അമൃതവീചി
അമൃതവീചി
ചങ്ങമ്പുഴ
ശ്രീചിത്രമംഗളം
കമലപ്പെൺകൊടിയുടെ കനിവലർച്ചെടിയുടെ
കമനീയകലികകൾ വിടർന്നപോലെ ;
പരശതയശസ്സിന്റെ പരിണതമഹസ്സിന്റെ
പരിമൃദുതരംഗങ്ങളുയർന്നപോലെ ;
പല പല സുകൃതൈകസുലളിതസുഷമകൾ
പരിലസിക്കുമീ വഞ്ചിവസുമതിയെ ;
പുകളിന്റെ പുളകങ്ങളണിയിച്ചു പുരുമോദം
പുലർത്തിടും ലസൽച്ചിത്ര പുണ്യതാരമേ !
ജയിക്ക നീ; ജയിക്ക നീ; - ജഗത്തിൽ നന്മഹനീയ-
ജയപതാകകൾ പാറിപ്പറന്നീടട്ടേ !
അനുദിനം തനോൽക്കർഷകിരണങ്ങളവനിയി-
നലുപമസുഖാമൃതം തളിച്ചീടട്ടേ !
അവശതയകന്നകന്നഖലരും രമിക്കട്ടേ !
തവ ചെങ്കോൽത്തണലിലെത്തളിർവിരിപ്പിൽ !
വെല്ക വെല്ക വഞ്ചിനാട്ടിൻ ഭാഗ്യരത്നപ്രകാണ്ഡമേ,
വെല്ക, വെല്ക, പുണ്യചിത്രതാരകമേ നീ !
അമൃതവീചി
ചങ്ങമ്പുഴ
വികാസം! വികാസം!
അയ്യോ, വികാസം, വികാസം!-തളർന്നു ഞാൻ
വയ്യെനി,ക്കെന്നെപ്പുണരൂ വികാസമേ!
സന്ധ്യാവിലാസം മറഞ്ഞു; നിബിഡമാ-
മന്ധകരാത്താലിരുണ്ടൂ നഭസ്ഥലം
നിഷ്ഫലവാഞ്ഛകളൊക്കെയും നീഡത്തി-
ലുൾപ്പുക്കൊതുങ്ങി മയങ്ങിയുറക്കമായ് !
ദു:ഖഗാനംപോൽ മനോഹരമാം ചില
നക്ഷത്രമങ്ങിങ്ങുദിച്ചുവെന്നാകിലും
മാറിടുന്നില്ല , നശിച്ച മാമൂലിന്റെ
മാറാലപോൽ വന്നു മൂടിയ കൂരിരുൾ !
എങ്ങാ വികാസം, വികാസം ?-വികാസമേ,
വന്നീടുകൊന്നീ മുകുളമുഖത്തു നീ!
ഇത്രയുംകാലം കുടിച്ച മദ്യത്തിന്റെ
ഹൃദ്യമധുരിമപോലും മറന്നിതാ
സ്വപ്നത്തിൽനിന്നുമണർന്നിരിക്കുന്നു ഞാൻ
സ്വർഗ്ഗചൈതന്യമേ , നിന്നെപ്പുണരുവാൻ !
നിന്നെ ഞാൻ കാണ്മൂ വിഹഗസ്വരങ്ങളിൽ
നിന്നെ ഞാൻ കേൾക്കുന്നു നക്ഷത്രരാശിയിൽ
സ്പർശിപ്പൂ നിന്നെസ്സുഗഗന്ധത്തിലൂടെ ഞാൻ
നിർദ്ദയമെന്നിട്ടൊളിച്ചുകളിപ്പു നീ!
എന്നിലൊതുങ്ങും പ്രപഞ്ചത്തിലൊക്കെയും
നിന്നെയന്വേഷിച്ചലഞ്ഞു ഞാൻ നിഷ്ഫലം
എൻനിഴൽ നിന്നെ മറച്ചുപിടിക്കയാൽ
നിന്നെ ഞാൻ കണ്ടില്ലടുത്തു നീ നില്ക്കിലും !
മൃത്യുവിൻ ശൂന്യാന്ധകാരത്തിനപ്പുറ-
മുത്ഭവിക്കും നിന്റെ കാലടിയൊച്ചകൾ
രോമഹർഷത്തിൽ പൊതിയുകയാണെന്നെ-
യോമനിച്ചോമനിച്ചോരോ നിമേഷവും !
നിത്യതകൊണ്ടൊരു പൂമാലയിട്ടിനി
നിസ്തുലപ്രേമമേ , കൈക്കൊള്ളുകെന്നെ നീ!
അയ്യോ , വികാസം വികാസം-തളർന്നു ഞാൻ
വയ്യെനി,ക്കെന്നെപ്പുണരു, വികാസമേ !.....
അമൃതവീചി
ചങ്ങമ്പുഴ
വെളിച്ചത്തിലേക്ക്
നിത്യകല്യാണനിർവൃതിയുടെ
മുത്തുമാലയും ചാർത്തി നീ
ഇത്തിമിരപ്പടർപ്പിലെത്തുകെൻ
സ്വർഗ്ഗലോകപ്രകാശമേ!
തപ്തജീവിതകുഞ്ജകത്തിലി-
പ്പുഷ്പതല്പമൊരുക്കി ഞാൻ
താവകാഗമം കാത്തു കാത്തിദ-
മാവസിക്കയാണോമലേ !
മന്ദമന്ദം ലയിക്കുകയാണി-
ന്നെന്നിലേക്കിച്ചരാചരം
ആയതിൻ സർവ്വസങ്കടങ്ങളു-
മാശകളും നിരാശയും
ഒത്തുചേർന്നു മധുരമാമൊരു
ദുഖസംഗീതനിർഝരം
എന്നിൽനിന്നും പതഞ്ഞു പൊന്തുന്നു
ദുർന്നിവാരപ്രവാഹമായ് !
ഭാവനയുടെ ചക്രവാളത്തിൽ
താവിയ സാന്ധ്യദീപ്തിയിൽ,
കണ്ടു ഞാൻ തവ പാദകുങ്കുമം
ചിന്തിയ നടപ്പാതകൾ
ജീവിതതീർത്ഥയാത്രയിലിന്നെൻ-
താവളത്തിലിരുന്നു, ഞാൻ
എന്തിനോ വീണ്ടും മീട്ടിനോക്കുന്നു
തന്ത്രിയറ്റൊരീ വീണയെ !
കണ്ണു ചിമ്മിച്ചിരിച്ചുനില്പു , ഹാ !
വിണ്ണിൻ നിത്യപ്രതീക്ഷകൾ
എത്ര ഘോരനിരാശതന്നിരുൾ-
മുറ്റിമുറ്റിത്തഴയ്ക്കിലും
ഇല്ലവയ്ക്കൊരു ഭാവഭേദവും
തെല്ലുപോലും വിഷാദവും
ചിൽപ്രഭേ , നിൻ വിളംബമോർത്തിനി-
ച്ചിത്തഭീരുവാകില്ല ഞാൻ !
അമൃതവീചി / വെളിച്ചത്തിലേക്ക്
ചങ്ങമ്പുഴ
ചിന്മയോജ്ജ്വലേ, നിന്നെയോർത്തോർത്തെൻ
കണ്ണു രണ്ടും നിറയവേ ;
ഹാ, കൊതിപ്പൂ ഞാനീ മഹൽപ്രേമ-
ശോകമെന്നെന്നും നില്ക്കുവാൻ.
ജീവിതമെന്നല്ലെന്റെ സർവ്വവും
കേവലമീ ഞാൻകൂടിയും
പോയ്മറകിലു,മന്നുമീ ദിവ്യ-
പ്രേമദു:ഖം ലസിക്കണം !
ഇപ്പുഴവക്കിലന്തിതൊട്ടിന്നെൻ
ദുഖഗാനവുമായി ഞാൻ
വന്നു നില്ക്കയാണേകനായൊന്ന-
പ്പൊന്നിൻതോണി വന്നെത്തുവാൻ !
കല്പസൗരഭംവാർന്ന പൂന്തെന്ന-
ലക്കരയിൽനിന്നെത്തവേ ;
മാമകോൽക്കണ്ഠ വെമ്പിടുന്നേതോ
മാദകോദ്വേഗമൂർച്ഛയിൽ !
അമൃതവീചി
ചങ്ങമ്പുഴ
ഉദ്ബോധനം
പൊന്നിൽ മുങ്ങിക്കുളിച്ചു മദാലസം
മന്ദമന്ദമണയും പുലരിയെ ;
അഷ്ടദിഗ് വധൂരത്നങ്ങളാളികൾ
പുഷ്ടസൗഹൃദം വന്നെതിരേല്ക്കവേ ;
വിശ്വധാത്രിതൻ ഭാവനാപൂർണ്ണമാം
വിസ്തൃതോജ്ജ്വലമാനസവേദിയിൽ
പൊൻകിനാവുകൾ മൊട്ടിട്ടിടുന്നപോ-
ലങ്കുരിച്ചു പുളപ്പൊടിപ്പുകൾ !
കോരകക്കണ്മിഴി വിടർന്നുന്മദ-
സ്മേരലോലരായ് നിന്നു പൂവല്ലികൾ !
ഫുല്ലപത്മപരാഗപരിമള-
മുല്ലസിച്ച ശിശിരസമീരനിൽ
സഞ്ജനിച്ചൂ നവീനഹർഷോത്സവ-
മർമ്മരത്തിൻ മനോഹരവീചികൾ !
അപ്രതിമോജ്ജ്വലാശാവകീർണ്ണമ-
സ്സുപ്രഭാതസുവർണ്ണനവോദയം
മുക്തമാക്കുന്നു നിദ്രാവിബദ്ധസ-
മ്മുഗ്ദ്ധജീവിതചേതനാമണ്ഡലം !
ഇപ്പുതിയോരുണർന്നെഴുനേല്ക്കലിൽ
സ്വപ്നലോകം വെടിഞ്ഞുകഴിഞ്ഞു നാം
മുൻപിലിപ്പോൾ നാം കാൺമൂ പ്രവൃത്തിതൻ
വെൺപകലിൽ , പലേ നടപ്പാതകൾ !-
ജീവിതപ്രശ്നമൊന്നല്ലൊരായിരം
താവിനില്ക്കും വിഷമസരണികൾ !-
ഭാവിതന്നഭ്യുദയത്തിലേക്കെഴും
ഭാവമൂകമാം നേർവഴിത്താരകൾ !-
നൊന്തിടുന്നുണ്ടു കാലടിയെങ്കിലും
പിന്തിരിയൊല്ല , പിൻതിരിയൊല്ല നാം !
മുൻപിലൊക്കെയുമിപ്പോൾ പരുഷമാം
കണ്ടകങ്ങളേ കാണ്മതുള്ളെങ്കിലും
അമൃതവീചി / ഉദ്ബോധനം
ചങ്ങമ്പുഴ
മെല്ലെ മെല്ലെ നാം മുന്നോട്ടു പോകില -
ലങ്ങുള്ളതൊക്കെത്തളിരും മലരുമാം
മുല്ലപൂത്തു പരിമളംവീശിടും
നല്ല നല്ല കുളിരണിത്തോപ്പുകൾ
കുഞ്ഞുകുഞ്ഞല ചിന്നിത്തളർന്നൊഴു-
കുന്ന പൂങ്കുളിർപ്പാൽപ്പുഴച്ചാലുകൾ-
ചേലിയന്നു പരന്നു പരശ്ശത-
ശ്രീലശീതളചന്ദനച്ഛായകൾ-
ആകമാനമുല്ലാസദ,മാകയാൽ
പോകപോകിദം മുന്നോട്ടു പോക നാം !
സസ്പൃഹമതാ നമ്മെയും കാത്തുകാ-
ത്തഭ്യുദയമിരിപ്പൂ , വിവശയായ്
പ്രേമപൂർവകം കൈകോർത്തു നാമിനി-
ത്താമസിക്കാതെ മുന്നോട്ടു പോവുക !
അമൃതവീചി
ചങ്ങമ്പുഴ
തങ്കക്കിനാവുകൾ
ആനന്ദലോലങ്ങളാമാനല്ലകാലമെല്ലാ-
മാരുമറിയാതെന്നെക്കടന്നുപോയി.
കൺകുളിർക്കവേ നോക്കിക്കണ്ടു ഞാനന്നവയെ-
സ്സങ്കല്പമാത്രങ്ങളായ്ക്കഴിഞ്ഞവയെ
എന്മനസ്പന്ദനങ്ങളോരോന്നുമവയുടെ
ചുംബനംകൊണ്ടു കോരിത്തരിച്ചിരുന്നു.
മാമകജീവിതത്തിൻ താമരത്തിളിരി,ല
പ്രേമംചൊരിഞ്ഞ കൊച്ചുഹിമകണങ്ങൾ
ആ നല്ലകാലമോരോ ചേണണിക്കതിർ വീശി
മാണിക്യമണികളായ് ചമച്ചിരുന്നു.
ഇന്നവ വെറും മഞ്ഞുതുള്ളികളായിപ്പോലും
നിന്നിടുന്നതി,ലെല്ലാം മറഞ്ഞുപോയി !
സങ്കല്പം-മരവിച്ച സങ്കല്പം-മാത്രമുണ്ട-
ത്തങ്കക്കിനാവുകൾതൻ കഥപറയാൻ !
എത്രനേരമായെന്നോ വീണ്ടും ഞാൻ വിളിപ്പത-
സ്വപ്നത്തിലൊന്നെങ്കിലും തിരിച്ചുപോരാൻ.
ഇല്ലവയ്ക്കത്ര കനിവില്ലിനിത്തിരിച്ചുപോ-
രില്ലതിലൊന്നു,മെത്ര കരകിലും ഞാൻ !
ഞാനെത്ര പറഞ്ഞാലും , ഞാനെത്ര കരഞ്ഞാലും
ഞാനെത്ര പരിഭവം ഭാവിച്ചാലും
ഇല്ലവയ്ക്കൊരു തെല്ലും ചഞ്ചലഭാവം-പിന്നെ-
ച്ചൊല്ലിയാൽ ഫലമെന്തു ?-മടങ്ങട്ടെ ഞാൻ !
എങ്കിലു,മിന്നവയെത്തെല്ലെങ്ങാനോർക്കി,ലപ്പോ-
ളെൻകരൾ നൊന്തുപോം !-ഞാനെന്തു ചെയ്യും ?....
അമൃതവീചി
ചങ്ങമ്പുഴ
ആത്മഗീതം
ഭാവനാമനോജ്ഞമെന്നോമനസ്വപ്നത്തി,ലെൻ
ജീവനായക, ഭവാ,നെത്തിയെൻസവിധത്തിൽ
ജന്മവാസന പൂത്തു സൗരഭംതുളുമ്പുന്ന
നിർമ്മലനികുഞ്ഡത്തിലുറങ്ങിക്കിടന്നു ഞാൻ
ഹേമന്തനിശീഥമെൻ ചുറ്റിലും നിലാവിനാ-
ലാമന്ദം വിരചിച്ചു നിഴലും വെളിച്ചവും
സാവധാനത്തിലെന്നെപ്പുണർന്നിതേതോ ദിവ്യ-
സായൂജ്യപരിമളംകലർന്ന മന്ദാനിലൻ
കർമ്മബന്ധത്തിൻ തളിർമെത്തിയിലേവം കിട-
ന്നങ്ങയെദ്ധ്യാനിച്ചു ഞാനറിയാതുറങ്ങിപ്പോയ് !
ആ മയക്കത്തിൽ-സ്വർഗ്ഗസായുജ്യസമ്പർക്കത്തിൽ-
കോമളം തവരൂപം കണ്ടു ഞാൻ ജാതാമോദം
മിന്നലാൽ ജ്വലിക്കുന്ന, തെന്നലാൽ ചലിക്കുന്ന
നിന്നനാദ്യന്താകാരം നിഹ്നുതപ്രഭാപൂരം
പൂക്കളാൽ ചിരിക്കുന്ന നിന്മുഖം; നക്ഷത്രത്താൽ
മേല്ക്കുമേൽ ധ്യാനിക്കുന്ന നിന്മനം , ദർശിച്ചു ഞാൻ.
കരകാണാകെയോളംവെട്ടിടുമഗാധമാം
കടലാൽ ചിന്തിക്കുന്ന നിന്നെ ഞാൻ കണ്ടു നീയായ് !
കാമദേവനെപ്പോലെ കാന്തവിഗ്രഹനായി-
ക്കാനനപുഷ്പംപോലെ ശാന്തനായ്, പ്രസന്നനായ്
അവിടുന്നെൻ ചാരത്തു വന്നുനിന്നപ്പോൾ, ഹർഷ-
വിവശം തലതാഴ്ത്തിപ്പോയി ഞാൻ ലജ്ജാധീരം.
ഇത്രനാളാരെദ്ധ്യാനിച്ചാരുടെ സമാഗമ-
നിസ്തുലനിർവാണത്തിനെന്മനം കരഞ്ഞുവോ ;
അപ്രേമസ്വരൂപനാമവിട,ന്നെൻ ചാരത്തൊ-
ന്നെത്തുക !- ഹർഷോന്മാദമെന്മനം തുളുമ്പിപ്പോയ് !
അമൃതവീചി / ആത്മഗീതം
ചങ്ങമ്പുഴ
വൃന്ദാവനത്തെക്കാളും പ്രണയോജ്ജ്വലമാമ-
സ്സുന്ദരരംഗത്തിലെസ്സായൂജ്യം മുഴുവനും ,
ഒരു ചുംബനത്തിങ്കലൊതുക്കി ,സ്സാമോദമെൻ
വിറകൊണ്ടീടും ചുണ്ടിലർപ്പിച്ചു ഭവാൻ പോയി !
മൽസ്വപ്നം തീർന്നു ഞെട്ടിയുണർന്നു; - മുന്നെപ്പോലെ
വിശ്വത്തിലേക്കു വീണ്ടുമെന്മിഴി തുറന്നു ഞാൻ !
വിരഹം , ഹാ ഹാ , പൊള്ളും വിരഹം!-ഹൃദയത്തി-
ലൊരു വേദന പെട്ടെന്നുത്ഭവിച്ചാളിക്കത്തി.
എന്മിഴി നിറഞ്ഞു ; - മൽസ്വപ്നകാമുകരൂപ-
മെങ്ങുപോ,യെൻ മുന്നിലെന്തൊക്കെയുമേകാന്തത്വം !
എങ്കിലുമെൻ സ്വപ്നചുംബരമനശ്വര-
മെൻ കൊച്ചുസിരകളിൽക്കൂടിയും കലർന്നല്ലോ !
അതിന്റെ ചൈതന്യത്തിലതിന്റെ നൈർമ്മല്യത്തി-
ലതിന്റെ കൈവല്യത്തിൽ കാൺമൂ ഞാനെൻ സർവ്വസ്വം !
അസ്സുഖസ്മൃതിയുടെ വാടാത്ത വെളിച്ചത്തി-
ലപ്രേമസ്വരൂപത്തെദ്ധ്യാനിച്ചും മോഹിച്ചും ഞാൻ,
അദ്ദേവനായിക്കൊണ്ടൊരോമന മലർമാല്യം.
സദ്രസം രചിക്കട്ടേ പുതുപൂക്കളാൽ വീണ്ടും !
അമൃതവീചി
ചങ്ങമ്പുഴ
വന്നാലും വന്നാലും!
വന്നാലും വന്നാലും വ്യാമോഹനിദ്രവി-
ട്ടെൻ നാടുണരുന്ന പൊന്നുഷസ്സേ !
നാകത്തിൽനിന്നുമീ ലോകത്തിലെത്തും നിൻ
നാനാപദാനങ്ങളേറ്റുപാടാൻ.
ജീവിതച്ചൂടിൽ തളരാത്ത നാവുകൾ
ദേവി, നിന്മുന്നിൽ നിരന്നീടട്ടേ !
നീണാളായ് ഞങ്ങൾ തപസ്സുചെയ്തിങ്ങനെ
നീ വന്നുചേരുവാൻ കാത്തിരുന്നു.
പോരേ പരീക്ഷിച്ചതിത്രയും ഞങ്ങളെ?-
പ്പോരിക നീയിനിപ്പൊൻകതിരേ !
പാരതന്ത്ര്യത്തിൻ തുറുങ്കിലിതുവരെ-
ക്കൂരിരുട്ടത്തു കിടന്നു ഞങ്ങൾ !
ദാരിദ്ര്യത്തിന്റെ ഭയങ്കരസ്വപ്നങ്ങൾ
നേരിട്ടുകണ്ടു വിറച്ചു ഞങ്ങൾ !
മർദ്ദനത്തിൻ ബലിക്കല്ലിലവശരായ്
രക്തംവമിച്ചു പിടഞ്ഞു ഞങ്ങൾ !
വന്നാലും , വന്നാലും വ്യാമോഹനിദ്രവി-
ട്ടെൻ നാടുണരുന്ന പൊന്നുഷസ്സേ !
അമൃതവീചി
ചങ്ങമ്പുഴ
ഭക്തദാസി
ഏകാന്തതയിൽ തനിച്ചെന്നെവിട്ടിദം
പോകായ്ക ,പോകായ്ക , ജീവസർവ്വസ്വമേ !
കർമ്മരണാങ്കണം വിട്ടു വിവർണ്ണമാം
തൻമുഖം താഴ്ത്തിപ്പിരിയും പകലിനെ
ഉൾത്തപ്തരായുറ്റുനോക്കി നില്ക്കുന്നിതാ
ഹൃൽസ്പന്ദനങ്ങളടക്കിയഷ്ടാശകൾ !
കൂരിരുട്ടിന്നു കടന്നുപോരാൻ വഴി-
മാറിക്കൊടുക്കുന്നു സായാഹ്നദീപ്തികൾ
ആനന്ദചിന്തകൾ വാടിക്കൊഴിയവേ
ഗാനതരംഗങ്ങൾ നിശ്ചലമാകവേ ;
ഈ വെറും ശൂന്യമാം നർത്തനശാലയിൽ
ദേവ, നീയെന്നെത്തിനിച്ചുവിടുന്നുവോ ?
ആസ്വാദനങ്ങൾക്കു വർണ്ണംപിടിപ്പിച്ചി-
താദ്യംമുതല്ക്കു നിന്നാരാധനോന്മദം.
നിസ്തുലമേതോ കിനാവിങ്കലെന്നപോൽ
നിത്യമതിന്റെ ലഹരിയിൽ മുങ്ങി ഞാൻ.
ഞാനതിൽ മായാവരണത്തിലെൻ മൗന-
ഗാനങ്ങളെല്ലാം പൊതിഞ്ഞു രഹസ്യമായ് !
ഇന്നവയൊക്കെ നിൻകാല്ക്കലർപ്പിച്ചു ഞാ-
നെന്നിട്ടുമെന്തേ പിരിഞ്ഞുപോകുന്നു നീ ?
കണ്ണിണകൂട്ടിടാതെത്രയോ രാത്രികൾ
നിന്നെയും കാത്തു കരഞ്ഞുകഴിഞ്ഞു ഞാൻ ?
നിത്യവും കഷ്ട,മെൻ കൈയിൽ വാടീലിരു-
ന്നെത്ര സുരഭിലമന്ദാരമാലകൾ !
അത്രയ്ക്കനഘമാം മഷപ്രേമപൂജക-
ളിത്രവേഗത്തിൽ നീ വിസ്മരിച്ചീടിലോ ?
എൻ ചുടുകണ്ണീർക്കണങ്ങളാൽ മേലിലും
നിൻ ചേവടികൾ കഴുകിച്ചിടട്ടെ ഞാൻ !
ത്വൽപരിചര്യയിലർപ്പിതമായിട-
ട്ടുൾപ്പുളകാർദ്രമിജ്ജീവിതം മേലിലും !
ഏകാന്തതയിൽ തനിച്ചെന്നെ വിട്ടു നീ
പോകായ്ക , പോകായ്ക ജീവസർവ്വസ്വമേ.
അമൃതവീചി
ചങ്ങമ്പുഴ
വിശ്രമത്തിന്
തപ്തചിന്തകളാലൊരിക്കലും
തൃപ്തി തോന്നാത്ത തോഴരേ !
ഇങ്ങു പോരുവി,നിങ്ങു പോരുവിൻ
നിങ്ങളീ വനച്ഛായയിൽ.
സ്പർദ്ധയെന്തെന്നറിഞ്ഞിടാത്തൊരു
ശുദ്ധമാനസനാണു ഞാൻ
ആനന്ദിപ്പിക്കാം നിങ്ങളെ ഞാനീ
വേണുഗാനലഹരിയാൽ.
ഇങ്ങു പോരുവിനിങ്ങു പോരുവിൻ
നിങ്ങളോമൽസഖാക്കളേ !
അങ്ങതാ പൂത്തു പൂത്തു നില്ക്കുന്നു
ഭംഗിയിൽ മരത്തോപ്പുകൾ
ഗ്രാമജീവിതശാന്തിതൻ നവ
രോമഹർഷങ്ങൾമാതിരി.
മഞ്ഞവെയ്ലല്പം പൊന്നു പൂശിയ
കുഞ്ഞലകൾ മിനുങ്ങവേ ;
വെൺനുരകളാൽ തൻ മനോല്ലാസ-
കന്ദളങ്ങളിളകവേ ;
സ്വച്ഛചിന്തകൾപോലൊഴുകുന്നു
കൊച്ചുകൊച്ചു പൂഞ്ചോലകൾ !
അല്ലലെല്ലാം മറന്നുപോം നിങ്ങൾ
തെല്ലിടയിങ്ങിരിക്കുകിൽ !
കാവർഷം കഴിഞ്ഞു നില്ക്കുന്ന
നീലവാനിൻ തെളിമപോൽ
അത്ര ശുദ്ധമായുള്ളൊരോമന-
ത്തൃപ്തിതൻ മലർമെത്തയിൽ
വിശ്രമിപ്പിക്കു , നിങ്ങൾതന്നാർദ്ര-
വിഹ്വലഹൃദയങ്ങളെ !
നാനാജോലിത്തിരക്കുകൾ തിങ്ങു-
മാ നഗരങ്ങൾ വിട്ടിനി-
ഇങ്ങു പോരുവിനിങ്ങു പോരുവിൻ
നിങ്ങളിഗ്രാമഭൂമിയിൽ.
ധന്യയാകും പ്രകൃതിമാതിന്റെ
നന്മടിത്തട്ടിലങ്ങനെ
സ്വപ്നവും കണ്ടു സ്വസ്ഥരായ് നിങ്ങൾ
വിശ്രമിക്കുകെൻ തോഴരേ !
അമൃതവീചി
ചങ്ങമ്പുഴ
പിശാചിന്റെ ഭക്തൻ
ആരു നീ ഭയാനകേ, മാനവോൽക്കർഷത്തിന്റെ
ചോരയാലന്തർദ്ദാഹം കെടുത്തും പിശാചികേ ?
ചിതറിക്കിടക്കുന്നു നിൻ ചുറ്റും ചിതൽമുറ്റും
ഹതജീവിതങ്ങൾതൻ ജീർണ്ണിച്ച കങ്കാളങ്ങൾ !
പൊള്ളിക്കും നിന്നായസമുഷ്ടികൾക്കുള്ളിൽ പെട്ടു
വിള്ളുന്നു ഞെരങ്ങിക്കൊണ്ടായിരം ഹൃദയങ്ങൾ
ശാന്തിതൻ പൂന്തോപ്പു , നീയൊറ്റമാത്രയിലാത്മ
ക്ലാന്തിതൻ കൊടുംചുടുകാടാക്കി മാറ്റുന്നല്ലോ !
മർത്ത്യനെച്ചെന്നായാക്കി മർത്ത്യനെക്കൊല്ലിക്കുന്ന
മദ്യമാരണരക്തരക്ഷസ്സേ , മാറിപ്പോ നീ !....
ഒരു കാൽ മുന്നോട്ടൂന്നീവെയ്ക്കുവാൻപോലും വയ്യാ-
തിരുളിൽ തപ്പിത്തപ്പി വേച്ചുവേച്ചുന്മത്തനായ്
ദുർഗ്ഗന്ധം വമിച്ചീടും നുരയാ വായിൽക്കൂടി
നിർഗ്ഗളിച്ചോരോ പിച്ചു പുലമ്പിപ്പോയിപ്പോയി
ഹാ, കഷ്ടം, ബോധംകെട്ടു വീഴുന്നു വഴിവക്കി-
ലേകനപ്പിശാചിന്റെ മാറാത്തോരുപാസകൻ !
കീറിയ പഴന്തുണിത്തുമ്പിലുള്ളരിക്കിഴി-
നാരുവി,ട്ടരിയെല്ലാം ചിതറിപ്പോയീ മണ്ണിൽ !
ദാരിദ്ര്യം ചവച്ചിട്ട കരിമ്പിൻതുണ്ടേ, നീ, യീ
നാറിയ മദ്യക്കുണ്ടിലഭയം തേടുന്നല്ലോ !...
അമൃതവീചി / പിശാചിന്റെ ഭക്തൻ
ചങ്ങമ്പുഴ
അടുപ്പിൽ തീപൂട്ടിയിട്ടില്ലെന്നു, കൊടുംവിശ-
പ്പടക്കാൻ കഴിയാതെ കൈകാലിട്ടടി,ച്ചതാ
നെഞ്ചിൻകൂടുന്തി ചൊറി പിടിച്ചു, വയറൊട്ടി-
യഞ്ചാറു പൈതങ്ങളുണ്ടാർത്തരായ് വിലപിപ്പൂ !
അപ്പൊട്ടക്കുടിലിന്റെ വാതില്ക്ക,ലനങ്ങാതൊ-
രസ്ഥിപഞ്ചരം നാരീരൂപത്തി,ലതാ നില്പൂ !
സമയം വൈകുന്തോറുമവൾതൻ ഹൃത്തിൽ , തപ്ത-
ഭ്രമണംചെയ്യുന്നുണ്ടാരായിരമാശങ്കകൾ !
വേലയ്ക്കു പോയതാണു കുട്ടികളുടെയച്ഛൻ
കാലത്തു-വെറും ശുദ്ധോപാസ മാണിന്നെല്ലാർക്കും !
വരണം ഗൃഹനാഥൻ വല്ലതും കൊ,ണ്ടന്നാലേ
വരളും തൊണ്ടയൊന്നു നനയ്ക്കാൻ കഴിഞ്ഞീടു !
സാരമില്ലവളുടെ വിശപ്പു തലതല്ലും
സാധുക്കളഞ്ചാറിളംപൈതങ്ങളയ്യോ, പാവം !
ലജ്ജയില്ലല്ലോ, മദ്യോപാസക, നോക്കു , നിന്റെ
ദുഷ്കൃതി കാട്ടിക്കൂട്ടും ചാപല്യക്കൊടുംപാപം !
നീയും നിൻ കുടുംബവും ഹാ,നിത്യദാരിദ്ര്യത്തിൽ
നീറുന്നു, നശിക്കുന്നു, നിൻ നികൃഷ്ടതമൂലം !
ആ മദ്യപ്പിശാചിന്റെ പൊള്ളിക്കും പിടിയിൽനി-
ന്നാവതുംവേഗത്തിൽ, നീ രക്ഷനേടുവാൻ നോക്കു !
ആ നിമേഷത്തിൽ കാണാമുൽക്കർഷം നിൻ പാതയിൽ
സൂനങ്ങൾ വിരിക്കുമസ്സുപ്രഭാതാവിർഭാവം !
നന്നാവും നീ,യെന്നല്ല നിൻ പരിസരങ്ങളെ
നന്നാക്കുവാനും, നിനക്കാവുമാ വെളിച്ചത്തിൽ !....
അമൃതവീചി
ചങ്ങമ്പുഴ
ദിവ്യാനുഭൂതി
അനുപമകൈവല്യകൗമുദി-
ലഖിലപ്രപഞ്ചവും മഗ്നമാക്കി
അറിവിന്റെ വാടാവിളക്കുമായെ-
ന്നരികിലണയും നീയാരു ദേവി ?
ഇരുളിലത്താരകളെന്നപോലെൻ
കരളിൽ നിന്നാഗമനോന്മദങ്ങൾ
തെളിയുന്നു മേല്ക്കുമേലിത്രനാളു-
മൊളിവിൽ നിന്നീടിനോരത്ഭുതമേ !
വികസിക്കയാണെന്നിലിപ്പളേതോ
വിലമാനുഭുതിതൻ കോരകങ്ങൾ.
അവയിലെപ്പാവനശാന്തതത-
ന്നവികലസൗരഭധേരണിയിൽ
അലിയുന്നിതിപ്പൊഴുതെന്നോടൊപ്പ-
മവനിയും സർവ്വചരാചരവും.
സരസേ, നിൻ സൗഹൃദസാന്ദ്രമാകും
സരളസനാതനമൗനഗാനം
ഒരു മഹൽസ്വർഗ്ഗകല്ലോലിനിയായ്
തിരകളിളകിത്തുളുമ്പി വെമ്പി
ഒഴുകുന്നു മേന്മേലീ വിശ്വപാപം
മുഴുവൻ കഴുകിത്തുടച്ചുനീക്കി !
കനിവാർന്നതിലെന്റെ ജീവിതത്തിൽ
കലകക്കളിത്തോണിയാരൊഴുക്കി ?
അനുപമസ്വർഗ്ഗപ്രകാശമേ , നീ-
ന്നനഘാഗമത്തിൽ ഞാൻ ധന്യനായി.
അമൃതവീചി
ചങ്ങമ്പുഴ
എന്തിന്?
കാലമിമ്മട്ടു കടന്നുപോകും
കാണുന്നതോരോന്നകന്നുമായും
അത്രയ്ക്കടുത്തവർ നമ്മൾപോലു-
മശ്രുവാർത്തങ്ങനെ വേർപിരിയും !
ജീവിതം ജീവിതം സ്വപ്നമാത്രം
കേവലമേതോ നിഴലുമാത്രം
ഉൽക്കടചിന്തയും കണ്ണുനീരു-
മുഗ്രവീഷാദവും വേദനയും
എന്നാലവയ്ക്കിടയ്ക്കങ്ങുമിങ്ങും
മിന്നിപ്പൊലിയുന്ന പുഞ്ചിരിയും
ആരാരിപ്രശ്നമപഗ്രഥിക്കു-
മാരിതിൻ സത്യം തെരഞ്ഞെടുക്കും ?
ഈ മണൽക്കാട്ടി,ലീ മൂടൽമഞ്ഞിൽ
നാമെന്തിനന്യോന്യം കണ്ടുമുട്ടി ?
അമൃതവീചി
ചങ്ങമ്പുഴ
പൊലിയാത്ത പൊൻകതിർ
മമ നിത്യഭാവനാവാഹിനിതൻ
മണൽവിരിത്തട്ടിലമന്ദമോദം
വിഹരിക്കാറുണ്ടൊരു സൗഹൃത്തിൻ
വികസിതശ്രീമയരാജഹംസം
സതതമതിൻ പൊൽച്ചിറകടികൾ
സരസമായ് വീശുന്ന കൊച്ചലകൾ
അണിയിക്കാറുണ്ടെന്റെ ജീവിതത്തിൽ
അനുപമരോമാഞ്ചമഞ്ജരികൾ
മറവിതൻ മാസ്മരശക്തിമൂലം
മരവിച്ചുപോയേക്കാം ബന്ധമേതും
ശരി, യെന്നാൽ മായ്ക്കാവതല്ല നൂനം
ശരദഭ്രശുദ്ധമീ സ്നേഹബന്ധം
അതിനുടെ പൂങ്കാവനികതോറും
അലരിട്ടുനില്ക്കുന്ന നിർവൃതികൾ
മുഴുകിക്കും ഞങ്ങളെയെന്നു,മേതോ
മുരളീരവത്തിൻ ലഹരികളിൽ !
മഴവില്ലുപോലുള്ള മർത്തയജന്മം
മരണത്തിന്മുന്നിൽ നമിക്കുമെങ്കിൽ,
മഹനീയമാകുമാ മൃത്യുമൂ, മീ
മഹിമതന്മുന്നിൽ നമസ്കരിക്കും !
പരശതം ജന്മം ചുരുങ്ങി,യൊന്നിൻ
പരിമളച്ചെപ്പിലൊതുക്കിയപോൽ
നിറവുറ്റോരിസ്നേഹസാന്ദ്രജന്മം
നിറകതിർ വാശട്ടെ നിസ്തുലാഭം !
അതിലെഴും വെള്ളിവെളിച്ചമേറ്റെ-
ന്നകമലർമൊട്ടു വിടർന്നിടാവൂ !
അമൃതവീചി
ചങ്ങമ്പുഴ
വനവീഥിയിൽ
മുഗ്ദ്ധസങ്കല്പം, ദൂരെ , നിസ്തുല-
സ്വർഗ്ഗമൊന്നെനിക്കേകിലും ,
ഇത്തപോവനംവിട്ടു പോകുവാ-
നിഷ്ടമില്ലെനിക്കൊട്ടുമേ !
ജീവിതമണിവീണയുംമീട്ടി
നീ വരും വഴിത്താരയിൽ.
നിത്യവും നിന്നെക്കാത്തു കാത്തിരു-
ന്നെത്രകാലം കരഞ്ഞു ഞാൻ !
നിർദ്ദയം നീ വരാതിരുന്നിതെൻ
നിസ്തുലപ്രേമവീഥിയിൽ !
നിന്നെയോർത്താൽ മതിയെനിക്കെന്റെ
കണ്ണു രണ്ടും നിറയുവാൻ !
ചിന്തനാതീതകാന്തമാകുമി-
തെന്തൊരുൽക്കടബന്ധമോ ?
അന്തിയിൽ നവചന്ദ്രികപൊഴി-
ഞ്ഞമ്പിളിക്കല വന്നിതാ
പൂത്തകാടിന്റെ പുഷ്പസങ്കല്പം
പേർത്തു മുൽഫുല്ലമാക്കയായ് !
ഇപ്രപഞ്ചം കവിഞ്ഞൊഴുകുമെൻ
ശുദ്ധരാഗത്തിൻ ബിന്ദുക്കൾ
നിഷ്ഫലം വറ്റിപ്പോവുകയെന്നോ
കഷ്ട,മീ വിരഹാഗ്നിയിൽ !
എങ്ങിരിപ്പൂ നി മാമകോത്സവ-
രംഗസംഗീത നായികേ ?
വെണ്ണിലാവിനെപ്പുല്കി , മൂർച്ഛയിൽ
കണ്ണടയ്ക്കുമിക്കാടിനെ ,
കാണുമ്പോഴേക്കും നിന്നെയോർത്തെന്തോ
കേണിടുകയാണെന്മനം
മൃത്യുവിൻ മൂടൽമഞ്ഞിനപ്പുറ-
മുജ്ജ്വലിക്കും നിൻ മന്ദിരം
നോക്കിനോക്കിയലകയാണൊരു
പാഴ്ക്കിനാവിനെപ്പോലെ ഞാൻ !
മൽക്കഴൽ മുറിപ്പെട്ടിടുന്നിതീ
ദുർഗ്ഗമ വനവീഥിയിൽ.
അമൃതവീചി
ചങ്ങമ്പുഴ
ക്ഷതങ്ങൾ
മാനസത്തിങ്കൽ തുളുമ്പിനിന്നീടിലോ-
രാനന്ദമെല്ലാം കവർന്നുകൊണ്ടങ്ങതാ
പശ്ചിമശൈലപരമ്പരയ്ക്കപ്പുറം
നിർദ്ദയ,മയ്യോ , മറയുന്നിതെൻപകൽ !
നിശ്ശബ്ദദുഖങ്ങളോരോനനിഴഞ്ഞിഴ-
ഞ്ഞെത്തുന്നിതേകാന്തമാമെൻ കുടിൽക്കകം !
മാമകദുഖം മധുരമാണെങ്കിലും
മാനസമെന്തോ മടിപ്പൂ നുകരുവാൻ.
കഷ്ടം, നിരാശാനിബദ്ധ,മതിൻസ്വപ്ന-
മുറ്റുനോക്കുന്നു വരുന്നോരിരുട്ടിനെ !
"വിശ്രമം , കഷ്ടമെവിടെയാ വിശ്രമം ? "
വിഹ്വലജീവിതം കേണു ചോദിക്കയാം.
ഇന്നോളമൊട്ടും കരയാത്തതാം ചില
കണ്ണീർക്കണത്തിലതിന്റെ ഗാനങ്ങളെ
എല്ലാമടക്കി,യുയർത്തിപ്പിടിച്ചു കൊ-
ണ്ടല്ലലാർന്നായതിന്വേഷിപ്പു സന്തതം.
"സദ്രസം തുച്ഛമാമെൻ മൺകുടിലിൽ വ-
ന്നെത്തുന്നു നിത്യമനേകമതിഥികൾ.
എന്നാലെവിടെയെവിടെയാ വിശ്രമം
ധന്യനായോരെൻ നിരഘനിത്യാതിഥി ?"
അമൃതവീചി
ചങ്ങമ്പുഴ
സ്വപ്നത്തിൽ
ഇരവിലന്നെൻ മണിമഞ്ചകത്തി-
ന്നരികിലണഞ്ഞു നീ നിന്നിരുന്നു ,
ഇരുളാർന്ന ചക്രവാളാന്തരത്തി-
ലൊരു വെള്ളിനക്ഷത്രമെന്നപോലെ
നിൻ നെടുവീർപ്പിൻ പരിമളത്തിൽ
ഛമുങ്ങിക്കുളിച്ചിതെൻ സ്വപ്നമെല്ലാം !
ഛപരിചിൽ നിന്നല്ലണിവേണിയിങ്കൽ
ഛപനിമലരൊന്നു ലസിച്ചിരുന്നു.
കുളിരിളങ്കാറ്റിലുലഞ്ഞുനില്ക്കും
കുവലയമാലകളെന്നപോലെ
ഒളികളിയാടും നിൻ നെറ്റിയിങ്ക-
ലളകങ്ങൾ പാറിപ്പറിന്നിരുന്നു.
മൃദുലമാ,മാ മൗനശാന്തിയിൽ നിൻ
ഹൃദയത്തുടിപ്പുകൾ കേട്ടിരുന്നു.
ഉലകിലേക്കെന്തോ മിഴിച്ചുനോക്കി-
യുയരത്തിൽ താരകൾ നിന്നിരുന്നു.
ഝടിതിയൊരാനന്ദവിഭ്രമത്താൽ
മതിമറന്നേറ്റു ഞാൻ കൈകൾ നീട്ടി.
കഥയെന്തിതയ്യോ, നീ പിന്മടങ്ങി
കഠിനം, നീയെങ്ങോ മറഞ്ഞുപോയി !
അകലത്തിലേതാനും താരകളെൻ
വിഗളിതബാഷ്പമൊന്നുറ്റുനോക്കി
വിജനതയിങ്കലെന്നുള്ളിലേതോ
മധുരമാം വേദന വന്നുലാവി !
അമൃതവീചി
ചങ്ങമ്പുഴ
ഏകാന്തതയിൽ
ഉരുതരഗുണഗണമിളിതനായ് വിബുധനാ-
യൊരുകവിയൊരുകാലം വസിച്ചിരുന്നു ,
അകളങ്കഭക്തിയുൾക്കൊണ്ടാരുമാരും നിർമ്മിച്ചത-
ല്ലകാലമാമവനുടെ ശവകുടീരം.
എന്നാലൊരുശൂന്യവനാന്തരത്തിങ്കൽ വർഷപാതം
ചിന്നിച്ചിതറിടും ചില കരിയിലകൾ
മണ്ണടിയുമവനുള്ളോരസ്ഥിഖണ്ഡങ്ങൾക്കുമീതെ
കുന്നുകൂട്ടിയൊരു കൊച്ചുകുടീരം തീർത്തു.
ഒരു സുഭഗനായിടും യുവാവവൻ-എന്നാരൊരു-
തരുണിയും വിലപിച്ചീലവനെച്ചൊല്ലി-
കണ്ണീർക്കണമണിമാല്യമണിയിച്ചില്ലവരുടെ
മണ്ണടിഞ്ഞ മൃതഗാത്രമൊരുവൾപോലും-
അവനുടെ ദീർഘനിദ്രയ്ക്കുളേളകാന്തമെത്തയിങ്ക-
ലവരാരും പടർത്തിയില്ലൊരു ലതയും
ശാന്തശീല , നനുകമ്പാകുല,നവനതിധീരൻ
കാന്തവൃത്തൻ-എന്നാലൊരു ഗായകൻപോലും,
ഇരുണ്ടതാമവനുടെ ദുർവ്വിധിയെ മാത്രമോർത്തു-
മൊരു ചെറുവീർപ്പുപോലുമയച്ചതില്ല.
ഏകാന്തത്തിൽത്തന്നെയവൻ ജീവിച്ചു, മരിച്ചു ,കഷ്ട-
മേകാന്തത്തിലവൻ നിജഗാനങ്ങൾതൂകി !
പരിശുദ്ധമായിമിന്നും വെള്ളിക്കിനാവുകൾകൊണ്ടു
പരിപുഷ്ടമായിത്തീർന്നതവന്റെ ബാല്യം
പാരിച്ചൊരിപ്പാരിൽനിന്നു, മന്തരീക്ഷത്തിങ്കൽനിന്നു-
മാരവമൊന്നവനുടെയന്തരംഗത്തിൽ ,
അനഘചിന്തകളുടെ മൃദുലമാം തരംഗങ്ങ-
ളനവധിയടിക്കടിക്കടിച്ചുകേറ്റി !
ദിവ്യവേദാന്തത്തിൻ തെളിനീരുറവവന്റെ തൃഷ്ണാ-
വിവശാധരങ്ങൾ കവിഞ്ഞൊഴുകിയില്ല !
ശൈശവം കടന്നുപോയ കാലത്തിങ്കലവൻ നിജ
ശൈത്യമാളും സദനത്തെ വെടിഞ്ഞുപോന്നു.
ഒരുവനും കണ്ടെത്താത്ത ദേശങ്ങളിൽ സഞ്ചരിച്ചു
തിരക്കുവാനോരോ നവ്യസത്യമാർഗ്ഗങ്ങൾ !
നിരവധി വനങ്ങളും മരുഭൂമികളും , ഭീതി-
യൊരുലേശം പുരളാത്ത കാലടികളാൽ,
തരണംചെയ്തവൻ പോയാൻ, വാക്കിനാലും , നോക്കിനാലും,
കിരാതരിൽനിന്നുമോരോ സൽക്കാരം നേടി !
അമൃതവീചി / ഏകാന്തതയിൽ
ചങ്ങമ്പുഴ
കാടുവീടായ്ക്കരുതിക്കൊണ്ടവൻ വിജനമാമോരോ
മേടുകളിലെങ്ങും ചുറ്റിനടന്നു നിത്യം.
അരിപ്പിറാക്കളുമണ്ണാർക്കണ്ണന്മാരുമണഞ്ഞു തൽ-
ക്കരതലംതന്നിൽ സുഖവിശ്രമംകൊള്ളും !
കരിയിലപോലുമൊന്നു കാറ്റേറ്റല്പമനങ്ങിയാൽ
ത്വരിതം പാഞ്ഞൊളിക്കുന്ന കാട്ടുപേടമാൻ.
മന്ദമണഞ്ഞവനുടെ നികടത്തിൽനിന്നവന്റെ
സുന്ദരാകാരത്തെപ്പാരം പകച്ചനോക്കും !
അതുകാലമനുദിനമതിഗുണവതിയാമൊ-
രറബിപ്പെൺകൊടിയവനാഹാരം നല്കി.
പിതാവിന്റെ കൂടാരത്തിൽനിന്നുമവൾക്കുള്ള പങ്കാ-
ണതു-മോദാലവൾ നിത്യമവനായേകും !
ശയിക്കുവാൻ തനിക്കുള്ള ശയനീയമെടുത്തവൾ
പ്രിയമുൾക്കൊണ്ടവനായി വിരിച്ചു നല്കും !
ജോലികളിൽനിന്നു വിരമിച്ചശേഷമവനുടെ
കാലടിയൊച്ചകൾ കേൾപ്പാൻ കൗതുകത്തോടേ,
അണഞ്ഞീടും നിർന്നിദ്രയായവനോ,ടെങ്കിലും , നർമ്മ-
പ്രണയോക്തിയോതാലനവളശക്തയായി !
അണുപോലുമുറങ്ങാതെയവൾ നോക്കിയിരുന്നിടും
ഗുണവാനത്തരുണന്റെ നിശാസുഷുപ്തി !
നിർവ്യാജസ്വപ്നങ്ങളുദിച്ചുയർന്നീടുമവനുടെ
നിശ്വാസമുത്ഭവിച്ചീടുമധരയുഗ്മം ,
നിദ്രാവിഭജിതമവൾ ,നോക്കിനോക്കികൃതാർത്ഥയായ്
സദ്രസം നിശീഥിനിയെപ്പറഞ്ഞയയ്ക്കും.
ശോണവർണ്ണോജ്ജ്വലതേജസ്സാർന്നണയും പുലർകാല-
മേണാങ്കനു പാണ്ഡുരത്വം വളർത്തീടുമ്പോൾ ,
ഒരു ദീർഘശ്വാസത്തോടും ഹൃദയത്തിൽ തുടിപ്പോടും
പരിഭ്രാന്തയായിപ്പാരം പരവശയായ്
തണുപ്പാളും തന്റെ ഗേഹത്തിങ്കലേക്കത്തരുണിമാർ-
മണി വിധുരയായ് മന്ദം മടങ്ങിപ്പോകും !
അറേബിയാ പേർഷ്യാ തൊട്ടുള്ളനേകദിക്കുകളിലും
മഞ്ഞുകട്ടിയെഴും ഗുഹകളിൽനിന്നും സിന്ധു വോക്സ-
സെന്ന തടിനികൾ കോരിച്ചൊരിഞ്ഞു നില്ക്കും
ഉന്നതഗിരികളിലും സഞ്ചരിച്ചു സഞ്ചരിച്ചു
വന്നതന്നാനന്ദപൂർണ്ണചിത്തനായ് ധന്യൻ !
അവസാനം കാശ്മീരത്തിലൊരു മലഞ്ചരുവിങ്ക-
ലവനണഞ്ഞതിമോദമധിവസിച്ചാൻ.
പരിമളം പലപാടും പരത്തിടും പലേതരം
പരിലസൽ പച്ചച്ചെടിപ്പടർപ്പുകളും,
അമൃതവീചി / ഏകാന്തതയിൽ
ചങ്ങമ്പുഴ
പറവകൾ പരിതോഷാൽ പറന്നുപാടിടും പല
തരുനിര വിരിച്ചിടും തണൽപ്പരപ്പും !
നിറഞ്ഞിടുമവിടത്തിൽ പരുത്ത പാറപ്പിളർപ്പിൽ
തിരതല്ലത്തിരളൊളിപ്പളുങ്കു ചിന്നി !
അലസമായൊഴുകുമൊരരുവിതൻ കരതന്നിൽ
തലചാച്ചാൻ തളർച്ച വാച്ചൊരത്തരുണൻ.
ഒരു കിനാവവനുടെ കവിൾത്തടമിതുവരെ-
ക്കൊരിക്കലും വിവർണ്മമായ് മാറിടാത്തതാം
ഒരു കിനാവവനുടെ സുഖസുഷുപ്തിയിൽ മന്ദം
വരികയായ് അതിലെങ്ങും വെളിച്ചം ചിന്നി.
സ്വപ്നം കണ്ടാനവനൊടു മുഖപടം ധരിച്ചതാ
സുപ്രഭാവതിയാകുമൊരംഗനാരത്നം !
അവനുടെ അരികിൽ വന്നിരുന്നു മന്ദസ്മിതത്തി-
ലവനോടു ചിലതെല്ലാം മന്ത്രിപ്പതായി !
ചിന്തയുടെ ശാന്തതയിൽ കേൾക്കപ്പെടുമവനുടെ
സ്വന്താത്മാവിൻ സ്വരംപോലാണവൾതൻ ശബ്ദം.
കുളുർപൂഞ്ചോലകളുടെ മധുരമന്താരരവു-
മിളങ്കാറ്റിൽ കോമളമാം തെളിനാദവും
തമ്മിൽ തമ്മിലിടചേർത്താലെന്നതുപോലത്രമാത്രം
സമ്മോഹനം സുന്ദരിതൻ സൗമ്യസംഗീതം.
അതിൻ നാനാവർണ്ണാഞ്ചിതമാകും വലയ്ക്കുള്ളിൽപ്പെട്ടാൻ
മതിമാന്റെ മഹനീയഹൃദയനാളം.
ജ്ഞാനം സത്യം നന്മ ദിവ്യസ്വാതന്ത്ര്യോൽകൃഷ്ടാഭിലാഷ-
മാ നതാംഗിക്കിവയത്രേ ജീവിതലക്ഷ്യം.
അവനേറ്റമിഷ്ടപ്പെടും ചിന്തകളാണവ-പിന്നെ-
ക്കവയിത്രികൂടിയാണക്കനകവല്ലി.
ഉടനവൾതൻ വിശുദ്ധഹൃദയത്തിൻ ദിവ്യദീപ്തി-
യുടലിങ്കലൊരു കാന്തിപ്രസരം വീശി.
അനന്തരമവളിൽനിന്നങ്കുരിച്ചാനടിക്കടി-
യനുകമ്പാർഹയാം പല ദീർഘനിശ്വാസം.
തേങ്ങിത്തേങ്ങിക്കരകയായ്ക്കളരിങ്കലെങ്ങും തിങ്ങി-
വിങ്ങിടുന്ന വികാരത്താൽ വിവശയായി
വിശേഷരീതിലേതോ വീണക്കമ്പികളിൽനിന്നും
സുശോഭനാസൽസംഗീതം വടിച്ചെടുക്കു
മൃദുലമാമവളുടെ നഗ്നകരതലയുഗ-
മതിങ്കൽ പിണഞ്ഞ ചെറുഞരമ്പുകളിൽ
പ്രവഹിക്കും വാചാലമാം ചുടുചോരപോലുമങ്ങൊ
രവർണ്ണനീയമാം കഥ വെളിപ്പെടുത്തി.
അവളുടെ ഹൃദയത്തിൻതുടിപ്പുകൾ തിങ്ങിച്ചേർന്നി-
തവളുടെ സംഗീതത്തിൻ വിരാമങ്ങളിൽ.
അമൃതവീചി / ഏകാന്തതയിൽ
ചങ്ങമ്പുഴ
തരുണിതൻ നെടുവീർപ്പിലാ മധുരസംഗീതത്തിൻ
ചെറുതുള്ളികളോരോന്നായലിഞ്ഞുചേർന്നു.
പുകഞ്ഞുകൊണ്ടിരിക്കും തൻ ചിത്തഭാരമക്ഷമയായ്
തകർക്കാനെന്നപോലവളുടനെണീറ്റാൾ
ഒച്ചകേട്ടവൻ തിരിഞ്ഞാനവയുടെ ജീവിതത്തിൻ
സ്വച്ഛമാകും വെളിച്ചത്തിൽ തെളിഞ്ഞുകണ്ടാൻ.
മരുത്തേറ്റേറ്റുലഞ്ഞിടുമാവരണത്തിന്നടിയിൽ
സ്ഫുരിച്ചിതാമവളുടെ പാദപാണികൾ.
മുന്നിലേക്കു നീട്ടിയതാമവളുടെ മനോജ്ഞമാം
പൊന്നുകൈത്തണ്ടുകളിലായ് കണ്ടാൻ നഗ്നമായ് !
നിശയുടെ നിശ്വാസത്തിൽ പാറിക്കളിച്ചിതു പാരം
സുശോഭനയാമവൾതൻ സുഗന്ധികേശം.
കതിർചിന്നുമവളുടെ കമനീയനയനങ്ങൾ
മതിയിങ്കലെഴും താപം വെളിപ്പെടുത്തി,
അവളുടെ തളിരൊക്കുമധരങ്ങളവയ്ക്കുള്ളോ-
രവശത വിറക്കൊണ്ടു വിളിച്ചുചൊല്ലി !
അതിരറ്റൊരനുരാഗസമൃദ്ധിയാലാ യുവാവിൻ
ദൃഢചിത്തം ദീനദീനമലിഞ്ഞുപോയി !
പാദയുഗ്മം വിറപൂണ്ടും പാരവശ്യഭാരത്തിനാൽ
ഖേദനിശ്വാസമടക്കാൻ ശ്രമിച്ചുകൊണ്ടും
വീർപ്പുമുട്ടിത്തുളുമ്പുമാ മാർത്തടത്തെത്തന്നിലേക്കു
ചേർപ്പതിന്നായവൻ നിജ കരങ്ങൾ നീട്ടി.
അല്പമവൾ പിന്നിലേക്കു വലിഞ്ഞനന്തരം തന്നി-
ലുൾപ്പൊങ്ങീടുമാനന്ദത്തിന്നടിമയായി,
ഒരുകൊച്ചു ദീനരോദനത്തോടുടൻ കരങ്ങളിൽ
തരുണനെപ്പൊതിഞ്ഞവളണച്ചു പുല്കി....
ഭാരമേറുമവനുടെ ലോചനയുഗങ്ങളപ്പോൾ
കൂരിരുളാമാവരണം മറച്ചിരുന്നു.
അതിസുഖമയമാമക്കിനാവിനെപ്പൊതിഞ്ഞെടു-
ത്തഖിലവും വിഴുങ്ങിനാൽ നിശീഥിനിയാൾ !
പ്രതിബന്ധമിടയ്ക്കു സംഭവിച്ചുള്ളോരിരുളൊഴു-
ക്കതിവേഗമലർച്ചാർത്തു പിന്മടങ്ങുംപോൽ ,
അവനുടെ പൊള്ളയാകും തലയോട്ടിൽ തിരിച്ചുവ-
ന്നലയേറ്റി സ്വപ്നഭാരം ഹതയാം നിദ്ര.
വികാരാവേശിതചിത്തനവൻ ഞെട്ടിയുണർന്നു, ഹാ !
പകൽ പാതിക്കൺതുറന്നു മിഴിച്ചുനില്പു !
കിഴക്കുഷസ്സിൻ തണുത്ത വെളിച്ചവും പടിഞ്ഞാറു
മുഴുതിങ്കളിൻ മങ്ങലും, തെളിഞ്ഞു കാണ്മൂ !
ശൂന്യവനവീഥി മലഞ്ചെരുവിവ ചെറ്റുപോലു-
മനങ്ങാതെ പരന്നെങ്ങും കിടന്നിടുന്നു.
അമൃതവീചി / ഏകാന്തതയിൽ
ചങ്ങമ്പുഴ
ഇന്നലത്തെ രാത്രിയാകും തണലിന്റെ മേല്ക്കട്ടിയാ
മന്നാകെപ്പൊന്നൊളിയെങ്ങു പറന്നുപോയി ?
നിജനിദ്രതന്നെസ്സമാശ്വസിപ്പിച്ച മൃദുസ്വരം
രജനിയെത്തഴുകിയ കനകപൂരം ,
വസുധതൻ വമ്പിച്ചതാം പ്രതാപരഹസ്യാദികൾ
സ്വസന്തോഷം-ഇവയെങ്ങു പറന്നൊളിച്ചു ?
ആഴിയിൽ പ്രതിഫലിക്കും മുഴുതിങ്കളാത്തതൃഷ്ണ-
മാകാശച്ചന്ദ്രബിംബത്തെ നോക്കിടുമ്പോലെ.
അവനുടെ മങ്ങിയതാം മിഴി രണ്ടും ശൂന്യമായി-
ട്ടാവെറും കാഴ്ചകളതാ നോക്കിനില്ക്കുന്നു !
മാനുഷികമധുരാനുരാഗദേവതയവനൊ-
രാനന്ദക്കിനാവു നല്കി സുഷുപ്തിയിങ്കൽ.
അവനോ ഹാ ! കഷ്ട ! മെന്നാലവൾതിരഞ്ഞെടുത്തുള്ളോ-
രനർഘസംഭാവനയെച്ചവുട്ടിത്താഴ്ത്തി !
പരക്കുമാ നിഴലിനെ പാരമുൽക്കണ്ഠയാർന്നവൻ
പരിഭ്രാന്തനായിട്ടിപ്പോൾ പിന്തുടരുന്നു
സ്വപ്നത്തിന്റെ സ്വർഗ്ഗസീമ കടന്നതു മറഞ്ഞുപോയ്
നിഷ്ഫലമവിടെയെത്താനവന്റെ മോഹം
തൂമൃദുലം കരതലം മനോഹരം കളേബരം
കോമളനിശ്വാസം കഷ്ടം ! ഹാ ! ചതിച്ചില്ലേ ?
പോയി , പോയി , കഷ്ടമെന്നെന്നേക്കുമായിപ്പരന്നുപോയ്
വഴിയറ്റോരുറക്കത്തിൻ മരുപ്പരപ്പിൽ
ആ മനോജ്ഞാകാരം , - നിദ്രേ , നിഗുഢമാം നിന്റെ നാക-
സാമ്രാജ്യത്തിലെത്തിയെന്നും വിഹരിപ്പാനായ്
വരുന്നതിന്നാ മരണത്തിന്റെ തണുത്തതായിടു-
മിരുൾക്കവാടത്തിൽക്കൂടക്കടക്കരുതോ ?
ഉന്നതമായ് നിന്നിടുന്ന ശൃംഗങ്ങളും മഴവില്ലു
മിന്നിടുന്ന മഞ്ജുമേഘശകലങ്ങളും
പ്രതിബിംബിച്ചിടും തെളിത്തടാകത്തിൻ ശാന്തതയി-
ന്നതിയായിട്ടിരുണ്ട നീർച്ചുഴിയിലേക്കോ ,
നയിപ്പതു കഷ്ടം ! കഷ്ടം ! പകലിന്റെ ചൂടുനല്കും
വെയിൽനാളം മറയ്ക്കുന്ന മൂടൽമഞ്ഞിനാൽ,
മൂടപ്പെട്ടതാകും ശവകുടീരം മരിച്ച കണ്ണു-
മൂടിക്കെട്ടി മന്ദം മന്ദം നയിപ്പതെന്നാൽ,
നിദ്രേ , നിന്റെ സുഖസമ്പൂർണ്ണമായ് മിന്നിത്തിളങ്ങിടും
സ്വർഗ്ഗസാമ്രാജ്യത്തിലേക്കുതന്നെയല്ലല്ലി ?
ഏവമൊരു ശങ്ക പെട്ടെന്നവനുടെ ഹൃദയത്തിൽ
പ്രവഹിപ്പാനാരംഭിച്ചാൻ വേഗതയോടേ !
അതന്നേരമുണർത്തിയോരസംതൃപ്തമാകുമാശ
നിരാശപോൽത്തലച്ചോറിൽത്തുളഞ്ഞുകേറി !
അമൃതവീചി
ചങ്ങമ്പുഴ
ഭാനുമതി
അവളെക്കുറിച്ചെങ്ങാനോർക്കി,ലപ്പോ-
ളറിയാതെൻ കണ്ണു നിറഞ്ഞുപോകും.
കനകാംഗിതൻ കഥയത്രമാത്രം
കദനവിദാരിതമായിരുന്നു.
അതിനെക്കുറിച്ചുള്ളോരോർമ്മപോലു-
മസഹനീയാഘാതമായിരുന്നു.
"സ്മരണയിലാ മുഗ്ദ്ധകല്പപുഷ്പം
പരിമളംവീശുമെൻ സ്വപ്നബന്ധം
വെറുമൊരു ചാപല്യമെന്നുമാത്ര-
മൊരുപക്ഷേ നിങ്ങൾക്കു തോന്നിയേക്കാം !...."
ചൊകചൊകപ്പല്പാല്പം മാഞ്ഞുമാഞ്ഞ-
ങ്ങകലത്തു, മങ്ങിയോരന്തിവിണ്ണിൽ
ഇരുളും വെളിച്ചവും ഞങ്ങളെപ്പോ-
ലൊരുമിച്ചിരുന്നെന്തോ ചൊന്നിരുന്നു.
അവർതൻ രഹസ്യവുമീവിധമൊ-
രനുരാഗസങ്കടമായിരിക്കാം.
ഉദിതാശ്രുബിന്ദുക്കളൊപ്പിയൊപ്പി
മദനനെന്നോടു തുടർന്നു വീണ്ടും-
"കളിയല്ല ഗംഗേ , ഞാനെത്രമാത്രം
കരയാതിരിക്കുവാൻ നോക്കിയെന്നോ !
ഫലമില്ല!-പിന്നനിയെന്തുചെയ്യാം ?
'തലവിധി' യെ,ന്നെങ്ങാനാശ്വസിക്കാം !"
ഒരു ശരൽക്കാലത്തുഷസ്സിൽ , ഞാൻ-
സ്സുരലോകസ്വപ്നത്തെക്കണ്ടുമുട്ടി.
ഒരു വെറും സൗന്ദര്യമല്ലതേതോ
നിരവദ്യസായുജ്യമായിരുന്നു.
കുളിരുടൽത്തൈവല്ലിയാകമാനം
തളിരിട്ട യൗവനസ്വർണ്ണവർണ്ണം.
മഴവില്ലിനെപ്പോൽ മനംകവ,ർന്നെൻ
മിഴികൾക്കൊരുത്സവമായി മിന്നി.
അമൃതവീചി / ഭാനുമതി
ചങ്ങമ്പുഴ
"കുളികഴിഞ്ഞീറനോടമ്പലത്തി-
ലളിവേണി പോവുകയായിരുന്നു.
പുറകിൽ, നിതംബം കവിഞ്ഞുലഞ്ഞ
പുരികുഴൽക്കെട്ടിൻ നടുവിലായി
സുരഭിലസംഫുല്ലസുന്ദരമാ-
മൊരു ചെമ്പനീരലരുല്ലസിച്ചു
കവിതൻ കരളിലഴൽപ്പരപ്പിൽ
കതിരിടും കല്പനാശക്തിപോലെ !
"പരമേശപാദാർച്ചനാർത്ഥകമാം
പലപല പൂക്കളിയന്ന താലം
വിലസി,യാ വിശ്വവിമോഹിനിതൻ
വികസിതവാമകരാഞ്ചലത്തിൽ
അനുപദം നൂപുരലോലനാദ-
മനുഗമിച്ചീടുമാറാ വിലാസം.
അരികിലരികിലണയുന്തോറ-
മൊരുമിന്ന ,ലെന്തോ , കിളർന്നതെന്നിൽ!
"ഭുവനപ്രണയങ്ങളാകമാന-
മെവിടെത്തുടങ്ങുന്നുവെന്ന സത്യം,
അതിലജ്ഞനാമെനിക്കന്നു, വന്നെ-
ന്നുഭവസാരം വിശദമാക്കി.
അറിയാമോ, ഗംഗേ, നിനക്കെവിടാ-
ണനുരാഗവല്ലിതൻ ബീജമെന്നായ് ?
പറയാം ഞാൻ....കൺമുനക്കോണിലാണ-
പ്പരമനിർവാണലസൽസ്ഫുലിംഗം.
നയനാഞ്ചലങ്ങളിടഞ്ഞുപോയാൽ
നവരാഗനാടകനാന്ദിയായി !
മൃദുലപ്രണയമപാംഗമാർഗ്ഗം
ഹൃദയത്തിൽ വീണോരോ വേരുപൊട്ടും
അതു, പിന്നെ,ക്കാലാനുകൂല,മോരോ
പുതുതളിർ പൊട്ടിപ്പടർന്നുകൊള്ളും.
"കഥ നീട്ടുന്നെന്തി,നക്കാല്യകാല-
കമനീയകാമദസ്വപ്നരംഗം
അകതാരിൽ ഞങ്ങൾക്കു രണ്ടുപേർക്കു-
മനുഭൂതി വർഷിപ്പതായിരുന്നു.
അമൃതവീചി / ഭാനുമതി
ചങ്ങമ്പുഴ
അതുമുതൽക്കെന്നെയത്തയ്യലാളു-
മവളെയീ ഞാനും ഭജിച്ചുവന്നു
പലപല ദർശനംകൊണ്ടു മേന്മേൽ
പരിചയവല്ലി തഴച്ചുപോന്നു.
അലമാത്മബദ്ധരായ് തെല്ലുനാളി-
ലനുരാഗശൃംഖലകൊണ്ടു ഞങ്ങൾ
"അവളൊരു മാന്യധനേശ്വരൻത-
ന്നരുമയാമേക സന്താനവല്ലി-
നിരഘഗുണോൽക്കരശ്രീനികേത-
നിരുപമസൗഭാഗ്യകല്പവല്ലി-
അവളൊരു നിസ്സാരചായകനി-
ലനുരക്തയായിക്കഴിയുകെന്നോ ?
അമലാംബരത്തിലെത്താരകം വ-
ന്നടിയിലെപ്പൂഴിയെ പുല്കുകെന്നോ ?
അവമാനഭീരുവാം ലോകമെമ്മ-
ട്ടതു കണ്ടു ചുമ്മാ സഹിച്ചിരിക്കും ?-
അഥവാ , വിചിന്തനാതീതമാകു-
മതു, ലോകമെമ്മട്ടിനുവദിക്കും ?
"അകലത്തു പല്ലുമിറുമ്മി നില്ക്കു-
മലിവറ്റ നീതിതൻ മുന്നിൽ, ഞങ്ങൾ
അപരാധികലായനുനിമേഷ-
മപജയോൽഭീതരായാവസിച്ചു."
"നവചന്ദ്രികയിൽ കുളിച്ചുനില്ക്കും
നയനാഭിരാമനിശീഥിനികൾ
പലതുമപ്പൂമണിമാളികതൻ
പടിവാതിലൂടേ കടന്നുപോയി.
അവയിൽ ചിലതിൽ, തളർന്നു ലോക-
മതി സുഖനിദ്രയിലാണ്ടിരിക്കെ
പ്രണയസ്വരൂപിണിതൻ മുറിയി-
ലണയുമാറുണ്ടു ഞാൻ ഗൂഢമായി !
"ഹൃദയം പകർന്നു പകർന്നു ഞങ്ങൾ
മതിമറന്നാ ഗൂഢനിർവൃതിയിൽ
മുഴുകിയും മുങ്ങിയും നേർത്ത രണ്ടു
മുരളീരവങ്ങൾപോലുല്ലസിച്ചു.
പറയട്ടേ , ഭാനു ഞാ നോമലാളോ-
ടരുളാറുണ്ടെന്നു ഞാനാത്തരാഗം;
അമൃതവീചി / ഭാനുമതി
ചങ്ങമ്പുഴ
'അനുയോജ്യമല്ല നിനക്കു തെല്ലു-
മനുരാഗബന്ധമിതോമലാളേ !
വെറുമൊരു ഭിക്ഷുവിൻ കുമ്പിളിൽ, നിൻ
വിലപെറും ജീവിതരത്നമാല്യം
അതുലേ , നീ,യേവം വലിച്ചെറിഞ്ഞാ-
ലതു മഹാ സാഹസമായിരിക്കും
വിവരവും ബുദ്ധിയുമുള്ള ലോകം
വിപരീതം ഭാവിപ്പതല്ല കുര്റം
ഒരു വെറും പട്ടിണിക്കാരനോ നിൻ
പ്രണയസാമ്രാജ്യൈകസാർവ്വഭൗമൻ ?
അരുതേവം ചാപലമോമലേ , ഞാൻ
പറയുന്ന കേൾക്കു,കെൻ ഭാനുവല്ലേ !
-ഒരു മഹാഭാഗ്യവാൻ, വിത്തനാഥൻ
കിരണമേ, നിന്നെപ്പരിഗ്രഹിക്കും.
അതു നിൻ ജനകന്റെ മാനസത്തി-
ലമൃതം തളിക്കുന്നതായിരിക്കും.
സ്വയമതുകൊണ്ടിനിസ്സാദ്ധ്യമാകിൽ
ദയവുചെയ്തെന്നെ മറക്കണം നീ ! '
['മരണംവരെയ്ക്കിനി മറ്റൊരാളെ...']
മധമൊഴി തേങ്ങിക്കരഞ്ഞു ചൊല്ലും.
അതു കണ്ടാ , ലാ മൊഴി കേട്ടുപോയാ-
ലറിയാതകത്തൊരു മിന്നൽ പായും ;
സകലവു,മെന്നെയുംകൂടി, ഞാന-
സ്സമയത്തി,ലെന്തോ, മറന്നുപോകും.
ഒരുഞൊടികൊണ്ടത്തളിരുടലെൻ
കരവലയത്തിലമർന്നുചേരും.
അവളെന്റെ മാറിൽ ശിരസ്സു ചായ്ചി-
ട്ടവശയായേങ്ങലടിച്ചു കേഴും.
ഹൃദയം തകർന്നെന്മിഴികളിൽനി-
ന്നുതിരുമശ്രുക്കൾ തുടർച്ചയായി.
അതുവിധം ശോകാത്മകാർദ്രമാകും
മധുരംഗങ്ങളിലാകമാനം
ഭുവനൈകസൗഭാഗ്യമൂർത്തി ഞാനെ-
ന്നഭിമാനമാർന്നല്പമാശ്വസിക്കും. "
"പരമനിഗൂഢമായ് പാതിരയിൽ
പരിണതപ്രേമാർദ്രർ ഞങ്ങളേവം
ഒരുമിച്ചുചേരും രഹസ്യമെല്ലാ-
മൊടുവിലെല്ലാരുമറിഞ്ഞുകൂടി.
അമൃതവീചി / ഭാനുമതി
ചങ്ങമ്പുഴ
ഞൊടിയിലാ ലോകാപവാദഘോര
വിടപാഗ്നി നീളെപ്പടർന്നുകത്തി.
അതിൽനിന്നുയർന്നുപരന്ന ധൂമ-
പ്രകരത്തിൽ ഞങ്ങൾക്കു വീർപ്പുമുട്ടി.
"പരമാഭിരാമയാമോമലാളിൻ
പരിമൃദുപാണിഗ്രഹണഭാഗ്യം
പകലിരവാശിച്ചു കാത്തിരിപ്പു
പരശതം വിത്തേശനന്ദനന്മാർ.
ഇതു കേട്ടാൽ... ഗംഗേ , നീതന്നെയിന്ന
സ്ഥിതിയല്പമേനമൊന്നോർത്തുനോക്കു !
"കഥയൊക്കെ മാറി ,... യെന്നന്തരീക്ഷം
കരിമുകിൽമൂടിയിരുണ്ടുപോയി.
ഉടനെന്നാത്മാവിനകത്തുനിന്നൊ-
രിടിവെട്ടുകേട്ടു നടുങ്ങിപ്പോയ് ഞാൻ !
വിഷമം , വിഷമെ,മെൻചുറ്റു,മയ്യോ !
വിഷവഹ്നിജ്വാലകൾ , തീപ്പൊരികൾ !
കുടിലസർപ്പങ്ങൾ , വെറും വിഷങ്ങൾ !
കുരുതിക്കളങ്ങൾ , കുഠാരകങ്ങൾ !
ചുടുചോരചീറ്റും കൊടുംകൊലകൾ !
ചുടലക്കളങ്ങൾ , ഭയങ്കരങ്ങൾ !
അതിരൂക്ഷവേതാളഗർജ്ജനങ്ങൾ !
അവിരാമപ്രേതകോലാഹലങ്ങൾ !-
എതിരിട്ടുനില്ക്കുവാൻ ദുർബ്ബലൻ, പി-
ന്നവിടേക്കു പോകും , ഞാനെന്തു ചെയ്യും ?
"പരിസരവായുവിലൊക്കെയു,മെൻ
മരണത്തണുപ്പു തുളുമ്പിനിന്നു.
പ്രതിമാത്രം കാത്തു ഞാനത്തമസ്സിൻ
പ്രതികാരഘോരമാമാക്രമണം !
"മമ ജീവിതാപായശങ്കയല്ലെൻ
നമതാരിനാഘാതമായതൊട്ടും
അതുകൊണ്ടു ലോകത്തിനെന്തുകിട്ടാ-
നതുവേണമെങ്കിൽ തുലഞ്ഞുപോട്ടെ !
അതിലെനിക്കല്പമില്ലാധി - പക്ഷേ ,
ഹൃദയാനവദ്യയാമക്കുമാരി !-
അകളങ്കരാഗപരവശയാ-
മവളെയോർക്കുമ്പൊളെന്നുള്ളു പൊട്ടി
അമൃതവീചി / ഭാനുമതി
ചങ്ങമ്പുഴ
ഒരു പൂത്തവള്ളിക്കുടിലുപോലെ
സുരഭിയാകേണ്ടൊരജ്ജീവിതത്തെ,
പുകപിടിപ്പിച്ച ഞാൻ... എന്തു , ഞാനോ
പുരുഷൻ ?... എനിക്കു തരിച്ചു ഗാത്രം !
"അവളെയുംകൊണ്ടു ഞാൻ വല്ലിടത്തു-
മറിയാതൊരാളു,മൊളിച്ചുപോണം.
ഉയിരെന്നിലുള്ളിടത്തോളവും, ഞാൻ
സ്വയമവൾക്കാലംബരമായി നില്ക്കും.
സുബലമാമീ നീണ്ട കൈകൾ പോരും
സുഖമായവളെപ്പുലർത്തീടുവാൻ !
"ഇദമൊരു കത്തുന്ന ചിന്തയിലെൻ
ഹൃദയമെരിഞ്ഞു പുകഞ്ഞുനില്ക്കെ
കമനിതൻ വിശ്വസ്തഭൃത്യ വന്നെൻ
കരതാരിലേക്കൊരു കത്തു നല്കി.
അതിസംഭ്രമമെനിക്കേകിടുന്നോ-
രതിലിത്രമാത്രം കുറിച്ചിരുന്നു. :
ഇരവിലിന്നാരുമൊരാളറിയാ-
തിവിടത്തിൽനിന്നു കടക്കണം നാം.
സകലവുമച്ഛൻ....ഭയങ്കരമാം
പക....കൊടുങ്കാറ്റിനുമുൻപു നമ്മൾ
സ്വയമകന്നീടുകിൽ രക്ഷകിട്ടാം...
ഭയമുണ്ടു... കാണണം പാതിരയിൽ... '
"ഞൊടികൊണ്ടൊരായിരം കൊള്ളിമീനെ-
ന്നുടലിലൊന്നോടൂളിയിട്ടു പാഞ്ഞു
പചവലാപശങ്കകൾ പോയി... കാര്യ
പ്രകടകർമ്മോൽസുകമായി ചിത്തം !..."
അതിതീവ്രസ്തോഭവിരാമതുല്യം
മദനനുയർന്നൊന്നു നിശ്വസിച്ചു.
കരളിന്നടിത്തട്ടിൽനിന്നതോരോ
നുരിയിട്ടു പൊങ്ങിയതായിരുന്നു.
കരിതേച്ചപോലെ ഞങ്ങൾക്കു ചുറ്റു-
മിരുൾവന്നു മൂടിക്കഴിഞ്ഞിരുന്നു.
അരികത്തൊരേകാന്തരോദനംപോ-
ലരുവിയതെങ്ങോ തളർന്നൊഴുകി.
ഒരു കൊച്ചുരാക്കിയൽ തെല്ലകല-
ത്തൊരുമരക്കൊമ്പിലിരുന്നു പാടി.
തെളുതെളെ മിന്നിത്തിളങ്ങി വാനിൽ
സുലളിതരാജതതാരകങ്ങൾ...
അമൃതവീചി / ഭാനുമതി
ചങ്ങമ്പുഴ
പവനനിൽ ചാഞ്ഞോരോ പച്ചിലകൾ
പരിമൃതുമർമ്മരധാരതൂകി...
മദനന്റെ സങ്കടം കണ്ടെനിക്കും
ഹൃദയമല്പാല്പമായ് വേദനിച്ചു.
കദനകലുഷിതമായിരുന്നാ-
ക്കഥയവൻ മന്ദം തുടർന്നു വീണ്ടും
പകുതിരാവായി , കൊടുന്തമസ്സിൽ
പരിചിലബ്രഹ്മാണ്ഡം വീണുറങ്ങി.
ലിഖിതാനുസാര,മൊളിച്ചുപോകാൻ
മുഖിതസന്ന്ദധനായ് ഞാനിറങ്ങി...
അവളെന്നെക്കാത്തുകാത്തക്ഷമയാ-
യവിടെയിരിക്കുകയായിരിക്കും.
അവളുടെ നിർമ്മലലോലചിത്ത-
മവശമായ്ത്തേങ്ങിക്കരകയാകും.
പ്രരയകരസ്വാലയം വിട്ടുപോകാൻ
ദയനീയദുഖം സഹിക്കയാകും.
ഇതുവിധം ലോകത്തിലിന്നുമുണ്ടോ
മൃദുലരാഗാർദ്രമാം സ്ത്രീഹൃദയം ?
പരമപവിത്രമതിന്റെ മുൻപിൽ
പുരുഷാഭിമാനം നമിച്ചിടേണം
സതി കുലഹീരമേ , ഭാനു, നിന്റെ
സഹൃദയം വീശിയ മന്ദഹാസം
വികലസൗഭാഗ്യനെൻ ജീവിതത്തിൽ
വിമലപ്രകാശത്തിൻ വിത്തുപാകി.
അതിനു ഞാൻ നല്കും പ്രതിഫലമോ
വെറുമൊരു കണ്ണുനീർത്തുള്ളിമാത്രം !-
നിരുപമേ , നിന്നെ ഞാൻ കണ്ടതൊട്ടെൻ
നിഖിലക്ഷതങ്ങളും മാഞ്ഞുപോയി.
നിരവദ്യേ , നിൻ മുഖദർശനത്തിൽ
നിഴലുകൾ ദീപാങ്കുരങ്ങളായി.
നിരഘേ ,നിൻ നിസ്തുലശക്തിയാലീ
നിഹതനെ നീയൊരു ദേവനാക്കി.
അതിനു ഞാൻ നല്കും പ്രതിഫലമോ
വെറുമൊരു കണ്ണീർക്കണികമാത്രം !-
സദയം നീ കൈക്കൊൾക തുച്ഛമാമെൻ ,
ഹൃദയോപഹാരമിതോമലാളേ !...
അമൃതവീചി / ഭാനുമതി
ചങ്ങമ്പുഴ
അകതളിരാലേവം മർമ്മരമൊ-
ന്നലസം ഞാൻ വീശിക്കൊണ്ടാത്തഗുഢം
മമ ഭാഗ്യതാരകമുല്ലസിക്കും
മണിമലർമേടതന മുന്നിലെത്തി !...
"കുറെദൂരെ തെക്കുവശത്തിനെന്താ-
ണെരിതീയോ , കത്തുന്ന പട്ടടയോ ?-
ഒരു ചൂതവൃക്ഷത്തിൻ പിന്നിലായി-
ട്ടിരുളിൽ ഞാൻ മാറിപ്പതുങ്ങിനിന്നു.
ശിവനേ,യിക്കാണുന്നതെ,ന്തിതാർതൻ
ശവദാഹ,മീ നടുപ്പാതിരയിൽ ?-
ണ്ടരികി,ലച്ചെന്തീച്ചിതയ്ക്കരികിൽ...
ഒരു ശബ്ദംപോലുമിയറ്റിടാത-
ക്കരിമാടന്മാരതു നിർവ്വഹിപ്പൂ !...
"വിഷമിച്ചിടേണ്ട നീ, ഗംഗേ , ഞാനാ
വിഷമചരിത്രം പറഞ്ഞുതീർക്കാം.
അവർ ദഹിപ്പിച്ചതെൻ ജീവിതത്തിൻ-
ശവ -"മയ്യോ , ഞാനൊന്നു ഞെട്ടിപ്പോയി !
മദനന്റെ കണ്ഠമിടറി , യെന്തോ
വദനംമുഴുക്കെ വിളർത്തുപോയി
അരുവിയെന്നോണം കവിളിണയി-
ലിരുകണ്ണീർച്ചാലു കുതിച്ചൊഴുകി."
"അവ,ളയ്യോ ഗംഗേ, മരിച്ചതല്ല
അവളെ മരിപ്പിച്ചതായിരുന്നു.
അവമാനഭീതിയാലന്ധായി-
ട്ടവളുടെ താതനാ വിശ്വഘോരൻ
അവളറിയാതവൾക്കാത്തകോപ-
മലിവെഴാതയ്യോ വിഷംകൊടുത്തു.
അവനേവം സ്വന്തരക്തത്തെയർപ്പി-
ച്ചവമാനത്തിൽനിന്നു രക്ഷനേടി.
ഉലകറിയാതവനശ്ശരീര-
മൊരു രാത്രിക്കുള്ളിൽ വെൺചാമ്പലാക്കി
നിയമത്തിൻ മുഷ്ടിയിൽനിന്നെളുപ്പം
നിജധനശക്തിയാൽ മുക്തി വാങ്ങി.
അമൃതവീചി / ഭാനുമതി
ചങ്ങമ്പുഴ
"ഒരുവാക്കവസാനം മിണ്ടുവാനും
തരമാകാതസ്വപ്നം മാഞ്ഞുപോയി.
അകലെയ്ക്കു നോക്കുകാ നീലവിണ്ണി-
ലൊരു വെള്ളിനക്ഷത്രം കാണ്മതില്ലേ ?
അവളാണതെൻ പ്രിയ ഗംഗേ , ഞാനൊ-
ന്നവളെനോക്കിത്തെല്ലു കേണിടട്ടെ !
അനുദിനമന്തിയിലുജ്ജ്വലമ-
ക്കനകനക്ഷത്രമുദിച്ചുയർന്നാൽ
അവളെയോർത്തെന്മനം ദീനദീന-
മറിയാതെ തേങ്ങിക്കരഞ്ഞുപോകും !
അതു നോക്കു ഗംഗേ , യത്താരമെന്നെ-
യവിടേക്കു ചെല്ലാൻ വിളിക്കയല്ലേ ?"
അമൃതവീചി
ചങ്ങമ്പുഴ
കന്മതിൽ
അന്നൊരോമൽ 'ചിരിക്കുടുക്ക' യായ്
മിന്നിയാ വനകോരകം.
അന്നെല്ലാമെൻ നിഴലുപോലവ-
ളെന്നോടൊന്നിച്ചു പോന്നിടും.
രണ്ടുനാലല്ലൊരായിരംകൂട്ട-
മുണ്ടവൾക്കെന്നോടോതുവാൻ.
ചെമ്പകപ്പൂ പറിക്കുവാൻ ഞാന-
ക്കൊമ്പു ചായ്ച്ചുകൊടുക്കണം.
ചൊന്നിടുമോരോ വർത്തമാനത്തി-
നൊന്നൊഴിയാതെ മൂളണം.
ഉത്സവം കാണാനമ്പലത്തിൽ ഞാൻ
സസ്പൃഹം കൊണ്ടുപോകണം.
എന്തി,നായിരം ജോലിയാണെനി-
ക്കൻപിലങ്ങെങ്ങാനെതിത്യാൽ !
കാണുമ്പോഴേക്കുമോടിവന്നെത്തും
പ്രാണനാണവൾക്കന്നു ഞാൻ !
ശുഭ്രവാനിന്റെ നീലിമപോലെ
ശുദ്ധമാമൊരു സൗഹൃദം
പുഞ്ചിരിക്കൊണ്ടു നിന്നിരുന്നൊര-
പിഞ്ചുമാനസം നോക്കി, ഞാൻ
സ്വച്ഛശാന്തിയിൽ മഗ്നമാക്കി, ഹാ
സ്വപ്നതുല്യമെൻ ശൈശവം !
ഒന്നുപോലെ കഴിഞ്ഞവർ ഞങ്ങ-
ളിന്നു കേവലമന്യർതാൻ !
ആയിരം നവാദർശവും ചുമ -
ന്നാഗമിച്ച യുവത്വമേ !
ഹന്ത , ഞങ്ങൾക്കിടയിൽ നീതികൊ-
ണ്ടെന്തിനീ മതിൽ കെട്ടി നീ ?....