ആരാധകന്‍

ആശംസ

നവോത്ഥായികളായ കേരളീയകവികളില്‍, സഹജമായ ശക്തി' കൊണ്ട്‌ അതിപ്രധാനമായ ഒരു പദം അര്‍ഹിക്കുന്ന ശ്രീമാന്‍ ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുടെ ലളിതകോമളമായ ഒരു നവ്യലഘുകാവ്യമാകുന്നു ആരാധകന്‍.' ഉജ്ജ്വലമായ ഭാവന, ഉത്‌കൃഷ്‌ടമായ വികാരം, സുന്ദരമായ ചിന്ത, സുലളിതമായരചന-ആരാധകന്‍' സഹൃദയന്മാരുടെ സവിശേഷാരാധനം അര്‍ഹിക്കുന്ന, കരുണാത്മകമായ ശുദ്ധസ്‌നേഹത്തെ ഗാനം ചെയ്യുന്ന, ഒരു ജീവിതനിരീക്ഷകനത്രേ.

താരുണ്യത്തിന്റെ വികസിതകാന്തിയണിഞ്ഞിരുന്ന വിജയനും സോമനും 'ഒരു ഞെട്ടിലങ്കുരിച്ചാത്തശോഭം വിലസീടും രണ്ടോമല്‍പ്പൂക്കള്‍ പോലെ' ഒരു ഗൃഹത്തില്‍ത്തന്നെ കഴിഞ്ഞുകൂടുകയാണ്‌. ആ അപരിചിതനമാര്‍ പരസ്‌പരം കാണുവാനും സ്‌നേഹിക്കുവാനും ഇടനല്‍കിയ പ്രഭാതം മറഞ്ഞിട്ടു കാലം വളരെയാണെങ്കിലും ആ യുവാക്കന്മാരുടെ അസാധാരണ സൗഹൃദബന്ധത്തിന്‌ അല്‌പം പോലും ശൈഥില്യം സംഭവിച്ചിട്ടില്ല.

വിജയന്‍ വിജയനെ വിസ്‌മരിച്ചു
വിബുധനാം സോമനില്‍ ചേര്‍ന്നലിഞ്ഞു.
അതുവിധം സോമനും സോമനേയു
മവഗണിച്ചാത്മസുഹൃത്തിലാണ്ടു.''

എന്ന വര്‍ണ്ണനം അവരുടെ സൗഹൃദത്തിന്റെ അഗാധതയില്‍ മുങ്ങിനോക്കുന്നുണ്ട്‌. എങ്കിലും അവരുടെ സ്വഭാവം ഭിന്നമല്ലെന്നു പറഞ്ഞുകൂടാ. വിജയന്‍ വിനോദപ്രിയന്‍, കായികാഭ്യാസചതരുന്‍, വാചാലന്‍; സോമന്‍ മിതഭാഷി, അധീരന്‍, ഭാവനാസമ്പന്നന്‍, ചിത്രകാരന്‍.

"പല പല പുഷ്‌പങ്ങള്‍ തിങ്ങിനില്‍ക്കും
പനിമലര്‍ത്തോപ്പിന്‍പകര്‍പ്പുപോലെ.''

പരിണതകാന്തി കലര്‍ന്നിരിക്കുന്ന ഒരു സായാഹ്നത്തില്‍ വിജയസോമന്മാര്‍ പതിവുപോലെ, നദീതടത്തിലിരിക്കുമ്പോള്‍ വെള്ളം മുക്കുവാന്‍ വന്ന ഒരു കോമളാംഗി അവരുടെ രണ്ടുപേരുടെയും ഹൃദയം സമാകര്‍ഷിച്ചു. ആ യുവാക്കന്മാരുടെ ശുദ്ധസൗഹൃദത്തിന്റെ മാറ്റുനോക്കുവാന്‍ ജീവിതശില്‌പി നിശ്ചയിച്ചതന്നാണ്‌. പിന്നേയും,

വേനലും മഞ്ഞും മഴയുമായി
ക്കാലം പതുക്കെ കടന്നുപോയി.
ആയിരം മൊട്ടുകള്‍ പൂക്കളായി.
ആയിരം പൂക്കളടര്‍ന്നുപോയി.''