നിഴലുകൾ


അവതാരിക

പുളിമാന എസ്. പരമേശ്വരൻ പിള്ള

ഈ അടുത്തകാലത്ത് ആരോ-ശ്രീ പൊൻകുന്നം വർക്കിയാണെന്നു തോന്നുന്നു - പറയുകയുണ്ടായി, "അവശതയുടെ ഒരു പ്രകടനപത്രികയാണ് അവതാരിക"യെന്ന്.

ശ്രീ ചങ്ങമ്പുഴയുടെ ഒരു കൃതിക്ക് ഒരവതാരികയുടെ ആവശ്യമില്ലെന്നു ചിലർ വാദം തുടരുകയും ചെയ്യാം. എങ്കിലും ഇപ്പറഞ്ഞ സംഗതികൾ രണ്ടും നിഷേധിക്കുവാൻ ഞാൻ തയ്യാറാണ്. ഏതു സാഹിത്യസൃഷ്ടിക്കും ഒരവതാരിക അപരിത്യാജ്യമാണെന്നാണ് ഇത് എഴുതുന്ന ആളിൻറെ വിശ്വാസം-ഇന്ന് ഒരാൾ ഒരു ചങ്ങമ്പുഴക്കൃതി അവതരിപ്പിക്കുകയാണെങ്കിൽ അതു കേരളീയർക്കു സുപരിചിതനായ ഗ്രന്ഥകർത്താവിനെ വീണ്ടും കേരളീയർക്കു പരിചയപ്പെടുത്തുക എന്നുള്ള വൃഥാസ്ഥൂലവും അനാവശ്യകവുമായ സംരംഭത്തിനല്ലാ, ആ സാഹിത്യകൃതിക്ക് അനുയോജ്യമായ ഒരു പശ്ചാത്തലത്തിൻറെ സൃഷ്ടിസാധിച്ച് സഹൃദയലോകത്തിൻറെ ആസ്വാദനത്തിൻ ആ കൃതിയെ കൂടുതൽ വിധേയമാക്കുക എന്നുള്ള അനുപേക്ഷണീയമായ ചുമതല നിർവ്വഹിക്കുന്നതിനായിരിക്കും. ഈ സംഗതി വെച്ചുനോക്കുമ്പോൾ അവതാരിക സൃഷ്ടിപരമായ നിരൂപണമാണെന്നു സിദ്ധിക്കുന്നു.

നിരൂപണമെന്നു പറയുന്നത് ഖണ്ഡനപരമായ ഒരു വികൃതയത്നം അല്ല. അതും ശുദ്ധമണ്ഡനപരമായ ഒരു വൈതാളികഗാനവുമല്ല. ഇതിൽ രണ്ടിൽ ഏതെങ്കിലുമെന്നാണു നിരൂപണമെന്നു വിശ്വസിക്കുന്ന ഒരു കൂട്ടം നിരൂപകൻമാരുടെ വാദകോലാഹലങ്ങൾ കേട്ടു കൈരളി കർണ്ണം പൊത്തുന്ന ഒരു കാലഘട്ടമാണഅ ഇത് എന്നു തോന്നുന്നു. വ്യക്തിയും വ്യക്തിയുമായുള്ള ബന്ധത്തിൻറെ സ്വഭാവമാണ്. ഇന്നത്തെ നിരൂപണങ്ങളിൽ സിംഹഭാഗത്തിൻറെയും പോക്ക് നിർണ്ണയിക്കുന്നത്. ഞാൻ മുമ്പൊരവസരത്തിൽ പറഞ്ഞിട്ടുള്ളതുപോലെ, നിരൂപകൻ ലോകത്തോടു സത്യവാചകം ചൊല്ലിയാണ് രംഗപ്രവേശം ചെയ്യേണ്ടത്. നിരൂപകൻ സാഹിത്യലോകത്തിലെ ന്യായാധിപനാണന്നു നാം സമ്മതിക്കുക. ന്യായാധിപൻ ന്യായത്തിൻറെ അധിപമനല്ല, അതിൻറെ വിനീതനും ധർമ്മനിരതനുമായ പുരോഹിതൻ മാത്രമാകുന്നു. ഈ വ്യതിയാനം വായനക്കാർ ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു.