ദിവ്യഗീതം

സോളമണ്‍ ചക്രവര്‍ത്തി

യഹൂദന്മാരുടെ മൂന്നാമത്തെ രാജാവാണ്‌ സോളമണ്‍. അദ്ദേഹം ക്രിസ്‌തുവിന്റെ ജനത്തിനു 974 വര്‍ഷങ്ങള്‍ക്കു മുന്‍പു മുതല്‍ 937 വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ രാജ്യഭാരം ചെയ്‌തു. ദാവീദ്‌ ചക്രവര്‍ത്തിക്ക്‌ ബാത്‌ഷീബായിയില്‍ ഉണ്ടായ ദ്വിതീയപുത്രനാണ്‌ അദ്ദേഹം. ബാത്‌ഷീബാ ദാവീദിന്റെ ഒരു വെപ്പാട്ടിയായിരുന്നു. അവളുടെ ഭര്‍ത്താവായ ഉറിയായുടെ മരണശേഷം ചക്രവര്‍ത്തി അവളെ ഭാര്യയായി സ്വീകരിച്ചു (II Samuel XI-27).

സോളമണ്‍ അതിബുദ്ധിമാനായിരുന്നു. ന്യായപാലനവിഷയത്തില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചിട്ടുള്ള കുശാഗ്രബുദ്ധിയെ വെളിപ്പെടുത്തുന്ന ഒട്ടേറെ സംഭവകഥകള്‍ പ്രസിദ്ധങ്ങളാണ്‌. പക്ഷിമൃഗാദികളുടെ ഭാഷപോലും അദ്ദേഹത്തിനറിയാമായിരുന്നുവെന്നു കീര്‍ത്തിക്കപ്പെടുന്നു-and thisfame was in all nations round about. And he spake three thousand proverbs: and his song were a thousand five. And he spake also of beasts, and of fowl, and of creeping thigs, and of fishes (I Kings IV-31&33).

ക്രൈസ്തവവേദഗന്ഥത്തിൽ സോളമന്റെ ജീവചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന് 700 രാജ്ഞിമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ ഏറ്റവും ഉത്തമമായി കീർത്തിക്കപ്പെടുന്ന ഒന്നത്രേ "സൊങ് ഒഫ് സൊങ്സ്" (ദിവ്യഗീതം). ഇതിനു ജയദേവകവിയുടെ 'ഗീതാഗാവിന്ദ' വുമായി വലിയ സാദൃശ്യമുണ്ടെന്നാണ് അത് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ള ആദാം ക്ലാർക്കിന്റെ അഭിപ്രായം. ഗീതാഗാവിന്ദത്തിന്റെ മറ്റൊരു പരിഭാഷകൻ എഡ്വിൻ ആർനോൾഡാണല്ലോ. അദ്ദേഹം ഇവയ്ക്കുതമ്മിൽ എന്തെങ്കിലും സാദൃശ്യമുണ്ടോ എന്നു ചിന്തിച്ചിട്ടില്ല. ഏതായാലും ക്ലാർക്കിന്റെ അഭിപ്രായത്തെ ഞാനിവിടെ വിമർശിക്കണമെന്നു വിചാരിക്കുന്നില്ല. ലോകോത്തരമായ ഒരു മിസ്റ്റിക് കൃതിയായിട്ടാണ് ഇതിനെ പാശ്ചാത്യലോകം വാഴ്ത്തിയിട്ടുള്ളത്. ക്രൈസ്തവവേദഗന്ഥവും അതിനെക്കുറിച്ചുള്ള വിവിധവ്യാഖ്യാനങ്ങളും പരിശോധിച്ചുനോക്കുമ്പോൾ ഈ അനുമാനത്തിന് ഒന്നുകൂടി ബലം കിട്ടുന്നുണ്ട്. സഭയ്ക്കു ക്രിസ്തുവിനോടൂള്ള പ്രേമമാണ് ഇതിലെ പ്രതിപാദ്യത്തിന്റെ ജീവനാഡിയെന്നു സ്ഥാപിക്കുവാനാണ് ബൈബിളിന്റെ ശ്രമം. ഇതിനെക്കുറിച്ച് എനിക്കുള്ള അഭിപ്രായം എന്റെ ഗീതഗാവിന്ദപരിഭാഷ(ദേവഗീത)യിൽ ഞാൻ വിസ്തരിച്ചു പ്രതിപാദിക്കുന്നതാണ്. ഏതായാലും ഒന്നുമാത്രം ഞാൻ ഇവിടെ സൂചിപ്പിക്കുന്നു. ഐഹികമായ ഒരസ്തിവാരത്തിന്മേലാണ് ഈ മോഹനമായ കലാഹർമ്മ്യം സോളമൻ ചക്രവർത്തി കെട്ടിപ്പടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രണയാത്മകമായ ജീവിതാനുഭവം ഈ കാവ്യത്തിന് ഉത്തേജകമായി നിൽക്കുന്നുമുണ്ട്