സ്വരരാഗസുധ
സ്വരരാഗസുധ
ചങ്ങമ്പുഴ
സ്വരരാഗസുധ
അവതാരിക
-എസ്.കെ.നായര്‍
കര്‍ത്തവ്യം പലപ്പോഴും കണ്ണീരോടുകൂടി വേണമെന്നായിരിക്കുമോ വിധിമതം? കാലം ചയ്യുന്ന മറ്റൊരു കടുംകൈ! അല്ലെങ്കില്‍ ഈ 'സ്വരരാഗസുധ' ഇങ്ങനെ വേണമെന്നുണ്ടോ പകരാന്‍? അതും ഈയുള്ളവന്‍റെ കൈകൊണ്ട്? ഈ അവസരത്തില്‍?...വേണ്ട; വേഗനാജനകമായ അക്കഥയൊന്നും ആലോചിക്കുകപോലും അരുത്. കണ്ണീരേ, നീ തെല്ലടങ്ങൂ: ഞാന്‍ ആ സൗഹാര്‍ദ്ദത്തിന്‍റെ അന്ത്യാഭിലാഷം ആദേശിച്ച കര്‍ത്തവ്യം നിറവേറ്റട്ടെ.
'മുഖം നോക്കാതെ വിമര്‍ശനരൂപത്തില്‍ ഒരവതാരികയെഴുതിത്തരണ'മെന്ന്! ആവൂ! ഇനി ആരുടെ മുഖമാണ്, നാമെത്ര കൊതിച്ചാലും ഒന്നുകൂടെ കാണുക? പക്ഷേ, നാമേവരും ആ മുഖം കാണുന്നുണ്ട് -അന്‍പോലുന്ന ആ മുകം; നീണ്ടകണ്ണുകളും നീണ്ടുവളഞ്ഞ പുരികങ്ങളും കൊണ്ടു കവിതാംഗനയുടെ താരെതിര്‍ മേനിക്കു പുളകമരുളുന്ന ആ മുഖം. എന്നിട്ട, ആ, മുഗ്ദ്ധതയുടെ ഓരോ കഴല്‍വെയ്പിലും ഉതിര്‍ന്നു മുഴങ്ങുന്ന കളനൂപുരശിഞ്ജിതം ആസ്വദിച്ച് സ്വയം ആനന്ദത്തുടുപ്പിലയുന്ന ആ മുഖം! ആ മുകത്തേക്കാണ് കൈരളി നെടുവീര്‍പ്പോടെ എന്നുമെന്നും കരളെരിഞ്ഞ് കൈകള്‍ കൂപ്പിനോക്കുന്നത്. ആ മുഖത്തു നോക്കിയോ നോക്കാതെയോ ആരെന്തു വിമര്‍ശിക്കാന്‍ ഒരുങ്ങും? അതില്‍ നിന്നു പൊഴിഞ്ഞ സ്വരരാഗസുധയെ അലതരിപ്പിക്കുന്ന സഹായത്തിന് ആരാണുള്ളത്? ഹേ, സാഹസികാ, മാറിനില്ക്കൂ! സുമനസ്സുകള്‍ സ്വയം അതാസ്വദിക്കട്ടെ. അതവര്‍ എന്നേമുതല്‍ ആരുടേയും സഹായമില്ലാതെ ആസ്വദിച്ചുതുടങ്ങിയതാണ്! നീ വേണമെങ്കില്‍ ആ സുധയില്‍ ആവോളം മുഴുകിക്കൊള്ളൂ. മറ്റുള്ളവരോടൊപ്പം...
അതെ ഈ സ്വരരാഗസുധ ഞാന്‍ ആകണ്ഠം ആസ്വദിക്കട്ടെ. അതിന്‍റെ മാദകമായ ലഹരിയില്‍ ഞാന്‍ മുഴുകട്ടേ. എന്‍റെ ആനന്ദാനുഭൂതിയില്‍ പങ്കുകൊള്ളാന്‍ മാത്രം ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. അതിനുള്ള അവകാശം, ആരെത്ര തടഞ്ഞാലും, അനിഷേധ്യമായി എനിക്കുണ്ട്.
വസന്തോദയം
ഇരുപതില്‍പ്പരം വര്‍ഷങ്ങളായി മലയാളസാഹിതിയുടെ മലര്‍വാടിയില്‍ ഒരു നൂതനവസന്തവിലാസം പുലര്‍ന്നിട്ട്. ഒരു തായ്മരത്തിലെ രണ്ടു ചില്ലകളിലിരുന്നു രണ്ടു പൂങ്കുയിലുകള്‍ പാടി. അവരുടെ കണ്ഠം തെളിഞ്ഞതായിരുന്നു; പക്ഷേ, അന്നവര്‍ക്ക് ആ കണ്ഠം ആസ്വദിക്കാനുള്ള മാന്തളിരില്ലാതെ പോയി. എങ്കിലും ആ കുയിലുകളുടെ തൊണ്ട വരണ്ടില്ല; അവരുടെ ആലാപം തളര്‍ന്നില്ല. വരാന്‍ മടിപൂണ്ടുനിന്ന ആ വസന്തവിലാസത്തെ അവര്‍ 'കൂഹു കൂഹു' പാടി ക്ഷണിച്ചുവരുത്തി. വിധിവൈഭവമെന്നു പറയട്ടെ, മാന്തോപ്പുകള്‍ പൂക്കാനും തളിര്‍ക്കാനും തുടങ്ങിയതേയുള്ളു; വല്ലികള്‍ പുളകപ്പൂങ്കുല ചൂടാറാകുന്നതേയുള്ളു; അപ്പോഴേക്കും ഒരു നീലപ്പൂങ്കുയിലിന്‍റെ തൊണ്ട വരണ്ടു; ഗാനം നിലച്ചു; ചിറകുകള്‍ പൊഴിഞ്ഞു; ആരുമാഥിയാതെ അതു നിലം പതിച്ചു.
അങ്ങനെ കൂട്ടുകാരന്‍ പോയ്മറഞ്ഞു. മറ്റേ പൂങ്കുയിലിന്‍റെ ഗാനം വിഷാദസങ്കലിതമായി. എങ്കിലും അതിന്‍റെ കണ്ഠം തെളിഞ്ഞു. അതോടെ മലയാളസാഹിത്യത്തിന്‍റെ മാങ്കനിത്തോപ്പും!.
സ്വരരാഗസുധ
ചങ്ങമ്പുഴ
ഇടപ്പള്ളിപ്രസ്ഥാനം
അതേ, ഇടപ്പള്ളി രാഘവന്‍പിള്ളയും ചങ്ങമ്പുഴ കൃഷ്ണപിള്ളയും മലയാളകവിതയ്ക്ക് ഒരുജ്ജ്വലപരിവര്‍ത്തനം വരുത്തിവച്ച രണ്ടു മഹാകവികള്‍ തന്നെ. ഒരാള്‍ തുടങ്ങിവെച്ചു, മറ്റൊരാള്‍ മുഴുമിപ്പിച്ചു; അനേകം പേര്‍ പിന്നീടവരെ അനുകരിച്ചു. ആ പരിവര്‍ത്തനം ഒരു മഹാപ്രസ്ഥാനത്തിനു ജന്മം നല്കി. ഞാന്‍ അതിനെ 'ഇടപ്പള്ളി പ്രസ്ഥാന'മെന്നു വിളിക്കട്ടെ. അതോടൊപ്പം മലയാളസാഹിത്യത്തിലെ പ്രസ്ഥാനാന്തരങ്ങളോട് ക്ഷമായാചനം ചെയ്യട്ടെ.
എന്തു ധിക്കാരം? എന്തധികാരം? ആരോടം ചോദിക്കാതെ, ആരാരും താങ്ങും തുണയുമില്ലാതെ രണ്ടു കുട്ടികള്‍, മഹാരഥന്മാര്‍ പലരും പയറ്റിക്കഴിഞ്ഞ് വെറ്റിയടഞ്ഞ വേദിയിലേക്ക് ബാലചാപല്യങ്ങള്‍ കാട്ടി വരികയോ? ഇന്നാള്‍ വരെ ഇങ്ങനെ ഒരു മനോഭാവമായിരുന്നു നമ്മുടെ സാഹിത്യാന്തരീക്ഷത്തില്‍ ഈ രണ്ട് ഇടപ്പള്ളിക്കവികളെ സംബന്ധിച്ച് മുതിര്‍ന്നുയര്‍ന്നത്. അവര്‍ക്കു ശക്തിയില്ല; നിപുണതയില്ല; അഭ്യാസമില്ല. എന്നിട്ടും കവിതയെഴുതി. പക്ഷേ, അവരെഴുതുന്നതെല്ലാം ഏറ്റുപാടാനും ഉറ്റുനോക്കാനും പലരുമുണ്ടായി. ചിലര്‍ മേലേയിരുന്നു ശങ്കാത്ഭുതങ്ങളോടെ; മറ്റു ചിലര്‍ ഒപ്പമിരുന്നു അസൂയാത്ഭുതങ്ങളോടെ; വേറെ ചിലര്‍ മാറിയിരുന്നു ആനന്ദാത്ഭുതങ്ങളോടെ, ഒടുവിലിതാ എല്ലാവരും ഒരേ നിലക്കാരായി;ഒടുവിലത്തെ കൂട്ടരോടൊപ്പം അവരെ ആനന്ദാത്ഭുതങ്ങളോടെ നോക്കികാണുകയായി. ഇടപ്പള്ളിക്കവികളും അവരുടെ പ്രസ്ഥാനവും ഇങ്ങനെയാണ് ഇന്നു ജയപതാക ഉയര്‍ത്തിനാട്ടിയത്.
എന്താണീ വിജയത്തിനു ഹേതു? മറ്റൊന്നുമല്ല; ഇടപ്പള്ളി പ്രസ്ഥാനം കവിതയെ അതിന്‍റെ ശുദ്ധമായ കലാഭംഗിയില്‍ എടുത്തുകാട്ടി സാമാന്യജനതയുടെ ഹൃദയത്തിലേക്കു പകര്‍ന്നുകൊടുത്തു! മലയാളകവിത കലാതത്ത്വത്തിന്‍റെ ഉള്ളറ തുറന്നു കണ്ടത് ഇടപ്പള്ളി പ്രസ്ഥാനം വഴിയാണെന്നു സാരം.
കലയുടെ ശുദ്ധരൂപം
അപ്പോള്‍ കലയുടെ ശുദ്ധരൂപം എന്തെന്നല്ലേ? വികാരത്തില്‍ കിളര്‍ന്ന്, അതില്‍ത്തന്നെ വളര്‍ന്ന്, അതിനെത്തന്നെ വളര്‍ത്തുന്നതാണ് ശുദ്ധകല. വിചാരാംശം ചേര്‍ന്നുവെങ്കില്‍ കല സങ്കരമായി, അങ്ങനെ നോക്കുമ്പോള്‍ ഗീതികല മാത്രമാണ് ശുദ്ധമായി നില്ക്കുന്നത്. വികാരാംശമല്ലാതെ മറ്റൊന്നും തന്നെ ഗീതികലയിലില്ല. സാഹിത്യത്തെ ഏറ്റവും കലര്‍പ്പുള്ള കലയായി കണക്കാക്കണം വിചാരത്തിന്‍റെ സങ്കീര്‍ണ്ണത അതിന്‍റെ പാരമ്യത്തിലും ആനന്ത്യത്തിലും പ്രകാശിപ്പിക്കാവുന്നതു സാഹിത്യത്തിലൂടെ മാത്രമാണ്. എന്നാല്‍ ഈ വികാരാംശത്തിന്‍റെ ചേരുവ സാഹിത്യത്തിലെ പല ശാഖകളിലും പലതരത്തിലാണ്. പൊതുവേ പറഞ്ഞാല്‍ ഗദ്യശാഖ വിചാരപ്രധാനമാകും; പദ്യശാഖ വികാരപരവും. ഉപാധിഭേദം കൊണ്ടാണിത്. ഗീതികലയുടെ അതിപ്രസരം പദ്യസാഹിത്യത്തെ സ്വാഭാവികമായും വികാരോഷ്മളമാക്കുന്നു. അതിലും വിശേഷിച്ച് ഗാനാത്മകവൃത്തങ്ങളില്‍ എഴുതിയിട്ടുള്ള കാവ്യങ്ങളെ. ചുരുക്കത്തില്‍ ഭാഷാവൃത്തങ്ങളില്‍ ആചരിക്കപ്പെടുന്ന കവിത വികാരാത്മകങ്ങളാകയാല്‍ അതു വെറും സ്വാഭാവികമെന്നേ പറയാവു. വൈകാരികാംശം മികച്ചുനില്ക്കുന്ന കാവ്യങ്ങളെ മാത്രമേ ഉത്തമകോടിയില്‍ പെടുത്താവൂ എന്നല്ലാ ശഠിക്കുന്നത്. അത്തരം കാവ്യങ്ങള്‍ക്കു 'നൈസ്സര്‍ഗിക'ത്വമെന്ന ധര്‍മ്മം അവശ്യമുണ്ടായിരിക്കുമെന്നേ വിവക്ഷയുള്ളു. കവിത ജനകീയമാകാന്‍ ഈ നൈസ്സര്‍ഗ്ഗികധര്‍മ്മം അത്യന്താപേക്ഷിതമാണുതാനും!
സ്വരരാഗസുധ
ചങ്ങമ്പുഴ
അതുകൊണ്ടുതന്നെയാണല്ലോ ആധുനികമഹാകവിത്രയങ്ങളില്‍ ഉള്ളൂരിനേയും ആശാനേയും അപേക്ഷിച്ച് വള്ളത്തോള്‍ ബഹുജനാഭിനന്ദനത്തിന് കൂടുതല്‍ അര്‍ഹനായത്. അദ്ദേഹത്തിന്‍റെ അനിരുദ്ധന്‍, ഗണപതി തുടങ്ങിയ സംസ്‌കൃതവൃത്തനിബദ്ധങ്ങളായ ഖണ്ഡകാവ്യങ്ങള്‍ക്കല്ലാ, അവയ്ക്കു പലമെച്ചങ്ങളുണ്ടായിട്ടും, ബഹുജനസമ്മതി കൈവന്നത്. സാഹിത്യമഞ്ജരിയിലെ ഭാഷാവൃത്തവിരചിതങ്ങളായ ലഘുകവിതകളും മഗ്ദലനമറിയവും മറ്റും സാമാന്യജനത കൂടുതല്‍ ബുഭുക്ഷയോടെ ആസ്വദിക്കുന്നുണ്ട്. ആശാന്‍റെ വീണപൂവും നളിനിയും ലീലയും പക്ഷേ, ജനസാമാന്യം മറന്നേക്കും; കരുണയും ചണ്ഡാലഭിക്ഷുകിയും അവര്‍ക്ക് ഓമനത്തമുള്ള കളിച്ചങ്ങാതികളായിത്തീര്‍ന്നുകഴിഞ്ഞു.
കേരളീയതയുടെ കാവ്യാസ്വാദനത്തില്‍ കണ്ടുവരുന്ന ഈയൊരു വിവിക്താഭിരുചിയുടെ ഊടറിഞ്ഞാണ് ഇടപ്പള്ളിക്കവികള്‍ അവരുടെ വീണയുടെ തന്ത്രികള്‍ മീട്ടിയത്. ആശാന്‍റെയും വള്ളത്തോളിന്‍റെയും കൈവിരല്‍ത്തുമ്പുകള്‍ക്ക് എത്തുംപിടിയും കിട്ടാത്ത ചില മോഹനതന്ത്രികളിലേക്ക് ഈ ഗന്ധര്‍വ്വകുമാരന്മാരുടെ ലോലായതങ്ങളായ വിരലുകള്‍ തെരുപ്പിടിച്ചുചെന്നു. അതോടെ നമ്മുടെ മലയാണ്മ മറന്നുകിടുന്ന വിചിത്രങ്ങളും വിശ്വവശ്യങ്ങളുമായ അനേകമനേകം ഗാനങ്ങള്‍ അന്തരീക്ഷത്തിലുയര്‍ന്നു. ഗാനലോലരും കാവ്യബുഭുക്ഷുക്കളുമായ മലയാളികളുടെ കര്‍ണ്ണപുടങ്ങള്‍ക്കു അത് അമൃതവര്‍ഷങ്ങളായതില്‍ എന്താണത്ഭുതം?
അത്രയുമല്ല; ഇടപ്പള്ളിപ്രസ്ഥാനത്തിന്‍റെ ജനസമ്മതിക്ക് മറ്റൊരു ഹേതുകൂടിയുണ്ട്. ആ കവിതകളില്‍ തുളുമ്പിനില്ക്കുന്ന 'വികാരം' ഒരുതരം കാവ്യസങ്കേതമായിത്തീര്‍ന്ന ജടില വികാരങ്ങളുടെ ജാതിയില്‍ പിറന്ന ഒന്നല്ല. നവരസങ്ങളില്‍ ശൃംഗാരത്തിനും കരുണത്തിനും കോയ്മ വന്നിട്ടുണ്ട്; ശരി തന്നെ. പക്ഷേ, നമ്മുടെ കാവ്യങ്ങളില്‍ കാണുന്ന ശൃംഗാരകരുണങ്ങള്‍ ഭൂരിപക്ഷവും സംസ്‌കൃതാലങ്കാരികന്മാര്‍ പറഞ്ഞുവെച്ചിട്ടുള്ള ശാസ്ത്രീയനിയമങ്ങളുടെ സന്താനങ്ങളായി അധഃപതിച്ചു പോയിട്ടിട്ടുണ്ട്. നില്ക്കണേ, ആലങ്കാരികപക്ഷപാതികള്‍ ശുണ്ഠിയെടുക്കല്ലേ, സംസ്‌കൃതകാവ്യങ്ങളെയോ ആ കാവ്യങ്ങള്‍ ആലംബമാക്കി ശാസ്ത്രജ്ഞന്മാര്‍ നടത്തിയിട്ടുള്ള രസവിചാരത്തെയോ ധിക്കരിക്കാനല്ലാ ഭാവം നമ്മുടെ ഇടക്കാലത്തെ മലയാളകവികളില്‍ പലരും പല വിഷയങ്ങളിലെന്നപോലെ രസാവിഷ്‌കാരണകാര്യത്തിലും സംസ്‌കൃതസാഹിത്യമാതൃകകള്‍ക്ക് അടിമകളായിപ്പോയതിന്‍റെ അനാശാസ്യമാതൃകകളാണിവിടെ ചൂണ്ടിക്കാണിക്കുന്നത്. ഇടപ്പള്ളിക്കവികളാകട്ടെ, പാണ്ഡിത്യക്കറ പറ്റാഞ്ഞിട്ടോ എന്തോ? ഏട്ടില്‍ക്കണ്ട വികാരങ്ങളെയോ അവയുടെ ശാസ്ത്രീയത്വത്തെയോ സമാദരിച്ചില്ല. അവര്‍ക്കുമുണ്ടല്ലോ ഹൃദയം; വികാരകുഞ്ജം. അതിലുള്ളതെല്ലാം മാറ്റാതെ മറയ്ക്കാതെ കവിതയില്‍ പകര്‍ത്തി. അവരുടെ അനുവാചകരാകട്ടെ, തന്മൂലം അവരവരുടെ ഹൃദയസ്പന്ദനത്തിന്‍റെ മാറ്റൊലിയാണ് ആ കവിതയില്‍ ഉടനീളം കണ്ടത്. അത് അവരുടെയും സ്വന്തമായിത്തീര്‍ന്നു.
സ്വരരാഗസുധ
ചങ്ങമ്പുഴ
കേരളീയ സമുദായം
ശൃംഗാരകരുണങ്ങള്‍ തന്നെയാണ് ഇടപ്പള്ളിക്കവികളും സാമാന്യമായി ആവിഷ്‌ക്കരിച്ചത്. അന്നത്തെ കേരളീയജനതയുടെ സാമുദായികമായും സാമ്പത്തികവുമായുമുള്ള നിലപാടു നോക്കിയാല്‍ അറിയാം, മറ്റുരസങ്ങളെ അപേക്ഷിച്ച് ഈ രണ്ടു രസങ്ങളാണ് അവര്‍ക്കു കൂടുതല്‍ ഹൃദയാകര്‍ഷകങ്ങളായിട്ടുള്ളതെന്ന്. കേരളത്തിന്‍റെ പാരമ്പര്യദായക്രമമായ മരുമക്കത്തായം തകര്‍ന്നുകഴിഞ്ഞു. മക്കത്തായത്തിന്ന് പ്രായോഗികപ്രാമാണ്യം കൈവന്നുമില്ല. ഇല്ലത്തുമല്ലാ അമ്മാത്തുമല്ലാ മലയാളക്കരയിലെ സാമുദായികജീവിതമെന്ന നിലയായി! ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞു. അതിന്‍റെ ചില ഗുണങ്ങളും പല ദോഷങ്ങളും അങ്ങിങ്ങു പരന്നുകിടക്കുന്നു. യുവാക്കളെ സംബന്ധിച്ച ജീവല്‍പ്രശ്‌നങ്ങള്‍ പലതും അതോടെ ഉയര്‍ന്നു വന്നു. ദാമ്പത്യജീവിതം എല്ലാവര്‍ക്കും ലഭിക്കാവുന്ന ഒരനുഗ്രഹമില്ലാതായി. ജീവിതമാര്‍ഗ്ഗത്തിന്‍റെ കഥയും തഥൈവ. ആകപ്പാടെ 925 മുതല്‍ 40 വരെയുള്ള കാലഘട്ടത്തില്‍ കേരളീയയുവലോകത്തിന് ഒന്നാകെ പരസ്പരവിരുദ്ധങ്ങളായ രണ്ടു ജാതി പ്രശ്‌നങ്ങളെ നേരിടേണ്ടിവന്നു. ഒരിടത്തു ജീവിതസുഖത്തിനുള്ള മതി; മറുവശത്തു ജീവിതസന്ധാരണത്തിനുള്ള കൊതി. ഇങ്ങനെ മതിയും കൊതിയുമുള്ള അന്നത്തെ യുവാക്കളുടെ പ്രാതിനിധ്യം ഏറ്റെടുത്ത് അവരുടെ അന്യഥാ അലങ്കോലപ്പെടുമായിരുന്ന വകാരികജീവിതത്തിന് കലാപരമായ സംതൃപ്തിയോ സംപോഷണമോ നല്കിയ രണ്ടുകവികളാണ് ഇടപ്പള്ളിയും ചങ്ങമ്പുഴയും. അവരുടെ ആദ്യകാലകവിതകള്‍ മിക്കതും പ്രണയഗാനങ്ങളും പരാജയഗീതങ്ങളും കൊണ്ടു നിറയാന്‍ കാരണവും മറ്റൊന്നുമല്ല. കവിതാവാസനയുള്ള* ചെറുപ്പക്കാര്‍ മിക്കവരും അക്കാലത്ത് ഈ ഇടപ്പള്ളിപ്രസ്ഥാനത്തിന്‍റെ തണലില്‍ തഴച്ചുവളര്‍ന്നു. അക്കാലത്തെ മലയാളവാരികകളും മാസികകളും നോക്കുക. എത്രയെത്ര ഓമനക്കുട്ടന്മാരും കല്യാണീകളവാണികളുമാണ് അതിലെല്ലാം മധുരകോമളകാന്തപദാവലികളില്‍ പ്രണയഗാനം പാടി ആനന്ദിക്കുകയും വിഷാദിക്കുകയും ചെയ്തിട്ടുള്ളത്.
ഇങ്ങനെ സാമാന്യജനതയുടെ ഹൃദയമറിഞ്ഞ് അതില്‍ പൊന്തിനിന്ന രണ്ടു വികാരവിശേഷങ്ങളെ, ശുദ്ധമായ ഗീതികലയിലൂടെ, അതിന് സമുചിതമായ മധുരപദങ്ങളില്‍ പൊതിഞ്ഞ്, ആത്മനിഷ്ഠതമൂലമായി ലേശം പോലും കൃത്രിമത്വം പ്രതിപാദനത്തില്‍ വരുത്താതെ ലളിതമായും പ്രസന്നമായും കാവ്യരചന സാധിച്ചതിലാണ് ഇടപ്പള്ളിപ്രസ്ഥാനത്തിന്‍റെ സര്‍വ്വതോന്മുഖമായ വിജയം.
രാഘവന്‍പിള്ളയും ചങ്ങമ്പുഴയും
സംസ്‌കാരസാമ്യം, സംസ്സര്‍ഗ്ഗം, സാമുദായികാവസ്ഥ എന്നിങ്ങനെ പലതുകൊണ്ടും ആത്മമിത്രങ്ങളായിത്തീര്‍ന്ന രാഘവന്‍പിള്ളയും ചങ്ങമ്പുഴയും ഇടപ്പള്ളിപ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാക്കളെന്ന നിലയില്‍ തുല്യസ്ഥാനമാണ് അലങ്കരിക്കുന്നത്. എങ്കിലും ഇരുവരും ഒന്നിച്ചു പുലര്‍ന്ന കാലത്തുള്ള അവരുടെ കവിതകള്‍ പരിശോധിച്ചാല്‍ ചില സൂക്ഷ്മഭേദങ്ങള്‍ കാണാം. പ്രായം കൊണ്ടും പരിപാകംകൊണ്ടും രാഘവന്‍പിള്ള ജ്യേഷ്ഠസ്ഥാനീയനാണ്. ഹൃദ്യതയില്‍ ചങ്ങമ്പുഴ വിശിഷ്ടസ്ഥാനീയനും. രചനയ്‌ക്കെന്ന പോലെ ആദര്‍ശത്തിനും ആദ്യന് ഒരു ദാര്‍ഢ്യം വന്നുകഴിഞ്ഞിട്ടുണ്ടായിരുന്നു. കനിഷ്ഠന്റേതാകട്ടേരണ്ടും ശിഥിലമായിരുന്നു. ജീവിതാനുഭൂതിയില്‍ ഇരുവര്‍ക്കുമുണ്ടായിരുന്ന വ്യത്യസ്തതയായിരിക്കാം ഇതിനു ഹേതു. രാഘവന്‍പിള്ള വളരെ മുമ്പേതന്നെ ഒരേയൊരു 'വെള്ളിനക്ഷത്ര'ത്തിന്‍റെ ദീപ്തിയെ ആദര്‍ശമാക്കിക്കൊണ്ടാണ് സ്വജീവിതത്തിന്‍റെ ചിറ്റോടം തുഴഞ്ഞുപോന്നത്. ആ 'വെള്ളിനക്ഷത്ര'ത്തിന്‍റെ പ്രകാശം പെട്ടെന്ന് പൊലിഞ്ഞെന്ന് കണ്ടപ്പോള്‍ സ്വയം തന്‍റെ കൊച്ചോടം നടുപ്പുഴയില്‍ മുക്കിക്കളഞ്ഞു! ജീവിതയാതനകള്‍ മറ്റുള്ളതെല്ലാം വിസ്മരിച്ചാണ് ആര്‍ജ്ജവബുദ്ധിയായ ആ കലാകാരന്‍ അതുവരെ മുന്നോട്ടു പോന്നത്. നിഗൂഡമെങ്കിലും നിയതവും നിതാന്തസുന്ദരവുമായ ഒരു ലക്ഷ്യം അദ്ദേഹത്തിനുണ്ടായിരുന്നല്ലോ. ആ കവിതകളിലെല്ലാം ഒളിവിതറിക്കാണുന്നത് ആ ലക്ഷ്യത്തില്‍ നിന്നും അപ്പഴപ്പോള്‍ അദ്ദേഹത്തിനു ലഭിച്ചിരുന്ന പൊന്‍കിനാക്കളുടെ കാന്തിപ്പൊലിമതന്നെയാണ്. അങ്ങനെ രാഘവന്‍പിള്ളയുടെ കവിതകളില്‍ ഒരാദര്‍ശദാര്‍ഢ്യവും ഏകതാനതയും അവശ്യധര്‍മ്മങ്ങളായിരുന്നു.
*1938-ഭ39 ഈ കാലങ്ങളില്‍ ഇടപ്പള്ളിയില്‍ത്തന്നെ 217 യുവകവികളുണ്ടായിരുന്നെന്ന് ചങ്ങമ്പുഴ പകുതി കാര്യത്തിലും പകുതി നേരമ്പോക്കിലും പറഞ്ഞുകേട്ടിട്ടുണ്ട്. അപ്പോള്‍ കേരളത്തിലൊന്നാകയോ? '''സ്വരരാഗസുധ
ചങ്ങമ്പുഴ
ചങ്ങമ്പുഴ
അക്കാലത്ത് അനാഗതശ്മശ്രുവായിരുന്ന കൃഷ്ണപിള്ളയ്ക്ക് സ്വജീവിതത്തെയാകട്ടെ, കവിതയെയാകട്ടെ ഒരു നിയതലക്ഷ്യത്തിലേക്ക് നയിക്കാന്‍ മാത്രമുള്ള ആദര്‍ശസംഹിത സംഭരിക്കുന്നതിനു കഴിഞ്ഞിരുന്നില്ല. അനന്യസഹായനായ ഒരു കുമാരന്‍; അയാള്‍ക്കോ അലംഭാവമില്ലാത്ത ജ്ഞാനതൃഷ്ണയും. പരശ്ശതം അനിയതജീവിതസ്വപ്നങ്ങള്‍ പൂവിട്ടു നില്ക്കുന്ന കാഴ്ച്ച മാത്രമേ ആ കണ്ണുകള്‍ക്ക് അന്നു കാണാന്‍ കഴിഞ്ഞിരുന്നുള്ളു. കിട്ടിയതു കിട്ടിയത് എത്തിപ്പിടിച്ചു; കിട്ടാത്തതിലെല്ലാം ആ ഹൃദയം തപ്പിത്തടഞ്ഞു. എങ്കിലും കൂട്ടുകാരനെപ്പോലെ കൊടുംനിരാശയില്‍പ്പെട്ട് ആത്മഘാതിയായിത്തീരാന്‍ അദ്ദേഹം തുനിഞ്ഞില്ല. കാരണം, ആ ജീവിതത്തിന് നിര്‍ണ്ണീതമായ ഒരേകാന്തലക്ഷ്യം ഒന്നുംതന്നെ ഇല്ലായിരുന്നുവെന്നതായിരിക്കണം. എന്തും സഹിച്ചും എങ്ങനെയും ജീവിതാസവം ആസ്വദിക്കണമെന്ന മനോഭാവം അക്കാലത്തെ ചങ്ങമ്പുഴയില്‍ രൂഢമൂലമായിരുന്നു.
ചങ്ങമ്പുഴയുടെ ആദ്യകാലകവിതകള്‍ ഇതിനു സാക്ഷ്യം വഹിക്കുന്നുണ്ട്. എന്തിനെയും, മരണത്തെപ്പോലും മധുരീകരിച്ചുകൊണ്ടാണ് അദ്ദേഹം കാവ്യാലാപം നടത്തിയത്. ആ കവിതകളില്‍ നിഴലാടിക്കാണുന്നത് മരിക്കാനുള്ള കൊതിയാണെന്ന് ഉപരിപ്ലവബുദ്ധിയായ ഒരനുവാചകനു തോന്നാം. ചങ്ങമ്പുഴയുടെ ജീവിതത്തോട് അടുത്തുനില്ക്കുന്നവര്‍ക്ക് ഒരു പരമരഹസ്യം മനസ്സിലാകും. മരണത്തെ അദ്ദേഹം വളരെ ഭയപ്പെട്ടിരുന്നു. ജീവിതത്തോടുള്ള അതിരറ്റ കൂറാണ് ആ മരണഗീതങ്ങളില്‍ ഒളിഞ്ഞുകിടക്കുന്നത്. മറിച്ചായിരുന്നെങ്കില്‍ ചങ്ങമ്പുഴ രാഘവന്‍പിള്ളയെക്കൊണ്ട് 'രമണന്‍' രചിപ്പിക്കുമായിരുന്നു:
'കൊതിയുണ്ടെല്ലായ്‌പ്പോഴും ചിത്തത്തിനാകാശത്തില്‍
മതിലേഖയെ മന്ദം മാറിലേക്കണയ്ക്കുവാന്‍
വഴിയേ വന്നെന്‍ കാല്ക്കല്‍ നില്പവ കൈവിട്ടു, ഞാന്‍
വഴുതും വസ്തുക്കളില്‍ കയറിപ്പിടിക്കുന്നു.
കാലത്തിന്‍ കണ്ണാടിയില്‍ക്കൂടി ഞാന്‍ നോക്കീടുമ്പോള്‍
കാണുന്നു നാനാവര്‍ണ്ണമയമായ് മജ്ജീവിതം.'
(ആശ - ബാഷ്പാഞ്ജലി)
'ഈ വിധം മനോഹരവസ്തുക്കളെല്ലാം, നമ്മെ
'ജ്ജീവിക്കൂ, ജീവിക്കൂ'കെന്നുദ്‌ബോധിപ്പിപ്പൂ നിത്യം
'നുകരൂ, നുകരൂ, മല്‍സൗന്ദര്യം!'- നമ്മോടിളം
മുകുളം വികസിച്ചുനെടുവീര്‍പ്പിട്ടോതുന്നു.
..........................................'
ജീവിതലഘുകാവ്യത്തിന്‍ പകര്‍പ്പവകാശം
കേവലം 'മരണ'ത്തിനുള്ളതാണെങ്കിലാട്ടേ;
നിത്യസുന്ദരമാകും സ്‌നേഹഗീതിയിലതു
നിസ്തുലമാക്കിത്തീര്‍ക്കാനാവുകി,ലതേ കാമ്യം!'
(സൗന്ദര്യലഹരി - ബാഷ്പാഞ്ജലി)
സ്വരരാഗസുധ
ചങ്ങമ്പുഴ
ജീവിതത്തിന്റെ നാനാമുഖമായ സൗന്ദര്യം നോക്കി അഭിലാഷപൂര്‍വ്വം നെടുവീര്‍പ്പിടുന്ന ഒരു യുവകവിയുടെ ഹൃല്‍സ്പന്ദങ്ങളാണ് ഈ ഈരടികള്‍. ഇതോടൊപ്പം കടുത്ത നിരാശകൊണ്ട്,
ഒരു മരതകപ്പച്ചിലക്കാട്ടി,ലെന്‍
മരണശയ്യ വിരിക്കൂ, സഖാക്കളേ!
വസുധയോടൊരു വാക്കു ചൊന്നിട്ട,താ
വരികയായി ഞാന്‍.......................
(അന്നും ഇന്നും -ബാഷ്പാഞ്ജലി)
എന്നിങ്ങനെ അദ്ദേഹം സാഹസവാക്കുകള്‍ ഉഴറിപ്പറയുന്നുമുണ്ട്. പക്ഷേ, വിജയലക്ഷ്മി അനുകൂലമല്ലെന്ന് അറിയുമ്പോള്‍ മാത്രമാണ് ഇത്തരം ആവേശപൂര്‍വ്വമായ ജല്പനങ്ങള്‍.
പണ്ഡിതകവി
'ബാഷ്പാഞ്ജലി'യുടെ പ്രസിദ്ധീകരണം; രാഘവന്‍പിള്ളയുടെ മരണം; 'രമണന്റെ' പ്രചരണം; വിദ്യാര്‍ത്ഥിജീവിതത്തിന്റെ പുനരുദ്ധാരണം. മൂന്നാലു വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ ഈ സംഭവവികാസങ്ങള്‍ 'ചങ്ങമ്പുഴ'യ്ക്കു പല പരിവര്‍ത്തനങ്ങളും വരുത്തിവച്ചു. കേരളീയസഹൃദയലോകം തന്റെ കവിതകളില്‍ കണ്ണും കരളുമുറപ്പിക്കുന്നുവെന്ന് അദ്ദേഹത്തിന് ബോദ്ധ്യം വന്നു. പണ്ഡിതരായ ചില വിമര്‍ശകരും കവി മൂര്‍ദ്ധന്യന്മാരും മാത്രമേ -അന്തര്‍ഗര്‍വ്വംകൊണ്ടോ, അസൂയകൊണ്ടോ!- തനിക്ക് കലാജീവിതവൈരികളായുള്ളുവെന്നും അറിവായി. ചങ്ങമ്പുഴയുടെ ജീവിതത്തിനും കലാസേവനത്തിനും ഒരു തലയെടുപ്പുണ്ടായത് ഈ ഘട്ടത്തിലാണ്. അവശ്യം വേണ്ട പാണ്ഡിത്യവും ഇതിനകം അദ്ദേഹം സമാര്‍ജ്ജിച്ചു. 'പാണ്ഡിത്യ'മെന്നോ? അതേ പാണ്ഡിത്യം തന്നെ. മാഘാദിമഹാകാവ്യങ്ങളും പ്രൗഢമനോരമയും മറ്റും സ്വാദ്ധ്യായം ചെയ്ത് ഉണ്ടാക്കിയ ഏകമുഖമായ പാണ്ഡിത്യമല്ലായിരുന്നു അത്. ഹിന്ദിയിലും ഇംഗ്ലീഷിലും കൂടെ, വിശ്വവിഖ്യാതിപെറ്റ സാഹിത്യകാരന്മാരെ സനിഷ്‌കര്‍ഷം അദ്ദേഹം വായിച്ചുപഠിച്ചു. മലയാളക്കരയിലുണ്ടായിട്ടുള്ള ഏതു മഹാകവിക്കും അസൂയ തോന്നുന്ന തരത്തില്‍ ചങ്ങമ്പുഴ വിശ്വസാഹിത്യവുമായി ഇടപഴകിയിട്ടുണ്ട്. ഇതിനകം കഠിനപ്രയത്‌നം കൊണ്ടുതന്നെ സ്വായത്തമാക്കിയ കാവ്യശൈലിയും രചനാസൗഷ്ഠവവും 'മുഖമിഹാനക്ഷരം സുന്ദരാംഗം' എന്നപോലെ ചങ്ങമ്പുഴക്കവിതകള്‍ക്ക് നിത്യമായ ചിത്തശല്യങ്ങളാകരുതല്ലോ; അതേ, അങ്ങനെ ആകാതിരിക്കാന്‍ തക്കവണ്ണം അദ്ദേഹം വിപുലമായ തോതില്‍ ഗ്രന്ഥപരിചയം നേടി! ചങ്ങമ്പുഴയെ ഇന്നത്തെ മഹാകവി ചങ്ങമ്പുഴയാക്കി.യത് അദ്ദേഹത്തിന്റെ ഈ നിഷ്‌കൃഷ്ടമായ സാരസ്വതസപര്യതന്നെയാണ് -പഴത്തൊലിയോ പായസച്ചോറോ അല്ല.
രാഘവന്‍പിള്ളയുടെ ആദര്‍ശപരത്വവും തജ്ജന്യമായ അദ്ദേഹത്തിന്റെ കവിതകളില്‍ കാണുന്ന ഏകതാനതയും മാത്രംകൊണ്ട് ഇടപ്പള്ളിപ്രസ്ഥാനം ചാരിതാര്‍ത്ഥ്യമാവില്ലായിരുന്നു. അതൊരു പ്രസ്ഥാനം തന്നെ ആകുമായിരുന്നോ ആവോ! ഇതാ ചങ്ങമ്പുഴയുടെ അനന്തരകാവ്യജീവിതം ഇടപ്പള്ളിപ്രസ്ഥാനത്തെ ലബ്ധപ്രതിഷ്ഠമാക്കിത്തീര്‍ത്തിരിക്കുന്നു! ആട്ടക്കഥാപ്രസ്ഥാനത്തിന് കൊട്ടാരക്കര തമ്പുരാന്‍ ശിലാസ്ഥാപനം ചെയ്തുമാറി; കോട്ടയത്തു തമ്പുരാന്‍ അതിനുപരി ഒരു രമണീയസൗധം കെട്ടിപ്പടുത്തു. ഇതുതന്നെയാണ് ഇടപ്പള്ളിപ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം രാഘവന്ഡപിള്ളയേയും ചങ്ങമ്പുഴയേയും പറ്റി പറയാവുന്നത്.
ചങ്ങമ്പുഴയുടെ വ്യക്തിത്വം
മനുഷ്യനെന്ന നിലയ്ക്കും കവിയെന്ന നിലയ്ക്കും ചങ്ങമ്പുഴ മറ്റു മലയാളകവികളില്‍ നിന്നും പലതുകൊണ്ടും ഒറ്റപ്പെട്ടു നില്ക്കുന്നു. വാസ്തവത്തില്‍ ചങ്ങമ്പുഴയെ കവിയായും മനുഷ്യനായും മാറ്റിനിര്‍ത്തി നോക്കാന്‍ സാദ്ധ്യമല്ല. അങ്ങനെ രണ്ടു ജീവിതം അദ്ദേഹത്തിനില്ലായിരുന്നു. ആ മനുഷ്യന്‍ തന്നെ കവി; ആ കവി തന്നെ മനുഷ്യനും. കവിതകള്‍ ഒന്നടങ്കം ഒന്നു നോക്കൂ. മിക്കതും കര്‍ത്തൃപ്രധാനമാണ്; ആത്മാവിഷഷ്‌കാരപരമാണ് (ടൗയഷലരശേ്‌ല). വളരെ ദുര്‍ല്ലഭം കവിതകളേ വസ്തുപ്രധാനമായി കാണുന്നുള്ളു. അവയില്‍ അതിര്‍വരമ്പു തിരിക്കാന്‍ പാടില്ലാത്തവിധത്തില്‍ ആത്മാവിഷ്‌കരണത്തിന്റെ അനിഷേധ്യചിഹ്നങ്ങള്‍ തെളിഞ്ഞുകാണാം. അതുകൊണ്ട് ആ കവിതകളാകട്ടെ ഏതു ചുഴിഞ്ഞുനോക്കിയാലും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ സംബന്ധിച്ച സമാനമായ നിഗമനത്തിലേ നാം എത്തിച്ചേരൂ.
സ്വരരാഗസുധ
ചങ്ങമ്പുഴ
തികഞ്ഞ ആത്മാര്‍ത്ഥത
ചങ്ങമ്പുഴ ഒരു കവിയായി ജനിച്ചു; കവിയായി ജീവിച്ചു എന്നതാണ് ഇതിനു കാരണം. വളരെ കുട്ടിക്കാലത്തു തന്നെ അദ്ദേഹത്തില്‍ താനൊരു കവിയാണെന്ന ബോധം കടന്നുകൂടിയിരുന്നു. ഒരു കവിയായിത്തീരണമെന്ന് അദ്ദേഹം ബോധപൂര്‍വ്വം ഒരിക്കലും ചിന്തിച്ചു കാണുകയില്ല. അതുകൊണ്ട് കവികളുടെ ലോകത്തിലേക്ക് -അങ്ങനെയൊന്ന് വ്യക്തിയുടേതില്‍ നിന്നു വേര്‍തിരിഞ്ഞു പുലരുന്നുണ്ടെങ്കില്‍- അദ്ദേഹത്തിന്‍റെ ഭാവനയെ കൃത്രിമമായി ഉയര്‍ത്തുകയോ, അവിടെയുള്ള കല്പനാവൈചിത്ര്യങ്ങളെ (തനിക്കു മുമ്പുള്ള കവികള്‍ ആലോകത്തില്‍ ഒട്ടേറെ അത്തരം 'കല്പന'കളെ പടച്ചുവെച്ചിട്ടുണ്ട്!) കൃത്രിമമായി സ്വായത്തമാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നതില്‍ അദ്ദേഹം ഒരിക്കലും വെമ്പിയിട്ടില്ല. താനൊരു കവിയാണ്; തന്‍റെ ഹൃദയം കാവ്യാനുഭൂതികൊണ്ടു നിറഞ്ഞതാണ്; താന്‍ ജീവിക്കുന്നതുതന്നെ കവിതയുടെ ലോകത്തിലാണ്; അതുകൊണ്ട് താന്‍ മറ്റാരുടേയും അനുഭവങ്ങളോ വികാരങ്ങളോ പകര്‍ത്താതെ സ്വന്തമായുള്ളതു മാത്രം പ്രകാശിപ്പിച്ചാല്‍ മതി; അപ്പോളത് തന്‍റെ കവിതയായി; അപ്പോഴേ അതു തന്‍റെ കവിതയാകൂ- ചങ്ങമ്പുഴക്കവിതകളുടെ ഹൃദയത്തില്‍ കൈവച്ചു നോക്കിയാല്‍ ഈ ആത്മാര്‍ത്ഥതാ പ്രകടനം മിടിക്കുന്നത് ഏതു ഭാവുകനും അനുഭവപ്പെടും.
ആത്മാഹൂതി
ജനിച്ചതിനോടുള്ള പകവീട്ടലാണു ജീവിതം. ഈ അഭിപ്രായം പലവുരു ചങ്ങമ്പുഴ പറയുന്നത് കേട്ടിട്ടുണ്ട്. ജീവിതത്തെപ്പറ്റിയുള്ള പരശ്ശതം നിര്‍വചനങ്ങളില്‍ അല്പമെങ്കിലും വിലമതിച്ചു കണ്ടിട്ടുള്ളത് ഇതിനെയാണ്. സ്വജീവിതംകൊണ്ട് അദ്ദേഹം അത് ഏറെക്കുറെ പ്രകടമാക്കുകയും ചെയ്തു. ഏതിലും കാണാം ഈ പക വീട്ടാനുള്ള വെമ്പല്‍. സാധാരണജീവിതാനുഭവങ്ങളെക്കൊണ്ട് ആ കവിഹൃദയം തൃപ്തിയടയാതെ വരുമ്പോഴെല്ലാം അസാധാരണ ജീവിതാനുഭവങ്ങളിലേക്ക് അതു കണ്ണടച്ചു പായും. അമ്പോ! നാമെല്ലാം കേട്ടാല്‍ പോലും സ്തംഭിച്ചുപോകുന്നതരത്തിലുള്ള അനുഭവശ്ശതകങ്ങളെ ചങ്ങമ്പുഴ അറിഞ്ഞുകൊണ്ടു സമാശ്ലേഷിച്ചിട്ടുണ്ട്. അതെല്ലാം അപ്പപ്പോള്‍ കവിതകളിലേക്കു പകര്‍ത്തിയിട്ടുമുണ്ട്. ഇന്നത്തെ അനുഭവമല്ല നാളത്തേത്; അതുകൊണ്ടുതന്നെയാണ് ചങ്ങമ്പുഴയുടെ ഇന്നത്തെ കവിതയില്‍ നിന്നും നാളത്തേത് 'ആദര്‍ശ'വിഷയത്തില്‍ കടകവിരുദ്ധമായി പലപ്പോഴും കാണപ്പെടുന്നത്. ആ ഭൗതികജീവിതത്തെ ഇത്ര പൊടുന്നനേ തകര്‍ത്തുകളഞ്ഞത് ഈ അനുഭവങ്ങള്‍ക്കു വേണ്ടിയിട്ടുള്ള പരക്കംപാച്ചിലാണ്. സമുദായവും അതിന്‍റെ നീതിയും തന്മൂലം ആ മനുഷ്യനെ കര്‍ശനമായി ഭര്‍ത്സിച്ചിട്ടുണ്ട്; വെറുത്തിട്ടുണ്ട്: കൊഞ്ഞനം കാട്ടീട്ടുണ്ട്. എന്നാലും അങ്ങുള്ളിലേതും 'കുലുക്കമില്ല'! ജീവിതം കൊണ്ട് ഇങ്ങനെ അഗ്നിപരീക്ഷണം നടത്തി. അദ്ദേഹം ചുട്ട കവിതകളെഴുതി സ്വയം കൃതാര്‍ത്ഥനായി വന്നു അന്ത്യകാലത്തു വാതരോഗംകൊണ്ടു ഞരമ്പുകള്‍ വലിയുകയും പിരിയുകയും ചെയ്യുമ്പോള്‍, അങ്ങനെ അസഹ്യയാതന ശാരീരികമായി അനുഭവിക്കുമ്പോള്‍, രാജയക്ഷ്മാവും അതിന്‍റെ ഉഗ്രഫണവും വിടര്‍ത്തി ആ കരളുകളെ ആഞ്ഞാഞ്ഞു കൊത്തിക്കീറുമ്പോള്‍, അനുഗ്രഹീതകവി പാടും;
സ്വരരാഗസുധ
ചങ്ങമ്പുഴ
'വേദന വേദന ലഹരി പിടിക്കും
വേദന -ഞാനതില്‍ മുഴുകട്ടെ,
മുഴുകട്ടേ മമ ജീവനില്‍ നിന്നൊരു
മുരളിമൃദുരവമൊഴുകട്ടെ...'
ഹേ, സാധാരണ മനുഷ്യാ, താനിതു കേട്ടിട്ട് എന്തു പറയുന്നു? താനൊരു സഹൃദയനാണല്ലോ. ഇതൊന്ന് ഓര്‍ത്തുനോക്കൂ, ഞെട്ടാതെ, കവിതാദേവതയുടെ ബലിപീഠത്തില്‍ ഇങ്ങനെ ആത്മഹൂതി ചെയ്ത്, ആ ദേവതയുടെ പൂര്‍ണ്ണാനുഗ്രഹം നേടിയ എത്ര കവീശ്വരന്മാര്‍ മലയാളക്കരയില്‍ ജനിച്ചു വളര്‍ന്നു മരിച്ചിട്ടുണ്ട്? ആ ജീവിതം പരാജയപ്പെട്ടെന്ന് പറയാന്‍ നിങ്ങള്‍ക്കു ധൈര്യമുണ്ടോ?
ജീവിതാദര്‍ശം
മതി; ഇത്രയും പറഞ്ഞാല്‍ മതി; ചങ്ങമ്പുഴക്കവിതകളില്‍ കാണുന്ന ആദര്‍ശവൈരുധ്യം, ജ്വരജല്പനം, വികാരമൂര്‍ച്ഛ, വിപ്ലവമനോഭാവം... ഇങ്ങനെ എടുത്തെടുത്തു പറയാവുന്ന പല പല വ്യക്തിത്വങ്ങള്‍ക്കും അവലംബമെന്തെന്നും നീതീകരണമെങ്ങനെയെന്നും സ്പഷ്ടമാകും. കുട്ടിക്കാലത്ത് ഒരു തികഞ്ഞ ആത്മീയവാദി; നാണം കുണുങ്ങി; ഒതുങ്ങിയമട്ടുകാരന്‍. യുവത്വത്തിലേക്കു കടന്നപ്പോള്‍ ഒരു നാസ്തികനേപ്പോലെ ശങ്കാവിഷ്ടന്‍; ഭൗതികവാദി; വിപ്ലവകാരി; ഗര്‍വ്വിഷ്ഠന്‍. അന്ത്യകാലമടുക്കാറായപ്പോഴേയ്ക്കും എല്ലാംകൂടി ഒരു കൂട്ടിക്കുഴയല്‍! 'കപടലോകത്തിലാത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം' എന്ന് ആദ്യകാലഘട്ടത്തില്‍ ലോകത്തിന്‍റെ കാപട്യം കണ്ട് ആ കവികിശോരകന്‍ ഹൃദയവ്യഥ പൂണ്ടു; തത്ത്വചിന്തയില്‍, അതും ഭാരതീയതത്ത്വചിന്തയില്‍ അദ്ദേഹം ആശ്വാസം കൊണ്ടു, 'മാനസത്തിന്‍റെ വിശപ്പിന്നുമാത്രമാ മാമുനിശ്രേഷ്ഠന്മാര്‍ പിച്ചതെണ്ടി,' എന്നിങ്ങനെ ആര്‍ഷഭാരതത്തെ അന്നു മനസ്സാ ആരാധിച്ചു. അധികനാള്‍ കഴിഞ്ഞില്ല, അതേ കവി തന്നെ. ജടതന്‍ ജ്വരജല്പനമയമായ മായ എന്നും മറ്റും ആ ആര്‍ഷസംസ്‌കാരത്തെത്തന്നെ; അന്തസ്സാരശൂന്യമായും അവഹേളനാര്‍ഹമായും കണ്ടു ചവിട്ടിത്തേച്ചു. കാളിദാസന്‍റെ കവിതയേയും, വൃന്ദാവനസുഷമയേയുംപ്പറ്റി പാടിയ കവി അടുത്തടുത്ത് ഒരേ കവിതയില്‍ത്തന്നെ മിശിഹായുടെ തിരുഹൃദയത്തിന്‍റെ വിശദരുചിയേയും മുനികള്‍ക്കു മുനിയായ കാറല്‍മാര്‍ക്‌സിന്റേയും ധനതത്ത്വപ്രണവത്തേയും ഒന്നിച്ചുമാനിക്കുന്നുണ്ട്. ഇളങ്കള്ളും മത്സ്യമാംസാദിയും ചിരികളിതമാശയും ഉള്ള ഭൂവനതലസ്വര്‍ഗ്ഗത്തില്‍ ഉദ്ധതനായി നിന്നുകൊണ്ടു കവി വേദാന്തത്തെ ആട്ടിയോടിക്കാനും മുതിര്‍ന്നിട്ടുണ്ട്. അപ്പോള്‍ത്തന്നെ, ചാരായക്കടയായ ഈ ലോകത്തിലേക്ക് എന്തിനാണു തന്നെ അയച്ചതെന്നു വിധിയോടു പരിഭവം കലര്‍ന്ന ഒരു ചോദ്യവും ചോദിക്കുന്നു! ആ പരിഭവത്തിന്‍റെ വിറകൊള്ളല്‍ നിശ്ശേഷം മാറിക്കഴിഞ്ഞിട്ടില്ലാത്ത ചുണ്ടുകൊണ്ടു തന്നെ, 'അരികില്‍ വരിക ഹൃദ്യമേ, മദ്യമേ നീ' എന്ന് അതേ ചാരായത്തെ അഭിസംബോധന ചെയ്യുന്നു! എന്തിനധികം? സ്വജീവിതം കൊണ്ടു യഥേച്ഛം പന്തടിച്ചു കേളിയാടിയ ചങ്ങമ്പുഴയോട്, ഗൗരവത്തില്‍ ആ കളിപ്പന്തിനേപ്പറ്റി ഒരുറച്ച അഭിപ്രായം ചോദിച്ചു പോകരുത്. ചോദിച്ചാല്‍ ചിലപ്പോള്‍, കളിയില്‍ കോപിച്ച്, അതെടുത്ത് നിങ്ങളുടെ മുഖത്തേക്ക് ഒരേറു തരും. അല്ലെങ്കില്‍ അദ്ദേഹം നിങ്ങളെയും കളിക്കൂട്ടിനു വിളിക്കും. എന്നിട്ട് ആ ചോദ്യത്തിനുത്തരം നിങ്ങളെക്കൊണ്ടു പറയിക്കാന്‍ നോക്കും. നല്ല കഥയായി!. ലോകോല്‍പ്പത്തി മുതല്‍ ഇന്നോളം ഈ ചോദ്യം പലരും ചോദിച്ചതാണ്; പലരും ഇതിനു മറുപടിയായി 'പച്ചക്കള്ള'ങ്ങള്‍ പറഞ്ഞിട്ടുമുണ്ട്. പക്ഷേ, ചങ്ങമ്പുഴയോ അദ്ദേഹത്തിന്‍റെ കവിതയോ അങ്ങനെയൊരു നുണ പറയാന്‍ ഭാവമില്ലെന്നേ ഇതില്‍ നിന്നും ഗ്രഹിക്കേണ്ടതുള്ളു.
സ്വരരാഗസുധ
ചങ്ങമ്പുഴ
സ്വരരാഗസുധ
'ചിന്തിപ്പിക്കുന്നതിനേക്കാളേറെ എന്നെ ചിരിപ്പിക്കുകയും കരയിക്കുകയും പുളകംകൊള്ളിക്കുകയും ചെയ്ത ചില നിമിഷങ്ങളില്‍ - സ്വര്‍ഗ്ഗത്തില്‍നിന്നും പറന്നെത്തി അങ്ങോട്ടുതന്നെ പറന്നുപോയ ആ ചിത്രശലഭങ്ങള്‍ക്കു പിമ്പേ വെതുമ്പിക്കുതിച്ച എന്‍റെ കലാകൗതുകത്തിന്‍റെ കൈവിരലുകളില്‍ പറ്റിയ ചില വര്‍ണ്ണരേണുക്കളാണ് ഈ പുസ്തകത്തിന്‍റെ ഈരടികള്‍.' സ്വരരാഗസുധയെപ്പറ്റി കവി സ്വയം ചെയ്ത ഈ പ്രസ്താവനയെ മാനിച്ച്, തെല്ലൊന്നു മാറിനിന്നു മനനം ചെയ്ക മാത്രമാണ് ഇനി എന്‍റെ കര്‍ത്തവ്യം. കവി തന്നെ ഏറ്റു പറയുന്നു, അദ്ദേഹത്തിന്‍റെ ഈ കൃതിയും ചിന്താപരം എന്നതിനേക്കാള്‍ വികാരപരം ആണെന്ന്. എന്നാല്‍ ചങ്ങമ്പുഴയുടെ ഈ അന്ത്യകൃതിയിലെ ചില കവിതകളില്‍ നിറഞ്ഞു വഴിയുന്ന വികാരത്തള്ളല്‍ അദ്ദേഹത്തിന്‍റെ ഇതരകൃതികളില്‍ ഏതിനെ അപേക്ഷിച്ചും കൂടുതല്‍ നമ്മെ ചിന്താകുലരാക്കുന്നുവെന്നാണ് എനിക്കു തോന്നുന്നത്. ആ കൃതികളെ പ്രത്യേകമെടുത്ത് ഒന്നപഗ്രഥിക്കാം. ചങ്ങമ്പുഴക്കവിതയോടു ചെയ്യാവുന്ന ഒരപരാധമായി ഈ അപഗ്രഥനത്തെ ആരും വിവക്ഷിക്കാതിരുന്നാല്‍ ഞാന്‍ ധന്യനായി.
മനസ്വിനി
ചങ്ങമ്പുഴക്കവിതകളില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത് 'മനസ്വിനി'യാണ്. എന്‍റെ അറിവു ശരിയാണെങ്കില്‍ 'മനസ്വിനി'യെ അദ്ദേഹത്തിന്‍റെ അന്ത്യകൃതിയായി കണക്കാക്കാം. ഒന്നിന്നൊന്നു രോഗം വര്‍ധിച്ചുവരുന്ന ഘട്ടത്തില്‍ ശയ്യാവലംബിയായി അദ്ദേഹം രചിച്ച കവിതയാണിത്. 'ജയകേരളം' വിശേഷപ്പതിപ്പിലേക്ക് ഒരു കവിത വേണമെന്ന് (തല്‍ഭാരവാഹികളുടെ നിര്‍ദ്ദേശമനുസരിച്ച്) ആവശ്യപ്പെട്ടുകൊണ്ട് ഞാന്‍ ചങ്ങമ്പുഴയ്ക്ക് എഴുതി. ആയിടയ്‌ക്കൊന്നും കവിതയേ എഴുതാറില്ലെന്നും, എന്നാല്‍ ആവശ്യം നിറവേറ്റാന്‍ വേണ്ടി ഒന്നെഴുതാന്‍ ശ്രമിക്കാമെന്നും എനിക്കു മറുപടി കിട്ടി. പറഞ്ഞ അവധിക്കു മുമ്പു തന്നെ 'മനസ്വിനി'യുടെ കൈയെഴുത്തുപ്രതി എന്‍റെ കൈവശം വന്നു ചേര്‍ന്നു. ഞാന്‍ അത് ഒരാവര്‍ത്തി വായിച്ചു; രണ്ടാവര്‍ത്തി- മൂന്നാവൃത്തി! മതി വന്നില്ല, ഹൃദിസ്ഥമാകുന്നതു വരെ വായിച്ചു, അത്ഭുതപ്പെടുകയും ചെയ്തു. ചങ്ങമ്പുഴക്കവിത ഏതും അന്നോളം ഞാന്‍ അതിലെ ആശയചമല്‍ക്കൃതി ആസ്വദിക്കാന്‍ പക്ഷേ, ഒന്നല്ലെങ്കില്‍ രണ്ടുതവണ മാത്രമേ വായിക്ക പതിവുള്ളു. കണ്ഠമാധുരിയുള്ളവര്‍ എത്ര തന്നെ പാടിയാലും കേള്‍ക്കാന്‍ കൗതുകമുണ്ടായിരിന്നു. എന്നാല്‍ 'മനസ്വിനി'യാകട്ടെ എന്‍റെ ഹൃദയത്തിന് രോമാഞ്ചകഞ്ചുളിയും ബുദ്ധിക്ക് രോമന്ഥവിഷയവും തന്നരുളി! ആ കവിതയ്ക്കു കവിയുടെ ആത്മകഥാപരമായ ഒരു പശ്ചാത്തലമുണ്ടായിരിക്കുമെന്ന വിശ്വാസം എന്നില്‍ പ്രബലമായി. ഞാന്‍ ഈ സംശയം എഴുതി ചോദിച്ചു. പരേതനായ എന്‍റെ ആ സുഹൃത്തിന്‍റെ ആത്മാവിനോടു ക്ഷമായാചനം ചെയ്തുകൊണ്ട്, 'മനസ്വിനി'യുടെ മാഹാത്മ്യം തികച്ചും സഹൃദയര്‍ മനസ്സിലാക്കട്ടെ എന്നുമാത്രം കരുതി എനിക്കു കിട്ടിയ മറുപടി ഇവിടെ ഉദ്ധരിക്കുന്നു;
സ്വരരാഗസുധ
ചങ്ങമ്പുഴ
ശ്രീ
ഇടപ്പള്ളി,
29-11-1122
പ്രിയ സുഹൃത്തേ,
അയച്ച കത്തു കിട്ടി, വളരെ സന്തോഷിക്കുന്നു.
................................................................................................................................................................................
ഈ കവിതയ്ക്കു വിശേഷിച്ച് ഒരു പശ്ചാത്തലവുമില്ല. സുശീലയായ എന്‍റെ ഭാര്യയുടെ അതിരറ്റ സ്‌നേഹവും സഹനശക്തിയും എന്‍റെ മനോമണ്ഡലത്തിന്‍റെ ഓരോ കോണിനേയും ഇളക്കി മറിച്ചിട്ടുണ്ട്..... ഇങ്ങനെ എഴുതാന്‍ തുടങ്ങിയാല്‍ പലതുമുണ്ട്, അത് ഇനി ഒരവസരത്തിലായിക്കൊള്ളാം. എന്‍റെ ദീനശയ്യയില്‍ അവളുടെ പരിചരണം എന്‍റെ ഹൃദയത്തെ എന്തെന്നില്ലാതെ മഥിച്ചതിന്‍റെ ഫലമാണ് ആ കവിത....
എനിക്കു നാള്‍ക്കുനാള്‍ സുഖക്കേടു വര്‍ദ്ധിച്ചു വരികയാണ്. ചികിത്സ മുറയ്ക്കു നടക്കുന്നുണ്ട്.
താങ്കള്‍ക്കു ക്ഷേമം തന്നെ എന്നു വിശ്വസിക്കുന്നു.
സ്വ. ചങ്ങമ്പുഴ (ഒപ്പ്)
ഈ കത്ത് ഇങ്ങനെ ഇവിടെ പ്രസിദ്ധീകരിച്ചതിന് എന്‍റെ ഉദ്ദേശശുദ്ധി കരുതി അനുവാചകരും, വിശിഷ്യാ ശ്രീമതി ശ്രീദേവി ചങ്ങമ്പുഴയും എനിക്കു മാപ്പു തരുമെന്നു വിശ്വസിക്കട്ടെ. ഇനി ആ കവിത വായിക്കൂ:
ജാതകദോഷം!- വന്നെന്തിന്നെന്‍
ജായാപദവി വരിച്ചു നീ?
പലപലരമണികള്‍ വന്നൂ; വന്നവര്‍
പണമെന്നോതി- നടുങ്ങീ ഞാന്‍!
പലപല കമനികള്‍ വന്നൂ, വന്നവര്‍
പദവികള്‍ വാഴ്ത്തി- നടുങ്ങീ ഞാന്‍! ....................................................................
'മനസ്വിനി'യിലെ പ്രതിപാദ്യത്തെപ്പറ്റി ഇതില്‍ക്കൂടുതല്‍ ഒന്നും പറയേണ്ടതില്ലല്ലോ. ഇനി ആ പ്രതിപാദനരീതി ഒന്നു നോക്കൂ. വൃത്തം, രീതി, ശയ്യ, പാകം, ഗുണം, അലങ്കാരം... എല്ലാറ്റിലുമുണ്ട് അന്യാദൃശ്യമായ മനോഹാരിത. ഓരോന്നുമെടുത്തു പറഞ്ഞാല്‍ അതു തന്നെ ഒരു മഹാപ്രബന്ധമാകും. അതാ രാമായണചമ്പൂകാരന്‍ പുനം നമ്പൂതിരിയുടെ മുഖം അസൂയാകലുഷിതമാകുന്നു. എങ്കിലും അദ്ദേഹത്തിന്‍റെ നന്ദനോദ്യാനത്തിലെ മന്ദാരത്തോപ്പിലുള്ള നീലശീലാതളിമത്തില്‍ ചങ്ങമ്പുഴയെ ഇരുത്തി തിലോത്തമയെക്കൊണ്ടും രംഭയെക്കൊണ്ടും ഈ വരികള്‍ ഇരുത്തി ഉദ്ഗാനം ചെയ്യിപ്പിക്കുന്നു:
സ്വരരാഗസുധ
ചങ്ങമ്പുഴ
'കതിരുതിരുകിലുമദൃശ്യശരീരികള്‍
കാമദകാനനദേവതകള്‍
കലയുടെ കമ്പികള്‍ മീട്ടും മട്ടില്‍
കളകളമിളകീ കാടുകളില്‍!
മിത്ഥ്യാവലയിതസത്യോപമരുചി
തത്തിലസിച്ചു മമ മുന്നില്‍
സത്വഗുണശ്രീ ചെന്താമരമലര്‍
സസ്മിതമഴകില്‍ വിടര്‍ത്തിയപോല്‍
ചടുലോല്‍പലദളയുഗളം ചൂടി
ചന്ദ്രിക പെയ്തു നിന്‍ വദനം!'
അവരോടൊപ്പം അസഹ്യമായ ആനന്ദഭാരത്തോടെ സുന്ദരപദസാര്‍വഭൗമനായിരുന്ന പുനവും,
'അദ്വൈതാമലഭാവസ്പന്ദിത
വിദ്യുന്മേഖല പൂകീ ഞാന്‍!...'
എന്ന് ആര്‍ത്തുദ്‌ഘോഷിക്കുന്നു! ഈ സ്വരരാഗസുധാപാനം കൊണ്ട് ആ അമൃതാശികള്‍ അന്വര്‍ത്ഥനാമാക്കളാകട്ടെ!
രാക്കിളികള്‍
ചിന്തോജ്ജ്വലമായ കവിതകളില്‍ അടുത്തു മികച്ചുനില്ക്കുന്നത് 'രാക്കിളി'കളാണ്. വിപ്ലവമദം ഉണ്ടാക്കുന്ന പുതിയ മുന്തിരിച്ചാറ് കേരളത്തിന്‍റെ ഒരു പഴയ സമ്പ്രദായചഷകത്തില്‍ പകര്‍ന്നതിന്‍റെ ഫലമാണ് ഈ കവിത. നമ്മുടെ നാടോടിപ്പാട്ടുകളില്‍ പ്രമുഖമായ ഒന്നാണ് തുയിലുണര്‍ത്തു*പാട്ട്. രസകരമായ ഒരുല്‍പ്പത്തികഥ അതിലുണ്ട്: ശ്രീപരമേശ്വരന്‍ ഒരു നീണ്ട തുയില്‍ കൊണ്ടു. പലരും അദ്ദേഹത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു. പറ്റിയില്ല ഒടുവില്‍ പറയിപെറ്റ പന്തിരുമക്കളില്‍ ഒരുവനായ (?) തിരുവരങ്കന്‍ എന്ന പാണനാര്‍ പരമേശ്വരനെ ചൊല്ലിപ്പാടിയുണര്‍ത്തി. ശിവോതി കനിഞ്ഞു തിരുവരങ്കനു പല വരങ്ങളും അരുളി. അതൊന്നും അയാള്‍ക്കു ഗുണപ്പെട്ടിട്ടില്ല. ഭഗവാന്‍ തന്നെ ഇങ്ങനെ അരുളി പോലും:
'ഒരാണ്ടില്‍ പന്ത്രണ്ടു തിങ്ങളുണ്ടല്ലോ. പന്ത്രണ്ടിലും പരമമായ കള്ളക്കര്‍ക്കിടകമാസം കാലത്തില്‍... കള്ളരോ ദുഷ്ടരോ മറ്റു പല ശത്രുക്കളോ എന്നറിയാതെ കണ്ടു നമ്മുടെ മാളോരുടെ പടിക്കല്‍ ചെന്ന് എന്നെക്കൊണ്ടും എന്‍റെ ശിവോതിയെക്കൊണ്ടും അനേകായിരം നാമമുണ്ടെടോ, അതിലൊരു നാമം ചൊല്ലിപ്പാടി സ്തുതിച്ചുകൊണ്ടാല്‍ ജനാദികല്‍ കേട്ടിരിക്കും. മൂഢരു പോയി ഉറങ്ങിക്കളയും. രണ്ടുമുള്ളവന്‍ ഒരു മുണ്ടു തരുമെടാ. ചേരമാന്‍ തിരുവരങ്കാ! ഒരു വെറ്റില തിന്നുന്നോര്‍ പകുതി വെറ്റിലയും തരുമെടാ.'
പഞ്ഞം പിടിച്ച കര്‍ക്കിടകത്തില്‍ പാണര്‍ തിരുനാമം പാടി മാളോരെ തുയിലുണര്‍ത്തുന്ന സമ്പ്രദായം ഇന്നും കേരളത്തില്‍ നടപ്പുണ്ട്. ചങ്ങമ്പുഴയുടെ പുതിയ 'തുയിലുണര്‍ത്തു'പാട്ടിന്‍റെ ഔചിത്യം. ഈ പഴയ ആചാരത്തിന്‍റെ വെളിച്ചത്തില്‍ ആസ്വദിക്കാം.
*തുയിലുണര്‍ത്ത് എന്നതാണ് ശരി. തമിഴില്‍ തുയ് ധാതുവിന് ആനന്ദിക്കുക എന്നര്‍ത്ഥം. (തുയ് = to enjoy: mainly sexual enjoyment)േ ഇതില്‍ നിന്നാണ് ഉറക്കം എന്ന അര്‍ത്ഥത്തില്‍ 'തുയം' ഉണ്ടായത്. തുകില്‍ = ആട; തുകല്‍ = തോല്‍. അതുകൊണ്ട് തുകിലുണര്‍ത്തും തുകലുണര്‍ത്തു തെറ്റാണെന്നു സ്പഷ്ടം.സ്വരരാഗസുധ
ചങ്ങമ്പുഴ
അഴിമതിയും അവശതയും അറ്റുള്ള ഒരാനന്ദപ്പുലരിയില്‍ നവലോകം കണികാണാന്‍ കവിമാതിനെ രണ്ടു രാക്കിളികള്‍ -ഒരു യുവാവും അയാളുടെ കണ്മണിയായ യുവതിയും- തുയിലുണര്‍ത്തുന്നു. കരുണരസജലവിമലയും, ധൃതകമലയും, ധ്വനിതരളയുമായ കവിമാതിന് അവര്‍ ജയം കൂറി, മാറി മാറി ഇങ്ങനെ ചൊല്ലിപ്പാടുകയാണ്.
കവിമാതേ, പുതിയ ലോകം
കണികാണാന്‍ തുയിലുണരൂ!
തുയിലുണരൂ പഴയലോകം
തുലഞ്ഞു കാണാന്‍ തുയിലുണരൂ.
...................................................
കേരളത്തില്‍ ഇന്നലെവരെ ക്ലേശത്തിനായി മാത്രം ഇറങ്ങിപ്പുലര്‍ന്ന പന്ത്രണ്ടു തിങ്ങളും, ഈ പുതിയലോകത്തില്‍ പദമൂന്നുന്നതെങ്ങനെയെന്നും ആ രാക്കിളികള്‍ വര്‍ണ്ണിക്കുന്നു. 'കര്‍ക്കിടകക്കരിമാസം, വിപ്ലവവെയ്‌ലേറ്റിളകി വിത്തമദം കക്കുകയായ്: ചിങ്ങമരച്ചില്ലകളില്‍ തിരുവോണച്ചെല്ലമണിക്കുയില്‍ കൂവി.. .' തൊഴിലുകളില്‍ ഉണര്‍വ്വരുളിയ മഹര്‍ഷിവരേണ്യനായ കാറല്‍ മാര്‍ക്‌സിനെ മാനിക്കാന്‍ വേണ്ടി കവിമാത് തുയിലുണരട്ടേ എന്നിങ്ങനെ ആ നവലോകസംവിധാനം, ജനവിഭവതുലനഫലമതു നുകരാന്‍ തക്കവണ്ണം മാര്‍ക്‌സിയന്‍ സിദ്ധാന്തത്തിന്‍റെ അടിസ്ഥാനതത്ത്വത്തില്‍ ആയിരിക്കണമെന്നും ശാസിക്കുന്നു. (മാര്‍ക്‌സിയന്‍ സിദ്ധാന്തത്തെ മാനിക്കുന്നതോടൊപ്പം അഹിംസയെ അംഗീകരിക്കുന്നു കവി എന്ന് ഇന്നത്തെ അട്ടിമറിപ്പന്‍ കമ്മ്യൂണിസത്തെ അനുസ്മരിപ്പിക്കട്ടെ).
പാട്ട് എന്ന പദത്തിന്‍റെ ധാതു 'പണ്‍' എന്നാണ്. പാണന്‍ എന്ന വാക്കും ഈ ധാതുവില്‍ നിന്നു പിറന്നതാണ്. പാണരുടെ ജന്മാവകാശമാണ് പാട്ടെന്നു സിദ്ധം. വംശാവകാശമാണ് തുയിലുണര്‍ത്തല്‍: അതവര്‍ നടത്തുന്നതു പാതിരാപ്പുറമാണുതാനും. അവരെ 'രാക്കിളി'യായി അധ്യവസായം ചെയ്ത് കര്‍ക്കിടകം തൊട്ടു മിഥുനം വരെയുള്ള പന്ത്രണ്ടു തിങ്ങളും നമ്മുടെ നാട്ടില്‍ പുതുമോടിയില്‍ പുലരുന്നതിനെ ഉത്ഭാവനം ചെയ്ത്, പഴമയുടെ മണ്ണില്‍ പുതിയലോകം ഉയിര്‍ത്തെഴുന്നേല്ക്കാന്‍ തുണനില്ക്കുന്നിനു വേണ്ടി കവിമാതിനെ തുയിലുണര്‍ത്തുന്ന ഈ നൂതനകവനസമ്പ്രദായം മലയാളകവിതകള്‍ക്കും മലയാളകവികള്‍ക്കും വിപ്ലവാത്മകമായ ഒരു ദശാസന്ധിയെ വാഗ്ദാനം ചെയ്യുന്നുവെന്നേ പറയേണ്ടു.
സ്വരരാഗസുധ
ചങ്ങമ്പുഴ
മയക്കത്തില്‍
ചങ്ങമ്പുഴക്കവിതയുടെ മറ്റു മാഹാത്മ്യങ്ങളേതും വിസ്മൃതമാകട്ടെ, ധിക്കൃതമാകട്ടെ. ഒടുവില്‍, നാദബ്രഹ്മമുള്ള നാളോളം അഭംഗമായി അവശേഷിക്കുന്നത് അതിന്‍റെ ശബ്ദമാധുരിയായിരിക്കും. ചെറുശ്ശേരി , പുനം. വള്ളത്തോള്‍, വെണ്ണിക്കുളം, ചങ്ങമ്പുഴ ഇവരഞ്ചുപേരാണ് മലയാളഭാഷയുടെ പഞ്ചമസ്വരാലാപലോലരായ കവികോകിലങ്ങള്‍. ചങ്ങമ്പുഴയെപ്പോലെ ശബ്ദമാധുരിയുടെ പൂര്‍ണ്ണാനുഗ്രഹം നേടാന്‍ കൊടുംതപസ്സ് മറ്റുള്ളവര്‍ അനുഷ്ഠിച്ചിട്ടുണ്ടോ എന്നറിഞ്ഞുകൂടാ. ഒരു കാലത്ത് (1938-ഭ39) ആഹമരസ, ണവശരവ, ഇഹീൗറ എന്നീ ഇംഗ്ലീഷ് പദങ്ങളെ അങ്ങനെതന്നെ ബലാകം, വിയതം, കലാദം എന്നിങ്ങനെ മലയാളീകരിച്ചു കവിതയില്‍ മധുരപദസുലഭത വരുത്തിയാലെന്തെന്നും ചങ്ങമ്പുഴ ആലോചിച്ചിരുന്നു! (അങ്ങനെ ചില കവിതകള്‍ താന്‍ രചിക്കുമെന്നും നേരിട്ട് ഒരിക്കല്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്; ഉണ്ടോ? എന്തോ?) ഈ ശബ്ദമാധുരിപ്രണയംകൊണ്ടും മതിമയങ്ങി, അതിനെത്തന്നെ നിദിധ്യാസം ചെയ്ത്, അര്‍ദ്ധസുപ്തിയില്‍ ലയിച്ചപ്പോള്‍ അദ്ദേഹത്തിനു പ്രത്യക്ഷരായ അഞ്ചു നാദസുന്ദരികള്‍ക്ക് കവി, ദിവ്യത്വം ആദാനം ചെയ്തതിന്‍റെ ഫലമാണ് ഈ കവിത. ശബ്ദവീചികളില്‍ മദാലസനൃത്തം ചെയ്തണയുന്ന ആ വിശ്വമോഹിനികള്‍ കവിയുടെ മുന്‍പില്‍ ഏതോ ആലോകവിലാസപ്രപഞ്ചം തുറന്നിട്ടു: പെട്ടെന്നവര്‍ മറയുകയും ടെയ്തു. കവി അതോടെ ഒരു നശിച്ച ലോകത്തിലേക്ക് താണു പോയി! അദ്ദേഹത്തിന്‍റെ കണ്ണില്‍ പരുക്ഷാക്ഷരങ്ങള്‍ 'അസ്ഥിമാല ധരിച്ച സ്വത്വ'ങ്ങളാണ്! വാതില്‍ മറവില്‍ നാണംകുണുങ്ങി നില്ക്കുന്ന ആ 'ങ,' ചുംബനത്തിനു ചുണ്ടുവിടര്‍ത്തി നില്ക്കുന്ന ആ 'മ്ബ'... വേണ്ട, ഇങ്ങനെ എടുത്തെഴുതി ആ കലാജലകന്യകകളെ ഞാന്‍ നാണം കെടുത്തുന്നില്ല; നിങ്ങള്‍ സ്വയം ആസ്വദിക്കിന്‍.
ചങ്ങമ്പുഴക്കവിതയുടെ അന്യാദൃശശബ്ദമാധുരിക്കു പിന്നില്‍ മറ്റൊരു മഹാരഹസ്യം കൂടിയുള്ളതു മറച്ചുവെയ്ക്കുന്നില്ല. കവിക്കു പലപ്പോഴും അത്ഭുതാവഹമായ ഒരുതരം അനുഭവവും ഉണ്ടായിട്ടുണ്ട്. അദ്ദേബം മിക്ക നല്ല കവിതകളും രചിച്ചിട്ടുള്ളത്, ശാരീരികവും മാനസികവുമായ ഓജസ്സിനും കഴിയുന്നത്ര ദൗര്‍ബല്യം വരുത്തിക്കൊണ്ടാണ് -അറിഞ്ഞുകൊണ്ടുതന്നെ, ആ സമയം അദ്ദേഹം ഗാനം തുളുമ്പുന്ന വിലോലമുരളിയായ് സ്വയം മാറുന്നു. അപ്പോഴുണ്ടാകുന്ന വിചാരത്തിനോ അവയെ പ്രകാശിപ്പിക്കുവാന്‍ സ്വയം വെമ്പിപ്പുറപ്പെടുന്ന പാവലിക്കോ തെല്ലുപോലും പാരുഷ്യമുണ്ടാവില്ല. എല്ലാം പുല്ലാങ്കുഴല്‍ പോലെ ലോലലോലം, മുന്തിരിച്ചാറു പോലെ മധുരമധുരം. ഈ അനുഭവം നമുക്കെല്ലാവര്‍ക്കും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കലാകാരന്മാര്‍ക്കല്ലെങ്കില്‍ക്കൂടി, ഉണ്ടാകും. ശാരീരികമായ വൈലക്ഷണ്യവും വൈശസ്യവും ആന്തരമായ ഊര്‍ജ്ജ്വസ്വലതയ്ക്കും, ആയതു കലാകാരന്മാര്‍ക്കാണെങ്കില്‍ കലാപ്രചോദനത്തിനും കാരണമാണെന്ന് ഇന്നത്തെ മനഃശാസ്ത്രം സമ്മതിക്കുന്നുണ്ട്. 'മയക്കത്തില്‍' എന്ന കവിതയില്‍ സൂചിതമായിരിക്കുന്ന 'അര്‍ദ്ധസുപ്തി' എങ്ങനെ ഉണ്ടായതാണെന്ന് ഇത്രയുംകൊണ്ടു സ്പഷ്ടമാണല്ലോ. ചങ്ങമ്പുഴക്കവിതയുടെ മാധുര്യം തികച്ചും ആസ്വദിക്കാന്‍ തനിക്കു കഴിയുന്നത്, ആ കവിതയുടെ ഉല്‍പാദനവേളയില്‍ കവി ഏതവസ്ഥാന്തരത്തിനു വിധേയനാകുന്നുവോ അതില്‍ത്തന്നെ താനും മുഴുകുമ്പോളാണെന്ന് അദ്ദേഹത്തിന്‍റെ ഒരാത്മസുഹൃത്തും മലയാളത്തിലെ ഒരു നല്ല സാഹിത്യകാരനുമായ ശ്രീ ............................ ഒരവസരത്തില്‍ പറയുകയുണ്ടായി. ശരിയായിരിക്കാം.
സ്വരരാഗസുധ
ചങ്ങമ്പുഴ
കാവ്യനര്‍ത്തകി
പലരംഗത്തില്‍ പലതാളത്തില്‍, ദ്രുതമദ്ധ്യമവിളംബിതങ്ങളില്‍, കനകച്ചിലങ്ക കിലുങ്ങിയും, കാഞ്ചനക്കാഞ്ചി കുലുങ്ങിയും, നൃത്തം ചെയ്തുവരുന്ന കാവ്യനര്‍ത്തകി എന്നോടിപ്പോള്‍ പരിഭവം പൂണ്ട് ഈ പുസ്തകത്തിന്‍റെ ഒടുവില്‍ ഒളിഞ്ഞിരിക്കുകയാണ്. നമുക്ക് ആ മതിമോഹനശുഭനൃത്തം ഒന്നു കാണാം.
മറ്റു കലകളെ അപേക്ഷിച്ച് 'നൃത്ത'ത്തിനു പല മെച്ചങ്ങളുണ്ടല്ലോ. ഒന്നാമതു കലാകാരനും അയാളുടെ ഉപാധിയും (ങലറശൗാ) മേളിച്ച് അദ്വൈതഭാവത്തില്‍ വര്‍ത്തിക്കുന്ന നൃത്തകലയില്‍ മാത്രമാണ്. നര്‍ത്തകന്‍റെ കരചരണാദ്യവയവങ്ങള്‍ തന്നെയാണല്ലോ അയാളുടെ പ്രകാശനോപാധികളും. ഗാനകല 'കാല'മാത്രാവലംബിയാണ്; ചിത്രകല 'സ്ഥല'മാത്രാവലംബിയും. ഉഭയഭാവാലംബമുള്ളത് നൃത്തകലമാത്രമാണ്; കാതിനും കണ്ണിനും സമകാലികനിര്‍വൃതി നല്കുന്നതും നര്‍ത്തനകലയാണ്. ഇങ്ങനെ സാഹിത്യമൊഴിച്ചുള്ള ഇതരസുന്ദരകലകളില്‍ പ്രാമുഖ്യം നൃത്തത്തിനുണ്ടെന്നു സ്പ്ഷ്ടം. അപ്പോള്‍ ആ നര്‍ത്തനത്തെ കാവ്യകലയുടെ നര്‍ത്തനമായ വിഭാവനംചെയ്ത്, അതിനു സമുചിതമായ വിചിത്രവൃത്തവും വിഭിന്നവര്‍ണ്ണാങ്കിതപദങ്ങളും, ചലനാത്മകങ്ങളും, ചിന്താബന്ധുരങ്ങളുമായ ആശയങ്ങളുകൊണ്ടും വിജയപൂര്‍വ്വം ആവിഷ്‌കരിക്കുക ദുഃസാധമാണ്. കേവലനര്‍ത്തനത്തിന് അപ്രാപ്യമായ സുഘടിതാശയങ്ങളുടെ നൈരന്തര്യം (ഇീിശേിൗശ്യേ) നൃത്തകാവ്യങ്ങള്‍ക്ക് ആവശ്യമായിക്കാണും. 'കാവ്യനര്‍ത്തകി' മലയാളത്തില്‍ അസുലഭദൃശ്യമായ ഇത്തരമൊരു കവിതയാണ്. വെണ്ണിക്കുളത്തിന്‍റെ 'പുഞ്ചിരിക്കുശേഷം' എന്നൊരു നര്‍ത്തനകവിതയില്‍ മാത്രമേ ഇങ്ങനെ ഉഭയകലകളുടെയും സവിശേഷതകള്‍ ഹൃദ്യമായി സമ്മേളിച്ചു കണ്ടിട്ടുള്ളു.
കനകച്ചിലങ്ക കിലുങ്ങിയും കാഞ്ചനക്കാഞ്ചി കുലുങ്ങിയുമുള്ള മലയാളകവിതയുടെ 'മതിമോഹനശുഭനര്‍ത്തനം' കവിഹൃദയത്തില്‍ ചുടുനെടുവീര്‍പ്പുകള്‍ക്കിടയിലുംകൂടി പുതുപുളകങ്ങള്‍ അങ്കുരിപ്പിക്കുന്നു. അവളുടെ സൗന്ദര്യമേളം കണ്ട് അദ്ദേഹത്തിന്‍റെ ജീവനാളം 'മുനിമാരും നുകരാത്ത സുഖചക്രവാള'ത്തെ ആശ്ലേഷിക്കുന്നു. ഒരത്ഭുതമന്ത്രവാദമെന്നപോലെ അദ്ദേഹത്തെ നിര്‍നിമേഷാക്ഷനായി നിര്‍ത്തുന്നു. ആ വേളയില്‍ കവിയ്ക്കുണ്ടായ അനുഭവങ്ങളാണ് കാവ്യനര്‍ത്തകിയിലെ അനന്തരപ്രതിപാദ്യം.
'കണ്ടു നിന്‍കണ്‍കോണുകളുലയവേ കരിവരി
വണ്ടലയും ചെണ്ടുലയും വനികകള്‍ ഞാന്‍...
.....................................................................................
.....................................................................................'
ഈ അനുഭൂതിയുടെ 'ലയവിമാനം' അദ്ദേഹത്തെ പലദിക്കിലുമെത്തിച്ചു. കവി ഒരു പൊന്നോണപ്പുലരിയായി മാറി! ആ നര്‍ത്തകിയുടെ കരകമലത്തിന്‍റെ മൃദുചലനങ്ങള്‍ സൂക്ഷ്മലോകാന്തരങ്ങളെ കാണിക്കാന്‍ പോരുന്നതാണ്. ആ ലോകങ്ങള്‍ കടന്നുപോയ കവി, ജന്മം കണ്ടു; അതില്‍ നിര്‍വൃതി കൊണ്ടു; ജന്മാന്തരസുകൃതങ്ങള്‍ അനുഭവിച്ചു! 'ആയിരം സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നവുമായെത്തിയ' ആ 'മായിക'യുടെ നടനം കണ്ട് ഉന്മത്തനായി പാടുന്നു:
'പുഞ്ചിരി പെയ്തുപെയ്താടു നീ, ലളിതേ,
തുഞ്ചന്‍റെ തത്തയെക്കൊഞ്ചിച്ച കവിതേ,
അഞ്ചിക്കുഴഞ്ഞിഴഞ്ഞാടു ഗുണമിളിതേ,
കുഞ്ചന്‍റെ തുള്ളലില്‍ മണികൊട്ടിയ കവിതേ!'
സ്വരരാഗസുധ
ചങ്ങമ്പുഴ
അനേകം ഭാഷകള്‍ 'പലമാതിരി പലഭൂഷകള്‍ കെട്ടി' ആടിയും പാടിയും കവിയെ വിഭ്രമിപ്പിച്ചിട്ടുണ്ട്. എങ്കിലും അദ്ദേഹത്തിന് മാതൃഭാഷയുടെ ദിവ്യസുഷമ വിസ്മരിക്ക വയ്യ. കവിയുടെ അന്ത്യാപേക്ഷ ഇതുമാത്രമാണ്:
'തവ തലമുടിയില്‍നിന്നൊരു നാരുപോരും!
തരികെന്നെ,ത്തഴുകട്ടെ പെരുമയും പേരും!
പോവുന്നോ നിന്‍ നൃത്തം നിര്‍ത്തി നീ, ദേവീ! അയ്യോ
പോവല്ലേ, പോവല്ലേ, പോവല്ലേ, ദേവീ!......'
വിശ്വവിഖ്യാതഭാഷകളിലെ വശ്യസാഹിത്യങ്ങള്‍ കേട്ട് പലതും കണ്ടനുഭവിച്ച ചങ്ങമ്പുഴ മാതൃഭാഷയുടെ അനന്യദൃഷ്ടവും അനിതരലബ്ധവുമായ മനോഹാരിതയെ, മഹനീയതയെ വാഴ്ത്തിപ്പാടുന്നത് വെറും വ്യാമോഹജന്യമായ സ്വഭാഷാഭിമാനം കൊണ്ടുമാത്രമാണെന്നു തോന്നുന്നില്ല; മലയാളഭാഷയ്ക്കും സാഹിത്യത്തിനും പല പോരായ്മകളുണ്ടെന്ന് അഭ്യസ്തവിദ്യരും, അല്പജ്ഞാനദുര്‍വിദഗ്ദ്ധരും ആയ മലയാളികള്‍ (1) ഉച്ചസ്തരം ഇന്നും ഉദ്‌ഘോഷിച്ച് കേട്ടിട്ടുണ്ട്. 'ആദിമകാവ്യവും പഞ്ചമവേദവും നീതിപ്പൊരുളും ഉപനിഷത്തും പാടി സ്വകീയരെ' കേള്‍പ്പിച്ച കൈരളി, 'പാടവഹീനയെന്നാര്‍ പറയും?' എന്നിങ്ങനെ മഹാകവി വള്ളത്തോള്‍ ആവേശപൂര്‍വ്വമെങ്കിലും യുക്തിയുക്തം ചോദിച്ചതിനെ, ഭംഗ്യന്തരേണ ചങ്ങമ്പുഴയും ഈ കവിതകൊണ്ട് ആവര്‍ത്തിക്കുന്നു.
ആരാമത്തിലെ ചിന്തകള്‍, സങ്കല്പകാമുകന്‍, തപ്തപ്രതിജ്ഞ
115,113,112 എന്നീ വര്‍ഷങ്ങളില്‍ എഴുതിയ ഈ മൂന്നു കവിതകള്‍ 'സ്വരരാഗസുധ'യില്‍ കവി ചേര്‍ത്തിരക്കുന്നത്, പക്ഷേ, സ്വകവിതാപരിണാമത്തിന്‍റെ പഴയപടവുകള്‍ കാണിക്കാനാണോ എന്നു ശങ്കിക്കുന്നു. ഭാവപ്രകാശനത്തിലും രചനാസമ്പ്രദായത്തിലും അത്രയേറെ വെടിപ്പും ഉറപ്പുമില്ലാതിരുന്ന ആദ്യകാലകവിതയുടെ വകുപ്പിലാണ് ഈ കവനത്രയം പെടുന്നത്. ഇവയില്‍ മെച്ചപ്പെട്ടുനില്ക്കുന്നത് 'ആരാമത്തിലെ ചിന്ത'കളാണ്.
ആരാമത്തില്‍ കണ്ടപൂവിന്‍റെ ക്ഷണികസൗന്ദര്യം കവിയുടെ ചിന്തയെ അന്തര്‍മുഖമാക്കുന്നു. വസന്തം മറഞ്ഞാല്‍ ആരും തിരിഞ്ഞുനോക്കാത്ത വണ്ണം വാടിവീഴുന്ന പൂവ് ലോകത്തിന്‍റെ അപൂര്‍ണ്ണതയെ ശംസിക്കുകയാണ്. 'നാളേക്കു നാമ്പറ്റടിയേണ്ട നാലഞ്ചു നെല്ലോല' മാത്രമാണ് മനുഷ്യന്‍. വേദനാകരമായ ഈ വേദചിന്ത, കവിയുടെ മര്‍ദ്ദിതമായ വ്യക്തിപ്രഭാവത്തില്‍ ക്രോധത്തിന്‍റെയും പ്രതികാരത്തിന്‍റെയും കൊടുങ്കാറ്റുളവാക്കി. കവിയുടെ ചിന്താഗതി, അതോടെ പാടേ മാറിവീണു. അപൂര്‍ണ്ണവും ശൂന്യവുമായിരിക്കാം ഈ ലോകം. എങ്കിലുമിത് മധുരമാണ്. അതാ, ആരാമം അതിന്‍റെ ഹൃദയത്തില്‍ ഗൂഢമായി ലാളിച്ച മൂകാഭിലാഷങ്ങളായ പൂക്കളെക്കൊണ്ടു പുഞ്ചിരികൊള്ളുന്നു. കവിചിത്തവും പുഷ്പിതമായി -പുഷ്പകലവ്യോമത്തോടൊപ്പം:
'സുന്ദരം, സുന്ദരം, സ്വര്‍ഗ്ഗസമൃദ്ധിതന്‍
മന്ദിരം തന്നെയീ -ലോകം'
സ്വരരാഗസുധ
ചങ്ങമ്പുഴ
എന്ന് കവിയുടെ ശുഭപ്രതീക്ഷകനായി മാറുന്നു. പലതരത്തിലും കവിയുടെ ആത്മാവിനെ ഈ ജഗത്ത് ചവിട്ടിമെതിച്ചിട്ടുണ്ട്, ആ ജഗത്തിനോട്, ശുഭപ്രതീക്ഷകനായ കവി ഒരു കൈനോക്കാന്‍ തന്നെ തീരുമാനിച്ചു.
'ജാതനായിത്തീര്‍ന്നതു ഞാനിരുള്‍ മൂടിയ
പാതാളഗര്‍ത്തത്തിലാകാം.
എങ്കിലും മേല്‍പ്പോട്ടുയര്‍ന്നു ഞാന്‍ താരക-
പ്പൊന്‍കതിര്‍പ്പൂക്കളെപ്പുല്കും!'
ഉഗ്രശപഥം! ജനിച്ചില്ലേ* എന്നാല്‍ ജീവിക്കാന്‍തന്നെ നോക്കും, തിരിഞ്ഞുനിന്ന്, തന്നെ നിര്‍ദ്ദയം മര്‍ദ്ദിച്ച ലോകത്തെ അനുകമ്പാപൂര്‍വ്വം നോക്കി കവി പറയുന്നു:
'ഓമല്‍സഖാക്കളേ, നിങ്ങളോടും കനി--* അവതാരിക നോക്കുക
ഞ്ഞോതാനെനിക്കുണ്ടൊരല്പം,
നിര്‍ദ്ദയം; കഷ്ടം വികൃതപ്പെടുത്തിയെന്‍
നിസ്വാര്‍ത്ഥസേവനം നിങ്ങള്‍.
എങ്കിലും നിങ്ങള്‍ക്കുമാവുകില്ലായതിന്‍-
തങ്കപ്രകാശം മറയ്ക്കാന്‍,
നാനാപവാദങ്ങള്‍ നിങ്ങള്‍ ചൊരിഞ്ഞവ
നാളത്തെ ലോകം മറക്കും.
................................................................
മാമകനാമത്തില്‍ നിങ്ങള്‍ വീശിടുമീ-
മാറാലയൊക്കെയും മാറും'
സ്വരരാഗസുധ
ചങ്ങമ്പുഴ
എത്ര ശരി! 'മന്ദാരമാല്യമെന്‍ കണ്ഠത്തില്‍ ചാര്‍ത്തുമ്പോള്‍ മന്ദഹസിക്കണേ നിങ്ങള്‍' എന്നായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യാപേക്ഷ. ഇന്നിതാ, ജയലക്ഷ്മി ചാര്‍ത്തിയ മന്ദാരമാല്യവുമണിഞ്ഞ് സകല കേരളീയരുടേയും ഹൃദയതളിമത്തില്‍ സുപ്രതിഷ്ഠനായി ലസിച്ചിയങ്ങുന്ന ചങ്ങമ്പുഴയെ കണ്ടു നാം മന്ദഹസിക്കുകയാണോ? എന്നാല്‍ ആ മന്ദഹാസം പശ്ചാത്താപജന്യമായ നമ്മുടെ കണ്ണീരില്‍ മഴവില്ലൊളി ചേര്‍ക്കുന്നുണ്ട്; നിശ്ചയം.
'സങ്കല്പകാമുകനി'ലും 'തപ്തപ്രതിജ്ഞ'യിലും ചങ്ങമ്പുഴക്കവിതയുടെ ആവര്‍ത്തനോത്സുകങ്ങളായ ആശയങ്ങളും രീതികളും മാത്രമേ കാണുന്നുള്ളു. കവിതയേയും യശസ്സിനേയും മാറി മാറി പലപ്പോഴും ചങ്ങമ്പുഴ കാമുകിയാക്കി സങ്കല്പ്പിച്ചു. അനേകം സിംബോളിക് കവിതകള്‍ രചിച്ചിട്ടുണ്ട്. അവയില്‍ നിന്ന് ഏറെ ഭിന്നമോ രമ്യമോ അല്ല 'സങ്കല്പകാമുകനി'ലെ ആശയഗതിയും ആവിഷ്‌കരണരീതിയും. 'തപ്തപ്രതിജ്ഞ' ചെയ്യുന്ന നായികമാരെയും സുലഭമായി കവി ആദ്യകാലകവിതകളില്‍ താലോലിച്ചുകാണുന്നുണ്ട്.
സുധാബിന്ദുക്കള്‍
സ്വരരാഗസുധയില്‍ സ്വീയവും പരകീയവുമായി കാണുന്ന മുക്തകങ്ങള്‍ സുധാബിന്ദുക്കള്‍ തന്നെയാണ്; ഓരോബിന്ദുവിലും കാണാം ഓരോ ചിന്താസാഗരത്തിന്‍റെ അഗാധത ഒതുങ്ങിനില്‍ക്കുന്നതായി. പരസ്പരം അവയ്ക്കുള്ള വൈരുധ്യത്തിന്‍റെ ഹേതുവും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടല്ലോ.
'ഞാനും വന്നു ജഗത്തില്‍... വിഭ്രാന്തിയോ ' (രചനാകാലം 13-4-1122); 'ചെന്നായിന്‍ ഹൃത്തിനും മിണ്ടാതെ ചാകൂ' (രചിച്ച കാലം 13-4-1122); 'ചാരായക്കടയാണു... ഹാ, നീ വിധേ?' (രചിച്ച കാലം 21-6-1121); ഇവയിലെല്ലാം കവിയുടെ വിഷാദപൂരിതവും നിരാശജനകവും അന്ധകാരാവൃതവുമായ ചിന്താഗതിയാണു നിഴലിക്കുന്നത്. 'വെള്ളം ചേര്‍ക്കാതെടുത്തോരമൃതിന്...': 'ഏഴാം സ്വര്‍ഗ്ഗം വിടര്‍ന്നൂ... വരികയേ ഹൃദ്യമേ മദ്യമേ' എന്നിവയില്‍ കാണുന്നതോ? തികഞ്ഞ ശുഭപ്രതീക്ഷയും. കവിയുടെ ജീവിതസായന്തനത്തില്‍ നിറം മാറി മാറി വന്ന ചിന്താമേഘശകലങ്ങളായി ഈ മുക്തകങ്ങളെ വീക്ഷിക്കാം.
തിലോദകം
സുമനസ്സുകളുടെ മാനസ്സപൊയ്കയില്‍ കലാകേളി ചെയ്തു ലാലസിക്കുന്ന ആ ഗാനഗന്ധര്‍വ്വനേ ഓര്‍ത്ത് നാമെന്തിനു കണ്ണീര്‍ തൂകണം? എങ്കിലും നമ്മുടെ ദൗര്‍ബല്യം നമ്മെ പ്രാകൃതരാക്കുന്നു!... ഞാനീ തിലോദകം അര്‍പ്പിക്കട്ടെ. അഴലില്‍ നിന്നുതീര്‍ന്ന കണ്ണീര്‍കണങ്ങള്‍കൊണ്ടു കുതിര്‍ത്തല്ലാ; ഈ 'സ്വരരാഗസുധ' സ്വാദം കൊണ്ട് ആനന്ദപരവശനായി ചൊരിയുന്ന ബാഷ്പബിന്ദുക്കളില്‍ കഴുകി...
സ്വരരാഗസുധ
ചങ്ങമ്പുഴ
ചിന്തിപ്പിക്കുന്നതിനേക്കാളേറെ എന്നെ ചിരിപ്പിക്കുകയും കരയിക്കുകയും പുളകംകൊള്ളിക്കുകയും ചെയ്ത ചില നിമിഷങ്ങൾ- സ്വർഗ്ഗത്തിൽ നിന്നും പറന്നെത്തി അങ്ങോട്ടുതന്നെ പറന്നുപോയ ആ ചിത്രശലഭങ്ങൾക്കു പിമ്പേ വെമ്പിക്കുതിച്ച എന്റെ കലാകൗതുകത്തിന്റെ കൈവിരലുകളിൽ പറ്റിയ ചില വർണ്ണരേണുക്കളാണ് ഈ പുസ്തകത്തിലെ ഈരടികൾ.
24-04-1948 ചങ്ങമ്പുഴ കൃഷ്ണപിള്ള
സ്വരരാഗസുധ
ചങ്ങമ്പുഴ
രാക്കിളികൾ
(ഒരു പുതിയ തുയിലുണർത്തു പാട്ട്)
യുവാവ് :
അഴകലകൾ ചുരുളു വിരി-യുവതി :
ഞ്ഞൊഴുകിവരും കവനകലേ!
കവനകലേ, കലിതഫലേ,യുവാവ് :
കരുണരസ ജല വിമലേ!
ജല വിമലേ, ധൃതകമലേയുവതി :
ജയ ജനിതധ്വനി തരളേ!
ധ്വനിതരളേ, ജയ, ജയ, നീയുവാവ് :
ഗുണസരളേ ജയ, ജയ, നീ!
തവ ഹരിത തൃണഭരിത-യുവതി :
തടനികടത്തണലുകളിൽ-
തണലുകളിൽ, തത്ത തത്തിയുവാവ് :
തളിരുലയും കുടിലുകളിൽ
കുടിലുകളിൽ, ചെടികളാടി-യുവതി :
ക്കുയിലുകൂകും കാടുകളിൽ
കാടുകളിൽ പാടിനട-യുവാവ് :
ന്നാടുമേയ്ക്കാൻ വന്നു ഞങ്ങൾ!
കാമുകനും കൺമണിയു-യുവതി :
മാണു ഞങ്ങൾ കവി മാതേ
കവിമാതേ, കാമുകനെൻയുവാവ് :
കരളിനെഴും മിഴിയാണേ!
മിഴിയാണേ, കണ്മണിയാ-യുവതി :
മിഴി വിടരും കതിരാണേ!
കതിര്മിഴിയിലമൃതെഴുതാൻയുവാവ് :
കവിമാതേ, തുയിലുണരൂ!
കവിമാതേ, പുതിയലോകംയുവതി :
കണികാണാൻ തുയിലുണരൂ!
തുയിലുണരൂ, പഴയലോകംയുവാവ് :
തുലഞ്ഞുകാണാൻ തുയിലുണരൂ!
തുയിലുണരൂ, തൊഴിൽ പൊഴിവൂയുവതി :
തൂമൂലരവം, തുയിലുണരൂ!
തുയിലുണരൂ, ചെങ്കൊടി തൻയുവാവ് :
തൂമ കാണാൻ തുയിലുണരൂ!
കവിമാതേ, തുയിലുണരൂ,യുവതി :
കരൾ നിറയെച്ചിരി പകരൂ!
ചിരിപകരൂ, ചിന്തകളിൽയുവാവ് :
ചിറകുവരാൻ തുയിലുണരൂ;
തുയിലുണരൂ ജന വിഭവ
തുലനഫല മധു നുകരൂ!
സ്വരരാഗസുധ / രാക്കിളികൾ
ചങ്ങമ്പുഴ
യുവതി :
മധു നുകരൂ! മതിമഹിതേ,യുവാവ് :
തുയിലുണരൂ, കവിമാതേ!
അഴിമതികൾക്കറുതിയണ-യുവതി :
ഞ്ഞരമനകളടിഞ്ഞു മണ്ണിൽ
അടിഞ്ഞ മണ്ണിലഭ്യുദയ-യുവാവ് :
മടിമുടി പൊന്നലരണിഞ്ഞൂ.
അലരണിഞ്ഞു ജീവിതങ്ങൾ-യുവതി :
അഖിലമൊപ്പം കതിരുവന്നു.
കതിരുവന്ന കാഴ്ചകാണാൻയുവാവ് :
കവിമാതേ, തുയിലുണരൂ!
അവനിയിലിന്നപഗതമാ-യുവതി :
യവശതകള, ലസതകൾ,
അലസതകളൊടിയൊഴിയാൻയുവാവ് :
അരിവാളിൻ തിരുനാമം!
തിരുനാമത്തിരിയുഴിയാംയുവതി :
തിടലുടലിൽ തിരിയെവരാൻ!
തിരിയെവരും തിറമൊടുനീയുവാവ് :
തുയിലുണരൂ കവിമാതേ!
വിപ്ലവവെയ് ലേറ്റിളകിയുവതി :
വിത്തമദം കക്കുകയായ്
കക്കുകയായ് കയ്പുരസംയുവാവ് :
കർക്കിടകക്കരിമാസം
കരിമാസം കരൾകവരുംയുവതി :
കതിർ മഴയിൽ കളിയാടി,
കളിയാടാൻ കരിനുകമായ്യുവാവ് :
കവിമാതേ, തുയിലുണരൂ!
ചിന്നിയിളന്തളിരിളകുംയുവതി :
ചിങ്ങമരച്ചില്ലകളിൽ
ചില്ലകളിൽ ത്തിരുവോണ-യുവാവ് :
ച്ചെല്ലമണിക്കുയിൽ കൂകി;
കുയിൽ കൂകിക്കൊഞ്ചിവരുംയുവതി :
കുലകന്യയ് ക്കകമഴിയാൻ.
അകമഴിയും പൂജകാണാൻയുവാവ് :
തുയിലുണരൂ കവിമാതേ!
കർമ്മശതമൊരുതട്ടിൽയുവതി :
നന്മകളോ മറുതട്ടിൽ
ഇരുതട്ടുമൊരുപോലാ-യുവാവ് :
യൊരുമയുടെ നല്ല തുലാം-
നല്ലതുലാം മൃതനരക-
കല്യതയിൽ കതിർ ചാർത്തി,
സ്വരരാഗസുധ / രാക്കിളികൾ
ചങ്ങമ്പുഴ
യുവതി :
കതിർ ദീപം കണ്ടു തൊഴാൻയുവാവ് :
കവിമാതേ, തുയിലുണരൂ!
പുച്ഛമതിലമൃതൊഴുകിയുവതി :
വൃശ്ചികമാതെഴുനള്ളി
എഴുനള്ളി, ക്കനകവിള-യുവാവ് :
ക്കെഴുതിരിയിട്ടെരിയിക്കേ.
എരിയിക്കെക്കാർത്തികതൻയുവതി :
തിരുഹൃദയം തുടികൊട്ടി
തുടികൊട്ടി ത്തുയിരകലാൻയുവാവ് :
തുയിലുണരൂ, കവിമാതേ!
പനിനീരിൽ മേൽകഴുകിയുവതി :
പ്പാൽനിലാപ്പൂന്തുകിൽ ചാർത്തി-
തുകിൽ ചാർത്തിദ്ധനുസഖിയാംയുവാവ് :
കനലൊളിയാമാർദ്രയുമായ്
ആർദ്രയുമാ യദ്രിജയെ-യുവതി :
കൂപ്പി മുദാ കളിയാടാൻ,
കളികാണാൻ കലിതരസംയുവാവ് :
കവിമാതേ, തുയിലുണരൂ!
മകരശ്രീ മഞ്ഞലയാൽയുവതി :
മരനിരയെ മലരണിയെ-
അണിമലർച്ചെണ്ടലഞ്ഞുലഞ്ഞ-യുവാവ് :
ങ്ങാനന്ദപ്പാൽക്കാവടികൾ-
കാവടികളണിയണിയായ്-യുവതി :
ക്കരളുകളിലലതുള്ളി-
തുള്ളിവരും തുള്ളൽ കാണാൻയുവാവ് :
തുയിലുണരൂ, കവിമാതേ!
മിശിഹയുടെ തിരുഹൃദയ-യുവതി :
വിശൂദരുചി വിളയാടി-
വിളയാടിപ്പൊൻ കുരിശിൻ-യുവാവ് :
വിമലതതൻ മണികുംഭം-
മണികുംഭജ്ഞാന ജലംയുവതി :
മനമിയലും കറ കളയാൻ
കറകളയാൻ, കനിവുയരാൻയുവാവ് :
കവിമാതേ, തുയിലുണരൂ!
സഹകരണസരസി മുദായുവതി :
വിഹരിക്കും ശുഭമീനം-
ശുഭമീനം-പ്രോദ്ഗതിത-യുവാവ് :
ന്നഭിമാനം-വളരാനും-
വളരാനും വഞ്ചനതൻയുവതി :
വലകളിൽ നിന്നകലാനും
അകലാത്തോരകവെളിവിൽ
തുയിലുണരൂ, കവിമാതേ!
സ്വരരാഗസുധ / രാക്കിളികൾ
ചങ്ങമ്പുഴ
യുവാവ് :
മേടപ്പൂങ്കൊന്നയുല-യുവതി :
ഞ്ഞാടും പൊൻകിങ്ങിണികൾ-
കിങ്ങിണികൾ സുലഭതതൻയുവാവ് :
തൊങ്ങലുക,ളൊളിവിതറി-
വിതറി നവവിഭവശതംയുവതി :
വിഷൂവ ശ്രീയണയുമ്പോൾ
അണയുമ്പോൾ, കവിമാതേ,യുവാവ് :
കണികാണാൻ തുയിലുണരൂ!
വൃഷഭയുതൻ, വിഷരഹിതൻയുവതി :
കൃഷകൻ തൻ ജീവജലം-
ജീവജലം പെയ്തണയുംയുവാവ് :
ജീമൂതം തഴകെട്ടി-
തഴകെട്ടി, മഴകിട്ടി-യുവതി :
ത്തരുനിരയിൽ ത്തളിർപൊട്ടി
പൊട്ടിപ്പോയ് കവിമാതേ,യുവാവ് :
പട്ടിണി-നീ തുയിലുണരൂ!
പോളപൊളിഞ്ഞിതളഴിയുംയുവതി :
പൊൻകൈതപ്പൂങ്കുലപോൽ
പൂങ്കുലപോൽ, തേൻ കനിയുംയുവാവ് :
മാങ്കനിപോൽ, മിഥുനമനം-
മിഥുനമനം വിടരാനുംയുവതി :
മധുരമധു പകരാനും-
പകരുമുഷസ്സുഷമയിൽ നീയുവാവ് :
തുയിലുണരൂ, കവിമാതേ!
മുനികൾക്കും മുനിയായിയുവതി :
മണിരത്നഖനിയായി-
ഖനിയായി, ദ്ധനതത്വയുവാവ് :
പ്രണവത്തിന്നുയിരേകി
ഉയിരേകി, ത്തൊഴിലുകളി-യുവതി :
ലുണർവരുളി കാറള്മാർക്സ്!
മാർക്സിനെ നീ കവിമാതേ,യുവാവ് :
മാനിക്കാൻ തുയിലുണരൂ!
അലസതയറ്റവശതയ-യുവതി :
റ്റഴിമതിയറ്റാനന്ദം-
ആനന്ദപ്പുലരി പൊടി-യുവാവ് :
ച്ചണയുകയായ് നവലോകം!
നവലോകം കണികാണാൻയുവതി :
നയനങ്ങളൊളിനുകരാൻ,
നുകരുക നീ സുകൃതമിനി-
ത്തുയലുണരൂ, കവിമാതേ!
സ്വരരാഗസുധ / രാക്കിളികൾ
ചങ്ങമ്പുഴ
യുവാവ് :
കനലൊളിയും കതിരുകളുംയുവതി :
കനകപ്പൂ മാരികളും
മാരിമണിവില്ലുവിരി-യുവാവ് :
ഞ്ഞൂറിവരും മഞ്ജിമയും-
മഞ്ജിമയും കൂട്ടട്ടേ,യുവതി :
മന്നഖിലം പാടട്ടേ!....
പാടുന്നേൻ, തുയിലുണരൂ,
പരിപൂതേ, കവിമാതേ!
20-10-1946
1
ഞാനും വന്നു ജഗത്തി, ലെന്തിനെവിടു-
ന്നെങ്ങോട്ടു?-കഷ്ടം വൃഥാ
ഞാനും വന്നു ജഗത്തിലെന്നു വരുമോ
മജ്ജീവിതം ശൂന്യമോ?
ഗാനാലാപനലോലമാം ഹൃദയമേ,
നീ നല്ലപോൽ നോക്കൂ, നീ
കാണും കാഴ്ച യഥാർത്ഥമോ, കപടമോ,
വിഭ്രാന്തിയോ മായയോ?
07-12-1946
2
ഒരു മഹാമരമണ്ടൻ ചവറുകൾ ചിക്കുമ്പോൾ
കരഗതമാകുന്നു നിധികലശം;
ഒരു മഹാകവി, യെന്നാ,ലുമിനീരിനുകൂടിയു-
മൊരുവഴിയും കാണാതെ വിറങ്ങലിപ്പൂ!. . .
20-02-1946
സ്വരരാഗസുധ
ചങ്ങമ്പുഴ
മനസ്വിനി
മഞ്ഞ ത്തെച്ചിപ്പൂങ്കുല പോലെ
മഞ്ജിമ വിടരും പുലർകാലേ,
നിന്നൂലളിതേ, നീയെന്മുന്നിൽ
നിർവൃതി തൻ പൊൻകതിർപോലെ!
ദേവ നികേത ഹിരണ്മയമകുടം
മീവീ ദൂരെ ദ്യുതിവിതറി
പൊന്നിൻ കൊടിമരമുകളിൽ ശബളിത-
സന്നോജ്ജ്വലമൊരു കൊടി പാറി!
നീലാരണ്യ നിചോള നിവേഷ്ടിത-
നിഹാരാർദ്രമഹാദ്രികളിൽ,
കാല്യലസജ്ജല കന്യക കനക-
ക്കതിരുകൾകൊണ്ടൊരു കണിവെയ്ക്കേ
കതിരുതിരുകിലൂമദൃശ്യ ശരീരകൾ.
കാമദ കാനന ദേവതകൾ
കലയുടെ കമ്പികൾ മീട്ടും മട്ടിൽ
കളകളമിളകീ കാടുകളിൽ!
മഞ്ഞല മാഞ്ഞിളവെയ് ലൊളിയിൽ,ദല-
മർമ്മരമൊഴുകീ മരനിരയിൽ
ഈറൻ തുകിലിൽ മറഞ്ഞൊരു പൊന്നല
പാറി മിനുങ്ങിയ തവഗാത്രം.
മിത്ഥ്യാവലയിത സത്യോപമരുചി
തത്തി ലസിച്ചൂ മമ മുന്നിൽ!
ദേവദയാമയ മലയജശകലം
താവിയ നിൻ കുളിർനിടിലത്തിൽ.
കരിവരിവണ്ടിൻ നിരകൾ കണക്കെ-
ക്കാണായ്പ്പരിചൊടു കുറുനിരകൾ!
സത്വഗുണശ്രീ ചെന്താമര മലർ
സസ്മിതമഴകിൽ വിടർത്തിയപോൽ,
ചടുലോൽപല ദളയുഗളം ചൂടി-
ചന്ദ്രിക പെയ്തൂ നിൻവദനം!
സ്വരരാഗസുധ / മനസ്വിനി
ചങ്ങമ്പുഴ
ഒറ്റപ്പത്തിയോടായിരമുടലുകൾ
ചുറ്റുപിണഞ്ഞൊരു മണിനാഗം
ചന്ദനലതയിലധോമുഖശയനം
ചന്തമൊടിങ്ങനെ ചെയ്യുമ്പോൾ,
വിലസീ, വിമലേ ചെറിയൊരു പനിനീ-
രലർ ചൂടിയ നിൻ ചികുരഭരം!
ഗാനം പോൽ, ഗുണകാവ്യം പോൽ മമ
മാനസമോർത്തു സഖി നിന്നെ....
തുടുതുടെയൊരു ചെറു കവിത വിടർന്നു
തുഷ്ടിതുടിക്കും മമ ഹൃത്തിൽ!
ചൊകചൊകയൊരു ചെറുകവിത വിടർന്നൂ
ചോരതുളുമ്പിയ മമ ഹൃത്തിൽ!
മലരൊളി തിരളും മധുചന്ദ്രികയിൽ
മഴവിൽക്കൊടിയുടെ മുനമുക്കി,
എഴുതാനുഴറീ കൽപന ദിവ്യമൊ-
രഴകിനെ, എന്നെ മറന്നൂ ഞാൻ!
മധുരസ്വപ്ന ശതാവലി പൂത്തൊരു
മായാലോകത്തെത്തീ ഞാൻ!
അദ്വൈതാമല ഭാവസ്പന്ദിത-
വിദ്യുന്മേഖല പൂകീ ഞാൻ!....
രംഗം മാറി-കാലം പോയീ,
ഭംഗംവന്നൂ ഭാഗ്യത്തിൽ
കൊടിയവസൂരിയിലുഗ്രവിരൂപത
കോമരമാടീ നിന്നുടലിൽ.
കോമളരൂപിണി, ശാലിനി, നീയൊരു
കോലം കെട്ടിയമട്ടായി.
മുകിലൊളിമാഞ്ഞൂ, മുടികൾ കൊഴിഞ്ഞൂ
മുഖമതി വികൃതകലാവൃതമായ്,
പൊന്നൊളി പോയീ കാളിമയായി;
നിന്നുടൽവെറുമൊരു തൊണ്ടായീ.
കാണാൻ കഴിയാ-കണ്ണുകൾ പോയീ;
കാതുകൾ പോയീ കേൾക്കാനും!
നവനീതത്തിനു നാണമണയ്ക്കും
തവതനുലതതൻ മൃദുലതയെ,
കഠിനം!- ചീന്തിയെറിഞ്ഞാരടിമുടി
കടുതലരാകിന വടുനിരകൾ!
സ്വരരാഗസുധ / മനസ്വിനി
ചങ്ങമ്പുഴ
ജാതകദോഷം വന്നെന്തിന്നെൻ
ജായാപദവി വരിച്ചൂ നീ?
പലപലരമണികൾ വന്നൂ, വന്നവർ
പണമെന്നോതി-നടുങ്ങീ ഞാൻ.
പലപലകമനികൾ വന്നൂ, വന്നവർ
പദവികൾ വാഴ്ത്തീ- നടുങ്ങീ ഞാൻ
കിന്നരകന്യകപോലെ ചിരിച്ചെൻ-
മുന്നിൽ വിളങ്ങിയ നീ മാത്രം,
എന്നോടരുളി: "യെനിക്കവിടുത്തെ-
പ്പൊന്നോടക്കുഴൽ മതിയല്ലോ!....
നിന്നുടെ പുല്ലാങ്കുഴലിതെനിക്കോരു
പൊന്നോടക്കുഴലാണല്ലോ!. ....
പുളകമണിഞ്ഞിട്ടുടനടി ഞാനൊരു
പുതുലോകത്തിലെ യുവ നൃപനായ്.
ഇന്നോ ഞാനാ നാടുഭരിക്കും
മന്നവനല്ലോ, മമനാഥേ!
നീയോനിഹതേ, നീയോ?-നിത്യം
നീറുകയാണയി മമ ഹൃദയം.
കണ്ണുകളില്ല, കാതുകളില്ല-
തിണ്ണയിൽ ഞാൻ കാൽ കുത്തുമ്പോൾ,
എങ്ങനെ പക്ഷേ വിരിപ്പൂ ചുണ്ടിൽ
ഭംഗിയിണങ്ങിയ പുഞ്ചിരികൾ?
അന്ധതകൊണ്ടും ഭവനം സേവന-
ബന്ധുരമാക്കും പൊൻതിരികൾ?
അപ്പൊൻതിരികൾ പൊഴിഞ്ഞു വെളിച്ചം;
തപ്പുന്നോ പിന്നിരുളിതിൽ ഞാൻ?...
ദുർവ്വാസനകളിടയ്ക്കിടെയെത്തി-
സർവ്വകരുത്തുമെടുക്കുകിലും,
അടിയറവരുളുകയാണവയെന്നോ-
ടൊടുവിൽ-ശക്തിതരുന്നൂ നീ!
പ്രതിഷേധസ്വര മറിയാതെഴുമ-
പ്രതിമഗുണാർദ്ര മനസ്വിനി നീ
എങ്കിലുമേതോ വിഷമ വിഷാദം
തങ്കുവതില്ലേ നിൻകരളിൽ?
ഭാവവ്യാപക ശക്തി നശിച്ചോ-
രാവദനത്തിൻ ചുളിവുകളിൽ
ചില ചില നിമിഷം പായാറില്ലേ
ചിന്ത വിരട്ടിയ വീർപ്പലകൾ?
നിൻകവി,ളമലേ, നനയുന്നില്ലേ
നീ കുടികൊള്ളും വിജനതയിൽ?
കൊടുകാറ്റലറിപ്പേമഴ പെയ്തിടു-
മിടവപ്പാതി പ്പാതിരയിൽ
ശാരദ രജനിയിലെന്നതുപോൽ, നീ
ശാലിനി, നിദ്രയിലമരുമ്പോൾ.
സ്വരരാഗസുധ / മനസ്വിനി
ചങ്ങമ്പുഴ
അകലത്തറിയാത്തലയാഴികൾത-
ന്നകഗുഹകളിൽ നിന്നൊരു നിനദം,
പരുകിപ്പെരുകി വരുമ്പോലെന്തോ
സിരകളെയൊരു വിറയറിയിയ്ക്കേ.
കാട്ടാളൻ കണയെയ്തൊരു പൈങ്കിളി
കാതരമായിപ്പിടയുമ്പോൽ,
പിടയാറില്ലേ നിൻഹതചേതന
പിടികിട്ടാത്തൊരു വേദനയിൽ?....
വർണ്ണം, നിഴലു, വെളിച്ചം, നാദം
വന്നെത്താത്തൊരു തവ ലോകം
അട്ടിയി,ലട്ടിയി,ലിരുളിരുളിൻമേൽ
കട്ടപിടിച്ചൊരു പാതാളം!
ഇല്ലൊരു തൈജസകീടം കൂടിയു-
മെല്ലാ,മിരുളാണിരുൾ മാത്രം!
മമതയിലങ്ങനെ നിന്നരികേ ഞാൻ
മരുവും വേളയി,ലൊരുപക്ഷേ,
നീലനിലാവിലെ വനമേഖലപോൽ
നിഴലുകളാടാമവിടത്തിൽ!
തെല്ലിടമാത്രം-പിന്നീടെല്ലാ-
മല്ലാ,ണെന്തൊരു ഹതഭാഗ്യം!
നിൻ കഥയോർത്തോർത്തെൻ കരളുരുകി-
സ്സങ്കൽപത്തിൽ വിലയിക്കേ,
ഏതോനിർവൃതിയിക്കിളികൂട്ടി
ചേതനയണിവൂ പുളകങ്ങൾ!
വേദന, വേദന, ലഹരിപിടിക്കും
വേദന-ഞാനിതിൽ മുഴുകട്ടേ!
മുഴുകട്ടേ, മമ ജീവനിൽ നിന്നൊരു
മുരളീ മൃദൂരവമൊഴുകട്ടേ.
24-02-1947
സ്വരരാഗസുധ / മനസ്വിനി
ചങ്ങമ്പുഴ
3
എന്നെപ്പോലുമെനിക്കു നേർവഴി നയി
ക്കാനൊട്ടുമാകാത്ത ഞാ-
നന്യന്മാരെ നയിച്ചു നായകപദ-
പ്രാപ്തിക്കു ദാഹിക്കയോ?
കന്നത്തത്തിനുമുണ്ടു മന്നിലതിരെ-
ന്നോർക്കാതെ തുള്ളുന്നു ഞാ-
നെന്നെത്തന്നെ മറന്നു; കല്ലുകളെറി-
ഞ്ഞെൻ കാലൊടിക്കൂ, വിധേ!
28-12-1946
4
വേദം, നാലും നരച്ചൂ, നരനിനിയുമഹോ,
കിട്ടിയില്ലഷ്ടി, വേർത്തൂ
വേദാന്തം വീശി നേരിൽ വിശറി, മണലിലോ
കട്ടകെട്ടുന്നു രക്തം;
സ്വാതന്ത്യ്രം, ഹാ, സമത്വം, സഹജ സഹജമാം
സൌഹൃതം, ശാന്തി, സർവ്വം
നാദം, നാദം!- ഭ്രമിക്കായ്കണിയറയിലോ
തോക്കു തീർക്കും തിടുക്കം.
28-12-1944
സ്വരരാഗസുധ
ചങ്ങമ്പുഴ
ആരാമത്തിലെ ചിന്തകൾ
ആകർഷകോജ്ജ്വല സൌരഭ സൌഭഗ-
മാകെമാഞ്ഞീടുകിൽപ്പിന്നെ,
ആരെത്തിനോക്കുമൊന്നാവേശപൂർവ്വമ-
ന്നാരാമസൂനമേ, നിന്നെ?
ഏറെനാളേറെനാൾ നീണ്ടു നിൽക്കുന്നത-
ല്ലീരമ്യ വാസന്തഹാസം.
ശ്രീയുതചഞ്ചലൽപ്പത്രം വിരിച്ചതു
പോയിക്കഴിഞ്ഞതിൻശേഷം,
മാടിവിളിക്കിലുമെത്തില്ലരികിലാ
മായാസുഷമാവിശേഷം.
കഷ്ട,മപൂർണ്ണതകൊണ്ടെന്തിനിങ്ങനെ
കെട്ടിപ്പടുത്തതീ ലോകം?
തൊട്ടുപോയാൽമതി കാലമാക്കൈകൊണ്ടു
പൊട്ടിത്തകർന്നതു വീഴാൻ,
നാമാരു?-നാളേക്കു നാമ്പറ്റടിയേണ്ട
നാലഞ്ചു നെല്ലോല മാത്രം!
ഇല്ല, ഞാനയേ്യാ, തുടർന്നീടുകില്ലെന്‍റെ
പല്ലവി ഞാനിങ്ങു നിർത്താം.
വേദന തോന്നും മനസ്സിനിമ്മട്ടെഴും
വേദാന്ത ചിന്തയ്ക്കു പോയാൽ
അത്രയ്ക്കു പൂർണ്ണവും ശൂന്യവുമാകിലെ-
ന്തെത്ര മധുരമീ ലോകം!
ആരും കൊതിക്കുമാറാകർഷകാഭമാ-
യാരാമമേ, നീ ചിരിപ്പൂ!
ഏകന്തഹൃത്തിൽ നീ ഗൂഢമായ് ലാളിച്ച
മൂകാഭിലാഷങ്ങൾപോലെ,
മിന്നിവിടർന്നൊളി ചിന്നി നില്ക്കുന്നിതെൻ
മുന്നിൽ പല പല പൂക്കൾ.
ഇങ്ങുവന്നിട്ടൊരു പാട്ടൊന്നു പാടിടാ-
തെങ്ങനെ പൂങ്കുയിൽ പോകും?
സ്വരരാഗസുധ / ആരാമത്തിലെ ചിന്തകൾ
ചങ്ങമ്പുഴ
സ്വപ്നസമാനമൊരോമൽ പരിമളം
സ്വർഗ്ഗം രചിപ്പതോ ചുറ്റും
ശാന്തി,സമസ്തവും ശാന്തി-കിഴക്കതാ
പൂന്തിങ്കൾ പൊങ്ങിത്തുടങ്ങി.
കാലടിവെച്ചുവെച്ചന്തിച്ചുകപ്പതാ
ചേലിലകലുകയായി.
പുഷ്പിതമായിക്കഴിഞ്ഞിതെൻ ചിത്തവും
പുഷ്കലവ്യോമവുമൊപ്പം.
മുന്നിൽ നിലാവും നിഴലുമിടതിങ്ങി
മിന്നുകയാണി പ്രപഞ്ചം
മന്ദമാ മഞ്ഞും നിലാവിന്‍റെ നെറ്റിയിൽ
ചന്ദനം ചാർത്തുവാനെത്തി.
സുന്ദരം, സുന്ദരം, സ്വർഗ്ഗസമൃദ്ധിതൻ
മന്ദിരം തന്നെയീ ലോകം!
ഇത്രയും കാലമിതോർക്കാതെയെന്തിനു
തപ്തബാഷ്പത്തിൽ ഞാൻ മുങ്ങി?
നൊന്തുനൊന്തങ്ങനെ തപ്പിത്തടഞ്ഞു ഞാ-
നെന്തിനിക്കെന്നിട്ടു കിട്ടി?-
ചേലറ്റു ചേറിൽപ്പുതഞ്ഞുള്ളതാം വെറും
നാലഞ്ചു ചിപ്പികൾ മാത്രം!
കോടിക്കണക്കിനു രക്തനങ്ങൾ നിന്നതാ
മാടിവിളിക്കയാണെന്നെ.
തുള്ളിത്തുളുമ്പും കുളുർമയാൽപ്പുൽകുന്നു,
വെള്ളിനീരാഴി വന്നെന്നെ.
അല്ല, സംതൃപ്ന,ല്ലുഗനൈരാശ്യമേ,
വെല്ലുവിളിപ്പൂ ഞാൻ നിന്നെ.
ഉള്ളലിവില്ലാതസൂയയാ,ലെൻ മുന്നിൽ
മുള്ളുവിതയ്ക്കും ജഗത്തേ,
പാടില്ലൊരിക്കലും നീയുണർന്നീടുവാൻ
പാടില്ല, യെന്നുള്ളമട്ടിൽ
മിത്ഥ്യാപവാദങ്ങൾ കൊണ്ടെന്‍റെ മസ്തകം
തച്ചുതകർക്കും ജഗത്തേ,
സ്വരരാഗസുധ / ആരാമത്തിലെ ചിന്തകൾ
ചങ്ങമ്പുഴ
നർമ്മ സഖാക്കളായൊന്നിച്ചിതുവരെ-
ത്തമ്മിൽ കഴിഞ്ഞവർപോലും
ബദ്ധശത്രുക്കളെപ്പോൽ പെരുമാറുമാ-
റത്ര ദുഷിച്ച ജഗത്തേ.
ആത്മാർത്ഥതയുമായ് ഞാനടുത്തീടുമ്പോ-
ളാത്മാവെരിക്കും ജഗത്തേ;-
ഇല്ല, വിടില്ലൊരു കൈയൊന്നു നോക്കാതെ-
വെല്ലുവിളിപ്പൂ ഞാൻ നിന്നെ!
നിന്നപവാദ ശരങ്ങൾകൊണ്ടെന്നെ നീ
നിന്ദിതനാക്കുവാൻ നോക്കൂ;
നിന്നഖിലോൽക്കട ശക്തിയുമൊത്തിയ
ന്നെന്നെച്ചവിട്ടി നീ താഴ്ത്തൂ!
സഞ്ജനിതോന്മദം നിന്മീതെയപ്പോഴു-
മെൻ ജയപ്പൊൻകൊടി പാറും!
ജാതനായ്ത്തീർന്നതു ഞാനിരുൾ മൂടിയ
പാതാളഗർത്തത്തിലാകാം;
എങ്കിലും മേലോട്ടുയർന്നു ഞാൻ താരക-
പ്പൊങ്കതിർപ്പൂക്കളെപ്പുൽകും!
ഓമൽസ്സഖാക്കളേ, നിങ്ങളോടു കനി-
ഞ്ഞോതാനെനിക്കുണ്ടൊരൽപം,
നിർദ്ദയം, കഷ്ടം,വികൃതപ്പെടുത്തിയെൻ
നിസ്വാർത്ഥ സേവനം നിങ്ങൾ.
എങ്കിലും നിങ്ങൾക്കുമാവുകില്ലായതിൻ
തങ്കപ്രകാശം മറയ്ക്കാൻ.
നാനാപവാദങ്ങൾ നിങ്ങൾ ചൊരിഞ്ഞവ
നാളത്തെ ലോകം മറക്കും;
സ്വരരാഗസുധ / ആരാമത്തിലെ ചിന്തകൾ
ചങ്ങമ്പുഴ
ഇന്നീ ജയമാല ചാർത്തിനിൽക്കും നിങ്ങ-
ളൊന്നോടെ വിസ്മൃതരാകും.
കൽപാന്തമാവോളമെന്മന സ്പന്ദന-
സ്വപ്നങ്ങൾ മൊട്ടിട്ടു നിൽക്കും.
സത്യം ചൊരിയും വെളിച്ചത്തിൽ ഞാനൊരു
നിത്യ പ്രചോദനമാകും
മാമക നാമത്തിൽ നിങ്ങൾ വീശിടുമീ
മാറാലയൊക്കെയും മാറും
കാലം കരാംഗുലിയാലിഴക്കെട്ടുകൾ
ചേലിലൊന്നൊന്നായി മാറ്റും!
മാമക യാഥാർത്ഥ്യ, മമ്മട്ടനുപമ-
മാണിക്യരശ്മികൾ വീശും.
അല്ലലില്ലിന്നെനിക്കാകയാൽ-തോഴരേ,
വല്ലാത്തവിഢ്ഢികൾ നിങ്ങൾ!
തെല്ലുമേ ഗർവില്ല, നുകമ്പയാണെനി-
ക്കുള്ളതു, നിങ്ങളോടിന്നും!
ഇസ്സമരത്തി,ലൊടുവിൽ, ജയലക്ഷ്മി
മത്സമീപത്തു വന്നെത്തി,
മന്ദാരമാല്യമെൻ കണ്ഠത്തിൽച്ചാർത്തുമ്പോൾ
മന്ദഹസിക്കണേ നിങ്ങൾ!....
5
ചെന്നായിൻ ഹൃത്തിനും, ഹാ, ഭുവി, നരഹൃദയ-
ത്തോള, മയ്യോ, കടുപ്പം
വന്നിട്ടില്ലാ-ഭുജിപ്പൂ മനുജനെ മനുജൻ;
നീതി കൂർക്കം വലിപ്പൂ.
നന്നാവില്ലീ പ്രപഞ്ചം; ദുരയുടെ കൊടിയേ
പൊങ്ങു; നാറ്റം സഹിച്ചും
നിന്നീടാനിച്ഛയെന്നോ?- മടയ,മനുജ, നീ
പോകു, മിണ്ടാതെ ചാകൂ!...
19-11-1946
വെള്ളം ചേർക്കത്തെടുത്തോ,രമൃതിനു സമ മാം
നല്ലിളങ്കള്ളു, ചില്ലിൻ-
വെള്ളഗ്ളാസ്സിൽ പകർന്നങ്ങനെ, രുചികരമാം
മൽസ്യമാംസാദി കൂട്ടി,
ചെല്ലുംതോതിൽ ചെലുത്തി, ച്ചിരികളികൾ തമാ-
ശൊത്തു മേളിപ്പത്തേക്കാൾ
സ്വർലോകത്തും ലഭിക്കില്ലുപരിയൊരുസുഖം!
പോക വേദാന്തമേ, നീ!
22-04-1946
സ്വരരാഗസുധ
ചങ്ങമ്പുഴ
തപ്തപ്രതിജ്ഞ
ഓർക്കുമ്പോഴേയ്ക്കും ഹൃദയം തകർന്നുപോ-
മാക്കഥ മേലിൽ പറഞ്ഞിടൊല്ലേ, സഖീ!
ആവതോളം ഞാൻ മറക്കാൻ ശ്രമിക്കയാ-
ണാവിഷാദാത്മക ഭൂതാനുഭൂതികൾ
വായ്ക്കും നിരാശകളിമ്മട്ടൊരായിരം
മേൽക്കുമേലെന്നോടെതിരിട്ടു നിൽക്കിലും
ഉള്ളലിവില്ലാതെ കൊള്ളിവാക്കിന്‍റെ തീക്കൊ-
ള്ളികൊണ്ടന്യരെന്നുള്ളു പൊള്ളിക്കിലും.
നിസ്ത്രപം ഭീരുവെപ്പോലാത്മഹത്യയാൽ
നിശ്ചയം, തോഴീ, വിമുക്തയാകില്ല ഞാൻ!
ജീവിതം നൽകാന്മടിക്കുന്ന തൊക്കെയും
ജീവിച്ചു ജീവിതത്തോടു ഞാൻ വാങ്ങിടും!
ആശാസുമങ്ങൾ കൊഴിഞ്ഞു വീഴുന്നു ക-
ണ്ടാശങ്കവേണ്ടൊട്ടുമെന്നെയോർത്തോർത്തിനി!
ഏവമാണെങ്കിലുമെന്തെന്നു ചോദിക്കി-
ലേതും സമാധനമില്ലെനിക്കെങ്കിലും,
ആവേശകാപ്തങ്ങളാമക്കഥകൾ ത-
ന്നാവർത്തനത്തെ പ്രിയപ്പെടുന്നില്ല ഞാൻ.
അത്രമേലെന്നെപ്പരവശയാക്കുമാ-
റദ്ഭുതശക്തിയൊന്നുണ്ടവയ്ക്കൊക്കെയും
പ്രേമരാജ്യത്തിലെപ്പൂങ്കാവനത്തിലെ
ശ്യാമളശീതളച്ഛായാതലങ്ങളിൽ
പുല്ലാങ്കുഴലും വിളിച്ചിരുന്നങ്ങനെ
സല്ലപിപ്പൂ മർത്ത്യഭാവനാകോടികൾ
ആകാശദേവതമാരാലലംകൃത-
മാകുമദ്ദിക്കിലെക്കൽപകസൌരഭം.
ഒന്നു വീശുമ്പൊഴേയ്ക്കേതല്ലലും മറ-
ന്നൊന്നോടെ കോരിത്തരിക്കുന്നു മാനസം!
അങ്ങോട്ടുനോക്കിച്ചിറകുവിടർത്തുന്നു
ശൃംഗാരസാന്ദ്രമധുര പ്രതീക്ഷകൾ.
എന്നും മധുവിധു മൊട്ടിട്ടുനിൽക്കുന്നു
പുണ്യം വിളയുമാ നിർവാണ വേദിയിൽ.
സ്വരരാഗസുധ / തപ്തപ്രതിജ്ഞ
ചങ്ങമ്പുഴ
കണ്ണാടിയിലെ പ്രതിഫലനങ്ങളെ
മുന്നോട്ടണഞ്ഞു കരസ്ഥമാക്കീടുവാൻ
വെമ്പിടും പൈതങ്ങളെന്നപോലെ സ്വർഗ്ഗ-
സമ്പ്രാപ്തി നോക്കിക്കുതിക്കുകല്ലല്ലി നാം?
വ്യമോഹമാത്രം പ്രപഞ്ചത്തിലുള്ളൊരി-
പ്രേമപ്രയത്നം വെറും വിഷാദാത്മകം!
പ്രായോഗികത്വപ്പെരുമ്പറകൊട്ടലിൽ,
പ്രാഭവത്തിൻ ജയകാഹളമൂതലിൽ
നായകത്വത്തിൻ കതിന പൊട്ടിക്കലിൽ,
നാണയത്തുട്ടിൻ പടക്കമെറിയലിൽ
കാൽക്ഷണമെങ്ങാൻ പ്രണയമൊരുവെറും
കാട്ടുപുല്ലൂതിയിട്ടാരു ഗൌനിക്കുവാൻ?...
ലോകപുഷ്പത്തിൻ മരന്ദം മുഴുവനും
ഹാ കുബേരന്മാർക്കു മാത്രമായുള്ളതാം
പാടില്ലതിൽ നിന്നൊരു തുള്ളിയെങ്കിലും
പാവങ്ങളായവർ സ്വാദു നോക്കീടുവാൻ.
നിർവ്വിഘ്നമിസ്സ്വാർത്ഥതയ്ക്കു സുഖിക്കുവാൻ
നിർമ്മിച്ചുവെച്ച നിയമവും നീതിയും!
അത്യുഗ്രമാകുമപരാധമാണുപോ-
ലൽപമതിങ്കൽ പ്രതിഷേധ സൂചനം
കാരാഗൃഹമാണതിന്നെതിരായ് നിന്നു
കാര്യം പറയുകിൽ കിട്ടും പ്രതിഫലം.
എന്തിനുതോഴീ, ഫലമില്ല, മേൽക്കുമേ
ലന്തരീക്ഷം വിഷസമ്മിശ്രമാകയാം.
എന്തൊക്കെയോ ഞാൻ പുലമ്പി, ശോകാത്മക-
ചിന്തകൾ വന്നെന്നെ വീർപ്പുമുട്ടിക്കയാൽ!
ലോകത്തെയെന്തിന്നു കുറ്റപ്പെടുത്തുന്നു....
പോകട്ടെ തോഴീ തുടരുന്നതില്ല ഞാൻ!
അച്ഛന്‍റെയീക്കൊച്ചു കായ്കനിത്തോപ്പിലെ
ചെറ്റക്കുടിൽകൊണ്ടു സംതൃപ്തയാണു ഞാൻ.
പങ്കയ്ക്കു കീഴിലെ ശൃംഗാരനിദ്രയിൽ-
പ്പങ്കെടുക്കാമെന്ന നിർല്ലജ്ജവാൻഛിതം
എന്നിൽക്കിളർന്നതല്ലപ്പുമാനോടുഞാ-
നന്യൂനരാഗമിയലുവാൻ കാരണം.
മർത്ത്യനെ മർത്ത്യനെന്നോർത്തൊരു മർത്ത്യന്നു
മജ്ജീവിതം, ഹാ,സമർപ്പണം ചെയ്തു ഞാൻ!
തെറ്റെന്നിലാ,ണതേ,പിന്നെ ഞാനെന്തിനു
കുറ്റപ്പെടുത്തുന്നു ലോകത്തെ നിഷ്ഫലം?
സ്വരരാഗസുധ / തപ്തപ്രതിജ്ഞ
ചങ്ങമ്പുഴ
ഇല്ലിനിത്തോഴീ പരിഭവിക്കില്ലൊട്ടു-
മെല്ലാം സഹിക്കാനൊരുങ്ങിക്കഴിഞ്ഞു ഞാൻ.
എന്തുവന്നാലുമതിനൊടെല്ലാമെതിർ-
ത്തെന്നന്തരംഗം നിലയ്ക്കു ഞാൻ നിർത്തിടും.
'എല്ലാം വിധി'യെന്ന ശുഷ്കിച്ച വേദാന്ത-
മല്ലതിന്നായി ഞാൻ കൈക്കൊള്ളുമായുധം.
മൂർച്ചകൂട്ടും ഞാൻ പരിശ്രമം, യുക്തിയിൽ
തേച്ചുതേച്ചെന്നിട്ടതും ചുഴറ്റി സ്വയം,
വെല്ലുവിളിക്കും വിധിയെ, പ്രതീക്ഷതൻ
നല്ലപടച്ചട്ടയിട്ടുനിന്നങ്ങനെ!
ഫുല്ലസൌഭാഗ്യമടുത്തുവരുത്തിടാ,
തില്ലിനിത്തോഴി, യടങ്ങുകയില്ല ഞാൻ!
28-04-1937
7
ഗാനത്താലവനീപതേ, മധുരമാം
ചെമ്മുന്തിരിച്ചാറിനാ-
ലാനന്ദക്കതിർ വീശിടുന്നു നിയതം
ഹർമ്മ്യാന്തരത്തിൽ ഭവാൻ
ആ നൽച്ചെമ്പനിനീരലർപ്പുതു വികാ-
രത്തിൽപ്പുഴുക്കുത്തിയ-
റ്റാനല്ലാതുതകുന്നതില്ലണുവുമെൻ
ദുർവ്വാരഗർവ്വാങ്കുരം!
12-02-1946
ഉമർഖയാം
8
ആമട്ടോർക്കുകി,ലാത്മഹർഷകരമാം
തേൻ പൊയ്കയെക്കാളുമാ-
പ്രേമസ്നിഗ്ദ്ധ ഹൃദന്തയായി വിലസും
മൈക്കണ്ണിയേക്കാട്ടിലും
ആമോദപ്രദമാണു പൂവനികയും,
തൂമുന്തിരിച്ചാറു, മ-
സ്സീമാതീതലയാനുരഞ്ജിതലസദ്-
വീണാനിനാദങ്ങളും.
15-02-1946,
ഉമർഖയാം
സ്വരരാഗസുധ
ചങ്ങമ്പുഴ
മയക്കത്തിൽ
അർദ്ധനഗ്നോജ്ജ്വലാംഗികളാകു-
മബ്ധി കന്യകളല്ലയോ നിങ്ങൾ?
ശബ്ദവീചീശതങ്ങളിൽത്തത്തി
നൃത്തമാടും മദാലസമാരേ,
അർദ്ധസുപ്തിയിലാടിക്കുഴഞ്ഞി-
ങ്ങെത്തിനിൽപിതോ നിങ്ങളെൻ മുന്നിൽ!
മഞ്ഞിൽ നീന്തും മൃദുശശിലേഖാ,
മഞ്ജിമതൻ കനകശലാകാ,
ശിഞ്ജിതോന്മുഖനൂപുരരേഖാ,
'ഞ്ജ' നിൽപൂ വിലാസപതാക!
മിന്നിടുമുഷപ്പൊങ്കതിർനൂലി-
ലൊന്നിൽ വെൺനുര തത്തിയിണങ്ങി
പിന്നിലെല്ലാമിരുളൂർന്നു ചിന്നി
നിന്നിടും മായാ മാലികപോലെ;
പാലൊളിപ്പൂനിലാവിൽ മയങ്ങും
പാതിരാപ്പൂവിൻ പുഞ്ചിരിപോലെ;
വന്നു,വാതിൽ മറഞ്ഞമൃതാംഗി
'ന്ദ' നിൽക്കുന്നു നാണം കുണുങ്ങി!
സ്വർഗ്ഗ ലോകത്തിലേതോ മദത്തിൻ
സ്വപ്നമൊന്നുടലാർന്നതുപോലെ,
മഗളത്തിൻ കളിച്ചെണ്ടുമേന്തി
'ങ്ഗ' നിൽപൂ കവചിത കാന്തി!
മണ്ഡിതോദുൽപ്പുളക പ്രസന്ന
'ണ്ഡ' നിൽപൂ കലാജലകന്യ!
ചുംബനത്തിനു ചുണ്ടു വിടർത്തി
'മ്ബ' നിൽപൂ തരളത ചാർത്തി!
പുഞ്ചിരിക്കൊണ്ടു പിന്നിലായ് നിൽപു-
ണ്ടഞ്ചുപേരവർക്കാളിമാരായി!....
എന്തു നൃത്തം, നടത്തുകയാണോ,
സുന്ദരികളേ, നിങ്ങളെൻ മുന്നിൽ?
ഒറ്റമാത്രയ്ക്കകത്തഹോ നിങ്ങൾ
മറ്റൊരു ലോകമാരചിച്ചല്ലോ!
ആയിരമിളവെയ് ലലയാടി.
മായാനീല നിഴലുകൾ വീശി,
കാണുവാൻകഴിയാത്തോരസംഖ്യം
വീണയൊന്നിച്ചിണക്കമായ് പാടി,
സ്വരരാഗസുധ / മയക്കത്തിൽ
ചങ്ങമ്പുഴ
മാത്രതോറും പരിമളമെത്തി
വീർപ്പിടുമൊരു പൂന്തെന്നൽ തത്തി,
നാവിലൂടൊരമൃതമാധുര്യം
ജീവനിലേയ്ക്കലിഞ്ഞലിഞ്ഞൂറി;
ഹാ,തുറന്നിട്ടതെൻ മുന്നിൽ നിങ്ങ-
ളേതലോകവിലാസ പ്രപഞ്ചം!
എന്‍റെ ലോകം-നശിച്ചൊരീലോകം-
എന്തിനാണെനിക്കീ വിഷലോകം?
പ്രേതമാണിതു ജീവനില്ലയേ്യാ
ഭീതിയാണെനിക്കിങ്ങേറെ നിൽക്കാൻ
നിങ്ങൾ പോകുമ്പോഴൊപ്പം പറക്കും,
ഭംഗിയുള്ളൊരസ്വപ്ന പ്രപഞ്ചം
ശബ്ദനാമെനിക്കുത്സവമേകും
ശബ്ദസാഗരകന്യകമാരേ,
എന്നെയുമൊന്നു നിങ്ങൾതൻ പിമ്പേ
വന്നിടാൻ സമ്മതിക്കുമോ നിങ്ങൾ?....
ഞെട്ടി ഞാൻ കൺതുറന്നു വെറും മൺ-
കട്ട ഞാനെന്‍റെ ലോകവും മണ്ണ്!
മിഥ്യ മേന്മേൽ പകർന്നു പകർന്ന്
മദ്യപിച്ചിടുന്ന പേമണ്ണ്!
ചെന്നിണത്തിൽക്കുതിർന്നു കുതിർന്ന്
ദുർന്നയങ്ങൾ മുളയ്ക്കുന്ന മണ്ണ്!
കഷ്ട, മീ മണ്ണിലെന്നാണൊരൈക്യ-
കൽപകവൃക്ഷം മുളയ്ക്കുന്നതാവോ!
എങ്ങുപോയ് നിങ്ങളെൻ ചുറ്റുപാടും
തിങ്ങി നിൽപ്പൂ പരുഷാക്ഷരങ്ങൾ,
അബ്ധികന്യകളല്ല, ഭൂതങ്ങൾ,
അസ്ഥിമാല ധരിച്ച സത്വങ്ങൾ!
ഞാനുറക്കെക്കരഞ്ഞിടും-അയ്യോ!
പ്രാണനിലല്ലാ, നിങ്ങളുണ്ടെന്നോ?....
19-7-1946
9
കാലം ദേശമിവയ്ക്കകത്തണുവുമി-
ന്നൂനം പെടാതൊക്കെയും
ചേലിൽ ചേർത്തു ഭരിക്കുവാൻ നരപതേ
മോഹിച്ചിടുന്നൂ ഭവാൻ.
ഈലോകത്തൊരുമട്ടു ജീവിതമഹാ
ഭാരം വഹിക്കുന്നതി
ന്നാലോചിച്ചിടുകെത്രമാത്രമഴലെ-
ന്നാലും സഹിച്ചീടണം!
15-02-1946,
ഉമര്‍ഖയാം
10
എന്നാൽ, പോകുംവഴി വേറെയെന്തു? നൃപതേ
വേണ്ടാ വിഷാദം, ഭവാൻ
വന്നാലും,പ്രണയാത്മകം മമ മതം
കൈക്കൊള്ളുകെത്തും ശുഭം.
ഇന്നോളം പ്രണയം കുടിച്ചു മദമുൾ-
ച്ചേർന്നോൻ ഗണിപ്പീല ഞാ-
നിന്നീമേദിനിയേയുമൊട്ടുമവൾ തൻ
മായാവിലാസത്തെയും!
15-02-1946,
ഉമര്‍ഖയാം
സ്വരരാഗസുധ / സങ്കല്പകാമുകൻ
ചങ്ങമ്പുഴ
സങ്കൽപ കാമുകൻ
പൊന്നിൽക്കുളിച്ചവൾ നിൽക്കുകയാണൊരു
മഞ്ഞക്കണിക്കൊന്ന പൂത്തപോലെ,
ആലോല ലോചന നീലോൽപ്പലദള-
മാലയെനിക്കെറിഞ്ഞേകിയാലും!
ഇല്ല, നീയെന്നെയറിയുകില്ല, നാ-
മിന്നോളം കണ്ടിട്ടില്ലോമലാളേ!
എന്നാലുമെന്നെപ്പറഞ്ഞാലറിയും നീ;
നിന്നെയെനിക്കും ശരിക്കറിയാം.
അന്യോന്യമത്ര പരിചയമുള്ള നാ-
മന്യരാണെന്നിട്ടും മന്നിലിന്നും!
ആഗമിച്ചിട്ടുണ്ടെൻ സങ്കൽപ്പ ഭൂവിൽ, നി-
ന്നാകാരമാധുരിയേറെ നാളിൽ.
എത്തിയിട്ടുണ്ടാകാമാവിധം ഞാനും നിൻ-
സ്വപ്നശതത്തിൽ സുഷമ വീശി,
ഉദ്രസം നിൻ കാൽച്ചിലമ്പൊലി കേട്ടു ഞാ-
നെത്രയോ വട്ടം തിരിഞ്ഞു നോക്കി!
കഷ്ടം തടിൽക്കൊടിപോൽ പിടഞ്ഞപ്പൊഴു
തൊക്കെ നീയെങ്ങോ പറന്നൊളിച്ചു.
ആഞ്ഞു മുന്നോട്ടുടനാവേഗമാർന്നു ഞാൻ
പാഞ്ഞുപോം നിൻ നിഴൽ പിന്തുടരാൻ
ഒക്കാതതിനെനിക്കുഗ്ര നിരാശയാ-
ലുൾക്കാമ്പു മങ്ങി ഞാൻ പിന്മടങ്ങി.
നിന്നു, നീ പോയിട്ടു,മെന്മണിപ്പൂമച്ചിൽ
നിൻ നെടുവീർപ്പിൽ സുഗന്ധലേശം
ഏകാന്തതയിലതേറ്റാസ്വദിച്ചു ഞാൻ
ലോകത്തെപ്പോലും മറന്നിരുന്നു
സ്വർഗ്ഗത്തിൽ നിന്നുമെൻ മുന്നിലൊരായിരം
സ്വപ്നചിത്രങ്ങളടർന്നുവീണു.
ഞാനവയോരോന്നുമുമ്മവെച്ചുമ്മവെ-
ച്ചാനന്ദമൂർച്ഛയെസ്സൽക്കരിച്ചു
നിന്നോമൽത്തങ്കത്തരിവളച്ചാർത്തുകൾ
ചിന്നിയ മംഗള ശിഞ്ജിതങ്ങൾ
സംക്രമിപ്പിച്ചിതെൻ നിർജ്ജന നിദ്രയിൽ
സംഗീത സാന്ദ്രതരംഗങ്ങൾ!
തങ്കനക്ഷത്രമേ, വെൺകതിർ വീശിയെൻ
സങ്കൽപ്പസീമയിൽ നീയുദിക്കേ,
ചിന്തിച്ചിരിക്കാതരഞൊടിക്കുള്ളിലെൻ
ചിന്തകൾക്കൊക്കെച്ചിറകു കിട്ടി.
സ്വരരാഗസുധ / സങ്കല്പകാമുകൻ
ചങ്ങമ്പുഴ
എന്തൊരാശ്ചര്യമോ,ഞാനറിയാതുടൻ
നൊന്ത മച്ചിത്തം ചിരിച്ചുപോയി
അന്യൂനമോദമാർന്നങ്ങനെ നിന്നെ ഞാൻ
വർണ്ണിച്ചു വർണ്ണിച്ചു പാട്ടുപാടി.
നീ മേവും നീലനികുഞ്ജത്തിലെത്തിമൽ-
പ്രേമാർദ്രഗാനങ്ങളാകമാനം
എത്തുമവയിൽ മുറിപ്പെട്ടതാമൊരു
ചിത്തം കിടന്നു പിടഞ്ഞിരുന്നു.
അക്കാഴ്ച കണ്ടുനിന്നക്ഷിപുടങ്ങളി-
ലശ്രുകണങ്ങൾ പൊടിഞ്ഞിരുന്നു.
നാളുകളോരോന്നും നിന്മുന്നിൽ വന്നൊരു
നായികയാക്കുവാൻ നോക്കിനിന്നെ.
അപ്പരമാർത്ഥമറിഞ്ഞതില്ലെങ്കിലും
സ്വപ്നം ചിലതു നീയോമനിച്ചു.
എന്തി,നവസാനമെന്തിനെന്നില്ലാതെ
നൊന്തുതുടങ്ങി നിന്മാനസവും
മാച്ചിട്ടും മാച്ചിട്ടും മാഞ്ഞില്ലമച്ചിത്രം
മാർദ്ദവമുള്ള നിൻ മാനസത്തിൽ.
ഏതോ വിരഹക്കരിന്തേൾ കടിച്ചു നിൻ
ചേതന നിത്യം പുളഞ്ഞു നീറി!
ഇല്ല, ഞാനാരെന്നു നിന്നോടു ചൊല്ലുക-
യില്ല ഞാനെന്നെ മറച്ചു നിർത്തും
ഞാനാരെന്നോതുന്നമാത്രയിൽത്തന്നെ നിൻ
മാനസമിന്നു മൊട്ടിട്ടുപോകും.
മംഗളാനന്ദ മരന്ദം തുളുമ്പിയും
ശൃംഗാര സൌരഭം നിർഗ്ഗളിച്ചും
ചിത്തം കവർന്നിടുമപ്പൂക്ക,ളെന്നാലു
മെത്രനാളൊന്നവയുല്ലസിയ്ക്കും?
നിത്യ പരിചയച്ചൂടിലതോരോന്നായ്
നിഷ്ഫലം ഞെട്ടറ്റു വാടിവീഴും.
എന്നും പുതുമയെപ്പുൽകേണമെങ്കിൽ, നാ
മന്യരായങ്ങിങ്ങിരുന്നിടേണം.
കാണാൻ കൊതിക്കുമക്കൌതുകം കൂടിയും
കാണാൻ കഴിഞ്ഞാൽ കൊഴിഞ്ഞു വീഴും.
എന്നും കൊതിക്കലാണെന്നും ഭജിക്കലാ-
ണെന്നും പ്രതീക്ഷിക്കലാണു സൌഖ്യം.
ഉണ്ടവയ്ക്കുള്ളിലൊരിക്കലും വാടാത്ത
ചെണ്ടിട്ടുനിൽക്കും പരിമളങ്ങൾ!
ലോകത്തിലയേ്യാ,കരഗതമാവുകി-
ല്ലാകാശപുഷ്പവും ശുഷ്കശഷ്പം!
സ്വരരാഗസുധ / സങ്കല്പകാമുകൻ
ചങ്ങമ്പുഴ
അന്യനായ്ത്തന്നെയതിനാൽ,ഞാനിന്നിപ്പോൾ
നിന്നോടുയാത്രപറഞ്ഞിടട്ടെ
എന്നുമെനിക്കു നിൻ സുന്ദരസങ്കൽപ്പ
വൃന്ദാവനക്കുളിർപ്പൂന്തണലിൽ,
കാണാൻ കൊതിക്കുന്ന, കാണാൻ കഴിയാത്ത,
വേണുഗാപാലനായ് വാണിടേണം.
ഹാ,നിനക്കെന്നാലിതുവിധമെന്നെന്നും
ഞാനൊരു ഗന്ധർവ്വനായിരിക്കും;
എന്നപോലെന്നെന്നും മാമകധ്യാനത്തിൽ
പൊന്നിൽക്കുളിച്ചു മദാലസയായ്
മഞ്ജുളേ, നീയും ലസിക്കുമിമ്മട്ടൊരു
മഞ്ഞക്കണിക്കൊന്ന പൂത്തപോലെ!
നാമടിഞ്ഞീടുമാമണ്ണിലും കൂടിയൊ-
രോമൽപ്പുളകം തളിർത്തുനിൽക്കും.
കർമ്മബന്ധത്തിനാൽപ്പിന്നെയും പിന്നെയും
നമ്മളൊന്നിയ്ക്കും, പിരിഞ്ഞുപോകും
അന്യോന്യമേവമറിയാതെ നമ്മളാ-
രജ്ഞാതശക്തിതന്നച്ചുതണ്ടിൽ.
പ്രേമം പ്രദക്ഷിണം വെച്ചുല്ലസിച്ചിടും
ഭൂമിയും വാനവുമുള്ളകാലം
കാമദകോമളേ, പോയ് വരട്ടിന്നു നിൻ
കാണാത്ത കാമുകൻ, കാവ്യലോലൻ!....
28-05-1938
ചാരായക്കടയാണു ലോകമെവിടെ-
ക്കോലാഹലം, സൌഹൃദം
ചോരും തേന്മൊഴി,മൈത്രിയാത്മകഥനം,
വേദാന്തമായോധനം
ഓരോഡ്രാം സുഖതൃഷ്ണ,യക്കനിയാം
പൂവൻപഴം മിത്ഥ്യത-
ന്നോരോ നോട്ടുകൾ-എന്തിനെന്നെയിവിടേ-
ക്കെത്തിച്ചു ഹാ,നീ വിധേ....
19-01-1946
ഏഴാം സ്വർഗ്ഗം വിടർന്നു തവ കടമിഴിയിൽ-
ക്കൂടിയെന്നല്ല ഞാനാം
പാഴാം പുൽത്തണ്ടിൽ നിന്നും പല പല മധുര
സ്വപ്നഗാനം പടർന്നൂ;
കേഴാം ഞാൻ നാളെ, വീഴാ, മടിയിലഖിലവും
തേളു ചൂളും തമസ്സിൽ-
ത്താഴാം താഴട്ടെ, കേഴട്ടരികിൽ വരികയേ
ഹൃദ്യമേ, മദ്യമേ നീ!
18-03-1946
സ്വരരാഗസുധ
ചങ്ങമ്പുഴ
കാവ്യനർത്തകി
കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി,
കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി;
ഒഴുകുമുടയാടയിലൊളിയലകൾ ചിന്നി
അഴകൊരുടലാർന്നപോലങ്ങനെ മിന്നി;
മതിമോഹനശുഭനർത്തനമാടുന്നയി, മഹിതേ
മമ മുന്നിൽ നിന്നു നീ മലയാളകവിതേ!
ഒരുപകുതി പ്രജ്ഞയിൽ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയിൽ കരിപൂശിയവാവും
ഇടചേർന്നെൻ ഹൃദയം പുതുപുളകങ്ങൾ ചൂടി
ചുടുനെടുവീർപ്പുകൾക്കിടയിലും കൂടി
അതിധന്യകളുഡുകന്യകൾ മണിവീണകൾ മീട്ടി
അപ്സരരമണികൾ കൈമണികൾ കൊട്ടി
വൃന്ദാവനമുരളീരവപശ്ചാത്തലമൊന്നിൽ
സ്പന്ദിക്കുമാമധുരസ്വരവീചികൾ തന്നിൽ
താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി
താമരത്താരുകൾപോൽ തത്തീ ലയഭംഗി
സതതസുഖസുലഭതതൻ നിറപറവച്ചു
ഋതുശോഭകൾ നിൻമുന്നിൽ താലം പിടിച്ചു
തങ്കത്തരിവളയിളകി നിൻപിന്നിൽ തരളിതകൾ
സങ്കൽപസുഷമകൾ ചാമരം വീശി
സുരഭിലമൃഗമദതിലകിത ഫാലം
സുമസമ സുലളിത മൃദുലകപോലം
നളിനദല മോഹന നയനവിലാസം
നവകുന്ദസുമസുന്ദര വരമന്ദഹാസം
ഘനനീല വിപിനസമാന സുകേശം
കുനുകുന്തളവലയാങ്കിത കർണ്ണാന്തികദേശം
മണികനക ഭൂഷിത ലളിതഗളനാളം
മമമുന്നിലെന്തൊരു സൌന്ദര്യമേളം
സ്വരരാഗസുധ / കാവ്യനർത്തകി
ചങ്ങമ്പുഴ
മുനിമാരും മുകരാത്ത സുഖചക്രവാളം
പുണരുന്നു പുളകിതം മമജീവനാളം
ഇടവിടാതടവികളും ഗുഹകളും ശ്രുതികൂട്ടിയ
ജടതൻ ജ്വരജൽപനമയമായ മായ
മറയുന്നു-വിരിയുന്നൂ മമജീവൻ തന്നിൽ
മലരുകൾ-മലയാളകവിതേ, നിൻമുന്നിൽ
നിർനിമേഷാക്ഷനായ് നിൽപതഹോ ഞാനിദം
നിൻ നർത്തനമെന്തത്ഭുത മന്ത്രവാദം
കണ്ടുനിൻ കൺകോണുകളുലയവേ കരിവരി-
വണ്ടലയും ചെണ്ടുലയും വനികകൾ ഞാൻ
ലളിതേനിൻ കൈവിരലുകളിളകവേ കണ്ടു ഞാൻ
കിളിപാറും മരതകമരനിരകൾ
കനകോജ്ജ്വല ദീപശിഖാ രേഖാവലിയാലെ
കമനീയ കലാദേവത കണിവച്ചതുപോലെ
കവരുന്നു കവിതേ തവനൃത്തരംഗം
കാപാലികനെങ്കിലും എന്നന്തരംഗം
തവചരണ ചലനകൃത രണിതരസരംഗണം
തന്നോരനുഭൂതിതൻ ലയനവിമാനം
എന്നെ പലദിക്കിലുമെത്തിപ്പൂ ഞാനൊരു
പൊന്നോണപ്പുലരിയായ് പരിലസിപ്പൂ
കരകമലദലയുഗള മൃദുമൃദുലചലനങ്ങൾ
കാണിച്ചസൂക്ഷ്മലോകാന്തരങ്ങൾ
പലതും കടന്നുകടന്നു ഞാൻ പോയി
പരിധൃത പരിണതപരിവേഷനായി
ജന്മം ഞാൻ കണ്ടു ഞാൻ നിർവൃതി കൊണ്ടു
ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടു
ആയിരം സ്വർഗ്ഗങ്ങൾ സ്വപ്നവുമായെത്തി
മായികേ നീ നിൻ നടനം നടത്തി
പുഞ്ചിരി പെയ്തുപെയ്താടു നീ ലളിതേ
തുഞ്ചന്‍റെ തത്തയെ കൊഞ്ചിച്ച കവിതേ
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ
കുഞ്ചന്‍റെ തുള്ളലിൽ മണികൊട്ടിയ കവിതേ
പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടി
പാടിയുമാടിയും പലചേഷ്ടകൾ കാട്ടി
വിഭ്രമവിഷവിത്തുവിതക്കിലും ഹൃദിമേ
വിസ്മരിക്കില്ല ഞാൻ നിന്നെ സുരസുഷമേ
തവതലമുടിയിൽനിന്നൊരുനാരുപോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും
പോവുന്നൊ നിൻ നൃത്തം നിർത്തി നീ ദേവീ-അയ്യോ
പോവല്ലെ പോവല്ലെ പോവല്ലെ ദേവീ
20-04-1946