- മുഖവുര
- അവതാരിക
- കാളിദാസൻ
- വനദേവത
- ആ കാലങ്ങൾ
- വ്യാമൂഢൻ
- വൃന്ദാവനം
- ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം
- പൂനിലാവ്
- വൃന്ദാവനത്തിലെ രാധ
- രണാങ്കണത്തിൽ
- ആദിത്യാരാധന
- രാഗഭിക്ഷുണി
- സൗന്ദര്യപൂജ
- രൂപാന്തരം
- ശ്മശാനത്തിൽ
- തകർന്ന മുരളി
- മിത്ഥ്യ
- ആ ഗാനം
- നിഴൽ
- വെറും സ്വപ്നം
- എന്റെ ഗുരുനാഥൻ
- മഹാരാജകീയ കലാശാലയിൽ
- തിരുമുൽ കാഴ്ച
- വിശുദ്ധരശ്മി
- ചിന്തിയ ചിന്തകൾ
- ലതാഗീതം
- ഗുരുപൂജ
സങ്കല്പകാന്തി
മുഖവുര
പ്രായോഗികജീവിതത്തിന്റെ പരുപരുത്ത വശങ്ങളുമായി കൂട്ടിമുട്ടി പലപ്പോഴും പരിക്കുപറ്റിയിട്ടുള്ള എന്റെ ഹൃദയം വിശ്രമത്തിന്റെ തണലിലിരുന്നു ചിലപ്പോഴെല്ലാം വീണ വായിക്കാറുണ്ട്. ആ അനുഗൃഹീത നിമിഷങ്ങൾ സദയം സംഭാവന ചെയ്ത ഏതാനും പൊൻകിനാവുകളെ അതേപടി പ്രതിഫലിപ്പിക്കുവാനുള്ള എന്റെ പ്രയത്നമാണ്, പ്രിയ വായനക്കാരേ നിങ്ങൾ ഈ ഗ്രന്ഥത്തിൽ ആദ്യന്തം കണ്ടെത്തുക. എന്റെ ശ്രമം വിജയലക്ഷ്മിയുടെ ആശ്ലേഷത്തിൽ പുളകമണിയുന്നുണ്ടെന്ന് എനിക്ക് അഭിമാനമില്ല. എങ്കിലും ഒന്നെനിക്കുറപ്പുണ്ട് - ആത്മാർത്ഥതയുടെ അഭാവം അതിനെ അത്ര അധികമൊന്നും അലങ്കോലപ്പെടുത്തിയിരിക്കയില്ല.
ആധുനികസാഹിത്യലോകത്തിൽ എന്റെ കവിതയുടെ കരുത്തു കുറഞ്ഞ കാൽവെയ്പ്പുകൾ ചുരുങ്ങിയ ഈ കാലഘട്ടത്തിനുള്ളിൽ പല നിരൂപകകേസരികളുടെ പ്രചണ്ഡഗർജ്ജനങ്ങൾക്കിടയാക്കിയിട്ടുണ്ടെന്നുള്ള പരമാർത്ഥത്തെ ഞാൻ സന്തോഷപൂർവ്വം സ്മരിക്കുന്നു. മന്ദാക്ഷമധുരമായ ഒരു നേരിയ മന്ദഹാസത്തോടുകൂടി , ആനതാനനയായി കരമുകുളങ്ങൾ അർപ്പിച്ചുകൊണ്ട്, സാഹിത്യക്ഷേത്രത്തിന്റെ ഒരു കോണിൽ ഒതുങ്ങിനിൽക്കുന്ന ആ മുഗ്ദ്ധയെ ഭയപ്പെടുത്തി പലായനം ചെയ്യിക്കുവാനാണ് തങ്ങളുടെ അട്ടഹാസങ്ങൾ വിനിയോഗിച്ചിട്ടുള്ളതെങ്കിൽ ആ വിമർശകപഞ്ചാസ്യന്മാർക്കു വലിയ അമളിയാണ് പറ്റിപ്പോയതെന്നു പറയാതെ നിവൃത്തിയില്ല. അബലയെങ്കിലും അൽപം പോലും അധീരയല്ല, എന്റെ കവിതയെന്നു ഞാൻ തികച്ചും അഭിമാനിക്കുന്നു. ഓരോ ഗർജ്ജനം കേൾക്കുമ്പോഴും കാൽ അധികമധികം ഊന്നിച്ചവിട്ടി മുന്നോട്ടു പോകുകയേ അവൾ ചെയ്തിട്ടുള്ളു; ഇനി ചെയ്യുകയുമുള്ളു. പാറപ്പുറത്തു കയറിനിന്ന് വികൃതമായ വിശ്വരൂപം കാണിച്ചുകൊണ്ട് ചില പേക്കോലങ്ങൾ അവളുടെ നേർക്ക് പലപ്പോഴും പല്ലിളിച്ചുകാട്ടാറുണ്ട്. ആ വക പേക്കൂത്തുകൾ കാണുമ്പോൾ അവളുടെ ഹൃദയത്തിൽ ഒരു പുഞ്ചിരിയേ പൊടിയാറുള്ളു. ഏതായാലും, ഇവരുടെ ഉദ്ദേശ്യം എന്തുതന്നെ ആയിരുന്നാലും, അതിൽനിന്നെല്ലാം എന്നെ സംബന്ധിച്ചിടത്തോളം ഉണ്ടായിട്ടുള്ള അനുഭവം മേൽക്കുമേൽ ഗുണകരമായി പരിണമിക്കുവാനാണിട നൽകിയിട്ടുള്ളത്. കാവ്യ നിർമ്മാണവിഷയത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുവാനും അധികമധികം ഉത്സാഹിക്കുവാനും അതെനിക്കു പ്രേരകമായി ഭവിക്കുന്നു. അതിനാൽ, ഞാൻ എന്റെ നിരൂപകന്മാരോട് ആജീവനാന്തം കൃതഞ്ജനാണെന്ന് ഈ സന്ദർഭത്തിൽ തുറന്നു പറഞ്ഞുകൊള്ളട്ടെ.
സമുദായത്തിന്റെ പുരോഗതിക്കു സഹായമായ രീതിയിൽ സാഹിത്യവ്യാപാരം നിർവ്വഹിക്കുന്നില്ലെന്നുള്ള അപരാധം എന്നിൽ ആരോപിച്ച്, സാഹിത്യസംരംഭങ്ങളിൽനിന്നും ഞാനിനി വിരമിക്കേണ്ടതാണെന്നുപോലും, അടുത്തകാലത്ത്, ഏതോ ഒരു സമാജക്കാർ ഒരു പ്രമേയം പാസ്സാക്കിയിട്ടുള്ളതായി വൃത്താന്തപത്രങ്ങളിൽ കാണുകയുണ്ടായി. സാഹിത്യലോകത്തിൽ നടാടെയായിക്കേൾക്കുന്ന ഒരു രസംപിടിച്ച പുതുമയാണിത്. തൊഴിലില്ലാത്തവർക്ക് തൊഴിലുണ്ടാക്കിക്കൊടുക്കുന്ന സാത്താനോട് നമുക്ക് നന്ദി പറയുക. അടുത്തകാലംവരെ, സാഹിത്യപരമായ എന്റെ ചപലകേളികൾ ഇത്ര വമ്പിച്ച കൊടുങ്കാറ്റുകളെ ഇളക്കിവിടുമെന്ന് ഞാൻ ശങ്കിച്ചിരുന്നില്ല. ഏതായാലും ഈ വക കോലാഹലങ്ങൾ ശ്രദ്ധേയമായ എന്തോ ചിലത് ആ വക ചപലകേളികളിൽ അന്തർഭവിച്ചിട്ടുണ്ടെന്ന അനുമാനത്തിലേക്ക് എന്നെ ആനയിക്കുന്നുവെങ്കിൽ, അതിൽ അത്ഭുതപ്പെടാനില്ലല്ലോ. അതിനാൽ സ്വാഭാവികമായി എനിക്കു സിദ്ധമായിട്ടുള്ളതെന്നു ഞാൻ അഭിമാനിക്കുന്ന ആ കൂസലില്ലായ്മയോടുകൂടിത്തന്നെ സാഹിത്യക്ഷേത്രത്തിൽ എന്റെ നൂതന സമാഹാരവും ഇതാ, സസന്തോഷം സമർപ്പിച്ചുകൊള്ളുന്നു.
സങ്കല്പ കാന്തി / മുഖവുര
ചങ്ങമ്പുഴ
ഭാവാത്മകങ്ങളായ ഗീതങ്ങളാണ് ഈ കൃതിയിൽ അധികഭാഗവും അടങ്ങയിട്ടുള്ളത്. ഇവയെ ആംഗലസാഹിത്യത്തിൽ 'Lyrics' എന്നറിയപ്പെടുന്ന കാവ്യവിഭാഗത്തിൽ ഉൾപ്പെടുത്താം. ഗീതികാവ്യങ്ങൾ, അഥവാ സ്വച്ഛന്ദഗീതങ്ങൾ എന്ന ഈ സാഹിത്യശാഖയുടെ സ്വഭാവങ്ങളും പ്രത്യേകതകളും ചുരുങ്ങിയതോതിലെങ്കിലും വിശദമാക്കേണ്ടത് അവയുടെ പ്രണേതാവെന്നുള്ള നിലയിൽ ഈ സന്ദർഭത്തിൽ എന്റെ കടമയാണ്. ഇതിലേക്കുദ്യമിക്കുമ്പോൾ കവിതയെന്നാലെന്തെന്നുള്ള പ്രശ്നത്തെയാണ് ആദ്യമായി അഭിമുഖീകരിക്കേണ്ടിയിരിക്കുന്നത്.
മഹാരഥന്മാരായ പലേ വിമർശകന്മാരും സാഹിത്യചിന്തകന്മാരും കാവ്യസ്വരൂപത്തെ വിശകലനം ചെയ്തും വ്യാഖ്യാനിച്ചും വിവിധാഭിപ്രായങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്. ആ സ്ഥിതിക്ക് അഭിനവമായ ഒരു നിർവചനംകൊണ്ട് അവഹേളനാസ്പദമായ ഒരന്തരീക്ഷത്തിലേക്ക് പ്രവേശിക്കുവാൻ ഔചിത്യബോധം എന്നെ അനുവദിക്കുന്നില്ല. യുക്തിയുടെയും ഭാവനയുടെയും സങ്കലിതമായ ചൈതന്യത്തെ ഉപാധിയാക്കിക്കൊണ്ട് ആനന്ദത്തെ സത്യവുമായി സംഘടിപ്പിക്കുന്ന ഒരു കലയാണ് കവിതയെന്ന് ഡോക്ടർ ജോൺസൺ പ്രസ്താവിക്കുന്നു. ഇതിൽ നിന്നു കേവലം വസ്തുത്ഥിതികഥനം കവിതയാവുകയില്ലെന്നും അചഞ്ചലമായ യുക്തിയും അപ്രതിഹതമായ കല്പനാവൈഭവും ആകർഷകമായ ചില നിറപ്പകിട്ടുകൾ കൊടുക്കുന്നതു കൊണ്ടാണ് പ്രാകൃതികവസ്തുക്കളുടെ പ്രതിഫലനങ്ങൾ കലാലോകത്തിൽ അനശ്വരതയിലേക്കാരോഹണം ചെയ്യുന്നതെന്നും വെളിവാകുന്നുണ്ടല്ലോ. പ്രാപഞ്ചികമായ വസ്തുസ്ഥിതിയിൽ നിന്നു വ്യതിരിക്തമായിട്ടുള്ള ഒന്നാണ് കലാപരമായ സത്യമെന്നും അതിനെ ആശ്ലേഷിക്കാൻ ക്രാന്തദർശിയായ കവിക്കുമാത്രമേ കഴിവുള്ളു എന്നും ആ സംരംഭത്തിൽനിന്നു സംജാതമാകുന്ന ആനന്ദപ്രദാനം കലയുടെ ഒരവിഭാജ്യഘടകമാണെന്നും സിദ്ധിക്കുന്നു. അച്ഛകോമളമായ ഒരു സ്ഫടികശകലത്തിൽ പതിയുന്ന ആദിത്യരശ്മി വിവിധ വർണ്ണോജ്ജ്വലങ്ങളായ മയൂഖമാലകളായി രൂപാന്തരപ്പെടുന്നതുപോലെ, പ്രകൃതിയിലെ വസ്തുക്കൾ കവിയുടെ ഭാവനാസമ്പർക്കത്താൽ അഭിനവവും അഭിരാമവുമായ ആകാരവിശേഷങ്ങളെ അവലംബിക്കുകയാണ് ചെയ്യുന്നത്. ഏതോ ഒരു ചെടിയിൽ വിടർന്നുനിന്ന് ഒരു ദിവസംകൊണ്ടു വാടിക്കരിഞ്ഞു മണ്ണടിഞ്ഞ ഒരു പുഷ്പം കാവ്യലോകത്തിലേക്ക് കടക്കുന്നത് കാലത്തിന്റെ കരുത്തേറിയ കരങ്ങൾക്കുപോലും വിവർണ്ണമാക്കാൻ സാധിക്കാത്ത ഒരു വാടാമലരായിട്ടാണ്. കേവലം വസ്തുസ്ഥിതികഥനം മാത്രമായിരുന്നെങ്കിൽ 'വീണപൂവ്' വെറുമൊരു വീണപൂവായിത്തന്നെ ഇരുന്നേനെ. എന്നാൽ മഹാകവിയുടെ മഹനീയമായ ഭാവനാപാടവവും തത്ത്വചിന്തയും ആ വീണപൂവിലുടെ അഭൗമവും അനന്തവുമായ ഒരു ചൈതന്യമേഖലയെ നമുക്ക് കാണിച്ചുതരികയും നമ്മുടെ ചേതന നിർവ്വാണാത്മകമായ ഒരു സ്വപ്നത്തിൽ അതിന്റെ അസീമ വിസ്തൃതിയിലങ്ങനെ ചിറകടിച്ചു വിഹരിക്കുകയും ചെയ്യുന്നു. പ്രാപഞ്ചികജീവിതക്ലേശങ്ങളുടെ മുനകൂർത്ത മുള്ളുകളിൽ തറഞ്ഞു വീണ് വിണ്ടുകീറി ചോരവാർത്തു പിടയുന്ന മനുഷ്യഹൃദയത്തെ സത്യസുന്ദരമായ ആ സനാതന സാമ്രാജ്യത്തിലേക്ക് ആനയിച്ച്, ജീവിതത്തിന്റെ ക്ഷണപ്രഭാചഞ്ചലതയെയും നിസ്സാരതയെയും ബോധപ്പെടുത്തി, ആത്മീയോൽക്കർഷത്തിനു വഴിതെളിച്ചുകൊണ്ട് അക്ഷയമായ ആനന്ദാസ്വാദനത്തിനു കഴിവുണ്ടാക്കിത്തീർക്കുകയെന്നതാണ് ഏതു കലയുടെയും പരമമായ ധർമ്മം. സൗന്ദര്യാരാധകനായ കലാകാരൻ സമുദായപരിഷ്കർത്താവായിക്കൊള്ളണമെന്ന് ശാഠ്യം പിടിക്കുന്നത് കേവലം ചില ഭൗതികോപാധികളെ മാത്രം ആധാരമാക്കി കല്ലറകൊണ്ടതിരിട്ടുനിർത്തുന്ന ഒരു ജീവിതത്തെ ലക്ഷ്യമാക്കി സാഹിത്യം പ്രവർത്തിക്കണമെന്നുള്ള പ്രായോഗികതത്ത്വചിന്തയുടെ ബാലിശപ്രേരണയാലാണ്.
സങ്കല്പ കാന്തി / മുഖവുര
ചങ്ങമ്പുഴ
ഷെല്ലിയുടെ ഭാഷയിൽ പറയുകയാണെങ്കിൽ ഭാവനയുടെ പ്രതിഫലനമാണു കവിത. വികാരങ്ങളുടെയും ഭാവനാശക്തിയുടെയും ഭാഷയാണതെന്നത്രേ ഹാസ്ലിറ്റിന്റെ മതം, താളവും ലയവും സമ്യക്കാകും വണ്ണം മേളിച്ചുകൊണ്ടുള്ള സൗന്ദര്യസൃഷ്ടിയാണ് കവിതയെന്ന് എഡ്ഗർ അലൻപോവും പ്രാപഞ്ചികസംഗീതം മനുഷ്യഹൃദയത്തിൽ മാറ്റൊലികൊള്ളുന്നതാണ് കവിതയെന്ന് സർ.എസ്.രാധാകൃഷ്ണനും അഭിപ്രായപ്പെടുന്നു. ഭാവനാത്മകമായ ചിന്തയും വികാരവും ഛന്ദോനിബദ്ധമായ ഭാഷയിൽ സ്വാഭാവികമായും സ്വച്ഛന്ദമായും പ്രതിഫലിപ്പിച്ചുകൊണ്ട് ആനന്ദത്തെ ഉളവാക്കുന്ന ഒരു കലയാണതെന്നത്രേ പ്രഫസർ കൂർത്തോപ്പിന്റെ സിദ്ധാന്തം. വികാരാത്മകവും സംഗീതസമ്മിളിതവുമായ ഭാഷയിൽ മനുഷ്യഹൃദയത്തിന്റെ പദാർത്ഥനിബദ്ധവും കലാസുഭഗവുമായ പ്രകടനമാണ് കവിതയെന്ന് വാട്സ് ഡൺടൺ എന്ന ചിന്തകൻ പറയുന്നു.
മേൽ ഉദ്ധരിച്ച അഭിപ്രായഗതികളെല്ലാം സൂക്ഷ്മമായി പരിശോധിക്കുകയും തമ്മിൽ തമ്മിൽ തട്ടിച്ചുനോക്കുകയും ചെയ്യുമ്പോൾ അവയുടെ വൈവിധ്യവും വൈരുധ്യവും നമ്മെ ഒട്ടൊന്നമ്പരപ്പിച്ചേക്കാനിടയുണ്ട്. വിഭീന്നങ്ങളായ വീക്ഷണകോണങ്ങളിലൂടെയുള്ള കാവ്യാവലോകനമാണ് ഏവംവിധമുള്ള നിർവ്വചനവൈവിധ്യത്തിന്നടിസ്ഥാനമെന്നതു സ്പഷ്ടമാണല്ലോ.
ജീവിതത്തിന്റെ ഒരു വ്യാഖ്യാനമോ വിമർശനമോ ആണ് സാഹിത്യമെന്നുള്ള മതത്തിന് സാഹിത്യലോകത്തിൽ മറ്റേതിനെക്കാളും പ്രാമുഖ്യവും പ്രാബല്യവും സിദ്ധിച്ചിട്ടുള്ളതായി കാണാം. ഈ അഭിപ്രായത്തെക്കുറിച്ചുള്ള വിമർശനത്തിന് ഈ ചെറുമുഖവുരയിൽ സൗകര്യപ്പെടുന്നതല്ലല്ലോ. സാഹിത്യം ജീവിതത്തിന്റെ വിമർശനമായിരിക്കട്ടെ, അല്ലാതിരിക്കട്ടെ, അതിന്റെ പശ്ചാത്തലം മനുഷ്യജീവിതം തന്നെയാണെന്നുള്ളതിൽ രണ്ടുപക്ഷത്തിനവകാശമുണ്ടെന്നു തോന്നുന്നില്ല. ജീവിതത്തെ അതിന്റെ ഭൗതികപരിധികൾക്കുള്ളിൽ മാത്രം അടച്ചൊതുക്കാതെ, ആത്മീയവും ഭാവനാപരവുമായ വ്യാപ്തികളിലേക്ക് അതിനെ വ്യാപരിപ്പിച്ചുകൊണ്ടുള്ള വ്യാഖ്യാനമായിരിക്കണം സാഹിത്യത്തിന്റെ സർവ്വപ്രധാനമായ ലക്ഷ്യമെന്നു പ്രത്യേകം ഓർക്കേണ്ടതാണ്.
സങ്കല്പ കാന്തി / മുഖവുര
ചങ്ങമ്പുഴ
കവിതയെക്കുറിച്ചു പൊതുവായി ഇത്രയും വിവരിക്കുവാനേ ചെറിയ ഈ ഉപന്യാസത്തിൽ നിവൃത്തിയുള്ളു. ഇനി നമുക്കതിന്റെ വിവിധ ശാഖകളിലേക്കു പ്രവേശിക്കാം. കവിതയെ അതിന്റെ സാർവ്വത്രികമായ ചില ഘടകങ്ങളെ ആസ്പദമാക്കി പാശ്ചാത്യചിന്തകന്മാർ കർത്തൃനിഷ്ഠമെന്നും (Subjective) പദാർത്ഥനിഷ്ഠമെന്നും (Objective) രണ്ടായി വിഭജിച്ചിരിക്കുന്നു. കവി ചിലപ്പോൾ അന്തർമുഖനായി വർത്തിച്ചുകൊണ്ടു സ്വാനുഭവങ്ങളിലും ചിന്തകളിലും വികാരങ്ങളിലും കാവ്യോത്തേജനവും പ്രതിപാദ്യങ്ങളും കണ്ടെത്തുന്നതായും മറ്റു ചിലപ്പോൾ തന്റെ ആത്മീയസത്തയെ ബാഹ്യപ്രപഞ്ചത്തിലേക്കു വ്യാപരിപ്പിച്ചു ലോകത്തിന്റെ വ്യാപാരങ്ങളിലും വികാരങ്ങളിലും അലിഞ്ഞു ചേർന്ന് തനിക്കു ദൃശ്യമാകുന്നസംഗതികളെ അതേപടി , സ്വന്തം വ്യക്തിത്വത്തിന്റെ പാദമുദ്രകൾ അധികമൊന്നും പതിയുവാനിടയാകാതെതന്നെ പ്രതിഫലിപ്പിക്കുന്നതായും കാണാം. ഇവയിൽ ആദ്യത്തെ ഇനത്തിൽപ്പെടുന്ന കവിതയാണ് കർത്തൃപ്രധാനമെന്നോ ആത്മാവിഷ്കരണപരമെന്നോ പറയപ്പെടുന്നത്. രണ്ടാമത്തെ ഇനത്തിൽപ്പെടുന്നതിനു പദാർത്ഥനിഷ്ഠമെന്നോ സൃഷ്ടിപ്രധാനമെന്നോ പേർ പറയുന്നു. ഇവയുടെ മണ്ഡലങ്ങൾക്കു തമ്മിൽ ഒരതിരിടുകയെന്നതു ശ്രമസാധ്യമല്ലാത്തതിനാൽ ഒന്ന് മറ്റേതിന്റെ സീമാവലയത്തിലേക്കു സംക്രമിക്കുകയും രണ്ടുംകൂടി കെട്ടുപിണഞ്ഞ് അപഗ്രഥനത്തെ അവഹേളിച്ചുകൊണ്ട് അഴിഞ്ഞുപോകാത്ത ഒരാശ്ലേഷബന്ധത്തിൽ അന്യോന്യം താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നത് അത്ര അപൂർവ്വമല്ല. രണ്ടിന്റെയും ഘടകങ്ങൾ അനസ്യൂതമായും അവിഭാജ്യമായും അന്യോന്യം കൂടിച്ചേർന്ന് വർത്തിക്കുമ്പോൾ ഓരോന്നും ഇന്ന ഇനത്തിൽപ്പെടുന്നതാണെന്നു ഖണ്ഡിതമായി പറയുക വിഷമമായിരിക്കും. എന്നാലും അവയുടെ അന്യോന്യമുള്ള വൈജാത്യം അനിഷേധ്യമായിരിക്കെ, വിഭജനോപാധിയായി അതിനെ സ്വീകരിക്കുന്നതിലോ അതിനെ ആധാരമാക്കിക്കൊണ്ട് കവിതയെ തരംതിരിക്കുന്നതിലോ അപാകമുണ്ടെന്നു തോന്നുന്നില്ല.
കഴിഞ്ഞ ഖണ്ഡികയിൽ പ്രസ്താവിച്ച കർത്തൃനിഷ്ഠമായ, അഥവാ ആത്മാവിഷ്കരണപരമായ, കാവ്യവിഭാഗത്തിൽ ഉൾപ്പെടുന്ന കവിതകളാണ് ഭാവാത്മകഗീതങ്ങൾ അഥവാ സ്വച്ഛന്ദഗീതങ്ങൾ. ഗീതികാവ്യങ്ങൾ(Lyrics) എന്ന പേരും ഇവയ്ക്ക് അനുയോജ്യമായിരിക്കും. പ്രേമം, ദേശാഭിമാനം, മതപ്രസക്തി ആദിയായി മനുഷ്യനിൽ ഉൾക്കൊള്ളുന്നതും അനന്തസന്താപത്തിലേക്കും അമേയസന്തുഷ്ടിയിലേക്കും സദാ അവനെ ആനയിച്ചുകൊണ്ടിരിക്കുന്നതുമായ അസംഖ്യം മാനസികസ്വഭാവങ്ങളും തജ്ജന്യമായ വികാരവിജൃംഭണങ്ങളും അനുഭവപരമ്പരകളുമായിരിക്കും ആ ഗീതങ്ങളുടെ പ്രഭവസ്ഥാനം.
സങ്കല്പ കാന്തി / മുഖവുര
ചങ്ങമ്പുഴ
ഉത്തമമായ ഒരു ഭാവാത്മകഗീതം അമോഘമായ ഒരു വികാരത്തിന്റെ മൂർത്തീകരണമായിരിക്കും. ആത്മാർത്ഥതയിൽനിന്നുള്ള അതിന്റെ ആവിർഭാവം അകൃത്രിമത്വത്തിന്റെ പരിവേഷത്താൻ ഉദ്ദീപ്തവും. അനുവാചകാവലോകനത്തിനു തികച്ചും ആകർഷകവും ഹൃദയസ്പർശകവുമായിരിക്കും. അതിന്റെ ഭാഷയും അതുൾക്കൊള്ളുന്ന വാങ്മയചിത്രപരമ്പരയും സൗന്ദര്യത്തിന്റെയും സ്പഷ്ടതയുടെയും സാന്നിദ്ധ്യത്താൽ മാത്രമല്ല, പ്രതിപാദ്യത്തിനും പ്രതിപാദനോപാധിക്കും തമ്മിൽ സകലകലകളിലും അവശ്യം ആവശ്യമായ സമുചിത ബന്ധത്താൽക്കൂടി, അഥവാ പൊരുത്തത്താൽക്കൂടി, സമാലംകൃതമായിരിക്കുന്നതാണ്. ഒരു ഭാവത്തിന്റെയോ അനുഭവത്തിന്റെയോ പ്രതിഫലനം വികാരതീക്ഷ്ണതയാൽ നിറം പിടിപ്പിക്കുകയും, ഹൃദയസ്പർശകമാക്കി ചമയ്ക്കുകയും ചെയ്യുന്നതാണ് കലാപരമായ അതിന്റെ പ്രത്യേക വൈശിഷ്ട്യം.
ഭാവാത്മകകാവ്യശാഖയുടെ ജീവൻ ഏവംവിധം വ്യതിത്വത്തെ ആശ്രയിച്ചാണു സ്ഥിതിചെയ്യുന്നതെങ്കിലും, ഇന്നിതുവരെ ലോകത്തിലുണ്ടായിട്ടുള്ള സ്വച്ഛന്ദഗീതങ്ങളിൽ ഭൂരിഭാഗവും കേവലം വ്യക്തിപരമെന്നതിനെക്കാൾ മാനവലോകത്തെ ഒന്നാകെ സമാശ്ലേഷിക്കുന്ന സാർവ്വത്രികഭാവങ്ങളെയാണുൾക്കൊള്ളുന്നതെന്നും, അക്കാരണത്താൽ ഓരോ വായനക്കാരനും സ്വന്തനിലയിൽ പരിപൂർണ്ണമായി ഭാഗഭാക്കാകുവാൻ സാധിക്കുന്ന അനുഭവങ്ങളുടെയും വികാരങ്ങളുടെയും പ്രകാശനമാണ് അവയിൽ കണ്ടെത്തുന്നതെന്നും പ്രത്യേകം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ നമുക്കു കവിയുടെ സ്ഥാനത്ത് നമ്മെ പ്രതിഷ്ഠിക്കേണ്ടതായി വരുന്നില്ല; കാരണം, അദ്ദേഹം നമ്മുടെ സ്ഥാനത്ത് അദ്ദേഹത്തെ പ്രതിഷ്ടിച്ചിട്ടുണ്ടായിരിക്കുമെന്നുള്ളതാണ്. പോരെങ്കിൽ, വ്യക്തിപരമായിട്ടുള്ളതിനെക്കാൾ [സാമൂഹികമായിട്ടുള്ള ഗീതികാവ്യങ്ങൾ വിശ്വസാഹിത്യത്തിൽ ഒട്ടധികം ചിരപ്രതിഷ്ഠ നേടിയിട്ടുള്ളതായും കാണുന്നു. സാഹിത്യോൽപത്തിയെക്കുറിച്ചുള്ള അന്വേഷണങ്ങളിലേക്കിറങ്ങിച്ചെല്ലുമ്പോൾ, വ്യക്തിയുടേതിനേക്കാൾ ജനസമൂഹത്തിന്റെ വികാരങ്ങൾക്ക് ബാഹ്യരൂപം കൊടുക്കുവാനുള്ള അഭിനിവേശത്തിൽനിന്നാണ് കവിത കിളിർത്തിട്ടുള്ളതെന്ന് അനുമാനിക്കുവാനേ വഴി കാണുന്നുള്ളു. കാവ്യമണ്ഡലത്തിൽ ഇന്ന് കവിയുടെ ആത്മാംശത്തിന്റെ ബാഹുല്യവും സാമൂഹികാംശത്തിന്റെ വൈരള്യവുമാണ് ദൃശ്യമാകുന്നത്. ആധുനിക ലോകത്തിൽ വ്യക്തിത്വത്തിനു പരമപ്രധാനമായ സ്ഥാനവും അജയ്യമായ പ്രാബല്യവും സിദ്ധിച്ചിട്ടുള്ളതാണ് ഇതിനു കാരണം. ധ്യാനപരങ്ങളും തത്ത്വചിന്താപ്രധാനങ്ങളുമായ കാവ്യങ്ങൾ (Meditative and Philosophical Poems), അർച്ചനാലാപങ്ങൾ (Odes) അഥവാ ധർമ്മകീർത്തനങ്ങൾ, വിലാപകാവ്യങ്ങൾ (Elegies) ആദിയായി പല കാവ്യവിഭാഗങ്ങളും ഈ ശാഖയിൽ ഉൾപ്പെടുന്നുണ്ട്.
സങ്കല്പ കാന്തി / മുഖവുര
ചങ്ങമ്പുഴ
സങ്കല്പകാന്തിയിലെ ഭൂരിഭാഗം കൃതികളും കർത്തൃപ്രധാനങ്ങളാണെന്ന് ആദ്യം തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അവയിൽ 'കാളിദാസൻ', 'പൂനിലാവ്', 'രണാങ്കണത്തിൽ', 'ആദിത്യാരാധനം', 'സൗന്ദര്യപൂജ', 'തിരുമുൽക്കാഴ്ച', 'ഗുരുപൂജ' , 'എന്റെ ഗുരുനാഥൻ' എന്നീ കൃതികൾ അർച്ചനാലാപങ്ങളാണ്. ഈ വിഭാഗത്തിന്റെ സ്വഭാവം അല്പമൊന്നു സൂചിപ്പിക്കാം.
ഓഡ് എന്ന് ഇംഗ്ലീഷിൽ പറയപ്പെടുന്ന ഗീതികാവ്യം പ്രൗഢമായ ഒരുവക ധർമ്മകീർത്തനമാണ്. സംഗീതയന്ത്രങ്ങളുടെ സഹായത്തോടുകൂടി ആലപിക്കപ്പെടുകയെന്നതായിരുന്നു ആദികാലത്ത് ഇതിന്റെ ഉദ്ദേശ്യമെന്നുള്ളത് സ്പഷ്ടമാണ്. ഈ ഗാനവിശേഷത്തിന്റെ പ്രഭവസ്ഥാനം ഗ്രീസാകുന്നു. യവനഗാനത്തിനു പ്രധാനമായി രണ്ടു മഹാവിഭാഗങ്ങളുണ്ട്; ഒന്നു കവിയുടെ ആത്മപ്രകടനം; മറ്റേത് അദ്ദേഹത്തിന്റെ അനുഗാമികളായ, സുശിക്ഷിതനൈപുണിയാർജ്ജിച്ചിട്ടുള്ള, നർത്തകസംഘത്തിന്റെ ഒത്തൊരുമിച്ചുള്ള ആലാപം. കാലഗതിയിൽ ഈ രണ്ടു ശാഖയും ഒന്നുപോലെ അർച്ചനാലാപങ്ങളായി പരിണമിക്കുകയാണ് ചെയ്തതെങ്കിലും, അവയ്ക്കു തമ്മിൽ സൂക്ഷ്മമായി ചില വ്യത്യാസങ്ങൾ സ്പഷ്ടമാകുന്നതാണ്. ആദ്യം പറഞ്ഞ കവിയുടെ ആത്മപ്രകടനമാണ്, ആൽകിയസ്, അനാത്രിയോൺ, സാഫോ എന്നിവരുടെ തൂലികകളിലൂടെ ബഹിർഗ്ഗമിച്ച്, ആധുനികപാശ്ചാത്യവിമർശകന്മാർ പറഞ്ഞുവരുന്ന ശുദ്ധവും ലളിതവുമായ ഗീതികാവ്യമായി പരിണമിച്ചത്. നർത്തകന്മാർ ഒന്നുചേർന്ന് ആലപിക്കുന്ന ഗാനങ്ങളിൽ ഒരു പ്രത്യേകതയുണ്ട്. കവി സ്വന്തമായി നടത്തുന്ന ഭാഷണങ്ങളെ ഈ ഗായകസംഘം പിൻതാങ്ങുകയോ വ്യാഖ്യാനിക്കുകയോ പതിവാണ്. ഈ ഗാനസമ്പ്രദായമാണ് പിന്നീട് ശരിയായ ധർമ്മകീർത്തനമായി പരിണമിച്ചത്. താളലയങ്ങളുടെ സ്വച്ഛന്ദഗതിക്കനുസൃതമായ കാലപരിണാമങ്ങളെ ആശ്രയിച്ചു സന്ധിരൂപത്തിൽ Strophe എന്നു പറയപ്പെടുന്ന ആലാപവൈചിത്ര്യം ആൽക്മാൻ എന്ന കവി ആദ്യമായി ആവകഗാനങ്ങളിൽ സംഘടിപ്പിച്ചതോടുകൂടി അവയ്ക്ക് ഒരു പുതുമയും കൂടുതൽ ആകർഷകത്വവും ലഭിച്ചു. മാത്രമല്ല, പിൽക്കാലങ്ങളിൽ അത് അർച്ചനാലാപങ്ങളുടെ ഒരവിഭാജ്യഘടകമായിത്തീരുകയും ചെയ്തു. സ്കെസിക്കോമ്സ്, ഇലികസ്, സിമോണിഡസ് എന്നിവർ ഈ കാവ്യശാഖയെസാരമാംവിധം വൈപുല്യപ്പെടുത്തി. അവരെത്തുടർന്ന് പിൻഡാർ എന്നും ബാക്കിലിഡസ് എന്നും പേരായ രണ്ടു മഹാകവികളുടെ ആവിർഭാവം ആ കാവ്യവിഭാഗത്തിന്റെ അത്ഭുതാവഹമായ വികാസത്തിനു വഴിതെളിച്ചു. ലോകോത്തരങ്ങളായ ധർമ്മകീർത്തനങ്ങളുടെ പ്രണേതാവെന്നനിലയിൽ പ്രാചീനസാഹിത്യത്തിൽ പിൻഡാറിന് അദ്വിതീയമായ സ്ഥാനമാണു ലഭിച്ചിട്ടുള്ളത്. കാലക്രമത്തിൽ ഈ ഗാനങ്ങളുടെ സംഗീതാത്മകത്വം അഥവാ ആലാപധർമ്മം ക്ഷയിക്കുവാൻ തുടങ്ങി. സംഗീതോപകരണങ്ങൾ കുറഞ്ഞുകുറഞ്ഞു ഒടുവിൽ ഓടക്കുഴലിന്റെ സഹായം മാത്രം മതി അവ ആലപിക്കപ്പെടുവാനെന്ന നിലയിലെത്തുകയും, അതിനുശേഷം അതിന്റെപോലും ആവശ്യമില്ലെന്നു വന്നുകൂടുകയും ചെയ്തു. അങ്ങനെ അർച്ചനാലാപം സംഗീതപോകരണങ്ങളുടെ പിടിയിൽ നിശ്ശേഷം വിമുക്തമായതോടു കൂടി സാഹിത്യാംശത്തിന് അതിൽ സ്വാഭാവികമായി അധികമധികം പ്രവേശം ലഭിച്ചു.
സങ്കല്പ കാന്തി / മുഖവുര
ചങ്ങമ്പുഴ
എന്തിനെയെങ്കിലും, ചിലപ്പോൾ ആരെയെങ്കിലും, അഭിസംബോധനം ചെയ്തുകൊണ്ട്, ഏതാണ്ടൊരു പ്രസംഗരൂപത്തിൽ, സംബോധനം ചെയ്യപ്പെടുന്ന വ്യക്തിയുടെയോ വസ്തുവിന്റെയോ മുൻപിൽ അർച്ചിക്കപ്പെടുന്നതും, ബുദ്ധ്യംശത്തിലും വികാരാംശത്തിലും മറ്റും ഗുരുതരമായ ഗഹനതയോടുകൂടിയതുമായ പ്രൗഢസൂക്തങ്ങളാണ് അവ. സാധാരണയായി അവയിലെ പ്രതിപാദ്യങ്ങളും ഭാവപ്രകാശവും പ്രതിപാദനരീതിയും മഹത്തമങ്ങളായിരിക്കും. അന്തസ്സും ഔന്നത്യവും അവയുടെ സവിശേഷതകളാണ്. സുനിശ്ചിതമായ ഒരു ലക്ഷ്യത്തിലേക്കു പ്രൗഢമായ രീതിയിൽ, ഭാസുരമായ ഒരു ചിന്താമണ്ഡലതത്തിലൂടെ പുരോഗമനംചെയ്യുന്ന കുതൂഹലാശ്ലിഷ്ടമായ, അഥവാ നിർവ്വാണതുന്ദിലമായ ഒരവച്ഛിന്നഭാവാത്മകഗാനധാരയായിരിക്കും അത്. യുക്തിക്കു വിധേയമായ ഒരു ചിന്താപരിണാമം അതിലാവശ്യമാണ്. ഏതാണ്ടൊരു സങ്കീർണ്ണതയും വ്യാപകത്വവും, ഒഴിച്ചുകൂടാൻ പാടില്ലാത്തതല്ലെങ്കിലും, പൊതുവേ ആവകഗാനങ്ങളിൽ കാണപ്പെടുന്ന പ്രത്യേകതയാണെന്നു പറയാം. പദ്യാത്മകമായ ഒരുവക പ്രഭാഷണത്വം പലപ്പോഴും അവ ഉൾക്കൊള്ളുന്നുണ്ടായിരിക്കും. നതോന്നതങ്ങളായ വിവിധ മേഖലകളിലൂടെ സ്തോഭത്തെ അനുഗമിച്ചുകൊണ്ട്, അന്തർവ്വാഹിയായ ഒരനുസ്യൂത ലയപ്രവാഹം അത്തരം ആലാപങ്ങളെ ആദ്യന്തം അശ്ലേഷിച്ചുകൊണ്ടിരിക്കും. അവയ്ക്കുതന്നെ ആംഗലസാഹിത്യത്തിൽ പല ഉപശാഖകളും കണ്ടുവരുന്നുണ്ട്. എങ്കിലും സാമാന്യേന ഒരുവിധം താളപ്രധാനമായ ധർമ്മകീർത്തനമാണ് അവയെന്നു സംക്ഷേപമായി പ്രസ്താവിക്കാവുന്നതാണ്.
അർച്ചനാലാപങ്ങളുടെ സ്വഭാവം ചുരുക്കത്തിൽ വിവരിച്ചുകഴിഞ്ഞല്ലോ. സങ്കല്പകാന്തിയിൽ കാണുന്ന ആ വകുപ്പിൽപ്പെട്ട കവിതകളെ, മേൽ പ്രസ്താവിച്ച ഘടകങ്ങളെ ആസ്പദമാക്കി, നിരൂപണം ചെയ്യേണ്ട ഭാരം വായനക്കാരുടേതാണ്. അതിനാൽ ഇനി മറ്റൊരു കാവ്യശാഖയിലേക്കു കടക്കട്ടെ.
ധ്യാനാത്മകങ്ങളും തത്ത്വചിന്താപരങ്ങളുമായ കാവ്യങ്ങളുടെ (Meditative and Philosophical Poems) വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നയാണ് ഈ കൃതിയിലെ 'ശ്മശാനത്തിൽ', 'മിത്ഥ്യ', 'ആ ഗാനം', 'ചിതറിയ ചിന്തകൾ' എന്നീ കവിതകൾ, ചിന്തയുടെ അംശമാണ് ഈ കാവ്യശാഖയിൽ സർവ്വപ്രധാനമായി സ്ഥിതിചെയ്യുന്നത്. വികാരം, സൗന്ദര്യം, അകൃത്രിമത്വം, സ്പഷ്ടത തുടങ്ങിയ മുൻപ്രസ്താവിച്ച ഗുണങ്ങൾ ഇവിടെയും ആവശ്യംതന്നെ. അവയ്ക്കു പുറമേ അനുസ്യൂതമായ ഒരു ചിന്താസരണിയെ ഉൾക്കൊള്ളുന്നുവെങ്കിൽമാത്രമേ ഈ കാവ്യശാഖയുടെ സ്വഭാവം പരിപൂർണ്ണമാവുകയുള്ളു. തത്ത്വചിന്തയെ നിരക്ഷീരന്യായേന കവിതയിൽ കലർത്തുവാനുള്ള കവിയുടെ പാടവത്തെ ആശ്രയിച്ചാണ് അതിന്റെ കലാഭംഗി സ്ഥിതിചെയ്യുന്നത്. കലാഭംഗിയുടെ അഭാവം ഈ ഇനത്തിൽപ്പെട്ട കൃതികളെ ഒരുവക ശുഷ്കിച്ച നീതിസാരങ്ങളാക്കിത്തീർക്കുന്നതാണ്. തത്ത്വപ്രതിബിംബനാത്മകങ്ങളായ നീതികഥകൾ, ഗുപ്താർത്ഥകഥകൾ മുതലായവയും ഈ വകുപ്പിൽ ഉൾപ്പെടുന്നുണ്ട്. പ്രതിപാദനരീതിയെ ആധാരമാക്കി തരംതിരിച്ചാൽ അവ വസ്തുപ്രധാനമായ കാവ്യശാഖയിലേ ഉൾപ്പെടുകയുള്ളുവെങ്കിലും, തത്ത്വപ്രതിബിംബനമെന്ന ലക്ഷ്യത്തെ ആസ്പദമാക്കി നോക്കുമ്പോൾ കർത്തൃപ്രധാനമായ കാവ്യശാഖയിൽത്തന്നെ അവയെ ഉൾപ്പെടുത്തുന്നതിൽ അപാകമില്ല. കവി മിക്കപ്പോഴും ആഖ്യാനപദ്ധതിയെ അവലംബിക്കുന്നത്, അമൂർത്തങ്ങളായ ആശയങ്ങളെ സ്ഥൂലരൂപങ്ങളിൽ വിവർത്തനം ചെയ്യുവാനുള്ള സൗകര്യം അതിൽ നിന്നു സിദ്ധിക്കുമെന്നുള്ളതിനാലാണ്.
സങ്കല്പ കാന്തി / മുഖവുര
ചങ്ങമ്പുഴ
സങ്കൽപകാന്തിയിൽ ചേർത്തിട്ടുള്ള ഒരു പ്രധാനകൃതി തകർന്ന മുരളി എന്ന ഒരു ലഘുവിലാപകാവ്യമാണ്. വിലാപകാവ്യങ്ങളുടെ അസ്തിവാരം വികാരത്തിലും പ്രകടനത്തിലുമുള്ള പരിപൂർണ്ണമായ ആത്മാർത്ഥതയാണെന്നു പറയാം. കൃത്രിമത്വത്തിന്റെ ഒരു നേരിയ സമ്പർക്കം മതി, അവയുടെ ജീവൻ പാടേ നശിച്ചുപോകാൻ. വിലാപകാവ്യശാഖയ്ക്ക് കാലഗതിയിൽ പലേ ഉൾപ്പിരിവുകളും ഉണ്ടായിട്ടുണ്ടെങ്കിലും അവയിൽ സർവ്വപ്രധാനമായ ഒന്നു രണ്ടു വിഭാഗങ്ങളെക്കുറിച്ചു മാത്രമേ ഇവിടെ സൂചിപ്പിക്കേണ്ടതായിട്ടുള്ളു.
മഹാനായ ഒരു വ്യക്തിയുടെ സ്മാരകമായി, അദ്ദേഹത്തിന്റെ ചരമശേഷം, കവി സമർപ്പിക്കുന്ന സ്നേഹോപഹാരമാണ് വിലാപകാവ്യം. ആ വ്യക്തിയുടെ ജീവിതത്തെക്കുറിച്ചുള്ള ചർച്ച, സ്വഭാവം , അവയിൽ ഉദ്ദീപിതമാകുന്ന സ്മൃതിചിത്രങ്ങൾ മുതലായവ വിലാപകാവ്യത്തിൽ ഉണ്ടായിരിക്കുക സാധാരണമാണ്. കീർത്തിക്കപ്പെടുന്ന വ്യക്തി, കവിയുടെ ബന്ധുക്കളിലോ സുഹൃത്തുക്കളിലോപെട്ട ആരെങ്കിലുമായിക്കൊള്ളണമെന്ന്-പലപ്പോഴും അങ്ങനെയാണ് കണ്ടുവരുന്നതെങ്കിലും-നിർബന്ധമില്ല. വ്യക്തിപരമായി കവിക്കുള്ള അഭിനിവേശങ്ങളെ പലപ്പോഴും അടക്കിനിർത്തിക്കൊണ്ട്, തത്ത്വചിന്തയ്ക്കു പരമപ്രധാനമായ സ്ഥാനം നൽകുന്ന വിലാപകാവ്യങ്ങളും നിർമ്മിക്കപ്പെടാറുണ്ട്. മഹാനായ ഒരു വ്യക്തിയുടെ വിയോഗം കവിയെ ചിന്താകുലനാക്കുന്നു. ലക്ഷ്യമായി നില്ക്കുന്ന ആ പ്രതിപാദ്യത്തിൽ നിന്ന്, ക്രമേണ, കവിയുടെ ചിന്താമണ്ഡലത്തിന്റെ വ്യാപ്തി വർദ്ധിച്ചുവർദ്ധിച്ചു വരികയും, തൽഫലമായി ജീവിതം, വിധി, മരണം തുടങ്ങിയ ഗഹനങ്ങളും സാർവ്വത്രികങ്ങളുമായ വിവിധ പ്രശ്നങ്ങളിലേക്കു സംക്രമിക്കുകയും ചെയ്യുന്നു. മഹാകവി കുമാരനാശാന്റെ 'പ്രരോദന'മെന്ന വിലാപകാവ്യം ഇതിനു മകുടോദാഹരണമാണ്.
മേൽ പ്രസ്താവിച്ച സ്വഭാവങ്ങൾ എല്ലാം തന്നെ കൂടിക്കലർന്നുകൊണ്ടുള്ള ഒരു സങ്കരസ്വഭാവമാണ് മറ്റുചില വിലാപകാവ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. 'കണ്ണുനീർത്തുള്ളി' ഇതിനു ദൃഷ്ടാന്തമായി സ്വീകരിക്കാം. മിസ്റ്റർ നാലപ്പാട്ടു നാരായണമേനവന്റെ ആത്മപ്രേയസിയുടെ അകാലവിയോഗമാണല്ലോ ആ ഉൽക്കൃഷ്ടവിലാപകാവ്യത്തിന്റെ അടിസ്ഥാനം. കവിയുടെ വ്യക്ത്യംശത്തിന് ഇതിലുള്ള പ്രാധാന്യത്തെക്കുറിച്ചു പിന്നെ ഒന്നും തന്നെ പ്രസ്താവിക്കേണ്ടതായിട്ടില്ല. എന്നാൽ തത്ത്വചിന്തയുടെ അവതരണത്തിനും കുറച്ചൊന്നുമല്ല കവി തന്റെ കാവ്യത്തിൽ ഇടംകൊടുത്തിട്ടുള്ളതെന്നു കാണാം.
സങ്കല്പ കാന്തി / മുഖവുര
ചങ്ങമ്പുഴ
തകർന്ന മുരളി' എന്ന പദ്യം മുൻപ്രസ്താവിച്ച വിലാപകാവ്യങ്ങളുടെ കൂട്ടത്തിൽ ഒന്നാമത്തെ വിഭാഗത്തിലാണുൾപ്പെടുന്നത്. തത്ത്വചിന്തയ്ക്കും മറ്റും അതിൽ വലിയ സ്ഥാനമൊന്നും കൊടുത്തിട്ടില്ല. ശ്രീമാൻ ഇടപ്പള്ളി രാഘവൻപിള്ളയുടെ അകാലവിയോഗത്തിൽ അദ്ദേഹത്തിന്റെ ആത്മസുഹൃത്തായി വർത്തിച്ചിരുന്ന എനിക്കുണ്ടായ ശോകപൂരിതമായ വികാരങ്ങളെ അതേപടി പ്രതിഫലിപ്പിക്കുക മാത്രമാണ് അതിൽ ചെയ്തിട്ടുള്ളത്. പിന്നീടു ഞാൻ 'രമണൻ' എന്ന പേരിൽ ഒരു ഗ്രാമീണവിലാപകാവ്യം ആ വിഷയത്തെ ആധാരമാക്കിത്തന്നെ നിർമ്മിക്കുകയുണ്ടായി. വിലാപകാവ്യങ്ങളുടെ വിഭാഗത്തിൽ ഏറ്റവും പ്രധാനമായിട്ടുള്ളതാണ് ഗ്രാമീണവിലാപകാവ്യം (Pastoral Elegy). ഇതിനെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കേണ്ടതായിട്ടുണ്ട്. ഈ മുഖവുരയിൽ അതിനു സൗകര്യമില്ലാത്തതിനാൽ അതിലേക്ക് ഉദ്യമിക്കുന്നില്ല.
വസ്തുപ്രധാനമായ ഏതാനും കൃതികളും സങ്കല്പകാന്തിയിൽ ഇല്ലാതില്ല. ഈ കാവ്യശാഖയെ ആഖ്യാനപരമെന്നും നാടകീയമെന്നും രണ്ടായി തിരിക്കാം. 'വനദേവത' എന്നകൃതിയിൽ ഈ രണ്ടു സ്വഭാവങ്ങളും ഇടകലർന്നിട്ടുണ്ടെങ്കിലും, അതിന്റെ ഘടനയിൽ നാടകീയമായ അംശത്തിനാണു പ്രാധാന്യമുള്ളത്. ആദർശാത്മകമായ യഥാതഥപ്രസ്ഥാനത്തിൽ(Idealistic Realism) ഉൾപ്പെടുത്താവുന്ന ഒരു കൃതിയാണ് 'വനദേവത'. 'വൃന്ദാവനം', 'വെറും സ്വപ്നം' , ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം', 'രൂപാന്തരം' മുതലായവ വർണ്ണനാപ്രധാനങ്ങളായ കൃതികളാണ്. തന്മൂലം അവയിൽ വ്യക്ത്യംശത്തിന്റെ സംക്രമണം അത്ര വിരളമൊന്നുമല്ല. എന്നിരുന്നാലും ആഖ്യാനരൂപത്തിലുള്ള പ്രതിപാദനം മൂലം വസ്തുപ്രധാനകൃതികളായി അവയെ പരിഗണിക്കുന്നതാണ് അധികം യുക്തമെന്നു തോന്നുന്നു.
'വൃന്ദാവനത്തിലെ രാധ'യും 'ആ കാലങ്ങ'ളും നാടകീയ സ്വഗതങ്ങളാണ്(Dramatic Monologues). എന്നാൽ 'വൃന്ദാവനത്തിലെ രാധ'യെ Monologue എന്ന സ്വഗതാഖ്യാനത്തിൽ ഉൾപ്പെടുത്തുന്നതിനെക്കാൾ Soliloquy എന്നെ ഇംഗ്ലീഷിൽ പറയപ്പെടുന്ന ആത്മഗതകാവ്യത്തിൽ ചേർക്കുന്നതാണുത്തമം. ഇവയ്ക്കു രണ്ടിനും തമ്മിൽ അല്പം അന്തരമില്ലാതില്ല. 'നാടകീയ സ്വയംഭാഷണ'മെന്ന കാവ്യ വിഭാഗത്തിൽ വക്താവ് ഏതെങ്കിലുമൊരു ശ്രോതാവിനെയോ ഒന്നിലധികം ശ്രോതക്കളെയോ അഭിസംബോധനം ചെയ്തുകൊണ്ടാണ് ഭാഷണം നിർവ്വഹിക്കുന്നത്. എന്നാൽ ആത്മഗതകാവ്യത്തിലാകട്ടെ, ശ്രോതാവിന്റെ ആവശ്യമില്ല. വക്താവു തന്നോടുതന്നെ പറയുകയാണ് ആത്മഗതകാവ്യത്തിലെ രീതി.
സങ്കല്പ കാന്തി / മുഖവുര
ചങ്ങമ്പുഴ
'രാഗഭിക്ഷുണി', 'വിശുദ്ധരശ്മി', 'ലതാഗീതം' തുടങ്ങിയവ കർത്തൃപ്രധാനങളായ പ്രേമഗാനങളാണ്. പദാർത്ഥനിഷ്ടമെന്ന കാവ്യശാഖയിൽ ഉൾപ്പെടുന്ന കൃതികളിലും കവിയുടെ വ്യക്ത്യംശം ഏറെക്കുറെ കടന്നുകൂടിയിട്ടുള്ളതായിക്കാണാം. ഇത് ആവക കൃതികളുടെ സാരമായ ന്യൂനതയായി കണക്കാക്കാമോ എന്ന കാര്യം സംശയമാണ്. പ്രതിപാദ്യവസ്തുവിനോടുള്ള ഉൽക്കടമായ അഭിനിവേശം മൂലം കവിയുടെ വ്യക്തിചൈതന്യം അതിലൂടെ പ്രതിഫലിതമാകുന്നെങ്കിൽ അത് അസ്വാഭാവികമാണെന്നു പറയാവുന്നതല്ലല്ലോ.
ഗീതികാവ്യങ്ങളെക്കുറിച്ച് ലഘുവിമർശനരൂപത്തിലുള്ള ഈ മുഖവുരയുടെ നിർമ്മാണത്തിൽ സ്റ്റേപ്ഫോഡ്ബ്രൂക്ക്, ആബർ ക്രോംബി, ഹഡ്സൺ, എഡ്മൺഡ് ഗൂസ്, സെയിന്റ്സ്ബറി, മാത്യു ആർനോൾഡ്, ലെയ്ഹണ്ട് തുടങ്ങിയ പാശ്ചാത്യവിമർശകന്മാരോടു ഞാൻ അത്യധികം കടപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏഴു കൊല്ലത്തെ എന്റെ സാഹിത്യജീവിതത്തിൽ എന്റെ പദ്യകൃതികളുടെ സമാഹാരങ്ങളായി പലേ ഗ്രന്ഥങ്ങളും പ്രകാശിതമായിട്ടുണ്ടെങ്കിലും എനിക്കു പ്രത്യേകമൊരു മമത തോന്നിയിട്ടുള്ളത് ഈ നൂതനപ്രസിദ്ധീകരണത്തോടാണെന്നു തുറന്നു പറഞ്ഞുകൊള്ളട്ടെ. ഇതിലടങ്ങിയിട്ടുള്ള കവിതകളുടെ മെച്ചംകൊണ്ടല്ല, നേരെമറിച്ചു നിസ്സാരങ്ങളെങ്കിലും അകൈതവാത്മകപ്രകടനപരങ്ങളായ അവയെ ഞാൻ മനസാ നിത്യവും ആരാധിക്കുന്ന ഒരു മഹാത്മാവിന്റെ പാദങ്ങളിൽ സമർപ്പണം ചെയ്യുവാനുള്ള ഭാഗ്യസിദ്ധികൊണ്ടാണ് ആ തോന്നൽ എനിക്കുണ്ടായിട്ടുള്ളതെന്നു പ്രത്യേകം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. സൗഭാഗ്യത്തിന്റെ സമുന്നതസോപാനത്തിൽ സമുല്ലസിക്കുന്ന ക്യാപ്റ്റൻ വി.പി. തമ്പി അവർകളുടെ ഔദാര്യത്തിന്റെ തണലിലാണ് എന്റെ വിദ്യാർത്ഥിജീവിതം പുഷ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന് എന്നോടുള്ള അതിരറ്റ വാത്സല്യവും ഔദാര്യവും പലപ്പോഴും എന്നെ പുളകം കൊള്ളിച്ചിട്ടുണ്ട്. അദ്ദേഹം സദയം എനിക്കു നൽകുന്ന പ്രോത്സാഹനങ്ങൾക്കും സഹായങ്ങൾക്കും കൃതജ്ഞതാപരിപൂർണ്ണമായ എന്റെ ഹൃദയം മാത്രമേ എനിക്ക് ആ പാവനപാദങ്ങളിൽ ഉപഹാരമായി അർപ്പിക്കുവാനുള്ളു.
സങ്കല്പ കാന്തി / മുഖവുര
ചങ്ങമ്പുഴ
മഹാഭാഗയായ കൈരളിയോടു മുകുളിതകരങ്ങളോടെ ഞാനിങ്ങനെ പ്രാർത്ഥിക്കട്ടെ:
അംബികേ, കൈരളീ, അവിടുത്തെ പാദസേവകന്മാരിൽ ഏറ്റവും നിസ്സാരനായ ഒരുവനാണു ഞാൻ. കടന്നുപോകുവാനിരിക്കുന്ന വിദൂര ശതാബ്ദങ്ങളുടെ സന്നിധിയിലേക്ക് എന്റെ നേരിയ ഗാനത്തിന്റെ ഒരു മൃദുലവീചിയെങ്കിലും എത്തിച്ചേരുമെന്ന വിശ്വാസമോ അഭിമാനമോ എനിക്കില്ല. എങ്കിലും ഇന്ന് എന്റെ അരികേ നിന്നു കൊഞ്ഞനംകുത്തുന്ന ഹൃദയശൂന്യന്റെ നിഴൽ കാലം മായ്ച്ചുകഴിയുമ്പോൾ ആ സ്ഥാനത്തേക്കു പ്രവേശിക്കുന്ന നാളത്തെ സഹോദരൻ തീർച്ചയായും എന്നോടു സഹതാപമുള്ളവനായിരിക്കും. മണ്ണടിഞ്ഞുകിടക്കുന്ന എന്റെ അസ്ഥിശകലങ്ങൾക്കു മുകളിലൂടെ മഞ്ഞിൽ കുതിർന്നും, വെയിലിൽ വിയർത്തും, മഴയിൽ കുളിർത്തും ദിനരാത്രങ്ങൾ ഓരോന്നോരോന്നായിക്കടന്നുപൊയ്ക്കൊണ്ടിരിക്കേ ആ സഹോദരന്റെ സഹതാപസാന്ദ്രമായ ആഹ്വാനം ഇരുളടഞ്ഞ എന്റെ ശവകുടീരത്തിൽ എത്തിച്ചേരും. ആ സഹോദരനോട് എനിക്കൊരൊറ്റ അപേക്ഷയേ ഉള്ളു: അതിതാണ്: എന്റെ സമസ്തോൽക്കർഷങ്ങൾക്കും കാരണഭൂതനായ ആ വന്ദ്യപുരുഷന്റെ-ക്യാപ്റ്റൻ വി. പി. തമ്പിയുടെ-ഔദാര്യസ്മൃതിയുടെ മുൻപിൽ ഒരു കൂപ്പുകൈ അർപ്പിച്ചിട്ടുവേണമേ എന്റെ ശവകുടീരത്തിനു നേരെ അനുകമ്പാപൂർണ്ണമായ കണ്ണയയ്ക്കാൻ!- അംബികേ, കൈരളീ, അഞ്ജലീബന്ദ്ധനായ ഈ വിനീതസേവകനെ ഭവതി വെറുക്കരുതേ!-
ഈ ഗ്രന്ഥത്തിന്റെ പ്രകാശനം സദയം ഏറ്റെടുത്ത മംഗളോദയം പ്രവർത്തകന്മാരോടും പലേ ജോലിത്തിരക്കുകൾക്കിടയിൽ, എന്നോടുള്ള വാത്സല്യാതിരേകത്താൽ, ഈ ഗ്രന്ഥം പരിശോധിച്ചുനോക്കുവാനും വിലയേറിയ ഒരവതാരിക എഴുതിത്തരുവാനും കാരുണ്യമുണ്ടായ അഭിവന്ദ്യമഹാകവിയോടും എനിക്കുള്ള അകൈതവമായ കൃത്ജ്ഞതയെ ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു.
പ്രിയ വായനക്കരേ, നിങ്ങൾക്കു കൂപ്പുകൈ!
സങ്കല്പ കാന്തി
ചങ്ങമ്പുഴ
അവതാരിക
ഇന്നേക്ക് ഇരുപത്തേഴ് വയസ്സുപോലും തികഞ്ഞിട്ടില്ലാത്ത ശ്രീമാൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പേർ കേരളത്തിലെ സഹൃദയൻമാരും സാഹിതീ ബന്ധുക്കളും കേട്ടുതുടങ്ങിയിട്ടു കാലം ഒരു വ്യാഴവട്ടത്തിലധികം കഴിഞ്ഞിരിക്കുന്നു. ഈ കാലഘട്ടത്തിനടയ്ക്ക് അദ്ദേഹവുമായി അവർക്കുള്ള പരിചയം സ്നേഹമായും സ്നേഹം ബഹുമാനമായും ക്രമേണ രൂപാന്തരപ്പെട്ടിട്ടുമുണ്ട്. ശ്രീമാൻ കൃഷ്ണപിള്ള ഇതിനുമുൻപുതന്നെ 'സുധാംഗദ' മുതലായി ദീർഘങ്ങളും ലഘുക്കളുമായ ചില ഭാഷാകാവ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളതായി ഓർക്കുന്നു. അവയുടെ അവരജത്വമാണ് ഞാൻ ഇപ്പോൾ അവതരിപ്പിക്കുന്ന 'സങ്കൽപകാന്തി' ക്കുള്ളത്.
സങ്കൽപകാന്തി' ഈ യുവകവിയുടെ ഇരുപത്തിയാറു ഖണ്ഡകൃതികളുടെ സമാഹാരമാണ്. ചങ്ങമ്പുഴ ഭാഷാസാഹിത്യവുമായെന്നപോലേ പാശ്ചാത്യസാഹിത്യവുമായും ധാരാളം ഇടപഴകിയിട്ടുണ്ടെന്നും ആംഗലേയകവികളുടെ ആശയസമുദ്രത്തിൽ അദ്ദേഹത്തിനുള്ള അവഗാഹം സമ്പൂർണ്ണവും സഫലവുമാണെന്നും അദ്ദേഹത്തിന്റെ കൃതികൾ വായിച്ചിട്ടുള്ളവർക്ക് അറിയാവുന്നതാണ്. ആംഗലേയസാഹിത്യം , പാരസീകസാഹിത്യം, ഹിന്ദിസാഹിത്യം , വംഗീയസാഹിത്യം ഇവയെല്ലാം ആധുനിക ഭാഷാസാഹിത്യഗംഗയുടെ പോഷകനദികളായി പരിണമിച്ചിട്ടുള്ള ഒരു കാലമാണ് ഇത്. സംസ്കൃതവും പഴന്തമിഴുമാണ് ഇതിന്റെ ഭാഗീരഥിയും അളകനന്ദയും. അവയെ അവയുടെ അത്യുച്ചസ്ഥാനങ്ങളിൽനിന്നു നിഷ്കാസനം ചെയ്യുവാൻ അന്യഭാഷാസാഹിത്യങ്ങൾക്ക് സാധിക്കുന്നതല്ലെങ്കിലും അവയുമായുള്ള സംഗമംകൊണ്ട് ആ ഗംഗ ബഹുദൂകമായും പ്രവൃദ്ധവേഗമായും പ്രവഹിക്കുന്നുണ്ടെന്നുള്ളത് അനപലപനീയമായ ഒരു പരമാർത്ഥമാകുന്നു.
ചങ്ങമ്പുഴയെ ഭാഷാകവിതയിൽ ഒരഭിനവപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവല്ലെങ്കിലും ഉദ്ഘോഷകനാണെന്നു തീർച്ചയായി പറയാം. ഇന്നത്തെ പരിതസ്ഥിതിയിൽ സാമാന്യകുടുംബങ്ങളിൽ ജനിക്കുന്ന ബാലൻമാർക്കും ബാലികമാർക്കും അവർ അർഹിക്കുന്ന സ്ഥാനങ്ങളിൽ എത്തിച്ചേരുന്നതിനുള്ള വൈഷമ്യം അവരുടെ ഇടയിൽ ജനിക്കുന്ന കവികളെ നൈരാശ്യത്തിന് അടിമപ്പെടുത്തുകയും തന്മൂലം അവർ ഉദ്വിഗ്നമാനസന്മാരായി കരുണാത്മകങ്ങളായ കാവ്യങ്ങൾ നിർമ്മിക്കുന്നതിൽ ഉത്സുകന്മാരായിത്തീരുകയും ചെയ്യുന്നു. ഈ ഉത്സർഗ്ഗത്തിന് 'സങ്കല്പകാന്തി' ഒരുപവാദമാണെന്നു പറവാൻ പാടില്ലെങ്കിലും ഇതിൽ അടങ്ങീട്ടുള്ള കൃതികൾ എല്ലാം ഈ രീതിയിൽ മാത്രമല്ല നിബന്ധിച്ചിട്ടുള്ളത് എന്നുള്ള വസ്തുത ഭിന്നരുചിയായ അനുവാചകലോകത്തിന് ആനന്ദദായകമായിരിക്കും. 'കാളിദാസൻ', 'വൃന്ദാവനം', 'ഗുരുപൂജ' തുടങ്ങിയ കൃതികളിൽ മീട്ടിക്കാണുന്നത് വേറെ ചില തന്ത്രികളാകുന്നു. മർദ്ദിതരോടുള്ള അനുകമ്പയോടൊപ്പം തന്നെ ദേശാഭിമാനം, വയസ്യസ്മരണ, ആചാര്യഭക്തി, പ്രകൃതിസൗന്ദര്യപൂജ മുതലായി പല മൃദുലവികാരങ്ങളേയും തട്ടിയുണർത്തുവാൻ പര്യാപ്തങ്ങളായ ഇതരവിഷയങ്ങളിലും കവിയുടെ ദൃഷ്ടി വ്യാപരിച്ചിട്ടുള്ളത് പ്രശംസാവഹംതന്നെ.
സങ്കല്പ കാന്തി / അവതാരിക
ചങ്ങമ്പുഴ
ശ്രീമാൻ കൃഷ്ണപിള്ളയുടെ കൃതികളിൽ സർവ്വോപരി തെളിഞ്ഞുകാണുന്ന രണ്ടു ഗുണങ്ങൾ ശബ്ദസൗന്ദര്യവും ഭാവനാസമ്പത്തുമാണ്. ശബ്ദസൗഷ്ഠവം തുള്ളിത്തുളുമ്പാത്ത ഈരടികൾ സങ്കൽപകാന്തിയിൽ ഇല്ലെന്നു ശപഥംചെയ്യുവാൻ ഞാൻ സന്നദ്ധനല്ലെങ്കിലും, ഇല്ലെന്നുതന്നെ സാമാന്യമായി പറയത്തക്ക നിലയിൽ അവ അത്രമാത്രം വിരളങ്ങളാകുന്നു. രസഭാവങ്ങൾക്കനുഗുണമായി വിവക്ഷിതാർത്ഥപ്രതിപാദകമായുള്ള ഒരു ശബ്ദപരമ്പര അദ്ദേഹത്തിന് സദാ സ്വാധീനമായുണ്ട്. ഭാഷാവൃത്തങ്ങളിൽ യതിനിയമത്തെസ്സംബന്ധിച്ച് ഇത് വളരെ ശ്രദ്ധചെലുത്തുന്ന കവികൾ അധികമില്ല. കൽപനാവൈഭവം അദ്ദേഹത്തിന്റെ കൃതികളെ പലപ്പോഴും ദീർഘീകരിക്കുന്നു. എങ്കിലും അതിനാൽ ആകൃഷ്ടരാകുന്ന അനുവാചകന്മാർക്ക് തന്നിമിത്തം അശേഷം അസ്വാരസ്യം തോന്നുന്നില്ല. ചില ഉദാഹരണങ്ങൾ പ്രസ്തുത കൃതിയിൽ നിന്നുദ്ധരിച്ച് എന്റെ ആശയം വിശദീകരിക്കാം.
ഭാരതത്തിലെ നീണ്ടതാടിക്കാർ, കാട്ടാളൻമാർ
പോരെങ്കിൽ,പ്പരിഷ്കാരശൂന്യൻമാർ, കറമ്പൻമാർ
നേരിന്റെ നാടും തേടി, സ്നേഹത്തിൻ പാട്ടും പാടി,-
ച്ചാരുവാമൈക്യത്തിന്റെ പൂന്തോപ്പിലൂഞ്ഞാലാടീ!
എന്നു നമ്മുടെ കവി പ്രാചീനഭാരതത്തിലെ മഹർഷിമാരുടെ അപദാനങ്ങളെ പ്രകീർത്തനംചെയ്യുന്നു. 'രണാങ്കണ'ത്തിൽ എന്ന മറ്റൊരു കൃതിയിലെ നേതാക്കന്മാരുടെയും അനുയായികളുടെയും അവസ്ഥാന്തരങ്ങളെ വർണ്ണിക്കുന്ന ചില ഈരടികളാണ് താഴെച്ചേർക്കുന്നത്.
ഇന്നവർതൻ ധീരകൃത്യങ്ങളോരോന്നു വർണ്ണിച്ചു വർണ്ണിച്ചു പാടുന്നു ഗായകർ! ആയവർതൻ ഗളത്തിങ്കലണിയുന്നു മായാത്ത കീർത്തികൾ മന്ദാരമാലകൾ! ചേലിലെഴുതും സുവർണ്ണലിപികളിൽ 'നാളെച്ചരിത്ര'മവരുടെ പേരുകൾ ഞങ്ങളഹോ-ഹാ! മഹാത്യാഗമനുഷ്ഠിച്ച ഞങ്ങളോ-കഷ്ടം, വെറും നിഴൽപാടുകൾ! മർത്ത്യപ്പുഴുക്കൾ മറയണം ഞങ്ങളാ വിസ്മൃതി തന്റെ തണുത്ത ഗർത്തങ്ങളിൽ! ആരുണ്ടറിയാൻ ജഗത്തിലീ ഞങ്ങൾത- ന്നാരാധനീയമാം പാവനാത്മർപ്പണം ?
'തകർന്ന മുരളി' എന്ന പേരിൽ തന്റെ ബഹിശ്ചരപ്രാണനായിരുന്ന ഇടപ്പള്ളി രാഘവൻപിള്ളയുടെ അകാലമരണത്തെ പരാമർശിച്ച് ചങ്ങമ്പുഴ എഴുതിയിട്ടുള്ള വിലാപകാവ്യത്തിലെ ഏതാനും വരികൾ ചുവടേ പകർത്തുന്നു.
സങ്കല്പ കാന്തി / അവതാരിക
ചങ്ങമ്പുഴ
നിശ്ചയമക്കാഴ്ച കണ്ടുനിന്ന
മൃത്യുവും പൊട്ടിക്കരഞ്ഞിരിക്കും.
ആ മഹാജീവിതം മാഞ്ഞനേരം
ഭൂമിയും സ്തംഭിച്ചുപോയിരിക്കും.
വിണ്ണിലെത്താരകളൊക്കെയും ക-
ണ്ണൊന്നിച്ചിറുക്കിയടച്ചിരിക്കും.
അക്കാഴ്ച കാൺകെച്ചരാചരങ്ങ-
ളൊക്കെയും ഞെട്ടിത്തെറിച്ചിരിക്കും.
കായായിത്തീരാൻ തുടങ്ങിയപ്പോൾ-
പ്പോയല്ലോ, പോയല്ലോ, പുഷ്പമേ, നീ!
'നാളത്തെ'യോമൽ 'പ്രഭാത'വുമായ്
നാകത്തിൽ നീ പോയൊളിച്ചുവല്ലോ!"
കാലവൈപരീത്യത്തെപ്പറ്റി 'ചിതറിയ ചിന്തകൾ' എന്ന തലക്കെട്ടിൽ രചിച്ചിട്ടുള്ള കൃതിയിലെ ഒരു ഭാഗമാണ് അടിയിൽ എടുത്തുചേർക്കുന്നത്.
ചൊല്ലുകെൻ കാലമേ , നീയെന്നെക്കാണിച്ച-
തെല്ലാമൊരു വെറും സ്വപ്നമാണോ?
തെല്ലിടയെന്തിനെൻ ചുറ്റു, മാ നേരിയ
മല്ലികാസൗരഭം വാരിവീശി?
വാനിലെപ്പൊന്മുകിൽത്തേരിലിരുന്നു ഞാൻ
വീണവായിക്കുകയായിരുന്നു;
താരാട്ടുംപാടി ഞാൻ താരാമണികളെ
ത്താലോലിച്ചീടുകയായിരുന്നു;
പ്രേമസുരഭിലചിന്തകൾകൊണ്ടു ഞാൻ
പൂമാല കെട്ടുകയായിരുന്നു;
കോമളസ്വപ്നങ്ങൾ കണ്ടുകണ്ടങ്ങനെ
കോൾമയിൽക്കൊള്ളുകയായിരുന്നു!-
എന്നെ നീയെന്തിനു നിർദ്ദയം വീണ്ടുമീ
മണ്ണിലേക്കേവമടിച്ചു വീഴ്ത്തി?
ഹന്ത! നീയിത്ര കഠിനമായ് ശിക്ഷിക്കാ-
നെന്തപരാധം ഞാൻ ചെയ്തതാവോ!
മതി 'സങ്കൽപകാന്തി' യുടെ സ്വരൂപമെന്തെന്നു മേലുദ്ധരിച്ച വരികളിൽ നിന്നു സ്പഷ്ടമാകും. ചമൽക്കാരജനകമായ ശബ്ദഘടനയാണ് കവിതയെങ്കിൽ ലയാനുവിദ്ധമായ ആശയസൗന്ദര്യാവിഷ്കാരമാണ് കിവതയെങ്കിൽ , വികാരപരിപൂർണ്ണമായ വിചാരവും വാക്കുമാണ് കവിതയെങ്കിൽ , അതുതന്നെയാണ് ചങ്ങമ്പുഴയുടെ കവിത. ആ ലക്ഷണങ്ങൾ പ്രസ്തുത കാവ്യത്തിൽ പ്രകൃഷ്ടമായുണ്ട്. ചങ്ങമ്പുഴയ്ക്ക് അനന്യസുലഭമായ പ്രതിഭയുണ്ടെന്നുള്ളത് അനിഷേധ്യമാണ്. നിരന്തരമായ അഭ്യാസം നിമിത്തം അത് അനുക്രമമായി വർദ്ധിച്ചിട്ടുണ്ടെന്നുള്ളതും നിസ്തർക്കമാണ്. പ്രോത്സാഹകമായിരിക്കണമെന്നുള്ള ഏകോദ്ദേശ്യത്തോടുകൂടി എഴുതുന്ന ഈ അവതാരികയിൽ മറ്റു കാര്യങ്ങളെപ്പറ്റി പ്രസ്താവിക്കുന്നില്ല. അടുത്ത പതിപ്പിന്റെ ആവശ്യം നേരിടുമ്പോൾ അദ്ദേഹം തന്നെ കൂടുതൽ വ്യുത്പത്തി സമ്പാദിച്ചു വേണ്ട സ്ഥലങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊള്ളും. ആകക്കൂടി നോക്കുമ്പോൾ അനുഗൃഹീതനായ ഈ യുവകവിവര്യനിൽനിന്നു ഭാവിയിൽ അനവധി മനോഹരങ്ങളായ കാവ്യങ്ങൾ ഭാഷയ്ക്കു ലഭിക്കുമെന്ന് നമുക്കു ന്യായമായി ആശിക്കാവുന്നതാണ്. പല കാരണങ്ങൾകൊണ്ടും എനിക്ക് ഏറ്റവും ഉത്തേജനാർഹനായിത്തോന്നീട്ടുള്ള ഈ വശ്യവചസ്സായ സരസ്വതീദാസനു സർവ്വമംഗളങ്ങളും സംജാതങ്ങളാകട്ടെ എന്നുള്ള പ്രാർത്ഥനയോടുകൂടി അവതാരികയെ ഉപസംഹരിച്ചുകൊള്ളുന്നു.
11-1-1942 ഉള്ളൂർ.എസ്.പരമേശ്വരയ്യർ
സങ്കല്പ കാന്തി
ചങ്ങമ്പുഴ
കാളിദാസൻ
വിസ്മയമാകവേ, വിശ്വമഹാകവേ,
വിഖ്യാതികൊണ്ടു ജയക്കൊടി നാട്ടി നീ:
ആഗമിക്കുന്നു ഹാ, നിൻകാൽക്കലിപ്പൊഴും
ലോകപ്രതിഭതൻ കൂപ്പുകൈമൊട്ടുകൾ!
നിന്നുദയത്തിനുശേഷം ശതാബ്ദങ്ങ-
ളൊന്നല്ല,നേകം കഴിഞ്ഞുപൊയെങ്കിലും
നിത്യസ്മൃതിയുടെ ചക്രവാളാന്തത്തിൽ
നിൽക്കുന്നു വാടാത്ത നക്ഷത്രമായി നീ!
നിന്നെയോർത്തോർത്തുള്ളഭിമാനപൂർത്തിയി-
ലിന്നും തുടിക്കുന്നു ഭാരതത്തിൻമനം!
വിണ്ണിങ്കല,പ്സരസ്ത്രീകൾ പൂവിട്ടൊര-
സ്വർണ്ണസിംഹാസനത്തിങ്കൽ, സകൗതുകം
മേവ , സ്സമാരാധ്യമാകുമൊരേകാന്ത-
ദേവസദസ്സിന്നലങ്കരിക്കുന്നു നീ!
വാരി വിതറുന്നു നിൻമൗലിയിൽ സ്വർഗ്ഗ-
വാരാംഗനകൾ നൽക്കൽപകപ്പൂവുകൾ!
നിൽക്കുന്നു നിന്നരികത്തു, നീ ലാളിച്ചു
നിത്യതാരുണ്യം കൊടുത്ത ശകുന്തള!
ചാമീകരത്തിൻ പിടിയിട്ട നല്ല വെൺ-
ചാമരത്താൽ നിന്നെ വീശുന്നിതുർവ്വശി!
പച്ചിലച്ചാർത്തിന്നിടയിൽനിന്നോമന-
പ്പിച്ചകത്തിൻ കൊച്ചുപൂമൊട്ടുമാതിരി,
ഹാ, വിടരുന്നു നിൻ കാവ്യങ്ങളിൽ നവ-
ഭാവന തന്റെ സുരഭിലവീചികൾ!
കോരിക്കുടിച്ചിടുന്തോറു,മവയിൽനി-
ന്നൂറിവരുന്നു പുതിയ സുധാരസം!
എന്നും നശിക്കാത്തൊരേതോ പുതുമതൻ-
പൊന്നിൻചിറകടിച്ചാത്തകൗതൂഹലം
വിശ്വം മുഴുവൻ വിഹരിപ്പൂ, വാടാത്ത
വിദ്യൂല്ലതേ, നിൻ കവിതയാം പൈങ്കിളി!
സങ്കല്പ കാന്തി / കാളിദാസൻ
ചങ്ങമ്പുഴ
കല്പാന്തകാലത്തു, ലോകം വിഴുങ്ങുമ-
ക്കർക്കശസിന്ധുവിൻ കല്ലോലപാളിയും
പാടേ പഠിക്കും, പരിതൃപ്തരായ്സ്വയം
പാടിരസിക്കും മധുരശാകുന്തളം!
ഓരോ നവവർഷമേഘം വരുമ്പൊഴും
കോരിത്തരിക്കും ജഗത്തിന്റെ മാനസം!
ആ മഞ്ജുകമേചകമേഘത്തിലേറി, നാം
വ്യോമത്തിലൂടേ പറന്നു പറന്നുപോയ്,
എത്തുമറിയാതൊ,രജ്ഞാതഗന്ധർവ്വ-
പത്തനത്തിന്റെ ഹൃദയത്തിലങ്ങനെ!
വിശ്വസംസ്ക്കാരത്തിൽ നീയൊരു മങ്ങാത്ത
വിദ്രുമദീപം കൊളുത്തീ, മഹാമതേ!
ഇന്നതിൻ വെള്ളിവെളിച്ചത്തിലേക്കിതാ,
കണ്ണു തുറക്കുന്നു മാനവപ്രജ്ഞകൾ!
നീയന്നു കണ്ടോരുദയവും സന്ധ്യയും
നീലമലകളും കാടും പുഴകളും
എല്ലാം-സ്വയമിപ്രകൃതിയിലുള്ളവ-
യെല്ലാം-ലയിച്ചു നിന്മാനസസീമയിൽ!
എന്നിട്ടൊ,ഴുകാൻതുടങ്ങിയവിടത്തിൽ-
നിന്നുമവയൊരു വേണുസംഗീതമായ്!
ജീവനെക്കാട്ടിലും സ്നേഹിച്ചു നീയൊരു
പൂവിടാറാവാത്ത മുല്ലയെക്കൂടിയും;
നിന്നു നിൻമുന്നിൽ വികാരതരളിത-
സ്പന്ദനമുൾക്കൊണ്ടു കാട്ടുമരങ്ങളും!
അർഭകയെപ്പോലെ,ടുത്തു ലാളിച്ചു നീ
ഗർഭിണിയാമൊരു കൊച്ചുമാൻപേടയെ!
മാലറ്റു നീ ചേർന്നലിഞ്ഞിതാ നിർമ്മല-
മാലിനീകല്ലോലമാലയോരോന്നിലും!
ഓരോ ദിനവും നവീനസുഷമയിൽ-
ത്താരും തളിരുമണിഞ്ഞു നിൻജീവിതം!
സങ്കല്പ കാന്തി / കാളിദാസൻ
ചങ്ങമ്പുഴ
ലോകവും നാകവും കൂട്ടിയിണക്കി നീ
ശാകുന്തളത്തിൻ കനകശലാകയാൽ!
മോഘമല്ലാത്ത സനാതനപ്രേമമാ
മേഘത്തിനെക്കൊണ്ടെടുത്തു പാടിച്ചു നീ!
നീയാ രഘുവിനെക്കൊണ്ടു പറപ്പിച്ചു
നീതിധർമ്മങ്ങൾതൻ പൊൽക്കൊടിക്കൂറകൾ!
ശാസ്ത്രക്കറുപ്പിൻലഹരിയിലാ,ത്മീയ-
മൂർച്ഛയിൽ,പ്പിച്ചുപുലമ്പട്ടെ പശ്ചിമം;
വാരുറ്റ വാടാത്ത വെള്ളിനക്ഷത്രമേ,
ഭാരതത്തിന്നുള്ളഭിമാനമാണു നീ!
ഗീതലയിച്ചൊരീ മണ്ണിൽ മുളയ്ക്കുന്ന-
തേതും പവിത്രഫലാഢ്യമാണെന്നുമേ!
വൃന്ദാവനംവാച്ചൊരീ മഹിതൻ മന-
സ്പന്ദനംപോലും കലാചോദനപ്രദം!
സീതയെപ്പെറ്റൊരീ നാടേ, തു ശുദ്ധിതൻ-
സീമയും വന്നു നമിക്കും തപോവനം!
ആ നാടിനാ, നാടിനാ, ദർശശുദ്ധമാ-
മാ നാടിന, ന്വഹാരാധനാമൂർത്തിയായ്,
വിസ്മയമാകവേ, വിശ്വമഹാകവേ,
വിഖ്യാതികൊണ്ടു ജയക്കൊടി നാട്ടി നീ!
-നവംബർ, 1936
സങ്കല്പ കാന്തി
ചങ്ങമ്പുഴ
വനദേവത
താമര പൂത്തൊരപ്പൊയ്കയിൽ നിയന്നൊ-
രോമനസ്വപ്നമായെത്തി;
ആശാമധുരമാം ഭാവനയിങ്കലൊ-
രാശയാവേശനംപോലേ!
മൊട്ടിട്ടുപോയി നിന്നാഗമവേളയിൽ
തൊട്ടടുത്തുള്ള മരങ്ങൾ;
കോകിലകണ്ടത്തിലാകർഷകമാർദ്രമാം
കാകളി വന്നു തുളുമ്പി;
പല്ലവിതങ്ങളാം ചില്ലകൾ ചൂടിയ
വല്ലീനടികൾ നിന്നാടി;
ചിത്രപതംഗകപാളികൾക്കക്ഷണം
ചുറ്റിപ്പറക്കുവാൻ തോന്നി;
മഞ്ഞിലിളവെയൽ വീണൊ,രു നൂതന-
മഞ്ജിമ മന്നിനെപ്പുൽകി;
സ്വപ്നമെന്നോണ,മീ ലോകം പൊടുന്നനെ
സ്വർഗ്ഗീയരംഗമായ് മാറി!
നീലിമപൂശിയ കാനനരാശിയിൽ
നീളെപ്പുളകങ്ങൾ വീശി,
ഓടക്കുഴലും വിളിച്ചുകൊണ്ടേകനായ്,-
ക്കോടക്കാർവർണ്ണനെപ്പോലെ,
അച്ഛിന്നകൗതുകമദ്ദിക്കിലപ്പൊഴ-
ക്കൊച്ചാട്ടിടയനുമെത്തി.
സുന്ദരമാവനം പ്രേമപ്രഫുല്ലമാം
വൃന്ദാവനംതന്നെയായി!
കോമളഗാനങ്ങൾ കോരിച്ചൊരിയുവിൻ,
കോകിലജാലമേ, നിങ്ങൾ!
ആനന്ദനർത്തനമാടുവിൻ മേല്ക്കുമേൽ,
നാനാലതകളേ, നിങ്ങൾ!
ഉല്ലസൽസൗരഭം വാരി വീശീടുവിൻ ,
ഫുല്ലപുഷ്പങ്ങളേ, നിങ്ങൾ!
അപ്രതിമോജ്ജ്വല,മിപ്രണയോത്സവ-
സ്വപ്നസമാഗമകാലം;
നിർവൃതികൊണ്ടു നിറം പിടിപ്പിക്കുവാൻ
നിങ്ങളെല്ലാവരും വേണം!
സങ്കല്പ കാന്തി / വനദേവത
ചങ്ങമ്പുഴ
തൈത്തെന്നലൊന്നെങ്ങാൻ തൊട്ടാൽക്കുണുങ്ങുന്ന
മൊട്ടിട്ട മുല്ലയെപ്പോലേ,
നാണംകുണുങ്ങിക്കുണുങ്ങിയവളൊരു
കാനനച്ചാർത്തിൽപ്പതുങ്ങി!
കണ്ടിട്ടുമായതു കാണാത്ത ഭാവത്തി-
ലിണ്ടൽനടിച്ചവൻ നിന്നു.
ഹാ, വനദേവതേയെങ്ങു നീ?"- എന്നവ-
നാവലാതിപ്പെട്ടുഴന്നു:
കാനനപ്പച്ചകൾ പൂക്കുന്ന കാലത്തു
കാണാമെന്നോതിയതല്ലേ?
കാട്ടിൽക്കരിങ്കുയിൽ കൂകുന്നകാലത്തു
കാണാമെന്നോതിയതല്ലേ?
കാടുകളൊക്കെയും പൂത്തു, കരിങ്കുയിൽ
കൂകിത്തളർന്നുകഴിഞ്ഞു;
കാനനദേവതേ, നിന്നെയിങ്ങെന്നിട്ടും
കാണാതിരിക്കുന്നതെന്തേ?"
ഏവം കഥിച്ചൊരു നീലശിലാതല-
ഭൂവിലവൻ ചെന്നിരുന്നു.
രണ്ടിളന്തണ്ടാർവലയമവനുടെ
കണ്ഠത്തിൽച്ചുറ്റിപ്പിണഞ്ഞു.
പിന്നത്തെ മാത്രയിൽ, രണ്ടിളം പൂക്കള-
ക്കണ്ണിനെ പൊത്തിക്കഴിഞ്ഞു-
ആരു ഞാനാരു ഞാൻ?"- എന്നൊരു വീണതൻ
ചാരുസ്വരവുമുതിർന്നു!
അസ്സ്വരത്തേന്മഴച്ചാറലി, ലക്കര-
സ്പർശസുഗന്ധസരിത്തിൽ,
മന്ദമലിഞ്ഞലിഞ്ഞായവനിങ്ങനെ
മന്ദസ്മിതം തൂകിയോതി:
സങ്കല്പ കാന്തി / വനദേവത
ചങ്ങമ്പുഴ
കണ്ടാലൊളിക്കുന്ന കള്ളിയായിദ്ദിക്കി-
ലുണ്ടൊരു കാനനദേവി.
ഞാനറിയാതെ,യാ നാണംകുണുങ്ങിയെൻ-
പ്രാണനുംപ്രാണനായ്പ്പോയി.
ഉണ്ടവൾക്കത്യന്തപാടവം, പിന്നാലേ
മിണ്ടാതൊളിഞ്ഞുവന്നെത്താൻ;
എന്നിട്ടു, താമരപ്പൂവിതൾക്കൈകളാൽ
കണ്ണിണ പൊത്തിപ്പിടിക്കാൻ!
മായികയാണവളെങ്കിലും മെന്മനോ-
നായികയാണക്കുമാരി!"
മന്ദമത്തണ്ടാർവലയങ്ങൾ നീങ്ങി, യാ
മിന്നൽക്കൊടി മുന്നിലെത്തി.
കൊഞ്ചിക്കുഴഞ്ഞൊരു കോകിലത്തെപ്പോലെ
പുഞ്ചിരിപെയ്തവളോതി:
"താമസിച്ചിങ്ങു നാം നിന്നാൽ, വെയിൽ വരും
താമരപ്പൊയ്കയിലെല്ലാം!"
ഓരോരോ ചാടുവാക്കോമനിച്ചോമനി-
ച്ചോതിത്തുടങ്ങിയവനും:
"താമരപ്പൊയ്കയിൽ വെയ്‌ലു വന്നാലപ്പോൾ
മാമരച്ചോട്ടിലിരിക്കാം!"
"താമരപ്പൊയ്കയിൽപ്പോയാലൊരായിരം
താമരപ്പൂക്കൾ പറിക്കാം!"
"മാമരച്ചോട്ടിലിരുന്നാലൊരായിരം
മാദകചിത്രങ്ങൾ കാണാം!"
"പോരിക, പോരിക,ന്നോതുന്നു നമ്മോടു-
ദൂരെനിന്നോരോ പികങ്ങൾ."
"പോകരുതെ,ന്നു വിലക്കുന്നു നമ്മളെ-
ക്കേകികളീ മരക്കൊമ്പിൽ!
വാരുറ്റപീലി വിടുർത്തിനിന്നാടുമ്പോ-
ളാരവയെ വിട്ടു പോകും?"
സങ്കല്പ കാന്തി / വനദേവത
ചങ്ങമ്പുഴ
"ചില്ലകളാലതാ മാടിവിളിക്കുന്നു
വല്ലികൾ ദൂരത്തു നമ്മെ!"
"ചില്ലകളാലിതാ, നിന്നു വിലക്കുന്നു
വല്ലികൾ ചാരത്തു നമ്മെ!"
"അക്കുളിർപ്പൂഞ്ചോലയ്ക്കക്കരെച്ചെന്നാലൊ
രപ്സരകന്യയെക്കാണാം!"
"അക്കരെച്ചെല്ലാതെതന്നെ, യെനിക്കുണ്ടൊ
രപ്സരകന്യയെൻചാരേ!"
"കല്ലീലി വെയ്‌ലത്തു ഞാനേറെ നിൽക്കുകിൽ
വല്ലാതെ വാടിത്തളരും!"
"വാടിത്തളരുകിൽ, പൂപോലെ നിന്നെ ഞാൻ
വാരിയെടുക്കുമെൻകൈയിൽ!
അപ്പൂത്ത വള്ളിക്കുടിലിനകത്തൊരു
പുഷ്പതല്പം ഞാനൊരുക്കും.
എന്മടിത്തട്ടിൽത്തല വെച്ചു സസ്പൃഹം
നിന്നെയതിൽ ഞാൻ കിടത്തും.
താമരപ്പച്ചിലത്താലവൃന്തത്തിനാൽ
സാമോദം നിന്നെ ഞാൻ വീശും.
മൽക്കരാശ്ലേഷസുഖത്തിലലിഞ്ഞലി-
ഞ്ഞുജ്ജ്വലേ, നീയുമുറങ്ങും.
ആലോലവായുവിലാഞ്ഞാഞ്ഞിളകും നിൻ-
നീലാളകങ്ങളും മാടി,
ആനന്ദതുന്ദിലനായി ഞാനിങ്ങനെ-
യാ നികുഞ്ജത്തിലിരിക്കും!"
"പൂത്തും തളിർത്തും ലസിക്കുന്നു മാമര-
ച്ചാർത്തുകളെങ്ങുമിക്കാട്ടിൽ!
ഏതേതു കോണിലേക്കെത്തിനോക്കീടിലും
ചേതോഹരമാണവിടം.
എങ്ങനെ,യെങ്ങോട്ടു,പോകും നാമിങ്ങുനി-
ന്നെ,ങ്ങനെ പോകാതിരിക്കും?
ഹാ, മനോമോഹനമാപാദചൂഡമി-
ശ്ശ്യാമളകാനനരംഗം!"
സങ്കല്പ കാന്തി / വനദേവത
ചങ്ങമ്പുഴ
ഹാ, വനദേവതേ, നിൻപദം പൂല്കുമീ-
പ്പാവനകാനനഭാഗം
എങ്ങനെ,യെങ്ങനെ, മംഗളമഞ്ജിമ
തിങ്ങിത്തുളുമ്പാതിരിക്കും?"
"ഈ വേണുഗോപാലപാദമുദ്രാങ്കിത-
ശ്രീവായ്ക്കുമീ വനരംഗം
എമ്മട്ടി, ലെമ്മട്ടി,ലെന്നെന്നുമത്യന്ത-
രമ്യമായ്ത്തീരാതിരിക്കും?"
"കാനനമൊക്കെയും പൂത്തു,കരിങ്കുയിൽ
കാകളി മേന്മേലുതിർത്തു;
നീ,വനദേവതേ, വന്നതുമൂലമെൻ-
ജീവനുമിപ്പോൾക്കുളിർത്തു;
തങ്കക്കിനാക്കൾ തഴുകിത്തഴുകിയെൻ-
സങ്കല്പമൊക്കെത്തളിർത്തു.
ഈ വസന്തോത്സവം കൊണ്ടാടുവാനിനി-
പ്പോവുകതന്നെ നാം ദേവി!"
-മെയ് , 1938
സങ്കല്പ കാന്തി
ചങ്ങമ്പുഴ
ആ കാലങ്ങൾ
എങ്കിലും, തോഴി, തിരിച്ചിനിക്കിട്ടുമോ
സങ്കല്പമാത്രമാമാ മധുരാമൃതം?
ആ വസന്തോത്സവം വന്നു നൃത്തംചെയ്ത
ജീവിതത്തിന്റെ തളിർവിരിപ്പാതയിൽ,
ഒന്നതിൻസ്മാരകം ചൊന്നിടാൻപോലുമി-
ല്ലിന്നതിൻ കാലടിപ്പാടുകളൊന്നുമേ.
മുന്നിലക്കാണും തിമിരപ്പടർപ്പില-
പ്പൊന്നുങ്കതിരിനി വീണ്ടും പൊടിക്കുമോ?
അയ്യോ, നിരാശേ,നിരാശേ, മതി മതി,
വയ്യെനിക്കേ, വം ഞെരിക്കരുതെന്നെ നീ!
ഒന്നു പോയ്ക്കൊള്ളട്ടെ മുന്നോട്ടുതന്നെയി-
ക്കണ്ണീർപ്പുഴയിൽ കുളിച്ചു കുളിച്ചു ഞാൻ.
ഭാവി ദൂരത്താ,താ, നോക്കിനില്ക്കുന്നിതെ,ൻ-
ഭാവനാ ചിത്രങ്ങളൊക്കെയും മായ്ക്കുവാൻ.
അത്തലിൻ ചുട്ട വെയ്‌ലേറ്റു, പഴുത്തൊരീ
വർത്തമാനത്തിൻ പരുത്ത പാറപ്പുറം
പൊള്ളിക്കയാണിതാ, ചിന്താശതങ്ങൾതൻ-
മുള്ളേറ്റു ചോരയൊലിക്കും മനസ്സിനെ!
ഇല്ലിനിത്തോഴി, വരില്ലിനി വീണ്ടു, മ-
സ്സ്വർലോകഹർഷം തുളുമ്പിയ നാളുകൾ!
പച്ച വിടുർത്തി വിരിച്ച തടങ്ങളെ-
ക്കൊച്ചലച്ചാർത്താൽപ്പുണർന്നുകൊണ്ടങ്ങനെ,
ചിന്നിപ്പതഞ്ഞു പുളകഞ്ഞൊഴുകുന്നൊര-
ക്കുഞ്ഞരുവിക്കും മറുകരയ്ക്കപ്പുറം,
ശ്യാമളകാനനച്ഛയാ മൂടീടുമ-
ഗ്രമാമതിപ്പൊഴും മുന്നിലെത്തുന്നു മേ!
വെള്ളാമ്പൽ പൂത്തു പരന്ന പാടങ്ങളു-
മുല്ലസൽക്കാടും തളിർത്ത മരങ്ങളും;
മഞ്ഞത്തു,ഷസ്സിൽക്കനകനീരാഴിയിൽ
മുങ്ങിക്കുളിച്ചു ലസിക്കും മലകളും;
പന്ത്രണ്ടുമാസവും പൂവിട്ടുനില്ക്കുമ-
ച്ചമ്പകത്തയ്യും പരിസരോദ്യാനവും;
ഒന്നൊഴിയാതെ, സമസ്തവും കാണ്മതു-
ണ്ടിന്നാ സ്മരണതൻവെൺചില്ലിലൂടെ ഞാൻ
എങ്കിലു,മിന്നതിൻ മായികദർശന-
മെൻകരൾക്കാമ്പിൽ കൊളുത്തുന്നു സങ്കടം.
സങ്കല്പ കാന്തി / ആ കാലങ്ങൾ
ചങ്ങമ്പുഴ
കെട്ടുപോകാം മർത്ത്യനൊ;ട്ടുനാൾ ചെല്ലുകിൽ-
ക്കിട്ടാത്തതിനെക്കുറിച്ചുള്ള സങ്കടം;
കിട്ടിയതെ,ന്നാലൊ,രു ഫലമില്ലാതെ
നഷ്ടപ്പെടുന്നതാണെങ്കിലും ദുസ്സഹം!
മാനസം നൊന്തിന്നു മാഴ്കുകയല്ലാതെ,
ഹാ, നഷ്ടഭാഗ്യ ഞാൻ മറ്റെന്തു ചെയ്യുവൻ?
ഇല്ലിനിത്തോഴി, വരില്ലിനി വീണ്ടു, മ-
സ്സ്വർലോകഹർഷം തുളുമ്പിയ നാളുകൾ!
വിദ്യാലയം വിട്ടു, ഞാനുമെൻതോഴനും
സദ്രസമൊന്നിച്ചു പോരമപ്പോരലും;
ഉൾപ്പുളകാംഗരായോരോ വിനോദങ്ങ-
ളുച്ചരിച്ചാർത്തു ചിരിക്കും ചിരിക്കലും;
ഇന്നലെ,ക്കഷ്ട , കഴിഞ്ഞപോൽത്തോന്നുന്നി-
തെന്നുള്ളിൽ, വർഷങ്ങളേറെയായെങ്കിലും!
ഇന്നത്തെമട്ട,ത്ര നീങ്ങാതെ നീണ്ടത-
ല്ലന്നണഞ്ഞോരോ ദിവസങ്ങളൊന്നുമേ!
കാണിനേരംപോലുമാരെയും കാക്കാതെ
കാലപ്രവാഹമിരമ്പിക്കുതിക്കിലും,
ആയതിലുൾച്ചേർന്നകന്നു മറഞ്ഞതി-
ല്ലാനന്ദസാന്ദ്രമാം ഞങ്ങൾതൻ സൗഹൃദം.
ബുദ്ധിയും മെയ്യും മനസ്സും സ്വഭാവവു-
മൊപ്പം വളർന്നു വളർന്നുവന്നങ്ങനെ;
കണ്ടതെല്ലാം മാറി-കാണാത്തതോരോന്നു
കണ്ടിടാറായി കരളിനും കണ്ണിനും.
താരുണ്യമായി മനോഹരശൈശവം;
ചാരുപ്രണയമായ് മംഗലസൗഹൃദം!
ഉദ്ധതയൗവനത്തിന്നുണ്ടൊരുവക
മദ്യ,മതിന്റെ വികാരലഹരിയിൽ
ചിത്തം ചിറകുവിടുർത്തുന്നിതേ,തൊരു
ചക്രവാളത്തിനുമപ്പുറത്തെത്തുവാൻ!
അന്നു സൗഭാഗ്യപരിമളം കൊച്ചല
ചിന്നിയടുത്തടുത്തെത്തിത്തലോടവേ ,
ഞാനഭിമാനിച്ചു, ജീവിതമാനന്ദ-
ഗാനസങ്കേതമാണെന്നു വിഭ്രാന്തിയാൽ!
ഇല്ലിനിത്തോഴി, വരില്ലിനി വീണ്ടു,മ-
സ്സ്വർലോകഹർഷം തുളുമ്പിയ നാളുകൾ!
സങ്കല്പ കാന്തി / ആ കാലങ്ങൾ
ചങ്ങമ്പുഴ
സ്നേഹത്തിനർത്ഥം വ്യസനമെന്നാണെന്നു
സ്നേഹിച്ചു ലോകത്തിൽനിന്നു പഠിച്ചു ഞാൻ.
'നീതി'യെന്നിങ്ങുണ്ടൊരത്താണി, നിന്ദ്യമാ-
മേതധർമ്മത്തിനും ഭാരമിറക്കുവാൻ.
പുഞ്ചിരികൊണ്ടു പുറംചട്ടയിട്ടേ, തു
വഞ്ചനകൾക്കും നടന്നിടാം നിർഭയം.
സത്യവും ധർമ്മവും ത്യാഗവും രാഗവു-
മർത്ഥശൂന്യങ്ങളാമക്ഷരക്കെട്ടുകൾ;
നിസ്സ്വാർത്ഥതയോ,സ്വയംകൃതാനർത്ഥമാ-
ണ;-സ്സാത്വികത്വം വിവരമില്ലായ്മയും!
ഞാനവയെന്നിൽപ്പുലർത്തുവാൻ നോക്കിയ-
താണെനിക്കിന്നീ വിപത്തിന്നു കാരണം!
അന്ധകാരത്തിലധർമ്മകർമ്മോദ്വേഗ-
ചിന്തകൾക്കായ് വാതിലും തുറന്നിട്ട, ഹോ
ശുദ്ധാന്തമുഗ്ദ്ധയായ് നില്പൂ , മലീമസ-
വൃത്തയാകും സമുദായവേശ്യാംഗന!
ഹാ, ദുഷിപ്പിപ്പു സമസ്ത,മെന്നിട്ട, വ-
ളാദർശവാദം മുഴക്കുന്നു നിസ്ത്രപം.
പോകട്ടെ, തോഴി പറഞ്ഞാലതിരില്ല
ശോകത്തിലയ്യോ, ദഹിക്കുന്നിതെൻമനം!
അത്തലാർന്നെത്ര നാമശ്രു വർഷിക്കിലെ-
ന്ത,പ്പോയ കാലം തിരിച്ചിനിക്കിട്ടുമോ?
തത്ത്വമിതെല്ലാമറിഞ്ഞിടാമെങ്കിലും
ദു:ഖം വരുമ്പോൾ കരഞ്ഞുപോകുന്നു ഞാൻ!
ഈ മഹാജീവിതം സ്നേഹിക്കകാരണ-
മാ മരണത്തോടെനിക്കില്ല നീരസം!
വിണ്ണിന്റെ നീലനികുഞ്ജത്തിൽ ഞാൻ ചെന്നു
മന്ദഹസിക്കാം;- കരഞ്ഞിടായ്കോ,മനേ!
മന്നിലെനിക്കു സമാധാനപീയുഷ-
ബിന്ദുക്കളോരോന്നു കോരിത്തളിക്കുവാൻ
പ്രേമസുരഭിലസുന്ദരശയ്യയിൽ
മാമകജീവിതം ചുംബിച്ചുറക്കുവാൻ-
ഇല്ലിനിത്തോഴി, വരില്ലിനി വീണ്ടു,മ-
സ്സ്വർലോകഹർഷം തുളുമ്പിയ നാളുകൾ
-ഡിസംബർ, 1935
സങ്കല്പ കാന്തി
ചങ്ങമ്പുഴ
വ്യാമൂഢൻ
അവളൊരു രശ്മിപൊലെ,ൻ കുടിലിങ്കല-
ന്നവിരളശ്രീ പൊഴിച്ചെത്തി.
ഇരുളിലടിഞ്ഞൊരെൻ ചിന്തകളൊക്കെ,യ-
ന്നൊരു നവകാന്തിയിൽ മുങ്ങി.
ഞൊടിയിട,യേതോ പുളകാങ്കുരപ്പുത-
പ്പടിമുടിയിട്ടു ഞാൻ മൂടി!
അഭിരാമയാണവളെങ്കിലും കഷ്ടമൊ-
രഭിസാരികയായിരുന്നു.
സ്ഫുരിതോന്മദാശ്രുവൊന്നൊപ്പുവാൻകൂടിയും
തരമായതില്ല,തിൻമുമ്പേ ,
കനകവിദ്യുല്ലതപോലെ, യക്കാമദ-
കവനവിലാസിനി പോയി!
തരമായി,വേൾക്കാനൊ,രൊറ്റ നിമേഷ,മ-
ത്തരിവളച്ചാർത്തിൻ കിലുക്കം;
നുകരുവാനാ,നെടുവീർപ്പുകൾ വീശിയ
മൃഗമദസൗരഭലേശം;
മദഭരിതാകുലമേൽക്കുവാനോ,മലിൻ-
മൃദുലവസ്ത്രാഞ്ചലസ്പർശം!
സകലവുമത്യന്തമോഹനമാമൊരു
സലിലരേഖോപമസ്വപ്നം-
പരമനിശ്ശൂന്യത കാൽക്ഷണം കാട്ടിയ
വെറുമൊരു വിഭ്രമചിത്രം!-
പരിചിലതെന്നുമെൻ സ്വന്തമാക്കീടുവാൻ
കരുതിയ ഞാനെന്തു മൂഢൻ!
സങ്കല്പ കാന്തി / വ്യാമൂഢൻ
ചങ്ങമ്പുഴ
ഒരു നിശകൊണ്ടവളായിരം കാമുകർ-
ക്കരുളുമീ മായികോന്മാദം.
സകലരോടും സ്വയ,മെന്നിട്ട, വളൊരു
സതിയെന്ന ഭാവം നടിക്കും.
അപഥസഞ്ചാരിണിയില്ലവൾക്കെങ്കിലു-
മപരാധബോധമൊരല്പം!
അറിയാമിതെല്ലാമെനിക്കെന്നിരിക്കിലു-
മരുതിന്നവളെ മറക്കാൻ!
അതിനുയത്നിച്ചീടുന്തോറു,മെൻ പ്രാണനോ-
ടവളൊട്ടിയൊട്ടിപ്പിടിപ്പൂ!
പ്രിയദമായുള്ളവയ്ക്കൊക്കെയും മീതെയാ
നയനാമൃതോത്സവം നില്പൂ!
നിരവധികാകുലചിന്തയാൽ മേല്ക്കുമേ-
ലെരിപൊരിക്കൊള്ളുമെൻ ചിത്തം
ശിശിരിതമാക്കുവാൻ ശക്തമാണാ വെറും
ശിഥിലസ്മിതാങ്കുരംപോലും!
തളിരിട്ടുനില്ക്കുന്നു ജീവിതം നിത്യമ-
ത്തണലിൻസമാഗമംമൂലം!
ക്ഷണികപ്രശംസതൻ രത്നകോടീരക-
മണിയേണ്ടെനിക്കൊരു നാളും!
അപഗതാർത്ഥോദ്ധതജല്പകനേകനെ-
ന്നപഹസിച്ചോട്ടെന്നെ ലോകം-
കവനസ്വരൂപിണി, സംതൃപ്തനാണു , നിൻ-
കമിതാവായ് നില്ക്കിൽ, ഞാനെന്നും!
--ആഗസ്റ്റ്, 1937
സങ്കല്പ കാന്തി
ചങ്ങമ്പുഴ
വൃന്ദാവനം
കാണുന്നതില്ലേ നിങ്ങൾ ഭാവനയി,ലാപ്പൂത്ത
കാനനങ്ങളെപ്പുൽകിയൊഴുകും കാളിന്ദിയെ ?
നിശ്ചയം സ്വപ്നംകണ്ടിട്ടുണ്ടാകും പലപ്പോഴും
നിത്യനിർവൃതിനല്കുമാ നദീരംഗം നിങ്ങൾ!
പുളകംകൊള്ളുന്നതുണ്ടവിടെക്കിടന്നി,ന്നും
പുതുമ നശിക്കാത്തൊരായിരം ശാകുന്തളം.
നേരിട്ടാ വേണുഗാനം നുകർന്നോരവിടത്തെ-
യോരോ മൺതരിപോലുമോരോരോ നാദബ്രഹ്മം!
ആരാലും തടുക്കുവാനായിടാ,തഹങ്കരി-
ച്ചായിരക്കണക്കായിപ്പോകട്ടെ ശതാബ്ദങ്ങൾ;
പരിവർത്തനക്കാറ്റിൽ പഞ്ഞിയായ് പാറിപ്പാറി-
പ്പരിചിൽ പറക്കട്ടേ, ഭൗതികം പരിഷ്കാരം;
വിപ്ലവ,മുണ്ടാക്കുന്ന ഭൂകമ്പം, ജനതയി-
ലെപ്പൊഴും വരുത്തീടട്ടായിരം നവീനത്വം;
മസ്തിഷകസിരകളിൽ തീച്ചൂള വഹിച്ചുകൊ-
ണ്ടെത്തട്ടേ, നൂറായിരം 'മിസ്മേയോ' മതാമ്മമാർ;
വരട്ടേ 'ബോൾഷേവിസം' വരട്ടേ 'സോഷ്യലിസം'
വരട്ടേ, വരുമെങ്കി 'ലിസ'ങ്ങളാമട്ടേറെ;-
ഒന്നെന്നാ,ലിവയ്ക്കെല്ലാമത്യതീതമായ്, മന്നി-
ലെന്നെന്നും നിലനില്ക്കും- പാവനം വൃന്ദാവനം!
ആയതിൻപുതുമയ്ക്കില്ലല്പവും വാട്ടം, മന്നി-
ലായതിൻസുഷമയ്ക്കില്ലൊരുകാലവും കോട്ടം.
പശ്ചിമം, ശാസ്ത്രം നോക്കിപ്പഠിച്ചൂ, മനുഷ്യന്റെ
രക്തത്തിൽ, മനസ്തോഭംകൂടാതെ നീന്താൻമാത്രം!-
തലച്ചോറിനാൽ ജോലിചെയ്ത,തിൻഫലംകൊണ്ടു
തലച്ചോറിനെത്തന്നെ ചിതറിച്ചിന്നാൻ മാത്രം!-
കേവലമൊരു കൊച്ചു മാടപ്രാവിനായ്പ്പോലും
ജീവനെദ്ദാനംചെയ്‌വാൻ ഭാരതം കാട്ടിത്തന്നു!-
പൊന്മണിക്കിരീടവും ചെങ്കോലും ദൂരത്തിട്ടു
ദണ്ഡുമായലയുവാൻ ഭാരതം കാട്ടിത്തന്നു!-
കാഞ്ചനപട്ടാംബരം കൈവിട്ടു, നിസ്സാരമാം
കാവിമുണ്ടുടുക്കുവാൻ ഭാരതം കാട്ടിത്തന്നു;-
ഭോഗലോലുപത്വത്തിൽനിന്നനശ്വരമാ,മ-
ത്യാഗശാന്തിയിലെത്താൻ ഭാരതം കാട്ടിത്തന്നു!-
പീരങ്കിയാൽ പശ്ചിമമലറാനാശിച്ചപ്പോൾ
ഭാരതമിരുന്നൊരു കൊച്ചോടക്കുഴലൂതി!
സങ്കല്പ കാന്തി / വൃന്ദാവനം
ചങ്ങമ്പുഴ
'മത'ത്തിൻപേരും പറഞ്ഞയ്യയ്യോ, പടിഞ്ഞാറു
മനുഷ്യൻ മനുഷ്യനെക്കൊന്നുകൊന്നൊടുക്കുമ്പോൾ,
ഭാരതത്തിലെ നീണ്ട താടിക്കാർ, കാട്ടാളന്മാർ,
പോരെങ്കിൽ പരിഷ്കാരശൂന്യന്മാർ, കറമ്പന്മാർ,
നേരിന്റെ നാടും തേടി, സ്നേഹത്തിൻ പാട്ടും പാടി,
ചാരുവാമൈക്യത്തിന്റെ പൂന്തോപ്പിലൂഞ്ഞാലാടി!
ഭൂതലമജ്ഞാനാന്ധകാരത്തിൽക്കിടന്നപ്പോൾ
'ഗീത'യാം വാടാവിളക്കീനാട്ടിലാളിക്കത്തി!
ഇന്നിപ്പോൾ വിമാനത്തിൽക്കയറി, ലോകം ചുറ്റി
വന്നിടും വെള്ളപ്പരിഷ്കാരത്തിൻമുത്തച്ഛൻമാർ
പച്ചമാംസവും കടിച്ചൂറ്റുവെള്ളവും കുടി-
ച്ചശ്രമം ഗുഹയ്ക്കുള്ളിലുറങ്ങിക്കിടന്നപ്പോൾ,
ഇക്കൊച്ചുരാജ്യത്തിന്റെയോരോരോ ഞരമ്പിലു-
മുൽക്കൃഷ്ടസംസ്ക്കാരത്തിൻ സ്പന്ദനമോളംവെട്ടി!
അത്രമേലനവദ്യമായ ഭാരതത്തിന്റെ
നിസ്തുലകലാപ്രേമം സങ്കല്പച്ചായംകൂട്ടി,
മാനവസംസ്കാരത്തിൻഭിത്തിമേലൊരിക്കലും
മായാത്ത ചിത്രമൊന്നു വരച്ചൂ - വൃന്ദാവനം!
പ്രണയപ്രശോഭനം, തത്ത്വസമ്പന്നം, ലസൽ-
പ്രതിഭാവിലാസത്താൽ പ്രസന്നം, പ്രഭാപൂർണ്ണം;
അത്രമേലവഗാഹ, മത്രമേലനവദ്യ,-
മത്രമേലാരാധനീയാദർശമയോജ്ജ്വലം;
അക്കലാപ്രേമത്തിന്റെ ദിവ്യമാമുപഹാര-
മക്കളിപ്പൂങ്കാവനം,ജയിപ്പൂ-വൃന്ദാവനം!
--ജനുവരി, 1937.
സങ്കല്പ കാന്തി
ചങ്ങമ്പുഴ
ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം
കനകമയകരലളിതലതികയുടെ സംഗമം
കയറിനൊരു നവപുളകമേകിടുംമാതിരി;
അഴകൊഴുകമൊരു കവിതയവിടെയത, കാണ്മൂ ഞാ-
നാടുന്നതൂഞ്ഞാലിലാനന്ദലോലയായ്!
സസുഖമവളോടു നീ സല്ലപിക്കുന്നുവോ,
രസികത വിതുമ്പിത്തുളുമ്പും പ്രശാന്തതേ?
അനുപമസമൃദ്ധിതന്നാതിത്ഥ്യമേറ്റടു-
ത്തമരുമൊരു നിങ്കലസൂയാലുവാണു ഞാൻ!
അലസലസിതാംഗിതന്നാകാരവല്ലമേ-
ലിളവെയിലുപോലുള്ള നീരാളസാരിയിൽ,
അലകളിളകീടുമാറാശ്ലേഷധാരയാ-
ലവളെയുപലാളിപ്പിതാരാമമാരുതൻ.
തരിവളകളിളകിയതിമൃദുലകളശിഞ്ജിതം
പരിസരമരുത്തിന്നു രോമാഞ്ചമേകവേ;
സുരഭിലഘനശ്യാമളോല്ലസൽക്കുന്തള-
ച്ചുരുളലകൾ കെട്ടഴിഞ്ഞൂർന്നുവീണീടവേ;
കുടുകുടെ വിയർക്കുമാ നെറ്റിയിൽക്കുങ്കുമ-
ത്തുടുതിലകമാകേ നനഞ്ഞൊലിച്ചീടവേ;
കരൾകവരുമതിരുചിരകാശ്മീരകാന്തിയിൽ-
ക്കഴുകിയ കവിൾപ്പൂന്തുടുപ്പിരട്ടിക്കവേ;
സഖികളിരുഭാഗവും നിന്നു സന്തുഷ്ടരായ്
സരസഹസിതങ്ങളാൽ സൽക്കരിച്ചീടവേ;
പരിചിയലുമൂഞ്ഞാലിലാടിക്കളിക്കയാ-
ണുരുകുതുകമാ സ്വപ്നശൃംഗാരരൂപിണി.
സങ്കല്പ കാന്തി / ഉദ്യാനത്തിലെ ഊഞ്ഞാലാട്ടം
ചങ്ങമ്പുഴ
അയി, മഹിതമഞ്ജിമേ, നീയെനിക്കേകിയോ-
രതിമധുരമാകുമിക്കാവ്യപ്രചോദനം.
ഒരു ചപലതൂലികാഗ്രത്തിൽ നിർത്തീടുവാൻ
കരുതി-മമ സാഹസം നീ പൊറുക്കേണമേ!
മുകുരതളിമോപമം നീലിമ മൂടി,യാ
മുകളിൽ മുകിൽ നീങ്ങിത്തെളിഞ്ഞൊരാകാശവും;
അടിയിലഴകുറ്റ പുല്പട്ടിട്ടു മഞ്ഞിനാൽ
സ്ഫടികമണിചിന്നും മരതകഭൂമിയും;
അകലെ വനവസനമുടൽ മൂടവേ,വിണ്മുഖം
മുകരുവതിനുന്നുന്ന കുന്നും മലകളും;
സുരഭിലസുമാകീർണ്ണമായൊരാ വാടിയും
സുരസുദതിമാരൊക്കുമാളീജനങ്ങളും;
പുലരൊളിയു,മൂഞ്ഞാലിൽ നീയുമാരോമലേ,
പുളകദമതെന്തൊരാകർഷകചിത്രമോ!
മനമതിനെ ലാളിക്കയല്ലാതൊ,രിക്കലു-
മിനിയതിനെ വിസ്മൃതിക്കാകില്ല മായ്ക്കുവാൻ.
-ജൂലൈ1938
സങ്കല്പ കാന്തി
ചങ്ങമ്പുഴ
പൂനീലാവ്
(ഹേമന്തത്തിൽ)
ആകാശഗംഗയിലാറാടി, യാടിവ-
ന്നേകയായ്പ്പോകുവതെങ്ങു നീ,മോഹിനീ?
മന്ദസ്മിതാസ്യയായ്, മന്നാകെ നീ നേർത്ത
മഞ്ഞിൽക്കുളിപ്പിച്ചണിഞ്ഞു, മദാലസേ!
മന്ദാനിലനിലിളകുമിലകളാൽ
മർമ്മരമഞ്ജീരശിഞ്ജിതമാർന്ന,യേ,
സങ്കല്പലോലനാമേതാത്മനാഥന്റെ
സങ്കേതഭൂവിലേക്കാവോ, ഗമിപ്പു നീ?
മന്ദം വിടർന്നുതുടങ്ങുന്നു നിന്നിലീ
മന്നിൻമനസ്സാം മനോഹരകോരകം!
മേല്ക്കുമേല്ക്കോൾമയിർക്കൊണ്ടിതാ, നില്ക്കുന്നു
രാക്കുയിൽ കൂകുമിക്കാടും മലകളും,
ഏതോ നവോഢതൻ സ്വപ്നംകണക്ക,ത്ര
ശീതളമായ നിന്നാശ്ലേഷധാരയിൽ!
ഓമനിപ്പൂ നിന്നെ മാറിൽക്കിടത്തി, യി-
ന്നോളംതുളുമ്പുന്ന നീലനദീജലം!
വെമ്പുന്നു ചുണ്ടുവിടുർത്തി, നിന്നംശുക-
ത്തുമ്പുമ്മവെയ്ക്കുവാൻ, പാതിരാപ്പൂവുകൾ!
മന്ദം തലോടുന്നു നിന്നെക്കരങ്ങളാൽ
മന്ദഹസിച്ചുകൊണ്ടോ;മനത്താരകൾ!
നേരിന്റെ നാട്ടിൽനിന്നേകയായ് വന്നവ-
ളാരു നീ,യാരു നീ,യത്ഭുതരൂപിണി?
ജീവിതമോഹം കൊളുത്തുന്നു, കാന്തമാം
താവകസ്മേരം,തണുത്ത നിരാശയിൽ!
നിശ്ശബ്ദമേതോ മുരളികാസംഗീത-
നിർഝരത്തിങ്കലലിഞ്ഞലിഞ്ഞങ്ങനെ;
ലോകം മുഴുവനും വ്യാപരിക്കുന്നു, നി-
ന്നാകർഷകത്വമൊരത്ഭുതം മാതിരി!
ജാതാദരം നിന്നെ നോക്കിനില്ക്കുമ്പൊളി-
ന്നേതല്ലലും ഹാ,മറന്നുപോകുന്നു ഞാൻ!
ഒട്ടും മനസ്സു വരുന്നീലയേ, നിന്നെ
വിട്ടുപിരിയാനെനിക്കു, തേജോമയേ!
മോഹം കുറച്ചല്ലെനിക്കു,നിന്നോടതി-
സ്നേഹമധുരമായ്സല്ലപിച്ചീടുവാൻ:
എന്തു ചെയ്യാം, ഞാനറിവീലൊരു വെറും-
ഛന്ദസ്സുകൂടി നിന്നത്ഭുതഭാഷയിൽ!
എങ്കിലും, നിൻമൗനശാന്തഭാവത്തിൽനി-
ന്നെന്തൊക്കെയോ ചിലതുള്ളിൽ ഗ്രഹിച്ചു ഞാൻ.
സങ്കല്പ കാന്തി / പൂനീലാവ്
ചങ്ങമ്പുഴ
നിർവ്വിഘ്നമേതോ മഹസ്സിൽനിന്നെത്തുന്ന
നിർവ്വാണദപ്രേമസന്ദേശമാണു നീ!
അവ്യക്തമാണൊ,ട്ടവഗാഹമാണു, നിൻ-
ദിവ്യഗൂഢാർത്ഥം പ്രപഞ്ചത്തിനൊക്കെയും!
അല്ലെങ്കിലെന്തിന,ടിഞ്ഞുകിടന്നീടു-
കല്ലല്ലി,കഷ്ട,മതിപ്പൊഴും നിദ്രയിൽ?
ഒന്നുമാത്രം മന്നിലുണ്ടു വാഴ്ത്തീടുവാൻ
നിന്നെ,യതാക്കൊച്ചു പാതിരാപ്പൊങ്കിളി!
പാവനേ, നിന്നെപ്പരിചരിച്ചീടുവാൻ
പാരിങ്കലുള്ളതാപ്പാതിരാപ്പൂവുകൾ;
മറ്റുള്ളതെല്ലാം പറക്കും കിനാക്കളെ-
ക്കെട്ടിപ്പിടിച്ചു കിടപ്പു പാഴ്നിദ്രയിൽ!
വിണ്ണിൻവിശിഷ്ടസന്താനമേ,പാഴിലീ
മണ്ണിൽച്ചവുട്ടി മലിനയാകൊല്ല നീ!
അച്ഛപ്രഭാമാത്രരൂപിണി, നീപോലു-
മല്പമിരുണ്ടുപോകാമിങ്ങു നിൽക്കുകിൽ!
അത്ര ദുഷിച്ച വിഷപ്പുക മൂടിയോ-
രസ്വാസ്ഥ്യസങ്കേതമാണിദ്ധരാതലം!-
മർത്ത്യന്റെ രക്തത്തിൽ മർത്ത്യൻ മദിക്കുന്ന
മർദ്ദനമണ്ഡപമാണിദ്ധരാതലം!-
കണ്ടാൽ നടുങ്ങും കശാപ്പുപുരയാണു;
കണ്ടീലയോ ദേവി,നീയിദ്ധരാതലം!-
സത്യവും ധർമ്മവും കാലു കുത്തീടാത്ത
തപ്തമണൽപ്പരപ്പാണിദ്ധരാതലം!-
എങ്ങുമിരുട്ടാണു,റക്കമാണാശിപ്പ-
തിങ്ങുള്ളവരുണർവ്വല്ല, വെളിച്ചവും!
എന്തിനവരോടമേയമാമൊന്നിന്റെ
സന്ദേശമായിട്ടടുത്തു ചെല്ലുന്നു നീ?
എന്തിനവരോടനന്തമാമൊന്നിന്റെ
മന്ദസ്മിതമായടുത്തു ചെല്ലുന്നു നീ?
പോവുക, പോവുക, നിഷ്ഫലമാണിദം
പാവനേ, ഹന്ത,നിന്നുദ്ധാരണോദ്യമം!
മൂടുപടം നീക്കി നീയടുത്തെത്തവേ
മൂടിപ്പുതച്ചു കിടക്കുകയാണവർ.
ആകട്ടെ-വന്ന വഴിക്കു നിരാശയായ്-
പ്പോകൂ മടങ്ങി,യാ വിണ്ണിങ്കലേക്കു നീ!
--ഏപ്രിൽ,1937
സങ്കല്പ കാന്തി
ചങ്ങമ്പുഴ
വൃന്ദാവനത്തിലെ രാധ
ഞാനിത്രനാളും ഭജിച്ച നല്ല
ഹേമന്തകാലവും വന്നു;
ഞാനിത്രനാളും കൊതിച്ചോരെന്റെ-
യാനന്ദരാത്രിയും വന്നു;
എന്മനംമാതിരിയിന്നാക്കുളിർ-
വൃന്ദാവനികയും പൂത്തു;
മാമകപ്രേമമെന്നോണം പുതു-
പൂമണം പൊങ്ങിപ്പരന്നു;
കോമളപ്പൈമ്പാൽനിലാവിൽ മുങ്ങി
യാമുനം കൂലം ചിരിപ്പു;
ഓരോ വികാരങ്ങൾപോലേ ,മേന്മേ-
ലോളങ്ങൾ പാടിക്കളിപ്പൂ;
എന്തൊരാകർഷണരംഗം, ഹാ,യി-
തെന്തു നിർവ്വാണതരംഗം!
കേൾപ്പാൻകൊതിച്ചാരോ നില്ക്കുംമട്ടിൽ
രാപ്പാടി പാട്ടു പാടുന്നു;
എന്തിനോ കോരിത്തരിക്കാൻവേണ്ടി
മന്ദാനിലനലയുന്നു;
തൂവെള്ളിമേഘങ്ങൾ നില്പൂ വന്നാ-
ഗ്ഗോവർദ്ധനത്തിന്റെ പിന്നിൽ;
ചേതനപ്പൂക്കൾ വിടരുംമട്ടി-
ലേതിനോ നോക്കി രസിക്കാൻ!
നേരിയ മർമ്മരം തൂകി നില്പൂ
പാരിജാതപ്പച്ചിലകൾ;
പ്രേമലഹരി പുണരുന്നോരെ-
ന്നോമൽ പ്രതീക്ഷകൾപോലെ!
എന്തൊരാകർഷണരംഗം, ഹാ,യി-
തെന്തു നിർവ്വാണതരംഗം!
കാടിന്റെ പച്ചമനസ്സിൽനിന്നോ-
രോടക്കുഴൽവിളി കേൾപ്പൂ;-
ഓമൽപ്രണയം തുളുമ്പും നല്ലോ-
രോടക്കുഴൽവിളി കേൾപ്പൂ;-
കാരണമെന്തിതാ, പെട്ടെന്നെന്റെ
കാലുറയ്ക്കാതാകുന്നല്ലോ!
ഹാ, മത്തനുലത പെട്ടെന്നൊരു
സങ്കല്പ കാന്തി / വൃന്ദാവനത്തിലെ രാധ
ചങ്ങമ്പുഴ
രോമാഞ്ചമായിക്കഴിഞ്ഞു!
അക്ഷയജ്യോതിസ്സണിഞ്ഞെൻജീവൻ
നക്ഷത്രംകൊണ്ടു നിറഞ്ഞു!
വിസ്മയ,മൊറ്റഞൊടിയിൽ ഞാനീ
വിശ്വത്തെക്കാളും വളർന്നു!
എന്തൊരാകർഷണരംഗം,ഹാ,യി-
തെന്തു നിർവ്വാണതരംഗം!
മാമകജീവിതവല്ലി പുൽകു-
മാ മധുമാസവിലാസം;-
എന്നാശാകചക്രവാളത്തിൽ സദാ
മിന്നുന്നൊരാ നീലമേഘം;-
ഹാ, മൽസുഖസ്വപ്നസൗധം കാക്കു-
മോമനസ്സ്വർണ്ണനക്ഷത്രം;-
സാവധാനം വന്നുദിപ്പൂ ദിവ്യ-
സായുജ്യവീചികപോലേ!
എന്മനം പേർത്തും തുടിപ്പൂ, വിണ്ണിൽ
മിന്നുന്ന താരകംപോലേ!
ആനന്ദസിന്ധുവിൽ മുങ്ങിപ്പൊങ്ങി
ഞാനിതാ, നീന്തിക്കളിപ്പൂ.
എന്തൊരാകർഷണരംഗം, ഹാ,യി-
തെന്തു നിർവ്വാണതരംഗം!
--മെയ് 1936
സങ്കല്പ കാന്തി
ചങ്ങമ്പുഴ
രണാങ്കണത്തിൽ
ഭൂതകാലത്തിന്റെ പർണ്ണാശ്രമത്തിൽനി-
ന്നേതിനെത്തേടിയിങ്ങേകയായെത്തി നീ?
നിൻകൈയിൽ മിന്നുമാ വാടാവിളക്കിന്റെ
തങ്കപ്രകാശത്തിൽ മുങ്ങിക്കുളിച്ചിതാ,
നീഹാരസാന്ദ്രമാമീറൻവനപ്പച്ച-
നീരാളസാരിയുലഞ്ഞുലഞ്ഞങ്ങനെ,
പൂഞ്ചോലകളാൽ,ച്ചുരുണ്ടുനീണ്ടുള്ളൊര-
പ്പൂഞ്ചായൽ കെട്ടഴിഞ്ഞൂർന്നുവീണങ്ങനെ,
കുന്നിനാൽക്കൈകൂപ്പി നിശ്ചലം നിൽപു നിൻ-
മുന്നിൽ വിമോഹനവിശ്വവിലാസിനി!
വാരിവിതയ്ക്കയോ നീളെ നി, നിർമ്മലേ,
വാരഞ്ചുമോരോ പുളകാങ്കുരങ്ങളെ?
നൊന്തുനീറിടും ഹൃദയശതങ്ങളി-
ലെന്തു പീയൂഷം തളിക്കുവാനെത്തി നീ?
ആരാണു ഞങ്ങളെന്നാണോ?- മനുഷ്യന്റെ
ഘോരദുർമ്മോഹത്തിനൂണായടിഞ്ഞവർ.
വീണുപോയ് ഞങ്ങൾ വികലാംഗരായ്, രണ-
ക്ഷോണിയിലോ,ർക്കുന്നതാരിനി ഞങ്ങളെ?
മുന്നോട്ടു പോയിതാ, നായകമാനികൾ
മിന്നിച്ചു മേന്മേൽ വിജയപതാകകൾ.
ഇത്രനാൾ ഞങ്ങളോടൊന്നിച്ചിരുന്നവ-
രത്രമേൽ പ്രാണനായ്ത്തമ്മിൽക്കഴിഞ്ഞവർ;
ഇന്നവരുന്നതസോപാനവർത്തികൾ;
ഞങ്ങളോ?-ജീർണ്ണിച്ചടിഞ്ഞ മൺഭിത്തികൾ!
ഇന്നവരന്യർ, പരസ്പരം കാണുകിൽ-
ത്തന്നെയും ഞങ്ങളാരെന്നറിയാത്തവർ!-
കഷ്ടമവർക്കു കയറാൻ നടപ്പടി
കെട്ടിയോർ ഞങ്ങളാണസ്ഥിഖണ്ഡങ്ങളാൽ!-
ജീവരക്തം വാർന്നൊലിക്കിലും ഞങ്ങൾതൻ
സേവനോൽക്കണ്ഠമാമസ്ഥിഖണ്ഡങ്ങളാൽ!
അന്നെത്രയെത്ര ശപഥങ്ങൾ ചെയ്ത,വർ
നിന്നില്ല പിന്നിൽ പരമവിനീതരായ്!
ശത്രുപ്രഘാതം സഹിക്കുവാൻ ഞങ്ങളും
ജൈത്രയാത്രയ്ക്കാ പ്രതാപപിണ്ഡങ്ങളും!
വാൾത്തലച്ചീറ്റലോരോന്നിലും, കുങ്കുമം
ചാർത്തി, മാത്സര്യം മദിച്ചുനിന്നാടവേ;
ആയുരാരോഗ്യങ്ങൾ ഞങ്ങൾ ബലികൊടു-
ത്താ യുദ്ധദേവയ്ക്കാശിസ്സു നേരവേ;
സങ്കല്പ കാന്തി / രണാങ്കണത്തിൽ
ചങ്ങമ്പുഴ
എത്ര ദൂരത്തിൽ സുഖിച്ചിരുന്നു,ജ്ജ്വല-
സ്വപ്നവും കണ്ടു കഴിച്ചവരാണവർ!
അന്നും സുഖമായ്ക്കഴിഞ്ഞവരാണവ-
രി,ന്നും സുഖമായ്ക്കഴിഞ്ഞവരാണവർ!
ക്ലേശം സഹിക്കുവാന,ന്നുമിന്നും ദേഹ-
നാശം ഭവിക്കുവാൻ,കഷ്ട,മീ ഞങ്ങളും!
പൂമണിമേടയിൽബ്ഭാഗ്യവാന്മാരവർ
കോൾമയിർക്കൊണ്ടു കഴിയുന്നിതിപ്പൊഴും!
ഇന്നവർതൻധീരകൃത്യങ്ങളോരോന്നു
വർണ്ണിച്ചു വർണ്ണിച്ചു പാടുന്നു ഗായകർ;
ആയവർതൻഗളത്തിങ്കലണിയുന്നു
മായാത്ത കീർത്തികൾ മന്ദാരമാലകൾ!
ചേലിലെഴുതും സുവർണ്ണലിപികളിൽ
നാളെച്ചരിത്രമവരുടെ പേരുകൾ!
ഞങ്ങളോ?- ഹാ, മഹാത്യാഗമനുഷ്ഠിച്ച
ഞങ്ങളോ?- കഷ്ടം, വെറും നിഴല്പാടുകൾ!
മർത്ത്യപ്പുഴുക്കൾ മറയണം ഞങ്ങളാ
വിസ്മൃതി തന്റെ തണുത്ത ഗർത്തങ്ങളിൽ!
ആരുണ്ടറിയാൻ ജഗത്തിലീ ഞങ്ങൾത-
ന്നാരാധനീയമാം പാവനാത്മാർപ്പണം?
രക്തക്കളത്തിലി,വിടെ,ക്കഴുകുകൾ
കൊത്തിവലിക്കുന്നു ഞങ്ങൾതന്നസ്ഥികൾ!
വട്ടമിട്ടാർത്തു പറക്കുന്നു,കൂർത്തൊര-
ക്കൊക്കും വിടർത്തിക്കൊടുംമലങ്കാക്കകൾ!
അട്ടഹസിപ്പൂ ഭയങ്കരമായി,ടി-
വെട്ടിടുംമട്ടിൽ,ച്ചുടലപ്പിശാചികൾ!
ഞെട്ടിത്തെറിക്കുമാറെ,പ്പൊഴും ഞങ്ങൾതൻ-
ചുറ്റും നടക്കുന്നു കങ്കാളകേളികൾ!-
സംഗ്രാമഭൂവിലോ,കഷ്ട,മണഞ്ഞു നീ
ഞങ്ങളെക്കാണാൻ, സമാധാനദേവതേ?
എല്ലാം കഴിഞ്ഞു;- നശിച്ചു സകലതും
കല്യാണദായിനി,യാതൊന്നുമില്ലിനി.
നീ വന്നു ഞങ്ങളെപ്പുൽകൂ,നിരുപമേ,
നീറാതെ വേഗം മരിക്കട്ടെ ഞങ്ങളും!
ഭൂതകാലത്തിന്റെ പർണ്ണാശ്രമത്തിൽനി-
ന്നേതുത്സവത്തെക്കൊതിച്ചു നീയെത്തിയോ;
ആ മഹാക്ഷേമമൊരേടവും കാണാതെ
നീ മടങ്ങാനാണിടവന്നതെങ്കിലും,
സങ്കല്പ കാന്തി / രണാങ്കണത്തിൽ
ചങ്ങമ്പുഴ
ഇത്രയ്ക്കു ലോകം ദുഷിച്ചതായങ്ങു ചെ-
ന്നെത്തി നീയാരോടുമോതരുതംബികേ!
വിശ്രമിക്കട്ടേ സമാധാനപൂർവ്വകം
വിശ്രുതന്മാരാം പിതാമഹന്മാരവർ!
നീതിതൻപേരിൽ നടത്തപ്പെടുന്നൊരീ
വേതാളനൃത്തം നിലയ്ക്കില്ലൊരിക്കലും--
രാഷ്ട്രങ്ങൾതമ്മിൽ നടത്തപ്പെടുന്നൊരീ-
ക്കൂട്ടക്കൊലകളൊടുങ്ങില്ലൊരിക്കലും-
'മുന്നോട്ടുനോക്കി'യാം ശാസ്ത്രം ചൊരിയുമീ-
ച്ചെന്നിണച്ചൊലകൾ വറ്റില്ലൊരിക്കലും.
ലോകത്തെയൊന്നാകെ മാറോടുചേർത്തണ-
ച്ചേകയോഗത്തിലിണക്കാൻ കൊതിപ്പു നീ,
ആ വേളയിൽത്തന്നെ രാഷ്ട്രങ്ങളോരോന്നു-
മാവോളമാർജ്ജിപ്പു യുദ്ധസാമഗ്രികൾ.
മർത്ത്യൻ, സമാധാനദേവതേ, നിന്റെ പേർ
യുദ്ധപ്പിശാചാക്കി മാറ്റിയെന്നേക്കുമായ്.
ഇങ്ങെഴും ഘോരവിഷവായുവേൽക്കാതെ,
മംഗളദർശനേ, വേഗം മടങ്ങു നീ!
ഏകാധിപത്യം ചിറകെട്ടിനിർത്തിലും
ലോകമഹാവിപ്ലവാബ്ധിയടങ്ങുമോ?
ക്ഷുദ്രനിയമച്ചിലന്തിനൂൽക്കെട്ടിനാൽ
മർത്ത്യഹൃദയം കുതിക്കാതിരിക്കുമോ ?
നിഷ്ഫലവിഭ്രമം, നിഷ്ഫലവ്യാമോഹ-
മിപ്രയത്നം!-ഹാ, നടക്കട്ടെ വിപ്ലവം!
എന്നാൽ, മനുഷ്യൻ മനുഷ്യനെത്തിന്നുമീ-
ദ്ദുർന്നയം-യുദ്ധം-മൃഗത്വം-പുലരിലോ!
ഇല്ല, ഫലമില്ല മർത്ത്യരെന്നാകിലും
തല്ലാതിരിക്കില്ല തങ്ങളിൽത്തങ്ങളിൽ
വെന്നിക്കൊടികൾക്കു വർണ്ണംപിടിക്കുവാൻ
ചെന്നിണമെന്നും കുറിക്കൂട്ടു കൂട്ടണം;
ശക്തികൾ മേന്മേൽ മുളയ്ക്കുവാൻ,മണ്ണിലീ
രക്തച്ചൊരിച്ചിൽ വളം കുറെച്ചേർക്കണം;
മേലോട്ടു പൊങ്ങാനൊരുത്തനപരന്റെ
തോളിലൊന്നൂന്നിച്ചവിട്ടിക്കുതിക്കണം!-
ഇന്നത്തെ ലോകഗതിയിതാണം,ബികേ,
നിന്നതുകൊണ്ടു ഫലമില്ലിവിടെ നീ!
ഭൂതകാലത്തിന്റെ പർണ്ണാശ്രമത്തിലേ-
ക്കേതും മടിക്കാതെ പോകു തിരിച്ചിനി.
--മെയ് 1938
സങ്കല്പ കാന്തി
ചങ്ങമ്പുഴ
ആദിത്യാരാധന
പൂതമാം ചൈതന്യത്തിൻ പൊൻവിളക്കുമായെത്തും
ശ്രീതാവും നവജീവദാതാവേ,സവിതാവേ!
അന്ധകാരത്തിങ്കൽനിന്നുണരും മായാലോകം
നിൻതിരുമുമ്പിൽക്കൂപ്പുകൈയുമായ് നിൽപൂ മൂകം
കർമ്മസാക്ഷിയാം സ്വാമിൻ, ഭഗവൻ, ഭവൽസ്പർശം
ബ്രഹ്മാണ്ഡത്തിനു പുത്തൻപുളകോദ്ഗമം ചേർപ്പൂ!
തുച്ഛമാം തൃണംപോലും മുത്തണിത്തല പൊക്കി-
സ്സ്വച്ഛന്ദം, ദിവസ്പതേ, നോക്കിനിൽക്കുന്നു നിന്നെ!
മലയും കുന്നും കാടും നിന്നിൽനിന്നുതിരുന്ന
മഹനീയാംശുക്കൾതൻ ഹേമകോടീരം ചൂടി,
ദൂരത്തു ദൂരത്തനാദ്യന്തമായ, മേയമായ്-
ത്താരകാപഥത്തിനെയുമ്മവെച്ചതാ, നിൽപൂ!
മറുഭാഗത്തോ, മഹാസാഗരം ഗംഭീരം നിൻ-
മഹിമാവോളംതല്ലിത്തല്ലി നിന്നുദ്ഘോഷിപ്പൂ!
ജീവികൾ സമസ്തം നിൻവെളിച്ചം കുടിച്ചാ,ത്മ-
ശ്രീവിലാസത്താൽ നിന്നെക്കീർത്തിപ്പു പേർത്തും പേർത്തും!
ജീവനും വെളിച്ചവും ശാന്തിയുമല്ലാതില്ല,
ദേവ, നിൻ സമാഗമമംഗളരംഗത്തിങ്കൽ!
മരണത്തണുപ്പിന്റെ മാറാലയെല്ലാം മാറ്റി
മഹിതജ്യോതിസ്സേ, നീ ജീവിതം നീട്ടിക്കാട്ടി!
ചിറകറ്റെങ്ങോ വീണുപോയതാമിരുട്ടിന്റെ
ചിതയിൽത്തൂമഞ്ഞിനാൽക്കണ്ണുനീർക്കണം വീഴ്ത്തി,
നില്ക്കയാണാത്താദരം നിൻമുൻപിൽ, പ്രണാമത്തിൻ-
നിസ്തുലോപഹാരവുമേന്തിക്കൊണ്ടഷ്ടാശകൾ!
ശാശ്വതവിശ്വപ്രഭാസാരമേ, നിന്നാൽ സുഖ-
ശാദ്വലസമൃദ്ധമാണെന്നുമീ മരുഭൂമി!
പച്ചനീരാളം പുതപ്പിച്ചു, നീ വരളുന്ന
നെൽച്ചെടിപ്പാടങ്ങൾതൻ നഗ്നത മറയ്ക്കുന്നു;
മുകിൽമാലയാൽ നീലമേലാപ്പു കെട്ടിത്തൂക്കി
മുകളിൽ വർഷത്തിന്റെ പന്തൽ നീയൊരുക്കുന്നു;
സങ്കല്പ കാന്തി / ആദിത്യാരാധന
ചങ്ങമ്പുഴ
ഹേമന്തത്തിനെക്കൊണ്ടു ചന്ദനക്കുളിർമയും
പൂമയവസന്തത്താൽ സുഷമാസമൃദ്ധിയും
ശിശിരത്തിനെക്കൊണ്ടു പുളകപ്പൂമാലയും
നിശയെക്കൊണ്ടു നിത്യമാനന്ദസുഷുപ്തിയും
ഗ്രീഷ്മത്താൽ പ്രതാപവും ശക്തിയും ജഗത്തിനു,
ഭീഷ്മതേജസ്സേ, ഭവാൻ സദയം ദാനംചെയ്വൂ!
വിഗതാലസം തോജോഗോളങ്ങളെല്ലാം കാത്തു,
ഭഗവൻ, ഭവാൻ മേന്മേൽ വിജയിച്ചരുളുന്നു.
അവിടുന്നുണർവിന്റെ കോവിലിൽ, ഞങ്ങൾക്കെല്ലാ-
മവിരാമോന്മേഷത്തിൻ നിർവൃതി കൊളുത്തുന്നു.
ഉറങ്ങില്ലു, റങ്ങില്ല ഞങ്ങളിന്നിയും;--മുന്നോ-
ട്ടൊരുങ്ങിയിറങ്ങുകയായിതാ, വീണ്ടും ഞങ്ങൾ!
അകലെപ്പുരോഗതി, ഞങ്ങളെച്ചിരിച്ചുംകൊ-
ണ്ടരികത്തേക്കു മാടിവിളിപ്പൂ വീണ്ടും വീണ്ടും!
ഇത്രനേരവും ഞങ്ങളിരുളി,ലാലസ്യത്തിൻ-
നിദ്രയിൽ, സ്വപ്നംകണ്ടു കിടന്നു ഗതബോധം!
അഭിനൂതനമാമീയുണർവിൽ, പ്രവൃത്തിതൻ-
പ്രഭയിൽ, ചിറകുറ്റ ചിതതൻ വികാസത്തിൽ,
വിദ്യുതാംശുക്കൾപോലെ, മേൽക്കുമേലുക്കർഷത്തിൻ-
വിസ്തൃതവിഹായസ്സിൽ വിഹരിക്കട്ടേ ഞങ്ങൾ!
നിദ്രയുമാലസ്യവുമിരുളും നശിപ്പിച്ച
ഭദ്രദീപമേ, ദിവ്യചൈതന്യസ്വരൂപമേ,
സ്വാതന്ത്ര്യത്തിന്റെ സാക്ഷാന്നേതാവേ, സവിതാവേ,
ശ്രീതാവും നവജീവദാതാവേ നമസ്ക്കാരം!
--ഒക്ടോബർ, 1937.
സങ്കല്പ കാന്തി
ചങ്ങമ്പുഴ
രാഗഭിക്ഷുണി
കോമളാകൃതേ, സന്തതം ഹാ, ഭവൽ-
പ്രേമലേശം കൊതിച്ചു കൊതിച്ചിദം
അല്പഭാഗ്യ ഞാനെത്രയോകാലമായ്-
ത്തപ്തബാഷ്പം പൊഴിക്കുന്നു നിഷ്ഫലം!
മൽപ്രതീക്ഷകളൊക്കെയുമൊന്നുപോൽ-
സ്സ്വപ്നമാത്രമായ്ത്തീരുന്നു കേവലം.
മാത്രതോറും വികാരശതങ്ങൾതൻ-
മാറ്റൊലികളിളകി മന്മാനസം
ഘോരഘോരനിശിതനിരാശയിൽ
നീറി നീറി ദ്രവിക്കയാണിപ്പൊഴും!
ദേവ, നിൻമദനോപമവിഗ്രഹം
ഭാവനയിൽ പ്രതിഷ്ഠിച്ചനാരതം
ധ്യാനലോല ഞാൻ പൂജിപ്പു നിത്യ,മെൻ-
പ്രാണഗദ്ഗദപുഷ്പാഞ്ജലികളാൽ!
സ്പന്ദനങ്ങളെസ്സാക്ഷിനിർത്തി,സ്സദാ
മന്ദിയാതെ ഞാൻ ചെയ്യുമാരാധനം
ആരറിയുവാനാ,രാദരിക്കുവാ-
നാ,രതിലൊന്നനുതപിച്ചീടുവാൻ?
ഇല്ല,മേലിലും മേൽക്കുമേൽ ഞാനിദ-
മല്ലലിൽത്തന്നെ വീണടിഞ്ഞീടണം!
ഉൽക്കടപ്രണയോദ്വേഗസീമയിൽ
മൽക്കരൾ പൊട്ടി ഞാൻ മരിച്ചീടണം!-
ഇല്ല മറ്റൊരുപായവുമൂഴിയിൽ
വല്ലമട്ടുമീ വിഭ്രമം നിൽക്കുവാൻ!
മോഹനാകൃതേ, നിൻപടിവാതിലിൽ
സ്നേഹഭിക്ഷയിരന്നുകൊണ്ടിങ്ങനെ
കാത്തുനിന്നിടാമെത്രനാളെങ്കിലും
കാൽക്ഷണം നീ കടാക്ഷിക്കുമെങ്കിൽ, ഞാൻ!
എന്നുമെന്നും വൃഥാപവാദങ്ങളാ-
ലെന്നെ ലോകം പരിഹസിച്ചീടിലും,
പാരമീർഷ്യതൻ പാഴ്ച്ചരൽക്കല്ലുകൾ
വാരിവാരിയെൻനേർക്കെറിഞ്ഞീടിലും,
ഹന്ത, മജ്ജഡം മണ്ണടിവോളവു-
മെന്തുതാനാട്ടെ, പിന്മടങ്ങില്ല ഞാൻ!
സങ്കല്പ കാന്തി / രാഗഭിക്ഷുണി
ചങ്ങമ്പുഴ
ഒന്നു വന്നൊരു ചുംബനമെങ്കിലും
തന്നുപോകുമാറാകൃഷ്ടനാക്കുവാൻ
ശക്തിയില്ലെങ്കിലെ,ന്തിനീ വൈദ്യുത-
ശക്തി സൂക്ഷിച്ചിടും കടക്കണ്ണുകൾ?
തങ്കമെയ്യതൊന്നോമനിക്കായ്കിലി-
ന്നെൻകരങ്ങളിലെന്തിനിക്കങ്കണം?
ആ മനോഹരനാസ്വദിക്കായ്കിലോ
ഭൂമിയിലെനിക്കെന്തിനീ യൗവനം?
ക്ഷിപ്തസൌരഭസമ്പന്നയായിടു-
മെത്ര മോഹനസൂനമാണെങ്കിലും,
എന്തൊരു ഫല,മാ മത്തഭൃംഗകം
പിൻതിരിഞ്ഞൊന്നു നോക്കാതെ പോവുകിൽ?
മിന്നിടേണം സതതമെന്നാല,തിൻ-
ഭംഗി വർണ്ണിച്ചു പാടണം കോകിലം.
ചാരെ നിന്നൊരാളാസ്വദിച്ചീടിലേ
ചാരുതയൊരു ചാരിമയായിടു.
അംഗജോപനമാദരിക്കായ്കി,ലീ-
യംഗവിഭ്രമകാന്തിയെന്തിന്നു മേ?
ഇജ്ജഗത്തിലെൻസർവ്വസർവ്വസ്വമേ,
ലജ്ജയില്ലാതെ മേലിലുമീവിധം
ഞാനിരക്കും ഭവാനിൽനിന്നാ ലസൽ-
പ്രേമപീയൂഷബിന്ദുവൊന്നെപ്പൊഴും!
എന്നവസാനഗദ്ഗദം കൂടിയ-
പ്പുണ്യചിന്തതൻപൊന്നുറവായിടും.
നിർവൃതിയിലേക്കന്നാത്മസൌരഭം
നിന്നെയോർത്തോർത്തുറഞ്ഞൊഴുകീടണം.
വല്ലനാളുമിതുവഴി പോവുകിൽ-
ത്തെല്ലുനേരമൊന്നിങ്ങോട്ടു കേറിയാൽ
എന്തു ചേതം വരു?- മതെൻജീവനൊ-
രെന്തു നിർവ്വാണമായിരിക്കും, വിഭോ ?
ഇന്നൊരു നോക്കു കാണുവാൻകൂടിയും
മന്ദഭാഗ്യയെനിക്കില്ലനുഗ്രഹം.
വീണടിയണമെന്നും നിരാശയിൽ
ഞാനു, മെൻ ചില സങ്കല്പസൌഖ്യവും!
സർവ്വനേരവും കേട്ടു ഞെട്ടുന്നു ഞാൻ
ദുർവ്വിധിതൻഗഭീരമേഘാരവം
ഹാ, തിരശ്ശീല വീണു, തീർന്നെങ്കിലൊ-
ന്നീ ദുരന്തമാം ജീവിതനാടകം!
സങ്കല്പ കാന്തി / രാഗഭിക്ഷുണി
ചങ്ങമ്പുഴ
പട്ടടത്തീ പടർന്നെരിയുമ്പൊഴും
മജ്ജഡമൊന്നു കോരിത്തരിക്കണം!
ജന്മജന്മാന്തരങ്ങളിൽക്കൂടിയി-
ക്കർമ്മബന്ധങ്ങൾ മൊട്ടിട്ടുനിൽക്കണം!
മൃത്യുകൊണ്ടീ മധുരരാഗാമൃതം
പത്തിരട്ടി മധുരീകരിക്കണം!
രാഗവും പ്രതിരാഗവും ഭൂമിയി-
ലേകതാളം ചവിട്ടില്ലൊരിക്കലും.
ആകയാൽ ഞാൻ വരുന്നതെല്ലാം, സ്വയ-
മായവണ്ണം സഹിക്കുവാൻ നോക്കുവൻ!
മോഹനം തവ സങ്കല്പവിഗ്രഹം
ഗാഹനം ചെയ്യുമെൻമിഴിനീരിൽ ഞാൻ,
കേണുകേണു കൊതിച്ചുകൊതിച്ചിദം
വാണിടും ഞാൻ ഭവദാഗമോത്സവം.
കാണിയും ഞാൻ മുടക്കില്ലൊരിക്കലും
പ്രാണനാഥ, മൽപ്രേമസങ്കീർത്തനം!
ഞാനബല മൃദുലഹൃദയ-മൽ-
പ്രാണവാഞ്ഛിതം പാഴിലായ്ത്തീരുമോ ?
എന്നിലുള്ളൊരെന്നാശാങ്കുരങ്ങൾ പോൽ
മിന്നി മിന്നിത്തെളിയുന്നു താരകൾ.
അങ്ങതാ, രാഗപീയൂഷമെന്നപോൽ-
ച്ചന്ദ്രലേഖ പൊഴിപ്പൂ മന്ദസ്മിതം.
ഹാ, മനോജ്ഞലതാനികുഞ്ജങ്ങളിൽ
പ്രേമഗാനം പകരുന്നു രാക്കുയിൽ.
സർവ്വവും ഭദ്ര,മൊന്നു മജ്ജീവിത-
സർവ്വമേ, നീയുമെന്നടുത്തെത്തുകിൽ!
--മാർച്ച് 1935.
സങ്കല്പ കാന്തി
ചങ്ങമ്പുഴ
സൌന്ദര്യപൂജ
മുല്ലകൾ പൂക്കലാൽ സാരിയുലച്ചുല-
ച്ചു,ല്ലസൽസുസ്മിതേ, നീയണഞ്ഞു;
അല്ലല്ല, വിൺനീലച്ചില്ലിലാ, വെൺമേഘ-
ത്തെല്ലി, ലലിഞ്ഞയേ നീ മറഞ്ഞു!
ഒറ്റയ്ക്കൊരൊറ്റ നിമേഷമേ, കഷ്ടമേ,
പറ്റിയതുള്ളു, നിൻദർശനം മേ!
എന്നിട്ടും, നിന്നെ നീയായല്ല കണ്ടതെൻ-
മുന്നിൽ ഞാൻ-നിൻനിഴലായിരുന്നു!
പൈങ്കിളിപ്പാട്ടിലെ,ൻചുറ്റിലും, നിൻകഴൽ-
ത്തങ്കച്ചിലമ്പൊലി സംക്രമിക്കെ,
ഉജ്ജ്വലേ, നിന്നാഗമോത്സവോൽക്കണ്ഠയാ-
ലുദ്ദ്വേലിതോൾക്കളസ്പന്ദനായ് ഞാൻ!
ചുറ്റുമുഴറിയെൻചഞ്ചലദൃഷ്ടിക-
ളൊറ്റനോക്കൊന്നു നിൻമൂർത്തി കാണ്മാൻ!
അസ്വീകൃതാകൃതയായ് നില്പതെന്തയേ
മൽസ്വപ്നമേഖലയ്ക്കപ്പുറം നീ?
പ്രത്യഹമെത്തിച്ചു നിൻനെടുവീർപ്പുകൾ
പ്രത്യുഷസ്സൂനങ്ങളെന്നരികിൽ.
നിശ്ശബ്ദമോതി നിൻസന്ദേശവാക്യങ്ങൾ
നിസ്തുലതാരകൾ നീലവിണ്ണിൽ.
നീമാത്രമെന്നിട്ടും, നീയായിട്ടെത്തീലെൻ
നീറും മനസ്സിലമൃതൊഴുക്കാൻ!
എങ്കിലും, നിന്മഹാസാന്നിധ്യസായൂജ്യം
സങ്കല്പം സ്വായത്തമാക്കിയെന്നിൽ!
ഭാവനയ്ക്കുണ്ട ,തിൻ സ്വന്തമായിട്ടൊരു
ഭാഷയും ഭാസുരശൈലികളും;
അപ്രമേയാനഘസൌന്ദര്യചിത്രണ-
മപ്രാപ്യമാണിന്നവയ്ക്കുപോലും!
സങ്കല്പ കാന്തി / സൌന്ദര്യപൂജ
ചങ്ങമ്പുഴ
യുക്തിതൻ, ബുദ്ധിതൻ, വാസ്തവികത്വമ-
ല്ലുത്തേജിതമാം വികാരസത്യം.
വസ്തുസ്ഥിതികൾതന്നർത്ഥവലയത്തി-
ലെത്തിനില്ക്കാത്തൊരുച്ഛൃംഖലത്വം
ഉണ്ടതിൻ വ്യാപാരയാനത്തി,ലായതു
കണ്ടിടാൻ കണ്ണുകൾ വേറേ വേണം.
യുക്തിമണലാൽ കയറുപിരിക്കുവാൻ,
ബുദ്ധിവൻപാറ പിഴിഞ്ഞെടുക്കാൻ,
വൈഭവഗർവ്വത്തിൽ യത്നിച്ചു യത്നിച്ചു
വയ്യെന്നൊടുവിൽപ്പകച്ചുനില്ർക്കെ,
ദൂരത്തധിക്ഷിപ്തമായ് മുഖം താഴ്ത്തി നി-
ന്നാരാൽക്കരയും വികാരമെത്തി,
ഇല്ലായ്മയിങ്കൽനിന്നായിരമായിരം
സ്വർല്ലോകരംഗങ്ങളാചരിപ്പൂ!
എന്തിലും മീതെയാമങ്ങോട്ടുയരുവാൻ
ചിന്തകൾക്കൊക്കെച്ചിറകു വേണം!
സത്യസൗന്ദര്യമേ , നിൻഭക്തദാസൻ ഞാൻ
യുക്തിതൻദൃഷ്ടിയിൽ ഭ്രാന്തനായി!
നിത്യപ്രകാശമേ, നിന്നിലലികയാൽ
ബുദ്ധിതൻദൃഷ്ടിയിൽ ഭ്രാന്തനായി ഞാൻ!
കല്ലെറിയുന്നു വിളർത്ത പരിഹാസ-
പ്പൊള്ളച്ചിരികൾതൻപേക്കൂത്തുകൾ!
ഭ്രാന്തൻ ഞാൻ, ഭ്രാന്തൻ ഞാൻ, ഹന്ത, സൌന്ദര്യമേ
താന്തനാമെന്നെ നീ ഭ്രാന്തനാക്കി!
എങ്കിലും നീയെനിക്കേകുമിഭ്രാന്തിനാ-
ലെൻകരൾ കോൾമയിൽക്കൊൾവിതെന്നും.
ഈ നിർവൃതിക്കൊള്ളലുന്മാദമാണെങ്കിൽ
ഞാനെന്നുമുന്മാദിയായിടാവൂ!
സങ്കല്പ കാന്തി
ചങ്ങമ്പുഴ
രൂപാന്തരം
കുളിരിളകുമാലോലവായുവേറ്റന്തിയിൽ
'കുസുമ'യൊരുമിച്ചു ഞാൻ വാണിതാ വാടിയിൽ;
അതിമധുരമാ രംഗമിന്നുമോർക്കുമ്പൊഴും
പരിമൃദുലമാനസം നീറുന്നു മാമകം.
കുസുമിതലതാളിയാലാവൃതാരമ്യയായ്-
ക്കുതുകദസുഗന്ധിയായ്ത്തീർന്നൊരപ്പൂവനം
ചരമരവികിരണഗണകനകമയകാന്തിയിൽ-
ക്കരൾകവരുമലസതയൊടാറാടിനില്ക്കവേ,
അവിടെയൊരു വെൺകുളിർക്കല്ലിലിരുന്നിത-
ന്നവശിതഹൃദന്തരായ് ഞങ്ങളിരുവരും;
പരിണതശുഭാനുരാഗത്തിൽപ്പൊതിഞ്ഞതാം
പലപല രഹസ്യങ്ങൾ കൈമാറിയങ്ങനെ,
സമയശുകി ദൂരെപ്പറന്നുചെല്ലുംവരെ-
സ്സസുഖമവിടെത്തന്നെ മേവിനാർ ഞങ്ങളും.
അരുണനകലെപ്പോയ്മറഞ്ഞു; വെൺപൂനിലാ-
വമലരുചി വീശിപ്പരന്നിതെല്ലാടവും.
അകലെയൊരു രാപ്പാടിയേകാന്തശാന്തമാ-
മതിസുഖദഗാനം പകർന്നൂ മധുരമായ്.
സരസതരസല്ലാപലോലയായേവമെ-
ന്നരികിൽ വിലസീടുമാ ലാവണ്യരശ്മിയെ
കരിനിഴലിൽ മൂടുവാൻ-അയ്യോ, നടുങ്ങി ഞാൻ
കരൾ പതറി,യെങ്ങെൻ മനുഷ്യത്വമെങ്ങുപോയ്?
സങ്കല്പ കാന്തി / രൂപാന്തരം
ചങ്ങമ്പുഴ
അകലെ,യത, നിങ്ങൾക്കു കാണാം, വിശുദ്ധയാ-
മവളരുമസ്ഥിമാടം-മഹാഭീകരം!
അരുതരുതു കാണുവാൻ, ഹാ കഷ്ട ,മിന്നെനി-
ക്കവിടെയെരിയുന്നൊരാസ്സ്വർണദീപാങ്കുരം !
ഉരുകിടുകയല്ലിയക്കല്ലറയ്ക്കുള്ളിലി-
ന്നൊരു പരമനിർമ്മലപ്രേമാർദ്രമാനസം ?
മതി,കനകദീപമേ, നീ പഴിക്കായ്കിദം
മലിനതരമായൊരെൻസന്തപ്തജീവിതം!
ഇതിനൊരുപശാന്തി മറ്റെന്താണ,നുശയ-
ച്ചിതയിൽ മമചിത്തം ദഹിപ്പിപ്പതെന്നിയേ?
എവിടെ മമ പാതകം മൂടിവെയ്ക്കേണ്ടു ഞാ-
ന,വനിയഭയം തരുന്നില്ലൊരു ദിക്കിലും!
അയി കനകദീപികേ, ചഞ്ചലജ്ജ്വാലയാൽ
സ്വയമരികിലേക്കെന്നെ നീ വിളിക്കുന്നുവോ?
ശരി വരികയായിതാ, നിന്നടുത്തേക്കു ഞാ-
നൊരുനിമിഷമെന്നെ നീ കാത്തുനില്ക്കേണമേ!
ആഗസ്റ്റ് , 1935
സങ്കല്പ കാന്തി
ചങ്ങമ്പുഴ
ശ്മശാനത്തിൽ
കരയുവാൻവേണ്ടിയല്ലിന്നു വന്നതെൻ-
ശവകുടീരമേ, നിന്നരികത്തു ഞാൻ.
അയി നിരഘ, നിന്നാനനദർശന-
മസുഖദായകമല്ലെനിക്കല്പവും!
മഹിതശാന്തിതൻ കേന്ദ്രമല്ലല്ലി നീ?
മധുരസംഗീതസങ്കേതമല്ലി നീ?
തവ പരിസരസാഹചര്യം തരും
തകരുമെൻജീവനാശ്വാസചുംബനം.
ഉപഹൃതോല്ലാസ,നീയുമൊന്നിച്ചിരു-
ന്നുലകിലേക്കൊന്നു കണ്ണയയ്ക്കട്ടെ ഞാൻ!
ക്ഷണികജീവിതം സഞ്ജനിപ്പിച്ചിടും
മണിമുഴക്കമതാ, കേൾപ്പു മോഹനം!
ഒരു ചലന,മൊരാലോലശിഞ്ജിതം
പര,മൊരു വെറുംമൌനം-നിരാശകം!-
സുലളിതോജ്ജ്വലമാമൊരു മായിക-
ചലനചിത്രപ്രദർശനദർശനം!-
അതിനെയെന്തിനനഘമെന്നോതണം?
അതിനെ ഞാനെന്തിനാദരിച്ചീടണം?
നവവികാരങ്ങൾ ചൂടുചേർത്തീടുമാ
യുവത, കഷ്ടം, വിളറിത്തണുത്തുപോം;
സ്ഫുടരുചിയണിച്ചെമ്പനിനീരലർ-
ത്തുടുകവിളുകൾ ചുക്കിച്ചുളുങ്ങിടും ;
പ്രിയസഖാക്കൾ പിരിയും; മനോഹര-
പ്രണയസൌഹൃദരംഗങ്ങൾ മാഞ്ഞുപോം;
കനകനാണയശിഞ്ജിതസഞ്ചയം
കവനവിജ്ഞാനഗാനസമുച്ചയം
സകല,മെല്ലാം, സമസ്തവും-ദൈവമേ,
സഹിയുവാനരു-തയ്യോ, മറഞ്ഞിടും!
മഴ, വെയിൽ, മഞ്ഞു, വന്നിടും പോയിടും;
മലർ വിരിയും, കൊഴിയും, നിരന്തരം.
ഇതിനഖിലം നീ സാക്ഷിയാണെ,ങ്കിലും
ഇതിലൊരുത്തരവാദിയല്ലൊന്നിലും!
നിരഘ, നിഷ്പക്ഷമെന്തിലും നിൻനില-
യ്ക്കൊരു ലവാന്തരമേശില്ലൊരിക്കലും !
സങ്കല്പ കാന്തി / ശ്മശാനത്തിൽ
ചങ്ങമ്പുഴ
അലയിളക്കുന്നൊരേതഭിമാനവു-
മലറിയോടുന്നൊരേതഹങ്കാരവും
തവമുഖമൊന്നു കാണുകിലക്ഷണ-
മവനമിക്കുകയാണി,തെന്തത്ഭുതം!
ഇതിനി,ടുങ്ങിയ നിന്നകത്തിത്രമേൽ-
പ്പതിയിരുപ്പതേതത്ഭുതവിക്രമം?
ഭുവനജന്യമാം സാർവഭൌമത്വമെൻ-
ശവകുടീരമേ, നിന്റെ പര്യായമോ?
തവ ഭരണവിധേയമായൂഴിയി-
ലുയരുവതെന്തു മാസ്മരവൈഭവം?
തണുതണുത്ത നിന്നങ്കതലത്തിലെ-
ത്തണലുതന്നെയോ നിത്യനിദ്രാസ്പദം?
പുരുകദനവിമോചനാലംബമേ,
പുളകവല്ലിതൻ പൊന്നാലവാലമേ;
പരമപാവനലോകൈകശാന്തിത-
ന്നുറവൊഴുക്കു നിന്നുള്ളിൽനിന്നല്ലയോ?
അവിടമല്ലല്ലി കർമ്മബന്ധങ്ങൾതൻ-
ചുമടിറക്കുന്ന വിശ്രമത്താവളം?
അവിടമല്ലല്ലി ജീവിതം പൂർണ്ണത-
യ്ക്കടിപെടുന്നതാമാനന്ദമണ്ഡപം?
അവിടമല്ലല്ലി ജന്മാന്തരങ്ങൾ വ-
ന്നഭയമാളുന്ന പുണ്യദേവാലയം?
അവിടമല്ലല്ലിയാത്മസൌഗന്ധിക-
മവിരളാഭം വിരിയും നികുഞ്ജുകം?
അതിനുടമ വഹിക്കും നിനക്കിതാ,
ഹൃദയപൂർവമെൻ കൂപ്പുകൈമൊട്ടുകൾ.
ഫെബ്രുവരി , 1935
സങ്കല്പ കാന്തി
ചങ്ങമ്പുഴ
തകർന്ന മുരളി *
നീലക്കുയിലേ, നിരാശയാൽ നിൻ
നീറും മനസ്സുമായ് നീ മറഞ്ഞു.
കേൾക്കുകയില്ലിനിമേലിൽ നിന്റെ
നേർത്തുനേർത്തുള്ള കളകളകങ്ങൾ.
ഇന്നോളമീ മലർത്തോപ്പിൽ നമ്മ-
ളൊന്നിച്ചുചേർന്നു പറന്നു പാടി.
ഇന്നേവമെന്നെത്തനിച്ചു വീട്ടി-
ട്ടെങ്ങു നീ,യയ്യോ പറന്നൊളിച്ചു?
ഓമനപ്പിഞ്ചിളംപൂങ്കുയിലേ,
നി മമ പ്രാണനും പ്രാണനല്ലേ?
എന്നിട്ടു,മെന്നിട്ടുമീവിധം നീ-
യെന്നെയെന്നേക്കും വെടിഞ്ഞുവല്ലോ!
ഞാനിനി വേദനാമഗ്നമാമെൻ-
പ്രാണരഹസ്യങ്ങളാരോടോതും?
ഏതൊന്നിൻ സാന്ത്വനധാരയിലെൻ-
ചേതനാമൂർച്ഛകൾ മേലിൽ മുങ്ങും?
എന്തിന്റെ സൗഹൃദച്ചില്ലയിലെൻ-
ചിന്തകൾ ചെന്നിനിക്കൂടുകൂട്ടും?
നൊന്തുനൊന്തയ്യോ, കഴിയണം ഞാൻ
ഹന്ത, നീയില്ല വരില്ല മേലിൽ.
ഒക്കെയും തീർന്നു, നീയസ്തമിച്ചു;
ദിക്കുകകളെട്ടുമിരുണ്ടു കെട്ടു,
സർവ്വാനുഭൂതിയുമൊന്നുപോലി-
ദ്ദുർവ്വിധിത്തല്ലിൽ വെറുങ്ങലിച്ചു.
മുന്നിൽത്തണുത്തൊരീ മൂടൽമഞ്ഞും
കണ്ണീരും മാത്രമേ ബാക്കിയുള്ളു.
പൊട്ടിക്കരഞ്ഞുകൊണ്ടിത്തെരുവി-
ലൊറ്റയ്ക്കിതാ ഞാനിരുട്ടിൽ നില്പൂ.
അയ്യയ്യോ, മൂർച്ഛിച്ചു വീണുപോം ഞാൻ
വയ്യ, വയ്യെ,ങ്ങു നീ സൗഹൃദമേ?
* ആത്മസുഹൃത്തായ ശ്രീ ഇടപ്പള്ളി രാഘവൻപിള്ളയുടെ ആത്മഹത്യയെ ആസ്പദമാക്കി എഴുതിയ ഒരു ലഘു വിലാപകാവ്യം.
സങ്കല്പ കാന്തി / തകർന്ന മുരളി
ചങ്ങമ്പുഴ
ചിന്തിച്ചിരിക്കാതരഞൊടികൊ-
ണ്ടെന്തിനീത്തീക്കടൽപൊട്ടിവീണു?
ഉജ്ജ്വലസ്വപ്നമേ ,നിൻവിയോഗം
മച്ചേതനയ്ക്കൊരു വജ്രപാതം.
അള്ളിപ്പിടിക്കുയാണതിന്റെ
മുള്ളുകളെന്നാത്മനാളികയെ.
കീറിമുറിഞ്ഞതു മാത്രതോറും
ചോരവാർക്കുന്നതിലല്ല ഖേദം;
മുന്നേപ്പോൽ,ക്കഷ്ട,മീ മന്നിടത്തി-
ലൊന്നിനി നിന്മുഖം കാണാൻപോലും
ദുസ്സാധമാണെന്ന ചിന്തമാത്രം
ദുസ്സഹമാണെനിക്കെ,ന്തു ചെയ്യും ?
അത്രമാത്രം നാമടുത്തുപോയി;
അത്ര നാം ഒന്നായിച്ചേർന്നുപോയി
തമ്മിലറിയാതില്ലിത്രനാളും
നമ്മിലൊരൊറ്റ രഹസ്യംപോലും.
നമ്മളൊരുമിച്ചു കൂട്ടുകൂടി;
നമ്മളൊരുമിച്ചു പാട്ടുപാടി.
ഇത്രയും കാലം നാം രണ്ടുപേരു-
മൊറ്റമരത്തിൻ തളിർത്ത കൊമ്പിൽ,
അന്യോന്യമോമൽച്ചിറകിണക-
ളൊന്നിച്ചു മേനി പൊതിഞ്ഞുരുമ്മി,
സസ്പൃഹം പ്രേമകഥകളോതി
സ്വപ്നവും കണ്ടു കഴിച്ചുകൂട്ടി.
ഇന്നു നീയയ്യോ, ചിറകൊടിഞ്ഞു
മണ്ണിലെന്നേക്കുമായ് വീണടിഞ്ഞു.
നിന്നോടൊരുമിച്ചു മൂകമായ് നിൻ-
വെണ്ണീറടിഞ്ഞ രഹസ്യമെല്ലാം
നന്നായറികയാൽ നിൻയഥാർത്ഥ-
വർണ്ണം തികച്ചും ഞാനാദരിപ്പൂ.
മറ്റോരോ കൂട്ടുകാരെത്ര നിന്നെ-
ക്കുറ്റംപറകിലുമിന്നുമെന്നും
മാനവരത്നമേ, നിന്റെ മുമ്പിൽ
ഞാനൊരാരാധകനായിരിക്കും!
എന്നാത്മ പുഷ്പാഞ്ജലികൾകൊണ്ടു
നിന്നെ ഞാൻ വാഴ്ത്തും മരിക്കുവോളം!
സങ്കല്പ കാന്തി / തകർന്ന മുരളി
ചങ്ങമ്പുഴ
പ്രാണസർവ്വസ്വമേ, നിന്നെയോർത്തു
കേണുകേണെന്നും കഴിയണോ ഞാൻ?
അന്ത്യമിമ്മട്ടിലാണെങ്കിൽ മന്നി-
ലെന്തിനായേവം നാം കൂട്ടിമുട്ടി?
നിർമ്മലസ്നേഹാർദ്രനീരദമേ,
നിന്മഴത്തുള്ളികളൊക്കെ വറ്റി!
മാമകജീവിതരംഗമേതോ
മായാമരീചിക മാത്രമായി.
ആകില്ലൊരിക്കലും നിന്നെയോർത്തു-
ള്ളാകുലചിന്തകൾ വിസ്മരിക്കാൻ!
താവകജീവിതം മന്നിലേതോ
ഭാവനപ്പൊൻകിനാവായിരുന്നു.
ഘോരനിരാശയതിൻമുഖത്തി-
ലോരോ വടുക്കൾ ചമച്ചിരുന്നു.
ആദർശശുദ്ധിയിൽ മുക്കിമുക്കി
നീയതൊരുൽക്കൃഷ്ടസിദ്ധിയാക്കി.
എന്നിട്ടവസാനം മൃത്യുവിന്റെ
മുന്നിൽ നി ചെന്നതു കാഴ്ചവെച്ചു.
നിശ്ചയ,മക്കാഴ്ച കണ്ടു നിന്ന
മൃത്യുവും പൊട്ടിക്കരഞ്ഞിരിക്കും.
ആ മഹാജീവിതം മാഞ്ഞനേരം
ഭൂമിയും സ്തംഭിച്ചുപോയിരിക്കും.
വിണ്ണിലെത്താരകളൊക്കെയും ക-
ണ്ണൊന്നിച്ചിറുക്കിയടച്ചിരിക്കും.
അക്കാഴ്ച കാൺകെച്ചരാചരങ്ങ-
ളൊക്കെയും ഞെട്ടിത്തെറിച്ചിരിക്കും!
കായായിത്തീരാൻതുടങ്ങിയപ്പോൾ-
പ്പോയല്ലോ, പോയല്ലോ, പുഷ്പമേ, നീ!
'നാളത്തെ' യോമൽ 'പ്രഭാത' വുമായ്
നാകത്തിൽ നീ പോയൊളിച്ചുവല്ലോ !
നിന്ദ്യസമുദായനീതിമാത്രം
നിന്മനോവേദന കുറ്റമാക്കി,
പാരതന്ത്ര്യത്തിനകത്തതിന്റെ
പാരമ്യം കണ്ടു പകച്ചുപോയ് നീ.
സങ്കല്പ കാന്തി / തകർന്ന മുരളി
ചങ്ങമ്പുഴ
നിർദ്ദയമാനവരീതികൾ നിൻ-
ചിത്തം പിടിച്ചു ഞെരിച്ചുനോക്കി.
ശക്തനായ്ത്തീർന്നില്ല നിയതിനോ-
ടിത്തിരിപോലുമെതിർത്തുനിൽക്കാൻ.
നീയാ വിധിക്കുടൻ കീഴടങ്ങി ;
നീറും മനസ്സോടൊഴിഞ്ഞൊതുങ്ങി.
അക്ഷയജ്യോതിസ്സണിഞ്ഞു വാനിൽ
നക്ഷത്രമായ് നീ ലസിക്ക മേലിൽ! വിശ്വത്തിനാവുകയില്ല നിന്നെ
വിസ്മരിച്ചീടുവാൻ, വിസ്മയമേ !
ആദർശശുദ്ധിയിൽ നീ കിളർന്നു;
ആദർശശുദ്ധിയിൽ നീ വളർന്നു.
ആദർശശുദ്ധിയിൽ നീ പൊലിഞ്ഞു;
ആദർശശുദ്ധിയിൽ നീ കരിഞ്ഞു.
എന്തെല്ലാമാരെല്ലാ,മോതിയാലും
പൊൻതാരമായി നീ മിന്നുമെന്നും!
നിഷ്ഠൂരലോകമേ, നീയിനിയും
പശ്ചാത്തപിക്കുവാനല്ല ഭാവം.
നിന്മനോവജ്രമെടുത്തു നീയ-
പ്പൊന്മരാളത്തിൻ കഴുത്തരിഞ്ഞു!
വിത്തപ്രഭാവമേ, നിയതിന്റെ
രക്തവുമൂറ്റിക്കുടിച്ചു നിന്നു.
നിസ്സഹായത്വമേ, നീയതിനെ
നിത്യനിരാശയിൽത്തച്ചുകൊന്നു.
നാണയത്തുട്ടുകളെണ്ണിനോക്കി,
പ്രാണനെ പ്രാണനിൽനിന്നകറ്റി,
ത്രാസുമായ് നില്ക്കുന്നു മാനുഷത്വം
ഹാ, സമുദായമേ, നീയളക്കാൻ.
നന്മയും തിന്മയും വേർതിരിക്കാൻ
നിന്നെപ്പോലുള്ളവർക്കെന്തു കാര്യം?
ആയിരംകൊല്ലം തപസ്സുചെയ്താ-
ലായത്തമാകാത്ത രത്നമല്ലേ.
മിത്ഥ്യാഭിമാനിയാം നിയെടുത്താ
മൃത്യുവിലേക്കു വലിച്ചെറിഞ്ഞു?
എന്നിട്ടുമിപ്പോഴും പല്ലിളിച്ചു-
നിന്നു നീ പിച്ചുപുലമ്പുകല്ലേ?
നിൻനില കഷ്ട,മിതെത്ര ഹാസ്യ,-
മെന്നു നീയൊന്നിനി നേരെയാകും?
സങ്കല്പ കാന്തി / തകർന്ന മുരളി
ചങ്ങമ്പുഴ
ജീവസർവ്വസ്വമേ , നീ സുഖിക്കു
പാവനസ്വർഗ്ഗസിംഹാസനത്തിൽ,
ഇങ്ങനെതന്നെ കിടന്നു കൊള്ളു-
മെന്നുമീ നിന്ദ്യമലിനലോകം.
നിന്നാത്മശാന്തിക്കുവേണ്ടിമാത്ര-
മെന്നുമീത്തോഴൻ ഭജിച്ചുകൊള്ളാം.
വെല്ക, നീ സൗഹൃദപ്പൊന്നലുക്കേ,
വെല്ക, നീ വിണ്ണിൻകെടാവിളക്കേ!
--ആഗസ്റ്റ്, 1936
സങ്കല്പ കാന്തി
ചങ്ങമ്പുഴ
മിത്ഥ്യ
ആവശ്യമില്ലിപ്രഞ്ചത്തിനാരെയും;
നീ വിശ്വസിക്കായ്കിനിയുമാ മിത്ഥ്യയെ;
ചീറുന്ന പീരങ്കിയുണ്ടകൾക്കിന്നലെ
മാറു കാണിച്ചൊരാ വീരയോദ്ധാക്കളെ-
ജന്മഭൂമാതിൻ ജയക്കൊടിക്കൂറകൾ
നന്മയിൽ മേല്ക്കുമേൽച്ചായംപിടിക്കുവാൻ,
നർമ്മാഭിലാഷങ്ങൾ മൊട്ടിട്ട ഹൃത്തിലെ-
ച്ചെന്നിണം തർപ്പിച്ച നിർമ്മലാത്മാക്കളെ-
ഒട്ടും കൃതജ്ഞതകൂടാതെ,യിന്നേക്കു
കഷ്ടം, മറന്നുകഴിഞ്ഞു പടക്കളം!
വർഷമോർമ്മിപ്പീല വാസന്തകോകിലം
ഹർഷപുളകം വിതച്ച കളകളം.
ഇന്നലെച്ചെമ്പനീർപ്പൂച്ചെടിച്ചില്ലയിൽ
മിന്നിക്കുണുങ്ങി വിടർന്നൊരത്താരിനെ--
ആയിരമിന്ദിന്ദിരങ്ങളെക്കൊണ്ടെടു-
ത്താനന്ദഗാലങ്ങൾ മൂളിച്ച പൂവിനെ--
ഓർപ്പതില്ലിന്നുത്സവോന്മാദപൂർത്തിയിൽ
വീർപ്പിട്ടുനില്ക്കുന്നൊരുദ്യാനമണ്ഡലം!
വിശ്വം പുതുതായ്പ്പുതുതായ് വരയ്ക്കലും ,
വിസ്മൃതി കൈനീട്ടി മാച്ചുകളയലും,
കാല,മൊഴിഞ്ഞിരുന്നീ വെറും മായിക-
ലീല നോക്കി സ്വയം പുഞ്ചിരിതൂകലും!-
നീ വിഷാദിക്കുന്നതെന്തിന, ഖിലവും
കേവലം സ്വപ്നം! - വെറും വെറും വിഭ്രമം !
--ജൂലൈ, 1940
സങ്കല്പ കാന്തി
ചങ്ങമ്പുഴ
ആ ഗാനം
കവി:സുന്ദരചിന്ത കൊരുത്തു തന്നഹൃദയം:
മന്ദാരമാലയും ചാർത്തി, നിത്യം
നീ തനിച്ചിത്രനാൾ കാത്തുനിന്ന-
തേതിൻസമാഗമമായിരുന്നു ?
കണ്ണീരിനാൽ ഞാൻ നനച്ചിരന്നോ-ലോകം:
രെന്നാശപൂത്ത വസന്തനാളിൽ,
ഞാനറിയാതൊരു രശ്മിയെന്നെ
പ്രേമപുരസ്സരമുമ്മവെച്ചു;
അന്നുമുതൽക്കെന്നിലെങ്ങുനിന്നോ
സംഗീതവുമൊന്നുറഞ്ഞുവന്നു;
എങ്കിലും കാണാൻ കഴിഞ്ഞതില്ല-
ത്തങ്കക്കിനാവിനെപ്പിന്നെ വീണ്ടും!
സ്വർഗ്ഗീയമാകുമിഗ്ഗാനമിന്നെൻ-
ഗദ്ഗദംമൂലം തകർന്നുപോയി!
അക്കോകിലത്തിന്റെ ദുഖഗാന-കാലം:
മർത്ഥമിയലാത്തതായിരുന്നു;
ഈടാർന്നൊരുന്നതാദർശമൊന്നും
നേടാൻ കഴിഞ്ഞില്ലതിങ്കൽനിന്നും!
ആടലിൻനേർത്ത മനോഹരമാം
മൂടുപടവുമിട്ടി,ത്രനാളും
നിൻമുന്നിലാ ലസൽപ്രേമഗാനം
നിന്നിട്ടു, മന്ധപ്രപഞ്ചമേ, നീ
കണ്ടില്ല, കഷ്ട,മതിൻ മിനുത്ത
ചുണ്ടിൽ വിരിഞ്ഞൊരാ മന്ദഹാസം !
--ജനുവരി, 1937
സങ്കല്പ കാന്തി
ചങ്ങമ്പുഴ
നിഴൽ
പൊയ്പോയകാലങ്ങൾ മാമകജീവിത-
സ്വപ്നലതികതൻ പല്ലവങ്ങൾ;
എന്തെല്ലാം നിങ്ങൾ പറഞ്ഞാലു,മുണ്ടവ-
യ്ക്കെന്തോ വിശേഷവശീകരത്വം.
അല്ലെങ്കി,ലെന്തിനാണെൻ മനമങ്ങോട്ടു
ചെല്ലുന്നതെത്ര വിലക്കിയിട്ടും?
ഈടാർന്ന രാഗം നടിച്ചരികത്തേക്കു
മാടിവിളിക്കുന്നു ഭാവിയെന്നെ.
എങ്കിലുമെന്തുകൊണ്ടാണാവോ, തെല്ലൊരു
ശങ്കയെനിക്കുണ്ടടുത്തു ചെല്ലാൻ.
ആയിരം ക്ലേശങ്ങൾ മുന്നിട്ടുനിന്നാലു-
മായവയോടൊക്കെ മല്ലടിക്കാം
പ്രേമനിശ്ശൂന്യത ചുറ്റും നിറഞ്ഞാലും
ധീ മയങ്ങാതെ ഞാൻ പാട്ടുപാടാം.
എന്മനസ്പന്ദനം നിന്നാല,തോർത്തിട്ട-
ന്നെന്നെക്കുറിച്ചാരും കേണിടേണ്ടാ !
എന്നന്ത്യവിശ്രമസ്ഥാനത്തിലാരുമൊ-
രെണ്ണവിളക്കും കൊളുത്തിടേണ്ടാ !
--ആനന്ദലോകമേ, നീയെന്തിനോർക്കണം
ഞാനാകും തുച്ഛദുസ്സ്വപ്നചിത്രം?
--മെയ്, 1934
സങ്കല്പ കാന്തി
ചങ്ങമ്പുഴ
വെറും സ്വപ്നം
പാരാകെ മന്ദമുണർന്നു-വിണ്ണിൽ
പാടലകാന്തി കിളർന്നു.
പാപാന്ധകാരമകന്നു-മന്നിൽ
പാവനപ്രേമം പരന്നു.
യാതനയെല്ലാമൊഴിഞ്ഞു-ലോകം
ഗീതാത്മകമായ്ക്കഴിഞ്ഞു.
ചിന്താഗ്നി കത്തിപ്പൊലിഞ്ഞു-ചിത്തം
മന്ദഹാസത്തിലലിഞ്ഞു.
ശശ്വൽപ്രണയവിചാരം-ചാർത്തി
വിശ്വസമാധാനഹാരം.
കേൾക്കുന്നതില്ല ശകാരം-ആരു-
മോർക്കുന്നതന്യോപകാരം!
എല്ലായിടത്തും വെളിച്ചം-കാണു-
ന്നുല്ലാസത്തിന്റെ തെളിച്ചം.
ഭദ്രമിക്കർമ്മപ്രപഞ്ചം-ഇതിൽ
യുദ്ധമെന്നില്ലൊരു ശബ്ദം.
എങ്ങുമൊരോങ്കാരഘോഷം-കേൾക്കാ-
മെന്തെന്തിതെന്തു വിശേഷം?
എന്തൊരു ഭാഗ്യപ്രഭാവം-ആർക്കു-
മെന്തൊരു സൗഹാർദ്ദഭാവം!
ജീവിതം ശോകാപ്തമല്ല-ഒരു
ജീവിയും നിസ്സാരമല്ല.
നാനാത്വം പാടേ മറന്നു-ലോക-
മേകമാം സത്തയിൽ നിന്നു.
ചിത്തങ്ങൾ തമ്മിൽപ്പുണർന്നു-ദിവ്യ-
സത്യസൗന്ദര്യം നുകർന്നു.
എല്ലാം സുഖത്തിൻമുകുരം-എങ്ങു-
മില്ല ദുഖത്തിൻതിമിരം
ക്ഷീണമനസ്സേ , വിചിത്രം-എന്നെ-
ക്കാണിച്ചതെന്തിനിച്ചിത്രം ?
ഇല്ലതിൽ വാസ്തവചിഹ്നം-ഒന്നു,-
മെല്ലാമൊരോമനസ്സ്വപ്നം.
മായികം, മായികം, കഷ്ടം-ഇതു
മായുന്നതെന്തൊരു നഷ്ടം!
ഞാൻ കണ്ടതെന്തൊരു ലോകം!-അയ്യാ!
ഞാൻ കണ്ടതെന്തൊരു നാകം !
പാവനമാകുമിസ്സ്വപ്നം--എന്നി-
പ്പാരിൽപ്പരമാർത്ഥമാകും?
അസ്സുപ്രഭാതത്തിൻമുന്നിൽ-മദീ-
യാക്ഷിയടഞ്ഞെങ്കിൽ മന്നിൽ !
നവംബർ, 1932
സങ്കല്പ കാന്തി
ചങ്ങമ്പുഴ
എന്റെ ഗുരുനാഥൻ
നുകവും തോളത്തേന്തിക്കാളയ്ക്കുപിൻപേ പോകും
സുകൃതസ്വരൂപമേ, നിന്നെ ഞാൻ നമിക്കുന്നു.
പൊരിവെയ്ലിലീ നിന്റെയുഗ്രമാം തപസ്സല്ലേ
നിറയെക്കതിർക്കുല ചൂടിപ്പൂ നെൽപ്പാടത്തെ !
മണ്ണിൽനിന്നുയർത്തുന്നു നിൻദയാവാത്സല്യങ്ങൾ
കണ്ണഞ്ചും മരതകപ്പച്ചയിൽപ്പവിഴങ്ങൾ!
താവകത്യാഗം താലികെട്ടിക്കാതിരുന്നെങ്കിൽ
ഭൂവിലൈശ്വര്യം ചുമ്മാതിരുന്നു നരച്ചേനേ !
ഇന്നവൾ സുമംഗളയായിതാ, വനികളിൽ-
പൊന്നണിത്തരിവള കിലുക്കിക്കളിക്കുന്നു.
കുഞ്ഞാറ്റക്കിളികളെക്കൂടിയും കൂകിച്ചല്ലോ
നെഞ്ഞലിഞ്ഞുതിരും നിൻ കനിവിൻ നിശ്വാസങ്ങൾ!
തത്തകൾ പച്ചച്ചിറകടിച്ചു, പാടത്തുനി-
ന്നുത്തമഗുണങ്ങളെ നിതരാം കീർത്തിക്കുന്നു;
ചെണ്ടുകൾ നിൻമാനസം വിടുർത്തിക്കാണിക്കവേ
വണ്ടുകൾ മൂളുന്നിതാ നിന്നപദാനം മേന്മേൽ;
എന്നിട്ടും ലോകം മാത്രം കണ്ണടച്ചിരുന്നുകൊ-
ണ്ടിന്നിതാ, കഷ്ടം, നിന്നെ മർദ്ദിപ്പൂ ദയാഹീനം ;
നിർവ്യാജസ്നേഹത്തിന്റെ വെളിച്ചം വിതയ്ക്കുന്ന
ദിവ്യതാപസാ, നീയാണെന്നുമെൻ ഗുരുനാഥൻ.
-- മെയ്, 1937
സങ്കല്പ കാന്തി
ചങ്ങമ്പുഴ
മഹാരാജകീയകലാശാലയിൽ
മുഗ്ദ്ധവിശാലഹൃദയപ്രതീക്ഷയിൽ
മുഗ്ദ്ധാഭിഷിക്തമായ്ത്തീർന്നൊരെൻ യൗവനം
നിത്യനിരാശയിലാഴ്ത്തി, നിശ്ശബ്ദമാ-
നിസ്തുലസ്വപ്നമകന്നുപോയെങ്കിലും,
ഓർക്കുമ്പൊഴിന്നും പുളകം പൊടിപ്പിത-
പ്പൂക്കാലമെത്തിച്ച പൊന്നോണനാളുകൾ!
ഇല്ല, മറക്കില്ലൊരിക്കലും, നിന്നെ ഞാ-
നുല്ലസൽസൽക്കലാശാലേ, ജയിക്ക നീ!
സങ്കല്പ കാന്തി
ചങ്ങമ്പുഴ
തിരുമുൽ കാഴ്ച
ആരുമറിഞ്ഞിടാതെൻ ജീവിതത്തിലേ-
ക്കാരാൽ നടന്നുവരുന്നവളാരു നീ?
പേർത്തു,മെൻ ചിത്തം തുളുമ്പിടുമ്മാറതാ,
കേൾപ്പു നിൻ നേരിയ കാൽച്ചിലമ്പൊച്ചകൾ!
നെഞ്ചിടിപ്പേറ്റുമാറെത്തുന്നു ചാരെ, നിൻ-
ചഞ്ചലവസ്ത്രാഞ്ചലസ്വനവീചികൾ!
ചിന്നിപ്പരക്കുന്നു മജ്ജീവനാളത്തിൽ
നിൻനെടുവീർപ്പിൻ സുഗന്ധലഹരികൾ!-
-ആരു നീയുജ്ജ്വലജ്യോതിർവിലാസമേ?
ആരു നീ, യുൽക്കടപ്രേമവിശാലമേ?
ഇത്രയുംകാല,മെൻ ചിന്തകൾക്കപ്പുറ-
ത്തജ്ഞാതയായ്നിന്നൊളിച്ചുകളിച്ചു നീ!
അങ്ങിങ്ങു കണ്ടു മൽസ്വപ്നരംഗങ്ങളി-
ലവ്യക്തമായി നിൻ കാലടിപ്പാടുകൾ!
അപ്പാദമുദ്രകൾ ചുംബിച്ചു, നിന്നെയോർ-
ത്തെത്ര നാളൊറ്റയ്ക്കിരുന്നു കരഞ്ഞു ഞാൻ!
എൻ നിഴലിന്റെ പുറകിൽ മറഞ്ഞുനി-
ന്നെ,ന്തിനോ,നിന്നെ ഞാൻ കാത്തു പലപ്പൊഴും!
എങ്കിലും, നിന്നെ ഞാനത്രമാത്രം ഭജി-
ച്ചെങ്കിലും, വന്നില്ല, വന്നില്ലടുത്തു നീ!
പോയിക്കഴിഞ്ഞു, വസന്തഹേമന്തങ്ങൾ
പോയിക്കഴിഞ്ഞു, ഹാ, പുഷ്പനിലാവുകൾ!-
ഇത്തിമിരാപ്തവർഷാന്തനിശയിലോ,
കഷ്ടം, വരുന്നതെൻ പുൽക്കുടിലിങ്കൽ നീ?
ഏകാന്തതയുമിരുട്ടുമല്ലാതൊന്നു-
മേകാൻ നിനക്കില്ലിവിടെയിന്നോ,മനേ!
അല്ലിലൊറ്റയ്ക്കിങ്ങിരിക്കുകയാണു ഞാ-
നില്ലിങ്ങൊരു കൊച്ചു മൺവിളക്കെങ്കിലും
നിന്നെ,സ്സുശോഭനെ, മാമകജീവിത-
സ്പന്ദങ്ങളാൻ സ്വയം സ്വാഗതംചെയ് വു ഞാൻ!
ഒന്നുമില്ലെങ്കിലു, മേകുവാനുണ്ടെനി-
ക്കെന്നെ നിനക്കെൻ വിനീതോപഹാരമായ്!
മജ്ജീവിതത്തിലെസ്സർവ്വരഹസ്യവു-
മുജ്ജലത്തായ മൽസ്വപ്നസാമ്രാജ്യവും
മാമകഹർഷവിഷാദശതങ്ങളും,
ഹാ, മമ പ്രേമവും-എന്നുവേണ്ടൊ,ക്കെയും
ഞാനെന്നൊരൊന്നിലടക്കി , നിൻകാൽക്കൽവെ-
ച്ചാനന്ദദേ, വന്നെതിരേല്പൂ നിന്നെ ഞാൻ!
കണ്ണീരിൽ മുക്കി ഞാൻ കാഴ്ചവെച്ചീടുന്നൊ-
രെന്നുപഹാരമിതംഗീകരിക്ക നീ !
ആഗസ്റ്റ് , 1936
സങ്കല്പ കാന്തി
ചങ്ങമ്പുഴ
വിശുദ്ധരശ്മി
മഞ്ജരിതമായ്ത്തീർന്ന മച്ചിത്ത-
കുഞ്ജകത്തിനതിഥിയായ് ,
ഏതു ഗന്ധർവ്വഭൂവിൽനിന്നേവ-
മേകയായ്പ്പറന്നെത്തി നീ?
ഗാനലോലുപേ,നിന്മമോഹര-
പ്രാണഹർഷദാലാപനം
ഇത്രനാളും നുകർന്നിരുന്നതേ-
തർച്ചനീയവൃന്ദാവനം ?
ഭഗ്നമോഹശതങ്ങളാൽ, ദുഖ-
ലഗ്നമായ മജ്ജീവിതം,
മംഗളോന്മാദമാധുരികളിൽ
മുങ്ങിനില്ക്കുമാറങ്ങനെ,
അപ്രതീക്ഷിതേ, വന്നണിഞ്ഞിതൊ,-
രപ്സരസ്സിനെപ്പോലെ, നീ !
മഞ്ഞിൽ മുങ്ങിക്കുളിച്ച ഹേമന്ത-
മഞ്ജുചന്ദ്രികമാതിരി,
ഹന്ത, മന്മനം ഞാനറിഞ്ഞിടാ-
തെന്തിനേവം കവർന്നു നീ ?
നിർമ്മലേ, മമ ജീവനെന്തിനു
നിർവൃതിയിൽപ്പൊതിഞ്ഞു നീ ?
വിണ്ണിൽനീളെച്ചരിക്കയാണൊരു
പൊന്മുകിൽത്തേരിലേറി ഞാൻ ,
മന്ദിയാതെ നിനക്കൊരോമന-
ച്ചന്ദനത്തണൽതേടുവാൻ!
ലോലതാരകപ്പൂക്കളാലൊരു
മാല കോർക്കുകയാണു ഞാൻ ,
വാടിടാതെന്നും ഹാ, നിനക്കു നിൻ-
വാർകുഴൽക്കെട്ടിൽച്ചൂടുവാൻ !
മാരിവില്ലുകൾ പൂക്കുമാ നീല-
മാമരത്തളിർച്ചില്ലയിൽ ,
ചേണെഴുമൂഞ്ഞാൽ തീർക്കയാണൊ,രു
വേണുസംഗീതംകൊണ്ടു ഞാൻ,
ഫുല്ലയൌവനേ, ഹാ, നിനക്കെന്നു-
മുല്ലസിച്ചിരുന്നാടുവാൻ!
പ്രാണസുസ്മിതം കൊണ്ടൊരു കൊച്ചു-
സങ്കല്പ കാന്തി / വിശുദ്ധരശ്മി
ചങ്ങമ്പുഴ
വീണ നിർമ്മിക്കയാണു ഞാൻ,
ഭാവുകാസ്പദേ, ഹാ, നിനക്കെന്നു-
മാവിലേതരം പാടുവാൻ !
മാമകോദ്യമം പാഴിലായ്പ്പോയാ-
ലോമനേ, നീ പൊറുക്കണേ !
എന്നെന്നേക്കുമായാ നിമേഷത്തിൽ-
ത്തന്നെ,യെന്നെ മറക്കണേ !
തണ്ടുലഞ്ഞു തഴുകിടാം തമ്മിൽ
രണ്ടു ജീവിതച്ചെണ്ടുകൾ,
കർമ്മബന്ധത്തിൻ കാറ്റിലീ ലോക-
സുന്ദരാരാമവീഥിയിൽ !
ആത്മരാഗപരാഗസൌരഭം
വാർത്തുവാർത്തവ നില്ക്കവേ,
മർത്ത്യനീതിതൻ കാളമേഘമൊ-
ന്നെത്തിടുമിടിവെട്ടുമായ് ,
ഞെട്ടിമാറി ഞൊടിക്കകത്തവ
ഞെട്ടടർന്നടിഞ്ഞീടുവാൻ!
എന്തതിൽനിന്നു നേടിടുന്നു നീ
ഹന്ത നിഷ്ഠൂരലോകമേ?
നീതിതൻക്രൂരവജ്രവുമായി
നീയടുക്കാതിരിക്കിലോ,
ചേലെഴും സൽഫലങ്ങളായവ
നാളെ നിൻമുന്നിൽ നിന്നിടാം
സ്വാന്തജമാം നിൻതപ്തതൃഷ്ണയ്ക്കു
സാന്ത്വനാമൃതമേകുവാൻ!
അല്ല തങ്കംപുരണ്ട താരുണ്യ-
മല്ല, തിൻമായികാഭയാൽ,
കാണിപോലും കവർന്നെടുത്തതെൻ-
മാനസമേവ,മോമലേ !
മങ്ങിപ്പോം ബാഹ്യമോടിയിൽക്കണ്ണു-
മഞ്ഞളിക്കുവോനല്ല ഞാൻ !
സങ്കല്പ കാന്തി / വിശുദ്ധരശ്മി
ചങ്ങമ്പുഴ
നിന്മുഖത്തു ഞാൻ കാണ്മതുണ്ടൊ,രു
നിർമ്മലാത്മപ്രഭാങ്കുരം,
മോദദാവാച്യമാമതിൻമതി-
മോഹലോജ്ജ്വലരശ്മികൾ ,
ഒന്നിനൊന്നായണഞ്ഞു, മന്മന-
സ്പന്ദനംതോറുമിങ്ങനെ,
അർപ്പണംചെയ്കയാണു നേരിയോ-
രദ്ഭുതാവഹാമന്ത്രണം
മുക്തിയാണവൾ, ശുദ്ധിയാണവൾ,
മുഗ്ദ്ധസംഗീതമാണവൾ!
അന്ധകാരത്തിൽനിന്നുയരുന്നി-
തന്തിവാനിലരുന്ധതി:
ഉത്തമപ്രണയോജ്ജ്വലാദർശ-
രത്നതല്ലജംമാതിരി!
രാഗസൌരഭസാന്ദ്രമാം മഹാ-
ത്യാഗകോരകംമാതിരി!
സ്വർഗ്ഗചിന്താവിശുദ്ധിതൻലസൽ-
സ്വപ്നബുദ്ബുദംമാതിരി !
ഒന്നതിൻനേരേ നോക്കുമ്പോഴേക്കും
കണ്മണി, നിന്നെയോർപ്പൂ ഞാൻ!
താവകധ്യാനശുദ്ധിയാൽപ്പോലും
ദേവനാവുകയായി ഞാൻ!
മൃത്യുസാമ്രാജ്യസീയമയെപ്പോലും
ധിക്കരിച്ചിപ്രഭാങ്കുരം ,
നിന്നെയും ചിരഞ്ജീവിയാക്കാവൂ
വെണ്മയൂഖമതല്ലികേ!
മാർച്ച് , 1937
സങ്കല്പ കാന്തി
ചങ്ങമ്പുഴ
ചിതറിയ ചിന്തകൾ
ഞാനറിഞ്ഞീടാത,രഞൊടിക്കുള്ളിലെ-
ങ്ങാനന്ദദേവതേ നീ മറഞ്ഞു ?
ചൊല്ലുകെൻകാലമേ, നീയെന്നെക്കാണിച്ച-
തെല്ലാ,മൊരു വെറും സ്വപ്നമാണോ?
തെല്ലിടയെന്തിനെൻചുറ്റു,മാ നേരിയ
മല്ലികാസൌരഭം വാരിവീശി?
വാനിലപ്പൊന്മുകിൽത്തേരിലിരുന്നു ഞാൻ
വീണവായിക്കുകയായിരുന്നു;
താരാട്ടും പാടി ഞാൻ താരാമണികളെ-
ത്താലോലിച്ചീടുകയായിരുന്നു;
പ്രേമസുരഭിലചിന്തകൾകൊണ്ടു ഞാൻ
പൂമാലകെട്ടുകയായിരുന്നു;
കോമളസ്വപ്നങ്ങൾ കണ്ടുകണ്ടങ്ങനെ
കോൾമയിർക്കൊള്ളുകയായിരുന്നു!-
എന്നെ നീയെന്തിനു നിർദ്ദയം വീണ്ടുമീ
മണ്ണിലേക്കേവമടിച്ചു വീഴ്ത്തി?
ഹന്ത, നീയിത്ര കഠിനമായ് ശിക്ഷിക്കാ-
നെന്തപരാധം ഞാൻ ചെയ്തതാവോ !
ആനന്ദദേവതേ, പോയില്ല നീയെങ്കിൽ
ഞാനൊരു താരമായ് മിന്നിയേനെ!
അല്ലെങ്കിലെ,ന്തിനു നിന്നെപ്പഴിക്കുന്ന-
തല്ലലാണെന്റെ വിഹാരരംഗം.
എന്നുമിരുണ്ടോരതിന്റെ കാരാഗൃഹം-
തന്നിലി,രുമ്പഴിക്കെട്ടിനുള്ളിൽ ,
മുറ്റും ചിറകടിച്ചാർത്തു പിടയ്ക്കണം
മുക്തി കിട്ടാതെ മത്തപ്തചിത്തം !
എന്തിനു,കഷ്ടം, കൊതിക്കുന്നു പാഴില-
ത,ന്തിച്ചുകപ്പിനെയുമ്മവെയ്ക്കാൻ?
ഇല്ലില്ല,ലോകമേ, നിന്നോടൊരിക്കലും
ചൊല്ലില്ല ഞാനൊരു നന്ദിപോലും !
വേണെങ്കിലെന്നെ നീ മേലിലുമിങ്ങനെ
വേദനിപ്പിച്ചു രസിച്ചുകൊള്ളു !
ഹാ, നിന്റെ കൈയിലെക്കൂർത്ത മുള്ളൊക്കെയെൻ -
പ്രാണനിൽക്കുത്തിത്തറച്ചുകൊള്ളു !
എന്നിട്ടും പോരെങ്കിലെ,ൻജീവരക്തത്താൽ
സങ്കല്പ കാന്തി / ചിതറിയ ചിന്തകൾ
ചങ്ങമ്പുഴ
നിന്നന്തർദ്ദാഹം കെടുത്തുകൊള്ളു !
എന്നാലു,മില്ല , ഞാൻ വന്നീടുകില്ല , നിൻ-
മുന്നിലൊരു വെറും ഭിക്ഷുവായി !-
നിന്നനുകമ്പയ്ക്കു കാണിക്കവയ്ക്കുവാൻ
നിർമ്മിച്ച കൂപ്പുകൈമൊട്ടുമായി !-
അല്പനാളെന്നെച്ചുഴന്നുനിന്നീടിനോ-
രപ്പരിവേഷ, മതെങ്ങു പോയി ?
മായാമയൂഖവലയമതെന്തൊരു
മാനസാകർഷകശ്രീവിലാസം !
ചിന്തിച്ചിരിക്കാത, രഞൊടിക്കുള്ളില-
തെന്തിനു വീണ്ടും പറന്നുപോയി ?
സ്വപ്ന,മതേതോ സുരഭിലസുന്ദര-
സ്വപ്നം-ചപലചലനചിത്രം !
ആ മഴവില്ലിനെ,യാ മണിനാദത്തെ ,
നീ മിഥ്യഭാവനേ, നിത്യമാക്കി
എന്നിട്ടി,രുട്ടിലിവിടെത്തനിച്ചു നീ-
യെന്നെ വിട്ടിട്ടു, നിൻതോണി നീക്കി !
പോകായ്ക, പോകായ്കെ,ന്നെത്ര ഞാൻ കേണിട്ടും
നീ കനിഞ്ഞീലെന്നിൽച്ചെറ്റുപോലും !
എല്ലാം കിനാവുകളെ,ല്ലാം മിഴലുക-
ളെല്ലാം മരീചികാവീചികകൾ !
ഇങ്ങിനെയാണെങ്കിലയ്യോ ജഗത്തിതി-
ലെങ്ങനെ,യെന്തിനെ, വിശ്വസിക്കാം ?
എന്തിനീ ലോകം വിഷാദകലുഷ,മെൻ-
ചിന്തേ, നിൻവാതിൽ തുറന്നുനല്കൂ !
ഒന്നു ഞാൻ പോകട്ടെ വീണ്ടുമസ്സങ്കല്പ-
നന്ദനത്തോപ്പിലെപ്പൂന്തണലിൽ !
മർത്ത്യന്റെ നീതിതന്നട്ടഹാസങ്ങളും
മർദ്ദിതന്മാരുടെ ഗദ്ഗദവും
എത്താത്തൊരാ നല്ല നാട്ടിൽ ഞാൻ സ്വൈരമാ-
യിത്തിരിനേരമിരുന്നിടട്ടേ !
എന്നെ നീ മാടിവിളിക്കൊല്ലേ , ലോകമേ ,
നിന്നുത്സവങ്ങളിൽ പങ്കുകൊള്ളാൻ !
എന്നെ നീ നിന്നു വിലക്കൊല്ലേ , കാലമേ ,
മുന്നോട്ടു പോട്ടെ ഞാൻ രാഗമൂകൻ !
സങ്കല്പ കാന്തി / ചിതറിയ ചിന്തകൾ
ചങ്ങമ്പുഴ
നിസ്സീമശക്തമാണെന്നഭിമാനിപ്പൂ
നിസ്സഹായത്വമേ, നിഷ്ഫലം നീ !
ഹന്ത , കെല്പില്ലൊരു നേരിയ കാറ്റോടീ
മൺതരിക്കോട്ടെയ്ക്കെതിർത്തു നില്ക്കാൻ.
എല്ലാം മറയ്ക്കുന്ന ലോകമേ , നീയൊരു
വല്ലാത്ത നാടകശാലതന്നെ.
നിന്നകത്തുള്ള നടന്മാർ പുഴുക്കളാ-
ണെന്നാകിലെന്ത ,പ്പുഴുക്കൾപോലും
ഒന്നു മറ്റൊന്നിനെ വഞ്ചിച്ചു വഞ്ചിച്ചു
തന്നഭിലാഷങ്ങൾ നിർവ്വഹിപ്പൂ !
എന്നിട്ട,തോരോന്നും തൻജയപ്രാപ്തിയാ-
ണെന്നഭിമാനിച്ചഹങ്കരിപ്പൂ !
ശക്തൻപോൽ മാനവൻ, തൃപ്തൻപോൽ മാനവൻ ,
സത്യമാരാഞ്ഞുപോം ബുദ്ധിമാൻപോൽ !
സ്വന്തം സിരകൾ തുടുക്കാനവനന്യ-
ജന്തുവിൻചോര കുടിച്ചുവേണം
പോരേ ?- നികൃഷ്ടമാമിത്തരം ഹിംസതൻ-
പേരോ 'വിജയ' മെന്നാണുപോലും !
ആദർശ,മാദർശം !-ലോകത്തിലാ മണി-
നാദം , മുഴങ്ങിയിട്ടെന്തുകാര്യം ?
നിത്യം കപടമേ , നീയുല്ലസിപ്പു നിൻ-
നിസ്തുലരത്നസിംഹാസനത്തിൽ;
തെണ്ടിത്തിരിയുന്നു പാഴ്തെരുവീഥിയി-
ലിണ്ടലോടോരോരോ സദ്ഗുണങ്ങൾ !
ആത്മാർത്ഥതേ, നീയവന്ധ്യയല്ലൂഴിയി-
ലാർദ്രതേ , നീ വെറും ഭിക്ഷുമാത്രം !
കൈക്കുമ്പിൾ കാട്ടിച്ചെന്നോരോ പടിക്കലും നില്ക്കണം മേലും നിരാശർ നിങ്ങൾ.
എന്നാലു, മയ്യോ , നിറയില്ലൊരിക്കലും നിങ്ങൾതൻകൈയിലെബ്ഭിക്ഷാപാത്രം !
മായികമാകുമൊരാത്മാർത്ഥതയുടെ
മാരിവില്ലൊന്നു മുഖത്തു ചാർത്തി ,
കാകോളമുള്ളിൽത്തുളുമ്പിടും കർക്കശ-
കാളാംബുദങ്ങൾ നിറഞ്ഞ ദിക്കിൽ
മിന്നുന്നൊരേതേതു വിദ്യൂല്ലതികയു-
മങ്ങനെതന്നെ പൊലിഞ്ഞുപോണം !
മിന്നാമിനുങ്ങുകൾ മിന്നിയാൽ നീങ്ങുമോ ,
മന്നിൽ നിറഞ്ഞീടുമന്ധകാരം ?
സങ്കല്പ കാന്തി / ചിതറിയ ചിന്തകൾ
ചങ്ങമ്പുഴ
ലോകപ്രശംസതൻമുൾച്ചെടിക്കാട്ടിൽ ന-
യേകനായെത്രയലഞ്ഞു ചുറ്റി ?
എന്നിട്ടും ദുർഗ്ഗമദുർഗ്ഗങ്ങളായിരം
വെന്നിട്ടും, നീ കഷ്ട, മെന്തു നേടി ?
സ്ഫീതപ്രതാപം വിരൽത്തുമ്പാൽ നിർമ്മിച്ചോ-
രേതോ ചില ജലരേഖമാത്രം !
നേരിട്ടതു നോക്കിപ്പുഞ്ചിരിക്കൊള്ളുന്നു
ചാരത്തു നില്ക്കും ശവകുടീരം !
അത്രയ്ക്കസഹ്യമാമായിരം ചിന്തക-
ളൊത്തുചേർന്നെന്മനം നീറിടുമ്പോൾ ,
എത്ര തുടയ്ക്കിലും തോരാതെ പിന്നെയും
തപ്താശ്രു കണ്ണിൽ തുളുമ്പിടുമ്പോൾ ,
കൂരിരുൾമൂടുമെൻജീവിതവീഥിയി-
ലാരൊരു സാന്ത്വനരശ്മി വീശും ?
ആലംബഹീനൻ ഞാന,യ്യോ,ജഗത്തിതി-
ലാരാൽ വന്നാരെന്നെയുദ്ധരിക്കും ?
തോടും പുഴകളും പിന്നിട്ടൊരായിരം
കാടും മലകൾക്കും ദൂരെയെങ്ങോ ,
ഉന്നതസൌഭാഗ്യശൃംഗത്തിൽ മിന്നുമ്പോ-
ളെന്നെയൊന്നോർക്കുമോ , നിർമ്മലേ, നീ ?
ഇല്ല, നീയോർക്കുകയില്ലെ,നിക്കെങ്കിലു-
മില്ലതിലേതും പരിഭവവും !
ഒന്നിച്ചു തോളിൽപ്പിടിച്ചു നടന്നവ-
രന്യനായ് മാറഉന്നതാണു ലോകം !-
ഒന്നിച്ചൊരാത്മാവിലൊട്ടിപ്പിടിച്ചവ-
രന്യോന്യം ഹിംസിപ്പതാണുലകം !-
കക്കയെക്കൺകക്കും മാണിക്യമാക്കുവാൻ
കക്കയായ് മാണിക് ക്കല്ലു മാറ്റാൻ ,
കെല്പെഴും കാലമേ , ചിന്തിക്കുന്തോറുമ-
ത്യത്ഭുതമാണു നിന്നിന്ദ്രജാലം !
സങ്കല്പ കാന്തി / ചിതറിയ ചിന്തകൾ
ചങ്ങമ്പുഴ
ആനന്ദദേവതേ, നീ പോയനാൾമുതൽ
മാനസത്തോപ്പിലിരുട്ടു മൂടി.
അന്നു നീ കണ്ട സുരഭിലസൂനങ്ങ-
ളൊന്നൊന്നായൊക്കെക്കൊഴിഞ്ഞുപോയി.
മേലിലപ്പൂവനം പൂക്കണമെങ്കിൽ നിൻ-
കാലടിപ്പാടുകൾ ചൂടി വേണം !
നിന്നാഗമവും കൊതിച്ചു ഞാനിങ്ങനെ
നിന്നിടുമെന്നുമിക്കൂരിരുളിൽ !
വല്ലകാലത്തുമതിലൊരു നേരിയ
കൊള്ളിയാൻ വീശില്ലെന്നാർക്കറിയാം ?
ശീതോഗ്രവാതമേ, വർഷമണഞ്ഞെത്ര
വേതാളതാണ്ഡവമാടിയാലും
ഒട്ടേറെ ദൂരെപ്പുറകിലായീടുമോ
മൊട്ടിടും മുഗ്ദ്ധവസന്തമാസം ?
ശാശ്വതശാന്തി നിനക്കിതാ , നേരുന്നേ-
നാശ്വസിച്ചാ, നന്ദദേവതേ, ഞാൻ !
മാർച്ച് , 1938
സങ്കല്പ കാന്തി
ചങ്ങമ്പുഴ
ലതാഗീതം
പ്രേമത്തിൻസുരഭിലസ്വപ്നങ്ങൾ ചിന്നിച്ചിന്നി-
ക്കോമളവസന്തമേ, വന്നാലും , വന്നാലും നീ !
തിങ്ങിടും വികാരത്തിൻജൃംഭണത്തിനാലൊച്ച
പൊങ്ങിടുന്നില്ലല്ലോ, ഞാനെന്തു ചെയ്യട്ടേ നാഥാ !
അങ്ങയെ ദൂരത്തെങ്ങോ കണ്ടപ്പോഴേക്കുന്തന്നെ-
യിങ്ങിതാ , പുളകത്താൽ മൊട്ടിടാൻ തുടങ്ങീ ഞാൻ !
അവിടുന്നിനിയെങ്ങാനെന്നടുത്തെത്തിപ്പോയാ-
ലമിതോന്മദത്താലെൻകാലുറയ്ക്കാതായാലോ !
കണ്ടിട്ടുണ്ടവിടുത്തെപ്പലപ്പോഴും ഞാനിപ്പൂ-
ച്ചെണ്ടണിത്തോപ്പിൽ,ക്കൊച്ചുകുരുന്നായിരുന്നപ്പോൾ
അന്നെന്നെക്കറയറ്റ വാത്സല്യം വഴിയുന്ന
കണ്ണിനാൽ നോക്കും നോട്ടമിപ്പോഴും ഞാനൊർക്കുന്നു
കാണാറുണ്ടാ നോട്ടത്തിലെന്നും ഞാനൊരു നേർത്ത
വേണുഗാനത്തിൽപ്പൊതിഞ്ഞുള്ളതാമേതോ നാകം.
ആ നാകം സ്വാർത്ഥത്തിന്റെ ധൂമിക മൂടീടാത്ത-
താണെന്നു കാണാമാർക്കുമൊറ്റനോട്ടത്തിൽത്തന്നെ !
അപ്പൊഴൊക്കെയും , ഞാനൊരോമനത്താൽപര്യത്തിൻ-
സ്വപ്നപ്പൂഞ്ചിറകടിച്ചെങ്ങോട്ടോ പറന്നുപോം !
എന്താണെന്നറിയുവാൻ കഴിയാത്തേതോ സുഖ-
ചിന്തയിലലിഞ്ഞലിഞ്ഞിരിക്കും ഞാനെപ്പോഴും !
എന്നൊടൊട്ടനുഭാവം കാണിച്ചുകൊണ്ടന്നെല്ലാം
നിന്നിടാറുണ്ടെൻമുന്നിലാർദ്രയാം വസുമതി
പ്രാണനാ പ്രേമാമൃതമാദ്യമായ് നുകരുമ്പോൾ
കാണുന്നതെല്ലാം തോന്നും കവിതാമയമായി !
സങ്കല്പം, നേർത്ത മൂടൽമഞ്ഞിനാൽ മൂടപ്പെട്ട-
തെങ്കിലു,മെനിക്കായി മറ്റൊരുലോകം നല്കി.
അതിൽ ഞാനെന്നെത്തന്നെ നിശ്ശേഷം മറന്നേ , തോ
കൊതിതൻതുഞ്ചത്തിരുന്നെപ്പോഴുമൂഞ്ഞാലാടി !
അക്കൊതിയെന്താണെന്നുമെന്തിനാണെന്നും മറ്റും
തർക്കിക്കാനെന്നോടു ഞാനുദ്യമിച്ചീലന്നൊന്നും !
സങ്കല്പ കാന്തി / ലതാഗീതം
ചങ്ങമ്പുഴ
മൂകമായിരിക്കാനാണിഷ്ട,മാകയാൽപ്പക്ഷേ ,
ലോകത്തിൻന്യായവാദം പ്രേമത്തെത്തോല്പിച്ചേക്കാം;
എന്നാലും, ജയക്കൊടി ദൂരത്തേക്കെറിഞ്ഞോ,ടി-
ച്ചെന്നതിൻകവാടത്തിൽ കാത്തുനിൽക്കുന്നൂ ലോകം ,
വളരാനാ,നന്ദിക്കാൻ, മാപ്പേകാൻ , മറക്കുവാൻ ,
പുളകം പൂശാൻ , ജീവനുണരാൻ - ജീവിക്കുവാൻ !
ലോകത്തിലെൻജീവിതസിദ്ധികളെല്ലാമൊന്നി-
ച്ചേകകേന്ദ്രത്തിൽ സ്വയമർപ്പിച്ചുനില്ക്കുന്നു ഞാൻ
ഇനിയില്ലെന്റേതായിട്ടോതുവാനെനിക്കൊന്നും ,
പ്രണയം തുളുമ്പുന്നൊരെന്മനസ്സൊന്നല്ലാതെ !
അതിനെപ്പുഷ്പിപ്പിക്കാനക്കുളിർകരങ്ങളാ-
ലതിപേലവമാമൊരാശ്ലേഷം മതിയല്ലോ !
സന്തത ,മാത്മാധീശ, നിർമ്മലപ്രേമാർദ്രമാം
ചിന്തതൻശ്രീകോവിലിലങ്ങയെപ്പൂജിപ്പൂ ഞാൻ !
പാവനപ്രകാശത്തെപ്പുണരാൻ കൈ നീട്ടുന്ന
ജീവിതസ്വപ്നത്തിന്റെ പുളകോദ്ഗമം പ്രേമം
കർമ്മയോഗത്തിൻപർണ്ണശാലയിൽ, സ്വാർത്ഥത്യാഗ-
നൈർമ്മല്യസിദ്ധിക്കായുള്ളാത്മാവിൻയജ്ഞം പ്രേമം !
അറിഞ്ഞിട്ടുണ്ടിത്തത്ത്വം പണ്ടേ ഞാന,തിനാലെ-
ന്നകളങ്കമാം ഹൃത്തിൽ ഞാനതിന്നിടം നല്കി !
ഇന്നതിൻപരിണതസൌഭഗം നുകരുവാൻ
സുന്ദരവസന്തമേ , വന്നാലും , വന്നാലും നീ !
സങ്കല്പ കാന്തി
ചങ്ങമ്പുഴ
ഗുരുപൂജ*
മൊട്ടിട്ടുനില്ക്കും മധുരസ്മൃതികൾതൻ
പുഷ്ടപ്രസന്നമാം പൂങ്കാവനികയിൽ ,
സല്ലാപലോലരായ് ഞങ്ങൾതൻ ചിന്തക-
ളുല്ലാസപൂർവമുലാത്തുന്നവേളയിൽ ,
സ്ഫീതാനുമോദമവയെത്തഴുകുന്നി-
തേതോ വിശുദ്ധമാം വാത്സല്യസൌരഭം !
കോരിത്തരിക്കുന്നു പെട്ടെന്നു, സൌഹൃദം
ചോരുന്ന ഞങ്ങൾതൻപിഞ്ചുമനസ്സുകൾ.
മുഗ്ദ്ധവിനീതപ്രണാമോപഹാരങ്ങ-
ളർപ്പിച്ചുകൊണ്ട,വ നില്പൂ നിരാകുലം !
അല്ലെങ്കിലും ഗുരോ , വിസ്മരിച്ചീടാവ-
തല്ലവിടുത്തെസ്സനാതനസേവനം.
മാനസന്തോറും വിടർന്നു വിളങ്ങുന്നു
മായാതതിന്റെ മഹനീയമുദ്രകൾ !
നിശ്ചയ,മിക്കലാശാലതലത്തിലെ-
ത്തുച്ഛമാമോരോ മണൽത്തരികൂടിയും ,
എന്നെന്നുമോർക്കും കൃതഞ്ജതാപൂർത്തിയിൽ-
പ്പുണ്യാഢ്യമാം ഭവൽസാഹചര്യോത്സവം !
സംഗീതസാന്ദ്രമാമോരോ മനോഹര-
സങ്കല്പമങ്ങയെപ്പൂജിക്കുമെപ്പോഴും !
തുഞ്ചനെപ്പെറ്റൊരപ്പുണ്യക്ഷിതിയിലെ-
പ്പഞ്ചാരമണ്ണിൽപ്പുലർന്ന മന്ദാരമേ ,
സൽക്കാവ്യലക്ഷ്മിയാലെമ്മട്ടനാരത-
സൽക്കൃതമായിസ്സമുല്ലസിക്കില്ലനീ !
നിർമ്മഗ്നമാകുന്നു നിർമ്മലപ്രജ്ഞകൾ
നിന്നനവദ്യപരിമളധാരയിൽ.
താവക 'കാവ്യോപഹാര' പുഷ്പങ്ങളിൽ
താവിത്തുളുമ്പും മരന്ദകണികകൾ
നിത്യം നുകർന്നു പറന്നു മുരളുന്നു
മത്തഹൃദയമധുപകദംബകം !
ഇമ്പം വളർത്തുമാറാൺപൂവിടുന്നൊര-
ക്കുമ്പളവല്ലി കണ്ടാനന്ദലോലയായ്
നില്പൂ , മനസ്സിന്റെ മുൻപിലൊ,രുജ്ജ്വ-
സ്വപ്നമെന്നോണ , മാ' ഗ്രാമീണകന്യക' !
ഭാവമധുരവും ശാന്തവുമാം ഭവ-
ജ്ജീവിതശുദ്ധിതൻകണ്ണാടിയാണവൾ!
കാണുന്നു ഞങ്ങളവളിലൂടങ്ങതൻ-
പ്രാണനാളത്തിൻപ്രതിഫലനങ്ങളെ!
വാസനച്ചായമൊരിക്കലും വറ്റാത്ത
വാരുറ്റ തൂലികേ, വെല്‌ക നീ മേല്ക്കുമേൽ!
* ഉദ്യോഗകാലാവധി കഴിഞ്ഞു പെൻഷൻപറ്റി പിരിഞ്ഞ ശ്രീമാൻ കുറ്റിപ്പുറത്ത് കേശവൻനായരവർകൾക്ക് എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിനീവിദ്യാർത്ഥികൾ നൽകിയ സൽക്കാരംസംബന്ധിച്ചു സമ്മേളിച്ച മഹായോഗത്തിൽ അദ്ദേഹത്തിനു സമർപ്പിച്ചത്.
സങ്കല്പ കാന്തി / ഗുരുപൂജ
ചങ്ങമ്പുഴ
വേദനിക്കുന്നു, ഹൃദയ,മയ്യോ, ഭവാൻ
വേർപെട്ടു ഞങ്ങളെപ്പോകുന്ന ചിന്തയാൽ!
ഇറ്റിറ്റുവീഴുമിക്കണ്ണുനീർത്തുള്ളിക-
ളൊപ്പുവാൻപോലും കഴിയാത്തമാതിരി,
നിശ്ചേഷ്ടരായ് തവ പാദാന്തികത്തിങ്കൽ
നില്ക്കുന്നു ഞങ്ങളിക്കൂപ്പുകൈമൊട്ടുമായ്!
ജീവിതത്തിന്റെ പരുത്ത വശങ്ങളെ-
ബ്ഭൂവിലെതിരിടാൻ പോകുന്ന ഞങ്ങളെ,
മുന്നിൽക്കുനിച്ച ശിരസ്സിലാശംസകൾ
ചിന്നി,യവിടുന്നനുഗ്രഹിക്കേണമേ!
കാലദേശങ്ങൾ കടന്നു മൺകൂടുകൾ
കാണാതെയങ്ങിങ്ങകന്നുപോമെങ്കിലും,
പ്രാണനും പ്രാണനുമൊന്നുചേർന്നെപ്പോഴും
വീണവായിക്കുമൊരേകാന്തശാന്തിയിൽ!
അസ്സമാശ്വാസം തരുന്ന തൂവാലയാ-
ലശ്രുകണങ്ങൾ തുടയ്ക്കുന്നു ഞങ്ങളും!
കൃത്യബാഹുല്യം കരണ്ടെടുത്തു, കഷ്ട-
മിത്രയും കാലം ഭവൽസുഖജീവിതം.
ഒന്നിനിയെങ്കിലും വിശ്രമിക്കട്ട,തൊ-
രുന്നതശാന്തിതൻശീതളച്ഛായയിൽ!
ഓടക്കുഴലുമായായുരാരോഗ്യങ്ങ-
ളാടിക്കുഴഞ്ഞണഞ്ഞാത്തകൗതൂഹലം
സംഗീതപീയൂഷധാരയിൽ മുക്കിട-
ട്ട,ങ്ങതന്നാദർശമോഹനജീവിതം!
ആദരപൂർവ്വക,മങ്ങയ്ക്കു നിത്യവു-
മാതിത്ഥ്യമേകട്ടെ, സൗഭാഗ്യസീമകൾ!
ആലസ്യമറ്റിനിക്കാവ്യാംബികയ്ക്കു പൂ-
മാലയോരോന്നു തൊടുത്തുകൊണ്ടങ്ങനെ,
ലാലസിച്ചാലും, മഹാകവേ, മേൽക്കുമേൽ
ചേലിലങ്ങയ്ക്കു ഭവിക്കട്ടെ മംഗളം!
ഫെബ്രുവരി, 1938