"വമ്പിച്ച ഫലവൃക്ഷ മൊന്നുമില്ലെന്നാലെന്ത-
ച്ചെമ്പനീർപ്പൂന്തോപ്പെനിക്കേകിയല്ലൊ ഹാ, ദൈവം! "
-ചങ്ങമ്പുഴ
ശ്രീതിലകം
ശ്രീതിലകം
ചങ്ങമ്പുഴ
ടാഗോർ*
ലോകസനാതനസാഹിത്യസാരഥേ!
നാകലോകത്തിൻ നിരഘനവാതിഥേ!
അർപ്പിപ്പൂ, ഹാ, കൊച്ചുകൂപ്പുകൈമൊട്ടിനാൽ,
പിച്ചവെച്ചെത്തിയെൻ സങ്കൽപമങ്ങയെ!
ഉല്ലസിപ്പൂ ഭവാനങ്ങതാ കൽപക-
പല്ലവാച്ഛാദീതനന്ദനച്ഛായയിൽ.
ചേലിൽത്തവാനതമൗലിയിൽക്കൈവെച്ചു
കാളിദാസൻ ഭവാനർപ്പിപ്പൂ മംഗളം.
പ്രാർത്ഥിച്ചു കൈകൂപ്പി നിൽക്കുന്നൊരങ്ങയെ-
ത്തീർത്ഥോദകം തളിക്കുന്നു സപ്തർഷിമാർ!
മന്ദാകിനിയിൽനിന്നെത്തും മനോഹര-
മന്ദാരസൗരഭസാന്ദ്രമന്ദാനിലൻ,
ആ നിത്യശാന്തിനികേതത്തിലങ്ങത-
ന്നാഗമനോത്സവപ്പൊൽക്കൊടിക്കൂറകൾ,
നീളെപ്പറത്തവേ, നിൽപ്പൂ നവരത്ന-
താലമ്പിടിച്ചുകൊണ്ടപ്സര:കന്യകൾ.
മുന്നിൽ നിറപറവെച്ചു, ഹർഷാശ്രുക്കൾ
ചിന്നി, ക്കരം കൂപ്പി നിൽപൂ 'ചിത്രാംഗത'.
ജാതകൗതൂഹലം, പാടുന്നു ഗവകൾ
'ഗീതാഞ്ജലി' യിലെപ്പാവനഗീതികൾ!
ദേവേന്ദ്രനാഥ'പദാബ്ജരജസ്സണി-
ഞ്ഞാവിർഭവൽസ്മിതശ്രീമയാർദ്രാസ്യനായ്,
കാലാതിവർത്തിയായ്, വിണ്ണിലേവംഭവാൻ
ലാലസിപ്പൂദിവ്യവിശ്വമഹാകവേ!
ഇങ്ങിദ്ധരിത്രിയോ തേങ്ങിക്കരകയാ-
ണങ്ങുതൻ വേർപാടിലാകുലസ്തബ്ധയായ്!
എത്രകാലത്തെത്തപസ്സിൻ മഹാപുണ്യ-
മൊത്തൊരുമിച്ചതാണാ രവീന്ദ്രോദയം;
കഷ്ട, മതിനെയുമെത്തി ഗഹിച്ചിതോ
ദുഷ്ടതമസ്സേ, കനിവിയലാതെ നീ?
* കുമാരനല്ലൂർ 'സാഹിത്യപോഷിണി' സഭയുടെ ആഭിമുഖ്യത്തിൽ പ്രസ്തുത
വിഷയത്തെ അധികരിച്ചു നടത്തിയ കവിതാമത്സരത്തിൽ പ്രഥമസമ്മാനമായ സുവർണ്ണമെഡലിനർഹമായത്.
ശ്രീതിലകം / ടാഗോർ
ചങ്ങമ്പുഴ
ഇല്ല, മരിക്കിലും, നൂനം, ഭവാൻ മരി-
ക്കില്ലൊരുനാളും, മഹിതമഹാകവേ!
ചന്ദ്രകല'യിൽനിന്നൂറിയൊഴുകുന്നു
സുന്ദരബാല്യസുശീതളസുസ്മിതം.
'ഉദ്യാനപാല'ന്റെ രാഗാർദ്രഹൃത്തിലൂ-
ടെത്തിനോക്കുന്നൂ ലസദ്യൗവനോന്മദം,
പൂതമാമാദ്ധ്യാത്മികാരാമസീമയിൽ-
പ്പൂവിട്ടു പൂവിട്ടു നിൽപൂ നിൻ ചിന്തകൾ.
'മൃത്യു'വെപ്പോലും മധുരീകരിച്ചൊര-
സ്സത്യമൊന്നേ ഭവാൻ വാഴ്ത്തീ, മഹാമതേ!
നിസ്സാരമാമൊരു നീഹാരബിന്ദുവും
നിസ്സീമതേജോനികേതാർക്കബിംബവും,
ചിന്തനാതീതമാംമട്ടേകചൈതന്യ-
തന്തുവിലൊന്നിച്ചു കോർത്തിണക്കീ ഭവാൻ!
അണ്ഡകടാഹസഹസ്രങ്ങളാൽ, ക്കാവ്യ-
മണ്ഡലത്തിൽബ്ഭവാൻ പന്താടിനിൽക്കവേ,
തജ്ജന്യസൂക്ഷ്മസനാതനസംഗീത-
നിർഝരത്തിൻ പൊൻതിരകളിലങ്ങനെ
സദ്രസം കൈകോർത്തുനിന്നു നൃത്തംചെയ്തു
മൃത്യുവും, ജന്മവും, ജന്മാന്തരങ്ങളും!
വേദരാജ്യത്തിൻ വരിഷ്ഠസന്താനമേ!
വേദാന്തഗംഗയിൽ ക്രീഡിച്ച ഹംസമേ!
ഗീതാമൃതം നുകർന്നദൈതസാരസം
ഗീതം ചൊരിഞ്ഞു മറഞ്ഞു നീ, യെങ്കിലും,
മുക്തിയിലേക്കടുപ്പിച്ചു ലോകത്തെ, നിൻ
ഭക്തിയോഗത്തിൻ കുളിർത്ത കളകളം!
നിത്യസ്മൃതിയി, ലതിൻ തരംഗങ്ങളിൽ-
ത്തത്തിക്കളിക്കും ശതവർഷകോടികൾ!
വെൽക നീ, വിശ്വൈകസാഹിത്യസാരഥേ!
വെൽക നീ വിണ്ണിൻ വിശുദ്ധനവാതിഥേ!
ജനുവരി, 1941
ശ്രീതിലകം
ചങ്ങമ്പുഴ
തപ്തസ്മൃതി
അപഹൃതാമോദമാകിലെ, ന്തോർമ്മയി-
ലലരുതിർക്കുന്നിതിന്നുമപ്പൂവനം.
ഭുവനഭാഗ്യങ്ങളസ്തമിച്ചെങ്കിലും
കവനസാന്ദ്രമാണിന്നുമെന്മാനസം.
കനകപത്രം വിടുർത്തി,യാമായിക-
ദിനശതങ്ങൾ പറന്നുപോയെങ്കിലും.
അണയുമാറുണ്ടിടയ്ക്കിടയ്ക്കിപ്പൊഴു-
മകലെനിന്നുമൊരവ്യക്തകൂജനം!
അവികലാവേശകോൽഫുല്ലകങ്ങളാം
നവവികാരങ്ങൽ ഞെട്ടടർന്നീടിലും,
പരിസരത്തെപ്പരിരംഭണങ്ങളാൽ
പരിചരിപ്പൂ പരിമളമിപ്പൊഴും!
നിഹതനല്ല മനുഷ്യൻ-സ്മൃതികൾതൻ
നിറമലർക്കാവധീനമായുള്ളവൻ!
മറവി മായ്ക്കിലും, മായാതെ നിൽപിതാ
മരതകോജ്ജ്വലമൈതാനമണ്ഡലം.
നഗരവാസി ഞാൻ കാണ്മിതെന്മുന്നിലാ
നഗവനങ്ങൾ നിറഞ്ഞ നാട്ടിൻ പുറം.
ഒഴുകിടുന്നിതെന്നാശപോൽ കുന്നിനെ-
ത്തഴുകിടും കുളിർനീരണിച്ചോലകൾ!
കളകളങ്ങളുതിർന്നുതിർന്നുന്മദ-
പ്പുളകിതങ്ങളാം മാമരത്തോപ്പുകൾ.
വിവിധചിത്രപതംഗകാശ്ലേഷിത-
വിവശകൾ, പുഷ്പിതാലോലവല്ലികൾ!
അനുപമോത്തമഗാമമേ, ഹന്ത, നി-
ന്നരികിലേക്കു കുതിക്കുന്നു മന്മനം!
അവിടെ, യപ്പുഴവക്കത്തു, പൂനിലാ-
വൊഴുകുമോരോ ശിശിരനിശകളിൽ
സിതമനോഹരച്ഛായയൊന്നിപ്പൊഴും
പതിവായ് വന്നലഞ്ഞീടുമാറില്ലയോ?
ശ്രീതിലകം / തപ്തസ്മൃതി
ചങ്ങമ്പുഴ
പരിസരങ്ങളിൽസ്സപ്തപർണ്ണോദിത-
പരിമളമിളങ്കാറ്റിൽത്തുളുമ്പവേ,
അവിടമാകെ, യൊരേകാഗശാന്തിയാ-
ലവിഭജിതമൗനാങ്കിതമാകവേ.
തരുനിരകൾതൻ നീലനിഴലുകൾ
തഴുകിടുമത്തടിനീതടങ്ങളിൽ,
അലതുളുമ്പുമാറില്ലയോ പാതിര-
യ്ക്കവിടെനിന്നുമൊരവ്യക്തഗദ്ഗദം!
അരനിമിഷമതോർക്കുമ്പൊഴിപ്പൊഴു-
മരുതെനിക്കെന്റെ കണ്ണുകളടക്കുവാൻ!
കരുതീ ശൈശവത്തിങ്ക,ലെൻ യൗവനം
കനകകാന്തികലർന്നതാണെന്നു ഞാൻ.
അനുനിമേഷകം പ്രാർത്ഥിച്ചു ഞാനതിൻ
പ്രണയദീപ്തമാം ദിവ്യാഗമോത്സവം.
അനുശയത്തിനധീനനായിന്നിതാ
മനമുരുകി ഞാൻ കേഴുന്നു നിഷ്ഫലം,
പുകളുമുന്നതവിദ്യയും വിത്തവും
പുണരുവാൻ നിൽക്കുമിപ്പുതുജീവിതം
മതിമതി,യെനിക്കാവശ്യമില്ലയീ
മണിമയോജ്ജ്വലമേടയും മോടിയും!
തിരികെയൊന്നിനിച്ചെന്നുചേർന്നെങ്കി,ലെൻ
തിരികൊളുത്താത്ത പുല്ലുമാടത്തിൽ ഞാൻ!
അതിനകത്തിരുൾ മാത്രമാണെങ്കിലെ-
ന്തവിടെയാണെന്റെ തങ്കക്കിനാവുകൾ!
ഇവിടെ,യെൻചുറ്റു,മീവിദ്യുതാഭയി-
ലിളകിടുന്നതോ രക്തരക്ഷസ്സുകൾ!
കുസുമതൽപമു, ണ്ടില്ലിങ്ങുറക്ക;മ-
ക്കുടിലിനുള്ളിലെ വയ്ക്കോല്വിരിപ്പിലോ,
സുരഭിലസ്വപ്നസാന്ദ്രമാം സുന്ദര-
സുഖസുഷുപ്തിതൻ സായൂജ്യസംഗമം!
മതിയെനിക്കിനിപ്പോകട്ടെ വീണ്ടുമെൻ
മഹിമതീണ്ടാത്ത മൺകുടിലിങ്കൽ ഞാൻ!
കഴിവതെന്തിനി,പ്പൊട്ടില്ലൊരിക്കലും
കഴലിലേന്തുമിച്ചങ്ങലച്ചുറ്റുകൾ.
അകലെ, നീലവിശാലഗഗനവും
അടവികളണിക്കുന്നു, മലകളും,
വെറുതെയോർത്തോർത്തു കാഞ്ചനക്കൂട്ടിലായ്
ചിറകടിക്കും പതത്രിപോലാണു ഞാൻ!
കവിയുമുല്ലാസവായ്പി,ലെൻ മുന്നില-
ക്കവിത കാണിച്ചകാല്യപ്രകാശമേ!
വരികയില്ലിനി നീയു,മെൻ ജീവനിൽ-
പ്പരിമളമ്പെയ്തകന്ന പൂക്കാലമേ!
ശ്രീതിലകം / തപ്തസ്മൃതി
ചങ്ങമ്പുഴ
നിയതമെന്നെപ്പിരിയാതെ നിന്നിതെൻ
നിഴലുപോ,ലെൻ കളിത്തോഴിയായി നീ!
ദിനശതങ്ങൾതൻ കോവണിത്തട്ടുകൾ
ജനിതഗർവ്വം ചവുട്ടിക്കുതിച്ചു ഞാൻ,
നവനവോൽക്കർഷമണ്ഡലത്തിങ്കലേ-
ക്കവസരോചിതം നിഷ്ക്രമിച്ചീടവേ,
അടിയിലാലംബമറ്റുനിന്നന്നുനീ
കുടുകുടെപ്പെയ്ത കണ്ണീർക്കണികകൾ,
ഒരു ഞൊടിയൊന്നു നോക്കുവാനെങ്കിലും
ഭരിതഗർവ്വൻ, തലതിരിച്ചില്ല ഞാൻ.
ഇവിടെയിത്തുംഗസോപാനമേറി ഞാ-
നവശനായ് നിന്നു കീഴോട്ടു നോക്കവേ,
സകലവും ശൂന്യ,മില്ല നീ,-യെന്മനം
തകരുമാറെന്നെ വിട്ടെങ്ങൊളിച്ചു നീ?
അവിടെ നീ നിന്ന മണ്ണിൽപ്പതിഞ്ഞൊര-
പ്പവിഴരേഖകൾ, നിൻ പാദ മുദ്രകൾ,
ഇവിടെനിന്നു ഞാൻ കാൺമു, നിന്നശ്രുവാ-
ലവിടമാകെക്കുതിർന്നുപോയെങ്കിലും!
പ്രണയപൂർവ്വമവയെത്തഴുകുവാൻ
വ്രണിതമെന്മനം വെമ്പിക്കുതിക്കയാം!
അനുശയത്തിനുമർത്ഥമി,ല്ലെന്മന-
സ്സനുവദിപ്പീലഹങ്കരിച്ചീടുവാൻ!
മറവിമാത്രം, ജയിക്കുന്നു ഭൂമിയിൽ!
അതിനഗാധമാം ഗർത്തമുണ്ടൊ,ന്നതി-
ലടിയണമേതൊരദ്ഭുതസിദ്ധിയും.
പ്രതിവിധിയില്ലതിനു, നാമൊന്നുപോൽ
പ്രതിനിമേഷം മറക്കപ്പെടുന്നവർ!
ഒടുവിലോളമെനിക്കുനിന്നോർമ്മയി-
ലടയിരിക്കുവാനെങ്കിലുമൊക്കുകിൽ.
ഇനിയൊരിക്കലും നിൻ ദുരന്തത്തെയോ-
ർത്തനുചിതാർത്തിക്കധീനനാവില്ല ഞാൻ!
മാർച്ച്, 1942.
ശ്രീതിലകം
ചങ്ങമ്പുഴ
വെളിച്ചത്തിന്റെ മുമ്പിൽ
അന്തമില്ലാതെനിക്കു ചുറ്റുമാ-
യന്ധകാരം പരക്കവേ,
വിണ്ണിൽനിന്നു,മെൻ മൺകുടിലിൽ, നീ
വന്നുചേർന്നു വെളിച്ചമേ!
താവകാഗമരോമഹർഷങ്ങൾ
താവിത്താവിയെൻ ജീവിതം,
സാവധാനം ലയിക്കയാ,യൊർ
പാവനോന്മാദമൂർച്ഛയിൽ,
സ്വർഗ്ഗദീപ്തിയിലുജ്ജ്വലിച്ചിതാ
സ്വപ്നരംഗം മുഴുവനും!
നിന്നരികിൽ വികാരമൂകയായ്
നിന്നിടുമെൻ നിറുകയിൽ,
വെമ്പിവെമ്പിപ്പൊഴിച്ചു നീ,യോരോ
ചുംബനമലർമൊട്ടുകൽ!
മാനസത്തിൻ നിഗൂഢമാം ചില
കോണിലും കൂടി, യക്ഷണം
സഞ്ചരിച്ചിതജ്ഞാതമാമേതോ
സംഗീതത്തിൻ ലഹരികൾ!
നിത്യതതന്നപാരതയിലേ-
ക്കെത്തിനിൻ കൈ പിടിച്ചു ഞാൻ.
വിസ്മൃതിയുടെ മഞ്ഞുമൂടലിൽ
വിട്ടു ഞാനെൻ സമസ്തവും!
മാമകാശകൾ നൃത്തമാടിയ
മായികോത്സവവേദികൾ,
സർവ്വവും കൈവെടിഞ്ഞു, വിസ്തൃത-
നിർവൃതിയുടെ വീഥിയിൽ,
എത്തിയപ്പോഴേക്കെൻ യഥാർത്ഥമാം
സത്തയെന്തെന്നറിഞ്ഞു ഞാൻ!
ശ്രീതിലകം / വെളിച്ചത്തിന്റെ മുമ്പിൽ
ചങ്ങമ്പുഴ
നശ്വരാഡംബരങ്ങൾ നീങ്ങി,യെൻ
നഗ്നസത്യം തെളിയവേ;
നിന്നെയെന്നിലു,മെന്നെ നിന്നിലു-
മൊന്നുപോൽചേർന്നു കണ്ടു ഞാൻ!
നിന്നിൽനിന്നുമകന്നു, പിന്നെയും
നിന്നിൽ വീണു ലയിവ്വിദം,
നിൽപൊരുജ്ജ്വലബിന്ദുവല്ലി ഞാൻ
നിത്യതേജ:സമുദ്രമേ!
മണ്ണിൽനിന്നറിയാതെ ചേർന്നതാ-
മെന്നിലെപ്പങ്കമൊക്കെയും,
മണ്ണിൽത്തന്നെ വെടിഞ്ഞു ശുദ്ധമാം
നിന്നിൽ വീണ്ടും ലയിപ്പു ഞാൻ!
ഈ വിയോഗസമാഗമങ്ങളാൽ
ജീവിതവും മരണവും,
കാഴ്ചവെയ്ക്കുന്നു, രണ്ടു ഗാന, മെൻ
കാൽത്തളിരിലെന്നെന്നുമേ!
ഒന്നു ശോകാകുലാർദ്ര, മവ്യക്ത-
മൊന്നതിസ്പഷ്ടമാദകം!
ഒന്നു മായികം, നശ്വരം, ഹാ, മ-
റ്റൊന്നു സത്യ, മനശ്വരം!
വിശ്വരംഗത്തിൽനിന്നെമാത്രം ഞാൻ
വിശ്വസിപ്പൂ, മരണമേ!
കാലദേശങ്ങൾക്കപ്പുറം, നിന്റെ
ലോലസംഗീതനിർഝരം
പുഞ്ചിരിപ്പൊൻതിരകൾ മേളിച്ചു
സഞ്ചരിപ്പൂനിരന്തരം!
ജീവഹർഷനിദാനമേ, ലോക-
ഭാവനകൾക്കതീതമേ!
അന്തമില്ലാതെനിക്കു ചുറ്റുമാ-
യന്ധകാരം പരക്കവേ;
എന്നിൽനിന്നെന്നെ നീക്കി, ഞാനായ
നിന്നെ, നിന്നോടു ചേർക്കുവാൻ
വിണ്ണിൽനിന്നു, മെൻ മൺകുടിലിൽ, നീ
വന്നു ചേർന്നു, വെളിച്ചമേ!
ജൂൺ, 1936
ശ്രീതിലകം
ചങ്ങമ്പുഴ
പാപത്തിന്റെ പുഷ്പങ്ങൾ
മുക്തിമൊട്ടിട്ടൊരെൻ മുറ്റത്തണഞ്ഞു, നിൻ
രക്തക്കൊടിയുമായ് നിൽപ്പു പാപമേ!
ലോകം വിറച്ചു നിന്നാധിപത്യത്തിന്റെ
ഭീകരത്വത്തിൽ, ഭയന്നീല തീരെ ഞാൻ.
നിൻ തുറുകണ്ണിൽ നിന്നാളീപുറത്തേക്കു,
ചെന്തീപ്പടർപ്പിന്റെ ചഞ്ചല ജ്വാലകൾ
മണ്ണിലിതളറ്റു വീണു തെരുതെരെ
നിന്നാഗമത്തിൽ, കുളിരിളന്താരുകൾ,
വൃക്ഷങ്ങളാകെ കരിഞ്ഞു നിന്നുഗമാ-
മക്ഷിപാതത്തിൽത്തെറിച്ചുപോയ് കുന്നുകൾ!
വിശ്വം ശപിച്ചു, ഹാ, നിന്നെ-ഞാനോ, നിന്റെ
വിശ്വസ്തമിത്രമായ് നിൻ മുന്നിൽ നിൽപിതാ!
കെട്ടിപ്പിടിക്കട്ടെ നിന്നെ ഞാൻ പേർത്തു, മെ-
ന്നിഷ്ടസഖാവേ!മറന്നതെന്തെന്നെ നീ?
ലോകം വിറയ്ക്കുന്നു നിന്നെ നോക്കാൻപോലു-
മാകാതെ,-ഞാനിതാ ചുംബിപ്പു നിന്മുഖം!
പോര നിന്മദ്യം കുടിച്ചതെനിക്കു, നീ
പോരൂ തമസ്സിൻ പ്രിയദ സന്താനമേ!
എന്മനം നോവുന്നു-മിഥ്യയാണൊക്കെയും
നിന്മദ്യമൊന്നേ യഥാർത്ഥമെൻ ദൃഷ്ടിയിൽ.
പിന്നാലെ പാഞ്ഞിട്ടു കിട്ടാത്തൊരായിരം
പൊന്നിൻകിനാക്കളും രോമഹർഷങ്ങളും,
എന്നെത്തിരക്കി വരികയാണിങ്ങു, നീ-
യെന്നടുത്തേവം വിരുന്നിനണകയാൽ!
പോകായ്ക, പോകായ്ക, ശാശ്വതമാക്കട്ടെ
ലോകം കൊതിക്കുമീസ്വപ്നശതങ്ങൾ ഞാൻ!
ഭഗ്നാശതയിലടിഞ്ഞൊരെൻ മൗലിയിൽ
രത്നകോടീരമെടുത്തു ചൂടിപ്പു നീ.
കഷ്ടം, പ്രകൃതിതൻ കാൽക്കലടിമയായ്
കെട്ടിപ്പിടിച്ചിത്രനാളും കരഞ്ഞു ഞാൻ;
ആത്താനുകമ്പം കരാംഗുലി നീട്ടിയെ-
ന്നാത്മക്ഷതങ്ങളൊന്നൊപ്പിയുണക്കുവാൻ!
നിഷ്ഫലം-മൂഢൻ മനുഷ്യൻ!-പ്രകൃതിതൻ
നിർദ്ദയത്ത്വം കണ്ടു നൈരാശ്യമായി മേ.
ഞാൻ പകവീട്ടും!-വരൂ, നിനക്കെന്റെവെൺ-
ചാമ്പലിൽക്കൂടിച്ചിരിക്കാം-ജയിപ്പൂ നീ
ശ്രീതിലകം / പാപത്തിന്റെ പുഷ്പങ്ങൾ
ചങ്ങമ്പുഴ
നിൻ ചങ്കൊടിക്കു നിറപ്പകിട്ടേറ്റുവാൻ
നെഞ്ചിതിൽ ചെഞ്ചോര ബാക്കിയുണ്ടിപ്പൊഴും.
എന്നെ നീയേറ്റുവാങ്ങിക്കൂ-ജഗത്തിന്റെ
നിന്ദയെത്തീരെത്തൃണവൽഗണിപ്പൂ ഞാൻ!
നീയെന്റെ മിത്രം-നിനക്കു സാധിക്കുമെൻ
നീറും മനസ്സിലമൃതം തളിക്കുവാൻ!
പാപമേ, നീയെനിക്കേകുക, നിൻ കൈയിലെ-
പ്പാഷാണപുഷ്പങ്ങൾ, മാലകോർക്കട്ടെ ഞാൻ!
എന്നി, ട്ടതും ചാർത്തിനിന്നു, ലോകത്തോടു
ചൊന്നിടും നിൻ പേരി, ലെൻ നന്ദിവാക്കുകൾ.
"എല്ലാരുമെന്നെ വെടിഞ്ഞു നിശിതമാ-
മല്ലി, ലെന്നാലും തളർന്നു വീണില്ല ഞാൻ.
കണ്ടകം പാകീ വഴിക്കൊക്കെ, യെങ്കിലും
കൊണ്ടീലതിലൊന്നുപോലുമെൻ കാൽക്കളിൽ.
നിങ്ങളെക്കാളുമെളുപ്പം, സുഖമായി,
നിങ്ങളെത്തും മുൻപു ലക്ഷ്യത്തിലെത്തി ഞാൻ.
പോകട്ടെ ഞാനിനി, പ്പശ്ചാത്തപിക്കാത്ത
ലോകമേ, പാപം ജയിപ്പൂ!-വിജയി ഞാൻ!"
ഒക്റ്റോബർ, 1939
ശ്രീതിലകം
ചങ്ങമ്പുഴ
മായാചിത്രം
അത്തപ്പൂവിട്ടപ്പോൾ 'കുട്ട'ന്റെ കണ്ണില-
ന്നശൃകണികയൊന്നങ്കുരിച്ചു-
ചിറ്റാടപ്പൂക്കളക്കുങ്കുമപ്പൊട്ടിട്ടാ
മുറ്റം കുളുർക്കെച്ചിരിച്ചുനിന്നു.
നീരാടിയെത്തിയോരമ്മയ്ക്കാ ദ്വാദശീ
പാരാണതീർത്ഥം പകർന്നശേഷം
ഉള്ളംകുളിർത്തുനിന്നക്കൽത്തറയിലെ
വെള്ളത്തുളസി തലകുലുക്കി.
അപ്പൂവിടൽ കാണാൻ വെമ്പിപ്പൂങ്കാറ്റിലൊ-
'രപ്പുപ്പന്താടി' യിറങ്ങിയെത്തി.
പൊന്നൊലിക്കുന്നോരിളവെയിലിൽ, മുറ്റത്തെ
മന്ദാരത്തയ്യിൻതലയ്ക്കുചുറ്റും,
കൊന്നപ്പൂന്തൊത്തുകൾപോലെഴും രണ്ടിളം
മഞ്ഞപ്പൂമ്പാറ്റ പറന്നു പാറി.
മുറ്റത്തു, മമ്മതൻ മുഗ്ദ്ധ മനസ്സിലും
മുത്തിട്ടു പൂവിടൽകൊണ്ടു കുട്ടൻ.
ഈറൻ പകർന്നിടാതോമനപ്പുത്രനെ
വാരിയെടുത്തമ്മയുമ്മവച്ചു.
ഹൃത്തിൽത്തുളുമ്പുന്നൊരാഹ്ലാദവായ്പിനെ-
പ്പൊട്ടിച്ചിരിയിൽപ്പകർത്തി ബാലൻ.
എന്നാലു, മാ മനം സീമാതീതോന്മദ-
തുന്ദിലമാകിലു, മെന്തുകൊണ്ടോ,
വള്ളിക്കറുകതൻ പച്ചിലത്തുമ്പിലെ-
ച്ചില്ലൊളിത്തൂമഞ്ഞുതുള്ളിപോലെ,
അപ്പൊഴും കുട്ടന്റെ കുഞ്ഞിക്കടക്കണ്ണി-
ലശ്രുകണികയൊന്നങ്കുരിച്ചു!
ഓണപ്പുടവയുടുത്തും, വിഷുവിന്റെ
നാണയത്തുട്ടിൽ മിഴി കുളിർത്തും,
കുട്ടന്റെ കൺ മുന്നിലോരോ പുതുമകൾ
മൊട്ടിട്ടു മൊട്ടിട്ടണിനിരന്നു.
കാണുന്നതെന്തിലും കാഞ്ചന സ്വപ്നങ്ങൾ
കാണുന്നതാണല്ലോ ബാല്യകാലം!
അസ്ഥികൾ മണ്ണിൽ മാച്ചും, മുലപ്പാലി-
നെപ്പൊഴും പുത്തനുറവുചേർത്തും,
ശ്രീതിലകം / മായാചിത്രം
ചങ്ങമ്പുഴ
കാണുന്നതോരോന്നായ് കാണാതെയാക്കിയും
കാണാത്തതോരോന്നും കാട്ടിത്തന്നും,
കാലിനുളുക്കൊരുകാലവും തട്ടാത്ത
കാലം മുന്നോട്ടു കുതിച്ചുപോയി!
വേനലിൽ തപ്തോഗഹോമവും, മഞ്ഞിന്റെ
പൂനിലാപ്പൈമ്പാലഭിഷേകവും,
വർഷത്തിൻ 'ധാര"യും സ്വീകരിച്ചങ്ങനെ
ഹർഷാദ്രയായ് നിന്നു ഭൂമിദേവി!
തൈച്ചെടി വൃക്ഷമായ്, വൃക്ഷം പൊടിമണ്ണായ്
വിശ്വമിതന്നത്തെതന്നെയിന്നും!
കുട്ടനൊരച്ഛനാ, ണച്ഛനാം കുട്ടന്റെ
കുട്ട, നാ മുറ്റത്തന്നുല്ലസിപ്പൂ.
പണ്ടത്തെക്കുട്ടന്റെ പാഴോലവീടില്ല
കണ്ടിടാ, നിന്നതു രമ്യഹർമ്മ്യം!
ചിറ്റാടപ്പൂക്കളക്കുങ്കുമപ്പൊട്ടിട്ടാ
മുറ്റമതെന്നും ചിരിച്ചുനിന്നു.
ഈറനായ് കൈകൂപ്പും ഭക്തിക്കാ ദ്വാദശീ-
പാരണാതീർത്ഥം പകർന്ന ശേഷം,
ഉള്ളം കുളിർത്തു തലകുലുക്കാനൊരു
വെള്ളത്തുളസിയിന്നില്ലവിടെ!
മോടിയിൽ, കുഞ്ഞിന്റെ മാതാവകത്തെങ്ങോ
'റേഡിയോ' കേട്ടു രസിച്ചിരുന്നു.
പൂവിടും കുട്ടനെപ്പുൽകീലെന്നല്ലവൾ
പൂവിടൽകൂടിയും കണ്ടതില്ല.
അച്ഛനാം കുട്ടന്റെ കണ്ണിലെന്നാലന്നു-
മശൃകണികയൊന്നങ്കുരിച്ചു!
തങ്കത്തടിൽക്കൊടിച്ചാർത്തുപോ, ലച്ചിത്ത-
സങ്കൽപത്തിന്റെ വിശാലതയിൽ
പൊയ്പ്പോയൊരായിരം നാളിനു പിന്നാലൊ-
രത്ഭുത ചിത്രമുയർന്നു വന്നു!
ചിറ്റുഞാറോല നിവർന്ന നെൽപാടത്തു
ചിറ്റാടപൂക്കുന്ന ചിങ്ങമാസം,
കുട്ടനും, 'കൊച്ചമ്മുക്കുട്ടി'യു, മോണപ്പൂ
നട്ടുച്ചവെയിലിൽ പറിച്ചുനിൽപൂ.
ഒന്നിച്ചു ചേർന്നതാം രണ്ടു പിഞ്ചാത്മാക്ക-
ളന്യൂനനിർവൃതിയാസ്വദിപ്പൂ!
കാട്ടിലും മേട്ടിലുമോടിക്കിതച്ചിട്ടും
ശ്രീതിലകം / മായാചിത്രം
ചങ്ങമ്പുഴ
വാട്ടംവരാത്ത കുതൂഹലവും.
തീവെയ്ലുവാട്ടിക്കരിച്ചിട്ടും, വെൺചാമ്പ-
ലാവാതെ മിന്നുമുല്ലാസവായ്പും,
ഒന്നിച്ചുചേർന്ന, വരൊന്നിച്ചു പൂവിട്ട-
പ്പൊന്നോണനാളിനെസ്സൽക്കരിപ്പൂ!
കൊച്ചമ്മുക്കുട്ടിക്കു 'ചേച്ചി'യോടൊത്തൊരു
കൊച്ചേട്ടനെക്കൂടിക്കിട്ടിയന്നാൾ
താലമ്പിടിച്ചെതിരേറ്റു, കൊച്ചേട്ടനെ-
ച്ചെലിലപ്പന്തലിലാനയിക്കെ,
"ഏതാനുംകൊല്ലം കഴി, ഞ്ഞിതേരംഗത്തിൽ
നീതയായ് ഞാനും വരുന്നനാളിൽ
ആരാകാമന്നത്തെത്താലം പിടിക്കുന്ന
'ശാരി'തൻ 'കൊച്ചേട്ട'നാർക്കറിയാം?...."
ബാലതൻ പിഞ്ചുമനസ്സിൽക്കിളർന്നൊരു
മൂലയി, ലാ രംഗാത്തേജനത്തിൽ,
ലോലമാ, യിച്ചിന്ത ലോകമറിയാതെ
നൂലിട്ടിരുന്നില്ലെന്നാരു കണ്ടു?...
നാളുകൾ പോയി, നഭസ്സിൽ തുലാത്തിലെ-
ക്കാളാംബുദങ്ങളടിഞ്ഞുകൂടി.
തുള്ളിക്കൊരുകുടം പെയ്തെത്തി, പ്പേക്കോലം
തുള്ളിയലറിയിരുണ്ട രാക്കൾ!
പിച്ചുപുലമ്പും വിറപ്പനിക്കോളിലും
കൊച്ചമ്മുക്കുട്ടിയിതുച്ചരിപ്പൂ;
"ഓണപ്പൂ തേടേണ്ടേ പോവണ്ടേ നമ്മൾക്കെ-
ന്നോമനക്കുട്ടനിന്നെങ്ങുപോയി?"
അമ്മയും, കൊച്ചമ്മുക്കുട്ടിതന്നമ്മയും
കണ്ണീർതുളുമ്പുമക്കൺമുനയാൽ,
അന്യോന്യമാശ്ലേഷംചെയ്കെ, യെന്താണാവോ
കണ്ണീർപൊടിഞ്ഞു കുട്ടന്റെ കണ്ണിൽ!
ആർത്തണഞ്ഞെത്തിയില്ലക്കൊല്ലമാ വീട്ടിൽ
പൂത്തിരുവാതിര, യെന്തുകൊണ്ടോ!
കണ്ണീർപൊടിഞ്ഞ മിഴികളാലങ്ങോട്ടേ-
ക്കൊന്നെത്തിനോക്കിയുംകൂടിയില്ല.
സങ്കടമല്ലേ, യാരല്ലെങ്കിൽ നോക്കു,മ-
പ്പൈങ്കിളി പൊയ്പ്പോയ പഞ്ജരത്തെ!...
ശ്രീതിലകം / മായാചിത്രം
ചങ്ങമ്പുഴ
പിന്നത്തെക്കൊല്ലത്തിലോണപ്പൂവിട്ടപ്പോൾ
കണ്ണീർപൊടിഞ്ഞു കുട്ടന്റെ കണ്ണിൽ.
ചിറ്റാടപൂക്കുന്ന ചിങ്ങം പിറക്കുമ്പോൾ
കുട്ടന്റെ ചിത്തം തകർന്നിതെന്നും!
അച്ഛനാമിന്നത്തെക്കുട്ടന്റെ കണ്ണിലു-
മശ്രു നിറയ്ക്കുന്നിതോണപ്പൂക്കൾ...
അമ്മയെ,ങ്ങമ്മുവെ,ങ്ങാ നല്ല കാലമെ-
ങ്ങമ്മട്ടിൽത്താനേകനായി?
ഏകനോ?-രണ്ടിളം മഞ്ഞപ്പൂമ്പാറ്റകൾ
പോകുന്നു വട്ടമിട്ടാ വെയിലിൽ!
ഏകനോ?-ജീവനാം തന്മകൻ മുറ്റത്തു
നാകം രചിക്കുന്നു പൂവിടലാൽ!
പാടുന്നു റേഡിയോ!...ചങ്ങലക്കട്ടിലി-
ലാടിക്കൊണ്ടോമലാളുല്ലസിപ്പൂ!
ഏകനോ?-ദൂരെ,ച്ചിറകുരുമ്മിത്തത്തി-
പ്പോകുന്നു, ഹാ, രണ്ടരിപ്പിറാക്കൾ!
പേനയെഴുംവലംകൈയാൽത്തലതാങ്ങി-
ദ്ദീനനായ് മേവുകയാണു കുട്ടൻ!
പെട്ടെന്നക്കണ്ണിലെ മുത്തൊന്നു താഴത്തെ-
പ്പട്ടുവിരിപ്പിലടർന്നുവീണു!....
അന്ത്യനിമേഷങ്ങൾ ശ്വാസമ്പിടിച്ചുകൊ-
ണ്ടന്തികത്തങ്ങനെനിന്നിടുമ്പോൾ,
കർമ്മബന്ധത്തിൻശലാകയിലറ്റത്തെ-
ക്കണ്ണിയുമറ്റിടാറായിടുമ്പോൾ,
കൊച്ചമ്മുക്കുട്ടിയും, ചിറ്റാടപ്പൂക്കളും,
പച്ചനെൽപാടവു, മുച്ചവെയ്ലും
പാരണാതീർത്ഥത്തിനെത്തുന്നോരമ്മയും,
ചാരുവാം വെള്ളത്തുളസിത്തൈയും,
ആ രണ്ടു മഞ്ഞപ്പൂമ്പാറ്റയും, റേഡിയോ
ധാരയായ് പെയ്യുന്ന സംഗീതവും,
തമ്മിൽച്ചിറകുരുമ്മീടുമപ്രാക്കളും,
തന്മകൻ നിർമ്മിക്കും പൂക്കളവും,
പണ്ടെന്നോ, താനെങ്ങോ, പെട്ടെന്നൊരുനോക്കു
കണ്ടോരജ്ഞാതസുഹൃത്തു,മെല്ലാം;
ഒന്നൊന്നായ് വേറിട്ടനുക്രമമായിട്ടു-
മൊന്നിച്ചുചേർന്നു, മൊരുഞൊടിയിൽ,
വിങ്ങുമപ്രാണന്റെവിള്ളലോരോന്നിലും-
നിന്നൂയലാടില്ലെന്നാരു കണ്ടു?
ശ്രീതിലകം / മായാചിത്രം
ചങ്ങമ്പുഴ
മറ്റൊരുലോകമുണ്ടെങ്കി,ലിനിയങ്ങും,
ചിറ്റാട പൂക്കില്ലെന്നാരറിഞ്ഞു?....
ആ ലോകത്തിപ്പൊഴും ചിറ്റാട പൂക്കുമ്പോൾ
നീലക്കൺകോണിൽ ജലം തുളുമ്പി,
തൻകളിത്തോഴനെ കാത്തിരുന്നൊറ്റയ്ക്ക-
ത്തങ്കക്കിനാവു തപിക്കയാകാം!
മായും നിഴലെല്ലാം മറ്റൊരു ലോകത്തിൽ
മായാത്ത രശ്മിയായ് മാറിയേക്കാം
ആവില്ല തീർത്തോതാനാർക്കുമേ-ശാശ്വത-
ജീവരഹസ്യങ്ങളാർക്കറിയാം?....
നവംബർ, 1941.
ശ്രീതിലകം
ചങ്ങമ്പുഴ
ആത്മഖേദം
അന്നത്തെദ്ദിനത്തിന്റെയന്ത്യനിശ്വാസം കേട്ടി-
ട്ടന്തരമണുപോലും കണ്ടീല ഞാനീമണ്ണിൽ.
ചരമാബ്ധിയിൽ താണ വാസരേശനുവേണ്ടി-
ക്കരയാനുണ്ടായീല കൊച്ചുപുൽക്കൊടിപോലും.
മാമല മാറ്റീലതിൻമൂകത; നീരാഴിതൻ
ഭീമഗർജ്ജനഘോഷമൽപവുമടങ്ങീല.
പ്രേമപാത്രത്തെത്തേടിയങ്ങിങ്ങായലഞ്ഞിതാ
മാമരക്കാവുതോറും മന്ദനാം മണിത്തെന്നൽ.
ശ്യാമനീലാഭാംബരത്താമരത്തടാകത്തിൽ
പൂമൊട്ടു മന്ദംമന്ദമോരോന്നായ് വികസിച്ചു.
തെളിഞ്ഞൂ ശശിലേഖ, യെങ്കിലു, മെന്നുൾത്താരിൽ
കിളർന്നീലൊരു കൊച്ചു കൗമുദീനാളം പോലും!
വിജനശ്മശാനത്തിൻ വിരിമാറിടം, രാഗ-
ഭജനത്തിനായെനിക്കവശേഷിപ്പൂ, മൂകം.
തരുണാരുണൻ വീണ്ടുമെത്തിടാം - പക്ഷേ,യെനി-
ക്കൊരുതീരാത്ത കൊടും രാത്രി മാത്രമേയുള്ളു;
ആറടിപ്പൊടിമണ്ണിലെന്നാശാലതയിപ്പോ-
ളാഴക്കു വെൺചാമ്പലായ് വീണടിഞ്ഞിരിക്കണം.
സത്യസൗന്ദര്യത്തിന്റെ നാമ്പിലൊന്നിന്നേവരെ
നിത്യതപ്പൂങ്കാവിങ്കൽനിന്നു ഞാനറുത്തീല.
ഒരു വാർമഴവില്ലിലെന്റെ സൗഭാഗ്യാസവം
ചൊരിയാനൊരുമ്പെട്ടൊരീശ്വരൻ, ജയിക്കട്ടെ!
വസുധാംഗനയാൾതൻ താരുണ്യം, വർഷന്തോറും
വസന്താഗമത്തിങ്കൽ നൂതനമായേതീരൂ.
അംബരാരാമത്തിങ്കലമ്പിളിക്കുരുന്നുക-
ണ്ടംബുധിരോമാഞ്ചമാർന്നാനന്ദനൃത്തംചെയ്യും.
വിണ്ടലം വിളർക്കുമ്പോൾ തണ്ടലർ വിടർന്നീടും
വണ്ടു പാടീടുംനേരം ചെണ്ടു പുഞ്ചിരിക്കൊള്ളും.
നിത്യശാന്തിയിലെല്ലാം ലാലസിക്കുമ്പോളെന്റെ
തപ്തബാഷ്പാംബുമാത്രം വറ്റിടാതൊഴുകിപ്പോം!
സർവ്വവും സന്തോഷത്താൽ കോൾമയിർക്കൊള്ളുമ്പോൾ ഞാൻ
ദുർവ്വിധിപ്പുകക്കാട്ടിൽ വീർപ്പുമുട്ടണംപോലും!
ശ്രീതിലകം / ആത്മഖേദം
ചങ്ങമ്പുഴ
മരവിപ്പിച്ചീലെത്ര വാചാലജിഹ്വാഞ്ചലം
മരണം, മന്ദ്രം മന്ത്രിച്ചീടുന്ന മായാമന്ത്രം!
ഒരുകാറ്റടിക്കുമ്പോളെത്ര വെണ്മലരുകൾ
വിറകൊണ്ടിതളറ്റുവീഴുകില്ലയേ്യാ, മണ്ണിൽ!
എത്രയോമിന്നൽക്കൊടിയിന്നോളം മറഞ്ഞതി-
ല്ലെത്രനീർക്കുമിളകൾ കിളർന്നുതകർന്നീല!
പ്രേമസൗരഭ്യംവാർന്ന തപ്തനിശ്വാസം കഷ്ടം
തൂമണിക്കുളിർകാറ്റിലെത്ര ചേർന്നലിഞ്ഞീല!
ഉത്തരം പറയാത്ത കാലത്തോടവയെല്ലാം
വ്യർത്ഥമായ് ചോദിക്കുവതെന്തിനെൻ ഹൃദയമേ?
നിത്യശക്തിതന്നോരോ ലീലാഭേദങ്ങൾതാനീ-
ച്ചിത്രങ്ങൾ വീണ്ടും വീണ്ടും മായ്ക്കലും വരയ്ക്കലും!
ഇക്കൊടുംചുടുകാട്ടിൻ വരണ്ട മണ്ണിൽത്തന്നെ-
പുക്കുവിശ്രമിക്കുകെൻ കണ്ണുനീർക്കണങ്ങളെ!
മായലു, തെളിയലാ, ണല്ലെങ്കിൽ, പണ്ടേതന്നെ
'മായ'യെന്നൊരു പദം മാനുഷൻ മറന്നേനേ!...
ഏപ്രിൽ, 1933
ശ്രീതിലകം / മങ്ങിയ കിരണങ്ങൾ
ചങ്ങമ്പുഴ
മങ്ങിയ കിരണങ്ങൾ
പ്രിയകരമായുള്ളതാകമാനം
സ്വയമൊഴിഞ്ഞോരോന്നകന്നുപോയി.
അവയെക്കുറിച്ചുള്ളൊരോർമ്മപോലു-
മസഹനീയോൽക്കടശോകമായി.
എരിപൊരികൊള്ളുമെൻ മുന്നി,ലിപ്പോ-
ളിരുളും നിരാശയും മാത്രമായി.
അണയില്ലിനി വീണ്ടുമെന്നരികി-
ലവയിലൊരൊറ്റക്കിനാവുപോലും
സകലവുമൊന്നുചേർന്നസ്തമിച്ചു,
സകലവുമയേ്യാ, വിറങ്ങലിച്ചു!
നിരുപിച്ചിരിക്കാതരഞൊടിയി-
ലൊരുകൊച്ചു പൂക്കുറ്റിക്കുള്ളിൽനിന്നും,
പലപലവർണ്ണത്തിലുള്ളനേകം
ഗുളികപ്പൂപൊട്ടിയുയർന്നുപൊങ്ങി.
അവയെല്ലാമൊന്നുപോലൊന്നുമിന്നി
ജവമതേമട്ടിൽപൊലിഞ്ഞു മങ്ങി.
ഒരു വെറും സ്വപ്നം, മനോഹരമാ-
മൊരു തനിത്തങ്കത്തെളുതിളക്കം;
അതുകഴിഞ്ഞിട്ടോ?-തണുതണുത്ത
ഹതമാമൊരു വെറുമന്ധകാരം!
അവസാനമില്ലിതിനെങ്കി,ലയേ്യാ
ശിവനേ, യിതെന്തിന്റെ മാനദണ്ഡം?
ചിലമന്ദഹാസങ്ങളങ്ങുമിങ്ങും
ചിതറിക്കിടന്നവയാകമാനം
കനിവറ്റകാലമേ, നിർഭയം നീ
കരിതേച്ചു കഷ്ടം കളഞ്ഞുവല്ലോ.
അവകളെ ഞാനെന്റെ ജീവിതത്തോ-
ടഴിയാതെ ബന്ധിച്ചതായിരുന്നു.
അലിവെഴാതെന്നിട്ടും, നീയവയെ-
ക്കലിതവിനോദമഴിച്ചുവിട്ടു.
അവയെല്ലാം പോയി-മടങ്ങിവീണ്ടു-
മണയാത്തമട്ടിൽ പറന്നു പോയി.
ഇനിയെന്തുചെയ്യും, ഞാനെങ്ങുപോകു-
മിതിൽനിന്നു ഞാനെന്നു മുക്തനാകും?
ശ്രീതിലകം / മങ്ങിയ കിരണങ്ങൾ
ചങ്ങമ്പുഴ
നെടുവീർപ്പിൻ പശ്ചാത്തലങ്ങൾതോറും,
ചുടുബാഷ്പചിത്രം വരച്ചുമാച്ചും;
ഇരുളിൽ പലപ്പൊഴും നഷ്ടഭാഗ്യ-
സ്മരണയിൽ തോണിതുഴഞ്ഞുഴന്നും;
അവലംബാന്വേഷി ഞാനിപ്രകാര-
മവശനായ് വാഴണമെത്രകാലം?
സമുദായവേശ്യതൻ കണ്ണിണയിൽ
സമുദിതമാകുന്ന നക്രബാഷ്പം
സഹതാപചിഹ്നമായാദരിക്കാൻ
സതതോപദേശം തരുന്നു, ലോകം.
അതിൽ ഞാനൊരൽപം ബധിരനായാ-
ലതുകൊണ്ടു മറ്റുള്ളോർക്കെന്തുചേതം?
അമൃതമയോത്സവരംഗമോരോ-
ന്നമിതാനുമോദം ഞാനാസ്വദിച്ചു;
അവകളിലന്നെന്റെ ഭാവനക-
ളലസവിഹാരങ്ങളാചരിച്ചു;
അല,മാ വിഹാരങ്ങള്മൂല, മെന്നി-
ലതുലാനുഭൂതികളങ്കുരിച്ചു;
വിവിധമധുരവികാരമെന്നിൽ
വിതറിക്കൊ,ണ്ടന്നവയുല്ലസിച്ചു;
അനുപമമാകുമൊരന്തരീക്ഷ-
മവയെനിക്കന്നൊക്കെത്തന്നിരുന്നു;
അതിലെൻ കമനീയകൗതുകത്തിൻ
മൃദുലസല്ലാപം നടന്നിരുന്നു;
അനുമാത്രമെന്മനമന്നതിൽനി-
ന്നനഘനിർവ്വാണം നുകർന്നിരുന്നു;
അതുകൊണ്ടിനിയെന്തുകാര്യ,മിപ്പോ-
ളവയെല്ലാമൊന്നോടൊടുങ്ങിയല്ലോ!
മൃദുസൗരഭത്തെ,യുൽഫുല്ലപുഷ്പം
ഹൃദയത്തിൽ ചേർത്തുപിടിച്ചതല്ലേ?
ഫല, മെന്തതെന്നിട്ടും ചഞ്ചലമാം
കുളിർകാറ്റിൻപിന്നാലെ പാഞ്ഞുപോയി.
ശ്രീതിലകം / മങ്ങിയ കിരണങ്ങൾ
ചങ്ങമ്പുഴ
വ്യതിയാനമെന്തിനും സംഭവിക്കാം
വ്യസനിച്ചിടേണ്ടതില്ലായിരിക്കാം;
ശരിതന്നെ;-ഞാൻ പക്ഷേ, കണ്ടമാറ്റം
കരിതേച്ചൊരാവേശമായിരുന്നു.
അതുകണ്ടൊരാ നിമിഷത്തിൽ, ഞാനൊ-
രിടിവെട്ടുകൊണ്ടപോലായിപ്പോയി.
മഹിയിലന്നോളം കഴിഞ്ഞതോർക്കെ
മമ ചിത്തം പൊട്ടിത്തകർന്നുപോയി!
പ്രണയമേ, മന്മനമിത്രമാത്രം
വ്രണപൂർണ്ണമാക്കി നീ തീർത്തുവല്ലോ!
ഇനിയതിൻ സ്പന്ദനംകൂടി നീക്കാൻ
കനിവെന്നിലുണ്ടെങ്കിൽ നോക്കണേ നീ.
നിശിതനിരാശകൾ ഞെക്കിടുമ്പോൾ
നിലവിളിക്കുന്നു ഞാൻ നിസ്സഹായൻ.
അതുകേട്ടലിഞ്ഞെന്നരികിൽനിന്നോ-
രമൃതാംശുപോലുമകന്നുപോയാൽ,
ഇനിയെന്താണുള്ളതെൻ തപ്തചിന്ത
മിനുസപ്പെടുത്തി മിനുക്കിവെയ്ക്കാൻ?
മഹിയിലാരശ്മിക്കുവേണമെങ്കിൽ
മമ ജീവൻപോലും ഞാനേകിയേനേ!-
മരണത്തിൻ പിന്നിലും ഞാനൊരോമ-
ന്മധുരാനുഭൂതിയിൽ മുങ്ങിയേനേ!-
അനുമാത്രദു:ഖത്തിനായിമാത്ര-
മിനിയതു ചിന്തിച്ചിട്ടെന്തു കാര്യം?
ഫലമില്ല;-സർവ്വവും ശൂന്യമായി
വിലയത്തിലൊക്കെയും വീണൊടുങ്ങി.
ഒരു തെറ്റും ചെയ്യാതിരുന്ന തെറ്റി-
ന്നരുളിയ നീതിതൻ ശിക്ഷപോലെ
എളിയസുഖത്തിൻ ഗളത്തിലയേ്യാ
കൊലമാലയിട്ടുകഴിഞ്ഞു കാലം!
ഹൃദയത്തെപ്പുൽകിയൊരുത്സവങ്ങ-
ളതുലങ്ങളോരോരോ വിഭ്രമങ്ങൾ.
ക്ഷണികങ്ങളാണിവയൊക്കെയെങ്കി-
ലിനി, മന്നിലെന്തിനെ വിശ്വസിക്കാം?
ശ്രീതിലകം / മങ്ങിയ കിരണങ്ങൾ
ചങ്ങമ്പുഴ
അനുപമാദർശമേ, നിൻ നിലാവ-
ത്തലിയാം നിനവിന്റെ ചന്ദ്രകാന്തം.
അണുപോലുമെന്നാലലിഞ്ഞുകാണ്മീ-
ലനുഭവക്ഷിപ്താശ്മവീഥിയൊന്നും!
ഒരുവെറും സങ്കൽപമാത്രമാം നി-
ന്നരികിലേക്കുള്ളൊ,രെൻ ദീനയാനം
ഒരു, ചിറകറ്റ ശലഭികതൻ
സുരദീപസംഗമോദ്വേഗമായി!
പുളകാങ്കുരങ്ങളെസ്സാക്ഷിനിർത്തി-
പ്പലതുമായന്നു ഞാൻ കൂട്ടിമുട്ടി.
അവയെല്ലാമിന്നുഗവിസ്മൃതിതൻ
ശവകുടീരത്തിനകത്തടിഞ്ഞു.
അവയന്നെൻ ജീവിതത്തോടടുത്തോ-
രളവിൽ ഞാൻ മറ്റൊരാളായിരുന്നു;
മുരളിയെന്നോണ, മെന്നന്തരംഗം
മുഴുവനും സംഗീതമായിരുന്നു!
അരുതതിന്നോർക്കാനസഹ്യ, മയേ്യാ
പരിണാമമേ, ഹാ, ഭയങ്കരം നീ!
അപജയം, ചുറ്റുമൊരന്ധകാരം
അഖിലവും നാശം-അധ:പതനം!
സകലവും തീർന്നു, ഞാൻ മാത്രമായി
സകരുണം ഞാനും, ഹാ, യാത്രയായി.
എവിടെയ്ക്കാണെന്നോ?-സമസ്തവും ചെ-
ന്നെവിടെലയിപ്പ, തങ്ങോട്ടുതന്നെ! ....
ജൂൺ, 1935
ശ്രീതിലകം
ചങ്ങമ്പുഴ
അഴലിന്റെ നിഴലിൽ
പൂത്തുനിൽക്കുന്ന നിലാവിൻ നികുഞ്ജത്തിൽ
രാത്രിവന്നാരെയോ കാത്തു നിൽപൂ സഖീ!
ആയിരം പ്രേമവചസ്സുമായെത്തുമാ-
റാരായിരിക്കുമവളുടെ കാമുകൻ?
വാർമണിത്തെന്നൽ വന്നുമ്മവെച്ചങ്ങതാ
കോൾമയിർക്കൊള്ളുന്നു ചന്ദനത്തോപ്പുകൾ.
പ്രേമാർദ്രയാമൊരു കിന്നരി കാണുന്ന
കോമളസ്വപ്നശകലങ്ങള്മാതിരി.
ശാരദാകാശത്തിലങ്ങിങ്ങതാ കാണ്മൂ
നേരിയ വെള്ളിവലാഹകമാലകൾ.
അസ്വസ്ഥചിത്ത ഞാ,നെന്നാശ പായുന്ന-
തപ്രാപ്യലക്ഷ്യത്തിലായിരിക്കാം, സഖി!
വേദനിക്കുന്ന മനസ്സിനെ, സ്സാന്ത്വന-
മോതി, സ്വയമൊന്നുറക്കാൻ ശ്രമിപ്പൂ ഞാൻ.
കഷ്ട, മകാരണ, മെന്നിട്ടതിപ്പൊഴും
ഞെട്ടിത്തെറിച്ചു പിടയ്ക്കയാണെന്തിനോ!
വ്ങ്കിലും, മന്ദഹസിക്കുന്നു വിണ്ണില-
ത്തിങ്കൾ, കൺചിമ്മിച്ചിരിക്കുന്നു താരകൾ.
രാവിന്റെ മൊട്ടിട്ട നീലിച്ച പന്തലിൽ-
ദ്ദേവനൃത്തംചെയ്തുനിൽപൂ മുകിലുകൾ.
എന്നാത്മദു:ഖം പകുത്തുവാങ്ങിക്കുവാ-
നൊന്നുമില്ലയേ്യാ, പരിത്യക്തയാണു ഞാൻ!
ആരുമടുത്തെങ്ങുമില്ലാതെ നിൽക്കുമ-
ത്താരത്തിനെപ്പോൽപ്പരിത്യക്തയാണു ഞാൻ!
ഇദ്ദേവനാടകം കണ്ടിട്ടുകൂടിയും
ചിത്തമുണരാഞ്ഞ നിർജ്ജീവയാണു ഞാൻ!
ലോകപുഷ്പത്തിൻ ദളങ്ങളല്ലീശ്വര-
നേകിയ, തെന്നാ, ലെനിക്കതിൻ മുള്ളുകൾ!
ജന്മാന്തരങ്ങൾതൻ പ്രേമപ്രദക്ഷിണ-
കർമ്മത്തിൽ നിത്യോപവാസിയാണു ഞാൻ!
ഇപ്പഞ്ജരംവിട്ടു ഞാനുയരുമ്പൊഴും
മൽപാർശ്വ,മയോ,വിജനമാണെങ്കിലോ! ...
ജനുവരി, 1938
ശ്രീതിലകം
ചങ്ങമ്പുഴ
സാന്ത്വനം
ഇരുൾപോയി ലോകത്തിലാകമാനം
ഒരു പുതിയ ചൈതന്യം നൃത്തമാടി.
അവികലകാന്തി കലരുമോരോ
രവികിരണം മന്നിനെത്തോട്ടുണർത്തി.
മഹിയിൽ, വെറും പുൽക്കൊടികൾപോലും
തുഹീനകണമാണിക്യമാല ചൂടി.
കൂളുർകാറ്റത്തു മരത്തലപ്പിൽ
കളലളിതമർമ്മരം വാരിവീശി.
കുസുമിതമാകന്ദവാടിതോറും
കുയിലിണകളോരോന്നുണർന്നുപാടി.
കമനീയമാകുമിസ്സന്മുഹൂർത്തം
കളയരുതേ നിഷ്ഫലം നിങ്ങളാരും!
അഴലിൻ കരിനിഴൽപതഞ്ഞുമാഞ്ഞി-
ട്ടഴകൊഴുകുമാനന്ദം വെള്ളവീശി.
കൊടുമിരുൾപ്പാറ പിളർന്നു, തങ്ക-
ത്തടിനിയതാ കൺമുമ്പിൽ കണ്ടുപോയി.
ഇനിയുമെൻ തോഴരേ, നിങ്ങളാരും
മനമുരുകിത്തേങ്ങിക്കരയരുതേ!
ഹൃദയം ദ്രവിപ്പിക്കും രോദനങ്ങൾ
ഇതിലധികം തൂകുവാനില്ല നിങ്ങൾ.
ഇനിയതുകേട്ടു സഹിച്ചിരിക്കാൻ
ഇവനരുതൊരൽപവു, മെന്തുചെയ്യാം!
സകലമോരോന്നായ് പഴുത്തുവീഴും
സമയമരക്കൊമ്പിലെപ്പച്ചിലകൾ.
പരിചയക്കാർ നമ്മളാകമാനം
പലവഴിയായ്, കഷ്ടം, പിരിഞ്ഞുപോകും.
കഴിയില്ല നമ്മൾക്കിങ്ങേറെനേരം
കലിതരസ,മൊത്തു കഴിഞ്ഞുകൂടാൻ!
അനഘമാ,മ വെറുമൽപനേരം
തുനിയരുതേ നിങ്ങൾ കരഞ്ഞുതീർക്കാൻ!
പരമാർദ്രചിത്തരേ, നിങ്ങളൊന്നെ-
ന്നരികിൽ വരൂ, കണ്ണീർ തുടച്ചിടാം ഞാൻ!
വ്യഥയെല്ലാം ദൂരത്തകറ്റിയോരോ
കഥപറയാം, നമ്മൾക്കു പാട്ടുപാടാം.
ക്ഷണികമിജ്ജീവിതം മൃത്യുവിന്നായ്
പ്രണയമയഹാസത്തിൽ മൂടിവയ്ക്കാം.
ശ്രീതിലകം / സാന്ത്വനം
ചങ്ങമ്പുഴ
കരയൽക്കടൽ നീന്തിപ്പുഞ്ചിരിതൻ
കവനരുചിതഞ്ചും കരയ്ക്കുപറ്റി,
അനുകൂലചിന്തകളൊത്തു നമ്മൾ-
ക്കതിസുഖദവിശ്രമമാസ്വദിക്കാം!
കരിമുകിലെത്രമേൽ മൂടിയാലും
കനകമഴവില്ലു തെളിഞ്ഞുമിന്നും.
പൊരിയും മണൽക്കാട്ടിൽപ്പോലു,മോരോ
പരിലളിതശാദ്വലപ്പൊയ്ക കാണും.
ഇരുള്മാത്രമല്ല, വെളിച്ചവുമു-
ണ്ടരുതതിനാൽ തെല്ലും വിഷാദഭാവം.
ഇരുൾ പോയി, നേരം വെളിച്ചമായി,
നിറകതിരിൽ വിശ്വമുണർന്നു മുങ്ങി!
കരയേണ്ടകാലം കഴിഞ്ഞു;-മേലിൽ
കലിതസുഖം നമ്മൾക്കു പാട്ടുപാടാം! ...
ജനുവരി, 1935
ശ്രീതിലകം
ചങ്ങമ്പുഴ
പ്രാണനാഥൻ
മരണമേ, നിൻ സമാഗമനോത്സവ-
മഹിതരംഗവും കാത്തുകാത്തക്ഷമം,
മരുവിയിട്ടെത്രനാളുകളായി ഞാൻ
മമ വിജനമനോഹരമേടയിൽ?
വെളിയിലൊക്കെയുമന്ധകാരാവൃതം
തെളിവതില്ലൊരു വെള്ളിനക്ഷത്രവും.
കദനചിന്തകൾതിങ്ങും മനസ്സുപോൽ
കരിമുകിലാലിരുണ്ടു നഭസ്ഥലം
ഭയദമാണീ നിശീഥമെന്നാകിലും
ഭവദനഘസുഖദർശനേച്ഛയാൽ,
ഒരു മനോഹരമാല്യവുമായിതാ
മരുവിടുന്നു ഞാൻ മാമകശയ്യയിൽ!
മധുരമല്ലികാസൗരഭസാന്ദ്രമായ്
മഹിതകാന്തിതൻ നർത്തനരംഗമായ്,
മണിയറയിതു ലാലസിച്ചീടണം,
പ്രണയസർവ്വമേ, നീ വരും വേളയിൽ!
അതുലകൗതുകമാർന്നു ഭവാനെ, ഞാൻ
ഹൃദയപൂർവ്വകം വന്നെതിരേൽക്കുവാൻ!
ഇവിടെനിന്നും പിരിയുന്ന വേളയിൽ-
ത്തവ പദങ്ങളിലെന്നെയർപ്പിച്ചു ഞാൻ,
മമജനിതൻ പ്രിപൂർണ്ണതയി,ലാ
മധുരമൂർച്ഛയി,ലാപതിച്ചീടുവൻ!
നിരഘനിർവ്വാണപീയൂഷനിർഝരം
നിയതമെന്നിൽ തളിക്കുന്ന നിൻ കരം,
പരസഹസ്രകമാലിംഗനങ്ങളാൽ
പരിചരിച്ചീടുമെന്നെയെല്ലായ്പ്പൊഴും!
മരണമേ, മമ ജീവിതപൂർത്തിയാം
മരണമേ, മൽപ്രണയസങ്കേതമേ,
വരിക, കൈക്കൊൾക, ഞാനായിടുന്നൊരീ-
പ്പരമമാകുമെന്നന്ത്യോപഹാരവും!
ജൂൺ, 1937
ശ്രീതിലകം
ചങ്ങമ്പുഴ
പൂമുറ്റം
പുണ്യത്തിടമ്പായുദിച്ചുയർന്നോ-
രുണ്ണിക്കതിരോനുലകിലെങ്ങും
തങ്കരതല്ലജം വീശി വീശി-
ത്തങ്കം വിതച്ചു വിതച്ചു നിൽക്കേ;
ഭൂമിയും നാകവും ചേർന്നു, യോഗ-
ക്ഷേമപീയൂഷത്തിൽ മുങ്ങിനിൽക്കേ;
സുന്ദരവത്സരവല്ലരിയിൽ-
പ്പൊന്നോണസൂനം വിടർന്നുനിൽക്കേ;
കാണുവി,നാരെയോ കാത്തുനിൽപ്പൂ
വേണാടിൻ നിസ്തുലഭാഗ്യലക്ഷ്മി!
ദേശാന്തരങ്ങളിൽനിന്നുപോലു-
മാശംസകൾതൻ നവസുഗന്ധം
തൃക്കാൽക്കൽ കാഴ്ചവെച്ചത്യുദാരം
തൈക്കുളിർത്തെന്നലൊതുങ്ങിനിൽപ്പൂ
ചുറ്റും നിറഞ്ഞ മരങ്ങളിൽനി-
ന്നിറ്റിറ്റുവീഴുന്നു ഹർഷബാഷ്പം.
സദ്രസം വാഴ്ത്തുന്നു മർമ്മരത്താൽ
പത്രങ്ങളാ മനോമോഹിനിയെ.
എന്നാലുമിന്ദീവരോജ്ജ്വലമായ്
മിന്നുന്ന തൻ മിഴിക്കോണുകളിൽ
അപ്പപ്പോൾ കാണാമൊരക്ഷമയാ-
ലസ്പഷ്ടമാകും പ്രതീക്ഷയെന്തോ!
കാനനപുഷ്പങ്ങൾ തിങ്ങുമോരോ
കാഞ്ചനമഞ്ജൂഷകൈയിലേന്തി
തൃപ്തിതൻ മൂന്നു നിറകുടങ്ങ-
ളെത്തിപ്പോയ് മൂന്നുചെറുകിടാങ്ങൾ.
അമ്മയെക്കണ്ടിട്ടു,മമ്മ കണ്ടു-
മമ്മുറ്റത്താനന്ദം വെണ്മവീശി.
ശ്രീതിലകം / പൂമുറ്റം
ചങ്ങമ്പുഴ
സ്നേഹസമൃദ്ധിയിൽ കാന്തിചിന്തും
മോഹനദീപത്തെസ്സാക്ഷിയാക്കി.
നോക്കുന്നോരാരിലുമാശവായ്ക്കും
പൂക്കളമൊന്നവർ ചേർന്നൊരുക്കി.
തുമ്പപ്പൂ, പിച്ചകം, പുത്തിലഞ്ഞി,
ചെമ്പകം, ചേമന്തി, ചെങ്കുറിഞ്ഞി,
ചിറ്റാട, മുക്കുറ്റി, ചെമ്പരത്തി
മുറ്റത്തിനുത്സവപ്പൊട്ടുചാർത്തി!
ഓടക്കുഴലും വിളിച്ചവിടെ-
യ്ക്കോരോ സുഷമകളോടിയെത്തി!
ദ്യോവിൽ വിമാനത്തിലുല്ലസിക്കും
ദേവകളാ മുറ്റം നോക്കിനിൽപായ്
ഉണ്ണിക്കിടാങ്ങൾ കുതൂഹലത്താ-
ലൊന്നിച്ചുകൈകോർത്തു നൃത്തമാടി.
പ്രീതിയുൾച്ചേർക്കുമക്കാഴ്ച കണ്ടാ
മാതൃനേത്രങ്ങൾ നിറഞ്ഞുപോയി!
ആഗസ്റ്റ്, 1936.
ശ്രീതിലകം
ചങ്ങമ്പുഴ
മാഴ്കായ്ക മോഹിനി
ആയിരം സ്വപ്നങ്ങൾ തിങ്ങിത്തുളുമ്പുമീ-
യാനന്ദരാത്രിയും തീരും മനോഹരി
വേദനമാത്രം വഴിയും മനസ്സുമായ്
വേർപെട്ടുപോണമുഷസ്സിനു മുൻപു നാം.
നിർദ്ദയലോകമുണരു,മസൂയത-
ന്നസ്ത്രങ്ങളെയ്തു മുറിക്കും മനസ്സിനെ!
കണ്ണീരിൽമുങ്ങിക്കഴിയുവാൻ മാത്രമാ-
ണൊന്നിച്ചുചേർന്നതീ മന്നിൽ നാമോമനേ!
ഓർത്തിരിക്കാതെ നാമൊത്തുചേർന്നെങ്കിലു-
മാർത്തരായ് വിട്ടുമാറേണമെന്നെങ്കിലും.
ജീവനായ് നിൽക്കുന്ന നീപോലുമെൻതപ്ത-
ജീവിതത്തിനു വെറുമൊരതിഥിയാം.
സൽക്കരിക്കുന്നു മുടങ്ങാതെ മുന്തിരി-
സ്സത്തുപകർന്നുതന്നോമനേ, നിന്നെ ഞാൻ.
എങ്കിലും, കേവലമന്യയാണിപ്പൊഴു-
മെൻ കളിത്തോഴിയായ്ക്കൂടിക്കഴിഞ്ഞ നീ!
നീയടുക്കുമ്പോളകന്നുമാറുന്നു ഞാൻ
നീയകലുന്നു ഞാൻ നിന്നോടടുക്കുകിൽ.
കഷ്ട, മീ മാന്ത്രികമായാവലയത്തെ
വിട്ടുമാറാനുമശക്തരായ്പോയി നാം!
ശോകാന്തമിപ്രേമനാടകമാടുവാൻ
ലോകമേ, ഞങ്ങളെക്കൂട്ടിമുട്ടിച്ചു നീ.
എന്നിട്ടൊഴിഞ്ഞിരുന്നേകാന്തതയിൽ നീ
മന്ദഹസിക്കയുംചെയ്യുന്നു നിർദ്ദയം.
ആകട്ടെ, ഞങ്ങളിതോതിയിനിമേലി-
ലാവലാതിപ്പെട്ടിടുകില്ലൊരിക്കലും
എന്തുവന്നാലും സഹിക്കണം, നീയതു
ചിന്തിച്ചു കണ്ണീർപൊഴിക്കരുതോമലേ!
കല്ലറക്കെട്ടിൽ നിലച്ചുപോകുന്നത-
ല്ലുല്ലസൽജീവിതം-മാഴായ്ക മോഹിനീ!
ജൂലൈ, 1938
ശ്രീതിലകം
ചങ്ങമ്പുഴ
മാദകാലാപം
സുന്ദരവാരുണദിങ്മുഖത്തിൽ
മന്ദഹസിക്കുന്ന സാന്ധ്യതാരം
എന്നിലൊരാനന്ദസ്വപ്നലേശം
തുന്നിപ്പിടിപ്പിക്കയായിരുന്നു.
സൂര്യൻമറഞ്ഞു; നിലാവു വീണു;
സൂനം വിടർന്നു; മണം പരന്നു;
ആലോലമർമ്മരം തൂകിത്തൂകി
മാലേയവായു തക്കർന്നലഞ്ഞു.
നാണംകുണുങ്ങിക്കുണുങ്ങി മന്ദം
ഹേമന്തരാത്രിയും വന്നുചേർന്നു.
അശ്രാന്തം പാഞ്ഞുപോം ലോകചക്രം
വിശ്രാന്തിതേടുമിസ്സന്മുഹൂർത്തം,
സന്തോഷബാഷ്പത്തിൽ മുക്കുവാനീ
മുന്തിരിച്ചാറെനിക്കാരുതന്നു?
ആനന്ദ, മാനന്ദം! ഞാനിനിയെൻ
ഗാനം മുറയ്ക്കുതുടർന്നുകൊള്ളാം.
ദേവതാരാധനാകാലമായി
കോവിലിൽ കേൾപ്പൂ മണിയൊലികൾ.
ആഗതമാകയായ് ദൂരെനിന്നും
നാഗസ്വരത്തിൻ ഞെരുങ്ങലുകൾ.
കല്ലിന്റെ മുൻപിൽ കഴുത്തുചായ്ക്കാ-
നില്ലില്ലെനിക്കിന്നു നേരമില്ല.
മുന്തിരിമോന്തുമെൻ ചുണ്ടിനാൽ ഞാൻ
മന്ത്രംജപിക്കുവാനല്ല ഭാവം.
എല്ലാരും നിങ്ങളെടുത്തുവാഴ്ത്തും
കല്ലും മരവുമല്ലെന്റെ ദൈവം.
സ്വർല്ലോകമെന്നെത്തിരസ്കരിച്ചാൽ
പുല്ലാണെനിക്കു, ഞാൻ ഭീരുവല്ല.
മണ്ണിന്നടിയിൽ മറഞ്ഞു നിങ്ങൾ
വിണ്ണിലണഞ്ഞാലണഞ്ഞുകൊൾവിൻ.
എന്നെസ്സകൗതുകം സ്വീകരിപ്പാൻ
മന്നിലേക്കിന്നതു വന്നുകൊള്ളും!
ശ്രീതിലകം / മാദകാലാപം
ചങ്ങമ്പുഴ
ശങ്കിപ്പതെന്തിനാണോമലേ, നീ
തങ്കച്ചഷകം നിറച്ചുകൊള്ളൂ!
കേവലം മായികം സ്വപ്നമാണി-
ജ്ജീവിതമെങ്കിൽ, നാമോമലാളേ!
മണ്ണിന്നകത്തു ചൊരിഞ്ഞീടുമീ-
കണ്ണുനീർകൊണ്ടു പിന്നെന്തു സാദ്ധ്യം?
മന്ദാരത്തോപ്പിലപ്പൂങ്കുയിൽ വ-
ന്നെന്തെല്ലാം പാടിപ്പറന്നുപോയി?
എന്നാലസ്സാധുവിൻ പേരുപോലു-
മന്നേ മറന്നുകഴിഞ്ഞു ലോകം.
ഇന്നപ്പൂങ്കാവിൽ വിടർന്ന പുഷ്പം
കണ്ണും കരളും കവർന്നു- പക്ഷേ,
നാളെയാരുണ്ടതിൻ, വാടിവീണ
ലോലദളത്തിലൊരുമ്മവെയ്ക്കാൻ?
ഹാ കഷ്ട!മെന്തിനു സാക്ഷിനിൽക്കും
ലോകമേ! നീയും യഥാർത്ഥമാണോ?
അയ്യോ വിഷമം! വിഷമമയ്യോ!
വയ്യെനിക്കോമലേ പാനപാത്രം!
വേവുമെന്നുള്ളിലെ വേദനകൾ
വേഗത്തിലൽപമൊന്നാറ്റുവാനായ്,
എന്തിലും മീതെ ഞാൻ വാഴ്ത്തീടുമീ
മുന്തിരിച്ചാറിനേ സാദ്ധ്യമാകൂ!
എന്നിൽനിന്നെന്നെപ്പറഞ്ഞയയ്ക്കും
സുന്ദരമായൊരിദ്ദിവ്യമദ്യം.
ആരെന്നൊടോതുന്നു കൈവെടിയാ-
നാരിതു മന്നിൽ നിഷിദ്ധമാക്കി?
ആചാര്യന്മാർ നിങ്ങൾ നെയ്തുതന്നോ-
രാചാരമാകും നനഞ്ഞവസ്ത്രം,
മാറിയുടുക്കാതിരിക്കുവോളം
മാമൂൽപ്പനിയെങ്ങു വിട്ടുമാറാൻ?
വേദനിക്കുന്നു മന്മാനസം!-ഹാ!
വേഗമാകട്ടേ നിറയ്ക്കു പാത്രം!
ജനുവരി, 1935
ശ്രീതിലകം
ചങ്ങമ്പുഴ
സായുജ്യദീപ്തി
നിന്നെയും കാത്തുകാത്തിപ്പുഴവക്കിൽ ഞാൻ
നിർന്നിമേഷനായ് നിൽക്കെ;
തന്നെത്താൻ പാടുമൊരായിരം വീണക-
ളൊന്നിച്ചുകൂടിയപോലെ;
ഓമൽപ്പുളകങ്ങൾ പൂവിട്ടൊരാരാമ-
സീമയിലെത്തിയപോലെ;
ഏതോപരമാനുഭൂതിതൻ മാറി,ലെൻ
ചേതനചേർന്നുലയിപ്പൂ
നീളെത്തെളിഞ്ഞു നിരന്ന തേജോമയ-
ഗാളായുതങ്ങളിൽനിന്നും
നിന്നംഗുലിസ്പർശമാത്രയിൽ; സംഗീത-
ബിന്ദുക്കൾതെറ്റിത്തെറിക്കെ;
മംഗളഗാനപ്രളയമൊന്നിൽ, താണു-
മുങ്ങുകയാണിപ്രപഞ്ചം.
ആയതിൻ കല്ലോലമാലകളോടൊപ്പ-
മാടിയാടി, സ്വയമെങ്ങോ
നിശ്ചയമില്ലാതൊഴുകുകയാണൊരു
പച്ചിലത്തോണിയായ് ഞാനും!
മുന്നിലുള്ളെത്രയോ ചക്രവാളങ്ങൾ ഞാൻ
പിന്നിട്ടു പിന്നിട്ടു പോയി!
എന്നിട്ടു,മാദിയില്ലന്തമില്ലദ്ഭുത-
മെങ്ങു ഞാനെങ്ങു ഞാനെത്തി?
ചഞ്ചലബ്രഹ്മാണ്ഡബുദ്ബുദകോടികൾ
സഞ്ചരിക്കുന്നൊരച്ചാലിൽ,
ആയിരംപൊട്ടിത്തകര,ലയ്യായിര-
മാവിർഭവിച്ചും ഞൊടിയിൽ
മഹേന്ദ്രജാലങ്ങൾ കാണിക്കുമെത്രയോ
മായോത്സവങ്ങൾ ഞാൻ കണ്ടു!
വാപിളർത്തുന്നോരതിന്റെ ഗർത്തങ്ങളിൽ
വാടിവീഴുന്നു ദിനങ്ങൾ!
എന്നല്ല ജന്മാന്തരങ്ങൾ ചിറകടി-
ച്ചൊന്നിച്ചതിൽ ചെന്നൊളിപ്പു.
ഒപ്പ,മിരുട്ടും വെളിച്ചവും, തങ്ങളിൽ
കെട്ടിപ്പിടിച്ചും, പിരിഞ്ഞും;
അന്തമ,റ്റോളമടിച്ചു കിടക്കുമ-
തെന്തൊരപാരതയാവോ!
ശ്രീതിലകം / സായൂജ്യദീപ്തി
ചങ്ങമ്പുഴ
നിന്നിടുകയാണിവയ്ക്കൊക്കെയപ്പുറം
വിണ്ണിൻവെളിച്ചമേ, നീയും!
അദ്ഭുത, മെങ്ങനെ പിന്നെ, നീ, യിക്കാട്ടു-
പുഷ്പത്തിലുംകൂടിയെത്തി?
എമ്മട്ടു നിന്മഹൽചൈതന്യസിന്ധു വ-
ന്നിമ്മഞ്ഞുതുള്ളിയിൽ തങ്ങി?
അന്തമില്ലാത്ത നിൻ വിസ്തൃതി,യെമ്മട്ടീ
മൺതരിക്കുള്ളിലൊതുങ്ങി?
ഇച്ചെറുനീർപ്പോള, യെങ്ങനെ, വറ്റാത്തൊ-
രുജ്ജ്വലവാരാശിയായി?
നിസ്സാരമായൊരിപ്പുഞ്ചിരിയെങ്ങനെ
നിത്യപ്രകാശമായ് മാറി?
സത്യമേ, കാണുമിതൊക്കെ, നിൻ ശക്തിതൻ
പ്രത്യക്ഷചിഹ്നങ്ങൾ മാത്രം!-
അത്രയ്ക്കജയ്യമാമേതോമഹിമത-
ന്നസ്പഷ്ടചിത്രങ്ങൾ മാത്രം!-
എന്നാ, ലിവയ്ക്കേകകാരണമായ് നിൽപ-
തെങ്ങു നീ, ദിവ്യമഹസ്സേ?
എങ്ങാ-നിടയ്ക്കിടയ്ക്കവ്യക്തമായ്, നിന്റെ
സംഗീതവീചികാലേശം
എത്തിയാലെന്നടുത്തപ്പൊഴെല്ലാം ഗാഢ-
സുപ്തിവന്നെന്നെച്ചതിക്കും.
ഞാനുണരുമ്പോഴേ,ക്കാ മനോമോഹന-
ഗാനം മുഴുവൻ നിലയ്ക്കും.
വാർമഴവില്ലിൻ വർണ്ണങ്ങൾമാത്ര, മാ-
വാനിൽ, ചിലപ്പോൾ വരയ്ക്കും.
പിന്നത്തെമാത്രയിലേതോ കരപുട-
മൊന്നിച്ചതൊക്കെത്തുടയ്ക്കും.
ശാരീരമൊപ്പിച്ചു പാടാനതെന്നു, മ-
ശ്ശാരികാസഞ്ചയം നോക്കും.
അക്കാഴ്ചയോരോന്നു കണ്ടിടുന്തോറു, മെ-
ന്നുൾക്കാമ്പിലാകാംക്ഷയേറും!-
എന്തിനൊളിച്ചുകളിക്കുന്നു ഹാ, നിത്യ-
സൗന്ദര്യമേ നീയിനിയും?
നിന്നിലലിഞ്ഞലിഞ്ഞില്ലാതെയായിട-
ട്ടെന്നിലെ ഞാനാത്തവേഗം!
വാടാവെളിച്ചമേ, തെല്ലിട നീ, നിന്റെ
മൂടുപടമൊന്നു മാറ്റൂ!
ഏപ്രിൽ, 1937
ശ്രീതിലകം
ചങ്ങമ്പുഴ
അശ്രുപൂജ
അനുമോദനം വെറും വ്യർത്ഥം, ഹാ, പി-
ന്നനുശോചനത്തിനെന്തർത്ഥം?
ശരിയാണതെങ്കിലും ദു:ഖം വന്നാ-
ലറിയാതെ കേണുപോമാരും.
നരനുമാത്രം മന്നിൽ നൽകീ ദൈവം
നവനവഹാസവിലാസം.
അതുമൂലമായിടാം കഷ്ട, മവ-
ന്നധികം കരയുവാൻ യോഗം!
ഉതിരുമിക്കണ്ണീരൊന്നൊപ്പാൻപോലു-
മുയരുന്നതില്ലിന്നു കൈകൾ.
ഇടനെഞ്ചുപൊട്ടുമാ, റയേ്യാ, കേട്ടൊ-
രിടിവെട്ടതെന്തായിരുന്നു?
മരണത്തിനിത്രയ്ക്കുമാത്രം, കെൽപീ
മഹിയിലുണ്ടെന്നാരറിഞ്ഞു!
ഇനിയൊരുനാളിലും ഹർഷത്തിന്റെ
കനകച്ചിറകുകൾ വീശി,
മഹിമകൾ പൂത്തും തളിർത്തും നിൽക്കും
മലയാളത്തിൻ മലർക്കാവിൽ
ഫലിതാത്മകങ്ങളച്ചിന്താചിത്ര-
ശലഭങ്ങളെത്തുകില്ലെന്നോ?
സുഖദസുഷുപ്തിയിൽ സ്വപ്നത്തിന്റെ
സുലളിതാംശുക്കൾക്കിടയിൽ,
മദഭരിതോജ്ജ്വലനൃത്തംചെയ്തു
മതിമയക്കീടിനശേഷം,
ഇരുളും വെളിച്ചവും പുൽകിപ്പുൽകി-
പ്പിരിയുമക്കാല്യോദയത്തിൽ
അകലുമൊരപ്സരസ്സിൻ കാൽച്ചില-
മ്പണിയുന്ന ശിഞ്ജിതം പോലെ,
മറയാനിടയായിതെന്നോ, മന്നിൽ
മഹിതമ'സ്സജ്ജയ' നാമം!
ഇനിയൊരുനാളുമത്തൂവൽത്തുമ്പൊ-
ന്നിളകുവാനൊക്കുകില്ലെന്നോ?
കഠിനം, കഠിനം, ജഗത്തേ, നിന്റെ
കഥയിതോർക്കുമ്പോളസഹ്യം!
ഇനിയെന്തി, നൊക്കെയും തീർന്നു, പുഷ്പ-
വനികയിൽ ഗ്രീഷ്മം കടന്നു.
ശ്രീതിലകം / അശ്രുപൂജ
ചങ്ങമ്പുഴ
തളിരും മലരും കൊഴിഞ്ഞു, മര-
ത്തണലുകളെല്ലാം മറഞ്ഞു.
നിറയുന്നു ചുറ്റിലും മൗനം, നേർത്ത
ചിറകടിപോലുമില്ലെങ്ങും
സകലതും ശൂന്യം, വിവിക്തം, മൂകം
വികലം, വിഷാദാഭിഷിക്തം
മരണമേ, നിൻ ജീവദാഹത്തിന്റെ
മറുവശത്തുള്ളൊരിച്ചിത്രം!
അരുതിതൊന്നോർക്കുവാൻപോലു, മില്ലി-
ല്ലറുതി നിൻ തൃഷ്ണയ്ക്കു തെല്ലും!
ഒരു നെടുവീർപ്പുവിടാതെ, കണ്ണി-
ലൊരുതുള്ളിക്കണ്ണീർ വരാതെ,
അകലെ, സ്വതന്ത്രമായ്, പൊട്ടിച്ചിരി-
ച്ചവിടുന്നു നിന്നൂ, മഹാത്മൻ!
എരിയും മനസ്സിലമൃതം പെയ്തു
പരിചിൽ തവോജ്ജ്വലഹാസം.
അവിടുന്നൊരക്ഷരം മിണ്ടുമ്പോഴേ-
ക്കഖിലരും പൊട്ടിച്ചിരിച്ചു;
ദുരിതങ്ങളെല്ലാം മറഞ്ഞു ഹർഷ-
ഭരിതരായ് മുന്നിൽ നിരന്നൂ.
അറിവിലതെന്തിന്ത്രജാലം! മുന്നി-
ലവിടുന്നു കാണിച്ചു ലോകം-
ചിരിയുടെ ലോകം- ആ ലോകത്തേക്കു
ചിറകുവിടർത്തുന്നു ചിത്തം!
ഹലമെ, ന്തെതെല്ലാം കഴിഞ്ഞു, വെറും
ചലനചിത്രംപോൽ മറഞ്ഞു!
സ്ഫുരിതഹർഷാർദ്രമച്ചിത്തമ്പോലു-
മൊരുപിടിച്ചാമ്പലായ്ത്തീർന്നൂ!
ഹതഭാഗ്യരയേ്യാ, കുതിർത്തീടുന്നി-
തതുപോലും, ഞങ്ങൾകണ്ണീരിൽ!-
മിഴിനീരുകൊണ്ടെന്തുകാര്യം?-മാഞ്ഞ
മഴവില്ലതെന്നേക്കും മാഞ്ഞു!
അതുലമാം ശാന്തിതൻ നിത്യോത്സവ-
മതിനിനി നേരുക നമ്മൾ!
മലയാളത്തിന്റെ ഫലിതം ചാർത്തും
മണിമാലകൾക്കു നടുവിൽ
മരതകപ്പച്ചപ്പതക്കം തൂക്കീ
മഹനീയ'സഞ്ജയ' നാമം!
വിമലദ്യുതിവീശി മേന്മേലതു
വിലസിടട്ടാകൽപകാലം
ഒക്റ്റോബർ, 1943.