ഓണപ്പൂക്കൾ
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
മുഖവുര
"മാതൃഭൂമി ആഴ്ചപ്പതിപ്പി" ലെ ഏതോ ഒരു പുസ്തകാഭിപ്രയോദ്യോഗസ്ഥൻ 'ഓണപ്പൂക്കൾ' ജന്മമെടുത്ത കാലത്തു ഒരു "തലക്കുറി" യെഴുതി വിടുകയുണ്ടായി... ഓണവും തിരുവാതിരയും കഴിഞ്ഞ് വിഷുവരെയെങ്കിലും വാടാതിരിക്കുവാൻ ഓണപ്പൂക്കൾക്ക് കഴിഞ്ഞില്ലെങ്കിൽ നിരാശപ്പെടേണ്ടതായിട്ടില്ലെന്ന്. അദ്ദേഹത്തിന്റെ അത്ഭുതാവഹമായ ദീർഘദർശനത്തിൽ ഞാൻ അശേഷം സംശയാലുവായിരുന്നില്ല. പക്ഷേ അടുത്ത ഓണത്തിനുമുൻപുതന്നെ അവയെ വീണ്ടും പുതുക്കിക്കാണുവാൻ വെമ്പൽകൊള്ളുന്ന കേരളീയ സഹൃദയത്വത്തെ ചോദ്യം ചെയ്യുവാൻ കൃതജ്ഞതാകുലമായ എന്റെ ഹൃദയത്തിന് അൽപം മടിയുണ്ട്. ഈ ഇടനിലയിൽ, എങ്ങനെയായാലും കാലത്തേയും ലോകത്തേയും വിശ്വസിക്കുന്ന ഒരു കലാകാരൻ ഒട്ടുംതന്നെ അന്ധാളിക്കേണ്ടതായിട്ടില്ല. എന്തുകൊണ്ടെന്നാൽ അവന്റെ ആത്മസത്തയുടെ അംശങ്ങളാണ് അവന്റെ കലാസൃഷ്ടികളെങ്കിൽ എത്രയെത്ര കൊടുങ്കാറ്റുകളേയും അവ അതിജീവിച്ചുകൊള്ളും.
ചങ്ങമ്പുഴ കൃഷ്ണപിള്ള
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
അവതാരിക
ഓമനത്തോഴരൊത്തോരോരോ ദിക്കില-
ന്നോണപ്പൂ തേടി ഞാൻ പോയ നാളിൽ,
പിഞ്ചായിരുന്നോരെൻ ചിത്തത്തിൽ, പ്പുഞ്ചിരി
തഞ്ചിച്ച മന്നിന്റെ മഞ്ജിമകൾ
സർവ്വവും മാഞ്ഞുപോയ്, സഞ്ചിതവിജ്ഞാന
ഗർവ്വമുൾച്ചേർന്നൊരെൻ കണ്ണിലിപ്പോൾ!
അന്നരക്കാശെനിക്കില്ലായിരുന്നു, ഞാൻ
മന്ദസ്മിതാസ്യനായ് നിന്നിരുന്നു.
ഇന്നു ഞാൻ വിജ്വാൻ, തോരുന്നതില്ലെന്റെ
കണ്ണുകൾ!-കഷ്ടമിതെന്തുമാറ്റം!
എങ്കിലുമിന്നാ മധുരസ്മൃതികളിൽ
സങ്കൽപമങ്ങനെ സഞ്ചരിയ്ക്കെ;
സഞ്ചയിയ്ക്കുന്നിതെൻ ചേതന, മേൽക്കുമേൽ
പുഞ്ചിരിക്കൊള്ളുന്നൊരോണപ്പൂക്കൾ!
തേനില്ലിവയിൽ സുഗന്ധമില്ലെങ്കിലും
കാണുവാൻ കൌതുകമുള്ളിവയെ,
ഞാനൊരു മാലയായ്ക്കോർത്തെടുത്തിന്നു മൽ-
പ്രാണനാം ദേവിയ്ക്കു കാഴ്ചവെയ്പൂ!
അത്തളിർച്ചുണ്ടി, ലൊരാനന്ദസുസ്മിതം
തത്തിക്കളിക്കുകിൽ, കൃതാർത്ഥനായ് ഞാൻ! ...
1119 മിഥുനം 8
ചങ്ങമ്പുഴ കൃഷ്ണപിള്ള
ഇടപ്പള്ളി,
ഇടപ്പള്ളി,
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
To read my book, the virgin shy
May blush, while Brutus standeth by
But when he’s gone, read through what’s writ
And never stain a cheek for it ! ….
-Lucius Valerius Martialis
* * *
- I have but suffered for all nature trees
- Whipped by the winds, wan flowers, the ashan sky,
- Suffered with all my nerves, minutely, I
- Have suffered for my soul’s impurities.
-Jules La Forgs
കവിതകൾ
വൻപിച്ച ഫലവൃക്ഷ-
മൊന്നുമി, ല്ലെന്നാലെന്തീ-
ച്ചെമ്പനീർപ്പൂന്തോപ്പെനി-
യ്ക്കേകിയല്ലോ, ഹാ, ദൈവം!! ...
-നവംബർ 1932
ചങ്ങമ്പുഴ കൃഷ്ണപിള്ള , ഇടപ്പള്ളി,
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
തിരുവില്വാമല
ശ്രീവില്വശൈലമേ, വെൽക; നിൻ നിസ്തുല-
ശ്രീവിലാസത്തിന്റെ മയൂഖമതതല്ലികൾ,
സപ്തവർണ്ണസ്വപ്നചിത്രങ്ങൾ വീശുന്നി-
തിപ്പൊഴുമോർമ്മതൻ ചില്ലിൽപ്പതിഞ്ഞിതാ!
വിശ്രമം പച്ചത്തണല്വിരിച്ചുള്ള നിൻ-
വിസ്തൃതവക്ഷസ്സി, ലാത്മഹർഷാർദ്രരായ്,
ഞാനു, മെൻപ്രാണനാമോമൽസഖാക്കളും
വാണൊരാ രംഗമോർത്താടുന്നു മാനസം!
ചെങ്കതിർച്ചാർത്താൽ, ക്കുണുങ്ങും മരങ്ങളെ-
ക്കുങ്കുമം ചാർത്തിച്ചണയുന്നൊരന്തികൾ,
ശ്യാമൊജ്ജ്വലങ്ങളശ്ശൈലശീർഷങ്ങളിൽ
പ്രേമപുരസ്സരം ചുംബിച്ചു നിൽക്കവേ,
വിശ്വസൌന്ദര്യം മുഴുവനും ചേർന്നൊരു
വിസ്മയചിത്രം വിരാജിപ്പു ഭൂമിയിൽ!
വീക്ഷണോല്ലാസദമായ് വിലസുന്നൊരാ
'രാക്ഷസപ്പാറ' യിലേറിനിന്നങ്ങനെ,
ചുറ്റുപാടും കണ്ണയയ്ക്കുകിലക്ഷണ-
മറ്റുപോകാതില്ലൊരല്ലലും മർത്ത്യരിൽ
പൊൽക്കതിർപ്പൂമഴച്ചാർത്തിലന്തിയ്ക്കൊരു
നൽക്കനകാലയം തന്നെയാണസ്ഥലം!
ദൂരത്തു ദൂരത്തണിയിട്ടു വിണ്ണിന്റെ
മാറത്തുരുമ്മുമക്കുന്നിൻമുടികളും;
ചിത്രം വരച്ചപോൽ സിന്ദൂരമേഘങ്ങ-
ളെത്തിപ്പിടിയ്ക്കാനൊരുങ്ങും മരങ്ങളും;
നേരിയ രാജതരേഖപോൽ മിന്നുന്ന
ഭാരതഭാസുരശ്രീലസ്രവന്തിയും;
ചുറ്റും മരതകപ്പച്ച വിരിച്ചിട്ടൊ-
രറ്റം പെടാത്തൊരാ നെൽച്ചെടിപ്പാടവും;
ചാരുചാമീകരസോപാനമോഹന-
ശ്രീരാമലക്ഷ്മണശ്രീമയക്ഷേത്രവും;
നാസ്തികന്മാരെയും ഭക്തിയിൽമുക്കുമ-
സ്തോത്രഘോഷങ്ങളും, സ്വർണ്ണദീപങ്ങളും;
തെല്ലും വിരാമമ്പെടാതെ, മെന്മേൽ, ത്തിര-
തല്ലി മുഴങ്ങുമക്ഷേത്രമണികളും;
ശുഭ്രവസ്ത്രാലംക്കൃതോജ്ജ്വലാംഗാഭയിൽ
വിഭ്രമിപ്പിക്കുന്ന വിദ്യോതിനികളും;
ഓണപ്പൂക്കൾ / തിരുവില്വാമല
ചങ്ങമ്പുഴ
സന്ധ്യയ്ക്കിവയൊക്കെയൊന്നിച്ചുചേർന്നൊരു
ഗന്ധർവ്വലോകമാണശ്ശൈലമണ്ഡലം!
ആ നാടിനെക്കുറിച്ചോർക്കുമ്പൊളിപ്പൊഴു-
മാനന്ദനർത്തനമാടുന്നു മന്മനം!! ....
കെട്ടഴിച്ചെന്നെ, യെൻശപ്തനഗരമേ,
വിട്ടയച്ചീടുകാ നാട്ടിലേയ്ക്കൊന്നു നീ!
അത്രമേൽ വീർപ്പുമുട്ടുന്നതുണ്ടിന്നെനി-
യ്ക്കൽപം ശ്വസിച്ചിടട്ടാശുദ്ധവായു ഞാൻ.
എണ്ണയിൽ മുങ്ങിക്കുതിർന്നങ്ങനെ
ചിന്നിപ്പടരും പുകച്ചുരുൾച്ചാർത്തിനാൽ,
കണ്ണെനിയ്ക്കയ്യോ, കലിയ്ക്കുന്നു-പോകട്ടെ
കർണ്ണികാരങ്ങൾ പൂവിട്ടൊരക്കുന്നിൽ ഞാൻ!
ആവശ്യമില്ലെനിയ്ക്കാഡംബരത്തിന്റെ
കോവണിത്തട്ടുകളെണ്ണുമിജ്ജീവിതം;
പോട്ടേ, സഹർഷം മരച്ചോട്ടിൽ ദൂരെയ-
ക്കാട്ടുപുല്ലൂതുമിടയന്റെ കൂടെഞാൻ!
ഇക്കുഴല്‌വെള്ളം കുടിച്ചു മടുത്തെനി,-
യ്ക്കക്കാട്ടുചോലയിൽപ്പോയി നീന്തട്ടെ ഞാൻ!
ക്ഷുദ്രമശകശപ്താലാപമല്ലി, യെൻ-
നിദ്രയ്ക്കു നൽക്കുവാനുള്ളു നിങ്കൈവശം
മജ്ജീവരക്തം നിനക്കുഞാനർപ്പിച്ചു
ലജ്ജ തോന്നുന്നു മേ, കഷ്ടം, നഗരമേ!
വന്നിടാം വീണ്ടുമനുശയാധീനനായ്
നിന്നടുത്തേയ്ക്കു ഞാൻ മൽഗാമദേവതേ!
11-7-1119
1
വാരുണരംഗമോ?-രക്തപ്രളയമോ?
ദാരുണം ദൂരെയക്കാണ്മതെന്തെന്തു ഞാൻ?
ഉച്ചണ്ഡതാപം വളർത്തിയത്യുച്ചത്തി
ലുദ്ധതനായുജ്ജ്വലിച്ച മാർത്താണ്ഡനെ,
കുത്തിമലർത്തിക്കടലിലെറിഞ്ഞതാ
രക്താംബരം ചാർത്തി നിൽപൂ മുകിലുകൾ!
ശാന്തിതൻ നേരിയ മന്ദസ്മിതം മുഖ-
ത്തേന്തി, ക്കുണുങ്ങിയണയുന്നു താരകൾ.
ഏതോ നവീനസമുൽക്കർഷദേവത-
യ്ക്കാതിത്ഥ്യമേകാനൊരുങ്ങുന്നമാതിരി!...
9-3-1113
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
മനുഷ്യൻ
ജന്മജന്മാന്തരപുണ്യപ്പൂവല്ലിതൻ-
പൊൻമലരാണത്രേ മർത്ത്യജന്മ.
തുഷ്ടിയാർന്നീശ്വരൻ തൻപ്രതിരൂപമായ്
സൃഷ്ടിച്ചതാണുപോൽ മാനുഷനെ.
നേരാണതെങ്കിലോ, നൂന, മാദൈവത്തിൻ-
പേരുകേട്ടാൽ മതി പേടിയാവാൻ.
നിസ്സാരനീ നരനുപോലുമിമ്മട്ടൊരു
നിസ്സീമസംഹാരമൂർത്തിയായാൽ,
ശപ്തമാം തൽസർഗ്ഗസിദ്ധിയ്ക്കു താങ്ങായ
ശക്തിതൻശക്തിയെന്തായിരിയ്ക്കും!
പാഷാണമാത്രാത്മസത്ത്വനാം ഭികര-
പാതകമൂർത്തിയാമിമ്മനുഷ്യൻ,
ദൈവപ്രതിരൂപമാണെങ്കി, ലത്തരം
ദൈവത്തിനെപ്പിന്നെയാർക്കുവേണം?
മർത്ത്യനോ മൂഢനാ, ണായിട, ട്ടൊന്നോർക്കിൽ
മർത്ത്യനേക്കാൾ മൂഢനീശ്വരന്താൻ;
ആ മർക്കടത്തിന്റെ കൈയി, ലീലോകമാം
പൂമാല, യല്ലെങ്കി, ലെന്തിനേകി?
ആ വെട്ടുപോത്തിൻചെവിയിലോ, ശാന്തിതൻ
പാവനവേദമേ, നിൻപതനം?
മണ്ണട്ടതൊട്ടു പലേപലേ ജന്മങ്ങൾ
മന്നിലെടുത്തെടുത്തങ്ങൊടുവിൽ,
മർത്ത്യരൂപത്തെയാത്മാവു കൈക്കൊൾവതീ
രക്തപാനത്തിനാണെന്നിരിയ്ക്കിൽ,
ജന്മങ്ങൾതൻചങ്ങലയിലൊടുവിലെ-
ക്കണ്ണിയായെണ്ണുമീ മർത്ത്യജന്മം,
മറ്റൊരു ജീവിയും ചെയ്യാത്തധർമ്മങ്ങൾ
മുറ്റിത്തഴയ്ക്കുവാൻ മാത്രമെങ്കിൽ,
ദിഗ്ജയംചെയ്തു മദിച്ചിടും മർത്ത്യതേ,
ലജ്ജതോന്നുന്നു നിൻനേരെ നോക്കാൻ!
ജീവജാലങ്ങളിലൊക്കെയൽപാൽപമായ്
താവിയിട്ടുള്ളത്തമോമയാംശം
ഒന്നിച്ചുകൂട്ടിക്കലർത്തിക്കരുപ്പിടി-
ച്ചൊന്നദ്യമീശ്വരൻ വാർത്തുനോക്കി
ഒത്തി,ല്ലതാണു ചെകുത്താ, നവനില-
ന്നൊട്ടിപ്പിടിച്ചില്ലസൂയമാത്രം!
ഓണപ്പൂക്കൾ / മനുഷ്യൻ
ചങ്ങമ്പുഴ
എന്ന, 'ല്ലിളമ്പത' മാകയാ, ലുള്ളിനു
വന്നീല വേണ്ടത്ര കാഠിന്യവും!
അക്കുറവൊക്കെപ്പരിഹരി, ച്ചന്ത്യത്തി-
ലിക്കാണും മർത്ത്യനെത്തീർത്തു ദൈവം.
ചെന്നായ, ചീങ്കണ്ണി, പോത്തു, ചീറ്റപ്പുലി,
പന്നി, പാ, മ്പോന്തൊ, ക്കെയുണ്ടവനിൽ!
സ്രഷ്ടാവുപോലും ഭയം മൂലമായിടാം
വിട്ടുകൊടുത്തവനു വിശ്വം!
ആദർശഗംഗയ്ക്കുറവായിവർത്തിച്ചൊ-
രാദികവിതൻ വിശുദ്ധ ചിത്തം,
ബന്ധുരരാഘവസീതാദി ചിത്രങ്ങ-
ലേന്തിനീ മണ്ണിൽ വരച്ചുകാട്ടി?
എല്ലാരു കണ്ടിട്ടു, ണ്ടെല്ലാരും കാണുന്നു
ണ്ടുല്ലാസപൂർവ്വമാ രാഘവനെ;
എന്നാൽ, ശ്ശതാബ്ദങ്ങളെത്ര ശ്രീരാമനെ
മന്നിലിതുവരെക്കണ്ടുമുട്ടി?
ഒന്നല്ല, പത്തല്ലൊ, രായിരം രാവണ-
നന്നുമുണ്ടിന്നുമുണ്ടിജ്ജഗത്തിൽ!
ലാലസിച്ചീടുന്നിതായിരം വേശ്യകൾ
ശീലാവതീകഥ പാടിപ്പാടി!
ജീവൻ മദിപ്പൂ സുഖമദിരാപ്തിയിൽ
നാവിലോ, ഗീത തപസ്സുചെയ്വൂ!
മഗളാദർശമയൂഖശതങ്ങളേ,
നിങ്ങളലയുന്നു കൂരിരുളിൽ!
ആളില്ല നിങ്ങളെ പ്രാണനിൽച്ചേർത്തണ-
ച്ചാലിംഗനംചെയ്യാനിന്നുലകിൽ!
ചെന്നായകൂടിയും മറ്റു ചെന്നായിനെ-
ക്കൊന്നുതിന്നട്ടഹസിപ്പതില്ല.
മർത്ത്യനൊ, മർത്ത്യനു രക്തം കുടിയ്ക്കണം
മർത്ത്യന്റെ-ബുദ്ധിമാനല്ലി മർത്ത്യൻ?
എല്ലാമവന്റെയാ, ണീശ്വരൻകൂടിയും
പുല്ലാണവ, നെന്തു കേമൻ!
ആകാശദേശത്തു, മാഴിയ്ക്കടിയിലു-
മാകുമവന്നു പോയ് വേട്ടയാടാൻ!
രക്തം കടയ്ക്കലൊഴിച്ചൊഴിച്ചങ്ങനെ
ശക്തിദ്രുമത്തിനു വേരുറച്ചാൽ,
ചന്തത്തിൽ ശാഖോപശാഖകൾ ചേർന്നതു
ഓണപ്പൂക്കൾ / മനുഷ്യൻ
ചങ്ങമ്പുഴ
പന്തലിച്ചങ്ങനെ ലാലസിച്ചാൽ,
വിശ്രമിയ്ക്കാമല്ലോ ലോകത്തി, നായതിൻ-
വിദ്രുമശീതളച്ഛായയിങ്കൽ!
എന്തിത്ര വെമ്പൽ, നിനക്കായി ലോകമേ,
സുന്ദരസ്വപ്നങ്ങൾ കാത്തുനിൽപൂ!
അൽപവും കൂടി ക്ഷമിയ്ക്കു, കുൽക്കർഷത്തിൻ-
തൽപമവനിപ്പോൾ സജ്ജമാക്കും
ശാന്തിതൻപട്ടു വിരിയ്ക്കുവാനാണവ-
നേന്തി നിൽക്കുന്നതാ രക്തഖഡ്ഗം.
സുന്ദരസ്വപ്നങ്ങൾ കാൺകെ, യവനോടു
നന്ദിയോതാൻ, നീ മറക്കരുതേ! ....
3-10-1119
2
അടിയന്റെ വീട്ടിലെപ്പട്ടിണി തീർക്കുവാ-
നവിടുത്തേയ്ക്കാവില്ല തമ്പുരാനേ!
അതുപോക്കാൻ കഴിവുള്ളോൻ മുകളിലാ, ണദ്ദേഹ-
മറിയില്ലതെങ്കിലോ, വേണ്ട പോട്ടെ!
അഗതികളടിയങ്ങളടിയട്ടേ ചുടുകാട്ടി-
ലതുകൊണ്ടീ ലോകത്തിനെന്തു ചേതം?
അവിടുത്തേയ്ക്കിതുവിധം തിരുവുള്ളക്കേടിനൊ-
രപരാധമടിയനെന്താചരിച്ചു?
പരമാർത്ഥമറിയാതെ പലരോതും മൊഴിക്കേട്ടി-
പ്പഴിയെല്ലാമടിയന്റെ തലയിൽ വെച്ചാൽ,
സകലതും കാണുവാൻ മിഴിയുള്ളോരുടയോനു
സഹിയില്ലതൊരുനാളും തമ്പുരാനേ!
7-4-1113
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
ഗൃഹലക്ഷ്മി
അകളങ്കാനന്ദത്താ-
ലിത്ര നാളെന്നാത്മാവി
ലമലേ, പേർത്തും പേർത്തും
പുളകം പൂശിച്ചു നീ!
എങ്ങനെ മറക്കും ഞാൻ
പ്രാണനാളത്തോടൊട്ടി-
ത്തങ്ങിനിന്നീടും നിത്യ-
മംഗളാസ്പദേ, നിന്നെ?
ദിവ്യാത്മബന്ധം ലോകം
മറ്റൊന്നായ് വ്യാഖ്യാനിയ്ക്കാം
ദൈവത്തിൻ മുന്നിൽ, പക്ഷേ
തെറ്റുകാരല്ലല്ലോ നാം!
അതിനാലധീരമ-
ല്ലെൻമനമൊട്ടും ലോക-
ഗതികണ്ടിടയ്ക്കിട-
യ്ക്കല്ലലിലടിഞ്ഞാലും.
ഭൂവിൽ ഞാൻ നിന്നെക്കണ്ടു-
മുട്ടിടാതിരുന്നെങ്കിൽ-
ജ്ജീവിതസൌന്ദര്യം ഞാ-
നറിയാതിരുന്നേനേ!
നിസ്വാർത്ഥസ്നേഹാമൃത-
മാധുര്യം, നീയാണാദ്യം
നിസ്വനാമെന്നെ സ്വദി-
പ്പിച്ചതി പ്രപഞ്ചത്തിൽ.
നിന്നിലൂടീക്ഷിപ്പൂ ഞാൻ
സ്ത്രീത്വത്തിൻ മാഹാത്മ്യത്തെ
നിന്നിലൂടാരാധിപ്പൂ
ശക്തിയെസ്സഹർഷം ഞാൻ!
സന്തതം നവരക്ത-
പുഷ്പസഞ്ചയമെന്റെ
സങ്കൽപം, നിൻതൃക്കാൽക്ക-
ലർച്ചിച്ചുനിൽപൂ, ദേവി! ...
14-8-1119
ഓണപ്പൂക്കൾ / ഗൃഹലക്ഷ്മി
ചങ്ങമ്പുഴ
3
വനനീലിമയെപ്പുണർന്നടു-
ത്തണയും കോകിലകൂജനങ്ങളേ,
പ്രണയാകുല ഞാ, നശേഷമി-
ന്നനുമോദിക്കുകയില്ല നിങ്ങളെ!
വികസിച്ചു വിലാസസുസ്മിതം
വിതറീടും നവകോരകങ്ങളേ,
വിരഹാകുല ഞാൻ, ക്ഷമിക്കുവിൻ
വിഗണിച്ചീടുകിലിന്നു നിങ്ങളെ!
അനുഭൂതികൾ വീശി നിന്നൊര-
ക്കനകപ്പൂങ്കതിരസ്തമിച്ചിതോ?
ഇനിവീണ്ടുമുദിയ്ക്കയില്ലയോ
തനിയേ നീ തളിരിട്ട ഭാഗ്യമേ?
22-10-1118
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
ഏകാന്തചിന്ത
മങ്ങുന്നു, മായുന്നു, ജീവിതപ്പൂവിന്റെ
ഭംഗിയും കാന്തിയും-ദു:ഖിച്ചിടുന്നു ഞാൻ!
സങ്കടം ലോകം, തണുത്തു നിർജ്ജീവമായ്-
സ്സങ്കൽപവും-ഹാ, ഗതിയെനിയ്ക്കെന്തിനി?
ഏകാന്തതയി, ലിരുളിന്റെ വക്ഷസ്സി-
ലേവം തല ചായ്ച്ചിരുന്നു കേഴട്ടെ ഞാൻ!
കത്തി നിലാത്തിരി, കൂരിരുട്ടിൽക്കുറെ-
സ്വപ്നങ്ങൾ പാറീ, തമസ്സായി പിന്നെയും.
നോവുന്നു മാനസ, മെന്തിനായല്ലെങ്കി-
ലാവിർഭവിച്ചതസ്വർണ്ണമരീചികൾ?
ഹാ, ലോകദൃഷ്ടിയിൽ, ബ്ഭാഗ്യവാനു, ന്മേഷ-
ശീലൻ, സ്ഥിരോത്സാഹി, സർവ്വവുമാണു ഞാൻ;
ഒട്ടും വിചാരിച്ചിരിക്കാതെ നാണയ-
ത്തുട്ടുകൾ തത്തിക്കളിപ്പിതെൻ കൈകളിൽ;
ആവശ്യമെന്തും യഥേച്ഛം നിറവേറ്റി-
ടാനെനിയ്ക്കില്ല വിഷമമൊരൽപവും;
എൻപടിവാതിൽക്ക, ലെൻപരിചര്യയ്ക്കു
കുമ്പിട്ടുനിൽക്കുന്നു ഭാഗ്യാനുഭൂതികൾ;
എങ്കിലും, നൊന്തിടുന്നെന്തിനോ വേണ്ടിയി-
ന്നെൻകര, ളയ്യോ, പരിത്യക്തനാണു ഞാൻ;-
അൽപേതരോൽക്കർഷശൃംഗത്തിലാണെത്തി-
നിൽപ-തെന്നാലും പരാജിതനാണു ഞാൻ!-
ഇച്ഛിച്ചിടുമ്പോൾ മരിയ്ക്കാൻ കഴിഞ്ഞെങ്കി-
ലെത്രമധുരമായ്ത്തീർന്നേനെ ജീവിതം!
ഇല്ല പൊരുത്തം പ്രപഞ്ചവും ഞാനുമാ-
യല്ലെങ്കിലെന്തിനീയാത്മഹോമോദ്യമം?
മിഥ്യയാണെന്തും, യഥാർത്ഥമായുള്ളതാ
മൃത്യുമാത്രം-ഹാ, മരിയ്ക്കാൻ കൊതിപ്പൂ ഞാൻ!
സ്വപ്നങ്ങൾപോലും ചലനമേകാത്തൊരാ
സ്വർഗ്ഗീയനിത്യസുഷുപ്തിയിലങ്ങനെ,
വിശ്രമിക്കട്ടേ, വിപത്തുകൾ മർദ്ദിച്ചു
വിഹ്വലമാക്കിച്ചമച്ചൊരെൻ ജീവിതം!
ഇല്ല വിലയിന്നാവഴിവക്കിലെ-
പ്പുല്ലോളമെങ്കിലും - ലോകമേ, പോട്ടെ ഞാൻ!
ഓണപ്പൂക്കൾ / ഏകാന്തചിന്ത
ചങ്ങമ്പുഴ
ഹാ, വെറുക്കപ്പെടാൻമാത്രമാണീശ്വരൻ
ഭൂവിലേയ്ക്കെന്നെ നിയോഗിച്ചതീവിധം.
ശത്രുവായ്ത്തീരുന്നു, ഞാനൊട്ടടുക്കുമ്പൊ-
ളുറ്റ ബന്ധുക്കൾക്കുപോലു, മെന്തത്ഭുതം!
സ്നേഹിക്കുവാനില്ലൊരാളും, വിവിക്തമെൻ-
ഗഹം-തമസ്സിലടിഞ്ഞു വീഴുന്നു ഞാൻ!
നഷ്ടസൌഭാഗ്യസ്മൃതികളിലെങ്കിലു-
മൊട്ടിപ്പിടിയ്ക്കാനുമൊത്തിടുന്നില്ല മേ!
വേഗം യവനിക വീണു, വിശ്വത്തിലി-
ശ്ശോകാന്തനാടകം തീരാൻ കൊതിപ്പു ഞാൻ! ...
7-9-1119
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
ദേവത
ഒരുപക്ഷേ, കാലത്തിൻകൽപനയാ-
ലിരുവർ നാമന്യോന്യം വേർപിരിഞ്ഞാൽ,
ശിഥിലമായ്ത്തീരില്ലേ, ശാലിനി, നാം
ശിരസാ നമിക്കുമീയാത്മബന്ധം?
അനഘമെൻ മുജ്ജന്മപുണ്യ്പൂരം
അനുഭവാകാരമെടുത്തപോലെ;
മുകുളിതം മാമകഭാഗധേയം
മുഴുവനുമൊന്നായ് വിടർന്നപോലെ;
അഴകിനെപ്പുൽക്കുമെൻ പൊൽകിനാക്ക-
ളടിമുടി പൂത്തുതളിർത്തപോലെ;
അമൃതസാന്ദ്രാമലാർദ്രാംശുവായി-
ട്ടവതരിച്ചെത്തി നീയപ്സരസ്സേ!
പലപല ജന്മങ്ങൾക്കപ്പുറംതൊ-
ട്ടുലകിൽ നീയെൻ പ്രാണനായിരുന്നു.
ഇതുവരേയ്ക്കെന്തിനായ്പ്പിന്നെ, യേവം
ഇരുളിൽ നീയൊറ്റയ്ക്കൊളിഞ്ഞുനിന്നു?
വിദലിതാർദ്രാശയരായി വീണ്ടും
വിധിവശാൽ നാമിദം കൂട്ടിമുട്ടി!
വിജനതയിങ്ക, ലെൻ വിശ്രമങ്ങൾ
വിരചിപ്പു നിൻ ചിത്രവിഭ്രമങ്ങൾ
വിവശമെൻ ചിജ്ത്തിനസ്സുഖങ്ങൾ
വികസിതശ്രീമയ വിസ്മയങ്ങൾ!
നിനവിന്റെ നീലനികുഞ്ജത്തിൽ
നിറനിലാവായി നീയാഗമിയ്ക്കേ,
ചിതമോടുയർന്നും, തളർന്നടിഞ്ഞും
ചിറകടിയ്ക്കുന്നിതെൻ ചിത്തഭൃംഗം!
മഹിതമയൂഖമതല്ലികേ, നീ
മലരണിയിപ്പു, ഹാ, മന്മനസ്സിൽ!
മദകലിതോജ്ജ്വലമാകുമേതോ
മധുരപ്രതീക്ഷയിൽ മഗ്നമായി,
തളരുമെൻ ചേതന മാറിമാറി-
ത്തഴുകുന്നു തങ്കക്കിനാവുകളെ!
ഓണപ്പൂക്കൾ / ദേവത
ചങ്ങമ്പുഴ
ഒരുപക്ഷേ, സർവ്വവും മിത്ഥ്യയാകാം;
ഇരുളിൽഞാൻ വീണ്ടുമടിഞ്ഞുചേരാം;
സവിധത്തിലെത്തുമിസ്വപ്നമെല്ലാം
സലിലരേഖോപമം മാഞ്ഞുപോകാം;
മൃതഭാഗ്യദർശനലോലനായ് ഞാൻ
സ്മൃതികളെ മേലിൽച്ചെന്നാശ്രയിയ്ക്കാം;
പരിഭവമില്ലെനിയ്ക്കെങ്കിലും, ഞാൻ
പരിതൃപ്തന്തന്നെയാണെന്തുകൊണ്ടും!
അനഘേ, നിൻ നിത്യസ്മരണയിലെ-
ന്നകളങ്കസ്നേഹം പ്രതിഫലിയ്ക്കിൽ,
ഇനിയൊരുനാളും ഹതാശനാവാ-
നിടയാവുകില്ലെനിയ്ക്കൊമലാളേ!
വിടതരൂദേവി, നിൻ മുന്നിൽ നിത്യം
വികസിച്ചു നിൽക്കട്റ്റെ മംഗളങ്ങൾ
അനുപമസൌഭാഗ്യശൃംഗകത്തി-
ലതിരൂഢയായ്, നീ ലസിയ്ക്ക നീണാൾ!
2-6-1119
4
കഷ്ടം, മനോഹരി, നാമോർത്തിരിക്കാതെ
വിട്ടുപോയല്ലോ വസന്തവും പൂക്കളും!
ശങ്കിച്ചതെയി, ല്ലൊടുങ്ങുമൊരിയ്ക്കല-
സ്സങ്കൽപസാന്ദ്രമാം നിർവൃതിയെന്നു നാം.
കൃത്യശതങ്ങളെ നീന്തിനീന്തിക്കട-
ന്നെത്രദൂരത്തു നാം വന്നുചേർന്നൂ, സഖീ!
സ്വപ്നങ്ങൾകൊണ്ടു നാം രണ്ടുപേരും സ്വയം
സ്വർഗ്ഗം രചിക്കുവാൻ മത്സരിച്ചില്ലയോ?
ഇന്നതിൻ ജീർണ്ണിച്ചൊരസ്ഥിമാടം പോലു-
മൊന്നു കാണാൻ നമുക്കൊത്തെങ്കി, ലോമനേ!
6-11-1119
ഓണപ്പൂക്കൾ / ദേവത
ചങ്ങമ്പുഴ
5
സ്വപ്നമല്ലിതു - പോരികിങ്ങോട്ടി-
സ്വർഗ്ഗദീപ്തിയിൽ മുങ്ങി നീ!
അത്രമാത്രം വിജനമാണിന്നെൻ-
ചിത്തകുഞ്ജമിതോമനേ!
നിന്നുദയത്താൽ വേണമിന്നിതു
പൊന്നലരുകൾ ചൂടുവാൻ!
മുഗ്ദ്ധചിന്തയാൽ നിന്നെയിന്നൊരു
മുത്തുമാല ഞാൻ ചാർത്തുവൻ!
12-7-1110
6
നിർമ്മലപ്രേമമേ, നിന്നടുത്തെത്തവേ
നിന്നെയുമെന്നെയും കാണുന്നതില്ല ഞാൻ!
18-11-1111
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
കാരാഗൃഹത്തിൽ
സങ്കൽപം ഹൃദയത്തിൻ-
ഭിത്തിമേലെഴുതുന്നി-
തെൻ കളിത്തോഴിയുടെ
മോഹനചിത്രം വീണ്ടും,
ഇനിയും കുട്ടിക്കാലം
വീണ്ടുകിട്ടുകയില്ല-
ക്കനകക്കിനാവിന്റെ
നിഴലായ് പിൻപേ പോകാൻ.
താരുണ്യം പ്രശംസതൻ-
രത്നകോടീരം ചൂടി-
ച്ചരുസുസ്മിതം തൂകി-
ച്ചാരെ നിന്നാശ്ലേഷിപ്പൂ.
ഇക്കൊടുംതുറുങ്കിൽ ഞാ-
നെന്നെന്നും കഴിയാനോ
കർക്കശപ്രപഞ്ചമേ,
നീയെന്നെ യുവാവാക്കി?
വേണ്ടെനിക്കുൽക്കർഷത്തിൻ-
പൊൻമണിക്കിരീടം-പൊ-
ന്നാണ്ടുകൾ പറന്നല്ലോ,
വെളിച്ചം മറഞ്ഞല്ലോ!
നിഴലിൽത്തപ്പിത്തപ്പി
നിങ്ങളെത്തിരക്കുന്നൂ
നിഹതൻ ഞാനിന്നെന്റെ
ശൈശവസ്വപ്നങ്ങളേ!
എങ്കിലും, നിരുപമേ,
നിൻ ചിത്രം വരയ്ക്കു, മി-
സ്സങ്കൽപം പിരിയുകി-
ല്ലെന്നെ-ഞാൻ ചരിതാർത്ഥൻ!
24-5-1115
ഓണപ്പൂക്കൾ / കാരാഗൃഹത്തിൽ
ചങ്ങമ്പുഴ
7
അവനിയി, ലെൻകാമുകനാമധേയം
അയി സഖീ, നീയാരോടും ചൊല്ലരുതേ!
ഒരു നിമിഷം നീയൊന്നു കണ്ണടയ്ക്കൂ
വിരവിലതീ മണ്ണിലെഴുതിടാം ഞാൻ.
അതിചപലതാരകളന്തിവാനി-
ലതു ശകലമെങ്ങാനും കണ്ടൂപോയാൽ,
അതിലധികം വേണ്ടൊന്നും ലോകമൊട്ടു-
ക്കതു മുഴുവൻ നാളെപ്പരസ്യമാകാൻ!
ഇവിടെ, മണിക്കൂട്ടിലെത്തത്തപോലും
കളിമൊഴിയാൽപ്പിന്നെന്നെക്കല്ലെറിയും!
20-9-1108
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
വിരുന്നുകാരൻ
ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ-
രുൾക്കുളിരേകും വിരുന്നുകാരൻ
മായികജീവിതസ്വപ്നശതങ്ങളെ-
ച്ചായം പിടിപ്പിക്കും ചിത്രകാരൻ
ശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽനി-
ന്നേന്തി വന്നെത്തിയ ദൈവദൂതൻ.
നിൻ കനിവിൻ നിധികുംഭത്താലേവമെ-
ന്നങ്കസ്ഥലം നീയലങ്കരിയ്ക്കേ,
എന്തിനെനിയ്ക്കിനിയന്യസമ്പത്തുകൾ
സംതൃപ്തനായ് ഞാൻ ജഗൽപിതാവേ!
ത്വൽക്കൃപാബിന്ദുവും മൌലിയിൽച്ചൂടിയി-
പ്പുൽക്കൊടി നിൽപ്പു, ഹാ, നിർവൃതിയിൽ!
ഭാവപ്രദീപ്തമാമെന്റെമനംപോലെ, യി-
പ്പൂവിട്ട മുറ്റം പരിലസിപ്പൂ;
പിച്ചവെച്ചെത്തുമെന്നോമനപ്പൈതലിൻ-
കൊച്ചിളം കാലടിപ്പാടു ചൂടി! ധന്യമായെന്മിഴി രണ്ടുമിന്നാനന്ദ-
ജന്യമായീടുമിക്കണ്ണുനീരിൽ!
* * *ആയിരം ജന്മങ്ങളാർജ്ജിച്ച പുണ്യങ്ങ-
ളാകാരമേന്തിയണഞ്ഞപോലെ,
കൈവല്യകേന്ദ്രമേ, കമ്പിതമായൊരെൻ-
കൈകളിലെങ്ങനെ നീയൊതുങ്ങി?
4-1-1117
ഓണപ്പൂക്കൾ / വിരുന്നുകാരൻ
ചങ്ങമ്പുഴ
8
അന്തിക്കതിരുകൾ സാരിയുടുപ്പിച്ചൊ-
രഞ്ചിതമാകുമിത്തോപ്പിൽ,
ആനന്ദലോലയായാടിയില്ലന്നൊക്കെ-
ഞാനെത്ര നാടകം, തോഴി!
ഏറെനാളായി ഞാൻ കാണാതിരുന്നൊരീ-
യാരാമകുഞ്ജങ്ങൾ കാൺകേ,
മൊട്ടിട്ടിടുകയാണോമത്സ്മരണകൾ
കഷ്ട, മെൻ ചിത്തത്തിൽ വീണ്ടും!
26-6-1115
9
അന്തരംഗത്തിൽ വിഷാദം കൊളുത്തുവാ-
നെന്തിനുദിച്ചു നീ, യന്തിനക്ഷത്രമേ?
4-6-1111
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
പ്രലോഭനങ്ങൾ
അരുതരുതെന്നു വിലക്കിയിട്ടു-
മനുസരിച്ചീടാത്ത വിഭ്രമമേ,
അകലെപ്പോ വേഗം, ഞാ, നല്ലയെങ്കി-
ലടിമയാക്കീടും പിടിച്ചു നിന്നെ!
മതി, മതി, മായികമന്ദഹാസം
മലിനതേ, നിൻമുഖത്താരു നോക്കും?
അഴലിൻ മുകിലിനാൽ ബ്ഭവാനത-
ന്നമലാന്തരീമിരുണ്ടുകൂടി,
മധുരസങ്കൽപങ്ങളാകമാനം
മരവിച്ചൊതുങ്ങി ദ്രവിച്ചുപോയി.
അകലെ, നിരാശതൻ മൂടൽമഞ്ഞി-
ലനുപമസ്വപ്നങ്ങൾ മാഞ്ഞൊടുങ്ങി!
അഴകിൻമൃദുമൌനവേണുഗാനം
തഴുകിത്തളർന്നതാം സാന്ധ്യമേഘം,
ചൊരിയുന്നു മൂകമാ, യാർത്തണയു-
മിരുളിനുവേണ്ടിത്തൻജീവരക്തം!
ശിവനേയിതെന്തൊരു ശോചനീയം
ഭുവനമിതയ്യോ, വികാരശൂന്യം!
അനുനയമർമ്മരം വഞ്ചനത-
ന്നസുഖാട്ടഹാസമായ് മാറിയാലും,
കപടാനുതാപത്തിൻ കാര്യലാഭം
കനകപതാക പരത്തിയാലും;
കരയുവാൻ കണ്ണിനു കണ്ണുനീരും,
കരളി, നെരിയുവാൻ ചിന്തകളും,
സുലഭമായ് ലോകം തരുന്ന കാലം
പ്രണയത്തിനില്ലൊരധ:പതനം!
സ്വയമതിൽസ്സാന്ത്വനം സഞ്ജനിയ്ക്കും
സ്വയമതിൽസ്സംഗീതം സഞ്ചരിയ്ക്കും!
ഓണപ്പൂക്കൾ / പ്രലോഭനങ്ങൾ
ചങ്ങമ്പുഴ
കരയാതിരിയ്ക്കാമൊരാൾക്കു, പക്ഷേ
കരളിനു കാഠിന്യമേറെ വേണം!
കരുണതൻ വാതിലടച്ചിരുന്നാൽ
കഴിയും ചിരിയ്ക്കാൻ മരിയ്ക്കുവോളം!
ശരി;-യെന്നാ, ലാതങ്കവജ്രപാതം
മുറിവുകളെത്രമേലേകിയാലും;
മൃദുലവിമലഹൃദയേ, നിൻ-
വദനത്തിൻ സൌന്ദര്യം വിശ്രമിപ്പൂ!
മിഴിനീരിലൂടേ ചരിച്ച ജീവ-
നഴകിലാറാടിതായിരിയ്ക്കും!
അകലെപ്പോ മോഹമേ വേഗ, മിന്നെൻ-
ഹൃദയത്തിനാവശ്യമില്ല നിന്നെ.
അറിയാമതിനു നിൻകൂട്ടുകൂടാ-
തമൃതസ്സരസ്സിലേയ്ക്കുള്ള മാർഗ്ഗം!
ഇടയിൽ പ്രതിബന്ധമേശിയാലു-
മൊടുവിലതങ്ങു ചെന്നെത്തിക്കൊള്ളും!-
അതുലസായൂജ്യതരംഗകങ്ങൾ-
ക്കതിഥിയായ് നീന്തിക്കുളിച്ചുകൊള്ളും!
മുഖപടം മാറ്റിയാ നിത്യസത്യ-
മുലകാകെ വീശും നവപ്രകാശം,
കപടാന്ധകാരം തുടച്ചു നീക്കി-
ക്കമനീയശാന്തി തളിയ്ക്കുവോളം
എരിയുകെൻ ചിത്തമേ, മേൽക്കുമേലേ!
ചൊരിയുകശ്രുക്കളെൻ കണ്ണുകളേ! ...
13-8-1110
10
അലഘുഭാഗ്യസരിത്തിലെക്കൊച്ചുകൊ-
ച്ചലകളിൽ സ്വയം നീന്തിക്കളിച്ച നീ,
അതിരെഴാത്തൊരിപ്പാഴ്മണൽക്കാട്ടിൽ വ-
ന്നലയുവാനിന്നിടയായതെങ്ങനെ?
അമൃതവീചികേ, നീ ഞൊടിയ്ക്കുള്ളി, ലൊ-
രസിതധൂമികയായതാണത്ഭുതം!
അവമതിയുടെ മൂടുപടവുമി-
ട്ടവഗണിതയായ്പ്പോകുന്നതെങ്ങു നീ?
അനുമതികാത്തടിമകളായി, നീ-
ന്നരികിലന്നൊക്കെ നിന്നവരെങ്ങുപോയ്?
അനുപമോജ്ജ്വലമാം നിൻമ്ഴിയി, ലീ-
യനുശയാശ്രുവിൻഹേതുവെന്തോമലേ?
24-7-1110
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
വൃത്തം
ആ നല്ല കാലമന്നർപ്പണം ചെയ്തതെ-
ന്താനന്ദരംഗങ്ങളായിരുന്നൂ, സഖി!
മാരിവിൽ മാതിരി പെട്ടെന്നവയൊക്കെ
മായുമെന്നാരറിഞ്ഞിരുന്നു, സതി!
കഷ്ടം, ജലാർദ്രമായ്ത്തീരുന്നു കൺകളാ-
നഷ്ടോത്സവത്തിൻ സ്മൃതികളിലിപ്പൊഴും!
ആവർത്തനത്തിനുമാവാതെ കാലമാ-
മാവർത്ത, മയ്യോ, വിഴുങ്ങുന്നു സർവ്വവും!
മാറിമറയുമവയെ നാം നിഷ്ഫലം
മാടിവിളിപ്പൂ മമതയാൽപ്പിന്നെയും.
എത്തായ്കി, ലെല്ലാം നശിച്ചുപോയെന്നോർത്തു
ചിത്തം തകർന്നുടൻ കണ്ണീർ പൊഴിപ്പു നാം.
വസ്തുസ്ഥിതികൾതന്നാന്തരയാഥാർത്ഥ്യ-
മെത്തിപ്പിടിയ്ക്കാൻ ശ്രമിയ്ക്കായ്കകാരണം,
എപ്പൊഴും ദു:ഖത്തിനല്ലാതെ മാർഗ്ഗമി-
ല്ലിപ്പാരിലെന്നോർത്തടിയുന്നിതല്ലിൽ നാം!
ഒന്നിനൊന്നായൊക്കെ മാഞ്ഞുപോ, മെങ്കിലു-
മൊന്നും ജഗത്തിൽ നശിയ്ക്കില്ലൊരിയ്ക്കലും.
ഹാ, പരിണാമവിധിയ്ക്കു വിധേയമായ്
രൂപാന്തരങ്ങളെ പ്രാപിപ്പതെന്നിയേ,
എന്തുണ്ടുലകിൽ നശിപ്പതെന്നേയ്ക്കുമാ-
യെന്തിനു പിന്നെപ്പരിതപിയ്ക്കുന്നു നാം?
കാലസ്രവന്തിതൻ ദുർവ്വാരകല്ലോല-
മാലയിൽത്തങ്ങിത്തളർന്നലഞ്ഞങ്ങനെ,
പ്രജ്ഞയ്ക്കിരുട്ടെന്നു തോന്നുന്നതാകുമൊ-
രജ്ഞാതരംഗത്തിലെത്തുന്നതെന്നിയേ,
എന്തുണ്ടു നഷ്ടപ്പെടുന്നതെന്നേയ്ക്കുമാ,-
യെന്തിനു പിന്നെപ്പരിഭ്രമിക്കുന്നു നാം?
ജീവിതവ്യാസം പുരുങ്ങിച്ചുരുങ്ങി, യ-
ക്കേവലത്വത്തിന്റെ കേന്ദ്രത്തിലെത്തുവാൻ,
കർമ്മമല്ലാതില്ല മാർഗ്ഗ, മിന്നാകയാൽ-
ക്കർമ്മത്തെയാദ്യം പവിത്രീകരിയ്ക്ക നാം.
മൃൺമയമാകുമിക്കോവിലിൽ, ഭക്തിയാർ-
ന്നുൺമയിൽച്ചിന്മയ്ദ്ധ്യാനനിർല്ലീനയായ്,
ആവസിപ്പൂ ജീവയോഗിനി, വെൺമല-
രാവട്ടെ കർമ്മങ്ങ, ളർച്ചനയ്ക്കെപ്പൊഴും;
ഓണപ്പൂക്കൾ / വൃത്തം
ചങ്ങമ്പുഴ
എങ്കിൽ, ക്ഷണപ്രഭാചഞ്ചലസ്വപ്നങ്ങൾ
സങ്കടമേകുകി, ല്ലാശ്വസിയ്ക്കൂ, സഖി!
ജന്മാന്തരങ്ങളിൽപ്പണ്ടുമിതുവിധം
നമ്മളൊരുമിച്ചിരുന്നൊരാ വേളയിൽ,
അന്നു നാം കണ്ടൊരപ്പൊന്നിൻ കിനാക്കള-
ല്ലിന്നുമണഞ്ഞതെന്നാരറിഞ്ഞൂ, സതി!
ഇന്നവമാഞ്ഞുമറഞ്ഞതുകണ്ടിട്ടു
ഖിന്നയാകായ്കവ, വന്നിടും പിന്നെയും!
വർത്തമാനം ഭൂതമായ് സ്വയം മാറുന്നു
വർത്തമാനത്തിലണയുന്നു ഭാവിയും.
ഭൂതങ്ങൾ ഭാവിയായ് മാറുന്നി, താബ്ഭാവി
ഭൂതമായ്ത്തീരുന്നു വർത്തമാനംവഴി
വൃത്തമാണേവം സമസ്തവും;-പോയവ
യെത്തും, മറഞ്ഞുപോം നിൽപവയൊക്കെയും!
രാവും പകലും, യഥാർത്ഥത്തി, ലൊന്നുപോ-
ലാവശ്യമാണിജ്ജഗത്തിനെന്നോർക്ക നീ.
വേണമിരുട്ടും വെളിച്ചവും-ജീവിത-
മാണെങ്കിൽ, വേണം ചിരിയും കരച്ചിലും!
ഇല്ല നിയതീയ്ക്കു പക്ഷപാതം, പാഴി-
ലല്ലൽപ്പെടുന്നതെന്തി, ന്നാശ്വസിയ്ക്കു നീ!
നീ വിശ്വസിയ്ക്കൂ നിയതിയിൽ-നിശ്ചയം
നീറും ഹൃദയം ചിരിയ്ക്കുമെങ്കിലും! ...
4-10-1119
11
വിവിധനവവിഭവശതസമ്പന്നമല്ല, മൽ-
ക്കവനമയസാഹിതീപാദപൂജോത്സവം.
കരൾകവരുമതിരുചിരരത്നമൊന്നെങ്കിലും
കരതളിരിലില്ല മേ കാഴ്ചവെച്ചീടുവാൻ.
നവലളിതസുമതതിയുമില്ലെനി, യ്ക്കംബികേ,
ഭവതിയുടെ കണ്ഠത്തിൽ മാല ചാർത്തീടുവാൻ-
ഒരു ചെറിയ കൂപ്പുകൈമൊട്ടുനായ്, ലജ്ജിച്ചു!
പുറകി, ലൊരു മുക്കിൽ, പ്പതുങ്ങി നിൽക്കുന്നു ഞാൻ!
12-3-1114
12
മൃദുലതന്ത്രികൾ മുറുകെ മീട്ടി, യെൻ
ഹൃദയവല്ലകി ശിഥിലമായ്!
1-10-1932
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
വിധിയുടെ മുമ്പിൽ
നിശ്ശബ്ദശോകാർദ്ര നിഷ്പന്ദചിത്തനായ്
നിൽപു ഞാൻ ദുർവ്വിധേ, നിന്റെ മുമ്പിൽ
നിത്യവുമിത്രനാളെന്തിനെന്നില്ലാതെ
നിർദ്ദയം നീയെന്നെക്കല്ലെറിഞ്ഞു.
നിന്നോടെതിർക്കാമെന്നാശിച്ചു മൂഢൻ ഞാൻ
മുന്നോട്ടു മുഷ്ടിചുരുട്ടി വന്നു.
സമ്മതിയ്ക്കുന്നു ഞാനിന്നെൻപരാത്തഅയം;
സൌമ്യമായെന്നെ നീ വിട്ടേയ്ക്കൂ!
ആനതശീർഷനായാബദ്ധഹസ്തനാ-
യാനീതനായൊരെൻ നേരെ നോക്കി,
കണ്ണുരുട്ടീടുന്നതെന്തിനാണയ്യോ, നീ
കണ്ണീരിൽ മുങ്ങി ഞാൻ നിൽക്കയല്ലേ?
പൊക്കുകില്ലെൻകൈകൾ ഞാനിനിനിന്റെനേർ-
ക്കൊക്കെപ്പൊറുത്തു നീ മാപ്പു നൽകൂ!
പോകട്ടെ വീണ്ടുമെന്നേകാന്തതയിലേ,-
യ്ക്കേകുകെനിയ്ക്കിന്നനുമതി നീ!
അല്ലലും ഞാനുമായാരുമറിയാതെ
സല്ലപിച്ചെന്നും കഴിഞ്ഞുകൊള്ളാം,
പൊട്ടുന്നിതെൻമന, മയ്യോ, ഞാൻ പോകട്ടേ
കെട്ടഴിച്ചെന്നെ നീ വിട്ടയയ്ക്കൂ!
സ്വപ്നശതങ്ങൾതൻതോളിൽപ്പിടിച്ചു, ഞാൻ
തപ്പിത്തടഞ്ഞു തിരിച്ചുപോകാം
ചൂടും വെളിച്ചവുമാശിയ്ക്കാ മേലിൽ ഞാൻ
മൂടുക നിയെന്നെക്കൂരിരുളീൽ! ....
13-12-1118
ഓണപ്പൂക്കൾ / വിധിയുടെ മുമ്പിൽ
ചങ്ങമ്പുഴ
13
നിൻമനം പോലെ, നീ, നൽകും പ്രമോദവും
നിർമ്മലത്വത്തിൻനികേതമാ, ണോമലേ!
സ്നേഹാപ്തിമൂലം സുഗന്ധമ്പിടിച്ച നിൻ-
സാഹചര്യം, ഞാൻ മറയ്ക്കില്ലൊരിയ്ക്കലും!
മൊട്ടണിയിപ്പു നീ, യെന്മനസ്സിൽ സ്വയം
പൊട്ടിപ്പൊടിച്ച കലാവാസനകളെ.
ജീവിതത്തിന്നൊരു ചേലും കുളുർമയും
ഭാവസാന്ദ്രത്വവുമേകി നീ, ശാലിനി!
ദേവി, യെന്മുന്നി, ലൊരപ്സരസ്സെന്നപോ-
ലാവിർഭവിയ്ക്കുവാ, നെന്തിത്ര വൈകി നീ?
13-10-1119
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
നർത്തകികൾ
അപ്പുഴവക്കിലെപ്പൂങ്കാവിലായിര-
മപ്സരകന്യമാരെത്തി.
നീരാളസാരിയൊരൽപമുലഞ്ഞതിൽ
നീരസം ഭാവിച്ചൊരുത്തി.
നെറ്റിയിൽക്കുങ്കുമപ്പൊട്ടിട്ടതന്നത്ര
പറ്റിയിട്ടില്ലെന്നൊരുത്തി.
നേരെപകുത്തിട്ടു കെട്ടിയ കാർകുഴൽ
നേരെയായില്ലെന്നൊരുത്തി.
മാറണിപ്പൊൻമണിമാലകൾ പോരാത്ത
മാലിയന്നോളായൊരുത്തി.
വാർമുടിക്കെട്ടിലെ വാസന്തപ്പൂമാല
വാടിയതായ് മറ്റൊരുത്തി.
മഞ്ജിരകങ്ങൾ കിലുക്കിനോക്കി, സ്സുഖ-
ശിഞ്ജിതം പോരാഞ്ഞൊരുത്തി.
തങ്കത്തരിവളച്ചാർത്തുകളില്ലാത്ത
സങ്കടമായ്പ്പിന്നൊരുത്തി.
എന്തിനുവിസ്താര, മായതന്നെന്തൊരു
സൌന്ദര്യമത്സരരംഗം!
മത്സരം, സൌന്ദര്യമത്സരം, സൌഭാഗ്യ-
മത്സരം-മത്സരം മാത്രം!
പ്രേമോത്സവങ്ങൾക്കു മെന്മയേറീടുന്ന
കാമദഹേമന്തകാലം.
ചന്ദനശീതള ചന്ദ്രികാ ചർച്ചിത-
സുന്ദരയാമിനീകാലം.
ആടിക്കുഴഞ്ഞു വന്നോളങ്ങളോരോന്നു
പാടും യമുനതൻകൂലം
ചുറ്റുമുന്മാദസൌരഭം മേൽക്കുമേൽ
മുറ്റിനിൽക്കും സുമജാലം.
ഊൽക്കടപ്രേമപ്രകടനകേളികൾ
ക്കൊക്കെയുമെന്തനുകൂലം!
നിർവ്യാജരാഗമേ, നിന്നിലലിയുകിൽ
നിർവൃതിയാണനുവേലം!
ഓണപ്പൂക്കൾ / നർത്തകികൾ
ചങ്ങമ്പുഴ
മോദതരളിതരാമവര്‍ക്കൊന്നുപോല്‍
സ്വേദജലാങ്കിതം ഫാലം.
ചെമ്പനീര്‍പ്പൂക്കള്‍ വിടര്‍ന്നുനിന്നങ്ങനെ-
വെമ്പിത്തുടുത്ത കപോലം
മിന്നല്‍പ്പിണരുകള്‍ വട്ടമിട്ടങ്ങനെ
മിന്നുന്ന പൊന്നാലവാലം,
സദ്രസം സഞ്ജാതമായിതത്തന്വികള്‍
നര്‍ത്തനംചെയ്യുകമൂലം!
ആലവാലത്തിന്‍ നടുവിലൊരു ബാല-
നീലകദംബം ലസിപ്പു-
പീലിത്തിരുമുടിച്ചാര്‍ത്തും നവനവ-
മാലാകലാപവും ചാര്‍ത്തി,
ലോലമുരളീരവം പെയ്തുപെയ്‌തൊരു
നീലകദംബം രസിപ്പൂ!
സ്വപ്നം, വെറും സ്വപ്നമെന്‍മുന്നില്‍ ഞാന്‍ കണ്ട
സ്വര്‍ഗ്ഗമെങ്ങയ്യോ, പറന്നൂ?...
28-6-1938
14
നീറുന്നു മന്മദം- മന്ദഹസിപ്പൂ, ഹാ,
നീലാംബരത്തിലാത്താരാകുമാരികള്‍.
സുന്ദരം വിശ്വം- തുളുമ്പുന്നു ചുറ്റിലും
ചന്ദ്രിക, മര്‍മ്മരം പെയ്യുന്നു മാരുതന്‍.
ഉദ്രസം കൈകോര്‍ത്തു പൂനിലാവില്‍ സ്വപ്ന-
നൃത്തം നടത്തുന്നു നീലനിഴലുകള്‍.
ചൂഴെത്തുളുമ്പുന്നു വീര്‍പ്പിടും വായുവി-
ലേഴിലമ്പാലതന്‍ നേര്‍ത്ത പരിമളം.
സുന്ദരം വിശ്വം- മഥിതമെന്മാനസം
സ്പന്ദിപ്പൂ തീവ്രം, മിഴിനീര്‍ തുടപ്പു ഞാന്‍!
ആരാലണഞ്ഞെന്റെ മുന്നില്‍ നിന്നീടുവോ-
ളാരു നീ,യാരു നീ,യാകാരമോഹിനി?
പച്ചത്തളിര്‍പ്പട്ടണി,ഞ്ഞിളംപുഞ്ചിരി-
പ്പിച്ചകപ്പൂക്കളുതിര്‍ത്തുകൊണ്ടങ്ങനെ,
സോമാംശുധാരയിലൂടാ വിയത്തില്‍നി-
ന്നാമന്ദമൂര്‍ന്നൂര്‍ന്നിറങ്ങിവന്നെത്തി നീ!
തത്തുന്നു, ഹാ, നിന്‍മുഖത്തിനുചുറ്റു,മൊ-
രുല്‍ഫുല്ലദീപ്തപരിവേഷമണ്ഡലം!
ആരു നീ,യാരു നീയത്ഭുതരൂപിണി?
ആരു നീ,യാരു നീയാനന്ദദായിനി?
28-4-1944
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
വിയുക്ത
ജനിതോല്ലാസം നിത്യ-
മസ്സമാഗമോർത്തി-
ജ്ജനൽവാതിലിൻ ചാരെ-
ക്കാത്തുകാത്തിരിയ്ക്കും ഞാൻ.
ഇന്നും ഞാനിരിയ്ക്കയാ,-
ണെന്തിനാ, നാരെക്കാത്താ;-
ണെന്നാശാസുമമെല്ലാം
കൊഴിഞ്ഞു കഴിഞ്ഞല്ലോ.
പലരും വരുന്നുണ്ടു,
പോകുന്നുമു, ണ്ടെന്നാലും,
പഴുതേ കാക്കുന്നൂ ഞാൻ
പാതയെൻമുന്നിൽ ശൂന്യം!
വരുന്നില്ലൊരാൾമാത്രം,
വന്നീടുകയുമില്ലി-
ത്തെരുവീഥിയിൽക്കൂടി,-
യെങ്കിലും, കാക്കുന്നൂ ഞാൻ!
ഹാ, നിത്യപരിചയ-
മൊക്കുമോ മാറ്റാൻ?-കാൽകൾ
താനേ, യാ നേരം വന്നാ,-
ലിങ്ങോട്ടു നീങ്ങിപ്പോകും!
ദൂരെയപ്പാദന്യാസം
കേൾക്കുമ്പോഴേയ്ക്കും, ഹൃത്തി-
ലേറിടും തുടിപ്പെനി-
യ്ക്കെന്നെറ്റി വിയർത്തുപോം.
മറ്റരും കാണാതിരി-
യ്ക്കാനായ്, ഞാൻ മനപൂർവ്വ-
മുറ്റുയത്നിക്കും മുഖ-
വൈവർണ്ണ്യം മറയ്ക്കുവാൻ!
എങ്കിലും, സ്മേരാർദ്രമാ-
മാ മുഖം കാണുന്നേര-
മെൻകവിൾത്തുടിപ്പേറു-
മെത്ര ഞാൻ ശ്രമിച്ചാലും!
ഓണപ്പൂക്കൾ / വിയുക്ത
ചങ്ങമ്പുഴ
അസ്ഥിമാത്രാവശേഷ-
മാ രൂപം, ഞാനോർത്തിടാ-
തിത്ര മേലെൻപ്രാണനോ-
ടെമ്മട്ടിലൊട്ടിച്ചേർന്നു?
കണ്ണിമയ്ക്കാതാ മുഖ-
ത്തങ്ങനെ നോക്കിക്കൊണ്ടു
നിന്നുടും നേരം, സ്വയം
നിർവൃതിക്കൊള്ളുന്നൂ ഞാൻ.
ഒരുവാക്കിടയ്ക്കെങ്ങാ-
നോതുവാനൊത്താൽ, പ്പിന്നൊ
ന്നരുളാൻ, രോമോദ്ഗമം
തടയും, കുഴങ്ങും ഞാൻ!
ഇമ്മന്നിൽ, സ്വാർത്ഥപ്പുക
ലേശവും പുരളാത്ത
നിർമ്മലപ്രേമം പോലു-
മപരാധമാണലോ!
ഞാനെന്റെ ഹൃദയത്തെ
വഞ്ചിയ്ക്കാൻ പഠിയ്ക്കാഞ്ഞ-
താണിന്നീ വിപത്തുകൾ-
ക്കൊക്കെയുമടിസ്ഥാനം
എങ്കിലും, പശ്ചാത്താപ-
മില്ല മേ-നേരേമറി-
ച്ചങ്കിതമാണെൻചിത്ത-
മഭിമാനത്താലിന്നും
ഗദ്ഗദസ്വരത്തിലു-
ള്ളാ യാത്രാമൊഴിയിതാ
മൽക്കർണ്ണയുഗ്മത്തിങ്ക-
ലിപ്പൊഴും മുഴങ്ങുന്നു.
മ്ളാനമാ മുഖ, മശ്രു-
കലുഷം, മായാതെന്റെ
മാനസനേത്രങ്ങൾക്കു
മുൻപി, ലിപ്പൊഴും നിൽപൂ.
ഓണപ്പൂക്കൾ / വിയുക്ത
ചങ്ങമ്പുഴ
മായ്ക്കുവാൻ നോക്കുന്തോറും
മേൽക്കുമേൽത്തെളികയാ-
ണാക്കണ്ണി, ലകളങ്ക-
സ്നേഹത്തിൻ മരീചികൾ.
ഭദ്രവും, രാഗാർദ്രവും,
ദീനവുമാ, മാ നോട്ടം,
നിദ്രയിൽപ്പോലും, നിത്യ-
മസ്വസ്ഥയാക്കുന്നെന്നെ!
എന്തിനായ് വിധിയേവ-
മാനയിച്ചതു, കഷ്ടം,
ചിന്തിയാ, തെൻമുന്നിലാ
പ്രിയദർശനരൂപം?
ഹാ, വരാകി ഞാനൊരു
സുസ്മിതത്തിനുപോലും
കേവലമെനിയ്ക്കീശ-
നേകിയില്ലല്ലോ ഭാഗ്യം!
എൻമനോഭാവം മൂലം
നഷ്ടമില്ലാർക്കും, കാമ-
കന്മഷക്കലർപ്പതി-
നേറ്റിട്ടില്ലൊരിയ്ക്കലും.
ഇന്നോളമപരാധം
ചെയ്തിട്ടില്ലൊരാൾക്കും ഞാ-
നെന്നിട്ടും, വിധിയെന്നെ
നിർദ്ദയം വഞ്ചിച്ചല്ലോ!
എങ്കിലും, വ്യതിചലി-
യ്ക്കില്ലൊരു കാലത്തുമെൻ-
സങ്കൽപം, ദൈവത്തിങ്കൽ-
നി, ന്നിനിയണുപോലും!
എന്നാത്മശുദ്ധിയ്ക്കു, മെൻ-
പാവനപ്രേമത്തിനും,
കണ്ണുനീരാകാം പക്ഷേ
വിധിച്ചതെനിക്കീശൻ.
ഓണപ്പൂക്കൾ / വിയുക്ത
ചങ്ങമ്പുഴ
അതിൽ, ഞാനസംതൃപ്ത-
യല്ലൊരു നാളും-മുഗ്ദ്ധ-
സ്മൃതിക, ളെൻ ചിത്തത്തി-
നുണ്ടല്ലോ താലോലിയ്ക്കാൻ!
ശാശ്വതമാണാ സ്നേഹ,-
മറിയാമെനിയ്ക്കതൊ-
ട്ടാശ്വാസം തരുന്നുമു,-
ണ്ടെന്നാലും, മയ്യോ, മേലിൽ,
എത്രയും മെലിഞ്ഞു നീ,-
ണ്ടരികിൽ സ്പന്ദിച്ചുകൊ-
ണ്ടെത്തു, മച്ഛായാരൂപ,-
മെങ്ങനെ മറക്കും ഞാൻ?
8-11-1119
15
വന്നാലുമോമനേ, സായാഹ്നദീപ്തിയി-
ലൊന്നുനോക്കീടുകീ നാടിന്റെ ഭംഗി നീ!
താർതെന്നൽ പുൽകി, ക്കുണുങ്ങിനിൽക്കുന്നിതാ
പൂത്തും തളിർത്തും മരതകക്കാടുകൾ;
കേവലാനന്ദം നിറപ്പകിട്ടേകിയ
ദേവലോകത്തിലെ സ്വപ്നങ്ങൾ മാതിരി!
ചിത്തമോദാകുലം ചൈത്രം നടത്തുമീ-
ചിത്രകലോത്സവം കാണൂ, വിലാസിനി!
27-9-1119
16
പൊന്നൊലിയ്ക്കുമിപ്പൂവുടൽകൂടിയും
മണ്ണടിഞ്ഞീടുമല്ലോ, മനോരമേ!
10-4-1113
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
ഗായകന്‍
ആ മണിവീണയിലാരുമറിയാതൊ-
രാനന്ദഗാനമടര്‍ന്നുവീണു.
വിശ്രാന്തി വീശിയതിന്‍ മൃദുവീചികള്‍
വിശ്വം മുഴുവനും വ്യാപരിച്ചു.
നശ്വരജീവിതം പൊക്കിയെടുത്തതു
ശശ്വല്‍പ്രകാശത്തില്‍ വിന്യസിച്ചു.
നക്ഷത്രകോടീരം ചൂടിച്ചതിനെയൊ-
രക്ഷയഭാസ്സിലലങ്കരിച്ചു!
സ്വര്‍ഗ്ഗവും ഭൂമിയും കൈകോര്‍ത്തു നില്ക്കുമ-
ച്ചക്രവാളത്തിന്‍ ചവിട്ടുകല്ലില്‍,
രാവും പകലും പുണര്‍ന്നിരുമാര്‍ഗ്ഗമായ്-
പ്പോവുമക്കാലത്തിന്‍ പൂവനത്തില്‍,
പ്രേമനികുഞ്ജത്തില്‍, വെച്ചതു ജീവനെ
യോമനിച്ചോമനിച്ചുമ്മവെച്ചു.
കണ്ണുമടച്ചതിന്‍ കാല്ക്കലൊരായിരം
കര്‍മ്മാങ്കുരങ്ങളൊതുങ്ങി നിന്നു,
കോമളമാമതിന്‍വെള്ളിവെളിച്ചത്തില്‍
വ്യാമോഹരേഖകള്‍ മങ്ങിമാഞ്ഞൂ.
എന്തെല്ലാമിമ്മട്ടിലായിട്ടെ,ന്തെന്നിട്ടും
സംതൃപ്തനായീലപ്പാട്ടുകാരന്‍!
കാണമവന്റെ വിളര്‍ത്ത മുഖത്തൊരു
നീണാളായ് നീങ്ങാത്ത നീലമേഘം.
പ്രാണനിലേക്കു ചുഴിഞ്ഞൊന്നു നോക്കിയാല്‍-
ക്കാണാം വ്രണങ്ങള്‍ പരശ്ശതങ്ങള്‍.
നിത്യമിബ്രഹ്മാണ്ഡം മുങ്ങി,യവന്‍ പെയ്ത
നിശ്ശബ്ദസംഗീതനിര്‍ഝരിയില്‍,
എന്നാ,ലവനോ, വിദൂരയെങ്ങോ നില്ക്കു-
മൊന്നിനെത്തേടുകയായിരുന്നു.
നൊന്തുകരയുമവനിലജ്ഞാതമാ-
മെന്തോ ചിറകിട്ടടിച്ചിരുന്നു.
ഏതോ വിരഹം കടിച്ചവന്നെപ്പോഴും
ചേതല ചോരയൊലിച്ചിരുന്നു.
ആ മഹാസിദ്ധി,യാ വിസ്മയ,മാസ്സുഖ,-
മാ മഞ്ജുസംഗീത,മാ വെളിച്ചം,
ആഗമിക്കായ്കിലവനു മറ്റായിര-
മാനന്ദലബ്ധികൊണ്ടെന്തു കാര്യം?
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
പണ്ടത്തെപ്പാഴറ്റ പട്ടാംബരങ്ങളും
പണ്ടത്തെ രത്‌നവിഭൂഷകളും,
ഓരോന്നഴിച്ചഴിച്ചെല്ലാമെടുത്തവന്‍
ദൂരേക്കിരുളില്‍ വലിച്ചെറിഞ്ഞു.
നിസ്സംശയമവനായവയൊക്കെയും
ദുസ്സഹഭാരങ്ങളായിരുന്നു.
ഇന്നവന്‍ ജീര്‍ണ്ണവസനനായ്ച്ചുറ്റുന്നു
കണ്ണീരുമായി, നിന്‍ വീഥിതോറും!
ആ മണിവീണയിലില്ലൊരു നേരിയ
കാമദസംഗീതവീചിപോലും.
പൊട്ടിത്തകര്‍ന്നാതണിന്നതിന്‍ തന്ത്രികള്‍
നിഷ്ഠുരലോകത്തിന്‍ മര്‍ദ്ദനത്താല്‍.
ലൗകികമോഹങ്ങള്‍ മുന്നില്‍ത്തടകയാല്‍
വൈകിയവനിങ്ങു വന്നുചേരാന്‍.
ഏകാന്തരാത്രിയില്‍ കൂരിരുട്ടത്തവ-
നേകനായ് ചുറ്റുന്നു നിന്‍തെരുവില്‍.
എങ്കിലു,മിന്നെത്ര സംതൃപ്തനാണെന്നോ
സങ്കല്പ്പലോലനാപ്പാട്ടുകാരന്‍!
ചുട്ട കണ്ണീരാല്‍ നിറഞ്ഞുകഴിഞ്ഞുപോയ്
കഷ്ട,മവനുടെ ഭിക്ഷാപാത്രം!
കാണുന്നീലാ മുഖത്തെന്നാ,ലതൃപ്തിതന്‍-
കാര്‍മുകില്‍രേഖകളൊന്നുപോലും,
നീന്തിക്കളിക്കയാണാ മുഖത്തിന്നൊരു
ശാന്തിതന്‍ നേരിയ പുഞ്ചിരികള്‍.
മുട്ടി വിളിക്കുന്നു പിന്നെയും വന്നവന്‍
കൊട്ടിയടച്ച നിന്‍വാതിലിന്മേല്‍
ഭീകരരാത്രിയാണെങ്ങുമിരുട്ടുമാ-
ണേകാകിയാണവനെന്തു ചെയ്യും?
അയ്യോ, വെളിച്ചമേ, നീ,യവനായൊന്നു
പയ്യെത്തുറക്കുക വാതില്‍ വീണ്ടും!
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
വാടിയിലായിരം പൂക്കളിലൂടവന്‍
വാടാത്തൊരെന്നിന്‍ സുഗന്ധമറ്റു.
ഒറ്റമലരിലൊരിക്കലും വറ്റാതെ
മുറ്റിത്തുളുമ്പും മരന്ദഗന്ധം,
തെറ്റിത്തെറിച്ചവന്‍ കണ്ടിതങ്ങീ ലോക-
മൊട്ടുക്കുള്ളായിരം പൂവുകളില്‍!
സ്വര്‍ഗ്ഗീയരശ്മികള്‍ കിക്കിളിയാക്കുന്നൊ-
രക്കല്പമഞ്ജരിയുമ്മവെയ്ക്കാന്‍,
കഷ്ട,മഗ്ഗായകചിത്രപതംഗക-
മെത്രതവണ കുതിച്ചുനോക്കി!
എന്നിട്ടുമെന്തതിന്‍ നിശ്ശബ്ദമോഹങ്ങ-
ളൊന്നൊന്നായൊക്കെ കരിഞ്ഞുപോയി!
മൃണ്മയപഞ്ജരം വിട്ടു വിശുദ്ധമാം
വിണ്മലര്‍ത്തോപ്പില്‍ വിശാലതയില്‍,
ചേലിലതൊന്നിനിപ്പാറിപറക്കട്ടെ
മൂളിപ്പാട്ടോരോന്നു മൂളിമൂളി.
അപ്രേമഗായകന്‍ പാടുന്നതൊക്കെയും
ചില്‍പ്രഭേ, നിന്റെ മഹിമയല്ലേ?
സമ്മതമായില്ല മണ്‍കട്ടകള്‍ക്കതു
നിന്‍മുഖത്താനന്ദം വീശിയിട്ടും
നിന്നെക്കുറിച്ചുള്ളതാകയാലൂഴിയി-
ലൊന്നോടഗ്ഗാനങ്ങള്‍ പാവനങ്ങള്‍
സാദരമപ്രേമഗായകനായിനി
വാതില്‍ തുറക്കൂ, വെളിച്ചമേ, നീ!
5-6-1936
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
17
ഓമലേ, നിന്നെ ഞാനാദ്യമായ-
ത്താമരപ്പൊയ്കയില്‍ക്കണ്ടനേരം,
നമ്മിലൊരാളും നിനച്ചിടാത-
ക്കണ്‍മുന തമ്മില്‍പ്പുണര്‍ന്ന രംഗം-
ആനന്ദസാന്ദ്രമാസ്സന്മുഹൂര്‍ത്ത-
മാരോമലേ, നിനക്കോര്‍മ്മയുണ്ടോ?
പാടലബാലാര്‍ക്കരശ്മി തട്ടി
മൂടല്‍മഞ്ഞല്പാല്പം മാഞ്ഞിരുന്നു.
ആ മലര്‍പ്പൊയ്കതന്‍ ചുറ്റുപാടും
പൂമണം കാറ്റില്‍പ്പരന്നിരുന്നു,
അങ്ങിങ്ങായമ്മരച്ചില്ലകളില്‍
മര്‍മ്മരമല്പം പൊടിഞ്ഞിരുന്നു.
ഉറ്റസഖികള്‍ കുളിച്ചിടുമ്പോ-
ളൊറ്റതിരിഞ്ഞു നീ നിന്നിരുന്നു.
നന്മയും തിന്മയുമാരറിഞ്ഞു
നമ്മള്‍തന്‍ കണ്‍മുനയൊന്നിടഞ്ഞു-
ആനന്ദസാന്ദ്രമസ്സുപ്രഭാത-
മാരോമലേ, നിനക്കോര്‍മ്മയുണ്ടോ?
21-3-1938
ഓണപ്പൂക്കൾ / ആരാധിക
ചങ്ങമ്പുഴ
ആരാധിക
അങ്ങെന്നെ മറക്കില്ലേ ജീവിതവനികയിൽ
മംഗളവസന്തശ്രീ വരുന്നനാളിൽ?
താവകനവനവ ഭാവനകളി, ലൊളി
താവിയെൻതരുണിമ തളിർത്തുനിൽക്കേ;
മാമകചലനങ്ങളാ മനോമുകുരത്തിൽ
മാരിവിൽ മാറി മാറിവിരിച്ചു സത്യം,
ഇല്ലറിയില്ല ലോകം, ഞാനൊരു നിഴലായി-
ട്ടല്ലിലടിഞ്ഞു മാഞ്ഞുമറഞ്ഞു പോകും!
ആ മനം ശതാബ്ദങ്ങൾക്കപ്പുറം, ചക്രവാള-
സീമയിൽപ്പുരട്ടുമ-സ്സാന്ധ്യരാഗം.
എൻകരൾത്തുടിപ്പുകൾ കൊണ്ടു ഞാനിന്നു കൂട്ടും
കുങ്കുമച്ചാറാണെന്നന്നാരറിയും?
അന്ധകാരത്തിൽ ഞാൻ നിന്നങ്ങയെ ജ്യോതിർമ്മയ-
ഗന്ധർവ്വമേഖലകൾതുറന്നുകാട്ടി.
ലോകവും, ഞാനും, എന്തിനല്ലെങ്കിൽബ്ഭവാൻ പോലും
ഹാ, കഷ്ട, മറിഞ്ഞീലന്നാ രഹസ്യം
കാണികൾക്കഖിലവുമത്ഭുതം തോന്നുമൊരു
ചേണഞ്ചും വാനമ്പാടിയെന്നപോലെ,
ഗാനത്തിൻ കുളിർത്തെളിത്തേനു തിർത്തുതീർത്തുകൊ-
ണ്ടാനന്ദലോലനായങ്ങുയർന്നുപോകെ,
ദൂരത്തിക്കാട്ടുപൂവിൻമാനസമഭിമാന-
ധാരയിൽ തുളുമ്പിയതാരറിഞ്ഞു?
കിന്നരമേഖലയിൽപൊന്നിൽക്കുളിച്ചു പല
മിന്നൽക്കൊടികൾ മുന്നിൽകുണുങ്ങിനിൽക്കെ,
ദൂരത്തിപ്പുൽക്കൊടിതൻ നാമ്പിൽനിന്നുയർന്നൊരാ
നേരിയനേടുവീർപ്പ താരറിഞ്ഞൂ?
പൂമൊട്ടിൻകിനാവുകൾ,പൂവിന്റെ നിരാശകൾ
സോമലേഖകൾ മാഞ്ഞപാതിരകൾ!
അല്ലെങ്കിലാശകൾക്കെന്തർത്ഥമിപ്പൂഴിമണ്ണിൽ?-
ഇല്ല മേ പരിഭവംതെല്ലുപോലും!
കഷ്ട, മീയെന്നെപ്പോലിക്കനനപ്പച്ചകൾക്കും
ഓണപ്പൂക്കൾ / ആരാധിക
ചങ്ങമ്പുഴ
മൊട്ടിട്ടില്ലനുദിനമെത്ര മോഹം! -
എന്നാലെങ്ങവയിപ്പോൾ?-ഒന്നൊന്നായടർന്നടർ-
ന്നൊന്നൊഴിയാതഖിലംമണ്ണടിഞ്ഞൂ.
എന്നാലതിമേന്മവർണ്ണിച്ചു പുകഴ്ത്തിയോ-
രന്നത്തെപ്പൂങ്കുയിലിന്നെങ്ങുപോയി?-
ഇല്ലില്ലൊരർത്ഥവുമിങ്ങാശകൾക്ക, വിടുത്തോ-
ടില്ല മേ പരിഭവംതെല്ലുപോലും!
പോവുക, വിജയശ്രീപൂമാലയേന്തിനിൽപൂ
മേവിടാം ഞാൻ തനിച്ചീമൂടൽമഞ്ഞിൽ!
അങ്ങെന്നെക്കുറിച്ചിനിയോർത്തിടേണ്ടൊരു നാളും
മംഗളാശംസ ചെയ്തു മടങ്ങുന്നേൻ ഞാൻ!
12-9-1115
18
അഴലിൻ ഗ്രീഷ്മാന്തത്തിലാകിലെ, ന്താത്തോദാര-
മഴകിൻ നിലാവുമായെത്തി നീ ശശിലേഖേ!
ഇത്രനേരവുമൂഷ്മാവുയർന്നു പരന്നൊരി-
ത്താപ്താന്തരീക്ഷത്തിൽ, നീയമൃതം തളിച്ചല്ലോ!
ആശകൾ നക്ഷത്രങ്ങൾചൂടി നിന്നിതാ, നിന-
ക്കാശിസ്സു നേരും നേരംചിരിപ്പൂ വെൺമേഘങ്ങൾ!
24-09-1119
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
ക്ഷമാപണം
സേവനോൽക്കൃഷ്ടമാം സ്നേഹത്തിൽ വാടാത്ത
ഭാവുക ദീപം കൊളുത്തിയ നിൻഗൃഹം,
നിത്യവൃത്തിക്കുള്ള ജോലിത്തിരക്കിനാ-
ലത്യന്തതാന്തമാമെഞീവിതത്തിനെ,
കാത്തുനിൽക്കുന്നൂ വിദൂരത്തു, ചുറ്റിലും
പൂത്ത മരങ്ങളാമാളിമാരൊത്തതാ!
മാപ്പെനിയ്ക്കേകൂ മനസ്വിനി, ജീവിത-
ത്തോപ്പിൽ ഞാൻ നിന്നെത്തനിച്ചുനിർത്തുന്നതിൽ!
പങ്കെടുക്കാനാശയില്ലായ്കയല്ലെനി-
യ്ക്കൻ പോടതിന്റെ വസന്തോത്സവങ്ങളിൽ.
എന്തുചെയ്യട്ടേ പരതന്ത്രതവന്നു
മുൻപിൽ നിൽക്കുന്നൂ ശകുനം മുടക്കുവാൻ!
സംതൃപ്തനാണു ഞാ, നെങ്കിലും സാദ്ധ്വി, നിൻ-
സമ്പൂതരാഗവിഭവസമൃദ്ധിയിൽ!
ആഗമിച്ചില്ലായിരുന്നു നീയെങ്കി, ലെ-
ന്താശാരഹിതമായ്ത്തീർന്നേനെ ജീവിതം!
എന്നിട്ടു, മൊറ്റയ്ക്കൊഴിച്ചു നിർത്തുന്നു, ഹാ,
നിന്നെ ഞാൻ-ഭദ്രേ, പൊറുക്കുകെൻ സാഹസം!
വാരിവിതറി വിരിച്ചുതരിക നീ
വാടാമലരുകളെൻ വഴിത്താരയിൽ!
15-2-1119
ഓണപ്പൂക്കൾ / ക്ഷമാപണം
ചങ്ങമ്പുഴ
19
നീരാളസാരിയുലഞ്ഞും, നിരുപമ-
നീലാളകങ്ങളിളകിയൂർന്നും!
മുത്തണിമാലകൾ മിന്നിയ മാറിലെ
നൽത്തങ്കത്താമരമൊട്ടുലഞ്ഞും;
ഓരോ കാൽവയ്പിലും മഞ്ജിരശിഞ്ജിത-
ധാരകളങ്ങനെ നിർഗ്ഗളിച്ചും;
താളമേളങ്ങൾക്കിടയി, ലിളങ്കാറ്റി-
ലാലോലമാലതീവല്ലിപോലെ;
ആരും മയങ്ങുമാറാനന്ദലോലയാ-
യാ രാവിലുർവ്വശി നൃത്തമാടി!
നാണത്തുടുതുടുപ്പോമൽക്കവിൾക്കൂമ്പിൽ
മാണിക്യരശ്മികൾ വീശിനിൽക്കേ;
മന്ദ്രമധുരമായ് മീട്ടിനാർ വീണകൾ
സുന്ദരകിന്നരകന്യകകൾ!
കേവലമാനന്ദസ്തബ്ധനായ് ദേവേന്ദ്രൻ
ദേവസദസ്സൊന്നിളകിപ്പോയീ.
മൽക്കലാസങ്കൽപകൽപകപ്പൂമൊട്ടി-
നക്കാഴ്ചയേകീ വികാസഹാസം!...
5-7-1111
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
ക്ഷാമയക്ഷി
അടിയട്ടെ, ചെങ്കോലടിയട്ടേ, വേഗ
മരിവാളിൻ കാലമണയട്ടേ!
വറുതികൊണ്ടയ്യോ, വരളുന്നൂ ലോകം
വരിക നീ ധാന്യസുലഭതേ!
കൊടിയ ദുഭിക്ഷരുധിരയക്ഷിതൻ-
കുടിലദംഷ്ട്രകൾക്കിടയിലായ്,
പതിതജീവിതം ചിറകൊടിഞ്ഞാർത്തു
പരമദീനമായ്പ്പിടയുന്നു.
തെരുവുകൾതോറും, വരളും തൊണ്ടയിൽ
മരണദണ്ഡം നിന്നലറുന്നു.
വിഷമയങ്ങളാം വിവിധരോഗങ്ങൾ
വിഹരിപ്പൂ വുശ്വം മുഴുവനും.
എവിടെയും ക്ഷാമം, ദുരിതം, ദുർഭിക്ഷ-
മെവിടെയാണിവയ്ക്കവസാനം?
മഴ വീഴാതില്ല, വെയിൽ വീശാതില്ല
മഹിമതൻവീട്ടിൽ, മലനാട്ടിൽ,
മകരമഞ്ഞെത്തിത്തഴുകിയാൽപ്പിന്നെ
മലരിടാതില്ല മരമൊന്നും.
ഇടവപ്പാതിതന്നറുതിയിൽ, പ്പച്ച-
പ്പുടവ ചാർത്തുന്ന വയലുകൾ;
അവയെപ്പുൽകുമ്പോൾ പുളകം പൂണ്ടപോ-
ലലകൾ ചാഞ്ചാടുമരുവികൾ;
അജകിശോരങ്ങളഴകിൽപ്പുല്ലുമേ-
ഞ്ഞലയുമോമൽപ്പുൽത്തകിടികൾ;
അരിയ സസ്യശ്രീ കളിയാടും നാനാ
ഹരിതമോഹനവനികകൾ;
കരളിലാനന്ദം പകരുവാൻ, നേർത്ത
കലകളം പെയ്യും പറവകൾ;
മഹിതം സമ്പന്നം മലനാ, ടെന്നിട്ടും
മതിയായില്ലെന്നോ വിഭവങ്ങൾ?
അഴകും, ശാന്തിയും, സുഖഡരോഗ്യവും,
അലരുതിർക്കുന്നോരിവിടത്തിൽ
ഉരിയരിക്കഞ്ഞിക്കൊരുവഴിയില്ലാ-
തുരുകുന്നോ, കഷ്ട, മുദരങ്ങൾ?
അരിയകൽപകനിരകൾതൻ നാട്ടി-
ലലയുന്നോ മേന്മലഗതികൾ?
ഭുവനത്തിലെങ്ങുണ്ടിവിടുത്തേപ്പോലു-
ള്ളവധിയില്ലാത്ത വിഭവങ്ങൾ?
ഓണപ്പൂക്കൾ / ക്ഷാമയക്ഷി
ചങ്ങമ്പുഴ
ഫലമെ, ന്തെന്നിട്ടു, മിതുപോൽ മറ്റെങ്ങു-
ണ്ടുലകി, ലുൽക്കടദുരിതങ്ങൾ!
ധനഗർവ്വത്തിന്റെ സുഖമദം പ്പോണം
ജനത സസ്യശ്രീ പുണരണം.
അടിമയും പാടില്ലുടയോനും പാടി-
ല്ലഖിലരുമൊന്നായമരണം.
തൊഴിലിൻ ക്ഷേത്രത്തിൽസ്സസുഖമെല്ലാരും
തൊഴുകൈയർച്ചിച്ചു കഴിയണം!
അടിയട്ടേ, ചെങ്കോലടിയട്ടേ, വേഗ-
മരിവാളിൻ കാലമണയട്ടേ!
06-11-1118
20
യാത്രയോതിബ്ഭവാൻ പോയൊരാ വീഥിയിൽ
പൂത്തുപൂത്താടിയ സായാഹ്നദീപ്തികൾ;
അന്നെന്റെ ചിന്തയിൽ പൂശിയ സൌരഭ-
മിന്നും തനിച്ചിരുന്നാസ്വദിയ്ക്കുന്നു ഞാൻ!
ആവഴിത്താരയ്ക്കിരുവക്കിലും, തളിർ-
ത്തൂവാലയാട്ടിക്കുണുങ്ങീ ലതികകൾ!
പിന്നാലെയെൻമിഴിക്കോണുകൾ പായിച്ചു
നിന്നിത്തൈമരം ചാരി വീർപ്പിട്ടു ഞാൻ.
ചേലിൽത്തഅലതിരിച്ചെൻനേർക്കിടയ്ക്കിട-
യ്ക്കാലക്ഷ്യമാക്കിയെറിഞ്ഞ മിന്നൽപ്പിണർ,
അപ്പൊഴെല്ലാമെൻശിരസ്സുതാഴ്ത്തിച്ചതോ-
ടൊപ്പമൊ, ന്നിക്കിളിയാക്കി മൽച്ചിത്തവും!
02-11-1118
ഓണപ്പൂക്കൾ
ചങ്ങമ്പുഴ
ചാരിതാർത്ഥ്യം
വിമലേ, വിശാലമാംലോകത്തി, ലങ്ങിങ്ങായി
വിഹരിച്ചിരുന്ന നാമെങ്ങനെ യടുത്തെത്തി?
പനിനീർപ്പൂമൊട്ടുപോൽ,കൌതുകം കസവിട്ട
പരിശുദ്ധിയി, ലെന്റെകൌമാരം വിടർന്നപ്പോൾ.
ആലകളോളംവെട്ടുംഹൃത്തുമായ്, വിജയത്തിൻ-
പേശലകരാശ്ലേഷമേൽക്കുവാനുഴറീ ഞാൻ.
വെളിച്ചം തളിച്ചെത്തുംപകലിൻ, സൌഭാഗ്യത്തിൻ-
കളിവാർമലർക്കാവിൽ,ചാഞ്ചാടീ നിഴലുകൾ!
കിളരും പ്രതീക്ഷകൾസർവ്വവും തഴച്ചുയർ-
ന്നിളകിച്ചേർന്നൊന്നിച്ചുപൂത്തു കായ്ക്കുവാൻ പോയാൽ,
പൂവനമാവില്ലല്ലോജീവിത, മതുപിന്നെ-
ക്കേവലം വനം മാത്രംസമ്പൂർണ്ണ സംതൃപ്തൻ ഞാൻ!
വൻപിച്ച ഫലവൃക്ഷമൊന്നുമി, ല്ലെന്നാലെന്തീ-
ച്ചെമ്പനീർപ്പുന്തോപ്പെനിയ്ക്കേകിയല്ലോ, ഹാ, ദൈവം!
അത്ഭുതമെനിയ്ക്കെന്റെജീവിതഗതിഭേദ-
മത്ഭുതമാണേവം നിന്നാഗമോത്സവവും മേ!
09-11-1119
ഓണപ്പൂക്കൾ / ചാരിതാർത്ഥ്യം
ചങ്ങമ്പുഴ
21
മർത്ത്യതയുടെ മായയ്ക്കുമപ്പുറം
നൃത്തമാടും സനാതനസത്യമേ!
വിശ്വമൊട്ടുക്കണച്ചു തഴുകിടും
വിസ്മയാവഹനിത്യസൌന്ദര്യമേ!
തുച്ഛമാകുമീ മൺകുടിലിങ്കലും
തുഷ്ടിയാൽ,നിൻവിളക്കു കൊളുത്തി നീ!
12-10-1111