വസന്തോത്സവം



രംഗം ഒന്ന്


(സ്ഥലം: കാളിന്ദീതീരത്തിൽ രാധയുടെ ചെറുതെങ്കിലും സ്വച്ഛമായ മൺകുടിൽ. മുൻവശത്തുള്ള തിണ്ണയിൽ രാധയും സഖി മാലിനിയും സംസാരിച്ചുകൊണ്ടിരിക്കുന്നു.


സമയം: വസന്തകാലത്തിലെ സുന്ദരമായ സന്ധ്യ)



രാധ:
എത്തിയെന്നോ സഖീ വൃന്ദാവനത്തില-
ച്ചൈത്രവും പൂക്കളുമൊക്കെയിന്നും?
മാലിനി:
മൊട്ടിട്ടു മുല്ലകൾ, പൂത്തു കടമ്പുകൾ
മറ്റു മരങ്ങളും പൂവണിഞ്ഞൂ.
പുഷ്പങ്ങൾ, പുഷ്പങ്ങൾ പുഞ്ചിരിക്കൊള്ളുന്ന
പുഷ്പങ്ങളാണെങ്ങു നോക്കിയാലും.
പച്ചയും മഞ്ഞയും ചോപ്പുമിടകലർ-
ന്നച്ഛിന്നകാന്തിതൻ കന്ദളികൾ
തമ്മിൽത്തഴുകിത്തഴുകിത്തളർന്നുല-
ഞ്ഞെമ്മട്ടുലാവുന്നതീ വനത്തിൽ!
നിസ്തുലപുഷ്പസമൃദ്ധി നീ നോക്കുകൊ-
ന്നെത്രമനോഹരമീ വസന്തം!
രാധ:
അന്നത്തെച്ചൈത്രവുമന്നത്തെപ്പൂക്കളും
തന്നെയാണിന്നുമണഞ്ഞതെന്നോ?
എന്തു, നീ നല്ലപോൽ നോക്കിയോ ചൊല്ലിയ-
തെൻ തോഴി നീയെന്നോടെന്തു ചൊല്ലി?