ്നയാനം
ചിത്തരംഗം മർത്ത്യജന്മ-
തത്ത്വചിന്താ,സക്തമാക്കേ;
വർണ്ണലാസ്യം നീങ്ങി നീങ്ങി
വിണ്ണിലങ്ങിങ്ങല്ലൊതുങ്ങി
താരകൾ കിളർന്നു ഭംഗി
താവിനിന്നു കണ്ണു ചിമ്മി
ലാലസിക്കെ ചന്ദ്രലേഖ
പാലെതിർക്കതിർ പൊഴിക്കേ;
കാറ്റിടയ്ക്കിടയ്ക്കു പുല്കി-
ക്കാടകപ്പടർപ്പിളകി
ഛായമായാനൃത്തരംഗ-
മായ രാജ്യമെന്റെ രാജ്യം.
ഉച്ചവെയ്ലു ചോർന്നിടാത്തോ-
രുച്ചലോച്ചശാഖകളിൽ
കാകളിത്തെളി തുളുമ്പും
കാനനാന്തരങ്ങൾതോറും
നീളെനീളെച്ചൂളമിട്ടു
കാലിമേയ്ക്കും ബാലകന്മാർ
സ്ഫാടികശ്രീ പൂത്തിറങ്ങും
മൂടൽമഞ്ഞിൻമുന്നിലെങ്ങും
കാല്യകാന്തി മോന്തിനില്ക്കും
നർത്തകി
ചങ്ങമ്പുഴ
കായ്കനിത്തൊടികൾ തോറും
നീലവേണി കെട്ടഴിഞ്ഞും
ലോലമേനി ചെറ്റുലഞ്ഞും
നെറ്റിയിന്മേൽ സ്വേദജാല-
മിറ്റിയിറ്റി വീണുതിർന്നും
നീർക്കണങ്ങൾ വീണു വീണു
നിർമ്മലാംശുകം നനഞ്ഞും
നീർക്കുടം ചുമന്നു നില്ക്കേ;
തൈച്ചെടി നനയ്ക്കുമോമൽ-
ക്കർഷകപ്പെൺപൂം കൊടികൾ
സസ്യലക്ഷ്മീസേവകന്മാർ
സാത്വികന്മാർ കർഷകന്മാർ
വഞ്ചനയറിഞ്ഞിടാത്ത
നെഞ്ചകങ്ങൾ സുന്ദരങ്ങൾ
'പച്ചിലക്കുടുക്ക' പെയ്യും
സ്വച്ഛഗാനത്തേന്മഴകൾ-
പ്രാവു കൂവും കാവു താവും
പൂവനങ്ങൾ ശീതളങ്ങൾ-
താമര പൂത്താടി നില്ക്കും
ശ്യാമളജലാശയങ്ങൾ! -
സൗഹൃദങ്ങൾ, സാന്ത്വനങ്ങൾ
സൗമനസ്യകന്ദളങ്ങൾ
സ്നേഹഭക്തി സേവനങ്ങൾ
മോഹനാദർശാങ്കുരങ്ങൾ! -
എത്ര രമ്യമെന്റെ രാജ്യം!
എത്ര ധന്യമെന്റെ രാജ്യം!
പുണ്യഭൂവേ ശപ്തയാം ഞാൻ
നിന്നെവിട്ടകന്നു പോന്നു.
ഇന്നു ധന്യേ, നീയെവിടെ?
മന്ദഭാഗ്യ ഞാനെവിടെ?
നർത്തകി
ചങ്ങമ്പുഴ
അംഗജോപമോജ്ജ്വലാംഗ
നെങ്ങനെ കറുത്തു ദേവൻ!|
അപ്രതിമഗാത്രനങ്ങി-
ന്നസ്ഥിമാത്രശേഷനായി! -
മിന്നും രണ്ടു താരകൾ പോ-
ലിന്നുമുണ്ടാക്കണ്ണുമാത്രം.
നോക്കിടായ്കക്കൺകളാലെൻ-
നേർക്കിനി,ദ്ദഹിച്ചുപോം ഞാൻ
മാപ്പുപോലും കേണിരക്കാൻ
മൽപ്രഭോ, ഞാനർഹയല്ല.
എന്നെയങ്ങെൻ മുന്നിൽ വന്നു
നിന്നു നോക്കിക്കോല്ലരുതേ.
മാന്മഥപ്പൊൻചെപ്പുകൾക്കെൻ
മാറൊരുക്കം കൂട്ടിനിൽക്കേ,
ലജ്ജ പൂത്തുലഞ്ഞു ഞാനൊ-
രപ്സരസ്സായാർക്കു തോന്നി?
ആ മനസ്സിൽ മാധുരിയി
ന്നാസ്വദിപ്പതേതു സാദ്ധ്വി?
ആ മിഴിക്കും, തേനൊലിക്കു-
മാ മൊഴിക്കും, പുഞ്ചിരിക്കും,
കീഴുമേലോർക്കാതെ താനേ
കീഴടങ്ങും സ്ത്രീഹൃദയം
വഞ്ചകനാണുള്ളതപ്പൂ-
പ്പുഞ്ചിരിക്കു പിന്നിലെന്നാൽ,
എന്തു കാന്തി ദൂരെ നിന്നാൽ
എന്തു ചെന്തീയോന്നുചേർന്നാൽ!
"പാടു, ഞാൻ പിന്നേറ്റു പാടാം"
"പോടി കള്ളീ, പാടു വേഗം!"
പാടി ഞാൻ പെൺപൂങ്കുയിൽപോൽ
നർത്തകി
ചങ്ങമ്പുഴ
കൂടിയാരിണക്കുയിൽപോൽ!
കൂട്ടിലായിപ്പോയി ഞാനെൻ-
കൂട്ടുകാരനെന്തു പറ്റി?
വഞ്ചകി ഞാൻ ദൈവമേ, യെൻ-
നെഞ്ചിടിപ്പൊടുങ്ങിയെങ്കിൽ!
പൊന്നുചട്ടക്കൂടു മിന്നും
കണ്ണടയും നീണ്ട മെയ്യും
വെള്ളമുണ്ടും ഷർട്ടും തോളിൽ
വെള്ളത്തോർത്തും, ടോർച്ചുമായി
ചൂരലും ചുഴറ്റി മെല്ലെ-
ച്ചൂളമിട്ടപ്പോവതാരോ?
എൻകുടിൽപ്പനമ്പുവാതി-
ലെന്തിനന്നു പാതി നീർന്നു!
ആ മിഴിക്കോണെന്നിലന്നെ-
ന്താത്മഹർഷമാഞ്ഞെറിഞ്ഞു?
വഞ്ചകി ഞാനിക്ഷണമെൻ
നെഞ്ചിടിപ്പൊടുങ്ങിയെങ്കിൽ!
രണ്ടു നീർക്കിളികളൊത്താ-
ക്കണ്ടൽത്തയ്യിൻ ചാഞ്ഞ കൊമ്പിൽ,
(കൊച്ചലകൾ വന്നു പുല്കി-
പച്ചിലകൾ തങ്ങിനില്ക്കേ,)
കൊക്കുരുമ്മി,ത്തേഞ്ഞു മായു-
മർക്കകാന്തിയാസ്വദിപ്പൂ!
നീർക്കുടവും തൂക്കിനിന്നു
പൊൽക്കിനാക്കൾ കാണ്മു ഹാ, ഞാൻ
"ആരുടെയാണി പ്രപഞ്ചം?"
ആൺകിളിയിച്ചോദ്യമിട്ടു.
"നമ്മുടെയാണി പ്രപഞ്ചം"
പെണ്മണിക്കിളി പറഞ്ഞു
"നമ്മുടേതു മാത്രമാണോ?"
"നമ്മുടേതു മാത്രമാണേ!"
"ഈയുലകിലാരു ദൈവം?"
"ഈയുലകിലങ്ങു ദൈവം"
"എന്നെ നീ മറക്കുകില്ലേ?"
"മന്നിലങ്ങെൻ ജീവനല്ലേ?"
കണ്ണിണ നിറഞ്ഞുപോയി
നർത്തകി
ചങ്ങമ്പുഴ
എന്നെ ഞാൻ മറന്നുപോയി!
"എന്തെടി നീയാറ്റൂവക്ക-
ത്തെന്തു കണ്ടരണ്ടു നില്പ്പൂ?
തുള്ളി വെള്ളത്തിന്നുവേണ്ടി-
ത്തൊള്ള വറ്റിത്തന്ത ചാകേ,
പേക്കിനാവും കണ്ടു നില്പൂ
പേപിടിച്ച പ്രേതമേ, നീ!"
ഞെട്ടി ഞാനെൻ കൈ തനിയേ
വിട്ടുവീണു മൺകുടവും
എത്ര ഖണ്ഡ,മെന്മനം പോ-
ലെത്ര ഖണ്ഡമക്കലശം!
'രണ്ടാമമ്മേ, മാപ്പുനൽകൂ
കണ്ടുപോയ് ഞാൻ സ്വപ്നമല്പം!'
എന്മനസ്സുകേണു-നാവിൽ
വന്നതില്ലൊരക്ഷരവും!
ആ മിഴിയെരിഞ്ഞെറിഞ്ഞ
തീമഴയിൽ ഞാൻ ദഹിക്കേ;
മൽസ്വതന്ത്ര സ്ത്രീത്വമേതോ
മത്സരമിരമ്പിനിന്നു.
"മത്തുകേറിപ്പേയുതിർക്കും
മർക്കടമല്ലച്ഛനിന്നും. . .
നിന്റെ ജാരനായി വെള്ളം-
കൊണ്ടുപോരാനാരു പോന്നു?
അച്ഛനെച്ചതിപ്പു,നീ, നി-
ന്നിച്ഛകൾ കരിപിടിപ്പൂ!
ചത്തതിലും കഷ്ടമായി
ചിത്തശൂന്യേ നീ,യിരിപ്പൂ.
കല്മഷത്തിൻ കാതലേ, നീ-
യെന്മനസ്സിന്നെന്തറിഞ്ഞു?
സ്വേച്ഛ കത്തും കാട്ടുതീയിൽ
മ്ലേച്ഛഭോഗത്തീപ്പൊരികൾ
മാലകോർത്തണിഞ്ഞലറും
മത്തയക്ഷിയല്ലെടീ ഞാൻ.
അക്കിളിയിണയ്ക്കു തുല്ല്യം
നിഷ്കളങ്കജീവിയെന്നെ...
നിർദ്ദയേ, നീ കൊല്ലുകെന്നാൽ
നിർത്തുകിക്കിരാതനൃത്തം.
നിന്റെ പാപം തിന്നൊടുങ്ങാൻ
നീ ജനിക്കും നൂറു ജന്മം."
നർത്തകി
ചങ്ങമ്പുഴ
അന്തി മാഞ്ഞു നാലുപാടു-
മന്ധകാരമാഞ്ഞണഞ്ഞു.
നോക്കിനേൻ ഞാൻ പിന്നെയുമാ-
നീർക്കിളികളെങ്ങു പോയി?
മിണ്ടിയില്ലാ തീ വമിച്ചും-
കൊണ്ടുടനാ യക്ഷി മാറി.
കാറ്റു നിന്നു-കല്ലിലൊന്നി-
ലാറ്റുവക്കിൽ ഞാനിരുന്നു.
താങ്ങാനാവാതുള്ളു പൊട്ടി-
ത്തേങ്ങിയേങ്ങി ഞാൻ കരഞ്ഞു.
സർവ്വവും മറന്നു ഞാനെൻ
ദുർവ്വിധിയിലൊട്ടിനിന്നു.
മഞ്ഞുവീണു-തീയുതിർത്തു
മന്മനം-ഹാ, ഞാൻ വിയർത്തു
കൂരിരുട്ടിൻ കട്ടികൂടി
താരകളിൽ തങ്കമാടി
നത്തു മൂളി,ക്കാട്ടുവള്ളി
പ്പൊത്തിൽ ദൂരെപ്പുള്ളു കൂവി
ഞെട്ടിയില്ലുറഞ്ഞ മഞ്ഞു-
കട്ടിപോലെ ഞാനിരുന്നു.
ദൂരെദൂരെ കുന്നിൽ മുറ്റും
കൂരിരുട്ടിൻ തോടു പൊട്ടി
അംശുബീജമൊന്നു വന്നെ-
ന്നന്തികത്തിൽ പാളിവീണോ?
ചിത്ര, മാഹാ, വീണു, വീണി-
ട്ടെത്രവേഗം നാമ്പുവന്നു
ഞെട്ടി ഞാൻ - ചിനപ്പു പൊട്ടി-
പ്പൊട്ടിയേറുമീ വെളിച്ചം
എന്തി,നെന്താ,ണാരറിഞ്ഞു
ഹന്ത ഞാനൊന്നമ്പരന്നു.
മോദലോലെ ജീവിതത്തിൻ
വേദന നീയെന്തറിഞ്ഞു?
നൊന്തിടുമെൻജീവിതം നീ-
യെന്തറിഞ്ഞു ഭാഗ്യപൂർണ്ണേ?
നർത്തകി
ചങ്ങമ്പുഴ
പുഷ്യരാഗപ്പുറ്റു പൊട്ടി-
പ്പൂംപതംഗപാളി പാറി
മിന്നിടുമസ്സന്ധ്യപോലെ
മുന്നിലായ് നീ നില്പു ബാലേ!
പോളപൊട്ടിപ്പൂഗപുഷ്പ-
പാളിയൂർന്നഴിഞ്ഞപോലെ
പൂനിലാക്കതിരുതിരു-
മീ നിശയും, ചാരെ നീയും.
ജീവിതത്തിൽ നീയുഷസ്സേ
തൂവെളിച്ചം തൂവി വന്നു.
കണ്മണി നീ വന്നതു തൊ-
ട്ടെന്മനസ്സിൽ പൂവിടർന്നു.
അക്കൊഴിഞ്ഞ പൂക്കളുമായ്
നിൽക്കുമെന്നെ നീ മറന്നോ?
വാടി,യെന്താണെങ്കിലൊന്നു-
കൂടി നോക്കുകീ ദളങ്ങൾ!
നിൻനഖപാടെത്ര ചൂടി
നിന്നവയാണിദ്ദളങ്ങൾ!
ഞെട്ടിടാത്തതെന്തയേ നീ?
ദുഷ്ടയക്ഷിതന്നെയോ നീ?
പുഷ്ടകാന്തി രൂപമേന്തി
ഞെട്ടിയ ഞാനെന്തു ഭ്രാന്തി!
അമ്മയല്ലേ ശപ്തയാമി-
പ്പൊന്മകൾതന്നമ്മയല്ലേ?
മായുകയായ് രശ്മിയെല്ലാം
ഛായാരൂപം മാത്രമായി.
എങ്കിലുമെന്നമ്മതന്നെ
എന്തിനയ്യോ, ഭീതി പിന്നെ?
"പൊന്നുമോളേ!"...കോൾമയിർക്കൊ-
ണ്ടൊന്നു ഞാൻ വിളിച്ചി "തമ്മേ!"....
അക്ഷണത്തിൽ കോടി കോടി
നക്ഷത്രങ്ങൾ ചേർന്നുകൂടി
വിണ്മനസ്സിൻ ത്യാഗമൂറി-
പൊന്മുലപ്പാലായൊഴുകി
പ്രാണനാളനാവു പൊക്കി
ഞാനതു നുണച്ചിറക്കി.
എൻഞരമ്പിലുണ്മയോടി
നെഞ്ചിടിപ്പിന്നൂക്കുകൂടി
അമ്മയെക്കാൾ മീതെയായി
ല്ലിമ്മഹിയിൽ വേറെയൊന്നും.
അമ്മ,യമ്മ മണ്ണടിഞ്ഞോ-
രമ്മ വന്നെൻ മുന്നിൽ നില്പൂ!
എന്നുമല്ലെൻ താടി പൊക്കി-
ക്കണ്ണിണയിലുമ്മവെപ്പൂ!
എന്തു ഭാഗ്യം! - എന്റെ കണ്ണിൽ
പൊന്തിവന്നു ബാഷ്പബിന്ദു.
നർത്തകി
ചങ്ങമ്പുഴ
"നിത്യവും നീയാറ്റുവക്ക-
ത്തെത്തിടുമ്പോൾ ഞാനുമെത്തും
ഒക്കെ ഞാനറിഞ്ഞു മോളെ,
നില്ക്കരുതു നീയിവിടെ,
നിന്നെയവൻ കൊല്ലു, മിന്നു-
തന്നെ പോണമെങ്ങെങ്കിലും!
പാവം, ചങ്കുടഞ്ഞു ചാകും
പാപം മാത്രം നീ വെറുക്കൂ!
നല്ലകാലം വന്നിടു, മാ-
നല്ലകാലം വന്നിടുമ്പോൾ
താഴ്മയെത്തലോടി നില്ക്കും
താഴ്മയാണു മേന്മയോർക്കൂ!"
ഛായ പോയി-മുന്നിൽനിന്നെൻ-
തായ പോയി കേണുപോയ് ഞാൻ!
ഇന്ദുഗോപപ്പുള്ളി മിന്നു-
മന്ധകാരം പത്തി നീർത്തി
ആടലിൻ കുഴൽവിളിക്കൊ-
ത്താടിയാടി നില്പൂ മുന്നിൽ!
മിത്രമേ നീ നിർത്തി നൃത്തം
കൊത്തിയൊന്നു കൊല്ലുകെന്നെ!
നെഞ്ചിടിപ്പൊടുങ്ങി നാളെ-
ച്ചെഞ്ചിതയിൽ ഞാനടിഞ്ഞാൽ
എന്നെയോർത്തു കേഴാനൊന്നീ
മന്നിലില്ലെനിക്കൊരാളും.
ശപ്ത ഞാ,നെൻ ജീവിതത്തിൽ
തപ്തതേ, നീ, തിന്നുകെന്നെ!
ചത്തു ജീവിക്കുന്നതേക്കാൾ
ചത്തിടുന്നതാണു ഭേദം.
അച്ഛൻ!-അയ്യോ ഞാൻ മരിച്ചാ-
ലച്ഛനും കരയുകില്ല,
ഹൃത്തുടയുമച്ഛന,ച്ഛ-
നക്ഷണം ചിരിച്ചുപോകും.
അച്ചിരിതൻ മുന്നിൽ നിന്നാ
രക്തയക്ഷി മത്തടിക്കും.
നർത്തകി
ചങ്ങമ്പുഴ
ഇല്ല, ചാകി,ല്ലെന്തി,നെത്തും
നല്ലകാലം-ഞാനുയരും.
അമ്മ ചൊന്നതർത്ഥവത്തായ്
വന്നുചേരും-ഞാനുയരും.
വിത്തനാഥ, നിന്നുതൊട്ടെൻ
ചിത്തനാഥൻ വിശ്വനാഥൻ!
എത്ര രമ്യനെത്ര സൗമ്യ-
നെത്ര കാമ്യനെന്റെ നാഥൻ!
എന്റെ നാഥൻ- നിന്റെ നാഥൻ
നിന്റെ നാഥനാരു ഹേമേ?
തെറ്റി-അയ്യോ രോമഹർഷം
മുറ്റി മെയ്യിൽ-എന്തു ഗാനം!
അങ്ങു പാടു, പാടിടാം ഞാ-
നങ്ങയെ വിട്ടാരു പോകും?
അംഗജോപമോജ്ജ്വലാംഗ-
നങ്ങയെ വിട്ടാരുപോകും?
മംഗളഗാനാർദ്രചിത്ത-
നങ്ങയെ വിട്ടാരു പോകും?
ഗംഗനെന്റെ പ്രാണനല്ലേ
ഗംഗനെ വിട്ടാരു പോകും?
അങ്ങെനിക്കെൻ പ്രാണനാണേ
അങ്ങയെ വിട്ടാണോ പോണേ?
പോകുകില്ലാ മാപ്പു നൽകൂ
പോകുകില്ലെന്നംബികേ ഞാൻ.
നർത്തകി
ചങ്ങമ്പുഴ
"പിന്നെ-നീ പിന്നെന്തു ചെയ്യും?"
"പിച്ചതെണ്ടി ഞാൻ കഴിയും."
"പിന്തുണയ്ക്കൊരാളു വേണ്ടേ?"
"പിന്തുണയ്ക്കെൻ ഗംഗനില്ലേ?"
"ഗംഗൻ നിന്നെക്കൈവെടിഞ്ഞാൽ?-"
"ഗംഗനു ഞാൻ ജീവനല്ലേ?"
"നിങ്ങളൊത്താൽ?"-'ഞങ്ങളൊത്താൽ?'
"ഞങ്ങളൊത്താൽ സ്വർഗ്ഗലബ്ധി!"
സ്വർഗ്ഗലബ്ധി!-നോക്കുകങ്ങൊ-
രുഗഖഡ്ഗം കാണ്മിതോ നീ?
രക്ത ദാഹം കത്തിടുമ-
തെത്തിനോക്കി നിൽപ്പുനിന്നെ.
നീപറക്കൂ!-യക്ഷി യക്ഷി
കോപതപ്തഭീകരാക്ഷി!
മാനസത്തിൽ തീ പടർന്നു
ഞാനുയർന്നു ഞാൻ പറന്നു
വിട്ടു ഞാനെൻ നാടെനിക്കെൻ-
വിശ്വനാഥൻ ചിത്തനാഥൻ.
ഞെട്ടി ഞാൻ-എൻപിന്നിലയ്യോ
മുട്ടിനില്പതെന്തു സത്വം?
മദ്യഗന്ധം-"ആരുനീ?" - "ഞാൻ
മൽപ്രിയേ നിൻ പാദദാസൻ!"
നേർക്കു നിൽക്കുന്നില്ല ശീർഷം
വേയ്ക്കുകയാണസ്വരൂപം.
"ഓമനേ!"- ഞാനാളറിഞ്ഞു
ഭീമകാമധൂമകാമം.
വാസവൻ-ഹാ, സർവനീച-
വാസനയ്ക്കും കുപ്രസിദ്ധൻ.
ദുഷ്ടനയ്യോ നീങ്ങിയെന്നെ-
ത്തൊട്ടിടാനായ് കൈകൾ നീട്ടി.
ബദ്ധവേഗം ചാഞ്ഞുമാറി-
ക്രുദ്ധയായി ഞാനലറി;
നർത്തകി
ചങ്ങമ്പുഴ
"നിൽക്കവിടെക്കീടമേ, നിൻ
നീചതയ്ക്കൊരന്തമില്ലേ?
കാമകോമരം നിനക്കി-
ന്നാ മലിനയക്ഷിയില്ലേ?
നിസ്സഹായ ബാലിക ഞാൻ
നിന്മിഴിയിൽച്ചോരയില്ലേ?
ഇന്നവൾ പറഞ്ഞയച്ചി-
ട്ടെന്നെ നീ വന്നാക്രമിച്ചു.
എന്നിലുയിരുള്ള നാളെൻ-
കന്യകാത്വം കാർന്നെടുക്കാൻ
പറ്റുകില്ല നിൻ വിടത്വ-
ദംഷ്ട്രകളിളക്കുകിലും!."
മദ്യമത്തനായിടുമാ
മർക്കടത്തിൻ ഹൃത്തടത്തിൽ
ധർമ്മരോഷവേപിത ഞാൻ
എന്മൊഴികൾ പേയിളക്കി-
'എന്തെടി മുഖത്തുനോക്കി-
യെന്തുചൊന്ന' തെന്നിരമ്പി
എന്റെ നേർക്കാർത്താഞ്ഞടുത്തു
കണ്ടകൻ-ഞാൻ കണ്ണടച്ചു.
"അയ്യോ, കൊന്നേ, ദൈവമേ, ഹാ-
വയ്യെനി"ക്കീ ദീനനാദം
ഒത്തു ചേർന്നുടനെ ഞാനൊ-
രൊച്ച കേട്ടു ഞെട്ടി നോക്കി.
വയ്യെനിക്കെൻ ഗംഗ, നയ്യോ
കൈയിലുണ്ടൊരുഗ്രദണ്ഡം
കട്ടകെട്ടി ചോര മണ്ണിൽ;
വെട്ടിയിട്ട തൂണുപോലെ
ദാരിതശിരസ്സുമായി
കൂരിരുൾപ്പാഴ്പ്പിണ്ഡംപോലെ
വാപൊളിച്ചു കൺതുറിച്ചു
വാസവൻ കിടപ്പു താഴെ!...
ഭീതിദമക്കാഴ്ച കണ്ടെൻ-
ചേതനയ്ക്കു തീപിടിച്ചു.
എന്തു ചൊല്ലാൻ? ശബ്ദശക്തി
ഹന്ത, യെന്നെക്കൈവെടിഞ്ഞു.
"ഹേമേ, നീയാണെന്റെ ജീവ-
നർത്തകി
ചങ്ങമ്പുഴ
നീ മഹിയിലെന്നുമെന്നും.
ചെല്ലമേ, നിനക്കു നൂനം
നല്ലകാലം വന്നുചേരും.
നിന്നെ വിട്ടുപോകുന്നു ഞാ-
നെന്നെ നീ മറക്കരുതേ!"
"ഒന്നു നിൽക്കൂ, ഗംഗ ഞാനും
വന്നിടുന്നു നിന്റെ കൂടെ !"
ഹൃത്തുറക്കെക്കേണു-ശബ്ദ-
മെത്തിയില്ലെൻനാവിൽ മാത്രം.
മിന്നൽപോൽ മറഞ്ഞു ഗംഗൻ
മുന്നിലയ്യോ രക്തരംഗം-
എന്തുചെയ്യാൻ-തൽക്ഷണമെൻ-
ചിന്ത ചെന്നുറച്ചതൊന്നിൽ
ഇക്ഷണം തൊട്ടെന്റെ നാഥ-
നിക്ഷിതിയിൽ വിശ്വനാഥൻ.
ദീനയായ് ഞാൻ താങ്ങുകെന്നെ
ഞാനിതാ വരുന്നു നാഥാ!
ഉള്ളെരിഞ്ഞ രക്ഷണത്തിൽ
കൊള്ളിമീൻപോൽ ഞാൻ പറന്നു.
പൂവിരിയും പോൽ വിളറും
പൂർവദിക്കിൻ തെക്കുവക്കിൽ
വെള്ളി വന്നു-വെള്ളി വെള്ള-
ത്തുള്ളി പോൽത്തുളുമ്പിനിന്നു.
വായുതുല്യം ചൂളമിട്ടു
പായുകയാണാവിവണ്ടി
നീക്കുതട്ടു താഴ്ത്തിയിട്ടു
വീർപ്പുവിട്ടു ഞാനിരിപ്പൂ.
ഉദ്രസമാ മെത്തയിന്മേൽ
നിദ്രയാണെൻ ഹൃദ്രമണൻ.
ക്ഷുദ്രയെന്നെയുദ്ധരിക്കും
ഭദ്രനേതോ വൈശ്രവണൻ
ഷൾപ്പദപാദോച്ചലങ്ങ-
ളുൽപ്പലപ്പൂവല്ലികൾ പോൽ;
സ്വർണ്ണവർണ്ണശോഭ പൂശി
മിന്നിടുമാ നെറ്റിയിന്മേൽ
കാറ്റിലാഞ്ഞുലഞ്ഞുനില്പൂ
കാർമുടിച്ചുരുൽച്ചുഴികൾ.
താണു പൊങ്ങി, ത്താണു പൊങ്ങി-
ച്ചേണൊതുങ്ങിച്ചേർന്നിണങ്ങി,
ചെറ്റു മങ്ങി, ച്ചെമ്പവിഴ-
പ്പുറ്റു പൊട്ടാനുറ്റൊരുങ്ങി.
നിന്നു നിന്നു തിങ്ങിവിങ്ങി
നീർന്നു നീർന്നു നീങ്ങി വാങ്ങി
ശൈവലശ്രീ ചാർത്തി, ദൂരെ-
ശൈലരേഖാരാശി കാണ്മൂ!-
എത്ര യെത്ര നാഴികകൾ-
ക്കപ്പുറത്താണെന്റെ രാജ്യം
കണ്ടിടാനിടവരുമോ?
വീണ്ടുമെന്റെ ജന്മഗേഹം?
മാനസം മേ, സംത്രസിപ്പൂ
ഞാനണവതേതുലോകം?
കൂടുവിട്ടകന്നിടാത്ത
പേടമാടപ്രാവുപോലെ,
ഇത്രനാൾ ഞാൻ നാൾ കഴിച്ചി-
ട്ടെത്ര വേഗം നാടു വിട്ടു!
ചെല്ലുവോരാ ദിക്കിലുള്ളോർ
നല്ലകൂട്ടരായിതെങ്കിൽ!
അല്ലലെന്തിനങ്ങെഴുന്നോർ
നല്ലകൂട്ടരായിരിക്കും!
നർത്തകി
ചങ്ങമ്പുഴ
ദീനപാലനോത്സുക ഞാൻ
ഞാനവർക്കു നന്മചെയ്യും.
നാലുനാളിനുള്ളിൽ ഞാനാ
നാട്ടുകാർതൻ പ്രാണനാകും!
ഗംഗൻ, അയ്യോ ദൈവമേ, യെൻ-
ഗംഗനെന്തു സംഭവിക്കും?
ഘാതകൻ!-ഹാ, ദൈവമേ,യെൻ-
നാഥനൊന്നും വന്നിടൊല്ലേ!...
വേണ്ടെനിക്കുയർന്നീടേണ്ട-
ങ്ങാണ്ടുകൊള്ളാം ഞാനിരുളിൽ.
ചാകിലാട്ടീമാത്രയിൽ മേ
പോകണം തിരിച്ചു നാട്ടിൽ.
"വിശ്വനാഥാ!"- രൂക്ഷമായി
വിഹ്വലയായ് ഞാൻ വിളിച്ചു.
സ്വപ്നസാന്ദ്ര നിദ്ര വിട്ടാ
സ്വസ്ഥചിത്തൻ ഞെട്ടിയേറ്റു,
"എന്തു ഹേമേ, നീവിളിച്ച-
തെന്തു?-നീയുറങ്ങിയില്ലേ?"
ദുസ്സഹമാം ദുഖമേന്തി
നൊസ്സിയേപ്പോൽ ഞാൻ പുലമ്പി;
"നിശ്ചയ, മെനിക്കു പോണ-
മിക്ഷണം തിരിച്ചു നാട്ടിൽ.
വണ്ടിയിനി നില്ക്കും ദിക്കിൽ
കണ്ടുകൊള്ളു, ഞാനിറങ്ങും.
ഏകയായിക്കാൽനടയായ്-
പ്പോകുവൻ ഞാൻ പിച്ചതെണ്ടി!"...
മ്ലാനവക്ത്രനത്തരുണൻ
സാനുഭാവമെന്നൊടോതി;
"എന്തു ഹേമേ, നീ കഥിപ്പ-
തെന്തു പിച്ചാണോർത്തു നോക്കൂ!
കാര്യമായ് നീ ചൊന്നതാണോ
കഷ്ട,മിത്ര ബുദ്ധിയില്ലേ?
ഖിന്നതയരുതു ലേശ-
നർത്തകി
ചങ്ങമ്പുഴ
മൊന്നുകൊണ്ടും നിന്മനസ്സിൽ.
നാടുവിട്ടാലെന്തതിലി-
പ്പേടി തോന്നാനെന്തുകാര്യം?
രണ്ടുനാളിലെന്റെ നാടും
നിന്റെ നാടായ് ത്തന്നെ തോന്നും.
അന്തമറ്റ ഭാഗ്യജാലം
സന്തതസപര്യമൂലം
ചേടികൾ പോൽ പ്രഭ്വിയാം നിൻ
ചേവടിയിൽക്കാവൽ നിൽക്കും!
അത്ര നീ കൊതിച്ചു വാഴ്ത്തും
നൃത്തവിദ്യാശിക്ഷയേകാൻ.
എത്രയോ കലാപ്രവീണർ
നിത്യമെത്തും നിന്നരികിൽ.
തത്സമർത്ഥശിക്ഷണത്തി-
ലുത്സുകനിന്നുദ്ഗതിയിൽ,
ഉത്തമേ, രണ്ടാണ്ടിനുള്ളിൽ
നൃത്തറാണിയായിടും നീ.
കർമ്മബന്ധ ശക്തിയൊന്നാൽ
കണ്മണി, നാമൊത്തുകൂടി;
ഒത്തുതന്നെ വാഴ്ക നമ്മൾ
മൃത്യുവെത്തുംനാൾവരേയ്ക്കും!
നിന്നെ ഞാനെൻജീവനെപ്പോൽ-
ത്തന്നെയോർക്കുമിന്നുമെന്നും.
വീട്ടിൽ വീണ്ടും പോണമെന്നോ?...
വീടു നിൻ നരകമല്ലേ?
മദ്ഗൃഹേ നിന്നാഗമാർത്ഥം
സ്വർഗ്ഗമെത്തിക്കാത്തുനിൽക്കേ,
കണ്ടഭാവം കാട്ടിടാതെ
മണ്ടുകയോ മൂഢപോൽ നീ!
ശങ്കയെല്ലാം ദൂരെ മാറ്റൂ
നിൻകരളിൽ ശാന്തി ചൂടു!
വന്ധ്യയായ് വിധവയാമൊ-
രന്ധയാമെന്നഗ്രജയാൽ
ഓമനിക്കപ്പെട്ടു വാഴും
മാമക പ്രണയിനിയെ
അല്ലലേതു വന്നു തീണ്ടാൻ
ചെല്ലമേ, നീയാശ്വസിക്കൂ.."
നർത്തകി
ചങ്ങമ്പുഴ
തന്മൊഴിത്തേൻ തുള്ളികളി-
ലെന്മനസ്സലിഞ്ഞു പോയി.
എന്തുമാട്ടെ, പോകതന്നെ
ഹന്തയെന്നാ,ലാ രഹസ്യം!...
- വെക്കമാ രഹസ്യമിപ്പോൾ
വെട്ടിവിളിച്ചോതിയാലോ.
ചാതകി ഞാനൊരുഗ്ര-
ഘാതകൻതൻ കൂട്ടുകാരി.
കൂട്ടൂകാരി!-കേവലം നീ
കൂട്ടൂകാരിമാത്രമാണോ?...
പിന്നെയല്ലേ? -വേറെയാരാ-
ണൊന്നുചൊല്ലു നിർമ്മല ഞാൻ!
നിർത്തു ധൂർത്തേ, നിർത്തെടീ, നിൻ
നിർമ്മലത്വപ്പാഴ്പ്രസംഗം...
എന്തുമാട്ടിച്ചിന്ത കത്തി
വെന്തുവെന്തു ഞാൻ മരിക്കാം.
എങ്കിലും ഞാൻ വിട്ടിടുകി-
ല്ലെൻകരൾ വിട്ടാ രഹസ്യം!...
വണ്ടി നിന്നു-ദൂരെ, വിണ്ണിൽ
ചെണ്ടുകൾ വിടർന്നടർന്നു.
മഞ്ഞ വെയ്ലിൻ മാറിൽ, മൂടൽ-
മഞ്ഞലിഞ്ഞഴിഞ്ഞു ചാഞ്ഞു.
അല്പമായ്ക്കുതിർന്ന മണ്ണിൽ
സ്വപ്നകല്പസൗമ്യഗന്ധം.
തെല്ലണിഞ്ഞലഞ്ഞണഞ്ഞു
മെല്ലെ മെല്ലെ മന്ദവാതം.
വണ്ടി പോംവഴിക്കു, വക്കിൽ
നീണ്ടുപോമപ്പാതകളിൽ,
വാലിളക്കിക്കൊക്കുരുമ്മി
വാശിയിൽ ചിലച്ചിണങ്ങി
നർത്തകി
ചങ്ങമ്പുഴ
പാറിവന്നു ചേർന്നിരിപ്പൂ.
പറ്റമായ് പനങ്കിളികൾ!
ആവരണചിഹ്നതുല്യ-
മഗ്രഭാഗം കൂർത്തകൊമ്പും
ബന്ധിതമുഖരഘണ്ടാ-
ബന്ധുരമാം കണ്ഠവുമായ്,
വണ്ടിയും വലിച്ചുകൊണ്ടു
മണ്ടിടുന്ന കാളകളെ,
ചാട്ടവാറടിച്ചു വേഗം
കൂട്ടിടുന്നു വണ്ടിക്കാരൻ!
രണ്ടുപാടും പാതവക്കിൽ-
ക്കണ്ടിടുമത്തോപ്പുകളിൽ
മൺകുടവുമേന്തി, നാടൻ-
മങ്കമാർ നനച്ചു നില്പൂ!
ഇമ്പമോടിരമ്പിയെത്തും
തുമ്പികളാലാവൃതമായ്
കാണ്മൂ, കാറ്റിൽച്ചില്ലയാടി-
ക്കായിടുന്ന നാരകങ്ങൾ!-
വണ്ടി നീങ്ങി-യെന്മനസ്സി-
ലിണ്ടൽ ചെറ്റൊഴിഞ്ഞടങ്ങി!...
വിശ്രുതമഹാനഗരം
വിത്തനാഥൻതൻ നികേതം
വിശ്വനാഥനെന്റെ നാഥൻ
വിത്തനാഥൻ!-പ്രഭ്വിയായ് ഞാൻ!
പ്രഭ്വിയായ് ഞാൻ മത്തടിക്കൂ
മൽപ്രസന്നചിത്തമേ നീ!
നൊന്തിടുന്നതിത്തറഞ്ഞ-
തെന്തു മുള്ളാണെന്മനസ്സിൽ?
പ്രഭ്വിതൻ മനസ്സിൽ മുള്ളോ?
ചിത്തമില്ലേ? നീ ചിരിക്കൂ!
വീടുവിട്ടിറങ്ങണമോ?
മോടിയേറും കാറു നിൽപൂ!
നർത്തകി
ചങ്ങമ്പുഴ
എത്രപേരാണെത്തി വാക്കൈ
പൊത്തി നിൽപതെന്നരികിൽ!
കാൽ തിരുമ്മാൻ, കൈതുടയ്ക്കാൻ
കാർമുടി പകുത്തു കെട്ടാൻ
എണ്ണതേപ്പിച്ചെന്നുടലിൽ
സ്വർണ്ണവർണ്ണമാറ്റുകൂട്ടാൻ
പൂന്തുകിൽ ഞെറിഞ്ഞു ചാർത്താൻ
താന്തതകൾ വീശിയാറ്റാൻ
എന്നുവേണ്ടിന്നെന്തിനുമെൻ-
മുന്നിലെത്ര കിങ്കരന്മാർ!
മോടികൂടി ധാടികൂടി
നാടൻപെണ്ണൊരപ്സരസ്സായ്!
ബുദ്ധിയെന്നെക്കീഴടക്കി-
മുഗ്ദ്ധ ഞാൻ പ്രഗല്ഭയായി!
(അപൂർണ്ണം) 1947