ദേവഗീത - മുഖവുര
ചങ്ങമ്പുഴ കൃഷ്ണപിള്ള
സാഹിതീസേവകൻമാരിൽ സംസ്കൃതാനഭിജ്ഞനായ ഒരാളെ, കവി എന്നതുപോകട്ടെ, സാഹിത്യകാരൻ എന്നുപോലും വിളിക്കാമോ എൻ കേരളം സംശയിച്ചുകൊണ്ടിരുന്ന ഒരുകാലം ഉണ്ടായിരുന്നു. അടുത്തകാലത്ത് ആ മനോഭാവത്തിനു വലിയ മാറ്റം വന്നിട്ടുണ്ട്. സംസ്കൃതത്തിൻറെ പടിവാതിൽക്കൽപോലും കാൽകുത്തിയിട്ടിൽലാത്ത പല നൽല സാഹിത്യകാരൻമാരെയും സൃഷ്ടിക്കുവാൻ പാവപ്പെട്ട മലയാളത്തിനു സാധിച്ചു. അത് അത്ര നിസ്സാരമാക്കി തള്ളിക്കളയാവുന്ന ഒരു സംഗതിയാണെന്നു പറഞ്ഞുകൂടാ. അവരുടെ സാഹിത്യസംരംഭങ്ങൾ കാവ്യമീമാംസാതത്ത്വങ്ങളുടേയും വ്യാകരണനിമയങ്ങളുടേയും അസൂയ നിറഞ്ഞ തുറിച്ചുനോട്ടങ്ങളെ അവഗണിച്ചുകൊണ്ട് കമനീയമായ കലോത്സവത്തിൻ അഭിമാനപൂർവ്വം രംഗമൊരുക്കി. പാണ്ഡിത്യഗർവ്വം പൽലിറുമ്മിയിട്ടും അതു വകവെയ്ക്കാതെ കേരളീയസഹൃദയത്വം അഭിനനവും ചിരപ്രാർത്ഥിതവുമായ ഒരാസ്വാദനവേശത്തിനധീനമായി അവരുടെ കലാകേളികളെ സഹർഷം സ്വാഗതം ചെയ്തു. അവതാരകനും അനുവാചകനും തമ്മിലുള്ള ഈ അഭിപ്രായരുചിപ്പൊരുത്തം നൂതനമായ പല കലാസൃഷ്ടികൾക്കും വഴി തെളിയിക്കയുണ്ടായി.
ഇങ്ങനെയെൽലാമാണെങ്കിലും സംസ്കൃതം തൊട്ടുതേച്ചിട്ടിൽലാത്ത ഒരു മനുഷ്യൻ ആ മഹാഭാഷയിലെ അദ്വിതീയമെന്നു ഘോഷിക്കപ്പെടുന്ന ഒരു കാവ്യഗ്രൻഥം, വിവർത്തനം ചെയ്യാനൊരുമ്പെട്ടാൽ, ആത്മവിശ്വാസത്തിൻറെ പേരിൽ അയാൾ എത്രതന്നെ വാദിച്ചാലും ശരി. സംസ്കൃതപക്ഷപാതികൾ ഇന്നും അയാളെ വെറുതെ വിടാമോ എന്നു സംശയമാണ്. ചില സ്ഥാപിതതാത്പർയങ്ങളുടെ സേവയ്ക്കുവേണ്ടി ആത്മവഞ്ചന ചെയ്യാതെ ഉള്ളിൽത്തോന്നുന്ന അഭിപ്രായം ഉച്ചത്തിൽ വിളിച്ചുപറയുന്നതുപോലും ധിക്കാര'മായി വ്യാഖ്യാനിക്കുകയും, അതിൻറെ നേരെ കലിയെടുത്തു ചീറുകയും ചെയ്യുന്ന ഒരന്തരീക്ഷത്തിൽ ഇത്തരത്തിലുള്ള ഒരു സാഹസം ക്ഷമിക്കപ്പെടുമെന്നു വിശ്വസിക്കുവാൻ വിഷമം തോന്നുന്നു. ഏതായാലും പലതും സഹിച്ചുപോരുന്ന' ഇന്നത്തെ മലയാളം ഇത്രമാത്രം സഹിക്കാതെ ഞാൻ ശിക്ഷാർഹനാണെന്നു വിധി കൽപിക്കുകയാണെങ്കിൽ, മനഃപൂർവ്വം ചെയ്യുന്ന ഈ അപരാധത്തിൻ എന്തുശിക്ഷയും സഹർഷം ചെയ്യന്ന ഈ അപരാധത്തിൻ എന്തു ശിക്ഷയും സഹർഷം സ്വീകരിക്കുവാൻ ഞാൻ സന്നദ്ധനാണെന്നു തുറന്നു പറഞ്ഞുകൊള്ളട്ടെ.
ദേവഗീത
ചങ്ങമ്പുഴ
ആദ്യമായി ഈ വിവർത്തനത്തിൻ എന്നെ പ്രേരിപ്പിച്ച ചില കാർയങ്ങളെക്കുറിച്ച് എനിക്ക് അൽപം ചിലതു സൂചിപ്പിക്കുവാനുണ്ട്. 1120 ധനുമാസത്തിലാണ് ഗീതഗോവിന്ദം' മലയാളത്തിലേക്കു വിവർത്തനം ചെയ്യണമെൻ എനിക്കു തോന്നിയത്. സംഭോഗശൃംഗാരം അതിൻറെ പരമോച്ചനിലയെപ്രാപിച്ചിട്ടുള്ള കാവ്യങ്ങളിൽ പ്രഥമഗണനീയമാണ് ഈ കൃതി. ഇതിലെ അംഗിയായ രസം കലയുടെ ചെത്തിമിനുക്കലും നിറംപൂശലുമൊന്നും കൂടാതെ അസംസ്കൃത രൂപത്തിൽതന്നെ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതാണ് വെണ്മണിക്കൃതികൾ. ചിരകാലമായി കേരളത്തിൽ നിലനിന്നുപോന്ന ആ ശൃംഗാരാധിഷ്ഠിതമായവെറും വൈഷയികമായ കാവ്യാത്മകപാരമ്പർയം വെണ്മണിയിൽ അവസാനിച്ചു എന്നും, ഏറെക്കാലം കൂടി അടിച്ചമർക്കപ്പെട്ട ആ അവഹേളനാർഹമായ ദുർവ്വാസന വീണ്ടും തലയുയർത്തിയത് എന്നിൽക്കൂടിയാണെന്നും ഒരഭിപ്രായം പൊതുവെ പരന്നിട്ടുണ്ട്. അതിനെ ആധാരമാക്കിയുള്ള പരസ്യമായ ആക്ഷേപങ്ങൾ ഒട്ടേറെ ഞാൻ അഭിമുഖീകരിച്ചിട്ടുമുണ്ട്. വെണ്മണിയെത്തുടർൻ, മങ്കത്തയ്യിനെ മഞ്ജുവാക്കുകൾ പറഞ്ഞൊട്ടൊട്ടടുപ്പിച്ച്' ആ തങ്കപ്പട്ടുറവുക്കതൻ നടുവിലായ് കൈയൊന്നു' വെയ്ക്കലും തങ്കൽത്തീപ്പൊരി വീണപോലെ തരസാ തട്ടിപ്പിട'ഞ്ഞേൽക്കലും', 'മാരൻ വിട്ട ശരംകണക്കതിജവാൽ' പാഞ്ഞെത്തലും', നേരം ചെറ്റു കവിഞ്ഞ തെറ്റിനു' പൊൻകാപ്പണിക്കൈകളാൽ സൈ്വർയം കെട്ടിവരിഞ്ഞു' നിർത്തലും, വികസദ്രോമാഞ്ചമാം നെഞ്ചിലാ നീരൻധ്രോച്ചകുചങ്ങളാൽ ചിരതരം' മർദ്ദിക്കലും, അതിൻറെ മാദകലഹരിയിൽ മുഴുകിച്ചേരലും, ചെറുനാരങ്ങയെ സ്വച്ഛമാം കരതരാൽ' മർദ്ദിച്ചുകൊണ്ട് സാകൂതസ്മിതനായി' ഉൽക്കമ്പത്താലാകുല'മായ മാറത്തു തെളിനോട്ട'മാഴ്ത്തലും, മറ്റും ഇന്നു ജീവിച്ചിരിക്കുന്ന പല മഹാകവികളിലും യുവകവികളിലും കൂടി കടന്നുവൻ ഇങ്ങേ അങ്ങത്തെ കരുത്തുറ്റ കണ്ണിയായ എന്നിലും സ്ഥാനംപിടിച്ചിട്ടുണ്ടെന്നൽലാതെ സദാചാരസൗധങ്ങളുടെ അടിത്തറ പൊളിക്കുന്ന ആഗ്നേയപിണ്ഡങ്ങളൊന്നും ഞാൻ വർഷിച്ചിട്ടുള്ളതായി എനിക്കറിവിൽല. ഇതിനെസ്സംബൻധഇച്ചു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഞാനും മറ്റൊരു സഹൃദയനും തമ്മിൽ ഉണ്ടായ വാദകോലാഹലങ്ങളാണ് ഗീതഗോവിന്ദം' വിവർത്തം ചെയ്യുന്നതിൽ എനിക്ക് പ്രേരകമായിത്തീർന്നത്...
ദേവഗീത
ചങ്ങമ്പുഴ
ഇന്നത്തെ ചില റിയലിസ്റ്റ് സാഹിത്യകാരൻമാർ വ്യഭിചാര' വിഷയമാക്കി കഥകളും നോവലുകളും മറ്റും എഴുതുന്നതിൽ യാഥാസ്ഥിതികനിരൂപകൻമാർ കണക്കിലേറെ അരിശംകൊള്ളൂന്നതായിക്കാണാം. ഉപജീവനത്തിനു മറ്റൊരു മാർഗ്ഗവുമിൽലാതെ, ഉദരത്തിൻറെ ആഹ്വാനത്തിൽ മനസ്സാക്ഷിയുടെ ധാർമ്മികചോദനത്തെ അവഗണിച്ചുകൊണ്ട് സ്വശരീരത്തെ വിൽക്കുവാൻ ദയനീയമാംവിധം നിർബൻധിതയായിത്തീരുന്ന ഒരു പാവപ്പെട്ട വേശ്യയുടെ ചിത്രീകരണം അക്കൂട്ടരെ ക്ഷോഭിപ്പിക്കുന്നു. എന്നാൽ ഭർത്തൃമതികളായ ഗോപസ്ത്രീകൾ ശ്രീകൃഷ്ണൻറെ അംഗലാവണ്യത്തിലും കലാസിദ്ധിയിലും ഭ്രമിച്ച് സ്വകാന്തൻമാരെ കൈവെടിഞ്ഞു കാമാവേശത്താൽ വ്യഭിചാരസന്നദ്ധകളായി വൻ, മദനോത്സവം കൊണ്ടാടുന്നതായി ചിത്രീകരിക്കപ്പെടുമ്പോൾ ഭക്തിപാരവശ്യത്താൽ എനിക്ക് പലപ്പോഴും വിചിത്രമായിത്തോന്നാറുണ്ട്. അക്കൂട്ടരുടെ സമാധാനം ആ നായികമാർ ഗോപസ്ത്രീകളൽല ജീവാത്മാക്കളാണെന്നാണ്; അവരെ വഴിപിഴപ്പിച്ചു സ്വേച്ഛാപൂർത്തി നിർവിഘ്നം നിർവ്വഹിക്കുന്ന നായൻ ശ്രീകൃഷ്ണനൽല, പരമാത്മാവാണെന്നാണ്. എൽലാം ഒരു പരമവേദാന്തത്തിൻറെ സുന്ദരചിഹ്നങ്ങൾ മാത്രമാണത്രേ. ആയിരിക്കാം; അൽലെൻ എനിക്കു വാദമിൽല. പക്ഷഭേ, ജീവാത്മാവും പരമാത്മാവും തമ്മിൽ ആഘോഷിക്കപ്പെടുന്ന സുരതോത്സവവും, വേശ്യയും വിടനും തമ്മിൽ ചെയ്യുന്ന ലൈംഗികകർമ്മവും അതേ, അവ രണ്ടും യഥാർത്ഥത്തിൽ ഒന്നുതന്നെയൽലേ എന്നാണ് എൻറെ ചോദ്യം. ഒൻ യഥേഷ്ടം വർണ്ണിക്കപ്പെടാമെന്നും മറ്റൊൻ നിശ്ശങ്കം പരിത്യജിക്കപ്പെടണമെന്നും പറയുന്നതിൻറെ മൗലികമായ തത്ത്വം ഇന്നും എനിക്കു മനസ്സിലാകുന്നിൽല. ഒരു സഹൃദയൻ എൻറെ ഈ സംശയം പത്രദ്വാരാ ഒരിക്കൽ ദൂരീകരിക്കാൻ ശ്രമിച്ചു. അദ്ദേഹം പറയുന്നത് ആദ്യം ഞാൻ പ്രസ്താവിച്ചിട്ടുള്ള സംഗതികൾ പുരാണങ്ങളാണ്, അവയ്ക്കു പുരാണത്തിൻറെ മറ'യുണ്ട് എന്നെൽലാമാണ്. ഈ പ്രസ്താവത്തിൽ യുക്തിയുടെ ഒരംശംപോലും ഞാൻ കാണുന്നിൽല. ഒരാൽ നഗ്നനായി തെരുവീഥിയിൽക്കൂടി നടന്നുപോകുന്നതെന്തെന്നു ചോദിക്കുമ്പോൾ, ആ നഗ്നതയ്ക്ക് അന്തരീക്ഷത്തിൻറെ മറയുണ്ട് എന്നു പറയുന്നതുപോലെ മാത്രമേ ആ സമാധാനം തൃപ്തികരമാകുന്നുള്ളൂ.
ദേവഗീത
ചങ്ങമ്പുഴ
മേൽപ്രസ്താവിച്ച രീതിയിൽ പുരാണത്തിൻറെ മറ'യുള്ള ആയിരം പൂരപ്രബൻധങ്ങൾ നമുക്കുണ്ട്. അവയെൽലാം നമുക്കു തത്ത്വഭണ്ഡാഗാരങ്ങളാണ്. അവയെ നാം വാനോളം വാഴ്ത്തി സ്തുതിക്കുന്നു. ഭർത്തൃപുത്രനെ മൃഗമാക്കാൻ പണിപ്പെട്ടു പരാജയപ്പെടുകയും ആ പരാജയത്തിൻറെ പൈശാചികമായ പ്രതികാരാവേശത്താൽ ധർമ്മബോധത്തിൻറെ ശിരസ്സിൽ ശാപകീലം തറയ്ക്കുകയും ചെയ്യുന്ന സ്വർഗ്ഗത്തിലെ തേവിടിശ്ശികളെപുരാണത്തിൻറെ മറ'യ്ക്കു പിന്നിൽ മദിച്ചു പുളയ്ക്കുന്ന പുംശ്ചലികളെപൂവിട്ടു പൂജിക്കുന്ന നമുക്ക്, വിധിയുടെ കൈയിൽ കളിപ്പന്തായിച്ചമഞ്ഞ ഈഡിപ്പസ് രാജാവിനെ കാണുമ്പോൾ അവജ്ഞയാണു തോന്നുന്നതെന്നു പറഞ്ഞാൽ അതു വെറും അസംബൻധപ്രലപനത്തിൻറെ പർയായമായി പരിഗണിക്കുവാനേ എനിക്കു നിവൃത്തിയുള്ളൂ. ഗുരുപത്നിയെ തട്ടിയെടുത്തുകൊണ്ടുപോയ ശിഷ്യപ്രമുഖൻമാരും, സ്വപത്നി മധുവിധുവെൽലാം കഴിഞ്ഞു ശിഷ്യനിൽനിന്നു സമാർജ്ജിച്ച സന്താനസമ്പത്തുമായി തിരിച്ചെത്തുമ്പോൾ ഒരു പുളിച്ച ചിരി' ചിരിച്ചുകൊണ്ടു വീണ്ടും സ്വാഗതംചെയ്യുന്ന ചുണകെട്ട ഗുരുപ്രവരൻമാരും നമ്മുടെ പുരാണത്തിൻറെ മറയിൽ ഇന്നും അങ്ങനെ നിർബ്ബാധം കഴിഞ്ഞുകൂടുന്നു. അവർ നമ്മുടെ സദാചാരബോധത്തെ അൽപംപോലും ചതിച്ചിട്ടിൽല. ശന്തനുവിൻറെ ആശ്രമത്തിൽ വന്ന സൃഷ്ടികർത്താവായ ബ്രഹ്മാവിൻ, അമോഘയെ കണ്ടമാത്രയിൽ ശുക്ലം സ്രവിച്ചു. ആ സാധ്വിക്കു ഭർത്താവിൻറെ നിർബൻധത്താൽ അതു പാനം ചെയ്യേണ്ടിവ്നനു. (പത്നപുരാണംജമഴല 18024) അതേ; ഇങ്ങനെ പുരാണത്തിൻറെ മറയിൽ ദേവോചിതങ്ങളായ എത്രയെത്ര പരാക്രമങ്ങൾ പതിയിരിക്കുന്നു! അതിലൊന്നും നമുക്കു പരാതിയിൽല. നമ്മുടെ ചുറ്റുപാടും കണ്ടുവരുന്ന നിത്യജീവിതത്തിലെ ഇരുണ്ട വശങ്ങൾ അൽപമൊന്നു ചിത്രീകരിക്കാൻ ആരംഭിക്കുമ്പോഴേക്കും നമ്മുടെ സാൻമാർഗികബോധം ആകമാനം അട്ടിമലർന്നുവെന്നുള്ള ആക്രോശങ്ങൾ ആവിർഭവിക്കുകയായി!
ദേവഗീത
ചങ്ങമ്പുഴ
ക്രൈസ്തവവേദഗ്രൻഥം പരിശോധിച്ചു നോക്കിയാലും ഇത്തരത്തിലുള്ള നിരവധി സംഭവകഥകൾ അണി നിരന്നിട്ടുള്ളതായിക്കാണാം. ഒരു പിതാവ് പുത്രിയുമായി ലൈംഗികജീവിതം നയിക്കുന്നതിനെ ആധാരമാക്കി ഒരു ചെറുകഥ രചിക്കപ്പെട്ടാൽ ഉടൻ തുടങ്ങുകയായി അനിയന്ത്രിതമായ ഒരുവക ഹാലിളക്കം. അതു പുരോഗമനസാഹിത്യമാണെന്നും ആ സാഹിത്യം ഒരു വിഷസർപ്പമാണെന്നും അതിനെ ഉടനടി തച്ചുകൊൽലണണെന്നും ഉൽഘോഷിച്ചുകൊണ്ടു മിഷനറിമാരും പാതിരിമാരും നാലു ദിക്കിൽനിന്നും പാഞ്ഞെത്തി അനാവശ്യമായ സമരകോലാഹലങ്ങൾക്കു വട്ടംകൂട്ടിത്തുടങ്ങും. എന്നാൽ, രണ്ടു സഹോദരിമാർ കാമവികാരം സഹിക്കാനാകാതെ സ്വപിതാവിനു വീഞ്ഞുകൊടുത്തു മയക്കി മൃഗീയമായരീതിയിൽ കാമസംതൃപ്തിയടയുന്ന കഥ വേദഗ്രൻഥത്തിൻറെ ഏടുകളിൽ ഒളിച്ചിരിക്കുന്നതു കണ്ടിട്ടും അവർ കണ്ടഭാവം നടിക്കുന്നിൽല. സോളമണ് ചക്രവർത്തിക്ക് ഒരജപാലബാലികയിലുണ്ടായ അഭിനിവേശത്തെ ആധാരമാക്കി രചിച്ചിട്ടുള്ള ടീിഴ ീള ടീിഴ െഎന്ന സുന്ദരകലാസൃഷ്ടിയെപ്പോലും മതത്തിൻറെ കറുത്തുനീണ്ട ആ മേലങ്കിയണിയിച്ചു വികൃതപ്പെടുത്തിയാൽ മാത്രമേ അവരുടെയും സൻമാർഗ്ഗബോധം അചഞ്ചലമായി വർത്തിക്കുകയുള്ളൂവത്രേ. (എൻറെ ദിവ്യഗീതം' എന്ന കൃതിയും അതിലെ കുറിപ്പുകളും വായിച്ചു നോക്കുക) ക്രിസ്തുവിൻറെ ജനനത്തിൻ ആയിരം കൊൽലങ്ങൾക്കുമുൻപ് ജീവിച്ചിരുന്ന സോളമണ് ചക്രവർത്തി സ്വാനുഭവജന്യങ്ങളായ വികാരങ്ങൾക്കു രൂപംകൊടുത്തിള്ള ആ മനോഹരഗാനങ്ങൾ സഭയ്ക്കു ക്രിസ്തുവിനോടുള്ള സ്നേഹ''ത്തെ കീർത്തിക്കുന്ന വെരും പാതിരിപ്രസംഗങ്ങളാക്കി തരംതാഴ്ത്തുന്നത് തീർച്ചയായും മതം കലയോടു ചെയ്യുന്ന ഒരു കടുംകൈയാണെന്നുള്ളതിനു സംശയമിൽല. ഇണപെറ്റ രണ്ടിളം പുള്ളിമാൻപേടകളെ'പ്പോലെ സുന്ദരങ്ങളായ കുളിർമുലകളും, കുനുകൂന്തൽച്ചുരുളുകൾക്കുള്ളിലൊരുമാതളക്കനിപോലെ വിളങ്ങുന്ന കവിൾത്തടങ്ങളുമുള്ള തരളായതമിഴിമാരണിമകുടമണി മാലികയായ ആ ശൂലേമിക്കാരി വിലാസലാലസയും വിശൈ്വകമോഹിനിയുമായ ആ അജപാലകന്യക വെറും ഒരു നിർജ്ജീവസഭയാണത്രേ! അമ്പോ, ചിഹ്നങ്ങൾ കാണിക്കുന്ന ഇന്ദ്രജാലം!
ദേവഗീത
ചങ്ങമ്പുഴ
ദിവ്യഗീതം'വും, ദേവഗീത' (Song of Songs and ഗീത ഗോവിന്ദം) തമ്മിൽ വലിയ സാദൃശ്യമുണ്ടെൻ ആദംക്ലാർക്ക് അഭിപ്രായപ്പെടുന്നു. രാധയുടെ സ്ഥാനതത്ത് ഒരിടയപ്പെണ്കുട്ടിയും. ശ്രീകൃഷ്ണൻറെ സ്ഥാനത്ത് ഒരു ചക്രവർത്തിയും നായികാനായിൻമാരായിട്ടുണ്ടെന്നുള്ളതിൽക്കവിഞ്ഞു ദിവ്യഗീതത്തിനു ദേവഗീതയുമായി കാവ്യപരമായ ഒരു സാദൃശ്യവും ഞാൻ കാണുന്നിൽല. കവിതയുടെ മേൻമ നോക്കുമ്പോൾ ഗീതഗോവിന്ദത്തെ അപേക്ഷിച്ചു വളരെ പുറകിൽ നിൽക്കുന്ന ഒരു കൃതിയാണ് ടീഴി ീള ടീിഴ െഎന്നും എടുത്തുപറയേണ്ടിയിരിക്കുന്നു. മറ്റൊന്നിനോടു താരതമ്യപ്പെടുത്താതെ, ദിവ്യഗീതത്തെ ഒറ്റയ്ക്കെടുത്തു പരിശോധിച്ചാൽ അതൊരുത്തമകലാസൃഷ്ടിയാണെന്നു നിസ്സംശയം പറയാൻ സാധിക്കും. അങ്ങനെയാണു ചെയ്യേണ്ടും. ഗീതഗോവിന്ദത്തെ അപേക്ഷിച്ചു ദിവ്യഗീതത്തിൻ സ്തുത്യർഹമായ ഒരു മേൻമയുണ്ട് അതിൽ വൈഷയികമായ രംഗവർണ്ണനകളും അവയോടൊട്ടിനിൽക്കുന്ന രസഗുംഫനങ്ങളും വളരെ കുറവാണ്. രാധാകൃഷ്ണൻമാരുടെ കാമക്രീഡാപരിപാടികളെക്കൊണ്ടു കൊടുങ്കാറ്റടിച്ചിളകിമറിയുന്ന ഒരു വികാരപാരാവാരമാണ് ജയദേവൻ സൃഷ്ടിച്ചിട്ടുള്ളത്; സോളമണ് ചക്രവർത്തിയുടെ കലാസൃഷ്ടിയാകട്ടെ, ഇളംതെന്നലിൽ ചിറ്റലുകൾ ചിന്നിപ്പടരുന്ന ശാന്തസുന്ദരവും ഭൃംഗനാദരഞ്ജിതവുമായ ഒരു താമരപ്പയ്കയുമാണ്.
വൈഷ്ണവകവികളിൽ ജയദേവനെ സമീപിക്കുവാൻ ആർക്കെങ്കിലും സാധിച്ചിട്ടുണ്ടെങ്കിൽ അത് വിദ്യാപതിക്കു മാത്രമാണ്. അദ്ദേഹത്തിൻറെ ഗീതാവലി' യിലെ കൃതികൾ കലാംഗിയിൽ ജയദേവഗാനങ്ങളെ ചില സന്ദർഭങ്ങളിൽ അതിശയിക്കുന്നുണ്ടെന്നുതന്നെ പറയാം. ഇവരുടെ ഭാവാത്മകഗാനങ്ങൾ ഹൈന്ദവർക്ക് ഇന്നും ഉത്തേജകമായി വർത്തിക്കുന്നു. ജയദേവനെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ സുപ്രസിദ്ധങ്ങളാകയാൽ അവയെ ഇവിടെ വിസ്തരിക്കേണ്ട ആവശ്യമിൽല. അദ്ദേഹം തികഞ്ഞ ഒരു കൃഷ്ണഭക്തനായിരുന്നുവെൻ ഗീതഗോവിന്ദകാവ്യത്തിൽ തൻറെ മധുരഗാനങ്ങൾ ഭക്തിപാരവശ്യത്തോടെ അദ്ദേഹം ഉച്ചത്തിൽ പാടുകയും അതൊപ്പിച്ച് അദ്ദേഹത്തിൻറെ ധർമ്മപത്നിയായ പത്മാവതി ശ്രീകൃഷ്ണവിഗ്രഹത്തിനു ചുറ്റും നൃത്തം ചെയ്യുകയും പതിവായിരുന്നുവെന്നു പറയപ്പെടുന്നു. കൃഷ്ണഭക്തിയിൽ പത്മാവതി ജയദേവനെ അതിശയിച്ചിരുന്നതായും തത്ഫലമായി ശ്രീകൃഷ്ണഭഗവാൻ ഒരിക്കൽ ആ സാധ്വിയുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടതായും കീർത്തിക്കപ്പെടുന്നുണ്ട്. ഗീതഗോവിന്ദം പത്താംസ്വർഗ്ഗത്തിൽ, പത്തൊൻപതാം ഗീതത്തിൽ സപ്തമപാദത്തിലെ,
സ്മരഗരഖണ്ഡനം മമ ശിരസി മുണ്ഡനം
ദേഹി പദപൽലവമുദാരം
ദേവഗീത
ചങ്ങമ്പുഴ
എന്ന ഭാഗം ഭഗവാൻ തന്നെ എഴുതിച്ചേർത്തതാണത്രേ. അർത്ഥഭംഗിയും, ശബ്ദഭംഗിയും ഇത്തരത്തോളം ഒത്തിണങ്ങിച്ചേർന്നിട്ടുള്ള കാവ്യങ്ങൾ കാളിദാസകൃതികളൊഴികെ, മറ്റിൽലെന്നുതന്നെ പറയാം. രാധാകൃഷ്ണൻമാരുടെ പ്രണയത്തെ ആധാരമാക്കി ഭാരതീയരും ആംഗലേയരുമായി അനേകം കവികൾ ഒട്ടനധികം കാവ്യങ്ങൾ രചിച്ചിട്ടുണ്ട്. എന്നാൽ അവയ്ക്കൊന്നും അഷ്ടപദിയുടെ അനശ്വരയശസ്സാർജ്ജിക്കുവാൻ സാധിച്ചിട്ടിൽല. ഭാരതീയകവികളുടെ കൃതകളിൽ ഗീതാവലി'യും ശ്രീകൃഷ്ണകർണ്ണാമൃത'വും ആംഗലേയകവികളുടേതിൽ ആർ.സി. ട്രെവിലിയൻറെ, വിദ്രുമദ്രുമം' എന്ന നടകവും അത്യുത്തമകലാസൃഷ്ടികളായി പ്രശോഭിക്കുന്നു. ജയദേവഗാനങ്ങളിൽ ഒന്നെങ്കിലും ഹൃദിസ്ഥമാക്കിയിട്ടിൽലാത്തവരായി ഉത്തരഭാരതീയരിൽ ആരെങ്കിലും ഉണ്ടായിക്കുമോ എന്നു സംശയമാണ്. കുടിലിലും കൊട്ടാരത്തിലും ഒന്നുപോലെ കളിയാടിക്കൊണ്ടിരിക്കുന്ന ഒരു വിശ്വമോഹിനിയാണ് ജയദേവഭാരതി.
കേരളത്തിൽ ഒരുകാലത്ത് അഷ്ടപദിക്കു വലിയ പ്രചാരം സിദ്ധിച്ചിരുന്നു. ഗീതഗോവിന്ദത്തെ അനുകരിച്ചു രാമപാണിവാദൻ ഗീതരാമം' എന്ന ഒരു കാവ്യം രചിച്ചിട്ടുണ്ട്. ഉത്തരകേരളത്തിൽ സർവ്വാദരണീയമായി കൊണ്ടാടപ്പെട്ടിരുന്ന കൃഷ്ണനാട്ടം' കേരളീയർക്കു ഗീതവോഗിന്ദത്തോടുണ്ടായിരുന്ന പ്രതിപത്തിക്ക് ഉത്തമദൃഷ്ടാന്തമാണ്. ഇന്നും വിഷ്ണുക്ഷേത്രങ്ങളിൽ ജയദേവഗാനങ്ങൾ പാണിവാദനത്തോടൊപ്പം പാടിപ്പോരുന്നുണ്ട്. കഥകളിയിലെ ഒരു പ്രധാനചടങ്ങായ മഞ്ജുതര'യ്ക്കുപയോഗിക്കുന്നത് ഗീതഗോവിന്ദത്തിലെ,
മഞ്ജുതരകഞ്ജതലകേളിസദനേ,
ഇഹ വിലസ രതിരഭസഹസിതവദനേ;
പ്രവിശ രാധേ, മാധവസമീപം!''
എന്നു തുടർന്ന ഇരുപത്തിയൊന്നാമത്തെ സരളമധുരമായ ഗാനതൽലജമാണ്. അടുത്തകാലത്ത് തിരുവിതാംകൂറിൽ ഏവൂർ' എന്ന സ്ഥലത്ത് ഏതാനും സഹൃദയൻമാർ ഒത്തുചേർൻ ഒരു സംഘം രൂപീകരിക്കുകയും അതിൻറെ ആഭിമുഖ്യത്തിൽ അഷ്ടപദിക്കു വീണ്ടും കേരളത്തിൽ പ്രചാരമുണ്ടാക്കുവാനുള്ള പ്രവർത്തനപരിപാടികൾ സജ്ജമാക്കുകയും ചെയ്തിട്ടുള്ളതായി പത്രങ്ങളിൽ ഞാൻ വായിച്ചതായി ഓർക്കുന്നു! അവരുടെ സദുദ്യമത്തിൻ തിരുവിതാംകൂർ ഗവണ്മെൻറ് പല ആനുകൂൽയങ്ങഹളും ചെയ്തുവരുന്നതായും അവരുടെ ഗീതഗോവിന്ദകഥാപ്രസംഗം ഗവണ്മെൻറു ക്ഷേത്രങ്ങളിലെ ഉത്സവപരിപാടികളിൽ ഒരു പ്രധാന ചടങ്ങായി അംഗീകരിച്ചിട്ടുള്ളതായും പറയപ്പെടുന്നു. പ്രോത്സാഹനാർഹമായ ഈ പ്രസ്ഥാനത്തിനു സാർവ്വത്രികമായ പ്രചാരം സിദ്ധിക്കുമെന്നുള്ളതിൽ സംശയമിൽല. അതിൻറെ പ്രവർത്തകൻമാരെ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നതോടപ്പം, ഇന്നു നിശ്ശേഷം നശിച്ചിരിക്കുന്ന കൃഷ്ണനാട്ട' ത്തെ പുനരുദ്ധരിക്കേണ്ട കർത്തവ്യം അവരെയും മറ്റു കലാപ്രണയികളെയും അനുസ്മരിപ്പിക്കുകകൂടി ചെയ്തുകൊള്ളട്ടെ!
ദേവഗീത
ചങ്ങമ്പുഴ
ആദാം ക്ലാർക്കിൻറെയും, എഡ്വിൻ ആർനോൾഡിൻറെയും ഗീതഗോവിന്ദപരിഭാഷകൾ നാലഞ്ചുകൊൽലങ്ങൾക്കു മുൻപു ഞാൻ ഇംഗ്ലീഷിൽ വായിക്കുകയുണ്ടായി. ഇത്ര കാലമായിട്ടും ഈ വിശിഷ്ടകാവ്യത്തിനു മലയാളത്തിൽ ഒരു പരിഭാഷയുണ്ടാകാതിരുന്നതിൽ എനിക്ക് അത്ഭുതം തോന്നുന്നു. അഷ്ടദി' ഏതെങ്കിലും രൂപത്തിൽ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഒരു കൈകാട്ടിക്കളിപ്പാട്ടായിട്ടാണ്. ഇടപ്പള്ളി രാജവംശത്തിലെ തമ്പുരാട്ടിമാർക്കു തിരുവാതിരകളിക്കുപയോഗിക്കുവാനായി അന്നത്തെ വലിയരാജാവിൻറെ നിർദ്ദേശമനുസരിച്ച്, കൊട്ടാരത്തിലെ അദ്ധ്യാപകനും ഇടപ്പള്ളി സ്വദേശിയുമായ പൊന്നാടിപ്പുഷ്പകത്തു നമ്പ്യാർ രചിച്ചിട്ടുള്ളതാണ് പ്രസ്തുത കൃതി. അതിൻറെ ഒരു പ്രതി കിട്ടുവാനായി പലടിയങ്ങളിലും ഞാൻ തിരയുകയുണ്ടായി. എങ്കിലും ഒടുവിൽ എനിക്കു നിരാശപ്പെടേണ്ടതായിതന്നെ വന്നുകൂടി. പണ്ഡിതാഗ്രേസരനായ ശൗരീ കെ.വി.എം. ഗീതഗോവിന്ദത്തിൻ ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്.
അദ്ദേഹത്തോടു നേരിട്ടു ചോദിച്ചിട്ടും എനിക്കതിൻറെ ഒരു പ്രതി ലഭിക്കുവാൻ സാധിച്ചിൽല. കിട്ടിയിരുന്നുവെങ്കിൽ ഈ പരിഭാഷ ഒന്നു കൂടി നിറംപിടിപ്പിക്കുവാൻ എനിക്കു സാധിക്കുമായിരുന്നു. ഞാൻ വിവർത്തനത്തിനായി അവലംബിച്ചിട്ടുള്ള ഏകഗ്രൻഥം ശൂലപാണിപരവശതനൂജൻമാ' വായ രാജശ്രീ കെ.കെ. ഗോവിന്ദന്നായർ തർജ്ജമചെയ്തിട്ടുള്ള ലക്ഷ്മീധര' വ്യാഖ്യാനമാണ്. സാരജ്ഞനായ ആ മഹാനു ആരെന്നോ ഇപ്പോൾ ജീവിച്ചിരുപ്പുണ്ടോ എന്നോ എനിക്കേകാവലംബമായി വർത്തിച്ച പ്രസ്തുത വ്യാഖ്യാനത്തിൻറെ പ്രണേതാവിനോട് എനിക്കുള്ള കൃതജ്ഞതയെ ഭക്തിപൂർവ്വം ഞാൻ ഇവിടെ രേഖപ്പടുത്തിക്കൊള്ളൂന്നു .
അഷ്ടപപദി കൈകൊട്ടിക്കളിപ്പാട്ടായി എഴുതിയ ശ്രീ. നമ്പ്യാരെ അധികനാൾ ചെൽലുന്നതിനുമുൻപ് ഇടപ്പള്ളിയിലെ വിഷ്ണുക്ഷേത്രത്തിൽ വെച്ച് ഒരു സർപ്പം കടിച്ചു എന്നും അങ്ങനെയാണദ്ദേഹം മൃതിയടഞ്ഞതെന്നും പറയപ്പെടുന്നു. ഞാൻ ഈ കൃതി പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ എൻറെ നാട്ടുകാരായ ചില സുഹൃത്തുക്കൾ ഇതു പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തുകയുണ്ടായി. പക്ഷേ, മനുഷ്യൻറെ ആയുസ്സിനെക്കുറിച്ചു വലിയ മതിപ്പൊന്നുമിൽലാത്ത ഞാൻ ആ വക ഭീഷണികളെ പരിഹാസപൂർവ്വം അവഗണിച്ച് എൻറെ ഉദ്യമം തുടരുകതന്നെ ചെയ്തു. അങ്ങനെ പ്രതിദിനം ഓരോ സ്വർഗ്ഗം വീതം പരിഭാഷപ്പെടുത്തി പന്ത്രണ്ടുദിവസം കൊണ്ടു ഞാൻ ഈ ദേവഗീത' പൂർത്തിയാക്കി. എൻറെ സംരംഭം വിജയകരമായി എന്നെനിക്കഭിമാനമിൽല. എനിക്കു സാധിക്കുന്നതു ഞാൻ ചെയ്തുവെന്നുമാത്രം. സംസ്കൃതപണ്ഡിതൻമാർ ആരെയെങ്കിലും ഞാൻ ഇതു കാണിക്കുകയോ അവരുടെ അഭിപ്രായമറിഞ്ഞു തെറ്റുകൾ തിരുത്തുകയോ ചെയ്തിട്ടിൽല. വ്യാകരണത്തെ സംബൻധിച്ചിടത്തോളം അറിഞ്ഞും അറിയാതെയും എനിക്കു പല പിഴകളും പറ്റിപ്പോയിട്ടുണ്ട്. മൂലഗ്രൻഥത്തിലെ അഞ്ചുശ്ലോകങ്ങൾമാത്രം മലയാളത്തിൽ ഈ രണ്ടു ശ്ലോകങ്ങളാക്കി വിവർത്തനം ചെയ്യുവാനേ സാധിച്ചിട്ടുള്ളൂ. ഈ പരിഭാഷയിൽ പല സ്വാതന്ത്ർയങ്ങളു എനിക്കെടുക്കേണ്ടതായി വന്നുകൂടി. ഏതായാലും,
ദേവഗീത
ചങ്ങമ്പുഴ
Fish that didst outswim the flood;
Tortoise whereon earth harth stood;
Boar! who whith thy tusk held'st high
The world, that mortals might not die;
Lion! who hast giants torn;
Dwarfl who laugh'dst a king to scorn;
Sole subduer of the Dreaded!
Stayer of the many headed!
Mighty ploughman! Teacher tendertഎന്നും
Of thine own the sure Defender!
Under all thy ten Defender!
Endless praise to there arises.
When thou thy Gaint Foe didst seize and rend,എന്നും ഉള്ള വിവർത്തനങ്ങൾകൊണ്ടു തൃപ്തിപ്പെടുത്തേണ്ട കേരളീയർ,
Fierce, fearful, long, and sharp were fang and nail;
Thou who the Lion and the Man didst blend.
Lord of the Univerce, hail, Narsingh, hail!
വേദോദ്ധാരകനയ്, ത്രിലോകവഹനാ യുദ്വിഭൂഭൂചക്രനായ്എന്നും
ഹാ, തൈത്യാന്തകനായ്, ബലിപ്രണതനാ യക്ഷത്രിയദ്വേഷിയായ്
വൈദേഹിക്കഴൽചേർത്ത രാവണനിടിത്തീയായ്, ഹലാ ശസ്ത്രനാ-
യൗദാർയകരമായ്, ഖലപ്രമഥനാം വിഷ്ണോ, നമിക്കുന്നു ഞാൻ.
ആ ഹിരണ്യകശിപുതൻ ലൂന -
ദേഹമാം മത്തഭൃംഗകം
തങ്ങിനിൽക്കും നഖങ്ങൾ മേളിക്കു -
മങ്ങതൻ പാണിപങ്കജം,
അപരതിമമതുൽലസിക്കുന്ന്നി -
തത്ഭുതോഗഗ്രമയാങ്ങനെ!
ജയ, ധൃതനരഹരിരൂപ, ഹരേ,
ജയ, കേശഴ, ജഗദീശ, ഹരേ!
എന്നും ഉള്ള പരിഭാഷകൾക്ക് അവയിലെന്തൊക്കെ പിഴയുണ്ടായാലും, മാപ്പു കൊടുക്കാതിരിക്കയിൽലെന്നാശിക്കാം.
ജയദേവമഹാകവിയുടെ കമനീയമായ കലാശിൽപത്തെ ഇങ്ങനെ വികൃതപ്പെടുത്തുവാൻ മുതിർന്ന സാഹസത്തിനു
വീണ്ടും വീണ്ടും മാപ്പുചോദിച്ചുകൊണ്ട് ഞാൻ എൻറെ ദേവഗീത' യെ സഹൃദയൻമാരുടെ മുമ്പിൽ സാദരം സമർപ്പിച്ചുകൊള്ളൂന്നു.
കാനാട്ടുകര
ത്രിശ്ശൂര്. ചങ്ങമ്പുഴ കൃഷ്ണപിള്ള
18-03-1121
ദേവഗീത
ചങ്ങമ്പുഴ
ജയദേവഗീത പരിഭാഷ ചെയ്യുവാൻ
ഭയമുണ്ടെനിക്കു, സമഭിജ്ഞനല്ല ഞാൻ
ദയവായ് ക്ഷമിച്ചു മമ മാപ്പു നല്കണം
നയശീലരെൻറെ നവസാഹോദ്യമം.
-ചങ്ങമ്പുഴ കൃഷ്ണപിള്ള
ദേവഗീത
ചങ്ങമ്പുഴ
ഒന്നാം സർഗ്ഗം
സാമോദദാമോദരം
കോടക്കാറിടതൂർന്നതാണു ഗഗനം,
രാധേ, തമാലാപ്തമീ-
ക്കാടൊട്ടുക്കിരുളാർന്നതാണു, നിശയാ-
യോർത്താലിവൻ ഭീരുവും;
വീടെത്തിച്ചിടുകാകയാലിവനെ നീ-
താ,നെന്ന നന്ദോക്തിയാൽ
കൂടിച്ചേർന്നു ഗമിച്ചു മാധവനുമ-
ന്നുൾപ്രീതമായ് രാധയും!
1
യമുനയുടെ തടത്തിൽ മാർഗ്ഗമദ്ധ്യേ
സുമിതസുരമ്യനികുഞ്ജങ്ങൾതോറും
അമലരവർ യഥേച്ഛമാസ്വദിച്ചോ-
രലർശരകേളികളന്വഹം ജയിപ്പൂ!
2
വാണീപാദപവിത്രചിത്രവിലസൽ-
ചേതോനികേതൻ, നിജ-
പ്രാണാധീശ്വരി പത്മതൻ നിരഘമാം
നൃത്തത്തിനുത്തേജകൻ
വേണുംപോൽ ജയദേവനാം കവിയിതാ
വർണ്ണിപ്പിതാത്താദരം
ചേണഞ്ചും വസുദേവനന്ദനരതി-
ക്രീഡാവിലാസോത്സവം.
3
ദേവഗീത
ചങ്ങമ്പുഴ
ചിത്തം ശ്രീവിശ്വനാഥസ്മരണയിലനുര-
ഞ്ജിക്കിലാക,ട്ടെതല്ലാ
മെത്തും ശൃംഗാരസാന്ദ്രോജ്ജ്വലകലകളിലാ-
ണിഷ്ടമെന്നാലതാട്ടേ;
എത്തിക്കേട്ടാസ്വദിക്കൂ സരളപദസമാ-
ലംകൃതോദ്യൽപ്രസാദ-
സ്നിഗ്ദ്ധസ്ഫീതാഭമാമീ മധുമയജയദേ-
വോക്തി,യെൻ ലോകമേ നീ!
4
ശബ്ദാഡംബരനാണുമാപതിധരൻ,
സംശ്ലാഘ്യനാണെങ്കിലും
ശബ്ദത്തിങ്കൽ ദുരൂഹ്യതയ്ക്കിടകൊടു-
ത്തീടുന്നു, ഹാ,ചാരണൻ.
സ്പർദ്ധിപ്പൂ കവിവര്യനാം ശ്രുതിധരൻ
ഗാവർദ്ധനാചാര്യരോ-
ടിദ്ധഖ്യാതിവഹിപ്പതില്ലനുപമ-
ശൃംഗാരകാവ്യാപ്തിയിൽ!
5
കവികുലനൃവരൻ ധോയി-
ക്കവികലമല്ല യശസ്സു ലവലേശം
സുവിശദശബ്ദാവലിത-
ന്നവസരശുദ്ധിയറിവോൻ ജയദേവൻ!
6
ദേവഗീത
ചങ്ങമ്പുഴ
ഗീതം ഒന്ന്
1
ജ്ഞാനമാർഗ്ഗമായ് മുക്തിയിങ്കലേ-
ക്കാനയിക്കുമാ വേദങ്ങൾ,
ഉൽക്കടപ്രളയാബ്ധിയിങ്കൽനി-
ന്നുദ്ധരിച്ചു വഹിപ്പു നീ!
ജയ, ധൃതമകരശരീര, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!
2
നിത്യഭൂധാരണത്തിനാൽ,ത്തഴ-
മ്പൊത്തു ചുറ്റും, ഗരിഷ്ഠമായ്,
വിസ്തൃതമാം നിൻ പൃഷ്ഠവേദിയിൽ
വർത്തിപ്പൂ വിശ്വമണ്ഡലം!
ജയ, ധൃതമഠകരൂപ, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!
3
ഉഗമായ നിൻ ദംഷ്ട്രിയിൽച്ചേർന്നു
പറ്റി, വിട്ടിടാതങ്ങനെ,
ഉല്ലസിപ്പിതിക്ഷോണി, ചന്ദ്രനി-
ലുള്ളൊരാപ്പങ്കരേഖപോൽ!
ജയ, ധൃതസ്രൂകരരൂപ, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!
4
ആ ഹിരണ്യകശിപുതൻ ലൂന-
ദേഹമാം മത്തഭൃംഗകം,
തങ്ങിനിൽക്കും നഖങ്ങൾ മേളിക്കു-
മങ്ങതൻ പാണിപങ്കജം
അപ്രതിമമതുല്ലസിക്കുന്നി-
തദ്ഭുതോദ്രമായന്വഹം!
ജയ, ധൃതനരഹരിരൂപ, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!
ദേവഗീത
ചങ്ങമ്പുഴ
5
ലോകവിസ്മയകാരികൾക്കഴ-
ലേകുമത്ഭുതവിക്രമ!
ത്വച്ചരണനഖോദകം പാപ-
മുക്തിദം, ശുദ്ധിദായകം.
പാതമേകുന്നു, ഹാ ബലിക്കങ്ങു
പാദവിക്ഷേപശക്തിയാൽ!
ജയ, ധൃതപടുവടുരൂപ, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!
6
ക്ഷോണിയെ സ്വയം ക്ഷത്രിയകുല-
ശോണിതമയഗംഗയിൽ,
മുക്കിടുന്നു നീ ഭഞ്ജിതപാപം
നിഷ്ക്രമിതഭവാതപം!
ജയ, ജയ, ഭൃഗുകുലതിലക, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!
7
ആശകൾക്കധിനായകർക്കുള്ളി-
ലാശചേർത്തു ചേർത്തന്വഹം,
മിന്നിടും ദശഗീവകോടീര-
ധന്യമാം ബലി, യുദ്രസം,
ചിത്തരമ്യമായ് ക്ഷേപണംചെയ് വൂ
പത്തുദിക്കിലും, ഹാ, ഭവാൻ!
ജയ, രഘുവര, ജയ, രാമ, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!
8
ശ്വേതരമ്യവപുസ്സതിൽ, ഹല-
പാതഭീതിയാലാദരാൽ,
ത്വൽപദാശ്രയം തേടിയെത്തിയോ-
രപ്പവിത്രയമുനപോൽ,
അംബുരാഭം പരിലസിപ്പു നി-
ന്നംബരം, ഹാ, മനോഹരം!
ജയ, ഹലധര, ബലരാമ, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!
ദേവഗീത
ചങ്ങമ്പുഴ
9
ത്യാഗമൂർത്തിയായെത്തിയ ഭവാൻ
യാഗകർമ്മവിധികളിൽ,
ഹാ, ഹസിപ്പൂ നിഷിദ്ധമായുള്ള
ഗാഹനനക്രിയാദികൾ!
ജയ, കരുണാമയ, ബുദ്ധ, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!
10
സ്വേച്ഛയാ, പാപപങ്കിലരായ
മ്ളേച്ഛരെക്കൊന്നൊടുക്കുവാൻ
ധൂമകേതുവെപ്പോൽ കരാളമാം
ഭീമഖഡ്ഗം ധരിപ്പൂ നീ!
ജയ, ധൃതകൽക്കിശരീര, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!
11
അത്യുദാരമായുത്സവദമാ-
യത്രമാത്രം ശുഭദമായ്,
ക്കൽമഷഹരമായ്, ജയദേവ-
നിർമ്മിതമാമിഗ്ഗീതകം,
ഭക്തവത്സലനാം ഭവാൻ, കനി-
ഞ്ഞുദ്രസം ശ്രവിക്കേണമേ!
ജയ, ധൃതദശവിധരൂപ, ഹരേ!
ജയ, കേശവ, ജഗദീശ, ഹരേ!
വേദോദ്ധാരകനായ്, ത്രിലോകവഹനാ-
യുദ്വിഭ്രഭൂചക്രനായ്,
ഹാ, ദൈത്യാന്തകനായ്, ബലിപ്രണതനാ-
യക്ഷത്രിയദ്വേഷിയായ്
വൈദേഹിക്കഴൽചേർത്ത രാവണനിടി-
ത്തീയായ്, ഹലാശസ്ത്രനാ-
യൗദാര്യാകരമായ് ഖലപ്രമഥനാം-
വിഷ്ണോ, നമിക്കുന്നു ഞാൻ.
7
ദേവഗീത
ചങ്ങമ്പുഴ
ഗീതം രണ്ട്
1
ശ്രിതകമലാകുചോജ്ജ്വലമണ്ഡല,
ധൃതമകരമനോഹരകുണ്ഡല,
കലിതകൽപകമാലികോരസ്ഥല,
ജയ, ഹരേ, ജയ, ദേവ, സുനിർമ്മല!
2
ജയ, ദിനമണിമണ്ഡലമണ്ഡന,
ജയ, നിയതഭവഭയഖണ്ഡന!
മുനിമാർമാനസഹംസ, ജനാർദ്ദന,
ജയ, ഹരേ, ജയ, ഹേ, മധുസൂദന!
3
ഗരളഗർവ്വിതകാളിയഭഞ്ജന,
ഗരുഡവാഹന, ലോകാനുരഞ്ജന,
യദുകുലാബ്ജദിവാകര, മൊഃഅന,
ജയ, ഹരേ, ജയ, ദേവാരിനാശന!
ദേവഗീത
ചങ്ങമ്പുഴ
4
മധു -മുര-നരകാദിവിദ്ധ്വംസന,
മധുരദർശന, മംഗളകാരണ,
സുരസമൂഹപ്രസാദപരായണ,
ജയ, ഹരേ, ജയ, ദേവ, നാരായണ!
5
അമലപദ്മദളോജ്ജ്വലലോചന,
അസഹനീയഭവഭയമോചന,
അഖിലലോകനിധാന, നിരഞ്ജന,
ജയ, ഹരേ, ജയ, ദേവ, ജനാർദ്ദന!
6
ജനകജാകൃതമംഗളഭൂഷണ,
ജയ, ജയ, ഹരേ, ഹേ, ജിതഭൂഷണ!
ജയ, സമരശമിതദശാനന,
ജയ, ഹരേ, ദേവ, ഹേ, രഘുനന്ദന!
7
നവലളിതജലധരസുന്ദര,
നളിനജാസ്യ വിധുചകോര, വര,
ജയ, ജയ, ദേവ, സായൂജ്യമന്ദ്ര,
ജയ, ജയ, ഹരേ, ദേവ, ഹേ, ധൃതമന്ദര!
8
പരിലസിപ്പൂ ജയദേവനിർമ്മിതം
പരമാനന്ദതം ഗീതാമൃതമിദം
ജയ, ജയ, ഹരേ, ശൗരേ, ജനാർദ്ദനാ,
ജയ, ജയ, ദേവ, ഹേ, മധുസൂദന!
ദേവഗീത
ചങ്ങമ്പുഴ
അന്തസ്ഥോജ്ജ്വലരാഗദീപ്തി വെളിവായ്
കാണും വിധം പത്മതനു
പന്തൊക്കുന്ന പയോധരങ്ങൾ പകരും
കാശ്മീരമാർന്നങ്ങനെ;
ചെന്താർബാണശരാർത്തിമൂലമുതിരും
സ്വേദങ്ങളാൽ സൗഭഗം
ചിന്തിടും മധുവൈരിതൻ മഹിതമാം
മാർത്തട്ടു നൽകും ശുഭം!
8
പൂക്കാലം വന്നകാലം, പ്രണയവിവശയായ്
കൃഷ്ണനെത്തേടി, പിച്ചി-
പ്പൂക്കൾക്കൊപ്പം മൃദുത്വം കലരുമവയവം
സർവ്വവും താന്തമായി,
അക്കാന്താരാന്തരത്തിൽ, ത്വരയൊടു മദനാ-
വേശവൈവശ്യമുൾച്ചേ-
ർന്നുൾക്കാമ്പിൽ ദീപ്തമാകും രതിയൊടുഴറുമാ
രാധയോടോതി തോഴി.
9
ഗീതം മൂന്ന്
1
അവിടെയക്കാണുന്ന കാഴ്ചയെന്താ-
ണയി സഖി, രാധേ, നീയങ്ങു നോക്കു!-
ലളിതലവംഗലതകളാടി
കുളിർമലയാനിലനൊത്തുകൂടി;
പരിചിലിന്ദിന്ദിരകോകിലങ്ങൾ,
പകരുന്നഝങ്കാരപഞ്ചമങ്ങൾ,
സതതം മൃദുലതരംഗകങ്ങൾ
വിതറുമിക്കുഞ്ജകുടീരകങ്ങൾ,
വികസദ്വസന്തയോഗാഞ്ചിതങ്ങൾ
വിരഹിജനാത്മവിഭേദകങ്ങൾ
നിറയുന്നൊരീ യമുനാതടത്തിൽ
നിരുപമശ്യാമവനോദരത്തിൽ,
കനകാംഗിമാരുമായൊത്തുകൂടി-
ക്കലിതകൗതൂഹലം നൃത്തമാടി;
വിവിധസല്ലാപജോല്ലാസഭാവൻ
വിഹരിച്ചിടുന്നു, ഹാ, വാസുദേവൻ!
ദേവഗീത
ചങ്ങമ്പുഴ
2
അവിടെക്കാണുന്ന കാഴ്ചയെന്താ-
ണയി സഖി, രാധേ, നീയങ്ങു നോക്കൂ!-
മലരമ്പനെയ്യുന്ന സായകങ്ങൾ
മനതാരിൽ കാമസ്ഫുലിംഗങ്ങൾ,
എരിയിക്കെ,പ്പാന്ഥവധൂജനങ്ങൾ
ചൊരിയുമാശാകുലരോദനങ്ങൾ,
വഴിയവേ, വാരിളം പൂങ്കുലകൾ,
വരിവണ്ടിൻ ചേണുറ്റ മാലികകൾ,
അകലുഷദീപ്തിയിൽചേർന്നു, ചിന്നി-
ബ്ബകുളകലാപമിണങ്ങി മിന്നി,
വിലസുന്നൊരീ യമുനാതടത്തിൽ
വിലുളിതശ്യാമവനോദരത്തിൽ,
കനകാംഗിമാരുമായൊത്തുകൂടി-
ക്കലിതകൗതൂഹലം നൃത്തമാടി,
വിവിധസല്ലാപജോല്ലാസഭാവൻ
വിഹരിച്ചിടുന്നു, ഹാ, വാസുദേവൻ!
3
അവിടെക്കാണുന്ന കാഴ്ചയെന്താ-
ണയി സഖി, രാധേ, നീയങ്ങു നോക്കൂ!-
മൃഗമദസൗരഭശ്രീയിണങ്ങി
പ്രഗതപ്രവാളങ്ങൾ തിങ്ങിവിങ്ങി,
കരളും മിഴിയും കവർന്നു, ഭംഗി-
കലരും തമാലദ്രുമങ്ങൾതിങ്ങി,
വിരഹവിവശയുവാന്തരംഗ-
വിദലകാനംഗനഖാഭയേന്തി,
നിരനിരയായ് നിൽക്കും കിംശുകങ്ങൾ
നിറയുമിശ്യാമവനോദരത്തിൽ,
കനകാംഗിമാരുമായൊത്തുകൂടി-
ക്കലിതകൗതൂഹലം നൃത്തമാടി,
വിവിധസല്ലാപജോല്ലാസഭാവൻ
വിഹരിച്ചിടുന്നു, ഹാ, വാസുദേവൻ!
ദേവഗീത
ചങ്ങമ്പുഴ
4
അവിടെക്കാണുന്ന കാഴ്ചയെന്താ-
ണയി സഖി, രാധേ, നീയങ്ങു നോക്കൂ!-
മദനമഹേശകനകദണ്ഡം
മഹിതാഭ വാരി വീശുന്നവണ്ണം,
വിമലസുരഭിലകുഡ്മളങ്ങൾ
വികസിച്ചുനിൽക്കുന്ന കേസരങ്ങൾ;
സ്മരനെഴും തൂണീരമെന്നപോലെ
കരിവരിവണ്ടുകൾ ചേർന്നു, ചാലേ,
അനുപമസൽസുമസഞ്ചയങ്ങൾ
അണിയിട്ടുനിൽക്കുന്ന പാടലങ്ങൾ;
വിലസുന്നൊരീ യമുനാതടത്തിൽ
വിലുളിതശ്യ്യാമവനോദരത്തിൽ,
കനകാംഗിമാരുമായൊത്തുകൂടി-
ക്കലിതകൗതൂഹലം നൃത്തമാടി,
വിവിധസല്ലാപജോല്ലാസഭാവൻ
വിഹരിച്ചിടുന്നു, ഹാ, വാസുദേവൻ!
5
അവിടെക്കാണുന്ന കാഴ്ചയെന്താ-
ണയി സഖി, രാധേ, നീയങ്ങു നോക്കൂ!-
സ്മരശരദൂരിതലജ്ജരാകും
തരുണർതൻ വിശ്വാവലോകനത്തിൽ,
പരിഹാസപ്പുഞ്ചിരിതൂകിത്തൂകി-
പ്പരിലസിച്ചീടും കുറുമൊഴികൾ;
വിരഹിജനങ്ങളെ കുത്തുവാനായ്
വിരചിച്ച കുന്തമുഖങ്ങൾപോലെ-
തുടരെയെല്ലാടവും താണുപൊങ്ങി-
യിടതിങ്ങിനിൽക്കുന്ന കേതകങ്ങൾ,
നിറയുന്നൊരീ യമുനാതടത്തിൽ
നിരുപമശ്യ്യാമവനോദരത്തിൽ,
കനകാംഗിമാരുമായൊത്തുകൂടി-
ക്കലിതകൗതൂഹലം നൃത്തമാടി,
വിവിധസല്ലാപജോല്ലാസഭാവൻ
വിഹരിച്ചിടുന്നു, ഹാ, വാസുദേവൻ!
ദേവഗീത
ചങ്ങമ്പുഴ
6
അവിടെക്കാണുന്ന കാഴ്ചയെന്താ-
ണയി സഖി, രാധേ, നീയങ്ങു നോക്കൂ!-
കുളിർപിച്ചിപ്പൂമണം വാർന്നൊഴുകി
കുറുമൊഴിമുല്ലകൾ പൂക്കൾ പാകി,
യമികൾതൻ മാനസത്തിന്നുപോലും
ഭ്രമമേകിടുംവിധം കാന്തികോലും,
യുവജനാഭീഷ്ടസാഫല്യമേകും
സവിലാസമാമീ വനോദരത്തിൽ,
കനകാംഗിമാരുമായൊത്തുകൂടി-
ക്കലിതകൗതൂഹലം നൃത്തമാടി,
വിവിധസല്ലാപജോല്ലാസഭാവൻ
വിഹരിച്ചിടുന്നു, ഹാ, വാസുദേവൻ!
7
അവിടെക്കാണുന്ന കാഴ്ചയെന്താ-
ണയി സഖി, രാധേ, നീയങ്ങു നോക്കൂ!-
പരിലസൽപ്പിച്ചകവല്ലരിതൻ
പരിരംഭണം മെയ്യിലേൽക്കയാലേ,
പുളകം പൊടിച്ചപോൽ മോഹനമായ്
പുതുതായി മൊട്ടിട്ട ചൂതജാലം,
അഴകിൽനിരന്നു, പരിസരത്തി-
ലൊഴുകും യമുനതൻ സംഗമത്തിൽ,
ജലശീകരപരിപൂതമായി
വിലസുമീ വൃന്ദാവനാന്തരത്തിൽ,
കനകാംഗിമാരുമായൊത്തുകൂടി-
ക്കലിതകൗതൂഹലം നൃത്തമാടി,
വിവിധസല്ലാപജോല്ലാസഭാവൻ
വിഹരിച്ചിടുന്നു, ഹാ, വാസുദേവൻ!
ദേവഗീത
ചങ്ങമ്പുഴ
8
മധുസൂദനസ്മൃതിസാരമായി
മധുമാസവർണ്ണനാസാന്ദ്രമായി.
ജനിതമദനവികാരമായി
ജയദേവൻ തൂകുമീ ദിവ്യഗീതം,
നുതിചെയ് വതാരെ,യാ വാസുദേവൻ
കുതുകാൽ കനകാംഗിമാരുമായി,
വിവിധസല്ലാപപ്രസക്തനായി
വിഹരിപ്പൂ വൃന്ദാവനത്തിൽ!
കണ്ടാലും വിടരുന്ന മല്ലികകൾതൻ
ചഞ്ചൽപ്പരാഗങ്ങളെ-
ക്കൊണ്ടാരമ്യസുഗന്ധചൂർണ്ണമൊരുപോൽ-
ക്കാടാകെയർച്ചിച്ചിതാ,
തണ്ടാർസായകജീവവായു വെളിയിൽ-
ത്തത്തുംവിധം കേതക-
ച്ചെണ്ടിൻ സൗരഭബന്ധുവായ പവനൻ
ഭസ്മീകരിപ്പൂ മനം!
10
പൂന്തേനിൽ കൊതിപൂണ്ടഴന്നു മുരളും
വണ്ടിണ്ടയാൽത്തണ്ടല-
ഞ്ഞേന്തിത്തൊന്തിന മാന്തളിർക്കുലകളിൽ-
ത്തത്തും പീകശ്രേണികൾ,
ചിന്തും കാകളി കർണ്ണശല്യമരുളും
പാന്ഥവ്രജം, പാടുപെ-
ട്ടുന്തിത്തള്ളി ദിനം കഴിപ്പൂ ദയിതാ-
സങ്കൽപസമ്പ്രാപ്തിയിൽ!
11
ദേവഗീത
ചങ്ങമ്പുഴ
ആലിംഗനത്തിനുഴറും കളവാണിമാർതൻ
ലീലാവിലാസരുചി കണ്ടു മനം മയങ്ങി,
ചേലാർന്നു ദൂരെ വിലസുന്ന മുരാരിതൻ നേർ-
ക്കാലക്ഷ്യമാക്കി, യവൾ രാധയോടോതി വീണ്ടും.
12
ഗീതം നാല്
1
ശൃംഗാരലീലാലോലേ, മംഗളാപാംഗി, ബാലേ,
അങ്ങോട്ടു നോക്കുകൊന്നെൻ രാധികേ, നീ!-
ചന്ദനചർവ്വിതമാം നീലകളേബരത്തിൽ
സുന്ദരമാകും മഞ്ഞപ്പട്ടുചാർത്തി;
മാറിൽകുളിരിളകുമ്മാതിരി മനോഹര-
മാരിവില്ലൊളിമലർമാല മിന്നി;
കേളിയിലിളകുന്നൊരാ മണികുണ്ഡലങ്ങൾ
ചേലിൽപ്പൂങ്കവിൾത്തട്ടിലാഭചിന്നി;
ആ രത്നശ്രീവിലാസ,മാ രമ്യമന്ദഹാസ-
ധാരയിൽ,പ്പതിന്മടങ്ങായി മാറി;
ഗോപികാവൃതനായി ക്രീഡാനിരതനായി-
ഗ്ഗോപാലബാലനതാ ലാലസിപ്പൂ!
2
ശൃംഗാരലീലാലോലേ, മംഗളാപാംഗി, ബാലേ,
അങ്ങോട്ടു നോക്കുകൊന്നെൻ രാധികേ, നീ!-
കുന്നൊക്കും കുചങ്ങൾതൻ ഭാരത്താൽത്തളർന്നതാ
കുന്ദബാണാർത്തയാമൊരുജ്ജ്വലാംഗി,
കണ്ണനെപ്രേമപൂർവ്വം പുൽകിത്തൻ ഗാഅമനു-
വർണ്ണിപ്പിദുദഞ്ചിതപഞ്ചമത്തിൽ!
ഗോപികാവൃതനായിട്ടീദൃശലീലകളിൽ
ഗോപാലബാലനതാ ലാലസിപ്പൂ!
ദേവഗീത
ചങ്ങമ്പുഴ
3
ശൃംഗാരലീലാലോലേ, മംഗളാപാംഗി, ബാലേ,
അങ്ങോട്ടു നോക്കുകൊന്നെൻ രാധികേ, നീ!-
അന്യസുന്ദരി നന്ദനനന്ദനവിലോചന-
വിന്യാസവിലാസത്തിൻ വിഭ്രമത്തിൽ,
അത്രമേലാകൃഷ്ടയായംഗജശരമേറ്റേ-
റ്റക്ഷികളടച്ചിരുന്നാത്തരാഗം,
വേണുഗോപാലമുഖദ്ധ്യാനനിർവൃതിയിങ്കൽ
പ്രാണനലിഞ്ഞലിഞ്ഞു പരിലസിപ്പൂ!
ഗോപികാവൃതനായിട്ടീദൃശോത്സവങ്ങളിൽ
ഗോപാലബാലനതാ ലാലസിപ്പൂ!
4
ശൃംഗാരലീലാലോലേ, മംഗളാപാംഗി, ബാലേ,
അങ്ങോട്ടു നോക്കുകൊന്നെൻ രാധികേ, നീ!-
സൽപൃഥുനിതംബിനിയാമന്യഗോപനാരി
സസ്പൃഹം രഹസ്യമൊന്നുച്ചരിക്കാൻ,
അന്തികേചെന്നനേരം തൽക്കവിൾത്തടങ്ങളിൽ
ചിന്തിയപുളകങ്ങൾ കാൺകയാലേ,
'എന്നിലുണ്ടനുരാഗം ധന്യനെ'ന്നോർത്തവയിൽ
ചിന്നിടുന്നനവധി ചുംബനങ്ങൾ!-
ഗോപികാപരീതനായീദൃശകേളികളിൽ
ഗോപാലബാലനതാ ലാലസിപ്പൂ!
5
ശൃംഗാരലീലാലോലേ, മംഗളാപാംഗി, ബാലേ,
അങ്ങോട്ടു നോക്കുകൊന്നെൻ രാധികേ, നീ!-
കാമജകേളികളിൽ, കോമളകലകളിൽ
കാമമുൾച്ചേർന്നൊരന്യകോമളാംഗി,
യാമുനേ, കൂലേ, വനേ, മോഹനേ, വഞ്ചുളാപ്ത-
കാമദനിലയനേ പോകുകെന്നായ്,
ഓതിടുമ്മാതിരിയിലംഗജാർത്തയായ്, നിജ-
പീതാംബരാഞ്ചലം, ഹാ, പരിഗഹിപ്പൂ!
ഗോപികാപരീതനായീദൃശക്രീഡകളിൽ
ഗോപാലബാലനതാ ലാലസിപ്പൂ!
ദേവഗീത
ചങ്ങമ്പുഴ
6
ശൃംഗാരലീലാലോലേ, മംഗളാപാംഗി, ബാലേ,
അങ്ങോട്ടു നോക്കുകൊന്നെൻ രാധികേ, നീ!-
അങ്കിതോന്മദമന്യമങ്കതൻകരാങ്കുര-
കങ്കണശിഞ്ജിതങ്ങൾ സംക്രമിക്കേ,
കോടക്കാർവർണ്ണൻ തൂകുമോടക്കുഴൽവിളിയും
പേടമാൻകണ്ണികൾതൻ നർത്തനവും
ഒപ്പമിണക്കി,യിലത്താളമടിച്ചടിച്ചി-
ങ്ങത്ഭുതരാസരസമുദ്ഭവിക്കെ;
മേളക്കൊഴുപ്പിനേകകാരണക്കാരിയാമ-
ന്നാളീകലോചനയെ സ്മരിപ്പു കൃഷ്ണൻ!-
ഗോപികാവൃതനായിട്ടീദൃശലീലകളിൽ
ഗോപാലബാലനതാ ലാലസിപ്പൂ!
7
ശൃംഗാരലീലാലോലേ, മംഗളാപാംഗി, ബാലേ,
അങ്ങോട്ടു നോക്കുകൊന്നെൻ രാധികേ, നീ!-
ഉണ്മയിൽത്തഴുകുന്നിതേകയെക്കൊണ്ടൽവർണ്ണ-
നുമ്മവയ്ക്കുന്നിതന്യഗോപികയെ,
ഗാഢാനുരക്തയാകും മറ്റൊരുമോഹിനിയെ-
ഗ്ഗൂഢമായ് രമിപ്പിപ്പതൂഢമോദം.
മന്ദസ്മിതമധുരമംഗളകടാക്ഷത്താൽ
സുന്ദരിയൊരുവളെസ്സൽക്കരിപ്പൂ!
നന്നായനുനയത്താൽ വാമയാമപരയെ
നന്ദിപ്പിച്ചിണക്കുവാനനുഗമിപ്പൂ!-
ഗോപികാപരീതനായീദൃശകേളികളിൽ
ഗോപാലബാലനതാ ലാലസിപ്പൂ!
8
പാവിതം, ജയദേവനിർമ്മിത, മിദം ഗീതം,
ഭാവുകപ്രദം, ഭാവസങ്കലിതം;
കേശവകേളീരഹസ്യാമലം, ഹർഷലോലം
പേശലം, യശസ്സിദ്ധിക്കേകമൂലം;
അർച്ചനമാവതാർതൻ തൃച്ചേവടിത്തളിരി-
ലച്യുത, നബ്ഭഗവാൻ, വിശ്വനാഥൻ,
സുന്ദരഗോപകന്യാവൃന്ദസമാവൃതനായ്
വൃന്ദാവനാന്തരത്തിലുല്ലസിപ്പൂ!
ആനന്ദം ഭക്തലോകത്തിനു പരിചിലണ-
ച്ചുൽപലശ്യാമളശ്രീ-
യൂനംവിട്ടോലുമംഗാദ്ഗളിതസുഷമയാ-
ലുത്സവം കാമനേകി,
തേനഞ്ചും വാണിമാരാം വ്രജരമണികുലം
ചുറ്റിലും ചേർന്നുപുൽകി-
സ്സാനന്ദം ക്രീഡചെയ് വൂ ഹരി, മധുവിതി,ലു-
ന്മൂർത്തശൃംഗാരമായി!
13
മാലേയാമലമാരുതൻ പരിസര-
സ്ഥോഗാരഗാക്രാന്തനാ-
പ്രാലേയപ്ലവനേച്ഛയാ ഹിമനുഗം
ലക്ഷീകരിച്ചങ്ങനെ,
ചേലോടങ്ങുഗമിപ്പൂ, കൊകിലകുലം
ചഞ്ചദ്രസാലാങ്കുര-
ശ്രീലോദ്രേകസമീക്ഷജോന്മദഭരം
ഘോഷിപ്പൂ കൂകൂരവം.
14
ഉത്സിക്തദ്രാസലീലാരസഭരിതങ്ങളാ-
മുജ്ജ്വലാപാംഗിമാർത-
ന്നുത്സംഗ നീതയാമപ്രണയവിവശയാം
രാധയാലാത്തമോദം,
ഉത്സേധശ്രീയെഴുന്നോരുരസിജപരിരം-
ഭാനുപൂർവ്വം, 'സു ധാർദ്രം
ത്വത്സുനസ്നിഗ്ദ്ധമാസ്യം',നുതിയിദമരുളു-
പ്പെട്ട ശൗരേ, നമസ്തേ! ....
15
ദേവഗീത
ചങ്ങമ്പുഴ
രണ്ടാം സർഗ്ഗം
അക്ലേശകേശവം
ഗോപനാരികളിലൊന്നുപോൽ പ്രണയ-
മംബുജേക്ഷണനു കാൺകയാൽ
കോപമാർന്നുടനുയർന്നക,ന്നകലെ
വന്ന രാഗവതി രാധിക
ക്ഷീബഭൃംഗശതഝംകൃതാകലിത-
കുഞ്ജമൊന്നിൽ, വിരഹവ്യഥാ-
വേപമോടൊളിവിൽ വാണു തോഴിയോടു
ദീനദീനമിദമോതിനാൾ.
15
ഗീതം അഞ്ച്
1
ഗോക്കളിൽ ക്ഷീരസമൃദ്ധി, തൻ നിശ്വാസ-
മേൽക്കേ, മേന്മേൽ സ്വയം സഞ്ജാതമാകുവാൻ
ചെന്തളിർച്ചുണ്ടിൽത്തുളുമ്പും സുധാധാര
സന്തതം ചേർന്നു മധുരമായങ്ങനെ,
നിശ്ശേഷലോകാനുഭൂതിദഗീതികൾ
നിർഗ്ഗളിപ്പിക്കുന്നൊരോടക്കുഴലുമായ്;
ചഞ്ചൽദൃഗഞ്ചലശ്രീയൊടു, മാ നൃത്ത-
സഞ്ചാരമൊപ്പിച്ചിളകും ശിരസ്സൊടും
നീലോൽപലോജ്ജ്വലശ്യാമഗണ്ഡങ്ങളി-
ലാലോലകുണ്ഡലോദ്ഭിന്നതേജസ്സൊടും,
രാസവിഹിതവിലാസത്തൊടും, പരി-
ഹാസമോടെൻനേർക്കുതിർത്ത ഹാസത്തൊടും,
അങ്ങുല്ലസിക്കുമക്കാർവർണ്ണനെക്കഷ്ട-
മിങ്ങിരുന്നോർത്തോർത്തു വീർപ്പിട്ടിടുന്നു ഞാൻ!
ദേവഗീത
ചങ്ങമ്പുഴ
2
ചന്ദ്രരഞ്ജിതമായൂരപിൻഛികാ-
സുന്ദരമണ്ഡലാലംകൃതകേശനായ്,
ഇന്ദ്രചാപാങ്കിതസ്നിഗ്ദ്ധാംബുദോപമ-
നന്ദനീയാകർഷകോജ്ജ്വലവേഷനായ്;
രാസവിഹിതവിലാസത്തൊടും, പരി-
ഹാസമോടെന്നേർക്കുതിർത്ത ഹാസത്തോടും,
അങ്ങുല്ലസിക്കുമക്കാർവർണ്ണനെക്കഷ്ട-
മിങ്ങിരുന്നോർത്തോർത്തു വീർപ്പിട്ടിടുന്നു ഞാൻ!
3
ഗോപനിതംബിനിമാർതൻ മദഭര-
വേപിതാർദ്രാസ്യവികസ്വരാബ്ജങ്ങളിൽ,
ഉമ്മവെയ്ക്കാൻ കൊതിച്ചാമൃദുബന്ധൂക-
രമ്യാധരത്തിൽ തുളുമ്പും സ്മിതവുമായ്,
രാസവിഹിതവിലാസത്തൊടും, പരി-
ഹാസമോടെന്നേർക്കുതിർത്ത ഹാസത്തോടും,
അങ്ങുല്ലസിക്കുമക്കാർവർണ്ണനെക്കഷ്ട-
മിങ്ങിരുന്നോർത്തോർത്തു വീർപ്പിട്ടിടുന്നു ഞാൻ!
4
കോരിത്തരിപ്പിലാ രോമങ്ങൾ ജൃംഭിച്ച
കോമളാജാനുകരപല്ലവങ്ങളാൽ,
ആയിരമംഗനാവല്ലികളെസ്വയ-
മാലിംഗനാച്ഛാദിതാംഗികളാക്കിയും,
കാലിലും കൈയിലും മാറിലുമൊന്നുപോൽ
ചേലഞ്ചിമിന്നും വിശിശ്ടരത്നാഭയാൽ,
ബന്ധുരാകാരൻ, നിജാന്തികമെപ്പൊഴു-
മന്ധകാരാവലിക്കപ്രാപ്യമാക്കിയും;
രാസവിഹിതവിലാസത്തൊടും, പരി-
ഹാസമോടെന്നേർക്കുതിർത്ത ഹാസത്തോടും,
അങ്ങുല്ലസിക്കുമക്കാർവർണ്ണനെക്കഷ്ട-
മിങ്ങിരുന്നോർത്തോർത്തു വീർപ്പിട്ടിടുന്നു ഞാൻ!
ദേവഗീത
ചങ്ങമ്പുഴ
5
സഞ്ചരിച്ചീടും വലാഹകശ്രേണിയാൽ
ചഞ്ചലത്തായ്ത്തോന്നുമച്ചന്ദ്രമണ്ഡലം,
നിന്ദിതമാംവിധം, സുന്ദരചന്ദന-
ബിന്ദുവാലങ്കിതമാം ലലാടത്തൊടും
കുന്നെതിർക്കൊങ്കകളെത്ര മർദ്ദിക്കിലും
കുന്നിക്കിളകാത്ത ഹൃൽക്കവാടത്തൊടും,
അങ്ങുല്ലസിക്കുമക്കാർവർണ്ണനെക്കഷ്ട-
മിങ്ങിരുന്നോർത്തോർത്തു വീർപ്പിട്ടിടുന്നു ഞാൻ!
6
ഉന്നിദ്രശോഭം വിശിഷ്ടരത്നാഢ്യമായ്
മിന്നും മകരമനോഹരകുണ്ഡലം,
മന്ദേതരമായി മണ്ഡനംചെയ്യുന്നൊ-
രിന്ദീവരോജ്ജ്വലഗണ്ഡയുഗ്മത്തൊടും,
പാരമുദാരനായ്, പ്രേമപ്രസന്നനായ്,
ചാരുപീതാംബരാലംകൃതഗാത്രനായ്,
മാമുനിമുഖ്യരും വൃന്ദാരകാഢ്യരും
മാനവശ്രേഷ്ഠ,രസുരപ്രവരരും,
ഒന്നിച്ചു നന്ദിച്ചു വന്ദിച്ചു, ഹാ തന്നൊ-
ടൊന്നിച്ചെഴുന്നൊരാബ്ഭക്തസംഘത്തൊടും;
രാസവിഹിതവിലാസത്തൊടും, പരി-
ഹാസമോടെന്നേർക്കുതിർത്ത ഹാസത്തോടും,
അങ്ങുല്ലസിക്കുമക്കാർവർണ്ണനെക്കഷ്ട-
മിങ്ങിരുന്നോർത്തോർത്തു വീർപ്പിട്ടിടുന്നു ഞാൻ!
7
പൂവിട്ടുനിൽക്കും കദംബവൃക്ഷത്തിന്റെ
പൂരിതസൗരഭ്യശ്യാമളച്ഛായയിൽ,
സുസ്ഥിതനായി,ക്കലികുലുഷഭയ-
മസ്തമിപ്പിക്കുന്ന തേജസ്വരൂപിയായ്,
കാമജോദ്വേഗതരംഗതരളിത-
കോമളാലോലദൃഗഞ്ചലകേളിയാൽ,
ദേവഗീത
ചങ്ങമ്പുഴ
ആകർഷകമാം വപുസ്സിനാലെന്നെയും
രാഗാർദ്രമാമിസ്മൃതികളിലങ്കിലും,
ഉൽപന്നകൗതുകം സല്ലീലമിപ്പൊഴു-
മൽപമൊന്നാരമിപ്പിച്ചുകൊണ്ടാർദ്രനായ്;
രാസവിഹിതവിലാസത്തൊടും, പരി-
ഹാസമോടെന്നേർക്കുതിർത്ത ഹാസത്തോടും,
അങ്ങുല്ലസിക്കുമക്കാർവർണ്ണനെക്കഷ്ട-
മിങ്ങിരുന്നോർത്തോർത്തു വീർപ്പിട്ടിടുന്നു ഞാൻ!
8
ശ്രീജയദേവകവിയാൽ ഭണിതമാ-
യാ ജഗന്നാഥസ്വരൂപചിത്രാഢ്യമായ്,
അക്കാരണത്താൽ തദീയപാദാബ്ജങ്ങ-
ളുൾക്കാമ്പിലോർക്കാൻ തികച്ചനുരൂപമായ്,
വർണ്ണനാപൂർണ്ണമായുള്ളൊരിഗ്ഗീതകം,
പുണ്യവാന്മാർക്കെന്നുമേകട്ടെ മംഗളം!
ഏതേതു ദേവന്റെ തൃപ്പാദപൂജയി-
ഗ്ഗീത, മാ ദേവനെ, ക്കാർമുകിൽവർണ്ണനെ,
ഭദ്രാനുരാഗിണി രാധതൻ നാഥേ
ഭക്തിപൂർവ്വം സ്മരിച്ചഞ്ജലിചെയ് വു ഞാൻ!
എന്നെക്കൂടാതെയന്യാംഗനകളുമൊരുമി-
ച്ചച്യുതൻ ക്രീഡയാടു-
ന്നെന്നിട്ടും തദ്ഗുണൗഘം മമ സഖി, മനസാ
കീർത്തനം ചെയ്കയാം ഞാൻ
എന്നാത്മാവന്യമൊന്നിൽ ഭ്രമമിയലുകിലും
സംക്രമിപ്പീല, തോഷാ-
ലൊന്നായ് ദോഷം ത്യജിച്ചാശയിലുഴറുകയാ-
ണെന്തിനിച്ചെയ് വൂ ഹാ, ഞാൻ!
17
ദേവഗീത
ചങ്ങമ്പുഴ
ഗീതം ആറ്
1
അല്ലിലൊരാളുമറിഞ്ഞിടാതീ മലർ-
വല്ലിക്കുടിലിലൊരുങ്ങിയെത്തി,
ആസന്നസദ്രതിക്രീഡാത്മകാവേശ-
ഫാസമാനോൽഫുല്ലഹാസനായി,
പാരമുദാരനായ്, ശൃംഗാരസങ്കൽപ-
സാരവികാരസമേതനായി,
കാമനും കാമനായുല്ലസിച്ചീടുമ-
ക്കാർമുകില്വർണ്ണനെ,ക്കേശവനെ;
നിർജ്ജനകുഞ്ജകപ്രാപ്തയായ്,സംഭ്രമ-
നിർദ്ധൂതനീലവിലോചനയായ്,
ഭാവതരളയായ്, കാമമനോരഥ-
ഭാവിതയാമെന്നോടൊത്തിണക്കി;
ഉന്നതകൗതുകമുൾച്ചേരുമാറൊന്നു
നന്നായ് രമിപ്പിക്കൂ മൽസഖി, നീ!
2
ഓരോ പദത്തിലും കോരിത്തരിച്ചുപോ-
മോരോരോ ചാടുവാക്കോതിയോതി,
അത്യനുകൂലനായ്, പ്രേമാർദ്രമെന്മന-
മൽപാൽപമായിക്കവർന്നൊടുവിൽ
ഞാനെന്നെത്തന്നെ മറക്കുമാ,റെന്നെയൊ-
രാനന്ദമൂർച്ഛയ്ക്കധീനയാക്കി,
അത്തവ്വി,ലത്രമേൽ തന്ത്രത്തി,ലെന്മടി-
ക്കുത്തഴിച്ചംശുകം സ്രസ്തമാക്കി,
കാമനും കാമനായുല്ലസിച്ചീടുമ-
ക്കാർമുകില്വർണ്ണനെ,ക്കേശവനെ;
ആദ്യസമാഗമലജ്ജിതയായ്,പ്രണ-
യോദ്യൽസ്മിതാർദ്രസുഭാഷിണിയായ്,
ഭാവതരളയായ്, കാമമനോരഥ-
ഭാവിതയാമെന്നോടൊത്തിണക്കി;
ഉന്നതകൗതുകമുൾച്ചേരുമാറൊന്നു
നന്നായ് രമിപ്പിക്കൂ മൽസഖി, നീ!
ദേവഗീത
ചങ്ങമ്പുഴ
3
അന്യഗോപാംഗനാചിന്തയേലാതെന്നി-
ലന്യൂനമാകുമാസക്തിയേന്തി,
തന്നധരങ്ങൾ ഞാൻ പുൽകി നുകർന്നുകൊ-
ണ്ടെന്നുരസ്സിൽ ചിരം ചേർന്നുപറ്റി,
കാമനും കാമനായുല്ലസിച്ചീടുമ-
ക്കാർമുകില്വർണ്ണനെ,ക്കേശവനെ;
ഉല്ലാസലോലയാ,യുല്ലസൽപ്പല്ലവ-
തല്ലജതൽപകശായിതയായ്,
ആലിംഗനോദ്യൽപ്പുളകാങ്കിതാംഗിയാ,-
യാചുംബനോത്സവപ്രീണിതയായ്,
ഭാവതരളയായ്, കാമമനോരഥ-
ഭാവിതയാമെന്നോടൊത്തിണക്കി;
ഉന്നതകൗതുകമുൾച്ചേരുമാറൊന്നു
നന്നായ് രമിപ്പിക്കൂ മൽസഖി, നീ!
4
കോമളശ്രീലകപോലതലങ്ങളിൽ
കോൾമയിർക്കൂമ്പുകൾ ചിന്നിമിന്നി,
ഉത്തമചിത്തജകൽപിതദർപ്പത്താ-
ലുദ്ദീപ്തഭാവാർദ്രചിത്തനായി,
കാമനും കാമനായുല്ലസിച്ചീടുമ-
ക്കാർമുകില്വർണ്ണനെ,ക്കേശവനെ;
ആലസ്യദോന്മദസ്ഫൂർത്തിയാൽത്തെല്ലൊന്നു
മീലിതമായ മിഴികളുമായ്,
ആരബ്ധമാന്മഥക്രീഡോദിതസ്വേദ-
പൂരിതസ്നിഗ്ദ്ധശരീരിണിയായ്,
ഭാവതരളയായ്, കാമമനോരഥ-
ഭാവിതയാമെന്നോടൊത്തിണക്കി;
ഉന്നതകൗതുകമുൾച്ചേരുമാറൊന്നു
നന്നായ് രമിപ്പിക്കൂ മൽസഖി, നീ!
5
ദേവഗീത
ചങ്ങമ്പുഴ
ചിന്തനാതീതസരസിജസായക-
തന്ത്രവിചാരവിചക്ഷണനായ്,
ചാമീകരാഭമെൻ പീനസ്തനങ്ങളിൽ
ചാരുനഖക്ഷതമാല ചാർത്തി,
കാമനും കാമനായുല്ലസിച്ചീടുമ-
ക്കാർമുകില്വർണ്ണനെ,ക്കേശവനെ;
മുഗ്ദ്ധകപോതപരഭൃതകൂജിത-
മൊത്തസീൽക്കാരങ്ങളൊത്തിണങ്ങി,
പുഷ്പാംബുദോജ്ജ്വലവിശ്ലഥവേണിയിൽ
പുഷ്പങ്ങളങ്ങിങ്ങുതിർന്നു തങ്ങി,
ഭാവതരളയായ്, കാമമനോരഥ-
ഭാവിതയാമെന്നോടൊത്തിണക്കി;
ഉന്നതകൗതുകമുൾച്ചേരുമാറൊന്നു
നന്നായ് രമിപ്പിക്കൂ മൽസഖി, നീ!
6
മൈഥുനക്രീഡാവിധികളൊന്നെങ്കിലും
ശൈഥില്യമേൽക്കാതെ, പൂർത്തിയാക്കി,
എന്മുടിക്കെട്ടിൽപിടിച്ചുകൊണ്ടെൻ മുഖ-
ത്തുണ്മയോടുള്ളഴിഞ്ഞുമ്മയേകി,
കാമനും കാമനായുല്ലസിച്ചീടുമ-
ക്കാർമുകില്വർണ്ണനെ,ക്കേശവനെ;
മഞ്ജുമണിമയമഞ്ജീരസഞ്ജാത-
ശിഞ്ജിതരഞ്ജിതപാദയായി,
മെല്ലെക്കുലുങ്ങിക്കിലുങ്ങിയുലഞ്ഞൂർന്നൊ-
രുല്ലസൽപ്പൊന്നരഞ്ഞാളുമായി;
ഭാവതരളയായ്, കാമമനോരഥ-
ഭാവിതയാമെന്നോടൊത്തിണക്കി;
ഉന്നതകൗതുകമുൾച്ചേരുമാറൊന്നു
നന്നായ് രമിപ്പിക്കൂ മൽസഖി, നീ!
7
പ്രേമാനുരഞ്ജിതാത്മോത്സവമാകുമ-
ക്കാമലീലാപ്താനുഭൂതിയിങ്കൽ,
സ്തോകമുകുളിതമോഹനലോചന-
സൂകസുരമ്യദളങ്ങളുമായ്,
കാമനും കാമനായുല്ലസിച്ചീടുമ-
ക്കാർമുകില്വർണ്ണനെ,ക്കേശവനെ;
ദേവഗീത
ചങ്ങമ്പുഴ
സംഭോഗസഞ്ജാതസന്തോഷസിദ്ധിയിൽ
സംഭരിതാലസ്യലാലസയായ്,
ക്ഷീണത്താലത്രമേൽ നിസ്സഹമായ്,വാടി-
വീണോരുടലലർവല്ലിയോടെ,
ഭാവതരളയായ്, കാമമനോരഥ-
ഭാവിതയാമെന്നോടൊത്തിണക്കി;
ഉന്നതകൗതുകമുൾച്ചേരുമാറൊന്നു
നന്നായ് രമിപ്പിക്കൂ മൽസഖി, നീ!
8
ഹാ, ജഗന്നായകക്രീഡോത്സവാർദ്രമി
ശ്രീജയദേവഭണിതഗീതം,
ഉൽക്കണ്ഠയുൾച്ചേർന്നു വാഴുമാ രാധയാ-
ലുക്ത,മിതേകട്ടെ നിത്യസൗഖ്യം!
ആരുടെതൃക്കാൽക്കലഞ്ജലിചെയ് വൂ ഞാ-
നീ രമ്യഗീത,മക്കേശവനെ,
കാമനുംകാമനെ,ക്കാരുണ്യപൂർണ്ണനെ,-
ക്കാർമുകിൽവർണ്ണനെ, ക്കൈതൊഴുന്നേൻ!
എന്നെക്കാൺകെ വനത്തിൽ, വേണു തനിയേ
തൻ കൈയിൽനിന്നൂർന്നുവീ-
ണൊന്നായ്ച്ചില്ലി ചുളിച്ചു വല്ലവികളാ
നേർക്കുറ്റുനോക്കീടവേ;
സ്വിന്നശ്രീലകപോലനായ്, സ്മയമയ-
സ്മേരാമൃതാർദ്രാസ്യനായ്
നിന്നോരവ്രജകന്യകാവരിതനെ-
ദ്ദർശിപ്പു ഹർഷിപ്പു ഞാൻ!
18
നോക്കിക്കാണാൻ ഞെരുങ്ങുംവടിവവിടവിടെ-
പ്പിഞ്ചിളം മൊട്ടുപൊട്ടി-
പ്പൂക്കും കങ്കേളി, പൊയ്കയ്ക്കരികിലരിയ പൂ-
ങ്കാവിലോലും സമീരൻ,
വായ്ക്കും ഝങ്കാരപൂരസ്വരമൊടിളകിടും
ഭൃംഗികാരാശി പുൽകി-
പ്പൂക്കും തേന്മാ,വിതെല്ലാമയി സഖി, മമ ഹൃ-
ത്താരിലത്യാധി ചേർപ്പൂ!
19
ദേവഗീത
ചങ്ങമ്പുഴ
സാകൂതസ്മിതരായി വാർമുടിയഴി
ഞ്ഞാകുഞ്ചിതഭ്രൂക്കളയ്
രാകേശാർദ്ധനഖക്ഷതാവൃതലസ-
ദ്വിക്ഷുബ്ധക്ഷോജരായ്,
ആകമ്രച്ഛലപൂർവ്വകം ഭുജലതാ-
മൂലാവലോകം തെളി-
ഞ്ഞേകം ഗോപികളായ് രമിച്ച ഭഗവാ-
നേകട്ടെ നിത്യം ശുഭം!
20
ദേവഗീത
ചങ്ങമ്പുഴ
മൂന്നാം സർഗ്ഗം
മുഗ്ദ്ധമധുസൂദനം
കംസാരിയായിസ്സംസാര-
വാസനാബദ്ധനാം ഹരി,
സന്ത്യജിച്ചു രാധികയെ-
ച്ചിന്തി,ച്ചന്യവധുക്കളെ.
21
അനംഗപീഡാകുലനാനുശായിതൻ
വനത്തിലങ്ങിങ്ങു തിരഞ്ഞു രാധയെ
ഇനാത്മജകൂലനികുഞ്ജമൊന്നിൽവ-
ന്നണഞ്ഞു,കാണാഞ്ഞഴലാർന്നു മാധവൻ.
22
ഗീതം ഏഴ്
1
മുഗ്ദ്ധഗോപവിലാസിനിമാർതൻ
മദ്ധ്യത്തിലെന്നെക്കാൺകയാൽ,
രുഷ്ടയാ,യപരാധിയാമെന്നെ
വിട്ടകന്നുപോയ് രാധിക.
ഹാ, തടുത്തില പോയിടായ്കെന്നു
ഭീതചിത്തനായ് നിന്നെ ഞാൻ.
താനനാദൃതയായതിലഭി-
മാനജ്രുംഭിതകോപയായ്
ഹന്ത, വേർപെട്ടു പോയിതോമലാ-
ളെന്തിനിച്ചെയ് വതിന്നു ഞാൻ?
2
കഷ്ടമയ്യോ, ചിരവിരഹത്താൽ
കത്തുകയാണാമാനസം.
എന്തുചെയ്യുമോ ദീനയാമവ-
ളെന്തു വാക്കുകളോതുമോ?
എന്തുകാര്യം ധനജനസുഖ-
ദേവഗീത
ചങ്ങമ്പുഴ
മന്ദിരാദികൾകൊണ്ടു മേ?
താനനാദൃതയായതിലഭി-
മാനജ്രുംഭിതകോപയായ്
ഹന്ത, വേർപെട്ടു പോയിതോമലാ-
ളെന്തിനിച്ചെയ് വതിന്നു ഞാൻ?
3
ചഞ്ചലനീലഭൃംഗരഞ്ജിത-
മഞ്ജുളാരുണാബ്ജോപമം,
കോപവക്രിതഭ്രൂലതാങ്കിത-
കോമളാസ്യമതോർപ്പു ഞാൻ.
താനനാദൃതയായതിലഭി-
മാനജ്രുംഭിതകോപയായ്
ഹന്ത, വേർപെട്ടു പോയിതോമലാ-
ളെന്തിനിച്ചെയ് വതിന്നു ഞാൻ?
4
അന്തരംഗസ്ഥയാമവളെ ഞാൻ
സന്തതം രമിപ്പിക്കവേ,
എന്തിനായ്ത്തിരക്കുന്നു പിന്നെ ഞാൻ
ഹന്ത,യീ വനവീഥിയിൽ?
ചിന്തയിൽ മനം നൊന്തുനൊന്തേവ-
മെന്തിനായ് വിലപിപ്പു ഞാൻ?
താനനാദൃതയായതിലഭി-
മാനജ്രുംഭിതകോപയായ്
ഹന്ത, വേർപെട്ടു പോയിതോമലാ-
ളെന്തിനിയിന്നു ചെയ് വു ഞാൻ?
5
അന്തികത്തിൽനിന്നെന്നെ വിട്ടേവ-
മെന്തിനോമനേ, പോയി നീ?
ഖിന്നമാണു വെറുമസൂയയാൽ
ദേവഗീത
ചങ്ങമ്പുഴ
സന്നതാംഗി, നിൻ മാനസം.
ആകയാൽ നിനക്കാകുകില്ലെനി-
യ്ക്കേകുവാനിന്നു സാന്ത്വനം.
താനനാദൃതയായതിലഭി-
മാനജ്രുംഭിതകോപയായ്
ഹന്ത, വേർപെട്ടു പോയിതോമലാ-
ളെന്തിനിച്ചെയ് വതിന്നു ഞാൻ?
6
നിന്നെയോമനേ,കാണ്മൂ,ഹന്ത ഞാൻ
മുന്നിലിങ്ങിതാ നിൽപു നീ.
ഉണ്മയിൽപ്പിന്നെയെന്തുകൊണ്ടണ-
ഞ്ഞുമ്മവെയ്പതില്ലെന്നെ നീ?
കാതരാക്ഷി, ഹാ, തെല്ലുമിന്നതിൻ
കാരണമറിവീല ഞാൻ.
താനനാദൃതയായതിലഭി-
മാനജ്രുംഭിതകോപയായ്
ഹന്ത, വേർപെട്ടു പോയിതോമലാ-
ളെന്തിനിച്ചെയ്തിടേണ്ടു ഞാൻ?
7
മോഹിനി, മാപ്പലിഞ്ഞു നൽകുകെൻ
സാഹസത്തിനെനിക്കു നീ.
ഇല്ലപരാധമീദൃശം മേലി-
ലില്ല ചെയ്യുകയില്ല ഞാൻ.
മന്മഥാകുലനാണു ഞാൻ, തരൂ
കണ്മണീ, തവ ദർശനം!
താനനാദൃതയായതിലഭി-
മാനജ്രുംഭിതകോപയായ്
ഹന്ത, വേർപെട്ടു പോയിതോമലാ-
ളെന്തിനിച്ചെയ് വതിന്നു ഞാൻ?
ദേവഗീത
ചങ്ങമ്പുഴ
8
അത്ര ഭക്തനായ് 'തിന്ദുവില്വ'മാ-
മബ്ധിയിങ്കൽനിന്നുത്ഥനായ്,
സോമകൽപകനായ്, ജയദേവ-
നാമനാകും കവിയിതാ,
യാതൊരു പദപങ്കജത്തിലി-
ഗ്ഗീതിയഞ്ജലിചെയ് വിതോ,
അപ്പവിത്രഹരിപദയുഗ-
മെപ്പൊഴുമേകും മംഗളം!
തണ്ടാർസായക,മദ്ഗളത്തിൽ ഗരള-
ശ്രീയല്ല, നീലോൽപല-
ച്ചെണ്ടാ,ണബ്ഭുജഗശന,ല്ലുദകജ-
ത്തണ്ടാണുരസ്സിങ്കൽ മേ,
കണ്ടീടുന്നതു ഭസ്മമല്ലുടലിൽ മേ,
മാലേയമാ, ണെന്തിനായ്-
ക്കൊണ്ടെൻനേർക്കു വരുന്നു നീ, വിരഹി ഞാ-
നെയ്യാൻ ഹരഭ്രാന്തിയാൽ?
23
ലോകം ലീലയിൽ വെന്ന മന്മഥ, കുല-
ച്ചെൻനേർക്കു നിൻ വില്ലു, നീ
തൂകായ്കസ്ത്രശതങ്ങൾ, മൂർച്ഛിതരെയെ-
ന്തർദ്ദിപ്പതിൽ പൗരുഷം?
ഹാ, കഷ്ടം, ഹരിണാക്ഷിതൻ കടമിഴി-
ക്കോണെയ്ത കൂരമ്പുകൊ-
ണ്ടാകെച്ചിദ്രിതമെൻ ഹൃദന്ത,മതിനി-
ല്ലാശ്വാസമിന്നൽപവും!
24
ഹാ, മർമ്മവ്യഥ ചില്ലിവില്ലിൽ മിഴിയ-
മ്പേകട്ടെ, ചെയ്യട്ടതി-
ശ്യാമാത്മത്വമെഴുന്നൊരക്കുടിലമാം
വാർകൂന്തൽ മാരോദ്യമം
വാമേ, മോഹമണച്ചിടട്ടിവനു നിൻ
രാഗാർദ്രബിംബാധരം
ഭീമോഗവ്യഥ ചേർക്കിലോ മനസി നിൻ
സദ്വൃത്തവക്ഷോരുഹം?
25
ദേവഗീത
ചങ്ങമ്പുഴ
ഏതോമൽകരപത്മസംഗമസുഖം,
ചഞ്ചൽകടാക്ഷോത്സവം,
പൂതസ്യാംബുജസൗരഭം, സുധിതമാ-
മാവക്രസംഭാഷണം
ചേതസ്സാൽനുകരുന്നിതേതധരമാ-
ധുര്യം സതൃഷ്ണം സ്വയം
ജാതം കൽപനയിങ്കലൊക്കയുമ, താ-
ർക്കെങ്ങാ വിയോഗാതപം?...
26
ചേണഞ്ചിടുന്ന പുരികക്കൊടി വില്ലു, കൂർത്ത
ബാണങ്ങളായെഴുമപാംഗതരംഗജാലം;
ഞാണായ കർണ്ണ, മിവയൊത്തുലസിപ്പു, പുഷ്പ-
ബാണന്റെ ദിഗ്വിജയജംഗമദേവതേ, നീ!
27
താളത്തോടൊത്തു പീലിത്തിരുമുടിയിളകി,-
സ്സാന്ദ്രമാം വേണുഗാനം
മേളിക്കെത്തൽസ്സരിത്തിൽ ഹൃദയമലിയുമാ-
മുഗ്ദ്ധന്മാർ കണ്ടിടാതെ,
ഓളം രാധാകപോലങ്ങളിലിളകിയനു-
സ്യൂതമായാപതിക്കും
ലീലാഗോപാലനേത്രാഞ്ചലമനവരതം
നിങ്ങളെക്കാത്തിടട്ടേ!
28
ദേവഗീത
ചങ്ങമ്പുഴ
നാലാം സർഗ്ഗം
സ്നിഗ്ദ്ധമധുസൂദനം
വാരാളും യമുനാതീരേ
വരവാനീരകുഞ്ജകേ,
വാടിവാഴും കൃഷ്ണനോടു
വദിച്ചൂ രാധികാസഖി:
29
ഗീതം എട്ട്
1
മാധവ, ഹാ, തവ വിപ്രയോഗത്തിനാ-
ലാധിപൂണ്ടാവിലയായി,
അങ്ങവളംഗജസായകഭീതപോ-
ലങ്ങയെ ദ്ധ്യാനിച്ചിരിപ്പൂ.
ചന്ദനച്ചാറവൾ നിന്ദിച്ചധീരയായ്
ചന്ദ്രികനോക്കിത്തപിപ്പൂ.
കാളസർപ്പാശ്ലിഷ്ടമാലേയമാരുതൻ
കാകോളമെന്നുതാനോർപ്പൂ.
2
തന്മലർമെയ്യിലിടവിടാതേൽക്കുമാ
മന്മഥാസ്ത്രങ്ങളിൽനിന്നും,
ഉദ്രസമങ്ങയെപ്പാലനംചെയ്യുവാ-
നുദ്യമിക്കുന്നതുപോലേ,
അർപ്പിതശീകരപൂരശിശിരമാ-
മബ്ജദളാവലിയാലേ.
വിശ്ശിഷ്ടകഞ്ചുകമാക്കുകയാണവൾ
വിസ്തൃതോരസ്ഥലം ചാലേ!
മാധവ, ഹാ, തവ വിപ്രയോഗത്തിനാ-
ലാധിപൂണ്ടാവിലയായി,
അങ്ങവളംഗജസായകഭീതപോ-
ലങ്ങയെ ദ്ധ്യാനിച്ചിരിപ്പൂ.
ദേവഗീത
ചങ്ങമ്പുഴ
3
വിഭ്രമശിൽപവിലാസോജ്ജ്വലസുമ-
വിദ്രുമതൽപമൊരുക്കി,
ഹാ, ചിരം താവകാശ്ലേഷപ്രമോദാർത്ഥ-
മാചരിക്കും വ്രതമ്പോലേ,
തയ്യലതിലിന്നു പഞ്ചശരശര-
ശയ്യാശയനം വഹിപ്പൂ.
മാധവ, ഹാ, തവ വിപ്രയോഗത്തിനാ-
ലാധിപൂണ്ടാവിലയായി,
അങ്ങവളംഗജസായകഭീതപോ-
ലങ്ങയെ ദ്ധ്യാനിച്ചിരിപ്പൂ.
4
ഘോരനാം രാഹുവിൻ ദംശനമേൽപിക്കു-
മോരോ വടുക്കളിൽനിന്നും,
വീതവിരാമം സുധാകണമിറ്റിറ്റു-
വീഴും വിധുവിനെപ്പോലെ,
ആരമ്യദർശനമാണശ്രുപൂർണ്ണമാ-
മാരോമലിൻ വദനാബ്ജം!
മാധവ, ഹാ, തവ വിപ്രയോഗത്തിനാ-
ലാധിപൂണ്ടാവിലയായി,
അങ്ങവളംഗജസായകഭീതപോ-
ലങ്ങയെ ദ്ധ്യാനിച്ചിരിപ്പൂ.
5
മന്മഥമന്മഥനായീടുമങ്ങതൻ
മംഗളമഞ്ജുളരൂപം,
ഹാ, രഹസ്സിങ്കൽ, മൃഗമദച്ചാറെടു-
ത്താരചിച്ചീടിനശേഷം,
ചേലിൽമകരമത്സ്യത്തിനെക്കീഴിലാ-
യാലേഖനം, ചെയ്തൊടുവിൽ,
സാദരമർപ്പിപ്പുപാണിയിത്സസ്മിതം
ദേവഗീത
ചങ്ങമ്പുഴ
സായകമാ, നവചൂതം;
എന്നിട്ടു,കൈകൂപ്പിനിന്നവൾ താവക-
മുന്നിൽപ്രണമിപ്പു പാവം!
മാധവ, ഹാ, തവ വിപ്രയോഗത്തിനാ-
ലാധിപൂണ്ടാവിലയായി,
അങ്ങവളംഗജസായകഭീതപോ-
ലങ്ങയെദ്ധ്യാനിച്ചിരിപ്പൂ.
6
ദണ്ഡനമസ്കൃതി, മാധവ, ത്വൽപദ-
പുണ്ഡരീകത്തിൽ ഞാൻ ചെയ് വൂ.
ഇങ്ങെന്നിലയ്യോ, പരാങ്മുഖനായേവ-
മങ്ങിരിക്കുന്നതുമൂലം.
എൻ തനു മുറ്റും ദഹിപ്പിപ്പു പീയൂഷം
ചിന്തുമച്ചന്ദ്രാദിയെല്ലാം."
ഓതുകയാണവൾ സാതപമങ്ങയോ-
ടോരോനിമേഷവുമേവം.
മാധവ, ഹാ, തവ വിപ്രയോഗത്തിനാ-
ലാധിപൂണ്ടാവിലയായി,
അങ്ങവളംഗജസായകഭീതപോ-
ലങ്ങയെ ദ്ധ്യാനിച്ചിരിപ്പൂ.
7
ധ്യാനലയത്താൽ, ദുരാപനാമങ്ങയെ
മാനസദൃഷ്ടിതൻ മുന്നിൽ
കൽപിച്ചുകേഴുന്നു, പൊട്ടിച്ചിരിക്കുന്നു
കഷ്ടം, തപിക്കുന്നു പാരം.
രോദനംചെയ്യുന്നു, പെട്ടെന്നടങ്ങുന്നു
ഖേദം ത്യജിക്കുന്നു, പാവം!
മാധവ, ഹാ, തവ വിപ്രയോഗത്തിനാ-
ലാധിപൂണ്ടാവിലയായി,
അങ്ങവളംഗജസായകഭീതപോ-
ലങ്ങയെ ദ്ധ്യാനിച്ചിരിപ്പൂ.
ദേവഗീത
ചങ്ങമ്പുഴ
8
മാധവദർശനമാശിച്ചു കേഴുന്ന
രാധതൻ, ധന്യയാം തോഴി
ഓതിയതേവം ജയദേവനാം കവി
ഗീതമാക്കീടുമീ വാക്യം-
ആടിനടിക്കാനുമുണ്ടിതിൽ വൈശിഷ്യം
പാടിപ്പഠിക്കാനും പാരം.
ഏതേതുദേവന്റെ തൃച്ചേവടികളിൽ
ഗീതമിതഞ്ജലിചെയ് വൂ.
രാധയാമാധവദ്ധ്യാനനിമഗ്നയാ-
യാധിയുൾച്ചേർന്നാവസിപ്പൂ!
ആവാസം വിപിനം, സഖീകുലമഹോ,
ജാലം, സനിശ്വാസമുൾ-
ത്താവും താപമവൾക്കു ദാവദഹന-
ജ്വാലാകലാപോപമം.
പാവം മത്സഖിപേടമാന്വടിവിലാ-
ണാഹന്ത, കന്ദർപ്പനോ
ഭാവിച്ചന്തകതുല്യ, മാർന്നിടുകയാം
ശാർദ്ദൂലവിക്രീഡിതം!
30
ഗീതം ഒൻപത്
1
ഹാ, കേശവ, നിൻ വിയോഗം-രാധ-
യ്ക്കേകുന്നു ശോകജോദ്വേഗം.
മാലേറ്റമുൾലിൽ ജ്വലിച്ചു-കഷ്ടം
ലോലാംഗിതീരെച്ചടച്ചു.
മാറണിമഞ്ജുളഹാരം-പോലും
മാനിനിക്കിന്നുഗഭാരം.
ദേവഗീത
ചങ്ങമ്പുഴ
2
നല്ല പനിനീരിൽമുക്കി-ത്തൂമെയ്-
വല്ലിയിങ്കൽ, സ്നിഗ്ദ്ധമാക്കി,
പൂശുന്ന മാലേയപങ്കം-വിഷാ-
വേശമെന്നോർപ്പൂ സശങ്കം.
ഹാ, കേശവ, നിൻ വിയോഗം-രാധ-
യ്ക്കേകുന്നു ശോകജോദ്വേഗം.
3
കഷ്ട,മസഹ്യമായ് പാരം-മനം
ചുട്ടെഴും നിശ്വാസപൂരം,
ഉദ്വഹിപ്പൂ മനസ്സാലേ-തന്വി-
യുഗ്രകാമാഗ്നിയെപ്പോലേ.
ഹാ, കേശവ, നിൻ വിയോഗം-രാധ-
യ്ക്കേകുന്നു ശോകജാവേഗം .
4
ജാതജലകണജാലം-സ്വയം
വീതനാളം ദൃക്കമലം,
ക്ഷേപണംചെയ് വൂ സതതം-ചുറ്റും
വേപവിക്ഷോഭസമേതം.
ഹാ, കേശവ, നിൻ വിയോഗം-രാധ-
യ്ക്കേകുന്നു ശോകജോദ്വേഗം.
5
തത്ത്വവിവേകപ്രഭാവം-ഹൃത്തി-
ലസ്തമിക്കായ്കിലും, പാവം,
ചിന്തിപ്പൂ പല്ലവതൽപം-കനൽ
ചിന്തുമുഗാനലകൽപം.
ഹാ, കേശവ, നിൻ വിയോഗം-രാധ-
യ്ക്കേകുന്നു ശോകജാവേഗം.
6
ദേവഗീത
ചങ്ങമ്പുഴ
അമ്പിളിത്തെല്ലിനെച്ചാലേ-മിന്നു-
മന്തിമസന്ധ്യയെപ്പോലേ,
ഹസ്തവിന്യസ്തമലോലം-സാധ്വി
വിത്യജിപ്പീലക്കപോലം.
ഹാ, കേശവ, നിൻ വിയോഗം-രാധ-
യ്ക്കേകുന്നു ശോകജോദ്വേഗം.
7
തപ്തവിരഹത്തിനാലേ-കഷ്ടം
മൃത്യു സമീപിച്ചപോലേ,
ഉത്തേജിതോൽക്കടകാമം-അവ-
ളുച്ചരിപ്പൂ ഹരിനാമം.
ഹാ, കേശവ, നിൻ വിയോഗം-രാധ-
യ്ക്കേകുന്നു ശോകജാവേഗം.
8
ദേവേശപാദോപനീതം-ജയ-
ദേവഭണിതമീ ഗീതം;
ശോകഹരം, പരിപൂതം-നിങ്ങൾ-
ക്കേകട്ടെ നിത്യമാമോദം!
യാതൊരു ദേവേശപാദം-പുൽകി-
പ്പൂതമാകുന്നിതിഗ്ഗീതം,
അക്കേശവൻതൻ വിയോഗം രാധ-
യ്ക്കർപ്പിപ്പു ശോകജോദ്വേഗം!
ത്വദംഗസംഗാമൃതമൊന്നിനാല
സ്മരാർത്തയാം രാധയെ വീണ്ടെടുക്കാൻ,
അമർത്ത്യവൈദ്യാദൃത, നോക്കിടുന്നി-
ല്ലുപേന്ദ്രവജ്രാധികരൂക്ഷനാം നീ.
31
സീൽക്കാരം, രോമഹർഷം, നിലവിളി, വിറ, യാ-
ലസ്യ, മെന്തോ, കുറച്ചൊ-
ന്നോർക്കും ഭാവം, പ്രയാനം, നയനമുകുളനം,
മോഹ, മുത്ഥാന, മേവം,
വായ്ക്കും ചേഷ്ടാവികാരോൽബണതയൊടതനു-
ഭ്രാന്തി കേന്ദ്രീകരിച്ചി-
ന്നാർക്കും ദൈന്യംജനിക്കുംവടിവിലിവൾ വിയോ-
ഗത്തിലയ്യോ, ദഹിപ്പൂ!
32
ദേവഗീത
ചങ്ങമ്പുഴ
സ്വർവൈദ്യപ്രതിമ, ഭവദ്രസൗഷധത്താൽ
നിർവ്വാദം വധുവിനു ജീവനം ലഭിക്കും.
ഗർവ്വാലിന്നതിനു ഭവാനുപേക്ഷചെയ്താൽ
ദുർവ്വാരം-പരമിനിയെന്തു ഞാൻ കഥിപ്പൂ!
33
സൂനാസ്ത്രഭ്രാന്തിമൂലം മലയജരസമോ,
ചന്ദ്രനോ, സത്സരസ്സോ,
താനിപ്പോൾ തേടിടേണ്ടൂ മനസിയൊരു സമാ-
ശ്വാസസിദ്ധിക്കിവണ്ണം
താനേചിന്തിച്ചൊടുക്കം തരളഹൃദയയാ-
യോമലാൾ താന്തയായി-
ദ്ധ്യാനിപ്പൂ, ഹാ, രഹസ്സിൽ ശിശിരശിശിരമാം
താവകം മൂർത്തിമാത്രം!
34
ശിവശിവ, മിഴിചിമ്മുമൽപനേരം
തവ വിരഹാർത്തി സഹിച്ചിടാതിരുന്നോൾ,
അവൾ വിരഹിണി പുഷ്പിതാഗചൂത-
ച്ഛവിയിതിലെങ്ങനെ ജീവനോടിരിക്കും?
35
പാലിക്കാൻ ഗാകുലത്തെ,പ്പെരുമഴപൊഴികെ,
പ്രീതിയോ, ടുന്നതശ്രീ-
കോലും ഗാവർദ്ധനത്തെപ്പിഴുതു, കുടപിടി-
ച്ചേതുകൈലാലസിച്ചോ,
ചേലിൽ ഗോപീസഹസ്രാധരവിനിഹിതസി-
ന്ദൂര, മന്തസ്ഥദർപ്പം
മേലേലും പോലുലാവും ഹരികര, മതു, നി-
ങ്ങൾക്കു നൽകട്ടെ മോദം!
36
ദേവഗീത
ചങ്ങമ്പുഴ
അഞ്ചാം സർഗ്ഗം
സാകാംക്ഷപുണ്ഡരീകാക്ഷം
ഇവനിവിടെയിരുന്നിടുന്നു, നീ ചെ-
ന്നവളെ നയത്തിൽ മദുക്തിയാൽ മയക്കി,
ഇവിടെ വടിവൊടാനയിക്കുകെന്നാ-
യവിധ ലഭിച്ചവൾ രാധയോടു ചൊല്ലി:-
37
ഗീതം പത്ത്
1
രാധികേ, സഖീ, നിൻ വിരഹത്തിനാ-
ലാധിയുൾച്ചേർന്നുഴലുന്നു മാധവൻ.
മന്മഥമദസ്ഫൂർത്തി ചേർന്നങ്ങനെ
മന്ദമാലേയമാരുതൻ വീശവേ;
ഹാ, വിയുക്തർതന്നുള്ളു പൊള്ളിക്കുവാൻ
പൂ വിരിഞ്ഞു ചിരിച്ചുല്ലസിക്കവേ;
രാധികേ, സഖി, നിൻ വിരഹത്തിനാ-
ലാധിയുൾച്ചേർന്നു തളരുന്നു മാധവൻ!
2
ചന്ദ്രരശ്മികളേൽക്കുന്ന വേളയിൽ
വെന്തുവെന്തു മരിക്കുന്നു സുന്ദരൻ.
കാമബാണങ്ങൾ മെയ്യിൽത്തറയ്ക്കവേ
കാതരമായ്ക്കരയുന്നു കോമളൻ.
എന്നുതന്നെയല്ലോരോ വികൃതിക-
ളൊന്നുമോർക്കാതെ ചെയ് വിതുന്മാദവാൻ.
രാധികേ, സഖി, നിൻ വിരഹത്തിനാ-
ലാധിയുൾച്ചേർന്നുഴലുന്നു മാധവൻ!
ദേവഗീത
ചങ്ങമ്പുഴ
3
ഭൃംഗനാദം ശ്രവിക്കുന്നവേളയി-
ലംഗജോപമൻ പൊത്തുന്നു കാതുകൾ.
അല്ലിലല്ലിൽ വിരഹവിക്ഷുബ്ധമാ-
മല്ലലിലലതല്ലുന്നു തന്മനം.
രാധികേ, സഖി, നിൻ വിരഹത്തിനാ-
ലാധിയുൾച്ചേർന്നുഴലുന്നു മാധവൻ!
4
കോട്ടമറ്റ വസതിവിട്ടക്കൊടും-
കാട്ടിലങ്ങിങ്ങുഴറുന്നു കേശവൻ.
കേണുകേണു നിൻ പേരു, മണ്ണിൽ സ്വയം
വീണുരുണ്ടു, വിളിപ്പൂ വിശ്വംഭരൻ!
രാധികേ, സഖി, നിൻ വിരഹത്തിനാ-
ലാധിയുൾച്ചേർന്നുഴലുന്നു മാധവൻ!
5
ശ്രീജയദേവകീർത്തനപ്രീതനായ്
ഹേ, ജഗന്നാഥ, രാധാപതേ, വിഭോ,
തന്നു താവകദർശനം, ഹാ, ഭവാ-
നെന്നെയിന്നൊന്നനുഗഹിക്കേണമേ!
ഏതു ദേവന്റെ തൃച്ചേവടിയിലി-
ഗ്ഗീതമാം പുഷ്പമർച്ചിച്ചിടുന്നു ഞാൻ,
ആധിയുൾച്ചേർന്നുഴലുന്നു ജീവനാം
രാധയെപ്പിരിഞ്ഞാ മധുസൂദനൻ!
നീയൊത്തെങ്ങന്നൊരിക്കൽ പരമരതിരസം
മാധവൻ നേടി, യങ്ങാ-
ശ്രീയാളും കുഞ്ജകത്തിൽ, കുസുമശരവിഹാ-
രാപ്തതീർത്ഥാന്തരത്തിൽ,
നീയോതും പ്രേമസാന്ദ്രോക്തികളനവരതം
ഹാ, ജപിച്ചും തപിച്ചും,
മായാരൂപൻ ഭജിപ്പൂ, തവ കുചപരിരം-
ഭാമൃതത്തിന്നു, നിന്നെ!
38
ദേവഗീത
ചങ്ങമ്പുഴ
ഗീതം പതിനൊന്ന്
1
ഗോപികമാരുടെ തടമുല തഴുകും
പാണിതലോല്ലസിതൻ
ഗോപാലൻ വനമാലാകലിത-
നുദാരനതിപ്രിയദൻ;
മദനകുതൂഹലമരുളും സുലളിത
യമുനാതീരത്തിൽ
മദഭരിതാംഗികളഭിസരണത്തി-
ന്നണയും രംഗത്തിൽ,
മലയാനിലനലയിളകിയൊലിക്കു,
ഹരിതവനാന്തരത്തിൽ
മലരുകൾ ചിതറിപ്പരിമളമിളകും
വിജനനികുഞ്ജത്തിൽ,
മദനമനോഹരവിഗ്രഹനായി
സ്മരവിവശൻ, കണ്ണൻ,
മരുവീടുന്നൂ തവ ഹൃദയേശൻ,
മരതകമണിവർണ്ണൻ!
2
ഗതിജിതമദഗജമത്തമരാള-
വിലാസനിത്മ്ബിനി, നീ
ഗമനവിളംബനമരുതിനി, മമ സഖി,
പോവുക, പോവുക, നീ!
നാമസമേതം, പൂരിതമോദം,
സൂചിതസങ്കേതം,
നാളീകാക്ഷൻ പൊഴിവൂ മുരളിയിൽ
നിരുപമസംഗീതം.
തവ തനുലതയെത്തഴുകും തെന്നലി-
ലഴകിലുലാവീടും
തരളിതമലയജരേണുവുമായ്, നിജ
ബഹുമതി നേടീടും.
മലരണിലതികകൾ വിലസിന ശിശിരിത-
ദേവഗീത
ചങ്ങമ്പുഴ
യമുനാതീരത്തിൽ,
മലയാനിലനലയിളകിയൊലിക്കും
ഹരിതവനാന്തരത്തിൽ;
ഗോപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ,
ഗോപാലൻ, വനമാലാകലിത,-
നുദാര, നതിപ്രിയദൻ,
മദനമനോഹരവിഗ്രഹനായ്, തവ
ഹൃദയേശൻ, കണ്ണൻ,
മരുവീടുന്നൂ മനസിജവിവശൻ,
മരതകമണിവർണ്ണൻ!
3
പറവകളിളകിപ്പരിചിനൊടുതിരും
ചിറകടികേൾക്കുമ്പോൾ
പരിസരപരീധൃതവനമേഖലയിൽ
പച്ചിലയിളകുമ്പോൾ,
നവസുമതൽപ നീ വരവായെ-
ന്നോർത്തു വിരിച്ചീടും,
നയനം ചകിതം നീ വരുമാ വഴി
നീളെയയച്ചീടും.
മലരണിലതികകൾ വിലസിന ശിശിരിത-
യമുനാതീരത്തിൽ,
മലയാനിലനലയിളകിയൊലിക്കും
ഹരിതവനാന്തരത്തിൽ;
ഗോപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ,
ഗോപാലൻ, വനമാലാകലിത,-
നുദാര, നതിപ്രിയദൻ,
മദനമനോഹരവിഗ്രഹനായ്, തവ
ഹൃദയേശൻ, കണ്ണൻ,
മരുവീടുന്നൂ മനസിജവിവശൻ,
മരതകമണിവർണ്ണൻ!
ദേവഗീത
ചങ്ങമ്പുഴ
4
ഉപസദകേളികളിൽ പരിലോല-
മധീര,മഹോ, മുഖരം,
രിപുവിനു സമമയി വെടിയുക മമ സഖി,
മണിമയമഞ്ജീരം!
തിമിരാവരണാകലിതനികുഞ്ജം
പൂകുക നീ ചാലേ.
തിറമൊടു നീലനിചോളമണിഞ്ഞു
തിരിക്കുക നീ ബാലേ!
മലരണിലതികകൾ വിലസിന ശിശിരിത-
യമുനാതീരത്തിൽ,
മലയാനിലനലയിളകിയൊലിക്കും
ഹരിതവനാന്തരത്തിൽ;
ഗോപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ,
ഗോപാലൻ, വനമാലാകലിത,-
നുദാര, നതിപ്രിയദൻ,
മദനമനോഹരവിഗ്രഹനായ്, തവ
ഹൃദയേശൻ, കണ്ണൻ,
മരുവീടുന്നൂ മനസിജവിവശൻ,
മരതകമണിവർണ്ണൻ!
5
തരളവലാകാവിലസിതമേചക-
മേഘത്തിൻ മേലേ
തരമൊടു മിന്നിയിണങ്ങിച്ചേർന്ന ത-
ടിൽക്കൊടിയെപ്പോലേ,
ഉപഹിതഹാരമനോഹരമാകും
മുരരിപുതൻ മാറിൽ
ഉപരിനിവേശിത സുരതവിലാസിനി
വിലസും നീ ചേലിൽ!
മലരണിലതികകൾ വിലസിന ശിശിരിത-
യമുനാതീരത്തിൽ,
മലയാനിലനലയിളകിയൊലിക്കും
ദേവഗീത
ചങ്ങമ്പുഴ
ഹരിതവനാന്തരത്തിൽ;
ഗോപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ,
ഗോപാലൻ, വനമാലാകലിത,-
നുദാര, നതിപ്രിയദൻ,
മദനമനോഹരവിഗ്രഹനായ്, തവ
ഹൃദയേശൻ, കണ്ണൻ,
മരുവീടുന്നൂ മനസിജവിവശൻ,
മരതകമണിവർണ്ണൻ!
6
തളിരുടയാടയഴിഞ്ഞുകിഴിഞ്ഞാ-
പ്പേശലമാം രശനം
തമസാ ഹൃതമായ് നഗ്നോജ്ജ്വലരുചി-
ചിന്നിടുമാ ജഘനം,
പങ്കജനയനേ, ചേർക്കുക നീയാ-
ക്കിസലയശയനത്തിൽ
തങ്കത്തിൻ നിധികുംഭമ്പോൽമുദ-
മരുളട്ടേ ഹൃത്തിൽ!
മലരണിലതികകൾ വിലസിന ശിശിരിത-
യമുനാതീരത്തിൽ,
മലയാനിലനലയിളകിയൊലിക്കും
ഹരിതവനാന്തരത്തിൽ;
ഗോപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ,
ഗോപാലൻ, വനമാലാകലിത,-
നുദാര, നതിപ്രിയദൻ,
മദനമനോഹരവിഗ്രഹനായ്, തവ
ഹൃദയേശൻ, കണ്ണൻ,
മരുവീടുന്നൂ മനസിജവിവശൻ,
മരതകമണിവർണ്ണൻ!
ദേവഗീത
ചങ്ങമ്പുഴ
7
ഹരിയഭിമാനി, കരുതിടുകതു നീ,
കാലമിതോ രജനി
പിരിയും യാമിനിയുടെ, നയി മമ സഖി,
പോവുക, പോവിക, നീ!
വിധുരത കളയൂ, വിധുമുഖി, ചെയ്യൂ
ഞാനരുളുമ്പോൽ നീ
മധുരിപുകാമം പൂരിതമാക്കുക
മധുമയ ഭാഷിണി, നീ!
മലരണിലതികകൾ വിലസിന ശിശിരിത-
യമുനാതീരത്തിൽ,
മലയാനിലനലയിളകിയൊലിക്കും
ഹരിതവനാന്തത്തിൽ;
ഗോപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ,
ഗോപാലൻ, വനമാലാകലിത,-
നുദാര, നതിപ്രിയദൻ,
മദനമനോഹരവിഗ്രഹനായ്, തവ
ഹൃദയേശൻ, കണ്ണൻ,
മരുവീടുന്നൂ മനസിജവിവശൻ,
മരതകമണിവർണ്ണൻ!
8
ഭുവി ജയദേവൻ, ഹരിപദസേവൻ
പൊഴിയുവൊരീ ഗീതം
ഭവഭയരഹിതം, ഭാവുകഭരിതം,
ഭക്തിരസാകലിതം,
സുകൃതജനാവനലോലൻ, ഗോകുല-
പാലൻ, മുരമഥനൻ,
സുഖമൊടുകേട്ടു സുമംഗളമേകുക
മദനമഹാമദനൻ.
വരിക, ഭജിക്കുക, ഹരിപദകമലം,
കളയുക കലുഷഭരം,
വരഗുണവസതികളേ, വഴി തേടുക
ദേവഗീത
ചങ്ങമ്പുഴ
പരമഗതിക്കു ചിരം.
ആരുടെ പദതലസരസിജയുഗമതി-
ലർപ്പിതമിഗ്ഗീതം
നാരായണനാ നരകവിനാശന-
നേകട്ടേ മോദം!
മലരണിലതികകൾ വിലസിന ശിശിരിത-
യമുനാതീരത്തിൽ,
മലയാനിലനലയിളകിയൊലിക്കും
ഹരിതവനാന്തരത്തിൽ;
ഗോപികമാരുടെ തടമുലതഴുകും
പാണിതലോല്ലസിതൻ,
ഗോപാലൻ, വനമാലാകലിത,-
നുദാര, നതിപ്രിയദൻ,
മദനമനോഹരവിഗ്രഹനായ്, തവ
ഹൃദയേശൻ, കണ്ണൻ,
മരുവീടുന്നൂ മനസിജവിവശൻ,
മരതകമണിവർണ്ണൻ!
മാരോദ്വേഗമിയന്നിടയ്ക്കു 'നെടുതായ്
വീർക്കും, സമുൽക്കണ്ഠയോ-
ടാരോപിച്ചിടുമക്ഷി നിൻ സരണിയിൽ,
പൂകും ലതാമന്ദിരം;
ഓരോ പിച്ചുപുലമ്പു, മാത്തകൗതുകം
പൂമെത്തതീർക്കും, ഭ്രമി-
ചോരോന്നിങ്ങനെ പേർത്തുപേർത്തു തുടരും
മുഗ്ദ്ധാനനേ, നിൻ പ്രിയൻ!
39
സൂരൻ പോയസ്തമിച്ചൂ സുദതി, സപദി നിൻ-
ഭാഗ്യദോഷത്തൊടൊപ്പം,
പാരാകെക്കൂരിരുട്ടാ യദുവരരതിമോ-
ഹത്തൊടൊത്താഗമിച്ചു
നേരം വൈകുന്നു, കോകാവലിയുടെ നെടുതാം
ക്രന്ദനം, പോലെയായി-
ത്തീരുന്നൂ കഷ്ട, മെന്നർത്ഥന, സഖി, യഭിസാ-
രാർഹമിസ്സന്മുഹൂർത്തം!
40
ദേവഗീത
ചങ്ങമ്പുഴ
മറ്റെന്തിന്നോ ഗമിക്കെ, ഭ്രമപഥവിരിയാൽ-
ക്കൂട്ടിമുട്ടിത്തമസ്സിൽ-
ത്തെറ്റേൽക്കാതാളുചോദിച്ചറികെയിരുവരും
തമ്മിൽമെയ്ചേർത്തുപുൽകി;
പറ്റിച്ചേർന്നുമ്മവെച്ചും, നഖരുജയനുര-
ഞ്ജിച്ചു, മമ്മട്ടു കാമം
മുറ്റിക്കൈമെയ്മറക്കുന്നവരുടെ രതീധാ-
കല്യമെന്തെന്തു മുഗ്ദ്ധേ?
41
പേടിപ്പാടിലരണ്ട കണ്ണുകൾ, വഴി-
ചാൽ മുന്നിരുട്ടിൽ സ്വയം
തേടിത്തേടിയിരുന്നിരുന്നു തരുമൂ-
ലന്തോറുമുദ്വിഗ്നയായ്,
ചേടോരോന്നു പതുക്കെ വെച്ചൊരുവിധം
സങ്കേതസമ്പ്രാപ്തയായ്-
ക്കൂടും നിൻ മദനാകുലാംഗരുചി ക-
ണ്ടുൾപ്രീതനാകും പ്രിയൻ!
42
ഹാ, രാധാമുഖപങ്കജഭ്രമരമായ്,
ത്രൈലോക്യശീർഷോല്ലസൽ-
ഗ്ഗാരുത്മോജ്ജ്വലരത്നമായ്, ഭുവനഭാ-
രാന്ത്യത്തിനാധാരമായ്;
ആരമ്യാംഗികൾ ഗോപികാംഗനകൾത-
ന്നാനന്ദസങ്കേതമായ്,
ക്രൂരൻ കംസനു കാലനായ ഭഗവാൻ
കാത്തിടേണം നിങ്ങളെ!
43
ദേവഗീത
ചങ്ങമ്പുഴ
ആറാം സർഗ്ഗം
സോൽക്കണ്ഠവൈകുണ്ഠം
അനന്തരം, കാൽച്ചുവടൊന്നുവെയ്ക്കാ-
നശക്തനായി, പ്രണയാർത്തയായി,
അമർന്നിടും രാധികയെക്കുറിച്ച-
ങ്ങണഞ്ഞു ഗാവിന്ദനോടോതി തോഴി.
44
ഗീതം പന്ത്രണ്ട്
1
വല്ലാതെ വാടിത്തളർന്നു, നാഥ,
വല്ലിക്കുടിലിരിപ്പു രാധ!
കാണുകയാണു നിൻ കാന്തികോലു-
മാനന, മെങ്ങവൾ നോക്കിയാലും.
അന്യഗോപാംഗനമാരുമായി
അന്യൂനസല്ലാപലോലനായി,
രമ്യാധരാമൃതമാസ്വദിക്കും
നിന്മുഖമിന്നവൾ കാണ്മിതെങ്ങും!
2
നിന്നഭിസാരത്തിനായി വേഗം
സന്നദ്ധയാ, യവളാത്തരാഗം;
മുറ്റുമിരുട്ടിനാൽ, സംഭ്രമത്താൽ
തെറ്റിപ്പോയെന്നാലവൾക്കു മാർഗ്ഗം.
ഞാനവളെ സ്വയം നേർവഴിയി-
ലാനയിച്ചെങ്കിലും ക്ഷീണിതയായ്,
ദേഹം തളർന്നു തളർന്നു പാവം
മോഹിച്ചു താഴത്തു വീണുപോയി.
വല്ലാതെ, വാടിത്തളർന്നു, നാഥ,
വല്ലിക്കുടിലിലിരിപ്പു രാധ!
ദേവഗീത
ചങ്ങമ്പുഴ
3
തൂവെള്ളത്താമരത്തണ്ടുകളാൽ
തൂമതാവും തളിർച്ചെണ്ടുകളാൽ,
നിർമ്മിച്ച നാനാവിഭൂഷണങ്ങൾ
നിർമ്മലമാം കുളിർമെയ്യിൽച്ചാർത്തി,
സന്തതം താവക ക്രീഡകൾതൻ
ചിന്തയിൽ ജീവിപ്പൂ സുന്ദരാംഗി.
വല്ലാതെ, വാടിത്തളർന്നു, നാഥ,
വല്ലിക്കുടിലിലിരിപ്പു രാധ!
4
തന്നംശുകവിഭൂഷാദികളെ-
പ്പിന്നെയും പിന്നെയും നോക്കി നോക്കി;
'ഞാനഹോ, മാധവന്തന്നെ'-യേവം
ധ്യാനത്തിൽപ്പിന്നെയും മഗ്നയായി,
വല്ലാതെ, വാടിത്തളർന്നു, നാഥ,
വല്ലിക്കുടിലിലിരിപ്പു രാധ!
5
വേഗത്തിലിങ്ങഭിസാരണാർത്ഥ-
മാഗമിക്കാത്തതെന്താത്മനാഥൻ?'-
ഖിന്നയായേവമനുനിമേഷ-
മെന്നോടു ചോദിച്ചുകൊണ്ടു, കഷ്ടം,
വല്ലാതെ, വാടിത്തളർന്നു, നാഥ,
വല്ലിക്കുടിലിലിരിപ്പു രാധ!
6
നീരദശ്രീയാർന്നനൽപമായി
നീളെ നിറഞ്ഞിരുളാഗമിക്കെ;
'എൻ പ്രിയനെത്തി'-യെന്നുൾഭ്രമത്താൽ
ചുംബിപ്പൂ, വെമ്പലോടാശ്ലേഷിപ്പൂ.
വല്ലാതെ, വാടിത്തളർന്നു, നാഥ,
വല്ലിക്കുടിലിലിരിപ്പു രാധ!
ദേവഗീത
ചങ്ങമ്പുഴ
7
കാമുകൻ, ഹാ, ഭവാൻ വന്നണയാൻ
കാലവിളംബനം സംഭവിക്കെ,
വാവിട്ടുകേഴുന്നു ലജ്ജവിട്ടാ
വാസകസജ്ജിക ദീനയായി.
വല്ലാതെ, വാടിത്തളർന്നു, നാഥ,
വല്ലിക്കുടിലിലിരിപ്പു രാധ!
8
ഹാ, ജഗന്നാഥപ്രസാദപൂതം
ശ്രീജയദേവരചിതഗീതം,
ഭക്തരസികർക്കിതെന്നുമെന്നും
മുക്തിപ്രദമായ് ഭവിച്ചിടാവൂ!
ഏതുദേവന്റെ തൃച്ചേവടിയിൽ
ഗീതമിതഞ്ജലിചെയ് വിതോ ഞാൻ,
ആ മാധവനെക്കുറിച്ചു ചിന്തി-
ച്ചാമയാവിഷ്ടഹൃദന്തയായി,
വല്ലാതെ, വാടിത്തളർന്നു, കഷ്ടം,
വല്ലിക്കുടിലിലിരിപ്പു രാധ!
മാരാഗ്നിജ്വാല കെട്ടാറിയ കിതവ, ഭവൽ-
ധ്യാനസംലഗ്നയായി-
സ്സാരസ്യംചേർന്നിയങ്ങും രസജലധിയിലാ-
നാസമാമഗ്നയായി,
ഓരോന്നുദ്വേഗമുൾച്ചേർന്നരുളി, വിപുലരോ-
മാഞ്ചസീൽക്കാരഘർമ്മം
പൂരി, ച്ചന്തർജ്ജഡത്വത്തൊടു, തവനിനവിൽ-
ത്തന്നെയേണാക്ഷി വാഴ്വൂ!
45
ചേലിൽച്ചാർത്തുന്നു പേർത്തും വരതനു ലളിതാം-
ഗങ്ങളിൽ കമ്രഭൂഷാ-
ജാലം, പത്രം ചലിക്കുമ്പൊഴുതു തവ പദ-
ന്യാസമെന്നായ് ഭ്രമിപ്പൂ
ലീലാതൽപം രചിപ്പൂ, മദപരവശയായ്-
ധ്യാനമുൾച്ചേർന്നിരിപ്പൂ
ലോലാക്ഷിക്കുന്തിനീക്കാനരുതു നിശയിത-
ങ്ങന്തികത്തില്ലയെങ്കിൽ!
46
ദേവഗീത
ചങ്ങമ്പുഴ
പേരാൽച്ചോടിതു കൃഷ്ണഭോഗിഭവനം,
വേണ്ടിങ്ങിരിക്കേ, ണ്ടതാ
നേരേ മൽസഖ, പാന്ഥ, നന്ദനിലയം
കാൺമ്മൂ സദാനന്ദദം!"
ഹാ, രാധോക്തി, യിതെത്തി നന്ദസവിധേ
പാന്ഥൻ കഥിക്കെ, സ്വയം,
സാരം ഗുഹിതമാക്കുമച്യുതശുഭാ-
ശംസോക്തി വെൽവൂ ചിരം!
47
ദേവഗീത
ചങ്ങമ്പുഴ
ഏഴാം സർഗ്ഗം
നാഗരികനാരായണം
കുലടകളുടെ മാർഗ്ഗം രോധനം ചെയ്തു പാപ-
പ്പൊലിമ തടവിടുമ്പോൾ സ്പഷ്ടമാം പങ്കമേന്തി,
വിലസിലളിതയായോരൈന്ദ്രിതൻ ചന്ദനശ്രീ-
തിലകരുചിയിണങ്ങിപ്പൊങ്ങിയേണാങ്കനപ്പോൾ.
48
വൃന്ദാവനം ചന്ദ്രികയിൽ കുളിക്കെ
നന്ദാത്മജാഭാവമസഹ്യമാകെ,
മന്ദേതരക്ലാന്തി മനസ്സിലേന്തി
ക്രന്ദിച്ചിതാ രാധിക ദീനദീനം.
49
ഗീതം പതിമൂന്ന്
1
സദയമിന്നെനിക്കാരുണ്ടൊരാശ്രയം
സഖികളാലഹോ, വഞ്ചിതയായി ഞാൻ!
സമയമൊക്കെക്കഴിഞ്ഞു, പറഞ്ഞപോൽ
സരസിജാക്ഷനിങ്ങെത്തിയില്ലിന്നിയും.
അമലരൂപമാമീ മമ യൗവന-
മഹഹ! നിഷ്ഫലം, നിഷ്ഫലം കേവലം.
2
ഏതുദേവനെത്തേടിയീരാത്രിയി-
ലേതുമോർക്കാതിറങ്ങിത്തിരിച്ചു ഞാൻ.
ആ മമ പ്രിയൻ ഭേദിപ്പു നിർദ്ദയൻ
കാമബാണശരങ്ങളാലെന്മനം.
സദയമിന്നെനിക്കാരുണ്ടൊരാശ്രയം
സഖികളാലഹോ, വഞ്ചിതയായി ഞാൻ!
ദേവഗീത
ചങ്ങമ്പുഴ
3
മരണമാണെനിക്കുത്തമ, മെന്തിനീ
വിരഹവഹ്നിതൻ ജ്വാലോൽക്കരങ്ങളിൽ
വിതഥകേതനയായിന്നിതുവിധം
വിഗതചേതനം വീണു ദഹിപ്പു ഞാൻ!
സദയമിന്നെനിക്കാരുണ്ടൊരാശ്രയം
സഖികളാലഹോ, വഞ്ചിതയായി ഞാൻ!
4
മാധവവിരഹാനലജ്ജ്വാലകൾ
മാനസത്തിൽ വഹിച്ചു ഞാൻ നിൽക്കവേ,
ഭൂഷണങ്ങളാണോർക്കുകി, ലീ മണി-
ഭൂഷണങ്ങളഖിലവുമിന്നു മേ!
സദയമിന്നെനിക്കാരുണ്ടൊരാശ്രയം
സഖികളാലഹോ, വഞ്ചിതയായി ഞാൻ!
5
വിധുരതയെനിക്കേകുന്നിതിങ്ങിതാ
മധുരദർശനിയീ മധുയാമിനി.
സുമശരോപമനൊത്തു രമിക്കുവാൻ
സുകൃതിനികൾക്കു മാത്രമേ പറ്റിടൂ.
സദയമിന്നെനിക്കാരുണ്ടൊരാശ്രയം
സഖികളാലഹോ, വഞ്ചിതയായി ഞാൻ!
6
മാരനെൻനേർക്കിടവിടാതെയ്യുമീ
മാരകോഗശരാളിതൻ പീഡയാൽ,
പൂതൊഴും മേനിയാകുമെൻ മാനസം
ഭേദനംചെയ് വിതീ മലർ മാലയും!
സദയമിന്നെനിക്കാരുണ്ടൊരാശ്രയം
സഖികളാലഹോ, വഞ്ചിതയായി ഞാൻ!
ദേവഗീത
ചങ്ങമ്പുഴ
7
അവഗണിച്ചഴ, ലീയാറ്റുവഞ്ഞികൾ-
ക്കടിയിൽ, ഞാനേവമാവസിച്ചീടിലും,
മനസിയെന്നെ സ്മരിപ്പതുംകൂടിയി-
ല്ലനുപമാംഗനിന്നാമധുസൂദനൻ.
സദയമിന്നെനിക്കാരുണ്ടൊരാശ്രയം
സഖികളാലഹോ, വഞ്ചിതയായി ഞാൻ!
8
കോമളകലാലോലയായുള്ളൊരീ
ശ്രീമയജയദേവജഭാരതി,
ചേണിയലും രസികചിത്തങ്ങളിൽ
വാണിടട്ടൊരു മോഹിനിയെന്നപോൽ!
ഏതുദേവന്റെ തൃപ്പാദപൂജയി-
ഗ്ഗീത, മാ മധുസൂദനൻ, മാധവൻ,
വന്നിടായ്കയാലാലംബഹീനയായ്
കണ്ണുനീർപെയ്തു വാഴുന്നു രാധിക.
അന്തർമ്മോദമൊടന്യഗോപികളുമായ്
ക്രീഡിപിതോ, സദ്രസം
ചിന്തും നൃത്തകലാദിയിൽ സഖികളാ-
ലാബദ്ധനായ്ത്തീർന്നിതോ?
അന്തം വിട്ടു വനത്തിലല്ലിലുഴറീ-
ടന്നോ, മന:ക്ലാന്തിയ-
ത്യന്തം ചേർന്നു തളർന്നു വാണീടുകയോ?-
കാണ്മീലഹോ കാന്തനെ!
50
അന്നേരം തന്നനുകനിയലാ-
തേകയായ് ചാരെ വീണ്ടും
വന്നെത്തീടും സഖിയെ രുജയാൽ
സ്തബ്ധയായുറ്റുനോക്കി,
അന്യസ്ത്രീയൊത്തമിതരസമോ-
ടച്യുതൻ ക്രീഡയാടു-
ന്നെന്നായ് ശങ്കി, ച്ചതു മിഴിയിലാ-
പ്പെട്ടപോലോമലോതി:
51
ദേവഗീത
ചങ്ങമ്പുഴ
ഗീതം പതിന്നാല്
1
മധുരിപുവൊത്തു രമിക്കയാണൊ-
രധികഗുണാഢ്യയാമദ്ഭുതാംഗി!
സ്മരസമരോചിതചിത്തരമ്യ-
വിരചിതവേഷമിയന്നിണങ്ങി,
വിലുളിതവേണിയിലങ്ങുമിങ്ങും
വിഗളിതരമ്യപുഷ്പങ്ങൾ തങ്ങി,
മധുരിപുവൊത്തു രമിക്കയാണൊ-
രധികഗുണാഢ്യയാമദ്ഭുതാംഗി!
2
ഹരികരാശ്ലേഷതരംഗമാലാ-
ഭരിതവികാരവിലാസിനിയായ്,
തടമുലതുള്ളിത്തുളുമ്പി, മേലേ
തരളിതഹാരാവലികളുമായ്,
മധുരിപുവൊത്തു രമിക്കയാണൊ-
രധികഗുണാഢ്യയാമദ്ഭുതാംഗി!
3
അളകങ്ങളങ്ങിങ്ങുതിർന്നു ചിന്നി
ലളിതാനനേന്ദു തെളിഞ്ഞുമിന്നി,
മധുസൂദനന്തൻ മധുരമാകു-
മധരാമൃതം, ഹാ, നുകർന്നു വെമ്പി;
മധുരിപുവൊത്തു രമിക്കയാണൊ-
രധികഗുണാഢ്യയാമദ്ഭുതാംഗി!
4
ഇളകും മണിമയ കുണ്ഡലങ്ങ-
ളൊളികപോലങ്ങളിൽ വീശിവീശി,
മുഖരിതസദ്രശനാകലിത-
ജഘനഗമനവിലോലയായി,
മധുരിപുവൊത്തു രമിക്കയാണൊ-
രധികഗുണാഢ്യയാമദ്ഭുതാംഗി!
ദേവഗീത
ചങ്ങമ്പുഴ
5
ദയിതവിലോകിതലജ്ജിതയായ്,
ദരസമുന്മീലിതസുസ്മിതയായ്,
സുലളിതകൂജിതമേളിതയായ്,
സുഖദരതിരസലോലുപയായ്,
മധുരിപുവൊത്തു രമിക്കയാണൊ-
രധികഗുണാഢ്യയാമദ്ഭുതാംഗി!
6
വിപുലപുളകവിലാസിനിയായ്,
വികസിതവേപവിവശിതയായ്,
ശ്വസിതനിമീലിതോൽഫുല്ലനായോ-
രസമാസ്ത്രനത്രയ്ക്കധീനയായി,
മധുരിപുവൊത്തു രമിക്കയാണൊ-
രധികഗുണാഢ്യയാമദ്ഭുതാംഗി!
7
ശ്രമജലബിന്ദുക്കൾ ചേർന്നിണങ്ങി-
ക്കമനീയമാം മെയ്യിൽ കാന്തിതിങ്ങി,
രതിരണധീരപരാക്രമത്താൽ
പതിതന്നുരസിൽ പതിച്ചൊതുങ്ങി,
മധുരിപുവൊത്തു രമിക്കയാണൊ-
രധികഗുണാഢ്യയാമദ്ഭുതാംഗി!
ദേവഗീത
ചങ്ങമ്പുഴ
8
നിയതമിഗ്ഗീതം ഹരിരമിതം
ജയദേവവർണ്ണിതം രാഗപൂതം
പരിശമിപ്പിച്ചിടട്ടെന്നുമെന്നും
പരിധിയറ്റാളും കലികലുഷം.
പരിചിലിഗ്ഗീതമർപ്പിപ്പതാർതൻ
പദതാരിൽ ഞാ, നക്കൃപാലുവാകും,
മധുരിപുവൊത്തു രമിക്കയാണൊ-
രധികഗുണാഢ്യയാമദ്ഭുതാംഗി!
മല്ലാരിതൻ വിരഹപാണ്ഡുമുഖാംബുജശ്രീ
തെല്ലേന്തുമീ വിധു ഹനിപ്പു മദീയതാപം
ഉല്ലോലമാന്മഥമദാർത്തിയണപ്പു പക്ഷേ,
മല്ലീശരന്റെ സചിവത്വമെഴുന്നമൂലം!
52
ഗീതം പതിനഞ്ച്
1
വിജയിയാം മുരമഥനൻ ക്രീഡിപ്പൂ
വിജനയാമുനപുളിനത്തിൽ!
സമുദിതാനംഗതരളിതാധര-
രമണീയാംഗനാ വദനത്തിൽ,
വികസിതോജ്ജ്വലവിധുബിംബത്തിങ്കൽ
വിലസുമഞ്ജനഹരിണം പോൽ,
പുളകം മേളിക്കെ, ക്കുളിർകസ്തൂരികാ-
തിലകം ചാർത്തിപ്പൂ മുകില്വർണ്ണൻ!
പുളകം മേളിക്കെ, ക്കുളിർകസ്തൂരികാ-
തിലകം ചാർത്തിപ്പൂ മുകിൽവർണ്ണൻ!
വിജയിയാം മുരമഥനൻ ക്രീഡിപ്പൂ
വിജനയാമുനപുളിനത്തിൽ!
2
നവജലധരനികരരമ്യമായ്
യുവജനമനോഹരമായി,
മദനസാരംഗവനമായ് മിന്നുമാ
മൃദുലനിർഭരകബരിയിൻ
കുളിർമിന്നൽപ്പിണരൊളിയിളകുന്ന
കുരവകോജ്ജ്വലകുസുമങ്ങൾ,
ദേവഗീത
ചങ്ങമ്പുഴ
അണിയണിയായിട്ടഴകൊഴുകുമാ-
റണിയിച്ചീടുന്നൂ മണിവർണ്ണൻ!
വിജയിയാം മുരമഥനൻ ക്രീഡിപ്പൂ
വിജനയാമുനപുളിനത്തിൽ!
3
സുഘനമായ് മൃഗമദരുചി തിങ്ങി
നഖപദശശികല തങ്ങി,
ലളിതദീപ്തിയിൽ വിലസിടുന്നൊരാ-
ക്കുളിർകുചയുഗഗനത്തിൽ,
സ്ഫുടമണിസരവിമലതാരക-
പടലം കേശവനണിയിപ്പൂ!
വിജയിയാം മുരമഥനൻ ക്രീഡിപ്പൂ
വിജനയാമുനപുളിനത്തിൽ!
4
കരതലപത്മദളവിലസിത-
കമലകോമളവലയമ്പോൽ,
ഹിമശിശിരമായ് പരിലസിക്കുമ-
ക്കമനീയഭുജയുഗളത്തിൽ,
മധുകരോൽക്കരം വിതരണം ചെയ് വൂ
മരതകമണിവളകളാൽ!
വിജയിയാം മുരമഥനൻ ക്രീഡിപ്പൂ
വിജനയാമുനപുളിനത്തിൽ!
5
മദനമോഹനകനകപീഠമായ്
മൃദുലസൗരഭമസൃണമായ്,
അതിവിപുലമാമപഘനമാകും,
രതിനികേതനജഘനത്തിൽ,
മണിമയസരരശനാതോരണ-
മണിയിച്ചീടുന്നു മധുവൈരി
വിജയിയാം മുരമഥനൻ ക്രീഡിപ്പൂ
വിജനയാമുനപുളിനത്തിൽ!
ദേവഗീത
ചങ്ങമ്പുഴ
6
മലർമാതിൻ മഞ്ജുനിലയമായ് നഖ-
മണിഗണാർച്ചനാമഹിതമായ്,
പരിലസിച്ചീടും പരമസുന്ദര-
ചരണപല്ലവയുഗളത്തെ,
ഉരസി ചേർത്തുവെച്ചമലയാവക
ഭരണാച്ഛാദനം വിരചിപ്പൂ.
വിജയിയാം മുരമഥനൻ ക്രീഡിപ്പൂ
വിജനയാമുനപുളിനത്തിൽ!
7
ഖലഹലധരസഹജനേവ, മൊ-
രലസാപാംഗിതൻ സവിധത്തിൽ,
നിജസപര്യയിൽ പ്രണയപൂർവ്വകം
ഭജനലോലനായമരുമ്പോൾ,
അവശചിത്തയായിതുവരേത്തഉമീ-
യലരണിവല്ലിക്കുടിലിതിൽ,
പറയൂ, തോഴി, നീ പറയു, കെന്തിനായ്
പഴുതേ കാത്തയ്യോ മരുവി ഞാൻ?
വിജയിയാം മുരമഥനൻ ക്രീഡിപ്പൂ
വിജനയാമുനപുളിനത്തിൽ!
8
രസഭരിതമായ് ഹരിപദപത്മ-
പ്രസഭചൈതന്യമിളിതമായ്,
വിലസുമീഗീതം വിഗതഭൂഷിതം
വിരചിച്ചീടുന്ന കവിരാജൻ
കലിയുഗകൃതദുരിതമേൽക്കാതെ
കഴിയാറാകാവൂ ജയദേവൻ.
മഹിയിലിന്നാർതൻ ചരണപൂജയി
മഹിതഗീത, മാ ജഗദീശൻ-
വിജയിയാം മുരമഥനൻ ക്രീഡിപ്പൂ
വിജനയാമുനപുളിനത്തിൽ!
ദേവഗീത
ചങ്ങമ്പുഴ
നീയെന്തിന്നയി ദൂതി, മത്സഖി, വൃഥാ
ദു:ഖിപ്പു, വന്നീലയ-
മ്മായാഗോപകനെങ്കി, ലന്യകളുമൊ-
ത്തേവം രമിച്ചീടുകിൽ?
നീയെന്തിനു പിഴച്ചു?-തദ്ഗുണഗണ-
ത്താലേറ്റമാകൃഷ്ടമായ്
പ്രേയാനോടു രമിക്കുവാനുഴറിടു-
ന്നെന്നെപ്പിരിഞ്ഞെൻമനം!
53
ഗീതം പതിനാറ്
1
വനമാലി, വനമാലി-വനമാലിയുമായ് വൃന്ദാ-
വനഭൂവിൽമേളിപ്പവളേതൊരുത്തി:
കുളിർതെന്നലിലിളകുന്നൊരു കുവലയമെന്നപോ-
ലോളിചിന്നും മിഴികളൊത്തഴകിൽ മുങ്ങി,
വിലസീടും സുമശരസദൃശനുമൊന്നിച്ചു
വിഹരിക്കും മോഹിനിയേതൊരുത്തി;
അനുപമശിശിരിതകിസലശയനത്താ-
ലനുഭവിപ്പീലവൾ താപലേശം!
2
വനമാലി, വനമാലി-വനമാലിയുമായ് വൃന്ദാ-
വനഭൂവിൽമേളിപ്പവളേതൊരുത്തി;
വികസിതസരസിജലളിതാനനനൊന്നിച്ചു
വിഹരിക്കും സുന്ദരിയേതൊരുത്തി;
അസമശരശരനികരവിദലിതഹൃദയയാ-
യനുഭവിപ്പീലവൾ താപലേശം!
3
വനമാലി, വനമാലി-വനമാലിയുമായ് വൃന്ദാ-
വനഭൂവിൽമേളിപ്പവളേതൊരുത്തി;
അമൃതമയമധുരമൃദുവചനഓടൊന്നിച്ചി-
ന്നമിതരസം ക്രീഡിപതേതൊരുത്തി;
എരിപൊരിക്കൊൾവതില്ലവളണുവെങ്കിലും
സുരഭിലമലയജരചനമൂലം!
ദേവഗീത
ചങ്ങമ്പുഴ
4
വനമാലി, വനമാലി-വനമാലിയുമായ് വൃന്ദാ-
വനഭൂവിൽമേളിപ്പവളേതൊരുത്തി;
സ്ഥലജലജരുചിരകരചരണനോടൊന്നിച്ചു
നലമൊടലം ക്രീഡിപ്പതേതൊരുത്തി;
തറയിൽക്കിടന്നവളുരുളുന്നീലണുപോലും
തരളഹിമകരകിരണം തനുവിലേൽക്കേ!
5
വനമാലി, വനമാലി-വനമാലിയുമായ് വൃന്ദാ-
വനഭൂവിൽമേളിപ്പവളേതൊരുത്തി;
സജലജലധരനി കരരുചിരാംഗനൊന്നിച്ചു
സരസം രമിപ്പവളേതൊരുത്തി;
വിദലിതമായ്ത്തീരുന്നതില്ലവൾക്കൽപവും
വിരഹരുജകാരണം മുഗ്ദ്ധചിത്തം!
6
വനമാലി, വനമാലി-വനമാലിയുമായ് വൃന്ദാ-
വനഭൂവിൽമേളിപ്പവളേതൊരുത്തി;
കനകമയകമനീയവസനനോടൊന്നിച്ചു
കലിതരസം ക്രീഡിപ്പതേതൊരുത്തി;
പരിതപ്തനിശ്വാസമിയലുന്നീലവളൊട്ടും
പരിജനപരിഹാസപരവശയായ്!
7
വനമാലി, വനമാലി-വനമാലിയുമായ് വൃന്ദാ-
വനഭൂവിൽമേളിപ്പവളേതൊരുത്തി;
അഖിലധരണീജനവരതരുണനൊന്നിച്ച-
ങ്ങഴകിലലം ക്രീഡിപ്പതേതൊരുത്തി;
കരുണാകരപരിലാളിതയാമവൾക്കേൽപീലാ
കരളിലൊരിക്കലും കദനലേശം!
ദേവഗീത
ചങ്ങമ്പുഴ
8
ജലജാക്ഷികൾതൻ ചിത്തകുതൂകപ്രകീർത്തിതം
ജയദേവഭണീതമീ മധുരഗീതം,
ശ്രവണംചെയ്തീടുവോർതൻ ഹൃദയങ്ങളിൽ
സവിലാസം വാണാവൂ വാസുദേവൻ,
സരസമിതിന്നാരുടെ ചരണകമലങ്ങളിൽ
പരിചിൽ ഞാനർപ്പിപ്പൂ ഭക്തിപൂർവം;
ഭുവനതലനാഥനാ ഗോപാലനൊന്നിച്ചു
സവിഹാരം ക്രീഡിപ്പതേതൊരുത്തി;
വനമാലി, വനമാലി-വനമാലിയുമായ് വൃന്ദാ-
വനഭൂവിൽമേളിപ്പവളേതൊരുത്തി;
അസമശരശരനികരവിദലിതഹൃദയയാ-
യനുഭവിപ്പീലവൾ വിരഹതാപം!
കാമോദ്ദീപക, ചന്ദനാനില, ഭവാ-
നെന്നിൽ പ്രസാദിക്കണേ,
വാമത്വം ഹൃദി ദക്ഷിണോത്തമ, ഭവാൻ
ദൂരെ ത്യജിക്കേണമേ!
പ്രേമത്തോടൊരുനോക്കു മാധവമുഖം
കാണ്മാൻ കൊതിക്കുന്നു ഞാൻ
ഹാ! മൽപ്രാണനെടുത്തിടായ്കതിനുമുൻ-
പയ്യോ, ജഗൽപ്രാണ, നീ!
54
ആർതൻ വേർപാടിലാളീപരിചരണമഹോ,
ദുസ്സഹം, ശീതവാതം
ചേതസ്സിന്നഗ്നിതുല്യം, വരശിശിരകരൻ
കാളകാകോളകൽപൻ;
ഏതും കാരുണ്യമില്ലാതമരുമവനിലെൻ-
ഹൃത്തുതാനേ ചരിപ്പൂ
ചേതോദുർവൃത്തിനോക്കൂ, സഖി, തരുണികൾതൻ
വാമകാമം സ്വതന്ത്രം!
55
ദേവഗീത
ചങ്ങമ്പുഴ
മലയാനില, മടിയെന്തലമഴലേകിടുകയി, മേ
മലർനായക, മരണം മമ തരസാ തരികിനി നീ
നിലയമ്പ്രതി കുതുകം പ്രതിഗമനത്തിനു നഹി മേ
നിലയറ്റെഴുമഴലുറ്റവളടിയട്ടിവൾ മൃതിയിൽ!
56
യമസോദരി, കഷ്ടം, നിൻ-
ക്ഷമയാലെന്തയേ ഫലം?
മമ മേനി, യതിൻ ദാഹ-
ശമനാർത്ഥം നനയ്ക്കു നീ!
57
നീലപ്പട്ടു ശിരസ്സിലും, ലളിതമാം
പീതാംബരം മാറിലും,
ചേലിൽച്ചേർന്നുലസിപ്പതാത്മസഖിമാർ
നോക്കി സ്മിതംതൂകവേ;
കാലത്തൻപൊടു രാധയെ ത്രപവഴി-
ഞ്ഞീടുന്ന കൺകോണിനാൽ-
ത്താലോലിച്ചകലെച്ചിരിച്ചു വിലസും
നന്ദാത്മജൻ കാക്കണം!
58
ദേവഗീത
ചങ്ങമ്പുഴ
എട്ടാം സർഗ്ഗം
സാകാംക്ഷപുണ്ഡരീകാക്ഷം
പൂവമ്പനെയ്ത ശരമേറ്റതിദീനയായി
രാവുന്തിനീക്കിയൊരുമട്ടുകഴി, പ്പുഷസ്സിൽ,
ആവിർഭവിച്ചു നയമൊടു നമിച്ചുനിൽക്കും
ജീവേശനോടിദമസൂയയോടോതി രാധ:
59
ഗീതം പതിനേഴ്
1
രാവിലശേഷമുറങ്ങാത്തകാരണം
ഭാവമാന്ദ്യത്താലടഞ്ഞും, കലങ്ങിയും,
കാമോത്സവാസക്തി തിങ്ങിത്തുളുമ്പിയും
കാണുന്നൊരിത്തവ ലോലനേത്രദ്വയം,
വ്യക്താനുരാഗമെന്നോണം ലസിപ്പിതാ-
രക്തമായ്-കൊള്ളാമറിഞ്ഞു ഞാൻ സർവ്വവും!
പോവുക മാധവ, പോവുക കേശവ,
പോരു, മെന്നോടിനിച്ചൊല്ലേണ്ട കൈതവം!
താവകതാപം ഹരിപ്പതേതോമലാൾ
താമസിക്കേ, ണ്ടങ്ങുതന്നെ ചെല്ലു ഭവാൻ!
2
അഞ്ജനലേപനരഞ്ജിതചഞ്ചല-
മഞ്ജുളലോപനചുംബനം കാരണം,
താവിയ നീലിമ മായാതെ മിന്നുമി-
ത്താവകശോണോജ്ജ്വലാധരപല്ലവം,
നൂനം ഹരേ, കൃഷ്ണ, സുന്ദരമാം തവ
മേനിക്കനുരൂപമായിരിപ്പൂ തുലോം!
പോവുക മാധവ, പോവുക കേശവ,
പോരു, മെന്നോടിനിച്ചൊല്ലേണ്ട കൈതവം!
താവകതാപം ഹരിപ്പതേതോമലാൾ
താമസിക്കേ, ണ്ടങ്ങുതന്നെ ചെല്ലു ഭവാൻ!
ദേവഗീത
ചങ്ങമ്പുഴ
3
മാരാഹവത്തിൽ ഖരനഖാഗങ്ങളാ-
ലാരക്തമായ് മെയ്യിലേറ്റൊരീ രേഖകൾ;
ചാരുമരതകരത്നഫലകത്തി-
ലാരചിക്കപ്പെട്ട ഹേമലിപികളിൽ,
എൻനേർക്കയച്ച രതിജയലേഖന-
മെന്നപോലിങ്ങിതാ കാണ്മിതെൻ മുന്നിൽ ഞാൻ!
പോവുക മാധവ, പോവുക കേശവ,
പോരു, മെന്നോടിനിച്ചൊല്ലേണ്ട കൈതവം!
താവകതാപം ഹരിപ്പതേതോമലാൾ
താമസിക്കേ, ണ്ടങ്ങുതന്നെ ചെല്ലു ഭവാൻ!
4
പാടലപാദാബ്ജലാക്ഷാരസത്തിന്റെ
പാടുകൾ മാറിൽത്തെളിഞ്ഞിയന്നങ്ങനെ,
അന്തസ്ഥമാകും മദനദ്രുമത്തിന്റെ
ചെന്തളിർച്ചാർത്തുപോൽ കാണ്മൂ വെളിക്കു ഞാൻ.
പോവുക മാധവ, പോവുക കേശവ,
പോരു, മെന്നോടിനിച്ചൊല്ലേണ്ട കൈതവം!
താവകതാപം ഹരിപ്പതേതോമലാൾ
താമസിക്കേ, ണ്ടങ്ങുതന്നെ ചെല്ലു ഭവാൻ!
5
നൊന്തിടുന്നല്ലോ തവാധരത്തിങ്കലീ
ദന്തക്ഷതങ്ങളെക്കാണുമ്പൊളെന്മനം!
ഇന്നുവരേക്കുമഭേദ്യമായ് വർത്തിച്ചി-
തെന്നോടുകൂടിയിപ്പൂവൽക്കളേബരം.
അമ്മട്ടിലല്ലിപ്പൊ, ഴാണെന്നു ചൊല്ലുന്ന-
തെമ്മട്ടിലയ്യോ, ഹതഭാഗ്യതന്നെ ഞാൻ!
പോവുക മാധവ, പോവുക കേശവ,
പോരു, മെന്നോടിനിച്ചൊല്ലേണ്ട കൈതവം!
താവകതാപം ഹരിപ്പതേതോമലാൾ
താമസിക്കേ, ണ്ടങ്ങുതന്നെ ചെല്ലു ഭവാൻ!
ദേവഗീത
ചങ്ങമ്പുഴ
6
ചിദ്രൂപ, ഹേ കൃഷ്ണ, മെയ്യിനെപ്പോൽത്തവ
ചിത്തവും ശ്യാമമായ്ത്തീർന്നിരിക്കും ദൃഢം.
മല്ലീശരാർത്തയാം വല്ലഭയെപ്പോലു-
മല്ലെങ്കിലെമ്മട്ടു വഞ്ചിപ്പു ഹാ, ഭവാൻ?
പോവുക മാധവ, പോവുക കേശവ,
പോരു, മെന്നോടിനിച്ചൊല്ലേണ്ട കൈതവം!
താവകതാപം ഹരിപ്പതേതോമലാൾ
താമസിക്കേ, ണ്ടങ്ങുതന്നെ ചെല്ലു ഭവാൻ!
7
കില്ലില്ലെനി, ക്കഹോ, മല്ലാക്ഷിമാർകളെ-
ക്കൊല്ലുവാനാണീ വനത്തിൽ ചരിപ്പു നീ.
അൽപമൊന്നോർത്താലതിങ്കലശേഷമി-
ന്നദ്ഭുതമില്ല, വധൂവധനിർദ്ദയ!
ഈലോകമൊട്ടുക്കു പൂതനോദന്തമ-
ബ്ബാലചരിത്രം പ്രകീർത്തിപ്പതില്ലയോ!
പോവുക മാധവ, പോവുക കേശവ,
പോരു, മെന്നോടിനിച്ചൊല്ലേണ്ട കൈതവം!
താവകതാപം ഹരിപ്പതേതോമലാൾ
താമസിക്കേ, ണ്ടങ്ങുതന്നെ ചെല്ലു ഭവാൻ!
8
ഹാ, രതിവഞ്ചിതഖണ്ഡിതതന്വിതൻ
ദാരുണരോദനധാരാഭരിതമായ്,
ശ്രീജയദേവഭണിതമായ്, ദുഷ്പ്രാപ-
തേജോമയമായ്, സുധാമധുരാഢ്യമായ്,
ദിവ്യമായുൾലൊരിഗ്ഗീതം ശ്രവിക്കുവിൻ
ഭവ്യമുൾച്ചേരും, വദിപ്പിന്വിബുധരേ!
ഏതുദേവന്റെ തൃപ്പാദാബ്ജപൂജയി-
ഗ്ഗീത, മാ നന്ദാത്മജൻ, മധുസൂദനൻ,
വിദ്വജ്ജനങ്ങളേ, നിങ്ങൾക്കു സൗഭാഗ്യ-
വിസ്ഫൂർത്തിയേകട്ടെ, വിശ്വാധിനായകൻ!
ദേവഗീത
ചങ്ങമ്പുഴ
അന്യസ്ത്രീപാദലാക്ഷാരുണരുചി വെളിവാം
ചിജ്രാഗത്തിനൊപ്പം
മിന്നും വക്ഷസ്സിതേവം മമ മിഴിയിണതൻ
മുന്നിലാലക്ഷ്യമാകെ,
എന്നാത്മപ്രേമഭംഗസ്മൃതിയിലുണരുമി-
ക്ഷുബ്ധലജ്ജാഭരത്താ-
ലിന്നയ്യോ, നിൻ വിയോഗവ്യഥയിലധികമി-
ദ്ദർശനം ദുസ്സഹം മേ!
60
വിണ്ണിൽദ്ദേവർഷിവൃന്ദം ലയമൊടു തലയാ-
ട്ടീടവേ, കൽപപുഷ്പം
ചിന്നി, സ്വർവ്വാരനാരീകുലമലസതയ-
റ്റാഗമിച്ചാസ്വദിക്കേ;
വിണ്ണോർക്കദ്ദൈത്യപീഡാതപമകതളിരിൽ-
പ്പൂർണ്ണമായ് ക്കെട്ടടങ്ങും
വണ്ണം കംസാരി തൂകും മധുരമുരളികാ-
ഗീതി ഭാഗ്യം തരട്ടേ!
61
ദേവഗീത
ചങ്ങമ്പുഴ
ഒൻപതാം സർഗ്ഗം
അമന്ദഗോവിന്ദം
മല്ലീശരോന്മഥിതയായ്, രതിഭഞ്ജനത്താ-
ലുല്ലാസമറ്റു കലഹാന്തരിതാർദ്രയായി,
കല്യാണകൃഷ്ണപരിതങ്ങൾ നിനച്ചുവാഴും
മല്ലാക്ഷിയോടു സഖിയോതി രഹസ്സിലേവം:
62
ഗീതം പതിനെട്ട്
1
മഞ്ജുവാസന്തികാഭയിൽ മുങ്ങി
മന്ദമാരുതൻ വീശുമീ രാവിൽ,
അച്യുതനൊത്തു മേളിപ്പതേക്കാ-
ളിജ്ജഗത്തിലെന്തുണ്ടൊരു ഭാഗ്യം!
മാധവൻ, മലർമങ്കതൻ കാന്തൻ,
മാനിനീ, തവാത്മാർപ്പിതസ്വാന്തൻ,
അന്തികത്തിലണഞ്ഞിടുംനേരം
ഹന്ത, യെന്തിനീ, നീരസഭാരം?
2
നൽക്കരിമ്പനതന്നിളന്നീരി-
ന്നോക്കുമോമൽസ്തനകലശങ്ങൾ,
സുന്ദരങ്ങൾ, സരസങ്ങൾ, നീയി-
ന്നെന്തിനയ്യോ, വിഫലീകരിപ്പൂ?
മാധവൻ, മലർമങ്കതൻ കാന്തൻ,
മാനിനീ, തവാത്മാർപ്പിതസ്വാന്തൻ,
അന്തികത്തിലണഞ്ഞിടുംനേരം
ഹന്ത, യെന്തിനീ, നീരസഭാരം?
ദേവഗീത
ചങ്ങമ്പുഴ
3
അദ്ഭുതോജ്ജ്വലവിഗ്രഹനാകു-
മച്യുതനെത്യജിച്ചിടായ്കെന്നായ്,
അത്രമേൽക്കേണു ഞാനെത്രവട്ടം
അർത്ഥനചെയ്തു നിന്നോടു, കഷ്ടം!
മാധവൻ, മലർമങ്കതൻ കാന്തൻ,
മാനിനീ, തവാത്മാർപ്പിതസ്വാന്തൻ,
അന്തികത്തിലണഞ്ഞിടുംനേരം
ഹന്ത, യെന്തിനീ, നീരസഭാരം?
4
എന്തിനീദു:ഖ, മെന്തിനീ ബാഷ്പ,-
മെന്തിനീദൃശവിഹ്വലഭാവം?
അക്കലാലോലഗോപികാസംഘ-
മൊക്കെ നിന്നെപ്പരിഹസിക്കില്ലേ?
മാധവൻ, മലർമങ്കതൻ കാന്തൻ,
മാനിനീ, തവാത്മാർപ്പിതസ്വാന്തൻ,
അന്തികത്തിലണഞ്ഞിടുംനേരം
ഹന്ത, യെന്തിനീ, നീരസഭാരം?
5
ശീതളമായ്, പരിമൃദുവാമ-
ശ്വേതപത്മദളാസ്തരംതന്നിൽ,
അമ്മഴമുകില്വർണ്ണനെ നോക്കൂ!
നിന്മിഴികൾ സഫലീകരിക്കൂ!
മാധവൻ, മലർമങ്കതൻ കാന്തൻ,
മാനിനീ, തവാത്മാർപ്പിതസ്വാന്തൻ,
അന്തികത്തിലണഞ്ഞിടുംനേരം
ഹന്ത, യെന്തിനീ, നീരസഭാരം?
6
അന്തരംഗത്തിലുൾക്കടശോക-
മെന്തിനായ് നീ ജനിപ്പിപ്പതേവം?
കുത്സിതോദിതമാണീ വിയോഗം
മത്സഖി, കേൾക്കുകെൻ മൊഴി വേഗം!
മാധവൻ, മലർമങ്കതൻ കാന്തൻ,
മാനിനീ, തവാത്മാർപ്പിതസ്വാന്തൻ,
അന്തികത്തിലണഞ്ഞിടുംനേരം
ഹന്ത, യെന്തിനീ, നീരസഭാരം?
ദേവഗീത
ചങ്ങമ്പുഴ
7
വന്നിടും മധുസൂദനൻ വീണ്ടും
ചൊന്നിടും മധുരോക്തികൾ വീണ്ടും
എന്തിനുപിന്നെയീവിധം, കഷ്ടം!
സന്തപിപ്പൂ നിൻ മൃദുചിത്തം?
മാധവൻ, മലർമങ്കതൻ കാന്തൻ,
മാനിനീ, തവാത്മാർപ്പിതസ്വാന്തൻ,
അന്തികത്തിലണഞ്ഞിടുംനേരം
ഹന്ത, യെന്തിനീ, നീരസഭാരം?
8
ശ്രീയുതം, ജയദേവഭണിതം,
മായാഗോപമഹിതചരിതം;
ഹാ, ലളിതമിതേകാവു മോദം
ശ്രീലചിത്തർ നിങ്ങൾക്കു സതതം!
ഏതുദേവന്റെ തൃപ്പദം, പൂതം,
ജാതമോദം സ്തുതിപ്പതിഗ്ഗീതം,
ഹന്ത, യദ്ദേവനെത്തിടും നേരം
എന്തിനെന്തിനീ നീരസഭാരം?
പ്രേയാനോടു ചൊടിച്ചു കാലിണ പിടി-
ച്ചിട്ടും കുലുങ്ങീ, ലഹോ,
നീയീർഷ്യാകുലയായിനിന്നു, നിതരാം
വൈമുഖ്യവും കാട്ടി നീ;
ഹാ, യുക്തം തവ ചന്ദനം കടുവിഷം
നീഹാരപൂരം കൊടും-
തീ, യോമൽശ്ശിശിരാംശു ചണ്ഡതപനൻ
ക്രീഡോത്സവം പീഡയും!
63
സാനന്ദേന്ദ്രാദിവൃന്ദാരകഗണമകുട-
സ്ഥേന്ദ്രനീലോപലത്താ,-
ലാനമ്രാപീഡരാകെ, ക്കുവലയകലികാ-
വീഥി മേളിച്ചു മിന്നി,
തേനേറ്റം വാർന്നു നീരം പെരുകിയൊഴുകിടും
ഗംഗപോലുല്ലസിക്കും
ശ്രീനാഥന്തൻ പാദാബ്ജം, കലുഷമകലുവാൻ
സാദരം കൂപ്പിടുന്നേൻ!
64
ദേവഗീത
ചങ്ങമ്പുഴ
പത്താം സർഗ്ഗം
ചതുരചതുർഭുജം
മാലുൾത്തിങ്ങി, ക്കൊടിയ നെടുവീ-
ർപ്പാൽ മുഖംവാടി, മന്ദാ-
ക്ഷാലസ്യത്താൽ കടമിഴികളാ-
ലാളിതൻ നേരെ നോക്കി,
ചേലിൽ, ക്കോപപ്രചുരിമ ശമി,-
ച്ചാർദ്രയായുല്ലസിക്കും
നീലാപാംഗിക്കരികി, ലലിവാ-
ർന്നച്യുതൻ ചെന്നിതോതി:
64
ഗീതം പത്തൊൻപത്
1
വല്ലതും കനിഞ്ഞൽപം ചൊല്ലുക നീയിന്നൊന്നു
വല്ലഭേ, നിൻ ദന്തത്തിൻ ചില്ലൊളിനിലാവിനാൽ;
ചേതസ്സിലെനിക്കതിഘോരമായ് മുറ്റിച്ചേരും
ഭീതിയാമിരുട്ടിനിയൽപമൊന്നകലട്ടെ!
നിന്മുഖവിധുബിംബം കമ്രാധരത്തിൽത്തഞ്ചും
രമ്യമാ, മാ മൈരേയമദിരാപാനത്തിന്നായ്;
മദ്വിലോചനങ്ങളാമുദ്വിഗ്നചകോരങ്ങൾ-
ക്കുദ്രസമിടയാക്കാനത്രമേൽക്കൊതിപ്പൂ ഞാൻ!
മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!
2
അത്യന്തം സുദതി നീ കോപിപ്പിതെന്നി, ലതു
സത്യമാണെങ്കി, ലെന്നെശ്ശിക്ഷിക്കൂ യഥേച്ഛം നീ!
ചടുലാപാംഗാസ്ത്രങ്ങൾ മേൽക്കുമേലെയ്തെയ്തിന്നെ-
ന്നുടലും മനസ്സും നീ നിർദ്ദയം ഭേദിച്ചോളൂ!
ബന്ധനം ചെയ്യൂ ഭുജദ്വന്ദ്വത്താൽ, ദന്തങ്ങളാൽ
ദേവഗീത
ചങ്ങമ്പുഴ
സന്ധിബന്ധങ്ങൾ മമ ഖണ്ഡനം ചെയ്യൂ, നാഥേ!
എന്തെല്ലാമെന്നെച്ചെയ്താൽ സന്തോഷം ലഭിക്കും നി-
ന്നന്തരംഗത്തി, നവ സർവ്വവുമെന്നെച്ചെയ്യൂ!
മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!
3
നീ മമ മനോഹരഭൂഷണം, മജ്ജീവനം,
മാമകഭവോദധിരത്നം നീ, മമ നാഥേ!
മന്നിൽ നീയെനിക്കനുകൂലയായ് വർത്തിക്കുവാൻ
മന്മനമാത്മാർത്ഥമായ് സതതം പ്രാർത്ഥിക്കുന്നു.
മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!
4
തന്വി, നിൻ നേത്രം കരിങ്കൂവളപ്പൂപോലെയാ-
ണെന്നാലും രക്തോൽപലശോഭയിന്നുൾക്കൊള്ളുന്നു.
രഞ്ജിപ്പിക്കുവാനാണിക്കൃഷ്ണനെയെന്നാ, ലത-
ക്കഞ്ജബാണാസ്ത്രങ്ങളാലാരക്തമാക്കൂ, കൊള്ളാം!
മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!
ദേവഗീത
ചങ്ങമ്പുഴ
5
മഞ്ജുളമാം നിൻ കുചകുംഭത്തിൻമേലേ, മണി-
മഞ്ജരി മിന്നിച്ചേർന്നാ മാറിടം ശോഭിക്കട്ടേ!
മന്മഥനിദേശം, ഹാ, ഘോഷിച്ചാ ജഘനശ്രീ-
മണ്ഡലം രശനയാലങ്കിതമായീടട്ടേ!
മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!
6
ഉജ്ജ്വലസ്ഥലപത്മകാന്തിഭഞ്ജകമായി-
ട്ടുത്തമേ, മമ മനോരംഗരഞ്ജകമായി;
ഉൽപ്പന്നരതിരംഗപരഭാഗശ്രീയോലും
ത്വൽപദങ്ങളിൽച്ചേലാർന്നീയലക്തകദ്രവം;
സരസം സമ്മോഹനമായ്, സ്വയമണിയിക്കാൻ
സദയമെനിക്കു നീ സമ്മതം തരൂ, ദേവി!
മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!
7
കാമകാകോളം നശിപ്പിച്ചിച്ചിടുമുദാരമാം
കാലടിത്തളിരുകള്മന്ദമെൻ ശിരസ്സിങ്കൽ;
വിന്യസിച്ചലങ്കരിച്ചീടുക, മാരവ്യഥാ-
വഹ്നി മേന്മേലിന്നെന്നിലെരിയുന്നല്ലോ, നാഥേ!
ഉഗമായ്പ്പേർത്തും പേർത്തുമുയരും തജ്ജ്വാലക-
ളുദ്രസം തവ പാദപല്ലവം കെടുത്തട്ടേ!
മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!
ദേവഗീത
ചങ്ങമ്പുഴ
8
രാധയോ, ടതിപ്രിയകരമായ്, സരസമായ്,
മാധവൻ മൊഴിഞ്ഞൊരാച്ചാരുവാം ചാടൂക്തികൾ;
ജയിപ്പൂ, പത്മാവതീകാന്തനായ് ലസിക്കുന്ന
ജയദേവനിൽനിന്നു ഗീതികാരൂപം നേടി!
ഏതുദേവന്തൻ പാദപത്മപൂജയിദ്ദേവ-
ഗീത, യാ മുരവൈരി രാധയോടർത്ഥിക്കുന്നു:
"മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!"
പീനശ്രീജഘനസ്തനാകലിത നീ-
യെൻ തപ്തഹൃത്തിൽ, സദാ
സാനന്ദം കുടികൊൾകയാലതനുവ-
ല്ലാതന്യരിന്നാരുമേ,
നൂനം, വന്നണവീ, ലതിങ്കലിടമി-
ല്ലാർക്കും, വൃഥാ ശങ്കിയായ്-
കൂനം വിട്ടനുവാദമേകുകയി, നിൻ
വാർകൊങ്ക പുൽകീടുവാൻ!
66
കളമൊഴി, വൃഥാ മൗനമ്മൂലം
തപിപ്പിതു മന്മനം
മിളിതമധുരാലാപം താപം
ഹരിക്കൂ മിഴികളാൽ;
കളക വിധുരീഭാവം, കോപാൽ
ത്യജിക്കരുതെന്നെ നീ
തെളിവൊടനുരക്തൻ ഞാൻ മുഗ്ദ്ധേ,
നമിപ്പൂ തവ പദം!
67
ദേവഗീത
ചങ്ങമ്പുഴ
ദന്തോഗ്രക്ഷതമേകി, ദോർലതകളാൽ
ബന്ധി, ച്ചയേ, കോപനേ,
പന്തോടേറ്റിടതൂർന്ന പോർമുലകളാൽ
മർദ്ദിച്ചുകൊൾകെന്നെ നീ;
സന്തോഷിച്ചീടുകേവ, മില്ലതിലെനി-
ക്കപ്രീതി;-ചണ്ഡാളന-
ച്ചെന്താരമ്പനു, ചെമ്പകാംഗി, യിരയായ്-
ത്തീരാതിരിക്കട്ടെ ഞാൻ!
68
ചേലഞ്ചും ചെമ്പരത്തിക്കുളിർമലരൊളിയാ-
ളുന്ന ചുണ്ടു, ൽപലശ്രീ-
കോലും കണ്ണാ, മധൂകച്ഛവി കലിതരസം
കാന്തിചിന്തും കപോലം;
ലോലത്വം ചേർന്നൊരോമൽത്തിലസുമസരമാം
നാസ, നിന്നാസ്യദാസ്യ-
ത്താലേവം വെൽവു, കന്ദോജ്ജ്വലസുദതിമണേ,
വിശ്വമപ്പുഷ്പബാണൻ!
69
മദാലസവിലോചനം, വദനമിന്ദുമത്യന്വിതം,
മനോരമഗതിക്രമം, വിജിതരംഭമൂരുദ്വയം;
മനോരതികലാവതീ, ഭ്രുകുടിചിത്രലേഖാ, ശുഭേ,
മഹദ്വീബുധയൗവനം ഭവതി പൂണ്മു, പൃത്ഥീഗതേ!
70
തവ കടുചടുലഭ്രൂ, താരകേശോജ്ജ്വലാസ്യേ,
തരുണഹൃദി വിമോഹം ചേർത്തിടും കാളസർപ്പം;
തദുദിതഗരളത്തിന്നൗഷധം, ചുണ്ടിലേവം
തടവുമമൃതമൊന്നേ മന്നിതിൽ ഭാഗ്യഭോഗ്യം!
71
ആ രാധാകുചചിന്തയാലുടൻ വിയ-
ർത്തേകക്ഷണം കണ്ണട-
ച്ചാരാൽത്തെല്ലിട മേവുമാറിയലുമ-
ത്യുത്തുംഗകുംഭത്തൊടേ,
നേരിട്ടീടിനൊരാ മഹാ 'കുവലയാ-
പീഡ'ത്തെ, മർദ്ദിച്ചുകൊ-
ന്നോരക്കംസബലാന്തകൻ, ഹരി, സദാ
നിങ്ങൾക്കു ലൽകും ശുഭം!
72
ദേവഗീത
ചങ്ങമ്പുഴ
പതിനൊന്നാം സർഗ്ഗം
സാനന്ദഗാവിന്ദം
ഏണാക്ഷീമണിയെച്ചിരം മധുരമയ-
പ്രേമാർദ്രസാമോക്തിയാൽ
പ്രീണിപ്പിച്ചു, വിലാസി, കേളിശയനം
പ്രാപിക്കവേ കേശവൻ;
കാണാനേറെ ഞെരുങ്ങുമാറിരുൾചൊരി-
ഞ്ഞെത്തീടവേ സന്ധ്യ, തൻ
പ്രാണസ്വാമിനി രാധയോടു സഖി ചെ-
ന്നേവം കഥിച്ചീടിനാൾ:
73
ഗീതം ഇരുപത്
1
മധുരമൊഴി, മടിയരുതേ, മമ സഖി, നീ രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!
ചകിതനായിച്ചാരെയെത്തിച്ചാടുവാക്കുകൾ തൂകി-
ച്ചരണയുഗം, ശരണമെന്നായ് പ്രണമനവുമേകി;
വഞ്ജുളലതാകുഞ്ജകത്തിൽ മഞ്ജുകേളീതൽപം
സഞ്ചയിച്ചു, നഞ്ചിടിപ്പു തഞ്ചുമാറനൽപം;
അനുഗതനായ് തവ രമണൻ കാത്തിരിപ്പൂ കാലേ
അനുചിതമാണിനി വിളംബമിതറിയുക നീ, ബാലേ!
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!
2
ഘനജഘനസ്തനകലശഭാരഭരേ, ബാലേ,
കനകകോമളമണിമയോജ്ജ്വലനൂപുരങ്ങളാലേ;
ഒലിയലകളിളകി, ബന്ധുരമന്ഥരഗതിയാലേ
കലിതകൗതുകം പ്രിയനികുഞ്ജകം പൂകുക നീ ചാലേ!
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!
ദേവഗീത
ചങ്ങമ്പുഴ
3
ശൃണു സഖീ, നീ, കുതുക മധുകരകലാപം
മനസി മോഹം, തരുണിമാർക്കേകിപ്പെയ്തിടുമാലാപം!
കുസുമസായകചരണസേവകുമുദിതകോകിലജാലം
കുതുകദായകമധുരകാകളി ചൊരിയുവൊരിക്കാലം;
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!
4
അനിലചഞ്ചലമൃദുലപല്ലവലളിതപാണികളാലേ
അരുതു, താമസമരുതെന്നായ് സ്വയമരുളിടുന്നതുപോലേ;
വനലതാവലി വെമ്പിനിൽപൂ വടിവൊടീ രണമേകി
വനജലോചനേ, വരിക, നേരം വളരെയയ്യോ, വൈകി!
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!
5
വിമലജലധാരപോലീവിചലമണിഹാരം
വിലസിടുമിക്കുചകലശമിളകിടുന്നൂ പാരം;
ഹരിമൃദുകരപരിരംഭാമൃതപുളകസൂചനചാർത്തി-
പ്പരിലസിപ്പൂ കാമവീചീവീഥികളിൽത്തത്തി!
ശകുനമിതു പിശുനം വാമസ്തനചലനം, നൂനം.
ശരി, യതിനോടറിക ചോദിച്ചരുതിനിയഭിമാനം.
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!
ദേവഗീത
ചങ്ങമ്പുഴ
6
തവസഖികൾ സകലരുമിക്കാര്യമിന്നറിഞ്ഞു
തവ തനുവും രതിസമരസജ്ജമായ്ക്കഴിഞ്ഞു.
അതിരസിതരശനരവഡിണ്ഡിമസമേതം
മതി, കുപിതേ, ലജ്ജ, വേഗം പൂകുക സങ്കേതം!
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!
7
സ്മരശരസമനഖരുചിരമാം
കരമൊരാളിതൻ തോളിൽ
അരിചിൽച്ചേർത്തു, നിൻ കനകകങ്കണ-
സ്വനമിളകവേ, ചേലിൽ;
ഗമനംചെയ്ക നീ സസുഖമങ്ങനെ-
തവസുഖഗതിശീലം
കമനി, നിൻ പ്രിയനറിവു നൽകട്ടെ
ശിഥിലശിഞ്ജിതജാലം!
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!
8
മുഗ്ദ്ധമോഹനമായി മിന്നിടും മുത്തുമാലകൾപോലും
മുക്തമായിത്തീർന്നിടുമാറത്ര കാന്തികോലും;
വസ്ത്രഭൂഷാദ്യുജ്ജ്വലശ്രീഭഞ്ജനസമാനം
സദ്രസമനർഗ്ഗളമായ് നിർഗ്ഗളിക്കുമിഗ്ഗാനം;
ഹരിപദയുഗനളിനസേവനനിരതതൻ ഗളംതന്നിൽ
പരിലസിക്കട്ടേ പരമനിർവൃതിപകർന്നു നിത്യവും മന്നിൽ!
ശ്രീജയദേവൻ ഭജിപ്പതേതു ദേവപാദം
ഹാ, ജവ, മക്കേശവനോടങ്കുരിതമോദം;
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
ധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!
ദേവഗീത
ചങ്ങമ്പുഴ
കാണും വന്നെന്നെ, യോതും സ്മരകഥയവൾ, പ്ര-
ത്യംഗമാശ്ലേഷമേകി-
പ്രീണിപ്പിക്കും, രമിക്കും, മനസിയിതുവിധം
ചിന്തയാലാർത്തനായി;
പ്രാണേശൻ നോക്കിനിന്നെപ്പുളകിതതനുവായ്
വേപമാളുന്നു, ഹർഷം
പൂണുന്നൂ മെയ് വിയർത്താ സ്ഥിരതിമീരനികു-
ഞ്ജത്തിൽ മൂർച്ചിച്ചിടുന്നു!
74
കണ്ണിന്നഞ്ജനരേഖ, കാതിൽ നവമാം
താപിഞ്ഛകം, ശ്യാമമാ-
മർണ്ണോജാളി ശിരസ്സി, ലാ മുലകളിൽ
കസ്തൂരികാകർദ്ദമം;
എന്നീമട്ടണിയിച്ചു, നീലവസന-
ശ്രീചേർന്നു, കുഞ്ജം നിറ-
ഞ്ഞൊന്നായ് സ്വൈരിണിമാർക്കു, മത്സഖി, തമ-
സ്സേകുന്നിതാലിംഗനം!
75
പോവുന്നോരഭിസാരലോലുപകളാം
കാഷ്മീരഗൗരാംഗിമാർ
താവും കാഞ്ചനകാന്തികന്ദളികളാ-
ലാബദ്ധരേഖാളിയായ്
മേവും തിഗ്മതമാലപത്രനിരപോ-
ലാനീലമാമിത്തമ-
സ്സേവം തൽപ്രിയരാഗഹേമനികഷ-
സ്ഥാനം വഹിപ്പൂ, സഖി!
76
ഹാരങ്ങൾ, കാഞ്ചി, മണിനൂപുരകങ്കണങ്ങ-
ളാരമ്യദീപ്തരുചിചേർത്ത ലതാഗൃഹത്തിൽ
ആരാലണഞ്ഞ, ഹരിദർശനജാതലജ്ജാ-
ഭാരാവനമ്രമുഖി രാധയോ, ടോതി തോഴി:
77
ദേവഗീത
ചങ്ങമ്പുഴ
ഗീതം ഇരുപത്തൊന്ന്
1
രതിരസരഭസജഹസിതേ, രാധേ,
രമിക്കുക ചെന്നു നീ ഹരിസവിധേ!
മലർവല്ലിക്കുടിലിൽ നീ കടന്നു ചെല്ലൂ,
മദനോത്സവങ്ങളിൽപ്പങ്കുകൊള്ളൂ!
2
കുചഹേമമയകുംഭതരളഹാരേ!
കുളിർനവാശോകദളശയനസാമേ,
രമിക്കുവാൻ രഹസ്യമായ് ഹരിസവിധേ
രതിരസഭരിതേ, നീ ചെല്ലു രാധേ!
3
മനസിജഖരശരരഭസഭാവേ1
മധുമത്തമധുകരകലിതരാവേ,
രമിക്കുവാൻ രഹസ്യമായ് ഹരിസവിധേ
രതിരസഭരിതേ, നീ ചെല്ലു രാധേ!
4
സുമസമസുലളിതമൃദുലദേഹേ!
സുരഭിലസുമദളര ചിതഗഹേ,
രമിക്കുവാൻ രഹസ്യമായ് ഹരിസവിധേ
രതിരസഭരിതേ, നീ ചെല്ലു രാധേ!
5
മദകരരസഭരഗാനലോലേ!
മലയനവാനിലശീതകാലേ,
രമിക്കുവാൻ രഹസ്യമായ് ഹരിസവിധേ
രതിരസഭരിതേ, നീ ചെല്ലു രാധേ!
ദേവഗീത
ചങ്ങമ്പുഴ
6
വിലസിതപീനസ്തനഘനജഘനേ!
വിതതലതാശതപത്രഘനേ,
രമിക്കുവാൻ രഹസ്യമായ് ഹരിസവിധേ
രതിരസഭരിതേ, നീ ചെല്ലു രാധേ!
7
സിതരദസ്മിതരുചിജിതശിഖരേ!
ശതശതപരഭൃതസ്വരമുഖരേ,
രമിക്കുവാൻ രഹസ്യമായ് ഹരിസവിധേ
രതിരസഭരിതേ, നീ ചെല്ലു രാധേ!
8
വിഹിതപത്മാവതിസുഖവിഭവൻ,
വിബുധനാം ജയദേവൻ, കവിതിലകൻ,
അടിയറവെപ്പിതിദ്ദിവ്യഗീതം,
അരുളുക മുരഹര, മമ സുകൃതം!
മഹിയിലേതീശൻതൻ ചരണപത്മം
മഹിതമിഗ്ഗീതത്തിൻ ശയനസത്മം,
രമിക്കുവാനാ ദിവ്യഹരിസവിധേ
രതിരസഭരിതേ, നീ ചെല്ലു രാധേ!
നിന്നെത്തന്നെ വഹിച്ചു ഹൃത്തി, ലതിയായ്
ക്ഷീണിച്ചു, കന്ദർപ്പനാ-
ലുന്നിദ്രവ്യഥയാർന്നു നിന്നധരപീ-
യൂഷം കൊതിക്കുന്നിവൻ;
ചെന്നൊന്നൽപമിരിക്കുകാ മടിറ്റിൽ, നിൻ
കണ്ണേറിലാകൃഷ്ടനായ്
നിന്നീടുന്നു നമിച്ചിതാ, സഖി, നിന-
ക്കെന്തിന്നിനിസ്സംഭ്രമം?
78
ദേവഗീത
ചങ്ങമ്പുഴ
ഉടനവളതിമോദമാർന്നു, ചഞ്ചൽ-
ക്കടമിഴിയാൽക്കടൽവർണ്ണനെത്തലോടി,
സ്ഫുടതരമണിനൂപുരാരവശ്രീ
തടവി നടന്നു ലതാഗൃഹത്തിലെത്തി.
79
ഗീതം ഇരുപത്തിരണ്ട്
1
രാധാനനശുഭദർശനതരളവികാരവിഭംഗിതനായ്
രാകേശോദയദീപ്തതരംഗജലാശയകൽപകനായ്
സുചിരാർത്ഥിതരതിരസതുന്ദിലനായ്, സ്മരശരപരവശനെ
സുന്ദരികണ്ടാളമിതോന്മദമൊടു വിലസും കേശവനെ!
2
അമലതരോജ്ജ്വലഹാരമുരസ്സതിലൊളിചേർത്തതിനാലേ
സമുദിതബുദ്ബുദനിബിഡിതയമുനാജലപൂരമ്പോലേ;
സുചിരാർത്ഥിതരതിരസതുന്ദിലനായ്, സ്മരശരപരവശനെ
സുന്ദരികണ്ടാളമിതോന്മദമൊടു വിലസും കേശവനെ!
3
അതിമൃദുഗൗരദുകൂലം ശ്യാമളതനുവിലണിഞ്ഞനിശം
വിതതപരാഗസമൂഹസമുജ്ജ്വലനീലാംബുജസദൃശം;
സുചിരാർത്ഥിതരതിരസതുന്ദിലനായ്, സ്മരശരപരവശനെ
സുന്ദരികണ്ടാളമിതോന്മദമൊടു വിലസും കേശവനെ!
4
തരളദൃഗഞ്ചലചലനമനോഹരമാകിന നിജവദനം
തരുണീമണിതൻഹൃത്തിലനങ്കുശരതിചോദനനടനം;
രഞ്ജിപ്പിച്ചക്കഞ്ജോദരഭുവിസന്ദീപിതകാമം
ഖഞ്ജനമിഥുനമിണങ്ങും ശാരദശാന്തതടാകസമം; സുചിരാർത്ഥിതരതിരസതുന്ദിലനായ്, സ്മരശരപരവശനെ
സുന്ദരികണ്ടാളമിതോന്മദമൊടു വിലസും കേശവനെ!
ദേവഗീത
ചങ്ങമ്പുഴ
5
വദനാംബുജപരിസേവിതരവിസമകുണ്ഡലമണ്ഡിതനെ
മൃദുഹസിതോജ്ജ്വലിതാധരപല്ലവകൃതരതിചോദനനെ;
സുചിരാർത്ഥിതരതിരസതുന്ദിലനായ്, സ്മരശരപരവശനെ
സുന്ദരികണ്ടാളമിതോന്മദമൊടു വിലസും കേശവനെ!
6
ശിശിരകരാമലകരനികരാകുലജലധരപടലസമം
ശിരസിജഭാരം വിധൃതവാമോഹനവികസിതവിശദസുമം.
തിമിരോദരമതിൽനിന്നുയരുന്നൊരു വിധുബിംബമ്പോലേ
തിരളൊളി കിളരും മലയജതിലകം ചേർന്നിഹ നിജഫാലേ;
സുചിരാർത്ഥിതരതിരസതുന്ദിലനായ്, സ്മരശരപരവശനെ
സുന്ദരികണ്ടാളമിതോന്മദമൊടു വിലസും കേശവനെ!
7
പുളകിതനായ്, രതിലീലാകലകളിലതിധീരതയേന്തി-
ക്കുളിർമെയ് മലരണിമണിഭൂഷണഗണകിരണശ്രീ ചിന്തി;
സുചിരാർത്ഥിതരതിരസതുന്ദിലനായ്, സ്മരശരപരവശനെ
സുന്ദരികണ്ടാളമിതോന്മദമൊടു വിലസും കേശവനെ!
8
ശ്രീജയദേവകവീശ്വരഭണിതദ്വിഗുണീകൃതഭൂഷൻ
രാജിക്കുന്നൂ രാധാകാമുകനങ്കിതപരിവേഷൻ.
ധ്യാനിച്ചീടുക ഹൃത്തിൽ സുചിരം ഹരിഭക്തന്മാരേ,
ഹാ, നിങ്ങൾക്കു ലഭിക്കും സുകൃതം പ്രണമിക്കുക നേരേ!
ഏതൊരു ദേവപദാർച്ചനയിതു മമ ഭൂവി, യബ്ഭഗവാനെ
ശാതോദരി കണ്ടാളുന്മദമൊടു വിലസും കേശവനെ!
ദേവഗീത
ചങ്ങമ്പുഴ
കാതോളം ഗമനംനടത്തിയതിനാൽ-
ത്താന്തങ്ങളായ്ത്തീർന്നപോൽ
കാതര്യം കലരുന്നൊരക്കമനിതൻ
കാന്താർദ്രനേത്രങ്ങളിൽ,
ജാതാനന്ദമയാശ്രുബിന്ദുനിവഹം
പ്രാണേശനെക്കാൺകവേ
വീതാലസ്യമുദിക്കുമാ ശ്രമജലം-
പോലുൽപതിച്ചു തദാ!
80
അൽപം പുഞ്ചിരി ചുണ്ടിൽ വന്നതു മാ-
ച്ചീടാൻ നയത്തിൽത്തിരി-
ഞ്ഞപ്പോൾത്തന്നെ മുഖം ചൊറിഞ്ഞു വെളിയിൽ-
പ്പോയീടിനാമാളിമാർ,
തൽപാന്തത്തിലണ, ഞ്ഞനംഗരതിസാ-
കൂതപ്രിയാസ്യേന്ദു ക-
ണ്ടപ്പോളുൾത്രപയും ത്രപാഭരിതപോൽ-
ക്കൈവിട്ടിതേണാക്ഷിയെ!
81
വാരാളും ജയലക്ഷ്മിതൻ ശ്ലഥിതമാം
മന്ദാരപുഷ്പങ്ങൾപോൽ-
ച്ചോരത്തുള്ളികൾ തത്തി, യുഗസമരോ-
ല്ലാസം വെളിപ്പെട്ടപോൽ,
പാരം കുങ്കുമമാർന്നു, ഹാ, കുവലയാ-
പീഡത്തിനെക്കേവലം
നേരമ്പോക്കിനു, കൊന്നൊരാ ഹരിഭുജ-
ദ്വന്ദ്വം ജയിപ്പൂ ചിരം!
82
ദേവഗീത
ചങ്ങമ്പുഴ
പന്ത്രണ്ടാം സർഗ്ഗം
സാമോദദാമോദരം
ആളീവൃന്ദമൊഴിഞ്ഞവാ, റലർശര-
വ്യാധൂതയായ്, മന്ദിത-
വ്രീതാകോമളയായ്, രതിപ്രിയമയ-
സ്മേരാധരാർദ്രാസ്യയായ്,
നീളെപ്പല്ലവപുഷ്പതൽപമഴകിൽ-
പ്പേർത്തും സമീക്ഷിച്ചെഴും
നാളികാക്ഷിയെ നോക്കിനോക്കിയലസം
മല്ലാരി ചൊല്ലീടിനാൻ:
83
ഗീതം ഇരുപത്തിമൂന്ന്
1
തളിർനിരകൾചിന്നിയ കമനീയശയനീയ-
തലമതിൽ കാൽവയ്ക്കുക-കാമിനി, നീ!
തവ പദപല്ലവവൈരിയായ് മിന്നുമി-
ത്തളിർമെത്തയിതിയലട്ടേ പാപഭാരം.
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!
2
വഴിയേറെ നടന്നയ്യോ, വന്നവളല്ലേ! നിൻ
കഴൽ ഞാൻ കരകമലത്താൽ തടവാമല്ലോ.
എന്നെപ്പോലനുഗമനശൂരമാം നൂപുരം
മിന്നുമതീ മെത്തതൻമീതെ വെയ്ക്കൂ.
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!
ദേവഗീത
ചങ്ങമ്പുഴ
3
അയി, നിൻ കുളുർവദനേന്ദുവിൽനിന്നും കനിഞ്ഞിട-
ട്ടനുകൂലവചനങ്ങളമൃതുപോലെ.
കളയുവൻ വിരഹമ്പോൽ ദൂരത്തു നിൻ കുച-
കലശങ്ങൾ മൂടുമീയംശുകം ഞാൻ.
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!
4
അളവറുമാമാശ്ലേഷമാനന്ദം തന്നപോൽ-
പ്പുളകങ്ങൾപൊടിച്ചൊരിപ്പോർമുലകൾ;
മടിവിട്ടെൻ മാറോടു ചേർക്കൂ നീയോമനേ.
മദനാതപമേവം പരിഹരിക്കൂ!
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!
5
തവ രൂപംധ്യാനിച്ചു വിരഹാനലസന്ദഗ്ദ്ധ-
തനുവാ, യവിലാസനായ്, മൃതസമനായ്;
അമരുമിദ്ദാസനെ, ജ്ജീവിപ്പിച്ചാലും, ത-
ന്നധരസുധാമധുരരസം ഭാമിനി, നീ!
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!
6
മദഭരിതമധുമധുരരണിതരുതമൊപ്പിച്ചു
മതിമുഖി, നീ മണിമേഖല മുഖരമാക്കൂ!
പികനാദപീഡിതമെൻ ശ്രൂതിയാളുമവസാദ-
മകലുവാനിടയാക്കിടുകാവിധം നീ,
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!
ദേവഗീത
ചങ്ങമ്പുഴ
7
വിഫലമാം കോപത്താൽ വികലീകൃതനാമെന്നെ
വിരവിൽ നോക്കീടുവാൻ ലജ്ജ നീങ്ങി,
കലിതരസം വിടരട്ടേ തവ ലോചനമുകുളങ്ങൾ
കളയുകയേ, രതികദനം കളമൊഴി നീ!
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!
8
നിരുപമമായനുപദം മധുരിപുത്രന്നാമോദം
നിഗദിതമായുള്ളൊരീ നിരഘഗീതം;
ജയദേവഭണിതമിദം രസികരിലനവരതം
സ്വയമുളവാക്കീടട്ടേ രതിവിനോദം.
ഏതു മഹാദേവൻതൻ മാനസോല്ലാസമീ-
ഗ്ഗീതത്തിൽത്തിങ്ങിത്തുളുമ്പി നിൽപ്പൂ.
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!
രോമാഞ്ചമ്പുണരുന്നവേളയി, ലപാം-
ഗാമീലനം തീവ്രമാം
കാമോദ്ദീപകവീക്ഷണത്തി, ലധരം
ചുംബിക്കെ നർമ്മോക്തിയും;
ആ മാരാഹവവേളയിൽ പ്രതിപദം
പ്രത്യൂഹമായ്-ഭാവുക-
ശ്രീമത്താമവർതൻ നിസ്സർഗ്ഗലളിത-
ക്രീഡയ്ക്കു കൂടീ രസം!
84
ദേവഗീത
ചങ്ങമ്പുഴ
ഓമൽക്കൈയിണ ബന്ധനം, കുചയുഗം
സമ്മർദ്ദനം, പാണിജ-
സ്തോമം ദാരുണദാരണം, രദനമ-
ത്താമ്രാധരത്തിൽ ക്ഷതം.
വ്യാമർദ്ദം ജഘനം; കുചഗഹണമാ
ഹസ്തം, സുധാർദ്രാധരം
വ്യാമോഹം, പ്രിയനേകി;-കാമഗതി, ഹാ,
വാമം-സുഖിച്ചൂ ഹരി!
85
കാമന്തൻ കൊടി പാറിടും രതിരണ-
ത്തിങ്കൽ, സ്വയം കാന്തനെ-
സ്സാമർത്ഥ്യത്തൊടു കീഴിലാക്കി, വിജയം
നേടാൻ പണിപ്പെട്ടഹോ,
ഓമൽശ്രോണിയനങ്ങിടാ, തയവില-
ക്കൈയൂർന്നു മാർത്തട്ടുല-
ഞ്ഞാ മൈക്കൺകളടഞ്ഞുപോയി!-കമനിമാർ-
ക്കൊക്കുന്നതോ വിക്രമം?
86
മാറിൽച്ചേർന്ന നഖക്ഷതം, കലുഷമാം
നേത്രാന്തരം, ചെന്നിറം
വേറിട്ടോരധരം, വികർഷിതസുമ-
വ്യാകീർണ്ണവേണീഭരം;
വേറാം മട്ടയവാർന്ന കാഞ്ചിയിവയാൽ-
ക്കാമാസ്ത്രമേറെത്തറ-
ഞ്ഞേറിക്കണ്ണിലുഷസ്സി, ലദ്ഭുതമഹോ,
കാമാർത്തനായച്യുതൻ!
87
ദേവഗീത
ചങ്ങമ്പുഴ
അൽപാമീലിതലോചനാകലിതയായ്,
ശീൽക്കാര്യശല്യത്തിനാ-
ലസ്പഷ്ടോദിതകാകുവായ്, രദമയൂ-
ഖാർദ്രാധരസ്മേരയായ്;
ഉൽപന്നോന്മദവേപതാന്തതനുവായ്
മേവിടുമേണാക്ഷിത-
ന്നുൽഫുല്ലത്രസിതസ്തനോപരി ശയി-
ച്ചാസ്യം സ്വദിപ്പൂ വരൻ.
88
അലങ്കാരേച്ഛയാൽ, പിന്നീ-
ടേവം, സ്വാധീനഭർത്തൃക
മതിശ്രാന്തൻ കാന്തനോടു
മുഗ്ദ്ധ ചൊന്നിതു രാധിക:
89
ഗീതം ഇരുപത്തിനാല്
1
ചന്ദനശിശിരമാം സുന്ദരകരങ്ങളാൽ
നന്ദനന്ദന, നീയെൻ മാറിടത്തിൽ,
അംഗജമണിമയമംഗളകലശംപോൽ
ഭംഗിതുളുമ്പിടുമിക്കുളിർമുലകൾ,
ചിത്രമായ്, സുരഭിലകസ്തൂരീകർദ്ദമത്താൽ
പത്രകമാരചിച്ചൊന്നണിഞ്ഞൊരുക്കൂ!
സുന്ദരി, രതിരസതുന്ദുലനാകും യദു-
നന്ദനൻ നന്ദദനോടോതിയേവം!
2
അംഗജശരശതദാരിതരതിരണ-
രംഗത്തിൽ, ത്തവാധരചുംബനങ്ങൾ,
കുഞ്ജളമയമാക്കിത്തീർത്തൊരീയളികുല-
ഭഞ്ജനമഞ്ജുളങ്ങളെന്മിഴികളിൽ വീണ്ടു-
മുജ്ജ്വലിപ്പിക്കുകൊന്നെൻ ജീവനാഥ!
സുന്ദരി, രതിരസതുന്ദുലനാകും യദു-
നന്ദനൻ നന്ദദനോടോതിയേവം!
ദേവഗീത
ചങ്ങമ്പുഴ
3
മല്ലികാമലർശരപാശനീകാശതയാ-
ലുല്ലസദ്ദ്യുതിസാരപ്രസരം വീശി;
ലോചനശാബലീലാബന്ധകമായ് ലസിക്കും
ലോലമാകുമീശ്രുതിമണ്ഡലത്തിൽ,
പ്രാണനായക, ഭവാനൊന്നെടുത്തണിയിക്കൂ
ചേണഞ്ചും മണിമയകുണ്ഡലങ്ങൾ.
സുന്ദരി, രതിരസതുന്ദുലനാകും യദു-
നന്ദനൻ നന്ദദനോടോതിയേവം!
4
താമസരേഖയൊരു ലേശവും താവിടാത്ത
താമരത്താരെതിരാമെൻ മുഖത്തിൽ,
നർമ്മകരമാം മട്ടിൽ ഭൃംഗജാലോജ്ജ്വലമി-
ക്കമ്രാളകങ്ങൾ മാടിയൊതുക്കിവെയ്ക്കൂ!
സുന്ദരി, രതിരസതുന്ദുലനാകും യദു-
നന്ദനൻ നന്ദദനോടോതിയേവം!
5
മാനദ, നവനീലനീരദരുചിരമായ്
മാന്മഥജയദ്ധ്വജചാമരമായ്;
മായൂരമനോഹരപിഞ്ഛികാവിസ്തൃതമായ്
മാരമാസ്മരലീലാവിശ്ലഥമായ്;
ലാലസിക്കുമെൻ കുളുർകൂന്തൽ നീ ചീകിക്കെട്ടി-
ച്ചേലെഴും പൂക്കൾ ചൂടിച്ചലങ്കരിക്കൂ!
സുന്ദരി, രതിരസതുന്ദുലനാകും യദു-
നന്ദനൻ നന്ദദനോടോതിയേവം!
ദേവഗീത
ചങ്ങമ്പുഴ
6
അംഗജഗജവരസുന്ദരകന്ദരമായ്
സംഗതമാമെൻ ഘനജഘനരംഗം;
കോമളമണിമയഭൂഷണമേഖലകൾ,
പൂമൃദുവസനങ്ങളെന്നിവയാൽ,
ഹാ, രതിരസിക, മജ്ജീവനായക, ശുഭ-
സാരദായക, നീയൊന്നലങ്കരിക്കൂ!
സുന്ദരി, രതിരസതുന്ദുലനാകും യദു-
നന്ദനൻ നന്ദദനോടോതിയേവം!
7
സജ്ജനമണ്ഡനമായ്, സ്സർവ്വേശപാദസ്മൃതി-
സജ്ജമായ്, ക്കലിജ്ജ്വരഖണ്ഡനമായ്;
ആരചിച്ചിയലുമിശ്രീജയദേവഗീതം
സാരജ്ഞർ നുകർന്നിടട്ടാത്തമോദം!
ഏതു ദേവേശപാദപങ്കജപൂജയായി-
പ്പൂതഗീതകസാരം, പരിലസിപ്പൂ?
സുന്ദരി, രതിരസതുന്ദുലനാകും യദു-
നന്ദനൻ നന്ദദനോടോതിയേവം!
പത്തിക്കീറ്റെഴുതീടുകെൻ മുലകളിൽ,
ചിത്രം കവിൾത്തട്ടിലും,
പുത്തൻ കാഞ്ചനകാഞ്ചിയെന്നരയിലും,
പൂമാലകേശത്തിലും,
മുത്താളും കടകങ്ങൾ കൈകളിലു, മാ
മഞ്ജീരകം കാലിലും,
മുത്താർന്നൊന്നണിയിക്കു!-സർവ്വവുമുടൻ
സാധിച്ചു പീതാംബരൻ!
90
ദേവഗീത
ചങ്ങമ്പുഴ
പാലാഴിക്കരയിൽ, സ്വയംവരരസം
പൂണ്ടന്നു നീ നിൽക്കവേ
ബാലേ, നിന്നെ ലഭിച്ചിടാഞ്ഞു ഗിരിജാ-
നാഥൻ കുടിച്ചു വിഷം
ചേലിൽപ്പൂർവ്വകഥാപ്രസംഗമിതിനാ-
ലന്യാപ്തഹൃത്തായ്, ക്കര-
ത്താലേ രാധികതൻ കുചങ്ങൾ തഴുകും
ദേവൻ തുണച്ചീടണം!
91
പാദത്തിൽപ്പരിചര്യചെയ്തു വിലസും
പൂമങ്കതൻ സൗഭഗം
മോദത്തോടു നുകർന്നിടാൻ ശതശതം
നേത്രങ്ങളാർജ്ജിച്ചപോൽ,
ഭേദംവിട്ടണിശയ്യയാമഹിവരൻ
തൻ ശീർഷരത്നങ്ങളാ-
ലാദത്തപ്രതിബിംബകോടിയുതനാം
ദേവൻ തരട്ടേ ശുഭം!
92
യാതാണുത്തമകൗശലം കലകളിൽ,
ശ്രീവൈഷ്ണവം ചിന്തനം
യാതോ, ന്നേതു രതിപ്രധാനരസത-
ത്ത്വാംശം സകാവ്യങ്ങളിൽ
യാതൊന്നാത്മവിലാസ, മായവ സമ-
സ്താംശങ്ങളും ദിവ്യമി
ശ്രീതാവും ജയദേവഗീതയിൽ മുദാ-
കാണാവു വിദ്വജ്ജനം!
93
ദേവഗീത
ചങ്ങമ്പുഴ
നാനാതത്ത്വപ്രകാണ്ഡപ്രകൃതനിപുണരാം
ബ്രഹ്മരുദ്രാദികൾക്കും
നൂനം, തിട്ടപ്പെടുത്താനൊരു കഴിവിയലാ-
തിപ്പൊഴും നിൽപതേതോ;
ആ നിത്യബ്രഹ്മ, മെല്ലാറ്റിനുമൊരു ചരടാ-
മാദിമൂലം, തെളിഞ്ഞി-
ഗ്ഗാനത്തിൽക്കണ്ടിതാവൂ വിബുധ, രതു രസ-
ജ്ഞർക്കു നൽകാവു മോദം!
94
തേനേ, നിൻ ചിന്ത തെറ്റാണറിക, പടുശിലാ-
ഖണ്ഡമെൻ ശർക്കരേ നീ,
ഹാ, നിന്നെത്തിന്നുവാനായ് മുതിരുവതിനിയാ-
രാണയേ, മുന്തിരിങ്ങേ?
നൂനം നിർജ്ജീവമായ് നീയറിയുകമൃതമേ,
നീരമെൻക്ഷീരമേ നീ,
മാനമ്പോയീ മരിക്കൂ മധുമയഫലമേ,
മോചമേ, സത്വരം നീ!
95
പ്രാണപ്രേയസികൾക്കെഴും ചൊടികളേ,
പോരും, മദം, ചെന്നിനി-
ത്താണാലും കുഹരത്തി, ലാരുമിനിമേൽ
മാനിച്ചിടാ നിങ്ങളെ!
ചേണാളും ജയദേവഭാരതി ലസി-
ച്ചീടുന്നിതാകൽപമ-
ക്ഷീണം, ഭക്തജനത്തിനേകി വിജയം,
ചിത്തപ്രസാദം, ശുഭം!
96
ജനുവരി , 1945