മഗ്ദലമോഹിനി

മി. മുണ്ടശ്ശേരിയുടെ നിർദ്ദേശാനുസരണമല്ല ഞാൻ മഗ്ദലമോഹിനി എഴുതുന്നത്. ന്യായമായിതോന്നുന്ന നിർദ്ദേശങ്ങൾ ആരുടെതായാലും സ്വീകരിയ്ക്കുവാൻ ഞാൻ സദാസന്നദ്ധനാണ്; പക്ഷേ, കവന കലയിൽ ഓരോരുത്തരുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുവാൻ ഇന്നിതുവരെ ഞാൻ ഒരുമ്പെട്ടിട്ടില്ല. മേലിൽ ചെയ്യുകയുമില്ല. എട്ടുകൊല്ലങ്ങൾക്കുമുമ്പ്മെറ്റർ ലിങ്കന്റെ 'മേരീമഗ്ദലിൻ' എന്ന മനോഹരമായ നാടകം വായിച്ചതു മുതൽ ആ കഥയെ ആസ്പദമാക്കി നാടകീയമായ രീതിയിൽ ഒരു കൃതി എഴുതണമെന്നു ഞാൻ ആഗ്രഹിച്ചുതുടങ്ങിയതാണ്. പക്ഷേ, അതിനൊരുമ്പെട്ടില്ല എന്നേയുള്ളൂ. പൊൻകുന്നം ദാമോദരന്റെ മറിയത്തെക്കണ്ടപ്പോൾ ഏതായാലും ഇനിയതിനുദ്യമിക്കുകതന്നെ എന്നു ഞാൻ നിശ്ചയിച്ചു. മെറ്റർലിങ്കിന്റെ കൃതിയിലെ രംഗങ്ങളെല്ലാം മറന്നുകഴിഞ്ഞിരിയ്ക്കുന്നു. ഇന്നിപ്പോൾ നാടകീയമായ രീതിയിൽ അതെഴുതണമെന്ന് ഉദ്ദേശിക്കുന്നില്ല. വള്ളത്തോളിന്റെയോ മെറ്റർലിങ്കിന്റെയോ മേരിയല്ല എന്റെ മഗ്ദലമോഹിനിയെന്നു നിങ്ങൾക്കു കാണാം. പശ്ചാത്താപത്തിനു മുമ്പുള്ള വിലാസിനിയായ മേരിയെ, കാമുകസമ്പന്നയും കലാരസികയുമായ മേരിയെ, ചിത്രീകരിയ്ക്കുകയാണ് എന്റെ ലക്ഷ്യം. അവളുടെ സുഖതൃഷ്ണയും തത്ഫലമായി അവൾ സമാർജ്ജിയ്ക്കുന്ന പാപഭാരവും ആദ്യമായി പ്രത്യക്ഷപ്പെടുത്തുക. ക്രിസ്തുവിന്റെ സഹവാസത്താൽ അവളുടെ ജീവിതത്തിന് അൽപാൽപമായമാറ്റം വന്നു. ഒടുവിൽ തന്റെ അപരാധത്തെക്കുറിച്ചു പൂർണ്ണബോധമുണ്ടാവുക. തജ്ജന്യമായ പശ്ചാത്താപത്തിന് അവളുടെ ഹൃദയം വിധേയമാവുക. ഇങ്ങനെ മനശ്ശാസ്ത്രപരമായ ഒരു മേഖലയിൽക്കൂടി മേരിയെ ആനയിയ്ക്കുവാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. ബൈബിളിലെ മേരിയോ ശീമോനോ അല്ല എന്റെ കൃതിയിൽ പ്രത്യക്ഷപ്പെടുന്നതെന്നും കാണാം.

(പ്രൊ:എസ്'ഗുപ്തൻ നായരുടെ 'കാറ്റിൽ പറക്കാത്ത കത്തുകൾ' എന്ന കൃതിയിൽ നിന്ന്.)