നീറുന്ന തീച്ചൂള
നീറുന്ന തീച്ചൂള
ചങ്ങമ്പുഴ
നീറുന്ന തീച്ചൂള
ആയുരാരോഗ്യങ്ങളാശീർവദിച്ചുകൊ-
ണ്ടായിരമായിരമെത്തുന്നു കത്തുകൾ
ഓരോ സുഹൃത്തുക്കളജ്ഞാതർ കൂടിയു-
മീരോഗശയ്യയിലെത്തിപ്പൂ സംഖ്യകൾ.
ആബദ്ധ സൗഹൃദമാഗമിപ്പൂ കനി-
ഞ്ഞാബാലവൃദ്ധമെന്നഭ്യുദയാർത്ഥികൾ.
തിങ്ങിത്തുടിപ്പൂ വികാരങ്ങളെൻ ഹൃത്തി
ലെങ്ങനെ നിങ്ങളോടോതേണ്ടു നന്ദി ഞാൻ?
ഏതൗഷധത്തിനേക്കാളുമാശ്വാസദം
ചേതസ്സിൽ വീഴുമിസ്സാന്തനാർദ്രാമൃതം
എത്രയ്ക്കധമനാണെങ്കിലു മെന്നെയെൻ
മിത്രങ്ങൾ നിങ്ങൾ വെടിഞ്ഞീലൊരിക്കലും
ശത്രുവേക്കൂടിയും ബന്ധിപ്പൂ മൈത്രിയാൽ
ശപ്തമെൻ രോഗം; ചാരിതാർത്ഥനാണു ഞാൻ.
നാനാരസാകുലം നാളെ മജ്ജീവിത-
നാടകത്തിങ്കൽ തിരശ്ശീല വീഴ് കിലും
അസ്വസ്ഥ ചിത്തനായ് ദോഷൈകദൃഷ്ടിയാ-
യസ്തമിച്ചീടാനിടയാക്കിയില്ല നീ
വീർപ്പിട്ടു കണ്ണീരിൽ മുങ്ങിനിന്നിന്നിതാ
മാപ്പു ചോദിപ്പൂ ഞാൻ നിന്നോടു ലോകമേ!
ഒപ്പം തമസ്സും പ്രകാശവുമുൾച്ചേർന്നൊ-
രപ്രമേയാത്ഭുതം തന്നെ നിൻ ഹൃത്തടം!
ചെമ്പനീർപ്പൂക്കൾ വിടരുമതിൽത്തന്നെ
വെമ്പിപ്പുളയ്ക്കുന്നു തേളും പുഴുക്കളും.
പുല്ലാം കുഴലിനും തോക്കിനും മദ്ധ്യത്തി-
ലുല്ലസിപ്പൂ നീ സഗർവനായ് സൗമ്യനായ്
നിന്നെയെമ്മട്ടിലപഗഥിക്കും കഷ്ട-
മെന്നിലുള്ളെന്നെശ്ശരിക്കറിയാത്ത ഞാൻ?
നന്മനേരുന്നു നിനക്കുഞാൻ - നീയെന്റെ
നന്ദിയും സ്നേഹവും സ്വീകരിക്കേണമേ.
6-6-1948
* അവസാനമായി എഴുതിയ കവിത. 'നന്ദിയും സ്നേഹവും" എന്ന പേരിലാണു ഈ കവിത ആദ്യം പ്രസിദ്ധപ്പെടുത്തിയത്.
നീറുന്ന തീച്ചൂള
ചങ്ങമ്പുഴ
കൈകോർത്തു പോക നാം
ഭാവനൈർമ്മല്യം വഴിഞ്ഞണഞ്ഞൂ ഭവ്യശ്രീലം
ഭാരതസ്വാതന്ത്ര്യത്തിൻ ഭദ്രമാം പുലർ കാലം.
ചിത്തത്തിൻ നവോല്ലാസപൂർത്തിയാം വാനമ്പാടി
ചിത് പ്രകാശത്തെത്തേടിപ്പൊങ്ങുന്നു പാടിപ്പാടി.
എന്തിനു?-ശതാബ്ദങ്ങൾക്കപ്പുറം തേനും പാലും
ചിന്തിയെന്നോതും സ്വാർത്ഥം വാഴ്ത്തുവാൻ താനോ മേലും?
ഇരുളൊക്കെയും പോയോ, പോവുമോ?-നിലയ്ക്കുമോ
തെരുവിൻ ഞരക്കങ്ങൾ, സമത്വം കിളിർക്കുമോ?
കുത്തല്ലേ, വിഷാപ്തമായ് പഴിക്കപ്പെടും ചിന്തേ
ഹൃത്തിനെ - ക്കൈവന്നൊരാ മൂല്യത്തിൻ നിലയെന്തേ?
കനകോജ്ജ്വലം കാമ്യമാ നിധി, പക്ഷേ, സർവ്വം
കരിനാഗത്തെപ്പോലെ കാത്താലോ ധനഗർവ്വം
പൊരിയും വയറിന്റെ വിളിയാലിന്നൃഗ്വേദം
പരിപൂതമാംതീക്ഷ്ണപരിതാപത്തിൻ നാദം!
സ്വാതന്ത്ര്യം-മാതൃക്ഷോണി തുണ്ടുതുണ്ടാക്കിക്കിട്ടും
സ്വാതന്ത്ര്യം-സ്വാതന്ത്യ്രമാണെങ്കിൽ, നാം സ്വതന്ത്രന്മാർ!
ഏറ്റവും മൃദുവായൊരിഴയും പൊട്ടിപ്പോയി-
ട്ടേച്ചുകെട്ടിയാൽപ്പിന്നെ സർവ്വഭംഗിയും പോയി!
എന്നാലും വെള്ളപ്പാട നീങ്ങി, യെൻ നാടിൻനേത്രം
പിന്നെയും വെളിച്ചത്തെ നുകരാമനുമാത്രം.
സർവ്വവും നന്മയ്ക്കായിത്തീരട്ടേ- തീരും പോരും
നിർവ്വേദം, കൈകോർത്തൊന്നായ്- പോകനാമെല്ലാപേരും...
3-8-1947
നീറുന്ന തീച്ചൂള
ചങ്ങമ്പുഴ
പൊരുതും ഞാൻ
വിശ്വദേവതേ, നിന്റെ സാത്വിക സൗന്ദര്യത്തിൽ
വിഭ്രമം വിട്ടെന്നാത്മാവാദ്യമന്നലിഞ്ഞപ്പോൾ
ശൈശവം രോമഞ്ചത്തിൽച്ചിരിച്ചൂ, ചിരിപ്പിച്ചൂ
വൈശാഖമാസത്തിലെപ്പൊന്നുഷസ്സിനെപ്പോലെ!
ജീവിതം മുറ്റത്തെയാത്തുളസിത്തൈയിന്നൊപ്പം
ഭാവശുദ്ധിയിൽക്കൂമ്പിട്ടങ്ങനെ വിരാജിക്കേ;
ഇളവെയിലുപോലെന്റെ ഹൃദയം തനിത്തങ്ക-
ത്തെളിയായാത്തോല്ലാസം ദേവനർത്തനം ചെയ്കേ;
എന്നിലേക്കൊഴുകി നിൻ ചൈതന്യമോരോ കൊച്ചു മിന്നൽപ്പൊന്നലകളായാത്മവിസ്മൃതനായ് ഞാൻ !
അകലെക്കുണുങ്ങുമാപ്പച്ചില മരച്ചാർത്തി-
ലകളങ്കോദ്യൽ സ്നേഹദീപ്തനേത്രങ്ങളായി,
'വരേണ്ടെന്നാൽ വരാം ഞങ്ങ'ളെന്നെന്നോടോതും
വനദേവതകളെക്കണ്ടു ഞാൻ - ദിവ്യസ്വപ്നം!
എന്തിനു വളർന്നു ഞാൻ?-വിശ്വമേ, പരിചരി-
ച്ചെന്തിനു വളർത്തി നീയെന്നെ? -യെൻ കണ്ണീരിനോ?
മൃദുവാം വെളിച്ചമാണന്നു കണ്ണുകൾ കണ്ട-
തതിനും കനം വെച്ചു-കരയാൻ കഴിഞ്ഞെങ്കിൽ !
ഉൽക്കർഷം മാംസത്തിന്റെ മാത്രമാണെങ്കിൽ,ച്ചെറ്റും
ദുഃഖമില്ലെനിക്കു, ഞാൻ ചിരിക്കാമിനി,പ്പക്ഷേ,
ചിരിച്ചാൽ ചിന്താശൂന്യൻ, ചിന്തിച്ചാൽ ഭ്രാന്തൻ തേങ്ങി-
ക്കരഞ്ഞാൽ സ്വൈരം കൊല്ലി; പടവെട്ടിയാൽ ധൃഷ്ടൻ!-
വല്ലതും കുറ്റം കാണുമെപ്പൊഴും ലോകം-ലോകം
നല്ലതോ?-പിന്മാറില്ല പൊരുതും, പൊരുതും ഞാൻ!
21-7-45
നീറുന്ന തീച്ചൂള
ചങ്ങമ്പുഴ
പുരോഗതിയെ തടുത്താൽ
പൂങ്കുലച്ചാർത്താൽ ചിരിക്കുന്നലോകമേ,
തേൻ കിനിയും നിൻ പഴമൊഴിയാൽ സ്വയം
വഞ്ചിച്ചിതെന്നെ നീ -നിൻ താളിയോലകൾ
വെൺചാരമാക്കാൻ ജ്വലിപ്പു മദ് യൗവനം!
ചുറ്റും മതിൽക്കെട്ടുകെട്ടിയും ചങ്ങല-
ച്ചുറ്റുകളാലെന്റെ കാലിണപൂട്ടിയും,
വീർപ്പുമുട്ടിപ്പു നിൻ നീതിയാൽ, മുന്നിലേ-
ക്കാർപ്പിട്ടു പായേണ്ടു മെന്നുദ്ഗതിയെ നീ!
രക്തക്കളങ്ങൾ-മതിമതി-നിന്റെയീ-
ത്തത്ത്വ പ്രസംഗം-തരില്ല ഞാൻ മാപ്പിനി!
പോട്ടിക്കുമിക്കൊടും ചങ്ങലക്കെട്ടുകൾ
തട്ടിത്തകർക്കുമാക്കന്മതിൽക്കെട്ടു ഞാൻ!
ലജ്ജാർഹമായ നിൻ സ്വാർത്ഥപൂർത്തിക്കായി
മൽച്ചക്രവാളം കുടവട്ടമാക്കി നീ...
ഇന്നലത്തേതിൻ വളിച്ച തത്ത്വങ്ങളെ-
ത്തിന്നു ദുർമ്മേദസ്സു വീർത്ത നിൻ വിഗഹം,
ഇന്നിൻ കൊടും വെയിലേറ്റെന്നടിമുടി-
യൊന്നായ് വിയർക്കുന്നു- മൂർച്ചിച്ചിടുന്നു നീ.
ഭൂതകാലത്തിൻ ശവപ്പെട്ടിയും ചുമ-
ന്നാദർശമന്ത്രമുരുക്ക്ഴിച്ചങ്ങനെ,
വൃക്ഷത്തണലിൽ സദാ പുനർജ്ജീവനം
ലക്ഷ്യമായ് ഹാ, നീ തപസ്സുചെയ്തീടവേ,
മർത്ത്യൻ ദഹിപ്പൂ വിശപ്പിൽ, ക്കൊലക്കളം
മത്തടിക്കുന്നൂ കബന്ധനൃത്തങ്ങളാൽ!
കൊറ്റിനായ് വിറ്റു ചാരിത്രം, വിഷാണുക്കൾ
മുറ്റിപ്പിടയ്ക്കുന്നു, ഗർജ്ജിപ്പുമർദ്ദനം.!
ഏതോകിനാവിലെ സ്വർഗ്ഗം നുണഞ്ഞു നിൻ
ഗീതയും താങ്ങിത്തപസ്സുചെയ്യുന്നു നീ!
ഒന്നിളകീടുകെന്നോതി മരവിച്ച
നിന്നെക്കുലുക്കിവിളിപ്പൂ പുരോഗതി,
ഹാ, ചലിക്കായ്കിൽ, പുരോഗമിച്ചീടായ്കിൽ
നീ ചവിട്ടേറ്റേറ്റടിയും മറവിയിൽ!
14-10-1945
നീറുന്ന തീച്ചൂള
ചങ്ങമ്പുഴ
പൊൻപുലരി
വെല്ക നീ, വെല്ക നീ, മന്മാതൃഭൂവിനെ-
പ്പുൽകിയുണർത്തുന്ന പൊന്നുഷസ്സെ!
സ്വാതന്ത്ര്യ പീയൂഷവാഹിനീ, മോഹിനീ,
സ്വാഗതം ചെയ്യുന്നു നിന്നെ ഞങ്ങൾ!
എത്രയോകാലമായൊത്തൊരുമിച്ചു നീ-
യെത്തുവാൻ ഞങ്ങൾ തപസ്സുചെയ്വൂ!
കർമ്മതപസ്സിതിൻ കാഠിന്യപൂർത്തിയിൽ
കണ്ണഞ്ചിച്ചെത്തിയോ ശാരദേ, നീ?
അർച്ചിപ്പൂ നിൻ കാൽക്കലാനന്ദ സാന്ദ്രങ്ങ-
ളച്ഛങ്ങൾ ഞങ്ങൾതൻ മാനസങ്ങൾ!
നിർന്നിമേഷാക്ഷരായ് നിർവൃതിയാർന്നിതാ
നിന്മുന്നിൽക്കൈകൂപ്പി നിൽപൂ ഞങ്ങൾ.
വെൽക നീ, വെൽക നീ, മന്മാതൃഭൂവിനെ-
പ്പുൽകിയുണർത്തുന്ന പൊന്നുഷസ്സേ!
ഒത്തുകൈകോർത്തു പോം കൂട്ടുകാർ കൂസല-
റ്റൊട്ടുചെല്ലുമ്പോളകന്നു മാറാം.
ഒറ്റവയറ്റിൽക്കിടന്നവർകൂടിയു-
മൊറ്റതിരിഞ്ഞു പിരിഞ്ഞുപോകാം.
വന്ധ്യമാണദ്വൈതം, ദ്വൈതമേ ലോകത്തെ
ബന്ധിച്ചുനിൽക്കൂ സഗർഭയായി-
ഉജ്ജ്വല സംസ്കാരതേജോമയങ്ങളാ-
മുൽക്കർഷങ്ങൾക്കു സവിത്രിയായി-
എങ്കിലും സർവ്വവുമൊന്നാണൊടുവിൽ നിൻ
പൊങ്കതിർ മേൽക്കുമേൽ പെയ്യു, ദേവി!
വെൽക നീ, വെൽക നീ, മന്മാതൃഭൂവിനെ-
പ്പുൽകിയുണർത്തുന്ന പൊന്നുഷസ്സേ!
വിശ്വസൗഹാർദ്ദത്തിൻ ക്ഷേമോത്സവം വാഴ്ത്തി
വിസ്തൃതാദർശങ്ങൾ വീശി വീശി,
ഉൽക്കകൾ ചിന്തട്ടെ ഞങ്ങൾതൻ ചിന്തകൾ
ചക്രവാളാന്തത്തെ ലക്ഷ്യമാക്കി.
ഓരോ ചിറകടി തട്ടിയുണർത്തീട-
ട്ടോരായിരം കൊടുങ്കാറ്റുകളെ.
എത്തട്ടേ ഞങ്ങൾതൻ നിത്യോത്സവത്തിനാ-
യെത്രയും വേഗം സമത്വ ചൈത്രം.
ദാരിതമാകട്ടെ മൺകട്ടമാതിരി
ദാരിദ്ര്യമെന്ന മൂന്നക്ഷരങ്ങൾ.
നീറുന്ന തീച്ചൂള / പൊൻപുലരി
ചങ്ങമ്പുഴ
വെല്ക നീ, വെൽക നീ, മന്മാതൃഭൂവിനെ-
പ്പുൽകിയുണർത്തുന്ന പൊന്നുഷസ്സെ!
നിസ്തുലനിസ്വാർത്ഥ സേവനത്താൽ ഞങ്ങൾ
നിത്യ സൗഹാർദ്ദം പുലർത്തുവാനും,
സ്വാന്തോത്സവം ചേർന്നു, താന്തരായ്ത്തീരാതെ
ശാന്തിയെ മേന്മേൽ ഭജിക്കുവാനും,
സ്വാതന്ത്യശക്തി നീയേകുന്നു ഞങ്ങൾക്കു
പൂതചൈതന്യത്തിൻ പൊൽത്തിടമ്പേ!
എന്നെന്നും കാത്തിടും ഞങ്ങളുൾക്കാമ്പിലീ-
പ്പുണ്യോദയത്തിൻ സുഖസ്മൃതികൾ
ഭംഗിഇൽ പൂത്തിടും ഞങ്ങൾതൻ വീഥിയിൽ
മങ്ങാതെ നിത്യവും മംഗളങ്ങൾ.
വെല്ക നീ, വെല്ക നീ, മന്മാതൃഭൂവിനെ-
പ്പുൽകിയുണർത്തുന്ന പൊന്നുഷസ്സെ!
20-12-1947
നീറുന്ന തീച്ചൂള
ചങ്ങമ്പുഴ
അവരാര്?
വരുവതാരവർ വരുവതാരവർവയറെരിഞ്ഞിടും കൂട്ടർവരിഞ്ഞുകെട്ടിക്കൊണ്ടരതല; പോരി-
നെരിപൊരിക്കൊള്ളും കൂട്ടർ?
(വരുവ...)വരിവരിയായിക്കടലിലെക്കൊടും
തിരപ്പടർപ്പുകൾപോലെവനദവീഥിയിലിരമ്പിപ്പാഞ്ഞിടു-
മിടിവാൾക്കീറുകൾപോലെ.
(വരുവ...)വിഹിതവൈഭവഘനധനമദ-
മഥനലോലുപരായിവനഹുതാശനസദ്യശദാഹക-
സമരഭീകരരായി
(വരുവ...)വകചോദിപ്പോരെ വകവയ്ക്കാത്തോരെ-
വളച്ചുനിർത്തി, ക്കൈചൂണ്ടിവകതിരിവിലേക്കവരെയോന്നുപോൽ
വഴിതെളിക്കുവാൻ വേണ്ടി
(വരുവ...)വലിയ വിപ്ലവച്ചുഴലികൾവീശി-
സ്ഥിതിഗതികളെ മാറ്റിവരിഷ്ഠമാകമസ്സമത്വപീഠത്തിൽ
മനുഷ്യജീവിതമേറ്റി;
(വരുവ...)വരണ്ടുവിണ്ടിടും മനശ്ശതങ്ങളിൽ
കുതുകത്തൂ മഴ തൂകിവളർന്നുപൂത്തു സൽഫലങ്ങളേകിടും
നവനവാശകൾ പാകി
(വരുവ...)വലയിതജയ പടഹമാകുമോ-
രരുമച്ചെങ്കൊടി പൊങ്ങിവസുമതിയതിൻ തണലിൽ വിശ്രമി-
ച്ചിരിപ്പതെന്തൊരു ഭംഗി! ....
(വരുവ...)
23-6-1946
നീറുന്ന തീച്ചൂള
ചങ്ങമ്പുഴ
ഞങ്ങൾ
മജ്ജയില്ല, മാംസമില്ല, രക്തമില്ല, നോക്കു, ഞങ്ങൾ
മർത്ത്യരല്ല, ജീവനുള്ളോ രസ്ഥിമാടങ്ങൾ.
മത്തടിപ്പൂ നിങ്ങൾ, ഞങ്ങൾ മരവിപ്പൂ- വിജയിപ്പൂ
മത്സരങ്ങൾ മദ്യപിക്കും കൊലക്കളങ്ങൾ.
പീരങ്കി പ്പുകച്ചുരുൾ ക്കരിഞ്ചിടകള ഴിച്ചിടും
ഘോരനേത്രങ്ങളിൽ ചെന്തീ ജ്ജ്വാലകളാളി,
അസ്ഥിഖണ്ഡദംഷ്ട്രകാട്ടി, രക്തധാരാഭീകരമാം
ചെത്തിമാല കഴുത്തിലിട്ടലറി ത്തുള്ളി
ചഞ്ചലകബന്ധകങ്ങൾ ചവിട്ടിമെതിച്ചു, നീളെ-
സ്സഞ്ചരിപ്പൂ സാഹസോഗ്രസമരയക്ഷി!
ഭാവി ഞങ്ങൾക്കില്ലയെന്നോ?- ഞങ്ങളിത്രനാളും വെറും
ജീവിതവേദന മാത്രം ചവച്ചിറക്കി.
ഒട്ടിയോരീവയരൊന്നു തൊട്ടുനോക്കു-നിങ്ങളെന്തേ
ഞട്ടിടാത്ത, തയ്യോ, നിങ്ങൾ മനുഷ്യരല്ലേ?
നിങ്ങൾ പേർത്തും ശക്തരായി ഞങ്ങൾമാത്രം ത്യക്തരായി
നിങ്ങളുടെ രക്തയജ്ഞം സഫലമായി.
ശപ്തമൂകസഞ്ചയങ്ങൾ ഞങ്ങളുടെ നെടുവീർപ്പി-
ശ്ശബ്ദകോലാഹലങ്ങളിൽ കേൾക്കുമോ നിങ്ങൾ?
ഇല്ല. നിങ്ങൾ കേൾക്കുകില്ല, കേൾക്കുകിലും കേട്ടഭാവം
തെല്ലുപോലും കാട്ടുകില്ല, നയജ്ഞരല്ലേ?
ഒന്നുപക്ഷേ ങ്ങളോതാം- ഒട്ടൈയോരീ വയറുക-
ളൊന്നുചേർന്നാലതിൻ തീയിൽ ദഹിക്കും നിങ്ങൾ.
അല്ല,തിൻ തീയാളിയാളി നിങ്ങളെച്ചുട്ടെരിച്ചിടു-
മെല്ലിനു മേദസ്സിനേക്കാൾ കരുത്തുകൂടും.
പോയകാലം നിങ്ങളുടെ നീതിയാകും വിഷവൃക്ഷം
കായിടുവാൻ തടംവെട്ടി വളങ്ങളിട്ടു.
കൈക്കരുത്തു കാരണത്താൽ നിഷ്കൃപമടിച്ചടിച്ചു
കയ്ക്കുമതിൻ കായ്കൾ നിങ്ങൾ ഞങ്ങളെത്തീറ്റി.
പരമസ്വാതന്ത്യ്ര ബോധം ക്ഷയിച്ചേവം കണ്ണടച്ചു
പരതന്ത്രതയിൽ ഞങ്ങൾ ചുരുണ്ടുകൂടി.
വെറും സ്വപ്നാടനങ്ങളിലടിമത്തം ചുമന്നു കൊ-
ണ്ടറുതിയറ്റയ്യോ ഞങ്ങളലഞ്ഞു ചുറ്റി
നവയുഗ സുപ്രഭാത കരാമൃതമേറ്റു ഞങ്ങൾ
നയനങ്ങൾ തുറന്നുണർന്നു നിൽപൂ
നീറുന്ന തീച്ചൂള / ഞങ്ങൾ
ചങ്ങമ്പുഴ
നവജീവൻ, നവജീവൻ-അതിന്മണിമുഴക്കത്തിൽ
നടുങ്ങട്ടെ, നരച്ചോരാ നീതിശാസ്ത്രങ്ങൾ.
സൃഷ്ടിശക്തി നൂതനവും നിത്യവുമാണതിനില്ലാ
നഷ്ട,മെത്രമാത്രമെന്തു നശിക്കുകിലും.
സംഹരിക്കും ഞങ്ങളുടെ കൈകൾ നോക്കുകവതന്നെ
സംവിധാന സഞ്ചയങ്ങൾ സജ്ജനിപ്പിക്കും.
എത്ര പൂക്കളന്തി തല്ലി ക്കൊഴിക്കിലെന്തുഷസ്സണ
ഞ്ഞത്രമേൽ വിടുർത്തി വീണ്ടും ചിരിപ്പതില്ലേ?
വറ്റുമബ്ധിജലം ലോകംമുഴുവനും കുളിർപ്പിപ്പൂ
വർത്തക മേഘങ്ങളുയർന്നെത്രനാൾ നിൽക്കും?
ഭഗിവാക്കു മതിയാക്കുകതുകൊണ്ടു ഫലമില്ലാ
ഞങ്ങൾ വീശും കൊടുങ്കാറ്റിതടങ്ങുകില്ല.
വർണ്ണാശ്രമവിധി നിന്നു വളംതിന്നു തഴച്ചോരി-
പ്പർണ്ണശാല പെറ്റ മണ്ണു വരണ്ടുപോയി.
ഒരുപുത്തൻ കലപ്പയാലുഴുതിതു മറിച്ചിട്ടി-
ന്നൊരുമതൻ വിത്തു വാരിവിതയ്ക്കും ഞങ്ങൾ.
മന്ത്രമൊന്നുമുതകില്ല, തന്ത്രമെല്ലാം ഫലിക്കില്ലാ
യന്ത്രജാലമിന്ദ്രജാലം കാട്ടുമിക്കാലം.
ആയുധത്തീമഴപെയ്തീ ലോകമൊട്ടുക്കെരിയുമ്പോ-
ളീയഹിംസാ തപസ്സുകൊണ്ടെന്തു നാം നേടും?
ഗീതപൂത്ത മണ്ണു ചോരച്ചുവ യറിയാത്തതാണോ
ചേതനാവേദാന്തം തിന്നു മയങ്ങിയാലോ?
വാളെടുക്കാൻ വിലക്കുന്ന വായപൊത്താൻ വിളിക്കുന്ന
താളിയോല മുഴുവനും ചിതലുതിന്നു.
നാദബ്രഹ്മപ്പൊത്തിനുള്ളി ലാരുമേതുമറിയാതെ
വേദമിട്ട മുട്ടയെല്ലാം ഞെരിഞ്ഞുടഞ്ഞു.
ജീവാത്മാക്കൾ കിതച്ചെത്തിപ്പരമാത്മാവിനെപ്പുൽകും
ഭാവനതന്നസ്തിവാരം തകർന്നടിഞ്ഞു.
പാരത്രിക സൗഭാഗ്യത്തിൻ കാവൽനായ്ക്കളാകുവാനോ
പാരിതിങ്കൽ മനുഷ്യരായണഞ്ഞു ഞങ്ങൾ !
തനിച്ചു,മൊത്തൊരുമിച്ചും, തടസ്സങ്ങൾ തച്ചുടച്ചും
ജനിച്ചതിൻപക ഞങ്ങൾ ജീവിച്ചു വീട്ടും.
നീറുന്ന തീച്ചൂള / ഞങ്ങൾ
ചങ്ങമ്പുഴ
മറ്റുനാട്ടാർ പരസ്പരം മല്ലടിക്കും നേരം പാര-
മറ്റകുറ്റം പുലമ്പുന്ന സാത്വികന്മാരേ,
ഒരേവീട്ടിൽ ജനിച്ചവരൊരമ്മതൻ മക്കൾ നിങ്ങൾ-
ക്കൊരുമിക്കാനിത്രമാത്രം വിഷമമാണോ?
മദ്യമോരോമത്സരങ്ങൾ സജ്ജമാക്കാം- ദേവപാദ-
ഹൃത്യതീർത്ഥം കൊണ്ടു നിങ്ങളെത്ര യോജിച്ചൂ?
വീരോടെതിരിട്ടീടുവിൻ വീതശങ്കം ഹീനതയെ
വീരവാദത്തെന്റെ കാലം കഴിഞ്ഞുപോയി
ചത്തടിഞ്ഞ മേന്മകൾതൻ ശവപ്പെട്ടി ശിരസ്സിൽവെ-
ച്ചെത്ര,വാഴ്ത്തിസ്തുതിക്കിലു മെന്തൊരു മെച്ചം?
നാളെയെന്ന നാമ്പെടുത്തു കാലവല്ലി പടർന്നേറും
നാമതിനെ നനയ്ക്കുക ജീവരക്തത്താൽ!
ഇന്നലത്തെക്കാളും ഭേതമിന്നു, നൂന,മിന്നത്തേക്കാൾ
നന്നു നാളെ ഞങ്ങളേവം പുരോഗമിപ്പൂ.
നവമൊരു ശുഭലോകം രചി,ച്ചതിൽ മനുഷ്യത്വം
നടമാടുന്നതുനോക്കി രസിക്കും ഞങ്ങൾ!
18-11-1945
നീറുന്ന തീച്ചൂള
ചങ്ങമ്പുഴ
ഗളഹസ്തം
ഗളഹസ്തം ചെയ്യുംപോൽ ഗളഹസ്തം!-അല്ലല്ലാ
ഗളഹസ്തം വെറുമൊരു ചൊറികുത്താണോ?
ഗളമുണ്ടു കുനിയാത്ത ഗളമുണ്ടു ഗർജ്ജിക്കും
ഗളമുണ്ടതിലൂടൊത്തിടിവെട്ടും ഞങ്ങൾ.
അതു കേട്ടുറക്കം വിട്ടുണരുന്നു വാ പൊളി-
ച്ചതുമിതും പിച്ചുകഥിപ്പൂ നിങ്ങൾ.
ചെറുപൈതൽ മാതിരി ചിരിതൂകി, സ്വപ്നത്തിൽ
മറയുടെ മുലനാലും നുണവൂ നിങ്ങൾ.
ഇടയിൽ വസിഷ്ഠനും വാൽമീകിയുമേകുമ-
ത്തൊടലിപ്പഴമുമിനീരിലലിയിപ്പൂ നിങ്ങൾ!
ഗളഹസ്തംചെയ്യും പോൽ ഗളഹസ്തം?-ഞങ്ങൾക്കു
ഗളമുണ്ടൊരുകൈയൊന്നുയർത്തൂ നിങ്ങൾ!
അല്ലല്ലാ തളർവാതം വന്നുവോ?- ഹാ, നിങ്ങൾ-
ക്കെല്ലില്ലേ? സിരകളിൽ ചോരയില്ലേ?
അതുമാറ്റാൻ നോക്കുകൊന്നാദ്യമായ്, വേണെങ്കി-
ലതുവരെയുമീ ഞങ്ങൾ കാത്തുനിൽക്കാം.
ഗളഹസ്തം ചെയ്യുമ്പോൽ!- ചെയ്യുവിൻ കാണട്ടെ
ചളപളെനിന്നെന്തിനിദം വീരവാദം?
സാരസ്യം നുകരുവാൻ പനയോലക്കെട്ടുകളിൽ
സാഹിത്യം പരതും സന്യാസിമാരേ,
അതു വാണീദേവിതന്നൊരു മുലയല്ലറിയുവി-
നഴകിലിതിൻ കണ്ണോന്നു ഞെരടി നോക്കാൻ.
സാഹിത്യ സിംഹമിന്നതു കൊല്ലും നിങ്ങളെ
സാമവേദക്കാരേ, പറപറക്കിൻ!
കവിത കടക്കണ്ണേറാൽ ചിലർ നിങ്ങളെയെങ്ങാനും
കപിയാക്കുമൊരു കള്ളക്കമനിയാകാം.
അവൾതൻ മൂക്കെള്ളിൻ പൂവായിടാം കണ്ണുകൾ
കവലയമാകാം ചുണ്ടമൃതമാകാം.
ഞങ്ങൾക്കാക്കവിതയൊ'രവക്കു'മ'ല്ലതു' മാത്രം
ഞങ്ങളതു നിങ്ങൾതൻ നേർക്കുവീശും.
അതു ഞങ്ങൾക്കായുധമതിനിശിതമായുധം
അഴിമതികൾക്കരുളുവാൻ കണ്ഠവേധം.
കവിതാ കാമുകരല്ല കവികൾ കവിതായുധർ
കരളൂറ്റം കത്തുന കർമ്മയോധർ.
അവരെഗ്ഗളഹസ്തം ചെയ്താട്ടിയോടിപ്പതാ-
രരമനപ്പൂങ്കളിത്തത്തകളോ?
കലരുന്നതു ഞങ്ങൾതൻ ശബ്ദത്തിൽ ഞങ്ങൾതൻ
കരളിലെച്ചോരയാണോർമ്മവേണം.
നീറുന്ന തീച്ചൂള / ഗളഹസ്തം
ചങ്ങമ്പുഴ
ഒരുവരിയിൽ ഞങ്ങൾ തന്നൊരുവരിയിൽ ഗർജ്ജിപ്പ-
തൊരുലക്ഷം ഗളമാണതോർമ്മവേണം.
പാടിത്തരുമോരോവരി പാലുംകുടിച്ചേറ്റു-
പാടാൻ പരിശീലിച്ചവരല്ല ഞങ്ങൾ.
ഒരുപത്തടി പോവുംമുമ്പുയിരറ്റു പോവും മാ-
റ്റൊലികളല്ല ഞങ്ങ,ളറിയിൻ നിങ്ങൾ.
പിരമിഡ്ഡുകൾ പണിതനാൾ കടലിലെക്കാറ്റുകൾ
പിരിയിളകിപ്പലതും പിറുപിറുത്തു.
ചിലതോണികൾ പണ്ടെങ്ങോ മുക്കിയ വീമ്പടി-
ച്ചലയുമവരൊരുമിച്ചു സംഘടിച്ചു.
ഗമയിലവരൊന്നിച്ചൊരായിരം പ്രാവശ്യം
ഗളഹസ്തത്തിനുവേണ്ടിത്തറ്റുടുത്തു.
എന്നിട്ടോ?- പിരമിഡ്ഡുകൾ തവിടുപൊടിയായല്ലോ
മന്നിലിക്കഥയെന്താ പുത്തരിയോ?
ഉൽക്കർഷപ്പിരമിഡ്ഡുകളീജിപ്തിലല്ലുലകി-
ലൊക്കെയുയർത്താൻ ഞങ്ങളുദ്യമിപ്പൂ.
വിജയിപ്പൂതാക നീ സർവ്വോൽക്കർഷേണ ചിരം
വിജയിപ്പൂതാക ഗളഹസ്തമേ നീ!
സുദിനങ്ങൾ കൊയ്യുവാൻ സഹനസത്യങ്ങളെ-
സ്സദയം വിതയ്ക്കുന്ന സമിതികളേ,
പരമാർത്ഥം പറയാമോ-ഖദർകോണ്ടും പൊതിയാമോ
പരശതം കപടങ്ങൾ പരയൂ നിങ്ങൾ!
അസമത്വത്തറിയിലധോഗതി നെയ്യാതൊത്തൊരുമി-
ച്ചരിവാൾകൊണ്ടഭ്യുദയം കൊയ്താൽപ്പോരേ?
അകലത്തി,ലുയരത്തി ലതിരറ്റ ഗഗനത്തി-
ലതിസൂക്ഷ്മദൃഷ്ടിയോടലയുവോരേ,
ശതവർഷം പലതായി പഴകിയ സംസ്കാര-
ശവഗർത്തം ചികയുവാൻ തുനിയരുതേ!
കൊന്നോളു ഞങ്ങളെ വേണെങ്കിൽ ചുറ്റിക്കാ-
നെന്നാലുമെടുക്കല്ലേ കാവിവസ്ത്രം!
അന്നമയം ജീവിതമാത്മാവിനെയോർക്കുന്നതു
പിന്നെയാണന്നതിനു വഴിതെളിക്കൂ!
അതു കഴിഞ്ഞാനകളും ഭജനകളും കോവിലു-
മരുതു വിശന്നി,ട്ടാദ്യമന്നമേകൂ!
അട്ടകളായ് ച്ചുരുളുന്നോരഗ്നികളായലറുന്നോ-
രത്ഭുതമാണാഹാരമറിയിൻ നിങ്ങൾ.
അതു ചുടും നിങ്ങളിപ്പറയുന്നോരാത്മാവ-
ല്ലതിൽ വലുതൊന്നുണ്ടെങ്കിലതിനെപ്പോലും!
തടയല്ലേ ഭക്ഷണം തടയല്ലേഭാഷണം
തടയുവിൻ ചൂഷണം തരുവിൻ ധാന്യം!
തവിടുപൊടിയായിപ്പോം നിങ്ങളും, നിങ്ങൾതൻ
തണലുകളും, അല്ലെങ്കിൽ കണ്ടുകൊൾവിൻ!
നീറുന്ന തീച്ചൂള / ഗളഹസ്തം
ചങ്ങമ്പുഴ
വേദാന്തം കൊണ്ടു വിശപ്പാറുമോ?- വെളുവെള്ള-
വേദത്തിൻ മണ്ണിലും നിണമൊഴുകും
മാവേലിവിഹരിച്ച , മാമാങ്കം വികസിച്ച
മലനാടിൻ കണ്ണിലും മഷിയിളകും
വഴിയതിനേകല്ലേ, വക്കാണം കൂട്ടല്ലേ,
വഴിമാറൂ മുന്നോട്ടു പോട്ടേ ഞങ്ങൾ.
വളരെയിനിപ്പറയല്ലേ, ചുടുകെന്നു നിങ്ങൾതൻ
വഴിക്കിലെയിപ്പീറപ്പക്ഷിശാസ്ത്രം.
ഒരു മത്തുപിടിപെട്ടു മതികെട്ടു-നിങ്ങൾക്കിനി
മഴമാത്രം, സ്മൃതിസൂത്രശ്വാനമൂത്രം.
അല്ലല്ലതിലും വലുതാ, ണാത്മാവിനു വളമേകാൻ
സ്വർല്ലോകമൊഴുക്കുന്ന പവിത്ര തീർത്ഥം!
പെരുമാക്കന്മാരുടെ കഴൽ നക്കിച്ചുണകെട്ട
തിരുനാവായ്ക്കപ്പുറവുമുണ്ടു ലോകം.
നിളയെക്കാൾ കഥപറയാൻ കഴിവുള്ള നദികളും
പുളിനങ്ങളുമിന്നുമുണ്ടിജ്ജഗത്തിൽ.
ഒരു കേരളമല്ലൊരു നവലോകം സൃഷ്ടിക്കാ-
നൊരുമയെപ്പുണരുവോരാണു ഞങ്ങൾ!
മനമെന്നൊന്നുണ്ടെങ്കിലതിനോടു ചോദിക്കൂ
മരവുരിക്കാർ നിങ്ങൾ മനുഷ്യരാണോ?
മരണം നടമാടുന്നു, ശവമങ്ങനെ ചീയുന്നു
മയിലാഞ്ചിയരയ്ക്കുന്നോ രാമരാജ്യം?
ചോരച്ചുവയറിയാത്ത തല്ലല്ലോ ഭാരതം
ചോദിക്കൂ ചരിത്രത്തോടതുപറയും!
അതു പറയും "ചോര തളിച്ചു വിതയ്ക്കാകിൽ
കതിരുകൾ മുഴുവനും പതിരായ്പ്പോകും ..."
യന്ത്രത്തോക്കലറുമ്പോ, ളാറ്റംബോബെറിയുമ്പോൾ
മന്ത്രങ്ങൾ വിളിക്കുന്നോ മണികിലുക്കാൻ?
പറയുമതു നേടിടാം പലതുമെന്ന ദ്വൈതം
പറയും-അതുപക്ഷേ, പതിരുമാത്രം
അതു നേടിയതാണല്ലോ നമ്മൾക്കിപ്പട്ടിണിയും
ഗതികേടും-മതിയാക്കുക വീരവാദം.
പരിഹാസച്ചിരിതൂകുമതു കേറ്റു പരമാർത്ഥം
പകപോക്കുക, പോക്കാത്ത താണനർത്ഥം.
നീറുന്ന തീച്ചൂള / ഗളഹസ്തം
ചങ്ങമ്പുഴ
മറവികൾ, മാപ്പുകൾ-മർത്ത്യനെ വഞ്ചിക്കും
മതമണൽക്കാട്ടിൻ മരീചികകൾ!
അവയെപ്പിന്തുടരല്ലേ, കുഴയുമക്കാലുക-
ളവശരായ് നിങ്ങൾ മലർന്നടിയും.
പരമാർത്ഥം പരുപരുത്തുള്ളതാമീ ലോകം
പരലോകമൊരു വെറും സ്വപ്ന ലോകം.
അതിനായിട്ടദ്യൈതം ചികയല്ലേ, നിങ്ങൾക്കു
ചതിപറ്റും-മണ്ണിന്റെ മഹിമ കൂട്ടൂ!
മണ്ണാണൂ നര,നവനു മണ്ണിനോടാണിഷ്ടം
വിണ്ണിൻ കൈവിഷമവനേകരുതേ!
പച്ചവിരിപ്പാടത്തു പശു കേറിയനേരത്തു
പത്തലൊടിച്ചീല നാം പാനപാടി
കണ്ടില്ലേ പത്തായം ചിതൽ മുറ്റിയ, തെന്നിട്ടതു
മിണ്ടുമ്പോൾ ഗന്ധർവൻ തുള്ളിയാലോ!
നന്മനിറഞ്ഞൂറിയ നാന്മറ പണ്ടെങ്ങാനും
പൊന്മുട്ടകളൊട്ടധികമിട്ടിരിക്കാം.
അതു പക്ഷേ, ജീവിക്കാനനുവദിച്ചില്ലല്ലോ
അഴിമതികുത്തിയിറക്കിയല്ലോ!
എന്തിനിനിപ്പൊക്കിപ്പിടിപ്പതത്തൂവലുകൾ
ചിന്തയ്ക്കു ചിരിവരുമിന്നതു കാണുമ്പോൾ!
ബിരിയാണി മറിയുന്ന വയറേവം പറയുന്നു;
"വരികൊന്നിഗ്ഗീതയിലെ വരി വായിക്കൂ!
അഹമൊന്നൊന്നില്ലതൊക്കെ'തത്വം' മാത്രം! മറ്റുള്ള-
തകിലമജ്ഞാനത്തിൻ തോന്നൽ മാത്രം!.."
എരിയുന്ന വയറതു കേട്ടലറുന്നുഃ "തീയിലേ-
ക്കെറിയിനെടുത്താക്കീറക്കാവിവസ്ത്രം!..."
ചത്തുചീഞ്ഞളിയുന്ന മാംസങ്ങൾ പട്ടിണിയിൽ
'തത്ത്വമസി' ക്കുണ്ടുപോൽ സെന്റുകുപ്പി!
പറകളിൽ പകുതിയിലധികവും വലകെട്ടി
പറയുകൊന്നവയാണോ നിറപറകൾ?
അവയായിരിക്കയില്ലതു ശരിയാ,ണുണ്ടു കുറെ
നിറപറകളവ ഞ്ങ്ങളടിച്ചുടയ്ക്കും.
അവയിൽനിന്നുതിരുമാ നെന്മണികൾ കൺമണികൾ
അവശതകൾക്കവരാദ്യമൊരുമ്മയേകും.
അതുകഴിഞ്ഞവരുടെ വയറിലെത്തീ കെടു-
ത്തവരെയവർ താങ്ങിപ്പിടിച്ചുനിർത്തും.
അതുകഴിഞ്ഞവരൽപം ശ്വാസംവിടുന്നേര-
മവർ ചെവിയിൽ മന്ത്രിക്കുമിപ്രകാരം:
നീറുന്ന തീച്ചൂള / ഗളഹസ്തം
ചങ്ങമ്പുഴ
"സമതയുടെ സന്ദേശം പുഷ്പിച്ചു. സ്വപ്നങ്ങൾ
സകലം ഫലിച്ചു-സമാശ്വസിക്കൂ.
ജട ഞങ്ങളെയിന്നോളമറകളിൽ സ്വാർഥത്തിനു
തടവെയ്ക്കാനൊരുമിച്ചടച്ചുപൂട്ടി.
ഇനി നിങ്ങളുണ്ണാതെ തളരേണ്ട-ചെങ്കൊടിതൻ
ധ്വനിതന്നൂ ഞങ്ങൾക്കു ശാപമോക്ഷം!
ഞങ്ങളിനി നെന്മണികൾ നിങ്ങളുടെ കണ്മണികൾ
നിങ്ങളുടെ കണ്മണികൾ നെന്മണികൾ
ഞങ്ങളിനിപ്പിരിയില്ലാ നിങ്ങളെപ്പിരിയില്ലാ
ഞങ്ങളെ നിങ്ങളും-ഇനിയാണോണം! .."
ചെങ്കൊടിതൻ ധ്വനിയിലൊരുസാന്ത്വനം രക്തത്തിൻ
"കുങ്കുമം പച്ചകളിൽ പവിഴം ചാർത്തും!"
വിളവെടുപ്പാകട്ടെ, വെമ്പല്ലേ, ഞങ്ങളെ-
ഗ്ഗളഹസ്തം ചെയ്തോളൂ പിന്നെ നിങ്ങൾ!....
മരണംകൊണ്ടെന്നെ ഞാൻ വരിയുകയാണനുദിനം
മമ ശബ്ദമിടിവെട്ടു, മിടിവാൾ വീശും.
സമതതൻ സമരത്തിനെന്നാത്മസിദ്ധികൾ
സകലം സമർപ്പിപ്പാൻ സന്നദ്ധൻ ഞാൻ!
അതിലിനി ഞാനഴലുകില്ലലറു,മെന്തീപ്പൊരിക-
ളഴിമതിയേപ്പൊള്ളിക്കുമനീതി വേവും.
അതിനെന്നെഗ്ഗളഹസ്തം ചെയ്യുകിൽ, ചെയ്യുവാ-
നണയുവിൻ, വേഗമെന്നനിയന്മാരേ!
4-8-1946
നീറുന്ന തീച്ചൂള
ചങ്ങമ്പുഴ
ചുട്ടെരിക്കിൻ
ജടയുടെ സംസ്കാരപ്പനയോലക്കെട്ടൊക്കെ-
പ്പൊടികെട്ടിപ്പുഴുകുത്തിച്ചിതലുമുറ്റി.
ചികയുന്നോ-ചിരിവരും-ചിലതിനിയുമുണ്ടെന്നോ?
ചിതയിലേക്കവയെടുത്തെടിയൂ വേഗം!
അരിയാനിനിയുലകിൽ നമുക്കുള്ളതെന്തെന്നോ?
പരയാം ഞാൻ അരിവാളിൻ തത്ത്വശാസ്ത്രം!
കരളെരിയും സമയത്തീ വയറെരിയും സമയത്തീ-
ക്കഥപറയും വേദാന്തമാർക്കുവേണം?
ഉയിർനിൽകാനുമിനീരുമുറയാതുഴറുമ്പോഴു-
മുരുവിടണം പോലും നാം രാമനാമം.
അതുശരിയാണതു ചിലരൊന്നുരുവിട്ടാലരമനകൾ-
ക്കമൃതുകഴിച്ചലർശരനൊത്തിളകിയാടാം.
അമരോജ്ജ്വലഭാഷയിൽ വെളിപാടുവിളിക്കുന്ന-
തതിനായിട്ടാണല്ലോ രാമരാജ്യം.
സ്വപ്നം തരുമശ്ശർക്കര നുണയുവോർ നുണായട്ടെ
സ്വത്തെവിടെ?-വാങ്ങിക്കാനണിനിരക്കൂ!
ഒളിയമ്പിനു വിരുതനാം ശരവീരൻ ശ്രീരാമനു
വിളയാടാനുള്ളതല്ലിനിയീ ലോകം.
ഇതുവരെയും, ഹാ, നമ്മെ വഴിതെറ്റിച്ചഴൽമുറ്റി-
ച്ചിവിടംവരെ യെത്തിച്ചു കാവിവസ്ത്രം.
ഇനിയുമിതിൻ പുറകേയോ?-തിരിയുവിൻ, തിരിയുവിൻ,
തുനിയല്ലേ നിഴലുകളെപ്പിന്തുടരാൻ!
ഭജനങ്ങൾ പാടിനാം ഭസ്മക്കുറിചൂടി നാം,
ഭരദേവതമാരുടെ പടിയും കാത്തു.
നീറുന്ന തീച്ചൂള / ചുട്ടെരിക്കിൻ
ചങ്ങമ്പുഴ
വയറെങ്ങനെയിപ്പോഴും?- ( പവിഴക്കതിരിടമുറ്റും
വയലുകൾ!)-വയറൊട്ടി വളരുന്നെന്നോ?
വരളും വരളും നിങ്ങൽക്കിനിയും വരളും, നിങ്ങൾ
വനവീഥിയിലേക്കുള്ളീ വഴിയേ പോയാൽ!
പരലോകപ്പാറ്റകൾ കരളുമാമോക്ഷത്തിൻ
പതിരിനായുള്ളൊരി പ്രാണദാഹം,
പരപമ്പരവിഡ്ഡിത്തം-പരമാർത്ഥമിതുമാത്രം
പരുപരുത്തുള്ളൊരീ മണ്ണുമാത്രം.
അടിയുറച്ചതിൽ നിൽക്കുവിനതിനായ്പ്പടവെട്ടുവി-
നടിയുവിനൊടുവിലതിനുവേണ്ടി.
അതിൽ നിന്നും കിളരട്ടേ, വളരട്ടേ, പടരട്ടേ,
ശതസഹസ്രാശയസഞ്ചയങ്ങൾ!
അവയേകും സന്ദേശ,മവനൽകും നേതൃത്വ
മവശതകൾ നീക്കുമീയവനി കാക്കും!
അറിവിൻ മതമണ്ഡല മിതുവരെ സൃഷ്ടിച്ചോ-
രഖിലദൈവങ്ങളും ചത്തുപോയി.
മരവിച്ചു ദൈവങ്ങൾ-മതിയിനിയുഴിയലും
മണിയടിയും-വിടരില്ലാ മിഴികൾ വീണ്ടും.
ഒരു ദൈവവുമില്ലിപ്പോളുള്ളതീ ലോകത്തി-
ലൊരുമയില്ലാത്ത മനുഷ്യർ മാത്രം.
അല്ലലവരെത്തമ്മിൽത്തല്ലിച്ചു തലതച്ചു
കൊല്ലും വേതാളങ്ങളുമുണ്ടസംഖ്യം.
അവരെപ്പിടികൂടുവാനവർതൻ തല കൊയ്യുവാ-
നവശരെക്കാക്കുവാനണിനിരക്കൂ!
പിന്നെയീലോകത്തിൽ ക്കാണുന്നതു കൈകൾകോർ-
ത്തൊന്നായിനിൽക്കും മനുഷ്യർ മാത്രം-
ഉണ്ണാനുഴറീടാതീ മണ്ണിനപ്പൂജിച്ചു
വിണ്ണിവിടെ നിർമ്മിക്കും മർത്ത്യർ മാത്രം-
അതിനായിട്ടുള്ളതാണറിയുവിൻ നിങ്ങ,ളീ-
യരിവാളിൻ പൊരുൾ നിറയും തത്ത്വശാസ്ത്രം.
മനമലിഞ്ഞേകുവാൻ മടികാട്ടും കൈകളിൽ
മനുജപ്രയത്നം വിലങ്ങുവെയ്ക്കും.
പുഴുകുത്തുമവ മുഴുവനഴുകിപ്പോം-നാളെയൊരു
പുതുലോകമെത്തും നാം പുളകം ചാർത്തും!
നീറുന്ന തീച്ചൂള / ചുട്ടെരിക്കിൻ
ചങ്ങമ്പുഴ
ചുടുവിൻ നമുക്കുള്ളതല്ലൊരുനാളുമ-
ക്കൊടിയ ധനലാഭത്തിൻ രാമരാജ്യം.
ഉണ്ണാനില്ലൊരുനേരമുടുക്കാനില്ലിപ്രാണ-
ദണ്ഡത്തിൻ കരളെരിയും വറുതിയിലും,
സന്യാസപ്പേപ്പേച്ചും വേദാന്തക്കൂത്തും!-എ
ന്തന്യായം !-ചുടുകൊന്നീയാർഷതത്ത്വം!
മറയുടെ മാളത്തിൽ മദമാർന്നു ചീറ്റുമീ-
മണിചൂടും സർപ്പത്തെ മടിയിൽ വെച്ചാൽ,
അതു കൊത്തും, സിരതോറും വിഷരക്തം കത്തു,മാ-
മൃതിയെത്തും ഹാ, നമ്മെ മണ്ണിലാഴ്ത്തും.
മമശബ്ദം-മഹിയൊട്ടുക്കിടവെട്ടിയലറുമീ-
മമശബ്ദം-കേൾക്കുവിൻ, മിഴി തുറക്കിൻ
അഴകോലും വയലറ്റു മഷിയിലല്ലെരിതീയി-
ലെഴുതുന്നൂ നിങ്ങൾതൻ ഗർജ്ജനം ഞാൻ!
പറയുന്നു നിങ്ങൾതൻ ഹൃദയത്തിൻ ഭാഷ ഞാൻ!
പറയുന്നു നിങ്ങൾതൻ ചുടുരക്തം ഞാൻ!-
പൊട്ടിച്ചെറിയിൻ നിങ്ങളിന്നോളം നിങ്ങൾതൻ
നട്ടെല്ലു വളച്ചോരാ യജ്ഞസൂത്രം!
ചിതല്തിന്ന ജടയുടെ പനയോലക്കെട്ടൊക്കെ
ചിതയിലേക്കെറിയുവിൻ!-ചുട്ടെരിക്കിൻ!...
18-6-1946
നീറുന്ന തീച്ചൂള / ചുട്ടെരിക്കിൻ
ചങ്ങമ്പുഴ
പാടാനും പാടില്ലേ?
രണ്ടീ റ്റക്കുഴലുകളൊരു കൈമണിയൊരു കൊച്ചു
ചെണ്ടയും രണ്ടു കടുന്തുടിയും;
ഇവ മാത്രം-വിഹരിക്കുകയാണു ഞാനിവ തീർത്ത
സവിലാസഗന്ധർവ്വ നഗരമൊന്നിൽ!
ആറാളുകളൊരുമിച്ചൊരു സംഗീതപ്പുഴതീർത്തതി-
ലാറാടുകയാണീപ്രപഞ്ചമെല്ലാം.
മതികവരും വിവിധതരലയതരളനിസ്സ്വനം
മദഭരിതനർത്തനം മധുരഗാനം.
പുലമാടമല്ലതു പുലയന്മാരല്ലവർ
പുളകത്തിൻനാ,ടവരോ ദേവദൂതർ . . .
മലനാട്ടിൽ മകമെത്തി, കളമെല്ലാം മെതിനിർത്തി-
പുലയർക്കു മനസ്സിൽ പൂക്കാലമെത്തി.
കഠിനപ്രയത്നത്തിൽ മുരടിച്ച ജീവിതവും
കലയുമ്മവെച്ചപ്പോൾ പുളകംചാർത്തി.
ഒരു രാത്രിയിൽ മാത്രം! മതി, പൊയ്ക്കൊള്ളും നാളത്തെ
പ്പൊരിവെയ്ലിൽ വയലിലവർ കട്ട തല്ലാൻ.
ഒരുരാത്രിയിലെങ്കിലും നിങ്ങൾതൻ സ്വപ്നങ്ങ-
ളൊരുശകലമെങ്കിലും സ്വാദുനോക്കാൻ
അരുളുക സമ്മതം മേലാളരേ, നിങ്ങ-
ളവരുമൊന്നോർക്കു മനുഷ്യരല്ലേ?
രക്തവും മാംസവും സ്പന്ദിക്കും ഹൃദയവും
സ്വപ്നഭ്രമവുമവർക്കുമില്ലേ?
മത്സ്യക്കറിമദ്യത്തെളി സംഗീതനൃത്തമീ-
യുത്സവരാത്രിയിവർക്കെത്ര ഹൃദ്യം!
കുളിര്മുലകളിളകിയും കടമിഴികൾ കൂമ്പിയും
കുടിലായതകുന്തളമൂർന്നുലഞ്ഞും
ഉപകങ്കണസ്വാനങ്ങൾക്കൊപ്പിച്ചു ചുവടുവെ-
ച്ചുപഹിതമദഭരഹൃദയകളായ്
അതിചപലപ്രാകൃത നടനങ്ങളാടുന്നി-
തുദിതരസമവരുടെ പെൺകൊടിമാർ
ഞാനുമൊരു തൊണ്ടു കുടിക്കുകിലോ,തത്തിയ-
ഗ്ഗാനപ്രവാഹത്തിലൊഴുകുകിലോ
സകലവും വിസ്മരിച്ചപ്പെൺ കൊടിമാരൊത്തു
സരസം കൈകോർത്തു നിന്നാടുകിലോ! . .
ഒരു രാത്രിയിൽ മാത്രം-മതി നാളേക്കെൻåമൺതടി
മരവിച്ചുപോകില്ലെന്നാരറിഞ്ഞു? . .
മരവിച്ചവ, മരവിച്ചവ-നാളത്തെ ലോകത്തിൽ
മറവികളല്ലല്ലീ നമ്മളെല്ലാം?
നീറുന്ന തീച്ചൂള / പാടാനും പാടില്ലേ?
ചങ്ങമ്പുഴ
വൃന്ദാവനരംഗമതു, വ്രജസുന്ദരിമാരവർ
നന്ദാത്മജനായി ഞാൻ നടുവിൽ നിൽക്കിൽ
മതി മനമേ വിഭ്രമം, തടയുന്നു സംസ്കാരം
ചതയുന്നു ചിതമുറ്റ കലാപ്രണയം!
കന്നിയിളം തിങ്കളക്കനകോജ്ജ്വലതാരകൾ
കമ്രശ്ലഥരജതവലാഹകകൾ.
തലയാടും തരുനിരകൾ തെന്നലതിൻ പശ്ചാ-
ത്തലവുംഹൃദയോത്തേജകമായിരുന്നു.
ശശികിരണരേഖകൾതൻ കുളിര്മുല്ലപ്പന്തലിൽ
ശകലിതച്ഛായാവിലാസിനികൾ
അവരോടിടചേർന്നു കൈകോർത്തുനിന്നനുകരി-
ച്ചമരാത്മകമാസ്മരനൃത്തമാടി.
അതിനുലയമേകുവാനെന്നപോൽ രാക്കിളികൾ
മതിമറന്നങ്ങനെ പാട്ടുപാടി.
അവ്യക്ത രൂപികൾ ദേവതകളൊരുവശം
ഭവ്യദരെൻ സോദരർ മറുവശവും.
ഇവരുടെ മദ്ധ്യത്തിലെന്മനസ്പന്ദങ്ങൾ
കവിതകുടിച്ചു മദിച്ചുനിന്നു.
തളരുന്നതില്ലാരും-പിന്നെയും സംഗീതം
തരളായതമിഴിമാരുടെ നൃത്തഭേദം
പുതുമവന്നനുനിമിഷം കലയെപ്പുണരുമീ-
പ്പുളകത്തിൻ രാവേ, നീ പുലരരുതേ!
ഇവരിപ്പോൾ ഗന്ധർവ്വർ-പുലർവെട്ടം വന്നാലോ?
ശിവനേ ഞാൻ ഞെട്ടിത്തെറിച്ചുപോയി! . .
"ആരാണെട സാത്ഥനോ?" പിന്നിൽനിന്നൊരു ശബ്ദം:
"കോതപ്പനുമയകനുമുണ്ടോടാ ഫൂ?"
ഗാനം നിലച്ചൂ - പൊടുന്നനവേ നർത്തനം
താനേ നിലച്ചു - പകച്ചു ഞങ്ങൾ.
കഷ്ടമിക്കമനീയ സ്വർഗ്ഗത്തിൻ നടുവിലൊരു
കട്ടുറുമ്പെന്തിനിതു ചാടിവീണു? . .
ചെണ്ട നിലംപറ്റി കടുന്തുടികൾ മിണ്ടാതായ്
രണ്ടീറ്റക്കുഴലുകളും മൂകമായി!
അലറുന്നൂ കട്ടുറുമ്പ് "എന്തെടാ ഫട്ടികളേ!
നിലവിട്ടീത്ഥുള്ളണതു, ഴാത്രിയല്ലേ?
ഫേക്കൂത്തുകൾകാരണം ഫാതിരയായാലും
ഖേക്കാൻ പാടില്ലല്ലോ ഛെകിടും കണ്ണും . . .
ഖുടിതന്നെ ഖുടി ഖള്ളു ഖഴുവേഴികൾ-ഫോ, ഛെന്നാ
വഴിയിൽക്കെടക്കണൊഴാക്കാഴു തള്ള്..."
"അടിയങ്ങൾ" -എല്ലാരും-നടകൊണ്ടു കുടിക്കാത്തോ-
രുടയോനും പിന്നാലെ യാത്രയായി...
നീറുന്ന തീച്ചൂള / പാടാനും പാടില്ലേ?
ചങ്ങമ്പുഴ
കന്നിയിളം പൂന്തിങ്കൾ മാഞ്ഞുലസൽച്ഛായകളു-
മൊന്നുചേർന്നെങ്ങോ പറന്നകന്നു.
രാക്കിളികൾ നിശ്ശബ്ദരായന്ധകാരത്തിൽ
വീർപ്പിട്ടുനിന്നു തരുനിരകൾ!
കവിതകുടിച്ചു പുളച്ച മൽസ്പന്തനങ്ങൾ
കദനത്തിൻ കരിനിഴലിൽ വീണടിഞ്ഞു.
ഒരുരാത്രിയിലൊരുകോണിലിരുന്നൊന്നു പാടാനു-
മരുതെന്നോ പാവങ്ങൾക്കിജ്ജഗത്തിൽ?
3-8-1946
നീറുന്ന തീച്ചൂള
ചങ്ങമ്പുഴ
വെളിച്ചം വരുന്നു
എന്നിൽനിന്നുമെരിഞ്ഞുയർന്നാളി-
ച്ചിന്നുമീത്തീപ്പൊരികളേക്കണ്ടോ?
ചൂടു പോരെന്നോ?-തൊട്ടൊന്നു നോക്കൂ
പേടിതോന്നുന്നോ?-സംശയം തീർക്കൂ!
പോയനാളിൻ ചുടലകൾ ചിക്കി
പേയുതിക്കുന്നതല്ലെന്റെ ശബ്ദം.
മാറ്റിടിഞ്ഞു തളർന്നുമറയും
മാറ്റൊലിയല്ല മാമകശബ്ദം.
നിർഗ്ഗളിക്കുമതിൻ ഹൃത്തിൽനിന്നും
സർഗ്ഗചൈതന്യസ്പന്ദങ്ങളെന്നും.
ഹീനമാമൂൽമതിലുകളെല്ലാം
ഞാനിടിച്ചു തകർത്തു കുതിക്കും.
നീ ചതിയിൽ തടിച്ചുതഴയ്ക്കും.
നീതികൾ ഞാൻ ചവിട്ടിമെതിക്കും.
ഗർവ്വിഴയുമസ്സാമൂഹ്യശൈലം
സർവ്വവും ഞാനിടിച്ചു പൊടിക്കും!
മേൽക്കുമേൽ മാനവോൽക്കർഷദമാം
മാർഗ്ഗമോരോന്നു വെട്ടിത്തെളിക്കും!
അബ്ദകോടികൾ കൈകോർത്തുവന്നി-
ശ്ശബ്ദഖഡ്ഗമിതെൻ കൈയിലേകി.
എന്തിനാണെന്നോ?-ചെന്നിണംപോലും
ചിന്തിയെന്റെ നാടെന്റെ നാടാക്കാൻ!
വഞ്ചനക്കൊന്ത പൂണുനൂൽ തൊപ്പി-
കുഞ്ചനങ്ങളരുത്തുമുറിക്കാൻ.
മർത്ത്യനെ മതം തിന്നാതെ കാക്കാൻ
മത്സരങ്ങളെ മണ്ണടിയിക്കാൻ.
വിഭ്രമങ്ങളെ നേർവഴികാട്ടാൻ
വിശ്രമങ്ങളെത്തട്ടിയുണർത്താൻ
വേലകൾക്കു കരുത്തുകൊടുക്കാൻ
വേദനകൾക്കു ശാന്തിപൊടിക്കാൻ
തത്സമത്വജസാമൂഹ്യഭാഗ്യം
മത്സരിക്കാതെ കൊയ്തെടുപ്പിക്കാൻ
നിസ്തുലോൽക്കർഷചിഹ്നരായ് നിൽക്കും
നിത്യതൃപ്തിതൻ ചെങ്കൊടി നാട്ടാൻ!
നീറുന്ന തീച്ചൂള / വെളിച്ചം വരുന്നു
ചങ്ങമ്പുഴ
ശപ്തജീവിതകോടികൾ വന്നി-
ശ്ശബ്ദസീരമിതെൻ കൈയിലേകി.
എന്തിനാണെന്നോ?-കട്ടപിടിച്ചോ-
രന്തരംഗമുഴുതുമറിക്കാൻ.
തപ്തവേദാന്തമ,ല്ലമൃതാർദ്ര-
തത്ത്വശാസ്ത്രം തളിച്ചുനനയ്ക്കാൻ.
ജീവകാരുണ്യപൂരം വിതയ്ക്കാൻ
ജീവിതങ്ങൾക്കു പച്ചപിടിപ്പിക്കാൻ.
ഭാവിലോകത്തിലെങ്കിലുമോരോ
ഭാവുകങ്ങൾ തളിർത്തുല്ലസിക്കാൻ
വിത്തനാഥരും ദാസരും പോയി
വിശ്വരംഗത്തിൽ മർത്ത്യതയെത്താൻ
കർഷകന്റെ തെളിമിഴിക്കോണിൽ
ഹർഷരശ്മികൾ നൃത്തമാടിക്കാൻ
ദുഷ്പ്രഭുത്വത്തിൻ പട്ടടകൂട്ടാൻ
സൽപ്രയത്നത്തെപ്പൂമാലചാർത്താൻ!
ഇജ്ജഗത്തു ദുഷിച്ചു, ജീർണ്ണിച്ചു,
സജ്ജഗത്തൊന്നു സജ്ജമാക്കും ഞാൻ.
ശക്തയന്ത്രശതങ്ങളിലൂടെൻ
ശബ്ദഘോഷങ്ങൾ കേട്ടുവോ നിങ്ങൾ?
യന്ത്രശാലപ്പുകച്ചാർത്തിലൂടെൻ
കുന്തളാവലി കണ്ടുവോ നിങ്ങൾ?
എന്റെ നാടെന്റെ നാടെന്റെ നാടെ-
ന്നെന്റെ ഗായത്രി കേട്ടുവോ നിങ്ങൾ?
എന്തധർമ്മവും തച്ചുതകർക്കു-
മെന്റെ ദോർബ്ബലം കണ്ടുവോ നിങ്ങൾ?
എന്റെ കൈത്തണ്ടിരുമ്പാണു നോക്കൂ
എന്റെ മെയ്യിതുരുക്കാണു നോക്കൂ!
ശിഷ്ടപാലനം ദുഷ്ടനിധനം
വിഷ്ടപാവനം മാമകലക്ഷ്യം.
ഞാനമാനുഷനല്ലാ മനുഷ്യൻ
പ്രാണനാണെനിക്കെന്നും മനുഷ്യൻ!-
വിസ്തരിപ്പീല ഞാനിനിയൊട്ടും
'വിപ്ലവ' മെന്നാണെന്റെ പേർ കേൾക്കൂ.
വിശ്വസംസ്കാരമേകി മേ ജന്മം
വിശ്വസൗഹൃദമേകി മേ സ്തന്യം
ആത്മനാഥപുരോഗതി, ഞങ്ങൾ-
ക്കാത്മജന്മാരോ?-നാളത്തെ നിങ്ങൾ!
ഞങ്ങൾ നിങ്ങളിൽ ജീവൻ കൊളുത്തും
ഞങ്ങൾ നിങ്ങളെപ്പോറ്റിവളർത്തും.
വിശ്വസിക്കുകനാഥമല്ലൊട്ടും
വിശ്വരംഗം വരുന്നു വെളിച്ചം . .
28-10-1945
നീറുന്ന തീച്ചൂള
ചങ്ങമ്പുഴ
നാളത്തെ ലോകം
കുങ്കുമപ്പൊട്ടുതൊടുന്നൊരാക്കൈകളിൽ
ച്ചെങ്കൊടി ഏന്തുന്ന മങ്കമാരേ,
വീതശങ്കം നിങ്ങൾ പോകുവിൻ മുന്നോട്ടു
വീരമാതാക്കളീ നാളെ നിങ്ങൾ
പിച്ചിപ്പൂമാലകൾ കെട്ടുമക്കൈകളിൽ-
ക്കൊച്ചരിവാളേന്തും കന്യകളേ;
നാണിച്ചുനിൽക്കാതെ പോകുവിന്മുന്നോട്ടു
നാളത്തെ നന്മതൻ നാമ്പുകളേ!
വേദാന്തം വൈദികരോതുന്നതുകേട്ടു
വേവലാതിപ്പെടും വേലക്കാരേ,
പള്ളിയിൽ ദൈവ,മില്ലമ്പലത്തിലും
കള്ളങ്ങൾ നിങ്ങൾക്കു കണ്ണൂകെട്ടി.
വിശ്വസിക്കായ്വിനച്ചെന്നായ്ക്കളെ, നിങ്ങൾ
വിഭ്രമം വിട്ടിനി കൺ തുറക്കിൻ!
കണ്ടുവോ ചാകുന്നതായിരം ദൈവങ്ങൾ
തെണ്ടിയടിഞ്ഞു നടവഴിയിൽ?
മർത്ത്യനേ മർത്ത്യനു നന്മചെയ്യൂ, മന്നിൽ
മറ്റുള്ളതെല്ലാ മിരുട്ടുമാത്രം.
മർത്ത്യനെത്തീർത്തതു ദൈവമോ, ദൈവത്തെ
മർത്ത്യനോ തീർത്തതെന്നോർത്തുനോക്കൂ!
മത്തടിക്കുന്ന നരച്ച മതങ്ങൾതൻ
മസ്തകം നിങ്ങളടിച്ചുടയ്ക്കൂ!
തുപ്പുമവയുടനായിരംകൊല്ലമായ്-
ച്ചപ്പിക്കുടിച്ച മനുഷ്യരക്തം-
വീണവായിക്കുമവയെത്തടിപ്പിച്ച
പ്രാണൻ പിടയ്ക്കുന്ന മർത്ത്യരക്തം-
ഉണ്ണാതുറങ്ങാതുമിനീരിറങ്ങാതെ
കണ്ണടഞ്ഞോർതൻ പവിത്രരക്തം.!-
കൈക്കൂലികാണാതനുഗഹമേകുവാൻ
കൈപൊക്കാത്തീശ്വരനീശ്വരനോ?
രണ്ടു തുട്ടേകിയാൽ ച്ചുണ്ടിൽച്ചിരിവരും
തെണ്ടിയല്ലേ മതം തീർത്തദൈവം?
കൂദാശ കിട്ടുകിൽ ക്കൂസാതെ പാപിയിൽ
ക്കൂറുകാട്ടും ദൈവമെന്തു ദൈവം?
പാൽപായസം കണ്ടാൽ സ്വർഗ്ഗത്തിലേക്കുടൻ
പാസ്പോട്ടെഴുതുവോനെന്തു ദൈവം?
കഷ്ടം, മതങ്ങളേ, നിങ്ങൽതൻ ദൈവങ്ങൾ
നട്ടെല്ലൊടിഞ്ഞ നപുംസകങ്ങൾ!
നീറുന്ന തീച്ചൂള / നാളത്തെ ലോകം
ചങ്ങമ്പുഴ
ലോകത്തി,ലൊന്നോടവയ്ക്കിനിയെങ്കിലും
ചാകാനനുമതിയേകരുതോ!
ദൈവമലട്ടി മനുഷ്യനെ യിത്രനാൾ
ദൈവത്തെ മർത്ത്യനിനിയലട്ടും!
വൈവശ്യമെന്തിനു, നന്മവിളയട്ടെ
ദൈവക്കളകളരിഞ്ഞൊടുക്കൂ
എന്നിട്ടെറിഞ്ഞുകൊടുക്കുവിൻ കാലത്തിൻ
മുന്നി,ലുൽക്കർഷം ചുരന്നീടട്ടേ!
വേദങ്ങളേകീ പൊതിക്കാത്ത തേങ്ങകൾ
വേലകൾ വാലാട്ടിയിത്രനാളും.
കൊങ്ങയ്ക്കു കേറിപ്പിടിക്കയാണിന്നവ
പൊങ്ങച്ചം കൊണ്ടിനിയെന്തുകാര്യം?
പപ്പടം പായസം പാലടയൊന്നിച്ചു
പത്തുകൊല്ലം മുൻപു സദ്യയുണ്ടു.
കഞ്ഞിവെള്ളം പോലുമില്ലിന്നു-സദ്യകൾ
വർണ്ണിക്കണം പോലും പട്ടിണികൾ!
കേവലം മത്തേറിക്കേരളസംസ്കാര-
ക്കേവഞ്ചിയൂന്നി മയങ്ങുവോരേ,
കാറുവെയ്ക്കുന്നതു കണ്ടുവോ, കാറ്റിന്റെ
കാഹളം കേട്ടുവോ?-കൺതുറക്കിൻ!
നിങ്ങളും, നിങ്ങൾതൻ പൊട്ടപ്പാത്തോണിയും
മുങ്ങുമിക്കോളിൽ-മതിമയക്കം!
എത്രയ്ക്കയവിറക്കീടും മൃഗങ്ങളും
പുത്തൻ പുൽക്കൂമ്പുകൾ തേടിപ്പോകും.
കാണുന്നില്ലേ പുതുതൊന്നുമേ 'ഹാ' നിങ്ങൾ
കാലികളേക്കാളും കഷ്ടമായോ?
പട്ടരും നായരും നമ്പൂരിയും സ്വാർഥം
കെട്ടിപ്പടുത്തുള്ളോരമ്പലങ്ങൾ,
പെറ്റ സംസ്കാരത്തിൻ ജീർണ്ണിച്ചതാം ശവ-
പ്പെട്ടി ചുമന്നു നടക്കുവോരേ,
ഊട്ടുപുരയിൽച്ചെന്നെച്ചിലിലയ്ക്കു കൈ-
നീട്ടുവാൻ നിങ്ങൾക്കു ലജ്ജയില്ലേ?
പോരി,നരുവാളെടുക്കിൻ, വിശപ്പിന്റെ
പോരിനൊരുമിച്ചണി നിരക്കിൻ!
ചീർത്തമദങ്ങളരിഞ്ഞു വീഴ്ത്തീടുവി-
നാർത്തികൾക്കാശ്വാസമാനയിക്കിൻ!
നാളത്തെ ലോകം, നവലോകം സംയുക്ത
വേലതൻ കൈയിലെക്കൽപവൃക്ഷം!
20-7-1946
നീറുന്ന തീച്ചൂള
ചങ്ങമ്പുഴ
കരയും ഞാൻ
കരയും ഞാൻ, കരയും ഞാൻ, കരയും കവികളേ
ക്കഴുവിൽക്കയറ്റുമോ ലോകമേ നീ?
കരളിൽനിന്നുയരുന്ന, കരളിൽ ചെന്നലയുന്ന
കരയലിൽ കലയില്ലേ, കവിതയില്ലേ!
ചിരിവരും കേൾക്കുമ്പോൾ, ചിറകറ്റ ശലഭമേ,
ചിരിയാണുപോലും നിനക്കുപഥ്യം!
ശരിതന്നെ, ചിരിതന്നെ വരണീയം;-കരണീയം?
വരി,കല്ലാ നീതന്നേ കരകയാണോ?
അറുതിയില്ലെന്നോ നിന്നഴലിനു?-ശരി,കഷ്ടം !
വെരുതേ പിന്നെന്തിനിക്കപടനാട്യം?
കരളല്ലേ, മുറിവല്ലേ, കളിയാണോ പൊതിയുവാൻ
കഴിയുമോ? ചുണ്ടത്തെച്ചിരികളല്ലേ?
വരികില്ലേനിറഭേദം, നിണമല്ലേ, പാഴ്പ്പച്ച-
ച്ചിരിചീന്തിച്ചെലവിട്ടിട്ടെന്തുകാര്യം?. . .
അഴലുന്നതഖിലവും ഭീരുത്വമാണെങ്കി-
ലലറുന്നതൊക്കെയും ധൈര്യമാണോ?
ചിറകുള്ളതെല്ലാം മയിലുകളല്ലല്ലോ
ചിരിയെല്ലാമാനന്ദമായിതെങ്കിൽ!
ഒരു കൊട്ടിൽ കഥകഴിയും കൊതുകല്ലെൻ പ്രതിഭ,നിൻ
കരബലം കാണിക്കൂ ലോകമേ, നീ!
ഒരുകൈനമുക്കൊന്നു പൊരുതാം-നീ മാറുന്നെ-
ന്തൊളിയമ്പേ നിൻകൈയിലുള്ളുവെന്നോ?
ശരി, ഹാ, നിന്നാദർശം ശ്രീരാമനാണല്ലോ
ശരവീരൻ !- നന്നു നിന്നാർഷരക്തം!
അറിയില്ലെനിക്കതു--ധർമ്മപ്രകാശത്തി-
ലറിയാം നടത്തുവാൻ മുഷ്ടിയുദ്ധം!
രസനയിൽ ഗീതയും ഹൃദയത്തിൽ വിഷവുമ-
ല്ലസമർത്ഥനാണു ഞാൻ സമ്മതിക്കാം!
ഉരുളുന്നു ലഹരിയിലിരുളിൻ, പരുത്ത നി-
ന്നുടയാടകളുടലിൽ ചേർന്നൊട്ടി നിൽപൂ,
അതിലെച്ചെളിവെള്ളത്തിലലിയും-വെളിച്ചത്തി-
ലതിധവളം വീണ്ടുമ,താദർശവാൻ നീ,
പകലൽപ ലഹരിയി ലലയുമെൻ പാട്ടൂകൾ
പകയിൽ നിനക്കെത്ര പരിഹസിക്കാം?
ചെളിയിലേക്കീടമേ, ലജ്ജയില്ലേ, ചിത്ര-
ശലഭത്തെനോക്കിപ്പഴി പറയാൻ?
ഒരു വർണ്ണമാകിലും കുയിലുമക്കാകനു-
മൊരുമിച്ചു ശബ്ദിച്ചാലാരു നേടും? ...