മയൂഖമാല
പ്രസ്താവന
ആയിരത്തിഒരുനൂറ്റിയെട്ടാമാണ്ടു മകരമാസത്തിൽ , ഇടപ്പള്ളി സാഹിത്യസമാജത്തിന്റെ വാർഷികയോഗത്തിൽ ഒരു പ്രസംഗത്തിനു ക്ഷണിക്കുവാനായി അതിന്റെ അന്നത്തെ കാര്യദർശിയായിരുന്ന എനിക്ക് എന്റെ വന്ദ്യഗുരുവായ ശ്രീമാൻ ജി.ശങ്കരക്കുറുപ്പിന്റെ ഭവനത്തിൽ ചെല്ലുവാനും, അദ്ദേഹത്തിന്റെ മാധുര്യം നിറഞ്ഞ ആതിഥ്യം സ്വീകരിക്കുവാനും ഭാഗ്യമുണ്ടായി. അന്ന് അദ്ദേഹത്തിന്റെ വായനമുറിയിൽ മേശപ്പുറത്തു കിടന്ന An Anthology of World Poetry എന്ന ഉത്തമഗ്രന്ഥം യാദൃച്ഛികമായി എന്റെ കണ്ണിൽപ്പെട്ടു. എറണാകുളം ഹൈസ്കൂളിൽ അഞ്ചാം ഫാറത്തിൽ പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാർത്ഥിയായ എനിക്ക് അന്ന് അതിലെ ഉത്കൃഷ്ടകാവ്യങ്ങൾ വായിച്ചു ശരിക്ക് ആശയം ഗ്രഹിക്കുവാനുള്ള ശക്തി അത്ര അധികമായിട്ടൊന്നുമുണ്ടായിരുന്നില്ലെങ്കിലും, ആ ഗ്രന്ഥം പ്രതിനിധീകരിച്ചിരുന്ന സാഹിത്യങ്ങളുടെ വൈവിദ്ധ്യം എന്നെ എന്തെന്നില്ലാതെ ആകർഷിച്ചു. പരിചയത്തിന്റെ പരിമിതിയിൽനിന്നും സഞ്ജാതമായ സങ്കോചത്തെ കവച്ചുവെച്ച്, ആ ഗ്രന്ഥം വായിക്കുവാനുള്ള എന്റെ അമിതമായ അഭിലാഷം ഒടുവിൽ അർത്ഥനാരൂപത്തിൽ ബഹിർഗമിക്കുകയും വിശാലഹൃദയനായ അദ്ദേഹം പിറ്റേദിവസം അവിടെനിന്നു ഞാൻ പോന്ന അവസരത്തിൽ അതെനിക്കു സദയം തന്നയയ്ക്കുകയും ചെയ്തു.
ഏതാണ്ടൊരു വർഷം കഴിഞ്ഞേ ഞാൻ പ്രസ്തുത ഗ്രന്ഥം അദ്ദേഹത്തിനു തിരിച്ചു കൊടുക്കുകയുണ്ടായുള്ളു. ആ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ അതിൽനിന്നും നൂറ്റമ്പതിൽപരം പദ്യങ്ങൾ അനുകരണരൂപത്തിൽ ഞാൻ മലയാളത്തിലേക്കു പകർത്തി. അതിനുമുമ്പു തന്നെ ഇംഗ്ലീഷിലുള്ള പല ലഘുകൃതികളും ഞാൻ വിവർത്തനം ചെയ്തു സൂക്ഷിച്ചിരുന്നു. അവയിലെ ആദ്യകാലത്തെ ഏതാനും കൃതികളാണ് ഈ പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൃതികൾ എന്നതിനേക്കാൾ എന്റെ കൗമാരത്തിലെ വികൃതികൾ എന്ന് ഇവയെ വിളിക്കുന്നതായിരിക്കും കൂടുതൽ ശരി.
എറണാകുളത്ത് മഹാരാജകീയകലാശാലയിൽ ചേർന്നതിനോടുകൂടി ഗ്രന്ഥങ്ങൾ കിട്ടുവാൻ എനിക്കു തീരെ ക്ലേശിക്കേണ്ടിവന്നില്ല. മാത്രമല്ല, പ്രൊഫസർ പി.ശങ്കരൻനമ്പ്യാർ എം.എ, എൽ.വി.രാമസ്വാമിഅയ്യർ എം.എ., ബി.എൽ തുടങ്ങിയ എന്റെ വന്ദ്യഗുരുഭൂതന്മാർ സാഹിത്യപരിശ്രമങ്ങളിൽ ഹൃദയപൂർവ്വം എന്നെ പ്രോത്സാഹിപ്പിക്കുവാനും തുടങ്ങി. തത്ഫലമായി ഉദ്ദേശം ആയിരത്തോളം പദ്യങ്ങൾ, ലോകത്തിലുള്ള വിവിധ സാഹിത്യങ്ങളിൽനിന്നും വിവർത്തനം ചെയ്യുവാൻ എനിക്കു സാധിച്ചു. അവയെല്ലാംതന്നെ ഈ ഗ്രന്ഥത്തിന്റെ തുടർച്ചയായി പ്രസിദ്ധപ്പെടുത്തണമെന്നുള്ളതാണ് എന്റെ ഉദ്ദേശ്യം. കേരളത്തിലെ നിഷ്പക്ഷബുദ്ധികളായ സഹൃദയന്മാർ എന്റെ ഈ സദുദ്യമത്തെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.
മയൂഖമാല
ചങ്ങമ്പുഴ
പൂക്കാരി
(ടാഗോർ)
താമരപ്പച്ചിലപ്പൊതിക്കുള്ളിലാ-
ത്തൂമലർമാല വെച്ചെനിക്കേകുവാൻ,
അന്നുഷസ്സി,ലപ്പൂങ്കാവനത്തിങ്കൽ
വന്നു നിന്നാളൊരന്ധയാം ബാലിക.
ഞാനതെൻ ഗളനാളത്തിലിട്ടപ്പോ-
ളാനന്ദാശ്രു പൊടിഞ്ഞിതെൻ കൺകളിൽ.
ബന്ധുരാംഗിയെച്ചുംബിച്ചു ചൊല്ലി ഞാ-
നന്ധയാണു നീയിപ്പൂക്കളെന്നപോൽ.
നിന്റെ സമ്മാനമെത്ര സമ്മോഹന-
മെന്നറിവീല നീതന്നെയോമനേ!...
-നവംബർ 1932
മയൂഖമാല
ചങ്ങമ്പുഴ
കാമുകൻ
(ഒരു ജർമ്മൻകവിതㅡഹീനേ)
അഴലുമാനന്ദവുമേകിയേകി-
യണയുന്നു പോകുന്നു വത്സരങ്ങൾ;
അടിയുന്നു പട്ടടക്കാടുതോറു-
മനുദിനമായിരം മാനസങ്ങൾ.
അതുവിധം നശ്വരമല്ലയെന്നാ-
ലനഘാനുരാഗമതൊന്നുമാത്രം!
ഒരുദിനം മാത്രംㅡഒരിക്കൽമാത്രം
ഭവതിയെക്കാണാൻ കഴിഞ്ഞുവെങ്കിൽㅡ
തവഹസിതാർദ്രമാമാനനം ക-
ണ്ടിവനു മരിക്കാൻ കഴിഞ്ഞുവെങ്കിൽㅡ
അമലേ, ഞാനാനന്ദതുന്ദിലനാ-
യരുളീടും നിന്നോടന്നിപ്രകാരം:
"അവനിയിലിന്നോളം നിന്നെ മാത്ര-
മനുരാഗാരാധനചെയ്തു, നാഥേ!"
--ജൂലൈ 1934
മയൂഖമാല
ചങ്ങമ്പുഴ
അവളുടെ സൗന്ദര്യം
(ഒരു ഇംഗ്ലീഷ് കവിത -- തോമസ് മൂർ)
ശാരദാംബരമെന്തുകൊണ്ടെന്നും
ചാരുനീലിമ ചാർത്തുന്നു ?
ഓമനേ, നിന്റെ തൂമിഴികൾപോൽ
കോമളമായിത്തീരുവാൻ!
ചേണെഴും പനീർപ്പൂക്കളെന്തിനു
ശോണകാന്തിയണിയുന്നു?
നിന്നിളംപൂങ്കവിൾത്തുടുപ്പിനോ -
ടൊന്നു മത്സരിച്ചീടുവാൻ!
മന്നിലെന്തെന്തും നിന്നെ നോക്കിയാം
സുന്ദരമാവതോമലേ!
ഭൂവിൽ വീഴുന്ന മൂടൽമഞ്ഞിത്ര
ധാവള്യമേന്തുന്നെന്തിനായ്?
മാർദ്ദവമുള്ളിലേറെയുള്ള നിൻ
മാർത്തടത്തിനോടൊക്കുവാൻ!
ബാലഭാസ്കരലോലരശ്മികൾ
ചേലിലെന്തിത്ര മിന്നുന്നു?
സ്വർണ്ണക്കമ്പികൾപോലെയുള്ള, നിൻ
ചൂർണ്ണകേശംപോലാകുവാൻ!
മന്നിലെന്തും നിന്നെ നോക്കിയാം
സുന്ദരമാവതോമലേ!
എന്തുകാരണ,മിപ്രകൃതിയാ-
ലന്തരംഗം കുളുർത്തിടാൻ?
ധന്യയാകുമവളിൽ കാണ്മതു
നിന്നെയാണു ഞാൻ, നിർമ്മലേ!
മാനസം ഭ്രമിപ്പിച്ചിടും ശക്തി
ഗാനത്തിലെന്തേ കാണുന്നു?
ബാലേ, നീ തൂകും തേന്മൊഴികൾതൻ
ശ്രീലമാധുരിയുണ്ടതിൽ
-മന്നിലെന്തിലും നിന്നുടെയൊരു
സുന്ദരച്ഛായ കാണ്മു ഞാൻ!...
--ഒക്ടോബർ 1933
മയൂഖമാല
ചങ്ങമ്പുഴ
അന്ത്യയാത്ര
(ഒരു ഗ്രീക്കുകവിത ---ലിയോണിദാസ്)
എത്രയും ധീരരായ് മുന്നോട്ടു മുന്നോട്ടു
മൃത്യുസാമ്രാജ്യം തിരഞ്ഞു പോയീടുവിൻ
കണ്ടുപിടിക്കാൻ വിഷമമില്ലാവഴി
കണ്ടകാകീർണ്ണവുമല്ലൊരുനാളിലും!
പാറപ്പടർപ്പില്ല കേറിക്കടക്കുവാ,-
നാറുകളില്ല തുഴഞ്ഞുപോയീടുവാൻ!
ദുർഗ്ഗമപ്പാതകളൊന്നുമതിലില്ല
ദുസ്തരമല്ലതിൻ മാർഗ്ഗമൊരിക്കലും.
വിസ്തൃതസുന്ദരപ്പൂവണിപ്പാതയൊ-
ന്നെത്തിപ്പതിനുണ്ടവിടത്തിൽ നമ്മളെ!
ക്ലേശപ്രദമല്ല സഞ്ചാരമല്പവും
നാശകരമല്ല യാനം, മനോഹരം!
കണ്ണുമടച്ചു നടക്കിലും നിങ്ങൾക്കു
ചെന്നുപറ്റാം വഴിതെറ്റാതെ നിർണ്ണയം!....
--മെയ് 1933
മയൂഖമാല
ചങ്ങമ്പുഴ
ഓമന
(ഒരു ലാറ്റിൻകവിത--കാറ്റല്ലസ്)
നർമ്മസല്ലാപത്തിലുത്സുകയാ,-
യെന്മനോനായിക മന്ദമന്ദം
മന്ദഹസിതമനോജ്ഞയായി-
സ്സന്തതമെത്തുന്നിതെന്നരികിൽ!
എന്തെല്ലാമായാലു,മോമലാൾത-
ന്നന്തരംഗം ഞാൻ കവർന്നുപോയി!
തീരെ പ്രതികൂലം ഭാവിച്ചാലും
താരൊളിമെയ്യതു മാമകീനം.
ഞാനു,മിന്നേറെപ്പരുഷഭാവം
സൂനാംഗിയാളോടു കാട്ടിയാലും,
എത്രയും ഗാഢമായ് സ്നേഹിപ്പു ഞാ-
നുത്തമയാകുമവളെ മാത്രം!..
ഒക്ടോബർ 1931
മയൂഖമാല
ചങ്ങമ്പുഴ
നിദ്രയിൽ
(ഒരു ജർമ്മൻ കവിത-ആൽഫ്രഡ് മോംബേർ)
എത്രയും ദൂരത്തുനിന്നു, ഞാ,നെൻനാട്ടി-
ലെത്തുന്നു സദ്രസം മൽസുഖനിദ്രയിൽ!
ഉത്തുംഗശൈലങ്ങൾ പാറപ്പടർപ്പുക-
ളത്യഗാധങ്ങളാമാഴിപ്പരപ്പുകൾ
എന്നിവയെല്ലാം കടന്നുകടന്നു ഞാ-
നെൻനാട്ടിലെത്തുന്നു മൽസുഖനിദ്രയിൽ.
ഘോരാന്ധകാരത്തി,ലോരോനിശാചര-
വീരരോടേറ്റമെതിർത്തു വിജയിയായ്,
നിഷ്പ്രയാസം ഞാൻ ഗമിക്കുന്നു മുന്നോട്ടു
നിദ്ര വന്നെന്നെയനുനയിപ്പിക്കയാൽ.
കോമളമാമൊരു ഹസ്തം ഗ്രഹിച്ചിതാ
മാമകമന്ദിരോപാന്തത്തിൽ നിൽപു ഞാൻ!
ഘണ്ടാനിനദപ്രതിദ്ധ്വനിവീചികൾ
വിണ്ടലത്തോളമുയരുന്നു മേൽക്കുമേൽ!
ഇത്തെരുവീഥികൾതോറും കുതൂഹല-
ചിത്തനായ്, വേച്ചും വിറച്ചു,മൊരുവിധം
മുന്നോട്ടു മുന്നോട്ടു പോവുകയാണിതാ
മന്ദസുഷുപ്തിയിൽ ബന്ധിതനായ ഞാൻ!
--നവംബർ 1932
മയൂഖമാല
ചങ്ങമ്പുഴ
വസന്താഗമത്തിൽ
(ഒരു പാരസികകവിത-ഹാഫീസ്)
ആസന്നമായിതിവിടെയും മംഗള-
ഭാസുരവാസന്തവാസരങ്ങൾ;
മന്ദമുണർന്നുകഴിഞ്ഞുപോയ് സുന്ദര
മന്ദാരമല്ലികാവല്ലികകൾ-
കണ്മണി, നീ മാത്രമെന്തിനു പിന്നെ,യീ
മണ്ണിനടിയിൽ കിടപ്പതേവം?
ഈ മധുമാസത്തിൽ തിങ്ങിനിറഞ്ഞീടും
ശ്യാമളനീരദമാലപോലെ,
കാതരേ, നിന്നുടെ കാരാഗൃഹത്തിന്മേൽ
കാളിമയാളുമിക്കല്ലറമേൽ,
ചിന്നിച്ചിതറിടാം കണ്ണീർക്കണികകൾ
പിന്നെയും പിന്നെയുമെന്മിഴികൾ.
മണ്ണിനടിയിൽനിന്നോമലേ, നീയും നിൻ
മഞ്ജുവദനമുയർത്തുവോളം!..
--ഏപ്രിൽ 1933
മയൂഖമാല
ചങ്ങമ്പുഴ
പ്രേമഗീതം
(ഒരു ഗ്രീക്കുകവിത--യൂറിപിഡെസ്)
ചാരുനീലനേത്രങ്ങളിൽ രണ്ടു
താരകങ്ങൾ തിളങ്ങവേ;
പുണ്യദീപ്തിയിൽ മുങ്ങിവന്നിതാ
നിന്നിടുന്നുണ്ടൊരോമലാൾ.
ദുർല്ലഭേ, നിന്നെക്കാമിക്കുമൊരു
മുല്ലസായകനാരയേ?
സുന്ദരഹിമബിന്ദുചിന്നിയ
കന്ദരങ്ങളിൽ മിന്നിടും
ദിവ്യയാമൊരു ദേവതയെപ്പോൽ
ഭവ്യരൂപിണിയാണു നീ!
പൊന്നിളംകതിർ ചിന്തി,യിന്നിതാ
മിന്നിടുന്നു നിന്നാനനം.
സർവ്വഭാഗ്യവും പിൻതുടരട്ടേ
സന്തതം നിന്നെ,യോമലേ!
ചാരുസൗരഭം വീശിടുമോരോ
താരണിക്കുളിർമാലയാൽ
താവകശിരസ്സത്ഭുതദീപ്തി
താവുമാറായിത്തീരട്ടെ!
--നവംബർ 1932
മയൂഖമാല
ചങ്ങമ്പുഴ
വിരഹി
(ഒരു ഇംഗ്ലീഷ് കവിത--ജെയിംസ് തോംസൺ)
മംഗലരാംഗമീ മന്നിടം കൈവെടി-
ഞ്ഞെങ്ങു നീ, കഷ്ടം, പറന്നൊളിച്ചു?
മൃത്യുവശഗരായ് മാറിമറയുന്ന
മർത്ത്യർക്കു വിശ്രമംനല്കുവാനായ്
ആനന്ദസങ്കേതമാകുമേതാരാമം
വാനിങ്കലുല്ലസിക്കുന്നതാവോ!
ആ രമ്യമാകുമാ വാടിയിൽ വാഴുവാ-
നാരോമലേ, നീ പറന്നുപോയോ?
അല്ലെങ്കിൽ, നിത്യമെൻ ശോകാർദ്രഗാനത്തിൻ
പല്ലവി കേട്ടു പരവശയായ്
തിങ്ങിപുറപ്പെടും ദീർഘനിശ്വാസമാർ-
ന്നങ്ങെങ്ങും ചുറ്റിത്തിരികയോ, നീ?
നിന്നിളംപൂവൊളിച്ചേവടിപ്പാടുക-
ളൊന്നൊഴിയാതെമറഞ്ഞമൂലം
ശൂന്യമായ്ത്തീർന്നൊരെൻ പൂമണിമേടയിൽ
കാണ്മതില്ലാനന്ദരേഖയേ ഞാൻ!...
ഓമൽത്തരുത്തണൽതോറുമൊറ്റയ്ക്കു ഞാൻ
ധീമങ്ങിയങ്ങിങ്ങലഞ്ഞിടുമ്പോൾ;
നീയായ് ഗണിച്ചു, നിഴലിനോ,ടെന്മനം
നീറുംകഥകൾ പറഞ്ഞുകൊള്ളാം!
എന്നശ്രുബിന്ദുക്കളൊക്കെ, ഞാനായതിൻ
മുന്നിൽ പൊഴിച്ചു മടങ്ങിക്കൊള്ളാം!
ആവിധമെങ്കിലും തെല്ലാശ്വസിക്കുവാ-
നാവുമെന്നാകിൽ കൃതാർത്ഥനായ് ഞാൻ!
കാരുണ്യകല്ലോലമോലുമേതെങ്കിലും
കാനനച്ചോലതൻ കൂലഭൂവിൽ
ശോകാകുലാക്ഷിപുടങ്ങളടച്ചു, ഞാ-
നേകാന്തവിശ്രമംകൊണ്ടിടുമ്പോൾ;
വിണ്ണിൽനിന്നൊറ്റ വിനാഴികയെങ്കിലും
മന്നിതിൻ വീണ്ടും മടങ്ങിയെത്തി;
സന്ദർശിച്ചീടേണമെന്നെ,യൊരുജ്ജ്വല-
സുന്ദരസ്വപ്നത്തി,ലോമനേ, നീ!...
--ജനുവരി 1932
മയൂഖമാല
ചങ്ങമ്പുഴ
സഖിയോട്
(ടാഗോർ)
അനുദിനമദ്ദേഹമിങ്ങണയു-
മതുപോലെതന്നെ മടങ്ങിപ്പോകും.
അയി, സഖി, നാഥനെൻ വേണിയിൽനി-
ന്നലരൊന്നു കൊണ്ടുപോയ് നല്കുക നീ.
അതു തന്നതാരെന്നു ചോദിച്ചാ,ലെ-
ന്നഭിധാന,മയ്യോ, നീ ചൊല്ലരുതേ!
ഇവിടെ വന്നെത്തും മടങ്ങിപ്പോകു-
മിവയല്ലാതദ്ദേഹം ചെയ്വീലൊന്നും.
തരുവിന്റെ താഴെപ്പൊടിമണലിൽ
തണലിലദ്ദേഹം തനിച്ചിരിപ്പൂ.
അയി, സഖി, നീയങ്ങു ചെന്നനേക-
മണിമലർകൊണ്ടുമിലകൾകൊണ്ടും,
ഒരു വിരിപ്പദ്ദേഹത്തിന്നിരിക്കാൻ
വിരവിൽ വിരിച്ചുകൊടുത്തിടേണം.
അഴലേന്തിടുന്നതാണാ മിഴിക-
ളവ മമ ചിത്തത്തിലാധിചേർപ്പൂ.
അരുളുന്നീലദ്ദേഹം തന്മനസിൽ
നിറയുന്നതെന്താണെന്നെന്നോടിന്നും.
ഇവിടെ വന്നെത്തും മടങ്ങിപ്പോകു-
മിവയല്ലാതദ്ദേഹം ചെയ്വീലൊന്നും!
--മാർച്ച്1932
മയൂഖമാല
ചങ്ങമ്പുഴ
എന്നെ നീ ധന്യനാക്കണേ!
(ഒരു ഇംഗ്ലീഷ് കവിത--ഡ്രൈഡൻ)
വിജയം നിഴലിച്ചീടും
നിൻ നീലനയനത്തിനായ്
വിധുനേർമുഖി, കൈക്കൊൾകി--
ന്നൊരു സമ്മാന,മോമനേ!
തല ചേവടിതൻമുന്നിൽ
തലതാഴ്ത്തുന്നിതൊട്ടുപേർ
എന്നാലവരിൽനിന്നെന്നെ
വേർതിരിച്ചറിയേണമേ!
ആയിരം കാന്തവസ്തുക്കൾ
കാമണ്മതുണ്ടിവനെങ്കിലും
നിന്നെമാത്രം വിശേഷിച്ചു
വീക്ഷിച്ചീടുന്നതുണ്ടു ഞാൻ
വെൽവു നിൻ വദനാംഭോജം
സർവ്വസൗന്ദര്യസഞ്ചിതം
തവ ചേഷ്ടകളോരോന്നു-
മാകർഷിക്കുന്നു മന്മനം.
നീ നിശ്ശബ്ദത ഭഞ്ജിച്ചു
നിലകൊള്ളുന്നവേളയിൽ
തൂമരന്ദം തുളിച്ചീടും
തവ വാക്കുകൾ കേൾക്കുവാൻ.
തങ്ങൾ പാടുന്ന സൂക്തങ്ങൾ
സർവ്വവും വിസ്മരിച്ചുടൻ
ആകാശദേവിമാരെല്ലാ-
മാഗമിപ്പൂ തവാന്തികേ! (യുഗ്മകം)
എന്നാലവർ, ശുഭേ, നിന്നെ-
ക്കണ്ടു, നിൻമൊഴി കേൾക്കവേ;
പിരിയാൻ മടിപൂണ്ടാശി-
ച്ചിരിക്കാമൊത്തു വാഴുവാൻ!
ഒരു സൗന്ദര്യവും നിന്നി-
ലിനിയില്ലൊത്തുചേരുവാൻ
എന്നാലവ വെറും ശൂന്യം
സ്നേഹിച്ചീടായ്കിലെന്നെ നീ.
നീയെന്നെ നിരസിച്ചാകിൽ
നിലച്ചൂ നിന്റെ മാധുരി
തേന്മാവിൽ പടരാതുള്ള
തൈമുല്ലയ്ക്കെന്തു കൗതുകം?
എന്റെ നേരെയടിച്ചീടും
ദുർവിധിക്കാറ്റിനെ ക്ഷണം
തടുത്തുനിർത്തിയാലും നീ
സദയം സാരസേക്ഷണേ!
മരണം വരുമെന്നോടു
മല്ലടിച്ചു ജയിക്കുവാൻ
അതിൻമുൻ,പമലേ വൈകാ-
തെന്നെ നീ ധന്യനാക്കണേ!...
--ആഗസ്റ്റ് 1931
മയൂഖമാല
ചങ്ങമ്പുഴ
എന്റെ കൗലശം
(ഒരു ജപ്പാൻകവിത--കോക്കിനോമോട്ടോ-നോ-ഹിറ്റൊമാറോ)
ശോണിമവീശിയ പൂങ്കവിൾക്കൂമ്പുമായ്
സായാഹ്നസന്ധ്യ വന്നെത്തിടുമ്പോൾ;
സ്ഫീതാനുമോദമെൻ പൂമണിമച്ചിന്റെ
വാതായനം തുറന്നിട്ടിടും ഞാൻ.
രാഗമധുരമാമോരോ കിനാവിലും
മാമകപാർശ്വത്തിലെത്തുമെന്നായ്
സമ്മതം നല്കിയിട്ടുള്ളൊരെൻ ദേവനെ-
പ്പിന്നെ, ഞാൻ സാദരം കാത്തിരിക്കും!
അല്ലിൽ, പടിപ്പുരവാതില്ക്കലെത്തുവാൻ
തെല്ലൊരു കൗശലം ഞാനെടുത്തു.
"ചേലിൽ, മുളകളാൽ മുറ്റത്തു നിർമ്മിച്ച
'വേലി' ഞാൻ ചെന്നൊന്നു നോക്കിടട്ടേ!"
ഏവം കഥിച്ചെഴുനേറ്റു ഞാനങ്കണ-
ഭൂവിലേക്കാമന്ദമാഗമിച്ചു.
എന്നാ,ലെൻ നാഥ, ഞാനങ്ങനെ ചെയ്തതു
നിന്നെക്കണ്ടെത്തുവാനായിരുന്നു!...
--ഫെബ്രുവരി 1933
മയൂഖമാല
ചങ്ങമ്പുഴ
ബാഷ്പധാര
(ഒരു ജർമ്മൻകവിത--ഷില്ലർ)
ലോലമേചകമേഘമാലകൾ
നീലവാനിൽ നിറയുന്നു!....
ഗർജ്ജനംചെയ്‌വു ഘോരഘോരമായ്
പച്ചക്കാടുകളൊക്കെയും!-
വാരിരാശിതൻ തീരഭൂവിലാ-
വാരിജാക്ഷിയലയുന്നു!
കല്ലിൽവന്നലച്ചീടുന്നു തുംഗ-
കല്ലോലച്ചുരുളോരോന്നായ്.
ഹാ, നിശയിലെക്കൂരിരുളിലാ-
ക്കോമളാംഗിതൻ രോദനം
സംക്രമിപ്പു പരിസരങ്ങളിൽ
തങ്കുമേകാന്ത വായുവിൽ!
ദുസ്സഹാതങ്കപൂരിതം, കഷ്ട-
മസ്സുമാംഗിതൻ മാനസം!
നീറിടുകയാണെന്മനമയ്യോ-
ലോകമിന്നിത്ര ശൂന്യമോ?
ഇല്ലെനിക്കിനി മോഹിപ്പാനില്ലീ-
മന്നിടംതന്നിലൊന്നുമേ.
ലോകനായകാ, നിൻകിടാവിനെ
വേഗമങ്ങു വിളിക്കണേ!
ഇന്നോളം മന്നിൽ ജീവിച്ചേനിവൻ
ധന്യധന്യനായ് സ്നേഹിച്ചേൻ,
പോരും-നാളേക്കു സജ്ജമാക്കുകെൻ
മാരണാംബരം തോഴരേ
---മാർച്ച് 1933
മയൂഖമാല
ചങ്ങമ്പുഴ
കേളീതല്പം
(ടാഗോർ)
വിപുലനൈരാശ്യത്താലത്രമാത്രം
വിവശമായ്ത്തീർന്നൊരീ നിൻഹൃദന്തം
സദയം വിരിച്ചാലുമോമലേ , നീ
മമ ജീവിതത്തിൻ വിജനതയിൽ!
അവിടെയൊരേകാന്തദീപികത-
ന്നവികലമോഹനദീപ്തിയിങ്കൽ
ഇരുവർ നമുക്കൊത്തുചേർന്നിരിക്കാ-
നൊരു നവലോകം നമുക്കു തീർക്കാം!
ഒരു വെറുംഗാനം-മനോജ്ഞമാകു-
മൊരു നീണ്ടചുംബനം-എന്നിവയും;
മമ വസനത്തിലൊരർദ്ധഭാഗം
മസൃണശയ്യാതലം മൂടുവാനും;-
മതി;-യിവയൊക്കെയുമൊത്തൊരുമി-
ച്ചവിടെ നമുക്കു സമുല്ലസിക്കാം !
----ഫെബ്രുവരി 1933
മയൂഖമാല
ചങ്ങമ്പുഴ
മരിച്ചിട്ട്
(ഒരു ഗ്രീക്ക്കവിത - പ്ലേറ്റോ)
ജീവനായികേ, നിൻ മുഖത്തിങ്കലെ-
ത്തൂവെളിച്ചം മറവതിൻമുൻപു, നീ
സുപ്രഭാതസുരുചിരതാരപോ-
ലപ്രമേയരുചി പൊഴിച്ചീടിനാൾ!
ഇന്നു നീ മരിച്ചീടവേ, മൃത്യുവിൻ
സുന്ദരാരാമമാർന്നു സുഖിച്ചിടും,
ജീവികളെക്കുളുർപ്പിക്കുമസ്സാന്ധ്യ-
താരകപോൽ വിളങ്ങുകയാം, ശുഭേ!
----ജനുവരി 1933
മയൂഖമാല
ചങ്ങമ്പുഴ
എന്തു ഫലം ?
(ഒരു ഇംഗ്ലീഷ് കവിത-ഷെല്ലി)
നീലൊരിച്ചോലകൾ ചെന്നു ചേർന്നിടുന്നു തടിനിയിൽ
ചാരുതരംഗിണികൾ ചെന്നംബുധിയോടും;
ഒരു മധുരവികാരതരളതയാർന്നു വിണ്ണിൽ
മരുത്തുകളെന്നെന്നേക്കുമൊരുമിക്കുന്നു;
മന്നിലെങ്ങുമൊറ്റതിരിഞ്ഞൊന്നുമില്ല നിന്നീടുന്ന-
തെന്നാ,ലെല്ലാമൊരു ദിവ്യനിയമംമൂലം
ചെന്നുചേർന്നു ലയിക്കയാണൊരാത്മാവി,ലെന്തുകൊണ്ടു
പിന്നെ, നിന്നിലൊന്നെനിക്കും ലയിച്ചുകൂടാ ?
കാണുകതാ ദൂരെയോരോ ഗിരിനിര നീലവിണ്ണിൻ
ചേണണിപ്പൂങ്കവിൾക്കൂമ്പിലുമ്മവയ്ക്കുന്നു;
തിറമൊടു തമ്മിൽത്തമ്മിൽത്തെരുതെരെത്തിരമാല
മുറുകെക്കെട്ടിപ്പിടിച്ചു മുകർന്നീടുന്നു;
തന്നിടാവതല്ല മാപ്പു പെൺമലരൊന്നിനു,മതു
തന്നിണത്തീരനെത്തീരെ നിരസിച്ചെങ്കിൽ;
ദിനനാഥകിരണങ്ങൾ തഴുകുന്നു വസുധയെ-
പ്പനിമതി പയോധിയെച്ചുംബനംചെയ്‌വൂ;
-ഗുണമെന്താണിവയുടെ മധുരമാം തൊഴിലിനാൽ
പ്രണയമേ, നീയെന്നെയും പുണർന്നിടായ്കിൽ?-
-----ഏപ്രിൽ 1933
മയൂഖമാല
ചങ്ങമ്പുഴ
വരിക വരിക മരണമേ !
(ഒരു ഇംഗ്ലീഷ് കവിത - ഷേക്സ്പിയർ)
മരണമേ , വരിക നീ, വരിക നീ,യെന്നെയൊരു
മരതകപ്പച്ചക്കാട്ടിൽ മറചെയ്താവൂ.
പറക്കുക മമ പ്രാണവാതമേ നീ, നിർദ്ദയയാ-
മൊരു മനോഹരിയാൽ ഞാൻ ഹനിക്കപ്പെട്ടേൻ.
ഹരിതപത്രങ്ങളാലേ സജ്ജമാക്കിക്കൊളുളകെന്റെ
മരവിച്ച ജഡം മൂടുമന്ത്യനിചോളം.
അത്രമാത്രം പരമാർത്ഥമായിട്ടൊരുവനുമെന്റെ
മൃത്യവിൻ വിഭാഗമയ്യോ, പങ്കുകൊണ്ടീല!
ഒരു പുഷ്പം, മധുരമാമൊരു പുഷ്പ,മിരുണ്ടൊരെൻ
മരണശയ്യയിലാരും ചൊരിഞ്ഞീടൊല്ലേ!
ഒരു സഖാ,വൊരു,സഖാ,വഭിവാദ്യംചെയ്തിടായ്കെൻ
വെറുമസ്ഥിചിതറേണ്ടും മൃതശരീരം.
ആവിലകാമുകനൊരിക്കലും കണ്ടെത്താത്തിട,മെ-
ങ്ങായിരമായിരം നെടുവീർപ്പു സൂക്ഷിപ്പാൻ-
തേങ്ങിതേങ്ങിച്ചുടുകണ്ണീർക്കണമേറെപ്പൊഴിക്കുവാ-
നങ്ങു, വേഗമെന്നെ,യയ്യോ, മറചെയ്താവൂ !
------മാർച്ച് 1932
മയൂഖമാല
ചങ്ങമ്പുഴ
അന്നത്തെ വേർപാട്
(ഒരു ഇംഗ്ലീഷ് കവിത - ഷെല്ലി)
വിറകൊള്ളും ചുണ്ടാൽ ചിലതെല്ലാമവൾ
വിരഹവേളയിലുരിയാടി.
അവളുടെ മനം തകരുന്നുണ്ടെന്ന-
തറിയാറായതില്ലതുകാലം.
അതുമൂലമൊന്നും കരുതാതെതന്നെ-
യവിടെനിന്നും ഞാൻ നടകൊണ്ടേൻ.
അവളരുളിന മൊഴികളൊന്നുമേ
ചെവിയിലേശീലാ ലവവും മേ.
ദുരിതമേ!-ഹാ! ഹാ! ദുരിതമേ! ലോകം
പെരിയതാം നിന,ക്കറിക നീ!
-----മാർച്ച് 1932
മയൂഖമാല
ചങ്ങമ്പുഴ
എന്റെ ദേവിയോട്
(ഒരു ഇംഗ്ലീഷ് കവിത - കോളറിഡ്ജ്)
"ഒരു ചുംബനം നാഥേ!" -ചൊല്ലി നിശ്വസിച്ചേൻ ഞാൻ
പരുഷം നിൻവാക്യമീയർത്ഥന, നിരസിച്ചു!
എന്തിനായ് ത്യജിപ്പതീക്കുറ്റമറ്റതാം ഭാഗ്യ-
മെന്തൊരു ചുംബനത്തിലാപത്തിനൊളിക്കാമോ?
ആ മലഞ്ചെരുവിങ്കലദൃഷ്ടമലയുവോൻ
തൂമയിലണഞ്ഞീടും വാരുണസമീരണൻ
സുപ്രഭാതാരംഭത്തിൽ, സന്ധ്യതൻ സമാപ്തിയിൽ
പൊൽപനീരലരിന്റെ സൗരഭം നുകരുന്നു;
ഹാനിപറ്റാത്തോരവൾതന്നുടെ ചുറ്റും പറ്റി-
യാനന്ദനിശ്വാസംപൂണ്ടായവൻ നൃത്തംചെയ്‌വൂ.
സുവനാനിലബാലലോലപക്ഷത്തിൽ, ബല-
മവൾതൻ, തേനോലുന്ന ചുംബനം തളിക്കുന്നു.
അനുരാഗത്താൽ പനിനീർമലരിതളിങ്ക-
ലവനോ തൂമഞ്ഞിന്റെ മിന്നിച്ച ചിതറുന്നു.
നാണത്താ,ലതാ കാണ്ക, തൻ തലകുനിച്ചവൾ
ശോണവർണ്ണമാം ഛായ നീളവേ വീശീടുന്നു.
ആ രമ്യാധരോഷ്ഠങ്ങൾ, വിരിയുന്നതാം പനിനീർ-
ത്താരിന്റെ വിജയത്തിൻ ഭേരികൾ മറയ്ക്കുന്നു!
ഹാ, മനോഹരേ, ശുഭേ, തെളിയിച്ചാലും നീയി-
പ്രേമനിശ്വാസത്തിനെയവതൻ വികാരത്തെ !
നീ മന്ത്രിച്ചതാം 'ഇല്ല' പൂർണ്ണമോദം ഞാൻ കേട്ടേ-
നാ മന്ത്രസ്ഥിതമായോ'രില്ല'-യില്ലതിനർത്ഥം !
മധുഭാഷിണി, മന്ദമന്ദം നീയരുളിയ
'മധുരക്കള'വതു സമ്മതം ദ്യോതിപ്പിപ്പു!
എന്തെന്നാലച്ചെഞ്ചൊടി രണ്ടിലുമുദിപ്പതു -
ണ്ടഞ്ചിതമാകുമൊരു പൂമന്ദഹാസാങ്കുരം
അല്പലജ്ജമായീടുമപ്രിയോക്തിയാൽ പ്രേരി-
പ്പിപ്പു നീ, 'യാനന്ദ'ത്തെയാമന്ദം കുതികൊൾവാൻ !....
-------മെയ് 1933
മയൂഖമാല
ചങ്ങമ്പുഴ
ഹൃദയാനുഗമനം
(ഒരു ഇംഗ്ലീഷ് കവിത-ഷെല്ലി)
ഓമനേ, നിൻകടാക്ഷത്തിൻവെളിച്ചത്തിൽ വിവശമാം
മാമകാത്മാവന്നു സുഖമിരുന്നിരുന്നു ,
ഉച്ചവെയിലേറ്റരുവികൾതേടും പേടമാനിനേപ്പോ-
ലുച്ച,മെന്റെമനം വീർപ്പുമുട്ടി നിനക്കായ്!
കൊടുങ്കാറ്റും കിടയറ്റ കുതിപൂണ്ട കുതിര,നി-
ന്നുടെ രൂപമെന്നിൽനിന്നുമകറ്റി ദൂരെ;
മമ പാദമതിവേഗം ക്ഷീണിതമായ്ത്തീരുകയാൽ
മനം നിന്നോടൊത്തു കൂട്ടായനുഗമിച്ചു!
അതിചണ്ഡപവനനോ, തുരഗമോ, മരണമോ
കുതികൊള്ളുന്നതിനേക്കാളധികവേഗം,
മൃദുലചിന്തകളേകും സൂക്ഷ്മപത്രങ്ങളോടൊത്തു
മദീയമാനസമെത്തും,കപോതം പോലെ.
സമരത്തിൽ, തിമിരത്തി,ലാവശ്യത്തിൽ ഭവതിയെ
മമ സംരക്ഷണത്തിങ്കലണച്ചുകൊൾവാൻ!
അതിൽനിന്നു നിനക്കുണ്ടാമാനന്ദങ്ങൾക്കെല്ലാ,മൊരു
പുതുപുഞ്ചിരിയുമർത്ഥിച്ചിടാ ഞാൻ, നാഥേ!...
----ഫെബ്രുവരി 1932
മയൂഖമാല
ചങ്ങമ്പുഴ
ഏകാന്തതയിൽ
(ഒരു ജർമ്മൻ കവിത-ഗെഥേ)
അരികിലാ രമ്യഹസിതം വീശി നീ
വരികയില്ലിനിയൊരുനാളും.
കരയുവാനെന്നെത്തനിയേ വിട്ടിദം
കമനീയേ, നീയിന്നെവിടെപ്പോയ്?
ഒരു പദംപോലും-മധുരമായിടു-
മൊരു രവംപോലും-ഒരുനാളും
അണയുന്നീലല്ലോ മമ കർണ്ണത്തിങ്ക-
ലമലേ, ഞാനെന്തു പറയട്ടെ ?
സരളസംഗീതലഹരി തൂവിക്കൊ-
ണ്ടൊരു വാനമ്പാടി ഗഗനത്തിൽ,
കനകനീരദ നിരകളാൽ മറ-
ഞ്ഞെവിടെനില്പതെന്നറിയുവാൻ,
പുലർകാലത്തൊരു പഥികനേത്രങ്ങൾ
പലതവണയും വിഫലമായ്,
തരളനീലിമ വഴിയുമാകാശ-
ത്തെരുവിലങ്ങിങ്ങായലയുമ്പോൾ;
ഹരിതകാനനനികരവു,മോരോ-
വയലും, മഞ്ജുളവനികളും
തരണംചെയ്തിന്നെൻ വിവശവീക്ഷണം
ഭരിതനൈരാശ്യം തിരിയുന്നു.
മധുരികെ, നിന്നെക്കരുതിയാണിന്നെൻ
മധുരഗാനങ്ങളഖിലവും
സദയം വീണ്ടുമെന്നരികിലിന്നൊന്നെൻ
ഹൃദയനായികേ, വരുമോ നീ.
-------മെയ് 1933
മയൂഖമാല
ചങ്ങമ്പുഴ
ആകാശഗംഗ
(ഒരു ജപ്പാൻകവിത)
അതാ, അദ്ദേഹം വരുന്നുണ്ട്!-
ചിരകാലമായി ഒരു നോക്കൊന്നു കാണാൻ കൊതിച്ച്
ഇവിടെ,
ഈ ആകാശഗംഗാതടത്തിൽ ,
ഞാൻ ആരെക്കാത്തു കഴിഞ്ഞിരുന്നുവോ,
അദ്ദേഹം, എന്റെ ജീവനായകൻ,
അതാ വരുന്നുണ്ട്...
എന്റെ ഉത്തരീയം
ആബദ്ധമാക്കേണ്ട നിമിഷം
ആസന്നമായിക്കഴിഞ്ഞു.
അനശ്വരമായ സ്വർഗ്ഗത്തിലെ ഈ
അമൃതസരിത്തിൽ,
തന്റെ വെള്ളിത്തോണിയിൽ,
ഇന്നുരാത്രിതന്നെ,
എന്റെ ഹൃദയേശ്വരൻ,
എന്റെ സമീപം എത്തിച്ചേരും-
സംശയമില്ല!...
ഇരുകരകളിലും,
മേഘമാലകളും, മരുത്തുകളും
നിർബ്ബാധം വരികയും പോകയും ചെയ്യുന്നുണ്ടെങ്കിലും
എനിക്കും,
വിദൂരത്തിലിരിക്കുന്ന എന്റെ ഹൃദയേശ്വരനും ഇടയ്ക്ക്,
യാതൊരു സന്ദേശവും കടന്നെത്തുകയില്ല.
ഒരാൾക്കു നിഷ്പ്രയാസം സാധിക്കും ,
മറുകരയിലേക്കൊരു വെള്ളാരങ്കല്ലു വലിച്ചെറിയാൻ!-
എന്നിരുന്നാലും,
അദ്ദേഹത്തിന്റെ സമീപത്തുനിന്നും,
ആകാശഗംഗമൂലം,
വിയുക്തയായിരിക്കുന്നതിനാൽ,
കഷ്ടം,
ഒരു സന്ദർശനത്തിനായാശിക്കുക (ആട്ടം- കാലത്തിൽമാത്രമല്ലാതെ) എന്നുള്ളത്,
തികച്ചും ഫലശൂന്യമാണ്!...
ആട്ടം കാലത്തിലെ ഇളങ്കാറ്റു
വീശുവാൻ ആരംഭിച്ച
ആദ്യത്തെ ദിവസം മുതൽ
(ഞാൻ എന്നോടുതന്നെ
ചോദിച്ചുകൊണ്ടിരുന്നു)
മയൂഖമാല / ആകാശഗംഗ
ചങ്ങമ്പുഴ
"ഹാ , എപ്പോഴാണ് ഞങ്ങൾ പരസ്പരം കണ്ടുമുട്ടുക?" -
എന്നാൽ, ഇപ്പോൾ,
എന്റെ ഹൃദയേശ്വരൻ-
അനേകനാളായി ഒരുനോക്കൊന്നു കാണാനാശിച്ചാശിച്ച് ,
ഞാൻ ഇവിടെ കാത്തിരിക്കുന്ന എന്റെ ഹൃദയേശ്വരൻ-
അതാ, വന്നുകഴിഞ്ഞു, തീർച്ച!...
ആകാശഗംഗയിലെ ജലം
അത്ര അധികമൊന്നുമുയർന്നിട്ടില്ലെങ്കിലും,
അതു തരണംചെയ്ത്,
എന്റെ കാമുകനെ,
എന്റെ ജീവനായകനെ,
ഇനിയുമിങ്ങനെ കാത്തിരിക്കുകയെന്നത്
തികച്ചും ദുസ്സഹമാണ്!...
അവളുടെ പട്ടുദാവണി
മന്ദമന്ദമിളകിക്കൊണ്ടിരിക്കുന്നതു കാണത്തക്കവിധം,
അത്രയ്ക്കടുത്താണവൾ നില്ക്കുന്നതെങ്കിലും,
ആട്ടംകാലത്തിനുമുൻപ്,
നദീതരണം നിർവ്വഹിക്കുവാൻ യാതൊരു മാർഗ്ഗവുമില്ല!...
ഞങ്ങൾ വേർപിരിഞ്ഞ അവസരത്തിൽ,
ഒരൊറ്റ നിമിഷം മാത്രമേ,
ഞാൻ അവളെ കണ്ടുള്ളു-
പറന്നുപോകുന്ന ഒരു ചിത്രശലഭത്തെ
ഒരാൾ കാണുന്നതുപോലെ,
ഒരു നിഴൽപോലെ, മാത്രമേ
ഞാൻ അവളെ കണ്ടുള്ളു ;
ഇപ്പോൾ,
മുൻപിലത്തെപ്പോലെ,
ഞങ്ങളുടെ അടുത്ത സന്ദർശനഘട്ടംവരെ ,
ഞാൻ,
അവൾക്കുവേണ്ടി,
യാതൊരു ഫലവുമില്ലാതെ
അങ്ങനെയാശിച്ചാശിച്ച് ,
കഴിഞ്ഞുകൂടേണ്ടിയിരിക്കുന്നു!....
ഹീക്കോ ബോഷി,
അയാളുടെ പ്രിയതമയെ കാണുവാൻവേണ്ടി,
തോണി തുഴഞ്ഞുപോവുകയാണെന്നു തോന്നുന്നു; -
നല്ലതുപോലെ കണ്ടുകൂടാ;-
ഒരുനേരിയ മൂടൽമഞ്ഞ്.
ആകാശഗംഗാപ്രവാഹത്തിനുമീതെ,
മയൂഖമാല / ആകാശഗംഗ
ചങ്ങമ്പുഴ
ഉയർന്നുതുടങ്ങുന്നു!...
മൂടൽമഞ്ഞിനാൽ മൂടപ്പെട്ട
ഈ ആകാശഗംഗാതടത്തിൽ,
ഞാൻ,
എന്റെ പ്രാണനാഥനെക്കാത്തുനില്ക്കുമ്പോൾ,
ഇതാ, എങ്ങനെയാണാവോ,
എന്റെ പാവാടത്തുമ്പുകൾ,
നനഞ്ഞുപോയിരിക്കുന്നു!...
ആകാശഗംഗയിൽ,
ആഗസ്റ്റമാസത്തിലുള്ള കടത്തുകടവിൽ,
ജലത്തിന്റെ ശബ്ദം
ഉയർന്നുകഴിഞ്ഞു;
ചിരകാലമായി,
ഒന്നു കാണാൻ കൊതിച്ച്,
ഞാനിവിടെക്കാത്തുനില്ക്കുന്നു.
എന്റെ ഹൃദയവല്ലഭൻ,
പക്ഷേ,
ക്ഷണത്തിൽ,
ഇവിടെ എത്തുമായിരിക്കും!...
ടനബാറ്റ,
അവളുടെ നീളമേറിയ ദാവണിയുടെ തുമ്പുകൾ
ചുരുട്ടിക്കൂട്ടിക്കിടന്നുറങ്ങുകയാണ്.
പ്രഭാതം,
അരുണിമയാടിത്തുടുതുടക്കുന്നതുവരെ,
അല്ലയോ, നദീതരംഗങ്ങളേ,
നിങ്ങളുടെ വിലാപങ്ങളാൽ
അവളെ നിങ്ങൾ ഉണർത്തരുതേ!
ആകാശഗംഗയ്ക്കുമീതെ
ഒരു മൂടൽമഞ്ഞു പരക്കുന്നത്
അവൾ കാണുന്നു....
"ഇന്ന്, ഇന്ന്,"
അവൾ വിചാരിക്കുകയാണ്;
"ചിരപ്രാർത്ഥിതനായ
എന്റെ ജീവനായകൻ
മിക്കവാറും,
അദ്ദേഹത്തിന്റെ വെള്ളിക്കളിത്തോണിയിലേറി
ഇവിടെ എത്തുമായിരിക്കും! "
ആകാശഗംഗയിലെ,
'യാസു'കടത്തുകടവിൽ
മയൂഖമാല / ആകാശഗംഗ/h5>
ചങ്ങമ്പുഴ
ഓളങ്ങളുടെമീതെ,
അതാ കിടന്നു ചാഞ്ചാടുന്നു,
അദ്ദേഹത്തിന്റെ വെള്ളിത്തോണി;
ഞാൻ നിങ്ങളോടപേക്ഷിക്കുന്നു,
ഞാൻ ഇവിടെ കാത്തുനില്ക്കുന്നുവെന്ന്,
എന്റെ ജീവനായകനോട്,
നിങ്ങളൊന്നു പറഞ്ഞേക്കണേ!
ഒരു നക്ഷത്രദേവതയായതിനാൽ,
അസീമമായ ആകാശമണ്ഡലത്തിൽ,
എന്റെ ഇഷ്ടംപോലെ,
അങ്ങുമിങ്ങും എനിക്കു കടന്നുപോകാം....
എന്നിരുന്നാലും,
നിനക്കുവേണ്ടി,
തരംഗിണീതരണം നിർവഹിക്കകയെന്നത്
തീർച്ചയായും,
വിഷമമേറിയ ഒരു ജോലിതന്നെയാണ്.
അനേകമനേകം യുഗാന്തരങ്ങൾക്കപ്പുറംതൊട്ടുതന്നെ
രഹസ്യമായി മാത്രമേ
അവൾ എന്റെ പ്രാണസർവ്വസ്വമായിരുന്നുള്ളു;-
അങ്ങനെയാണെങ്കിലും
ഇന്നെനിക്കവളോടു തോന്നുന്ന
നിതാന്താഭിലാഷംനിമിത്തം,
ഞങ്ങളുടെ ഈ ബന്ധം
മനുഷ്യനും അറിയാനിടയായിത്തീർന്നു.
ആകാശവും ഭൂമിയും
അന്യോന്യം വേർപെട്ടകാലംമുതല്ക്കേ
അവൾ എന്റെ സ്വന്തമായിരുന്നു;-
എങ്കിലും,
അവളോടൊന്നിച്ചുചേരുന്നതിന്,
ആട്ടംകാലംവരെ,
എനിക്കു കാത്തിരിക്കേണ്ടിയിരിക്കുന്നു!
ശോണോജ്ജ്വലങ്ങളായ
ഇളം പൂങ്കവിൾത്തടങ്ങളോടുകൂടിയ
എന്റെ പ്രേമസർവ്വസ്വത്തോടൊരുമിച്ച്
ഒരു ശിലാതളിമത്തിൽ കിടന്നു
സുഖസുഷുപ്തിയിൽ ലയിക്കുന്നതിലേക്കായി,
ഇന്നു രാത്രി,
തീർച്ചയായും,
ഞാൻ,
ആകാശഗംഗാതടത്തിലേക്കിറങ്ങും!
മയൂഖമാല / ആകാശഗംഗ
ചങ്ങമ്പുഴ
ആകാശഗംഗയിലെ
ജലതലത്തിനുമീതെ
പൊന്തിനില്ക്കുന്ന പച്ചപ്പുൽപ്പടർപ്പുകൾ,
ആട്ടംകാലത്തിലെ ആലോലവായുവിൽ
മന്ദമന്ദം ഇളകിത്തുടങ്ങുമ്പോൾ,
ഞാൻ സ്വയം വിചാരിക്കുകയാണ്:
"ഞങ്ങളുടെ സന്ദർശനഘട്ടം
സമീപിച്ചുപൊയെന്നു തോന്നുന്നു"...
എന്റെ ഹൃദയനായകനെ കാണുവാൻ
പെട്ടെന്നൊരഭിലാഷം
എന്റെ ഹൃദയത്തിലങ്കുരിക്കുമ്പോൾ,
ഉടൻതന്നെ,
ആകാശഗംഗയിൽ,
രാത്രിയിലെ തോണിതുഴച്ചിലും കേൾക്കാറാകുന്നു;
പങ്കായത്തിന്റെ 'ഝളഝള' ശബ്ദം
മാറ്റൊലിക്കൊള്ളുന്നു!-
ഇപ്പോൾ വിദൂരത്തിലിരിക്കുന്നവളായ
എന്റെ കണ്മണിയോടൊന്നിച്ച,
രത്നോപധാനത്തിൽ തല ചായ്ച്ചുകിടന്ന്,
രാത്രിയിൽ ഞാൻ വിശ്രമിക്കുമ്പോൾ,
പുലർകാലം സമാഗതമായാലും
പൂങ്കോഴി കൂകാതിരിക്കട്ടെ!...
അനേകയുഗങ്ങളങ്ങനെ ,
അനുസ്യൂതമായി,
മുഖത്തോടുമുഖം നോക്കി,
പരസ്പരം കൈകോർത്തുപിടിച്ചുകൊണ്ട്,
ഞങ്ങൾ നിലകൊണ്ടാലും,
ഞങ്ങളുടെ,
പരിപാവനമായ പരസ്പരപ്രേമത്തിന്
ഒരിക്കലും,
ഒരറുതിയുണ്ടാവുന്നതല്ല;-
കഷ്ടം!
പിന്നെന്തിനാണ്,
സ്വർഗ്ഗം,
ഞങ്ങളെ ഈവിധത്തിൽ,
വേർതിരിച്ചുനിർത്തുന്നത്?...
ടനബാറ്റ,
അവളുടെ,
മനോഹരമായ മാറോടടുപ്പിച്ചുപിടിച്ചിട്ടുള്ള;-
എനിക്കു ചാർത്തുവാനായി,
മയൂഖമാല / ആകാശഗംഗ
ചങ്ങമ്പുഴ
അവൾ നെയ്തെടുത്തിട്ടുള്ള;-
ആ ധവളനീരാളം,
എനിക്കെന്തലങ്കാരമായിരിക്കും!
അവൾ വളരെ വളരെ അകലത്താണെങ്കിലും;-
അഞ്ഞൂറുവെള്ളിമേഘച്ചുരുളുകളാൽ
അവൾ മറയ്ക്കപ്പെട്ടിരിക്കയാണെങ്കിലും;-
ഇതാ, പിന്നേയും,
ഓരോ രാത്രിയിലും,
ഞാൻ,
എന്റെ കൊച്ചനുജത്തിയുടെ,
(പ്രേമസർവസ്വത്തിന്റെ)
മണിമന്ദിരത്തിനുനേരേ,
ഉറ്റുനോക്കിക്കൊണ്ടു നില്ക്കുന്നു!
ആട്ടംകാലം സമാഗതമായി,
ആകാശഗംഗയ്ക്കുമീതെ,
മൂടൽമഞ്ഞു പരന്നുതുടങ്ങുമ്പോൾ,
ഞാൻ,
നദീതടത്തിനു നേർക്ക്,
ആശാപരവശനായിത്തിരിയുന്നു.
അഭിലാഷസമ്പൂർണ്ണങ്ങളായ നിശീഥങ്ങൾ
അസംഖ്യങ്ങളാണ്;-
പക്ഷേ,
ഒരു നീണ്ടസംവത്സരത്തിൽ ഒരൊറ്റ പ്രാവശ്യം മാത്രമേ-
ഏഴാമത്തെ ദിവസം മാത്രമേ;-
എനിക്കെന്റെ പ്രണയിനിയെ,
കാണുവാൻ സാധിക്കു!
ഞങ്ങളുടെ പരസ്പരപ്രണയത്തിന്,
ഞങ്ങളെ പരിതൃപ്തിപ്പെടുത്താൻ
സാധിക്കുന്നതിനുമുൻപുതന്നെ,
അതാ, നോക്കൂ,
ആ ദിവസവും,
ഉദിച്ചു കഴിഞ്ഞിരിക്കുന്നു!
തികച്ചും ഒരു സംവത്സരത്തിലെ,
രാഗമധുരങ്ങളായ
സമസ്താഭിലാഷങ്ങളും ,
ഇന്നു രാത്രികൊണ്ട്,
അവസാനിപ്പിച്ചശേഷം;
നാളെമുതൽ,
ഒരോ ദിവസവും,
മയൂഖമാല / ആകാശഗംഗ
ചങ്ങമ്പുഴ
അദ്ദേഹത്തെ ഒരു നോക്കൊന്നു കാണുവാൻ,
പരവശഹൃദയയായി,
വീണ്ടും, എനിക്ക്,
പണ്ടത്തെപ്പോലെതന്നെ
തപസ്സുചെയ്യേണ്ടിയിരിക്കുന്നു!
ഹിക്കോബോഷിയും,
ടനബാറ്റയും,
ഇന്നു രാത്രി,
പരസ്പരം സന്ദർശിക്കാൻപോകുന്നു.
അല്ലയോ,
ആകാശഗംഗയിലെ കല്ലോലമാലകളേ!
നിങ്ങൾ കയർക്കരുതേ!
ആട്ടംകാലത്തിലെ കാറ്റടിച്ചു
പറന്നുപോകുന്ന
ആ വെള്ളമേഘം-
ഹാ!
ടനബാറ്റാ സ്യൂമിന്റെ
സ്വർഗ്ഗീയകിങ്കരനായിരിക്കുമോ അത്?
ഇഷ്ടംപോലങ്ങനെ
കൂടക്കൂടെക്കണ്ടുമുട്ടാൻ കഴിയാത്ത
ഒരു കാമുകനായതിനാൽ,
രാത്രിയിൽ,
നേരമധികം വൈകുന്നതിനുമുൻപ്,
ആകാശഗംഗയിൽക്കൂടി,
വള്ളം തുഴഞ്ഞു വന്നുചേരുവാൻ,
അദ്ദേഹം ബദ്ധപ്പെടുകയാണു.
രാത്രിയിൽ, വളരെ വൈകിയിട്ട്,
ആകാശഗംഗയ്ക്കുമീതെ,
ഒരു മൂടൽമഞ്ഞു വ്യാപിക്കുന്നു;
ഹിക്കോബോഷിയുടെ
പങ്കായത്തിന്റെ ശബ്ദം
കേൾക്കുമാറാകുന്നു.
ആകാശഗംഗയിൽ,
ജലതരംഗങ്ങളെ വേർപെടുത്തുന്ന
ഒരു നേരിയ ശബ്ദം
വ്യക്തമായി കേൾക്കാം;-
ഹിക്കോബോഷി,
അദ്ദേത്തിന്റെ ചെറുവഞ്ചി
വേഗം വേഗം
തുഴഞ്ഞുപോരുമ്പോൾ,
മൃദുലകല്ലോലങ്ങൾ
മെല്ലെമെല്ലെപ്പിളർന്നകലുന്ന,
ആ മധുരാരവമാണോ അത്?
നാളെമുതൽ,
അയ്യോ, കഷ്ടം!
രത്നാലംകൃതമായ
എന്റെ പട്ടുമെത്ത
ഭംഗിയായി വിരിച്ചിട്ടശേഷം,
ഒരിക്കലും, ഇനി,
ഹൃദയേശ്വരനൊന്നിച്ചുറങ്ങുവാനാകാതെ,
എനിക്കു,
തനിച്ചു കിടന്നുറങ്ങേണ്ടിയിരിക്കുന്നു!
കാറ്റിന്റെ ശക്തി വർദ്ധിക്കയാൽ
നദിയിലെ തിരമാലകൾ
ഇരച്ചുയർന്നുതുടങ്ങി!-
ഇന്നു രാത്രി,
ഒരു കൊച്ചോടത്തിൽ കയറി,
എന്റെ പ്രാണനാഥാ,
മയൂഖമാല / ആകാശഗംഗ
ചങ്ങമ്പുഴ
ഞാനങ്ങയോടപേക്ഷിക്കുന്നു,
നേരമധികമിരുട്ടുന്നതിനുമുമ്പ്,
ഒന്നിങ്ങു വന്നുചേരേണമേ!
ആകാശഗംഗയിലെ തിരമാലകൾ
ഉയർന്നുകഴിഞ്ഞുവെങ്കിലും,
രാത്രി അധികം വൈകുന്നതിനുമുൻപ്,
വേഗത്തിൽ തോണി തുഴഞ്ഞുപോയി,
കഴിയുന്നതും നേരത്തേകൂട്ടി,
എനിക്കും,
അവിടെ പറ്റിക്കൂടണം!
അദ്ദേഹത്തിന്റെ ധവളനീരാളം
ഞാൻ നെയ്തുതീർത്തിട്ടു
നാളുകൾ പലതുകഴിഞ്ഞു.
ഇന്നു വൈകുന്നേരം,
അതിലെ ചിത്രവേലകൾപോലും,
അദ്ദേഹത്തിനുതന്നെ മനസ്സിലാക്കാൻ സാധിക്കുമാറ്,
ഞാൻ പൂർത്തിയാക്കിക്കഴിഞ്ഞു!-
എന്നിട്ടും,
ഹാ, കഷ്ടം!,
ഞാൻ ഇനിയും,
അദ്ദേഹത്തെ കാത്തിരിക്കുവാനാണോ വിധി?
അല്ലല്ലാ,
ആകാശഗംഗയിലെ വേലിയേറ്റം
ഇത്രത്തോളം ഭയങ്കരമായിക്കഴിഞ്ഞോ?
രാത്രി വല്ലാതിരുട്ടിത്തുടങ്ങി!-
അയ്യോ!,
ഹിക്കോബോഷി,
ഇതുവരെ വന്നുചേർന്നില്ലല്ലോ?
ഹേ, കടത്തുകാരൻ,
ഒന്നു ധിറുതികൂട്ടണേ!-
ഒരു കൊല്ലത്തിൽ രണ്ടു പ്രാവശ്യം
ഇവിടെ വന്നു പോകുവാൻ സാധിക്കുന്ന ഒരാളല്ല.
എന്റെ ജീവനായകൻ!-
ആട്ടംകാലത്തിലെ ഇളങ്കാറ്റു
വീശാൻതുടങ്ങിയ ആദ്യത്തെ ദിവസംതന്നെ,
ഞാൻ,
ആകാശഗംഗാതടത്തിലേക്കു തിരിച്ചു;-
ഞാൻ നിന്നോടപേക്ഷിക്കുന്നു,
മയൂഖമാല / ആകാശഗംഗ
ചങ്ങമ്പുഴ
ഞാൻ ഇപ്പോഴും,
ഇവിടെത്തന്നെ കാത്തുനിൽക്കുകയാണെന്നു
എന്റെ പ്രാണേശ്വരനോടൊന്നു പറയണേ!...
ടനബാറ്റ,
അവളുടെ വെള്ളിത്തോണിയിൽ,
ഇങ്ങോട്ടു വരികയാണെന്നു തോന്നുന്നു;-
എന്തുകൊണ്ടെന്നാൽ,
ചന്ദ്രന്റെ നിർമ്മലാനനത്തിനു നേരെ,
ഇപ്പോഴും കടന്നുപോകുന്നുണ്ടു,
ഒരു മേഘശകലം!...
---എപ്രിൽ 1933