അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
കുറിപ്പ്
സമാഹരിക്കപ്പെട്ട കൃതികളിലൊന്നും ഉൾപെടാത്തതും പത്രമാസികകളിൽ നിന്ന് സമ്പാദിക്കപ്പെട്ടവയുമാണ് അനുബന്ധകവിതകളായി ചേർത്തിരിക്കുന്നത്.
-
-
- വിപ്ലവത്തിന്റെ വിളി!
- അശ്രുധാര
- സ്വപ്നനൃത്തം
- ഒരു ബെല്‍ജിയന്‍ ഗാനം
- ദേവനൃത്തം
- നിരാശനല്ല
- വിടവാങ്ങല്‍
- പിന്തിരിഞ്ഞോടില്ല
- ജയന്തി
- സ്വാഗതഗീതം
- പാല്‍ക്കാരി
- സഞ്ജയനെ പരിഹസിച്ച്
- ഭാരതഗീതം
- അമാലന്മാര്
- ഒരു വിവാഹമംഗളാശംസ
- സ്ഥാനം നേടേണ്ടേ?
- നിദ്രയില്‍ സ്വപ്നം; മൃത്യുവില്‍ സ്വര്‍ഗ്ഗം
- സംസ്കാരരശ്മി
- മുന്നോട്ടുപോകൂ യുവത്വമേ
- ദിനാന്തചിന്ത
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
മംഗളം
വെല്ലുക വെല്ലുക വെണ്‍കതിര്‍വീശി വി
ലസുക ബാലാര്ക്കദേവബിംബം.
ബാലാനിലന് ജയകാഹളഘോഷഹ്ങള്
നാലുഭാഗത്തും പരത്തിയാലും
വൃക്ഷാഗ്രഭാഗത്തില് പക്ഷം വിരിച്ചെന്റെ
പക്ഷിവൃന്ദങ്ങളേ, പാടിയാലും.
മല്ലികാമാകാന്ദമഞ്ജുളമന്ദാര
മുല്ലകള്തന്റെ കുസുമങ്ങളേ!
നിങ്ങള്തന് സൗരഭ്യമൊന്നിജ്ജഗ്ഗത്തിങ്ക
ലെങ്ങും പരത്തി പ്രശോഭിച്ചാലും.
ബാലികമാര്കുലമൗലിവൃന്ദങ്ങളേ
താലങ്ങളേന്തി നിരന്നുകൊള്‍ക.
പൂര്വാംബരാംബികേ, നാടെങ്ങും താവക
തോരണം തൂക്കുക തൂമപൂണ്ടെഭ്ഭുമേ
താവകപീയുഷം വര്‍ഷിക്കുക.
കുങ്കുമവര്ണ്ണമാം താവകപൂഞ്ചേല
മങ്കയാളേ, നീ വിരിച്ചുകൊള്‍ക.
സൗരഭ്യമേറും പനിനീര് തളിച്ചെങ്ങും
പാരം മനോഹരമാക്കിയാലും
താവകവാര്ത്തയേ വാഴ്ത്തുവാനല്ലയോ
പൗരസ്ത്യദൂതന്‍' ഭൂജാതനായി?
കാലക്രമംകൊണ്ടു തേജസ്സു വര്ദ്ധിച്ചീ
ബാലകപൗരസ്ത്യദൂതനെന്നും
പാരില്‍ ലസിക്കട്ടെ പാരം ഗുണങ്ങളി
പ്പാരിനു നല്കട്ടെ നാളില്‍ നാളില്‍.
അമ്മേ, ഭവതി വളര്ത്തിയിപ്പുത്രനെ
ചെമ്മേ, ജഗത്തിനു നാഥനാക്കി
എല്ലാ ഗുണങ്ങളും നാള്‍ക്കുനാള്‍ നല്കിയി
ന്നെല്ലാര്ക്കും വന്ദിതനാക്കിടേണം.
വെല്ലുക വെല്ലുക വെണ്‍കതിര്‍ വീശി വി
ലസുക കൈരളീദേവിയെന്നും!
(പൗരസ്ത്യദൂതന്‍ മാസികയില്‍ 1927ല്‍ അതായത് 16ാം വയസ്സില്‍ പ്രസിദ്ധപ്പെടുത്തിയത്)
സമ്പാദകന്‍ എസ്. ഗുപ്തന്നായര്)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
എന്റെ കടമ
മണ്ണിലോ വിണ്ണിലോ ചെന്നു വീണീടട്ടെ
കണ്ണുമടച്ചു കുതിക്കുമരുവി ഞാന്‍!
നീരകണങ്ങളാല് നീലാശ്മപാളികള്
ക്കാ രമ്യഹാരങ്ങള് നിര്‍മ്മിച്ചു നിത്യവും
പിന്നോട്ടു നോക്കാതെയെന്തും വരട്ടെ; ഞാന്‍
മുന്നോട്ടുതന്നെ കുതിക്കുമസംശയം!
ദൂരത്തൊരുദിക്കിലുണ്ടെന്നു കേട്ടു ഞാന്‍
വാരിധി'യെന്നൊരു വാത്സല്യഭാജനം.
നേരെ ഗമിക്കയങ്ങെത്തുവാനാവുകില്
ചാരിതാര്ത്ഥ്യമെനിക്കില്ലതിന്മീതെയായ്!
ശൈലസ്തനങ്ങളെപ്പച്ചിലപ്പട്ടിനാല്
ചാലവേ മൂടുമിക്കാനനലക്ഷ്മിയെ
എന്നും പുളകിതഗാത്രയായ്ത്തീര്ക്കുവ
നെന്നലച്ചാര്ത്താല് തഴുകിത്തഴുകി ഞാന്‍.
പച്ചത്തടാകം ക്ഷണിക്കുന്നതുണ്ടെന്ന
നല്ച്ചാരുവീചിമൃദ്യുനിനദത്തിനാല്.
വല്ല മുള്ക്കുണ്ടിലും ചെന്നു വീണീടിലും
വന്നിടുന്നില്ല ഞാന്‍ നിന്നടുത്തേക്കിനി!
എന്നിരുഭാഗവും നിന്നു പൂവല്ലികള്‍
പൊന്നിളംപുഷ്പങ്ങള് തൂകുന്നു മോഹനം
പ്രത്യുപകാരമിതിന്നെന്തു ചെയ്വൂ ഞാ
നത്യുത്സവമെനിക്കീയഭിഷേചനം!
ചിത്തത്തുടിപ്പിനാലൊറ്റാവാക്കോതുവാ
നൊത്തീല; നിങ്ങളെന്‍ കുറ്റം പൊറുക്കണേ!
ഞാന്‍ വെറും കാട്ടാര്; എനിക്കെന്തു ചെയ്യുവാ
നാവുന്നു? നിഷ്ഫലം മന്മനോവാഞ്ഛിതം!
എന്‍ തുച്ഛജീവിതം കൊണ്ടുമീ ലോകത്തി
നെന്തെങ്കിലും ഗുണമുണ്ടായിരിക്കണം!
സച്ചില്സ്വരൂപനല്ലെന്നാകിലെന്തിനാ
ണിച്ചിത്രവേലയില് പാഴാക്കി നാളുകള്‍?
എന്തോ കടമ ഞാന്‍ ചെയ്തുതീര്ക്കേണ്ടതു
ണ്ടെന് തോഴരേ, യതിന്നുദ്യമിക്കട്ടെ ഞാന്‍!
ദീപം, 1931 ഡിസംബര്‍
(സമ്പാദകന്‍: എസ്. ഗുപ്തന്നായര്)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
സൗഹൃദമുദ്ര
"അനുഗിനോല്ക്കര്ഷപൂര്ത്തിയില് പൂത്തിടു
മനുഭവങ്ങള്‍ തന്നാനന്ദമര്മ്മരം,
അനുപമാദര്ശസൗരഭസാന്ദ്രമാ
യനവരതമുതിര്ന്നുതിര്ന്നങ്ങനെ;
വരനവവധൂരത്നമേ, ശാന്തിതന്‍
സുരവനികയായ്ത്തീര്ന്ന നിന് ജീവിതം,
ഭരിതകൗതുകം സ്വാഗതം ചെയ്കയാ
ണൊരു മനോജ്ഞവസന്തമാസത്തിനെ!
വിവിധവിശ്വവിഭവസമൃദ്ധിതന്
വിളനിലമാമൊരു വിസ്മയത്തിനെ!
പ്രണയസാന്ദ്രത പൂശുമത്യുത്തമ
ഗുണഗണങ്ങള്തന് സാരസത്മത്തിനെ!
അനഘാകുമീസമ്മേളനാപ്തിയാ
ലയി, മനസ്വിനി, ധന്യയായ്ത്തീര്ന്നു നീ!
വരണമാല്യത്തോടൊപ്പം പരസ്പരം
കരളു കൈമാറി നില്ക്കുന്ന നിങ്ങളെ;
പരചീലിക്ഷിച്ചനുഗ്രഹിച്ചങ്ങതാ
പരിലസിക്കുന്നു താരാകുമാരികള്‍!
കരള്‍ കവരുമാക്കല്യാണവേദികയ്
ക്കൊരു പരിവേഷമിട്ടുകൊണ്ടങ്ങനെ;
ചിറകൊതുക്കി നില്ക്കുന്നുണ്ടദൃശ്യരായ്
പരസഹസ്രകമാകാശദേവിമാര്!
മലര് വിരിച്ചുതരുമവരെപ്പൊഴും
മഹിയില്‍ നിങ്ങള്‍ പോം പാതയിലൊക്കെയും.
അഹമഹമികമെത്തിടും നിങ്ങള്‍ത
ന്നരികി,ലായിരമാത്മാനുഭൂതികള്!
പരിചരിച്ചിടും സൗഭാഗ്യജോന്മദ
പരിധി നിങ്ങളെ, ദമ്പതിമാര്കളേ!
അണിയുമാറാക നിങ്ങളാത്മാവി, ല
ത്യനഘമാം പ്രേമരത്നകോടീരകം!
അതു പൊഴിക്കും വെളിച്ചമായീടണം
ക്ഷിതിയില്‍ നിങ്ങള്തന് ജീവിതദര്പപ്ണം.
മഹിതധര്മ്മമാര്ഗ്ഗത്തില് ചരിക്കണം
മലിനമാകാതെ നിങ്ങള്തന് ചിന്തകള്‍.
വിഭവമേറും വിരുന്നു നല്കീടുമാ
വിജയദേവത നിങ്ങള്‍ക്കു നിത്യവും
മധുരമന്ദസ്മിതാര്ദ്രനതാസ്യയായ്
മണിവിപഞ്ചിക മീട്ടിമീട്ടി സ്വയം,
സദിര് നടത്തട്ടെ നിങ്ങള്തന് ജീവിത
സരണിതോറും സമാധാനമോഹിനി!
വികസിതയാരുരോഗ്യവിശ്രാന്തിയില്
വിലസുവിന് ചിരം! നിങ്ങള്‍ക്കു മംഗളം!''
20-10-1938
(സമ്പാദകന്‍: മുട്ടാര്‍ പി.എന്‍. പണിക്കര്‍)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
4
ഹാ! വസന്തം വന്നുചേര്‍ന്നു, പൂവലംഗി, നിന്നെപ്പോലി
പ്പുവനത്തിന് മുഖത്തിലും പുഞ്ചിരി വന്നു.
ഭാവുകപ്രദായികകള് ഭാവപ്രസന്നകള്, വന
ദേവതകളനുഗ്രഹം ചൊരിഞ്ഞുനിന്നു.
ഇനിയില്ല നെടുവീര്പ്പിനിടയൊട്ടു, മുണര്‍വ്വിന്റെ
പനീര്പ്പൂക്കളെവിടെയും വിരികയായി.
ഇനിയില്ല മിഴിനീരിനിടയൊട്ടു, മുന്മദത്തിന്‍
കനകരശ്മികള്‍ നീളെ നിറകയായി.
പുല്‍ക്കൊടികള്‍പോലും തലപൊക്കി, വിണ്ണില്നിന്നുതിരും
പുഷ്ക്കശ്രീ പുല്‍കിപ്പുല്‍കി പുളകം പൂശി
ദിക്കുകളെ പൊന്നൊളിയില്‍ മുക്കിമുക്കി വാസരശ്രീ
യുള്ക്കുളിരാര്ന്നുല്ലസിപ്പൂ സുസ്മിതം വീശി.
അയി സഖി, തവ ശുഭതരുണിമ തളിരിട്ടി
ട്ടനുപമസുഷമകളണിഞ്ഞുനില്ക്കെ,
അവനിയില്‍ ജീവിതപ്പൂവനിയിലുത്സവത്തിനു
ള്ളവസരമാണിതയ്യാ, പാഴിലൊക്കൊല്ലേ!
05-12-1942
5
ജീവിതവീഥിയിലധികം നീയൊരു
ദാവാഗ്നിയായിട്ടെരിഞ്ഞുയര്‍ന്നു.
പൊള്ളിക്കുകെന്നെ നീ പൊള്ളിക്കു, കത്രമേ ലള്ളിപ്പിടിക്കുകെന് പ്രാണനില്‍ നീ.
നാളീകരൂക്ഷങ്ങളായിടും നിന് നഖ
നാളങ്ങളുള്ളില്ച്ചുഴിഞ്ഞിറങ്ങി
മിന്നിടും തീപ്പൊരിച്ചെന്നിണച്ചാര്ത്തൊരു
ചിന്താവസന്താഭ ചേര്‍ക്കുമെങ്കില്‍
സംതൃപ്തമെന്മനം മേന്മലതിനെ നീ
സന്തപ്തമാക്കിച്ചമച്ചുകൊള്ളൂ.
എല്ലാക്കറകളും നീക്കിയതിനെയൊ
ന്നുല്ലസിപ്പിക്കൂ വിഷാദമേ നീ
19-08-1947
6
ഇന്നലെയാണു ഞാന്വന്നതീ ലോകത്തി
ലിന്നോ ഞാന്‍ കേവലം വൃദ്ധനായി!
നാളേക്കൊരാഴക്കു ചാമ്പല്‍ ഞാന്‍ മജ്ജീവ
നാളമോ?ജീവിതം പൂര്‍ണ്ണമായോ?
31-01-1947
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
7
അന്തിത്തിരിയാലൊരുവേശകസ്മിതം
ചിന്തിനില്ക്കുന്നു നിന് നിശ്ശബ്ദമന്ദിരം.
കണ്ടിടാറില്ലതിലേറെനാളായി ഞാന്‍
പണ്ടത്തെ ദീപ്തിപ്രസരങ്ങളൊന്നുമേ.
നിത്യമൂകത്വം വിറങ്ങലിപ്പിച്ചൊരാ
നിര്‍ജ്ജനോദ്യാനങ്ങള്‍ കാണുമ്പൊഴൊക്കെയും
എന്മിഴിത്തുമ്പില്നിന്നിറ്റുവീഴാറുണ്ടു
നിന്നെയോര്ത്തായിരമശ്രുകണികകള്!
വിസ്മയം തോന്നുമാറെന്മുന്നിലിന്നതാ
വിദ്യുല്ലതപോലണഞ്ഞു നീ പിന്നെയും!
നിര്‍ഗ്ഗമിക്കുമ്പോള്‍ നിന് പിന്നാലെയെത്തുവാന്‍
സ്വര്‍ഗ്ഗം പറക്കുന്നു നീ പോം വഴികളില്‍.
മഞ്ജുഹേമന്തം നിലാവില് കുളിപ്പിച്ചു
മഞ്ഞണിയിച്ച മദാലസരാത്രികള്‍
ഇന്നുമെത്താറുണ്ടു നീ വിട്ടുപോയ നിന്
പുണ്യാശ്രമത്തിലെപ്പുഷ്പിതവാടിയില്.
എങ്കിലും മൂകരായ് നില്‍ക്കുകയല്ലാതെ
തന് കരവല്ലകി മീട്ടിടാറില്ലവര്!
കേട്ടിടാറില്ല നീ പോയനാള്തൊട്ടു നിന്
കൂട്ടിലെത്തത്തതന്‍ കൊഞ്ചലശേഷവും!
തെന്നലാലിംഗനം ചെയ്കിലും മര്മ്മരം
ചിന്തിടാറില്ല മരതകപ്പച്ചകള്‍!
അപ്പപ്പോഴെത്തുമാത്തോപ്പിന്റെ വീര്പ്പിലു
ടസ്പഷ്ടമേതോ വിഷാദപരിമളം.
1936
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
8
കുളിര്‍വാടാമല്ലി, തുളസി നല്ലന്തി
മലരിതൊട്ടോരോ മലര്‍വല്ലി;
നിറയുന്ന ദിക്കില്‍ നിരുപമങ്ങളാം
വിരചിച്ചീടട്ടെ ശവകുടീരങ്ങള്‍
വിവിധരീതിയില്‍, ധനവാന്മാര്.
നഗരപ്പള്ളിതന്‍ നടുമുറ്റത്തെന്റെ
ശകലിതാസ്ഥികള്‍ വിതറൊല്ലേ!
വികലഭാഗ്യ, നെന് വികൃതമാം ജഡം
വിപിനത്തിലെങ്ങാനെറിയണേ!
അവിടെ, യാ വനകുഹരത്തിലെങ്ങാ
നഴുകിയെന്‍ പാഴ്മണ്ണടിയട്ടേ!
കലയുടെയൊരു കണികയെങ്കിലും
കലരാത്തമട്ടില്‍, കളിമണ്ണാല്‍,
വിരച്ചികൊള്വിന് ശവകുടീരമൊ
ന്നുരുനിര്ബന്ധമാണതിനെങ്കില്
മരതക്കുന്നിനടിയി,ലോരോരോ
മരനിരപൂഴും വനഭൂവില്‍.
മലയവായുവിലിളകിച്ചാഞ്ചാടും
മലരണിപ്പൂഞ്ചുലതകളും.
അരികേ പച്ചപ്പുല്‍പ്പരവതാനിയു
മഴകേറ്റും സമതലമൊന്നില്‍.
പലപല പൂക്കള്‍ക്കിടയില്‍ തീര്‍ക്കണേ
പരിചിലെന്നന്ത്യശയനീയം!
അവിടെയെപ്പൊഴും, തുരുതുരെ,ക്കാറ്റില്‍
പവിഴമല്ലിപ്പൂവിതരണം!
അരികിലെപ്പൊഴു, മലതല്ലിപ്പാടു
മരുവിയാമന്ദമൊഴുകണം!
ഇവമാത്രം പോരു, മിവമാത്രം പോരു
മിവ ലഭിക്കില്, ഞാന്‍ ചരിതാര്‍ത്ഥന്‍!
പരിശുദ്ധ മുഗ്ദ്ധഹൃദയരാം നാടന്‍
പരിഷകളെന്റെ നികടത്തില്‍.
(ഒരനുകണം-അപൂര്‍ണ്ണം) 1930
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
9
മാരിവില്ലുമ്മവച്ചാശ്വസിക്കുന്നു ഞാന്‍
മായ പുച്ഛിക്കിലും കോള്‍മയിര്‍ക്കൊള്‍വൂ ഞാന്‍.
മച്ചേതനതന്‍ വിഭാവനാവീഥിയില്
മത്തടിപ്പൂ ഭാവഗന്ധര്വ്വകന്യകള്.
സ്വര്ഗ്ഗങ്ങള്മുന്നില് തുറക്കുന്നിതുല്ലസല്‍
സ്വപ്നാത്മകങ്ങളക്കാല്‍ച്ചിലമ്പൊച്ചകള്‍.
(അപൂര്‍ണ്ണം)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ചന്ദനവള്ളിയില് ചുറ്റിയ കാട്ടുവള്ളിയുടെ പാട്ട്
മമഹൃദയമലരിലെഴും
മധുരമധു നുകരണ്ടേ?
അതിലിയലും ലഹരിപിടി
ച്ചതിമുദ്രിത മുരളണ്ടേ?
മുരളണ്ടേ, മുഴുകണ്ടേ?
വരികെന്റെ വരിവണ്ടേ
വരയുതാം വനലത ഞാന്‍
വരുവതിനും തടവുണ്ടോ?
അകില്‍മരമുണ്ടരികിലവന്‍
പകയെഴുവോനറിയാതെ
ചിറകടിതന്‍ മൃദുരവവു
മൊരുലവും കലരാതെ.
(അപൂര്‍ണ്ണം)
വെള്ളിപ്പൂക്കള്‍
പൂതാനുരാഗാര്ദ്രചിന്താശതങ്ങളാല്
പൂവിട്ടുപൂവിട്ടു പൂജിച്ചു നിന്നെ ഞാന്‍.
ചൊല്ലാതറിയാമെനിക്കപ്പരമാര്ത്ഥ
മെല്ലാം ഗ്രഹിക്കാതിരുന്നവളല്ല നീ.
നിര്ദ്ദയമെന്നിട്ടുമെന്ന നിശ്ശൂന്യമാം
നിത്യനിരാശയ്ക്കടിമപ്പെടുത്തി നീ.
എന്നോടരുതിതെന്നെത്ര കേണീടുമെ
ന്നെന്നുമറിയാത്തഭാവം നടിച്ചു നീ.
ഹാ, കഷ്ടമൊറ്റയ്ക്കിരുന്നു പലപ്പൊഴും
ലോകമറിയാതെ പൊട്ടിക്കരഞ്ഞു ഞാന്‍.
സങ്കല്പസായൂജ്യഭാഗ്യവും കൂടി, വ
ന്നെന്‍ കൈയില്നിന്നിതാ തട്ടിപ്പറിച്ചു നീ!
എങ്കിലും നിസ്തുലനിത്യാനുഭൂതികള്
തങ്കക്കിനാവേ, നിനക്കു നേരുന്നു ഞാന്‍!
12-09-1941
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ധര്‍മ്മഗാനം
(നരനായിങ്ങനെഎന്ന മട്ട്)
പ്രകൃതിദേവി! നിന് വസതി കാണുവാ
നകതാരിലെനിക്കഭിലാഷം
തവ മണിഗേഹേ വരുവതിന്നൊരു
വഴിയുമില്ലയോ? ജഗദംബേ!
പലപല നാളായുലകനായികേ
ചിലവാക്കീടുന്നു സമയം ഞാന്‍
അതിയത്നം ചെയ്തു ഗതികാണാതെ ഞാന്‍
മതി മന്ദിച്ചിതാ വലയുന്നു.
പ്രകൃതിമാതാവേ! നളിനാക്ഷി! നിന്റെ
പ്രകൃതിയിന്നെനിക്കറിയേണം.
II
ഇതി ചിന്തിച്ചൊരു ഗതി കണ്ടീടാതെ
മതിയും മങ്ങി ഞാന്‍ മടങ്ങവേ
കിളികള്തന്നുടെ കളകളരവ
മളികള് മൂളുന്ന സ്വരമതില്‍
അതിലേ പോയി നാമതിഭീമമായ
സ്മൃതി'യാം ദ്വാരേണയകമേറി,
മണിമഞ്ചമദ്ധ്യേ പരിചില്‍ നോക്കുകില്
മണിമയപ്രഭ പൊഴിച്ചിടും
സുഗുണശാലിനി സുമുഖിയാമൊരു
തരുണിരത്നത്തെക്കണികാണാം.
III
പ്രകൃതമാതാവേ! സുഗുണശാലിനി!
ഭവതിതന്‍ ദാസനടിയന് കേള്.
ഭവതിതന്‍ പാദത്തണലൊന്നല്ലാതെ
യിവനില്ലാശ്രയമൂലകത്തില്
നമനം ചെയ്യുന്നേന്, നമനം ചെയ്യുന്നേന്
കമനി നിന് പാദത്തളിരതില്
(ശുഭം)
(സമ്പാദകന്‍: ജി. പ്രിയദര്ശനന്)
വര്‍ക്കല: ശിവഗിരിയില്‍നിന്ന് മൂര്‍ക്കോത്തു കുമാരന്റെ പത്രാധിപത്യത്തില്‍ പുറപ്പെട്ടിരുന്ന ധര്‍മ്മം വാരികയുടെ 1928 മാര്‍ച്ച് 26ാം തീയതിയിലെ പുസ്തകം 1, ലക്കം 24ല്‍ വന്നത്.
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ക്ഷമാപണം
(കല്യാണീ കളവാണീഎന്ന മട്ട്)
ആരമ്യമായിടുന്നോരാരാമദേശത്തിലു
മാരണ്യച്ചാര്ത്തിലും ഞാനമിതമോദം
ആരെയും കൊണ്ടുപോകാതേകനായ് പോവതു ക
ണ്ടാരുമാരമിന്നെന്നെപ്പഴിച്ചിടൊല്ലേ!
കാരുണ്യമില്ലാഞ്ഞല്ല; പാരുഷ്യംകൊണ്ടുമല്ല;
തീരെയിവനെ, തെറ്റിദ്ധരിക്കരുതേ!
കാനനദേവതതന്, സന്ദേശം ചെന്നു വാങ്ങി
മാനവര്ക്കേകുവാനായ് തിരിക്കയാം ഞാന്‍.
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
II
ഇക്കുളിര്പ്പൂഞ്ചോലതന് കല്ലോലമാല പുല്കും
വക്കത്തീ, വെള്ളാരങ്കല്ച്ചരല്വിരിയില്,
കൂപ്പുകൈമൊട്ടുമായ് ഞാന്‍, വന്നിരിപ്പതു കണ്ടു
തീര്പ്പാരുമരുളരുതലസനെന്നായ്!
ചേലില് പരന്നും മിന്നും, നീലംബരത്തില്‍ തിങ്ങും
ലോലമേചകമേഘശകലികകള്,
ഓരോന്നുമെഴുതുന്നു മാമകഗ്രന്ഥത്തിങ്ക
ലോരോരോ ലിഖിതങ്ങള്നിരവദ്യങ്ങള്!
III
ജോലിത്തിരക്കില്പ്പെട്ടു പോകുമെന് കൂട്ടരേ, ഞാന്‍
നാലഞ്ചസപുഷ്പം വഹിച്ചു മന്ദം;
വന്നണഞ്ഞീടുന്നതു കണ്ടിട്ടു നിങ്ങളാരു
മെന്നൊടിന്നണുപോലും മുഷിയരുതേ!
എന്നുടെ കൈയിലുള്ളതോ, രിമ്മലര്മഞ്ജരിതന്
സുന്ദരമായ ലോലദളമോരോന്നും,
സാരസമ്പൂര്ണമാകു, മോരോരോ നിനവിന്റെ
ഭാരവുമേന്തി, വീട്ടില്‍ തിരിച്ചുപോകും.
ഇല്ലൊരു രഹസ്യവുംഎന്നാലവിന്നവ പുഷ്പം
തല്ലജങ്ങളിലെല്ലാം, കുറിച്ചിരിപ്പൂ
ഇല്ല നിഗൂഢമായിട്ടൊന്നുംഎന്നാലിന്നതു
വല്ലിപ്പടര്‍പ്പുകളില്‍, കിളികള്‍ ചൊല്വൂ!
നിന്നുടെ വയലിങ്കല്നിന്നൊരു വിളവെടു
പ്പുന്നത്രപ്രഭാവരാം വൃഷഭവൃന്ദം,
വീട്ടിലേക്കാനയിച്ചു; വീണ്ടുള്ള വിളവിങ്ങി
പ്പാട്ടിലും ശേഖരിക്കാന്‍ മുതിരട്ടേ, ഞാന്‍!
(സമ്പാദകന്‍: ജി. പ്രിയദര്ശനന്)
എമേഴ്സന്റെ 'The Apology എന്ന കൃതിയില്‍നിന്ന് മലയാളരാജ്യം തിങ്കളാഴ്ചപ്പതിപ്പ്. 1933 സെപ്തംബര്‍ 11.
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ഹൃദയഗതി*
(ടാഗോര്‍)
"ആളിടും വിശപ്പിനാലാതുരരായുള്ളോര്ക്കി
ന്നാരു നിങ്ങളിലേല്ക്കുമാഹാരമേകും ഭാരം?''
ശ്രാവസ്തിയിങ്കല് ക്ഷാമബാധ നേരിട് നാളി
ലീവിധം ബുദ്ധദേവന് ചോദിച്ചാല്‍ സദസ്സിങ്കല്‍.
ഹുണ്ടികക്കാരന് മഹാധനദന് 'രത്നാകര'-
നിണ്ടല്പൂണ്ടുത്തമാംഗം കുനിച്ചു ചൊല്ലീടിനാന്‍.
"പട്ടിണിക്കാരെപ്പോറ്റാനിവനുള്ളതിനേക്കാ
ളൊട്ടേറെയാവശ്യമാണിനിയും വിത്തം പ്രഭോ!''
ഭൂമിപാലകന്നുള്ള സേനതന്നധിപനാ
മാമഹാന് 'ജയസിംഹ' നേവമുച്ചരിക്കയായ്;
എന്‍ ജീവരക്തംപോലും പൂര്‍ണ്ണമോദം ഞാന്‍ നല്കു
മെങ്കിലുമാഹാരമില്ന് വീട്ടിലിത്രത്തോളം!''
ഏറെ നാഴികദൂരം വിസ്താരമേറും ഭൂമി
പേറിടും ധര്മ്മപാലന്' നെടുവീര്‍പ്പോടെ ചൊന്നാന്‍.
"അക്കൊടും 'ചിറമല്ല'** നെന്നുടെ വയലുക
ളൊക്കെയും കുടിച്ചയ്യോ വറ്റിച്ചു വരണ്ടുപോയ്!
രാജഭോഗങ്ങള്പോലുമെങ്ങനെ നല്കേണ്ടുവെ
ന്നേതുമിന്നറിഞ്ഞുകൂടെനിക്കു മഹാമതേ!''
പിന്നീടു മന്ദമെഴുന്നേറ്റിതബ്ഭിക്ഷുവിന്റെ
നന്ദിയാം 'സുപ്രിയ' കൂപ്പുകയ്യോടും കൂടി
ശാന്തമായെല്ലാരെയും വന്ദിച്ചശേഷം തയ്യ
ലോതിനാള്: "പാവങ്ങളെ ഞാന്‍ പുലര്‍ത്തുവാന്‍ ദേവ!''
"എങ്ങനെ?" ചോദ്യം ചെയ്താരെല്ലാരുമാശ്ചര്യത്തി-
"ലെങ്ങനെ നിറവേറ്റാന്‍ നിനപ്പൂ ശപഥം നീ?''
"നിങ്ങളിലെല്ലാം വെച്ചു ദരിദ്രയാകുന്നു ഞാന്‍"
മംഗലാംഗിയാള്‍ ചൊന്നാള്‍ "അതുതാനാണെന് ശക്തി!
നിങ്ങളിലോരോരുത്തര്ക്കുള്ള മന്ദിരം തോറും
തിങ്ങിടുന്നുണ്ടെന്നുടെ രത്നഭണ്ഡാഗാരങ്ങള്!"
(സമ്പാദകന്‍: എന്‍.യു. ജോസഫ്)
*1108 മിഥുനത്തില് 'കേരളം' മാസികയില്‍ പ്രസിദ്ധപ്പെടുത്തിയത്.
**Draught Demon ഈ ദിക്കില്‍ 'ചിറമല്ലന്‍' എന്നു പറയാറുണ്ട്.
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ഉദ്യാനപാലകന്‍
(ടാഗോര്‍)
രാജകുമാരന്
ഇന്നു പോയിടും നമ്മുടെ വീടിന്റെ
മുന്നിലൂടെയോ രാജകുമാരകന്
മന്ദിരത്തിലെന് ജോലികളെന്നമ്മേ,
മന്ദിയാതെ പിന്നെങ്ങനെ നോക്കും ഞാന്‍?
ഒന്നുകാണിച്ചുതന്നാലുമെങ്ങനെ
യെന്നണിവേണി ചീകേണമെന്നു ഞാന്‍.
എന്തു ദാവണി ചാര്ത്തണമിന്നെന്റെ
ചെന്തളിര്മെയ്യിലെന്നു കഥിക്കണം.
മല്ക്കിളിവാതിലിലേക്കൊരിക്കലും
നോക്കുകപോലും ചെയ്കയില്ലപ്പുമാന്
കണ്ണടച്ചു തുറക്കുന്നതിനുള്ളില്‍
തിണ്ണമ്മഹാന് പോയിമറഞ്ഞിടും
മന്ദമന്ദം ലയിച്ചുതുടങ്ങുമ
സ്സുന്ദരമായ വേണുഗാനം മാത്രം
ദീനദീനമായ്ത്തേങ്ങിക്കരഞ്ഞേറെ
ദൂരെനിന്നു വന്നെത്തിടുമെന് മുന്നില്‍.
എന്നിരിക്കിലും നമ്മുടെ വാതിലിന്
മുന്നിലൂടെയിന്നാ രാജനന്ദനന്
വന്നുപോയിടുമാ നിമേഷത്തിലേ
ക്കൊന്നു നന്നായ് ചമഞ്ഞുകൊള്ളട്ടെ ഞാന്‍;
മേദുരപ്രഭാമേളിതസ്യന്ദനന്
മേദിനീനാഥനന്ദനന് സുന്ദരന്‍
നമ്മുടെ പടിവാതിലിന് മുന്നിലു
ടുണ്മയില് വന്നുപോയിതെന്നംബികേ!
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
തന്നണിത്തേരില് നിന്നുദയാരുണന്
പൊന്നുരശ്മികള് ചിന്നിച്ചിതറിനാന്
നന്മയില് മന്ദമന്ദമായ് നീക്കി ഞാ
നെന്മധുരാനനാച്ഛാദനാംബരം
മല്ഗ്ഗളത്തിങ്കല് നിന്നുടന്‍ മഞ്ജിമ
നിര്ഗ്ഗളിക്കുമെന് മാണിക്യമാലിക
ആത്തമോദം വലിച്ചു പൊട്ടിച്ചെടു
ത്താവഴിത്താരയിലേക്കെറിഞ്ഞു ഞാന്‍.
എന്മുഖത്തിനു നേരെയിന്നിങ്ങനെ
യെന്തിനമ്മേ, പകച്ചുനോക്കുന്നു നീ?
മാമകമാല്യമാ യുവകോമളന്
ഭൂമിയില്‍ നിന്നെടുക്കാന്‍ മുതിര്ന്നീല.
ചാരുവാമതിന്രത്നമണികളാ
തേരുരുളാല് തകര്‍ന്നു പൊടിഞ്ഞുപോയ്.
പാഴ്നിലത്തിലെ പൂഴിയിലായവ
പാടലച്ഛായ പൂശിയരക്ഷണം.
ആര്ക്കുവേണ്ടിയെന്തര്പ്പിച്ചു ഞാനെന്ന
താരറിയുന്നു ലോകത്തിലംബികേ?
എന്നാലും നമ്മുടെ പടിവാതിലിന്
മുന്നിലൂടാ നരവരനന്ദനന്
വന്നു മന്ദം കടന്നു മറഞ്ഞുപോ
യുന്നതാഭാമിളിതോല്ലസന്മുഖന്
മുന്നിലേക്കു വലിച്ചിറഞ്ഞേകിനേ
നന്നേരമെന്നണിമണിമാല ഞാന്‍!
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
പഥികന്
മാമകമെത്തതന് ചാരത്തു കത്തിയ
ക്കോമളദീപമണഞ്ഞുപോകേ,
കാലേ, കളരൂതം തൂകുന്ന പൈങ്കിളി
ജാലങ്ങളൊന്നിച്ചു ഞാനുണര്‍ന്നു.
ബന്ധമഴിഞ്ഞെന്റെ തോളത്തു ചിന്നിയ
ബന്ധുരനീരന്ധ്രകുന്തളത്തില്,
ചേലലര്മാലയും ചൂടി,ത്തുറന്നിട്ട
ജാലകപാര്ശ്വത്തില് ഞാനിരുന്നു.
പാടലച്ഛായ പരന്നോരുഷസ്സിലെ
മൂടല്മഞ്ഞാളും, നിരത്തിലൂടെ,
ആ യുവയാത്രാകുതുകിയന്നാദാരാ
ലാരാലടികള് വച്ചാഗമിച്ചാന്.
മുത്തണിമാലികയൊന്നുതന് കണ്ഠത്തി
ലുത്തമകാന്തിപൂണ്ടുല്ലസിച്ചു.
ആദിത്യര്ശ്മികളദ്ദേഹം ചൂടിയോ
രാനല്ക്കിരീടത്തിലാപതിച്ചു.
എന്നണിപ്പൂമച്ചിന് വാതായനത്തിന്നു
മുന്നില്‍ വന്നദ്ദേഹം നിന്നശേഷം,
എങ്ങവ?'' ളെന്നുടനെന്നോടു ചോദിച്ചാന്‍
തിങ്ങുമുല്ക്കണ്ഠയാര്ന്നാത്തശോകം.
എന്നിലടിക്കടി വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു
വന്നോരതിരറ്റ ലജ്ജമൂലം,
ഹേ, യുവപാന്ഥാ, ഞാനാണവള'' ത്രയു
മായീലെനിക്കു കഥിച്ചുകൊള്വാന്.
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
അന്തിയായെന്നിട്ടുമെന് മച്ചിലശ്ശര
റാന്തല്‍ കൊളുത്തിക്കഴിഞ്ഞിട്ടില്ല.
ആലസ്യമാണ്ടുകൊണ്ടശ്രദ്ധമെന്നുടെ
കേളിയറയ്ക്കകം കൂരിരുട്ടില്‍,
നീലക്കാര്ക്കൂന്തലഴിച്ചു വിടര്‍ത്തു ഞാന്‍
ലാലസിച്ചീടുകയായിരുന്നു.
അസ്തംഗതനാകുമാദിത്യദേവന്തന്
നിസ്തുലകാന്തിയില് മുങ്ങിമുങ്ങി,
സൗവര്ണ്ണശോഭമാം തന് തേരില്‍ വന്നെത്തി
യൗവനയുക്തിനാമപ്പഥികന്.
വാരാളും വാജികള്തന് വായില്നിന്നപ്പോള്
ധാരയായ് പൊന്നുര വീണിരുന്നു.
ആ യുവകോമളന്തന്നംബരത്തിങ്ക
ലാകവേ ധൂളി പുരണ്ടിരുന്നു.
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
എന്മുറിവാതിലിന് മുന്നിലണഞ്ഞപ്പോ
ളുണ്മയില് താഴെയിറങ്ങിയെത്തി.
എങ്ങവ?'' ളെന്നൊരു വര്ദ്ധിതവൈവശ്യം
തിങ്ങിടും മട്ടില്‍ തിരക്കി മന്ദം
എന്നിലാ മാത്രയ്ക്കുമാത്രയ്ക്കുയര്ന്നിടും
ഉന്നിദ്രമാകും ത്രപാഭരത്താല്
ഹേ, യുവപാന്ഥാ, ഞാനാണവളെ'' ന്നെനി
ക്കായീലദ്ദേഹത്തോടോതാന്പോലും!
വാസന്തയാമിനിയാണ, തെന് മച്ചതില്
വാടാവിളക്കൊന്നെരിഞ്ഞിടുന്നു.
മന്ദമായിങ്ങെങ്ങും തെക്കുനിന്നെത്തിയ
മന്ദസമീരണന്‍ സഞ്ചരിച്ചൂ.
കോലാഹലക്കാരിയായൊരെന് ശാരിക
ചേലഞ്ചും കൂട്ടിലുറങ്ങിടുന്നു.
മായുരകണ്ഠത്തിന് വര്ണ്ണമാമെന്നുടെ
മാറിടം മൂടിടുമുത്തരീയം.
സ്വച്ഛമെന്‍ മേനിയില്‍ മിന്നിത്തിളങ്ങുന്നു
പച്ചപ്പുല്ക്കൂമ്പൊളിപ്പട്ടുസാരി.
ശൂന്യത്തെരുവീഥി സൂക്ഷിച്ചു നോക്കി ഞാന്‍
ജന്നലിന്ചാരെ നിലത്തിരിപ്പൂ.
അന്ധരാവൃതരാത്രി ഞാനിങ്ങനെ
മന്ത്രിച്ചുതന്നെ കഴിക്കയത്രേ!
ഞാനാണാ മാനിനി, ഞാനാണാ മാനിനി,
ഹേ, നിരാശാകുലനായ പാന്ഥ!''
(സമ്പാദകന്‍: പോട്ടയില്‍ എന്‍.ജി നായര്‍)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
നശിക്കട്ടെ ഫാസിസം
(രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ 10.05.1118ല്‍ എഴുതിയത്.)
വേരറ്റുവീണു നശിക്കട്ടെ ഫാസിസം,
പോരാളിവീരരേ വെല്ക നിങ്ങള്‍!
നിങ്ങള്തന് പീരങ്കിയുണ്ടകള്‍, നാളത്തെ
മംഗളഭേരികളായിരിക്കും.
നിങ്ങള്തന്നിന്നത്തെ നിസ്തുലത്യാഗങ്ങള്
തിങ്ങളില്‍ തിങ്ങളില്‍ താലിചാര്‍ത്തി
നാളത്തെ ലോകത്തിന്നാനന്ദസ്വപ്നങ്ങള്
നീളെ വിതറിത്തളിര്ത്തു പൂക്കും.
ഹാ! കര്മ്മധീരരേ, നിങ്ങളെ ലോകത്തി
നാകില്ലൊരിക്കലും വിസ്മരിക്കാന്‍
വേഗമിസ്സംഹാരതാണ്ഡവം തീരട്ടെ
വേരറ്റു ഫാസിസം വീണിടട്ടേ!
2
വേരറ്റു വീണു നശിക്കട്ടെ ഫാസിസം
പോരില്‍ നിങ്ങള്‍ക്കു ജയം വരട്ടേ,
മുന്നോട്ടു പോകുവിന്‍, മുന്നോട്ടു പോകുവിന്‍
വെന്നിക്കൊടിയും പിടിച്ചു നിങ്ങള്‍
ആഹലോലരായ് ലോകം മുടിക്കുന്ന
രാഹുഹേതുക്കളെ വെട്ടിവീഴ്ത്തി
പോരാളിവീരരേ മോചനം നല്കുവിന്
സൂര്യനും ചന്ദ്രനും രോഹിണിക്കും
മുറ്റിത്തഴയ്ക്കുമീ കൂരിരുള്‍ പോയ് വീണ്ടും
മൊട്ടിട്ടിടട്ടേ നറുംവെളിച്ചം!
വേരറ്റുവീഴട്ടെ ഫാസിസം, ശാന്തമാം
വേറൊരദ്ധ്യായം വരട്ടെ വേഗം!
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
3
നാമാവശേഷമായ്ത്തീരട്ടെ ഫാസിസം
ക്ഷേമംവരട്ടെ ജഗത്തില്‍ വീണ്ടും
ഒന്നിച്ചണിയിട്ടു ചേരുവിന്‍ സംഗ്രാമ
സന്നദ്ധസംഖ്യാംശസൈനികരേ!
നാടൊക്കെപ്പാടിടും നിങ്ങള്തന് കീര്ത്തികള്
നാളത്തെത്തങ്കത്തൈപ്പെണ്കൊടികള്
മിന്നിത്തിളങ്ങും സുവര്ണ്ണലിപികളില്
നിങ്ങള്തന് വീരപരാക്രമങ്ങള്
ആയത്തമാക്കുവിന് മായാത്ത മുദ്ര
ളാവഹപഞ്ചാസ്യരായ നിങ്ങള്‍...
മണ്ണടിയട്ടെ മലീമസം ഫാസിസം
മംഗളം മന്നില്‍ മലരിടട്ടേ!
4
മങ്ങിമായട്ടെ മലീമസം ഫാസിസം
തിങ്ങട്ടെ ശാന്തിതന്‍ ശ്രീവിലാസം
വിശ്വത്തിലെങ്ങും വഴിഞ്ഞിടട്ടിന്നിയു
മൈശ്വര്യത്തിന്റെ വികാസഹാസം
ഉജ്ജ്വലസംസ്കാരപുഷ്പങ്ങള് മുന്നെപ്പോ
ലുല്ഫുല്ലകാന്തി ചൊരിഞ്ഞിടട്ടേ.
രക്തപ്പുഴകള്‍ മറഞ്ഞിനി സ്നേഹത്തിന്
മുക്താഭിഷേകോത്സവം വരട്ടേ.
ക്ഷാമം നശിക്കട്ടെ, നീടുറ്റ നിസ്തുല
ക്ഷേമം കളകളം, പെയ്തിട്ടേ!
വേരറ്റുവീണു നശിക്കട്ടെ ഫാസിസം
പോരാളിവീരരേ, വെല്ക നിങ്ങള്‍!
(സമ്പാദകന്‍: പോട്ടയില്‍ എന്‍.ജി. നായര്‍
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
കേരളഗീതം
ജയജയ കേരളമാതേ, ജയ ജയ ജലധിസുതേ,
ജയ ജയ ജനചയപൂജിതപാദേ, ജയ ജയ ശുഭചരിതേ!
ജയ ജയ ഭൃഗുസുതസുകൃതപിടാകേ, വസുധാമലതിലകേ!
ജയ ജയ ധാര്മ്മികവിജയപതാകേ, ജയ ജയ മഹിതാന്വയികേ!
കേരവിരാജിതകേദാരകയുതകേളീവനലളിതേ
വീരവധൂശതപാദപയോജപരാഗകലാകലിതേ!
തുംഗവിഭാവിതശൈലവിലാസിനിരഞ്ജിത ശൈവലിനീ
മംഗളദായിനി, മലയജമേദിനി, ജയ ജയ ജയ ജനനി.
2
ക്രൈസ്തവഹൈന്ദവയൂദമുഹമ്മദമതഭേദം ചൊല്ലി
കുത്തുപിടിച്ചിടുകില്ല തൊഴുത്തില്പോല് ഞങ്ങള്‍
ആ മതമദ്യവദ്യമതിനിമേല് തൊടുകില്ലൊരുനാളും
തൂമയില്‍ മമതാമതമാമമൃതം നുകരുവനിനി ഞങ്ങള്‍.
മാമൂലുകളുടെ മാറാലകളെ വലിച്ചുപറിച്ചെറിയാന്
മാനവവംശമഹാവൃക്ഷത്തിനു വളരാന്‍ വളമിടുവാന്‍
നിത്യപുരോഗതി തടവതു സര്വ്വമടിച്ചുപൊടിച്ചീടാന്
നിസ്തുലശക്തിയുയര്ത്തും ഞങ്ങടെ കയ്യുകളാല്‍ തടയും?
(അപൂര്‍ണ്ണം)
(സമ്പാദകന്‍: പോട്ടയില്‍ എന്‍.ജി. നായര്‍
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ബാഷ്പാഞ്ജലി
അന്തിച്ചുകപ്പാര്‍ന്നൊരംബരത്തിങ്കലെ
ക്കെന്തിനു പിന്നെയും പായുന്നു നേത്രമേ?
കല്പാങ്കുരം പോലെ ക്രമമായുള്ളൊരു
കര്‍പ്പൂരഖണ്ഡമുദിച്ചതില്ലിന്നിയും!
കാലമേ ലോകസരസ്സിങ്കല്നിന്നെത്ര
നീലോല്പലങ്ങളറുത്തു ഗമിച്ചു നീ
എത്ര നിശ്വാസങ്ങള്‍ പങ്കവീശീല നിന് ജൈത്രയാത്രയ്ക്കു തെളിച്ച വഴികളില്‍!
കാലമേ ലോകസരസ്സിങ്കല്നിന്നെത്ര
നീലോല്പലങ്ങളറുത്തു ഗമിച്ചു നീ
എത്ര നിശ്വാസങ്ങള്‍ പങ്കവീശീല നിന്
ജൈത്രയാത്രയ്ക്കു തെളിച്ച വഴികളില്‍!
മാമകസ്വപ്നം സഫലമാക്കിത്തീര്ത്ത
ഹേമന്തരാത്രികള്‍ നഷ്ടമായിത്തീര്‍ന്നു മേ!
തോരാത്ത കണ്ണീര് തുടച്ചുതുടച്ചെന്റെ
താരകേ നിന്നെത്തിരക്കി വലഞ്ഞു ഞാന്‍!
മഞ്ഞുനീര്ത്തുള്ളിയും മാണിക്യമാക്കിയ
മഞ്ജുളോഷസ്സിന്റെ മന്ദസ്മിതമാങ്കുരം
ചുംബിച്ചെടുക്കുവാന്‍ ചുണ്ടു വിടര്‍ത്തിയോ
രംബുജപ്പൂമൊട്ടു ഞെട്ടറ്റടര്ന്നുപോയ്.
വാനൊളി വാനിങ്കല്‍ വാരിവിതറിയ
മാരിവില്‍ മാത്രയില്‍ മാഞ്ഞു മറഞ്ഞുപോയ്
മന്നിനെ വിണ്ണാക്കി മാറ്റുവാന്‍ മാത്രമായ്
മിന്നിമറയും ക്ഷണികതേ വെല്‍കെ നീ
തുംഗസൗഭാഗ്യമെനിക്കു വളര്‍ത്തിയ
മംഗലക്കൂമ്പു മറഞ്ഞുപോയെങ്കിലും.
പോകണം പോകണം മുന്നോട്ടുതന്നെ ഞാന്‍
ശോകക്കടലിനുള്ളാഴമളക്കുവാന്‍!
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
എന്നാലുമാ രൂപമോര്ക്കാതിരിക്കുവാന്
എന്നലസാദ്ധ്യം നിലയ്ക്കുകെന് ബാഷ്പമേ!
എന്നിലും മീതെ ഞാനിഷ്ടപ്പെടുന്നൊരു
മുന്തിരിക്കാടിന്റെ ശീതളച്ഛായയില്‍
പുല്ലണിപ്പച്ചവിരിപ്പുലുച്ചയ്ക്കിന്നു
പുള്ളിമാന്കുട്ടിയുറങ്ങാനണകിലും
താരാട്ടുപാടിത്തലോടിടാറുള്ളൊരാ
ത്താരൊളിക്കൈകളെ കാണാത്ത കാരണം
ആശങ്കയാര്ന്നു കരഞ്ഞുകരഞ്ഞുകൊ
ണ്ടാശയറ്റയ്യോ മടങ്ങുന്നിതാകുലം
പാവനസ്നേഹമേ! പാരിലീശന് നട്ട
പാരിജാതത്തിന് കരുണേ ജയിക്ക നീ.
2
മര്മ്മരം മേളിച്ച മാമരക്കാവില്‍ ഞാന്‍
മന്ദാനിലനേറ്റിരിക്കുന്ന വേളയില്‍
നിത്യമെന്‍ കാതിലമൃതം വര്‍ഷംചെയ്ത
സത്യസംഗീതം സമസ്തവും ശൂന്യമായ്
മല്പ്രേമകാഹളം നീളെപ്പരത്തിയ
സുപ്രഭാതങ്ങളഖിലം മറഞ്ഞുപോയ്
ഇന്നവയെല്ലാം സ്മരണതന്‍ പൂങ്കാവില്‍,
നിന്നിതാ നര്‍ത്തനം ചെയ്യുന്നു ശോഭനം!
ചെമ്പട്ടുദാവണി ചാര്‍ത്തിയ വാരുണി
ചെമ്പകപൂത്താലമേന്തി നിന്നീടവേ
വണ്ടണിച്ചെണ്ടുകള് തിങ്ങിനി വാടിയില്‍
തണ്ടലര്‍ പൂത്ത തടാകത്തടത്തിലായ്
നീലശിലാതലം തന്നിലിരുന്നന്നു
മാല കൊരുത്തവള് വാണതോര്ക്കുന്നു ഞാന്‍
ബാലാനിലോച്ചലാല് നീലാളകാളികള്
ലോലാളകത്തില് പറന്നുകളിക്കവെ
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
നീരോളമാളുന്ന നീരാളസാരിയില്
പൂരേണുവീണു പൂരാടാഭ ചേരവേ
മന്ദാക്ഷമന്ദിതകുന്ദമന്ദസ്മിതം
മന്ദാരപുഷ്പങ്ങള്‍ മന്ദാഭമാക്കവേ
ചിത്തത്തുടിപ്പൊന്നടക്കുവാനാകാതെ
യെത്ര പരുങ്ങി ഞാനൊറ്റവാക്കോതുവാന്
സുന്ദരമാമസ്സുദിനങ്ങളേ നിങ്ങള്‍
മന്ദനാമെന്നെ മറന്നുകഴിഞ്ഞുവോ?
കയ്പു പോയ് ജീവിതം കാരസ്കോരോപമം
കൊച്ചലരേ നീയൊഴിഞ്ഞതുകരണം
അന്നതിനൂതനമായിട്ടു തോന്നിയ
മന്നെത്ര വേഗം പഴയതായ്ത്തീര്ന്നു മേ!
അന്തക്കരണമേ! മാത്രയില്‍ മാത്രയി
ലെന്തിന്ദ്രജാലങ്ഹള് കാണിച്ചതില്ലേ നീ!
പ്രേമമരന്ദം മരിച്ചോരു ജീവിത
ത്തൂമലരില്ത്തെല്ലുമാശയില്ലെങ്കിലും
മോഹനേ, നീയെനിക്കോരോദിനത്തിലും
സ്നേഹസന്ദേശമയയ്ക്കേണമോമനേ!
(സമ്പാദകന്‍: പോട്ടയില്‍ എന്‍.ജി നായര്‍)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
അവളുടെ പത്രം
കാണണം നിത്യവുംകണ്ടാല് കുഴപ്പമായ്
കാണാതിരുന്നാല്‍ പിണക്കമാകും
എന്നും പിരിയുമ്പോള്‍ നാളെപ്പറയുവാ
നെന്നോടവള്ക്കുണ്ടാം നൂറുകൂട്ടം.
മുല്ലയ്ക്കല്വീട്ടിലെ മല്ലികക്കുട്ടിക്കു
ചെല്ലപ്പന് കത്തു കൊടുത്ത കാര്യം
താലപ്പൊലി കണ്ടു നില്ക്കുമ്പോഴമ്മിണി
ബാലനെ നോക്കിച്ചിരിച്ച കാര്യം-
സോമനെഴുതിക്കൊടുത്തുരുപന്യാസം
ശ്യാമള കാണിച്ചുതന്ന കാര്യം
ചെല്ലമ്മ വാങ്ങിച്ച സാരിതന്വക്കത്തെ
വെള്ളിക്കസവിന് മിനുമിനുക്കം
ഹിന്ദി പഠിപ്പിക്കും സാറെന്നു കേള്‍ക്കുമ്പൊ
ളിന്ദുമതിയുടെ പാരവശ്യം
പട്ടുലേസ്സുച്ചക്ക് തുന്നുമ്പോള്‍ കൈയെങ്ങോ
തട്ടിയോരല്പ്പം മുറിഞ്ഞ കാര്യം
ഹര്‍മ്മോണിയപ്പെട്ടി വാങ്ങുവാന്‍ കല്ക്കത്തയ്
ക്കമ്മാവനാര്ഡറയച്ച കാര്യം
തങ്കമ്മയ്ക്കച്ഛന് പുതുതായൊരു ജോടി
ത്തങ്കത്തരിവള തീര്‍ത്ത കാര്യം
ഞാനൊരു വല്ലാത്ത പുള്ളിയാണെന്നിന്നു
ജാനമ്മ തന്നോടു ചൊന്ന കാര്യം
ഇന്ദിര കോളേജില്‍ പോകുമ്പോല്‍ സൈക്കിളില്‍
ചന്ദ്രനെതിരെ വരുന്ന കാര്യം
എന്നുവേണ്ടിമ്മട്ടൊരായിരം കാര്യങ്ങ
ളെന്നുമവള്ക്കുണ്ടാമെന്നോടോതാന്.
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ചൈനയും ജപ്പാനും യുദ്ധം തകര്‍ക്കട്ടെ
സ്പെയിനില്‍ കലാപം നടന്നിടട്ടെ.
ജീവത്സാഹിത്യക്കാര് തുഞ്ചത്താചാര്യന്റെ
കാവ്യങ്ങള്‍ ചുട്ടുകരിച്ചിടട്ടെ.
സോഷ്യലിസവും വയറും വിശപ്പുമായ്
ക്കേശവദേവു നടന്നിടട്ടെ;
കോണ്ഗ്രസ്സു മന്ത്രിപദത്തില്ക്കയറട്ടെ
കോമണ്‍സില്‍ വാഗ്വാദം വര്‍ദ്ധിക്കട്ടെ.
കേശവന് ജയിലില്‍ കിടക്കും ദിനസംഖ്യ
കേരളകൗമുദി' കാണിക്കട്ടെ;
പത്തനംതിട്ട എലക്ഷന് കൊടുംകാറ്റില്‍
എത്ര കുമാറും തുലഞ്ഞുപോട്ടെ;
വര്ഗ്ഗീസുഡെപ്യൂട്ടിയദ്ധ്യക്ഷനാകട്ടെ
വര്‍ഗ്ഗീയവിദ്വേഷം വര്‍ഷിക്കട്ടെ;
ആര്‍ക്കും ചിരിവരുംമട്ടിലസംബ്ലിയില്
വാക്കൗട്ടുതന്നെ നടന്നിടട്ടെ;
കാരുണ്യംപൂര്വ്വകമാറുമുഖത്തിനു
കാലാവധികൂട്ടി നല്കിടട്ടെ
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
പത്രങ്ങള്‍ ഭാരതപത്രിക' തൊട്ടവ
കൊച്ചിയില്‍ കേറ്റാതെയാക്കിടട്ടെഹ
ഇല്ലൊരു പങ്കുമവള്ക്കതിലൊന്നിലു
മില്ല വിശേഷവികാരമൊന്നും!
എന്നാലക്കൊച്ചമ്മിണിയോ സരോജമോ
നന്നാമൊരു ബ്ലൗസു മാറിയിട്ടാല്‍
എത്രനേരത്തേക്കവള്ക്കൊരൊന്നാന്തരം
ലക്ചറിനുള്ളതാം മാറ്ററായി!
കോളേജിലാണെങ്കില്‍ ബോറെന്നു തോന്നിയാല്‍
ഹോളില്നിന്നാങ്ങാനൊളിച്ചു ചാടാം.
വല്ല തുളുനാടന്പോറ്റിതന് ഹോട്ടലില്‍
ചെല്ലാമൊരു കപ്പടിച്ചു മാറാം
പ്ലേറ്റു കേട്ടീടാം പുകവലിച്ചുംകൊണ്ടു
കൂട്ടുകാരൊത്തു വെടിപറയാം.
റോഡിലൂടാടിക്കുഴഞ്ഞുനടന്നുപോം
ലേഡീസിനോരോരോ മാര്‍ക്കു നല്‍കാം;
അങ്ങനെയോരോ മുഷിപ്പന്‍ നിമിഷങ്ങള്‍
സംഗീതസാന്ദ്രങ്ങളാക്കി മാറ്റാം
എന്നാലെന്‍ പ്രാണനാമോമലിന് മുന്പില്നി
ന്നെങ്ങനെ ഞാനൊന്നു രക്ഷനേടും?
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ഭൂവിലിവളല്ലാതാരും തുനിയുക
ല്ലീവിധം വന്നെന്നെബ്ബോറുചെയ്യാന്
എന്നാലെനിക്കതിന്നോമര്ഖയ്യാമിന്റെ
സുന്ദരഗാനത്തേക്കാള് മധുരം!
ഓമലാളെന് കാതില്പ്പെയ്യും പ്രസംഗത്തി
ലോരോരോ കോമയ്ക്കും മൂളിടും ഞാന്‍.
എന്നും സെമിക്കോള'നല്ലാതെ ഫുള്‍സ്റ്റോപ്പി'
ട്ടൊന്നും നിറുത്താറില്ലെന്റെ തങ്കം.
പ്രേമസല്ലാപപ്രതിദിനപ്പത്രത്തി
ലോമലാളിന്റെ മുഖപ്രസംഗം
എല്ലാക്കോളങ്ങളും തീര്‍ന്നാലും പിന്നെയു
മെന്നും തുടരുമെന്നായിരിക്കും?
മറ്റൊരുലേഖനം കാണില്ലതിലെന്റെ
യൊറ്റക്കവിതയും ചേര്ക്കുകില്ല.
സൗജന്യമായ് വരും പത്രങ്ങളോരോന്നെന്
സൗകര്യം കാത്തുകിടക്കുകിലും,
ഞാനാ ദിനാന്തപ്പതിപ്പി'ന് വരിക്കാര
നാണെന്നുവന്നതെന്തത്ഭുതമോ!
എന്നാല്‍ വരിക്കാരനനുദിനം വര്‍ദ്ധിച്ചു
വന്നിടുന്നുണ്ടതിന്നെന്തുകൊണ്ടോ!
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
വ്യക്തമായ്ക്കണം ചിലപ്പോളതില്‍ ചില
ശക്തിമത്താകും വിമര്‍ശനങ്ങള്‍!
അന്നമ്മസാറിന് കുശുമ്പു, തെക്കേതിലെ
പ്പൊന്നമ്മ കാണിക്കും താന്തോന്നിത്തം
കാണുവാന്‍ കൊള്ളാത്ത കാമാക്ഷിസാറിന്റെ
നാണമില്ലാത്ത തുറിച്ചുനോട്ടം
ആനന്ദവല്ലിക്കു നീക്കിയാല്‍ നീങ്ങാത്തൊ
രാണുങ്ങളോടുള്ളെടുത്തുചാട്ടം
ഏറെക്കുനിഷ്ഠെഴും പത്മം പലപ്പൊഴു
മേഷണികൂട്ടുന്ന സമ്പ്രദായം
ഇത്യാദിയോരോന്നെടുത്തു വിമര്ശിച്ചാ
ലത്താഴമെന്നെനിക്കൂര്ദ്ധ്വമാകും
പാതിരക്കോഴിയുറങ്ങിക്കഴിയു, മ
പ്പാതവക്കത്തെ വിളക്കണയും.
ആരോമലാളിന്‍ പ്രസംഗമാം നെയ്യാറൊ-
രാമസോണായി വളര്ന്നോഴുകും.
ആര്ട്ടിസ്റ്റാണായവള്കാണാമപ്പത്രത്തില്
കാര്‍ട്ടൂണ്‍ പലതും വിചിത്രമായി.
തീരെച്ചടച്ച ഭവാനിയമ്മയ്ക്കഞ്ചു
വാരത്തുണികൊണ്ടു തീര്‍ത്ത ബോഡി'
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
അംഗജകോമളനാകുമഗ്ഗോപിത
ന്നഞ്ചുവരിപ്പല്ലിനുള്ള ഭംഗി;
എന്നുവേണ്ടായിരം ചിത്രങ്ങള്‍ വാക്കിനാല്‍
നന്നായിട്ടോമല് വരച്ചുകാട്ടും.
അച്ചിത്രം നോക്കിച്ചിരിച്ചു ചിരിച്ചെനി
ക്കൊച്ചപൊങ്ങാതായി വീര്‍പ്പുമുട്ടും
ഞങ്ങള്‍തന്‍ സല്ലാപരംഗമാമിപ്പത്ര
മെന്നുമിതുപോല് നടന്നുവെങ്കില്
എന്നാണതിനുള്ള ലൈസന്സധികൃതര്
വന്നിനി റദ്ദു'ചെയ്യുന്നതാവോ!
പ്രേമസാമ്രാജ്യത്തില്പ്പത്രറഗുലേഷന്
താമസിയാതെ നടപ്പിലാക്കാന്‍
ആലോചനയുണ്ടെന്നാരോ പറഞ്ഞിന്നു
കാലത്തു കേട്ടതാമാധിയായ് മേ!
നിന് നര്മ്മസല്ലാപപത്രം നീയോമലേ
നിന്നിടാതെന്നും നടത്തേണമേ!
(മലയാളരാജ്യം വിശേഷാല്‍പ്രതി)
(സമ്പാദകന്‍: സി.പി. പ്രഫുല്ലചന്ദ്രന്, ചങ്ങമ്പുഴ)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
രഞ്ജന
ഇരുളിലൊറ്റയ്ക്കിരുന്നിദം നിഷ്ഫല
മിനിയൊരിക്കലും കേഴുകയില്ല ഞാന്‍
പരമലോലമെന് മാനസമീവിധം
തകരുമെങ്കില്‍ തകരട്ടെ മേലിലും
അവനിയിലില്ലറിയാനൊരാളു,മെ
ന്നസഹനീയമാം നിശ്ശബ്ദസങ്കടം
നിയതി നോക്കിച്ചിരിക്കയാണിപ്പൊഴും
നിഹതയായൊരെന് ജീവിതനാടകം
ഒരു ചെറിയ കുഠാരം മതി, യതിന്
ഭരതവാക്യവുംകൂടിക്കുറിക്കുവാന്
അതിനു നീയെത്ര വാശിപിടിക്കിലും
മുതിരുവാന്‍ ഭാവമില്ല ഞാന്‍ കാലമേ!
പ്രണയകല്പകശീതളച്ഛായയില്
മരുവിയില്ലത്ര കാമിനീകാമുകര്‍!
മധുരദര്ശനമായിടുമെത്രയോ
മധുവിധുകള് മറഞ്ഞില്ല ഭൂമിയില്‍!
കരയു,തേങ്ങിക്കരയു' കെന്നോതി, യാ
കനകതാരകളൊക്കെയും മാഞ്ഞുപോയി
ചുടുമിഴിനീരില് മുങ്ങിനിന്നായവ
രൊടുവിലേകിയ സന്ദേശവാക്കുകള്‍
വിഫലമഞ്ചാറലകള് ചേര്‍ത്തങ്ങനെ
ചപലവായുവിലന്നന്നലിഞ്ഞുപോയ്!
പ്രണയമേ നിന്നെ നിഷ്കളങ്കത്വത്തിന്
ഹൃദയവേദനയെന്നു വിളിപ്പു ഞാന്‍.
തവ സമാഗമം സന്തതം മേദുര
കദനകാരണമെന്നിരിക്കിലും
അനഘശാന്തിദം നിര്‍വ്വാണദായകം
പരമപാവനം ചുംബനം താവകം.
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
പ്രണയബദ്ധനായ്ത്തീര്ന്നാതണിപ്പൊഴും
നിയതിയെന്നില്ച്ചുമത്തുന്ന സാഹസം,
ഒരു സമാധാനമായതിനേകുവാ
നൊരുതരത്തിലും ശക്തയല്ലിന്നു ഞാന്‍!
( വരികള്‍ ചേര്‍ക്കണം) സരസസല്ലാപലോലകളാകുമെന്
സഖികളോടൊത്തു പൂങ്കാവനങ്ങളില്‍
പുതുമലരുമറുത്തുകൊണ്ടങ്ങനെ
മതിമറന്നു ഞാന്‍ നില്ക്കുന്ന വേളയില്‍
വടിവിലങ്ങെനിക്കേകിയ ലേഖനം
മടിയില്നിന്നൊന്നു തട്ടിപ്പറിക്കുവാന്‍
പലതരത്തിലുമതെത്ര നോക്കീല, യെന്‍
മിടുമിടുക്കിമാരാകുമത്തോഴിമാര്!
അവനില്‍നിന്നും മറച്ചു ഞാന്‍ നിര്‍ദ്ദയ
മനഘമാമെന്നനുരാഗസംഗ്രഹം.
അമലജീവിതരാമവര്ക്കൊക്കെയു
മിനിയുമജ്ഞാതമെന് ഗര്‍ഭധാരണം.
സദയമെന്നപരാധം സമസ്തവും
സഖികളേ, നിങ്ങള്‍ വിസ്മരിക്കേണമേ!...
(അപൂര്‍ണ്ണകൃതി)
(സമ്പാദകന്‍: സി.പി. പ്രഫുല്ലചന്ദ്രന്, ചങ്ങമ്പുഴ)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
തത്ത്വചിന്താത്മകമായ ഒരു കവിത
സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്നവയാകിലും
സ്വപ്നങ്ങളൊക്കപ്പറന്നു പോകും.
നഗ്നയാഥാര്‍ത്ഥ്യങ്ങള്‍ മുഷ്ടിചുരുട്ടും
ഭഗ്നാശ വന്നു ഭയപ്പെടുത്തും.
ആശങ്ക കുത്തു, മമര്ത്തീടും, വ്യാമോഹ
മാശകളൊക്കെക്കൊഴിഞ്ഞുവീഴും.
ആഗമിച്ചീടും ദുരന്തമാം വാര്‍ദ്ധകം
രോഗമെടുത്തു ചവച്ചുതുപ്പും.
എങ്കിലും, ജീവിതങ്ങള്‍ വേദനാപൂര്ണ്ണമാ
ണെങ്കിലും, സ്വപ്നങ്ങള്‍ സുന്ദരങ്ങള്‍!
മായികമാവുകലായിടട്ടായവ
മായുകില്‍ മായട്ടെ, മാഴ്കരുതേ!
നിത്യസ്മൃതി വന്നു നിങ്ങള്ക്കവയുടെ
നിസ്തുലനിര്വൃതി നല്കുമല്ലോ!
(കല്ലുങ്കല്‍ നാണുവിന്റെ 'ചങ്ങമ്പുഴ' എന്ന കൃതിയില്‍നിന്ന്)
(സമ്പാദകന്‍: പ്രഫുല്ലചന്ദ്രന്, ചങ്ങമ്പുഴ)
കേരളസംസ്കാരം
(ഓണപ്പാട്ട്)
പൂമാതിന്‍ പൂവനവാസം വിട്ടീ
ഭൂതലമെത്തുന്ന തമ്പുരാട്ടി!
വന്ദേ! ഭഗവതി! മംഗളം തേ
പോന്നതെന്തിങ്ങു നീ ഗാനമതേ?
പൊന്നോണമാണിന്നീക്കേരളത്തില്
പുണ്യം പുലരുമീയാരാമത്തില്
പൊന്നുതിരുമേനി വഞ്ചിഭൂപന്‍
പൊന്തിച്ച പൊന്നുംകൊടിമരത്തില് പാരം പറക്കുന്ന കാന്തി ചിന്തി
കേരളസംസ്കാരവൈജയന്തി
അക്കുളിര്‍ കാറ്റിലാലോലമാടി
സൗഖ്യമായ് സൗഹൃദഗാനം പാടി
ആനന്ദമാസ്വദിച്ചീടുവാനായ്
ഞാനെത്തി നിര്‍വൃതി തേടുവാനായ്
പാടുക പാടുക ഗാനസത്തേ!
പാടുക തുഞ്ചന്റെ പൊന്നുതത്തേ!
കല്ലുങ്കല്‍ നാണുവിന്റെ 'ചങ്ങമ്പുഴ' എന്ന കൃതിയില്‍നിന്ന് ഒരു നിമിഷകവിത. പരേതനായ ശ്രീ ഈ.വി. കൃഷ്ണപിള്ള അവര്‍കളുടെ ആവശ്യപ്രകാരം മലയാളമനോരമ ആഴ്ചപ്പതിപ്പിന്റെ ഒന്നാം ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തുന്നതിനുവേണ്ടി കവി അര്‍ദ്ധരാത്രിസമയം പത്തുമിനിറ്റുകൊണ്ട് എഴുതിയിട്ടുള്ളതാകുന്നു.
(സമ്പാദകന്‍: പ്രഫുല്ലചന്ദ്രന്, ചങ്ങമ്പുഴ)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ബാഷ്പോപഹാരം
ലോലമേചകമേഘമാലയാല്
നീലവാനിടം മൂടവേ,
മല്പ്രണയമേ നിന്നെയോര്‍ത്തോര്‍ത്തു
തപ്തബാഷ്പം പൊഴിപ്പു ഞാന്‍
കേവമൊരു കണ്ണുനീരിലി
ജ്ജീവിതത്തിന് സമസ്തവും
സദ്രസം കാത്തുവച്ചു ഗൂഢമാ
യിത്രനാളും ഞാ,നോമലെ!
വന്നുപോയ ദിനാന്തകസന്ധ്യക
ളൊന്നൊഴിഞ്ഞിടാതൊക്കെയും
കല്പനാതീതെ, നിന് മനോഹര
സ്വപ്നസന്ദേശമേകി, മേ.
അപ്പൊഴൊക്കെ, ത്തളര്ന്നുവീണിതൊ
രുള്പ്പുളകോത്സവത്തില്, ഞാന്‍.
ഞാനറിയാതെയൊരായിരം മൗന
ഗാനസൗരഭവീചികള്
മന്ദമന്ദമിളകിയെന്തിനോ
മന്മധുരപ്രതീക്ഷയില്!
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ഓമനിച്ചു ഞാനെന്തിനേക്കാളു
മാ മധുരപ്രതീക്ഷയെ.
സാവധാന,മെന്നെങ്കിലു,മതു
പൂവിടുമെന്നൊരാശയാല്
ഇത്രനാളു,മെന്‍ ജീവരക്തത്താല്‍
നട്ടതിനെ നനച്ചു, ഞാന്‍!
ഇന്നതുമൂലം ശൂന്യചേതനം
നിന്നു കേണിടാറായി, മേ!
ശോകസങ്കുലമായിടുന്നൊരീ
ലോകജീവിതത്തിങ്കലും;
ഹാ, ദയനീയമാകുമായിരം
രോദനങ്ങള്‍ക്കിടയിലും!
മന്ദഹാസമായ്, മഞ്ജുഗാനമാ
യെങ്ങൊളിച്ചു കളിപ്പൂ, നീ!
ഒന്നു നീ, യിനിയെങ്കിലും, നേരെ
വന്നിടുകെന്‍, വെളിച്ചമെ!
ദൂരെ, മിന്നല്‍പ്പിണറില്‍, നിന് മൃദു
സാരിത്തുമ്പൊന്നിളകവെ;
വ്യോമഭിത്തിമേല്, താരകം, തവ
ഹേമദീപം കൊളുത്തവെ;
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
മര്മ്മരങ്ങളി,ലങ്ങുമിങ്ങും, നിന്
നര്മ്മസഞ്ചാരശിഞ്ജിതം
അങ്കുരി,ച്ചലചിന്നി,യാമന്ദം
സംക്രമിച്ചുകന്നീടവെ;
സുന്ദരസുമസഞ്ചയങ്ങളില്
നിന് നെടുവീര്പ്പുയവെ;
വെമ്പിടുകയാണെന്തിനോ ഞാ,നെന്
നെഞ്ചിടിപ്പൊന്നടക്കുവാന്!
ഇപ്രകൃതിയിലെന്തിലും കാണ്മു
മല്പ്രണയമെ, നിന്നെ ഞാന്‍.
തുച്ഛമാമൊരു കാട്ടുപൂവിലും
കൊച്ചുപുല്ക്കൂമ്പില്ക്കൂടിയും
നിര്മ്മലശ്രീനികേതമായ് കാണ്മൂ
നിന് മനോഹരസുസ്മിതം!...
എന്നിരിക്കിലും നേര്‍ത്തൊരു മൂടല്‍
മഞ്ഞിനാ, ലതിന് ദര്‍ശനം
മന്മിഴികള്ക്കു മുന്നിലാ,യിതാ
മങ്ങിനില്ക്കായാണെപ്പൊഴും.
ആ യവനിക നീങ്ങി,യുജ്ജ്വല
മായ കാന്തിയില്‍ മുങ്ങുവാന്‍
സത്യസാരമെ, നീ തരുന്നൊരാ
നിത്യശാന്തി നുകരുവാന്‍
മാഞ്ഞുപോകാതെ നിന്നിടു, മൊരു
പൂര്ണ്ണതയെപ്പുണരുവാന്
എത്രനാളായ് കൊതിപ്പു, കഷ്ടമെന്
ദഗ്ദ്ധമാനസമീവിധം!...
ഹാ, മധുരം മധുരമാണെനി
ക്കീ മഹനീയസങ്കടം!
എത്ര മന്ദസ്മിതങ്ങ,ളിന്നിതി
ന്നിദ്ധരയെനിക്കേകിലും;
ഇല്ല, ഞാന്‍ തരി, ല്ലെന്റെയീക്കണ്ണീര്
ത്തുള്ളികളി,ലൊന്നെങ്കിലും!
എന്നവസനസ്പന്ദനത്തില്, ഞാ
നെന്നെവിട്ടു പിരിയുമ്പോള്‍
എന്നുപഹാരമായ്, നിനക്കെനി
ക്കന്നിതര്പ്പണം ചെയ്യണം!...
മാതൃഭൂമി, 25-11-1935
(സമ്പാദകന്‍: പ്രഫുല്ലചന്ദ്രന്, ചങ്ങമ്പുഴ)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ആനന്ദദേവത
വന്നാലും വന്നാലു, മാനന്ദദേവതേ
സുന്ദരമായൊരിസ്സൈകതത്തില്.
ഹേമന്തചന്ദ്രിക വീണുവീണീരംഗം
കോള്മയിര്ക്കൊണ്ടിദം നിന്നിടുമ്പോള്‍
സല്ലാപലോലുപേ, കഷ്ടം, നീ ദൂരെയേ
തല്ലിലൊളിഞ്ഞുമറഞ്ഞിരിപ്പൂ?
ഒന്നല്ല, രണ്ടല്ല, നാളുകളേറെയാ
യെന്നെയും വിട്ടു നീ പോയശേഷം.
നിന്നെയും ധ്യാനിച്ചിരിക്കുകയാണു ഞാ
നന്നിമേഷം തൊട്ടിതുവരെയ്ക്കും!
സന്തപ്തമെന് മനം ചെന്നിണംകൊണ്ടു, നിന്,
സങ്കല്പചിത്രം വരച്ചുനോക്കി,
എന്നനുരാഗാങ്കുരങ്ങളാല് ഞാനതു
വര്‍ണ്ണം പിടിപ്പിച്ചു വല്ലപാടും.
കഷ്ടമെന്നാലതു, മേതോ വെറുമൊരു
മിത്ഥ്യാമരീചിപോല് മാഞ്ഞുപോയി.
എന്നാത്മബാഷ്പപ്രവാഹത്തിലൂടതിന്
സൗന്ദര്യമെല്ലാമലിഞ്ഞൊഴുകി.
വന്നില്ല, വന്നില്ല, നീയടുത്തെന്നിട്ടു
മെന്ന നീയോര്ത്തതുംകൂടിയില്ല.
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
അല്ലെങ്കിലും, നിന് പതിവാണിതു, വെറും
കള്ളങ്ങളേ നിന്റെ കൈയിലുള്ളൂ.
വിശ്വമോഹിനിയാണു നീയെങ്കിലും
വിശ്വസിക്കാന്‍ മേലാ നിന്നെയൊട്ടും
നിസ്തുലനിര്വ്വാണദായിനിയാകാം നീ;
നിത്യവിലാസിനിയായിരിക്കാം;
മന്നിന് സമസ്തമനോഹരത്വങ്ങളും
നിന്നില്നിന്നുണ്ടായതായിരിക്കാം;
ആയുസ്സി,നത്രയ്ക്കൊഴിക്കുവാനാകാത്ത
എങ്കിലും, എങ്കിലും, കേവലമിന്നൊരു
സങ്കല്പരൂപിണിയാ, ണയേ നീ
മായികയാണു, മരീചികയാ, ണൊരു
മാദകയാണയേ മഞ്ജിമേ, നീ!
എങ്കിലും നിന്നെപ്പിരിഞ്ഞിരിക്കുന്നതു
സങ്കടമാണെനി, ക്കോമലാളേ!
ഈ മഞ്ജുശീതളഹേമന്തരാക്കളില്
പ്രേമോത്സവങ്ങള്ക്കു മാറ്റുകൂടും.
നഷ്ടമാക്കൊല്ലേ നീയി വിമലോജ്ജ്വല
സ്വര്ഗ്ഗീയരാത്രികളൊന്നുപോലും.
ഉണ്ടിതിലോരോ നിമേഷത്തിനുള്ളിലും
വിണ്ടലസ്വപ്നോത്സവാങ്കുരങ്ങള്!
നമ്മള്ക്കൊരുമിച്ചിരുന്നിവിടെക്കുറെ
നര്മ്മമധുരമായ് സല്ലപിക്കാം!
മന്ദ,മിസ്സൈകതസങ്കേതഭൂമിയില്
വന്നാലു, മാനന്ദദേവതേ, നീ!
(മാതൃഭൂമി, 1936 മാര്‍ച്ച് 23)
(സമ്പാദകന്‍: പ്രഫുല്ലചന്ദ്രന്, ചങ്ങമ്പുഴ)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
വിപ്ലവത്തിന്റെ വിളി
( തൃശൂര്‍ സാഹിത്യപരിഷത്തില്‍ വായിച്ചത് )
പ്രതിനിമിഷചോദനാധീനനായ് നില്ക്കുമെന്
പ്രണയമയചിന്തകള്ക്കേകാവലംബികേ!
തവചരണകഞ്ജാതസഞ്ജാതശിഞ്ജിത
ശ്രവണനിമിഷങ്ങളില് കോള്‍മയിര്‍ക്കൊള്‍വൂ ഞാന്‍!
അനുപമനവോല്ലാസദായികേ, നിന്മുഖ
ത്തനഘരുചിയത്രമേല് കാണ്മു ഞാന്‍, മായികേ!
അരികി, ലലമുന്മാദലോലസാംഗിയായ്
വരിക വരികിങ്ങു നീ ഗാനകാവ്യാത്മികേ!
വിമലതമമാം നിന് വിലാസലാസ്യങ്ങളില്
വിമഖതകള് കാട്ടിടാം പാണ്ഡിത്യശ്രേണികള്;
അവരവിടന്നു മുഖം കറുപ്പിച്ചിട
ട്ടവരെയൊരു ലേശവും കൂട്ടാക്കിടേണ്ട നീ!
വരിക പരിശുദ്ധമിസ്സാഹിത്യവേദിയില്
സരസനവനര്ത്തനം ചെയ്ക നീ നിസ്തുലേ
തവ നടനദര്ശനം നോക്കി രസിക്കുവാന്‍
തരുണഹൃദയങ്ങള് കൊതിച്ചിങ്ങിരിക്കയാം.
അവമതി നിനക്കന്യരെത്രമേല് നല്കിലെ
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ന്തവരറിയുമെങ്കില് നിന്നാദര്ശശുദ്ധികള്?
ജരനരകള്‍ ബാധിച്ചു പല്ലുപോയുള്ളൊരു
പ്പരമവികൃതാംഗിയാം ശ്ലോകമുത്തശ്ശിയെ
കവനനടനങ്ങള്ക്കിനിയും ക്ഷണിക്കുവാന്‍
നവയുവത ഞങ്ങളെസ്സമ്മതിക്കാത്തതില്
പരിഭവസമന്വിതം ഞങ്ങളെക്കേവലം
പഴിപറവതെന്തിനീ സംസ്കൃതച്ചട്ടകള്?
അവര്‍ പഴയ കൂട്ടുകാര്‍ പണ്ടത്തെ മാതിരി
ക്കവളുടെ സഖാക്കളായ് നിന്നോട്ടെ മേലിലും!
അവളുടെ മുറുക്കാന്‍ പൊതിയുമഴിച്ചുവെ
ച്ചവസരസമോചിതം സല്ലപിച്ചോട്ടവര്.
യുവരസികര് ഞങ്ങള്‍ക്കു മന്ദാക്ഷലോലയീ
നവകവനസംഗീതമുഗ്ദ്ധ മാത്രം മതി.
അവളുടെ വിലാസത്തിലൊക്കെയും കണ്ടിടാ
മവ, രൊരു വിചിത്രമാം തേവിടിശ്ശിത്തരം.
സ്ഥിതികളറിയാത്തൊരാ മിത്ഥ്യോക്തികാരണം
ക്ഷിതിയിലൊരുമട്ടും പതിതയാകില്ലവള്!
പലവടിവിലങ്ങിങ്ങു പൂവിട്ടെ'ടുത്തതാം
പഴകിയ പരുക്കന്‍ തിരുമുറിക്കച്ച'കള്‍
പരിചൊടു ഞെറിഞ്ഞു വാലിട്ടടുത്തുദരാല്
വരിവരി വരക്കുറി'യിട്ടുതന് നെറ്റിയില്‍;
മിഴിയിണമുഴുക്കെകരിമഷിക്കൂട്ടെടു
ത്തെഴുതിയൊരു വാലുമിട്ടു'ദ്ഭുതാകാരമായ്;
തലയിലൊരു കൊട്ടക്കുരുന്നു പൂവാങ്കുരു
നിലക'ളിഹ പത്തുപൂവാ'യിട്ടു ചൂടിയും;
അഴകു കണികാണാത്ത തക്ക'യും തോട'യും
കുഴലിനു സമാനമാ മേന്ത്ര'വും താലി'യും
അടിമുടിയണിഞ്ഞുകൊ,ണ്ടശ്ലോകമുത്തശ്ശി
യവിടെയൊരു കോണിലൊഴിഞ്ഞിരുന്നങ്ങിനെ
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ശിവ, ശിവ' ജപിച്ചോട്ടെഞങ്ങള്ക്കതുകൊണ്ടു
ലവമസുഖമെങ്കിലും തോന്നില്ലൊരിക്കലും!
പരിമൃദുലമാമിളം മാന്തളിര്സ്സാരിയാല്
തിരകളിളകീടുമാറാച്ഛദിതാംഗിയായ്;
ചുരുളിയലുമക്കുളിരല്ലെതിര്ക്കൂന്തലി
ലൊരുസുരഭിലാര്ദ്രമാം ചെമ്പനീര്പ്പൂവുമായ്;
കുറുനിരകള്‍ പാറിക്കളിച്ചിടും നെറ്റിയില്‍
കുതുകകരമാം കൊച്ചുകുങ്കുമപ്പൊട്ടുമായ്;
ചില കനകരേഖപോല് കൈത്താമരത്തണ്ടി
ലിളകിയൊളിവീശും തരിവളച്ചര്ത്തുമായ്;
സ്ഫുടരുചിരഹേരംബരംഭോല്ലസല്സ്തന
ത്രുടിതമൃദുനീരാളകഞ്ചുകത്തിന്നുമേല്
അരവരെയിഴഞ്ഞുകിടന്നു മിന്നിത്തെളി
ഞ്ഞലയലയുമാറുള്ള പൊന്മാലകളുമായ്;
മദഭരിതമന്ദാക്ഷമന്ദസ്മിതാസ്യയായ്;
മൃദുലളിതശിഞ്ജതരഞ്ജിതപാദയായ്;
അനുപദമൊരലസതയൊടാടിക്കുഴഞ്ഞു വ
ന്നണയു, മഭിനവമധുരഗാനകാവ്യാത്മികെ!
തവസരസസല്ലാപനിര്വാണരംഗമാ
ണവഗണിതന് ഞങ്ങള്ക്കൊരാലംബമെപ്പൊഴും.
അതിനു മുതിരുമ്പോ, ളസൂയയാലന്യര് വ
ന്നരുതരുത'തെന്നു തടയുന്നതെന്തിനോ?
അവര്‍ വിപുലവിജ്ഞാനഭണ്ഡാരപാലകര്
വിവിധ വിജയങ്ങള്ക്കടിത്തറ കെട്ടിയോര്‍!
ശരി, യതിനു ഞങ്ങളിന്നെന്തു വേണം?വൃഥാ
പെരുവഴിയിലെന്തിന്നധികാരജല്പനം?
പഴകിയ പുരാണങ്ങള്‍ കെട്ടഴിച്ചിപ്പൊഴും,
പല കഥകള്‍ വീണ്ടും പുലമ്പുകയാണവര്.
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
അതിര്കവിയുമാദര്ശവാദത്തിനായ്, വെറും
പതിരുകളിലൂടെ പറക്കുകയാണവര്‍!
പിടി മുകളിലെത്താത്ത കാഞ്ചനത്താരകള്‍
ക്കടിമുടി വിയര്, ത്താഞ്ഞു ചാടുവാന്‍ നോക്കവെ;
അവരധികഭാഗവും വിസ്മരിക്കുന്നു, തൊ
ട്ടരികില് വിലസും തെളിത്തേന്ചൊരിപ്പൂക്കളെ!
ഒരു ഫലവുമില്ലാത്തൊരാകാശസൗധങ്ങള്
വരിവരിയില്‍ മേല്ക്കുമേല് കെട്ടിപ്പടുക്കുവാന്‍,
തലകളയുമക്കൂട്ടര് കണ്ടില്ലിനിയു, മാ
ന ിലവിളികള് തിങ്ങുന്ന പുല്ലുമാടങ്ങളെ!
അവരുടെയതി പ്രൗഢഭാവനയ്ക്കില്ലപോ
ലവസര, മധഃകൃതത്വത്തെത്തലോടുവാന്!
മണിമയമനോജ്ഞമാം മേടകള്‍ക്കുള്ളില്‍ നി
ന്നവരുടെ മഹല്കാവ്യറാണിമാരൊന്നുമേ
പിരികയര് കഴുത്തിലിട്ടാന വലിക്കിലും
പരിചിനൊടു പാടത്തിറങ്ങില്ലൊരിക്കലും!
മതി;യവര്‍ പിടിച്ചിടും മര്‍ക്കടമുഷ്ടിയോ
ടെതിരിടുവതിന്നില്ല നമ്മള്‍ക്കവസരം
വരിക, യുവസാഹിത്യകാരരേ നമ്മളൊ
ത്തൊരുമയില് നടത്തുകിസ്സാഹിത്യവിപ്ലവം
കഴിയു, മിവര്‍ മാറിയൊഴികിലും, നമ്മള്‍ക്കു
കവനപടഹങ്ങളാല് ലോകമുണര്ത്തുവാന്!
ഇതുവരെ യുറക്കുന്ന പാട്ടുകള്‍' മാത്രമ
ണതിമധുരമായി നാം പാടിയതൊക്കെയും
ഇനി, യുതിരണം നമ്മില്‍നിന്നും, തുരുതുരെ
മനുജനെ യുണര്‍ത്തുന്ന വിപ്ലവപ്പാട്ടുകള്‍.'
സിരകളിലെ രക്തം തിളപ്പിക്കണ, മതിന്
സ്വരഗതിക,ളഗ്നിസ്ഫുലിംഗങ്ങള് മാതിരി
അതിനു യുവചൈതന്യശക്തിക്കു മാത്രമേ
കഴിയുവരികാകയാ, ലോമല്‍ സഹജരേ!
പഴമയൊടു മല്ലിടാം, സാഹിത്യ സാമ്രാജ്യ
പരിധികളെ മുന്നോട്ടു നമ്മള്‍ക്കു നീട്ടിടാം!
വരിക യുവസാഹിത്യകാരരേ, നമ്മളൊ
ത്തൊരുമയില് നടത്തുകിസ്സാഹിത്യവിപ്ലവം.
മാതൃഭൂമി 18-05-1936
(സമ്പാദകന്‍: പ്രഫുല്ലചന്ദ്രന്, ചങ്ങമ്പുഴ)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
അശ്രുധാര
(ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ആത്മഹത്യവൃത്താന്തം പത്രത്തില്‍ വായിച്ചിട്ട് ആദ്യം എഴുതിയ കവിത. ഇതിനുശേഷമാണ് 'സങ്കല്പകാന്തി'യില്‍ ചേര്‍ത്തിട്ടുള്ള 'തകര്‍ന്ന മുരളി' എഴുതിയത്).
പ്രേമത്തിന് വേദന വിങ്ങിവിങ്ങി
യാമണിനാദവും നിന്നുപോയി!
സ്വര്ഗ്ഗത്തിലേക്കാ വിശുദ്ധഗാനം
ഗല്ഗദമായിപ്പറന്നുപോയി!
അമ്മഹാസിദ്ധിയെ നഷ്ടമാക്കി
നമ്മളും നമ്മുടെ നീതികളും!
കണ്ടില്ല ലോകമിതുവരെയാ
ച്ചെണ്ടിന്റെ മാനസസൗകുമാര്യം.
ഇത്രയും കാലമാ രത്നദീപം
വിസ്മൃതമായിക്കിടന്നിരുന്നു.
ഇന്നതിന് ചേതനാദീപ്തിയെല്ലാം
മണ്ണിലടിഞ്ഞു മറഞ്ഞനേരം
പശ്ചാത്തപിക്കലാല്‍ നാമതിന്റെ
പട്ടടച്ചാരം വൃഥാ നനപ്പൂ!
നിത്യനിരാശയി, ലാ നിഹത
സ്വപ്നം കിടന്നു ചിറകടിച്ചു
ചക്രവാളത്തിനുമപ്പുറം ചെ
ന്നെത്തിടും മട്ടില്‍ നിലവിളിച്ചു
ഹാ! ലേശം ഗൗനിച്ചതില്ല മറ്റു
ജോലിത്തിരക്കിലിരുന്നു ലോകം!
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
നീടുറ്റ വിത്തമേ നിര്ദ്ദയമേ,
നീയുമൊരിക്കല്‍ നശിച്ചുപോകും.
നിന് മത്തമാനസസ്പന്ദനവും
മണ്ണിലൊരിക്കലടിഞ്ഞുചേരും
നിഷ്ഠുരസ്വാര്ത്ഥാശ്മപാളികളാല്
കെട്ടിപ്പടുത്ത നിന് ഭോഗഹര്മ്മ്യം,
എത്ര നീ വീഴാതെ നോക്കിയാലും
പൊട്ടിത്തെറിക്കുമൊരിക്കല്, നൂനം!
എത്ര വേണെങ്കിലുമിന്നു നീ, നി
ന്നുത്സവഭേരിയടിച്ചുകൊള്ളൂ!
എന്തു വന്നാലും സഹിക്കയല്ലാ
തെന്തു ചെയ്യും നരന് നിസ്സഹായന്!
(അപൂര്‍ണ്ണം)
(സമ്പാദകന്‍: പ്രഫുല്ലചന്ദ്രന്, ചങ്ങമ്പുഴ)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
സ്വപ്നനൃത്തം
കാല്‍ച്ചിലമ്പൊലി വീശിയെന്‍ മുന്നില്‍
കാല്ക്ഷണം നടമാടി നീ.
വേണുഗാനലഹരിയി, ലെന്റെ വേദനികള് പൊതിഞ്ഞു നീ.
അത്ഭുതം തന്നെയായിരുന്നു, നിന്
സ്വപ്നതുല്യസമാഗമം;
അത്ഭുതം തന്നെയായിരുന്നു, നിന്
സ്വപ്നതുല്യ വിയോഗവും!...
നൊന്തുനൊന്തു വിളിക്കുകയാണെന്
ചിന്തകള്‍ നിന്നെയിപ്പൊഴും!
ചേലിലെന്‍ ചുറ്റും തങ്ങിനില്പു, നിന്
ലോലമല്ലികാസൗരഭം.
ഇന്ദുമെന്തിനിസ്സൗരഭം മാത്രം
പിന്നിലിട്ടേച്ചു പോയി, നീ?
ആശയണ്ടെനിക്കീ മതിഭ്രമ
പാശ,മിന്നൊന്നഴിക്കുവാന്.
ആവതില്ലെന്നാലല്പവുംഹാ, ഞാന
നാവതൊക്കെ ശ്രമിക്കിലും!
എന്തിനീ വലക്കെട്ടിലെന്നെ വി
ട്ടന്തിനേരം പിരിഞ്ഞു നീ?..
കാല,മയ്യോ, ചിരിക്കയാണു, ഞാന്‍
കാലടിച്ചു പിടയ്ക്കവേ!
നിന്നസിതാന്ത്യവസ്ത്രവുമായി
വന്നുകൊള്ളൂ, നിശീഥമേ!..
മാതൃഭൂമി, 1938 നവംബര്‍ 20
(സമ്പാദകന്‍: പ്രഫുല്ലചന്ദ്രന്, ചങ്ങമ്പുഴ)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ഒരു ബെല്‍ജിയന്‍ ഗാനം
മോറിസ് മെറ്റര്‍ലിങ്ക്
അവരുടെ ഹൃദയത്തിലെന്തുണ്ടെന്നറിയുവാ
നവര്‍ കൊന്നാന്‍ മുന്നോമല്ത്തരുണിളെ!
2
അവരി,ലൊന്നാമത്തെത്തരുണിതന് ഹൃദയത്തി
ലനുഭൂതി തുള്ളിത്തുളുമ്പിനിന്നു.
അവളുടെ ചുടുനിണം കുടുകുടെച്ചിതറിനാ
രവര് നീളെ വസുധയിലാകമാനം.
ഇഴകയായ് ചീറ്റിപ്പുളഞ്ഞ, ഹാ, മൂവാണ്ടു,
മുഴുവന്‍ മൂന്നുഗ്രസര്പ്പങ്ങള് മന്നില്‍!
3
അവരില്‍ രണ്ടാമത്തെക്കമനിതന്നകതളി
രലിവിന് വിളനിലമായിരുന്നു.
അവളുടെ രുധിരവും, കുടുകുടെച്ചിതറിനാ
രവരയ്യോ, വസുധയിലാകമാനം.
അതുമൂലം മുട്ടാതെ മൂവാണ്ടു മുഴുവന്‍, മൂ
ന്നജകിശോരങ്ങള്ക്കു പുല്ലുകിട്ടി.
4
അവരില്‍ മൂന്നാമവള്തന് മനം മുഴുവനു
മഴലുമസ്വാസ്ഥ്യവുമായിരുന്നു.
അവള്‍തന്‍ ചെഞ്ചോരയും കുടുകുടെച്ചിതറിനാ
രവര് പാടേ വസുധയിലാകമാനം.
അഴകില്ക്കുളിച്ച മൂന്നപ്സരകന്യക
ളലിവാര്ന്നനാരതം കാവല്നില്പൂ
മാതൃഭൂമി, 27-09-1942
(സമ്പാദകന്‍: പ്രഫുല്ലചന്ദ്രന്, ചങ്ങമ്പുഴ)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ദേവനൃത്തം
ആ മുഖപടം നീക്കുവാനെന്തി
ത്താമസമിനി, മോഹിനി?
ജീവിതോല്ക്കടവേദനകളാല്
പ്പൂവണിഞ്ഞോരെന് ചിന്തകള്‍
ദേവനര്‍ത്തനം ചെയ്തു നില്പു നിന്
ചേവടികളിലിപ്പൊഴും!
അമ്പിളിക്കളിത്തോണിയും തുഴ
ഞ്ഞന്പിലെത്തുമീ യാമിനി
സാക്ഷിനില്‍ക്കു,മെന്‍ പ്രേമപൂജകള്
സാര്ത്ഥകങ്ങളായ്ത്തീരുകില്!
വിണ്ണിലായിരം സത്യദീപങ്ങള്‍
മിന്നുമിപ്പുണ്യവേളയില്,
പാഴ്നിഴലുകള്‍ കാല് വിലക്കുമി
പ്പാതകളെക്കടന്നിനി,
എത്തിച്ചേരുകയല്ലേ നാമൊരു
സത്യസാമ്രാജ്യവീഥിയില്?
വിസ്മയാവഹനിദ്ര പൂശിയ
വിസ്മൃതിയുടെ മെത്തയില്‍,
കേണു കേണവസാന,മൊന്നിനി
വീണുറങ്ങുന്ന നമ്മളെ,
ഇല്ല, തട്ടിയുണര്ത്തുവാനെത്തു
കില്ലഴല്ക്കൊടുംജ്വാലകള്!
പിന്നെയും വരും കാല്യരശ്മികള്
നമ്മെ വേര്പെടുത്തീടും;
അന്തിതന്‍ പുഴവക്കില്‍ നാമേവം
കണ്ടുമുട്ടീടും പിന്നെയും!
ജീവിതേശ്വരി, പോക, നമ്മള്‍ക്കു
ദേവനര്ത്തനത്തിന്നിനി.
മാതൃഭൂമി, 1939 ജൂലായ് 30
(സമ്പാദകന്‍: പ്രഫുല്ലചന്ദ്രന്, ചങ്ങമ്പുഴ)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
നിരാശനല്ല
രാവിന്റെ നീലിമയ്ക്കുള്ളില്‍ നിന്നി
ങ്ങാവിര്ഭവിച്ചു നീ കോമളിമേ!
അമ്പരന്നെങ്ങു ഞാന്‍ നോക്കിനില്‍ക്കെ
യമ്പിളിപോലെ നീ വന്നുചേര്‍ന്നു.
നിന് കാലടികള്‍ പതിഞ്ഞ മണ്ണില്‍
തങ്കക്കതിരുകള്‍ പൊങ്ങിവന്നു.
വേദനയൊക്കെ ഞാന്‍ വിസ്മരിച്ചു
വേഗത്തില്‍ നിന്നെപ്പരിചരിച്ചു.
വേണുനാദം പോലലിഞ്ഞലിഞ്ഞെന്
പ്രാണനാളത്തെ നീയുമ്മവച്ചു.
സ്വപ്നമാണെങ്കിലെ,ന്തായതേതോ
സ്വര്ഗ്ഗീയസംപ്രാപ്തിയായിരുന്നു!
വിട്ടുമാറാതെന്റെ ജീവിതത്തി
ലൊട്ടിപ്പിടിച്ചു നീയുല്ലസിച്ചു.
സദ്വികാരാര്ദ്രമാം സേവനത്താല്‍
സദ്രസം പൂജിച്ചു നിന്നെ ഞാനും.
നാളുകള്‍ നമ്മെയൊളിഞ്ഞു നോക്കി
നാണം കുണുങ്ങിക്കടന്നുപോയി.
ശോകങ്ങളോളമടിച്ചിരമ്പും
ലോകവാരാശിയിലാത്തരാഗം
തമ്മില്ത്തഴുകിത്തഴുകിയെങ്ങോ
ചുംബിച്ചു ചുംബിച്ചൊഴുകി നമ്മള്
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ജീവിതംതന്നെ നമ്മള്ക്കൊരോമല്
പ്പൂവിന് പരിമളമായിരുന്നു
പ്രാണന് പുളകത്തില്‍ മൂടുമേതോ
വേണുനാദാങ്കുരമായിരുന്നു
ചാതകദാഹം നുണഞ്ഞിറക്കു
മേതോ മഴത്തുള്ളിയായിരുന്നു!
ആവതെന്തയ്യോ, വരില്ല വീണ്ടു
മാ വിട്ടുപോയ നിര്‍വ്വാണരംഗം!
കാനനപ്പച്ചകളാറുവട്ടം
കാണുവാന്‍ നമ്മള്‍ക്കു, പൂത്തുനിന്നു;
നമ്മളതിന്നുള്ളില് നൂറുവട്ടം
നമ്മളെത്തന്നെ മറന്നുനിന്നു.
ആയിരം കാളാംബുദാവലിയാ
ലാവൃതമാകിലുന്തരീക്ഷം,
തട്ടിത്തകര്ക്കുമിടിവെട്ടിനാല്
ഞെട്ടിത്തെറിക്കിലും സൗരയൂഥം,
അത്രമേല്ഗ്ഗാഢമായ് മെയ്യുരുമ്മി
സ്വസ്ഥരായ് നമ്മള് കഴിച്ചുകൂട്ടി!
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ഗ്രീഷ്മങ്ങള്‍ നമ്മോടെടുത്തു നോക്കി
ഭീഷ്മപ്രതാപം പലതരത്തില്‍
ഒന്നിച്ചു പാഴ്ക്കൊടുങ്കാറ്റനേക
മൊന്നു ഹാ, നമ്മളെ വേര്‍പെടുത്താന്‍.
എന്നിട്ടുമെന്തായ്? നിരാശരായി
ട്ടൊന്നുമാകാഞ്ഞവര് പിന്മടങ്ങി!
നാമതു നോക്കിപ്പരിഹസിച്ചു,
നാകത്തിലെന്നപോലുല്ലസിച്ചു!
എല്ലാം കഴിഞ്ഞൊരു ശാന്തതയില്‍,
മുല്ലപ്പൂപോലുള്ള പൂനിലാവില്‍
ഒന്നിച്ചിരിക്കെ, നാമോര്ത്തിരിക്കാ
തന്യോന്യം പെട്ടെന്നൊഴിഞ്ഞുമാറി!
ഏതുമോര്ക്കാതെ നമുക്കിടയ്ക്കൊ
രേതോ കൊടുംകടല്‍ വന്നുവീണു!
തീരെത്തളര്ന്നിന്നതിന്റെ രണ്ടു
തീരത്തിരുന്നു ദുഃഖിപ്പൂ നമ്മള്!
തീരാവിരഹം കൊളുത്തിവെച്ച
തീയില്‍ക്കിടന്നു പിടപ്പൂ നമ്മള്!
മുമ്പിലലയടിച്ചാര്ത്തിടുമീ
യംഭോധിയും സ്വയം വറ്റി മാറും.
ഓര്ത്തിടാതത്രയ്ക്കകന്നുപോയോ
രോര്ത്തിടാതത്രയ്ക്കടുത്തിട്ടും നാം.
എന്നെങ്കിലും,മാപ്പറന്നുപോയ
പുണ്യോത്സവം വീണ്ടും വന്നുചേരും!
നീ തപിക്കാ,യ്കിരുള് മൂടിയാലെ
ന്തേതും നിരാശനല്ലോമനേ, ഞാന്‍!
മാതൃഭൂമി, 17-09-1939
(സമ്പാദകന്‍: പ്രഫുല്ലചന്ദ്രന്, ചങ്ങമ്പുഴ)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
വിടവാങ്ങല്‍
( സ്പന്ദിക്കുന്ന അസ്ഥിമാടം- ആദ്യത്തെ കൈയെഴുത്തുപ്രതിയില്‍ നിന്നു കിട്ടിയ പൂര്ണ്ണകവിത )
പോരിനായ്പ്പടച്ചട്ടയും ചാര്‍ത്തി
പ്പോകയാണു ഞാനോമനേ!
ലോലമാകുമക്കൈകള് വേണമാ
വാളെടുത്തെനിക്കേകുവാന്!
ചെന്തളിര്ച്ചുണ്ടില്പ്പുഞ്ചിരിപ്പൂവ
തെന്തിനെന്നല്ലേ?കേള്‍ക്ക നീ!
ശത്രുകണ്ഠമരിഞ്ഞരിഞ്ഞതു
മത്തടിച്ചാര്ത്തിളകവേ,
യുദ്ധഭൂമിയില്ത്തര്പ്പണം പെയ്യും
രക്തബിന്ദുക്കള്‍ നോക്കി ഞാന്‍
അങ്കമാടുമിടയ്ക്കു, മിക്കൊച്ചു
കുങ്കുമപ്പൊട്ടിതോര്ക്കണം!
അപ്പൊഴുതെന്നിലാളിടുന്നതാ
മദ്ഭുതോത്തേജനത്തിനാല്,
മുന്നിലേക്കു കുതിച്ചു ഞാന്‍ മേന്മേല്
ക്കൊന്നൊടുക്കും രിപുക്കളെ!
മര്‍ത്ത്യരൂപം ധരിച്ചറിയാര്
ത്തെത്തിടും പിശാചുക്കളെ!
ശക്തരാണെന്നു വീമ്പടിക്കും, മെ
ശ്ശപ്തരായ ചെന്നായ്ക്കളെ!
നീതിയില്ലാത്ത ഫാസിസത്തിന്റെ
നീചധൂമകേതുക്കളെ!
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
രണ്ടും കണ്ണും തുറിച്ചു മോന്തയില്‍
ചുണ്ടു തൂങ്ങി, ബീഭത്സമായ്
വീര്‍ത്ത തൊണ്ണൊട്ടിളി, ച്ചണയുമ
ച്ചീര്ത്ത മഞ്ഞമാക്കാച്ചികള്,
കണ്ണുരുട്ടിയാല്‍ ഞെട്ടിടുന്നതോ
കര്മ്മഭൂവിതിന്നോമനേ!
ജാമദഗ്ന്യ വീര്യസ്ഫുലിംഗക
ജാലമാളുമീ മണ്ണിലോ,
പ്രാകൃതപ്രതിദ്വന്ദ്വിയെക്കാണ്ക
പ്രാണഭീതിതന് ഗദ്ഗദം?
കത്തിപ്പൂ രൗദ്രവവഹ്നിയെന്നില
ക്കര്ത്തവ്യത്തിന് കുഴല്‍ വിളി
കര്മ്മസക്തന് ഞാന്‍, ചെ, ന്നനീതിതന്
കന്മതിലുകളൊക്കെയും
തച്ചുട, ച്ചെന്റെ ജന്മഭൂവിനെ
മുക്തയാക്കു, മെന്നോമനേ!
ഉണ്മയില് നീയെന്‍ മാറില്ച്ചേര്ന്നുനി
ന്നുമ്മവയ്ക്കു, മിക്കൈകളാല്!
ബദ്ധശസ്ത്രനായ്പ്പോകയാണിതാ
യുദ്ധഭൂമിയിലേക്കു ഞാന്‍!
വീരപത്നിമാര്ക്കുള്ള നാടാണു
വീറൊരിയുമിബ്ഭാരതം!
വാടിടാതിന്നെന് കൈയിലേകുകാ
വാളെടുത്തു നീയോമനേ!...
(സമ്പാദകന്‍: ചങ്ങമ്പുഴ പ്രഭാകരന്)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
പിന്തിരിഞ്ഞോടില്ല
( സ്പന്ദിക്കുന്ന അസ്ഥിമാടം- ആദ്യത്തെ കൈയെഴുത്തുപ്രതിയില്‍ നിന്നു കിട്ടിയ പൂര്ണ്ണകവിത )
കൊല്ലുവിന്‍ വേണെങ്കി,ലെന്തിനല്ലാതിദം
കൊല്ലാതെകൊല്ലുന്നിതെന്നെ നിങ്ങള്‍?
കൊള്ളിവാക്കാല്, മുറയ്ക്കെന്‍ പ്രാണനില്ക്കൂര്ത്ത
മുള്ളു തറച്ചുകൊണ്ടെന്തു കിട്ടും
ദ്രോഹിച്ചതാരെ ഞാ,നെന്നോടവര്ക്കിന്നും
സ്നേഹമു,ണ്ടില്ല വിരോധമൊട്ടും.
ദൂരത്തു നില്ക്കുന്ന നിങ്ങള്ക്കാണെന് പേരില്‍
നീരസം തോന്നുന്ന, തെന്തു ചിത്രം!
ദേവകളാണെന്ന നാട്യത്തിലൊത്തുചേര്
ന്നേവമിന്നെന്നെപ്പഴിപ്പു നിങ്ങള്‍
നിങ്ങളിലേക്കാദ്യം നോക്കുകൊ,ന്നെന്നിട്ടു
നിങ്ങള്‍ നിന്നെന്നെ ദുഷിച്ചുകൊള്വിന്!
എന്നില്ച്ചുമത്തുന്നൊരോപണം, നിങ്ങള്‍
ക്കൊന്നായൊളിക്കാനുള്ളാവരണം.
ചിന്തിച്ചാലാരിലും മീതെയല്ലാരും പി
പിന്നെന്തിനീ, നിര്ല്ലജ്ജവീരവാദം?
അന്യന്റെ കണ്ണിലെ പാടു ചൂണ്ടിക്കാട്ടി
നിന്നു ചിരിക്കുന്ന നിങ്ങളാദ്യം
നിങ്ങള്തന് കണ്ണിലെക്കാമില നീക്കുവിന്‍
പിന്നെയാകാം പരിഹാസമെല്ലാം.
അത്ഭുതമില്ലെന്നു ചീയണം, ചെന്തളി
രപ്പുറത്തൊന്നിന്നണിഞ്ഞു നില്ക്കാന്;
അത്തരം മണ്ണാണീ മണ്ണിതില്‍ വീഴുന്ന
രത്നരേണുക്കളും മണ്ണുമാത്രം!
ഒന്നോര്ത്തലാഷ്ടപ്പെടുവാന് തരമില്ല
മിന്നാമിനുങ്ങുകള്‍ പൗര്‍ണ്ണമാസി
മിന്നാമിനുങ്ങുകളോടനുകമ്പയാ
ണെന്നാലും പൗര്ണ്ണമിക്കുള്ളതെന്നും!
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
കണ്ണിലടിച്ചിട്ടും കൈവിട്ടാല്‍ ഞാന്‍, നിങ്ങ
ളെന്നെ വളയ്ക്കുന്നതാണബദ്ധം.
ഒക്കുകിലെന്നെയൊടിക്കുവിന്, രക്ഷയാ
യൊക്കില്ലതെങ്കില് കടന്നുപോകിന്!
തൊട്ടുനോക്കി,ത്തൊലി ചീന്തി, വളച്ചെന്നെ
വിട്ടാല്‍ ഞാനൂക്കോടെ വന്നടിക്കും!
കല്ലൊന്നെറിഞ്ഞാലെറിഞ്ഞാപ്പത്തി
തല്ലിച്ചതച്ചുകൊല്ലാതെ വിട്ടാല്‍
സര്‍പ്പം പതിന്മടങ്ങാപല്ക്കരമാണു
കൊത്തു, മതല്ലാതടങ്ങുകില്ല.
എത്രമേലെന്നെച്ചവിട്ടുന്നുവോ നിങ്ങ
ളത്രയ്ക്കുമേല് ഞാനുയര്ന്നുപൊങ്ങും
എന്‍ ചുറ്റും നിങ്ങളിരുട്ടുപാകുംതോറും
മെന്‍ ചിത്തഗര്വമെരിഞ്ഞുകത്തും.
സന്തപ്തമാക്കാമൊരല്പനേരത്തേക്കെന്
ചിന്തകള്‍, നിങ്ങള്തന്നുദ്യമങ്ങള്
അല്ലാതെ പിന്തിരിഞ്ഞോടില്ലൊരിക്കലും
വെല്ലുവിളിച്ചുകൊണ്ടെത്തിയാല്, ഞാന്‍!
തെറ്റിടാം മല്പ്പദ, മെങ്കിലും, തെറ്റില്ല
കുറ്റംപറയുമീ നിങ്ങളോളം.
ചൂടും വെളിച്ചവും കേറിടാത്താത്മാവില്
മൂടിവയ്ക്കും നിങ്ങള്‍ പാതകങ്ങള്‍.
രാപ്പകലേകാന്തതകളില് നിങ്ങളെ
വീര്പ്പുമുട്ടിക്കുമാ വേദനകള്‍.
അല്ലെങ്കില്‍, വേദനിക്കില്ല നിങ്ങള്‍ക്ക, ത്ര
കല്ലാണു നിങ്ങള്തന്നന്തരംഗം!
നാനപരാധങ്ങള് ചെയ്കിലും, ചെയ്യുകില്‍
ഞാനെന്റെ തെറ്റുകള്‍ സമ്മതിക്കും.
അത്രയേ ഭേദം നമുക്കുള്ളൂഞാന്മുട്ടു
കുത്തില്ല ലോകമേ നിന്റെ മുമ്പില്‍!
ആവില്ല മല്ശിരസ്സോനമിപ്പിക്കുവാ
നാവിധിക്കൊന്നിനല്ലാതെ മന്നില്‍
എന്തിനു പിന്നെയിജ്ജംബുക്രന്ദനം
പിന്തിരിഞ്ഞോടില്ല പോരിതില്‍ ഞാന്‍!
മദ്രാസ്, 07-03-1120
(സമ്പാദകന്‍: ചങ്ങമ്പുഴ പ്രഭാകരന്)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
`
ജയന്തി
(ജയന്തിയുടെ ഭവനത്തിലെ ഉദ്യാനം. സമയം ഗ്രീഷ്മകാലത്തിലെ ഒരു സായാഹ്നം. ചുറ്റും പൂവിട്ട പലപല വല്ലികള്‍. അകലെ കാണപ്പെടുന്ന പച്ചക്കുന്നിന്റെ പുറകില്‍ ആദിത്യന് മറഞ്ഞുതുടങ്ങുന്നു. ആകര്‍ഷകമായ പ്രകൃതിവിലാസം. ജയന്തി പതിനെട്ടുവയസ്സുപ്രായമുള്ള അതിസുന്ദരിയായൊരു തരുണിയാണ്. അവള് പച്ചപ്പുല്വിരിപ്പില് കൊടുംകൈകുത്തി ഒരു വശത്തേക്ക് ചെരിഞ്ഞ് മനോരാജ്യത്തില്‍ മുഴുകിയിരിക്കുകയാണ്. ഏകാന്തത. ഒരു നേരിയ കുളിര്കാറ്റു പച്ചിലകളെയും, ചുരുണ്ടിരുണ്ടു ജയന്തിയുടെ നെറ്റിത്തടത്തിലും കവിളുകളിലും ചിന്നിച്ചിതറിക്കിടക്കുന്ന അഴകുറ്റ അളകങ്ങളെയും മന്ദം മന്ദം ചലിപ്പിക്കുന്നു. അസ്തമയസൂര്യന്റെ അരുണമയൂഖങ്ങള് വൃക്ഷപ്പടര്പ്പുകളിലൂടെ ചോര്‍ന്നുവീണ് അവളുടെ തുടുത്ത കവിള്‍ത്തടങ്ങളെ പൂര്‍വ്വാധികം മനോഹരമാക്കിത്തീര്ക്കുന്നുണ്ട്.)
ജയന്തി:തികവുറ്റഭാഗ്യമേ, നിന്നലയാഴിതന്
തിരകളില്‍ മുങ്ങുവോനേകന്.
മഹിതസംസ്കാരമേ വാടാത്ത നിന് മഞ്ജു
മലര്‍മാല ചൂടുവോനന്യന്.
ഉപചാരപൂര്വ്വമിരുവരുമെന് മുന്നി
ലുപഹാരവും, വെച്ചു നില്പ്പൂ!
ഒരു പൊന്നിന്താരയുമൊരു പനീര്പ്പുഷ്പവു
മൊരുമിച്ചെന് മുന്നിലുദിപ്പൂ!
കിരണങ്ങള്‍ താരകള്‍ ചൊരിയുമ്പോള് പുഷ്പമോ
പരിമളപൂരം പൊഴിപ്പൂ!
ഇരുവരും ഗുണപൂര്ണ്ണരൊരുവശത്തിന്നു ഞാ
നിവരിലാര്ക്കെന്മനമേകും?
(കുസുമ പ്രവേശിക്കുന്നു. യുവതി. അഴകുള്ള മുഖം. സാധാരണ വേഷം. കുസുമ ജയന്തിയുടെ തോഴിയാണ്. അവളുടെ കൈയില്‍ ഒരു പൂത്തട്ടമുണ്ട്. അതില്‍ വിവിധ പുഷ്പങ്ങള്‍ പരിലസിക്കുന്നു.)
കുസുമ:ഗിരിജതന്‍ കോവിലിലിനിയെപ്പോള് പോകുവജയന്തി:
തിരുളാകും വൈകി നാം നിന്നാല്‍.
ഇരുളായാലതിനെന്തു, ഭയമുണ്ടോ, തോഴി, നാകുസുമ:
മിരുവരുമൊത്തുചേര്ന്നില്ലേ?
ശരി, പക്ഷേ, യിരുളായാല്, ബ്ഭഗവാനെക്കാണുവാന്ജയന്തി:
തരമായില്ലെങ്കിലോ തോഴി?
ഭഗവാനെയല്ലല്ലോ, കോവിലില്പ്പോവതു
ഭഗവതിയെദ്ദര്ശിക്കാനല്ലേ?
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
കുസുമ:
ഭഗവതീദര്ശനകുതുകവും ഭജനവുംജയന്തി:
ഭഗവാനെക്കിട്ടുവാനല്ലേ?
മതി, ചുമ്മാ, കളിയാക്കാ,നൊന്നുമില്ലെങ്കിലുംകുസുമ:
ചതുമയാണേറെ നീ പണ്ടേ!
ചതുരവും വൃത്തവുമായിരുന്നില്ല ഞാന്ജയന്തി:
ക്ഷിതിയിലിന്നേവരെ, ത്തോഴി.
കളിനിര്‍ത്തു കുസുമേ, ഞാന്‍ പറയാമേ, നിന്നോടുകുസുമ:
കരള്‍ തുറന്നിന്നൊരു കാര്യം.
കരള്‍ തുറക്കേണ്ട നീ പറയുവാനുള്ളതുജയന്തി:
വെറുതെ പറയുകില്പ്പോരും!
വിഷമിച്ചു നിന്റെയീ വിടുവാക്കുകള്കൊണ്ടു ഞാന്കുസുമ:
വിഫലമെന്നുദ്യമമെല്ലാം...
പറയൂ, ജയന്തി, ഞാന്‍ പറയുകയില്ലിനിയൊന്നുംജയന്തി:
വെറുതെ ഞാന്‍ കളിചൊന്നതല്ലേ?
ഇനിയിന്നു കോവിലില്‍ പോകേണ്ട, സന്ധ്യയാകുസുമ:
യിനി നാളെ രാവിലെ പോരും!
ശരി, യങ്ങനെയാകട്ടെ, പറയൂ, ജയന്തി, നിന്
പരമരഹസ്യമാം കാര്യം!
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ജയന്തി:
ഒരു ധര്‍മ്മസങ്കടം തന്നിരുകൊമ്പുകള്
ക്കിടയിലാണിന്നു ഞാന്‍ തോഴി
ഗിരിജയെക്കൂപ്പിയിട്ടൊരു ഭഗവാനെയ
ല്ലിരുപേരെയാണെനിക്കേകി!
ഒരുവനെയറിയും, നീ, യപരനും, കാമ്യനാ
മൊരുവനാണെന്തു ഞാന്‍ ചെയ്യും?
ഒരുവന് മഹോന്നതസൗഭാഗ്യശൃംഗ്യത്തില്
പരിലസിച്ചീടുന്ന ധന്യന്‍.
അപരന് കലാലോകസാര്വ്വഭൗമത്വത്തി
ലധിരൂഢനാമേക മാന്യന്.
ഇരുവരുമിന്നെന്റെ കമിതാക്കളാണു ഞാ
നിവരിലാര്ക്കേകുമെന് ചിത്തം?
ഒരുപോലെന് പ്രണയത്തിലഭിലഷിക്കുന്നവ
രിരുവരു,മെന്തു ഞാന്‍ ചെയ്യും?
'വിപിനന്'അപ്പേരിന്നറിയാതെയില്ലയീ
വിപുലപ്രപഞ്ചത്തിലാരും!
സഖി, നീയും ഞാനു,മിക്കാണ്മവേ സര്‍വ്വവും
സലിലരേഖോപമം മായും!
ഒരുനാളും മായാതെ ഭുവനത്തിന് ഹൃദയത്തില്‍
തിരരൊളി വീശുമാ നാമം.
അതിനോടെന് ജീവിതമൊട്ടിപ്പിടിക്കിലൊ
രതുലമാം നേട്ടമാണോര്ക്കില്.
സഖിയെന്തു പറയുന്നു...................
...............................................
(അകത്തുനിന്ന് ഒരു വിളി കേള്‍ക്കുന്നു.)
എവിടെ ജയന്തി-ജയന്തി-അച്ഛ-ജയന്തി:
നിവിടെക്കിടന്നു വിളിപ്പൂ!
ഇതാ, ഞാന്‍, വരികയാണമ്മേ, തോഴി
യിതിനെക്കുറിച്ചു നീയോര്ക്കൂ.
പറയണം നീ സമാധാനം വേഗം
വരുവന് ഞാന്‍, നീയിങ്ങു നില്ക്കൂ!
(ജയന്തി ഗൃഹത്തിലേക്കു പോകുന്നു.)കുസുമ:
ഞാനിതാലോചിച്ചു ചൊല്ലാം പിന്നെ
ഞാനും വരുന്നു ജയന്തി!
(കുസുമ ജയന്തിയെ അനുഗമിക്കുന്നു)
(അപൂര്‍ണ്ണം),
16-07-1115, (സമ്പാദകന്‍: ചങ്ങമ്പുഴ പ്രഭാകരന്)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
സ്വാഗതഗീതം
( വൈറ്റില പുന്നുരുന്നി യുവജന സമാജത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ബാലികാബാലന്മാര്‍ക്കു പാടുവാനായി എഴുതിക്കൊടുത്തത് )
ആരാധനീയമാമഗ്രാസനോജ്ജ്വല
ചാരിമ ചുറ്റും നിലാവു വീശി,
നിസ്തുലമാകും പ്രസംഗമധുമയ
നിര്‍ഝരി നീളെത്തളര്ന്നൊഴുകി
മാന്യസദസ്യസുവര്ണ്ണസുമങ്ങള്തന്
സാന്നിദ്ധ്യസൗരഭസാന്ദ്രമായി
മന്ദഹസിച്ചു ലസിക്കുന്ന സാഹിത്യ
വൃന്ദാവനികേ, നീ വെല്വൂതാക!
നിന്നില്ത്തുളുമ്പും, മുരളികാഗീതങ്ങള്
മന്നിനെപ്പുല്കിയുണര്ത്തിടട്ടെ!
നിത്യമതിങ്കലലിഞ്ഞാശ്വസിക്കട്ടെ
മര്‍ദ്ദിതന്മാരുടെ മാനസങ്ങള്‍!
വിശ്രമിപ്പിക്കട്ടെ ലോകത്തെ നിത്യം നീ
വിശ്വപ്രണയത്തിന് പൂന്തണലില്!
ഭാഗധേയത്തിന് നികേതമേ സാദരം
സ്വാഗതം ചെയ്യുന്നു നിന്നെ ഞങ്ങള്‍!..
22-09-1113
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
35
ഒന്നിട്ടും വന്നിടുന്നില്ല ഞാന്‍ നിങ്ങളോ
ടെന്നാലും സൈ്വര്യം തരികയില്ലേ?
കത്തുകള്‍!വീര്‍പ്പുമുട്ടിക്കുന്ന നിങ്ങള്തന്
കത്തുകള്‍!നിങ്ങള്‍ സഖാക്കള്‍പോലും!
കത്തുകള്കൊണ്ടെന്നെക്കൊ,ന്നവസാനം, ഞാന്‍
ചത്താലും, ഹാ, നിങ്ങള്‍ കത്തയയ്ക്കും!
എത്തിപ്പിടിക്കുമന്നെമ്മട്ടും നിങ്ങളെ
ന്നസ്ഥിമാടത്തിന്റെ മേല്‍വിലാസം!
ഇന്നാര്‍ക്കു വേണൊടുങ്ങിടട്ടൊന്നോടെ
നിങ്ങളും നിങ്ങള്തന് സൗഹൃദവും!
ഇന്നോളം കാണാത്തവര്‍ക്കു, മെന്‍ പേര് കേട്ടി
ട്ടെന്നോടു സൗഹൃദമുണ്ടുപോലും!
മാമക ഗാനങ്ങള്‍ മെയ്യിലണിയിച്ച
രോമാഞ്ചം മായുന്നതില്ലപോലും!
എത്രയോ കാലമായിജ്ജ്വലജല്പന
മെത്തുകയാണെന് ചെവിയിണയില്‍!
കണ്ടവര്‍ക്കെല്ലാം മതിയാ, യിനിയിപ്പോള്
കണ്ടിടാത്തോര്ക്കാണു പാരവശ്യം.
സൈ്വര്യം തരാത്തൊരിസ്സൗഹൃദച്ചേരകള്
വൈരികളേക്കാളുപദ്രവികള്.
ഇല്ല വിഷം, കുടിക്കില്ലപക്ഷേ, കാലി
ലള്ളിപ്പിടിച്ചു വളഞ്ഞു ചുറ്റും.
എത്ര കുടഞ്ഞാലും കെട്ടഴിയി,യില്ലാകെ
ചെത്തിക്കളവോളം ചുട്ടുനീറ്റും!
എന്‍ മൗനം കൊണ്ടിന്നവരുടെ വീട്ടിലെ
ത്തെങ്ങൊന്നും കായ്ക്കാതിരിപ്പതില്ല.
പിന്നെന്തിനാണതില് കുണ്ഠിതം?ലോകത്തെ
യൊന്നായ് വെറുപ്പിക്കാന്‍ ഞാന്‍ കൊതിപ്പൂ?
ആവശ്യമില്ലെനിക്കന്യരെക്കൊണ്ടെനി
ക്കാവശ്യമില്ലെങ്കിലെന്നെത്തന്നെ!
മദ്രാസ്, 13-03-1120
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
36
അന്ധകാരം നടന്ന വഴിക്കുപോ
മന്ധഭാവനേ നിന് മൂഢജല്പനം,
അല്പമെങ്കിലും മാറ്റുകുറയ്ക്കുകി
ല്ലപ്രമേയപ്രതിഭയ്ക്കൊരിക്കലും
ഇന്നതിനെക്കരപടമെന്നോതി നീ
നിന്ദ്യമാക്കാന് തുനികയാണെങ്കിലും
ഇത്രനാളുമതിന് മരന്ദത്തെ നീ
കട്ടെടുത്തു മദിച്ചവനസല്ലയോ?
പുച്ഛമിന്നു നിനക്കതില്ത്തോന്നുവാന്
ലജ്ജയാവാത്തതാണെനിക്കത്ഭുതം.
ശുഷ്കമായ നിന് പൂക്കളില്‍ നീയതിന്
പുഷ്കലാഭ പകര്‍ന്നു പരസ്യമായ്.
വീരവാദം പുലമ്പുന്ന നീ വെറും
ചോരനാണെന്നു ലോകപ്രസിദ്ധമായ്.
കീര്‍ത്തിമുദ്ര ലഭിക്കുവാനായ് സ്തുതി
കീര്‍ത്തനങ്ങള്‍ പൊഴിച്ചുകൊണ്ടങ്ങനെ
എത്ര പാണ്ഡിത്യപൂര്ത്തിതന് വാതിലില്‍
ലജ്ജയില്ലാതിരന്നു നടന്നു നീ.
നിന് നിലയൊന്നുറപ്പിക്കുകാദ്യമായ്
പിന്നെയാകാം നമുക്കിപ്രലപനം.
ഗാനലോലനാമേകാന്തകോകിലം
തേനുതിരുന്ന കാഴ്ച കണ്ടാശയാല്
കൂരിരുളിലിരുന്നു കുറുനരി
യോരിട്ടാലതാരു രസിക്കുവാന്‍?
മിത്ഥ്യഭാവനേ, മായികവിഭ്രമ
ബദ്ധനായ് കാല്‍വഴുതി വീഴായ്ക നീ!
08-03-1113
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
പാല്‍ക്കാരി
പൂക്കാലം പുല്കിയ പൂവല്ലിപോലെയ
പ്പാല്ക്കാരിപ്പെണ്കൊടിയെത്തിടുമ്പോള്
ഞങ്ങള്‍തന്‍ കണ്മുനക്കാര്വരിവണ്ടുക
ളങ്ങോട്ടു വെമ്പിപ്പന്നുചെല്ലും.
മഞ്ഞവെയ്ലിക്കിളികൂട്ടിയാല്ക്കൂടിയും
കണ്ണുതുറക്കാതെ കട്ടിലിന്മേല്
നിത്യം 'ട' കാരമായ് മൂടിക്കിടക്കാറു
ള്ളത്തോഴനാം ശരല്ച്ചന്ദ്രന്' പോലും
അത്ഭുതമാണുദിപ്പിക്കാന് തുടങ്ങിയ
തര്ക്കനെപെട്ടെന്നിതെന്തുമാറ്റം!
പൈപ്പിന്റെ കീഴി,ലാ മഞ്ഞില്‍, വിറച്ചുകൊ
ണ്ടപ്പാവം സ്നാനത്തിനായി നില്‍ക്കെ,
'അച്ചു'വും ഞാനും ചിരിയടങ്ങീടാതൊ
രൊച്ചയെടുക്കും വിനോദമായി.
ചീകിമിനുക്കിസ്സുഗന്ധപ്പൊടി മുഖ
ത്താകെപ്പുരട്ടിസ്സുഭഗനായി
നിത്യവും ശുഭ്രവസ്ത്രാങ്കിതനായ്ക്കാത്തു
നില്ക്കുമത്തോഴന്റെ നില്പു കാണ്‍കെ
എന്മനം മന്ത്രിക്കും നീലിച്ച രണ്ടോമല്
ക്കണ്മുനയ്ക്കിത്രമേല് ശക്തിയുണ്ടോ!
എറണാകുളം, 12-06-1112
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
38
ഇക്കാണും ജീവിതം സ്വപ്നമാകാ
മൊക്കെയൊരിക്കല് നശിച്ചുപോകാം.
കല്പാന്തമെന്നൊന്നു വന്നുചേരാ
മിപ്രപഞ്ചം വെറും മിഥ്യയാകാം.
എന്തിനതിങ്കല് വിഷാദ, മയ്യോ!
ചിന്തതന്മാര്ഗ്ഗം പിഴയ്ക്കരുതേ!
മഞ്ഞിന്കണികയാണെങ്കിലെന്തേ
മന്ദസ്മിതാര്ദ്രമതിന്റെ ജന്മം.
നാളെ നാം മായണമെങ്കില്‍ നമ്മള്
നാളെയക്കാര്യം നിനച്ചാല്പോരെ?
ഇന്നതു ചിന്തിച്ചു മാഴ്കണോ നാ
മിന്നത്തെ മോദം ത്യജിക്കണോ നാം?
പാടില്ല, പാടില്ല ദൂരെയെങ്ങോ
പാടിപ്പറക്കയാണഭ്യുദയം.
ശ്രദ്ധിക്കൂ കേള്ക്കാമതിന്റെയോരോ
കൊച്ചുകൊച്ചോമല്ക്കളസ്വരങ്ങള്
പിന്തിരിയല്ലേ നടക്കു മുന്നോ
ട്ടെന്തിനീയാലസ്യഭാവമേവം?
08-06-1110
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
39
'സുകൃത'മക്കന്യകമാരിലേറ്റം
സുകുമാരരൂപിണിയായിരുന്നു.
അവിടെയഗ്രാമത്തിലാകമാന
മവളൊരാരാധനാപാത്രമായി.
പല യുവചിത്തങ്ങളോമലാളിന്
പരിസരം തന്നില്പ്പറന്നുചുറ്റി.
പരിണയമോഹത്തിന് ചില്ലകളില്‍
പരവശരായ്ച്ചെന്നു കൂടുകൂട്ടി.
കവികള്ക്കാസ്സൗന്ദര്യ ശ്രീവിലാസം
കവനപ്രചോദനമേറെയേകി.
മതിവരാതോരോരോ ഗായകന്മാര്
സുദതിയെ വര്‍ണ്ണിച്ചു പാട്ടുപാടി.
പല ചിത്രകാരന്മാര് മാതൃകയ്ക്കാ
പ്പരിണതസൗഭഗം ലക്ഷ്യമാക്കി.
അധികമെന്തിനൊന്നപ്പേര് പറഞ്ഞാ
ലറിയാത്തോരില്ലജ്ജനത്തിലാരും!
'സുകൃതം' 'സുകൃത'മപ്പേരുപോലും
സുഖകരസുന്ദരമായിരുന്നു!
09-04-1113
40
സുപ്രഭാതത്തിന്റെ സുസ്മിതച്ചാര്ത്തെന്റെ
സ്വപ്നസൗധങ്ങളില്‍ സ്വര്‍ണ്ണം ചൊരിയവേ,
മങ്ങിമയങ്ങി മതിലേഖ കണ്ണീരില്‍
മുങ്ങിമറഞ്ഞതു നോക്കിയുണര്ന്നു ഞാന്‍.
ആനന്ദസമ്പൂര്ണ്ണമാണിജ്ജഗത്തെന്റെ
മാനസം നൊന്തു ഞാന്‍ മാഴ്കുകയില്ലിനി.
നിര്മ്മലോഷസ്സേ, വരിക, വരിക നീ
നിന്നാഗമം കൊതിച്ചെത്ര കാത്തീല ഞാന്‍!
ചെമ്പനീര്പ്പൂഞ്ചെപ്പഖിലം തുറന്നു നീ
യന്പിന് പരിമളം പൂശിയാലും ശുഭേ!
പൊയ്പ്പോയ കാലങ്ങള്‍ പോകട്ടവയ്ക്കെഴും
കയ്പക്കായ്കളെനിക്കു വേണ്ടൊന്നുമേ.
തങ്കക്കരങ്ങളാല്ത്താന്തനാമെന്ന നീ
യങ്കത്തിലേറ്റിത്തഴുകുമീ വേളയില്‍
ഏതല്ലലും മറന്നാശ്വസിക്കുന്നു ഞാന്‍
നൂതനജീവിതം പുല്കിച്ചിരിപ്പൂ ഞാന്‍!...
05-01-1106
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
41
ലോകം നശിച്ചു മനുഷ്യവര്‍ഗ്ഗം
പാകിക്കഴിഞ്ഞു വിനാശബീജം
അങ്ങൊരുഭാഗത്തുനിന്നു കേള്‍പ്പൂ
പൊങ്ങും ധനത്തിന്റെ ഗര്‍ജ്ജനങ്ങള്‍!
കഷ്ടം, മറുവശം പട്ടിണിതന്‍
ചുട്ടനിശ്വാസത്തിന് രോദനങ്ങള്‍!
ഇല്ല സമത്വം സഹോദരത്വം,
ഇല്ല സഹതാപ,മില്ല ധര്‍മ്മം.
സത്യം നശിച്ചു സൗന്ദര്യബോധം
മര്ത്ത്യവര്ഗ്ഗത്തിലധഃപതിച്ചു.
പ്രേമപ്പൊന്ചന്ദ്രിക മാഞ്ഞുപോയി.
കാമങ്കരിങ്കാറടിഞ്ഞുകൂടി.
പൂതഭാവങ്ങള്ക്കുടവുതട്ടി
സ്വാതന്ത്ര്യവാഞ്ഛതന് വേരുപൊട്ടി!
05-06-1110
42
ഉദിതാരാഗത്തിന് പുതുനിലാവിലെന്
ഹൃദയകോരകം വിരിയുകില്
ഒരു മനോഹരപരിമളമായ് നീ
യതില്‍ നിറഞ്ഞെങ്ങുമൊഴുകണം!
സകലലോകവും മുഴുകണമതിന്
സരളമാദകലഹരിയില്
അലയണം കൊച്ചുചിറകടി,ച്ചടി
ച്ചതിനു ചുറ്റുമായ്ക്കുതുകങ്ങള്.
പരിചയംപോലും പറയുവാനില്ലാ
തിരുളിലെന് സ്വപ്നശകലങ്ങള്‍
കിരണമേ നിന്നെത്തിരയുന്നു, നിന്റെ
പരമനിര്‍വൃതി പുണരുവാന്‍!
07-04-1113
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
43
"ഗ്രാമശാന്തത പൂവിരിക്കുമീ
ശ്ശ്യാമ പാദച്ഛായയില്
എന്നൊടൊന്നിച്ചിരുന്നു പാടുവാന്‍
വന്നിടുന്നോ നീ വത്സലേ?''
"സുരഭിലസ്വപ്നങ്ങളേകുവാനാ
സ്സുമയില്ലേ ചെന്നു വിളിക്കരുതേ?''
"നിഷ്കളങ്കതപോലെ മിന്നിടു
മിക്കുളിരണിച്ചോലയില്
താമരപ്പൂ പറിച്ചു നീന്തുവാന്‍
ശ്യാമളേ നീ വരുന്നുവോ?''
"രാപകല്‍ നിത്യവും ധ്യാനിച്ചു പൂജിച്ച
രാധയിന്നെങ്ങോട്ടു പോയി?''
05-11-1116
44
ജ്ഞാനമേ. നീയെന്നെത്തൊട്ടപ്പോള്സ്സൗന്ദര്യം
കാണുവാനുള്ളൊരെന് കണ്ണു പൊട്ടി.
നൂനമെന്‍ ശൈശവകാലത്തീ ലോകമൊ
രാനന്ദസങ്കേതമായിരുന്നു.
അന്നെല്ലാം ഞാന്‍ കണ്ടൊരുജ്ജ്വലസ്വപ്നങ്ങ
ളിന്നെങ്ങു പാറിപ്പറന്നുപോയി?
07-10-1113
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
45
മധുമാസമായി മനോജ്ഞമായി
മാമരമൊക്കെയും പൂത്തുപോയി.
ഒരു നവോന്മേഷവിലാസം മന്നി
ലോരോ വശത്തും വഴികയായി.
വികലസൗഭാഗ്യയെനിക്കു മാത്ര
മീവന്തോത്സവം ശൂന്യമോദം!
20-02-1110
46
നീലനിലാവുപോലെ നീഹാരധാരപോലെ
നീയിന്നെന്‍ നികടത്തിലണഞ്ഞിടുമ്പോള്
കോടക്കാര്വര്ണ്ണ ഞാനീ മാറാത്ത ലജ്ജമൂലം
കോപം നടിച്ചു മാറിയൊഴിഞ്ഞുനിന്നാല്
രാഗരംഗാനുകൂലയായിരിക്കുകയില്ലീ
രാധയെന്നവിടേക്കു തോന്നിയാലോ!
05-02-1113
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
47
അങ്ങകലാത്ത മരതകക്കുന്നിന്റെ
പിന്നിലൊളിക്കുന്നു സായന്തനാരുണന്.
മായികമാകും നിരാശതന്‍ മൂടലില്‍
മാമകാരഗപ്രതീക്ഷകള്മാതിരി!
05-04-1108
48
കഠിനശോകമതെത്ര ഞെരിക്കിലും
കരയുകില്ല ഞാന്‍ മേലിലൊരിക്കലും.
15-07-1109
49
ഈ മന്നിലെന്തിലും മീതെ ഞാന്‍ വാഴ്ത്തുന്ന
ഹേമന്തമായീതെളിഞ്ഞു മന്മാനസം!
16-02-1108
36 മുതല്‍ 51 വരെയുള്ള കാവ്യശകലങ്ങള്‍ സ്പന്ദിക്കുന്ന അസ്ഥിമാടം' ആദ്യത്തെ കൈയെഴുത്തുപ്രതിയില്‍ നിന്നു കിട്ടിയതാണ്.
(സമ്പാദകന്‍: ചങ്ങമ്പുഴ പ്രഭാകരന്)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
സഞ്ജയനെ പരിഹസിച്ച്
വികാസം, വികാസം'' എന്ന കവിതയെ ആസ്പദമാക്കി നടന്ന വിവാദം കോലാഹലങ്ങള്‍ അനുസ്മരിക്കുക.
"കൊച്ചേട്ടാ, കൈയിലതെന്താണപ്പത്രം?''
"പിച്ചും പിരാന്തും പുലമ്പുന്ന പത്രം;''
"ഏതാണത്രെ, ന്താണിതിന്നിത്ര കോപം?''
"നീതികേടോര്ത്തി, ട്ടിതോ?വിശ്വരൂപം''
"ആരാണപ്പത്രം നടത്തുന്ന കോന്തന്?''
"പാറപ്പുറത്തെയസ്സഞ്ജയഭ്രാന്തന്!''
"മങ്ങാതെ മഞ്ജുളഗാനങ്ങള് പാടും
"ചങ്ങമ്പുഴയെക്കളിപ്പോനല്ലേ?''
"ആണി ശിരസ്സിലിളകിയാല്പ്പിന്നെ നാണവും മാനവും കാണില്ലതന്നെ.''
"എന്തൊരാഭാസവും ചുമ്മാ പുലമ്പാ
നെന്തക്കവിയോടയാള്ക്കിത്ര രോഷം?''
"മാനത്തു കൃഷ്ണപ്പരുന്തു പറന്നാല്‍
മണ്ണട്ടയ്ക്കുള്ളിലസൂയയുണ്ടാകാം!''
'അയ്യോ വികാസം, 'വികാസം'-അപ്പദ്യം
അയ്യോ പിരാന്ത്, പിരാന്തെ'ന്നെഴുതി
കൈയൂക്കെഴുന്ന 'ധനഞ്ജയന്' നേരി
ട്ടയ്യോ, പിരാന്തന്, പിരാന്തന്' എന്നോതി.
സ്തബ്ധനായ് മാറിക്കൂരമ്പു കൊള്കെ
ശ്ശബ്ദിച്ചതില്ലതില്പ്പിന്നീടു പാവം!''
"സഞ്ജീവിയോടും ധനഞ്ജയനോടും
സഞ്ജയ, നല്ലെങ്കി, ലെന്തുണ്ടെതിര്ക്കാന്?"
"എങ്കിലും, 'വിശ്വരൂപ'ത്തിലാ വിദ്വാന്
വങ്കത്തമോരോന്നെഴുതാമിനിയും.''
"മറ്റുള്ളവരുടെ കയ്യിലും കാണു
മൊട്ടും വിറയ്ക്കാതെഴുതുന്ന തൂവല്‍."
"എന്നാല്‍ ഫലിതസാമ്രാജ്യത്തിനൊട്ടു
ക്കിന്നയാളല്ലാതെ മറ്റൊരു നാഥന്!"
"ചമ്പ വിറ്റീടുന്ന ചന്തയില്‍ കൊള്ളാം
ഡംഭന്റെയച്ചീഞ്ഞളിഞ്ഞ ഫലിതം.''
"ആണിയിളകി തലയിലാ വങ്ക
ന്നാണുങ്ങളോടതിര്ത്താഭാസമോതാന്!"
"അത്തരം പേക്കൂത്തിനിയും തുടര്ന്നാ
ലശ്വവട്ടത്തയാള്ക്കാവാമാക്കാം.''
"എന്തുമയാള്ക്കുതന് പത്രമുണ്ടോതാ
നെന്താണതിന്റെ വരിസംഖ്യയാണ്ടില്?"
"എന്തുമോതട്ടയാള് ആര്‍ക്കെന്തു ചേതം?
രണ്ടുകുപ്പിപ്പനങ്കള്ളൊരു തൊണ്ടില്‍."
"കുറ്റമല്ലായാള് പുലമ്പുന്നതേവം
ലക്കില്ലയാള്ക്കു തലയ്ക്കൊരുനാളും!''
(സമ്പാദകന്‍: ചങ്ങമ്പുഴ പ്രഭാകരന്)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ഭാരതഗീതം
ജയ ജയ ജയ ജയ ഭാരതമാതേ
ജയ ജയ ജയ ജയ ഭാസുരചരിതേ
സുലളിതകാനനവാസനാച്ഛദിത
സുരഭിലസുഭഗകളേബരഹരിതേ!
അമൃത സമാമലസുഖകരജലഭര
കമനീയാപഗവേഷണീഭരിതേ!
വിവിധതലാവൃതകുഞ്ജകരഞ്ജക
വികസിതനവനസുമമൃദുഹസിതേ!
പരിലസിതാതുലപരശതപരഭൃത
പരിണതപഞ്ചമമംഗളനാദേ!
ശമഗുണനിലയനയതിശതപൂജാ
സമപരിവേഷ്ടിതപാവനപാദേ!
ജയ ജയ ഗംഗേ, ജലമയരംഗേ
ജയ ജയ ജനിതവിലോലതരംഗേ!
ജയ ജയ സിന്ധോ, ജനചയബന്ധോ
ജയ ജയ ഹതരിപൂജനഭയസിന്ധോ!
ജയ ഗോദാവരി ശീതളവാരി!
ജയ കാവേരി, മലയകുമാരി!
വിന്ധ്യാചലജയതുംഗഹിമാലയ!
ബന്ധുരമലയഗിരീശ്വര ജയ ജയ!
സിതജലജാതാ, സതിമണിസീതാ
പദകമലാങ്കിതവനതലപൂതാ
ഭവ്യമദീരാ ദിവ്യകബീരാ
ദിവ്യപഹാരാര്ച്ചിതഗുണഭാരാ!
കാളിദാസകവീശ്വരമാനസ
നാളീകാര്ച്ചിതമഹിതവിലാസാ!
രജനീകാലേ യമുനാകുലേ
ഭജനവിഹാരവിലോലതയാലേ,
മദഭരഗോപീ, ഹൃദയകലാപീ,
മരതകമേകമഞ്ജുളരൂപീ!..
(അപൂര്‍ണ്ണം)
(ചങ്ങമ്പുഴ സ്മാരകഗന്ഥത്തില്നിന്ന്)
(സമ്പാദകന്‍: ചങ്ങമ്പുഴ പ്രഭാകരന്)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
അമാലന്മാര്
*സരോജിനി നായിഡുവിന്റെ പലങ്ക്വിന് ബെയറേഴ്സ്' കവിതയുടെ പരിഭാഷ
താലോല, മയ്യാ മെല്ലത്താലോലമാട്ടിയാട്ടി
ത്തോളത്തു വഹിക്കയാണവളെ ഞങ്ങള്‍!
ചായുന്നു, ചെരിയുന്നു, ഞങ്ങള്‍തന്‍ മൃദുഗാന
വായുവിലവളൊരു പൂവുപോലെ!
ചുറ്റുന്നതിവളൊരു ചോലയില്പ്പതയിട്ട
ചിറ്റലര്ച്ചാര്ത്തിലൊരു മരാളിപോലേ!
തത്തുന്നതിവളേകസ്വപ്നത്തിന് തളിര്ച്ചുണ്ടി
ലെത്തുമൊരതിമൃദുഹസിതം പോലെ!
ചേണിയന്നാടിയാടിഗ്ഗാനങ്ങള് പാടിപ്പാടി
യാനന്ദിച്ചാന്ദിച്ചു ഗമിപ്പൂ ഞങ്ങള്‍!
നൂലിന്മേലൊന്നിലൊരു ചേലേലും മുത്തുപോലെ
തോളത്തു വഹിക്കയാണവളെ ഞങ്ങള്‍!
II
ആലോലമുലത്തുല, ഞ്ഞാലോലമല,ഞ്ഞയ്യാ!
തോളത്തു വഹിക്കയാണവളെ ഞങ്ങള്‍!
ഞങ്ങള്‍തന്‍ ഗാനമാകും തൂമഞ്ഞില്‍ മുങ്ങിത്തൂങ്ങി
ത്തങ്ങുന്നിതവളൊരു താരം പോലെ!
പൊങ്ങുന്നു കിളിര്ന്നവള് മിന്നിയൊരലച്ചാര്ത്തില്
പ്പൊന്നാരപ്പുരികപ്പൊന്കതിരുപോലെ!
വന്നു വീഴുന്നതവളിങ്ങൊരു വധുവിന്റെ
കണ്ണില്‍നിന്നൊരു കണ്ണീര്ക്കണികപോലെ!
ചേണിയന്നാടിയാടി,ഗ്ഗാനങ്ങള് പാടിപ്പാടി
ത്തോളത്തു വഹിക്കയാണവളെ ഞങ്ങള്‍!
നൂലിന്മേലൊന്നിലൊരു ചേലേലും മുത്തുപോലെ
തോളത്തു വഹിക്കയാണവളെ ഞങ്ങള്‍!
(1939, ജൂലായ് 23, മാതൃഭൂമി)
(സമ്പാദകന്‍: പ്രഫുല്ലചന്ദ്രന്, ചങ്ങമ്പുഴ)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ഒരു വിവാഹമംഗളാശംസ
ജീവിതവല്ലിയെപ്പൂവണിയിക്കുന്ന
പാവനമോഹനചൈത്രമേതോ
നിത്യനിര്വ്വാണസരസ്സില് മുക്കീടുമാ
നിസ്തുലശ്രീലാനുഭൂതിയേതോ
ഉത്തമശാന്തിയിലോരോ നിമിഷവും
ശുദ്ധീകരിക്കുന്ന ശക്തിയേതോ
രാഗസാന്ദ്രോജ്ജ്വലമാ മഹല്ദ്ദാമ്പത്യ
മേകാവൂ നിങ്ങള്ക്കനന്തഭാഗ്യം!
ദമ്പതിമാരേ, പരസ്പരം മാനസ
ച്ചെമ്പനീര്പ്പൂമാല മാറിയേവം
ആയുരാരോഗ്യവിഭവസമൃദ്ധിത
ന്നാരാമവേദിയിലാത്തഹര്ഷം
ലാലസിക്കാവൂ പരശ്ശതം വത്സരം
ചേലീലൊന്നായ്ച്ചേര്ന്നു നിങ്ങള്‍ മേന്മേല്!
(ചങ്ങമ്പുഴ എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിനു പഠിക്കുന്ന കാലം. സതീര്‍ത്ഥ്യനും സുഹൃത്തുമായ എം.പി കൃഷ്ണപിള്ളയുടെ കൂടെ കൃഷ്ണന്‍നായര്‍ ബ്രദേഴ്സ് ഫോട്ടോ സ്റ്റുഡിയോയിലാണു താമസം. ട്യൂട്ടോറിയല്‍ കോളേജ്, പ്രൈവറ്റ് ട്യൂഷന് എന്നിവ മൂലം സമയം തീരെ ഇല്ല അന്നു തിരക്കിട്ട കോളേജിലേക്കു പുറപ്പെട്ടതായിരുന്നു. മുല്ലശ്ശേരി പാലത്തിനടുത്തെത്തിയതേയുള്ളൂ. എതിരേ വരുന്നു. ഇടപ്പള്ളി സി.എന്‍ കുമാരന്. അപ്പോഴാണ് മംഗളാശംസ' രചിച്ച് നല്‍കാമെന്നു കുമാരനോട് വാഗ്ദാനം ചെയ്ത കാര്യം ഓര്‍ക്കുന്നത്. പിന്നെ വൈകിയില്ല. വഴിയരികില്‍ നിന്നുകൊണ്ട് ഏതാനും നിമിഷങ്ങള്‍ക്കകം മംഗളാശംസ' ചങ്ങമ്പുഴ രചിച്ചു. ആ മധുരമനോഹരമായ ലഘുകവിതയാണ് ഇത്.)
(സമ്പാദകന്‍: ചങ്ങമ്പുഴ പ്രഭാകരന്)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
സ്ഥാനം നേടേണ്ടേ?
എന്നിട്ടും ലോകം മുഴുവനുണര്ന്നിട്ടു
മെന്‍ നാടിനിപ്പോഴുമെന്തുറക്കം!
വാതില്ക്കല് മുട്ടിവിളിപ്പൂ പുരോഗതി
വാടാത്ത ശക്തിതന്‍ ദേവദൂതി
സ്വപ്നശതകങ്ങളിലൊട്ടിപ്പിടിക്കുമ
സ്സുപ്തിയാണെന് നാടിനിഷ്ടമെന്നോ!...
പൊന്നലര്ക്കാവില്, പ്പൂമേടയി,ലല്ലെങ്കില്‍
വര്ണ്ണപതാകതന് ചോട്ടിലാട്ടെ
നിദ്രയാണെങ്ങുമ, സ്ഥാനഭേദത്തിനാല്
ഭദ്രതയ്ക്കേല്പീല ഭംഗമൊട്ടും
ഗാഢസുഷുപ്തികളര്ദ്ധസുഷുപ്തികള്
ഗൂഢസുഷുപ്തികളിപ്രകാരം
നാടകം നാനാസുഷുപ്തികളാടുമീ
നാടിന്റ നാടകമാരു കണ്ടു?
നാമം ജപിക്കയാണിന്നതലെ'യിന്നലെ'
നാളെ' യെന്നൊന്നിതിനില്ലയെന്നോ?
നാണിച്ചുപോകുന്നു, പോകണംപോലും, ഹാ,
നാമെല്ലാം വീണ്ടും ശിലായുഗത്തില്‍!
ചത്ത സംസ്കാരത്തിന് മണ്ണിലടിഞ്ഞെഴു
മസ്ഥികള് വീണ്ടും കുഴിച്ചെടുക്കാന്‍!...
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
സൃഷ്ടിക്കാണെപ്പോഴും വാസന മര്‍ത്ത്യന്നു
പട്ടടവേഗം മറന്നുപോകും.
ചത്തവ ചത്തവ; ജീവന് കൊടുക്കുക
പുത്തനു പുത്തനു വീണ്ടും വീണ്ടും.
ആത്മഭക്ത്യ നമുക്കാണ്ടിലൊരിക്കല
ശ്ശ്രാദ്ധമൂട്ടാ, മവയ്ക്കത്രമാത്രം!
ജീവിച്ചിരിക്കുന്ന മര്ത്ത്യനൊരിക്കലു
മാവശ്യമില്ലില്ലാ പ്രേതലോകം!
പേടിച്ചുപോയിടു, മെല്ലാം നിഴലാണു
ചൂടില്ലവിടെ വെളിച്ചമില്ല.
മന്ദതമത്രമാണില്ലുണര്വെങ്ങെങ്ങും
സ്പന്ദനമില്ല, വളര്‍ച്ചയില്ല.
മാടിവിളിച്ചിടായ്കയങ്ങോട്ടു, ചൈതന്യ
ച്ചൂടില്‍ ത്രസിക്കുമിജ്ജീവിതത്തെ!..
മൂകസഹസ്രങ്ങള് വേറുന്നു ചാവുന്നു
ചാകാതെ ചത്തു ചതഞ്ഞിടുന്നു.
നാടുമുഴുവനുമൊന്നാകെപ്പട്ടട
ക്കാടായി മാറിക്കഴിഞ്ഞാല്‍പ്പിന്നെ
എങ്ങെഴുന്നള്ളിക്കുമാനകളെ നിങ്ങ
ളെങ്ങുവെച്ചീടും നിറപറകള്‍?
ആരുണ്ടു മേളം തകര്‍ക്കാന്‍?... തകര്ക്കുകി
ലാരുണ്ടു നിന്നു തലകുലുക്കാന്‍?..
ഉണ്ടിടാമാദ്യം നമുക്കൊക്കെയൊന്നുപോ
ലുണ്ടിട്ടു പാടാം പഴമ്പുരാണം.
ഉണ്ണുവാന്‍ മാര്‍ഗ്ഗം തിരക്കുകൊന്നാമതാ
യെന്നിട്ടു മറ്റൊക്കെ നേരെയാക്കാം.
എന്തിലും മീതയാണന്നം! വിശപ്പില്‍ നാം
വെന്തിടുമ്പോളന്തു വേദപാഠം?..
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
കുഷ്ഠം പിടിച്ച സമുദായമാണിന്നു
പട്ടും പുതച്ചു ഞെളിഞ്ഞിരിപ്പൂ!
നിസ്ത്രപമിന്നവള് മിഥ്യാഭിമാനത്തിന്
കസ്തൂരി പൂശിയിട്ടെന്തു കാര്യം?
മാതാവിനും നിജ മാതാമഹികള്ക്കും
മാലിന്യമില്ലഞാന് സമ്മതിച്ചു.
പോരാ, മഹിമയുമുണ്ടാ, മഹിമയ്ക്കു
നേരായിട്ടന്യമൊന്നില്ലതന്നെ.
എന്നാ,ലാ മേന്മകള് പിന്നെയും പിന്നെയും
വര്‍ണ്ണിച്ചു വര്ണ്ണിച്ചുരുക്കഴിച്ചാല്
വേദാന്തതീര്ത്ഥം തളിച്ചാലവള്ക്കിന്നാ
വേദനയ്ക്കെങ്ങനെ ശാന്തി കിട്ടും?..
പുണ്ണുപിടിച്ചൊരാ മേനിയില്‍ പിന്നെയും
വര്ണ്ണപ്പകിട്ടെഴും വസ്ത്രജാലം
തുന്നിപ്പിടിപ്പിച്ചു സാദരം ചാര്‍ത്തിക്കു
കെന്നതോ നമ്മള്തന്നേകലക്ഷ്യം?
ചെത്തിമുറിക്കണം, ശുദ്ധീകരിക്കണം,
കുത്തവയ്ക്കേണം വിഷങ്ങള്പോലും
വാവിട്ടു കേണിടാം, ജല്പിക്കാം, ഭര്‍ത്സിക്കാം,
വാശിപിടിക്കാം, വഴക്കുകൂട്ടാം,
എന്നാലും കോപിക്കി,ല്ലെന്നാലും പിന്മാറി
ല്ലുന്നതന്മാരാം ഭിഷഗ്വരന്മാര്.
ക്രിസ്തുവെപ്പോലും കുരിശില്ത്തറപ്പിച്ചൊ
രിജ്ജഗത്തെന്തെന്നവര്ക്കറിയാം!...
മുന്നോട്ടു പോകാന്‍ മടിക്കുന്നതൊക്കെയും
പിന്നിലൊന്നായിട്ടടിഞ്ഞു ചീയും.
കണ്ണുതുറന്നെതിരേല്ക്കുകെന് നാടേ, നീ
വന്നു വിളിക്കും പുരോഗതിയെ!
ഈ നവലോകരംഗത്തി, ലൊരുന്നത
സ്ഥാനം നിനക്കും, ഹാ നേടിടേണ്ടേ?..
(ദീനബന്ധു വിശേഷാല്‍ പ്രതി, 1945)
(സമ്പാദകന്‍: പെരുന്ന കെ.എല്‍ നായര്‍)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
നിദ്രയില്‍ സ്വപ്നം; മൃത്യുവില്‍ സ്വര്‍ഗ്ഗം
മുത്തുമാലകള്‍ മാറത്തുമിന്നി
മുഗ്ദ്ധസുസ്മിതം ചുണ്ടത്തുചിന്നി;
നീലനീരദവേണിയഴിഞ്ഞും
നീളെ നീരാളസാരിയുലഞ്ഞും;
കാറ്റിലെപ്പിഞ്ചുവല്ലിപോലാടി
കാറ്റിലെക്കുയില്പേടപോല് പാടി;
കാല്ച്ചിലമ്പൊലിയോടടികൂടി
കാല്ക്ഷണം കാട്ടി നീ നൃത്തമാടി!
വെണ്പകലെന്റെ കണ്ണുതുറന്നു
വെമ്പലാര്ന്നു നീയെങ്ങോ പറന്നു.
ബോധശൂന്യത നിര്‍വൃതിയേകി
ബോധമോ?വെറും വേദനപാകി!
സ്വപ്നമേകുകിലീ ലഘുസുപ്തി?
സ്വര്ഗ്ഗമേകില്ലേ ദീര്‍ഘസുഷുപ്തി?
(പൗരദ്ധ്വനി വിശേഷാല്‍ പ്രതി 1945)
(സമ്പാദകന്‍: കെ.എം. ചുമ്മാര്‍)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
സംസ്കാരരശ്മി
പരിവര്ത്തനങ്ങള്ക്കുമപ്പുറത്തായ്
പരിലസിക്കുന്നോരമൂല്യതാരം,
അറിവിന്റെ ദാഹത്തിനത്യുദാര
മമൃതം ചൊരിഞ്ഞു തെളിഞ്ഞു നില്പൂ?
നിജനിത്യസമ്പത്തില് നിസ്തുലമാം
രജതമനോഹര രശ്മിപൂരം.
മറവിക്കും മായ്ക്കാന്‍ കഴിഞ്ഞിടാത്ത
മഹിമ കൊളുത്തുന്നു മര്ത്തൃഹൃത്തില്!
2
എരിയുന്ന ജീവിതം വാടിവീഴാ
തൊരു നവസാന്ത്വന ഛായയിങ്കല്
അതിനെ കിടത്തിയുറക്കുകയാ
ണതു നിത്യം, ഭാവനപ്പൂവിരിപ്പില്!
വളരാന്‍ തുടങ്ങുന്ന മാനസങ്ങള്‍
പുളകത്തില്‍ മൂടിപ്പുതുമ പൂശി!
മഹിയിലെന്നെന്നും ജയിക്കമേന്മേല്
മഹിതോജ്വലാര്ഷസംസ്കാരമേ നീ!
(മലയാളമനോരമ ആഴ്ചപ്പതിപ്പ് 1937 സെപ്റ്റംബര്‍ 5)
(സമ്പാദകന്‍: കെ.എം. ചുമ്മാര്‍)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
മുന്നോട്ടുപോകൂ യുവത്വമേ
മുന്നോ,ട്ടടങ്ങാത്ത നിന്കൊടുങ്കാറ്റിന്റെ
വെന്നിക്കൊടിയുമായ് പോകൂ, യുവത്വമേ!
അത്യുച്ഛമാം നിന്നിരമ്പല്, ദൂരത്തുനി
ച്ചാര്ത്തുക,ളാര്ത്തിയാര്ന്നുല്ക്കടഭീതിയില്!
വെള്ളിത്തലമുടിപൂണ്ട നൂറ്റാണ്ടുക
ളുള്ളഴിഞ്ഞേകിയ മംഗളാശംസകള്‍
ഉള്‍ക്കൊണ്ടു, ശാശ്വതത്വം സ്വയംഭാവിച്ചു
നില്ക്കും മഹാവൃക്ഷസഞ്ചയം കൂടിയും;
കമ്പിത ശാഖയാല്‍ കൈമലര്‍ത്തി,പ്പാര
മമ്പരപ്പോടുറ്റുനോക്കുന്നു ചുറ്റിലും!
വെമ്പിവിളറിത്തുടങ്ങി,യുഷസ്സിന്റെ
മുമ്പി,ലുത്തുംഗസ്ഥ കാഞ്ചനത്താരകള്‍!
മുന്നോ,ട്ടടങ്ങാത്തനിന് കൊടുങ്കാറ്റിന്റെ
വെന്നിക്കൊടിയുമായ് പോകൂ, യുവത്വമേ!
നഷ്ടംവരാനെന്തിരിക്കുന്നു, ഹാ, കുറെ
ക്ഷുദ്രപത്രങ്ങള് കൊഴിഞ്ഞുവീഴുന്നതില്?
പാതവക്കത്തെച്ചിലന്തിനൂല്ക്കെട്ടുകള്
പാദപാതത്തില് തകര്‍ന്നുപോകുന്നതില്‍?
അഭ്രാനനം മുകര്ന്നാടും മരങ്ങളോ
ടൊപ്പ,മീയോമല്തൃണാങ്കുരശ്രേണിയും;
സന്തതമാസ്വദിച്ചീടട്ടനന്തമാ
മന്തരീക്ഷത്തിന് വിശുദ്ധ വായുക്കളെ!
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
നീയതില് നിത്യം വിഷപ്പുകചേര്ക്കയോ
നീതിനിര്മ്മിന്നനിര്ദ്ദയ സ്വാര്‍ത്ഥേ?
നിന്നസ്തിവാദം തകരാന്‍ തുടങ്ങി, നീ
നിന്നുകാലൂന്നിയാലില്ല ഫലമിനി!
മുന്നോ,ട്ടടങ്ങാത്ത നിന് കൊടുങ്കാറ്റിന്റെ
വെന്നിക്കൊടിയുമായ് പോകൂ യുവത്വമേ!
കര്ഷകരാജ്യമതിങ്കലാകര്ഷക
ഹര്‍ഷപുളകം മുളയ്ക്കട്ടെ മേല്ക്കുമേല്!
കുന്നുകള്‍ വീണു കുഴികള്‍ നികരട്ടെ
വിണ്ണിന് വെളിച്ചം കുടിക്കട്ടെ, ജീവികള്‍!
സുസ്മിതം സീമയറ്റുല്ലസിച്ചീടട്ടെ
സസ്യസമൃദ്ധ സമതലഭൂമികള്‍!
ഓരോ പരിവര്‍ത്തനങ്ങള്‍, കളകള
ധാരയില്‍ മുക്കട്ടെ ജീവിതത്തോപ്പുകള്!
എപ്പൊഴും വീണവയിച്ചുകൊണ്ടെത്തിട
ട്ടഭ്യുദയങ്ങളാമപ്സകരകന്യകള്!
മന്ദിരം തോറുമനാരതം സ്വാതന്ത്ര്യ
മന്ത്രാഘോഷങ്ങള് മുഴങ്ങട്ടെ മേല്ക്കുമേല്!
മുന്നോ,ട്ടടങ്ങാത്ത നിന് കൊടുങ്കാറ്റിന്റെ
വെന്നിക്കൊടിയുമായ് പോകൂ യുവത്വമേ!
(രാജ്യാഭിമാനി, 16-02-1939)
(സമ്പാദകന്‍: കെ.എം ചുമ്മാര്‍)
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ദിനാന്തചിന്ത
അങ്ങതാ, ദൂരെപ്പടിഞ്ഞാറുചെന്നെത്തി
മങ്ങിപ്പൊലിഞ്ഞു മറിഞ്ഞീടുന്നെന്പകല്
ദുഃഖം മനസ്സിലെന്നോണം, പരക്കുന്നു
ചക്രവാളത്തില്‍ മുഴുവനും കൂരിരുള്‍
ഞാനെന്നപോലിപ്രപഞ്ചവും നിശ്ചല
ദ്ധ്യാനനിമഗ്നമായ് നില്ക്കയാണെന്തിനോ
എത്ര കണ്ണീരാല്‍ നനച്ചുവളര്ത്തിലു
മൊറ്റത്തളിരും പൊടിക്കാത്തൊരാശയും
ചിന്താശതങ്ങളാലോരോനിമേഷവും
നൊന്തുനൊന്തേങ്ങിക്കരയും ഹൃദയവും,
കാണുന്നതെല്ലാം നിഴലും നിരാശയും
കാണേണ്ടതെല്ലാം വെളിച്ചവും ശാന്തിയും
എന്തിതോജീവിതം? വേണ്ടവേണ്ടെന്നെയെന്
ചിന്തേ, വിടൂ വിടൂ, പൊള്ളുന്നു, പോട്ടെ ഞാന്‍.
വാടുവാനുള്ളൊരീപ്പൂവിലും കാണ്മൂ, ഹാ
വാസനാജന്യമാം മന്ദസ്മിതാങ്കുരം
എങ്കിലു,മച്ചെറുപുഞ്ചിരിക്കുള്ളിലും
തങ്കുന്നിതേതോ കരയാത്ത സങ്കടം
നിശ്ശബ്ദദുഃഖമതാണുമറ്റെന്തിലും
ദുസ്സഹ,മയ്യോ, ചിരിക്കുന്നസങ്കടം.
നാമറിയുന്നതില്ലെന്നുമാത്രംദീപ
നാളത്തിന്നുള്ളിലും തെല്ലിരുള് കണ്ടിടാം.
കത്തിജ്വലിക്കുമതിങ്കല്നി,ന്നല്ലെങ്കി
ലെത്തുമോ ധൂമം?വിഷാദാസ്പദസുഖം?
അനുബന്ധ കവിതകൾ
ചങ്ങമ്പുഴ
ഞാനും ചിരിക്കാം-പ്രപഞ്ചമറിയാതെ
വേണം ദഹിക്കാനെരിഞ്ഞെരിഞ്ഞെന് മനം
കാട്ടാറിനെപ്പോല് കരയാതെ, മേലില
ക്കൂട്ടിലെപ്പക്ഷിയെപ്പോലെ പാടട്ടെ ഞാന്‍!
അന്നെന്നെ ലോകംപുകഴ്ത്തിടുംസ്വര്ഗ്ഗത്തില്
നിന്നിങ്ങണഞ്ഞോരു ഗന്ധര്വ്വനാണവന്.
എന്തുഗാനങ്ങള്, മധുരങ്ങള്‍, മാദക
മുന്തിരിച്ചാറുകള്‍, തേന്തെളിച്ചാലുകള്!
കഷ്ടമെന് ലോകമേ, വേണ്ടെനിക്കത്തര
മര്ത്ഥമില്ലാത്തതാം നിന് കീര്‍ത്തിമുദ്രകള്‍
നിന്നെയെള്ളോളം ഭയമില്ലെനിക്കു, നിന്
മുന്നിലിക്കണ്ണീര്ക്കണങ്ങളര്പ്പിക്കുവാന്
നിന്നഭിപ്രായഹിതങ്ങളെ നോക്കിയ
ല്ലോ മനം വര്ഷിപ്പതുല്ലളല്സ്പന്ദനം,
ഗാനങ്ങളെക്കാള്‍ മധുരമാം നിര്‍വൃതി
യാണെനിക്കേകുന്നതിയാത്മരോദനം.
നിന്നെറ്റിയല്പം ചുളിഞ്ഞാല്‍ ചുളിയട്ടെ
കണ്ണുനീര് ചോലയില്ത്തന്നെ ഞാന്‍ മേലിലും
ഈവിധം തോണിതുഴഞ്ഞുപോകുംസ്വയം
ഭാവിയിലേക്കെന്റെ സങ്കേതമെത്തുവാന്!
ആ മയൂഖങ്ങള്‍, പുളകങ്ങള്‍, പുഷ്പങ്ങള്‍
ഹേമപ്രഭങ്ങള്വിലാസലഹരികള്
എല്ലാം കഴിഞ്ഞു മറഞ്ഞു സമസ്തവു
മില്ലിനിക്കിട്ടില്ലവയിലൊന്നെങ്കിലും!
ശോകവും, ചുറ്റുമിരുട്ടും, നിരാശയു
മേകാന്തതയുമെനിക്കിതാ ബാക്കിയായ്!
ഭൂമിയണിഞ്ഞുകഴിഞ്ഞു, തണുത്തതാ
മാ,മരണം പോലൊരാനനാച്ഛാദനം
വിസ്മൃതിയാവാക്കുതോന്നുന്നുമേ!
ഹാ, വിസ്മൃതിയില്‍, ശവക്കല്ലറയ്ക്കക
ത്തീ വിശ്വവും ഞാനുമൊന്നിച്ചടികയായ്
എങ്ങുമിരുട്ടാണവസാനമില്ലാതെ
തിങ്ങിപ്പരക്കുമിരുട്ടാണുചുറ്റിലും
അയ്യോ, വെളിച്ചം! വെളിച്ചം! വെളിച്ചമേ!
വയ്യെനി,ക്കെന്നെത്തലോടു വെളിച്ചമേ!!..
(എം.എന്‍ നായര്‍ മാസിക, കുംഭം, 1114)
(സമ്പാദകന്‍: കെ.എം ചുമ്മാര്‍)