മോഹിനി
മുഖവുര
മനശ്ശാസ്ത്രപണ്ഡിതൻമാരുടെ അത്ഭുതാവഹമായ അപഗ്രഥനാപാടവത്തെ കൊഞ്ഞനംകുത്തിക്കൊണ്ടു നിൽക്കുന്ന ഒന്നാണ് മനുഷ്യഹൃദയം, വൈചിത്ർയങ്ങളും വൈവിധ്യങ്ങളും കെട്ടുപിണഞ്ഞു വിശകലനസാധ്യതയെ വെൽലുവിളിച്ചുകൊണ്ടാണ് ഇന്നും അജയ്യഭാവത്തിൽ അതു നിലകൊള്ളൂന്നത്. അടുത്ത കാലങ്ങളിൽ ശാസ്ത്രത്തിൻറെ വെളിച്ചം അകത്തുകടക്കാൻ തുടങ്ങിയതോടുകൂടി സുസുക്ഷ്മങ്ങളായ ഭാവകോടികളുടെ സങ്കീർണ്ണതയെ ആവരണം ചെയ്തുകൊണ്ടിരുന്ന അൻധകാരപടലം അൽപാൽപമായി നീങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും, അവയുടെ വ്യാപ്തിയും വൈവിധ്യവും ഇന്നും ദുരൂഹമായി വർത്തിക്കുന്നതേയുള്ളൂ.
ഈ ലോകത്തിൽ ജീവിക്കുന്ന സകലമനുഷ്യരും ബാഹ്യമായ ആകാരഘടനയിലെന്ന പോലെത്തെന്ന ആന്തരമായ സ്വഭാവഘടനയിലും ഒന്നിനൊന്നു വ്യത്യാസപ്പെട്ടാണിരിക്കുന്നത്. ഒറ്റനോട്ടത്തിൽ യാതൊരു വ്യത്യാസവും തോന്നിക്കാത്ത ഇരട്ടപെറ്റ രണ്ട് കുട്ടികൾക്ക് പോലും സൂക്ഷ്മനിരീക്ഷണത്തിൽ സാരമായ പലേ വ്യത്യാസങ്ങളും ഉള്ളതായിക്കാണാം. ശാരീരികഘടനയിൽ പ്രത്യക്ഷപ്പെടുന്ന ഈ വൈചിത്യത്തിൻറെ വ്യാപ്തി മാനസികഘടനയിൽ അസീമവും അമേയവുമായി നിലകൊള്ളൂന്നു. നിയതികൃതനിയമരഹിതമാണ് മനുഷ്യൻറെ ഹൃദയവ്യാപാരങ്ങൾ. അനന്തമായ ആഴിപ്പരപ്പിലെ അലമാലകളുടെ ആന്ദോളനങ്ങൾ പോലെയാണ് അവയുടെ ഗതിവൈചിത്ർയം. സകലമനുഷ്യരിലും ഒന്നുപോലെ ചില സമാനഭാവങ്ങൾ പ്രത്യക്ഷപ്പെടുന്നിൽലെന്നിൽല. എങ്കിലും അവയ്ക്കുപോലും സൂക്ഷ്മമായ വിശകലനത്തിൽ വ്യക്തികളെ ആശ്രയിച്ച് അൽപാൽപമായ അന്തരം കണ്ടുവരുന്നുണ്ട്.
ഈ കൃതിയിലെ നായകനായ സോമശേഖരൻ' ഒരു വിചിത്രമനോഭാവത്തോടു കൂടിയവനാണ്. അവൻറെ സ്ഥാനത്ത് സാധാരണക്കാരനായ ഒരു കാമുകനായിരുന്നുവെങ്കിൽ സുശീലയും സുന്ദരിയും സ്നേഹസമ്പന്നയുമായ മോഹിനിയുടെ പരിശുദ്ധജീവിതം ഇങ്ങനെ ദാരുണമായ ഒരു ദുരന്തത്തെ പ്രാപിക്കുമായിരുന്നിൽല. അവൻറെം ഹൃദയം തികച്ചും പ്രേമസമ്പൂർണ്ണമാണ്; അതിനെ വിശകലനം ചെയ്യുമ്പോൾ സൂക്ഷ്മങ്ങളായ അനവധി ഭാവങ്ങൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും, അവയ്ക്കെൽലാം മീതെ നമ്മുടെ ശ്രദ്ധയെ ഒന്നോടാകർഷിച്ചടക്കിനിർത്തുവാൻ കരുത്തുള്ള കേന്ദ്രത്തോടുകൂടിയ ഒരു പ്രത്യേകഭാവം നാം കണ്ടെത്തുന്നു. അതിൽ നിന്നുറവെടുക്കുന്ന ഒരു വിചിത്രമായ ചിന്താവൈകൃതമാണ് അവൻറെ പൈശാചികപ്രവൃത്തിക്ക് നിദാനമായി നിലകൊള്ളൂന്നത്.
മോഹിനി
ചങ്ങമ്പുഴ
മനുഷ്യരാശിയിൽ സാഡിസം, മസോക്കിസം, പിഗ്മാലിയാനിസം എന്നിങ്ങനെ മൂൻ വിധത്തിലുള്ള സ്വഭാവവൈകൃതങ്ങൾ സ്ഥിതിചെയ്യുന്നതായി മനശ്ശാസ്ത്രപണ്ഡിതൻമാരും ലൈംഗികശാസ്ത്രവിദഗ്ദ്ധൻമാരും ഉദ്ഘോഷിക്കുന്നു. എൽലാ മനുഷ്യരുടെയും മാനസികമണ്ഡത്തിൽ ഈ മൂന്നു സ്വഭാവങ്ങളും അൽപാൽപമായിട്ടെങ്കിലും കലർന്നിരിക്കും. പക്ഷേ, അസംഖ്യങ്ങളായ ഇതരഭാവങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നതിനാൽ അവ പ്രത്യേകം ശ്രദ്ധമായിത്തീരുന്നിൽല. എന്നാൽ അപൂർവ്വം ചില വ്യക്തികളിൽ ഇവയിലേതെങ്കിലും ഒൻ അനിയന്ത്രിതമായി വളർന്നുവെന്നു വരാം. അങ്ങനെ പരിപുഷ്ടമായി പരിണമിക്കുമ്പോളാണ് അതു നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത്.
ദ്രോഹപ്രവൃത്തിയിൽനിന്നും സഞ്ജാതമാകുന്ന സന്തോഷം സാഡിസത്തിൻറെ സന്താനമാണ്. മറ്റുള്ളവരുടെ വേദനിപ്പിക്കുന്നതിൽ ആനന്ദം അനുഭവിക്കുന്ന ചില വ്യക്തികളുണ്ട്. രക്തം കണ്ടാൽ മൂർച്ഛിച്ചുവീഴുന്നവരെയും രക്തം ചൊരിയുന്നതിൽ പ്രത്യേകതാൽപർയത്തോടുകൂടിയവരേയും നാം കാണുന്നിൽലേ? യഥാർത്ഥമാലോചിച്ചാൽ നൈസർഗ്ഗികമായി നമ്മിൽ ഉൾച്ചേർന്നിരിക്കുന്ന ഒരു സവിശേഷതയാണിതെന്നു കാണാം. ഈച്ച, ഉറുമ്പ് മുതലായ സാധുപ്രാണികളെ അടിച്ചുകൊൽലുന്നതിൽ കൊച്ചുകുട്ടികൾ ആവേശപൂർണ്ണമായ ഒരാനന്ദം അനുഭവിക്കുന്നതായിക്കാണുന്നിൽലേ? അതിൽ ഒരു രസമുണ്ട്; ആ പൈശാചികമായ രസാനുഭവത്തിനു പ്രേരകമായി നിൽക്കുന്ന നൈസർഗ്ഗികഭാവം, പിൽക്കാലങ്ങളിൽ, വിദ്യാഭ്യാസംകൊണ്ടും മറ്റും സിദ്ധമാകുന്ന സംസ്കാരത്തിൽ നാമറിയാതെതന്നെ നിർവ്വഹിക്കപ്പെടുന്നുവെന്നെയുള്ളൂ. ലോകത്തിൻറെ ശൈശവദശയിൽ, ഹിംസ്രജന്തുക്കളുമായി മുഷ്ടിയുദ്ധം ചെയ്തു വിദലിതശരീരരായി രക്തക്കളത്തിൽ തളർന്നുവീണു കൈകാലടിച്ചു പിടയുന്ന നിസ്സഹായരായ അടിമകളുടെ പ്രാണവേദനയിൽ ആത്മാനുഭൂതി അനുഭവിച്ചിരുന്ന റോമൻ ചക്രവർത്തികളുടെയും രാജ്യവാസികളുടെയും ആ പൈശാചികമനോവൃത്തി ചരിത്രം നമ്മെ കാണിച്ചുതരുന്നിൽലേ? കോഴിപ്പോർ മുതലായ വേതാളകേളികളിൽ ഇന്നും എത്രയെത്ര മനുഷ്യഹൃദയങ്ങൾ ആനന്ദനൃത്തം ചെയ്യുന്നു?
വേദനയനുഭവിക്കുന്നതിൽ സംതൃപ്തിയുൾക്കൊള്ളൂന്നുണ്ട്. അവരാണ് മസോക്കിസ്റ്റ്സ്. പരസ്പരം കണക്കിലേറെ കലഹിച്ചു കണ്ണീരും കൈയു'മായി കഴിഞ്ഞുകൂടുവാൻ എങ്ങനെയെങ്കിലും സാധ്യമാകാതെ വന്നുകൂടുന്ന ദിവസങ്ങളിൽ അനിർവാച്യമായ ഒരസുഖം അനുഭവിക്കുന്ന പല ദമ്പതിമാരെയും എനിക്കറിയാം. സാഡിസത്തിന്നുനേരെ വിരുദ്ധമായിട്ടുള്ളതാണ് മസോക്കിസം. മർദ്ദിക്കുന്നതിലൽല മർദ്ദിക്കപ്പെടുന്നതിലാണ്, മറ്റുള്ളവരുടെ വേദനയിലൽല സ്വന്തം വേദനയിലാണ് ഇക്കൂട്ടർക്ക് ആനന്ദം.
മോഹിനി
ചങ്ങമ്പുഴ
സ്ത്രീരൂപത്തിലുള്ള ശിലാദിവിഗ്രഹങ്ങളിൽ ലൈംഗികമായ ഉൽക്കടാഭിനിവേശം ഉൾക്കൊള്ളൂന്നതാണ് പിഗ്മാലിയാനിസം. യഥാർത്ഥമാലോചിച്ചാൽ കലാസ്വാദനത്തിന്നും ലൈംഗികജീവിത്തിന്നും തമ്മിൽ വലിയ ഒരു ബൻധമുണ്ടെന്നു കാണാം. മാനസികഘടനനിയൽ പിഗ്മാലിയാനിസം എന്ന അംശമാണ് കലാബോധത്തിൻറെ അസ്തിവാരമായി നിലകൊള്ളൂന്നത്. കാമവികാരത്തിന്നു കാരണമായ ലിബിഡോ' കലാകാരൻമാരിൽ കണക്കിലേറെ കലർന്നിരിക്കും. കവികളുടേയോ ഗായകൻമാരുടേയോ ചിത്രകാരൻമാരുടേയോ ശിൽപികളുടേയോ ജീവചരിത്രം പരിശോധിച്ചുനോക്കിയാൽ, ലൈംഗികജീവിതത്തിന്നും കലാബോധതത്തിനും തമ്മിൽ അഭേദ്യമായ ബൻധമുണ്ടെന്നുള്ള ശാസ്ത്രത്തിൻറെ വാദം തികച്ചും പരമാർത്ഥമാണെന്നു വെളിപ്പെടും. വിശ്വവിഖ്യാതരായ കലാകാരൻമാരിൽ ഭൂരിഭാഗവും സദാചാരത്തിൻറെ നിയമസീമയെ അതിലംഘിച്ചു കാമാത്മകങ്ങളായ ആനന്ദാനുഭൂതികളുടെ അങ്കതലത്തിൽ സ്വച്ഛന്ദവിഹാരം ചെയ്തിരുന്നവരാണെന്നു കാണാം.
പരമാർത്ഥങ്ങളെ മനുഷ്യൻ ഇഷ്ടപ്പെടുന്നിൽല. എന്തുകൊണ്ടെന്നാൽ അവ അവനെ അവനായിതന്നെ ലോകസമക്ഷം പ്രദർശിപ്പിക്കുന്നു. സദാചാരവിധികളുടെ മറവിൽ പതുങ്ങിനിന്നുകൊണ്ട് ആത്മവഞ്ചന ചെയ്യുന്നതാണ് ആ ഭീരുവിന്നിഷ്ടം. ശാസ്ത്രത്തിൻറെ നേരെ പൗരോഹിത്യത്തിൻറെ വെളിപാടുകൾക്കെൽലാം അതാണോ കാരണം. ഈ കേരളത്തിൽത്തന്നെ, അടുത്തകാലത്ത്, വെണ്മണി മഹാമഹത്തിൽ, മഹാകവി വള്ളത്തോൾ ചെയ്ത പ്രസംഗത്തിൽ, കവികളുടെ സദാചാരബോധത്തെക്കുറിച്ചുണ്ടായ ചില സൂചനകൾ പത്രലോകത്തിൽ ഏറ്റവും അരിശംകൊള്ളിച്ചത് സത്യനാദ' ത്തെയാണെന്നുള്ള കാർയം ഒരിക്കലും മറക്കത്തക്കതൽല. കാമവികാരം കണക്കിലേറെയുണ്ടായാൽ കവിയോ കലാകാരനോ ആയിത്തീരുകയിൽലെങ്കിലും, കവിയിലും കലാകാരനിലും മറ്റുള്ളവരിലേറെ കാമവികാരം കലർന്നിരിക്കുമെന്നതു വെറും പരമാർത്ഥമാണ്. സ്ത്രീവിമുഖരായ കലാസ്വാദനലോലുപൻമാരുടെ സംഖ്യ വളരെ കുറവായിരിക്കുമെന്നു സമ്മതിക്കാതെ നിവൃത്തിയിൽല. ശുഷ്കിച്ച സദാചാരതത്ത്വങ്ങളെ ആത്മവഞ്ചനയ്ക്കൂന്നുവടിയായെടുക്കാതെ, നിഷ്പക്ഷമായി ചിന്തിച്ചുനോക്കിയാൽകലയെ ശാസ്ത്രത്തിൻറെ വെളിച്ചത്തിലേക്കു നീക്കിനിർത്തി അതിൻറെ അടിയിലേക്കു ചുഴിഞ്ഞിറങ്ങിച്ചെന്നാൽകലയുടെ ബീജം കാമവികാരത്തിൽ സ്ഥിതിചെയ്യുന്നതായിക്കാണാം. തേജോമയവും സുരഭിലവുമായ ഷെൽലിയുടെ സാവ്യാന്തരീക്ഷത്തിൽനിൻ വേഡ്സ്വർത്തിൻറെ കവനസാമ്രാജ്യത്തിലേക്കു കടക്കുമ്പോൾ, എന്തെൽലാം ആഹാർയതകൾ ഉണ്ടായിട്ടും, എന്തോ ഒന്നിനുവേണ്ടി നമ്മുടെ ഹൃദയം ഉഴറിപ്പായുന്നതെന്തുകൊണ്ട്? ശൃംഗാരത്തിന്നു രസരാജസ്ഥാനം കിട്ടുവാൻ ഹേതുവെന്ത്? ആടുന്നവനിലും പാടുന്നവനിലുമാണ് അംഗനമാർക്കഭിനിവേശമെന്നു പഴമക്കാരിയായ നമ്മുടെ മലയാണ്മപോലും പറഞ്ഞുതുടങ്ങിയിട്ട് എത്ര ശതാബ്ദങ്ങളായി. ആവക ചൊൽലുകളെ ശാസ്ത്രത്തിൻറെ സിദ്ധാന്തങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന അനുഭവം അതേപടി വെളിപ്പെടുത്തിയാൽ എന്തിന്നു നെറ്റി ചുളിക്കുന്നു? കലയും കാമവികാരവും തമ്മിലുള്ള ബൻധത്തെക്കുറിച്ച് ഇങ്ങനെ ചില സൂചനകൾ നൽകുവാനൽലാതെ സവിസ്തരം പ്രതിപാദിക്കുവാൻ ഈ ലഘുപ്രബൻധത്തിൽ നിവൃത്തിയിൽലൽലോ.
മോഹിനി
ചങ്ങമ്പുഴ
നമുക്കു വീണ്ടും മോഹിനിയിലേക്കു കടക്കുക. സോമശേഖരൻറെ മാനസികഘടനയിൽ മേൽവിവരിച്ച സാഡിസം എന്ന അംശമാണു മുഴച്ചുനിൽക്കുന്നത്. ശാസ്ത്രദൃഷ്ട്യാ വൈകൃതാത്മകമായ അവൻറെ ചിന്താഗതി അതിന്നനുരൂപവുമാണ്. എന്നാൽ ശ്രദ്ധേയമായ ഒരു പ്രത്യേകത അതിന്നുണ്ട്. തത്ത്വോപനിഷ്ഠമായ ഒരു സരണിയിലൂടെയാണ് അവൻറെ ചിന്താപ്രവാഹം. നൈസർഗ്ഗികമായ മാനസ്സികഘടനയിലാണ് അവൻറെ പ്രവൃത്തിയുടെ ഉത്തരവാദിത്വം മുഴുവൻ സ്ഥിതിചെയ്യുന്നതെങ്കിലും, അതിനെ ഒരു മൂടുപടം ഇടുവിച്ചുകൊണ്ട്, അവൻറെ സംസ്കാരജന്യമായ തത്ത്വബോധം തലയുയർത്തുന്നു. ആ തത്ത്വചിന്ത തെറ്റോ, ശരിയോ, അതിന്നാധാരമായ സംസ്കാരം അഭിനന്ദനീയമോ അവഹേളനാർഹമോ എന്നൊരു ചോദ്യത്തിൻ ഇവിടെ വഴിയുണ്ട്. അതിന്നു സമാധാനം പറയേണ്ടതു കലാകാരനൽല, നീതിശാസ്ത്രജ്ഞനാണ്. ഭൗതികദൃഷ്ട്യാ അവൻറെ കർമ്മം അധികവുമായിരിക്കാം. പക്ഷേ, ആ കർമ്മത്തിലൽല, അതിന്നു പ്രേരകമായി വർത്തിക്കുന്ന തത്ത്വത്തിലാണ് അവൻ ആനന്ദിക്കുന്നതെന്നോർക്കണം. അവൻ മോഹിനിയെ കുത്തിക്കൊന്നത് അവളുടെ ഹൃദയരക്തം ചിന്നിച്ചിതറിത്തെറിക്കുന്നത് കണ്ട് ആനന്ദിക്കുവാനൽല. ആ കാഴ്ച അവനെ വേദനിപ്പിക്കുന്നതേയുള്ളൂ. എങ്കിലും അവളെക്കൊന്നതിൽ അവനൊരു സംതൃപ്തിയുണ്ട്. അതു തികച്ചും സ്വാർത്ഥരഹിതവുമാണ്.
സോമശേഖരന് സ്വന്തമായ ഒരു തത്ത്വശാസ്ത്രമുണ്ട്. അവൻ സൗന്ദർയാരാധകനാണ്. കാമജന്യമായ സ്വാർത്ഥ പ്രീതിക്കു വശഗമായിരുന്നു അവൻറെ ഹൃദയമെങ്കിൽ, മൃണ്മയമായ ശരീരത്തെ അവലംബിച്ചുനിന്ന ദുർൽലഭവും സ്വർഗ്ഗീയവുമായ ആ സൗന്ദർയത്തെ അൻ അനുഭോഗയുക്തമാക്കിത്തീർക്കുമായിരുന്നു. അതിന്നവൻ ഒരുമ്പെട്ടിൽല. സ്വാർത്ഥലാഭത്തിനുവേണ്ടി ആ സൗന്ദർയം വിനിയോഗിക്കപ്പെടുന്നുവെങ്കിൽ, ഉത്തുംഗമായ ഒരു മേഖലയെ അധിരോഹണം ചെയ്തിരിക്കുന്ന അതിനു മനഃപൂർവ്വം അവൻ അപകർഷം വരുത്തുകയായിരിക്കും ചെയ്യുക. അപ്പോൾ മേഘജ്യോതിസ്സിൻറെ ക്ഷണികജീവിതം അവന്നു തികച്ചും അഭികാമ്യമാണ്.
മോഹിനി
ചങ്ങമ്പുഴ
ബ്രൗണിംഗിൻറെ പോർഫിറിയായുടെ കാമുക'ന്നും സോമശേഖരനും തമ്മിലുള്ള മൗലികമായ വ്യത്യാസം ഈ തത്ത്വത്തെ ആശ്രയിച്ചാണു നിൽക്കുന്നത്. സാമുദായികമായ ഉച്ചനീചാവസ്ഥയെക്കുറിച്ചുള്ള ബോധം സംജനിപ്പിച്ച സ്വാർത്ഥസൃഷ്ടമായ നൈരാസ്യമാണ് പോർഫിരിയായെ ഞെക്കിക്കൊൽലുന്നതിൽ അവന്നു പ്രേരകമായി നിൽക്കുന്ന മനോഭാവം. സമോശേഖരനെ അതു തീണ്ടിയിട്ടുപോലുമിൽല. ആരാധ്യനായ ഈ വിശ്വമഹാകവിയുടെ കലാസുഭഗമായ ആ ഭാവനാസന്താനത്തേക്കാളധികം വിശിഷ്ടമാണ് എൻറെ ഈ വികൃതസൃഷ്ടിയെന്നു ഞാനഭിമാനിക്കുന്നിൽല. വസ്തുസ്ഥിതിയെ ഞാനൊന്നു സൂചിപ്പിച്ചുവെന്നെയുള്ളൂ.
സോമശേഖരൻറെ ആ പ്രത്യേക ചിന്താസരണിയിലൂടെ നോക്കുമ്പോൾ അവൻറെ കർമ്മം ഒരിക്കലും പൈശാചികമായിത്തീരുന്നിൽല. മൃണ്മയമായ ഈ ഗാത്രപിണ്ഡം ഇന്നൽലെങ്കിൽ നാളെ തകർന്നടിയുമെന്നുള്ളതു തീർച്ചയാണ്. അങ്ങനെയിരിക്കെ അത്യുത്തമമമായ ഒരു ശോഭനമുഹൂർത്തത്തിൽ അതു സംഭവിക്കുന്നതൽലേ അഭിലഷണീയം? അവർ ദമ്പതികളായിത്തീർൻ, അങ്ങനെ ജീവിച്ചുജീവിച്ച്, സന്താനോൽപാദനത്താലും മറ്റും അവളുടെ സൗന്ദർയം ക്ഷയിച്ചു ക്ഷയിച്ച്, ഒടുവിൽ അതു വാർദ്ധക്യത്തിൻറെ വികൃതലീലകൾക്കു വിധേയമായി ദ്രവിച്ചടിയുവാൻ അവൻ ഇഷ്ടപ്പെടുന്നിൽല. അതെൽലാം പ്രകൃതിനിയമമാണെന്നും അതുകൊണ്ട് അങ്ങനെയുള്ള അവൻറെ ചിന്താഗതി ആശാസ്യമൽലെന്നും ചിലർ വാദിച്ചേക്കാം. ആ വാദം ഒരുപക്ഷേ, ശരിയാണെന്നും വരാം. എന്നാൽ പ്രകൃതിനിയമങ്ങളെ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ലോകാരംഭംമുതൽ അപൂർവ്വമായിട്ടെങ്കിലും ഉണ്ടായിട്ടുണ്ടെന്നുള്ള പരമാർത്ഥം വിസ്മരിക്കാവതൽല. കാണുന്നതിനെ അതേപടി പകർത്തുകയൽല, കാണേണ്ടതിനെ കാട്ടിക്കൊടുക്കുകയാണ് കവിയുടെ കർത്തവ്യമെന്ന ഒരു വാദത്തിനും ഇവിടെ വഴിയുണ്ട്. കാണുന്നതിനെ കണ്ട്, അതിനെ നോക്കി നൽലപോലെ മനസ്സിലാക്കുന്നതിൽനിന്നാണ്, കാണേണ്ടതെങ്ങനെയുള്ളതായിരിക്കണം എന്ന ബോധം ഉറവെടുക്കുന്നതെൻ അതിന്നു സമാധാനം പറയേണ്ടിയിരിക്കുന്നു. ഇയാഗോ' അനുകരണാർഹനൽലായിരിക്കാം; അധികം ഇയാഗോ'മാർ ലോകത്തിൽ ജീവിക്കുന്നുമിൽലായിരിക്കാം. പക്ഷേ, അങ്ങനെയുള്ളവരെ ചിത്രീകരിക്കുന്നത് ഒരിക്കലും ഒരപരാധമായിരിക്കുമെന്നു തോന്നുന്നിൽല. സോമശേഖരനും ഇതുപോലെ ഒരപൂർവ്വസൃഷ്ടിയാണ് എന്നുമാത്രം.
മോഹിനി
ചങ്ങമ്പുഴ
വ്യാമോഹങ്ങള കന്നകന്നു ഹൃദയം
സായൂജ്യസന്ദായക-
പ്രേമോദ്യൽക്കനകാംശുധാരയിലലി-
ഞ്ഞാറാടുമാറങ്ങനെ,
ക്ഷേമോത്സംഗമതിൽസ്സുഖിച്ചരുളുമെൻ-
ദേവിക്കു വായിക്കുവാൻ
സാമോദം നിജതൃപ്പദത്തളിരിലി-
ക്കാവ്യം സമർപ്പിപ്പു ഞാൻ.
25- 05 -1944 ചങ്ങമ്പുഴ കൃഷ്ണപിള്ള
മോഹിനി
ചങ്ങമ്പുഴ
മോഹിനി
"കമനീയകധാമമായെന്നെ-
ക്കാണണമിന്നെൻ കാമുകൻ.
ആ മദനനെയിന്നെനിക്കൊരു
രോമഹർഷത്തിൽ മൂടണം.
വിസ്മയാധീനചിത്തനായാത്മ-
വിസ്മൃതിയിലാക്കോമളൻ
മാമകാഗമചിത്രമോർത്തൊരു
പ്രേമഗാനം രചിക്കണം.
സാനന്ദമതു സാധിതമാക്കാൻ
ഞാനണിഞ്ഞൊരുങ്ങീടട്ടെ..."
മഞ്ജുവാസന്തവാസരോത്സവ-
രഞ്ജിതോദയം, ശ്രീമയം,
ഉല്ലാസാമലസൗരഭോജ്ജ്വല-
ഫുല്ലസൂനസമാകുലം,
ബാലമാരുതചാലിതലതാ-
ജാലനൃത്തസമ്മേളിതം,
കോകിലാലാപലോലകല്ലോല-
കോമളാരാവപൂരിതം,
മോദസമ്പൂർണ്ണമാകുമാ രംഗം
മോഹനം, മനോമോഹനം!
സോമശേഖരൻ ധീരമാനസൻ
പ്രേമചിന്താപരവശൻ
വാണിടുന്നു തൻ പൂമണിമച്ചിൽ
ക്ഷീണിതാവിലപ്രജ്ഞനായ്;
കമ്രആയൊരാ ദൃശ്യമൊന്നിലും
കണ്ണയച്ചിടാതേകനായ്!
നിത്യമെത്തിടാറിപ്പൊഴാണടു-
ത്തപ്രണയസ്വരൂപിണി
തൻ പവിത്രോപഹാരമായൊരു
ചെമ്പനീരലർച്ചെണ്ടുമായ്!
മോഹിനി
ചങ്ങമ്പുഴ
"നേരമാകുന്നു, നേരമാകുന്നു,
നീയെവിടെ, യെൻ സ്വപ്നമേ?-
തപ്തമായൊരൻ ജീവിതത്തിലെ-
സ്സുപ്രഭാതവിലാസമേ!
എങ്ങൊളിച്ചിരിക്കുന്നു നീ കാവ്യ-
രംഗമേ, വിശ്വമഞ്ജിമേ?
ഇപ്രകൃതിതന്നപ്രമേയമാം
സുപ്രഭാകേന്ദ്രമൊന്നിലും,
ചെന്നിടുന്നതില്ലെന്മനമിപ്പോൾ
നിന്നുദയപ്രതീക്ഷയാൽ!
വേഗമിങ്ങു വരേണമേ നീ, യെൻ-
ഭാഗധേയവിലാസമേ!..."
(തോന്നുന്നു സോമനോരോ മാത്രയും
നീങ്ങിടാത്ത യുഗങ്ങളായ്)
എങ്ങുപോകുന്നി, തേകയായ് പോവ-
തെങ്ങു നീയേവം മോഹിനീ?
ലോകസൗഭാഗ്യവല്ലികേ, ദിവ്യ-
രാഗനിർമ്മലദീപികേ!
ഒന്നു കാണട്ടെ ഞങ്ങളും നിന്നെ-
യൊന്നവിടെ നീ നിൽക്കണേ!
ഹന്ത, ദൈവമേ, മുന്നിലിക്കാണ്മ-
തെന്തൊരത്ഭുതസൗഭഗം!
കേവലമൊരു തന്വിയല്ലേതോ
ദേവകന്യകയാണു നീ!
മന്നിലെന്നല്ല വിണ്ണിലും കാണി-
ല്ലിന്നിലയ്ക്കൊരു താരകം.
എത്രകാലം ഭജിച്ചിരിക്കണ-
മിദ്ധരയിതു നേടുവാൻ?
ലഭ്യമല്ലല്ലൊരപ്സരസ്സിനു-
മിത്തരമൊരു ചൈതന്യം!
ചെമ്പനീരലർ പെറ്റതാകു, മൊ-
രമ്പിളിക്കതിരല്ല നീ
ഏതു വാർമഴവില്ലിലും കാണി-
ല്ലീവിധമൊരു കൗതുകം
ദിവ്യവൃന്ദാവനീയരാഗത്തിൻ
ഭവ്യദോന്മദരശ്മികൾ,
സഞ്ചരിപ്പതുണ്ടോമലേ, നിന്റെ
പുഞ്ചിരികളിൽപ്പോലുമേ!
നിർണ്ണയ, മെത്ര ഭാവനകൾക്കും
വർണ്ണനാതീതയാണു നീ!
മോഹിനി
ചങ്ങമ്പുഴ
പൂനിലാവൊളിയാളിടും പരി-
ലോലമാമൊരു സാരിയാൽ,
നിഹ്നുതാംഗിയായ് മിന്നിടുന്നിതാ
നിർമ്മലസ്വപ്നരൂപിണി!
കാലടിവെയ്പിൽ, കാലടിവെയ്പിൽ,
ചേലിലേകാന്തവീഥിയിൽ,
ലോലനൂപുരാരാവവീചികാ-
മാലയോരോന്നിളകവേ;
കുഞ്ചുകാഞ്ചലാച്ഛാദിതകുച-
കുംഭങ്ങൾ കുലുങ്ങവേ;
മാറിലാളിന പൊന്മയമണി-
മാലികകൾ കിലുങ്ങവേ;
ചാലേ പിന്നിലായ് ക്കെട്ടിയിട്ടൊരാ
നീലക്കാറണിവേണിയിൽ,
ചൂടിയ നറും മുല്ലമാലത-
ന്നീടെഴുന്ന പരിമളം
സുന്ദരാളകചുംബനാർത്ഥിയാം
മന്ദവായുവിലോലവേ;
തന്മുഖോദ്യന്മധുരശൃംഗാര-
ബിംബിതസ്മിതധാരയാൽ,
വെൺ'നുണക്കുഴി' വീശി, യാക്കവിൾ-
പ്പൊന്നലർ തുടുത്തീടവേ;
ലോലലോചനാഗങ്ങൾ തൂമിന്നൽ
മാലയാഞ്ഞാഞ്ഞെറിയവേ;
വിശ്വസൗന്ദര്യ സാരമങ്ങൊരു
വിഗഹമാർന്നമാതിരി,
കണ്ടില്ലേ, നിങ്ങൾ കണ്ടില്ലേ?-നോക്കൂ,
മൺകവരുമാറങ്ങനെ
പോകയാണവൾ, പോകയാണവൾ
രാഗലോലയാ, യേകയായ്!
കോവണിപ്പടി സഞ്ജനിപ്പിപ്പൂ
കോമളമാമൊരു ശിഞ്ജിതം.
സോമ, നെന്തോ, പിടഞ്ഞെഴുന്നേൽപൂ
രോമഹർഷവിവശനായ്!
വന്നണയുന്നു മന്ദമന്ദമ-
ത്തെന്നലിലൊരു സൗരഭം.
സാദരമതു സൂചിപ്പിക്കുവ-
തേതു ദിവ്യസമാഗമം?
ഭൂമിയിൽ സ്വർഗ്ഗനിർവൃതി നേടും
സോമ, നീയെത്ര ഭാഗ്യവാൻ
ജന്മസാഫല്യം നേടുവാനിട-
വന്ന നീയെത്ര പുണ്യവാൻ!
മോഹിനി
ചങ്ങമ്പുഴ
"ഹാ, മനസ്സേ, ചൊരിഞ്ഞീടായ്കനിൻ
പ്രേമഗദ്ഗദനിർഝരം!
ആ മനോഹരസ്വപ്നസാന്നിധ്യം
നീമുകരുക മൂകമായ്!
നിർവ്വിശങ്കം നീ നീന്തിയാലുമാ
നിർവൃതിതൻ തിരകളിൽ!"
സ്തബ്ധനായതാ മാറുന്നൂ സോമ-
നത്ഭുതോദ്വേഗവിഹ്വലൻ
"എന്തു കാണ്മൂ ഞാൻ മുന്നി, ലിക്കാണ്മ-
തെന്തൊരത്ഭുതസ്വപ്നമോ?
ഓമലാളല്ലേ, മോഹിനിയല്ലേ,
ഹാ, മമ മുന്നിൽക്കാണ്മു ഞാൻ?
വിശ്വസിക്കാനരുതെനിക്കെന്റെ
വിഹ്വലനയനങ്ങളെ.
മുമ്പൊരിക്കലും കണ്ടിട്ടില്ലിത്ര
സുന്ദരിയായിവളെ ഞാൻ
നിർഗ്ഗളിപ്പിതക്കണ്ണിൽനിന്നൊരു
സ്വർഗ്ഗചൈതന്യവിസ്മയം
മുഗ്ദ്ധമാ മുഖത്തൊന്നു ചുംബിക്കാ-
നെത്ര ദുർബ്ബലനിന്നു ഞാൻ!
ഇത്രനാളുമൊളിച്ചിരുന്നതെ-
ങ്ങിസ്സമാരാധ്യസൗഭഗം?
എന്തുചൈതന്യസാരകേന്ദ്ര, മി-
തെന്തു സായൂജ്യമണ്ഡലം?
അൽപനേരത്തേക്കെന്നെയീവിധം
വിഭ്രമിപ്പിക്കാൻ മാത്രമോ,
ജീവനായികേ, നീ വഹിക്കുന്ന-
തീവിലാസചൈത്രോത്സവം?
ഇന്നലേവരെ നിന്നിലിത്രമേൽ
മിന്നിടാത്തൊരിസ്സൗഭഗം
മായികമാ, ണതാരറിഞ്ഞു ഹാ,
മായുകില്ലെന്നു ഭാവിയിൽ!
ഓർക്കിലാരംഗംദുസ്സഹ, മതൊ-
ന്നോർക്കുവാൻപോലും വയ്യ, മേ!
ഇന്നു ഗണ്യ നീ, യിന്നു ധന്യ നീ-
യിന്നത്തേതിന്റെയാണു നീ!
മോഹിനി
ചങ്ങമ്പുഴ
കാണുവാന്മേല നാളെയെന്നൊരു
കാർനിഴൽ നിന്നെ നിർമ്മലേ
വായ്ക്കുമിക്കാന്തി മായ്ക്കുവാന്മേല
വാർദ്ധകത്തിന്റെ കൈയുകൾ
ഒക്കരുതു കാലത്തിനർപ്പിക്കാ-
നക്കവിളിൽച്ചുളുക്കുകൾ
മഞ്ജിമതൻ പരിധിയിൽ നീയാം
മഞ്ഞുതുള്ളി മറയണം.
മാഅകാത്മാവിൽ നീയണിയിച്ച
രോമഹർഷങ്ങളൊക്കെയും
എന്നുമീവിധം നിൽക്കണമെങ്കി-
ലെന്നെവിട്ടു നീ പോകണം
സിദ്ധിമൂലം മുഷിവുതട്ടാത്ത
സക്തിയെന്തുണ്ടീയൂഴിയിൽ?
ഏതമൃതും ചെടിച്ചുപോകുന്ന
ചേതനയാണു മർത്ത്യനിൽ!
നിന്നഴകിനാൽ നീ ജനിപ്പിച്ചൊ-
രെന്നിലുള്ളൊരീയുത്സവം,
മാലിനാലംബമാക്കിടാം, പക്ഷേ
നാളെനിൻ പരിവർത്തനം
കാണുമോ നിന്നെയീവിധംതന്നെ
ഞാനുലകിലെന്നെന്നുമേ?
ഇല്ല, കാണില്ല, പിന്നെ ഞാനതു-
ചൊല്ലിമോഹിപ്പതെന്തിനായ്?
പൊള്ളയാം നിഷ്ഫലതയിൽ തല-
തല്ലിടുന്നോരെൻ കാമിതം
ശാശ്വതാനന്ദദിവ്യപീയൂഷ-
മാസ്വദിക്കുവതെങ്ങനെ?
പാൽക്കതിരണിത്താരകം നാളെ-
പ്പാഴ്ക്കരിക്കട്ടയാവുകിൽ
എന്തു ദാരുണമായിരിക്കു, മ-
ച്ചിന്തപോലും മേ ദുസ്സഹം!
ആകയാലിന്നു നീ മറയണം,
നാകഹീരകദീപികേ!
അത്യനഘമാമീ മുഹൂർത്തത്തി-
ലുത്തമേ, നീ മരിക്കണം,
മാമകാശയം ക്രൂരമാണെങ്കി-
ലോമനേ, നീ പൊറുക്കണേ!...."
മോഹിനി
ചങ്ങമ്പുഴ
കൊണ്ടുവന്നൊരച്ചെമ്പനീരലർ-
ച്ചെണ്ടുതൻ നാഥനാദ്യമായ്,
"എന്റെ സമ്മാന" മെന്നു പുഞ്ചിരി-
ക്കൊണ്ടവൾ മന്ദമേകിനാൾ.
മിണ്ടിയില്ലവൻ; തന്മുഖത്താർക്കും
കണ്ടിടാമൊരു സങ്കടം.
തൽക്ഷണം തല താഴ്ത്തിടുന്നവൻ
തപ്തരാഗാർദ്രമാനസൻ.
മഞ്ജുശൃംഗാരസാന്ദ്രമാമൊരു
മന്ദഹാസം പൊഴിച്ചവൾ
ആടിയാടികുഴഞ്ഞടുത്തുവ-
ന്നാദരാലിദമോതിനാൾ:
"എന്താണിന്നിത്ര മൗന, മീ മുഖ-
ത്തെന്താണിന്നിത്ര സങ്കടം?
സന്തതം ഹർഷരശ്മികൾമാത്രം
സഞ്ചരിക്കുമീയാനനം
ഇന്നുമാത്രമെന്തേവമല്ലലാൽ
മങ്ങിക്കാണുവാൻ കാരണം?
അത്തലാലങ്കിരിച്ചീടുന്നൊരീ-
യശ്രുബിന്തുക്കളൊക്കെ ഞാൻ
ഉൾപ്പുളകമാർന്നെന്നധരത്താ-
ലൊപ്പിയൊപ്പിക്കളഞ്ഞിടാം!"
ജീവിതേശന്തന്നാനതാനനം
പൂവിതളെതിർകൈകളാൽ,
ചഞ്ചലഹേമകങ്കണാരവം
സംക്രമിക്കുമാറോമലാൾ,
ആത്തരാഗമുയർത്തി, മംദമാ
നേത്രഫാലാധരങ്ങളിൽ,
മാറി മാറിപ്പൊഴിച്ചിതായിരം
മാദകാമൃതചുംബനം.
പ്രേമസാന്ദ്രമതേൽക്കെ, യക്ഷണം
കോൾമയിർക്കൊണ്ടു കോമളൻ.
എന്നിട്ടും മാഞ്ഞീലാർത്തിതൻ നിഴ-
ലമ്മുഖത്തുനിന്നൽപവും.
ഉദ്ഭവിക്കയാണപ്പൊഴുമവ-
നുൾത്തളിരിലീ മർമ്മരം;
മോഹിനി
ചങ്ങമ്പുഴ
'അത്യനഘമാമീ മുഹൂർത്തത്തി-
ലുത്തമേ, നീ മരിക്കണം.
മാമകാശയം ക്രൂരമാണെങ്കി-
ലോമനേ, നീ പൊറുക്കണേ!...'
രണ്ടു ഭാഗമായ് ചീകിവെച്ചൊരാ-
ക്കൊണ്ടൽനേർച്ചുരുൾകുന്തളം
മെല്ലെമെല്ലെത്തെരുപ്പിടിച്ചുകൊ-
ണ്ടല്ലണിവേണി ചൊല്ലിനാൾ:
"കാണട്ടേ ഞാനിന്നീമുഖത്തൊരു
ചേണിയലുന്ന സുസ്മിതം.
പേണ്ണിനാണൂഴിയിൽപ്പുമാനല്ല
കണ്ണുനീരും കരച്ചിലും
എന്തുകാരണമീവിധം ഭവാൻ
ചിന്തയിൽ വീണടിയുവാൻ?
കണ്ടിട്ടില്ലല്ലോ മുൻപൊരിക്കലും
കുണ്ഠിതമേവമങ്ങയിൽ.
എന്തുതാനാട്ടെ, സർവ്വവും തുറ-
ന്നെന്നോടൊന്നു പറയണേ!
ഹന്ത, തപ്തമാമീ മുഖം കാൺകെ
നൊന്തിടുന്നു മന്മാനസം.
താവകാധീനമല്ലയോ, നാഥ,
ജീവിതത്തിലെൻ സർവ്വവും?
കാഴ്ചവെച്ചില്ലേ സാനുരാഗമ-
ക്കാൽത്തളിരിങ്കലെന്നെ ഞാൻ?
മോഹിനി
ചങ്ങമ്പുഴ
പ്രാണനായക, സാദരം തവ
മാനസാമലവേദിയിൽ,
ഗാനസാന്ദ്രമായുള്ളതാമൊരു
കോണെനിക്കു ലഭിക്കുകിൽ,
നിർണ്ണയ, മതിന്മീതെ മറ്റൊരു
ജന്മസാഫല്യമില്ല മേ!..."
കണ്മണിയേവമോതിക്കൊണ്ടൊരു
ചുംബനമവനേകിനാൾ,
എന്നിട്ടും മാഞ്ഞീലല്ലലിൻ നിഴ-
ലമ്മുഖത്തുനിന്നൽപവും.
ഉൽപതിക്കയാണപ്പൊഴുമവ-
നുൾത്തളിരിലീ മർമ്മരം:
'അത്യനഘമാമീ മുഹൂർത്തത്തി-
ലുത്തമേ, നീ മരിക്കണം.
മാമകാശയം ക്രൂരമാണെങ്കി-
ലോമനേ, നീ പൊറുക്കണേ!...'
പുഷ്പമാലകൾപോലെഴും കൈകൾ
സസ്പൃഹം നീട്ടിയോമലാൾ
മാരതുല്യനാമപ്പുമാനെത്തൻ
മാറോടുചേർത്തു നിർത്തിനാൾ.
തൽക്കുളിർമുലപ്പൊൽക്കുടങ്ങൾത-
ന്നുൾക്കുളിരാകും സ്പർശനം;
കഞ്ജലോലമക്കൈകളേകിടും
മഞ്ജുമംഗളാലിംഗനം;
അപ്പവിഴാധരങ്ങൾ സപ്രേമ-
മർപ്പണംചെയ്യും ചുംബനം;
വീണക്കമ്പികൾ സഞ്ജനിപ്പിക്കും
ഗാനബിന്ദുക്കൾമാതിരി
ജീവനാളത്തിൽ ചേർന്നലിഞ്ഞുപോ-
മാ വിനയാർദ്രഭാഷണം;
എന്തൊരാനന്ദരംഗമാ, ണതിൽ
സന്തപിക്കയോ, സോമ, നീ?
ഏതുശപത്താലീവിധം, തവ
ജാതകം പ്രതികൂലമായ്?
പിന്നെയുമെന്തോ ചൊൽകയാണവൾ നിന്നൊടൊ, ന്നതു കേൾക്കനീ:
മോഹിനി
ചങ്ങമ്പുഴ
എന്തുവന്നാലും ഞാനില്ലേ?-പോരേ?
സന്തപിക്കരുതീവിധം.
അന്ത്യനിശ്വാസമായിടുംവരെ
യ്ക്കങ്ങയെപ്പിരിയില്ല ഞാൻ
താവകാനന്ദം മാത്രമേ വേണ്ടൂ
ഭൂവിലെൻ സ്വർഗ്ഗമെത്തുവാൻ.
അങ്ങയെ ധ്യാനിച്ചെന്നുമെൻ മന-
സ്പന്ദനങ്ങൾ മറയണം.
മാനസേശ, ഭവത്സുഖത്തിനായ്
ഞാനൊരുക്കമാണെന്തിനും,
സങ്കടഭാവമെന്തിനാ, ണിതു
കണ്ടുനിൽക്കാനരുതു മേ!
ഒന്നുണർന്നൊരു ചുംബനം ൻൽക്കു-
കെന്നരുണാധരങ്ങളിൽ!
ഇന്നലേവരെ, ക്കാണുമ്പോഴേക്കും
മന്ദഹാസോജ്ജ്വലാസ്യനായ്,
ഓടിവന്നുമ്മവെച്ചുവെച്ചോരോ
ചാടുവാക്കുകളോതുവോൻ,
ഇന്നൊരുവെറും സാലഭഞ്ജിക-
യെന്നപോ, ലേവം നിൽക്കയോ!
ജീവനാഥ, വിഷാദമഗ്നമാം
ഭാവമൊന്നിതു മാറ്റണേ!
തന്നിടാമല്ലോ വേണമെങ്കിൽ ഭവാ
നിന്നു മൽ പ്രാണൻപോലും ഞാൻ!"
മിന്നി തൽക്ഷണമപ്പുമാനൊരു
മിന്നൽ തന്മനോഭിത്തിയിൽ.
വേണെങ്കിൽത്തനിക്കേകിടാംപോലും
പ്രാണൻപോലുമത്തയ്യലാൾ,
ആത്തകൗതുകമർപ്പണം ചെയ്വ-
താക്രമിക്കേണ്ട ഘട്ടമോ?
ഉൽപതിക്കയാണപ്പൊഴുമവ-
നുൾത്തളിരിലീ മർമ്മരം!
മോഹിനി
ചങ്ങമ്പുഴ
'അത്യനഘമാമീ മുഹൂർത്തത്തി-
ലുത്തമേ, നീ മരിക്കണം.
മാമകാശയം ക്രൂരമാണെങ്കി-
ലോമനേ, നീ പൊറുക്കണേ!...'
മാത്രനേരത്തിനുള്ളിലാ മുഖം
ക്ഷാത്രതേജോഭരിതമായ്
സങ്കടം പോയീ, സംശയം പോയീ,
ചെങ്കനൽ പാറീ കൺകളിൽ
എന്തുമാറ്റമി, താ മിഴിയതാ
ചിന്തിടുന്നോരോ കൊള്ളിമീൻ.
എന്തക്കാണ്മതു ദൈവമേ, കഷ്ട-
മെന്തിതെന്തൊരു സംഭവം!
എന്തു പൈശാചയജ്ഞസംരംഭ-
മെന്തൊരാസുരതാണ്ഡവം?
എന്തെല്ലാമാകാം ലോകത്തിൽ മർത്ത്യ-
നെന്ത, തെന്തൊരു സാഹസം!
താഴ്ത്തിടുന്നു കുഠാരമോമലിൻ
മാർത്തടത്തിലാ രാക്ഷസൻ.
ചിന്നിച്ചീറിത്തെറിക്കയാണതാ
ചെന്നിണത്തിൻ കണികകൾ.
എന്തുസാഹസ, മെന്തു ഘോര, മി-
തെന്തുവേതാളതാണ്ഡവം!
രക്തരംഗമതെത്തിനോക്കുവാൻ
ശക്തരല്ല നാമാരുമേ!
കാണുവാനരുതാ ദയനീയ-
പ്രാണവാദന ലേശവും!
വേഗമയ്യോ, യവനികയിട്ടാ
വേദനാരംഗം മൂടണേ!
കയ്യടിച്ചില്ല, കാലടിച്ചില്ല,
തയ്യലാളാർത്തുകേണില്ല.
ആഗമിച്ചില്ലവളിൽനിന്നൊരു
ദീനരോദനം പോലുമേ.
ഇപ്പൊഴുമാ മുഖത്തുദിപ്പിതൊ-
രുൾപ്പുളകദസുസ്മിതം!
എങ്കിലും രണ്ടു കൊച്ചരുവിക-
ളങ്കുരിപ്പിതക്കൺകളിൽ.
മോഹിനി
ചങ്ങമ്പുഴ
"പ്രാണനായകാ!..." ശേഷമോതുവാൻ
ത്രാണിയറ്റവൾ വീണുപോയ്.
'കാരണമെന്തു തന്നെയീവിധം
ഘോരനിഗഹം ചെയ്യുവാൻ?'
ഉദ്ഭവിച്ചിതക്കണ്ണിണയിലി-
ശ്ശബ്ദശൂന്യമാം സംശയം.
ആ ദയനീയരംഗദർശനം
വേദനിപ്പിച്ച മാനസം
നൂറുനൂറായ് നുറുങ്ങി, ത്തൻ കൈകൾ
മാറിലാഞ്ഞടിച്ചങ്ങതാ,
കേണുകേണുച്ചരിയ്ക്കയാണെന്തോ
സോമനും ഹാ, സഗദ്ഗദം:
"ചയ്തിട്ടില്ലപരാധമൊന്നും നീ
ചൈതന്യത്തിൻ വികാസമേ!
സങ്കടമെനിക്കുണ്ടിതു കാണാ-
നെങ്കിലും നീ മരിക്കണം!
നിഗഹിച്ചു നിനക്കുവേണ്ടി ഞാൻ
നിർദ്ദയം നിന്നെയോമലേ!
ജീവിതാനുഭോഗത്തിലും കാമ്യം
പാവനേ, ഹാ, നിൻ സൗന്ദര്യം!
മന്നിൽനിന്നു മറഞ്ഞിദം നിന്റെ
മഞ്ജിമ നിത്യമാക്കി നീ!
പ്രേമത്തിൻ പാത്രം പൂർണ്ണമാക്കി നി-
ന്നീ മരണത്തിൻ മാധുര്യം.
വിണ്ണിലെന്നും വിളക്കുവെയ്ക്കണം
നിന്നനുപമജീവിതം!
മിഥ്യയാം നിഴൽ വിട്ടുയർന്നു നീ
നിത്യതയിലേക്കോമലേ!
അത്യനഘമുഹൂർത്തത്തിൽത്തന്നെ-
യുത്തമേ, ഹാ, മരിച്ചു നീ!
മാമകകൃത്യം സാഹസമെങ്കി-
ലോമനേ, നീപൊറുക്കണേ!"
-മേയ് 1935.