ചൂഡാമണി
ചൂഡാമണി
ചങ്ങമ്പുഴ
ശാന്തിയുടെ രശ്മി
ചിന്തകളൊക്കെയും ചെന്തളിർ ചൂടുമാ-
റന്തികത്തെത്തി നീ വാസന്തമഞ്ജിമേ!
നിൻ പദസ്പർശം തൃണാഗങ്ങളിൽ, പുഷ്പ-
സമ്പത്തുവാരിവിതറുന്നു നീളവേ.
വിണ്ണിൽ പുലർകാലശുദ്ധിയുടലാർന്നു
വന്നിടുമ്പോലുല്ലസിപ്പു നീയുജ്ജ്വലേ!
താവകദർശനമാത്രയിൽ ജീവനിൽ
താവുകയാണു ശാന്തിയും കാന്തിയും
നിൻ കൈവിരൽത്തുമ്പിളകിൽ പറന്നുപോം
പങ്കിലത്വത്തിന്റെ പാഴ്നിഴൽപ്പാടുകൾ!
ഏതുഗാർഹസ്ഥ്യത്തെ വൈകുണ്ഠമാക്കുവാൻ
ഭൂതലത്തിങ്കൽ നീയെത്തി, ദേവാംഗനേ?
ചിത്തക്ഷതങ്ങൾ തലോടിയുണക്കുവാൻ
പ്രത്യക്ഷമായോരനുഭൂതിയല്ലി നീ!
വിട്ടുമാറാതെ നിന്നാർദ്രാനനത്തിനെ-
ക്കെട്ടിപ്പിടിപ്പൂ പരിവേഷരശ്മികൾ!
മന്ദോഷ്ണതയുംവെളിച്ചവും വീശുന്ന
സുന്ദരത്വത്തിൻ നിരവദ്യചിഹ്നമേ!
ഏതഭൌമോൽക്കടനിർവ്വാണപൂർത്തിതൻ
പ്രാതിനിദ്ധ്യംവഹിച്ചിങ്ങു വന്നെത്തി നീ?
ഇസ്സുപ്രഭാതവും നിന്റെ സാന്നിദ്ധ്യവും.
മത്സ്മൃതിക്കുത്സവമാകാവു നിത്യവും.
ലോകപാപത്തിൻ തിമിരമകറ്റുവാൻ
പോക നീ, ശന്തിതൻ പൊന്നിൻ കിരണമേ!
-നവംബർ 1938
ചൂഡാമണി
ചങ്ങമ്പുഴ
പ്രേമശോഭ
പ്രേമ:വീർപ്പിടും പച്ചിലച്ചർത്തിലാരാക്കുയിൽശോഭ:
പാട്ടുനിർത്തുന്നതിൻ മുൻപേ;
മഞ്ഞിൽ മുങ്ങുന്നൊരാ മഞ്ജുചന്ദ്രക്കല
മങ്ങിമായുന്നതിൻ മുൻപേ;
നിശ്ചിതകാലമതിക്രമിച്ചെൻമന-
മസ്വസ്ഥമാവതിൻ മുൻപേ;
സഞ്ജാതകൌതുകം പൂകട്ടെ ഞാനെന്റെ
സങ്കേതകുഞ്ജകം തോഴി!വിദ്യുല്ലതോജ്ജ്വലേ, നിശ്ചയം, നീയൊരുപ്രേമ:
വിശ്വവിമോഹിനിയായി,
അക്കാലാകാരനിൽനിന്നുലകിന്നൊരു
ചിത്രം ലഭിക്കുമാറായി!ഇന്നിദം ഞാന്തന്നെ നാണിച്ചുപോംമട്ടി-ശോഭ:
ലെന്നെച്ചമയിച്ചൊരുക്കി,
ആനന്ദമീ നിലക്കണ്ണാടിതൻ മുൻപി-
ലാനയിച്ചീവിധം നിർത്തി,
ഹാ! മന:പൂർവ്വം കളിപ്പിക്കുകല്ലി നീ,
കേമത്തിതന്നെ നീ തോഴി!"ആകാശനീലിമകോലുന്ന സാരിയാ-പ്രേമ:
ണാ മനോമോഹനന്നിഷ്ടം,"
എന്നു നീയോതിടാറുണ്ടതുകാരണ-
മിന്നതു നിന്നെ ഞാൻ ചാർത്തി.
സങ്കുലനീലവലാഹകയാമൊരു
തങ്കമിന്നൽക്കൊടിപോലെ,
താമരപ്പച്ചിലച്ചാർത്തിന്നിടയിലൊ-
രോമന്മരാളികപോലെ,
ജീവിതവേദന മൂടുമൊരുജ്ജ്വല-
ഭാവനപ്പൊങ്കതിർപോലെ,
ബന്ധുരരൂപിണീ മാറി നീയിന്നൊരു
ഗന്ധർവ്വകന്യകയായി!
ചിത്രകലാകൽപകാരാമസീമയിൽ-
ച്ചൈത്രാഗമോത്സവമായി!ഇത്തരംകൃത്രിമമോടിപ്പകിട്ടുക-
ളിത്രമേലൊത്തു ഞാൻ ചെന്നാൽ
അന്തരംഗത്തിലപ്പുണ്യവാനെന്നൊടി-
ന്നെന്തു തോന്നീടുമെൻ തോഴി?
ചൂഡാമണി / പ്രേമശോഭ
ചങ്ങമ്പുഴ
ശോഭ:
ചെമ്പനീർപ്പൂമൊട്ടുദയരാഗം പൂശി-പ്രേമ:
യൻപിൽ കുണുങ്ങിച്ചിരിക്കെ,
സന്തോഷമല്ലാതെ പുംസ്കോകിലത്തിനി-
ന്നെന്തു തോന്നീടുവാൻ ദേവി?
കേവലം നിർജ്ജീവവസ്ഥുക്കളിൽക്കൂടിശോഭ:
ജീവൻ കൊളുത്തുമദ്ദേവൻ
നിസ്വരൂപങ്ങളാം ചിന്തകൾകൂടിയും
നിസ്തുലാകാരങ്ങളാക്കി
നിത്യതകൊണ്ടു നിറംപിടിപ്പിക്കുവാൻ
കെൽപിയന്നീടുമദ്ദിവ്യൻ,
ഭാവനോദ്ദീപനോപാധിയായ് വാഴ്ത്തുകി-
ല്ലീ വെറും വിഭ്രമവേഷം!
വിഭ്രമമല്ല ജനിപ്പിപ്പതാനന്ദ-പ്രേമ:
വിസ്മൃതിയാണു നിൻ വേഷം.
ആഡംബരമല്ലനന്താനുഭൂതികൾ-
ക്കാലംബനമാണിതെല്ലാം!
ചായമ്പുരണ്ടൊരത്തൂലികത്തുമ്പത്തുശോഭ:
ചായുന്ന നാരിനുപോലും
ഇമ്മന്നിലൊപ്പം വിലപ്പെടുകില്ലെന്റെ
പൊന്മാലകളുമീ ഞാനും!
കാല്യോജ്ജ്വലാംശുവിൻ കാന്തിയോടൊക്കുമോപ്രേമ:
കാഞ്ചനശ്രീദീപനാളം?
ദാരിദ്ര്യപങ്കത്തിൽനിന്നുമസ്സൽക്കലാ-
സാരസരോജം വിടർന്നു.
എന്നാലുമെന്തിന്നതിൻ യശസ്സൌരഭ-
സുന്ദരവീചികളേൽക്കെ,
ഉൾക്കുളിരേറ്റേറ്റു കോരിത്തരിക്കുന്നു
ചക്രവാളാന്തരംപോലും!
വമ്പിച്ചോരീ മണിമേടയു, മായതിൻ
സമ്പത്സമൃദ്ധിയും മായും;
ഈ രത്നഭൂഷകളെല്ലാം നശിച്ചുപോം
ചാരമായ്ത്തീരുമീ ഞാനും.
നിത്യോജ്ജ്വലങ്ങളാണാ വിരൽത്തുമ്പത്തു
പറ്റുന്ന ചായങ്ങൾപോലും!
വേണ്ട വേണ്ടീ, വെറും കൃത്രിമാഡംബരം
വേണ്ടെനിക്കൊന്നുമെൻ തോഴി!
പോകട്ടെ ഞാനായിമാത്രമീഞാനെന്റെ
ജീവാധിനാഥന്നരികിൽ!
ചൂഡാമണി / പ്രേമശോഭ
ചങ്ങമ്പുഴ
ശോഭ:
എന്നെന്നുമിങ്ങനെ മിന്നുവാന്വേണ്ടിയി-
പ്പൊന്മാലനിന്നെ ഞാൻ ചാർത്തി;
വാടാതിരിക്കുവാനീ മുല്ലമാല നിൻ
വാർകുഴൽക്കെട്ടിൽ ഞാൻ ചൂടി;
കാന്തിവീശാനെന്നുമിത്തെളിനെറ്റിയിൽ
ചാന്തുപൊട്ടൊന്നു ഞാൻ ചാർത്തി;
ഇല്ല, നശിക്കില്ലൊരിക്കലും നിന്മെയ്യി-
ലുള്ളൊരീ മോടികളൊന്നും!
ഇന്നവയോരോന്നുമത്രയ്ക്കനഘമാം
പൊന്നിൻ പരിമളം പൂശി.
അക്കലാകാരന്റെ തൂലികത്തുമ്പിലെ-
പ്പൊൽക്കിനാവായി നീ മാറി!
മായികമല്ലിവ മേലിൽ, ജഗത്തിന്റെ
മായാത്ത നേട്ടങ്ങൾ മാത്രം.
ഈടാർന്നിടും കലാവേദിയിൽ നീയൊരു
വാടാവിളക്കായ് ജ്വലിക്കെ,
വെമ്പിക്കിതച്ചു ശതാബ്ദങ്ങളെത്തി നിൻ
മുൻപിൽശിരസ്സു നമിക്കെ,
വിശ്വാഭിമാനാഭിനന്ദനം നിൻ പദ-
വിദ്രുമം തേടിഗ്ഗമിക്കെ,
ഈ രാവിൽ നിന്നെച്ചമയിച്ചയയ്ക്കുമി-
ത്തോഴിയെപ്പറ്റിയാരോർക്കും!
അക്കലാലോലനൊത്തായിരം നൂതന-
സ്വർഗ്ഗങ്ങൾ നീയിന്നുകാണും.
നാളെച്ചിരഞ്ജീവിതത്വം ലഭിച്ചവ
നാനാപദാനങ്ങൾ നേടും.
കഷ്ട, മിത്തോഴിയോ-ലോകമറിയാതെ
ഞെട്ടറ്റൊരേടത്തു വീഴും!
എന്നിരുന്നാലും, ചരിതാർത്ഥയാണു ഞാൻ
നിന്നാളിയായതുമൂലം!
പ്രേമപരവശേ, പോക നീ പോക, നിൻ
കാമുകദേവനെക്കാണാൻ!
സങ്കേതകുഞ്ജത്തില്വെച്ചിന്നു നിങ്ങൾതൻ
സങ്കൽപമൊക്കെത്തളിർക്കാൻ,
ആയിരം തങ്കക്കിനാവുകൾ കണ്ടുക-
ചൂഡാമണി / പ്രേമശോഭ
ചങ്ങമ്പുഴ
ണ്ടാത്മാവു കോൾമയിർക്കൊള്ളാൻ,പ്രേമ:
പ്രാണനും പ്രാണനും കെട്ടിപ്പിടിച്ചൊരു
വേണുഗാനത്തിലലിയാൻ,
പോക നീ, പോക നീ, സദ്രസം സമ്പൂർണ്ണ-
ഭാഗദേയത്തിൻ തിടമ്പേ!
ഇല്ല മറക്കില്ലൊരിക്കലും നിന്നെ ഞാ-
നുള്ളകാലംവരെത്തോഴി!
അക്കലാലോലുപമാനസം നേടുവാ-
നൊത്തതാണെൻ മഹാഭാഗ്യം.
സന്ദേശവാഹിനീ, നീ, രണ്ടുഹൃത്തിലെ
സ്പന്ദങ്ങളൊന്നിച്ചിണക്കി.
മാമകദൈവതം മേവും നികുഞ്ജക-
ശ്രീമയക്ഷേത്രത്തിലോളം,
നാണംവിലക്കിലും പോവട്ടെ നീയെന്നെ
നാളെക്കളിയാക്കരുതേ!...
-ജൂൺ 1937
ചൂഡാമണി
ചങ്ങമ്പുഴ
സിംഹപൂജ *
ശ്രീമൽപ്രഭാവമേ, വെൽക, നിന്നോർമ്മയിൽ
താമരമൊട്ടായ് കഴിഞ്ഞിതെൻ കൈയുകൾ.
രോമാഞ്ചകഞ്ചുകം ചാർത്തിക്കയാണിതാ
മാമകസ്വപ്നസമാധിയിലെന്നെ നീ!
സങ്കൽപമുജ്ജ്വലജ്യോതിർമ്മയസ്വർഗ്ഗ-
സങ്കേതമൊന്നിന്നൊരുക്കുന്നു മുന്നിൽ മേ!
ഇക്കാട്ടുപൂക്കളുംകൊണ്ടർച്ചനയ്ക്കുനിൻ
തൃക്കാൽക്കൽ നിൽപിതിസ്സാഹിതീസേവകൻ.
അച്ഛിന്നകൌതുകം ഭക്തനർപ്പിക്കുമീ-
ത്തുച്ഛോപഹാരമിതംഗീകരിക്കണേ!
നിശ്ചയം കാലമേ, നിൻ കൃത്യമോർത്തുനീ
പശ്ചാത്തപിപ്പതിലില്ലെനിക്കദ്ഭുതം.
മൃത്യുവിങ്കൈപ്പടം പൊക്കി നീ മാച്ചിത-
ച്ചിത്രം-ചിതാഗ്നിയിൽക്കൂടിച്ചിരിച്ചു നീ!
വെൺചാമ്പൽ നോക്കി ഞെളിഞ്ഞു നീ, നിങ്ങളെ
വഞ്ചിച്ചുവെന്നേകഗർവസമ്പോർത്തിയാൽ;
കഷ്ട, മെന്നിട്ടു തലതിരിച്ചപ്പൊഴോ
ഞെട്ടി,യപ്പഞ്ചാസ്യഗർജ്ജനം കേൾക്കവേ,
പായേണ്ടിവന്നു നിനക്കിദം കൽപാന്ത-
മായിടുവോളം പിടികൊടുക്കാതിനി!
വന്നില്ലധൈര്യമടുക്കുവാനങ്ങതൻ
മുന്നിലെക്കത്യുഗമൃത്യുവിനും വിഭോ!
ലജ്ജയില്ലാതെപതുങ്ങിപ്പതുങ്ങിവ-
ന്നച്ചേവടിയറുത്തോടി, യെന്നിട്ടവൻ.
ഭീരുവിൻ ചിത്തത്തുടിപ്പന്നു കണ്ടതു
താരങ്ങൾ കാട്ടിത്തരുന്നതുണ്ടിപ്പൊഴും!
കാണാതെ നിർദ്ദയം ഛേദിച്ചുവെങ്കിലും
കാലുപിടിച്ചവനാണവ, നാകയാൽ,
പിന്നീടുമാപ്പുകൊടുത്തവനൊന്നിച്ചു
മന്നിതെന്നേക്കും വെടിഞ്ഞുപോയീ ഭവാൻ!
* സാഹിത്യപഞ്ചാനനൻ ശ്രീ പി.കെ.നാരായണപിള്ളയുടെ സ്മാരകമായിരചിച്ചത്.
ചൂഡാമണി / സിംഹപൂജ
ചങ്ങമ്പുഴ
വിശ്വഹൃദയം വികസിക്കുമാറങ്ങു
വിട്ടിട്ടുപോയൊരീ വിജ്ഞാനമുദ്രകൾ
ആയത്തമാക്കുവാനാരുമാശിക്കുമീ-
യായിരമായിരമുജ്ജ്വലരശ്മികൾ;
നിസ്തുലതത്ത്വമുകുളസഹസ്രങ്ങൾ
നിത്യം വിടരുമിച്ചിന്താസരിത്തുകൾ;
ഭാരതീദേവിതൻശ്രീകോവിലിൽ പ്രഭാ-
ധാരവർഷിക്കുമീ വാടാവിളക്കുകൾ-
നോക്കിനോക്കിക്കരംകൂപ്പിനിന്നങ്ങയെ
മേൽക്കുമേൽ പൂവിട്ടുവാസ്ത്തും പ്രതിഭകൾ!
ഡംഭാർന്നു ഭാഷാവനത്തിൽ വിമർശക-
കുംഭീന്ദ്രർ നേരിട്ടണയവേ നിർഭയം
മസ്തകം തല്ലിപ്പൊളിച്ചു, വെൺമുത്തുക-
ളെത്ര നീ വാരിയണിഞ്ഞില്ല സിംഹമേ!
ഊൽക്കിതപ്പാർന്നു നിന്നട്ടഹാസങ്ങൾ കേ-
ട്ടുത്തുംഗശൃംഗപരമ്പരപോലുമേ!
പ്രാണരക്ഷാർത്ഥം പറന്നുപലവഴി-
ക്കേണങ്ങ,ളാകെക്കുലുങ്ങീ വനതലം;
ആർക്കുസാധിക്കും മായ്ക്കാൻ, മറക്കുവാ-
നോർത്താൽ നടുങ്ങുമസ്സംഹാരതാണ്ഡവം!
മൃത്യുവെപ്പോലും വിറപ്പിച്ച സിംഹമേ,
നിത്യസ്തുതിയിൽ സമുല്ലസിപ്പൂ ഭവാൻ!
ഓരോ ശതാബ്ദവും നൽകുമുപഹാര-
ഹാരങ്ങൾ മേന്മേലണിഞ്ഞണിഞ്ഞങ്ങനെ
വിശ്വപ്രശംസതൻ വിദ്രുമവേദിയിൽ
വിശ്രമസൌഖ്യം നുകരൂ മഹാമതേ!
സ്വർഗ്ഗസ്ഥനാം ഭവൽ പാദയുഗ്മത്തിൽ മൽ-
സ്സ്വപ്നമർച്ചിക്കുമിക്കാട്ടുവെൺപൂവുകൾ
മംഗളാത്മൻ, ഭവാൻ, വാത്സല്യപൂർവ്വക-
മംഗീകരിച്ചിന്നനുഗഹിക്കേണമേ!
മാർച്ച് 1939
ചൂഡാമണി
ചങ്ങമ്പുഴ
യാത്രാമൊഴി
പോകു,സോദരീ, പോകു, നിന്നാത്മ-
ശോകബാഷ്പവുമായി നീ!
ഭഗ്നമോഹശതങ്ങളാൽ, ദു:ഖ-
മഗ്നമായ, നിൻ ജീവിതം-
നിഷ്ഫലപ്രേമബദ്ധമായ്, സ്വയം
തപ്തമായ നിൻ ജീവിതം;
വിണ്ടുവിണ്ടിദം വാടുമിക്കാഴ്ച
കണ്ടുനിൽക്കാനരുതു, മേ!
ഒട്ടുനാളോമനിച്ചൊരസ്വപ്ന-
മൊക്കെയും മറന്നേകയായ്
പോകു, സോദരി, പോകു, നിന്നാത്മ-
ശോകബാഷ്പവുമായി നീ!
മഞ്ഞണിഞ്ഞ നിലാവുവീശി,യാ-
മഞ്ജുഹേമന്തമെത്തുമ്പോൾ;
ഈ മരതകവാടിക, നവ-
കോമളിമകൾ ചാർത്തുമ്പോൾ;
ഇക്കുടിലിൽനിന്നുദ്ഗമിക്കുമൊ-
രുൾക്കളത്തിന്റെ ഗദ്ഗദം!
അത്രമാത്രം മധുരആമൊരു
നിസ്തുലാമലസൌഹൃദം
നമ്മളെച്ചേർത്തിണക്കിയെന്തിനോ
കർമ്മബന്ധത്തിൽ സോദരി!
നിശ്ചയം നീ മറക്കുകയില്ലി-
പ്പച്ചക്കാടും മലകളും;
ഭദ്രസംതൃപ്തി പാട്ടുപാടുമി-
ക്കൊച്ചുകർഷകഗഹവും;
എത്രനോക്കിലും സാദ്ധ്യമാകില്ല
വിസ്മരിക്കാൻ നിനക്കിനി.
കുന്നിൻചോടിലെക്കുഞ്ഞിപ്പൂഞ്ചോല-
യുമ്മവയ്ക്കുമിഗാമത്തെ
ത്വൽപ്രണയത്തിൻ പൊൻകിനാവുകൾ,
നൃത്തമാടുമിസ്വർഗ്ഗത്തെ;
നിന്മഹനീയത്യാഗത്തിൻ ദീപം
മിന്നുമീ മണിക്ഷേത്രത്തെ!
എങ്കിലും സഖി, പോകു, പോകു, നിൻ
സങ്കടാശ്രുവുമായി നീ!
ഇല്ലനിസ്വാർത്ഥനിർമ്മലപ്രേമ-
മില്ല ലോകത്തിലെങ്ങുമേ!
ചൂഡാമണി / യാത്രാമൊഴി
ചങ്ങമ്പുഴ
അത്രമേൽ മർത്ത്യർ ഭൌതികോന്മാദ-
സക്തരായിപ്പോയി സോദരി!
എങ്ങുമേകാണ്മൂ കാമകജ്ജളം
തിങ്ങും മാനസ തൃഷ്ണകൾ!
നാമവയ്ക്കു നിരർത്ഥമായ്, പ്രേമ-
നാമമേകി ഭ്രമിക്കയാം.
ഘോരമാമതിൻചാരെനിന്നയേ്യാ!
ദൂരെമാറി നിൽക്കണേ!
അള്ളിയള്ളിപ്പിടിച്ചതെന്നെന്നും
പൊള്ളിക്കും നിന്മനസ്സിനെ!
ദിവ്യരാഗത്തിൻ വേദനപോലും
നിർവൃതിയാണു സോദരീ!
സ്വർഗ്ഗലോകത്തിലാണതിനുള്ള
നിസ്തുലമാം പ്രതിഫലം.
ഉല്ലസിക്കുമതെന്നുമശ്ശവ-
ക്കല്ലറയ്ക്കുമതീതമായി!
ഇപ്രപഞ്ചം നിരാശകൊണ്ടു നിൻ
സ്വപ്നരംഗം മായ്ക്കിലും
വ്യാകുലപ്പെടാനില്ല, നിർമ്മല-
രാഗദീപികയായ നീ.
ശാന്തിനിന്നെയും കാത്തിരിക്കുന്നു
പൂന്തണലിലുറക്കുവാൻ.
മർത്ത്യനീതികൾ മുള്ളുപാകാത്ത
സത്യസാമ്രാജ്യവീഥിയിൽ.
ഈ മരീചികാമണ്ഡലത്തിന്റെ
സീമയുംകടന്നേകനായ്.
പോകുസോദരീ, പോകു, നിന്നാത്മ
ശോകബാഷ്പവുമായി നീ.
മുഗ്ദ്ധസംഗീതം പുഞ്ചിരിക്കൊള്ളും
ശുദ്ധമാനസവീണയും;
ധർമ്മലോലുപകർമ്മരശ്മികൾ
ചിന്നുമാദർശദീപവും;
വിസ്ഫുരൽത്യാഗശോഭവീശുന്നൊ-
രുജ്ജ്വലപ്രേമഹാരവും;
ഒത്തു തോളോടുതോളുരുമ്മിനി-
ന്നെത്തിനോക്കുന്നു ദേവകൾ,
സ്വച്ഛശന്തിയിൽ നിന്നുയരുമ-
കൊച്ചുപൊന്നിങ്കിനാവിനെ! ...
ചൂഡാമണി / യാത്രാമൊഴി
ചങ്ങമ്പുഴ
ഭാവന നമ്മെക്കാട്ടുമീ, സ്വർഗ്ഗ-
ഭൂവുമീവിശ്വരംഗവും
തമ്മിലുള്ളതെന്തന്തരം-സഖി
കർമ്മധീരയായ്ത്തീരു നീ!
അല്ലയെങ്കിലിതിൽ ജയം നേടാ-
നില്ലമറ്റൊരു മാർഗ്ഗവും.
ഞാനശുഭപ്രതീക്ഷകനെന്നു
നീ നിനച്ചേക്കാ,-മെങ്കിലും,
വഞ്ചനകളാണീയുലകിന്റെ
നെഞ്ചിടിപ്പുകൾ സോദരീ!
തീരെയാത്മാർത്ഥതയ്ക്കിവിടത്തിൽ
വേരുറയ്ക്കില്ലൊരിക്കലും.
ശുദ്ധിയേതും പരാജയത്തിന്റെ
വിത്തു മാത്രമാണോർക്കനീ!
അങ്ങതാനോക്കൂ പാതിരച്ചന്ദ്രൻ
പൊങ്ങുന്നുകുന്നിൻ പിന്നിലായ്
വേദനയിൽനിന്നുദ്ഭവിക്കുന്ന
വേണുസംഗീതം മാതിരി;
പാർത്തിരുന്നതാ പച്ചിലക്കാട്ടിൽ
പാട്ടുപാടുന്നു രാക്കുയിൽ.
ഏതിരുളും വെളിച്ചത്തിൽ ചെല്ലും
പാതയാണെന്ന രീതിയിൽ,
ഈ നിരാശതൻ കൂരിരുട്ടിന്റെ
കാനനങ്ങൾക്കുമപ്പുറം
ബാലികേ, നിന്റെ കണ്ണുനീരിന്റെ
ചോലകൾക്കൊക്കെയപ്പുറം;
സോദരി! നിൻ ഹൃദയദുസ്സഹ-
വേദനയ്ക്കെല്ലാമപ്പുറം
നൂനം കേൾക്കായ്വരും നിനക്കൊരു
വീണവായന-പോക നീ!
-ഒക്റ്റോബർ 1936.
ചൂഡാമണി
ചങ്ങമ്പുഴ
നൈരാശ്യത്തിൽ നിന്ന്
ലോകമേ വെറും ഭിക്ഷുവെപ്പോലെന്നെ-
"പ്പാക, പോക' യെന്നാട്ടിയോടിച്ചു നീ!
ഒന്നു വിശ്രമിച്ചീടുവാൻ കൂടിയും
തരുന്നതില്ലയെനിക്കു നീ സമ്മതം.
ജീവിതത്തിൻ തെരുവിലവശനാ-
യാ വെയിലത്തലഞ്ഞുനടന്നു ഞാൻ!
അന്തിമാരുണനായിരം രശ്മികൾ
ചിന്തി,യെന്നെത്തഴുകുന്നവേളയിൽ;
ചന്ദ്രലേഖ കിളർ, ന്നെന്റെ മേനിയിൽ
ചന്ദനച്ചാറു പൂശുന്നവാളയിൽ;
നീ കുശലം തിരക്കി വരുന്നുവോ
നീതിയില്ലാത്ത നിഷ്ഠൂരലോകമേ?
പോക പോ, കെനിക്കാവശ്യമില്ല, നീ-
യേകുവാൻ നീട്ടു, മിക്കീർത്തിമുദ്രകൾ!
-ഡിസംബർ, 1939
ചൂഡാമണി
ചങ്ങമ്പുഴ
വിലാസ ലഹരി
കാമുകപ്രതീക്ഷപുഴവക്കിൽ നിന്നെയും കാത്തുകാത്തി-ഏകാന്തനായിക
പ്പുളകദഹേമന്തചന്ദ്രികയിൽ,
മുഴുകിയിരിക്കുന്നോരെന്നെ നോക്കി
മുഴുമതിനിന്നു പരിഹസിച്ചു.
ഇതുവരെപ്പാടിയ രാക്കുയിലു-
മിണയൊത്തു കൂട്ടിലുറക്കമായി!
ഒരു നവശാന്തി വിടർത്തിയോര-
ച്ചിറകിനടിയിലൊതുങ്ങി കോകം.
ഉയരുന്ന മന്മനസ്പന്ദമല്ലാ-
തുലകിലില്ലന്യനിനദമൊന്നും!
ഇനിയുമെന്താണിദം താമസിപ്പ-
തിടറുന്നിതെൻ പദമെന്തുകൊണ്ടോ!
കനിവിന്റെ കാതലേ, കഷ്ടമെന്നെ-
യിനിയും നിരാശപ്പെടുത്തരുതേ!
കാമുകന്മാരുമായൊത്തുകൂടി-
ക്കാനനച്ചോലയിൽ നീന്തി നീന്തി,
കാമദോന്മാദങ്ങളാസ്വദിപ്പൂ
കാതര ഗാമീണ കാമിനികാർ;
ചിന്താവിവശയായ് മാറിനിൽപ-
തെന്താണജപാലബാലികേ, നീ!
ഇന്ദീവരത്തിങ്കലത്തുഷാര-
ബിന്ദുക്കൾപോലെ നിൻ കണ്ണിണയിൽ
പിന്നെയും പിന്നെയും ശോകബാഷ്പം
ചിന്നിപ്പൊടിയുവാനെന്തു മൂലം?
ഈ വസന്തോത്സവവേളകളിൽ
നീ വിഷാദിക്കുന്നതെന്തു ബാലേ?
സുന്ദരസൂനസമൃദ്ധികളിൽ
മന്ദഹസിക്കുന്നു വല്ലരികൾ!
പ്രേമത്തിൻ തങ്കക്കിനാക്കൾ കണ്ടു
കോൾമയിർക്കൊള്ളുന്നു പൂന്തൊടികൾ!
ഈ നീലക്കാടു പുതച്ചകുന്നു-
മാനന്ദമൂകയായുല്ലസിപ്പു!
നീമാത്രം, നീമാത്രം, ദൂരെമാറി
നീറും മനസ്സുമായ് നിൽപതെന്തേ?
ചൂഡാമണി / വിലാസ ലഹരി
ചങ്ങമ്പുഴ
താമരപ്പൊയ്കയിൽ
രവികിരണപാളികളാടിയാടി-
പ്പവിഴരുചിയെമ്പാടും വീശിവീശി,
അലയിളകും താമരപ്പൊയ്കയിൽ വ-
ന്നയി സഖി, നിൻ പൂവൽമെയ് പുൽകിനിൽപു!
കുളിരുവരും നീരിലിറങ്ങി നീന്തി-
ക്കുളികഴിയും നേരം നിന്നംഗകാന്തി
നുകരുവതിനായിത്തിരക്കുകൂട്ടി
നുരികളതാ കണ്ണും മിഴിച്ചു നിൽപു1
തനുലതയിന്നലെപ്പൂവിരിച്ച
തരളതരാശ്ലേഷങ്ങളാകമാനം,
തെളിമയെഴും നീരിലലിഞ്ഞമൂലം
പുളകിതമായ്ത്തീർന്നിതിപ്പൊയ്കപോലും!
അതിനു നിജചിത്തത്തിലങ്കുരിച്ചോ-
രതിമധുര വിന്തകളെന്നപോലെ,
കവനമയകാന്തികലർന്നു കാണ്മൂ
നവനളിനകോമളകോരകങ്ങൾ!
-മേയ് 1936.
ചൂഡാമണി
ചങ്ങമ്പുഴ
വിഷാദത്തിന്റെ വിരിമാറിൽ
ദിനാന്തചിന്തഅങ്ങതാദൂരെപ്പടിഞ്ഞാറു ചെന്നെത്തി
മങ്ങിപ്പൊലിഞ്ഞു മറഞ്ഞിടുന്നെൻ പകൽ.
ദു:ഖം മനസ്സിലെന്നോണം, പരക്കുന്നു
ചക്രവാളത്തിൽ മുഴുവനും കൂരിരുൾ.
ഞാനെന്നപോലീ പ്രപഞ്ചവും നിശ്ചല-
ദ്ധ്യാനനിമഗ്നമായ് നിൽക്കയാണെന്തിനോ!
എത്രകണ്ണീരാൽ നനച്ചുവളർക്കിലു-
മൊറ്റത്തളിരും പൊടിക്കാത്തൊരാശയും;
ചിന്താശതങ്ങളാലോരോ നിമേഷവും
നൊന്തുനൊന്തേങ്ങിക്കരയും ഹൃദയവും;
കാണുന്നതെല്ലാം നിഴലും നിരാശയും
കാണേണ്ടതെല്ലാം വെളിച്ചവും ശാന്തിയും;
-എന്തിതോ ജീവിതം?-വേണ്ട വേണ്ടെന്ന, യെൻ
ചിന്തേ, വിടൂ, വിടൂ, പൊള്ളുന്നു, പോട്ടെഞാൻ!
വാടുവാനുള്ളൊരിപ്പൂവിലും കാണ്മു, ഹാ
വാസനാജന്യമാം മന്ദസ്മിതാങ്കുരം.
എങ്കിലുമച്ചെറു പുഞ്ചിരിക്കുള്ളിലും
തങ്കുന്നിതേതോ കരയാത്തസങ്കടം
നിശ്ശബ്ദദു:ഖ,മതാണു മറ്റെന്തിലും
ദുസ്സഹം-അയ്യോ, ചിരിക്കുന്ന സങ്കടം!
നാമറിയുന്നതില്ലെന്നുമാത്രം-ദീപ-
നാളത്തിനുള്ളിലും തെല്ലിരുൾ കണ്ടിടാം.
കത്തിജ്വലിക്കുമതിങ്കൽനി,ന്നല്ലെങ്കി-
ലെത്തുമോധൂമം? - വിഷാദാസ്പദം സുഖം!
ഞാനും ചിരിക്കാം - പ്രപഞ്ചമറിയാതെ
വേണം ദഹിക്കാനെരിഞ്ഞെരിഞ്ഞെന്മനം.
കാട്ടാറിനെപ്പോൽ കരയാതെ, മേലി, ല-
ക്കൂട്ടിലെപ്പക്ഷിയെപ്പോലെ പാടട്ടെ ഞാൻ!
അന്നെന്നെ ലോകം പുകഴ്ത്തിടും-"സ്വർഗ്ഗത്തിൽ
നിന്നിങ്ങണഞ്ഞോരു ഗന്ധർവനാണവൻ!
എന്തു ഗാനങ്ങൾ, മധുരങ്ങൾ, മാദക-
മുന്തിരിച്ചാറുകൾ, തേന്തെളിച്ചാലുകൾ!"
കഷ്ട, മെൻ ലോകമേ; വേണ്ടെനിക്കത്തര-
മർത്ഥമില്ലാത്തതാം, നിൻ കീർത്തിമുദ്രകൾ!
നിന്നെയെള്ളോളം ഭയമില്ലെനിക്കു, നിൻ
മുന്നിലിക്കണ്ണീർക്കണങ്ങളർപ്പിക്കുവാൻ,
ചൂഡാമണി / വിഷാദത്തിന്റെ വിരിമാറിൽ
ചങ്ങമ്പുഴ
നിന്നഭിപ്രായഹിതങ്ങളെ നോക്കിയ-
ല്ലെന്മനം വർഷിപ്പതുല്ലസൽസ്പന്ദനം!
ഗാനങ്ങളെക്കാൾ മധുരമാം നിർവൃതി-
യാണെനിക്കേകുന്നതീയാത്മരോദനം!
നിൻ നെറ്റിയെത്ര ചുളിഞ്ഞാൽ ചുളിയട്ടെ
കണ്ണുനീർച്ചോലയിൽത്തന്നെ ഞാൻ മേലിലും,
ഈവിധം തോണി തുഴഞ്ഞുപോകും സ്വയം
ഭാവിയിലേക്കെന്റെ സങ്കേതമെത്തുവാൻ.
ആ മയൂഖങ്ങൾ, പുളകങ്ങൾ, പുഷ്പങ്ങൾ
ഹേമപ്രഭകൾ-വിലാസലഹരികൾ
എല്ലാം കഴിഞ്ഞു, മറഞ്ഞു സമസ്തവു-
മില്ലിനിക്കിട്ടില്ലവയിലൊന്നെങ്കിലും!
ശോകവും, ചുറ്റുമിരുട്ടും, നിരാശയു-
മേകാന്തതയുമെനിക്കിതാ ബാക്കിയായ്!
ഭൂമിയണിഞ്ഞുകഴിഞ്ഞു, തണുത്തതാ-
മാ, മരണംപോ,ലൊരാനനാച്ഛാദനം!
വിസ്മൃതി!-യാ വാക്കുതന്നെ, യേതോ, നേർത്ത
ദു:ഖമണിയൊലിപോലെ തോന്നുന്നു മേ!
ഹാ, വിസ്മൃതിയിൽ, ശവക്കല്ലറയ്ക്കക-
ത്തീ വിശ്വവും ഞാനുമൊന്നിച്ചടികയായ്!
എങ്ങുമിരുട്ടാ, ണവസാനമില്ലാതെ
തിങ്ങിപ്പടരുമിരുട്ടാണു ചുറ്റിലും!
അയ്യോ, വെളിച്ചം! വെളിച്ചം വെളിച്ചമേ!
വയ്യെനി,ക്കെന്നെത്തലോടൂ, വെളിച്ചമേ!
-ഏപ്രിൽ, 1935
ചൂഡാമണി
ചങ്ങമ്പുഴ
ആശങ്ക
പവിഴപ്പൊടി തേച്ച ചക്രവാളം
പകലിനെയെങ്ങോ പറഞ്ഞയയ്ക്കേ;
സുലളിതസുസ്മിതലോലുപനായ്
ശരബിന്ദുലേഖ കിഴക്കുദിക്കേ;
കനകനക്ഷത്രങ്ങൾ നീലവാനം
കതിരണിപ്പട്ടിലലങ്കരിക്കേ;
ചിരിയടക്കിക്കൊണ്ടവിടവിടെ-
ച്ചിലവെൾലിമേഖങ്ങളുല്ലസികേ;
അലരണിവാടിയിലെന്തിനോ ഞാ-
നലസമലയുകയായിരുന്നു.
കമനീയസ്വപ്നമെനിക്കുനൽകും
കവനവിലാസിനിയെങ്ങുപോയി?
ഗുണവതിയാമവൾക്കെന്നോടുള്ള
പ്രണയകലഹം നിലച്ചില്ലെന്നോ?
ശിഥിലഹൃദയനായിപ്രകാരം
സുഭഗ, ഞാൻ വാഴണമെത്ര കാലം?
ഇതുവരെയേറെനാളോമലേ, ഞാ-
നിരുളിലിരുന്നു ഭജിച്ചു നിന്നെ!
മണിമേഘത്തേരിൽ നീയേറിവന്നീ
മലർവാടിക്കുള്ളിലിരിക്കുമെന്നായ്
കരുതിയിങ്ങെത്തി ഞാൻ;-കഷ്ടമിന്നെൻ
വിഫലജിജ്ഞാസകൊണ്ടെന്തു കാര്യം?
പരിചിൽ തഴച്ചുപടർന്നാലുമെ-
ന്നഭിലാഷപ്പൂവല്ലി പൂക്കുകില്ലേ?
-ഫെബ്രുവരി 1934
ചൂഡാമണി
ചങ്ങമ്പുഴ
പിന്നത്തെ സന്ധ്യയിൽ
വൃദ്ധയാം വാസരമന്തിമസന്ധ്യതൻ
മുഗ്ദ്ധമുഖം മുകർന്നെങ്ങോ മറയവേ;
നാണം കുണുങ്ങുന്ന നാലഞ്ചു താരകൾ
വാനിങ്കലങ്ങിങ്ങൊളിച്ചുനിന്നീടവേ;
അന്തിമാരിത്തുടുമലർത്തൂമുഖം
പൊന്തിച്ചു ചുംബിച്ചിളങ്കാറ്റു പോകവേ;
കല്യാണകാരൻ കലേശന്റെ പാൽക്കതിർ-
ക്കല്ലോലമെങ്ങും തുളുമ്പിപ്പരക്കവേ;
പ്രേമവിവശയായ് പാർശ്വത്തിൽ മേവുന്ന
മാമകസ്വപ്നത്തൊടാമന്ദമോതി ഞാൻ:
"മാകന്ദഗന്ധം പരന്നൊരിപ്പൂതോപ്പി-
ലാകമ്രകാന്തി വഴിഞ്ഞൊരിസ്സന്ധ്യയിൽ,
ഏകഹൃദന്തരായ് നിൽക്കുന്നിതാ നമ്മൾ
ലോകരഹസ്യമറിയാത്ത രണ്ടുപേർ!
കാനനാന്തത്തിങ്കലങ്ങിങ്ങെവിടെയോ
വാണതാം രണ്ടു വിടർന്ന വെൺപൂക്കളെ
ചേലിലൊരുദിക്കിലൊന്നിച്ചുചേർക്കുന്നു
ഖേലനലോലനാം ബാലസമീരണൻ!
നിർമ്മലപ്രേമോപഹാരമൊരിക്കലും
നിർമ്മാല്യമാല്യമായ്ത്തീരുകില്ലോമനേ!
ഗംഗാജലത്തിനെക്കാളും പവിത്രമീ
മംഗല്യകക്കുറി മിന്നുന്ന ഫാലകം,
നാരിതൻ ജന്മം പുലർമഞ്ഞണിഞ്ഞ, ചെ-
ന്താരിനെപ്പോലതിപാവനം, മോഹനം!
നിസ്തുലമാകും നിരഘതാരുണ്യമേ,
നിഷ്ക്കളങ്കത്വമെന്നോതുന്നു നിന്നെ ഞാൻ!
പത്നീപദത്തെപ്പരിപൂതമാക്കുന്ന
രത്നമേ, നിന്നെ ലഭിച്ചഞാൻ ഭാഗ്യവാൻ!
ലജ്ജാമധുരമാമീ മുഖത്തിങ്കലെൻ
മുജ്ജന്മപുണ്യം നിഴലിച്ചുകാണ്മു ഞാൻ!
ദാമ്പത്യവാടി നാം സഞ്ചിതസൽപ്രേമ-
സമ്പത്തുകൊണ്ടു സമുല്ലസത്താക്കുകിൽ,
ആയതിൽമീതെയായില്ലൊരു നാകവു-
മായത്തമാകുവാൻ നമ്മൾക്കൊരിക്കലും.
ചൂഡാമണി / പിന്നത്തെ സന്ധ്യയിൽ
ചങ്ങമ്പുഴ
ഇക്കരിങ്കൂവളപ്പൂവെതിർക്കൺമുന-
യ്ക്കുൾക്കളം മാമകമിന്നലം ദുർബ്ബലം!
മന്നിലെജ്ജീവിതമന്നും, മധുവിധു-
തന്നെയായ്ത്തീർക്കാൻ കഴിഞ്ഞെങ്കിലോമലേ!
ഇല്ലാത്ത നാകത്തിനായ്ക്കൊണ്ടു, വായുവി-
ലില്ലിനിമേലിൽ ഞാൻ കോട്ടകൾ കെട്ടുവാൻ!
അർത്ഥമില്ലാത്ത രണ്ടക്ഷരമാണതു.
വ്യർത്ഥമായുത്തമേ, യുച്ചരിക്കായ്ക നാം
വിണ്ണിനായ് മന്നിനെ സന്ത്യജിച്ചീടാതെ
മന്നിൽ നമുക്കു വരുത്തിറ്റാമ്മ് വിണ്ണിനെ!
ഇപ്പൂങ്കവിളിൽ പരക്കും ചുവപ്പൽപ-
മൊപ്പിയെടുക്കിലോ മൽത്തളിർച്ചുണ്ടുകൾ!...
പൊൽത്താരകങ്ങളെച്ചുംബിപ്പു നിരദ-
മുത്തുംഗശൈലം മുകരുന്നു വാനിനെ!
തമ്മിൽത്തഴുകിത്തളർന്നു തടിനിയിൽ
നർമ്മസലാപം നടത്തുന്നു വീചികൾ!
മായാത്തതാം രാഗമാഹാത്മ്യമല്ലല്ലി
മായാപ്രപഞ്ചം പഠിപ്പിച്ചു നമ്മളെ?
നിർമ്മലപ്രേമമേ, ഞങ്ങളിരുവരും
നിമ്നരാകാവു നിൻ നിർവ്വാണസിന്ധുവിൽ!
-ഫെബ്രുവരി, 1934.
ചൂഡാമണി
ചങ്ങമ്പുഴ
ആത്മഗീതം
നിയതിയാം നിമ്നഗതൻ കരയിൽ
നിമിഷ നീർപ്പോളകളെണ്ണിയെണ്ണി
നിരുപമാകാര, ഞാൻ നിന്നെ നോക്കി
നിരവധി നാളുകൾ പാഴിലാക്കി!
അനുരാഗലോലയാമെന്നെയെത്ര
കനകപ്രഭാതങ്ങൾ വന്നു പുൽകി!
അനഘസായാഹ്നങ്ങളെത്രയെന്നി-
ലനുകമ്പതൂകിപ്പിരിഞ്ഞുപോയി!
അവരാരുമോർത്തില്ല, മൽപ്രണയ-
മടവിയിൽവീഴും നിലാവല്ലെന്നായ്.
രജതദീപങ്ങൾ കൊളുത്തിയെത്തി
രജനികളെൻ മുന്നിൽ നൃത്തമാടി,
അവശഞാ, നൽപമൊന്നാശ്വസിക്കാ-
നവരെല്ലാമേറെ ശ്രമിച്ചുനോക്കി.
സുലളിതഗാത്ര, നിൻ മാർത്തടത്തിൽ
തലചാച്ചുറങ്ങുവാനാകുമെങ്കിൽ
പരിപൂർണ്ണ ശാന്തി ലഭിക്കുമെന്ന
പരമാർത്ഥം, ഞാനല്ലാതാരറിയും?
മൃദുലസങ്കൽപസുമങ്ങളാലേ
ഹൃദയേശ, ഞാനോരോ മാലകെട്ടി,
മിഴിനീരിൽ മുക്കി നിനക്കുനിത്യം
തൊഴുകൈയോടർപ്പണം ചെയ്തുനിൽക്കേ
പരമാനന്ദാബ്ധിക്കടിയിലോളം
തെരുതെരെ ഞാനിതാ താഴുന്നല്ലോ!
അറിയാറില്ലപ്പൊഴുതൽപവു, മെൻ
മുറിവുകളേകിടും വേദന ഞാൻ.
നിഴലും വെളിച്ചവും മാറിമാറി
നിഴലിക്കും ജീവിതദർപ്പണം, നീ,
സദയം തിരിച്ചൊന്നു വാങ്ങുമെങ്കിൽ
മുദിതയായ് പിന്നെ ഞാൻ വാണുകൊള്ളാം!
ഇതു ഭദ്രമിത്രനാൾ കാത്തതിനെൻ
പ്രതിഫലം നിൻ മൃദുമന്ദഹാസം.
പരിപൂർണ്ണതയിലേക്കാത്തമോദം
വിരമിക്കാൻ, വെമ്പിഞാൻ നിൽപൂ നാഥ!
വെടിയല്ലേ നീയെന്നെ;-ഞാനിതിന്നായ്
ചുടുകണ്ണീരെത്രനാൾ തൂകിയില്ല!
ചൂഡാമണി / ആത്മഗീതം
ചങ്ങമ്പുഴ
അനവദ്യസൌന്ദര്യധാരമേ, നി-
ന്നനുരാഗം കീർത്തിപ്പാനുത്സുകയായ്,
തരള ഞാനോരോ തണലുതേടി
മുരളിയുമേന്തിയലഞ്ഞുപോയി.
തരിവളച്ചാർത്തു കിലുങ്ങിക്കേൽക്കെ-
ത്തവ തോളിൽ കൈകോർത്തുനിന്നിനി ഞാൻ,
ഭുവനരഹസ്യങ്ങളോരോന്നായ് നിൻ
ചെവിയിൽ പറഞ്ഞു കരഞ്ഞിടട്ടേ!
ഒരു പഞ്ജരത്തിനകത്തുപെട്ടു
ചിറകടിച്ചാർത്തിടും പക്ഷിയേപ്പോൽ
പരതന്ത്ര ഞാനേറെ വീർപ്പുമുട്ടി
പരവശയായിക്കഴിച്ചുകൂട്ടി.
മണിമേഘമാലകൾ നീലവാനിൽ
മഴവില്ലിൻ ചുംബനമേറ്റുനിൽക്കേ;
കരഗതമാകാത്തൊരെന്തിനോ, ഞാൻ
കരൾ തകർന്നാശ്വസിച്ചു നിശ്വസിച്ചു.
മധുകരാലാപപ്രശംസിനിയായ്
മധുമാസസുന്ദരി വന്നനാളിൽ,
നിരഘചൈതന്യമേ, നിൻ കുശലം
ഭരിതജിഞാസം തിരക്കി ഞാനും!
ഒരു കൊച്ചുപൂമ്പാറ്റപൊങ്ങിപ്പൊങ്ങി-
സ്സുരപഥസൂനങ്ങളുമ്മവെയ്ക്കിൽ,
ശരി; നിൻ മടിയിലിരുന്നു പാടാൻ
തരമാകുമെന്നു, ഞാൻ വിശ്വസിച്ചു.
കനിവിന്നുറവേ, നീയിങ്ങുവന്നെൻ
കരപുടം ചുംബിച്ചു നിൽക്കുകെന്നോ!
കളിയല്ലിതെങ്ങനെ, നാഥ, ഞാനി-
പ്പുളകോദ്ഗമത്തെത്തടഞ്ഞുനിർത്തും?
മഹനീയ ശാന്തിതൻ പൊൻകതിരേ,
മമ ഭാഗധേയ വിലാസവായ്പ്പേ!
മരുഭൂവാമീലോകജീവിതത്തിൻ
മസൃണമധുരസശാദ്വലമേ!
മരണമേ!-നിന്നെ, ഞാനിത്രനാളു-
മിരുളിലിരുന്നു ഭജിച്ചിരുന്നു.
-നവംബർ, 1933
ചൂഡാമണി
ചങ്ങമ്പുഴ
പണ്ടത്തെ തോഴി
ഏകാന്തതേ, നിൻ വിടർന്ന മുഖത്തുനി-
ന്നേതോ സുഗന്ധമന്നാദ്യമായെത്തവേ;
കോമളമാകുമൊരത്യനുഭൂതിയിൽ
കോൾമയിർക്കൊണ്ടിതെന്നാത്മാവുപോലുമേ!
പാപക്കറപിടിച്ചേറെപ്പരുത്തോരെൻ
പാണികൾ നിൻ കൈത്തളിരിൽ ഗഹിച്ചു, നീ,
സല്ലീല, മോമലേ, സാമോദ, മെന്നോടു
സല്ലപിച്ചീലെത്ര സായന്തനങ്ങളിൽ?
മിന്നിവിടർന്ന മധുരപ്രതീക്ഷകൾ
മണ്ണിലൊന്നൊന്നായടർന്നുവീണങ്ങനെ;
കാല, മിരിക്കാൻ നമുക്കൊരുക്കിത്തന്നു
കാമദമാമൊരു പുഷ്പശയ്യാതലം!
നഷ്ടസൌഭാഗ്യസ്മൃതിയാൽ പലപ്പൊഴും
പൊട്ടിക്കരഞ്ഞു നിൻ ചാരത്തിരുന്നു ഞാൻ.
അപ്പൊഴെല്ലാ, മത്യുദാരമെൻ കണ്ണുനീ-
രൊപ്പിയൊപ്പി, സ്വയം, സാന്ത്വനിപ്പിച്ചു നീ!
പ്രാണനെക്കാളും പ്രിയപ്പെട്ട നിന്നൊ, ടെൻ
പ്രാണരഹസ്യങ്ങൾപോലും, പറഞ്ഞു ഞാൻ.
മച്ചിത്തവൃത്തിതൻ ശുദ്ധി കണ്ടി, ട്ടിളം-
പിച്ചകപ്പൂപോലെ, പുഞ്ചിരിക്കൊണ്ടു നീ;
നീചവികാരങ്ങളെന്നിൽ കിളരുകിൽ
നീരസപ്പെട്ടു മുഖം കറുപ്പിച്ചു നീ;
ഞാനങ്ങു പുൽകാനണഞ്ഞാൽ, പൊടുന്നനെ
നാണംകുണുങ്ങിപിടഞ്ഞേറ്റകന്നു നീ
പിന്മടങ്ങുമ്പോൾ നിരാശനായ്ഞാ,നെന്റെ
പിന്നാലെവന്നുടൻ കെട്ടിപ്പിടിച്ചു നീ;-
ഓതാവതല്ലെനി,ക്കേതോ നിരഘമാ-
മോടക്കുഴലായിരുന്നു നീ, യോമനേ!
നിന്നിൽ നിന്നൂറിയ നിശ്ശബ്ദസംഗീത-
നിർമ്മലപീയൂഷനിർഝരവീചികൾ
മാറിമാറി, സ്വയം, താലോലമാടി, യെൻ
മാലാണ്ട മാനസപ്പൊൻകളിത്തോണിയെ,
കൊണ്ടുപോകാറു, ണ്ടനുപമകൽപക-
ച്ചെണ്ടിട്ടൊരേതോ വനിയിലേ, ക്കെന്തിനോ!
ചൂഡാമണി / പണ്ടത്തെ തോഴി
ചങ്ങമ്പുഴ
ഫുല്ലപ്രമാദപ്രസന്നേ, മരിപ്പോള-
മില്ല, ഞാൻ നിന്നെ മറക്കില്ലൊരിക്കലും!
ശങ്കിച്ചിടായ്കെന്നെ ലേശവും, നിന്നെ, യെൻ
സങ്കൽപ,മെന്നും പുണർന്നോമനിച്ചിടും!
കൊച്ചുപൂമ്പാറ്റതൻ പിന്നാലെ, വെമ്പി ഞാൻ
പിച്ചവെച്ചാദ്യം നടന്നനാൾതൊട്ടിദം
ഇന്നോള,മെന്നെപ്പിരിയാ,തരികത്തു
നിന്നവളാ,ണെൻ കളിത്തോഴിയായി, നീ!
ആനന്ദരംഗങ്ങളെലാം, മറക്കിലു-
മാ നന്ദിയെന്നും തുളുമ്പുമെൻ പ്രാണനിൽ!
ഇന്നു ഞാ,നായിരം ജോലിത്തിരക്കിനാ-
ലൊന്നിനുമൊട്ടും സമയമില്ലാത്തവൻ-
അഭ്യുദയത്തിന്റെ വാതിൽക്കലെത്തുവാൻ
മൽപ്രയത്നത്താൽ വഴിതെളിക്കേണ്ടവൻ.
മുന്നേക്കണക്കെനിക്കിപ്പൊഴും, നിന്നടു-
ത്തൊന്നിച്ചിരുന്നാൽ മതിയോ, മനോരമേ?
നിന്നെപ്പിരിഞ്ഞിദം പോവ,തുലകിലെൻ
വെന്നിക്കൊടികൾ പറത്തുവാനാണു ഞാൻ!
ഇത്രനാൾ പാഴിൽക്കളഞ്ഞി,തൊരുവെറും
സ്വപ്നത്തി,ലെന്റെ നിലയറിയാതെ ഞാൻ.
ഇന്നു ഞാൻ കണ്ണുതുറന്നു; നീ മാറാതെ
മിന്നുകില്ലെന്റെ പുരോഗതിപ്പാതകൾ!
കിട്ടുമിസ്ഥാനത്തൊരായിരംപേരെ, നിൻ
പട്ടുടൽ പുൽകാൻ നിനക്കു വേണ്ടുന്നവർ.
ഈ വിയോഗത്തിലൊരുൽക്കടസങ്കടം
ഭാവിക്കുവാനെന്തിനുദ്യമിക്കുന്നു നീ?
ലജ്ജയില്ലാത്ത നിൻ ചേഷ്ടകണ്ടെൻ മുഖ-
ത്തുദ്ഭവിക്കുന്നു പരിഹാസസുസ്മിതം!
നിന്നൊടിന്നോളം പിണങ്ങിയിട്ടില്ല ഞാൻ
നിന്നോടു മേലും പിണങ്ങുകയില്ല തോഴി.
മോഹനേ, നമ്മുടെ വേർപാടിതെൻ വെറും
സ്നേഹമില്ലായ്കയായെണ്ണായ്ക മേലിൽ നീ!
പൊയ്പ്പോയനാളുകൾ നൽകിയോരുജ്ജ്വല-
സ്വപ്നാനുഭൂതികൾ മാത്രമോർത്തെങ്കിലും
വിട്ടുപിരിയാൻ വിടതരൂ!-വന്നിതാ
കർത്തവ്യമെന്നെ വിളിക്കുന്നു-പോട്ടെ ഞാൻ!
വിസ്മരിക്കില്ല ഞാൻ നീയെനിക്കേകിയ
വിസ്മയനീയവിവിധാനുഭൂതികൾ!
എന്നും കൃതജ്ഞനിത്തോഴൻ!-മറന്നേക്കു-
കെന്നെ!-ഞാൻ പോട്ടെ!-മടങ്ങുകേകാന്തതേ!
-നവംബർ, 1937
ചൂഡാമണി
ചങ്ങമ്പുഴ
മദിരോത്സവം
പ്രേമസുരഭിലങ്ങൾ, മാമകരഹസ്യങ്ങൾ
ഓമലേ, നിന്നോടു ഞാനോതിയില്ലേ?
അന്നവ സമസ്തവും കേട്ടുകേട്ടകം കുളുർ-
ത്തെന്നെ നീ ചുംബനത്തിൽ പൊതിഞ്ഞതില്ലേ?
എൻ ചുരുൾച്ചെറുമുടി കോതിയും തടവിയും
പുഞ്ചിരിപൊഴിച്ചു നീയിരുന്നിരുന്നു;
വെണ്മലർവിരിപ്പണിമെത്തയി, ലാത്തഹർഷം
നിന്മടിത്തട്ടിൽ ഞാൻ കിടന്നിരുന്നു;
നാണത്താലിടയ്ക്കിടെക്കോമളശോണിമ, നിൻ
ചേണഞ്ചും പൂങ്കവിളിൽ പരന്നിരുന്നു;
അല്ലണിവേണിയിൽ നീ ചൂടിയ മുല്ല മാല്യ-
മുല്ലസൽപരിമാം പകർന്നിരുന്നു;
ജാലകമാർഗ്ഗമെത്തും പൂനിലാവകത്തൊക്കെ-
ച്ചേലേലും നിഴലുകൾ ചേർത്തിരുന്നു;
ദൂരത്തു നീലവാനിൽ മിന്നിയ താരക-
ളാ രാവിൽ, നമ്മെ നോക്കിച്ചിരിച്ചിരുന്നു;
നിന്നോരോ ചലനവും, നിന്നോരോ വചനവും
എന്നിലൊരാത്മഹർഷം പൊഴിച്ചിരുന്നു;
ആയിരം വികാരങ്ങളായിരം വിചാരങ്ങ-
ളായിരം വിസ്മയങ്ങ,ളോറ്റിയെത്തി;
മാമകഹൃദയത്തിലാനന്ദമർച്ചകത്തേൻ
പൂമഴവാരിക്കോരിച്ചൊരിഞ്ഞിരുന്നു.
എന്തിനു, നീയും ഞാനും രണ്ടു പൂമ്പാറ്റകൾപോ-
ലന്തരീക്ഷത്തിൽ പാറിപ്പറന്നിരുന്നു;-
ആരംഗം-പുളകത്തിൻ പൊൻകിനാവുകൾ പൂത്തോ-
രാ രംഗം-നിർവൃതിതൻ നടനരംഗ്ഗം,
ആരെന്തുപറഞ്ഞാലു, മാ രംഗം മറക്കുവാ-
നാവുകില്ലെനിക്കിനിയോമലാളേ!
ജീവിതമൊരു വെറും സ്വപ്നമാണെങ്കി,ലാട്ടേ
നീ വിഷാദിച്ചീടായ്കെൻ ജീവനാഥേ!
നാളെ നാം പിരിഞ്ഞയ്യോ പോമെന്നോ?-പോട്ടെ!-പോകാം!
ചൂഡാമണി / മദിരോത്സവം
ചങ്ങമ്പുഴ
നാമതു തടുക്കുവാൻ പ്രാപ്തരാണോ?
ഇന്നത്തെ വസന്തത്തിലിന്നത്തെപ്പനീർപ്പൂക്ക-
ളൊന്നൊന്നായ് പറിക്ക നാമിന്നുതന്നെ!
നാളെയുമിന്നലെയുംകൊണ്ടെന്തുകാര്യം-പോട്ടെ
നാമിന്നു നേടിയെങ്കിൽ നേടിയോർ നാം!
ആത്തനീരസം നമ്മെ ലോകമവഗണിക്കാം
ആത്മവേദാന്തം നമ്മെ അപഹസിക്കാം.
എന്നാലും നമുക്കെന്തു വന്നിടാൻ-തൃണപ്രായ-
മിന്നവ നിരസിക്കൂ, നിർവിശങ്കം!
ലോകത്തെ വെല്ലുവിളിച്ചോതും ഞാൻ, "മൂഢന്മാരേ!
ഹാ കഷ്ടം, നിങ്ങൾ തെറ്റിദ്ധരിച്ചുപോയി.
എന്നോളമുചിതജ്ഞ,നെന്നോളമൊരു വിജ്ഞ-
നിന്നോളമുണ്ടായിട്ടില്ലുലകിലെങ്ങും.
ഞാനഭിമാനിക്കുന്നു, നിങ്ങളെക്കാളടുപ്പ-
മാനന്ദത്തോടെനിക്കാണെന്തുകൊണ്ടും.
കല്ലിനെ ദൈവമാക്കിക്കൈകൂപ്പി, മതത്തിന്റെ
തലുകൊണ്ടമരുവോനലല്ലോ ഞാൻ!
കോവിലിൽ കണികാണാത്താനന്ദമിരിപ്പുണ്ടി-
ത്തൂവെള്ളിച്ചെമ്മുന്തിരിച്ചഷകത്തിങ്കൽ.
ഭ്രാന്തനായെന്നെയെണ്ണും നിങ്ങളാണെന്നാൽ വെറും
ഭ്രാന്തന്മാർ!-കഷ്ടം, നിങ്ങളെന്തറിഞ്ഞു!
നാളെ നേടിടാമെന്നോർത്തിന്നത്തെസ്സുഖം, നിങ്ങൾ
പാഴാക്കിക്കളഞ്ഞല്ലോ!-കഷ്ടമായി!
ഇന്നുമില്ലി,ല്ല തെല്ലും നാളെയും, വെറുംകൈയോ-
ടിമ്മട്ടിൽ ചെന്നു നിങ്ങൾ മണ്ണടിയും.
ആഴക്കു ചാമ്പൽമാത്രം നിങ്ങളും ഞാനും, പക്ഷേ,
പാഴാക്കിയില്ലെനിക്കെന്റെ സുഖത്തിലൊന്നും.
കർമ്മപ്രപഞ്ചംനമ്മെയൊന്നുപോൽപോറ്റിയെന്നാൽ
നമ്മളിൽ വിജയമിന്നാരു നേടി?
'മായികം, മായികം!' ഹാ, മാഴ്കുവിൻ നിങ്ങൾ നിത്യം
'മാധുര്യം, മാധുര്യം'- ഞാൻ മദിച്ചുപാടും!
പ്രാണനിലെനിക്കെന്നും രോമാഞ്ചം തളിക്കുമാ-
വീണക്കമ്പികൾ വേഗം മുറുക്കു, തോഴി!
മുന്തിരി, നിൻ മുഖാബ്ജപ്പുഞ്ചിരി;-മതി, മതി!
സുന്ദരി, ചരിതാർത്ഥൻ, ചരിതാർത്ഥൻ ഞാൻ!"
-സെപ്തംബർ, 1932.
ചൂഡാമണി
ചങ്ങമ്പുഴ
വിരാമം
ആകർഷണങ്ങൾ വിടർന്നുനിൽക്കുന്നൊരെ-
ന്നാനന്ദചിന്തതന്നാരാമ വീഥിയിൽ,
നന്മയിൽ നിന്മണിവീണയും മീട്ടിനീ
നർമ്മവിഹാരത്തിനെത്താത്തതെന്തിനി?
ഇപ്പരിവർത്തനസായന്തഭതൻ
സ്വപ്നചിത്രം സ്വയം മാഞ്ഞുപോം മോഹിനീ!
നീളെ നിവർത്തിവിരിക്കും തമസ്സിന്റെ
നീലനിചോളം നിരാശാനിശീഥിനി,
പോയിക്കഴിഞ്ഞാൽ കഴിഞ്ഞു സമസ്തവും
മായികമാണത്രേ, പോരൂ മനോഹരീ!
ആവർത്തനത്തിനിടയില്ല-കാലമാം
പൂവിന്ദളങ്ങ്ല് കൊഴിവൂ തെരുതെരെ!
നല്ലകാലങ്ങളാം നീലക്കുയിലുക-
ളുല്ലസൽപഞ്ചമം പാടിപ്പറന്നുപോയ്,
ചിന്താവസന്തത്തളിരൊക്കെ വാടി, നാ-
മെന്തി,നിനിയുമമാന്തിപ്പതിങ്ങനെ?
കാശ്മീരയൌവനം പാണ്ഡുരവാർദ്ധക്യ-
വേശ്മത്തിലെത്തും;-ശ്മശാനം ചിരിച്ചിടും.
സങ്കടം ജീവിതം-പോട്ടേ, കുറച്ചിട-
യെങ്കിലും പുഞ്ചിരിക്കൊണ്ടു, കൃതാർത്ഥർ നാം!
വേദനിക്കുന്ന മനസ്സുമായ് നിന്റെയീ
വേർപാടുമാത്രം സഹിക്കാവതല്ലമേ!
എന്തിനു, സങ്കടത്തിന്നേ വഴിയുള്ളു
ചിന്തിക്കിൽ-വേണ്ട, വിരാമമാണുത്തമം!
-ഒക്റ്റോബർ, 1938
ചൂഡാമണി
ചങ്ങമ്പുഴ
ഇന്നത്തെ കവിത
സാരജ്ഞർ മൌനം ഭജിച്ചമൂലം
സാഹിത്യമയ്യോ, മുടിഞ്ഞുപോലും!
ലോകപ്രവീണന്മാരായിടു, മാ-
ശ്ലോകക്കാരേതാനൊഴിഞ്ഞമൂലം,
ക്ഷീണിച്ച കാവ്യസ്വരൂപിണിക്കി-
ന്നൂണുമുറക്കവുമില്ലപോലും!
കഷ്ടം, യുവാക്കളേ, നിങ്ങളാണി-
ക്കഷ്ടകാലത്തിനു കാരണക്കാർ!
അല്ലെങ്കി,ലെന്തി,നവളുമായി-
സ്സല്ലപിക്കാനായടുത്തുകൂടി?
അമ്മഹാന്മാരവർ പണ്ഡിതന്മാർ
ബിംബിതാലങ്കാരഡംബരന്മാർ.
സൽകൃതസദ്വൃത്തർ സത്തമന്മാർ
സംസ്കൃതസമ്മോഹനാശയന്മാർ.
അക്കാമുകന്മാർ പിണക്കമായാൽ
സൽക്കാവ്യലക്ഷ്മി പിന്നെന്തുചെയ്യും?
നിങ്ങളെല്ലാം വെറുമർത്ഥശൂന്യർ
നിങ്ങളെല്ലാരും നികൃഷ്ടവൃത്തർ.
എങ്ങനെ, നിങ്ങളെപ്പിന്നെ നോക്കും
മംഗലാപാംഗിയക്കാവ്യലക്ഷ്മി?
അക്കഥപാടേ മറന്നു, ചെന്നു
ധിക്കാരം കാണിക്കയല്ലീ നിങ്ങൾ?
അയ്യോ, യുവാക്കളേ, നിങ്ങൾ ചെയ്ത-
തന്യായ, മക്രമ,മായിപ്പോയി!
ഞെട്ടിപ്പോംമട്ടിലപ്പണ്ഡിതന്മാ-
രട്ടഹസിക്കി,ലതദ്ഭുതമോ?
കാലിപ്പിള്ളേർ കടന്നെന്തു കാടും
കാണിക്കാനുള്ളതോ കാവ്യരംഗം?
ചലനമില്ലാതെ കഴികയില്ലൊട്ടു-
മുലകിലൊന്നിന്നുമുയരുവാൻ.
പഴയ പത്രങ്ങൾ കൊഴിയും, വന്നെത്തു-
മഴകെഴുമോമൽത്തളിരുകൾ
പരിധിയിലാത്ത പരിണാമങ്ങളിൽ-
പ്പരിചിലീ ലോകം തിരിയുമ്പോൾ
വഴിയേ വന്നെത്താം പല മാറ്റങ്ങളും
കഴിയുകില്ലതു തടയുവാൻ.
ഭുവനസാഹിത്യചരിതവേദിയിൽ
വിവിധലക്ഷ്യമുണ്ടിതിനല്ലാം.
ചൂഡാമണി / ഇന്നത്തെ കവിത
ചങ്ങമ്പുഴ
പരിഹസിപ്പൂ, ഹാ, പുതിയ കൂട്ടരെ-
പ്പരിഭവം പൂണ്ട പഴമക്കാർ.
അവർതൻ ജൽപന, മവഗണിച്ചുകൊ-
ണ്ടവിളംബം പായും പുതുമക്കാർ;
നവനവോൽഫുല്ലസരളസന്ദേശ-
മവനിയിൽ നീളെ വിതറുവാൻ!
ഒരു തടവില്ലാതഭിനവാദർശ-
കിരണങ്ങൾ വാരിച്ചൊരിയുവാൻ!
വിപുലപാണ്ഡിത്യച്ചുമടുതാങ്ങികൾ
വിഗതചേഷ്ടരായ് നിലകൊൾകേ,
അവരിലെന്തൊക്കെപ്പകയുണ്ടായാലു-
മണുവും ചാഞ്ചല്യം കലരാതേ,
വിഹരിക്കുമോടക്കുഴലുമായ് ഞങ്ങൾ
വിമലസാഹിതീവനികയിൽ!
മതിമറന്നിന്നാ മണിമുരളികൾ
മധുരഗാനങ്ങൾ ചൊരിയുമ്പോൾ.
അവകേൾക്കാൻ ലോകം തലയുയർത്തുമ്പോ-
ളരുതെന്നെന്തിനു പറയുന്നു?
വെറുതേ ഞങ്ങളെത്തടാലേ, ഞങ്ങൾ
ചിരിയും കണ്ണീരും ചൊരിയട്ടേ!
ബാലന്മാർ ഞങ്ങൾതൻ പാട്ടിനൊന്നും
നാലുകാലില്ലാത്തതാണു കുറ്റം.
ആകട്ടേ ഞങ്ങളതേറ്റു; നിങ്ങ-
ളാകുമ്പോലെന്തും പഴിച്ചുകൊൾവിൻ!
എന്നാലും, ഞങ്ങൾ മതിമറന്നു
പിന്നെയും പിന്നെയും പാട്ടുപാടും!
വെൺമുലപ്പാലും കുടിച്ചു ഞങ്ങ-
ളമ്മണിത്തൊട്ടിലി,ലാദ്യകാലം,
നിർമ്മലസ്വപ്നത്തിൽ മുങ്ങിമുങ്ങി-
യമ്മതൻ താരാട്ടു കേട്ടുറങ്ങി.
അത്യന്തരമ്യമഗ്ഗാനമൊന്നും
'സ്രഗ്ദ്ധര'യികലല്ലായിരുന്നു.
"അമ്പിളിമ്മാമാ, തിരിഞ്ഞുനില്ലെ"-
ചൂഡാമണി / ഇന്നത്തെ കവിത
ചങ്ങമ്പുഴ
ന്നമ്പോടതിൽപ്പിന്നെപ്പാടി ഞങ്ങൾ.
സുശുദ്ധമായൊരാ മഞ്ജുഗീതം
'വംശസ്ഥ'യൊന്നുമല്ലായിരുന്നു.
അത്തരം പാട്ടുകളന്നുതൊട്ടു
ചിത്തത്തിൽ വേരൂന്നിവന്നമൂലം,
ഇന്നവയെപ്പോലെ നേർത്തുനേർത്ത
സുന്ദരഗാനഏ ഞങ്ങൾ പാടൂ.
ആകാഞ്ഞിട്ടല്ല ഞങ്ങൾക്കവയെ
നാലുകാലിന്മേലെടുത്തു പൊക്കാൻ!
ആളുമസൂയയാൽക്കൂരിരുളി-
ലൂളന്മാരെത്രമേൽ കൂവിയാലും
പാടലകാന്തിയിൽ, പൂവനിയിൽ
പാടിപ്പറക്കും പരഭൃതങ്ങൾ!
പാതാളക്കുണ്ടിലൊളിച്ചിരുന്നു
'പാമ്പു'കളെത്രമേൽ ചീറ്റിയാലും,
വിഷ്ണുപദത്തിലുയർന്നുപൊങ്ങി
'കൃഷ്ണ'പ്പരുന്തുകൾ സഞ്ചരിക്കും!
നിങ്ങൾക്കിതുവിധം നീരസം തോന്നുമാ-
റിന്നു സാഹിത്യത്തിനെന്തുപറ്റി?
വിശ്വസാഹിത്യവിധാനങ്ങൾ വീക്ഷിച്ചു
വിസ്തൃതമാർഗ്ഗങ്ങൾ തേടിത്തേടി,
ഇന്നതുൽക്കർഷത്തെ ലക്ഷ്യമാക്കി, സ്വയം
മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കയല്ലീ?
ചെറ്റുമൊരു 'ബോധ'മില്ലാതെ, പിന്നെയും
കുറ്റപ്പെടുത്തുവാനാണു ഭാവം!
നാലുകാലില്ല, യമകാദിതൻ നൂലാ-
മാലകളൊന്നുമിവയിലില്ല;
എങ്കിലുമിന്നത്തെ ഗാനങ്ങൾ കേൾക്കുമ്പോ-
ളങ്കുരിപ്പീലയോ രോമഹർഷം?
ഭാവസാന്ദ്രോജ്ജ്വല ചിന്താളോരോന്നു
ഭാവനാപക്ഷങ്ങൾ വീശിവീശി
സംഗീതമാധുരി പെയ്തുപെയ്തങ്ങനെ
സഞ്ജനിതോന്മദം സഞ്ചരിക്കേ,
നിങ്ങൾക്കസുഖമായ്ത്തോന്നുകിൽ, തെറ്റുകാർ
ഞങ്ങളോ?-കഷ്ടമിതെന്തു മൌഢ്യം!
ചൂഡാമണി / ഇന്നത്തെ കവിത
ചങ്ങമ്പുഴ
തുഞ്ചനും കുഞ്ചനും സൽക്കാവ്യ കൽപക-
ത്തുഞ്ചിലെ വാടാമലർക്കുലകൾ!
ഇന്നുമവകളിൽത്തേനും സുഗന്ധവു-
മില്ലെന്നു ഞങ്ങളിലാരു ചൊല്ലി?
എന്നാലും, ഞങ്ങൾക്കും പാടില്ലേ, സാഹിത്യ-
മന്ദാരപ്പൂന്തോപ്പിലൊന്നുലാത്താൻ?
ചന്ദ്രനുണ്ടെങ്കിലും മിന്നിറ്റാതില്ലല്ലോ
സുന്ദരതാരകളംബരത്തിൽ!
സ്വാന്തത്തിലെള്ളോളം ബോധമില്ലാതേവം
ഭ്രാന്തു പുലമ്പിയാലാരു കേൾക്കും?
വിണ്ണിൻ വിശുദ്ധി വഴിഞ്ഞു വിളങ്ങുമ-
"ക്കണ്ണുനീർത്തുള്ളി'യിൽ, 'നാലപ്പാടൻ',
'ലോക'ത്തെക്കാട്ടി 'പ്പുളകാങ്കുരം' ചേർത്തൊ-
രാകമ്രദീപ്തമാം 'ചക്രവാളം',
സങ്കൽപശക്തിയാൽ നിർമ്മിച്ചതിങ്കലെ-
ത്തങ്കനക്ഷത്രങ്ങൾതൻ നടുവിൽ,
ബന്ധിച്ചു ചിജ്ത്തെ നിർത്തി, യതിലെഴു-
മന്ധകാരാംശമകറ്റി നിൽക്കെ;
പേശലകാവ്യാ'ർക്കകാന്തി'കൾ വർഷിച്ചു
'ജീശങ്കരക്കുറുപ്പു'ല്ലസിക്കെ;
'വെണ്ണിക്കുള'ത്തിന്റെ 'സൌന്ദര്യപൂജ'യിൽ
കണ്ണും കരളും കുളിർത്തുപോകെ;
'രാജ'ന്റെ കാവ്യസരസ്സിലൊരായിരം
രാജീവം മിന്നി വിടർന്നുനിൽക്കേ!
'ബാലാമണി'യുടെ മാതൃഹൃദയത്തി-
ലോളം തുളുമ്പുന്ന വാത്സല്യത്താൽ,
ഇന്നോളം കാണാത്ത നൂതനകാവ്യത്തിൻ
മന്ദസ്മിതമൊന്നു വന്നുദിക്കേ;
ചേലി,'ലിടപ്പള്ളി രാഘവൻപിള്ള'തൻ
ചേതോഹരമാം 'തുഷാരഹാരം',
കൈരളീദേവിതൻ മാറിലൊരുജ്ജ്വല-
വൈരക്കൽ മാഅയായ് ലാലസിക്കെ;
'കുഞ്ഞിരാമന്നായർ'തൻ കാവ്യലക്ഷ്മിതൻ
മഞ്ജീരശിഞ്ജിതം നിർഗ്ഗളിക്കേ;
ഭാവനാമോഹനഗാനങ്ങൾ വർഷിച്ചു
'വി.വി.കെ.നമ്പ്യാർ' സമുല്ലസിക്കേ;
ചേണഞ്ചും 'ശ്രീധര'മാനസവീണയിൽ
ചൂഡാമണി / ഇന്നത്തെ കവിത
ചങ്ങമ്പുഴ
ഗാനം തുളുമ്പിത്തുളുമ്പിനിൽക്കെ;
എത്ര 'മേലങ്ങൻ' മാരെന്തൊക്കെച്ചൊന്നാലു-
മൊട്ടും നിരാശരാവില്ല നമ്മൾ!
കാണട്ടെ, കാവ്യനിർമ്മാണത്തിൽ നമ്മൾക്കു
വേണെങ്കിലൊന്നിനി മത്സരിക്കാം!
മേലിലുയർന്നുയർന്നെത്തുകയാം മേൽക്കു-
മേല, ങ്ങതാനല്ല കാവ്യകാരൻ!
-മേയ്, 1935
ചൂഡാമണി
ചങ്ങമ്പുഴ
നിരാശനാണിന്നു നീ
പേരിനുവേണ്ടിപ്പടച്ചട്ട ചാർത്തിയ
പോരാളിമാരെ പ്രശംസിച്ചതില്ല നീ,
തപ്തരെപ്പേർത്തും ചവിട്ടിമെതിക്കുന്ന
വിത്തേശ്വരരെപ്പുകഴ്ത്തിയതില്ല നീ.
നെഞ്ചിലമൃതം പുരട്ടുന്ന ഭൌതിക-
ചഞ്ചലസ്വപ്നങ്ങൾ വാഴ്ത്തിയതില്ല നീ,
തീരെക്ഷണികമാം ജീവിതബുദ്ബുദ-
ചാരുതയിങ്കൽ ഭ്രമിച്ചവനല്ല നീ.
പ്രായോഗികത്വക്കൊടുമ്പിരിക്കൊള്ളലി-
ലായുസ്സു കോർത്തിട്ടമർത്തിയോനല്ല നീ;
കാണുന്ന ലോകം വെറുതേ പകർത്താതെ,
കാണേണ്ടതിനെ വരച്ചുകാണിച്ചു നീ.
മൃത്യുവാലങ്കുശം വീഴാത്ത ജീവിത-
സത്യത്തെ വാഴ്ത്തി നീ പാടി, മഹാമതേ!
കാലം ശരിക്കുള്ള കൂലി നൽകും നിന്റെ
വേലയ്ക്കു-പക്ഷേ, നിരാശനാണിന്നു നീ!
-നവംബർ, 1938