ദേവത
കരഞ്ഞീലതുച്ചത്തിലാരാനും കേട്ടെങ്കിലോ
ഞെരങ്ങീ തേങ്ങിപ്പാവം പ്രാണവേദനമൂലം.
കഴിയും സഹിക്കുവാൻ മറ്റെന്തും, പ്രസവത്തിൻ-
കടുയാതനപോലെ തീക്ഷ്ണമായ് മറ്റില്ലൊന്നും.
ഒടുവിൽ-താനേ മിഴി കൂമ്പിപ്പോയ്, സ്വബോധത്തിൻ
പിടിവിട്ടെങ്ങോ തെറിച്ചിരുളില്ത്താണു ചിത്തം!-
(സർവ്വവും ശൂന്യം, വെറും വിജനം, തമോമയം
ദുർവ്വിധേ, നിശിതമാം നിന്നിച്ഛ നടക്കട്ടേ!)
ആ മയക്കത്തിൻ മടിത്തടത്തിൽ കുറേ നേര-
മാമട്ടിൽ തളർന്നവൾ കിടന്നൂ-പൊങ്ങി ചന്ദ്രൻ!
ഉദ്രസമൂർന്നൂർന്നെത്തും വെൺനിലാക്കതിരുകൾ
നൃത്തമാടുന്നൂ ചുറ്റും കിന്നരി മാരെപ്പോലെ!
രാക്കിളി മരപ്പൊത്തിൽ ചിലച്ചൂ-ഞെട്ടിപ്പിട-
ഞ്ഞാത്തസംഭ്രമം പണിപ്പെട്ടവളെഴുന്നേറ്റു.
വന്നലയ്ക്കുന്നൂ കാതിൽ പിഞ്ചുരോദനമൊന്നിൻ
കുഞ്ഞല...യവൾക്കതാ കുളിർകോരുന്നൂ മെയ്യിൽ !-
(അവളും മാതാവായി ലോകത്തിൻ പുരോഗതി-
യ്ക്കവളും താങ്ങായ്-പക്ഷേ നന്ദി കാട്ടുമോ ലോകം?)
-കുഞ്ഞിനെ വാരിക്കോരിയെടുത്തു മാറിൽച്ചേർത്തു
നെഞ്ചിടിപ്പോടെ ചാരിയിരുന്നൂ മരച്ചോട്ടിൽ.
തന്നത്താൻ ചുരന്നുപോയാ മുല രണ്ടും!- ഹാ ഹാ!
മന്നിൽ മറ്റെന്തുണ്ടു നിൻ മീതെയായ്, മാതൃത്വമേ!
ചിറകറ്റതാം ചിത്രശലഭത്തിനെപ്പോലെ
വിറകൊള്ളുന്നൂ ചിത്തം ചിന്തകൾ ചിതറുന്നൂ.
തീർന്നുപോകില്ലേ രാത്രി? വെളിച്ചം കിഴക്കുനി-
ന്നൂർന്നുവീഴില്ലേ?-വീണ്ടും ലോകമിതുണരില്ലേ?
ക്ഷുദ്രമിപ്രപഞ്ചത്തിൽ ജീവിതമൊരു നീണ്ട
നിദ്രയും നിശീഥവും മാത്രമായിരുന്നെങ്കിൽ!
പതറിപ്പറക്കുന്നൂ മാനസം പലമട്ടിൽ
പതിച്ചും തല്ലിത്തല്ലിപ്പിടച്ചും മേലോട്ടാഞ്ഞും!
ഇല്ലല്ലോ തനിയ്ക്കെങ്ങുമഭയം-ചുറ്റുംവിഷ-
ക്കല്ലുകൾ, മുനകൂർത്ത മുള്ളുകൾ,തീക്കുണ്ഡങ്ങൾ!
അനങ്ങാനരുതല്ലോ! വിണ്ണിലങ്ങതാ ദൂര-
ത്തവൾതൻ നേരേ നോക്കിചിരിപ്പൂ നക്ഷത്രങ്ങൾ!