ഹേമന്തചന്ദ്രിക



പ്രേമാർദ്രമാം യുവമനസ്സു മനസ്സിലാളു-
മാമോദനിർഝരികയിങ്കലലിഞ്ഞു മുങ്ങി,
കാമാനുകൂലപരിലാളിതയായ് ലസിക്ക
ഹേമന്തസുന്ദരസുശീതളചന്ദ്രികേ, നീ!
25-4-1935 ചങ്ങമ്പുഴ




വിമലതരവിജയമയ-ഭാവിയാത്താദരം
വിരവിൽ വിരചിക്കു, മെൻ-കല്യാണമണ്ഡപം,

പരിചരണലോലയാ-മേതൊരാരോമലിൻ-
പദകമലസംഗമാൽ സമ്പൂതമാകുമോ,

അപരിചിതയവളലസ-മമരുമാരാമത്തി-
ലലരുതിരുമതിരുചിര-കുഞ്ജാന്തരങ്ങളിൽ,

അവളിലൊരു നവപുളക-മങ്കുരിപ്പിക്കുമാ-
റരികിലലതല്ലാവു മത്പ്രേമഗീതികൾ!
ഇടപ്പള്ളി
29-5-1935
ഗ്രന്ഥകർത്താ