കാല്യകാന്തി
ചങ്ങമ്പുഴ


കാല്യകാന്തി

മഹിമയ്‌ക്കു വാഴുവാനുള്ള വീടേ,
മലയാളനാടേ ജയിക്ക മേന്മേല്‍!
ഭവുകങ്ങള്‍ പൂത്തു തളിര്‍ത്തുനില്‌ക്കും
ഭവദങ്കച്ഛായയില്‍ വിശ്രമിക്കവേ;
പുതുവെളിച്ചങ്ങളെ പുല്‌കിപ്പുല്‌കി
പുളകം പുതയ്‌ക്കുന്നു ജീവിതങ്ങള്‍!
അഭിനവാദര്‍ശങ്ങള്‍ കര്‍മ്മധീരര്‍-
ക്കഭിനയംവേദിയൊരുക്കിനില്‌പൂ.
അണിയുവാന്‍ വെമ്പുന്നു കൗതുകങ്ങ-
ളറിവിന്റെ വാടാമലര്‍ക്കുലകള്‍.
പരിചില്‍ പകരുന്നു പഞ്ചമങ്ങള്‍
പരിവര്‍ത്തനങ്ങളാം കോകിലങ്ങള്‍.
മലയാളനാടേ, നിന്‍ മാറിലോരോ
മലര്‍മാല ചാര്‍ത്തുന്നു മഞ്‌ജിമകള്‍.
വിജയിക്കൂ ഞങ്ങള്‍ പിറന്ന നാടേ!
വിമലശ്രീ നിത്യം പുലര്‍ന്ന വീടേ!
കരള്‍കക്കും നിന്‍കളിത്തോപ്പിലെത്ര
കവികോകിലങ്ങള്‍ പറന്നുപാടി!
അവിരളോന്മാദം തരുന്നു ഞങ്ങള്‍-
ക്കവര്‍പെയ്‌ത കാകളിത്തേന്മഴകള്‍.

പരശതം വര്‍ഷങ്ങള്‍ക്കപ്പുറത്താ-
പരിചേലും തുഞ്ചന്‍പറമ്പിലെങ്ങോ
ഒരു തൈമരത്തിന്‍ തളിര്‍ത്ത കൊമ്പ-
ത്തൊരു പച്ചത്തത്തമ്മ കൂടുകെട്ടി,
അഖിലവേദാന്തപുരാണതത്ത്വ-
മവളാത്തമോദമെടുത്തുപാടി;
അഴകുറ്റ ഗാനമേ നിന്റെ മുന്‍പില്‍
തൊഴുകൈകൂപ്പുമൊട്ടുമായ്‌ നില്‌പൂ ഞങ്ങള്‍.